ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവും ആയിരുന്നു. ആഴത്തിന്മീതെ എങ്ങും അന്ധകാരം നിറഞ്ഞിരുന്നു. ദിവ്യചൈതന്യം ജലത്തിന്മീതെ വ്യാപരിച്ചുകൊണ്ടിരുന്നു. “വെളിച്ചമുണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു; വെളിച്ചമുണ്ടായി. വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു. ദൈവം വെളിച്ചവും ഇരുളും തമ്മില്‍ വേര്‍തിരിച്ചു; വെളിച്ചത്തെ പകല്‍ എന്നും ഇരുട്ടിനെ രാത്രി എന്നും വിളിച്ചു. സന്ധ്യയായി, ഉഷസ്സായി; ഒന്നാം ദിവസം. ജലത്തെ വേര്‍തിരിക്കുവാന്‍ “ജലമധ്യത്തില്‍ ഒരു വിതാനമുണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു. അങ്ങനെ വിതാനമുണ്ടാക്കി, അതിന്‍റെ മുകളിലും കീഴിലും ഉള്ള ജലത്തെ ദൈവം വേര്‍തിരിച്ചു. വിതാനത്തിനു ദൈവം ആകാശം എന്നു പേരിട്ടു. സന്ധ്യയായി, ഉഷസ്സായി; രണ്ടാം ദിവസം. ആകാശത്തിനു താഴെയുള്ള ജലം ഒരുമിച്ചുകൂടി “ഉണങ്ങിയ നിലം പ്രത്യക്ഷപ്പെടട്ടെ” എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഉണങ്ങിയ നിലത്തിനു ഭൂമി എന്നും, ഒരുമിച്ചുകൂടിയ ജലത്തിനു സമുദ്രം എന്നും പേരിട്ടു. അതു നല്ലതെന്നു ദൈവം കണ്ടു. “പച്ചപ്പുല്ലും ധാന്യച്ചെടികളും ഫലവൃക്ഷങ്ങളും അങ്ങനെ എല്ലാവിധ സസ്യങ്ങളും ഭൂമിയില്‍ മുളയ്‍ക്കട്ടെ” എന്നു ദൈവം കല്പിച്ചു. ധാന്യച്ചെടികളും ഫലവൃക്ഷങ്ങളും ഭൂമിയിലുണ്ടായി. അവ നല്ലതെന്നു ദൈവം കണ്ടു. സന്ധ്യയായി, ഉഷസ്സായി; മൂന്നാം ദിവസം. “പകലും രാത്രിയും തമ്മില്‍ വേര്‍തിരിക്കാന്‍ ആകാശവിതാനത്തില്‍ പ്രകാശഗോളങ്ങള്‍ ഉണ്ടാകട്ടെ; അവ ദിവസങ്ങളും ഋതുക്കളും വര്‍ഷങ്ങളും അറിയാനുള്ള അടയാളങ്ങളായിരിക്കട്ടെ. ഭൂമിക്കു പ്രകാശം നല്‌കുവാന്‍ അവ ആകാശദീപങ്ങളും ആയിരിക്കട്ടെ” എന്നു ദൈവം കല്പിച്ചു, അങ്ങനെ സംഭവിച്ചു. ദൈവം രണ്ടു വലിയ പ്രകാശഗോളങ്ങള്‍ സൃഷ്‍ടിച്ചു - പകല്‍ വാഴുവാന്‍ സൂര്യനും രാത്രി വാഴുവാന്‍ ചന്ദ്രനും നക്ഷത്രങ്ങളെയും അവിടുന്നു സൃഷ്‍ടിച്ചു. ഇങ്ങനെ ഭൂമിക്ക് പ്രകാശം നല്‌കാനും പകലിന്‍റെയും രാത്രിയുടെയുംമേല്‍ ആധിപത്യം നടത്താനും വെളിച്ചവും ഇരുളും തമ്മില്‍ വേര്‍തിരിക്കാനുമായി അവയെ ആകാശവിതാനത്തില്‍ സ്ഥാപിച്ചു; അവ നല്ലതെന്നു ദൈവം കണ്ടു. സന്ധ്യയായി, ഉഷസ്സായി; നാലാം ദിവസം. “വെള്ളത്തില്‍ ജലജീവികള്‍ നിറയട്ടെ, ഭൂമിക്കു മുകളില്‍ ആകാശത്തില്‍ പക്ഷികള്‍ പറക്കട്ടെ” എന്നു ദൈവം കല്പിച്ചു. വലിയ സമുദ്രജീവികളെയും പറ്റംചേര്‍ന്നു ചരിക്കുന്ന എല്ലാ ജലജന്തുക്കളെയും എല്ലായിനം പക്ഷികളെയും ദൈവം സൃഷ്‍ടിച്ചു. അവയെല്ലാം നല്ലതെന്ന് അവിടുന്നു കണ്ടു. ദൈവം അവയെ അനുഗ്രഹിച്ചു. “ജലജീവികള്‍ പെറ്റുപെരുകി സമുദ്രം നിറയട്ടെ; പക്ഷികള്‍ ഭൂമിയില്‍ പെരുകട്ടെ” എന്നു കല്പിച്ചു. സന്ധ്യയായി, ഉഷസ്സായി; അഞ്ചാം ദിവസം. “കന്നുകാലികള്‍, ഇഴജന്തുക്കള്‍, കാട്ടുമൃഗങ്ങള്‍ തുടങ്ങി എല്ലായിനം ജീവികളും ഭൂമിയില്‍ ഉണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു; അതു സംഭവിച്ചു. അങ്ങനെ ദൈവം ഭൂമിയില്‍ എല്ലായിനം വന്യമൃഗങ്ങളെയും വളര്‍ത്തുമൃഗങ്ങളെയും ഇഴജന്തുക്കളെയും സൃഷ്‍ടിച്ചു. അവയെല്ലാം നല്ലതെന്നു ദൈവം കണ്ടു. ദൈവം അരുളിച്ചെയ്തു: “നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്‍ടിക്കാം. സമുദ്രത്തിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയിലെ മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും സര്‍വജീവജാലങ്ങളുടെയുംമേല്‍ അവര്‍ക്ക് അധികാരം ഉണ്ടായിരിക്കട്ടെ.” ദൈവം തന്‍റെ ഛായയില്‍ മനുഷ്യനെ സൃഷ്‍ടിച്ചു; സ്വന്തം ഛായയില്‍ത്തന്നെ അവരെ ആണും പെണ്ണുമായി സൃഷ്‍ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു, “നിങ്ങള്‍ സന്താനസമൃദ്ധിയുള്ളവരാകട്ടെ; നിങ്ങളുടെ സന്തതികള്‍ ഭൂമിയില്‍ നിറഞ്ഞ് അതിനെ ഭരിക്കട്ടെ. സമുദ്രത്തിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയുംമേല്‍ നിങ്ങള്‍ക്ക് അധികാരമുണ്ടാകട്ടെ.” ദൈവം വീണ്ടും അരുളിച്ചെയ്തു: “നിങ്ങളുടെ ആഹാരത്തിനായി എല്ലായിനം ധാന്യച്ചെടികളും ഫലവൃക്ഷങ്ങളും ഞാന്‍ നിങ്ങള്‍ക്ക് നല്‌കിയിരിക്കുന്നു. സകല മൃഗങ്ങള്‍ക്കും ആകാശത്തിലുള്ള എല്ലാ പക്ഷികള്‍ക്കും ഇഴജന്തുക്കള്‍ക്കും ജീവനുള്ള സകലതിനും ഭക്ഷണമായി സസ്യങ്ങളും നല്‌കിയിരിക്കുന്നു. തന്‍റെ സര്‍വസൃഷ്‍ടികളെയും ദൈവം നോക്കി; എല്ലാം വളരെ നല്ലതെന്ന് അവിടുന്നു കണ്ടു. സന്ധ്യയായി, ഉഷസ്സായി; ആറാം ദിവസം. അങ്ങനെ ആകാശത്തിന്‍റെയും ഭൂമിയുടെയും അവയിലുള്ള സകലത്തിന്‍റെയും സൃഷ്‍ടി പൂര്‍ത്തിയായി. അതിനുശേഷം ഏഴാംദിവസം ദൈവം സകല പ്രവൃത്തികളില്‍നിന്നും വിരമിച്ചു, സ്വസ്ഥനായിരുന്നു. സൃഷ്‍ടികര്‍മത്തോടു ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളില്‍നിന്നും വിരമിച്ചു വിശ്രമിച്ചതുകൊണ്ട് ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധീകരിച്ചു. സര്‍വേശ്വരനായ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിച്ചത് ഈ ക്രമത്തിലായിരുന്നു. സര്‍വേശ്വരനായ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിക്കുമ്പോള്‍ ഭൂമിയില്‍ സസ്യജാലങ്ങള്‍ ഉണ്ടായിരുന്നില്ല. ഒരു ചെടിയും മുളച്ചിരുന്നില്ല. കാരണം അവിടുന്ന് ഭൂമിയില്‍ മഴ പെയ്യിച്ചിരുന്നില്ല. കൃഷിചെയ്യുന്നതിനു മനുഷ്യനും ഉണ്ടായിരുന്നില്ല. ഭൂമിയില്‍നിന്ന് മഞ്ഞുപൊങ്ങി, ഭൂതലത്തെ നനച്ചുവന്നു. സര്‍വേശ്വരനായ ദൈവം ഭൂമിയിലെ മണ്ണുകൊണ്ട് ഒരു മനുഷ്യരൂപം ഉണ്ടാക്കി, അതിന്‍റെ മൂക്കില്‍ ജീവശ്വാസം ഊതി; അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു. അവിടുന്നു കിഴക്ക് ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ സൃഷ്‍ടിച്ച മനുഷ്യനെ അതില്‍ പാര്‍പ്പിച്ചു. ഭംഗിയുള്ളതും സ്വാദിഷ്ഠവുമായ ഫലങ്ങള്‍ കായ്‍ക്കുന്ന എല്ലാത്തരം വൃക്ഷങ്ങളും ദൈവം അവിടെ മുളപ്പിച്ചു. തോട്ടത്തിന്‍റെ നടുവില്‍ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ച് അറിവുനല്‌കുന്ന വൃക്ഷവും ഉണ്ടായിരുന്നു. തോട്ടം നനയ്‍ക്കുന്നതിന് ഏദനില്‍നിന്ന് ഒരു നദി ഒഴുകി, അവിടെനിന്ന് അതു നാലു ശാഖയായി പിരിഞ്ഞു. അവയില്‍ ആദ്യത്തെ ശാഖയുടെ പേര് പീശോന്‍. സ്വര്‍ണത്തിന്‍റെ നാടായ ഹവീലാ ചുറ്റി അത് ഒഴുകുന്നു. മാറ്റ് കൂടിയതാണ് അവിടത്തെ സ്വര്‍ണം. ഗുല്ഗുലുവും ഗോമേദകവും അവിടെയുണ്ട്. കൂശ്ദേശം ചുറ്റി ഒഴുകുന്ന ഗീഹോനാണ് രണ്ടാമത്തെ ശാഖ. മൂന്നാമത്തേത് ടൈഗ്രീസ്, അത് അസ്സീരിയയുടെ കിഴക്കുവശത്തുകൂടി ഒഴുകുന്നു. നാലാമത്തെ ശാഖയാണ് യൂഫ്രട്ടീസ്. ഏദന്‍തോട്ടത്തില്‍ വേല ചെയ്യാനും അതിനെ സംരക്ഷിക്കാനും സര്‍വേശ്വരനായ ദൈവം മനുഷ്യനെ അവിടെ ആക്കി. അവിടുന്ന് മനുഷ്യനോടു പറഞ്ഞു: “ഈ തോട്ടത്തിലുള്ള ഏതു വൃക്ഷത്തിന്‍റെയും ഫലം യഥേഷ്ടം നിനക്ക് ഭക്ഷിക്കാം. എന്നാല്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവ് നല്‌കുന്ന വൃക്ഷത്തിന്‍റെ ഫലം നീ തിന്നരുത്. അതു തിന്നുന്ന നാളില്‍ നീ നിശ്ചയമായും മരിക്കും.” സര്‍വേശ്വരനായ ദൈവം അരുളിച്ചെയ്തു: “മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനു തക്ക തുണയായി ഞാന്‍ ഒരാളെ സൃഷ്‍ടിച്ചു നല്‌കും.” അവിടുന്നു മണ്ണില്‍നിന്നു സകല മൃഗങ്ങളെയും പക്ഷികളെയും സൃഷ്‍ടിച്ചു. മനുഷ്യന്‍ അവയ്‍ക്ക് എന്തു പേരു നല്‌കുമെന്നറിയാന്‍ അവയെ അവന്‍റെ മുമ്പില്‍ കൊണ്ടുവന്നു. മനുഷ്യന്‍ വിളിച്ചത് അവയ്‍ക്കു പേരായി. എല്ലാ കന്നുകാലികള്‍ക്കും ആകാശത്തിലെ പറവകള്‍ക്കും എല്ലാ വന്യമൃഗങ്ങള്‍ക്കും മനുഷ്യന്‍ പേരിട്ടു. എന്നാല്‍ അവയിലൊന്നും അവനു തക്ക തുണ ആയിരുന്നില്ല. അതുകൊണ്ടു സര്‍വേശ്വരനായ ദൈവം മനുഷ്യനെ ഗാഢനിദ്രയിലാക്കി, അവന്‍റെ വാരിയെല്ലുകളില്‍ ഒരെണ്ണം എടുത്തു; ആ വിടവ് മാംസംകൊണ്ടു മൂടി. അവിടുന്ന് മനുഷ്യനില്‍ നിന്നെടുത്ത വാരിയെല്ലുകൊണ്ട് ഒരു സ്‍ത്രീയെ സൃഷ്‍ടിച്ച് അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു. അപ്പോള്‍ മനുഷ്യന്‍ പറഞ്ഞു: “ഇപ്പോള്‍ ഇതാ, എന്‍റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും!” നരനില്‍നിന്ന് എടുത്തിരിക്കുന്നതിനാല്‍ ഇവള്‍ നാരി എന്നു വിളിക്കപ്പെടും. അതുകൊണ്ട് പുരുഷന്‍ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേര്‍ന്നിരിക്കും. അവര്‍ ഇരുവരും ഒരു ശരീരമായിത്തീരും. പുരുഷനും സ്‍ത്രീയും നഗ്നരായിരുന്നു എങ്കിലും അവര്‍ക്കു ലജ്ജ തോന്നിയില്ല. സര്‍വേശ്വരനായ ദൈവം സൃഷ്‍ടിച്ച വന്യജീവികളില്‍ ഏറ്റവും കൗശലമുള്ളതായിരുന്നു സര്‍പ്പം. അതു സ്‍ത്രീയോടു ചോദിച്ചു: “തോട്ടത്തിലുള്ള ഏതെങ്കിലും വൃക്ഷത്തിന്‍റെ ഫലം തിന്നരുതെന്നു ദൈവം കല്പിച്ചിട്ടുണ്ടോ?” സ്‍ത്രീ പറഞ്ഞു: “തോട്ടത്തിലുള്ള എല്ലാ വൃക്ഷങ്ങളുടെയും ഫലം ഞങ്ങള്‍ക്കു ഭക്ഷിക്കാം. എന്നാല്‍ “നിങ്ങള്‍ തോട്ടത്തിന്‍റെ നടുവിലുള്ള വൃക്ഷത്തിന്‍റെ ഫലം തിന്നരുത്. തൊടുകപോലുമരുത്. തിന്നാല്‍ നിങ്ങള്‍ മരിക്കും” എന്നു ദൈവം കല്പിച്ചിട്ടുണ്ട്.” സര്‍പ്പം സ്‍ത്രീയോടു പറഞ്ഞു: “നിങ്ങള്‍ മരിക്കുകയില്ല, അതു തിന്നുമ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും നന്മതിന്മകള്‍ വേര്‍തിരിച്ചറിഞ്ഞ് അവിടുത്തെപ്പോലെയാകുമെന്നും ദൈവത്തിനറിയാം.” ആ വൃക്ഷത്തിന്‍റെ ഫലം സ്വാദുള്ളതും ഭംഗിയുള്ളതും ജ്ഞാനപ്രാപ്തിക്ക് അഭികാമ്യവും എന്നു കരുതി സ്‍ത്രീ ഫലം പറിച്ചുതിന്നു, ഭര്‍ത്താവിനും കൊടുത്തു; അയാളും ഭക്ഷിച്ചു. അവരുടെ കണ്ണുകള്‍ തുറന്നു. തങ്ങള്‍ നഗ്നരെന്നു മനസ്സിലാക്കി അവര്‍ അത്തിയില കൂട്ടിത്തുന്നി അരയാട ധരിച്ചു. അന്നു വൈകുന്നേരം സര്‍വേശ്വരനായ ദൈവം തോട്ടത്തില്‍ നടക്കുന്ന ശബ്ദം അവര്‍ കേട്ടു. ദൈവം കാണാതിരിക്കാന്‍ അവര്‍ തോട്ടത്തിലുള്ള വൃക്ഷങ്ങളുടെ മറവില്‍ ഒളിച്ചു. എന്നാല്‍ ദൈവം മനുഷ്യനെ വിളിച്ചു: “നീ എവിടെ” എന്നു ചോദിച്ചു. “അവിടുത്തെ ശബ്ദം ഞാന്‍ തോട്ടത്തില്‍ കേട്ടു. നഗ്നനായതുകൊണ്ടു ഭയപ്പെട്ടു ഒളിച്ചു” എന്ന് അവന്‍ പറഞ്ഞു. “നീ നഗ്നനെന്നു നിന്നോട് ആരു പറഞ്ഞു? തിന്നരുതെന്നു ഞാന്‍ കല്പിച്ച വൃക്ഷത്തിന്‍റെ ഫലം നീ തിന്നുവോ?” മനുഷ്യന്‍ പറഞ്ഞു: “അവിടുന്ന് എനിക്കു തുണയായി നല്‌കിയ സ്‍ത്രീ ആ വൃക്ഷത്തിന്‍റെ ഫലം എനിക്കു തന്നു; ഞാന്‍ അതു ഭക്ഷിച്ചു.” സര്‍വേശ്വരനായ ദൈവം സ്‍ത്രീയോട്: “നീ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു” എന്നു ചോദിച്ചപ്പോള്‍ “സര്‍പ്പം എന്നെ വഞ്ചിച്ചു, ഞാന്‍ ഭക്ഷിച്ചുപോയി” എന്ന് അവള്‍ പറഞ്ഞു. ദൈവം സര്‍പ്പത്തോട് അരുളിച്ചെയ്തു: “നീ ഇങ്ങനെ ചെയ്തതുകൊണ്ട് ജീവജാലങ്ങളില്‍ നീ ശപിക്കപ്പെട്ടവനായിരിക്കും. ഉരസ്സുകൊണ്ട് നീ ഇഴയും; ഭൂമിയിലെ പൊടിയായിരിക്കും എക്കാലവും നിനക്കു ഭക്ഷണം. നീയും സ്‍ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത വരുത്തും. അവളുടെ സന്തതി നിന്‍റെ തല തകര്‍ക്കും; നിന്‍റെ സന്തതി അവന്‍റെ കുതികാലില്‍ കടിക്കും.” ദൈവം സ്‍ത്രീയോട് അരുളിച്ചെയ്തു: “നിന്‍റെ ഗര്‍ഭാരിഷ്ടത ഞാന്‍ വര്‍ധിപ്പിക്കും; വേദനയോടെ നീ മക്കളെ പ്രസവിക്കും; എങ്കിലും നിന്‍റെ അഭിലാഷം ഭര്‍ത്താവിലായിരിക്കും; അവന്‍ നിന്നെ ഭരിക്കും.” ദൈവം മനുഷ്യനോടു പറഞ്ഞു: “ഭക്ഷിക്കരുതെന്നു ഞാന്‍ വിലക്കിയിരുന്ന ഫലം നീ നിന്‍റെ ഭാര്യയുടെ വാക്കു കേട്ട് ഭക്ഷിച്ചതുകൊണ്ട് നീ നിമിത്തം ഭൂമി ശാപഗ്രസ്തയാകും. അഹോവൃത്തി കഴിക്കാന്‍ നിനക്ക് ജീവിതകാലം മുഴുവന്‍ അത്യധ്വാനം ചെയ്യേണ്ടിവരും. ഭൂമിയില്‍ മുള്ളും കളയും നീ മൂലം മുളയ്‍ക്കും. നീ ഭൂമിയിലെ സസ്യങ്ങള്‍ ഭക്ഷിക്കും. മണ്ണിലേക്കു തിരികെ ചേരുംവരെ വിയര്‍പ്പോടെ നീ ആഹാരം സമ്പാദിക്കേണ്ടിവരും. മണ്ണില്‍നിന്നു നീ സൃഷ്‍ടിക്കപ്പെട്ടു; നീ മണ്ണിലേക്കുതന്നെ മടങ്ങും.” മനുഷ്യന്‍ സ്‍ത്രീയെ ഹവ്വാ എന്നു വിളിച്ചു. അവള്‍ ജീവനുള്ളവരുടെയെല്ലാം മാതാവാണല്ലോ. സര്‍വേശ്വരനായ ദൈവം തുകല്‍കൊണ്ടു വസ്ത്രമുണ്ടാക്കി ആദാമിനെയും അവന്‍റെ ഭാര്യയെയും ധരിപ്പിച്ചു. സര്‍വേശ്വരനായ ദൈവം അരുളിച്ചെയ്തു: “മനുഷ്യന്‍ നന്മതിന്മകള്‍ തിരിച്ചറിഞ്ഞ് നമ്മില്‍ ഒരുവനെപ്പോലെ ആയിരിക്കുന്നു. ഇനി ജീവവൃക്ഷത്തിന്‍റെ ഫലംകൂടി ഭക്ഷിച്ച് അമര്‍ത്യനാകാന്‍ ഇടവരരുത്.” മനുഷ്യനെ സൃഷ്‍ടിക്കാന്‍ ഉപയോഗിച്ച മണ്ണില്‍തന്നെ അധ്വാനിച്ചു ജീവിക്കാന്‍ അവനെ സര്‍വേശ്വരനായ ദൈവം ഏദന്‍തോട്ടത്തില്‍നിന്നു പുറത്താക്കി. അതിനുശേഷം ജീവവൃക്ഷത്തിങ്കലേക്കുള്ള വഴി സൂക്ഷിക്കാന്‍ ഏദന്‍തോട്ടത്തിന്‍റെ കിഴക്കുവശത്തു കെരൂബുകളെ കാവല്‍ നിര്‍ത്തി. എല്ലാവശത്തേക്കും തിരിഞ്ഞുകൊണ്ടിരിക്കുന്നതും ജ്വലിക്കുന്നതുമായ വാളും അവിടെ സ്ഥാപിച്ചു. ആദാം ഹവ്വായെ പ്രാപിച്ചു. അവള്‍ ഗര്‍ഭിണിയായി കയീനെ പ്രസവിച്ചു: “സര്‍വേശ്വരന്‍റെ സഹായത്താല്‍ ഒരു മകനെ എനിക്കു ലഭിച്ചു” എന്ന് അവള്‍ പറഞ്ഞു. ഹവ്വാ വീണ്ടും ഒരു മകനെ പ്രസവിച്ചു. ഹാബെല്‍ എന്നായിരുന്നു അവന്‍റെ പേര്. ഹാബെല്‍ ആട്ടിടയനും കയീന്‍ കര്‍ഷകനുമായിത്തീര്‍ന്നു. കുറെക്കാലം കഴിഞ്ഞ് കയീന്‍ തന്‍റെ നിലത്തിലെ വിളവുകളില്‍നിന്ന് സര്‍വേശ്വരന് ഒരു വഴിപാട് കൊണ്ടുവന്നു. ഹാബെല്‍ ആട്ടിന്‍കൂട്ടത്തില്‍ കടിഞ്ഞൂല്‍കുട്ടികളില്‍ ഒന്നിന്‍റെ മേദസ്സുള്ള ഭാഗങ്ങള്‍ സര്‍വേശ്വരന് അര്‍പ്പിച്ചു. ഹാബെലിലും അവന്‍റെ വഴിപാടിലും അവിടുന്നു പ്രസാദിച്ചു. കയീനിലും അവന്‍റെ വഴിപാടിലും അവിടുന്നു പ്രസാദിച്ചില്ല. കയീന്‍ കുപിതനായി. അവന്‍റെ മുഖഭാവം മാറി. സര്‍വേശ്വരന്‍ കയീനോടു ചോദിച്ചു: “നീ എന്തിനു കോപിക്കുന്നു? നിന്‍റെ മുഖഭാവം മാറിയതെന്ത്? നല്ലതു ചെയ്തിരുന്നെങ്കില്‍ നിന്നിലും ഞാന്‍ പ്രസാദിക്കുമായിരുന്നില്ലേ? നല്ലത് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പാപം നിന്‍റെ വാതില്‌ക്കല്‍ പതിയിരിക്കും. അതിന്‍റെ ദൃഷ്‍ടി നിന്‍റെമേല്‍ പതിഞ്ഞിരിക്കുന്നു. നീ അതിനെ കീഴടക്കണം.” “നമുക്കു വയലിലേക്കു പോകാം” എന്നു കയീന്‍ സഹോദരനായ ഹാബെലിനോടു പറഞ്ഞു. വയലില്‍വച്ച് കയീന്‍ സഹോദരനെ ആക്രമിച്ചു കൊന്നു. “നിന്‍റെ സഹോദരനായ ഹാബെല്‍ എവിടെ” എന്നു സര്‍വേശ്വരന്‍ കയീനോടു ചോദിച്ചു. അവന്‍ പറഞ്ഞു: “എനിക്കറിഞ്ഞുകൂടാ; ഞാന്‍ എന്‍റെ സഹോദരന്‍റെ കാവല്‌ക്കാരനോ?” “നീ എന്താണു ചെയ്തത്?” സര്‍വേശ്വരന്‍ ചോദിച്ചു. “നിന്‍റെ സഹോദരന്‍റെ രക്തം ഭൂമിയില്‍നിന്ന് എന്നോടു നിലവിളിക്കുന്നു. നിന്‍റെ കരങ്ങള്‍ ചൊരിഞ്ഞ സഹോദരരക്തം സ്വീകരിക്കാന്‍ വായ് തുറന്ന മണ്ണില്‍ നീ ശാപഗ്രസ്തനായിരിക്കും. നീ അധ്വാനിച്ചാലും മണ്ണ് അതിന്‍റെ വീര്യം നിനക്കു നല്‌കുകയില്ല. നീ ഭൂമിയില്‍ എങ്ങും അലഞ്ഞു നടക്കും.” കയീന്‍ സര്‍വേശ്വരനോടു പറഞ്ഞു: “അവിടുത്തെ ശിക്ഷ എത്ര ദുര്‍വഹം. ഭൂമിയില്‍നിന്ന് അവിടുന്നെന്നെ ആട്ടിപ്പായിച്ചു. അവിടുത്തെ സന്നിധിയില്‍നിന്ന് എന്നെ നിഷ്കാസനം ചെയ്തു. ഭൂമിയില്‍ ഞാന്‍ ലക്ഷ്യമില്ലാതെ അലയുന്നവനാകും. എന്നെ ആരെങ്കിലും കണ്ടാല്‍ അവര്‍ എന്നെ കൊല്ലും.” സര്‍വേശ്വരന്‍ കയീനോടു പറഞ്ഞു: “ഇല്ല നിന്നെ കൊല്ലുന്നവനു കിട്ടുന്ന പ്രതികാരം ഏഴിരട്ടി ആയിരിക്കും.” ആരും കയീനെ കൊല്ലാതിരിക്കുവാന്‍ അവിടുന്ന് അവന്‍റെമേല്‍ ഒരു അടയാളം പതിച്ചു. കയീന്‍ ദൈവസന്നിധി വിട്ടകന്ന് ഏദന്‍തോട്ടത്തിനു കിഴക്കുള്ള നോദ് ദേശത്തു ചെന്നു പാര്‍ത്തു. കയീന്‍ ഭാര്യയെ പ്രാപിച്ചു; അവള്‍ ഗര്‍ഭം ധരിച്ച് ഹാനോക്കിനെ പ്രസവിച്ചു. കയീന്‍ ഒരു പട്ടണം പണിത് അതിനു തന്‍റെ പുത്രനായ ഹാനോക്കിന്‍റെ പേരു നല്‌കി. ഹാനോക്ക് ഈരാദിന്‍റെ പിതാവ്. ഈരാദ് മെഹൂയയേലിന്‍റെ പിതാവ്. മെഹൂയയേല്‍ മെഥൂശയേലിന്‍റെയും മെഥൂശയേല്‍ ലാമെക്കിന്‍റെയും പിതാവ്. ലാമെക്കിനു രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു, ആദായും സില്ലായും. ആദാ യാബാലിനെ പ്രസവിച്ചു. യാബാലിന്‍റെ പിന്‍മുറക്കാര്‍ കൂടാരവാസികളും ആടുമാടുകളെ വളര്‍ത്തി ജീവിക്കുന്നവരും ആയിരുന്നു. അയാളുടെ സഹോദരനായിരുന്നു യൂബാല്‍. അയാളുടെ പിന്‍മുറക്കാര്‍ കിന്നരവും വീണയും വായിക്കുന്നവരായിരുന്നു. തൂബല്‍കയീനെ സില്ലാ പ്രസവിച്ചു. അയാള്‍ ഓടുകൊണ്ടും ഇരുമ്പുകൊണ്ടും ഉപകരണങ്ങള്‍ നിര്‍മ്മിച്ചുവന്നു. തൂബല്‍കയീന്‍റെ സഹോദരി ആയിരുന്നു നയമാ. ലാമെക്ക് ഭാര്യമാരോടു പറഞ്ഞു: “ആദായേ, സില്ലായേ, എന്‍റെ വാക്കു കേള്‍ക്കുവിന്‍; ലാമെക്കിന്‍റെ ഭാര്യമാരേ, ഞാന്‍ പറയുന്നതു ശ്രദ്ധിക്കുവിന്‍; എന്നെ ഉപദ്രവിച്ച ഒരുവനെ-എന്നെ അടിച്ച ഒരു യുവാവിനെ - ഞാന്‍ കൊന്നു. കയീനെ കൊന്നാല്‍ പ്രതികാരം ഏഴിരട്ടിയെങ്കില്‍ എന്നെ കൊന്നാല്‍ പ്രതികാരം എഴുപത്തേഴിരട്ടി ആയിരിക്കും.” ആദാമിനും ഭാര്യക്കും മറ്റൊരു പുത്രനുണ്ടായി. കയീന്‍ കൊന്ന ഹാബെലിനു പകരം ദൈവം ഒരു പുത്രനെ എനിക്കു തന്നു എന്നു പറഞ്ഞ് അവനു ശേത്ത് എന്നു പേരിട്ടു. ശേത്തിന് എനോശ് എന്നൊരു പുത്രനുണ്ടായി. അക്കാലത്താണ് മനുഷ്യര്‍ സര്‍വേശ്വരന്‍റെ നാമത്തില്‍ ആരാധന തുടങ്ങിയത്. ആദാമിന്‍റെ പിന്‍തലമുറക്കാര്‍: ദൈവം സ്വന്തം സാദൃശ്യത്തിലായിരുന്നു മനുഷ്യനെ സൃഷ്‍ടിച്ചത്. ആണും പെണ്ണുമായി അവിടുന്ന് അവരെ സൃഷ്‍ടിച്ചു. ദൈവം അവരെ അനുഗ്രഹിക്കുകയും സൃഷ്‍ടിച്ച നാളില്‍ ആദാം എന്നു പേരു വിളിക്കുകയും ചെയ്തു. നൂറ്റിമുപ്പതാമത്തെ വയസ്സായപ്പോള്‍ ആദാമിന് തന്‍റെ ഛായയിലും സാദൃശ്യത്തിലുമുള്ള ഒരു പുത്രന്‍ ജനിച്ചു. ആദാം അവനെ ശേത്ത് എന്നു വിളിച്ചു. ആദാം എണ്ണൂറുവര്‍ഷംകൂടി ജീവിച്ചിരുന്നു. വേറെ പുത്രന്മാരും പുത്രിമാരും അയാള്‍ക്കുണ്ടായി. തൊള്ളായിരത്തി മുപ്പതു വയസ്സായപ്പോള്‍ ആദാം മരിച്ചു. നൂറ്റിഅഞ്ചാമത്തെ വയസ്സില്‍ ശേത്തിന് എനോശ് ജനിച്ചു. അതിനുശേഷം എണ്ണൂറ്റേഴ് വര്‍ഷംകൂടി ശേത്ത് ജീവിച്ചിരുന്നു. അയാള്‍ക്കു വേറെയും പുത്രീപുത്രന്മാര്‍ ഉണ്ടായിരുന്നു. തൊള്ളായിരത്തി പന്ത്രണ്ടാമത്തെ വയസ്സില്‍ ശേത്ത് മരിച്ചു. തൊണ്ണൂറാമത്തെ വയസ്സില്‍ എനോശിനു കേനാന്‍ ജനിച്ചു. അതിനുശേഷം എനോശ് എണ്ണൂറ്റിപതിനഞ്ചു വര്‍ഷംകൂടി ജീവിച്ചിരുന്നു. അയാള്‍ക്കു വേറെയും പുത്രീപുത്രന്മാര്‍ ഉണ്ടായി. തൊള്ളായിരത്തി അഞ്ചാമത്തെ വയസ്സില്‍ എനോശ് മരിച്ചു. എഴുപതാമത്തെ വയസ്സില്‍ കേനാനു മഹലലേല്‍ ജനിച്ചു. അതിനുശേഷം എണ്ണൂറ്റിനാല്പതു വര്‍ഷം കേനാന്‍ ജീവിച്ചിരുന്നു. വേറെയും പുത്രീപുത്രന്മാര്‍ അയാള്‍ക്കു ജനിച്ചു. തൊള്ളായിരത്തി പത്താമത്തെ വയസ്സില്‍ കേനാന്‍ മരിച്ചു. അറുപത്തിയഞ്ചാമത്തെ വയസ്സില്‍ മഹലലേലിനു യാരെദ് ജനിച്ചു. അതിനുശേഷം എണ്ണൂറ്റി മുപ്പതു വര്‍ഷംകൂടി മഹലലേല്‍ ജീവിച്ചിരുന്നു; വേറെയും പുത്രീപുത്രന്മാര്‍ അയാള്‍ക്കുണ്ടായി. എണ്ണൂറ്റി തൊണ്ണൂറ്റിഅഞ്ചാമത്തെ വയസ്സില്‍ അയാള്‍ മരിച്ചു. നൂറ്റിഅറുപത്തിരണ്ടാമത്തെ വയസ്സില്‍ യാരെദിനു ഹാനോക്ക് ജനിച്ചു. അതിനുശേഷം എണ്ണൂറു വര്‍ഷംകൂടി യാരെദ് ജീവിച്ചിരുന്നു. വേറെയും പുത്രീപുത്രമാര്‍ അയാള്‍ക്കുണ്ടായി. തൊള്ളായിരത്തി അറുപത്തിരണ്ടാമത്തെ വയസ്സില്‍ അയാള്‍ മരിച്ചു. അറുപത്തിഅഞ്ചാമത്തെ വയസ്സില്‍ ഹാനോക്കിനു മെഥൂശലഹ് ജനിച്ചു. അതിനുശേഷം മുന്നൂറു വര്‍ഷംകൂടി ഹാനോക്ക് ദൈവഹിതപ്രകാരം ജീവിച്ചു. വേറെയും പുത്രീപുത്രന്മാര്‍ അയാള്‍ക്കുണ്ടായി. ഹാനോക്കിന്‍റെ ജീവിതകാലം മുന്നൂറ്റി അറുപത്തഞ്ചു വര്‍ഷം ആയിരുന്നു. അയാള്‍ ദൈവഹിതപ്രകാരം ജീവിച്ചു. ദൈവം അയാളെ കൈക്കൊണ്ടതിനാല്‍ പിന്നെ ആരും അയാളെ കണ്ടതുമില്ല. നൂറ്റിഎണ്‍പത്തിഏഴാമത്തെ വയസ്സില്‍ മെഥൂശലഹിനു ലാമെക്ക് ജനിച്ചു. അതിനുശേഷം എഴുനൂറ്റി എണ്‍പത്തിരണ്ടു വര്‍ഷംകൂടി അയാള്‍ ജീവിച്ചിരുന്നു. വേറെയും പുത്രീപുത്രന്മാര്‍ അയാള്‍ക്കുണ്ടായി. തൊള്ളായിരത്തി അറുപത്തിഒന്‍പതാമത്തെ വയസ്സില്‍ അയാള്‍ മരിച്ചു. നൂറ്റിഎണ്‍പത്തിരണ്ടാമത്തെ വയസ്സില്‍ ലാമെക്കിന് ഒരു പുത്രന്‍ ജനിച്ചു. സര്‍വേശ്വരന്‍ ശപിച്ച ഈ ഭൂമിയിലെ പ്രയത്നങ്ങളില്‍നിന്നും കായികാധ്വാനത്തില്‍നിന്നും ഇവന്‍ നിങ്ങള്‍ക്ക് ആശ്വാസം നല്‌കും എന്നു പറഞ്ഞ് അവനു നോഹ എന്നു പേരിട്ടു. നോഹയുടെ ജനനത്തിനുശേഷം ലാമെക്ക് അഞ്ഞൂറ്റിതൊണ്ണൂറ്റിഅഞ്ചു വര്‍ഷംകൂടി ജീവിച്ചിരുന്നു. വേറെയും പുത്രീപുത്രന്മാര്‍ അയാള്‍ക്കുണ്ടായി. എഴുനൂറ്റി എഴുപത്തിയേഴാമത്തെ വയസ്സില്‍ ലാമെക്ക് മരിച്ചു. അഞ്ഞൂറാമത്തെ വയസ്സില്‍ നോഹയ്‍ക്കു ശേം, ഹാം, യാഫെത്ത് എന്നീ മൂന്നു പുത്രന്മാര്‍ ജനിച്ചു. ഭൂമിയില്‍ മനുഷ്യര്‍ പെരുകുകയും അവര്‍ക്കു പുത്രിമാര്‍ ജനിക്കുകയും ചെയ്തു. ദൈവപുത്രന്മാര്‍ മനുഷ്യപുത്രിമാരെ സൗന്ദര്യവതികളായി കണ്ടു തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെ ഭാര്യമാരായി സ്വീകരിച്ചു. അപ്പോള്‍ സര്‍വേശ്വരന്‍ പറഞ്ഞു: “എന്‍റെ ആത്മാവ് സദാകാലവും മനുഷ്യരില്‍ വസിക്കുകയില്ല. അവര്‍ മരിച്ചുപോകുന്നവരാണ്. അവരുടെ ആയുഷ്കാലം നൂറ്റിഇരുപതുവര്‍ഷമായിരിക്കും.” ദൈവപുത്രന്മാര്‍ മനുഷ്യപുത്രിമാരുമായി സംഗമിച്ച് അവര്‍ക്കു പുത്രന്മാര്‍ ജനിച്ചു. അങ്ങനെ അക്കാലത്തും അതിനുശേഷവും ഭൂമിയില്‍ മല്ലന്മാര്‍ ഉണ്ടായി. ഇവരായിരുന്നു പുരാതനകാലത്തെ കീര്‍ത്തികേട്ട വീരന്മാര്‍. ഭൂമിയില്‍ മനുഷ്യന്‍റെ ദുഷ്ടത എത്ര വലിയതാണെന്നും അവന്‍റെ വിചാരങ്ങളും ഭാവനകളും എത്രമാത്രം ദുഷിച്ചതാണെന്നും സര്‍വേശ്വരന്‍ കണ്ടു. മനുഷ്യനെ സൃഷ്‍ടിച്ചതില്‍ സര്‍വേശ്വരനു ദുഃഖം തോന്നി. അവിടുത്തെ ഹൃദയം വേദനിച്ചു. “ഞാന്‍ സൃഷ്‍ടിച്ച മനുഷ്യനെ ഭൂമിയില്‍നിന്നു നീക്കിക്കളയും, മനുഷ്യനെ മാത്രമല്ല, മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പറവകളെയുംകൂടി നശിപ്പിക്കും; അവയെ സൃഷ്‍ടിച്ചതില്‍ ഞാന്‍ ദുഃഖിക്കുന്നു” എന്നു സര്‍വേശ്വരന്‍ പറഞ്ഞു. എന്നാല്‍ നോഹ അവിടുത്തെ പ്രീതിക്കു പാത്രമായി. നോഹയുടെ വംശപാരമ്പര്യം: നോഹ തന്‍റെ തലമുറയിലെ നീതിനിഷ്ഠനും നിഷ്കളങ്കനുമായ വ്യക്തിയായിരുന്നു. നോഹ ദൈവസാന്നിധ്യത്തില്‍ ജീവിച്ചു. ശേം, ഹാം, യാഫെത്ത് എന്നിങ്ങനെ മൂന്നു പുത്രന്മാര്‍ നോഹയ്‍ക്കുണ്ടായിരുന്നു. സര്‍വേശ്വരന്‍റെ ദൃഷ്‍ടിയില്‍ ഭൂമി അശുദ്ധമായിരുന്നു; അത് അക്രമംകൊണ്ടു നിറഞ്ഞിരുന്നു. ദൈവം ഭൂമിയുടെ അവസ്ഥ ദര്‍ശിച്ചു; അതു സര്‍വത്ര വഷളായിരുന്നു. മനുഷ്യരെല്ലാം ദുര്‍മാര്‍ഗികളായിത്തീര്‍ന്നിരുന്നു. ദൈവം നോഹയോടു പറഞ്ഞു: “ഞാന്‍ മനുഷ്യവര്‍ഗത്തെ മുഴുവന്‍ നശിപ്പിക്കാന്‍ പോകുന്നു. അവര്‍ നിമിത്തം ഭൂമി അക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഭൂമിയോടൊപ്പം ഞാന്‍ അവരെ നശിപ്പിക്കും. ഗോഫര്‍മരംകൊണ്ടു നീ ഒരു പെട്ടകം ഉണ്ടാക്കി അതിനകത്ത് അറകള്‍ പണിയുക. പെട്ടകത്തിന്‍റെ അകത്തും പുറത്തും കീല്‍ തേക്കണം. അതു പണിയേണ്ടത് ഇങ്ങനെയാണ്: പെട്ടകത്തിന്‍റെ നീളം മുന്നൂറു മുഴവും വീതി അന്‍പതു മുഴവും ഉയരം മുപ്പതു മുഴവും ആയിരിക്കണം. വശങ്ങളില്‍നിന്ന് ഒരു മുഴം ഉയരത്തില്‍ അതിനു മേല്‌ക്കൂര പണിയണം. മൂന്നു തട്ടുകളായി വേണം പെട്ടകം നിര്‍മ്മിക്കാന്‍. വശത്തു വാതിലും ഉണ്ടായിരിക്കണം. ജീവജാലമാകെ നശിക്കാന്‍ ഇടവരുത്തുന്ന വലിയ ഒരു ജലപ്രളയം ഞാന്‍ ഭൂമിയില്‍ ഉണ്ടാക്കും. ഭൂമിയിലുള്ള സകലതും നശിക്കും. എന്നാല്‍ നീയുമായി ഞാന്‍ ഒരു ഉടമ്പടി ചെയ്യും. നിന്‍റെ ഭാര്യ, പുത്രന്മാര്‍, പുത്രഭാര്യമാര്‍ എന്നിവരോടൊപ്പം നീ പെട്ടകത്തില്‍ പ്രവേശിക്കണം. നിന്നോടൊപ്പം ജീവിച്ചിരിക്കേണ്ടതിന് സകല ജീവികളില്‍നിന്നും, ഈരണ്ടെണ്ണത്തെ ആണും പെണ്ണുമായി പെട്ടകത്തില്‍ പ്രവേശിപ്പിക്കണം. പക്ഷികളിലും മൃഗങ്ങളിലും ഇഴജന്തുക്കളിലും പെട്ട എല്ലാത്തരത്തില്‍നിന്നും രണ്ടെണ്ണം ജീവരക്ഷാര്‍ഥം നിന്‍റെ അടുക്കല്‍ വരും. അവയ്‍ക്കും നിങ്ങള്‍ക്കും വേണ്ട ഭക്ഷണവും പെട്ടകത്തില്‍ കരുതിക്കൊള്ളണം.” ദൈവം കല്പിച്ചതുപോലെയെല്ലാം നോഹ ചെയ്തു. സര്‍വേശ്വരന്‍ നോഹയോട് അരുളിച്ചെയ്തു: “ഈ തലമുറയില്‍ നിന്നെമാത്രം ഞാന്‍ നീതിനിഷ്ഠനായി കാണുന്നു. അതുകൊണ്ടു നീയും നിന്‍റെ കുടുംബവും പെട്ടകത്തില്‍ പ്രവേശിക്കുക. വംശനാശം സംഭവിക്കാതിരിക്കാന്‍ ശുദ്ധിയുള്ള മൃഗങ്ങളില്‍നിന്ന് ആണും പെണ്ണുമായി ഏഴു ഇണകള്‍ വീതവും ശുദ്ധിയില്ലാത്തവയില്‍നിന്ന് ആണും പെണ്ണുമായി ഒരു ഇണയും പറവകളില്‍നിന്ന് ആണും പെണ്ണുമായി ഏഴു ഇണകള്‍ വീതവും നിന്‍റെകൂടെ പെട്ടകത്തില്‍ പ്രവേശിപ്പിക്കുക. ഏഴു ദിവസം കഴിഞ്ഞാല്‍ നാല്പതു ദിനരാത്രങ്ങള്‍ ഇടവിടാതെ പെയ്യുന്ന മഴ ഞാന്‍ ഭൂമിയിലേക്ക് അയയ്‍ക്കും. ഞാന്‍ സൃഷ്‍ടിച്ച എല്ലാ ജീവജാലങ്ങളെയും ഭൂമിയില്‍നിന്നു ഞാന്‍ നീക്കിക്കളയും.” ദൈവം കല്പിച്ചതെല്ലാം നോഹ ചെയ്തു. ജലപ്രളയം ഉണ്ടായപ്പോള്‍ നോഹയ്‍ക്ക് അറുനൂറു വയസ്സായിരുന്നു. നോഹയും ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും പ്രളയത്തില്‍നിന്നു രക്ഷപെടാന്‍ പെട്ടകത്തില്‍ പ്രവേശിച്ചു. [8,9] ദൈവം കല്പിച്ചതുപോലെ ശുദ്ധിയുള്ളതും ശുദ്ധിയില്ലാത്തതുമായ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും ആണും പെണ്ണുമായി ഇണകളായി നോഹയോടുകൂടെ പെട്ടകത്തില്‍ കടന്നു. *** ഏഴു ദിവസം കഴിഞ്ഞപ്പോള്‍ പ്രളയജലം ഭൂമിയിലേക്ക് പ്രവഹിച്ചു തുടങ്ങി. നോഹയ്‍ക്ക് അറുനൂറു വയസ്സു പൂര്‍ത്തിയായ വര്‍ഷത്തിന്‍റെ രണ്ടാം മാസം പതിനേഴാം ദിവസം അത്യഗാധത്തിലെ നീരുറവകളും ആകാശത്തിലെ വാതായനങ്ങളും തുറന്നു. നാല്പതു ദിനരാത്രങ്ങള്‍ ഭൂമിയില്‍ തുടര്‍ച്ചയായി മഴ പെയ്തു. നോഹയും പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരും നോഹയുടെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തില്‍ കയറി. [14,15] അവരോടൊത്ത് എല്ലാ ഇനം വന്യമൃഗങ്ങളും വളര്‍ത്തുമൃഗങ്ങളും ഇഴജന്തുക്കളും പറവകളും ഉള്‍പ്പെടെ എല്ലാ ജീവികളില്‍നിന്നും രണ്ടു വീതം പെട്ടകത്തില്‍ പ്രവേശിച്ചു. *** ദൈവം കല്പിച്ചതുപോലെ എല്ലാ ജന്തുക്കളെയും ആണും പെണ്ണുമായിട്ടാണ് പ്രവേശിപ്പിച്ചത്. അതിനുശേഷം സര്‍വേശ്വരന്‍ വാതില്‍ അടച്ചു. ജലപ്രളയം നാല്പതു ദിവസം തുടര്‍ന്നു. വെള്ളം പെരുകി പെട്ടകത്തെ നിലത്തുനിന്ന് ഉയര്‍ത്തി. ജലനിരപ്പ് ഉയര്‍ന്നുകൊണ്ടേയിരുന്നു; പെട്ടകം വെള്ളത്തിനു മുകളില്‍ ഒഴുകി നടന്നു. ഏറ്റവും ഉയര്‍ന്ന പര്‍വതങ്ങളെപ്പോലും മൂടത്തക്കവിധം ഭൂമിയില്‍ വെള്ളം പെരുകി. വെള്ളം പിന്നെയും പതിനഞ്ചു മുഴം കൂടി ഉയര്‍ന്നു. പക്ഷികള്‍, കന്നുകാലികള്‍, മൃഗങ്ങള്‍, ഇഴജന്തുക്കള്‍ തുടങ്ങി എല്ലാ ജീവികളും മനുഷ്യരും ചത്തൊടുങ്ങി. അങ്ങനെ കരയിലുണ്ടായിരുന്ന എല്ലാ ജീവികളും നശിച്ചു. മനുഷ്യരും മൃഗങ്ങളും പക്ഷികളും ഉള്‍പ്പെടെ ഭൂമിയില്‍ ഉണ്ടായിരുന്ന സകല ജീവികളെയും സര്‍വേശ്വരന്‍ തുടച്ചുനീക്കി. നോഹയും പെട്ടകത്തില്‍ ഉണ്ടായിരുന്നവരും മാത്രം ജീവനോടെ ശേഷിച്ചു. ജലപ്രളയം നൂറ്റിഅമ്പതു ദിവസം നീണ്ടുനിന്നു. ദൈവം നോഹയെയും കൂടെയുണ്ടായിരുന്ന എല്ലാ വന്യമൃഗങ്ങളെയും വളര്‍ത്തുമൃഗങ്ങളെയും ഓര്‍ത്തു; അവിടുന്നു ഭൂമിയില്‍ ഒരു കാറ്റ് അടിപ്പിച്ചു; വെള്ളം താണുതുടങ്ങി. ആഴത്തിലെ ഉറവകളും ആകാശത്തിലെ വാതിലുകളും അടഞ്ഞു. മഴയും നിലച്ചു. ഭൂമിയില്‍നിന്ന് ജലം ക്രമേണ ഇറങ്ങിത്തുടങ്ങി. നൂറ്റിഅമ്പതു ദിവസമായപ്പോള്‍ ജലനിരപ്പു വളരെ താണു. ഏഴാംമാസം പതിനേഴാം ദിവസം പെട്ടകം അരാരത്തു പര്‍വതത്തില്‍ ഉറച്ചു. പത്താം മാസംവരെ ജലനിരപ്പ് തുടരെ താണുകൊണ്ടിരുന്നു. പത്താം മാസം ഒന്നാം ദിവസം പര്‍വതശൃംഗങ്ങള്‍ കാണാറായി. നാല്പതു ദിവസം കഴിഞ്ഞപ്പോള്‍ നോഹ പെട്ടകത്തിന്‍റെ കിളിവാതില്‍ തുറന്ന് ഒരു മലങ്കാക്കയെ പുറത്തേക്ക് അയച്ചു. ഭൂമിയില്‍ വെള്ളം വറ്റുന്നതുവരെ അതു വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നു. പിന്നീട്, ഭൂമിയില്‍നിന്ന് വെള്ളം ഇറങ്ങിയോ എന്നറിയാന്‍ ഒരു പ്രാവിനെ പുറത്തേക്ക് അയച്ചു. കാലുകുത്താന്‍ ഇടം കാണാതെ അതു പെട്ടകത്തില്‍ നോഹയുടെ അടുക്കല്‍ തിരിച്ചെത്തി. അപ്പോഴും ഭൂതലം മുഴുവന്‍ വെള്ളംകൊണ്ടു മൂടിയിരുന്നു. നോഹ കൈ നീട്ടി ആ പ്രാവിനെ പിടിച്ചു പെട്ടകത്തിന്‍റെ ഉള്ളിലാക്കി. ഏഴു ദിവസംകൂടി കാത്തിരുന്നശേഷം നോഹ പ്രാവിനെ വീണ്ടും പുറത്തേക്കയച്ചു. സന്ധ്യയായപ്പോള്‍ പ്രാവ് മടങ്ങിവന്നു. അതിന്‍റെ ചുണ്ടില്‍ ഒരു പച്ച ഒലിവില ഉണ്ടായിരുന്നു. അങ്ങനെ ഭൂമിയില്‍നിന്നു വെള്ളമിറങ്ങി എന്നു നോഹ മനസ്സിലാക്കി. ഏഴു ദിവസം കഴിഞ്ഞ് ആ പ്രാവിനെ വീണ്ടും പുറത്തേക്കയച്ചു. പിന്നീട് അതു തിരിച്ചു വന്നില്ല. നോഹയ്‍ക്ക് അറുനൂറ്റിഒന്നു വയസ്സു തികഞ്ഞ വര്‍ഷം ഒന്നാം മാസം ഒന്നാം ദിവസം ആയപ്പോള്‍ ഭൂമിയില്‍ വെള്ളം വറ്റിക്കഴിഞ്ഞിരുന്നു. നോഹ പെട്ടകത്തിന്‍റെ മേല്‍ത്തട്ടു നീക്കി, പുറത്തേക്കു നോക്കിയപ്പോള്‍ നിലം ഉണങ്ങിയിരിക്കുന്നതായി കണ്ടു. രണ്ടാം മാസം ഇരുപത്തിഏഴാം ദിവസം ആയപ്പോള്‍ ഭൂമി തീര്‍ത്തും ഉണങ്ങിക്കഴിഞ്ഞിരുന്നു. [15,16] ദൈവം നോഹയോടു പറഞ്ഞു: “നീയും നിന്‍റെ ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും പുറത്തിറങ്ങുക. *** പക്ഷികളും, മൃഗങ്ങളും, ഇഴജന്തുക്കളുമായി നിന്‍റെ കൂടെയുള്ള എല്ലാ ജീവികളെയും പുറത്തേക്കു കൊണ്ടുവരിക. അവ ഭൂമിയില്‍ പെറ്റുപെരുകട്ടെ.” നോഹയും ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും പുറത്തുവന്നു. അവരോടൊപ്പം എല്ലാ മൃഗങ്ങളും ഇഴജന്തുക്കളും പക്ഷികളുമായി ഭൂമിയില്‍ വ്യാപരിക്കുന്ന എല്ലാ ജീവികളും വര്‍ഗംവര്‍ഗമായി പെട്ടകത്തില്‍നിന്ന് ഇറങ്ങി. നോഹ സര്‍വേശ്വരന് ഒരു യാഗപീഠം പണിതു. അതില്‍ ശുദ്ധിയുള്ള മൃഗങ്ങളില്‍നിന്നും പക്ഷികളില്‍നിന്നും ചിലതിനെ കൊണ്ടുവന്നു ഹോമയാഗമായി അര്‍പ്പിച്ചു. അതിന്‍റെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമായി. അപ്പോള്‍ അവിടുന്ന് ആത്മഗതം ചെയ്തു: “ജന്മനാ ദോഷത്തിലേക്കു തിരിയുന്ന മനുഷ്യന്‍ നിമിത്തം ഞാന്‍ ഇനി ഒരിക്കലും ഭൂമിയെ ശപിക്കുകയില്ല. ജീവജാലങ്ങളെയെല്ലാം ഇനി ഒരിക്കലും നശിപ്പിക്കുകയുമില്ല. ഭൂമി ഉള്ള കാലമെല്ലാം വിതയും കൊയ്ത്തും ശീതവും ഉഷ്ണവും വേനലും വര്‍ഷവും രാവും പകലും ഉണ്ടായിരിക്കും.” ദൈവം നോഹയെയും പുത്രന്മാരെയും അനുഗ്രഹിച്ച് അവരോട് അരുളിച്ചെയ്തു: “നിങ്ങള്‍ സന്താനപുഷ്‍ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറയുവിന്‍. ഭൂമിയിലെ എല്ലാ മൃഗങ്ങളും ആകാശത്തിലെ സകല പറവകളും ഇഴഞ്ഞുനടക്കുന്ന സര്‍വജീവികളും സമുദ്രത്തിലെ സകല മത്സ്യങ്ങളും നിങ്ങളെ ഭയപ്പെടും. അവയെ എല്ലാം ഞാന്‍ നിങ്ങളെ ഏല്പിച്ചിരിക്കുന്നു. ഭൂമിയില്‍ ചരിക്കുന്ന എല്ലാ ജീവികളും നിങ്ങള്‍ക്കു ഭക്ഷണമായിരിക്കും. പച്ചസസ്യങ്ങള്‍ ആഹാരമായി നല്‌കിയതുപോലെ സകലതും നിങ്ങള്‍ക്കു നല്‌കുന്നു. എന്നാല്‍ രക്തത്തോടുകൂടിയ മാംസം ഭക്ഷിക്കരുത്; ജീവന്‍ രക്തത്തിലാണല്ലോ. മനുഷ്യജീവന്‍ അപഹരിക്കുന്നവനു ഞാന്‍ മരണശിക്ഷ വിധിക്കുന്നു; മനുഷ്യനെ കൊല്ലുന്ന മൃഗവും മരിക്കണം. മനുഷ്യന്‍ സൃഷ്‍ടിക്കപ്പെട്ടത് ദൈവത്തിന്‍റെ ഛായയിലാണ്; അതുകൊണ്ട് മനുഷ്യരക്തം ചൊരിയുന്നവന്‍റെ രക്തവും മനുഷ്യനാല്‍തന്നെ ചൊരിയപ്പെടണം. നിങ്ങള്‍ സന്താനസമൃദ്ധിയുള്ളവരായി ഭൂമിയില്‍ നിറയുവിന്‍.” ദൈവം നോഹയോടും പുത്രന്മാരോടും അരുളിച്ചെയ്തു: [9,10] “നിങ്ങളോടും നിങ്ങളുടെ പിന്‍തലമുറകളോടും, പെട്ടകത്തില്‍നിന്ന് ഇറങ്ങിവന്ന പക്ഷികള്‍, വളര്‍ത്തുമൃഗങ്ങള്‍, വന്യമൃഗങ്ങള്‍ എന്നിവയടക്കം സര്‍വജീവജാലങ്ങളോടുമായി ഞാന്‍ ഇതാ, ഒരു ഉടമ്പടി സ്ഥാപിക്കുന്നു. *** ജലപ്രളയത്താല്‍ ഇനിമേല്‍ ജീവികളെയെല്ലാം നശിപ്പിക്കുകയില്ല; ഭൂമിയെ സമൂലം നശിപ്പിക്കത്തക്കവിധം ഇനി ഒരു ജലപ്രളയം ഉണ്ടാകയുമില്ല എന്ന ഈ ഉടമ്പടി നിങ്ങളുമായി സ്ഥാപിച്ചിരിക്കുന്നു. ഞാനും നിങ്ങളും നിങ്ങളുടെകൂടെയുള്ള സകല ജീവജാലങ്ങളും തമ്മിലും ഭാവിതലമുറകള്‍ക്കുവേണ്ടി എന്നേക്കുമായി ഏര്‍പ്പെടുത്തുന്ന ഉടമ്പടിയുടെ അടയാളം ഇതാകുന്നു. ഞാന്‍ എന്‍റെ വില്ല് മേഘത്തില്‍ വയ്‍ക്കുന്നു. ഞാനും ഭൂമിയും തമ്മിലുള്ള ഉടമ്പടിയുടെ അടയാളം അതായിരിക്കും. ഞാന്‍ ഭൂമിക്കു മീതെ കാര്‍മേഘങ്ങള്‍ വരുത്തുകയും അവയില്‍ മഴവില്ലു പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോള്‍, ഞാന്‍ നിങ്ങളോടും സകല ജീവജാലങ്ങളോടുമായി ചെയ്തിട്ടുള്ള ഉടമ്പടി ഓര്‍ക്കും; ജീവജന്തുക്കളെല്ലാം നശിക്കത്തക്കവിധത്തില്‍ ഒരു ജലപ്രളയം ഇനി ഉണ്ടാവുകയില്ല. വില്ല് മേഘങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഞാന്‍ അതു കാണുകയും ഞാനും ഭൂമിയിലുള്ള സകല ജീവജാലങ്ങളും തമ്മില്‍ എന്നേക്കുമായി ഏര്‍പ്പെടുത്തിയിട്ടുള്ള ഉടമ്പടി ഓര്‍ക്കുകയും ചെയ്യും.” ദൈവം നോഹയോട് അരുളിച്ചെയ്തു: “ഭൂമിയിലുള്ള സകല ജീവജാലങ്ങളുമായി ഞാന്‍ സ്ഥാപിച്ചിട്ടുള്ള ഉടമ്പടിയുടെ അടയാളം ഇതായിരിക്കും.” ശേം, ഹാം, യാഫെത്ത് എന്നിവരായിരുന്നു പെട്ടകത്തില്‍നിന്നു പുറത്തുവന്ന നോഹയുടെ മൂന്നു പുത്രന്മാര്‍. കനാന്‍റെ പിതാവായിരുന്നു ഹാം. ഭൂമിയിലുള്ള എല്ലാ ജനതകളും ഇവരുടെ സന്താനപരമ്പരകളാണ്. കര്‍ഷകനായിരുന്ന നോഹ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി. നോഹ വീഞ്ഞു കുടിച്ച് മത്തനായി കൂടാരത്തില്‍ നഗ്നനായി കിടന്നു. കനാന്‍റെ പിതാവായ ഹാം തന്‍റെ പിതാവ് നഗ്നനായി കിടക്കുന്നതു കണ്ട് പുറത്തുവന്നു സഹോദരന്മാരെ വിവരം അറിയിച്ചു. ശേമും യാഫെത്തുംകൂടി ഒരു വസ്ത്രമെടുത്തു തോളില്‍ ഇട്ടുകൊണ്ട് പുറകോട്ടു നടന്നുചെന്ന് പിതാവിന്‍റെ നഗ്നത മറച്ചു. അങ്ങനെ മുഖംതിരിച്ച് നടന്നതിനാല്‍ അവര്‍ പിതാവിന്‍റെ നഗ്നത കണ്ടില്ല. നോഹ ലഹരിവിട്ടുണര്‍ന്നപ്പോള്‍ ഇളയപുത്രനായ ഹാം ചെയ്തത് എന്തെന്നറിഞ്ഞു. നോഹ പറഞ്ഞു: “കനാന്‍ ശപിക്കപ്പെട്ടവന്‍; അവന്‍ തന്‍റെ സഹോദരന്മാര്‍ക്കു ദാസന്മാരില്‍ ദാസനായിരിക്കും.” നോഹ തുടര്‍ന്നു: “ശേമിന്‍റെ ദൈവമായ സര്‍വേശ്വരന്‍ സ്തുതിക്കപ്പെടട്ടെ. കനാന്‍ ശേമിന് ദാസനായിരിക്കട്ടെ. ദൈവം യാഫെത്തിന് അഭിവൃദ്ധി വരുത്തട്ടെ. അവന്‍ ശേമിന്‍റെ കൂടാരങ്ങളില്‍ പാര്‍ക്കും. കനാന്‍ അവനും ദാസനായിരിക്കും.” ജലപ്രളയത്തിനുശേഷം നോഹ മുന്നൂറ്റി അമ്പതുവര്‍ഷം ജീവിച്ചു. നോഹയുടെ ആയുഷ്കാലം തൊള്ളായിരത്തിഅമ്പതു വര്‍ഷമായിരുന്നു. അതിനുശേഷം അദ്ദേഹം മരിച്ചു. നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരുടെ വംശാവലി: ജലപ്രളയത്തിനുശേഷം അവര്‍ക്ക് പുത്രന്മാര്‍ ജനിച്ചു. യാഫെത്തിന്‍റെ പുത്രന്മാര്‍: ഗോമെര്‍, മാഗോഗ്, മാദായി, യാവാന്‍, തൂബല്‍, മേശെക്, തീരാസ് എന്നിവരായിരുന്നു. ഗോമെറിന്‍റെ പുത്രന്മാര്‍: അശ്കെനാസ്, രീഫത്ത്, തോഗര്‍മ്മാ എന്നിവര്‍. യാവാന്‍റെ പുത്രന്മാര്‍: എലീശാ, തര്‍ശീശ്, കിത്തീം, ദോദാനീം എന്നിവര്‍. ഇവരില്‍നിന്ന് തീരദേശജനതകള്‍ പെരുകി. യാഫെത്തിന്‍റെ പിന്മുറക്കാരായ ഇവര്‍ കുലങ്ങളായി പിരിഞ്ഞ് അവരവരുടെ ഭാഷ സംസാരിച്ചുകൊണ്ട് അവരവരുടെ ദേശങ്ങളില്‍ വസിച്ചു. ഹാമിന്‍റെ പുത്രന്മാര്‍: കൂശ്, ഈജിപ്ത്, പൂത്, കനാന്‍ എന്നിവരായിരുന്നു. കൂശിന്‍റെ പുത്രന്മാരാണ് സെബ, ഹവീലാ, സബ്താ, രാമാ, സബ്തെക്ക എന്നിവര്‍. രാമായുടെ പുത്രന്മാര്‍ ശെബയും ദെദാനും. കൂശിന്‍റെ പുത്രനായിരുന്നു നിമ്രോദ്. അവന്‍ ഭൂമിയിലെ ആദ്യത്തെ യുദ്ധവീരനായിത്തീര്‍ന്നു. സര്‍വേശ്വരന്‍റെ ഹിതത്താല്‍ അവന്‍ ശക്തനായ ഒരു നായാട്ടുകാരനും ആയിരുന്നു. അതുകൊണ്ട് “സര്‍വേശ്വരന്‍റെ സന്നിധിയില്‍ നിമ്രോദിനെപ്പോലെ ശക്തനായ ഒരു നായാട്ടുകാരന്‍” എന്നൊരു ചൊല്ല് അവരുടെ ഇടയില്‍ ഉണ്ടായി. ആരംഭത്തില്‍ അയാളുടെ രാജ്യം ഷിനാറിലുള്ള ബാബിലോണ്‍, എരെക്, അക്കാദ്, കല്‍നേ എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു. [11,12] അവിടെനിന്ന് അസ്സീറിയയിലേക്ക് കടന്നു, നിനെവേ, രെഹോബേത്ത്, കാലഹ്, നിനെവേക്കും വന്‍നഗരമായ കാലഹിനും ഇടയ്‍ക്കുള്ള രേസെന്‍ എന്നീ പട്ടണങ്ങള്‍ അയാള്‍ സ്ഥാപിച്ചു. *** ഈജിപ്തിന്‍റെ പിന്‍തലമുറക്കാരായിരുന്നു ലുദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്സലൂഹീം, കഫ്തോരീം എന്നീ ജനതകള്‍. കസ്സലൂഹീമില്‍നിന്നാണ് ഫെലിസ്ത്യര്‍ ഉദ്ഭവിച്ചത്. കനാന്‍റെ ആദ്യസന്തതിയായിരുന്നു സീദോന്‍. പിന്നീട് ഹേത്ത് ജനിച്ചു. യെബൂസ്യര്‍, അമോര്യര്‍, ഗിര്‍ഗ്ഗശ്യര്‍, ഹിവ്യര്‍, അര്‍ക്ക്യര്‍, സീന്യര്‍, അര്‍വാദ്യര്‍, സെമാര്യര്‍, ഹമാത്യര്‍ എന്നിവരുടെ പൂര്‍വപിതാവായിരുന്നു കനാന്‍. കനാന്യര്‍ കുലങ്ങളായി വിവിധ പ്രദേശങ്ങളില്‍ കുടിയേറിപാര്‍ത്തു. അവരുടെ രാജ്യം സീദോന്‍ തുടങ്ങി ഗെരാര്‍ വഴി ഗസ വരെയും, സൊദോം, ഗൊമോറാ, ആദ്മാ, സെബോയീം വഴി ലാശ വരെയും വ്യാപിച്ചു. വിവിധ കുലങ്ങളായി അവരവരുടെ ദേശത്തു സ്വന്തം ഭാഷകള്‍ സംസാരിച്ചുകൊണ്ട് അവര്‍ ജീവിച്ചു. ഇവരായിരുന്നു ഹാമിന്‍റെ പിന്‍മുറക്കാര്‍. യാഫെത്തിന്‍റെ ജ്യേഷ്ഠസഹോദരനായ ശേമിനും പുത്രന്മാര്‍ ഉണ്ടായി. ശേം, ഏബെര്‍വംശജരുടെ പൂര്‍വപിതാവാണ്. ഏലാം, അശ്ശൂര്‍, അര്‍പ്പക്ഷാദ്, ലൂദ്, അരാം എന്നിവരും ശേമിന്‍റെ പുത്രന്മാരായിരുന്നു. അരാമിന്‍റെ പുത്രന്മാര്‍: ഊസ്, ഹൂള്‍, ഗേഥെര്‍, മശ് എന്നിവര്‍. അര്‍പ്പക്ഷാദിന്‍റെ പുത്രനായിരുന്നു ശാലഹ്. ഏബെര്‍, ശാലഹിന്‍റെ പുത്രനും. ഏബെറിനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അവരില്‍ ഒരാളായിരുന്നു പെലെഗ്. അയാളുടെ കാലത്ത് ഭൂവാസികള്‍ പലതായി പിരിഞ്ഞു. അയാളുടെ സഹോദരന്‍ യൊക്താന്‍. അല്മോദാദ്, ശേലഹ്, ഹസര്‍മാവേത്ത്, യാരഹ്, ഹദോരാം, ഊസാല്‍, ദിക്ലാ, [28,29] ഓബാല്‍, അബീമയേല്‍, ശെബ, ഓഫീര്‍, ഹവീലാ, യോബാബ് എന്നിവര്‍ യൊക്താന്‍റെ പുത്രന്മാരായിരുന്നു. *** അവര്‍ വസിച്ചിരുന്ന സ്ഥലം മേശാ മുതല്‍ കിഴക്കുള്ള കുന്നിന്‍പ്രദേശമായ ശേഫാര്‍ വരെ വ്യാപിച്ചിരുന്നു. അവരവരുടെ ദേശത്ത് വിവിധ കുലങ്ങളായി വിവിധ സ്ഥലങ്ങളില്‍, വിവിധ ഭാഷകള്‍ സംസാരിച്ചു ജീവിച്ച ശേമിന്‍റെ പുത്രന്മാര്‍ ഇവരായിരുന്നു. നോഹയുടെ പുത്രന്മാര്‍ വിവിധ ദേശങ്ങളില്‍ പാര്‍ത്തിരുന്നു. അവരുടെ വംശപാരമ്പര്യം ഇതാണ്. ജലപ്രളയത്തിനുശേഷം ഇവരില്‍നിന്നാണ് ഭൂമിയിലെ വിവിധ ദേശങ്ങളില്‍ ജനതകള്‍ വ്യാപിച്ചത്. ആദ്യകാലത്ത് മനുഷ്യര്‍ക്കെല്ലാം ഒരേ ഭാഷയും ഒരേ വാക്കുകളുമാണ് ഉണ്ടായിരുന്നത്. അവര്‍ കിഴക്കുനിന്ന് യാത്ര തിരിച്ചു ശീനാര്‍ദേശത്ത് എത്തി. ഒരു സമതലപ്രദേശം കണ്ട് അവിടെ അവര്‍ വാസമുറപ്പിച്ചു. [3,4] “നാം ലോകമെങ്ങും ചിതറിപ്പോകാതെ ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും പണിത് നമുക്ക് പേരും പെരുമയും ഉണ്ടാക്കാം” എന്നവര്‍ പറഞ്ഞൊത്തു. അങ്ങനെ അവര്‍ കല്ലിനു പകരം ചുട്ടെടുത്ത ഇഷ്‍ടികയും കുമ്മായത്തിനു പകരം പശമണ്ണും പണിക്കുപയോഗിച്ചു. *** മനുഷ്യര്‍ നിര്‍മ്മിച്ച പട്ടണവും ഗോപുരവും കാണുന്നതിനു സര്‍വേശ്വരന്‍ ഇറങ്ങിവന്നു. അവിടുന്നു ചിന്തിച്ചു: “അവര്‍ ഒരു ജനത, അവര്‍ക്ക് ഒരേ ഭാഷ. അവരുടെ പ്രവൃത്തിയുടെ തുടക്കം മാത്രമാണിത്. ഉദ്ദേശിക്കുന്നതൊന്നും അവര്‍ക്ക് അസാധ്യമാവുകയില്ല. നാം ചെന്ന് അവരുടെ ഭാഷ ഭിന്നിപ്പിക്കാം. പിന്നീടവര്‍ അന്യോന്യം മനസ്സിലാക്കുകയില്ലല്ലോ.” അങ്ങനെ സര്‍വേശ്വരന്‍ അവരെ ഭൂമുഖത്തെങ്ങും ചിതറിച്ചുകളഞ്ഞു. അവര്‍ പട്ടണംപണി ഉപേക്ഷിച്ചു. മനുഷ്യരുടെ ഭാഷ സര്‍വേശ്വരന്‍ അവിടെവച്ചു ഭിന്നിപ്പിച്ചതിനാല്‍ ആ പട്ടണത്തിന് ബാബേല്‍ എന്നു പേരുണ്ടായി. അവിടെനിന്ന് ലോകത്തിന്‍റെ എല്ലാ ഭാഗത്തേക്കും അവിടുന്ന് അവരെ ചിതറിച്ചു. ശേമിന്‍റെ പിന്‍തലമുറക്കാര്‍: ജലപ്രളയത്തിനുശേഷം രണ്ടു വര്‍ഷം കഴിഞ്ഞ് ശേമിന്‍റെ നൂറാമത്തെ വയസ്സില്‍ അയാള്‍ക്ക് അര്‍പ്പക്ഷാദ് ജനിച്ചു. പിന്നീട് അഞ്ഞൂറു വര്‍ഷംകൂടി ശേം ജീവിച്ചിരുന്നു. അവനു വേറെയും പുത്രീപുത്രന്മാര്‍ ഉണ്ടായി. അര്‍പ്പക്ഷാദിന്‍റെ മുപ്പത്തഞ്ചാമത്തെ വയസ്സില്‍ അയാള്‍ക്ക് ശാലഹ് ജനിച്ചു. അതിനുശേഷം നാനൂറ്റിമൂന്നു വര്‍ഷം കൂടി അയാള്‍ ജീവിച്ചിരുന്നു. അര്‍പ്പക്ഷാദിനു വേറെയും പുത്രന്മാരും പുത്രിമാരും ഉണ്ടായി. മുപ്പതു വയസ്സായപ്പോള്‍ ശാലഹിന് ഏബെര്‍ ജനിച്ചു. നാനൂറ്റിമൂന്നു വര്‍ഷംകൂടി ശാലഹ് ജീവിച്ചിരുന്നു. അയാള്‍ക്ക് വേറെയും പുത്രീപുത്രന്മാര്‍ ഉണ്ടായി. ഏബെരിനു മുപ്പത്തിനാലാമത്തെ വയസ്സില്‍ പെലെഗ് ജനിച്ചു. അതിനുശേഷം നാനൂറ്റിമുപ്പതു വര്‍ഷംകൂടി ഏബെര്‍ ജീവിച്ചിരുന്നു. അയാള്‍ക്കു വേറെയും പുത്രീപുത്രന്മാര്‍ ഉണ്ടായി. മുപ്പതു വയസ്സായപ്പോള്‍ പെലെഗിനു രെയൂ ജനിച്ചു. അതിനുശേഷം ഇരുനൂറ്റിഒമ്പതു വര്‍ഷംകൂടി പെലെഗ് ജീവിച്ചിരുന്നു. അയാള്‍ക്കു വേറെയും പുത്രീപുത്രന്മാര്‍ ഉണ്ടായി. രെയൂവിന്‍റെ മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ ശെരൂഗ് ജനിച്ചു. അതിനുശേഷം ഇരുനൂറ്റിഏഴു വര്‍ഷംകൂടി രെയൂ ജീവിച്ചിരുന്നു. അയാള്‍ക്കു വേറെയും പുത്രന്മാരും പുത്രിമാരും ഉണ്ടായി. ശെരൂഗിനു മുപ്പതു വയസ്സായപ്പോള്‍ നാഹോര്‍ ജനിച്ചു. അതിനുശേഷം ഇരുനൂറു വര്‍ഷംകൂടി ശെരൂഗ് ജീവിച്ചിരുന്നു. അയാള്‍ക്ക് വേറെയും പുത്രീപുത്രന്മാര്‍ ഉണ്ടായി. നാഹോരിന് ഇരുപത്തിഒമ്പതു വയസ്സായപ്പോള്‍ തേരഹ് ജനിച്ചു. അതിനുശേഷം നൂറ്റിപത്തൊമ്പതു വര്‍ഷംകൂടി നാഹോര്‍ ജീവിച്ചിരുന്നു. അയാള്‍ക്ക് വേറെയും പുത്രീപുത്രന്മാര്‍ ഉണ്ടായി. എഴുപതു വയസ്സായപ്പോള്‍ തേരഹിന് അബ്രാം, നാഹോര്‍, ഹാരാന്‍ എന്നിവര്‍ ജനിച്ചു. തേരഹിന്‍റെ പിന്‍തലമുറക്കാര്‍: അബ്രാം, നാഹോര്‍, ഹാരാന്‍ എന്നിവരുടെ പിതാവായിരുന്നു തേരഹ്. ലോത്ത് ഹാരാന്‍റെ പുത്രനായിരുന്നു. പിതാവായ തേരഹ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ അയാളുടെ ജന്മദേശമായ കല്ദായരുടെ ഊരില്‍വച്ചു ഹാരാന്‍ മരിച്ചു. അബ്രാം സാറായിയെയും നാഹോര്‍ മില്‌ക്കായെയും വിവാഹം കഴിച്ചു. ഹാരാന്‍റെ പുത്രിമാരായിരുന്നു മില്‌ക്കായും യിസ്കായും. സാറായി വന്ധ്യയായിരുന്നു. അവള്‍ക്ക് മക്കള്‍ ഉണ്ടായില്ല. തേരഹ് പുത്രനായ അബ്രാമിനെയും പൗത്രനായ ലോത്തിനെയും തന്‍റെ മരുമകളും അബ്രാമിന്‍റെ ഭാര്യയുമായ സാറായിയെയും കൂട്ടിക്കൊണ്ട് കല്ദായരുടെ ഊരില്‍നിന്നു കനാനിലേക്കു പുറപ്പെട്ടു. ഹാരാനില്‍ എത്തി അവര്‍ അവിടെ വാസമുറപ്പിച്ചു. ഇരുനൂറ്റഞ്ചാമത്തെ വയസ്സില്‍ തേരഹ് ഹാരാനില്‍വച്ചു മരിച്ചു. സര്‍വേശ്വരന്‍ അബ്രാമിനോട് അരുളിച്ചെയ്തു: “നീ നിന്‍റെ നാടും കുടുംബവും ബന്ധുക്കളെയും വിട്ട് ഞാന്‍ കാണിച്ചു തരുന്ന ദേശത്തേക്കു പോകുക. അവിടെ ഞാന്‍ നിന്നെ ഒരു വലിയ ജനതയാക്കും. നിന്നെ അനുഗ്രഹിച്ചു നിന്‍റെ പേര് മഹത്തരമാക്കും. നീ ഒരു അനുഗ്രഹമായിത്തീരും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും; നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.” സര്‍വേശ്വരന്‍ കല്പിച്ചതുപോലെ അബ്രാം യാത്ര പുറപ്പെട്ടു; ലോത്തും കൂടെപ്പോയി. എഴുപത്തിഅഞ്ചാമത്തെ വയസ്സിലാണ് അബ്രാം ഹാരാനില്‍നിന്നു യാത്ര പുറപ്പെട്ടത്. ഭാര്യ സാറായി, സഹോദരപുത്രന്‍ ലോത്ത് എന്നിവരൊന്നിച്ച്, ഹാരാനില്‍വച്ചു സമ്പാദിച്ച ആളുകളെയും സമ്പത്തുമായി അബ്രാം കനാന്‍ദേശം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. അവര്‍ അവിടെ എത്തി. ആ ദേശത്തിലൂടെ സഞ്ചരിച്ച് അദ്ദേഹം ശെഖേമില്‍ മോരെയിലെ കരുവേലകവൃക്ഷത്തിനടുത്ത് ചെന്നുചേര്‍ന്നു. കനാന്യര്‍ അന്ന് ആ പ്രദേശത്തു പാര്‍ത്തിരുന്നു. സര്‍വേശ്വരന്‍ അബ്രാമിനു പ്രത്യക്ഷനായി അരുളിച്ചെയ്തു: “നിന്‍റെ സന്തതികള്‍ക്ക് ഈ ദേശം ഞാന്‍ നല്‌കും.” അവിടുന്നു പ്രത്യക്ഷപ്പെട്ട സ്ഥലത്ത് അബ്രാം സര്‍വേശ്വരന് ഒരു യാഗപീഠം പണിതു. അവിടെനിന്ന് അദ്ദേഹം ബേഥേലിനു കിഴക്കുള്ള മലയില്‍ ചെന്ന് ബേഥേലിനു കിഴക്കും ഹായിക്ക് പടിഞ്ഞാറുമായി കൂടാരമടിച്ചു. അവിടെയും യാഗപീഠം പണിതു സര്‍വേശ്വരന്‍റെ നാമത്തില്‍ ആരാധിച്ചു. അബ്രാം നെഗെബുദേശത്തേക്കു യാത്ര തുടര്‍ന്നു. കനാന്‍ദേശത്തു കഠിനമായ ക്ഷാമം ഉണ്ടായതിനാല്‍ ഈജിപ്തില്‍ പാര്‍ക്കാന്‍ അബ്രാം അവിടേക്കു പോയി. ഈജിപ്തിനോട് സമീപിച്ചപ്പോള്‍ അദ്ദേഹം സാറായിയോടു പറഞ്ഞു: “നീ സുന്ദരിയാണല്ലോ. ഈജിപ്തുകാര്‍ നിന്നെ കാണുമ്പോള്‍ ‘ഇവള്‍ അയാളുടെ ഭാര്യ’ എന്നു പറഞ്ഞ് എന്നെ കൊല്ലുകയും; നിന്നെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യും. അതുകൊണ്ട് നീ എന്‍റെ സഹോദരിയാണെന്നു പറയണം; അങ്ങനെ ചെയ്താല്‍ നീ നിമിത്തം എനിക്കു നന്മ വരുകയും; ഞാന്‍ രക്ഷപെടുകയും ചെയ്യും.” അബ്രാം ഈജിപ്തില്‍ പ്രവേശിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ അതിസുന്ദരിയെന്ന് ഈജിപ്തുകാര്‍ കണ്ടു. ഫറവോയുടെ പ്രഭുക്കന്മാര്‍ അവളെ കണ്ട് അവളുടെ സൗന്ദര്യത്തെക്കുറിച്ചു ഫറവോയോടു പ്രശംസിച്ചു പറഞ്ഞു. അവളെ അവര്‍ ഫറവോയുടെ കൊട്ടാരത്തിലേക്കു കൊണ്ടുപോയി. അവള്‍ നിമിത്തം ഫറവോയ്‍ക്ക് അബ്രാമിനോടു കരുണതോന്നി; ആടുമാടുകളെയും കഴുതകളെയും ഒട്ടകങ്ങളെയും ദാസീദാസന്മാരെയും അദ്ദേഹത്തിനു സമ്മാനിച്ചു. അബ്രാമിന്‍റെ ഭാര്യ സാറായി നിമിത്തം സര്‍വേശ്വരന്‍ ഫറവോയെയും കുടുംബാംഗങ്ങളെയും മാരകരോഗങ്ങളാല്‍ പീഡിപ്പിച്ചു. അതുകൊണ്ട് ഫറവോ അബ്രാമിനെ വിളിപ്പിച്ചു ചോദിച്ചു: “എന്നോടു നീ ഇങ്ങനെ ചെയ്തത് എന്ത്? അവള്‍ നിന്‍റെ ഭാര്യ എന്ന് എന്നോടു പറയാതിരുന്നതെന്തുകൊണ്ട്? അവളെ ഭാര്യയായി ഞാന്‍ സ്വീകരിക്കത്തക്കവിധം ‘ഇവള്‍ എന്‍റെ സഹോദരി’ യെന്ന് നീ എന്തിനു പറഞ്ഞു? ഇതാ നിന്‍റെ ഭാര്യ, അവളെ കൂട്ടിക്കൊണ്ടുപോകുക.” അബ്രാമിനെ സംബന്ധിച്ച് ഫറവോ തന്‍റെ ആളുകള്‍ക്ക് കല്പനകള്‍ കൊടുത്തു. അവര്‍ അബ്രാമിനെയും ഭാര്യയെയും അദ്ദേഹത്തിന്‍റെ സര്‍വസമ്പത്തോടുംകൂടി പറഞ്ഞയച്ചു. അബ്രാം ഭാര്യയോടും ലോത്തിനോടും ഒത്തു തനിക്കുള്ള സര്‍വസ്വവുമായി ഈജിപ്തില്‍നിന്നു നെഗെബിലേക്കു മടങ്ങിപ്പോയി. ആടുമാടുകള്‍, വെള്ളി, സ്വര്‍ണം ഇവകൊണ്ട് അബ്രാം വളരെ സമ്പന്നനായിരുന്നു. അദ്ദേഹം നെഗെബില്‍നിന്നു പുറപ്പെട്ട് ബേഥേലില്‍ എത്തി. ബേഥേലിനും ഹായിക്കുമിടയ്‍ക്കു മുമ്പു കൂടാരമടിക്കുകയും ആദ്യമായി ഒരു യാഗപീഠം ഉണ്ടാക്കുകയും ചെയ്തിരുന്ന സ്ഥലംവരെ യാത്ര ചെയ്തു. അവിടെ അദ്ദേഹം സര്‍വേശ്വരന്‍റെ നാമത്തില്‍ ആരാധിച്ചു. അബ്രാമിനെ അനുഗമിച്ച ലോത്തിനും ആടുമാടുകളും കൂടാരങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ഇരുകൂട്ടര്‍ക്കും ഒരുമിച്ചു കഴിയാന്‍ വേണ്ടത്ര മേച്ചില്‍പ്പുറം അവിടെ ഇല്ലായിരുന്നു. അത്രവളരെ ആടുമാടുകളും മറ്റു സമ്പത്തും അവര്‍ക്കുണ്ടായിരുന്നു. അബ്രാമിന്‍റെയും ലോത്തിന്‍റെയും ഇടയന്മാര്‍ തമ്മില്‍ കലഹിക്കുക പതിവായി. അക്കാലത്ത് കനാന്യരും പെരിസ്യരും ആ ദേശത്തു പാര്‍ത്തിരുന്നു. അബ്രാം ലോത്തിനോടു പറഞ്ഞു: “നാം തമ്മിലോ നമ്മുടെ ഇടയന്മാര്‍ തമ്മിലോ കലഹം ഉണ്ടായിക്കൂടാ. ഈ ദേശം മുഴുവന്‍ നിന്‍റെ മുമ്പിലില്ലേ? നമുക്കു തമ്മില്‍ വേര്‍പിരിയാം. നീ ഇടത്തോട്ടെങ്കില്‍ ഞാന്‍ വലത്തോട്ട്; അതല്ല, നീ വലത്തോട്ടെങ്കില്‍ ഞാന്‍ ഇടത്തോട്ടു പൊയ്‍ക്കൊള്ളാം.” യോര്‍ദ്ദാന്‍താഴ്വര മുഴുവന്‍ നല്ല നീരോട്ടമുള്ള പ്രദേശമെന്നു ലോത്ത് നോക്കിക്കണ്ടു. സോര്‍പ്രദേശം വരെയുള്ള സ്ഥലം സര്‍വേശ്വരന്‍റെ തോട്ടംപോലെയും ഈജിപ്തിലെ ഭൂമിപോലെയും ജലപുഷ്‍ടി ഉള്ളതായിരുന്നു. സൊദോമും ഗൊമോറായും സര്‍വേശ്വരന്‍ നശിപ്പിക്കുന്നതിനു മുമ്പുള്ള അവസ്ഥ ഇതായിരുന്നു. ലോത്ത് യോര്‍ദ്ദാന്‍താഴ്വര മുഴുവന്‍ തനിക്കുവേണ്ടി തിരഞ്ഞെടുത്തു കിഴക്കോട്ടു യാത്രതിരിച്ചു. അങ്ങനെ അവര്‍ തമ്മില്‍ പിരിഞ്ഞു. അബ്രാം കനാനില്‍ത്തന്നെ താമസിച്ചപ്പോള്‍ ലോത്ത് താഴ്വരയിലുള്ള പട്ടണങ്ങളില്‍ വസിച്ചു; സൊദോംവരെ കൂടാരം മാറ്റി അടിച്ചു. സൊദോംനിവാസികള്‍ ദുഷ്ടന്മാരും സര്‍വേശ്വരന്‍റെ മുമ്പില്‍ മഹാപാപികളും ആയിരുന്നു. ലോത്ത് പിരിഞ്ഞുപോയതിനുശേഷം സര്‍വേശ്വരന്‍ അബ്രാമിനോട് അരുളിച്ചെയ്തു: “നീ വടക്കും തെക്കും കിഴക്കും പടിഞ്ഞാറുമുള്ള സ്ഥലങ്ങള്‍ നോക്കിക്കാണുക. നീ കാണുന്ന ഭൂമിയെല്ലാം നിനക്കും നിന്‍റെ സന്തതികള്‍ക്കും എന്നേക്കുമായി ഞാന്‍ നല്‌കും. ഭൂമിയിലെ മണ്‍തരിപോലെ നിന്‍റെ സന്തതികളെ ഞാന്‍ വര്‍ധിപ്പിക്കും. മണ്‍തരി എണ്ണിത്തീര്‍ക്കാന്‍ കഴിയുമെങ്കില്‍ മാത്രമേ അവരെയും എണ്ണിത്തീര്‍ക്കാന്‍ കഴിയൂ. എഴുന്നേറ്റ് ആ ദേശമെല്ലാം നടന്നു കാണുക. അതെല്ലാം ഞാന്‍ നിനക്കു തരും.” അബ്രാം തന്‍റെ കൂടാരം മാറ്റി ഹെബ്രോനിലുള്ള മമ്രെയുടെ കരിവേലകത്തോപ്പിനടുത്തു ചെന്നു പാര്‍ത്തു. അവിടെ അദ്ദേഹം സര്‍വേശ്വരന് ഒരു യാഗപീഠം നിര്‍മ്മിച്ചു. ശിനാറിലെ അമ്രാഫെല്‍, എലാസാറിലെ അര്യോക്, ഏലാമിലെ കെദൊര്‍-ലായോമെര്‍, ഗോയിമിലെ തീദാല്‍ എന്നീ രാജാക്കന്മാര്‍ സൊദോംരാജാവായ ബേരാ, ഗൊമോറാരാജാവായ ബിര്‍ശാ, ആദ്മാരാജാവായ ശീനാബ്, സെബോയീംരാജാവായ ശെമേബെര്‍, ബേലയിലെ അഥവാ സോവറിലെ രാജാവ് എന്നിവരോടു യുദ്ധം ചെയ്യാന്‍ പുറപ്പെട്ടു. പിന്നീട് ചാവുകടലായി മാറിയ സിദ്ദീംതാഴ്വരയില്‍ അവര്‍ ഒന്നിച്ചുകൂടി. അവര്‍ പന്ത്രണ്ടു വര്‍ഷം കെദൊര്‍-ലായോമെറിനു കീഴടങ്ങിക്കഴിഞ്ഞു. എന്നാല്‍ പതിമൂന്നാം വര്‍ഷം അവര്‍ അയാളോടു മത്സരിച്ചു. പതിന്നാലാം വര്‍ഷം കെദൊര്‍-ലായോമെറും കൂടെയുള്ള രാജാക്കന്മാരും തങ്ങളുടെ സൈന്യങ്ങളോടുകൂടി വന്ന്, അസ്തെരോത്ത്-കര്‍ണയീമിലെ രെഫായീമിനെയും ഹാമിലെ സൂസീമിനെയും, ശാവേ - കിര്യാത്താമീലെ എമീമിനെയും സേയീര്‍മലയിലെ ഹൊര്യരെയും തോല്പിച്ച് മരുഭൂമിയുടെ അതിര്‍ത്തിയിലുള്ള എല്‍-പാരാന്‍വരെ ഓടിച്ചു. അതിനുശേഷം അന്നു എന്‍ - മിശ്പാത്ത് എന്ന പേരില്‍ അറിഞ്ഞിരുന്ന കാദേശില്‍ തിരിച്ചുവന്നു. അമാലേക്യരുടെ ദേശം മുഴുവന്‍ കീഴടക്കി. ഹസെസോന്‍ - താമാരില്‍ നിവസിച്ചിരുന്ന അമോര്യരെയും അവര്‍ തോല്പിച്ചു. അപ്പോള്‍ സൊദോമിലെയും ഗൊമോറായിലെയും, ആദ്മായിലെയും, സെബോയീമിലെയും സോവര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബേലയിലെയും രാജാക്കന്മാര്‍ സിദ്ദീംതാഴ്വരയില്‍ ഒന്നിച്ചുകൂടി. ഏലാമിലെ കെദൊര്‍-ലായോമെര്‍, ഗോയീമിലെ രാജാവായ തീദാല്‍, ശീനാറിലെ അമ്രാഫെല്‍ എലാസാറിലെ അര്യോക് എന്നീ രാജാക്കന്മാര്‍ക്കെതിരായി അണിനിരത്തി; അങ്ങനെ അഞ്ചു രാജാക്കന്മാര്‍ നാലു രാജാക്കന്മാര്‍ക്കെതിരെ അണിനിരന്നു. സിദ്ദീംതാഴ്വരയിലെങ്ങും കീല്‍ക്കുഴികള്‍ ഉണ്ടായിരുന്നു. സൊദോമിലെയും ഗൊമോറായിലെയും രാജാക്കന്മാര്‍ പിന്തിരിഞ്ഞ് ഓടിയപ്പോള്‍ അവരില്‍ ചിലര്‍ ആ കുഴികളില്‍ വീണു; മറ്റു ചിലര്‍ മലകളിലേക്ക് ഓടിപ്പോയി. ശത്രുക്കള്‍ സൊദോമിലെയും ഗൊമോറായിലെയും സമ്പത്തും ഭക്ഷണസാധനങ്ങളും അപഹരിച്ചു. സൊദോമില്‍ നിവസിച്ചിരുന്ന അബ്രാമിന്‍റെ സഹോദരപുത്രന്‍ ലോത്തിനെ അവന്‍റെ സമ്പാദ്യങ്ങളോടൊപ്പം അവര്‍ പിടിച്ചുകൊണ്ടുപോയി. അവിടെനിന്നു രക്ഷപെട്ട ഒരാള്‍ എബ്രായനായ അബ്രാമിനെ വിവരമറിയിച്ചു. അമോര്യരും എശ്ക്കോലിന്‍റെയും ആനേരിന്‍റെയും സഹോദരനുമായ മമ്രെയുടെ കരിവേലകത്തോപ്പിനടുത്ത് അന്ന് അബ്രാം പാര്‍ക്കുകയായിരുന്നു. അവര്‍ അബ്രാമുമായി സഖ്യം ചെയ്തിരുന്നു. തന്‍റെ സഹോദരപുത്രനെ പിടിച്ചുകൊണ്ടുപോയി എന്ന് അറിഞ്ഞപ്പോള്‍ അബ്രാം സ്വന്തം ഭവനത്തില്‍ ജനിച്ചവരും പരിശീലനം സിദ്ധിച്ചവരുമായ മുന്നൂറ്റിപതിനെട്ടു പേരെ കൂട്ടിക്കൊണ്ട് ദാന്‍വരെ അവരെ പിന്തുടര്‍ന്നു. തന്നോടൊപ്പം ഉണ്ടായിരുന്നവരെ അദ്ദേഹം പല കൂട്ടങ്ങളായി തിരിച്ച് അണിനിരത്തി. അബ്രാം രാത്രിയില്‍ ശത്രുക്കളെ ആക്രമിച്ചു തോല്പിച്ചു; ദമാസ്കസിന്‍റെ വടക്കുള്ള ഹോബാവരെ അവരെ പിന്തുടര്‍ന്നു. ശത്രുക്കള്‍ കൊണ്ടുപോയ സമ്പത്തു മുഴുവന്‍ പിടിച്ചെടുത്തു. ലോത്തിനെയും അവന്‍റെ ആളുകളെയും സ്‍ത്രീകളെയും അവന്‍റെ സമ്പത്തിനോടൊപ്പം വീണ്ടെടുത്തു. കെദൊര്‍-ലായോമെരിനെയും കൂടെയുണ്ടായിരുന്ന രാജാക്കന്മാരെയും തോല്പിച്ചു മടങ്ങിവരുമ്പോള്‍ അബ്രാമിനെ എതിരേല്‌ക്കാന്‍ സൊദോംരാജാവ് രാജതാഴ്വര എന്ന് അറിയപ്പെട്ടിരുന്ന ശാവേതാഴ്വരയില്‍ ചെന്നു. ശാലേംരാജാവായ മല്‌ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അദ്ദേഹം അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനായിരുന്നു. അദ്ദേഹം അബ്രാമിനെ അനുഗ്രഹിച്ചു പറഞ്ഞു: “ആകാശവും ഭൂമിയും സൃഷ്‍ടിച്ച അത്യുന്നതനായ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ശത്രുക്കളെ നിന്‍റെ കൈയില്‍ ഏല്പിച്ചുതന്ന അത്യുന്നതനായ ദൈവം വാഴ്ത്തപ്പെടട്ടെ.” അബ്രാം മല്‌ക്കിസെദെക്കിന് എല്ലാറ്റിന്‍റെയും ദശാംശം നല്‌കി. സൊദോംരാജാവ് അബ്രാമിനോടു പറഞ്ഞു: “എന്‍റെ ആളുകളെ എല്ലാം എനിക്കു വിട്ടുതരിക, സമ്പത്തൊക്കെയും നീ എടുത്തുകൊള്‍ക.” അബ്രാം മറുപടി പറഞ്ഞു: “അബ്രാമിനെ ഞാന്‍ ധനികനാക്കി എന്ന് അങ്ങു പറയാതിരിക്കാന്‍ അങ്ങയുടെ വക ഒരു ചരടോ, ചെരുപ്പിന്‍റെ വാറോ പോലും ഞാന്‍ എടുക്കുകയില്ലെന്ന് ആകാശവും ഭൂമിയും സൃഷ്‍ടിച്ച അത്യുന്നതദൈവമായ സര്‍വേശ്വരനോടു ഞാന്‍ സത്യം ചെയ്തിട്ടുണ്ട്. എന്‍റെ കൂടെയുള്ള യുവാക്കള്‍ ഭക്ഷിച്ചതും എന്‍റെകൂടെ ഉണ്ടായിരുന്ന ആനേര്‍, എശ്ക്കോല്‍, മമ്രെ എന്നിവര്‍ക്ക് അവകാശപ്പെട്ടതും അല്ലാതെ മറ്റൊന്നും ഞാന്‍ എടുക്കുകയില്ല. തങ്ങളുടെ ഓഹരി അവര്‍ മൂവരും എടുത്തുകൊള്ളട്ടെ.” ഒരു ദര്‍ശനത്തില്‍ സര്‍വേശ്വരന്‍ അബ്രാമിനോട് അരുളിച്ചെയ്തു: “അബ്രാമേ, ഭയപ്പെടേണ്ടാ, ഞാന്‍ നിന്‍റെ പരിച ആകുന്നു. ഞാന്‍ നിനക്കു വലിയ പ്രതിഫലം നല്‌കും.” അബ്രാം പറഞ്ഞു: “സര്‍വേശ്വരനായ ദൈവമേ, എന്തു പ്രതിഫലമാണ് അവിടുന്ന് എനിക്കു നല്‌കുക? എനിക്ക് ഒരു സന്തതി ഇല്ലല്ലോ. ദമാസ്കസുകാരനായ എലിയേസരാണല്ലോ ഇപ്പോള്‍ എന്‍റെ അനന്തരാവകാശി. അവിടുന്ന് എനിക്കൊരു സന്തതിയെ നല്‌കാത്തതിനാല്‍ എന്‍റെ വീട്ടില്‍ പിറന്ന ഒരു ദാസനായിരിക്കും എന്‍റെ അവകാശി.” അബ്രാമിന് സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി: “അവനല്ല, നിന്‍റെ പുത്രന്‍തന്നെ നിന്‍റെ അനന്തരാവകാശി ആയിരിക്കും.” അവിടുന്ന് അബ്രാമിനെ പുറത്തുകൊണ്ടുപോയി അരുളിച്ചെയ്തു: “നീ ആകാശത്തിലേക്കു നോക്കുക; ആ കാണുന്ന നക്ഷത്രങ്ങളെ എണ്ണാന്‍ നിനക്കു കഴിയുമോ? നിന്‍റെ സന്തതികളും അത്ര അധികമായിരിക്കും.” അബ്രാം സര്‍വേശ്വരനില്‍ വിശ്വസിച്ചു. അതിനാല്‍ അവിടുന്ന് അദ്ദേഹത്തെ നീതിമാനായി കണക്കാക്കി. അവിടുന്ന് അബ്രാമിനോടു പറഞ്ഞു: “സര്‍വേശ്വരനായ ഞാനാണ് ഈ ദേശം നിനക്ക് അവകാശമായി നല്‌കാന്‍ കല്ദായരുടെ പട്ടണമായ ഊരില്‍നിന്നു നിന്നെ കൂട്ടിക്കൊണ്ടു വന്നത്.” അബ്രാം ചോദിച്ചു: “സര്‍വേശ്വരനായ ദൈവമേ, ഈ സ്ഥലം എന്‍റേതാകും എന്നു ഞാന്‍ എങ്ങനെ അറിയും?” അവിടുന്നു മറുപടി പറഞ്ഞു: “മൂന്നു വയസ്സുവീതം പ്രായമുള്ള ഒരു പശുക്കിടാവിനെയും ഒരു പെണ്‍കോലാടിനെയും ഒരു മുട്ടാടിനെയും അവയോടൊപ്പം ഒരു മാടപ്രാവിനെയും ഒരു പ്രാവിന്‍കുഞ്ഞിനെയും കൊണ്ടുവരിക.” അബ്രാം അവയെ കൊണ്ടുവന്നു, മൃഗങ്ങളെ രണ്ടായി പിളര്‍ന്നു. ഇരുപകുതിയും നേര്‍ക്കുനേരെ വച്ചു. എന്നാല്‍ പക്ഷികളെ അദ്ദേഹം പിളര്‍ന്നില്ല. മാംസം റാഞ്ചാന്‍ കഴുകന്മാര്‍ പറന്നടുത്തപ്പോള്‍ അബ്രാം അവയെ ആട്ടിയോടിച്ചു. സൂര്യന്‍ അസ്തമിച്ചപ്പോള്‍ അബ്രാം ഗാഢനിദ്രയിലാണ്ടു. ഭയാനകമായ കൂരിരുട്ട് അദ്ദേഹത്തെ മൂടി. അവിടുന്ന് അബ്രാമിനോടു പറഞ്ഞു: “നിന്‍റെ സന്താനപരമ്പര അന്യദേശത്ത് പ്രവാസികളായി പാര്‍ക്കും; അവര്‍ അവിടെ അടിമകളായിരിക്കും; നാനൂറു വര്‍ഷം അവര്‍ പീഡനമേല്‌ക്കും. എന്നാല്‍ അവരെ അടിമകളാക്കിയ ജനതയെ ഞാന്‍ ശിക്ഷിക്കും. അവര്‍ അവിടെനിന്നു വളരെ സമ്പത്തോടുകൂടി തിരിച്ചുവരും. നീയാകട്ടെ, സമാധാനത്തോടെ പൂര്‍ണവാര്‍ധക്യത്തില്‍ മരിച്ച് അടക്കപ്പെടും. നിന്‍റെ സന്താനങ്ങളില്‍ നാലാം തലമുറക്കാരായിരിക്കും മടങ്ങിവരുന്നത്. അമോര്യരുടെ ദുഷ്ടതയ്‍ക്കുള്ള ശിക്ഷാകാലം അപ്പോള്‍ മാത്രമേ പൂര്‍ണമാകൂ.” സൂര്യന്‍ അസ്തമിച്ച് ഇരുട്ട് പരന്നപ്പോള്‍ പുകയുന്ന ഒരു തീച്ചട്ടി പ്രത്യക്ഷപ്പെട്ടു. ജ്വലിക്കുന്ന ഒരു തീനാളം മാംസഖണ്ഡങ്ങളുടെ ഇടയിലൂടെ കടന്നുപോയി. അന്ന് സര്‍വേശ്വരന്‍ അബ്രാമിനോട് ഒരു ഉടമ്പടി ചെയ്തു: നൈല്‍നദിമുതല്‍ യൂഫ്രട്ടീസ് മഹാനദിവരെയുള്ള പ്രദേശം ഞാന്‍ നിന്‍റെ സന്തതികള്‍ക്ക് അവകാശമായി നല്‌കും. കേന്യരും, കെനിസ്യരും, കദ്മോന്യരും, ഹിത്യരും, പെരിസ്യരും, രെഫായീമ്യരും, അമോര്യരും, കനാന്യരും, ഗിര്‍ഗ്ഗശ്യരും, യെബൂസ്യരും നിവസിച്ചിരുന്ന ദേശം തന്നെ. അബ്രാമിന്‍റെ ഭാര്യയായ സാറായിക്ക് ഇതുവരെ മക്കളുണ്ടായില്ല. അവള്‍ക്കു ഹാഗാര്‍ എന്ന ഒരു ഈജിപ്തുകാരി ദാസിയുണ്ടായിരുന്നു. സാറായി അബ്രാമിനോടു പറഞ്ഞു: “സര്‍വേശ്വരന്‍ എനിക്കു സന്താനഭാഗ്യം നല്‌കിയില്ല. അങ്ങ് എന്‍റെ ദാസിയെ പ്രാപിക്കുക. അവളില്‍നിന്ന് എനിക്കു മക്കളെ ലഭിച്ചേക്കും.” സാറായിയുടെ ഉപദേശം അബ്രാം സ്വീകരിച്ചു. കനാന്‍ദേശത്ത് വാസം തുടങ്ങി പത്തു വര്‍ഷം കഴിഞ്ഞപ്പോഴാണു സാറായി തന്‍റെ ഈജിപ്തുകാരി ദാസി ഹാഗാറിനെ ഭര്‍ത്താവിന് ഉപഭാര്യയായി നല്‌കിയത്. അബ്രാം ഹാഗാറിനെ പ്രാപിച്ചു. അവള്‍ ഗര്‍ഭിണിയായി; താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍മുതല്‍ അവള്‍ യജമാനത്തിയെ നിന്ദിക്കാന്‍ തുടങ്ങി. സാറായി അബ്രാമിനോടു പറഞ്ഞു: “എന്‍റെ ദുഃഖത്തിനു കാരണം അങ്ങുതന്നെ. എന്‍റെ ദാസിയെ അങ്ങേക്കു നല്‌കിയത് ഞാനാണല്ലോ. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ നിമിഷംമുതല്‍ അവള്‍ എന്നെ നിന്ദയോടെ വീക്ഷിക്കുന്നു. കുറ്റം നമ്മില്‍ ആരുടേതെന്നു സര്‍വേശ്വരന്‍ വിധിക്കട്ടെ.” അബ്രാം പറഞ്ഞു: “നിന്‍റെ ദാസി നിന്‍റെ അധികാരത്തിന്‍ കീഴില്‍ത്തന്നെയാണ്. നിന്‍റെ ഇഷ്ടംപോലെ അവളോടു വര്‍ത്തിക്കുക”. പിന്നീട് സാറായി ഹാഗാറിനോടു ക്രൂരമായി പെരുമാറി; അവള്‍ അവിടെനിന്ന് ഓടിപ്പോയി. മരുഭൂമിയില്‍ ശൂരിലേക്കുള്ള വഴിമധ്യേ ഒരു നീരുറവിന്‍റെ അരികില്‍വച്ച് സര്‍വേശ്വരന്‍റെ ദൂതന്‍ അവളെ കണ്ടു. ദൂതന്‍ അവളോടു ചോദിച്ചു: “സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്നു വരുന്നു? എവിടേക്കു പോകുന്നു?” അവള്‍ പറഞ്ഞു: “ഞാന്‍ എന്‍റെ യജമാനത്തി സാറായിയുടെ അടുക്കല്‍നിന്നു ഓടിപ്പോവുകയാണ്.” ദൂതന്‍ പറഞ്ഞു: “നിന്‍റെ യജമാനത്തിയുടെ അടുക്കലേക്കു തിരിച്ചുപോയി അവള്‍ക്കു കീഴ്പെട്ടിരിക്കുക. നിന്‍റെ സന്തതികളെ എണ്ണിയാല്‍ തീരാത്തവിധം ഞാന്‍ വര്‍ധിപ്പിക്കും. ഇപ്പോള്‍ നീ ഗര്‍ഭിണിയാണ്. നിനക്കു ഒരു മകന്‍ ജനിക്കും. സര്‍വേശ്വരന്‍ നിന്‍റെ രോദനം കേട്ടതിനാല്‍ അവന് ഇശ്മായേല്‍ എന്നു പേരിടണം. അവന്‍ ഒരു കാട്ടുകഴുതയ്‍ക്കു സമനായിരിക്കും. അവന്‍ സകല മനുഷ്യര്‍ക്കും എതിരായും എല്ലാവരും അവന് എതിരായും പൊരുതും. സകല ചാര്‍ച്ചക്കാരില്‍നിന്നും അവന്‍ അകന്നു ജീവിക്കും.” “എന്നെ കാണുന്നവനായ ദൈവത്തെ ഞാന്‍ ഇവിടെ കണ്ടുവല്ലോ” എന്നു പറഞ്ഞു, ഹാഗാര്‍ തന്നോടു സംസാരിച്ച സര്‍വേശ്വരനെ എല്‍റോയി എന്നു വിളിച്ചു. അതുകൊണ്ടു കാദേശിനും ബേരെദിനും ഇടയ്‍ക്കുള്ള ആ കിണറിനു ബേര്‍-ലഹയീ-രോയീ എന്നു പേരുണ്ടായി. ഹാഗാര്‍ അബ്രാമിന് ഒരു മകനെ പ്രസവിച്ചു. അബ്രാം അവനു ഇശ്മായേല്‍ എന്നു പേരു നല്‌കി. ഇശ്മായേല്‍ ജനിച്ചപ്പോള്‍ അബ്രാമിന് എണ്‍പത്താറു വയസ്സായിരുന്നു. സര്‍വേശ്വരന്‍ അബ്രാമിന് പ്രത്യക്ഷപ്പെട്ടപ്പോള്‍ അദ്ദേഹത്തിനു തൊണ്ണൂറ്റിഒമ്പതു വയസ്സായിരുന്നു. അവിടുന്ന് അരുളിച്ചെയ്തു: “ഞാന്‍ സര്‍വശക്തനായ ദൈവമാകുന്നു. നീ എന്‍റെ സാന്നിധ്യത്തില്‍ ജീവിച്ച് കുറ്റമറ്റവനായിരിക്കുക. നീയുമായി ഞാന്‍ എന്‍റെ ഉടമ്പടി സ്ഥാപിക്കും. നിനക്ക് അനവധി സന്തതികളെ ഞാന്‍ നല്‌കും.” അപ്പോള്‍ അബ്രാം സാഷ്ടാംഗം പ്രണമിച്ചു. ദൈവം അരുളിച്ചെയ്തു: “ഞാന്‍ നിന്നോട് ഒരു ഉടമ്പടി ചെയ്യുന്നു. നീ അനേകം ജനതകളുടെ പിതാവായിത്തീരും. നിന്‍റെ പേര് ഇനിമേല്‍ അബ്രാം എന്നല്ല. നിന്നെ അനേകം ജനതകളുടെ പിതാവാക്കിയിരിക്കുന്നതിനാല്‍ നിന്‍റെ പേര് ഇനി അബ്രഹാം എന്നായിരിക്കും. ഞാന്‍ നിന്നെ സന്താനപുഷ്‍ടി ഉള്ളവനാക്കും. അനേകം ജനതകള്‍ നിന്നില്‍നിന്നുണ്ടാകും. അവരില്‍നിന്നു രാജാക്കന്മാരും ഉയര്‍ന്നുവരും. ഞാനും നീയും തമ്മിലുള്ള ഉടമ്പടി നിന്‍റെ ഭാവിതലമുറകളിലൂടെ എന്നേക്കും നിലനിര്‍ത്തും. നിനക്കും നിന്‍റെ സന്തതിപരമ്പരകള്‍ക്കും ഞാന്‍ ദൈവമായിരിക്കും. ഞാന്‍ നിനക്കും അവര്‍ക്കും നീ ഇപ്പോള്‍ വന്നുപാര്‍ക്കുന്ന കനാന്‍ദേശം മുഴുവന്‍ സ്ഥിരാവകാശമായി നല്‌കും. ഞാന്‍ അവരുടെ ദൈവവുമായിരിക്കും.” ദൈവം അബ്രഹാമിനോടു വീണ്ടും അരുളിച്ചെയ്തു: “നീയും നിന്‍റെ ഭാവിതലമുറകളും ഈ ഉടമ്പടി പാലിക്കണം. നീയും നിന്‍റെ സന്താനപരമ്പരകളും അനുസരിക്കേണ്ട ഉടമ്പടി ഇതാകുന്നു: നിങ്ങളുടെ പുരുഷസന്താനങ്ങളെല്ലാം പരിച്ഛേദനം ഏല്‌ക്കണം. ഈ അഗ്രചര്‍മഛേദനം നാം തമ്മിലുള്ള ഉടമ്പടിയുടെ അടയാളം ആയിരിക്കും. നിന്‍റെ ഭവനത്തില്‍ ജനിച്ചവനെന്നോ അന്യനില്‍നിന്നു വിലയ്‍ക്കു വാങ്ങിയവനെന്നോ ഉള്ള ഭേദം കൂടാതെ നിങ്ങളുടെ പുരുഷസന്താനങ്ങളെല്ലാം എട്ടാം ദിവസം പരിച്ഛേദനം ഏല്‌ക്കണം. ഭവനത്തില്‍ ജനിച്ചവനും നീ വിലയ്‍ക്കുവാങ്ങിയവനും പരിച്ഛേദനം ഏറ്റേ തീരൂ. അങ്ങനെ എന്‍റെ ഈ ഉടമ്പടി നിങ്ങളുടെ ശരീരത്തില്‍ ശാശ്വതമായ ഒരു അടയാളമായിരിക്കും. നിങ്ങളില്‍ ആരെങ്കിലും പരിച്ഛേദനം ഏല്‌ക്കാതെയിരുന്നാല്‍ അയാളെ ഉടമ്പടി ലംഘനത്തിന്‍റെ പേരില്‍ സമൂഹത്തില്‍ നിന്നു പുറത്താക്കണം.” ദൈവം പിന്നെയും അബ്രഹാമിനോട് അരുളിച്ചെയ്തു: “നിന്‍റെ ഭാര്യയെ ഇനിമേല്‍ സാറായി എന്നല്ല ‘സാറാ’ എന്നാണു വിളിക്കേണ്ടത്. ഞാന്‍ അവളെ അനുഗ്രഹിക്കും. അവളില്‍നിന്ന് ഞാന്‍ നിനക്ക് ഒരു മകനെ നല്‌കും. അവള്‍ അനേകം ജനതകളുടെ മാതാവായിത്തീരും. രാജാക്കന്മാരും അവളില്‍നിന്നു ജനിക്കും.” അബ്രഹാം സാഷ്ടാംഗം പ്രണമിച്ചു. ചിരിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം ചിന്തിച്ചു: “നൂറു വയസ്സായ എനിക്ക് ഇനി ഒരു സന്തതി ഉണ്ടാകുമെന്നോ? തൊണ്ണൂറു വയസ്സായ എന്‍റെ ഭാര്യ സാറാ ഇനി ഗര്‍ഭിണിയാകുമോ?” അബ്രഹാം ദൈവത്തോടു പറഞ്ഞു: “അങ്ങനെയെങ്കില്‍ തിരുമുമ്പില്‍ ഇശ്മായേല്‍ ജീവിച്ചിരിക്കട്ടെ.” എന്നാല്‍ ദൈവം അരുളിച്ചെയ്തു: “അല്ല, സാറാതന്നെ നിനക്ക് ഒരു പുത്രനെ പ്രസവിക്കും. നീ അവനെ ‘ഇസ്ഹാക്ക്’ എന്നു വിളിക്കണം. അവന്‍റെ ഭാവിതലമുറകള്‍ക്കുവേണ്ടി സ്ഥിരമായ ഒരു ഉടമ്പടി അവനുമായി ഞാന്‍ സ്ഥാപിക്കും. ഇശ്മായേലിനെ സംബന്ധിച്ചുള്ള നിന്‍റെ അപേക്ഷ ഞാന്‍ കേട്ടിരിക്കുന്നു. ഞാന്‍ അവനെ അനുഗ്രഹിക്കും; ഞാന്‍ അവനെ സന്താനപുഷ്‍ടിയുള്ളവനാക്കും. അവന്‍ പന്ത്രണ്ടു പ്രഭുക്കന്മാര്‍ക്കു പിതാവായിത്തീരും. ഞാന്‍ അവനില്‍നിന്ന് ഒരു വലിയ ജനതയെ ഉളവാക്കും. എന്നാല്‍ അടുത്തവര്‍ഷം ഇതേ കാലത്ത് സാറാ പ്രസവിക്കുന്ന നിന്‍റെ പുത്രന്‍ ഇസ്ഹാക്കുമായിട്ടായിരിക്കും ഞാന്‍ എന്‍റെ ഉടമ്പടി സ്ഥാപിക്കുക.” അബ്രഹാമുമായുള്ള സംഭാഷണം തീര്‍ന്നപ്പോള്‍ ദൈവം അദ്ദേഹത്തെ വിട്ടുപോയി. അന്നുതന്നെ അബ്രഹാം പുത്രനായ ഇശ്മായേലിനെയും, സ്വഭവനത്തില്‍ ജനിച്ചവരും വിലയ്‍ക്കു വാങ്ങപ്പെട്ടവരുമായ അടിമകളും ഉള്‍പ്പെടെ തന്‍റെ ഭവനത്തിലെ എല്ലാ പുരുഷപ്രജകളെയും ദൈവം കല്പിച്ചതുപോലെ പരിച്ഛേദനം ചെയ്തു. [24,25] പരിച്ഛേദനം ഏറ്റപ്പോള്‍ അബ്രഹാമിനു തൊണ്ണൂറ്റിഒമ്പതു വയസ്സും ഇശ്മായേലിനു പതിമൂന്നു വയസ്സുമായിരുന്നു. *** [26,27] ഒരേ ദിവസം തന്നെയാണ് അബ്രഹാമും ഇശ്മായേലും അബ്രഹാമിന്‍റെ ഭവനത്തില്‍ ജനിച്ചവരും പരദേശികളില്‍നിന്നു വിലയ്‍ക്കു വാങ്ങിയവരും ഉള്‍പ്പെടെ അദ്ദേഹത്തിന്‍റെ ഭവനത്തിലുള്ള എല്ലാവരും പരിച്ഛേദനം ഏറ്റത്. മമ്രെയുടെ കരുവേലകത്തോപ്പിനു സമീപം സര്‍വേശ്വരന്‍ അബ്രഹാമിനു പ്രത്യക്ഷനായി; വെയിലുറച്ചപ്പോള്‍ അബ്രഹാം കൂടാരവാതില്‌ക്കല്‍ ഇരിക്കുകയായിരുന്നു. അദ്ദേഹം തല ഉയര്‍ത്തി നോക്കിയപ്പോള്‍ മൂന്ന് ആളുകള്‍ തനിക്കെതിരെ നില്‌ക്കുന്നതു കണ്ടു. ഉടനെ അവരെ സ്വീകരിക്കാന്‍ കൂടാരവാതില്‌ക്കല്‍നിന്ന് ഓടിച്ചെന്ന് സാഷ്ടാംഗം പ്രണമിച്ചു പറഞ്ഞു: “യജമാനന്മാരേ, നിങ്ങള്‍ എന്നില്‍ പ്രസാദിക്കുന്നെങ്കില്‍ ഈ ദാസനെ കടന്നുപോകരുതേ. ഞാന്‍ കുറച്ച് വെള്ളം കൊണ്ടുവരട്ടെ. കാലുകഴുകി ഈ മരത്തണലില്‍ വിശ്രമിച്ചാലും; കുറെ അപ്പവും കൊണ്ടുവരാം. ക്ഷീണം ശമിച്ചിട്ട് യാത്ര തുടരാം. ഈ ദാസന്‍റെ അടുത്ത് നിങ്ങള്‍ എത്തിയിരിക്കുകയാണല്ലോ.” “ശരി അങ്ങനെ ആകട്ടെ” എന്ന് അവര്‍ പറഞ്ഞു. അബ്രഹാം നേരെ കൂടാരത്തില്‍ ചെന്നു സാറായോടു പറഞ്ഞു: “വേഗം മൂന്നിടങ്ങഴി മാവെടുത്തു കുഴച്ച് അപ്പമുണ്ടാക്കുക.” പിന്നീട് തൊഴുത്തിലേക്ക് ഓടി, കൊഴുത്തു തടിച്ച ഒരു കാളക്കുട്ടിയെ പിടിച്ച് ഭൃത്യനെ ഏല്പിച്ചു. അവന്‍ അതിനെ പെട്ടെന്ന് പാകപ്പെടുത്തി. അബ്രഹാം വെണ്ണയും പാലും പാകം ചെയ്ത മാംസവും കൊണ്ടുവന്ന് അവര്‍ക്കു വിളമ്പി. അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കെ അദ്ദേഹം മരത്തണലില്‍ അവരെ പരിചരിച്ചുകൊണ്ടു നിന്നു. “നിന്‍റെ ഭാര്യ സാറാ എവിടെ” എന്ന് അവര്‍ ചോദിച്ചു. “അവള്‍ കൂടാരത്തിലുണ്ട്” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അവരില്‍ ഒരുവന്‍: “അടുത്ത വര്‍ഷം ഈ സമയം ഞാന്‍ ഇവിടെ തീര്‍ച്ചയായും മടങ്ങിവരും. അപ്പോള്‍ നിന്‍റെ ഭാര്യ സാറായ്‍ക്ക് ഒരു പുത്രന്‍ ജനിച്ചിരിക്കും.” സാറാ അദ്ദേഹത്തിന്‍റെ പിമ്പില്‍ കൂടാരവാതില്‌ക്കല്‍ സംഭാഷണം ശ്രദ്ധിച്ചുകൊണ്ടു നിന്നിരുന്നു. അബ്രഹാമും സാറായും വയോവൃദ്ധരായിരുന്നു. സാറായ്‍ക്ക് ആര്‍ത്തവം നിലയ്‍ക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു സാറാ ഉള്ളില്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: “ഞാന്‍ വൃദ്ധയായി; എന്‍റെ ഭര്‍ത്താവും വൃദ്ധനാണ്. ഇനി എനിക്കു സുഖഭോഗമുണ്ടാകുമെന്നോ?” സര്‍വേശ്വരന്‍ അബ്രഹാമിനോടു ചോദിച്ചു: “വൃദ്ധയായ എനിക്ക് സന്താനഭാഗ്യമുണ്ടാകുമോ എന്നു പറഞ്ഞ് സാറാ ഉള്ളില്‍ ചിരിച്ചതെന്ത്? സര്‍വേശ്വരന് അസാധ്യമായത് എന്തെങ്കിലുമുണ്ടോ? പറഞ്ഞതുപോലെ അടുത്ത വര്‍ഷം നിശ്ചിതസമയത്ത് ഞാന്‍ തിരിച്ചുവരുമ്പോള്‍ സാറായ്‍ക്ക് ഒരു പുത്രനുണ്ടായിരിക്കും.” സാറാ ഭയപ്പെട്ട് “ഞാന്‍ ചിരിച്ചില്ല” എന്നു പറഞ്ഞു. “അല്ല നീ ചിരിക്കുക തന്നെ ചെയ്തു” എന്ന് അവിടുന്ന് പറഞ്ഞു. ആ അതിഥികള്‍ അവിടെനിന്നു പുറപ്പെട്ട് സൊദോമിലേക്കുള്ള വഴിക്കു തിരിഞ്ഞു. യാത്ര അയയ്‍ക്കാന്‍ അബ്രഹാം അവരുടെകൂടെ പോയി. സര്‍വേശ്വരന്‍ ചിന്തിച്ചു: “ഞാന്‍ ചെയ്യാന്‍ പോകുന്നത് അബ്രഹാമില്‍നിന്നു മറച്ചുവയ്‍ക്കണമോ? അവന്‍റെ സന്തതി വലുതും ശക്തവുമായ ഒരു ജനതയായിത്തീരും. അവനിലൂടെ ഭൂമിയിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും. ഞാന്‍ വാഗ്ദാനം ചെയ്തിട്ടുള്ളത് നിറവേറത്തക്കവിധം നീതിയും ന്യായവും പ്രവര്‍ത്തിച്ച് എന്‍റെ വഴിയില്‍ നടക്കണമെന്ന് അവന്‍റെ പുത്രന്മാരോടും ഭാവിതലമുറകളോടും നിഷ്കര്‍ഷിക്കാനാണ് ഞാന്‍ അവനെ തിരഞ്ഞെടുത്തിരിക്കുന്നത്.” സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “സൊദോമിനും ഗൊമോറായ്‍ക്കും എതിരായുള്ള ആവലാതി എന്‍റെ അടുക്കല്‍ എത്തിയിരിക്കുന്നു. അതു വലുതും അവരുടെ പാപം അതിഭയങ്കരവുമാകുന്നു. ആ ആവലാതിയെക്കുറിച്ച് നേരിട്ടന്വേഷിച്ച് ബോധ്യപ്പെടാന്‍ ഞാന്‍ അവിടേക്ക് പോകുകയാണ്.” അവര്‍ അവിടെനിന്നു സൊദോം ലക്ഷ്യമാക്കി നടന്നു; എന്നാല്‍ അബ്രഹാം സര്‍വേശ്വരന്‍റെ സന്നിധിയില്‍തന്നെ നിന്നു. അബ്രഹാം അവിടുത്തെ സമീപിച്ച് ചോദിച്ചു: “ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും അങ്ങു നശിപ്പിക്കുമോ? ആ നഗരത്തില്‍ അമ്പതു നീതിമാന്മാര്‍ ഉണ്ടെന്നിരിക്കട്ടെ. എങ്കില്‍ അവര്‍ നിമിത്തം അവിടുന്ന് ആ പട്ടണത്തെ രക്ഷിക്കുകയില്ലേ? ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും അങ്ങ് ഒരിക്കലും നശിപ്പിക്കുകയില്ലല്ലോ? അത് അവിടുത്തേക്കു അസാധ്യം! സര്‍വലോകത്തിന്‍റെയും വിധികര്‍ത്താവായ ദൈവം നീതി പ്രവര്‍ത്തിക്കാതിരിക്കുമോ?” സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “നീതിമാന്മാരായ അമ്പതു പേരെ സൊദോമില്‍ കണ്ടെത്തിയാല്‍ അവര്‍ നിമിത്തം ആ പട്ടണത്തെ ഞാന്‍ രക്ഷിക്കും.” അബ്രഹാം പ്രതിവചിച്ചു: “വെറും പൂഴിയും വെണ്ണീറുമായ ഞാന്‍ സര്‍വേശ്വരനോടു സംസാരിക്കുവാന്‍ മുതിര്‍ന്നല്ലോ; ഒരുവേള അമ്പതു നീതിമാന്മാരില്‍ അഞ്ചു പേര്‍ കുറഞ്ഞുപോയാലോ? ആ അഞ്ചു പേരുടെ കുറവുനിമിത്തം അവിടുന്ന് ആ നഗരത്തെ നശിപ്പിക്കുമോ?” അവിടുന്ന് അരുളിച്ചെയ്തു: “ഇല്ല, നാല്പത്തിയഞ്ച് നീതിമാന്മാരെ അവിടെ കണ്ടാല്‍ ഞാന്‍ അതിനെ നശിപ്പിക്കുകയില്ല.” അബ്രഹാം വീണ്ടും ചോദിച്ചു: “ഒരുപക്ഷേ നാല്പതു പേരെ ഉള്ളൂ എങ്കിലോ?” “ആ നാല്പതു പേരെ കരുതി ഞാന്‍ അതിനെ നശിപ്പിക്കുകയില്ല” എന്ന് അവിടുന്നു പ്രതിവചിച്ചു. അബ്രഹാം പറഞ്ഞു: “സര്‍വേശ്വരാ, ഞാന്‍ ഇങ്ങനെ സംസാരിക്കുന്നതില്‍ അവിടുന്നു കോപിക്കരുതേ. മുപ്പതു പേരെ മാത്രമേ അവിടെ കാണുന്നുള്ളുവെങ്കിലോ?” “മുപ്പതു പേരെ അവിടെ കാണുന്നെങ്കില്‍ അതിനെ നശിപ്പിക്കുകയില്ല” എന്ന് അവിടുന്ന് അരുളിച്ചെയ്തു. അബ്രഹാം തുടര്‍ന്നു പറഞ്ഞു: “സര്‍വേശ്വരനോടു സംസാരിക്കാന്‍ ഞാന്‍ തുനിഞ്ഞത് ക്ഷമിക്കണമേ. അവിടെ ഇരുപതു പേരെ മാത്രമേ കണ്ടെത്തുന്നുള്ളെങ്കിലോ?” “ഇരുപതു പേരെ പ്രതി ഞാന്‍ അതിനെ നശിപ്പിക്കുകയില്ല” എന്ന് അവിടുന്ന് അരുളിച്ചെയ്തു. “സര്‍വേശ്വരാ, കോപിക്കരുതേ, ഞാന്‍ ഒരിക്കല്‍ക്കൂടി മാത്രമേ ചോദിക്കുകയുള്ളൂ. പത്തു പേരെ മാത്രം അവിടെ കണ്ടാല്‍ അതിനെ നശിപ്പിക്കുമോ?” എന്ന് അബ്രഹാം ചോദിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “ഇല്ല, പത്തു പേര്‍ നിമിത്തം ഞാന്‍ അതിനെ നശിപ്പിക്കയില്ല.” അബ്രഹാമിനോടു സംസാരിച്ചുതീര്‍ന്നപ്പോള്‍ സര്‍വേശ്വരന്‍ അവിടെനിന്നു പോയി. അബ്രഹാം സ്വന്തസ്ഥലത്തേക്കു മടങ്ങിപ്പോയി. ആ രണ്ടു ദൂതന്മാര്‍ സന്ധ്യയോടുകൂടി സൊദോമില്‍ എത്തി. ലോത്ത് പട്ടണവാതില്‌ക്കല്‍ ഇരിക്കുകയായിരുന്നു. അവരെ കണ്ടപ്പോള്‍ ലോത്ത് മുമ്പോട്ടു ചെന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു. ലോത്തു പറഞ്ഞു: “യജമാനന്മാരേ, അന്തിയുറങ്ങാന്‍ അടിയന്‍റെ വീട്ടിലേക്കു വന്നാലും. കാലുകഴുകി അവിടെ രാത്രി കഴിക്കാമല്ലോ. അതിരാവിലെ പുറപ്പെടുകയും ചെയ്യാം.” “ഇല്ല, ഞങ്ങള്‍ തെരുവില്‍ത്തന്നെ രാത്രി കഴിച്ചുകൊള്ളാം.” അവര്‍ മറുപടി പറഞ്ഞു. ലോത്ത് വളരെ നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ ക്ഷണം സ്വീകരിച്ചു. പുളിപ്പില്ലാത്ത മാവുകൊണ്ട് അപ്പം ചുട്ട് ലോത്ത് അവര്‍ക്ക് ഒരു വിരുന്ന് ഒരുക്കി, അവരെ സല്‍ക്കരിച്ചു. അവര്‍ ഉറങ്ങാന്‍ കിടക്കുംമുമ്പ് പട്ടണവാസികള്‍ ഒന്നാകെ വന്നു, വീടുവളഞ്ഞു. അവര്‍ ലോത്തിനെ വിളിച്ചു പറഞ്ഞു: “സന്ധ്യക്ക് നിന്‍റെ വീട്ടില്‍ വന്ന പുരുഷന്മാര്‍ എവിടെ? അവരെ ഞങ്ങള്‍ക്കു വിട്ടുതരിക; ഞങ്ങള്‍ അവരുമായി രമിക്കട്ടെ.” ലോത്ത് വീടിനു പുറത്തേക്കു വന്നു; വാതില്‍ അടച്ചശേഷം അവരോടു പറഞ്ഞു: “സഹോദരന്മാരേ, ഇത്ര നീചമായി പെരുമാറരുതേ! എനിക്കു കന്യകമാരായ രണ്ടു പുത്രിമാര്‍ ഉണ്ട്; അവരെ ഞാന്‍ പുറത്തു കൊണ്ടുവരാം; അവരോടു നിങ്ങളുടെ ഇഷ്ടംപോലെ പെരുമാറിക്കൊള്ളുക. എന്‍റെ വീട്ടില്‍ അന്തിയുറങ്ങാന്‍ വന്ന ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ.” എന്നിട്ടും അവര്‍ പറഞ്ഞു: “മാറി നില്‌ക്കൂ, ഇവിടെ പരദേശിയായി വന്ന നീ ഇപ്പോള്‍ ന്യായാധിപനായി ചമയുന്നോ? അവരോടു ചെയ്യാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചതിലപ്പുറം നിന്നോടു ചെയ്യും.” ലോത്തിനെ അവര്‍ തള്ളിമാറ്റി, വാതില്‍ പൊളിക്കാന്‍ ശ്രമിച്ചു. അപ്പോള്‍ ആ പുരുഷന്മാര്‍ കൈ നീട്ടി ലോത്തിനെ പിടിച്ചു വീടിന് ഉള്ളിലാക്കി വാതിലടച്ചു. പിന്നീട് പുറത്തുനിന്ന ജനത്തിനെല്ലാം അന്ധത വരുത്തി. അവര്‍ വാതില്‍ തപ്പി നടന്നു കുഴഞ്ഞു. അവര്‍ ഇരുവരും ലോത്തിനോട്: “നിന്‍റെ സ്വന്തക്കാരായി മറ്റാരെങ്കിലും ഈ പട്ടണത്തിലുണ്ടോ” എന്നു ചോദിച്ചു. “മരുമക്കളോ, പുത്രന്മാരോ, പുത്രിമാരോ, വേറെയാരെങ്കിലുമോ ഇവിടെയുണ്ടെങ്കില്‍ അവരെയെല്ലാം ഇവിടെനിന്നു കൊണ്ടുപോകുക. ഞങ്ങള്‍ ഈ സ്ഥലം നശിപ്പിക്കാന്‍ പോകുന്നു. ഈ പട്ടണവാസികളെക്കുറിച്ചുള്ള ആവലാതി സര്‍വേശ്വരന്‍റെ സന്നിധിയില്‍ വലുതായി എത്തിയിരിക്കുന്നു. ഈ പട്ടണം നശിപ്പിക്കാനാണ് അവിടുന്നു ഞങ്ങളെ അയച്ചിരിക്കുന്നത്.” തന്‍റെ പുത്രിമാരെ വിവാഹം ചെയ്യാന്‍ നിശ്ചയിച്ചിരുന്ന പുരുഷന്മാരുടെ അടുക്കല്‍ചെന്ന് ലോത്തു പറഞ്ഞു: “വരൂ, ഈ ദേശത്തുനിന്നു നമുക്കു പോകാം. സര്‍വേശ്വരന്‍ ഈ പട്ടണം നശിപ്പിക്കാന്‍ പോകുന്നു”. എന്നാല്‍ അത് ഒരു നേരമ്പോക്കായിട്ടാണ് അവര്‍ കരുതിയത്. പ്രഭാതമായപ്പോള്‍ ദൂതന്മാര്‍ ലോത്തിനോടു നിര്‍ബന്ധപൂര്‍വം പറഞ്ഞു: “ഈ നഗരത്തിനു വരാന്‍ പോകുന്ന ശിക്ഷയില്‍ അകപ്പെട്ടു നശിക്കാതിരിക്കാന്‍ ഭാര്യയെയും നിന്‍റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടു പുറപ്പെടുക. എന്നിട്ടും ലോത്ത് ശങ്കിച്ചുനിന്നു; സര്‍വേശ്വരന്‍ ലോത്തിനോടു കരുണ കാട്ടി, ലോത്തിനെയും അയാളുടെ ഭാര്യയെയും പുത്രിമാരെയും ആ പുരുഷന്മാര്‍തന്നെ കൈക്കു പിടിച്ച് പട്ടണത്തിനു പുറത്തു കൊണ്ടുവന്നു. അവരില്‍ ഒരാള്‍ പറഞ്ഞു: “ആ മലയിലേക്ക് ഓടി രക്ഷപെടുക. തിരിഞ്ഞുനോക്കുകയോ, താഴ്വരയിലെവിടെയെങ്കിലും തങ്ങിനില്‌ക്കുകയോ ചെയ്യരുത്. നിങ്ങള്‍ ദഹിച്ചുപോകാതിരിക്കാന്‍ ഓടിപ്പോകുക.” ലോത്ത് മറുപടി പറഞ്ഞു: “അരുതേ, അങ്ങനെ ഞങ്ങളെ നിര്‍ബന്ധിക്കരുതേ. അവിടുന്ന് എന്നോടു കരുണ ചെയ്ത് എന്നെ രക്ഷിച്ചുവല്ലോ. മലയിലേക്ക് ഓടി എത്താന്‍ എനിക്ക് കഴിവില്ല. അവിടെ എത്തുന്നതിനുമുമ്പ് നാശത്തില്‍പ്പെട്ട് ഞാന്‍ മരിച്ചുപോകും. അതാ, ആ കാണുന്ന ചെറിയ പട്ടണം അടുത്താണല്ലോ, ഓടിയെത്താനുള്ള ദൂരമേയുള്ളൂ. ഞങ്ങള്‍ അവിടേക്ക് ഓടി രക്ഷപെടട്ടെയോ?” ദൂതന്‍ പറഞ്ഞു: “ശരി, ഇക്കാര്യത്തിലും ഞാന്‍ നിന്‍റെ അപേക്ഷ സ്വീകരിച്ചിരിക്കുന്നു. നീ പറഞ്ഞ ആ പട്ടണം ഞാന്‍ നശിപ്പിക്കുകയില്ല. വേഗം അവിടെയെത്തി രക്ഷപെടുക; നീ അവിടെ എത്തുന്നതുവരെ എനിക്ക് ഒന്നും ചെയ്യാനാവില്ല.” അങ്ങനെ ആ പട്ടണത്തിനു സോവര്‍ എന്നു പേരുണ്ടായി. ലോത്ത് സോവറില്‍ എത്തിയപ്പോള്‍ സൂര്യന്‍ ഉദിച്ചിരുന്നു. സര്‍വേശ്വരന്‍ സൊദോമിന്‍റെയും ഗൊമോറായുടെയുംമേല്‍ ആകാശത്തുനിന്നു ഗന്ധകവും തീയും വര്‍ഷിച്ചു. ആ പട്ടണങ്ങളെയും താഴ്വരകളെയും അവിടെയുള്ള സകല നിവാസികളെയും എല്ലാ സസ്യങ്ങളെയും നശിപ്പിച്ചു. എന്നാല്‍ ലോത്തിന്‍റെ പിന്നാലെ വന്ന ഭാര്യ തിരിഞ്ഞു നോക്കിയതിനാല്‍ ഉപ്പുതൂണായിത്തീര്‍ന്നു. രാവിലെ അബ്രഹാം എഴുന്നേറ്റു താന്‍ മുമ്പു സര്‍വേശ്വരന്‍റെ സന്നിധിയില്‍ നിന്നിരുന്ന സ്ഥലത്ത് എത്തി. അവിടെ നിന്നുകൊണ്ട് സൊദോം, ഗൊമോറാ എന്നീ പട്ടണങ്ങളിലേക്കും, താഴ്വരയിലുള്ള മറ്റു സ്ഥലങ്ങളിലേക്കും നോക്കി. ആ പ്രദേശത്തുനിന്നെല്ലാം തീച്ചൂളയില്‍ നിന്നെന്നപോലെ പുക ഉയരുന്നതു കണ്ടു. താഴ്വരയിലുള്ള പട്ടണങ്ങളെ ദൈവം നശിപ്പിച്ചപ്പോള്‍ അബ്രഹാമിനെ ഓര്‍ത്ത് അവിടുന്ന് ആ നാശത്തിന്‍റെ നടുവില്‍നിന്ന് ലോത്തിനെ രക്ഷിച്ചു. സോവറില്‍ താമസിക്കാന്‍ ഭയപ്പെട്ട ലോത്ത് തന്‍റെ രണ്ടു പുത്രിമാരോടുകൂടി അവിടെനിന്നു പുറപ്പെട്ടു മലമ്പ്രദേശത്ത് ഒരു ഗുഹയില്‍ ചെന്നു പാര്‍ത്തു. ഒരു ദിവസം മൂത്തപുത്രി അനുജത്തിയോടു പറഞ്ഞു: “നമ്മുടെ പിതാവ് വൃദ്ധനായിരിക്കുന്നു. ലോകനടപ്പനുസരിച്ച് നമ്മെ പ്രാപിക്കാന്‍ ഭൂമിയില്‍ ഒരു പുരുഷനുമില്ല. അതുകൊണ്ടു നമുക്കു പിതാവിനെ വീഞ്ഞു കുടിപ്പിക്കാം. പിതാവിനോടൊത്തു ശയിച്ച് പിതാവിലൂടെ നമുക്ക് സന്തതികളെ നേടാം.” അങ്ങനെ അന്നു രാത്രി അവര്‍ പിതാവിനെ വീഞ്ഞുകുടിപ്പിച്ചു. മൂത്തപുത്രി പിതാവിനോടുകൂടെ ശയിച്ചു. അവള്‍ വന്നു കിടന്നതും എഴുന്നേറ്റു പോയതും അയാള്‍ അറിഞ്ഞില്ല. അടുത്ത ദിവസം മൂത്തപുത്രി അനുജത്തിയോടു പറഞ്ഞു: “ഞാന്‍ ഇന്നലെ പിതാവിനോടൊത്തു ശയിച്ചു. ഇന്നു രാത്രിയും നമുക്കു പിതാവിനെ വീഞ്ഞു കുടിപ്പിക്കാം. പിന്നെ നീയും പോയി പിതാവിനോടൊത്ത് ശയിക്കണം. അങ്ങനെ നമുക്കു രണ്ടു പേര്‍ക്കും പിതാവിലൂടെ സന്തതികള്‍ ഉണ്ടാകട്ടെ.” അവര്‍ അയാളെ ആ രാത്രിയും വീഞ്ഞു കുടിപ്പിച്ചു. അനുജത്തി പിതാവിനോടുകൂടി ശയിച്ചു. അവള്‍ വന്നു കിടന്നതും എഴുന്നേറ്റുപോയതും അയാളറിഞ്ഞില്ല. അങ്ങനെ ലോത്തിന്‍റെ രണ്ടു പുത്രിമാരും ഗര്‍ഭവതികളായി. മൂത്തവള്‍ ഒരു പുത്രനെ പ്രസവിച്ചു. അവനു മോവാബ് എന്നു പേരിട്ടു. അവനാണ് ഇന്നുവരെയുള്ള മോവാബ്യരുടെ പിതാവ്. രണ്ടാമത്തവളും ഒരു പുത്രനെ പ്രസവിച്ചു. അവന് ബെന്‍-അമ്മി എന്നു പേരിട്ടു. അവനാണ് ഇന്നുവരെയുള്ള അമ്മോന്യരുടെ പിതാവ്. അബ്രഹാം അവിടെനിന്നു നെഗെബുദേശത്തേക്കു പോയി, കാദേശിനും സൂരിനും ഇടയ്‍ക്കു വാസമുറപ്പിച്ചു. ഗെരാറില്‍ പാര്‍ത്തിരുന്നപ്പോള്‍, തന്‍റെ ഭാര്യയായ സാറായെക്കുറിച്ച്: “അവള്‍ എന്‍റെ സഹോദരിയാണ്” എന്നായിരുന്നു അബ്രഹാം പറഞ്ഞത്. അതുകൊണ്ട് ഗെരാറിലെ രാജാവായ അബീമേലെക്ക് ആളയച്ച് സാറായെ കൂട്ടിക്കൊണ്ടുപോയി. രാത്രിയില്‍ ദൈവം അബീമേലെക്കിനു സ്വപ്നത്തില്‍ പ്രത്യക്ഷനായി അരുളിച്ചെയ്തു: “നീ കൂട്ടിക്കൊണ്ടുവന്ന ഈ സ്‍ത്രീ നിമിത്തം നീ മരിക്കും. അവള്‍ മറ്റൊരു പുരുഷന്‍റെ ഭാര്യയാണ്.” അബീമേലെക്ക് അതുവരെ അവളെ പ്രാപിച്ചിരുന്നില്ല; രാജാവു പറഞ്ഞു: “സര്‍വേശ്വരാ, നിര്‍ദോഷികളായ ഒരു ജനതയെ അവിടുന്നു സംഹരിക്കുമോ? ‘ഇവള്‍ തന്‍റെ സഹോദരിയാണെന്ന്’ അയാള്‍ തന്നെയല്ലേ പറഞ്ഞത്? അബ്രഹാം സഹോദരനാണെന്ന് അവളും പറഞ്ഞു. പരമാര്‍ഥഹൃദയത്തോടും കറയറ്റ കരങ്ങളോടുംകൂടി ആയിരുന്നു ഞാന്‍ ഇതു ചെയ്തത്.” ദൈവം സ്വപ്നത്തില്‍ അരുളിച്ചെയ്തു: “അതേ, നീ പരമാര്‍ഥഹൃദയത്തോടുകൂടിയാണ് ഇതു ചെയ്തത് എന്നു ഞാന്‍ അറിയുന്നു. അതുകൊണ്ടാണ് എനിക്കെതിരായി പാപം ചെയ്യുന്നതിനു നിന്നെ ഞാന്‍ അനുവദിക്കാതെയിരുന്നത്. അവളെ സ്പര്‍ശിക്കാന്‍ ഞാന്‍ നിന്നെ അനുവദിച്ചില്ല. ഇപ്പോള്‍ നീ അവളെ അവളുടെ ഭര്‍ത്താവിനു തിരിച്ചേല്പിക്കുക; അവന്‍ ഒരു പ്രവാചകനാണ്; അവന്‍ നിനക്കുവേണ്ടി പ്രാര്‍ഥിക്കും; നീ ജീവനോടിരിക്കുകയും ചെയ്യും. നീ അവളെ തിരികെ ഏല്പിക്കാതെയിരുന്നാല്‍ നീ മാത്രമല്ല നിനക്കുള്ളവരൊക്കെയും നിശ്ചയമായും മരിക്കും.” അബീമേലെക്ക് അതിരാവിലെ ഉണര്‍ന്നു. ഭൃത്യന്മാരെയെല്ലാം വിളിച്ചുകൂട്ടി അവരോട് ഈ കാര്യം പറഞ്ഞു. അവരും ആകെ ഭയന്നു. അബീമേലെക്ക് അബ്രഹാമിനെ വിളിപ്പിച്ചു പറഞ്ഞു: “നീ എന്താണ് ഞങ്ങളോടു ചെയ്തത്? എന്‍റെമേലും എന്‍റെ രാജ്യത്തിന്മേലും മഹാപാപം വരത്തക്കവിധം ഞാന്‍ എന്തു തെറ്റാണു നിന്നോടു ചെയ്തത്? ഒരിക്കലും ചെയ്തു കൂടാത്തതാണ് നീ എന്നോടു ചെയ്തിരിക്കുന്നത്. എന്താണ് നീ ഇങ്ങനെ ചെയ്തത്?” അപ്പോള്‍ അബ്രഹാം പറഞ്ഞു: “ഇവിടെ ദൈവഭയം ഉള്ളവര്‍ ആരുമില്ലെന്നും എന്‍റെ ഭാര്യ നിമിത്തം അവര്‍ എന്നെ കൊല്ലുമെന്നും വിചാരിച്ചാണ് ഞാന്‍ അങ്ങനെ ചെയ്തത്. മാത്രമല്ല, വാസ്തവത്തില്‍ അവള്‍ എന്‍റെ സഹോദരിയാണുതാനും; എന്‍റെ പിതാവിന്‍റെ മകള്‍ തന്നെ. എന്‍റെ അമ്മയുടെ മകളല്ലെന്നു മാത്രം. അവള്‍ എന്‍റെ ഭാര്യയായിത്തീര്‍ന്നു. ദൈവനിയോഗമനുസരിച്ച് ഞാന്‍ പിതൃഭവനം വിട്ടു സഞ്ചരിച്ചു തുടങ്ങിയപ്പോള്‍തന്നെ, ‘നീ എന്നോട് ഇപ്രകാരം ദയ കാണിക്കണം; നാം ചെല്ലുന്ന ഓരോ സ്ഥലത്തും ഞാന്‍ നിന്‍റെ സഹോദരനാണെന്നു പറയണം’ എന്നു ഞാന്‍ അവളോടു പറഞ്ഞിരുന്നു.” അബീമേലെക്ക് സാറായെ അബ്രഹാമിനു തിരിച്ചേല്പിച്ചു. ആടുമാടുകളെയും ദാസീദാസന്മാരെയും അദ്ദേഹത്തിനു നല്‌കി. അബീമേലെക്ക് പറഞ്ഞു: “എന്‍റെ രാജ്യം മുഴുവന്‍ നിന്‍റെ മുമ്പിലുണ്ട്. നിനക്ക് ഇഷ്ടമുള്ളേടത്തു താമസിച്ചുകൊള്ളുക”. അദ്ദേഹം സാറായോടു പറഞ്ഞു: “ഞാന്‍ നിന്‍റെ സഹോദരന് ആയിരം വെള്ളിക്കാശു കൊടുത്തിട്ടുണ്ട്. നീ നിര്‍ദോഷിയാണെന്നുള്ളതിനു നിന്‍റെകൂടെ ഉള്ളവര്‍ക്കെല്ലാം അതൊരു തെളിവായിരിക്കും.” അതിനുശേഷം അബ്രഹാം ദൈവത്തോടു പ്രാര്‍ഥിച്ചു. ദൈവം അബീമേലെക്കിനെയും അദ്ദേഹത്തിന്‍റെ ഭാര്യയെയും ദാസിമാരെയും സുഖപ്പെടുത്തി. അങ്ങനെ അവര്‍ക്കെല്ലാം സന്താനലബ്ധിയുണ്ടായി. അബ്രഹാമിന്‍റെ ഭാര്യയായ സാറായെപ്രതി അബീമേലെക്കിന്‍റെ കൊട്ടാരത്തിലുള്ള എല്ലാ സ്‍ത്രീകളെയും സര്‍വേശ്വരന്‍ വന്ധ്യകളാക്കിയിരുന്നു. വാഗ്ദാനം ചെയ്തിരുന്നതുപോലെ സര്‍വേശ്വരന്‍ സാറായെ അനുഗ്രഹിച്ചു. അവള്‍ ഗര്‍ഭിണിയായി; അബ്രഹാമിന്‍റെ വാര്‍ധക്യകാലത്തു ദൈവം അരുളിച്ചെയ്തിരുന്ന സമയത്തുതന്നെ ഒരു പുത്രനെ പ്രസവിച്ചു. സാറായില്‍ പിറന്ന പുത്രന് ‘ഇസ്ഹാക്ക്’ എന്ന് അബ്രഹാം പേരിട്ടു. ദൈവം കല്പിച്ചിരുന്നതുപോലെ അദ്ദേഹം തന്‍റെ പുത്രനായ ഇസ്ഹാക്കിന് എട്ടാംദിവസം പരിച്ഛേദനം നടത്തി. ഇസ്ഹാക്ക് ജനിച്ചപ്പോള്‍ അബ്രഹാമിന് നൂറു വയസ്സായിരുന്നു. സാറാ പറഞ്ഞു: “എനിക്കു സന്തോഷിക്കാന്‍ സര്‍വേശ്വരന്‍ ഇടയാക്കി. ഇതേപ്പറ്റി കേള്‍ക്കുന്നവര്‍ എന്നെച്ചൊല്ലി ചിരിക്കും”. അവള്‍ തുടര്‍ന്നു: “സാറാ മക്കളെ പോറ്റിവളര്‍ത്തുമെന്ന് അബ്രഹാമിനോട് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമായിരുന്നോ? എങ്കിലും അബ്രഹാമിന്‍റെ വാര്‍ധക്യത്തില്‍ ഞാന്‍ അദ്ദേഹത്തിന് ഒരു പുത്രനെ പ്രസവിച്ചിരിക്കുന്നു.” ശിശു വളര്‍ന്നു; അവന്‍റെ മുലകുടി മാറിയ ദിവസം അബ്രഹാം ഒരു വലിയ വിരുന്നൊരുക്കി. സാറായുടെ ദാസി ഈജിപ്തുകാരി ഹാഗാറില്‍ അബ്രഹാമിനു ജനിച്ച പുത്രന്‍ തന്‍റെ പുത്രനായ ഇസ്ഹാക്കിനോടൊപ്പം കളിക്കുന്നതു സാറാ കണ്ടു. അതുകൊണ്ട് അവള്‍ അബ്രഹാമിനോടു പറഞ്ഞു: “ഈ അടിമപ്പെണ്ണിനെയും പുത്രനെയും പുറത്താക്കുക. ഇവളുടെ പുത്രന്‍ എന്‍റെ പുത്രനായ ഇസ്ഹാക്കിനോടൊപ്പം അവകാശി ആയിക്കൂടാ.” ഇശ്മായേലും തന്‍റെ പുത്രനാകയാല്‍ സാറായുടെ വാക്കുകള്‍ അബ്രഹാമിനെ ദുഃഖിപ്പിച്ചു. ദൈവം അബ്രഹാമിനോടു പറഞ്ഞു: “ബാലനെക്കുറിച്ചും നിന്‍റെ ദാസിയെക്കുറിച്ചും നീ ദുഃഖിക്കേണ്ടാ; സാറാ പറഞ്ഞതുപോലെ ചെയ്യുക; ഇസ്ഹാക്കിലൂടെ ആയിരിക്കും നിന്‍റെ സന്താനപരമ്പര അറിയപ്പെടുക. അടിമപ്പെണ്ണിലുള്ള നിന്‍റെ മകനെയും ഞാന്‍ ഒരു വലിയ ജനതയാക്കും. അവനും നിന്‍റെ സന്തതി ആണല്ലോ.” അബ്രഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും ഒരു തോല്‍സഞ്ചി നിറച്ചു വെള്ളവുമെടുത്തു ഹാഗാറിന്‍റെ തോളില്‍ വച്ചുകൊടുത്തു. ബാലനെയും ഏല്പിച്ചിട്ട് അവളെ പറഞ്ഞയച്ചു. അവര്‍ ബേര്‍-ശേബാ മരുഭൂമിയില്‍ അലഞ്ഞുനടന്നു. തോല്‍സഞ്ചിയിലുണ്ടായിരുന്ന വെള്ളം തീര്‍ന്നപ്പോള്‍ അവള്‍ അവനെ ഒരു കുറ്റിക്കാട്ടില്‍ കിടത്തി. ‘കുഞ്ഞു മരിക്കുന്നതു കാണാന്‍ എനിക്കു കരുത്തില്ല’ എന്നു പറഞ്ഞ് അവള്‍ ഒരു കല്ലേറു ദൂരം ചെന്ന് കുട്ടിയുടെ എതിര്‍വശത്തേക്കു തിരിഞ്ഞിരുന്ന് ഉറക്കെ കരഞ്ഞു. കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടു; ദൈവത്തിന്‍റെ ഒരു ദൂതന്‍ ആകാശത്തുനിന്നു ഹാഗാറിനെ വിളിച്ചു ചോദിച്ചു: “ഹാഗാറേ, നീ എന്തിനു വിഷമിക്കുന്നു? ഭയപ്പെടേണ്ടാ; കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടിരിക്കുന്നു. എഴുന്നേല്‌ക്കുക: നീ ചെന്ന് അവനെ മാറിലണച്ച് ആശ്വസിപ്പിക്കുക; ഞാന്‍ അവനെ ഒരു വലിയ ജനതയാക്കും.” ദൈവം അവളുടെ കണ്ണുകള്‍ തുറന്നു; അവള്‍ ഒരു നീരുറവ കണ്ടു; അവള്‍ ചെന്നു തോല്‍സഞ്ചിയില്‍ വെള്ളം നിറച്ചു ബാലനു കുടിക്കാന്‍ കൊടുത്തു. ദൈവം അവന്‍റെകൂടെ ഉണ്ടായിരുന്നു. അവന്‍ വളര്‍ന്ന് ഒരു വില്ലാളിവീരനായിത്തീര്‍ന്നു. പാരാന്‍മരുഭൂമിയിലായിരുന്നു അവന്‍ പാര്‍ത്തിരുന്നത്. അവന്‍റെ അമ്മ ഒരു ഈജിപ്തുകാരി യുവതിയെ അവനു ഭാര്യയായി തിരഞ്ഞെടുത്തു നല്‍കി. ഒരു ദിവസം അബീമേലെക്കും അദ്ദേഹത്തിന്‍റെ സൈന്യാധിപനായ ഫീക്കോലും അബ്രഹാമിനോടു പറഞ്ഞു: “നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവം നിന്‍റെ കൂടെയുണ്ട്. അതുകൊണ്ട്, എന്നെയോ എന്‍റെ സന്തതികളെയോ വഞ്ചിക്കുകയില്ലെന്നും ഞാന്‍ നിന്നോടു വിശ്വസ്തനായിരുന്നതുപോലെ എന്നോടും നീ ഇപ്പോള്‍ വസിക്കുന്ന ഈ ദേശത്തോടും കൂറു പുലര്‍ത്തുമെന്നും ദൈവനാമത്തില്‍ നീ എന്നോടു സത്യം ചെയ്യുക.” “ഞാന്‍ സത്യം ചെയ്യാം” എന്ന് അബ്രഹാം പ്രതിവചിച്ചു. അബീമേലെക്കിന്‍റെ ദാസന്മാര്‍ പിടിച്ചെടുത്ത തന്‍റെ കിണറിനെപ്പറ്റി അബ്രഹാം പരാതിപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: “ആരാണ് ഇതു ചെയ്തതെന്ന് എനിക്കറിഞ്ഞുകൂടാ; നീ എന്നോട് ഇതിനെപ്പറ്റി പറഞ്ഞില്ല; ഞാന്‍ ഇതുവരെ കേട്ടിരുന്നുമില്ല.” അബ്രഹാം ഏതാനും ആടുമാടുകളെ അബീമേലെക്കിനു കൊടുത്തു. അവര്‍ തമ്മില്‍ ഒരു ഉടമ്പടി ഉണ്ടാക്കുകയും ചെയ്തു. തന്‍റെ ആട്ടിന്‍പറ്റത്തില്‍നിന്ന് ഏഴു പെണ്ണാട്ടിന്‍കുട്ടികളെ അബ്രഹാം വേര്‍തിരിച്ചു. ഈ ഏഴു പെണ്ണാട്ടിന്‍കുട്ടികളെ മാറ്റി നിര്‍ത്തിയിരിക്കുന്നത് എന്താണ് എന്ന് അബീമേലേക്ക് ആരാഞ്ഞു. അബ്രഹാം മറുപടി പറഞ്ഞു: “ഈ കിണര്‍ ഞാന്‍ കുഴിച്ചതാണെന്നതിന് അങ്ങു സാക്ഷി ആയിരിക്കണം. പകരം ഈ ഏഴു പെണ്ണാട്ടിന്‍കുട്ടികളെ സ്വീകരിക്കണം.” അവര്‍ ഇരുവരും അവിടെവച്ചു സത്യം ചെയ്തതുകൊണ്ട് ആ സ്ഥലത്തിനു ബേര്‍ - ശേബാ എന്നു പേരുണ്ടായി. അങ്ങനെ ബേര്‍ - ശേബയില്‍വച്ച് ഉടമ്പടി ഉണ്ടാക്കിയതിനുശേഷം അബീമേലെക്കും സൈന്യാധിപനായ ഫീക്കോലും ഫെലിസ്ത്യരുടെ ദേശത്തേക്കു മടങ്ങിപ്പോയി. അബ്രഹാം ബേര്‍-ശേബയില്‍ ഒരു വൃക്ഷം നട്ടു. നിത്യദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ അവിടെ ആരാധന നടത്തി. അബ്രഹാം വളരെക്കാലം ഫെലിസ്ത്യരുടെ ദേശത്തു പാര്‍ത്തു. പിന്നീടൊരു ദിവസം ദൈവം അബ്രഹാമിനെ പരീക്ഷിച്ചു; ദൈവം അദ്ദേഹത്തെ വിളിച്ചു. “ഞാന്‍ ഇതാ” എന്ന് അദ്ദേഹം വിളി കേട്ടു. ദൈവം അരുളിച്ചെയ്തു: “നീ സ്നേഹിക്കുന്ന നിന്‍റെ ഏകപുത്രനായ ഇസ്ഹാക്കിനെ കൂട്ടിക്കൊണ്ട് മോറിയാദേശത്തേക്കു പോകുക. അവിടെ ഞാന്‍ കല്പിക്കുന്ന മലയില്‍ ചെന്ന് അവനെ എനിക്കു ഹോമയാഗമായി അര്‍പ്പിക്കുക.” അബ്രഹാം അതിരാവിലെ എഴുന്നേറ്റ് കഴുതയ്‍ക്കു കോപ്പിട്ട് ഒരുക്കി, ഹോമയാഗത്തിനുള്ള വിറക് തയ്യാറാക്കി, ഇസ്ഹാക്കിനെയും രണ്ടു ഭൃത്യന്മാരെയും കൂട്ടിക്കൊണ്ട് ദൈവം കല്പിച്ച സ്ഥലത്തേക്കു പുറപ്പെട്ടു. മൂന്നാം ദിവസം അബ്രഹാം ദൂരത്തായി ആ മല കണ്ടു. അപ്പോള്‍ അദ്ദേഹം ഭൃത്യന്മാരോടു പറഞ്ഞു: “നിങ്ങള്‍ ഇവിടെ കഴുതയുമായി കാത്തുനില്‌ക്കുക; ഞാനും ബാലനും ആ മലയില്‍ ചെന്ന് ആരാധിച്ചതിനുശേഷം തിരിച്ചുവരാം.” അബ്രഹാം ഹോമയാഗത്തിനുള്ള വിറക് ഇസ്ഹാക്കിന്‍റെ ചുമലില്‍ വച്ചു; തീയും കത്തിയും താന്‍തന്നെ എടുത്തു; അവര്‍ ഇരുവരും ഒരുമിച്ചു യാത്രയായി. വഴിയില്‍വച്ചു ഇസ്ഹാക്ക് അപ്പനോടു ചോദിച്ചു: “അപ്പാ, വിറകും തീയും നാം കൊണ്ടുവന്നിട്ടുണ്ട്; എന്നാല്‍ ഹോമയാഗത്തിനുള്ള ആട്ടിന്‍കുട്ടി എവിടെ?” അബ്രഹാം പറഞ്ഞു: “മകനേ, ഹോമയാഗത്തിനുള്ള ആട്ടിന്‍കുട്ടിയെ ദൈവം കരുതിക്കൊള്ളും.” അവര്‍ ഒന്നിച്ചു വീണ്ടും യാത്ര തുടര്‍ന്നു. ദൈവം കല്പിച്ച സ്ഥലത്ത് അവര്‍ എത്തി. അബ്രഹാം അവിടെ ഒരു യാഗപീഠം ഒരുക്കി; അതില്‍ വിറകും അടുക്കിവച്ചു. പിന്നീട് ഇസ്ഹാക്കിനെ ബന്ധിച്ച് യാഗപീഠത്തിന്മേല്‍ വിറകിനു മീതെ കിടത്തി. അതിനുശേഷം മകനെ കൊല്ലാന്‍ അബ്രഹാം കത്തിയെടുത്തു. തല്‍ക്ഷണം ഒരു ദൈവദൂതന്‍ ആകാശത്തുനിന്ന് “അബ്രഹാമേ, അബ്രഹാമേ” എന്നു വിളിച്ചു. “അടിയന്‍ ഇതാ” അബ്രഹാം മറുപടി പറഞ്ഞു. ദൂതന്‍ പറഞ്ഞു: “ബാലന്‍റെമേല്‍ കൈവയ്‍ക്കരുത്; അവനെ ഒന്നും ചെയ്യരുത്. നിന്‍റെ ഭക്തി എനിക്കു ബോധ്യമായിരിക്കുന്നു. ഏകപുത്രനെ തരാന്‍ നീ മടിച്ചില്ലല്ലോ.” അബ്രഹാം ചുറ്റും നോക്കിയപ്പോള്‍, കുറ്റിക്കാട്ടില്‍ കൊമ്പ് കുരുങ്ങിക്കിടക്കുന്ന ഒരു മുട്ടാടിനെ കണ്ടു; അദ്ദേഹം അതിനെ കൊണ്ടുവന്നു മകനു പകരം ഹോമയാഗമായി അര്‍പ്പിച്ചു. അബ്രഹാം ആ സ്ഥലത്തിനു യാഹ്‍വേയിരെ എന്നു പേരിട്ടു. “സര്‍വേശ്വരന്‍റെ പര്‍വതത്തില്‍ അവിടുന്നു ദര്‍ശനം അരുളും എന്ന് ഒരു ചൊല്ല് ഇങ്ങനെയുണ്ടായി. സര്‍വേശ്വരന്‍റെ ഒരു ദൂതന്‍, ആകാശത്തുനിന്ന് അബ്രഹാമിനെ വീണ്ടും വിളിച്ചു. ദൂതന്‍ പറഞ്ഞു: “നിന്‍റെ ഏകപുത്രനെപ്പോലും എനിക്കു തരാന്‍ നീ മടിക്കാഞ്ഞതുകൊണ്ട് ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്‍റെ സന്തതി ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ക്കരയിലെ മണല്‍ത്തരിപോലെയും അത്യധികം പെരുകും. നിന്‍റെ സന്തതി ശത്രുക്കളെ കീഴടക്കും; നീ എന്നെ അനുസരിച്ചതുകൊണ്ട്, നിന്‍റെ സന്തതിയിലൂടെ ലോകത്തിലെ എല്ലാ ജനതകളും അനുഗ്രഹിക്കപ്പെടും.” അതിനുശേഷം അബ്രഹാം ഭൃത്യന്മാരുടെ അടുക്കല്‍ തിരിച്ചുചെന്നു. അവരൊന്നിച്ച് ബേര്‍-ശേബയിലേക്കു തിരികെ പോന്നു; അബ്രഹാം അവിടെ പാര്‍ത്തു. കുറെക്കാലം കഴിഞ്ഞു തന്‍റെ സഹോദരനായ നാഹോരിന്, മില്‍ക്കായില്‍ മക്കളുണ്ടായ വിവരം അബ്രഹാം അറിഞ്ഞു. അവരില്‍ ആദ്യജാതന്‍ ഊസ് ആയിരുന്നു. അവന്‍റെ സഹോദരന്മാരായിരുന്നു ബൂസ്, ആരാമിന്‍റെ പിതാവായ കെമൂവേല്‍, കേശെദ്, ഹസോ, പില്‍ദാശ്, യിദ്‍ലാഫ്, ബെഥൂവേല്‍ എന്നിവര്‍. റിബേക്കായുടെ പിതാവായിരുന്നു ബെഥൂവേല്‍. ഈ എട്ടു പേര്‍ നാഹോരിനു മില്‍ക്കായില്‍ ഉണ്ടായ മക്കളായിരുന്നു. ഇവരെ കൂടാതെ ഉപഭാര്യയായ രെയൂമായില്‍ നാഹോരിനു തേബഹ്, ഗഹാം, തഹശ്, മാഖാ എന്നിവരും ജനിച്ചു. കനാനില്‍ ഹെബ്രോന്‍ എന്നറിയപ്പെടുന്ന കിര്യത്ത്-അര്‍ബയില്‍ വച്ച് സാറാ നൂറ്റിഇരുപത്തേഴാമത്തെ വയസ്സില്‍ മരിച്ചു. സാറായുടെ മരണത്തില്‍ ദുഃഖിതനായ അബ്രഹാം വളരെ വിലപിച്ചു. പിന്നീട് ഭാര്യയുടെ മൃതദേഹത്തിനരികില്‍നിന്ന് അബ്രഹാം എഴുന്നേറ്റുപോയി ഹിത്യരോടു പറഞ്ഞു: “ഞാന്‍ നിങ്ങളുടെ ഇടയില്‍ വന്നു പാര്‍ക്കുന്ന അന്യനും പരദേശിയും ആണല്ലോ. എന്‍റെ ഭാര്യയുടെ മൃതദേഹം സംസ്കരിക്കാന്‍ നിങ്ങളുടെ ഇടയില്‍ എനിക്ക് ഒരു ശ്മശാനഭൂമി വിലയ്‍ക്കു തന്നാലും.” ഹിത്യര്‍ അബ്രഹാമിനോടു പറഞ്ഞു: “പ്രഭോ! ഞങ്ങള്‍ പറയുന്നതു ശ്രദ്ധിച്ചാലും. അങ്ങു ഞങ്ങളുടെ ഇടയിലെ പ്രബലനായ ഒരു പ്രഭു ആണല്ലോ. ഞങ്ങളുടെ കല്ലറകളില്‍ ഏറ്റവും മെച്ചപ്പെട്ട ഒന്നില്‍ മൃതശരീരം സംസ്കരിച്ചാലും. ഞങ്ങളിലാരും അങ്ങേക്കു കല്ലറ വിട്ടുതരാതിരിക്കുകയില്ല. മൃതദേഹം സംസ്കരിക്കാന്‍ തടസ്സം നില്‌ക്കുകയുമില്ല.” അബ്രഹാം ആ ദേശക്കാരായ ഹിത്യരെ വണങ്ങിയശേഷം അവരോടു പറഞ്ഞു: “നിങ്ങള്‍ക്കു സമ്മതമെങ്കില്‍ സോഹരിന്‍റെ മകനായ എഫ്രോനോട് അയാളുടെ നിലത്തിന്‍റെ അതിരിലുള്ള മക്പേലാ ഗുഹ എന്‍റെ ഭാര്യയുടെ മൃതദേഹം സംസ്കരിക്കാന്‍ എനിക്കു തരാന്‍ പറയുക. നിങ്ങളുടെ മുമ്പില്‍വച്ച് അതിന്‍റെ മുഴുവന്‍ വിലയും സ്വീകരിച്ച് അയാള്‍ അത് എനിക്ക് അവകാശമായി തരട്ടെ. എനിക്കത് ശ്മശാനമായി ഉപയോഗിക്കാമല്ലോ.” നഗരവാതില്‌ക്കല്‍ വച്ച് ഇതു സംസാരിക്കുമ്പോള്‍ ഹിത്യരുടെ കൂട്ടത്തില്‍ എഫ്രോനും ഉണ്ടായിരുന്നു. എല്ലാവരും കേള്‍ക്കത്തക്കവിധം എഫ്രോന്‍ അബ്രഹാമിനോടു പറഞ്ഞു: “അങ്ങനെയല്ല പ്രഭോ! ഞാന്‍ പറയുന്നതു ശ്രദ്ധിച്ചാലും; നിലവും അതിലുള്ള ഗുഹയും എന്‍റെ ജനത്തിന്‍റെ സാന്നിധ്യത്തില്‍ ഞാന്‍ അങ്ങേക്കു തരുന്നു; മൃതശരീരം അവിടെ സംസ്കരിച്ചുകൊള്ളുക.” അപ്പോള്‍ അബ്രഹാം അവരെ വണങ്ങിയശേഷം എല്ലാവരും കേള്‍ക്കെ എഫ്രോനോടു പറഞ്ഞു: “ഞാന്‍ പറയുന്നതു കേട്ടാലും. ഞാന്‍ നിലത്തിന്‍റെ വില തരാം; അതു വാങ്ങണം; പിന്നീട് എന്‍റെ ഭാര്യയുടെ മൃതശരീരം അവിടെ സംസ്കരിച്ചുകൊള്ളാം.” എഫ്രോന്‍ അബ്രഹാമിനോടു പറഞ്ഞു: “പ്രഭോ, എന്നെ ശ്രദ്ധിച്ചാലും; നാനൂറു ശേക്കെല്‍ വെള്ളിയേ അതിനു വില വരൂ. നമ്മള്‍ അതിനു കണക്കു പറയണോ? മൃതശരീരം അവിടെ സംസ്കരിച്ചുകൊള്ളുക”. എഫ്രോന്‍ ഹിത്യരുടെ മുമ്പില്‍വച്ചു പറഞ്ഞതുപോലെ വ്യാപാരവിനിമയനിരക്കനുസരിച്ച് നാനൂറു ശേക്കെല്‍ വെള്ളി അബ്രഹാം തൂക്കിക്കൊടുത്തു. [17,18] അങ്ങനെ മമ്രെക്കു കിഴക്കുള്ള മക്പേലയിലെ എഫ്രോന്‍റെ നിലവും അതിലെ ഗുഹയും അതില്‍പ്പെട്ട എല്ലാ വൃക്ഷങ്ങളും നഗരവാതില്‌ക്കല്‍ ഉണ്ടായിരുന്ന ഹിത്യരുടെ സാന്നിധ്യത്തില്‍ അബ്രഹാമിന് അവകാശമായി ലഭിച്ചു. *** അതിനുശേഷം അബ്രഹാം തന്‍റെ ഭാര്യയുടെ മൃതശരീരം കനാനില്‍ ഹെബ്രോന്‍ എന്ന മമ്രെക്കു കിഴക്കുള്ള മക്പേലാനിലത്തിലെ ഗുഹയില്‍ സംസ്കരിച്ചു. അങ്ങനെ ഹിത്യരുടേതായിരുന്ന ആ നിലവും അതിലെ ഗുഹയും ശ്മശാനസ്ഥലമെന്ന നിലയില്‍ അബ്രഹാമിനു കൈവശമായി. അബ്രഹാം വളരെ വൃദ്ധനായി; സര്‍വേശ്വരന്‍ അദ്ദേഹത്തെ എല്ലാവിധത്തിലും അനുഗ്രഹിച്ചിരുന്നു. ഒരു ദിവസം തന്‍റെ ഭവനത്തിലെ ദാസന്മാരില്‍ പ്രായം കൂടിയവനും ഗൃഹവിചാരകനുമായ ദാസനെ വിളിച്ച് അദ്ദേഹം പറഞ്ഞു: “നിന്‍റെ കൈ എന്‍റെ തുടയുടെ കീഴില്‍ വയ്‍ക്കുക. ഞാന്‍ പാര്‍ക്കുന്ന ഈ കനാന്‍ദേശത്തിലെ പെണ്‍കുട്ടികളില്‍നിന്നു എന്‍റെ പുത്രനു ഭാര്യയെ തിരഞ്ഞെടുക്കുകയില്ലെന്നും, എന്‍റെ ജന്മസ്ഥലത്തുള്ള എന്‍റെ ചാര്‍ച്ചക്കാരുടെ ഇടയില്‍നിന്നുതന്നെ ഒരു പെണ്‍കുട്ടിയെ എന്‍റെ മകനായ ഇസ്ഹാക്കിനു ഭാര്യയായി തിരഞ്ഞെടുക്കുമെന്നും നീ സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും ദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ സത്യം ചെയ്യണം.” ദാസന്‍ ചോദിച്ചു: “ഒരുപക്ഷേ, പെണ്‍കുട്ടി സ്വന്തം വീടുവിട്ട് എന്‍റെകൂടെ ഈ സ്ഥലത്തേക്കു വരുന്നതിനു വിസമ്മതിച്ചാല്‍ ഞാന്‍ എന്തു ചെയ്യണം? അങ്ങയുടെ ജന്മസ്ഥലത്തേക്ക് അവിടുത്തെ പുത്രനെ ഞാന്‍ കൊണ്ടുപോകണമോ?” അബ്രഹാം പറഞ്ഞു: “എന്‍റെ മകനെ അവിടേക്കു കൊണ്ടുപോകരുത്. എന്‍റെ പിതൃഭവനത്തില്‍നിന്നും ജന്മദേശത്തുനിന്നും എന്നെ കൂട്ടിക്കൊണ്ടു വരികയും എന്നോടു സംസാരിക്കുകയും ഈ സ്ഥലം എന്‍റെ സന്തതിക്കു നല്‌കുമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്ത സ്വര്‍ഗത്തിലെ ദൈവമായ സര്‍വേശ്വരന്‍ അവിടുത്തെ ദൂതനെ നിനക്കു മുമ്പായി അയയ്‍ക്കും. നീ അവിടെനിന്ന് എന്‍റെ മകനു ഭാര്യയെ കണ്ടെത്തുകയും ചെയ്യും. എന്നാല്‍ ആ പെണ്‍കുട്ടി നിന്‍റെകൂടെ പോരാന്‍ വിസമ്മതിച്ചാല്‍ എന്നോടു ചെയ്ത ഈ പ്രതിജ്ഞയില്‍നിന്നു നീ വിമുക്തനായിരിക്കും. എന്തായാലും എന്‍റെ മകനെ അവിടേക്കു കൊണ്ടുപോകരുത്.” ദാസന്‍ തന്‍റെ യജമാനനായ അബ്രഹാമിന്‍റെ തുടയുടെ കീഴില്‍ കൈവച്ച് അപ്രകാരം പ്രവര്‍ത്തിക്കാമെന്നു സത്യം ചെയ്തു. ആ ദാസന്‍ യജമാനന്‍റെ പത്ത് ഒട്ടകങ്ങളും വിവിധതരം വിശിഷ്ടവസ്തുക്കളുമായി മെസൊപ്പൊത്താമ്യയില്‍ നാഹോരിന്‍റെ പട്ടണത്തിലേക്കു യാത്രയായി. അവിടെ എത്തിയശേഷം നഗരത്തിനു പുറത്തുള്ള കിണറിനു സമീപം ഒട്ടകങ്ങളെ നിര്‍ത്തി. വൈകുന്നേരം സ്‍ത്രീകള്‍ വെള്ളം കോരാന്‍ വരുന്ന സമയമായിരുന്നു അത്. അയാള്‍ പ്രാര്‍ഥിച്ചു: “എന്‍റെ യജമാനനായ അബ്രഹാമിന്‍റെ ദൈവമായ സര്‍വേശ്വരാ, എന്‍റെ യജമാനനോടു കൃപ തോന്നി എന്‍റെ ഉദ്യമം ഇന്നുതന്നെ സഫലമാക്കണമേ. പട്ടണത്തിലെ പെണ്‍കുട്ടികള്‍ വെള്ളം കോരാന്‍ വരുന്ന നീരുറവയുടെ അടുക്കല്‍ ഞാന്‍ നില്‌ക്കുകയാണല്ലോ, ‘എനിക്കു വെള്ളം കുടിക്കാന്‍ കുടം താഴ്ത്തിപ്പിടിച്ചു തരുമോ’ എന്ന് അവരില്‍ ആരോടെങ്കിലും ചോദിക്കുമ്പോള്‍, ‘കുടിച്ചാലും, നിങ്ങളുടെ ഒട്ടകങ്ങള്‍ക്കുകൂടി ഞാന്‍ വെള്ളം കോരിത്തരാം,’ എന്നു പറയുന്ന പെണ്‍കുട്ടിതന്നെ ആയിരിക്കട്ടെ അവിടുത്തെ ദാസനായ ഇസ്ഹാക്കിനു നിശ്ചയിക്കപ്പെട്ട വധു. അങ്ങനെ സംഭവിച്ചാല്‍ എന്‍റെ യജമാനനായ അബ്രഹാമിനോട് അവിടുന്നു സുസ്ഥിരമായ സ്നേഹം കാട്ടിയിരിക്കുന്നതായി ഞാന്‍ മനസ്സിലാക്കും.” അയാള്‍ പ്രാര്‍ഥിച്ചുതീരുന്നതിനു മുമ്പായി റിബേക്കാ തോളില്‍ കുടവുമായി അവിടെ എത്തി. അവള്‍ അബ്രഹാമിന്‍റെ സഹോദരന്‍ നാഹോരിനു മില്‍ക്കായില്‍ ജനിച്ച ബെഥൂവേലിന്‍റെ പുത്രി ആയിരുന്നു. ആ കന്യക അതീവ സുന്ദരി ആയിരുന്നു. അവള്‍ ആ നീരുറവയില്‍നിന്നു വെള്ളം നിറച്ച കുടവുമായി വന്നു. അബ്രഹാമിന്‍റെ ദാസന്‍ ഓടിച്ചെന്ന് അവളോടു, “കുടിക്കാന്‍ അല്പം വെള്ളം തന്നാലും” എന്നു പറഞ്ഞു. “പ്രഭോ, അങ്ങു കുടിച്ചാലും” എന്നു പറഞ്ഞ് ഉടനെ അവള്‍ കുടം താഴ്ത്തിക്കൊടുത്തു. അയാള്‍ക്കു കുടിക്കാന്‍ കൊടുത്തശേഷം അവള്‍ പറഞ്ഞു: “അങ്ങയുടെ ഒട്ടകങ്ങള്‍ക്കും വേണ്ടുവോളം വെള്ളം ഞാന്‍ കോരിക്കൊടുക്കാം.” കുടത്തിലെ വെള്ളം വേഗം തൊട്ടിയില്‍ ഒഴിച്ചശേഷം വീണ്ടും വെള്ളം കോരാന്‍ അവള്‍ നീരുറവിനരികിലേക്ക് ഓടിപ്പോയി, ഒട്ടകങ്ങള്‍ക്കെല്ലാം വെള്ളം കോരിക്കൊടുത്തു. അപ്പോഴെല്ലാം അയാള്‍ അവളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു; തന്‍റെ ദൗത്യം സര്‍വേശ്വരന്‍ സഫലമാക്കിയെന്നു ബോധ്യപ്പെടുന്നതുവരെ അയാള്‍ നിശ്ശബ്ദനായിരുന്നു. ഒട്ടകങ്ങള്‍ വെള്ളം കുടിച്ചുതീര്‍ന്നപ്പോള്‍, അയാള്‍ അര ശേക്കെല്‍ തൂക്കമുള്ള ഒരു പൊന്‍മൂക്കുത്തിയും പത്തു ശേക്കെല്‍ തൂക്കമുള്ള രണ്ടു പൊന്‍വളകളും അവള്‍ക്കു നല്‌കിക്കൊണ്ട് ചോദിച്ചു: “നീ ആരുടെ പുത്രിയാണ്? ഞങ്ങള്‍ക്ക് ഇന്നു രാപാര്‍ക്കാന്‍ നിന്‍റെ വീട്ടില്‍ ഇടമുണ്ടോ?” അവള്‍ പറഞ്ഞു: “ഞാന്‍ നാഹോരിന്‍റെയും മില്‍ക്കായുടെയും പുത്രനായ ബെഥൂവേലിന്‍റെ മകളാണ്. ഞങ്ങളുടെ വീട്ടില്‍, മൃഗങ്ങള്‍ക്കുള്ള തീറ്റയും വയ്‍ക്കോലും വേണ്ടുവോളമുണ്ട്; നിങ്ങള്‍ക്കു രാപാര്‍ക്കുകയും ചെയ്യാം.” അയാള്‍ തലകുനിച്ചു സര്‍വേശ്വരനെ നമസ്കരിച്ചുകൊണ്ടു പറഞ്ഞു: “എന്‍റെ യജമാനനായ അബ്രഹാമിന്‍റെ ദൈവമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെട്ടവന്‍. അവിടുന്ന് എന്‍റെ യജമാനനോടുള്ള സുസ്ഥിരസ്നേഹവും വിശ്വസ്തതയും കൈവെടിഞ്ഞിട്ടില്ല. അവിടുന്ന് എന്നെ എന്‍റെ യജമാനന്‍റെ ചാര്‍ച്ചക്കാരുടെ ഭവനത്തിലേക്കുതന്നെ വഴി നടത്തിയല്ലോ.” ആ പെണ്‍കുട്ടി അമ്മയുടെ അടുക്കലേക്ക് ഓടി, വിവരമെല്ലാം അവിടെയുള്ളവരോടു പറഞ്ഞു; റിബേക്കായ്‍ക്കു ലാബാന്‍ എന്നൊരു സഹോദരന്‍ ഉണ്ടായിരുന്നു. റിബേക്കാ ധരിച്ചിരുന്ന മൂക്കുത്തിയും വളകളും കാണുകയും ആ ദാസന്‍ പറഞ്ഞത് അവളില്‍നിന്നു കേള്‍ക്കുകയും ചെയ്തപ്പോള്‍ അയാളുടെ അടുക്കലേക്കു ലാബാന്‍ ഓടിച്ചെന്നു. ആ മനുഷ്യന്‍ അപ്പോഴും നീരുറവയ്‍ക്കു സമീപം ഒട്ടകങ്ങളുടെ അടുക്കല്‍ നില്‌ക്കുകയായിരുന്നു. ലാബാന്‍ പറഞ്ഞു: “സര്‍വേശ്വരനാല്‍ അനുഗ്രഹിക്കപ്പെട്ടവനേ വരിക; എന്തിനു പുറത്തു നില്‌ക്കുന്നു? ഞാന്‍ വീടും ഒട്ടകങ്ങള്‍ക്കുള്ള ഇടവും ഒരുക്കിയിട്ടുണ്ട്.” ഇതു കേട്ട് അയാള്‍ വീട്ടിലേക്കു ചെന്നു. ലാബാന്‍ ഒട്ടകങ്ങളുടെ പുറത്തുനിന്നു ഭാരം ഇറക്കിയശേഷം അവയ്‍ക്കു തിന്നാന്‍ തീറ്റയും വയ്‍ക്കോലും കൊടുത്തു. ദാസനും കൂടെയുള്ളവര്‍ക്കും കാല്‍ കഴുകാന്‍ വെള്ളവും നല്‌കി. പിന്നീട് അവര്‍ക്കു ഭക്ഷണം വിളമ്പി. അപ്പോള്‍ ദാസന്‍ പറഞ്ഞു: “ഞാന്‍ വന്നകാര്യം പറയുന്നതിനുമുമ്പ് ഭക്ഷണം കഴിക്കുകയില്ല”. “പറഞ്ഞാലും” ലാബാന്‍ പ്രതിവചിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു: “ഞാന്‍ അബ്രഹാമിന്‍റെ ദാസനാണ്; സര്‍വേശ്വരന്‍റെ അനുഗ്രഹത്താല്‍ എന്‍റെ യജമാനന്‍ സമ്പന്നനായിരിക്കുന്നു; ആടുമാടുകള്‍, സ്വര്‍ണം, വെള്ളി, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവ കൂടാതെ ദാസീദാസന്മാരെയും അവിടുന്ന് അദ്ദേഹത്തിനു സമൃദ്ധമായി നല്‌കിയിട്ടുണ്ട്. യജമാനന്‍റെ ഭാര്യ സാറാ വാര്‍ധക്യത്തില്‍ അദ്ദേഹത്തിന് ഒരു പുത്രനെ പ്രസവിച്ചു; തനിക്കുള്ളതെല്ലാം യജമാനന്‍ അവനു നല്‌കിയിരിക്കുന്നു. ‘ഞാന്‍ ഇപ്പോള്‍ നിവസിക്കുന്ന കനാന്യരുടെ ദേശത്തുനിന്ന് എന്‍റെ മകനു ഭാര്യയെ തിരഞ്ഞെടുക്കരുത്. എന്‍റെ പിതൃഭവനത്തിലുള്ള എന്‍റെ ചാര്‍ച്ചക്കാരുടെ അടുത്തുതന്നെ പോയി എന്‍റെ മകന് ഒരു ഭാര്യയെ കണ്ടെത്തണം’ എന്നു പറഞ്ഞ് യജമാനന്‍ എന്നെക്കൊണ്ടു സത്യം ചെയ്യിച്ചിരിക്കുന്നു. ‘പെണ്‍കുട്ടി എന്‍റെ കൂടെ വരാതിരുന്നാലോ’ എന്നു ഞാന്‍ എന്‍റെ യജമാനനോടു ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ ആരാധിക്കുന്ന സര്‍വേശ്വരന്‍ തന്‍റെ ദൂതനെ നിന്‍റെകൂടെ അയയ്‍ക്കുകയും നിന്‍റെ ദൗത്യം സഫലമാക്കുകയും ചെയ്യും; എന്‍റെ പിതൃഭവനത്തില്‍ എന്‍റെ ചാര്‍ച്ചക്കാരുടെ ഇടയില്‍ നിന്നുതന്നെ എന്‍റെ മകനു ഭാര്യയെ നീ കണ്ടെത്തും. എന്നാല്‍ നീ എന്‍റെ ചാര്‍ച്ചക്കാരുടെ അടുക്കല്‍ ചെല്ലുകയും, അവര്‍ അവളെ നിന്‍റെകൂടെ അയയ്‍ക്കാതിരിക്കുകയും ചെയ്താല്‍ നിന്‍റെ പ്രതിജ്ഞയില്‍നിന്നു നീ വിമുക്തനായിരിക്കും.’ ഞാന്‍ നീരുറവയുടെ അടുക്കല്‍ എത്തിയപ്പോള്‍ ഇങ്ങനെ പ്രാര്‍ഥിച്ചു: “എന്‍റെ യജമാനനായ അബ്രഹാമിന്‍റെ ദൈവമായ സര്‍വേശ്വരാ, എന്‍റെ ദൗത്യം അങ്ങ് സഫലമാക്കുന്നെങ്കില്‍’ ഞാന്‍ ഈ നീരുറവയ്‍ക്കരികില്‍ നില്‌ക്കുമ്പോള്‍ ഇവിടെ വെള്ളം കോരാന്‍ ഒരു പെണ്‍കുട്ടി വരികയും, അവളോട് ‘എനിക്കു കുടിക്കാന്‍ നിന്‍റെ കുടത്തില്‍നിന്ന് അല്പം വെള്ളം തന്നാലും’ എന്നു ഞാന്‍ ചോദിക്കുകയും ചെയ്യുമ്പോള്‍ ‘അങ്ങേക്കു മാത്രമല്ല, അങ്ങയുടെ ഒട്ടകങ്ങള്‍ക്കും ഞാന്‍ വെള്ളം കോരിത്തരാം’ എന്ന് അവള്‍ മറുപടി പറയുകയും ചെയ്യുന്നെങ്കില്‍ എന്‍റെ യജമാനന്‍റെ പുത്രനുവേണ്ടി സര്‍വേശ്വരന്‍ നിശ്ചയിച്ചിരിക്കുന്ന ഭാര്യ അവളായിരിക്കട്ടെ.’ എന്‍റെ പ്രാര്‍ഥന തീരുന്നതിനു മുമ്പുതന്നെ റിബേക്കാ ചുമലില്‍ കുടവുമായി വരുന്നതു ഞാന്‍ കണ്ടു; അവള്‍ നീരുറവയില്‍നിന്നു വെള്ളം കൊണ്ടുവന്നപ്പോള്‍ ‘എനിക്കു കുടിക്കാന്‍ അല്പം വെള്ളം തരുമോ’ എന്നു ചോദിച്ചു. അവള്‍ ഉടന്‍തന്നെ പാത്രം ഇറക്കിവച്ചിട്ട്, ‘കുടിച്ചാലും, ഒട്ടകങ്ങള്‍ക്കും ഞാന്‍ വെള്ളം കോരിത്തരാം’ എന്നു പറഞ്ഞു. ഞാന്‍ കുടിച്ചു; ഒട്ടകങ്ങള്‍ക്കും കുടിക്കാന്‍ കൊടുത്തു. അതിനുശേഷം, ‘നീ ആരുടെ മകളാണ്’ എന്നു ഞാന്‍ ചോദിച്ചു. ‘ഞാന്‍ നാഹോരിന്‍റെയും മില്‍ക്കായുടെയും പുത്രനായ ബെഥൂവേലിന്‍റെ മകളാണ്’ എന്നവള്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ മൂക്കുത്തിയും വളകളും അവളെ ധരിപ്പിച്ചു. ഞാന്‍ തലകുനിച്ചു സര്‍വേശ്വരനെ നമിച്ചു. എന്‍റെ യജമാനന്‍റെ മകനു ചാര്‍ച്ചക്കാരുടെ ഇടയില്‍നിന്നു തന്നെ ഭാര്യയെ കണ്ടുപിടിക്കാന്‍ ഇടവരുത്തിയ എന്‍റെ യജമാനന്‍റെ ദൈവമായ സര്‍വേശ്വരനെ സ്തുതിക്കുകയും ചെയ്തു. എന്‍റെ യജമാനനോടു നിങ്ങള്‍ കൂറും വിശ്വസ്തതയും പുലര്‍ത്തുന്നെങ്കില്‍ ആ വിവരം പറയുക; അല്ലെങ്കില്‍ മറ്റുവഴി നോക്കണമല്ലോ.” “ഇതു സര്‍വേശ്വരന്‍റെ ഇഷ്ടമാണല്ലോ; ഞങ്ങള്‍ ഇതിനെപ്പറ്റി മറ്റെന്താണു പറയുക എന്നു ലാബാനും ബെഥൂവേലും ഉത്തരം പറഞ്ഞു. അവര്‍ തുടര്‍ന്നു: “റിബേക്കാ ഇതാ നിന്‍റെ മുമ്പില്‍ നില്‌ക്കുന്നു. അവളെ കൂട്ടിക്കൊണ്ടു പൊയ്‍ക്കൊള്ളുക. സര്‍വേശ്വരന്‍ കല്പിച്ചതുപോലെ അവള്‍ നിന്‍റെ യജമാനന്‍റെ മകനു ഭാര്യയായിത്തീരട്ടെ.” അവര്‍ പറഞ്ഞതു കേട്ട് അബ്രഹാമിന്‍റെ ദാസന്‍ സാഷ്ടാംഗം വീണു സര്‍വേശ്വരനെ വന്ദിച്ചു. വെള്ളിയും സ്വര്‍ണവുംകൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളും അയാള്‍ റിബേക്കായ്‍ക്കു കൊടുത്തു. കൂടാതെ അവളുടെ സഹോദരനും അമ്മയ്‍ക്കും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‌കി. അയാളും കൂടെയുള്ളവരും ഭക്ഷണം കഴിച്ചശേഷം അവിടെ രാപാര്‍ത്തു. രാവിലെ എഴുന്നേറ്റ് അയാള്‍ പറഞ്ഞു: “എന്നെ യജമാനന്‍റെ അടുക്കലേക്കു പോകാന്‍ അനുവദിച്ചാലും.” “ഒരു പത്തു ദിവസമെങ്കിലും പെണ്‍കുട്ടി ഇവിടെ ഞങ്ങളുടെകൂടെ നില്‌ക്കട്ടെ; അതിനുശേഷം അവള്‍ പൊയ്‍ക്കൊള്ളട്ടെ” എന്ന് അവളുടെ അമ്മയും സഹോദരനും പറഞ്ഞു. അപ്പോള്‍ ദാസന്‍ പറഞ്ഞു: “സര്‍വേശ്വരന്‍ എന്‍റെ ശ്രമം സഫലമാക്കിയിരിക്കുന്നുവല്ലോ; ഇനിയും എന്നെ താമസിപ്പിക്കരുതേ, യജമാനന്‍റെ അടുക്കലേക്കു പോകാന്‍ എന്നെ അനുവദിച്ചാലും.” അവര്‍ പറഞ്ഞു: “നമുക്കു പെണ്‍കുട്ടിയെ വിളിച്ചു ചോദിക്കാം.” അവര്‍ റിബേക്കായെ വിളിച്ചു ചോദിച്ചു: “ഈ ആളിന്‍റെകൂടെ പോകുന്നുവോ?” “പോകുന്നു” എന്ന് അവള്‍ മറുപടി പറഞ്ഞു. അങ്ങനെ അവര്‍ റിബേക്കായെ അവളുടെ പരിചാരികയോടൊപ്പം അബ്രഹാമിന്‍റെ ദാസന്‍റെയും അനുയായികളുടെയുംകൂടെ യാത്രയാക്കി. തത്സമയം അവര്‍ റിബേക്കായെ അനുഗ്രഹിച്ച് ഇപ്രകാരം പറഞ്ഞു: “സഹോദരീ, നീ ആയിരങ്ങളുടെയും പതിനായിരങ്ങളുടെയും മാതാവായിത്തീരട്ടെ; നിന്‍റെ സന്താനപരമ്പരകള്‍ ശത്രുക്കളുടെ പട്ടണവാതിലുകള്‍ കൈവശപ്പെടുത്തട്ടെ.” പിന്നെ റിബേക്കായും ദാസിമാരും ഒട്ടകപ്പുറത്തു കയറി ആ മനുഷ്യനെ അനുഗമിച്ചു; അങ്ങനെ അബ്രഹാമിന്‍റെ ദാസന്‍ റിബേക്കായെ കൂട്ടിക്കൊണ്ടു യാത്രയായി. ഇസ്ഹാക്ക് ആ ഇടയ്‍ക്ക് ബേര്‍-ലഹയീരോയീയില്‍നിന്നു വന്നു നെഗെബില്‍ താമസിച്ചു. ഒരു സന്ധ്യാസമയത്ത് ഇസ്ഹാക്ക് ചിന്താമഗ്നനായി വിജനസ്ഥലത്ത് ഇരിക്കുകയായിരുന്നു. അയാള്‍ നോക്കിയപ്പോള്‍ ഒട്ടകങ്ങള്‍ വരുന്നതു കണ്ടു. റിബേക്കായും ഇസ്ഹാക്കിനെ കണ്ടു, ഉടനെ അവള്‍ ഒട്ടകപ്പുറത്തുനിന്നു ഇറങ്ങി: “നമുക്ക് അഭിമുഖമായി വരുന്ന ആ മനുഷ്യന്‍ ആരാണ്” എന്നു ദാസനോടു ചോദിച്ചു. “അതാണ് എന്‍റെ യജമാനന്‍” എന്ന് അയാള്‍ പ്രതിവചിച്ചു. അപ്പോള്‍ അവള്‍ മൂടുപടമെടുത്തു മുഖം മൂടി. താന്‍ ചെയ്തതെല്ലാം ദാസന്‍ ഇസ്ഹാക്കിനോടു വിവരിച്ചു. ഇസ്ഹാക്ക് അവളെ തന്‍റെ അമ്മ സാറായുടെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അയാള്‍ അവളെ തന്‍റെ ഭാര്യയായി സ്വീകരിച്ചു; അയാള്‍ അവളെ സ്നേഹിച്ചു. അമ്മ മരിച്ച ദുഃഖത്തിന് അങ്ങനെ ഇസ്ഹാക്കിന് ആശ്വാസം ലഭിച്ചു. അബ്രഹാം കെതൂറാ എന്ന മറ്റൊരു സ്‍ത്രീയെ ഭാര്യയായി സ്വീകരിച്ചു. അവള്‍ സിമ്രാന്‍, യൊക്ശാന്‍, മെദാന്‍, മിദ്യാന്‍, ഇശ്ബാക്ക്, ശൂവാഹ് എന്നിവരെ പ്രസവിച്ചു. യൊക്ശാന്‍റെ മക്കളായിരുന്നു ശെബയും ദെദാനും. ദെദാന്‍റെ പുത്രന്മാരായിരുന്നു അശ്ശൂരിം, ലെത്തൂശിം, ലെ-ഉമ്മിം എന്നിവര്‍. മിദ്യാന്‍റെ മക്കളായിരുന്നു ഏഫാ, ഏഫര്‍, ഹനോക്ക്, അബിദ, എല്‍ദാ എന്നിവര്‍. ഇവരെല്ലാം കെതൂറായുടെ സന്താനപരമ്പരയില്‍ ഉള്‍പ്പെടുന്നു. അബ്രഹാം തനിക്കുണ്ടായിരുന്നതെല്ലാം ഇസ്ഹാക്കിനു കൊടുത്തു. ഉപഭാര്യമാരില്‍ ജനിച്ച മക്കള്‍ക്കും തന്‍റെ ജീവിതകാലത്തുതന്നെ സമ്മാനങ്ങള്‍ നല്‌കി. അബ്രഹാം ജീവിച്ചിരിക്കുമ്പോള്‍തന്നെ അവരെ പുത്രനായ ഇസ്ഹാക്കിന്‍റെ അടുക്കല്‍ നിന്നകറ്റി കിഴക്ക് ഒരു സ്ഥലത്ത് പറഞ്ഞയച്ചു. [7,8] നൂറ്റിഎഴുപത്തിയഞ്ചാമത്തെ വയസ്സില്‍ തികഞ്ഞ വാര്‍ധക്യത്തില്‍ അബ്രഹാം ചരമമടഞ്ഞു, പിതാക്കന്മാരോടു ചേര്‍ന്നു. *** പുത്രന്മാരായ ഇസ്ഹാക്കും ഇശ്മായേലുംകൂടി മമ്രെക്കു കിഴക്കു ഹിത്യനായ സോഹരിന്‍റെ മകന്‍ എഫ്രോന്‍റെ നിലത്തിലുള്ള മക്പേലാ ഗുഹയില്‍ അദ്ദേഹത്തെ സംസ്കരിച്ചു. അത് ഹിത്യരില്‍നിന്ന് അബ്രഹാം വിലയ്‍ക്കു വാങ്ങിയതായിരുന്നു. അവിടെ സാറായെ സംസ്കരിച്ചിടത്തു തന്നെ അബ്രഹാമിനെയും സംസ്കരിച്ചു. അബ്രഹാമിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ പുത്രനായ ഇസ്ഹാക്കിനെ ദൈവം അനുഗ്രഹിച്ചു. ഇസ്ഹാക്ക് ബേര്‍ - ലഹയീ-രോയീയിലാണ് അപ്പോള്‍ പാര്‍ത്തിരുന്നത്. ഈജിപ്തുകാരിയും സാറായുടെ ദാസിയുമായിരുന്ന ഹാഗാറില്‍ അബ്രഹാമിനു ജനിച്ച ഇശ്മായേലിന്‍റെ പിന്‍തലമുറക്കാര്‍ ഇവരായിരുന്നു. ഇശ്മായേലിന്‍റെ പുത്രന്മാര്‍: ആദ്യജാതന്‍ നെബായോത്ത്, മറ്റുള്ളവര്‍: കേദാര്‍, അദ്ബയേല്‍, മിബ്ശാം, മിശ്മ, ദൂമാ, മശ്ശ, ഹദാദ്, തേമ, യതൂര്‍, നാഫിശ്, കേദെമാ. പന്ത്രണ്ടു ഗോത്രങ്ങളുടെ നായകന്മാര്‍ ഇവരാണ്. അവര്‍ പാര്‍ത്തിരുന്ന സ്ഥലങ്ങളും ഗ്രാമങ്ങളും ഈ പേരുകളില്‍തന്നെ അറിയപ്പെട്ടിരുന്നു. ഇശ്മായേല്‍ നൂറ്റിമുപ്പത്തി ഏഴാമത്തെ വയസ്സില്‍ മരിച്ചു പൂര്‍വ്വികന്മാരോടു ചേര്‍ന്നു. ഹവീലാമുതല്‍ ഈജിപ്തിനു കിഴക്ക് അശ്ശൂരിലേക്കുള്ള വഴിയില്‍ ശൂര്‍വരെ ഇശ്മായേലിന്‍റെ പുത്രന്മാര്‍ കുടിയേറിപ്പാര്‍ത്തു. അവര്‍ ചാര്‍ച്ചക്കാരില്‍നിന്ന് അകന്നായിരുന്നു വസിച്ചത്. അബ്രഹാമിന്‍റെ പുത്രനായ ഇസ്ഹാക്കിന്‍റെ വംശപാരമ്പര്യം. പദ്ദന്‍-അരാമിലെ ബെഥൂവേലിന്‍റെ പുത്രിയും ലാബാന്‍റെ സഹോദരിയുമായ റിബേക്കായെ വിവാഹം ചെയ്യുമ്പോള്‍ ഇസ്ഹാക്കിനു നാല്പതു വയസ്സായിരുന്നു. അവര്‍ അരാമ്യരായിരുന്നു. തന്‍റെ ഭാര്യ വന്ധ്യ ആയതിനാല്‍ ഇസ്ഹാക്ക് അവള്‍ക്കുവേണ്ടി സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു. അവിടുന്നു പ്രാര്‍ഥന കേട്ടു; അവള്‍ ഗര്‍ഭിണിയായി. പ്രസവത്തിനു മുമ്പ് ഗര്‍ഭസ്ഥശിശുക്കള്‍ തമ്മില്‍ മല്ലിട്ടപ്പോള്‍ അവള്‍ സ്വയം പറഞ്ഞു: “ഇങ്ങനെയെങ്കില്‍ ഞാന്‍ എന്തിനു ജീവിക്കുന്നു?” അവള്‍ സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “നിന്‍റെ ഉദരത്തില്‍ രണ്ടു ജനതകളാണ് ഉള്ളത്. അന്യോന്യം മത്സരിക്കുന്ന രണ്ടു ജനതകള്‍ക്കു നീ ജന്മം നല്‌കും. ഒരു വംശം മറ്റേതിനെക്കാള്‍ ശക്തമായിരിക്കും; ജ്യേഷ്ഠന്‍ അനുജനെ സേവിക്കും.” റിബേക്കായ്‍ക്ക് പ്രസവകാലം തികഞ്ഞു. അവളുടെ ഗര്‍ഭപാത്രത്തില്‍ രണ്ടു കുട്ടികള്‍ ഉണ്ടായിരുന്നു. ആദ്യജാതന്‍ ചുവന്ന നിറമുള്ളവനും അവന്‍റെ ശരീരം രോമാവൃതവും ആയിരുന്നു. അതുകൊണ്ട് അവനെ ഏശാവ് എന്നു വിളിച്ചു. പിന്നീട് അവന്‍റെ സഹോദരന്‍ പുറത്തുവന്നു; അവന്‍ ഏശാവിന്‍റെ കുതികാലില്‍ പിടിച്ചിരുന്നു; അതുകൊണ്ട് യാക്കോബ് എന്നു പേരിട്ടു. അവര്‍ ജനിച്ചപ്പോള്‍ ഇസ്ഹാക്കിന് അറുപതു വയസ്സായിരുന്നു. കുട്ടികള്‍ വളര്‍ന്നു; ഏശാവ് സമര്‍ഥനായ വേട്ടക്കാരനായി; വെളിമ്പ്രദേശങ്ങളില്‍ താമസിക്കാന്‍ അവന്‍ ഇഷ്ടപ്പെട്ടു. എന്നാല്‍ ശാന്തശീലനായിരുന്നു യാക്കോബ്; കൂടാരത്തില്‍ കഴിയാനാണ് അവന്‍ ആഗ്രഹിച്ചത്. ഏശാവു കൊണ്ടുവന്നിരുന്ന വേട്ടയിറച്ചി ഇസ്ഹാക്കിന് ഇഷ്ടമായിരുന്നു. അതുകൊണ്ട് ഏശാവിനെ കൂടുതല്‍ സ്നേഹിച്ചു. എന്നാല്‍ റിബേക്കായ്‍ക്ക് യാക്കോബിനോടായിരുന്നു കൂടുതല്‍ സ്നേഹം. ഒരിക്കല്‍ യാക്കോബ് പായസം പാകം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഏശാവ് വെളിമ്പ്രദേശത്തുനിന്നു വന്നു; ഏശാവ് യാക്കോബിനോടു പറഞ്ഞു: “ഞാന്‍ വളരെ ക്ഷീണിച്ചിരിക്കുന്നു. ഈ ചുവന്ന പായസത്തില്‍ കുറെ എനിക്കു തരാമോ?” അതുകൊണ്ട് അവന് എദോം എന്നു പേരുണ്ടായി. യാക്കോബു പറഞ്ഞു: “ആദ്യം നിന്‍റെ ജ്യേഷ്ഠാവകാശം എനിക്കു വില്‍ക്കുക.” ഏശാവ് മറുപടി പറഞ്ഞു: “വിശന്നു മരിക്കാറായ എനിക്ക് ഈ ജ്യേഷ്ഠാവകാശംകൊണ്ട് എന്തു പ്രയോജനം?” യാക്കോബു പറഞ്ഞു: “ആദ്യമേ എന്നോടു സത്യംചെയ്യുക” ഏശാവ് സത്യം ചെയ്ത് തന്‍റെ ജ്യേഷ്ഠാവകാശം യാക്കോബിനു വിറ്റു. അപ്പോള്‍ യാക്കോബു കുറെ അപ്പവും പയറുപായസവും ഏശാവിനു കൊടുത്തു. ഏശാവ് വിശപ്പടക്കി സ്ഥലം വിട്ടു. ജ്യേഷ്ഠാവകാശത്തെ അത്ര നിസ്സാരമായി മാത്രമേ ഏശാവ് ഗണിച്ചുള്ളൂ. അബ്രഹാമിന്‍റെ കാലത്തുണ്ടായതുപോലെ ഒരു ക്ഷാമം വീണ്ടും ആ ദേശത്തുണ്ടായി. അപ്പോള്‍ ഇസ്ഹാക്ക് ഗെരാറില്‍ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്‍റെ അടുക്കല്‍ ചെന്നു. സര്‍വേശ്വരന്‍ ഇസ്ഹാക്കിനു പ്രത്യക്ഷനായിട്ടു പറഞ്ഞു: “ഈജിപ്തിലേക്കു നീ പോകരുത്; ഞാന്‍ കല്പിക്കുന്ന ദേശത്തുതന്നെ നീ പാര്‍ക്കണം. ഈ ദേശത്തുതന്നെ നീ പാര്‍ക്കുക; ഞാന്‍ നിന്‍റെ കൂടെയുണ്ട്; നിന്നെ ഞാന്‍ അനുഗ്രഹിക്കും; ഈ ദേശമെല്ലാം നിനക്കും നിന്‍റെ സന്തതികള്‍ക്കുമായി ഞാന്‍ നല്‌കും; നിന്‍റെ പിതാവായ അബ്രഹാമിനോടു ചെയ്തിരുന്ന വാഗ്ദാനം ഞാന്‍ നിറവേറ്റും. അബ്രഹാം എന്‍റെ വാക്കു കേട്ടു; എന്‍റെ നിയോഗവും കല്പനകളും പ്രമാണങ്ങളും നിയമങ്ങളും അനുസരിക്കുകയും ചെയ്തു. അതുകൊണ്ട് ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ അസംഖ്യം സന്തതികളെ ഞാന്‍ നിനക്കു നല്‌കും; ഈ ദേശമെല്ലാം നിന്‍റെ സന്തതികള്‍ക്കു നല്‌കും; അവര്‍ മുഖേന ഭൂമിയിലെ സകല ജനതകളും അനുഗ്രഹിക്കപ്പെടും.” ഇസ്ഹാക്ക് ഗെരാറില്‍തന്നെ പാര്‍ത്തു. ആ ദേശത്തുള്ള ജനങ്ങള്‍ തന്‍റെ ഭാര്യയെപ്പറ്റി അന്വേഷിച്ചപ്പോള്‍ “അവള്‍ എന്‍റെ സഹോദരി” എന്നാണ് ഇസ്ഹാക്ക് പറഞ്ഞത്. റിബേക്കാ സുന്ദരി ആയിരുന്നതിനാല്‍ അവള്‍ നിമിത്തം അവിടെയുള്ള ജനങ്ങള്‍ തന്നെ കൊല്ലുമെന്ന് ഇസ്ഹാക്കു ഭയന്നു. അദ്ദേഹം അവിടെ പാര്‍പ്പുറപ്പിച്ചു. ഏറെനാള്‍ കഴിഞ്ഞ് ഒരു ദിവസം ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്ക് കൊട്ടാരത്തിന്‍റെ ജാലകത്തിലൂടെ നോക്കിയപ്പോള്‍ ഇസ്ഹാക്ക് റിബേക്കായുമായി രമിക്കുന്നതു കണ്ടു. അബീമേലെക്ക് ഇസ്ഹാക്കിനെ വിളിച്ചു ചോദിച്ചു: “അവള്‍ നിന്‍റെ ഭാര്യയല്ലേ? പിന്നെ എന്തുകൊണ്ട് അവള്‍ നിന്‍റെ സഹോദരിയാണെന്ന് എന്നോടു പറഞ്ഞു?” ഇസ്ഹാക്കു പറഞ്ഞു: “അവള്‍ നിമിത്തം മരിക്കേണ്ടിവരുമോ എന്നു ഭയന്നാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.” “നീ ഞങ്ങളോട് എന്താണ് ഈ ചെയ്തത്? ജനങ്ങളില്‍ ആരെങ്കിലും അവളോടൊത്തു ശയിക്കുകയും ഞങ്ങളുടെമേല്‍ കുറ്റം വരുകയും ചെയ്യുമായിരുന്നല്ലോ.” അതിനുശേഷം, അബീമേലെക്ക് എല്ലാ ജനങ്ങള്‍ക്കും മുന്നറിയിപ്പു നല്‌കി: “ഈ മനുഷ്യനോടോ അവന്‍റെ ഭാര്യയോടോ അപമര്യാദയായി പെരുമാറുന്നവന്‍ വധിക്കപ്പെടും.” ഇസ്ഹാക്ക് ആ ദേശത്തു കൃഷി തുടങ്ങുകയും ആ വര്‍ഷം തന്നെ നൂറുമേനി വിളവു നേടുകയും ചെയ്തു. സര്‍വേശ്വരന്‍ ഇസ്ഹാക്കിനെ അനുഗ്രഹിച്ചു. സമ്പത്തു ക്രമേണ വര്‍ധിച്ച് അദ്ദേഹം വലിയ ധനികനായിത്തീര്‍ന്നു. അദ്ദേഹം അനവധി ആടുമാടുകളുടെയും ദാസീദാസന്മാരുടെയും ഉടമയായി. അതിനാല്‍ ഫെലിസ്ത്യര്‍ക്ക് ഇസ്ഹാക്കിനോട് അസൂയ തോന്നി; അയാളുടെ പിതാവായ അബ്രഹാമിന്‍റെ ദാസന്മാര്‍ കുഴിച്ച കിണറുകളെല്ലാം അവര്‍ മൂടിക്കളഞ്ഞു. “നീ ഞങ്ങളെക്കാള്‍ പ്രബലനായിത്തീര്‍ന്നിരിക്കുന്നതുകൊണ്ടു ഞങ്ങളുടെ നാടു വിട്ടുപോകണം” എന്നു അബീമേലെക്ക് ഇസ്ഹാക്കിനോടു കല്പിച്ചു. ഇസ്ഹാക്ക് അവിടംവിട്ടു ഗെരാര്‍താഴ്വരയില്‍ ചെന്നു കൂടാരമടിച്ചു കുറെനാള്‍ അവിടെ പാര്‍ത്തു. തന്‍റെ പിതാവായ അബ്രഹാമിന്‍റെ കാലത്തു കുഴിപ്പിച്ചിരുന്നതും പില്‌ക്കാലത്ത് അദ്ദേഹത്തിന്‍റെ മരണശേഷം ഫെലിസ്ത്യര്‍ മൂടിക്കളഞ്ഞതുമായ കിണറുകള്‍ ഇസ്ഹാക്ക് വീണ്ടും കുഴിപ്പിച്ചു. അവയ്‍ക്ക് അബ്രഹാം നല്‌കിയിരുന്ന പേരുകള്‍ തന്നെ വീണ്ടും നല്‌കി. ഇസ്ഹാക്കിന്‍റെ ഭൃത്യന്മാര്‍ താഴ്വരയില്‍ ഒരു കിണര്‍ കുഴിച്ചു. അതില്‍ കുതിച്ചുയരുന്ന നീരുറവ കണ്ടു. അതിന്‍റെ അവകാശത്തെപ്പറ്റി ഗെരാറിലെ ഇടയന്മാരും ഇസ്ഹാക്കിന്‍റെ ഇടയന്മാരും തമ്മില്‍ തര്‍ക്കമുണ്ടായതുകൊണ്ട് ഇസ്ഹാക്ക് ആ കിണറിനു ‘ ഏശെക്ക്’ എന്നു പേരിട്ടു. ഇസ്ഹാക്കിന്‍റെ ഭൃത്യന്മാര്‍ മറ്റൊരു കിണര്‍ കുഴിച്ചു; അതിനെപ്പറ്റിയും തര്‍ക്കമുണ്ടായതുകൊണ്ട് അതിനെ സിത്നാ എന്നു പേരു വിളിച്ചു. ഇസ്ഹാക്ക് അവിടെനിന്നു മാറി വേറൊരു കിണര്‍ കുഴിപ്പിച്ചു. അതിനെക്കുറിച്ചു തര്‍ക്കമൊന്നുമുണ്ടായില്ല. “സര്‍വേശ്വരന്‍ നമുക്ക് ഇടം നല്‌കിയിരിക്കുന്നു; ഇവിടെ നാം അഭിവൃദ്ധി പ്രാപിക്കും” എന്നു പറഞ്ഞ് ആ കിണറിന് രെഹോബോത്ത് എന്നു പേരിട്ടു. ഇസ്ഹാക്ക് അവിടെനിന്നു ബേര്‍-ശേബയിലേക്കുപോയി. ആ രാത്രിയില്‍ സര്‍വേശ്വരന്‍ ഇസ്ഹാക്കിനു പ്രത്യക്ഷനായി അരുളിച്ചെയ്തു: “ഞാന്‍ നിന്‍റെ പിതാവായ അബ്രഹാമിന്‍റെ ദൈവമാകുന്നു; ഞാന്‍ നിന്‍റെകൂടെ ഉള്ളതുകൊണ്ട് നീ ഭയപ്പെടേണ്ടാ. അബ്രഹാം നിമിത്തം ഞാന്‍ നിന്നെ അനുഗ്രഹിച്ച് നിന്‍റെ സന്തതിയെ ഒരു വലിയ ജനതയാക്കും.” ഇസ്ഹാക്ക് അവിടെ ഒരു യാഗപീഠം പണിത് സര്‍വേശ്വരന്‍റെ നാമത്തില്‍ ആരാധിച്ചു. അവിടെ അദ്ദേഹം കൂടാരമടിച്ചു. അദ്ദേഹത്തിന്‍റെ ഭൃത്യന്മാര്‍ അവിടെ ഒരു കിണര്‍ കുഴിച്ചു. ഇതിനിടയ്‍ക്ക് അബീമേലെക്ക്, സ്വന്തം ഉപദേശകനായ അഹൂസത്ത്, സൈന്യാധിപനായ ഫീക്കോല്‍ എന്നിവരോടുകൂടി ഇസ്ഹാക്കിനെ സന്ദര്‍ശിച്ചു. “എന്നെ വെറുക്കുകയും നിങ്ങളുടെ നാട്ടില്‍നിന്ന് ഓടിച്ചുകളയുകയും ചെയ്ത നിങ്ങള്‍ എന്തിന് എന്‍റെ അടുക്കല്‍ വന്നിരിക്കുന്നു” എന്ന് ഇസ്ഹാക്ക് ചോദിച്ചു. അവര്‍ പറഞ്ഞു: “സര്‍വേശ്വരന്‍ അങ്ങയുടെ കൂടെയുണ്ട് എന്നു ഞങ്ങള്‍ക്കു വ്യക്തമായിരിക്കുന്നു. അതിനാല്‍ നാം തമ്മില്‍ പ്രതിജ്ഞ ചെയ്യാം; നമുക്ക് ഒരു ഉടമ്പടി ഉണ്ടാക്കാം. ഞങ്ങള്‍ അങ്ങയെ ഉപദ്രവിച്ചില്ല; നന്മയേ ചെയ്തുള്ളൂ. അങ്ങയെ സമാധാനപൂര്‍വം പോകാന്‍ അനുവദിക്കുകയും ചെയ്തു. അതുപോലെതന്നെ അങ്ങ് ഞങ്ങളോടും പെരുമാറുക. ഇപ്പോള്‍ അങ്ങ് സര്‍വേശ്വരനാല്‍ അനുഗൃഹീതനാണ്.” ഇസ്ഹാക്ക് അവര്‍ക്കുവേണ്ടി ഒരു വിരുന്നൊരുക്കി, അവര്‍ ഭക്ഷിച്ചു പാനം ചെയ്തു. പിറ്റേദിവസം അതിരാവിലെ അവര്‍ എഴുന്നേറ്റ് പരസ്പരം പ്രതിജ്ഞ ചെയ്തു. അതിനുശേഷം ഇസ്ഹാക്ക് അവരെ യാത്രയാക്കി. അവര്‍ സമാധാനത്തോടെ പോകുകയും ചെയ്തു. അന്നുതന്നെ ഇസ്ഹാക്കിന്‍റെ ഭൃത്യന്മാര്‍, തങ്ങള്‍ കുഴിച്ച കിണറ്റില്‍ വെള്ളം കണ്ട വിവരം ഇസ്ഹാക്കിനെ അറിയിച്ചു. അദ്ദേഹം അതിനു ശീബാ എന്നു പേരിട്ടു. അതുകൊണ്ട് ആ പട്ടണത്തിനു ബേര്‍-ശേബാ എന്നു പേരായി. നാല്പതാമത്തെ വയസ്സില്‍ ഏശാവ് ഹിത്യനായ ബേരിയുടെ മകള്‍ യെഹൂദിത്തിനെയും ഹിത്യനായ ഏലോന്‍റെ മകള്‍ ബാസമത്തിനെയും ഭാര്യമാരായി സ്വീകരിച്ചു. അവര്‍ ഇസ്ഹാക്കിന്‍റെയും റിബേക്കായുടെയും ജീവിതം ദുരിതപൂര്‍ണമാക്കി. ഇസ്ഹാക്ക് വൃദ്ധനായി, കാഴ്ചമങ്ങി. ഒരു ദിവസം മൂത്തമകനായ ഏശാവിനെ, “എന്‍റെ മകനേ” എന്നു വിളിച്ചു. “ഇതാ ഞാന്‍ ഇവിടെയുണ്ട്;” ഏശാവ് വിളി കേട്ടു. ഇസ്ഹാക്ക് പറഞ്ഞു: “നോക്കൂ, ഞാന്‍ വൃദ്ധനായി; എപ്പോള്‍ മരിക്കുമെന്നു ഞാന്‍ അറിയുന്നില്ല. നിന്‍റെ അമ്പും വില്ലുമെടുത്തു കാട്ടില്‍ പോയി എനിക്കുവേണ്ടി ഏതെങ്കിലും മൃഗത്തെ ഉടനെതന്നെ വേട്ടയാടുക. വേട്ടയിറച്ചികൊണ്ട് എനിക്ക് ഇഷ്ടപ്പെട്ട രുചികരമായ ഭക്ഷണം ഉണ്ടാക്കിക്കൊണ്ടുവരിക. മരിക്കുംമുമ്പ് അതു ഭക്ഷിച്ച് ഞാന്‍ നിന്നെ അനുഗ്രഹിക്കട്ടെ. “ഇസ്ഹാക്കും ഏശാവും തമ്മിലുള്ള സംഭാഷണം റിബേക്കാ കേട്ടു. ഏശാവ് വേട്ടയ്‍ക്കായി പോയപ്പോള്‍ അവള്‍ യാക്കോബിനോടു പറഞ്ഞു: “നീ വേട്ടയ്‍ക്കു പോയി രുചിയുള്ള ഭക്ഷണം പാകം ചെയ്തുതരിക. ഞാന്‍ മരിക്കുംമുമ്പ് അതു ഭക്ഷിച്ചു സര്‍വേശ്വരന്‍റെ സന്നിധിയില്‍ നിന്നെ അനുഗ്രഹിക്കട്ടെ” എന്നു നിന്‍റെ പിതാവ് നിന്‍റെ സഹോദരനോടു പറയുന്നതു ഞാന്‍ കേട്ടു. അതുകൊണ്ട് എന്‍റെ മകനേ, ഞാന്‍ പറയുന്നതു നീ അനുസരിക്കുക. ആട്ടിന്‍കൂട്ടത്തില്‍നിന്നു നല്ല രണ്ട് ആട്ടിന്‍കുട്ടികളെ പിടിച്ചു കൊണ്ടുവരിക. നിന്‍റെ പിതാവ് ഇഷ്ടപ്പെടുന്ന വിധത്തില്‍ ഞാന്‍ അതു പാകം ചെയ്തുതരാം. അതു നീ പിതാവിനു കൊണ്ടുചെന്നു കൊടുക്കണം. അങ്ങനെ അപ്പന്‍ മരിക്കുന്നതിനുമുമ്പ് നിന്നെ അനുഗ്രഹിക്കട്ടെ.” യാക്കോബ് അമ്മയോടു പറഞ്ഞു: “എന്‍റെ സഹോദരനായ ഏശാവിന്‍റെ ദേഹം മുഴുവന്‍ രോമമുണ്ടല്ലോ. എന്‍റെ ദേഹമാകട്ടെ മിനുസ്സമുള്ളതും. ഒരുവേള പിതാവ് എന്നെ തൊട്ടുനോക്കിയാലോ? അപ്പോള്‍ ഞാന്‍ ചതിയനാണെന്നു വരും. അങ്ങനെ അനുഗ്രഹത്തിനു പകരം ശാപമായിരിക്കും എനിക്കു ലഭിക്കുക.” അമ്മ പറഞ്ഞു: “മകനേ, ആ ശാപം ഞാന്‍ ഏറ്റുകൊള്ളാം. ഞാന്‍ പറയുന്നതു നീ കേള്‍ക്കൂ. നീ പോയി ആട്ടിന്‍കുട്ടികളെ കൊണ്ടുവരിക.” അങ്ങനെ യാക്കോബ് ചെന്ന് ആട്ടിന്‍കുട്ടികളെ പിടിച്ചുകൊണ്ടുവന്ന് അമ്മയെ ഏല്പിച്ചു; പിതാവിന് ഇഷ്ടപ്പെട്ട രുചികരമായ ഭക്ഷണം അമ്മ തയ്യാറാക്കി. പിന്നെ റിബേക്കാ ഏശാവിന്‍റെ വകയായി താന്‍ സൂക്ഷിച്ചിരുന്ന ഏറ്റവും വിശേഷപ്പെട്ട വസ്ത്രങ്ങളെടുത്ത് യാക്കോബിനെ ധരിപ്പിച്ചു. ആട്ടിന്‍ തോലുകൊണ്ട് കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു. പിന്നീട് താന്‍ പാകം ചെയ്ത രുചികരമായ ഇറച്ചിയും അപ്പവും യാക്കോബിന്‍റെ കൈയില്‍ കൊടുത്തു. യാക്കോബ് പിതാവിന്‍റെ അടുക്കല്‍ ചെന്നു, “അപ്പാ” എന്നു വിളിച്ചു. പിതാവ് വിളി കേട്ടു. “മകനേ നീ ആരാണ്?” എന്നു ചോദിച്ചു. “ഞാന്‍ അങ്ങയുടെ മൂത്തമകന്‍ ഏശാവാണ്. അങ്ങു പറഞ്ഞതുപോലെ ഞാന്‍ വേട്ടയിറച്ചി തയ്യാറാക്കി കൊണ്ടുവന്നിരിക്കുന്നു. എഴുന്നേറ്റ് ഇതു ഭക്ഷിച്ച് എന്നെ അനുഗ്രഹിച്ചാലും” എന്നു യാക്കോബ് പറഞ്ഞു. “ഇത്രവേഗം നിനക്ക് എങ്ങനെ വേട്ടയിറച്ചി കിട്ടി?” എന്നു പിതാവ് അന്വേഷിച്ചു. “അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍ സഹായിച്ചു” എന്നു യാക്കോബു മറുപടി പറഞ്ഞു. ഇസ്ഹാക്ക് യാക്കോബിനോടു പറഞ്ഞു: “മകനേ, അടുത്തു വരൂ; നീ എന്‍റെ മൂത്തമകന്‍ ഏശാവു തന്നെയോ എന്നു ഞാന്‍ തൊട്ടുനോക്കട്ടെ.” യാക്കോബ് ഇസ്ഹാക്കിന്‍റെ സമീപത്തേക്കു ചെന്നു; അദ്ദേഹം അവനെ തപ്പിനോക്കിക്കൊണ്ടു പറഞ്ഞു: “ശബ്ദം യാക്കോബിന്‍റേതാണ്. എന്നാല്‍ കൈകള്‍ ഏശാവിന്‍റേതുപോലെ.” രോമത്തില്‍ പൊതിഞ്ഞ യാക്കോബിന്‍റെ കൈകള്‍ ഏശാവിന്‍റേതെന്നു കരുതി ഇസ്ഹാക്ക് അവനെ അനുഗ്രഹിക്കാന്‍ ഭാവിച്ചു. ഇസ്ഹാക്കു വീണ്ടും ചോദിച്ചു: “നീ എന്‍റെ മകന്‍ ഏശാവുതന്നെയോ?” “ഞാന്‍തന്നെ” എന്ന് യാക്കോബു പറഞ്ഞു. ഇസ്ഹാക്കു പറഞ്ഞു “നീ പാകം ചെയ്ത മാംസം കൊണ്ടുവരിക. അതു ഭക്ഷിച്ച ശേഷം ഞാന്‍ നിന്നെ അനുഗ്രഹിക്കാം.” യാക്കോബ് ഭക്ഷണം വിളമ്പിക്കൊടുത്തു, ഇസ്ഹാക്ക് ഭക്ഷിച്ചു. കുറെ വീഞ്ഞും പകര്‍ന്നുകൊടുത്തു. ഇസ്ഹാക്ക് അതും കുടിച്ചു. പിന്നീട് ഇസ്ഹാക്ക് അവനോട് “മകനേ, അടുത്തുവന്ന് എന്നെ ചുംബിക്കൂ” എന്നു പറഞ്ഞു. അവന്‍ പിതാവിനെ ചുംബിച്ചു. അവന്‍റെ വസ്ത്രത്തിന്‍റെ മണം അറിഞ്ഞശേഷം ഇസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു പറഞ്ഞു: “ഹാ, എന്‍റെ മകന്‍റെ മണം! അതു സര്‍വേശ്വരന്‍ അനുഗ്രഹിച്ച വയലിന്‍റെ മണംപോലെ തന്നെ. ദൈവം ആകാശത്തുനിന്നു മഞ്ഞുപൊഴിച്ച് നിന്‍റെ നിലത്തെ ഫലപുഷ്ടമാക്കട്ടെ; ധാന്യവും വീഞ്ഞും അവിടുന്നു നിനക്കു സമൃദ്ധമായി നല്‌കട്ടെ. ജനതകള്‍ നിന്നെ സേവിക്കും, രാജ്യങ്ങള്‍ നിന്നെ വണങ്ങും, നിന്‍റെ സ്വന്തക്കാര്‍ക്കു നീ യജമാനനാകും. നിന്‍റെ അമ്മയുടെ തന്നെ മക്കള്‍ നിന്‍റെ മുമ്പില്‍ കുമ്പിടും; നിന്നെ ശപിക്കുന്നവരെല്ലാം ശപിക്കപ്പെട്ടവരും; നിന്നെ അനുഗ്രഹിക്കുന്നവരെല്ലാം അനുഗൃഹീതരുമാകും.” ഇസ്ഹാക്കിന്‍റെ അനുഗ്രഹം വാങ്ങി യാക്കോബ് പുറത്തുകടന്നപ്പോള്‍ ഏശാവു വേട്ട കഴിഞ്ഞു മടങ്ങിയെത്തി. അയാളും രുചികരമായ വേട്ടയിറച്ചി പാകം ചെയ്ത് പിതാവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. ഏശാവു പറഞ്ഞു: “അപ്പാ, ഇതാ ഞാന്‍ കൊണ്ടുവന്നിരിക്കുന്ന വേട്ടയിറച്ചി ഭക്ഷിച്ച ശേഷം എന്നെ അനുഗ്രഹിച്ചാലും.” ഇസ്ഹാക്ക് അവനോട്: “നീ ആരാണ്” എന്നു ചോദിച്ചു. “ഞാന്‍ അങ്ങയുടെ ആദ്യജാതനായ ഏശാവ്” എന്ന് അവന്‍ പ്രതിവചിച്ചു. ഇസ്ഹാക്ക് നടുങ്ങിപ്പോയി. അദ്ദേഹം ചോദിച്ചു: “അപ്പോള്‍ ആരാണ് ഇവിടെ വേട്ടയിറച്ചി കൊണ്ടുവന്നു തന്നത്? നീ വരുംമുമ്പേ ഞാന്‍ അതു ഭക്ഷിച്ച് അവനെ അനുഗ്രഹിച്ചുവല്ലോ. അവന്‍ അനുഗൃഹീതനായിരിക്കും.” പിതാവിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ ഏശാവ് പൊട്ടിക്കരഞ്ഞു. “അപ്പാ, എന്നെയും അനുഗ്രഹിക്കണമേ” എന്നു കേണപേക്ഷിച്ചു. ഇസ്ഹാക്കു പറഞ്ഞു: “നിന്‍റെ സഹോദരന്‍ കൗശലപൂര്‍വം വന്നു നിനക്കു ലഭിക്കേണ്ടിയിരുന്ന അനുഗ്രഹം തട്ടിയെടുത്തിരിക്കുന്നു.” ഏശാവു പറഞ്ഞു: “വെറുതെയല്ല അവന് ‘യാക്കോബ്’ എന്നു പേരിട്ടിരിക്കുന്നത്. ഇപ്പോള്‍ രണ്ടു പ്രാവശ്യം അവന്‍ എന്നെ വഞ്ചിച്ചിരിക്കുന്നു. ആദ്യം എന്‍റെ ജ്യേഷ്ഠാവകാശം അവന്‍ അപഹരിച്ചു; ഇപ്പോള്‍ എനിക്കു വരേണ്ട അനുഗ്രഹവും അവന്‍ തട്ടിയെടുത്തിരിക്കുന്നു. എനിക്കുവേണ്ടി ഒരു അനുഗ്രഹവും അങ്ങ് കരുതിവച്ചിട്ടില്ലേ?” എന്ന് ഏശാവ് പിതാവിനോടു ചോദിച്ചു. ഇസ്ഹാക്കു പറഞ്ഞു: “ഞാന്‍ അവനെ നിന്‍റെ യജമാനനാക്കി. മറ്റു സഹോദരന്മാരെ അവന്‍റെ ദാസന്മാരുമാക്കി; ധാന്യത്തിനും വീഞ്ഞിനും അവനെ അവകാശിയാക്കി; എന്‍റെ മകനേ! നിനക്കുവേണ്ടി എനിക്കിനി എന്തു ചെയ്യാന്‍ കഴിയും?” ഏശാവ് പിതാവിനോടു: “അപ്പാ, അപ്പന്‍റെ പക്കല്‍ ഈ ഒരു അനുഗ്രഹം മാത്രമേയുള്ളോ? എന്നെയുംകൂടെ അനുഗ്രഹിക്കേണമേ” എന്ന് അപേക്ഷിച്ചുകൊണ്ട് അയാള്‍ ഉറക്കെ കരഞ്ഞു. അപ്പോള്‍ ഇസ്ഹാക്ക് പറഞ്ഞു: “നിന്‍റെ വാസസ്ഥലം ഐശ്വര്യസമൃദ്ധിയില്‍നിന്നും ആകാശത്തിലെ മഞ്ഞുതുള്ളികളില്‍നിന്നും അകന്നിരിക്കും. വാളുകൊണ്ട് നീ ഉപജീവിക്കും. നിന്‍റെ സഹോദരനെ നീ സേവിക്കും. എന്നാല്‍ നീ സ്വതന്ത്രനാകുമ്പോള്‍ അവന്‍റെ നുകം നീ ചുമലില്‍നിന്നു കുടഞ്ഞുകളയും.” പിതാവ് യാക്കോബിനെ അനുഗ്രഹിച്ചതുകൊണ്ട് ഏശാവ് യാക്കോബിനെ വെറുത്തു. “പിതാവിന്‍റെ മരണകാലം അടുത്തിരിക്കുന്നു; അദ്ദേഹത്തെച്ചൊല്ലി വിലപിക്കാനുള്ള കാലം കഴിഞ്ഞ് ഞാന്‍ എന്‍റെ സഹോദരനായ യാക്കോബിനെ കൊല്ലും” എന്ന് ഏശാവ് ഉള്ളില്‍ പറഞ്ഞു. ഏശാവിന്‍റെ അന്തര്‍ഗതം മനസ്സിലാക്കിയ റിബേക്കാ യാക്കോബിനെ വിളിച്ചു പറഞ്ഞു: “നിന്‍റെ സഹോദരന്‍ നിന്നെ കൊന്നു പകവീട്ടാന്‍ ഒരുങ്ങിയിരിക്കുകയാണ്. അതുകൊണ്ട് ഞാന്‍ പറയുന്നതനുസരിക്കുക. ഹാരാനിലുള്ള എന്‍റെ സഹോദരന്‍ ലാബാന്‍റെ അടുക്കലേക്കു നീ ഓടി രക്ഷപെടുക. നിന്‍റെ സഹോദരന്‍റെ ക്രോധം ശമിക്കുന്നതുവരെ നീ അവിടെ പാര്‍ക്കുക. അവന്‍റെ കോപം അടങ്ങുകയും നീ ചെയ്തത് അവന്‍ വിസ്മരിക്കുകയും ചെയ്യുന്നതുവരെ നീ അവിടെത്തന്നെ താമസിക്കുക. പിന്നീട് ഞാനാളയച്ചു നിന്നെ വരുത്തിക്കൊള്ളാം. നിങ്ങള്‍ രണ്ടുപേരും ഒരു ദിവസംതന്നെ എനിക്കു നഷ്ടപ്പെടരുതല്ലോ.” റിബേക്കാ ഇസ്ഹാക്കിനോടു പറഞ്ഞു: “ഏശാവിന്‍റെ ഭാര്യമാരായ ഹിത്യസ്‍ത്രീകള്‍ നിമിത്തം ഞാന്‍ വലഞ്ഞു. യാക്കോബും ഹിത്യരുടെ ഇടയില്‍നിന്നു വിവാഹം ചെയ്താല്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല.” ഇസ്ഹാക്ക് യാക്കോബിനെ വിളിച്ച് അനുഗ്രഹിച്ചശേഷം പറഞ്ഞു: “കനാന്യസ്‍ത്രീകളില്‍ ആരെയും നീ വിവാഹം ചെയ്യരുത്. പദ്ദന്‍-അരാമില്‍ നിന്‍റെ മാതൃപിതാവായ ബെഥൂവേലിന്‍റെ ഭവനത്തില്‍ ചെല്ലുക; നിന്‍റെ മാതൃസഹോദരനായ ലാബാന്‍റെ പുത്രിമാരില്‍ ഒരുവളെ നീ ഭാര്യയായി സ്വീകരിക്കുക. ഒരു വലിയ ജനസമൂഹം ആകത്തക്കവിധം സര്‍വശക്തനായ ദൈവം നിന്നെ സന്താനപുഷ്‍ടിയും വംശവര്‍ധനവും നല്‌കി അനുഗ്രഹിക്കട്ടെ. അവിടുന്ന് അബ്രഹാമിനു നല്‌കിയ അനുഗ്രഹങ്ങള്‍ നിനക്കും നിന്‍റെ സന്തതികള്‍ക്കും നല്‌കട്ടെ. ദൈവം അബ്രഹാമിനു നല്‌കിയതും ഇപ്പോള്‍ നീ പരദേശിയായി പാര്‍ക്കുന്നതുമായ ദേശം നിനക്ക് അവകാശമായി നല്‌കട്ടെ.” ഇസ്ഹാക്ക് യാക്കോബിനെ യാത്ര അയച്ചു; അവന്‍ പദ്ദന്‍-അരാമില്‍ ലാബാന്‍റെ അടുക്കലേക്കു പോയി. ലാബാന്‍ അരാമ്യനായ ബെഥൂവേലിന്‍റെ പുത്രനും, യാക്കോബിന്‍റെയും ഏശാവിന്‍റെയും അമ്മ റിബേക്കായുടെ സഹോദരനും ആയിരുന്നു. ഇസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചതും കനാന്യസ്‍ത്രീകളെ വിവാഹം ചെയ്യരുതെന്ന കല്പനയോടെ പദ്ദന്‍-അരാമില്‍നിന്ന് ഭാര്യയെ തിരഞ്ഞെടുക്കുന്നതിന് അയച്ചതും മാതാപിതാക്കളുടെ അഭീഷ്ടമനുസരിച്ച് യാക്കോബ് പദ്ദന്‍-അരാമിലേക്ക് പോയതും ഏശാവ് അറിഞ്ഞു. കനാന്യസ്‍ത്രീകളെ പിതാവിന് ഇഷ്ടമല്ലെന്നു ഗ്രഹിച്ച ഏശാവ് അബ്രഹാമിന്‍റെ മകനായ ഇശ്മായേലിന്‍റെ മകളും നെബായോത്തിന്‍റെ സഹോദരിയുമായ മഹലത്തിനെക്കൂടി വിവാഹം ചെയ്തു. യാക്കോബ് ബേര്‍-ശേബയില്‍നിന്നു ഹാരാനിലേക്കു പുറപ്പെട്ടു; വഴിമധ്യേ ഒരു സ്ഥലത്തു രാപാര്‍ത്തു; ഒരു കല്ലെടുത്തു തലയിണയായിവച്ച് ഉറങ്ങാന്‍ കിടന്നു; ഉറക്കത്തില്‍ യാക്കോബ് ഒരു സ്വപ്നം കണ്ടു; ഭൂമിയില്‍നിന്നു സ്വര്‍ഗംവരെ എത്തുന്ന ഒരു ഗോവണി. അതിലൂടെ ദൈവത്തിന്‍റെ മാലാഖമാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. അതിന്‍റെ മുകളില്‍ നിന്നുകൊണ്ട് സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “ഞാന്‍ നിന്‍റെ പിതാവായ അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും ദൈവമായ സര്‍വേശ്വരനാകുന്നു. നീ കിടക്കുന്ന ഈ സ്ഥലം മുഴുവന്‍ നിനക്കും നിന്‍റെ ഭാവിതലമുറകള്‍ക്കും അവകാശമായി നല്‌കും; നിന്‍റെ സന്തതികള്‍ ഭൂമിയിലെ മണ്‍തരിപോലെ അസംഖ്യമാകും; അവര്‍ നാനാ ദിക്കിലേക്കും വ്യാപിക്കും; നിന്നിലൂടെയും നിന്‍റെ സന്തതികളിലൂടെയും ഭൂമിയിലെ എല്ലാ ജനതകളും അനുഗ്രഹിക്കപ്പെടും. ഞാന്‍ നിന്‍റെ കൂടെയുണ്ട്; നീ പോകുന്നിടത്തെല്ലാം നിന്നെ സംരക്ഷിച്ച് ഈ സ്ഥലത്തേക്കു ഞാന്‍ നിന്നെ മടക്കിക്കൊണ്ടുവരും; ഞാന്‍ നിന്നെ കൈവിടാതെ നിന്നോടു വാഗ്ദാനം ചെയ്തിട്ടുള്ളതെല്ലാം നിറവേറ്റും.” യാക്കോബ് ഉറക്കമുണര്‍ന്ന് പറഞ്ഞു: “തീര്‍ച്ചയായും സര്‍വേശ്വരന്‍ ഇവിടെയുണ്ട്; “ഞാന്‍ അതറിഞ്ഞിരുന്നില്ല.” അയാള്‍ ഭയപ്പെട്ടു: “എത്ര വിശുദ്ധമായ സ്ഥലമാണിത്! ഇതു ദൈവത്തിന്‍റെ ആലയമാണ്; സ്വര്‍ഗകവാടം തന്നെ” എന്നു പറഞ്ഞു. യാക്കോബ് അതിരാവിലെ എഴുന്നേറ്റു; തലയിണയായി ഉപയോഗിച്ചിരുന്ന കല്ല് തൂണായി നാട്ടി; അതിന്‍റെ മുകളില്‍ എണ്ണ പകര്‍ന്നു. ആ സ്ഥലത്തിനു ബേഥേല്‍ എന്നു പേരു വിളിച്ചു. ലൂസ് എന്നായിരുന്നു അതിന്‍റെ പഴയ പേര്. യാക്കോബ് ഇങ്ങനെ പ്രതിജ്ഞ ചെയ്തു: “ദൈവം എന്‍റെ കൂടെ ഇരിക്കുകയും ഞാന്‍ പോകുന്ന വഴിയില്‍ എന്നെ സംരക്ഷിക്കുകയും എനിക്കുവേണ്ട ആഹാരവും വസ്ത്രവും നല്‌കുകയും സമാധാനത്തോടെ എന്‍റെ പിതാവിന്‍റെ ഭവനത്തിലേക്കു മടക്കിക്കൊണ്ടുവരികയും ചെയ്താല്‍ സര്‍വേശ്വരന്‍ എന്‍റെ ദൈവമായിരിക്കും. തൂണായി നാട്ടിയ ഈ കല്ല് ദൈവത്തിന്‍റെ ആലയമായിരിക്കും. അവിടുന്ന് എനിക്കു നല്‌കുന്ന എല്ലാ വസ്തുവകകളുടെയും ദശാംശം ഞാന്‍ അവിടുത്തേക്ക് അര്‍പ്പിക്കുകയും ചെയ്യും.” യാക്കോബു യാത്ര തുടര്‍ന്ന് കിഴക്കുള്ള ജനതയുടെ ദേശത്ത് എത്തി. അവിടെ അയാള്‍ വെളിമ്പ്രദേശത്ത് ഒരു കിണറു കണ്ടു; അതിനടുത്തു മൂന്നു ആട്ടിന്‍പറ്റങ്ങള്‍ കിടന്നിരുന്നു. ആടുകള്‍ക്കു കുടിക്കാനുള്ള വെള്ളം ആ കിണറ്റില്‍നിന്നായിരുന്നു കോരിയിരുന്നത്. കിണറു മൂടിയിരുന്ന കല്ല് വളരെ വലുതായിരുന്നു. ആട്ടിന്‍പറ്റങ്ങളെല്ലാം എത്തിക്കഴിയുമ്പോള്‍ ഇടയന്മാര്‍ ആ കല്ല് ഉരുട്ടിമാറ്റും. ആടുകള്‍ക്കു കുടിക്കാന്‍ വേണ്ട വെള്ളം കോരിക്കഴിഞ്ഞാല്‍ കല്ലുകൊണ്ട് കിണറിന്‍റെ വായ് വീണ്ടും മൂടുക പതിവായിരുന്നു. “സ്നേഹിതരേ, നിങ്ങള്‍ എവിടെനിന്നു വരുന്നു?” യാക്കോബ് അവരോടു ചോദിച്ചു. “ഹാരാനില്‍നിന്ന്” എന്ന് അവര്‍ മറുപടി പറഞ്ഞു. അയാള്‍ ചോദിച്ചു: “നാഹോരിന്‍റെ പുത്രനായ ലാബാനെ നിങ്ങള്‍ അറിയുമോ?” “ഞങ്ങള്‍ക്കറിയാം” അവര്‍ പറഞ്ഞു. “അദ്ദേഹത്തിനു സുഖം തന്നെയോ?” എന്ന് അയാള്‍ വീണ്ടും ചോദിച്ചു. “സുഖം തന്നെ; അദ്ദേഹത്തിന്‍റെ പുത്രി റാഹേല്‍ അതാ ആടുകളോടുകൂടി വരുന്നു” അവര്‍ പറഞ്ഞു. “നേരം ഉച്ചകഴിഞ്ഞതേയുള്ളൂ; ആട്ടിന്‍പറ്റങ്ങളെ ആലയില്‍ അടയ്‍ക്കേണ്ട സമയം ആയിട്ടില്ല; അതുകൊണ്ട് നിങ്ങളുടെ ആടുകള്‍ക്ക് വെള്ളം കൊടുത്ത് അവയെ മേയാന്‍ വിടുക” എന്നു യാക്കോബു പറഞ്ഞു. അവര്‍ പറഞ്ഞു: “എല്ലാ പറ്റങ്ങളും എത്തിയാലേ കിണറിന്‍റെ വായ്‍ക്കലുള്ള കല്ല് ഉരുട്ടിമാറ്റാന്‍ സാധ്യമാകൂ. കല്ലു മാറ്റിയിട്ടേ വെള്ളം കോരാന്‍ പറ്റുകയുള്ളല്ലോ.” യാക്കോബ് അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ റാഹേല്‍ തന്‍റെ പിതാവിന്‍റെ ആടുകളുമായി അവിടെ വന്നു. അവളായിരുന്നു അവയെ മേയിച്ചിരുന്നത്. യാക്കോബ് മാതൃസഹോദരനായ ലാബാന്‍റെ പുത്രി റാഹേലിനെയും കൂടെയുണ്ടായിരുന്ന ആട്ടിന്‍പറ്റത്തെയും കണ്ടപ്പോള്‍ എഴുന്നേറ്റു കല്ലുരുട്ടി മാറ്റി ആടുകള്‍ക്കു വെള്ളം കൊടുത്തു. യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു. അവളുടെ പിതാവിന്‍റെ സഹോദരി റിബേക്കായുടെ പുത്രനാണ് താന്‍ എന്ന് അയാള്‍ പറഞ്ഞു. അതു കേട്ട മാത്രയില്‍ അവള്‍ ഓടിപ്പോയി പിതാവിനെ വിവരം അറിയിച്ചു. സഹോദരീപുത്രനായ യാക്കോബാണെന്ന് കേട്ടപ്പോള്‍ ലാബാന്‍ ഓടിയെത്തി അയാളെ ആലിംഗനംചെയ്തു ചുംബിച്ചു. ലാബാന്‍ അയാളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. യാക്കോബ് ലാബാനോടു തന്‍റെ വിവരങ്ങളെല്ലാം പറഞ്ഞു. അതു കേട്ടു ലാബാന്‍ യാക്കോബിനോടു പറഞ്ഞു: “നീ എന്‍റെ അസ്ഥിയും മാംസവും തന്നെയാണ്.” ഒരു മാസം യാക്കോബ് അവിടെ താമസിച്ചു. ഒരു മാസം കഴിഞ്ഞ് ലാബാന്‍ യാക്കോബിനോടു ചോദിച്ചു: “നീ എന്‍റെ ബന്ധുവായതുകൊണ്ട് എനിക്കുവേണ്ടി വെറുതെ വേലചെയ്യണമെന്നുണ്ടോ? എന്തു പ്രതിഫലമാണു ഞാന്‍ നല്‌കേണ്ടത്. ലാബാന് രണ്ടു പുത്രിമാരുണ്ടായിരുന്നു. മൂത്തവള്‍ ലേയായും ഇളയവള്‍ റാഹേലും. ലേയായുടെ കണ്ണുകള്‍ അഴകു കുറഞ്ഞവ ആയിരുന്നു; എന്നാല്‍ റാഹേല്‍ സുന്ദരിയും രൂപഭംഗിയുള്ളവളും ആയിരുന്നു. റാഹേലില്‍ അനുരക്തനായ യാക്കോബ് പറഞ്ഞു: “റാഹേലിനുവേണ്ടി ഞാന്‍ ഏഴു വര്‍ഷം അങ്ങയെ സേവിച്ചുകൊള്ളാം.” “അവളെ നിനക്കു നല്‌കുന്നതാണ് മറ്റാര്‍ക്കു നല്‌കുന്നതിലും നല്ലത്. എന്‍റെകൂടെ ഇവിടെ വസിക്കുക.” യാക്കോബ് ഏഴു വര്‍ഷം റാഹേലിനുവേണ്ടി ജോലിചെയ്തു. റാഹേലിനോടുണ്ടായിരുന്ന സ്നേഹംമൂലം ഈ ഏഴു വര്‍ഷങ്ങള്‍ ഏതാനും ദിവസങ്ങള്‍പോലെ മാത്രമേ അയാള്‍ക്കു തോന്നിയുള്ളൂ. യാക്കോബു ലാബാനോടു പറഞ്ഞു: “പറഞ്ഞൊത്ത കാലാവധി കഴിഞ്ഞല്ലോ. ഇനി ഞാന്‍ അവളെ ഭാര്യയാക്കട്ടെ.” ലാബാന്‍ സ്ഥലവാസികളെയെല്ലാം വിളിച്ചുകൂട്ടി ഒരു വലിയ വിരുന്നു നടത്തി. എന്നാല്‍ രാത്രിയായപ്പോള്‍ ലാബാന്‍ ലേയായെ യാക്കോബിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. യാക്കോബ് അവളുടെകൂടെ ശയിച്ചു. ലാബാന്‍ സില്പായെ ലേയായ്‍ക്കു ദാസിയായി കൊടുത്തു. പിറ്റേന്നു രാവിലെയാണ് തനിക്കു ലഭിച്ചത് ലേയാ ആയിരുന്നു എന്നു യാക്കോബിനു മനസ്സിലായത്. യാക്കോബ് ലാബാനോടു പറഞ്ഞു: “എന്നോട് അങ്ങു ചെയ്തത് എന്ത്? റാഹേലിനുവേണ്ടിയല്ലേ ഞാന്‍ അങ്ങയെ സേവിച്ചത്? അങ്ങ് എന്നെ എന്തിനു ചതിച്ചു?” ലാബാന്‍ മറുപടി പറഞ്ഞു: “ജ്യേഷ്ഠത്തിക്കു മുമ്പ് അനുജത്തിയെ വിവാഹം ചെയ്തുകൊടുക്കുന്ന പതിവ് ഈ നാട്ടിലില്ല. വിവാഹാഘോഷങ്ങളുടെ ഈ ആഴ്ച കഴിയട്ടെ. അതിനുശേഷം ഇളയവളെയും നിനക്കു തരാം. വീണ്ടും ഏഴു വര്‍ഷം കൂടി നീ എനിക്കു വേല ചെയ്യണം.” യാക്കോബ് അതിനു സമ്മതിച്ചു. [28,29] റാഹേലിനു ദാസിയായി ബില്‍ഹായെ ലാബാന്‍ നല്‌കി. *** യാക്കോബ് റാഹേലിനെയും ഭാര്യയായി സ്വീകരിച്ചു. അയാള്‍ റാഹേലിനെ ലേയായെക്കാള്‍ അധികം സ്നേഹിച്ചു. അയാള്‍ ഏഴു വര്‍ഷംകൂടി ലാബാനുവേണ്ടി ജോലി ചെയ്തു. യാക്കോബ് ലേയായെ അവഗണിക്കുന്നു എന്നു കണ്ട സര്‍വേശ്വരന്‍ അവള്‍ക്കു ഗര്‍ഭധാരണശേഷി നല്‌കി. റാഹേല്‍ വന്ധ്യയായിരുന്നു. ലേയാ ഗര്‍ഭിണിയായി ഒരു മകനെ പ്രസവിച്ചു. “സര്‍വേശ്വരന്‍ എന്‍റെ കഷ്ടത കണ്ടു; ഇനിയും എന്‍റെ ഭര്‍ത്താവ് എന്നെ സ്നേഹിക്കും” എന്നു പറഞ്ഞ് അവള്‍ അവനു ‘രൂബേന്‍’ എന്നു പേരിട്ടു. അവള്‍ വീണ്ടും ഒരു മകനെക്കൂടി പ്രസവിച്ചു. “എന്നോടു പ്രിയമില്ല എന്നു കേട്ടതിനാല്‍ സര്‍വേശ്വരന്‍ എനിക്ക് ഒരു പുത്രനെയുംകൂടി നല്‌കിയിരിക്കുന്നു” എന്നു പറഞ്ഞ് അവന് ‘ശിമെയോന്‍’ എന്നു പേരിട്ടു. അവള്‍ പിന്നെയും ഒരു മകനെ പ്രസവിച്ചു. “ഞാന്‍ മൂന്നാമതൊരു പുത്രനെക്കൂടി പ്രസവിച്ചതുകൊണ്ട് എന്‍റെ ഭര്‍ത്താവ് എന്നോടു കൂടുതല്‍ ചേര്‍ന്നിരിക്കും” എന്നു പറഞ്ഞ് അവനു ‘ലേവി’ എന്നു പേരിട്ടു. അവള്‍ വീണ്ടും ഒരു മകനെക്കൂടി പ്രസവിച്ചു. “ഇപ്പോള്‍ ഞാന്‍ സര്‍വേശ്വരനെ സ്തുതിക്കും” എന്നു പറഞ്ഞുകൊണ്ട് അവനെ ‘യെഹൂദാ’ എന്നു പേരിട്ടു. പിന്നീട് കുറെക്കാലത്തേക്ക് അവള്‍ പ്രസവിച്ചില്ല. യാക്കോബിനു മക്കളെ നല്‌കാന്‍ തനിക്കു കഴിയുന്നില്ല എന്നു കണ്ട റാഹേലിനു ലേയായോട് അസൂയ തോന്നി. അവള്‍ യാക്കോബിനോടു പറഞ്ഞു: “എനിക്കു മക്കളെ തരിക അല്ലെങ്കില്‍ ഞാന്‍ മരിക്കും.” യാക്കോബ് കുപിതനായി അവളോടു പറഞ്ഞു: “നിനക്കു ഗര്‍ഭഫലം തടഞ്ഞിരിക്കുന്ന ദൈവമാണോ ഞാന്‍?” അപ്പോള്‍ അവള്‍ പറഞ്ഞു: “അങ്ങ് എന്‍റെ ദാസി ബില്‍ഹായെ പ്രാപിക്കുക. അവള്‍ എനിക്കുവേണ്ടി ഒരു സന്തതിയെ പ്രസവിക്കട്ടെ. അങ്ങനെ അവളിലൂടെ എനിക്ക് മക്കളുണ്ടാകട്ടെ.” അവള്‍ ബില്‍ഹായെ യാക്കോബിനു ഭാര്യയായി കൊടുത്തു. യാക്കോബ് അവളെ പ്രാപിച്ചു. ബില്‍ഹാ ഗര്‍ഭിണിയായി ഒരു മകനെ പ്രസവിച്ചു. അപ്പോള്‍ റാഹേല്‍ പറഞ്ഞു: “ദൈവം എനിക്കനുകൂലമായി ന്യായം വിധിച്ചിരിക്കുന്നു; എന്‍റെ പ്രാര്‍ഥന കേട്ട് എനിക്ക് ഒരു പുത്രനെ നല്‌കിയിരിക്കുന്നു.” അതുകൊണ്ട് അവള്‍ അവനു ‘ദാന്‍’ എന്നു പേരിട്ടു. ബില്‍ഹാ ഒരു മകനെക്കൂടി പ്രസവിച്ചു. “ഞാന്‍ എന്‍റെ സഹോദരിയുമായുള്ള കടുത്ത മത്സരത്തില്‍ ജയിച്ചിരിക്കുന്നു” എന്നു പറഞ്ഞ് അവള്‍ അവനെ ‘നഫ്താലി’ എന്നു വിളിച്ചു. ഇനിയും താന്‍ ഗര്‍ഭവതിയാകയില്ല എന്നറിഞ്ഞ ലേയാ തന്‍റെ ദാസി സില്പായെ യാക്കോബിനു ഭാര്യയായി നല്‌കി. സില്പാ ഗര്‍ഭിണിയായി യാക്കോബിന് ഒരു മകനെ പ്രസവിച്ചു. “ഞാന്‍ ഭാഗ്യവതി ആയിരിക്കുന്നു” എന്നു പറഞ്ഞു ലേയാ അവനു ‘ഗാദ്’ എന്നു പേരിട്ടു. സില്പാ വീണ്ടും യാക്കോബിനു മറ്റൊരു മകനെ പ്രസവിച്ചു. “ഞാന്‍ ഭാഗ്യവതി ആയിരിക്കുന്നു; ലേയാ ഭാഗ്യവതി എന്നു സ്‍ത്രീകള്‍ പറയും” എന്നു പറഞ്ഞുകൊണ്ട് അവന് ‘ആശേര്‍’ എന്നു പേര്‍ വിളിച്ചു. കോതമ്പു കൊയ്ത്തുകാലത്തു വയലിലൂടെ നടക്കുമ്പോള്‍ രൂബേന്‍ ഒരിടത്തു ദൂദായ്പഴം കണ്ടു. അവന്‍ അവയില്‍ കുറെ പറിച്ച് അമ്മയ്‍ക്കു കൊടുത്തു. “നിന്‍റെ മകന്‍ കൊണ്ടുവന്ന ദൂദായ്പഴത്തില്‍ കുറെ എനിക്കു തരൂ” എന്നു റാഹേല്‍ ലേയായോടു പറഞ്ഞു. ലേയാ പറഞ്ഞു: “എന്‍റെ ഭര്‍ത്താവിനെ കൈവശപ്പെടുത്തിയതു പോരേ? ഇനിയും എന്‍റെ മകന്‍റെ ദൂദായ്പഴം കൂടി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നോ?” റാഹേല്‍ പറഞ്ഞു: “നിന്‍റെ മകന്‍റെ ദൂദായ്പഴം എനിക്കു തരിക. അതിനു പകരം യാക്കോബ് ഇന്നു രാത്രി നിന്‍റെകൂടെ ശയിക്കട്ടെ.” വൈകുന്നേരം യാക്കോബ് വയലില്‍നിന്നു വന്നപ്പോള്‍ ലേയാ അദ്ദേഹത്തെ കാണുന്നതിന് ഇറങ്ങിച്ചെന്നു. അവള്‍ പറഞ്ഞു: “എന്‍റെ മകന്‍റെ ദൂദായ്പഴംകൊണ്ട് ഞാന്‍ അങ്ങയെ ഇന്നത്തേക്കു വിലയ്‍ക്കു വാങ്ങിയിരിക്കയാണ്. ഇന്ന് എന്‍റെകൂടെ ശയിക്ക.” അന്നു രാത്രി യാക്കോബ് അവളോടുകൂടി ശയിച്ചു. ദൈവം ലേയായുടെ പ്രാര്‍ഥന കേട്ടു. അവള്‍ യാക്കോബിന് അഞ്ചാമത് ഒരു പുത്രനെ പ്രസവിച്ചു. ലേയാ പറഞ്ഞു: “എന്‍റെ ദാസിയെ എന്‍റെ ഭര്‍ത്താവിനു കൊടുത്തതിനുള്ള പ്രതിഫലം ദൈവത്തില്‍നിന്ന് എനിക്കു ലഭിച്ചിരിക്കുന്നു; അതുകൊണ്ട് അവള്‍ അവന് ‘ഇസ്സാഖാര്‍’ എന്നു പേരിട്ടു. ലേയാ പിന്നെയും ഗര്‍ഭിണിയായി ആറാമത് ഒരു മകനെ പ്രസവിച്ചു. “ദൈവം ഒരു നല്ല ദാനം നല്‌കി എന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഞാന്‍ ആറാമതും ഒരു പുത്രനെ പ്രസവിച്ചതുകൊണ്ട് എന്‍റെ ഭര്‍ത്താവ് എന്നെ ആദരിക്കുകയും എന്‍റെകൂടെ വസിക്കുകയും ചെയ്യും” എന്നു പറഞ്ഞുകൊണ്ട് അവനു ‘സെബൂലൂന്‍’ എന്നു പേരിട്ടു. അതിനുശേഷം ലേയാ ഒരു പുത്രിയെ പ്രസവിച്ചു; അവള്‍ക്കു ദീനാ എന്നു പേരു നല്‌കി. ദൈവം റാഹേലിനെ ഓര്‍ത്തു; അവളുടെ യാചനകേട്ട് അവളുടെ ഗര്‍ഭപാത്രം തുറന്നു. അവള്‍ ഗര്‍ഭിണിയായി ഒരു മകനെ പ്രസവിച്ചു; “ഒരു പുത്രനെ നല്‌കുക മൂലം ദൈവം എന്‍റെ അപമാനം നീക്കിയിരിക്കുന്നു” എന്നു പറഞ്ഞു. “സര്‍വേശ്വരന്‍ ഒരു മകനെക്കൂടി നല്‌കുമാറാകട്ടെ” എന്ന് അപേക്ഷിച്ചുകൊണ്ട് അവള്‍ അവനു ‘യോസേഫ്’ എന്നു പേരിട്ടു. യോസേഫിന്‍റെ ജനനത്തിനുശേഷം യാക്കോബ് ലാബാനോടു: “എന്‍റെ വീട്ടിലേക്കു തിരിച്ചുപോകാന്‍ എന്നെ അനുവദിച്ചാലും. എന്‍റെ ഭാര്യമാര്‍ക്കും കുട്ടികള്‍ക്കുംവേണ്ടി ഇത്രയും കാലം ഞാന്‍ അങ്ങയെ സേവിച്ചു; അവരെ എനിക്കു തരിക; ഞാന്‍ പോകട്ടെ. ഞാന്‍ എത്ര വിശ്വസ്തതയോടെ അങ്ങയെ സേവിച്ചു എന്ന് അങ്ങേക്കറിയാമല്ലോ.” ലാബാന്‍ യാക്കോബിനോട് പറഞ്ഞു: “നിനക്ക് എന്നോടു താല്‍പര്യമുണ്ടെങ്കില്‍ പോകരുത്. നീ നിമിത്തം സര്‍വേശ്വരന്‍ എന്നെ സമൃദ്ധിയായി അനുഗ്രഹിച്ചിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു. നിനക്ക് എന്തു പ്രതിഫലമാണു ഞാന്‍ നല്‌കേണ്ടത്? അതു ഞാന്‍ തരാം.” യാക്കോബു മറുപടി പറഞ്ഞു: “ഞാന്‍ അങ്ങയെ ഏതുവിധം സേവിച്ചുവെന്ന് അങ്ങേക്കറിയാമല്ലോ? അങ്ങയുടെ ആട്ടിന്‍പറ്റം എന്‍റെ സംരക്ഷണയിലായപ്പോള്‍ എത്രമാത്രം വര്‍ധിച്ചു എന്ന് അങ്ങേക്കറിയാം. ഞാന്‍ ഇവിടെ വരുമ്പോള്‍ അങ്ങയുടെ സമ്പത്ത് അല്പം മാത്രം ആയിരുന്നു. ഇപ്പോള്‍ അതു വളരെ വര്‍ധിച്ചിരിക്കുന്നു. ഞാന്‍ നിമിത്തം സര്‍വേശ്വരന്‍ അങ്ങയെ അനുഗ്രഹിച്ചു. ഇനി എന്‍റെ കുടുംബകാര്യങ്ങള്‍ ഞാന്‍ എപ്പോഴാണ് അന്വേഷിക്കുക?” “ഞാന്‍ നിനക്ക് എന്താണു നല്‌കേണ്ടത്?” എന്നു ലാബാന്‍ വീണ്ടും ചോദിച്ചു. യാക്കോബ് പറഞ്ഞു: “എനിക്കു പ്രതിഫലമൊന്നും വേണ്ടാ. എന്നാല്‍ ഒരു കാര്യം സമ്മതിച്ചാല്‍ ഞാന്‍ അങ്ങയുടെ ആടുകളെ തുടര്‍ന്നും സംരക്ഷിച്ചുകൊള്ളാം. ഇന്നുതന്നെ അങ്ങയുടെ ആട്ടിന്‍പറ്റങ്ങള്‍ക്കിടയില്‍ നടന്നുനോക്കി പുള്ളിയും മറുകുമുള്ള ചെമ്മരിയാടുകളെയും കറുത്ത ആട്ടിന്‍കുട്ടികളെയും പുള്ളിയും മറുകുമുള്ള കോലാടുകളെയും ഞാന്‍ വേര്‍തിരിക്കാം. അവ എനിക്ക് പ്രതിഫലമായിരിക്കട്ടെ. എന്‍റെ പെരുമാറ്റം സത്യസന്ധമായിരുന്നുവോ എന്നു ഭാവിയില്‍ അങ്ങേക്കു മനസ്സിലാക്കാം. പുള്ളിയോ മറുകോ ഇല്ലാത്ത കോലാടുകളും കറുപ്പുനിറമില്ലാത്ത ചെമ്മരിയാടുകളും എന്‍റെ ആട്ടിന്‍പറ്റത്തില്‍ കണ്ടാല്‍ ഞാന്‍ അവയെ മോഷ്‍ടിച്ചതായി കരുതിക്കൊള്ളുക.” ലാബാന്‍ അതു സമ്മതിച്ചു. ലാബാന്‍ അന്നുതന്നെ തന്‍റെ ആട്ടിന്‍പറ്റങ്ങളില്‍നിന്നു വരയും മറുകുള്ള എല്ലാ ആണ്‍കോലാടുകളെയും പൊട്ടും പുള്ളിയുമുള്ള എല്ലാ പെൺകോലാടുകളെയും വെളുത്ത മറുകുള്ള എല്ലാ ആടുകളെയും കറുപ്പുനിറമുള്ള എല്ലാ ചെമ്മരിയാടുകളെയും വേര്‍തിരിച്ച് സ്വന്തം പുത്രന്മാരുടെ സംരക്ഷണയിലാക്കി. ലാബാനും യാക്കോബും മൂന്നുദിവസത്തെ വഴിയകലത്തില്‍ താമസിച്ചു. ലാബാന്‍റെ മറ്റ് ആടുകളെ യാക്കോബ് തുടര്‍ന്നു സംരക്ഷിച്ചു. യാക്കോബ് പുന്ന, ബദാം, അരിഞ്ഞില്‍ എന്നീ മരങ്ങളുടെ പച്ചക്കൊമ്പുകള്‍ വെട്ടിയെടുത്ത് ഇടവിട്ട് വെള്ളവര കാണത്തക്കവിധം അവയുടെ തൊലിയുരിച്ചു. ആടുകള്‍ വെള്ളം കുടിക്കാന്‍ വന്നപ്പോള്‍ യാക്കോബ് തൊലിയുരിച്ച കമ്പുകള്‍ വെള്ളം നിറച്ച തോണികളുടെയും തൊട്ടികളുടെയും മുമ്പില്‍ നാട്ടി നിര്‍ത്തി. അവിടെ വച്ചായിരുന്നു അവ ഇണചേര്‍ന്നിരുന്നത്. തോണികളുടെ മുമ്പില്‍ നിര്‍ത്തിയിരുന്ന വരയും പുള്ളിയും മറുകും ഉള്ള കമ്പുകള്‍ കണ്ടുകൊണ്ട് ഇണചേര്‍ന്ന ആടുകള്‍ വരയും പുള്ളിയും മറുകും ഉള്ള ആട്ടിന്‍കുട്ടികളെ പ്രസവിച്ചു. ഈ ആട്ടിന്‍കുട്ടികളെ യാക്കോബ് വേര്‍തിരിച്ച് ലാബാന്‍റെ ആട്ടിന്‍പറ്റത്തില്‍ കറുപ്പുനിറവും വരകളുമുള്ള ആടുകള്‍ക്ക് അഭിമുഖമായി നിര്‍ത്തി. സ്വന്തം ആടുകളെ ലാബാന്‍റെ ആടുകളോടു ചേര്‍ക്കാതെ വേറെ സൂക്ഷിച്ചു. കരുത്തുള്ള ആടുകള്‍ ഇണചേരുമ്പോഴെല്ലാം വെള്ളം കുടിക്കുന്ന തോണികളുടെ അടുത്ത് അവയ്‍ക്കു മുമ്പില്‍ കമ്പുകള്‍ നാട്ടും. എന്നാല്‍ കരുത്തുകുറഞ്ഞ ആടുകളുടെ മുമ്പില്‍ അവ നാട്ടിയിരുന്നില്ല; അങ്ങനെ കരുത്തുകുറഞ്ഞ ആടുകള്‍ ലാബാന്‍റെ വകയും കരുത്തുള്ളവ യാക്കോബിന്‍റെ വകയും ആയിത്തീര്‍ന്നു. ഇപ്രകാരം യാക്കോബ് വലിയ ധനികനായിത്തീര്‍ന്നു; വളരെ ആട്ടിന്‍പറ്റങ്ങളും അനേകം ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും അയാള്‍ക്കുണ്ടായി. “ഞങ്ങളുടെ പിതാവിന്‍റെ സമ്പത്തു യാക്കോബ് അപഹരിച്ചു; അങ്ങനെയാണ് ഈ സമ്പത്തെല്ലാം അവന്‍ നേടിയത്” എന്നു ലാബാന്‍റെ പുത്രന്മാര്‍ പറയുന്നതു യാക്കോബു കേട്ടു. ലാബാന് തന്നോടു താല്‍പര്യം കുറയുന്നതായി അദ്ദേഹം മനസ്സിലാക്കി. അപ്പോള്‍ സര്‍വേശ്വരന്‍ യാക്കോബിനോടു പറഞ്ഞു: “നിന്‍റെ പിതൃദേശത്തുള്ള ബന്ധുക്കളുടെ അടുത്തേക്കു മടങ്ങിപ്പോകുക; ഞാന്‍ നിന്‍റെകൂടെ ഉണ്ടായിരിക്കും.” തന്‍റെ ആട്ടിന്‍പറ്റം മേഞ്ഞിരുന്ന വയലിലേക്ക് എത്താന്‍ യാക്കോബ് റാഹേലിനെയും ലേയായെയും വിളിപ്പിച്ചു. അവരോടു പറഞ്ഞു: “നിങ്ങളുടെ പിതാവിന് എന്നോടിപ്പോള്‍ പണ്ടത്തെപ്പോലെ താല്‍പര്യമില്ല. എന്നാല്‍ ദൈവം എന്‍റെകൂടെ ഉണ്ട്. എന്‍റെ സര്‍വകഴിവുകളും ഉപയോഗിച്ച് നിങ്ങളുടെ പിതാവിനെ ഞാന്‍ സേവിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമല്ലോ. നിങ്ങളുടെ പിതാവാകട്ടെ എന്നെ ചതിച്ചു; പത്തു പ്രാവശ്യം എന്‍റെ പ്രതിഫലത്തിനു മാറ്റം വരുത്തി; എങ്കിലും എന്നെ ഉപദ്രവിക്കാന്‍ ദൈവം അദ്ദേഹത്തെ അനുവദിച്ചില്ല. ‘മറുകുള്ള ആടുകള്‍ നിനക്കു പ്രതിഫലമായിരിക്കട്ടെ’ എന്ന് അദ്ദേഹം പറഞ്ഞതിനുശേഷം ആട്ടിന്‍പറ്റത്തില്‍ ഉണ്ടായ ആട്ടിന്‍കുട്ടികളെല്ലാം മറുകുള്ളവയായിത്തീര്‍ന്നു. ‘വരയുള്ള ആടുകള്‍ നിന്‍റെ പ്രതിഫലം ആയിരിക്കട്ടെ’ എന്നു പറഞ്ഞശേഷം ഉണ്ടായവയെല്ലാം വരയുള്ളവ ആയിരുന്നു. ഇങ്ങനെ ദൈവം നിങ്ങളുടെ പിതാവിന്‍റെ ആട്ടിന്‍കൂട്ടത്തെ എടുത്ത് എനിക്കു നല്‌കിയിരിക്കുന്നു. ആടുകള്‍ ഇണചേരുന്ന സമയത്തു ഞാന്‍ ഒരു സ്വപ്നം കണ്ടു; ആ സ്വപ്നത്തില്‍ ഇണചേര്‍ന്നതായി കണ്ട മുട്ടാടുകളെല്ലാം വരയും പുള്ളിയും മറുകും ഉള്ളവയായിരുന്നു; ദൈവത്തിന്‍റെ ദൂതന്‍ സ്വപ്നത്തില്‍ ‘യാക്കോബേ’ എന്നു വിളിച്ചു. ‘ഇതാ ഞാന്‍’ എന്നു ഞാന്‍ വിളികേട്ടു. ദൂതന്‍ പറഞ്ഞു: “നോക്കൂ, ഇണചേരുന്ന മുട്ടാടുകളെല്ലാം വരയും പുള്ളിയും മറുകും ഉള്ളവയാണ്; ലാബാന്‍ നിന്നോടു ചെയ്യുന്നതെല്ലാം ഞാന്‍ കാണുന്നുണ്ട്. നീ തൂണു നാട്ടി എണ്ണ അഭിഷേകം ചെയ്ത് എന്നോട് പ്രതിജ്ഞചെയ്ത ബേഥേലില്‍വച്ചു നിന്നെ സന്ദര്‍ശിച്ച ദൈവമാണു ഞാന്‍. നീ ഇവിടം വിട്ടു നിന്‍റെ ജന്മസ്ഥലത്തേക്കു പോകുക.” റാഹേലും ലേയായും പറഞ്ഞു: “പിതാവിന്‍റെ ഭവനത്തില്‍ ഞങ്ങള്‍ക്ക് ഇനി എന്തെങ്കിലും അവകാശമുണ്ടോ? അന്യരായിട്ടല്ലേ പിതാവ് ഞങ്ങളെ കരുതുന്നത്. ഞങ്ങളെ അദ്ദേഹം വിറ്റു; വിറ്റുകിട്ടിയ പണവും ചിലവഴിച്ചു. പിതാവില്‍നിന്ന് ദൈവം എടുത്തുകളഞ്ഞ സ്വത്തുമുഴുവന്‍ ഞങ്ങള്‍ക്കും ഞങ്ങളുടെ സന്താനങ്ങള്‍ക്കും അവകാശപ്പെട്ടതാണ്; അതുകൊണ്ട് ദൈവം അങ്ങയോടു കല്പിച്ചതുപോലെ ചെയ്യുക.” യാക്കോബു രാവിലെ എഴുന്നേറ്റു ഭാര്യമാരെയും കുട്ടികളെയും ഒട്ടകപ്പുറത്തു കയറ്റി. പദ്ദന്‍-അരാമില്‍വച്ചു നേടിയ ആടുമാടുകള്‍, മൃഗങ്ങള്‍ അങ്ങനെ സര്‍വസമ്പാദ്യങ്ങളുമായി യാക്കോബ് കനാനില്‍ തന്‍റെ പിതാവായ ഇസ്ഹാക്കിന്‍റെ അടുക്കലേക്കു പുറപ്പെട്ടു. അപ്പോള്‍ ലാബാന്‍ ആടുകളുടെ രോമം കത്രിക്കാന്‍ പോയിരിക്കുകയായിരുന്നു. ആ തക്കം നോക്കി റാഹേല്‍ തന്‍റെ പിതാവിന്‍റെ കുലദേവവിഗ്രഹങ്ങള്‍ അപഹരിച്ചു. നാടുവിടുന്ന വിവരം യാക്കോബ് ലാബാനെ അറിയിച്ചില്ല. സകലസമ്പാദ്യങ്ങളുമായിട്ടാണ് യാക്കോബ് പുറപ്പെട്ടത്. യൂഫ്രട്ടീസ്നദി കടന്ന് ഗിലെയാദ് മലകള്‍ ലക്ഷ്യമാക്കി അവര്‍ നീങ്ങി. യാക്കോബ് ഒളിച്ചുപോയതിന്‍റെ മൂന്നാം ദിവസം ലാബാന്‍ വിവരമറിഞ്ഞു. അയാള്‍ ചാര്‍ച്ചക്കാരെയും കൂട്ടി ഏഴു ദിവസം യാക്കോബിനെ പിന്തുടര്‍ന്നു. ഗിലെയാദ് മലകള്‍ക്കടുത്തുവച്ച് അവര്‍ യാക്കോബിനെ കണ്ടെത്തി. അന്നു രാത്രി ദൈവം സ്വപ്നത്തില്‍ ലാബാനു പ്രത്യക്ഷനായി പറഞ്ഞു: “നീ യാക്കോബിനെ ഭീഷണിപ്പെടുത്തരുത്.” ലാബാന്‍ യാക്കോബിന്‍റെ ഒപ്പമെത്തി; യാക്കോബ് മലമ്പ്രദേശത്ത് കൂടാരം അടിച്ചിരുന്നു; ലാബാനും കൂട്ടരും ഗിലെയാദ് മലമ്പ്രദേശത്തുതന്നെ കൂടാരമടിച്ചു. ലാബാന്‍ യാക്കോബിനോടു പറഞ്ഞു: “നീ എന്താണ് ഇങ്ങനെ ചെയ്തത്? എന്തിനെന്നെ ചതിച്ചു? യുദ്ധത്തടവുകാരെ കൊണ്ടുപോകുന്നതുപോലെ എന്‍റെ പുത്രിമാരെ കൊണ്ടുപോകുന്നത് എന്ത്? നീ എന്നോടു പറയാതെ ഒളിച്ചോടിയത് എന്തുകൊണ്ട്? എന്നോടു പറഞ്ഞിരുന്നെങ്കില്‍ തംബുരുവും വീണയും മീട്ടി പാട്ടും മേളവുമായി സന്തോഷത്തോടെ ഞാന്‍ നിങ്ങളെ യാത്ര അയയ്‍ക്കുമായിരുന്നില്ലേ? എന്‍റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിച്ചു യാത്രയാക്കാന്‍ നീ എനിക്ക് അവസരം നല്‌കാഞ്ഞതെന്ത്? നിന്നെ ഉപദ്രവിക്കാന്‍ എനിക്കു കഴിയും. എന്നാല്‍ നിന്നെ ഭീഷണിപ്പെടുത്തരുതെന്ന നിന്‍റെ പിതാവിന്‍റെ ദൈവം കഴിഞ്ഞ രാത്രിയില്‍ എന്നോടു കല്പിച്ചു. പിതൃഭവനത്തിലെത്താനുള്ള അതിയായ ആഗ്രഹംകൊണ്ടാണ് നീ അങ്ങനെ ചെയ്തതെന്ന് എനിക്കറിയാം. എന്നാല്‍ എന്തിന് എന്‍റെ കുലദേവവിഗ്രഹങ്ങള്‍ മോഷ്‍ടിച്ചു?” യാക്കോബ് ലാബാനോടു പറഞ്ഞു: “അങ്ങു ബലം പ്രയോഗിച്ച് അങ്ങയുടെ പുത്രിമാരെ തടഞ്ഞുവയ്‍ക്കുമെന്നു ഞാന്‍ ഭയപ്പെട്ടു. അതുകൊണ്ടാണ് അങ്ങനെ ചെയ്തത്. എന്നാല്‍ ആരുടെയെങ്കിലും പക്കല്‍ അങ്ങയുടെ കുലദേവവിഗ്രഹങ്ങള്‍ കണ്ടാല്‍ പിന്നീടയാള്‍ ജീവിക്കരുത്. നമ്മുടെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍വച്ചു പരിശോധിച്ച് അങ്ങയുടെ വക ഏതെങ്കിലും വസ്തുക്കള്‍ എന്‍റെ കൈവശം ഉണ്ടെങ്കില്‍ എടുത്തുകൊള്ളുക.” റാഹേല്‍ അവ മോഷ്‍ടിച്ചു എന്നു യാക്കോബ് അറിഞ്ഞിരുന്നില്ല. യാക്കോബിന്‍റെയും ലേയായുടെയും ദാസിമാരുടെയും കൂടാരങ്ങളില്‍ കടന്ന് അവിടെയുള്ളതെല്ലാം ലാബാന്‍ പരിശോധിച്ചു. എന്നാല്‍ വിഗ്രഹങ്ങള്‍ ഒന്നും കണ്ടില്ല. പിന്നീട് റാഹേലിന്‍റെ കൂടാരത്തില്‍ പ്രവേശിച്ചു. റാഹേല്‍ കുലദേവവിഗ്രഹങ്ങളെടുത്ത് ഒട്ടകത്തിന്‍റെ ജീനിയിലുള്ള സഞ്ചിയിലാക്കി അതിന്മേല്‍ ഇരിക്കുകയായിരുന്നു. ലാബാന്‍ കൂടാരം മുഴുവന്‍ പരിശോധിച്ചിട്ടും അവ കണ്ടില്ല. അവള്‍ പറഞ്ഞു: “പിതാവേ, എന്നോടു കോപിക്കരുതേ; എനിക്കിപ്പോള്‍ ആര്‍ത്തവസമയമാണ്. എഴുന്നേല്‌ക്കാന്‍ കല്പിക്കരുതേ!” ലാബാന്‍ കൂടാരമെല്ലാം പരിശോധിച്ചിട്ടും വിഗ്രഹങ്ങള്‍ കണ്ടെത്തിയില്ല. യാക്കോബു രോഷത്തോടെ ലാബാനോടു ചോദിച്ചു: “ഞാന്‍ എന്തു കുറ്റം ചെയ്തു? ഇത്ര ആവേശത്തോടെ പിന്തുടരാന്‍ എന്തു തെറ്റാണ് ഞാന്‍ ചെയ്തത്? ഈ പരിശോധനയെല്ലാം നടത്തിയിട്ടും അങ്ങയുടെ ഭവനത്തിലെ ഏതെങ്കിലും വസ്തു കണ്ടുപിടിക്കാന്‍ കഴിഞ്ഞുവോ? കണ്ടുപിടിച്ചെങ്കില്‍ അങ്ങയുടെയും എന്‍റെയും ചാര്‍ച്ചക്കാരുടെ മുമ്പില്‍ അതു വയ്‍ക്കുക; അവര്‍ വിധി പറയട്ടെ. ഞാന്‍ കഴിഞ്ഞ ഇരുപതു വര്‍ഷം അങ്ങയുടെ കൂടെ ഉണ്ടായിരുന്നു; അങ്ങയുടെ ചെമ്മരിയാടുകള്‍ക്കോ കോലാടുകള്‍ക്കോ ഗര്‍ഭനാശം ഉണ്ടായിട്ടില്ല. അങ്ങയുടെ പറ്റങ്ങളില്‍നിന്നു ഭക്ഷണത്തിനായി മുട്ടാടുകളെ ഞാന്‍ എടുത്തിട്ടുമില്ല. വന്യമൃഗങ്ങള്‍ കടിച്ചുകീറിയ ആടുകളെ അങ്ങയുടെ അടുക്കല്‍ ഞാന്‍ കൊണ്ടുവന്നിട്ടുമില്ല; അവയുടെ നഷ്ടം ഞാന്‍ തന്നെയാണ് വഹിച്ചത്; രാത്രിയോ പകലോ എന്ന വ്യത്യാസം കൂടാതെ കളവുപോയ എല്ലാറ്റിനുംവേണ്ടി അങ്ങ് എന്നോടു പകരം വാങ്ങി. എന്‍റെ അനുഭവം അതായിരുന്നു. പകലത്തെ വെയിലും രാത്രിയിലെ ശൈത്യവും എന്നെ ക്ഷീണിപ്പിച്ചു; ഞാന്‍ നിദ്രാവിഹീനനായിത്തീര്‍ന്നു. “കഴിഞ്ഞ ഇരുപതു വര്‍ഷം ഞാന്‍ അങ്ങയുടെ ഭവനത്തിലായിരുന്നല്ലോ കഴിഞ്ഞത്. അതില്‍ പതിനാലു വര്‍ഷം അങ്ങയുടെ പുത്രിമാര്‍ക്കുവേണ്ടിയും ശേഷിച്ച ആറു വര്‍ഷം ആടുകള്‍ക്കുവേണ്ടിയും ഞാന്‍ വേല ചെയ്തു. ഈ കാലയളവിനുള്ളില്‍ പലതവണ എന്‍റെ പ്രതിഫലം അങ്ങു മാറ്റിമറിച്ചു. എന്‍റെ പിതാക്കന്മാരായ അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും ദൈവം എനിക്ക് അനുകൂലമായിരുന്നില്ലെങ്കില്‍ അങ്ങ് എന്നെ വെറുംകൈയോടെ അയച്ചുകളയുമായിരുന്നു. ദൈവം എന്‍റെ അധ്വാനവും ദുരിതങ്ങളും കണ്ടു. അതുകൊണ്ടാണ് കഴിഞ്ഞ രാത്രിയില്‍ അവിടുന്ന് അങ്ങേക്കു താക്കീതു നല്‌കിയത്.” ലാബാന്‍ യാക്കോബിനോടു പറഞ്ഞു: “ഇവര്‍ എന്‍റെ പുത്രിമാര്‍, ഈ കുട്ടികള്‍ എന്‍റെ കുട്ടികള്‍; ആട്ടിന്‍പറ്റവും എന്‍റേതാണ്. നീ ഇപ്പോള്‍ കാണുന്നതെല്ലാം എന്‍റെ വകയാണ്. എന്നാല്‍, എന്‍റെ പുത്രിമാരോടോ അവരുടെ മക്കളോടോ എനിക്ക് ഇപ്പോള്‍ എന്തു ചെയ്യാന്‍ കഴിയും? അതുകൊണ്ട് ഇപ്പോള്‍ നമുക്കു തമ്മില്‍ ഒരു ഉടമ്പടി ചെയ്യാം; അതു നമുക്കു മധ്യേ ഒരു സാക്ഷ്യം ആയിരിക്കട്ടെ.” യാക്കോബ് ഒരു കല്ലെടുത്തു നാട്ടി നിര്‍ത്തി. അനന്തരം കുറെ കല്ലുകള്‍ പെറുക്കിക്കൂട്ടാന്‍ ബന്ധുക്കളോടു പറഞ്ഞു. അവര്‍ കല്ലുകള്‍ ശേഖരിച്ച് കൂമ്പാരം കൂട്ടി. അതിനു സമീപം ഇരുന്ന് അവര്‍ ഭക്ഷണം കഴിച്ചു. ലാബാന്‍ അതിനെ യെഗര്‍-സാഹദൂഥ എന്നും യാക്കോബ് അതിനെ ഗലേദ് എന്നും വിളിച്ചു. “ഈ കൂമ്പാരം ഇന്നു നമുക്കു മധ്യേ സാക്ഷിയായിരിക്കുന്നു” എന്നു പറഞ്ഞു ലാബാന്‍ അതിനു ഗലേദ് എന്നും, കല്‍ത്തൂണിനു മിസ്പാ എന്നും പേരിട്ടു. അദ്ദേഹം പറഞ്ഞു: “നാം ഇരുവരും രണ്ടു സ്ഥലത്തായിരിക്കുമ്പോള്‍ സര്‍വേശ്വരന്‍ നമുക്കു കാവലായിരിക്കട്ടെ. നീ എന്‍റെ പുത്രിമാരെ ഉപദ്രവിക്കുകയോ, അവര്‍ക്കു പുറമേ മറ്റു സ്‍ത്രീകളെ ഭാര്യമാരായി സ്വീകരിക്കുകയോ ചെയ്താല്‍ അതു കാണാന്‍ നമ്മുടെകൂടെ ഒരാളും ഇല്ലെങ്കിലും എനിക്കും നിനക്കും മധ്യേ ദൈവം സാക്ഷിയായിരിക്കുന്നു എന്നോര്‍ക്കുക.” പിന്നീട് ലാബാന്‍ യാക്കോബിനോടു പറഞ്ഞു: “നമ്മുടെ മധ്യത്തില്‍ വച്ചിരിക്കുന്ന ഈ കല്‍ക്കൂമ്പാരവും കല്‍ത്തൂണും കാണുക. ദ്രോഹോദ്ദേശ്യത്തോടുകൂടി ഈ കല്‍ക്കൂമ്പാരവും കല്‍ത്തൂണും കടന്ന് ഞാന്‍ നിന്‍റെ അടുക്കലേക്കോ നീ ഇവ കടന്ന് എന്‍റെ അടുക്കലേക്കോ വരികയില്ലെന്നുള്ളതിന് ഇവ സാക്ഷിയാകുന്നു. അബ്രഹാമിന്‍റെയും നാഹോരിന്‍റെയും അവരുടെ പിതാവിന്‍റെയും ദൈവം നമുക്കു മധ്യേ ന്യായം വിധിക്കട്ടെ.” ഇസ്ഹാക്ക് ആരാധിച്ചിരുന്ന ദൈവത്തിന്‍റെ നാമത്തില്‍ യാക്കോബു സത്യം ചെയ്തു. ആ മലയില്‍വച്ചു യാക്കോബ് ഒരു യാഗം അര്‍പ്പിച്ചു; പിന്നീട് ഭക്ഷണം കഴിക്കുന്നതിന് അദ്ദേഹം ബന്ധുക്കളെ ക്ഷണിച്ചു. അവര്‍ ഭക്ഷണം കഴിച്ചശേഷം രാത്രിയില്‍ അവിടെത്തന്നെ പാര്‍ത്തു. ലാബാന്‍ അതിരാവിലെ എഴുന്നേറ്റു കൊച്ചുമക്കളെയും പുത്രിമാരെയും ചുംബിച്ച് അനുഗ്രഹിച്ചശേഷം സ്വന്തഭവനത്തിലേക്കു മടങ്ങിപ്പോയി. യാക്കോബു യാത്ര തുടര്‍ന്നു; വഴിയില്‍വച്ചു ദൈവത്തിന്‍റെ ദൂതന്മാര്‍ യാക്കോബിനു പ്രത്യക്ഷപ്പെട്ടു. അവരെ കണ്ടപ്പോള്‍ യാക്കോബു പറഞ്ഞു: “ഇതു ദൈവത്തിന്‍റെ സേനയാകുന്നു. അദ്ദേഹം ആ സ്ഥലത്തിനു ‘ മഹനയീം’ എന്നു പേരിട്ടു. യാക്കോബ് ഏദോമില്‍ സേയിര്‍ദേശത്തു വസിച്ചിരുന്ന ഏശാവിന്‍റെ അടുക്കല്‍ തനിക്കു മുമ്പായി ദൂതന്മാരെ പറഞ്ഞയച്ചു: “അങ്ങയുടെ ദാസനായ ഞാന്‍ ഇത്രയും കാലം ലാബാന്‍റെ വീട്ടില്‍ പാര്‍ക്കുകയായിരുന്നു. എനിക്കു ധാരാളം കാളകളും കഴുതകളും ആട്ടിന്‍പറ്റങ്ങളും ദാസീദാസന്മാരും ഉണ്ട്; അങ്ങ് എന്നില്‍ പ്രസാദിക്കുന്നതിനായി ഞാന്‍ ഇവരെ അയയ്‍ക്കുന്നു.” ദൂതന്മാര്‍ മടങ്ങിവന്നു യാക്കോബിനോടു പറഞ്ഞു: “ഞങ്ങള്‍ അങ്ങയുടെ സഹോദരനായ ഏശാവിന്‍റെ അടുക്കല്‍ പോയിരുന്നു; അങ്ങയെ എതിരേല്‌ക്കാന്‍ നാനൂറുപേരോടുകൂടി അദ്ദേഹം വരുന്നുണ്ട്.” അതു കേട്ട് യാക്കോബു പരിഭ്രാന്തനും ഭയപരവശനുമായി. തന്‍റെ ആളുകളെയും കന്നുകാലിക്കൂട്ടത്തെയും ആട്ടിന്‍പറ്റത്തെയും ഒട്ടകങ്ങളെയും രണ്ടായി തിരിച്ചു. “ഒരു കൂട്ടത്തെ ഏശാവ് ആക്രമിച്ചു നശിപ്പിച്ചാല്‍ മറ്റേകൂട്ടം രക്ഷപെടുമല്ലോ” എന്നദ്ദേഹം കരുതി. യാക്കോബ് ഇങ്ങനെ പ്രാര്‍ഥിച്ചു: “എന്‍റെ പിതാക്കന്മാരായ അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും ദൈവമേ, നിന്‍റെ ദേശത്തേക്കും നിന്‍റെ ബന്ധുക്കളുടെ അടുക്കലേക്കും പോകുക; ഞാന്‍ നിനക്കു നന്മചെയ്യും എന്ന് അരുളിച്ചെയ്ത സര്‍വേശ്വരാ, അവിടുന്ന് ഈ ദാസനോടു കാണിച്ചിട്ടുള്ള സുസ്ഥിരസ്നേഹവും വിശ്വസ്തതയും അടിയന്‍ അര്‍ഹിക്കുന്നതിനപ്പുറമാണ്; ഞാന്‍ യോര്‍ദ്ദാന്‍ കടന്നുപോകുമ്പോള്‍ ഒരു വടി മാത്രമേ കൈയില്‍ ഉണ്ടായിരുന്നുള്ളൂ; ഇപ്പോള്‍ ഞാന്‍ രണ്ടു വലിയ സംഘങ്ങളായി വളര്‍ന്നിരിക്കുന്നു. എന്‍റെ സഹോദരനായ ഏശാവിന്‍റെ കൈയില്‍നിന്ന് എന്നെ വിടുവിക്കണമേ. ഞങ്ങളെ എല്ലാവരെയും മക്കളെയും അവരുടെ അമ്മമാരെയും അദ്ദേഹം നശിപ്പിക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു. എന്നാല്‍ അവിടുന്നു, ‘ഞാന്‍ നിനക്കു നന്മചെയ്യും; നിന്‍റെ സന്തതികളെ കടല്‍പ്പുറത്തെ മണല്‍പോലെ എണ്ണിക്കൂടാത്തവിധം അസംഖ്യമാക്കും’ എന്നു കല്പിച്ചുവല്ലോ.” യാക്കോബ് അന്നുരാത്രി അവിടെ പാര്‍ത്തു; സഹോദരനായ ഏശാവിനു സമ്മാനമായി നല്‌കാന്‍ തന്‍റെ സമ്പത്തില്‍ ചിലത് തിരഞ്ഞെടുത്തു. ഇരുനൂറു പെൺകോലാട്, ഇരുപതു ആണ്‍കോലാട്, ഇരുനൂറു പെൺചെമ്മരിയാട്, ഇരുപത് ആണ്‍ചെമ്മരിയാട്, കറവയുള്ള മുപ്പത് ഒട്ടകങ്ങളും അവയുടെ കുട്ടികളും, നാല്പതു പശുക്കള്‍, പത്തു കാളകള്‍, ഇരുപതു പെണ്‍കഴുതകള്‍, പത്ത് ആണ്‍കഴുതകള്‍ എന്നിവയെയാണ് തിരഞ്ഞെടുത്തത്. ഇവയെ പറ്റംപറ്റമായി തിരിച്ച് ഓരോ കൂട്ടത്തെയും ഓരോ ഭൃത്യന്‍റെ ചുമതലയില്‍ ഏല്പിച്ചു; അവര്‍ തനിക്കു മുമ്പേ പോകാനും യാത്രയില്‍ പറ്റങ്ങള്‍ തമ്മില്‍ അകലം സൂക്ഷിക്കാനും യാക്കോബ് അവരോടു നിര്‍ദ്ദേശിച്ചു. ഏറ്റവും മുമ്പില്‍ പോകുന്നവനോടു യാക്കോബു പറഞ്ഞു: “എന്‍റെ സഹോദരനായ ഏശാവ് നിന്നെ കാണുകയും നീ ആരുടെ ആള്‍? നീ എവിടെ പോകുന്നു? ഈ മൃഗങ്ങള്‍ ആരുടെ വകയാണ്? എന്നിങ്ങനെ ചോദിക്കുമ്പോള്‍: “അവ അങ്ങയുടെ ദാസനായ യാക്കോബിന്‍റെ വകയാണ്; യജമാനനായ അങ്ങേക്ക് സമ്മാനമായി തന്നയച്ചതാണ്; യാക്കോബും പിന്നാലെ വരുന്നുണ്ട്” എന്നു പറയുക.” പറ്റങ്ങളെ നയിച്ചിരുന്ന എല്ലാവരോടും യാക്കോബ് ഇപ്രകാരം നിര്‍ദ്ദേശിച്ചു. “അങ്ങയുടെ ദാസനായ യാക്കോബു പിന്നാലെ വരുന്നുണ്ടെന്നു പറയണം.” താന്‍ കൊടുത്തയച്ച സമ്മാനങ്ങള്‍കൊണ്ട് അദ്ദേഹത്തെ പ്രീതിപ്പെടുത്താന്‍ കഴിഞ്ഞാല്‍ പിന്നീടു നേരില്‍ കാണുമ്പോള്‍ തന്നോടു കരുണ തോന്നിയേക്കാം എന്നു യാക്കോബ് വിചാരിച്ചു. സമ്മാനങ്ങള്‍ കൊടുത്തയച്ചശേഷം യാക്കോബ് രാത്രിയില്‍ കൂടാരത്തില്‍ പാര്‍ത്തു. ആ രാത്രിതന്നെ യാക്കോബ് തന്‍റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസികളെയും പതിനൊന്നു മക്കളെയും കൂട്ടിക്കൊണ്ട് യാബോക്കു കടവു കടന്നു. അവരെ തന്‍റെ സര്‍വസമ്പത്തോടുംകൂടി അക്കരയ്‍ക്ക് അയച്ചു. യാക്കോബു മാത്രം ഇക്കരെ ശേഷിച്ചു. അപ്പോള്‍ ഒരാള്‍ വന്നു യാക്കോബുമായി പ്രഭാതംവരെ മല്‍പ്പിടുത്തം നടത്തി. യാക്കോബിനെ കീഴ്പെടുത്താന്‍ കഴിയുകയില്ല എന്നു മനസ്സിലായപ്പോള്‍ അദ്ദേഹം യാക്കോബിന്‍റെ അരക്കെട്ടില്‍ അടിച്ചു; വീണ്ടും മല്‍പ്പിടുത്തം നടത്തിയപ്പോള്‍ യാക്കോബിന്‍റെ തുട ഉളുക്കിപ്പോയി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: “പ്രഭാതമാകുന്നു ഞാന്‍ പോകട്ടെ.” “എന്നെ അനുഗ്രഹിക്കാതെ ഞാന്‍ അങ്ങയെ വിടുകയില്ല” എന്നു യാക്കോബു മറുപടി പറഞ്ഞു. അദ്ദേഹം ചോദിച്ചു: “നിന്‍റെ പേരെന്താണ്?” “യാക്കോബ്” എന്ന് മറുപടി പറഞ്ഞു. നിന്‍റെ പേര് ഇനിമേല്‍ യാക്കോബ് എന്നായിരിക്കുകയില്ല; നീ ദൈവത്തോടും മനുഷ്യരോടും മല്‍പ്പിടുത്തം നടത്തി ജയിച്ചിരിക്കുന്നതുകൊണ്ട് നിന്‍റെ പേര്‍ ഇസ്രായേല്‍ എന്നായിരിക്കും.” “അങ്ങയുടെ പേരെന്താണ്” എന്നു യാക്കോബ് ചോദിച്ചു. “എന്തിനു നീ എന്‍റെ പേരു തിരക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു. അവിടെവച്ച് അദ്ദേഹം യാക്കോബിനെ അനുഗ്രഹിച്ചു. “ഞാന്‍ ദൈവത്തെ അഭിമുഖമായി ദര്‍ശിച്ചെങ്കിലും എനിക്കു ജീവഹാനി സംഭവിച്ചില്ല” എന്നു പറഞ്ഞു യാക്കോബ് ആ സ്ഥലത്തിനു ‘പെനീയേല്‍’ എന്നു പേരിട്ടു. തുടയുടെ ഉളുക്കു നിമിത്തം യാക്കോബ് മുടന്തിക്കൊണ്ട് പെനീയേല്‍ കടന്നപ്പോഴേക്കും സൂര്യന്‍ ഉദിച്ചു. അരക്കെട്ടിലെ ഞരമ്പ് ഇങ്ങനെ സ്പര്‍ശിക്കപ്പെട്ടതിനാലാണ് ഇസ്രായേല്‍ജനം ആ ഭാഗത്തെ ഞരമ്പ് ഇപ്പോഴും ഭക്ഷിക്കാത്തത്. ഏശാവ് നാനൂറ് ആളുകളുമായി വരുന്നതു ദൂരെനിന്നു യാക്കോബ് കണ്ടു. അപ്പോള്‍ മക്കളെ ലേയായുടെയും റാഹേലിന്‍റെയും മറ്റു രണ്ടു ദാസിമാരുടെയും അടുക്കല്‍ വേര്‍തിരിച്ചു നിര്‍ത്തി. ദാസിമാരെയും അവരുടെ മക്കളെയും ഏറ്റവും മുമ്പിലും ലേയായെയും അവളുടെ മക്കളെയും അവരുടെ പിമ്പിലും റാഹേലിനെയും യോസേഫിനെയും ഏറ്റവും പിന്നിലുമായിട്ടാണ് നിര്‍ത്തിയത്. യാക്കോബ് അവര്‍ക്കു മുമ്പേ നടന്നു. യാക്കോബ് ദൂരെവച്ചു തന്നെ ഏഴു പ്രാവശ്യം ഏശാവിനെ സാഷ്ടാംഗം നമസ്കരിച്ചു. ഏശാവ് ഓടിച്ചെന്നു സഹോദരനെ കെട്ടിപ്പിടിച്ചു ചുംബിച്ചു; അവര്‍ ഇരുവരും കരഞ്ഞു. സ്‍ത്രീകളും കുട്ടികളും നില്‌ക്കുന്നതു കണ്ട് അവര്‍ ആരെല്ലാമാണ് എന്ന് ഏശാവ് ചോദിച്ചു. “ദൈവത്തിന്‍റെ കൃപയാല്‍ അങ്ങയുടെ ദാസനു നല്‌കിയ മക്കളാണ് ഇവര്‍” എന്നു യാക്കോബു മറുപടി പറഞ്ഞു. അപ്പോള്‍ ദാസിമാരും മക്കളും ഒടുവില്‍ യോസേഫും റാഹേലും അടുത്തുവന്ന് ഏശാവിനെ താണുവണങ്ങി. “ഞാന്‍ വഴിയില്‍വച്ചു കണ്ട മൃഗങ്ങളെയും ഭൃത്യന്മാരെയും എന്തിനാണ് നീ അയച്ചത്?” എന്ന് ഏശാവു ചോദിച്ചപ്പോള്‍ “അങ്ങയുടെ പ്രീതിക്കുവേണ്ടിയാണ്” എന്നു യാക്കോബ് പ്രതിവചിച്ചു. ഏശാവ് പറഞ്ഞു: “എന്‍റെ സഹോദരാ, എനിക്കിവയെല്ലാം വേണ്ടുവോളമുണ്ട്; നിന്‍റെ വകയെല്ലാം നീ തന്നെ സൂക്ഷിച്ചുകൊള്ളുക.” യാക്കോബ് പറഞ്ഞു: “ഒരിക്കലും അങ്ങനെ പറയരുതേ; അങ്ങേക്ക് എന്നോടു പ്രസാദം തോന്നിയിട്ടുണ്ടെങ്കില്‍ എന്‍റെ ഈ സമ്മാനങ്ങള്‍ സ്വീകരിക്കണമേ; അങ്ങയുടെ മുഖം കാണുന്നതു ദൈവത്തിന്‍റെ മുഖം കാണുന്നതിനു തുല്യമാണ്; അങ്ങ് എന്നെ സസന്തോഷം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. അങ്ങേക്കു കൊണ്ടുവന്നിരിക്കുന്ന ഈ സമ്മാനം സ്വീകരിച്ചാലും. ദൈവം എന്നോടു കൃപചെയ്ത് എനിക്കാവശ്യമുള്ളതെല്ലാം നല്‌കിയിട്ടുണ്ട്.” യാക്കോബു തുടര്‍ന്നു നിര്‍ബന്ധിച്ചതുകൊണ്ട് ഏശാവ് അതു സ്വീകരിച്ചു. ഏശാവു പറഞ്ഞു: “നമുക്കു യാത്ര തുടരാം; ഞാന്‍ മുമ്പേ പോകാം.” അതിനു യാക്കോബു പറഞ്ഞു: “കുട്ടികള്‍ നന്നേ ക്ഷീണിച്ചിരിക്കുന്നു. കറവയുള്ള ആടുകളും കന്നുകാലികളും എന്‍റെ കൂടെയുണ്ട്; അവയുടെ കാര്യവും ഞാന്‍ നോക്കണമല്ലോ. ഒരു ദിവസം അമിതമായി ഓടിച്ചാല്‍ അവയെല്ലാം ചത്തുപോകും. അതുകൊണ്ട് അങ്ങ് ഈ ദാസനുമുമ്പേ പോയാലും. കുട്ടികള്‍ക്കും കന്നുകാലികള്‍ക്കും നടക്കാവുന്ന വേഗത്തില്‍ അവയെ നടത്തി സേയീരില്‍ അങ്ങയുടെ അടുക്കല്‍ ഞാന്‍ വന്നുകൊള്ളാം.” ഏശാവു പറഞ്ഞു: “അങ്ങനെയെങ്കില്‍ എന്‍റെ കൂടെയുള്ള ആളുകളില്‍ ചിലരെ നിന്‍റെ കൂടെ നിര്‍ത്തിയിട്ടു ഞാന്‍ പോകാം.” യാക്കോബു പറഞ്ഞു: “അതെന്തിന്? എനിക്കങ്ങയുടെ പ്രീതി മതിയല്ലോ.” അന്നുതന്നെ ഏശാവു സേയീരിലേക്കു മടങ്ങിപ്പോയി. യാക്കോബു സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു. അവിടെ എത്തിയശേഷം പാര്‍ക്കാന്‍ ഒരു ഭവനവും കന്നുകാലികള്‍ക്കുവേണ്ട തൊഴുത്തുകളും പണിതു. അതുകൊണ്ട് ആ സ്ഥലത്തിനു സുക്കോത്ത് എന്നു പേരുണ്ടായി. യാക്കോബ് പദ്ദന്‍-അരാമില്‍നിന്നുള്ള മടക്കയാത്ര തുടര്‍ന്നു. കനാനിലുള്ള ശെഖേം പട്ടണത്തിനടുത്ത് അദ്ദേഹം സുരക്ഷിതനായി എത്തി; അവിടെ കൂടാരമടിച്ചു പാര്‍ത്തു. ശെഖേമിന്‍റെ പിതാവായ ഹാമോരിന്‍റെ പുത്രന്മാരില്‍നിന്നു നൂറു വെള്ളിക്കാശിനു വിലയ്‍ക്കു വാങ്ങിയതായിരുന്നു ആ സ്ഥലം. അവിടെ യാക്കോബ് ഒരു യാഗപീഠം പണിത് അതിന് ഏല്‍-എലോഹേ-ഇസ്രായേല്‍ എന്നു പേരിട്ടു. യാക്കോബിന്‍റെയും ലേയായുടെയും പുത്രിയായ ദീനാ ഒരു ദിവസം ആ ദേശത്തെ ചില സ്‍ത്രീകളെ സന്ദര്‍ശിക്കാന്‍ പോയി. ഹിവ്യനായ ഹാമോരിന്‍റെ പുത്രനും അവിടത്തെ പ്രഭുവുമായ ശെഖേം അവളെ കണ്ട് പിടിച്ചുകൊണ്ടുപോയി അപമാനിച്ചു. യാക്കോബിന്‍റെ പുത്രിയായ ദീനായുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ അയാള്‍ വശ്യവാക്കുകള്‍കൊണ്ട് അവളുടെ സ്നേഹം ആര്‍ജിക്കാന്‍ ശ്രമിച്ചു. “ഇവളെ എനിക്കു ഭാര്യയായി നല്‌കണം” എന്ന് ശെഖേം തന്‍റെ പിതാവായ ഹാമോരിനോടു പറഞ്ഞു. തന്‍റെ പുത്രിയായ ദീനായെ ശെഖേം അപമാനിച്ച വിവരം യാക്കോബ് അറിഞ്ഞു; എങ്കിലും പുത്രന്മാര്‍ കന്നുകാലികളെ മേയ്‍ക്കാന്‍ വയലില്‍ പോയിരുന്നതുകൊണ്ട് അവര്‍ തിരിച്ചുവരുന്നതുവരെ യാക്കോബ് മൗനം അവലംബിച്ചു. ശെഖേമിന്‍റെ പിതാവായ ഹാമോര്‍ യാക്കോബുമായി സംസാരിക്കുന്നതിന് അവിടെ വന്നു. വിവരം അറിഞ്ഞ് യാക്കോബിന്‍റെ പുത്രന്മാരും വയലില്‍നിന്നു വന്നു; യാക്കോബിന്‍റെ പുത്രിയെ ബലാല്‍സംഗം ചെയ്ത് ഇസ്രായേലിനോട് നീചത്വം കാട്ടിയതുകൊണ്ട് അവര്‍ കോപാകുലരായിത്തീര്‍ന്നു. ഇത് അവര്‍ക്കു സഹിക്കാന്‍ കഴിഞ്ഞില്ല. ഹാമോര്‍ അവരോടു പറഞ്ഞു: “എന്‍റെ പുത്രന്‍ അവളില്‍ പ്രേമപരവശനായിരിക്കുകയാണ്. അതുകൊണ്ട് അവളെ അവനു വിവാഹം ചെയ്തു കൊടുക്കണം. നിങ്ങള്‍ ഞങ്ങളോടു വിവാഹബന്ധം പുലര്‍ത്തുക; നിങ്ങളുടെ പുത്രിമാരെ ഞങ്ങള്‍ക്കു തരിക; ഞങ്ങളുടെ പുത്രിമാരെ നിങ്ങള്‍ക്കും എടുക്കാം. നിങ്ങള്‍ ഞങ്ങളുടെകൂടെ പാര്‍ക്കണം; നിങ്ങള്‍ക്ക് സ്വതന്ത്രരായി ജീവിക്കാം; ഇവിടെ വസിച്ചു വ്യാപാരം ചെയ്യാം; വസ്തു സമ്പാദിക്കുകയും ആകാം.” ശെഖേം ദീനായുടെ പിതാവിനോടും സഹോദരന്മാരോടും പറഞ്ഞു: “നിങ്ങള്‍ക്ക് എന്നോടു പ്രസാദം തോന്നണമേ; നിങ്ങള്‍ ചോദിക്കുന്നതു ഞാന്‍ തരാം. വിവാഹത്തിനു സ്‍ത്രീധനമോ സമ്മാനമോ എത്രവേണമെങ്കിലും ചോദിച്ചുകൊള്ളുക. നിങ്ങള്‍ ആവശ്യപ്പെടുന്നതെന്തും തരാന്‍ ഞാന്‍ ഒരുക്കമാണ്. ഈ പെണ്‍കുട്ടിയെ എനിക്കു ഭാര്യയായി നല്‌കിയാലും.” തങ്ങളുടെ സഹോദരിയായ ദീനായെ മാനഭംഗപ്പെടുത്തിയതുകൊണ്ട് കൗശലപൂര്‍വമായിരുന്നു യാക്കോബിന്‍റെ മക്കള്‍ ശെഖേമിനോടു സംസാരിച്ചത്. അവര്‍ അവനോടു പറഞ്ഞു: “പരിച്ഛേദനം ഏറ്റിട്ടില്ലാത്ത ഒരാളിനു ഞങ്ങളുടെ സഹോദരിയെ കൊടുക്കുക സാധ്യമല്ല; അതു ഞങ്ങള്‍ക്ക് അപമാനകരമാണ്. ഒരു വ്യവസ്ഥയില്‍ ഞങ്ങള്‍ ഇതു സമ്മതിക്കാം; നിങ്ങളുടെ ഇടയിലുള്ള പുരുഷന്മാരെല്ലാവരും പരിച്ഛേദനം നടത്തി ഞങ്ങളെപ്പോലെയാകണം. അപ്പോള്‍ ഞങ്ങളുടെ പുത്രിമാരെ നിങ്ങള്‍ക്കു തരികയും നിങ്ങളുടെ പുത്രിമാരെ ഞങ്ങള്‍ സ്വീകരിക്കുകയും ചെയ്യാം. ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ പാര്‍ത്ത് ഒരു ജനതയായിത്തീരുകയും ചെയ്യും. എന്നാല്‍ ഞങ്ങള്‍ പറയുന്നതുപോലെ പരിച്ഛേദനം ഏല്‌ക്കാതെയിരുന്നാല്‍ ഞങ്ങള്‍ പെണ്‍കുട്ടിയെയുംകൊണ്ടു ഇവിടം വിട്ടുപോകും. അവരുടെ വാക്കുകള്‍ ഹാമോരിനും ശെഖേമിനും സ്വീകാര്യമായി. യാക്കോബിന്‍റെ പുത്രിയില്‍ അതിതത്പരനായിരുന്നതുകൊണ്ട് അവര്‍ പറഞ്ഞപ്രകാരം ചെയ്യാന്‍ ആ യുവാവ് ഒട്ടും താമസിച്ചില്ല. അവന്‍റെ കുടുംബത്തിലെ ഏറ്റവും ബഹുമാന്യനായ വ്യക്തി അവനായിരുന്നു. ഹാമോരും പുത്രനായ ശെഖേമും നഗരവാതില്‌ക്കലെത്തി ജനങ്ങളോടു പറഞ്ഞു: “ഈ മനുഷ്യര്‍ നമ്മുടെ സൃഹൃത്തുക്കളാണ്; അവര്‍ നമ്മുടെ സ്ഥലത്തു താമസിച്ച് വ്യാപാരം ചെയ്യട്ടെ; അവര്‍ക്കും കൂടി പാര്‍ക്കത്തക്കവിധം നമ്മുടെ ദേശം വിസ്തൃതമാണല്ലോ. അവരുടെ പുത്രിമാരെ നാം വിവാഹം കഴിക്കുകയും നമ്മുടെ പുത്രിമാരെ അവര്‍ക്കു വിവാഹം ചെയ്തുകൊടുക്കുകയും ചെയ്യാം. ഒരു വ്യവസ്ഥയില്‍ മാത്രമേ അവര്‍ നമ്മുടെ ഇടയില്‍ പാര്‍ത്ത് ഒരു ജനതയായിത്തീരുന്നതിനു സമ്മതിക്കുകയുള്ളൂ; നമ്മുടെ കൂട്ടത്തിലുള്ള പുരുഷന്മാരെല്ലാവരും അവരെപ്പോലെ പരിച്ഛേദനം ഏല്‌ക്കണം. അവരുടെ കന്നുകാലികളും വസ്തുക്കളും മൃഗങ്ങളുമെല്ലാം നമ്മുടേതായിത്തീരുമല്ലോ. നാം ഇതൊന്നു സമ്മതിച്ചാല്‍ മതി. അവര്‍ നമ്മുടെ ഇടയില്‍ത്തന്നെ പാര്‍ക്കും. ഹാമോരും ശെഖേമും പറഞ്ഞതിനോടു നഗരവാതിലിനു പുറത്തുവന്ന എല്ലാ പുരുഷന്മാരും യോജിച്ചു. അങ്ങനെ ആ നഗരത്തിലെ പുരുഷന്മാരെല്ലാം പരിച്ഛേദനം ഏറ്റു. മൂന്നാം ദിവസം പരിച്ഛേദനം നിമിത്തമുള്ള വേദന മാറുന്നതിനു മുമ്പുതന്നെ യാക്കോബിന്‍റെ പുത്രന്മാരും ദീനായുടെ സഹോദരന്മാരുമായ ശിമെയോനും ലേവിയും വാളുകളുമായി സംശയം തോന്നാത്തവിധം നഗരത്തില്‍ പ്രവേശിച്ച് പുരുഷന്മാരെയെല്ലാം കൊന്നുകളഞ്ഞു. അവര്‍ ഹമോരിനെയും ശെഖേമിനെയും വാളുകൊണ്ടു കൊന്നതിനുശേഷം ദീനായെ ശെഖേമിന്‍റെ ഭവനത്തില്‍നിന്ന് മോചിപ്പിച്ചു കൊണ്ടുപോയി. പിന്നീട് യാക്കോബിന്‍റെ പുത്രന്മാര്‍ നഗരത്തില്‍ പ്രവേശിച്ചു കൊള്ളചെയ്തു; അങ്ങനെ അവര്‍ തങ്ങളുടെ സഹോദരിയെ അപമാനിച്ചതിനു പകരംവീട്ടി. അവരുടെ ആട്ടിന്‍പറ്റങ്ങളെയും കന്നുകാലികളെയും കഴുതകളെയും പട്ടണത്തിലും വയലിലുമുള്ള സകലത്തെയും അവര്‍ അപഹരിച്ചു. ഹിവ്യരുടെ സര്‍വസമ്പത്തും കുട്ടികളും സ്‍ത്രീകളും ഭവനത്തിലുള്ള സകലതും അവര്‍ കൊള്ളയടിച്ചു. അപ്പോള്‍ യാക്കോബ് ശിമെയോനോടും ലേവിയോടും പറഞ്ഞു: “ഈ ദേശവാസികളായ കനാന്യരുടെയും പെരിസ്യരുടെയും മധ്യത്തില്‍ നിങ്ങള്‍ എന്നെ അപഹാസ്യനാക്കി കുഴപ്പത്തില്‍ ചാടിച്ചിരിക്കുന്നു. എനിക്കു സംഖ്യാബലം കുറവാണല്ലോ; അവര്‍ ഒന്നിച്ചുചേര്‍ന്ന് എന്നെ ആക്രമിച്ചാല്‍ ഞാനും എന്‍റെ കുടുംബവും നശിച്ചുപോകും.” അവര്‍ ചോദിച്ചു: “വേശ്യയോടെന്നപോലെയല്ലേ അവര്‍ ഞങ്ങളുടെ സഹോദരിയോടു പെരുമാറിയത്?” ദൈവം യാക്കോബിനോടു പറഞ്ഞു: “നീ ബേഥേലില്‍ ചെന്ന് അവിടെ പാര്‍ക്കുക. നിന്‍റെ സഹോദരനായ ഏശാവിന്‍റെ അടുക്കല്‍നിന്ന് ഓടിപ്പോയപ്പോള്‍ നിനക്കു പ്രത്യക്ഷനായ ദൈവത്തിന് അവിടെ ഒരു യാഗപീഠം പണിയണം.” യാക്കോബ് കുടുംബാംഗങ്ങളോടും, കൂടെ ഉണ്ടായിരുന്ന മറ്റെല്ലാവരോടും പറഞ്ഞു: “നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ ഉപേക്ഷിക്കുവിന്‍; നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു നിര്‍മ്മലവസ്ത്രം ധരിക്കുവിന്‍. എന്‍റെ വിഷമസന്ധിയില്‍ എന്നെ സഹായിക്കുകയും ഞാന്‍ പോയ സ്ഥലങ്ങളിലെല്ലാം എന്നോടുകൂടെ ഉണ്ടായിരിക്കുകയും ചെയ്ത ദൈവത്തിന് ഒരു യാഗപീഠം പണിയുന്നതിനു നമുക്കു ബേഥേലിലേക്കു പോകാം.” അവരുടെ കൈയിലുണ്ടായിരുന്ന ദേവവിഗ്രഹങ്ങളും മൂക്കുത്തികളും അവര്‍ യാക്കോബിന്‍റെ കൈയില്‍ കൊടുത്തു. യാക്കോബ് അവയെല്ലാം ശെഖേമിനടുത്ത് ഒരു കരുവേലകത്തിന്‍റെ ചുവട്ടില്‍ കുഴിച്ചിട്ടു. അവരുടെ യാത്രാവേളയില്‍ ചുറ്റുമുണ്ടായിരുന്ന നഗരങ്ങളില്‍ ദൈവം ഉഗ്രമായ ഭീതി ഉളവാക്കി. അതുകൊണ്ട് അവര്‍ യാക്കോബിന്‍റെ പുത്രന്മാരെ അനുധാവനം ചെയ്തില്ല. യാക്കോബും സംഘവും കനാന്‍ദേശത്തു ലൂസ് അഥവാ ബേഥേലില്‍ എത്തി. യാക്കോബ് അവിടെ ഒരു യാഗപീഠം പണിതു; സഹോദരന്‍റെ സന്നിധിയില്‍നിന്ന് ഓടിപ്പോയപ്പോള്‍ ദൈവം തനിക്കു പ്രത്യക്ഷനായ സ്ഥലം ആയതുകൊണ്ട് എല്‍-ബേഥേല്‍ എന്ന് അതിനു പേരിട്ടു. റിബേക്കായുടെ ധാത്രിയായ ദെബോറാ അവിടെവച്ചു മരിച്ചു; ബേഥേലിന്‍റെ താഴ്വരയില്‍ ഒരു കരുവേലകത്തിന്‍റെ ചുവട്ടില്‍ അവളെ സംസ്കരിച്ചു. അതിനു അല്ലോന്‍-ബാഖൂത്ത് അഥവാ വിലാപവൃക്ഷം എന്നു പേരിട്ടു. പദ്ദന്‍-അരാമില്‍നിന്നു വരുന്ന സമയത്ത് ദൈവം യാക്കോബിനു വീണ്ടും പ്രത്യക്ഷനായി അദ്ദേഹത്തെ അനുഗ്രഹിച്ചു. ദൈവം യാക്കോബിനോടു പറഞ്ഞു: “നിന്‍റെ പേരു യാക്കോബ് എന്നാകുന്നു; എന്നാല്‍ ഇനിമേല്‍ നിന്‍റെ പേര് യാക്കോബ് എന്നല്ല ഇസ്രായേല്‍ എന്നായിരിക്കും. അങ്ങനെ യാക്കോബിന് ഇസ്രായേല്‍ എന്ന പേര്‍ ലഭിച്ചു. ദൈവം യാക്കോബിനോടു പറഞ്ഞു: “ഞാന്‍ സര്‍വശക്തനായ ദൈവമാകുന്നു; നിന്‍റെ സന്താനങ്ങള്‍ വര്‍ധിച്ച് ഒരു വലിയ ജനതയായിത്തീരും; അനേകം ജനതകള്‍ നിന്നില്‍നിന്നു പുറപ്പെടും; രാജാക്കന്മാരും നിങ്ങളുടെ ഇടയില്‍നിന്ന് ഉയര്‍ന്നുവരും. അബ്രഹാമിനും ഇസ്ഹാക്കിനും ഞാന്‍ നല്‌കിയ ദേശം നിനക്കു തരും. നിന്‍റെ മരണശേഷം അതു നിന്‍റെ ഭാവിതലമുറകള്‍ക്ക് അവകാശപ്പെട്ടിരിക്കും.” പിന്നീട് ദൈവം അപ്രത്യക്ഷനായി. അവിടെ യാക്കോബ് ഒരു കല്‍ത്തൂണ്‍ നാട്ടി; അതിന്മേല്‍ പാനീയയാഗം അര്‍പ്പിക്കുകയും എണ്ണകൊണ്ട് അഭിഷേകം ചെയ്യുകയും ചെയ്തു. ദൈവം തന്നോടു സംസാരിച്ചുകൊണ്ടുനിന്ന സ്ഥലത്തിനു ബേഥേല്‍ എന്നു പേരു വിളിച്ചു. ബേഥേലില്‍നിന്ന് അവര്‍ യാത്ര പുറപ്പെട്ടു; എഫ്രാത്തില്‍ എത്തുന്നതിനുമുമ്പ് റാഹേലിനു പ്രസവവേദന ആരംഭിച്ചു. അവള്‍ക്കു കഠിനമായ വേദനയുണ്ടായി; അപ്പോള്‍ സൂതികര്‍മിണി പറഞ്ഞു: “ഭയപ്പെടേണ്ടാ; ഒരു പുത്രന്‍കൂടി ഇപ്പോള്‍ ജനിക്കും.” എന്നാല്‍ അവള്‍ മരിക്കുകയായിരുന്നു; അന്ത്യശ്വാസം വലിക്കുന്നതിനുമുമ്പ് അവള്‍ ശിശുവിനു ‘ബെനോനി’ എന്നു പേരിട്ടു. എന്നാല്‍ പിതാവ് അവനെ ‘ബെന്യാമീന്‍’ എന്നാണു വിളിച്ചത്. റാഹേല്‍ മരിച്ചു; ബേത്‍ലഹേം എന്ന് ഇന്നറിയപ്പെടുന്ന എഫ്രാത്തിലേക്ക് പോകുന്ന വഴിയില്‍ അവളെ സംസ്കരിച്ചു. അവളുടെ ശവകുടീരത്തിന്മേല്‍ യാക്കോബ് ഒരു കല്‍ത്തൂണ്‍ നാട്ടി; “റാഹേലിന്‍റെ കല്ലറത്തൂണ്‍” എന്ന പേരില്‍ അത് ഇപ്പോഴും അറിയപ്പെടുന്നു. ഇസ്രായേല്‍ യാത്ര തുടര്‍ന്നു; ഏദെര്‍ ഗോപുരത്തിന്‍റെ അപ്പുറത്തു കൂടാരമടിച്ചു. അവിടെ വസിക്കുന്ന കാലത്തു രൂബേന്‍ റാഹേലിന്‍റെ ദാസിയായ ബില്‍ഹായോടുകൂടെ ശയിച്ചു. ആ വിവരം ഇസ്രായേല്‍ അറിഞ്ഞു. യാക്കോബിനു പന്ത്രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു. ലേയായുടെ പുത്രന്മാര്‍: രൂബേന്‍ (യാക്കോബിന്‍റെ ആദ്യജാതന്‍), ശിമെയോന്‍, ലേവി, യെഹൂദാ, ഇസ്സാഖാര്‍, സെബൂലൂന്‍ എന്നിവര്‍. റാഹേലിന്‍റെ പുത്രന്മാര്‍ യോസേഫും ബെന്യാമീനും. റാഹേലിന്‍റെ ദാസിയായ ബില്‍ഹായുടെ പുത്രന്മാര്‍ ദാനും നഫ്താലിയും. ലേയായുടെ ദാസി സില്പായുടെ പുത്രന്മാര്‍ ഗാദും ആശ്ശേരും ആയിരുന്നു. പദ്ദന്‍-അരാമില്‍വച്ചു യാക്കോബിനു ജനിച്ച പുത്രന്മാരാണ് ഇവരെല്ലാം. പിതാവായ ഇസ്ഹാക്ക് പാര്‍ത്തിരുന്ന കിര്യത്തര്‍ബായിലെ മമ്രെയില്‍ യാക്കോബു വന്നു; അബ്രഹാമും ഇസ്ഹാക്കും പാര്‍ത്തിരുന്ന ഹെബ്രോന്‍ അതുതന്നെ ആയിരുന്നു. ഇസ്ഹാക്ക് നൂറ്റിഎണ്‍പതു വര്‍ഷം ജീവിച്ചിരുന്നു. പൂര്‍ണവാര്‍ധക്യത്തില്‍ അദ്ദേഹം ചരമമടഞ്ഞു പൂര്‍വികരോടു ചേര്‍ക്കപ്പെട്ടു. പുത്രന്മാരായ ഏശാവും യാക്കോബും കൂടി അദ്ദേഹത്തെ സംസ്കരിച്ചു. എദോം എന്ന ഏശാവിന്‍റെ പിന്‍തലമുറക്കാര്‍ ഇവരായിരുന്നു: ഏശാവ്, ഹിത്യനായ ഏലോന്‍റെ മകള്‍ ആദാ, ഹിവ്യനായ സിബെയോന്‍റെ മകള്‍ അനയുടെ പുത്രി ഒഹൊലീബാമാ എന്നീ കനാന്യസ്‍ത്രീകളെയും ഇശ്മായേലിന്‍റെ പുത്രിയും നെബായോത്തിന്‍റെ സഹോദരിയുമായ ബാസമത്തിനെയും വിവാഹം ചെയ്തു. ആദാ എലീഫാസിനെയും ബാസമത്ത് രെയൂവേലിനെയും, ഒഹൊലീബാമാ, യെയൂശ്, യലാം, കോരഹ് എന്നിവരെയും പ്രസവിച്ചു. കനാനില്‍വച്ച് ഏശാവിനു ജനിച്ച മക്കള്‍ ഇവരായിരുന്നു. പിന്നീട് ഏശാവ് ഭാര്യമാരോടും പുത്രീപുത്രന്മാരോടും മറ്റു കുടുംബാംഗങ്ങളോടും ആടുമാടുകള്‍, മറ്റു മൃഗങ്ങള്‍, കനാനില്‍വച്ചു നേടിയ സമ്പാദ്യങ്ങള്‍ എന്നിവയോടുംകൂടി സഹോദരനായ യാക്കോബു താമസിച്ച സ്ഥലത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി. രണ്ടു പേര്‍ക്കും ഒന്നിച്ചു പാര്‍ക്കാന്‍ ഇടമില്ലാത്തവിധം അത്ര വളരെ സമ്പാദ്യങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. അവര്‍ക്ക് ധാരാളം ആടുമാടുകള്‍ ഉണ്ടായിരുന്നതുകൊണ്ട് ആ സ്ഥലം അവയ്‍ക്കു മേയാന്‍ മതിയായിരുന്നില്ല. അതുകൊണ്ട് ഏശാവ് എന്ന എദോം സേയീര്‍ മലമ്പ്രദേശത്തു പാര്‍ത്തു. സേയീര്‍ മലമ്പ്രദേശത്തു പാര്‍ത്തിരുന്ന എദോമ്യരുടെ പിതാവായ ഏശാവിന്‍റെ പിന്‍തലമുറക്കാര്‍ ഇവരായിരുന്നു. ഏശാവിന്‍റെ ഭാര്യ ആദായുടെ പുത്രന്‍ എലീഫാസ്, ഏശാവിന്‍റെ ഭാര്യ ബാസമത്തിന്‍റെ പുത്രന്‍ രെയൂവേല്‍. എലീഫാസിന്‍റെ പുത്രന്മാരായിരുന്ന തേമാന്‍, ഓമാര്‍, സെഫോ, ഗത്താം, കെനസ് എന്നിവര്‍. എലീഫാസിന്‍റെ ഉപഭാര്യ ആയിരുന്ന തിമ്നായുടെ പുത്രനാണ് അമാലേക്ക്. നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ എന്നിവരായിരുന്നു രെയൂവേലിന്‍റെ പുത്രന്മാര്‍. ഏശാവിന്‍റെ ഭാര്യയായ ബാസമത്തിന്‍റെ പുത്രന്മാര്‍ ഇവരാണ്. സിബെയോന്‍റെ പുത്രി, അനായുടെ മകളും ഏശാവിന്‍റെ ഭാര്യയുമായ ഒഹൊലീബാമായുടെ പുത്രന്മാരായിരുന്നു യെയൂശ്, യലാം, കോരഹ് എന്നിവര്‍. ഏശാവിന്‍റെ പിന്‍തലമുറക്കാരില്‍ പ്രമാണികള്‍ താഴെപ്പറയുന്നവരാണ്: ഏശാവിന്‍റെ മൂത്തപുത്രനായിരുന്ന എലീഫാസിന്‍റെ പുത്രന്മാരായ തേമാന്‍, ഓമാര്‍, സെഫോ, കെനസ്, കോരഹ്, ഗത്താം, അമാലേക്ക് എന്നീ ഗോത്രപിതാക്കന്മാര്‍. അവര്‍ എദോമില്‍വച്ച് ആദായില്‍ എലീഫാസിനു ജനിച്ചു. ഏശാവിന്‍റെ പൗത്രന്മാരും രെയൂവേലിന്‍റെ പുത്രന്മാരുമായ നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ എന്നീ ഗോത്രപിതാക്കന്മാര്‍ എദോമില്‍വച്ചു രെയൂവേലിനു ജനിച്ചവരായിരുന്നു. ഇവര്‍ ഏശാവിന്‍റെ ഭാര്യ ബാസമത്തിന്‍റെ പുത്രന്മാരാണ്. ഏശാവിന്‍റെ ഭാര്യയായ ഒഹൊലീബാമായുടെ പുത്രന്മാരായിരുന്നു യെയൂശ്, യലാം, കോരഹ് എന്നിവര്‍. ഈ ഗോത്രപിതാക്കന്മാര്‍ അനായുടെ മകളും ഏശാവിന്‍റെ ഭാര്യയുമായ ഒഹൊലീബാമായുടെ പുത്രന്മാരായിരുന്നു. എദോം എന്നു പേരുള്ള ഏശാവിന്‍റെ പുത്രന്മാരായ ഗോത്രപിതാക്കന്മാര്‍ ഇവരാണ്. എദോമിലെ ഹോര്യനായ സേയീരിന്‍റെ പുത്രന്മാരായ ലോതാന്‍, ശോബാല്‍, സിബെയോന്‍, അനാ, ദീശോന്‍, ഏസെര്‍, ദീശാന്‍ എന്നിവരായിരുന്നു ആ ദേശത്തിലെ നിവാസികള്‍. ഇവര്‍ ഹോര്യപ്രമാണികളുമായിരുന്നു. ഹോരി, ഹേമാം എന്ന രണ്ടു പുത്രന്മാരാണ് ലോതാനുണ്ടായിരുന്നത്; തിമ്നാ ലോതാന്‍റെ സഹോദരി ആയിരുന്നു. ശോബാലിന്‍റെ പുത്രന്മാര്‍ അല്‍വാന്‍, മാനഹത്ത്, ഏബാന്‍, ശെഫോ, ഒനാം എന്നിവരാണ്. സിബെയോന്‍റെ പുത്രന്മാര്‍: അയ്യാ, അനാ എന്നിവരായിരുന്നു. പിതാവായ സിബെയോന്‍റെ കഴുതകളെ മേയിച്ചുകൊണ്ടു നടന്നപ്പോള്‍ മരുഭൂമിയില്‍ ചൂടുറവകള്‍ കണ്ടുപിടിച്ചത് ഈ അനായാണ്. അനായുടെ പുത്രന്‍ ദീശോനും പുത്രി ഒഹൊലീബാമായും ആയിരുന്നു. ദീശോന്‍റെ പുത്രന്മാരാണ് ഹെംദാന്‍, എശ്ബാന്‍, യിത്രാന്‍, കെരാന്‍ എന്നിവര്‍. എസെരിന്‍റെ പുത്രന്മാര്‍ ബില്‍ഹാന്‍, സാവാന്‍, അക്കാന്‍ എന്നിവര്‍. ദീശാന്‍റെ പുത്രന്മാര്‍ ഊസ്, അരാന്‍. ഹോര്യരുടെ ഗോത്രപിതാക്കന്മാര്‍: ലോതാന്‍, ശോബാല്‍, സിബെയോന്‍, അനാ, ദീശോന്‍, ഏസെര്‍, ദീശാന്‍ എന്നിവരായിരുന്നു. സേയീര്‍ദേശത്തു പാര്‍ത്തിരുന്നത് അവരുടെ ഗോത്രങ്ങളാണ്. ഇസ്രായേലില്‍ രാജഭരണം ആരംഭിക്കുന്നതിനു മുമ്പുതന്നെ എദോംദേശം ഭരിച്ചിരുന്ന രാജാക്കന്മാര്‍ ഇവരാണ്. ബെയോരിന്‍റെ മകന്‍ ബേലാ എദോമിലെ രാജാവായിരുന്നു; അദ്ദേഹത്തിന്‍റെ പട്ടണമായിരുന്നു ദിന്‍ഹാബാ. ബേലാ മരിച്ചപ്പോള്‍ ബൊസ്രയിലെ സേരഹിന്‍റെ പുത്രന്‍ യോബാബ് രാജാവായി. യോബാബിനുശേഷം തേമാന്യദേശക്കാരനായ ഹൂശാം രാജാവായി. ഹൂശാം മരിച്ചപ്പോള്‍ രാജാവായത് മോവാബില്‍വച്ചു മിദ്യാന്യരെ തോല്പിച്ചോടിച്ച ബെദദിന്‍റെ പുത്രന്‍ ഹദദ് ആയിരുന്നു. അദ്ദേഹത്തിന്‍റെ പട്ടണത്തിന്‍റെ പേരാണ് അവീത്ത്. ഹദദ് മരിച്ചപ്പോള്‍ മസ്രേക്കയിലെ സമ്ലാ രാജാവായി. സമ്ലായ്‍ക്കുശേഷം യൂഫ്രട്ടീസ് നദീതീരത്തുള്ള രെഹോബോത്തിലെ ശൗല്‍ രാജാവായി. ശൗല്‍ മരിച്ചപ്പോള്‍ അക്ബോരിന്‍റെ പുത്രനായ ബാല്‍ഹാനാന്‍ രാജാവായി. അദ്ദേഹം മരിച്ചപ്പോള്‍ ഹദര്‍ രാജാവായി. അദ്ദേഹത്തിന്‍റെ പട്ടണത്തിന്‍റെ പേരാണ് പാവൂ. മേസാഹാബിന്‍റെ പുത്രിയായ മിത്രേദിന്‍റെ പുത്രി മെഹേതബേല്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ ഭാര്യ. [40,41] തിമ്നാ, അല്‍വാ, യെഥേത്ത്, ഒഹൊലീബാമാ, *** ഏലാ, പിനോന്‍, കെനസ്, തേമാന്‍, മിബ്സാര്‍, മഗ്ദിയേല്‍, ഈരാം എന്നീ എദോമ്യഗോത്രങ്ങളുടെ പൂര്‍വപിതാവായിരുന്നു ഏശാവ്. ഓരോ ഗോത്രത്തിന്‍റെയും പേരുകളില്‍ത്തന്നെ അവര്‍ പാര്‍ത്തിരുന്ന ദേശങ്ങളും അറിയപ്പെട്ടിരുന്നു. കനാനില്‍ തന്‍റെ പിതാവു കുടിയേറിപ്പാര്‍ത്തിരുന്ന സ്ഥലത്തുതന്നെ യാക്കോബു വസിച്ചു. യാക്കോബിന്‍റെ കുടുംബചരിത്രം: തന്‍റെ പിതാവിനു ബില്‍ഹാ, സില്പാ എന്നീ ദാസിമാരില്‍ പിറന്ന തന്‍റെ സഹോദരന്മാരോടൊപ്പം യോസേഫ് ആടുകളെ മേയിക്കുകയായിരുന്നു. അവന് അപ്പോള്‍ പതിനേഴു വയസ്സായിരുന്നു. അവരെക്കുറിച്ചുള്ള ദുര്‍വാര്‍ത്തകള്‍ അവന്‍ പിതാവിനെ അറിയിച്ചു. വാര്‍ധക്യകാലത്തു ജനിച്ച പുത്രന്‍ ആകയാല്‍ യോസേഫിനെ യാക്കോബ് മറ്റു മക്കളെക്കാളെല്ലാം കൂടുതലായി സ്നേഹിച്ചു; കൈനീളമുള്ള ഒരു നിലയങ്കി അവനു തയ്പിച്ചുകൊടുത്തിരുന്നു. പിതാവു യോസേഫിനെ തങ്ങളെക്കാള്‍ അധികമായി സ്നേഹിച്ചിരുന്നതുകൊണ്ട് മറ്റു സഹോദരന്മാര്‍ യോസേഫിനെ വെറുത്തു; അവര്‍ അവനോടു സ്നേഹത്തോടെ സംസാരിക്കുകപോലും ചെയ്തില്ല. ഒരിക്കല്‍ യോസേഫ് ഒരു സ്വപ്നം കണ്ടു; അതിനെക്കുറിച്ച് സഹോദരന്മാരോടു പറഞ്ഞപ്പോള്‍ അവര്‍ അവനെ കൂടുതല്‍ വെറുത്തു. അവന്‍ അവരോടു പറഞ്ഞു: “ഞാന്‍ ഒരു സ്വപ്നം കണ്ടു: നാം വയലില്‍ കറ്റ കൊയ്തുകൊണ്ടിരിക്കുകയായിരുന്നു. എന്‍റെ കറ്റ എഴുന്നേറ്റു നിവിര്‍ന്നുനിന്നു; നിങ്ങളുടെ കറ്റകള്‍ ചുറ്റും നിന്ന് എന്‍റെ കറ്റയെ നമസ്കരിച്ചു.” അപ്പോള്‍ സഹോദരന്മാര്‍ അവനോടു ചോദിച്ചു: “നീ ഞങ്ങളെ ഭരിക്കാന്‍ പോകുകയാണോ? നീ ഞങ്ങളുടെ രാജാവാകുമെന്നോ?” അവന്‍റെ സ്വപ്നവും വാക്കുകളും കാരണം അവര്‍ അവനെ അധികം വെറുത്തു. യോസേഫ് വേറൊരു സ്വപ്നം കണ്ടു; അതും അവന്‍ സഹോദരന്മാരോടു പറഞ്ഞു: “കേള്‍ക്കുക; ഞാന്‍ മറ്റൊരു സ്വപ്നം കണ്ടു. സൂര്യചന്ദ്രന്മാരും പതിനൊന്നു നക്ഷത്രങ്ങളും എന്നെ താണു വണങ്ങി.” അവന്‍ ഈ സ്വപ്നം പിതാവിനെയും സഹോദരന്മാരെയും അറിയിച്ചപ്പോള്‍ പിതാവ് അവനെ ശാസിച്ചു: “ഇതെന്തു സ്വപ്നമാണ്? ഞാനും നിന്‍റെ അമ്മയും സഹോദരന്മാരും നിന്‍റെ മുമ്പില്‍ മുട്ടുകുത്തുമെന്നാണോ നീ പറയുന്നത്?” സഹോദരന്മാര്‍ക്ക് അവനോട് അസൂയ തോന്നി. എന്നാല്‍ പിതാവ് ഈ വാക്കുകള്‍ ഹൃദയത്തില്‍ സൂക്ഷിച്ചു. യോസേഫിന്‍റെ സഹോദരന്മാര്‍ പിതാവിന്‍റെ ആടുകളെ മേയിച്ചുകൊണ്ടു ശെഖേമില്‍ എത്തി. യാക്കോബ് യോസേഫിനെ വിളിച്ചു പറഞ്ഞു: “നിന്‍റെ സഹോദരന്മാര്‍ ആടുകളെ മേയ്‍ക്കാന്‍ ശെഖേമിലേക്കു പോയിരിക്കുകയാണല്ലോ; ഞാന്‍ നിന്നെ അവരുടെ അടുക്കലേക്കു വിടുകയാണ്.” യോസേഫ് അതിനു സമ്മതിച്ചു. പിതാവ് അവനോടു പറഞ്ഞു: “നീ ഇപ്പോള്‍ത്തന്നെ പോകൂ; സഹോദരന്മാര്‍ക്കും ആടുകള്‍ക്കും ക്ഷേമം തന്നെയോ എന്ന് അന്വേഷിച്ചു വരിക.” അങ്ങനെ പിതാവ് അവനെ ഹെബ്രോന്‍ താഴ്വരയില്‍നിന്നു യാത്രയാക്കി. യോസേഫ് ശെഖേമില്‍ എത്തി; അവന്‍ അവിടെ ചുറ്റിനടക്കുന്നതു കണ്ട് ഒരാള്‍ ചോദിച്ചു: “നീ എന്താണ് അന്വേഷിക്കുന്നത്?” “ഞാന്‍ എന്‍റെ സഹോദരന്മാരെ അന്വേഷിക്കുകയാണ്. അവര്‍ എവിടെയാണ് ആടുകളെ മേയിക്കുന്നത് എന്ന് അറിയാമോ?” അയാള്‍ പറഞ്ഞു: “അവര്‍ ഇവിടെനിന്നു പോയി; ‘ദോഥാനിലേക്കു പോകാം’ എന്നു പറയുന്നതു ഞാന്‍ കേട്ടു.” യോസേഫ് അവരെ പിന്തുടര്‍ന്നു, ദോഥാനില്‍വച്ച് അവരെ കണ്ടുമുട്ടി. ദൂരെവച്ചുതന്നെ യോസേഫ് വരുന്നതു കണ്ട സഹോദരന്മാര്‍ അവനെ വകവരുത്താന്‍ ഗൂഢാലോചന നടത്തി. അവര്‍ പറഞ്ഞു: “അതാ, സ്വപ്നക്കാരന്‍ വരുന്നു. വരിക, അവനെ കൊന്ന് ഏതെങ്കിലും കുഴിയില്‍ തള്ളിയിടാം. ഒരു കാട്ടുമൃഗം അവനെ തിന്നുകളഞ്ഞു എന്നു നമുക്കു പറയുകയും ചെയ്യാം. അവന്‍റെ സ്വപ്നം എന്താകുമെന്ന് കാണാമല്ലോ.” രൂബേന്‍ ഇതു കേട്ട് അവനെ രക്ഷിക്കാന്‍ ആഗ്രഹിച്ചുകൊണ്ടു പറഞ്ഞു: “അവനെ കൊല്ലേണ്ടാ; അവന്‍റെ രക്തം ചൊരിയേണ്ടാ; ഈ വിജനപ്രദേശത്തുള്ള ഏതെങ്കിലും കുഴിയില്‍ അവനെ ഇട്ടുകളയാം.” എങ്ങനെയെങ്കിലും അവനെ അവരില്‍നിന്നു രക്ഷിച്ചു പിതാവിനെ ഏല്പിക്കണം എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു അയാള്‍ അങ്ങനെ പറഞ്ഞത്. യോസേഫ് അവന്‍റെ സഹോദരന്മാരുടെ അടുക്കലെത്തിയപ്പോള്‍ അവര്‍ അവന്‍റെ വിശേഷപ്പെട്ട അങ്കി ഊരിയെടുത്തു. പിന്നീട് അവനെ ഒരു കുഴിയില്‍ ഇട്ടു. അത് ഒരു പൊട്ടക്കിണറായിരുന്നു. അവര്‍ ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ഗിലെയാദില്‍നിന്നു സുഗന്ധപ്പശയും പരിമളദ്രവ്യങ്ങളും കുന്തുരുക്കവും ഒട്ടകപ്പുറത്തു കയറ്റി ഈജിപ്തിലേക്കു പോകുന്ന ഇശ്മായേല്യര്‍ ആ വഴി വരുന്നതു കണ്ടു. അപ്പോള്‍ യെഹൂദാ സഹോദരന്മാരോടു പറഞ്ഞു: “നമ്മുടെ സഹോദരനെ കൊന്ന് ആ പാതകം മറച്ചുവച്ചാല്‍ നമുക്ക് എന്തു പ്രയോജനം? അവനെ നമുക്ക് ഉപദ്രവിക്കേണ്ടാ; അവന്‍ നമ്മുടെ സഹോദരനും നമ്മുടെ സ്വന്തം മാംസവുമാണല്ലോ. നമുക്കവനെ ഇശ്മായേല്യര്‍ക്കു വിറ്റുകളയാം.” അവന്‍റെ സഹോദരന്മാര്‍ അതിനു സമ്മതിച്ചു. മിദ്യാന്യവ്യാപാരികള്‍ അതുവഴി കടന്നുപോയപ്പോള്‍, അവര്‍ യോസേഫിനെ പൊട്ടക്കിണറ്റില്‍നിന്നു പുറത്തെടുത്ത് ഇരുപതു വെള്ളിനാണയങ്ങള്‍ക്ക് അവനെ ഇശ്മായേല്യര്‍ക്കു വിറ്റു. അവര്‍ യോസേഫിനെ ഈജിപ്തിലേക്കു കൊണ്ടുപോയി. രൂബേന്‍ പൊട്ടക്കിണറ്റിന്‍റെ അരികില്‍ ചെന്നു നോക്കിയപ്പോള്‍ യോസേഫിനെ കണ്ടില്ല. അവന്‍ തന്‍റെ വസ്ത്രം ദുഃഖംകൊണ്ട് വലിച്ചുകീറി; സഹോദരന്മാരുടെ അടുത്തുചെന്നു പറഞ്ഞു: “ബാലനെ അവിടെ കണ്ടില്ല; ഇനി ഞാന്‍ എന്തു ചെയ്യും?” അവര്‍ ഒരു കോലാടിനെ കൊന്ന് യോസേഫിന്‍റെ അങ്കി രക്തത്തില്‍ മുക്കി; അവര്‍ അതു പിതാവിന്‍റെ അടുക്കല്‍ കൊണ്ടുചെന്നിട്ടു ചോദിച്ചു: “ഞങ്ങള്‍ക്കു കിട്ടിയ ഈ അങ്കി അങ്ങയുടെ പുത്രന്‍റേതു തന്നെയോ എന്നു നോക്കിയാലും.” യാക്കോബ് അങ്കി തിരിച്ചറിഞ്ഞു: “എന്‍റെ മകന്‍റെ അങ്കിതന്നെ; ഏതോ കാട്ടുമൃഗം അവനെ തിന്നുകളഞ്ഞു; അത് അവനെ കടിച്ചുകീറിയിരിക്കും” എന്ന് അദ്ദേഹം പറഞ്ഞു. യാക്കോബു സ്വന്തം അങ്കി കീറി ചാക്കുടുത്തു വളരെക്കാലം അവനെയോര്‍ത്തു വിലപിച്ചു. അദ്ദേഹത്തിന്‍റെ പുത്രീപുത്രന്മാര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ആശ്വാസംകൊണ്ടില്ല. യാക്കോബു പറഞ്ഞു: “ഞാന്‍ വിലാപത്തോടെ പാതാളത്തില്‍ എന്‍റെ മകന്‍റെ അടുക്കലേക്കു പോകും.” ഇങ്ങനെ അദ്ദേഹം യോസേഫിനെ ഓര്‍ത്ത് വിലപിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍ മിദ്യാന്യവ്യാപാരികള്‍ ഈജിപ്തില്‍ എത്തി. യോസേഫിനെ ഫറവോയുടെ അകമ്പടിസേനാനായകനായ പൊത്തീഫറിനു വിറ്റു. അക്കാലത്തു യെഹൂദാ സ്വന്തം സഹോദരന്മാരില്‍നിന്നു വേര്‍പെട്ട് ഹീരാം എന്ന അദുല്ലാംകാരന്‍റെ കൂടെ പാര്‍ക്കുകയായിരുന്നു. അവിടെവച്ചു യെഹൂദാ കനാന്യനായ ശൂവായുടെ പുത്രിയെ കണ്ടുമുട്ടി അവളെ വിവാഹം ചെയ്തു. അവള്‍ ഒരു പുത്രനെ പ്രസവിച്ചു; യെഹൂദാ അവന് ഏര്‍ എന്നു പേരിട്ടു. അവള്‍ വീണ്ടും ഒരു പുത്രനെ പ്രസവിച്ചു; അവള്‍ അവന് ഓനാന്‍ എന്നു പേരു നല്‌കി. അവള്‍ മറ്റൊരു പുത്രനെ പ്രസവിച്ചു; അവനെ ശേലാ എന്നു വിളിച്ചു. അവന്‍ ജനിക്കുമ്പോള്‍ യെഹൂദാ കെസീബില്‍ ആയിരുന്നു. യെഹൂദാ മൂത്തമകന്‍ ഏരിന് താമാര്‍ എന്ന പെണ്‍കുട്ടിയെ ഭാര്യയായി കണ്ടെത്തി. ഏരിന്‍റെ ജീവിതരീതികള്‍ സര്‍വേശ്വരന് ഹിതകരമായിരുന്നില്ല. അതുകൊണ്ട് അവിടുന്ന് അവനെ മരണത്തിനിരയാക്കി. അപ്പോള്‍ യെഹൂദാ ഓനാനോടു പറഞ്ഞു: “നീ സഹോദരപത്നിയെ പ്രാപിച്ച് ഭര്‍ത്തൃസഹോദരന്‍റെ കടമ നിര്‍വഹിക്കുക. അങ്ങനെ നിന്‍റെ സഹോദരനു സന്തതി ജനിക്കട്ടെ. സന്തതി ഉണ്ടായാലും പിതൃത്വം തനിക്ക് അവകാശപ്പെട്ടതായിരിക്കുകയില്ലെന്ന് അറിയാമായിരുന്ന ഓനാന്‍ സഹോദരനു സന്തതി ഉണ്ടാകരുതെന്നു കരുതി ബന്ധപ്പെടുമ്പോഴെല്ലാം ബീജം നിലത്തു വീഴ്ത്തിക്കളയുമായിരുന്നു. അവന്‍റെ പ്രവൃത്തി സര്‍വേശ്വരന് ഇഷ്ടമായില്ല. അതുകൊണ്ട് അവനെയും മരണത്തിനിരയാക്കി. അപ്പോള്‍ യെഹൂദാ താമാരിനോട് പറഞ്ഞു: “എന്‍റെ പുത്രനായ ശേലാ പ്രായപൂര്‍ത്തി ആകുംവരെ നീ പിതൃഭവനത്തില്‍ പോയി പാര്‍ക്കുക; സഹോദരന്മാരെപ്പോലെ ശേലായും മരിക്കുമെന്നു അയാള്‍ ഭയപ്പെട്ടിരുന്നു. താമാര്‍ പിതൃഭവനത്തില്‍ പോയി പാര്‍ത്തു. കുറെക്കാലം കഴിഞ്ഞപ്പോള്‍ യെഹൂദായുടെ ഭാര്യ മരിച്ചു. അവള്‍ ശൂവയുടെ മകളായിരുന്നു. വിലാപകാലം കഴിഞ്ഞപ്പോള്‍ യെഹൂദാ അവന്‍റെ സ്നേഹിതന്‍ അദുല്ലാമ്യനായ ഹീരാമിനോടൊപ്പം തിമ്നയില്‍ ആടുകളുടെ രോമം കത്രിക്കുന്നവരുടെ അടുക്കലേക്കു പോയി. തന്‍റെ ഭര്‍തൃപിതാവായ യെഹൂദാ തിമ്നായില്‍ ആടുകളുടെ രോമം കത്രിക്കുന്നവരുടെ അടുക്കല്‍ പോകുന്ന വിവരം താമാര്‍ അറിഞ്ഞു. ശേലാ പ്രായപൂര്‍ത്തിയായിട്ടും അവനെക്കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കുന്നില്ലെന്നു കണ്ട താമാര്‍ വൈധവ്യവസ്ത്രങ്ങള്‍ മാറ്റി, മൂടുപടം അണിഞ്ഞ്, തിമ്നായിലേക്കുള്ള വഴിയരികില്‍ എനയീംപട്ടണത്തിന്‍റെ വാതില്‌ക്കല്‍ ചെന്ന് ഇരുന്നു. മുഖം മൂടിയിരുന്നതുകൊണ്ട് അവള്‍ വേശ്യ ആയിരിക്കുമെന്നു യെഹൂദാ വിചാരിച്ചു. പുത്രഭാര്യ ആണെന്നറിയാതെ അയാള്‍ വഴിയരികില്‍ അവളുടെ അടുത്തുചെന്നു: “ഞാന്‍ നിന്‍റെ അടുക്കല്‍ വരട്ടെ” എന്നു ചോദിച്ചു. “അങ്ങ് എന്തു പ്രതിഫലം തരും?” അവള്‍ ചോദിച്ചു. “എന്‍റെ ആട്ടിന്‍പറ്റത്തില്‍നിന്ന് ഒരു ആട്ടിന്‍കുട്ടിയെ ഞാന്‍ കൊടുത്തയയ്‍ക്കാം” എന്നു യെഹൂദാ മറുപടി പറഞ്ഞു. “അത് കൊടുത്തയയ്‍ക്കുന്നതുവരെ എന്തു പണയം തരും?” എന്ന് അവള്‍ ചോദിച്ചു. “എന്താണ് പണയം വേണ്ടത്?” എന്ന് യെഹൂദാ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു: “അങ്ങയുടെ മുദ്രമോതിരവും മോതിരച്ചരടും അങ്ങയുടെ വടിയും പണയമായി തരിക.” യെഹൂദാ അവയെല്ലാം അവള്‍ക്കു കൊടുത്തു; അയാള്‍ അവളെ പ്രാപിച്ചു, അങ്ങനെ അവള്‍ ഗര്‍ഭവതിയായി. പിന്നീട് അവള്‍ എഴുന്നേറ്റുപോയി മൂടുപടം മാറ്റി വൈധവ്യവസ്ത്രം ധരിച്ചു. ആട്ടിന്‍കുട്ടിയെ കൊടുത്ത് പണയംവച്ച സാധനങ്ങള്‍ തിരികെ വാങ്ങാന്‍ സുഹൃത്തായ ഹീരാമിനെ യെഹൂദാ അയച്ചു. എന്നാല്‍ അയാള്‍ക്ക് അവളെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. “എനയീമില്‍ വഴിയരികില്‍ ഇരുന്ന വേശ്യ എവിടെ” എന്നു സ്ഥലവാസികളോടു ചോദിച്ചപ്പോള്‍ “ഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല” എന്നവര്‍ പറഞ്ഞു. അയാള്‍ യെഹൂദായുടെ അടുക്കല്‍ മടങ്ങിവന്നു പറഞ്ഞു: “അവളെ ഞാന്‍ കണ്ടില്ല; അവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നാണു നാട്ടുകാര്‍ പറഞ്ഞത്.” യെഹൂദാ പറഞ്ഞു: “സാധനങ്ങള്‍ അവള്‍തന്നെ എടുത്തുകൊള്ളട്ടെ. അല്ലെങ്കില്‍ നാം പരിഹാസ്യരാകും. നോക്കൂ, ഞാന്‍ ആട്ടിന്‍കുട്ടിയെ തന്നയച്ചു. നിനക്ക് അവളെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലല്ലോ.” പുത്രഭാര്യയായ താമാര്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട് ഗര്‍ഭിണിയായി എന്ന് മൂന്നു മാസം കഴിഞ്ഞ് യെഹൂദാ അറിഞ്ഞു. അപ്പോള്‍ അയാള്‍ പറഞ്ഞു: “അവളെ പുറത്താക്കി ചുട്ടുകളയുക.” അവളെ പുറത്തു കൊണ്ടുവരുന്നതിനിടയില്‍ അവള്‍ ഭര്‍തൃപിതാവിനെ ഇങ്ങനെ അറിയിച്ചു: “ഈ സാധനങ്ങളുടെ ഉടമസ്ഥന്‍ നിമിത്തമാണ് ഞാന്‍ ഗര്‍ഭിണി ആയത്. ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആരുടേതാണെന്നു നോക്കണം.” യെഹൂദാ ആ സാധനങ്ങള്‍ തിരിച്ചറിഞ്ഞു. അയാള്‍ പറഞ്ഞു: “അവള്‍ എന്നെക്കാള്‍ ധര്‍മിഷ്ഠയാണ്. എന്‍റെ മകനായ ശേലായ്‍ക്ക് അവളെ വിവാഹം ചെയ്തു കൊടുക്കാതെയിരുന്ന ഞാനാണ് കുറ്റക്കാരന്‍.” പിന്നീടൊരിക്കലും അയാള്‍ അവളെ പ്രാപിച്ചില്ല. അവള്‍ക്ക് പ്രസവസമയമായപ്പോള്‍ ഗര്‍ഭത്തില്‍ രണ്ടു കുട്ടികള്‍ ഉണ്ടെന്നു വ്യക്തമായി. ആദ്യത്തെ കുട്ടിയുടെ കൈ പുറത്തുവന്നപ്പോള്‍ “ഇതാണ് കടിഞ്ഞൂല്‍ സന്തതി” എന്നു പറഞ്ഞു പരിചാരിക ചുവന്നനൂല്‍ അവന്‍റെ കൈയില്‍ കെട്ടി. എന്നാല്‍ അവന്‍ കൈ ഉള്ളിലേക്കു വലിച്ചു; സഹോദരന്‍ പുറത്തുവരികയും ചെയ്തു. “നീ മത്സരിച്ചു പുറത്തുവന്നതെന്ത്?” എന്നു ചോദിച്ചുകൊണ്ട് അവനു പേരെസ്സ് എന്നു പേരിട്ടു. അല്പസമയം കഴിഞ്ഞ് കൈയില്‍ ചുവന്ന നൂലുമായി അവന്‍റെ സഹോദരനും പുറത്തുവന്നു. അവനു സേരഹ് എന്നു പേരിട്ടു. ഇശ്മായേല്യര്‍ യോസേഫിനെ ഈജിപ്തില്‍ കൊണ്ടുവന്നു ഫറവോന്‍റെ അകമ്പടിസേനാനായകനായ പൊത്തീഫറിനു വിറ്റു. സര്‍വേശ്വരന്‍ യോസേഫിന്‍റെകൂടെ ഉണ്ടായിരുന്നതുകൊണ്ട് അവന്‍ എല്ലാകാര്യങ്ങളിലും വിജയിച്ചു. ഈജിപ്തുകാരനായ യജമാനന്‍റെ ഭവനത്തില്‍ത്തന്നെ അവന്‍ പാര്‍ത്തു. സര്‍വേശ്വരന്‍ യോസേഫിന്‍റെകൂടെ ഉണ്ടെന്നും അവിടുന്ന് അവന് എല്ലാ കാര്യങ്ങളിലും വിജയം നല്‌കുന്നു എന്നും യജമാനന്‍ മനസ്സിലാക്കി. അതുകൊണ്ട് അദ്ദേഹത്തിന് അവനോടു പ്രത്യേക പ്രീതി തോന്നി. യോസേഫ് അദ്ദേഹത്തെ വിശ്വസ്തതയോടെ സേവിച്ചു; അതുകൊണ്ട് അദ്ദേഹം യോസേഫിനെ ഭവനത്തിന്‍റെ മേല്‍വിചാരകനായി നിയമിച്ചു; വീട്ടുകാര്യങ്ങളെല്ലാം അവന്‍റെ ചുമതലയിലായി. ഭവനത്തിലുള്ള സര്‍വത്തിന്‍റെയും മേല്‍നോട്ടം യോസേഫിനെ ഏല്പിച്ചതുമുതല്‍ സര്‍വേശ്വരന്‍ യോസേഫിനെ ഓര്‍ത്ത് ആ ഈജിപ്തുകാരന്‍റെ ഭവനത്തെ അനുഗ്രഹിച്ചു തുടങ്ങി. ഭവനത്തിലും പുറത്തുമുള്ള എല്ലാറ്റിന്‍റെയുംമേല്‍ അവിടുത്തെ അനുഗ്രഹമുണ്ടായി. പൊത്തീഫര്‍ തനിക്കുള്ള സകലതും യോസേഫിന്‍റെ ചുമതലയിലാക്കി; സ്വന്തം ഭക്ഷണകാര്യങ്ങള്‍ ഒഴിച്ചു മറ്റു യാതൊന്നിലും അയാള്‍ക്ക് ശ്രദ്ധിക്കേണ്ടിവന്നില്ല. യോസേഫ് സുമുഖനും കോമളരൂപം ഉള്ളവനുമായിരുന്നു. കുറച്ചുനാളുകള്‍ക്കു ശേഷം യജമാനന്‍റെ ഭാര്യ അവനില്‍ നോട്ടമിട്ട് തന്‍റെ കൂടെ ശയിക്കാന്‍ അവനോട് ആവശ്യപ്പെട്ടു. യോസേഫ് അതു നിരസിച്ചു. അവന്‍ പറഞ്ഞു: “ഈ ഭവനത്തിലുള്ള യാതൊന്നിനെക്കുറിച്ചും യജമാനന്‍ എന്നോട് അന്വേഷിക്കാറില്ല. സകലതും എന്‍റെ ചുമതലയില്‍ ഏല്പിച്ചിരിക്കുകയാണ്. “ഈ ഭവനത്തില്‍ എനിക്കു മീതെ ആരെയും നിയമിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ ഭാര്യയായ നിങ്ങളെ ഒഴിച്ചു യാതൊന്നും എന്‍റെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്തിയിട്ടുമില്ല. അതുകൊണ്ട് എങ്ങനെ ഈ മഹാപാതകം ഞാന്‍ ചെയ്യും? അതു ഞാന്‍ ദൈവത്തിനെതിരായി ചെയ്യുന്ന പാപമാണല്ലോ?” അവള്‍ ദിനംതോറും നിര്‍ബന്ധിച്ചിട്ടും അവളുടെ പ്രലോഭനത്തിനു യോസേഫ് വഴങ്ങിയില്ല. ഒരു ദിവസം തന്‍റെ ജോലി ചെയ്യാന്‍ യോസേഫ് വീട്ടിനുള്ളിലേക്കു ചെന്നു. അപ്പോള്‍ പുരുഷന്മാരാരും അവിടെ ഉണ്ടായിരുന്നില്ല. അവള്‍ അവന്‍റെ അങ്കിയില്‍ കടന്നുപിടിച്ച് “എന്‍റെകൂടെ ശയിക്കുക” എന്നു പറഞ്ഞു. എന്നാല്‍ യോസേഫ് അങ്കി ഉപേക്ഷിച്ച് പുറത്തേക്കോടി. ഉടനെ അവള്‍ ഭവനത്തിലുള്ള വേലക്കാരെ വിളിച്ചു പറഞ്ഞു: “കണ്ടില്ലേ, നമ്മെ അപമാനിക്കാന്‍ ഒരു എബ്രായനെ കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു അവന്‍ എന്‍റെകൂടെ ശയിക്കാന്‍ അകത്തു വന്നു; ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു; അപ്പോള്‍ അവന്‍ അങ്കി ഉപേക്ഷിച്ച് ഓടിക്കളഞ്ഞു.” ഭര്‍ത്താവ് വരുന്നതുവരെ അവള്‍ ആ വസ്ത്രം തന്‍റെ കൈവശം സൂക്ഷിച്ചു. അദ്ദേഹം വന്നപ്പോള്‍ അവള്‍ ആ കഥ ആവര്‍ത്തിച്ചു. “അങ്ങു കൊണ്ടുവന്നിരിക്കുന്ന എബ്രായഅടിമ എന്നെ അപമാനിക്കാന്‍ കയറിവന്നു; എന്നാല്‍ ഞാന്‍ ഉറക്കെ കരഞ്ഞതുകൊണ്ട് അവന്‍ വസ്ത്രം ഉപേക്ഷിച്ച് പുറത്തേക്ക് ഓടിപ്പോയി.” ഭാര്യയുടെ വാക്കുകള്‍ കേട്ടപ്പോള്‍ യോസേഫിന്‍റെ യജമാനന്‍റെ കോപം ജ്വലിച്ചു; യോസേഫിനെ പിടിച്ചു രാജാവിന്‍റെ തടവുകാരെ പാര്‍പ്പിക്കുന്ന കാരാഗൃഹത്തില്‍ അടച്ചു. എന്നാല്‍ സര്‍വേശ്വരന്‍ യോസേഫിനോടൊപ്പം ഉണ്ടായിരുന്നു. അവിടുത്തെ കൃപയാല്‍ കാരാഗൃഹാധിപന്‍ യോസേഫിനോടു ദയാപൂര്‍വം പെരുമാറി. അവിടെയുള്ള എല്ലാ തടവുകാരുടെയും മേല്‍നോട്ടം യോസേഫിനെ ഏല്പിച്ചു. എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം യോസേഫിനായി. യോസേഫിനെ ചുമതല ഏല്പിച്ച ഒരു കാര്യത്തിലും കാരാഗൃഹാധിപന്‍ ഇടപെട്ടില്ല. സര്‍വേശ്വരന്‍ യോസേഫിനോടൊപ്പം ഉണ്ടായിരുന്നു. അവന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും അവിടുന്നു സഫലമാക്കി. കുറെനാള്‍ കഴിഞ്ഞ് ഈജിപ്തിലെ രാജാവിന്‍റെ പാനീയമേല്‍വിചാരകനും പാചകമേല്‍വിചാരകനും രാജാവിന്‍റെ അപ്രീതിക്കു പാത്രമായി. ഫറവോ അവരോടു കോപിച്ചു. അവരെ അകമ്പടിസേനാനായകന്‍റെ ഭവനത്തില്‍ യോസേഫിനെ ഇട്ടിരുന്ന തടവറയില്‍ അടച്ചു. അകമ്പടിസേനാനായകന്‍ അവരെ യോസേഫിന്‍റെ ചുമതലയില്‍ ഏല്പിച്ചു. അവന്‍ അവരുടെ മേല്‍നോട്ടം ഏറ്റെടുത്തു. അവര്‍ കുറെനാള്‍ തടവില്‍ കഴിഞ്ഞു. തടവറയില്‍ കഴിഞ്ഞിരുന്ന രാജാവിന്‍റെ പാനീയമേല്‍വിചാരകനും പാചകമേല്‍വിചാരകനും ഒരിക്കല്‍ ഓരോ സ്വപ്നം കണ്ടു. സ്വപ്നങ്ങള്‍ക്ക് പ്രത്യേക അര്‍ഥവും ഉണ്ടായിരുന്നു. രാവിലെ യോസേഫ് അവരുടെ അടുത്തുചെന്നപ്പോള്‍ അവര്‍ വിഷാദിച്ചിരിക്കുന്നതു കണ്ടു. തന്‍റെ യജമാനന്‍റെ ഭവനത്തില്‍ തടവില്‍ കിടക്കുന്ന ഫറവോയുടെ ഉദ്യോഗസ്ഥന്മാരോട് യോസേഫ് ചോദിച്ചു: “നിങ്ങള്‍ക്ക് ഇന്നു എന്താണൊരു വിഷാദം?” “ഞങ്ങള്‍ ഇരുവരും ഓരോ സ്വപ്നം കണ്ടു; എന്നാല്‍ അവയുടെ അര്‍ഥം വ്യാഖ്യാനിക്കാന്‍ ഇവിടെ ആരുമില്ലല്ലോ” എന്ന് അവര്‍ പറഞ്ഞു. “വ്യാഖ്യാനവരം ദൈവമല്ലേ നല്‌കുന്നത്; സ്വപ്നമെന്തെന്ന് എന്നോടു പറയുക” എന്നു യോസേഫ് അവരോടു പറഞ്ഞു. പാനീയമേല്‍വിചാരകന്‍ സ്വപ്നം വിവരിച്ചു: “ഞാന്‍ കണ്ട സ്വപ്നത്തില്‍ ഒരു മുന്തിരിവള്ളി. അതിനു മൂന്നു ശാഖകള്‍; അതു തളിര്‍ത്തു പൂത്തു മുന്തിരിക്കുലകള്‍ പഴുത്തു; ഫറവോയുടെ പാനപാത്രം എന്‍റെ കൈയില്‍ ഉണ്ടായിരുന്നു; ഞാന്‍ മുന്തിരിപ്പഴം പറിച്ച്; ഫറവോയുടെ പാനപാത്രത്തില്‍ പിഴിഞ്ഞ് അവിടുത്തെ കൈയില്‍ കൊടുത്തു.” യോസേഫ് അയാളോടു പറഞ്ഞു: “അതിന്‍റെ അര്‍ഥം ഇതാണ്; മൂന്നു ശാഖകള്‍ മൂന്നു ദിവസങ്ങളാകുന്നു. മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഫറവോ നിന്‍റെ കുറ്റം ക്ഷമിച്ചു നിന്നെ പൂര്‍വസ്ഥാനത്തു നിയമിക്കും; പാനീയങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്നപ്പോള്‍ നീ മുമ്പു ചെയ്തിരുന്നതുപോലെ പാനപാത്രം ഫറവോയുടെ കൈയില്‍ കൊടുക്കും. നിനക്കു നല്ലകാലം വരുമ്പോള്‍ എന്നെ മറന്നുകളയാതെ ഫറവോയോട് എന്‍റെ കാര്യം പറഞ്ഞ് ഈ തടവറയില്‍നിന്ന് എന്നെ മോചിപ്പിക്കാന്‍ ദയവു കാണിക്കണമെന്നു ഞാന്‍ അപേക്ഷിക്കുന്നു.” യോസേഫ് തുടര്‍ന്നു: “എന്നെ എബ്രായരുടെ ദേശത്തുനിന്ന് അപഹരിച്ചു കൊണ്ടുവന്നതാണ്. തടവറയിലിടുന്നതിനു ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല.” സ്വപ്നവ്യാഖ്യാനം പാനീയമേല്‍വിചാരകന് അനുകൂലമാണെന്നു കേട്ടപ്പോള്‍ പാചകമേല്‍വിചാരകന്‍ യോസേഫിനോടു പറഞ്ഞു: “ഞാനും ഒരു സ്വപ്നം കണ്ടു. എന്‍റെ തലയില്‍ മൂന്ന് അപ്പക്കുട്ടകള്‍ ഉണ്ടായിരുന്നു. ഏറ്റവും മുകളിലത്തെ കുട്ടയില്‍ ഫറവോയ്‍ക്കുള്ള എല്ലാത്തരം അപ്പങ്ങളുമുണ്ടായിരുന്നു; എന്നാല്‍ എന്‍റെ തലയിലിരുന്ന അപ്പക്കുട്ടയില്‍നിന്ന് പക്ഷികള്‍ അപ്പം കൊത്തിത്തിന്നുകൊണ്ടിരുന്നു.” യോസേഫ് മറുപടി പറഞ്ഞു: “ഇതാണതിന്‍റെ വ്യാഖ്യാനം: മൂന്നു കുട്ടകള്‍ മൂന്നു ദിവസങ്ങള്‍തന്നെ. മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഫറവോ നിന്നെ ശിരച്ഛേദം ചെയ്ത് ഒരു മരത്തിന്മേല്‍ തൂക്കും; പക്ഷികള്‍ നിന്‍റെ മാംസം തിന്നുകളയും.” മൂന്നാം ദിവസം ഫറവോ തന്‍റെ ജന്മനാളില്‍ ഉദ്യോഗസ്ഥന്മാര്‍ക്കെല്ലാം ഒരു വിരുന്നു നല്‌കി. അപ്പോള്‍ പാനീയമേല്‍വിചാരകനെയും പാചകമേല്‍വിചാരകനെയും അദ്ദേഹം പുറത്തു കൊണ്ടുവന്നു. പാനീയമേല്‍വിചാരകനെ അയാളുടെ പൂര്‍വസ്ഥാനത്തു നിയമിച്ചു. അയാള്‍ ഫറവോയുടെ കൈയില്‍ പാനപാത്രം എടുത്തുകൊടുത്തു. എന്നാല്‍ പാചകമേല്‍വിചാരകനെ തൂക്കിക്കൊന്നു. അങ്ങനെ യോസേഫ് സ്വപ്നം വ്യാഖ്യാനിച്ചതുപോലെ സംഭവിച്ചു. എന്നാല്‍ പാനീയമേല്‍വിചാരകന്‍ യോസേഫിനെ ഓര്‍ത്തില്ല; അയാള്‍ യോസേഫിനെ മറന്നുകളഞ്ഞു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഫറവോ ഒരു സ്വപ്നം കണ്ടു. അദ്ദേഹം നൈല്‍നദിയുടെ തീരത്തു നില്‌ക്കുകയായിരുന്നു. അപ്പോള്‍ തടിച്ചുകൊഴുത്ത ഏഴു പശുക്കള്‍ നദിയില്‍നിന്നു കയറിവന്ന് ഞാങ്ങണയ്‍ക്കിടയില്‍ മേഞ്ഞുകൊണ്ടിരുന്നു. അവയുടെ പിന്നാലെ മെലിഞ്ഞ് എല്ലുന്തിയ വേറെ ഏഴു പശുക്കള്‍ നദിയില്‍നിന്നു കയറിവന്നു. മെലിഞ്ഞ പശുക്കള്‍ തടിച്ചുകൊഴുത്ത പശുക്കളുടെ അടുത്തുവന്ന് അവയെ തിന്നുകളഞ്ഞു; ഉടനെ ഫറവോ ഉണര്‍ന്നു. അദ്ദേഹം വീണ്ടും ഉറങ്ങിയപ്പോള്‍ മറ്റൊരു സ്വപ്നം കണ്ടു. ഒരു തണ്ടില്‍ ധാന്യമണികള്‍ നിറഞ്ഞ പുഷ്‍ടിയുള്ള ഏഴു കതിരുകള്‍ നില്‌ക്കുന്നു. അവയുടെ പിന്നാലെ ശുഷ്കിച്ചതും കിഴക്കന്‍കാറ്റില്‍ ഉണങ്ങിയതുമായ വേറെ ഏഴു കതിരുകള്‍ ഉയര്‍ന്നുവന്നു. ഉണങ്ങിയ കതിരുകള്‍ പുഷ്‍ടിയുള്ള കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഫറവോ ഉണര്‍ന്നപ്പോള്‍ അതൊരു സ്വപ്നമായിരുന്നുവെന്നു മനസ്സിലാക്കി. രാവിലെ അദ്ദേഹം അസ്വസ്ഥനായിരുന്നു. ഈജിപ്തിലെ എല്ലാ മന്ത്രവാദികളെയും ജ്ഞാനികളെയും കൊട്ടാരത്തില്‍ വരുത്തി അവരോടു തന്‍റെ സ്വപ്നം വിവരിച്ചു പറഞ്ഞു; എന്നാല്‍ അതു ഫറവോയ്‍ക്കു വ്യാഖ്യാനിച്ചുകൊടുക്കാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. അപ്പോള്‍ പാനീയമേല്‍വിചാരകന്‍ ഫറവോയോടു പറഞ്ഞു: “ഞാന്‍ ഒരു അപരാധം ചെയ്തുപോയത് ഇപ്പോള്‍ ഓര്‍ക്കുന്നു. അങ്ങ് ഒരിക്കല്‍ കോപിച്ച് പാചകമേല്‍വിചാരകനെയും എന്നെയും അകമ്പടിസേനാനായകന്‍റെ ഭവനത്തില്‍ തടവിലാക്കിയിരുന്നല്ലോ. ഒരു രാത്രിയില്‍ വ്യത്യസ്ത അര്‍ഥങ്ങളുള്ള ഓരോ സ്വപ്നം ഞങ്ങള്‍ രണ്ടു പേരും കണ്ടു. അകമ്പടിസേനാനായകന്‍റെ അടിമയായിരുന്ന ഒരു എബ്രായയുവാവ് ഞങ്ങളോടൊപ്പം തടവില്‍ ഉണ്ടായിരുന്നു; ഞങ്ങളുടെ സ്വപ്നങ്ങള്‍ അവനോടു പറഞ്ഞപ്പോള്‍ അവന്‍ അവയുടെ അര്‍ഥം വ്യാഖ്യാനിച്ചു. അതുപോലെ സംഭവിക്കുകയും ചെയ്തു. എന്നെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കുകയും പാചകമേല്‍വിചാരകനെ തൂക്കിക്കൊല്ലുകയും ചെയ്തു.” ഫറവോ യോസേഫിനെ കൊണ്ടുവരാന്‍ ആളയച്ചു; തടവറയില്‍നിന്ന് ഉടന്‍തന്നെ അവനെ മോചിപ്പിച്ചു. അവനെ ക്ഷൗരം ചെയ്യിച്ച് വസ്ത്രം മാറ്റി രാജസന്നിധിയില്‍ ഹാജരാക്കി. ഫറവോ യോസേഫിനോടു പറഞ്ഞു: “ഞാന്‍ ഒരു സ്വപ്നം കണ്ടു; അതു വ്യാഖ്യാനിച്ചു തരാന്‍ ആര്‍ക്കും കഴിയുന്നില്ല; സ്വപ്നം വ്യാഖ്യാനിക്കാനുള്ള കഴിവ് നിനക്കുണ്ടെന്നു ഞാന്‍ അറിഞ്ഞു.” യോസേഫ് പറഞ്ഞു: “ഞാനല്ല, ദൈവം തന്നെ അങ്ങേക്കു ശരിയായ വ്യാഖ്യാനം നല്‌കും.” രാജാവ് യോസേഫിനോടു പറഞ്ഞു: “ഇതാണു സ്വപ്നം; ഞാന്‍ നൈല്‍നദിയുടെ തീരത്തു നില്‌ക്കുകയായിരുന്നു. തടിച്ചുകൊഴുത്ത ഏഴു പശുക്കള്‍ നദിയില്‍നിന്നു കയറിവന്ന് നദീതീരത്തു ഞാങ്ങണകള്‍ക്കിടയില്‍ മേഞ്ഞുകൊണ്ടിരുന്നു; അപ്പോള്‍ അവയുടെ പിന്നാലെ മെലിഞ്ഞ് വളരെ വിരൂപമായ വേറെ ഏഴു പശുക്കള്‍ കൂടി കയറി വന്നു; അവയെപ്പോലെ മെലിഞ്ഞ് എല്ലുന്തിയ പശുക്കളെ ഒരിക്കലും ഈജിപ്തില്‍ ഒരിടത്തും ഞാന്‍ കണ്ടിട്ടില്ല. മെലിഞ്ഞ പശുക്കള്‍ തടിച്ചുകൊഴുത്ത ഏഴു പശുക്കളെ തിന്നുകളഞ്ഞു. എന്നാല്‍ തടിച്ചുകൊഴുത്ത ഏഴു പശുക്കളെ ഭക്ഷിച്ചു കഴിഞ്ഞിട്ടും അവയെ ഭക്ഷിച്ചു എന്ന് ആരും പറയാത്തവിധം അവ ആദ്യത്തേതുപോലെതന്നെ മെലിഞ്ഞിരുന്നു. അപ്പോള്‍ ഞാന്‍ ഉണര്‍ന്നു. ഞാന്‍ വീണ്ടും കണ്ട സ്വപ്നത്തില്‍ ഒരു തണ്ടില്‍നിന്നു നല്ലമണികള്‍ നിറഞ്ഞ പുഷ്‍ടിയുള്ള ഏഴു ധാന്യക്കതിരുകള്‍ വളര്‍ന്നുവന്നു; അവയ്‍ക്കു പിന്നാലെ ശുഷ്കിച്ചതും കിഴക്കന്‍ കാറ്റേറ്റ് ഉണങ്ങിയതുമായ വേറെ ഏഴു കതിരുകള്‍കൂടി ഉയര്‍ന്നുവന്നു; ഉണങ്ങിയ കതിരുകള്‍ പുഷ്‍ടിയുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഈ സ്വപ്നങ്ങള്‍ ഞാന്‍ മന്ത്രവാദികളോടു പറഞ്ഞു; എന്നാല്‍ അവ വ്യാഖ്യാനിക്കാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല.” യോസേഫ് ഫറവോയോടു പറഞ്ഞു: “രണ്ടു സ്വപ്നങ്ങള്‍ക്കും അര്‍ഥം ഒന്നുതന്നെ. ദൈവം ചെയ്യാന്‍ പോകുന്നതു രാജാവിനു വെളിപ്പെടുത്തിത്തന്നിരിക്കുന്നു. ഏഴു നല്ല പശുക്കള്‍ ഏഴു സംവത്സരം; ഏഴു പുഷ്‍ടിയുള്ള കതിരുകളും ഏഴു വര്‍ഷം തന്നെ. രണ്ടും ഒരേ അര്‍ഥമുള്ള സ്വപ്നങ്ങളാണ്. അവയ്‍ക്കു പിന്നാലെ വന്ന മെലിഞ്ഞ ഏഴു പശുക്കളും, കിഴക്കന്‍ കാറ്റേറ്റ് ഉണങ്ങിയ ഏഴു കതിരുകളും ക്ഷാമമുള്ള ഏഴു വര്‍ഷങ്ങളാണ്. ഞാന്‍ പറഞ്ഞതുപോലെ ദൈവം ചെയ്യാന്‍ പോകുന്നതു രാജാവിനു വെളിപ്പെടുത്തിയിരിക്കുന്നു. ഈജിപ്തു മുഴുവനും സുഭിക്ഷതയും സമൃദ്ധിയുമുള്ള ഏഴു വര്‍ഷങ്ങളുണ്ടാകും. എന്നാല്‍ അവയ്‍ക്കു പിന്നാലെ കടുത്ത ക്ഷാമമുള്ള ഏഴു വര്‍ഷങ്ങളും വരും. സുഭിക്ഷതയുടെ കാലം മറന്നുപോകത്തക്കവിധം ക്ഷാമം കഠിനമായിരിക്കും; അതു രാജ്യത്തെ ഗ്രസിച്ചുകളയും. ആ ക്ഷാമം അത്ര രൂക്ഷമായിരിക്കുന്നതുകൊണ്ട് സമൃദ്ധിയുടെ കാലം ഓര്‍മയില്‍പോലും അവശേഷിക്കുകയില്ല. സ്വപ്നം രണ്ടു പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടതിന്‍റെ അര്‍ഥം ദൈവം ഇക്കാര്യം നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു എന്നും അതുടനെ സംഭവിക്കുമെന്നുമാണ്. അതുകൊണ്ട് അങ്ങ് ഇപ്പോള്‍ത്തന്നെ ദീര്‍ഘവീക്ഷണവും ജ്ഞാനവുമുള്ള ഒരാളിനെ തിരഞ്ഞെടുത്ത് രാജ്യത്തിന്‍റെ മേലധികാരിയായി നിയമിക്കണം. സമൃദ്ധിയുടെ ഏഴു വര്‍ഷങ്ങളില്‍ രാജ്യത്തുണ്ടാകുന്ന വിളവുകളുടെ അഞ്ചിലൊന്നു ശേഖരിക്കാന്‍ ഉദ്യോഗസ്ഥന്മാരെയും നിയമിക്കണം. ഈ സമൃദ്ധിയുള്ള വര്‍ഷങ്ങളിലുണ്ടാകുന്ന വിളവുകള്‍ അവര്‍ രാജാവിന്‍റെ പേരില്‍ നഗരങ്ങളില്‍ സംഭരിച്ചുവയ്‍ക്കട്ടെ. ഏഴു വര്‍ഷം നീണ്ടുനില്‌ക്കുന്ന ക്ഷാമകാലത്ത് ഇതു കരുതല്‍ധാന്യമായി പ്രയോജനപ്പെടും; അങ്ങനെ ചെയ്താല്‍ രാജ്യം ക്ഷാമംകൊണ്ടു നശിച്ചുപോകയില്ല. ഈ നിര്‍ദ്ദേശം നല്ലതാണെന്നു ഫറവോയ്‍ക്കും ഉദ്യോഗസ്ഥപ്രമുഖര്‍ക്കും തോന്നി. ഫറവോ അവരോടു ചോദിച്ചു: “ഇതുപോലെ ദിവ്യചൈതന്യമുള്ള ഒരാളെ കണ്ടെത്താന്‍ കഴിയുമോ?” ഫറവോ യോസേഫിനോടു പറഞ്ഞു: “ദൈവം ഇതെല്ലാം നിനക്കു വെളിപ്പെടുത്തിയിരിക്കുകയാല്‍ നിന്നെക്കാള്‍ ദീര്‍ഘവീക്ഷണവും ജ്ഞാനവുമുള്ള മറ്റൊരാളില്ല. നീ എന്‍റെ ഭവനത്തിനു മേലധികാരിയായിരിക്കുക; എന്‍റെ പ്രജകളെല്ലാം നിന്‍റെ ആജ്ഞയനുസരിച്ചു പ്രവര്‍ത്തിച്ചുകൊള്ളും; സിംഹാസനത്തിന്‍റെ കാര്യത്തില്‍മാത്രം ഞാന്‍ നിന്നെക്കാള്‍ വലിയവനായിരിക്കും.” അതിനുശേഷം ഫറവോ യോസേഫിനെ ഈജിപ്തിന്‍റെ ഭരണാധികാരിയായി നിയമിച്ചു. ഫറവോ തന്‍റെ മുദ്രമോതിരം ഊരി യോസേഫിന്‍റെ വിരലില്‍ അണിയിച്ചു. മേല്‍ത്തരം വസ്ത്രം ധരിപ്പിക്കുകയും സ്വര്‍ണമാല അണിയിക്കുകയും ചെയ്തു. ഫറവോ തന്‍റെ രണ്ടാം രാജകീയരഥത്തില്‍ യോസേഫിനെ ഇരുത്തി നഗരത്തില്‍ പ്രദക്ഷിണം നടത്തിച്ചു. യോസേഫിനെ വണങ്ങാന്‍ ഘോഷകര്‍ ജനത്തോടു വിളിച്ചുപറഞ്ഞു. അങ്ങനെ ഫറവോ അദ്ദേഹത്തെ ഈജിപ്തിന്‍റെ മുഴുവന്‍ മേലധികാരിയാക്കി. ഫറവോ യോസേഫിനോടു പറഞ്ഞു: “ഞാന്‍ ഫറവോ ആകുന്നു. നിന്‍റെ അനുവാദം കൂടാതെ ഈജിപ്തില്‍ യാതൊരുവനും കൈയോ കാലോ ഉയര്‍ത്തുകയില്ല. ഫറവോ യോസേഫിനു ‘സാപ്നത് പനേഹ്’ എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പൊത്തിഫേറായുടെ പുത്രി ആസ്നത്തിനെ വിവാഹം കഴിച്ചുകൊടുക്കയും ചെയ്തു. പിന്നീട് യോസേഫ് ഈജിപ്തിലെങ്ങും സഞ്ചരിച്ചു. ഈജിപ്തിലെ രാജാവായ ഫറവോയുടെ സേവനത്തില്‍ പ്രവേശിക്കുമ്പോള്‍ യോസേഫിനു മുപ്പതു വയസ്സായിരുന്നു. അദ്ദേഹം ഫറവോയുടെ കൊട്ടാരം വിട്ട് ഈജിപ്തിലെല്ലായിടത്തും സഞ്ചരിച്ചു. സുഭിക്ഷതയുടെ ഏഴു വര്‍ഷം; ദേശത്ത് സമൃദ്ധമായി വിളവുണ്ടായി. യോസേഫ് ആ വിളവെല്ലാം ശേഖരിച്ചു നഗരത്തില്‍ സൂക്ഷിച്ചു; ഓരോ നഗരത്തിനും ചുറ്റുമുള്ള വയലുകളില്‍ ഉണ്ടാകുന്ന വിളവെല്ലാം അതതു നഗരത്തില്‍ത്തന്നെ സംഭരിച്ചു. അങ്ങനെ കടല്‍ക്കരയിലെ മണല്‍പോലെ വളരെയധികം ധാന്യം യോസേഫ് ശേഖരിച്ചു; അത് അളക്കാനാകാത്തവിധം സമൃദ്ധമായിരുന്നതിനാല്‍ അളവുതന്നെ വേണ്ടെന്നുവച്ചു. ക്ഷാമകാലം ആരംഭിക്കുന്നതിനുമുമ്പ് യോസേഫിന് ഓനിലെ പുരോഹിതനായ പൊത്തിഫേറായുടെ പുത്രി ആസ്നത്തില്‍ രണ്ടു പുത്രന്മാര്‍ ജനിച്ചു. “എന്‍റെ സകല ദുരിതങ്ങളും എന്‍റെ പിതൃഭവനവും ഞാന്‍ മറക്കാന്‍ ദൈവം സഹായിച്ചു” എന്നു പറഞ്ഞുകൊണ്ട് കടിഞ്ഞൂല്‍പുത്രന് മനശ്ശെ എന്നു പേരിട്ടു.” കഷ്ടതയുടെ ദേശത്ത് ദൈവം എന്നെ ധന്യനാക്കി” എന്നു പറഞ്ഞു രണ്ടാമത്തെ പുത്രനെ എഫ്രയീം എന്നു വിളിച്ചു. ഈജിപ്തിലെ സമൃദ്ധിയുള്ള ഏഴു വര്‍ഷങ്ങള്‍ അവസാനിച്ചു; യോസേഫ് പറഞ്ഞതുപോലെ ഏഴു വര്‍ഷം നീണ്ടുനില്‌ക്കുന്ന ക്ഷാമകാലം ആരംഭിക്കുകയും ചെയ്തു. മറ്റെല്ലാ രാജ്യങ്ങളെയും ക്ഷാമം ബാധിച്ചു. പക്ഷേ ഈജിപ്തില്‍ എല്ലായിടത്തും ധാന്യം ലഭ്യമായിരുന്നു. ഈജിപ്തിലും ക്ഷാമം അനുഭവപ്പെട്ടപ്പോള്‍ ജനം ഫറവോയോടു ഭക്ഷണത്തിനുവേണ്ടി അപേക്ഷിച്ചു. “യോസേഫിന്‍റെ അടുക്കല്‍ ചെല്ലുക; അയാള്‍ പറയുന്നതുപോലെ ചെയ്യുവിന്‍” എന്നു ഫറവോ അവരോടു കല്പിച്ചു. ക്ഷാമം ദേശത്തെല്ലായിടത്തും വ്യാപിച്ചു കഴിഞ്ഞപ്പോള്‍ യോസേഫ് സംഭരണശാലകള്‍ തുറന്ന് ഈജിപ്തുകാര്‍ക്കു ധാന്യം വില്‍ക്കാന്‍ തുടങ്ങി. ഈജിപ്തില്‍ ക്ഷാമം കഠിനമായിരുന്നു. ഭൂമിയില്‍ ആകെ ക്ഷാമം രൂക്ഷമായതിനാല്‍ മറ്റു ദേശങ്ങളില്‍നിന്നും ജനങ്ങള്‍ ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ യോസേഫിനെ സമീപിച്ചു. ഈജിപ്തില്‍ ഭക്ഷണസാധനങ്ങളുണ്ടെന്നു കേട്ട് യാക്കോബ് പുത്രന്മാരോടു പറഞ്ഞു: “നിങ്ങള്‍ വെറുതെ നോക്കി നില്‌ക്കുന്നത് എന്ത്? ഈജിപ്തില്‍ ധാന്യങ്ങള്‍ ഉണ്ടെന്നു കേള്‍ക്കുന്നു. അവിടെ ചെന്ന് നമുക്കുവേണ്ടി ധാന്യം വാങ്ങുവിന്‍, പട്ടിണികിടന്ന് മരിക്കാതെ കഴിയാമല്ലോ.” അങ്ങനെ ധാന്യങ്ങള്‍ വാങ്ങാന്‍ യോസേഫിന്‍റെ പത്തു സഹോദരന്മാരും ഈജിപ്തിലേക്കു പോയി. യോസേഫിന്‍റെ സഹോദരനായ ബെന്യാമീനെ മാത്രം യാക്കോബ് അയച്ചില്ല. അവന് ആപത്തു പിണഞ്ഞാലോ എന്ന് അദ്ദേഹം ഭയപ്പെട്ടു. കനാന്‍ദേശത്തെല്ലാം ക്ഷാമമായിരുന്നതിനാല്‍ യാക്കോബിന്‍റെ പുത്രന്മാരും മറ്റുള്ളവരോടൊപ്പം ധാന്യം വാങ്ങാന്‍ ചെന്നു. ദേശാധിപതിയായ യോസേഫ് തന്നെയായിരുന്നു ധാന്യവില്പനയുടെ ചുമതല വഹിച്ചിരുന്നത്. യോസേഫിന്‍റെ സഹോദരന്മാര്‍ അവിടെച്ചെന്ന് അദ്ദേഹത്തെ സാഷ്ടാംഗം നമസ്കരിച്ചു. യോസേഫ് അവരെ തിരിച്ചറിഞ്ഞെങ്കിലും അപരിചിതരോടെന്നപോലെയാണു പെരുമാറിയത്. അദ്ദേഹം അവരോടു ചോദിച്ചു: “നിങ്ങള്‍ എവിടെനിന്നു വരുന്നു?” “ഞങ്ങള്‍ കനാന്‍ദേശത്തുനിന്നു ധാന്യം വാങ്ങാന്‍ വന്നവരാണ്.” അവര്‍ മറുപടി പറഞ്ഞു. യോസേഫ് അവരെ മനസ്സിലാക്കിയെങ്കിലും അവര്‍ യോസേഫിനെ തിരിച്ചറിഞ്ഞില്ല. താന്‍ പണ്ടു കണ്ട സ്വപ്നങ്ങള്‍ യോസേഫ് ഓര്‍ത്തു; അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങള്‍ ചാരന്മാരാണ്; രാജ്യത്തിന്‍റെ ദൗര്‍ബല്യം കണ്ടുപിടിക്കാനല്ലേ നിങ്ങള്‍ വന്നിരിക്കുന്നത്?” സഹോദരന്മാര്‍ പറഞ്ഞു: “അല്ല യജമാനനേ! അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ ധാന്യം വാങ്ങാന്‍വേണ്ടി മാത്രം വന്നവരാണ്. ഞങ്ങളെല്ലാവരും ഒരപ്പന്‍റെ മക്കളാണ്; ഞങ്ങള്‍ പറയുന്നതു നേരാണ്. അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ ചാരന്മാരല്ല.” യോസേഫ് പറഞ്ഞു: “അങ്ങനെയല്ല; നിങ്ങള്‍ രാജ്യത്തിന്‍റെ ദൗര്‍ബല്യം കണ്ടുപിടിക്കാന്‍ വന്നവര്‍ തന്നെ.” അവര്‍ പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ പന്ത്രണ്ടു സഹോദരന്മാരാകുന്നു. ഞങ്ങളെല്ലാവരും കനാന്‍ദേശത്തുള്ള ഒരു പിതാവിന്‍റെ മക്കളാണ്; ഇളയവന്‍ പിതാവിന്‍റെ അടുക്കലുണ്ട്; ഒരാള്‍ മരിച്ചുപോയി.” എന്നാല്‍ യോസേഫ് പറഞ്ഞു: “ഞാന്‍ പറഞ്ഞതാണു വാസ്തവം. നിങ്ങള്‍ ചാരന്മാര്‍തന്നെ. ഞാന്‍ നിങ്ങളെ ഒന്നു പരീക്ഷിക്കട്ടെ; നിങ്ങളുടെ ഇളയ സഹോദരനെ കൊണ്ടുവരാതെ നിങ്ങള്‍ ഇവിടെനിന്നു പോകാന്‍ പാടില്ലെന്ന് ഫറവോയുടെ നാമത്തില്‍ ഞാന്‍ കല്പിക്കുന്നു. നിങ്ങളില്‍ ഒരാള്‍ പോയി അവനെ കൂട്ടിക്കൊണ്ടുവരിക. ബാക്കിയുള്ളവര്‍ തടവില്‍ കഴിയട്ടെ. നിങ്ങള്‍ പറയുന്നതു സത്യമാണോ എന്ന് അറിയാമല്ലോ. അല്ലെങ്കില്‍ ഫറവോയുടെ നാമത്തില്‍ ഞാന്‍ പറയുന്നു, നിങ്ങള്‍ ചാരന്മാര്‍തന്നെ.” പിന്നീട് യോസേഫ് അവരെ മൂന്നു ദിവസത്തേക്ക് തടവിലാക്കി. മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞു: “ഞാന്‍ ദൈവഭയമുള്ളവനാണ്. ഞാന്‍ ഒരു കാര്യം ചെയ്യാം; അങ്ങനെ നിങ്ങളുടെ ജീവന്‍ രക്ഷിക്കുക. നിങ്ങളില്‍ ഒരാള്‍ തടവില്‍ കഴിയട്ടെ; മറ്റുള്ളവര്‍ വീട്ടിലെ പട്ടിണി അകറ്റാന്‍ ധാന്യവുമായി പൊയ്‍ക്കൊള്ളുക. പക്ഷേ നിങ്ങളുടെ ഇളയസഹോദരനെ ഇവിടെ കൊണ്ടുവരണം. അപ്പോള്‍ നിങ്ങള്‍ പറയുന്നതു സത്യമെന്നു ഞാന്‍ ഗ്രഹിക്കും; നിങ്ങളെ കൊല്ലുകയുമില്ല.” അതവര്‍ സമ്മതിച്ചു. അവര്‍ അന്യോന്യം പറഞ്ഞു: “അന്ന് നമ്മുടെ സഹോദരനോടു ചെയ്ത കുറ്റത്തിന്‍റെ ഫലമാണ് ഈ ദുരിതമെല്ലാം. കരുണയ്‍ക്കായി അവന്‍ കേണപേക്ഷിച്ചിട്ടും നാം കൂട്ടാക്കിയില്ല. ഇതെല്ലാം നാം അനുഭവിക്കേണ്ടതു തന്നെ.” രൂബേന്‍ പറഞ്ഞു: “ബാലനെ ഉപദ്രവിക്കരുതെന്ന് അന്ന് ഞാന്‍ പറഞ്ഞതല്ലേ? നിങ്ങള്‍ അതു ശ്രദ്ധിച്ചില്ല. ഇപ്പോള്‍ അവന്‍റെ രക്തത്തിനു നാം കണക്കു പറയേണ്ടിവന്നിരിക്കുന്നു.” തങ്ങള്‍ പരസ്പരം പറയുന്നതു യോസേഫ് ഗ്രഹിച്ചെന്ന് അവര്‍ മനസ്സിലാക്കിയില്ല. ദ്വിഭാഷിയുടെ സഹായത്തോടെയാണ് അവര്‍ സംസാരിച്ചിരുന്നത്. യോസേഫ് അവരുടെ അടുത്തുനിന്നു മാറിപ്പോയി കരഞ്ഞു. പിന്നെയും അവരുടെ അടുക്കല്‍ വന്ന് അവരോടു സംസാരിച്ചു; അവര്‍ കാണ്‍കെ ശിമെയോനെ ബന്ധനസ്ഥനാക്കുകയും ചെയ്തു. ഓരോരുത്തരുടെയും ചാക്കുകളില്‍ ധാന്യം നിറച്ചിട്ട് അവരുടെ പണം അവരവരുടെ ചാക്കില്‍തന്നെ വയ്‍ക്കാനും യാത്രയ്‍ക്കാവശ്യമായ ഭക്ഷണസാധനങ്ങള്‍ കൊടുക്കാനും യോസേഫ് കല്പന കൊടുത്തു. ഭൃത്യന്മാര്‍ അങ്ങനെ ചെയ്തു. ധാന്യം കഴുതപ്പുറത്തു കയറ്റി അവര്‍ യാത്ര തിരിച്ചു. വഴിയമ്പലത്തില്‍വച്ചു കഴുതയ്‍ക്ക് ആഹാരം കൊടുക്കുന്നതിന് അവരില്‍ ഒരാള്‍ ചാക്കഴിച്ചപ്പോള്‍ പണം ചാക്കിന്‍റെ വായ്‍ക്കല്‍ തന്നെയിരിക്കുന്നതു കണ്ടു. “എന്‍റെ പണം ചാക്കിന്‍റെ വായ്‍ക്കല്‍തന്നെ ഇരിപ്പുണ്ട്” എന്ന് അവന്‍ സഹോദരന്മാരോടു പറഞ്ഞു. അതു കേട്ടപ്പോള്‍ അവര്‍ പരിഭ്രമിച്ചു. അവര്‍ വിറച്ചുകൊണ്ട് അന്യോന്യം പറഞ്ഞു: “ദൈവം എന്താണു നമ്മോട് ഇങ്ങനെ ചെയ്തത്?” അവര്‍ കനാനില്‍ പിതാവിന്‍റെ അടുക്കല്‍ തിരിച്ചെത്തിയപ്പോള്‍ സംഭവിച്ചതെല്ലാം വിവരിച്ചുപറഞ്ഞു: “ദേശാധിപതിയായ ഉദ്യോഗസ്ഥന്‍ ഞങ്ങള്‍ ചാരന്മാരാണെന്നു പറഞ്ഞു ഞങ്ങളോടു പരുഷമായിട്ടാണു സംസാരിച്ചത്. എന്നാല്‍ ഞങ്ങള്‍ പറഞ്ഞു: ‘ഞങ്ങള്‍ ചാരന്മാരല്ല ഞങ്ങള്‍ പറയുന്നതു വാസ്തവമാണ് ഒരേ പിതാവിന്‍റെ പുത്രന്മാരായ പന്ത്രണ്ടു സഹോദരന്മാരാണു ഞങ്ങള്‍; ഒരാള്‍ മരിച്ചുപോയി; ഏറ്റവും ഇളയ സഹോദരന്‍ പിതാവിന്‍റെകൂടെ കനാന്‍ദേശത്തു പാര്‍ക്കുന്നു.’ ദേശാധിപതി അപ്പോള്‍ ഞങ്ങളോടു പറഞ്ഞു: ‘നിങ്ങള്‍ നേരാണ് പറയുന്നതെന്ന് എങ്ങനെ അറിയും? നിങ്ങളുടെ സഹോദരന്മാരില്‍ ഒരാള്‍ ഇവിടെ നില്‌ക്കട്ടെ. പട്ടിണി കിടക്കുന്ന നിങ്ങളുടെ കുടുംബങ്ങള്‍ക്കാവശ്യമായ ധാന്യവുംകൊണ്ടു മറ്റുള്ളവര്‍ക്കു പോകാം. നിങ്ങളുടെ ഇളയ സഹോദരനെ എന്‍റെ അടുക്കല്‍ കൊണ്ടുവരിക; അപ്പോള്‍ നിങ്ങള്‍ ചാരന്മാരല്ലെന്നും നിങ്ങള്‍ പറഞ്ഞതു നേരാണെന്നും ഞാന്‍ ഗ്രഹിക്കും. പിന്നീടു നിങ്ങളുടെ സഹോദരനെ വിട്ടുതരാം. നിങ്ങള്‍ക്ക് ഇവിടെ വ്യാപാരംചെയ്തു പാര്‍ക്കുകയും ആകാം.’ ” ചാക്കുകളുടെ കെട്ടഴിച്ചപ്പോള്‍ ഓരോരുത്തനും കൊടുത്ത പണം അവരവരുടെ ചാക്കില്‍ത്തന്നെ ഇരിക്കുന്നതു കണ്ടു. അവരും പിതാവും ഈ പണം കണ്ടപ്പോള്‍ ഭയംകൊണ്ടു വിറച്ചു. പിതാവ് അവരോടു പറഞ്ഞു: “നിങ്ങള്‍ എനിക്കു പുത്രദുഃഖം വരുത്തുന്നു. യോസേഫ് പോയി; ശിമെയോനും പോയി; ബെന്യാമീനെയും നിങ്ങള്‍ കൊണ്ടുപോകുന്നു. ഇതെല്ലാം എനിക്ക് അനുഭവിക്കേണ്ടിവന്നല്ലോ.” അപ്പോള്‍ രൂബേന്‍ പിതാവിനോടു പറഞ്ഞു: “ഞാന്‍ അവനെ തിരിച്ചു കൊണ്ടുവരുന്നില്ലെങ്കില്‍ എന്‍റെ രണ്ടു പുത്രന്മാരെയും കൊന്നുകളയുക; അവനെ എന്‍റെ കൈയില്‍ ഏല്പിക്കുക; ഞാന്‍ അവനെ തിരിച്ചുകൊണ്ടുവരാം.” എന്നാല്‍ യാക്കോബു പറഞ്ഞു: “എന്‍റെ മകനെ കൊണ്ടുപോകാന്‍ ഞാന്‍ അനുവദിക്കുകയില്ല; അവന്‍റെ സഹോദരന്‍ മരിച്ചുപോയി; അവന്‍ മാത്രം ശേഷിച്ചിരിക്കുന്നു. വഴിയില്‍വച്ച് അവന് എന്തെങ്കിലും സംഭവിച്ചാല്‍ വാര്‍ധക്യത്തിലെത്തിയ എനിക്കു ദുഃഖത്തോടുകൂടി പാതാളത്തിലേക്കു പോകേണ്ടിവരും.” ക്ഷാമം ദേശത്ത് അതിരൂക്ഷമായിത്തീര്‍ന്നു. ഈജിപ്തില്‍നിന്നു കൊണ്ടുവന്നിരുന്ന ധാന്യം തീര്‍ന്നപ്പോള്‍ പിതാവ് അവരോടു പറഞ്ഞു: “നിങ്ങള്‍ പോയി കുറെ ധാന്യംകൂടി വാങ്ങിക്കൊണ്ടു വരിക.” യെഹൂദാ പറഞ്ഞു: “സഹോദരനെ കൂടാതെ വന്നാല്‍ നിങ്ങള്‍ക്കിനി എന്നെ കാണാനാവുകയില്ല എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ബെന്യാമീനെ ഞങ്ങളോടുകൂടി അയച്ചാല്‍ ഞങ്ങള്‍ പോയി ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരാം. സഹോദരനെ കൂടാതെവന്നാല്‍ നിങ്ങള്‍ക്കിനി എന്നെ കാണാനാവുകയില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അവനെ ഞങ്ങളോടൊപ്പം അയയ്‍ക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ പോകുകയില്ല.” അപ്പോള്‍ യാക്കോബു പറഞ്ഞു: “മറ്റൊരു സഹോദരനുണ്ടെന്ന് അദ്ദേഹത്തോടു പറഞ്ഞ് എന്നെ ഈ വിഷമസന്ധിയിലാക്കിയത് എന്തിന്?” അവര്‍ മറുപടി പറഞ്ഞു: “ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയുംപറ്റി അദ്ദേഹം താല്‍പര്യപൂര്‍വം അന്വേഷിച്ചു. നിങ്ങളുടെ അപ്പന്‍ ജീവിച്ചിരിക്കുന്നുവോ, നിങ്ങള്‍ക്കു വേറെ സഹോദരനുണ്ടോ എന്നെല്ലാം വിശദമായി ചോദിച്ചപ്പോള്‍ ഞങ്ങള്‍ അതിനു മറുപടി പറഞ്ഞു. എന്നാല്‍ നിങ്ങളുടെ സഹോദരനെയും കൂട്ടിക്കൊണ്ടു വരിക എന്ന് അദ്ദേഹം പറയുമെന്ന് ഞങ്ങള്‍ക്കെങ്ങനെ മുന്‍കൂട്ടി അറിയാന്‍ കഴിയും?” യെഹൂദാ യാക്കോബിനോടു പറഞ്ഞു: “ബാലനെ എന്‍റെകൂടെ അയച്ചാലും; അങ്ങും ഞങ്ങളും നമ്മുടെ കൊച്ചുകുഞ്ഞുങ്ങളും പട്ടിണികൊണ്ടു മരിക്കാതെയിരിക്കാന്‍ ധാന്യങ്ങള്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ ഉടന്‍തന്നെ പോകാം. അവന്‍റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. അവനെ എന്നോടുതന്നെ ചോദിച്ചുകൊള്ളുക. ഞാന്‍ അവനെ അങ്ങയുടെ അടുക്കല്‍ തിരികെ കൊണ്ടുവരുന്നില്ലെങ്കില്‍ അങ്ങയുടെ മുമ്പാകെ ഞാന്‍ എന്നും കുറ്റക്കാരനായിരുന്നുകൊള്ളാം. ഇത്രയും താമസിക്കാതിരുന്നെങ്കില്‍ രണ്ടു തവണ പോയി വരാമായിരുന്നു.” പിതാവ് അവരോടു പറഞ്ഞു: “വേറെ മാര്‍ഗമില്ലെങ്കില്‍ അപ്രകാരം ചെയ്യുക; ദേശാധിപതിക്കു സമ്മാനിക്കാനായി ഈ ദേശത്തിലെ വിശിഷ്ടവസ്തുക്കളായ സുഗന്ധപ്പശ, തേന്‍, സാമ്പ്രാണി, സന്നിനായകം, ബോടനണ്ടി, ബദാംപരിപ്പ് ഇവ നിങ്ങളുടെ ചാക്കുകളില്‍ എടുത്തുകൊള്ളുക. ആവശ്യമുള്ളതിന്‍റെ ഇരട്ടി പണവും കൊണ്ടുപോകണം; ചാക്കില്‍ ഇരുന്ന പണം തിരിച്ചുകൊണ്ടുപോകുക. അത് അറിയാതെ സംഭവിച്ചതായിരിക്കും. നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടു ദേശാധിപതിയുടെ അടുക്കലേക്കു പൊയ്‍ക്കൊള്ളുക; അദ്ദേഹത്തിനു നിങ്ങളോടു കരുണ തോന്നാന്‍ സര്‍വശക്തനായ ദൈവം ഇടവരുത്തട്ടെ. അങ്ങനെ നിങ്ങളുടെ മറ്റേ സഹോദരനെയും ബെന്യാമീനെയും തിരിച്ചയയ്‍ക്കട്ടെ. പുത്രദുഃഖമാണ് എനിക്കു നിശ്ചയിച്ചിരിക്കുന്നതെങ്കില്‍ അങ്ങനെയും ആകട്ടെ.” വിശിഷ്ടവസ്തുക്കളും ഇരട്ടി പണവുമെടുത്തു ബെന്യാമീനെയും കൂട്ടി അവര്‍ ഈജിപ്തിലേക്കു പോയി യോസേഫിന്‍റെ മുമ്പില്‍ ചെന്നുനിന്നു. അവരുടെ കൂടെ ബെന്യാമീനെ കണ്ടപ്പോള്‍ യോസേഫ് കാര്യസ്ഥനെ വിളിച്ചു പറഞ്ഞു: “ഇവരെ എന്‍റെ ഗൃഹത്തിലേക്കു കൊണ്ടുപോകുക. മൃഗത്തെ കൊന്ന് ഭക്ഷണം തയ്യാറാക്കുക. ഇന്ന് അവരുടെ ഉച്ചഭക്ഷണം എന്‍റെ കൂടെയാണ്. യോസേഫ് ആജ്ഞാപിച്ചതുപോലെ അയാള്‍ ചെയ്തു; അവരെ അദ്ദേഹത്തിന്‍റെ ഗൃഹത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. യോസേഫിന്‍റെ ഭവനത്തിലേക്കു തങ്ങളെ കൂട്ടിക്കൊണ്ടുപോയതുകൊണ്ട് അവര്‍ ഭയപ്പെട്ടു. “ആദ്യത്തെ തവണ കൊണ്ടുപോയ ധാന്യങ്ങളുടെ പണം ചാക്കില്‍ നിക്ഷേപിച്ചിട്ടു നമുക്കെതിരായ കുറ്റം കണ്ടുപിടിക്കുകയും നമ്മെ അടിമകളാക്കിയിട്ട് കഴുതകളെ കൈവശപ്പെടുത്തുകയുമായിരിക്കും ലക്ഷ്യം” എന്നവര്‍ ചിന്തിച്ചു. അതുകൊണ്ട് വീടിന്‍റെ വാതില്‌ക്കല്‍വച്ചു യോസേഫിന്‍റെ ഗൃഹവിചാരകനോട് അവര്‍ പറഞ്ഞു: “യജമാനനേ, സത്യമായി ധാന്യം വാങ്ങുന്നതിനായിരുന്നു മുമ്പു ഞങ്ങള്‍ അങ്ങയുടെ അടുക്കല്‍ വന്നത്. ഞങ്ങള്‍ രാത്രി വിശ്രമത്തിനു സത്രത്തില്‍ ചെന്നു ചാക്കഴിക്കുമ്പോഴാണ് പണം മുഴുവനും ഓരോരുത്തന്‍റെയും ചാക്കിന്‍റെ വായ്‍ക്കല്‍ ഇരിക്കുന്നതു കണ്ടത്. അതു ഞങ്ങള്‍ തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. ധാന്യം വാങ്ങാന്‍ വേറെ പണവും കൊണ്ടുവന്നിരിക്കുന്നു; ചാക്കുകളില്‍ പണം വച്ചതാരാണെന്നു ഞങ്ങള്‍ക്കറിവില്ല.” കാര്യസ്ഥന്‍ പറഞ്ഞു: “ഭയപ്പെടാതെ ധൈര്യമായിരിക്കുക; നിങ്ങളുടെയും നിങ്ങളുടെ പിതാവിന്‍റെയും ദൈവം നിങ്ങളുടെ ചാക്കുകളില്‍ നിധി നിക്ഷേപിച്ചതായിരിക്കണം. നിങ്ങളുടെ പണം എനിക്കു കിട്ടിയതാണല്ലോ.” അതിനുശേഷം ശിമെയോനെ അവരുടെ അടുക്കല്‍ കൊണ്ടുവന്നു. കാര്യസ്ഥന്‍ അവരെ യോസേഫിന്‍റെ ഭവനത്തിലേക്കു കൂട്ടിക്കൊണ്ടുപോയി, അവര്‍ക്കു കാല്‍ കഴുകാന്‍ വെള്ളം കൊടുത്തു. അവര്‍ പാദങ്ങള്‍ കഴുകി ശുദ്ധിയാക്കി; അവരുടെ കഴുതകള്‍ക്കു തീറ്റയും കൊടുത്തു. ഭക്ഷണം കഴിക്കുന്നത് അവിടെയാണെന്നു മനസ്സിലാക്കിയപ്പോള്‍ യോസേഫിന് കൊടുക്കാനുള്ള സമ്മാനങ്ങള്‍ അവര്‍ ഒരുക്കിവച്ചു. യോസേഫ് വീട്ടിലെത്തിയപ്പോള്‍ അവര്‍ ആ സമ്മാനങ്ങള്‍ അദ്ദേഹത്തിനു സമര്‍പ്പിച്ചശേഷം അദ്ദേഹത്തിന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു. അവരുടെ ക്ഷേമം അന്വേഷിച്ചുകൊണ്ട് യോസേഫ് ചോദിച്ചു: “നിങ്ങള്‍ പറഞ്ഞതുപോലെ നിങ്ങളുടെ വൃദ്ധനായ പിതാവ് ജീവിച്ചിരിക്കുന്നുവോ? അദ്ദേഹത്തിനു സുഖം തന്നെയോ?” “അങ്ങയുടെ ദാസനായ ഞങ്ങളുടെ പിതാവ് ജീവിച്ചിരിക്കുന്നു; അദ്ദേഹത്തിനു സുഖംതന്നെ” എന്നു പറഞ്ഞ് അവര്‍ താണുവണങ്ങി. തന്‍റെ അനുജനായ ബെന്യാമീനെ കണ്ടപ്പോള്‍ യോസേഫ് ചോദിച്ചു: “നിങ്ങള്‍ പറഞ്ഞിരുന്ന ഇളയ സഹോദരന്‍ തന്നെയോ ഇവന്‍? എന്‍റെ കുഞ്ഞേ, ദൈവം നിന്നോടു കരുണകാണിക്കട്ടെ.” തന്‍റെ സഹോദരനെ കണ്ടപ്പോള്‍ വികാരഭരിതനായിത്തീര്‍ന്ന യോസേഫ് പെട്ടെന്ന് സ്വകാര്യമുറിയില്‍ പ്രവേശിച്ചു കരഞ്ഞു. പിന്നീട് മുഖം കഴുകി പുറത്തുവന്നു. സ്വയം നിയന്ത്രിച്ചുകൊണ്ട് യോസേഫ് ഭക്ഷണം വിളമ്പാന്‍ പറഞ്ഞു. ഭൃത്യന്മാര്‍ അദ്ദേഹത്തിന് ഒരിടത്തും സഹോദരന്മാര്‍ക്കു മറ്റൊരിടത്തും കൂടെയുള്ള ഈജിപ്തുകാര്‍ക്കു വേറൊരിടത്തും ഭക്ഷണം വിളമ്പി; എബ്രായരോടുകൂടി ഭക്ഷണം കഴിക്കുന്നത് ഈജിപ്തുകാര്‍ക്ക് നിഷിദ്ധമായിരുന്നു. യോസേഫിന് അഭിമുഖമായി സഹോദരന്മാരെ മൂപ്പുമുറയ്‍ക്ക് ഭക്ഷണത്തിനിരുത്തിയപ്പോള്‍ അവര്‍ അമ്പരന്നു പരസ്പരം നോക്കി. യോസേഫിന്‍റെ മേശയില്‍നിന്നായിരുന്നു അവര്‍ക്ക് ഭക്ഷണം വിളമ്പിയത്. ബെന്യാമീന്‍റെ മുമ്പില്‍ മറ്റുള്ളവരുടേതിലും അഞ്ചിരട്ടി ആഹാരം വിളമ്പി. അവര്‍ യോസേഫിനോടൊത്ത് വിരുന്നില്‍ സന്തോഷപൂര്‍വം പങ്കെടുത്തു. യോസേഫ് കാര്യസ്ഥനോട് ഇപ്രകാരം കല്പിച്ചു: “അവര്‍ക്കു കൊണ്ടുപോകാവുന്നിടത്തോളം ധാന്യങ്ങള്‍ ചാക്കുകളില്‍ നിറയ്‍ക്കുക. ഓരോരുത്തരുടെയും പണം ചാക്കിന്‍റെ വായ്‍ക്കല്‍ത്തന്നെ വയ്‍ക്കണം. ഇളയവന്‍റെ ചാക്കിന്‍റെ വായ്‍ക്കല്‍ പണത്തോടൊപ്പം എന്‍റെ വെള്ളിപ്പാത്രം കൂടെ വയ്‍ക്കുക.” യോസേഫ് പറഞ്ഞതുപോലെ അയാള്‍ ചെയ്തു. നേരം വെളുത്തപ്പോള്‍ കഴുതകളുമായി അവര്‍ യാത്രയായി. അവര്‍ പട്ടണത്തില്‍നിന്ന് അധികം അകലെ ആകുന്നതിനു മുമ്പ് യോസേഫ് കാര്യസ്ഥനോടു പറഞ്ഞു: “വേഗം അവരെ പിന്തുടരുക; അവരുടെ ഒപ്പം എത്തി പറയണം, നിങ്ങള്‍ നന്മയ്‍ക്കു പകരം തിന്മ ചെയ്തതെന്തുകൊണ്ട്? എന്തിനു നിങ്ങള്‍ അദ്ദേഹത്തിന്‍റെ വെള്ളിപ്പാത്രം മോഷ്‍ടിച്ചു? എന്‍റെ യജമാനന്‍ പാനം ചെയ്യുന്നത് ഈ പാത്രത്തില്‍നിന്നല്ലേ? ഇതുപയോഗിച്ചല്ലേ അദ്ദേഹം ലക്ഷണം നോക്കുന്നത്? നിങ്ങള്‍ ചെയ്തത് തെറ്റായിപ്പോയി.” അയാള്‍ അവരുടെ ഒപ്പമെത്തി അപ്രകാരം പറഞ്ഞു. അവര്‍ അയാളോടു പറഞ്ഞു: “യജമാനനേ, അങ്ങ് ഇങ്ങനെ സംസാരിക്കുന്നതെന്ത്? അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ ഇങ്ങനെ ഒരിക്കലും ചെയ്യുകയില്ല. ഞങ്ങള്‍ ചാക്കുകളഴിച്ചപ്പോള്‍ കണ്ട പണം കനാന്‍ദേശത്തുനിന്ന് തിരിച്ചുകൊണ്ടുവന്നില്ലേ? പിന്നെ അങ്ങയുടെ യജമാനന്‍റെ ഭവനത്തില്‍നിന്നു ഞങ്ങള്‍ വെള്ളിയോ സ്വര്‍ണമോ മോഷ്‍ടിക്കുമോ? ഞങ്ങളില്‍ ആരുടെയെങ്കിലും ചാക്കില്‍ അതു കണ്ടാല്‍ അവന്‍ മരിക്കട്ടെ; അവശേഷിക്കുന്ന ഞങ്ങള്‍ യജമാനന് അടിമകളായിരുന്നുകൊള്ളാം.” “നിങ്ങള്‍ പറഞ്ഞതുപോലെ തന്നെയാകട്ടെ” എന്ന് അയാള്‍ പറഞ്ഞു. “ആരുടെ പക്കല്‍ അതു കാണുന്നുവോ അവന്‍ എന്‍റെ അടിമയായിരിക്കും. മറ്റുള്ളവര്‍ കുറ്റക്കാരായിരിക്കുകയില്ല” എന്നും അയാള്‍ പറഞ്ഞു. ഓരോരുത്തനും അവരവരുടെ ചാക്കുകള്‍ വേഗത്തില്‍ താഴെയിറക്കി അഴിച്ചു. മൂത്തവന്‍റെ തുടങ്ങി ഏറ്റവും ഇളയവന്‍റെവരെ ഓരോരുത്തരുടെയും ചാക്ക് അയാള്‍ പരിശോധിച്ചു. വെള്ളിപ്പാത്രം ബെന്യാമീന്‍റെ ചാക്കില്‍ കണ്ടെത്തി. തീവ്രദുഃഖംകൊണ്ട് അവര്‍ വസ്ത്രങ്ങള്‍ പിച്ചിക്കീറി. സാധനങ്ങള്‍ കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്കു മടങ്ങിവന്നു. യെഹൂദായും സഹോദരന്മാരും യോസേഫിന്‍റെ ഭവനത്തിലെത്തിയപ്പോള്‍ അദ്ദേഹം അവിടെയുണ്ടായിരുന്നു. അവര്‍ അദ്ദേഹത്തിന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു. യോസേഫ് അവരോടു പറഞ്ഞു: “നിങ്ങള്‍ എന്താണ് ഈ ചെയ്തത്? എന്നെപ്പോലെ ഒരാളിനു ലക്ഷണവിദ്യയിലൂടെ ഈ കാര്യം മനസ്സിലാകുമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെയോ?” യെഹൂദാ പറഞ്ഞു: “യജമാനനേ, ഞങ്ങള്‍ അങ്ങയോട് എന്തു പറയും; ഞങ്ങള്‍ എങ്ങനെ ബോധ്യപ്പെടുത്തും? എങ്ങനെ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കും? ഞങ്ങളുടെ അകൃത്യം ദൈവം കണ്ടെത്തി; ഞങ്ങള്‍ ഇതാ, ആരുടെ പക്കല്‍ വെള്ളിപ്പാത്രം കണ്ടെത്തിയോ അവനും ഞങ്ങളും അങ്ങയുടെ അടിമകളായിത്തീര്‍ന്നിരിക്കുന്നു.” എന്നാല്‍ അദ്ദേഹം പറഞ്ഞു: “അതു വേണ്ടാ, അങ്ങനെ ഞാനൊരിക്കലും ചെയ്യുകയില്ല; ആരുടെ പക്കല്‍ എന്‍റെ പാത്രം കണ്ടെത്തിയോ അവന്‍ മാത്രം എന്‍റെ അടിമ ആയാല്‍ മതി. നിങ്ങള്‍ക്ക് സമാധാനത്തോടെ പിതാവിന്‍റെ അടുക്കലേക്കു പോകാം.” യെഹൂദാ യോസേഫിനെ സമീപിച്ചു പറഞ്ഞു: “എന്‍റെ യജമാനനേ, അങ്ങയുടെ ദാസന്‍ ഒരു വാക്കു ബോധിപ്പിച്ചുകൊള്ളട്ടെ. അങ്ങയുടെ കോപം അടിയന്‍റെ നേരേ ജ്വലിക്കരുതേ. അങ്ങു ഫറവോയ്‍ക്ക് സമനല്ലേ? ‘നിങ്ങള്‍ക്കൊരു സഹോദരനോ പിതാവോ ഉണ്ടോ’ എന്ന് യജമാനന്‍ അവിടുത്തെ ദാസന്മാരോടു ചോദിച്ചു. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു, ‘വാര്‍ധക്യത്തിലെത്തിയ പിതാവും ഒരു ഇളയ സഹോദരനും ഞങ്ങള്‍ക്കുണ്ട്. അവന്‍ പിതാവിന്‍റെ വാര്‍ധക്യകാലത്തു ജനിച്ചവനാണ്. അവന്‍റെ ഒരു സഹോദരന്‍ മരിച്ചുപോയി. അവന്‍റെ അമ്മയുടെ പുത്രന്മാരില്‍ അവന്‍ മാത്രമേ ഇപ്പോള്‍ ശേഷിച്ചിട്ടുള്ളൂ. അവന്‍ അപ്പന്‍റെ ഇഷ്ടപുത്രനുമാകുന്നു.” അങ്ങയുടെ ഈ ദാസന്മാരോട്, ‘അവനെ കൊണ്ടുവരിക ഞാന്‍ കാണട്ടേ’ എന്ന് അങ്ങു പറഞ്ഞു. മറുപടിയായി, ‘അവനെ പിതാവിന്‍റെ അടുക്കല്‍നിന്നു കൊണ്ടുവരിക പ്രയാസമാണ്; കൊണ്ടുവന്നാല്‍ അപ്പന്‍ മരിച്ചുപോകും’ എന്നു ഞങ്ങള്‍ അങ്ങയോടു പറഞ്ഞിരുന്നു. അവനെ കൊണ്ടുവരാതെ ഒരിക്കലും എന്നെ കാണുകയില്ല’ എന്ന് അങ്ങു പറഞ്ഞു. ഞങ്ങള്‍ തിരിച്ചുചെന്ന് എന്‍റെ പിതാവിനോട് അങ്ങു കല്പിച്ചതെല്ലാം അറിയിച്ചു. കുറച്ചു ധാന്യം കൂടി വാങ്ങിക്കൊണ്ടുവരാന്‍ പിതാവ് ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: ‘ഞങ്ങള്‍ക്കു പോകാന്‍ നിവൃത്തിയില്ല; ഇളയ സഹോദരന്‍ കൂടെവന്നാല്‍ ഞങ്ങള്‍ പോകാം; അവനെ കൂടാതെ ഞങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെല്ലാന്‍ സാധ്യമല്ല.’ അപ്പോള്‍ അങ്ങയുടെ ദാസനായ എന്‍റെ പിതാവു പറഞ്ഞു: ‘എന്‍റെ ഭാര്യ രണ്ടു പുത്രന്മാരെ പ്രസവിച്ചു; ഒരാള്‍ എന്നെ വിട്ടുപോയി; അവനെ വന്യമൃഗങ്ങള്‍ കടിച്ചുകീറിയിരിക്കും. പിന്നീടൊരിക്കലും അവനെ കണ്ടിട്ടില്ല. ഇവനെ നിങ്ങള്‍ കൊണ്ടുപോകുകയും ഇവന് എന്തെങ്കിലും സംഭവിക്കുകയും ചെയ്താല്‍ വാര്‍ധക്യത്തിലെത്തിയിരിക്കുന്ന ഞാന്‍ ദുഃഖത്തോടുകൂടി പാതാളത്തിലേക്ക് പോകേണ്ടിവരും. ഈ ബാലന്‍ ഞങ്ങളുടെ കൂടെയില്ലാതെ പിതാവിന്‍റെ അടുക്കല്‍ ഞങ്ങള്‍ ചെന്നാല്‍ അദ്ദേഹം മരിക്കും. കാരണം, അദ്ദേഹത്തിന്‍റെ ജീവന്‍ ഇവന്‍റെ ജീവനോട് അത്രയ്‍ക്ക് ഒട്ടിയിരിക്കുന്നു. അങ്ങയുടെ ഈ ദാസന്മാര്‍ ഞങ്ങളുടെ പിതാവിനെ വാര്‍ധക്യകാലത്ത് ദുഃഖത്തോടെ പാതാളത്തിലേക്ക് അയയ്‍ക്കുകയായിരിക്കും അതിന്‍റെ ഫലം. ഈ ബാലനെ തിരിച്ചു കൊണ്ടുചെല്ലുന്നില്ലെങ്കില്‍ മരണപര്യന്തം ഞാന്‍ പിതാവിന്‍റെ ദൃഷ്‍ടിയില്‍ കുറ്റക്കാരനായിരിക്കുമെന്നു പ്രതിജ്ഞ ചെയ്തിട്ടാണ് അങ്ങയുടെ ദാസന്‍ ഇവനെ കൊണ്ടുവന്നത്. അതുകൊണ്ട് ഇവനു പകരം അങ്ങയുടെ അടിമയായിരിക്കാന്‍ എന്നെ അനുവദിച്ചാലും. ബാലനെ എന്‍റെ സഹോദരന്മാരോടൊന്നിച്ച് മടങ്ങിപ്പോകാന്‍ അനുവദിക്കണമേ. അവനെ കൂടാതെ ഞങ്ങള്‍ എങ്ങനെ പിതാവിന്‍റെ അടുക്കല്‍ പോകും. അദ്ദേഹത്തിനുണ്ടാകുന്ന ദുരന്തം ഞാന്‍ എങ്ങനെ സഹിക്കും.” അവിടെ ഉണ്ടായിരുന്നവരുടെ മുമ്പില്‍ വികാരം നിയന്ത്രിക്കാന്‍ യോസേഫിനു കഴിഞ്ഞില്ല. സഹോദരന്മാര്‍ ഒഴികെ മറ്റുള്ളവരെ പുറത്താക്കാന്‍ അദ്ദേഹം കല്പിച്ചു. അങ്ങനെ യോസേഫ് സഹോദരന്മാര്‍ക്കു രഹസ്യമായി സ്വയം വെളിപ്പെടുത്തി. അദ്ദേഹം ഉറക്കെ കരഞ്ഞു. ഈജിപ്തുകാര്‍ അതു കേട്ടു. ഫറവോയുടെ കൊട്ടാരംവരെ കരച്ചിലിന്‍റെ ശബ്ദം എത്തി. യോസേഫ് സഹോദരന്മാരോടു പറഞ്ഞു: “ഞാന്‍ യോസേഫ് ആണ്; എന്‍റെ പിതാവിനു സുഖം തന്നെയോ?” അതു കേട്ട് ഞെട്ടിപ്പോയ സഹോദരന്മാര്‍ക്ക് മറുപടി ഒന്നും പറയാന്‍ കഴിഞ്ഞില്ല. യോസേഫ് അവരോട് അടുത്തുചെല്ലാന്‍ പറഞ്ഞു. അവര്‍ അടുത്തുചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: “നിങ്ങള്‍ അടിമയായി വിറ്റ് ഈജിപ്തിലേക്കയച്ച നിങ്ങളുടെ സഹോദരന്‍ യോസേഫാണു ഞാന്‍. നിങ്ങള്‍ എന്നെ ഇവിടേക്കു വിറ്റതില്‍ ദുഃഖിക്കുകയോ സ്വയം കുറ്റപ്പെടുത്തുകയോ വേണ്ടാ. നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി ദൈവമാണ് എന്നെ മുന്‍കൂട്ടി ഇവിടേക്കയച്ചത്. ക്ഷാമം തുടങ്ങിയിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ. ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു വര്‍ഷം ഇനി വരാനിരിക്കുന്നു. നിങ്ങളുടെ സന്തതി ഭൂമിയില്‍ അവശേഷിക്കാനും നിങ്ങള്‍ക്ക് അദ്ഭുതകരമായ രക്ഷ നല്‌കാനുമായി ദൈവമാണ് എന്നെ ഇങ്ങോട്ടയച്ചത്. അതുകൊണ്ട് യഥാര്‍ഥത്തില്‍ നിങ്ങളല്ല ദൈവമാണ് എന്നെ ഇവിടേക്കയച്ചത്. അവിടുന്നെന്നെ ഫറവോയ്‍ക്ക് പിതാവും അദ്ദേഹത്തിന്‍റെ ഗൃഹത്തിനു നാഥനും ഈജിപ്തുദേശത്തിന് അധിപതിയും ആക്കിയിരിക്കുന്നു. നിങ്ങള്‍ വേഗം മടങ്ങിച്ചെന്ന് അങ്ങയുടെ പുത്രനായ യോസേഫ് ഇപ്രകാരം പറയുന്നുവെന്ന് അറിയിക്കുക: ദൈവം എന്നെ ഈജിപ്തിന്‍റെ മുഴുവന്‍ അധിപതിയാക്കിയിരിക്കുന്നു; എത്രയും വേഗം അപ്പന്‍ എന്‍റെ അടുക്കല്‍ എത്തണം. അപ്പനും മക്കളും കൊച്ചുമക്കളും അങ്ങയുടെ ആടുമാടുകളും മറ്റെല്ലാ സമ്പാദ്യങ്ങളുമായി എന്‍റെ അടുത്തുതന്നെയുള്ള ഗോശെന്‍ ദേശത്തു വന്നു പാര്‍ക്കണം. ക്ഷാമം ഇനിയും അഞ്ചു വര്‍ഷംകൂടി നീണ്ടുനില്‌ക്കും. എന്നാല്‍ അങ്ങയെയും കുടുംബത്തിലുള്ള എല്ലാവരെയും അങ്ങേക്കുള്ള എല്ലാറ്റിനെയും ക്ഷാമം ബാധിക്കാതെ ഞാന്‍ സംരക്ഷിച്ചുകൊള്ളാം. ഞാന്‍ തന്നെയാണു നിങ്ങളോടു സംസാരിക്കുന്നതെന്നു നിങ്ങള്‍ക്കും എന്‍റെ അനുജന്‍ ബെന്യാമീനും ബോധ്യമായല്ലോ. ഈജിപ്തില്‍ എനിക്കുള്ള പ്രതാപവും നിങ്ങള്‍ കണ്ട മറ്റു കാര്യങ്ങളും എന്‍റെ പിതാവിനോടു പറയണം. അദ്ദേഹത്തെ ഉടന്‍തന്നെ ഇവിടെ കൂട്ടിക്കൊണ്ടു വരികയും വേണം.” യോസേഫ് ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ബെന്യാമീന്‍ യോസേഫിന്‍റെ തോളില്‍ തല ചായിച്ചു കരഞ്ഞു. സഹോദരന്മാരെയെല്ലാം യോസേഫ് ചുംബിച്ചു കരഞ്ഞു. പിന്നീട് അവര്‍ അദ്ദേഹത്തോടു സംസാരിക്കാന്‍ തുടങ്ങി. യോസേഫിന്‍റെ സഹോദരന്മാര്‍ വന്നിരിക്കുന്നു എന്ന വാര്‍ത്ത ഫറവോയുടെ കൊട്ടാരത്തില്‍ അറിഞ്ഞു. ഫറവോയും സേവകന്മാരും സന്തോഷിച്ചു. ഫറവോ യോസേഫിനോടു പറഞ്ഞു: “നിന്‍റെ സഹോദരന്മാരോട് അവര്‍ മൃഗങ്ങളുടെ പുറത്ത് ധാന്യവുമായി കനാന്‍ദേശത്തേക്കു പോകാന്‍ പറയുക. പിന്നെ അവര്‍ പിതാവിനെയും കുടുംബാംഗങ്ങളെയും കൂട്ടി നിന്‍റെ അടുക്കല്‍ മടങ്ങിവരട്ടെ. ഈജിപ്തിലുള്ള ഏറ്റവും നല്ല പ്രദേശം ഞാന്‍ അവര്‍ക്കു നല്‌കും. സമ്പല്‍സമൃദ്ധിയോടുകൂടി അവര്‍ക്ക് ഇവിടെ കഴിയാം. കുഞ്ഞുങ്ങളെയും ഭാര്യമാരെയും പിതാവിനോടൊപ്പം കൂട്ടിക്കൊണ്ടു വരാന്‍ ഈജിപ്തില്‍നിന്നു വാഹനങ്ങള്‍ കൊണ്ടുപൊയ്‍ക്കൊള്ളാന്‍ അവരോടു കല്പിക്കുക. അവിടെയുള്ള സമ്പത്തിനെപ്പറ്റി വ്യാകുലപ്പെടേണ്ടാ. ഈജിപ്തിലെ ഏറ്റവും മെച്ചമായതെല്ലാം അവരുടേതായിരിക്കും.” യാക്കോബിന്‍റെ പുത്രന്മാര്‍ അതുപോലെതന്നെ ചെയ്തു. രാജാവു കല്പിച്ചതുപോലെ വാഹനങ്ങളും യാത്രയ്‍ക്കാവശ്യമായ ഭക്ഷണസാധനങ്ങളും യോസേഫ് അവര്‍ക്കു കൊടുത്തു. അവരില്‍ ഓരോരുത്തനും വിശേഷവസ്ത്രങ്ങള്‍ നല്‌കി. ബെന്യാമീനുമാത്രം മുന്നൂറു വെള്ളിനാണയവും അഞ്ച് വിശേഷവസ്ത്രങ്ങളും കൊടുത്തു. പത്തു കഴുതകളുടെ പുറത്തു ഈജിപ്തിലെ വിശിഷ്ടവസ്തുക്കളും പത്തു പെണ്‍കഴുതകളുടെപുറത്തു ധാന്യവും അപ്പവും യാത്രയ്‍ക്കുവേണ്ട വകയും യോസേഫ് പിതാവിന് കൊടുത്തയച്ചു. അങ്ങനെ അദ്ദേഹം അവരെ യാത്രയാക്കി. വഴിയില്‍വച്ചു കലഹിക്കരുതെന്ന് ഒരു താക്കീതും നല്‌കി. ഈജിപ്തില്‍നിന്നു പുറപ്പെട്ട് അവര്‍ കനാനില്‍ പിതാവിന്‍റെ അടുക്കലെത്തി. യോസേഫ് ജീവിച്ചിരിക്കുന്നുവെന്നും അവനാണ് ഈജിപ്തിലെ സര്‍വാധിപതിയെന്നും പറഞ്ഞു. അതുകേട്ട് യാക്കോബ് അദ്ഭുതസ്തബ്ധനായിത്തീര്‍ന്നു. അവര്‍ പറഞ്ഞതു വിശ്വസിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. എന്നാല്‍ യോസേഫിന്‍റെ വാക്കുകള്‍ അദ്ദേഹത്തോടു പറയുകയും യാത്രയ്‍ക്കുവേണ്ടി യോസേഫ് അയച്ച വാഹനങ്ങള്‍ കാണുകയും ചെയ്തപ്പോള്‍ യാക്കോബ് ഉന്മേഷവാനായി. യാക്കോബ് പറഞ്ഞു: “എനിക്കതു കേട്ടാല്‍ മതി; എന്‍റെ മകന്‍ യോസേഫ് ജീവിച്ചിരിക്കുന്നുവല്ലോ. ഞാന്‍ മരിക്കുന്നതിനുമുമ്പു അവനെ ചെന്നു കാണും.” യാക്കോബു തനിക്കുള്ള സകല സമ്പാദ്യങ്ങളുമായി ബേര്‍-ശേബയില്‍ എത്തി, തന്‍റെ പിതാവായ ഇസ്ഹാക്കിന്‍റെ ദൈവത്തിനു യാഗങ്ങളര്‍പ്പിച്ചു. രാത്രിയിലുണ്ടായ ദര്‍ശനത്തില്‍ ദൈവം, “യാക്കോബേ, യാക്കോബേ” എന്നു വിളിച്ചു. “അടിയന്‍ ഇതാ” എന്നു യാക്കോബ് വിളി കേട്ടു. ദൈവം അരുളിച്ചെയ്തു: “ഞാന്‍ ദൈവമാകുന്നു. നിന്‍റെ പിതാവിന്‍റെ ദൈവം; ഈജിപ്തിലേക്കു പോകാന്‍ നീ ഭയപ്പെടേണ്ടാ; അവിടെ ഞാന്‍ നിന്നെ ഒരു വലിയ ജനതയായി വളര്‍ത്തും. ഞാന്‍ നിന്‍റെ കൂടെ ഈജിപ്തിലേക്കു പോരും; നിന്നെ ഇവിടെ തിരിച്ചുകൊണ്ടുവരികയും ചെയ്യും; മരണസമയത്ത് യോസേഫ് നിന്‍റെ അടുക്കല്‍തന്നെ ഉണ്ടായിരിക്കും.” പിന്നീട് യാക്കോബ് ബേര്‍-ശേബയില്‍നിന്നു യാത്ര തിരിച്ചു; പുത്രന്മാര്‍, അദ്ദേഹത്തെയും തങ്ങളുടെ ഭാര്യമാരെയും കുഞ്ഞുകുട്ടികളെയും അവര്‍ക്കുവേണ്ടി ഫറവോന്‍ അയച്ചിരുന്ന വാഹനങ്ങളില്‍ കയറ്റി. തങ്ങളുടെ ആടുമാടുകളോടും കനാനില്‍വച്ചു സമ്പാദിച്ച വസ്തുവകകളോടുംകൂടി അവര്‍ ഈജിപ്തിലേക്കുപോയി. അങ്ങനെ യാക്കോബും അദ്ദേഹത്തിന്‍റെ സന്താനങ്ങളും ഈജിപ്തിലെത്തി. അദ്ദേഹം പുത്രീപുത്രന്മാരെയും പൗത്രീപൗത്രന്മാരെയും അങ്ങനെ സന്താനപരമ്പരയെ മുഴുവന്‍ ഈജിപ്തിലേക്കു കൊണ്ടുപോയി. ഈജിപ്തിലേക്കു വന്ന യാക്കോബിന്‍റെയും പുത്രന്മാരുടെയും വംശപരമ്പര: യാക്കോബിന്‍റെ മൂത്തപുത്രന്‍ രൂബേന്‍. രൂബേന്‍റെ പുത്രന്മാര്‍ ഹാനോക്ക്, ഫല്ലൂ, ഹെബ്രോന്‍, കര്‍മ്മി എന്നിവരായിരുന്നു. യെമൂവേല്‍, യാമിന്‍, ഓഹദ്, യാക്കീന്‍, സോഹര്‍ എന്നിവരും ഒരു കനാന്യസ്‍ത്രീയില്‍ ജനിച്ച ശൗലുമാണ് ശിമെയോന്‍റെ പുത്രന്മാര്‍. ലേവിയുടെ പുത്രന്മാരാണ് ഗേര്‍ശോന്‍, കൊഹാത്ത്, മെരാരി എന്നിവര്‍. യെഹൂദായുടെ പുത്രന്മാര്‍ ഏര്‍, ഓനാന്‍, ശേലാ, പേരെസ്, സേരഹ് എന്നിവരാണ്. അവരില്‍ ഏരും ഓനാനും കനാന്‍ദേശത്തുവച്ചുതന്നെ മരിച്ചു. പേരെസിന്‍റെ പുത്രന്മാരാണ് ഹെസ്രോനും, ഹാമൂലും. ഇസ്സാഖാരിന്‍റെ പുത്രന്മാര്‍ തോലാ, പൂവ്വാ, ഇയ്യോബ്, ശിമ്രോന്‍ എന്നിവര്‍. സെബൂലൂന്‍റെ പുത്രന്മാര്‍ സേരെദ്, ഏലോന്‍, യഹ്ലയേല്‍ എന്നിവര്‍. ഇവരും പുത്രി ദീനായുമാണ് പദ്ദന്‍-അരാമില്‍വച്ചു ലേയാ പ്രസവിച്ച മക്കള്‍. ലേയായില്‍ യാക്കോബിനു ജനിച്ച സന്താനങ്ങളെല്ലാംകൂടി മുപ്പത്തിമൂന്നുപേര്‍ ആയിരുന്നു. ഗാദിന്‍റെ പുത്രന്മാരാണ് സിഫ്യോന്‍, ഹഗ്ഗി, ശൂനി, എസ്ബോന്‍, ഏരി, അരോദി, അരേലി എന്നിവര്‍. ആശ്ശേരിന്‍റെ സന്താനങ്ങള്‍ ഇമ്നാ, ഇശ്വാ, ഇശ്വി, ബരിയാ; അവരുടെ സഹോദരി സേരഹ് എന്നിവരായിരുന്നു. ബെരിയായുടെ പുത്രന്മാരാണ് ഹേബെരും, മല്‍ക്കിയേലും. ലാബാന്‍ ലേയായ്‍ക്കു കൊടുത്ത ദാസി സില്പായില്‍ യാക്കോബിനു ജനിച്ച സന്താനങ്ങള്‍ പതിനാറു പേരായിരുന്നു. യാക്കോബിന്‍റെ ഭാര്യ റാഹേലില്‍ ജനിച്ച പുത്രന്മാരാണ് യോസേഫും ബെന്യാമീനും. ഈജിപ്തില്‍വച്ചു ഓനിലെ പുരോഹിതനായ പൊത്തിഫേറായുടെ പുത്രി ആസ്നത്തില്‍ യോസേഫിനു ജനിച്ച പുത്രന്മാരാണ് മനശ്ശെയും എഫ്രയീമും. ബെന്യാമീന്‍റെ പുത്രന്മാര്‍ ബേലാ, ബേഖെര്‍, അശ്ബെല്‍, ഗേരാ, നാമാന്‍, ഏഹി, രോശ്, മുപ്പിം, ഹുപ്പിം, ആരെദ് എന്നിവരാണ്. റാഹേലില്‍ യാക്കോബിനു ജനിച്ച സന്താനങ്ങള്‍ ആകെ പതിനാലു പേരാണ്. [23,24] ദാനിന്‍റെ പുത്രന്‍ ഹൂശിമും നഫ്താലിയുടെ പുത്രന്മാര്‍ യെഹസേല്‍, ശൂനി, യേസെര്‍, ശില്ലേം എന്നിവരും ആയിരുന്നു. *** ലാബാന്‍ റാഹേലിനു കൊടുത്ത ദാസി ബില്‍ഹായില്‍ യാക്കോബിനു ജനിച്ച സന്താനങ്ങള്‍ ആകെ ഏഴു പേരാണ്. യാക്കോബിനോടുകൂടെ ഈജിപ്തിലേക്കു വന്ന സന്താനങ്ങള്‍ പുത്രഭാര്യമാരെ കൂടാതെ ആകെ അറുപത്താറു പേരാണ്. ഈജിപ്തില്‍ വച്ചു യോസേഫിനു ജനിച്ച രണ്ടു പുത്രന്മാര്‍ ഉള്‍പ്പെടെ ഈജിപ്തിലേക്കു വന്ന യാക്കോബിന്‍റെ കുടുംബാംഗങ്ങള്‍ ആകെ എഴുപതു പേര്‍. യോസേഫ് ഗോശെനില്‍ വന്നു തന്നെ കാണാന്‍ ആവശ്യപ്പെട്ടുകൊണ്ട് യാക്കോബ് യെഹൂദായെ മുന്‍കൂട്ടി അയച്ചു. അങ്ങനെ അവര്‍ ഗോശെനില്‍ എത്തി. പിതാവിനെ കാണുന്നതിനു യോസേഫ് രഥത്തില്‍ ഗോശെനിലേക്കു പോയി. തമ്മില്‍ കണ്ടപ്പോള്‍ യോസേഫ് പിതാവിന്‍റെ കഴുത്തില്‍ കെട്ടിപ്പിടിച്ചുകൊണ്ട് വളരെനേരം കരഞ്ഞു. യാക്കോബ് യോസേഫിനോടു പറഞ്ഞു: “നീ ജീവിച്ചിരിക്കുന്നു എന്ന് അറിയുകയും നിന്‍റെ മുഖം നേരിട്ടു കാണുകയും ചെയ്തിരിക്കുന്നു. ഇനി ഞാന്‍ മരിച്ചുകൊള്ളട്ടെ.” യോസേഫ് സഹോദരന്മാരോടും പിതാവിന്‍റെ കുടുംബാംഗങ്ങളെല്ലാവരോടുമായി പറഞ്ഞു: “കനാന്‍ദേശത്തു പാര്‍ത്തിരുന്ന എന്‍റെ സഹോദരന്മാരും പിതാവിന്‍റെ കുടുംബാംഗങ്ങളും എന്‍റെ അടുക്കല്‍ വന്നിരിക്കുന്നു എന്നു ഞാന്‍ ഫറവോയോടു ചെന്നു പറയും. അവര്‍ ഇടയന്മാരാണെന്നും അവരുടെ കന്നുകാലികളെയും ആട്ടിന്‍പറ്റങ്ങളെയുമെല്ലാം കൊണ്ടുവന്നിട്ടുണ്ടെന്നും ഞാന്‍ അറിയിക്കും. നിങ്ങളുടെ തൊഴില്‍ എന്തെന്നു ഫറവോ ചോദിച്ചാല്‍ ‘അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ ചെറുപ്പംമുതല്‍ ഇന്നുവരെയും ഇടയന്മാരാണ്’ എന്നു നിങ്ങള്‍ പറയണം: അങ്ങനെ പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഗോശെന്‍ദേശത്തുതന്നെ പാര്‍ക്കാന്‍ കഴിയും. കാരണം ഈജിപ്തുകാര്‍ക്ക് ഇടയന്മാര്‍ നിഷിദ്ധരാണ്.” യോസേഫ് ഫറവോയുടെ അടുക്കല്‍ ചെന്നു പറഞ്ഞു: “എന്‍റെ പിതാവും സഹോദരന്മാരും തങ്ങളുടെ ആടുമാടുകളും സകല സമ്പാദ്യങ്ങളുമായി കനാന്‍ദേശത്തുനിന്നു വന്നിട്ടുണ്ട്. അവര്‍ ഇപ്പോള്‍ ഗോശെന്‍പ്രദേശത്തുണ്ട്.” സഹോദരന്മാരില്‍ അഞ്ചു പേരെ യോസേഫ് ഫറവോയുടെ സന്നിധിയില്‍ കൊണ്ടുവന്നു നിര്‍ത്തി. “നിങ്ങളുടെ തൊഴില്‍ എന്താണ്?” എന്നു രാജാവ് അവരോടു ചോദിച്ചു. അവര്‍ ഫറവോയോടു പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ ഇടയന്മാരാണ്” അവര്‍ തുടര്‍ന്നു പറഞ്ഞു: “കനാന്‍ദേശത്തു ക്ഷാമം അതിരൂക്ഷമായിരിക്കുകയാല്‍ ഞങ്ങളുടെ ആടുമാടുകള്‍ക്കു മേച്ചില്‍പ്പുറങ്ങള്‍പോലും ഇല്ല. അതുകൊണ്ട് കുറെക്കാലം പാര്‍ക്കുന്നതിനു ഞങ്ങള്‍ ഇവിടെ വന്നിരിക്കുകയാണ്. അങ്ങയുടെ ദാസന്മാരായ ഞങ്ങളെ ഗോശെന്‍ദേശത്തു പാര്‍ക്കാന്‍ അനുവദിച്ചാലും.” ഫറവോ യോസേഫിനോടു പറഞ്ഞു: “നിന്‍റെ പിതാവും സഹോദരന്മാരും നിന്‍റെ അടുക്കല്‍ വന്നിരിക്കുന്നു. ഈജിപ്തുദേശം നിന്‍റെ അധീനതയിലുണ്ടല്ലോ; ഇവിടെയുള്ളതില്‍ ഏറ്റവും നല്ല സ്ഥലത്തു നിന്‍റെ പിതാവിനെയും സഹോദരന്മാരെയും പാര്‍പ്പിക്കുക; ഗോശെന്‍ദേശത്തുതന്നെ അവര്‍ പാര്‍ക്കട്ടെ; അവരുടെ കൂട്ടത്തില്‍ സമര്‍ഥരായ ആളുകളുണ്ടെങ്കില്‍ അവരെ എന്‍റെ ആടുമാടുകളുടെ ചുമതലക്കാരായി നിയമിക്കുക.” പിന്നീട് യോസേഫ് പിതാവായ യാക്കോബിനെ ഫറവോയുടെ സന്നിധിയില്‍ കൊണ്ടുചെന്നു. യാക്കോബ് ഫറവോയെ അനുഗ്രഹിച്ചു. “അങ്ങേക്ക് എത്ര വയസ്സുണ്ട്” എന്നു ഫറവോ ചോദിച്ചപ്പോള്‍, യാക്കോബു പറഞ്ഞു: “എനിക്ക് നൂറ്റിമുപ്പതു വയസ്സായിരിക്കുന്നു. അതു പിതാക്കന്മാരുടെ ജീവിതകാലംപോലെ ദീര്‍ഘമല്ല; കൂടാതെ ദുരിതപൂര്‍ണവുമായിരുന്നു.” യാക്കോബ് ഫറവോയെ വീണ്ടും അനുഗ്രഹിച്ചശേഷം അവിടെനിന്നു പോയി. ഫറവോ കല്പിച്ചതുപോലെ ഈജിപ്തില്‍ രമെസേസ്പ്രദേശത്ത് ഏറ്റവും ഫലപുഷ്‍ടിയുള്ള സ്ഥലം യോസേഫ് അവര്‍ക്കു നല്‌കി. അവിടെ പിതാവിനെയും സഹോദരന്മാരെയും കുടിപാര്‍പ്പിച്ചു. യോസേഫ് പിതാവിനും സഹോദരന്മാര്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും ശിശുക്കളുടെ എണ്ണംപോലും കണക്കാക്കി ആഹാരസാധനങ്ങള്‍ നല്‌കി സംരക്ഷിച്ചു. ക്ഷാമം അതിരൂക്ഷമായി തീര്‍ന്നതുകൊണ്ട് ദേശത്തൊരിടത്തും ഭക്ഷണപദാര്‍ഥങ്ങള്‍ ലഭ്യമല്ലാതെയായി. ഈജിപ്തും കനാന്‍ദേശവും ക്ഷാമം നിമിത്തം വലഞ്ഞു. ധാന്യം വാങ്ങാന്‍ ഈജിപ്തിലെയും കനാനിലെയും ആളുകള്‍ തങ്ങളുടെ പണം മുഴുവന്‍ ചെലവിട്ടു. യോസേഫ് ഈ പണമെല്ലാം സംഭരിച്ച് ഫറവോയുടെ കൊട്ടാരത്തില്‍ ഏല്പിച്ചു. കനാന്‍ദേശത്തും ഈജിപ്തിലുമുള്ള ആളുകളുടെ കൈയിലുണ്ടായിരുന്ന പണമെല്ലാം തീര്‍ന്നപ്പോള്‍ ഈജിപ്തുകാര്‍ യോസേഫിന്‍റെ അടുക്കല്‍ വന്നു പറഞ്ഞു: “ഞങ്ങള്‍ക്കു ഭക്ഷണം തരിക. അങ്ങയുടെ മുമ്പില്‍വച്ചുതന്നെ ഞങ്ങള്‍ മരിക്കാന്‍ ഇടയാകരുത്. ഞങ്ങളുടെ കൈയിലുണ്ടായിരുന്ന പണം മുഴുവന്‍ തീര്‍ന്നുപോയി.” യോസേഫ് പറഞ്ഞു: “നിങ്ങളുടെ പണമെല്ലാം തീര്‍ന്നുപോയെങ്കില്‍ നിങ്ങളുടെ കന്നുകാലികളെ കൊണ്ടുവരിക; അവയ്‍ക്കു പകരമായി ഞാന്‍ നിങ്ങള്‍ക്കു ധാന്യം നല്‌കാം.” അവര്‍ അവരുടെ കന്നുകാലികളെ യോസേഫിന്‍റെ അടുക്കല്‍ കൊണ്ടുവന്നു; കുതിര, ആടുമാടുകള്‍, കഴുത എന്നിവയ്‍ക്കു പകരം യോസേഫ് അവര്‍ക്കു ഭക്ഷണസാധനങ്ങള്‍ നല്‌കി. ആ വര്‍ഷം മുഴുവന്‍ അങ്ങനെ തുടര്‍ന്നു. അടുത്ത വര്‍ഷം ജനങ്ങള്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞു: “ഞങ്ങളുടെ പണമെല്ലാം തീര്‍ന്നു. ഞങ്ങളുടെ കന്നുകാലികളും അങ്ങയുടെ വകയായിക്കഴിഞ്ഞു. ഞങ്ങളുടെ ശരീരങ്ങളും നിലവുമല്ലാതെ അങ്ങേക്കു തരാന്‍ ഇനി ഒന്നും ശേഷിച്ചിട്ടില്ല. ഇക്കാര്യങ്ങളൊന്നും അങ്ങയില്‍നിന്നു ഞങ്ങള്‍ മറച്ചുവയ്‍ക്കുന്നില്ല. ഞങ്ങളും ഞങ്ങളുടെ നിലവും അങ്ങയുടെ കണ്‍മുമ്പില്‍വച്ചുതന്നെ നശിക്കുന്നതെന്തിന്? ഞങ്ങളുടെ നിലം വിലയ്‍ക്കെടുത്തു ഞങ്ങള്‍ക്ക് ആഹാരം നല്‌കിയാലും. അതോടൊപ്പം ഞങ്ങള്‍ അങ്ങയുടെ അടിമകളായിരുന്നുകൊള്ളാം. ഞങ്ങള്‍ക്കു വിത്തു തരിക; അങ്ങനെ നിലം ശൂന്യമാകാതെയും ഞങ്ങള്‍ നശിക്കാതെയും ഇരിക്കട്ടെ. ഈജിപ്തിലെ നിലം മുഴുവന്‍ യോസേഫ് ഫറവോയുടെ പേരില്‍ വാങ്ങി. ക്ഷാമം അതികഠിനമായിരുന്നതിനാല്‍ ഈജിപ്തുകാരെല്ലാം തങ്ങളുടെ നിലം വിറ്റു. അങ്ങനെ നിലം മുഴുവന്‍ ഫറവോയുടേതായിത്തീര്‍ന്നു. ഈജിപ്തില്‍ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ജനങ്ങളെയെല്ലാം അടിമകളാക്കുകയും ചെയ്തു. പുരോഹിതന്മാരുടെ നിലം മാത്രം യോസേഫ് വിലയ്‍ക്കു വാങ്ങിയില്ല; ഫറവോ പുരോഹിതന്മാരുടെ ഉപജീവനത്തിനായി അവര്‍ക്കു നിശ്ചിത വിഹിതം നല്‌കിയിരുന്നതിനാല്‍ നിലം അവര്‍ക്കു വില്‍ക്കേണ്ടിവന്നില്ല. യോസേഫ് ജനങ്ങളോടു പറഞ്ഞു: “നിങ്ങളെ നിങ്ങളുടെ നിലങ്ങളോടൊപ്പം രാജാവിനുവേണ്ടി ഞാന്‍ വാങ്ങിയിരിക്കുകയാണ്. ഇതാ, വിതയ്‍ക്കുന്നതിനുള്ള വിത്ത്; നിങ്ങള്‍ കൊണ്ടുപോയി വിതച്ചു കൃഷി ചെയ്യണം. കൊയ്ത്തുകാലത്തു വിളവിന്‍റെ അഞ്ചിലൊരു ഭാഗം രാജാവിനു നല്‌കണം. ശേഷമുള്ളതു നിങ്ങളുടേതായിരിക്കും. അതു വിത്തിനായും നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും ആഹാരത്തിനായും എടുത്തുകൊള്ളുക.” അവര്‍ പറഞ്ഞു: “ഞങ്ങളുടെ ജീവന്‍ അങ്ങു രക്ഷിച്ചിരിക്കുന്നു. അങ്ങയുടെ ഇഷ്ടംപോലെ ഞങ്ങള്‍ ഫറവോന് അടിമകളായിരുന്നുകൊള്ളാം.” ഇതനുസരിച്ച് യോസേഫ് ഈജിപ്തില്‍ ഒരു ഭൂനിയമം ഉണ്ടാക്കി. വിളവിന്‍റെ അഞ്ചിലൊരു ഭാഗം ഫറവോയുടേതായിരിക്കും എന്നതായിരുന്നു ആ നിയമം. അത് ഇന്നും നിലവിലിരിക്കുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോയുടേതായില്ല. ഈജിപ്തില്‍ ഗോശെന്‍ദേശത്ത് ഇസ്രായേല്യര്‍ പാര്‍ത്തു; ആ സ്ഥലത്തിന്‍റെ കൈവശാവകാശം അവര്‍ക്കു ലഭിച്ചു; അവര്‍ക്ക് അവിടെ സന്താനസമൃദ്ധിയും സമ്പദ്സമൃദ്ധിയും ഉണ്ടായി. യാക്കോബ് അവിടെ പതിനേഴു വര്‍ഷം ജീവിച്ചു. അദ്ദേഹത്തിന്‍റെ ആയുഷ്കാലം നൂറ്റിനാല്പത്തേഴു വര്‍ഷമായിരുന്നു. മരണസമയം അടുത്തപ്പോള്‍ യാക്കോബു യോസേഫിനെ വിളിച്ചു പറഞ്ഞു: “നിനക്ക് എന്നോടു പ്രീതി ഉണ്ടെങ്കില്‍ നിന്‍റെ കൈ എന്‍റെ തുടയുടെ കീഴില്‍വച്ച് എന്നോടു ദയയും വിശ്വസ്തതയും പുലര്‍ത്തുമെന്നു സത്യം ചെയ്യുക. എന്നെ ഈജിപ്തില്‍ സംസ്കരിക്കരുത്. ഞാന്‍ എന്‍റെ പിതാക്കന്മാരോടൊപ്പം വിശ്രമിക്കട്ടെ. എന്നെ ഈജിപ്തില്‍നിന്നു കൊണ്ടുപോയി അവരെ സംസ്കരിച്ച സ്ഥലത്തുതന്നെ സംസ്കരിക്കണം.” “അങ്ങു പറഞ്ഞതുപോലെ ഞാന്‍ ചെയ്തുകൊള്ളാം” എന്നു യോസേഫ് പറഞ്ഞു. “എന്നോടു സത്യം ചെയ്യുക” എന്ന് യാക്കോബ് ആവശ്യപ്പെട്ടു; യോസേഫ് അപ്രകാരം ചെയ്തു. അപ്പോള്‍ യാക്കോബു കട്ടിലിന്‍റെ തലയ്‍ക്കല്‍ ശിരസ്സു കുനിച്ചു. പിതാവ് രോഗിയായിരിക്കുന്നു എന്ന വിവരം യോസേഫ് അറിഞ്ഞപ്പോള്‍ പുത്രന്മാരായ മനശ്ശെയെയും എഫ്രയിമീനെയും കൂട്ടിക്കൊണ്ട് അദ്ദേഹത്തെ സന്ദര്‍ശിച്ചു. യോസേഫ് തന്നെ കാണാന്‍ വന്നിരിക്കുന്നു എന്ന് അറിയിച്ചപ്പോള്‍ യാക്കോബ് തന്‍റെ ശക്തി മുഴുവന്‍ സംഭരിച്ചു കട്ടിലില്‍ എഴുന്നേറ്റിരുന്നു. യാക്കോബ് യോസേഫിനോടു പറഞ്ഞു: “കനാനിലെ ലൂസില്‍വച്ചു സര്‍വശക്തനായ ദൈവം എനിക്കു പ്രത്യക്ഷനായി എന്നെ അനുഗ്രഹിച്ചു. അവിടുന്ന് എന്നോടു പറഞ്ഞു: ‘ഞാന്‍ നിനക്ക് അനേകം സന്താനങ്ങളെ നല്‌കും; അനേകം ജനതകള്‍ നിന്നില്‍നിന്ന് ഉദ്ഭവിക്കും; ഈ ദേശം നിന്‍റെ ഭാവിതലമുറകള്‍ക്ക് എന്നേക്കും അവകാശമായി നല്‌കുകയും ചെയ്യും.’ യാക്കോബു തുടര്‍ന്നു, “ഞാന്‍ ഈജിപ്തില്‍ വരുന്നതിനു മുമ്പു നിനക്കിവിടെവച്ചു ജനിച്ച രണ്ടു പുത്രന്മാരും എനിക്കുള്ളവരാണ്; രൂബേനെയും ശിമെയോനെയുംപോലെതന്നെ അവര്‍ എന്‍റെ മക്കളാകുന്നു. അവര്‍ ജനിച്ചതിനുശേഷമുള്ള മക്കളെല്ലാവരും നിനക്കുള്ളവരായിരിക്കും; അവരുടെ അവകാശങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ തങ്ങളുടെ സഹോദരന്മാരുടെ പേരില്‍ത്തന്നെ അറിയപ്പെടും. ഞാന്‍ പദ്ദനില്‍നിന്നു വരുന്ന വഴി എഫ്രാത്തിലെത്താന്‍ കുറച്ചുദൂരം മാത്രമുള്ളപ്പോള്‍ കനാന്‍ദേശത്തുവച്ചു നിന്‍റെ അമ്മ റാഹേല്‍ മരിച്ചു. അത് എനിക്ക് തീവ്രദുഃഖമുളവാക്കി; ഞാന്‍ അവളെ എഫ്രാത്തിലേക്കുള്ള വഴിയില്‍ ബേത്‍ലഹേമില്‍ സംസ്കരിക്കുകയും ചെയ്തു.” യാക്കോബു യോസേഫിന്‍റെ പുത്രന്മാരെ കണ്ടപ്പോള്‍ “ഇവര്‍ ആരാണ്” എന്നു ചോദിച്ചു. യോസേഫ് പിതാവിനോടു പറഞ്ഞു: “ഇവര്‍ ഇവിടെവച്ചു ദൈവം എനിക്കു ദാനം ചെയ്ത പുത്രന്മാരാണ്.” യാക്കോബു പറഞ്ഞു: “അവരെ എന്‍റെ അടുത്തു കൊണ്ടുവരിക. ഞാന്‍ അവരെ അനുഗ്രഹിക്കട്ടെ. പ്രായാധിക്യത്താല്‍ കണ്ണു മങ്ങിയിരുന്നതുകൊണ്ട് അവരെ കാണാന്‍ യാക്കോബിനു കഴിഞ്ഞില്ല; യോസേഫ് അവരെ പിതാവിന്‍റെ അടുത്തു കൊണ്ടുചെന്നപ്പോള്‍ അദ്ദേഹം അവരെ കെട്ടിപ്പിടിച്ചു ചുംബിച്ചു. യാക്കോബു യോസേഫിനോടു പറഞ്ഞു: “നിന്നെ വീണ്ടും കാണാനാകുമെന്നു ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല; നിന്‍റെ മക്കളെക്കൂടി കാണാന്‍ ദൈവം എനിക്ക് ഇടവരുത്തി.” യോസേഫ് അവരെ പിതാവിന്‍റെ മടിയില്‍നിന്നു മാറ്റി നിര്‍ത്തിയതിനുശേഷം അദ്ദേഹത്തെ നമസ്കരിച്ചു. യോസേഫ് തന്‍റെ വലംകൈകൊണ്ടു പിടിച്ച് എഫ്രയീമിനെ യാക്കോബിന്‍റെ ഇടതുവശത്തും, തന്‍റെ ഇടംകൈകൊണ്ടു പിടിച്ച് മനശ്ശെയെ യാക്കോബിന്‍റെ വലതുവശത്തും നിര്‍ത്തി, ഇരുവരെയും അദ്ദേഹത്തിന്‍റെ അടുത്തു കൊണ്ടുവന്നു. എന്നാല്‍, യാക്കോബ് വലതുകൈ നീട്ടി ഇടതുവശത്തു നിന്ന ഇളയപുത്രന്‍ എഫ്രയീമിന്‍റെ തലയിലും ഇടതുകൈ നീട്ടി വലതുവശത്തു നിന്ന മൂത്തപുത്രന്‍ മനശ്ശെയുടെ തലയിലും വച്ചു. അദ്ദേഹം യോസേഫിനെ അനുഗ്രഹിച്ചു പറഞ്ഞു: “എന്‍റെ പിതാക്കന്മാരായ അബ്രഹാമും ഇസ്ഹാക്കും ആരാധിച്ചിരുന്ന ദൈവം, എന്‍റെ ജീവിതകാലം മുഴുവന്‍ ഇന്നുവരെയും എന്നെ വഴി നടത്തിയ ദൈവം, എന്നെ സകല അപകടങ്ങളില്‍നിന്നും രക്ഷിച്ച ദൂതന്‍ ഈ കുട്ടികളെ അനുഗ്രഹിക്കട്ടെ. എന്‍റെ നാമവും എന്‍റെ പിതാക്കന്മാരായ അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും നാമവും ഇവരിലൂടെ നിലനില്‌ക്കുമാറാകട്ടെ. ഇവര്‍ ഭൂമിയില്‍ ഒരു വലിയ ജനതയായിത്തീരട്ടെ.” യാക്കോബ് വലതുകൈ എഫ്രയീമിന്‍റെ തലയില്‍ വച്ചത് കണ്ടപ്പോള്‍ യോസേഫിനു നീരസം തോന്നി. എഫ്രയീമിന്‍റെ തലയില്‍നിന്നു മനശ്ശെയുടെ തലയില്‍ വയ്‍ക്കുന്നതിനു യോസേഫ് പിതാവിന്‍റെ കൈ പിടിച്ചുമാറ്റി. പിതാവിനോടു പറഞ്ഞു: “അപ്പാ, ഇങ്ങനെയരുത്; ഇവനല്ലേ മൂത്തപുത്രന്‍. അതുകൊണ്ട് അങ്ങയുടെ വലതുകൈ ഇവന്‍റെ തലയില്‍ വയ്‍ക്കുക.” പിതാവ് അതിനു വിസമ്മതിച്ചു; “മകനേ അതെനിക്കറിയാം; മനശ്ശെയുടെ സന്തതികളും ഒരു വലിയ ജനതയായിത്തീരും; എന്നാല്‍ അനുജന്‍ ജ്യേഷ്ഠനെക്കാള്‍ വലിയവനാകും. അവന്‍റെ പിന്‍തലമുറക്കാര്‍ അനേകം ജനതകളായി പെരുകും.” അന്നുതന്നെ അദ്ദേഹം അവരെ അനുഗ്രഹിച്ചു പറഞ്ഞു: “ഇസ്രായേല്യര്‍ അനുഗ്രഹാശിസ്സുകള്‍ നല്‌കുമ്പോള്‍ നിങ്ങളെ എഫ്രയീമിനെയും മനശ്ശെയെയും പോലെ ആക്കട്ടെ എന്നു പറയും”. ഇങ്ങനെ യാക്കോബു എഫ്രയീമിനെ മനശ്ശെയ്‍ക്കു മുമ്പനാക്കി. പിന്നീട് യാക്കോബു യോസേഫിനോടു പറഞ്ഞു: “എന്‍റെ മരണസമയം അടുത്തിരിക്കുന്നു; എങ്കിലും ദൈവം നിന്‍റെ കൂടെയിരുന്ന് നിങ്ങളുടെ പിതാക്കന്മാരുടെ ദേശത്തേക്കു നിങ്ങളെ മടക്കി വരുത്തുമാറാക്കും. നിന്‍റെ സഹോദരന്മാര്‍ക്കു നല്‌കിയതില്‍ കൂടുതലായി ഞാന്‍ വാളും വില്ലുംകൊണ്ട് അമോര്യരുടെ പക്കല്‍നിന്നു പിടിച്ചെടുത്ത മലഞ്ചരിവും നിനക്കു നല്‌കും.” യാക്കോബു പുത്രന്മാരെ വിളിച്ചു പറഞ്ഞു: “നിങ്ങള്‍ ഒന്നിച്ചുവരിക. ഭാവിയില്‍ നിങ്ങള്‍ക്ക് എന്താണു സംഭവിക്കാന്‍ പോകുന്നതെന്നു ഞാന്‍ പറയാം.” യാക്കോബിന്‍റെ പുത്രന്മാരേ, ഒരുമിച്ചു വന്നു ശ്രദ്ധിക്കുവിന്‍. നിങ്ങളുടെ പിതാവായ ഇസ്രായേലിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുവിന്‍. രൂബേന്‍, നീ എന്‍റെ കടിഞ്ഞൂല്‍പുത്രന്‍. എന്‍റെ ബലവും എന്‍റെ ശക്തിയുടെ ആദ്യഫലവും; ഊറ്റത്തില്‍ നീ ഒന്നാമന്‍. വെള്ളംപോലെ അസ്ഥിരനായ നീ, ശ്രേഷ്ഠനായിത്തീരുകയില്ല; നീ നിന്‍റെ പിതാവിന്‍റെ കിടക്കയില്‍ കയറി അതിനെ അശുദ്ധമാക്കിയല്ലോ. ശിമെയോനും ലേവിയും സഹോദരന്മാര്‍; അവരുടെ വാളുകള്‍ അക്രമത്തിനുള്ള ആയുധങ്ങള്‍ തന്നെ. എന്‍റെ മനസ്സ് അവരുടെ ആലോചനയില്‍ പങ്കുചേരാതിരിക്കട്ടെ; എന്‍റെ ഹൃദയം അവരുടെ കൂട്ടത്തില്‍ ചേരാതിരിക്കട്ടെ. കോപംകൊണ്ട് അവര്‍ മനുഷ്യരെ കൊല്ലുന്നു. അവരുടെ ദുശ്ശാഠ്യത്തില്‍ അവര്‍ കൂറ്റന്മാരുടെ കുതിഞരമ്പു വെട്ടി. അവരുടെ കോപം അത്യുഗ്രം; അവരുടെ ക്രോധം അതിക്രൂരം; അവ ശപിക്കപ്പെടട്ടെ. ഞാന്‍ അവരെ യാക്കോബില്‍ വിഭജിക്കും. ഇസ്രായേലില്‍ ചിതറിക്കും. യെഹൂദായേ, നിന്‍റെ സഹോദരന്മാര്‍ നിന്നെ പുകഴ്ത്തും; ശത്രുക്കളുടെ കഴുത്തില്‍ നീ പിടിമുറുക്കും; നിന്‍റെ സഹോദരന്മാര്‍ നിന്നെ നമസ്കരിക്കും. യെഹൂദാ ഒരു സിംഹക്കുട്ടി; ഇരയെവിട്ട് നീ തിരിച്ചുവന്നിരിക്കുന്നു; അവന്‍ സിംഹത്തെയും സിംഹിയെയും പോലെ പതുങ്ങിക്കിടക്കുന്നു. അവനെ എഴുന്നേല്പിക്കാന്‍ ആരു ധൈര്യപ്പെടും? യെഹൂദായില്‍നിന്നു ചെങ്കോലും, അവന്‍റെ പാദങ്ങള്‍ക്കിടയില്‍നിന്നു രാജ ദണ്ഡും അതിന്‍റെ അവകാശി വരുന്നതുവരെ മാറുകയില്ല. ചെറുകഴുതയെ മുന്തിരിവള്ളിയില്‍ അവന്‍ ബന്ധിക്കുന്നു; കഴുതക്കുട്ടിയെ വിശിഷ്ട മുന്തിരിവള്ളിയില്‍ തന്നെ കെട്ടുന്നു. വീഞ്ഞില്‍ തന്‍റെ വസ്ത്രവും ദ്രാക്ഷാരസ ത്തില്‍ തന്‍റെ അങ്കിയും അലക്കുന്നു. വീഞ്ഞു കുടിച്ച് അവന്‍റെ കണ്ണു ചുവക്കും; പാല്‍ കുടിച്ച് അവന്‍റെ പല്ലു വെളുക്കും. സെബൂലൂന്‍റെ പാര്‍പ്പിടം കടല്‍ക്കര. അവന്‍റെ തീരം കപ്പലുകളുടെ അഭയസങ്കേതം. അവന്‍റെ ദേശം സീദോന്‍വരെ വ്യാപിച്ചിരിക്കും. ഇസ്സാഖാര്‍ ബലമുള്ള കഴുത. അവന്‍ ആട്ടിന്‍തൊഴുത്തുകളുടെ ഇടയില്‍ കിടക്കും. വിശ്രമസ്ഥലം നല്ലതായും ദേശം മനോഹര മായും അവന്‍ കണ്ടു. അതുകൊണ്ട് ചുമടെടുക്കുന്നതിന് അവന്‍ ചുമല്‍ താഴ്ത്തിക്കൊടുത്തു. അങ്ങനെ അവന്‍ അടിമവേലയ്‍ക്ക് നിര്‍ബന്ധിതനായി. ഇസ്രായേലിലെ മറ്റുഗോത്രങ്ങള്‍പോലെ ദാന്‍ സ്വന്തം ജനങ്ങള്‍ക്കു ന്യായംവിധിക്കും. ദാന്‍ വഴിയില്‍ ഒരു സര്‍പ്പം, പാതയില്‍ ഒരു അണലി, അവന്‍ കുതിരയുടെ കുതികാലില്‍ കടിക്കും; അതിന്മേല്‍ യാത്ര ചെയ്യുന്നവര്‍ മലര്‍ന്നുവീഴും. സര്‍വേശ്വരാ, വിടുതലിനായി ഞാന്‍ കാത്തിരിക്കുന്നു. ഗാദിനെ കൊള്ളക്കാര്‍ കവര്‍ച്ചചെയ്യും. എന്നാല്‍ അവന്‍ അവരെ പിന്തുടര്‍ന്നോടിക്കും. ആശേരിന്‍റെ ആഹാരം സമ്പുഷ്ടമായിരിക്കും; സ്വാദിഷ്ടമായ രാജകീയഭോജനം അവനു ലഭിക്കും. നഫ്താലി സ്വതന്ത്രയായ മാന്‍പേട. അത് അഴകുള്ള മാന്‍പേടകള്‍ക്കു ജന്മം നല്‌കുന്നു. യോസേഫ് ഫലപ്രദമായ ഒരു വൃക്ഷം; നീരുറവിന്നരികെ നില്‌ക്കുന്ന ഫലസമൃദ്ധമായ വൃക്ഷം തന്നെ. അതിന്‍റെ ചില്ലകള്‍ മതിലിലേക്ക് ചാഞ്ഞു കിടക്കുന്നു വില്ലാളികള്‍ അവനെ ക്രൂരമായി ആക്രമിച്ചു; അമ്പും വില്ലുമായി പിന്തുടര്‍ന്നു മുറിവേല്പിച്ചു എന്നാല്‍ അവന്‍റെ വില്ല് ചഞ്ചലമാകയില്ല; യാക്കോബിന്‍റെ ശക്തിയും, ഇസ്രായേലിന്‍റെ പാറയും ഇടയനുമായവന്‍റെ കരങ്ങളാല്‍ അവന്‍റെ ഭുജങ്ങള്‍ കരുത്തുകാട്ടി. നിന്‍റെ പിതാവിന്‍റെ ദൈവം നിന്നെ സഹായിക്കും. സര്‍വശക്തനായ ദൈവം മീതെ ആകാശ ത്തില്‍നിന്നുള്ള അനുഗ്രഹങ്ങളാലും താഴെ ആഴങ്ങളില്‍നിന്നുള്ള അനുഗ്രഹങ്ങളാലും നിന്നെ ധന്യനാക്കും; സ്തനങ്ങളുടെയും ഗര്‍ഭാശയത്തിന്‍റെയും അനുഗ്രഹങ്ങള്‍ നിനക്കു നല്‌കും. നിന്‍റെ പിതാവിന്‍റെ അനുഗ്രഹങ്ങള്‍ ശാശ്വത ഗിരിനിരകളെക്കാള്‍ കരുത്തുറ്റതാണ്. അവ യോസേഫിന്‍റെ ശിരസ്സില്‍, സഹോദരന്മാരില്‍ ഉല്‍ക്കൃഷ്ടനായവന്‍റെ നെറുകയില്‍ ആവസിക്കട്ടെ. ബെന്യാമീന്‍ കടിച്ചുകീറുന്ന ചെന്നായ്. രാവിലെമുതല്‍ അവന്‍ ഇരയെ ഭക്ഷിക്കുന്നു. വൈകിട്ട് ശേഷിച്ചതു പങ്കിടുന്നു. ഇവരാണ് ഇസ്രായേലിന്‍റെ പന്ത്രണ്ടു ഗോത്രപിതാക്കന്മാര്‍; അവരില്‍ ഓരോരുത്തര്‍ക്കും ചേര്‍ന്നവിധം അവരെ അനുഗ്രഹിച്ച് യാക്കോബു പറഞ്ഞ വാക്കുകള്‍ ഇവയായിരുന്നു. യാക്കോബു പുത്രന്മാരോടു കല്പിച്ചു: “ഞാന്‍ മരിച്ച് എന്‍റെ പിതാക്കന്മാരോട് ചേരാന്‍ പോകുന്നു. കനാന്‍ദേശത്ത് മമ്രെക്കു കിഴക്കു ഹിത്യനായ എഫ്രോനില്‍നിന്നു വാങ്ങിയ മക്പേലായിലെ ഗുഹയില്‍ എന്‍റെ പിതാക്കന്മാരോടൊപ്പം എന്നെ സംസ്കരിക്കണം. ആ ഗുഹയും അതിന്‍റെ ചുറ്റുമുള്ള നിലവും ഹിത്യനായ എഫ്രോനില്‍നിന്നു ശ്മശാനമായി ഉപയോഗിക്കാന്‍ അബ്രഹാം വിലയ്‍ക്കു വാങ്ങിയതാണ്. അവിടെ അബ്രഹാമിനെയും ഭാര്യ സാറായെയും സംസ്കരിച്ചു. അവിടെത്തന്നെയാണ് ഇസ്ഹാക്കിനെയും റിബേക്കായെയും സംസ്കരിച്ചത്; എന്‍റെ ഭാര്യ ലേയായെ ഞാന്‍ സംസ്കരിച്ചതും അവിടെയാണ്. ആ നിലവും അതിലെ ഗുഹയും ഹിത്യരില്‍നിന്നു വിലകൊടുത്തു വാങ്ങിയതാണ്.” ഇപ്രകാരം പുത്രന്മാരോട് ആജ്ഞാപിച്ചശേഷം യാക്കോബു കട്ടിലില്‍ കിടന്ന്; അന്ത്യശ്വാസം വലിച്ചു. അങ്ങനെ യാക്കോബ് തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു. യോസേഫ് പിതാവിന്‍റെ ശരീരത്തില്‍ വീണു കരഞ്ഞ് അദ്ദേഹത്തെ ചുംബിച്ചു. പിന്നീട് തന്‍റെ ദാസന്മാരായ വൈദ്യന്മാരോടു പിതാവിന്‍റെ ശരീരത്തില്‍ സുഗന്ധതൈലം പൂശാന്‍ ആവശ്യപ്പെട്ടു. യോസേഫ് കല്പിച്ചതുപോലെ അവര്‍ യാക്കോബിന്‍റെ ശരീരത്തില്‍ സുഗന്ധതൈലം പൂശി; നാല്പതു ദിവസംകൊണ്ടാണ് അവര്‍ അതു പൂര്‍ത്തിയാക്കിയത്; അതിന് അത്രയും ദിവസം ആവശ്യമായിരുന്നു. ഈജിപ്തുകാര്‍ അദ്ദേഹത്തിനുവേണ്ടി എഴുപതു ദിവസം വിലാപം ആചരിച്ചു. വിലാപദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ യോസേഫ് ഫറവോയുടെ ഗൃഹത്തിലുള്ളവരോടു പറഞ്ഞു: “നിങ്ങള്‍ക്ക് എന്നോടു പ്രീതിയുണ്ടെങ്കില്‍ രാജാവിനോട് ഒരു കാര്യം ഉണര്‍ത്തിക്കണം. എന്‍റെ പിതാവു മരണത്തോടടുത്തപ്പോള്‍ എന്നെക്കൊണ്ട് ഒരു കാര്യം സത്യം ചെയ്യിച്ചിരുന്നു. ‘എന്‍റെ മരണം അടുത്തു; കനാന്‍ദേശത്തു ഞാന്‍ വെട്ടിയുണ്ടാക്കിയ കല്ലറയില്‍ തന്നെ എന്നെ സംസ്കരിക്കണം.’ അതുകൊണ്ട് ഞാന്‍ പോയി പിതാവിനെ സംസ്കരിക്കട്ടെ; അതിനുശേഷം മടങ്ങിവരാം.” “നിന്നെക്കൊണ്ടു സത്യം ചെയ്യിച്ചിരുന്നതുപോലെ നിന്‍റെ പിതാവിനെ സംസ്കരിക്കുക” എന്നു ഫറവോ മറുപടി നല്‌കി. പിതാവിനെ സംസ്കരിക്കാന്‍ യോസേഫ് പോയി; ഫറവോയുടെ ഭൃത്യന്മാരും രാജകൊട്ടാരത്തിലെ പ്രമാണികളും ഈജിപ്തിലെ പ്രമുഖന്മാരും അദ്ദേഹത്തെ അനുഗമിച്ചു. അക്കൂട്ടത്തില്‍ സഹോദരന്മാരുടെയും പിതാവിന്‍റെയും കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. കുഞ്ഞുകുട്ടികളും ആടുമാടുകളും മാത്രമേ ഗോശെന്‍ദേശത്തു ശേഷിച്ചിരുന്നുള്ളൂ. രഥങ്ങളും അശ്വഭടന്മാരുമുള്ള വലിയൊരു സേനാവ്യൂഹം അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്നു. യോര്‍ദ്ദാനു കിഴക്കുള്ള അത്താദിലെ മെതിക്കളത്തില്‍ എത്തിയപ്പോള്‍ അവര്‍ വളരെ ഉച്ചത്തില്‍ വിലപിച്ചു; ഈ വിലാപം ഏഴുദിവസം നീണ്ടുനിന്നു. അത്താദിലെ വിലാപാചരണം കണ്ട് ദേശവാസികളായ കനാന്യര്‍ ഇത് ഈജിപ്തുകാരുടെ മഹാവിലാപംതന്നെ എന്നു പറഞ്ഞു. അവര്‍ ആ സ്ഥലത്തിനു ‘ആബേല്‍ മിസ്രയീം’ എന്നു പേരിട്ടു. അതു യോര്‍ദ്ദാന് അക്കരെയുള്ള പ്രദേശമാണ്. അങ്ങനെ യാക്കോബിന്‍റെ പുത്രന്മാര്‍ അദ്ദേഹം കല്പിച്ചിരുന്നതുപോലെതന്നെ ചെയ്തു. അവര്‍ അദ്ദേഹത്തെ കനാന്‍ദേശത്തേക്കു കൊണ്ടുപോയി. മമ്രെക്കു കിഴക്കുള്ള മക്പേലയിലെ ഗുഹയില്‍ സംസ്കരിച്ചു. ശ്മശാനസ്ഥലത്തിനുവേണ്ടി ഹിത്യനായ എഫ്രോനോട് അബ്രഹാം വിലയ്‍ക്കു വാങ്ങിയ സ്ഥലമായിരുന്നു അത്. പിതാവിനെ സംസ്കരിച്ചശേഷം സഹോദരന്മാരോടും, ശവസംസ്കാരത്തില്‍ പങ്കെടുക്കാന്‍ തന്നോടൊപ്പം വന്നിരുന്ന മറ്റാളുകളോടുംകൂടെ യോസേഫ് ഈജിപ്തിലേക്കു മടങ്ങി. പിതാവ് മരിച്ചപ്പോള്‍, ഇനി യോസേഫ് തങ്ങളെ വെറുക്കയും തന്നോടു ചെയ്ത ദ്രോഹങ്ങള്‍ക്കു പകരം വീട്ടുകയും ചെയ്തേക്കുമെന്നു, സഹോദരന്മാര്‍ പരസ്പരം പറഞ്ഞു. അവര്‍ ഇപ്രകാരം ഒരു സന്ദേശം യോസേഫിനു കൊടുത്തയച്ചു. “അങ്ങയുടെ പിതാവു മരിക്കുന്നതിനുമുമ്പ് ഇങ്ങനെ ഞങ്ങളോടു കല്പിച്ചിരുന്നു: ‘നിങ്ങള്‍ യോസേഫിനോട് ഇപ്രകാരം പറയണം, നിന്‍റെ സഹോദരന്മാരുടെ പാപങ്ങളും അവര്‍ നിന്നോടു ചെയ്ത എല്ലാ തെറ്റുകളും നീ അവരോടു ക്ഷമിക്കണം. നിന്‍റെ പിതാവിന്‍റെ ദൈവത്തിന്‍റെ ദാസന്മാരായ അവരുടെ അതിക്രമങ്ങള്‍ നീ പൊറുക്കണം.” അവര്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ യോസേഫ് കരഞ്ഞു. സഹോദരന്മാര്‍ യോസേഫിന്‍റെ മുമ്പില്‍ മുട്ടുകുത്തി: “ഇതാ ഞങ്ങള്‍ അങ്ങയുടെ ദാസന്മാര്‍” എന്നു പറഞ്ഞു. യോസേഫ് പറഞ്ഞു: “ഭയപ്പെടാതിരിക്കുക; എനിക്കു ദൈവത്തിന്‍റെ സ്ഥാനം ഉണ്ടോ? നിങ്ങള്‍ എനിക്കെതിരായി ഗൂഢാലോചന നടത്തി; എന്നാല്‍ ദൈവം അത് നന്മയായി രൂപാന്തരപ്പെടുത്തി. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതുപോലെ അസംഖ്യമാളുകളുടെ ജീവന്‍ നിലനിര്‍ത്താന്‍ അതുമൂലം ദൈവം ഇടവരുത്തി. അതുകൊണ്ട് ഭയപ്പെടാതിരിക്കുക; നിങ്ങള്‍ക്കും നിങ്ങളുടെ കുഞ്ഞുകുട്ടികള്‍ക്കും ആവശ്യമുള്ളത് ഞാന്‍ നല്‌കിക്കൊള്ളാം.” അങ്ങനെ ഉറപ്പുകൊടുത്ത് അവരെ ആശ്വസിപ്പിച്ചു. പിതാവിന്‍റെ കുടുംബാംഗങ്ങളോടുകൂടെ യോസേഫ് ഈജിപ്തില്‍ തുടര്‍ന്നു പാര്‍ത്തു; അദ്ദേഹത്തിന്‍റെ ആയുസ്സു നൂറ്റിപ്പത്തു സംവത്സരം ആയിരുന്നു. എഫ്രയീമിന്‍റെ സന്താനങ്ങളില്‍ മൂന്നാം തലമുറവരെയുള്ളവരെ യോസേഫിനു കാണാന്‍ സാധിച്ചു; മനശ്ശെയുടെ പുത്രനായ മാഖീരിന്‍റെ സന്തതികളെയും അദ്ദേഹം കണ്ടു. പിന്നീട് യോസേഫ് സഹോദരന്മാരോടു പറഞ്ഞു: “എന്‍റെ മരണം അടുത്തു; എന്നാല്‍ ദൈവം നിങ്ങളെ സന്ദര്‍ശിച്ച് ഈ സ്ഥലത്തുനിന്നു മോചിപ്പിച്ച്, അബ്രഹാം, ഇസ്ഹാക്ക്, യാക്കോബ് എന്നിവരോടു വാഗ്ദാനം ചെയ്തിരുന്ന സ്ഥലത്തേക്കു നിങ്ങളെ കൊണ്ടുപോകും. അപ്പോള്‍ നിങ്ങള്‍ എന്‍റെ അസ്ഥികള്‍കൂടെ ഇവിടെനിന്നു കൊണ്ടുപോകണം.” അതനുസരിച്ച് യോസേഫ് ഇസ്രായേല്‍മക്കളെക്കൊണ്ടു സത്യം ചെയ്യിച്ചു. നൂറ്റിപ്പത്താമത്തെ വയസ്സില്‍ ഈജിപ്തില്‍വച്ചു യോസേഫ് മരിച്ചു. അവര്‍ അദ്ദേഹത്തിന്‍റെ ശരീരം സുഗന്ധതൈലം പൂശി ഒരു പെട്ടിയിലാക്കി ഈജിപ്തില്‍ സൂക്ഷിച്ചു. യാക്കോബിന്‍റെകൂടെ കുടുംബസമേതം ഈജിപ്തിലേക്കു വന്ന അദ്ദേഹത്തിന്‍റെ പുത്രന്മാര്‍: രൂബേന്‍, ശിമെയോന്‍, ലേവി, യെഹൂദാ, ഇസ്സാഖാര്‍, സെബൂലൂന്‍, ബെന്യാമീന്‍, ദാന്‍, നഫ്താലി, ഗാദ്, ആശേര്‍ എന്നിവരാണ്. യോസേഫ് നേരത്തെതന്നെ ഈജിപ്തില്‍ ആയിരുന്നു. അങ്ങനെ യാക്കോബിന്‍റെ സന്താനങ്ങള്‍ ആകെ എഴുപതു പേര്‍. യോസേഫും സഹോദരന്മാരും ഉള്‍പ്പെട്ട ആ തലമുറയിലെ എല്ലാവരും മരിച്ചു. യാക്കോബിന്‍റെ പിന്‍തലമുറക്കാര്‍ പെരുകി അത്യന്തം പ്രബലരായിത്തീര്‍ന്നു. ദേശം അവരെക്കൊണ്ടു നിറഞ്ഞു. അക്കാലത്തു യോസേഫിനെ അറിയാത്ത ഒരു പുതിയ രാജാവ് ഈജിപ്തില്‍ ഭരണമേറ്റു. അദ്ദേഹം ജനങ്ങളോടു പറഞ്ഞു: “ഇസ്രായേല്‍ജനം എണ്ണത്തില്‍ പെരുകിയിരിക്കുന്നു. അവര്‍ നമ്മെക്കാള്‍ ശക്തരുമാണ്; അവര്‍ ഇനിയും വര്‍ധിക്കാതിരിക്കാന്‍ നാം തന്ത്രപൂര്‍വം പ്രവര്‍ത്തിക്കണം. ഒരു യുദ്ധമുണ്ടായാല്‍ ശത്രുപക്ഷം ചേര്‍ന്ന് അവര്‍ നമ്മോടു പൊരുതുമെന്നു മാത്രമല്ല രാജ്യം വിട്ടുപോയെന്നും വരാം.” അങ്ങനെ ഇസ്രായേല്യരെ കഠിനജോലി ചെയ്യിച്ച് പീഡിപ്പിക്കാന്‍ മേല്‍നോട്ടക്കാരെ നിയമിച്ചു. അവര്‍ ഫറവോയ്‍ക്കുവേണ്ടി പീഥോം, റയംസേസ് എന്നീ ധാന്യസംഭരണനഗരങ്ങള്‍ പണിതു. എന്നാല്‍ പീഡിപ്പിക്കുന്തോറും അവര്‍ വര്‍ധിച്ച് ദേശമെങ്ങും വ്യാപിച്ചു. അതിനാല്‍ ഈജിപ്തുകാര്‍ ഇസ്രായേല്‍ജനത്തെ ഭയപ്പെട്ടു. അവര്‍ ഇസ്രായേല്‍ജനങ്ങളെക്കൊണ്ട് കഠിനവേല ചെയ്യിച്ച് അവരുടെ ജീവിതം ക്ലേശപൂര്‍ണമാക്കി. ഇഷ്‍ടികയും കുമ്മായവും കൊണ്ടുള്ള പണികളും വയലിലെ പണികളും അവര്‍ അവരെക്കൊണ്ടു ചെയ്യിച്ചു. അവര്‍ ചെയ്ത എല്ലാ ജോലികളും കാഠിന്യമുള്ളതായിരുന്നു. ഈജിപ്തിലെ രാജാവ് ശിപ്രാ, പൂവാ എന്നീ രണ്ട് എബ്രായസൂതികര്‍മിണികളോടു കല്പിച്ചു: “നിങ്ങള്‍ പ്രസവശുശ്രൂഷ ചെയ്യുന്ന എബ്രായസ്‍ത്രീകള്‍ക്കു ജനിക്കുന്ന ശിശുക്കള്‍ ആണ്‍കുട്ടികളെങ്കില്‍ അവരെ കൊന്നുകളയുക; പെണ്‍കുട്ടികളെങ്കില്‍ ജീവിച്ചുകൊള്ളട്ടെ. “എന്നാല്‍ ആ സൂതികര്‍മിണികള്‍ ദൈവഭയം ഉള്ളവര്‍ ആയിരുന്നതിനാല്‍ രാജകല്പന പാലിക്കാതെ ആ കുട്ടികളെ ജീവിക്കാന്‍ അനുവദിച്ചു. രാജാവ് സൂതികര്‍മിണികളെ വരുത്തി ചോദ്യം ചെയ്തു. “നിങ്ങള്‍ എന്താണീ ചെയ്യുന്നത്? ആ കുട്ടികളെ ജീവിക്കാന്‍ അനുവദിക്കുന്നോ?” സൂതികര്‍മിണികള്‍ ഫറവോയോടു പറഞ്ഞു: “എബ്രായസ്‍ത്രീകള്‍ ഈജിപ്തുകാരികളെപ്പോലെയല്ല; ഓജസ്സുള്ള അവര്‍ സൂതികര്‍മിണികള്‍ എത്തുംമുമ്പേ പ്രസവിച്ചുകഴിയും.” ദൈവം സൂതികര്‍മിണികളോടു നന്മ ചെയ്തു; അവര്‍ ദൈവഭയമുള്ളവരായിരുന്നതുകൊണ്ട് അവിടുന്ന് അവര്‍ക്ക് സന്താനസമൃദ്ധി നല്‌കി അനുഗ്രഹിച്ചു. ഇസ്രായേല്യര്‍ വര്‍ധിച്ചു പ്രബലരായി. ഫറവോ തന്‍റെ പ്രജകളോടു കല്പിച്ചു: “എബ്രായര്‍ക്കു ജനിക്കുന്ന എല്ലാ ആണ്‍കുട്ടികളെയും നൈല്‍നദിയില്‍ എറിഞ്ഞുകളയുക, പെണ്‍കുട്ടികള്‍ ജീവിച്ചുകൊള്ളട്ടെ.” ആ കാലത്ത് ലേവിഗോത്രത്തില്‍പ്പെട്ട ഒരാള്‍ അതേ ഗോത്രത്തില്‍നിന്നുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു. അവര്‍ക്കൊരു പുത്രന്‍ ജനിച്ചു. ശിശു കോമളനായിരുന്നതിനാല്‍ അമ്മ അവനെ മൂന്നുമാസം ഒളിച്ചുവച്ചു. പിന്നീട് അസാധ്യമെന്നു ബോധ്യമായപ്പോള്‍ അവള്‍ ഞാങ്ങണകൊണ്ട് ഒരു പെട്ടിയുണ്ടാക്കി, വെള്ളം കയറാത്തവിധം അതില്‍ പശയും കീലും തേച്ചു; കുഞ്ഞിനെ അതില്‍ കിടത്തി; നൈല്‍നദിയുടെ തീരത്ത് ഞാങ്ങണയുടെ ഇടയില്‍ വച്ചു. അവന് എന്തു സംഭവിക്കുമെന്ന് അറിയാന്‍ അവന്‍റെ സഹോദരി അല്പം അകലെ കാത്തുനിന്നു. അപ്പോള്‍ ഫറവോയുടെ പുത്രി നദിയില്‍ കുളിക്കാന്‍ വന്നു; അവളുടെ തോഴിമാര്‍ നദീതീരത്തുകൂടി നടന്നു; ഞാങ്ങണയുടെ ഇടയിലിരുന്ന പെട്ടി രാജകുമാരിയുടെ ദൃഷ്‍ടിയില്‍പെട്ടു. അത് എടുത്തുകൊണ്ടുവരാന്‍ അവള്‍ തോഴിയെ അയച്ചു. പെട്ടി തുറന്നപ്പോള്‍ ഒരു ആണ്‍കുഞ്ഞ് കരയുന്നു. രാജകുമാരിക്ക് ആ ശിശുവിനോടു കരുണ തോന്നി. അവള്‍ പറഞ്ഞു: “ഇത് ഒരു എബ്രായശിശുവാണ്.” ശിശുവിന്‍റെ സഹോദരി രാജകുമാരിയെ സമീപിച്ചു ചോദിച്ചു: “ഈ കുട്ടിയെ പാലൂട്ടി വളര്‍ത്താന്‍ ഒരു എബ്രായസ്‍ത്രീയെ ഞാന്‍ കൂട്ടിക്കൊണ്ടു വരണമോ?” “കൊണ്ടുവരിക” എന്നു രാജകുമാരി പറഞ്ഞു. അവള്‍ ഓടിച്ചെന്ന് കുഞ്ഞിന്‍റെ അമ്മയെത്തന്നെ കൂട്ടിക്കൊണ്ടുവന്നു. രാജകുമാരി പറഞ്ഞു: “ഈ കുഞ്ഞിനെ കൊണ്ടുപോയി എനിക്കുവേണ്ടി പാലൂട്ടി വളര്‍ത്തുക. അതിനുള്ള ശമ്പളം ഞാന്‍ തരാം”. ആ സ്‍ത്രീ കുഞ്ഞിനെ കൊണ്ടുപോയി വളര്‍ത്തി. കുഞ്ഞു വളര്‍ന്നപ്പോള്‍ അവള്‍ അവനെ രാജകുമാരിയുടെ അടുക്കല്‍ കൊണ്ടുചെന്നു; അങ്ങനെ അവന്‍ രാജകുമാരിയുടെ പുത്രനായി വളര്‍ന്നു. “ഞാന്‍ അവനെ വെള്ളത്തില്‍നിന്നു വലിച്ചെടുത്തു” എന്നു പറഞ്ഞ് അവള്‍ അവനു മോശ എന്നു പേരിട്ടു. പ്രായപൂര്‍ത്തിയായശേഷം ഒരു ദിവസം മോശ സ്വന്തം ജനങ്ങളുടെ അടുക്കലേക്കു ചെന്നു. അവരുടെ ജോലിയുടെ കാഠിന്യം മോശയ്‍ക്കു ബോധ്യമായി. അപ്പോള്‍ ഒരു എബ്രായനെ ഒരു ഈജിപ്തുകാരന്‍ അടിക്കുന്നതു കണ്ടു. അയാള്‍ ചുറ്റുപാടും നോക്കി. ആരുമില്ലെന്നു കണ്ടപ്പോള്‍ ഈജിപ്തുകാരനെ കൊന്നു മണലില്‍ മറവുചെയ്തു. അടുത്ത ദിവസം രണ്ട് എബ്രായര്‍ തമ്മില്‍ ശണ്ഠകൂടുന്നതു മോശ കണ്ടു. അവരുടെ അടുത്തു ചെന്ന് തെറ്റു ചെയ്തവനോട്: “നിന്‍റെ സഹോദരനെ അടിക്കുന്നത് എന്ത്” എന്നു ചോദിച്ചു. അയാള്‍ പറഞ്ഞു: “ആരാണ് നിന്നെ ഞങ്ങളുടെ മേലധികാരിയും ന്യായാധിപനും ആക്കിയത്? ഈജിപ്തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാന്‍ ഭാവിക്കുകയാണോ?” അപ്പോള്‍ കാര്യം പരസ്യമായല്ലോ എന്നു ചിന്തിച്ചു മോശ ഭയപ്പെട്ടു. ഫറവോ ഈ വിവരം അറിഞ്ഞ് മോശയെ വധിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മോശ ഫറവോയുടെ പിടിയില്‍പ്പെടാതെ ഒളിച്ചോടി, മിദ്യാന്യരുടെ ദേശത്തു ചെന്നു പാര്‍ത്തു. ഒരു ദിവസം മോശ ഒരു കിണറിനു സമീപം ഇരിക്കുകയായിരുന്നു. മിദ്യാനിലെ പുരോഹിതന് ഏഴു പുത്രിമാര്‍ ഉണ്ടായിരുന്നു. അവര്‍ പിതാവിന്‍റെ ആടുകള്‍ക്കു വെള്ളം കൊടുക്കാന്‍ കിണറിന്‍റെ അടുത്തു വന്ന് വെള്ളം കോരി തൊട്ടികള്‍ നിറച്ചു. എന്നാല്‍ ഇടയന്മാര്‍ വന്ന് അവരെ ഓടിക്കാന്‍ തുടങ്ങി. അപ്പോള്‍ മോശ അവരുടെ രക്ഷയ്‍ക്കെത്തി. പുരോഹിതന്‍റെ ആടുകള്‍ക്കു വെള്ളം കൊടുക്കാന്‍ സഹായിച്ചു. അവര്‍ പിതാവായ റെഗൂവേലിന്‍റെ അടുക്കല്‍ ചെന്നപ്പോള്‍, “ഇന്നു നിങ്ങള്‍ ഇത്രവേഗം മടങ്ങിവന്നതെങ്ങനെ?” എന്നദ്ദേഹം ചോദിച്ചു. “ഒരു ഈജിപ്തുകാരന്‍ ഞങ്ങളെ ഇടയന്മാരില്‍നിന്നു രക്ഷിച്ചു; വെള്ളം കോരി ആടുകളെ കുടിപ്പിക്കുകയും ചെയ്തു” എന്ന് അവര്‍ പറഞ്ഞു. “അയാള്‍ എവിടെ? അയാളെ വിട്ടിട്ടു പോന്നതെന്ത്? അയാളെ ഭക്ഷണത്തിനു ക്ഷണിച്ചുകൊണ്ടുവരിക” എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ മോശ അവരോടൊപ്പം പാര്‍ക്കാന്‍ സമ്മതിച്ചു; പുരോഹിതന്‍ തന്‍റെ മകള്‍ സിപ്പോറായെ മോശയ്‍ക്കു ഭാര്യയായി നല്‌കി. അവള്‍ ഒരു മകനെ പ്രസവിച്ചു; “ഞാന്‍ പരദേശിയായി പാര്‍ക്കുന്നവനാണല്ലോ” എന്നു പറഞ്ഞ് മോശ അവന് ഗേര്‍ശോം എന്നു പേരിട്ടു. കുറെക്കാലം കഴിഞ്ഞ് ഈജിപ്തിലെ രാജാവു മരിച്ചു. ഇസ്രായേല്‍ജനം അടിമവേല നിമിത്തം നെടുവീര്‍പ്പിട്ടു നിലവിളിച്ചു; അവരുടെ ദീനരോദനം ദൈവസന്നിധിയിലെത്തി. ദൈവം അവരുടെ നിലവിളി കേട്ടു; അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും ചെയ്തിരുന്ന ഉടമ്പടി അവിടുന്ന് ഓര്‍ത്തു. ഇസ്രായേല്‍ജനത്തിന്‍റെ ദുരിതം ദൈവം കണ്ടു; അവരുടെ ദുരവസ്ഥ ദൈവം അറിഞ്ഞു. മോശ തന്‍റെ ഭാര്യാപിതാവും മിദ്യാനിലെ പുരോഹിതനുമായ യിത്രോയുടെ ആടുകളെ മേയ്‍ക്കുകയായിരുന്നു. ഒരു ദിവസം മരുഭൂമിയുടെ പടിഞ്ഞാറുഭാഗത്തേക്ക് അദ്ദേഹം ആടുകളെ നയിച്ചു. അങ്ങനെ ദൈവത്തിന്‍റെ പര്‍വതമായ ഹോറേബില്‍ എത്തി. അവിടെ മുള്‍പ്പടര്‍പ്പിന്‍റെ നടുവില്‍ അഗ്നിജ്വാലയുടെ മധ്യേ സര്‍വേശ്വരന്‍റെ ദൂതന്‍ മോശയ്‍ക്കു പ്രത്യക്ഷനായി. മുള്‍പ്പടര്‍പ്പ് എരിയാതെ തീ കത്തുന്നത് മോശ ശ്രദ്ധിച്ചു. “മുള്‍പ്പടര്‍പ്പ് എരിഞ്ഞുപോകാതെയിരിക്കുന്നത് അദ്ഭുതം തന്നെ, ഞാന്‍ അതൊന്നു പോയിനോക്കട്ടെ” എന്നു മോശ സ്വയം പറഞ്ഞു. മോശ അതു കാണുന്നതിന് അടുത്തുവരുന്നതു കണ്ടപ്പോള്‍ ദൈവം, “മോശേ, മോശേ” എന്നു മുള്‍പ്പടര്‍പ്പിന്‍റെ നടുവില്‍നിന്നു വിളിച്ചു. “അടിയന്‍ ഇതാ” എന്നു മോശ പ്രതിവചിച്ചു. അപ്പോള്‍ ദൈവം കല്പിച്ചു. “ഇങ്ങോട്ട് അടുത്തുവരരുത്; നീ നില്‌ക്കുന്ന സ്ഥലം വിശുദ്ധമാകയാല്‍ കാലില്‍നിന്ന് ചെരുപ്പ് ഊരിക്കളയുക. ഞാന്‍ നിന്‍റെ പിതാക്കന്മാരുടെ ദൈവമാകുന്നു. അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവംതന്നെ.” ദൈവത്തെ നോക്കാന്‍ ഭയപ്പെട്ട് മോശ മുഖം മൂടി. പിന്നീട് സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “ഈജിപ്തിലുള്ള എന്‍റെ ജനത്തിന്‍റെ കഷ്ടത ഞാന്‍ നന്നായി അറിയുന്നു; മേല്‍നോട്ടക്കാരുടെ ക്രൂരത നിമിത്തമുള്ള അവരുടെ നിലവിളി ഞാന്‍ കേള്‍ക്കുന്നു; അവരുടെ ദുരിതം ഞാന്‍ മനസ്സിലാക്കുന്നു. ഈജിപ്തുകാരില്‍നിന്ന് അവരെ മോചിപ്പിച്ച് ഫലഭൂയിഷ്ഠവും ഐശ്വര്യസമ്പൂര്‍ണവുമായ വിശാലഭൂമിയിലേക്ക്, പാലും തേനും ഒഴുകുന്ന ദേശത്തേക്ക് ഞാന്‍ അവരെ നയിക്കും. ഞാന്‍ അതിനായി ഇറങ്ങി വന്നിരിക്കുന്നു. കനാന്യരും ഹിത്യരും അമോര്യരും പെരിസ്യരും ഹിവ്യരും യെബൂസ്യരും പാര്‍ക്കുന്ന സ്ഥലത്തേക്കു തന്നെ. ഇസ്രായേല്‍ജനത്തിന്‍റെ നിലവിളി എന്‍റെ കാതുകളില്‍ എത്തിയിരിക്കുന്നു; ഈജിപ്തുകാര്‍ അവരെ പീഡിപ്പിക്കുന്നതു ഞാന്‍ കണ്ടിരിക്കുന്നു. വരിക, എന്‍റെ ജനമായ ഇസ്രായേല്യരെ ഈജിപ്തില്‍നിന്നു മോചിപ്പിക്കാന്‍ ഞാന്‍ നിന്നെ ഫറവോയുടെ അടുക്കലേക്കയയ്‍ക്കും.” “ഫറവോയുടെ അടുക്കല്‍ പോയി ഇസ്രായേല്യരെ ഈജിപ്തില്‍നിന്നു മോചിപ്പിക്കാന്‍ ഞാന്‍ ആരാണ്” എന്നു മോശ ദൈവത്തോടു ചോദിച്ചു. ദൈവം അരുളിച്ചെയ്തു: “ഞാന്‍ നിന്‍റെ കൂടെയുണ്ടായിരിക്കും. ജനത്തെ ഈജിപ്തില്‍നിന്നു കൂട്ടിക്കൊണ്ടുവരുമ്പോള്‍ ഈ പര്‍വതത്തില്‍ നിങ്ങള്‍ എന്നെ ആരാധിക്കും; ഞാന്‍ നിന്നെ അയച്ചു എന്നതിന് ഇത് അടയാളമായിരിക്കും.” മോശ ദൈവത്തോടു ചോദിച്ചു: “ഞാന്‍ ഇസ്രായേല്‍ജനത്തോടു നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു പറയുമ്പോള്‍ ‘എന്താകുന്നു അവിടുത്തെ നാമം’ എന്ന് അവര്‍ ചോദിക്കും. അപ്പോള്‍ ഞാന്‍ എന്തു പറയണം?” ദൈവം അരുളിച്ചെയ്തു: “ഞാന്‍ ആകുന്നവന്‍ ഞാന്‍ തന്നെ. ഞാനാകുന്നവന്‍ തന്നെ, എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നു ഇസ്രായേല്‍ജനത്തോടു പറയുക.” ദൈവം മോശയോടു വീണ്ടും പറഞ്ഞു: “അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായ സര്‍വേശ്വരന്‍ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്ന് ഇസ്രായേല്‍ജനത്തോടു പറയണം. ഇതാണ് എന്‍റെ ശാശ്വതനാമം; തലമുറതലമുറയായി ഞാന്‍ ഈ പേരില്‍ അറിയപ്പെടും. നീ പോയി ഇസ്രായേല്‍പ്രമാണികളെ വിളിച്ചുകൂട്ടി പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായ സര്‍വേശ്വരന്‍ പ്രത്യക്ഷപ്പെട്ട് എന്നോട് അരുളിച്ചെയ്തു: ‘ഞാന്‍ നിങ്ങളെ പൂര്‍ണമായി മനസ്സിലാക്കുകയും ഈജിപ്തുകാര്‍ നിങ്ങളോടു ചെയ്യുന്നതു കാണുകയും ചെയ്തിരിക്കുന്നു. ഈജിപ്തിലെ ദുരിതങ്ങളില്‍നിന്നു നിങ്ങളെ മോചിപ്പിച്ച് കനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവര്‍ പാര്‍ക്കുന്ന, പാലും തേനും ഒഴുകുന്ന ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു.’ “നീ പറയുന്നത് അവര്‍ ശ്രദ്ധിക്കും; ഇസ്രായേല്‍പ്രമാണികളോടൊപ്പം നീ ഈജിപ്തിലെ രാജാവിന്‍റെ അടുക്കല്‍ ചെന്നു പറയുക: ‘എബ്രായരുടെ ദൈവം ഞങ്ങള്‍ക്കു പ്രത്യക്ഷപ്പെട്ടു; ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ യാഗം കഴിക്കുന്നതിനു മരുഭൂമിയില്‍ മൂന്നു ദിവസത്തെ വഴി ദൂരമുള്ള ഒരു സ്ഥലത്തു പോകാന്‍ ഞങ്ങളെ അനുവദിച്ചാലും.’ ഭുജബലം കൊണ്ടല്ലാതെ ഈജിപ്തിലെ രാജാവ് നിങ്ങളെ വിടുകയില്ല എന്നെനിക്കറിയാം. എന്‍റെ ശക്തിയാല്‍ ഞാന്‍ ഈജിപ്തില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് അവരെ ശിക്ഷിക്കും; പിന്നീട് അവന്‍ നിങ്ങളെ വിട്ടയയ്‍ക്കും. ഈജിപ്തുകാരുടെ ദൃഷ്‍ടിയില്‍ ഈ ജനതയോടു ഞാന്‍ അനുഭാവം ഉളവാക്കും. അതിനാല്‍ നിങ്ങള്‍ വെറുംകൈയോടെ പോകേണ്ടി വരികയില്ല. ഓരോ സ്‍ത്രീയും തന്‍റെ അയല്‍ക്കാരിയോടും വീട്ടില്‍ അതിഥികളായി പാര്‍ക്കുന്നവരോടും വെള്ളിയാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി പുത്രീപുത്രന്മാരെ അണിയിക്കണം. അങ്ങനെ ഈജിപ്തുകാരുടെ സമ്പത്തു നിങ്ങള്‍ കൊള്ളയടിക്കണം.” മോശ പറഞ്ഞു: “അവര്‍ എന്നെ വിശ്വസിക്കുകയില്ല, ഞാന്‍ പറയുന്നതു ശ്രദ്ധിക്കുകയുമില്ല. ‘സര്‍വേശ്വരന്‍ നിനക്കു പ്രത്യക്ഷപ്പെട്ടില്ല’ എന്ന് അവര്‍ പറയും.” അപ്പോള്‍ അവിടുന്നു ചോദിച്ചു: “നിന്‍റെ കൈയിലിരിക്കുന്നതെന്താണ്?” അദ്ദേഹം പറഞ്ഞു: “ഒരു വടി.” അവിടുന്ന് അരുളിച്ചെയ്തു: “നീ അതു നിലത്തിടുക.” മോശ വടി താഴെയിട്ടപ്പോള്‍ അതു സര്‍പ്പമായിത്തീര്‍ന്നു; മോശ അതിനെ കണ്ട് ഓടിയകന്നു. എന്നാല്‍ അവിടുന്നു മോശയോട് അരുളിച്ചെയ്തു: “നീ കൈ നീട്ടി അതിന്‍റെ വാലില്‍ പിടിക്കുക.” അദ്ദേഹം അതിനെ പിടിച്ചപ്പോള്‍ അതു വീണ്ടും വടിയായിത്തീര്‍ന്നു. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന്‍ അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവംതന്നെ നിനക്കു പ്രത്യക്ഷനായി എന്ന് അവര്‍ ഇതുനിമിത്തം വിശ്വസിക്കും.” സര്‍വേശ്വരന്‍ വീണ്ടും മോശയോടു കല്പിച്ചു: “നിന്‍റെ കൈ നിന്‍റെ മാറിടത്തില്‍ വയ്‍ക്കുക.” മോശെ കൈ മാറിടത്തില്‍ വച്ചു. തിരിച്ചെടുത്തപ്പോള്‍ അതു കുഷ്ഠം ബാധിച്ചു മഞ്ഞുപോലെ വെള്ള നിറമായി. “കൈ വീണ്ടും മാറിടത്തില്‍ വയ്‍ക്കുക.” ദൈവം കല്പിച്ചു. കൈ മാറിടത്തില്‍ വച്ചിട്ടു തിരിച്ചെടുത്തപ്പോള്‍ അത് ശരീരത്തിന്‍റെ മറ്റു ഭാഗങ്ങള്‍പോലെ ആയിത്തീര്‍ന്നു. അവര്‍ നിന്നെ വിശ്വസിക്കാതെ ആദ്യ അടയാളം നിരാകരിച്ചാല്‍ രണ്ടാമത്തെ അടയാളം വിശ്വസിക്കും. അവര്‍ ഈ രണ്ട് അടയാളങ്ങളും അവിശ്വസിച്ചു നിന്‍റെ വാക്കു ശ്രദ്ധിക്കാതെയിരുന്നാല്‍ നൈല്‍നദിയില്‍നിന്നു കുറെ വെള്ളമെടുത്ത് ഉണങ്ങിയ നിലത്തൊഴിക്കണം; അത് അവിടെ രക്തമായിത്തീരും.” മോശ സര്‍വേശ്വരനോടു പറഞ്ഞു: “സര്‍വേശ്വരാ, ഞാന്‍ വാക്സാമര്‍ഥ്യം ഇല്ലാത്തവന്‍; അവിടുന്ന് ഈ ദാസനോട് സംസാരിക്കുന്നതിനു മുമ്പും ഇപ്പോഴും അങ്ങനെതന്നെ. സംസാരിക്കുമ്പോള്‍ എനിക്ക് തടസ്സവുമുണ്ട്.” അപ്പോള്‍ അവിടുന്നു ചോദിച്ചു: “മനുഷ്യന് വായ് നല്‌കിയതാര്? ഒരുവനെ മൂകനോ, ബധിരനോ, കാഴ്ചയുള്ളവനോ, കാഴ്ചയില്ലാത്തവനോ ആക്കുന്നത് ആര്? സര്‍വേശ്വരനായ ഞാന്‍ അല്ലേ? അതുകൊണ്ട് ഉടനെ പുറപ്പെടുക. ഞാന്‍ ഞാനാകുന്നവന്‍ തന്നെ, നിന്‍റെ നാവിനോടൊപ്പം ഉണ്ടായിരിക്കും. സംസാരിക്കേണ്ടത് ഞാന്‍ നിനക്കു പറഞ്ഞുതരും.” മോശയാകട്ടെ വീണ്ടും അപേക്ഷിച്ചു: “എന്‍റെ സര്‍വേശ്വരാ, മറ്റാരെയെങ്കിലും അയയ്‍ക്കേണമേ.” അപ്പോള്‍ സര്‍വേശ്വരന്‍ മോശയോട് കുപിതനായി പറഞ്ഞു: “ലേവ്യനായ അഹരോന്‍ നിന്‍റെ സഹോദരനല്ലേ? അവന്‍ നല്ല വാക്ചാതുര്യമുള്ളവനാണല്ലോ. നിന്നെ കാണാന്‍ അവന്‍ വരുന്നുണ്ട്; നിന്നെ കാണുമ്പോള്‍ അവന്‍ സന്തോഷിക്കും. പറയേണ്ട കാര്യങ്ങള്‍ നീ അവനു പറഞ്ഞു കൊടുക്കണം. ഞാന്‍ നിങ്ങള്‍ ഇരുവരുടെയും നാവിനെ ശക്തിപ്പെടുത്തും; നിങ്ങള്‍ എന്താണു ചെയ്യേണ്ടതെന്നു ഞാന്‍ നിങ്ങളെ പഠിപ്പിക്കും. നിനക്കുവേണ്ടി അവന്‍ ജനത്തോടു സംസാരിക്കും; അവന്‍ നിനക്കു നാവ് ആയിരിക്കും. നീ അവനു ദൈവത്തെപ്പോലെ ആയിരിക്കും. അടയാളങ്ങള്‍ക്കുള്ള വടി കൈയില്‍ എടുത്തുകൊള്ളുക. മോശ ഭാര്യാപിതാവായ യിത്രോവിനെ സമീപിച്ചു പറഞ്ഞു: “എന്‍റെ ചാര്‍ച്ചക്കാര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ എന്ന് അറിയാന്‍ ഈജിപ്തിലേക്ക് മടങ്ങിപ്പോകാന്‍ എന്നെ അനുവദിച്ചാലും.” യിത്രോ പറഞ്ഞു: “സമാധാനത്തോടെ പോകുക.” സര്‍വേശ്വരന്‍ മോശയോട് മിദ്യാനില്‍വച്ച് അരുളിച്ചെയ്തു: “ഈജിപ്തിലേക്കു മടങ്ങിപ്പോകുക; നിന്നെ കൊല്ലാന്‍ ശ്രമിച്ചവരെല്ലാം മരിച്ചുപോയിരിക്കുന്നു.” മോശ ഭാര്യയെയും പുത്രന്മാരെയും കഴുതപ്പുറത്തു കയറ്റി ഈജിപ്തിലേക്കു യാത്രയായി; ദൈവത്തിന്‍റെ ശക്തി വെളിപ്പെടുത്താനുപയോഗിക്കേണ്ട വടിയും മോശ കൈയിലെടുത്തു. സര്‍വേശ്വരന്‍ വീണ്ടും മോശയോട് അരുളിച്ചെയ്തു: “നീ ഈജിപ്തില്‍ മടങ്ങിച്ചെന്ന് ഞാന്‍ നിനക്ക് വശമാക്കി തന്നിട്ടുള്ള എല്ലാ അദ്ഭുതങ്ങളും ഫറവോയുടെ മുമ്പില്‍ ചെയ്യണം. എന്നാല്‍ ഞാന്‍ അവന്‍റെ ഹൃദയം കഠിനമാക്കും. അവന്‍ ജനത്തെ വിട്ടയയ്‍ക്കുകയില്ല. നീ ഫറവോയോടു പറയണം; സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ എന്‍റെ ആദ്യജാതനാണ്. ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നു: എന്നെ ആരാധിക്കാന്‍ എന്‍റെ പുത്രനെ വിട്ടയയ്‍ക്കുക. നീ അതിനു വിസമ്മതിച്ചാല്‍ ഞാന്‍ നിന്‍റെ ആദ്യജാതനെ വധിക്കും.” ഈജിപ്തിലേക്കുള്ള യാത്രാമധ്യേ, ഒരു താവളത്തില്‍വച്ചു സര്‍വേശ്വരന്‍ മോശയെ കൊല്ലാന്‍ ഒരുങ്ങി. അപ്പോള്‍ സിപ്പോറാ മൂര്‍ച്ചയുള്ള കല്ലിന്‍ചീളുകൊണ്ടു മകന്‍റെ അഗ്രചര്‍മം ഛേദിച്ചെടുത്ത് അതുകൊണ്ടു മോശയുടെ കാലില്‍ സ്പര്‍ശിച്ചിട്ടു പറഞ്ഞു: “നീ എനിക്കു രക്തമണവാളനായിരിക്കുന്നു.” അപ്പോള്‍ അവിടുന്നു മോശയെ കൊല്ലാതെ വിട്ടു. അവള്‍ പറഞ്ഞു: “പരിച്ഛേദനം നിമിത്തം നീ എനിക്ക് രക്തമണവാളനാകുന്നു.” സര്‍വേശ്വരന്‍ അഹരോനോട് അരുളിച്ചെയ്തു: “നീ മരുഭൂമിയില്‍ ചെന്ന് മോശയെ കാണുക.” അഹരോന്‍ ദൈവത്തിന്‍റെ പര്‍വതത്തില്‍ ചെന്നു മോശയെ കണ്ട് അദ്ദേഹത്തെ ചുംബിച്ചു. ഈജിപ്തിലേക്കയയ്‍ക്കുമ്പോള്‍ ദൈവം തന്നോട് അരുളിച്ചെയ്ത വാക്കുകളും വശമാക്കിക്കൊടുത്ത അദ്ഭുതങ്ങളുമെല്ലാം മോശ അഹരോനു വിവരിച്ചുകൊടുത്തു. പിന്നീട് മോശയും അഹരോനും ചെന്ന് ഇസ്രായേല്‍പ്രമാണികളെയെല്ലാം വിളിച്ചുകൂട്ടി. ദൈവം മോശയോട് അരുളിച്ചെയ്ത വാക്കുകള്‍ അഹരോന്‍ അവരെ അറിയിക്കുകയും അവരുടെ മുമ്പില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ജനങ്ങള്‍ വിശ്വസിച്ചു; സര്‍വേശ്വരന്‍ തങ്ങളെ കടാക്ഷിച്ചു എന്നും തങ്ങളുടെ ദുരിതങ്ങള്‍ കണ്ടറിഞ്ഞു എന്നും കേട്ട് ഇസ്രായേല്‍ജനം കുമ്പിട്ട് അവിടുത്തെ ആരാധിച്ചു. മോശയും അഹരോനും ഫറവോയുടെ അടുക്കല്‍ ചെന്നു പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ ഇപ്രകാരം കല്പിക്കുന്നു: മരുഭൂമിയില്‍ എനിക്ക് ഒരു ഉത്സവം ആഘോഷിക്കുന്നതിന് എന്‍റെ ജനത്തെ വിട്ടയയ്‍ക്കുക.” ഫറവോ ചോദിച്ചു: “ആരാണീ സര്‍വേശ്വരന്‍? അവന്‍റെ വാക്കുകേട്ട് ഞാന്‍ ഇസ്രായേല്‍ജനത്തെ വിട്ടയയ്‍ക്കണമോ? സര്‍വേശ്വരനെ ഞാന്‍ അറിയുകയില്ല. ഇസ്രായേല്‍ജനത്തെ ഞാന്‍ വിട്ടയയ്‍ക്കുകയുമില്ല.” അപ്പോള്‍ അവര്‍ പറഞ്ഞു: “എബ്രായരുടെ ദൈവം ഞങ്ങള്‍ക്കു പ്രത്യക്ഷപ്പെട്ടു. മൂന്നു ദിവസത്തെ വഴി ദൂരം പോയി മരുഭൂമിയില്‍ ഞങ്ങളുടെ ദൈവമായ സര്‍വേശ്വരനു യാഗമര്‍പ്പിക്കാന്‍ ഞങ്ങളെ വിട്ടയയ്‍ക്കണമെന്ന് അപേക്ഷിക്കുന്നു; അല്ലെങ്കില്‍ മഹാമാരികൊണ്ടോ വാളുകൊണ്ടോ അവിടുന്നു ഞങ്ങളെ നശിപ്പിക്കും.” എന്നാല്‍ ഈജിപ്തിലെ രാജാവ് പറഞ്ഞു: “മോശേ, അഹരോനേ! നിങ്ങള്‍ ജനങ്ങളുടെ ജോലിക്കു മുടക്കം വരുത്തുന്നതെന്തിന്? നിങ്ങള്‍ നിങ്ങളുടെ പണി നോക്കുക.” ദേശത്ത് ജനങ്ങള്‍ പെരുകിയിരിക്കുകയാണ്; നിങ്ങള്‍ അവരുടെ വേല കൂടി മുടക്കുകയാണോ?” അന്നുതന്നെ ഫറവോ ജനങ്ങളുടെമേല്‍ നിയമിക്കപ്പെട്ടിരിക്കുന്ന മര്‍ദകരായ മേല്‍നോട്ടക്കാരെയും അധികാരികളെയും വിളിച്ചു കല്പിച്ചു: ഇഷ്‍ടിക ഉണ്ടാക്കാന്‍ നിങ്ങള്‍ ഇനിമേല്‍ വയ്‍ക്കോല്‍ കൊടുക്കണ്ട; അവര്‍തന്നെ പോയി അതു ശേഖരിക്കട്ടെ. എന്നാല്‍ ഇഷ്‍ടികയുടെ എണ്ണം കുറയാന്‍ സമ്മതിക്കരുത്. അവര്‍ മടിയന്മാരാണ്. അതുകൊണ്ടാണു പോയി ദൈവത്തിനു യാഗമര്‍പ്പിക്കട്ടെ എന്നു മുറവിളി കൂട്ടുന്നത്. അവരുടെ ജോലിഭാരം കൂട്ടുക. കപടവാക്കുകള്‍ ശ്രദ്ധിക്കാന്‍ ഇടകിട്ടാത്തവിധം അവര്‍ ജോലിയില്‍ മുഴുകട്ടെ.” മര്‍ദകരായ മേല്‍നോട്ടക്കാരും മേലധികാരികളും ചെന്ന് ജനത്തോടു പറഞ്ഞു: “ഫറവോ കല്പിക്കുന്നു, നിങ്ങള്‍ക്ക് ഇനിമേല്‍ വയ്‍ക്കോല്‍ തരികയില്ല. നിങ്ങള്‍തന്നെ പോയി അതു ശേഖരിക്കണം; എന്നാല്‍ ജോലിയില്‍ അല്പംപോലും കുറവു വരരുത്.” അതുകൊണ്ട് ജനം വയ്‍ക്കോല്‍ ശേഖരിക്കാന്‍ ഈജിപ്തില്‍ എങ്ങും ചുറ്റിനടന്നു. “വയ്‍ക്കോല്‍ നല്‌കിയിരുന്നപ്പോള്‍ നിര്‍മ്മിച്ചത്ര ഇഷ്‍ടിക ഇപ്പോഴും ദിനംപ്രതി ഉണ്ടാക്കുക” എന്നു പറഞ്ഞ് മേല്‍നോട്ടക്കാര്‍ അവരെ നിര്‍ബന്ധിച്ചു. ഫറവോയുടെ ഉദ്യോഗസ്ഥന്മാര്‍ ജോലിയുടെ മേല്‍നോട്ടത്തിന് ഏര്‍പ്പെടുത്തിയിരുന്ന ഇസ്രായേല്യരെ മര്‍ദിച്ചു. “നിങ്ങള്‍ ഇതുവരെ ഉണ്ടാക്കിയിരുന്നത്ര ഇഷ്‍ടിക ഇന്നലെയും ഇന്നും നിര്‍മ്മിക്കാതിരുന്നതെന്ത്” എന്ന് അവര്‍ ചോദിച്ചു. ഇസ്രായേല്യമേല്‍നോട്ടക്കാര്‍ രാജസന്നിധിയില്‍ ചെന്ന് സങ്കടമുണര്‍ത്തിച്ചു: “അങ്ങയുടെ ദാസന്മാരായ ഞങ്ങളോട് ഇങ്ങനെ പെരുമാറുന്നതെന്ത്? അടിയങ്ങള്‍ക്ക് വയ്‍ക്കോല്‍ തരുന്നില്ല; എന്നിട്ടും ഇഷ്‍ടിക ഉണ്ടാക്കുക എന്ന് അവര്‍ പറയുന്നു; അവര്‍ ഞങ്ങളെ അടിക്കുന്നു; കുറ്റം അവിടുത്തെ ആളുകളുടേതാണ്;” ഫറവോ മറുപടി പറഞ്ഞു: “നിങ്ങള്‍ മടിയന്മാരാണ്; അതുകൊണ്ടാണല്ലോ സര്‍വേശ്വരനു യാഗം കഴിക്കാന്‍ പോകണമെന്നു നിങ്ങള്‍ പറയുന്നത്. പോയി ജോലി ചെയ്യുക; വയ്‍ക്കോല്‍ തരികയില്ല; ഇഷ്‍ടിക കണക്കനുസരിച്ച് തരികയും വേണം.” “ഓരോ ദിവസവും നിര്‍മ്മിക്കുന്ന ഇഷ്‍ടികയുടെ എണ്ണം ഒരു കാരണവശാലും കുറയരുത്” എന്നു പറഞ്ഞപ്പോള്‍ ഇസ്രായേല്യമേല്‍നോട്ടക്കാര്‍ ധര്‍മസങ്കടത്തിലായി. രാജസന്നിധിയില്‍നിന്നു മടങ്ങുമ്പോള്‍ തങ്ങളെ കാത്തുനില്‌ക്കുന്ന മോശയെയും അഹരോനെയും അവര്‍ കണ്ടു; അവര്‍ മോശയോടും അഹരോനോടും പറഞ്ഞു: “ഫറവോയുടെയും അദ്ദേഹത്തിന്‍റെ ഉദ്യോഗസ്ഥന്മാരുടെയും മുമ്പില്‍ നിങ്ങള്‍ ഞങ്ങളെ നിന്ദിതരാക്കിയല്ലോ; ഞങ്ങളെ കൊല്ലുന്നതിന് ഒരു വാളും അവരുടെ കൈയില്‍ കൊടുത്തിരിക്കുന്നു; നിങ്ങള്‍ ചെയ്തത് ദൈവം കണ്ടിരിക്കുന്നു. അവിടുന്നു നിങ്ങളെ ന്യായം വിധിക്കട്ടെ.” മോശ വീണ്ടും സര്‍വേശ്വരന്‍റെ സന്നിധിയില്‍ ചെന്നു പറഞ്ഞു: “സര്‍വേശ്വരാ, അവിടുന്ന് എന്തിന് ഈ ജനത്തെ ദ്രോഹിക്കുന്നു? എന്നെ എന്തിന് ഇങ്ങോട്ടയച്ചു? അങ്ങയുടെ നാമത്തില്‍ ഫറവോയോടു സംസാരിക്കാന്‍ ഞാന്‍ വന്നതുമുതല്‍ അയാള്‍ ഇവരോടു ക്രൂരമായി പെരുമാറുന്നു. അവിടുന്ന് ഈ ജനത്തെ വിമോചിപ്പിക്കുന്നുമില്ല.” സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഞാന്‍ ഫറവോയോടു ചെയ്യാന്‍ പോകുന്നത് നീ ഇപ്പോള്‍ കാണും; എന്‍റെ ശക്തിയുള്ള കരം നിമിത്തം അവന്‍ ജനത്തെ വിട്ടയയ്‍ക്കും. എന്‍റെ കരുത്തുറ്റ കരം നിമിത്തം അവന്‍ അവരെ ഈ ദേശത്തുനിന്നു പറഞ്ഞയയ്‍ക്കേണ്ടി വരും.” ദൈവം മോശയോടു പറഞ്ഞു: “ഞാന്‍ സര്‍വേശ്വരനാകുന്നു. ഞാന്‍ അബ്രഹാമിനും ഇസ്ഹാക്കിനും യാക്കോബിനും സര്‍വശക്തനായ ദൈവമായി പ്രത്യക്ഷപ്പെട്ടു. എന്നാല്‍ “സര്‍വേശ്വരന്‍” എന്ന നാമത്തില്‍ അവര്‍ക്കു വെളിപ്പെട്ടിരുന്നില്ല. അവര്‍ പരദേശിയായി പാര്‍ത്തിരുന്ന കനാന്‍ദേശം അവര്‍ക്കു നല്‌കുമെന്ന് ഉടമ്പടി ചെയ്തിരുന്നു. ഈജിപ്തില്‍ അടിമകളായി കഴിയുന്ന ഇസ്രായേല്‍ജനങ്ങളുടെ ദീനരോദനം ഞാന്‍ കേട്ടു; എന്‍റെ ഉടമ്പടി ഞാന്‍ ഓര്‍ക്കുകയും ചെയ്തു. അതുകൊണ്ട് ഇസ്രായേല്‍ജനത്തോടു പറയുക, ഞാന്‍ സര്‍വേശ്വരനാകുന്നു. അടിമത്തത്തില്‍നിന്നു ഞാന്‍ നിങ്ങളെ മോചിപ്പിക്കും; ഞാന്‍ അവരെ കഠിനമായി ശിക്ഷിക്കും. എന്‍റെ കരം നീട്ടി നിങ്ങളെ ഞാന്‍ രക്ഷിക്കും. നിങ്ങളെ ഞാന്‍ എന്‍റെ സ്വന്തജനമായി സ്വീകരിക്കും; ഞാന്‍ നിങ്ങളുടെ ദൈവമായിരിക്കും. ഈജിപ്തിലെ കഠിനാധ്വാനങ്ങളില്‍നിന്നു നിങ്ങളെ മോചിപ്പിച്ച നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഞാന്‍ ആകുന്നു എന്നു നിങ്ങള്‍ അറിയും. അബ്രഹാമിനും ഇസ്ഹാക്കിനും യാക്കോബിനും വാഗ്ദാനം ചെയ്തിരുന്ന സ്ഥലത്തേക്കു ഞാന്‍ നിങ്ങളെ നയിക്കും. അതു ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കും. ഞാന്‍ സര്‍വേശ്വരന്‍ ആകുന്നു.” മോശ ഇപ്രകാരം ഇസ്രായേല്‍ജനങ്ങളോടു പറഞ്ഞെങ്കിലും അവര്‍ അതു ശ്രദ്ധിച്ചില്ല; അടിമത്തത്തിന്‍റെ ക്രൂരാനുഭവങ്ങള്‍ അവരുടെ മനസ്സിനെ അത്രമാത്രം തകര്‍ത്തിരുന്നു. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്‍ജനത്തെ വിട്ടയയ്‍ക്കാന്‍ ഈജിപ്തിലെ രാജാവായ ഫറവോയോടു നീ ചെന്നു പറയുക.” എന്നാല്‍ മോശ സര്‍വേശ്വരനോടു പറഞ്ഞു: “ഇസ്രായേല്‍ജനം എന്നെ ശ്രദ്ധിച്ചില്ലല്ലോ; പിന്നെ വാക്സാമര്‍ഥ്യമില്ലാത്ത എന്നെ ഫറവോ എങ്ങനെ ശ്രദ്ധിക്കും. സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു: ഇസ്രായേല്‍ജനത്തെ ഈജിപ്തില്‍നിന്നു മോചിപ്പിക്കാന്‍ ഞാന്‍ നിങ്ങളെ നിയമിച്ചിരിക്കുന്നുവെന്ന് ഇസ്രായേല്‍ജനങ്ങളോടും ഈജിപ്തിലെ രാജാവായ ഫറവോയോടും പറയുക.” യാക്കോബിന്‍റെ ആദ്യജാതനായ രൂബേനു നാലു പുത്രന്മാരുണ്ടായിരുന്നു; ഹാനോക്ക്, ഫല്ലൂ, ഹെസ്രോന്‍, കര്‍മ്മി. രൂബേന്‍ഗോത്രത്തിലെ കുടുംബത്തലവന്മാര്‍ ഇവരായിരുന്നു. ശിമെയോന്‍റെ പുത്രന്മാര്‍: യെമുവേല്‍, യാമിന്‍, ഓഹദ്, യാക്കിന്‍, സോഹര്‍ എന്നിവരും കനാന്യസ്‍ത്രീയില്‍ ജനിച്ച ശൗലും ആകുന്നു. ഇവര്‍ ശിമെയോന്‍ഗോത്രത്തിലെ കുടുംബത്തലവന്മാര്‍. തലമുറയനുസരിച്ച് ലേവിയുടെ പുത്രന്മാര്‍ ഗേര്‍ശോന്‍, കെഹാത്ത്, മെരാരി എന്നിവരായിരുന്നു. ലേവി നൂറ്റിമുപ്പത്തേഴുവര്‍ഷം ജീവിച്ചിരുന്നു. ഗേര്‍ശോന്‍റെ പിന്‍തലമുറക്കാരാണ് ലിബ്നിയും ശിമെയിയും അവരുടെ കുടുംബങ്ങളും. കെഹാത്തിന്‍റെ പുത്രന്മാര്‍: അമ്രാം, ഇസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേല്‍ എന്നിവര്‍. കെഹാത്ത് നൂറ്റിമുപ്പത്തിമൂന്നു വര്‍ഷം ജീവിച്ചിരുന്നു. മെരാരിയുടെ പുത്രന്മാരാണ് മഹ്ലിയും മൂശിയും. ലേവിയുടെ പിന്‍തലമുറക്കാരുടെ കുലങ്ങള്‍ ഇവയാണ്. അമ്രാം പിതൃസഹോദരിയായ യോഖേബെദിനെ വിവാഹം ചെയ്തു. അവരുടെ പുത്രന്മാരാണ് മോശയും അഹരോനും. അമ്രാം നൂറ്റിമുപ്പത്തേഴു വര്‍ഷം ജീവിച്ചിരുന്നു. ഇസ്ഹാരിന്‍റെ പുത്രന്മാര്‍ കോരഹ്, നേഫെഗ്, സിക്രി എന്നിവരാകുന്നു. ഉസ്സീയേലിന്‍റെ പുത്രന്മാര്‍: മീശായേല്‍, എല്‍സാഫാന്‍, സിത്രി എന്നിവരായിരുന്നു. അമ്മീനാദാബിന്‍റെ പുത്രിയും നഹശോന്‍റെ സഹോദരിയുമായ എലീശേബയെ അഹരോന്‍ വിവാഹം ചെയ്തു. അവരുടെ പുത്രന്മാരാണ് നാദാബും അബീഹൂവും എലെയാസാരും ഇഥാമാരും. കോരഹിന്‍റെ പുത്രന്മാര്‍: അസ്സീര്‍, എല്‍ക്കാനാ, അബീയാസഫ്. ഇവരാണ് കോരഹ്‍വംശജര്‍. അഹരോന്‍റെ പുത്രനായ എലെയാസാര്‍ പുതിയേലിന്‍റെ പുത്രിമാരില്‍ ഒരാളെ വിവാഹം ചെയ്തു. അവളുടെ പുത്രനാണ് ഫീനെഹാസ്. ലേവിഗോത്രത്തില്‍ പെട്ട കുലങ്ങളുടെയും കുടുംബങ്ങളുടെയും തലവന്മാര്‍ ഇവരാകുന്നു. ഇസ്രായേല്‍ജനത്തെ കൂട്ടമായി ഈജിപ്തില്‍നിന്നു മോചിപ്പിക്കാന്‍ സര്‍വേശ്വരന്‍ കല്പിച്ചത് ഈ മോശയോടും അഹരോനോടും ആയിരുന്നു. ഇസ്രായേല്‍ജനത്തെ ഈജിപ്തില്‍നിന്നു വിട്ടയയ്‍ക്കാന്‍ ഫറവോയോടു സംസാരിച്ചതും ഇവരാണ്. ഈജിപ്തില്‍വച്ചു സര്‍വേശ്വരന്‍ മോശയോടു സംസാരിച്ച ദിവസം അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: “ഞാന്‍ സര്‍വേശ്വരന്‍ ആകുന്നു; ഞാന്‍ നിന്നോടു കല്പിക്കുന്നതെല്ലാം ഈജിപ്തു രാജാവായ ഫറവോയോടു പറയണം.” മോശ സര്‍വേശ്വരനോടു പറഞ്ഞു: “എനിക്ക് വാക്സാമര്‍ഥ്യമില്ല; പിന്നെ ഫറവോ എങ്ങനെ എന്നെ ശ്രദ്ധിക്കും?” സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഞാന്‍ നിന്നെ ഫറവോയ്‍ക്ക് ദൈവത്തെപ്പോലെ ആക്കിയിരിക്കുന്നു; നിന്‍റെ സഹോദരനായ അഹരോന്‍ നിനക്കു പ്രവാചകനുമായിരിക്കും. ഞാന്‍ കല്പിച്ചതെല്ലാം നീ അഹരോനോടു പറയണം; ഇസ്രായേല്‍ജനത്തെ വിട്ടയയ്‍ക്കാന്‍ അഹരോന്‍ ഫറവോയോടു പറയും. ഈജിപ്തില്‍ ഞാന്‍ വളരെ അദ്ഭുതങ്ങളും അടയാളങ്ങളും കാണിക്കും. എന്നാലും ഞാന്‍ ഫറവോയുടെ ഹൃദയം കഠിനമാക്കും. ഫറവോ നിങ്ങളെ കൂട്ടാക്കുകയില്ല; ഞാന്‍ ഈജിപ്തിനെ കഠിനമായി ശിക്ഷിച്ച് എന്‍റെ ജനമായ ഇസ്രായേലിനെ കൂട്ടത്തോടെ മോചിപ്പിക്കും. ഞാന്‍ എന്‍റെ കരം ഈജിപ്തിനെതിരെ ഉയര്‍ത്തി അവരുടെ ഇടയില്‍നിന്ന് എന്‍റെ ജനമായ ഇസ്രായേലിനെ മോചിപ്പിക്കുമ്പോള്‍ ഞാനാണു സര്‍വേശ്വരന്‍ എന്ന് ഈജിപ്തുകാര്‍ അറിയും.” സര്‍വേശ്വരന്‍ കല്പിച്ചതുപോലെ മോശയും അഹരോനും പ്രവര്‍ത്തിച്ചു. ഫറവോയോടു സംസാരിക്കുന്ന കാലത്തു മോശയ്‍ക്ക് എണ്‍പതും അഹരോന് എണ്‍പത്തിമൂന്നും വയസ്സായിരുന്നു. സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ഒരു അടയാളം കാണിക്കുക എന്നു ഫറവോ നിങ്ങളോടാവശ്യപ്പെട്ടാല്‍ കൈയിലുള്ള വടി ഫറവോയുടെ മുമ്പിലിടാന്‍ അഹരോനോടു പറയണം; അതു സര്‍പ്പമായിത്തീരും.” മോശയും അഹരോനും ഫറവോയുടെ സന്നിധിയിലെത്തി അവിടുന്നു കല്പിച്ചതുപോലെ ചെയ്തു; ഫറവോയുടെയും ഉദ്യോഗസ്ഥന്മാരുടെയും മുമ്പില്‍ അഹരോന്‍ വടി നിലത്തിട്ടപ്പോള്‍ അതു സര്‍പ്പമായിത്തീര്‍ന്നു. അപ്പോള്‍ ഫറവോ ഈജിപ്തിലെ വിദ്വാന്മാരെയും മന്ത്രവാദികളെയും വരുത്തി; അവരും ജാലവിദ്യയാല്‍ അതുപോലെ പ്രവര്‍ത്തിച്ചു. അവരും തങ്ങളുടെ വടി നിലത്തിട്ടു; അവയും സര്‍പ്പമായി മാറി. എന്നാല്‍ അഹരോന്‍റെ വടി മറ്റു വടികളെയെല്ലാം വിഴുങ്ങിക്കളഞ്ഞു. സര്‍വേശ്വരന്‍ അരുളിച്ചെയ്തതുപോലെ ഫറവോയുടെ ഹൃദയം കഠിനമായി. അയാള്‍ അവരെ ശ്രദ്ധിച്ചുമില്ല. സര്‍വേശ്വരന്‍ മോശയോടു പറഞ്ഞു: “ജനത്തെ വിട്ടയയ്‍ക്കാന്‍ സമ്മതിക്കാതെ ഫറവോ കഠിനഹൃദയനായിരിക്കുകയാണ്. ഫറവോ രാവിലെ നദിയിലേക്കു പോകുമ്പോള്‍ അവന്‍റെ അടുക്കല്‍ ചെല്ലണം; നീ നദീതീരത്തുതന്നെ കാത്തുനില്‌ക്കണം; സര്‍പ്പമായിത്തീര്‍ന്ന വടിയും എടുത്തുകൊള്ളണം. അവനോടു നീ ഇപ്രകാരം പറയണം: ‘മരുഭൂമിയില്‍ എന്നെ ആരാധിക്കാന്‍ എന്‍റെ ജനത്തെ വിട്ടയയ്‍ക്കുക’ എന്ന് അങ്ങയോടു പറയാന്‍ എബ്രായരുടെ ദൈവമായ സര്‍വേശ്വരന്‍ എന്നെ അയച്ചിരിക്കുന്നു. ഇതുവരെയും അങ്ങ് അതു ശ്രദ്ധിച്ചില്ല;” അവിടുന്നു കല്പിക്കുന്നു: “ഞാന്‍ സര്‍വേശ്വരനാകുന്നു എന്നു നീ ഇതിനാല്‍ അറിയും; ഞാന്‍ ഈ വടികൊണ്ട് നൈല്‍നദിയിലെ ജലത്തിന്മേല്‍ അടിക്കും; അതു രക്തമായി മാറും. നദിയിലെ മത്സ്യങ്ങള്‍ ചത്തുപോകും. ജലം മലീമസമാകും. ഈജിപ്തുകാര്‍ക്ക് അതു കുടിക്കാന്‍ കഴിയുകയില്ല. സര്‍വേശ്വരന്‍ മോശെയോടു പറഞ്ഞു: “ഈജിപ്തിലെ അരുവികള്‍, നദികള്‍, കുളങ്ങള്‍, ജലസംഭരണികള്‍ തുടങ്ങി എല്ലാ ജലാശയങ്ങള്‍ക്കും മീതെ നിന്‍റെ വടി നീട്ടുക എന്ന് അഹരോനോടു പറയുക; അവ രക്തമായി മാറും; അങ്ങനെ ഈജിപ്തിലെല്ലായിടത്തും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും കോരിവച്ചിരിക്കുന്ന വെള്ളംപോലും രക്തമായിമാറും.” സര്‍വേശ്വരന്‍ കല്പിച്ചതുപോലെ മോശയും അഹരോനും പ്രവര്‍ത്തിച്ചു; അഹരോന്‍ ഫറവോയുടെയും ഉദ്യോഗസ്ഥന്മാരുടെയും മുമ്പില്‍വച്ചുതന്നെ വടി ഉയര്‍ത്തി നൈല്‍നദിയിലെ ജലത്തിന്മേല്‍ അടിച്ചു; അതിലെ വെള്ളം മുഴുവന്‍ രക്തമായി മാറി. നദിയിലെ മത്സ്യങ്ങള്‍ ചത്തു; അതിലെ വെള്ളം ഈജിപ്തുകാര്‍ക്കു കുടിക്കാനാവാത്തവിധം മലീമസമായി. ഈജിപ്തില്‍ എല്ലായിടത്തും വെള്ളം രക്തമായിത്തീര്‍ന്നു; ഈജിപ്തിലെ മന്ത്രവാദികളും തങ്ങളുടെ മാന്ത്രികശക്തികൊണ്ട് വെള്ളം രക്തമാക്കി. എങ്കിലും ഫറവോ തന്‍റെ നിലപാടില്‍ ഉറച്ചുനിന്നു. അവരുടെ വാക്കു ശ്രദ്ധിച്ചുമില്ല. ഫറവോ തന്‍റെ കൊട്ടാരത്തിലേക്കു മടങ്ങി; സംഭവിച്ചതൊന്നും കൂട്ടാക്കിയില്ല. നദീജലം പാനയോഗ്യമല്ലാതിരുന്നതിനാല്‍ ഈജിപ്തുകാര്‍ ദാഹജലത്തിനുവേണ്ടി നൈല്‍നദിക്കു ചുറ്റും കുഴികള്‍ കുഴിച്ചു. സര്‍വേശ്വരന്‍ ജലത്തില്‍ അടിച്ചിട്ട് ഏഴു ദിവസം കഴിഞ്ഞു. അതിനുശേഷം സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു. “നീ ചെന്നു ഫറവോയോടു പറയുക സര്‍വേശ്വരന്‍ ഇപ്രകാരം കല്പിക്കുന്നു: എന്നെ ആരാധിക്കുന്നതിന് എന്‍റെ ജനത്തെ വിട്ടയയ്‍ക്കുക. അതിനു വിസമ്മതിച്ചാല്‍ നിന്‍റെ രാജ്യം ഞാന്‍ തവളകളെക്കൊണ്ട് നിറയ്‍ക്കും. നൈല്‍നദിയില്‍ തവളകള്‍ പെരുകും; അവിടെനിന്ന് അവ നിന്‍റെ ഭവനത്തിലും കിടക്കറയിലും കിടക്കയിലും നിന്‍റെ ഉദ്യോഗസ്ഥന്മാരുടെയും ജനങ്ങളുടെയും വീടുകളിലും നിങ്ങളുടെ അടുപ്പുകളിലും മാവു കുഴയ്‍ക്കുന്ന പാത്രങ്ങളിലും ഇരച്ചുകയറും. നിന്‍റെയും നിന്‍റെ ജനങ്ങളുടെയും നിന്‍റെ സകല ജോലിക്കാരുടെയുംമേല്‍ അവ ചാടിക്കയറും.” സര്‍വേശ്വരന്‍ മോശയോടു കല്പിച്ചു: “തവളകള്‍ ഈജിപ്തിലെങ്ങും നിറയേണ്ടതിനു ദേശത്തെ തോടുകള്‍ക്കും നദികള്‍ക്കും കുളങ്ങള്‍ക്കും മീതെ നിന്‍റെ വടി നീട്ടാന്‍ അഹരോനോടു പറയുക.” അങ്ങനെ അഹരോന്‍ ഈജിപ്തിലെ ജലാശയങ്ങളുടെമേല്‍ കൈ നീട്ടി; തവളകളെക്കൊണ്ടു ദേശം മുഴുവന്‍ നിറഞ്ഞു. എന്നാല്‍ മാന്ത്രികശക്തികൊണ്ട് മന്ത്രവാദികളും അങ്ങനെ പ്രവര്‍ത്തിച്ചു. ഫറവോ മോശയെയും അഹരോനെയും വിളിച്ചുവരുത്തി പറഞ്ഞു: “എന്‍റെയടുത്തുനിന്നും ജനങ്ങളില്‍നിന്നും തവളകള്‍ നീങ്ങിപ്പോകാന്‍ സര്‍വേശ്വരനോട് അപേക്ഷിക്കുക; സര്‍വേശ്വരന് യാഗമര്‍പ്പിക്കാന്‍ ഞാന്‍ ജനങ്ങളെ വിട്ടയയ്‍ക്കാം.” മോശ ഫറവോയോടു പറഞ്ഞു: “തവളകള്‍ അങ്ങയുടെ അടുത്തുനിന്നും അങ്ങയുടെ ഭവനങ്ങളില്‍നിന്നും മാറി നൈല്‍നദിയില്‍ മാത്രം ശേഷിക്കാന്‍ അങ്ങേക്കും ഉദ്യോഗസ്ഥന്മാര്‍ക്കും ജനങ്ങള്‍ക്കുംവേണ്ടി എപ്പോള്‍ പ്രാര്‍ഥിക്കണമെന്നു നിശ്ചയിച്ചാലും.” “നാളെത്തന്നെ” അയാള്‍ പ്രതിവചിച്ചു. ഞങ്ങളുടെ സര്‍വേശ്വരനായ ദൈവത്തെപ്പോലെ മറ്റാരുമില്ലെന്ന് അങ്ങ് മനസ്സിലാക്കുന്നതിനായി അങ്ങു പറഞ്ഞതുപോലെ ചെയ്യാം” എന്നു മോശ പറഞ്ഞു. തവളകള്‍ അങ്ങയുടെ അടുക്കല്‍നിന്നും അങ്ങയുടെ ഭവനങ്ങളില്‍നിന്നും ഉദ്യോഗസ്ഥന്മാരുടെയും ജനങ്ങളുടെയും ഇടയില്‍നിന്നും നൈല്‍നദിയിലേക്കു മാറിക്കൊള്ളും. മോശെയും അഹരോനും രാജസന്നിധിയില്‍നിന്നു പോയി; ഫറവോയോടു സമ്മതിച്ചിരുന്നതുപോലെ ബാധ നീക്കിക്കൊടുക്കാന്‍ സര്‍വേശ്വരനോടു മോശ പ്രാര്‍ഥിച്ചു. മോശ അപേക്ഷിച്ചതുപോലെ അവിടുന്നു പ്രവര്‍ത്തിച്ചു; ഭവനങ്ങളിലും പരിസരങ്ങളിലും നിലങ്ങളിലും ഉണ്ടായിരുന്ന തവളകളെല്ലാം ചത്തൊടുങ്ങി. ജനങ്ങള്‍ അവയെ കൂമ്പാരമായി കൂട്ടി; ദേശത്തെങ്ങും ദുര്‍ഗന്ധം പരന്നു; ബാധ നീങ്ങിയെന്നു ബോധ്യമായപ്പോള്‍ സര്‍വേശ്വരന്‍ അരുളിച്ചെയ്തതുപോലെ ഫറവോ തന്‍റെ ഹൃദയം വീണ്ടും കഠിനമാക്കി. അയാള്‍ അവര്‍ പറഞ്ഞതു കേട്ടില്ല. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “വടികൊണ്ടു നിലത്തെ പൂഴിയില്‍ അടിക്കാന്‍ അഹരോനോടു പറയുക. അതു ചെള്ളുകളായി ഈജിപ്തിലെങ്ങും പരക്കും.” അഹരോന്‍ വടികൊണ്ടു നിലത്തടിച്ചു. മനുഷ്യരുടെയും മൃഗങ്ങളുടെയുംമേല്‍ ചെള്ളുണ്ടായി; ഈജിപ്തിലുള്ള പൂഴി മുഴുവന്‍ ചെള്ളുകളായി രൂപാന്തരപ്പെട്ടു. ചെള്ളുകളെ വരുത്താന്‍ മന്ത്രവാദികള്‍ ശ്രമിച്ചെങ്കിലും അവരുടെ മാന്ത്രികശക്തിക്ക് അതിനു കഴിഞ്ഞില്ല. ചെള്ളുകള്‍ മനുഷ്യരുടെയും മൃഗങ്ങളുടെയുംമേല്‍ വ്യാപിച്ചു. അപ്പോള്‍ മന്ത്രവാദികള്‍ ഫറവോയോടു പറഞ്ഞു: “ഇതു ദൈവത്തിന്‍റെ പ്രവൃത്തിതന്നെയാണ്” എന്നാല്‍ സര്‍വേശ്വരന്‍ പറഞ്ഞതുപോലെ ഫറവോ കഠിനഹൃദയനായി. അയാള്‍ അവരുടെ വാക്കു ശ്രദ്ധിച്ചില്ല. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “നീ അതിരാവിലെ എഴുന്നേറ്റു ഫറവോ നദിയിലേക്കു പോകുമ്പോള്‍ വഴിയില്‍ കാത്തുനിന്ന് അയാളോടു പറയുക: ‘എന്നെ ആരാധിക്കുന്നതിന് എന്‍റെ ജനത്തെ വിട്ടയയ്‍ക്കാന്‍ സര്‍വേശ്വരന്‍ കല്പിക്കുന്നു. അതിനു വിസമ്മതിച്ചാല്‍ നിന്‍റെയും നിന്‍റെ ഉദ്യോഗസ്ഥന്മാരുടെയും ജനങ്ങളുടെയുംമേല്‍ ഈച്ചകളെ ഞാന്‍ പറ്റമായി അയയ്‍ക്കും. നിന്‍റെ ഭവനങ്ങളിലും ഈജിപ്തിലെ ജനങ്ങളുടെ പാര്‍പ്പിടങ്ങളിലും ദേശത്തും അവ നിറയും. എന്നാല്‍ അന്നാളില്‍ എന്‍റെ ജനം പാര്‍ക്കുന്ന ഗോശെന്‍ദേശത്തെ ഈച്ചബാധയുണ്ടാകാതെ ഞാന്‍ വേര്‍തിരിക്കും; അങ്ങനെ ഭൂമിയില്‍ ഞാന്‍ സര്‍വേശ്വരനെന്നു നീ അറിയും. നിന്‍റെയും എന്‍റെയും ജനത്തെ തമ്മില്‍ ഞാന്‍ വേര്‍തിരിക്കും. നാളെ ഈ അടയാളം സംഭവിക്കും. സര്‍വേശ്വരന്‍ അങ്ങനെതന്നെ പ്രവര്‍ത്തിച്ചു. രാജകൊട്ടാരത്തിലും ഉദ്യോഗസ്ഥന്മാരുടെ ഭവനങ്ങളിലും ഈജിപ്തില്‍ എല്ലായിടത്തും ഈച്ചകള്‍ പറ്റമായി വന്നു നിറഞ്ഞു. ഈച്ചബാധയാല്‍ ദേശം വലഞ്ഞു. അപ്പോള്‍ ഫറവോ മോശയെയും അഹരോനെയും വിളിപ്പിച്ചു പറഞ്ഞു: “നിങ്ങള്‍ ഈ രാജ്യത്തെവിടെയെങ്കിലും പോയി നിങ്ങളുടെ ദൈവത്തിനു യാഗമര്‍പ്പിച്ചുകൊള്ളുവിന്‍.” മോശ പ്രതിവചിച്ചു: “അതു ശരിയല്ല; ഈജിപ്തുകാര്‍ക്കു നിഷിദ്ധമായവയും ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അര്‍പ്പിക്കേണ്ടിവരും; അങ്ങനെ അവര്‍ മ്ലേച്ഛമെന്നു കരുതുന്നത് അവരുടെ കണ്‍മുമ്പില്‍ വച്ച് അര്‍പ്പിക്കുമ്പോള്‍ അവര്‍ ഞങ്ങളെ കല്ലെറിയുകയില്ലേ? സര്‍വേശ്വരന്‍റെ കല്പനയനുസരിച്ച് മരുഭൂമിയില്‍ മൂന്നു ദിവസത്തെ വഴി ദൂരം പോയി, ഞങ്ങള്‍ക്ക് ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന് യാഗം അര്‍പ്പിക്കണം.” ഫറവോ പറഞ്ഞു: “മരുഭൂമിയില്‍ പോയി നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു യാഗം കഴിക്കാന്‍ ഞാന്‍ നിങ്ങളെ വിട്ടയയ്‍ക്കാം; എന്നാല്‍ വളരെ ദൂരം പോകരുത്; എനിക്കുവേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുകയും വേണം.” അപ്പോള്‍ മോശ പറഞ്ഞു: “അങ്ങയുടെ സന്നിധിയില്‍നിന്നു ഞാന്‍ പോകുന്നു; അങ്ങേക്കുവേണ്ടി ഞാന്‍ അവിടുത്തോടു പ്രാര്‍ഥിക്കാം. ഈച്ചകള്‍ നാളെത്തന്നെ, അങ്ങയെയും ഉദ്യോഗസ്ഥന്മാരെയും ജനങ്ങളെയും വിട്ടുപോകും. എന്നാല്‍ സര്‍വേശ്വരനു വഴിപാടര്‍പ്പിക്കാന്‍ ജനങ്ങളെ അയയ്‍ക്കാതെ അങ്ങ് ഇനിയും വഞ്ചന കാട്ടരുത്.” മോശ ഫറവോയുടെ അടുക്കല്‍നിന്നു പോയി, സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു. മോശ അപേക്ഷിച്ചതുപോലെ അവിടുന്നു പ്രവര്‍ത്തിച്ചു; രാജാവിന്‍റെയും ഭൃത്യന്മാരുടെയും ജനങ്ങളുടെയും ഇടയില്‍നിന്ന് ഈച്ചകളെ നിശ്ശേഷം നീക്കിക്കളഞ്ഞു. എന്നാല്‍ ഫറവോയുടെ ഹൃദയം വീണ്ടും കഠിനപ്പെട്ടു; അയാള്‍ ജനത്തെ വിട്ടയച്ചില്ല. സര്‍വേശ്വരന്‍ മോശയോട് കല്പിച്ചു: “നീ ഫറവോയോട് ഇങ്ങനെ പറയണം: എന്നെ ആരാധിക്കാന്‍ എന്‍റെ ജനത്തെ വിട്ടയയ്‍ക്കണമെന്ന് എബ്രായരുടെ സര്‍വേശ്വരനായ ദൈവം കല്പിക്കുന്നു. നീ അവരെ വിട്ടയയ്‍ക്കാന്‍ കൂട്ടാക്കാതെ തടഞ്ഞുനിര്‍ത്തിയാല്‍ നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളായ കുതിര, കഴുത, ഒട്ടകം, കന്നുകാലികള്‍, ആട്ടിന്‍പറ്റങ്ങള്‍ എന്നിവയുടെമേല്‍ അതികഠിനമായ വ്യാധി വരുത്തി അവിടുന്നു നിങ്ങളെ ശിക്ഷിക്കും. ഇസ്രായേല്‍ജനങ്ങളുടെയും ഈജിപ്തുകാരുടെയും കന്നുകാലികള്‍ക്കു തമ്മില്‍ സര്‍വേശ്വരന്‍ ഭേദം കല്പിക്കും; ഇസ്രായേല്യരുടെ കന്നുകാലികളില്‍ ഒന്നുപോലും ചാകുകയില്ല. നാളെ ഈ ദേശത്ത് ഇപ്രകാരം ചെയ്യുമെന്ന് അവിടുന്ന് കല്പിച്ചുറച്ചിരിക്കുന്നു. സര്‍വേശ്വരന്‍ പിറ്റന്നാള്‍തന്നെ അങ്ങനെ പ്രവര്‍ത്തിച്ചു. ഈജിപ്തിലെ കന്നുകാലികളെല്ലാം ചത്തൊടുങ്ങി. എന്നാല്‍ ഇസ്രായേല്യരുടെ മൃഗങ്ങളില്‍ ഒന്നുപോലും നശിച്ചില്ല; ഈ വിവരം ഫറവോ ആളയച്ചന്വേഷിച്ചറിഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്‍റെ ഹൃദയം കഠിനപ്പെട്ടു; ജനത്തെ വിട്ടയച്ചതുമില്ല. സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ചൂളയില്‍നിന്നു കൈ നിറയെ വെണ്ണീര്‍ വാരി ഫറവോ കാണ്‍കെ മോശ ആകാശത്തേക്കു വിതറണം. അതു കാറ്റില്‍ പറന്ന് ഈജിപ്തിലെ ജനങ്ങളുടെയും മൃഗങ്ങളുടെയുംമേല്‍ പൊട്ടിയൊലിക്കുന്ന വ്രണങ്ങളുണ്ടാക്കും.” അവര്‍ വെണ്ണീറുമായി ഫറവോയുടെ മുമ്പില്‍ ചെന്നു; മോശ അത് ആകാശത്തേക്കു വിതറി; അതു മനുഷ്യരുടെയും മൃഗങ്ങളുടെയുംമേല്‍ പൊട്ടിയൊലിക്കുന്ന വ്രണങ്ങളുണ്ടാക്കി. മന്ത്രവാദികളുടെയും സകല ഈജിപ്തുകാരുടെയുംമേല്‍ വ്രണങ്ങള്‍ ഉണ്ടായി. അതുകൊണ്ട് മന്ത്രവാദികള്‍ക്ക് മോശയുടെ മുമ്പില്‍ നില്‌ക്കാന്‍പോലും കഴിഞ്ഞില്ല. മോശയോടു പറഞ്ഞിരുന്നതുപോലെ സര്‍വേശ്വരന്‍ ഫറവോയുടെ ഹൃദയം കഠിനമാക്കി. ഫറവോ അവരുടെ വാക്കു ശ്രദ്ധിച്ചില്ല. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “അതിരാവിലെ എഴുന്നേറ്റുചെന്ന് രാജാവിനോടു പറയുക: എബ്രായരുടെ ദൈവമായ സര്‍വേശ്വരന്‍ കല്പിക്കുന്നു: എന്നെ ആരാധിക്കാന്‍വേണ്ടി എന്‍റെ ജനത്തെ വിട്ടയയ്‍ക്കുക. ഇത്തവണ നിന്‍റെയും ഉദ്യോഗസ്ഥന്മാരുടെയും നിന്‍റെ ജനങ്ങളുടെയുംമേല്‍ ഞാന്‍ സകല വ്യാധികളും അയയ്‍ക്കും. ഞാന്‍ ഭൂമിയില്‍ അതുല്യനെന്നു നീ അറിയും. നിന്നെയും നിന്‍റെ ജനങ്ങളെയും ബാധകളാല്‍ ശിക്ഷിച്ച് ഭൂമിയില്‍നിന്ന് എനിക്കു നീക്കിക്കളയാമായിരുന്നു. എങ്കിലും എന്‍റെ ശക്തി നീ മനസ്സിലാക്കാനും എന്‍റെ നാമം ഭൂമി മുഴുവന്‍ പ്രസിദ്ധമാക്കാനും ഞാന്‍ നിന്നെ ഇതുവരെ ജീവിക്കാന്‍ അനുവദിച്ചു. നീ ഇപ്പോഴും അഹങ്കാരത്തോടെ എന്‍റെ ജനത്തെ വിട്ടയയ്‍ക്കാതെ തടഞ്ഞു വച്ചിരിക്കുന്നു. ഈജിപ്തിന്‍റെ ആരംഭംമുതല്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തവിധം അതികഠിനമായ കന്മഴ നാളെ ഈ നേരത്തുണ്ടാകും. ഇപ്പോള്‍ ആളയച്ചു കന്നുകാലികളെയും വയലിലുള്ള സകലതിനെയും സുരക്ഷിതസ്ഥാനങ്ങളില്‍ എത്തിക്കുക; വീട്ടിലെത്താതെ വയലില്‍ നില്‌ക്കുന്ന സകല മനുഷ്യരുടെയും മൃഗങ്ങളുടെയുംമേല്‍ കന്മഴ പെയ്യിക്കും. അവയെല്ലാം ചത്തുപോകും.” ഫറവോയുടെ ജോലിക്കാരില്‍ സര്‍വേശ്വരന്‍റെ വാക്കുകള്‍ കേട്ടു ഭയപ്പെട്ടവര്‍ തങ്ങളുടെ അടിമകളെയും കന്നുകാലികളെയും വീടുകള്‍ക്കുള്ളിലാക്കി രക്ഷിച്ചു; എന്നാല്‍ അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കാതെയിരുന്നവര്‍ തങ്ങളുടെ അടിമകളെയും കന്നുകാലികളെയും വയലില്‍ത്തന്നെ നിര്‍ത്തി. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഈജിപ്തില്‍ എങ്ങുമുള്ള വയലുകളിലെ ചെടികളുടെയും, മൃഗങ്ങളുടെയും, മനുഷ്യരുടെയുംമേല്‍ കന്മഴ പെയ്യിക്കാന്‍ കൈ ആകാശത്തേക്കു നീട്ടുക.” അപ്പോള്‍ മോശ തന്‍റെ വടി ആകാശത്തേക്കുയര്‍ത്തി; അവിടുന്ന് ഇടിയും കന്മഴയും അയച്ചു. തീ ഭൂമിയിലേക്കിറങ്ങി. ഈജിപ്തിലെല്ലാം സര്‍വേശ്വരന്‍ കന്മഴ പെയ്യിച്ചു. അതികഠിനമായ കന്മഴയും അതോടൊപ്പം ഇടിമിന്നലും തുടരെ ഉണ്ടായി. ഈജിപ്തുകാര്‍ ഒരു ജനത ആയതിനുശേഷം ഇതുപോലൊരു കന്മഴ വര്‍ഷിച്ചിട്ടില്ല. വയലുകളിലുണ്ടായിരുന്ന സകലവും കന്മഴ നശിപ്പിച്ചു; മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും നശിച്ചു; മരങ്ങളെല്ലാം തകര്‍ന്നു. ഇസ്രായേല്‍ജനം വസിച്ചിരുന്ന ഗോശെന്‍പ്രദേശത്തു മാത്രം കന്മഴ പെയ്തില്ല. ഫറവോ മോശയെയും അഹരോനെയും വിളിപ്പിച്ചു പറഞ്ഞു: “ഇത്തവണ എനിക്കു തെറ്റുപറ്റി; സര്‍വേശ്വരന്‍തന്നെ യഥാര്‍ഥ ദൈവം. ഞാനും എന്‍റെ ജനങ്ങളും മത്സരികളായിപ്പോയി. ഇടിയും കന്മഴയും ദുര്‍വഹമായിരിക്കയാല്‍ അവിടുത്തോടു പ്രാര്‍ഥിച്ചാലും; ഞാന്‍ നിങ്ങളെ വിട്ടയയ്‍ക്കാം. ഇനി ഒട്ടും താമസിപ്പിക്കുകയില്ല.” മോശ പറഞ്ഞു: “ഞാന്‍ പട്ടണത്തിനു പുറത്തു ചെന്നാലുടന്‍ എന്‍റെ കൈ ഉയര്‍ത്തി സര്‍വേശ്വരനോടു പ്രാര്‍ഥിക്കും; ഇടിയും കന്മഴയും അവസാനിക്കും; അപ്പോള്‍ ഭൂമി മുഴുവനും സര്‍വേശ്വരന്‍റേതാണെന്ന് അങ്ങു മനസ്സിലാക്കും. എന്നാല്‍ അങ്ങും അങ്ങയുടെ ഭൃത്യന്മാരും ഇപ്പോഴും ദൈവമായ സര്‍വേശ്വരനെ ഭയപ്പെടുന്നില്ലെന്ന് എനിക്കറിയാം. ബാര്‍ലിയും ചണവും നശിച്ചുപോയി. ബാര്‍ലി കതിരിട്ടിരുന്നു; ചണം പൂത്തിരുന്നു. എന്നാല്‍ കോതമ്പും ചോളവും മുളച്ചിട്ടില്ലായിരുന്നതിനാല്‍ നശിച്ചില്ല. മോശ ഫറവോയുടെ അടുത്തുനിന്നു പട്ടണത്തിനു പുറത്തു വന്നു സര്‍വേശ്വരന്‍റെ നേര്‍ക്ക് കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിച്ചു; ഉടനെ മഴയും ഇടിയും കന്മഴയും നിലച്ചു. മഴയും കന്മഴയും ഇടിയും നിലച്ചതോടെ ഫറവോ വീണ്ടും മത്സരിക്കാന്‍ തുടങ്ങി; രാജാവിന്‍റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമായി. ഫറവോയുടെ ഹൃദയം കഠിനപ്പെട്ടതിനാല്‍ സര്‍വേശ്വരന്‍ മോശയോടു പറഞ്ഞിരുന്നതുപോലെ ഫറവോ ഇസ്രായേല്‍ജനത്തെ വിട്ടയച്ചില്ല. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഫറവോയുടെ അടുക്കലേക്കു ചെല്ലുക. അവരുടെ ഇടയില്‍ എന്‍റെ അടയാളങ്ങള്‍ കാട്ടാന്‍ ഞാന്‍ ഫറവോയുടെയും അവന്‍റെ ജനങ്ങളുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു. ഈജിപ്തില്‍ എന്തെല്ലാം അടയാളങ്ങള്‍ ഞാന്‍ കാട്ടിയെന്നും ഈജിപ്തുകാരെ ഞാന്‍ എങ്ങനെ പരിഹാസവിഷയമാക്കിയെന്നും നിങ്ങളുടെ പുത്രന്മാരോടും പൗത്രന്മാരോടും നിങ്ങള്‍ പറയണം. അങ്ങനെ ഞാന്‍ സര്‍വേശ്വരനാകുന്നു എന്നു നിങ്ങള്‍ അറിയും.” മോശയും അഹരോനും ഫറവോയുടെ അടുക്കല്‍ ചെന്നു പറഞ്ഞു: “എബ്രായരുടെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: എത്രകാലം നീ എന്‍റെ മുമ്പില്‍ ധിക്കാരം കാട്ടും? എന്നെ ആരാധിക്കുന്നതിന് എന്‍റെ ജനത്തെ വിട്ടയയ്‍ക്കുക. എന്‍റെ ജനത്തെ വിട്ടയച്ചില്ലെങ്കില്‍ നാളെ നിന്‍റെ രാജ്യത്തേക്ക് ഞാന്‍ വെട്ടുക്കിളികളെ അയയ്‍ക്കും. നിലം കാണാനാവാത്തവിധം അതു ദേശം മൂടും; കന്മഴയ്‍ക്കുശേഷം എന്തെങ്കിലും ശേഷിച്ചിട്ടുണ്ടെങ്കില്‍ അവയെല്ലാം വെട്ടുക്കിളി തിന്നുതീര്‍ക്കും; നിങ്ങളുടെ വയലില്‍ തളിര്‍ത്തുവരുന്ന എല്ലാ മരങ്ങളും അവ തിന്നൊടുക്കും. നിന്‍റെയും നിന്‍റെ ഭൃത്യന്മാരുടെയും നിന്‍റെ ജനങ്ങളുടെയും വീടുകളില്‍ അവ നിറയും; നിന്‍റെ പിതാക്കന്മാരോ പിതാമഹന്മാരോ ജനിച്ചതുമുതല്‍ ഇന്നോളം കണ്ടിട്ടില്ലാത്ത അനുഭവമായിരിക്കും അത്. ഇതു പറഞ്ഞിട്ട് മോശ ഫറവോയുടെ അടുത്തുനിന്നു തിരിഞ്ഞുനടന്നു. ഭൃത്യന്മാര്‍ ഫറവോയോടു പറഞ്ഞു: “എത്രനാള്‍ ഇയാള്‍ നമ്മെ ശല്യപ്പെടുത്തും. തങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കാന്‍ അവരെ വിട്ടയച്ചാലും; ഈജിപ്തു നശിച്ചുകഴിഞ്ഞത് അങ്ങു കാണുന്നില്ലേ?” ഉടനെ ഫറവോ മോശയെയും അഹരോനെയും തിരിച്ചുവിളിച്ചു പറഞ്ഞു: “നിങ്ങള്‍ പോയി സര്‍വേശ്വരനെ ആരാധിച്ചുകൊള്ളുക; എന്നാല്‍ നിങ്ങള്‍ ആരൊക്കെയാണു പോകുന്നത്?” മോശ പറഞ്ഞു: “കുഞ്ഞുങ്ങളും വൃദ്ധജനങ്ങളും ഉള്‍പ്പെടെ ഞങ്ങളെല്ലാവരും പോകും. ഞങ്ങളുടെ പുത്രീപുത്രന്മാരും ഞങ്ങളുടെ ആട്ടിന്‍പറ്റങ്ങളും കന്നുകാലികളും ഞങ്ങളുടെ കൂടെ പോരും; കാരണം ഞങ്ങള്‍ സര്‍വേശ്വരന് ഒരു ഉത്സവം ആചരിക്കുകയാണ്.” രാജാവു പറഞ്ഞു: “കൊള്ളാം സര്‍വേശ്വരന്‍ നിങ്ങളെ കാക്കട്ടെ. നിങ്ങളോടൊപ്പം കുട്ടികളെയും ഞാന്‍ പോകാന്‍ അനുവദിക്കുമെന്നോ? നിങ്ങളുടെ ഉള്ളില്‍ എന്തോ ദുരുദ്ദേശ്യമുണ്ട്. പുരുഷന്മാര്‍ മാത്രം പോയി സര്‍വേശ്വരനെ ആരാധിച്ചുകൊള്ളുക. അത്രയുമല്ലേ നിങ്ങള്‍ക്കു വേണ്ടൂ.” ഇതു പറഞ്ഞിട്ട് ഫറവോ തന്‍റെ മുമ്പില്‍നിന്ന് അവരെ ഓടിച്ചു. പിന്നീട് സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഈജിപ്തിന്‍റെമേല്‍ കൈ നീട്ടുക. വെട്ടുക്കിളികള്‍ വരട്ടെ. കന്മഴയില്‍നിന്ന് രക്ഷപ്പെട്ട സസ്യങ്ങളെയെല്ലാം അവ വന്ന് തിന്നൊടുക്കട്ടെ.” സര്‍വേശ്വരന്‍ കല്പിച്ചതുപോലെ മോശ ഈജിപ്തിന്‍റെമേല്‍ തന്‍റെ വടി നീട്ടി; സര്‍വേശ്വരന്‍ അന്നു രാപ്പകല്‍ ആ ദേശത്ത് കിഴക്കന്‍കാറ്റ് വീശിപ്പിച്ചു. പ്രഭാതമായപ്പോള്‍ കിഴക്കന്‍കാറ്റിനോടൊപ്പം വെട്ടുക്കിളികള്‍ വന്നു. ഈജിപ്തില്‍ എല്ലായിടത്തും അവ നിറഞ്ഞു; അത്രയും വലിയ വെട്ടുക്കിളിക്കൂട്ടം അതിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. ഭൂമി മുഴുവന്‍ ഇരുള്‍ പരക്കുംവിധം ദേശം മുഴുവനും വെട്ടുക്കിളികളെക്കൊണ്ടു മൂടി. കന്മഴയെ അതിജീവിച്ച സസ്യങ്ങളും വൃക്ഷഫലങ്ങളും അവ തിന്നുതീര്‍ത്തു; ഈജിപ്തിലൊരിടത്തും വൃക്ഷങ്ങളിലോ, ചെടികളിലോ പച്ച നിറമുള്ള യാതൊന്നും ശേഷിച്ചില്ല. ഫറവോ മോശയെയും അഹരോനെയും ഉടന്‍തന്നെ വിളിച്ചുവരുത്തി പറഞ്ഞു: “നിങ്ങള്‍ക്കും നിങ്ങളുടെ സര്‍വേശ്വരനായ ദൈവത്തിനെതിരായി ഞാന്‍ പാപം ചെയ്തു. ഈ പ്രാവശ്യം കൂടി എന്‍റെ പാപം ക്ഷമിക്കണമെന്നു ഞാന്‍ അപേക്ഷിക്കുന്നു. ഈ മാരകമായ ബാധയില്‍നിന്ന് എന്നെ വിടുവിക്കാന്‍ ഒരിക്കല്‍കൂടി നിങ്ങളുടെ ദൈവമായ സര്‍വേശ്വരനോട് അപേക്ഷിക്കുക.” മോശ രാജസന്നിധിയില്‍നിന്നു പുറത്തുചെന്ന് ഫറവോയ്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു. സര്‍വേശ്വരന്‍ അതിശക്തമായ ഒരു പടിഞ്ഞാറന്‍ കാറ്റടിപ്പിച്ചു; അതു വെട്ടുക്കിളികളെ മുഴുവന്‍ ചെങ്കടലിലേക്ക് തള്ളി വിട്ടു; ഈജിപ്തില്‍ ഒരിടത്തും ഒരു വെട്ടുക്കിളിയും ശേഷിച്ചില്ല. എന്നാല്‍ സര്‍വേശ്വരന്‍ ഫറവോയെ കഠിനചിത്തനാക്കി. അയാള്‍ ഇസ്രായേല്‍ജനങ്ങളെ വിട്ടയച്ചുമില്ല. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “നീ ആകാശത്തേക്ക് കൈ ഉയര്‍ത്തുക; ഈജിപ്തില്‍ ഇരുട്ടു പരക്കട്ടെ.” മോശ ആകാശത്തേക്കു കൈ ഉയര്‍ത്തി; അപ്പോള്‍ ഈജിപ്തിലെല്ലാം കൂരിരുട്ടു പരന്നു. അതു മൂന്നു ദിവസം നീണ്ടുനിന്നു. പരസ്പരം കാണാന്‍പോലും വയ്യാത്തതിനാല്‍ മൂന്നു ദിവസത്തേക്ക് ആരും സ്വസ്ഥാനത്തുനിന്ന് എഴുന്നേറ്റതുപോലുമില്ല. എന്നാല്‍ ഇസ്രായേല്‍ജനം വസിച്ചിരുന്ന സ്ഥലത്ത് പ്രകാശം ഉണ്ടായിരുന്നു. ഫറവോ മോശയെ വരുത്തി പറഞ്ഞു: “സര്‍വേശ്വരനെ ആരാധിക്കാന്‍ പൊയ്‍ക്കൊള്ളുക; കുട്ടികളും കൂടെ വന്നുകൊള്ളട്ടെ. എന്നാല്‍ നിങ്ങളുടെ കന്നുകാലികളും ആട്ടിന്‍പറ്റങ്ങളും ഇവിടെത്തന്നെ നില്‌ക്കട്ടെ.” മോശ പറഞ്ഞു: “ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന് യാഗങ്ങളും ഹോമങ്ങളും അര്‍പ്പിക്കണം. അതിനാല്‍ ഞങ്ങളുടെ കന്നുകാലികള്‍ മുഴുവനെയും കൂടെ കൊണ്ടുപോകാന്‍ അനുവദിക്കണം. അവയില്‍ ഒന്നിനെപ്പോലും ഇവിടെ വിട്ടിട്ടു പോകാന്‍ സാധ്യമല്ല; ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന് യാഗം അര്‍പ്പിക്കേണ്ടത് അവയില്‍നിന്നാണ്. അവിടെ ചെല്ലുന്നതുവരെ, ഏതിനെയാണ് അര്‍പ്പിക്കേണ്ടതെന്നു ഞങ്ങള്‍ക്കു നിശ്ചയമില്ല.” സര്‍വേശ്വരന്‍ ഫറവോയെ കഠിനഹൃദയനാക്കിയതിനാല്‍ അയാള്‍ അവരെ വിട്ടയച്ചില്ല. ഫറവോ മോശയോടു പറഞ്ഞു: “കടന്നുപോകൂ. ഇനിമേല്‍ എന്‍റെ മുമ്പില്‍ വരരുത്; വന്നാല്‍ അന്നു നീ മരിക്കും.” മോശ മറുപടി പറഞ്ഞു: “അങ്ങു പറഞ്ഞതുപോലെയാകട്ടെ. ഇനിമേല്‍ ഞാന്‍ അങ്ങയുടെ മുഖം കാണുകയില്ല.” സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഒരു ബാധകൂടി ഞാന്‍ ഫറവോയുടെയും ഈജിപ്തുകാരുടെയുംമേല്‍ അയയ്‍ക്കും; അതിനുശേഷം അവന്‍ നിങ്ങളെ ഇവിടെനിന്നു വിട്ടയയ്‍ക്കും. അപ്പോള്‍ ഒരാള്‍പോലും ശേഷിക്കാതെ നിങ്ങളെ ഒന്നടങ്കം അവന്‍ ഓടിക്കും. നിങ്ങള്‍ ഓരോരുത്തരും സ്‍ത്രീയും പുരുഷനും തന്‍റെ അയല്‍ക്കാരോടു സ്വര്‍ണംകൊണ്ടും വെള്ളികൊണ്ടും ഉള്ള ആഭരണങ്ങള്‍ ചോദിച്ചുവാങ്ങണമെന്നു ജനത്തോടു പറയണം. ഈജിപ്തുകാര്‍ക്ക് ഇസ്രായേല്യരോട് അനുഭാവം തോന്നാന്‍ സര്‍വേശ്വരന്‍ ഇടയാക്കി. ഫറവോയുടെ ഉദ്യോഗസ്ഥന്മാരുടെയും ജനങ്ങളുടെയും ദൃഷ്‍ടിയില്‍ മോശ ഈജിപ്തിലെ ഒരു മഹാനേതാവായി ഉയര്‍ന്നു. മോശ പറഞ്ഞു: “ഇത് സര്‍വേശ്വരന്‍റെ വചനം. അര്‍ധരാത്രിയാകുമ്പോള്‍ ഞാന്‍ ഈജിപ്തിലൂടെ കടന്നുപോകും. അപ്പോള്‍ ഈജിപ്തിലെ ആദ്യജാതന്മാര്‍ മരിക്കും. സിംഹാസനത്തിലിരിക്കുന്ന ഫറവോയുടെമുതല്‍ തിരികല്ലില്‍ ധാന്യം പൊടിക്കുന്ന വേലക്കാരിയുടെവരെ ആദ്യജാതന്മാര്‍ മരിക്കും. കന്നുകാലികളുടെ കടിഞ്ഞൂലുകളും ചത്തൊടുങ്ങും. ഈജിപ്തില്‍ എല്ലായിടത്തുനിന്നും നിലവിളി ഉയരും. അങ്ങനെയൊന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയും ഇല്ല. എന്നാല്‍ ഇസ്രായേല്‍ജനങ്ങളുടെയോ അവരുടെ മൃഗങ്ങളുടെയോ നേര്‍ക്ക് ഒരു നായ് പോലും ശബ്ദിക്കുകയില്ല. അങ്ങനെ ഈജിപ്തുകാര്‍ക്കും ഇസ്രായേല്‍ജനങ്ങള്‍ക്കും ഇടയില്‍ സര്‍വേശ്വരന്‍ ഭേദം കല്പിച്ചിരിക്കുന്നു എന്നു നിങ്ങള്‍ അറിയും. അങ്ങയുടെ ഭൃത്യന്മാര്‍ വന്ന് എന്നെ വണങ്ങിയിട്ട് ‘നീയും നിന്‍റെ ജനവും പൊയ്‍ക്കൊള്‍ക’ എന്നു പറയും. അപ്പോള്‍ ഞാന്‍ പുറപ്പെടും.” പിന്നെ മോശ ഉഗ്രകോപത്തോടെ രാജസന്നിധിവിട്ട് ഇറങ്ങിപ്പോയി. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “കൂടുതല്‍ അടയാളങ്ങള്‍ ഞാന്‍ ഈജിപ്തില്‍ ചെയ്യുന്നതിനുവേണ്ടി ഫറവോ നിന്‍റെ വാക്ക് ഇനിയും അവഗണിക്കും. ഈ അടയാളങ്ങളെല്ലാം മോശയും അഹരോനും ഫറവോയുടെ മുമ്പാകെ ചെയ്തു; എന്നാല്‍ സര്‍വേശ്വരന്‍ ഫറവോയെ കഠിനഹൃദയനാക്കിയതുകൊണ്ട് ഇസ്രായേല്‍ജനത്തെ അയാള്‍ തന്‍റെ ദേശത്തുനിന്നു വിട്ടയച്ചില്ല. സര്‍വേശ്വരന്‍ ഈജിപ്തില്‍വച്ച് മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ഈ മാസം നിങ്ങള്‍ക്ക് വര്‍ഷത്തിന്‍റെ ആദ്യമാസം ആയിരിക്കണം. ഇസ്രായേല്‍ജനത്തോടു പറയുക: ഈ മാസം പത്താം ദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിന്‍കുട്ടിയെ തന്‍റെ കുടുംബത്തിനുവേണ്ടി വേര്‍തിരിക്കണം. ഒരു ആട്ടിന്‍കുട്ടിയെ മുഴുവന്‍ ഭക്ഷിക്കാന്‍ വേണ്ടവര്‍ ഒരു കുടുംബത്തില്‍ ഇല്ലാതിരുന്നാല്‍ അതിനെ അയല്‍വീട്ടിലെ അംഗങ്ങളുടെ എണ്ണംകൂടി കണക്കാക്കി പങ്കുവയ്‍ക്കണം. ഭക്ഷിക്കാനുള്ള കഴിവു നോക്കി വേണം ഒരാടിന് എത്ര പേര്‍ എന്നു നിശ്ചയിക്കേണ്ടത്. ആട് ഒരു വയസ്സു തികഞ്ഞ കുറ്റമറ്റ ആണ്‍കുട്ടി ആയിരിക്കണം. ചെമ്മരിയാടോ കോലാടോ ആകാം. ഈ മാസം പതിന്നാലാം തീയതിവരെ നിങ്ങള്‍ അതിനെ സൂക്ഷിക്കണം. പതിന്നാലാം ദിവസം വൈകുന്നേരം എല്ലാ ഇസ്രായേല്യരും തങ്ങളുടെ ആട്ടിന്‍കുട്ടിയെ കൊല്ലണം. അതിന്‍റെ രക്തം കുറെ എടുത്ത് നിങ്ങള്‍ ഭക്ഷിക്കാന്‍ കൂടിയിരിക്കുന്ന വീടിന്‍റെ കട്ടിളക്കാലിലും മുകള്‍പ്പടിയിലും പുരട്ടണം. അന്നു രാത്രി മാംസം ചുട്ട് പുളിപ്പുചേര്‍ക്കാത്ത അപ്പവും കയ്പുചീരയും ചേര്‍ത്തു ഭക്ഷിക്കണം. പച്ചയ്‍ക്കോ വെള്ളത്തില്‍ വേവിച്ചോ മാംസം ഭക്ഷിക്കരുത്. മൃഗത്തെ മുഴുവനും തലയും കാലുകളും ഉള്‍ഭാഗങ്ങളും ഉള്‍പ്പെടെ ചുട്ട് ഭക്ഷിക്കണം. അതില്‍ അല്പം പോലും അടുത്ത ദിവസത്തേക്കു ശേഷിപ്പിക്കരുത്. ബാക്കി വരുന്നതു ദഹിപ്പിച്ചുകളയണം. അര മുറുക്കി, ചെരുപ്പു ധരിച്ച്, കൈയില്‍ വടിയും പിടിച്ചുകൊണ്ട് തിടുക്കത്തില്‍ നിങ്ങള്‍ അതു ഭക്ഷിക്കണം. അതു സര്‍വേശ്വരന്‍റെ പെസഹ ആണല്ലോ. “അന്നുരാത്രി ഞാന്‍ ഈജിപ്തിലൂടെ കടന്നുപോകും; അവിടെയുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂല്‍സന്തതികളെ ഞാന്‍ സംഹരിക്കും. ഈജിപ്തിലെ എല്ലാ ദേവന്മാരുടെയുംമേല്‍ ഞാന്‍ ശിക്ഷാവിധി നടത്തും; ഞാന്‍ സര്‍വേശ്വരന്‍ ആകുന്നു. നിങ്ങള്‍ പാര്‍ക്കുന്ന വീടുകള്‍ക്ക് രക്തം അടയാളമായിരിക്കും; അതു കാണുമ്പോള്‍ ഞാന്‍ നിങ്ങളെ കടന്നുപോകും; ഈജിപ്തുകാരെ ഞാന്‍ സംഹരിക്കുമ്പോള്‍, ഒരു ബാധയും നിങ്ങളെ നശിപ്പിക്കുകയില്ല. ഈ ദിവസം നിങ്ങള്‍ക്ക് ഓര്‍മനാളായിരിക്കണം; സര്‍വേശ്വരനുവേണ്ടിയുള്ള ഉത്സവമായി ഈ ദിനം ആചരിക്കണം. നിങ്ങളുടെ പിന്‍തലമുറകള്‍ എല്ലാക്കാലത്തും ഈ കല്പന പാലിക്കുകയും വേണം. “ഏഴു ദിവസത്തേക്കു നിങ്ങള്‍ പുളിപ്പു ചേര്‍ക്കാത്ത അപ്പം ഭക്ഷിക്കണം. ആദ്യദിവസം തന്നെ പുളിമാവ് വീട്ടില്‍നിന്നു നീക്കിക്കളയണം. ആരെങ്കിലും ഈ ഏഴു ദിനങ്ങളില്‍ എന്നെങ്കിലും പുളിമാവു ചേര്‍ത്ത അപ്പം ഭക്ഷിച്ചാല്‍ അയാളെ ഇസ്രായേല്യരില്‍നിന്നു ബഹിഷ്കരിക്കണം. ഒന്നാം ദിവസവും ഏഴാം ദിവസവും നിങ്ങള്‍ വിശുദ്ധ ആരാധനയ്‍ക്ക് ഒന്നിച്ചുകൂടണം. ആ ദിവസങ്ങളില്‍ ഒരു ജോലിയും ചെയ്യരുത്. ഭക്ഷണം പാകംചെയ്യുക മാത്രം ആകാം. പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവദിനം നിങ്ങള്‍ ആചരിക്കണം. ഈ ദിവസമാണല്ലോ ഞാന്‍ നിങ്ങളെ കൂട്ടംകൂട്ടമായി ഈജിപ്തില്‍നിന്നു വിമോചിപ്പിച്ചത്. അതുകൊണ്ടു നിങ്ങളുടെ പിന്‍തലമുറകള്‍ ഈ ദിനം ആചരിക്കണമെന്നത് ഒരു ശാശ്വതനിയമമാകുന്നു. ഒന്നാം മാസം പതിന്നാലാം ദിവസം സന്ധ്യമുതല്‍ ഇരുപത്തിയൊന്നാം ദിവസം സന്ധ്യവരെ പുളിപ്പില്ലാത്ത അപ്പം മാത്രമേ നിങ്ങള്‍ ഭക്ഷിക്കാവൂ. ഏഴു ദിവസത്തേക്കു നിങ്ങളുടെ ഭവനങ്ങളില്‍ ഒരിടത്തും പുളിമാവു കാണരുത്. ആരെങ്കിലും സ്വദേശിയോ വിദേശിയോ ആകട്ടെ, ഈ ദിവസങ്ങളില്‍ പുളിപ്പുള്ള അപ്പം ഭക്ഷിച്ചാല്‍ അയാളെ ഇസ്രായേല്യരില്‍നിന്നു ബഹിഷ്കരിക്കണം. പുളിപ്പുചേര്‍ത്ത യാതൊന്നും നിങ്ങള്‍ ഭക്ഷിക്കരുത്; നിങ്ങള്‍ വസിക്കുന്നിടത്തെല്ലാം പുളിപ്പു ചേര്‍ക്കാത്ത അപ്പം മാത്രമേ ഭക്ഷിക്കാവൂ.” പിന്നീട് മോശ ഇസ്രായേലിലെ പ്രമുഖന്മാരെ വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “നിങ്ങളുടെ കുടുംബാംഗങ്ങളുടെ എണ്ണത്തിനൊത്തവിധം പെസഹാക്കുഞ്ഞാടിനെ തിരഞ്ഞെടുത്ത് അവയെ കൊല്ലണം. അതിന്‍റെ രക്തം കുറെ ഒരു പാത്രത്തില്‍ എടുത്ത് ഈസോപ്പ്ചെടിയുടെ കുറെ ചില്ലകള്‍ ചേര്‍ത്തു കെട്ടിയതു രക്തത്തില്‍ മുക്കി കട്ടിളക്കാലുകളിലും മുകള്‍പ്പടിയിലും പുരട്ടണം. നിങ്ങളില്‍ ആരും പുലരുവോളം പുറത്തു പോകരുത്. ഈജിപ്തുകാരെ സംഹരിക്കാന്‍ സര്‍വേശ്വരന്‍ വരും. കട്ടിളക്കാലുകളിലും മുകള്‍പ്പടിയിലും രക്തം കാണുമ്പോള്‍ സര്‍വേശ്വരന്‍ വാതില്‍ ഒഴിഞ്ഞുമാറി കടന്നുപോകും. നിങ്ങളുടെ ഭവനങ്ങളില്‍ പ്രവേശിച്ച് ആരെയും നശിപ്പിക്കാന്‍ അവിടുന്ന് സംഹാരകനെ അനുവദിക്കുകയില്ല. ഈ ആചാരം നിങ്ങളും നിങ്ങളുടെ മക്കളും എല്ലാക്കാലവും അനുഷ്ഠിക്കേണ്ട നിയമമാണ്. സര്‍വേശ്വരന്‍ വാഗ്ദാനം ചെയ്തിരിക്കുന്ന ദേശത്ത് പ്രവേശിച്ചശേഷവും നിങ്ങള്‍ ഇത് അനുഷ്ഠിക്കണം. എന്തിന് ഇത് അനുഷ്ഠിക്കുന്നുവെന്ന് നിങ്ങളുടെ മക്കള്‍ ചോദിച്ചാല്‍, ‘ഇത് സര്‍വേശ്വരന്‍റെ പെസഹായാഗം. അവിടുന്ന് ഒഴിഞ്ഞു കടന്നുപോയി; അങ്ങനെ നമ്മുടെ ഭവനങ്ങളെ രക്ഷിച്ചു’ എന്നു പറയണം.” അപ്പോള്‍ ജനം സാഷ്ടാംഗം വീണു വണങ്ങി. മോശയോടും അഹരോനോടും സര്‍വേശ്വരന്‍ കല്പിച്ചതുപോലെ ചെയ്തു. സിംഹാസനസ്ഥനായ ഫറവോയുടെ ആദ്യജാതനെമുതല്‍ തടവറയില്‍ കിടന്നിരുന്നവന്‍റെ ആദ്യജാതനെവരെ സര്‍വേശ്വരന്‍ സംഹരിച്ചു. മൃഗങ്ങളുടെ കടിഞ്ഞൂലുകളും കൊല്ലപ്പെട്ടു. രാത്രിയില്‍ ഫറവോയും ഉദ്യോഗസ്ഥന്മാരും ഈജിപ്തിലുള്ള സര്‍വജനവും ഉണര്‍ന്നു; ദേശത്തെങ്ങും വലിയ വിലാപം ഉണ്ടായി. കാരണം ഒരു മരണമെങ്കിലും സംഭവിക്കാത്ത ഒരു ഭവനവും അവിടെ ഉണ്ടായിരുന്നില്ല. രാജാവ് രാത്രിയില്‍ത്തന്നെ മോശയെയും അഹരോനെയും വിളിപ്പിച്ചു പറഞ്ഞു: “എന്‍റെ ജനത്തിന്‍റെ ഇടയില്‍നിന്നു നിങ്ങളും നിങ്ങളുടെ ജനവും നിങ്ങള്‍ പറഞ്ഞതുപോലെ സര്‍വേശ്വരനെ ആരാധിക്കാന്‍ പൊയ്‍ക്കൊള്ളുക. നിങ്ങള്‍ ആവശ്യപ്പെട്ടതുപോലെ നിങ്ങളുടെ കന്നുകാലികളെയും ആട്ടിന്‍പറ്റങ്ങളെയും കൂടെ കൊണ്ടുപോകാം. പോകുമ്പോള്‍ എന്നെ അനുഗ്രഹിക്കുകയും വേണം.” അവരുടെ ഇടയില്‍ കൂട്ടമരണം ഉണ്ടാകുമെന്നു ഭയന്ന് ഇസ്രായേല്യരെ ദേശത്തുനിന്ന് പറഞ്ഞയയ്‍ക്കാന്‍ ഈജിപ്തുകാര്‍ തിടുക്കം കൂട്ടി. അതിനാല്‍ മാവു പുളിക്കുന്നതിനു മുമ്പുതന്നെ ജനം അതു പാത്രത്തോടെ തുണിയില്‍ കെട്ടി ചുമലിലേറ്റി. മോശ പറഞ്ഞതുപോലെ തന്നെ, ഇസ്രായേല്‍ജനം ഈജിപ്തുകാരോടു വെള്ളിയാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചിരുന്നു. ഇസ്രായേല്യര്‍ ചോദിക്കുന്നതെന്തും കൊടുക്കാനുള്ള സന്മനസ്സ് സര്‍വേശ്വരന്‍ ഈജിപ്തിലെ ജനങ്ങള്‍ക്കു നല്‌കിയിരുന്നു; അങ്ങനെ അവര്‍ ഈജിപ്തുകാരുടെ സമ്പത്തും കൈക്കലാക്കി. ഇസ്രായേല്‍ജനം രമെസേസില്‍നിന്നു സുക്കോത്തിലേക്കു കാല്‍നടയായി പുറപ്പെട്ടു; സ്‍ത്രീകളെയും കുട്ടികളെയും കൂടാതെ പുരുഷന്മാര്‍ മാത്രം ഏകദേശം ആറു ലക്ഷം പേര്‍ ഉണ്ടായിരുന്നു. ഇസ്രായേല്യരല്ലാത്ത ഒട്ടേറെ ആളുകളും ആടുമാടുകള്‍ അടങ്ങിയ മൃഗസഞ്ചയവും അവരോടൊപ്പം പോയി. ഈജിപ്തില്‍നിന്നും തിടുക്കത്തില്‍ പുറപ്പെടേണ്ടി വന്നതിനാല്‍ അവര്‍ക്കു ഭക്ഷണം തയ്യാറാക്കുന്നതിനോ മാവു പുളിപ്പിക്കുന്നതിനോ സമയം ലഭിച്ചിരുന്നില്ല. അതുകൊണ്ട് അവര്‍ പുളിപ്പില്ലാത്ത അപ്പം ഉണ്ടാക്കി. ഇസ്രായേല്‍ജനം നാനൂറ്റിമുപ്പതു വര്‍ഷം ഈജിപ്തില്‍ താമസിച്ചു. നാനൂറ്റിമുപ്പതു വര്‍ഷം തികഞ്ഞ ദിവസം തന്നെ സര്‍വേശ്വരന്‍റെ ജനസമൂഹം ഈജിപ്തു വിട്ടു. ഈജിപ്തില്‍നിന്ന് അവരെ മോചിപ്പിക്കാന്‍ സര്‍വേശ്വരന്‍ ജാഗ്രതയോടെ കാത്തിരുന്ന രാത്രിയായിരുന്നു അത്. അതുകൊണ്ട് ഇസ്രായേല്‍ജനം തലമുറതലമുറയായി ഈ രാത്രി ജാഗ്രതയോടെ കാത്തിരുന്നു സര്‍വേശ്വരന്‍റെ രാത്രിയായി ആചരിക്കണം. സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “പെസഹ ആചരിക്കാനുള്ള ചട്ടം ഇതാണ്: വിദേശികള്‍ ആരും പെസഹ ഭക്ഷിക്കാന്‍ ഇടയാകരുത്. എന്നാല്‍ നിങ്ങള്‍ വിലയ്‍ക്കു വാങ്ങിയ അടിമ പരിച്ഛേദിതനെങ്കില്‍ പെസഹ ഭക്ഷിച്ചുകൊള്ളട്ടെ. പരദേശിയും കൂലിക്കാരനും അതു ഭക്ഷിക്കരുത്. ഭവനത്തിനുള്ളില്‍ വച്ചുതന്നെ അതു ഭക്ഷിക്കണം. മാംസത്തില്‍ അല്പംപോലും പുറത്തു കൊണ്ടുപോകരുത്. അസ്ഥി ഒന്നും ഒടിക്കയുമരുത്. ഇസ്രായേല്‍സമൂഹം മുഴുവനും ഇത് ആചരിക്കണം. നിങ്ങളുടെകൂടെ പാര്‍ക്കുന്ന പരദേശിക്ക് സര്‍വേശ്വരന്‍റെ പെസഹ ആചരിക്കണമെന്ന് ആഗ്രഹം ജനിച്ചാല്‍ അയാളുടെ പുരുഷസന്താനങ്ങളെല്ലാം പരിച്ഛേദനം സ്വീകരിക്കട്ടെ. പിന്നെ അയാള്‍ക്ക് പെസഹ ആചരിക്കാം. അയാളെ സ്വദേശിയായി കരുതണം. പരിച്ഛേദനം ഏല്‌ക്കാത്ത ഒരുവനും അതു ഭക്ഷിക്കരുത്. സ്വദേശിക്കും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന വിദേശിക്കും ഒരേ നിയമം തന്നെ. സര്‍വേശ്വരന്‍ മോശയോടും അഹരോനോടും കല്പിച്ചതെല്ലാം ഇസ്രായേല്‍ജനം അനുഷ്ഠിച്ചു. ഇസ്രായേല്‍ജനങ്ങളെ അന്നുതന്നെ സര്‍വേശ്വരന്‍ കൂട്ടംകൂട്ടമായി ഈജിപ്തില്‍നിന്നു വിമോചിപ്പിച്ചു. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേലിലെ എല്ലാ ആദ്യജാതന്മാരെയും എനിക്കു സമര്‍പ്പിക്കുക; മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യസന്താനം എനിക്കുള്ളതാണ്.” മോശ ജനത്തോടു പറഞ്ഞു: “അടിമവീടായിരുന്ന ഈജിപ്തില്‍നിന്നു നിങ്ങളെ മോചിപ്പിച്ചു കൊണ്ടുവന്ന ഈ ദിവസം ഓര്‍ത്തുകൊള്ളുക; സര്‍വേശ്വരന്‍ തന്‍റെ ഭുജബലത്താല്‍ നിങ്ങളെ അവിടെനിന്നു കൂട്ടിക്കൊണ്ടുവന്നു; അതുകൊണ്ടു പുളിപ്പുള്ള അപ്പം നിങ്ങള്‍ ഈ ദിവസം ഭക്ഷിക്കരുത്. ആബീബ് മാസത്തിലെ ഈ ദിവസം നിങ്ങള്‍ അവിടെനിന്നു പുറപ്പെട്ടുപോന്നു. കനാന്യര്‍, ഹിത്യര്‍, അമോര്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നീ ജനവര്‍ഗങ്ങള്‍ പാര്‍ക്കുന്ന സ്ഥലം നിങ്ങളുടെ പിതാക്കന്മാര്‍ക്കു നല്‌കുമെന്ന് അവിടുന്ന് വാഗ്ദാനം ചെയ്തിരുന്നു; പാലും തേനും ഒഴുകുന്ന ആ സ്ഥലത്തു സര്‍വേശ്വരന്‍ നിങ്ങളെ എത്തിച്ചശേഷം വര്‍ഷംതോറും ഈ മാസത്തില്‍തന്നെ ഈ പെരുന്നാള്‍ നിങ്ങള്‍ ആചരിക്കണം. ഏഴു ദിവസം നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഏഴാം ദിവസം സര്‍വേശ്വരന് ഉത്സവം ആചരിക്കണം; ഏഴു ദിവസവും പുളിപ്പില്ലാത്ത അപ്പംതന്നെ നിങ്ങള്‍ ഭക്ഷിക്കണം; നിങ്ങളുടെയിടയില്‍ പുളിപ്പുള്ള അപ്പം കാണരുത്; നിങ്ങളുടെ ദേശത്തൊരിടത്തും പുളിമാവുണ്ടായിരിക്കരുത്; ഞാന്‍ ഈജിപ്തു വിട്ടുപോരുമ്പോള്‍ എനിക്കുവേണ്ടി സര്‍വേശ്വരന്‍ ചെയ്ത കാര്യങ്ങള്‍ നിമിത്തം ഞാന്‍ ഇത് ആചരിക്കുന്നു എന്ന് ഉത്സവദിവസം നിന്‍റെ പുത്രനോടു നീ പറയണം. സര്‍വേശ്വരന്‍റെ നിയമം നിന്‍റെ അധരങ്ങളില്‍ ഉണ്ടായിരിക്കാന്‍ ഈ ആചാരം കൈയില്‍ അടയാളമായും നെറ്റിയില്‍ ഒരു സ്മാരകചിഹ്നമായും ഇരിക്കട്ടെ. അവിടുന്നു കരുത്തുറ്റ കരത്താല്‍ നിങ്ങളെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചുവല്ലോ. വര്‍ഷംതോറും നിശ്ചിതസമയത്ത് ഇത് നിങ്ങള്‍ ആചരിക്കണം. “നിങ്ങളോടും നിങ്ങളുടെ പിതാക്കന്മാരോടും സര്‍വേശ്വരന്‍ വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ കനാന്യരുടെ ദേശത്തു നിങ്ങളെ എത്തിക്കുകയും ആ ദേശം നിങ്ങള്‍ക്കു നല്‌കുകയും ചെയ്തശേഷം, നിങ്ങളുടെ കടിഞ്ഞൂല്‍സന്തതികളെയെല്ലാം സര്‍വേശ്വരനായി വേര്‍തിരിക്കണം. മൃഗങ്ങളുടെ കടിഞ്ഞൂലുകളിലും ആണ്‍കുട്ടികള്‍ സര്‍വേശ്വരനുള്ളതാണ്. ഒരു ആട്ടിന്‍കുട്ടിയെ നല്‌കി കഴുതയുടെ കടിഞ്ഞൂല്‍ക്കുട്ടിയെ വീണ്ടെടുക്കാം; വീണ്ടെടുക്കുന്നില്ലെങ്കില്‍ അതിനെ കഴുത്തു പിരിച്ചു കൊല്ലണം; നിങ്ങളുടെ ആദ്യപുത്രന്മാരെയെല്ലാം നിങ്ങള്‍ വീണ്ടെടുക്കണം. പില്‍ക്കാലത്ത് നിന്‍റെ പുത്രന്‍ ഇതിന്‍റെ അര്‍ഥമെന്തെന്നു ചോദിച്ചാല്‍ അവനോടു പറയണം: ‘അടിമവീടായ ഈജിപ്തില്‍നിന്ന് സര്‍വേശ്വരന്‍ തന്‍റെ ഭുജബലത്താല്‍ ഞങ്ങളെ വിമോചിപ്പിച്ചു കൊണ്ടുവന്നു. ഫറവോ കഠിനഹൃദയനായി ഞങ്ങളെ വിട്ടയയ്‍ക്കാന്‍ വിസമ്മതിച്ചപ്പോള്‍ ഈജിപ്തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യസന്തതികളെ അവിടുന്നു സംഹരിച്ചു. അതുകൊണ്ടാണ് കടിഞ്ഞൂലായ ആണ്‍സന്തതികളെ മുഴുവന്‍ സര്‍വേശ്വരനു യാഗമായി അര്‍പ്പിക്കുന്നത്.’ എന്നാല്‍ എന്‍റെ പുത്രന്മാരില്‍ ആദ്യജാതനെ ഞാന്‍ വീണ്ടെടുക്കുന്നു. ഇത് നിന്‍റെ കൈകളില്‍ അടയാളമായും നെറ്റിയില്‍ സ്മാരകചിഹ്നമായും ഇരിക്കട്ടെ; സര്‍വേശ്വരന്‍ കരുത്തുറ്റ കൈകള്‍കൊണ്ട് നമ്മെ ഈജിപ്തില്‍നിന്നു വിടുവിച്ചുവല്ലോ.” ഫറവോ ജനങ്ങളെ വിട്ടയച്ചപ്പോള്‍ ഫെലിസ്ത്യദേശത്തിലൂടെ പോകുന്നതായിരുന്നു എളുപ്പമെങ്കിലും യുദ്ധം ഉണ്ടായാല്‍ ജനം മനസ്സു മാറി ഈജിപ്തിലേക്കു മടങ്ങിയാലോ എന്നു കരുതി ദൈവം അവരെ ആ വഴി നയിച്ചില്ല. അങ്ങനെ മണലാരണ്യത്തിലെ വളഞ്ഞ വഴിയിലൂടെയാണ് അവിടുന്ന് അവരെ ചെങ്കടല്‍ത്തീരത്തേക്കു നയിച്ചത്. എന്നാല്‍ ഇസ്രായേല്‍ജനം യുദ്ധസന്നദ്ധരായിട്ടാണ് ഈജിപ്തില്‍നിന്നു പുറപ്പെട്ടത്. “ദൈവം തീര്‍ച്ചയായും നിങ്ങളെ കടാക്ഷിച്ചു വിടുവിക്കും. അപ്പോള്‍ എന്‍റെ അസ്ഥികള്‍ കൂടി നിങ്ങള്‍ കൊണ്ടുപോകണം” എന്നു യോസേഫ് ഇസ്രായേല്‍ജനങ്ങളെക്കൊണ്ടു സത്യം ചെയ്യിച്ചിരുന്നതനുസരിച്ച് മോശ യോസേഫിന്‍റെ അസ്ഥികളും എടുത്തിരുന്നു. അവര്‍ സുക്കോത്തില്‍നിന്നു പുറപ്പെട്ട് മരുഭൂമിയുടെ അതിര്‍ത്തിയിലുള്ള ഏഥാമില്‍ പാളയമടിച്ചു. അവര്‍ക്ക് രാവും പകലും യാത്ര ചെയ്യാനാകുംവിധം അവരെ നയിച്ചുകൊണ്ട് പകല്‍ മേഘസ്തംഭത്തിലും അവര്‍ക്ക് വെളിച്ചം പകര്‍ന്നുകൊണ്ടു രാത്രി അഗ്നിസ്തംഭത്തിലുമായി സര്‍വേശ്വരന്‍ അവര്‍ക്കു മുമ്പേ പൊയ്‍ക്കൊണ്ടിരുന്നു. പകല്‍ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്‍റെ മുമ്പില്‍നിന്ന് അപ്രത്യക്ഷമായില്ല. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “തിരിച്ചു പോയി മിഗ്ദോലിനും കടലിനുമിടയ്‍ക്ക് ബാല്‍സെഫോനു മുമ്പിലായി പിഹഹിരോത്തിനു സമീപം കടല്‍ത്തീരത്തു പാളയമടിക്കാന്‍ ഇസ്രായേല്‍ജനത്തോടു പറയുക.” അപ്പോള്‍ ഫറവോ, “ഇതാ ഇസ്രായേല്‍ജനം അലഞ്ഞു തിരിയുന്നു. അവര്‍ മരുഭൂമിയില്‍ കുടുങ്ങിയിരിക്കുന്നു” എന്ന് വിചാരിക്കും. ഫറവോയുടെ ഹൃദയം ഞാന്‍ കഠിനമാക്കും; അവന്‍ അവരെ പിന്തുടരും. ഫറവോയുടെയും അവന്‍റെ സകല സൈന്യങ്ങളുടെയുംമേല്‍ ഞാന്‍ മഹത്ത്വം കൈവരിക്കും. അപ്പോള്‍ ഞാനാണ് സര്‍വേശ്വരന്‍ എന്ന് ഈജിപ്തുകാര്‍ അറിയും.” സര്‍വേശ്വരന്‍ കല്പിച്ചതുപോലെ ഇസ്രായേല്‍ജനം ചെയ്തു. ഇസ്രായേല്‍ജനം നാടുവിട്ടു എന്ന് അറിഞ്ഞപ്പോള്‍ ഈജിപ്തിലെ ഫറവോയുടെയും സേവകരുടെയും മനസ്സു മാറി. “നാം എന്താണു ചെയ്തത്? നമ്മുടെ അടിമകളെ നാം വിട്ടയച്ചുകളഞ്ഞല്ലോ” എന്നവര്‍ പരിതപിച്ചു. ഇസ്രായേല്യരെ പിന്തുടരാന്‍ ഫറവോ രഥങ്ങളെയും സൈന്യത്തെയും സജ്ജമാക്കി. മികച്ച അറുനൂറു രഥങ്ങള്‍ ഉള്‍പ്പെടെ അനേകം രഥങ്ങളും പടനായകന്മാരും അടങ്ങിയ സൈന്യം പുറപ്പെട്ടു. ഈജിപ്തിലെ രാജാവായ ഫറവോയുടെ ഹൃദയം സര്‍വേശ്വരന്‍ കഠിനമാക്കി; വിജയാഹ്ലാദത്തോടെ യാത്രയായ ഇസ്രായേല്യരെ ഫറവോ പിന്തുടര്‍ന്നു. ഫറവോയുടെ സൈന്യം കുതിരകളും രഥങ്ങളും തേരാളികളുമായി ഇസ്രായേല്‍ജനത്തെ പിന്തുടര്‍ന്നു. അവര്‍ ബാല്‍സെഫോന് അഭിമുഖമായി പിഹഹിരോത്തിനു സമീപം കടല്‍ത്തീരത്തു പാളയമടിച്ചിരുന്ന ഇസ്രായേല്യരുടെ അടുത്തെത്തി. ഫറവോയും ഈജിപ്തുകാരും അണിയണിയായി തങ്ങള്‍ക്കു നേരെ വരുന്നത് ഇസ്രായേല്യര്‍ കണ്ടു. ഭയപരവശരായ അവര്‍ സര്‍വേശ്വരനെ വിളിച്ചുകരഞ്ഞു; അവര്‍ മോശയോടു ചോദിച്ചു: “ഈജിപ്തില്‍ ശവക്കുഴികളില്ലാഞ്ഞിട്ടാണോ മരിക്കാന്‍ ഈ മരുഭൂമിയില്‍ ഞങ്ങളെ കൊണ്ടുവന്നത്? ഇപ്പോള്‍ ഞങ്ങളുടെ അവസ്ഥ നോക്കുക. ഞങ്ങളെ വെറുതെ വിട്ടേക്കുക; അടിമപ്പണി ചെയ്ത് ഞങ്ങള്‍ കഴിഞ്ഞുകൊള്ളാം എന്ന് ഈജിപ്തില്‍വച്ച് പറഞ്ഞതല്ലേ? ഈ മരുഭൂമിയില്‍വച്ച് മരിക്കുന്നതിലും ഭേദം ഈജിപ്തുകാര്‍ക്ക് അടിമവേല ചെയ്യുകയായിരുന്നു.” മോശ ജനത്തോടു പറഞ്ഞു: “ഭയപ്പെടാതെ ഉറച്ചുനില്‌ക്കുക; നിങ്ങളുടെ രക്ഷയ്‍ക്കുവേണ്ടി സര്‍വേശ്വരന്‍ ഇന്ന് എന്തു ചെയ്യുമെന്നു കാണുക; ഇന്നു കാണുന്ന ഈജിപ്തുകാരെ നിങ്ങള്‍ ഇനി ഒരിക്കലും കാണുകയില്ല. അവിടുന്നു നിങ്ങള്‍ക്കുവേണ്ടി പൊരുതും; ശാന്തരായിരിക്കുക.” സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “നീ എന്നോടു നിലവിളിക്കുന്നതെന്ത്? മുമ്പോട്ടു നീങ്ങാന്‍ ഇസ്രായേല്‍ജനത്തോടു പറയുക. കടലിനുനേരെ നീ വടി നീട്ടി അതിനെ വിഭജിക്കുക; ഇസ്രായേല്‍ജനം അതിന്‍റെ നടുവേ ഉണങ്ങിയ നിലത്തിലൂടെ കടന്നുപോകട്ടെ. ഈജിപ്തുകാരെ ഞാന്‍ കഠിനഹൃദയരാക്കും; അവര്‍ ഇസ്രായേല്യരെ പിന്തുടരും; ഫറവോയുടെയും രഥങ്ങളുടെയും കുതിരപ്പടയുടെയുംമേല്‍ ഞാന്‍ വിജയം കൈവരിക്കും. അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്ന് ഈജിപ്തുകാര്‍ അറിയും.” ഇസ്രായേല്യരുടെ മുമ്പില്‍ സഞ്ചരിച്ചിരുന്ന ദൈവദൂതന്‍ അവരുടെ പിമ്പിലേക്കു വന്നു; മുമ്പില്‍ പൊയ്‍ക്കൊണ്ടിരുന്ന മേഘസ്തംഭവും പിമ്പിലേക്കു നീങ്ങി, ഇസ്രായേല്യരുടെയും ഈജിപ്തുകാരുടെയും പാളയങ്ങള്‍ക്കു മധ്യേ നിലയുറപ്പിച്ചു. മേഘം ഈജിപ്തുകാരുടെമേല്‍ ഇരുട്ടു വരുത്തി; ഇസ്രായേല്യര്‍ക്ക് വെളിച്ചം ലഭിക്കുകയും ചെയ്തു; അതുകൊണ്ട് അവര്‍ തമ്മില്‍ അടുക്കാനാകാതെ രാത്രി കഴിഞ്ഞു; മോശ കടലിന്‍റെ നേരേ കൈ നീട്ടി; രാത്രി മുഴുവനും സര്‍വേശ്വരന്‍ ശക്തമായ ഒരു കിഴക്കന്‍കാറ്റ് അടിപ്പിച്ചു; കടല്‍ പിന്നോക്കം ഇറങ്ങി; വെള്ളം വിഭജിക്കപ്പെട്ടു; ഉണങ്ങിയ നിലം തെളിഞ്ഞു; ഇസ്രായേല്‍ജനം കടലിന്‍റെ നടുവില്‍ ഉണങ്ങിയ നിലത്തുകൂടെ കടന്നുപോയി; അവരുടെ വലത്തും ഇടത്തും വെള്ളം മതില്‍പോലെ നിന്നു. ഈജിപ്തുകാര്‍ അവരെ പിന്തുടര്‍ന്നു. ഫറവോയുടെ കുതിരപ്പടയും രഥങ്ങളും കടലിന്‍റെ നടുവിലെത്തി. സൂര്യോദയത്തിനുമുമ്പു സര്‍വേശ്വരന്‍ മേഘസ്തംഭത്തിലും അഗ്നിസ്തംഭത്തിലും നിന്നുകൊണ്ട് ഈജിപ്തുകാരുടെ സൈന്യങ്ങളെ നോക്കി അവരെ പരിഭ്രാന്തരാക്കി. അവരുടെ രഥചക്രങ്ങള്‍ മണ്ണില്‍ പുതഞ്ഞുപോയതിനാല്‍ അവര്‍ക്കു മുമ്പോട്ടു പോകാന്‍ കഴിഞ്ഞില്ല. ഈജിപ്തുകാര്‍ പറഞ്ഞു: “സര്‍വേശ്വരന്‍ അവര്‍ക്കുവേണ്ടി നമുക്കെതിരെ പൊരുതുകയാണ്; നമുക്ക് ഓടി രക്ഷപെടാം.” സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “നീ കടലിന്‍റെ നേരേ കൈ നീട്ടുക; വെള്ളം മടങ്ങിവന്ന് ഈജിപ്തുകാരുടെ രഥങ്ങളെയും കുതിരപ്പടയെയും അവരുടെ സര്‍വസൈന്യത്തെയും മൂടട്ടെ.” മോശ കടലിന്‍റെ നേരേ കൈ നീട്ടി; പിറ്റേന്നു പ്രഭാതമായപ്പോഴേക്കും വെള്ളം പൂര്‍വസ്ഥിതിയിലെത്തി; ഈജിപ്തുകാര്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും സര്‍വേശ്വരന്‍ അവരെ കടലിന്‍റെ നടുവില്‍ ആഴ്ത്തിക്കളഞ്ഞു. മടങ്ങിവന്ന വെള്ളം രഥങ്ങളെയും കുതിരപ്പടയെയും ഇസ്രായേല്യരെ പിന്തുടര്‍ന്ന ഫറവോയുടെ സര്‍വസൈന്യത്തെയും മൂടിക്കളഞ്ഞു; അവരില്‍ ആരും ശേഷിച്ചില്ല. വെള്ളം ഇരുവശങ്ങളിലും മതില്‍പോലെ നിന്നതുകൊണ്ട് ഇസ്രായേല്യര്‍ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി. അങ്ങനെ സര്‍വേശ്വരന്‍ ഇസ്രായേല്യരെ ഈജിപ്തുകാരില്‍നിന്നു രക്ഷിച്ചു; ഈജിപ്തുകാരുടെ ശവശരീരങ്ങള്‍ കടല്‍ത്തീരത്ത് അടിഞ്ഞുകിടക്കുന്നത് ഇസ്രായേല്യര്‍ കണ്ടു. അവര്‍ക്കെതിരായി അവിടുന്നു ചെയ്ത മഹാദ്ഭുതം ഇസ്രായേല്‍ജനം ഗ്രഹിച്ചു; അവര്‍ ഭയഭക്തിമൂലം സര്‍വേശ്വരനിലും അവിടുത്തെ ദാസനായ മോശയിലും വിശ്വസിച്ചു. മോശയും ഇസ്രായേല്‍ജനവും സര്‍വേശ്വരനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഈ ഗാനം പാടി: ഞാന്‍ സര്‍വേശ്വരനു സ്തുതിപാടും. അവിടുന്നു മഹത്ത്വപൂര്‍ണമായ വിജയം വരിച്ചിരിക്കുന്നു. അശ്വങ്ങളെയും അശ്വാരൂഢരെയും അവിടുന്ന് ആഴിയില്‍ എറിഞ്ഞുകളഞ്ഞു. സര്‍വേശ്വരന്‍ എന്‍റെ ശക്തിയും എന്‍റെ ഗാനവും; അവിടുന്ന് എനിക്ക് രക്ഷയരുളി. അവിടുന്ന് എന്‍റെ ദൈവം; ഞാന്‍ അവിടുത്തെ പ്രകീര്‍ത്തിക്കും. അവിടുന്ന് എന്‍റെ പിതാവിന്‍റെ ദൈവം, ഞാന്‍ അവിടുത്തെ കീര്‍ത്തിക്കും. അവിടുന്നു യുദ്ധവീരന്‍! സര്‍വേശ്വരന്‍ എന്നാണ് അവിടുത്തെ നാമം. ഫറവോയുടെ രഥങ്ങളെയും സൈന്യങ്ങളെയും അവിടുന്ന് ആഴിയില്‍ എറിഞ്ഞു. അവന്‍റെ മികച്ച സേനാധിപന്മാര്‍ ചെങ്കടലില്‍ മുങ്ങിമരിച്ചു. പെരുവെള്ളം അവരെ വിഴുങ്ങി, കല്ലുപോലെ അവര്‍ അഗാധതയില്‍ ആണ്ടു; സര്‍വേശ്വരാ, അവിടുത്തെ വലങ്കൈ മഹാശക്തിയാല്‍ മഹിമപ്പെട്ടിരിക്കുന്നു. അവിടുത്തെ വലങ്കൈ വൈരികളെ ചിതറിക്കുന്നു. അവിടുത്തെ മഹാപ്രഭാവത്താല്‍ പ്രതിയോഗികളെ തകര്‍ക്കുന്നു. അവിടുത്തെ ക്രോധാഗ്നി അവരെ വയ്‍ക്കോലെന്നപോലെ ദഹിപ്പിക്കുന്നു. അവിടുത്തെ നിശ്വാസത്താല്‍ വെള്ളം കുന്നുകൂടി ജലപ്രവാഹം മതില്‍പോലെ നിന്നു, അഗാധതലം ഉറഞ്ഞു കട്ടിയായി. എതിരാളി വമ്പു പറഞ്ഞു: “ഞാന്‍ അവരെ പിന്തുടര്‍ന്നു പിടിക്കും; കൊള്ളമുതല്‍ പങ്കിടും; എന്‍റെ അഭിലാഷം ഞാന്‍ നിറവേറ്റും. ഞാന്‍ വാളൂരി അവരെ സംഹരിക്കും.” അവിടുന്നു കാറ്റടിപ്പിച്ചു, കടല്‍ അവരെ മൂടി. ഈയക്കട്ടിപോലെ അവര്‍ അഗാധതയില്‍ താണു. സര്‍വേശ്വരാ, ദേവന്മാരില്‍ അങ്ങേക്കു തുല്യന്‍ ആരുള്ളൂ? അങ്ങ് വിശുദ്ധിയില്‍ മഹത്ത്വമാര്‍ന്നവന്‍, ഭക്ത്യാദരങ്ങള്‍ക്ക് അര്‍ഹന്‍, അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവന്‍, അങ്ങേക്കു സമനായി ആരുള്ളൂ? അവിടുന്നു വലങ്കൈ നീട്ടി; ഭൂമി അവരെ വിഴുങ്ങി. “അവിടുന്നു വീണ്ടെടുത്ത ജനത്തെ അവിടുത്തെ സുസ്ഥിരസ്നേഹത്താലും ശക്തിയാലും നയിച്ച് വിശുദ്ധനിവാസത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു.” ഇതുകേട്ടു ജനതകള്‍ നടുങ്ങുന്നു; ഫെലിസ്ത്യനിവാസികള്‍ വിറയ്‍ക്കുന്നു; എദോംപ്രഭുക്കന്മാര്‍ പരിഭ്രാന്തരാകുന്നു; മോവാബ്യജനപ്രമാണികള്‍ നടുങ്ങുന്നു; കനാന്‍നിവാസികളുടെ ധൈര്യം ക്ഷയിക്കുന്നു. അവിടുത്തെ ഈ ജനം, സര്‍വേശ്വരാ, അവിടുന്നു വീണ്ടെടുത്ത ജനംതന്നെ കടന്നുപോകുന്നതുവരെ ഭയവും പരിഭ്രാന്തിയും അവരെ ഉലയ്‍ക്കട്ടെ. അവിടുത്തെ കരബലം കണ്ട് അവര്‍ ശിലപോലെ നിശ്ചലരാകട്ടെ. തിരുനിവാസമായി നിര്‍മ്മിച്ച മന്ദിരത്തിലേക്ക്, അവിടുന്നു സ്ഥാപിച്ച വിശുദ്ധമന്ദിരത്തിലേക്കുതന്നെ, അവരെ ആനയിച്ച് അവിടുത്തെ അവകാശമായ പര്‍വതത്തില്‍ അവരെ നട്ടുപിടിപ്പിക്കും. സര്‍വേശ്വരന്‍ എന്നെന്നേക്കും രാജാവായി വാഴും. ഫറവോയുടെ കുതിരകളും രഥങ്ങളും കുതിരപ്പടയും കടലിന്‍റെ നടുവിലെത്തിയപ്പോള്‍ സര്‍വേശ്വരന്‍ സമുദ്രജലത്തെ മടക്കിവരുത്തി, അത് അവരെ മൂടി. എന്നാല്‍ ഇസ്രായേല്‍ജനം കടലിന്‍റെ നടുവില്‍ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി. അപ്പോള്‍ അഹരോന്‍റെ സഹോദരിയായ മിര്യാം എന്ന പ്രവാചകി തപ്പ് എടുത്തു; സ്‍ത്രീകളെല്ലാം തപ്പുകൊട്ടി നൃത്തം ചെയ്ത് അവളെ അനുഗമിച്ചു. മിര്യാം അവര്‍ക്ക് പാടിക്കൊടുത്തു: “സര്‍വേശ്വരനു സ്തുതിപാടുവിന്‍; അവിടുന്ന് മഹത്ത്വപൂര്‍വം വിജയിച്ചിരിക്കുന്നു; അശ്വങ്ങളെയും അശ്വാരൂഢരെയും അവിടുന്ന് ആഴിയില്‍ എറിഞ്ഞല്ലോ.” മോശ ഇസ്രായേല്‍ജനത്തെ ചെങ്കടലില്‍നിന്നു മുമ്പോട്ടു നയിച്ചു; അവര്‍ ശൂര്‍മരുഭൂമിയിലെത്തി; മൂന്നു ദിവസം യാത്രചെയ്തിട്ടും അവര്‍ എങ്ങും വെള്ളം കണ്ടെത്തിയില്ല; ഒടുവില്‍ ഒരിടത്ത് അവര്‍ വെള്ളം കണ്ടു. അത് കുടിക്കാനാവാത്തവിധം കയ്പുള്ളതായിരുന്നു. ആ സ്ഥലത്തിന് മാറാ എന്ന പേരു ലഭിച്ചു. “ഞങ്ങള്‍ എന്തു കുടിക്കും” എന്നു പറഞ്ഞു ജനം മോശയ്‍ക്കെതിരെ പിറുപിറുത്തു. മോശ സര്‍വേശ്വരനോടപേക്ഷിച്ചു; അവിടുന്ന് ഒരു മരം കാണിച്ചുകൊടുത്തു. മോശ അത് ആ വെള്ളത്തിലിട്ടപ്പോള്‍ അതു മധുരജലമായിത്തീര്‍ന്നു. അവിടെവച്ച് സര്‍വേശ്വരന്‍ ജനത്തിന് നിയമം നല്‌കി; അവിടുന്ന് അവരെ പരീക്ഷിച്ചു. അവരോടു പറഞ്ഞു: “നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ വാക്കു ശ്രദ്ധയോടെ കേട്ട് അവിടുത്തെ ഹിതം പ്രവര്‍ത്തിക്കുകയും അവിടുത്തെ നിയമം അനുസരിക്കുകയും ചെയ്താല്‍ ഈജിപ്തുകാര്‍ക്കു വരുത്തിയ വ്യാധികളൊന്നും നിങ്ങളുടെമേല്‍ വരുത്തുകയില്ല; ഞാന്‍ നിങ്ങള്‍ക്ക് സൗഖ്യം നല്‌കുന്ന സര്‍വേശ്വരന്‍ ആകുന്നു. പിന്നെ അവര്‍ ഏലീമില്‍ എത്തി; അവിടെ പന്ത്രണ്ട് നീരുറവുകളും എഴുപത് ഈന്തപ്പനകളും ഉണ്ടായിരുന്നു; നീരുറവുകള്‍ക്കരികെ അവര്‍ പാളയമടിച്ചു. ഇസ്രായേല്‍ജനം ഏലീമില്‍നിന്നു യാത്ര തുടര്‍ന്നു. ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്‍റെ രണ്ടാം മാസം പതിനഞ്ചാം ദിവസം അവര്‍ ഏലീമിനും സീനായിക്കും ഇടയ്‍ക്കുള്ള സീന്‍ മരുഭൂമിയില്‍ എത്തി. മരുഭൂമിയില്‍വച്ച് ഇസ്രായേല്‍ജനം മോശയ്‍ക്കും അഹരോനുമെതിരെ പിറുപിറുത്തു. അവര്‍ പറഞ്ഞു: “ഈജിപ്തില്‍വച്ചുതന്നെ സര്‍വേശ്വരന്‍ ഞങ്ങളെ കൊന്നിരുന്നെങ്കില്‍ നന്നായിരുന്നു. അവിടെ ഞങ്ങള്‍ അപ്പവും ഇറച്ചിയും വേണ്ടുവോളം ഭക്ഷിച്ചിരുന്നു; പട്ടിണികൊണ്ടു മരിക്കാന്‍ ജനത്തെ മുഴുവനും നിങ്ങള്‍ ഈ മരുഭൂമിയില്‍ കൊണ്ടുവന്നിരിക്കുന്നു.” അപ്പോള്‍ സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ആകാശത്തുനിന്നു ഞാന്‍ നിങ്ങള്‍ക്കു ഭക്ഷണം വര്‍ഷിക്കും; ജനം പുറത്തിറങ്ങി അതതു ദിവസത്തേക്കു വേണ്ടതു ശേഖരിക്കട്ടെ. അവര്‍ എന്‍റെ കല്പന അനുസരിക്കുമോ എന്ന് ഇങ്ങനെ ഞാന്‍ പരീക്ഷിച്ചുനോക്കും. ആറാം ദിവസം ശേഖരിച്ചതു പാകം ചെയ്യുമ്പോള്‍ ദിവസംതോറും ശേഖരിച്ചതിന്‍റെ ഇരട്ടി ഉണ്ടായിരിക്കും.” മോശയും അഹരോനും എല്ലാ ഇസ്രായേല്യരോടുമായി പറഞ്ഞു: “നിങ്ങളെ ഈജിപ്തില്‍നിന്നു വിടുവിച്ചു കൊണ്ടുവന്നതു സര്‍വേശ്വരന്‍ തന്നെയെന്നു നിങ്ങള്‍ ഇന്നു വൈകിട്ടു മനസ്സിലാക്കും. പ്രഭാതത്തില്‍ നിങ്ങള്‍ സര്‍വേശ്വരന്‍റെ മഹത്ത്വം ദര്‍ശിക്കും; അവിടുത്തേക്ക് എതിരായി നിങ്ങള്‍ പിറുപിറുക്കുന്നത് അവിടുന്നു കേട്ടിരിക്കുന്നു; നിങ്ങള്‍ ഞങ്ങളുടെ നേരേ പിറുപിറുക്കാന്‍ ഞങ്ങള്‍ ആരാണ്? രാവിലെ നിങ്ങള്‍ക്കു വേണ്ടിടത്തോളം അപ്പവും വൈകിട്ടു മാംസവും സര്‍വേശ്വരന്‍ നല്‌കുമ്പോള്‍ അവിടുത്തേക്കെതിരെ നിങ്ങള്‍ പിറുപിറുത്തത് അവിടുന്നു കേട്ടിരിക്കുന്നു എന്നു നിങ്ങള്‍ അറിയും. നിങ്ങളുടെ പിറുപിറുപ്പ്, ഞങ്ങള്‍ക്കെതിരെയല്ല വാസ്തവത്തില്‍ സര്‍വേശ്വരനെതിരെയാണ്.” മോശ അഹരോനോടു പറഞ്ഞു: “ഇസ്രായേല്‍ജനങ്ങളോടു പറയുക. സര്‍വേശ്വരന്‍റെ സന്നിധിയിലേക്കു വരിക; നിങ്ങളുടെ ആവലാതി അവിടുന്ന് കേട്ടിരിക്കുന്നു.” അഹരോന്‍ ജനത്തോടു സംസാരിക്കുമ്പോള്‍ തന്നെ അവര്‍ മരുഭൂമിയിലേക്ക് നോക്കി; അപ്പോള്‍ സര്‍വേശ്വരന്‍റെ തേജസ്സ് മേഘത്തില്‍ അവര്‍ക്ക് ദൃശ്യമായി. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഞാന്‍ ഇസ്രായേല്‍ജനങ്ങളുടെ ആവലാതി കേട്ടിരിക്കുന്നു; ഇന്നു വൈകുന്നേരം അവര്‍ക്കു മാംസം ലഭിക്കുമെന്ന് അവരോടു പറയുക; പ്രഭാതത്തില്‍ അവര്‍ അപ്പംകൊണ്ടും തൃപ്തരാകും. അപ്പോള്‍ ഞാനാണ് നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെന്ന് നിങ്ങള്‍ അറിയും.” വൈകുന്നേരം കാടപ്പക്ഷികള്‍ വന്നു പാളയം മൂടി. പ്രഭാതമായപ്പോള്‍ പാളയത്തിനു ചുറ്റും മഞ്ഞു വീണു കിടന്നു; മഞ്ഞു മാറിയപ്പോള്‍ അവലുപോലെ നേരിയ ശകലങ്ങള്‍ ഉറഞ്ഞ മഞ്ഞുപോലെ മൂടിയിരിക്കുന്നത് അവര്‍ കണ്ടു. അതുകണ്ട് ‘ഇതെന്ത്’ എന്ന് അവര്‍ പരസ്പരം ചോദിച്ചു; അത് എന്തെന്ന് അവര്‍ക്ക് മനസ്സിലായില്ല. അപ്പോള്‍ മോശ പറഞ്ഞു: ‘ഇതാണ് സര്‍വേശ്വരന്‍ നിങ്ങള്‍ക്കു തന്നിരിക്കുന്ന ഭക്ഷണം.’ അവിടുത്തെ കല്പന ഇതാകുന്നു: നിങ്ങളില്‍ ഓരോരുവനും ഭക്ഷിക്കാവുന്നിടത്തോളം ശേഖരിച്ചുകൊള്ളുക; ഓരോ കൂടാരത്തിലും ഉള്ളവരുടെ എണ്ണമനുസരിച്ച് ആളൊന്നിന് ഇടങ്ങഴി വീതം ശേഖരിക്കാം.” ഇസ്രായേല്‍ജനം അപ്രകാരം ചെയ്തു; അവരവര്‍ക്കു വേണ്ടുവോളം ഓരോരുത്തരും ശേഖരിച്ചു. ചിലര്‍ കൂടുതലും ചിലര്‍ കുറച്ചും പെറുക്കി. എന്നാല്‍ അളന്നുനോക്കിയപ്പോള്‍ കൂടുതല്‍ പെറുക്കിയവര്‍ക്കു കൂടുതലോ കുറച്ചു പെറുക്കിയവര്‍ക്കു കുറവോ കണ്ടില്ല; മോശ അവരോടു പറഞ്ഞു: “ആരും അതില്‍ നിന്നു പിറ്റേദിവസത്തേക്ക് നീക്കിവയ്‍ക്കരുത്. എന്നാല്‍ ചിലര്‍ അതു കൂട്ടാക്കാതെ അടുത്ത ദിവസത്തേക്കു കുറെ ശേഷിപ്പിച്ചു; അതെല്ലാം പുഴുത്തു നാറി; മോശ അവരെ ശകാരിച്ചു. അവര്‍ക്കു ഭക്ഷിക്കാവുന്നിടത്തോളം പ്രഭാതംതോറും അവര്‍ ശേഖരിച്ചുവന്നു; വെയിലുറയ്‍ക്കുമ്പോള്‍ അത് ഉരുകിപ്പോകുമായിരുന്നു. ആറാം ദിവസം പതിവില്‍ ഇരട്ടി, രണ്ടിടങ്ങഴി വീതം അവര്‍ ശേഖരിച്ചു. ജനപ്രമാണികള്‍ വന്ന് വിവരം അറിയിച്ചപ്പോള്‍ മോശ അവരോടു പറഞ്ഞു: “സര്‍വേശ്വരന്‍റെ കല്പന ഇതാണ്: നാളെ വിശ്രമദിനമാണ്. അവിടുത്തെ വിശുദ്ധമായ ശബത്തുദിനം പ്രമാണിച്ച്. ഇന്നുതന്നെ ചുടാനുള്ളതു ചുടുകയും പുഴുങ്ങാനുള്ളതു പുഴുങ്ങുകയും ചെയ്യുക. അധികമുള്ള ഭക്ഷണം പിറ്റേദിവസത്തേക്കു സൂക്ഷിക്കുക.” മോശ കല്പിച്ചതുപോലെ പിറ്റേദിവസത്തേക്ക് അവര്‍ കരുതിവച്ച ഭക്ഷണം കേടായില്ല; അവയില്‍ കൃമി ഉണ്ടായതുമില്ല. മോശ പറഞ്ഞു: “അത് ഇന്നു ഭക്ഷിക്കാം; ഇന്നു സര്‍വേശ്വരന്‍റെ ശബത്താകുന്നു. പാളയത്തിനു പുറത്ത് ആ വസ്തു ഇന്നു കാണുകയില്ല. ആറു ദിവസം നിങ്ങള്‍ അതു ശേഖരിക്കണം; ഏഴാം ദിവസം ശബത്താകയാല്‍ അതു കാണുകയില്ല. ശബത്തില്‍ ചിലര്‍ അതു ശേഖരിക്കാന്‍ പോയെങ്കിലും അത് കണ്ടില്ല. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “എന്‍റെ ആജ്ഞയും പ്രമാണങ്ങളും നിങ്ങള്‍ എത്രനാള്‍ ധിക്കരിക്കും? ശബത്തുദിനം നിങ്ങള്‍ക്കു തന്നതു സര്‍വേശ്വരനാണെന്ന് ഓര്‍ക്കുക; അതുകൊണ്ടാണ് ആറാം ദിവസം രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം അവിടുന്ന് തരുന്നത്; ഏഴാം ദിവസം ആരും തന്‍റെ ഭവനത്തില്‍നിന്നോ സ്ഥലത്തുനിന്നോ പുറത്തുപോകരുത്. അതനുസരിച്ച് ഏഴാം ദിവസം ജനങ്ങള്‍ വിശ്രമിച്ചു. ഇസ്രായേല്‍ജനങ്ങള്‍ ആ ഭക്ഷണപദാര്‍ഥത്തിനു ‘മന്ന’ എന്നു പേരിട്ടു; അത് കൊത്തമല്ലിയുടെ ആകൃതിയുള്ളതും വെളുത്തതും തേന്‍ചേര്‍ത്ത അടപോലെ രുചികരവും ആയിരുന്നു. മോശ പറഞ്ഞു: “നിങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നപ്പോള്‍ മരുഭൂമിയില്‍വച്ചു ഞാന്‍ നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ നല്‌കിയത് ഇതായിരുന്നു എന്നു ഭാവിതലമുറ മനസ്സിലാക്കുന്നതിന് ഇടങ്ങഴി മന്ന സൂക്ഷിച്ചുവയ്‍ക്കണമെന്നു സര്‍വേശ്വരന്‍ കല്പിക്കുന്നു.” മോശ അഹരോനോടു പറഞ്ഞു: “ഒരു ഭരണിയില്‍ ഇടങ്ങഴി മന്ന നിറച്ച് നിങ്ങളുടെ ഭാവിതലമുറയ്‍ക്ക് കാണാന്‍ സര്‍വേശ്വരന്‍റെ സന്നിധിയില്‍ വയ്‍ക്കുക.” സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ അഹരോന്‍ അതു സാക്ഷ്യപേടകത്തിന്‍റെ മുമ്പില്‍ സൂക്ഷിച്ചുവച്ചു. ആവാസയോഗ്യമായ കനാന്‍ദേശത്ത് എത്തുന്നതുവരെ നാല്പതു വര്‍ഷം ജനങ്ങള്‍ മന്ന ഭക്ഷിച്ചു. അന്ന് അളവുപാത്രമായി ഉപയോഗിച്ചിരുന്ന ഓമര്‍ ഏഫെയുടെ പത്തിലൊന്നായിരുന്നു. സര്‍വേശ്വരന്‍റെ കല്പനപ്രകാരം ഇസ്രായേല്‍ജനം മുഴുവന്‍ സീന്‍മരുഭൂമിയില്‍നിന്നു പുറപ്പെട്ട് രെഫീദീമില്‍ എത്തി പാളയമടിച്ചു; അവിടെ അവര്‍ക്കു കുടിക്കാന്‍ വെള്ളമില്ലായിരുന്നു. “ഞങ്ങള്‍ക്കു കുടിക്കാന്‍ വെള്ളം തരിക” എന്നു പറഞ്ഞു ജനങ്ങള്‍ മോശയോട് ആവലാതിപ്പെട്ടു. മോശ അവരോടു പറഞ്ഞു: “നിങ്ങള്‍ എന്നോടു കലഹിക്കുന്നതെന്ത്? സര്‍വേശ്വരനെ എന്തിനു പരീക്ഷിക്കുന്നു?” ദാഹിച്ചു വലഞ്ഞ ജനം പിറുപിറുത്തുകൊണ്ടു മോശയോടു പറഞ്ഞു: “ഞങ്ങളും ഞങ്ങളുടെ കുട്ടികളും കന്നുകാലികളും ദാഹിച്ചു മരിക്കാനാണോ നീ ഈജിപ്തില്‍നിന്നു ഞങ്ങളെ വിടുവിച്ചു കൊണ്ടുവന്നത്?” മോശ സര്‍വേശ്വരനോടു നിലവിളിച്ചു പറഞ്ഞു: “ഈ ജനത്തോടു ഞാന്‍ എന്തു ചെയ്യും? നിമിഷങ്ങള്‍ക്കകം എന്നെ അവര്‍ കല്ലെറിയും.” സര്‍വേശ്വരന്‍ മോശയോട് കല്പിച്ചു: “ഏതാനും ഇസ്രായേല്‍പ്രമാണിമാരുമൊത്ത് നീ ജനത്തിന്‍റെ മുമ്പേ പോകുക. നദിയെ അടിച്ച വടിയും കൈയില്‍ എടുക്കുക. ഞാന്‍ ഹോറേബ്മലയിലെ ഒരു പാറമേല്‍ നില്‌ക്കും; നീ ആ പാറയില്‍ അടിക്കണം; അപ്പോള്‍ ജനങ്ങള്‍ക്കു കുടിക്കാന്‍ വെള്ളം അതില്‍നിന്നു പുറപ്പെടും.” ഇസ്രായേല്‍പ്രമാണിമാര്‍ കാണ്‍കെ മോശ അപ്രകാരം ചെയ്തു. “സര്‍വേശ്വരന്‍ നമ്മുടെ കൂടെ ഉണ്ടോ” എന്നു ചോദിച്ച് ഇസ്രായേല്‍ജനം അവിടെവച്ചു പിറുപിറുക്കുകയും അവിടുത്തെ പരീക്ഷിക്കുകയും ചെയ്തതുകൊണ്ട് ആ സ്ഥലത്തിനു മസ്സാ-മെരീബാ എന്നു പേരിട്ടു. അമാലേക്യര്‍ വന്ന് രെഫീദീമില്‍ വച്ച് ഇസ്രായേല്‍ജനത്തെ ആക്രമിച്ചു. മോശ യോശുവയോടു പറഞ്ഞു: “നീ നാളെ തിരഞ്ഞെടുത്ത ഏതാനും ആളുകളുമായി ചെന്ന് അമാലേക്യരോടു യുദ്ധം ചെയ്യുക; ദിവ്യശക്തിയുള്ള വടി പിടിച്ചുകൊണ്ട് ഞാന്‍ കുന്നിന്‍റെ മുകളില്‍ നില്‌ക്കും.” മോശ പറഞ്ഞതുപോലെ യോശുവ അമാലേക്യരോടു യുദ്ധം ചെയ്തു; മോശയും അഹരോനും ഹൂരും കുന്നിന്‍റെ മുകളില്‍ കയറിനിന്നു. മോശയുടെ കൈ ഉയര്‍ത്തിപ്പിടിച്ചിരുന്നപ്പോള്‍ ഇസ്രായേല്യര്‍ ജയിച്ചു. കൈ താഴ്ത്തിയപ്പോള്‍ അമാലേക്യര്‍ ജയിച്ചു. കുറെ കഴിഞ്ഞപ്പോള്‍ മോശയുടെ കൈകള്‍ കുഴഞ്ഞു; അപ്പോള്‍ അഹരോനും ഹൂരും ചേര്‍ന്ന് മോശയ്‍ക്ക് ഇരിക്കാന്‍ ഒരു കല്ല് കൊണ്ടുവന്നു; മോശ അതില്‍ ഇരുന്നു. അവര്‍ മോശയുടെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇരുവശങ്ങളിലും നിന്നു. അങ്ങനെ സന്ധ്യവരെ മോശയുടെ കൈകള്‍ ഉയര്‍ന്നുനിന്നു. യോശുവ അമാലേക്യരെ വാളുകൊണ്ട് അരിഞ്ഞുവീഴ്ത്തി. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഇതിന്‍റെ ഓര്‍മ നിലനില്‌ക്കാനായി ഈ വിവരം ഒരു പുസ്തകത്തിലെഴുതി വയ്‍ക്കുക; യോശുവയെ അതു വായിച്ചു കേള്‍പ്പിക്കണം; അമാലേക്യരെക്കുറിച്ചുള്ള ഓര്‍മപോലും ഞാന്‍ ഭൂമിയില്‍നിന്നു മായിച്ചുകളയും. മോശ അവിടെ ഒരു യാഗപീഠം പണിത് അതിനു ‘സര്‍വേശ്വരന്‍ എന്‍റെ വിജയക്കൊടി’ എന്നു പേരിട്ടു. മോശ പറഞ്ഞു: “സര്‍വേശ്വരന്‍റെ സിംഹാസനം ഉയര്‍ന്നിരിക്കട്ടെ. അമാലേക്യരോടുള്ള അവിടുത്തെ യുദ്ധം തലമുറകളിലൂടെ തുടര്‍ന്നുകൊണ്ടിരിക്കും.” ദൈവം മോശയ്‍ക്കും തന്‍റെ ജനമായ ഇസ്രായേലിനുംവേണ്ടി പ്രവര്‍ത്തിച്ച കാര്യങ്ങളും അവരെ ഈജിപ്തില്‍നിന്നു മോചിപ്പിച്ച വൃത്താന്തവും മിദ്യാനിലെ പുരോഹിതനും മോശയുടെ ഭാര്യാപിതാവുമായ യിത്രോ അറിഞ്ഞു. മോശ തന്‍റെ ഭാര്യ സിപ്പോറായെയും രണ്ടു പുത്രന്മാരെയും യിത്രോയുടെ അടുക്കല്‍ വിട്ടിട്ടുപോന്നിരുന്നതിനാല്‍ അവരെയും കൂട്ടിക്കൊണ്ട് യിത്രോ മോശയുടെ അടുക്കലേക്കു പുറപ്പെട്ടു. ‘വിദേശത്തു പാര്‍ത്തുവരികയാണ്’ എന്നു പറഞ്ഞ് ഒരു പുത്രന് ഗേര്‍ശോന്‍ എന്നും ‘എന്‍റെ പിതാവിന്‍റെ ദൈവം എനിക്കു സഹായി ആയിരുന്നു; ഫറവോയുടെ വാളില്‍നിന്ന് എന്നെ രക്ഷിച്ചു’ എന്നുപറഞ്ഞ് മറ്റേ പുത്രന് എലീയേസര്‍ എന്നുമാണ് മോശ പേരിട്ടത്. മരുഭൂമിയില്‍ ദൈവത്തിന്‍റെ വിശുദ്ധപര്‍വതത്തിന്‍റെയടുത്തു പാളയമടിച്ചിരുന്ന മോശയുടെ അടുക്കല്‍ അദ്ദേഹത്തിന്‍റെ ഭാര്യയെയും പുത്രന്മാരെയും കൂട്ടിക്കൊണ്ട് യിത്രോ വന്നു. “അങ്ങയുടെ ഭാര്യയെയും മക്കളെയും കൂട്ടി ഭാര്യാപിതാവായ യിത്രോ വന്നിരിക്കുന്നു” എന്ന് ഒരാള്‍ മോശയെ അറിയിച്ചു. മോശ പുറത്തുവന്ന് അദ്ദേഹത്തെ സ്വാഗതം ചെയ്ത് വണങ്ങി ചുംബിച്ചു; കുശലപ്രശ്നങ്ങള്‍ക്കു ശേഷം അവര്‍ കൂടാരത്തിനുള്ളിലേക്കു പോയി. സര്‍വേശ്വരന്‍ ഇസ്രായേല്യര്‍ക്കുവേണ്ടി ഫറവോയോടും ഈജിപ്തുകാരോടും ചെയ്ത പ്രവൃത്തികളും വഴിയില്‍ വച്ചുണ്ടായ കഠിന പരീക്ഷകളും അവിടുന്ന് അവരെ വിടുവിച്ചതും മോശ ഭാര്യാപിതാവിനു വിവരിച്ചുകൊടുത്തു. ഈജിപ്തുകാരില്‍നിന്ന് ഇസ്രായേല്‍ജനങ്ങളെ മോചിപ്പിക്കാന്‍ സര്‍വേശ്വരന്‍ ചെയ്ത നന്മകളെപ്പറ്റി കേട്ടപ്പോള്‍ യിത്രോ സന്തോഷിച്ചു; അദ്ദേഹം പറഞ്ഞു: “ഫറവോയുടെയും ഈജിപ്തുകാരുടെയും പിടിയില്‍നിന്ന് നിങ്ങളെ വിടുവിച്ച സര്‍വേശ്വരന്‍ വാഴ്ത്തപ്പെട്ടവന്‍; സകല ദേവന്മാരെക്കാള്‍ അവിടുന്നു വലിയവന്‍ എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; ഈജിപ്തുകാര്‍ ഇസ്രായേല്യരോടു ധിക്കാരപൂര്‍വം പെരുമാറിയപ്പോള്‍ അവിടുന്ന് അവരെ ഈജിപ്തുകാരുടെ കൈയില്‍നിന്നു മോചിപ്പിച്ചുവല്ലോ.” മോശയുടെ ഭാര്യാപിതാവായ യിത്രോ ദൈവത്തിനു ഹോമയാഗവും മറ്റു യാഗങ്ങളും അര്‍പ്പിച്ചു; അഹരോനും ഇസ്രായേല്യപ്രമുഖരും യിത്രോയോടൊപ്പം ദൈവസന്നിധിയില്‍ ഭക്ഷണം കഴിച്ചു. പിറ്റന്നാള്‍ ജനങ്ങളുടെ തര്‍ക്കങ്ങള്‍ കേട്ട് വിധിപറയാന്‍ മോശ ഇരുന്നു. പ്രഭാതംമുതല്‍ പ്രദോഷംവരെ ജനം അദ്ദേഹത്തിന്‍റെ ചുറ്റും കൂടിനിന്നു. മോശ ചെയ്യുന്നതെല്ലാം കണ്ടിട്ട് ഭാര്യാപിതാവ് ചോദിച്ചു: “ജനത്തിനുവേണ്ടി നീ ഇങ്ങനെ ചെയ്യുന്നതെന്ത്? അന്തിയോളം ചുറ്റും നില്‌ക്കുന്ന ജനത്തിനു ന്യായപാലനം ചെയ്യാന്‍ നീ ഒരാള്‍ മതിയാകുമോ?” മോശ അദ്ദേഹത്തോടു പറഞ്ഞു: “ദൈവഹിതം അറിയാന്‍ ജനം എന്നെ സമീപിക്കുന്നു. തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോഴും അവര്‍ എന്‍റെ അടുത്തു വരുന്നു; ഞാന്‍ പരാതികള്‍ക്കു തീര്‍പ്പു കല്പിക്കുന്നു. കൂടാതെ ദൈവകല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കുകയും ചെയ്യുന്നു. യിത്രോ മോശയോടു പറഞ്ഞു: “നീ ചെയ്യുന്നതു ശരിയല്ല. നീയും നിന്നെ സമീപിക്കുന്ന ജനവും ക്ഷീണിച്ചുപോകും; ഒറ്റയ്‍ക്കു ചെയ്തുതീര്‍ക്കാന്‍ കഴിയാത്തവിധം ഭാരിച്ചതാണ് ഈ ജോലി. എന്‍റെ വാക്ക് ശ്രദ്ധിക്കുക; ഞാന്‍ ഒരു ഉപദേശം നല്‌കാം; ദൈവം നിന്‍റെ കൂടെ ഉണ്ടായിരിക്കട്ടെ; ദൈവസന്നിധിയില്‍ ജനത്തിന്‍റെ പ്രശ്നങ്ങള്‍ കൊണ്ടുവരുന്ന അവരുടെ പ്രതിപുരുഷനായിരിക്കണം നീ. ദൈവത്തിന്‍റെ വിധികളും നിയമങ്ങളും നീ അവരെ പഠിപ്പിക്കണം; അവര്‍ നടക്കേണ്ട വഴികളും ചെയ്യേണ്ട കാര്യങ്ങളും അവരെ മനസ്സിലാക്കണം. ദൈവഭയമുള്ളവരും സത്യസന്ധരും കൈക്കൂലി വാങ്ങാത്തവരും കഴിവുറ്റവരുമായ ആളുകളെ തിരഞ്ഞെടുത്ത് ആയിരവും നൂറും അമ്പതും പത്തും വീതമുള്ള ഗണങ്ങള്‍ക്ക് അധിപതികളായി നിയമിക്കണം. എല്ലായ്പോഴും അവര്‍ ജനങ്ങള്‍ക്ക് ന്യായപാലനം ചെയ്യട്ടെ; വലിയ പ്രശ്നങ്ങളെല്ലാം അവര്‍ നിന്‍റെ അടുക്കല്‍ കൊണ്ടുവരട്ടെ; ചെറിയതൊക്കെയും അവര്‍തന്നെ തീര്‍ക്കട്ടെ; ഇങ്ങനെ അവര്‍ സഹായിക്കുമ്പോള്‍ നിന്‍റെ ഭാരം ലഘുവായിത്തീരും; ദൈവകല്പന എന്നു കരുതി നീ ഇങ്ങനെ ചെയ്താല്‍ നിനക്ക് ഇത് അനായാസമാകും; ഈ ജനത്തിന് സമാധാനത്തോടെ വീട്ടിലേക്കു പോകുകയും ചെയ്യാം.” യിത്രോയുടെ ഉപദേശം മോശ സ്വീകരിച്ചു; അദ്ദേഹം പറഞ്ഞതെല്ലാം നടപ്പാക്കി. ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍നിന്നു കഴിവുള്ളവരെ തിരഞ്ഞെടുത്ത് അവരെ ആയിരവും നൂറും അമ്പതും പത്തും പേര്‍ വീതമുള്ള ഗണങ്ങള്‍ക്ക് അധിപന്മാരായി നിയമിച്ചു. അവര്‍ എല്ലായ്പോഴും ജനങ്ങള്‍ക്കു ന്യായപാലനം ചെയ്തു. പ്രയാസമുള്ള പ്രശ്നങ്ങള്‍ മോശയുടെ അടുക്കല്‍ കൊണ്ടുവരും; ചെറിയ പ്രശ്നങ്ങള്‍ അവര്‍തന്നെ തീരുമാനിക്കും. പിന്നീട് മോശ ഭാര്യാപിതാവിനെ യാത്രയാക്കി; അദ്ദേഹം സ്വദേശത്തേക്കു മടങ്ങിപ്പോയി. ഇസ്രായേല്‍ജനം രെഫീദീമില്‍നിന്നു യാത്ര തുടര്‍ന്നു; ഈജിപ്തില്‍നിന്നു പുറപ്പെട്ട് കൃത്യം മൂന്നു മാസം പൂര്‍ത്തിയായപ്പോള്‍ സീനായ്മരുഭൂമിയില്‍ എത്തിച്ചേര്‍ന്നു. അവിടെ അവര്‍ സീനായ്മലയ്‍ക്ക് അഭിമുഖമായി പാളയമടിച്ചു. മോശ ദൈവസന്നിധിയിലേക്കു കയറിച്ചെന്നു. സര്‍വേശ്വരന്‍ മലയില്‍നിന്ന് മോശയെ വിളിച്ച് യാക്കോബിന്‍റെ വംശജരായ ഇസ്രായേല്യരോട് ഇപ്രകാരം പറയാന്‍ കല്പിച്ചു: “ഞാന്‍ ഈജിപ്തുകാരോടു പ്രവര്‍ത്തിച്ചതും കഴുകന്‍ തന്‍റെ കുഞ്ഞുങ്ങളെ ചിറകില്‍ വഹിച്ചുകൊണ്ടു വരുന്നതുപോലെ നിങ്ങളെ എന്‍റെ അടുക്കല്‍ കൊണ്ടുവന്നതും നിങ്ങള്‍ കണ്ടുവല്ലോ. നിങ്ങള്‍ എന്‍റെ വാക്കുകേട്ട് എന്‍റെ ഉടമ്പടി പാലിച്ചാല്‍ സകല ജനതകളിലുംവച്ചു നിങ്ങള്‍ എനിക്ക് പ്രത്യേക ജനം ആയിരിക്കും; ഭൂമി മുഴുവനും എന്‍റേതാണെങ്കിലും. നിങ്ങള്‍ എനിക്ക് ഒരു പുരോഹിതവംശവും വിശുദ്ധജനതയും ആയിരിക്കും.” മോശ ജനനേതാക്കന്മാരെ വിളിച്ചുകൂട്ടി സര്‍വേശ്വരന്‍റെ കല്പന അവരെ അറിയിച്ചു. “സര്‍വേശ്വരന്‍ കല്പിച്ചതെല്ലാം ഞങ്ങള്‍ ചെയ്യും” എന്നു ജനം ഏകസ്വരത്തില്‍ പ്രതിവചിച്ചു; ജനത്തിന്‍റെ വാക്ക് മോശ സര്‍വേശ്വരനെ അറിയിച്ചു. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഇതാ ഞാന്‍ കാര്‍മേഘത്തില്‍ നിന്‍റെ അടുക്കല്‍ വരുന്നു; ഞാന്‍ നിന്നോടു സംസാരിക്കുന്നതു ജനം കേള്‍ക്കട്ടെ. അങ്ങനെ അവര്‍ എന്നും നിന്നെ വിശ്വസിക്കാന്‍ ഇടയാകും.” പിന്നീട് മോശ ജനത്തിന്‍റെ വാക്ക് സര്‍വേശ്വരനെ അറിയിച്ചു. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ജനങ്ങളുടെ അടുത്തു ചെന്ന് അവരെ ഇന്നും നാളെയും ശുദ്ധീകരിക്കണം. അവര്‍ വസ്ത്രം അലക്കി വെടിപ്പാക്കി മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കട്ടെ; അന്നു സീനായ്മലയില്‍ ജനം കാണ്‍കെ ഞാന്‍ ഇറങ്ങി വരും. മലയ്‍ക്കു ചുറ്റും അതിര്‍ത്തി കല്പിച്ചുകൊണ്ട് അവരോടു പറയണം: നിങ്ങള്‍ മലയില്‍ കയറുകയോ അതിരിനുള്ളില്‍ പ്രവേശിക്കുകയോ അരുത്. മലയെ സ്പര്‍ശിക്കുന്നവന്‍ കൊല്ലപ്പെടണം. ആരും അവനെ തൊടരുത്; കല്ലെറിഞ്ഞോ അമ്പെയ്തോ അവനെ കൊല്ലണം; അവനെ സ്പര്‍ശിക്കുന്നവന്‍ മനുഷ്യനോ മൃഗമോ ആകട്ടെ ജീവിച്ചിരിക്കരുത്. നീണ്ട കാഹളധ്വനി കേള്‍ക്കുമ്പോള്‍ ജനം മലയുടെ സമീപം വരട്ടെ.” മോശ മലയില്‍നിന്ന് ഇറങ്ങിച്ചെന്ന് ജനങ്ങളെ ശുദ്ധീകരിച്ചു; അവര്‍ വസ്ത്രം അലക്കി വെടിപ്പാക്കി. അദ്ദേഹം ജനങ്ങളോടു പറഞ്ഞു: “മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കുക. അതിനിടയില്‍ സ്‍ത്രീസമ്പര്‍ക്കം അരുത്.” മൂന്നാം ദിവസം പ്രഭാതത്തില്‍ വലിയ ഇടിയും മിന്നലും ഉണ്ടായി; വലിയ കാര്‍മേഘം മലമുകളില്‍ പ്രത്യക്ഷപ്പെട്ടു; പാളയത്തിലെ ജനം നടുങ്ങത്തക്കവിധം കാഹളം ഉച്ചത്തില്‍ മുഴങ്ങി. ദൈവത്തെ ദര്‍ശിക്കാന്‍ മോശ ജനത്തെ പാളയത്തിനു പുറത്തു കൊണ്ടുവന്ന് മലയുടെ അടിവശത്തു നിര്‍ത്തി. സര്‍വേശ്വരന്‍ അഗ്നിയിലൂടെ ഇറങ്ങി വന്നതിനാല്‍ സീനായ്മല പുകകൊണ്ടു മൂടി; ചൂളയില്‍ നിന്നെന്നപോലെ പുക പൊങ്ങി; മല ശക്തമായി കുലുങ്ങി; കാഹളധ്വനി അടിക്കടി ഉച്ചത്തിലായിക്കൊണ്ടിരുന്നു. അപ്പോള്‍ മോശ ദൈവത്തോടു സംസാരിച്ചു. അവിടുന്ന് ഇടിമുഴക്കത്തിലൂടെ ഉത്തരമരുളി. സര്‍വേശ്വരന്‍ സീനായ്മലമുകളില്‍ ഇറങ്ങി; മോശയെ കൊടുമുടിയിലേക്കു വിളിച്ചു. അദ്ദേഹം അവിടേക്കു ചെന്നു. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “നീ ഇറങ്ങിച്ചെന്നു മുന്നറിയിപ്പ് നല്‌കുക. അല്ലെങ്കില്‍ എന്നെ കാണാന്‍ ജനം അതിര്‍ത്തി ലംഘിച്ച് അനേകര്‍ മരിക്കാന്‍ ഇടയാകും. സര്‍വേശ്വരനെ സമീപിക്കാന്‍ ശ്രമിക്കുന്ന പുരോഹിതന്മാരും ശിക്ഷിക്കപ്പെടാതിരിക്കണമെങ്കില്‍ സ്വയം ശുദ്ധീകരിക്കണം. മോശ സര്‍വേശ്വരനോടു പറഞ്ഞു: “സീനായ്മലയ്‍ക്ക് ചുറ്റും അതിരു കല്പിച്ച് അതിനെ വിശുദ്ധീകരിക്കണമെന്ന് അവിടുന്നുതന്നെ ജനങ്ങളോടു കല്പിച്ചതുകൊണ്ട് ജനങ്ങള്‍ക്ക് കയറിവരാന്‍ സാധ്യമല്ല.” സര്‍വേശ്വരന്‍ മോശയോടു പറഞ്ഞു: “നീ ഇറങ്ങിച്ചെന്ന് അഹരോനെ കൂട്ടിക്കൊണ്ടു വരിക; പുരോഹിതന്മാരും ജനവും അതിര്‍ത്തി ലംഘിച്ച് എന്നെ സമീപിക്കരുത്; അതിരുകടന്നാല്‍ അവര്‍ ശിക്ഷിക്കപ്പെടും. മോശ ജനത്തിന്‍റെ അടുക്കല്‍ ഇറങ്ങിച്ചെന്ന് സര്‍വേശ്വരന്‍റെ വാക്ക് അവരെ അറിയിച്ചു. ദൈവം ഇപ്രകാരം അരുളിച്ചെയ്തു: “അടിമഗൃഹമായ ഈജിപ്തില്‍നിന്നു നിങ്ങളെ മോചിപ്പിച്ചു കൊണ്ടുവന്ന ഞാനാണ് നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍” “ഞാനല്ലാതെ അന്യദേവന്മാര്‍ നിങ്ങള്‍ക്കുണ്ടാകരുത്;” “സ്വര്‍ഗത്തിലോ ഭൂമിയിലോ വെള്ളത്തിലോ ഉള്ള യാതൊന്നിന്‍റെയും പ്രതിമയോ രൂപമോ നിങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കരുത്. നിങ്ങള്‍ ഒരു വിഗ്രഹത്തെയും വന്ദിക്കുകയോ ആരാധിക്കുകയോ അരുത്. നിങ്ങളുടെ ദൈവമായ ഞാന്‍ അതു സഹിക്കയില്ല, എന്നെ ദ്വേഷിക്കുന്നവരെ ഞാന്‍ ശിക്ഷിക്കും. അവരുടെ മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ ശിക്ഷ അനുഭവിക്കും. എന്നാല്‍ എന്നെ സ്നേഹിക്കുകയും എന്‍റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരം തലമുറവരെയും എന്‍റെ സുസ്ഥിരസ്നേഹം ഞാന്‍ കാണിക്കും.” നിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ നാമം വ്യര്‍ഥമായി ഉപയോഗിക്കരുത്. അങ്ങനെ ചെയ്യുന്ന ആരെയും ഞാന്‍ വെറുതെ വിടുകയില്ല.” “ശബത്തുദിവസം വിശുദ്ധമായി ആചരിക്കാന്‍ ശ്രദ്ധിക്കുക. ആറു ദിവസംകൊണ്ടു നിങ്ങളുടെ ജോലിയെല്ലാം ചെയ്യുക. എന്നാല്‍ ഏഴാം ദിവസം നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ ശബത്താകുന്നു. അന്ന് നീയും നിന്‍റെ പുത്രന്മാരും പുത്രിമാരും ദാസീദാസന്മാരും മൃഗങ്ങളും നിങ്ങളുടെ ദേശത്തു പാര്‍ക്കുന്ന പരദേശിയും ഒരു ജോലിയിലും ഏര്‍പ്പെടരുത്. സര്‍വേശ്വരന്‍ ആറു ദിവസംകൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും സൃഷ്‍ടിച്ചു; ഏഴാം ദിവസം വിശ്രമിച്ചു. അതുകൊണ്ട് അവിടുന്നു ശബത്തുദിനത്തെ അനുഗ്രഹിച്ചു വേര്‍തിരിച്ചു.” “നിന്‍റെ ദൈവമായ സര്‍വേശ്വരന്‍ നിനക്കു നല്‌കുന്ന ദേശത്തു ദീര്‍ഘായുസ്സോടിരിക്കാന്‍ നിന്‍റെ മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക.” “കൊല ചെയ്യരുത്.” “വ്യഭിചാരം ചെയ്യരുത്” “മോഷ്‍ടിക്കരുത്” “നിന്‍റെ അയല്‍ക്കാരന് എതിരായി കള്ളസ്സാക്ഷ്യം പറയരുത്” “നിന്‍റെ അയല്‍ക്കാരന്‍റെ ഭവനത്തെയോ, അവന്‍റെ ഭാര്യയെയോ, ദാസീദാസന്മാരെയോ, അവന്‍റെ കാളയെയോ കഴുതയെയോ അവന്‍റെ യാതൊന്നിനെയും മോഹിക്കരുത്.” ഇടിമുഴക്കവും കാഹളധ്വനിയും കേള്‍ക്കുകയും, മിന്നലും പുകയുന്ന പര്‍വതവും കാണുകയും ചെയ്തപ്പോള്‍ ജനം ഭയന്നു വിറച്ച് അകലെ നിന്നു. അവര്‍ മോശയോടു പറഞ്ഞു: “അങ്ങ് ഞങ്ങളോടു സംസാരിച്ചാല്‍ മതി. ഞങ്ങള്‍ കേട്ടുകൊള്ളാം. ഞങ്ങള്‍ മരിക്കാതിരിക്കേണ്ടതിനു ദൈവം ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ.” മോശ മറുപടി പറഞ്ഞു: “ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കാനും നിങ്ങള്‍ പാപം ചെയ്യാതിരിക്കത്തക്കവിധം ദൈവഭയം നിങ്ങളില്‍ നിലനിര്‍ത്താനുമാണ് അവിടുന്നു വന്നിരിക്കുന്നത്.” ദൈവം എഴുന്നള്ളിയിരുന്ന കനത്ത കാര്‍മേഘത്തിന്‍റെ അടുത്തേക്ക് മോശ നീങ്ങിയപ്പോള്‍ ജനം ദൂരെ മാറിനിന്നു. സര്‍വേശ്വരന്‍ മോശയോടരുളിച്ചെയ്തു: “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ഞാന്‍ സ്വര്‍ഗത്തില്‍നിന്നു സംസാരിക്കുന്നതു നിങ്ങള്‍തന്നെ കണ്ടല്ലോ. എനിക്കുപുറമെ നിങ്ങള്‍ക്കായി വെള്ളികൊണ്ടോ സ്വര്‍ണംകൊണ്ടോ ഒരു ദേവനെയും ഉണ്ടാക്കരുത്. മണ്ണുകൊണ്ട് ഒരു യാഗപീഠമുണ്ടാക്കി അതിന്മേല്‍ നിങ്ങളുടെ ആടുമാടുകളെ ഹോമയാഗമായും സമാധാനയാഗമായും അര്‍പ്പിക്കുക; എന്‍റെ നാമം അനുസരിക്കപ്പെടുന്നിടത്തൊക്കെയും ഞാന്‍ വന്ന് നിങ്ങളെ അനുഗ്രഹിക്കും. കല്ലുകൊണ്ടാണ് നിങ്ങള്‍ യാഗപീഠം ഉണ്ടാക്കുന്നതെങ്കില്‍ അതു ചെത്തിയ കല്ലുകൊണ്ട് ആകരുത്. നിന്‍റെ പണിയായുധം അതില്‍ സ്പര്‍ശിച്ചാല്‍ അത് അശുദ്ധമാകും. യാഗപീഠത്തിന്‍റെ പടികള്‍ ചവുട്ടിക്കയറി നിന്‍റെ നഗ്നത കാണപ്പെടാന്‍ ഇടയാകരുത്. ഇസ്രായേല്യര്‍ക്ക് നീ നല്‌കേണ്ട നിയമങ്ങള്‍ ഇവയാണ്: “എബ്രായനായ അടിമയെ നിങ്ങള്‍ വിലയ്‍ക്കു വാങ്ങിയാല്‍ അവന്‍ ആറു വര്‍ഷം നിന്നെ സേവിക്കട്ടെ. ഏഴാം വര്‍ഷം പ്രതിഫലം വാങ്ങാതെ അവനെ സ്വതന്ത്രനാക്കണം. അവന്‍ തനിയെയാണ് വന്നതെങ്കില്‍ അങ്ങനെതന്നെ പൊയ്‍ക്കൊള്ളട്ടെ. ഭാര്യയോടുകൂടിയാണ് വന്നതെങ്കില്‍ ഭാര്യയോടൊപ്പം പോകട്ടെ. യജമാനന്‍ അവനെ വിവാഹം കഴിപ്പിക്കുകയും അവനു മക്കളുണ്ടാകുകയും ചെയ്താല്‍ അവന്‍റെ ഭാര്യയും മക്കളും യജമാനന്‍റെ വകയായിരിക്കും; അവന്‍ ഒറ്റയ്‍ക്ക് മടങ്ങിപ്പോകണം; എന്നാല്‍ ‘ഞാന്‍ എന്‍റെ യജമാനനെയും എന്‍റെ ഭാര്യയെയും കുട്ടികളെയും സ്നേഹിക്കുന്നു; അതുകൊണ്ട് എനിക്ക് സ്വതന്ത്രനായി പോകേണ്ട’ എന്നു ദാസന്‍ തീര്‍ത്തുപറഞ്ഞാല്‍, യജമാനന്‍ അവനെ ദൈവസന്നിധിയില്‍ വാതിലിന്‍റെയോ കട്ടിളപ്പടിയുടെയോ അടുത്തു നിര്‍ത്തി സൂചികൊണ്ട് അവന്‍റെ കാതു തുളയ്‍ക്കണം; അവന്‍ യജമാനന് ആയുഷ്കാലം അടിമയായിരിക്കും.” “ഒരാള്‍ തന്‍റെ പുത്രിയെ ദാസിയായി വിറ്റാല്‍ അവള്‍ ദാസന്മാരെപ്പോലെ സ്വതന്ത്രയാകാന്‍ പാടില്ല. ഭാര്യയാക്കാന്‍വേണ്ടി വിലയ്‍ക്കു വാങ്ങുകയും പിന്നീട് അവളില്‍ അതൃപ്തി തോന്നുകയും ചെയ്താല്‍ അവളെ അവളുടെ പിതാവിനു തിരിച്ചുകൊടുക്കണം. അവളെ വിദേശിക്കു വിറ്റുകളയാന്‍ യജമാനന് അവകാശമില്ല. അവന്‍ അവളോട് അന്യായമായി പ്രവര്‍ത്തിച്ചല്ലോ. മകനു ഭാര്യയാക്കാന്‍ വേണ്ടിയാണു വിലയ്‍ക്കു വാങ്ങിയതെങ്കില്‍ അവളോടു സ്വന്തം മകളോടെന്നതുപോലെ പെരുമാറണം. രണ്ടാമതൊരുവളെ ഭാര്യയായി സ്വീകരിച്ചാല്‍ ആദ്യഭാര്യക്ക് ഭക്ഷണം, വസ്ത്രം, അര്‍ഹമായ മറ്റ് അവകാശങ്ങള്‍ ഇവയിലൊന്നും കുറവുവരുത്തരുത്. ഈ മൂന്നു വ്യവസ്ഥകളും അവന്‍ നിറവേറ്റുന്നില്ലെങ്കില്‍ വില നല്‌കാതെ അവള്‍ക്കു സ്വതന്ത്രയായി പോകാം. ഒരുവനെ അടിച്ചുകൊല്ലുന്നവന് വധശിക്ഷ നല്‌കണം. അബദ്ധവശാല്‍ അടികൊണ്ട് ഒരാള്‍ മരിക്കുന്നുവെങ്കില്‍ അതു ദൈവനിശ്ചയം എന്നു കരുതാം. ഞാന്‍ നിശ്ചയിക്കുന്ന സ്ഥലത്തേക്ക് അടിച്ചയാള്‍ക്ക് ഓടിപ്പോകാം. അവിടെ അയാള്‍ സുരക്ഷിതനായിരിക്കും. ഒരാള്‍ ക്രുദ്ധനായി മനഃപൂര്‍വം മറ്റൊരുവനെ ചതിച്ചുകൊന്നാല്‍ അയാള്‍ എന്‍റെ യാഗപീഠത്തില്‍ അഭയം പ്രാപിച്ചാല്‍പോലും അവിടെനിന്ന് പിടിച്ചുകൊണ്ടു വന്ന് അവനെ വധിക്കണം.” സ്വപിതാവിനെയോ മാതാവിനെയോ അടിക്കുന്നവന്‍ വധിക്കപ്പെടണം. വില്‍ക്കാനോ അടിമവേല ചെയ്യിക്കാനോ വേണ്ടി മറ്റൊരാളെ തട്ടിക്കൊണ്ടു പോകുന്നവനും വധിക്കപ്പെടണം. സ്വപിതാവിനെയോ മാതാവിനെയോ ശപിക്കുന്നവന് വധശിക്ഷ നല്‌കണം. പരസ്പരം ശണ്ഠ കൂടുന്നതിനിടയില്‍ കല്ലുകൊണ്ടോ മുഷ്‍ടികൊണ്ടോ ഉള്ള പ്രഹരമേറ്റ് ഒരാള്‍ മരിച്ചില്ലെങ്കിലും ശയ്യാവലംബിയായെന്ന് ഇരിക്കട്ടെ; അയാള്‍ക്ക് പിന്നീട് വടിയൂന്നിയെങ്കിലും നടക്കാന്‍ കഴിഞ്ഞാല്‍ ഇടിച്ചയാള്‍ ശിക്ഷാര്‍ഹനല്ല. എന്നാല്‍ അയാള്‍ നഷ്ടപ്പെട്ട സമയത്തിന് പ്രതിഫലം കൊടുക്കുകയും പൂര്‍ണ ആരോഗ്യം ലഭിക്കുന്നതുവരെ അയാളെ പരിപാലിക്കുകയും വേണം. ഒരുവന്‍ തന്‍റെ അടിമയെ ആണായാലും പെണ്ണായാലും വടികൊണ്ട് അടിക്കുകയും അയാള്‍ തല്‍ക്ഷണം മരിക്കുകയും ചെയ്താല്‍ യജമാനന്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ അടിയേറ്റയാള്‍ ഒന്നോ രണ്ടോ ദിവസമെങ്കിലും ജീവിച്ചിരുന്നാല്‍ ശിക്ഷിക്കേണ്ടതില്ല. അടിമ യജമാനന്‍റെ സ്വത്താണല്ലോ.” “പുരുഷന്മാര്‍ കലഹിക്കുന്നതിനിടയില്‍ ഒരു ഗര്‍ഭിണിക്ക് പരുക്കേല്‌ക്കുകയും ഗര്‍ഭം അലസുകയും മറ്റ് ഉപദ്രവമൊന്നും ഏല്‌ക്കാതിരിക്കുകയും ചെയ്താല്‍ പരുക്കേല്പിച്ചയാള്‍ അവളുടെ ഭര്‍ത്താവിന്‍റെ ആവശ്യപ്രകാരം മധ്യസ്ഥന്മാര്‍ നിശ്ചയിക്കുന്ന തുക പിഴയായി നല്‌കണം. എന്നാല്‍ അവള്‍ക്ക് ഉപദ്രവം ഏറ്റാല്‍ ജീവനു പകരം ജീവന്‍, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ, കാലിനു പകരം കാല്‍, പൊള്ളലിനു പകരം പൊള്ളല്‍, മുറിവിനു പകരം മുറിവ്, ചതവിനു പകരം ചതവ് എന്ന ക്രമത്തില്‍ ശിക്ഷ നല്‌കണം. ഒരുവന്‍റെ പ്രഹരമേറ്റ് അടിമയുടെ ആണോ പെണ്ണോ ആകട്ടെ-കണ്ണു നഷ്ടപ്പെട്ടാല്‍ ആ അടിമയ്‍ക്കു സ്വാതന്ത്ര്യം നല്‌കണം. ദാസന്‍റെയോ ദാസിയുടെയോ പല്ല് അടിച്ചു കൊഴിച്ചാലും പകരം സ്വാതന്ത്ര്യം നല്‌കണം. പുരുഷനെയോ സ്‍ത്രീയെയോ ഒരു കാള കുത്തിക്കൊന്നാല്‍ കാളയെ കല്ലെറിഞ്ഞു കൊല്ലണം. അതിന്‍റെ മാംസം ഭക്ഷിക്കരുത്. കാളയുടെ ഉടമസ്ഥന്‍ കുറ്റക്കാരനല്ല. എന്നാല്‍, ആ കാള മനുഷ്യരെ കുത്തുന്ന ശീലമുള്ളതും ഉടമസ്ഥന്‍ അതറിഞ്ഞിട്ടും കെട്ടി സൂക്ഷിക്കാത്തതും ആയിരിക്കെ അത് ആരെയെങ്കിലും കുത്തിക്കൊന്നാല്‍ അതിനെ കല്ലെറിഞ്ഞു കൊല്ലണം. അതിന്‍റെ ഉടമസ്ഥനെയും വധിക്കണം. എന്നാല്‍, മോചനദ്രവ്യം ചുമത്തപ്പെട്ടാല്‍ ആ തുക അടച്ച് അയാള്‍ക്കു ജീവന്‍ വീണ്ടെടുക്കാം. കാള കുത്തിക്കൊല്ലുന്നത് ആണ്‍കുട്ടിയെയോ പെണ്‍കുട്ടിയെയോ ആയാലും ഈ ചട്ടം പാലിക്കണം. കാള കുത്തിക്കൊല്ലുന്നത് ഒരു ദാസനെയോ ദാസിയെയോ ആണെങ്കില്‍ കാളയുടെ ഉടമസ്ഥന്‍ മുപ്പതു ശേക്കെല്‍ വെള്ളി അടിമയുടെ ഉടമസ്ഥനു കൊടുക്കണം. കാളയെ കല്ലെറിഞ്ഞു കൊല്ലുകയും വേണം. “ഒരുവന്‍ ഒരു കുഴി തുറന്നിടുകയോ കുഴിച്ചശേഷം അതു മൂടാതിരിക്കുകയോ ചെയ്തിട്ട് ആ കുഴിയില്‍ ഒരു കാളയോ കഴുതയോ വീണു ചത്താല്‍ കുഴിയുടെ ഉടമസ്ഥന്‍ മൃഗത്തിന്‍റെ ഉടമസ്ഥന് അതിന്‍റെ വില കൊടുക്കണം; ചത്തമൃഗം കുഴിയുടെ ഉടമസ്ഥനുള്ളതായിരിക്കും. ഒരാളുടെ കാള മറ്റൊരുവന്‍റെ കാളയെ കുത്തിക്കൊന്നാല്‍ ജീവനുള്ള കാളയെ വിറ്റ് അതിന്‍റെ വില രണ്ടുപേരും വീതിച്ചെടുക്കണം; ചത്ത മൃഗത്തെയും അവര്‍ വീതിച്ചെടുക്കണം. തന്‍റെ കാള കുത്തുന്നതാണെന്നറിഞ്ഞിട്ടും ഉടമസ്ഥന്‍ അതിനെ സൂക്ഷിക്കാതെയിരുന്നാല്‍ അതിന്‍റെ കുത്തേറ്റു ചാകുന്ന കാളയ്‍ക്കു പകരം കാളയെ കൊടുക്കണം. ചത്തമൃഗം അയാള്‍ക്കുള്ളതായിരിക്കും.” “കാളയെയോ ആടിനെയോ മോഷ്‍ടിച്ചു കൊല്ലുകയോ വില്‍ക്കുകയോ ചെയ്യുന്നവന്‍ ഒരു കാളയ്‍ക്കു പകരം അഞ്ചു കാളയെയും ഒരു ആടിനു പകരം നാല് ആടിനെയും കൊടുക്കണം. [2-4] അയാള്‍ നഷ്ടപരിഹാരം ചെയ്തേ മതിയാകൂ. അതിനു വകയില്ലെങ്കില്‍ സ്വയം വിറ്റ് മോഷ്‍ടിച്ച വസ്തുവിനു പകരം നല്‌കണം. മോഷ്‍ടിക്കപ്പെട്ട മൃഗം കാളയോ കഴുതയോ ആടോ ആകട്ടെ അതിനെ ജീവനോടെ അയാളുടെ കൈവശം കണ്ടുപിടിച്ചാല്‍ അയാള്‍ ഇരട്ടി പകരം കൊടുക്കണം. ഭവനഭേദനം നടത്തുന്നതിനിടയില്‍ മോഷ്ടാവ് അടിയേറ്റു മരിച്ചാല്‍ അടിച്ചവനെ കൊലപാതകി എന്ന് എണ്ണിക്കൂടാ. എന്നാല്‍ പകല്‍നേരത്താണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ അയാള്‍ കുറ്റക്കാരനായിരിക്കും. *** *** ഒരുവന്‍ തന്‍റെ കന്നുകാലിയെ അഴിച്ചുവിട്ടിട്ട് അത് അയല്‍ക്കാരന്‍റെ നിലത്തിലെയോ മുന്തിരിത്തോട്ടത്തിലെയോ കൃഷി തിന്നു നശിപ്പിച്ചാല്‍ മൃഗത്തിന്‍റെ ഉടമസ്ഥന്‍ നിലത്തിലെയോ മുന്തിരിത്തോട്ടത്തിലെയോ ഏറ്റവും നല്ല വിളവ് നഷ്ടപരിഹാരമായി കൊടുക്കണം. ഒരുവന്‍ തീ കത്തിക്കുന്നതിനിടയില്‍ അതു പടര്‍ന്ന് അയല്‍ക്കാരന്‍റെ വയലിലെ വിളവോ, കൊയ്തടുക്കിയ കറ്റകളോ, നിലമോ വെന്തുപോയാല്‍ തീ കത്തിച്ചവന്‍ പകരം കൊടുക്കണം. അയല്‍ക്കാരന്‍ സൂക്ഷിക്കാന്‍ ഏല്പിച്ച പണമോ സാധനമോ മോഷ്‍ടിക്കപ്പെടുകയും മോഷ്ടാവ് പിടിക്കപ്പെടുകയും ചെയ്താല്‍ അയാള്‍ ഇരട്ടി പകരം കൊടുക്കണം. മോഷ്ടാവിനെ പിടികിട്ടിയില്ലെങ്കില്‍ വീട്ടുടമസ്ഥന്‍ ദൈവസന്നിധിയില്‍ വന്ന് സൂക്ഷിക്കാന്‍ ഏറ്റ പണമോ പണ്ടമോ അപഹരിച്ചിട്ടില്ലെന്നു സത്യം ചെയ്യണം. കാണാതെ പോയ കാള, കഴുത, ആട്, വസ്ത്രം മുതലായവയില്‍ ഏതെങ്കിലും ഒന്നിന്‍റെ പേരില്‍ വിശ്വാസലംഘനക്കുറ്റം ആരോപിക്കപ്പെട്ടാല്‍ ഇരുകക്ഷികളും ദൈവസന്നിധിയില്‍ വരണം. കുറ്റക്കാരനായി വിധിക്കപ്പെടുന്നവന്‍ അപരന് ഇരട്ടി പകരം നല്‌കണം. ഒരുവന്‍ മറ്റൊരാളുടെ കഴുതയെയോ കാളയെയോ, ആടിനെയോ മറ്റേതെങ്കിലും മൃഗത്തെയോ സൂക്ഷിക്കാന്‍ ഏല്പിക്കുകയും അതു ചാവുകയോ, അപഹരിക്കപ്പെടുകയോ, അപകടത്തില്‍പ്പെടുകയോ ചെയ്യുകയും ഇതിന് തെളിവൊന്നും ഇല്ലാതിരിക്കുകയും ചെയ്താല്‍ സൂക്ഷിക്കാന്‍ ഏറ്റിരുന്നയാള്‍ ദൈവസന്നിധിയില്‍ വന്ന് അപരന്‍റെ മുതല്‍ അപഹരിച്ചിട്ടില്ലെന്നു സത്യം ചെയ്യണം. പിന്നെ അയാള്‍ നഷ്ടപരിഹാരം ചെയ്യേണ്ടതില്ല. ഉടമസ്ഥന്‍ ഈ സത്യം അംഗീകരിക്കണം. എന്നാല്‍ അതു മോഷ്‍ടിക്കപ്പെട്ടതാണെങ്കില്‍ സൂക്ഷിക്കാന്‍ ഏറ്റയാള്‍ നഷ്ടപരിഹാരം ചെയ്യണം. വന്യമൃഗങ്ങള്‍ കടിച്ചുകീറി കൊന്നതാണെങ്കില്‍ അതിന്‍റെ അവശിഷ്ടം തെളിവായി ഹാജരാക്കട്ടെ. അതിനു പകരം കൊടുക്കേണ്ടതില്ല. ഒരുവന്‍ അയല്‍ക്കാരനോടു വായ്പ വാങ്ങിയ മൃഗത്തിന് ഉടമസ്ഥന്‍റെ അസാന്നിധ്യത്തില്‍ മുറിവേല്‌ക്കുകയോ ജീവഹാനി വരികയോ ചെയ്താല്‍ പൂര്‍ണ നഷ്ടപരിഹാരം ചെയ്യണം. ഉടമസ്ഥന്‍ കൂടെയുണ്ടായിരുന്നാല്‍ പകരം കൊടുക്കേണ്ടതില്ല. കൂലിക്കു വാങ്ങിയതാണെങ്കില്‍ കൂലികൊണ്ടു പരിഹരിക്കപ്പെടും. വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലാത്ത ഒരു യുവതിയെ വശീകരിച്ച് അവളുടെ കൂടെ ശയിക്കുന്നവന്‍ അവള്‍ക്ക് വിവാഹധനം കൊടുത്ത് അവളെ ഭാര്യയായി സ്വീകരിക്കണം. എന്നാല്‍ അവളെ അയാള്‍ക്കു വിവാഹം ചെയ്തുകൊടുക്കാന്‍ അവളുടെ പിതാവിനു സമ്മതമില്ലെങ്കില്‍ കന്യകമാര്‍ക്ക് കൊടുക്കേണ്ട വിവാഹധനം അയാള്‍ അവളുടെ പിതാവിനു കൊടുക്കണം. “മന്ത്രവാദിനികള്‍ നിങ്ങളുടെയിടയില്‍ ജീവിക്കാന്‍ അനുവദിക്കരുത്. മൃഗവുമായി സംയോഗം ചെയ്യുന്നവന്‍ വധിക്കപ്പെടണം;” “സര്‍വേശ്വരനല്ലാതെ അന്യദേവനു യാഗമര്‍പ്പിക്കുന്നവനെ ഉന്മൂലനം ചെയ്യണം.” “വിദേശിയോട് അപമര്യാദമായി പെരുമാറുകയോ, അയാളെ മര്‍ദിക്കുകയോ ചെയ്യരുത്; നിങ്ങളും ഈജിപ്തില്‍ വിദേശികളായിരുന്നുവല്ലോ.” “വിധവയെയോ അനാഥനെയോ പീഡിപ്പിക്കരുത്; അങ്ങനെ ചെയ്താല്‍ അവര്‍ എന്നോടു നിലവിളിക്കുകയും നിശ്ചയമായും ഞാന്‍ അവരുടെ നിലവിളി കേള്‍ക്കുകയും ചെയ്യും.” “എന്‍റെ കോപം ജ്വലിച്ച് ഞാന്‍ നിങ്ങളെ വാളിനിരയാക്കും. നിങ്ങളുടെ ഭാര്യമാര്‍ വിധവകളും മക്കള്‍ അനാഥരുമായിത്തീരും.” “എന്‍റെ ജനത്തിലെ ദരിദ്രന്മാരായ ആര്‍ക്കെങ്കിലും പണം കടം കൊടുക്കുമ്പോള്‍ നിങ്ങള്‍ പലിശയ്‍ക്കു പണം കടം കൊടുക്കുന്നവരെപ്പോലെ പെരുമാറരുത്. അവരില്‍നിന്നു പലിശ ഈടാക്കുകയും അരുത്. അയല്‍ക്കാരന്‍റെ മേലങ്കി പണയം വാങ്ങിയാല്‍ സൂര്യന്‍ അസ്തമിക്കുന്നതിനുമുമ്പ് അതു നീ തിരിച്ചുകൊടുക്കണം. അവനു പുതയ്‍ക്കാന്‍ വേറെ വസ്ത്രമില്ലല്ലോ. അതില്ലാതെ അവന്‍ എങ്ങനെ ഉറങ്ങും. അവന്‍ എന്നോടു നിലവിളിച്ചാല്‍ ഞാന്‍ കേള്‍ക്കും; ഞാന്‍ കൃപാലുവായ ദൈവമാകുന്നു.” “നിങ്ങള്‍ ദൈവത്തെ നിന്ദിക്കരുത്. ജനത്തിന്‍റെ അധിപതിയെ ശപിക്കയും അരുത്. നിങ്ങളുടെ മെതിക്കളത്തിന്‍റെയും ചക്കുകളുടെയും സമൃദ്ധിയില്‍നിന്ന് എനിക്കുള്ള ഓഹരി അര്‍പ്പിക്കാന്‍ താമസിക്കരുത്. നിങ്ങളുടെ കടിഞ്ഞൂല്‍പുത്രന്മാരെ എനിക്കു നല്‌കണം. അതുപോലെതന്നെ നിങ്ങളുടെ കന്നുകാലികളുടെയും ആടുകളുടെയും കടിഞ്ഞൂലുകളെ എനിക്കു നല്‌കണം. അവ ഏഴു ദിവസം തള്ളയോടൊപ്പം നില്‌ക്കട്ടെ. എട്ടാം ദിവസം അതിനെ എനിക്ക് അര്‍പ്പിക്കണം. നിങ്ങള്‍ എനിക്കായി വേര്‍തിരിക്കപ്പെട്ടവരാണ്. അതുകൊണ്ട് മൃഗങ്ങള്‍ കടിച്ചുകീറിയ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്. അത് നായ്‍ക്കള്‍ക്ക് കൊടുക്കുക. നിങ്ങള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്; കള്ളസ്സാക്ഷ്യം നല്‌കി കുറ്റവാളിക്കു തുണ നില്‌ക്കരുത്. ഭൂരിപക്ഷത്തോടു ചേര്‍ന്നു തെറ്റു ചെയ്യരുത്; ന്യായം മറിച്ചുകളയാന്‍ അവരോടു ചേര്‍ന്നു വ്യവഹാരത്തില്‍ സാക്ഷ്യം പറയരുത്. വ്യവഹാരത്തില്‍ ദരിദ്രനോടു പ്രത്യേക പക്ഷപാതം കാട്ടരുത്. ശത്രുവിന്‍റെ കാളയോ കഴുതയോ കെട്ടഴിഞ്ഞ് അലയുന്നതു കണ്ടാല്‍ അതിനെ അവന്‍റെ അടുക്കല്‍ എത്തിക്കണം. നിന്നെ ദ്വേഷിക്കുന്നവന്‍റെ കഴുത ഭാരവുമായി വീണുകിടക്കുന്നതു കണ്ടാല്‍, അതിനെ കടന്നു പോകരുത്; അതിനെ എഴുന്നേല്പിക്കാന്‍ തീര്‍ച്ചയായും അവനെ സഹായിക്കണം. വ്യവഹാരത്തില്‍ ദരിദ്രന് നീതി നിഷേധിക്കരുത്. വ്യാജാരോപണങ്ങള്‍ ഉന്നയിക്കരുത്. നിഷ്കളങ്കനെയും നീതിമാനെയും കൊല്ലാന്‍ ഇടവരരുത്. ദുഷ്ടനെ ഞാന്‍ വെറുതെ വിടുകയില്ല. നീ കൈക്കൂലി വാങ്ങരുത്. അതു കാഴ്ചയുള്ളവന്‍റെ കണ്ണ് അന്ധമാക്കുകയും നീതിമാനു ന്യായം നിഷേധിക്കുകയും ചെയ്യുന്നു. പരദേശിയെ നിങ്ങള്‍ കഷ്ടപ്പെടുത്തരുത്. ഈജിപ്തില്‍ പരദേശികളായിരുന്ന നിങ്ങള്‍ക്ക് പരദേശിയുടെ വികാരങ്ങള്‍ അറിയാമല്ലോ. “ആറു വര്‍ഷം നിങ്ങള്‍ക്ക് നിലങ്ങളില്‍ വിതച്ചു വിളവെടുക്കാം. എന്നാല്‍ ഏഴാം വര്‍ഷം അതു തരിശായി ഇടണം. അതിലുണ്ടാകുന്ന വിളവ് നിങ്ങളുടെ ഇടയിലെ ദരിദ്രന്മാര്‍ എടുത്തുകൊള്ളട്ടെ. പിന്നീട് ശേഷിക്കുന്നത് കാട്ടുമൃഗങ്ങള്‍ തിന്നട്ടെ. നിങ്ങളുടെ മുന്തിരിത്തോട്ടത്തിന്‍റെയും ഒലിവുതോട്ടത്തിന്‍റെയും കാര്യത്തിലും ഇങ്ങനെതന്നെ ചെയ്യുക. “ആറു ദിവസം നിങ്ങളുടെ ജോലികള്‍ ചെയ്യുക. ഏഴാം ദിവസം വിശ്രമിക്കണം. അങ്ങനെ നിങ്ങളുടെ കാളയും കഴുതയും വിശ്രമിക്കട്ടെ. അടിമകളും പരദേശികളും അന്നു വിശ്രമിച്ച് ഉന്മേഷം പ്രാപിക്കട്ടെ. ഞാന്‍ നിങ്ങളോടു പറഞ്ഞ കാര്യങ്ങളിലെല്ലാം ശ്രദ്ധ വയ്‍ക്കണം. അന്യദേവന്മാരുടെ നാമം ഉച്ചരിക്കരുത്. അവ നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കുകയും അരുത്. “ആണ്ടില്‍ മൂന്നു തവണ നിങ്ങള്‍ എനിക്ക് ഉത്സവം ആചരിക്കണം. പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍ നിങ്ങള്‍ ആചരിക്കണം. ഞാന്‍ കല്പിച്ചിട്ടുള്ളതുപോലെ ആബീബുമാസത്തില്‍ നിശ്ചിതസമയമായ ഏഴു ദിവസത്തേക്കു നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. അന്നായിരുന്നുവല്ലോ നിങ്ങള്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടു പോന്നത്.” “വെറുംകൈയോടെ ആരും എന്‍റെ സന്നിധിയില്‍ വരരുത്.” വിതച്ച നിലം കൊയ്യുമ്പോള്‍ വിളവെടുപ്പു പെരുന്നാളും, വര്‍ഷാവസാനം തോട്ടങ്ങളില്‍നിന്ന് ആദ്യഫലം ശേഖരിക്കുമ്പോള്‍ ഫലശേഖരപ്പെരുന്നാളും ആഘോഷിക്കണം. “ആണ്ടില്‍ മൂന്നു തവണ പുരുഷന്മാരെല്ലാം ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍ വന്നുചേരണം.” “പുളിപ്പുള്ള അപ്പത്തോടുകൂടി യാഗരക്തം അര്‍പ്പിക്കരുത്; പെരുന്നാളില്‍ അര്‍പ്പിക്കുന്ന മേദസ്സ് പ്രഭാതംവരെ ശേഷിപ്പിക്കുകയും അരുത്.” “വയലിലെ വിളവിന്‍റെ ആദ്യഫലം നിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ ആലയത്തില്‍ കൊണ്ടുവരണം. ആട്ടിന്‍കുട്ടിയെ അതിന്‍റെ തള്ളയുടെ പാലില്‍ പാകം ചെയ്യരുത്.” ഇതാ ഞാന്‍ ഒരു ദൂതനെ അയയ്‍ക്കുന്നു. യാത്രയില്‍ അവന്‍ നിങ്ങളെ പരിപാലിക്കും. ഞാന്‍ ഒരുക്കിയിട്ടുള്ള ദേശത്തേക്ക് അവന്‍ നിങ്ങളെ നയിക്കും. അവന്‍ പറയുന്നത് ആദരപൂര്‍വം അനുസരിക്കണം; അവനോടു മത്സരിക്കരുത്. എന്‍റെ നാമം അവനിലുള്ളതുകൊണ്ട് നിങ്ങളുടെ അതിക്രമങ്ങള്‍ അവന്‍ ക്ഷമിക്കുകയില്ല. എന്നാല്‍ നിങ്ങള്‍ അവന്‍റെ വാക്ക് സൂക്ഷ്മതയോടെ ശ്രദ്ധിക്കുകയും ഞാന്‍ പറയുന്നതെല്ലാം അനുസരിക്കുകയും ചെയ്താല്‍ നിങ്ങളുടെ എതിരാളികള്‍ക്ക് ഞാന്‍ എതിരാളിയും നിങ്ങളുടെ ശത്രുക്കള്‍ക്ക് ഞാന്‍ ശത്രുവുമായിരിക്കും. എന്‍റെ ദൂതന്‍ നിങ്ങളുടെ മുമ്പില്‍ നടന്നു നിങ്ങളെ അമോര്യര്‍, ഹിത്യര്‍, പെരിസ്യര്‍, കനാന്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ നാട്ടിലേക്കു നയിക്കും. ഞാന്‍ അവരെ അവരുടെ നാട്ടില്‍നിന്ന് ഉന്മൂലനം ചെയ്യും. നിങ്ങള്‍ അവരുടെ ദേവന്മാരെ നമസ്കരിക്കുകയോ ആരാധിക്കുകയോ ചെയ്യരുത്; അവരുടെ ആചാരങ്ങള്‍ അനുകരിക്കരുത്. അവരുടെ ദേവവിഗ്രഹങ്ങളെ പൂര്‍ണമായി നശിപ്പിക്കണം. നിങ്ങള്‍ എന്നെ, നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെത്തന്നെ ആരാധിക്കണം; അങ്ങനെ ചെയ്താല്‍ ഞാന്‍ നിങ്ങളെ സമൃദ്ധമായ ഭക്ഷണപാനീയങ്ങളാല്‍ അനുഗ്രഹിക്കും. നിങ്ങളുടെ രോഗങ്ങള്‍ നീക്കിക്കളയും. ഗര്‍ഭനാശമോ വന്ധ്യതയോ നിങ്ങളുടെ നാട്ടില്‍ ഉണ്ടാകുകയില്ല. നിങ്ങള്‍ക്കു ഞാന്‍ ദീര്‍ഘായുസ്സു നല്‌കും. നിങ്ങള്‍ക്കു നേരിടേണ്ടി വരുന്ന ജനതകളില്‍ എന്നെക്കുറിച്ചുള്ള ഭീതി ഞാന്‍ മുന്‍കൂട്ടി ജനിപ്പിക്കും; അവര്‍ സംഭ്രാന്തരാകും; അവര്‍ പിന്തിരിഞ്ഞോടും; ഞാന്‍ കടന്നലുകളെ അയച്ച് ഹിവ്യരെയും കനാന്യരെയും, ഹിത്യരെയും നിങ്ങളുടെ മുമ്പില്‍നിന്ന് ഓടിച്ചുകളയും. എന്നാല്‍ ഒറ്റ വര്‍ഷംകൊണ്ട് അവരെ ഞാന്‍ നീക്കിക്കളയുകയില്ല. അങ്ങനെ ചെയ്താല്‍ ആ പ്രദേശം നിര്‍ജനമായിത്തീര്‍ന്ന് നിങ്ങള്‍ക്ക് ഉപദ്രവകരമാകുംവിധം കാട്ടുമൃഗങ്ങള്‍ പെരുകും; നിങ്ങള്‍ വര്‍ധിച്ച് ദേശം കൈവശമാക്കുന്നതനുസരിച്ച് അവരെ ഞാന്‍ ക്രമേണ നീക്കിക്കൊണ്ടിരിക്കും. നിങ്ങളുടെ ദേശം ചെങ്കടല്‍മുതല്‍ മധ്യധരണിക്കടല്‍വരെയും, മരുഭൂമിമുതല്‍ യൂഫ്രട്ടീസ്നദിവരെയും വിസ്തൃതമായിരിക്കും. ഈ ദേശത്തിലെ ജനങ്ങളെ ഞാന്‍ നിങ്ങളുടെ കൈയില്‍ ഏല്പിക്കും; നിങ്ങളുടെ മുമ്പില്‍നിന്ന് അവരെ ഓടിച്ചുകളയണം; നിങ്ങള്‍ അവരുമായോ അവരുടെ ദേവന്മാരുമായോ ഉടമ്പടി ഉണ്ടാക്കരുത്; അവര്‍ നിങ്ങളുടെ നാട്ടില്‍ പാര്‍ക്കരുത്; പാപം ചെയ്യാന്‍ അവര്‍ നിങ്ങളെ പ്രേരിപ്പിക്കും. അവരുടെ ദേവന്മാരെ ആരാധിക്കുന്നത് നിങ്ങള്‍ക്കു കെണിയായിത്തീരും.” സര്‍വേശ്വരന്‍ മോശയോടരുളിച്ചെയ്തു: “നീയും അഹരോനും നാദാബും, അബീഹൂവും, ഇസ്രായേലിലെ എഴുപതു പ്രമാണികളും എന്‍റെ സന്നിധിയിലേക്കു വരിക. മോശ മാത്രം എന്‍റെ സന്നിധിയില്‍ അടുത്തുവരട്ടെ: മറ്റുള്ളവര്‍ അടുത്തുവരരുത്. ദൂരെ നിന്നുകൊണ്ട് അവര്‍ എന്നെ കുമ്പിട്ട് ആരാധിക്കട്ടെ. ജനം അവരോടൊപ്പം കയറിവരരുത്.” മോശ ചെന്ന് സര്‍വേശ്വരന്‍റെ എല്ലാ കല്പനകളും നിയമങ്ങളും ജനത്തെ അറിയിച്ചു: “സര്‍വേശ്വരന്‍ കല്പിച്ചതെല്ലാം ഞങ്ങള്‍ അനുസരിക്കുമെന്ന് ജനം ഏകസ്വരത്തില്‍ പ്രതിവചിച്ചു. സര്‍വേശ്വരന്‍റെ കല്പനകളെല്ലാം മോശ എഴുതിവച്ചു. അദ്ദേഹം അതിരാവിലെ എഴുന്നേറ്റു പര്‍വതത്തിന്‍റെ അടിവാരത്തു വന്ന് ഒരു യാഗപീഠം നിര്‍മ്മിച്ചു; കൂടാതെ ഇസ്രായേല്‍ഗോത്രങ്ങളുടെ എണ്ണത്തിനൊത്ത് പന്ത്രണ്ടു സ്തംഭങ്ങളും നാട്ടി. മോശ നിയോഗിച്ച ഇസ്രായേല്യയുവാക്കള്‍ ചെന്നു സര്‍വേശ്വരനു ഹോമയാഗങ്ങളും കാളയെക്കൊണ്ടുള്ള സമാധാനയാഗങ്ങളും അര്‍പ്പിച്ചു. മോശ മൃഗങ്ങളുടെ രക്തത്തില്‍ പകുതി തളികകളില്‍ എടുത്തു; ബാക്കി യാഗപീഠത്തില്‍ തളിച്ചു. പിന്നീടു മോശ ഉടമ്പടിപ്പുസ്‍തകം എടുത്തു ജനം കേള്‍ക്കെ വായിച്ചു. അവര്‍ പറഞ്ഞു: “സര്‍വേശ്വരന്‍ കല്പിച്ചതെല്ലാം ഞങ്ങള്‍ ചെയ്യും; ഞങ്ങള്‍ അനുസരണമുള്ളവരായിരിക്കും.” മോശ രക്തം എടുത്തു ജനത്തിന്‍റെമേല്‍ തളിച്ചുകൊണ്ടു പറഞ്ഞു: “ഈ കല്പനകളാല്‍ സര്‍വേശ്വരന്‍ നിങ്ങളുമായുണ്ടാക്കിയ ഉടമ്പടിയുടെ രക്തമാണിത്.” പിന്നീട് മോശയും അഹരോനും നാദാബും അബീഹൂവും എഴുപത് ഇസ്രായേല്‍നേതാക്കന്മാരും കൂടി പര്‍വതത്തിലേക്കു കയറിച്ചെന്നു; അവര്‍ ഇസ്രായേലിന്‍റെ ദൈവത്തെ കണ്ടു. ആകാശംപോലെ സ്വഛമായ ഇന്ദ്രനീലക്കല്ലുകള്‍ പടുത്ത തളംകണക്കെ എന്തോ ഒന്ന് അവിടുത്തെ പാദങ്ങളുടെ കീഴില്‍ ഉണ്ടായിരുന്നു. ഇസ്രായേല്‍നേതാക്കന്മാര്‍ക്ക് ദൈവം ഒരു ദോഷവും വരുത്തിയില്ല; അവര്‍ ദൈവത്തെ ദര്‍ശിച്ചു. പിന്നീട് അവര്‍ ഭക്ഷണപാനീയങ്ങള്‍ കഴിച്ചു. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “പര്‍വതത്തില്‍ എന്‍റെ സമീപത്തേക്കു വന്ന് കാത്തു നില്‌ക്കുക; പ്രമാണങ്ങളും കല്പനകളും എഴുതിയ കല്പലകകള്‍ നിന്നെ ഏല്പിക്കാം. നീ അവ ജനത്തെ പഠിപ്പിക്കണം. മോശയും തന്‍റെ സേവകനായ യോശുവയും എഴുന്നേറ്റു; മോശ ദൈവത്തിന്‍റെ പര്‍വതത്തിലേക്കു കയറിച്ചെന്നു; അദ്ദേഹം ഇസ്രായേല്‍ നേതാക്കന്മാരോടു പറഞ്ഞു: “ഞങ്ങള്‍ തിരിച്ചുവരുന്നതുവരെ ഇവിടെ കാത്തുനില്‌ക്കുക; അഹരോനും ഹൂരും നിങ്ങളുടെകൂടെ ഉണ്ടല്ലോ; പ്രശ്നമെന്തെങ്കിലും ഉണ്ടായാല്‍ അവരെ സമീപിക്കുക.” മോശ പര്‍വതത്തിലേക്കു കയറി; ഒരു മേഘം പര്‍വതത്തെ മൂടി. സര്‍വേശ്വരന്‍റെ തേജസ്സ് സീനായ്പര്‍വതത്തില്‍ ആവസിച്ചു; ആറു ദിവസം അതു മേഘംകൊണ്ടു മൂടിയിരുന്നു; ഏഴാം ദിവസം മേഘത്തിന്‍റെ നടുവില്‍നിന്ന് ദൈവം മോശയെ വിളിച്ചു. പര്‍വതത്തിന്‍റെ മുകളില്‍ സര്‍വേശ്വരന്‍റെ തേജസ്സ് ആളിക്കത്തുന്ന അഗ്നിപോലെ ഇസ്രായേല്‍ജനം ദര്‍ശിച്ചു. മോശ മേഘത്തിനുള്ളില്‍ കടന്നു. പര്‍വതത്തിലേക്കു കയറി; നാല്പതു രാവും നാല്പതു പകലും മോശ പര്‍വതത്തില്‍തന്നെ ആയിരുന്നു. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “എല്ലാവരും എനിക്കു വഴിപാട് അര്‍പ്പിക്കണമെന്ന് ഇസ്രായേല്യരോടു പറയുക; സ്വമനസ്സാല്‍ അര്‍പ്പിക്കുന്ന വഴിപാടുകള്‍ എല്ലാം സ്വീകരിക്കുക; അവരില്‍നിന്നു സ്വീകരിക്കേണ്ട വഴിപാടുകള്‍ ഇവയാണ്: സ്വര്‍ണം, വെള്ളി, ഓട്, നീല, ധൂമ്ര, ചുവപ്പു നിറങ്ങളുള്ള നൂലുകള്‍, ആട്ടുരോമം, പഞ്ഞിനൂല്‍, ഊറയ്‍ക്കിട്ട ആട്ടിന്‍തോല്‍, മിനുത്ത തോല്‍, കരുവേലകത്തടി, വിളക്കെണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനും വേണ്ട സുഗന്ധവര്‍ഗം, മഹാപുരോഹിതന്‍റെ ഏഫോദിലും നെഞ്ചില്‍ ധരിക്കുന്ന വസ്ത്രത്തിലും പതിക്കാനുള്ള ഗോമേദകക്കല്ലും, മറ്റു രത്നങ്ങളും അവരുടെ ഇടയില്‍ എനിക്കു പാര്‍ക്കാന്‍ ഒരു വിശുദ്ധമന്ദിരവും ഉണ്ടാക്കട്ടെ. ഞാന്‍ കാണിച്ചു തരുന്ന മാതൃകയില്‍ ആയിരിക്കണം വിശുദ്ധകൂടാരവും അതിലെ ഉപകരണങ്ങളും നിര്‍മ്മിക്കേണ്ടത്.” കരുവേലകംകൊണ്ടു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവുമുള്ള ഒരു പെട്ടകം ഉണ്ടാക്കണം. അതിന്‍റെ അകവും പുറവും തങ്കംകൊണ്ടു പൊതിയുകയും മീതെ ചുറ്റും സ്വര്‍ണംകൊണ്ടു അരികുപാളി പിടിപ്പിക്കുകയും വേണം. സ്വര്‍ണവളയങ്ങള്‍ ഉണ്ടാക്കി ഇരുവശത്തും ഈരണ്ടെണ്ണം നാലു കാലുകളിലും തറയ്‍ക്കണം. കരുവേലകത്തടികൊണ്ട് തണ്ടുകള്‍ ഉണ്ടാക്കി അവയും സ്വര്‍ണംകൊണ്ടു പൊതിയണം. പെട്ടകം ചുമക്കാനുള്ള ഈ തണ്ടുകള്‍ പാര്‍ശ്വവളയങ്ങളില്‍ക്കൂടി കടത്തണം. തണ്ടുകള്‍ എപ്പോഴും വളയങ്ങളില്‍ത്തന്നെ ആയിരിക്കണം; അവ എടുത്തുമാറ്റരുത്. ഞാന്‍ തരുന്ന സാക്ഷ്യഫലകങ്ങള്‍ പെട്ടകത്തിനകത്തു വയ്‍ക്കണം. സാക്ഷ്യപെട്ടകത്തിന് തനിത്തങ്കംകൊണ്ട് മൂടി നിര്‍മ്മിക്കുക; അതിന്‍റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കണം. അടിച്ചുപരത്തിയ സ്വര്‍ണംകൊണ്ടുള്ള രണ്ടു കെരൂബുകളെ പെട്ടകത്തിന്‍റെ മൂടിയോടു ചേര്‍ത്ത് രണ്ടറ്റത്തുമായി സ്ഥാപിക്കണം. ഇരുവശത്തുമുള്ള കെരൂബുകളും മൂടിയും ചേര്‍ന്നിരിക്കത്തക്കവിധം അവയെ യോജിപ്പിക്കണം. അഭിമുഖമായി നില്‌ക്കുന്ന കെരൂബുകളുടെ വിരിച്ച ചിറകുകള്‍കൊണ്ട് പെട്ടകത്തിന്‍റെ മൂടി മൂടുംവിധം അവയെ നിര്‍മ്മിക്കുക. പെട്ടകത്തിനുമീതെ കൃപാസനം വയ്‍ക്കുക. ഞാന്‍ നല്‌കുന്ന സാക്ഷ്യഫലകങ്ങള്‍ പെട്ടകത്തിനകത്തു വയ്‍ക്കണം. അവിടെ ഞാന്‍ നിനക്കു ദര്‍ശനം നല്‌കും; പെട്ടകമൂടിക്ക് മീതെ കെരൂബുകള്‍ക്കു നടുവില്‍ നിന്നുകൊണ്ട് ഇസ്രായേല്‍ജനത്തിനുള്ള എന്‍റെ കല്പനകള്‍ ഞാന്‍ നിന്നെ അറിയിക്കും. കരുവേലകംകൊണ്ട് രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവുമുള്ള ഒരു മേശയുണ്ടാക്കണം. അതു തങ്കംകൊണ്ടു പൊതിയണം; സ്വര്‍ണംകൊണ്ടു തന്നെ അരികുപാളിയും പിടിപ്പിക്കണം. അതിന്‍റെ ചുറ്റും കൈപ്പത്തി വീതിയില്‍ ചട്ടം പണിത് അതിനു ചുറ്റും സ്വര്‍ണംകൊണ്ടുള്ള അരികുപാളി പിടിപ്പിക്കണം. സ്വര്‍ണംകൊണ്ടു തന്നെ നാലു വളയങ്ങളുണ്ടാക്കി അവ മൂലയ്‍ക്കുള്ള നാലു കാലുകളിലായി തറയ്‍ക്കണം. തണ്ടുകള്‍ ഇട്ട് മേശ ചുമന്നുകൊണ്ടു പോകത്തക്കവിധം ഈ വളയങ്ങള്‍ വക്കോടു ചേര്‍ത്ത് ഉറപ്പിക്കണം. തണ്ടുകള്‍ കരുവേലകംകൊണ്ടു നിര്‍മ്മിച്ച് സ്വര്‍ണം പൊതിയണം. അവ മേശ ചുമക്കാന്‍ വേണ്ടിയുള്ളതാണ്. ധൂപാര്‍ച്ചനയ്‍ക്കുള്ള തളികകളും കരണ്ടികളും പാനീയബലിക്കുള്ള ഭരണികളും പാത്രങ്ങളുമെല്ലാം സ്വര്‍ണനിര്‍മ്മിതമായിരിക്കണം. എനിക്കുള്ള കാഴ്ചയപ്പം മേശമേല്‍ എന്‍റെ മുമ്പാകെ എപ്പോഴും വച്ചിരിക്കണം. തങ്കംകൊണ്ട് ഒരു വിളക്കുതണ്ട് നിര്‍മ്മിക്കണം; അതിന്‍റെ ചുവടും തണ്ടും പുഷ്പപുടങ്ങളും ദലങ്ങളും മൊട്ടുകളും അതേ തകിടില്‍ നിര്‍മ്മിച്ചതായിരിക്കണം. ഇരുവശത്തുനിന്നും മൂന്നു വീതം ആകെ ആറു ശിഖരങ്ങള്‍ അതിനുണ്ടായിരിക്കണം. ആറു ശിഖരങ്ങളില്‍ ഓരോന്നിനും ബദാംപൂവിന്‍റെ ആകൃതിയിലുള്ള മൂന്നു പുഷ്പപുടവും അതില്‍ ഓരോന്നിലും പൂക്കളും മൊട്ടുകളും ഉണ്ടായിരിക്കണം. മൊട്ടുകളോടും പൂക്കളോടുംകൂടി ബദാംപുഷ്പം പോലെയുള്ള നാലു പുഷ്പപുടങ്ങള്‍ വിളക്കിന്‍റെ തണ്ടിലും ഉണ്ടായിരിക്കണം. ഓരോ ജോഡി ശാഖയ്‍ക്കും താഴെ ഓരോ മൊട്ടു വീതം മൂന്നു ജോഡി ശാഖകള്‍ക്കും താഴെ മൊട്ടുകളുണ്ടായിരിക്കണം. മൊട്ടുകളും ശാഖകളും വിളക്കുതണ്ടും എല്ലാം ചേര്‍ന്ന് ഒരേ സ്വര്‍ണത്തകിടില്‍ നിര്‍മ്മിച്ചതായിരിക്കണം ആ വിളക്ക്. മുന്‍വശത്ത് പ്രകാശം ലഭിക്കത്തക്കവിധം അതില്‍ ഏഴു ദീപങ്ങള്‍ പിടിപ്പിക്കണം. അതിന്‍റെ കരിന്തിരി നീക്കുന്ന കത്രികകളും അവയ്‍ക്കുള്ള തട്ടങ്ങളും തനി സ്വര്‍ണംകൊണ്ടുതന്നെ ആയിരിക്കണം. വിളക്കുതണ്ടും അതിന്‍റെ ഉപകരണങ്ങളും കൂടി ഒരു താലന്തു സ്വര്‍ണമായിരിക്കണം. പര്‍വതത്തില്‍വച്ചു ഞാന്‍ കാണിച്ച മാതൃകയില്‍ തന്നെ അതു നിര്‍മ്മിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നീല, ധൂമ്രം, കടുംചുവപ്പ് നിറങ്ങളുള്ള പിരിച്ച നൂലുകളാല്‍ നെയ്തെടുത്ത പത്തു ലിനന്‍വിരികള്‍കൊണ്ടു തിരുസാന്നിധ്യകൂടാരം നിര്‍മ്മിക്കണം. അവയില്‍ കെരൂബുകളുടെ രൂപം നെയ്തുചേര്‍ത്തിരിക്കണം. ഓരോ വിരിയുടെയും നീളം ഇരുപത്തെട്ടു മുഴവും വീതി നാലു മുഴവും ആയിരിക്കണം. അവ അയ്യഞ്ചെണ്ണം കൂട്ടിത്തയ്ച്ചു രണ്ടു വിരികളാക്കണം. രണ്ടു വിരികളുടെയും വക്കില്‍ നീലനൂലുകൊണ്ടു കണ്ണികള്‍ നേര്‍ക്കുനേരേ ഉണ്ടാക്കണം. രണ്ടു വിരികളിലും അമ്പതു കണ്ണികള്‍ വീതം വേണം. സ്വര്‍ണംകൊണ്ടുണ്ടാക്കിയ അമ്പതു കൊളുത്തുകളാല്‍ അവയെ ബന്ധിപ്പിച്ചു തിരുസാന്നിധ്യകൂടാരം നിര്‍മ്മിക്കണം. തിരുസാന്നിധ്യകൂടാരം ആവരണം ചെയ്യുന്നതിനു കോലാട്ടുരോമംകൊണ്ടു പതിനൊന്നു വിരികള്‍ നെയ്തുണ്ടാക്കണം. ഓരോ വിരിക്കും മുപ്പതു മുഴം നീളവും നാലു മുഴം വീതിയും ഉണ്ടായിരിക്കണം. അവയില്‍ അഞ്ചെണ്ണം ഒരു വിരിയായും ആറെണ്ണം മറ്റൊരു വിരിയായും കൂട്ടിത്തുന്നണം. ആറു വിരികള്‍ തുന്നിച്ചേര്‍ത്ത വിരിപ്പിന്‍റെ ആറാമത്തെ വിരി മുകളിലേയ്‍ക്ക് രണ്ടു മടക്കായി വയ്‍ക്കുക; അവയില്‍ ഓരോ കൂട്ടുവിരിയുടെയും അറ്റത്തുള്ള വിരിയില്‍ അമ്പതു കണ്ണികള്‍ വീതം തുന്നിച്ചേര്‍ക്കണം. ഓടുകൊണ്ടുള്ള അമ്പതു കൊളുത്തുകളാല്‍ കണ്ണികള്‍ തമ്മില്‍ ബന്ധിപ്പിച്ചു കൂടാരം കൂട്ടിയിണക്കണം. തിരുസാന്നിധ്യകൂടാരത്തിന്‍റെ മൂടുവിരിയില്‍ കവിഞ്ഞുകിടക്കുന്ന പകുതിഭാഗം കൂടാരത്തിന്‍റെ പിന്‍ഭാഗത്തു തൂക്കിയിടണം. ഓരോ വശത്തും കൂടുതലുള്ള ഒരു മുഴം തിരുസാന്നിധ്യകൂടാരത്തിന്‍റെ രണ്ടു വശവും മറയ്‍ക്കുംവിധം തൂക്കിയിടേണ്ടതാണ്. ആണാടിന്‍റെ ഊറയ്‍ക്കിട്ട തോലുകൊണ്ടു മൂടുവിരിക്ക് ഒരു പുറമൂടിയും അതിനുമീതെ ഊറയ്‍ക്കിട്ട തഹശുതോല്‍കൊണ്ട് മറ്റൊരു മൂടിയും ഉണ്ടാക്കി കൂടാരത്തെ ആവരണം ചെയ്യണം. തിരുസാന്നിധ്യകൂടാരത്തിനു കരുവേലകംകൊണ്ടു തൂക്കായി നില്‌ക്കുന്ന ചട്ടങ്ങള്‍ ഉണ്ടാക്കണം. ഓരോ ചട്ടത്തിനും പത്തു മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരിക്കണം. ചട്ടങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ അവയുടെ വശങ്ങളില്‍ തള്ളിനില്‌ക്കുന്ന ഓരോ കുടുമയും ഉണ്ടായിരിക്കണം. എല്ലാ ചട്ടങ്ങള്‍ക്കും അങ്ങനെ ഉണ്ടാക്കണം. കൂടാരത്തിന്‍റെ തെക്കുവശത്തേക്ക് ഇരുപതു ചട്ടങ്ങള്‍ ഓരോ ചട്ടത്തിന്‍റെയും കീഴില്‍ ഈരണ്ടു ചുവടുവീതം ഇരുപതു ചട്ടത്തിനു നാല്പതു വെള്ളിച്ചുവടും ഉണ്ടാക്കണം. കൂടാരത്തിന്‍റെ വടക്കു വശത്തേക്ക് ഇരുപതു ചട്ടങ്ങളും; ഓരോ ചട്ടത്തിനും രണ്ടു വീതം നാല്പതു വെള്ളിച്ചുവടും ഉണ്ടാക്കണം. കൂടാരത്തിന്‍റെ പുറകില്‍ പടിഞ്ഞാറു വശത്തേക്ക് ആറു ചട്ടങ്ങളും; കൂടാരത്തിന്‍റെ പിമ്പിലുള്ള മൂലകളില്‍ രണ്ടു ചട്ടങ്ങളും വീതം വയ്‍ക്കുക. അടിയില്‍ അവ വെവ്വേറെ നില്‌ക്കുന്നെങ്കിലും മുകളില്‍ അവ ഒരു വളയത്താല്‍ ബന്ധിച്ചിരിക്കണം. രണ്ടു ചട്ടങ്ങള്‍ക്കും അങ്ങനെ വേണം. അവ ചേര്‍ന്നു രണ്ടു മൂലകള്‍ ഉണ്ടാകും. അങ്ങനെ ഓരോ ചട്ടത്തിനും രണ്ടു വെള്ളിച്ചുവടുകള്‍വീതം എട്ടു ചട്ടങ്ങളും അവയ്‍ക്കു പതിനാറു ചുവടുകളും ഉണ്ടായിരിക്കും. കരുവേലകംകൊണ്ട് അഴികള്‍ ഉണ്ടാക്കണം. കൂടാരത്തിന്‍റെ ഒരു വശത്തുള്ള ചട്ടങ്ങള്‍ക്ക് അഞ്ചും മറുവശത്തേതിന് അഞ്ചും പിറകില്‍ പടിഞ്ഞാറു വശത്തേതിന് അഞ്ചും വീതം അഴികള്‍ വേണം. ചട്ടങ്ങളുടെ മധ്യത്തിലുള്ള അഴി അറ്റത്തോടറ്റം എത്തിയിരിക്കണം. ഈ ചട്ടങ്ങളും അഴികളും സ്വര്‍ണംകൊണ്ടു പൊതിയണം. അഴികള്‍ കടന്നുപോകുന്ന വളയങ്ങളും സ്വര്‍ണനിര്‍മ്മിതമായിരിക്കണം. പര്‍വതത്തില്‍വച്ചു കാണിച്ചുതന്ന മാതൃകയില്‍ത്തന്നെ നീ തിരുസാന്നിധ്യകൂടാരം പണിതുയര്‍ത്തണം. നീല, ധൂമ്രം, കടുംചുവപ്പു നിറങ്ങളുള്ള പിരിച്ച നൂലുകളാല്‍ നേര്‍ത്ത ലിനനില്‍ നെയ്തെടുത്ത ഒരു തിരശ്ശീല ഉണ്ടാക്കണം. കെരൂബുകളുടെ രൂപം അതില്‍ നെയ്തുചേര്‍ത്ത് അതു ഭംഗിയുള്ളതാക്കണം. വെള്ളിച്ചുവടുകളില്‍ ഉറപ്പിച്ച സ്വര്‍ണംകൊണ്ടു പൊതിഞ്ഞ നാലു കരുവേലകത്തൂണുകളില്‍ സ്വര്‍ണക്കൊളുത്തുകള്‍കൊണ്ടു തിരശ്ശീല തൂക്കിയിടണം. പിന്നീട് ഉടമ്പടിപ്പെട്ടകം അതിനുള്ളില്‍ വയ്‍ക്കണം. തിരശ്ശീല വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും തമ്മില്‍ വേര്‍തിരിക്കും. അതിവിശുദ്ധസ്ഥലത്ത് ഉടമ്പടിപ്പെട്ടകത്തിനു മീതെ മൂടി വയ്‍ക്കണം. തിരുസാന്നിധ്യകൂടാരത്തില്‍ തിരശ്ശീലയ്‍ക്കു പുറത്ത് വടക്കുവശത്തു മേശയും മേശയുടെ എതിര്‍വശത്തു വിളക്കുതണ്ടും വയ്‍ക്കണം. നീല, ധൂമ്രം, കടുംചുവപ്പ് നിറങ്ങളിലുള്ള പിരിച്ച ലിനന്‍നൂലുകള്‍കൊണ്ടു ചിത്രപ്പണി ചെയ്ത് കൂടാരവാതിലിന് ഒരു തിരശ്ശീല ഉണ്ടാക്കണം. അത് തൂക്കാന്‍ അഞ്ചു തൂണുകള്‍ വേണം. അവ കരുവേലകംകൊണ്ട് നിര്‍മ്മിച്ച് സ്വര്‍ണം പൊതിയണം. കൂടാതെ സ്വര്‍ണക്കൊളുത്തുകളും ഓടുകൊണ്ട് അഞ്ചു ചുവടുകളും ഉണ്ടായിരിക്കണം. കരുവേലകംകൊണ്ട് ഒരു യാഗപീഠം ഉണ്ടാക്കണം; സമചതുരത്തിലുള്ള ഈ യാഗപീഠത്തിനു നീളവും വീതിയും അഞ്ചുമുഴവും ഉയരം മൂന്നു മുഴവും ആയിരിക്കണം. യാഗപീഠത്തിന്‍റെ നാലു മൂലയ്‍ക്കും അതിനോട് ഒന്നായി ചേര്‍ന്നിരിക്കുന്ന ഓരോ കൊമ്പും വേണം. കൊമ്പുകള്‍ ഓടുകൊണ്ടു പൊതിയണം. ചാരം എടുക്കാനുള്ള ചട്ടികള്‍, ചട്ടുകങ്ങള്‍, കിണ്ണങ്ങള്‍, മുള്‍ക്കരണ്ടികള്‍, തീച്ചട്ടികള്‍ മുതലായവയും ഓടുകള്‍കൊണ്ടുള്ളവ ആയിരിക്കണം. ഓടുകൊണ്ടുള്ള അഴികള്‍ ഉപയോഗിച്ച് ഒരു അഴിക്കൂടുണ്ടാക്കി അതിന്‍റെ കോണുകളില്‍ വളയങ്ങള്‍ പിടിപ്പിക്കണം. യാഗപീഠത്തിന്‍റെ വക്കിനു താഴെ ഏകദേശം പകുതി ഉയരത്തില്‍ അഴിക്കൂട് ഉറപ്പിക്കണം. യാഗപീഠത്തിനു കരുവേലകത്തടികൊണ്ടു തണ്ടുകളുണ്ടാക്കി അവ ഓടുകൊണ്ടു പൊതിയണം. യാഗപീഠം ചുമന്നുകൊണ്ടു പോകാനുള്ള ഈ തണ്ടുകള്‍, വശങ്ങളിലുള്ള വളയങ്ങളിലൂടെ കടത്തണം. പര്‍വതത്തില്‍വച്ചു കാണിച്ചുതന്ന മാതൃകയില്‍ അകം പൊള്ളയായിരിക്കത്തക്കവിധം പലകകള്‍കൊണ്ടുവേണം യാഗപീഠം പണിയേണ്ടത്. തിരുസാന്നിധ്യകൂടാരത്തിന് ഒരു അങ്കണം നിര്‍മ്മിക്കണം; തെക്കുവശത്ത് ലിനന്‍നൂലുകൊണ്ടു നിര്‍മ്മിച്ച നൂറു മുഴം നീളമുള്ള തിരശ്ശീല തൂക്കണം. അതിന് ഓടുകൊണ്ടുള്ള ഇരുപതു തൂണുകള്‍ വേണം. ഓടുകൊണ്ടുള്ള ചുവടുകളില്‍ അവ ഉറപ്പിച്ചിരിക്കണം; ഈ തൂണുകളുടെ കൊളുത്തുകളും പടികളും വെള്ളികൊണ്ടായിരിക്കണം. അതുപോലെതന്നെ വടക്കു വശത്തും, നൂറു മുഴം നീളമുള്ള ശീലയും ഇരുപതു ഓട്ടുതൂണുകളും അവയ്‍ക്കു ചുവടുകളും വെള്ളികൊണ്ടുള്ള കൊളുത്തുകളും പടികളും ഉണ്ടായിരിക്കണം. പടിഞ്ഞാറുവശത്തെ തിരശ്ശീലയ്‍ക്ക് അമ്പതു മുഴം നീളം ഉണ്ടായിരിക്കണം. അതു താങ്ങിനിര്‍ത്താന്‍ പത്തു തൂണുകളും അവയ്‍ക്ക് പത്തു ചുവടുകളും ഉണ്ടാക്കണം. കിഴക്കുവശത്തുള്ള ശീലയുടെ നീളവും അമ്പതു മുഴം ആയിരിക്കണം. [14,15] പ്രവേശനകവാടത്തിന്‍റെ ഓരോ വശത്തും പതിനഞ്ചു മുഴം നീളമുള്ള തിരശ്ശീലയും അതിനു മൂന്നു തൂണുകളും ചുവടുകളും ഉണ്ടായിരിക്കണം. *** നീല, ധൂമ്രം, കടുംചുവപ്പ് നിറങ്ങളുള്ള നൂലുകളാല്‍ ചിത്രപ്പണികളോടുകൂടി നെയ്തെടുത്ത ശീലകൊണ്ട് അങ്കണകവാടത്തിന് മറ ഉണ്ടായിരിക്കണം. ഇരുപതു മുഴം നീളമുള്ള ഈ ശീലയ്‍ക്ക് നാലു തൂണുകളും അവയ്‍ക്കു നാലു ചുവടുകളും ഉണ്ടായിരിക്കണം. എല്ലാ തൂണുകളും വെള്ളിപ്പട്ടകള്‍കൊണ്ടു ബന്ധിപ്പിക്കണം; അവയുടെ കൊളുത്തുകള്‍ വെള്ളികൊണ്ടും ചുവടുകള്‍ ഓടുകൊണ്ടും നിര്‍മ്മിക്കണം. അങ്കണത്തിനു നൂറു മുഴം നീളവും അമ്പതു മുഴം വീതിയും ഉണ്ടായിരിക്കണം. അതിനു ചുറ്റും അഞ്ചു മുഴം ഉയരത്തില്‍ തിരശ്ശീലയും വേണം. ശീലകള്‍ പിരിച്ച പഞ്ഞിനൂലുകൊണ്ടുള്ളതും, അവയുടെ ചുവടുകള്‍ ഓടുകൊണ്ടുള്ളവയും ആയിരിക്കണം. കൂടാരത്തിലെ എല്ലാ ഉപകരണങ്ങളും കൂടാരത്തിന്‍റെയും അങ്കണത്തിന്‍റെയും കുറ്റികളും ഓടുകൊണ്ടുതന്നെ നിര്‍മ്മിച്ചവയായിരിക്കണം. വിളക്ക് എപ്പോഴും കത്തിനില്‌ക്കാന്‍വേണ്ട ആട്ടിയെടുത്ത ശുദ്ധമായ ഒലിവെണ്ണ കൊണ്ടുവരാന്‍ ഇസ്രായേല്‍ജനത്തോടു പറയുക. എന്‍റെ സാന്നിധ്യകൂടാരത്തില്‍ തിരശ്ശീലയ്‍ക്കു പുറത്ത് ഉടമ്പടിപ്പെട്ടകത്തിന്‍റെ മുന്‍വശത്തെ വിളക്ക് അഹരോനും പുത്രന്മാരും സര്‍വേശ്വരന്‍റെ മുമ്പാകെ സായംസന്ധ്യമുതല്‍ പ്രഭാതം വരെ തെളിച്ചുകൊണ്ടിരിക്കണം. ഇത് ഇസ്രായേല്‍ജനങ്ങളും അവരുടെ പിന്‍തലമുറക്കാരും മുടക്കംകൂടാതെ അനുഷ്ഠിക്കേണ്ട ശാശ്വതനിയമമാകുന്നു. “നിന്‍റെ സഹോദരനായ അഹരോനെയും അവന്‍റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍ എന്നിവരെയും പുരോഹിതന്മാരായി എനിക്കു ശുശ്രൂഷ ചെയ്യാന്‍ ഇസ്രായേല്‍ജനത്തില്‍നിന്ന് നിന്‍റെ അടുക്കലേക്കു വിളിക്കുക. അഹരോനു ധരിക്കാന്‍ ശ്രേഷ്ഠവും മനോഹരവുമായ പൗരോഹിത്യവസ്ത്രം നീ ഉണ്ടാക്കണം. എന്‍റെ പുരോഹിതശുശ്രൂഷയ്‍ക്കായി അഹരോനെ അവരോധിക്കുന്നതിനുവേണ്ട വസ്ത്രങ്ങളുണ്ടാക്കാന്‍ ഞാന്‍ പ്രത്യേക നൈപുണ്യം നല്‌കിയിട്ടുള്ള എല്ലാ വിദഗ്ദ്ധന്മാരോടും പറയുക. മാര്‍ച്ചട്ട, ഏഫോദ്, പുറങ്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, തലപ്പാവ്, ഇടക്കെട്ട് എന്നിവയാണ് അവര്‍ നിര്‍മ്മിക്കേണ്ട വസ്ത്രങ്ങള്‍. പുരോഹിതന്മാരായി എനിക്ക് ശുശ്രൂഷ ചെയ്യാന്‍ നിന്‍റെ സഹോദരനായ അഹരോനും പുത്രന്മാര്‍ക്കും വേണ്ട വിശുദ്ധവസ്ത്രങ്ങള്‍ അവരുണ്ടാക്കണം. അവര്‍ അതിന് നീല, ധൂമ്രം, കടുംചുവപ്പു വര്‍ണങ്ങളുള്ള പിരിച്ച നൂലുകളും സ്വര്‍ണക്കസവും ഉപയോഗിക്കട്ടെ. അവര്‍ നീല, ധൂമ്രം, കടുംചുവപ്പു നിറങ്ങളുള്ള നൂലും സ്വര്‍ണക്കസവുംകൊണ്ടു നെയ്തെടുത്ത തുണി ഉപയോഗിച്ചു വിദഗ്ദ്ധമായി ഏഫോദു നിര്‍മ്മിക്കട്ടെ. അതിന്‍റെ ഇരുവശങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്നതിനു രണ്ടു തോള്‍വാറുകള്‍ തയ്ച്ചു പിടിപ്പിക്കണം. ഏഫോദിനായി ഉപയോഗിച്ച സ്വര്‍ണനൂല്‍, നീല, ധൂമ്രം, ചുവപ്പുനൂലുകള്‍, നേര്‍ത്ത ലിനന്‍ എന്നിവകൊണ്ട് ഏഫോദു കെട്ടി മുറുക്കുന്നതിനുള്ള അരപ്പട്ടയും വിദഗ്ദ്ധമായി നിര്‍മ്മിക്കണം. [9,10] രണ്ടു ഗോമേദകക്കല്ലുകളെടുത്ത് ഓരോ കല്ലിലും ആറു പേരുകള്‍ വീതം ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രപിതാക്കന്മാരുടെയും പേരുകള്‍ പ്രായക്രമമനുസരിച്ച് എഴുതണം. *** രത്നശില്പി മുദ്ര കൊത്തുന്നതുപോലെ ഇസ്രായേല്‍പുത്രന്മാരുടെ പേരുകള്‍ ആ കല്ലുകളില്‍ കൊത്തിവയ്‍ക്കണം; അവ ചിത്രപ്പണി ചെയ്ത സ്വര്‍ണച്ചട്ടത്തില്‍ ഉറപ്പിക്കുകയും വേണം. ഇസ്രായേല്‍മക്കളുടെ സ്മാരകമായ ഈ രണ്ടു കല്ലുകളും ഏഫോദിന്‍റെ രണ്ടു തോള്‍വാറുകളില്‍ ഉറപ്പിക്കണം. അങ്ങനെ ഒരു സ്മാരകം എന്ന നിലയില്‍ അവരുടെ പേരുകള്‍ അഹരോന്‍ തന്‍റെ ചുമലുകളില്‍ സര്‍വേശ്വരന്‍റെ മുമ്പാകെ വഹിച്ചുകൊണ്ടിരിക്കണം; ചിത്രപ്പണി ചെയ്ത സ്വര്‍ണത്തകിടുകള്‍ നിര്‍മ്മിക്കുക. തനിത്തങ്കം കൊണ്ടുണ്ടാക്കിയ രണ്ടു ചങ്ങലകള്‍ പിണച്ചെടുത്ത് ആ തകിടുകളോടു ബന്ധിക്കണം. ഏഫോദു നിര്‍മ്മിച്ചതുപോലെ നീല, ധൂമ്രം, കടുംചുവപ്പ് വര്‍ണങ്ങളിലുള്ള നൂലുകളും സ്വര്‍ണക്കസവും പിരിച്ചെടുത്ത ലിനന്‍നൂലും ഉപയോഗിച്ചു ചിത്രപ്പണികളോടുകൂടി വിദഗ്ദ്ധമായി ഒരു മാര്‍ച്ചട്ട ഉണ്ടാക്കുക; ഇത് ന്യായവിധിക്കു വേണ്ടിയുള്ളതാണ്. അത് ഒരു ചാണ്‍ സമചതുരത്തില്‍ രണ്ടു മടക്കുള്ളതായി ഉണ്ടാക്കണം. അതില്‍ നാലു നിര രത്നങ്ങള്‍ പതിക്കണം. ഒന്നാമത്തെ നിരയില്‍ മാണിക്യം, പുഷ്യരാഗം, വൈഡൂര്യം എന്നിവയും രണ്ടാമത്തെ നിരയില്‍ മരതകം, ഇന്ദ്രനീലം, വജ്രം എന്നിവയും മൂന്നാമത്തെ നിരയില്‍ പവിഴം, ചന്ദ്രകാന്തം, സൗഗന്ധികം എന്നിവയും നാലാമത്തെ നിരയില്‍ പത്മരാഗം, ഗോമേദകം, സൂര്യകാന്തം എന്നിവയും സ്വര്‍ണച്ചട്ടങ്ങളില്‍ ഉറപ്പിക്കണം. ഗോത്രങ്ങളുടെ എണ്ണമനുസരിച്ച് ഈ പന്ത്രണ്ടു കല്ലുകളില്‍ ഓരോന്നിലും ഇസ്രായേല്‍പുത്രന്മാരുടെ പേരുകള്‍ മുദ്രമോതിരത്തിലെന്നപോലെ കൊത്തിയിരിക്കണം. മാര്‍ച്ചട്ടയ്‍ക്കുവേണ്ടിയുള്ള ചരടുകള്‍ തനിസ്വര്‍ണംകൊണ്ടു കയറുപോലെ പിണച്ചെടുത്തു നിര്‍മ്മിക്കണം. മാര്‍ച്ചട്ടയ്‍ക്കുള്ള രണ്ടു വളയങ്ങള്‍ സ്വര്‍ണംകൊണ്ടു നിര്‍മ്മിച്ച് ഇരുവശങ്ങളിലും പിടിപ്പിക്കണം. ഈ വളയങ്ങളിലൂടെ സ്വര്‍ണച്ചരടുകള്‍ കടത്തി ബന്ധിപ്പിക്കണം. ചരടുകളുടെ മറ്റേ അറ്റം തോള്‍വാറുകളിലുള്ള കൊളുത്തുകളില്‍ ഏഫോദിന്‍റെ മുന്‍വശത്തു ബന്ധിപ്പിക്കണം. സ്വര്‍ണംകൊണ്ടു രണ്ടു വളയങ്ങള്‍ കൂടി ഉണ്ടാക്കി അവ മാര്‍ച്ചട്ടയുടെ താഴത്തെ മൂലകളില്‍ ഉള്‍ഭാഗത്ത് ഏഫോദിനോടടുത്തു തന്നെ ബന്ധിപ്പിക്കണം. വേറേ രണ്ടു സ്വര്‍ണവളയങ്ങള്‍ കൂടിയുണ്ടാക്കി അവയെ ഏഫോദിന്‍റെ തോള്‍വാറുകളില്‍ കീഴ്ഭാഗത്ത് വിദഗ്ദ്ധമായി നിര്‍മ്മിച്ചിട്ടുള്ള അരപ്പട്ടയ്‍ക്കു മുകളില്‍ ഉറപ്പിക്കണം. മാര്‍ച്ചട്ട ഏഫോദിന്‍റെ മുകളില്‍ മുറുകിയിരിക്കത്തക്കവിധം അതിന്‍റെ വളയങ്ങള്‍ ഏഫോദിന്‍റെ വളയങ്ങളുമായി അരപ്പട്ടയ്‍ക്കു മുകളില്‍ വച്ച് നീലച്ചരടുകള്‍ കൊണ്ടു ബന്ധിക്കണം. അഹരോന്‍ വിശുദ്ധസ്ഥലത്തു പ്രവേശിക്കുമ്പോള്‍ ഇസ്രായേല്‍ഗോത്രങ്ങളുടെ പേരുകളുള്ള ന്യായവിധിയുടെ മാര്‍ച്ചട്ട ധരിച്ചിരിക്കണം. അങ്ങനെ സര്‍വേശ്വരന്‍ എപ്പോഴും ജനങ്ങളെ ഓര്‍ക്കാന്‍ ഇടയാകും. ന്യായവിധിയുടെ മാര്‍ച്ചട്ടയ്‍ക്കുള്ളില്‍ ദൈവഹിതം അറിയാനുള്ള ഊറീമും തുമ്മീമും വയ്‍ക്കണം. സര്‍വേശ്വരന്‍റെ സന്നിധിയില്‍ പ്രവേശിക്കുമ്പോഴെല്ലാം അഹരോന്‍ അതു ധരിക്കട്ടെ; അങ്ങനെ ഇസ്രായേല്‍ജനങ്ങളെ സംബന്ധിച്ചുള്ള ദൈവവിധി അറിയാന്‍ ഇടവരട്ടെ. “ഏഫോദിന്‍റെ മേല്‍ക്കുപ്പായം നീലനൂല്‍കൊണ്ടു നിര്‍മ്മിച്ചതായിരിക്കണം. അതിന്‍റെ നടുവില്‍ തല കടത്താനുള്ള ദ്വാരം ഉണ്ടായിരിക്കണം. ആ ദ്വാരം കീറിപ്പോകാതിരിക്കാന്‍ പടച്ചട്ടയ്‍ക്കുള്ളതുപോലെ ദ്വാരത്തിനു ചുറ്റും നെയ്തെടുത്ത ഒരു നാട തയ്ച്ചു ചേര്‍ക്കണം. [33,34] കുപ്പായത്തിന്‍റെ വിളുമ്പുകളില്‍ നീലയും, ധൂമ്രവും, കടുംചുവപ്പുള്ള നൂലുകള്‍കൊണ്ട് മാതളനാരങ്ങയുടെ രൂപങ്ങളും സ്വര്‍ണമണികളും ഒന്നിടവിട്ട് തയ്ച്ചു ചേര്‍ക്കണം. *** പുരോഹിതശുശ്രൂഷ ചെയ്യുമ്പോള്‍ അഹരോന്‍ ഇത് ധരിച്ചിരിക്കണം. വിശുദ്ധസ്ഥലത്ത് അവിടുത്തെ സന്നിധിയില്‍ ശുശ്രൂഷ നടത്താന്‍ പ്രവേശിക്കുമ്പോഴും തിരിച്ചുവരുമ്പോഴും ആ മണികളുടെ നാദം കേള്‍ക്കണം. അല്ലാത്തപക്ഷം അയാള്‍ മരിക്കും. ഒരു തങ്കത്തകിടുണ്ടാക്കി അതില്‍ മുദ്രമോതിരത്തില്‍ എന്നപോലെ ‘സര്‍വേശ്വരനു സമര്‍പ്പിതം’ എന്നു കൊത്തിവയ്‍ക്കുക. ഒരു നീല നാടകൊണ്ട് ഇത് തലപ്പാവിന്‍റെ മുന്‍വശത്തു ബന്ധിക്കണം. അത് അഹരോന്‍ നെറ്റിയില്‍ ധരിക്കണം. അങ്ങനെ ഇസ്രായേല്‍ജനം അര്‍പ്പിക്കുന്ന വഴിപാടുകളില്‍ സംഭവിച്ചേക്കാവുന്ന കുറവുകള്‍ അഹരോന്‍ ഏറ്റെടുക്കണം; ആ വിശുദ്ധ വഴിപാടുകള്‍ സര്‍വേശ്വരനു സ്വീകാര്യമാകാന്‍ ആ ലിഖിതം അഹരോന്‍റെ നെറ്റിയില്‍ എപ്പോഴും ഉണ്ടായിരിക്കണം. അതിവിശിഷ്ടമായ ലിനന്‍നൂല്‍കൊണ്ട് ചിത്രപ്പണികളോടുകൂടി വിദഗ്ദ്ധമായി ഒരു നിലയങ്കി നെയ്തെടുക്കണം; ആ നൂല്‍കൊണ്ടുതന്നെ ഒരു തലപ്പാവും ചിത്രപ്പണികളോടുകൂടിയ ഒരു അരപ്പട്ടയും നെയ്തുണ്ടാക്കണം. അഹരോന്‍റെ പുത്രന്മാര്‍ക്ക് ശ്രേഷ്ഠതയും സൗന്ദര്യവും ഉണ്ടാകത്തക്കവിധം അങ്കിയും അരപ്പട്ടയും തൊപ്പിയും നിര്‍മ്മിക്കണം. നീ അവയെ നിന്‍റെ സഹോദരനായ അഹരോനെയും അവന്‍റെ പുത്രന്മാരെയും ധരിപ്പിച്ച് അവരെ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യാന്‍ അഭിഷേകം ചെയ്തു വേര്‍തിരിച്ചു നിയോഗിക്കണം. അവരുടെ നഗ്നത മറയ്‍ക്കാന്‍ അരമുതല്‍ തുടവരെ നീണ്ടുകിടക്കുന്ന കാല്‍ച്ചട്ടയും ഉണ്ടാക്കണം. അഹരോനും അവന്‍റെ പുത്രന്മാരും തിരുസാന്നിധ്യകൂടാരത്തില്‍ പ്രവേശിക്കുമ്പോഴും യാഗപീഠത്തിന്‍റെ അടുക്കല്‍ ചെല്ലുമ്പോഴും അതു ധരിക്കണം; അല്ലെങ്കില്‍ അവര്‍ മരിക്കും. ഇത് അഹരോനും പിന്‍തലമുറക്കാരും എന്നേക്കും അനുഷ്ഠിക്കേണ്ട നിയമമാകുന്നു. അഹരോനെയും പുത്രന്മാരെയും എനിക്ക് പുരോഹിതശുശ്രൂഷയ്‍ക്കായി വേര്‍തിരിക്കുന്നതിനു നീ ഇതു ചെയ്യണം: ഒരു കാളക്കുട്ടിയെയും കുറ്റമറ്റ രണ്ട് ആണാടിനെയും തിരഞ്ഞെടുക്കുക. കൂടാതെ പുളിപ്പില്ലാത്ത അപ്പം, എണ്ണയിലുണ്ടാക്കിയ പുളിപ്പില്ലാത്ത അട, എണ്ണ പുരട്ടിയുണ്ടാക്കിയ പുളിപ്പില്ലാത്ത വട എന്നിവ കരുതണം. ഇവയെല്ലാം നേരിയ കോതമ്പുമാവുകൊണ്ട് ഉണ്ടാക്കണം. ഇവ ഒരു കൂടയിലാക്കി കാളക്കുട്ടിയോടും ആണാടുകളോടുമൊപ്പം കൊണ്ടുവരണം. അഹരോനെയും പുത്രന്മാരെയും തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകുക. പൗരോഹിത്യവസ്ത്രങ്ങളില്‍ നിലയങ്കിയും ഏഫോദിന്‍റെ കുപ്പായവും ഏഫോദും മാര്‍ച്ചട്ടയും ചിത്രപ്പണി ചെയ്ത അരപ്പട്ടയും ധരിപ്പിക്കണം. തലയില്‍ തലപ്പാവും അതിനുമീതെ വിശുദ്ധകിരീടവും അണിയിക്കണം. പിന്നീട് അഭിഷേകതൈലം തലയില്‍ ഒഴിച്ച് അഹരോനെ അഭിഷേകം ചെയ്യണം. അഹരോന്‍റെ പുത്രന്മാരെയും കൊണ്ടുവന്നു പൗരോഹിത്യവസ്ത്രങ്ങള്‍ ധരിപ്പിക്കണം. അവരെ അരപ്പട്ടയും തൊപ്പിയും ധരിപ്പിക്കുക; ശാശ്വതനിയമമനുസരിച്ചു പൗരോഹിത്യം അവരുടേതായിരിക്കും. അങ്ങനെ അഹരോനെയും പുത്രന്മാരെയും പുരോഹിതന്മാരായി അവരോധിക്കണം. “തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ കാളക്കുട്ടിയെ കൊണ്ടുവരണം; അഹരോനും പുത്രന്മാരും അതിന്‍റെ തലയില്‍ കൈവയ്‍ക്കണം. പിന്നീട് സര്‍വേശ്വരന്‍റെ മുമ്പാകെ തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍വച്ചുതന്നെ അതിനെ കൊല്ലണം. അതിന്‍റെ രക്തത്തില്‍ കുറെ എടുത്തു നിന്‍റെ വിരലുകള്‍കൊണ്ട് യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടണം. ശേഷിക്കുന്നത് യാഗപീഠത്തിന്‍റെ ചുവട്ടില്‍ ഒഴിക്കുക. ആന്തരികാവയവങ്ങള്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്‍റെ നെയ്‍വലയും, വൃക്കകളും അവയെ പൊതിഞ്ഞിരിക്കുന്ന മേദസ്സും, യാഗപീഠത്തില്‍വച്ചു ദഹിപ്പിക്കുക. എന്നാല്‍ കാളയുടെ മാംസവും തോലും ചാണകവും പാളയത്തിനു പുറത്തുവച്ചുതന്നെയാണ് ദഹിപ്പിക്കേണ്ടത്. ഇതു പാപപരിഹാരയാഗമാകുന്നു. രണ്ട് ആണാടുകളില്‍ ഒന്നിനെ കൊണ്ടുവന്ന് അഹരോനും പുത്രന്മാരും അതിന്‍റെ തലയില്‍ കൈ വയ്‍ക്കണം. പിന്നീട് അതിനെ കൊന്നു രക്തമെടുത്തു യാഗപീഠത്തിന്‍റെ നാലു വശത്തും തളിക്കണം. പിന്നെ അതിനെ കഷണങ്ങളാക്കി ആന്തരികാവയവങ്ങളും കാലുകളും കഴുകിയെടുത്ത് അവയും തലയും, യാഗപീഠത്തില്‍വച്ച് അതിനെ മുഴുവന്‍ ഹോമയാഗമായി അര്‍പ്പിക്കണം; അതിന്‍റെ സൗരഭ്യം സര്‍വേശ്വരനു ഹിതകരമായിരിക്കും. മറ്റേ ആടിനെയും കൊണ്ടുവന്ന് അഹരോനും പുത്രന്മാരും അതിന്‍റെ തലയില്‍ കൈകള്‍ വച്ചശേഷം കൊല്ലുക. അതിന്‍റെ രക്തത്തില്‍ കുറെ എടുത്ത് അഹരോന്‍റെയും പുത്രന്മാരുടെയും വലതുകാതിന്‍റെ അഗ്രത്തിലും വലതുകൈയുടെ പെരുവിരലിലും വലതുകാലിന്‍റെ പെരുവിരലിലും പുരട്ടണം; ശേഷിക്കുന്ന രക്തം യാഗപീഠത്തിനു ചുറ്റും ഒഴിക്കണം. യാഗപീഠത്തിലുള്ള രക്തത്തില്‍ അല്പമെടുത്ത് അഭിഷേകതൈലത്തോടൊപ്പം അഹരോന്‍റെയും അവന്‍റെ വസ്ത്രത്തിന്‍റെയും അഹരോന്‍റെ പുത്രന്മാരുടെയും അവരുടെ വസ്ത്രങ്ങളുടെയുംമേല്‍ തളിക്കണം. അപ്പോള്‍ അവനും അവന്‍റെ പുത്രന്മാരും അവരുടെ വസ്ത്രങ്ങളും ശുദ്ധീകരിക്കപ്പെടും. “ഈ ആണാട് അഭിഷേകശുശ്രൂഷയ്‍ക്കുള്ളതാകയാല്‍ അതിന്‍റെ മേദസ്സും തടിച്ച വാലും കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള നെയ്‍വലയും വൃക്കകള്‍ രണ്ടും അവയുടെ മേലുള്ള മേദസ്സും വലതുതുടയും എടുക്കണം; അതിനുശേഷം സര്‍വേശ്വരന്‍റെ സന്നിധിയില്‍ വച്ചിട്ടുള്ള പുളിപ്പില്ലാത്ത അപ്പത്തിന്‍റെ കുട്ടയില്‍നിന്ന് ഒരു അപ്പവും എണ്ണ ചേര്‍ത്തുണ്ടാക്കിയ ഒരു അടയും ഒരു വടയും എടുക്കണം. ഇവ അഹരോന്‍റെയും പുത്രന്മാരുടെയും കൈകളില്‍ കൊടുക്കണം; അവര്‍ അവ സര്‍വേശ്വരന്‍റെ മുമ്പില്‍ നീരാജനം ചെയ്യണം. പിന്നീട് അവ തിരിച്ചുവാങ്ങി, ഹോമയാഗത്തോടൊപ്പം യാഗപീഠത്തില്‍ ദഹിപ്പിക്കണം. ഈ ദഹനയാഗത്തിന്‍റെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമാണ്. “അഹരോന്‍റെ അഭിഷേകശുശ്രൂഷയ്‍ക്കുള്ള ആടിന്‍റെ നെഞ്ച് സര്‍വേശ്വരന് നീരാജനം ചെയ്യണം; അതു നിന്‍റെ ഓഹരി ആയിരിക്കും. പുരോഹിതാഭിഷേക ശുശ്രൂഷയ്‍ക്കുള്ള ആണാടിന്‍റെ നെഞ്ചും തുടയും നീരാജനം ചെയ്ത് അര്‍പ്പിച്ചശേഷം അഹരോനും പുത്രന്മാര്‍ക്കുമായി മാറ്റി വയ്‍ക്കണം. ഇത് ഇസ്രായേല്‍ജനം അര്‍പ്പിക്കുന്ന സമാധാനയാഗത്തില്‍നിന്ന് അവര്‍ക്കുള്ള നിത്യഓഹരിയാകുന്നു. ഇത് ഇസ്രായേല്‍ജനം സര്‍വേശ്വരനു നീരാജനം ചെയ്ത് അര്‍പ്പിക്കുന്ന വഴിപാടാണ്. അഹരോന്‍റെ മരണശേഷം അവന്‍റെ വിശുദ്ധവസ്ത്രങ്ങളെല്ലാം പുത്രന്മാര്‍ക്ക് അവകാശപ്പെട്ടതാണ്; പുരോഹിതന്മാരായി അഭിഷേകം ചെയ്യപ്പെടുമ്പോഴും നിയോഗിക്കപ്പെടുമ്പോഴും അവര്‍ അവ ധരിച്ചിരിക്കണം. അഹരോനു പകരം പുരോഹിതനായി നിയോഗിക്കപ്പെടുന്ന പുത്രന്‍ തിരുസാന്നിധ്യകൂടാരത്തിലെ വിശുദ്ധസ്ഥലത്തു ശുശ്രൂഷയ്‍ക്കായി വരുമ്പോള്‍ ഏഴു ദിവസം അവ ധരിക്കണം. “പുരോഹിതാഭിഷേക ശുശ്രൂഷയ്‍ക്കുള്ള ആണാടിന്‍റെ മാംസം വിശുദ്ധമായ ഒരു സ്ഥലത്തുവച്ചു പാകം ചെയ്യണം; അഹരോനും പുത്രന്മാരും ആ മാംസവും കുട്ടയിലുള്ള അപ്പവും തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍വച്ചു ഭക്ഷിക്കണം. തങ്ങളെ അഭിഷേകം ചെയ്തു നിയോഗിച്ചപ്പോള്‍ പാപപരിഹാരമായി അര്‍പ്പിച്ചതാകയാല്‍ അത് അവര്‍തന്നെ ഭക്ഷിക്കണം. അവ വിശുദ്ധമാകയാല്‍ മറ്റാരും അതു ഭക്ഷിക്കരുത്. പുരോഹിതാഭിഷേക ശുശ്രൂഷയ്‍ക്കുപയോഗിച്ച മാംസമോ അപ്പമോ ബാക്കി വന്നാല്‍ അവ ദഹിപ്പിച്ചുകളയണം. വിശുദ്ധമായതുകൊണ്ട് അതു ഭക്ഷിക്കരുത്. “അഹരോനും പുത്രന്മാര്‍ക്കുമുള്ള പുരോഹിതാഭിഷേക ശുശ്രൂഷ ഞാന്‍ നിന്നോടു കല്പിച്ചതുപോലെ ഏഴു ദിവസംകൊണ്ട് അനുഷ്ഠിക്കണം. ദിനംതോറും ഒരു കാളയെ പാപപരിഹാരത്തിനായി അര്‍പ്പിക്കണം. യാഗപീഠത്തിന്‍റെ ശുദ്ധീകരണത്തിനുവേണ്ടിയും പാപപരിഹാരയാഗം അര്‍പ്പിക്കണം; പിന്നീട് യാഗപീഠം അഭിഷേകം ചെയ്തു വിശുദ്ധീകരിക്കണം. ഏഴു ദിവസവും പാപപരിഹാരത്തിനുവേണ്ടി പ്രായശ്ചിത്തയാഗമര്‍പ്പിച്ചു യാഗപീഠം ശുദ്ധീകരിക്കണം; അപ്പോള്‍ യാഗപീഠം അതിവിശുദ്ധമായിത്തീരും. യാഗപീഠത്തെ സ്പര്‍ശിക്കുന്നതെന്തും ശുദ്ധമായിത്തീരും. “യാഗപീഠത്തില്‍ അര്‍പ്പിക്കപ്പെടേണ്ടത് ഇവയാണ്: ഒരു വയസ്സ് പ്രായമുള്ള രണ്ട് ആട്ടിന്‍കുട്ടികളെ ദിവസംതോറും അര്‍പ്പിക്കണം. അവയില്‍ ഒന്നിനെ രാവിലെയും മറ്റതിനെ വൈകിട്ടും അര്‍പ്പിക്കണം. ഒന്നാമത്തെ ആട്ടിന്‍കുട്ടിയോടൊപ്പം ആട്ടിയെടുത്ത കാല്‍ ഹീന്‍ ഒലിവെണ്ണയില്‍ കുഴച്ച ഒരിടങ്ങഴി കോതമ്പുമാവും പാനീയയാഗമായി കാല്‍ ഹീന്‍ വീഞ്ഞും അര്‍പ്പിക്കണം. രണ്ടാമത്തെ ആട്ടിന്‍കുട്ടിയെ വൈകിട്ടു യാഗമര്‍പ്പിക്കുമ്പോള്‍ അതോടൊപ്പം രാവിലത്തേതുപോലെ തന്നെ കോതമ്പുമാവും ഒലിവെണ്ണയും വീഞ്ഞും ദഹനയാഗമായി അര്‍പ്പിക്കണം. ഈ ദഹനയാഗത്തിന്‍റെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമാണ്. ഇതു തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ സര്‍വേശ്വരന്‍റെ മുമ്പാകെ നിങ്ങളുടെ ഭാവിതലമുറകള്‍ സദാകാലവും അര്‍പ്പിക്കേണ്ട ദഹനയാഗമാകുന്നു. അവിടെ ഞാന്‍ നിങ്ങളെ സന്ദര്‍ശിച്ച് നിങ്ങളോടു സംസാരിക്കും. ഞാന്‍ ഇസ്രായേല്‍ജനത്തെ സന്ദര്‍ശിക്കുന്ന ആ സ്ഥലം എന്‍റെ മഹത്ത്വംകൊണ്ട് പരിശുദ്ധമാകും. തിരുസാന്നിധ്യകൂടാരവും യാഗപീഠവും ഞാന്‍ വിശുദ്ധീകരിക്കും; എനിക്കു പൗരോഹിത്യശുശ്രൂഷ നിര്‍വഹിക്കാന്‍ അഹരോനെയും പുത്രന്മാരെയും ഞാന്‍ ശുദ്ധീകരിച്ചു വേര്‍തിരിക്കും. ഞാന്‍ അവരുടെ ദൈവമായി ഇസ്രായേല്‍ജനങ്ങളുടെ ഇടയില്‍ പാര്‍ക്കും. അവരുടെ ഇടയില്‍ പാര്‍ക്കാന്‍ ഈജിപ്തില്‍നിന്ന് അവരെ കൂട്ടിക്കൊണ്ടുവന്ന ഞാന്‍ അവരുടെ ദൈവമായ സര്‍വേശ്വരന്‍ എന്ന് അവര്‍ അറിയും. ഞാനാണ് അവരുടെ ദൈവമായ സര്‍വേശ്വരന്‍. ധൂപാര്‍പ്പണത്തിനു കരുവേലകംകൊണ്ട് ഒരു ധൂപപീഠം ഉണ്ടാക്കണം. അത് ഒരു മുഴം സമചതുരമായിരിക്കണം. രണ്ടു മുഴം ആയിരിക്കണം അതിന്‍റെ ഉയരം. കൊമ്പുകള്‍ അതോടു ചേര്‍ന്ന് ഒന്നായിരിക്കണം; അതിന്‍റെ മേല്‍ഭാഗവും വശങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിയണം; അതിന് സ്വര്‍ണംകൊണ്ടു ചുറ്റും വക്കു പിടിപ്പിക്കണം. അതു ചുമക്കാനുള്ള തണ്ടുകള്‍ ഇടുന്നതിനു വക്കിനു താഴെ രണ്ടു വശത്തുമായി രണ്ടു സ്വര്‍ണവളയങ്ങള്‍ ഉറപ്പിക്കണം. കരുവേലകംകൊണ്ടു നിര്‍മ്മിച്ച തണ്ടുകളും സ്വര്‍ണം പൊതിയണം. ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കുന്ന ഇടമായ ഉടമ്പടിപ്പെട്ടകത്തിനു മീതെയുള്ള മൂടിയുടെയും അതോടു ചേര്‍ന്നുള്ള തിരശ്ശീലയുടെയും മുമ്പില്‍ അതു വയ്‍ക്കണം. ധൂപപീഠത്തിന്മേല്‍ അഹരോന്‍ സുഗന്ധദ്രവ്യം അര്‍പ്പിക്കണം. പ്രഭാതത്തില്‍ വിളക്കുകള്‍ ഒരുക്കുമ്പോഴും വൈകിട്ടു വിളക്കു കൊളുത്തുമ്പോഴും അഹരോന്‍ ധൂപം അര്‍പ്പിക്കണം. ഇത് നിങ്ങളുടെ സകല തലമുറകളും നിത്യവും അനുഷ്ഠിക്കേണ്ടതാണ്. നിങ്ങള്‍ അതിന്മേല്‍ അശുദ്ധദ്രവ്യങ്ങള്‍ പുകയ്‍ക്കരുത്. ദഹനയാഗമോ ധാന്യയാഗമോ പാനീയയാഗമോ അതിന്മേല്‍ അര്‍പ്പിക്കരുത്. പാപപരിഹാരത്തിനായി അര്‍പ്പിച്ച മൃഗത്തിന്‍റെ രക്തം യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടി, വര്‍ഷത്തിലൊരിക്കല്‍ അഹരോന്‍ യാഗപീഠം ശുദ്ധീകരിക്കണം; ഇത് നിങ്ങളുടെ സകല തലമുറകളും വര്‍ഷത്തിലൊരിക്കല്‍ അനുഷ്ഠിക്കണം; ഇത് സര്‍വേശ്വരന് അതിവിശുദ്ധമാണ്. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേലില്‍ ജനസംഖ്യ എടുക്കുമ്പോള്‍ അവരുടെ ഇടയില്‍ ഒരു ബാധയും ഉണ്ടാകാതിരിക്കാന്‍ ഓരോരുത്തനും സര്‍വേശ്വരനു വീണ്ടെടുപ്പുവില കൊടുക്കണം. ജനസംഖ്യ എടുക്കപ്പെട്ട എല്ലാവരും വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ച് അര ശേക്കെല്‍ സര്‍വേശ്വരനു വഴിപാടായി അര്‍പ്പിക്കണം. അര ശേക്കെല്‍ പത്തു ഗേരയാണ്. എണ്ണമെടുത്തവരില്‍ ഇരുപതു വയസ്സിനുമേല്‍ പ്രായമുള്ള എല്ലാവരും സര്‍വേശ്വരനു വഴിപാട് അര്‍പ്പിക്കണം. പാപപരിഹാരത്തിനായി സര്‍വേശ്വരന് വഴിപാട് അര്‍പ്പിക്കുമ്പോള്‍ ധനവാനും ദരിദ്രനും അര ശേക്കെല്‍ വീതം അര്‍പ്പിക്കണം. ധനവാന്‍ കൂടുതലോ ദരിദ്രന്‍ കുറവോ അര്‍പ്പിച്ചുകൂടാ. പ്രായശ്ചിത്ത നികുതി ഇസ്രായേല്‍ജനത്തില്‍നിന്നു ശേഖരിച്ചു തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷയ്‍ക്കുവേണ്ടി കൊടുക്കണം. ഇസ്രായേല്‍ജനം സര്‍വേശ്വരന്‍റെ സന്നിധിയില്‍ സ്മരിക്കപ്പെടുന്നതിനും അവര്‍ക്ക് പാപപരിഹാരം ലഭിക്കുന്നതിനും വേണ്ടിയുള്ളതാണിത്. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: കഴുകാന്‍ വെള്ളം നിറയ്‍ക്കുന്നതിന് ഓടുകൊണ്ട് ഒരു തൊട്ടിയും അതിനുള്ള പീഠവും ഉണ്ടാക്കണം; അതു തിരുസാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും ഇടയ്‍ക്കു വച്ച് അതില്‍ വെള്ളം നിറയ്‍ക്കണം. ഈ വെള്ളംകൊണ്ടാണ് അഹരോനും പുത്രന്മാരും അവരുടെ കൈകാലുകള്‍ കഴുകേണ്ടത്. തിരുസാന്നിധ്യകൂടാരത്തില്‍ പ്രവേശിക്കുമ്പോഴും യാഗപീഠത്തില്‍ ശുശ്രൂഷ ചെയ്യാന്‍ പോകുമ്പോഴും സര്‍വേശ്വരനു ധൂപാരാധന നടത്താന്‍ പോകുമ്പോഴും അവര്‍ ഈ വെള്ളംകൊണ്ടു കൈകാലുകള്‍ കഴുകണം. അങ്ങനെ ചെയ്തില്ലെങ്കില്‍ അവര്‍ മരിക്കും. ഇതവരുടെ പിന്‍തലമുറകളും അനുഷ്ഠിക്കേണ്ട ശാശ്വതനിയമമാണ്. സര്‍വേശ്വരന്‍ വീണ്ടും മോശയോട് അരുളിച്ചെയ്തു: മേല്‍ത്തരം സുഗന്ധദ്രവ്യങ്ങള്‍ എടുക്കുക; ദ്രാവകരൂപത്തിലുള്ള അഞ്ഞൂറു ശേക്കെല്‍ മൂരും ഇരുനൂറ്റമ്പതു ശേക്കെല്‍ കറുവാപ്പട്ടയും അത്രയുംതന്നെ സുഗന്ധസസ്യവും അഞ്ഞൂറു ശേക്കെല്‍ അമരിപ്പട്ടയും വേണം. അവയോടു കൂടി ഒരു ഹീന്‍ ഒലിവെണ്ണയും ചേര്‍ത്തു വിദഗ്ദ്ധനായ സുഗന്ധതൈലനിര്‍മ്മാതാവിനെപ്പോലെ വിശുദ്ധതൈലം ഉണ്ടാക്കണം. ഇതാണ് അഭിഷേകത്തിനുള്ള വിശുദ്ധതൈലം. അതുകൊണ്ട് തിരുസാന്നിധ്യകൂടാരവും സാക്ഷ്യപെട്ടകവും മേശയും അതിലെ ഉപകരണങ്ങളും വിളക്കുതണ്ടും അതിന്‍റെ ഉപകരണങ്ങളും ധൂപപീഠവും ഹോമയാഗവും അതിലെ ഉപകരണങ്ങളും ക്ഷാളനപാത്രവും അതിന്‍റെ പീഠവും അഭിഷേകം ചെയ്യുക. അതിവിശുദ്ധമായിത്തീരാന്‍ നീ അവയെ ശുദ്ധീകരിക്കണം. അവയെ സ്പര്‍ശിക്കുന്നതെന്തും ശുദ്ധമായിത്തീരും. എനിക്കു പുരോഹിതശുശ്രൂഷ ചെയ്യാന്‍ അഹരോനെയും പുത്രന്മാരെയും അഭിഷേകം ചെയ്തു വേര്‍തിരിക്കുക. ഇത് തലമുറകള്‍തോറും ഉപയോഗിക്കേണ്ട എന്‍റെ വിശുദ്ധതൈലം എന്ന് ഇസ്രായേല്‍ജനത്തോടു പറയണം. സാധാരണ ജനത്തിന്‍റെമേല്‍ ഈ തൈലം ഒഴിക്കരുത്; ഇതിന്‍റെ ചേരുവ അനുസരിച്ച് മറ്റൊരു തൈലം ഉണ്ടാക്കരുത്; ഇത് വിശുദ്ധമാണ്. വിശുദ്ധവസ്തുവായി നിങ്ങള്‍ ഇതു കൈകാര്യം ചെയ്യണം. ആരെങ്കിലും ഇതുപോലൊരു തൈലക്കൂട്ട് ഉണ്ടാക്കുകയോ സാധാരണക്കാരന്‍റെമേല്‍ തളിക്കുകയോ ചെയ്താല്‍ അവനെ ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍നിന്നു ബഹിഷ്കരിക്കണം. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ നറുംപശ, ഗുല്‍ഗുലു, ഗല്‍ബാനപ്പശ എന്നീ സുഗന്ധധൂപദ്രവ്യങ്ങളും ശുദ്ധമായ കുന്തുരുക്കവും ഒരേ അളവില്‍ എടുക്കുക. വിദഗ്ദ്ധനായ സുഗന്ധതൈലനിര്‍മ്മാതാവിനെപ്പോലെ ഇവ ഉപ്പുചേര്‍ത്തു നിര്‍മ്മലവും വിശുദ്ധവുമായ ഒരു സുഗന്ധക്കൂട്ട് ഉണ്ടാക്കണം. അതില്‍ കുറെയെടുത്ത് നേര്‍മയായി പൊടിച്ച് ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കുന്ന തിരുസാന്നിധ്യകൂടാരത്തിലെ സാക്ഷ്യപെട്ടകത്തിന്‍റെ മുമ്പില്‍ വയ്‍ക്കണം. അതു നീ വിശുദ്ധമായി കരുതണം. ഈ ചേരുവ അനുസരിച്ച് നിനക്കുവേണ്ടി ധൂപക്കൂട്ട് ഉണ്ടാക്കരുത്. അതു സര്‍വേശ്വരനുവേണ്ടിയുള്ള നിന്‍റെ വിശുദ്ധ ധൂപക്കൂട്ടായിരിക്കണം; സൗരഭ്യത്തിനുവേണ്ടി ആരെങ്കിലും അത് ഉണ്ടാക്കിയാല്‍ അവനെ ജനത്തിന്‍റെ ഇടയില്‍നിന്നു ബഹിഷ്കരിക്കണം. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “യെഹൂദാഗോത്രത്തില്‍ ഹൂരിന്‍റെ പൗത്രനും ഊരിയുടെ പുത്രനുമായ ബെസലേലിനെ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു. സ്വര്‍ണം, വെള്ളി, ഓട് ഇവകൊണ്ടു കലാരൂപങ്ങള്‍ നിര്‍മ്മിക്കുക; പതിക്കാനുള്ള രത്നങ്ങള്‍ ചെത്തി മിനുക്കുക; തടിയില്‍ കൊത്തുപണികള്‍ ചെയ്യുക മുതലായ എല്ലാ ശില്പവേലകള്‍ക്കും ആവശ്യമായ ജ്ഞാനവും ബുദ്ധിയും അറിവും കരവിരുതും ഉണ്ടാകാന്‍ ഞാന്‍ അവനെ ദിവ്യചൈതന്യംകൊണ്ട് നിറച്ചിരിക്കുന്നു. അവനോടൊപ്പം പണിചെയ്യാന്‍ ദാന്‍ഗോത്രത്തില്‍പ്പെട്ട അഹീസാമാക്കിന്‍റെ പുത്രനായ ഒഹൊലിയാബിനെയും നിയമിച്ചിട്ടുണ്ട്; ഞാന്‍ കല്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനുവേണ്ടി മറ്റു കരകൗശലവിദഗ്ദ്ധന്മാര്‍ക്കും പ്രത്യേക സാമര്‍ഥ്യം ഞാന്‍ നല്‌കിയിരിക്കുന്നു. തിരുസാന്നിധ്യകൂടാരം, സാക്ഷ്യപെട്ടകം, കൃപാസനം, കൂടാരത്തിനുള്ളിലുള്ള ഉപകരണങ്ങള്‍, അതായത് മേശയും അതിന്‍റെ ഉപകരണങ്ങളും, തങ്കനിര്‍മ്മിതമായ വിളക്കുതണ്ടും അതിന്‍റെ ഉപകരണങ്ങളും ധൂപപീഠവും ഹോമയാഗപീഠവും അതിന്‍റെ ഉപകരണങ്ങളും ക്ഷാളനപാത്രവും അതിന്‍റെ പീഠവും പുരോഹിതനായ അഹരോന്‍റെയും പുത്രന്മാരുടെയും പൗരോഹിത്യശുശ്രൂഷയ്‍ക്കുള്ള വിശിഷ്ട വസ്ത്രങ്ങള്‍, അഭിഷേകതൈലം, വിശുദ്ധസ്ഥലത്ത് ആവശ്യമായ സുഗന്ധധൂപക്കൂട്ട് എന്നിവ ഞാന്‍ നിന്നോടു കല്പിച്ചതുപോലെ തന്നെ അവര്‍ ഉണ്ടാക്കും.” സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്‍ജനത്തോടു പറയുക; നിങ്ങള്‍ എന്‍റെ ശബത്ത് ആചരിക്കണം. സര്‍വേശ്വരനായ ഞാനാണ് നിങ്ങളെ വിശുദ്ധീകരിച്ചു വേര്‍തിരിച്ചതെന്ന് നിങ്ങള്‍ അറിയാന്‍ ഇത് എനിക്കും നിങ്ങളുടെ ഭാവിതലമുറകള്‍ക്കും ഇടയില്‍ എന്നേക്കും നിലനില്‌ക്കുന്ന അടയാളങ്ങളായിരിക്കും. നിങ്ങള്‍ ശബത്ത് ആചരിക്കണം; അതു നിങ്ങള്‍ക്കു വിശുദ്ധമാണ്. അത് അശുദ്ധമാക്കുന്നവനെ കൊന്നുകളയണം; അന്ന് ജോലി ചെയ്യുന്നവനെ ജനങ്ങളുടെ ഇടയില്‍നിന്നു ഛേദിക്കണം. ആറു ദിവസം ജോലി ചെയ്യണം; ഏഴാം ദിവസം വിശ്രമിക്കാനുള്ള ശബത്താണ്; അതു സര്‍വേശ്വരന്‍റെ വിശുദ്ധദിനം; ആ ദിവസം ജോലി ചെയ്യുന്നവനെ കൊന്നുകളയണം. ഇസ്രായേലിന്‍റെ സകല തലമുറകളും ശബത്ത് ആചരിക്കണമെന്നതു ശാശ്വതമായ ഉടമ്പടിയാകുന്നു. അത് എനിക്കും ഇസ്രായേല്‍ജനത്തിനും ഇടയിലുള്ള ശാശ്വതമായ അടയാളമാകുന്നു. ആറു ദിവസംകൊണ്ട് സര്‍വേശ്വരന്‍ ആകാശവും ഭൂമിയും സൃഷ്‍ടിച്ചു; ഏഴാം ദിവസം അവിടുന്നു സ്വസ്ഥനായിരുന്നു; അതിന്‍റെ അടയാളമാണിത്. സീനായ്മലയില്‍വച്ചു മോശയോടു സംസാരിച്ചശേഷം ദൈവം തന്‍റെ വിരല്‍കൊണ്ട് എഴുതിയ കല്പനകള്‍ അടങ്ങിയ സാക്ഷ്യത്തിന്‍റെ രണ്ടു കല്പലകകള്‍ മോശയെ ഏല്പിച്ചു. മോശ മലയില്‍നിന്ന് ഇറങ്ങിവരാന്‍ താമസിച്ചതിനാല്‍ ജനം അഹരോന്‍റെ ചുറ്റും കൂടി. അവര്‍ പറഞ്ഞു: “ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന മോശയ്‍ക്ക് എന്തു സംഭവിച്ചുവെന്ന് അറിയുന്നില്ല; അതുകൊണ്ടു ഞങ്ങളെ നയിക്കാന്‍ ഒരു ദേവനെ ഉണ്ടാക്കിത്തരിക.” അഹരോന്‍ അവരോടു പറഞ്ഞു: “നിങ്ങളുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരും കാതിലിടുന്ന പൊന്‍വളയങ്ങള്‍ എന്‍റെ അടുക്കല്‍ കൊണ്ടുവരിക.” കാതില്‍ അണിഞ്ഞിരുന്ന പൊന്‍വളയങ്ങള്‍ ഊരിയെടുത്ത് അവര്‍ അഹരോനെ ഏല്പിച്ചു. അദ്ദേഹം അവ മൂശയില്‍ ഉരുക്കി ഒരു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി കൊത്തുളികൊണ്ടു മിനുക്കുപണി ചെയ്തു. അവര്‍ പറഞ്ഞു: “ഇസ്രായേലേ ഇതാ, നിങ്ങളെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചുകൊണ്ടുവന്ന ദേവന്‍.” അപ്പോള്‍ അഹരോന്‍ കാളക്കുട്ടിയുടെ മുമ്പില്‍ ഒരു യാഗപീഠം പണിതു; നാളെ സര്‍വേശ്വരന് ഉത്സവദിനം എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അവര്‍ അതിരാവിലെ എഴുന്നേറ്റു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു; അവര്‍ തിന്നുകുടിച്ചുല്ലസിച്ചു കൂത്താടാന്‍ തുടങ്ങി. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഈജിപ്തില്‍നിന്നു നീ കൊണ്ടുവന്ന ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് ഇറങ്ങിച്ചെല്ലുക. ഞാന്‍ നിര്‍ദ്ദേശിച്ചിരുന്ന വഴിവിട്ട് അവര്‍ കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി. ഇസ്രായേലേ, ഇതാ ഈജിപ്തില്‍നിന്നു നിങ്ങളെ കൊണ്ടുവന്ന ദൈവം എന്നു പറഞ്ഞ് അതിനെ ആരാധിക്കുകയും അതിനു യാഗങ്ങളര്‍പ്പിക്കുകയും ചെയ്യുന്നു.” അവിടുന്നു മോശയോടു പറഞ്ഞു: “അവര്‍ വളരെ ദുശ്ശാഠ്യമുള്ള ജനമാണെന്നു ഞാന്‍ കാണുന്നു; അവര്‍ക്കെതിരേ എന്‍റെ കോപം ജ്വലിക്കും. അത് അവരെ ദഹിപ്പിക്കും. നീ അതിനു തടസ്സം നില്‌ക്കരുത്; എന്നാല്‍ ഞാന്‍ നിന്നെ ഒരു വലിയ ജനതയാക്കും.” എന്നാല്‍ മോശ തന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍ കേണപേക്ഷിച്ചു: “മഹാശക്തിയും കരബലവുംകൊണ്ട് ഈജിപ്തില്‍നിന്നു വിടുവിച്ചു കൊണ്ടുവന്ന അവിടുന്ന് ജനത്തോട് ഇങ്ങനെ കോപിക്കുന്നതെന്ത്? മലകളില്‍വച്ചു സംഹരിച്ചു ഭൂമുഖത്തുനിന്നുതന്നെ അവരെ നീക്കിക്കളയണമെന്ന ദുരുദ്ദേശ്യത്തോടെ ആയിരുന്നു ജനത്തെ കൂട്ടിക്കൊണ്ടു പോയത് എന്നു ഈജിപ്തുകാരെക്കൊണ്ട് എന്തിനു പറയിക്കണം. അവിടുത്തെ ഉഗ്രകോപം കൈവെടിയണമേ. ജനത്തിനെതിരായ അവിടുത്തെ തീരുമാനം നടപ്പാക്കരുതേ. അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും അവിടുത്തെ സ്വന്തനാമത്തില്‍ ചെയ്ത പ്രതിജ്ഞ ഓര്‍ക്കണമേ; ‘ഞാന്‍ നിങ്ങളുടെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ വര്‍ധിപ്പിക്കും; ഈ സ്ഥലമെല്ലാം നിന്‍റെ ഭാവിതലമുറകള്‍ക്ക് അവകാശമായി നല്‌കും; അവര്‍ അതു കൈവശമാക്കും’ എന്ന് അങ്ങ് പ്രതിജ്ഞ ചെയ്തിരുന്നല്ലോ.” ജനത്തിനെതിരേ എടുത്ത തീരുമാനത്തില്‍നിന്നു സര്‍വേശ്വരന്‍ പിന്മാറി; അവരുടെമേല്‍ വരുത്താന്‍ നിശ്ചയിച്ചിരുന്ന അനര്‍ഥം വരുത്തിയതുമില്ല. ഇരുവശങ്ങളിലും എഴുതിയിരുന്ന രണ്ടു സാക്ഷ്യകല്പലകകളും കൈയിലെടുത്തു മോശ മലയില്‍ നിന്നിറങ്ങി. കല്പലകകള്‍ ദൈവത്തിന്‍റെ കരവേലയും അവയില്‍ കൊത്തിയിരുന്നത് അവിടുത്തെ കൈയെഴുത്തും ആയിരുന്നു. ജനത്തിന്‍റെ ആര്‍പ്പുവിളി കേട്ട് യോശുവ, “പാളയത്തില്‍ യുദ്ധാരവം കേള്‍ക്കുന്നു” എന്നു മോശയോടു പറഞ്ഞു. എന്നാല്‍ മോശ പറഞ്ഞു: “വിജയികളുടെ വിജയാഘോഷമോ പരാജിതരുടെ നിലവിളിയോ അല്ല, പാട്ടു പാടുന്ന ശബ്ദമാണ് ഞാന്‍ കേള്‍ക്കുന്നത്.” പാളയത്തില്‍ എത്തിയപ്പോള്‍ മോശ കാളക്കുട്ടിയെ കണ്ടു. അതിന്‍റെ മുമ്പില്‍ ജനം നൃത്തം ചെയ്യുന്നു. മോശയുടെ കോപം ആളിക്കത്തി; അദ്ദേഹം കൈയിലിരുന്ന കല്പലകകള്‍ മലയുടെ അടിവാരത്തിലേക്ക് എറിഞ്ഞുടച്ചുകളഞ്ഞു. അവര്‍ വാര്‍ത്തുണ്ടാക്കിയ കാളക്കുട്ടിയെ എടുത്തു തീയിലിട്ടു ചുട്ടു. എന്നിട്ട് ഇടിച്ചുപൊടിച്ചു വെള്ളത്തില്‍ കലക്കി ഇസ്രായേല്‍ജനത്തെ കുടിപ്പിച്ചു. മോശ അഹരോനോടു ചോദിച്ചു: “ഈ മഹാപാപം ജനത്തിന്‍റെമേല്‍ വരുത്തിവയ്‍ക്കാന്‍ തക്കവിധം അവര്‍ നിന്നോട് എന്തു ചെയ്തു?” അഹരോന്‍ പറഞ്ഞു; “അങ്ങു കോപിക്കരുതേ; തെറ്റു ചെയ്യാനുള്ള ജനത്തിന്‍റെ പ്രവണത അങ്ങേക്ക് അറിയാമല്ലോ. ‘ഞങ്ങളെ ഈജിപ്തില്‍നിന്നു കൂട്ടിക്കൊണ്ടുവന്ന മോശയ്‍ക്ക് എന്തുപറ്റി എന്ന് അറിയുന്നില്ല. അതുകൊണ്ട് ഞങ്ങളെ നയിക്കാന്‍ ഒരു ദേവനെ ഉണ്ടാക്കിത്തരിക’ എന്ന് അവര്‍ എന്നോടു പറഞ്ഞു. അവര്‍ അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരാന്‍ ഞാന്‍ ആവശ്യപ്പെട്ടു; അവര്‍ അതെല്ലാം കൊണ്ടുവന്നു. ഞാന്‍ അത് തീയിലിട്ടപ്പോള്‍ ഈ കാളക്കുട്ടി പുറത്തുവന്നു. “ശത്രുക്കളുടെ മുമ്പാകെ അപഹാസ്യരാകുംവിധം ജനം അഴിഞ്ഞാടുന്നത് അഹരോന്‍ അവരെ നിയന്ത്രണമില്ലാതെ വിഹരിക്കാന്‍ വിട്ടതുകൊണ്ടാണെന്നു മോശ മനസ്സിലാക്കി. പാളയത്തിന്‍റെ കവാടത്തില്‍നിന്നുകൊണ്ടു മോശ വിളിച്ചുപറഞ്ഞു: “സര്‍വേശ്വരന്‍റെ പക്ഷത്തുള്ളവര്‍ എന്‍റെ അടുക്കല്‍ വരട്ടെ.” ലേവ്യരെല്ലാം അദ്ദേഹത്തിന്‍റെ അടുക്കല്‍ ഒത്തുകൂടി. മോശ അവരോടു പറഞ്ഞു:” ഇതു സര്‍വേശ്വരന്‍റെ വചനം. ഓരോരുത്തനും സ്വന്തം വാള്‍ അരയില്‍ ധരിക്കട്ടെ; പാളയത്തില്‍ വാതില്‍തോറും ചെന്നു സഹോദരന്മാരെയും സ്നേഹിതരെയും അയല്‍ക്കാരെയും കൊന്നുകളയുക.” മോശ കല്പിച്ചതുപോലെ ലേവ്യര്‍ ചെയ്തു. ഏകദേശം മൂവായിരം പേരെ അവര്‍ വെട്ടിവീഴ്ത്തി. സര്‍വേശ്വരന്‍റെ ശുശ്രൂഷയ്‍ക്കായി നിങ്ങള്‍ സ്വയം സമര്‍പ്പിച്ചിരിക്കുന്നു; സ്വന്തം പുത്രന്മാരെയും സഹോദരന്മാരെയും നിഗ്രഹിക്കാന്‍ നിങ്ങള്‍ മടികാണിച്ചില്ലല്ലോ; അതുകൊണ്ടു സര്‍വേശ്വരന്‍റെ അനുഗ്രഹം ഇന്നുതന്നെ നിങ്ങള്‍ക്കു ലഭിക്കും.” പിറ്റേ ദിവസം മോശ ജനത്തോടു പറഞ്ഞു: “നിങ്ങള്‍ മഹാപാപം ചെയ്തിരിക്കുന്നു; ഞാന്‍ സര്‍വേശ്വരന്‍റെ സന്നിധിയിലേക്കു കയറിച്ചെല്ലട്ടെ. നിങ്ങളുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യാന്‍ എനിക്കു കഴിഞ്ഞേക്കും.” മോശ സര്‍വേശ്വരന്‍റെ സന്നിധിയില്‍ മടങ്ങിച്ചെന്നു പറഞ്ഞു: “കഷ്ടം! ഈ ജനം മഹാപാപം ചെയ്തുപോയി; അവര്‍ സ്വര്‍ണംകൊണ്ടു ദേവനെ ഉണ്ടാക്കി. അവരുടെ പാപം അവരോടു ക്ഷമിക്കണമേ. ഇല്ലെങ്കില്‍ അവിടുത്തെ പുസ്തകത്തില്‍ അങ്ങ് എഴുതിയിരിക്കുന്ന എന്‍റെ പേരു മായിച്ചു കളഞ്ഞാലും.” അവിടുന്നു മോശയോടു പറഞ്ഞു: “എനിക്കെതിരായി പാപം ചെയ്തവന്‍റെ പേരു മാത്രമേ എന്‍റെ പുസ്തകത്തില്‍നിന്നു നീക്കം ചെയ്യൂ. നീ പോയി ഞാന്‍ നിന്നോടു പറഞ്ഞ ദേശത്തേക്കു ജനത്തെ നയിക്കുക. എന്‍റെ ദൂതന്‍ നിനക്കുമുമ്പേ സഞ്ചരിക്കും; എന്നാല്‍ ശിക്ഷാദിവസം ഞാന്‍ അവരുടെ പാപത്തിനു ശിക്ഷ നല്‌കും.” കാളക്കുട്ടിയെ ഉണ്ടാക്കാന്‍ ജനം അഹരോനെ നിര്‍ബന്ധിച്ചതുകൊണ്ടു സര്‍വേശ്വരന്‍ അവരുടെമേല്‍ ഒരു ബാധ അയച്ചു. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “നീയും ഈജിപ്തില്‍നിന്നു നീ മോചിപ്പിച്ചുകൊണ്ടുവന്ന ജനവും ഇവിടെനിന്നു പുറപ്പെട്ട് അബ്രഹാമിനും ഇസ്ഹാക്കിനും യാക്കോബിനും അവരുടെ സന്തതികള്‍ക്കും നല്‌കുമെന്നു ഞാന്‍ വാഗ്ദാനം ചെയ്ത സ്ഥലത്തേക്കു പോകുക. നിങ്ങള്‍ക്കു മുമ്പായി ഞാന്‍ എന്‍റെ ദൂതനെ അയയ്‍ക്കും. കനാന്യര്‍, അമോര്യര്‍, ഹിത്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരെ ഞാന്‍ ഓടിച്ചുകളയും. പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു പോകുക; ഞാന്‍ നിങ്ങളുടെ കൂടെ വരുന്നില്ല; വന്നാല്‍ നിങ്ങള്‍ ദുശ്ശാഠ്യക്കാരായതുകൊണ്ടു വഴിയില്‍വച്ചു ഞാന്‍ നിങ്ങളെ സംഹരിച്ചേക്കാം.” ഇതു കേട്ടപ്പോള്‍ ജനം ദുഃഖിച്ചു; ആരും ആഭരണങ്ങള്‍ അണിഞ്ഞില്ല. സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിരുന്നു: ഇസ്രായേല്‍ജനത്തോടു പറയുക: നിങ്ങള്‍ ദുശ്ശാഠ്യക്കാരായ ജനതയാണ്; ഒരു നിമിഷം നിങ്ങളുടെ കൂടെ സഞ്ചരിച്ചാല്‍ എനിക്കു നിങ്ങളെ ദഹിപ്പിച്ചു കളയേണ്ടിവരും. നിങ്ങളുടെ ആഭരണങ്ങള്‍ ഊരിവയ്‍ക്കുക. നിങ്ങളോട് എന്തു ചെയ്യണമെന്നു ഞാന്‍ തീരുമാനിക്കട്ടെ.” ഹോറേബുമലയില്‍നിന്നു പുറപ്പെട്ടപ്പോള്‍ ഇസ്രായേല്‍ജനം ആഭരണങ്ങളെല്ലാം ഊരിവച്ചു. ഇസ്രായേല്‍ജനങ്ങളുടെ പ്രയാണത്തില്‍ പാളയമടിക്കുമ്പോഴെല്ലാം മോശ പാളയത്തിനുപുറത്ത് കുറച്ചകലെ ഒരു കൂടാരം ഉറപ്പിക്കുക പതിവായിരുന്നു; തിരുസാന്നിധ്യകൂടാരം എന്ന് അതിനെ വിളിച്ചുപോന്നു. സര്‍വേശ്വരനെ ആരാധിക്കുന്നവര്‍ പാളയത്തിനു പുറത്തുള്ള ഈ കൂടാരത്തിലേക്കു പോകും. മോശ ആ കൂടാരത്തിലേക്കു പോകുമ്പോഴെല്ലാം ജനം തങ്ങളുടെ കൂടാരവാതില്‌ക്കല്‍ വന്ന് അദ്ദേഹം അതിനുള്ളില്‍ പ്രവേശിക്കുന്നതുവരെ നോക്കി നില്‌ക്കും. മോശ ഉള്ളില്‍ കടന്നാലുടന്‍ മേഘസ്തംഭം താണുവന്ന് കൂടാരവാതില്‌ക്കല്‍ നില്‌ക്കും; അപ്പോള്‍ സര്‍വേശ്വരന്‍ മോശയോടു സംസാരിക്കും. മേഘസ്തംഭം കാണുമ്പോള്‍ ജനം എഴുന്നേറ്റ് തങ്ങളുടെ കൂടാരവാതില്‍ക്കല്‍ സാഷ്ടാംഗം നമസ്കരിക്കും. സ്നേഹിതനോടെന്നപോലെ സര്‍വേശ്വരന്‍ മോശയോടു അഭിമുഖം സംസാരിക്കും; മോശ കൂടാരത്തിലേക്കു മടങ്ങിക്കഴിഞ്ഞാലും അദ്ദേഹത്തിന്‍റെ ശുശ്രൂഷകനും നൂനിന്‍റെ പുത്രനുമായ യോശുവ എന്ന യുവാവ് കൂടാരം വിട്ടു പോകുമായിരുന്നില്ല. മോശ സര്‍വേശ്വരനോടു ചോദിച്ചു: “ഈ ജനത്തെ നയിക്കുക എന്ന് അങ്ങ് എന്നോടു പറയുന്നു; എന്നാല്‍ എന്‍റെകൂടെ ആരെയാണ് അയയ്‍ക്കുന്നതെന്ന് അവിടുന്ന് എന്നോടു പറയുന്നുമില്ല; ‘നിന്നെ ഞാന്‍ നന്നായി അറിയുന്നു; നിന്നില്‍ ഞാന്‍ സംപ്രീതന്‍’ എന്ന് അവിടുന്നു പറഞ്ഞു. അങ്ങ് എന്നില്‍ സംപ്രീതനാണെങ്കില്‍ അവിടുത്തെ വഴികള്‍ എനിക്കു വെളിപ്പെടുത്തിയാലും; ഞാന്‍ അങ്ങയെ അറിഞ്ഞ് അങ്ങയുടെ കൃപയ്‍ക്കു പാത്രമാകട്ടെ. ഈ ജനതയെ സ്വന്തജനമായി അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്നു എന്ന് ഓര്‍മിക്കണമേ.” സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “എന്‍റെ സാന്നിധ്യം നിന്നോടൊപ്പം ഉണ്ടായിരിക്കും; ഞാന്‍ നിനക്ക് സ്വസ്ഥത നല്‌കും.” മോശ പറഞ്ഞു: “അവിടുന്നു ഞങ്ങളോടൊപ്പം വരുന്നില്ലെങ്കില്‍ ഇവിടെനിന്നു ഞങ്ങളെ പറഞ്ഞയയ്‍ക്കരുതേ. അവിടുന്നു ഞങ്ങളോടൊപ്പം ഇല്ലെങ്കില്‍ എന്നിലും അവിടുത്തെ ജനത്തിലും അവിടുന്നു സംപ്രീതനാണെന്ന് എങ്ങനെ അറിയും? അവിടുത്തെ സാന്നിധ്യം ഞങ്ങളുടെ കൂടെയുള്ളതുകൊണ്ടല്ലേ ഞാനും അങ്ങയുടെ ഈ ജനവും ഭൂമിയിലുള്ള മറ്റു ജനതകളില്‍നിന്നു വ്യത്യസ്തരാകുന്നത്.” സര്‍വേശ്വരന്‍ മോശയോടു പറഞ്ഞു: “നിന്‍റെ ഈ അപേക്ഷയും ഞാന്‍ സ്വീകരിച്ചിരിക്കുന്നു; ഞാന്‍ നിന്നെ നന്നായി അറിയുന്നു; ഞാന്‍ നിന്നില്‍ സംപ്രീതനുമാണ്”. മോശ പറഞ്ഞു: “അവിടുത്തെ മഹത്ത്വം എനിക്കു കാട്ടിത്തന്നാലും” സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “എന്‍റെ തേജസ്സ് നിന്‍റെ മുമ്പിലൂടെ കടന്നുപോകും. സര്‍വേശ്വരന്‍ എന്ന എന്‍റെ നാമം നിന്‍റെ മുമ്പില്‍ പ്രഘോഷിക്കും; കൃപ കാണിക്കേണ്ടവനോടു ഞാന്‍ കൃപ കാണിക്കും; കരുണ കാണിക്കേണ്ടവനോടു ഞാന്‍ കരുണ കാണിക്കും. എന്‍റെ മുഖം കാണാന്‍ നിനക്കു കഴിയുകയില്ല; കാരണം എന്നെ കാണുന്ന ഒരുവനും പിന്നെ ജീവിച്ചിരിക്കുകയില്ല.” സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “എന്‍റെ അടുത്തുള്ള ഈ പാറയില്‍ കയറി നില്‌ക്കുക; എന്‍റെ തേജസ്സു കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നെ ആ പാറയുടെ വിള്ളലില്‍ നിര്‍ത്തും; കടന്നു കഴിയുന്നതുവരെ എന്‍റെ കൈകൊണ്ടു നിന്നെ മറയ്‍ക്കും. ഞാന്‍ കൈ മാറ്റുമ്പോള്‍ നീ എന്‍റെ പിന്‍ഭാഗം കാണും; എന്നാല്‍ എന്‍റെ മുഖം നീ കാണുകയില്ല.” സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ആദ്യത്തേതുപോലെ രണ്ടു കല്പലകകള്‍ ചെത്തിയുണ്ടാക്കുക; നീ ഉടച്ചു കളഞ്ഞവയില്‍ ഉണ്ടായിരുന്ന വാക്കുകള്‍തന്നെ ഞാന്‍ അവയില്‍ എഴുതും. രാവിലെതന്നെ നീ തയാറായി സീനായ്മല കയറി എന്‍റെ സന്നിധിയില്‍ വരണം. നിന്‍റെ കൂടെ ആരും മലയില്‍ കയറി വരരുത്. മലയില്‍ ഒരിടത്തും ഒരു മനുഷ്യനെയും കാണരുത്. മലയുടെ അടിവാരത്തില്‍ ആട്ടിന്‍പറ്റങ്ങളോ കന്നുകാലിക്കൂട്ടമോ മേയുകയും അരുത്.” ആദ്യത്തേതുപോലെ രണ്ടു കല്പലകകള്‍ മോശ ചെത്തിയുണ്ടാക്കി; അവിടുന്നു കല്പിച്ചിരുന്നതുപോലെ അതിരാവിലെ എഴുന്നേറ്റ് അവയുമെടുത്തു മലയില്‍ കയറിച്ചെന്നു. അവിടുന്നു മേഘത്തില്‍ മോശയുടെ അടുക്കല്‍ ഇറങ്ങിവന്നു ‘സര്‍വേശ്വരന്‍’ എന്ന അവിടുത്തെ നാമം പ്രഘോഷിച്ചു. അവിടുന്ന് ഇപ്രകാരം പ്രഖ്യാപിച്ചുകൊണ്ടു മോശയുടെ മുമ്പില്‍ കൂടി കടന്നുപോയി: “സര്‍വേശ്വരന്‍ കരുണയും കൃപയുമുള്ള ദൈവം; അവിടുന്നു ക്ഷമാശീലന്‍. അചഞ്ചലസ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരന്‍; അകൃത്യവും അതിക്രമവും പാപവും ക്ഷമിച്ചുകൊണ്ട് ബഹുസഹസ്രം ജനത്തോട് അചഞ്ചലസ്നേഹം കാട്ടുന്നവന്‍; എന്നാല്‍ കുറ്റവാളികളെ വെറുതെ വിടാത്തവന്‍; പിതാക്കന്മാരുടെ കുറ്റത്തിനു മക്കളോടും മക്കളുടെ മക്കളോടും മൂന്നും നാലും തലമുറവരെ കണക്കു ചോദിക്കുന്നവന്‍.” മോശ ഉടനെ നിലംപറ്റെ താണു സര്‍വേശ്വരനെ വന്ദിച്ചു. പിന്നീട് ഇപ്രകാരം പറഞ്ഞു: “സര്‍വേശ്വരാ, ഇപ്പോള്‍ അവിടുന്ന് എന്നോടു പ്രീതി കാട്ടുമെങ്കില്‍ ഞങ്ങളുടെ കൂടെ പോരണമേ; ഞങ്ങള്‍ എത്ര ദുശ്ശാഠ്യമുള്ള ജനതയാണെങ്കിലും ഞങ്ങളുടെ അധര്‍മവും പാപവും ക്ഷമിച്ച് അങ്ങയുടെ സ്വന്തജനമായി ഞങ്ങളെ കൈക്കൊള്ളണമേ.” സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഇതാ ഞാന്‍ ഒരു ഉടമ്പടി ചെയ്യുന്നു. ഭൂമിയിലെങ്ങും ഒരു ജനതയുടെ ഇടയിലും ഉണ്ടായിട്ടില്ലാത്ത അദ്ഭുതങ്ങള്‍ നിന്‍റെ ജനത്തിന്‍റെ മുമ്പില്‍ ഞാന്‍ പ്രവര്‍ത്തിക്കും; ചുറ്റുമുള്ള എല്ലാ ജനങ്ങളും സര്‍വേശ്വരന്‍റെ പ്രവൃത്തികള്‍ കാണും; ഭയാനകമായ പ്രവൃത്തിയാണു ഞാന്‍ ചെയ്യാന്‍ പോകുന്നത്. ഞാന്‍ ഇന്നു നിങ്ങളോടു കല്പിക്കുന്നതു നിങ്ങള്‍ അനുസരിക്കണം. അമോര്യര്‍, കനാന്യര്‍, ഹിത്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരെ നിങ്ങളുടെ മുമ്പില്‍നിന്നു ഞാന്‍ നീക്കിക്കളയും. നിങ്ങള്‍ ചെന്നെത്തുന്ന സ്ഥലത്തെ ജനങ്ങളുമായി ഉടമ്പടി ചെയ്യരുത്. അല്ലെങ്കില്‍ അതു നിങ്ങള്‍ക്ക് ഒരു കെണിയായിത്തീരും. നിങ്ങള്‍ അവരുടെ യാഗപീഠങ്ങള്‍ ഇടിച്ചു നിരത്തുകയും അവരുടെ സ്തംഭങ്ങള്‍ തകര്‍ക്കുകയും അശേരാപ്രതിഷ്ഠകള്‍ നശിപ്പിച്ചുകളയുകയും വേണം. നിങ്ങള്‍ മറ്റൊരു ദേവനെയും ആരാധിക്കരുത്. തീക്ഷ്ണതയുള്ള സര്‍വേശ്വരന്‍ എന്നാകുന്നു എന്‍റെ നാമം; തീക്ഷ്ണതയുള്ള ദൈവം തന്നെ. നിങ്ങള്‍ ചെല്ലുന്ന ദേശത്തെ ജനങ്ങളുമായി ഉടമ്പടി ചെയ്യരുത്; അങ്ങനെ ചെയ്താല്‍ അവര്‍ തങ്ങളുടെ ദേവന്മാരെ ആരാധിക്കുകയും അവര്‍ക്കു യാഗങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അവര്‍ നിങ്ങളെ ക്ഷണിക്കും; അവരുടെ ദേവന്മാര്‍ക്ക് അര്‍പ്പിച്ച ഭക്ഷണസാധനങ്ങള്‍ തിന്നാന്‍ നിങ്ങള്‍ പ്രേരിതരാകും. നിങ്ങളുടെ പുത്രന്മാര്‍ അവരുടെ പുത്രിമാരെ ഭാര്യമാരായി സ്വീകരിക്കും; അവര്‍ തങ്ങളുടെ ദേവന്മാരെ ആരാധിക്കുമ്പോള്‍ നിങ്ങളുടെ പുത്രന്മാരും വിജാതീയദേവന്മാരെ ആരാധിക്കാന്‍ തുടങ്ങും. “നിങ്ങള്‍ക്കുവേണ്ടി ദേവന്മാരെ വാര്‍ത്തുണ്ടാക്കരുത്.” പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍ നിങ്ങള്‍ ആചരിക്കണം; ആബീബ് മാസത്തില്‍ ഞാന്‍ നിങ്ങളോടു കല്പിച്ചിട്ടുള്ള ഏഴു ദിവസങ്ങളില്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം; ആബീബ്മാസത്തിലായിരുന്നുവല്ലോ നിങ്ങള്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടത്. “നിങ്ങളുടെ ആദ്യജാതന്മാരെല്ലാം എനിക്കുള്ളതാണ്; നിങ്ങള്‍ വളര്‍ത്തുന്ന ആടുമാടുകളുടെ കടിഞ്ഞൂല്‍ ആണ്‍കുട്ടികളും എനിക്കുള്ളതാകുന്നു. എന്നാല്‍ ആട്ടിന്‍കുട്ടിയെ പകരം അര്‍പ്പിച്ചു കഴുതക്കുട്ടിയെ വീണ്ടെടുക്കാം. വീണ്ടെടുക്കുന്നില്ലെങ്കില്‍ അതിനെ കഴുത്തു ഞെരിച്ചു കൊല്ലണം. നിങ്ങളുടെ പുത്രിമാരില്‍ ആദ്യജാതരെയും വീണ്ടെടുക്കണം. വെറുംകൈയായി ആരും എന്‍റെ സന്നിധിയില്‍ വരരുത്. നിങ്ങള്‍ ആറു ദിവസം ജോലി ചെയ്യണം. ഏഴാം ദിവസം വിശ്രമിക്കണം; ഉഴവുകാലമോ കൊയ്ത്തുകാലമോ ആയാലും നിങ്ങള്‍ വിശ്രമിക്കണം. “നിങ്ങള്‍ കോതമ്പിന്‍റെ ആദ്യവിളവെടുക്കുമ്പോള്‍ വാരോത്സവവും ആണ്ടവസാനം കായ്കനികള്‍ ശേഖരിക്കുമ്പോള്‍ വിളവെടുപ്പുത്സവവും ആചരിക്കണം. നിങ്ങളില്‍ പുരുഷന്മാരെല്ലാം ആണ്ടില്‍ മൂന്നു തവണ സര്‍വേശ്വരന്‍റെ മുമ്പില്‍ സന്നിഹിതരാകണം; ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ; സന്നിധിയില്‍തന്നെ. ഞാന്‍ നിങ്ങളുടെ മുമ്പില്‍നിന്നു വിജാതീയരെ നീക്കിക്കളയും; നിങ്ങളുടെ ദേശം വിസ്തൃതമാക്കും. ആണ്ടില്‍ മൂന്നുതവണ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയിലേക്കു പോകുമ്പോള്‍ നിങ്ങളുടെ ഭൂമി കൈവശപ്പെടുത്താന്‍ ഒരുവനും ആഗ്രഹിക്കുകയില്ല. പുളിപ്പുചേര്‍ത്ത അപ്പത്തോടൊപ്പം യാഗമൃഗത്തിന്‍റെ രക്തം എനിക്ക് അര്‍പ്പിക്കരുത്; പെസഹാ പെരുന്നാളിനു കൊല്ലുന്ന മൃഗത്തിന്‍റെ മാംസം അടുത്ത ദിവസത്തേക്കു ശേഷിപ്പിക്കുകയുമരുത്. നിങ്ങളുടെ നിലത്തിലെ ആദ്യവിളവില്‍ ഏറ്റവും മികച്ചതു നിങ്ങള്‍ സര്‍വേശ്വരന്‍റെ ആലയത്തില്‍ കൊണ്ടുവരണം; നിങ്ങള്‍ ആട്ടിന്‍കുട്ടിയെ അതിന്‍റെ തള്ളയുടെ പാലില്‍ പാകം ചെയ്യരുത്. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഈ വചനങ്ങളെല്ലാം എഴുതിയെടുക്കുക; ഞാന്‍ നിന്നോടും ഇസ്രായേല്‍ജനത്തോടും ചെയ്ത ഉടമ്പടിയിലെ വ്യവസ്ഥകളാണിവ. ഭക്ഷണമോ പാനീയമോ കൂടാതെ നാല്പതു പകലും നാല്പതു രാവും മോശ സര്‍വേശ്വരന്‍റെ കൂടെ പാര്‍ത്തു; ഉടമ്പടിയിലെ വചനങ്ങളായ പത്തു കല്പനകള്‍ മോശ കല്പലകകളില്‍ എഴുതി. മോശ സീനായ്മലയില്‍നിന്നു സാക്ഷ്യത്തിന്‍റെ ഫലകങ്ങളുമായി ഇറങ്ങി; ദൈവവുമായി സംസാരിച്ചതിനാല്‍ തന്‍റെ മുഖം തേജോമയമായ കാര്യം അദ്ദേഹം അറിഞ്ഞിരുന്നില്ല. മോശയുടെ മുഖം ശോഭിക്കുന്നതു കണ്ടപ്പോള്‍ അഹരോനും ഇസ്രായേല്‍ജനവും അദ്ദേഹത്തിന്‍റെ അടുത്തു ചെല്ലാന്‍ ഭയപ്പെട്ടു; മോശ അഹരോനെയും ജനനേതാക്കളെയും അടുത്തു വിളിച്ചു; അവരുമായി സംസാരിച്ചു. ഇസ്രായേല്‍ജനം അടുത്തു ചെന്നു; സീനായ്മലയില്‍ വച്ചു സര്‍വേശ്വരന്‍ തന്നോട് അരുളിച്ചെയ്തതെല്ലാം മോശ അവര്‍ക്കു കല്പനകളായി നല്‌കി. അവരോടു സംസാരിച്ചു തീര്‍ന്നപ്പോള്‍ മോശ മൂടുപടംകൊണ്ടു മുഖം മറച്ചു; അദ്ദേഹം സര്‍വേശ്വരനോടു സംസാരിക്കാന്‍ തിരുസന്നിധിയില്‍ ചെല്ലുമ്പോഴെല്ലാം പുറത്തു വരുന്നതുവരെ മൂടുപടം ധരിക്കുമായിരുന്നില്ല. അദ്ദേഹം പുറത്തുവന്നു ദൈവത്തിന്‍റെ കല്പനകളെപ്പറ്റി ഇസ്രായേല്‍ജനത്തോടു പറയുമായിരുന്നു. അപ്പോഴെല്ലാം അവര്‍ മോശയുടെ മുഖം ശോഭിക്കുന്നതു കണ്ടു; സര്‍വേശ്വരനോടു സംസാരിക്കാന്‍ വീണ്ടും അകത്തു പ്രവേശിക്കുന്നതുവരെ മോശ മൂടുപടംകൊണ്ടു മുഖം മറച്ചിരുന്നു. മോശ ഇസ്രായേല്‍ജനത്തെ വിളിച്ചുകൂട്ടി പറഞ്ഞു: “നിങ്ങള്‍ അനുഷ്ഠിക്കണമെന്നു സര്‍വേശ്വരന്‍ കല്പിച്ചിട്ടുള്ള കാര്യങ്ങള്‍ ഇവയാണ്: ആറു ദിവസം ജോലി ചെയ്യുക. ഏഴാം ദിവസം എനിക്കുവേണ്ടി വേര്‍തിരിച്ചിട്ടുള്ള പാവനമായ ശബത്തുദിനം ആയിരിക്കണം. അന്നു ജോലി ചെയ്യുന്നവനെ കൊന്നുകളയണം; ശബത്തുദിവസം നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ തീ കത്തിക്കരുത്. മോശ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: “ഇതാണ് സര്‍വേശ്വരന്‍ നിങ്ങളോടു കല്പിച്ചിരിക്കുന്നത്.” നിങ്ങള്‍ സര്‍വേശ്വരനു വഴിപാടര്‍പ്പിക്കുവിന്‍. ഉദാരമനസ്സുള്ളവര്‍ സ്വര്‍ണം, വെള്ളി, ഓട്, നീല, ധൂമ്രം, കടുംചുവപ്പു വര്‍ണങ്ങളിലുള്ള നൂലുകള്‍, നേരിയ ലിനന്‍നൂല്‍, കോലാട്ടിന്‍രോമം, ചുവപ്പിച്ച ആട്ടിന്‍തോല്‍, മേനിയുള്ള കോലാട്ടിന്‍തോല്‍, കരുവേലകത്തടി, വിളക്കെണ്ണ, അഭിഷേകതൈലത്തിനും ധൂപക്കൂട്ടിനും വേണ്ട സുഗന്ധദ്രവ്യങ്ങള്‍, ഏഫോദിലും മാര്‍ച്ചട്ടയിലും പതിക്കാന്‍ ഗോമേദകം തുടങ്ങിയ രത്നങ്ങള്‍ എന്നിവയും അര്‍പ്പിക്കണം. “നിങ്ങളില്‍ ശില്പവൈദഗ്ദ്ധ്യമുള്ളവര്‍ മുമ്പോട്ടു വന്നു സര്‍വേശ്വരന്‍ കല്പിക്കുന്നതെല്ലാം ഉണ്ടാക്കണം. തിരുസാന്നിധ്യകൂടാരം, അതിന്‍റെ മൂടുവിരി, കൊളുത്തുകള്‍, ചട്ടങ്ങള്‍, അഴികള്‍, തൂണുകള്‍, തൂണുകളുടെ ചുവടുകള്‍, പെട്ടകം, അതിന്‍റെ തണ്ടുകള്‍, പെട്ടകത്തിന്‍റെ മൂടി, തിരശ്ശീല, മേശ, അതിന്‍റെ തണ്ടുകളും ഉപകരണങ്ങളും, കാഴ്ചയപ്പം, വിളക്കിന്‍റെ തണ്ടും ഉപകരണങ്ങളും, വിളക്കുകള്‍, വിളക്കെണ്ണ, ധൂപപീഠം അതിന്‍റെ ഉപകരണങ്ങള്‍, അഭിഷേകതൈലം, ധൂപക്കൂട്ട്, തിരുസാന്നിധ്യകൂടാരവാതിലിന്‍റെ തിരശ്ശീല, ഹോമയാഗപീഠം, അതിന്‍റെ ഓടുകൊണ്ടുള്ള അഴിക്കൂടും തണ്ടുകളും ഉപകരണങ്ങളും, തൊട്ടിയും അതിന്‍റെ പീഠവും, അങ്കണകവാടത്തിന്‍റെ തിരശ്ശീലകളും തൂണുകളും തൂണുകളുടെ ചുവടുകളും, പ്രവേശനകവാടത്തിന്‍റെ തിരശ്ശീല, കൂടാരത്തിനും അങ്കണത്തിനുംവേണ്ട കുറ്റികളും, അവയുടെ കയറുകള്‍, വിശുദ്ധസ്ഥലത്തു പുരോഹിതന്മാര്‍ ശുശ്രൂഷയ്‍ക്കു ധരിക്കുന്ന വസ്ത്രങ്ങള്‍, അഹരോനും പുത്രന്മാര്‍ക്കും വേണ്ട പുരോഹിതവസ്ത്രങ്ങള്‍ എന്നിവ ഉണ്ടാക്കണം. പിന്നീട് ഇസ്രായേല്‍ജനം മുഴുവന്‍ മോശയുടെ സന്നിധിയില്‍നിന്നു പോയി. ആന്തരിക പ്രേരണയും ഉദാരമനസ്സും ഉണ്ടായിരുന്ന എല്ലാവരും തിരുസാന്നിധ്യകൂടാരത്തിനും അവിടത്തെ ശുശ്രൂഷയ്‍ക്കും ആവശ്യമായ ഉപകരണങ്ങളും വിശുദ്ധവസ്ത്രങ്ങളും സര്‍വേശ്വരനു വഴിപാടായി കൊണ്ടുവന്നു. വഴിപാടര്‍പ്പിക്കണമെന്നു പ്രചോദനമുണ്ടായ പുരുഷന്മാരും സ്‍ത്രീകളും അവരുടെ സൂചിപ്പതക്കങ്ങളും കമ്മലുകളും മോതിരങ്ങളും മാലകളും മറ്റു സര്‍വവിധ സ്വര്‍ണാഭരണങ്ങളും അര്‍പ്പിച്ചു. നീല, ധൂമ്രം, കടുംചുവപ്പു നൂലുകളും ആട്ടുരോമംകൊണ്ടുള്ള വസ്ത്രങ്ങളും ആട്ടുകൊറ്റന്‍റെ ചുവപ്പിച്ച തോലും കോലാടിന്‍റെ തോലും കൈവശമുള്ളവര്‍ കൊണ്ടുവന്നു. വെള്ളിയോ ഓടോ കൊടുക്കാന്‍ കഴിവുള്ളവര്‍ വഴിപാടായി അവ അര്‍പ്പിച്ചു. വിശുദ്ധകൂടാരത്തിലെ ഏതെങ്കിലും പണിക്ക് ഉപയോഗിക്കാവുന്ന കരുവേലകത്തടി ഉണ്ടായിരുന്നവര്‍ അവയും കൊണ്ടുവന്നു. നൂല്‍ നൂല്‌ക്കാന്‍ വിരുതുള്ള സ്‍ത്രീകള്‍ നീല, ധൂമ്രം, കടുംചുവപ്പു നൂലുകള്‍ സമര്‍പ്പിച്ചു. ഉദാരമനസ്സും വൈദഗ്ദ്ധ്യവും ഉള്ള സ്‍ത്രീകള്‍ കോലാട്ടുരോമംകൊണ്ടു നൂല്‍ നൂറ്റെടുത്തു. ജനപ്രമാണിമാര്‍ ഏഫോദിലും മാര്‍ച്ചട്ടയിലും പതിക്കാനുള്ള ഗോമേദകക്കല്ലും മറ്റു രത്നങ്ങളും വിളക്കു കത്തിക്കുന്നതിനും അഭിഷേകതൈലത്തിനും ധൂപക്കൂടിനും ആവശ്യമായ എണ്ണയും സുഗന്ധവര്‍ഗങ്ങളും കൊണ്ടുവന്നു. അങ്ങനെ ഇസ്രായേലിലെ സ്‍ത്രീപുരുഷന്മാര്‍ സര്‍വേശ്വരന്‍ മോശയോടു കല്പിച്ച കാര്യങ്ങള്‍ ചെയ്യുന്നതിന് ആവശ്യമായ സകല വസ്തുക്കളും സര്‍വേശ്വരനു വഴിപാടായി സ്വമേധയാ അര്‍പ്പിച്ചു. മോശ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: “യെഹൂദാഗോത്രത്തിലെ ഹൂരിന്‍റെ പൗത്രനും ഊരിയുടെ പുത്രനുമായ ബെസലേലിനെ സര്‍വേശ്വരന്‍ തിരഞ്ഞെടുത്ത് ദിവ്യചൈതന്യംകൊണ്ടു നിറച്ചിരിക്കുന്നു. എല്ലാവിധത്തിലുമുള്ള കലാരൂപങ്ങള്‍ നിര്‍മ്മിക്കാനും സ്വര്‍ണം, വെള്ളി എന്നിവകൊണ്ട് പണിയാനും ആവശ്യമായ പ്രത്യേക കഴിവും ബുദ്ധിസാമര്‍ഥ്യവും അറിവും നൈപുണ്യവും അവനു നല്‌കിയിട്ടുണ്ട്. പതിക്കാനുള്ള രത്നങ്ങള്‍ ചെത്തിമിനുക്കുക, തടിയില്‍ കൊത്തുപണി ചെയ്യുക എന്നിങ്ങനെ സകലവിധ കരകൗശലപ്പണികള്‍ക്കും വേണ്ട പ്രാവിണ്യം അവനുണ്ട്. സര്‍വേശ്വരന്‍ ബെസലേലിനും ദാന്‍ഗോത്രത്തിലെ അഹീസാമാക്കിന്‍റെ പുത്രനായ ഒഹോലിയാബിനും ഈ തൊഴിലുകള്‍ മറ്റുള്ളവരെ അഭ്യസിപ്പിക്കുന്നതിനുള്ള കഴിവ് നല്‌കിയിരിക്കുന്നു. കൊത്തുപണി, രൂപകല്പന, നേര്‍ത്ത ലിനന്‍തുണി നെയ്യുക, നീല, ധൂമ്രം, കടുംചുവപ്പു വര്‍ണങ്ങളിലുള്ള നൂലുകള്‍കൊണ്ടുള്ള ചിത്രത്തുന്നല്‍, മറ്റു തുണികള്‍ നെയ്യുക എന്നിങ്ങനെ ഏതു തരത്തിലുള്ള കലാവൈഭവവും അവര്‍ക്കു സര്‍വേശ്വരന്‍ നല്‌കിയിരുന്നു. “വിശുദ്ധമന്ദിരത്തിന്‍റെ നിര്‍മ്മാണജോലികള്‍ ചെയ്യാന്‍ സര്‍വേശ്വരന്‍ ബുദ്ധിശക്തിയും അറിവും നല്‌കി അനുഗ്രഹിച്ചിരുന്ന ബെസലേലും ഒഹോലിയാബും സാമര്‍ഥ്യമുള്ള മറ്റെല്ലാവരും സര്‍വേശ്വരന്‍ കല്പിച്ചതുപോലെതന്നെ പ്രവര്‍ത്തിക്കണം.” ജോലി ചെയ്യാന്‍ ഉള്‍പ്രേരണയും പ്രത്യേക വൈദഗ്ദ്ധ്യവും സര്‍വേശ്വരനില്‍നിന്നു ലഭിച്ച ബെസലേലിനെയും ഒഹോലിയാബിനെയും മറ്റെല്ലാവരെയും മോശ വിളിച്ചുവരുത്തി. വിശുദ്ധമന്ദിരത്തിന്‍റെ പണികള്‍ക്കുവേണ്ടി ഇസ്രായേല്‍ജനം അര്‍പ്പിച്ചിരുന്നവയെല്ലാം അവര്‍ മോശയുടെ സാന്നിധ്യത്തില്‍ ഏറ്റുവാങ്ങി. ജനം പ്രഭാതംതോറും സ്വമേധയാ വഴിപാടുകള്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. അതിനാല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വിദഗ്ദ്ധര്‍ ജോലി നിര്‍ത്തിയിട്ടു മോശയെ സമീപിച്ചു പറഞ്ഞു: “സര്‍വേശ്വരന്‍ നമ്മോട് കല്പിച്ച ജോലികള്‍ക്ക് ആവശ്യമായതിലധികം വഴിപാടുകള്‍ ജനം കൊണ്ടുവരുന്നു. അതിനാല്‍ വിശുദ്ധമന്ദിരത്തിന്‍റെ പണിക്കുവേണ്ടി ഇനി ആരുംതന്നെ വഴിപാട് അര്‍പ്പിക്കേണ്ടതില്ല” എന്ന മോശയുടെ കല്പന പാളയത്തിലെങ്ങും പ്രസിദ്ധപ്പെടുത്തി. അങ്ങനെ ജനത്തിന്‍റെ സംഭാവനകള്‍ നിര്‍ത്തിവച്ചു. പണികള്‍ക്ക് ആവശ്യമുള്ളതിലധികം അവര്‍ക്കു ലഭിച്ചിരുന്നു. പണിക്കാരില്‍ ഏറ്റവും വിദഗ്ദ്ധന്മാര്‍ ചേര്‍ന്നു പത്തു തിരശ്ശീലകള്‍കൊണ്ടു തിരുസാന്നിധ്യകൂടാരം നിര്‍മ്മിച്ചു. നീല, ധൂമ്രം, കടുംചുവപ്പു വര്‍ണങ്ങളുള്ള നൂലുകളും, മേനിയുള്ള ലിനന്‍നൂലുകളുംകൊണ്ടു നെയ്ത് കെരൂബുകളുടെ രൂപം തുന്നിച്ചേര്‍ത്താണ് അത് ഉണ്ടാക്കിയത്. തിരശ്ശീലകളെല്ലാം ഒരേ അളവിലായിരുന്നു; നീളം ഇരുപത്തെട്ടു മുഴവും, വീതി നാലു മുഴവും. അയ്യഞ്ചെണ്ണം കൂട്ടിച്ചേര്‍ത്ത് അവ രണ്ടു വിരികളാക്കി, ആദ്യത്തെ വിരിയുടെ ആദ്യത്തെയും രണ്ടാമത്തെ വിരിയുടെ ഒടുവിലത്തെയും തിരശ്ശീലകളുടെ വിളുമ്പില്‍ നീലനൂലുകൊണ്ട് കണ്ണികള്‍ ഉണ്ടാക്കി. ഓരോ വിരിയിലും അമ്പതു കണ്ണികള്‍ വീതമാണ് ഉണ്ടായിരുന്നത്; രണ്ടിലെയും കണ്ണികള്‍ നേര്‍ക്കുനേരേയാണ് പിടിപ്പിച്ചത്. കണ്ണികള്‍ കൂട്ടിച്ചേര്‍ത്ത് കൂടാരം നിര്‍മ്മിക്കാന്‍ അമ്പതു സ്വര്‍ണക്കൊളുത്തുകളുമുണ്ടാക്കി. തിരുസാന്നിധ്യകൂടാരം മൂടുന്നതിനു കോലാട്ടുരോമംകൊണ്ട് പതിനൊന്നു മൂടുവിരികളും നിര്‍മ്മിച്ചു. മുപ്പതു മുഴം നീളത്തിലും നാലു മുഴം വീതിയിലും ഒരേ അളവിലുമാണ് വിരികളെല്ലാം നിര്‍മ്മിച്ചത്. അവയില്‍ അഞ്ചു മൂടുവിരികള്‍ ഒരു വിരിയായും ആറെണ്ണം മറ്റൊരു വിരിയായും തുന്നിച്ചേര്‍ത്തു. രണ്ടു മൂടുവിരികളില്‍ ഓരോന്നിന്‍റെയും അറ്റത്തുള്ള ശീലകളില്‍ അമ്പതു കണ്ണികള്‍ വീതമുണ്ടാക്കി. കണ്ണികള്‍ തമ്മില്‍ ബന്ധിപ്പിച്ചു കൂടാരമാക്കാന്‍വേണ്ടി ഓടുകൊണ്ട് അമ്പതു കൊളുത്തുകളും നിര്‍മ്മിച്ചു. ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഊറയ്‍ക്കിട്ട തോല്‍കൊണ്ട് പുറമൂടിയും ഉണ്ടാക്കി. കൂടാരം നേരേ നിര്‍ത്താനുള്ള പലകകള്‍ കരുവേലകംകൊണ്ടു പണിതു. ഓരോ പലകയുടെയും നീളം പത്തു മുഴവും വീതി ഒന്നര മുഴവും ആയിരുന്നു. പലകകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഓരോ പലകയിലും ഈരണ്ട് കുടുമയുമുണ്ടാക്കി. വിശുദ്ധകൂടാരത്തിന്‍റെ എല്ലാ പലകകള്‍ക്കും ഇങ്ങനെതന്നെ നിര്‍മ്മിച്ചു. കൂടാരത്തിന്‍റെ പലകകള്‍ ഇപ്രകാരം ഉണ്ടാക്കി: തെക്കുവശത്തിന് ഇരുപതു പലകകള്‍. കുടുമകള്‍ തമ്മില്‍ ബന്ധിപ്പിക്കത്തക്കവിധം വെള്ളികൊണ്ട് ഓരോ പലകയുടെയും അടിയില്‍ രണ്ടു കുടുമയ്‍ക്ക് രണ്ടു ചുവടു വീതം നാല്പതു ചുവടുകളും ഉണ്ടാക്കി. വിശുദ്ധകൂടാരത്തിന്‍റെ വടക്കുവശത്തിന് ഇരുപതു പലകകളും ഓരോ ചട്ടത്തിനും രണ്ടു ചുവടുകള്‍ വീതം നാല്പതു ചുവടുകളും, പിന്‍ഭാഗമായ പടിഞ്ഞാറുവശത്തേക്ക് ആറു പലകകളും ഉണ്ടാക്കി. തിരുനിവാസത്തിന്‍റെ പിന്‍ഭാഗത്തുള്ള മൂലകള്‍ ഉറപ്പിക്കാന്‍ രണ്ടു പലകകള്‍ നിര്‍മ്മിച്ചു. അവയുടെ അടിഭാഗം തമ്മില്‍ രണ്ടായി വിഭാഗിച്ചിരുന്നു. എന്നാല്‍ മുകള്‍ഭാഗം ഒന്നാമത്തെ കണ്ണിവരെ തമ്മില്‍ ബന്ധിപ്പിച്ചിരുന്നു. അങ്ങനെ മൂലകള്‍ തമ്മില്‍ യോജിപ്പിക്കുന്നതിനു പലകകളും ഉണ്ടാക്കി. ഓരോ പലകയ്‍ക്കും രണ്ടു വെള്ളിച്ചുവടുകള്‍ വീതം പതിനാറു ചുവടുകളും ഉണ്ടാക്കി. കൂടാരത്തിന്‍റെ ഒരു വശത്തുള്ള പലകകള്‍ക്ക് അഞ്ചും, മറുവശത്തേതിന് അഞ്ചും പുറകുവശമായ പടിഞ്ഞാറേതിന് അഞ്ചുമായി കരുവേലകത്തടികൊണ്ട് അഴികളും നിര്‍മ്മിച്ചു. മധ്യത്തിലുള്ള അഴി, പലകകളുടെ പകുതി ഉയരത്തില്‍വച്ച് ഒരറ്റംമുതല്‍ മറ്റേയറ്റംവരെ കടത്തിവിട്ടു. ഈ പലകകള്‍ സ്വര്‍ണംകൊണ്ടു പൊതിഞ്ഞു. സ്വര്‍ണം പൊതിഞ്ഞ അഴികള്‍ കടത്താന്‍ സ്വര്‍ണവളയങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. നീലയും ധൂമ്രവും കടുംചുവപ്പും നിറങ്ങളുള്ള നൂലും പിരിച്ച നേര്‍ത്ത ലിനന്‍നൂലുംകൊണ്ട് ഒരു തിരശ്ശീലയും നെയ്തുണ്ടാക്കി; കെരൂബിന്‍റെ രൂപം അതില്‍ വിദഗ്ദ്ധമായി തുന്നിയുണ്ടാക്കി. നാലു കരുവേലകത്തൂണുകള്‍ ഉണ്ടാക്കി സ്വര്‍ണംകൊണ്ടു പൊതിഞ്ഞ്, സ്വര്‍ണംകൊണ്ട് കൊളുത്തുകളും ഉണ്ടാക്കി വെള്ളിച്ചുവടുകളില്‍ ഉറപ്പിച്ചു. തിരുനിവാസത്തിലേക്കുള്ള വാതിലിനു നീലയും ധൂമ്രവും കടുംചുവപ്പും നിറങ്ങളിലുള്ള നൂലുകളും നേര്‍മയില്‍ നെയ്ത ചിത്രത്തുന്നല്‍കൊണ്ട് അലങ്കരിച്ച ലിനന്‍തുണി ഉപയോഗിച്ച് ഒരു തിരശ്ശീലയും നിര്‍മ്മിച്ചു. അതിന് കൊളുത്തുകളുള്ള അഞ്ചു തൂണുകള്‍ ഉണ്ടായിരുന്നു. തൂണുകളുടെ മകുടവും മേല്‍ച്ചുറ്റുപടികളും സ്വര്‍ണംകൊണ്ടു പൊതിഞ്ഞവയും ചുവടുകള്‍ അഞ്ചും ഓടുകൊണ്ടു നിര്‍മ്മിച്ചവയുമായിരുന്നു. ബെസലേല്‍ കരുവേലകംകൊണ്ടു പെട്ടകം നിര്‍മ്മിച്ചു; അതിന് നീളം രണ്ടര മുഴം, വീതി ഒന്നര മുഴം, ഉയരം ഒന്നര മുഴം. അതിന്‍റെ അകവും പുറവും തങ്കം പൊതിഞ്ഞു; ചുറ്റും സ്വര്‍ണംകൊണ്ടു വക്കു പിടിപ്പിക്കുകയും ചെയ്തു. ഓരോ മൂലയ്‍ക്കും ഓരോന്നു വീതം നാലു സ്വര്‍ണവളയങ്ങളുണ്ടാക്കി; രണ്ടെണ്ണം ഒരു വശത്തും രണ്ടെണ്ണം മറുവശത്തും. കരുവേലകംകൊണ്ടു തണ്ടുകളുണ്ടാക്കി സ്വര്‍ണം പൊതിഞ്ഞു. പെട്ടകം വഹിക്കുന്നതിനു തണ്ടുകള്‍ വളയങ്ങളിലൂടെ കടത്തി. രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയുമുള്ള മേല്‍മൂടി തങ്കംകൊണ്ടുണ്ടാക്കി. അടിച്ചുപരത്തിയ സ്വര്‍ണത്തകിടുകൊണ്ടു കെരൂബുകളെ നിര്‍മ്മിച്ചു മൂടിയുടെ രണ്ടറ്റത്തും ഉറപ്പിച്ചു. രണ്ടറ്റത്തും ഉറപ്പിച്ചിരിക്കുന്ന കെരൂബുകളും മേല്‍മൂടിയും ഒന്നായി ചേര്‍ന്നിരിക്കത്തക്കവിധമാണ് അത് ഉണ്ടാക്കിയത്. അഭിമുഖം നിന്ന കെരൂബുകള്‍, വിരിച്ച ചിറകുകള്‍കൊണ്ട് മേല്‍മൂടിയെ മറച്ചിരുന്നു. കരുവേലകംകൊണ്ട് രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവുമുള്ള ഒരു മേശ നിര്‍മ്മിച്ചു. തങ്കംകൊണ്ട് അതു പൊതിയുകയും മുകള്‍ഭാഗത്തിനു ചുറ്റും സ്വര്‍ണംകൊണ്ടു വക്കു പിടിപ്പിക്കുകയും ചെയ്തു. മേശയ്‍ക്കു ചുറ്റും കൈപ്പത്തിയുടെ വീതിയില്‍ ചട്ടവും ചട്ടത്തിനു ചുറ്റും സ്വര്‍ണംകൊണ്ടു വക്കും പിടിപ്പിച്ചു. നാലു സ്വര്‍ണവളയങ്ങളുണ്ടാക്കി അവ നാലു മൂലയ്‍ക്കുമുള്ള കാലുകളില്‍ ഘടിപ്പിച്ചു. മേശ ചുമക്കാനുള്ള തണ്ടുകള്‍ ഇടാനുള്ള വളയങ്ങള്‍ ഉറപ്പിച്ചതു ചട്ടങ്ങളോടു ചേര്‍ന്നായിരുന്നു. ചുമക്കാനുള്ള തണ്ടുകള്‍ കരുവേലകംകൊണ്ടു നിര്‍മ്മിച്ചു സ്വര്‍ണം പൊതിഞ്ഞു. മേശയുടെ മുകളില്‍ വയ്‍ക്കാനുള്ള തളികകള്‍, കോപ്പകള്‍, ഭരണികള്‍, പാനീയയാഗത്തിനുള്ള പാത്രങ്ങള്‍ ഇവയെല്ലാം തങ്കത്തില്‍ നിര്‍മ്മിച്ചു. അയാള്‍ തങ്കംകൊണ്ടു വിളക്കുതണ്ടുണ്ടാക്കി; അതിന്‍റെ ചുവടും തണ്ടും സ്വര്‍ണത്തകിടുകൊണ്ടാണ് നിര്‍മ്മിച്ചത്; അതിലെ അലങ്കാരപുഷ്പപുടങ്ങളും മൊട്ടുകളും ദലങ്ങളും ചേര്‍ന്ന് ഒറ്റപ്പണിയായിത്തന്നെ അതു നിര്‍മ്മിച്ചു. വിളക്കുതണ്ടിന്‍റെ ഇരുവശങ്ങളിലും മൂന്നു വീതം ആകെ ആറു ശിഖരങ്ങള്‍ ഉണ്ടായിരുന്നു. ആറു ശിഖരങ്ങളില്‍ ഓരോന്നിനും ബദാംപുഷ്പംപോലെ അലങ്കാരപ്പണികള്‍ ചെയ്ത മൂന്നു പുഷ്പങ്ങളും മൊട്ടുകളും ദലങ്ങളും ഉണ്ടായിരുന്നു. മൊട്ടുകളും ദലങ്ങളും കൂടി ബദാംപൂവിന്‍റെപോലെ നാലു പുഷ്പപുടങ്ങള്‍ വിളക്കുതണ്ടില്‍ ഉണ്ടായിരുന്നു. മൂന്നു ശാഖയ്‍ക്കും താഴെ ഓരോ മൊട്ട് ഉണ്ടായിരുന്നു. മൊട്ടുകളും ശിഖരങ്ങളും വിളക്കുതണ്ടും എല്ലാംചേര്‍ന്ന് ഒരു ശില്പമായി അടിച്ചുപണിത് തങ്കംകൊണ്ട് അതു നിര്‍മ്മിച്ചു. അയാള്‍ വിളക്കുതണ്ടിന്‍റെ ഏഴു വിളക്കുകളും അതിന്‍റെ കരിന്തിരി നീക്കുന്ന കത്രികകളും കരിന്തിരി ഇടാനുള്ള തട്ടങ്ങളും തങ്കംകൊണ്ടുതന്നെ ഉണ്ടാക്കി. എല്ലാ ഉപകരണങ്ങളും നിര്‍മ്മിക്കുന്നതിന് ഒരു താലന്ത് തങ്കം വേണ്ടിവന്നു. അയാള്‍ കരുവേലകംകൊണ്ടു ധൂപപീഠം നിര്‍മ്മിച്ചു; അതിന്‍റെ നീളം ഒരു മുഴവും വീതി ഒരു മുഴവും ഉയരം രണ്ടു മുഴവും ആയിരുന്നു. അതിന്‍റെ കൊമ്പുകള്‍ പീഠത്തോടു ചേര്‍ത്ത് ഒന്നായി നിര്‍മ്മിച്ചു. അതിന്‍റെ മേല്‍ഭാഗവും വശങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിഞ്ഞു; ചുറ്റും സ്വര്‍ണംകൊണ്ടു വക്കു പിടിപ്പിച്ചു. അതു വഹിക്കുന്നതിനുള്ള തണ്ടുകള്‍ ഇടുന്നതിനു വക്കിനു താഴെ എതിര്‍വശങ്ങളില്‍ രണ്ടു സ്വര്‍ണവളയങ്ങളും ഉറപ്പിച്ചു. തണ്ടുകള്‍ കരുവേലകംകൊണ്ടു നിര്‍മ്മിച്ച് സ്വര്‍ണം പൊതിഞ്ഞു. വിദഗ്ദ്ധനായ സുഗന്ധദ്രവ്യനിര്‍മ്മാതാവിനെപ്പോലെ അയാള്‍ വിശുദ്ധ അഭിഷേകതൈലവും സുഗന്ധധൂപക്കൂട്ടും ഉണ്ടാക്കി. അയാള്‍ കരുവേലകംകൊണ്ടു ഹോമയാഗപീഠം നിര്‍മ്മിച്ചു. സമചതുരത്തില്‍ നിര്‍മ്മിക്കപ്പെട്ട അതിന് നീളവും വീതിയും അഞ്ചു മുഴം, ഉയരം മൂന്നു മുഴം. അതിന്‍റെ നാലു മൂലയ്‍ക്കും ഓരോ കൊമ്പ് ഉണ്ടാക്കി; യാഗപീഠവുമായി ഒന്നായി ചേര്‍ത്ത് ഓടുകൊണ്ടു പൊതിഞ്ഞു. കുടങ്ങള്‍, ചട്ടുകങ്ങള്‍, കിണ്ണങ്ങള്‍, മുള്‍ക്കരണ്ടികള്‍, തീച്ചട്ടികള്‍ തുടങ്ങിയ യാഗപീഠത്തിന്‍റെ ഉപകരണങ്ങളെല്ലാം ഓടുകൊണ്ടുതന്നെ നിര്‍മ്മിച്ചു. ഓട്ടുകമ്പികള്‍ കൊണ്ട് അഴിക്കൂടുണ്ടാക്കി; യാഗപീഠത്തിന്‍റെ ചുറ്റുപടിക്ക് താഴെ പകുതി പൊക്കത്തില്‍ അത് ഉറപ്പിച്ചു. തണ്ടുകള്‍ കടത്താന്‍ ഓട്ടുവളയങ്ങള്‍ അതിന്‍റെ നാലു മൂലയ്‍ക്കും ഘടിപ്പിച്ചു. തണ്ടുകള്‍ കരുവേലകംകൊണ്ടു നിര്‍മ്മിച്ച് ഓടുകൊണ്ടു പൊതിഞ്ഞു. യാഗപീഠം വഹിക്കാനുള്ള തണ്ടുകള്‍ അതിന്‍റെ വശങ്ങളിലുള്ള വളയങ്ങളില്‍ കടത്തി. യാഗപീഠം പലകകൊണ്ടാണ് നിര്‍മ്മിച്ചത്. അതിന്‍റെ അകം പൊള്ളയായിരുന്നു. തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ ശുശ്രൂഷ ചെയ്തിരുന്ന സ്‍ത്രീകളുടെ ഓട്ടുകണ്ണാടികള്‍കൊണ്ട് അയാള്‍ ക്ഷാളനപാത്രവും അതിന്‍റെ പീഠവും ഉണ്ടാക്കി. പിന്നീട് അയാള്‍ തിരുസാന്നിധ്യകൂടാരത്തിന് ഒരു അങ്കണം നിര്‍മ്മിച്ചു; അതിന്‍റെ തെക്കുവശത്തുള്ള തിരശ്ശീല നൂറു മുഴം നീളത്തില്‍ നേര്‍മയായി പിരിച്ച ലിനന്‍നൂല്‍കൊണ്ട് നെയ്തെടുത്തതായിരുന്നു. ഈ തിരശ്ശീല ഓട്ടുചുവടുകളില്‍ ഉറപ്പിച്ചിരുന്ന ഇരുപത് ഓട്ടു തൂണുകളില്‍ വെള്ളിക്കൊളുത്തുകളും പടികളും കൊണ്ട് ഉറപ്പിച്ചിരുന്നു. വടക്കുവശത്തെ തിരശ്ശീല നൂറു മുഴം നീളമുള്ളതായിരുന്നു: അതും ഓട്ടുചുവടുകളില്‍ ഉറപ്പിച്ചിരുന്ന ഇരുപത് ഓട്ടുതൂണുകളില്‍ വെള്ളിക്കൊളുത്തുകളും പടികളുംകൊണ്ട് ഘടിപ്പിച്ചിരുന്നു. പടിഞ്ഞാറു വശത്തുള്ള തിരശ്ശീലയുടെ നീളം അമ്പതു മുഴം ആയിരുന്നു. അത് ഉറപ്പിക്കാന്‍ ചുവടുകളോടു കൂടിയ പത്തു തൂണുകളും തിരശ്ശീല തൂക്കിയിടാന്‍ വെള്ളിക്കൊളുത്തുകളും ഉണ്ടായിരുന്നു. കിഴക്കുവശത്തെ തിരശ്ശീലയുടെ നീളവും അമ്പതു മുഴം ആയിരുന്നു. പ്രവേശനകവാടത്തിന്‍റെ ഓരോ വശത്തുമുള്ള തിരശ്ശീലയുടെ നീളം പതിനഞ്ചു മുഴം ആയിരുന്നു. അവയില്‍ ഓരോന്നിനും ചുവടുകളോടുകൂടിയ മൂന്നു തൂണുകളും ഉണ്ടായിരുന്നു. അങ്കണത്തിനു ചുറ്റും ഉറപ്പിച്ചിരുന്ന തിരശ്ശീലകളെല്ലാം നെയ്തെടുത്ത നേര്‍ത്ത ലിനന്‍കൊണ്ടു നിര്‍മ്മിച്ചവയായിരുന്നു. തൂണുകളുടെ ചുവടുകള്‍ ഓടുകൊണ്ടും അവയുടെ കൊളുത്തുകളും പടികളും വെള്ളികൊണ്ടുമാണ് ഉണ്ടാക്കിയിരുന്നത്; തൂണുകളുടെ മകുടങ്ങള്‍ വെള്ളികൊണ്ടു പൊതിഞ്ഞിരുന്നു; ചുറ്റും തിരശ്ശീലയുടെ തൂണുകളെല്ലാം വെള്ളികൊണ്ടു നിര്‍മ്മിച്ച പടികള്‍കൊണ്ടു ബന്ധിച്ചിരുന്നു. പ്രവേശനകവാടത്തിന്‍റെ തിരശ്ശീല നീല, ധൂമ്രം, കടുംചുവപ്പുവര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയായി നെയ്തെടുത്ത ചിത്രത്തുന്നല്‍കൊണ്ട് അലങ്കരിച്ച ലിനന്‍തുണിയും കൊണ്ടുള്ളതായിരുന്നു. ഈ തിരശ്ശീലയുടെ നീളം ഇരുപതു മുഴവും വീതി അഞ്ചു മുഴവും ആയിരുന്നു. ഇത് അങ്കണത്തിന്‍റെ തിരശ്ശീലയ്‍ക്കു സമമായിരുന്നു. ഓട്ടുചുവടുകളില്‍ ഉറപ്പിച്ചിരുന്ന നാലു തൂണുകളില്‍ അതു ബന്ധിപ്പിച്ചിരുന്നു. അതിന്‍റെ കൊളുത്തുകളും പടികളും വെള്ളികൊണ്ടു നിര്‍മ്മിച്ചവയും തൂണുകളുടെ മകുടം വെള്ളികൊണ്ടു പൊതിഞ്ഞതും ആയിരുന്നു. തിരുസാന്നിധ്യകൂടാരത്തിന്‍റെയും അങ്കണത്തിന്‍റെയും ചുറ്റുമുള്ള തിരശ്ശീലയുടെയും കുറ്റികളെല്ലാം ഓടുകൊണ്ട് ഉണ്ടാക്കിയവയായിരുന്നു. ഉടമ്പടിപ്പെട്ടകം വഹിച്ചിരുന്ന തിരുസാന്നിധ്യകൂടാരത്തിന്‍റെ പണിക്കുവേണ്ടി ചെലവായ സാധനങ്ങളുടെ കണക്ക് മോശയുടെ കല്പനപ്രകാരം അഹരോന്‍റെ പുത്രനായ ഈഥാമാരുടെ നേതൃത്വത്തില്‍ ലേവ്യര്‍ തിട്ടപ്പെടുത്തി. യെഹൂദാഗോത്രത്തിലെ ഹൂരിന്‍റെ പൗത്രനും ഊരിയുടെ പുത്രനുമായ ബെസലേല്‍ സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതെല്ലാം നിര്‍മ്മിച്ചു. അയാളുടെ സഹായി ദാന്‍ഗോത്രത്തിലെ അഹീസാമാക്കിന്‍റെ പുത്രന്‍ ഒഹോലിയാബ് ആയിരുന്നു. അയാള്‍ കരകൗശലവിദഗ്ദ്ധനും നീല, ധൂമ്രം, കടുംചുവപ്പു നൂലുകളും നേര്‍ത്ത ലിനനും ഉപയോഗിച്ച് ചിത്രത്തുന്നല്‍ ചെയ്യുന്നവനുമായിരുന്നു. വിശുദ്ധകൂടാരത്തിലെ സകല പണികള്‍ക്കുംവേണ്ടി ഉപയോഗിച്ചതും വഴിപാടായി ലഭിച്ചതുമായ സ്വര്‍ണം വിശുദ്ധകൂടാരത്തിലെ തോതനുസരിച്ച് ആകെ ഇരുപത്തൊന്‍പത് താലന്തും എഴുനൂറ്റമ്പത് ശേക്കെലും ആയിരുന്നു. ജനസംഖ്യാകണക്കില്‍ ഉള്‍പ്പെട്ടവര്‍ സമര്‍പ്പിച്ച വെള്ളി വിശുദ്ധകൂടാരത്തിലെ തോതനുസരിച്ച് നൂറു താലന്തും ആയിരത്തി എഴുനൂറ്റി എഴുപത്തഞ്ചു ശേക്കെലും ആയിരുന്നു. ജനസംഖ്യാകണക്കില്‍ ഉള്‍പ്പെട്ട ഇരുപതിനും അതിനുമേലും വയസ്സു പ്രായമുള്ളവര്‍ ഒരു ബെക്കാ-വിശുദ്ധമന്ദിരത്തിലെ തോതനുസരിച്ച് അര ശേക്കെല്‍-വീതം നല്‌കേണ്ടിയിരുന്നു. അവര്‍ ആകെ ആറുലക്ഷത്തിമൂവായിരത്തി അഞ്ഞൂറ്റിയമ്പതു പേര്‍ ഉണ്ടായിരുന്നു. വിശുദ്ധകൂടാരത്തിനും തിരശ്ശീലയ്‍ക്കും വേണ്ട ചുവടുകള്‍ നിര്‍മ്മിക്കാന്‍ ചുവടൊന്നിന് ഒരു താലന്തു വീതം നൂറ് താലന്ത് വെള്ളി ഉപയോഗിച്ചു. ശേഷിച്ച ആയിരത്തിഎഴുനൂറ്റി എഴുപത്തിയഞ്ച് ശേക്കെല്‍ വെള്ളികൊണ്ട് ബെസലേല്‍ തൂണുകളുടെ കൊളുത്തുകളും പടികളും നിര്‍മ്മിക്കുകയും മകുടങ്ങള്‍ പൊതിയുകയും ചെയ്തു. വഴിപാടായി ലഭിച്ച ഓട് ആകെ എഴുപതു താലന്തും രണ്ടായിരത്തിനാനൂറ് ശേക്കെലും ആയിരുന്നു. അതു തിരുസാന്നിധ്യകൂടാരത്തിലേക്കുള്ള പ്രവേശനകവാടത്തിന്‍റെ ചുവടുകള്‍, യാഗപീഠം, അഴിക്കൂട്, യാഗപീഠത്തിന്‍റെ മറ്റ് ഉപകരണങ്ങള്‍, അങ്കണത്തിനു ചുറ്റുമുള്ള തിരശ്ശീലയുടെയും പ്രവേശനകവാടത്തിന്‍റെയും ചുവടുകള്‍, അങ്കണത്തിന്‍റെ ചുറ്റുമുള്ള കുറ്റികള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചു. സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ വിശുദ്ധസ്ഥലത്തു പുരോഹിതശുശ്രൂഷ ചെയ്യുമ്പോള്‍ അഹരോന്‍ ധരിക്കേണ്ട വിശുദ്ധവസ്ത്രങ്ങള്‍ നീല, ധൂമ്രം, കടുംചുവപ്പ് വര്‍ണങ്ങളിലുള്ള നൂലുകള്‍കൊണ്ട് അവര്‍ ഉണ്ടാക്കി. നീല, ധൂമ്രം, കടുംചുവപ്പു വര്‍ണങ്ങളുള്ള നൂലുകളും കസവും നേര്‍മയായി നെയ്തെടുത്ത ലിനനുംകൊണ്ട് ഏഫോദ് നിര്‍മ്മിച്ചു. അവര്‍ സ്വര്‍ണം അടിച്ചുപരത്തി നേരിയ കസവുകളായി മുറിച്ചെടുത്ത് നീല, ധൂമ്രം, കടുംചുവപ്പു വര്‍ണങ്ങളുള്ള നൂലുകളും നേര്‍ത്ത ലിനന്‍ എന്നിവയും വിദഗ്ദ്ധമായി നെയ്തെടുത്തു. ഏഫോദിന്‍റെ ഇരുവശങ്ങളിലും മുകള്‍ഭാഗത്ത് തോള്‍വാറുകള്‍ തയ്ച്ചുപിടിപ്പിച്ചു. ഏഫോദ് ഉണ്ടാക്കാന്‍ ഉപയോഗിച്ച കസവുനൂല്‍, നീല, ധൂമ്രം, കടുംചുവപ്പു നൂലുകള്‍, നേര്‍ത്ത ലിനന്‍ എന്നിവകൊണ്ടുതന്നെ ഏഫോദു കെട്ടിമുറുക്കുന്നതിനുള്ള അരപ്പട്ടയും സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ അവര്‍ നിര്‍മ്മിച്ചു. ചെത്തിയെടുത്ത ഗോമേദകക്കല്ലുകള്‍ സ്വര്‍ണച്ചട്ടങ്ങളില്‍ ഉറപ്പിച്ച് ഈ കല്ലുകളില്‍ മുദ്രകൊത്തുന്നതുപോലെ ഇസ്രായേല്‍ഗോത്രങ്ങളുടെ പേരുകള്‍ കൊത്തി. സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ അവയെ ഏഫോദിന്‍റെ രണ്ട് തോള്‍വാറുകളിലുമായി ഇസ്രായേല്‍ജനത്തിന്‍റെ ഓര്‍മയ്‍ക്കായി തയ്ച്ചുചേര്‍ത്തു. ഏഫോദു നിര്‍മ്മിച്ചതുപോലെ നീല, ധൂമ്രം, കടുംചുവപ്പു വര്‍ണങ്ങളിലുള്ള നൂലുകളും കസവും നേര്‍മയായി നെയ്ത ലിനനുംകൊണ്ട് ചിത്രപ്പണികളോടുകൂടിയ മാര്‍ച്ചട്ട നിര്‍മ്മിച്ചു. അതു സമചതുരത്തില്‍ രണ്ടു മടക്കായിട്ടാണ് ഉണ്ടാക്കിയത്. അതിന് ഒരു ചാണ്‍ നീളവും ഒരു ചാണ്‍ വീതിയും ഉണ്ടായിരുന്നു. അതില്‍ നാലു നിര രത്നങ്ങള്‍ പതിച്ചു. ഒന്നാമത്തെ നിരയില്‍ മാണിക്യം, പുഷ്യരാഗം, വൈഡൂര്യം എന്നിവയും രണ്ടാമത്തെ നിരയില്‍ മരതകം, ഇന്ദ്രനീലം, വജ്രം എന്നിവയും മൂന്നാമത്തെ നിരയില്‍ പവിഴം, ചന്ദ്രകാന്തം, സൗഗന്ധികം എന്നിവയും നാലാമത്തെ നിരയില്‍ പത്മരാഗം, ഗോമേദകം, സൂര്യകാന്തം എന്നിവയും സ്വര്‍ണച്ചട്ടങ്ങളില്‍ പതിച്ചുവച്ചു. ഇസ്രായേല്‍പുത്രന്മാരുടെ പേരുകള്‍ക്കനുസരിച്ച് പന്ത്രണ്ടു രത്നങ്ങളുണ്ടായിരുന്നു. ഓരോ ഗോത്രത്തിന്‍റെയും പേര് ഓരോന്നിലുമായി മുദ്രണം ചെയ്തിരുന്നു. മാര്‍ച്ചട്ടയ്‍ക്കുവേണ്ടി തങ്കം കയറുപോലെ പിരിച്ചെടുത്തു ചങ്ങലകള്‍ ഉണ്ടാക്കി. സ്വര്‍ണംകൊണ്ടു രണ്ട് അരികുപാളികളും രണ്ടു വളയങ്ങളും നിര്‍മ്മിച്ചു. വളയങ്ങള്‍ മാര്‍ച്ചട്ടയുടെ മുകള്‍ഭാഗത്ത് ഇരുകോണുകളിലും ഘടിപ്പിച്ചു; സ്വര്‍ണച്ചങ്ങലകള്‍ മാര്‍ച്ചട്ടയുടെ മൂലകളിലുള്ള ഈ വളയങ്ങളില്‍ കൊളുത്തി. ഈ ചങ്ങലകളുടെ മറ്റേ അറ്റങ്ങള്‍ സ്വര്‍ണത്തകിടുകളില്‍ ഘടിപ്പിച്ച് ഏഫോദിലുള്ള തോള്‍വാറുകളില്‍ മുന്‍ഭാഗത്ത് ഉറപ്പിച്ചു. വേറെ രണ്ടു വളയങ്ങള്‍ ഉണ്ടാക്കി, മാര്‍ച്ചട്ടയുടെ താഴത്തെ കോണുകളില്‍ ഉള്‍ഭാഗത്ത് ഏഫോദിനോടു ബന്ധിച്ചു. അവര്‍ വേറെ രണ്ടു സ്വര്‍ണവളയങ്ങള്‍കൂടി ഉണ്ടാക്കി. അവ ഏഫോദിന്‍റെ തോള്‍വാറുകള്‍ക്കു താഴെ വിദഗ്ദ്ധമായി നെയ്തെടുത്ത അരപ്പട്ടയുടെ മുകളില്‍ ബന്ധിച്ചു. മാര്‍ച്ചട്ട ഏഫോദിന്‍റെ മുകളില്‍ അയഞ്ഞു കിടക്കാതിരിക്കാന്‍ സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ മാര്‍ച്ചട്ടയുടെ വളയങ്ങള്‍ ഏഫോദിന്‍റെ വളയങ്ങളുമായി നീലനാടകൊണ്ട് അരപ്പട്ടയ്‍ക്കു മുകളില്‍ ഉറപ്പിച്ചു. ഏഫോദിന്‍റെ പുറത്ത് അണിയുന്ന കുപ്പായം നീലനൂലുകൊണ്ടു നിര്‍മ്മിച്ചു; അതിന്‍റെ നടുവില്‍ തല കടത്താനുള്ള ദ്വാരമുണ്ടാക്കി; ആ ഭാഗം കീറിപ്പോകാതിരിക്കുന്നതിനു ദ്വാരത്തിനു ചുറ്റും ഒരു നാട ചേര്‍ത്തു ബലപ്പെടുത്തിയിരുന്നു; [24-26] കുപ്പായത്തിന്‍റെ താഴെയുള്ള വിളുമ്പുകളില്‍ നീലയും, ധൂമ്രവും, കടുംചുവപ്പു നൂലുകളും നേര്‍ത്ത ലിനനുംകൊണ്ട് മാതളനാരങ്ങാരൂപങ്ങള്‍ ഉണ്ടാക്കി; അവയും സ്വര്‍ണമണികളും ഒന്നിടവിട്ട് തയ്ച്ചുചേര്‍ത്തു. *** *** അഹരോനും പുത്രന്മാര്‍ക്കും ധരിക്കാന്‍ നിലയങ്കി ഉണ്ടാക്കി. നേര്‍മയായി നെയ്തെടുത്ത ലിനന്‍കൊണ്ട് തലപ്പാവ്, തൊപ്പി, കാലുറ എന്നിവയും നീലയും ധൂമ്രവും കടുംചുവപ്പും നൂലുകള്‍കൊണ്ട് ചിത്രത്തയ്യലോടുകൂടിയ അരക്കെട്ടും സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിരുന്നതുപോലെ നിര്‍മ്മിച്ചു. വിശുദ്ധകിരീടത്തിന്‍റെ നെറ്റിപ്പട്ടം തങ്കത്തില്‍ ഉണ്ടാക്കി. അതില്‍ മുദ്രമോതിരത്തിലെന്നതുപോലെ സര്‍വേശ്വരനു സമര്‍പ്പിതം എന്നു കൊത്തിവയ്‍ക്കുകയും ചെയ്തു. സര്‍വേശ്വരന്‍റ കല്പനപോലെ തലപ്പാവിന്‍റെ മുന്‍വശത്തു ബന്ധിക്കാന്‍ ഒരു നീലനാട നെറ്റിപ്പട്ടത്തില്‍ പിടിപ്പിച്ചു. ഇങ്ങനെ തിരുസാന്നിധ്യകൂടാരത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി. സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിരുന്നതുപോലെ ഇസ്രായേല്‍ജനം എല്ലാ കാര്യങ്ങളും ചെയ്തുതീര്‍ത്തു. അവര്‍ തിരുസാന്നിധ്യകൂടാരവും അതിന്‍റെ ഉപകരണങ്ങളും മോശയുടെ അടുക്കല്‍ കൊണ്ടുവന്നു. കൂടാരം, കൊളുത്തുകള്‍, ചട്ടങ്ങള്‍, അഴികള്‍, തൂണുകള്‍, ചുവടുകള്‍; കോലാടിന്‍റെ ഊറയ്‍ക്കിട്ട തോലുകൊണ്ടും തഹശുതോല്‍കൊണ്ടും നിര്‍മ്മിച്ച മൂടുവിരികള്‍, തിരശ്ശീലകള്‍; ഉടമ്പടിപ്പെട്ടകം, അതിന്‍റെ തണ്ടുകള്‍, മൂടി, കാഴ്ചയപ്പം വയ്‍ക്കുന്ന മേശ, അതിന്‍റെ ഉപകരണങ്ങള്‍, തനി തങ്കംകൊണ്ടുനിര്‍മ്മിച്ച വിളക്കുതണ്ട്, വിളക്കുകള്‍, ഉപകരണങ്ങള്‍, വിളക്കിനു വേണ്ട എണ്ണ, സ്വര്‍ണയാഗപീഠം, അഭിഷേകതൈലം, ധൂപക്കൂട്ട്, കൂടാരവാതിലിന്‍റെ തിരശ്ശീല, ഓടുകൊണ്ടുള്ള യാഗപീഠവും അതിന്‍റെ അഴിക്കൂടും, തണ്ടുകള്‍, ഉപകരണങ്ങള്‍, ക്ഷാളനപാത്രം, അതിന്‍റെ പീഠം; അങ്കണത്തിന്‍റെ മറകള്‍, അവയുടെ തൂണുകള്‍; ചുവടുകള്‍, പ്രവേശനകവാടത്തിന്‍റെ തിരശ്ശീല, അതിന്‍റെ ചരടുകള്‍, കുറ്റികള്‍, വിശുദ്ധമായ തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷയ്‍ക്കാവശ്യമായ ഉപകരണങ്ങള്‍, പുരോഹിതനായ അഹരോനും അദ്ദേഹത്തിന്‍റെ പുത്രന്മാരായ പുരോഹിതന്മാരും വിശുദ്ധസ്ഥലത്തു പുരോഹിതശുശ്രൂഷ ചെയ്യുമ്പോള്‍ ധരിക്കേണ്ട വിശുദ്ധവസ്ത്രങ്ങള്‍ എന്നിവയെല്ലാം കൊണ്ടുവന്നു. സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെതന്നെ ഇസ്രായേല്‍ജനം ചെയ്തു. അവര്‍ ചെയ്തതെല്ലാം മോശ പരിശോധിച്ചു. സര്‍വേശ്വരന്‍ കല്പിച്ചിരുന്നതുപോലെതന്നെ അവര്‍ എല്ലാം ചെയ്തിരുന്നതുകൊണ്ടു മോശ അവരെ അനുഗ്രഹിച്ചു. സര്‍വേശ്വരന്‍ മോശയോടു കല്പിച്ചു: “ഒന്നാം മാസത്തിന്‍റെ ഒന്നാം ദിവസം നീ തിരുസാന്നിധ്യകൂടാരം ഉറപ്പിക്കണം. സാക്ഷ്യപെട്ടകം അതിനുള്ളില്‍ പ്രതിഷ്ഠിച്ച് തിരശ്ശീലകൊണ്ട് അതു മറയ്‍ക്കണം. പിന്നീട് മേശ കൊണ്ടുവന്ന് അതിന്‍റെ ഉപകരണങ്ങള്‍ അതിന്മേല്‍ ക്രമീകരിക്കണം. വിളക്കുതണ്ട് കൊണ്ടുവന്നു വിളക്കുകള്‍ ഉറപ്പിക്കണം. സ്വര്‍ണധൂപപീഠം സാക്ഷ്യപെട്ടകത്തിന്‍റെ മുമ്പില്‍ വയ്‍ക്കണം; പിന്നീട് തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതിലില്‍ തിരശ്ശീല തൂക്കണം. തിരുസാന്നിധ്യകൂടാരവാതിലിന് മുമ്പില്‍ യാഗപീഠം സ്ഥാപിക്കണം. യാഗപീഠത്തിനും തിരുസാന്നിധ്യകൂടാരത്തിനും മധ്യേ ക്ഷാളനപാത്രം വച്ച് അതില്‍ വെള്ളം നിറയ്‍ക്കണം. അങ്കണത്തിന്‍റെ ചുറ്റുമറകള്‍ ഉറപ്പിക്കുകയും അങ്കണകവാടത്തില്‍ തിരശ്ശീല തൂക്കുകയും വേണം. പിന്നീട് അഭിഷേകതൈലം എടുത്തു തിരുസാന്നിധ്യകൂടാരവും അതിനുള്ളിലെ സകല ഉപകരണങ്ങളും അഭിഷേകം ചെയ്തു ശുദ്ധീകരിക്കണം. അപ്പോള്‍ അവ വിശുദ്ധമായിത്തീരും. ഹോമയാഗപീഠവും അതിന്‍റെ ഉപകരണങ്ങളും അഭിഷേകം ചെയ്ത് ശുദ്ധീകരിക്കണം. അത് അതിവിശുദ്ധമായിത്തീരും. പിന്നീട് ക്ഷാളനപാത്രവും അതിന്‍റെ പീഠവും അഭിഷേകം ചെയ്ത് ശുദ്ധീകരിക്കണം. അഹരോനെയും പുത്രന്മാരെയും തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകണം. പിന്നീട് എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യുന്നതിനായി അഹരോനെ വിശുദ്ധവസ്ത്രങ്ങള്‍ അണിയിക്കുകയും അഭിഷേകം ചെയ്തു ശുദ്ധീകരിക്കുകയും വേണം. അവന്‍റെ പുത്രന്മാരെയും ആനയിച്ച് അങ്കികള്‍ ധരിപ്പിക്കണം. എനിക്കു പുരോഹിതശുശ്രൂഷ ചെയ്യാന്‍ അവരുടെ പിതാവിനെ അഭിഷേകം ചെയ്തതുപോലെ അവരെയും അഭിഷേകം ചെയ്യണം. ഈ അഭിഷേകംമൂലം അവര്‍ തലമുറതലമുറകളിലൂടെയുള്ള നിത്യപൗരോഹിത്യത്തിലേക്കു പ്രവേശിക്കും.” സര്‍വേശ്വരന്‍ കല്പിച്ചതുപോലെ മോശ സകലതും ചെയ്തു. ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്‍റെ രണ്ടാം വര്‍ഷത്തിലെ ഒന്നാം മാസം ഒന്നാം ദിവസമാണ് തിരുസാന്നിധ്യകൂടാരം ഉറപ്പിച്ചത്. മോശ കൂടാരം നിവിര്‍ത്തി അതിന്‍റെ ചുവടുകളും ചട്ടങ്ങളും അഴികളും തൂണുകളുമെല്ലാം ഉറപ്പിച്ചു. തിരുസാന്നിധ്യകൂടാരത്തിന്‍റെ മൂടുവിരിയും പുറംവിരിയും സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെതന്നെ വിരിച്ചു. ഉടമ്പടി രേഖപ്പെടുത്തിയ കല്പലകകള്‍ പെട്ടകത്തിനുള്ളില്‍ വച്ചു. തണ്ടുകള്‍ പെട്ടകത്തില്‍ പിടിപ്പിക്കുകയും പെട്ടകത്തിന്‍റെ മൂടി വയ്‍ക്കുകയും ചെയ്തു. പിന്നീട് സാക്ഷ്യപെട്ടകം കൂടാരത്തിനുള്ളില്‍ കൊണ്ടുവന്നു തിരശ്ശീലകൊണ്ടു മറച്ചു; അങ്ങനെ സര്‍വേശ്വരന്‍ കല്പിച്ചതുപോലെ മോശ പ്രവര്‍ത്തിച്ചു. മേശ തിരുസാന്നിധ്യകൂടാരത്തിനുള്ളില്‍ കൊണ്ടുവന്നു വടക്കുവശത്തു തിരശ്ശീലയ്‍ക്കു വെളിയില്‍ വച്ചു. അതിന്മേല്‍ സര്‍വേശ്വരന്‍ കല്പിച്ചതുപോലെ കാഴ്ചയപ്പം അടുക്കിവച്ചു. വിളക്കുതണ്ട് തിരുസാന്നിധ്യകൂടാരത്തിനുള്ളില്‍ അതിന്‍റെ തെക്കുവശത്തു മേശയ്‍ക്ക് എതിര്‍വശത്തായി വച്ചു. സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിരുന്നതുപോലെ അതില്‍ വിളക്കുകള്‍ വയ്‍ക്കുകയും ചെയ്തു. തിരുസാന്നിധ്യകൂടാരത്തിനുള്ളിലെ തിരശ്ശീലയുടെ മുമ്പില്‍ സ്വര്‍ണധൂപപീഠം വച്ചു. അവിടുന്നു മോശയോടു കല്പിച്ചതുപോലെ അതില്‍ സുഗന്ധദ്രവ്യങ്ങള്‍ അര്‍പ്പിച്ചു ധൂപാര്‍പ്പണം നടത്തി. തിരുസാന്നിധ്യകൂടാരത്തിന്‍റെ പ്രവേശനകവാടത്തില്‍ തിരശ്ശീല തൂക്കിയിട്ടു. അതിന്‍റെ മുമ്പില്‍ ഹോമയാഗപീഠം സ്ഥാപിച്ചു. അതില്‍ ഹോമയാഗവും ധാന്യവഴിപാടും അര്‍പ്പിച്ചു. യാഗപീഠത്തിനും തിരുസാന്നിധ്യകൂടാരത്തിനും ഇടയ്‍ക്ക് ക്ഷാളനപാത്രം വച്ചു കഴുകാനുള്ള വെള്ളം അതില്‍ നിറച്ചു. ഈ വെള്ളംകൊണ്ട് മോശയും അഹരോനും അഹരോന്‍റെ പുത്രന്മാരും കൈകാലുകള്‍ കഴുകി. കൂടാരത്തിനുള്ളില്‍ പ്രവേശിക്കുമ്പോഴും യാഗപീഠത്തെ സമീപിക്കുമ്പോഴും സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ അവര്‍ അങ്ങനെ ചെയ്യുമായിരുന്നു. തിരുസാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും ചുറ്റും അങ്കണം ഉണ്ടാക്കി; അതിന്‍റെ പ്രവേശനകവാടത്തില്‍ തിരശ്ശീല തൂക്കിയിട്ടു. അങ്ങനെ എല്ലാ ജോലികളും മോശ ചെയ്തുതീര്‍ത്തു. അപ്പോള്‍ മേഘം തിരുസാന്നിധ്യകൂടാരത്തെ മൂടി; കൂടാരം സര്‍വേശ്വരന്‍റെ തേജസ്സുകൊണ്ടു നിറഞ്ഞു. മേഘം കൂടാരത്തില്‍ ആവസിക്കുകയും അവിടുത്തെ തേജസ്സുകൊണ്ടു കൂടാരം നിറയുകയും ചെയ്തതിനാല്‍ തിരുസാന്നിധ്യകൂടാരത്തിലേക്കു പ്രവേശിക്കാന്‍ മോശയ്‍ക്ക് കഴിഞ്ഞില്ല; ഇസ്രായേല്‍ജനത്തിന്‍റെ പ്രയാണത്തിലെല്ലാം മേഘം തിരുസാന്നിധ്യകൂടാരത്തില്‍നിന്ന് ഉയരുമ്പോള്‍ മാത്രമാണ് അവര്‍ യാത്ര പുറപ്പെട്ടിരുന്നത്. എന്നാല്‍ മേഘം ഉയര്‍ന്നില്ലെങ്കില്‍ അത് ഉയരുന്നതുവരെ അവര്‍ യാത്ര പുറപ്പെട്ടിരുന്നില്ല. അവരുടെ യാത്രകളിലെല്ലാം തിരുസാന്നിധ്യകൂടാരത്തിനു മുകളില്‍ പകല്‍ സര്‍വേശ്വരന്‍റെ മേഘം ആവസിക്കുന്നതും രാത്രിയില്‍ അതില്‍ അഗ്നി ജ്വലിക്കുന്നതും ഇസ്രായേല്‍ജനം ദര്‍ശിച്ചിരുന്നു. സര്‍വേശ്വരന്‍ മോശയെ വിളിച്ചു തിരുസാന്നിധ്യകൂടാരത്തില്‍വച്ച് അരുളിച്ചെയ്തു: “ഇസ്രായേല്‍ജനത്തോടു പറയുക, സര്‍വേശ്വരനു യാഗം അര്‍പ്പിക്കാന്‍ കന്നുകാലിക്കൂട്ടത്തില്‍നിന്നോ ആട്ടിന്‍പറ്റത്തില്‍നിന്നോ ഒന്നിനെ കൊണ്ടുവരാം. ഹോമയാഗത്തിനുള്ള മൃഗം കന്നുകാലികളിലൊന്നാണെങ്കില്‍ അത് കുറ്റമറ്റ കാളയായിരിക്കണം. അതു സര്‍വേശ്വരനു സ്വീകാര്യമാകാന്‍ അതിനെ തിരുസാന്നിധ്യകൂടാരത്തിന്‍റെ കവാടത്തില്‍ അര്‍പ്പിക്കണം. അര്‍പ്പിക്കുന്നവന്‍ അതിന്‍റെ തലയില്‍ കൈ വയ്‍ക്കണം. അത് അവന്‍റെ പാപത്തിനു പരിഹാരമായി അംഗീകരിക്കപ്പെടും. അതിനുശേഷം അവന്‍ കാളക്കുട്ടിയെ സര്‍വേശ്വരസന്നിധിയില്‍വച്ചു കൊല്ലണം. അഹരോന്യപുരോഹിതന്മാര്‍ അതിന്‍റെ രക്തമെടുത്തു തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കലുള്ള യാഗപീഠത്തിനു ചുറ്റും തളിക്കണം. പിന്നെ അതിന്‍റെ തോലുരിച്ച് അതിനെ കഷണങ്ങളായി മുറിക്കണം. അഹരോന്യപുരോഹിതന്മാര്‍ യാഗപീഠത്തില്‍ തീകൂട്ടി വിറക് അടുക്കണം. യാഗപീഠത്തില്‍ കത്തിക്കൊണ്ടിരിക്കുന്ന വിറകിന്മേല്‍ പുരോഹിതന്മാര്‍ മൃഗത്തിന്‍റെ തലയും മേദസ്സും ഉള്‍പ്പെടെയുള്ള കഷണങ്ങള്‍ അടുക്കിവയ്‍ക്കണം. അതിന്‍റെ കുടലും കാലുകളും വെള്ളത്തില്‍ കഴുകണം. പുരോഹിതന്‍ അവ മുഴുവന്‍ യാഗപീഠത്തില്‍ വച്ചു സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യമായി ദഹിപ്പിക്കണം. ഹോമയാഗമായി അര്‍പ്പിക്കുന്നതു ചെമ്മരിയാടിനെയോ കോലാടിനെയോ ആണെങ്കില്‍ അത് ഊനമറ്റ ആണായിരിക്കണം. യാഗപീഠത്തിന്‍റെ വടക്കുവശത്തു സര്‍വേശ്വരസന്നിധിയില്‍വച്ചുതന്നെ അവന്‍ അതിനെ കൊല്ലണം. അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിന്‍റെ രക്തം യാഗപീഠത്തിനു ചുറ്റും തളിക്കണം. പുരോഹിതന്‍ അതിനെ തലയും മേദസ്സും ഉള്‍പ്പെടെ കഷണങ്ങളായി മുറിച്ചു യാഗപീഠത്തില്‍ കത്തുന്ന വിറകിന്മേല്‍ അടുക്കിവയ്‍ക്കണം. കുടലും കാലുകളും വെള്ളത്തില്‍ കഴുകണം. പുരോഹിതന്‍ അവ മുഴുവനും യാഗപീഠത്തില്‍വച്ചു ദഹിപ്പിക്കണം. സര്‍വേശ്വരനു പ്രസാദമുള്ള സൗരഭ്യമായ ഹോമയാഗമാണ് അത്. ഹോമയാഗമായി അര്‍പ്പിക്കുന്നതു പക്ഷിയെയാണെങ്കില്‍ അത് ഒരു ചെങ്ങാലിയോ, പ്രാവിന്‍കുഞ്ഞോ ആയിരിക്കണം. പുരോഹിതന്‍ അതിനെ യാഗപീഠത്തിങ്കല്‍ കൊണ്ടുവന്ന് അതിന്‍റെ തല പിരിച്ചു വേര്‍പെടുത്തി യാഗപീഠത്തില്‍ ദഹിപ്പിക്കുകയും അതിന്‍റെ രക്തം യാഗപീഠത്തിന്‍റെ വശങ്ങളിലൂടെ ഒഴുക്കുകയും ചെയ്യണം. അതിന്‍റെ തീന്‍പണ്ടവും തൂവലുകളും യാഗപീഠത്തിന്‍റെ കിഴക്കുവശത്ത് ചാരം ഇടുന്ന സ്ഥലത്തു ഇടണം. അവന്‍ അതിനെ ചിറകുകളില്‍ പിടിച്ചു വലിച്ചു കീറണം. എന്നാല്‍ രണ്ടായി വേര്‍പെടുത്തരുത്. അതു മുഴുവന്‍ യാഗപീഠത്തില്‍വച്ചു ദഹിപ്പിക്കണം. സര്‍വേശ്വരനു പ്രസാദമുള്ള സൗരഭ്യമായ ദഹനയാഗമാണത്. ആരെങ്കിലും സര്‍വേശ്വരനു ധാന്യയാഗം അര്‍പ്പിക്കുന്നെങ്കില്‍ യാഗവസ്തു നേരിയ മാവായിരിക്കണം. അതില്‍ എണ്ണയും കുന്തുരുക്കവും ചേര്‍ക്കണം. അത് അഹരോന്യപുരോഹിതന്മാരുടെ അടുക്കല്‍ കൊണ്ടുവരണം. പുരോഹിതന്‍ അതില്‍നിന്ന് ഒരു പിടി മാവും എണ്ണയും കുന്തുരുക്കം മുഴുവനും ഉള്‍പ്പെടെ എടുത്തു സ്മരണാംശമായി യാഗപീഠത്തില്‍ വച്ചു ദഹിപ്പിക്കണം. അത് സര്‍വേശ്വരനു പ്രസാദമുള്ള സൗരഭ്യമായ ദഹനയാഗമാണ്. ധാന്യവഴിപാടില്‍ ശേഷിക്കുന്നത് അഹരോന്യപുരോഹിതന്മാരുടെ ഓഹരിയാണ്. സര്‍വേശ്വരനര്‍പ്പിച്ച ദഹനയാഗത്തിന്‍റെ ഭാഗമാകയാല്‍ അത് അതിവിശുദ്ധമാകുന്നു. ധാന്യയാഗവസ്തു ചുട്ടെടുത്ത അപ്പമാണെങ്കില്‍ പുളിപ്പിക്കാത്ത നേരിയ മാവും എണ്ണയും ചേര്‍ത്തുണ്ടാക്കിയ അപ്പമോ എണ്ണ പുരട്ടി ഉണ്ടാക്കിയ അടയോ ആയിരിക്കണം. യാഗവസ്തു കല്ലിന്മേല്‍ ചുട്ടെടുത്ത അപ്പമാണെങ്കില്‍ അതു പുളിപ്പിക്കാത്ത നേരിയ മാവില്‍ എണ്ണ ചേര്‍ത്തുണ്ടാക്കിയതായിരിക്കണം. അതു കഷണങ്ങളായി നുറുക്കിയ ശേഷം അവയില്‍ എണ്ണ ഒഴിക്കണം. ഇതാണു ധാന്യയാഗം. ഉരുളിയില്‍ പാകം ചെയ്ത വസ്തുവാണ് ധാന്യയാഗമായി അര്‍പ്പിക്കുന്നതെങ്കില്‍ അതു നേരിയ മാവും എണ്ണയും ചേര്‍ത്തുണ്ടാക്കിയതായിരിക്കണം. ഇവ ധാന്യയാഗത്തിന് സര്‍വേശ്വരസന്നിധിയില്‍ കൊണ്ടുവരുമ്പോള്‍ പുരോഹിതനെ ഏല്പിക്കണം. പുരോഹിതന്‍ അതു യാഗപീഠത്തില്‍ സമര്‍പ്പിക്കും. അതില്‍ ഒരു ഭാഗം പുരോഹിതന്‍ സ്മരണാംശമായി യാഗപീഠത്തില്‍ വച്ചു ദഹിപ്പിക്കണം. അതു സര്‍വേശ്വരനു പ്രസാദമുള്ള സൗരഭ്യയാഗമായിരിക്കണം. ധാന്യവഴിപാടില്‍ ശേഷിച്ചത് അഹരോന്യപുരോഹിതന്മാര്‍ക്കുള്ളതാണ്. സര്‍വേശ്വരനു സമര്‍പ്പിച്ച ദഹനയാഗത്തിന്‍റെ അംശമായതുകൊണ്ട് അത് അതിവിശുദ്ധമാകുന്നു. സര്‍വേശ്വരനു ധാന്യയാഗമായി അര്‍പ്പിക്കാനുള്ള വസ്തു പുളിച്ച മാവുകൊണ്ട് ഉണ്ടാക്കരുത്. പുളിച്ച മാവോ തേനോ ദഹനയാഗമായി അവിടുത്തേക്ക് അര്‍പ്പിക്കരുത്. അവ ആദ്യഫലവഴിപാടായി സര്‍വേശ്വരനു സമര്‍പ്പിക്കാം. എന്നാല്‍ അവ സൗരഭ്യയാഗമായി യാഗപീഠത്തില്‍ അര്‍പ്പിക്കരുത്. എല്ലാ ധാന്യവഴിപാടിലും ഉപ്പു ചേര്‍ത്തിരിക്കണം. നിന്‍റെ ദൈവവുമായുള്ള ഉടമ്പടിയുടെ പ്രതീകമായ ഉപ്പ് വഴിപാടുകളില്‍ ചേര്‍ക്കാന്‍ വിട്ടുപോകരുത്. നിങ്ങളുടെ ആദ്യഫലം ധാന്യയാഗമായി സര്‍വേശ്വരന് അര്‍പ്പിക്കുന്നെങ്കില്‍ യാഗവസ്തു വിളഞ്ഞ കതിരില്‍നിന്ന് എടുത്ത മണികള്‍ തീയില്‍ പൊരിച്ചുണ്ടാക്കിയ മലരോ മലര്‍പ്പൊടിയോ ആയിരിക്കണം. അതില്‍ എണ്ണ പകര്‍ന്നു മേലെ കുന്തുരുക്കം വിതറണം. അതാണു ധാന്യയാഗം. പുരോഹിതന്‍ എണ്ണ ചേര്‍ത്ത മലരിന്‍റെ ഒരു ഭാഗവും കുന്തുരുക്കം മുഴുവനും സ്മരണാംശമായി ദഹിപ്പിക്കണം. ഇതു സര്‍വേശ്വരനുള്ള ദഹനയാഗമാണ്. ആരെങ്കിലും സര്‍വേശ്വരനു സമാധാനയാഗമായി കാളയെയോ പശുവിനെയോ സമര്‍പ്പിക്കുകയാണെങ്കില്‍ അതു കുറ്റമറ്റതായിരിക്കണം. അവന്‍ അതിന്‍റെ തലയില്‍ കൈ വച്ചതിനുശേഷം തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍വച്ച് അതിനെ കൊല്ലണം. അഹരോന്യപുരോഹിതന്മാര്‍ അതിന്‍റെ രക്തമെടുത്തു യാഗപീഠത്തിനു ചുറ്റും തളിക്കണം. യാഗമൃഗത്തിന്‍റെ കുടലും അതിനെ പൊതിഞ്ഞിരിക്കുന്ന മേദസ്സും, വൃക്കകളും, അവയോടു ചേര്‍ന്ന ഇടുപ്പിലുള്ള മേദസ്സും കരളിനോടു ചേര്‍ന്നുള്ള നെയ്‍വലയും വൃക്കകളോടൊപ്പം എടുത്തു സര്‍വേശ്വരനു ദഹനയാഗമായി അര്‍പ്പിക്കണം. അഹരോന്യപുരോഹിതന്മാര്‍ അവ യാഗപീഠത്തില്‍ കത്തിക്കൊണ്ടിരിക്കുന്ന വിറകിന്മേല്‍ വച്ചിരിക്കുന്ന മറ്റു യാഗവസ്തുക്കളോടൊപ്പം ദഹിപ്പിക്കണം. സര്‍വേശ്വരനു പ്രസാദമുള്ള സൗരഭ്യമായ ദഹനയാഗമാണത്. സമാധാനയാഗമായി അര്‍പ്പിക്കുന്നത് ആണാടോ പെണ്ണാടോ ആണെങ്കില്‍ അത് ഊനമറ്റതായിരിക്കണം. ആട്ടിന്‍കുട്ടിയെയാണ് അര്‍പ്പിക്കുന്നതെങ്കില്‍ അതിനെ സര്‍വേശ്വരന്‍റെ സന്നിധിയില്‍ സമര്‍പ്പിക്കണം. അവന്‍ അതിന്‍റെ തലയില്‍ കൈ വച്ചതിനുശേഷം തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ വച്ച് അതിനെ കൊല്ലണം. അഹരോന്യപുരോഹിതന്മാര്‍ അതിന്‍റെ രക്തം യാഗപീഠത്തിന്‍റെ ചുറ്റും തളിക്കണം. അതിനുശേഷം ആ സമാധാനയാഗദ്രവ്യത്തില്‍നിന്ന് അതിന്‍റെ മേദസ്സും നട്ടെല്ലിനോടു ചേര്‍ത്തു മുറിച്ചെടുത്ത തടിച്ച വാലും കുടലിനെ പൊതിഞ്ഞുള്ള മേദസ്സും, വൃക്കകളും അവയോടു ചേര്‍ന്ന ഇടുപ്പിലുള്ള മേദസ്സും കരളിനോടു ചേര്‍ന്നുള്ള നെയ്‍വലയും, വൃക്കകളോടൊപ്പം ദഹനയാഗമായി അര്‍പ്പിക്കണം. പുരോഹിതന്‍ അവ സര്‍വേശ്വരനു ഭോജനയാഗമായി യാഗപീഠത്തില്‍ ദഹിപ്പിക്കണം. കോലാടിനെയാണ് അര്‍പ്പിക്കുന്നതെങ്കില്‍ അതിനെ സര്‍വേശ്വരന്‍റെ സന്നിധിയില്‍ സമര്‍പ്പിക്കണം. അതിന്‍റെ തലയില്‍ കൈ വച്ചതിനുശേഷം തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ വച്ച് അതിനെ കൊല്ലണം. അഹരോന്യപുരോഹിതന്മാര്‍ അതിന്‍റെ രക്തമെടുത്തു യാഗപീഠത്തിനു ചുറ്റും തളിക്കണം. പിന്നെ അതില്‍നിന്നു കുടലിനെ പൊതിഞ്ഞുള്ള മേദസ്സും, വൃക്കകളും, അവയിലും ഇടുപ്പുകളിലുമുള്ള മേദസ്സും കരളിനോടു ചേര്‍ന്നുള്ള നെയ്‍വലയും വൃക്കകളോടൊപ്പം സര്‍വേശ്വരനു ദഹനയാഗമായി അര്‍പ്പിക്കണം. സര്‍വേശ്വരനു പ്രസാദമുള്ള സൗരഭ്യമായി അഗ്നിയില്‍ അര്‍പ്പിക്കുന്ന ഭോജനയാഗമാണത്. മേദസ്സ് മുഴുവന്‍ സര്‍വേശ്വരനുള്ളതാണ്. മേദസ്സും രക്തവും ഭക്ഷിക്കരുത്. നിങ്ങള്‍ എവിടെ വസിച്ചാലും തലമുറയായി പാലിക്കേണ്ട ശാശ്വതനിയമമാണിത്. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്‍ജനതയോടു പറയുക: സര്‍വേശ്വരന്‍ വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലും അറിയാതെ ചെയ്തുപോയാല്‍ അനുഷ്ഠിക്കേണ്ട ചട്ടങ്ങള്‍ ഇവയാണ്. അഭിഷിക്തനായ പുരോഹിതനാണു തെറ്റു ചെയ്തു ജനത്തിന്‍റെമേല്‍ കുറ്റം വരുത്തി വയ്‍ക്കുന്നതെങ്കില്‍ അയാള്‍ കുറ്റമറ്റ ഒരു കാളക്കുട്ടിയെ പാപപരിഹാരയാഗമായി സര്‍വേശ്വരന് അര്‍പ്പിക്കണം. തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ സര്‍വേശ്വരസന്നിധിയില്‍ കാളക്കുട്ടിയെ കൊണ്ടുവന്ന് അതിന്‍റെ തലയില്‍ കൈ വച്ചതിനുശേഷം അവിടെവച്ചു തന്നെ അതിനെ കൊല്ലണം. അഭിഷിക്തപുരോഹിതന്‍ അതിന്‍റെ രക്തത്തില്‍ കുറെ എടുത്തു തിരുസാന്നിധ്യകൂടാരത്തിനകത്തു കൊണ്ടുവരണം. പുരോഹിതന്‍ രക്തത്തില്‍ വിരല്‍ മുക്കി തിരുസാന്നിധ്യകൂടാരത്തിലെ തിരശ്ശീലയുടെ നേര്‍ക്കു ഏഴു പ്രാവശ്യം തളിക്കണം. കുറച്ചു രക്തം കൂടാരത്തിനുള്ളിലുള്ള ധൂപപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടിയശേഷം, ശേഷിച്ച രക്തം മുഴുവനും കൂടാരത്തിന്‍റെ വാതില്‌ക്കല്‍ യാഗവസ്തുക്കള്‍ ദഹിപ്പിക്കുന്ന പീഠത്തിന്‍റെ ചുവട്ടില്‍ ഒഴിക്കണം. പാപപരിഹാരയാഗത്തിനുള്ള കാളയുടെ മേദസ്സു മുഴുവനും എടുക്കണം; കുടലുകള്‍ പൊതിഞ്ഞുള്ള മേദസ്സും, രണ്ടു വൃക്കകളും, അവയിലും ഇടുപ്പുകളിലുമുള്ള മേദസ്സും കരളിന്‍റെ മേലുള്ള നെയ്‍വലയും വേര്‍പെടുത്തി എടുക്കണം. സമാധാനയാഗത്തിന് അര്‍പ്പിച്ച കാളക്കുട്ടിയില്‍നിന്ന് എടുത്ത മേദസ്സ് ദഹിപ്പിച്ചതുപോലെ പുരോഹിതന്‍ ഹോമയാഗപീഠത്തില്‍ ഈ മേദസ്സും ദഹിപ്പിക്കണം. എന്നാല്‍ കാളയുടെ തോലും, മാംസം മുഴുവനും, തലയും, കാലുകളും, കുടലും, ചാണകവും അങ്ങനെ കാളക്കുട്ടിയെ മുഴുവനായി പാളയത്തിനു പുറത്തു ചാരം ഇടാനായി വേര്‍തിരിച്ചിട്ടുള്ള വെടിപ്പുള്ള സ്ഥലത്ത് കൊണ്ടുചെന്നു കത്തിക്കൊണ്ടിരിക്കുന്ന വിറകില്‍വച്ചു ദഹിപ്പിക്കണം. ഇസ്രായേല്‍സമൂഹം മുഴുവന്‍ സര്‍വേശ്വരന്‍റെ കല്പന മനഃപൂര്‍വമല്ലാതെ ലംഘിച്ചതുമൂലമുണ്ടായ പാപം സഭയുടെ ദൃഷ്‍ടിയില്‍പ്പെടാതിരിക്കുകയും അവിടുന്നു വിലക്കിയിട്ടുള്ള ഏതെങ്കിലും കാര്യത്തില്‍ കുറ്റക്കാരാവുകയും ചെയ്താല്‍, ആ തെറ്റ് ബോധ്യപ്പെടുന്ന ഉടനെ അവര്‍ പാപപരിഹാരയാഗമായി കാളക്കുട്ടിയെ തിരുസാന്നിധ്യകൂടാരത്തില്‍ കൊണ്ടുവരണം. പിന്നീട് സഭയിലെ പ്രമാണിമാര്‍ സര്‍വേശ്വരന്‍റെ മുമ്പാകെ തങ്ങളുടെ കൈകള്‍ അതിന്‍റെ തലയില്‍ വച്ചതിനുശേഷം അവിടെവച്ച് അതിനെ കൊല്ലണം. അഭിഷിക്തപുരോഹിതന്‍ കാളയുടെ രക്തത്തില്‍ കുറെ എടുത്തു തിരുസാന്നിധ്യകൂടാരത്തിലേക്കു കൊണ്ടുവരണം. പുരോഹിതന്‍ അതില്‍ വിരല്‍ മുക്കി സര്‍വേശ്വരസന്നിധിയിലുള്ള തിരശ്ശീലയുടെ മുമ്പില്‍ ഏഴു പ്രാവശ്യം തളിക്കണം. അയാള്‍ തിരുസാന്നിധ്യകൂടാരത്തില്‍ സര്‍വേശ്വരസന്നിധിയിലുള്ള പീഠത്തിന്‍റെ കൊമ്പുകളില്‍ രക്തം പുരട്ടണം. ശേഷിച്ച രക്തം മുഴുവനും കൂടാരത്തിന്‍റെ വാതില്‌ക്കല്‍ ഹോമയാഗപീഠത്തിന്‍റെ ചുവട്ടില്‍ ഒഴിക്കണം. വേര്‍പെടുത്തിയെടുത്ത മേദസ്സു മുഴുവനും യാഗപീഠത്തില്‍വച്ചു ദഹിപ്പിക്കണം. പാപപരിഹാരയാഗത്തിനുള്ള കാളക്കുട്ടിയെ എന്നപോലെതന്നെ പുരോഹിതന്‍ ഈ കാളക്കുട്ടിയെ അര്‍പ്പിച്ചു ജനത്തിനുവേണ്ടി പാപപരിഹാരം ചെയ്യുമ്പോള്‍ അവരുടെ കുറ്റം ക്ഷമിക്കപ്പെടും. അതിനുശേഷം പുരോഹിതന്‍ കാളക്കുട്ടിയെ പാളയത്തിനു പുറത്തുകൊണ്ടുപോയി, തന്‍റെ പാപത്തിനുവേണ്ടി, ആദ്യത്തെ കാളക്കുട്ടിയെ ദഹിപ്പിച്ചതുപോലെ ഇതിനെയും ദഹിപ്പിക്കണം. ഇതാകുന്നു സമൂഹത്തിന്‍റെ പാപപരിഹാരത്തിനുവേണ്ടിയുള്ള യാഗം. ഭരണാധികാരി സര്‍വേശ്വരന്‍ വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലും ഒന്ന് അറിയാതെ ചെയ്തു കുറ്റക്കാരനായിത്തീര്‍ന്നാല്‍, തെറ്റ് ബോധ്യപ്പെടുന്ന ഉടനെ അയാള്‍ പാപപരിഹാരത്തിനായി ഊനമറ്റ ഒരു ആണ്‍കോലാടിനെ യാഗവസ്തുവായി കൊണ്ടുവരണം. അയാള്‍ അതിന്‍റെ തലയില്‍ കൈവച്ച് ഹോമയാഗത്തിനുള്ള സ്ഥലത്തു സര്‍വേശ്വരസന്നിധിയില്‍ അതിനെ കൊല്ലണം. അതു പാപപരിഹാരത്തിനുള്ള യാഗമാകുന്നു. പാപപരിഹാരയാഗരക്തത്തില്‍ ഒരംശം പുരോഹിതന്‍ വിരല്‍കൊണ്ട് എടുത്ത് ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടണം. ശേഷിച്ച രക്തം യാഗപീഠത്തിന്‍റെ ചുവട്ടില്‍ ഒഴിക്കണം. സമാധാനയാഗത്തിന്‍റെ മേദസ്സ് ദഹിപ്പിക്കുന്നതുപോലെ ഇതിന്‍റെയും മേദസ്സു മുഴുവന്‍ യാഗപീഠത്തില്‍ ദഹിപ്പിക്കണം. അങ്ങനെ പുരോഹിതന്‍ പാപത്തിനു പരിഹാരം ചെയ്യുമ്പോള്‍ ഭരണാധിപന്‍റെ പാപം ക്ഷമിക്കപ്പെടും. ജനത്തില്‍ ആരെങ്കിലും ദൈവം വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലും ഒന്ന് അറിയാതെ ചെയ്ത് കുറ്റക്കാരനായാല്‍ അയാള്‍ അതു ബോധ്യപ്പെടുന്ന നിമിഷത്തില്‍ പാപപരിഹാരമായി കുറ്റമറ്റ ഒരു പെണ്‍കോലാടിനെ വഴിപാടായി സമര്‍പ്പിക്കണം. പാപപരിഹാരയാഗത്തിനുള്ള മൃഗത്തിന്‍റെ തലയില്‍ അയാള്‍ കൈ വച്ചതിനുശേഷം ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അതിനെ കൊല്ലണം. പുരോഹിതന്‍ അതിന്‍റെ രക്തത്തില്‍ ഒരംശം വിരല്‍കൊണ്ട് എടുത്തു ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടുകയും ശേഷിക്കുന്നതു യാഗപീഠത്തിന്‍റെ ചുവട്ടില്‍ ഒഴിക്കുകയും ചെയ്യണം. സമാധാനയാഗമൃഗത്തിന്‍റെ മേദസ്സ് ദഹിപ്പിച്ചതുപോലെ അതിന്‍റെ മേദസ്സ് മുഴുവന്‍ സര്‍വേശ്വരനു സൗരഭ്യയാഗമായി യാഗപീഠത്തില്‍ ദഹിപ്പിക്കണം. അങ്ങനെ പുരോഹിതന്‍ അയാള്‍ക്കുവേണ്ടി പാപപരിഹാരം ചെയ്യുമ്പോള്‍ അയാളുടെ പാപം ക്ഷമിക്കപ്പെടും. പാപപരിഹാരയാഗമായി അയാള്‍ അര്‍പ്പിക്കുന്നത് ആട്ടിന്‍കുട്ടിയെയാണെങ്കില്‍ അതു കുറ്റമറ്റ പെണ്ണാടായിരിക്കണം. അതിന്‍റെ തലയില്‍ കൈ വച്ചശേഷം ഹോമയാഗത്തിനുള്ള മൃഗത്തെ കൊന്ന സ്ഥലത്തുവച്ചുതന്നെ പാപപരിഹാരയാഗത്തിനായി അതിനെ കൊല്ലണം. പിന്നീട് പുരോഹിതന്‍ അല്പം രക്തം വിരല്‍കൊണ്ട് എടുത്തു ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടുകയും ബാക്കി യാഗപീഠത്തിന്‍റെ ചുവട്ടില്‍ ഒഴിക്കുകയും വേണം. സമാധാനയാഗത്തിനുള്ള ആട്ടിന്‍കുട്ടിയുടെ മേദസ്സു മുഴുവന്‍ വേര്‍തിരിച്ചു പുരോഹിതന്‍ അതു സര്‍വേശ്വരനായി യാഗപീഠത്തില്‍ ദഹിപ്പിക്കണം. അങ്ങനെ പുരോഹിതന്‍ അനുഷ്ഠിക്കുന്ന പാപപരിഹാരയാഗത്താല്‍ അയാളുടെ പാപം ക്ഷമിക്കപ്പെടും. കാണുകയോ കേള്‍ക്കുകയോ ചെയ്ത കാര്യങ്ങളെപ്പറ്റി ന്യായാധിപന്‍റെ മുമ്പില്‍ സാക്ഷിയായി തെളിവു നല്‌കാന്‍ വിസമ്മതിക്കുന്നവന്‍ ശിക്ഷാര്‍ഹനാണ്. കാട്ടുമൃഗം, കന്നുകാലി, ഇഴജന്തുക്കള്‍ എന്നിവയുടെ മൃതശരീരംപോലെയുള്ള അശുദ്ധവസ്തുക്കളെ സ്പര്‍ശിക്കുന്നവന്‍ അക്കാര്യം അറിയുമ്പോള്‍മുതല്‍ അശുദ്ധനും കുറ്റക്കാരനുമാണ്. മനുഷ്യനില്‍നിന്നുള്ള ഏതെങ്കിലും മാലിന്യം അറിയാതെ സ്പര്‍ശിച്ച് ആരെങ്കിലും അശുദ്ധനായാല്‍ അത് അറിയുമ്പോള്‍മുതല്‍ അയാള്‍ കുറ്റക്കാരനായിരിക്കും. നന്മയോ തിന്മയോ ആകട്ടെ ആരെങ്കിലും ആലോചന കൂടാതെ ആണയിടുകയും പിന്നീടു മറന്നുപോകുകയും ചെയ്താല്‍ അത് ഓര്‍മിക്കുമ്പോള്‍ അയാള്‍ കുറ്റക്കാരനായിത്തീരും. ഇവയില്‍ ഏതെങ്കിലും കുറ്റം ചെയ്തുപോകുന്നവന്‍ തന്‍റെ പാപം ഏറ്റുപറയണം. അവന്‍ ഒരു പെണ്‍ചെമ്മരിയാട്ടിന്‍കുട്ടിയെയോ, ഒരു പെണ്‍കോലാട്ടിന്‍കുട്ടിയെയോ പാപപരിഹാരയാഗമായി സര്‍വേശ്വരന് അര്‍പ്പിക്കണം. അങ്ങനെ അവന്‍റെ കുറ്റത്തിനു പുരോഹിതന്‍ പരിഹാരം ചെയ്യണം. എന്നാല്‍ പാപപരിഹാരയാഗമായി ആട്ടിന്‍കുട്ടിയെ അര്‍പ്പിക്കാന്‍ അവനു കഴിവില്ലെങ്കില്‍ രണ്ടു ചെങ്ങാലികളെയോ, രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ഒന്ന് പാപപരിഹാരയാഗത്തിനായും മറ്റേത് ഹോമയാഗത്തിനായും സര്‍വേശ്വരന് അര്‍പ്പിച്ചാല്‍ മതി. പുരോഹിതനെ അവ ഏല്പിക്കുമ്പോള്‍ ആദ്യം പാപപരിഹാരത്തിനുള്ള പക്ഷിയെ അര്‍പ്പിക്കണം. അതിന്‍റെ തല വേര്‍പെടുത്താതെ കഴുത്തു പിരിച്ചൊടിക്കണം. യാഗവസ്തുവിന്‍റെ രക്തത്തില്‍ കുറെ എടുത്തു യാഗപീഠത്തിന്‍റെ പാര്‍ശ്വത്തില്‍ തളിക്കുകയും ശേഷിച്ച രക്തം യാഗപീഠത്തിന്‍റെ ചുവട്ടില്‍ ഒഴിക്കുകയും ചെയ്യണം. ഇതാണ് പാപപരിഹാരയാഗം. രണ്ടാമത്തെ പക്ഷിയെ ചട്ടപ്രകാരം പുരോഹിതന്‍ ഹോമയാഗമായി അര്‍പ്പിച്ച് കുറ്റത്തിനു പരിഹാരം ചെയ്യുമ്പോള്‍ അയാളുടെ പാപം ക്ഷമിക്കപ്പെടും. രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ അര്‍പ്പിക്കാന്‍ വകയില്ലെങ്കില്‍ പാപപരിഹാരാര്‍ഥം ഒരിടങ്ങഴി നേരിയമാവ് അര്‍പ്പിക്കട്ടെ. പാപപരിഹാരയാഗമായതുകൊണ്ട് അതില്‍ എണ്ണ ഒഴിക്കരുത്. അതിന്‍റെ മുകളില്‍ കുന്തുരുക്കവും വയ്‍ക്കരുത്. പുരോഹിതന്‍റെ അടുക്കല്‍ കൊണ്ടുവരുമ്പോള്‍ പുരോഹിതന്‍ അതില്‍നിന്ന് ഒരു പിടി എടുത്തു സ്മരണാംശമായി യാഗപീഠത്തില്‍ ദഹിപ്പിക്കണം. ഇതാണു പാപപരിഹാരയാഗം. ഈ കുറ്റങ്ങളില്‍ ഏതെങ്കിലും ചെയ്ത് ആരെങ്കിലും കുറ്റക്കാരനായാല്‍ പുരോഹിതന്‍ അയാള്‍ക്കുവേണ്ടി ഇപ്രകാരം പാപപരിഹാരയാഗം കഴിക്കുമ്പോള്‍ അയാളുടെ കുറ്റങ്ങള്‍ ക്ഷമിക്കപ്പെടും. ശേഷിക്കുന്ന യാഗവസ്തു ധാന്യവഴിപാടുപോലെ പുരോഹിതനുള്ളതായിരിക്കും. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: സര്‍വേശ്വരന് അര്‍പ്പിക്കേണ്ട വിശുദ്ധവസ്തുക്കളില്‍ ഏതെങ്കിലും ഒന്നിനെ സംബന്ധിച്ച് ആരെങ്കിലും മനഃപൂര്‍വമല്ലാതെ അവിശ്വസ്തത കാട്ടിയാല്‍ ദേവാലയത്തിലെ നിരക്കനുസരിച്ചു മതിപ്പുവിലയുള്ളതും കുറ്റമറ്റതുമായ ഒരു ആണ്‍ചെമ്മരിയാടിനെ പ്രായശ്ചിത്തവഴിപാടായി അര്‍പ്പിക്കണം. കൂടാതെ താന്‍ അര്‍പ്പിക്കേണ്ടിയിരുന്ന വിശുദ്ധവസ്തുവിന്‍റെ വില അതിന്‍റെ അഞ്ചിലൊന്നും ചേര്‍ത്തു പുരോഹിതനെ ഏല്പിക്കണം. പുരോഹിതന്‍ ആണ്‍ചെമ്മരിയാടിനെ പാപപരിഹാര യാഗമായി അര്‍പ്പിച്ചു പ്രായശ്ചിത്തം ചെയ്യുമ്പോള്‍ അയാളുടെ കുറ്റം ക്ഷമിക്കപ്പെടും. സര്‍വേശ്വരന്‍ വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലുമൊന്നു പ്രവര്‍ത്തിച്ചു പാപം ചെയ്യുന്നവന്‍, അറിയാതെ ചെയ്തുപോയതാണെങ്കിലും കുറ്റക്കാരനാണ്. അവന്‍ അതിനു പ്രായശ്ചിത്തം ചെയ്യണം. പ്രായശ്ചിത്തയാഗത്തിനായി അവന്‍ ഊനമറ്റ ഒരു ആണ്‍ചെമ്മരിയാട്ടിന്‍കുട്ടിയെ പുരോഹിതന്‍റെ അടുത്തുകൊണ്ടുവരണം. പ്രായശ്ചിത്തയാഗത്തിനു വേണ്ട വിലമതിക്കുന്നതായിരിക്കണം അത്. പുരോഹിതന്‍ പ്രായശ്ചിത്തം ചെയ്യുമ്പോള്‍ അയാളുടെ കുറ്റം ക്ഷമിക്കപ്പെടും. സര്‍വേശ്വരനെതിരായി ചെയ്ത കുറ്റത്തിന് അര്‍പ്പിക്കേണ്ട പാപപരിഹാരയാഗം ഇതാണ്. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: സൂക്ഷിക്കാന്‍ ഏല്പിച്ചതോ പണയം വച്ചതോ ആയ മുതല്‍ തിരിച്ചു നല്‌കാതിരിക്കുക, കവര്‍ച്ച നടത്തി ദ്രോഹിക്കുക, പീഡിപ്പിക്കുക, കാണാതെപോയ വസ്തു കിട്ടിയിട്ടും മിണ്ടാതെ കള്ളസ്സത്യം ചെയ്യുക എന്നിങ്ങനെയുള്ള പ്രവൃത്തികളാല്‍ അയല്‍ക്കാരനെതിരെ കുറ്റം ചെയ്തു സര്‍വേശ്വരനോട് അവിശ്വസ്തത കാണിക്കുന്നവന്‍ കുറ്റക്കാരനാണ്. ഇങ്ങനെയുള്ളവന്‍ പ്രായശ്ചിത്തയാഗം ചെയ്യുന്ന അവസരത്തില്‍, കവര്‍ന്നോ ദ്രോഹിച്ചോ പണയമായോ വീണുകിട്ടിയോ അപഹരിച്ചോ കള്ളസ്സത്യം ചെയ്തോ സ്വന്തമാക്കിയ വസ്തുവിന്‍റെ വില അതിന്‍റെ അഞ്ചിലൊന്നു ചേര്‍ത്ത് ഉടമസ്ഥനു തിരിച്ചുകൊടുക്കണം. അവന്‍ പ്രായശ്ചിത്തയാഗത്തിനു നിശ്ചിതവില വരുന്ന ഊനമറ്റ ഒരു ആണാടിനെ പുരോഹിതന്‍റെ അടുക്കല്‍ കൊണ്ടുവരണം. പുരോഹിതന്‍ അവനുവേണ്ടി സര്‍വേശ്വരസന്നിധിയില്‍ പ്രായശ്ചിത്തം ചെയ്യുമ്പോള്‍ അവന്‍റെ പാപം ക്ഷമിക്കപ്പെടും. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: അഹരോനോടും പുത്രന്മാരോടും പറയുക. ഹോമയാഗത്തെ സംബന്ധിച്ച ചട്ടം ഇതാകുന്നു. ഹോമയാഗവസ്തു യാഗപീഠത്തിന്മേലുള്ള തീക്കുണ്ഡത്തില്‍ രാത്രി മുഴുവനും പ്രഭാതംവരെയും വയ്‍ക്കണം. യാഗപീഠത്തില്‍ തീ കത്തിക്കൊണ്ടേയിരിക്കണം. പുരോഹിതന്‍ ലിനന്‍കൊണ്ടുള്ള കാല്‍ച്ചട്ടയും ഉടുപ്പും ധരിച്ചിരിക്കണം; യാഗവസ്തു ദഹിച്ചുണ്ടായ ചാരം അയാള്‍ യാഗപീഠത്തിന്‍റെ ഒരു വശത്ത് ഇടണം. അതിനുശേഷം ഈ വസ്ത്രം മാറി സാധാരണ വസ്ത്രം ധരിച്ചു ചാരം പാളയത്തിനു പുറത്തു കൊണ്ടുപോയി വെടിപ്പുള്ള സ്ഥലത്ത് ഇടണം. യാഗപീഠത്തിലെ അഗ്നി എപ്പോഴും കത്തിക്കൊണ്ടിരിക്കണം. അത് അണയരുത്. പുരോഹിതന്‍ ദിനംതോറും പ്രഭാതത്തില്‍ അതില്‍ വിറക് അടുക്കണം. ഹോമയാഗദ്രവ്യം അതിനു മീതെ നിരത്തുകയും അതിനു മുകളില്‍ സമാധാനയാഗത്തിനുള്ള മേദസ്സ് ദഹിപ്പിക്കുകയും വേണം. യാഗപീഠത്തിലുള്ള അഗ്നി എപ്പോഴും ജ്വലിച്ചുകൊണ്ടിരിക്കണം. അത് അണയാന്‍ ഇടയാകരുത്. ധാന്യയാഗം സംബന്ധിച്ച നിയമം ഇതാണ്: അഹരോന്‍റെ പുത്രന്മാര്‍ യാഗപീഠത്തിനു മുമ്പില്‍ സര്‍വേശ്വരസന്നിധിയില്‍ അത് അര്‍പ്പിക്കണം. ധാന്യയാഗത്തിനു സമര്‍പ്പിച്ച നേരിയ മാവില്‍നിന്നും എണ്ണയില്‍നിന്നും കൈ നിറച്ചും കുന്തുരുക്കം മുഴുവനും സ്മരണാംശമായി യാഗപീഠത്തില്‍ വച്ചു ദഹിപ്പിക്കണം. അതിന്‍റെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമായിരിക്കും. ശേഷമുള്ളത് പുളിപ്പിക്കാതെ തിരുസാന്നിധ്യകൂടാരത്തില്‍ വച്ചുതന്നെ അഹരോന്യപുരോഹിതന്മാര്‍ ഭക്ഷിക്കണം. പുളിമാവു ചേര്‍ത്ത് അതു ചുടരുത്. എനിക്ക് അര്‍പ്പിച്ച ഹോമയാഗത്തില്‍നിന്ന് അവരുടെ ഓഹരിയായി ഞാന്‍ അതു കൊടുത്തിരിക്കുന്നു. അതു പാപപരിഹാരയാഗംപോലെയും പ്രായശ്ചിത്തയാഗംപോലെയും അതിവിശുദ്ധമാണ്. അഹരോന്യവംശത്തിലെ പുരുഷന്മാര്‍ക്കെല്ലാം സര്‍വേശ്വരന്‍റെ ഹോമയാഗത്തില്‍നിന്നു ഭക്ഷിക്കാം. തലമുറയായി നിലനില്‌ക്കേണ്ട ശാശ്വതാവകാശമാണിത്. മറ്റുള്ളവര്‍ക്കു സ്പര്‍ശിക്കാന്‍ പാടില്ലാത്തവിധം അതു വിശുദ്ധമാണ്. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: അഹരോന്യപുരോഹിതന്മാര്‍ അഭിഷേകദിവസം സര്‍വേശ്വരന് അര്‍പ്പിക്കേണ്ട വഴിപാട് ഇതാകുന്നു. ഒരു ഇടങ്ങഴി നേരിയ മാവു പകുതി വീതം രാവിലെയും വൈകിട്ടും സാധാരണ ധാന്യയാഗംപോലെ അര്‍പ്പിക്കണം. എണ്ണ ചേര്‍ത്തു കുഴച്ച് ചട്ടിയില്‍ ചുട്ടെടുത്ത അതു കഷണങ്ങളാക്കി ധാന്യയാഗംപോലെ സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യമായി അര്‍പ്പിക്കണം. അഹരോന്‍റെ സ്ഥാനത്ത് അഭിഷേകം ചെയ്യപ്പെടുന്ന അവന്‍റെ പിന്‍ഗാമികളെല്ലാം ഈ യാഗം അര്‍പ്പിക്കണമെന്നതു ശാശ്വതനിയമമാണ്. അതു മുഴുവന്‍ ദഹിപ്പിക്കണം. പുരോഹിതന്‍ അര്‍പ്പിക്കുന്ന ധാന്യയാഗം മുഴുവനും ദഹിപ്പിക്കണം. അത് അല്പംപോലും ഭക്ഷിക്കരുത്. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: പാപപരിഹാരയാഗത്തിനുള്ള നിയമം ഇതാണെന്ന് അഹരോന്യപുരോഹിതന്മാരോടു പറയുക. സര്‍വേശ്വരന്‍റെ സന്നിധിയില്‍ ഹോമയാഗത്തിനുള്ള മൃഗത്തെ അര്‍പ്പിച്ച സ്ഥലത്തു വച്ചുതന്നെ പാപപരിഹാരയാഗത്തിനുള്ള മൃഗത്തെയും അര്‍പ്പിക്കണം. അതിവിശുദ്ധമായ യാഗമാണ് ഇത്. യാഗം അര്‍പ്പിക്കുന്ന പുരോഹിതന്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെ മുറ്റത്ത് വിശുദ്ധസ്ഥലത്തുവച്ചു തന്നെ അതു ഭക്ഷിക്കണം. മറ്റുള്ളവര്‍ക്ക് സ്പര്‍ശിക്കാന്‍ പാടില്ലാത്തവിധം ഈ മാംസം വിശുദ്ധമാണ്. അതിന്‍റെ രക്തം വസ്ത്രത്തില്‍ തെറിച്ചു വീണാല്‍ അതു വിശുദ്ധസ്ഥലത്തു വച്ചുതന്നെ കഴുകണം. മാംസം പാകം ചെയ്തത് മണ്‍പാത്രത്തിലാണെങ്കില്‍ അത് ഉടച്ചുകളയണം. ഓട്ടുപാത്രത്തിലാണെങ്കില്‍ അതു നന്നായി തേച്ചുരച്ചു കഴുകണം. പുരോഹിതവംശത്തിലെ പുരുഷന്മാര്‍ക്കെല്ലാം അതു ഭക്ഷിക്കാം. അത് അതിവിശുദ്ധമാണ്. പാപപരിഹാരത്തിനുള്ള മൃഗത്തിന്‍റെ രക്തം തിരുസാന്നിധ്യകൂടാരത്തില്‍ കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ അതിന്‍റെ മാംസം തിന്നരുത്. അതു മുഴുവന്‍ ദഹിപ്പിക്കണം. അതിവിശുദ്ധമായ പ്രായശ്ചിത്തയാഗത്തിനുള്ള നിയമം ഇതാണ്. ഹോമയാഗമൃഗത്തെ അര്‍പ്പിച്ച സ്ഥലത്തുവച്ചുതന്നെ പ്രായശ്ചിത്തയാഗത്തിനുള്ള മൃഗത്തെയും അര്‍പ്പിക്കണം. അതിന്‍റെ രക്തം യാഗപീഠത്തിനു ചുറ്റും തളിക്കണം. അതിന്‍റെ മേദസ്സു മുഴുവന്‍ ദഹിപ്പിക്കണം; വാലിന്‍റെ തടിച്ച ഭാഗവും കുടലിന്‍റെയും വൃക്കകളുടെയും ഇടുപ്പിലെയും മേദസ്സും കരളിന്‍റെ നെയ്‍വലയും ദഹിപ്പിക്കണം. അവ സര്‍വേശ്വരനു ദഹനയാഗമായി പുരോഹിതന്‍ യാഗപീഠത്തില്‍ ദഹിപ്പിക്കണം. ഇതാണു പ്രായശ്ചിത്തയാഗം. പുരോഹിതവംശത്തില്‍പ്പെട്ട ഏതു പുരുഷനും വിശുദ്ധസ്ഥലത്തുവച്ച് അതു ഭക്ഷിക്കാം. അത് അതിവിശുദ്ധമാണ്. പ്രായശ്ചിത്തയാഗത്തിന്‍റെയും പാപപരിഹാരയാഗത്തിന്‍റെയും നിയമം ഒന്നു തന്നെ. യാഗമൃഗത്തിന്‍റെ മാംസം അത് അര്‍പ്പിക്കുന്ന പുരോഹിതനുള്ളതാണ്. ആര്‍ക്കെങ്കിലും വേണ്ടി അര്‍പ്പിക്കുന്ന ഹോമയാഗമൃഗത്തിന്‍റെ തോല്‍, അര്‍പ്പിക്കുന്ന പുരോഹിതന് അവകാശപ്പെട്ടതാണ്. അടുപ്പിലോ പാത്രത്തിലോ കല്ലിലോ ചുട്ടെടുത്ത എല്ലാ ധാന്യയാഗവസ്തുക്കളും അവ അര്‍പ്പിക്കുന്ന പുരോഹിതനു ഭക്ഷിക്കാം. എണ്ണ ചേര്‍ത്തതോ അല്ലാത്തതോ ആയ ധാന്യയാഗവസ്തുക്കളും അഹരോന്യപുരോഹിതവംശത്തില്‍പ്പെട്ട എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. സര്‍വേശ്വരന് അര്‍പ്പിക്കുന്ന സമാധാനയാഗത്തിന്‍റെ നിയമം ഇതാണ്: സ്തോത്രവഴിപാട് അര്‍പ്പിക്കുന്നവര്‍ എണ്ണ ചേര്‍ത്തുണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പവും എണ്ണ പുരട്ടി ചുട്ടെടുത്ത പുളിപ്പില്ലാത്ത അടയും എണ്ണ ചേര്‍ത്തു കുഴച്ച നേരിയ മാവുകൊണ്ടുള്ള അപ്പവും അര്‍പ്പിക്കണം. സ്തോത്രാര്‍പ്പണമായി സമാധാനയാഗം അര്‍പ്പിക്കുമ്പോള്‍ പുളിച്ച മാവുകൊണ്ടുണ്ടാക്കിയ അപ്പവും അര്‍പ്പിക്കണം. ഓരോ വഴിപാടില്‍നിന്ന് ഓരോ അപ്പം സര്‍വേശ്വരനു സമര്‍പ്പിക്കണം. അതു സമാധാനയാഗത്തിന്‍റെ രക്തം തളിക്കുന്ന പുരോഹിതന്‍റെ അവകാശമാണ്. സമാധാനയാഗത്തിനര്‍പ്പിച്ച മൃഗത്തിന്‍റെ മാംസം അന്നുതന്നെ ഭക്ഷിക്കണം. അല്പംപോലും അടുത്ത പ്രഭാതത്തിലേക്കു ശേഷിപ്പിക്കരുത്. എന്നാല്‍ നേര്‍ച്ചയോ, സ്വമേധാദാനമോ ആയി അര്‍പ്പിക്കുന്ന വഴിപാട് അന്നുതന്നെ മുഴുവന്‍ ഭക്ഷിക്കണമെന്നില്ല. ശേഷിക്കുന്നത് അടുത്ത ദിവസം ഭക്ഷിക്കാം. മൂന്നാം ദിവസം ശേഷിക്കുന്ന യാഗമാംസം ചുട്ടുകളയണം. സമാധാനയാഗത്തിന്‍റെ മാംസം മൂന്നാം ദിവസം ഭക്ഷിച്ചാല്‍ യാഗം അംഗീകരിക്കപ്പെടുകയില്ല; അതു നിഷ്ഫലമാകും. അതു മലിനമാണ്; തിന്നുന്നവന്‍ കുറ്റവാളിയായിരിക്കും. മലിനവസ്തു സ്പര്‍ശിച്ച മാംസം ഭക്ഷിക്കരുത്; അതു ദഹിപ്പിച്ചുകളയണം. ശുദ്ധിയുള്ളവര്‍ക്കു യാഗമാംസം ഭക്ഷിക്കാം. സര്‍വേശ്വരനുള്ള സമാധാനയാഗമൃഗത്തിന്‍റെ മാംസം അശുദ്ധനായിരിക്കെ ഭക്ഷിക്കുന്നവനെ സമൂഹഭ്രഷ്ടനാക്കണം. ശുദ്ധിയില്ലാത്ത മനുഷ്യനെയോ മൃഗത്തെയോ എന്തെങ്കിലും മലിനവസ്തുവിനെയോ സ്പര്‍ശിച്ചശേഷം സമാധാനയാഗത്തിനര്‍പ്പിച്ച മൃഗത്തിന്‍റെ മാംസം ഭക്ഷിക്കുന്നവനെ സമൂഹഭ്രഷ്ടനാക്കണം. ദൈവം മോശയോട് അരുളിച്ചെയ്തു: ഇസ്രായേല്‍ജനത്തോടു പറയുക: കാളയുടെയോ, ചെമ്മരിയാടിന്‍റെയോ, കോലാടിന്‍റെയോ കൊഴുപ്പു ഭക്ഷിക്കരുത്. ചത്തുപോയതോ, മൃഗങ്ങള്‍ കടിച്ചു കീറിയതോ ആയ മൃഗത്തിന്‍റെ മേദസ്സും ഒരിക്കലും ഭക്ഷിക്കരുത്. മറ്റു കാര്യങ്ങള്‍ക്ക് അത് ഉപയോഗിക്കാം. സര്‍വേശ്വരനു ഹോമയാഗമായി അര്‍പ്പിച്ച മൃഗത്തിന്‍റെ മേദസ്സു ഭക്ഷിക്കുന്നവനെ സമൂഹഭ്രഷ്ടനാക്കണം. നിങ്ങള്‍ എവിടെ വസിച്ചാലും, പക്ഷിയുടെയോ മൃഗത്തിന്‍റെയോ രക്തം ഭക്ഷിക്കരുത്. രക്തം ഭക്ഷിക്കുന്നവനെ സമൂഹഭ്രഷ്ടനാക്കണം. സര്‍വേശ്വരന്‍ മോശയോടരുളിച്ചെയ്തു: ഇസ്രായേല്‍ജനത്തോടു പറയുക, സമാധാനയാഗത്തിനു കൊണ്ടുവരുന്ന വഴിപാടില്‍ ഒരംശം സര്‍വേശ്വരനുള്ള സവിശേഷ കാഴ്ചയായിരിക്കട്ടെ. അര്‍പ്പിക്കുന്നവന്‍ അതു കൈകളില്‍ വഹിച്ചു കൊണ്ടുവരണം. യാഗമൃഗത്തിന്‍റെ നെഞ്ചും അതിന്മേലുള്ള മേദസ്സും അങ്ങനെ കൊണ്ടുവരണം. നെഞ്ച് സര്‍വേശ്വരന്‍റെ സന്നിധിയില്‍ നീരാജനം ചെയ്യണം. മേദസ്സു യാഗപീഠത്തില്‍വച്ചു പുരോഹിതന്‍ ദഹിപ്പിക്കണം. നെഞ്ച് അഹരോന്യപുരോഹിതന്മാര്‍ക്കുള്ളതായിരിക്കും. സമാധാനയാഗത്തിലെ മൃഗത്തിന്‍റെ വലതു തുട, രക്തവും മേദസ്സും അര്‍പ്പിക്കുന്ന അഹരോന്യപുരോഹിതനു പ്രത്യേക അവകാശമായി നല്‌കണം. ഇസ്രായേല്‍ജനത അര്‍പ്പിക്കുന്ന സമാധാനയാഗത്തില്‍ നീരാജനം ചെയ്യപ്പെട്ട നെഞ്ചും അര്‍പ്പിക്കപ്പെട്ട തുടയും ഇസ്രായേല്‍ജനങ്ങളില്‍നിന്ന് എടുത്ത് അഹരോന്യപുരോഹിതന്മാര്‍ക്കു ശാശ്വതാവകാശമായി ഞാന്‍ നല്‌കിയിരിക്കുന്നു. അഹരോന്‍റെ പുത്രന്മാര്‍ സര്‍വേശ്വരനു പുരോഹിതശുശ്രൂഷ ചെയ്യാന്‍ അഭിഷിക്തരാകുന്ന ദിവസംമുതല്‍ സര്‍വേശ്വരനുള്ള ഹോമയാഗത്തില്‍നിന്ന് അവര്‍ക്കു ലഭിക്കേണ്ട ഓഹരിയാണിത്. അഭിഷേകദിവസംമുതല്‍ ഈ ഓഹരി പുരോഹിതന്മാര്‍ക്കു കൊടുക്കണമെന്ന് അവിടുന്ന് ഇസ്രായേല്‍ജനത്തോടു കല്പിച്ചിട്ടുണ്ട്. ഇതു തലമുറകളായി പാലിക്കേണ്ട നിയമമാകുന്നു. ഹോമയാഗം, ധാന്യയാഗം, പാപപരിഹാരയാഗം, പ്രായശ്ചിത്തയാഗം, പൗരോഹിത്യാഭിഷേകത്തിനുള്ള യാഗം, സമാധാനയാഗം എന്നിവയുടെ നിയമം ഇതാണ്. ഇസ്രായേല്‍ജനം തനിക്കു വഴിപാട് അര്‍പ്പിക്കണമെന്നു മരുഭൂമിയില്‍ സീനായ്മലയില്‍വച്ച് സര്‍വേശ്വരന്‍ കല്പന നല്‌കിയ ദിവസം അവിടുന്നു മോശയോട് ഇങ്ങനെ കല്പിച്ചു. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “അഹരോനെയും പുത്രന്മാരെയും ആനയിക്കുക; വസ്ത്രം, അഭിഷേകതൈലം, പാപപരിഹാരയാഗത്തിനുള്ള കാള, രണ്ട് ആണാടുകള്‍, ഒരു കുട്ടയില്‍ പുളിപ്പില്ലാത്ത അപ്പം എന്നിവയും കൊണ്ടുവരണം. തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ സമൂഹത്തെ മുഴുവന്‍ വിളിച്ചുകൂട്ടണം”. അവിടുന്നു കല്പിച്ചതുപോലെ മോശ ചെയ്തു. തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ ജനസമൂഹം ഒന്നിച്ചുകൂടി. മോശ അവരോടു പറഞ്ഞു: “സര്‍വേശ്വരന്‍ കല്പിച്ചതനുസരിച്ചാണ് ഞാന്‍ ഇങ്ങനെ ചെയ്തത്.” മോശ അഹരോനെയും പുത്രന്മാരെയും മുമ്പോട്ടു കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകി; അഹരോനെ കുപ്പായം ധരിപ്പിച്ച് അരപ്പട്ട കെട്ടി മേലങ്കി അണിയിച്ചു. അവയുടെമേല്‍ ഏഫോദ് ചാര്‍ത്തി, വിദഗ്ദ്ധമായി നെയ്തെടുത്ത അതിന്‍റെ പട്ട അരയില്‍ ചുറ്റി. നെഞ്ചില്‍ മാര്‍ച്ചട്ട ധരിപ്പിച്ച് അതില്‍ ഊറീമും തുമ്മീമും വച്ചു. ശിരോവസ്ത്രം ധരിപ്പിച്ച് അതിന്‍റെ മുന്‍ഭാഗത്തു സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ സമര്‍പ്പണത്തിന്‍റെ ചിഹ്നമായി വിശുദ്ധകിരീടമായ പൊന്‍തകിട് അണിയിച്ചു. പിന്നീട് മോശ അഭിഷേകതൈലം എടുത്തു വിശുദ്ധകൂടാരവും അതിലുള്ള എല്ലാ വസ്തുക്കളും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു. തൈലം അല്പം എടുത്തു യാഗപീഠത്തിനുമേല്‍ ഏഴു പ്രാവശ്യം തളിച്ച് യാഗപീഠവും അതിലുള്ള ഉപകരണങ്ങളും വെള്ളമെടുക്കുന്ന തൊട്ടിയും അതിന്‍റെ പീഠവും അഭിഷേകം ചെയ്ത് ശുദ്ധീകരിച്ചു. പിന്നെ അഹരോനെ ശിരസ്സില്‍ തൈലാഭിഷേകം ചെയ്തു ശുദ്ധീകരിച്ചു. സര്‍വേശ്വരന്‍ തന്നോടു കല്പിച്ചിരുന്നതുപോലെ മോശ അഹരോന്‍റെ പുത്രന്മാരെ മുന്നോട്ടു കൊണ്ടുവന്ന് അവരെ അങ്കിയും അരപ്പട്ടയും തൊപ്പിയും ധരിപ്പിച്ചു. പിന്നീട് പാപപരിഹാരയാഗത്തിനുള്ള കാളയെ കൊണ്ടുവന്നു; അഹരോനും പുത്രന്മാരും അതിന്‍റെ തലയില്‍ കൈകള്‍ വച്ചു. മോശ അതിനെ കൊന്നു രക്തമെടുത്തു വിരല്‍കൊണ്ടു യാഗപീഠത്തിന്‍റെ നാലു വശത്തുമുള്ള കൊമ്പുകളില്‍ പുരട്ടി യാഗപീഠം ശുദ്ധീകരിച്ചു. ശേഷിച്ച രക്തം യാഗപീഠത്തിന്‍റെ ചുവട്ടില്‍ ഒഴിച്ചു. അങ്ങനെ അതു ശുദ്ധീകരിച്ചു പാപപരിഹാരയാഗത്തിനു സജ്ജമാക്കി. യാഗമൃഗത്തിന്‍റെ കുടലിലുള്ള മേദസ്സു മുഴുവന്‍, കരളിന്‍റെ നെയ്‍വല, വൃക്കകള്‍ രണ്ടും, അവയിലുള്ള മേദസ്സ് എന്നിവ എടുത്ത് ഹോമയാഗപീഠത്തില്‍ ദഹിപ്പിച്ചു. അവിടുന്നു മോശയോട് കല്പിച്ചിരുന്നതുപോലെ കാളയുടെ തോലും മാംസവും ചാണകവും പാളയത്തിനു വെളിയില്‍വച്ചു ദഹിപ്പിച്ചു. അതിനുശേഷം മോശ ഹോമയാഗത്തിനുള്ള മുട്ടാടിനെ കൊണ്ടുവന്നു. അഹരോനും പുത്രന്മാരും അതിന്‍റെ തലയില്‍ കൈകള്‍ വച്ചു. മോശ അതിനെ കൊന്നു രക്തം യാഗപീഠത്തിനു ചുറ്റും തളിച്ചു. ആടിനെ കഷണങ്ങളായി നുറുക്കിയശേഷം തലയും കഷണങ്ങളും കൊഴുപ്പും ദഹിപ്പിച്ചു. കുടലും കാലുകളും വെള്ളത്തില്‍ കഴുകി. മുട്ടാടിനെ മുഴുവന്‍ മോശ യാഗപീഠത്തില്‍ സര്‍വേശ്വരനു പ്രസാദമുള്ള സൗരഭ്യമായ ഹോമയാഗമായി അവിടുത്തെ കല്പനപോലെ സമര്‍പ്പിച്ചു. പിന്നീടു മോശ രണ്ടാമത്തെ മുട്ടാടിനെ പുരോഹിതാഭിഷേകത്തിനുവേണ്ടി കൊണ്ടുവന്നു. അഹരോനും പുത്രന്മാരും അതിന്‍റെ തലയില്‍ കൈകള്‍ വച്ചു. മോശ അതിനെ കൊന്ന്, രക്തത്തില്‍ ഒരംശം അഹരോന്‍റെ വലതുകാതിന്‍റെ അറ്റത്തും വലതുകൈയുടെയും വലതുകാലിന്‍റെയും തള്ളവിരലുകളിലും പുരട്ടി. അഹരോന്‍റെ പുത്രന്മാരെയും മുന്നോട്ട് ആനയിച്ച് അവരുടെ വലതുകാതിന്‍റെ അറ്റങ്ങളിലും വലതുകൈയുടെയും വലതുകാലിന്‍റെയും തള്ളവിരലുകളിലും മോശ രക്തത്തിന്‍റെ ഒരംശം പുരട്ടി. ശേഷിച്ച രക്തം മോശ യാഗപീഠത്തിനു ചുറ്റും തളിച്ചു. പിന്നെ അദ്ദേഹം മേദസ്സും തടിച്ചവാലും കുടലിലെയും കരളിന്‍റെ നെയ്‍വലയിലെയും മേദസ്സും മേദസ്സോടുകൂടിയ വൃക്കകളും വലതു തുടയും എടുത്തു. സര്‍വേശ്വരന്‍റെ സന്നിധിയില്‍ സമര്‍പ്പിച്ചിരുന്ന അപ്പക്കുട്ടയില്‍നിന്നു പുളിപ്പില്ലാത്ത ഒരു അപ്പവും എണ്ണ ചേര്‍ത്തുണ്ടാക്കിയ ഒരു അപ്പവും ഒരു അടയും എടുത്തു. അവ മേദസ്സിന്‍റെയും തുടയുടെയും മീതെ വച്ചു. മോശ അവയെല്ലാം അഹരോന്‍റെയും പുത്രന്മാരുടെയും കൈയില്‍ കൊടുത്തു. അവര്‍ അത് നീരാജനവഴിപാടായി സര്‍വേശ്വരന് അര്‍പ്പിച്ചു. മോശ അത് അവരുടെ കൈകളില്‍നിന്നു വാങ്ങി യാഗപീഠത്തില്‍ ഹോമയാഗത്തോടൊപ്പം ദഹിപ്പിച്ചു. അതു സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യമുള്ള പുരോഹിതാഭിഷേകത്തിനുള്ള യാഗമാകുന്നു. മോശ മൃഗത്തിന്‍റെ നെഞ്ചെടുത്തു സര്‍വേശ്വരന്‍റെ സന്നിധിയില്‍ നീരാജനാര്‍പ്പണം ചെയ്തു. അവിടുന്നു കല്പിച്ചിരുന്നതുപോലെ പൗരോഹിത്യാഭിഷേകത്തിനുള്ള ആണ്‍ചെമ്മരിയാടില്‍ മോശയ്‍ക്കുള്ള പങ്ക് അതായിരുന്നു. മോശ അഭിഷേകതൈലത്തിന്‍റെ ഒരംശവും യാഗപീഠത്തിനുള്ള രക്തത്തിന്‍റെ ഒരംശവുമെടുത്ത് അഹരോന്‍റെയും പുത്രന്മാരുടെയും അവരുടെ വസ്ത്രത്തിന്‍റെയുംമേല്‍ തളിച്ചു. അങ്ങനെ അവരെയും അവരുടെ വസ്ത്രങ്ങളെയും ശുദ്ധീകരിച്ചു. മോശ അഹരോനോടും പുത്രന്മാരോടും പറഞ്ഞു: “സര്‍വേശ്വരന്‍ എന്നോടു കല്പിച്ചിരുന്നതുപോലെ മാംസം എടുത്തു തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ കൊണ്ടുപോയി വേവിച്ച് പൗരോഹിത്യാഭിഷേകത്തിന് അര്‍പ്പിച്ച കുട്ടയിലെ അപ്പത്തോടുകൂടി ഭക്ഷിക്കണം. ശേഷിക്കുന്ന മാംസവും അപ്പവും ദഹിപ്പിച്ചുകളയണം. പൗരോഹിത്യാഭിഷേകത്തോടു ചേര്‍ന്ന കര്‍മങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ഏഴു ദിവസത്തേക്കു നിങ്ങള്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതിലിനു പുറത്തുപോകരുത്. പൗരോഹിത്യാഭിഷേക കര്‍മങ്ങള്‍ക്ക് ഏഴു ദിവസമാണു വേണ്ടത്. നിങ്ങളുടെ പാപപരിഹാരത്തിനുവേണ്ടി ഇന്ന് അനുഷ്ഠിച്ചതുപോലെ ചെയ്യാന്‍ സര്‍വേശ്വരന്‍ കല്പിച്ചിട്ടുണ്ട്. അവിടുന്നു കല്പിച്ചതുപോലെ ചെയ്തുകൊണ്ടു നിങ്ങള്‍ ഏഴു നാള്‍ രാപ്പകല്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെ മുമ്പില്‍ നില്‌ക്കണം. അല്ലെങ്കില്‍ നിങ്ങള്‍ മരിക്കും. അതാണ് എനിക്കു ലഭിച്ച കല്പന”. അഹരോനും പുത്രന്മാരും സര്‍വേശ്വരന്‍ മോശയിലൂടെ നല്‌കിയ കല്പനകളെല്ലാം പാലിച്ചു. എട്ടാം ദിവസം മോശ അഹരോനെയും പുത്രന്മാരെയും ഇസ്രായേലിലെ ശ്രേഷ്ഠനേതാക്കളെയും വിളിച്ചുകൂട്ടി. അദ്ദേഹം അഹരോനോടു പറഞ്ഞു: “കുറ്റമറ്റ ഒരു കാളക്കിടാവിനെ പാപപരിഹാരയാഗമായും കുറ്റമറ്റ ഒരു ആണ്‍ചെമ്മരിയാടിനെ ഹോമയാഗമായും സര്‍വേശ്വരന്‍റെ മുമ്പില്‍ അര്‍പ്പിക്കുക. ഇസ്രായേല്‍ജനത്തോടു പറയുക: ഒരു ആണ്‍കോലാടിനെ പാപപരിഹാരയാഗത്തിനും ഒരു വയസ്സു പ്രായമുള്ള ഊനമറ്റ ഒരു കാളക്കിടാവിനെയും ഒരു ആണ്‍ചെമ്മരിയാടിനെയും ഹോമയാഗത്തിനും ഒരു കാളയെയും ഒരു ആണ്‍ചെമ്മരിയാടിനെയും സമാധാനയാഗത്തിനുമായി സര്‍വേശ്വരന്‍റെ സന്നിധിയില്‍ കൊണ്ടുവരണം. എണ്ണ ചേര്‍ത്തു കുഴച്ച ധാന്യമാവോടു കൂടി അവയെ അര്‍പ്പിക്കണം. സര്‍വേശ്വരന്‍ ഇന്നു നിങ്ങള്‍ക്ക് പ്രത്യക്ഷപ്പെടുമല്ലോ”. മോശ കല്പിച്ചതെല്ലാം അവര്‍ തിരുസാന്നിധ്യകൂടാരത്തിനു മുമ്പില്‍ കൊണ്ടുവന്നു. ജനം സര്‍വേശ്വരസന്നിധിയില്‍ സമ്മേളിച്ചു. മോശ പറഞ്ഞു: “ഇതാണ് നിങ്ങള്‍ ചെയ്യണമെന്നു സര്‍വേശ്വരന്‍ കല്പിച്ചത്. അവിടുത്തെ തേജസ്സു നിങ്ങള്‍ക്കു പ്രത്യക്ഷമാകും.” പിന്നീട് മോശ അഹരോനോടു പറഞ്ഞു: “അവിടുന്നു കല്പിച്ചതുപോലെ യാഗപീഠത്തിന്‍റെ അടുത്തു വന്നു നിന്‍റെ പാപപരിഹാരയാഗവും ഹോമയാഗവും അര്‍പ്പിച്ച് നിനക്കും നിന്‍റെ ജനത്തിനുംവേണ്ടി പ്രായശ്ചിത്തം ചെയ്യുക. അവിടുന്നു കല്പിച്ചിരിക്കുന്നതുപോലെ ജനങ്ങളുടെ വഴിപാട് അര്‍പ്പിച്ച് അവര്‍ക്കുവേണ്ടിയും പ്രായശ്ചിത്തം ചെയ്യുക”. അഹരോന്‍ യാഗപീഠത്തിന്‍റെ അടുക്കല്‍ വന്നു തന്‍റെ പാപപരിഹാരയാഗത്തിനുള്ള കാളക്കിടാവിനെ കൊന്നു. അഹരോന്‍റെ പുത്രന്മാര്‍ അതിന്‍റെ രക്തം അദ്ദേഹത്തിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. അദ്ദേഹം രക്തത്തില്‍ വിരല്‍ മുക്കി യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടുകയും രക്തം യാഗപീഠത്തിന്‍റെ ചുവട്ടില്‍ ഒഴിക്കുകയും ചെയ്തു. സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ പാപപരിഹാരത്തിനുള്ള മൃഗത്തിന്‍റെ മേദസ്സും വൃക്കകളും കരളിന്‍റെ നെയ്‍വലയും യാഗപീഠത്തില്‍ ദഹിപ്പിച്ചു. മാംസവും തോലും പാളയത്തിനു പുറത്തു കൊണ്ടുപോയി ദഹിപ്പിച്ചു. ഹോമയാഗത്തിനുള്ള മൃഗത്തെയും അദ്ദേഹം കൊന്നു. അഹരോന്‍റെ പുത്രന്മാര്‍ അതിന്‍റെ രക്തം എടുത്ത് അദ്ദേഹത്തെ ഏല്പിച്ചു. അഹരോന്‍ അതു യാഗപീഠത്തിനു ചുറ്റും തളിച്ചു. ഹോമയാഗമൃഗത്തിന്‍റെ മാംസം കഷണങ്ങളാക്കിയതും തലയും അഹരോനെ ഏല്പിച്ചു. അദ്ദേഹം അവ യാഗപീഠത്തില്‍ ദഹിപ്പിച്ചു. കുടലും കാലും കഴുകി യാഗപീഠത്തില്‍വച്ച് ഹോമയാഗത്തോടൊപ്പം ദഹിപ്പിച്ചു. പിന്നീട് അദ്ദേഹം ജനങ്ങളുടെ വഴിപാടു തിരുസന്നിധിയില്‍ കൊണ്ടുവന്നു. ജനങ്ങളുടെ പാപപരിഹാരത്തിനു വേണ്ടിയുള്ള കോലാടിനെ ആദ്യം ചെയ്ത പാപപരിഹാരയാഗംപോലെ അര്‍പ്പിച്ചു പ്രായശ്ചിത്തം അനുഷ്ഠിച്ചു. പിന്നെ ഹോമയാഗത്തിനുള്ള മൃഗത്തെ കൊണ്ടുവന്നു യഥാവിധി അതിനെ അര്‍പ്പിച്ചു. അതിനുശേഷം ധാന്യയാഗം അര്‍പ്പിച്ചു. അതില്‍നിന്ന് ഒരു പിടി എടുത്തു പ്രഭാതത്തില്‍ നടത്തിവരാറുള്ള ഹോമയാഗത്തിനു പുറമേ യാഗപീഠത്തില്‍ ദഹിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം ജനത്തിനുവേണ്ടി സമാധാനയാഗത്തിനുള്ള കാളയെയും ആണ്‍ചെമ്മരിയാടിനെയും കൊന്നു. അവരുടെ രക്തം അഹരോന്‍റെ പുത്രന്മാര്‍ അദ്ദേഹത്തിന്‍റെ അടുത്തു കൊണ്ടുവന്നു. അദ്ദേഹം അതു യാഗപീഠത്തിനു ചുറ്റും തളിച്ചു. കാളയുടെയും ആടിന്‍റെയും മേദസ്സ്, തടിച്ച വാല്, കുടലിനെയും വൃക്കകളെയും പൊതിഞ്ഞ മേദസ്സ്, കരളിന്‍റെ നെയ്‍വല മുതലായവ അവര്‍ കൊണ്ടുവന്നു. മേദസ്സ് മൃഗങ്ങളുടെ നെഞ്ചിനു മീതെ വച്ചു. അഹരോന്‍ അതു യാഗപീഠത്തില്‍ ദഹിപ്പിച്ചു. നെഞ്ചും വലത്തെ തുടയും മോശയുടെ കല്പനപോലെ അഹരോന്‍ സര്‍വേശ്വരനു നീരാജനമായി അര്‍പ്പിച്ചു. അഹരോന്‍ ജനത്തിന്‍റെ നേരേ കൈകള്‍ ഉയര്‍ത്തി അവരെ ആശീര്‍വദിച്ചു. പാപപരിഹാരയാഗവും ഹോമയാഗവും സമാധാനയാഗവും അര്‍പ്പിച്ചശേഷം അദ്ദേഹം ഇറങ്ങിവന്നു. പിന്നീട് മോശയും അഹരോനും തിരുസാന്നിധ്യകൂടാരത്തില്‍ പ്രവേശിച്ചു. പിന്നെ അവര്‍ പുറത്തുവന്നു ജനത്തെ ആശീര്‍വദിച്ചു. അപ്പോള്‍ സര്‍വേശ്വരന്‍റെ തേജസ്സ് എല്ലാവര്‍ക്കും പ്രത്യക്ഷമായി. അവിടുത്തെ സന്നിധിയില്‍നിന്ന് അഗ്നി പുറപ്പെട്ട് യാഗപീഠത്തില്‍ വച്ചിരുന്ന ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു. അതു കണ്ട ജനം ആര്‍ത്തു വിളിച്ചു സാഷ്ടാംഗം പ്രണമിച്ചു. അഹരോന്‍റെ പുത്രന്മാരായ നാദാബും അബീഹൂവും തങ്ങളുടെ ധൂപകലശങ്ങള്‍ എടുത്ത് അതില്‍ തീക്കനല്‍ ഇട്ടു മീതെ കുന്തുരുക്കം തൂകി സര്‍വേശ്വരനു സമര്‍പ്പിച്ചു. അതു കല്പനപ്രകാരമുള്ളതല്ലായിരുന്നതിനാല്‍ അശുദ്ധമായിരുന്നു. സര്‍വേശ്വരന്‍റെ സന്നിധിയില്‍നിന്നു തീ പുറപ്പെട്ട് അവരെ ദഹിപ്പിച്ചു. അങ്ങനെ അവര്‍ തിരുസന്നിധിയില്‍വച്ചു മരിച്ചു. അപ്പോള്‍ മോശ അഹരോനോടു പറഞ്ഞു: “സര്‍വേശ്വരന്‍ കല്പിച്ചത് ഇതാണ്: എന്നെ സമീപിക്കുന്നവരെ ഞാന്‍ വിശുദ്ധനാണെന്നു ബോധ്യപ്പെടുത്തും. സകല ജനങ്ങളുടെയും മുമ്പില്‍ എന്‍റെ തേജസ്സ് വെളിപ്പെടുത്തും.” അഹരോന്‍ നിശ്ശബ്ദത പാലിച്ചു. അഹരോന്‍റെ പിതൃസഹോദരനായ ഉസ്സീയേലിന്‍റെ പുത്രന്മാരായ മീശായേലിനെയും എല്‍സാഫാനെയും വിളിച്ചു മോശ പറഞ്ഞു: “വിശുദ്ധകൂടാരത്തിന്‍റെ മുമ്പില്‍നിന്ന് നിങ്ങളുടെ സഹോദരന്മാരുടെ ശരീരം എടുത്തു പാളയത്തിനു പുറത്തു കൊണ്ടുപോകുക.” അവര്‍ മോശ കല്പിച്ചതുപോലെ ചെന്നു മൃതശരീരങ്ങള്‍ അങ്കികളോടുകൂടി എടുത്തു പുറത്തുകൊണ്ടുപോയി. മോശ അഹരോനോടും പുത്രന്മാരായ എലെയാസാര്‍, ഈഥാമാര്‍ എന്നിവരോടും പറഞ്ഞു: “നിങ്ങള്‍ തലമുടി കോതാതെ വൃത്തികേടായി ഇടുകയോ, വസ്ത്രം വലിച്ചു കീറുകയോ അരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ മരിക്കും; സര്‍വേശ്വരന്‍റെ കോപം സമൂഹം മുഴുവന്‍റെയുംമേല്‍ നിപതിക്കും. അവിടുന്നു ജ്വലിപ്പിച്ച ഈ അഗ്നി നിമിത്തം നിങ്ങളുടെ സഹോദരരായ ഇസ്രായേല്‍ജനമൊക്കെയും വിലപിക്കട്ടെ. നിങ്ങള്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെ പുറത്തു പോകരുത്; അങ്ങനെ ചെയ്താല്‍ നിങ്ങള്‍ മരിക്കും. സര്‍വേശ്വരന്‍റെ അഭിഷേകതൈലം നിങ്ങളുടെമേല്‍ പകര്‍ന്നിരിക്കുന്നുവല്ലോ.” മോശ പറഞ്ഞത് അവര്‍ അനുസരിച്ചു. സര്‍വേശ്വരന്‍ അഹരോനോട് അരുളിച്ചെയ്തു: “വീഞ്ഞോ, മദ്യമോ കുടിച്ചുകൊണ്ടു നീയും നിന്‍റെ പുത്രന്മാരും തിരുസാന്നിധ്യകൂടാരത്തില്‍ പ്രവേശിക്കരുത്. പ്രവേശിച്ചാല്‍ നിങ്ങള്‍ മരിക്കും. ഇതു തലമുറയായി നിങ്ങള്‍ പാലിക്കേണ്ട നിയമമാണ്. വിശുദ്ധവസ്തുക്കളും സാധാരണ വസ്തുക്കളും നിര്‍മ്മലവും മലിനവും നിങ്ങള്‍ വിവേചിക്കണം. സര്‍വേശ്വരന്‍ മോശ മുഖാന്തരം കല്പിച്ച പ്രമാണങ്ങള്‍ ഇസ്രായേല്‍ജനത്തെ നിങ്ങള്‍ പഠിപ്പിക്കണം. മോശ അഹരോനോടും അവന്‍റെ ശേഷിച്ച രണ്ടു മക്കളായ എലെയാസാര്‍, ഈഥാമാര്‍ എന്നിവരോടും പറഞ്ഞു: “സര്‍വേശ്വരന് അര്‍പ്പിച്ച ധാന്യയാഗത്തില്‍ ദഹിപ്പിക്കാതെ ശേഷിച്ചതു പുളിപ്പു കലര്‍ത്താതെ യാഗപീഠത്തിന്‍റെ അടുത്തുവച്ചു ഭക്ഷിക്കണം. അത് അതിവിശുദ്ധമാകുന്നു. വിശുദ്ധസ്ഥലത്തുവച്ചുതന്നെ അതു ഭക്ഷിക്കണം. അതു ഹോമയാഗമായി സര്‍വേശ്വരന് അര്‍പ്പിച്ചവയില്‍നിന്നു നിനക്കും നിന്‍റെ മക്കള്‍ക്കും ഉള്ള ഓഹരിയാകുന്നു. ഇതാണ് എനിക്കു ലഭിച്ച കല്പന. നീരാജനമായി അര്‍പ്പിച്ച നെഞ്ചും തുടയും വൃത്തിയുള്ള ഏതെങ്കിലും സ്ഥലത്തുവച്ചു നീയും പുത്രീപുത്രന്മാരും ഭക്ഷിച്ചുകൊള്ളുക. ഇസ്രായേല്‍ജനം അര്‍പ്പിക്കുന്ന സമാധാനയാഗത്തില്‍ നിനക്കും മക്കള്‍ക്കും അവകാശപ്പെട്ട ഓഹരിയാണ് അത്. ഹോമയാഗത്തിനുള്ള മേദസ്സു കൊണ്ടുവരുമ്പോള്‍ അര്‍പ്പിക്കാനുള്ള തുടയും നീരാജനം ചെയ്യാനുള്ള നെഞ്ചും കൊണ്ടുവരണം. ഇവ സര്‍വേശ്വരന്‍ കല്പിച്ചതുപോലെ നിനക്കും നിന്‍റെ മക്കള്‍ക്കും എന്നേക്കും ലഭിക്കുന്ന ഓഹരിയാണ്. പാപപരിഹാരയാഗത്തിനുള്ള കോലാട് എവിടെ എന്നു മോശ അന്വേഷിച്ചു. അതു ദഹിപ്പിച്ചു കഴിഞ്ഞു എന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം അഹരോന്‍റെ ശേഷിച്ചിരുന്ന മക്കളായ എലെയാസാരിനോടും ഈഥാമാരിനോടും കോപിച്ചു. മോശ ചോദിച്ചു: “എന്തുകൊണ്ടു നിങ്ങള്‍ അതു വിശുദ്ധസ്ഥലത്തുവച്ചു ഭക്ഷിച്ചില്ല? അത് അതിവിശുദ്ധവും സമൂഹത്തിന്‍റെ പാപം വഹിക്കാനും സര്‍വേശ്വരന്‍റെ സന്നിധിയില്‍ അവര്‍ക്കുവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കാനുംവേണ്ടി നിങ്ങള്‍ക്കു തന്നിരുന്നതാണല്ലോ. നിങ്ങള്‍ അതിന്‍റെ രക്തം വിശുദ്ധമന്ദിരത്തിനകത്തു കൊണ്ടുവന്നില്ല. ഞാന്‍ കല്പിച്ചിരുന്നതുപോലെ നിങ്ങള്‍ തീര്‍ച്ചയായും അതു വിശുദ്ധമന്ദിരത്തില്‍വച്ചു ഭക്ഷിക്കേണ്ടതായിരുന്നു.” അഹരോന്‍ മോശയോടു പറഞ്ഞു: “ഇതാ അവര്‍ പാപപരിഹാരയാഗവും ഹോമയാഗവും സര്‍വേശ്വരന് അര്‍പ്പിച്ചിരിക്കുന്നു. എന്നിട്ടും എനിക്ക് ഇങ്ങനെ സംഭവിച്ചല്ലോ. പാപപരിഹാരയാഗവസ്തു ഞാന്‍ ഇന്നു ഭക്ഷിച്ചിരുന്നെങ്കില്‍ അതു സര്‍വേശ്വരനു പ്രസാദകരമാകുമായിരുന്നോ? ഇതു കേട്ടപ്പോള്‍ മോശ സന്തുഷ്ടനായി. സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ഭൂമിയിലുള്ള മൃഗങ്ങളില്‍ നിങ്ങള്‍ക്കു ഭക്ഷിക്കാവുന്നവ ഇവയാണെന്നു ജനത്തോടു പറയുക. ഇരട്ടക്കുളമ്പുള്ളവയും അയവിറക്കുന്നവയുമായ മൃഗങ്ങളെ നിങ്ങള്‍ക്കു ഭക്ഷിക്കാം. എന്നാല്‍ അയവിറക്കുന്നവയിലും കുളമ്പു പിളര്‍ന്നവയിലും നിങ്ങള്‍ ഭക്ഷിക്കരുതാത്തവയുമുണ്ട്. അയവിറക്കുന്നതെങ്കിലും കുളമ്പു പിളര്‍ന്നിട്ടില്ലാത്ത ഒട്ടകത്തെ ഭക്ഷിക്കരുത്. അതു നിങ്ങള്‍ക്ക് അശുദ്ധമാകുന്നു. [5,6] അയവിറക്കുന്നവയെങ്കിലും കുളമ്പു പിളര്‍ന്നവയല്ലാത്തതുകൊണ്ട് കുഴിമുയലും മുയലും ഭക്ഷ്യയോഗ്യമല്ല. അവ അശുദ്ധമാകുന്നു. *** [7,8] ഇരട്ടക്കുളമ്പുള്ളതെങ്കിലും അയവിറക്കാത്തതുകൊണ്ടു പന്നിയെ ഭക്ഷിക്കരുത്. അതിന്‍റെ പിണം തൊടുകപോലുമരുത്. അത് അശുദ്ധമാകുന്നു. *** ജലജന്തുക്കളില്‍ നിങ്ങള്‍ക്കു ഭക്ഷിക്കാവുന്നവ ഇവയാണ്. കടലിലും നദികളിലും ജീവിക്കുന്നവയില്‍ ചിറകും ചെതുമ്പലും ഉള്ളവയെ നിങ്ങള്‍ക്കു ഭക്ഷിക്കാം. എന്നാല്‍ കടലിലും നദിയിലും ഉള്ളവയില്‍ ചിറകും ചെതുമ്പലുമില്ലാത്ത ഒന്നിനെയും ഭക്ഷിക്കരുത്. അവ നിങ്ങള്‍ക്കു മലിനമായിരിക്കും. അവ നിഷിദ്ധമാണ്. അവയെ ഭക്ഷിക്കരുത്. അവയുടെ പിണം സ്പര്‍ശിക്കപോലുമരുത്. വെള്ളത്തില്‍ ചരിക്കുന്നവയില്‍ ചിറകും ചെതുമ്പലുമില്ലാത്തവ എല്ലാം നിങ്ങള്‍ക്കു മലിനമായിരിക്കും. പക്ഷികളില്‍ കഴുകന്‍, ചെമ്പരുന്ത്, കടല്‍റാഞ്ചി, പരുന്ത്, പ്രാപ്പിടിയന്‍ മുതലായവ, പരുന്തുവര്‍ഗം, കാക്കയുടെ ഇനത്തില്‍പ്പെട്ട പക്ഷികള്‍, ഒട്ടകപ്പക്ഷി, കടല്‍ക്കാക്ക, മൂങ്ങയുടെ വര്‍ഗത്തിലുള്ള പക്ഷികള്‍, നത്ത്, നീര്‍ക്കാക്ക, പെരുംനത്ത്, നീര്‍ക്കോഴി, വേഴാമ്പല്‍, ഗൃദ്ധ്രം, കൊക്ക്, പൊന്മാന്‍, നരിച്ചീര്‍ എന്നിവയെ നിങ്ങള്‍ ഭക്ഷിക്കരുത്. അവയെ മലിനമായി കരുതണം. ചിറകുള്ള കീടങ്ങളില്‍ നാലു കാലില്‍ നടക്കുന്നവയെല്ലാം നിങ്ങള്‍ക്കു നിന്ദ്യമായിരിക്കണം. എന്നാല്‍ ചിറകും നാലു കാലുകളും ഉള്ളവയില്‍ നിലത്തു ചാടി നടക്കത്തക്കവിധം നീണ്ട കണങ്കാലുള്ള ജീവികളെ നിങ്ങള്‍ക്കു ഭക്ഷിക്കാം. വെട്ടുക്കിളി, വിട്ടില്‍, തുള്ളന്‍ എന്നിവയുടെ വര്‍ഗത്തില്‍പ്പെട്ടവയെയും നിങ്ങള്‍ക്കു ഭക്ഷിക്കാം. ചിറകുള്ള കീടങ്ങളില്‍ നാലു കാലില്‍ നടക്കുന്നവയെല്ലാം നിങ്ങള്‍ക്കു വര്‍ജ്യമായിരിക്കണം. ഇവയില്‍ ഏതിന്‍റെയെങ്കിലും ജഡം സ്പര്‍ശിക്കാന്‍ ഇടയായാല്‍ സൂര്യാസ്തമയംവരെ നിങ്ങള്‍ അശുദ്ധരായിരിക്കും. അവയുടെ ജഡം ചുമക്കുന്നവന്‍ വസ്ത്രം അലക്കണം. സൂര്യാസ്തമയംവരെ അവന്‍ അശുദ്ധനായിരിക്കും. കുളമ്പു പിളര്‍ന്നതെങ്കിലും കുളമ്പു രണ്ടായി പിരിയാത്തവയും അയവിറക്കാത്തവയുമായ മൃഗങ്ങള്‍ നിങ്ങള്‍ക്ക് അശുദ്ധമാണ്; അവയുടെ ജഡം തൊടുന്നതും അശുദ്ധമായിരിക്കും. നാല്‌ക്കാലിമൃഗങ്ങളില്‍ ഉള്ളങ്കാല്‍ പതിച്ചു നടക്കുന്ന നഖമുള്ള മൃഗങ്ങളും നിങ്ങള്‍ക്ക് അശുദ്ധമായിരിക്കും. അവയുടെ ജഡം സ്പര്‍ശിക്കുന്നവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. അവയുടെ ജഡം ചുമക്കുന്നവന്‍ വസ്ത്രം അലക്കണം. സൂര്യാസ്തമയംവരെ അവന്‍ അശുദ്ധനാണ്. അവ നിങ്ങള്‍ക്ക് അശുദ്ധമാകുന്നു. [29,30] ഇഴജീവികളില്‍ കീരി, എലി, പല്ലി, ഉടുമ്പ്, അരണ, ഓന്ത്, മണ്ണെലി എന്നിവ നിങ്ങള്‍ക്ക് അശുദ്ധമാകുന്നു. *** അവയുടെ പിണം സ്പര്‍ശിക്കുന്നവന്‍ സൂര്യാസ്തമയംവരെ അശുദ്ധനായിരിക്കും. മരം, തുണി, തോല്‍, ചാക്ക് ഇവയില്‍ ഏതെങ്കിലും കൊണ്ടുണ്ടാക്കിയ വസ്തുക്കളില്‍ പിണം സ്പര്‍ശിച്ചാല്‍ അത് അശുദ്ധമായിത്തീരും. സൂര്യാസ്തമയംവരെ അതു വെള്ളത്തില്‍ ഇടണം. അപ്പോള്‍ അതു ശുദ്ധമാകും. അവയുടെ പിണം മണ്‍പാത്രത്തില്‍ വീണാല്‍ അതിലുള്ളതെല്ലാം അശുദ്ധമായിത്തീരും. പാത്രം ഉടച്ചുകളയുകയും വേണം. ആ പാത്രത്തിലെ വെള്ളം ഏതെങ്കിലും ഭക്ഷണസാധനത്തിലോ പാനീയത്തിലോ വീണാല്‍ അതും അശുദ്ധമായിത്തീരും. ആ ജഡത്തിന്‍റെ ഏതെങ്കിലും അംശം ഏതിന്‍റെയെങ്കിലുംമേല്‍ വീണാല്‍ അത് അശുദ്ധമായിത്തീരും. അത് അടുപ്പോ തീച്ചട്ടിയോ ആയിരുന്നാലും ഉടച്ചുകളയണം. അത് അശുദ്ധമാണ്, നിങ്ങള്‍ക്ക് അശുദ്ധമായിരിക്കുകയും ചെയ്യും. പിണം സ്പര്‍ശിക്കുന്നതെന്തും അശുദ്ധമാകുമെങ്കിലും നീരുറവയ്‍ക്കും വെള്ളമുള്ള കിണറിനും അത് ബാധകമല്ല. വിതയ്‍ക്കാനുള്ള വിത്തില്‍ പിണം വീണാല്‍ അത് അശുദ്ധമാകുകയില്ല. എന്നാല്‍ കുതിര്‍ത്ത വിത്തില്‍ പിണം വീണാല്‍ അത് അശുദ്ധമായിത്തീരും. ഭക്ഷ്യയോഗ്യമായ മൃഗം ചത്തിട്ട് അതിന്‍റെ പിണം സ്പര്‍ശിക്കുന്നവന്‍ സൂര്യാസ്തമയംവരെ അശുദ്ധനായിരിക്കും. അതിന്‍റെ മാംസം ഭക്ഷിക്കുന്നവന്‍ വസ്ത്രം അലക്കണം; അവന്‍ സൂര്യാസ്തമയംവരെ അശുദ്ധനായിരിക്കും. പിണം ചുമന്നവനും വസ്ത്രം അലക്കണം. അവനും സൂര്യാസ്തമയംവരെ അശുദ്ധനായിരിക്കും. ഇഴജന്തുക്കളെല്ലാം നിഷിദ്ധമാണ്. അവയെ ഭക്ഷിക്കരുത്. ഉരസ്സുകൊണ്ടു ഗമിക്കുന്നതോ, നാലു കാലുകൊണ്ടു ചരിക്കുന്നതോ അനേകം കാലുകളുള്ളതോ ആയ ഒരു ഇഴജന്തുവിനെയും നിങ്ങള്‍ ഭക്ഷിക്കരുത്. അവ നിങ്ങള്‍ക്കു നിന്ദ്യമാണ്. യാതൊരു ഇഴജന്തുവിനാലും നിങ്ങള്‍ക്ക് അശുദ്ധി വരരുത്; അങ്ങനെ അശുദ്ധരായിത്തീരാതിരിക്കുവാന്‍ അവ മൂലമുള്ള അശുദ്ധിയില്‍നിന്ന് അകന്നുകൊള്ളണം. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു. ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങള്‍ നിങ്ങളെത്തന്നെ വിശുദ്ധീകരിച്ചു വിശുദ്ധരായിരിപ്പിന്‍. ഇഴജന്തുക്കള്‍ നിമിത്തം നിങ്ങള്‍ അശുദ്ധരായിത്തീരരുത്. നിങ്ങളുടെ ദൈവമായിരിക്കാന്‍ നിങ്ങളെ ഈജിപ്തില്‍നിന്നു വിമോചിപ്പിച്ചു കൊണ്ടുവന്ന സര്‍വേശ്വരന്‍ ഞാനാകുന്നു. ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധരായിരിക്കണം. ശുദ്ധവും അശുദ്ധവും തമ്മിലും ഭക്ഷ്യയോഗ്യവും അല്ലാത്തവയും തമ്മിലും വേര്‍തിരിക്കേണ്ടതിനു മൃഗങ്ങള്‍, പക്ഷികള്‍, ജലജീവികള്‍, ഭൂമിയിലെ ഇഴജന്തുക്കള്‍ എന്നിങ്ങനെ സകല ജീവികളെയും സംബന്ധിച്ചുള്ള നിയമം ഇതാകുന്നു. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്‍ജനത്തോടു പറയുക, ആണ്‍കുട്ടിയെ പ്രസവിക്കുന്ന സ്‍ത്രീ ഋതുകാലത്തെന്നപോലെ ഏഴു ദിവസത്തേക്ക് അശുദ്ധയായിരിക്കും. എട്ടാം ദിവസം പുത്രന്‍റെ പരിച്ഛേദനകര്‍മം നടത്തണം. തുടര്‍ന്നു മുപ്പത്തിമൂന്നു ദിവസം രക്തശുദ്ധീകരണത്തിനുള്ള കാലമായി ആചരിക്കണം. അക്കാലത്തിനിടയില്‍ അവള്‍ വിശുദ്ധവസ്തു സ്പര്‍ശിക്കുകയോ വിശുദ്ധമന്ദിരത്തില്‍ പ്രവേശിക്കുകയോ അരുത്. പ്രസവിക്കുന്നതു പെണ്‍കുട്ടിയെ ആണെങ്കില്‍ രണ്ടാഴ്ചത്തേക്കു ഋതുകാലത്തേതുപോലെ അവള്‍ അശുദ്ധയായിരിക്കും. തുടര്‍ന്നു രക്തസ്രവത്തില്‍നിന്നുള്ള ശുദ്ധീകരണത്തിനുള്ള കാലമായി അറുപത്താറു ദിവസം ആചരിക്കണം. കുഞ്ഞ് ആണായാലും പെണ്ണായാലും പ്രസവാനന്തര ശുദ്ധീകരണകാലം പൂര്‍ത്തിയാകുമ്പോള്‍ ഒരു വയസ്സു പ്രായമുള്ള ഒരു ആട്ടിന്‍കുട്ടിയെ ഹോമയാഗത്തിനായും ഒരു പ്രാവിന്‍കുഞ്ഞിനെയോ ഒരു ചെങ്ങാലിയെയോ പാപപരിഹാരയാഗത്തിനായും തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ കൊണ്ടുചെന്നു പുരോഹിതനെ ഏല്പിക്കണം. പുരോഹിതന്‍ സര്‍വേശ്വരനു വഴിപാട് അര്‍പ്പിച്ചശേഷം അവള്‍ക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യണം. അപ്പോള്‍ രക്തസ്രവത്തില്‍നിന്ന് അവള്‍ ശുദ്ധയായിത്തീരും. ആണ്‍കുഞ്ഞിനെയോ പെണ്‍കുഞ്ഞിനെയോ പ്രസവിക്കുന്ന സ്‍ത്രീകള്‍ അനുഷ്ഠിക്കേണ്ട നിയമം ഇതാകുന്നു. ആട്ടിന്‍കുട്ടിയെ അര്‍പ്പിക്കാന്‍ അവള്‍ക്കു വകയില്ലെങ്കില്‍ രണ്ടു മാടപ്രാക്കളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ഹോമയാഗത്തിനും പാപപരിഹാരയാഗത്തിനുമായി അര്‍പ്പിക്കാവുന്നതാണ്. പുരോഹിതന്‍ അവ സ്വീകരിച്ച് അവള്‍ക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യുമ്പോള്‍ അവള്‍ ശുദ്ധയായിത്തീരും. സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “നിങ്ങള്‍ ആരുടെയെങ്കിലും ശരീരത്തില്‍ കുഷ്ഠരോഗ ലക്ഷണം പോലെയുള്ള വീക്കമോ, തടിപ്പോ, വെളുത്ത പുള്ളിയോ കണ്ടാല്‍ അവനെ പുരോഹിതനായ അഹരോന്‍റെയോ അയാളുടെ പുത്രന്മാരായ പുരോഹിതന്മാരില്‍ ആരുടെയെങ്കിലുമോ അടുക്കല്‍ കൊണ്ടുവരണം. പുരോഹിതന്‍ രോഗലക്ഷണം കണ്ട ഭാഗം പരിശോധിക്കണം. അവിടെയുള്ള രോമം വെളുത്തും ചുറ്റുമുള്ള ഭാഗത്തെക്കാള്‍ അവിടം കുഴിഞ്ഞും കണ്ടാല്‍ രോഗം കുഷ്ഠമാണ്. പരിശോധനയ്‍ക്കുശേഷം പുരോഹിതന്‍ അയാളെ അശുദ്ധനായി പ്രഖ്യാപിക്കണം. ആ ഭാഗം വെളുത്തതെങ്കിലും പാട് കുഴിയാതെയും രോമം വെളുക്കാതെയും കണ്ടാല്‍ പുരോഹിതന്‍ അയാളെ ഏഴു ദിവസത്തേക്കു മാറ്റി പാര്‍പ്പിക്കണം. ഏഴാം ദിവസം പുരോഹിതന്‍ അയാളെ വീണ്ടും പരിശോധിക്കണം. രോഗം ത്വക്കില്‍ വ്യാപിക്കാതെ പൂര്‍വസ്ഥിതിയില്‍ നില്‌ക്കുന്നു എന്നു ബോധ്യമായാല്‍ ഏഴു ദിവസത്തേക്കുകൂടി അയാളെ മാറ്റി പാര്‍പ്പിക്കണം. എന്നാല്‍ ഏഴാം ദിവസം അയാളെ വീണ്ടും പരിശോധിക്കുമ്പോള്‍ പാണ്ട് ത്വക്കില്‍ വ്യാപിക്കാതെ മങ്ങിയിരിക്കുന്നതായി കണ്ടാല്‍ അയാള്‍ ശുദ്ധിയുള്ളവനെന്നു പുരോഹിതന്‍ പ്രഖ്യാപിക്കണം. അത് ഒരു തടിപ്പു മാത്രമാണ്. അയാള്‍ വസ്ത്രം അലക്കി ശുദ്ധി പ്രാപിക്കണം. പരിശോധനയില്‍ ശുദ്ധിയുള്ളവനെന്നു കണ്ടശേഷം തടിപ്പ് ത്വക്കില്‍ വ്യാപിച്ചാല്‍ അയാള്‍ വീണ്ടും പുരോഹിതനെ സമീപിക്കണം. പരിശോധനയില്‍ തടിപ്പ് ത്വക്കില്‍ വ്യാപിച്ചിരിക്കുന്നതായി കണ്ടാല്‍ പുരോഹിതന്‍ അയാളെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു കുഷ്ഠംതന്നെ. കുഷ്ഠം ബാധിച്ചവനെ പുരോഹിതന്‍റെ അടുക്കല്‍ കൊണ്ടുചെല്ലണം. പുരോഹിതന്‍ അവനെ പരിശോധിക്കണം. ത്വക്കില്‍ വെളുത്ത തടിപ്പു കാണുകയും അവിടത്തെ രോമം വെളുത്തിരിക്കുകയും പച്ചമാംസം എഴുന്നിരിക്കുകയും ചെയ്താല്‍, അതു പഴകിയ കുഷ്ഠമാണ്. പുരോഹിതന്‍ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അശുദ്ധനെന്നു തീര്‍ച്ചയായതിനാല്‍ അവനെ നിരീക്ഷണത്തിനായി മാറ്റി പാര്‍പ്പിക്കേണ്ടതില്ല. ത്വക്ക്‍രോഗം പടര്‍ന്ന് അടിമുടി വ്യാപിച്ചതായി കണ്ടാല്‍ പുരോഹിതന്‍ അവനെ വീണ്ടും പരിശോധിക്കണം. രോഗം ശരീരമാസകലം വ്യാപിച്ചിട്ടുണ്ടെങ്കില്‍ അവന്‍ ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കണം. അവന്‍റെ ത്വക്കു മുഴുവന്‍ വെളുപ്പു വ്യാപിച്ചിരിക്കുന്നതിനാല്‍ അവന്‍ ശുദ്ധിയുള്ളവനാണ്. എന്നാല്‍ അവന്‍റെ തടിപ്പില്‍ പച്ചമാംസം എഴുന്നു കണ്ടാല്‍ പുരോഹിതന്‍ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. പുരോഹിതന്‍ അവന്‍റെ തടിപ്പിലെ എഴുന്ന മാംസം പരിശോധിച്ച് അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. എഴുന്ന മാംസം അശുദ്ധമാണ്. അതു കുഷ്ഠരോഗംതന്നെ. എന്നാല്‍ വ്രണം കരിഞ്ഞു വെള്ളനിറമായിത്തീര്‍ന്നാല്‍ അവന്‍ പുരോഹിതന്‍റെ അടുക്കല്‍ ചെല്ലണം. പരിശോധനയില്‍ എഴുന്ന മാംസം കരിഞ്ഞു വെളുപ്പ് മാത്രമായിത്തീര്‍ന്നു എന്നു പുരോഹിതന്‍ കണ്ടാല്‍ അവനെ ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കണം. അവന്‍ ശുദ്ധിയുള്ളവന്‍തന്നെ. [18,19] ത്വക്കില്‍ ഉണ്ടായിരുന്ന പരു കരിഞ്ഞ സ്ഥാനത്ത് വെളുത്തതോ, ചുവപ്പുകലര്‍ന്ന വെള്ളയോ ആയ പാട് ഉണ്ടായാല്‍ അതു പുരോഹിതനെ കാണിക്കണം. *** പുരോഹിതന്‍ അതു പരിശോധിക്കുമ്പോള്‍ പാട് ത്വക്കിനെക്കാള്‍ കുഴിഞ്ഞും അവിടത്തെ രോമം വെളുത്തും കണ്ടാല്‍ അയാളെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു പരുവില്‍നിന്ന് ഉണ്ടായ കുഷ്ഠമാണ്. എന്നാല്‍ രോമം വെളുക്കുകയോ പാട് ത്വക്കിനെക്കാള്‍ കുഴിയുകയോ ചെയ്യാതെ നിറം മങ്ങിക്കണ്ടാല്‍ പുരോഹിതന്‍ അവനെ ഏഴു ദിവസത്തേക്കു മാറ്റി പാര്‍പ്പിക്കണം. പാട് വ്യാപിക്കുന്നതായി കണ്ടാല്‍ പുരോഹിതന്‍ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അവന്‍ കുഷ്ഠരോഗബാധിതനാണ്. എന്നാല്‍ അതു വ്യാപിക്കാതെയിരുന്നാല്‍ വ്രണം കരിഞ്ഞ പാടുമാത്രമാണ്. അവന്‍ ശുദ്ധിയുള്ളവനെന്നു പുരോഹിതന്‍ പ്രഖ്യാപിക്കണം. [24,25] ശരീരത്തില്‍ പൊള്ളല്‍ ഏറ്റിട്ട് ആ ഭാഗത്തെ മാംസം വെള്ളനിറമോ, ചുവപ്പുകലര്‍ന്ന വെള്ളനിറമോ ആയാല്‍ പുരോഹിതന്‍ അവനെ പരിശോധിക്കണം. അവിടത്തെ രോമം വെളുത്തും അവിടം ത്വക്കിനെക്കാള്‍ കുഴിഞ്ഞും കണ്ടാല്‍ അതു പൊള്ളലില്‍നിന്നുണ്ടായ കുഷ്ഠമാണ്. പുരോഹിതന്‍ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു കുഷ്ഠരോഗമാണ്. *** പുരോഹിതന്‍റെ പരിശോധനയില്‍ തടിപ്പിലെ രോമത്തിന്‍റെ നിറം വെളുത്തും തടിപ്പ് ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിവുള്ളതാകാതെയും നിറം മങ്ങിയും ഇരുന്നാല്‍ അവനെ ഏഴു ദിവസത്തേക്കു മാറ്റി പാര്‍പ്പിക്കണം. ഏഴാം ദിവസം പുരോഹിതന്‍ പരിശോധിക്കുമ്പോള്‍ തടിപ്പ് ത്വക്കില്‍ വ്യാപിച്ചിരിക്കുന്നതായി കണ്ടാല്‍ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു കുഷ്ഠരോഗമാകുന്നു. എന്നാല്‍ പാണ്ട് വ്യാപിക്കാതെ പൂര്‍വസ്ഥിതിയിലും നിറം മങ്ങിയും കാണപ്പെട്ടാല്‍ അതു പൊള്ളലില്‍നിന്നുണ്ടായ തടിപ്പാണ്. പുരോഹിതന്‍ അവനെ ശുദ്ധനെന്നു പ്രഖ്യാപിക്കണം. പുരുഷന്‍റെയോ സ്‍ത്രീയുടെയോ തലയിലോ താടിയിലോ വ്രണം കണ്ടാല്‍ പുരോഹിതന്‍ അതു പരിശോധിക്കണം. അതു കുഴിഞ്ഞും അവിടത്തെ രോമം നേര്‍ത്ത് മഞ്ഞയായും കണ്ടാല്‍ പുരോഹിതന്‍ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അത് ചിരങ്ങ് അഥവാ തലയിലോ, താടിയിലോ ഉണ്ടാകുന്ന കുഷ്ഠമാകുന്നു. പുരോഹിതന്‍റെ പരിശോധനയില്‍ അവിടം കുഴിയാതെയും അതിന്മേല്‍ കറുത്ത രോമം ഇല്ലാതെയും ഇരുന്നാല്‍ അവനെ ഏഴു ദിവസത്തേക്കു മാറ്റി പാര്‍പ്പിക്കണം. [32,33] ഏഴാം ദിവസം പുരോഹിതന്‍ പരിശോധിക്കുമ്പോള്‍ അതു വ്യാപിക്കാതെയും മഞ്ഞരോമം ഇല്ലാതെയും ത്വക്കിനെക്കാള്‍ കുഴിയാതെയും കണ്ടാല്‍ ചിരങ്ങുള്ള ഭാഗമൊഴിച്ച് അവന്‍ ക്ഷൗരം ചെയ്യണം. പിന്നീടു പുരോഹിതന്‍ അവനെ വീണ്ടും ഏഴു ദിവസത്തേക്കു മാറ്റി പാര്‍പ്പിക്കണം. *** ഏഴാം ദിവസം പുരോഹിതന്‍ അതു പരിശോധിക്കുമ്പോള്‍ ചിരങ്ങ് ത്വക്കില്‍ വ്യാപിക്കാതെയും, അവിടം മറ്റു ഭാഗത്തെക്കാള്‍ കുഴിയാതെയും കണ്ടാല്‍ അവന്‍ ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കണം. അവന്‍ വസ്ത്രം അലക്കി ശുദ്ധി വരുത്തണം. ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കപ്പെട്ടശേഷം ചിരങ്ങ് ത്വക്കില്‍ വ്യാപിക്കുകയാണെങ്കില്‍ പുരോഹിതന്‍ അവനെ പരിശോധിക്കണം. ചിരങ്ങ് വ്യാപിക്കുന്നതു കണ്ടാല്‍ അതില്‍ മഞ്ഞരോമം ഉണ്ടോ എന്നു നോക്കേണ്ടതില്ല. അവന്‍ അശുദ്ധന്‍ തന്നെ. എന്നാല്‍ ചിരങ്ങിന്‍റെ വളര്‍ച്ച നിലച്ച് അതില്‍ കറുത്ത രോമം വളര്‍ന്നു തുടങ്ങിയാല്‍ അതു കരിഞ്ഞതായി കരുതി അവന്‍ ശുദ്ധിയുള്ളവനെന്നു പുരോഹിതന്‍ പ്രഖ്യാപിക്കണം. പുരുഷന്‍റെയോ സ്‍ത്രീയുടെയോ ശരീരത്തില്‍ എവിടെയെങ്കിലും വെളുത്ത പാണ്ടു കണ്ടാല്‍ പുരോഹിതന്‍ അതു പരിശോധിക്കണം. മങ്ങിയ വെള്ളപ്പാണ്ടാണെങ്കില്‍ തൊലിപ്പുറമേ ഉണ്ടാകുന്ന ചുണങ്ങായതുകൊണ്ട് അയാള്‍ക്ക് അശുദ്ധിയില്ല. തലമുടി കൊഴിഞ്ഞ് കഷണ്ടി വരുന്നതുകൊണ്ട് ഒരുവന്‍ അശുദ്ധനായിത്തീരുന്നില്ല. തലയുടെ മുന്‍ഭാഗത്ത് മുടി കൊഴിയുന്നതു കഷണ്ടിയാണ്. അതിന് അശുദ്ധിയില്ല. എന്നാല്‍ കഷണ്ടിയില്‍ ചുവപ്പു കലര്‍ന്ന വെള്ളപ്പാണ്ടുണ്ടായാല്‍ അതു കഷണ്ടിയില്‍ ഉണ്ടാകുന്ന കുഷ്ഠമാണ്. പുരോഹിതന്‍ അവനെ പരിശോധിക്കണം. ശരീരത്തിലെ കുഷ്ഠരോഗലക്ഷണങ്ങള്‍പോലെ ചുവപ്പു കലര്‍ന്ന വെള്ളപ്പാണ്ട് കഷണ്ടിയില്‍ കണ്ടാല്‍ അവന്‍ കുഷ്ഠരോഗിയാണ്; അശുദ്ധനുമാണ്. പുരോഹിതന്‍ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. കുഷ്ഠരോഗി കീറിയ വസ്ത്രം ധരിച്ച് മുടി ചീകാതെ മേല്‍ച്ചുണ്ടു മറച്ചു പിടിച്ചുകൊണ്ട്, ‘അശുദ്ധന്‍, അശുദ്ധന്‍’ എന്നു വിളിച്ചുപറയണം. രോഗമുള്ള കാലമെല്ലാം അവന്‍ അശുദ്ധനാണ്. അതുകൊണ്ട് അവന്‍ പാളയത്തിനു പുറത്തു തനിച്ചു പാര്‍ക്കണം. [47-49] കമ്പിളിയോ ചണമോ കൊണ്ടുള്ള വസ്ത്രത്തിന്‍റെ ഊടിലോ പാവിലോ, തുകല്‍കൊണ്ടുള്ള വസ്തുക്കള്‍ എന്നിവയിലോ, ഇളംപച്ചയോ ഇളംചുവപ്പോ നിറമുള്ള പാടു കണ്ടാല്‍ അതു പടരുന്ന കരിമ്പനാണ്. അതു പുരോഹിതനെ കാണിക്കണം. *** *** പുരോഹിതന്‍ പരിശോധിച്ചശേഷം പാടുണ്ടായിരുന്ന വസ്തു ഏഴു ദിവസത്തേക്കു പ്രത്യേകം അടച്ചു സൂക്ഷിക്കണം. ഏഴാം ദിവസം പുരോഹിതന്‍ അതു പരിശോധിക്കുമ്പോള്‍ വസ്ത്രത്തില്‍ ഊടിലോ, പാവിലോ, തുകലിലോ, തുകല്‍കൊണ്ടുള്ള വസ്തുവിലോ ആകട്ടെ, കരിമ്പന്‍ പടര്‍ന്നതായി കണ്ടാല്‍ അത് അശുദ്ധമാണ്. പുരോഹിതന്‍ അങ്ങനെയുള്ള വസ്ത്രങ്ങള്‍ കമ്പിളിയോ, ചണമോ, തുകലോ, തുകലുകൊണ്ടുണ്ടാക്കിയതോ ആകട്ടെ കത്തിച്ചുകളയണം. [53,54] പുരോഹിതന്‍ പരിശോധിക്കുമ്പോള്‍ വസ്ത്രത്തിന്‍റെ ഊടിലോ, പാവിലോ, തുകല്‍സാധനത്തിലോ, കരിമ്പന്‍ വ്യാപിക്കുന്നില്ലെന്നു കണ്ടാല്‍, അതു കഴുകി ശുദ്ധിയാക്കിയശേഷം ഏഴു ദിവസം അടച്ചു സൂക്ഷിക്കാന്‍ കല്പിക്കണം. *** കഴുകിയശേഷം പുരോഹിതന്‍ അതു പരിശോധിക്കുമ്പോള്‍ കരിമ്പന്‍ പടര്‍ന്നിട്ടില്ലെങ്കിലും അതിനു നിറഭേദം വന്നിട്ടില്ലെങ്കില്‍ അത് അശുദ്ധമാണ്. കരിമ്പന്‍, വസ്ത്രത്തിന്‍റെ അകത്തോ പുറത്തോ ആയാലും അതു ദഹിപ്പിച്ചുകളയണം. എന്നാല്‍ കഴുകിക്കഴിഞ്ഞു പരിശോധിക്കുമ്പോള്‍ കരിമ്പന്‍റെ നിറം മങ്ങിയതായി കണ്ടാല്‍ തുകലിന്‍റെയോ വസ്ത്രത്തിന്‍റെ ഊടിന്‍റെയോ, പാവിന്‍റെയോ ആ ഭാഗം കീറിക്കളയണം. വസ്ത്രത്തിന്‍റെ ഊടിലോ പാവിലോ തുകല്‍സാധനങ്ങളുടെ ഏതെങ്കിലും ഭാഗത്തോ കരിമ്പന്‍ വ്യാപിക്കുന്നതു കണ്ടാല്‍ ആ സാധനം ദഹിപ്പിച്ചുകളയണം. കഴുകിയതിനുശേഷം വസ്ത്രത്തില്‍ നിന്നായാലും തുകല്‍സാധനത്തില്‍ നിന്നായാലും കരിമ്പന്‍ മാറിയിരിക്കുന്നതായി കണ്ടാല്‍ അതു വീണ്ടും കഴുകണം. അപ്പോള്‍ അതു ശുദ്ധമാകും. ചണമോ കമ്പിളിയോകൊണ്ട് ഉണ്ടാക്കിയ വസ്ത്രത്തിലും, തോലുകൊണ്ട് ഉണ്ടാക്കിയ ഏതെങ്കിലും സാധനത്തിലും ഉണ്ടാകുന്ന കരിമ്പന്‍ ശുദ്ധമോ അശുദ്ധമോ എന്നു നിശ്ചയിക്കുന്നതിനുള്ള ചട്ടങ്ങളാണ് ഇവ”. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: കുഷ്ഠരോഗം മാറിയവന്‍റെ ശുദ്ധീകരണത്തിനുള്ള ചട്ടങ്ങള്‍ ഇവയാകുന്നു. അവനെ ശുദ്ധീകരണദിവസം പുരോഹിതന്‍റെ അടുക്കല്‍ കൊണ്ടുവരണം. പുരോഹിതന്‍ അവനെ പാളയത്തിനു പുറത്തുവച്ച് പരിശോധിക്കണം. അവന്‍ രോഗവിമുക്തനാണെന്നു കണ്ടാല്‍ അവനുവേണ്ടി ശുദ്ധിയുള്ള രണ്ടു പക്ഷികള്‍, ദേവദാരുമരത്തിന്‍റെ ഒരു കഷണം, ചുവന്ന ചരട്, ഈസോപ്പുചെടിയുടെ ഒരു ചില്ല എന്നിവ കൊണ്ടുവരാന്‍ പുരോഹിതന്‍ നിര്‍ദ്ദേശിക്കണം. ഒരു മണ്‍പാത്രത്തില്‍ ഉറവജലം പകര്‍ന്ന് അതിനു മീതെ വച്ച് ഒരു പക്ഷിയെ കൊല്ലാന്‍ പുരോഹിതന്‍ കല്പിക്കണം. ദേവദാരുക്കഷണം, ചുവപ്പുചരട്, ഈസോപ്പുചില്ല എന്നിവയോടൊപ്പം ജീവനുള്ള പക്ഷിയെ ഉറവജലത്തിനു മീതെ വച്ചു കൊന്ന പക്ഷിയുടെ രക്തത്തില്‍ മുക്കണം. ശുദ്ധീകരിക്കപ്പെടേണ്ടവന്‍റെ ദേഹത്ത് ആ രക്തം ഏഴു പ്രാവശ്യം തളിച്ചശേഷം അവന്‍ ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കുകയും ജീവനുള്ള പക്ഷിയെ സ്വതന്ത്രമായി വിടുകയും വേണം. അവന്‍ വസ്ത്രം അലക്കി തല മുണ്ഡനം ചെയ്തിട്ട് വെള്ളത്തില്‍ കുളിക്കുമ്പോള്‍ ശുദ്ധനായിത്തീരും. പിന്നെ അവനു പാളയത്തില്‍ പ്രവേശിക്കാം. എന്നാല്‍ ഏഴു ദിവസം കൂടാരത്തില്‍ പ്രവേശിച്ചുകൂടാ. ഏഴാം ദിവസം തലയും താടിയും പുരികവും ക്ഷൗരം ചെയ്തശേഷം വസ്ത്രം അലക്കി കുളിക്കണം. അപ്പോള്‍ അവന്‍ ശുദ്ധനായിത്തീരും. എട്ടാം ദിവസം അവന്‍ കുറ്റമറ്റ രണ്ട് ആണാട്ടിന്‍കുട്ടികളെയും ഒരു വയസ്സുപ്രായമുള്ള കുറ്റമറ്റ ഒരു പെണ്ണാട്ടിന്‍കുട്ടിയെയും ധാന്യയാഗത്തിനുള്ള എണ്ണ ചേര്‍ത്ത മൂന്ന് ഇടങ്ങഴി നേരിയ മാവും നാഴി എണ്ണയും കൊണ്ടുവരണം. ശുദ്ധീകരണകര്‍മം നടത്തുന്ന പുരോഹിതന്‍ അവനെ ഇവയോടുകൂടി തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ സര്‍വേശ്വരസന്നിധിയില്‍ നിര്‍ത്തണം. പുരോഹിതന്‍ ആണാട്ടിന്‍കുട്ടികളില്‍ ഒന്നിനെ നാഴി എണ്ണയോടുകൂടി പ്രായശ്ചിത്തയാഗമായി അര്‍പ്പിക്കണം. സര്‍വേശ്വരസന്നിധിയില്‍ അവയെ നീരാജനം ചെയ്യണം. പാപപരിഹാരയാഗത്തിനും ഹോമയാഗത്തിനുമുള്ള മൃഗങ്ങളെ കൊല്ലുന്ന വിശുദ്ധസ്ഥലത്തു വച്ചുതന്നെ അയാള്‍ ആട്ടിന്‍കുട്ടിയെ കൊല്ലണം. പാപപരിഹാരയാഗവസ്തുപോലെ പ്രായശ്ചിത്തയാഗവസ്തുവും പുരോഹിതനുള്ളതാണ്. അത് അതിവിശുദ്ധമാകുന്നു. പ്രായശ്ചിത്തയാഗത്തിനായി കൊന്ന മൃഗത്തിന്‍റെ രക്തത്തില്‍ കുറെയെടുത്തു ശുദ്ധീകരിക്കപ്പെടേണ്ടവന്‍റെ വലതുകാതിന്‍റെ അറ്റത്തും വലതുകൈയുടെയും വലതുകാലിന്‍റെയും പെരുവിരലുകളിലും പുരട്ടണം. [15,16] പിന്നീട് പുരോഹിതന്‍ എണ്ണയില്‍ കുറെ ഇടത്തെ ഉള്ളംകൈയില്‍ ഒഴിച്ച് അതില്‍ വലതുകൈവിരല്‍ മുക്കി സര്‍വേശ്വരസന്നിധിയില്‍ ഏഴു പ്രാവശ്യം തളിക്കണം. *** കൈയില്‍ ശേഷിച്ച എണ്ണയില്‍ കുറെയെടുത്തു ശുദ്ധീകരിക്കപ്പെടേണ്ടവന്‍റെ വലതുകാതിന്‍റെ അറ്റത്തും വലതുകൈയുടെയും വലതുകാലിന്‍റെയും പെരുവിരലുകളിലും പുരട്ടിയിരുന്ന പ്രായശ്ചിത്തയാഗരക്തത്തിനു മീതെ പുരട്ടണം. കൈയില്‍ ബാക്കിയായ എണ്ണ ശുദ്ധീകരിക്കപ്പെടേണ്ടവന്‍റെ തലയില്‍ ഒഴിക്കണം. അങ്ങനെ പുരോഹിതന്‍ അവനുവേണ്ടി സര്‍വേശ്വരസന്നിധിയില്‍ പ്രായശ്ചിത്തകര്‍മം നിര്‍വ്വഹിക്കണം. ശുദ്ധീകരിക്കപ്പെടേണ്ടവനുവേണ്ടി പുരോഹിതന്‍ പാപപരിഹാരയാഗം അര്‍പ്പിച്ചു പ്രായശ്ചിത്തം ചെയ്തശേഷം ഹോമയാഗമൃഗത്തെ കൊല്ലണം. അതും ധാന്യയാഗവും യാഗപീഠത്തില്‍ അര്‍പ്പിക്കണം. അങ്ങനെ പുരോഹിതന്‍ അവനുവേണ്ടി പ്രായശ്ചിത്തം ചെയ്യുമ്പോള്‍ അവന്‍ ശുദ്ധനായിത്തീരും. എന്നാല്‍ അവന്‍ അത്രയും അര്‍പ്പിക്കാന്‍ വകയില്ലാത്ത ദരിദ്രനാണെങ്കില്‍ പ്രായശ്ചിത്തയാഗത്തിനുള്ള നീരാജനത്തിന് ഒരു ആട്ടിന്‍കുട്ടിയെയും ധാന്യയാഗത്തിന് എണ്ണ ചേര്‍ത്ത ഒരു ഇടങ്ങഴി നേരിയ മാവും നാഴി എണ്ണയും കൊണ്ടുവരണം. കൂടാതെ അവന്‍റെ കഴിവനുസരിച്ചു രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ, രണ്ടു ചെങ്ങാലികളെയോ കൂടി കൊണ്ടുവരണം. അവയില്‍ ഒന്ന് പാപപരിഹാരയാഗത്തിനും മറ്റേത് ഹോമയാഗത്തിനുമുള്ളതാണ്. ഇവയെല്ലാം തന്‍റെ ശുദ്ധീകരണത്തിനായി അവന്‍ എട്ടാം ദിവസം പുരോഹിതന്‍റെ അടുക്കല്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ സര്‍വേശ്വരസന്നിധിയില്‍ കൊണ്ടുവരണം. പ്രായശ്ചിത്തയാഗത്തിനുള്ള ആട്ടിന്‍കുട്ടിയെ എണ്ണയോടൊപ്പം സര്‍വേശ്വരസന്നിധിയില്‍ പുരോഹിതന്‍ നീരാജനം ചെയ്യണം. പ്രായശ്ചിത്തയാഗത്തിനുള്ള ആട്ടിന്‍കുട്ടിയെ കൊന്ന് പുരോഹിതന്‍ അതിന്‍റെ രക്തത്തില്‍ കുറെയെടുത്തു ശുദ്ധീകരിക്കപ്പെടേണ്ടവന്‍റെ വലതുകാതിന്‍റെ അറ്റത്തും വലതുകൈയുടെയും വലതുകാലിന്‍റെയും പെരുവിരലുകളിലും പുരട്ടണം. [26,27] പുരോഹിതന്‍ എണ്ണയില്‍ കുറച്ച് ഇടത്തെ ഉള്ളംകൈയില്‍ എടുത്തു വലതുകൈവിരല്‍ അതില്‍ മുക്കി സര്‍വേശ്വരസന്നിധിയില്‍ ഏഴു പ്രാവശ്യം തളിക്കണം. *** പുരോഹിതന്‍ ഇടതുകൈയിലെ എണ്ണയില്‍ കുറെ ശുദ്ധീകരിക്കപ്പെടേണ്ടവന്‍റെ വലതുകാതിന്‍റെ അറ്റത്തും വലതുകൈയുടെയും വലതുകാലിന്‍റെയും പെരുവിരലുകളിലും പുരട്ടിയിരുന്ന പ്രായശ്ചിത്തയാഗരക്തത്തിനു മീതെ പുരട്ടണം. ശേഷിക്കുന്ന എണ്ണ ശുദ്ധീകരിക്കപ്പെടേണ്ടവന്‍റെ തലയില്‍ ഒഴിച്ച് അവനുവേണ്ടി സര്‍വേശ്വരസന്നിധിയില്‍ പ്രായശ്ചിത്തം ചെയ്യണം. [30,31] പിന്നീട് ശുദ്ധീകരിക്കപ്പെടേണ്ടവന്‍റെ കഴിവനുസരിച്ചു കൊണ്ടുവന്ന പ്രാവിന്‍കുഞ്ഞുങ്ങളെയോ ചെങ്ങാലികളെയോ ഒന്ന് പാപപരിഹാരയാഗമായും മറ്റൊന്ന് ഹോമയാഗമായും ധാന്യവഴിപാടിനോടൊപ്പം അര്‍പ്പിക്കണം. അങ്ങനെ ശുദ്ധീകരിക്കപ്പെടേണ്ടവനുവേണ്ടി പുരോഹിതന്‍ പ്രായശ്ചിത്തം ചെയ്യണം. *** ഇതു ശുദ്ധീകരണത്തിനു നിശ്ചയിച്ചിരിക്കുന്ന വഴിപാടുകള്‍ അര്‍പ്പിക്കാന്‍ കഴിവില്ലാത്ത കുഷ്ഠരോഗിക്കുള്ള ചട്ടങ്ങളാണ്. സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കിയിരിക്കുന്ന കനാന്‍ദേശത്ത് നിങ്ങള്‍ പ്രവേശിച്ചു വാസമുറപ്പിച്ച ശേഷം നിങ്ങളുടെ ഏതെങ്കിലും വീടിനു ഞാന്‍ പൂപ്പല്‍രോഗം വരുത്തിയാല്‍, വീട്ടുടമസ്ഥന്‍ പുരോഹിതനെ സമീപിച്ച് തന്‍റെ വീടിന് എന്തോ രോഗബാധയുണ്ട് എന്നു പറയണം. വീട്ടിലുള്ളതെല്ലാം അശുദ്ധമായി പ്രഖ്യാപിക്കാതിരിക്കാന്‍ വീട് പരിശോധിക്കുന്നതിനുമുമ്പ് അവയെല്ലാം വീട്ടില്‍നിന്നു മാറ്റാന്‍ പുരോഹിതന്‍ കല്പിക്കണം. അതിനുശേഷം വീട് പരിശോധിക്കാന്‍ പുരോഹിതന്‍ ചെല്ലണം. [37,38] വീടു പരിശോധിക്കുമ്പോള്‍ ചുവരില്‍ പച്ചയോ ചുവപ്പോ നിറത്തില്‍ പൂപ്പല്‍ കാണുകയും അവ മറ്റു ഭാഗങ്ങളെക്കാള്‍ കുഴിഞ്ഞിരിക്കുകയും ചെയ്താല്‍ പുരോഹിതന്‍ വീട്ടില്‍നിന്നു പുറത്തിറങ്ങി അത് ഏഴു ദിവസത്തേക്കു പൂട്ടിയിടണം. *** ഏഴാം ദിവസം പുരോഹിതന്‍ വീണ്ടും പരിശോധിക്കുമ്പോള്‍ പൂപ്പല്‍ ചുവരില്‍ വ്യാപിച്ചിരിക്കുന്നതു കണ്ടാല്‍, അങ്ങനെയുള്ള കല്ലുകള്‍ ഇളക്കിയെടുത്ത് പട്ടണത്തിനു പുറത്തുള്ള അശുദ്ധസ്ഥലത്തേക്ക് എറിഞ്ഞുകളയാന്‍ കല്പിക്കണം. പിന്നീട് വീടിന്‍റെ അകം മുഴുവന്‍ ചുരണ്ടി ആ കുമ്മായം പട്ടണത്തിന്‍റെ പുറത്ത് അശുദ്ധവസ്തുക്കള്‍ക്കുള്ള സ്ഥലത്ത് കളയണം. കല്ല് ഇളക്കിയ സ്ഥാനത്ത് പുതിയ കല്ലുകള്‍ കെട്ടി ചുവര്‍ മുഴുവന്‍ വീണ്ടും കുമ്മായം പൂശണം. കല്ലുകള്‍ നീക്കുകയും ചുവര്‍ ചുരണ്ടുകയും വീണ്ടും തേക്കുകയും ചെയ്തശേഷം പൂപ്പല്‍ വീണ്ടും പ്രത്യക്ഷപ്പെട്ടാല്‍, പുരോഹിതന്‍ ആ വീട് പരിശോധിക്കണം. വീട്ടില്‍ പൂപ്പല്‍ വ്യാപിച്ചിരിക്കുന്നതു കണ്ടാല്‍ അതു മാറാത്ത പൂപ്പലാണ്. ആ വീട് അശുദ്ധമാണ്. അതു പൊളിച്ച് കല്ലും തടിയും കുമ്മായവും പട്ടണത്തിനു പുറത്ത് അശുദ്ധവസ്തുക്കള്‍ക്കുള്ള സ്ഥലത്ത് ഉപേക്ഷിക്കണം. ആ വീട് അടച്ചിട്ടിരുന്ന കാലത്ത് ആരെങ്കിലും അതില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ സൂര്യാസ്തമയംവരെ അശുദ്ധനായിരിക്കും. ആ വീട്ടില്‍ കിടന്നവനും അവിടെവച്ച് ഭക്ഷണം കഴിച്ചവനും വസ്ത്രം അലക്കി ശുദ്ധിവരുത്തണം. എന്നാല്‍ വീടിന്‍റെ ചുവരുകള്‍ വീണ്ടും കുമ്മായം പൂശിയശേഷം പരിശോധിക്കുമ്പോള്‍ പൂപ്പല്‍ വ്യാപിച്ചിട്ടില്ല എന്നു കണ്ടാല്‍ ആ വീട് ശുദ്ധമാണെന്നു പുരോഹിതന്‍ പ്രഖ്യാപിക്കണം. അത് പൂപ്പലില്‍നിന്നു വിമുക്തമായിരിക്കുന്നു. ആ വീടിന്‍റെ ശുദ്ധീകരണത്തിനായി ദേവദാരു, ചുവപ്പുചരട്, ഈസോപ്പുചില്ല എന്നിവയോടൊപ്പം രണ്ടു പക്ഷികളെയും കൊണ്ടുവരണം. പക്ഷികളില്‍ ഒന്നിനെ മണ്‍പാത്രത്തിലെടുത്ത ഉറവുവെള്ളത്തിനുമീതെ വച്ചു കൊല്ലണം. ദേവദാരു, ചുവപ്പുചരട്, ഈസോപ്പുചില്ല, ജീവനുള്ള പക്ഷി ഇവയെ ഒഴുക്കുനീരിനു മീതെ വച്ചു കൊന്ന പക്ഷിയുടെ രക്തത്തില്‍ മുക്കി വീടിന്മേല്‍ ഏഴു പ്രാവശ്യം തളിക്കണം. അങ്ങനെ അയാള്‍ പക്ഷിയുടെ രക്തം, ഉറവുജലം, ജീവനുള്ള പക്ഷി, ദേവദാരു, ഈസോപ്പുചില്ല, ചുവപ്പുചരട് എന്നിവകൊണ്ട് ആ വീടു ശുദ്ധീകരിക്കണം. പിന്നീട് ജീവനുള്ള പക്ഷിയെ പറപ്പിച്ചുവിടണം. ഇങ്ങനെ വീടിനുവേണ്ടി പ്രായശ്ചിത്തം ചെയ്യണം. അപ്പോള്‍ അതു ശുദ്ധമാകും. [54-56] കുഷ്ഠത്തിന്‍റെ തിണര്‍പ്പ്, ചിരങ്ങ്, നീര്, പാണ്ട്, വീക്കം, വസ്ത്രത്തിലെ കരിമ്പന്‍, വീടിന്‍റെ പൂപ്പല്‍ തുടങ്ങിയ പലതരം അശുദ്ധികളെ സംബന്ധിച്ച ചട്ടങ്ങളാണിവ. *** *** ഇവ എപ്പോഴാണ് ശുദ്ധം, എപ്പോഴാണ് അശുദ്ധം എന്ന് ഈ ചട്ടങ്ങള്‍ നിര്‍ണയിക്കുന്നു. സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ഇസ്രായേല്‍ജനത്തോടു പറയുക, ശുക്ലസ്രവമുള്ള പുരുഷന്‍ അശുദ്ധനാണ്. ഈ അശുദ്ധിയെ സംബന്ധിച്ച നിയമം ഇതാണ്. സ്രവം തുടര്‍ന്നാലും നിലച്ചാലും അത് അശുദ്ധിതന്നെ. അയാളുടെ കിടക്കയും ഇരിപ്പിടവും അശുദ്ധമാണ്. ആ കിടക്ക സ്പര്‍ശിക്കുന്നവന്‍ വസ്ത്രം അലക്കി കുളിച്ച് ശുദ്ധമാകണം. സൂര്യാസ്തമയംവരെ അയാള്‍ അശുദ്ധനായിരിക്കും. സ്രവമുള്ളയാള്‍ ഇരുന്നിടത്ത്, ഇരിക്കാനിടയാകുന്നവന്‍ വസ്ത്രം അലക്കി കുളിച്ചു ശുദ്ധമാകണം. അയാള്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. സ്രവമുള്ളവനെ തൊടുന്നവന്‍ വസ്ത്രം അലക്കി കുളിച്ചു ശുദ്ധമാകണം. സൂര്യാസ്തമയംവരെ അയാള്‍ അശുദ്ധനായിരിക്കും. സ്രവമുള്ളവന്‍ ആരെയെങ്കിലും തുപ്പിയാല്‍ അവനും വസ്ത്രം അലക്കി കുളിച്ചു ശുദ്ധമാകണം. സൂര്യാസ്തമയംവരെ അയാള്‍ അശുദ്ധനായിരിക്കും. സ്രവമുള്ളവന്‍ യാത്ര ചെയ്യാന്‍ ഉപയോഗിച്ച ജീനി അശുദ്ധമാണ്. അയാള്‍ ഇരുന്ന ഏതെങ്കിലും വസ്തു സ്പര്‍ശിക്കുന്നയാള്‍ സൂര്യാസ്തമയംവരെ അശുദ്ധനായിരിക്കും. അത് എടുക്കുന്നവനും വസ്ത്രം അലക്കി കുളിച്ച് ശുദ്ധമാകണം. സൂര്യാസ്തമയംവരെ അയാള്‍ അശുദ്ധനായിരിക്കും. സ്രവമുള്ളവന്‍ കൈ കഴുകാതെ ആരെയെങ്കിലും തൊട്ടാല്‍ അവനും വസ്ത്രം അലക്കി കുളിച്ച് ശുദ്ധമാകണം. സൂര്യാസ്തമയംവരെ അയാള്‍ അശുദ്ധനായിരിക്കും. സ്രവമുള്ളവന്‍ തൊടുന്ന മണ്‍പാത്രം ഉടച്ചുകളയുകയും, മരപ്പാത്രം വെള്ളത്തില്‍ കഴുകുകയും വേണം. സ്രവമുള്ളവന്‍ അതു നിന്നതിനുശേഷം ശുദ്ധീകരണത്തിനായി ഏഴു ദിവസം കാത്തിരിക്കണം; പിന്നെ വസ്ത്രം അലക്കി ഒഴുക്കുവെള്ളത്തില്‍ കുളിക്കണം. അപ്പോള്‍ അയാള്‍ ശുദ്ധനായിത്തീരും. എട്ടാം ദിവസം രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ സര്‍വേശ്വരസന്നിധിയില്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ കൊണ്ടുചെന്നു പുരോഹിതനെ ഏല്പിക്കണം. പുരോഹിതന്‍ അവയില്‍ ഒന്നിനെ പാപപരിഹാരയാഗമായും മറ്റതിനെ ഹോമയാഗമായും അര്‍പ്പിക്കണം. ഇങ്ങനെ സ്രവത്തില്‍നിന്നുള്ള അയാളുടെ ശുദ്ധീകരണത്തിനുവേണ്ടി സര്‍വേശ്വരസന്നിധിയില്‍ പ്രായശ്ചിത്തം ചെയ്യണം. ബീജസ്രവണം ഉണ്ടായവന്‍ ശരീരം മുഴുവന്‍ കഴുകി സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം. ബീജം വീണ വസ്ത്രവും തോലും വെള്ളത്തില്‍ കഴുകണം. അവ സന്ധ്യവരെ അശുദ്ധമായിരിക്കും. ഒരാള്‍ സ്‍ത്രീയോടൊപ്പം ശയിക്കുമ്പോള്‍ ബീജസ്രവണമുണ്ടായാല്‍ ഇരുവരും കുളിക്കുകയും സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കുകയും വേണം. മാസമുറ അനുസരിച്ച് ആര്‍ത്തവം ഉണ്ടാകുന്ന സ്‍ത്രീ ഏഴു ദിവസത്തേക്ക് അശുദ്ധയായിരിക്കും. അവളെ സ്പര്‍ശിക്കുന്നവന്‍ സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം. അശുദ്ധിയുടെ ദിനങ്ങളില്‍ അവള്‍ കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്ന ഏതു സാധനവും അശുദ്ധമായിരിക്കും. അവളുടെ കിടക്കയെ സ്പര്‍ശിക്കുന്നവന്‍ വസ്ത്രം അലക്കി കുളിച്ചശേഷം സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം. അവള്‍ ഇരുന്ന എന്തിലെങ്കിലും സ്പര്‍ശിക്കുന്നവന്‍ വസ്ത്രം അലക്കി കുളിച്ചശേഷം സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം. അവളുടെ കിടക്കയോ ഇരിപ്പിടമോ സ്പര്‍ശിക്കുന്നവര്‍ സൂര്യാസ്തമയംവരെ അശുദ്ധരായിരിക്കും. അശുദ്ധയായിരിക്കുന്നവളുടെ കൂടെ ശയിക്കുന്നയാള്‍ ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കും. അവന്‍ കിടക്കുന്ന കിടക്കകളും അശുദ്ധമായിരിക്കും. സ്‍ത്രീക്കു മാസമുറയല്ലാതെ അനേകം ദിവസങ്ങളിലേക്കു രക്തസ്രവം ഉണ്ടാകുകയോ, മാസമുറ ക്രമം വിട്ടു നീളുകയോ ചെയ്താല്‍ ഋതുകാലത്തെന്നപോലെ അവള്‍ അശുദ്ധയായിരിക്കും. രക്തസ്രവമുള്ള കാലത്തെല്ലാം ഋതുസമയത്തെപോലെ അവളുടെ കിടക്കയും ഇരിപ്പിടവും അശുദ്ധമായിരിക്കും. അവയെ സ്പര്‍ശിക്കുന്നവരെല്ലാം അശുദ്ധരായിത്തീരും. അവര്‍ വസ്ത്രം അലക്കി കുളിച്ചശേഷം സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം. രക്തസ്രവം നിന്നുകഴിഞ്ഞാലും അവള്‍ ഏഴു ദിവസം കൂടി കാത്തിരിക്കണം; അതിനുശേഷം ശുദ്ധയായിത്തീരും. എട്ടാം ദിവസം അവള്‍ രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ, തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ കൊണ്ടുപോയി പുരോഹിതനെ ഏല്പിക്കണം. പുരോഹിതന്‍ അവയില്‍ ഒന്നിനെ പാപപരിഹാരയാഗമായും മറ്റതിനെ ഹോമയാഗമായും അര്‍പ്പിക്കണം. ഇങ്ങനെ പുരോഹിതന്‍ അവളുടെ രക്തസ്രവംമൂലമുള്ള അശുദ്ധിക്കു സര്‍വേശ്വരസന്നിധിയില്‍ പ്രായശ്ചിത്തം ചെയ്യണം. ഇസ്രായേല്‍ജനത്തിന്‍റെ ഇടയിലുള്ള എന്‍റെ വിശുദ്ധനിവാസം അശുദ്ധമാക്കി ആ അശുദ്ധിയില്‍ അവര്‍ മരിക്കാതിരിക്കാന്‍ നിങ്ങള്‍ അവരെ അശുദ്ധിയില്‍നിന്ന് അകറ്റി നിര്‍ത്തണം. ശുക്ലസ്രവമോ, ബീജസ്ഖലനമോ മൂലം അശുദ്ധനായിത്തീരുന്നവനെ സംബന്ധിച്ചുള്ള ചട്ടങ്ങളാണിവ; മാസമുറ മൂലം അശുദ്ധയായവള്‍ക്കും സ്രവമുള്ള പുരുഷനും സ്‍ത്രീക്കും അശുദ്ധയായവളുടെ കൂടെ ശയിക്കുന്നവനുമുള്ള ചട്ടങ്ങള്‍ തന്നെ. അഹരോന്‍റെ രണ്ടു പുത്രന്മാര്‍ സര്‍വേശ്വരസന്നിധിയില്‍ പ്രവേശിച്ചതുമൂലം മരിച്ചു. ഈ സംഭവത്തിനു ശേഷം സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “നിന്‍റെ സഹോദരനായ അഹരോനോട് അവന്‍ മരിക്കാതിരിക്കേണ്ടതിനു തിരശ്ശീലയ്‍ക്കു പിന്നില്‍ പെട്ടകമിരിക്കുന്ന വിശുദ്ധസ്ഥലത്ത് എല്ലായ്പോഴും വരരുതെന്നു പറയുക. അവിടെയാണല്ലോ ഞാന്‍ മേഘത്തില്‍ പെട്ടകത്തിന്‍റെ മൂടിയുടെ മീതെ പ്രത്യക്ഷപ്പെടുന്നത്. പാപപരിഹാരയാഗത്തിനുള്ള കാളക്കുട്ടി, ഹോമയാഗത്തിനുള്ള മുട്ടാട് എന്നിവയോടുകൂടി അഹരോന് വിശുദ്ധസ്ഥലത്തു പ്രവേശിക്കാം. അവന്‍ കുളിച്ചുവന്ന് ലിനന്‍കൊണ്ടു നിര്‍മ്മിച്ച വിശുദ്ധഅങ്കി, കാല്‍ച്ചട്ട, അരക്കെട്ട്, തലപ്പാവ് എന്നിവ ധരിക്കണം. ഇവ വിശുദ്ധവസ്ത്രങ്ങളാണല്ലോ. പാപപരിഹാരയാഗത്തിനായി രണ്ട് ആണ്‍കോലാടുകളെയും ഹോമയാഗത്തിനായി ഒരു ആണ്‍ചെമ്മരിയാടിനെയും ഇസ്രായേല്‍സമൂഹത്തില്‍നിന്ന് അവന്‍ സ്വീകരിക്കണം. അഹരോന്‍ തന്‍റെ പാപങ്ങള്‍ക്കുള്ള പരിഹാരത്തിനായി കാളക്കുട്ടിയെ അര്‍പ്പിച്ച് തനിക്കും കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കണം. ആണ്‍കോലാടുകള്‍ രണ്ടിനെയും തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ സര്‍വേശ്വരസന്നിധിയില്‍ അഹരോന്‍ കൊണ്ടുവരണം. അവയില്‍ ഒന്നിനെ സര്‍വേശ്വരനും മറ്റതിനെ അസസേലിനും വേണ്ടി കുറിയിട്ടു വേര്‍തിരിക്കണം. സര്‍വേശ്വരനു കുറിവീണ ആടിനെ പാപപരിഹാരയാഗമായി അര്‍പ്പിക്കണം. എന്നാല്‍ അസസേലിനു കുറിവീണ ആടിനെ പ്രായശ്ചിത്തമായി സര്‍വേശ്വരസന്നിധിയില്‍ ജീവനോടെ സമര്‍പ്പിച്ചതിനു ശേഷം അസസേലിനായി വിജനദേശത്തേക്കു വിട്ടയയ്‍ക്കണം. അഹരോന്‍ കാളക്കുട്ടിയെ തനിക്കുവേണ്ടി പാപപരിഹാരയാഗമായി അര്‍പ്പിക്കണം; അങ്ങനെ തനിക്കും കുടുംബത്തിനും വേണ്ടി പ്രായശ്ചിത്തം ചെയ്യണം. പാപപരിഹാരയാഗമായി അതിനെ കൊല്ലണം. അവന്‍ സര്‍വേശ്വരസന്നിധിയില്‍ യാഗപീഠത്തിലുള്ള തീക്കനല്‍ ഒരു ധൂപകലശത്തില്‍ നിറച്ചതും രണ്ടുപിടി പൊടിച്ച കുന്തുരുക്കവുമായി തിരശ്ശീലയ്‍ക്കുള്ളിലെ മന്ദിരത്തില്‍ പ്രവേശിക്കണം. സര്‍വേശ്വരസന്നിധിയില്‍ വച്ച് അഹരോന്‍ ധൂപകലശത്തില്‍ കുന്തുരുക്കം ഇടണം. ധൂമപടലം ഉയര്‍ന്ന് സാക്ഷ്യപെട്ടകത്തിന്‍റെ മൂടി മറയ്‍ക്കട്ടെ. അങ്ങനെ ചെയ്താല്‍ അയാള്‍ മരിക്കയില്ല. കാളയുടെ രക്തത്തില്‍ കുറെയെടുത്തു കൈവിരല്‍കൊണ്ട് പെട്ടകത്തിന്‍റെ മൂടിയുടെ മുന്‍ഭാഗത്തു തളിക്കണം; പെട്ടകത്തിന്‍റെ മുമ്പിലും കൈവിരല്‍കൊണ്ട് ഏഴു പ്രാവശ്യം തളിക്കണം. പിന്നീട് അഹരോന്‍ ജനത്തിനുവേണ്ടി പാപപരിഹാരയാഗത്തിനുള്ള ആടിനെ കൊന്ന് അതിന്‍റെ രക്തം തിരശ്ശീലയ്‍ക്കുള്ളില്‍ കൊണ്ടുവരണം. കാളയുടെ രക്തം തളിച്ചതുപോലെ പെട്ടകത്തിന്‍റെ മൂടിയുടെ മീതെയും മുമ്പിലും തളിക്കണം. അങ്ങനെ ഇസ്രായേല്‍ജനത്തിന്‍റെ അശുദ്ധിയില്‍നിന്നും അവരുടെ സകല പാപത്തിനും കാരണമായ തിന്മകളില്‍നിന്നും വിശുദ്ധസ്ഥലത്തെ ശുദ്ധീകരിക്കാനുള്ള പ്രായശ്ചിത്തം ചെയ്യണം. അശുദ്ധിയുള്ള ജനത്തിന്‍റെ മധ്യേ ആയതിനാല്‍ തിരുസാന്നിധ്യകൂടാരത്തിനുവേണ്ടിയും അങ്ങനെ പ്രായശ്ചിത്തം ചെയ്യണം. അഹരോന്‍ തിരുസാന്നിധ്യകൂടാരത്തില്‍ പ്രവേശിക്കുന്നതുമുതല്‍ തനിക്കും കുടുംബത്തിനും ഇസ്രായേല്‍സമൂഹത്തിനുംവേണ്ടി പ്രായശ്ചിത്തം ചെയ്തു പുറത്തിറങ്ങുന്നതുവരെ തിരുസാന്നിധ്യകൂടാരത്തില്‍ ആരും ഉണ്ടായിരിക്കരുത്. പിന്നീട് അയാള്‍ യാഗപീഠത്തിന്‍റെ അടുക്കല്‍ സര്‍വേശ്വരസന്നിധിയില്‍ ചെന്ന് അതിനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം. കാളയുടെയും കോലാടിന്‍റെയും രക്തത്തില്‍ കുറെയെടുത്തു യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ ചുറ്റും പുരട്ടണം. കൈവിരല്‍കൊണ്ടു രക്തം ഏഴു പ്രാവശ്യം തളിച്ച് ഇസ്രായേല്‍ജനത്തിന്‍റെ അശുദ്ധിയില്‍നിന്ന് അതിനെ ശുചിയാക്കി പവിത്രീകരിക്കണം. വിശുദ്ധസ്ഥലത്തിനും തിരുസാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും വേണ്ടിയുള്ള പ്രായശ്ചിത്തം പൂര്‍ത്തിയാക്കിയ ശേഷം ജീവനുള്ള കോലാടിനെ കൊണ്ടുവരണം. അഹരോന്‍ രണ്ടു കൈകളും അതിന്‍റെ തലയില്‍ വച്ച് ഇസ്രായേല്‍ജനത്തിന്‍റെ സകല അകൃത്യങ്ങളും അതിക്രമങ്ങളും ഏറ്റുപറഞ്ഞ് അവ കോലാടിന്‍റെമേല്‍ ചുമത്തി തയ്യാറായി നില്‌ക്കുന്ന ആള്‍വശം അതിനെ വിജനപ്രദേശത്തേക്ക് അയയ്‍ക്കണം. ആ കോലാട് അവരുടെ അകൃത്യങ്ങള്‍ മുഴുവന്‍ വഹിച്ചുകൊണ്ടു വിജനസ്ഥലത്തേക്കു പോകണം. ആടിനെ കൊണ്ടുപോയ ആള്‍ അതിനെ വിജനസ്ഥലത്ത് ഉപേക്ഷിച്ചു മടങ്ങണം. അതിനുശേഷം അഹരോന്‍ തിരുസാന്നിധ്യകൂടാരത്തില്‍ ചെന്ന്, വിശുദ്ധസ്ഥലത്തു പ്രവേശിച്ചപ്പോള്‍ ധരിച്ചിരുന്ന ലിനന്‍വസ്ത്രങ്ങള്‍ അവിടെ അഴിച്ചുവയ്‍ക്കണം. വിശുദ്ധസ്ഥലത്തു വച്ചു വെള്ളംകൊണ്ടു ദേഹം കഴുകി സ്വന്തവസ്ത്രം ധരിച്ചു പുറത്തുവന്നു തനിക്കും ജനത്തിനും വേണ്ടി ഹോമയാഗം അര്‍പ്പിച്ച് പ്രായശ്ചിത്തം കഴിക്കണം. പാപപരിഹാരയാഗത്തിനുള്ള മൃഗത്തിന്‍റെ മേദസ്സു യാഗപീഠത്തില്‍ ദഹിപ്പിക്കണം. അസസേലിന്‍റെ അടുക്കലേക്കു കോലാടിനെ കൊണ്ടുപോയ ആള്‍ വസ്ത്രം അലക്കി കുളിച്ചശേഷമേ പാളയത്തില്‍ പ്രവേശിക്കാവൂ. വിശുദ്ധസ്ഥലത്തു പ്രായശ്ചിത്തം ചെയ്യുന്നതിനുവേണ്ടി കൊന്നു രക്തമെടുത്തു പാപപരിഹാരയാഗമൃഗങ്ങളായ കാളയെയും കോലാടിനെയും പാളയത്തിനു പുറത്തു കൊണ്ടുപോയി അവയുടെ തോലും മാംസവും ചാണകവും ദഹിപ്പിക്കണം. അവയെ ദഹിപ്പിക്കുന്നയാള്‍ വസ്ത്രം അലക്കി കുളിച്ചശേഷമേ പാളയത്തില്‍ പ്രവേശിക്കാവൂ. ഇവ നിങ്ങള്‍ പാലിക്കേണ്ട ശാശ്വതനിയമമായിരിക്കണം: ഏഴാം മാസത്തിന്‍റെ പത്താം ദിവസം നിങ്ങളോ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന വിദേശികളോ ഒരു ജോലിയും ചെയ്യരുത്. അന്നു നിങ്ങള്‍ ഉപവസിക്കണം. നിങ്ങള്‍ എല്ലാവരും എല്ലാ പാപങ്ങളില്‍നിന്നും മോചനം ലഭിച്ച് ദൈവസന്നിധിയില്‍ ശുദ്ധിയോടെ നില്‌ക്കാന്‍ പ്രായശ്ചിത്തം അനുഷ്ഠിക്കുന്ന ദിനമാണത്. ഉപവാസം അനുഷ്ഠിക്കേണ്ട അതിവിശുദ്ധ ശബത്താകുന്നു അന്ന്. ഈ ചട്ടങ്ങള്‍ നിങ്ങള്‍ എല്ലാക്കാലവും അനുസരിക്കണം. സ്വന്തപിതാവിന്‍റെ സ്ഥാനത്ത് അഭിഷിക്തനായി പ്രതിഷ്ഠിക്കപ്പെടുന്ന പുരോഹിതന്‍ വിശുദ്ധമായ ലിനന്‍വസ്ത്രം ധരിച്ചുകൊണ്ട് പ്രായശ്ചിത്തകര്‍മം നിര്‍വഹിക്കണം. വിശുദ്ധമന്ദിരത്തിനും തിരുസാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും പുരോഹിതന്മാര്‍ക്കും ഇസ്രായേല്‍സമൂഹത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കണം. ഇസ്രായേല്‍ജനത്തെ സകല പാപങ്ങളില്‍നിന്നും ശുദ്ധീകരിക്കുന്നതിനുവേണ്ടി ഇതു വര്‍ഷത്തില്‍ ഒരിക്കല്‍ അനുഷ്ഠിക്കണം. ഈ ചട്ടങ്ങള്‍ എല്ലാക്കാലത്തും അനുസരിക്കേണ്ടതാണ്. സര്‍വേശ്വരന്‍ കല്പിച്ചതുപോലെ മോശ പ്രവര്‍ത്തിച്ചു. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “അഹരോനോടും പുത്രന്മാരോടും ഇസ്രായേല്‍ജനത്തോടും ദൈവം ഇങ്ങനെ കല്പിക്കുന്നു എന്നു പറയുക: ഇസ്രായേല്യരില്‍ ആരെങ്കിലും യാഗമൃഗമായി അര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാളയെയോ ചെമ്മരിയാട്ടിന്‍കുട്ടിയെയോ കോലാടിനെയോ പാളയത്തിനു പുറത്തോ അകത്തോ വച്ചു കൊല്ലുകയും അതിനെ തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ തിരുനിവാസത്തിനു മുമ്പാകെ കൊണ്ടുവന്നു സര്‍വേശ്വരന് അര്‍പ്പിക്കാതിരിക്കുകയും ചെയ്താല്‍ അവന്‍റെമേല്‍ രക്തപാതകക്കുറ്റമുണ്ട്. രക്തംചൊരിഞ്ഞ അവനെ സമൂഹഭ്രഷ്ടനാക്കണം. ഇസ്രായേല്‍ജനം യാഗങ്ങള്‍ പുറത്തുവച്ചു നടത്താതെ തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ സര്‍വേശ്വരസന്നിധിയില്‍ പുരോഹിതന്‍റെ അടുത്തുകൊണ്ടുവന്നു സമാധാനയാഗമായി അര്‍പ്പിക്കാന്‍ വേണ്ടിയാണ് ഈ നിയമം. പുരോഹിതന്‍ അവയുടെ രക്തം തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കലുള്ള സര്‍വേശ്വരന്‍റെ യാഗപീഠത്തില്‍ തളിക്കുകയും മേദസ്സ് സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യമായി ദഹിപ്പിക്കുകയും വേണം. ഇസ്രായേല്‍ജനം പണ്ടത്തെപ്പോലെ ദൈവത്തോട് അവിശ്വസ്തത കാട്ടി ഭൂതങ്ങള്‍ക്ക് യാഗം അര്‍പ്പിക്കാതിരിക്കാനാണ് ഇത്. അവര്‍ പാലിക്കേണ്ട ശാശ്വതനിയമമാണിത്. ഇസ്രായേല്‍ജനത്തിലോ അവരുടെ ഇടയില്‍ പാര്‍ക്കുന്ന വിദേശികളിലോ ആരെങ്കിലും ഹോമയാഗമോ മറ്റു യാഗമോ അര്‍പ്പിക്കുമ്പോള്‍ അതു തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ കൊണ്ടുവന്നു സര്‍വേശ്വരന് അര്‍പ്പിക്കാതിരുന്നാല്‍ അവനെ സമൂഹഭ്രഷ്ടനാക്കണം. ഇസ്രായേല്‍ജനത്തിലോ അവരുടെ ഇടയിലെ വിദേശികളിലോ ആരെങ്കിലും രക്തം ഭക്ഷിച്ചാല്‍ ഞാന്‍ അവനെ ദ്വേഷിക്കും. സ്വന്തജനങ്ങളില്‍നിന്നു ഞാന്‍ അവനെ വിച്ഛേദിക്കും. ശരീരത്തിന്‍റെ ജീവന്‍ രക്തത്തിലാകുന്നു. അതുകൊണ്ട് യാഗപീഠത്തില്‍ അര്‍പ്പിച്ചു നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാന്‍ ഞാന്‍ അതു നല്‌കിയിരിക്കുന്നു. ജീവന്‍ അടങ്ങിയ രക്തമാണ് പാപപരിഹാരം ചെയ്യുന്നത്. അതുകൊണ്ട് എന്‍റെ കല്പന ഇതാണ്: ഇസ്രായേല്‍ജനത്തിലോ അവരുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശികളിലോ ആരും രക്തം ഭക്ഷിക്കരുത്. ഇസ്രായേല്‍ജനത്തിലോ അവരുടെ ഇടയിലെ പരദേശികളിലോ ആരെങ്കിലും ഭക്ഷ്യയോഗ്യമായ മൃഗത്തെയോ പക്ഷിയെയോ വേട്ടയാടി പിടിച്ചാല്‍ അതിന്‍റെ രക്തം ചോര്‍ത്തിക്കളഞ്ഞ് മണ്ണിട്ടു മൂടണം. ജീവികളുടെ ജീവന്‍ അവയുടെ രക്തത്തിലാകയാലാണ് ഒന്നിന്‍റെയും രക്തം ഭക്ഷിക്കരുത് എന്ന് ഇസ്രായേല്‍ജനത്തോടു ഞാന്‍ കല്പിച്ചത്. അതു ഭക്ഷിക്കുന്നവനെ സമൂഹഭ്രഷ്ടനാക്കണം. താനേ ചത്തതോ മറ്റു മൃഗങ്ങള്‍ കടിച്ചു കീറിയതോ ആയ ജീവികളെ ഭക്ഷിക്കുന്നവന്‍ സ്വദേശി ആയാലും പരദേശി ആയാലും വസ്ത്രം അലക്കി കുളിച്ചശേഷം സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം. അതിനുശേഷം അവന്‍ ശുദ്ധനാകും. വസ്ത്രം അലക്കി കുളിക്കാതെയിരുന്നാല്‍ അവന്‍ കുറ്റക്കാരനായിരിക്കും. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: ഇസ്രായേല്‍ജനത്തോടു പറയുക. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ആകുന്നു. നിങ്ങള്‍ വസിച്ചിരുന്ന ഈജിപ്തിലെ ജനങ്ങളെപ്പോലെയോ, ഞാന്‍ നിങ്ങളെ ആനയിക്കുന്ന കനാനിലെ ജനങ്ങളെപ്പോലെയോ നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. അവരുടെ പ്രമാണങ്ങള്‍ക്കൊത്ത് ജീവിക്കയുമരുത്. എന്‍റെ പ്രമാണങ്ങളും ചട്ടങ്ങളും അനുസരിച്ച് നിങ്ങള്‍ ജീവിക്കണം. ഞാനാകുന്നു നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍. നിങ്ങള്‍ എന്‍റെ ചട്ടങ്ങളും പ്രമാണങ്ങളും അനുസരിക്കണം. അങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ അവയാല്‍ ജീവിക്കും. ഞാന്‍ സര്‍വേശ്വരനാകുന്നു. നിങ്ങളില്‍ ആരും രക്തബന്ധമുള്ളവരോടൊത്ത് ശയിക്കരുത്. ആരും പിതാവിനെ പ്രാപിക്കരുത്. അത് മാതാവിനെ അപമാനിക്കലാണ്. നിങ്ങളില്‍ ആരും മാതാവിനെ പ്രാപിക്കരുത്; അവള്‍ മാതാവാണല്ലോ. പിതാവിന്‍റെ ഭാര്യയെ പ്രാപിക്കരുത്. അതു പിതാവിനെ അപമാനിക്കലാണ്. സ്വന്തസഹോദരിയെയോ, പിതൃവഴിക്കോ, മാതൃവഴിക്കോ ഉള്ള സഹോദരിയെയോ പ്രാപിക്കരുത്; അവള്‍ സ്വന്തകുടുംബത്തിലോ, അന്യകുടുംബത്തിലോ ജനിച്ചതായാലും അരുത്. നിങ്ങളുടെ പുത്രന്‍റെയോ, പുത്രിയുടെയോ മകളെ പ്രാപിക്കരുത്. അതു നിങ്ങളെത്തന്നെ അപമാനിക്കലാണ്. പിതാവിന് നിന്‍റെ രണ്ടാനമ്മയില്‍ ജനിച്ച മകളുമായും ബന്ധം അരുത്. അവള്‍ നിന്‍റെ സഹോദരി തന്നെ. പിതൃസഹോദരിയെ പ്രാപിക്കരുത്. അവള്‍ നിന്‍റെ പിതാവിന്‍റെ അടുത്ത ബന്ധു ആകുന്നു. അമ്മയുടെ സഹോദരിയുമായും പാടില്ല, അവള്‍ നിന്‍റെ അമ്മയുടെ ഉറ്റ ബന്ധുവാകുന്നു. പിതൃസഹോദരന്‍റെ ഭാര്യയെ പ്രാപിച്ച് അയാള്‍ക്ക് അപമാനം വരുത്തരുത്, അവള്‍ നിന്‍റെ ഇളയമ്മയാകുന്നു. നിന്‍റെ പുത്രഭാര്യയുമായി ബന്ധം അരുത്. അവള്‍ നിന്‍റെ മകന്‍റെ ഭാര്യയാണല്ലോ. അവളെ അപമാനിക്കരുത്. നിന്‍റെ സഹോദരന്‍റെ ഭാര്യയെ പ്രാപിക്കരുത്. അതു നിന്‍റെ സഹോദരനെ അപമാനിക്കലാണ്. ഒരു സ്‍ത്രീയെയും അവളുടെ മകളെയും നീ പ്രാപിക്കരുത്. അവളുടെ ദൗഹിത്രിയും നിനക്ക് അഭിഗമ്യയല്ല; അത് അധര്‍മമാകുന്നു. അവര്‍ അടുത്ത ചാര്‍ച്ചക്കാരാണ്. ഭാര്യ ജീവിച്ചിരിക്കെ അവളുടെ സഹോദരിയെ പത്നിയായി സ്വീകരിക്കരുത്. അത് അവളെ വേദനിപ്പിക്കും. മാസമുറയാല്‍ അശുദ്ധയായിരിക്കുന്ന സ്‍ത്രീയെ പ്രാപിക്കരുത്. അയല്‍ക്കാരന്‍റെ ഭാര്യയെ പ്രാപിച്ച് സ്വയം അശുദ്ധി വരുത്തരുത്. നിന്‍റെ സന്തതികളില്‍ ആരെയെങ്കിലും മോലെക്കിനു യാഗമായി അര്‍പ്പിച്ച് നിന്‍റെ ദൈവത്തിന്‍റെ നാമത്തെ നിന്ദിക്കരുത്. ഞാന്‍ സര്‍വേശ്വരനാകുന്നു. സ്‍ത്രീയുടെകൂടെ എന്നപോലെ പുരുഷനോടൊത്തു ശയിക്കരുത്. അത് മ്ലേച്ഛമാകുന്നു. മൃഗത്തെ പ്രാപിച്ച് സ്വയം അശുദ്ധനാകരുത്. മൃഗവേഴ്ച സ്‍ത്രീക്കും നിഷിദ്ധമാണ്. അതു രതിവൈകൃതമാണ്. ഇവയില്‍ ഒന്നിനാലും സ്വയം അശുദ്ധി വരുത്തരുത്. നിങ്ങളുടെ മുമ്പില്‍നിന്ന് ഞാന്‍ ഓടിച്ചുകളയുന്ന ജനതകള്‍ ഇവയാല്‍ അശുദ്ധരായിത്തീര്‍ന്നവരാണ്. ആ ദേശവും അശുദ്ധമാണ്. അകൃത്യങ്ങള്‍ നിമിത്തം ഞാന്‍ അവരെ ശിക്ഷിച്ചു. ആ നാട് അതിലെ നിവാസികളെ പുറന്തള്ളി. നിങ്ങളും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശികളും എന്‍റെ ചട്ടങ്ങളും പ്രമാണങ്ങളും അനുസരിക്കണം. ഇത്തരം മ്ലേച്ഛതകള്‍ പ്രവര്‍ത്തിക്കരുത്. ഈ സ്ഥലത്തു നിങ്ങള്‍ക്കു മുമ്പ് ഉണ്ടായിരുന്നവര്‍ ഈവക പ്രവൃത്തികള്‍ ചെയ്തതിന്‍റെ ഫലമായി ദേശം അശുദ്ധമായിത്തീര്‍ന്നു. നിങ്ങളും അങ്ങനെ ചെയ്ത് മുമ്പു ജീവിച്ചിരുന്ന ജനതകള്‍ തിരസ്കരിക്കപ്പെട്ടതുപോലെ തിരസ്കരിക്കപ്പെടാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. ഈ മ്ലേച്ഛതകളില്‍ ഏതെങ്കിലും പ്രവര്‍ത്തിക്കുന്നവരെ നിങ്ങളുടെ ഇടയില്‍നിന്നു ബഹിഷ്കരിക്കണം. നിങ്ങള്‍ക്കു മുമ്പു ജീവിച്ചിരുന്നവര്‍ ചെയ്ത മ്ലേച്ഛതകള്‍ പ്രവര്‍ത്തിച്ച് അശുദ്ധരാകാതിരിക്കാന്‍ എന്‍റെ കല്പനകള്‍ പാലിക്കുക; ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.” സര്‍വേശ്വരന്‍ മോശയോടരുളിച്ചെയ്തു: “ഇസ്രായേല്‍ജനത്തിന്‍റെ സര്‍വസഭയോടും പറയുക, നിങ്ങളുടെ ദൈവവും സര്‍വേശ്വരനുമായ ഞാന്‍ വിശുദ്ധനായതുകൊണ്ടു നിങ്ങളും വിശുദ്ധരായിരിക്കണം. നിങ്ങള്‍ ഓരോരുത്തനും സ്വന്തം മാതാവിനെയും പിതാവിനെയും ബഹുമാനിക്കണം. എന്‍റെ ശബത്തുകള്‍ ആചരിക്കണം. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു. വിഗ്രഹങ്ങളെ ആരാധിക്കരുത്; നിങ്ങള്‍ക്കുവേണ്ടി ദേവന്മാരെ വാര്‍ത്തുണ്ടാക്കരുത്. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു. സര്‍വേശ്വരന് സമാധാനയാഗം അര്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ സ്വീകാര്യമാകുംവിധം അത് അര്‍പ്പിക്കണം. അര്‍പ്പിക്കുന്ന ദിവസമോ, അടുത്ത ദിവസമോ അതു ഭക്ഷിക്കണം. മൂന്നാം ദിവസത്തേക്കു ശേഷിക്കുന്നതു ദഹിപ്പിച്ചുകളയണം. ശേഷിച്ചതു മൂന്നാം ദിവസം ഭക്ഷിക്കുന്നത് നിന്ദ്യമാകുന്നു. അത് സ്വീകാര്യമല്ല. അതു ഭക്ഷിക്കുന്നവന്‍ സര്‍വേശ്വരനു വിശുദ്ധമായതിനെ നിന്ദിച്ചതിനാല്‍ കുറ്റവാളിയാണ്. ജനത്തില്‍നിന്ന് അവന്‍ ബഹിഷ്കരിക്കപ്പെടണം. നിലം കൊയ്യുമ്പോള്‍ അതിരു തീര്‍ത്തു കൊയ്യരുത്; കാലാ പെറുക്കുകയുമരുത്. മുന്തിരിത്തോട്ടത്തിലെ വിളവെടുക്കുമ്പോള്‍ അവസാനത്തെ മുന്തിരിക്കുലവരെയും പറിച്ചെടുക്കരുത്. കൊഴിഞ്ഞു വീണത് പെറുക്കുകയുമരുത്. ദരിദ്രര്‍ക്കും പരദേശികള്‍ക്കുമായി അവ ഉപേക്ഷിക്കണം. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു. മോഷ്‍ടിക്കരുത്; വഞ്ചിക്കരുത്; അന്യോന്യം കള്ളം പറയുകയും അരുത്. നിങ്ങള്‍ സത്യവിരുദ്ധമായി എന്‍റെ നാമത്തില്‍ പ്രതിജ്ഞ ചെയ്ത് നിങ്ങളുടെ ദൈവത്തിന്‍റെ നാമം നിന്ദ്യമാക്കരുത്. ഞാന്‍ സര്‍വേശ്വരനാകുന്നു. നിന്‍റെ അയല്‍ക്കാരനെ പീഡിപ്പിക്കുകയോ കവര്‍ച്ച ചെയ്യുകയോ അരുത്. കൂലിക്കാരന്‍റെ കൂലി കൊടുക്കാന്‍ പിറ്റന്നാള്‍ വരെ കാത്തിരിക്കരുത്. ബധിരനെ ശപിക്കരുത്; അന്ധന്‍റെ വഴിയില്‍ തടസ്സം വയ്‍ക്കരുത്. നിങ്ങളുടെ ദൈവത്തെ ഭയപ്പെടുക. ഞാന്‍ സര്‍വേശ്വരനാകുന്നു. അനീതിയായി വിധിക്കരുത്; ദരിദ്രന്‍റെ പക്ഷം പിടിക്കുകയോ, ധനവാനു കീഴ്വഴങ്ങുകയോ ചെയ്യാതെ അയല്‍ക്കാരനു നീതി നടത്തിക്കൊടുക്കുക. ഏഷണി പറഞ്ഞു നടക്കരുത്. അയല്‍ക്കാരന്‍റെ ജീവന്‍ അപകടത്തിലാക്കുകയും അരുത്. ഞാന്‍ സര്‍വേശ്വരനാകുന്നു. സഹോദരനെ ഹൃദയംകൊണ്ടു വെറുക്കരുത്. അയല്‍ക്കാരന്‍റെ പാപം നിന്‍റെമേല്‍ വരാതിരിക്കാന്‍ അവന്‍റെ തെറ്റ് അവനെ ബോധ്യപ്പെടുത്തണം. അല്ലെങ്കില്‍ അതിന്‍റെ പാപം നിന്‍റെമേലായിരിക്കും. സ്വന്തജനത്തോടു പകരം വീട്ടുകയോ പക വച്ചുപുലര്‍ത്തുകയോ അരുത്. അയല്‍ക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക. ഞാന്‍ സര്‍വേശ്വരനാകുന്നു. എന്‍റെ കല്പനകള്‍ നിങ്ങള്‍ അനുസരിക്കണം. നിങ്ങളുടെ കന്നുകാലികളെ മറ്റിനം മൃഗങ്ങളുമായി ഇണചേര്‍ക്കരുത്. നിലത്തില്‍ രണ്ടു തരം വിത്തു വിതയ്‍ക്കരുത്. രണ്ടു തരം തുണികൊണ്ടുള്ള വസ്ത്രം ധരിക്കരുത്. ഒരുവനുമായി വിവാഹനിശ്ചയം കഴിഞ്ഞിട്ടുള്ളവളും എന്നാല്‍ വീണ്ടെടുക്കപ്പെടുകയോ, സ്വതന്ത്രയാക്കപ്പെടുകയോ ചെയ്തിട്ടില്ലാത്തവളുമായ അടിമയെ ഒരുവന്‍ പ്രാപിച്ചാല്‍ അവരെ വിചാരണ ചെയ്തു ശിക്ഷിക്കണം. എന്നാല്‍ അവള്‍ അസ്വതന്ത്രയാകയാല്‍ അവര്‍ക്കു വധശിക്ഷ നല്‌കരുത്. അവന്‍ സര്‍വേശ്വരനു പ്രായശ്ചിത്തയാഗമായി തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ ഒരു ആണാടിനെ കൊണ്ടുവരണം. പുരോഹിതന്‍ സര്‍വേശ്വരസന്നിധിയില്‍ പാപപരിഹാരയാഗത്തിനുള്ള ആടിനെ അര്‍പ്പിച്ച് അവനുവേണ്ടി പ്രായശ്ചിത്തം ചെയ്യുമ്പോള്‍ അവന്‍റെ പാപം ക്ഷമിക്കപ്പെടും. നിങ്ങള്‍ കനാന്‍ദേശത്തു ചെന്ന് എല്ലാത്തരം ഫലവൃക്ഷങ്ങളും നട്ടു പിടിപ്പിക്കുമ്പോള്‍ മൂന്നു വര്‍ഷത്തേക്ക് അവയുടെ ഫലം വിലപ്പെട്ടതായി കരുതണം; അവ ഭക്ഷിക്കരുത്. നാലാം വര്‍ഷത്തെ ഫലം നന്ദിസൂചകമായി സര്‍വേശ്വരനു സമര്‍പ്പിക്കണം. അഞ്ചാം വര്‍ഷം അവയുടെ ഫലം നിങ്ങള്‍ക്കു ഭക്ഷിക്കാം. നിങ്ങള്‍ക്ക് സമൃദ്ധമായ വിളവു ലഭിക്കും. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു. രക്തത്തോടുകൂടി മാംസം ഭക്ഷിക്കരുത്. ശകുനം നോക്കരുത്. മന്ത്രവാദം ചെയ്യരുത്. നിങ്ങളുടെ തലമുടി ചുറ്റും വടിക്കരുത്. താടിമീശയുടെ അഗ്രം മുറിക്കരുത്. മരിച്ചവനുവേണ്ടി നിങ്ങളുടെ ശരീരത്തില്‍ മുറിവുണ്ടാക്കരുത്. പച്ച കുത്തരുത്. ഞാന്‍ സര്‍വേശ്വരനാകുന്നു. നിങ്ങളുടെ പുത്രിമാരെ വേശ്യാവൃത്തിക്കു വിടരുത്. അങ്ങനെ ചെയ്താല്‍ ദേശം വേശ്യാവൃത്തികൊണ്ട് അശുദ്ധമായി അധര്‍മം നിറയും. എന്‍റെ ശബത്തുകള്‍ ആചരിക്കുകയും വിശുദ്ധമന്ദിരത്തോട് ആദരം കാണിക്കുകയും ചെയ്യുവിന്‍. ഞാന്‍ സര്‍വേശ്വരനാകുന്നു. വെളിച്ചപ്പാടുകളുടെയോ, മന്ത്രവാദികളുടെയോ അടുത്തുപോയി നിങ്ങളെത്തന്നെ അശുദ്ധരാക്കുകയും അവരുടെ ഉപദേശം തേടുകയും അരുത്. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു. പ്രായം ചെന്നു തല നരച്ചവരുടെ മുമ്പില്‍ എഴുന്നേറ്റു നിന്ന് ആദരം കാണിക്കണം. നിന്‍റെ ദൈവത്തെ ഭയപ്പെടുക; ഞാന്‍ സര്‍വേശ്വരനാകുന്നു. നിങ്ങളുടെ ദേശത്തു പാര്‍ക്കുന്ന പരദേശിയെ ദ്രോഹിക്കരുത്. അവനെ സ്വദേശിയെപ്പോലെ കരുതി നിന്നെപ്പോലെതന്നെ സ്നേഹിക്കുക. നിങ്ങളും ഈജിപ്തില്‍ പരദേശികളായിരുന്നുവല്ലോ. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു. വിധിയിലും അളവിലും തൂക്കത്തിലും അന്യായം കാണിക്കരുത്. ശരിയായ തുലാസും കട്ടിയും അളവുകളും ഉപയോഗിക്കണം. നിങ്ങളെ ഈജിപ്തില്‍നിന്നു വിമോചിപ്പിച്ചുകൊണ്ടുവന്ന ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു. എന്‍റെ എല്ലാ ചട്ടങ്ങളും പ്രമാണങ്ങളും നിങ്ങള്‍ പാലിക്കണം; ഞാന്‍ സര്‍വേശ്വരനാകുന്നു”. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്‍ജനത്തോടു പറയുക, ഇസ്രായേല്‍ജനത്തിലോ അവരുടെ ഇടയില്‍ താമസിക്കുന്ന പരദേശികളിലോ ആരെങ്കിലും തന്‍റെ കുട്ടിയെ മോലേക്കിനു ബലിയര്‍പ്പിച്ചാല്‍ അവന്‍ വധശിക്ഷയ്‍ക്ക് അര്‍ഹനാണ്. ദേശവാസികള്‍ അവനെ കല്ലെറിഞ്ഞു കൊല്ലണം. എന്‍റെ മന്ദിരവും വിശുദ്ധനാമവും അശുദ്ധമാക്കിക്കൊണ്ട് മോലേക്കിനു തന്‍റെ മക്കളെ ബലിയര്‍പ്പിക്കുന്നവനെ ഞാന്‍ ദ്വേഷിക്കുന്നു; അവനെ ഞാന്‍ സമൂഹത്തില്‍നിന്നു ബഹിഷ്കരിക്കും. അവന്‍റെ തെറ്റ് കണ്ടില്ലെന്നു നടിച്ച് ജനം അവനെ വധിക്കാതിരുന്നാല്‍ അവനെയും അവന്‍റെ കുടുംബത്തെയും ഞാന്‍ ദ്വേഷിക്കും. അവനോടുകൂടെ മോലേക്കിനെ ആരാധിച്ച് എന്നോട് അവിശ്വസ്തത കാണിച്ച എല്ലാവര്‍ക്കും എതിരായി ഞാന്‍ മുഖം തിരിച്ചു സ്വന്തജനത്തിന്‍റെ ഇടയില്‍നിന്ന് അവരെ ബഹിഷ്കരിക്കും. വെളിച്ചപ്പാടുകളുടെയും മന്ത്രവാദികളുടെയും പിന്നാലെ പോയി അവിശ്വസ്തത കാണിക്കുന്നവനെ ഞാന്‍ ദ്വേഷിക്കുന്നു. അവനെ ഞാന്‍ സമൂഹഭ്രഷ്ടനാക്കും. അതിനാല്‍ നിങ്ങള്‍ സ്വയം ശുദ്ധീകരിച്ചു വിശുദ്ധരാകുവിന്‍. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു. എന്‍റെ ചട്ടങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുക. ഞാനാണു നിങ്ങളെ ശുദ്ധീകരിക്കുന്ന സര്‍വേശ്വരന്‍. മാതാപിതാക്കളെ ശപിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കണം. തന്‍റെ മരണത്തിന് അവന്‍തന്നെ ഉത്തരവാദി. ഒരുവന്‍ തന്‍റെ അയല്‍ക്കാരന്‍റെ ഭാര്യയുമൊത്തു ശയിച്ചാല്‍ ഇരുവരും വധിക്കപ്പെടണം. പിതൃപത്നിയുമൊത്തു ശയിക്കുന്നവന്‍ പിതാവിനെ അപമാനിക്കുകയാണ്. അവര്‍ രണ്ടു പേരും വധിക്കപ്പെടണം. അവര്‍ തന്നെ അതിന് ഉത്തരവാദികള്‍. ഒരാള്‍ മകന്‍റെ ഭാര്യയുമൊത്തു ശയിച്ചാല്‍ ഇരുവരും വധിക്കപ്പെടണം. അവര്‍ നിന്ദ്യബന്ധത്തില്‍ ഏര്‍പ്പെട്ടുവല്ലോ. അവര്‍ തന്നെ തങ്ങളുടെ വധശിക്ഷയ്‍ക്ക് ഉത്തരവാദികള്‍. സ്‍ത്രീയോടെന്നപോലെ പുരുഷനുമായി ഒരുവന്‍ ശയിച്ചാല്‍ അത് നിന്ദ്യമാണ്. രണ്ടു പേരെയും വധിക്കണം. അവര്‍ തന്നെ ശിക്ഷയ്‍ക്ക് ഉത്തരവാദികള്‍. ഒരുവന്‍ ഭാര്യയോടൊപ്പം ഭാര്യാമാതാവിനെയും പരിഗ്രഹിച്ചാല്‍ അതു നിന്ദ്യമാകുന്നു. നിങ്ങളുടെ ഇടയില്‍ ഇത്തരം ദുഷ്കര്‍മം ഇല്ലാതാകാന്‍ അവര്‍ മൂന്നു പേരെയും ദഹിപ്പിച്ചുകളയണം. മൃഗത്തെ പ്രാപിക്കുന്നവനെ വധിക്കണം. ആ മൃഗത്തെയും കൊല്ലണം. മൃഗത്തെ പ്രാപിക്കുന്ന സ്‍ത്രീയെയും ആ മൃഗത്തെയും കൊന്നുകളയണം. തങ്ങളുടെ മരണത്തിനുത്തരവാദികള്‍ അവര്‍ തന്നെ. മാതാവിന്‍റെയോ പിതാവിന്‍റെയോ മകളായ സഹോദരിയെ പ്രാപിച്ചു പരസ്പരം നഗ്നത കാണുന്നത് നികൃഷ്ടമാണ്. സ്വന്തജനം കാണ്‍കെ അവരെ സംഹരിക്കണം. അവന്‍ സഹോദരിയെ അപമാനിച്ചതിനാല്‍ ശിക്ഷ അനുഭവിക്കണം. ഒരുവന്‍ ഋതുവായ സ്‍ത്രീയോടുകൂടി ശയിച്ചാല്‍ അവര്‍ ശുദ്ധീകരണനിയമം ലംഘിച്ചതുകൊണ്ട് ഇരുവര്‍ക്കും ഭ്രഷ്ടു കല്പിക്കണം. പിതൃസഹോദരിയെയോ മാതൃസഹോദരിയെയോ പ്രാപിച്ചാല്‍ അവര്‍ ഉറ്റ ബന്ധുക്കളാകയാല്‍ ഇരുവരും ശിക്ഷാര്‍ഹരാണ്. പിതൃസഹോദരന്‍റെയോ മാതൃസഹോദരന്‍റെയോ ഭാര്യയെ പ്രാപിച്ചാല്‍ അവര്‍ രണ്ടു പേരും കുറ്റവാളികളാണ്. അവര്‍ സന്തതിയില്ലാതെ മരിക്കണം. സഹോദരന്‍റെ ഭാര്യയെ പ്രാപിക്കുന്നത് അവിശുദ്ധമാണ്; അതു സഹോദരനെ അപമാനിക്കലാണ്. അവരും സന്തതിയില്ലാതെ മരിക്കണം. ഞാന്‍ നിങ്ങളെ ആനയിച്ച് അധിവസിപ്പിക്കുന്ന ദേശത്തുനിന്നു നിങ്ങള്‍ ബഹിഷ്കൃതരാകാതെയിരിക്കാന്‍ എന്‍റെ എല്ലാ ചട്ടങ്ങളും കല്പനകളും അനുസരിച്ചു പ്രവര്‍ത്തിക്കുക. ഞാന്‍ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയുന്ന ദേശക്കാരുടെ ചട്ടങ്ങള്‍ നിങ്ങള്‍ അനുസരിക്കരുത്. അവര്‍ പാലിച്ച ചട്ടങ്ങളെപ്രതി ഞാന്‍ അവരെ വെറുക്കുന്നു. അവരുടെ ദേശം നിങ്ങള്‍ കൈവശമാക്കുമെന്നും പാലും തേനും ഒഴുകുന്ന ആ ദേശം നിങ്ങള്‍ക്ക് അവകാശമായി നല്‌കുമെന്നും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ. ഇതര ജനതകളില്‍നിന്നു നിങ്ങളെ വേര്‍തിരിച്ച നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഞാനാകുന്നു. അതുകൊണ്ട് ശുദ്ധവും അശുദ്ധവുമായ മൃഗങ്ങളെയും, ശുദ്ധവും അശുദ്ധവുമായ പക്ഷികളെയും നിങ്ങള്‍ വിവേചിക്കണം. അശുദ്ധമായ പക്ഷികള്‍, മൃഗങ്ങള്‍, ഇഴജന്തുക്കള്‍ എന്നിവയാല്‍ നിങ്ങളെത്തന്നേ അറപ്പാക്കരുത്. എന്‍റെ സ്വന്ത ജനമായിരിക്കാന്‍വേണ്ടി ഇതര ജനതകളില്‍നിന്നു നിങ്ങളെ വേര്‍തിരിക്കുന്ന സര്‍വേശ്വരനായ ഞാന്‍ വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധരായിരിക്കുക. വെളിച്ചപ്പാടുകളോ, മന്ത്രവാദികളോ ആയ സ്‍ത്രീപുരുഷന്മാര്‍ വധിക്കപ്പെടണം. നിങ്ങള്‍ അവരെ കല്ലെറിഞ്ഞു കൊല്ലണം. അവരുടെ മരണത്തിനുത്തരവാദികള്‍ അവര്‍ തന്നെയാണ്. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയുക: ഏറ്റവും അടുത്ത ചാര്‍ച്ചക്കാരായ മാതാവ്, പിതാവ്, പുത്രന്‍, പുത്രി, സഹോദരന്‍, അവിവാഹിതയായ സഹോദരി എന്നിവരൊഴികെ ആരുടെയും മൃതശരീരത്തെ സ്പര്‍ശിച്ചു നിങ്ങള്‍ അശുദ്ധരാകരുത്. ജനത്തിനു നായകനായ അവന്‍ അശുദ്ധനാകരുതല്ലോ. പുരോഹിതന്മാര്‍ ദുഃഖസൂചകമായി തല മുണ്ഡനം ചെയ്യുകയോ താടിയുടെ അരികു വടിക്കുകയോ ശരീരത്തില്‍ മുറിവുണ്ടാക്കുകയോ ചെയ്യരുത്. ദൈവത്തിന്‍റെ നാമം അശുദ്ധമാക്കാതെ, അവര്‍ തങ്ങളുടെ ദൈവത്തിനുവേണ്ടി വിശുദ്ധരായിരിക്കണം. അവരാണല്ലോ സര്‍വേശ്വരനു ദഹനയാഗങ്ങളും കാഴ്ചയപ്പങ്ങളും അര്‍പ്പിക്കുന്നത്. പുരോഹിതന്‍ ദൈവത്തിനു വിശുദ്ധനായതിനാല്‍ വേശ്യയെയോ, അശുദ്ധി വന്നവളെയോ, പരിത്യക്തയെയോ വിവാഹം ചെയ്യരുത്. നിന്‍റെ ദൈവത്തിനു കാഴ്ചയപ്പം അര്‍പ്പിക്കുന്നവനായതുകൊണ്ട് പുരോഹിതനെ വിശുദ്ധീകരിച്ചു വേര്‍തിരിക്കണം. അവന്‍ നിങ്ങള്‍ക്കുവേണ്ടിയും വിശുദ്ധനായിരിക്കണം. നിങ്ങളെ വിശുദ്ധീകരിക്കുന്ന സര്‍വേശ്വരനായ ഞാന്‍ വിശുദ്ധനാകുന്നു. പുരോഹിതപുത്രി വേശ്യാവൃത്തിയിലേര്‍പ്പെട്ടാല്‍ അവള്‍ പിതാവിനെയും അശുദ്ധനാക്കുകയാണ്. അവളെ ദഹിപ്പിച്ചുകളയണം. അഭിഷേകതൈലം തലയില്‍ വീണിട്ടുള്ളവനും പൗരോഹിത്യവസ്ത്രം ധരിക്കുന്നതിനു പ്രതിഷ്ഠിക്കപ്പെട്ടവനുമായ മഹാപുരോഹിതന്‍ തലമുടി കോതാതെ വൃത്തികേടായി ഇടരുത്; വസ്ത്രം കീറുകയും അരുത്. പിതാവിന്‍റെയോ മാതാവിന്‍റെയോ ആയാല്‍പോലും മൃതശരീരത്തെ സമീപിച്ച് അവന്‍ അശുദ്ധനാകരുത്. പുരോഹിതന്‍ വിശുദ്ധമന്ദിരത്തിനു പുറത്തു പോകുകയോ തന്‍റെ ദൈവത്തിന്‍റെ വിശുദ്ധസ്ഥലം അശുദ്ധമാക്കുകയോ അരുത്. തന്‍റെ ദൈവത്തിന്‍റെ അഭിഷേകതൈലത്താല്‍ അവന്‍ വേര്‍തിരിക്കപ്പെട്ടവനാണല്ലോ. ഞാന്‍ സര്‍വേശ്വരനാകുന്നു. കന്യകയെ മാത്രമേ അവന്‍ വിവാഹം ചെയ്യാവൂ. വിധവയെയോ, വിവാഹമോചനം നടത്തിയവളെയോ, അശുദ്ധയായി തീര്‍ന്നിട്ടുള്ളവളെയോ, വേശ്യയെയോ വിവാഹം ചെയ്യരുത്. സ്വജനത്തില്‍നിന്ന് ഒരു കന്യകയെത്തന്നെ വിവാഹം ചെയ്യണം. അങ്ങനെ അവന്‍ സ്വന്തം മക്കളെ സ്വജനമധ്യേ പവിത്രരായി സൂക്ഷിക്കട്ടെ. ഞാന്‍ അവനെ ശുദ്ധീകരിക്കുന്ന സര്‍വേശ്വരനാകുന്നു. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: അഹരോനോടു പറയുക, നിന്‍റെ പിന്‍തലമുറക്കാരില്‍ അംഗവൈകല്യമുള്ള ആരും ദൈവത്തിനു കാഴ്ചയപ്പം അര്‍പ്പിക്കരുത്. അന്ധന്‍, മുടന്തന്‍, വികലമുഖന്‍, അംഗത്തിനു ക്രമത്തിലേറെ നീളമുള്ളവന്‍, കൈയോ കാലോ ഒടിഞ്ഞവന്‍, കൂനന്‍, മുണ്ടന്‍, വിരൂപാക്ഷന്‍, ചര്‍മരോഗി, ഷണ്ഡന്‍ എന്നിങ്ങനെ വൈകല്യമുള്ള ആരും അടുത്തുവരരുത്. പുരോഹിതനായ അഹരോന്‍റെ പിന്‍ഗാമികളില്‍ അംഗവൈകല്യമുള്ള ആരും സര്‍വേശ്വരനു ദഹനയാഗങ്ങളര്‍പ്പിക്കാന്‍ അടുത്തുവരരുത്. എനിക്കു സമര്‍പ്പിച്ച വിശുദ്ധവും അതിവിശുദ്ധവുമായ ഭോജ്യം അവര്‍ക്കു ഭക്ഷിക്കാം. എന്നാല്‍ അംഗവൈകല്യമുള്ളവന്‍ തിരശ്ശീലയുടെയോ യാഗപീഠത്തിന്‍റെയോ അടുത്തുവന്ന് എന്‍റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കരുത്. ഞാന്‍ അവയെ ശുദ്ധീകരിക്കുന്ന സര്‍വേശ്വരനാകുന്നു”. മോശ ഇവയെല്ലാം അഹരോനോടും പുത്രന്മാരോടും എല്ലാ ഇസ്രായേല്‍ജനത്തോടും പറഞ്ഞു. ദൈവം മോശയോട് അരുളിച്ചെയ്തു: “എന്‍റെ വിശുദ്ധനാമം അശുദ്ധമാകാതിരിക്കാന്‍ ഇസ്രായേല്‍ജനം എനിക്കര്‍പ്പിക്കുന്ന വിശുദ്ധവസ്തുക്കള്‍ ശുദ്ധമായി കൈകാര്യം ചെയ്യണം എന്ന് അഹരോനോടും പുത്രന്മാരോടും പറയുക. ഞാന്‍ സര്‍വേശ്വരനാകുന്നു. നിന്‍റെ പിന്‍ഗാമികളില്‍ ആരെങ്കിലും അശുദ്ധനായിരിക്കെ ഇസ്രായേല്‍ജനം സര്‍വേശ്വരനര്‍പ്പിച്ച വിശുദ്ധവസ്തുക്കളെ സമീപിച്ചാല്‍ അവനെ എന്‍റെ സന്നിധിയില്‍നിന്നു ബഹിഷ്കരിക്കണം. ഞാന്‍ സര്‍വേശ്വരനാകുന്നു. അഹരോന്‍റെ വംശത്തില്‍പ്പെട്ട ആരെങ്കിലും കുഷ്ഠരോഗത്താലോ, ശുക്ലസ്രവത്താലോ അശുദ്ധനായിത്തീര്‍ന്നാല്‍ വീണ്ടും ശുദ്ധനാകുന്നതുവരെ വിശുദ്ധവസ്തുക്കള്‍ ഭക്ഷിക്കരുത്. ശവശരീരത്തെയോ, ശുക്ലസ്ഖലനമുള്ളവനെയോ, അശുദ്ധിയുള്ള ഇഴജന്തുവിനെയോ ഏതെങ്കിലുംവിധം അശുദ്ധിയുണ്ടായ മനുഷ്യനെയോ സ്പര്‍ശിച്ച് അശുദ്ധനായിത്തീരുന്നവനും സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം. കുളിച്ചു ശുദ്ധനായതിനു ശേഷമേ വിശുദ്ധവസ്തുക്കള്‍ ഭക്ഷിക്കാവൂ. സന്ധ്യയാകുമ്പോള്‍ അവന്‍ ശുദ്ധനായിരിക്കും. പിന്നീട് അവനു വിശുദ്ധഭോജനം കഴിക്കാം. അത് അവന്‍റെ ആഹാരമാണല്ലോ. ചത്തതോ മറ്റു മൃഗങ്ങള്‍ കടിച്ചു കീറി കൊന്നതോ ആയ മൃഗത്തിന്‍റെ മാംസം ഭക്ഷിച്ച് അശുദ്ധനാകരുത്. ഞാന്‍ സര്‍വേശ്വരനാകുന്നു. അവര്‍ എന്‍റെ കല്പനകള്‍ പാലിക്കണം; അവ ലംഘിച്ചു നിന്ദിച്ചാല്‍ അതു മാരകപാപമായിരിക്കും. അവരെ ശുദ്ധീകരിക്കുന്ന ഞാനാകുന്നു സര്‍വേശ്വരന്‍. അന്യര്‍ ആരും വിശുദ്ധവസ്തുക്കള്‍ ഭക്ഷിച്ചുകൂടാ. പുരോഹിതന്‍റെ കൂടെ വന്നു പാര്‍ക്കുന്നവനോ വേലക്കാരനോ അവ ഭക്ഷിക്കരുത്. എന്നാല്‍ പുരോഹിതന്‍ വിലയ്‍ക്കു വാങ്ങുകയോ അവന്‍റെ ഭവനത്തില്‍ ജനിച്ചതോ ആയ അടിമയ്‍ക്ക് അവ ഭക്ഷിക്കാം. അന്യകുടുംബത്തില്‍ വിവാഹം ചെയ്തയച്ച പുരോഹിതപുത്രി വിശുദ്ധാര്‍പ്പണവസ്തു ഭക്ഷിക്കരുത്. എന്നാല്‍ പുരോഹിതപുത്രി വിധവയോ വിവാഹമുക്തയോ ആയി മക്കളില്ലാതെ പിതൃഭവനത്തില്‍ മടങ്ങിവന്ന് ബാല്യകാലത്തെന്നപോലെ പാര്‍ത്താല്‍ അവള്‍ക്ക് പിതാവിന്‍റെ ഓഹരിയില്‍നിന്നു ഭക്ഷിക്കാം. അന്യരാരും അതു ഭക്ഷിക്കരുത്. ആരെങ്കിലും അറിയാതെ വിശുദ്ധവസ്തു ഭക്ഷിച്ചുപോയാല്‍ അതിന്‍റെ വില അഞ്ചിലൊന്നുകൂടി ചേര്‍ത്തു പുരോഹിതനെ ഏല്പിക്കണം. ഇസ്രായേല്‍ജനം സര്‍വേശ്വരന് അര്‍പ്പിച്ച വിശുദ്ധവസ്തുക്കള്‍ പുരോഹിതന്മാര്‍ അശുദ്ധമാക്കരുത്. അങ്ങനെ അവര്‍ അര്‍പ്പിച്ച വിശുദ്ധവസ്തുക്കള്‍ ഭക്ഷിക്കുന്നതിലൂടെ അവരെ അപരാധികളാക്കരുത്. അവരെ ശുദ്ധീകരിക്കുന്ന സര്‍വേശ്വരന്‍ ഞാനാകുന്നു”. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: അഹരോനോടും പുത്രന്മാരോടും ഇസ്രായേലിലെ സകല ജനത്തോടും പറയുക, ഇസ്രായേല്യനോ അവരുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിയോ നേര്‍ച്ചയായോ സ്വമേധാദാനമായോ സര്‍വേശ്വരനുള്ള ഹോമയാഗമായി വഴിപാട് അര്‍പ്പിക്കുമ്പോള്‍ അതു സ്വീകാര്യമാകണമെങ്കില്‍ മാടുകളിലോ, ചെമ്മരിയാടുകളിലോ, കോലാടുകളിലോ നിന്നു തിരഞ്ഞെടുത്ത കുറ്റമറ്റ ആണ്‍മൃഗമായിരിക്കണം. ന്യൂനതയുള്ള മൃഗത്തെ അര്‍പ്പിക്കരുത്, അതു സ്വീകാര്യമായിരിക്കുകയില്ല. നേര്‍ച്ചയോ, സ്വമേധാദാനമോ ആകട്ടെ, സമാധാനയാഗമായി കാളയെയോ, ആടിനെയോ, അര്‍പ്പിക്കുന്നതും സ്വീകാര്യമാകണമെങ്കില്‍ അതു കുറ്റമറ്റ മൃഗമായിരിക്കണം. കാഴ്ചയില്ലാത്തതോ അംഗവൈകല്യമുള്ളതോ, മുറിവ്, വ്രണം, ചൊറി, വീക്കം ഇവയിലേതെങ്കിലും ഉള്ളതോ ആയ ഒരു മൃഗത്തെയും സര്‍വേശ്വരന് അര്‍പ്പിക്കരുത്; അവയെ അവിടുത്തെ യാഗപീഠത്തില്‍ വച്ചു ദഹിപ്പിക്കുകയും അരുത്. അവയവങ്ങള്‍ക്ക് നീളം കൂടുതലോ, കുറവോ ഉള്ള കാളയെയോ ആട്ടിന്‍കുട്ടിയെയോ സ്വമേധാദാനമായി അര്‍പ്പിക്കാം. എന്നാല്‍ നേര്‍ച്ചയായി അതു സ്വീകാര്യമല്ല. വൃഷണം ഉടച്ചതോ ചതച്ചതോ പറിച്ചെടുത്തതോ ഛേദിച്ചതോ ആയ ഒരു മൃഗത്തെയും സര്‍വേശ്വരന് അര്‍പ്പിക്കരുത്. നിങ്ങളുടെ ദേശത്തുവച്ച് അവയെ യാഗം കഴിക്കരുത്. പരദേശിയില്‍നിന്നു ലഭിച്ച അത്തരം മൃഗത്തെ ദൈവത്തിനു ഭോജനമായി അര്‍പ്പിക്കരുത്. അത് അംഗഭംഗമുള്ളതും ന്യൂനതയുള്ളതുമാകയാല്‍ സ്വീകാര്യമാവുകയില്ല. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഒരു കാളയോ, ചെമ്മരിയാടോ, കോലാടോ പിറന്നാല്‍ ഏഴു ദിവസം അതു തള്ളയുടെ കൂടെ നില്‌ക്കട്ടെ. എട്ടാം ദിവസം മുതല്‍ സര്‍വേശ്വരനു സ്വീകാര്യമായ ദഹനയാഗമായി അതിനെ അര്‍പ്പിക്കാം. പശുവോ പെണ്ണാടോ ആകട്ടെ, തള്ളയെയും കുഞ്ഞിനെയും ഒരേ ദിവസം കൊല്ലരുത്. നീ അര്‍പ്പിക്കുന്ന സ്തോത്രയാഗം സര്‍വേശ്വരനു സ്വീകാര്യമാകുംവിധം അര്‍പ്പിക്കണം. അത് അന്നുതന്നെ ഭക്ഷിക്കണം. പിറ്റേദിവസത്തേക്ക് അല്പംപോലും അവശേഷിപ്പിക്കരുത്. ഞാന്‍ സര്‍വേശ്വരനാകുന്നു. നിങ്ങള്‍ എന്‍റെ കല്പനകള്‍ പാലിക്കണം. ഞാന്‍ സര്‍വേശ്വരനാകുന്നു. എന്‍റെ വിശുദ്ധനാമം ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍ അശുദ്ധമാക്കരുത്. അതു വിശുദ്ധീകരിക്കപ്പെടണം. ഞാന്‍ നിങ്ങളെ ശുദ്ധീകരിക്കുന്ന സര്‍വേശ്വരനാകുന്നു. നിങ്ങളുടെ ദൈവമായിരിക്കേണ്ടതിനു ഞാനാണ് നിങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നത്. ഞാനാകുന്നു സര്‍വേശ്വരന്‍”. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “നീ ഇസ്രായേല്‍ജനത്തോടു പറയുക, വിശുദ്ധ യോഗങ്ങള്‍ വിളിച്ചുകൂട്ടേണ്ട സര്‍വേശ്വരന്‍റെ ഉത്സവദിനങ്ങള്‍ ഇവയാണ്. അവയെ വിശുദ്ധ യോഗങ്ങളായി പ്രഖ്യാപിക്കണം. ആറു ദിവസം ജോലി ചെയ്യണം. ഏഴാം ദിവസം വിശുദ്ധസഭ കൂടാനുള്ള പരിപാവനമായ ശബത്താകുന്നു. അന്ന് ഒരു ജോലിയും ചെയ്യരുത്. നിങ്ങള്‍ വസിക്കുന്നിടത്തെല്ലാം അതു സര്‍വേശ്വരന്‍റെ ശബത്താകുന്നു. നിശ്ചിതകാലത്ത് വിശുദ്ധ സഭായോഗം വിളിച്ചുകൂട്ടേണ്ട ഉത്സവദിനങ്ങള്‍ ഇവയാണ്. ഒന്നാം മാസം പതിനാലാം ദിവസം വൈകുന്നേരം സര്‍വേശ്വരന്‍റെ പെസഹ ആചരിക്കണം. പതിനഞ്ചാം ദിവസം സര്‍വേശ്വരനുള്ള പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാളാണ്. ഏഴു ദിവസം നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാം ദിവസം വിശുദ്ധസഭ കൂടണം. അന്നു ദിനംതോറുമുള്ള തൊഴിലുകളൊന്നും ചെയ്യരുത്. ഏഴു ദിവസവും സര്‍വേശ്വരന് ഹോമയാഗം അര്‍പ്പിക്കണം. ഏഴാം ദിവസം വിശുദ്ധസഭ കൂടാനുള്ള ദിവസമായതുകൊണ്ടു കഠിനാധ്വാനം ചെയ്യരുത്. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: ഇസ്രായേലിന്‍റെ ജനത്തോടു പറയുക, ഞാന്‍ നല്‌കുന്ന ദേശത്തു നിങ്ങള്‍ ചെന്നു വിളവ് കൊയ്യുമ്പോള്‍ ആദ്യത്തെ കറ്റ പുരോഹിതന്‍റെ അടുക്കല്‍ കൊണ്ടുവരണം. ദൈവം നിങ്ങളില്‍ പ്രസാദിക്കാന്‍ ശബത്തു കഴിഞ്ഞു വരുന്ന ദിവസം ആ കറ്റ അവിടുത്തെ സന്നിധിയില്‍ നീരാജനം ചെയ്യണം. കറ്റ നീരാജനം ചെയ്യുന്ന ദിവസംതന്നെ ഒരു വയസ്സു പ്രായമുള്ള കുറ്റമറ്റ ഒരു ആണാടിനെ സര്‍വേശ്വരനു ഹോമയാഗമായി അര്‍പ്പിക്കണം. അതോടൊപ്പം രണ്ടിടങ്ങഴി നേരിയ മാവ് എണ്ണ ചേര്‍ത്ത് ധാന്യയാഗമായി അര്‍പ്പിക്കണം. ആ ദഹനയാഗത്തിന്‍റെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമായിരിക്കും. പാനീയയാഗമായി നാഴി വീഞ്ഞും അര്‍പ്പിക്കണം. നിങ്ങളുടെ ദൈവത്തിനുള്ള വഴിപാട് അര്‍പ്പിക്കുന്നതുവരെ ധാന്യമണികളോ, അപ്പമോ, മലരോ, ഭക്ഷിക്കരുത്. നിങ്ങള്‍ എവിടെ വസിച്ചാലും തലമുറകളായി എന്നും ആചരിക്കേണ്ട ചട്ടമാകുന്നു ഇത്. കറ്റ നീരാജനം ചെയ്ത ശബത്തിന്‍റെ പിറ്റേദിവസം മുതല്‍ ഏഴ് ആഴ്ചകള്‍ കണക്കാക്കണം. ഏഴാമത്തെ ശബത്തിന്‍റെ പിറ്റേ ദിവസമായ അമ്പതാം ദിവസം പുതിയ ധാന്യംകൊണ്ടു സര്‍വേശ്വരനു ധാന്യയാഗം കഴിക്കണം. നിങ്ങളുടെ വീടുകളില്‍നിന്നു രണ്ടിടങ്ങഴി നേരിയ മാവ് പുളിപ്പിച്ചുണ്ടാക്കിയ ഈരണ്ടപ്പം സര്‍വേശ്വരന്‍റെ മുമ്പില്‍ നീരാജനം ചെയ്യാന്‍ ആദ്യഫലമായി അര്‍പ്പിക്കണം. അപ്പത്തോടുകൂടി കുറ്റമറ്റതും ഒരു വയസ്സു പ്രായമുള്ളതുമായ ഏഴ് ആട്ടിന്‍കുട്ടികളെയും ഒരു കാളക്കുട്ടിയെയും രണ്ട് ആണാടിനെയും സര്‍വേശ്വരന് ഹോമയാഗമായി അര്‍പ്പിക്കണം. അതോടൊപ്പം അര്‍പ്പിക്കുന്ന ധാന്യവഴിപാടും പാനീയയാഗവും സര്‍വേശ്വരന് പ്രസാദകരമായ സൗരഭ്യദഹനയാഗമായിരിക്കും. ഒരു ആണ്‍കോലാടിനെ പാപപരിഹാരത്തിനായും ഒരു വയസ്സു പ്രായമുള്ള രണ്ട് ആണാടുകളെ സമാധാനയാഗത്തിനായും അര്‍പ്പിക്കണം. അവയെ ആദ്യവിളവില്‍നിന്ന് ഉണ്ടാക്കിയ അപ്പത്തോടും രണ്ട് ആട്ടിന്‍കുട്ടികളോടും കൂടി സര്‍വേശ്വരനു നീരാജനം ചെയ്യണം. സര്‍വേശ്വരസന്നിധിയില്‍ വിശുദ്ധമായ അവ പുരോഹിതന്മാര്‍ക്കുള്ളതാണ്. അന്നുതന്നെ നിങ്ങള്‍ വിശുദ്ധസഭ വിളിച്ചുകൂട്ടണം. അന്നു കഠിനാധ്വാനം ചെയ്യരുത്. നിങ്ങള്‍ എവിടെ വസിച്ചാലും തലമുറകളായി പാലിക്കേണ്ട ശാശ്വതനിയമമാകുന്നു ഇത്. നിലം കൊയ്യുമ്പോള്‍ അരികു തീര്‍ത്തു കൊയ്യരുത്. കാലാ പെറുക്കുകയുമരുത്. അവ നിങ്ങളുടെ ഇടയിലുള്ള ദരിദ്രര്‍ക്കും പരദേശികള്‍ക്കുമുള്ളതാണ്. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.” സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്‍ജനത്തോടു പറയുക, ഏഴാം മാസത്തിലെ ഒന്നാം ദിവസം ശബത്തായി ആചരിക്കണം. കാഹളധ്വനിയോടുകൂടി ഈ അനുസ്മരണദിനത്തില്‍ നിങ്ങള്‍ വിശുദ്ധസഭ കൂടണം. അന്നു കഠിനമായ ജോലികളൊന്നും ചെയ്യരുത്, സര്‍വേശ്വരനു ദഹനയാഗം അര്‍പ്പിക്കുകയും വേണം.” സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഏഴാം മാസം പത്താം ദിവസം പാപപരിഹാരദിനമാകുന്നു. അന്ന് നിങ്ങള്‍ ഉപവസിക്കുകയും നിശ്ചിതസഭ കൂടുകയും സര്‍വേശ്വരനു ദഹനയാഗം അര്‍പ്പിക്കുകയും വേണം. നിങ്ങളുടെ പാപങ്ങള്‍ക്കു നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ മുമ്പാകെ പരിഹാരം അനുഷ്ഠിക്കാന്‍ നിശ്ചയിച്ചിട്ടുള്ള ദിനമായതുകൊണ്ട് അന്ന് ഒരു ജോലിയും ചെയ്യരുത്. ആരെങ്കിലും അന്ന് ഉപവസിക്കാതിരുന്നാല്‍ അവനെ സ്വജനങ്ങളുടെ ഇടയില്‍നിന്നു ബഹിഷ്കരിക്കണം. അന്നു ജോലി ചെയ്യുന്നവനെ ഞാന്‍ സ്വജനങ്ങളുടെ ഇടയില്‍നിന്ന് ഉന്മൂലനം ചെയ്യും. അന്നു ജോലി ചെയ്യരുതെന്ന ചട്ടം, നിങ്ങള്‍ വസിക്കുന്നിടത്തെല്ലാം തലമുറകളായി എന്നേക്കും പാലിക്കണം. അതു നിങ്ങളുടെ പരിപാവനമായ ശബത്താണ്; ആ മാസം ഒമ്പതാം ദിവസം സന്ധ്യമുതല്‍ പിറ്റന്നാള്‍ സന്ധ്യവരെ നിങ്ങള്‍ ഉപവസിക്കുകയും ശബത്ത് ആചരിക്കുകയും ചെയ്യണം.” സര്‍വേശ്വരന്‍ വീണ്ടും മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്‍ജനത്തോടു പറയുക. ഏഴാം മാസത്തിലെ പതിനഞ്ചാം ദിവസംമുതല്‍ ഏഴു ദിവസം സര്‍വേശ്വരന്‍റെ കൂടാരപ്പെരുന്നാള്‍ ആകുന്നു. ഒന്നാം ദിവസം വിശുദ്ധസഭ വിളിച്ചുകൂട്ടണം. അന്നു സാധാരണ ജോലികളൊന്നും ചെയ്യരുത്. ഏഴു ദിവസവും ദഹനയാഗം അര്‍പ്പിക്കണം. എട്ടാം ദിവസം വിശുദ്ധസഭ വിളിച്ചുകൂട്ടി ദഹനയാഗം അര്‍പ്പിക്കണം. അന്നു കഠിനമായ ജോലികളൊന്നും ചെയ്യരുത്. സര്‍വേശ്വരന്‍റെ ശബത്ത് ആചരിക്കുക, അവിടുത്തേക്ക് വഴിപാടുകളും നേര്‍ച്ചകളും സ്വമേധാദാനങ്ങളും അര്‍പ്പിക്കുക എന്നിവ കൂടാതെ, അതതു ദിനത്തില്‍ ദഹനയാഗങ്ങളും ഹോമയാഗങ്ങളും ധാന്യയാഗങ്ങളും പാനീയയാഗങ്ങളും അര്‍പ്പിക്കുകയും വിശുദ്ധയോഗങ്ങളായി നിങ്ങള്‍ വിളിച്ചുകൂട്ടുകയും ചെയ്യേണ്ട ഉത്സവദിനങ്ങള്‍ ഇവയാണ്. ഏഴാം മാസം പതിനഞ്ചാം ദിവസം വിളവെടുപ്പു കഴിഞ്ഞാല്‍ ഏഴു ദിവസത്തേക്കു സര്‍വേശ്വരന് ഉത്സവം ആചരിക്കണം. ഒന്നാം ദിവസവും എട്ടാം ദിവസവും വിശുദ്ധ ശബത്തായി ആചരിക്കണം. അന്നു ഹൃദ്യമായ പഴങ്ങളും ഈന്തപ്പനകുരുത്തോലയും ഇലകള്‍ നിറഞ്ഞ മരച്ചില്ലകളും ആറ്റലരിവൃക്ഷക്കൊമ്പുകളും കൈയിലേന്തണം. ഏഴു ദിവസം ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍ സന്തോഷിച്ചുല്ലസിക്കുക. വര്‍ഷംതോറും ഏഴാം മാസത്തില്‍ ഏഴു ദിവസം സര്‍വേശ്വരന് ഈ ഉത്സവം ആചരിക്കണം. ഇതു നിങ്ങളുടെ സകല തലമുറകളും എല്ലാക്കാലത്തും പാലിക്കാനുള്ള നിയമമാകുന്നു. ഇസ്രായേല്യര്‍ സകലരും ഏഴു ദിവസം കൂടാരങ്ങളില്‍ പാര്‍ക്കണം. ഈജിപ്തില്‍നിന്നു ഞാന്‍ ഇസ്രായേല്‍ജനത്തെ വിമോചിപ്പിച്ചു കൊണ്ടുവന്നപ്പോള്‍ അവരെ കൂടാരങ്ങളിലായിരുന്നു താമസിപ്പിച്ചിരുന്നതെന്നു നിങ്ങളുടെ ഓരോ തലമുറയും അറിയണം. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.” സര്‍വേശ്വരന്‍റെ നിര്‍ദ്ദിഷ്ട ഉത്സവദിനങ്ങള്‍ ഏതെല്ലാമെന്നു മോശ ഇങ്ങനെ ഇസ്രായേല്‍ജനത്തെ അറിയിച്ചു. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ദീപം നിരന്തരം കത്തിക്കൊണ്ടിരിക്കാന്‍ ഒലിവില്‍നിന്ന് ഇടിച്ചെടുത്ത ശുദ്ധമായ ഒലിവെണ്ണ കൊണ്ടുവരാന്‍ ജനത്തോടു കല്പിക്കുക. തിരുസാന്നിധ്യകൂടാരത്തില്‍ സാക്ഷ്യപെട്ടകം മറയ്‍ക്കുന്ന തിരശ്ശീലയ്‍ക്കു പുറത്തു സൂര്യാസ്തമയംമുതല്‍ പ്രഭാതംവരെ തുടര്‍ച്ചയായി അഹരോന്‍ അത് ഒരുക്കിവയ്‍ക്കണം. നിങ്ങളുടെ തലമുറകള്‍ എന്നും അനുഷ്ഠിക്കേണ്ട ചട്ടമാണിത്. സര്‍വേശ്വരന്‍റെ സന്നിധിയില്‍ പൊന്‍തണ്ടിന്മേല്‍ അഹരോന്‍ നിരന്തരം ദീപം തെളിക്കണം. നേരിയ മാവുകൊണ്ട് പന്ത്രണ്ട് അപ്പം ചുടണം. രണ്ടിടങ്ങഴി മാവുകൊണ്ടുള്ളതായിരിക്കണം ഓരോ അപ്പവും. ആറ് അപ്പം വീതമുള്ള രണ്ട് അടുക്കായി അവ തിരുസാന്നിധ്യകൂടാരത്തിലുള്ള പൊന്‍പീഠത്തില്‍ വയ്‍ക്കണം. ഓരോ അടുക്കിന്മേലും ശുദ്ധമായ കുന്തുരുക്കം വിതറണം. സര്‍വേശ്വരനു ദഹനയാഗമായി അപ്പം അര്‍പ്പിക്കുന്നതിനെ ഇതു സൂചിപ്പിക്കുന്നു. ഓരോ ശബത്തിലും ഇസ്രായേല്‍ജനത്തില്‍നിന്ന് അപ്പം വാങ്ങി സര്‍വേശ്വരന്‍റെ സന്നിധിയില്‍ അഹരോന്‍ അടുക്കിവയ്‍ക്കണം. ഇതു ശാശ്വതനിയമമാകുന്നു. അപ്പം അഹരോനും പുത്രന്മാര്‍ക്കുമുള്ളതാണ്. സര്‍വേശ്വരനു ദഹനയാഗമായി അര്‍പ്പിച്ചതിന്‍റെ ഓഹരിയായതിനാല്‍ അത് അതിവിശുദ്ധമാകുന്നു; അവ വിശുദ്ധസ്ഥലത്തു വച്ചു തന്നെ ഭക്ഷിക്കണം; അത് അവര്‍ക്കുള്ള സ്ഥിരാവകാശമാണ്. ഈജിപ്തുകാരനായ ഒരുവന് ഇസ്രായേല്യസ്‍ത്രീയില്‍ ജനിച്ച മകനും ഒരു ഇസ്രായേല്‍ക്കാരനുമായി ഒരിക്കല്‍ പാളയത്തില്‍വച്ചു വഴക്കുണ്ടായി. അവന്‍ സര്‍വേശ്വരന്‍റെ നാമത്തെ ദുഷിക്കുകയും ശപിക്കുകയും ചെയ്തു. ജനം അവനെ മോശയുടെ മുമ്പില്‍ കൊണ്ടുവന്നു. ദാന്‍ഗോത്രത്തില്‍പ്പെട്ട ദിബ്രിയുടെ പുത്രിയായ ശെലോമീത്തായിരുന്നു അവന്‍റെ അമ്മ. സര്‍വേശ്വരന്‍റെ ഹിതം വെളിപ്പെടുംവരെ അവര്‍ അവനെ തടവില്‍ വച്ചു. ദൈവം മോശയോട് അരുളിച്ചെയ്തു: “ദൈവനാമം ദുഷിച്ചവനെ പാളയത്തിനു പുറത്തു കൊണ്ടുപോകുക. അവന്‍ പറഞ്ഞതു കേട്ടവരെല്ലാം അവന്‍റെ തലയില്‍ കൈ വച്ചശേഷം ജനം അവനെ കല്ലെറിയട്ടെ. ഇസ്രായേല്‍ജനത്തോടു പറയുക, ദൈവത്തെ ദുഷിക്കുന്നവന്‍ തന്‍റെ കുറ്റത്തിനുള്ള ശിക്ഷ അനുഭവിക്കണം. സര്‍വേശ്വരന്‍റെ നാമത്തെ ദുഷിക്കുന്നവന്‍ വധിക്കപ്പെടുകതന്നെ വേണം. സമൂഹം ഒന്നുചേര്‍ന്ന് അവനെ തീര്‍ച്ചയായും കല്ലെറിയണം. സര്‍വേശ്വരനാമം ദുഷിക്കുന്നവന്‍ സ്വദേശിയോ പരദേശിയോ ആകട്ടെ, വധശിക്ഷ നല്‌കണം. കൊലപാതകി വധിക്കപ്പെടണം. അന്യന്‍റെ മൃഗത്തെ കൊല്ലുന്നവന്‍ പകരം മൃഗത്തെ കൊടുക്കണം. ജീവനു പകരം ജീവന്‍. അയല്‍ക്കാരന് അംഗഭംഗം വരുത്തുന്നവനോട് അതേ വിധം പകരം ചെയ്യണം. ഒടിവിന് ഒടിവ്, കണ്ണിനു കണ്ണ്, പല്ലിന് പല്ല് ഇങ്ങനെ അംഗഭംഗം വരുത്തിയതിന് അതുതന്നെ പകരം ചെയ്യണം. മൃഗത്തെ കൊന്നാല്‍ പകരം മൃഗത്തെ കൊടുത്താല്‍ മതി. എന്നാല്‍ മനുഷ്യനെ കൊല്ലുന്നവന്‍ വധശിക്ഷ അനുഭവിക്കണം. സ്വദേശിയും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിയും പാലിക്കേണ്ട നിയമം ഒന്നുതന്നെ. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു. തിരുനാമം ദുഷിച്ചവനെ പാളയത്തിനു പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലാന്‍ മോശ ഇസ്രായേല്‍ജനത്തോട് ആജ്ഞാപിച്ചു. അവിടുന്നു മോശയോടു കല്പിച്ചതുപോലെ അവര്‍ പ്രവര്‍ത്തിച്ചു. സര്‍വേശ്വരന്‍ മോശയോട് സീനായ് പര്‍വതത്തില്‍ വച്ച് അരുളിച്ചെയ്തു: “നീ ഇസ്രായേല്‍ജനത്തോടു പറയുക: ഞാന്‍ നല്‌കുന്ന ദേശത്ത് നിങ്ങള്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ആ ദേശവും ശബത്ത് ആചരിക്കണം. ആറു വര്‍ഷം നിലം വിതച്ചും മുന്തിരിത്തല മുറിച്ചൊരുക്കിയും നിങ്ങള്‍ വിളവെടുത്തുകൊള്ളുക. ഏഴാം വര്‍ഷം ഭൂമിക്ക് പൂര്‍ണവിശ്രമം ലഭിക്കേണ്ട ശബത്താണ്; സര്‍വേശ്വരന്‍റെ ശബത്തു തന്നെ. നിലം കൃഷി ചെയ്യുകയോ, മുന്തിരിത്തല മുറിക്കുകയോ അരുത്; നിലത്തില്‍ താനേ വിളയുന്നവപോലും കൊയ്യരുത്; വള്ളിത്തല മുറിക്കാത്ത മുന്തിരിച്ചെടിയുടെ ഫലം ശേഖരിക്കുകയുമരുത്. ആ വര്‍ഷം നിലത്തിനു പൂര്‍ണവിശ്രമം നല്‌കണം. വിശ്രമവര്‍ഷമാണെങ്കിലും, നിങ്ങള്‍ക്കും നിങ്ങളുടെ ദാസീദാസന്മാര്‍ക്കും കൂലിക്കാര്‍ക്കും നിങ്ങളുടെ ഇടയില്‍ നിവസിക്കുന്ന പരദേശികള്‍ക്കും നിങ്ങളുടെ നാട്ടുമൃഗങ്ങള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കുമുള്ള ഭക്ഷണം നിങ്ങളുടെ നിലം ഉല്‍പാദിപ്പിച്ചുകൊള്ളും. ഏഴു സംവത്സരത്തേക്ക് ഒരു ശബത്ത് എന്ന കണക്കില്‍ ഏഴു തവണ കഴിയുമ്പോള്‍ നാല്പത്തിഒമ്പതു വര്‍ഷമാകും. അതുകഴിഞ്ഞ് പാപപരിഹാരദിവസമായ ഏഴാം മാസം പത്താം ദിവസം ദേശത്തെല്ലായിടത്തും അത്യുച്ചത്തില്‍ കാഹളം മുഴക്കണം. അമ്പതാം വര്‍ഷത്തെ വിശുദ്ധീകരിക്കണം. ദേശനിവാസികള്‍ക്കെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്കണം. ഓരോരുത്തനും സ്വന്തം അവകാശഭൂമിയിലേക്കും സ്വന്തംകുടുംബത്തിലേക്കും തിരിച്ചു പോകുന്ന നിങ്ങളുടെ ജൂബിലിവര്‍ഷമാകുന്നു. ഓരോ അമ്പതാം വര്‍ഷവും നിങ്ങള്‍ക്കു ജൂബിലിവര്‍ഷമാണ്. ആ വര്‍ഷം നിങ്ങള്‍ വിതയ്‍ക്കരുത്; താനേ വിളയുന്നതു കൊയ്യുകയോ, വള്ളിത്തല മുറിക്കാത്ത മുന്തിരിയുടെ ഫലം ശേഖരിക്കുകയോ അരുത്. കാരണം അതു ജൂബിലിവര്‍ഷമാണ്. അതു നിങ്ങള്‍ക്കു വിശുദ്ധമായിരിക്കണം. നിങ്ങളുടെ ഭക്ഷണത്തിനു വേണ്ടതു ഭൂമിയില്‍നിന്നു ലഭിച്ചുകൊള്ളും. ഈ ജൂബിലിവര്‍ഷം നിങ്ങള്‍ ഓരോരുത്തരും അവനവന്‍റെ അവകാശഭൂമിയിലേക്കു തിരിച്ചുവരണം. അയല്‍ക്കാരനുമായുള്ള വ്യാപാരബന്ധത്തില്‍ അന്യായമായി ഒന്നും ഉണ്ടാകരുത്. അടുത്ത ജൂബിലിവരെയുള്ള വര്‍ഷങ്ങള്‍ കണക്കാക്കി വില നിശ്ചയിച്ചു വാങ്ങുകയും വിളവെടുക്കാവുന്ന വര്‍ഷങ്ങള്‍ക്കനുസരിച്ചു വില്‍ക്കുകയും ചെയ്യണം. കൂടുതല്‍ വര്‍ഷങ്ങള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ വില കൊടുക്കണം; കുറവാണെങ്കില്‍ വിലയും കുറയ്‍ക്കണം. എടുക്കാവുന്ന വിളവുകളുടെ എണ്ണമനുസരിച്ചു വില നിശ്ചയിക്കണം. നിങ്ങളുടെ ഇടപാടുകളില്‍ അനീതി കടന്നുകൂടരുത്. നിന്‍റെ ദൈവത്തെ ഭയപ്പെടുക; ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു. അതുകൊണ്ട് എന്‍റെ ചട്ടങ്ങളും വിധികളും പാലിക്കുക. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ ദേശത്തു സുരക്ഷിതരായിരിക്കും. ഭൂമി ഫലം തരും; നിങ്ങള്‍ ഭക്ഷിച്ചു തൃപ്തരാകും. നിങ്ങള്‍ സുരക്ഷിതരായി വസിക്കുകയും ചെയ്യും. ഏഴാം വര്‍ഷം വിതയോ കൊയ്ത്തോ ഇല്ലാതെ എന്തു ഭക്ഷിക്കും എന്നു നിങ്ങള്‍ ചോദിച്ചേക്കാം. ആറാം വര്‍ഷം ഞാന്‍ നിങ്ങളുടെമേല്‍ അനുഗ്രഹം അയയ്‍ക്കും; മൂന്നു വര്‍ഷത്തേക്കു വേണ്ട വിളവു നിങ്ങള്‍ക്കു ലഭിക്കും. എട്ടാം വര്‍ഷം വിതയ്‍ക്കുമ്പോഴും പഴയ വിളവില്‍നിന്നു നിങ്ങള്‍ക്കു ഭക്ഷിക്കാം; ഒന്‍പതാം വര്‍ഷം പുതിയ വിളവ് ആകുന്നതുവരെ അതു നിങ്ങള്‍ക്കു മതിയാകും. നിലത്തിന്‍റെ ജന്മാവകാശം വില്‍ക്കരുത്. കാരണം ഭൂമി എന്‍റേതാണ്. നിങ്ങള്‍ എന്‍റെ അടുക്കല്‍ വന്നു പാര്‍ക്കുന്ന അന്യരും പരദേശികളുമാകുന്നു. നിങ്ങള്‍ക്ക് അവകാശമായി ലഭിക്കുന്ന ദേശത്തെല്ലായിടത്തും ഭൂമി വീണ്ടെടുക്കാനുള്ള അവകാശം ഉണ്ടായിരിക്കണം. ഒരു ഇസ്രായേല്യന്‍ ദരിദ്രനായിത്തീരുകയും തന്‍റെ നിലത്തില്‍ ഒരു ഭാഗം വില്‍ക്കുകയും ചെയ്താല്‍ അവന്‍റെ അടുത്ത ചാര്‍ച്ചക്കാരന് ആ സ്ഥലം വീണ്ടെടുക്കാം. വസ്തു വീണ്ടെടുക്കാന്‍ അടുത്ത ചാര്‍ച്ചക്കാരന്‍ ഇല്ലെന്നിരിക്കട്ടെ, വിറ്റവന്‍തന്നെ പിന്നീട് അഭിവൃദ്ധി പ്രാപിച്ചു വസ്തു വീണ്ടെടുക്കാന്‍ കഴിവു നേടിയാല്‍, വിറ്റ കാലംമുതല്‍ വര്‍ഷം കണക്കാക്കി വസ്തു വാങ്ങിയവനു ചെല്ലേണ്ട അധികത്തുക മടക്കിക്കൊടുത്ത് അവകാശം വീണ്ടെടുക്കണം. അവന്‍ അതിനു കഴിവു നേടുന്നില്ലെങ്കില്‍ അടുത്ത ജൂബിലിവര്‍ഷംവരെ വസ്തു വാങ്ങിയവന്‍റെ കൈയില്‍ ഇരിക്കും. ജൂബിലിവര്‍ഷത്തില്‍ അവകാശിക്ക് ഒഴിഞ്ഞുകൊടുക്കണം. മതില്‍ കെട്ടി സുരക്ഷിതമാക്കിയ പട്ടണത്തിലെ വീടു വിറ്റാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അതു വീണ്ടെടുക്കാന്‍ വിറ്റയാള്‍ക്ക് അവകാശമുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടെടുക്കുന്നില്ലെങ്കില്‍ വാങ്ങിയവനും പിന്‍തലമുറകള്‍ക്കും അതു സ്ഥിരമായി ലഭിക്കും. ജൂബിലിവര്‍ഷം അത് ഒഴിഞ്ഞു കൊടുക്കേണ്ടതില്ല. മതിലുകള്‍ ഇല്ലാത്ത ഗ്രാമത്തിലെ വീടുകള്‍ നിലത്തിനു തുല്യമായി കരുതണം. അതു വീണ്ടെടുക്കാം. ജൂബിലിവര്‍ഷം അതു വിട്ടുകൊടുക്കണം. എന്നാല്‍ ലേവ്യരുടെ പട്ടണങ്ങളും അവിടെ അവര്‍ക്ക് അവകാശമായി ലഭിച്ചിട്ടുള്ള വീടുകളും അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വീണ്ടെടുക്കാം. വീണ്ടെടുക്കുവാനുള്ള അവകാശം ലേവ്യര്‍ ഉപയോഗിക്കുന്നില്ലെങ്കിലും ജൂബിലിവര്‍ഷത്തില്‍ അതു വിട്ടുകൊടുക്കണം. ലേവ്യപട്ടണങ്ങളിലുള്ള വീടുകള്‍ ഇസ്രായേല്‍ജനങ്ങളുടെ ഇടയില്‍ ലേവ്യര്‍ക്ക് അവകാശമായി ലഭിച്ചിട്ടുള്ളതാണ്. അവര്‍ തങ്ങളുടെ പട്ടണങ്ങളോടു ചേര്‍ന്നു കിടക്കുന്ന മേച്ചില്‍സ്ഥലങ്ങള്‍ വില്‍ക്കരുത്; അത് അവര്‍ക്ക് സ്ഥിരാവകാശമായി ലഭിച്ചതാണ്. ദരിദ്രനും സ്വയം പോറ്റാന്‍ കഴിവില്ലാത്തവനുമായ ഒരു ഇസ്രായേല്യസഹോദരന്‍ നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ കൂടെ പാര്‍ക്കുന്ന അന്യനെയും പരദേശിയെയുംപോലെ അവനെ പുലര്‍ത്തണം. അവനോടു പലിശയോ ലാഭമോ ഈടാക്കരുത്. നിന്‍റെ ദൈവത്തെ ഭയപ്പെടുക, അവന്‍ നിന്‍റെ അടുത്തുതന്നെ പാര്‍ക്കട്ടെ. പലിശ മോഹിച്ച് നീ അവനു കടം കൊടുക്കരുത്. അവനു ഭക്ഷണം കൊടുക്കുന്നതു ലാഭം കൊതിച്ചാകരുത്. നിങ്ങളുടെ ദൈവമായിരിക്കാനും നിങ്ങള്‍ക്കു കനാന്‍ദേശം നല്‌കാനുമായി നിങ്ങളെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചു കൊണ്ടുവന്ന ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു. നിങ്ങളുടെ കൂട്ടത്തിലുള്ള ഒരു ഇസ്രായേല്യസഹോദരന്‍ ദാരിദ്ര്യംകൊണ്ട് സ്വയം വിറ്റാല്‍ അവനെക്കൊണ്ട് അടിമവേല ചെയ്യിക്കരുത്. അടുത്ത ജൂബിലിവര്‍ഷംവരെ കൂലിവേലക്കാരനെപ്പോലെയോ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിയെപ്പോലെയോ അവന്‍ നിന്നെ സേവിക്കട്ടെ. പിന്നീട് അവനു മക്കളുമായി നിന്നെ വിട്ടു സ്വന്തകുടുംബത്തിലേക്കു മടങ്ങിച്ചെന്ന് പിതൃസ്വത്ത് സ്വന്തമാക്കാം. ഈജിപ്തില്‍നിന്ന് ഞാന്‍ വിടുവിച്ചു കൊണ്ടുവന്ന എന്‍റെ ദാസന്മാരാണു നിങ്ങള്‍. അതിനാല്‍ അടിമയായി അവന്‍ വില്‍ക്കപ്പെടരുത്. അവനോടു നിര്‍ദ്ദയം പെരുമാറരുത്. നിന്‍റെ ദൈവത്തെ ഭയപ്പെടുക. ചുറ്റുമുള്ള ജനതകളില്‍നിന്നു സ്‍ത്രീകളെയോ പുരുഷന്മാരെയോ അടിമകളായി നിങ്ങള്‍ക്കു വാങ്ങാം. നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശികളില്‍നിന്നോ, നിങ്ങളുടെ ദേശത്തുവച്ച് അവരുടെ കുടുംബങ്ങളില്‍ ജനിച്ചവരില്‍നിന്നോ നിങ്ങള്‍ക്ക് അടിമകളെ സ്വീകരിക്കാം. അവര്‍ നിങ്ങളുടെ അവകാശമായിരിക്കും. നിങ്ങളുടെ പിന്‍തലമുറക്കാര്‍ക്കും അവരെ ശാശ്വതമായി അവകാശമാക്കാം. അവരെ നിങ്ങള്‍ക്ക് അടിമകളായി എടുക്കാം. എന്നാല്‍ നിങ്ങള്‍ ഇസ്രായേല്യസഹോദരന്മാരോടു നിര്‍ദ്ദയം പെരുമാറരുത്. നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന അന്യനോ പരദേശിയോ ധനവാനായിത്തീരുകയും, അയാളുടെ അടുത്തു താമസിക്കുന്ന നിന്‍റെ ഇസ്രായേല്യസഹോദരന്‍ ദരിദ്രനായിത്തീരുകയും ചെയ്തു എന്നിരിക്കട്ടെ. ആ സഹോദരന്‍ ധനികനായിത്തീര്‍ന്ന അന്യനോ പരദേശിക്കോ അയാളുടെ കുടുംബത്തില്‍പ്പെട്ട മറ്റാര്‍ക്കെങ്കിലുമോ, [48,49] തന്നെത്തന്നെ വിറ്റാല്‍, അവന്‍റെ സ്വന്തസഹോദരനോ പിതൃസഹോദരനോ പിതൃസഹോദരപുത്രനോ അവന്‍റെ കുടുംബത്തില്‍പ്പെട്ട അടുത്ത ചാര്‍ച്ചക്കാരില്‍ ആര്‍ക്കെങ്കിലുമോ അവനെ വീണ്ടെടുക്കാം. ധനവാനായിത്തീര്‍ന്നാല്‍ അവനു തന്നെത്തന്നെ വീണ്ടെടുക്കാം. *** വിറ്റ വര്‍ഷംമുതല്‍ അടുത്ത ജൂബിലിവര്‍ഷംവരെയുള്ള വര്‍ഷങ്ങള്‍ കണക്കാക്കി വാങ്ങിയവനുമായി കണക്കു തീര്‍ക്കണം. വാങ്ങിയവന്‍റെ വീട്ടില്‍ അവന്‍ പാര്‍ത്തിരുന്ന കാലം കൂലിവേലക്കാരനായി കരുതപ്പെടണം. വേല ചെയ്യാനുള്ള കാലം ബാക്കിയുണ്ടെങ്കില്‍ അതനുസരിച്ച് വീണ്ടെടുപ്പുവില അവനു കൂലിയായി ലഭിച്ച തുകയില്‍നിന്നു തിരിച്ചു കൊടുക്കണം. ജൂബിലിവര്‍ഷത്തിനു കുറച്ചു വര്‍ഷങ്ങളേ ഉള്ളെങ്കില്‍ അതനുസരിച്ചുമാത്രം വീണ്ടെടുപ്പുവില വാങ്ങിയവനു കൊടുത്താല്‍ മതി. ആണ്ടുതോറും കൂലിക്കെടുക്കുന്ന വേലക്കാരനെപ്പോലെ അവന്‍ വാങ്ങിയവന്‍റെ കൂടെ കഴിയണം. വാങ്ങിയവന്‍ അവനോട് നിര്‍ദ്ദയം പെരുമാറരുത്. ഈ വിധത്തിലൊന്നും അവന്‍ വീണ്ടെടുക്കപ്പെടുന്നില്ലെങ്കില്‍ ജൂബിലിവര്‍ഷം അവനും മക്കളും സ്വതന്ത്രരാകും. ഈജിപ്തില്‍നിന്നു ഞാന്‍ വിമോചിപ്പിച്ചു കൊണ്ടുവന്ന എന്‍റെ ദാസന്മാരാണ് ഇസ്രായേല്‍ജനം. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു. ആരാധനയ്‍ക്കായി വിഗ്രഹങ്ങളോ കൊത്തുരൂപമോ ഉണ്ടാക്കരുത്; സ്തംഭം നാട്ടരുത്; രൂപം കൊത്തിയ യാതൊരു കല്ലും നിങ്ങളുടെ ദേശത്തു സ്ഥാപിക്കുകയുമരുത്. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു. എന്‍റെ ശബത്തുകള്‍ ആചരിക്കുക; വിശുദ്ധമന്ദിരത്തെ ബഹുമാനിക്കുക; ഞാന്‍ സര്‍വേശ്വരനാകുന്നു. എന്‍റെ ചട്ടങ്ങള്‍ പാലിക്കുകയും കല്പനകള്‍ അനുസരിക്കുകയും ചെയ്താല്‍ യഥാകാലം ഞാന്‍ നിങ്ങള്‍ക്കു മഴ തരികയും ഭൂമി വിളവു നല്‌കുകയും വൃക്ഷങ്ങള്‍ സമൃദ്ധമായ ഫലം തരികയും ചെയ്യും. നിങ്ങളുടെ ധാന്യ വിളവെടുപ്പ് മുന്തിരിപ്പഴം പറിക്കുന്നതുവരെയും, മുന്തിരി വിളവെടുപ്പ് അടുത്ത വിതക്കാലംവരെയും നീണ്ടുനില്‌ക്കും. നിങ്ങള്‍ തൃപ്തിയാകുവോളം ഭക്ഷിച്ച്, ദേശത്തു സുരക്ഷിതരായി പാര്‍ക്കും. നിങ്ങളുടെ ദേശത്തു ഞാന്‍ സമാധാനം സ്ഥാപിക്കും; നിങ്ങള്‍ നിര്‍ഭയരായി കിടന്നുറങ്ങും. ദുഷ്ടമൃഗങ്ങളെ ഞാന്‍ നാട്ടില്‍നിന്നു തുരത്തും. നിങ്ങളുടെ ദേശത്തു യുദ്ധം ഉണ്ടാകുകയില്ല. നിങ്ങളുടെ ശത്രുക്കളെ ഞാന്‍ പിന്തുടര്‍ന്നോടിക്കും. അവര്‍ നിങ്ങളുടെ മുമ്പില്‍ വാളിനിരയായി വീഴും. നിങ്ങളില്‍ അഞ്ചു പേര്‍ നൂറു പേരെയും, നൂറു പേര്‍ പതിനായിരം പേരെയും പിന്തുടര്‍ന്നോടിക്കും. നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ മുമ്പില്‍ വാളിനിരയായിത്തീരും. ഞാന്‍ നിങ്ങളെ കടാക്ഷിക്കും; നിങ്ങളെ സന്താനസമ്പന്നരാക്കും. നിങ്ങളോടുള്ള എന്‍റെ ഉടമ്പടി സ്ഥിരീകരിക്കും. നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ പഴയ ധാന്യശേഖരം ധാരാളമുണ്ടായിരിക്കും. പുതിയ വിളവു സംഭരിക്കാന്‍ പഴയതു നീക്കേണ്ടിവരും. ഞാന്‍ നിങ്ങളുടെ ഇടയില്‍ വസിക്കും; ഞാന്‍ നിങ്ങളെ ഉപേക്ഷിക്കയില്ല. ഞാന്‍ എപ്പോഴും നിങ്ങളുടെ ഇടയില്‍ വ്യാപരിക്കും. ഞാന്‍ നിങ്ങള്‍ക്കു ദൈവവും നിങ്ങള്‍ എന്‍റെ ജനവുമായിരിക്കും. ഈജിപ്തിലുള്ള നിങ്ങളുടെ അടിമത്തം അവസാനിപ്പിച്ച് അവിടെനിന്നു നിങ്ങളെ കൊണ്ടുവന്ന ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു. ഞാന്‍ നിങ്ങളുടെ നുകം തകര്‍ത്ത് തല ഉയര്‍ത്തി നടക്കുമാറാക്കി. നിങ്ങള്‍ എന്‍റെ വാക്കു കേള്‍ക്കാതെയും എന്‍റെ കല്പനകള്‍ പാലിക്കാതെയും ജീവിച്ചാല്‍, എന്‍റെ ചട്ടങ്ങള്‍ നിരാകരിക്കുകയും എന്‍റെ കല്പനകള്‍ അനുസരിക്കാതെ എന്‍റെ ഉടമ്പടി ലംഘിക്കുകയും ചെയ്താല്‍, ഞാന്‍ നിങ്ങളോട് ഇങ്ങനെ ചെയ്യും: ഞാന്‍ നിങ്ങളുടെമേല്‍ ഭീതി വരുത്തും. കാഴ്ച കെടുത്തുന്നതും ജീവനാശം വരുത്തുന്നതുമായ ക്ഷയവും ജ്വരവും ഞാന്‍ അയയ്‍ക്കും. നിങ്ങള്‍ വിതയ്‍ക്കുന്നതു വ്യര്‍ഥമാകും. നിങ്ങളുടെ ശത്രുക്കളായിരിക്കും അതു ഭക്ഷിക്കുക. ഞാന്‍ നിങ്ങള്‍ക്കെതിരെ മുഖം തിരിക്കും; ശത്രുക്കളുടെ മുമ്പില്‍ നിങ്ങള്‍ വീണുപോകും. നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെമേല്‍ വാഴും. ആരും പിന്തുടരാത്തപ്പോഴും നിങ്ങള്‍ വിരണ്ടോടും. എന്നിട്ടും നിങ്ങള്‍ എന്നെ അനുസരിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ പാപങ്ങള്‍ക്കുള്ള ശിക്ഷ ഏഴിരട്ടിയായി ഞാന്‍ വര്‍ധിപ്പിക്കും. ശക്തിയിലുള്ള നിങ്ങളുടെ അഹങ്കാരം ഞാന്‍ തകര്‍ക്കും. ഞാന്‍ നിങ്ങള്‍ക്കു മഴ നല്‌കാതിരിക്കും. അങ്ങനെ നിങ്ങളുടെ ആകാശം ഇരുമ്പുപോലെയും, ഭൂമി പിത്തളപോലെയും കഠിനമാകും. നിങ്ങളുടെ പ്രയത്നം വ്യര്‍ഥമാകും. ഭൂമി നിങ്ങള്‍ക്ക് വിളവു തരികയില്ല. വൃക്ഷങ്ങള്‍ ഫലം നല്‌കുകയുമില്ല. എന്നിട്ടും എന്‍റെ വാക്ക് ശ്രദ്ധിക്കാതെ അതിനു വിരുദ്ധമായി ജീവിതം തുടര്‍ന്നാല്‍ ഞാന്‍ നിങ്ങളുടെമേല്‍ കൂടുതല്‍ ബാധകള്‍ വരുത്തും. നിങ്ങളുടെ പാപങ്ങള്‍ക്ക് ഏഴു മടങ്ങു ശിക്ഷ നല്‌കും. ഹിംസ്രജന്തുക്കളെ നിങ്ങളുടെ നേരേ അഴിച്ചു വിടും; അവ നിങ്ങളുടെ കുട്ടികളെ കൊന്നൊടുക്കും; കന്നുകാലികളെ നശിപ്പിക്കും; നിങ്ങളുടെ എണ്ണം കുറയും; നിങ്ങളുടെ പാതകള്‍ വിജനമാകും. ഈ ശിക്ഷകള്‍കൊണ്ടും നിങ്ങള്‍ എങ്കലേക്കു തിരിയാതെ എനിക്കു വിരുദ്ധമായി നടന്നാല്‍ ഞാനും നിങ്ങള്‍ക്കെതിരായി തിരിഞ്ഞ് നിങ്ങളുടെ പാപങ്ങള്‍ക്കുള്ള ശിക്ഷ ഏഴിരട്ടിയാക്കും. എന്‍റെ ഉടമ്പടി ലംഘിച്ചതിനു പ്രതികാരമായി ഞാന്‍ നിങ്ങളെ വാള്‍കൊണ്ടു ശിക്ഷിക്കും. സ്വന്തം പട്ടണങ്ങളില്‍ അഭയം തേടിയാല്‍ നിങ്ങളുടെ മധ്യേ ഞാന്‍ മഹാമാരി അയയ്‍ക്കും. നിങ്ങള്‍ ശത്രുക്കള്‍ക്കു കീഴടങ്ങേണ്ടിവരും. ഞാന്‍ നിങ്ങള്‍ക്ക് ക്ഷാമം വരുത്തും. പത്തു സ്‍ത്രീകള്‍ ഒരടുപ്പില്‍ പാകം ചെയ്യും; അവര്‍ നിങ്ങള്‍ക്കു തൂക്കി അളന്നേ തരൂ. നിങ്ങള്‍ക്കു തൃപ്തി വരികയുമില്ല. എന്നിട്ടും നിങ്ങള്‍ എന്നെ അനുസരിക്കാതെ എനിക്കെതിരായി പ്രവര്‍ത്തിച്ചാല്‍, ഞാന്‍ ഉഗ്രരോഷത്തോടെ നിങ്ങള്‍ക്കെതിരായി നീങ്ങും. നിങ്ങളുടെ പാപങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ വീണ്ടും ഏഴിരട്ടിയാക്കും. സ്വന്തം മക്കളുടെ മാംസം നിങ്ങള്‍ക്കു ഭക്ഷിക്കേണ്ടിവരും. നിങ്ങളുടെ പൂജാഗിരികളും ധൂപപീഠങ്ങളും ഞാന്‍ നശിപ്പിക്കും. തകര്‍ന്ന വിഗ്രഹങ്ങളുടെമേല്‍ ഞാന്‍ നിങ്ങളുടെ ശവശരീരങ്ങള്‍ എറിയും. ഞാന്‍ നിങ്ങളെ വെറുക്കും. നിങ്ങളുടെ പട്ടണങ്ങള്‍ ഞാന്‍ ശൂന്യമാക്കും; നിങ്ങളുടെ ആരാധനാസ്ഥലങ്ങള്‍ വിജനമാക്കും. നിങ്ങളുടെ സുഗന്ധനിവേദ്യം ഞാന്‍ സ്വീകരിക്കുകയില്ല. നിങ്ങളുടെ ദേശത്തു വസിക്കുന്ന ശത്രുക്കള്‍പോലും ആശ്ചര്യപ്പെടുമാറ് ഞാന്‍ അതിനെ ശൂന്യമാക്കും. ജനതകളുടെ ഇടയില്‍ ഞാന്‍ നിങ്ങളെ ചിതറിക്കും; ഞാന്‍ വാളൂരി നിങ്ങളെ പിന്തുടരും. നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ നഗരങ്ങള്‍ പാഴായും തീരും. നിങ്ങള്‍ ശത്രുദേശത്തു പ്രവാസികളായി കഴിയുമ്പോള്‍ ആളൊഴിഞ്ഞ നിങ്ങളുടെ ദേശം സ്വസ്ഥത ആസ്വദിക്കും; നിര്‍ജ്ജനമായിരിക്കുന്ന കാലത്തായിരിക്കും അതിന്‍റെ ശബത്താചരണം. നിങ്ങള്‍ വസിച്ചിരുന്നപ്പോള്‍ ദേശത്തിനു ലഭിക്കാതിരുന്ന വിശ്രമം ശൂന്യമായി കിടക്കുമ്പോള്‍ അതിനു ലഭിക്കും. നിങ്ങളില്‍ ശേഷിക്കുന്നവര്‍ ശത്രുദേശത്തു പ്രവാസികളായി കഴിയുമ്പോള്‍ അവരുടെ ഉള്ളില്‍ ഞാന്‍ ഭീതി ഉളവാക്കും. ഒരു കരിയില അനങ്ങിയാല്‍ അവര്‍ പേടിച്ചോടും. വാളില്‍നിന്നു രക്ഷപെടാന്‍ എന്നതുപോലെ അവര്‍ ഓടും. ആരും പിന്തുടരുന്നില്ലെങ്കിലും അവര്‍ ഓടി ഇടറിവീഴും. ആരും പിന്തുടരാത്തപ്പോഴും വാളില്‍നിന്നു രക്ഷപെടാനെന്നവിധം അവര്‍ ഓടും. അവര്‍ പരസ്പരം കൂട്ടിമുട്ടി വീഴും. ശത്രുക്കളെ നേരിടാന്‍ നിങ്ങള്‍ക്കു കഴികയില്ല. വിദേശത്തു നിങ്ങള്‍ മരിക്കും. ശത്രുക്കളുടെ നാട് നിങ്ങളെ വിഴുങ്ങിക്കളയും. നിങ്ങളില്‍ ശേഷിക്കുന്നവര്‍ തങ്ങളുടെ ദുഷ്കൃത്യങ്ങള്‍ മൂലം ശത്രുരാജ്യത്തു നശിച്ചുപോകും. പിതാക്കന്മാരുടെ ദുഷ്കൃത്യങ്ങള്‍ മൂലം അവര്‍ അവരെപ്പോലെ നാശമടയും. [40,41] അവരും അവരുടെ പിതാക്കന്മാരും എന്നോടു കാണിച്ച അവിശ്വസ്തതയും എനിക്കെതിരെ പ്രവര്‍ത്തിച്ച ദുഷ്കൃത്യങ്ങളും നിമിത്തം എനിക്ക് അവരോട് അനിഷ്ടം തോന്നുകയും ഞാന്‍ അവരെ ശത്രുദേശത്ത് പ്രവാസികളായി അയയ്‍ക്കുകയും ചെയ്തു. ഇപ്പോഴെങ്കിലും അവര്‍ തെറ്റ് ഏറ്റുപറഞ്ഞ് വിനീതഹൃദയരായി തങ്ങളുടെ അകൃത്യത്തിനു പ്രായശ്ചിത്തം ചെയ്താല്‍, *** അബ്രഹാമിനോടും, യാക്കോബിനോടും ചെയ്ത എന്‍റെ ഉടമ്പടി ഞാന്‍ ഓര്‍ക്കും; ദേശം നല്‌കുമെന്നുള്ള വാഗ്ദാനം ഞാന്‍ അനുസ്മരിക്കും. അവര്‍ വിട്ടുപോയതിനാല്‍ ശൂന്യമായിത്തീര്‍ന്ന ദേശം വിശ്രമം അനുഭവിക്കും. എന്‍റെ ചട്ടങ്ങള്‍ ധിക്കരിച്ച് എന്‍റെ കല്പനകള്‍ വെറുത്തു ദുഷ്കൃത്യം ചെയ്തതിന് അവര്‍ തക്കപരിഹാരം ചെയ്യണം. എങ്കിലും അവര്‍ ശത്രുദേശത്തായിരിക്കുമ്പോള്‍, അവരെ ഉന്മൂലനം ചെയ്യാനും എന്‍റെ ഉടമ്പടി ലംഘിക്കാനും തക്കവിധം ഞാന്‍ അവരെ ദ്വേഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യുകയില്ല. ഞാന്‍ അവരുടെ ദൈവമായ സര്‍വേശ്വരനാകുന്നു. അന്യജനതകള്‍ കാണ്‍കെ ഈജിപ്തില്‍നിന്നു ഞാന്‍ കൂട്ടിക്കൊണ്ടുവന്ന അവരുടെ പൂര്‍വപിതാക്കന്മാരോടു ചെയ്ത ഉടമ്പടി അവര്‍ക്കുവേണ്ടി ഞാന്‍ ഓര്‍ക്കും. അങ്ങനെ ഞാന്‍ അവരുടെ ദൈവമായിരിക്കും. ഞാനാകുന്നു സര്‍വേശ്വരന്‍. സീനായ് മലയില്‍വച്ച് മോശ മുഖേന സര്‍വേശ്വരന്‍ ഇസ്രായേല്‍ജനങ്ങള്‍ക്ക് നല്‌കിയ ചട്ടങ്ങളും കല്പനകളും ഇവയാകുന്നു. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്‍ജനത്തോടു പറയുക. ആരെങ്കിലും ഒരു വ്യക്തിയെ പ്രത്യേക വഴിപാടായി സര്‍വേശ്വരനു സമര്‍പ്പിക്കുകയാണെങ്കില്‍ അവന്‍റെ വില കണക്കാക്കേണ്ടത് ഇങ്ങനെയാണ്. ഇരുപതിനും അറുപതിനും മധ്യേ പ്രായമുള്ള പുരുഷന്‍റെ മതിപ്പുവില വിശുദ്ധമന്ദിരത്തിലെ തോതനുസരിച്ച് അമ്പതു ശേക്കെല്‍ വെള്ളി. സ്‍ത്രീയാണെങ്കില്‍ മുപ്പതു ശേക്കെല്‍ വെള്ളി. അഞ്ചുമുതല്‍ ഇരുപതു വയസ്സുവരെയുള്ള ആണിന് ഇരുപതും പെണ്ണിനു പത്തും ശേക്കെല്‍ വെള്ളി. ഒരു മാസംമുതല്‍ അഞ്ചു വയസ്സുവരെ പ്രായമുള്ള ആണ്‍കുട്ടിക്ക് അഞ്ചും; പെണ്‍കുട്ടിക്കു മൂന്നും ശേക്കെല്‍ മതിപ്പുവില കൊടുക്കണം. അറുപതുമുതല്‍ മേലോട്ടു പ്രായമുള്ള പുരുഷനു പതിനഞ്ചും സ്‍ത്രീക്കു പത്തും ശേക്കെല്‍ വെള്ളി ആയിരിക്കണം മതിപ്പുവില. എന്നാല്‍ മതിപ്പുവില കൊടുക്കാന്‍ നിവൃത്തിയില്ലാത്തവിധം ഒരാള്‍ ദരിദ്രനായിത്തീര്‍ന്നാല്‍ അയാളെ പുരോഹിതന്‍റെ മുമ്പില്‍ കൊണ്ടുവരണം. വഴിപാടു കഴിച്ചവന്‍റെ കഴിവിനൊത്ത് ഒരു വില പുരോഹിതന്‍ നിശ്ചയിക്കും. സര്‍വേശ്വരനു വഴിപാടായി അര്‍പ്പിക്കുന്നത് ഒരു മൃഗത്തെയാണെങ്കില്‍, ആ മൃഗം സര്‍വേശ്വരനു വിശുദ്ധമായിരിക്കും. അതിനെ മറ്റൊന്നുമായി വച്ചുമാറരുത്. നല്ലതിനു പകരം ചീത്തയോ, ചീത്തയ്‍ക്കു പകരം നല്ലതോ വയ്‍ക്കരുത്. ഒരു മൃഗത്തിനു പകരം മറ്റൊന്നിനെ കൊടുത്താല്‍ രണ്ടും സര്‍വേശ്വരനുള്ളതായിരിക്കും. സര്‍വേശ്വരന് അര്‍പ്പിച്ചുകൂടാത്ത അശുദ്ധമൃഗത്തെയാണു വഴിപാടര്‍പ്പിക്കുന്നതെങ്കില്‍ അതിനെ പുരോഹിതന്‍റെ മുമ്പില്‍ കൊണ്ടുവരണം. നന്മതിന്മകള്‍ കണക്കാക്കി പുരോഹിതന്‍ അതിനു വില നിശ്ചയിക്കും. പുരോഹിതനായ നീ നിശ്ചയിക്കുന്നതുതന്നെ അതിന്‍റെ വില. അതിനെ വീണ്ടെടുക്കണമെങ്കില്‍ മതിപ്പുവിലയും അതിന്‍റെ അഞ്ചിലൊന്നും കൊടുക്കണം. ഒരാള്‍ തന്‍റെ വീട് സര്‍വേശ്വരനു സമര്‍പ്പിച്ചാല്‍ അതിന്‍റെ ഗുണദോഷങ്ങള്‍ നോക്കി പുരോഹിതന്‍ വില നിശ്ചയിക്കണം. പുരോഹിതന്‍ നിശ്ചയിക്കുന്നതുതന്നെ അതിന്‍റെ വില. വീടു സമര്‍പ്പിച്ചവന്‍ അതു വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ മതിപ്പുവിലയോടുകൂടി അഞ്ചിലൊന്നു ചേര്‍ത്തു കൊടുക്കണം. അപ്പോള്‍ വീട് അവന്‍റേതായിത്തീരും. ഒരുവന്‍ തനിക്ക് അവകാശമായി ലഭിച്ച നിലത്തില്‍ ഒരു ഭാഗം സര്‍വേശ്വരനു സമര്‍പ്പിച്ചാല്‍ അതിന്‍റെ മതിപ്പുവില നിശ്ചയിക്കേണ്ടത് വിതയ്‍ക്കുന്നതിനുവേണ്ട വിത്തിന്‍റെ അളവനുസരിച്ചാണ്. ഒരു ഹോമര്‍ ബാര്‍ലി വിതയ്‍ക്കാവുന്ന നിലത്തിനു വില അമ്പതു ശേക്കെല്‍ വെള്ളി. നിലം സമര്‍പ്പിക്കുന്നതു ജൂബിലിവര്‍ഷമാണെങ്കില്‍ മുഴുവന്‍ വിലയും കൊടുക്കണം. ജൂബിലിവര്‍ഷത്തിനു ശേഷമാണെങ്കില്‍ അടുത്ത ജൂബിലിവരെയുള്ള വര്‍ഷങ്ങള്‍ കണക്കാക്കി പുരോഹിതന്‍ മതിപ്പുവിലയില്‍ ഇളവ് അനുവദിക്കണം. നിലം സമര്‍പ്പിച്ചവന് അതു വീണ്ടെടുക്കണമെങ്കില്‍ വിലയോടുകൂടി അഞ്ചിലൊന്നു ചേര്‍ത്തു കൊടുത്താല്‍ മതി; അത് അവനു ലഭിക്കും. എന്നാല്‍ നിലം വീണ്ടെടുക്കാതിരിക്കുകയോ, മറ്റൊരാളിനു വില്‍ക്കുകയോ ചെയ്താല്‍ പിന്നീടു വീണ്ടെടുക്കാവുന്നതല്ല. എന്നാല്‍ ജൂബിലിവര്‍ഷം അത് സ്വതന്ത്രമാകുമ്പോള്‍ സമര്‍പ്പിത വസ്തു എന്നപോലെ സര്‍വേശ്വരനുള്ളതായിരിക്കും. അതു സര്‍വേശ്വരനു വിശുദ്ധമാണ്. അതിന്‍റെ അവകാശം പുരോഹിതനുള്ളതാണ്. അവകാശമായി ലഭിക്കാതെ വിലകൊടുത്തു വാങ്ങിയ നിലം ദൈവത്തിനു അര്‍പ്പിച്ചാല്‍, പുരോഹിതന്‍ അടുത്ത ജൂബിലിവരെയുള്ള വര്‍ഷങ്ങള്‍ കണക്കാക്കി വില നിശ്ചയിക്കണം. മതിപ്പുവില അന്നുതന്നെ സര്‍വേശ്വരനു സമര്‍പ്പിക്കണം. അതു സര്‍വേശ്വരനു വിശുദ്ധമായിരിക്കും. ജൂബിലിവര്‍ഷമാകുമ്പോള്‍ മുന്നുടമയ്‍ക്കുതന്നെ ആ നിലം തിരികെ കൊടുക്കണം. മതിപ്പുവില കണക്കാക്കുന്നത് വിശുദ്ധമന്ദിരത്തിലെ നിരക്കനുസരിച്ച് ശേക്കെലിന് ഇരുപതു ഗേരാ വെള്ളി ആയിരിക്കണം. മൃഗങ്ങളുടെ കടിഞ്ഞൂല്‍കുട്ടികള്‍ സര്‍വേശ്വരനുള്ളതാകയാല്‍ അവയെ സര്‍വേശ്വരനു സമര്‍പ്പിക്കരുത്. മാടായാലും ആടായാലും അതു സര്‍വേശ്വരനുള്ളതാകുന്നു. അശുദ്ധമൃഗമാണെങ്കില്‍ മതിപ്പുവിലയും അതിന്‍റെ അഞ്ചിലൊന്നുംകൂടി കൊടുത്ത് അതിനെ വീണ്ടെടുക്കണം. വീണ്ടെടുക്കുന്നില്ലെങ്കില്‍ അതിനെ മതിപ്പുവിലയ്‍ക്കു വില്‍ക്കാം. ഉഴിഞ്ഞു സമര്‍പ്പിച്ചതൊന്നും-മനുഷ്യനോ, മൃഗമോ, അവകാശപ്പെട്ട നിലമോ-ആകട്ടെ വില്‍ക്കാനും വീണ്ടെടുക്കാനും പാടില്ല. അവ സര്‍വേശ്വരന് അതിവിശുദ്ധമാകുന്നു. ഉഴിഞ്ഞു സമര്‍പ്പിച്ചതു മനുഷ്യനെ ആയാല്‍പോലും വീണ്ടെടുത്തുകൂടാ; അയാളെ വധിക്കണം. നിലത്തിലെ ധാന്യങ്ങളും വൃക്ഷങ്ങളും ഉള്‍പ്പെടെ എല്ലാ വിളവിന്‍റെയും ദശാംശം സര്‍വേശ്വരനുള്ളതാണ്. അതു സര്‍വേശ്വരനു വിശുദ്ധമാകുന്നു. ദശാംശത്തിന്‍റെ ഒരു ഭാഗം വീണ്ടെടുക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നെങ്കില്‍ അതിന്‍റെ വിലയോടുകൂടി അഞ്ചിലൊന്നു കൂടി കൊടുത്തു വീണ്ടെടുക്കാം. ആടായാലും മാടായാലും ഇടയന്‍റെ സംരക്ഷണത്തിലുള്ള എല്ലാറ്റിന്‍റെയും ദശാംശം സര്‍വേശ്വരനു വിശുദ്ധമാകുന്നു. ദശാംശം സര്‍വേശ്വരനു കൊടുക്കുമ്പോള്‍ നല്ലതും ചീത്തയും വേര്‍തിരിക്കേണ്ടതില്ല. ഒന്നും വച്ചുമാറുകയും അരുത്. വച്ചുമാറിയാല്‍ രണ്ടും സര്‍വേശ്വരനു വിശുദ്ധമായിരിക്കും. അവയെ വീണ്ടെടുക്കാവുന്നതല്ല.” സീനായ് പര്‍വതത്തില്‍വച്ച് ഇസ്രായേല്‍ ജനത്തിനു സര്‍വേശ്വരന്‍ മോശ മുഖേന നല്‌കിയ കല്പനകളാണ് ഇവ. ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്‍റെ രണ്ടാം വര്‍ഷം രണ്ടാം മാസം ഒന്നാം ദിവസം സീനായ്മരുഭൂമിയില്‍ തിരുസാന്നിധ്യകൂടാരത്തില്‍വച്ചു സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: [2,3] “നീയും അഹരോനുംകൂടി ഇസ്രായേല്‍ജനത്തിലെ പുരുഷന്മാരുടെ സംഖ്യ ഗോത്രവും കുടുംബവും തിരിച്ചു വെവ്വേറെ എടുക്കണം. ഇരുപതു വയസ്സും അതിനു മുകളിലും പ്രായമുള്ളവരും യുദ്ധത്തിനു പ്രാപ്തരുമായവരുടെ എണ്ണം ഗണം തിരിച്ച് എടുക്കണം. *** ഓരോ ഗോത്രത്തില്‍നിന്നും അതിനു തലവനായി ഒരാളെക്കൂടി നിങ്ങള്‍ കൊണ്ടുപോകണം. നിങ്ങളെ സഹായിക്കേണ്ടവര്‍ ഇവരാണ്: രൂബേന്‍ഗോത്രത്തില്‍നിന്നു ശെദേയൂരിന്‍റെ പുത്രനായ എലീസൂര്‍. ശിമെയോന്‍ഗോത്രത്തില്‍നിന്നു സൂരീശദ്ദായിയുടെ പുത്രനായ ശെലൂമീയേല്‍; യെഹൂദാഗോത്രത്തില്‍നിന്ന് അമ്മീനാദാബിന്‍റെ പുത്രനായ നഹശോന്‍; ഇസ്സാഖാര്‍ഗോത്രത്തില്‍നിന്നു സൂവാരിന്‍റെ പുത്രനായ നെഥനയേല്‍; സെബൂലൂന്‍ഗോത്രത്തില്‍നിന്നു ഹോലോന്‍റെ പുത്രനായ എലീയാബ്; യോസേഫിന്‍റെ പുത്രന്മാരില്‍: എഫ്രയീംഗോത്രത്തില്‍നിന്ന് അമ്മീഹൂദിന്‍റെ പുത്രനായ എലീശാമാ, മനശ്ശെഗോത്രത്തില്‍നിന്നു പെദാസൂരിന്‍റെ പുത്രനായ ഗമലീയേല്‍; ബെന്യാമീന്‍ഗോത്രത്തില്‍നിന്നു ഗിദെയോനിയുടെ പുത്രനായ അബീദാന്‍; ദാന്‍ഗോത്രത്തില്‍നിന്ന് അമ്മീശദ്ദായിയുടെ പുത്രനായ അഹീയേസെര്‍; ആശേര്‍ഗോത്രത്തില്‍നിന്നു ഒക്രാന്‍റെ പുത്രനായ പഗീയേല്‍; ഗാദ്ഗോത്രത്തില്‍നിന്നു ദെയൂവേലിന്‍റെ പുത്രനായ എലീയാസാഫ്; നഫ്താലിഗോത്രത്തില്‍നിന്ന് ഏനാന്‍റെ മകനായ അഹീര. ഇവരായിരുന്നു ഇസ്രായേല്‍ജനത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടവര്‍. ഇവരെ ഗോത്രത്തലവന്മാരായി മോശയും അഹരോനും അംഗീകരിച്ചു. രണ്ടാം മാസം ഒന്നാം ദിവസം അവര്‍ ഇസ്രായേല്‍ജനത്തെ ഒരുമിച്ചുകൂട്ടി. അവര്‍ ഓരോ ഗോത്രത്തിലും, ഓരോ കുടുംബത്തിലും ഇരുപതും അതിനുമേലും പ്രായമുള്ള എല്ലാ പുരുഷന്മാരുടെയും പേരുകള്‍ ജനസംഖ്യാപട്ടികയില്‍ ചേര്‍ത്തു. സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ സീനായ്മരുഭൂമിയില്‍വച്ച് അവരുടെ ജനസംഖ്യ എടുത്തു. ഇസ്രായേല്‍ഗോത്രങ്ങളിലെ ഇരുപതും, അതിനു മുകളില്‍ പ്രായമുള്ളവരും, യുദ്ധസേവനത്തിനു പ്രാപ്തരുമായ പുരുഷന്മാരുടെ പട്ടിക ആളാംപ്രതി, പിതൃഭവനവും, കുടുംബവും തിരിച്ച് ഉണ്ടാക്കി. ഓരോ ഗോത്രത്തില്‍നിന്നുമുള്ളവരുടെ സംഖ്യ ഇപ്രകാരമായിരുന്നു: ഇസ്രായേലിന്‍റെ മൂത്ത പുത്രനായ രൂബേന്‍റെ ഗോത്രത്തില്‍ നാല്പത്താറായിരത്തി അഞ്ഞൂറ്. [22,23] ശിമെയോന്‍ഗോത്രത്തില്‍ അമ്പത്തൊമ്പതിനായിരത്തി മുന്നൂറ്. *** [24,25] ഗാദ്ഗോത്രത്തില്‍ നാല്പത്തയ്യായിരത്തി അറുനൂറ്റമ്പത്. *** [26,27] യെഹൂദാഗോത്രത്തില്‍ എഴുപത്തിനാലായിരത്തി അറുനൂറ്. *** [28,29] ഇസ്സാഖാര്‍ഗോത്രത്തില്‍ അമ്പത്തിനാലായിരത്തി നാനൂറ്. *** [30,31] സെബൂലൂന്‍ഗോത്രത്തില്‍ അമ്പത്തേഴായിരത്തി നാനൂറ്. *** [32,33] യോസേഫിന്‍റെ പുത്രനായ എഫ്രയീമിന്‍റെ ഗോത്രത്തില്‍ നാല്പതിനായിരത്തി അഞ്ഞൂറ്. *** [34,35] യോസേഫിന്‍റെ മറ്റൊരു പുത്രനായ മനശ്ശെയുടെ ഗോത്രത്തില്‍ മുപ്പത്തീരായിരത്തി ഇരുനൂറ്. *** [36,37] ബെന്യാമീന്‍ഗോത്രത്തില്‍ മുപ്പത്തയ്യായിരത്തി നാനൂറ്. *** [38,39] ദാന്‍ഗോത്രത്തില്‍ അറുപത്തീരായിരത്തി എഴുനൂറ്. *** [40,41] ആശേര്‍ഗോത്രത്തില്‍ നാല്പത്തോരായിരത്തി അഞ്ഞൂറ്. *** [42,43] നഫ്താലിഗോത്രത്തില്‍ അമ്പത്തി മൂവായിരത്തി നാനൂറ്. *** മോശയും അഹരോനും ഗോത്രപ്രതിനിധികളായ പന്ത്രണ്ടു നേതാക്കളും ചേര്‍ന്ന് എടുത്ത കണക്കില്‍പ്പെട്ടവരാണിവര്‍. ഇസ്രായേല്‍ജനങ്ങളുടെ സകല പിതൃഭവനത്തില്‍നിന്നും ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ളവരും യുദ്ധത്തിനു പ്രാപ്തരുമായ പുരുഷന്മാര്‍ ആകെ ആറുലക്ഷത്തിമൂവായിരത്തി അഞ്ഞൂറ്റമ്പത് ആയിരുന്നു. മറ്റു ഗോത്രങ്ങളോടൊപ്പം ലേവ്യഗോത്രത്തിന്‍റെ ജനസംഖ്യ എടുത്തില്ല. കാരണം, സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിരുന്നു: “ലേവ്യരെ നീ എണ്ണരുത്. മറ്റു ഗോത്രങ്ങളോടുകൂടി അവരുടെ ജനസംഖ്യ എടുക്കുകയുമരുത്. ലേവ്യരെ തിരുസാന്നിധ്യകൂടാരത്തിന്‍റെയും അതിന്‍റെ ഉപകരണങ്ങളുടെയും, അതിലുള്ള സകല വസ്തുക്കളുടെയും ചുമതല ഏല്പിക്കുക; തിരുസാന്നിധ്യകൂടാരവും അതിന്‍റെ സകല ഉപകരണങ്ങളും ചുമക്കേണ്ടത് അവരാണ്. തിരുസാന്നിധ്യകൂടാരത്തില്‍ ശുശ്രൂഷ ചെയ്തുകൊണ്ട് അതിനു ചുറ്റും അവര്‍ താവളമടിക്കട്ടെ. തിരുസാന്നിധ്യകൂടാരവുമായി പുറപ്പെടുമ്പോള്‍ അത് അഴിച്ചെടുക്കുന്നതും കൂടാരമടിക്കേണ്ടിവരുമ്പോള്‍ അതു സ്ഥാപിക്കുന്നതും അവര്‍തന്നെ ആയിരിക്കണം; മറ്റാരെങ്കിലും അതിനു ശ്രമിച്ചാല്‍ അവനെ വധിക്കണം. മറ്റു ജനങ്ങള്‍ ഗണംഗണമായി തിരിഞ്ഞു താന്താങ്ങളുടെ പാളയത്തിലും അവരവരുടെ കൊടിക്കീഴിലും പാളയമടിക്കണം. മറ്റാരെങ്കിലും തിരുസാന്നിധ്യകൂടാരത്തെ സമീപിക്കുകയും തല്‍ഫലമായി ജനത്തിന്‍റെമേല്‍ എന്‍റെ കോപം ജ്വലിക്കുകയും ചെയ്യാതിരിക്കാന്‍ ലേവ്യര്‍ തിരുസാന്നിധ്യകൂടാരത്തിനു ചുറ്റും പാളയമടിച്ച് അതു കാത്തുസൂക്ഷിക്കണം.” ജനം അങ്ങനെതന്നെ ചെയ്തു; സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ അവര്‍ പ്രവര്‍ത്തിച്ചു. സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ഓരോ ഇസ്രായേല്യനും അവരവരുടെ പിതൃഭവന ചിഹ്നമുള്ള കൊടിക്കീഴില്‍ പാളയമടിക്കട്ടെ. യെഹൂദാഗോത്രത്തിന്‍റെ കൊടിക്കീഴിലുള്ളവര്‍ ഗണം ഗണമായി തിരുസാന്നിധ്യകൂടാരത്തിന്‍റെ കിഴക്കു വശത്തു പാളയമടിക്കട്ടെ. അമ്മീനാദാബിന്‍റെ പുത്രനായ നഹശോന്‍ ആയിരിക്കണം അവരുടെ നേതാവ്. അയാളുടെ സൈന്യത്തില്‍ എഴുപത്തിനാലായിരത്തി അറുനൂറു പേര്‍. ഇസ്സാഖാര്‍ഗോത്രമാണ് അവരോടടുത്തു പാളയമടിക്കേണ്ടത്. സൂവാരിന്‍റെ പുത്രനായ നെഥനയേല്‍ ആയിരിക്കണം അവരുടെ നേതാവ്. അയാളുടെ സൈന്യത്തില്‍ അമ്പത്തിനാലായിരത്തി നാനൂറു പേര്‍. സെബൂലൂന്‍ഗോത്രക്കാരാണ് പിന്നീട്. അവരുടെ നേതാവ് ഹേലോന്‍റെ പുത്രനായ എലിയാബ്. അയാളുടെ സൈന്യത്തില്‍ അമ്പത്തേഴായിരത്തി നാനൂറു പേര്‍. ഇങ്ങനെ യെഹൂദാ, ഇസ്സാഖാര്‍, സെബൂലൂന്‍ എന്നീ ഗോത്രങ്ങള്‍ ഉള്‍പ്പെടുന്ന യെഹൂദാപാളയത്തിലുള്ള സൈനികര്‍ ഒരുലക്ഷത്തിഎണ്‍പത്താറായിരത്തി നാനൂറ് പേര്‍. അവരാണ് ആദ്യം പുറപ്പെടേണ്ടത്. രൂബേന്‍ ഗോത്രപതാകയ്‍ക്കു കീഴുള്ളവര്‍ ഗണം ഗണമായി കൂടാരത്തിന്‍റെ തെക്കു വശത്തു പാളയമടിക്കണം; രൂബേന്‍ഗോത്രക്കാരുടെ നേതാവ് ശെദേയൂരിന്‍റെ പുത്രന്‍ എലീസൂര്‍. അയാളുടെ സൈന്യത്തിലുള്ളവര്‍ നാല്പത്താറായിരത്തി അഞ്ഞൂറു പേര്‍. അവരുടെ അടുത്തു പാളയമടിക്കേണ്ടതു ശിമെയോന്‍ഗോത്രക്കാരാണ്. അവരുടെ നേതാവ് സൂരീശദ്ദായിയുടെ പുത്രന്‍ ശെലൂമീയേല്‍; അയാളുടെ സൈന്യത്തില്‍ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേര്‍. അതിനടുത്തത് ഗാദ്ഗോത്രമാണ്. അവരുടെ നേതാവ് രെയൂവേലിന്‍റെ പുത്രന്‍ എലീയാസാഫ്. അയാളുടെ സൈന്യത്തില്‍ നാല്പത്തയ്യായിരത്തി അറുനൂറ്റമ്പതു പേര്‍. ഇങ്ങനെ രൂബേന്‍, ശിമെയോന്‍, ഗാദ് എന്നീ ഗോത്രങ്ങള്‍ ഉള്‍പ്പെടുന്ന രൂബേന്‍പാളയത്തിലുള്ളവരുടെ ആകെ സംഖ്യ ഒരുലക്ഷത്തി അമ്പത്തോരായിരത്തി നാനൂറ്റമ്പതു പേര്‍. അവരുടെ സൈന്യമാണു രണ്ടാമതു പുറപ്പെടേണ്ടത്. പാളയങ്ങളുടെ മധ്യത്തിലുള്ള ലേവ്യപാളയത്തോടൊപ്പം തിരുസാന്നിധ്യകൂടാരം പുറപ്പെടണം. പാളയമടിക്കുമ്പോള്‍ എന്നതുപോലെ അവര്‍ യാത്ര ചെയ്യുമ്പോഴും തങ്ങളുടെ കൊടിക്കീഴില്‍ ഇതേ ക്രമത്തില്‍ നീങ്ങണം. കൂടാരത്തിന്‍റെ പടിഞ്ഞാറു വശത്താണ് എഫ്രയീംഗോത്രത്തിന്‍റെ പതാകയ്‍ക്കു കീഴുള്ളവര്‍ പാളയമടിക്കേണ്ടത്. അവരുടെ നേതാവ് അമ്മീഹൂദിന്‍റെ പുത്രനായ എലീശാമാ. അയാളുടെ സൈന്യത്തില്‍ നാല്പതിനായിരത്തി അഞ്ഞൂറു പേര്‍. അവര്‍ക്കു സമീപം മനശ്ശെഗോത്രമാണ്. അവരുടെ നേതാവ് പെദാസൂരിന്‍റെ പുത്രനായ ഗമലീയേല്‍. അയാളുടെ സൈന്യത്തില്‍ മുപ്പത്തീരായിരത്തി ഇരുനൂറു പേര്‍. അതിനടുത്തു ബെന്യാമീന്‍ഗോത്രം. ഗിദെയോനിയുടെ പുത്രനായ അബീദാന്‍ ആയിരിക്കണം അവരുടെ നേതാവ്. അയാളുടെ സൈന്യത്തില്‍ മുപ്പത്തയ്യായിരത്തി നാനൂറു പേര്‍. ഇങ്ങനെ എഫ്രയീം, മനശ്ശെ, ബെന്യാമീന്‍ എന്നീ ഗോത്രങ്ങള്‍ ഉള്‍പ്പെടുന്ന എഫ്രയീം പാളയത്തിലുള്ളവര്‍ ആകെ ഒരു ലക്ഷത്തിഎണ്ണായിരത്തി ഒരുനൂറ്. ഇവരാണ് മൂന്നാമതു പുറപ്പെടേണ്ടത്. തിരുസാന്നിധ്യകൂടാരത്തിന്‍റെ വടക്കുവശത്താണു ദാന്‍ഗോത്രത്തിന്‍റെ പതാകയ്‍ക്കു കീഴുള്ളവര്‍ പാളയമടിക്കേണ്ടത്. അവരുടെ നേതാവ് അമ്മീശദ്ദായിയുടെ പുത്രന്‍ അഹീയേസര്‍. അയാളുടെ ഗണത്തില്‍ അറുപത്തീരായിരത്തിഎഴുനൂറു പേര്‍. ആശേര്‍ഗോത്രക്കാരാണ് അവര്‍ക്കടുത്തു പാളയമടിക്കേണ്ടത്. അവരുടെ നേതാവ് ഒക്രാന്‍റെ പുത്രന്‍ പഗീയേല്‍. അവര്‍ നാല്പത്തോരായിരത്തി അഞ്ഞൂറു പേര്‍. അതിനടുത്തു നഫ്താലിഗോത്രമാണ്. അതിന്‍റെ നേതാവ് ഏനാന്‍റെ പുത്രന്‍ അഹീര. അതില്‍ അമ്പത്തിമൂവായിരത്തി നാനൂറു പേര്‍. ഇങ്ങനെ ദാന്‍, ആശേര്‍, നഫ്താലി എന്നീ ഗോത്രങ്ങള്‍ ഉള്‍പ്പെടുന്ന ദാന്‍പാളയത്തിലുള്ളവര്‍ ആകെ ഒരുലക്ഷത്തിഅമ്പത്തേഴായിരത്തി അറുനൂറ്. അവരാണ് സ്വന്തം കൊടികളോടുകൂടി ഏറ്റവുമൊടുവില്‍ പുറപ്പെടേണ്ടത്. പിതൃഭവനമനുസരിച്ച് എണ്ണപ്പെട്ട ഇസ്രായേല്യര്‍ ഇവരാണ്; ഇവരുടെ സംഖ്യ ആറു ലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റമ്പത്. എന്നാല്‍ സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ ഇസ്രായേല്‍ജനങ്ങളോടൊപ്പം ലേവ്യരുടെ ജനസംഖ്യ എടുത്തില്ല. അങ്ങനെ സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിരുന്നതെല്ലാം അവര്‍ ചെയ്തു; അവര്‍ ഓരോരുത്തരും അവരവരുടെ കൊടിക്കീഴില്‍ പാളയമടിക്കുകയും, പിതൃഭവനങ്ങളുടെയും കുടുംബങ്ങളുടെയും ക്രമമനുസരിച്ചു പുറപ്പെടുകയും ചെയ്തു. സീനായ്മലയില്‍വച്ചു മോശയ്‍ക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായ കാലത്തു മോശയുടെയും അഹരോന്‍റെയും സന്താനങ്ങള്‍ ഇവരായിരുന്നു. അഹരോന്‍റെ പുത്രന്മാര്‍: ആദ്യജാതനായ നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍. പുരോഹിതശുശ്രൂഷയ്‍ക്കായി അഭിഷിക്തരായ അഹരോന്‍റെ പുത്രന്മാര്‍ ഇവരാണ്. ഇവരില്‍ നാദാബും അബീഹൂവും സീനായ്മരുഭൂമിയില്‍വച്ചു സര്‍വേശ്വരന്‍റെ സന്നിധിയില്‍ അവിശുദ്ധമായ അഗ്നി അര്‍പ്പിച്ചതിനാല്‍ അവിടെവച്ചു മരിച്ചു. അവര്‍ക്കു മക്കളില്ലായിരുന്നു. എലെയാസാരും ഈഥാമാരും മാത്രമാണ് പിതാവായ അഹരോന്‍റെ ജീവകാലമത്രയും പുരോഹിത ശുശ്രൂഷ നിര്‍വഹിച്ചത്. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “പുരോഹിതനായ അഹരോന്‍റെ ശുശ്രൂഷകരായി ലേവിഗോത്രത്തില്‍പ്പെട്ട എല്ലാവരെയും നിയോഗിക്കുക. അവര്‍ അഹരോനും സര്‍വജനത്തിനുംവേണ്ടി തിരുസാന്നിധ്യകൂടാരത്തിനു മുമ്പില്‍ ശുശ്രൂഷ ചെയ്യുകയും, കൂടാരസംബന്ധമായ ഇതര ജോലികള്‍ നിറവേറ്റുകയും ചെയ്യട്ടെ. കൂടാരത്തിലെ ഉപകരണങ്ങളുടെ ചുമതല അവര്‍ക്കായിരിക്കും. കൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്നതോടൊപ്പം അവര്‍ ഇസ്രായേല്‍ജനത്തിനു വേണ്ടിയുള്ള ശുശ്രൂഷകള്‍ നിര്‍വഹിക്കുകയും വേണം. അഹരോനും പുത്രന്മാര്‍ക്കുംവേണ്ടി ലേവ്യരെ നിയോഗിക്കണം. ഇസ്രായേല്‍ജനത്തില്‍നിന്ന് അഹരോനുവേണ്ടി പൂര്‍ണമായി നല്‌കപ്പെട്ടവരാണിവര്‍. പൗരോഹിത്യശുശ്രൂഷയ്‍ക്കുവേണ്ടി പൂര്‍ണമായി അഹരോനെയും പുത്രന്മാരെയും നിയോഗിക്കുക. അവര്‍ അത് അനുഷ്ഠിക്കട്ടെ. മറ്റാരെങ്കിലും അതിനു ശ്രമിച്ചാല്‍ അവനെ വധിക്കണം. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്‍ജനത്തിലെ ആദ്യജാതന്മാര്‍ക്കു പകരമായി അവരുടെ ഇടയില്‍നിന്നു ലേവ്യരെ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു. ആദ്യജാതന്മാരെല്ലാം എന്‍റെ വകയായതുകൊണ്ട്, അവരും എന്‍റെ വകയായിരിക്കും. ഈജിപ്തിലെ ആദ്യജാതന്മാരെ സംഹരിച്ച ദിവസംമുതല്‍ ഇസ്രായേലിലെ ആദ്യജാതന്മാരെ എനിക്കായി ഞാന്‍ വേര്‍തിരിച്ചു. മനുഷ്യരുടെ ആദ്യജാതന്മാരെ മാത്രമല്ല, മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും വേര്‍തിരിച്ചിരുന്നു. അതിനാല്‍ അവയും എനിക്കുള്ളതാണ്. ഞാന്‍ സര്‍വേശ്വരനാകുന്നു.” സര്‍വേശ്വരന്‍ സീനായ്മരുഭൂമിയില്‍വച്ചു മോശയോട് അരുളിച്ചെയ്തു: “ലേവിപുത്രന്മാരില്‍ ഒരു മാസവും അതിലധികവും പ്രായമുള്ള എല്ലാവരുടെയും കണക്ക് കുടുംബം തിരിച്ചും പിതൃഭവനം തിരിച്ചും എടുക്കുക. അവിടുന്നു കല്പിച്ചതുപോലെ മോശ അവരുടെ കണക്കെടുത്തു. ഗേര്‍ശോന്‍, കെഹാത്ത്, മെരാരി എന്നിവരായിരുന്നു ലേവിയുടെ പുത്രന്മാര്‍. ഗേര്‍ശോന്‍റെ പുത്രന്മാര്‍ ലിബ്നിയും ശിമെയിയും. കെഹാത്തിന്‍റെ പുത്രന്മാര്‍ അമ്രാം, ഇസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേല്‍. മെരാരിയുടെ പുത്രന്മാര്‍ മഹ്ലി, മൂശി എന്നിവര്‍. ഈ പേരുകളില്‍ അറിയപ്പെടുന്ന പിതൃഭവനങ്ങളുടെ പൂര്‍വപിതാക്കന്മാര്‍ ഇവരായിരുന്നു. ഗേര്‍ശോനില്‍നിന്നായിരുന്നു ലിബ്നിയരുടെയും ശിമ്യരുടെയും കുടുംബങ്ങള്‍ ഉണ്ടായത്. ഇവരാണ് ഗേര്‍ശോന്യകുടുംബങ്ങള്‍. ഇവരില്‍ ഒരു മാസവും അതിലധികവും പ്രായമായ പുരുഷസന്താനങ്ങളുടെ സംഖ്യ ഏഴായിരത്തി അഞ്ഞൂറായിരുന്നു. ഗേര്‍ശോന്യകുടുംബങ്ങള്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെ പിറകില്‍ പടിഞ്ഞാറു വശത്തു പാളയമടിക്കണം. അവരുടെ പിതൃഭവനത്തലവന്‍ ലായേലിന്‍റെ പുത്രനായ എലീയാസാഫ് ആയിരിക്കും. തിരുസാന്നിധ്യകൂടാരം, അതിന്‍റെ ആവരണം, അതിന്‍റെ പ്രവേശനകവാടത്തിലുള്ള തിരശ്ശീല, കൂടാരത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള അങ്കണത്തിന്‍റെ മറവിരികള്‍, അങ്കണവാതിലിന്‍റെ തിരശ്ശീല, അവയുടെ ചരടുകള്‍ എന്നിവയുടെ ചുമതലയും ഇവയുമായി ബന്ധപ്പെട്ട മറ്റു ജോലികളും ഗേര്‍ശോന്യരുടേതായിരുന്നു. അമ്രാമ്യരുടെയും, ഇസ്ഹാര്യരുടെയും, ഹെബ്രോന്യരുടെയും, ഉസ്സീയേല്യരുടെയും കുടുംബങ്ങള്‍ കെഹാത്തില്‍നിന്നു ജനിച്ചവരായിരുന്നു. ഇവരില്‍ ഒരു മാസവും അതിലധികവും പ്രായമായ പുരുഷസന്താനങ്ങളുടെ സംഖ്യ എണ്ണായിരത്തി അറുനൂറ്. വിശുദ്ധസ്ഥലത്തെ ശുശ്രൂഷയുടെ ചുമതല ഇവര്‍ക്കായിരുന്നു. കെഹാത്യകുടുംബങ്ങള്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെ തെക്കുവശത്തു പാളയമടിക്കണം. കെഹാത്യരുടെ പിതൃഭവനത്തലവന്‍ ഉസ്സീയേലിന്‍റെ പുത്രന്‍ എലീസാഫാന്‍. ഉടമ്പടിപ്പെട്ടകം, മേശ, വിളക്കുകാല്‍, യാഗപീഠം, കൂടാരത്തില്‍ ശുശ്രൂഷയ്‍ക്ക് ഉപയോഗിക്കുന്ന പാത്രങ്ങള്‍, തിരശ്ശീല എന്നിവയുടെ ചുമതലയും ബന്ധപ്പെട്ട ജോലികളും കെഹാത്യര്‍ക്കുള്ളതാണ്. പുരോഹിതനായ അഹരോന്‍റെ പുത്രനായ എലെയാസാര്‍ ലേവിഗോത്രത്തിലെ നേതാക്കളുടെ നേതാവും വിശുദ്ധസ്ഥലത്തെ ചുമതല വഹിക്കുന്നവരുടെ മേല്‍വിചാരകനുമായിരിക്കും. മെരാരിയില്‍നിന്നാണ് മഹ്ലിയരുടെയും മൂശ്യരുടെയും കുടുംബങ്ങളുണ്ടായത്. അവരില്‍ ഒരു മാസവും അതിലധികവും പ്രായമായ പുരുഷസന്താനങ്ങളുടെ സംഖ്യ ആറായിരത്തി ഇരുനൂറ്. അവരുടെ പിതൃഭവനത്തലവന്‍ അബീഹയിലിന്‍റെ പുത്രനായ സൂരിയേല്‍. കൂടാരത്തിന്‍റെ വടക്കുവശത്ത് അവര്‍ പാളയമടിക്കണം. [36,37] വിശുദ്ധകൂടാരത്തിന്‍റെ ചട്ടക്കൂടും അതിന്‍റെ അഴികളും തൂണുകളും അവയുടെ ചുവടുകളും ഇവയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും അവര്‍ ചെയ്യണം. *** മോശയും അഹരോനും അഹരോന്‍റെ പുത്രന്മാരും തിരുസാന്നിധ്യകൂടാരത്തിന്‍റെ മുമ്പില്‍ കിഴക്കു വശത്തു പാളയമടിക്കണം. ഇസ്രായേല്‍ജനത്തിനുവേണ്ടി വിശുദ്ധസ്ഥലത്തു ശുശ്രൂഷകള്‍ ചെയ്യുന്നതിനുള്ള ചുമതല അവര്‍ക്കുള്ളതാണ്. മറ്റാരെങ്കിലും ഇതിനു തുനിഞ്ഞാല്‍ അവനെ വധിക്കണം. സര്‍വേശ്വരന്‍റെ കല്പനയനുസരിച്ച്, ഒരു മാസവും അതിലധികവും പ്രായമുള്ള ലേവിഗോത്രത്തിലെ പുരുഷസന്താനങ്ങളെ ആളാംപ്രതി കുടുംബം തിരിച്ചു മോശയും അഹരോനുംകൂടി എണ്ണി തിട്ടപ്പെടുത്തി. അവരുടെ സംഖ്യ ഇരുപത്തീരായിരം. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഒരു മാസവും അതിലധികവും പ്രായമായ ഇസ്രായേല്യരുടെ ആദ്യജാതന്മാരുടെ എണ്ണം പേരുപേരായി എടുക്കുക. ഇസ്രായേല്യരുടെ ആദ്യജാതന്മാര്‍ക്കു പകരമായി ലേവ്യരെ എനിക്കായി തിരഞ്ഞെടുക്കുക. അവരുടെ കന്നുകാലികളുടെ കടിഞ്ഞൂലുകള്‍ക്കു പകരം ലേവ്യരുടെ കന്നുകാലികളെയും എനിക്കുവേണ്ടി എടുക്കുക. ഞാന്‍ സര്‍വേശ്വരനാകുന്നു.” അവിടുന്നു കല്പിച്ചതുപോലെ മോശ ഇസ്രായേല്‍ജനത്തിന്‍റെ ഇടയിലെ ആദ്യജാതന്മാരുടെ എണ്ണമെടുത്തു. ഒരു മാസവും അതിലധികവും പ്രായമായ ഇരുപത്തീരായിരത്തിഇരുനൂറ്റെഴുപത്തി മൂന്ന് ആദ്യജാതന്മാരുണ്ടായിരുന്നു. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരായ എല്ലാ ആദ്യജാതന്മാര്‍ക്കും പകരം ലേവ്യരെയും ഇസ്രായേല്യരുടെ കന്നുകാലികളുടെ കടിഞ്ഞൂലുകള്‍ക്കു പകരം ലേവ്യരുടെ കന്നുകാലികളെയും എടുക്കുക; ലേവ്യര്‍ എന്‍റെ വകയാണ്; ഞാന്‍ സര്‍വേശ്വരനാകുന്നു. ലേവ്യരുടെ എണ്ണത്തെ കവിഞ്ഞുള്ള ഇസ്രായേല്‍ജനത്തിലെ ആദ്യജാതന്മാരായ ഇരുനൂറ്റെഴുപത്തിമൂന്നു പേരുടെ വീണ്ടെടുപ്പുവിലയായി ആളൊന്നിനു വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ചുള്ള അഞ്ചു ശേക്കെല്‍ വീതം കൊടുക്കണം. വിശുദ്ധമന്ദിരത്തിലെ കണക്കനുസരിച്ച് ഒരു ശേക്കെലിന് ഇരുപതു ഗേരാ വീതമാണു കൊടുക്കേണ്ടത്. ഈ വീണ്ടെടുപ്പുവില മുഴുവനും അഹരോനെയും പുത്രന്മാരെയും ഏല്പിക്കണം.” ലേവ്യര്‍ക്കു വീണ്ടെടുക്കാന്‍ കഴിയാതെ അവശേഷിച്ചവരുടെ വീണ്ടെടുപ്പുവില മുഴുവന്‍ മോശ സ്വീകരിച്ചു. ഇസ്രായേല്‍ജനത്തിന്‍റെ ഇടയിലെ ആദ്യജാതന്മാരില്‍നിന്നു മോശ സ്വീകരിച്ച വീണ്ടെടുപ്പുവില വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ച് ആയിരത്തിമൂന്നൂറ്ററുപത്തഞ്ചു ശേക്കെല്‍ ആയിരുന്നു. സര്‍വേശ്വരന്‍ തന്നോട് കല്പിച്ചിരുന്നതുപോലെ മോശ ആ വീണ്ടെടുപ്പുവില മുഴുവന്‍ അഹരോനെയും പുത്രന്മാരെയും ഏല്പിച്ചു. സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു: [2,3] “ലേവിഗോത്രത്തില്‍പ്പെട്ട കെഹാത്യരുടെ ജനസംഖ്യ പിതൃഭവനവും കുടുംബവും തിരിച്ച് എടുക്കുക. തിരുസാന്നിധ്യകൂടാരത്തില്‍ ശുശ്രൂഷ ചെയ്യാന്‍ യോഗ്യതയുള്ള മുപ്പതുമുതല്‍ അമ്പതുവരെ പ്രായമുള്ളവരുടെ എണ്ണമാണ് എടുക്കേണ്ടത്. *** തിരുസാന്നിധ്യകൂടാരത്തില്‍ അതിവിശുദ്ധവസ്തുക്കളുമായി ബന്ധപ്പെട്ട ജോലികളാണു കെഹാത്തിന്‍റെ പുത്രന്മാര്‍ നിര്‍വഹിക്കേണ്ടത്. പാളയമടിച്ചിരുന്ന ജനസമൂഹം പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ അഹരോനും പുത്രന്മാരും ഉള്ളില്‍ കടന്നു തിരശ്ശീല അഴിച്ചെടുത്ത് അതുകൊണ്ട് ഉടമ്പടിപ്പെട്ടകം പൊതിയണം. പിന്നീട് ആട്ടിന്‍തോലുകൊണ്ടു മൂടുകയും നീലനിറമുള്ള ശീല അതിന്‍റെമേല്‍ പൊതിയുകയും ചെയ്യണം. അതിനുശേഷം ഉടമ്പടിപ്പെട്ടകം വഹിക്കാനുള്ള തണ്ടുകള്‍ ഉറപ്പിക്കണം. കാഴ്ചയപ്പം വയ്‍ക്കുന്ന മേശയും നീലനിറമുള്ള ശീലകൊണ്ടു മൂടണം. അതിന്‍റെ മീതെ തളികകളും സുഗന്ധദ്രവ്യ പാത്രങ്ങളും കലശങ്ങളും പാനീയയാഗത്തിനുള്ള ഭരണികളും വയ്‍ക്കണം; ദിനംതോറും അര്‍പ്പിക്കുന്ന അപ്പവും എപ്പോഴും മേശമേല്‍ ഉണ്ടായിരിക്കണം. അവയുടെമേല്‍ ചുവപ്പുശീല വിരിക്കണം. പിന്നീട് ആട്ടിന്‍തോലുകൊണ്ടു മൂടിയശേഷം തണ്ടുകള്‍ ഉറപ്പിക്കണം. [9,10] വിളക്കുതണ്ടും, ദീപത്തട്ടുകളും, കരിന്തിരി മുറിക്കുന്ന കത്രികകളും, കരിത്തട്ടങ്ങളും, എണ്ണപ്പാത്രങ്ങളും ഒരു നീലത്തുണികൊണ്ടു മൂടി ആട്ടിന്‍തോല്‍വിരിയില്‍ പൊതിഞ്ഞു തണ്ടിന്മേല്‍ വച്ചുകെട്ടണം. *** സ്വര്‍ണയാഗപീഠത്തിന്മേല്‍ നീലത്തുണി വിരിച്ച് ആട്ടിന്‍തോലുകൊണ്ടു പൊതിയുക. അതു വഹിക്കാനുള്ള തണ്ടുകള്‍ അതില്‍ ഉറപ്പിക്കണം. വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷകള്‍ക്കുള്ള എല്ലാ ഉപകരണങ്ങളും നീലത്തുണിയില്‍ പൊതിഞ്ഞശേഷം ആട്ടിന്‍തോലുകൊണ്ട് ആവരണം ചെയ്തു തണ്ടിന്മേല്‍ ഉറപ്പിക്കണം. യാഗപീഠത്തിലെ ചാരം നീക്കിയശേഷം ചുവപ്പുശീല അതിന്‍റെ മീതെ വിരിക്കണം. അതിന്‍റെമേല്‍ യാഗപീഠത്തിലെ ഉപയോഗത്തിനുള്ള പാത്രങ്ങള്‍, വറചട്ടികള്‍, മുള്‍ക്കരണ്ടികള്‍, ചട്ടുകങ്ങള്‍, കലങ്ങള്‍ മുതലായ ഉപകരണങ്ങള്‍ ആട്ടിന്‍തോലുകൊണ്ടു മൂടി വഹിക്കാനുള്ള അതിന്‍റെ തണ്ടുകളില്‍ ഉറപ്പിക്കണം. അഹരോനും പുത്രന്മാരുംകൂടി തിരുസാന്നിധ്യകൂടാരവും അതിന്‍റെ എല്ലാ ഉപകരണങ്ങളും ഇങ്ങനെ അഴിച്ചെടുത്തു പൊതിഞ്ഞശേഷം പാളയത്തിലുള്ളവര്‍ യാത്ര പുറപ്പെടുമ്പോള്‍ കെഹാത്യകുലക്കാര്‍ അവ ചുമക്കുന്നതിനു മുമ്പോട്ടു വരണം. അവര്‍ വിശുദ്ധവസ്തുക്കളെ സ്പര്‍ശിക്കാന്‍ പാടില്ല; സ്പര്‍ശിച്ചാല്‍ അവര്‍ മരിക്കും. കെഹാത്യകുലക്കാര്‍ വഹിക്കേണ്ട തിരുസാന്നിധ്യകൂടാരത്തിലെ സാധനങ്ങള്‍ ഇവയെല്ലാമാണ്. പുരോഹിതനായ അഹരോന്‍റെ പുത്രനായ എലെയാസാര്‍, വിളക്കുകള്‍ക്കുള്ള എണ്ണ, സുഗന്ധദ്രവ്യം, അനുദിനം അര്‍പ്പിക്കേണ്ട ധാന്യയാഗം, അഭിഷേകതൈലം എന്നിവയ്‍ക്കു പുറമേ അതിന്‍റെ എല്ലാ ഉപകരണങ്ങളുടെയും, വിശുദ്ധസ്ഥലത്തിന്‍റെയും, അതിലെ സകല വസ്തുക്കളുടെയും ചുമതല വഹിക്കണം. സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “കെഹാത്യകുടുംബക്കാര്‍ വിശുദ്ധ വസ്തുക്കളെ സമീപിച്ചു ലേവ്യരുടെ ഇടയില്‍നിന്നു നശിച്ചുപോകാന്‍ ഇടയാകരുത്. അങ്ങനെ സംഭവിക്കാതിരിക്കാന്‍ അഹരോനും പുത്രന്മാരും അകത്തു ചെന്ന് അവരെ നിശ്ചിതജോലികള്‍ക്കു നിയോഗിക്കണം. അവര്‍ ഉള്ളില്‍ കടന്ന് ഒരു നിമിഷത്തേക്കുപോലും വിശുദ്ധവസ്തുക്കളെ നോക്കരുത്. നോക്കിയാല്‍ അവര്‍ മരിക്കും. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: [22,23] “ഗേര്‍ശോന്‍കുലത്തില്‍പ്പെട്ടവരും, മുപ്പതു വയസ്സിനും അമ്പതു വയസ്സിനും മധ്യേ പ്രായമുള്ളവരും, തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷ ചെയ്യാന്‍ യോഗ്യരുമായ എല്ലാവരുടെയും എണ്ണം പിതൃഭവനപ്രകാരം കുടുംബം തിരിച്ച് എടുക്കണം. *** ശുശ്രൂഷ ചെയ്യുന്നതിലും ചുമട് ചുമക്കുന്നതിലും ഗേര്‍ശോന്യകുടുംബക്കാരുടെ ചുമതല ഇതാണ്: തിരുസാന്നിധ്യകൂടാരം, അതിന്‍റെ ഉള്ളിലെ തിരശ്ശീല, തഹശുതോല്‍കൊണ്ടുള്ള അതിന്‍റെ പുറംവിരി, തിരുസാന്നിധ്യകൂടാരത്തിന്‍റെ പ്രവേശനകവാടത്തിലുള്ള മറ, തിരുസാന്നിധ്യകൂടാരത്തിന്‍റെയും യാഗപീഠത്തിന്‍റെയും ചുറ്റുമുള്ള അങ്കണത്തിന്‍റെ മറകള്‍, അങ്കണത്തിലേക്കുള്ള പ്രവേശനകവാടത്തിലെ തിരശ്ശീല, അവയുടെ ചരടുകള്‍, അവിടെ ശുശ്രൂഷയ്‍ക്കാവശ്യമായ ഉപകരണങ്ങള്‍ എന്നിവ ചുമക്കേണ്ടത് അവരാണ്. അവയോടു ബന്ധപ്പെട്ട മറ്റെല്ലാ ജോലികളും അവര്‍തന്നെ ചെയ്യണം. ഗേര്‍ശോന്‍കുലത്തില്‍പ്പെട്ടവര്‍ അഹരോന്‍റെയും പുത്രന്മാരുടെയും നിര്‍ദ്ദേശാനുസൃതം ഈ ജോലികള്‍ ചെയ്യേണ്ടതാണ്. അവര്‍ ചുമക്കേണ്ട വസ്തുക്കള്‍, ചെയ്യേണ്ട ജോലികള്‍ മുതലായവ നിങ്ങള്‍ വ്യക്തമായി നിര്‍ദ്ദേശിക്കണം. ഗേര്‍ശോന്യകുലക്കാര്‍ തിരുസാന്നിധ്യകൂടാരത്തില്‍ ചെയ്യേണ്ട ജോലികള്‍ പുരോഹിതനായ അഹരോന്‍റെ പുത്രന്‍ ഈഥാമാരിന്‍റെ മേല്‍നോട്ടത്തില്‍ ആയിരിക്കണം. [29,30] മെരാരികുലത്തില്‍പ്പെട്ടവരും മുപ്പതു വയസ്സിനും അമ്പതു വയസ്സിനും മധ്യേ പ്രായമുള്ളവരും തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷ ചെയ്യുന്നതിനു യോഗ്യരുമായ എല്ലാവരുടെയും എണ്ണം പിതൃഭവനപ്രകാരം കുടുംബം തിരിച്ച് എടുക്കണം. *** തിരുസാന്നിധ്യകൂടാരത്തിന്‍റെ ശുശ്രൂഷയില്‍ അവര്‍ ചുമക്കേണ്ട സാധനങ്ങള്‍ ഇവയാണ്: തിരുസാന്നിധ്യകൂടാരത്തിന്‍റെ ചട്ടക്കൂട്ട്, അഴികള്‍, തൂണുകള്‍, ചുവടുകള്‍, അങ്കണത്തിന്‍റെ തൂണുകള്‍, ചുവടുകള്‍, കുറ്റികള്‍, ചരടുകള്‍, അവയോടു ബന്ധപ്പെട്ട മറ്റുപകരണങ്ങള്‍ ഇവ ഓരോന്നിന്‍റെയും ഇനം തിരിച്ച് അവര്‍ക്കു ചുമക്കാന്‍ കൊടുക്കണം. പുരോഹിതനായ അഹരോന്‍റെ പുത്രന്‍ ഈഥാമാരിന്‍റെ മേല്‍നോട്ടത്തില്‍ മെരാരികുടുംബത്തിലുള്ളവര്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെ ശുശ്രൂഷയില്‍ ചെയ്യേണ്ട ജോലികള്‍ ഇവയാണ്. [34,35] കെഹാത്യകുലത്തില്‍പ്പെട്ടവരും, മുപ്പതുവയസ്സിനും അമ്പതുവയസ്സിനും മധ്യേ പ്രായമുള്ളവരും, തിരുസാന്നിധ്യകൂടാരത്തിലെ ജോലികള്‍ ചെയ്യുന്നതിനു യോഗ്യരുമായ ആളുകളുടെ എണ്ണം മോശയും അഹരോനും ഇസ്രായേല്‍ജനത്തിന്‍റെ നേതാക്കന്മാരും പിതൃഭവനപ്രകാരം കുടുംബം തിരിച്ച് എണ്ണി തിട്ടപ്പെടുത്തി. *** അവര്‍ രണ്ടായിരത്തി എഴുനൂറ്റമ്പത്. സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതനുസരിച്ച് മോശയും അഹരോനുംകൂടി തിരുസാന്നിധ്യകൂടാരത്തില്‍ ജോലി ചെയ്യാന്‍ കെഹാത്യരുടെ എണ്ണമെടുത്തപ്പോള്‍ ലഭിച്ച സംഖ്യയായിരുന്നു ഇത്. [38,39] ഗേര്‍ശോന്യകുലത്തില്‍പ്പെട്ടവരും, മുപ്പതുവയസ്സിനും അമ്പതു വയസ്സിനും മധ്യേ പ്രായമുള്ളവരും, തിരുസാന്നിധ്യകൂടാരത്തിലെ ജോലികള്‍ ചെയ്യാന്‍ യോഗ്യരുമായ ആളുകളുടെ എണ്ണം പിതൃഭവനപ്രകാരം കുടുംബം തിരിച്ച് എടുത്തു. *** അവരുടെ സംഖ്യ രണ്ടായിരത്തി അറുനൂറ്റിമുപ്പതായിരുന്നു. സര്‍വേശ്വരന്‍റെ കല്പനപ്രകാരം മോശയും അഹരോനുംകൂടി തിരുസാന്നിധ്യകൂടാരത്തില്‍ ജോലി ചെയ്യുന്നതിനു യോഗ്യരായ ഗേര്‍ശോന്യരുടെ എണ്ണമെടുത്തതനുസരിച്ചുള്ള സംഖ്യയായിരുന്നു ഇത്. [42,43] മെരാരിയുടെ കുലത്തില്‍പ്പെട്ടവരും മുപ്പതുവയസ്സിനും അമ്പതു വയസ്സിനും മധ്യേ പ്രായമുള്ളവരും തിരുസാന്നിധ്യകൂടാരത്തിലെ ജോലിക്കു യോഗ്യരുമായ ആളുകളുടെ എണ്ണം പിതൃഭവനപ്രകാരം കുടുംബം തിരിച്ച് എടുത്തു. *** അവരുടെ സംഖ്യ മൂവായിരത്തി ഇരുനൂറായിരുന്നു. സര്‍വേശ്വരന്‍റെ കല്പനപ്രകാരം മോശയും അഹരോനുംകൂടി തിരുസാന്നിധ്യകൂടാരത്തില്‍ ജോലി ചെയ്യുന്നതിനു യോഗ്യതയുള്ള മെരാര്യരുടെ എണ്ണമെടുത്തപ്പോള്‍ ലഭിച്ച സംഖ്യയായിരുന്നു ഇത്. [46,47] മുപ്പതു വയസ്സിനും അമ്പതു വയസ്സിനും മധ്യേ പ്രായമുള്ളവരും തിരുസാന്നിധ്യകൂടാരത്തിലെ ജോലികള്‍ ചെയ്യുന്നതിനും ചുമടുകള്‍ ചുമക്കുന്നതിനും യോഗ്യരുമായ ലേവ്യരുടെ എണ്ണം മോശയും അഹരോനും ഇസ്രായേല്‍ജനത്തിലെ നേതാക്കന്മാരുംകൂടി പിതൃഭവനപ്രകാരം കുടുംബം തിരിച്ച് എണ്ണിത്തിട്ടപ്പെടുത്തി. *** അതനുസരിച്ച് അവരുടെ ആകെ ജനസംഖ്യ എണ്ണായിരത്തി അഞ്ഞൂറ്റെപത് ആയിരുന്നു. സര്‍വേശ്വരന്‍ മോശ മുഖേന നല്‌കിയ കല്പനപ്രകാരം അവര്‍ ശുശ്രൂഷിക്കാനും ചുമടെടുക്കാനുമായി നിയമിക്കപ്പെട്ടു. അവിടുന്നു കല്പിച്ചതുപോലെ അവരുടെ എണ്ണം തിട്ടപ്പെടുത്തി. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “കുഷ്ഠരോഗികളെയും ഏതെങ്കിലും സ്രവം ഉള്ളവരെയും ശവത്തെ സ്പര്‍ശിച്ച് അശുദ്ധരായവരെയും പാളയത്തില്‍നിന്നു പുറത്താക്കാന്‍ ഇസ്രായേല്‍ജനത്തോടു കല്പിക്കുക. സ്‍ത്രീപുരുഷഭേദമെന്യേ അവരെ പാളയത്തില്‍നിന്നു പുറത്താക്കണം. അല്ലെങ്കില്‍ ഞാന്‍ വസിക്കുന്ന അവരുടെ പാളയങ്ങള്‍ അശുദ്ധമാകാനിടയാകും. അവിടുന്നു മോശയോടു കല്പിച്ചതുപോലെ ഇസ്രായേല്‍ജനം പ്രവര്‍ത്തിച്ചു. അവരെ തങ്ങളുടെ പാളയത്തില്‍നിന്നു പുറത്താക്കി.” സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്‍ജനത്തോടു കല്പിക്കുക, സര്‍വേശ്വരനോട് അവിശ്വസ്തരായി ആരോടെങ്കിലും തെറ്റുചെയ്യുന്ന പുരുഷനോ സ്‍ത്രീയോ കുറ്റക്കാരാണ്. ചെയ്ത പാപം അവര്‍ ഏറ്റുപറയണം. കുറ്റത്തിനുള്ള പ്രായശ്ചിത്തമായി മുതലും അതിന്‍റെ അഞ്ചില്‍ ഒരു ഭാഗവും കൂടി താന്‍ ആരോടു തെറ്റുചെയ്തുവോ അവര്‍ക്കു നല്‌കണം. ഈ പ്രായശ്ചിത്തം സ്വീകരിക്കുന്നതിനു ബന്ധുക്കള്‍ ആരുമില്ലെങ്കില്‍ അതു സര്‍വേശ്വരനു സമര്‍പ്പിക്കണം. അതു പുരോഹിതനുള്ളതാണ്. കുറ്റം ചെയ്ത ആള്‍ക്കുവേണ്ടി പ്രായശ്ചിത്തമായി അര്‍പ്പിക്കുന്ന ആട്ടുകൊറ്റനു പുറമെയാണ് ഇത്. പുരോഹിതന്‍റെ അടുക്കല്‍ ഇസ്രായേല്‍ജനം കൊണ്ടുവരുന്ന എല്ലാ വഴിപാടുകളും എല്ലാ വിശുദ്ധവസ്തുക്കളും പുരോഹിതനുള്ളതാണ്. ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശുദ്ധവസ്തുക്കളും പുരോഹിതനുള്ളതായിരിക്കും. പുരോഹിതനു നല്‌കുന്നതെന്തും അയാള്‍ക്കുള്ളതാണ്.” സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്‍ജനത്തോടു പറയുക, ഒരുവന്‍റെ ഭാര്യ വഴിപിഴച്ച് അയാളോട് അവിശ്വസ്തയായി പെരുമാറുകയും മറ്റൊരാളോടുകൂടി അവള്‍ ശയിക്കുകയും, അതു ഭര്‍ത്താവില്‍നിന്നു മറച്ചുവയ്‍ക്കുകയും, അവള്‍ അശുദ്ധയെങ്കിലും ആ പ്രവൃത്തിസമയത്തു പിടിക്കപ്പെടാതിരുന്നതുകൊണ്ട്, അവള്‍ക്കെതിരായി സാക്ഷികള്‍ ഇല്ലാതിരിക്കയും ചെയ്തെന്നു വരാം. അശുദ്ധയായ ഭാര്യയെ സംശയിക്കുകയോ, അശുദ്ധയല്ലെങ്കിലും ജാരശങ്കപൂണ്ട് ഭാര്യയെ സംശയിക്കുകയോ ചെയ്യുന്ന ഭര്‍ത്താവ്, ഭാര്യയെ പുരോഹിതന്‍റെ അടുക്കല്‍ കൊണ്ടുപോകുകയും അവള്‍ക്കുവേണ്ടി വഴിപാടായി ഒരു ഇടങ്ങഴി ബാര്‍ലിപ്പൊടി കൊണ്ടുവരികയും വേണം. അതിന്മേല്‍ ഒലിവെണ്ണ ഒഴിക്കുകയോ കുന്തുരുക്കം വയ്‍ക്കുകയോ അരുത്; കാരണം അതു സംശയനിവാരണത്തിനുള്ള ധാന്യയാഗമാകുന്നു. അപരാധബോധം ഉളവാക്കാനുള്ള ധാന്യയാഗംതന്നെ. “പുരോഹിതന്‍ അവളെ മുമ്പോട്ടു കൊണ്ടുവന്നു സര്‍വേശ്വരസന്നിധിയില്‍ നിര്‍ത്തണം; അദ്ദേഹം ഒരു മണ്‍പാത്രത്തില്‍ വിശുദ്ധജലം എടുത്തു തിരുസാന്നിധ്യകൂടാരത്തിന്‍റെ തറയില്‍നിന്നു കുറച്ചു പൂഴി എടുത്ത് അതില്‍ ഇടണം. പുരോഹിതന്‍ അവളെ സര്‍വേശ്വരസന്നിധിയില്‍ നിര്‍ത്തി അവളുടെ തലമുടി അഴിച്ചിട്ടതിനുശേഷം അപരാധബോധം ഉളവാക്കുന്ന ധാന്യയാഗം, ജാരശങ്കയ്‍ക്കുള്ള ധാന്യയാഗത്തിനുള്ള മാവ് എന്നിവ അവളുടെ കൈയില്‍ വയ്‍ക്കണം. പുരോഹിതന്‍റെ കൈയില്‍ ശാപം വരുത്തുന്ന കയ്പുനീര് ഉണ്ടായിരിക്കണം. പുരോഹിതന്‍ അവളെക്കൊണ്ടു സത്യം ചെയ്യിച്ചശേഷം ഇങ്ങനെ പറയണം: നിനക്കു ഭര്‍ത്താവുണ്ടായിരിക്കെ മറ്റാരെങ്കിലും നിന്നോടുകൂടി ശയിക്കുകയോ, അങ്ങനെ നീ അശുദ്ധയാകുകയോ ചെയ്തിട്ടില്ലെങ്കില്‍ ശാപം വരുത്തുന്ന ഈ കയ്പുനീര് നിനക്കു യാതൊരു ദോഷവും വരുത്താതിരിക്കട്ടെ. എന്നാല്‍ നിനക്കു ഭര്‍ത്താവുണ്ടായിരിക്കെ നീ വഴിപിഴക്കുകയും, മറ്റൊരു പുരുഷന്‍ നിന്നോടൊത്തു ശയിക്കുകയും അങ്ങനെ നീ അശുദ്ധയാകുകയും ചെയ്തിട്ടുണ്ടെങ്കില്‍, പുരോഹിതന്‍ അവളെക്കൊണ്ട് ശാപസത്യം ചെയ്യിച്ചിട്ട് അവളോട് ഇങ്ങനെ പറയണം: ‘സര്‍വേശ്വരന്‍ നിന്‍റെ നാമം സ്വജനത്തില്‍ ശാപവും നിന്ദ്യവുമാക്കിത്തീര്‍ക്കട്ടെ. അവിടുന്നു നിന്‍റെ നിതംബം ചുരുക്കുകയും ഉദരം വീര്‍ക്കുന്നതിന് ഇടവരുത്തുകയും ചെയ്യട്ടെ. ശാപം വരുത്തുന്ന ഈ വെള്ളം ഉദരത്തില്‍ പ്രവേശിച്ചു നിന്‍റെ ഉദരം വീര്‍പ്പിക്കുകയും നിതംബം ശോഷിപ്പിക്കുകയും ചെയ്യട്ടെ.’ അപ്പോള്‍ ആ സ്‍ത്രീ ‘ആമേന്‍, ആമേന്‍’ എന്നു പറയണം. “പിന്നീട് പുരോഹിതന്‍ ഈ ശാപവാക്കുകള്‍ ഒരു പുസ്തകത്തില്‍ എഴുതി അതു കയ്പുനീരില്‍ കഴുകണം. ആ കയ്പുനീര് സ്‍ത്രീയെക്കൊണ്ടു കുടിപ്പിക്കണം. അത് ഉള്ളില്‍ച്ചെന്ന് അവള്‍ക്ക് അതിവേദന ഉളവാക്കും. അവളുടെ കൈയില്‍നിന്നു ജാരശങ്കയ്‍ക്കുള്ള ധാന്യയാഗം തിരിച്ചുവാങ്ങി സര്‍വേശ്വരന്‍റെ മുമ്പില്‍ നീരാജനം ചെയ്തിട്ടു യാഗപീഠത്തില്‍ സമര്‍പ്പിക്കണം. പിന്നീടു മുഴുവനും ദഹിപ്പിക്കുന്നതിന്‍റെ പ്രതീകമായി ഒരു പിടി മാവെടുത്തു യാഗപീഠത്തില്‍ ദഹിപ്പിക്കണം. അതിനുശേഷമാണു കയ്പുനീര് അവളെ കുടിപ്പിക്കേണ്ടത്. ഈ നീര് പുരോഹിതന്‍ അവളെ കുടിപ്പിക്കുമ്പോള്‍ ഭര്‍ത്താവിനോട് അവള്‍ അവിശ്വസ്തത കാണിച്ച് അശുദ്ധയായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍, ശാപം വരുത്തുന്ന വെള്ളം ഉള്ളില്‍ കടന്ന് അവളുടെ ഉദരത്തില്‍ അതിവേദന ഉണ്ടാക്കും; അവളുടെ നിതംബം ചുരുങ്ങുകയും, ഉദരം വീര്‍ക്കുകയും സ്വജനത്തിന്‍റെ ഇടയില്‍ അവള്‍ മലിനയായിത്തീരുകയും ചെയ്യും. എന്നാല്‍ ആ സ്‍ത്രീ നിര്‍മ്മലയാണെങ്കില്‍ ഒരു ദോഷവും ഭവിക്കുകയില്ല; അവള്‍ക്കു മക്കള്‍ ഉണ്ടാകുകയും ചെയ്യും. ഭാര്യ വഴിപിഴച്ച് അശുദ്ധയായിത്തീര്‍ന്നു എന്ന സംശയം ഭര്‍ത്താവിനുണ്ടായാല്‍ അയാള്‍ അനുഷ്ഠിക്കേണ്ട നിയമം ഇതാകുന്നു. ഒരാള്‍ക്കു ഭാര്യയുടെ ചാരിത്ര്യത്തില്‍ ജാരശങ്കയുണ്ടായാല്‍ അയാള്‍ അവളെ സര്‍വേശ്വരസന്നിധിയില്‍ കൊണ്ടുവരണം. പുരോഹിതന്‍ മുന്‍പറഞ്ഞ വിധികള്‍ ചെയ്യണം. ഭാര്യ തന്‍റെ അകൃത്യത്തിന്‍റെ ഫലം അനുഭവിക്കണം. ഭര്‍ത്താവ് നിര്‍ദ്ദോഷിയായിരിക്കും.” സര്‍വേശ്വരന്‍ മോശയോടു കല്പിച്ചു: “ഇസ്രായേല്‍ജനത്തോടു പറയുക, സര്‍വേശ്വരനു സ്വയം അര്‍പ്പിച്ചുകൊണ്ടു നാസീര്‍വ്രതം ദീക്ഷിക്കുന്ന സ്‍ത്രീയും പുരുഷനും വീഞ്ഞും മറ്റു ലഹരിപാനീയങ്ങളും വര്‍ജിക്കണം. ഇവയില്‍ നിന്നെടുക്കുന്ന വിനാഗിരിയോ മുന്തിരിയില്‍ നിന്നുണ്ടാക്കിയ ഏതെങ്കിലും പാനീയമോ കുടിക്കരുത്. മുന്തിരിങ്ങ പഴുത്തതായാലും ഉണങ്ങിയതായാലും തിന്നരുത്. നാസീര്‍വ്രതം അനുഷ്ഠിക്കുന്ന കാലമത്രയും മുന്തിരിയില്‍നിന്നുള്ളതൊന്നും, കുരുവോ തൊലിയോപോലും തിന്നരുത്. “സര്‍വേശ്വരനുവേണ്ടി സ്വയം അര്‍പ്പിക്കുന്ന നാസീര്‍വ്രതകാലത്തൊരിക്കലും തല ക്ഷൗരം ചെയ്യരുത്. വ്രതമെടുക്കുന്നയാള്‍ സര്‍വേശ്വരനു സമര്‍പ്പിക്കപ്പെട്ടവനായിരിക്കണം. അയാള്‍ മുടി വളര്‍ത്തണം. സര്‍വേശ്വരനു സ്വയം സമര്‍പ്പിച്ചിരിക്കുന്ന കാലത്ത് അയാള്‍ മൃതശരീരത്തിന്‍റെ അടുത്തു പോകരുത്. മരിച്ചതു സ്വന്തം പിതാവോ, മാതാവോ, സഹോദരനോ, സഹോദരിയോ ആയിരുന്നാലും അടുത്തുചെന്ന് അശുദ്ധനാകരുത്. അര്‍പ്പണത്തിന്‍റെ അടയാളം അയാളുടെ തലയില്‍ ഉണ്ടല്ലോ. നാസീര്‍വ്രതകാലമത്രയും അയാള്‍ സര്‍വേശ്വരന് അര്‍പ്പിക്കപ്പെട്ടവനാകുന്നു. “വ്രതനിഷ്ഠന്‍റെ അടുക്കല്‍വച്ച് ആരെങ്കിലും പെട്ടെന്നു മരിക്കുകയും അയാളുടെ അര്‍പ്പിതശിരസ്സ് അശുദ്ധമാകുകയും ചെയ്താല്‍, ശുദ്ധീകരണ ദിവസമായ ഏഴാം ദിവസം അവന്‍റെ ശിരസ്സ് മുണ്ഡനം ചെയ്യണം. എട്ടാം ദിവസം രണ്ടു ചെങ്ങാലികളെയോ, രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ പുരോഹിതന്‍റെ അടുക്കല്‍ അവന്‍ കൊണ്ടുവരണം. പുരോഹിതന്‍ അവയില്‍ ഒന്നിനെ പാപപരിഹാരയാഗമായും മറ്റേതിനെ ഹോമയാഗമായും അര്‍പ്പിച്ച് മൃതശരീരസ്പര്‍ശനം മൂലമുണ്ടായ പാപത്തിനു പ്രായശ്ചിത്തം ചെയ്യണം. അന്നുതന്നെ അയാളുടെ ശിരസ്സ് ശുദ്ധീകരിക്കണം. മറ്റൊരു കാലഘട്ടത്തിലേക്കു വീണ്ടും നാസീര്‍വ്രതമെടുക്കാന്‍ അവന്‍ സ്വയം സമര്‍പ്പിക്കുകയും വേണം. കൂടാതെ, ചെയ്ത കുറ്റത്തിനുള്ള പ്രായശ്ചിത്തമായി ഒരു വയസ്സു പ്രായമുള്ള ഒരു ആണാട്ടിന്‍കുട്ടിയെയും കൊണ്ടുവരണം. വ്രതഭംഗം സംഭവിച്ചതിനാല്‍ അയാളുടെ ആദ്യത്തെ വ്രതകാലം ഗണിക്കപ്പെടുകയില്ലല്ലോ. “നാസീര്‍വ്രതം അനുഷ്ഠിക്കുന്നവന്‍ അതു പൂര്‍ത്തിയാക്കുമ്പോള്‍ പാലിക്കേണ്ട നിയമം ഇതാണ്: അയാളെ തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ കൊണ്ടുവരണം. അയാള്‍ ഒരു വയസ്സു പ്രായമുള്ള കുറ്റമറ്റ ആണാട്ടിന്‍കുട്ടിയെ ഹോമയാഗമായും ഒരു വയസ്സു പ്രായമുള്ള കുറ്റമറ്റ പെണ്ണാട്ടിന്‍കുട്ടിയെ പാപപരിഹാരയാഗമായും, കുറ്റമറ്റ ഒരു ആണാടിനെ സമാധാനയാഗമായും സര്‍വേശ്വരന് അര്‍പ്പിക്കണം. അവയോടൊപ്പം ഒരു കുട്ടയില്‍ പുളിപ്പു ചേര്‍ക്കാത്ത അപ്പവും, നേരിയ മാവുകൊണ്ട് എണ്ണ ചേര്‍ത്തുണ്ടാക്കിയ അപ്പവും, പുളിപ്പില്ലാത്ത മാവുകൊണ്ട് എണ്ണ പുരട്ടിയുണ്ടാക്കിയ അടയും, അവയ്‍ക്കു ചേര്‍ന്ന ധാന്യയാഗവും പാനീയയാഗവും അയാള്‍ അര്‍പ്പിക്കണം. പുരോഹിതന്‍ ഇവയെല്ലാം സര്‍വേശ്വരസന്നിധിയില്‍ കൊണ്ടുവന്നതിനുശേഷം അയാള്‍ക്കുവേണ്ടി പാപപരിഹാരയാഗവും ഹോമയാഗവും അര്‍പ്പിക്കണം. സമാധാനയാഗമായി ആണാടിനെ പുളിപ്പു ചേര്‍ക്കാത്ത അപ്പത്തോടൊപ്പം സര്‍വേശ്വരന് അര്‍പ്പിക്കേണ്ടതാണ്. അതോടൊപ്പം ധാന്യയാഗവും പാനീയയാഗവും അര്‍പ്പിക്കണം. പിന്നീട് നാസീര്‍വ്രതക്കാരന്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍വച്ചുതന്നെ സമര്‍പ്പിത ശിരസ്സ് മുണ്ഡനം ചെയ്തു തലമുടി സമാധാനയാഗത്തിന്‍റെ അഗ്നിയില്‍ ഇടണം. വ്രതസ്ഥന്‍ തല മുണ്ഡനം ചെയ്തു കഴിഞ്ഞാല്‍ പുരോഹിതന്‍ ആണാടിന്‍റെ വേവിച്ച കൈക്കുറകും കുട്ടയില്‍നിന്നു പുളിപ്പില്ലാത്ത അപ്പവും പുളിപ്പില്ലാത്ത മാവുകൊണ്ട് ഉണ്ടാക്കിയ അടയും എടുത്തു വ്രതസ്ഥന്‍റെ കൈയില്‍ വയ്‍ക്കണം. പിന്നീട് പുരോഹിതന്‍ അവയെ സര്‍വേശ്വരസന്നിധിയില്‍ നീരാജനം ചെയ്യണം. ഇതും നീരാജനം ചെയ്ത നെഞ്ചും അര്‍പ്പിച്ച കാല്‍ക്കുറകും പുരോഹിതനുവേണ്ടി വിശുദ്ധമായി വേര്‍തിരിച്ചിട്ടുള്ളതാണ്. അതിനുശേഷം നാസീര്‍വ്രതസ്ഥനു വീഞ്ഞു കുടിക്കാം. നാസീര്‍വ്രതം എടുക്കുന്നവന്‍ പാലിക്കേണ്ട നിയമം ഇതാണ്. അയാളുടെ കഴിവനുസരിച്ചുള്ള നേര്‍ച്ചകള്‍ക്കു പുറമേ നാസീര്‍വ്രതത്തിന്‍റെ നിയമാനുസൃതമായ വഴിപാടുകള്‍ അയാള്‍ അര്‍പ്പിക്കേണ്ടതാണ്. താന്‍ സ്വീകരിച്ചിരിക്കുന്ന നാസീര്‍വ്രതത്തിന്‍റെ നിയമങ്ങള്‍ അയാള്‍ പാലിക്കണം.” സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “അഹരോനോടും പുത്രന്മാരോടും പറയുക, നിങ്ങള്‍ ഇസ്രായേല്‍ജനത്തെ ആശീര്‍വദിക്കേണ്ടത് ഇങ്ങനെയാണ്: സര്‍വേശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ. അവിടുന്നു തിരുമുഖം നിങ്ങളുടെമേല്‍ പ്രകാശിപ്പിച്ച് നിങ്ങളോടു കരുണകാണിക്കട്ടെ. സര്‍വേശ്വരന്‍ കരുണയോടെ കടാക്ഷിച്ച് നിങ്ങള്‍ക്കു സമാധാനം നല്‌കട്ടെ. ഇങ്ങനെ അവര്‍ എന്‍റെ നാമം ഉച്ചരിച്ചുകൊണ്ട് ഇസ്രായേല്‍ജനത്തെ ആശീര്‍വദിക്കട്ടെ. അപ്പോള്‍ ഞാന്‍ അവരെ അനുഗ്രഹിക്കും.” മോശ കൂടാരം സ്ഥാപിച്ചശേഷം, അതും അതിന്‍റെ ഉപകരണങ്ങളും, യാഗപീഠവും അതിന്‍റെ ഉപകരണങ്ങളും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു. ഇസ്രായേലിലെ നേതാക്കളും, പിതൃഭവനത്തലവന്മാരും ജനസംഖ്യ എടുക്കുന്നതില്‍ മേല്‍നോട്ടം വഹിച്ചവരുമായ ഗോത്രനേതാക്കള്‍ കാഴ്ചകള്‍ കൊണ്ടുവന്നു സര്‍വേശ്വരസന്നിധിയില്‍ അര്‍പ്പിച്ചു. രണ്ടു നേതാക്കള്‍ക്ക് ഒരു മൂടിയുള്ള വണ്ടിയും ഒരാള്‍ക്ക് ഒരു കാളയും വീതം ആറു മൂടിയുള്ള വണ്ടികളും പന്ത്രണ്ടു കാളകളുമാണ് അവര്‍ വിശുദ്ധകൂടാരത്തിനു മുമ്പില്‍ സമര്‍പ്പിച്ചത്. അപ്പോള്‍ സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “തിരുസാന്നിധ്യകൂടാരത്തിലെ ഉപയോഗത്തിനുവേണ്ടി അവ അവരില്‍നിന്നു സ്വീകരിച്ചു ചുമതലപ്പെട്ട ലേവ്യരെ ഏല്പിക്കുക.” അങ്ങനെ മോശ കാളകളും വണ്ടികളും സ്വീകരിച്ചു ലേവ്യര്‍ക്കു നല്‌കി. രണ്ടു വണ്ടികളും നാലു കാളകളും ഗേര്‍ശോന്യരുടെ ജോലി അനുസരിച്ച് അവര്‍ക്കു കൊടുത്തു. പുരോഹിതനായ അഹരോന്‍റെ പുത്രന്‍ ഈഥാമാരിന്‍റെ നേതൃത്വത്തിലുള്ള മെരാര്യര്‍ക്ക് അവരുടെ ജോലി അനുസരിച്ചു നാലു വണ്ടികളും എട്ടു കാളകളും കൊടുത്തു. വിശുദ്ധവസ്തുക്കള്‍ സൂക്ഷിക്കുകയും അവ ചുമലില്‍ ചുമക്കുകയും ചെയ്യേണ്ടിയിരുന്നതുകൊണ്ടു കെഹാത്യര്‍ക്കു മോശ ഒന്നും നല്‌കിയില്ല. യാഗപീഠത്തിന്‍റെ അഭിഷേകദിവസം പ്രതിഷ്ഠയ്‍ക്കുള്ള തങ്ങളുടെ വഴിപാടുകള്‍ നേതാക്കന്മാര്‍ കൊണ്ടുവന്നു യാഗപീഠത്തിന്‍റെ മുമ്പില്‍ അര്‍പ്പിച്ചു. അപ്പോള്‍ സര്‍വേശ്വരന്‍ മോശയോടു കല്പിച്ചു: “യാഗപീഠത്തിന്‍റെ പ്രതിഷ്ഠയ്‍ക്കു വേണ്ടിയുള്ള വഴിപാടുകള്‍ അവര്‍ ഓരോരുത്തരായി ഓരോ ദിവസം അര്‍പ്പിക്കണം. [12-17] വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ചു നൂറ്റിമുപ്പതു ശേക്കെലുള്ള വെള്ളിത്തളിക, എഴുപതു ശേക്കെലുള്ള വെള്ളിക്കിണ്ണം, അവ നിറയെ ധാന്യയാഗത്തിനുവേണ്ടി എണ്ണ ചേര്‍ത്ത നേരിയ മാവ്, പത്തു ശേക്കെല്‍ തൂക്കമുള്ള ഒരു സ്വര്‍ണക്കലശം, അതു നിറയെ സുഗന്ധവസ്തു, ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആണാട്, ഒരു വയസ്സു പ്രായമുള്ള ഒരു ആണ്‍ചെമ്മരിയാട്, പാപപരിഹാരയാഗത്തിനായി ഒരു ആണ്‍കോലാട്, സമാധാനയാഗത്തിനായി രണ്ടു കാളകള്‍, അഞ്ച് ആണാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സു പ്രായമായ അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ ഇവയായിരുന്നു ഓരോ ഗോത്രനേതാവും അര്‍പ്പിച്ച വഴിപാടിലുണ്ടായിരുന്നത്. ആദ്യദിവസം യെഹൂദാഗോത്രത്തിലെ അമ്മീനാദാബിന്‍റെ പുത്രനായ നഹശോന്‍ ഈ വഴിപാട് അര്‍പ്പിച്ചു. *** *** *** *** *** [18-23] രണ്ടാം ദിവസം ഇസ്സാഖാര്‍ഗോത്രത്തിന്‍റെ നേതാവും സൂവാരിന്‍റെ പുത്രനുമായ നെഥനയേല്‍ ഇതേ വഴിപാട് അര്‍പ്പിച്ചു. *** *** *** *** *** [24-29] മൂന്നാം ദിവസം സെബൂലൂന്‍ഗോത്രത്തിന്‍റെ നേതാവും ഹേലോന്‍റെ മകനുമായ എലീയാബാണ് വഴിപാടു സമര്‍പ്പിച്ചത്. *** *** *** *** *** [30-35] നാലാം ദിവസം രൂബേന്‍ഗോത്രത്തിന്‍റെ നേതാവും ശെദേയൂരിന്‍റെ പുത്രനുമായ എലീസൂര്‍ ഇതേ വഴിപാട് അര്‍പ്പിച്ചു. *** *** *** *** *** [36-41] അഞ്ചാം ദിവസം ശിമെയോന്‍ഗോത്രത്തിന്‍റെ നേതാവും സൂരിശദ്ദായിയുടെ പുത്രനുമായ ശെലൂമീയേല്‍ വഴിപാട് അര്‍പ്പിച്ചു. *** *** *** *** *** [42-47] ആറാം ദിവസം ഗാദ്ഗോത്രത്തിന്‍റെ നേതാവ്, ദെയൂവേലിന്‍റെ പുത്രനായ എലീയാസാഫ് ഇതേ വഴിപാട് അര്‍പ്പിച്ചു. *** *** *** *** *** [48-53] ഏഴാം ദിവസം എഫ്രയീംഗോത്രത്തിന്‍റെ നായകനായ അമ്മീഹൂദിന്‍റെ പുത്രനായ എലീശാമാ വഴിപാട് അര്‍പ്പിച്ചു. *** *** *** *** *** [54-59] എട്ടാം ദിവസം മനശ്ശെഗോത്രത്തിന്‍റെ നായകനും പെദാസൂരിന്‍റെ പുത്രനുമായ ഗമലീയേല്‍ ഇതേ വഴിപാട് അര്‍പ്പിച്ചു. *** *** *** *** *** [60-65] ഒമ്പതാം ദിവസം ബെന്യാമീന്‍ഗോത്രത്തിന്‍റെ നേതാവും ഗിദെയോനിയുടെ പുത്രനുമായ അബീദാന്‍ വഴിപാട് അര്‍പ്പിച്ചു. *** *** *** *** *** [66-71] പത്താംദിവസം ദാന്‍ഗോത്രത്തിന്‍റെ തലവനും അമ്മീശദ്ദായിയുടെ; പുത്രനുമായ അഹീയേസെര്‍ ഇതേ വഴിപാട് അര്‍പ്പിച്ചു. *** *** *** *** *** [72-77] പതിനൊന്നാം ദിവസം ആശേര്‍ഗോത്രത്തിന്‍റെ നായകന്‍ ഒക്രാന്‍റെ പുത്രനായ പഗീയേല്‍ വഴിപാട് അര്‍പ്പിച്ചു. *** *** *** *** *** [78-83] പന്ത്രണ്ടാം ദിവസം നഫ്താലിഗോത്രത്തിന്‍റെ നായകനും ഏനാന്‍റെ മകനുമായ അഹീര വഴിപാടര്‍പ്പിച്ചു. *** *** *** *** *** യാഗപീഠം അഭിഷേകം ചെയ്ത് പ്രതിഷ്ഠിച്ച ദിവസം, ഇസ്രായേല്‍ജനനേതാക്കന്മാര്‍ അര്‍പ്പിച്ച വഴിപാട് പന്ത്രണ്ടു വെള്ളിത്തളികകളും, പന്ത്രണ്ടു വെള്ളിക്കിണ്ണങ്ങളും, പന്ത്രണ്ടു സ്വര്‍ണക്കലശങ്ങളുമായിരുന്നു. ഒരു തളികയ്‍ക്ക് നൂറ്റിമുപ്പതു ശേക്കെലും, ഒരു കിണ്ണത്തിന് എഴുപതു ശേക്കെലും തൂക്കം. ആകെ സമര്‍പ്പിച്ച വെള്ളി വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ചു രണ്ടായിരത്തിനാനൂറു ശേക്കെലായിരുന്നു. നിറയെ സുഗന്ധദ്രവ്യത്തോടുകൂടി സമര്‍പ്പിച്ച പന്ത്രണ്ടു സ്വര്‍ണക്കലശങ്ങള്‍ക്ക് ഒരു കലശത്തിനു പത്തു ശേക്കെല്‍ വീതം പന്ത്രണ്ടു കലശത്തിനു നൂറ്റിഇരുപതു ശേക്കെല്‍ സ്വര്‍ണമുണ്ടായിരുന്നു. ഇവയ്‍ക്കു പുറമേ ഹോമയാഗത്തിനായി പന്ത്രണ്ടു കാളകള്‍, പന്ത്രണ്ട് ആണ്‍കോലാടുകള്‍, ഒരു വയസ്സു പ്രായമായ പന്ത്രണ്ട് ആണ്‍ചെമ്മരിയാടുകള്‍, അവയോടൊപ്പം ധാന്യയാഗത്തിനായി ധാന്യങ്ങള്‍, പാപപരിഹാരയാഗത്തിനായി പന്ത്രണ്ട് ആണ്‍കോലാടുകള്‍; സമാധാനയാഗത്തിനായി ഇരുപത്തിനാലു കാളകള്‍, അറുപത് ആണാടുകള്‍, അറുപത് ആണ്‍കോലാടുകള്‍, ഒരു വയസ്സു പ്രായമായ അറുപത് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയെയും അവര്‍ സമര്‍പ്പിച്ചു. യാഗപീഠത്തിന്‍റെ അഭിഷേകത്തിനുശേഷം അതിന്‍റെ പ്രതിഷ്ഠയ്‍ക്കുവേണ്ടി അവര്‍ സമര്‍പ്പിച്ച വഴിപാട് ഇവയായിരുന്നു. സര്‍വേശ്വരനുമായി സംസാരിക്കുന്നതിനു തിരുസാന്നിധ്യകൂടാരത്തില്‍ പ്രവേശിച്ചപ്പോള്‍, ഉടമ്പടിപ്പെട്ടകത്തിന്‍റെ മുകളിലുള്ള മൂടിയിലെ രണ്ടു കെരൂബുകളുടെ നടുവില്‍നിന്ന് സര്‍വേശ്വരന്‍ തന്നോടു സംസാരിക്കുന്നതു മോശ കേട്ടു. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “വിളക്കു കൊളുത്തുമ്പോള്‍ അതിലെ ഏഴു തിരികളും വിളക്കുതണ്ടിനു മുമ്പില്‍ പ്രകാശം ലഭിക്കത്തക്കവിധം തെളിക്കണമെന്ന് അഹരോനോടു പറയുക.” സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ അഹരോന്‍ വിളക്കിലെ ഏഴു തിരികളും കൊളുത്തി. സര്‍വേശ്വരന്‍ കാണിച്ചുകൊടുത്ത മാതൃകയില്‍ വിളക്കുകാല്‍ നിര്‍മ്മിച്ചു. ചുവടുമുതല്‍ മുകളിലത്തെ പുഷ്പാകൃതിയിലുള്ള അഗ്രങ്ങള്‍വരെ അടിച്ചുപരത്തിയ സ്വര്‍ണംകൊണ്ടാണു വിളക്കുകാല്‍ നിര്‍മ്മിച്ചത്. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍നിന്നു ലേവ്യരെ വേര്‍തിരിച്ചു ശുദ്ധീകരിക്കുക. അവരെ ശുദ്ധീകരിക്കേണ്ടത് ഇപ്രകാരമാണ്. പാപപരിഹാരജലം അവരുടെമേല്‍ തളിക്കുക. പിന്നീടു ശരീരമാസകലം ക്ഷൗരം ചെയ്തു വസ്ത്രം അലക്കി അവര്‍ സ്വയം ശുദ്ധരാകണം. അവര്‍ ഒരു കാളക്കിടാവിനെയും, ധാന്യവഴിപാടായി അര്‍പ്പിക്കേണ്ട എണ്ണ ചേര്‍ത്ത മാവും പാപപരിഹാരയാഗത്തിനായി മറ്റൊരു കാളക്കുട്ടിയെയും എടുക്കണം. ലേവ്യരെ തിരുസാന്നിധ്യകൂടാരത്തിന്‍റെ മുമ്പില്‍ വിളിച്ചുനിര്‍ത്തണം; സമസ്ത ഇസ്രായേല്‍ജനത്തെയും അവിടെ വിളിച്ചുകൂട്ടണം. ലേവ്യരെ സര്‍വേശ്വരസന്നിധിയില്‍ നിര്‍ത്തുമ്പോള്‍ ജനമെല്ലാം അവരുടെ തലയില്‍ കൈ വയ്‍ക്കേണ്ടതാണ്. സര്‍വേശ്വരസന്നിധിയില്‍ ശുശ്രൂഷ ചെയ്യുന്നതിന് ഇസ്രായേല്‍ജനത്തിന്‍റെ നീരാജനയാഗമായി ലേവ്യരെ അഹരോന്‍ സര്‍വേശ്വരസന്നിധിയില്‍ സമര്‍പ്പിക്കണം. പിന്നീടു ലേവ്യര്‍ കാളകളുടെ തലയില്‍ കൈകള്‍ വയ്‍ക്കുകയും തങ്ങളുടെ പാപപരിഹാരത്തിനായി ഒന്നിനെ പാപപരിഹാരയാഗമായും മറ്റേതിനെ ഹോമയാഗമായും അര്‍പ്പിക്കേണ്ടതുമാണ്. അഹരോന്‍റെയും പുത്രന്മാരുടെയും ശുശ്രൂഷയില്‍ അവരെ സഹായിക്കാന്‍ ലേവ്യരെ നിയമിക്കുകയും അവരെ നീരാജനമായി സര്‍വേശ്വരനു സമര്‍പ്പിക്കുകയും വേണം. ഇങ്ങനെ ലേവ്യരെ ഇസ്രായേല്‍ജനത്തില്‍നിന്നു വേര്‍തിരിക്കണം. അവര്‍ എനിക്കുള്ളവരായിരിക്കും. നീ അവരെ ശുദ്ധീകരിക്കുകയും നീരാജനമായി സര്‍വേശ്വരനു സമര്‍പ്പിക്കുകയും ചെയ്തശേഷം അവര്‍ക്ക് തിരുസാന്നിധ്യകൂടാരത്തില്‍ പോയി ശുശ്രൂഷകള്‍ ചെയ്യാം. ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍നിന്ന് അവര്‍ തങ്ങളെത്തന്നെ സമ്പൂര്‍ണമായി എനിക്കു സമര്‍പ്പിച്ചിരിക്കുകയാണല്ലോ. ഇസ്രായേലിലെ ആദ്യജാതന്മാര്‍ക്കു പകരമായി ഞാന്‍ അവരെ എനിക്കായി തിരഞ്ഞെടുത്തിരിക്കുന്നു. ഇസ്രായേലിലെ ആദ്യജാതന്മാരായ എല്ലാ മനുഷ്യരും എല്ലാ മൃഗങ്ങളും എനിക്കുള്ളതാണ്; ഈജിപ്തിലെ ആദ്യജാതന്മാരെ സംഹരിച്ച ദിവസംമുതല്‍ ഞാന്‍ അവരെയെല്ലാം എനിക്കായി വേര്‍തിരിച്ചിരിക്കുകയാണല്ലോ. എന്നാല്‍ ഇസ്രായേലിലെ ആദ്യജാതന്മാര്‍ക്കു പകരമായി ലേവ്യരെ ഞാന്‍ സ്വീകരിച്ചിരിക്കുന്നു. ഇസ്രായേല്‍ജനം തിരുസാന്നിധ്യകൂടാരത്തിന്‍റെ അടുത്തു വന്നാല്‍ അവര്‍ക്ക് അത്യാഹിതമുണ്ടാകും. അങ്ങനെ സംഭവിക്കാതിരിക്കാനും ഇസ്രായേല്‍ജനത്തിനുവേണ്ടി തിരുസാന്നിധ്യകൂടാരത്തില്‍ ശുശ്രൂഷ ചെയ്യാനും പ്രായശ്ചിത്തം കഴിക്കാനുമായി അവരുടെ ഇടയില്‍നിന്നു ലേവ്യരെ വേര്‍തിരിച്ച് അഹരോനും പുത്രന്മാര്‍ക്കും ഞാന്‍ ദാനം ചെയ്തിരിക്കുന്നു.” സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ മോശയും അഹരോനും ഇസ്രായേല്‍ജനവും ലേവ്യരെ സര്‍വേശ്വരനുവേണ്ടി വേര്‍തിരിച്ചു. ലേവ്യര്‍ തങ്ങളെത്തന്നെ ശുദ്ധീകരിച്ചു; അവര്‍ വസ്ത്രം അലക്കി; അഹരോന്‍ അവരെ ദൈവത്തിനു നീരാജനമായി സമര്‍പ്പിച്ചു. അവരെ ശുദ്ധീകരിക്കാന്‍ വേണ്ട അനുഷ്ഠാനമുറകള്‍ അഹരോന്‍ നിര്‍വഹിക്കുകയും ചെയ്തു. അഹരോന്‍റെയും പുത്രന്മാരുടെയും മുമ്പാകെ ശുശ്രൂഷ ചെയ്യുന്നതിനു തിരുസാന്നിധ്യകൂടാരത്തില്‍ അവര്‍ പ്രവേശിച്ചു. അങ്ങനെ ലേവ്യരെക്കുറിച്ചു സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിരുന്നതുപോലെ അവര്‍ ചെയ്തു. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഇരുപത്തിയഞ്ചു വയസ്സു മുതല്‍ എല്ലാ ലേവ്യരും തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷകളില്‍ ഏര്‍പ്പെടേണ്ടതാണ്. അമ്പതാമത്തെ വയസ്സില്‍ അവര്‍ ശുശ്രൂഷയില്‍നിന്നു വിരമിക്കണം. അതിനുശേഷം അവര്‍ ശുശ്രൂഷ ചെയ്യേണ്ടതില്ല; എന്നാല്‍ തിരുസാന്നിധ്യകൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്ന ലേവ്യരെ അവര്‍ക്കു തുടര്‍ന്നു സഹായിക്കാം; എന്നാല്‍ അവര്‍ നേരിട്ടു ശുശ്രൂഷകള്‍ ചെയ്യരുത്. ഇപ്രകാരമാണു ലേവ്യരുടെ ചുമതലകള്‍ അവരെ ഏല്പിക്കേണ്ടത്.” ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്‍റെ രണ്ടാം വര്‍ഷം ഒന്നാം മാസം സീനായ്മരുഭൂമിയില്‍വച്ചു സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “നിശ്ചിതസമയത്തുതന്നെ ഇസ്രായേല്‍ജനം പെസഹ ആചരിക്കണം. ഈ മാസം പതിനാലാം ദിവസം വൈകുന്നേരം ചട്ടങ്ങള്‍ക്കും അനുശാസനങ്ങള്‍ക്കും അനുസൃതമായി അത് ആചരിക്കേണ്ടതാണ്.” അരുളപ്പാടിന്‍പ്രകാരം ഇസ്രായേല്‍ജനത്തോടു പെസഹ ആചരിക്കാന്‍ മോശ പറഞ്ഞു. സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിരുന്നതുപോലെ സീനായ്മരുഭൂമിയില്‍വച്ച് ഒന്നാം മാസം പതിനാലാം ദിവസം വൈകുന്നേരം അവര്‍ പെസഹ ആചരിച്ചു. മൃതശരീരം സ്പര്‍ശിച്ചതിനാല്‍ അശുദ്ധരായിത്തീര്‍ന്ന ചിലര്‍ക്ക് അന്നു പെസഹ ആചരിക്കാന്‍ കഴിഞ്ഞില്ല; അവര്‍ അന്നുതന്നെ മോശയുടെയും അഹരോന്‍റെയും അടുക്കല്‍ ചെന്ന്: ‘മൃതശരീരം സ്പര്‍ശിച്ചുപോയതിനാല്‍ ഞങ്ങള്‍ അശുദ്ധരായിരിക്കുന്നു; മറ്റുള്ളവരോടൊത്തു നിശ്ചിതസമയത്തു സര്‍വേശ്വരനുള്ള വഴിപാട് അര്‍പ്പിക്കുന്നതില്‍നിന്നു ഞങ്ങളെ വിലക്കണമോ’ എന്നു ചോദിച്ചു. മോശ അവരോടു: “സര്‍വേശ്വരന്‍ അവിടുത്തെ ഹിതം എന്തെന്ന് എന്നെ അറിയിക്കുന്നതുവരെ കാത്തിരിക്കുക” എന്നു മറുപടി നല്‌കി. സര്‍വേശ്വരന്‍ മോശയോടു കല്പിച്ചു: “ഇസ്രായേല്‍ജനത്തോടു പറയുക, നിങ്ങളോ നിങ്ങളുടെ പിന്‍തലമുറക്കാരില്‍ ആരെങ്കിലുമോ ശവത്തെ സ്പര്‍ശിച്ച് അശുദ്ധനാകയോ, ദൂരയാത്രയില്‍ ആയിരിക്കുകയോ ചെയ്താല്‍പോലും അവര്‍ പെസഹ ആചരിക്കണം. എന്നാല്‍ രണ്ടാം മാസം പതിനാലാം ദിവസം വൈകിട്ടു പുളിപ്പു ചേര്‍ക്കാത്ത അപ്പത്തോടും കയ്പുചീരയോടുംകൂടി അവര്‍ പെസഹ ഭക്ഷിക്കട്ടെ. അടുത്ത പ്രഭാതത്തിലേക്കു ശേഷിപ്പിക്കരുത്. പെസഹാമൃഗത്തിന്‍റെ ഒരു എല്ലുപോലും ഒടിക്കരുത്. പെസഹയുടെ ചട്ടങ്ങളെല്ലാം അവര്‍ അനുസരിക്കയും വേണം. ആചാരപരമായി ശുദ്ധിയുള്ളവനും ദൂരയാത്രയില്‍ അല്ലാത്തവനുമായ ആരെങ്കിലും പെസഹ ആചരിക്കാതെയിരുന്നാല്‍ അവനെ സ്വജനങ്ങളുടെ ഇടയില്‍നിന്നു ബഹിഷ്കരിക്കണം. നിശ്ചിതസമയത്തു സര്‍വേശ്വരനു കാഴ്ച അര്‍പ്പിക്കാത്തതിനാല്‍ പാപത്തിനുള്ള ശിക്ഷ അവന്‍ ഏല്‌ക്കേണ്ടതാണ്. നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന ഒരു പരദേശി സര്‍വേശ്വരനു പെസഹ ആചരിക്കാന്‍ ഇച്ഛിക്കുന്നെങ്കില്‍ അതിന്‍റെ ചട്ടങ്ങളും വിധികളും അനുസരിച്ചുതന്നെ അവന്‍ അത് ആചരിക്കട്ടെ; സ്വദേശിക്കും പരദേശിക്കും അനുഷ്ഠാനമുറകള്‍ ഒന്നുതന്നെ.” തിരുസാന്നിധ്യകൂടാരം ഉയര്‍ത്തിയ ദിവസം ഒരു മേഘം വന്നു കൂടാരത്തെ മൂടി. സന്ധ്യമുതല്‍ പ്രഭാതംവരെ അതു കൂടാരത്തിന്‍റെ മുകളില്‍ അഗ്നിപോലെ പ്രകാശിച്ചു. അത് അങ്ങനെതന്നെ തുടര്‍ന്നു. പകല്‍ മേഘം കൂടാരത്തെ മൂടുകയും രാത്രിയില്‍ അത് അഗ്നിപോലെ കാണുകയും ചെയ്തു. മേഘം തിരുസാന്നിധ്യകൂടാരത്തില്‍നിന്ന് ഉയരുമ്പോള്‍ അവര്‍ യാത്ര ആരംഭിക്കും; മേഘം താഴുമ്പോള്‍ ഇസ്രായേല്‍ജനം പാളയമടിക്കും. സര്‍വേശ്വരന്‍റെ കല്പനയനുസരിച്ച് ഇസ്രായേല്‍ജനം യാത്ര പുറപ്പെടുകയും പാളയമടിക്കുകയും ചെയ്തു. മേഘം തിരുസാന്നിധ്യകൂടാരത്തിന്‍റെ മുകളില്‍ ആയിരിക്കുന്നിടത്തോളം സമയം അവര്‍ പാളയത്തില്‍ത്തന്നെ പാര്‍ക്കും. മേഘം കൂടാരത്തിന്‍റെ മുകളില്‍നിന്ന് അനേകം ദിവസങ്ങള്‍ മാറാതെ നിന്നാല്‍ ഇസ്രായേല്‍ജനം സര്‍വേശ്വരന്‍റെ കല്പനയനുസരിച്ചു യാത്ര ചെയ്യാതിരിക്കും. ചിലപ്പോള്‍ കുറെ ദിവസത്തേക്കു മാത്രമേ മേഘം കൂടാരത്തിന്‍റെ മുകളില്‍ ഉണ്ടായിരിക്കുകയുള്ളൂ. അപ്പോള്‍ സര്‍വേശ്വരന്‍റെ കല്പനപോലെ അവര്‍ പാളയമടിക്കും; അവിടുത്തെ കല്പന ലഭിക്കുമ്പോള്‍ അവര്‍ പുറപ്പെടുകയും ചെയ്യും. ചിലപ്പോള്‍ മേഘം കൂടാരത്തിന്‍റെമേല്‍ സന്ധ്യമുതല്‍ പ്രഭാതംവരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ; പ്രഭാതസമയത്തു മേഘം നീങ്ങിക്കഴിയുമ്പോള്‍ അവര്‍ യാത്ര പുറപ്പെടും; രാപ്പകല്‍ ഭേദംകൂടാതെ മേഘം നീങ്ങുമ്പോള്‍ അവര്‍ യാത്ര പുറപ്പെടും. മേഘം രണ്ടു ദിവസമോ ഒരു മാസമോ ഒരു വര്‍ഷമോ അതില്‍ കൂടുതലോ കാലം കൂടാരത്തിനു മുകളില്‍ നിന്നാലും അവര്‍ യാത്ര പുറപ്പെടാതെ പാളയത്തില്‍ത്തന്നെ വസിക്കും. എന്നാല്‍ മേഘം ഉയരുമ്പോള്‍ അവര്‍ യാത്ര പുറപ്പെടും. സര്‍വേശ്വരന്‍റെ കല്പനയനുസരിച്ചുതന്നെയാണ് അവര്‍ പാളയമടിക്കുകയും യാത്ര പുറപ്പെടുകയും ചെയ്തത്; മോശയില്‍ക്കൂടി അവിടുന്നു നല്‌കിയ കല്പനകള്‍ അവര്‍ അനുസരിച്ചു. സര്‍വേശ്വരന്‍ മോശയോടു കല്പിച്ചു: “അടിച്ചു പരത്തിയ വെള്ളികൊണ്ടു രണ്ടു കാഹളങ്ങള്‍ നിര്‍മ്മിക്കുക. ഇസ്രായേല്‍ജനത്തെ വിളിച്ചുകൂട്ടാനും പാളയത്തില്‍നിന്നു പുറപ്പെടാനുമായി അവ ഉപയോഗിക്കണം. രണ്ടു കാഹളങ്ങളും ഒരുമിച്ച് ഊതുമ്പോള്‍ ജനമെല്ലാം തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ നിന്‍റെ അടുക്കല്‍ ഒരുമിച്ചു കൂടണം. ഒരു കാഹളം മാത്രം ഊതുമ്പോള്‍ ഇസ്രായേല്‍ഗോത്രത്തലവന്മാര്‍ നിന്‍റെ അടുക്കല്‍ വരട്ടെ. യാത്ര പുറപ്പെടാനുള്ള സൂചനയായി കാഹളം മുഴക്കുമ്പോള്‍ കൂടാരത്തിന്‍റെ കിഴക്കുവശത്തു പാളയമടിച്ചിരിക്കുന്നവര്‍ ആദ്യം പുറപ്പെടണം. രണ്ടാമത്തെ സൂചനയായി കാഹളം മുഴക്കുമ്പോള്‍ തെക്കുവശത്തു പാളയമടിച്ചിരിക്കുന്നവരാണു പുറപ്പെടേണ്ടത്. യാത്ര പുറപ്പെടേണ്ട സമയത്തെല്ലാം സൂചനാശബ്ദം മുഴക്കണം. ഇസ്രായേലിലെ സമസ്ത ജനങ്ങളെയും വിളിച്ചുകൂട്ടാന്‍ യാത്ര പുറപ്പെടേണ്ടതിനുള്ള സൂചനാശബ്ദമല്ല മുഴക്കേണ്ടത്. അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാരാണു കാഹളം ഊതേണ്ടത്. “ഇതു നിങ്ങള്‍ ശാശ്വതമായി അനുഷ്ഠിക്കേണ്ടതാണ്. നിങ്ങളുടെ ദേശത്തു നിങ്ങളെ പീഡിപ്പിക്കുന്ന ശത്രുക്കളുമായി യുദ്ധം ചെയ്യേണ്ടിവരുമ്പോള്‍ ഈ കാഹളങ്ങളിലൂടെ യുദ്ധസൂചകമായ ആപദ്ധ്വനി മുഴക്കുക; അപ്പോള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ ഓര്‍ക്കുകയും, ശത്രുക്കളില്‍നിന്നു നിങ്ങളെ രക്ഷിക്കുകയും ചെയ്യും. നിങ്ങളുടെ സന്തോഷസമയങ്ങളിലും, ഉത്സവങ്ങളിലും, മാസാരംഭങ്ങളിലും, നിങ്ങള്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിക്കുന്ന സമയങ്ങളിലും കാഹളം ഊതണം. അപ്പോള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ ഓര്‍മിക്കും. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.” ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്‍റെ രണ്ടാം വര്‍ഷം രണ്ടാം മാസം ഇരുപതാം ദിവസം തിരുസാന്നിധ്യകൂടാരത്തിന്‍റെ മുകളില്‍നിന്നു മേഘം ഉയര്‍ന്നു. അപ്പോള്‍ ഇസ്രായേല്‍ജനം സീനായ്മരുഭൂമിയില്‍നിന്നു യാത്ര പുറപ്പെട്ടു. പാരാന്‍മരുഭൂമിയില്‍ എത്തിയപ്പോള്‍ മേഘം അവിടെ നിന്നു. സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിരുന്നതുപോലെ അവര്‍ ഇങ്ങനെ ആദ്യമായി യാത്ര പുറപ്പെട്ടു. യെഹൂദാഗോത്രത്തിന്‍റെ കൊടിക്കീഴിലുള്ളവരാണ് ആദ്യം ഗണംഗണമായി പുറപ്പെട്ടത്; അവരുടെ നേതാവ് അമ്മീനാദാബിന്‍റെ പുത്രനായ നഹശോന്‍ ആയിരുന്നു. ഇസ്സാഖാര്‍ഗോത്രക്കാരുടെ നേതാവു സൂവാരിന്‍റെ പുത്രനായ നെഥനയേല്‍. സെബൂലൂന്‍ഗോത്രക്കാരെ നയിച്ചതു ഹേലോന്‍റെ പുത്രനായ എലീയാബ് ആയിരുന്നു. തിരുസാന്നിധ്യകൂടാരം അഴിച്ചിറക്കിയപ്പോള്‍ ഗേര്‍ശോന്‍റെയും മെരാരിയുടെയും പുത്രന്മാര്‍ അതു ചുമന്നുകൊണ്ടു മുമ്പോട്ടു നീങ്ങി. അവരുടെ പിറകെ രൂബേന്‍ഗോത്രക്കാര്‍ ഗണങ്ങളായി ശെദേയൂരിന്‍റെ പുത്രനായ എലീസൂരിന്‍റെ നേതൃത്വത്തില്‍ യാത്ര പുറപ്പെട്ടു. ശിമെയോന്‍ഗോത്രക്കാരുടെ നേതാവ് സൂരിശദ്ദായിയുടെ പുത്രന്‍ ശെലൂമീയേല്‍ ആയിരുന്നു. ഗാദ്ഗോത്രക്കാരെ ദെയൂവേലിന്‍റെ പുത്രനായ എലീയാസാഫ് നയിച്ചു. പിന്നീട് വിശുദ്ധവസ്തുക്കള്‍ ചുമന്നുകൊണ്ടു കെഹാത്യര്‍ മുമ്പോട്ടു നീങ്ങി; അവര്‍ എത്തുന്നതിനു മുമ്പ് തിരുസാന്നിധ്യകൂടാരം സ്ഥാപിക്കപ്പെട്ടു. അവരുടെ പിറകെ എഫ്രയീംഗോത്രക്കാര്‍ ഗണംഗണമായി അമ്മീഹൂദിന്‍റെ പുത്രനായ എലീശാമായുടെ നേതൃത്വത്തില്‍ യാത്ര പുറപ്പെട്ടു. മനശ്ശെഗോത്രക്കാരുടെ നേതാവ് പെദാസൂരിന്‍റെ പുത്രന്‍ ഗമലീയേല്‍ ആയിരുന്നു. ബെന്യാമീന്‍ഗോത്രക്കാരെ ഗിദെയോനിയുടെ പുത്രനായ അബീദാന്‍ നയിച്ചു. ദാന്‍ഗോത്രക്കാരുടെ കൊടിക്കീഴിലുള്ളവരായിരുന്നു, ഗണംഗണമായി ഏറ്റവും ഒടുവില്‍ പിന്‍നിരയില്‍ പുറപ്പെട്ടത്. അവര്‍ അമ്മീശദ്ദായിയുടെ പുത്രനായ അഹീയേസെരുടെ നേതൃത്വത്തില്‍ മുമ്പോട്ടു നീങ്ങി. ആശേര്‍ഗോത്രക്കാരുടെ നേതാവ് ഒക്രാന്‍റെ പുത്രനായ പഗീയേല്‍ ആയിരുന്നു. നഫ്താലിഗോത്രക്കാരെ ഏനാന്‍റെ പുത്രനായ അഹീര നയിച്ചു. ഇസ്രായേല്‍ജനം ഈ ക്രമമനുസരിച്ചായിരുന്നു അണികളായി യാത്ര പുറപ്പെട്ടത്. മോശയുടെ ഭാര്യാപിതാവും മിദ്യാന്‍കാരനുമായ രെയൂവേലിന്‍റെ പുത്രന്‍ ഹോബാബിനോടു മോശ പറഞ്ഞു: “സര്‍വേശ്വരന്‍ ഞങ്ങള്‍ക്കു നല്‌കും എന്നു വാഗ്ദാനം ചെയ്ത ദേശത്തേക്കു ഞങ്ങള്‍ പുറപ്പെടുകയാണ്. അങ്ങു ഞങ്ങളോടൊത്തു വരിക. ഞങ്ങള്‍ക്കു ലഭിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേക്കും പങ്കു വയ്‍ക്കാം. ഇസ്രായേലിനു നന്മ ചെയ്യുമെന്നു സര്‍വേശ്വരന്‍ വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ.” ഹോബാബ് പ്രതിവചിച്ചു: “ഞാന്‍ വരുന്നില്ല, എന്‍റെ ദേശത്തേക്കും എന്‍റെ ചാര്‍ച്ചക്കാരുടെ അടുക്കലേക്കും ഞാന്‍ പോകുകയാണ്.” മോശ പറഞ്ഞു: “ഞങ്ങളെ വിട്ടുപോകരുതേ! മരുഭൂമിയില്‍ പാളയമടിക്കേണ്ടത് എങ്ങനെയെന്ന് അങ്ങേക്കറിയാം. അങ്ങ് ഞങ്ങളുടെ വഴികാട്ടിയായിരിക്കുമല്ലോ. ഞങ്ങളുടെകൂടെ വരികയാണെങ്കില്‍ സര്‍വേശ്വരന്‍ ഞങ്ങള്‍ക്കു നല്‌കുന്ന അനുഗ്രഹങ്ങള്‍ അങ്ങേക്കും പങ്കുവയ്‍ക്കാം.” അവര്‍ സീനായ്മലയില്‍നിന്നു പുറപ്പെട്ട് മൂന്നു ദിവസം യാത്ര ചെയ്തു. പാളയമടിക്കുന്നതിനുള്ള സ്ഥലം അന്വേഷിച്ചുകൊണ്ട് ഉടമ്പടിപ്പെട്ടകം അവര്‍ക്കു മുമ്പായി നീങ്ങിക്കൊണ്ടിരുന്നു. അവര്‍ പാളയം വിട്ടു യാത്ര ചെയ്തപ്പോഴെല്ലാം പകല്‍ സമയത്തു സര്‍വേശ്വരന്‍റെ മേഘം അവര്‍ക്കു മീതെ ഉണ്ടായിരുന്നു. ഉടമ്പടിപ്പെട്ടകം പുറപ്പെടുമ്പോഴെല്ലാം മോശ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു: “സര്‍വേശ്വരാ, എഴുന്നേല്‌ക്കണമേ; അവിടുത്തെ ശത്രുക്കള്‍ ചിതറിപ്പോകട്ടെ; അങ്ങയെ വെറുക്കുന്നവര്‍ അവിടുത്തെ മുമ്പില്‍നിന്ന് ഓടിപ്പോകട്ടെ.” പെട്ടകം നില്‌ക്കുമ്പോള്‍ മോശ പ്രാര്‍ഥിക്കും: “സര്‍വേശ്വരാ, അനേകായിരമായ ഇസ്രായേലിലേക്ക് മടങ്ങിവരേണമേ.” ജനം അവരുടെ ദുരിതങ്ങളെപ്പറ്റി പിറുപിറുക്കുന്നതു കേട്ടപ്പോള്‍ സര്‍വേശ്വരന്‍ കോപിച്ച് അവരുടെമേല്‍ അവിടുത്തെ അഗ്നി അയച്ചു; പാളയത്തിന്‍റെ വക്കിലുള്ള ചില ഭാഗങ്ങള്‍ അഗ്നി ദഹിപ്പിച്ചുകളഞ്ഞു. ജനം മോശയോടു നിലവിളിച്ചു. മോശ സര്‍വേശ്വരനോടു പ്രാര്‍ഥിക്കുകയും അഗ്നി അണയുകയും ചെയ്തു. സര്‍വേശ്വരന്‍റെ അഗ്നി അവരുടെ ഇടയില്‍ കത്തിജ്വലിച്ചതുകൊണ്ട് ആ സ്ഥലത്തിനു ‘തബേരാ’ എന്നു പേരായി. ഇസ്രായേല്യരുടെ കൂടെ യാത്ര ചെയ്തിരുന്ന അന്യവംശജര്‍ മാംസഭക്ഷണത്തിനുവേണ്ടി കൊതിച്ചു. ഇസ്രായേല്യരും ആവലാതിപ്പെട്ടു: “ഞങ്ങള്‍ക്കു ഭക്ഷിക്കാന്‍ മാംസം ആരു തരും. ഈജിപ്തില്‍വച്ചു സൗജന്യമായി ലഭിച്ചിരുന്ന മത്സ്യം, വെള്ളരിക്ക, തണ്ണിമത്തന്‍, സവാള, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ ഞങ്ങള്‍ ഓര്‍ക്കുന്നു. ഞങ്ങളുടെ ശക്തി ക്ഷയിച്ചിരിക്കുന്നു. ഈ മന്നയല്ലാതെ യാതൊന്നും ഇവിടെ കാണ്മാനില്ല.” കൊത്തമല്ലിപോലെയുള്ള മന്നയ്‍ക്കു ഗുല്ഗുലുവിന്‍റെ നിറമായിരുന്നു. ജനം ചുറ്റിനടന്ന് അവ പെറുക്കിയെടുത്തു തിരികല്ലില്‍ പൊടിച്ചോ ഉരലില്‍ ഇടിച്ചോ മാവാക്കും. പിന്നീട് അതു വേവിച്ച് അപ്പം ഉണ്ടാക്കും; എണ്ണ ചേര്‍ത്തുണ്ടാക്കിയ അപ്പത്തിന്‍റെ രുചിയായിരുന്നു അതിന്. രാത്രിയില്‍ മഞ്ഞു പൊഴിയുമ്പോള്‍ മന്നയും പൊഴിയും. ജനം സകുടുംബം തങ്ങളുടെ കൂടാരവാതില്‌ക്കല്‍ നിന്നുകൊണ്ടു വിലപിക്കുന്നതു മോശ കേട്ടു; സര്‍വേശ്വരന്‍റെ കോപം ജ്വലിച്ചു; മോശ അസന്തുഷ്ടനായി. മോശ സര്‍വേശ്വരനോട് ആവലാതിപ്പെട്ടു: “അവിടുത്തെ ദാസനോട് ഇങ്ങനെ ദോഷമായി വര്‍ത്തിക്കുന്നതെന്ത്? അവിടുത്തേക്ക് എന്നോടു കൃപ തോന്നാത്തതും എന്ത്? ഈ ജനത്തിന്‍റെ ഭാരം എന്തുകൊണ്ട് എന്‍റെമേല്‍ വച്ചു? ഇവരെയെല്ലാം ഞാനാണോ ഗര്‍ഭം ധരിച്ചത്? അവരുടെ പിതാക്കന്മാര്‍ക്കു നല്‌കുമെന്നു വാഗ്ദത്തം ചെയ്ത ദേശത്തേക്കു വളര്‍ത്തമ്മ മുല കുടിക്കുന്ന കുഞ്ഞിനെ എടുത്തുകൊണ്ടു പോകുന്നതുപോലെ അവരെ കൊണ്ടുപോകണമെന്ന് അവിടുന്ന് ആവശ്യപ്പെടാന്‍ തക്കവിധം ഞാനാണോ അവരെ പ്രസവിച്ചത്? ഈ ജനത്തിനെല്ലാം കൊടുക്കുന്നതിനു മാംസം എവിടെനിന്നു കിട്ടും? ഞങ്ങള്‍ക്കു ഭക്ഷിക്കുന്നതിനു മാംസം തരിക എന്നു പറഞ്ഞ് അവര്‍ എന്‍റെ മുമ്പില്‍ നിലവിളിക്കുന്നു. ഈ ജനത്തെയെല്ലാം വഹിച്ചുകൊണ്ടു പോകുന്നതിന് എനിക്കു പ്രാപ്തിയില്ല; ഈ ഭാരം എനിക്കു ദുര്‍വഹമാണ്. ഈ വിധത്തിലാണ് അവിടുന്ന് എന്നോടു വര്‍ത്തിക്കുന്നതെങ്കില്‍ കൃപയുണ്ടായി എന്നെ ഉടനെ കൊന്നുകളഞ്ഞാലും. ഈ ദുരിതം ഞാന്‍ കാണാതിരിക്കട്ടെ.” സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്‍ജനനേതാക്കന്മാരും മേല്‍വിചാരകരുമെന്ന് നിനക്ക് ബോധ്യമുള്ള എഴുപതു പേരെ വിളിച്ചുകൂട്ടി, തിരുസാന്നിധ്യകൂടാരത്തിലേക്കു കൊണ്ടുവരിക; അവര്‍ നിന്നോടൊപ്പം നില്‌ക്കട്ടെ. ഞാന്‍ ഇറങ്ങിവന്നു നിന്നോടു സംസാരിക്കും; നിനക്കു തന്നിട്ടുള്ള ചൈതന്യത്തില്‍നിന്നു കുറെ തിരിച്ചെടുത്ത് അവര്‍ക്കു കൊടുക്കും. അവര്‍ നിന്നോടുകൂടി ജനത്തിന്‍റെ ഭാരം വഹിച്ചുകൊള്ളും; അതു മുഴുവന്‍ നീ തനിയെ വഹിക്കേണ്ടതില്ല. ജനത്തോടു പറയുക, ‘ഈജിപ്തില്‍ ഞങ്ങള്‍ക്കു സുഭിക്ഷമായിരുന്നു; ആരു ഞങ്ങള്‍ക്ക് ഇവിടെ മാംസം തരും’ എന്നു പറഞ്ഞു നിങ്ങള്‍ സര്‍വേശ്വരന്‍റെ മുമ്പില്‍ വിലപിച്ചുവല്ലോ. നാളത്തേക്കു നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക; അവിടുന്നു നിങ്ങള്‍ക്കു മാംസം തരും. നിങ്ങള്‍ അത് ഭക്ഷിക്കും. ഒന്നോ രണ്ടോ അഞ്ചോ പത്തോ ഇരുപതോ ദിവസത്തേക്കല്ല നിങ്ങള്‍ ഭക്ഷിക്കാന്‍ പോകുന്നത്; നിങ്ങളുടെ മൂക്കില്‍ക്കൂടി അതു പുറത്തുവന്ന് നിങ്ങള്‍ക്ക് മനംമടുക്കുന്നതുവരെ ഒരു മാസം മുഴുവന്‍ നിങ്ങള്‍ അതു ഭക്ഷിക്കും; കാരണം നിങ്ങളുടെ മധ്യേ വസിക്കുന്ന സര്‍വേശ്വരനെ നിങ്ങള്‍ ഉപേക്ഷിച്ച് ഈജിപ്തില്‍നിന്ന് എന്തിന് ഞങ്ങളെ പുറപ്പെടുവിച്ചു എന്നു പറഞ്ഞ് അവിടുത്തെ മുമ്പില്‍ വിലപിച്ചുവല്ലോ.” മോശ സര്‍വേശ്വരനോട് ഉണര്‍ത്തിച്ചു: “എന്നോടൊത്ത് ആറു ലക്ഷം യോദ്ധാക്കള്‍ തന്നെയുണ്ട്. ഒരു മാസം മുഴുവന്‍ ഭക്ഷിക്കുന്നതിനുള്ള മാംസം നല്‌കുമെന്ന് അങ്ങു പറയുന്നു. അവര്‍ക്കു തൃപ്തിയാകുവോളം മാംസം ലഭിക്കാന്‍ വേണ്ടത്ര ആടുമാടുകളെ അവിടുന്നു കൊല്ലുമോ? അവര്‍ക്കു തൃപ്തിയാകുവോളം നല്‌കുന്നതിനുവേണ്ടി സമുദ്രത്തില്‍നിന്നു മത്സ്യങ്ങളെയെല്ലാം പിടിച്ചു കൂട്ടുമോ?” സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “സര്‍വേശ്വരന്‍റെ കരങ്ങളുടെ ശക്തി കുറഞ്ഞു പോയോ? ഞാന്‍ കല്പിച്ചതു നിറവേറുമോ ഇല്ലയോ എന്ന് ഉടനെ നിനക്കു കാണാം.” മോശ പുറത്തു വന്നു സര്‍വേശ്വരന്‍റെ വാക്കുകള്‍ ജനത്തോടു പറഞ്ഞു. നേതാക്കളായ എഴുപതു പേരെ വിളിച്ചുകൂട്ടി കൂടാരത്തിനു ചുറ്റും നിര്‍ത്തി. അപ്പോള്‍ സര്‍വേശ്വരന്‍ മേഘത്തില്‍ ഇറങ്ങി വന്നു മോശയോടു സംസാരിച്ചു. അദ്ദേഹത്തിനു പകര്‍ന്നിരുന്ന ചൈതന്യത്തില്‍ കുറെയെടുത്തു ജനനേതാക്കളുടെമേല്‍ പകരുകയും ചെയ്തു. ചൈതന്യം അവരുടെമേല്‍ വന്നപ്പോള്‍ അവര്‍ പ്രവചിച്ചു തുടങ്ങി. എന്നാല്‍ പിന്നീടവര്‍ പ്രവചിച്ചില്ല. നേതാക്കന്മാരില്‍ രണ്ടുപേരായ എല്‍ദാദും മേദാദും പാളയത്തില്‍ത്തന്നെ പാര്‍ത്തിരുന്നു; ചൈതന്യം അവരുടെമേലും ആവസിച്ചു; അവരുടെ പേരു പട്ടികയില്‍ ചേര്‍ത്തിരുന്നെങ്കിലും അവര്‍ കൂടാരത്തിന്‍റെ സമീപത്തേക്കു പോയില്ല. അവര്‍ പാളയത്തില്‍വച്ചുതന്നെ പ്രവചിച്ചു. എല്‍ദാദും മേദാദും പാളയത്തില്‍ പ്രവചിച്ചുകൊണ്ടിരിക്കുന്നതായി ഒരു യുവാവ് ഓടിച്ചെന്നു മോശയോടു പറഞ്ഞു. ഇതു കേട്ട് നൂനിന്‍റെ പുത്രനും ബാല്യംമുതല്‍ക്കേ മോശയുടെ ശുശ്രൂഷകനുമായിരുന്ന യോശുവ പറഞ്ഞു: “എന്‍റെ യജമാനനേ, അവരെ വിലക്കുക.” മോശ പ്രതിവചിച്ചു: “എന്‍റെ കാര്യത്തില്‍ നീ അസൂയപ്പെടുന്നോ? സര്‍വേശ്വരന്‍റെ ചൈതന്യം എല്ലാവരുടെയുംമേല്‍ വരികയും അവരെല്ലാം സര്‍വേശ്വരന്‍റെ പ്രവാചകരാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.” മോശയും ഇസ്രായേലിലെ നേതാക്കന്മാരും പാളയത്തിലേക്കു തിരിച്ചുപോയി. സര്‍വേശ്വരന്‍ ഒരു കാറ്റടിപ്പിച്ചു കടലില്‍നിന്നു കാടപ്പക്ഷികളെ കൊണ്ടുവന്നു; പാളയത്തിനു നാലു ചുറ്റും, ഒരു ദിവസത്തെ വഴി ദൂരത്തില്‍, ഏകദേശം രണ്ടു മുഴം ഉയരത്തില്‍ അവ പറന്നുനിന്നു. അന്നു പകലും രാത്രിയും പിറ്റന്നാള്‍ മുഴുവനും അവര്‍ കാടപ്പക്ഷികളെ പിടിച്ചുകൂട്ടി. അവരില്‍ ആരുടെയും ശേഖരം പത്തു പറയില്‍ കുറവായിരുന്നില്ല. അവര്‍ അവയെ ഉണങ്ങാന്‍വേണ്ടി പാളയത്തിനു ചുറ്റും നിരത്തി. എന്നാല്‍ അവര്‍ മാംസം ഭക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ സര്‍വേശ്വരന്‍റെ കോപം ജനത്തിനു നേരേ ജ്വലിച്ചു; അവരുടെമേല്‍ അവിടുന്നു ഭയങ്കരമായ ഒരു ബാധ വരുത്തി അവരെ സംഹരിച്ചു. ദുരാഗ്രഹികളുടെ ഒരു കൂട്ടത്തെ അവിടെ സംസ്കരിച്ചതുകൊണ്ട് ആ സ്ഥലത്തിനു കിബ്രോത്ത് - ഹത്താവ എന്നു പേരിട്ടു. ജനം കിബ്രോത്ത് - ഹത്താവയില്‍നിന്നു പുറപ്പെട്ടു ഹസേരോത്തില്‍ ചെന്ന് അവിടെ പാര്‍ത്തു. മോശ ഒരു എത്യോപ്യക്കാരിയെ വിവാഹം ചെയ്തതുകൊണ്ട് അഹരോനും മിര്യാമും അദ്ദേഹത്തിനെതിരായി സംസാരിച്ചു. സര്‍വേശ്വരന്‍ മോശയില്‍കൂടി മാത്രമാണോ സംസാരിച്ചിട്ടുള്ളത്? നമ്മില്‍കൂടിയും സംസാരിച്ചിട്ടില്ലേ? അവര്‍ ഇങ്ങനെ പറയുന്നതു സര്‍വേശ്വരന്‍ കേട്ടു. ഭൂമുഖത്തുള്ള സര്‍വമനുഷ്യരിലുംവച്ച് മോശ ഏറ്റവും സൗമ്യനായിരുന്നു. “നിങ്ങള്‍ മൂവരും തിരുസാന്നിധ്യകൂടാരത്തില്‍ വരിക” എന്നു സര്‍വേശ്വരന്‍ ഉടനെതന്നെ മോശയോടും അഹരോനോടും മിര്യാമിനോടും കല്പിച്ചു. അവര്‍ അവിടെ ചെന്നു. അവിടുന്ന് ഒരു മേഘസ്തംഭത്തില്‍ കൂടി ഇറങ്ങിവന്നു തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍നിന്ന് അഹരോനെയും മിര്യാമിനെയും വിളിച്ചു; അവര്‍ മുമ്പോട്ടു ചെന്നു. സര്‍വേശ്വരന്‍ അവരോട് അരുളിച്ചെയ്തു: “എന്‍റെ വാക്കു കേള്‍ക്കുക; നിങ്ങളുടെ ഇടയില്‍ ഒരു പ്രവാചകന്‍ ഉണ്ടെങ്കില്‍ ദര്‍ശനത്തില്‍ ഞാന്‍ എന്നെ അവനു വെളിപ്പെടുത്തുകയും സ്വപ്നത്തില്‍ ഞാന്‍ അവനോടു സംസാരിക്കുകയും ചെയ്യും. എന്നാല്‍ എന്‍റെ ദാസനായ മോശയുടെ കാര്യത്തില്‍ അങ്ങനെയല്ല; എന്‍റെ ജനത്തിന്‍റെ മുഴുവന്‍ ചുമതലയും ഞാന്‍ അവനെ ഏല്പിച്ചിരിക്കുന്നു. അവ്യക്തമായല്ല, സ്പഷ്ടമായും അഭിമുഖമായും ഞാന്‍ അവനോടു സംസാരിക്കുന്നു. സര്‍വേശ്വരന്‍റെ രൂപം അവന്‍ കണ്ടിരിക്കുന്നു; എന്നിട്ടും എന്‍റെ ദാസനായ മോശയ്‍ക്കെതിരായി സംസാരിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെട്ടതെന്ത്?” സര്‍വേശ്വരന്‍റെ കോപം അവരുടെ നേരേ ജ്വലിച്ചു; അവിടുന്ന് അവരെ വിട്ടുപോയി. മേഘം കൂടാരത്തില്‍നിന്നു നീങ്ങിയപ്പോള്‍ മിര്യാമിന്‍റെ ശരീരം കുഷ്ഠം ബാധിച്ചു മഞ്ഞുപോലെ വെളുത്തു. അവളെ കുഷ്ഠരോഗിയായി അഹരോന്‍ കണ്ടു. അയാള്‍ മോശയോടു പറഞ്ഞു: “പ്രഭോ, ഞങ്ങള്‍ ബുദ്ധിശൂന്യരായി പ്രവര്‍ത്തിച്ചു. ആ പാപം ഞങ്ങളുടെമേല്‍ ചുമത്തരുതേ. അമ്മയുടെ ഉദരത്തില്‍വച്ച് ചത്തു പകുതി അഴുകി പുറത്തുവന്ന ചാപിള്ളപോലെ ഇവള്‍ ആകരുതേ.” അപ്പോള്‍ മോശ: “സര്‍വേശ്വരാ, അവള്‍ക്കു സൗഖ്യം നല്‌കണമേ” എന്നു കേണപേക്ഷിച്ചു. സര്‍വേശ്വരന്‍ മോശയോടു പറഞ്ഞു: “തന്‍റെ പിതാവു മുഖത്തു തുപ്പിയാല്‍ അവള്‍ ഏഴു ദിവസത്തേക്ക് അപമാനം സഹിക്കുകയില്ലേ? ഏഴു ദിവസത്തേക്ക് അവളെ പാളയത്തിനു പുറത്തു മാറ്റി പാര്‍പ്പിക്കുക; അതിനുശേഷം അകത്തു കൊണ്ടുവരാം.” അങ്ങനെ മിര്യാമിനെ ഏഴു ദിവസത്തേക്കു പാളയത്തിനു പുറത്താക്കി. അവളെ അകത്തു കൊണ്ടുവരുന്നതുവരെ ജനം യാത്ര ചെയ്തില്ല. അതിനു ശേഷം അവര്‍ ഹസേരോത്തില്‍നിന്നു പുറപ്പെട്ടു പാരാന്‍ മരുഭൂമിയിലെത്തി പാളയമടിച്ചു. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഞാന്‍ ഇസ്രായേല്‍ജനത്തിനു നല്‌കാന്‍ പോകുന്ന കനാന്‍ദേശം ഒറ്റുനോക്കാന്‍ ഓരോ ഗോത്രത്തില്‍നിന്ന് ഓരോ നേതാവിനെ അയയ്‍ക്കുക. അവിടുന്നു കല്പിച്ചതുപോലെ പാരാന്‍മരുഭൂമിയില്‍നിന്ന് അവരെ മോശ അയച്ചു. അവരെല്ലാവരും ഇസ്രായേല്‍ജനത്തിന്‍റെ തലവന്മാരായിരുന്നു. അവരുടെ പേരുകള്‍: രൂബേന്‍ഗോത്രത്തില്‍നിന്നു സക്കൂറിന്‍റെ പുത്രന്‍ ശമ്മൂവ, ശിമെയോന്‍ഗോത്രത്തില്‍നിന്നു ഹോരിയുടെ പുത്രന്‍ ശാഫാത്ത്, യെഹൂദാഗോത്രത്തില്‍നിന്നു യെഫുന്നെയുടെ പുത്രന്‍ കാലേബ്, ഇസ്സാഖാര്‍ഗോത്രത്തില്‍നിന്നു യോസേഫിന്‍റെ പുത്രന്‍ ഈഗാല്‍, എഫ്രയീംഗോത്രത്തില്‍നിന്നു നൂനിന്‍റെ പുത്രന്‍ ഹോശേയ, ബെന്യാമീന്‍ഗോത്രത്തില്‍നിന്നു രാഫൂവിന്‍റെ പുത്രന്‍ പല്‍ത്തി, സെബൂലൂന്‍ഗോത്രത്തില്‍നിന്നു സോദിയുടെ പുത്രന്‍ ഗദ്ദീയേല്‍, യോസേഫിന്‍റെ പുത്രനായ മനശ്ശെയുടെ ഗോത്രത്തില്‍നിന്നു സൂസിയുടെ പുത്രന്‍ ഗദ്ദി, ദാന്‍ഗോത്രത്തില്‍നിന്നു ഗെമല്ലിയുടെ പുത്രന്‍ അമ്മീയേല്‍, ആശേര്‍ഗോത്രത്തില്‍നിന്നു മീഖായേലിന്‍റെ പുത്രന്‍ സെഥൂര്‍, നഫ്താലിഗോത്രത്തില്‍നിന്നു വൊപ്സിയുടെ പുത്രന്‍ നഹ്ബി, ഗാദ്ഗോത്രത്തില്‍നിന്നു മാഖിയുടെ പുത്രന്‍ ഗയൂവേല്‍. ഇവരെയാണ് ദേശം ഒറ്റുനോക്കുന്നതിനു മോശ തിരഞ്ഞെടുത്തയച്ചത്. നൂനിന്‍റെ മകനായ ഹോശേയയ്‍ക്ക് യോശുവ എന്നു മോശ പേരിട്ടു. ദേശം പരിശോധിക്കാന്‍ അയയ്‍ക്കുമ്പോള്‍ മോശ അവരോടു പറഞ്ഞു: “നിങ്ങള്‍ നെഗബില്‍ ചെന്നിട്ടു മലനാട്ടിലേക്കു പോകുക. ദേശം എങ്ങനെയുള്ളത്, അവിടെ പാര്‍ക്കുന്ന ജനം ശക്തരോ അശക്തരോ അവര്‍ സംഖ്യയില്‍ കൂടുതലോ കുറവോ, അവര്‍ പാര്‍ക്കുന്ന സ്ഥലം നല്ലതോ ചീത്തയോ, അവരുടെ പട്ടണങ്ങള്‍ കോട്ടകളാല്‍ സുരക്ഷിതമോ അതോ വെറും കൂടാരങ്ങള്‍ മാത്രമോ, ഭൂമി ഫലഭൂയിഷ്ഠമോ അല്ലാത്തതോ, വൃക്ഷങ്ങള്‍ ഉള്ളതോ ഇല്ലാത്തതോ എന്നു പരിശോധിക്കണം. നിങ്ങള്‍ ധൈര്യമായിരിക്കുക. അവിടെനിന്നു കുറെ ഫലങ്ങളും കൊണ്ടുവരണം.” മുന്തിരിയുടെ ആദ്യവിളവെടുപ്പു സമയമായിരുന്നു അത്. അവര്‍ പുറപ്പെട്ടു, സീന്‍മരുഭൂമിമുതല്‍ ഹാമാത്തിന്‍റെ കവാടത്തിനടുത്തുള്ള രഹോബ്‍വരെ ഒറ്റുനോക്കി. നെഗെബ് കടന്ന് അവര്‍ ഹെബ്രോനില്‍ എത്തി. അവിടെയായിരുന്നു അനാക്കിന്‍റെ പിന്‍തലമുറക്കാരായ അഹീമാന്‍, ശേശായി, തല്‍മായി എന്നിവര്‍ പാര്‍ത്തിരുന്നത്. ഈജിപ്തിലെ സോവാന്‍പട്ടണം നിര്‍മ്മിക്കുന്നതിനു മുമ്പായിരുന്നു ഹെബ്രോന്‍റെ നിര്‍മ്മാണം. അവര്‍ എസ്കോല്‍താഴ്വരയില്‍ ചെന്ന് ഒരു മുന്തിരിക്കൊമ്പ് കുലയോടുകൂടി മുറിച്ചെടുത്തു തണ്ടിന്മേല്‍ കെട്ടി രണ്ടു പേര്‍കൂടി ചുമന്നു കൊണ്ടുവന്നു. കുറെ മാതളപ്പഴവും അത്തിപ്പഴവുംകൂടി അവര്‍ കൊണ്ടുപോന്നു. ഇസ്രായേല്യര്‍ അവിടെനിന്നു മുന്തിരിക്കുല മുറിച്ചെടുത്തതിനാല്‍ ആ സ്ഥലത്തിനു എസ്ക്കോല്‍ താഴ്വര എന്നു പേരായി. നാല്പതു ദിവസത്തെ രഹസ്യനിരീക്ഷണത്തിനു ശേഷം അവര്‍ മടങ്ങിവന്നു. അവര്‍ പാരാന്‍മരുഭൂമിയിലുള്ള കാദേശില്‍വച്ച് മോശയെയും അഹരോനെയും ഇസ്രായേല്‍സമൂഹത്തെ മുഴുവനും വിവരം അറിയിച്ചു. അവര്‍ കൊണ്ടുവന്ന പഴങ്ങളും അവരെ കാണിച്ചു. അവര്‍ മോശയോടു പറഞ്ഞു: “അങ്ങ് ഞങ്ങളെ അയച്ച ദേശത്തു ഞങ്ങള്‍ പോയി, അതു പാലും തേനും ഒഴുകുന്ന ദേശമാണ്; ഇതാ ഞങ്ങള്‍ അവിടെനിന്നു കൊണ്ടുവന്ന പഴങ്ങള്‍. എന്നാല്‍ ആ ദേശവാസികള്‍ കരുത്തുറ്റവരും അവരുടെ പട്ടണങ്ങള്‍ കോട്ട കെട്ടി ഉറപ്പിച്ചിരിക്കുന്നവയുമാണ്. അനാക്കിന്‍റെ വംശജരെയും ഞങ്ങള്‍ അവിടെ കണ്ടു. നെഗെബ്‍ദേശത്തു പാര്‍ക്കുന്നത് അമാലേക്യരാണ്. ഹിത്യരും യെബൂസ്യരും അമോര്യരും മലമ്പ്രദേശങ്ങളിലും, കനാന്യര്‍ കടല്‍ക്കരയിലും യോര്‍ദ്ദാന്‍പ്രദേശത്തും വസിക്കുന്നു.” അപ്പോള്‍ മോശയുടെ മുമ്പാകെ കൂടിയിരുന്ന ജനത്തെ ശാന്തരാക്കിയിട്ടു കാലേബ് പറഞ്ഞു: “നമുക്കു ഇപ്പോള്‍ത്തന്നെ പോയി ആ ദേശം കൈവശപ്പെടുത്താം; അതിനുള്ള ശക്തി നമുക്കുണ്ട്. എന്നാല്‍ കാലേബിനോടൊപ്പം പോയിരുന്നവര്‍ പറഞ്ഞു: “അവിടെയുള്ള ജനത്തെ നേരിടാന്‍ നമുക്കു കഴികയില്ല; അവര്‍ നമ്മെക്കാള്‍ ശക്തരാണ്.” “അങ്ങനെ തങ്ങള്‍ ഒറ്റുനോക്കാന്‍ പോയ സ്ഥലത്തെപ്പറ്റി തെറ്റായ ധാരണ ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍ അവര്‍ പ്രചരിപ്പിച്ചു. അവര്‍ പറഞ്ഞു: “ഞങ്ങള്‍ ചുറ്റി സഞ്ചരിച്ചു രഹസ്യനിരീക്ഷണം നടത്തിയ സ്ഥലം അവിടെ പാര്‍ക്കാന്‍ ചെല്ലുന്നവരെ വിഴുങ്ങിക്കളയുന്ന സ്ഥലമാണ്. അതികായന്മാരെ മാത്രമാണ് ഞങ്ങള്‍ അവിടെ കണ്ടത്. അനാക്കിന്‍റെ വംശജരായ മല്ലന്മാരെയും അവിടെ കണ്ടു. അവരുടെ മുമ്പില്‍ ഞങ്ങള്‍ വെറും വിട്ടിലുകളാണെന്നു ഞങ്ങള്‍ക്കു തോന്നി. അവര്‍ക്കും ഞങ്ങളെപ്പറ്റി അങ്ങനെതന്നെ തോന്നിയിരിക്കണം.” ഇസ്രായേല്‍ജനം രാത്രി മുഴുവന്‍ ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു. അവര്‍ മോശയ്‍ക്കും അഹരോനും എതിരായി പിറുപിറുത്തു. ഈജിപ്തിലോ ഈ മരുഭൂമിയിലോ വച്ചു ഞങ്ങള്‍ മരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. വാളിനിരയാകാനായി ഞങ്ങളെ ആ ദേശത്തേക്കു കൊണ്ടുപോകുന്നത് എന്തിന്? ഞങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും അവര്‍ക്ക് ഇരയായിത്തീരുമല്ലോ. ഈജിപ്തിലേക്കു മടങ്ങിപ്പോകുന്നതല്ലേ നല്ലത്?” അവര്‍ അന്യോന്യം പറഞ്ഞു: “നമുക്ക് മറ്റൊരു നേതാവിനെ തിരഞ്ഞെടുത്ത് ഈജിപ്തിലേക്കു മടങ്ങിപ്പോകാം.” അപ്പോള്‍ മോശയും അഹരോനും അവിടെ കൂടിയിരുന്ന സകല ഇസ്രായേല്‍ജനത്തിന്‍റെയും മുമ്പില്‍ സാഷ്ടാംഗം വീണു. ദേശം ഒറ്റുനോക്കാന്‍ പോയവരില്‍ നൂനിന്‍റെ മകന്‍ യോശുവയും യെഫുന്നെയുടെ മകന്‍ കാലേബും അവരുടെ വസ്ത്രം കീറി, സര്‍വ ഇസ്രായേല്‍ജനത്തോടുമായി അവര്‍ പറഞ്ഞു: “ഞങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച ദേശം വളരെ വിശിഷ്ടമാണ്. സര്‍വേശ്വരന്‍ നമ്മില്‍ പ്രസാദിച്ചാല്‍ അവിടുന്നു നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു നയിക്കുകയും അതു നമുക്കു നല്‌കുകയും ചെയ്യും. നിങ്ങള്‍ അവിടുത്തോടു മത്സരിക്കരുത്. ആ ദേശനിവാസികളെ ഭയപ്പെടേണ്ടാ. അവര്‍ നമുക്ക് ഇരയാകും. അവര്‍ക്ക് ഇനി രക്ഷയില്ല; സര്‍വേശ്വരന്‍ നമ്മുടെ കൂടെയുള്ളതുകൊണ്ടു നാം അവരെ ഭയപ്പെടേണ്ടതില്ല.” എന്നാല്‍ ജനം യോശുവയെയും കാലേബിനെയും കല്ലെറിഞ്ഞു കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. പെട്ടെന്നു തിരുസാന്നിധ്യകൂടാരത്തിന്‍റെ മുകളില്‍ സര്‍വേശ്വരന്‍റെ തേജസ്സ് സകല ജനത്തിനും കാണത്തക്കവിധം വെളിപ്പെട്ടു. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “എത്രകാലം ഈ ജനം എന്നെ നിന്ദിക്കും? അവരുടെ മധ്യേ ഞാന്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കണ്ടിട്ടും അവര്‍ എത്രകാലം എന്നെ അവിശ്വസിക്കും? ഞാന്‍ ഒരു മഹാമാരി അയച്ച് അവരെ നശിപ്പിക്കും; എന്നാല്‍ ഞാന്‍ നിന്നെ അവരെക്കാള്‍ വലുതും ശക്തവുമായ ഒരു ജനതയുടെ പിതാവാക്കും.” എന്നാല്‍ മോശ സര്‍വേശ്വരനോട് ഇങ്ങനെ പറഞ്ഞു: “ഈജിപ്തുകാര്‍ ഇതേക്കുറിച്ചു കേള്‍ക്കും; അവിടുത്തെ ശക്തികൊണ്ടാണല്ലോ ഈ ജനത്തെ അവരുടെ നടുവില്‍നിന്നു കൂട്ടിക്കൊണ്ടു വന്നത്? ഈ ദേശത്തു വസിക്കുന്നവരോടും അവര്‍ ഇതു പറയും; സര്‍വേശ്വരാ, അവിടുന്ന് ഈ ജനത്തിന്‍റെകൂടെ ഉണ്ടെന്നുള്ളത് ഈ ദേശനിവാസികള്‍ കേട്ടിട്ടുണ്ട്. ഈ ജനം അങ്ങയെയല്ലേ ദര്‍ശിക്കുന്നത്? അവിടുത്തെ മേഘം അവരുടെ മുകളില്‍ നില്‌ക്കുന്നതും അവിടുന്നു പകല്‍ മേഘസ്തംഭത്തിലൂടെയും രാത്രിയില്‍ അഗ്നിസ്തംഭത്തിലൂടെയും വഴി നടത്തുന്നതും അവര്‍ കണ്ടിട്ടുണ്ട്. അവിടുന്ന് ഈ ജനത്തെയെല്ലാം കേവലം ഒറ്റ മനുഷ്യനെയെന്നപോലെ കൊന്നുകളഞ്ഞാല്‍ അവിടുത്തെ കീര്‍ത്തി കേട്ടിട്ടുള്ള ജനതകള്‍, ഇസ്രായേല്‍ജനത്തിന് അവിടുന്നു കൊടുക്കുമെന്നു പ്രതിജ്ഞ ചെയ്തിട്ടുള്ള ദേശത്തേക്കു കൊണ്ടുപോകാന്‍ സര്‍വേശ്വരനു കഴിവില്ലാത്തതുകൊണ്ടാണു മരുഭൂമിയില്‍വച്ച് അവരെ കൊന്നുകളഞ്ഞത് എന്നു പറയും. [17,18] സര്‍വേശ്വരാ, അവിടുന്നു ക്ഷമാശീലനും അചഞ്ചലസ്നേഹമുള്ളവനും സകല അപരാധവും അതിക്രമവും പൊറുക്കുന്നവനുമാണല്ലോ. എന്നാല്‍ കുറ്റവാളികളെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യങ്ങള്‍ക്കു മൂന്നും നാലും തലമുറവരെ ശിക്ഷിക്കുന്നവനുമാണെന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ. അതിന്‍പ്രകാരം ഇപ്പോള്‍ അങ്ങയുടെ ശക്തി വെളിപ്പെടുത്തണമേ. *** അവിടുത്തെ അചഞ്ചലസ്നേഹത്തിനൊത്തവിധം, ഈജിപ്തില്‍നിന്നു പുറപ്പെട്ടതുമുതല്‍ ഇവിടംവരെ ഈ ജനത്തോടു ക്ഷമിച്ചതുപോലെ ഇപ്പോഴും ഇവരുടെ അപരാധം ക്ഷമിക്കണമേ.” അപ്പോള്‍ സര്‍വേശ്വരന്‍ അരുളിച്ചെയ്തു: നിന്‍റെ പ്രാര്‍ഥനപോലെ ഞാന്‍ അവരോടു ക്ഷമിച്ചിരിക്കുന്നു. എന്നാല്‍ എന്നെയും ഭൂമി മുഴുവന്‍ നിറഞ്ഞിരിക്കുന്ന എന്‍റെ തേജസ്സിനെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു, എന്‍റെ മഹത്ത്വവും ഈജിപ്തിലും മരുഭൂമിയിലും ഞാന്‍ ചെയ്ത അദ്ഭുതപ്രവൃത്തികളും നേരില്‍ കണ്ടിട്ടും ഇപ്പോള്‍ത്തന്നെ നിരവധി പ്രാവശ്യം അവര്‍ എന്നെ പരീക്ഷിക്കുകയും നിന്ദിക്കുകയും അനുസരണക്കേട് കാണിക്കുകയും ചെയ്യുകയാല്‍ ഞാന്‍ അവരുടെ പിതാക്കന്മാര്‍ക്കു വാഗ്ദാനം ചെയ്ത ഭൂമി കാണുകയോ അവകാശമാക്കുകയോ ചെയ്യുകയില്ല. എന്നാല്‍ എന്‍റെ ദാസനായ കാലേബിനു വ്യത്യസ്ത മനോഭാവമുള്ളതുകൊണ്ടും അവന്‍ എന്നെ പൂര്‍ണമായി അനുസരിച്ചതുകൊണ്ടും അവന്‍ നിരീക്ഷിക്കാന്‍ പോയ സ്ഥലത്തു ഞാന്‍ അവനെ കൊണ്ടുപോകും; അവന്‍റെ ഭാവിതലമുറക്കാര്‍ അതു കൈവശമാക്കുകയും ചെയ്യും. അമാലേക്യരും കനാന്യരും താഴ്വരയില്‍ പാര്‍ക്കുന്നതുകൊണ്ടു നിങ്ങള്‍ ചെങ്കടലിലേക്കുള്ള വഴിയേ തിരിഞ്ഞ് നാളെ മരുഭൂമിയിലേക്കു പുറപ്പെടുക.” സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ഈ ദുഷ്ടജനം എത്രകാലം എനിക്കെതിരായി പിറുപിറുത്തുകൊണ്ടിരിക്കും. എനിക്കെതിരായി ഇസ്രായേല്‍ജനം പിറുപിറുക്കുന്നതു ഞാന്‍ കേട്ടിരിക്കുന്നു. അവരോടു പറയുക: ഞാന്‍ കേള്‍ക്കെ നിങ്ങള്‍ പറഞ്ഞതുതന്നെ ഞാന്‍ നിങ്ങളോടു നിശ്ചയമായും ചെയ്യും. [29,30] നിങ്ങളുടെ ശവങ്ങള്‍ ഈ മരുഭൂമിയില്‍ വീഴും; എന്നോടു പിറുപിറുത്ത ഇരുപതും അതിനു മേലും പ്രായമുള്ള ഒരാള്‍പോലും ഞാന്‍ വാഗ്ദാനം ചെയ്ത സ്ഥലത്ത് എത്തുകയില്ല. യെഫുന്നെയുടെ പുത്രനായ കാലേബും, നൂനിന്‍റെ പുത്രനായ യോശുവയും മാത്രം അവിടെ പ്രവേശിക്കും. *** എന്നാല്‍ ശത്രുക്കള്‍ക്ക് ഇരയാകും എന്നു നിങ്ങള്‍ പറഞ്ഞ നിങ്ങളുടെ കുഞ്ഞുങ്ങളെ ഞാന്‍ അവിടേക്കു കൊണ്ടുപോകും. നിങ്ങള്‍ നിന്ദയോടെ തിരസ്കരിച്ച ദേശം അവര്‍ അനുഭവിക്കും. നിങ്ങള്‍ ഈ മരുഭൂമിയില്‍ മരിച്ചുവീഴും. അവസാനത്തെ ആള്‍പോലും മരിക്കുന്നതുവരെ അവിശ്വസ്തതയുടെ പ്രായശ്ചിത്തമായി നിങ്ങളുടെ മക്കള്‍ നാല്പതു വര്‍ഷക്കാലം ഈ മരുഭൂമിയില്‍ അലഞ്ഞുനടക്കും. ഒറ്റുനോക്കാന്‍ പോയ ഒരു ദിവസത്തിന് ഒരു വര്‍ഷം എന്ന കണക്കിനു നാല്പതു വര്‍ഷം നിങ്ങളുടെ അകൃത്യത്തിന്‍റെ ഫലം നിങ്ങള്‍ അനുഭവിക്കും; അങ്ങനെ നിങ്ങളോടുള്ള എന്‍റെ അതൃപ്തി നിങ്ങള്‍ അറിയും. സര്‍വേശ്വരനായ ഞാന്‍ പറയുന്നു: എനിക്കെതിരായി ഒത്തുചേര്‍ന്ന ഈ ദുഷ്ടജനത്തോടു ഞാന്‍ തീര്‍ച്ചയായും ഇങ്ങനെ ചെയ്യും. ഈ മരുഭൂമിയില്‍വച്ച് അവര്‍ നിര്‍മ്മൂലമാക്കപ്പെടും; എല്ലാവരും അവിടെവച്ചു മരിക്കും.” രഹസ്യനിരീക്ഷണം ചെയ്യാന്‍ മോശ അയച്ച ആളുകള്‍ തെറ്റായ വിവരങ്ങള്‍ നല്‌കിയതുകൊണ്ടായിരുന്നു ജനം സര്‍വേശ്വരനെതിരായി പിറുപിറുക്കാനിടയായത്. അതിനാല്‍ തെറ്റായ വിവരങ്ങള്‍ നല്‌കിയവരെല്ലാം സര്‍വേശ്വരസന്നിധിയില്‍വച്ച് ഒരു ബാധമൂലം മരിച്ചുവീണു. നിരീക്ഷണം നടത്തിയവരില്‍ യോശുവയും കാലേബും മാത്രം അവശേഷിച്ചു. മോശ ഈ വാര്‍ത്ത അറിയിച്ചപ്പോള്‍ ജനം അത്യന്തം ദുഃഖിച്ചു. അവര്‍ അതിരാവിലെ എഴുന്നേറ്റു മലമുകളിലേക്കു പോകാന്‍ തയ്യാറായി. അവര്‍ പറഞ്ഞു: “ഞങ്ങള്‍ പാപം ചെയ്തുപോയി; സര്‍വേശ്വരന്‍ വാഗ്ദാനം ചെയ്ത ദേശത്തേക്കു പോകാന്‍ ഞങ്ങള്‍ സന്നദ്ധരാണ്.” എന്നാല്‍ മോശ പറഞ്ഞു: “നിങ്ങള്‍ സര്‍വേശ്വരന്‍റെ കല്പന എന്തിനു ലംഘിക്കുന്നു? നിങ്ങള്‍ വിജയിക്കുകയില്ല. നിങ്ങള്‍ മലമുകളിലേക്കു പോകരുത്, ശത്രുക്കളുടെ മുമ്പില്‍ നിങ്ങള്‍ പരാജിതരാകും. അവിടുന്നു നിങ്ങളുടെകൂടെ ഇല്ലല്ലോ. അവിടെ അമാലേക്യരും കനാന്യരും നിങ്ങളെ എതിരിടും; നിങ്ങള്‍ വാളിനിരയാകും. നിങ്ങള്‍ സര്‍വേശ്വരനില്‍നിന്നു പിന്തിരിഞ്ഞിരിക്കുകയാണല്ലോ. അവിടുന്നു നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല.” ഉടമ്പടിപ്പെട്ടകമോ മോശയോ പാളയത്തില്‍നിന്നു മുന്നോട്ടു നീങ്ങാതിരുന്നിട്ടും അവര്‍ മലമുകളിലേക്കു പോകാന്‍ ഒരുമ്പെട്ടു. മലയില്‍ പാര്‍ത്തിരുന്ന അമാലേക്യരും കനാന്യരും പിന്തുടര്‍ന്നു ഹോര്‍മ്മാവരെ അവരെ തോല്പിച്ചോടിച്ചു. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്‍ജനത്തോടു പറയുക, ഞാന്‍ നിങ്ങള്‍ക്കു നല്‌കുന്ന ദേശത്തു പാര്‍ക്കാന്‍ ചെല്ലുമ്പോള്‍, അനുസരിക്കേണ്ട നിയമങ്ങള്‍ ഇവയാണ്. നിങ്ങളുടെ നേര്‍ച്ച പൂര്‍ത്തീകരിക്കുന്നതിനോ, സ്വമേധാദാനം അര്‍പ്പിക്കുന്നതിനോ, നിങ്ങളുടെ ഉത്സവദിവസങ്ങളിലെ വഴിപാട് അര്‍പ്പിക്കുന്നതിനോ, ഒരു ഹോമയാഗമോ മറ്റു യാഗങ്ങളോ കഴിക്കുന്നെങ്കില്‍ നിങ്ങളുടെ കന്നുകാലിക്കൂട്ടത്തില്‍നിന്നോ, ആട്ടിന്‍പറ്റത്തില്‍നിന്നോ ഒരു മൃഗത്തെ അര്‍പ്പിക്കാം; അതിന്‍റെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമായിരിക്കും. ഈ വഴിപാട് അര്‍പ്പിക്കുന്നതോടൊപ്പം ഒരു ഇടങ്ങഴി നേരിയ മാവു കാല്‍ ഹീന്‍ എണ്ണ ചേര്‍ത്ത് ധാന്യയാഗമായി അര്‍പ്പിക്കേണ്ടതാണ്. ഹോമയാഗത്തിനും മറ്റു യാഗങ്ങള്‍ക്കും ഓരോ ആട്ടിന്‍കുട്ടിയോടുമൊപ്പം പാനീയയാഗമായി കാല്‍ ഹീന്‍ വീഞ്ഞും അര്‍പ്പിക്കണം. ആണാടിനെയാണ് അര്‍പ്പിക്കുന്നതെങ്കില്‍ രണ്ടിടങ്ങഴി മാവ് മൂന്നിലൊന്നു ഹീന്‍ എണ്ണ ചേര്‍ത്തു കുഴച്ചു ധാന്യവഴിപാടായി അതോടൊപ്പം അര്‍പ്പിക്കേണ്ടതാണ്. പാനീയയാഗമായി മൂന്നിലൊന്നു ഹീന്‍ വീഞ്ഞും അര്‍പ്പിക്കണം. ഈ വഴിപാടുകളുടെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമായിരിക്കും. ഒരു കാളക്കുട്ടിയെ ഹോമയാഗമായോ ഒരു നേര്‍ച്ച പൂര്‍ത്തീകരിക്കുന്നതിനുള്ള യാഗമായോ സമാധാനയാഗമായോ സര്‍വേശ്വരന് അര്‍പ്പിക്കുന്നെങ്കില്‍ അതോടുകൂടി ധാന്യവഴിപാടായി മൂന്നിടങ്ങഴി മാവ് അര ഹീന്‍ എണ്ണ ചേര്‍ത്ത് അര്‍പ്പിക്കണം. കൂടാതെ അര ഹീന്‍ വീഞ്ഞും പാനീയയാഗമായി അര്‍പ്പിക്കേണ്ടതാണ്. അവയുടെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമായിരിക്കും. കാളക്കുട്ടിയോ ആണാടോ ആട്ടിന്‍കുട്ടിയോ കോലാട്ടിന്‍കുട്ടിയോ ഇവയില്‍ ഏതായാലും ഇപ്രകാരമാണ് അര്‍പ്പിക്കേണ്ടത്. ഒന്നിലധികം മൃഗങ്ങളെയര്‍പ്പിച്ചാലും ഓരോ മൃഗത്തിനും ഇങ്ങനെതന്നെ ചെയ്യണം. സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യമായി ദഹനയാഗം അര്‍പ്പിക്കുമ്പോള്‍ ഇസ്രായേല്യര്‍ ഇങ്ങനെതന്നെ ചെയ്യണം. നിങ്ങളുടെ ഇടയില്‍ താല്‍ക്കാലികമായോ സ്ഥിരമായോ പാര്‍ക്കുന്ന ഒരു പരദേശി സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യമായി ദഹനയാഗം അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവനും നിങ്ങള്‍ ചെയ്യുന്നതുപോലെ ചെയ്യണം. നിങ്ങളും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിയും എക്കാലവും അനുഷ്ഠിക്കേണ്ട ചട്ടങ്ങള്‍ ഒന്നുതന്നെയാണ്. സര്‍വേശ്വരന്‍റെ ദൃഷ്‍ടിയില്‍ പരദേശിയും നിങ്ങളും ഒരുപോലെയാകുന്നു. നിങ്ങള്‍ക്കും നിങ്ങളുടെകൂടെ പാര്‍ക്കുന്ന പരദേശിക്കും ഒരേ നിയമവും ചട്ടവും ആയിരിക്കും.” സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്‍ജനത്തോടു പറയുക, ഞാന്‍ നിങ്ങളെ കൊണ്ടുചെല്ലുന്ന ദേശത്തു നിങ്ങള്‍ എത്തിക്കഴിഞ്ഞ്, ആ ദേശത്തെ വിളവു നിങ്ങള്‍ അനുഭവിക്കുമ്പോള്‍ നിങ്ങള്‍ സര്‍വേശ്വരനു വഴിപാട് അര്‍പ്പിക്കണം. നിങ്ങള്‍ക്ക് ആദ്യം ലഭിക്കുന്ന വിളവില്‍നിന്നുള്ള ആദ്യത്തെ അപ്പം വഴിപാടായി അര്‍പ്പിക്കണം. മെതിക്കളത്തില്‍നിന്നുള്ള വഴിപാടുപോലെതന്നെ അതും നീരാജനമായി അര്‍പ്പിക്കണം. ഇതു നിങ്ങളുടെ ഭാവിതലമുറകളും അനുഷ്ഠിക്കേണ്ട ചട്ടമാണ്. നിങ്ങള്‍ തെറ്റു ചെയ്യുകയും, സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്ത ഈ കല്പനകള്‍ പാലിക്കാതിരിക്കുകയും, മോശ മുഖേന അവിടുന്നു നല്‌കിയ കല്പനകള്‍ നിങ്ങളോ നിങ്ങളുടെ പിന്‍തലമുറയോ അനുസരിക്കാതിരിക്കുകയും ചെയ്തു എന്നിരിക്കട്ടെ. ഇങ്ങനെ തെറ്റ് ചെയ്യാന്‍ ഇടയായത് സമൂഹത്തിന്‍റെ അജ്ഞതകൊണ്ടാണെങ്കില്‍, സമൂഹം മുഴുവനും ചേര്‍ന്ന് ഒരു കാളയെ ഹോമയാഗമായി അര്‍പ്പിക്കണം. അതോടൊപ്പം ചട്ടപ്രകാരമുള്ള ധാന്യപാനീയ വഴിപാടുകളും അര്‍പ്പിക്കേണ്ടതാണ്. അതിന്‍റെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമായിരിക്കും. കൂടാതെ, ഒരു ആണ്‍കോലാടിനെ പാപപരിഹാരയാഗമായും അര്‍പ്പിക്കണം. പുരോഹിതന്‍ ഇസ്രായേല്‍സമൂഹത്തിനു വേണ്ടിയുള്ള പാപപരിഹാരകര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ അത് അവരോടു ക്ഷമിക്കും. അജ്ഞതകൊണ്ടുണ്ടായ കുറ്റമാണല്ലോ അത്. മാത്രമല്ല, അവര്‍ സര്‍വേശ്വരനു ഹോമയാഗവും പാപപരിഹാരയാഗവും അര്‍പ്പിക്കുകയും ചെയ്തു. അപ്പോള്‍ ഇസ്രായേല്‍ജനത്തിന്‍റെ സര്‍വസമൂഹത്തോടും അവരുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശികളോടും സര്‍വേശ്വരന്‍ ക്ഷമിക്കും. സര്‍വസമൂഹത്തിന്‍റെയും അജ്ഞതമൂലമാണല്ലോ ഇങ്ങനെ സംഭവിച്ചത്. ഒരാള്‍ അജ്ഞതമൂലം പാപം ചെയ്താല്‍ ഒരു വയസ്സു പ്രായമുള്ള പെണ്‍കോലാടിനെ പാപപരിഹാരയാഗമായി അര്‍പ്പിക്കണം. പാപത്തിനു പരിഹാരമായി പുരോഹിതന്‍ അവനുവേണ്ടി പ്രായശ്ചിത്തകര്‍മം അനുഷ്ഠിക്കേണ്ടതാണ്; അപ്പോള്‍ അവനു ക്ഷമ ലഭിക്കും. അജ്ഞതമൂലം പാപം ചെയ്യുന്നവന്‍, സ്വദേശി ആയാലും പരദേശി ആയാലും അനുഷ്ഠിക്കേണ്ട നിയമം ഒന്നുതന്നെയാണ്. “എന്നാല്‍ ഒരു സ്വദേശിയോ പരദേശിയോ അറിഞ്ഞുകൊണ്ടു പാപം ചെയ്താല്‍ അതു സര്‍വേശ്വരനെ നിന്ദിക്കുകയാണ്. അവനെ സ്വജനങ്ങളുടെ ഇടയില്‍നിന്നു പുറത്താക്കണം. അവന്‍ സര്‍വേശ്വരന്‍റെ വചനം നിരസിച്ച് അവിടുത്തെ കല്പനകള്‍ ലംഘിച്ചിരിക്കുകയാണ്; അവനെ തീര്‍ത്തും ബഹിഷ്കരിക്കണം; അവന്‍റെ അകൃത്യത്തിനുള്ള ഫലം അവന്‍തന്നെ അനുഭവിക്കണം. ഇസ്രായേല്‍ജനം മരുഭൂമിയിലായിരുന്നപ്പോള്‍, ഒരു ശബത്തുദിവസം ഒരാള്‍ വിറകു ശേഖരിക്കുന്നതു കണ്ടു. അവര്‍ അവനെ പിടിച്ചു മോശയുടെയും അഹരോന്‍റെയും സഭയുടെയും മുമ്പാകെ കൊണ്ടുവന്നു; അവനെ എന്തു ചെയ്യണം എന്ന് അറിഞ്ഞുകൂടായിരുന്നതുകൊണ്ട് അവര്‍ അവനെ തടവിലാക്കി. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ആ മനുഷ്യന്‍ വധിക്കപ്പെടണം; പാളയത്തിന്‍റെ പുറത്തുവച്ചു സഭ മുഴുവനും കൂടി അവനെ കല്ലെറിയണം.” സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ ജനം അവനെ പാളയത്തിന്‍റെ പുറത്തു കൊണ്ടുവന്നു കല്ലെറിഞ്ഞു കൊന്നു. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “വസ്ത്രങ്ങളുടെ വിളുമ്പുകളില്‍ തൊങ്ങല്‍ പിടിപ്പിക്കണം എന്ന് ഇസ്രായേല്‍ജനത്തോടു പറയുക. ഇതു നിങ്ങളുടെ സകല തലമുറകളും ചെയ്യേണ്ടതാണ്; തൊങ്ങല്‍ നീലച്ചരടുകൊണ്ടു കെട്ടിയിരിക്കണം. ഹൃദയത്തിന്‍റെയും കണ്ണുകളുടെയും ചായ്‍വ് അനുസരിച്ചു യഥേഷ്ടം ചരിക്കുന്ന ശീലം വിട്ടു സര്‍വേശ്വരന്‍റെ കല്പനകള്‍ എല്ലാം ഓര്‍ത്തു പാലിക്കുന്നതിന് ഈ തൊങ്ങലുകള്‍ അടയാളമായിരിക്കും. അങ്ങനെ നിങ്ങള്‍ സകല കല്പനകളും ഓര്‍ത്ത് അനുസരിക്കുകയും എനിക്കു നിങ്ങള്‍ വേര്‍തിരിക്കപ്പെട്ട ജനമായിരിക്കുകയും ചെയ്യും. നിങ്ങളുടെ ദൈവമായിരിക്കാന്‍ നിങ്ങളെ ഈജിപ്തില്‍നിന്നു കൂട്ടിക്കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഞാനാകുന്നു.” ലേവിഗോത്രത്തിലെ കെഹാത്ത്കുലത്തിലുള്ള ഇസ്ഹാരിന്‍റെ പുത്രനായ കോരഹും, രൂബേന്‍ഗോത്രത്തിലെ എലീയാബിന്‍റെ പുത്രന്മാരായ ദാഥാന്‍, അബീരാം എന്നിവരും പേലെത്തിന്‍റെ പുത്രനായ ഓനും മോശയെ എതിര്‍ത്തു. അവരോടൊപ്പം ഇസ്രായേല്‍ജനത്തിന്‍റെ സഭയില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടവരും പ്രസിദ്ധരുമായ ഇരുനൂറ്റമ്പതു നേതാക്കന്മാരും ഉണ്ടായിരുന്നു. അവര്‍ മോശയ്‍ക്കും അഹരോനും എതിരായി ഒരുമിച്ചുകൂടി പറഞ്ഞു: “നിങ്ങള്‍ നിലവിട്ടു പ്രവര്‍ത്തിക്കുന്നു; ഈ സമൂഹത്തിലുള്ളവരെല്ലാം വിശുദ്ധരാണ്; സര്‍വേശ്വരന്‍ അവരുടെ ഇടയിലുണ്ട്; അങ്ങനെയെങ്കില്‍ സര്‍വേശ്വരന്‍റെ ജനത്തെക്കാള്‍ ഉയര്‍ന്നവരെന്നു നിങ്ങള്‍ ഭാവിക്കുന്നതെന്ത്?” ഇതു കേട്ടപ്പോള്‍ മോശ കവിണ്ണു വീണു; കോരഹിനോടും കൂട്ടരോടും പറഞ്ഞു: “അവിടുത്തേക്കുള്ളവന്‍ ആരെന്നും വിശുദ്ധന്‍ ആരെന്നും സര്‍വേശ്വരന്‍ നാളെ രാവിലെ കാണിച്ചുതരും; അവിടുന്നു തിരഞ്ഞെടുക്കുന്നവരെ തന്‍റെ അടുത്തു ചെല്ലാന്‍ അവിടുന്ന് അനുവദിക്കും. [6,7] കോരഹും കൂട്ടരും നാളെ അവിടുത്തെ മുമ്പില്‍ വന്നു ധൂപകലശങ്ങളില്‍ തീക്കനല്‍ നിറച്ചു കുന്തുരുക്കം ഇടട്ടെ; സര്‍വേശ്വരന്‍ തിരഞ്ഞെടുക്കുന്ന ആളായിരിക്കും വിശുദ്ധന്‍; ലേവിപുത്രന്മാരേ, നിങ്ങള്‍ നിലവിട്ടു പെരുമാറുന്നു.” *** മോശ കോരഹിനോടു പറഞ്ഞു: “ലേവിപുത്രന്മാരേ, കേള്‍ക്കുക; തിരുസാന്നിധ്യകൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്നതിനും ജനത്തെ ശുശ്രൂഷിക്കുന്നതിനും അവരുടെ മുമ്പില്‍ നില്‌ക്കുന്നതിനുമായി ഇസ്രായേലിന്‍റെ മുഴുവന്‍ സമൂഹത്തില്‍നിന്നുമായി സര്‍വേശ്വരന്‍ നിങ്ങളെ വേര്‍തിരിച്ചത് ഒരു ചെറിയ കാര്യമാണെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? അവിടുന്നു നിന്നെയും ലേവിപുത്രന്മാരായ നിന്‍റെ സഹോദരന്മാരെയുമെല്ലാം തന്‍റെ അടുക്കലേക്ക് അടുപ്പിച്ചു. നിങ്ങള്‍ പൗരോഹിത്യംകൂടി ആഗ്രഹിക്കുകയാണോ? നീയും നിന്‍റെ കൂട്ടരും സര്‍വേശ്വരനെതിരായിട്ടാണ് ഒന്നിച്ചുകൂടിയിരിക്കുന്നത്. അഹരോനെതിരായി പിറുപിറുക്കാന്‍ അവന്‍ ആരാണ്?” മോശ എലീയാബിന്‍റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിക്കാന്‍ ആളയച്ചു; “ഞങ്ങള്‍ വരികയില്ല എന്ന് അവര്‍ മറുപടി പറഞ്ഞു. പാലും തേനും ഒഴുകുന്ന ദേശത്തുനിന്ന് ഈ മരുഭൂമിയിലേക്കു ഞങ്ങളെ കൊല്ലാന്‍ കൊണ്ടുവന്നതു കൂടാതെ നിന്നെത്തന്നെ ഞങ്ങള്‍ക്ക് അധിപതിയും ആക്കുവാന്‍ ശ്രമിക്കുന്നു; ഇത് ഒരു ചെറിയ കാര്യമാണോ? മാത്രമല്ല പാലും തേനും ഒഴുകുന്ന ദേശത്തേക്കു നീ ഞങ്ങളെ എത്തിച്ചതുമില്ല. നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി നല്‌കിയതുമില്ല. ഈയുള്ളവരെ അന്ധരാക്കാമെന്നാണോ നീ കരുതുന്നത്. ഞങ്ങള്‍ വരികയില്ല.” അപ്പോള്‍ മോശ ഏറ്റവും കോപിഷ്ഠനായി. അയാള്‍ സര്‍വേശ്വരനോട് അപേക്ഷിച്ചു:” “അങ്ങ് അവരുടെ വഴിപാട് സ്വീകരിക്കരുതേ; ഞാന്‍ അവരുടെ കൈയില്‍നിന്ന് ഒരു കഴുതയെപ്പോലും വാങ്ങിയിട്ടില്ല; അവരില്‍ ആരെയും ഞാന്‍ ഉപദ്രവിച്ചിട്ടുമില്ല.” മോശ കോരഹിനോടു പറഞ്ഞു: “നീയും, നിന്‍റെ കൂട്ടരും നാളെ സര്‍വേശ്വരസന്നിധിയില്‍ വരണം. അഹരോനും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. ആ ഇരുനൂറ്റമ്പതു പേരും അവരവരുടെ ധൂപകലശത്തില്‍ കുന്തുരുക്കമിട്ടു സര്‍വേശ്വരസന്നിധിയില്‍ വരണം. നീയും അഹരോനും നിങ്ങളുടെ ധൂപകലശങ്ങളുമായി വരണം.” അവര്‍ ഓരോരുത്തനും അവനവന്‍റെ ധൂപകലശമെടുത്ത് അതില്‍ തീക്കനലും കുന്തുരുക്കവും ഇട്ടു തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ മോശയോടും അഹരോനോടുമൊത്തു നിന്നു. മോശയ്‍ക്കും അഹരോനും എതിരായി സഭ മുഴുവനെയും തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ കോരഹ് കൂട്ടിവരുത്തി. അപ്പോള്‍ അവിടുത്തെ തേജസ്സ് സഭ മുഴുവനും പ്രത്യക്ഷമായി. സര്‍വേശ്വരന്‍ മോശയോടും അഹരോനോടും പറഞ്ഞു: “ജനത്തിന്‍റെ ഇടയില്‍നിന്നു മാറി നില്‌ക്കുക; ഞാന്‍ അവരെ ക്ഷണത്തില്‍ സംഹരിക്കും.” എന്നാല്‍ മോശയും അഹരോനും താണു വണങ്ങി പറഞ്ഞു: ദൈവമേ, എല്ലാ ജീവികളുടെയും ചൈതന്യമായ ദൈവമേ, ഒരു മനുഷ്യന്‍ പാപം ചെയ്താല്‍ സമൂഹത്തോടു മുഴുവന്‍ അവിടുന്നു കോപിക്കുമോ?” [23,24] സര്‍വേശ്വരന്‍ മോശയോടു പറഞ്ഞു: “കോരഹ്, ദാഥാന്‍, അബീരാം ഇവരുടെ കൂടാരങ്ങളില്‍നിന്ന് അകന്നുമാറാന്‍ ജനത്തോടു പറയുക.” *** മോശ ദാഥാന്‍റെയും അബീരാമിന്‍റെയും അടുക്കലേക്കു പോയി. ഇസ്രായേലിലെ ജനനേതാക്കന്മാര്‍ അദ്ദേഹത്തെ അനുഗമിച്ചു. മോശ ജനത്തോടു പറഞ്ഞു: “ഈ ദുഷ്ടമനുഷ്യരുടെ പാപങ്ങള്‍ നിമിത്തം നിങ്ങള്‍ കൂട്ടമായി സംഹരിക്കപ്പെടാതിരിക്കാന്‍ അവരുടെ കൂടാരങ്ങളില്‍നിന്നു മാറി നില്‌ക്കുക; അവരുടേതായ ഒരു വസ്തുവും നിങ്ങള്‍ സ്പര്‍ശിക്കരുത്.” കോരഹ്, ദാഥാന്‍, അബീരാം എന്നിവരുടെ കൂടാരങ്ങളില്‍നിന്നു ജനം ഒഴിഞ്ഞുമാറി. ദാഥാനും അബീരാമും തങ്ങളുടെ ഭാര്യമാരോടും മക്കളോടും കുഞ്ഞുങ്ങളോടുംകൂടെ തങ്ങളുടെ വാതില്‌ക്കല്‍ വന്നുനിന്നു. മോശ ജനത്തോടു പറഞ്ഞു: “ഈ പ്രവൃത്തികള്‍ ചെയ്യാന്‍ സര്‍വേശ്വരനാണ് എന്നെ നിയോഗിച്ചിരിക്കുന്നതെന്നും അവ സ്വന്ത ഇഷ്ടപ്രകാരമല്ല ഞാന്‍ ചെയ്യുന്നതെന്നും നിങ്ങള്‍ ഇതിനാല്‍ അറിയും. സര്‍വസാധാരണമായ മരണവും അനുഭവങ്ങളുമാണ് ഉണ്ടാകുന്നതെങ്കില്‍ സര്‍വേശ്വരന്‍ എന്നെ അയച്ചിട്ടില്ല. എന്നാല്‍ മുമ്പുണ്ടായിട്ടില്ലാത്തവിധം അവിടുന്നു ഭൂമി പിളര്‍ന്ന് അവരെയും അവര്‍ക്കുള്ളവയെയും വിഴുങ്ങുകയും അവര്‍ ജീവനോടെ പാതാളത്തിലേക്കു പോകുകയും ചെയ്താല്‍, ഈ മനുഷ്യര്‍ സര്‍വേശ്വരനെ നിന്ദിച്ചു എന്നു നിങ്ങള്‍ മനസ്സിലാക്കും.” മോശ ഈ വാക്കുകള്‍ പറഞ്ഞു തീര്‍ന്നപ്പോഴേക്കും അവര്‍ നിന്നിരുന്ന സ്ഥലം പിളര്‍ന്നു. ഭൂമി വായ് പിളര്‍ന്നു കോരഹിനെയും അവന്‍റെ കൂട്ടരെയും അവരുടെ കുടുംബാംഗങ്ങളെയും അവരുടെ സര്‍വസമ്പത്തോടൊപ്പം വിഴുങ്ങിക്കളഞ്ഞു. അവരും ബന്ധപ്പെട്ടവരും ജീവനോടെ പാതാളത്തില്‍ പതിച്ചു; ഭൂമി അവരെ മൂടി; അങ്ങനെ അവര്‍ ഇസ്രായേലില്‍നിന്നു നീക്കപ്പെട്ടു. അവരുടെ കരച്ചില്‍ കേട്ടപ്പോള്‍ “ഭൂമി തങ്ങളെയും വിഴുങ്ങിക്കളയും” എന്നു പറഞ്ഞു ചുറ്റും നിന്ന ഇസ്രായേല്യര്‍ ഓടി അകന്നു. സര്‍വേശ്വരനില്‍നിന്ന് അഗ്നി പുറപ്പെട്ടു ധൂപാര്‍പ്പണം നടത്തിക്കൊണ്ടിരുന്ന ഇരുനൂറ്റമ്പതു പേരെയും ദഹിപ്പിച്ചുകളഞ്ഞു. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “എരിതീയില്‍നിന്നു ധൂപകലശങ്ങള്‍ ശേഖരിക്കാന്‍ അഹരോന്‍റെ പുത്രനായ എലെയാസാരിനോടു പറയുക. അവയിലെ കനല്‍ ദൂരെ കളയണം. കലശങ്ങള്‍ വിശുദ്ധമാണല്ലോ. തങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി ജീവന്‍ വിലയായി നല്‌കിയ ഇവരുടെ ധൂപകലശങ്ങള്‍ ശേഖരിച്ച് അടിച്ചു തകിടുകളാക്കി യാഗപീഠം മൂടുന്നതിന് ഉപയോഗിക്കാം; അവ സര്‍വേശ്വരസന്നിധിയില്‍ സമര്‍പ്പിച്ചവയായതുകൊണ്ടു വിശുദ്ധമാണ്; അവ ഇസ്രായേല്‍ജനത്തിന് ഒരു അടയാളമായിരിക്കട്ടെ. തീയില്‍ വെന്തുപോയവര്‍ അര്‍പ്പിച്ച ഓട്ടുധൂപകലശങ്ങള്‍ പുരോഹിതനായ എലെയാസാര്‍ ശേഖരിച്ചു; യാഗപീഠം മൂടത്തക്കവിധം അവ അടിച്ചുപരത്തി തകിടാക്കി. അഹരോന്‍റെ വംശപരമ്പരയില്‍ പെടാത്തവനും പുരോഹിതനല്ലാത്തവനും സര്‍വേശ്വരസന്നിധിയില്‍ പ്രവേശിച്ചു ധൂപാര്‍പ്പണം നടത്തിയാല്‍ കോരഹിനും അവന്‍റെ കൂട്ടര്‍ക്കും ഉണ്ടായ അനുഭവം ഉണ്ടാകും എന്നതിന്‍റെ പ്രതീകമായി അവ ഇസ്രായേല്‍ജനത്തിന്‍റെ മുമ്പില്‍ ഇരിക്കട്ടെ.” സര്‍വേശ്വരന്‍ മോശ മുഖേന കല്പിച്ചതുപോലെ എലെയാസാര്‍ ചെയ്തു. പിറ്റെദിവസം ഇസ്രായേല്‍ജനം മോശയ്‍ക്കും അഹരോനും എതിരായി പിറുപിറുത്തുകൊണ്ടു പറഞ്ഞു: “നിങ്ങള്‍ സര്‍വേശ്വരന്‍റെ ജനങ്ങളെ കൊന്നുകളഞ്ഞു.” അവര്‍ മോശയ്‍ക്കും അഹരോനും എതിരായി ഒന്നിച്ചുകൂടി തിരുസാന്നിധ്യകൂടാരത്തിന്‍റെ അടുക്കലേക്കു നീങ്ങി. അപ്പോള്‍ മേഘം കൂടാരത്തെ മൂടിയിരിക്കുന്നതും സര്‍വേശ്വരന്‍റെ തേജസ്സ് പ്രത്യക്ഷമായിരിക്കുന്നതും അവര്‍ കണ്ടു. മോശയും അഹരോനും തിരുസാന്നിധ്യകൂടാരത്തിന്‍റെ മുമ്പില്‍ ചെന്നു നിന്നു. അപ്പോള്‍ സര്‍വേശ്വരന്‍ മോശയോട്: “ഈ ജനത്തിന്‍റെ ഇടയില്‍നിന്നു മാറി നില്‌ക്കുക; ക്ഷണത്തില്‍ ഞാന്‍ അവരെ സംഹരിക്കും” എന്നു പറഞ്ഞു. അപ്പോള്‍ അവര്‍ സാഷ്ടാംഗം വീണു. മോശ അഹരോനോടു പറഞ്ഞു: “യാഗപീഠത്തിലെ തീക്കനല്‍ നിറച്ച ധൂപകലശം നീ എടുത്ത് അതില്‍ കുന്തുരുക്കം ഇട്ട് അതുമായി വേഗം ജനത്തിന്‍റെ മധ്യേ ചെന്ന് അവര്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുക; സര്‍വേശ്വരനില്‍നിന്നു കോപം പുറപ്പെട്ടിരിക്കുന്നു. ബാധ ആരംഭിച്ചുകഴിഞ്ഞു.” മോശ പറഞ്ഞതുപോലെ അഹരോന്‍ ജനത്തിന്‍റെ ഇടയിലേക്ക് ഓടി; ബാധ അവരുടെ ഇടയില്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു; അഹരോന്‍ ധൂപാര്‍പ്പണം നടത്തി ജനത്തിനുവേണ്ടി പ്രായശ്ചിത്തം കഴിച്ചു. മരിച്ചുവീണവരുടെയും ജീവനോടിരുന്നവരുടെയും മധ്യേ അഹരോന്‍ നിന്നപ്പോള്‍ ബാധ ശമിച്ചു. കോരഹ് നിമിത്തമായി മരിച്ചവര്‍ക്കു പുറമേ പതിനാലായിരത്തി എഴുനൂറു പേര്‍ ബാധകൊണ്ടു മരിച്ചു. ബാധ ശമിച്ചപ്പോള്‍ അഹരോന്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ മോശയുടെ അടുത്തു തിരികെ ചെന്നു. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഒരു ഗോത്രത്തിന്‍റെ നേതാവില്‍നിന്ന് ഓരോ വടി വീതം എല്ലാ ഗോത്രത്തില്‍നിന്നുമായി പന്ത്രണ്ടു വടി നിന്നെ ഏല്പിക്കാന്‍ ജനത്തോടു പറയുക. ഓരോ നേതാവിന്‍റെയും പേര് അവനവന്‍റെ വടിയില്‍ എഴുതണം. ലേവിഗോത്രത്തിന്‍റെ വടിയില്‍ അഹരോന്‍റെ പേരാണു കൊത്തിവയ്‍ക്കേണ്ടത്. തിരുസാന്നിധ്യകൂടാരത്തില്‍, ഞാന്‍ നിങ്ങള്‍ക്കു ദര്‍ശനം നല്‌കുന്ന ഉടമ്പടിപ്പെട്ടകത്തിന്‍റെ മുമ്പില്‍ അവ വയ്‍ക്കണം. ഞാന്‍ തിരഞ്ഞെടുക്കുന്ന ആളിന്‍റെ വടി തളിര്‍ക്കും; അങ്ങനെ നിങ്ങള്‍ക്ക് എതിരെയുള്ള ഇസ്രായേല്‍ജനത്തിന്‍റെ പിറുപിറുപ്പ് ഞാന്‍ അവസാനിപ്പിക്കും.” മോശ ഇസ്രായേല്‍ജനതയോടു സംസാരിച്ചു. ഒരു ഗോത്രത്തിന് ഒരു വടി വീതം പന്ത്രണ്ടു വടികള്‍ ഗോത്രനേതാക്കന്മാര്‍ മോശയെ ഏല്പിച്ചു; അഹരോന്‍റെ വടിയും അക്കൂട്ടത്തിലുണ്ടായിരുന്നു. വടികളെല്ലാം മോശ തിരുസാന്നിധ്യകൂടാരത്തില്‍ സര്‍വേശ്വരന്‍റെ മുമ്പില്‍ വച്ചു. അടുത്ത ദിവസം മോശ തിരുസാന്നിധ്യകൂടാരത്തില്‍ പ്രവേശിച്ചപ്പോള്‍ ലേവിഗോത്രത്തിനുവേണ്ടി വച്ച അഹരോന്‍റെ വടി മുളപൊട്ടി തളിര്‍ത്തു പുഷ്പിച്ചു ബദാം കായ്കളുമായി കാണപ്പെട്ടു. മോശ വടികളെല്ലാം സര്‍വേശ്വരസന്നിധിയില്‍നിന്ന് എടുത്ത് ഇസ്രായേല്‍ജനത്തിന്‍റെ അടുക്കല്‍ കൊണ്ടുവന്നു; ഗോത്രനേതാക്കന്മാര്‍ തങ്ങളുടെ വടികള്‍ നോക്കി എടുത്തു. സര്‍വേശ്വരന്‍ മോശയോടു കല്പിച്ചു: “അഹരോന്‍റെ വടി ഉടമ്പടിപ്പെട്ടകത്തിന്‍റെ മുമ്പാകെ തിരികെ വയ്‍ക്കുക; അതു മത്സരികള്‍ക്ക് അടയാളമായിരിക്കട്ടെ. എനിക്കെതിരായ അവരുടെ പിറുപിറുപ്പ് അങ്ങനെ അവസാനിക്കുകയും അവര്‍ മരിക്കാതിരിക്കുകയും ചെയ്യുമല്ലോ.” സര്‍വേശ്വരന്‍ കല്പിച്ചതുപോലെ മോശ ചെയ്തു. ഇസ്രായേല്‍ജനം മോശയോടു പറഞ്ഞു: “ഇതാ ഞങ്ങളെല്ലാം മരിക്കുന്നു; ഞങ്ങള്‍ ഒന്നൊഴിയാതെ നശിക്കുന്നു. സര്‍വേശ്വരന്‍റെ തിരുസാന്നിധ്യകൂടാരത്തെ സമീപിക്കുന്ന ഏവനും മരിക്കുന്നു. ഞങ്ങളെല്ലാവരും നശിക്കണമോ?” സര്‍വേശ്വരന്‍ അഹരോനോട് അരുളിച്ചെയ്തു: “നീയും നിന്‍റെ പുത്രന്മാരും പിതൃഭവനവും വിശുദ്ധസ്ഥലത്തു സംഭവിക്കുന്ന അകൃത്യങ്ങള്‍ക്ക് ഉത്തരവാദിയായിരിക്കും. പൗരോഹിത്യശുശ്രൂഷ സംബന്ധിച്ചുണ്ടാകുന്ന കുറ്റങ്ങള്‍ക്കു നീയും നിന്‍റെ പുത്രന്മാരും ഉത്തരവാദിത്വം ഏല്‌ക്കണം. നീയും പുത്രന്മാരും തിരുസാന്നിധ്യകൂടാരത്തില്‍ ശുശ്രൂഷ ചെയ്യാന്‍ വരുമ്പോള്‍ നിന്‍റെ പിതൃഗോത്രമായ ലേവിഗോത്രത്തിലെ ചാര്‍ച്ചക്കാരെ കൊണ്ടുവരിക. അവര്‍ നിങ്ങളെ സഹായിക്കട്ടെ. അങ്ങനെ സഹായിക്കുകയും തിരുസാന്നിധ്യകൂടാരം സംബന്ധിച്ചുള്ള ജോലികള്‍ നിര്‍വഹിക്കുകയും വേണം; എന്നാല്‍ തിരുസാന്നിധ്യകൂടാരത്തിലുള്ള ഉപകരണങ്ങളെയോ യാഗപീഠത്തെയോ അവര്‍ സമീപിക്കരുത്. സമീപിച്ചാല്‍ അവരും നിങ്ങളും മരിക്കും. അവര്‍ നിങ്ങളോടൊത്തുനിന്നു തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷകളില്‍ നിങ്ങളെ സഹായിക്കട്ടെ; മറ്റാരും നിങ്ങളുടെ അടുക്കല്‍ വരരുത്. ഇസ്രായേല്‍ജനത്തിന്‍റെമേല്‍ എന്‍റെ ക്രോധം മേലാല്‍ വരാതെയിരിക്കുന്നതിനു തിരുസാന്നിധ്യകൂടാരവും യാഗപീഠവും സംബന്ധിച്ച ചുമതലകള്‍ നിങ്ങള്‍തന്നെ നിര്‍വഹിക്കണം. നിങ്ങളുടെ സഹോദരന്മാരായ ലേവ്യരെ ഞാന്‍ ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍നിന്നു തിരഞ്ഞെടുത്തിരിക്കുന്നു. സര്‍വേശ്വരനു പ്രത്യേക വഴിപാടായി അര്‍പ്പിക്കപ്പെട്ടിരുന്ന ലേവ്യരെ തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷകള്‍ക്കുവേണ്ടി ഞാന്‍ നിങ്ങള്‍ക്കു ദാനമായി നല്‌കിയിരിക്കുകയാണ്. അതുകൊണ്ടു നീയും പുത്രന്മാരും പൗരോഹിത്യധര്‍മം അനുസരിച്ചു യാഗപീഠത്തിലും തിരശ്ശീലയ്‍ക്കകത്തും ചെയ്യേണ്ട കാര്യങ്ങള്‍ നിങ്ങള്‍തന്നെ ചെയ്യുക; പൗരോഹിത്യം നിങ്ങള്‍ക്കു ദാനമായി നല്‌കിയിരിക്കുന്നു. മറ്റാരെങ്കിലും അതിനു മുതിര്‍ന്നാല്‍ അവനെ കൊന്നുകളയണം.” സര്‍വേശ്വരന്‍ അഹരോനോടു പറഞ്ഞു: “ഇസ്രായേല്‍ജനം എനിക്ക് അര്‍പ്പിക്കുന്ന എല്ലാ വിശുദ്ധവസ്തുക്കളും വഴിപാടുകളും നിങ്ങള്‍ക്കു നല്‌കിയിരിക്കുന്നു. അവ നിനക്കും പുത്രന്മാര്‍ക്കും ഒരു ശാശ്വതാവകാശമായിരിക്കും. വിശുദ്ധവസ്തുക്കളില്‍, അഗ്നിയില്‍ ദഹിപ്പിച്ചുകളയാത്തവ നിനക്കുള്ളവയാണ്. ധാന്യവഴിപാടുകള്‍, പാപപരിഹാരയാഗങ്ങള്‍, പ്രായശ്ചിത്തയാഗങ്ങള്‍ എന്നിവ നിനക്കും പുത്രന്മാര്‍ക്കും അതിവിശുദ്ധമായിരിക്കും. നിങ്ങള്‍ ഒരു വിശുദ്ധസ്ഥലത്തുവച്ച് അവ ഭക്ഷിക്കണം. പുരുഷന്മാര്‍ക്കെല്ലാം അവ ഭക്ഷിക്കാം. അവയെ വിശുദ്ധമായി കരുതണം. “ഇവ കൂടാതെ, ഇസ്രായേല്‍ജനം നല്‌കുന്ന കാഴ്ചകളും നീരാജനത്തിന് എനിക്ക് അര്‍പ്പിക്കുന്ന വഴിപാടുകളും നിങ്ങള്‍ക്കുള്ളവയാണ്; അവ നിനക്കും നിന്‍റെ മക്കള്‍ക്കും ശാശ്വതാവകാശമായി നല്‌കിയിരിക്കുന്നു; നിന്‍റെ ഭവനത്തില്‍ ആചാരപരമായി ശുദ്ധിയുള്ള എല്ലാവര്‍ക്കും അവ ഭക്ഷിക്കാം. “അവര്‍ സര്‍വേശ്വരന് ആദ്യഫലമായി അര്‍പ്പിക്കുന്ന വിശേഷപ്പെട്ട എണ്ണ, പുതുവീഞ്ഞ്, ധാന്യം എന്നിവ ഞാന്‍ നിങ്ങള്‍ക്കു തരുന്നു. അവര്‍ നിലങ്ങളിലെ ആദ്യഫലങ്ങളില്‍നിന്ന് എനിക്ക് അര്‍പ്പിക്കുന്ന വസ്തുക്കളെല്ലാം നിങ്ങള്‍ക്കുള്ളവയത്രേ. നിങ്ങളുടെ ഭവനത്തില്‍ ആചാരപരമായി ശുദ്ധിയുള്ള എല്ലാവര്‍ക്കും അവ ഭക്ഷിക്കാം. ഇസ്രായേലില്‍ എനിക്കായി സമര്‍പ്പിച്ചിട്ടുള്ളവയെല്ലാം നിങ്ങളുടേതായിരിക്കും. മനുഷ്യരില്‍നിന്നും മൃഗങ്ങളില്‍നിന്നും സര്‍വേശ്വരനു സമര്‍പ്പിക്കുന്ന സകല കടിഞ്ഞൂല്‍സന്തതിയും നിങ്ങള്‍ക്കുള്ളവയായിരിക്കും; എന്നാല്‍ മനുഷ്യരുടെയും അശുദ്ധമൃഗങ്ങളുടെയും സകല കടിഞ്ഞൂല്‍സന്തതികളെയും നിങ്ങള്‍ വീണ്ടെടുക്കണം. അവയെ വീണ്ടെടുക്കേണ്ടത് ഒരു മാസം പ്രായമാകുമ്പോഴാണ്; വീണ്ടെടുപ്പുവിലയായി വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ച് അഞ്ചുശേക്കെല്‍ വെള്ളി, അതായത് ശേക്കെലൊന്നിന് ഇരുപതു ഗേരാ വീതം നല്‌കണം. പശു, ആട്, കോലാട് എന്നിവയുടെ കടിഞ്ഞൂലുകളെ വീണ്ടെടുക്കാന്‍ പാടില്ല; അവ എനിക്കുള്ളവയായതുകൊണ്ട് അതിനെ യാഗം കഴിക്കണം. അതിന്‍റെ രക്തം യാഗപീഠത്തില്‍ തളിക്കുകയും അതിന്‍റെ മേദസ്സ് സര്‍വേശ്വരന് പ്രസാദകരവും സുരഭിലവുമായ ദഹനയാഗമായി അര്‍പ്പിക്കുകയും ചെയ്യണം. നീരാജനമായി അര്‍പ്പിക്കുന്ന മൃഗങ്ങളുടെ നെഞ്ചും വലതു കുറകും നിങ്ങള്‍ക്ക് അവകാശമായിരിക്കുന്നതുപോലെ അതിന്‍റെ മാംസവും നിങ്ങളുടെ അവകാശമായിരിക്കും.” ഇസ്രായേല്‍ജനം സര്‍വേശ്വരനു നീരാജനമായി അര്‍പ്പിക്കുന്ന സകല വിശുദ്ധവസ്തുക്കളും നിങ്ങള്‍ക്കും നിങ്ങളുടെ പുത്രീപുത്രന്മാര്‍ക്കും ശാശ്വതാവകാശമായി ഞാന്‍ നല്‌കുന്നു. ഇതു ഞാന്‍ നിങ്ങളോടും നിങ്ങളുടെ സന്തതികളോടുമായി ചെയ്യുന്ന അലംഘ്യവും ശാശ്വതവുമായ ഉടമ്പടിയാകുന്നു. സര്‍വേശ്വരന്‍ അഹരോനോട് അരുളിച്ചെയ്തു: “നിനക്ക് അവരുടെ ഭൂമിയില്‍ ഒരു അവകാശവും ഓഹരിയും ഉണ്ടായിരിക്കരുത്. ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍ നിനക്കുള്ള അവകാശവും ഓഹരിയും ഞാനാകുന്നു.” ഇസ്രായേല്‍ജനം അര്‍പ്പിക്കുന്ന ദശാംശമായിരിക്കും തിരുസാന്നിധ്യകൂടാരത്തില്‍ ലേവ്യര്‍ ചെയ്യുന്ന ശുശ്രൂഷയ്‍ക്കു പ്രതിഫലം. ഇനിമേല്‍ ഇസ്രായേലിലെ മറ്റു ജനങ്ങള്‍ തിരുസാന്നിധ്യകൂടാരത്തെ സമീപിക്കരുത്. അങ്ങനെ ചെയ്താല്‍ അവര്‍ പാപം പേറി മരിക്കാന്‍ ഇടയാകും. ലേവ്യര്‍ മാത്രം തിരുസാന്നിധ്യകൂടാരത്തില്‍ ശുശ്രൂഷിക്കുകയും തത്സംബന്ധമായി വരാവുന്ന കുറ്റങ്ങള്‍ ഏല്‌ക്കുകയും വേണം. ഇതു സകല തലമുറകള്‍ക്കും ബാധകമായ ശാശ്വതനിയമമാകുന്നു; ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍ അവര്‍ക്കു യാതൊരു ഓഹരിയും ഉണ്ടായിരിക്കരുത്. ഇസ്രായേല്‍ജനം സര്‍വേശ്വരനു വഴിപാടായി അര്‍പ്പിക്കുന്ന ദശാംശം അവര്‍ക്ക് അവകാശമായി നല്‌കിയിരിക്കുകയാണല്ലോ. അതുകൊണ്ടാണ് ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍ അവര്‍ക്ക് അവകാശം ഉണ്ടായിരിക്കുകയില്ല എന്നു ഞാന്‍ അരുളിച്ചെയ്തത്. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “നിങ്ങളുടെ അവകാശമായി ഞാന്‍ നല്‌കിയിരിക്കുന്ന ദശാംശം ഇസ്രായേല്‍ജനത്തില്‍നിന്നു വാങ്ങുമ്പോള്‍ ആ ദശാംശത്തിന്‍റെ ദശാംശം നിങ്ങള്‍ സര്‍വേശ്വരന് അര്‍പ്പിക്കണമെന്നു ലേവ്യരോടു പറയുക. മെതിക്കളത്തില്‍നിന്നുള്ള ധാന്യംപോലെയും നിറഞ്ഞു കവിയുന്ന മുന്തിരിച്ചക്കില്‍നിന്നുള്ള വീഞ്ഞുപോലെയും നിങ്ങളുടെ വഴിപാടും അംഗീകരിക്കപ്പെടും. ഇസ്രായേല്‍ജനം നിങ്ങള്‍ക്കു നല്‌കുന്ന ദശാംശത്തില്‍നിന്നു നിങ്ങള്‍ സര്‍വേശ്വരന് അര്‍പ്പിക്കുന്ന വഴിപാട് പുരോഹിതനായ അഹരോനു കൊടുക്കണം. “നിങ്ങള്‍ക്കു ലഭിക്കുന്ന എല്ലാ വസ്തുക്കളില്‍നിന്നും ഏറ്റവും ഉത്തമവും വിശുദ്ധവുമായ ഭാഗം സര്‍വേശ്വരനു കാഴ്ചയായി സമര്‍പ്പിക്കണം. ഉത്തമഭാഗം സര്‍വേശ്വരന് അര്‍പ്പിച്ചശേഷം അവശേഷിക്കുന്നതു ലേവ്യര്‍ക്കുള്ളതാണ്. കളത്തിലെ വിളവില്‍നിന്നും മുന്തിരിച്ചക്കിലെ വീഞ്ഞില്‍നിന്നും വഴിപാടര്‍പ്പിച്ചതിനുശേഷമുള്ളതു കര്‍ഷകന്‍ എടുക്കുന്നതുപോലെ അതു ലേവ്യര്‍ക്ക് എടുക്കാവുന്നതാണ്. തിരുസാന്നിധ്യകൂടാരത്തില്‍ നിങ്ങള്‍ അനുഷ്ഠിക്കുന്ന ശുശ്രൂഷയുടെ പ്രതിഫലമാകയാല്‍ അതു നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും എവിടെവച്ചും ഭക്ഷിക്കാം. ഉത്തമഭാഗം സര്‍വേശ്വരന് അര്‍പ്പിച്ചുകഴിഞ്ഞ് അവശേഷിക്കുന്നതു നിങ്ങള്‍ എടുക്കുന്നതുമൂലം നിങ്ങള്‍ കുറ്റക്കാരാകുകയില്ല. അങ്ങനെ ഇസ്രായേല്‍ജനം അര്‍പ്പിക്കുന്ന വിശുദ്ധവസ്തുക്കള്‍ നിങ്ങള്‍ അശുദ്ധമാക്കാത്തതിനാല്‍ നിങ്ങള്‍ മരിക്കുകയില്ല.” സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ഞാന്‍ കല്പിക്കുന്ന നിയമത്തിലെ വ്യവസ്ഥ ഇതാകുന്നു. കുറ്റമറ്റതും നുകം വയ്‍ക്കാത്തതുമായ ഒരു ചുവന്ന പശുക്കിടാവിനെ നിങ്ങളുടെ അടുക്കല്‍ കൊണ്ടുവരാന്‍ ഇസ്രായേല്‍ജനത്തോടു പറയുക. നിങ്ങള്‍ അതിനെ പുരോഹിതനായ എലെയാസാറിനെ ഏല്പിക്കണം. അവന്‍ അതിനെ പാളയത്തിനു പുറത്തു കൊണ്ടുവന്ന് അവന്‍റെ മുമ്പില്‍വച്ച് അതിനെ കൊല്ലണം. പുരോഹിതനായ എലെയാസാര്‍ അതിന്‍റെ രക്തത്തില്‍ വിരല്‍ മുക്കി തിരുസാന്നിധ്യകൂടാരത്തിന്‍റെ മുന്‍ഭാഗത്ത് ഏഴു തവണ തളിക്കണം. പിന്നീടു പുരോഹിതന്‍റെ മുമ്പില്‍വച്ച് ആ പശുക്കുട്ടിയെ അതിന്‍റെ തോലും മാംസവും രക്തവും ചാണകവും ഉള്‍പ്പെടെ ദഹിപ്പിക്കണം. ദേവദാരുമരത്തിന്‍റെ ഒരു കഷണവും ഈസോപ്പുകമ്പും, ചുവന്ന നൂലും പശുക്കിടാവു ദഹിച്ചുകൊണ്ടിരിക്കുന്ന അഗ്നിയില്‍ പുരോഹിതന്‍ ഇടേണ്ടതാണ്. പിന്നീടു പുരോഹിതന്‍ വസ്ത്രം അലക്കി കുളിച്ചു പാളയത്തില്‍ വരണം. സന്ധ്യവരെ അയാള്‍ അശുദ്ധനായിരിക്കണം. അതിനെ ദഹിപ്പിച്ചവനും അടിച്ചു നനച്ചു കുളിക്കണം. സന്ധ്യവരെ അയാളും അശുദ്ധനായിരിക്കും. പിന്നീട് ആചാരപരമായി ശുദ്ധിയുള്ള ഒരാള്‍ അതിന്‍റെ ചാരം ശേഖരിച്ചു പാളയത്തിനു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വയ്‍ക്കണം. ഇസ്രായേല്‍ജനത്തിന്‍റെ പാപപരിഹാരാര്‍ഥം ശുദ്ധീകരണജലം തയ്യാറാക്കാന്‍ അതു സൂക്ഷിച്ചു വയ്‍ക്കുക. പശുക്കിടാവിന്‍റെ ചാരം ശേഖരിക്കുന്നവനും വസ്ത്രം അലക്കണം. അയാളും സന്ധ്യവരെ അശുദ്ധനായിരിക്കണം. ഇസ്രായേല്‍ജനവും അവരുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശികളും അനുസരിക്കേണ്ട ശാശ്വതനിയമമാകുന്നു ഇത്. മൃതശരീരത്തെ സ്പര്‍ശിക്കുന്ന ഏതൊരുവനും ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കും. അവന്‍ മൂന്നാം ദിവസവും ഏഴാം ദിവസവും ശുദ്ധീകരണജലംകൊണ്ടു തന്നെത്താന്‍ ശുദ്ധീകരിക്കുമ്പോള്‍ അവന്‍ ശുദ്ധിയുള്ളവനാകും; മൂന്നാം ദിവസവും ഏഴാം ദിവസവും ശുദ്ധീകരിക്കാതെയിരുന്നാല്‍ അവന്‍ ശുദ്ധിയുള്ളവനായിത്തീരുകയില്ല. മൃതശരീരത്തെ സ്പര്‍ശിച്ചശേഷം സ്വയം ശുദ്ധീകരിക്കാതെയിരിക്കുന്നവന്‍ തിരുസാന്നിധ്യകൂടാരത്തെ അശുദ്ധമാക്കുന്നു. അവനെ ഇസ്രായേല്യരുടെ ഇടയില്‍നിന്നു ബഹിഷ്കരിക്കണം. ശുദ്ധീകരണജലം തളിക്കപ്പെടാത്തതുകൊണ്ട് അവന്‍ അശുദ്ധനാകുന്നു; അശുദ്ധി അവനില്‍ നിലനില്‌ക്കുന്നു. ഒരാള്‍ തിരുസാന്നിധ്യകൂടാരത്തില്‍വച്ചു മരിക്കാന്‍ ഇടയായാല്‍ അനുഷ്ഠിക്കേണ്ട ചട്ടം ഇതാണ്. കൂടാരത്തില്‍ പ്രവേശിക്കുന്നവരും കൂടാരത്തില്‍ ഉണ്ടായിരുന്നവരുമായ എല്ലാവരും ഏഴു ദിവസത്തേക്ക് അശുദ്ധരായിരിക്കും. മൂടിയില്ലാതെ തുറന്നിരിക്കുന്ന എല്ലാ പാത്രങ്ങളും അശുദ്ധമായിത്തീരും. പാളയത്തിനു പുറത്തുവച്ചു മരിക്കുകയോ, വാളിനിരയാകുകയോ ചെയ്ത ഒരു മനുഷ്യന്‍റെ ജഡത്തെയോ, അവന്‍റെ അസ്ഥിയെയോ, ശവക്കുഴിയെയോ സ്പര്‍ശിക്കുന്നവന്‍ ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കും. അശുദ്ധി നീക്കുന്നതിനായി പാപപരിഹാരയാഗത്തില്‍നിന്നു യാഗഭസ്മം കുറെ ഒരു പാത്രത്തില്‍ എടുത്ത്, അതില്‍ ഒഴുക്കുനീര്‍ ഒഴിക്കണം. പിന്നീട് ആചാരപരമായി ശുദ്ധിയുള്ള ഒരു മനുഷ്യന്‍ ഈസോപ്പുതണ്ടെടുത്ത് ആ വെള്ളത്തില്‍ മുക്കി, തിരുസാന്നിധ്യകൂടാരത്തിന്മേലും അതിലെ എല്ലാ ഉപകരണങ്ങളിന്മേലും അവിടെ ഉള്ളവരുടെ ദേഹത്തും തളിക്കണം. അസ്ഥിയെയോ, കൊല്ലപ്പെട്ടവനെയോ, മൃതശരീരത്തെയോ, ശവക്കുഴിയെയോ സ്പര്‍ശിച്ചവന്‍റെമേലും തളിക്കണം. അശുദ്ധനായിത്തീര്‍ന്നവന്‍റെമേല്‍ മൂന്നാം ദിവസവും ഏഴാം ദിവസവും ആചാരപരമായ ശുദ്ധിയുളളവന്‍ ഇപ്രകാരം തളിക്കണം. ഏഴാം ദിവസം അവന്‍ വസ്ത്രം അലക്കി കുളിച്ചു ശുദ്ധനാകണം. സന്ധ്യവരെ അയാള്‍ അശുദ്ധനായിരിക്കും. “എന്നാല്‍, അശുദ്ധനായിത്തീര്‍ന്നവന്‍ സ്വയംശുദ്ധീകരിക്കാതെയിരുന്നാല്‍, അവന്‍ തിരുസാന്നിധ്യകൂടാരം അശുദ്ധമാക്കുന്നു. അതുകൊണ്ട് ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍നിന്ന് അവനെ ബഹിഷ്കരിക്കണം. ശുദ്ധീകരണജലം അവന്‍റെമേല്‍ വീഴാത്തതുകൊണ്ട് അവന്‍ അശുദ്ധനാകുന്നു. ഇത് ഒരു ശാശ്വതനിയമമാണ്. ശുദ്ധീകരണജലം തളിക്കുന്നവന്‍ തന്‍റെ വസ്ത്രം അലക്കണം; ശുദ്ധീകരണജലത്തെ സ്പര്‍ശിക്കുന്നവന്‍ സന്ധ്യവരെ അശുദ്ധനായിരിക്കും. അശുദ്ധിയുള്ള മനുഷ്യന്‍ സ്പര്‍ശിക്കുന്നതെന്തും അശുദ്ധമായിത്തീരും; അവയെ സ്പര്‍ശിക്കുന്നവനും സന്ധ്യവരെ അശുദ്ധനായിരിക്കും.” ഒന്നാം മാസം ഇസ്രായേല്‍ജനസമൂഹം മുഴുവനും സീന്‍മരുഭൂമിയിലെത്തി; അവര്‍ കാദേശില്‍ പാര്‍ത്തു; അവിടെവച്ചു മിര്യാം മരിച്ചു. അവളെ അവിടെ സംസ്കരിച്ചു. ജനത്തിനു കുടിക്കുന്നതിന് അവിടെ ജലമില്ലായിരുന്നു. അതുകൊണ്ട് അവര്‍ മോശയ്‍ക്കും അഹരോനും വിരോധമായി ഒരുമിച്ചുകൂടി. ജനം മോശയോട് കലഹിച്ചു പറഞ്ഞു: “ഞങ്ങളുടെ സഹോദരര്‍ സര്‍വേശ്വരന്‍റെ മുമ്പില്‍ മരിച്ചു വീണതുപോലെ ഞങ്ങളും മരിച്ചിരുന്നെങ്കില്‍! നിങ്ങള്‍ എന്തിന് ഈ മരുഭൂമിയിലേക്കു സര്‍വേശ്വരന്‍റെ സമൂഹത്തെ കൂട്ടിക്കൊണ്ടു വന്നു? ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെവച്ചു ചത്തൊടുങ്ങണമോ? ഈജിപ്തില്‍നിന്നു ഞങ്ങളെ എന്തിന് ഒന്നും വളരാത്ത ദുരിതപൂര്‍ണമായ ഈ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു വന്നു? ഇവിടെ ധാന്യമോ, അത്തിപ്പഴമോ, മുന്തിരിപ്പഴമോ, മാതളപ്പഴമോ ഇല്ല; കുടിക്കാന്‍ വെള്ളവും ഇല്ല.” മോശയും അഹരോനും ജനസമൂഹത്തിന്‍റെ മുമ്പില്‍നിന്നു തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ ചെന്ന് അവിടെ കവിണ്ണുവീണു. സര്‍വേശ്വരന്‍റെ തേജസ്സ് അവര്‍ക്കു പ്രത്യക്ഷമായി. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “നീ നിന്‍റെ വടിയെടുക്കുക, നീയും നിന്‍റെ സഹോദരനായ അഹരോനുംകൂടി ഇസ്രായേല്‍സമൂഹത്തെ മുഴുവനും ഒരുമിച്ചു കൂട്ടുക, അവര്‍ കാണ്‍കെ പാറയോടു ജലം തരാന്‍ കല്പിക്കുക. അപ്പോള്‍ പാറ ജലം പുറപ്പെടുവിക്കും. അങ്ങനെ നിങ്ങള്‍ പാറയില്‍നിന്നു ജലം ഒഴുക്കി ജനത്തിനും മൃഗങ്ങള്‍ക്കും കുടിക്കാന്‍ കൊടുക്കുക.” സര്‍വേശ്വരന്‍ കല്പിച്ചതുപോലെ അവിടുത്തെ സന്നിധിയില്‍നിന്നു മോശ വടിയെടുത്തു. മോശയും അഹരോനും സര്‍വജനത്തെയും പാറയുടെ മുമ്പില്‍ വിളിച്ചു കൂട്ടിയിട്ട് അവരോടു പറഞ്ഞു: “മത്സരികളേ, ശ്രദ്ധിക്കുക; ഈ പാറയില്‍നിന്നു നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ ജലം പുറപ്പെടുവിക്കണമോ?” മോശ കൈ ഉയര്‍ത്തി വടികൊണ്ടു പാറമേല്‍ രണ്ടു തവണ അടിച്ചു; വെള്ളം ധാരാളമായി പ്രവഹിച്ചു; ജനങ്ങളും അവരുടെ മൃഗങ്ങളും അതില്‍നിന്നു കുടിച്ചു. പിന്നീടു സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ഇസ്രായേല്‍ജനത്തിന്‍റെ മുമ്പില്‍ എന്‍റെ വിശുദ്ധി വെളിവാക്കാന്‍ തക്കവിധം നിങ്ങള്‍ എന്നില്‍ വിശ്വസിച്ചില്ല; അതുകൊണ്ട് ഇവര്‍ക്കു ഞാന്‍ നല്‌കിയിരിക്കുന്ന ദേശത്തേക്കു നിങ്ങള്‍ ഇവരെ കൊണ്ടുപോകുകയില്ല.” ഇതാണ് മെരീബാ ജലപ്രവാഹം. ഇവിടെവച്ചാണ് ഇസ്രായേല്‍ജനം സര്‍വേശ്വരനെതിരായി കലഹിക്കുകയും, തന്‍റെ വിശുദ്ധി അവിടുന്ന് അവര്‍ക്കു വെളിപ്പെടുത്തുകയും ചെയ്തത്. മോശ കാദേശില്‍നിന്ന് എദോംരാജാവിന്‍റെ അടുക്കലേക്കു ദൂതന്മാരെ അയച്ചു പറഞ്ഞു: “നിങ്ങളുടെ ചാര്‍ച്ചക്കാരായ ഇസ്രായേല്യര്‍ പറയുന്നു, ഞങ്ങള്‍ക്ക് ഉണ്ടായ കഷ്ടതകളെല്ലാം അങ്ങേക്കറിയാമല്ലോ. ഞങ്ങളുടെ പിതാക്കന്മാര്‍ ഈജിപ്തിലേക്കു പോയതും അവര്‍ ദീര്‍ഘകാലം അവിടെ വസിച്ചതും ഈജിപ്തുകാര്‍ ഞങ്ങളുടെ പിതാക്കന്മാരോടും ഞങ്ങളോടും ക്രൂരമായി വര്‍ത്തിച്ചതും അങ്ങ് അറിയുന്നു. ഞങ്ങള്‍ സര്‍വേശ്വരനോടു നിലവിളിച്ചു, അവിടുന്നു ഞങ്ങളുടെ നിലവിളി കേട്ടു; ദൂതനെ അയച്ച് ഈജിപ്തില്‍നിന്നു ഞങ്ങളെ കൂട്ടിക്കൊണ്ടു വന്നു. ഇപ്പോള്‍ ഞങ്ങള്‍ അങ്ങയുടെ രാജ്യത്തിന്‍റെ അതിര്‍ത്തിയിലുള്ള കാദേശ്പട്ടണത്തില്‍ എത്തിയിരിക്കുന്നു. അങ്ങയുടെ രാജ്യത്തുകൂടി കടന്നുപോകാന്‍ ഞങ്ങളെ അനുവദിച്ചാലും. വയലുകളിലോ മുന്തിരിത്തോട്ടങ്ങളിലോ ഞങ്ങള്‍ കടക്കുകയില്ല. കിണറുകളില്‍നിന്നു വെള്ളം കുടിക്കുകയുമില്ല; അങ്ങയുടെ ദേശത്തിന്‍റെ അതിര്‍ത്തി കടക്കുന്നതുവരെ ഇടത്തോട്ടോ വലത്തോട്ടോ നോക്കാതെ രാജവീഥിയില്‍കൂടി മാത്രമേ ഞങ്ങള്‍ സഞ്ചരിക്കുകയുള്ളൂ.” എന്നാല്‍ എദോംരാജാവ് പറഞ്ഞു: “എന്‍റെ രാജ്യത്തുകൂടി കടന്നുപോകാന്‍ നിങ്ങളെ അനുവദിക്കുകയില്ല; കടന്നാല്‍ വാളുമായി നിങ്ങളെ നേരിടും.” ഇസ്രായേല്‍ജനം പറഞ്ഞു: “ഞങ്ങള്‍ പൊതുനിരത്തില്‍ക്കൂടി മാത്രമേ പോകുകയുള്ളൂ; ഞങ്ങളോ കന്നുകാലികളോ നിങ്ങളുടെ വെള്ളം കുടിച്ചാല്‍ ഞങ്ങള്‍ അതിനുള്ള വില തന്നുകൊള്ളാം; നടന്നു പോകാന്‍ മാത്രം ഞങ്ങളെ അനുവദിച്ചാലും. മറ്റൊന്നും ഞങ്ങള്‍ക്ക് ആവശ്യമില്ല.” “നിങ്ങള്‍ കടന്നു പോകരുത്;” അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. എദോം രാജാവ് ശക്തമായ ഒരു സൈന്യത്തോടുകൂടി ഇസ്രായേലിന്‍റെ നേരേ പുറപ്പെട്ടു. എദോമില്‍കൂടി കടന്നുപോകാന്‍ എദോംരാജാവ് അനുവദിക്കായ്കയാല്‍ ഇസ്രായേല്യര്‍ അവിടെനിന്നു മറ്റൊരു വഴിയിലൂടെ തിരിഞ്ഞുപോയി. ഇസ്രായേല്‍സമൂഹം കാദേശില്‍നിന്നു പുറപ്പെട്ടു ഹോര്‍പര്‍വതത്തില്‍ എത്തി. എദോംരാജ്യത്തിന്‍റെ അതിര്‍ത്തിയിലുള്ള ഹോര്‍പര്‍വതത്തില്‍വച്ചു സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “അഹരോന്‍ മരിച്ചു പിതാക്കന്മാരോടു ചേരാന്‍ പോകുകയാണ്; മെരീബായില്‍വച്ചു നിങ്ങള്‍ എന്നോടു മത്സരിച്ചതുകൊണ്ട് ഇസ്രായേല്‍ജനത്തിനു ഞാന്‍ നല്‌കുമെന്നു വാഗ്ദാനം ചെയ്ത ദേശത്ത് അഹരോന്‍ പ്രവേശിക്കുകയില്ല. അഹരോനെയും പുത്രനായ എലെയാസാറിനെയും ഹോര്‍പര്‍വതത്തിലേക്കു കൂട്ടിക്കൊണ്ടുവരിക. അഹരോന്‍റെ വസ്ത്രം ഊരി അവന്‍റെ പുത്രനായ എലെയാസാറിനെ ധരിപ്പിക്കണം; അഹരോന്‍ അവിടെവച്ചു മരിക്കും.” സര്‍വേശ്വരന്‍ കല്പിച്ചതുപോലെ മോശ ചെയ്തു. സമൂഹം മുഴുവനും കാണ്‍കെ അവര്‍ പര്‍വതത്തിലേക്കു കയറിപ്പോയി. മോശ അഹരോന്‍റെ വസ്ത്രം ഊരി എലെയാസാറിനെ ധരിപ്പിച്ചു. പര്‍വതത്തിന്‍റെ മുകളില്‍വച്ച് അഹരോന്‍ മരിച്ചു. പിന്നീട് മോശയും എലെയാസാറും പര്‍വതത്തില്‍നിന്ന് ഇറങ്ങിവന്നു. അഹരോന്‍ മരിച്ച വിവരം അറിഞ്ഞ ഇസ്രായേല്‍സമൂഹം മുപ്പതു ദിവസത്തേക്കു വിലാപം ആചരിച്ചു. നെഗെബുദേശത്തു പാര്‍ത്തിരുന്ന കനാന്യരാജാവായ അരാദ്, ഇസ്രായേല്‍ജനം അഥാരീംവഴിയായി വരുന്നു എന്നു കേട്ട് അവരെ ആക്രമിക്കുകയും അവരില്‍ ചിലരെ തടവുകാരാക്കുകയും ചെയ്തു. “ജനത്തെ ഞങ്ങളുടെ കൈയില്‍ ഏല്പിച്ചാല്‍ ഞങ്ങള്‍ അവരുടെ പട്ടണങ്ങള്‍ നിശ്ശേഷം നശിപ്പിക്കും” എന്ന് ഇസ്രായേല്‍ജനം സര്‍വേശ്വരനോടു ശപഥം ചെയ്തു. അവരുടെ അപേക്ഷ കേട്ട് അവിടുന്നു കനാന്യരെ അവരുടെ കൈയില്‍ ഏല്പിച്ചു. അവര്‍ കനാന്യരെയും അവരുടെ പട്ടണങ്ങളെയും പൂര്‍ണമായി നശിപ്പിച്ചു. അങ്ങനെ ആ സ്ഥലത്തിനു ഹോര്‍മ്മാ എന്നു പേരായി. ഇസ്രായേല്‍ജനം എദോം ചുറ്റിപ്പോകാന്‍ ഹോര്‍പര്‍വതത്തില്‍നിന്നു ചെങ്കടല്‍വഴിയായി യാത്ര തിരിച്ചു. വഴിയില്‍വച്ചു ജനം അക്ഷമരായി. അവര്‍ ദൈവത്തിനും മോശയ്‍ക്കും എതിരായി പറഞ്ഞു: “ഈ മരുഭൂമിയില്‍വച്ചു മരിക്കാന്‍ ഞങ്ങളെ ഈജിപ്തില്‍നിന്നു വിടുവിച്ചു കൊണ്ടുവന്നതെന്തിന്? ഇവിടെ ഞങ്ങള്‍ക്ക് ആഹാരവും വെള്ളവും ഇല്ല. ഈ വിലകെട്ട ഭക്ഷണം ഞങ്ങള്‍ക്കു മടുത്തു.” അപ്പോള്‍ സര്‍വേശ്വരന്‍ വിഷസര്‍പ്പങ്ങളെ അവരുടെ ഇടയില്‍ അയച്ചു; അവയുടെ കടിയേറ്റ് അനേകം ഇസ്രായേല്യര്‍ മരിച്ചു. ജനം മോശയുടെ അടുത്തു വന്നു പറഞ്ഞു: “ഞങ്ങള്‍ പാപം ചെയ്തു; സര്‍വേശ്വരനും അങ്ങേക്കും എതിരായി സംസാരിച്ചുപോയല്ലോ. ഞങ്ങളുടെ ഇടയില്‍നിന്നു സര്‍പ്പങ്ങളെ നീക്കിക്കളയാന്‍ സര്‍വേശ്വരനോട് അപേക്ഷിക്കണമേ.” അപ്പോള്‍ മോശ ജനത്തിനുവേണ്ടി പ്രാര്‍ഥിച്ചു. അവിടുന്നു മോശയോട് അരുളിച്ചെയ്തു: “പിച്ചളകൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി ഒരു ദണ്ഡിന്മേല്‍ ഉയര്‍ത്തുക; സര്‍പ്പങ്ങളുടെ കടിയേല്‌ക്കുന്നവന്‍ പിച്ചളസര്‍പ്പത്തെ നോക്കിയാല്‍ മരിക്കുകയില്ല. മോശ പിച്ചളകൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിനെ ഒരു ദണ്ഡിന്മേല്‍ ഉയര്‍ത്തി. സര്‍പ്പത്തിന്‍റെ കടിയേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കിയാല്‍ അവര്‍ ജീവിക്കും. ഇസ്രായേല്‍ജനം യാത്ര പുറപ്പെട്ട് ഓബോത്തില്‍ പാളയമടിച്ചു. അവിടെനിന്നു മോവാബിന്‍റെ കിഴക്കു വശത്തു മരുഭൂമിയിലുള്ള ഇയ്യെ-അബാരീമില്‍ എത്തി. പിന്നീട് അവിടെനിന്നു യാത്ര ചെയ്തു സാരേദ്താഴ്വരയില്‍ എത്തി പാളയമടിച്ചു. അവിടെനിന്ന് അവര്‍ യാത്ര തിരിച്ച് അര്‍ന്നോന്‍ നദിക്കക്കരെ എത്തി പാളയമടിച്ചു; അമോര്യദേശത്തു നിന്നുദ്ഭവിച്ചു മരുഭൂമിയില്‍ക്കൂടി ഒഴുകുന്ന അര്‍ന്നോന്‍നദി മോവാബിനും അമോര്യക്കും മധ്യേയുള്ള അതിരായിരുന്നു. അതുകൊണ്ടാണു ‘സര്‍വേശ്വരന്‍റെ യുദ്ധങ്ങള്‍’ എന്ന പുസ്തകത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്: സൂഫായിലെ വഹേബ്പട്ടണവും താഴ്വരകളും, അര്‍ന്നോന്‍നദിയും, ആര്‍ പട്ടണവും മോവാബിന്‍റെ അതിരുവരെ നീണ്ടു കിടക്കുന്ന ചരിവുകളും. അവര്‍ അവിടെനിന്നു ബേരിലേക്കു പുറപ്പെട്ടു; “ജനത്തെ ഒന്നിച്ചു കൂട്ടുക; അവര്‍ക്കു കുടിക്കാന്‍ ഞാന്‍ വെള്ളം നല്‌കും” എന്ന് അവിടെവച്ചാണ് സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തത്. അപ്പോള്‍ ഇസ്രായേല്‍ജനം ഇങ്ങനെ പാടി: “കിണറുകളേ നിറഞ്ഞു കവിയുക; അതിനെ പ്രകീര്‍ത്തിച്ചു പാടുവിന്‍. പ്രഭുക്കന്മാര്‍ കുഴിച്ച കിണറുകള്‍, ചെങ്കോല്‍കൊണ്ടും ദണ്ഡുകള്‍കൊണ്ടും ജനനേതാക്കള്‍ കുത്തിയ കിണറുകള്‍. പിന്നീടവര്‍ ബേരില്‍നിന്നു മത്ഥാനയിലേക്കു യാത്ര തിരിച്ചു. അവിടെനിന്നു നഹലീയേലിലേക്കും നഹലീയേലില്‍നിന്നു ബാമോത്തിലേക്കും ബാമോത്തില്‍നിന്നു മരുഭൂമിക്ക് അഭിമുഖമായി നില്‌ക്കുന്ന പിസ്ഗാമലയുടെ സമീപം മോവാബു പ്രദേശത്തുള്ള താഴ്വരകളിലേക്കും അവര്‍ പോയി. ഇസ്രായേല്‍ജനം അമോര്യരുടെ രാജാവായ സീഹോന്‍റെ അടുക്കല്‍ ദൂതന്മാരെ അയച്ചു പറഞ്ഞു: “അങ്ങയുടെ രാജ്യത്തുകൂടി കടന്നുപോകാന്‍ ഞങ്ങളെ അനുവദിച്ചാലും; വയലുകളിലും മുന്തിരിത്തോട്ടങ്ങളിലും ഞങ്ങള്‍ പ്രവേശിക്കുകയില്ല. കിണറുകളില്‍നിന്നു വെള്ളം കോരുകയോ, നിങ്ങളുടെ അതിര്‍ത്തി കടക്കുന്നതുവരെ രാജപാതയില്‍ കൂടിയല്ലാതെ സഞ്ചരിക്കുകയോ ഇല്ല. എന്നാല്‍ തന്‍റെ ദേശത്തുകൂടി കടന്നുപോകാന്‍ സീഹോന്‍ സമ്മതിച്ചില്ല; മാത്രമല്ല, അയാള്‍ തന്‍റെ ജനത്തെ വിളിച്ചുകൂട്ടി, ഇസ്രായേല്‍ജനത്തെ ആക്രമിക്കാന്‍ മരുഭൂമിയിലേക്കു പുറപ്പെടുകയും ചെയ്തു; അവര്‍ യാഹാസില്‍വച്ച് ഇസ്രായേല്‍ജനത്തോടു യുദ്ധം ചെയ്തു. ഇസ്രായേല്‍ജനം അവരെ സംഹരിച്ച് അര്‍ന്നോന്‍ മുതല്‍ അമ്മോന്യരാജ്യത്തിന്‍റെ അതിരായ യാബോക്കുവരെ വ്യാപിച്ചുകിടന്ന സീഹോന്‍റെ രാജ്യം കൈവശമാക്കി. യാസെര്‍ ആയിരുന്നു അമ്മോന്യരുടെ അതിര്. ഇസ്രായേല്‍ജനം അമോര്യരുടെ പട്ടണങ്ങളെല്ലാം കൈവശമാക്കി, ഹെശ്ബോനിലും അതിലെ സകല ഗ്രാമങ്ങളിലും അവര്‍ വാസമുറപ്പിച്ചു. അമോര്യരാജാവായിരുന്ന സീഹോന്‍റെ നഗരമായിരുന്നു ഹെശ്ബോന്‍. മോവാബുരാജാവിനെ തോല്പിച്ച് സീഹോന്‍ അര്‍ന്നോന്‍വരെയുള്ള ദേശം കൈവശപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് ഗായകര്‍ ഇങ്ങനെ പാടിയത്: “ഹെശ്ബോനിലേക്കു വരിക; അതു വീണ്ടും പണിയുക; സീഹോന്‍റെ നഗരം പുനഃസ്ഥാപിക്കപ്പെടട്ടെ.” ഹെശ്ബോനില്‍നിന്ന് അഗ്നി പുറപ്പെട്ടു, സീഹോന്‍റെ നഗരിയില്‍നിന്നു തീജ്വാല പ്രവഹിച്ചു. അതു മോവാബിലെ ആര്‍ പട്ടണത്തെയും, അര്‍ന്നോന്‍ ഗിരികളിലെ പ്രഭുക്കളെയും വിഴുങ്ങിക്കളഞ്ഞു. മോവാബേ നിനക്കു കഷ്ടം! കെമോശ് നിവാസികളേ, നിങ്ങള്‍ക്കു നാശം! അവന്‍ തന്‍റെ പുത്രന്മാരെ അഭയാര്‍ഥികളാക്കി; പുത്രിമാരെ അമോര്യരാജാവായ സീഹോന് അടിമകളാക്കി. നാം ദീബോന്‍വരെയുള്ള ഹെശ്ബോന്യരെ നശിപ്പിച്ചു. മെദബയ്‍ക്കടുത്തു നോഫവരെയുള്ളവരെ സംഹരിച്ചു. അങ്ങനെ ഇസ്രായേല്‍ജനം അമോര്യരുടെ ദേശത്തു വസിച്ചു. യാസെര്‍ദേശം ഒറ്റുനോക്കാന്‍ മോശ ചാരന്മാരെ അയച്ചു; അവര്‍ ഗ്രാമങ്ങള്‍ പിടിച്ചെടുത്തു; അമോര്യരെ ഓടിച്ചുകളഞ്ഞു. പിന്നീട് ഇസ്രായേല്‍ജനം ബാശാനിലേക്കുള്ള വഴിയിലൂടെ യാത്ര ചെയ്തു; ബാശാന്‍രാജാവായ ഓഗ് തന്‍റെ ജനവുമായി ഏദ്രയില്‍വച്ച് ഇസ്രായേല്യരോട് ഏറ്റുമുട്ടാന്‍ പുറപ്പെട്ടു. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “അവനെ നീ ഭയപ്പെടേണ്ടാ; അവനെയും അവന്‍റെ ജനത്തെയും ദേശത്തെയും ഞാന്‍ നിനക്കു നല്‌കിയിരിക്കുന്നു. നീ ഹെശ്ബോനില്‍ വാണിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുപോലെ അവനോടും പ്രവര്‍ത്തിക്കണം. ഇസ്രായേല്‍ജനം ഓഗ് രാജാവിനെയും അയാളുടെ പുത്രന്മാരെയും ജനത്തെയും കൊന്നൊടുക്കി. ഒരു അവകാശിപോലും അയാള്‍ക്കു ശേഷിച്ചില്ല. അങ്ങനെ ആ ദേശം അവര്‍ കൈവശമാക്കി. ഇസ്രായേല്‍ജനം യാത്ര തുടര്‍ന്നു യോര്‍ദ്ദാനക്കരെ മോവാബുസമഭൂമിയില്‍ ചെന്നു യെരീഹോവിനെതിരേ പാളയമടിച്ചു. ഇസ്രായേല്യര്‍ അമോര്യരോടു പ്രവര്‍ത്തിച്ചതെല്ലാം സിപ്പോരിന്‍റെ പുത്രനായ ബാലാക്ക് അറിഞ്ഞു. ഇസ്രായേല്‍ജനത്തിന്‍റെ സംഖ്യാബലം മോവാബ്യരെ ഭയചകിതരും പരിഭ്രാന്തരുമാക്കി. മോവാബുരാജാവ് മിദ്യാന്യനേതാക്കന്മാരോടു പറഞ്ഞു: “വയലിലെ പുല്ല് കാള തിന്ന് ഒടുക്കുംപോലെ ഈ നാടോടികള്‍ നമ്മുടെ ചുറ്റുമുള്ളതെല്ലാം നശിപ്പിച്ചുകളയും.” സിപ്പോരിന്‍റെ മകന്‍ ബാലാക്കായിരുന്നു അന്നു മോവാബിലെ രാജാവ്. അയാള്‍ അമാവ്ദേശത്തു യൂഫ്രട്ടീസ് നദീതീരത്തുള്ള പെഥോരില്‍ പാര്‍ത്തിരുന്ന ബെയോരിന്‍റെ മകന്‍ ബിലെയാമിന്‍റെ അടുക്കലേക്കു ദൂതന്മാരെ അയച്ചു പറഞ്ഞു: “ഒരു ജനത ഈജിപ്തില്‍നിന്നു വന്ന് ഈ പ്രദേശം മുഴുവന്‍ നിറഞ്ഞിരിക്കുന്നു; അവര്‍ എനിക്ക് എതിരേ പാളയമടിച്ചിരിക്കുകയാണ്. എനിക്കു നേരിടാന്‍ കഴിയാത്തവിധം ശക്തരാണവര്‍. അങ്ങു വന്ന് എനിക്കുവേണ്ടി അവരെ ശപിച്ചാലും; അങ്ങനെ ചെയ്താല്‍ ഞങ്ങള്‍ക്ക് അവരെ തോല്പിച്ച് ഓടിക്കാന്‍ സാധിച്ചേക്കും. അങ്ങ് അനുഗ്രഹിക്കുന്നവര്‍ അനുഗ്രഹിക്കപ്പെടുകയും, ശപിക്കുന്നവര്‍ ശപിക്കപ്പെടുകയും ചെയ്യും എന്ന് എനിക്ക് അറിയാം.” മോവാബിലെയും മിദ്യാനിലെയും ജനപ്രമാണികള്‍ ശാപത്തിനുള്ള ദക്ഷിണയുമായി ബിലെയാമിന്‍റെ അടുക്കല്‍ ചെന്ന് ബാലാക്കിന്‍റെ സന്ദേശം അറിയിച്ചു. ബിലെയാം അവരോടു പറഞ്ഞു: “ഇന്നു രാത്രി ഇവിടെ പാര്‍ക്കുക, സര്‍വേശ്വരന്‍റെ അരുളപ്പാടു ഞാന്‍ നിങ്ങളെ അറിയിക്കാം.” അങ്ങനെ മോവാബ്യപ്രഭുക്കന്മാര്‍ അന്ന് അവിടെ പാര്‍ത്തു. “നിന്‍റെ കൂടെയുള്ള ഇവരാരാണ്?” ദൈവം ബിലെയാമിനോടു ചോദിച്ചു. ബിലെയാം പറഞ്ഞു: “സിപ്പോരിന്‍റെ പുത്രനും മോവാബുരാജാവുമായ ബാലാക്ക് എന്‍റെ അടുക്കലേക്ക് അയച്ചവരാണിവര്‍.” ‘ഈജിപ്തില്‍നിന്നു വന്ന ഒരു ജനതയെക്കൊണ്ട് ഈ പ്രദേശം മുഴുവന്‍ നിറഞ്ഞിരിക്കുന്നു; അവിടുന്ന് എനിക്കുവേണ്ടി അവരെ ശപിച്ചാലും; അങ്ങനെ ചെയ്താല്‍ ഞങ്ങള്‍ക്ക് അവരെ തോല്പിച്ചോടിക്കാന്‍ കഴിഞ്ഞേക്കും’ എന്ന് അവര്‍ പറയുന്നു. ദൈവം ബിലെയാമിനോടു പറഞ്ഞു: “നീ അവരോടൊത്ത് പോകരുത്; ആ ജനത്തെ ശപിക്കയുമരുത്; അവര്‍ അനുഗൃഹീതരാകുന്നു.” പിറ്റേന്നു രാവിലെ ബിലെയാം ബാലാക്കിന്‍റെ പ്രഭുക്കന്മാരോടു പറഞ്ഞു: “നിങ്ങളുടെ ദേശത്തേക്കു മടങ്ങിപ്പോകുക. നിങ്ങളുടെകൂടെ വരാന്‍ സര്‍വേശ്വരന്‍ എന്നെ അനുവദിക്കുന്നില്ല.” മോവാബ്പ്രഭുക്കന്മാര്‍ ബാലാക്കിന്‍റെ അടുക്കല്‍ ചെന്നു: “ബിലെയാം ഞങ്ങളോടൊപ്പം വരാന്‍ വിസമ്മതിക്കുന്നു” എന്നു പറഞ്ഞു. അവരെക്കാള്‍ ബഹുമാന്യരായ കൂടുതല്‍ പ്രഭുക്കന്മാരെ ബാലാക്ക് വീണ്ടും അയച്ചു. അവര്‍ ബിലെയാമിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞു: “സിപ്പോരിന്‍റെ പുത്രനായ ബാലാക്ക് പറയുന്നു, എന്‍റെ അടുക്കല്‍ വരുന്നതിനു യാതൊരു വിസമ്മതവും പറയരുതേ; അങ്ങയെ ഞാന്‍ ഏറ്റവും അധികം ബഹുമാനിക്കും. അങ്ങു ചോദിക്കുന്നതെന്തും ഞാന്‍ നല്‌കാം; അങ്ങു വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിച്ചാലും.” ബാലാക്കിന്‍റെ ദൂതന്മാരോടു ബിലെയാം പറഞ്ഞു: “നിറയെ വെള്ളിയും സ്വര്‍ണവുമുള്ള തന്‍റെ വീടു ബാലാക്ക് തന്നാലും, എന്‍റെ ദൈവമായ സര്‍വേശ്വരന്‍ കല്പിക്കുന്നതിനെക്കാള്‍ കൂടുതലായോ കുറവായോ ചെയ്യാന്‍ എനിക്കു കഴിയുകയില്ല. നിങ്ങള്‍ ഈ രാത്രി ഇവിടെ പാര്‍ക്കുക. സര്‍വേശ്വരന്‍ എന്നോടു കൂടുതലായി എന്ത് അരുളിച്ചെയ്യും എന്ന് അറിയട്ടെ.” രാത്രിയില്‍ ദൈവം ബിലെയാമിന്‍റെ അടുക്കല്‍ വന്നു പറഞ്ഞു: “നിന്നെ കൂട്ടിക്കൊണ്ടു പോകാനാണ് അവര്‍ വന്നിരിക്കുന്നതെങ്കില്‍ അവരോടൊത്തു പോകുക; എന്നാല്‍ ഞാന്‍ കല്പിക്കുന്നതു മാത്രമേ നീ ചെയ്യാവൂ.” ബിലെയാം പ്രഭാതത്തില്‍ എഴുന്നേറ്റു കഴുതയ്‍ക്കു ജീനിയിട്ടു മോവാബ്യപ്രഭുക്കന്മാരോടൊപ്പം പുറപ്പെട്ടു. ബിലെയാം യാത്ര പുറപ്പെട്ടപ്പോള്‍ ദൈവത്തിന്‍റെ കോപം ജ്വലിച്ചു; സര്‍വേശ്വരന്‍റെ ഒരു ദൂതന്‍ അവനെതിരേ വഴിയില്‍ നിന്നു. കഴുതപ്പുറത്തു യാത്ര ചെയ്ത ബിലെയാമിനോടൊത്തു രണ്ടു ഭൃത്യന്മാരും ഉണ്ടായിരുന്നു. സര്‍വേശ്വരന്‍റെ ദൂതന്‍ ഊരിയവാളുമായി വഴിയില്‍ നില്‌ക്കുന്നതു കണ്ടു കഴുത വയലിലേക്കു ചാടി. വഴിയിലേക്കു തിരിച്ചു കൊണ്ടുവരുന്നതിനു ബിലെയാം കഴുതയെ അടിച്ചു. അപ്പോള്‍ സര്‍വേശ്വരന്‍റെ ദൂതന്‍ മുന്തിരിത്തോട്ടങ്ങളുടെ ഇടയ്‍ക്ക് ഇരുവശവും മതിലുകളുള്ള ഒരു ഇടുങ്ങിയ വഴിയില്‍ ചെന്നുനിന്നു. കഴുത സര്‍വേശ്വരന്‍റെ ദൂതനെ കണ്ട് ഒരു വശത്തുള്ള മതിലിന്‍റെ അരികിലേക്കു നീങ്ങി; ബിലെയാമിന്‍റെ കാല്‍ മതിലിനോടു ചേര്‍ത്തു ഞെരുക്കി. അപ്പോള്‍ അയാള്‍ അതിനെ വീണ്ടും അടിച്ചു. പിന്നീട് ദൂതന്‍ മുമ്പോട്ടു ചെന്ന് ഇടത്തോട്ടോ വലത്തോട്ടോ മാറുവാന്‍ ഇടയില്ലാത്ത ഒരു ഇടുങ്ങിയ വഴിയില്‍ ചെന്നുനിന്നു. സര്‍വേശ്വരന്‍റെ ദൂതനെ കണ്ടപ്പോള്‍ കഴുത കിടന്നുകളഞ്ഞു. അപ്പോള്‍ കുപിതനായ ബിലെയാം അതിനെ വീണ്ടും അടിച്ചു. പെട്ടെന്നു സര്‍വേശ്വരന്‍ കഴുതയുടെ വായ് തുറന്നു; അതു ബിലെയാമിനോടു ചോദിച്ചു: “നീ എന്നെ മൂന്നു പ്രാവശ്യം അടിക്കാന്‍ തക്കവിധം നിന്നോടു ഞാന്‍ എന്തു ചെയ്തു.” “നീ എന്നെ വിഡ്ഢിയാക്കിയതുകൊണ്ടാണു ഞാന്‍ അങ്ങനെ ചെയ്തത്; എന്‍റെ കൈയില്‍ ഒരു വാളുണ്ടായിരുന്നെങ്കില്‍ നിന്നെ ഞാന്‍ കൊന്നുകളയുമായിരുന്നു” എന്നു ബിലെയാം കഴുതയോടു പറഞ്ഞു. കഴുത ഇങ്ങനെ പറഞ്ഞു: “ഈ കാലമെല്ലാം നീ കയറി നടന്ന നിന്‍റെ കഴുതയല്ലേ ഞാന്‍. ഇതിനു മുമ്പ് എപ്പോഴെങ്കിലും ഇപ്രകാരം പെരുമാറിയിട്ടുണ്ടോ?” “ഇല്ല.” ബിലെയാം മറുപടി പറഞ്ഞു. സര്‍വേശ്വരന്‍ ബിലെയാമിന്‍റെ കണ്ണു തുറന്നു; അപ്പോള്‍ അവിടുത്തെ ദൂതന്‍ ഊരിപ്പിടിച്ച വാളുമായി നില്‌ക്കുന്നതു കണ്ടു ബിലെയാം സാഷ്ടാംഗം വീണു നമസ്കരിച്ചു. ദൂതന്‍ ചോദിച്ചു: “മൂന്നു പ്രാവശ്യം നീ കഴുതയെ അടിച്ചത് എന്ത്? നീ വഴി തെറ്റിപ്പോകുന്നതിനാല്‍ നിന്നെ തടയാനാണു ഞാന്‍ വന്നത്. കഴുത എന്നെ കണ്ട് ഈ മൂന്നു തവണയും ഒഴിഞ്ഞുമാറി; അങ്ങനെ ചെയ്യാതിരുന്നെങ്കില്‍ ഞാന്‍ നിന്നെ കൊല്ലുകയും അതിനെ വെറുതേ വിടുകയും ചെയ്യുമായിരുന്നു.” ബിലെയാം സര്‍വേശ്വരന്‍റെ ദൂതനോടു പറഞ്ഞു: “ഞാന്‍ പാപം ചെയ്തുപോയി. എനിക്ക് എതിരായി അങ്ങു വഴിയില്‍ നില്‌ക്കുന്നതു ഞാന്‍ അറിഞ്ഞില്ല. ഇവരോടൊത്തു പോകുന്നത് തിന്മയാണെങ്കില്‍ ഞാന്‍ മടങ്ങിപ്പൊയ്‍ക്കൊള്ളാം.” ദൂതന്‍ ബിലെയാമിനോടു പറഞ്ഞു: “ഇവരോടൊത്തു പൊയ്‍ക്കൊള്ളുക: എന്നാല്‍ ഞാന്‍ കല്പിക്കുന്നതു മാത്രമേ നീ പറയാവൂ.” ബാലാക്കിന്‍റെ പ്രഭുക്കന്മാരോടുകൂടി ബിലെയാം പോയി. ബിലെയാം വരുന്ന വിവരം അറിഞ്ഞപ്പോള്‍ ബാലാക്ക് അദ്ദേഹത്തെ സ്വീകരിക്കാന്‍ രാജ്യത്തിന്‍റെ അതിര്‍ത്തിയില്‍ അര്‍ന്നോന്‍ നദിയുടെ തീരത്തുള്ള മോവാബുപട്ടണംവരെ ചെന്നു. ബാലാക്ക് അദ്ദേഹത്തോടു ചോദിച്ചു: “അങ്ങയെ കൂട്ടിക്കൊണ്ടു വരുന്നതിനു ഞാന്‍ ആളയച്ചിട്ടും എന്താണു വരാതിരുന്നത്? പ്രതിഫലം നല്‌കി അങ്ങയെ ആദരിക്കാന്‍ എനിക്കു കഴിവില്ലെന്നു വിചാരിച്ചുവോ?” ബിലെയാം ബാലാക്കിനോടു പറഞ്ഞു: “ഞാന്‍ ഇതാ വന്നല്ലോ, എന്നാല്‍ എന്‍റെ ഇഷ്ടംപോലെ എനിക്ക് എന്തെങ്കിലും പറയാമോ? സര്‍വേശ്വരന്‍ കല്പിക്കുന്നതു മാത്രമേ എനിക്കു പറയാന്‍ കഴിയൂ.” ബിലെയാം ബാലാക്കിനോടൊത്തു കിര്യത്ത്-ഹൂസോത്തിലേക്കു പോയി. ബാലാക്ക് ആടുമാടുകളെ കൊന്നു മാംസം ബിലെയാമിനും കൂടെയുണ്ടായിരുന്ന പ്രഭുക്കന്മാര്‍ക്കും കൊടുത്തയച്ചു. ബാലാക്ക് അടുത്ത ദിവസം പ്രഭാതത്തില്‍ ബാമോത്തു-ബാലിലേക്കു ബിലെയാമിനെ കൂട്ടിക്കൊണ്ടു പോയി; ഇസ്രായേല്‍പാളയത്തിന്‍റെ ഇങ്ങേ അറ്റം അദ്ദേഹം അവിടെ നിന്നു കണ്ടു. ബിലെയാം ബാലാക്കിനോടു പറഞ്ഞു: “ഇവിടെ എനിക്കുവേണ്ടി ഏഴു യാഗപീഠങ്ങള്‍ പണിയുക; ഏഴു കാളകളെയും ഏഴ് ആണാടിനെയും കൊണ്ടുവരിക.” ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ഓരോ യാഗവേദിയിലും ഓരോ കാളയെയും ഓരോ ആടിനെയും ബിലെയാമും ബാലാക്കുംകൂടി അര്‍പ്പിച്ചു. ബിലെയാം ബാലാക്കിനോടു പറഞ്ഞു: “ഇവിടെ നിന്‍റെ ഹോമയാഗത്തിന്‍റെ അടുക്കല്‍ നീ നില്‌ക്കുക. ഞാന്‍ പോകട്ടെ; സര്‍വേശ്വരന്‍ എനിക്കു പ്രത്യക്ഷനായേക്കാം, എന്നോട് അവിടുന്ന് അരുളിച്ചെയ്യുന്നതു ഞാന്‍ നിന്നോടു പറയാം.” അതിനുശേഷം ബിലെയാം ഒരു മലയിലേക്കു പോയി. ദൈവം ബിലെയാമിനു പ്രത്യക്ഷനായി; ബിലെയാം അവിടുത്തോടു പറഞ്ഞു: “ഞാന്‍ ഏഴു യാഗപീഠങ്ങള്‍ ഒരുക്കി ഓരോ യാഗപീഠത്തിലും ഓരോ കാളയെയും ഓരോ ആണാടിനെയും അര്‍പ്പിച്ചിരിക്കുന്നു.” സര്‍വേശ്വരന്‍ തന്‍റെ സന്ദേശം ബിലെയാമിനു നല്‌കിയശേഷം: “നീ തിരിച്ചു ചെന്നു ബാലാക്കിനോട് ഇതു പറയുക” എന്നു കല്പിച്ചു. അയാള്‍ ബാലാക്കിന്‍റെ അടുക്കല്‍ മടങ്ങിച്ചെന്നു. ബാലാക്ക് അപ്പോഴും തന്‍റെ ഹോമയാഗത്തിന്‍റെ അടുക്കല്‍ മോവാബ്യപ്രഭുക്കന്മാരോടൊത്തു നില്‌ക്കുന്നുണ്ടായിരുന്നു. ബിലെയാം ഇപ്രകാരം പ്രവചിച്ചു: “അരാമില്‍നിന്ന്, കിഴക്കന്‍ ഗിരികളില്‍നിന്ന് മോവാബുരാജാവായ ബാലാക്ക് എന്നെ വരുത്തി. വരിക, യാക്കോബിനെ എനിക്കുവേണ്ടി ശപിക്കുക; വരിക, ഇസ്രായേലിനെ തള്ളിപ്പറയുക” എന്നു പറഞ്ഞു. ദൈവം ശപിക്കാത്തവനെ എങ്ങനെ ഞാന്‍ ശപിക്കും? ദൈവം നിന്ദിക്കാത്തവനെ എങ്ങനെ ഞാന്‍ നിന്ദിക്കും? ശൈലാഗ്രങ്ങളില്‍നിന്നു ഞാന്‍ അവരെ കാണുന്നു; പര്‍വതങ്ങളില്‍നിന്ന് അവരെ ഞാന്‍ ദര്‍ശിക്കുന്നു. അവര്‍ വേറിട്ടു പാര്‍ക്കുന്ന ജനത, ജനതകളോട് ഇടകലരാത്തവര്‍. ഇസ്രായേലിന്‍റെ ധൂളിപടലം എണ്ണാന്‍ ആര്‍ക്കു കഴിയും? ഇസ്രായേല്‍ജനതയുടെ നാലിലൊന്നിനെ ആര് എണ്ണിത്തിട്ടപ്പെടുത്തും? ധര്‍മിഷ്ഠനെപ്പോലെ ഞാന്‍ മരണമടയട്ടെ; എന്‍റെ അന്തവും അവന്‍റേതുപോലെയാകട്ടെ! ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “നീ എന്നോട് എന്താണ് ചെയ്തത്? എന്‍റെ ശത്രുക്കളെ ശപിക്കാനല്ലേ ഞാന്‍ നിന്നെ കൊണ്ടുവന്നത്? എന്നാല്‍ അവരെ ശപിക്കാതെ അനുഗ്രഹിക്കുകയാണല്ലോ നീ ചെയ്തത്?” “സര്‍വേശ്വരന്‍ എന്നോടു കല്പിക്കുന്നതല്ലേ ഞാന്‍ പറയേണ്ടത്” എന്നു ബിലെയാം മറുപടി പറഞ്ഞു. ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “എന്നോടൊത്തു മറ്റൊരു സ്ഥലത്തേക്കു വരിക; അവിടെ നിന്നുകൊണ്ട് ഇസ്രായേല്‍പാളയത്തിന്‍റെ മറ്റൊരു ഭാഗം കാണാം. അവരെ മുഴുവന്‍ നീ കാണുകയില്ല. അവിടെനിന്ന് എനിക്കുവേണ്ടി അവരെ ശപിക്കുക.” പിസ്ഗാകൊടുമുടിയിലുള്ള സോഫീം പരപ്പിലേക്കു ബാലാക്ക് ബിലെയാമിനെ കൂട്ടിക്കൊണ്ടുപോയി, അവിടെ സര്‍വേശ്വരനുവേണ്ടി ഏഴു യാഗപീഠങ്ങള്‍ നിര്‍മ്മിച്ച് ഓരോ യാഗപീഠത്തിലും ഓരോ കാളയെയും ഓരോ ആണാടിനെയും അര്‍പ്പിച്ചു. ബിലെയാം ബാലാക്കിനോടു പറഞ്ഞു: “നീ ഹോമയാഗത്തിന്‍റെ അടുത്തു നില്‌ക്കുക; ഞാന്‍ അതാ അവിടെ പോയി സര്‍വേശ്വരനെ ദര്‍ശിക്കട്ടെ.” സര്‍വേശ്വരന്‍ ബിലെയാമിനു പ്രത്യക്ഷനായി. തന്‍റെ സന്ദേശം നല്‌കിയശേഷം: “നീ ചെന്നു ബാലാക്കിനോട് ഇതു പറയുക” എന്നു കല്പിച്ചു. ബിലെയാം മടങ്ങിച്ചെന്നപ്പോള്‍ ബാലാക്ക് ഹോമയാഗത്തിന്‍റെ അടുക്കല്‍ മോവാബ്യപ്രഭുക്കന്മാരോടൊത്ത് നില്‌ക്കുന്നുണ്ടായിരുന്നു. “സര്‍വേശ്വരന്‍ എന്ത് അരുളിച്ചെയ്തു” എന്നു ബാലാക്ക് ചോദിച്ചു. അപ്പോള്‍ ബിലെയാം ഇപ്രകാരം പ്രവചിച്ചു: “ബാലാക്കേ, ഉണര്‍ന്നു കേള്‍ക്കുക; സിപ്പോരിന്‍റെ മകനേ, ഞാന്‍ പറയുന്നതു ശ്രദ്ധിക്കൂ; വ്യാജം പറയാന്‍ സര്‍വേശ്വരന്‍ മനുഷ്യനല്ല, മനസ്സു മാറ്റാന്‍ അവിടുന്നു മര്‍ത്യനുമല്ല. അവിടുന്ന് അരുളിച്ചെയ്യുന്നതു ചെയ്യാതിരിക്കുമോ? വാഗ്ദാനം ചെയ്യുന്നതു നിവര്‍ത്തിക്കാതിരിക്കുമോ? ഇതാ, അനുഗ്രഹിക്കാന്‍ എനിക്കു കല്പന ലഭിച്ചിരിക്കുന്നു, സര്‍വേശ്വരന്‍ അനുഗ്രഹിച്ചു, എനിക്ക് അതു മാറ്റുവാന്‍ സാധ്യമല്ല. അവിടുന്നു യാക്കോബുവംശജരില്‍ തിന്മ കാണുന്നില്ല; ഇസ്രായേലില്‍ ഒരു അനര്‍ഥവും ദര്‍ശിക്കുന്നില്ല. അവരുടെ ദൈവമായ സര്‍വേശ്വരന്‍ അവരോടൊത്തുണ്ട്. രാജാവിന്‍റെ ഗര്‍ജ്ജനം അവരുടെ ഇടയില്‍ കേള്‍ക്കുന്നു. ദൈവം അവരെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നു. കാട്ടുപോത്തിന്‍റെ കരുത്ത് അവര്‍ക്കുണ്ട്. മന്ത്രവാദമോ, ലക്ഷണവിദ്യയോ അവരെ ബാധിക്കയില്ല. ദൈവം പ്രവര്‍ത്തിച്ചതു കാണുവിന്‍ എന്നു യാക്കോബിന്‍റെ സന്തതികളെ സംബന്ധിച്ച്, ഇസ്രായേലിനെക്കുറിച്ചുതന്നെ ജനതകള്‍ ഇപ്പോള്‍ പറയും. ഇതാ! ഒരു ജനത; അതു സിംഹിയെപ്പോലെ ഉണരുന്നു, സിംഹത്തെപ്പോലെ എഴുന്നേല്‌ക്കുന്നു; ഇരയെ തിന്നാതെയും അതിന്‍റെ രക്തം കുടിക്കാതെയും അത് അടങ്ങുകയില്ല. ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “നീ അവരെ ശപിക്കുകയോ അനുഗ്രഹിക്കുകയോ വേണ്ടാ. ബിലെയാം അതിന്: “സര്‍വേശ്വരന്‍ എന്നോടു കല്പിക്കുന്നതെല്ലാം ഞാന്‍ ചെയ്യേണ്ടതാണെന്ന് ഞാന്‍ മുന്‍പേ പറഞ്ഞിരുന്നില്ലേ” എന്നു മറുപടി നല്‌കി. ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “വരിക, ഞാന്‍ നിന്നെ മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകാം; അവിടെനിന്ന് എനിക്കുവേണ്ടി അവരെ ശപിക്കുന്നതു ദൈവത്തിനു ഹിതകരമായിരിക്കാം.” ബാലാക്ക് ബിലെയാമിനെ മരുഭൂമിക്ക് എതിരേയുള്ള പെയോര്‍മലയുടെ മുകളിലേക്കു കൊണ്ടുപോയി. “ഇവിടെ എനിക്കുവേണ്ടി ഏഴു യാഗപീഠം നിര്‍മ്മിക്കുക. ഏഴു കാളകളെയും ഏഴ് ആണാടുകളെയും കൊണ്ടുവരിക” എന്നു ബിലെയാം പറഞ്ഞു. ബാലാക്ക് അപ്രകാരം ചെയ്തു; ഓരോ കാളയെയും ഓരോ ആണാടിനെയും ഓരോ യാഗപീഠത്തിലും അര്‍പ്പിച്ചു. ഇസ്രായേലിനെ അനുഗ്രഹിക്കുന്നതാണു സര്‍വേശ്വരനു പ്രസാദകരമെന്നു മനസ്സിലാക്കിയ ബിലെയാം മുമ്പത്തെപ്പോലെ ലക്ഷണം നോക്കാന്‍ പോകാതെ മരുഭൂമിക്കു നേരേ മുഖം തിരിച്ചു. ബിലെയാം തല ഉയര്‍ത്തി നോക്കിയപ്പോള്‍ ഗോത്രം ഗോത്രമായി പാളയമടിച്ചിരിക്കുന്ന ഇസ്രായേല്‍ജനതയെ കണ്ടു. ദൈവിക ചൈതന്യം അയാളുടെമേല്‍ വന്നു. ബിലെയാം പ്രവചിച്ചു: “ബെയോരിന്‍റെ പുത്രനായ ബിലെയാമിന്‍റെ സന്ദേശം; ദര്‍ശനം ലഭിച്ചവന്‍റെ വാക്കുകള്‍. ദൈവത്തിന്‍റെ അരുളപ്പാടു കേള്‍ക്കുന്നവന്‍; സര്‍വശക്തന്‍റെ ദര്‍ശനം ലഭിച്ചവന്‍; തുറന്ന കണ്ണുകളോടെ ഏകാഗ്രചിത്തനായിരിക്കുന്നവന്‍ പറയുന്നു: യാക്കോബേ, നിന്‍റെ കൂടാരങ്ങള്‍; ഇസ്രായേലേ, നിന്‍റെ പാളയങ്ങള്‍ എത്ര മനോഹരം. താഴ്വരകള്‍പോലെ, നദീതീരത്തെ തോട്ടങ്ങള്‍പോലെ അവ പരന്നുകിടക്കുന്നു. സര്‍വേശ്വരന്‍ നട്ട ഔഷധച്ചെടികള്‍പോലെ; നീര്‍ച്ചാലിനരികെയുള്ള ദേവദാരുപോലെതന്നെ. വെള്ളം അവരുടെ തൊട്ടികളില്‍നിന്നു കവിഞ്ഞൊഴുകുന്നു; ജലസമൃദ്ധിയുള്ള നിലങ്ങളില്‍ അവര്‍ വിത്തു നടുന്നു; അവരുടെ രാജാവ് ആഗാഗിലും വലിയവന്‍; അവന്‍റെ രാജ്യം മഹത്ത്വമണിയും. ഈജിപ്തില്‍നിന്നു ദൈവം അവരെ കൊണ്ടുവരുന്നു. കാട്ടുപോത്തിന്‍റെ കരുത്തവര്‍ക്കുണ്ട്. ശത്രുജനതകളെ അവര്‍ സംഹരിക്കുന്നു; അവരുടെ എല്ലുകളെ തകര്‍ക്കുന്നു; അവരുടെ അസ്ത്രങ്ങള്‍ ശത്രുക്കളില്‍ തുളഞ്ഞുകയറുന്നു. സിംഹത്തെപ്പോലെയും സിംഹിയെപ്പോലെയും അവര്‍ പതുങ്ങിക്കിടക്കുന്നു. ആര് അവരെ തട്ടിയുണര്‍ത്തും? അവരെ അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍; അവരെ ശപിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍.” അപ്പോള്‍ ബാലാക്കിന്‍റെ കോപം ബിലെയാമിന്‍റെ നേരേ ജ്വലിച്ചു; അവന്‍ കൈകള്‍ ഞെരിച്ചുകൊണ്ടു ബിലെയാമിനോടു പറഞ്ഞു: “എന്‍റെ ശത്രുക്കളെ ശപിക്കാന്‍ ഞാന്‍ നിന്നെ വിളിച്ചുകൊണ്ടുവന്നു; ഇതാ, ഈ മൂന്നു തവണയും നീ അവരെ അനുഗ്രഹിച്ചിരിക്കുന്നു. അതുകൊണ്ടു നീ നിന്‍റെ നാട്ടിലേക്ക് ഉടന്‍ പൊയ്‍ക്കൊള്ളുക; നിന്നെ യഥോചിതം ആദരിക്കുമെന്നു ഞാന്‍ പറഞ്ഞിരുന്നു; എന്നാല്‍ നിന്‍റെ സര്‍വേശ്വരന്‍ നിനക്ക് അതു നിഷേധിച്ചിരിക്കുന്നു.” ബിലെയാം മറുപടി പറഞ്ഞു: “നിറയെ വെള്ളിയും സ്വര്‍ണവുമുള്ള നിന്‍റെ വീട് തന്നാലും അവിടുത്തെ കല്പന ലംഘിച്ച് നന്മയോ, തിന്മയോ, സ്വന്തം നിലയില്‍ ചെയ്യുകയില്ലെന്നും സര്‍വേശ്വരന്‍ കല്പിക്കുന്നതേ ഞാന്‍ പറയൂ എന്നും നീ അയച്ച ദൂതന്മാരോടു ഞാന്‍ പറഞ്ഞിരുന്നില്ലയോ?” ബിലെയാം ബാലാക്കിനോടു പറഞ്ഞു: “ഞാന്‍ എന്‍റെ ജനത്തിന്‍റെ അടുക്കലേക്കു മടങ്ങിപ്പോകുകയാണ്. വരിക, ഭാവിയില്‍ ഇസ്രായേല്‍ജനം നിന്‍റെ ജനത്തോട് എന്തു ചെയ്യുമെന്നു ഞാന്‍ നിന്നോടു പറയാം.” പിന്നീടു ബിലെയാം പ്രവചിച്ചു: “ബെയോരിന്‍റെ പുത്രനായ ബിലെയാമിന്‍റെ സന്ദേശം; ദര്‍ശനം ലഭിച്ചവന്‍റെ വാക്കുകള്‍. ദൈവത്തിന്‍റെ അരുളപ്പാട് കേള്‍ക്കുന്നവന്‍; സര്‍വശക്തന്‍റെ പരിജ്ഞാനം ലഭിച്ചവന്‍; അവിടുത്തെ ദര്‍ശനം സിദ്ധിച്ചവന്‍; തുറന്ന കണ്ണുകളോടെ ഏകാഗ്രചിത്തനായിരിക്കുന്ന വന്‍ പറയുന്നു: “ഞാന്‍ അവനെ കാണും; എന്നാല്‍ ഇപ്പോഴല്ല. ഞാന്‍ അവനെ ദര്‍ശിക്കും, ഉടനെ അല്ല; യാക്കോബില്‍നിന്ന് ഒരു നക്ഷത്രം ഉദിക്കും; ഇസ്രായേലില്‍നിന്ന് ഒരു ചെങ്കോല്‍ ഉയരും; അതു മോവാബിന്‍റെ തല തകര്‍ക്കും; ശേത്തിന്‍റെ പുത്രന്മാരെ സംഹരിക്കും. ഇസ്രായേല്‍ സുധീരം മുന്നേറുമ്പോള്‍, എദോം അന്യാധീനമാകും; ശത്രുദേശമായ സേയീരും അന്യാധീനപ്പെടും. യാക്കോബില്‍നിന്ന് ഒരു ഭരണാധിപന്‍ ഉയരും; പട്ടണങ്ങളില്‍ ശേഷിച്ചവരെ അവന്‍ നശിപ്പിക്കും. അമാലേക്കിനെ നോക്കി ബിലെയാം പ്രവചിച്ചു: ‘അമാലേക്ക് ജനതകളില്‍ ഒന്നാമന്‍, എന്നാല്‍ ഒടുവില്‍ അവന്‍ നശിപ്പിക്കപ്പെടും.’ കേന്യരെ നോക്കിക്കൊണ്ട് അദ്ദേഹം പ്രവചിച്ചു: “നിന്‍റെ വാസസ്ഥലം സുരക്ഷിതം; പാറയിലാണ് നിന്‍റെ പാര്‍പ്പിടമെങ്കിലും നീ പൂര്‍ണമായി നശിക്കും. അശ്ശൂര്‍ നിങ്ങളെ അടിമകളാക്കി കൊണ്ടുപോകും.” ബിലെയാം തുടര്‍ന്നു പ്രവചിച്ചു: “ദൈവം ഇങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ ആര് ജീവിച്ചിരിക്കും? സൈപ്രസില്‍നിന്നു കപ്പലുകള്‍ വരും; അശ്ശൂരിനെയും ഏബെരിനെയും പീഡിപ്പിക്കും; എന്നാല്‍ അതും നശിച്ചുപോകും. പിന്നീട് ബിലെയാം സ്വദേശത്തേക്കും ബാലാക്ക് അയാളുടെ വഴിക്കും പോയി. ഇസ്രായേല്‍ജനം ശിത്തീമില്‍ പാര്‍ക്കുമ്പോള്‍ അവര്‍ മോവാബ്യസ്‍ത്രീകളുമായി അവിഹിതബന്ധം പുലര്‍ത്തി. അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കു ബലികളര്‍പ്പിക്കുമ്പോള്‍ ഇസ്രായേല്‍ജനത്തെയും ക്ഷണിച്ചുവന്നു. ദേവന്മാര്‍ക്ക് അര്‍പ്പിച്ച സാധനങ്ങള്‍ ഇസ്രായേല്യര്‍ ഭക്ഷിക്കാനും ആ ദേവന്മാരെ നമസ്കരിക്കാനും തുടങ്ങി. അങ്ങനെ ഇസ്രായേല്‍ പെയോരിലെ ബാല്‍ദേവന്‍റെ ആരാധകരായി. അപ്പോള്‍ ഇസ്രായേലിനു നേരേ സര്‍വേശ്വരന്‍റെ കോപം ജ്വലിച്ചു. അവിടുന്നു മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരില്‍നിന്നു സര്‍വേശ്വരന്‍റെ കോപം നീങ്ങാന്‍ അവരുടെ സകല പ്രമാണികളെയും പരസ്യമായി തൂക്കിക്കൊല്ലണം.” മോശ ന്യായാധിപന്മാരോടു പറഞ്ഞു: “പെയോരിലെ ബാലിനെ ആരാധിച്ച നിങ്ങളുടെ ആളുകളെ കൊന്നുകളക.” തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ മോശയും ഇസ്രായേല്‍സമൂഹം മുഴുവനും വിലപിച്ചുകൊണ്ടിരിക്കുമ്പോള്‍ അവര്‍ കാണ്‍കെ ഒരു ഇസ്രായേല്യന്‍ ഒരു മിദ്യാന്യസ്‍ത്രീയെ തന്‍റെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു. പുരോഹിതനായ അഹരോന്‍റെ പൗത്രനും എലെയാസാരിന്‍റെ പുത്രനുമായ ഫീനെഹാസ് ഇതുകണ്ട് ഒരു കുന്തം കൈയില്‍ എടുത്തു. അയാള്‍ ഇസ്രായേല്യന്‍റെ പിന്നാലെ അകത്തു പ്രവേശിച്ച് അവന്‍റെയും സ്‍ത്രീയുടെയും ഉദരത്തില്‍ അതു കുത്തിയിറക്കി. അപ്പോള്‍ ഇസ്രായേല്‍ജനത്തെ ബാധിച്ചിരുന്ന മഹാമാരി നിലച്ചു. എങ്കിലും മഹാമാരിയുടെ ഫലമായി ഇരുപത്തിനാലായിരം പേര്‍ മരിച്ചു. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “പുരോഹിതനായ അഹരോന്‍റെ പൗത്രനും എലെയാസാരിന്‍റെ പുത്രനുമായ ഫീനെഹാസ് ഇസ്രായേല്‍ജനത്തോടുള്ള എന്‍റെ കോപം നീക്കിക്കളഞ്ഞിരിക്കുന്നു. അന്യദേവനെ ആരാധിക്കുന്നതില്‍ എന്നെപ്പോലെ അവനും അസഹിഷ്ണുവായിരുന്നതിനാല്‍ ഞാന്‍ അവരെ കൊന്നൊടുക്കിയില്ല. അതുകൊണ്ടു ഞാന്‍ അവനുമായി ഒരു സമാധാന ഉടമ്പടി സ്ഥാപിക്കും. തന്‍റെ ദൈവത്തിന്‍റെ കാര്യത്തില്‍ അവന്‍ തീക്ഷ്ണത കാട്ടുകയും ഇസ്രായേല്‍ജനത്തിനുവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കുകയും ചെയ്തതുകൊണ്ട് അവനും അവന്‍റെ സന്താനങ്ങള്‍ക്കുമുള്ള പൗരോഹിത്യം ശാശ്വതമായിരിക്കുമെന്നു ഞാന്‍ ഉടമ്പടി ചെയ്യുന്നു.” സിമ്രി ആയിരുന്നു മിദ്യാന്യസ്‍ത്രീയോട് ഒപ്പം വധിക്കപ്പെട്ട ഇസ്രായേല്യന്‍. അവന്‍ ശിമെയോന്‍ ഗോത്രത്തിലെ ഒരു പിതൃഭവനത്തലവനായിരുന്ന സാലൂവിന്‍റെ പുത്രനായിരുന്നു. വധിക്കപ്പെട്ട മിദ്യാന്യ സ്‍ത്രീ സൂരിന്‍റെ പുത്രിയായ കൊസ്ബി. മിദ്യാന്യവംശത്തില്‍പ്പെട്ട പിതൃഭവനത്തലവനായിരുന്നു സൂര്‍. [16-18] സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “മിദ്യാന്യരെ പീഡിപ്പിച്ചു കൊന്നുകളക. പെയോരിന്‍റെ കാര്യത്തിലും പെയോരില്‍ ബാധയുണ്ടായപ്പോള്‍ കൊല്ലപ്പെട്ട മിദ്യാന്യനേതാവിന്‍റെ പുത്രിയും തങ്ങളുടെ സഹോദരിയുമായ കൊസ്ബിയുടെ കാര്യത്തിലും അവര്‍ നിങ്ങളെ വഞ്ചിക്കയും ദ്രോഹിക്കയും ചെയ്തുവല്ലോ.” ബാധ ശമിച്ചശേഷം സര്‍വേശ്വരന്‍ മോശയോടും പുരോഹിതനായ അഹരോന്‍റെ പുത്രന്‍ എലെയാസാരിനോടും അരുളിച്ചെയ്തു: “യുദ്ധം ചെയ്യുന്നതിനു പ്രാപ്തിയുള്ളവരും, ഇരുപതു വയസ്സും അതിനു മേലും പ്രായമുള്ളവരുമായ എല്ലാ ഇസ്രായേല്യരുടെയും ജനസംഖ്യ ഗോത്രം തിരിച്ച് എടുക്കുക.” മോശയും എലെയാസാര്‍പുരോഹിതനും കൂടി ജനത്തെ യെരീഹോവിന്‍റെ എതിര്‍വശത്തു യോര്‍ദ്ദാനടുത്തുള്ള മോവാബ് സമഭൂമിയില്‍ വിളിച്ചുകൂട്ടി. സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ളവരുടെ ജനസംഖ്യ എടുക്കാന്‍ അവര്‍ ജനത്തോടു പറഞ്ഞു. ഈജിപ്തില്‍നിന്നു വന്ന ഇസ്രായേല്‍ജനം ഇവരാണ്. ഇസ്രായേലിന്‍റെ ആദ്യജാതനായ രൂബേന്‍റെ പിന്‍തലമുറക്കാര്‍: ഹാനോക്കില്‍നിന്നു ഹാനോക്ക്യകുലവും, പല്ലൂവില്‍നിന്നു പല്ലൂവ്യകുലവും, ഹെസ്രോനില്‍നിന്നു ഹെസ്രോന്യകുലവും, കര്‍മ്മിയില്‍നിന്നു കര്‍മ്മ്യകുലവും ഉണ്ടായി. ഇവരായിരുന്നു രൂബേന്യകുലക്കാര്‍. ഇവരുടെ സംഖ്യ നാല്പത്തിമൂവായിരത്തി എഴുനൂറ്റിമുപ്പത്. പല്ലൂവിന്‍റെ പുത്രന്‍ എലീയാബ്. എലീയാബിന്‍റെ പുത്രന്മാര്‍: നെമൂവേല്‍, ദാഥാന്‍, അബീരാം എന്നിവരായിരുന്നു. മോശയ്‍ക്കും അഹരോനും എതിരായി കോരഹിന്‍റെ അനുയായികളുടെ കൂടെ അബീരാമും ദാഥാനും ചേര്‍ന്നു. അങ്ങനെ സര്‍വേശ്വരനെതിരായി മത്സരിച്ച നേതാക്കന്മാരായിരുന്നു അബീരാമും ദാഥാനും. ഭൂമി പിളര്‍ന്നു കോരഹിനെയും അനുയായികളെയും വിഴുങ്ങിക്കളഞ്ഞ കൂട്ടത്തില്‍ ഇവരും പെട്ടിരുന്നു. അഗ്നി ഇരുനൂറ്റമ്പതു പേരെ ദഹിപ്പിച്ചത് ഈ സമയത്തായിരുന്നു. അങ്ങനെ അവര്‍ ഒരു മുന്നറിയിപ്പായിത്തീര്‍ന്നു. എന്നാല്‍ കോരഹിന്‍റെ മക്കള്‍ കൊല്ലപ്പെട്ടില്ല. കുലം കുലമായി ശിമെയോന്‍റെ പിന്‍തലമുറക്കാര്‍: നെമൂവേലില്‍നിന്നു നെമൂവേല്യകുലവും, യാമീനില്‍നിന്നു യാമീന്യകുലവും, യാഖീനില്‍നിന്നു യാഖീന്യകുലവും, സേരഹില്‍നിന്നു സേരഹ്യകുലവും, ശാവൂലില്‍നിന്നു ശാവൂല്യകുലവും ഉണ്ടായി. ഇവയായിരുന്നു ശിമെയോന്യകുലങ്ങള്‍; ഇവരുടെ ആകെ സംഖ്യ ഇരുപത്തീരായിരത്തി ഇരുനൂറ്. കുലം കുലമായി ഗാദിന്‍റെ പിന്‍തലമുറക്കാര്‍: സെഫോനില്‍നിന്നു സെഫോന്യകുലവും ഹഗ്ഗിയില്‍നിന്നു ഹഗ്ഗീയകുലവും ശൂനിയില്‍നിന്നു ശൂനീയകുലവും ഒസ്നിയില്‍നിന്ന് ഒസ്നീയകുലവും ഏരിയില്‍നിന്നു ഏര്യകുലവും അരോദില്‍നിന്ന് അരോദ്യകുലവും അരേലിയില്‍നിന്ന് അരേല്യകുലവും ഉണ്ടായി. ഇവരായിരുന്നു ഗാദ്യകുലക്കാര്‍; ഇവരുടെ സംഖ്യ നാല്പതിനായിരത്തി അഞ്ഞൂറ്. ഏരും ഓനാനും യെഹൂദായുടെ പുത്രന്മാരായിരുന്നു. അവര്‍ കനാനില്‍വച്ചു മരിച്ചു. കുലങ്ങളായി യെഹൂദായുടെ പിന്‍തലമുറക്കാര്‍: ശേലായില്‍നിന്നു ശേലാന്യകുലവും, ഫേരെസില്‍നിന്നു ഫേരെസ്യകുലവും, സേരഹില്‍നിന്നു സേരഹ്യകുലവും ഉണ്ടായി. ഫേരെസിന്‍റെ പിന്‍ഗാമികളായി ഹെസ്രോനില്‍നിന്നു ഹെസ്രോന്യകുലവും ഹാമൂലില്‍നിന്നു ഹാമൂല്യകുലവും ഉണ്ടായി. ഇവയായിരുന്നു യെഹൂദ്യകുലങ്ങള്‍; ഇവരുടെ ആകെ സംഖ്യ എഴുപത്താറായിരത്തി അഞ്ഞൂറ്. കുലങ്ങളായി ഇസ്സാഖാരിന്‍റെ പിന്‍തലമുറക്കാര്‍: തോലാവില്‍നിന്നു തോലാവ്യകുലവും പൂവയില്‍നിന്നു പൂവ്യകുലവും യാശൂബില്‍നിന്നു യാശൂബ്യകുലവും ശിമ്രോനില്‍നിന്നു ശിമ്രോന്യകുലവും ഉണ്ടായി. ഇവരായിരുന്നു ഇസ്സാഖാര്‍കുലങ്ങള്‍; ഇവരുടെ ആകെ സംഖ്യ അറുപത്തിനാലായിരത്തി മുന്നൂറ്. കുലങ്ങളായി സെബൂലൂന്‍റെ പിന്‍തലമുറക്കാര്‍: സേരെദില്‍നിന്നു സേരെദ്യകുലവും ഏലോനില്‍നിന്ന് ഏലോന്യകുലവും യഹ്ലേലില്‍നിന്നു യഹ്ലേല്യകുലവും ഉണ്ടായി. ഇവയായിരുന്നു സെബൂലൂന്‍കുലങ്ങള്‍; ഇവരുടെ ആകെ സംഖ്യ അറുപതിനായിരത്തി അഞ്ഞൂറ്. യോസേഫിന്‍റെ പുത്രന്മാരായിരുന്നു മനശ്ശെയും എഫ്രയീമും. കുലങ്ങളായി മനശ്ശെയുടെ പുത്രന്മാര്‍ മാഖീരില്‍നിന്നു മാഖീര്യകുലവും മാഖീരിന്‍റെ പുത്രനായ ഗിലെയാദില്‍ നിന്നു ഗിലെയാദ്യകുലവും ഗിലെയാദിന്‍റെ പുത്രന്മാരായ ഈയേസെരില്‍നിന്ന് ഈയേസെര്യകുലവും ഹേലെക്കില്‍നിന്നു ഹേലേക്ക്യകുലവും, അസ്രീയേലില്‍നിന്ന് അസ്രീയേല്യകുലവും ശേഖെമില്‍നിന്നു ശേഖെമ്യകുലവും, ശെമീദാവില്‍നിന്നു ശെമീദാവ്യകുലവും ഹേഫെരില്‍നിന്നു ഹേഫെര്യകുലവും ഉണ്ടായി. ഹേഫെരിന്‍റെ പുത്രനായ സെലോഫഹാദിനു പുത്രന്മാര്‍ ഉണ്ടായിരുന്നില്ല; അവന്‍റെ പുത്രിമാരായിരുന്നു മഹ്ലാ, നോവാ, ഹൊഗ്ലാ, മില്‍ക്കാ, തിര്‍സ്സാ എന്നിവര്‍. ഇവരായിരുന്നു മനശ്ശെകുലങ്ങള്‍; അവരുടെ ആകെ ജനസംഖ്യ അമ്പത്തീരായിരത്തി എഴുനൂറ്. കുലങ്ങളായി എഫ്രയീമിന്‍റെ പിന്‍തലമുറക്കാര്‍: ശൂഥേലഹില്‍നിന്നു ശൂഥേലഹ്യകുലവും ബെഖെരില്‍നിന്നു ബെഖെര്യകുലവും തഹനില്‍നിന്നു തഹന്യകുലവും ശൂഥേലഹിന്‍റെ പുത്രനായ ഏരാനില്‍നിന്ന് ഏരാന്യകുലവും ഉണ്ടായി. ഇവയായിരുന്നു എഫ്രയീമ്യകുലങ്ങള്‍; അവരുടെ ആകെ ജനസംഖ്യ മുപ്പത്തീരായിരത്തി അഞ്ഞൂറ്. കുലംകുലങ്ങളായി യോസേഫിന്‍റെ പുത്രന്മാര്‍ ഇവരാണ്. കുലങ്ങളായി ബെന്യാമീന്‍റെ പിന്‍തലമുറക്കാര്‍: ബേലയില്‍നിന്നു ബേലാവ്യകുലവും അസ്ബേലില്‍നിന്ന് അസ്ബേല്യകുലവും അഹീരാമില്‍നിന്ന് അഹീരാമ്യകുലവും. ശെഫൂമില്‍നിന്നു ശെഫൂമ്യകുലവും ഹൂഫാമില്‍നിന്നു ഹൂഫാമ്യകുലവും. ബെലായുടെ പുത്രന്മാരായ അര്‍ദ്ദില്‍നിന്ന് അര്‍ദ്ദ്യകുലവും നാമാനില്‍നിന്നു നാമാന്യകുലവും ഉണ്ടായി. ഇവരായിരുന്നു ബെന്യാമീന്യകുലങ്ങള്‍; അവരുടെ ആകെ സംഖ്യ നാല്പത്തയ്യായിരത്തി അറുനൂറ്. കുലങ്ങളായി ദാന്‍റെ പിന്‍തലമുറക്കാര്‍: ശൂഹാമില്‍നിന്നു ശൂഹാമ്യകുലമുണ്ടായി. ദാന്‍ കുലങ്ങളെല്ലാം ശൂഹാമ്യകുലങ്ങളായിരുന്നു; അവരുടെ ആകെ സംഖ്യ അറുപത്തിനാലായിരത്തി നാനൂറ്. കുലങ്ങളായി ആശേരിന്‍റെ പിന്‍തലമുറക്കാര്‍: യിമ്നയില്‍നിന്നു യിമ്നീയകുലവും യിശ്വിയില്‍നിന്നു യിശ്വീയകുലവും ബെരീയായില്‍നിന്നു ബെരീയായ്യകുലവും; ബെരീയായുടെ പിന്‍തലമുറക്കാരായ ഹേബെരില്‍നിന്നു ഹേബെര്യകുലവും മല്‍ക്കീയേലില്‍നിന്നു മല്‍ക്കീയേല്യകുലവും ഉണ്ടായി. ആശേരിന്‍റെ പുത്രിയുടെ പേര്‍ സാറാ എന്നായിരുന്നു. ആശേര്‍കുലങ്ങള്‍ ഇവയായിരുന്നു; അവരുടെ ആകെ സംഖ്യ അമ്പത്തിമൂവായിരത്തി നാനൂറ്. കുലങ്ങളായി നഫ്താലിയുടെ പിന്‍തലമുറക്കാര്‍: യഹ്സേലില്‍നിന്നു യഹ്സേല്യകുലവും ഗൂനിയില്‍നിന്നു ഗൂന്യകുലവും യേസെരില്‍നിന്നു യേസെര്യകുലവും ശില്ലേമില്‍നിന്നു ശില്ലേമ്യകുലവും ഉണ്ടായി. ഇവയായിരുന്നു നഫ്താലികുലങ്ങള്‍; അവരുടെ ആകെ സംഖ്യ നാല്പത്തയ്യായിരത്തി നാനൂറ്. ഇസ്രായേലില്‍ എണ്ണമെടുക്കപ്പെട്ടവരുടെ ആകെ സംഖ്യ ആറു ലക്ഷത്തോരായിരത്തി എഴുനൂറ്റിമുപ്പത് ആയിരുന്നു. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “കൈവശമാക്കുന്ന ദേശം ഓരോ ഗോത്രത്തിലുമുള്ള ആളുകളുടെ എണ്ണമനുസരിച്ച്, അവര്‍ക്ക് അവകാശമായി വീതിച്ചുകൊടുക്കണം. ജനസംഖ്യ കൂടുതലുള്ള ഗോത്രത്തിനു കൂടുതലും കുറച്ചുള്ളവര്‍ക്കു കുറച്ചും സ്ഥലം നല്‌കുക; ഓരോ ഗോത്രത്തിനും അതിന്‍റെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണു ഭൂമി അവകാശമായി നല്‌കേണ്ടത്. കുറിയിട്ടു ദേശം വിഭജിച്ചു കൊടുക്കണം; ഓരോ ഗോത്രത്തിനും അവരുടെ പിതൃഗോത്രത്തിന്‍റെ പേരിലായിരിക്കും അവകാശം ലഭിക്കുക. ജനസംഖ്യ കൂടുതലുള്ള ഗോത്രത്തിനും കുറവുള്ള ഗോത്രത്തിനും ചീട്ടിട്ടുതന്നെ വിഭജിച്ചുകൊടുക്കണം. കുലങ്ങളായി ജനസംഖ്യ എടുത്ത ലേവ്യര്‍: ഗേര്‍ശോനില്‍നിന്നു ഗേര്‍ശോന്യകുലവും കെഹാത്തില്‍നിന്നു കെഹാത്യകുലവും മെരാരിയില്‍നിന്നു മെരാര്യകുലവും ഉണ്ടായി. ലിബ്നീയകുലവും ഹെബ്രോന്യകുലവും മഹ്ലീയകുലവും മൂശ്യകുലവും കോരഹ്യകുലവും ലേവിഗോത്രത്തില്‍ നിന്നുണ്ടായതാണ്. അമ്രാമിന്‍റെ പിതാവ് ആയിരുന്നു കെഹാത്ത്. ഈജിപ്തില്‍വച്ചു ലേവിക്കു ജനിച്ച യോഖേബേദ് ആയിരുന്നു അമ്രാമിന്‍റെ ഭാര്യ. അഹരോനും മോശയും അവരുടെ പുത്രന്മാരായിരുന്നു; അഹരോന്‍റെയും മോശയുടെയും സഹോദരിയായ മിര്യാം അവരുടെ പുത്രിയും. നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍ എന്നിവര്‍ അഹരോന്‍റെ പുത്രന്മാരാണ്. അശുദ്ധമായ അഗ്നി സര്‍വേശ്വരന് അര്‍പ്പിച്ചതുകൊണ്ടു നാദാബും അബീഹൂവും മരിച്ചുപോയി. ലേവിഗോത്രത്തില്‍ ഒരു മാസവും അതിനുമേലും പ്രായമുള്ള പുരുഷപ്രജകളുടെ ആകെ സംഖ്യ ഇരുപത്തിമൂവായിരം ആയിരുന്നു. മറ്റ് ഇസ്രായേല്യരോടൊപ്പം അവരുടെ എണ്ണമെടുത്തിരുന്നില്ല. കാരണം ലേവ്യര്‍ക്ക് മറ്റ് ഇസ്രായേല്യരുടെ ഇടയില്‍ അവകാശമുണ്ടായിരുന്നില്ല. യെരീഹോവിന്‍റെ എതിര്‍വശത്തു യോര്‍ദ്ദാനടുത്തുള്ള മോവാബ്സമഭൂമിയില്‍വച്ചു മോശയും എലെയാസാര്‍ പുരോഹിതനുംകൂടി എണ്ണമെടുത്ത ഇസ്രായേല്യര്‍ ഇവരായിരുന്നു. എന്നാല്‍ മോശയും പുരോഹിതനായ അഹരോനുംകൂടി സീനായ്മരുഭൂമിയില്‍വച്ച് എണ്ണമെടുത്ത ഇസ്രായേല്യരില്‍ ആരും ഈ കൂട്ടത്തിലുണ്ടായിരുന്നില്ല. മരുഭൂമിയില്‍വച്ചുതന്നെ അവരെല്ലാവരും മരിച്ചുപോകുമെന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ പുത്രനായ കാലേബും നൂനിന്‍റെ പുത്രനായ യോശുവയും ഒഴികെ അവരില്‍ ആരുംതന്നെ ശേഷിച്ചിരുന്നില്ല. യോസേഫിന്‍റെ പുത്രനായ മനശ്ശെയുടെ പുത്രന്‍ മാഖീര്‍, മാഖീരിന്‍റെ പുത്രന്‍ ഗിലെയാദ്, ഗിലെയാദിന്‍റെ പുത്രന്‍ ഹേഫെര്‍, ഹേഫെറിന്‍റെ പുത്രന്‍ സെലോഫഹാദ്. മഹ്ലാ, നോവാ, ഹൊഗ്ളാ, മില്‍ക്കാ, തിര്‍സ്സാ എന്നിവര്‍ സെലോഫഹാദിന്‍റെ പുത്രിമാരായിരുന്നു. അവര്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ മോശയുടെയും എലെയാസാര്‍ പുരോഹിതന്‍റെയും ഇസ്രായേല്‍സമൂഹത്തിലെ നേതാക്കന്മാരുടെയും മുമ്പില്‍ നിന്നുകൊണ്ടു പറഞ്ഞു: “ഞങ്ങളുടെ പിതാവു മരുഭൂമിയില്‍വച്ചു മരിച്ചുപോയി; സര്‍വേശ്വരനെതിരായി കോരഹിന്‍റെകൂടെ ചേര്‍ന്നവരുടെ കൂട്ടത്തില്‍ ഞങ്ങളുടെ പിതാവ് ഉണ്ടായിരുന്നില്ല. എന്നാല്‍ സ്വന്തം പാപം നിമിത്തമാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിനു പുത്രന്മാരില്ലായിരുന്നു. പുത്രന്മാരില്ലാത്തതുകൊണ്ടു ഞങ്ങളുടെ പിതാവിന്‍റെ പേര് ഇസ്രായേലില്‍നിന്നു നീക്കിക്കളയുന്നത് എന്തുകൊണ്ട്? പിതൃസഹോദരന്മാരുടെ ഇടയില്‍ ഞങ്ങള്‍ക്കും അവകാശം തരിക.” അവരുടെ ആവശ്യം മോശ സര്‍വേശ്വരന്‍റെ മുമ്പാകെ കൊണ്ടുവന്നു. അവിടുന്നു മോശയോട് അരുളിച്ചെയ്തു: “സെലോഫഹാദിന്‍റെ പുത്രിമാര്‍ പറയുന്നതു ശരിയാണ്; അവരുടെ പിതൃസഹോദരന്മാരുടെ ഇടയില്‍ അവര്‍ക്കും അവകാശം കൊടുക്കുക; തങ്ങളുടെ പിതാവിന്‍റെ അവകാശം അവര്‍ക്കുതന്നെ ലഭിക്കട്ടെ.” ഇസ്രായേല്‍ജനത്തോടു പറയുക: “ഒരുവന്‍ പുത്രനില്ലാതെ മരിച്ചാല്‍ അവന്‍റെ അവകാശം അവന്‍റെ പുത്രിക്കു നല്‌കണം. അവനു പുത്രിയും ഇല്ലാതെയിരുന്നാല്‍ അവകാശം അവന്‍റെ സഹോദരന്മാര്‍ക്കു കൊടുക്കണം. അവനു സഹോദരന്മാരില്ലെങ്കില്‍ അവന്‍റെ അവകാശം അവന്‍റെ പിതൃസഹോദരന്മാര്‍ക്കു കൊടുക്കുക. അവന്‍റെ പിതാവിന് സഹോദരന്മാരില്ലെങ്കില്‍ അവന്‍റെ അവകാശം അവന്‍റെ കുടുംബത്തില്‍ ഏറ്റവും അടുത്ത ചാര്‍ച്ചക്കാരനു നല്‌കണം.” സര്‍വേശ്വരന്‍ മോശയ്‍ക്കു നല്‌കിയ ഈ കല്പന ഇസ്രായേല്‍ജനം പാലിക്കേണ്ടതാകുന്നു. സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “നീ അബാരീംമലമുകളില്‍ കയറിനിന്നു ഞാന്‍ ഇസ്രായേല്‍ജനത്തിനു നല്‌കിയിരിക്കുന്ന ദേശം കാണുക. അതുകഴിഞ്ഞു നിന്‍റെ സഹോദരനായ അഹരോനെപ്പോലെ നീയും സ്വജനത്തോടു ചേരും. സീന്‍മരുഭൂമിയില്‍ കാദേശിലെ മെരീബാ നീരുറവയ്‍ക്ക് അടുത്തുവച്ചു ജനം കലഹിച്ചപ്പോള്‍ നിങ്ങള്‍ എന്‍റെ പരിശുദ്ധി അവരുടെ മുമ്പില്‍ വെളിപ്പെടുത്താതെ എന്‍റെ കല്പന ധിക്കരിച്ചുവല്ലോ.” മോശ സര്‍വേശ്വരനോട് അപേക്ഷിച്ചു: [16,17] “സര്‍വേശ്വരാ, സകല മനുഷ്യരുടെയും ജീവന്‍റെ ഉറവിടമായ ദൈവമേ, ഈ സമൂഹത്തിന്‍റെ മുമ്പില്‍ നടന്ന് അവരെ നയിക്കാന്‍ ഒരാളെ നിയമിച്ചാലും. അവിടുത്തെ ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിക്കട്ടെ.” *** സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “നൂനിന്‍റെ മകനായ യോശുവയെ തിരഞ്ഞെടുക്കുക. അവനില്‍ എന്‍റെ ചൈതന്യം ഉണ്ട്. അവന്‍റെമേല്‍ നീ കൈ വയ്‍ക്കണം. അവനെ എലെയാസാര്‍ പുരോഹിതന്‍റെയും, ജനസമൂഹം മുഴുവന്‍റെയും മുമ്പില്‍ നിര്‍ത്തി, അവര്‍ എല്ലാവരും കാണ്‍കെ അവനെ നിന്‍റെ പിന്‍ഗാമിയായി നിയോഗിക്കുക. നിന്‍റെ അധികാരം അവനു കൊടുക്കുക; അപ്പോള്‍ ഇസ്രായേല്‍സമൂഹം മുഴുവന്‍ അവനെ അനുസരിക്കും. അവന്‍ എലെയാസാര്‍ പുരോഹിതന്‍റെ മുമ്പില്‍ നില്‌ക്കണം. എലെയാസാര്‍, ഊരീം മുഖേന സര്‍വേശ്വരന്‍റെ ഹിതം അവനെ അറിയിക്കും. അതനുസരിച്ചു യോശുവയുടെ നിര്‍ദ്ദേശങ്ങള്‍ ജനം മുഴുവനും അനുസരിക്കണം.” സര്‍വേശ്വരന്‍റെ കല്പനപ്രകാരം മോശ പ്രവര്‍ത്തിച്ചു; അദ്ദേഹം യോശുവയെ എലെയാസാര്‍ പുരോഹിതന്‍റെയും ജനസമൂഹം മുഴുവന്‍റെയും മുമ്പാകെ നിര്‍ത്തി. അവിടുന്നു കല്പിച്ചതുപോലെ മോശ തന്‍റെ കൈകള്‍ യോശുവയുടെ തലയില്‍വച്ച് അവനെ തന്‍റെ പിന്‍ഗാമിയായി നിയോഗിച്ചു. സര്‍വേശ്വരന്‍ മോശയോടു കല്പിച്ചു: “എനിക്കു പ്രസാദകരമായ ദഹനയാഗങ്ങള്‍ക്കുള്ള വഴിപാടുകള്‍ നിശ്ചിത സമയങ്ങളില്‍ മുടക്കംകൂടാതെ അര്‍പ്പിക്കാന്‍ ഇസ്രായേല്‍ ജനത്തോടു പറയണം. നീ അവരോടു പറയുക: “ദഹനയാഗമായി സര്‍വേശ്വരന് അര്‍പ്പിക്കാനുള്ള വഴിപാടുകള്‍ ഇവയാണ്: ഓരോ ദിവസവും ഹോമയാഗമായി കുറ്റമറ്റതും ഒരു വയസ്സു പ്രായമുള്ളതുമായ രണ്ട് ആട്ടിന്‍കുട്ടിയെ വീതം അര്‍പ്പിക്കണം. അവയില്‍ ഒന്നിനെ രാവിലെയും മറ്റതിനെ സന്ധ്യക്കുമാണ് അര്‍പ്പിക്കേണ്ടത്. അതോടൊപ്പം ശുദ്ധമായ കാല്‍ ഹീന്‍ എണ്ണയില്‍ കുഴച്ചമാവ് ധാന്യയാഗമായി അര്‍പ്പിക്കണം. സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യയാഗമായി സീനായ്മലയില്‍വച്ച് ഏര്‍പ്പെടുത്തപ്പെട്ട നിരന്തരഹോമയാഗമാണിത്. ഒരു ആടിന് കാല്‍ ഹീന്‍ വീഞ്ഞ് എന്ന തോതില്‍ പാനീയയാഗവും അര്‍പ്പിക്കണം. സര്‍വേശ്വരനുള്ള പാനീയയാഗമായി ലഹരിയുള്ള വീഞ്ഞ് നിങ്ങള്‍ വിശുദ്ധസ്ഥലത്ത് ഒഴിക്കണം. രാവിലെ ചെയ്തതുപോലെ ധാന്യയാഗത്തോടും പാനീയയാഗത്തോടുംകൂടി രണ്ടാമത്തെ ആട്ടിന്‍കുട്ടിയെയും വൈകുന്നേരം ദഹനയാഗമായി അര്‍പ്പിക്കണം. ഇതിന്‍റെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമായിരിക്കും. ശബത്തു ദിവസം ഒരു വയസ്സു പ്രായമുള്ള ഊനമറ്റ രണ്ട് ആട്ടിന്‍കുട്ടികളെ അര്‍പ്പിക്കണം. അതോടുകൂടി ഒലിവെണ്ണയില്‍ കുഴച്ച രണ്ട് ഇടങ്ങഴി നേരിയ മാവും പാനീയയാഗത്തിനുള്ള വീഞ്ഞും അര്‍പ്പിക്കേണ്ടതാണ്. ദിവസേന അര്‍പ്പിക്കുന്ന ഹോമയാഗത്തിനും പാനീയയാഗത്തിനും പുറമേ ശബത്തുതോറുമുള്ള ഹോമയാഗമാണിത്. ഓരോ മാസത്തിലെയും ആദ്യദിവസം രണ്ടു കാളക്കുട്ടികള്‍, ഒരു ആണാട്, ഒരു വയസ്സു പ്രായമുള്ള ഏഴ് ആട്ടിന്‍കുട്ടികള്‍ എന്നിവയെ സര്‍വേശ്വരനു ഹോമയാഗമായി അര്‍പ്പിക്കണം; അവയെല്ലാം കുറ്റമറ്റവയായിരിക്കണം. ഇവയോടൊപ്പം ധാന്യയാഗമായി ഒലിവെണ്ണയില്‍ കുഴച്ചമാവും അര്‍പ്പിക്കണം; ഓരോ കാളയ്‍ക്കും മൂന്ന് ഇടങ്ങഴിയും, ഓരോ ആണാടിനും രണ്ട് ഇടങ്ങഴിയും, ഓരോ ആട്ടിന്‍കുട്ടിക്കും ഓരോ ഇടങ്ങഴിയും മാവാണ് എണ്ണ ചേര്‍ത്ത് അര്‍പ്പിക്കേണ്ടത്. ഈ ഹോമയാഗങ്ങളെല്ലാം സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യമുള്ളയാഗങ്ങളാണ്. പാനീയയാഗമായി ഒരു കാളയ്‍ക്ക് അര ഹീനും, ആണാടിന് ഹീനിന്‍റെ മൂന്നിലൊന്നും, ആട്ടിന്‍കുട്ടിക്കു കാല്‍ ഹീനും എന്ന തോതില്‍ വീഞ്ഞ് അര്‍പ്പിക്കണം; വര്‍ഷംതോറും ഓരോ മാസവും അര്‍പ്പിക്കേണ്ടവയെ സംബന്ധിച്ച നിയമം ഇതാണ്. പാനീയയാഗത്തോടുകൂടിയ പ്രതിദിനഹോമയാഗത്തിനു പുറമേ ഒരു ആണ്‍കോലാടിനെ പാപപരിഹാരയാഗമായും സര്‍വേശ്വരന് അര്‍പ്പിക്കണം. ഒന്നാം മാസം പതിനാലാം ദിവസം സര്‍വേശ്വരന്‍റെ പെസഹയാകുന്നു. പതിനഞ്ചാം ദിവസംമുതല്‍ ഏഴു ദിവസം ഉത്സവമായി ആചരിക്കണം; ഈ ദിവസങ്ങളില്‍ പുളിപ്പു ചേര്‍ക്കാത്ത അപ്പം മാത്രമേ ഭക്ഷിക്കാവൂ. ഒന്നാം ദിവസം വിശുദ്ധസഭ കൂടണം. അന്നു കഠിനജോലികള്‍ ഒന്നും പാടില്ല. സര്‍വേശ്വരനു ഹോമയാഗമായി രണ്ടു കാളക്കുട്ടികളെയും ഒരു ആണാടിനെയും ഒരു വയസ്സു പ്രായമായ ഏഴ് ആണ്‍ആട്ടിന്‍കുട്ടികളെയും അര്‍പ്പിക്കണം. അവയെല്ലാം കുറ്റമറ്റവയായിരിക്കണം. അവയോടൊപ്പം ധാന്യയാഗവും അര്‍പ്പിക്കണം. ഒരു കാളയ്‍ക്കു മൂന്ന് ഇടങ്ങഴിയും, ആണാടിനു രണ്ട് ഇടങ്ങഴിയും, ഓരോ ആട്ടിന്‍കുട്ടിക്കും ഓരോ ഇടങ്ങഴിയും വീതം നേരിയ മാവ് ഒലിവെണ്ണ ചേര്‍ത്തു ധാന്യയാഗമായി അര്‍പ്പിക്കേണ്ടതാണ്. കൂടാതെ നിങ്ങളുടെ പ്രായശ്ചിത്തത്തിനായി ഒരു ആണ്‍കോലാടിനെ പാപപരിഹാരയാഗമായും അര്‍പ്പിക്കണം. നിത്യവുമുള്ള പ്രഭാതഹോമയാഗത്തിനു പുറമേ ഇവയെല്ലാം നിങ്ങള്‍ അര്‍പ്പിക്കണം. ഇങ്ങനെ ഏഴു ദിവസങ്ങളിലും സര്‍വേശ്വരനു പ്രസാദകരമായ ഹോമയാഗങ്ങളോടൊപ്പം ധാന്യയാഗവും അര്‍പ്പിക്കണം. ഇതു പ്രതിദിനമുള്ള ഹോമയാഗങ്ങള്‍ക്കും അതിന്‍റെ പാനീയയാഗങ്ങള്‍ക്കും പുറമേയാണ്. ഏഴാം ദിവസം വിശുദ്ധസഭ കൂടണം; അന്നു കഠിനജോലികള്‍ ഒന്നും ചെയ്യരുത്. വാരോത്സവത്തിന്‍റെ ആരംഭത്തില്‍ സര്‍വേശ്വരന് ആദ്യഫലങ്ങള്‍ ധാന്യയാഗമായി അര്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ വിശുദ്ധസഭ കൂടണം. അന്നു കഠിനജോലികള്‍ ഒന്നും ചെയ്യരുത്. സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യം പരത്തുന്ന ഹോമയാഗമായി രണ്ടു കാളക്കുട്ടികള്‍, ഒരു ആണാട്, ഒരു വയസ്സു പ്രായമുള്ള ഏഴ് ആട്ടിന്‍കുട്ടികള്‍ എന്നിവയെ അര്‍പ്പിക്കണം. അതോടൊപ്പം ധാന്യയാഗമായി, ഒരു കാളയ്‍ക്കു മൂന്ന് ഇടങ്ങഴിയും ആണാടിനു രണ്ട് ഇടങ്ങഴിയും ആട്ടിന്‍കുട്ടിക്ക് ഒരു ഇടങ്ങഴിയും വീതം നേരിയ മാവ് ഒലിവെണ്ണയില്‍ കുഴച്ച് അര്‍പ്പിക്കേണ്ടതാണ്. നിങ്ങളുടെ പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കുക. പ്രതിദിന ഹോമയാഗങ്ങള്‍ക്കും അവയുടെ ധാന്യയാഗങ്ങള്‍ക്കും പുറമേ ഈ വഴിപാടുകളും അവയുടെ പാനീയയാഗത്തോടൊപ്പം അര്‍പ്പിക്കണം. യാഗത്തിനുള്ള മൃഗങ്ങള്‍ എല്ലാം കുറ്റമറ്റവയായിരിക്കണം. ഏഴാം മാസം ഒന്നാം ദിവസം നിങ്ങള്‍ വിശുദ്ധസഭ കൂടണം; അന്നു കഠിനജോലികളില്‍ ഏര്‍പ്പെടരുത്; അതു കാഹളങ്ങള്‍ മുഴക്കുന്ന ദിവസമാകുന്നു. അന്നു സര്‍വേശ്വരനു പ്രസാദകരമായ ഹോമയാഗമായി ഒരു കാളക്കുട്ടി, ഒരു ആണാട്, ഒരു വയസ്സു പ്രായമുള്ള ഏഴ് ആണ്‍കുഞ്ഞാടുകള്‍ എന്നിവയെ അര്‍പ്പിക്കണം. അവയെല്ലാം കുറ്റമറ്റവയായിരിക്കണം. അവയോടൊപ്പം ധാന്യയാഗമായി കാളയ്‍ക്കു മൂന്ന് ഇടങ്ങഴിയും ആണാടിനു രണ്ട് ഇടങ്ങഴിയും കുഞ്ഞാടിന് ഒരു ഇടങ്ങഴിയുംവീതം നേരിയ മാവ് ഒലിവെണ്ണയില്‍ കുഴച്ച് അര്‍പ്പിക്കേണ്ടതാണ്. നിങ്ങളുടെ പാപത്തിനു പ്രായശ്ചിത്തമായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കണം. ഇവയെല്ലാം ഓരോ മാസത്തിലെയും ഒന്നാം ദിവസം അര്‍പ്പിക്കാറുള്ള ഹോമയാഗത്തിനും അതിന്‍റെ ധാന്യയാഗത്തിനും പ്രതിദിനം അര്‍പ്പിക്കാറുള്ള ഹോമയാഗത്തിനും അതിന്‍റെ ധാന്യയാഗത്തിനും നിയമപ്രകാരമുള്ള പാനീയയാഗത്തിനും പുറമേ ആണ്. അവ ഹോമയാഗമായിട്ടാണ് അര്‍പ്പിക്കേണ്ടത്; അതിന്‍റെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമായിരിക്കും. ഏഴാം മാസത്തിലെ പത്താം ദിവസം നിങ്ങള്‍ വിശുദ്ധസഭ കൂടണം. അന്നു നിങ്ങള്‍ ഉപവസിക്കണം. ജോലിയൊന്നും ചെയ്യരുത്. സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യവാസനയാകുന്ന ഹോമയാഗമായി ഒരു കാളക്കുട്ടിയെയും ഒരു ആണാടിനെയും ഏഴ് ആണ്‍കുഞ്ഞാടുകളെയും അര്‍പ്പിക്കണം. അവയെല്ലാം കുറ്റമറ്റവയായിരിക്കണം. അവയോടൊപ്പമുള്ള ധാന്യയാഗമായി ഒലിവെണ്ണ ചേര്‍ത്ത മാവ് അര്‍പ്പിക്കേണ്ടതാണ്; കാളയ്‍ക്ക് മൂന്ന് ഇടങ്ങഴിയും ആണാടിനു രണ്ട് ഇടങ്ങഴിയും കുഞ്ഞാടിന് ഒരു ഇടങ്ങഴിയുംവീതം മാവ് ഒലിവെണ്ണ ചേര്‍ത്ത് അര്‍പ്പിക്കണം. പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കണം; അതു പാപപരിഹാരദിനത്തില്‍ ജനത്തിനുവേണ്ടി അര്‍പ്പിക്കുന്ന പാപപരിഹാരയാഗമാകുന്നു. പ്രതിദിനഹോമയാഗങ്ങള്‍, അവയോടൊന്നിച്ചുള്ള ധാന്യയാഗങ്ങള്‍, പാനീയയാഗങ്ങള്‍ എന്നിവയ്‍ക്കു പുറമേയായിരിക്കും ഇത്. ഏഴാം മാസം പതിനഞ്ചാം ദിവസം നിങ്ങള്‍ വിശുദ്ധസഭ കൂടണം; അന്നു കഠിനജോലികള്‍ ഒന്നും ചെയ്യരുത്. നിങ്ങള്‍ സര്‍വേശ്വരനു വേണ്ടി ഏഴു ദിവസം നീണ്ടുനില്‌ക്കുന്ന ഉത്സവം ആചരിക്കുക. സര്‍വേശ്വരനു പ്രസാദകരമായ സുഗന്ധം പരത്തുന്ന ഹോമയാഗമായി പതിമൂന്നു കാളക്കുട്ടികളെയും രണ്ട് ആണാടുകളെയും ഒരു വയസ്സു പ്രായമായ പതിനാല് ആണ്‍കുഞ്ഞാടുകളെയും അര്‍പ്പിക്കണം. അവയെല്ലാം കുറ്റമറ്റവയായിരിക്കണം. കാള ഒന്നിനു മൂന്ന് ഇടങ്ങഴിയും ആണാട് ഒന്നിനു രണ്ട് ഇടങ്ങഴിയും ആട്ടിന്‍കുട്ടി ഒന്നിന് ഒരു ഇടങ്ങഴിയും വീതം മാവ് ഒലിവെണ്ണ ചേര്‍ത്തു ധാന്യയാഗമായി അര്‍പ്പിക്കേണ്ടതാണ്. പ്രതിദിനഹോമയാഗത്തിനും അതിന്‍റെ ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കണം. രണ്ടാം ദിവസം കുറ്റമറ്റ പന്ത്രണ്ടു കാളക്കുട്ടികളെയും രണ്ട് ആണാടുകളെയും ഒരു വയസ്സു പ്രായമായ പതിനാല് ആണ്‍കുഞ്ഞാടുകളെയും അര്‍പ്പിക്കുക. കാളകള്‍, ആണാടുകള്‍, ആട്ടിന്‍കുട്ടികള്‍ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമുള്ള ധാന്യയാഗത്തോടും പാനീയയാഗത്തോടും ഒപ്പം അവ അര്‍പ്പിക്കണം. പ്രതിദിനഹോമയാഗത്തിനും അതിന്‍റെ ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കേണ്ടതാണ്. മൂന്നാം ദിവസം കുറ്റമറ്റ പതിനൊന്നു കാളകളെയും, രണ്ട് ആണാടുകളെയും, ഒരു വയസ്സു പ്രായമായ പതിനാല് ആണ്‍കുഞ്ഞാടുകളെയും അര്‍പ്പിക്കണം. കാളകള്‍, ആണാടുകള്‍, ആട്ടിന്‍കുട്ടികള്‍ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമായ ധാന്യയാഗവും പാനീയയാഗവും അവയോടൊപ്പം അര്‍പ്പിക്കണം. പ്രതിദിനഹോമയാഗത്തിനും അതിനോടു ചേര്‍ന്നുള്ള ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കേണ്ടതാണ്. നാലാം ദിവസം കുറ്റമറ്റ പത്തു കാളകളെയും രണ്ട് ആണാടുകളെയും ഒരു വയസ്സു പ്രായമായ പതിനാല് ആണ്‍കുഞ്ഞാടുകളെയും അര്‍പ്പിക്കണം. കാളകള്‍, ആണാടുകള്‍, കുഞ്ഞാടുകള്‍ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമായ ധാന്യയാഗവും പാനീയയാഗവും അര്‍പ്പിക്കണം. പ്രതിദിന ഹോമയാഗത്തിനും അതോടൊപ്പമുള്ള ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ, പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കേണ്ടതാണ്. അഞ്ചാം ദിവസം കുറ്റമറ്റ ഒന്‍പതു കാളകളെയും രണ്ട് ആണാടുകളെയും ഒരു വയസ്സുപ്രായമായ പതിനാല് ആണ്‍കുഞ്ഞാടുകളെയും അര്‍പ്പിക്കണം. കാളകള്‍, ആണാടുകള്‍, കുഞ്ഞാടുകള്‍ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമായ ധാന്യയാഗവും പാനീയയാഗവും അര്‍പ്പിക്കണം. പ്രതിദിനഹോമയാഗത്തിനും ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കേണ്ടതാണ്. ആറാം ദിവസം കുറ്റമറ്റ എട്ടു കാളകളെയും രണ്ട് ആണാടുകളെയും ഒരു വയസ്സു പ്രായമായ പതിനാല് ആണ്‍കുഞ്ഞാടുകളെയും അര്‍പ്പിക്കുക. കാളകള്‍, ആണാടുകള്‍, ആട്ടിന്‍കുട്ടികള്‍ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമായ ധാന്യയാഗവും പാനീയയാഗവും അര്‍പ്പിക്കണം. പ്രതിദിനഹോമയാഗത്തിനും ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ, പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കേണ്ടതാണ്. ഏഴാം ദിവസം കുറ്റമറ്റ ഏഴു കാളകളെയും, രണ്ട് ആണാടുകളെയും ഒരു വയസ്സു പ്രായമായ പതിനാല് ആണ്‍കുഞ്ഞാടുകളെയും അര്‍പ്പിക്കണം. കാളകള്‍, ആണാടുകള്‍, ആട്ടിന്‍കുട്ടികള്‍ എന്നിവയുടെ എണ്ണമനുസരിച്ച് നിയമാനുസൃതമായ ധാന്യയാഗവും, പാനീയയാഗവും അര്‍പ്പിക്കണം. പ്രതിദിനഹോമയാഗത്തിനും, ധാന്യയാഗത്തിനും, പാനീയയാഗത്തിനും പുറമേ പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കേണ്ടതാണ്. എട്ടാം ദിവസം വിശുദ്ധസഭ ചേരണം. അന്നു കഠിനജോലികള്‍ ഒന്നും പാടില്ല. സര്‍വേശ്വരനു പ്രസാദകരമായ സുഗന്ധം പരത്തുന്ന ഹോമയാഗമായി കുറ്റമറ്റ ഒരു കാള, ഒരു ആണാട്, ഒരു വയസ്സു പ്രായമായ ഏഴ് ആണ്‍കുഞ്ഞാടുകള്‍ എന്നിവയെ അര്‍പ്പിക്കണം. കാള, ആണാട്, ആട്ടിന്‍കുട്ടികള്‍ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമായ ധാന്യയാഗവും പാനീയയാഗവും അര്‍പ്പിക്കണം. പ്രതിദിനഹോമയാഗത്തിനും ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ, പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കേണ്ടതാണ്. നിങ്ങളുടെ ഹോമയാഗങ്ങള്‍ക്കും ധാന്യയാഗങ്ങള്‍ക്കും പാനീയയാഗങ്ങള്‍ക്കും സമാധാനയാഗങ്ങള്‍ക്കും വേണ്ടിയുള്ള നേര്‍ച്ചകള്‍ക്കും സ്വമേധാദാനങ്ങള്‍ക്കും പുറമേ ഇവയെല്ലാം നിങ്ങളുടെ നിശ്ചിത ഉത്സവദിവസങ്ങളില്‍ സര്‍വേശ്വരനു സമര്‍പ്പിക്കണം. സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതെല്ലാം അദ്ദേഹം ഇസ്രായേല്‍ജനത്തെ അറിയിച്ചു. മോശ ഇസ്രായേല്‍ജനത്തിന്‍റെ ഗോത്രനേതാക്കന്മാരോടു പറഞ്ഞു: “സര്‍വേശ്വരന്‍ ഇപ്രകാരം കല്പിച്ചിരിക്കുന്നു: ഒരാള്‍ സര്‍വേശ്വരനു നേര്‍ച്ച നേരുകയോ വര്‍ജ്ജനവ്രതം സ്വീകരിക്കുകയോ ചെയ്തതിനുശേഷം അവന്‍ പ്രതിജ്ഞ ലംഘിക്കരുത്; അതു നിറവേറ്റുകതന്നെ വേണം. “പിതൃഭവനത്തില്‍ പാര്‍ക്കുന്ന ഒരു യുവതി സര്‍വേശ്വരനു നേര്‍ച്ച നേരുകയോ, വര്‍ജ്ജനവ്രതം സ്വീകരിക്കുകയോ ചെയ്ത വിവരം പിതാവ് അറിഞ്ഞിട്ട് മൗനം ദീക്ഷിച്ചാല്‍ അവള്‍ ചെയ്ത എല്ലാ നേര്‍ച്ചകളും വര്‍ജ്ജനവ്രതവും നിലനില്‌ക്കും. എന്നാല്‍ നേര്‍ച്ചയും വ്രതവും സംബന്ധിച്ച് അവള്‍ എടുത്തിട്ടുള്ള പ്രതിജ്ഞ കേള്‍ക്കുന്ന ദിവസംതന്നെ പിതാവ് അവളെ അതിന് അനുവദിക്കാതെയിരുന്നാല്‍ അവള്‍ എടുത്തിട്ടുള്ള പ്രതിജ്ഞയും വ്രതവും നിലനില്‌ക്കുകയില്ല; പിതാവ് അവളെ വിലക്കിയതിനാല്‍ സര്‍വേശ്വരന്‍ അവളോടു ക്ഷമിക്കും. “അവിവാഹിതയായ ഒരുവളുടെ നേര്‍ച്ചയോ, ബോധപൂര്‍വമല്ലാതെ ചെയ്ത വര്‍ജ്ജനവ്രതമോ നിലവിലിരിക്കെ അവള്‍ വിവാഹിതയാകുകയും, അവള്‍ ചെയ്ത പ്രതിജ്ഞകളെ സംബന്ധിച്ച് അറിഞ്ഞ ദിവസം ഭര്‍ത്താവ് മൗനം ദീക്ഷിക്കുകയും ചെയ്താല്‍ അവളുടെ നേര്‍ച്ച നിലനില്‌ക്കും. അവള്‍ വര്‍ജ്ജനവ്രതം നിറവേറ്റുകയും വേണം. എന്നാല്‍ അവയെപ്പറ്റി അറിയുന്ന ദിവസം, അവളുടെ ഭര്‍ത്താവ് അവ അനുവദിക്കാതെയിരുന്നാല്‍ അവളുടെ നേര്‍ച്ചയും അവള്‍ ബോധപൂര്‍വമല്ലാതെ എടുത്ത വര്‍ജ്ജനവ്രതവും നിലനില്‌ക്കുകയില്ല. സര്‍വേശ്വരന്‍ അവളോടു ക്ഷമിക്കും. “വിധവയോ, വിവാഹമോചനം ലഭിച്ചവളോ ആയ ഒരുവളുടെ നേര്‍ച്ചയും വര്‍ജ്ജനവ്രതവും അവള്‍ നിറവേറ്റുകതന്നെ വേണം. “ഭര്‍ത്തൃഭവനത്തില്‍വച്ച് ഒരുവള്‍ ചെയ്യുന്ന നേര്‍ച്ചയും എടുക്കുന്ന വര്‍ജ്ജനവ്രതവും അവളുടെ ഭര്‍ത്താവ് അറിയുമ്പോള്‍, അതു വിലക്കാതെ മൗനം ദീക്ഷിച്ചാല്‍ അവളുടെ നേര്‍ച്ചയും വ്രതവും നിലനില്‌ക്കും. എന്നാല്‍ അവളുടെ ഭര്‍ത്താവ് അതു കേള്‍ക്കുന്ന ദിവസം അവ വിലക്കിയാല്‍ അവളുടെ നേര്‍ച്ചകളും വ്രതവും നിലനില്‌ക്കുകയില്ല. ഭര്‍ത്താവ് അവളുടെ നേര്‍ച്ചയും വ്രതവും വിലക്കിയതുകൊണ്ടു സര്‍വേശ്വരന്‍ അവളോടു ക്ഷമിക്കും. ആത്മതപനത്തിനായി അവള്‍ എടുത്ത ഏതു വര്‍ജ്ജനവ്രതവും നേര്‍ച്ചയും സാധുവാക്കാനോ അസാധുവാക്കാനോ ഭര്‍ത്താവിനു കഴിയും. അവളുടെ വ്രതത്തെപ്പറ്റി കേട്ടിട്ടും ദിവസങ്ങളായി അയാള്‍ ഒന്നും പറയാതെയിരുന്നാല്‍ അവളുടെ എല്ലാ നേര്‍ച്ചകളും വര്‍ജ്ജനവ്രതവും അയാള്‍ സ്ഥിരപ്പെടുത്തുകയാണ്. അവ കേട്ടിട്ടും അയാള്‍ മൗനം ദീക്ഷിച്ചതുകൊണ്ട് അവ സാധുവായിത്തീരുന്നു. അവയെപ്പറ്റി കേട്ടതിനുശേഷം കുറെനാള്‍ കഴിഞ്ഞാണ് അവ വിലക്കുന്നതെങ്കില്‍ അവളുടെ കുറ്റം അയാള്‍ വഹിക്കണം. “ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലും, പിതൃഭവനത്തില്‍ പാര്‍ക്കുന്ന അവിവാഹിതയായ പുത്രിയും പിതാവും തമ്മിലും പാലിക്കാന്‍ സര്‍വേശ്വരന്‍ മോശയ്‍ക്കു നല്‌കിയ ചട്ടങ്ങള്‍ ഇവയാകുന്നു.” സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്‍ജനത്തിനുവേണ്ടി മിദ്യാന്യരോടു നീ പ്രതികാരം ചെയ്യുക. അതിനുശേഷം നീ മരിച്ചു പൂര്‍വികരോടു ചേരും.” മോശ ജനത്തോടു പറഞ്ഞു: “സര്‍വേശ്വരനുവേണ്ടി മിദ്യാന്യരോടു പ്രതികാരം ചെയ്യാന്‍ യുദ്ധത്തിന് ഒരുങ്ങുക. ഇസ്രായേലിലെ ഓരോ ഗോത്രത്തില്‍നിന്നും ആയിരം പേരെ വീതം യുദ്ധത്തിന് അയയ്‍ക്കണം.” ഓരോ ഗോത്രത്തില്‍നിന്നും ആയിരം പേര്‍ വീതം പന്തീരായിരം പേരെ യുദ്ധത്തിനായി വേര്‍തിരിച്ചു. മോശ ഓരോ ഗോത്രത്തില്‍നിന്നും ആയിരംപേര്‍ വീതമുള്ള ഗണത്തെ എലെയാസാര്‍ പുരോഹിതന്‍റെ മകനായ ഫീനെഹാസിനോടൊപ്പം യുദ്ധത്തിനയച്ചു; അയാളുടെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും സൂചനാശബ്ദം പുറപ്പെടുവിക്കുന്ന കാഹളങ്ങളും ഉണ്ടായിരുന്നു. സര്‍വേശ്വരന്‍ മോശയോടു കല്പിച്ചപ്രകാരം അവര്‍ മിദ്യാന്യരോടു യുദ്ധം ചെയ്തു; പുരുഷപ്രജകളെയെല്ലാം കൊന്നൊടുക്കി. മിദ്യാന്യരുടെ രാജാക്കന്മാരായ ഏവി, രേക്കെം, സൂര്‍, ഹൂര്‍, രേബ എന്നീ അഞ്ചു പേരും കൊല്ലപ്പെട്ടു. ബെയോരിന്‍റെ മകനായ ബിലെയാമിനെയും അവര്‍ സംഹരിച്ചു. ഇസ്രായേല്‍ജനം മിദ്യാന്യസ്‍ത്രീകളെയും കുഞ്ഞുങ്ങളെയും തടവുകാരാക്കി; അവരുടെ ആടുമാടുകളും സകല സമ്പത്തും അവര്‍ കൊള്ളയടിച്ചു. അവരുടെ പട്ടണങ്ങളും എല്ലാ പാര്‍പ്പിടങ്ങളും ഇസ്രായേല്യര്‍ അഗ്നിക്കിരയാക്കി. മനുഷ്യരും മൃഗങ്ങളുമടങ്ങിയ കൊള്ളവസ്തുക്കള്‍ അവര്‍ സ്വന്തമാക്കി. തടവുകാരോടൊപ്പം കൊള്ളവസ്തുക്കളും അവര്‍ യെരീഹോവിന്‍റെ എതിര്‍വശത്തു യോര്‍ദ്ദാനരികെയുള്ള മോവാബ്സമഭൂമിയില്‍ പാളയമടിച്ചിരുന്ന മോശയുടെയും എലെയാസാര്‍ പുരോഹിതന്‍റെയും ഇസ്രായേല്‍ജനസമൂഹം മുഴുവന്‍റെയും മുമ്പാകെ കൊണ്ടുവന്നു. തിരിച്ചെത്തിയ സൈന്യത്തെ എതിരേല്‌ക്കാന്‍ മോശയും എലെയാസാര്‍പുരോഹിതനും ജനനേതാക്കന്മാരും പാളയത്തിനു പുറത്തുവന്നു. യുദ്ധരംഗത്തുനിന്നു തിരിച്ചുവന്ന സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സേനാനായകന്മാരോടു മോശ കുപിതനായി ചോദിച്ചു: “സ്‍ത്രീകളെയെല്ലാം നിങ്ങള്‍ ജീവിക്കാന്‍ അനുവദിച്ചതെന്ത്? ബിലെയാമിന്‍റെ ഉപദേശത്താല്‍ പെയോരില്‍വച്ച് ഇസ്രായേല്‍ജനം സര്‍വേശ്വരനോട് അവിശ്വസ്തരായി പെരുമാറിയതിനു കാരണക്കാര്‍ ഈ സ്‍ത്രീകളായിരുന്നില്ലേ? അതുകൊണ്ടല്ലേ അവിടത്തെ ജനസമൂഹത്തിന്‍റെ ഇടയില്‍ ബാധയുണ്ടായത്? അതിനാല്‍ സകല ആണ്‍കുട്ടികളെയും പുരുഷനോടൊത്തു ശയിച്ചിട്ടുള്ള സകല സ്‍ത്രീകളെയും വധിക്കുക. എന്നാല്‍ പുരുഷനോടൊത്തു ശയിച്ചിട്ടില്ലാത്ത പെണ്‍കുട്ടികളെ നിങ്ങള്‍ക്കുവേണ്ടി ജീവിക്കാന്‍ അനുവദിക്കാം. ആരെയെങ്കിലും കൊന്നവരും ശവത്തെ സ്പര്‍ശിച്ചവരും ഏഴു ദിവസം പാളയത്തിനു പുറത്തു പാര്‍ക്കണം; അവര്‍ മൂന്നാം ദിവസവും ഏഴാം ദിവസവും തങ്ങളെത്തന്നെയും ബന്ധനസ്ഥരാക്കിയ സ്‍ത്രീകളെയും ശുദ്ധീകരിക്കണം. സകല വസ്ത്രങ്ങളും തോലുകൊണ്ടുള്ള എല്ലാ വസ്തുക്കളും കോലാട്ടിന്‍രോമംകൊണ്ടും തടികൊണ്ടും നിര്‍മ്മിച്ച സകല സാധനങ്ങളും ശുദ്ധീകരിക്കണം.” യുദ്ധരംഗത്തുനിന്നു തിരിച്ചുവന്ന യോദ്ധാക്കളോട് എലെയാസാര്‍പുരോഹിതന്‍ പറഞ്ഞു: “സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിട്ടുള്ള നിയമം ഇതാണ്. സ്വര്‍ണം, വെള്ളി, ഓട്, ഇരുമ്പ്, വെളുത്തീയം, കാരീയം മുതലായ അഗ്നിയില്‍ നശിച്ചുപോകാത്ത സാധനങ്ങള്‍ തീയില്‍ ശുദ്ധിവരുത്തണം. പിന്നീടു ശുദ്ധീകരണജലംകൊണ്ട് അവ വിശുദ്ധീകരിക്കണം. തീയില്‍ നശിച്ചുപോകുന്ന എല്ലാ സാധനങ്ങളും ജലംകൊണ്ടു ശുദ്ധീകരിക്കണം. ഏഴാം ദിവസം നിങ്ങള്‍ വസ്ത്രം അലക്കണം. അപ്പോള്‍ നിങ്ങള്‍ ശുദ്ധിയുള്ളവരായിത്തീരും; അതിനുശേഷം നിങ്ങള്‍ക്കു പാളയത്തില്‍ പ്രവേശിക്കാം.” സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “മനുഷ്യരും മൃഗങ്ങളും ഉള്‍പ്പെടെ കൊള്ളവസ്തുക്കളായി പിടിച്ചെടുത്ത എല്ലാറ്റിന്‍റെയും കണക്ക് നീയും എലെയാസാര്‍ പുരോഹിതനും പിതൃഗോത്രനേതാക്കളും ചേര്‍ന്ന് എടുക്കണം. അവ യുദ്ധത്തിനു പോയ യോദ്ധാക്കള്‍ക്കും ജനസമൂഹത്തിനുമായി രണ്ടായി ഭാഗിക്കണം. യോദ്ധാക്കളുടെ പങ്കായി വേര്‍തിരിച്ച തടവുകാരിലും കന്നുകാലി, കഴുത, ആട് എന്നീ മൃഗങ്ങളിലുംനിന്ന് അഞ്ഞൂറിന് ഒന്നുവീതം സര്‍വേശ്വരനുള്ള ഓഹരിയായി വാങ്ങണം. അത് അവരുടെ പങ്കില്‍നിന്ന് എടുത്ത് സര്‍വേശ്വരനുള്ള വഴിപാടായി എലെയാസാര്‍ പുരോഹിതനെ ഏല്പിക്കണം. എന്നാല്‍ ഇസ്രായേല്‍ജനങ്ങളുടെ പങ്കായി ലഭിച്ച തടവുകാര്‍, കന്നുകാലി, കഴുത, ആട് എന്നിവയില്‍നിന്ന് അമ്പതിന് ഒന്നുവീതം എടുത്തു സര്‍വേശ്വരന്‍റെ തിരുസാന്നിധ്യകൂടാരത്തിന്‍റെ ചുമതല വഹിക്കുന്ന ലേവ്യര്‍ക്കു കൊടുക്കണം.” സര്‍വേശ്വരന്‍ കല്പിച്ചതുപോലെ മോശയും എലെയാസാര്‍പുരോഹിതനും പ്രവര്‍ത്തിച്ചു. കൊള്ളമുതലില്‍നിന്നു യോദ്ധാക്കള്‍ എടുത്തതിനു ശേഷമുണ്ടായിരുന്ന ആടുകള്‍ ആറുലക്ഷത്തി എഴുപത്തയ്യായിരവും കന്നുകാലികള്‍ എഴുപത്തീരായിരവും [33,34] കഴുതകള്‍ അറുപത്തോരായിരവും *** പുരുഷനുമായി ബന്ധപ്പെടാത്ത സ്‍ത്രീകള്‍ മുപ്പത്തീരായിരവും ആയിരുന്നു. യുദ്ധത്തിനു പോയവരുടെ പകുതി ഓഹരി മൂന്നു ലക്ഷത്തിമുപ്പത്തേഴായിരത്തി അഞ്ഞൂറ് ആടുകളും, അവയില്‍ സര്‍വേശ്വരന്‍റെ ഓഹരി അറുനൂറ്റെഴുപത്തഞ്ചും കന്നുകാലികള്‍ മുപ്പത്താറായിരവും അവയില്‍ സര്‍വേശ്വരന്‍റെ ഓഹരി എഴുപത്തിരണ്ടും ആയിരുന്നു. കഴുതകള്‍ മുപ്പതിനായിരത്തി അഞ്ഞൂറും അവയില്‍ സര്‍വേശ്വരന്‍റെ ഓഹരി അറുപത്തൊന്നും തടവുകാര്‍ പതിനാറായിരവും അവരില്‍ സര്‍വേശ്വരന്‍റെ ഓഹരി മുപ്പത്തിരണ്ടും ആയിരുന്നു. സര്‍വേശ്വരന് ഓഹരിയായി അര്‍പ്പിച്ചവയെല്ലാം അവിടുന്നു കല്പിച്ചിരുന്നതുപോലെ മോശ എലെയാസാര്‍പുരോഹിതനെ ഏല്പിച്ചു. യോദ്ധാക്കള്‍ക്കുവേണ്ടി വേര്‍തിരിച്ചതിന്‍റെ ശേഷമുണ്ടായിരുന്ന പകുതി ഓഹരി ജനത്തിനുവേണ്ടി വേര്‍തിരിച്ചു. ജനത്തിനു വേര്‍തിരിച്ച ഓഹരിയില്‍ മൂന്നുലക്ഷത്തി മുപ്പത്തേഴായിരത്തി അഞ്ഞൂറ് ആടുകളും [44,45] മുപ്പത്താറായിരം കന്നുകാലികളും മുപ്പതിനായിരത്തി അഞ്ഞൂറു കഴുതകളും *** പതിനാറായിരം തടവുകാരും ഉണ്ടായിരുന്നു. ഇസ്രായേല്‍ജനത്തിനുവേണ്ടി വേര്‍തിരിച്ച മനുഷ്യരിലും മൃഗങ്ങളിലുംനിന്ന് അമ്പതിന് ഒന്നു വീതം സര്‍വേശ്വരന്‍ തന്നോടു കല്പിച്ചിരുന്നതുപോലെ മോശ അവിടുത്തെ തിരുസാന്നിധ്യകൂടാരത്തിന്‍റെ ചുമതല വഹിക്കുന്ന ലേവ്യര്‍ക്കു കൊടുത്തു. പിന്നീടു സഹസ്രാധിപന്മാരും ശതാധിപന്മാരും മോശയുടെ അടുക്കല്‍ വന്നു. അവര്‍ മോശയോടു പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ ഞങ്ങളുടെ കീഴിലുണ്ടായിരുന്ന യോദ്ധാക്കളുടെ എണ്ണമെടുത്തു; അവരില്‍ ഒരാള്‍പോലും നഷ്ടപ്പെട്ടില്ല. അതുകൊണ്ട് ഞങ്ങളില്‍ ഓരോരുത്തര്‍ക്കും ലഭിച്ച തോള്‍വള, കൈവള, മുദ്രമോതിരം, കര്‍ണവളയം, മാല എന്നീ സ്വര്‍ണാഭരണങ്ങള്‍ സര്‍വേശ്വരനു ഞങ്ങളുടെ പാപപരിഹാരത്തിനു വഴിപാടായി കൊണ്ടുവന്നിരിക്കുന്നു. ആഭരണങ്ങളായി ഉണ്ടായിരുന്ന സ്വര്‍ണമത്രയും മോശയും എലെയാസാര്‍പുരോഹിതനുംകൂടി അവരില്‍നിന്ന് ഏറ്റുവാങ്ങി. സഹസ്രാധിപന്മാരും ശതാധിപന്മാരും സര്‍വേശ്വരനു വഴിപാടായി അര്‍പ്പിച്ച സ്വര്‍ണം ഏകദേശം പതിനാറായിരത്തി എഴുനൂറ്റമ്പതു ശേക്കെല്‍ ഉണ്ടായിരുന്നു. യോദ്ധാക്കള്‍ തങ്ങള്‍ക്കു ലഭിച്ച കൊള്ളമുതലുകള്‍ സ്വന്തമായി എടുത്തിരുന്നു. മോശയും എലെയാസാര്‍പുരോഹിതനും ചേര്‍ന്നു സഹസ്രാധിപന്മാരില്‍നിന്നും ശതാധിപന്മാരില്‍നിന്നും ഏറ്റുവാങ്ങിയ സ്വര്‍ണം ഇസ്രായേല്‍ജനത്തിന്‍റെ ഓര്‍മയ്‍ക്കായി തിരുസാന്നിധ്യകൂടാരത്തിലേക്കു കൊണ്ടുപോയി. രൂബേന്‍ഗോത്രക്കാര്‍ക്കും ഗാദ്ഗോത്രക്കാര്‍ക്കും വളരെയധികം ആടുമാടുകളുണ്ടായിരുന്നു. അവയെ വളര്‍ത്തുന്നതിന് ഏറ്റവും അനുയോജ്യമായ പ്രദേശമാണു യസേരും ഗിലെയാദും എന്ന് അവര്‍ കണ്ടു. അവര്‍ മോശയോടും എലെയാസാര്‍പുരോഹിതനോടും ജനനേതാക്കളോടും പറഞ്ഞു: [3,4] “ഇസ്രായേല്‍ജനസമൂഹത്തിനു മുമ്പില്‍ സര്‍വേശ്വരന്‍ കീഴടക്കിയ അതാരോത്ത്, ദീബോന്‍, യസേര്‍, നിമ്രാ, ഹെശ്ബോന്‍, എലെയാലേ, സെബാം, നെബോ, ബെയോന്‍ എന്നീ പട്ടണങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശം ആടുമാടുകളെ വളര്‍ത്തുന്നതിനു യോജിച്ച സ്ഥലമാണ്. ഈയുള്ളവര്‍ക്ക് ധാരാളം ആടുമാടുകളുണ്ടല്ലോ. *** അങ്ങയുടെ കരുണയ്‍ക്ക് പാത്രമാകുന്നു എങ്കില്‍ ഈ പ്രദേശം ഞങ്ങള്‍ക്ക് അവകാശമായി തന്നാലും; യോര്‍ദ്ദാനക്കരെയുള്ള ദേശത്തേക്കു ഞങ്ങളെ കൊണ്ടുപോകരുതേ.” ഗാദ്, രൂബേന്‍ ഗോത്രക്കാരോടു മോശ പറഞ്ഞു: “സ്വന്തം സഹോദരന്മാര്‍ യുദ്ധത്തിനു പോകുമ്പോള്‍ നിങ്ങള്‍ക്ക് ഇവിടെ ഇരിക്കണമെന്നോ? സര്‍വേശ്വരന്‍ ഇസ്രായേല്‍ജനത്തിനു നല്‌കിയ ദേശത്തേക്ക് അവര്‍ പ്രവേശിക്കാതിരിക്കത്തക്കവിധം അവരെ നിങ്ങള്‍ എന്തിനു നിരുത്സാഹപ്പെടുത്തുന്നു? ദേശം രഹസ്യനിരീക്ഷണം നടത്തുന്നതിനു കാദേശ്-ബര്‍ന്നേയയില്‍നിന്നു നിങ്ങളുടെ പിതാക്കന്മാരെ ഞാന്‍ അയച്ചപ്പോള്‍ അവര്‍ ചെയ്തതും ഇതു തന്നെയായിരുന്നു. എസ്കോല്‍താഴ്വരയില്‍ ചെന്ന് ആ ദേശം കണ്ടതിനുശേഷം സര്‍വേശ്വരന്‍ തങ്ങള്‍ക്കു നല്‌കിയ ദേശത്തേക്കു പോകാതിരിക്കാന്‍ ഇസ്രായേല്‍ജനത്തെ അവര്‍ നിരുത്സാഹപ്പെടുത്തി. [10-12] അന്നു സര്‍വേശ്വരന്‍റെ കോപം അവരുടെ നേരേ ജ്വലിച്ചു; അബ്രഹാമിനും, ഇസ്ഹാക്കിനും, യാക്കോബിനും നല്‌കുമെന്നു വാഗ്ദാനം ചെയ്തിരുന്ന ദേശം കെനിസ്യനായ യെഫുന്നെയുടെ പുത്രന്‍ കാലേബും നൂനിന്‍റെ പുത്രന്‍ യോശുവയും ഒഴികെ ഈജിപ്തില്‍നിന്നു പോന്നവരില്‍ ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള ആരും കാണുകയില്ലെന്നു സര്‍വേശ്വരന്‍ സത്യം ചെയ്തു. *** *** സര്‍വേശ്വരന്‍റെ കോപം ഇസ്രായേല്‍ജനത്തിന്‍റെ നേരേ ജ്വലിച്ചു; നാല്പതു വര്‍ഷം അവരെ മരുഭൂമിയില്‍ അലഞ്ഞു നടക്കാന്‍ ഇടയാക്കി; സര്‍വേശ്വരന് അനിഷ്ടമായി പ്രവര്‍ത്തിച്ച തലമുറ മുഴുവന്‍ ഇല്ലാതെയാകുന്നതുവരെ അവര്‍ അങ്ങനെ നടന്നു. അവിടുത്തെ ഉഗ്രകോപം ഇസ്രായേല്‍ജനത്തിനെതിരേ വീണ്ടും ജ്വലിക്കത്തക്കവിധം പാപികളായ മനുഷ്യരുടെ ഒരു പുതിയ തലമുറയായി നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കു പകരം എഴുന്നേറ്റിരിക്കുന്നു. നിങ്ങള്‍ സര്‍വേശ്വരനെ അനുഗമിക്കാതെയിരുന്നാല്‍ മരുഭൂമിയില്‍ വീണ്ടും നിങ്ങളെ കൈവിട്ടുകളയും; അങ്ങനെ ഈ ജനത്തിന്‍റെ നാശത്തിനു നിങ്ങള്‍ ഉത്തരവാദികളാകും.” അപ്പോള്‍ അവര്‍ മോശയെ സമീപിച്ചു പറഞ്ഞു: “ഞങ്ങളുടെ ആടുമാടുകള്‍ക്കുവേണ്ടി തൊഴുത്തുകളും ഞങ്ങളുടെ കുട്ടികള്‍ക്കുവേണ്ടി പട്ടണങ്ങളും ഇവിടെ ഞങ്ങള്‍ പണിയട്ടെ. എന്നാല്‍ ഇസ്രായേല്‍ജനത്തെ അവരുടെ സ്ഥലത്ത് എത്തിക്കുന്നതുവരെ ആയുധവുമേന്തി അവര്‍ക്കു മുമ്പേ പോകാന്‍ ഞങ്ങള്‍ ഒരുക്കമാണ്. ഞങ്ങളുടെ കുട്ടികള്‍ മാത്രം തദ്ദേശവാസികളില്‍നിന്നു സുരക്ഷിതരായി കെട്ടുറപ്പുള്ള പട്ടണങ്ങളില്‍ പാര്‍ക്കട്ടെ. ഇസ്രായേല്‍ജനം തങ്ങളുടെ അവകാശഭൂമി കൈവശമാക്കുന്നതുവരെ ഞങ്ങള്‍ സ്വന്തം വീടുകളിലേക്കു മടങ്ങുകയില്ല. യോര്‍ദ്ദാനക്കരെയും അതിനപ്പുറവുമുള്ള സ്ഥലങ്ങള്‍ മറ്റ് ഇസ്രായേല്‍ജനത്തോടൊപ്പം ഞങ്ങള്‍ അവകാശമാക്കുകയില്ല; യോര്‍ദ്ദാനിക്കരെ കിഴക്കുവശത്തുള്ള സ്ഥലം ഞങ്ങള്‍ക്ക് അവകാശമായി ലഭിച്ചിട്ടുണ്ടല്ലോ.” മോശ അവരോടു പറഞ്ഞു: “നിങ്ങള്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കുമെങ്കില്‍ ഇവിടെ സര്‍വേശ്വരന്‍റെ സന്നിധിയില്‍വച്ചുതന്നെ യുദ്ധത്തിനായി ഒരുങ്ങിക്കൊള്ളുക. നിങ്ങളുടെ യോദ്ധാക്കള്‍ എല്ലാവരും ആയുധധാരികളായി സര്‍വേശ്വരന്‍റെ മുമ്പാകെ നില്‌ക്കുമെങ്കില്‍, അവിടുന്നു ശത്രുക്കളെ പരാജയപ്പെടുത്തി ആ ദേശം അവിടുത്തെ മുമ്പില്‍ കീഴടങ്ങിക്കഴിയുമ്പോള്‍ നിങ്ങള്‍ക്കു മടങ്ങിപ്പോരാം. അപ്പോള്‍ സര്‍വേശ്വരനോടും സ്വജനമായ ഇസ്രായേല്യരോടുമുള്ള കടമ നിങ്ങള്‍ നിറവേറ്റിക്കഴിയുമല്ലോ; പിന്നീട് ഈ പ്രദേശം സര്‍വേശ്വരന്‍റെ മുമ്പില്‍ നിങ്ങള്‍ക്കുള്ള അവകാശമായിത്തീരും. “അങ്ങനെ ചെയ്യാതിരുന്നാല്‍ നിങ്ങള്‍ സര്‍വേശ്വരനെതിരായി പാപം ചെയ്യുകയായിരിക്കും; അതിന്‍റെ ഫലം നിങ്ങള്‍ അനുഭവിക്കുകയും ചെയ്യും. നിങ്ങളുടെ കുട്ടികള്‍ക്കായി പട്ടണങ്ങളും നിങ്ങളുടെ ആട്ടിന്‍പറ്റത്തിനു തൊഴുത്തുകളും പണിതതിനുശേഷം നിങ്ങള്‍ വാഗ്ദാനം ചെയ്തതുപോലെ പ്രവര്‍ത്തിക്കണം.” ഗാദ്ഗോത്രക്കാരും രൂബേന്‍ഗോത്രക്കാരും മോശയോടു പറഞ്ഞു: “അവിടുന്നു കല്പിക്കുന്നതുപോലെ ഈയുള്ളവര്‍ പ്രവര്‍ത്തിച്ചുകൊള്ളാം. ഞങ്ങളുടെ കുട്ടികളും ഭാര്യമാരും ആടുമാടുകളും ഗിലെയാദിലെ പട്ടണങ്ങളില്‍ പാര്‍ക്കട്ടെ. അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ എല്ലാവരും അവിടുന്നു കല്പിക്കുന്നതുപോലെ സര്‍വേശ്വരന്‍റെ മുമ്പാകെ യുദ്ധത്തിനു പൊയ്‍ക്കൊള്ളാം.” മോശ അവരെക്കുറിച്ച് എലെയാസാര്‍ പുരോഹിതനോടും നൂനിന്‍റെ പുത്രനായ യോശുവയോടും ഇസ്രായേല്‍ഗോത്രങ്ങളിലെ നേതാക്കന്മാരോടും ഇപ്രകാരം പറഞ്ഞു: “ഗാദ്, രൂബേന്‍ ഗോത്രക്കാരായ ഓരോരുത്തരും സര്‍വേശ്വരന്‍റെ സന്നിധിയില്‍ യുദ്ധസന്നദ്ധരായി യോര്‍ദ്ദാന്‍ കടക്കുകയും നിങ്ങളോടൊപ്പം ആ ദേശം നിങ്ങള്‍ക്കായി പിടിച്ചടക്കുകയും ചെയ്താല്‍ ഗിലെയാദു പ്രദേശം അവര്‍ക്ക് അവകാശമായി കൊടുക്കണം. എന്നാല്‍ യുദ്ധസന്നദ്ധരായി അവര്‍ നിങ്ങളോടുകൂടെ അക്കരയ്‍ക്കു വരുന്നില്ലെങ്കില്‍ അവരുടെ അവകാശം കനാന്‍ദേശത്തു നിങ്ങളുടെ ഇടയില്‍തന്നെ ആയിരിക്കണം.” ഗാദ്, രൂബേന്‍ ഗോത്രക്കാര്‍ പറഞ്ഞു: “സര്‍വേശ്വരന്‍ അങ്ങയുടെ ദാസന്മാരോട് അരുളിച്ചെയ്തതുപോലെ ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളാം. സര്‍വേശ്വരന്‍റെ മുമ്പാകെ യുദ്ധസന്നദ്ധരായി നദിക്ക് അക്കരെ കനാനിലേക്കു ഞങ്ങള്‍ പൊയ്‍ക്കൊള്ളാം. അങ്ങനെയായാല്‍ യോര്‍ദ്ദാനിക്കരെ ഞങ്ങളുടെ അവകാശം ഞങ്ങള്‍ക്കുതന്നെ ലഭിക്കുമല്ലോ.” മോശ ഗാദ്, രൂബേന്‍ ഗോത്രക്കാര്‍ക്കും യോസേഫിന്‍റെ പുത്രനായ മനശ്ശെയുടെ പകുതി ഗോത്രത്തിനും, അമോര്യരാജാവായ സീഹോന്‍റെയും ബാശാന്‍രാജാവായ ഓഗിന്‍റെയും രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശവും അവയുടെ അതിര്‍ത്തിപ്രദേശങ്ങളിലുള്ള പട്ടണങ്ങളും അവകാശമായി നല്‌കി. ദീബോന്‍, അതാരോത്ത്, അരോയേര്‍, അത്രോത്ത്, ശോഫാന്‍, യസേര്‍, യൊഗ്ബെഹാ, ബേത്ത്-നിമ്രാ, ബേത്ത്-ഹാരാന്‍ എന്നീ ഉറപ്പുള്ള പട്ടണങ്ങളും ആടുകള്‍ക്കു തൊഴുത്തുകളും ഗാദ്ഗോത്രക്കാര്‍ പണിതു. രൂബേന്‍ഗോത്രക്കാര്‍ ഹെശ്ബോന്‍, എലെയാലേ, കിര്യത്തയീം, നെബോ, ബാല്‍ മെയോന്‍, സിബ്മാ എന്നീ പട്ടണങ്ങള്‍ പണിതു. നെബോയുടെയും ബാല്‍മെയോന്‍റെയും പേരുകള്‍ മാറ്റിക്കളഞ്ഞു; അവര്‍ നിര്‍മ്മിച്ച പട്ടണങ്ങള്‍ക്കു മറ്റു പേരുകള്‍ കൊടുത്തു. മനശ്ശെയുടെ പുത്രനായ മാഖീരിന്‍റെ പുത്രന്മാര്‍ ഗിലെയാദ് കൈവശപ്പെടുത്തിയശേഷം അവിടെ പാര്‍ത്തിരുന്ന അമോര്യരെ ഓടിച്ചുകളഞ്ഞു. മോശ, മനശ്ശെയുടെ പുത്രനായ മാഖീരിന്‍റെകുലത്തിനു ഗിലെയാദുപ്രദേശം കൊടുത്തു; അവര്‍ അവിടെ പാര്‍ത്തു. മനശ്ശെയുടെ പുത്രനായ യായീര്‍ അതിലെ ഗ്രാമങ്ങള്‍ പിടിച്ചടക്കുകയും അവയ്‍ക്ക് ഹവോത്ത്-യായീര്‍ എന്നു പേരു നല്‌കുകയും ചെയ്തു. കെനാത്തും അതിലെ ഗ്രാമങ്ങളും നോബഹ് കൈവശപ്പെടുത്തി. അതിന് നോബഹ് എന്ന് തന്‍റെ പേരു നല്‌കി. മോശയുടെയും അഹരോന്‍റെയും നേതൃത്വത്തില്‍ ഈജിപ്തില്‍നിന്നു യാത്ര പുറപ്പെട്ട ഇസ്രായേല്‍ജനം പാളയമടിച്ച സ്ഥലങ്ങള്‍ ഇവയാണ്. സര്‍വേശ്വരന്‍റെ കല്പനയനുസരിച്ചു മോശ അവര്‍ പാളയമടിച്ച സ്ഥലങ്ങള്‍ ക്രമമായി രേഖപ്പെടുത്തി. [3,4] ഒന്നാം മാസം പതിനഞ്ചാം ദിവസം ഇസ്രായേല്‍ജനം രമെസേസില്‍നിന്നു പുറപ്പെട്ടു; സര്‍വേശ്വരന്‍ നിഗ്രഹിച്ച ആദ്യജാതന്മാരെ ഈജിപ്തുകാര്‍ അടക്കംചെയ്തുകൊണ്ടിരുന്നപ്പോഴായിരുന്നു ജനം വിജയോത്സാഹത്തോടുകൂടി അവര്‍ കാണ്‍കെ യാത്രയാരംഭിച്ചത്. അതു പെസഹയുടെ പിറ്റേദിവസമായിരുന്നു; സര്‍വേശ്വരന്‍ അവരുടെ ദേവന്മാരുടെമേലും ന്യായവിധി നടത്തി. *** ഇസ്രായേല്‍ജനം രമെസേസില്‍നിന്നു യാത്ര തിരിച്ചു സുക്കോത്തില്‍ പാളയമടിച്ചു. അവര്‍ അടുത്തതായി പാളയമടിച്ചതു മരുഭൂമിയുടെ അതിരിലുള്ള ഏഥാമില്‍ ആയിരുന്നു. അവിടെനിന്നു ബാല്‍ സെഫോന് എതിരെയുള്ള പീഹഹീരോത്തിനു നേരേ യാത്ര ചെയ്തു മിഗ്ദോലിനു കിഴക്കു പാളയമടിച്ചു. പീഹഹീരോത്തില്‍നിന്നു ചെങ്കടല്‍ കടന്നു ശൂര്‍ മരുഭൂമിയിലെത്തി. മരുഭൂമിയില്‍ മൂന്നു ദിവസത്തെ വഴി നടന്നു മാറായില്‍ പാളയമടിച്ചു. പന്ത്രണ്ടു നീരുറവുകളും എഴുപത് ഈന്തപ്പനകളുമുണ്ടായിരുന്ന ഏലീമിലായിരുന്നു പിന്നീട് അവര്‍ പാളയമടിച്ചത്. ഏലീമില്‍നിന്നു പുറപ്പെട്ടു ചെങ്കടല്‍ തീരത്തും അവിടെനിന്നു യാത്ര തിരിച്ചു സീന്‍മരുഭൂമിയിലും പാളയമടിച്ചു. സീന്‍മരുഭൂമിയില്‍നിന്നു പുറപ്പെട്ട് ദൊഫ്ക്കയിലും അവിടെനിന്നു യാത്ര തിരിച്ച് ആലൂശിലും പാളയമടിച്ചു. ആലൂശില്‍നിന്നു പുറപ്പെട്ടു രെഫീദീമില്‍ പാളയമടിച്ചു. അവിടെ ജനത്തിനു കുടിക്കാന്‍ വെള്ളമില്ലായിരുന്നു. രെഫീദീംമുതല്‍ ഹോര്‍പര്‍വതംവരെയുള്ള യാത്രയ്‍ക്കിടയില്‍ ഇസ്രായേല്‍ജനം, സീനായ് മരുഭൂമി, കിബ്രോത്ത്-ഹത്താവ, ഹസേരോത്ത്, റിത്ത്മ, [18-20] രിമ്മോന്‍-പേരെസ്, ലിബ്നാ, റിസ്സാ, *** *** [21-24] കെഹേലാഥാ, ശാഫേര്‍ മല, ഹരാദാ, മക്ഹേലോത്ത്, *** *** *** [25-28] തഹത്ത്, താരഹ്, മിത്ത്ക്കാ, ഹശ്മോന, *** *** *** [29-31] മോസേരോത്ത്, ബെനേയാക്കാന്‍, ഹോര്‍-ഹഗ്ഗിദ്ഗാദ്, *** *** [32-34] യൊത്ബാഥാ, അബ്രോനാ, എസ്യോന്‍-ഗേബെര്‍, *** *** [35,36] സീന്‍മരുഭൂമിയിലുള്ള കാദേശ്, *** എദോംദേശത്തിന്‍റെ അതിര്‍ത്തിയിലുള്ള ഹോര്‍പര്‍വതം എന്നീ സ്ഥലങ്ങളില്‍ പാളയമടിച്ചു. സര്‍വേശ്വരന്‍റെ കല്പനപ്രകാരം പുരോഹിതനായ അഹരോന്‍ ഹോര്‍പര്‍വതത്തില്‍ കയറി; അവിടെവച്ച് അദ്ദേഹം മരിച്ചു. ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു യാത്ര പുറപ്പെട്ടതിന്‍റെ നാല്പതാം വര്‍ഷം അഞ്ചാംമാസം ഒന്നാം ദിവസമായിരുന്നു അഹരോന്‍ മരിച്ചത്. അപ്പോള്‍ അഹരോന് നൂറ്റിയിരുപത്തിമൂന്നു വയസ്സുണ്ടായിരുന്നു. കനാന്‍ദേശത്തിന്‍റെ തെക്കുഭാഗത്തു പാര്‍ത്തിരുന്ന കനാന്യനായ അരാദ്‍രാജാവ് ഇസ്രായേല്‍ജനത്തിന്‍റെ വരവിനെക്കുറിച്ചു കേട്ടു. ഹോര്‍പര്‍വതംമുതല്‍ മോവാബു സമതലംവരെയുള്ള യാത്രയ്‍ക്കിടയില്‍ ഇസ്രായേല്‍ജനം സല്മോനയിലും, [42-44] പൂനോനിലും, ഓബോത്തിലും, മോവാബിന്‍റെ അതിരിലുള്ള ഈയെ-അബാരീമിലും, *** *** [45,46] ദീബോന്‍ഗാദിലും, അല്മോദി ബ്ലാഥയീമിലും, *** നെബോവിനു കിഴക്കുള്ള അബാരീംപര്‍വതത്തിലും പാളയമടിച്ചു. അവിടെനിന്നു പുറപ്പെട്ടു യെരീഹോവിന് എതിര്‍വശത്തു യോര്‍ദ്ദാനു സമീപമുള്ള മോവാബുസമഭൂമിയില്‍ ബേത്ത്-യെശീമോത്തു മുതല്‍ ആബേല്‍-ശിത്തീം വരെയുള്ള പ്രദേശത്തു പാളയമടിച്ചു. യെരീഹോവിന് എതിര്‍വശത്തു യോര്‍ദ്ദാനു സമീപമുള്ള മോവാബുസമഭൂമിയില്‍വച്ചു സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്‍ജനത്തോടു പറയുക: നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നു കനാന്‍ദേശത്തു പ്രവേശിക്കുമ്പോള്‍ അവിടത്തെ ദേശവാസികളെയെല്ലാം ഓടിച്ചുകളയണം. കല്ലുകൊണ്ടും ലോഹംകൊണ്ടും നിര്‍മ്മിച്ചിട്ടുള്ള അവരുടെ എല്ലാ വിഗ്രഹങ്ങളും ആരാധനാസ്ഥലങ്ങളും നിങ്ങള്‍ നശിപ്പിക്കണം. ഞാന്‍ ആ ദേശം നിങ്ങള്‍ക്കു നല്‌കിയിരിക്കുന്നു; അതുകൊണ്ട് ആ ദേശം കൈവശപ്പെടുത്തി അവിടെ പാര്‍ക്കുക. നറുക്കിട്ട് ഓരോ കുടുംബത്തിനും ദേശം ഭാഗിച്ചു കൊടുക്കണം; കൂടുതല്‍ അംഗങ്ങളുള്ള ഗോത്രത്തിനു കൂടുതലും കുറവുള്ളതിനു കുറച്ചും ഭൂമി നല്‌കേണ്ടതാണ്. നറുക്ക് എവിടെ വീഴുന്നുവോ അവിടമായിരിക്കും ഓരോരുത്തരുടെയും അവകാശം. പിതൃഗോത്രമനുസരിച്ചാണ് നിങ്ങള്‍ ദേശം അവകാശമാക്കേണ്ടത്. ദേശനിവാസികളെ നിങ്ങള്‍ ഓടിച്ചുകളയാതെയിരുന്നാല്‍, അവിടെ ശേഷിക്കുന്നവര്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് മുള്ളുപോലെയും പാര്‍ശ്വങ്ങള്‍ക്ക് മുള്‍ച്ചെടിപോലെയുമായിരിക്കും. മാത്രമല്ല അവരോടു ഞാന്‍ ചെയ്യാന്‍ നിരൂപിച്ചതു നിങ്ങളോടു പ്രവര്‍ത്തിക്കുകയും ചെയ്യും.” സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്‍ജനത്തോടു കല്പിക്കുക: ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കുന്ന ദേശത്തു നിങ്ങള്‍ പ്രവേശിക്കുമ്പോള്‍ അതിന്‍റെ അതിരുകള്‍ താഴെ പറയുന്നവയായിരിക്കണം. നിങ്ങളുടെ തെക്കേ അതിര് സീന്‍മരുഭൂമി മുതല്‍ എദോമിന്‍റെ അതിരില്‍ക്കൂടിയായിരിക്കും. അതു കിഴക്ക് ചാവുകടലിന്‍റെ തെക്കേ അറ്റത്തുനിന്ന് ആരംഭിക്കും. അവിടെനിന്ന് അക്രബീം കയറ്റത്തിനു തെക്കോട്ടു നീണ്ടു സീന്‍മരുഭൂമിയില്‍ കാദേശ് - ബര്‍ന്നേയയുടെ തെക്ക് അവസാനിക്കും. അവിടെനിന്നു വടക്കോട്ടു തിരിഞ്ഞു ഹസര്‍ - അദ്ദാറില്‍കൂടി അസ്മോനിലേക്കു കടക്കും. അവിടെനിന്ന് ഈജിപ്തിന്‍റെ അതിരിലുള്ള താഴ്വരയില്‍കൂടി കടന്നു മധ്യധരണ്യാഴിയില്‍ അവസാനിക്കും. പടിഞ്ഞാറേ അതിര് മധ്യധരണ്യാഴിയായിരിക്കും. വടക്കേ അതിര് മധ്യധരണ്യാഴിയില്‍ തുടങ്ങി ഹോര്‍പര്‍വതം, ഹമാത്ത്, സെദാദ്, സിഫ്രോന്‍, ഈ സ്ഥലങ്ങളില്‍ കൂടി കടന്നു ഹസാര്‍-ഏനാനില്‍ അവസാനിക്കും. കിഴക്കേ അതിര് ഹസാര്‍-ഏനാനില്‍ തുടങ്ങി ശെഫാമില്‍ കൂടി അയീന്‍റെ കിഴക്കുഭാഗത്തു രിബ്ലാ കടന്നു, ഗലീലക്കടലിന്‍റെ കിഴക്കേ തീരത്തുള്ള മലകളില്‍കൂടി യോര്‍ദ്ദാന്‍ വഴിയായി ഉപ്പുകടലില്‍ എത്തും. നിങ്ങളുടെ ദേശത്തിന്‍റെ അതിരുകള്‍ ഇവയായിരിക്കും. നിങ്ങളുടെ ഒമ്പതര ഗോത്രങ്ങള്‍ക്കുവേണ്ടി നറുക്കിട്ടു നിങ്ങള്‍ക്ക് അവകാശമായി വിഭജിക്കുന്നതിനു സര്‍വേശ്വരന്‍ നല്‌കിയിട്ടുള്ള ദേശം ഇതാകുന്നു. [14,15] രൂബേന്‍, ഗാദ്ഗോത്രക്കാര്‍ക്കും മനശ്ശെയുടെ പകുതി ഗോത്രക്കാര്‍ക്കും അവരുടെ കുലങ്ങളനുസരിച്ചു ലഭിക്കേണ്ട സ്ഥലം യെരീഹോവിനു കിഴക്കു യോര്‍ദ്ദാനക്കരെ വീതിച്ചു കൊടുത്തുവല്ലോ.” *** സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “എലെയാസാര്‍പുരോഹിതനും നൂനിന്‍റെ പുത്രനുമായ യോശുവയുംകൂടി ജനങ്ങള്‍ക്കു ദേശം വിഭജിച്ചുകൊടുക്കണം. അവരെ സഹായിക്കുന്നതിന് അവരോടൊപ്പം ഓരോ ഗോത്രത്തില്‍നിന്ന് ഓരോ നേതാവിനെയും നിയോഗിക്കണം. അവര്‍ താഴെ പറയുന്നവരാണ്: യെഹൂദായുടെ ഗോത്രത്തില്‍നിന്നു യെഫുന്നെയുടെ പുത്രനായ കാലേബ്. ശിമെയോന്‍ഗോത്രത്തില്‍നിന്ന് അമ്മീഹൂദിന്‍റെ പുത്രനായ ശെമൂവേല്‍; ബെന്യാമീന്‍ഗോത്രത്തില്‍നിന്നു കിസ്ലോന്‍റെ പുത്രനായ എലീദാദ്; ദാന്‍ഗോത്രത്തില്‍നിന്നു യൊഗ്ലിയുടെ പുത്രന്‍ ബുക്കി; യോസേഫിന്‍റെ പുത്രന്മാരില്‍ മനശ്ശെഗോത്രത്തില്‍നിന്ന് എഫോദിന്‍റെ പുത്രന്‍ ഹന്നീയേല്‍. എഫ്രയീംഗോത്രത്തില്‍നിന്നു ശിഫ്ത്താന്‍റെ പുത്രന്‍ കെമൂവേല്‍; സെബൂലൂന്‍ ഗോത്രത്തില്‍നിന്നു പര്‍ന്നാക്കിന്‍റെ പുത്രന്‍ എലീസാഫാന്‍; ഇസ്സാഖാര്‍ഗോത്രത്തില്‍നിന്ന് അസ്സാന്‍റെ പുത്രന്‍ പല്‍ത്തീയേല്‍; ആശേര്‍ഗോത്രത്തില്‍നിന്നു ശെലോമിയുടെ പുത്രന്‍ അഹീഹൂദ്. നഫ്താലിഗോത്രത്തില്‍നിന്ന് അമ്മീഹൂദിന്‍റെ പുത്രന്‍ പെദഹേല്‍. കനാന്‍ദേശത്ത് ഇസ്രായേല്‍ജനത്തിനുള്ള അവകാശം വിഭജിച്ചുകൊടുക്കുന്നതിനു സര്‍വേശ്വരന്‍ നിയമിച്ചത് ഇവരെയായിരുന്നു. യെരീഹോവിന് എതിര്‍വശം യോര്‍ദ്ദാനു സമീപമുള്ള മോവാബുസമഭൂമിയില്‍വച്ചു സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ലേവ്യര്‍ക്കു പാര്‍ക്കാന്‍ ഇസ്രായേല്‍ജനത്തിന് അവകാശമായി ലഭിച്ച സ്ഥലത്തുതന്നെ പട്ടണങ്ങള്‍ കൊടുക്കാന്‍ അവരോടു പറയണം. പട്ടണങ്ങളോടു ചേര്‍ന്ന് അവയ്‍ക്ക് ചുറ്റുമുള്ള പുല്പുറങ്ങളും അവര്‍ക്കു കൊടുക്കണം. പട്ടണങ്ങളില്‍ അവര്‍ പാര്‍ക്കട്ടെ; പുല്പുറങ്ങള്‍ അവരുടെ ആടുമാടുകള്‍ക്കും മറ്റു മൃഗങ്ങള്‍ക്കുമുള്ളതായിരിക്കും. പുല്പുറത്തിനു പട്ടണത്തിന്‍റെ ഓരോ വശത്തുനിന്നും ആയിരം മുഴം വീതി ഉണ്ടായിരിക്കണം. പട്ടണത്തിനുചുറ്റും നാലു ദിക്കുകളിലേക്കും അളക്കണം. അതു പട്ടണങ്ങളോടു ചേര്‍ന്നുള്ള അവരുടെ പുല്പുറങ്ങളായിരിക്കും. നിങ്ങള്‍ ലേവ്യര്‍ക്കു കൊടുക്കുന്ന പട്ടണങ്ങളില്‍ ആറെണ്ണം അഭയനഗരങ്ങളായിരിക്കണം. ഒരാള്‍ അബദ്ധവശാല്‍ ഒരാളെ കൊല ചെയ്യാന്‍ ഇടയായാല്‍ കൊലയാളിക്ക് ഓടി രക്ഷപെടുന്നതിനുള്ളതാണ് അഭയനഗരങ്ങള്‍. ഇവ കൂടാതെ നാല്പത്തിരണ്ടു പട്ടണങ്ങള്‍കൂടി അവര്‍ക്കു കൊടുക്കണം. അങ്ങനെ ആകെ നാല്പത്തെട്ടു പട്ടണങ്ങള്‍ അവയുടെ പുല്പുറങ്ങളോടുകൂടി ലേവ്യര്‍ക്കുണ്ടായിരിക്കണം. ലേവ്യര്‍ക്കു കൊടുക്കുന്ന പട്ടണങ്ങളുടെ എണ്ണം ഓരോ ഗോത്രത്തിനു ലഭിക്കുന്ന സ്ഥലത്തിന്‍റെ അളവിന് ആനുപാതികമായിരിക്കണം; കൂടുതല്‍ അംഗസംഖ്യയുള്ള ഗോത്രങ്ങള്‍ക്കു കൂടുതല്‍ പട്ടണങ്ങളും അംഗസംഖ്യ കുറഞ്ഞ ഗോത്രങ്ങള്‍ക്കു കുറച്ചു പട്ടണങ്ങളുമാണു കൊടുക്കേണ്ടത്.” സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്‍ജനത്തോടു പറയുക, നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നു കനാന്‍ദേശത്ത് എത്തുമ്പോള്‍ ഏതാനും പട്ടണങ്ങള്‍ അഭയനഗരങ്ങളായി വേര്‍തിരിക്കണം. അബദ്ധവശാല്‍ ഒരാളെ കൊന്നുപോയാല്‍ കൊല ചെയ്തവന്‍ അവിടേക്കാണ് ഓടിപ്പോകേണ്ടത്. കൊലയാളി ജനസമൂഹത്തിന്‍റെ മുമ്പാകെ വിസ്തരിക്കപ്പെടുന്നതിനു മുമ്പു കൊല്ലപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്യാന്‍ ബാധ്യസ്ഥനായവന്‍റെ പിടിയില്‍പ്പെടാതെ രക്ഷപെടുന്നതിനുവേണ്ടിയുള്ളതാണ് ഈ അഭയനഗരങ്ങള്‍. നിങ്ങള്‍ കൊടുക്കുന്ന പട്ടണങ്ങളില്‍ ആറെണ്ണം അഭയനഗരങ്ങളായിരിക്കണം. അഭയനഗരങ്ങളില്‍ മൂന്നെണ്ണം യോര്‍ദ്ദാനക്കരെയും മൂന്നെണ്ണം കനാന്‍ദേശത്തുമായിരിക്കണം. ഇസ്രായേല്യര്‍ക്കും പരദേശികള്‍ക്കും പ്രവാസികള്‍ക്കും ഈ പട്ടണങ്ങള്‍ അഭയനഗരങ്ങളായിരിക്കും; അവിചാരിതമായി കൊലചെയ്ത ഏതൊരുവനും ഇവയില്‍ ഏതെങ്കിലും ഒരു പട്ടണത്തില്‍ ഓടിയെത്തി രക്ഷപെടാം. ഒരാള്‍ ഇരുമ്പായുധംകൊണ്ടു മറ്റൊരുത്തനെ അടിക്കുകയും അടിയേറ്റവന്‍ മരിക്കുകയും ചെയ്താല്‍ അടിച്ചവന്‍ കൊലപാതകിയാകുന്നു; അവന്‍ വധിക്കപ്പെടണം. ഒരാള്‍ അവന്‍റെ കൈയിലുള്ള കല്ലുകൊണ്ട് മറ്റൊരുവനെ ഇടിക്കുകയും ഇടിയേറ്റവന്‍ മരിക്കുകയും ചെയ്താല്‍ ഇടിച്ചവന്‍ കൊലപാതകിയാകുന്നു; അവനെ വധിക്കണം. ഒരാള്‍ തന്‍റെ കൈയിലുള്ള മരംകൊണ്ടു നിര്‍മ്മിച്ച ആയുധംകൊണ്ടു മറ്റൊരുവനെ അടിക്കുകയും അടിയേറ്റവന്‍ മരിക്കുകയും ചെയ്താല്‍ അയാള്‍ കൊലപാതകിയാകുന്നു; അവനെ വധിക്കണം. പ്രതികാരം ചെയ്യാന്‍ കടപ്പെട്ട ചാര്‍ച്ചക്കാരന്‍ കൊലപാതകിയെ കണ്ടാലുടന്‍ കൊന്നുകളയണം. ഒരുത്തന്‍ വിദ്വേഷം നിമിത്തം മറ്റൊരുവനെ കുത്തുകയോ പതിയിരുന്നു വല്ലതും അവന്‍റെ നേരേ എറിയുകയോ പൂര്‍വവൈരാഗ്യം നിമിത്തം മുഷ്‍ടിചുരുട്ടി ഇടിക്കുകയോ ചെയ്തിട്ട് അവന്‍ മരിക്കാന്‍ ഇടയായാല്‍ കൊലയാളി വധിക്കപ്പെടണം. അവന്‍ കൊലപാതകിയാണ്; പ്രതികാരം ചെയ്യാന്‍ ബാധ്യസ്ഥനായ ചാര്‍ച്ചക്കാരന്‍ അവനെ കണ്ടാലുടന്‍ കൊന്നുകളയണം. എന്നാല്‍ ശത്രുത കൂടാതെ ഒരാള്‍ മറ്റൊരുത്തനെ കുത്തുകയോ, കരുതിക്കൂട്ടിയല്ലാതെ വല്ലതും അവന്‍റെ നേരേ എറിയുകയോ, വിരോധമൊന്നുമില്ലാതെയും മുറിവേല്പിക്കണമെന്ന ഉദ്ദേശ്യമില്ലാതെയും നേരില്‍ കാണാതെയും കല്ല് എറിയുകയോ ചെയ്തതിന്‍റെ ഫലമായി അവന്‍ മരിച്ചാല്‍, കൊലപാതകിക്കും പ്രതികാരം ചെയ്യാന്‍ ബാധ്യസ്ഥനായ ചാര്‍ച്ചക്കാരനും മധ്യേ ജനം ഈ അനുശാസനങ്ങളനുസരിച്ചു ന്യായം വിധിക്കണം. അങ്ങനെ പ്രതികാരം ചെയ്യാന്‍ കടപ്പെട്ട ചാര്‍ച്ചക്കാരന്‍റെ കൈയില്‍നിന്നു കൊലപാതകിയെ ജനസമൂഹം രക്ഷിക്കണം. അവന്‍ ഓടിപ്പോയ അഭയനഗരത്തിലേക്കുതന്നെ അവനെ മടക്കി അയയ്‍ക്കണം; വിശുദ്ധതൈലംകൊണ്ട് അഭിഷിക്തനായ മഹാപുരോഹിതന്‍റെ മരണംവരെ അവന്‍ അവിടെത്തന്നെ പാര്‍ക്കട്ടെ. എന്നാല്‍ കൊലപാതകി അഭയംതേടിയ അഭയനഗരത്തിനു പുറത്തുവരികയും, പ്രതികാരം ചെയ്യാന്‍ കടപ്പെട്ടവന്‍ അവിടെവച്ച് അവനെ കൊല്ലുകയും ചെയ്താല്‍ താന്‍ ചെയ്ത പ്രതികാരത്തിന് അയാള്‍ കുറ്റക്കാരനായിരിക്കുകയില്ല. കാരണം മഹാപുരോഹിതന്‍റെ മരണംവരെ കൊലയാളി അഭയനഗരത്തില്‍ പാര്‍ക്കേണ്ടതായിരുന്നു. അതിനുശേഷം തന്‍റെ അവകാശഭൂമിയിലേക്ക് അവനു തിരിച്ചുപോകാം. ഇവ നിങ്ങള്‍ പാര്‍ക്കുന്ന എല്ലാ ഇടങ്ങളിലും എല്ലാ തലമുറകളിലും അനുസരിക്കേണ്ട നിയമവും ചട്ടവുമാകുന്നു. കൊലപാതകിയെ സാക്ഷികളുടെ മൊഴി അനുസരിച്ചു മാത്രമേ വധശിക്ഷയ്‍ക്കു വിധിക്കാവൂ; ഒരു സാക്ഷിയുടെ മാത്രം മൊഴി അടിസ്ഥാനമാക്കി ആരെയും വധിച്ചുകൂടാ. വധശിക്ഷയ്‍ക്ക് അര്‍ഹനായ കൊലയാളിയുടെ ജീവനുവേണ്ടി മോചനദ്രവ്യം വാങ്ങരുത്. അവന്‍ വധിക്കപ്പെടുകതന്നെ വേണം. അഭയനഗരത്തില്‍ രക്ഷ നേടിയവന്‍ മഹാപുരോഹിതന്‍റെ മരണത്തിനു മുമ്പു തന്‍റെ അവകാശഭൂമിയില്‍ പാര്‍ക്കുന്നതിന് ഇടയാകത്തക്കവിധം അവന്‍റെ പക്കല്‍നിന്നു മോചനദ്രവ്യം വാങ്ങരുത്. നിങ്ങള്‍ പാര്‍ക്കുന്ന ദേശം അശുദ്ധമാകാതിരിക്കട്ടെ. രക്തച്ചൊരിച്ചില്‍ ദേശത്തെ അശുദ്ധമാക്കും. ദേശത്തു ചൊരിഞ്ഞ രക്തത്തിനു രക്തം ചൊരിയിച്ചവന്‍റെ രക്തത്താലല്ലാതെ പ്രായശ്ചിത്തം ചെയ്യുക സാധ്യമല്ല. ഞാന്‍ വസിക്കുന്നതും നിങ്ങള്‍ പാര്‍ക്കുന്നതുമായ ദേശം നിങ്ങള്‍ അശുദ്ധമാക്കരുത്. സര്‍വേശ്വരനായ ഞാന്‍ ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍ ആവസിക്കുന്നുവല്ലോ. യോസേഫിന്‍റെ പൗത്രനും മനശ്ശെയുടെ പുത്രനുമായ മാഖീരിന്‍റെ പുത്രന്‍ ഗിലെയാദിന്‍റെ കുടുംബത്തലവന്മാര്‍ മോശയുടെയും ഗോത്രനേതാക്കന്മാരുടെയും മുമ്പാകെ വന്നു പറഞ്ഞു: “ദേശം ഇസ്രായേല്‍ജനത്തിനു നറുക്കിട്ടു പതിച്ചു കൊടുക്കാന്‍ സര്‍വേശ്വരന്‍ അങ്ങയോടു കല്പിച്ചു. ഞങ്ങളുടെ ചാര്‍ച്ചക്കാരനായ സെലോഫഹാദിന്‍റെ അവകാശം അവന്‍റെ പുത്രിമാര്‍ക്കു കൊടുക്കാനും അവിടുന്ന് അങ്ങയോടു കല്പിച്ചിട്ടുണ്ട്. അവര്‍ ഇസ്രായേലിലെ മറ്റേതെങ്കിലും ഗോത്രത്തില്‍നിന്നു വിവാഹം ചെയ്താല്‍ അവരുടെ അവകാശം ഞങ്ങളുടെ പൈതൃകാവകാശത്തില്‍നിന്നു വിട്ടുപോകും. അത് അവരുടെ ഭര്‍ത്തൃഗോത്രത്തിന്‍റെ അവകാശമായിത്തീരും. അങ്ങനെ ഞങ്ങള്‍ക്കു ലഭിച്ച അവകാശത്തിന്‍റെ ഒരു ഭാഗം നഷ്ടപ്പെടും. ഇസ്രായേല്‍ജനത്തിന്‍റെ ജൂബിലിസംവത്സരം ആഗതമാകുമ്പോള്‍ അവരുടെ അവകാശം അവരുടെ ഭര്‍ത്തൃഗോത്രത്തില്‍ ലയിക്കും. ഞങ്ങളുടെ പിതൃഗോത്രത്തിനു അതു നഷ്ടപ്പെടുകയും ചെയ്യും.” സര്‍വേശ്വരന്‍റെ കല്പനയനുസരിച്ച് ഇസ്രായേല്‍ജനത്തോടു മോശ പറഞ്ഞു: “യോസേഫിന്‍റെ പുത്രന്മാരുടെ ഗോത്രക്കാര്‍ പറയുന്നതു ശരിയാണ്. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു, സെലോഫഹാദിന്‍റെ പുത്രിമാര്‍ക്ക് ഇഷ്ടപ്പെട്ടവരെ വിവാഹം ചെയ്യുന്നതിനു സ്വാതന്ത്ര്യമുണ്ട്; എന്നാല്‍ അതു പിതൃഗോത്രത്തില്‍ നിന്നായിരിക്കണം. ഇസ്രായേല്‍ജനത്തിന്‍റെ അവകാശം ഒരു ഗോത്രത്തില്‍നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറ്റാന്‍ പാടില്ല. ഓരോ ഇസ്രായേല്യന്‍റെയും അവകാശം അവന്‍റെ പിതൃഗോത്രത്തോടു ബന്ധപ്പെട്ടിരിക്കണം. ഇസ്രായേലിലെ ഏതെങ്കിലും ഗോത്രത്തില്‍നിന്നു ഭൂമി അവകാശമായി ലഭിച്ചിട്ടുള്ള ഒരു യുവതി അതേ ഗോത്രത്തില്‍നിന്നുതന്നെ വിവാഹം കഴിക്കണം. അങ്ങനെ ചെയ്താല്‍ ഓരോ ഇസ്രായേല്യനും തന്‍റെ പിതൃസ്വത്ത് നിലനിര്‍ത്താന്‍ കഴിയും. ഒരു ഗോത്രത്തിന്‍റെ അവകാശം മറ്റൊരു ഗോത്രത്തിലേക്കു മാറുകയില്ല. ഓരോ ഗോത്രത്തിന്‍റെയും അവകാശം അതിന്‍റെ അധീനതയില്‍തന്നെ നിലനില്‌ക്കും.” [10,11] സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ സെലോഫഹാദിന്‍റെ പുത്രിമാരായ മഹ്ലാ, തിര്‍സ്സാ, ഹൊഗ്ലാ, മില്‍ക്കാ, നോവാ എന്നിവര്‍ തങ്ങളുടെ പിതൃസഹോദര പുത്രന്മാരുടെ ഭാര്യമാരായി. *** അവര്‍ യോസേഫിന്‍റെ പുത്രനായ മനശ്ശെയുടെ പുത്രന്മാരുടെ കുടുംബങ്ങളില്‍തന്നെ വിവാഹിതരായതുകൊണ്ട് അവരുടെ അവകാശം അവരുടെ പിതൃഗോത്രത്തില്‍തന്നെ നിലനിന്നു. യെരീഹോവിന് എതിര്‍വശം യോര്‍ദ്ദാനു സമീപത്തുള്ള മോവാബ്സമഭൂമിയില്‍ വച്ചു സര്‍വേശ്വരന്‍ മോശയില്‍കൂടി ഇസ്രായേല്‍ജനത്തിനു നല്‌കിയ ചട്ടങ്ങളും നിയമങ്ങളും ഇവയായിരുന്നു. യോര്‍ദ്ദാന്‍നദിക്ക് അക്കരെ മരുഭൂമിയില്‍ സൂഫിന് എതിര്‍വശത്ത് പാരാന്‍, തോഫെല്‍, ലാബാന്‍, ഹസേരോത്ത്, ദീസാഹാബ് എന്നിവയുടെ മധ്യേ സ്ഥിതിചെയ്യുന്ന അരാബായില്‍വച്ച് മോശ ഇസ്രായേല്‍ജനത്തോട് ഇങ്ങനെ പറഞ്ഞു: “സീനായില്‍നിന്നു സേയീര്‍മല വഴി കാദേശ്-ബര്‍ന്നേയയില്‍ എത്താന്‍ പതിനൊന്നു ദിവസം വേണം.” സര്‍വേശ്വരന്‍ ഇസ്രായേല്‍ജനത്തോടു പറയാന്‍ തന്നോടു കല്പിച്ച വചനങ്ങള്‍ ഈജിപ്തില്‍നിന്നു യാത്രതിരിച്ചതിന്‍റെ നാല്പതാം വര്‍ഷം പതിനൊന്നാം മാസം ഒന്നാം ദിവസം മോശ അവരോടു പറഞ്ഞു. ഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്യരുടെ രാജാവായ സീഹോനെയും എദ്രെയിലും അസ്താരോത്തിലും പാര്‍ത്തിരുന്ന ബാശാന്‍രാജാവായ ഓഗിനെയും പരാജയപ്പെടുത്തിയതിനു ശേഷമായിരുന്നു മോശ അവരോടു സംസാരിച്ചത്. യോര്‍ദ്ദാന്‍നദിക്ക് അക്കരെ മോവാബുദേശത്തുവച്ച് മോശ ധര്‍മശാസ്ത്രം വിശദീകരിച്ചു. “നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ സീനായ്മലയില്‍വച്ച് നമ്മോട് അരുളിച്ചെയ്തു: ഈ മലയില്‍ നിങ്ങള്‍ വേണ്ടത്രകാലം പാര്‍ത്തു കഴിഞ്ഞിരിക്കുന്നു. ഇനി നിങ്ങള്‍ ഇവിടം വിട്ട് കനാന്‍ദേശത്തേക്കും, ലെബാനോന്‍ പര്‍വതങ്ങള്‍ക്കപ്പുറം യൂഫ്രട്ടീസ്നദിവരെയും പോകണം. അതായത് അമോര്യരുടെ മലനാട്ടിലേക്കും അതിന്‍റെ അയല്‍പ്രദേശമായ അരാബാ, മലനാട്, താഴ്വരകള്‍, നെഗെബ്, കടല്‍ത്തീരം എന്നിവിടങ്ങളിലേക്കും തന്നെ. “ഇതാ, ആ ദേശം നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു. സര്‍വേശ്വരനായ ഞാന്‍ നിങ്ങളുടെ പൂര്‍വപിതാക്കന്മാരായ അബ്രഹാമിനും ഇസ്ഹാക്കിനും യാക്കോബിനും അവരുടെ പിന്‍തലമുറകള്‍ക്കും അവകാശമായി നല്‌കുമെന്നു വാഗ്ദാനം ചെയ്തിരുന്ന ദേശം നിങ്ങള്‍ പോയി കൈവശമാക്കുക.” “എനിക്ക് താങ്ങാനാവാത്ത ഭാരമാണിതെന്ന് അന്നേ ഞാന്‍ നിങ്ങളോടു പറഞ്ഞതാണ്. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ വര്‍ധിപ്പിച്ചിരിക്കുന്നു. ഇന്നു നിങ്ങള്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ എണ്ണമറ്റവരാണ്. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ ഇനിയും ആയിരംമടങ്ങു വര്‍ധിപ്പിക്കുകയും അവിടുത്തെ വാഗ്ദാനംപോലെ നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യട്ടെ. നിങ്ങളുടെ ഭാരിച്ച ചുമതലകളും കലഹങ്ങളും എങ്ങനെ ഞാന്‍ ഒറ്റയ്‍ക്കു താങ്ങും? ജ്ഞാനവും വിവേകവും പക്വതയുമുള്ള ഏതാനും പേരെ ഓരോ ഗോത്രത്തില്‍നിന്നും തിരഞ്ഞെടുക്കുക; അവരെ ഞാന്‍ നിങ്ങള്‍ക്കു തലവന്മാരായി നിയമിക്കാം. അപ്പോള്‍ നിങ്ങള്‍ ‘അങ്ങയുടെ നിര്‍ദ്ദേശം നല്ലത്’ എന്നു മറുപടി പറഞ്ഞു. അങ്ങനെ ഞാന്‍ ജ്ഞാനികളും പക്വമതികളുമായ ഗോത്രത്തലവന്മാരെ തിരഞ്ഞെടുത്തു നിങ്ങളുടെ അധിപതികളായി നിയമിച്ചു; ഓരോ ഗോത്രത്തിലും ആയിരത്തിനും നൂറിനും അമ്പതിനും പത്തിനും അവരെ അധിപതികളായി നിയമിച്ചു. നിങ്ങളുടെ ന്യായാധിപന്മാരോട് അന്നു ഞാന്‍ കല്പിച്ചു; നിങ്ങളുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ വിചാരണ ചെയ്യുവിന്‍. നിങ്ങള്‍ തമ്മിലോ, നിങ്ങളും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശികളും തമ്മിലോ ആയാലും അവ കേട്ട് നീതിപൂര്‍വം വിധി കല്പിക്കുവിന്‍. നിങ്ങള്‍ മുഖം നോക്കാതെ ന്യായം വിധിക്കണം; ചെറിയവന്‍റെയും വലിയവന്‍റെയും പരാതികള്‍ ഒരുപോലെ കേള്‍ക്കണം. ഒരു മനുഷ്യനെയും ഭയപ്പെടരുത്; ന്യായവിധി ദൈവത്തിന്‍റേതാണല്ലോ. നിങ്ങള്‍ക്കു തീരുമാനിക്കാന്‍ പ്രയാസമുള്ള പ്രശ്നങ്ങള്‍ എന്‍റെ അടുക്കല്‍ കൊണ്ടുവരിക; ഞാന്‍ അതു തീര്‍ത്തുകൊള്ളാം. നിങ്ങള്‍ ചെയ്യേണ്ട മറ്റെല്ലാ കാര്യങ്ങളെ സംബന്ധിച്ചും അന്നു ഞാന്‍ നിങ്ങളോടു കല്പിച്ചിട്ടുണ്ടല്ലോ.” നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ നമ്മോടു കല്പിച്ചിരുന്നതുപോലെ നാം സീനായില്‍നിന്നു പുറപ്പെട്ട്, നിങ്ങള്‍ കണ്ട ഭയാനകമായ മഹാമരുഭൂമി കടന്ന് അമോര്യരുടെ മലനാട്ടിലേക്കുള്ള വഴിയിലൂടെ കാദേശ്-ബര്‍ന്നേയയില്‍ എത്തി. അപ്പോള്‍ ഞാന്‍ നിങ്ങളോടു പറഞ്ഞു: “നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ നമുക്ക് നല്‌കാന്‍ പോകുന്ന അമോര്യരുടെ മലനാട്ടില്‍ നാം എത്തിയിരിക്കുന്നു; ഇതാ, നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഈ ദേശം നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന്‍ കല്പിച്ചതുപോലെ നിങ്ങള്‍ പോയി അതു കൈവശമാക്കുക. ഭയമോ പരിഭ്രാന്തിയോ വേണ്ട.” എന്നാല്‍ നിങ്ങള്‍ എന്നോടു പറഞ്ഞു: “ചിലരെ നമുക്ക് മുമ്പേ അയയ്‍ക്കാം; അവര്‍ പോയി ദേശം രഹസ്യമായി നിരീക്ഷിച്ച് നാം ഏതു വഴി കടക്കണമെന്നും ഏതേതു നഗരങ്ങളില്‍ പ്രവേശിക്കണമെന്നും വന്നു പറയട്ടെ. അത് ഒരു നല്ല നിര്‍ദ്ദേശമായി എനിക്കു തോന്നി; ഒരു ഗോത്രത്തില്‍നിന്ന് ഒരാളെ വീതം പന്ത്രണ്ടു പേരെ ഞാന്‍ നിങ്ങളില്‍നിന്ന് തിരഞ്ഞെടുത്തു. അവര്‍ മലനാട്ടില്‍ പ്രവേശിച്ച് എസ്കോല്‍താഴ്വരയില്‍ എത്തി. ആ ദേശം രഹസ്യമായി നിരീക്ഷിച്ചു. അവര്‍ അവിടെനിന്നു ചില ഫലവര്‍ഗങ്ങള്‍ നമ്മുടെ അടുക്കല്‍ കൊണ്ടുവന്നു. നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ നമുക്കു നല്‌കുന്ന ദേശം ഫലഭൂയിഷ്ഠമാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ആ ദേശത്തേക്ക് പോകാന്‍ നിങ്ങള്‍ വിസമ്മതിച്ചു. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ കല്പനയ്‍ക്ക് എതിരായി നിങ്ങള്‍ പ്രവര്‍ത്തിച്ചു. കൂടാരങ്ങളിലിരുന്നു നിങ്ങള്‍ പിറുപിറുത്തു; സര്‍വേശ്വരന്‍ നമ്മെ ദ്വേഷിക്കുന്നതുകൊണ്ടാണ് അമോര്യരുടെ കൈയില്‍ ഏല്പിച്ചു നശിപ്പിക്കാനായി നമ്മെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നിരിക്കുന്നത്. എവിടേക്കാണ് നാം പോകുന്നത്? അവിടെയുള്ള ജനം നമ്മെക്കാള്‍ ദീര്‍ഘകായന്മാരും ബലിഷ്ഠരും ആണ്; അംബരചുംബികളായ കോട്ടകളാല്‍ സുരക്ഷിതമായ പട്ടണങ്ങളാണ് അവരുടേത്. ചില അനാക്യസന്തതികളെയും അവിടെ കണ്ടു എന്നു പറഞ്ഞു നമ്മുടെ സഹോദരന്മാര്‍ നമ്മെ നിരുത്സാഹപ്പെടുത്തിയിരിക്കുന്നു.” അപ്പോള്‍ ഞാന്‍ പറഞ്ഞു: “നിങ്ങള്‍ പരിഭ്രമിക്കേണ്ടാ; അവരെ ഭയപ്പെടുകയും വേണ്ടാ. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാണല്ലോ നിങ്ങള്‍ക്കു മുമ്പേ നടക്കുന്നത്. ഈജിപ്തില്‍വച്ച് നിങ്ങള്‍ കാണ്‍കെ അവിടുന്നു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തു. അതുപോലെ ഇനിയും അവിടുന്നു ചെയ്യും. മരുഭൂമിയില്‍ നിങ്ങള്‍ പിന്നിട്ട വഴികളിലെല്ലാം, ഇവിടെ എത്തുവോളം അവിടുന്നു നിങ്ങളെ പിതാവ് മകനെ എന്നപോലെ കരങ്ങളില്‍ വഹിക്കുന്നത് നിങ്ങള്‍ കണ്ടു. എന്നിട്ടും നിങ്ങള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ വിശ്വസിച്ചില്ല. നിങ്ങള്‍ക്കു പാളയമടിക്കാനുള്ള സ്ഥലം കണ്ടുപിടിക്കാനും നിങ്ങള്‍ക്ക് വഴി കാണിക്കാനും രാത്രി അഗ്നിയിലും പകല്‍ മേഘത്തിലും നിങ്ങള്‍ക്കു മുമ്പേ അവിടുന്നു സഞ്ചരിച്ചിരുന്നു.” സര്‍വേശ്വരന്‍ നിങ്ങളുടെ വാക്കു കേട്ടു കോപിച്ചു. നിങ്ങളുടെ പൂര്‍വപിതാക്കന്മാര്‍ക്കു നല്‌കുമെന്നു ഞാന്‍ വാഗ്ദാനം ചെയ്ത ഫലഭൂയിഷ്ഠമായ ദേശം ഈ ദുഷിച്ച തലമുറയിലെ ഒരാള്‍പോലും കാണുകയില്ല എന്ന് അവിടുന്ന് ശപഥം ചെയ്തു. യെഫുന്നെയുടെ പുത്രനായ കാലേബു മാത്രമേ ആ സ്ഥലം കാണുകയുള്ളൂ; അവന്‍ എന്നെ പൂര്‍ണമായി അനുസരിച്ചല്ലോ. അതുകൊണ്ട് അവന്‍റെ കാല്‍ പതിച്ച ദേശം, അവനും അവന്‍റെ പുത്രന്മാര്‍ക്കും ഞാന്‍ കൊടുക്കും. “നിങ്ങള്‍ നിമിത്തം സര്‍വേശ്വരന്‍ എന്നോടും കോപിച്ചു; അവിടുന്നു പറഞ്ഞു: “നീയും ആ ദേശത്തു പ്രവേശിക്കുകയില്ല. നിന്‍റെ സഹായകനും നൂനിന്‍റെ പുത്രനുമായ യോശുവ അവിടെ പ്രവേശിക്കും; അവനെ ധൈര്യപ്പെടുത്തുക. ഇസ്രായേല്യര്‍ ആ ദേശം അവകാശമാക്കാന്‍ അവന്‍ ഇടയാക്കും.” അപ്പോള്‍ “ശത്രുക്കള്‍ക്കിരയാകുമെന്നു നിങ്ങള്‍ കരുതിയ നിങ്ങളുടെ ശിശുക്കളും തെറ്റും ശരിയും തിരിച്ചറിയാന്‍ പ്രായമായിട്ടില്ലാത്ത നിങ്ങളുടെ കുട്ടികളും അവിടെ പ്രവേശിക്കും. ഞാന്‍ ആ ദേശം അവര്‍ക്കു കൊടുക്കും; അവര്‍ അതു കൈവശമാക്കുകയും ചെയ്യും.” എന്നാല്‍ നിങ്ങള്‍ ചെങ്കടല്‍ ലക്ഷ്യമാക്കി മരുഭൂമിയിലേക്കു തിരിഞ്ഞു നടന്നുകൊള്‍ക. അപ്പോള്‍ നിങ്ങള്‍, “ഞങ്ങള്‍ സര്‍വേശ്വരനെതിരായി പാപം ചെയ്തുപോയി. ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ കല്പിച്ചതുപോലെ ഞങ്ങള്‍ പോയി യുദ്ധം ചെയ്യാം” എന്ന് എന്നോടു പറഞ്ഞു. മലനാട് ആക്രമിക്കുന്നത് എളുപ്പമായിരിക്കും എന്നു കരുതി നിങ്ങള്‍ യുദ്ധത്തിനു സന്നദ്ധരായി. എന്നാല്‍ സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “അവരോടു പറയുക. നിങ്ങള്‍ പോകരുത്; യുദ്ധം ചെയ്യുകയും അരുത്. ഞാന്‍ നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല; ശത്രുക്കള്‍ നിങ്ങളെ പരാജയപ്പെടുത്തും.” ഞാന്‍ അതു നിങ്ങളോടു പറഞ്ഞെങ്കിലും നിങ്ങള്‍ ശ്രദ്ധിച്ചില്ല; അവിടുത്തെ കല്പനയ്‍ക്കെതിരായി നിങ്ങള്‍ മത്സരിച്ചു; അഹങ്കാരത്തോടെ നിങ്ങള്‍ മലമ്പ്രദേശത്തേക്കു കയറി. അവിടെ പാര്‍ത്തിരുന്ന അമോര്യര്‍ തേനീച്ചക്കൂട്ടംപോലെ നിങ്ങളെ ആക്രമിച്ചു; സേയീരില്‍ ഹോര്‍മ്മാവരെ നിങ്ങളെ പിന്തുടര്‍ന്നു പരാജയപ്പെടുത്തി. നിങ്ങള്‍ മടങ്ങിവന്നു സര്‍വേശ്വരനോടു നിലവിളിച്ചു; എന്നാല്‍ അവിടുന്നു നിങ്ങളുടെ നിലവിളി കേട്ടില്ല; നിങ്ങളെ ശ്രദ്ധിച്ചതുമില്ല. അതുകൊണ്ട് ദീര്‍ഘനാളുകള്‍ നിങ്ങള്‍ക്ക് കാദേശില്‍ പാര്‍ക്കേണ്ടിവന്നു. അതിനുശേഷം സര്‍വേശ്വരന്‍ കല്പിച്ചതുപോലെ നാം തിരിഞ്ഞു ചെങ്കടലിനു നേരേ മരുഭൂമിയിലേക്കു യാത്ര തിരിച്ചു; വളരെ നാളുകള്‍ സേയീര്‍മലയ്‍ക്കു ചുറ്റും നടന്നു. അപ്പോള്‍ സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “നിങ്ങള്‍ ചുറ്റി നടന്നതു മതി; വടക്കോട്ടു തിരിയുക. ജനത്തോട് ഇപ്രകാരം കല്പിക്കുക; നിങ്ങളുടെ ചാര്‍ച്ചക്കാരായ ഏശാവിന്‍റെ സന്താനപരമ്പരകള്‍ പാര്‍ക്കുന്ന എദോമില്‍ കൂടി നിങ്ങള്‍ കടന്നു പോകാന്‍ തുടങ്ങുകയാണ്. അവര്‍ നിങ്ങളെ ഭയപ്പെടും; എങ്കിലും നിങ്ങള്‍ വളരെ സൂക്ഷിച്ചുകൊള്ളണം. അവരോട് ഏറ്റുമുട്ടരുത്. അവരുടെ ദേശത്തു കാല്‍ കുത്താന്‍പോലും ഇടം നിങ്ങള്‍ക്കു ഞാന്‍ തരികയില്ല. കാരണം ഏശാവിന് സേയീര്‍മല അവകാശമായി ഞാന്‍ നല്‌കിയിരിക്കുന്നു. ഭക്ഷിക്കാന്‍ ആഹാരവും കുടിക്കാന്‍ വെള്ളവും നിങ്ങള്‍ അവരോടു വിലയ്‍ക്കു വാങ്ങണം. നിങ്ങളുടെ അധ്വാനങ്ങളിലെല്ലാം ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നുവല്ലോ. വിശാലമായ ഈ മരുഭൂമിയില്‍ കൂടിയുള്ള നിങ്ങളുടെ യാത്രയില്‍ അവിടുന്നു നിങ്ങളെ സംരക്ഷിച്ചു. ഈ നാല്പതു വര്‍ഷവും നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളോടൊത്ത് ഉണ്ടായിരുന്നു. നിങ്ങള്‍ക്ക് ഒന്നിനും കുറവുണ്ടായില്ല.” അങ്ങനെ സേയീരില്‍ പാര്‍ത്തിരുന്ന ഏശാവിന്‍റെ വംശജരായ നമ്മുടെ ചാര്‍ച്ചക്കാരെ വിട്ടു നാം അരാബാവഴിയായി ഏലാത്തിലും എസ്യോന്‍-ഗേബെരിലും കൂടി തിരിഞ്ഞ് മോവാബ്മരുഭൂമിയിലേക്കു നീങ്ങി. സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “മോവാബ്യരെ ഉപദ്രവിക്കരുത്; അവരോടു യുദ്ധത്തിന് ഒരുങ്ങുകയുമരുത്; അവരുടെ ദേശത്തിന്‍റെ ഒരംശംപോലും ഞാന്‍ നിങ്ങള്‍ക്കു തരികയില്ല; ‘ആര്‍’ ദേശം ലോത്തിന്‍റെ പുത്രന്മാര്‍ക്ക് അവകാശമായി ഞാന്‍ കൊടുത്തിട്ടുള്ളതാണ്.” പ്രബലരും സംഖ്യാബലം ഏറിയവരും അനാക്യരെപ്പോലെ ദീര്‍ഘകായന്മാരും ആയ ഏമ്യരാണ് പണ്ട് അവിടെ പാര്‍ത്തിരുന്നത്. അനാക്യരെപ്പോലെ അവരും ‘രെഫായീം’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ മോവാബ്യര്‍ അവരെ ഏമ്യര്‍ എന്നു വിളിച്ചുവന്നു. ഹോര്യരായിരുന്നു സേയീരില്‍ മുമ്പ് പാര്‍ത്തിരുന്നത്; ഏശാവിന്‍റെ വംശജര്‍ അവരെ നശിപ്പിച്ച് അവരുടെ ദേശം കൈവശമാക്കി അവിടെ കുടിപാര്‍ത്തു. സര്‍വേശ്വരന്‍ അവകാശമായി കൊടുത്ത ദേശത്ത് ഇസ്രായേല്യര്‍ തദ്ദേശവാസികളോടു ചെയ്തതുപോലെയാണ് അവരും പ്രവര്‍ത്തിച്ചത്. “നിങ്ങള്‍ പുറപ്പെട്ടു സേരെദ്തോട് കടക്കുവിന്‍” എന്നു കല്പിച്ചതുപോലെ നാം തോടുകടന്നു; നാം കാദേശ്-ബര്‍ന്നേയയില്‍നിന്ന് പുറപ്പെട്ടു സേരെദ്തോടു കടക്കുന്നതുവരെ യാത്രചെയ്ത കാലം മുപ്പത്തിയെട്ടു വര്‍ഷം ആയിരുന്നു. സര്‍വേശ്വരന്‍ ശപഥം ചെയ്തിരുന്നതുപോലെ ഇക്കാലത്തിനിടയില്‍ പാളയത്തിലെ യോദ്ധാക്കളെയെല്ലാം നശിപ്പിച്ചു. അവര്‍ പൂര്‍ണമായി നശിക്കുന്നതുവരെ സര്‍വേശ്വരന്‍ അവര്‍ക്കെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇങ്ങനെ യോദ്ധാക്കളെല്ലാം മരിച്ചു മണ്ണടിഞ്ഞുകഴിഞ്ഞപ്പോള്‍ സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: ആര്‍ദേശത്തുകൂടി നിങ്ങള്‍ മോവാബിന്‍റെ അതിര്‍ത്തി കടക്കാന്‍ പോകുകയാണ്. അമ്മോന്യരുടെ ദേശത്തു ചെല്ലുമ്പോള്‍ നിങ്ങള്‍ അവരെ ഉപദ്രവിക്കരുത്; അവരോടു യുദ്ധത്തിന് ഒരുങ്ങുകയുമരുത്; അമ്മോന്യരുടെ ദേശത്ത് ഒരു അവകാശവും ഞാന്‍ നിങ്ങള്‍ക്കു നല്‌കുകയില്ല; അതു ലോത്തിന്‍റെ മക്കള്‍ക്കു ഞാന്‍ അവകാശമായി നല്‌കിയിരിക്കുന്നു. ‘രെഫായീമ്യരുടെ ദേശം’ എന്നാണ് അവിടവും അറിയപ്പെട്ടിരുന്നത്. രെഫായീമ്യരാണ് പണ്ട് അവിടെ പാര്‍ത്തിരുന്നത്. അമ്മോന്യര്‍ അവരെ സംസുമ്മ്യര്‍ എന്നു വിളിച്ചു. അവര്‍ പ്രബലരും സംഖ്യാബലം ഏറിയവരും അനാക്യരെപ്പോലെ ദീര്‍ഘകായരുമായിരുന്നു എങ്കിലും സര്‍വേശ്വരന്‍ അവരെ അമ്മോന്യരുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു. അങ്ങനെ അമ്മോന്യര്‍ ആ സ്ഥലം കൈവശപ്പെടുത്തി അവിടെ വാസമുറപ്പിച്ചു. സേയീരില്‍ പാര്‍ത്തിരുന്ന ഏശാവിന്‍റെ വംശജര്‍ക്കുവേണ്ടി സര്‍വേശ്വരന്‍ പ്രവര്‍ത്തിച്ചതുപോലെയാണിത്. അവിടുന്നു ഹോര്യരെ അവരുടെ മുമ്പില്‍നിന്ന് നീക്കിക്കളഞ്ഞു. അവര്‍ ദേശം കൈവശമാക്കി; അവര്‍ ഇന്നോളം അവിടെ പാര്‍ക്കുന്നു. കഫ്ത്തോരീമില്‍നിന്നു വന്ന കഫ്ത്തോര്യര്‍ ഗസ്സാവരെയുള്ള ഗ്രാമങ്ങളില്‍ പാര്‍ത്തിരുന്ന അവ്യരെ നശിപ്പിച്ച് അവിടെ പാര്‍ത്തു. സര്‍വേശ്വരന്‍ നമ്മോട് അരുളിച്ചെയ്തു: “നിങ്ങള്‍ പുറപ്പെട്ടു അര്‍ന്നോന്‍താഴ്വര കടക്കുക; ഹെശ്ബോനിലെ അമോര്യരാജാവായ സീഹോനെയും അവന്‍റെ ദേശത്തെയും നിങ്ങളുടെ കൈയില്‍ ഏല്പിച്ചിരിക്കുന്നു. അവനോടു യുദ്ധം ചെയ്ത് അവരുടെ ദേശം കൈവശമാക്കുക. നിങ്ങളെക്കുറിച്ചുള്ള ഭീതിയും പരിഭ്രമവും സര്‍വജനതകളിലും ഞാന്‍ ഇന്നു ജനിപ്പിക്കും. നിങ്ങളെക്കുറിച്ചു കേള്‍ക്കുമ്പോള്‍തന്നെ എല്ലാവരും ഭയന്നു വിറയ്‍ക്കും.” “പിന്നീട് ഞാന്‍ കെദേമോത്തുമരുഭൂമിയില്‍നിന്ന് ഹെശ്ബോനില്‍ പാര്‍ത്തിരുന്ന സീഹോന്‍റെ അടുക്കല്‍ ഈ സമാധാനസന്ദേശവുമായി ദൂതന്മാരെ അയച്ചു. ‘അങ്ങയുടെ രാജ്യത്തുകൂടി പോകാന്‍ ഞങ്ങളെ അനുവദിച്ചാലും. പെരുവഴിയിലൂടെ മാത്രം പൊയ്‍ക്കൊള്ളാം; വലത്തോട്ടോ ഇടത്തോട്ടോ തിരിയുകയില്ല. ഞങ്ങള്‍ക്കു ഭക്ഷിക്കാന്‍ ആഹാരവും കുടിക്കാന്‍ വെള്ളവും വിലയ്‍ക്കു തന്നാല്‍ മതി. ഞങ്ങള്‍ കാല്‍നടയായി പോകാന്‍ അനുവദിച്ചാലും. സേയീരില്‍ പാര്‍ക്കുന്ന ഏശാവിന്‍റെ വംശജരും ആര്‍ദേശത്തു പാര്‍ക്കുന്ന മോവാബ്യരും തങ്ങളുടെ ദേശത്തുകൂടി കടന്നുപോകാന്‍ ഞങ്ങളെ അനുവദിച്ചു. അതുപോലെ ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഞങ്ങള്‍ക്കു നല്‌കുന്ന യോര്‍ദ്ദാന്‍നദിക്ക് അക്കരെയുള്ള ദേശത്തേക്കു പോകാന്‍ ഞങ്ങളെ അനുവദിക്കണം.’ എന്നാല്‍ തന്‍റെ ദേശത്തുകൂടി കടന്നുപോകാന്‍ ഹെശ്ബോനിലെ രാജാവായ സീഹോന്‍ നമ്മെ അനുവദിച്ചില്ല; അവനെ പരാജയപ്പെടുത്തി അവന്‍റെ ദേശം കൈവശപ്പെടുത്താന്‍ ഇടയാകുംവിധം നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അവന്‍റെ ഹൃദയവും മനസ്സും കഠിനമാക്കി. “സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: ‘സീഹോനെയും അവന്‍റെ ദേശത്തെയും നിന്‍റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു; അവന്‍റെ ദേശം കൈവശമാക്കുക.’ “സീഹോനും അവന്‍റെ സര്‍വജനങ്ങളും യാഹാസില്‍ നമുക്കെതിരെ യുദ്ധത്തിനു വന്നു. നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ അവനെ നമ്മുടെ കൈയില്‍ ഏല്പിച്ചു; നാം അവനെയും അവന്‍റെ പുത്രന്മാരെയും സര്‍വജനത്തെയും സംഹരിച്ചു. നാം അവന്‍റെ പട്ടണങ്ങളും പിടിച്ചടക്കി; അവയെ ഉന്മൂലനം ചെയ്തു. പുരുഷന്മാരെയും, സ്‍ത്രീകളെയും കുഞ്ഞുങ്ങളെയും ഒന്നൊഴിയാതെ കൊന്നുകളഞ്ഞു. അവരുടെ കന്നുകാലികളും പട്ടണങ്ങളില്‍നിന്നു കൊള്ളയടിച്ച വസ്തുക്കളും മാത്രം എടുത്തു. അര്‍ന്നോന്‍താഴ്വരയുടെ അതിരിലുള്ള അരോവേര്‍പട്ടണംമുതല്‍ താഴ്വരയില്‍ ഗിലെയാദ്‍വരെ നമുക്ക് അധീനമാകാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല. അവയെല്ലാം നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ നമ്മുടെ കൈയില്‍ ഏല്പിച്ചു. എന്നാല്‍ യബ്ബോക്കുനദിയുടെ തീരവും മലനാട്ടിലെ പട്ടണങ്ങളും ചേര്‍ന്ന അമ്മോന്യരുടെ ദേശത്തോ സര്‍വേശ്വരന്‍ വിലക്കിയിരുന്ന മറ്റിടങ്ങളിലോ നാം കാലുകുത്തിയില്ല.” “പിന്നീട് നാം ബാശാനിലേക്കുള്ള വഴിയെ യാത്രതിരിച്ചു. അപ്പോള്‍ ബാശാന്‍രാജാവായ ഓഗും അവന്‍റെ സര്‍വജനവും എദ്രെയില്‍ നമ്മെ എതിര്‍ത്തു. എന്നാല്‍ സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “അവനെ ഭയപ്പെടേണ്ടാ; അവനെയും അവന്‍റെ ജനത്തെയും അവന്‍റെ ദേശത്തെയും നിന്‍റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു; ഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുപോലെ അവനോടും ചെയ്യുക.’ “അങ്ങനെ, നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ ബാശാന്‍രാജാവായ ഓഗിനെയും അവന്‍റെ സകല ജനത്തെയും നമ്മുടെ കൈയില്‍ ഏല്പിച്ചു. നാം അവരെ നിശ്ശേഷം സംഹരിച്ചു. അവരുടെ എല്ലാ പട്ടണങ്ങളും നാം പിടിച്ചെടുത്തു; കീഴടക്കാത്ത ഒരു പട്ടണംപോലും ഉണ്ടായിരുന്നില്ല. അറുപതു പട്ടണങ്ങളുള്ള അര്‍ഗ്ഗോബ് പ്രദേശമായിരുന്നു ബാശാനിലെ ഓഗിന്‍റെ രാജ്യം. ആ പട്ടണങ്ങളെല്ലാം ഉയര്‍ന്ന മതിലുകളും ഓടാമ്പല്‍ ഘടിപ്പിച്ച വാതിലുകളും കൊണ്ടു സുരക്ഷിതമാക്കിയിരുന്നു; ഇവ കൂടാതെ മതിലുകളില്ലാത്ത അനേകം ചെറിയ പട്ടണങ്ങളും ഉണ്ടായിരുന്നു. ഹെശ്ബോന്‍ രാജാവായ സീഹോനോടു ചെയ്തതുപോലെ നാം ആ പട്ടണങ്ങളെല്ലാം ഉന്മൂലനം ചെയ്തു. സകല പുരുഷന്മാരെയും സ്‍ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കി. കന്നുകാലികളും പട്ടണങ്ങളില്‍ അവശേഷിച്ച വസ്തുക്കളും നാം കൊള്ളയടിച്ചു. “അങ്ങനെ ആ രണ്ട് അമോര്യരാജാക്കന്മാരില്‍നിന്നു യോര്‍ദ്ദാന്‍നദിക്കു കിഴക്ക് അര്‍ന്നോന്‍താഴ്വരമുതല്‍ ഹെര്‍മ്മോന്‍പര്‍വതംവരെയുള്ള പ്രദേശം അന്നു നാം കൈവശപ്പെടുത്തി. ഹെര്‍മ്മോനെ സിര്യോന്‍ എന്ന് സീദോന്യരും സെനീര്‍ എന്ന് അമോര്യരും വിളിച്ചിരുന്നു. പീഠഭൂമിയിലെ എല്ലാ പട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാന്‍രാജാവായ ഓഗിന്‍റെ രാജ്യത്തില്‍പ്പെട്ട സല്‍ക്കാ, എദ്രെയി എന്നീ പട്ടണങ്ങള്‍വരെയുള്ള ബാശാന്‍ മുഴുവനും നാം പിടിച്ചടക്കി. രെഫായീമ്യരില്‍ ബാശാന്‍രാജാവായ ഓഗ് മാത്രമേ ശേഷിച്ചിരുന്നുള്ളൂ. അവന്‍റെ ഇരുമ്പുകട്ടിലിന് ഒന്‍പതു മുഴം നീളവും നാലു മുഴം വീതിയും ഉണ്ടായിരുന്നു; അത് അമ്മോന്യനഗരമായ രബ്ബായില്‍ ഇപ്പോഴും ഉണ്ടല്ലോ.” “അന്ന് നാം ഈ ദേശം കൈവശപ്പെടുത്തിയപ്പോള്‍ അര്‍ന്നോന്‍താഴ്വരയുടെ അടുത്തുള്ള അരോവേര്‍മുതലുള്ള പ്രദേശവും ഗിലെയാദ് മലനാടിന്‍റെ പകുതിയും അവിടെയുണ്ടായിരുന്ന പട്ടണങ്ങളും രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും ഞാന്‍ നല്‌കി. ഗിലെയാദിന്‍റെ ബാക്കി ഭാഗവും ഓഗിന്‍റെ രാജ്യമായ ബാശാന്‍ മുഴുവനും അതായത് അര്‍ഗ്ഗോബ്പ്രദേശം ഞാന്‍ മനശ്ശെയുടെ പകുതി ഗോത്രത്തിനും നല്‌കി. രെഫായീമ്യരുടെ നാടെന്നായിരുന്നു ബാശാന്‍ അറിയപ്പെട്ടിരുന്നത്; മനശ്ശെഗോത്രക്കാരനായ യായീര്‍ ഗെശൂര്യരുടെയും മാഖാത്യരുടെയും അതിരുവരെയുള്ള അര്‍ഗ്ഗോബു ദേശം മുഴുവന്‍ കൈവശപ്പെടുത്തി; തന്‍റെ പേരനുസരിച്ചു ബാശാനു ഹവോത്ത്-യായീര്‍ എന്നു പേരിട്ടു. ഇന്നും ഇതേ പേരില്‍ അത് അറിയപ്പെടുന്നു; ഗിലെയാദ് ഞാന്‍ മാഖീരിനു കൊടുത്തു. ഗിലെയാദുമുതല്‍ അര്‍ന്നോന്‍ താഴ്വരവരെയുള്ള പ്രദേശം രൂബേന്‍, ഗാദ് എന്നീ ഗോത്രങ്ങള്‍ക്കു നല്‌കി. താഴ്വരയുടെ മധ്യഭാഗത്തായിരുന്നു അവരുടെ തെക്കേ അതിര്; വടക്കേ അതിര് അമ്മോന്യരുടെ അതിര്‍ത്തികൂടിയായ യബ്ബോക്ക്നദി ആയിരുന്നു. അവരുടെ സ്ഥലം പടിഞ്ഞാറു യോര്‍ദ്ദാന്‍നദിക്കും വടക്ക് ഗലീലാതടാകത്തിനും തെക്ക് ചാവുകടലിനും കിഴക്ക് പിസ്ഗാമലയുടെ താഴ്വരയ്‍ക്കും ഇടയ്‍ക്കുള്ളതായിരുന്നു. അന്നു ഞാന്‍ നിങ്ങളോടു കല്പിച്ചു: നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഈ ദേശം നിങ്ങള്‍ക്ക് അവകാശമായി നല്‌കിയിരിക്കുന്നു; നിങ്ങളില്‍ കരുത്തന്മാര്‍ ആയുധങ്ങള്‍ ധരിച്ചു നിങ്ങളുടെ ഇസ്രായേല്യസഹോദരന്മാരുടെ മുമ്പേ നടക്കണം. എന്നാല്‍ നിങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും കന്നുകാലികളും ഞാന്‍ നിങ്ങള്‍ക്കു തന്ന നഗരങ്ങളില്‍ത്തന്നെ പാര്‍ക്കട്ടെ. നിങ്ങള്‍ക്ക് ആടുമാടുകള്‍ ധാരാളമുണ്ടെന്ന് എനിക്കറിയാം. സര്‍വേശ്വരന്‍ കല്പിച്ചിരുന്നതുപോലെ യോര്‍ദ്ദാന് അക്കരെയുള്ള സ്ഥലം കൈവശപ്പെടുത്തി അവര്‍ നിങ്ങളെപ്പോലെ സമാധാനമായി ജീവിക്കാന്‍ അവിടുന്ന് ഇടയാക്കുന്നതുവരെ നിങ്ങള്‍ അവര്‍ക്കു മുമ്പേ പോകണം; പിന്നെ ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കിയ സ്ഥലത്തേക്ക് മടങ്ങിപ്പോകാം. അന്ന് ഞാന്‍ യോശുവയോടു കല്പിച്ചു: ഈ രണ്ടു രാജാക്കന്മാരോടു നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നു നിങ്ങള്‍ കണ്ടല്ലോ; നീ കടന്നുപോകുന്ന സകല രാജ്യങ്ങളോടും അവിടുന്ന് അങ്ങനെതന്നെ ചെയ്യും. നിങ്ങള്‍ അവരെ ഭയപ്പെടേണ്ടാ, നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാണ് നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്യുന്നത്.” അക്കാലത്ത് ഞാന്‍ സര്‍വേശ്വരനോടു ഇപ്രകാരം അപേക്ഷിച്ചു: “ദൈവമായ സര്‍വേശ്വരാ, അവിടുത്തെ മഹത്ത്വവും കരബലവും അങ്ങയുടെ ദാസനെ കാണിക്കാന്‍ തുടങ്ങിയതേയുള്ളല്ലോ. അവിടുന്നു ചെയ്തതുപോലെ ശക്തമായ പ്രവൃത്തികള്‍ ചെയ്യാന്‍ കഴിവുള്ള ദൈവം സ്വര്‍ഗത്തിലും ഭൂമിയിലും ആരുള്ളൂ. യോര്‍ദ്ദാന്‍നദി കടന്ന് അക്കരെയുള്ള ഫലഭൂയിഷ്ഠമായ ദേശവും മനോഹരമായ മലനാടും ലെബാനോനും കാണാന്‍ എന്നെ അനുവദിക്കണമേ. എന്നാല്‍ സര്‍വേശ്വരന്‍ നിങ്ങള്‍ നിമിത്തം എന്നോടു കോപിച്ചിരുന്നു; അവിടുന്ന് എന്‍റെ അപേക്ഷ കൈക്കൊണ്ടില്ല; അവിടുന്ന് എന്നോടു പറഞ്ഞു: മതി, ഇക്കാര്യത്തെക്കുറിച്ച് ഇനി എന്നോടു സംസാരിക്കേണ്ടാ; പിസ്ഗാമലയുടെ മുകളില്‍ കയറി വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക; ആ സ്ഥലങ്ങളെല്ലാം കണ്ടുകൊള്‍ക. നീ യോര്‍ദ്ദാന്‍ കടക്കുകയില്ല. യോശുവയ്‍ക്കു വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുക; അവന് ഉറപ്പും ധൈര്യവും പകരുക. അവന്‍ ഈ ജനത്തെ അക്കരയ്‍ക്കു നയിച്ച് നീ കാണാന്‍ പോകുന്ന ദേശം അവര്‍ക്ക് അവകാശമായി കൊടുക്കും. അങ്ങനെ നാം ബേത്ത്-പെയോരിനെതിരെയുള്ള താഴ്വരയില്‍ പാര്‍ത്തു. മോശ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: “ഇസ്രായേലേ നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് നല്‌കുന്ന ദേശത്തു പ്രവേശിച്ച് അതു കൈവശമാക്കേണ്ടതിനും ഞാന്‍ നിങ്ങളെ പഠിപ്പിക്കുന്ന എല്ലാ നിയമങ്ങളും അനുശാസനങ്ങളും ശ്രദ്ധാപൂര്‍വം പാലിക്കുവിന്‍. ഞാന്‍ നിങ്ങള്‍ക്കു നല്‌കുന്ന കല്പനകളോട് എന്തെങ്കിലും കൂട്ടുകയോ അതില്‍നിന്ന് എന്തെങ്കിലും കുറയ്‍ക്കുകയോ ചെയ്യരുത്. ഞാന്‍ നിങ്ങള്‍ക്കു നല്‌കുന്ന നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ കല്പനകള്‍ പാലിക്കണം; ബാല്‍-പെയോരില്‍വച്ചു സര്‍വേശ്വരന്‍ പ്രവര്‍ത്തിച്ചതു നിങ്ങള്‍ കണ്ടതാണല്ലോ; പെയോരിലെ ബാലിനെ ആരാധിച്ചവരെയെല്ലാം അവിടുന്നു നശിപ്പിച്ചു. എന്നാല്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനോടു വിശ്വസ്തരായിരുന്ന നിങ്ങള്‍ ഇന്നും ജീവനോടെയിരിക്കുന്നു. ഇതാ, എന്‍റെ ദൈവമായ സര്‍വേശ്വരന്‍ എന്നോടു കല്പിച്ചതുപോലെ സകല നിയമങ്ങളും അനുശാസനങ്ങളും ഞാന്‍ നിങ്ങളെ പഠിപ്പിച്ചിരിക്കുന്നു; നിങ്ങള്‍ കൈവശപ്പെടുത്താന്‍ പോകുന്ന ദേശത്ത് പാര്‍ക്കുമ്പോള്‍ നിങ്ങള്‍ അവയെല്ലാം പാലിക്കണം. നിങ്ങള്‍ വിശ്വസ്തതയോടെ അവ പാലിച്ചു ജീവിക്കുമ്പോള്‍ മറ്റു ജനതകളുടെ ദൃഷ്‍ടിയില്‍ നിങ്ങള്‍ ജ്ഞാനവും വിവേകവും തികഞ്ഞ ജനതയായിരിക്കും. നിങ്ങള്‍ പാലിക്കുന്ന കല്പനകളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ‘ഈ ശ്രേഷ്ഠജനം ജ്ഞാനവും വിവേകവും ഉള്ളവര്‍തന്നെ’ എന്ന് അവര്‍ പറയും. നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവിടുന്നു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര സമീപസ്ഥനായിരിക്കുന്ന ശ്രേഷ്ഠജാതി ഏതുണ്ട്? ഞാന്‍ ഇന്ന് നിങ്ങളുടെ മുമ്പില്‍ വച്ചിരിക്കുന്ന നിയമസംഹിതയില്‍ അടങ്ങിയിരിക്കുന്നതുപോലെ നീതിനിഷ്ഠമായ നിയമങ്ങളും അനുശാസനങ്ങളും ഉള്ള ശ്രേഷ്ഠജനത വേറെ ഏതുണ്ട്? നിങ്ങള്‍ നേരില്‍ കണ്ട കാര്യങ്ങള്‍ മറക്കാതിരിക്കാനും നിങ്ങളുടെ ആയുഷ്കാലം മുഴുവന്‍ അവ നിങ്ങളുടെ മനസ്സില്‍നിന്നു മാഞ്ഞുപോകാതിരിക്കാനും ജാഗരൂകരായിരിക്കുവിന്‍. നിങ്ങളുടെ മക്കളെയും മക്കളുടെ മക്കളെയും അവ അറിയിക്കണം. സീനായ്മലയില്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ മുമ്പില്‍ നിങ്ങള്‍ നിന്ന ദിവസം അവിടുന്ന് എന്നോട് കല്പിച്ചു: ജനത്തെ വിളിച്ചുകൂട്ടുക; അവര്‍ എന്‍റെ വാക്കു കേള്‍ക്കട്ടെ; അങ്ങനെ അവര്‍ ആയുഷ്കാലം മുഴുവന്‍ എന്നോടു ഭയഭക്തിയുള്ളവരായിരിക്കാന്‍ പഠിക്കുകയും തങ്ങളുടെ മക്കളെ പഠിപ്പിക്കുകയും ചെയ്യട്ടെ. നിങ്ങള്‍ അടുത്തു വന്നു പര്‍വതത്തിന്‍റെ അടിവാരത്തു നിന്നപ്പോള്‍ അഗ്നി ആകാശത്തോളം ഉയര്‍ന്ന് പര്‍വതത്തെ ജ്വലിപ്പിക്കുകയായിരുന്നു. കനത്ത മേഘവും കൂരിരുട്ടും പര്‍വതത്തെ മൂടി. അപ്പോള്‍ അഗ്നിയുടെ മധ്യത്തില്‍നിന്നു സര്‍വേശ്വരന്‍ നിങ്ങളോട് അരുളിച്ചെയ്തു: “നിങ്ങള്‍ ശബ്ദം മാത്രം കേട്ടു; ഒന്നും ദൃഷ്‍ടിഗോചരമായില്ല. അവിടുന്നു തന്‍റെ ഉടമ്പടി നിങ്ങളോടു പ്രഖ്യാപിച്ചു. നിങ്ങള്‍ പാലിക്കാന്‍ അവിടുന്നു കല്പിച്ച പത്തു കല്പനകളാണവ; അവിടുന്ന് അവ രണ്ടു കല്പലകകളില്‍ എഴുതി. നിങ്ങള്‍ കൈവശമാക്കുവാന്‍ പോകുന്ന സ്ഥലത്തു ചെല്ലുമ്പോള്‍ അനുഷ്ഠിക്കാന്‍വേണ്ടി നിയമങ്ങളും അനുശാസനങ്ങളും നിങ്ങളെ പഠിപ്പിക്കാന്‍ അവിടുന്ന് എന്നോടു കല്പിച്ചു. അതിനാല്‍ ശ്രദ്ധിച്ചുകൊള്ളുക: “സീനായ്മലയില്‍ അഗ്നിയുടെ മധ്യത്തില്‍ നിന്നുകൊണ്ട് സര്‍വേശ്വരന്‍ നിങ്ങളോടു കല്പിച്ചപ്പോള്‍ നിങ്ങള്‍ ഒരു രൂപവും കണ്ടില്ലല്ലോ. [16-18] ഏതെങ്കിലും പുരുഷന്‍റെയോ സ്‍ത്രീയുടെയോ മൃഗത്തിന്‍റെയോ പക്ഷിയുടെയോ ഇഴജാതിയുടെയോ മത്സ്യത്തിന്‍റെയോ വിഗ്രഹം ഉണ്ടാക്കി നിങ്ങള്‍ അശുദ്ധരാകാതിരിക്കാന്‍ വേണ്ടി ആയിരുന്നു അത്. സൂക്ഷിച്ചുകൊള്ളുക. *** *** സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ തുടങ്ങിയ ആകാശശക്തികളില്‍ ആകൃഷ്ടരായി അവയെ നമസ്കരിക്കുന്നതിനോ സേവിക്കുന്നതിനോ ഇടയാകരുത്. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അവയെ ആകാശത്തിന്‍കീഴുള്ള സര്‍വജനങ്ങള്‍ക്കുമായി നല്‌കിയതാണ്. നിങ്ങള്‍ ഇന്ന് സര്‍വേശ്വരന്‍റെ സ്വന്തജനമാണല്ലോ. അതിനുവേണ്ടിയാണ് അവിടുന്നു നിങ്ങളെ ഈജിപ്താകുന്ന ഇരുമ്പു തീച്ചൂളയില്‍നിന്നു മോചിപ്പിച്ച് ഇവിടെ കൊണ്ടുവന്നത്. എന്നാല്‍ നിങ്ങള്‍ നിമിത്തം സര്‍വേശ്വരന്‍ എന്നോടു കോപിച്ചു. ഞാന്‍ യോര്‍ദ്ദാന്‍നദി കടക്കുകയോ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കുന്ന വിശിഷ്ട ദേശത്തു പ്രവേശിക്കുകയോ ഇല്ലെന്ന് അവിടുന്നു ശപഥം ചെയ്തു. അതുകൊണ്ട് ഞാന്‍ യോര്‍ദ്ദാന്‍ കടക്കാതെ ഇവിടെവച്ചു മരിക്കും; നിങ്ങള്‍ നദി കടന്ന് ആ വിശിഷ്ട ദേശം കൈവശമാക്കും. ദൈവമായ സര്‍വേശ്വരന്‍ നിങ്ങളുമായി ചെയ്തിട്ടുള്ള ഉടമ്പടി നിങ്ങള്‍ മറക്കരുത്. അവിടുത്തെ കല്പനപോലെ എന്തിന്‍റെയെങ്കിലും സാദൃശ്യത്തില്‍ വിഗ്രഹങ്ങള്‍ ഉണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കുക. എന്തെന്നാല്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ദഹിപ്പിക്കുന്ന അഗ്നിയാകുന്നു; അവിടുന്നു തീക്ഷ്ണതയുള്ള ദൈവമാണ്. യോര്‍ദ്ദാനക്കരെ കൈവശമാക്കുവാന്‍ പോകുന്ന ദേശത്ത് നിങ്ങള്‍ മക്കളും കൊച്ചുമക്കളുമായി വസിച്ചു കാലമേറെ ചെല്ലുമ്പോള്‍ എന്തിന്‍റെയെങ്കിലും രൂപം കൊത്തി വിഗ്രഹം ഉണ്ടാക്കുകയോ, ദൈവമായ സര്‍വേശ്വരന്‍റെ ക്രോധം ഉണരുമാറുള്ള തിന്മ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ നിങ്ങള്‍ അവിടെ ഉന്മൂലനം ചെയ്യപ്പെടുമെന്ന് ഞാന്‍ ആകാശത്തെയും ഭൂമിയെയും സാക്ഷിനിര്‍ത്തി പറയുന്നു. നിങ്ങള്‍ അവിടെ ദീര്‍ഘകാലം ജീവിച്ചിരിക്കുകയില്ല; നിങ്ങള്‍ നിശ്ശേഷം നശിപ്പിക്കപ്പെടും. സര്‍വേശ്വരന്‍ നിങ്ങളെ മറ്റു ജനതകളുടെ ഇടയില്‍ ചിതറിക്കും; അവരുടെ ഇടയില്‍ നിങ്ങള്‍ ചെറിയൊരു ഗണം മാത്രമായിരിക്കും. മനുഷ്യന്‍ കല്ലിലും മരത്തിലും ഉണ്ടാക്കിയ കാണാനോ, കേള്‍ക്കാനോ, ഭക്ഷിക്കാനോ, മണക്കാനോ കഴിവില്ലാത്ത ദേവന്മാരെ നിങ്ങള്‍ അവിടെ സേവിക്കും. എന്നാല്‍ അവിടെവച്ചു നിങ്ങള്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും കൂടി ദൈവമായ സര്‍വേശ്വരനെ അന്വേഷിച്ചാല്‍ അവിടുത്തെ കണ്ടെത്തും. ഭാവിയില്‍ ഇവയെല്ലാം സംഭവിച്ച് നിങ്ങള്‍ കഷ്ടതയിലാകുമ്പോള്‍ ദൈവമായ സര്‍വേശ്വരനിലേക്കു നിങ്ങള്‍ തിരിയുകയും അവിടുത്തെ വാക്ക് അനുസരിക്കുകയും ചെയ്യും. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ കരുണയുള്ള ദൈവമാകുന്നു; അവിടുന്നു നിങ്ങളെ ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യുകയില്ല; നിങ്ങളുടെ പിതാക്കന്മാര്‍ക്ക് ശപഥപൂര്‍വം നല്‌കിയ ഉടമ്പടി അവിടുന്ന് മറന്നുകളയുകയുമില്ല. ദൈവം ഭൂമിയില്‍ മനുഷ്യനെ സൃഷ്‍ടിച്ചതുമുതലുള്ള കാലം പരിശോധിക്കുക; ഭൂമിയുടെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ അന്വേഷിക്കുക; ഇതുപോലെ ഒരു മഹാകാര്യം എന്നെങ്കിലും സംഭവിച്ചിട്ടുണ്ടോ? ഇങ്ങനെയൊരു സംഭവത്തെപ്പറ്റി കേട്ടിട്ടുണ്ടോ? നിങ്ങള്‍ കേട്ടതുപോലെ അഗ്നിയുടെ നടുവില്‍നിന്ന് ദൈവം സംസാരിക്കുന്നതു കേട്ടശേഷം ഏതെങ്കിലും ജനത ജീവനോടെ അവശേഷിച്ചിട്ടുണ്ടോ? നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കുവേണ്ടി ഈജിപ്തില്‍വച്ച് നിങ്ങള്‍ കാണ്‍കെ ചെയ്തതുപോലെ മഹാമാരികള്‍, അടയാളങ്ങള്‍, അദ്ഭുതങ്ങള്‍, യുദ്ധം, കരബലം, നീട്ടിയ ഭുജം, ഭയാനകമായ പ്രവൃത്തികള്‍ എന്നിവയാല്‍ ഏതെങ്കിലും ദൈവം ഒരു ജനതയെ മറ്റൊരു ജനതയുടെ നടുവില്‍നിന്ന് തനിക്കായി വേര്‍തിരിച്ചെടുക്കാന്‍ ഒരുമ്പെട്ടിട്ടുണ്ടോ? സര്‍വേശ്വരന്‍ തന്നെയാണു ദൈവം. അവിടുന്നല്ലാതെ മറ്റൊരു ദൈവം ഇല്ല എന്ന് നിങ്ങള്‍ ഗ്രഹിക്കാനാണ് അവിടുന്ന് ഇതെല്ലാം പ്രവര്‍ത്തിച്ചത്. നിങ്ങള്‍ക്കു ശിക്ഷണം നല്‌കാന്‍വേണ്ടി അവിടുത്തെ ശബ്ദം ആകാശത്തുനിന്ന് നിങ്ങളെ കേള്‍പ്പിച്ചു; അവിടുത്തെ മഹാഗ്നി നിങ്ങള്‍ക്ക് കാട്ടിത്തന്നു. അഗ്നിയുടെ നടുവില്‍നിന്ന് അവിടുന്നു സംസാരിക്കുന്നതു നിങ്ങള്‍ കേട്ടു. അവിടുന്ന് നിങ്ങളുടെ പൂര്‍വപിതാക്കന്മാരെ സ്നേഹിച്ചു. അവരുടെ സന്താനങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. അവിടുത്തെ തിരുസാന്നിധ്യത്താലും മഹാശക്തിയാലും നിങ്ങളെ ഈജിപ്തില്‍നിന്ന് കൂട്ടിക്കൊണ്ടുവന്നു. നിങ്ങളെക്കാള്‍ വലിയവരും ശക്തരുമായ ജനതകളെ നിങ്ങളുടെ മുമ്പില്‍നിന്ന് പലായനം ചെയ്യിച്ചു. അങ്ങനെ നിങ്ങളെ കൊണ്ടുവന്നു; നിങ്ങള്‍ ഇന്ന് അനുഭവിക്കുന്നതുപോലെ അവരുടെ ദേശം നിങ്ങള്‍ക്ക് അവകാശമായി നല്‌കി. അതുകൊണ്ട് മീതെ സ്വര്‍ഗത്തിലും താഴെ ഭൂമിയിലും സര്‍വേശ്വരന്‍ മാത്രമാണു ദൈവം എന്ന് ഇന്നു മനസ്സില്‍ ഉറച്ചുകൊള്‍ക; ഇന്നു ഞാന്‍ നിങ്ങളോട് അറിയിക്കുന്ന അവിടുത്തെ സകല നിയമങ്ങളും കല്പനകളും പാലിക്കുക; എന്നാല്‍ നിങ്ങള്‍ക്കും നിങ്ങളുടെ സന്തതികള്‍ക്കും നന്മയുണ്ടാകും. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു ശാശ്വതമായി നല്‌കുന്ന ദേശത്തു നിങ്ങള്‍ ദീര്‍ഘായുസ്സായിരിക്കും. യോര്‍ദ്ദാന്‍നദിക്ക് അക്കരെ കിഴക്കു മോശ മൂന്നു പട്ടണങ്ങള്‍ വേര്‍തിരിച്ചു. പൂര്‍വവിരോധം കൂടാതെ അബദ്ധത്തില്‍ ആരെങ്കിലും മറ്റൊരുവനെ കൊല്ലാന്‍ ഇടയായാല്‍ അവന് ഈ പട്ടണങ്ങളില്‍ ഒന്നില്‍ ഓടിച്ചെന്ന് അഭയംപ്രാപിക്കാം. മരുപ്രദേശത്തെ പീഠഭൂമിയിലുള്ള ബേസര്‍നഗരം രൂബേന്‍ഗോത്രക്കാര്‍ക്കും ഗിലെയാദിലെ രാമോത്ത്നഗരം ഗാദ്ഗോത്രക്കാര്‍ക്കും ബാശാനിലെ ഗോലാന്‍ നഗരം മനശ്ശെഗോത്രക്കാര്‍ക്കും അഭയനഗരങ്ങളാണ്. ഇതാണ് മോശ ഇസ്രായേല്‍ജനത്തിനു നല്‌കിയ ധര്‍മശാസ്ത്രം. അവര്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടശേഷം അവരോട് മോശ കല്പിച്ച സാക്ഷ്യങ്ങളും നിയമങ്ങളും അനുശാസനങ്ങളുമാണിവ. യോര്‍ദ്ദാന്‍നദിക്കു കിഴക്കു ബേത്ത്-പെയോരിന് എതിര്‍വശത്തുള്ള സമഭൂമിയില്‍ വച്ചാണ് ഇവ നല്‌കിയത്. ഈ പ്രദേശം ഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്യരുടെ രാജാവായ സീഹോന്‍റെ രാജ്യത്തില്‍ ഉള്‍പ്പെട്ടതായിരുന്നു. മോശയും ഇസ്രായേല്‍ജനവും അയാളെ തോല്പിച്ചു. അവര്‍ സീഹോന്‍റെയും ബാശാന്‍രാജാവായ ഓഗിന്‍റെയും രാജ്യങ്ങള്‍ കൈവശപ്പെടുത്തി. അവര്‍ ഇരുവരും യോര്‍ദ്ദാന്‍റെ കിഴക്ക് നിവസിച്ചിരുന്ന അമോര്യരാജാക്കന്മാരായിരുന്നു. അര്‍ന്നോന്‍ താഴ്വരയുടെ അതിരിലുള്ള അരോവേര്‍മുതല്‍ ഹെര്‍മ്മോന്‍ എന്ന് അപരനാമമുള്ള സിറിയോണ്‍ മലവരെയും, യോര്‍ദ്ദാന്‍നദിക്ക് അക്കരെ പിസ്ഗായുടെ ചരിവുമുതല്‍ തെക്ക് ചാവുകടല്‍വരെയും ഉള്ള പ്രദേശമാണ് അവര്‍ കൈവശപ്പെടുത്തിയത്. മോശ ഇസ്രായേല്‍ജനത്തെ വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “ഇസ്രായേല്യരേ, ഞാന്‍ ഇന്നു നല്‌കുന്ന എല്ലാ നിയമങ്ങളും അനുശാസനങ്ങളും ശ്രദ്ധിക്കുക; അവ പഠിച്ചുറപ്പിച്ച് ശ്രദ്ധാപൂര്‍വം പാലിക്കുക. സീനായ്മലയില്‍വച്ചു നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ നമ്മോട് ഒരു ഉടമ്പടി ചെയ്തു. നമ്മുടെ പിതാക്കന്മാരോടല്ല, ഇന്ന് ഇവിടെ ജീവനോടെ ഇരിക്കുന്ന നമ്മോടുതന്നെയാണ് അവിടുന്നു ഉടമ്പടി ചെയ്തത്. പര്‍വതത്തില്‍വച്ച്, അഗ്നിയുടെ നടുവില്‍ നിന്നുകൊണ്ട് സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് അഭിമുഖമായി സംസാരിച്ചു. അഗ്നിയെ ഭയന്ന് നിങ്ങള്‍ പര്‍വതത്തില്‍ കയറിയില്ല. അതുകൊണ്ട് സര്‍വേശ്വരന്‍ പറഞ്ഞതു നിങ്ങളെ അറിയിക്കാന്‍ ഞാന്‍ സര്‍വേശ്വരനും നിങ്ങള്‍ക്കും മധ്യേ നിന്നു.” അവിടുന്ന് അരുളിച്ചെയ്തു: “അടിമവീടായ ഈജിപ്തില്‍നിന്നു നിന്നെ വിമോചിപ്പിച്ചുകൊണ്ടുവന്ന സര്‍വേശ്വരനായ ഞാന്‍ നിന്‍റെ ദൈവമാകുന്നു. “ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്; നിനക്കുവേണ്ടി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; ആകാശത്തിലോ ഭൂമിയിലോ വെള്ളത്തിലോ ഉള്ള ഒന്നിന്‍റെയും പ്രതിമ അരുത്. നീ അവയെ നമസ്കരിക്കുകയോ സേവിക്കുകയോ അരുത്; ഞാന്‍ നിന്‍റെ ദൈവമായ സര്‍വേശ്വരനാകുന്നു; ഞാന്‍ തീക്ഷ്ണതയുള്ള ദൈവം; എന്നെ വെറുക്കുന്നവരുടെ അകൃത്യത്തിന് അവരുടെ മൂന്നും നാലും തലമുറവരെയുള്ള സന്തതികളെ ഞാന്‍ ശിക്ഷിക്കും. എന്നാല്‍ എന്നെ സ്നേഹിക്കുകയും എന്‍റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരം തലമുറവരെ ഞാന്‍ കാരുണ്യം കാട്ടും.” “നിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ നാമം വൃഥാ ഉപയോഗിക്കരുത്. എന്‍റെ നാമം വൃഥാ ഉപയോഗിക്കുന്ന ഒരുവനെയും ഞാന്‍ ശിക്ഷിക്കാതെ വിടുകയില്ല. നിന്‍റെ ദൈവമായ സര്‍വേശ്വരന്‍ കല്പിച്ചതുപോലെ ശബത്ത് വിശുദ്ധദിനമായി ആചരിക്കുക. ആറു ദിവസം അധ്വാനിച്ച് നിന്‍റെ ജോലികളെല്ലാം ചെയ്യുക; ഏഴാം ദിവസം നിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ ശബത്ത് ആകുന്നു; അന്നു നീയും നിന്‍റെ പുത്രീപുത്രന്മാരും ദാസീദാസന്മാരും കാളയും കഴുതയും മറ്റ് എല്ലാ മൃഗങ്ങളും നിന്‍റെ ദേശത്തു പാര്‍ക്കുന്ന പരദേശികളും ഒരു ജോലിയും ചെയ്യരുത്; നിന്‍റെ ദാസീദാസന്മാരും നിന്നെപ്പോലെതന്നെ വിശ്രമിക്കണം. ഈജിപ്തില്‍ നീ അടിമയായിരുന്നു എന്നും നിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അവിടുത്തെ കരബലംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും നിന്നെ അവിടെനിന്നു മോചിപ്പിച്ചു എന്നും ഓര്‍ക്കുക. അതുകൊണ്ട് നിന്‍റെ ദൈവമായ സര്‍വേശ്വരന്‍ ശബത്ത് ആചരിക്കാന്‍ നിന്നോടു കല്പിച്ചിരിക്കുന്നു. “നിന്‍റെ ദൈവമായ സര്‍വേശ്വരന്‍ കല്പിച്ചതുപോലെ നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക; എന്നാല്‍ നിനക്ക് ദീര്‍ഘായുസ്സുണ്ടാകും; നിന്‍റെ ദൈവമായ സര്‍വേശ്വരന്‍ നിനക്കു നല്‌കുന്ന ദേശത്തു നിനക്കു നന്മ ഉണ്ടാകും.” “കൊല ചെയ്യരുത്” “വ്യഭിചാരം ചെയ്യരുത്” “മോഷ്‍ടിക്കരുത്” “അയല്‍ക്കാരന് എതിരായി കള്ളസ്സാക്ഷ്യം പറയരുത്” “അയല്‍ക്കാരന്‍റെ ഭാര്യയെ മോഹിക്കരുത്; അവന്‍റെ ഭവനത്തെയും നിലത്തെയും ദാസീദാസന്മാരെയും, കാളയെയും, കഴുതയെയും എന്നല്ല നിന്‍റെ അയല്‍ക്കാരനുള്ള ഒന്നിനെയും നീ മോഹിക്കരുത്.” അഗ്നിയുടെയും മേഘത്തിന്‍റെയും കൂരിരുട്ടിന്‍റെയും മധ്യത്തില്‍ നിന്നുകൊണ്ട് മലയില്‍വച്ചു സര്‍വേശ്വരന്‍ നിങ്ങളുടെ സമൂഹം മുഴുവനോടുമായി അത്യുച്ചത്തില്‍ ഇപ്രകാരം അരുളിച്ചെയ്തു. ഇതില്‍ കൂടുതലൊന്നും പറഞ്ഞില്ല; പിന്നീട് അവിടുന്ന് അവയെല്ലാം രണ്ടു കല്പലകകളില്‍ എഴുതി എന്നെ ഏല്പിച്ചു. മല ജ്വലിച്ചുകൊണ്ടിരിക്കെ അന്ധകാരത്തിന്‍റെ നടുവില്‍നിന്നു ശബ്ദം കേട്ട് നിങ്ങളുടെ എല്ലാ ഗോത്രത്തലവന്മാരും നേതാക്കന്മാരും എന്‍റെ അടുക്കല്‍ വന്നു. അവര്‍ പറഞ്ഞു: “ഇതാ, ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തന്‍റെ തേജസ്സും മഹത്ത്വവും ഞങ്ങള്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു; അഗ്നിയുടെ നടുവില്‍നിന്ന് അവിടുത്തെ ശബ്ദവും ഞങ്ങള്‍ കേട്ടു. ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവര്‍ ജീവനോടെയിരിക്കുന്നു എന്ന് ഇന്ന് ഞങ്ങള്‍ കണ്ടു. ഇനി ഞങ്ങള്‍ എന്തിനു മരിക്കണം. ഈ ഭയങ്കരമായ അഗ്നി ഞങ്ങളെ ദഹിപ്പിക്കുമല്ലോ. ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ ശബ്ദം ഇനിയും കേട്ടാല്‍ ഞങ്ങള്‍ മരിച്ചുപോകും. അഗ്നിയുടെ നടുവില്‍നിന്ന് ജീവിക്കുന്ന ദൈവം സംസാരിക്കുന്ന ശബ്ദം കേട്ടിട്ടും ഞങ്ങളെപ്പോലെ മറ്റാരെങ്കിലും ജീവിച്ചിരുന്നിട്ടുണ്ടോ? അങ്ങു നമ്മുടെ ദൈവമായ സര്‍വേശ്വരന്‍റെ അടുത്തു ചെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നതെല്ലാം കേള്‍ക്കുക; നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ അങ്ങയോട് അരുളിച്ചെയ്യുന്നതെല്ലാം ഞങ്ങളോടു പറയണം; ഞങ്ങള്‍ അവ കേട്ട് അനുസരിച്ചുകൊള്ളാം. അപ്പോള്‍ സര്‍വേശ്വരന്‍ എന്നോടു പറഞ്ഞു: “ഈ ജനം നിന്നോടു പറഞ്ഞതെല്ലാം ഞാന്‍ കേട്ടു; അവര്‍ പറഞ്ഞത് ഉചിതംതന്നെ. എന്നെ ഭയപ്പെട്ട് എന്‍റെ കല്പനകളെല്ലാം അനുസരിക്കാന്‍ അവര്‍ക്ക് ഇപ്പോഴത്തെപ്പോലെ എപ്പോഴും മനസ്സുണ്ടായിരുന്നെങ്കില്‍ അത് അവര്‍ക്കും അവരുടെ മക്കള്‍ക്കും എന്നേക്കും നന്നായിരുന്നു. കൂടാരങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ ജനത്തോടു പറയുക. നീ ഇവിടെ എന്‍റെ അടുത്തു നില്‌ക്കുക; എന്‍റെ സകല നിയമങ്ങളും കല്പനകളും അനുശാസനങ്ങളും ഞാന്‍ നിന്നെ അറിയിക്കാം. ഞാന്‍ അവകാശമായി നല്‌കുന്ന ദേശത്ത് അവര്‍ അനുഷ്ഠിക്കാന്‍ അവയെല്ലാം ജനത്തെ പഠിപ്പിക്കുക. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളോടു കല്പിച്ചതു ചെയ്യാന്‍ ജാഗ്രതയുള്ളവരായിരിക്കണം. അവയില്‍നിന്നു വ്യതിചലിക്കരുത്. നിങ്ങള്‍ ജീവിച്ചിരിക്കാനും നിങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകാനും നിങ്ങള്‍ കൈവശമാക്കുന്ന ദേശത്തു ദീര്‍ഘായുസ്സായിരിക്കാനും അവിടുന്നു നിങ്ങളോടു കല്പിച്ച മാര്‍ഗത്തില്‍തന്നെ നടക്കണം.” നിങ്ങള്‍ ചെന്നു കൈവശമാക്കുവാന്‍ പോകുന്ന ദേശത്ത് പാലിക്കാന്‍ വേണ്ടി നിങ്ങളെ പഠിപ്പിക്കാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ എന്നോടു കല്പിച്ച നിയമങ്ങളും ചട്ടങ്ങളും അനുശാസനങ്ങളും ഇവയാണ്. ഞാന്‍ നല്‌കുന്ന നിയമങ്ങളും അനുശാസനങ്ങളും നിങ്ങള്‍ തലമുറതലമുറയായി ആയുഷ്കാലം മുഴുവന്‍ അനുസരിച്ചു നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ഭയപ്പെട്ടു ജീവിക്കണം; എന്നാല്‍ നിങ്ങള്‍ക്കു ദീര്‍ഘായുസ്സു ലഭിക്കും. ഇസ്രായേല്‍ജനമേ, ഇവ ശ്രദ്ധയോടെ കേട്ടു പാലിക്കുക; എന്നാല്‍ നിങ്ങള്‍ക്കു നന്മ വരും; നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന്‍ വാഗ്ദാനം ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്ത് നിങ്ങള്‍ വളര്‍ന്ന് വലിയ ജനമായിത്തീരും. ഇസ്രായേല്‍ജനമേ, കേള്‍ക്കുക, നമ്മുടെ ദൈവമായ സര്‍വേശ്വരനാണ് ഏക കര്‍ത്താവ്; നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ പൂര്‍ണഹൃദയത്തോടും, പൂര്‍ണമനസ്സോടും, പൂര്‍ണശക്തിയോടും കൂടി സ്നേഹിക്കണം. ഞാന്‍ ഇന്നു നിങ്ങള്‍ക്കു നല്‌കുന്ന കല്പനകള്‍ നിങ്ങള്‍ ഒരിക്കലും മറക്കരുത്; അവ നിങ്ങളുടെ മക്കളെ പൂര്‍ണശ്രദ്ധയോടെ പഠിപ്പിക്കണം. വീട്ടില്‍ ആയിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും നിങ്ങള്‍ അവയെക്കുറിച്ച് സംസാരിക്കണം. നിങ്ങള്‍ക്ക് ഒരു അടയാളമായി അവ എഴുതി കൈയില്‍ കെട്ടുക; അവ നിങ്ങള്‍ നെറ്റിപ്പട്ടമായി അണിയുകയും വേണം; അവ നിങ്ങളുടെ വീടിന്‍റെ കട്ടിളകളിലും പടിവാതിലുകളിലും എഴുതുക. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കുമെന്നു നിങ്ങളുടെ പിതാക്കന്മാരായ അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും വാഗ്ദാനം ചെയ്തിരുന്ന ദേശത്തു നിങ്ങളെ കൊണ്ടുവരും. അവിടെ നിങ്ങള്‍ നിര്‍മ്മിക്കാത്ത വലുതും മനോഹരവുമായ പട്ടണങ്ങളും നിങ്ങള്‍ നിറയ്‍ക്കാതെതന്നെ വിശിഷ്ട സമ്പത്തുകള്‍കൊണ്ടു നിറഞ്ഞിരിക്കുന്ന വീടുകളും നിങ്ങള്‍ കുഴിക്കാത്ത കിണറുകളും നിങ്ങള്‍ നട്ടു വളര്‍ത്താത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിങ്ങള്‍ക്കു ലഭിക്കും. നിങ്ങള്‍ ഭക്ഷിച്ച് സംതൃപ്തരാകും. അപ്പോള്‍ അടിമവീടായ ഈജിപ്തില്‍നിന്നു നിങ്ങളെ വിമോചിപ്പിച്ചു കൊണ്ടുവന്ന സര്‍വേശ്വരനെ മറക്കരുത്. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ഭയഭക്തിയോടെ സേവിക്കുക; അവിടുത്തെ നാമത്തില്‍ മാത്രമേ നിങ്ങള്‍ സത്യം ചെയ്യാവൂ. നിങ്ങളുടെ ചുറ്റുമുള്ള ജനതകളുടെ ദേവന്മാരെ നിങ്ങള്‍ ആരാധിക്കരുത്. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ കോപം ജ്വലിച്ച് നിങ്ങളെ ഭൂമുഖത്തുനിന്ന് ഉന്മൂലനം ചെയ്യും. നിങ്ങളുടെ മധ്യേയുള്ള നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തീക്ഷ്ണതയുള്ള ദൈവമാണല്ലോ. “മസ്സായില്‍ വച്ചു നിങ്ങള്‍ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ പരീക്ഷിക്കരുത്; നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളോടു കല്പിച്ചിട്ടുള്ള സകല നിയമങ്ങളും അനുശാസനങ്ങളും ശ്രദ്ധയോടെ അനുസരിക്കുക. അവിടുത്തെ ദൃഷ്‍ടിയില്‍ ശരിയും നന്മയും ആയതു പ്രവര്‍ത്തിക്കുക; എന്നാല്‍ നിങ്ങള്‍ക്കു നന്മയുണ്ടാകും; സര്‍വേശ്വരന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കു വാഗ്ദാനം ചെയ്തിരുന്ന നല്ല ദേശം നിങ്ങള്‍ കൈവശമാക്കും. അവിടുന്ന് അരുളിച്ചെയ്തിരുന്നതുപോലെ നിങ്ങളുടെ സകല ശത്രുക്കളെയും നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയും. “നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ ഈ നിയമങ്ങളും ചട്ടങ്ങളും അനുശാസനങ്ങളും നല്‌കിയത് എന്തിനെന്നു ഭാവിയില്‍ നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ അവരോടു പറയണം; ‘ഞങ്ങള്‍ ഈജിപ്തില്‍ ഫറവോയുടെ അടിമകളായിരുന്നു. എന്നാല്‍ സര്‍വേശ്വരന്‍ അവിടുത്തെ കരബലത്താല്‍ ഞങ്ങളെ അവിടെനിന്നു മോചിപ്പിച്ചു. ഈജിപ്തുകാരുടെയും ഫറവോയുടെയും അയാളുടെ സര്‍വകുടുംബത്തിന്‍റെയുംമേല്‍ അവിടുന്നു പ്രവര്‍ത്തിച്ച ഉഗ്രവും ഭയാനകവുമായ അദ്ഭുതങ്ങളും അടയാളങ്ങളും ഞങ്ങള്‍ നേരിട്ടു കണ്ടു; നമ്മുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ ഈ ദേശം നമുക്കു നല്‌കുന്നതിനുവേണ്ടി അവിടുന്നു നമ്മെ ഈജിപ്തില്‍നിന്നു വിമോചിപ്പിച്ചു കൊണ്ടുവന്നു. നമ്മുടെ ദൈവമായ സര്‍വേശ്വരനെ ഭയപ്പെടാനും ഈ കല്പനകളെല്ലാം അനുസരിക്കാനും അവിടുന്നു നമ്മോടു കല്പിച്ചു. അങ്ങനെ ചെയ്താല്‍ നമുക്ക് അഭിവൃദ്ധി ഉണ്ടാകും; ഇന്നത്തെപ്പോലെ നാം ജീവനോടെ ഇരിക്കും. അവിടുത്തെ കല്പനകള്‍ വിശ്വസ്തതയോടെ നാം അനുസരിച്ചാല്‍ നമ്മുടെ ദൈവമായ സര്‍വേശ്വരന്‍റെ മുമ്പില്‍ അതു ശുഭമായിരിക്കും.” നിങ്ങള്‍ കൈവശപ്പെടുത്താന്‍ പോകുന്ന ദേശത്തേക്കു സര്‍വേശ്വരന്‍ നിങ്ങളെ നയിക്കുമ്പോള്‍ അവിടുന്ന് നിങ്ങളെക്കാള്‍ സംഖ്യാബലമുള്ളവരും ശക്തരുമായ ഹിത്യര്‍, ഗിര്‍ഗ്ഗശ്യര്‍, അമോര്യര്‍, കനാന്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നീ ഏഴു ജനതകളെ നിങ്ങളുടെ മുമ്പില്‍നിന്നു നിഷ്കാസനം ചെയ്യും. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അവരെ നിങ്ങളുടെ കൈയില്‍ ഏല്പിക്കുകയും നിങ്ങള്‍ അവരോട് ഏറ്റുമുട്ടുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ അവരെ നിശ്ശേഷം സംഹരിക്കണം; അവരോടു കരുണ കാണിക്കുകയോ അവരുമായി ഉടമ്പടി ചെയ്യുകയോ അരുത്. അവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത്; നിങ്ങളുടെ പുത്രിമാരെ അവര്‍ക്കു വിവാഹം ചെയ്തുകൊടുക്കുകയോ അവരുടെ പുത്രിമാരില്‍നിന്നു നിങ്ങളുടെ പുത്രന്മാര്‍ക്ക് ഭാര്യമാരെ സ്വീകരിക്കുകയോ അരുത്. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ മക്കളെ അവര്‍ സര്‍വേശ്വരനില്‍നിന്ന് അകറ്റുകയും അവര്‍ അന്യദേവന്മാരെ ആരാധിക്കാന്‍ ഇടയാകുകയും ചെയ്യും. അപ്പോള്‍ അവിടുത്തെ കോപം നിങ്ങളുടെ നേരേ ജ്വലിക്കും. അവിടുന്നു നിങ്ങളെ നശിപ്പിക്കും. അതുകൊണ്ട് നിങ്ങള്‍ അവരുടെ യാഗപീഠങ്ങള്‍ ഇടിച്ചുനിരത്തണം; അവരുടെ ബിംബങ്ങള്‍ തകര്‍ക്കണം; അവരുടെ അശേരാപ്രതിഷ്ഠകളെ വെട്ടി വീഴ്ത്തണം; അവരുടെ വിഗ്രഹങ്ങളെല്ലാം തീയില്‍ ചുട്ടുകളയണം. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന് നിങ്ങള്‍ വേര്‍തിരിക്കപ്പെട്ട ജനമാണ്. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു സ്വന്തജനമായിരിക്കാന്‍ ഭൂമിയിലെ സകല ജനതകളില്‍നിന്നും നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു; മറ്റു ജനതകളെക്കാള്‍ സംഖ്യാബലം കൂടുതലുണ്ടായിരുന്നതുകൊണ്ടല്ല സര്‍വേശ്വരന്‍ നിങ്ങളെ സ്നേഹിച്ചു തിരഞ്ഞെടുത്തത്. ഭൂമിയിലുള്ള സകല ജനതകളിലും വച്ചു നിങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നു. എന്നാല്‍ അവിടുന്നു നിങ്ങളെ സ്നേഹിച്ചു; നിങ്ങളുടെ പൂര്‍വപിതാക്കന്മാരോടു ചെയ്ത വാഗ്ദാനം പാലിക്കുകയും ചെയ്തു; അതുകൊണ്ടാണ് അവിടുന്നു തന്‍റെ മഹാശക്തി ഉപയോഗിച്ച് ഈജിപ്തിലെ രാജാവായ ഫറവോയുടെ അടിമത്തത്തില്‍നിന്നു നിങ്ങളെ മോചിപ്പിച്ചത്. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തന്നെയാണു ദൈവം എന്ന് അറിഞ്ഞുകൊള്‍ക. അവിടുത്തെ സ്നേഹിക്കുകയും അവിടുത്തെ കല്പനകള്‍ അനുസരിക്കുകയും ചെയ്യുന്നവരോട് അവിടുന്ന് ആയിരം തലമുറവരെ തന്‍റെ ഉടമ്പടി പാലിക്കുകയും തന്‍റെ സുസ്ഥിരസ്നേഹം പ്രദര്‍ശിപ്പിക്കുകയും ചെയ്യും. എന്നാല്‍ അവിടുന്നു തന്നെ വെറുക്കുന്നവരെ നശിപ്പിച്ച് പ്രതികാരം ചെയ്യും. അതിന് അവിടുന്ന് ഒരിക്കലും മടിക്കുകയില്ല. അതുകൊണ്ട് ഇന്നു ഞാന്‍ നിങ്ങള്‍ക്കു നല്‌കുന്ന നിയമങ്ങളും ചട്ടങ്ങളും അനുശാസനങ്ങളും പാലിക്കാന്‍ ശ്രദ്ധിച്ചുകൊള്‍വിന്‍. “ഈ കല്പനകള്‍ ശ്രദ്ധിച്ച് അനുസരിക്കുന്നതില്‍ നിങ്ങള്‍ ജാഗരൂകരായിരുന്നാല്‍ സര്‍വേശ്വരന്‍ നിങ്ങളുടെ പിതാക്കന്മാരോടു പ്രതിജ്ഞ ചെയ്തിട്ടുള്ള ഉടമ്പടിയും സുസ്ഥിരസ്നേഹവും നിങ്ങളോടു പുലര്‍ത്തും. അവിടുന്നു നിങ്ങളെ സ്നേഹിക്കും; നിങ്ങളെ അനുഗ്രഹിക്കും; നിങ്ങളെ വര്‍ധിപ്പിക്കും. നിങ്ങള്‍ക്കു സന്താനസമൃദ്ധിയുണ്ടാകും. നിങ്ങളുടെ ഭൂമി ഫലപുഷ്ടമാകും. ധാന്യവും വീഞ്ഞും എണ്ണയും വര്‍ധിപ്പിക്കും. നിങ്ങളുടെ കന്നുകാലികളും ആടുമാടുകളും അവിടുത്തെ അനുഗ്രഹത്താല്‍ പെരുകും. മറ്റു ജനതകളെക്കാള്‍ നിങ്ങള്‍ അനുഗൃഹീതരാകും. നിങ്ങള്‍ക്കോ നിങ്ങളുടെ കന്നുകാലികള്‍ക്കോ ആണിനോ പെണ്ണിനോ വന്ധ്യത ബാധിക്കുകയില്ല. സകല രോഗങ്ങളെയും സര്‍വേശ്വരന്‍ നിങ്ങളില്‍നിന്നു നീക്കും. ഈജിപ്തില്‍ നിങ്ങള്‍ കണ്ട ദുര്‍വ്യാധികള്‍ അവിടുന്ന് നിങ്ങളുടെമേല്‍ വരുത്തുകയില്ല; നിങ്ങളുടെ ശത്രുക്കളുടെമേല്‍ അവ വരുത്തും. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളുടെ കൈയില്‍ ഏല്പിക്കുന്ന സകല ജനതകളെയും സംഹരിച്ചുകളയണം; നിങ്ങള്‍ അവരോടു കരുണ കാട്ടരുത്. അവരുടെ ദേവന്മാരെ നിങ്ങള്‍ ആരാധിക്കരുത്. അതു നിങ്ങള്‍ക്കു കെണിയായിത്തീരും.” “ഈ ജനതകള്‍ ഞങ്ങളെക്കാള്‍ വലിയവര്‍; ഇവരെ തുരത്താന്‍ എങ്ങനെ സാധിക്കും എന്നു നിങ്ങള്‍ ചിന്തിക്കരുത്. നിങ്ങള്‍ അവരെ ഭയപ്പെടണ്ടാ. ഫറവോയോടും ഈജിപ്ത് മുഴുവനോടും നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ചെയ്തതെന്തെന്ന് ഓര്‍മിക്കുക; നിങ്ങള്‍ നേരില്‍ക്കണ്ട മഹാമാരികള്‍, അടയാളങ്ങള്‍, അദ്ഭുതങ്ങള്‍, കരബലം, നീട്ടിയ ഭുജം എന്നിവയാല്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ അവിടെനിന്നു മോചിപ്പിച്ചു. നിങ്ങള്‍ ഭയപ്പെടുന്ന ജനതകളോടെല്ലാം അവിടുന്ന് അതുപോലെതന്നെ പ്രവര്‍ത്തിക്കും. മാത്രമല്ല നിങ്ങളില്‍നിന്നു രക്ഷപെട്ട് ഒളിക്കുന്നവരെ നശിപ്പിക്കാന്‍ അവിടുന്നു കടന്നലിനെ അയയ്‍ക്കും. ഈ ജനതകളെ ഭയപ്പെടണ്ടാ; നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളുടെ കൂടെയുണ്ട്; അവിടുന്നു വലിയവനും ഭയം ജനിപ്പിക്കുന്നവനുമായ ദൈവമാണ്. നിങ്ങള്‍ മുന്നേറുന്നതിനൊപ്പം ഈ ജനതകളെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയും. നിങ്ങള്‍ അവരെ ഒറ്റയടിക്കു നശിപ്പിക്കരുത്. അങ്ങനെ ചെയ്താല്‍ കാട്ടുമൃഗങ്ങള്‍ പെരുകി നിങ്ങള്‍ക്കു ശല്യമുണ്ടാകും. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അവരെ നിങ്ങളുടെ കൈയില്‍ ഏല്പിക്കും; ഉന്മൂലനാശം സംഭവിക്കുംവരെ അവരില്‍ പരിഭ്രാന്തി നിലനില്‌ക്കും. അവരുടെ രാജാക്കന്മാരെ അവിടുന്നു നിങ്ങളുടെ കൈയില്‍ ഏല്പിക്കും; നിങ്ങള്‍ അവരെ സംഹരിക്കണം. അവരെക്കുറിച്ചുള്ള ഓര്‍മ പോലും അവശേഷിക്കരുത്. നിങ്ങള്‍ അവരെ നിശ്ശേഷം നശിപ്പിക്കുവോളം ആരും നിങ്ങളെ തടയുകയില്ല. അവരുടെ ദേവന്മാരുടെ വിഗ്രഹങ്ങളെ നിങ്ങള്‍ ചുട്ടുകളയണം; അവയിലുള്ള വെള്ളിയോ, പൊന്നോ ആഗ്രഹിക്കുകയോ സ്വന്തമാക്കുകയോ അരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ കെണിയില്‍ അകപ്പെടും. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന് വിഗ്രഹാരാധന നിന്ദ്യമാണല്ലോ. നിന്ദ്യമായതൊന്നും നിങ്ങളുടെ ഭവനങ്ങളില്‍ കൊണ്ടുപോകരുത്; അങ്ങനെ ചെയ്താല്‍ വിഗ്രഹങ്ങളെപ്പോലെ നിങ്ങളും ശാപഗ്രസ്തരാകും. അവ നിങ്ങള്‍ക്ക് അറപ്പും വെറുപ്പും ആയിരിക്കണം; അവ ശാപഗ്രസ്തമാണല്ലോ.” നിങ്ങള്‍ ജീവിച്ചിരിക്കാനും വര്‍ധിക്കാനും സര്‍വേശ്വരന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്ക് വാഗ്ദാനം ചെയ്ത ദേശത്ത് പ്രവേശിച്ച് അതിനെ കൈവശമാക്കാനും ഞാന്‍ ഇന്നു നിങ്ങള്‍ക്കു നല്‌കുന്ന സകല കല്പനകളും വിശ്വസ്തതയോടെ പാലിക്കുക. നിങ്ങളെ വിനീതരാക്കാനും നിങ്ങളുടെ ഹൃദയവിചാരങ്ങള്‍ ഗ്രഹിക്കാനും അവിടുത്തെ കല്പനകള്‍ നിങ്ങള്‍ അനുസരിക്കുമോ ഇല്ലയോ എന്നു പരിശോധിച്ചറിയാനുമായി നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഈ നാല്പതു സംവത്സരം നിങ്ങളെ മരുഭൂമിയില്‍ വഴിനടത്തിയതെല്ലാം നിങ്ങള്‍ ഓര്‍മിക്കണം. അവിടുന്നു നിങ്ങളെ ദയനീയരാക്കി; നിങ്ങള്‍ വിശന്നു നടക്കുന്നതിന് ഇടയാക്കി. നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും ഒരിക്കലും ഭക്ഷിച്ചിട്ടില്ലാത്ത മന്ന നിങ്ങള്‍ക്ക് ആഹാരമായി നല്‌കുകയും ചെയ്തു. മനുഷ്യര്‍ അപ്പംകൊണ്ടു മാത്രമല്ല സര്‍വേശ്വരനില്‍നിന്നു പുറപ്പെടുന്ന വചനംകൊണ്ടും കൂടിയാണ് ജീവിക്കുന്നതെന്നു നിങ്ങളെ പഠിപ്പിക്കേണ്ടതിനായിരുന്നു ഇങ്ങനെ ചെയ്തത്. ഈ നാല്പതു വര്‍ഷം നിങ്ങളുടെ വസ്ത്രം ജീര്‍ണിക്കുകയോ, നിങ്ങളുടെ കാല്‍ വീങ്ങുകയോ ചെയ്തില്ല. പിതാവ് പുത്രന് എന്നപോലെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് ശിക്ഷണം നല്‌കുന്നു എന്ന് ഓര്‍മിച്ചുകൊള്‍ക. അതുകൊണ്ട് നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ കല്പിച്ചതുപോലെ അവിടുത്തെ വഴികളില്‍ നടന്ന് അവിടുത്തെ ഭയപ്പെട്ട് അവിടുത്തെ കല്പനകള്‍ പാലിക്കുക. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഫലപുഷ്‍ടിയുള്ള ഒരു ദേശത്തേക്കാണ് നിങ്ങളെ കൊണ്ടുപോകുന്നത്. താഴ്വരയില്‍നിന്നും മലയില്‍നിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും തടാകങ്ങളും അവിടെയുണ്ട്. കോതമ്പും ബാര്‍ലിയും മുന്തിരിയും അത്തിയും മാതളനാരകവും ഒലിവുമരവും തേനും ഉള്ള ദേശമാണ് അത്. ആഹാരപദാര്‍ഥങ്ങള്‍ക്ക് ഒരു കുറവുമില്ലാത്ത ദേശം; യാതൊന്നിനും അവിടെ കുറവുണ്ടാകുകയില്ല. അവിടെയുള്ള കല്ലുകള്‍ ഇരുമ്പാണ്. അവിടത്തെ മലകളില്‍നിന്നു ചെമ്പു കുഴിച്ചെടുക്കാം; അവിടെ നിങ്ങള്‍ ഭക്ഷിച്ചു തൃപ്തരാകുമ്പോള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കിയിരിക്കുന്ന നല്ല ദേശത്തിനുവേണ്ടി അവിടുത്തേക്കു സ്തോത്രം അര്‍പ്പിക്കണം. “നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ മറക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഞാന്‍ ഇന്നു നിങ്ങള്‍ക്കു നല്‌കുന്ന സര്‍വേശ്വരന്‍റെ കല്പനകളും ചട്ടങ്ങളും അനുശാസനങ്ങളും അവഗണിക്കരുത്. ഭക്ഷിച്ചു തൃപ്തിയാകുമ്പോഴും നല്ല വീടു പണിത് അതില്‍ പാര്‍ക്കുമ്പോഴും ആടുമാടുകള്‍ പെരുകുമ്പോഴും സ്വര്‍ണം, വെള്ളി മുതലായവ വര്‍ധിക്കുമ്പോഴും മറ്റ് സകലത്തിലും സമൃദ്ധിയുണ്ടാകുമ്പോഴും നിങ്ങള്‍ ഉള്ളുകൊണ്ട് അഹങ്കരിക്കരുത്. അടിമവീടായ ഈജിപ്തില്‍നിന്നു നിങ്ങളെ വിമോചിപ്പിച്ചു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ വിസ്മരിക്കുകയും അരുത്. ഉഗ്രസര്‍പ്പങ്ങളും തേളുകളും നിറഞ്ഞ വിസ്തൃതവും ഭയങ്കരവുമായ മരുഭൂമിയിലൂടെ അവിടുന്നു നിങ്ങളെ നടത്തി. വരണ്ടസ്ഥലത്ത് കരിങ്കല്‍ പാറയില്‍നിന്ന് അവിടുന്നു ജലം പുറപ്പെടുവിച്ചു. നിങ്ങളുടെ പിതാക്കന്മാര്‍ ഭക്ഷിച്ചിട്ടില്ലാത്ത മന്ന നിങ്ങള്‍ക്ക് ആഹാരമായി മരുഭൂമിയില്‍വച്ചു നല്‌കി. നിങ്ങളെ വിനീതരാക്കാനും പരീക്ഷിക്കാനും ഒടുവില്‍ നന്മകൊണ്ട് അനുഗ്രഹിക്കാനുമായിരുന്നു ഇങ്ങനെയെല്ലാം ചെയ്തത്. അതിനാല്‍ നിങ്ങളുടെ ശക്തിയും കരബലവുംകൊണ്ടാണ് ഈ സമ്പത്തെല്ലാം ഉണ്ടായതെന്നു നിങ്ങള്‍ ഒരിക്കലും ചിന്തിക്കരുത്. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ നിങ്ങള്‍ സ്മരിക്കണം. സമ്പത്തു നേടാനുള്ള ശക്തി നിങ്ങള്‍ക്കു നല്‌കുന്നത് അവിടുന്നാണ്. നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത ഉടമ്പടിയില്‍ അവിടുന്നു വിശ്വസ്തനായിരുന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ മറന്ന് അന്യദേവന്മാരുടെ പിന്നാലെ പോയി അവയെ ആരാധിക്കുകയോ സേവിക്കുകയോ അരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ നിശ്ചയമായും നശിച്ചുപോകുമെന്ന് ഇന്നു ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‌കുന്നു. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ നിങ്ങള്‍ അനുസരിക്കാതിരുന്നാല്‍, നിങ്ങളുടെ മുമ്പില്‍ അവിടുന്നു നശിപ്പിക്കുന്ന ജനതകളെപ്പോലെ നിങ്ങളും നശിപ്പിക്കപ്പെടും. “ഇസ്രായേല്‍ജനമേ ശ്രദ്ധിക്കുക; നിങ്ങള്‍ ഇന്നു യോര്‍ദ്ദാന്‍നദി കടന്ന് നിങ്ങളുടേതിനെക്കാള്‍ വലുതും ശക്തവുമായ ജനതകളെയും ആകാശത്തോളം ഉയര്‍ന്ന കോട്ടകളാല്‍ വലയംചെയ്യപ്പെട്ട വലിയ നഗരങ്ങളെയും കൈവശമാക്കുവാന്‍ പോകുന്നു. അവിടെയുള്ള ജനം ദീര്‍ഘകായരും ബലവാന്മാരുമാണ്. നിങ്ങള്‍ കേട്ടിട്ടുള്ള അനാക്യരാണ് അവര്‍. ‘അനാക്യരെ നേരിടാന്‍ ആരുണ്ട്’ എന്ന ചൊല്ല് ഇവരെക്കുറിച്ചാണ്. അതുകൊണ്ട് ദഹിപ്പിക്കുന്ന അഗ്നിയായി ഇന്ന് നിങ്ങളുടെ മുമ്പില്‍ നടക്കുന്നത് നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാണെന്ന് അറിഞ്ഞുകൊള്‍ക. അവിടുന്ന് അവരെ നശിപ്പിക്കും; നിങ്ങളുടെ മുമ്പില്‍ അവരെ കീഴടക്കും. അങ്ങനെ അവിടുന്നു നിങ്ങളോട് വാഗ്ദാനം ചെയ്തതുപോലെ നിങ്ങള്‍ അവരെ തുരത്തി നിശ്ശേഷം നശിപ്പിക്കും. “നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കുവേണ്ടി അവരെ തുരത്തിക്കഴിയുമ്പോള്‍ നിങ്ങളുടെ ധര്‍മനിഷ്ഠ നിമിത്തമാണ് അവിടുന്നു നിങ്ങളെ കൂട്ടിക്കൊണ്ടുവന്ന് ദേശം കൈവശമാക്കിത്തന്നത് എന്നു നിങ്ങള്‍ ചിന്തിക്കരുത്. ആ ജനതകളുടെ ദുഷ്ടത നിമിത്തമാണ് അവിടുന്ന് അവരെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയുന്നത്. നിങ്ങളുടെ ധര്‍മിഷ്ഠതയോ ഹൃദയപരമാര്‍ഥതയോ, കൊണ്ടല്ല പിന്നെയോ, അവരുടെ ദുഷ്ടത നിമിത്തവും നിങ്ങളുടെ പിതാക്കന്മാരായ അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും അവിടുന്നു ചെയ്ത പ്രതിജ്ഞ നിമിത്തവും ആണു നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കുവാന്‍ പോകുന്നത്. നിങ്ങളുടെ ധര്‍മനിഷ്ഠ കൊണ്ടല്ല അവിടുന്നു ഫലഭൂയിഷ്ഠമായ ഈ ദേശം നിങ്ങള്‍ക്കു നല്‌കുന്നത് എന്ന് അറിഞ്ഞുകൊള്ളുക; നിങ്ങള്‍ ദുശ്ശാഠ്യമുള്ള ജനതയാണല്ലോ. “മരുഭൂമിയില്‍ വച്ചു നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ നിങ്ങള്‍ കോപിപ്പിച്ചത് മറക്കാതെ ഓര്‍ത്തുകൊള്ളുക; ഈജിപ്തില്‍നിന്നു പുറപ്പെട്ട ദിവസംമുതല്‍ ഇവിടെ എത്തുന്നതുവരെ നിങ്ങള്‍ അവിടുത്തോടു മത്സരിച്ചു. നിങ്ങളെ നശിപ്പിച്ചുകളയാന്‍ തോന്നുംവിധം സീനായ്മലയില്‍വച്ചും നിങ്ങള്‍ സര്‍വേശ്വരനെ പ്രകോപിപ്പിച്ചു. അവിടുന്നു നിങ്ങളോടു ചെയ്തിരുന്ന ഉടമ്പടിയുടെ കല്പലകകള്‍ സ്വീകരിക്കുന്നതിനു ഞാന്‍ പര്‍വതത്തില്‍ കയറി, നാല്പതുരാവും നാല്പതു പകലും അവിടെ കഴിച്ചുകൂട്ടി. ആ ദിവസങ്ങളില്‍ ഞാന്‍ എന്തെങ്കിലും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്തില്ല. അപ്പോള്‍ സര്‍വേശ്വരന്‍ കൈവിരല്‍കൊണ്ടു സ്വയം എഴുതിയ രണ്ടു കല്പലകകള്‍ എന്‍റെ കൈയില്‍ തന്നു. നിങ്ങള്‍ ഒരുമിച്ചു കൂടിയ ദിവസം അവിടുന്നു പര്‍വതത്തില്‍ അഗ്നിയുടെ നടുവില്‍ നിന്നുകൊണ്ട് അരുളിച്ചെയ്ത വചനങ്ങള്‍ അവയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നാല്പതു രാവും നാല്പതു പകലും കഴിഞ്ഞാണ് ഉടമ്പടിയുടെ കല്പലകകള്‍ സര്‍വേശ്വരന്‍ എന്നെ ഏല്പിച്ചത്.” സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “മലയില്‍നിന്ന് ഉടനെ ഇറങ്ങിച്ചെല്ലുക. നീ ഈജിപ്തില്‍നിന്നു വിമോചിപ്പിച്ചു കൊണ്ടുവന്ന നിന്‍റെ ജനം ദുഷ്ടത കാട്ടിയിരിക്കുന്നു; എന്‍റെ കല്പനകളില്‍നിന്ന് അവര്‍ വ്യതിചലിച്ചു; തങ്ങള്‍ക്കുവേണ്ടി ഒരു വിഗ്രഹം അവര്‍ വാര്‍ത്തുണ്ടാക്കിയിരിക്കുന്നു. “ഈ ജനം ദുശ്ശാഠ്യക്കാരാണെന്ന് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നു; ഞാന്‍ അവരെ നശിപ്പിക്കും; എന്നെ തടയരുത്. ഞാന്‍ അവരെ സംബന്ധിച്ചുള്ള ഓര്‍മപോലും ഭൂമുഖത്തുനിന്നു തുടച്ചുനീക്കും, അവരെക്കാള്‍ വലുതും ശക്തവുമായ ഒരു ജനതയെ ഞാന്‍ നിന്നില്‍നിന്ന് ഉദ്ഭവിപ്പിക്കും.” “ഞാന്‍ പര്‍വതത്തില്‍നിന്ന് ഇറങ്ങി; ഉടമ്പടിയുടെ കല്പലകകള്‍ രണ്ടും എന്‍റെ കൈയില്‍ ഉണ്ടായിരുന്നു. പര്‍വതം അപ്പോഴും കത്തിയെരിഞ്ഞുകൊണ്ടിരുന്നു; നിങ്ങള്‍ ഒരു കാളക്കുട്ടിയുടെ വിഗ്രഹം വാര്‍ത്തുണ്ടാക്കി നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെതിരായി പാപം ചെയ്തിരിക്കുന്നുവെന്ന് ഞാന്‍ കണ്ടു. അവിടുന്ന് നിര്‍ദ്ദേശിച്ച മാര്‍ഗത്തില്‍നിന്ന് നിങ്ങള്‍ എത്രവേഗം വ്യതിചലിച്ചു. അതിനാല്‍ നിങ്ങളുടെ കണ്‍മുമ്പില്‍ വച്ചുതന്നെ ആ കല്പലകകള്‍ രണ്ടും ഞാന്‍ എറിഞ്ഞുടച്ചുകളഞ്ഞു. ഞാന്‍ വീണ്ടും നാല്പതു പകലും നാല്പതു രാവും സര്‍വേശ്വരന്‍റെ മുമ്പാകെ സാഷ്ടാംഗം നമസ്കരിച്ചുകിടന്നു; നിങ്ങള്‍ സര്‍വേശ്വരനെതിരായി അവിടുത്തെ ദൃഷ്‍ടിയില്‍ തിന്മ പ്രവര്‍ത്തിച്ച് പാപം ചെയ്ത് അവിടുത്തെ കോപിപ്പിച്ചതുകൊണ്ട് ആ ദിവസങ്ങളില്‍ ഞാന്‍ ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്തില്ല. സര്‍വേശ്വരന്‍റെ ഉഗ്രകോപത്തെ ഞാന്‍ ഭയപ്പെട്ടു; നിങ്ങളെ നശിപ്പിക്കാന്‍ തക്കവിധം അവിടുന്നു ക്രോധാവിഷ്ടനായിരുന്നു. എന്നാല്‍ അവിടുന്നു വീണ്ടും എന്‍റെ അപേക്ഷ കേട്ടു; അഹരോനെ സംഹരിക്കാന്‍ തക്കവിധം അയാളോടും കോപിച്ചു. അഹരോനുവേണ്ടിയും അപ്പോള്‍ ഞാന്‍ അപേക്ഷിച്ചു. ആ നിന്ദ്യവസ്തുവിനെ, നിങ്ങള്‍ വാര്‍ത്തുണ്ടാക്കിയ ആ കാളക്കുട്ടിയെ ഞാന്‍ തീയില്‍ ഇട്ടു ചുട്ടു. ഞാന്‍ അത് ഇടിച്ചുപൊടിച്ചു നേര്‍ത്ത പൊടിയാക്കി പര്‍വതത്തില്‍നിന്നു പുറപ്പെടുന്ന അരുവിയില്‍ ഒഴുക്കിക്കളഞ്ഞു. നിങ്ങള്‍ തബേരയിലും മസ്സായിലും കിബ്രോത്ത്-ഹത്താവയിലും വച്ചു സര്‍വേശ്വരനെ കോപിപ്പിച്ചു. ‘ഞാന്‍ നിങ്ങള്‍ക്കു നല്‌കിയിട്ടുള്ള ദേശം കൈവശമാക്കുക’ എന്നു കല്പിച്ച് അവിടുന്നു നിങ്ങളെ കാദേശ്-ബര്‍ന്നേയയില്‍നിന്ന് അയച്ചു. എന്നാല്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ കല്പന ധിക്കരിച്ച് അവിടുത്തോട് നിങ്ങള്‍ മത്സരിച്ചു. നിങ്ങള്‍ അവിടുത്തെ വിശ്വസിച്ചില്ല; അവിടുത്തെ വാക്കുകള്‍ അനുസരിച്ചുമില്ല. ഞാന്‍ നിങ്ങളെ അറിയാന്‍ തുടങ്ങിയ നാള്‍മുതല്‍ നിങ്ങള്‍ സര്‍വേശ്വരനോടു മത്സരിച്ചുകൊണ്ടിരിക്കുന്നവരാണ്. “നിങ്ങളെ സംഹരിക്കുമെന്നു സര്‍വേശ്വരന്‍ അറിയിച്ചിരുന്നതിനാല്‍ ആ നാല്പതു പകലും നാല്പതു രാവും അവിടുത്തെ മുമ്പാകെ ഞാന്‍ സാഷ്ടാംഗം നമസ്കരിച്ചു കിടന്നു. ഞാന്‍ അവിടുത്തോട് പ്രാര്‍ഥിച്ചു: “ദൈവമായ സര്‍വേശ്വരാ, അവിടുത്തെ മഹത്ത്വത്താലും ശക്തിയാലും ഈജിപ്തില്‍നിന്നു വിമോചിപ്പിച്ചു കൊണ്ടുവന്ന അവിടുത്തെ അവകാശവും സ്വന്തജനവും ആയവരെ സംഹരിച്ചുകളയരുതേ. അവിടുത്തെ ദാസന്മാരായ അബ്രഹാമിനെയും ഇസ്ഹാക്കിനെയും യാക്കോബിനെയും ഓര്‍ക്കണമേ. ഈ ജനത്തിന്‍റെ ദുശ്ശാഠ്യവും അകൃത്യവും പാപവും കണക്കാക്കരുതേ. അവര്‍ക്കു നല്‌കുമെന്നു വാഗ്ദാനം ചെയ്ത ദേശത്തേക്ക് അവരെ നയിക്കാന്‍ അവിടുത്തേക്കു കഴിവില്ലെന്ന് ഈജിപ്തുകാര്‍ പറയാനിടവരും. മാത്രമല്ല, അവിടുന്ന് അവരെ ദ്വേഷിച്ചിരുന്നതുകൊണ്ട് കൊന്നൊടുക്കാനാണ് മരുഭൂമിയിലേക്ക് അവരെ കൊണ്ടുപോയതെന്നും അവര്‍ പറയും. ഇസ്രായേല്‍ അവിടുത്തെ ജനവും അവകാശവും ആണ്. അങ്ങയുടെ മഹാശക്തിയും നീട്ടിയ ഭുജവും കൊണ്ടാണല്ലോ അവിടുന്ന് അവരെ വിമോചിപ്പിച്ചത്. സര്‍വേശ്വരന്‍ എന്നോട് കല്പിച്ചു: “ആദ്യത്തേതുപോലെയുള്ള രണ്ടു കല്പലകകള്‍ ചെത്തിയുണ്ടാക്കി മലയില്‍ എന്‍റെ അടുത്തു കയറി വരിക; തടികൊണ്ട് ഒരു പെട്ടകവും ഉണ്ടാക്കുക. നീ ഉടച്ചുകളഞ്ഞ കല്പലകകളില്‍ ഉണ്ടായിരുന്ന വാക്കുകള്‍ ഈ കല്പലകകളിലും ഞാന്‍ എഴുതും. നീ അവ പെട്ടകത്തില്‍ വയ്‍ക്കണം. “കരുവേലകമരംകൊണ്ട് ഒരു പെട്ടകം ഞാന്‍ ഉണ്ടാക്കി. ആദ്യത്തേതുപോലെയുള്ള രണ്ടു കല്പലകകളും ചെത്തിയെടുത്തു; ആ കല്പലകകളുമായി ഞാന്‍ പര്‍വതത്തിലേക്കു കയറിച്ചെന്നു. മുമ്പ് എഴുതിയിരുന്നതുപോലെതന്നെ സര്‍വേശ്വരന്‍ ഈ കല്പലകകളിലും എഴുതി. നിങ്ങള്‍ ഒരുമിച്ചുകൂടിയിരുന്നപ്പോള്‍ പര്‍വതത്തില്‍ അഗ്നിമധ്യത്തില്‍നിന്ന് അവിടുന്ന് അരുളിച്ചെയ്ത പത്തു കല്പനകളായിരുന്നു അവയില്‍ എഴുതിയത്. അവിടുന്ന് അവ എന്നെ ഏല്പിച്ചു. ഞാന്‍ പര്‍വതത്തില്‍നിന്ന് ഇറങ്ങി വന്ന്, ഞാന്‍ നിര്‍മ്മിച്ച പെട്ടകത്തില്‍ അവ വച്ചു. സര്‍വേശ്വരന്‍ എന്നോട് കല്പിച്ചതുപോലെ അവ അവിടെ സൂക്ഷിച്ചിരിക്കുന്നു. ഇസ്രായേല്‍ജനം ബെനേ-യാഖാന്‍ എന്ന ബേരോത്തില്‍നിന്നു യാത്രതിരിച്ച് മോസേരയിലെത്തി. അവിടെവച്ച് അഹരോന്‍ മരണമടഞ്ഞു; അവിടെ അദ്ദേഹത്തെ സംസ്കരിച്ചു. അഹരോന്‍റെ പുത്രനായ എലെയാസാര്‍ പകരം പുരോഹിതശുശ്രൂഷ ഏറ്റെടുത്തു. മോസേരയില്‍നിന്നു ഗുദ്ഗോദെയിലും അവിടെനിന്ന് അരുവികളുടെ ദേശമായ യൊത്-ബത്തെയിലും അവര്‍ എത്തി. അപ്പോള്‍ സര്‍വേശ്വരന്‍റെ ഉടമ്പടിയുടെ പെട്ടകം ചുമക്കുന്നതിനും ഇപ്പോള്‍ നടന്നു വരുന്നതുപോലെ സര്‍വേശ്വരസന്നിധിയില്‍ ശുശ്രൂഷ ചെയ്യുന്നതിനും അവിടുത്തെ നാമത്തില്‍ ജനത്തെ ആശീര്‍വദിക്കുന്നതിനുമായി ലേവിഗോത്രക്കാരെ സര്‍വേശ്വരന്‍ വേര്‍തിരിച്ചു. അതുകൊണ്ടാണ് ലേവ്യര്‍ക്ക് തങ്ങളുടെ സഹോദരന്മാരോടൊപ്പം അവകാശവും ഓഹരിയും ലഭിക്കാഞ്ഞത്. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അവരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ അവിടുന്നു തന്നെയാണ് അവരുടെ അവകാശം. മുമ്പു ചെയ്തതുപോലെ നാല്പതു പകലും നാല്പതു രാവും ഞാന്‍ പര്‍വതത്തില്‍ കഴിച്ചുകൂട്ടി. ആ പ്രാവശ്യവും സര്‍വേശ്വരന്‍ എന്‍റെ പ്രാര്‍ഥന കേട്ടു; അങ്ങനെ അവിടുന്നു നിങ്ങളെ നശിപ്പിച്ചില്ല. പിന്നീട് സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “അവരുടെ പിതാക്കന്മാര്‍ക്കു നല്‌കുമെന്നു ഞാന്‍ വാഗ്ദാനം ചെയ്തിരുന്ന ദേശം കൈവശമാക്കുവാന്‍ നീ ചെന്ന് അവരെ മുന്നോട്ടു നയിക്കുക.” ഇസ്രായേല്‍ജനമേ, നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും അവിടുത്തെ സ്നേഹിക്കുകയും നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടി സേവിക്കുകയും ചെയ്യുകയല്ലാതെ മറ്റെന്താണു സര്‍വേശ്വരന്‍ നിങ്ങളോട് ആവശ്യപ്പെടുന്നത്. നിങ്ങളുടെ നന്മയ്‍ക്കുവേണ്ടി ഞാന്‍ നല്‌കുന്ന സകല കല്പനകളും ചട്ടങ്ങളും നിങ്ങള്‍ പാലിക്കണം. ആകാശവും ആകാശങ്ങളുടെ ആകാശവും ഭൂമിയും അതിലുള്ള സമസ്തവും നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ വകയാണ്. എന്നിട്ടും അവിടുന്ന് നിങ്ങളുടെ പിതാക്കന്മാരില്‍ സംപ്രീതനായി അവരെ സ്നേഹിച്ചു. അവര്‍ക്കുശേഷം അവരുടെ സന്താനങ്ങളായ നിങ്ങളെ ഇന്നു കാണുന്നതുപോലെ സര്‍വജനതകള്‍ക്കുംമേലെ തിരഞ്ഞെടുത്തു. അതുകൊണ്ട് നിങ്ങള്‍ മനംതിരിഞ്ഞു ദൈവത്തെ അനുസരിക്കുക; ഒരിക്കലും ദുശ്ശാഠ്യം കാണിക്കരുത്. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ദേവാധിദേവനും കര്‍ത്താധികര്‍ത്താവും ആകുന്നു. അവിടുന്നു മഹത്ത്വമേറിയവനും സര്‍വശക്തനും ഭീതിദനുമായ ദൈവമാണ്. അവിടുത്തേക്കു പക്ഷഭേദം ഇല്ല; അവിടുന്നു കോഴ വാങ്ങാത്തവനുമാണ്. അവിടുന്ന് അനാഥര്‍ക്കും വിധവകള്‍ക്കും നീതി നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിക്കുകയും അവന് അന്നവസ്ത്രാദികള്‍ നല്‌കുകയും ചെയ്യുന്നു. നിങ്ങള്‍ പരദേശികളെ സ്നേഹിക്കുക; നിങ്ങളും ഈജിപ്തില്‍ പരദേശികളായിരുന്നുവല്ലോ. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ഭയപ്പെടുക; അവിടുത്തെ മാത്രം ആരാധിക്കുക. അവിടുത്തോടു വിശ്വസ്തരായിരിക്കുക; അവിടുത്തെ നാമത്തില്‍ മാത്രമേ സത്യം ചെയ്യാവൂ. സര്‍വേശ്വരനെ പുകഴ്ത്തുക; അവിടുന്നാകുന്നു നിങ്ങളുടെ ദൈവം. നിങ്ങള്‍ കണ്ട അദ്ഭുതകരവും ഭീതിദവുമായ കാര്യങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ചെയ്തത് അവിടുന്നാണല്ലോ; നിങ്ങളുടെ പിതാക്കന്മാര്‍ എഴുപതു പേരാണ് ഈജിപ്തിലേക്കു പോയത്. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അസംഖ്യമായി വര്‍ധിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ സ്നേഹിച്ച് അവിടുത്തെ അനുശാസനങ്ങളും നിയമങ്ങളും എന്നും അനുസരിക്കണം. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ ശിക്ഷണം ലഭിച്ചത് നിങ്ങളുടെ മക്കള്‍ക്കല്ല, നിങ്ങള്‍ക്കുതന്നെ ആയിരുന്നു എന്ന് ഓര്‍ക്കുക; അവിടുത്തെ മഹത്ത്വവും കരബലവും നീട്ടിയ ഭുജവും ഈജിപ്തിലെ രാജാവായ ഫറവോയോടും അദ്ദേഹത്തിന്‍റെ രാജ്യത്തോടും അവിടുന്നു ചെയ്ത അദ്ഭുതങ്ങളും അടയാളങ്ങളും നിങ്ങള്‍ കണ്ടതാണല്ലോ. ഈജിപ്തുകാരുടെ സൈന്യങ്ങള്‍ നിങ്ങളെ പിന്തുടര്‍ന്നപ്പോള്‍ അവരെ അവരുടെ കുതിരകളോടും രഥങ്ങളോടുംകൂടെ ചെങ്കടലില്‍ മുക്കിയതും ഇന്നുവരെ അവരെ നശിപ്പിച്ചതും നിങ്ങള്‍ കണ്ടു. നിങ്ങള്‍ ഇവിടെ എത്തുന്നതുവരെ നിങ്ങള്‍ക്കുവേണ്ടി സര്‍വേശ്വരന്‍ മരുഭൂമിയില്‍ ചെയ്തിട്ടുള്ളതും രൂബേന്‍റെ പുത്രനായ എലീയാബിന്‍റെ പുത്രന്മാരായ ദാഥാനോടും അബീരാമിനോടും അവിടുന്നു പ്രവര്‍ത്തിച്ചതും നിങ്ങള്‍ ഓര്‍മിക്കണം. ഇസ്രായേല്യരുടെ മധ്യത്തില്‍വച്ച് അവരെ അവരുടെ കുടുംബത്തോടും കൂടാരങ്ങളോടും മനുഷ്യമൃഗാദികളോടും സകല സമ്പത്തോടുംകൂടി ഭൂമി പിളര്‍ന്നു വിഴുങ്ങിക്കളഞ്ഞല്ലോ. അവിടുന്നു ചെയ്ത ഈ വന്‍കാര്യങ്ങള്‍ക്കെല്ലാം നിങ്ങള്‍ ദൃക്സാക്ഷികളായിരുന്നുവല്ലോ. “നിങ്ങള്‍ നദി കടന്നു പ്രവേശിക്കാന്‍ പോകുന്ന സ്ഥലം കൈവശപ്പെടുത്തി സ്വന്തമാക്കുവാനും നിങ്ങള്‍ ശക്തരായിരിക്കാനും നിങ്ങളുടെ പിതാക്കന്മാര്‍ക്കും അവരുടെ സന്താനങ്ങള്‍ക്കും നല്‌കുമെന്നു സര്‍വേശ്വരന്‍ വാഗ്ദാനം ചെയ്തിരുന്ന പാലും തേനും ഒഴുകുന്നതുമായ ആ ദേശത്ത് നിങ്ങള്‍ ദീര്‍ഘായുസ്സോടിരിക്കാനും ഞാന്‍ നല്‌കുന്ന സകല കല്പനകളും നിങ്ങള്‍ അനുസരിക്കണം. നിങ്ങള്‍ കൈവശപ്പെടുത്താന്‍ പോകുന്ന ദേശം നിങ്ങള്‍ വിട്ടുപോന്ന ഈജിപ്തുപോലെയല്ല; അവിടെ വിത്തു വിതച്ചതിനുശേഷം പച്ചക്കറിത്തോട്ടത്തില്‍ എന്നപോലെ നിങ്ങള്‍ ക്ലേശിച്ചു നനയ്‍ക്കേണ്ടിയിരുന്നു. എന്നാല്‍ നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന ദേശം ധാരാളം മഴ ലഭിക്കുന്ന മലകളും താഴ്വരകളും നിറഞ്ഞതാണ്; ആ ദേശം നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ പരിപാലിക്കുന്നു; വര്‍ഷാരംഭംമുതല്‍ വര്‍ഷാവസാനംവരെ എപ്പോഴും അവിടുന്ന് അതിനെ കടാക്ഷിക്കുന്നു. “അതുകൊണ്ട് ഞാന്‍ ഇന്നു നല്‌കിയ കല്പനകള്‍ അനുസരിച്ച് നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും കൂടി സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്താല്‍ നിങ്ങളുടെ കൃഷിക്കാവശ്യമായ മുന്‍മഴയും പിന്‍മഴയും യഥാവസരം അവിടുന്നു നല്‌കും; നിങ്ങള്‍ക്കാവശ്യമായ ധാന്യവും വീഞ്ഞും എണ്ണയും സുലഭമായിരിക്കും. നിങ്ങളുടെ കന്നുകാലികള്‍ക്കുവേണ്ട പുല്ല് അവിടുന്നു നല്‌കും; നിങ്ങള്‍ ഭക്ഷിച്ചു തൃപ്തരാകും. വഞ്ചിതരായി വഴിതെറ്റി മറ്റു ദേവന്മാരെ ആരാധിക്കാനും അവയെ നമസ്കരിക്കാനും ഇടയാകാതെ സൂക്ഷിച്ചുകൊള്‍ക. ഇല്ലെങ്കില്‍ സര്‍വേശ്വരന്‍റെ കോപം നിങ്ങളുടെമേല്‍ ജ്വലിക്കും. അവിടുന്ന് ആകാശം അടയ്‍ക്കും, മഴ ലഭിക്കുകയില്ല. തന്നിമിത്തം ഭൂമി വിളവു നല്‌കാതാകും. അങ്ങനെ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കുന്ന നല്ല ദേശത്തുനിന്ന് നിങ്ങള്‍ അതിവേഗം തുടച്ചുനീക്കപ്പെടും. “എന്‍റെ ഈ വചനം നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും എപ്പോഴും ഉണ്ടായിരിക്കട്ടെ. അടയാളമായി അവ എഴുതി നിങ്ങളുടെ കൈയില്‍ കെട്ടുകയും നെറ്റിപ്പട്ടമായി അണിയുകയും ചെയ്യുവിന്‍. അവ നിങ്ങളുടെ മക്കളെ പഠിപ്പിക്കണം. വീട്ടിലിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും അവയെപ്പറ്റി നിങ്ങളുടെ മക്കളോടു സംസാരിക്കണം. അവ നിങ്ങളുടെ വീടിന്‍റെ കട്ടിളകളിലും പടിവാതിലുകളിലും എഴുതിവയ്‍ക്കണം. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കു നല്‌കുമെന്നു നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ വാഗ്ദാനം ചെയ്ത ദേശത്തു നിങ്ങളും നിങ്ങളുടെ സന്താനങ്ങളും ദീര്‍ഘകാലം വസിക്കും; ഭൂമിക്കുമേല്‍ ആകാശം ഉണ്ടായിരിക്കുന്നിടത്തോളം കാലം നിങ്ങള്‍ അവിടെ പാര്‍ക്കും. ഞാന്‍ നിങ്ങള്‍ക്കു നല്‌കിയ സകല കല്പനകളും ശ്രദ്ധാപൂര്‍വം അനുസരിക്കണം; നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ സ്നേഹിക്കണം; അവിടുത്തെ വഴികളില്‍ നടക്കണം. അവിടുത്തോടു വിശ്വസ്തരായിരിക്കുകയും വേണം. അങ്ങനെ ചെയ്താല്‍ ഈ ജനതകളെയെല്ലാം സര്‍വേശ്വരന്‍ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയും; നിങ്ങളെക്കാള്‍ വലിയവരും ശക്തരുമായ ജനതകളുടെ ദേശം നിങ്ങള്‍ കൈവശമാക്കുകയും ചെയ്യും. നിങ്ങളുടെ പാദം സ്പര്‍ശിക്കുന്ന ദേശങ്ങളെല്ലാം നിങ്ങളുടേതായിത്തീരും. മരുഭൂമിമുതല്‍ ലെബാനോന്‍വരെയും യൂഫ്രട്ടീസ്നദിമുതല്‍ മധ്യധരണ്യാഴിവരെയും നിങ്ങളുടെ ദേശം വ്യാപിച്ചിരിക്കും. ആര്‍ക്കും നിങ്ങളെ എതിര്‍ക്കാനാവില്ല. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്തതുപോലെ നിങ്ങളുടെ കാല്‍ സ്പര്‍ശിക്കുന്ന സകല ദേശങ്ങളിലും നിങ്ങളെക്കുറിച്ച് ഭീതിയും പരിഭ്രാന്തിയും അവിടുന്ന് ഉളവാക്കും. “ഇതാ ഇന്നു ഞാന്‍ നിങ്ങളുടെ മുമ്പാകെ ഒരു അനുഗ്രഹവും ശാപവും വയ്‍ക്കുന്നു; ഞാന്‍ ഇന്നു നിങ്ങള്‍ക്കു നല്‌കുന്ന നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ കല്പനകള്‍ അനുസരിച്ചാല്‍ നിങ്ങള്‍ അനുഗൃഹീതരായിരിക്കും. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ കല്പനകള്‍ അനുസരിക്കാതെ അതില്‍നിന്നു വ്യതിചലിച്ച് നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്മാരെ അനുഗമിച്ചാല്‍ നിങ്ങള്‍ ശപിക്കപ്പെടും. നിങ്ങള്‍ കൈവശപ്പെടുത്താന്‍ പോകുന്ന ദേശത്തു നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ പ്രവേശിപ്പിക്കുമ്പോള്‍ ഗെരിസീം മലയില്‍വച്ച് അനുഗ്രഹവും ഏബാല്‍മലയില്‍വച്ചു ശാപവും പ്രഖ്യാപിക്കണം. യോര്‍ദ്ദാന്‍നദിയുടെ പടിഞ്ഞാറു വശത്ത് നദീതടത്തില്‍ പാര്‍ക്കുന്ന കനാന്യരുടെ ദേശത്തുള്ളവയാണല്ലോ ഈ രണ്ടു മലകളും. ഗില്ഗാലിനടുത്തുള്ള മോരെയിലെ കരുവേലകമരങ്ങള്‍ക്ക് അടുത്താണവ. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കുന്ന ദേശം അധീനമാക്കുവാന്‍ യോര്‍ദ്ദാന്‍നദി കടക്കേണ്ടിയിരിക്കുന്നു; അതു കൈവശപ്പെടുത്തി അവിടെ പാര്‍ക്കുവിന്‍. ഞാന്‍ ഇന്നു നിങ്ങള്‍ക്കു നല്‌കുന്ന നിയമങ്ങളും ചട്ടങ്ങളും നിങ്ങള്‍ ശ്രദ്ധയോടെ പാലിക്കണം. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കുന്ന ദേശത്തു പാര്‍ക്കുന്നിടത്തോളം കാലം നിങ്ങള്‍ ശ്രദ്ധാപൂര്‍വം അനുസരിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും ഇവയാകുന്നു. നിങ്ങള്‍ കൈവശപ്പെടുത്തുന്ന ദേശത്തെ ജനതകള്‍ പര്‍വതങ്ങളിലും കുന്നുകളിലും വൃക്ഷച്ചുവട്ടിലും അവരുടെ ദേവന്മാരെ ആരാധിച്ചിരുന്ന സ്ഥാനങ്ങളെല്ലാം പൂര്‍ണമായി നശിപ്പിച്ചുകളയണം. അവരുടെ യാഗപീഠങ്ങള്‍ ഇടിച്ചു നിരത്തണം; സ്തംഭങ്ങള്‍ തകര്‍ക്കണം; അവരുടെ അശേരാപ്രതിഷ്ഠകള്‍ തീയില്‍ ഇട്ടു ചുട്ടുകളയുകയും ദേവന്മാരുടെ കൊത്തുവിഗ്രഹങ്ങള്‍ ഉടച്ചുകളയുകയും വേണം. അങ്ങനെ ആ സ്ഥലങ്ങളില്‍നിന്ന് അവയുടെ നാമം നിശ്ശേഷം നീക്കപ്പെടണം. അവിടെ പാര്‍ക്കുന്ന ജനതകള്‍ അവരുടെ ദേവന്മാരെ ആരാധിക്കുന്നതുപോലെയല്ല, നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ നിങ്ങള്‍ ആരാധിക്കേണ്ടത്. നിങ്ങളുടെ എല്ലാ ഗോത്രങ്ങള്‍ക്കും നല്‌കിയിട്ടുള്ള പ്രദേശത്ത് തന്‍റെ നാമം സ്ഥാപിക്കുന്നതിനും തനിക്കു വസിക്കുന്നതിനും ഒരു സ്ഥലം നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തിരഞ്ഞെടുക്കും. അവിടെ നിങ്ങള്‍ അവിടുത്തെ ആരാധിക്കണം. അവിടെ നിങ്ങളുടെ ഹോമയാഗങ്ങളും മറ്റു യാഗങ്ങളും ദശാംശങ്ങളും വഴിപാടുകളും നേര്‍ച്ചകളും സ്വമേധാ നിവേദ്യങ്ങളും ആടുമാടുകളുടെ ആദ്യഫലവും സമര്‍പ്പിക്കണം. അവിടെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍ നിങ്ങളും കുടുംബാംഗങ്ങളും ഭക്ഷിച്ച് ആനന്ദിക്കണം; നിങ്ങളുടെ സകല പ്രയത്നങ്ങളിലും നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ അനുഗ്രഹിച്ചുവല്ലോ. ഇന്നുവരെ നിങ്ങള്‍ അവരവര്‍ക്ക് ഇഷ്ടപ്പെട്ട മാതിരി ആരാധന നടത്തി. നിങ്ങള്‍ സ്വസ്ഥമായി ജീവിക്കേണ്ടതിനു നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് അവകാശമായി തരുന്ന ദേശത്ത് നിങ്ങള്‍ പ്രവേശിച്ചുകഴിഞ്ഞിട്ടില്ലല്ലോ; അവിടെ ചെന്നുകഴിഞ്ഞാല്‍ നിങ്ങള്‍ യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ പാടില്ല. യോര്‍ദ്ദാന്‍ നദികടന്ന് നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കുന്ന ദേശത്തു നിങ്ങള്‍ പാര്‍ക്കും. സകല ശത്രുക്കളില്‍നിന്നും അവിടുന്നു നിങ്ങളെ സംരക്ഷിക്കും; നിങ്ങള്‍ അവിടെ സുരക്ഷിതരായി വസിക്കും. അപ്പോള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തന്‍റെ നാമം സ്ഥാപിക്കാന്‍ ഒരു സ്ഥലം തിരഞ്ഞെടുക്കും. അവിടെ ഞാന്‍ നിങ്ങളോടു കല്പിച്ചിട്ടുള്ളതുപോലെ നിങ്ങളുടെ ഹോമയാഗങ്ങളും മറ്റു യാഗങ്ങളും ദശാംശങ്ങളും വഴിപാടുകളും നേര്‍ച്ചകളും സ്വമേധാനിവേദ്യങ്ങളും കൊണ്ടുവരണം. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍വച്ചു നിങ്ങളും നിങ്ങളുടെ പുത്രീപുത്രന്മാരും ദാസീദാസന്മാരും നിങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ക്കുന്ന ലേവ്യരും ആനന്ദിക്കണം; നിങ്ങള്‍ക്കുള്ളതുപോലെ ലേവ്യര്‍ക്ക് ഓഹരിയും അവകാശവും നല്‌കിയിട്ടില്ലല്ലോ. ഇഷ്ടമുള്ളിടത്തെവിടെയും നിങ്ങള്‍ ഹോമയാഗം അര്‍പ്പിച്ചുകൂടാ; നിങ്ങളുടെ ഗോത്രങ്ങളില്‍ ഒന്നില്‍നിന്നു സര്‍വേശ്വരന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു വേണം നിങ്ങള്‍ ഹോമയാഗങ്ങള്‍ അര്‍പ്പിക്കാന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചതെല്ലാം അനുഷ്ഠിക്കുകയും വേണം. എന്നാല്‍ അവിടുന്ന് നിങ്ങള്‍ക്കു നല്‌കിയിരിക്കുന്ന മൃഗങ്ങളെ ഏതു പട്ടണത്തില്‍വച്ചും കൊന്ന് വേണ്ടിടത്തോളം ഭക്ഷിക്കാന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ട്. ആചാരപരമായി ശുദ്ധരോ അശുദ്ധരോ എന്നു നോക്കാതെ കലമാനിന്‍റെയും പുള്ളിമാനിന്‍റെയും മാംസം എന്നപോലെ നിങ്ങള്‍ക്ക് അവ ഭക്ഷിക്കാം. രക്തം മാത്രം ഭക്ഷിക്കരുത്; അതു വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയണം. ധാന്യം, വീഞ്ഞ്, എണ്ണ ഇവയുടെ ദശാംശവും നിങ്ങളുടെ ആടുമാടുകളുടെ കടിഞ്ഞൂലുകളും നിങ്ങളുടെ നേര്‍ച്ചകളും സ്വമേധാനിവേദ്യങ്ങളും വഴിപാടുകളും ഇങ്ങനെ ദൈവത്തിനു നിവേദിച്ചതൊന്നും നിങ്ങളുടെ പട്ടണങ്ങളില്‍വച്ചു ഭക്ഷിക്കരുത്. നിങ്ങളും നിങ്ങളുടെ പുത്രന്മാരും പുത്രിമാരും ദാസീദാസന്മാരും നിങ്ങളുടെ പട്ടണങ്ങളിലുള്ള ലേവ്യരും ചേര്‍ന്നു നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കാന്‍ അവിടുന്നു തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ചു തന്നെ നിങ്ങള്‍ അവ ഭക്ഷിക്കണം. നിങ്ങളുടെ സകല പ്രവൃത്തികളെയും കുറിച്ചു നിങ്ങള്‍ ദൈവമായ സര്‍വേശ്വരന്‍റെ മുമ്പാകെ സന്തോഷിച്ചുകൊള്‍വിന്‍. നിങ്ങളുടെ ദേശത്തു നിങ്ങള്‍ പാര്‍ക്കുന്നിടത്തോളം കാലം ലേവ്യരെ അവഗണിക്കരുത്. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ നിങ്ങളുടെ ദേശം വിസ്തൃതമാക്കുമ്പോള്‍ നിങ്ങള്‍ക്കു വേണമെന്നു തോന്നുമ്പോഴെല്ലാം തൃപ്തിയാകുവോളം മാംസം ഭക്ഷിക്കാം. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തന്‍റെ ആരാധനയ്‍ക്ക് തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ ദൂരെയാണെങ്കില്‍ അവിടുന്നു നിങ്ങള്‍ക്കു നല്‌കിയിട്ടുള്ള ആടുമാടുകളില്‍ ഏതിനെയെങ്കിലും ഞാന്‍ പറഞ്ഞിട്ടുള്ളതുപോലെ കൊന്ന് ആചാരപരമായി ശുദ്ധാശുദ്ധഭേദം കൂടാതെ കലമാനെയോ പുള്ളിമാനെയോ ഭക്ഷിക്കുന്നതുപോലെ ആ മാംസം നിങ്ങളുടെ പട്ടണത്തില്‍വച്ചു യഥേഷ്ടം ഭക്ഷിക്കാം. ഒരു കാര്യം ശ്രദ്ധിക്കുക: രക്തം മാത്രം ആഹാരമാക്കരുത്. രക്തം ജീവനാണല്ലോ; അതുകൊണ്ട് മാംസത്തോടൊപ്പം ജീവനും ഭക്ഷിക്കാന്‍ ഇടയാകരുത്. രക്തം ആഹാരമാക്കാതെ വെള്ളം എന്നപോലെ അതു നിലത്ത് ഒഴിച്ചുകളയണം; അത് ഭക്ഷിക്കരുത്. അങ്ങനെ സര്‍വേശ്വരന്‍റെ മുമ്പില്‍ ശരിയായുള്ളതു ചെയ്താല്‍ നിങ്ങള്‍ക്കും നിങ്ങള്‍ക്കുശേഷം നിങ്ങളുടെ മക്കള്‍ക്കും നന്മ ഭവിക്കും. ദൈവത്തിനു സമര്‍പ്പിക്കേണ്ട വിശുദ്ധവസ്തുക്കളും നേര്‍ച്ചകാഴ്ചകളും അവിടുത്തെ ആരാധനയ്‍ക്ക് അവിടുന്നു തിരഞ്ഞെടുക്കുന്ന സ്ഥലത്തു കൊണ്ടുപോകണം. അവിടെ സര്‍വേശ്വരന്‍റെ യാഗപീഠത്തില്‍ നിങ്ങളുടെ ഹോമയാഗങ്ങള്‍-മാംസവും രക്തവും-സമര്‍പ്പിക്കണം. യാഗവസ്തുവിന്‍റെ രക്തം നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ യാഗപീഠത്തില്‍ ഒഴിക്കണം; മാംസം നിങ്ങള്‍ക്കു ഭക്ഷിക്കാം. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം ശ്രദ്ധാപൂര്‍വം അനുസരിക്കുക; ദൈവമായ സര്‍വേശ്വരന്‍റെ ദൃഷ്‍ടിയില്‍ നല്ലതും ശരിയുമായ പ്രവൃത്തികള്‍ നിങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്കും നിങ്ങള്‍ക്കു ശേഷം നിങ്ങളുടെ മക്കള്‍ക്കും എല്ലാക്കാലത്തും നന്മ വരും. “നിങ്ങള്‍ അധീനമാക്കുവാന്‍ പോകുന്ന ദേശത്തുള്ള ജനതകളെ സര്‍വേശ്വരന്‍ നിങ്ങളുടെ മുമ്പില്‍വച്ച് നശിപ്പിക്കും; നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കി, അവിടെ കുടിപാര്‍ക്കും. ഈ ജനതകള്‍ നിങ്ങളുടെ മുമ്പില്‍വച്ചു സംഹരിക്കപ്പെട്ടുകഴിയുമ്പോള്‍, അവരെ അനുകരിച്ച് കെണിയില്‍പ്പെട്ട് അവരുടെ ദേവന്മാരെ ആരാധിക്കാന്‍ ഇടയാകാതെ ശ്രദ്ധിക്കണം. ഈ ജനതകള്‍ ചെയ്തതുപോലെ പ്രവര്‍ത്തിക്കാന്‍ അവര്‍ എങ്ങനെ തങ്ങളുടെ ദേവന്മാരെ ആരാധിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. അവര്‍ ആരാധിച്ചിരുന്നതുപോലെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ നിങ്ങള്‍ ആരാധിക്കരുത്. അവിടുന്നു വെറുക്കുന്ന മ്ലേച്ഛകാര്യങ്ങളാണ് തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടി അവര്‍ അനുഷ്ഠിച്ചുപോന്നത്. തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയുംപോലും അവര്‍ ദേവന്മാര്‍ക്കുവേണ്ടി ദഹിപ്പിച്ചുവല്ലോ. ഞാന്‍ നിങ്ങളോടു കല്പിക്കുന്നവയെല്ലാം പാലിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണം; ഒന്നും കൂട്ടുകയോ കുറയ്‍ക്കുകയോ ചെയ്യരുത്. “നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്നവ്യാഖ്യാതാവോ എഴുന്നേറ്റ് ഒരു അടയാളമോ അദ്ഭുതമോ വാഗ്ദാനം ചെയ്യുകയും അയാള്‍ പറഞ്ഞതുപോലെ സംഭവിക്കുകയും ചെയ്താലും നിങ്ങള്‍ക്ക് ഇന്നോളം അജ്ഞാതനായിരുന്ന ദേവനെ നമുക്ക് അനുഗമിക്കാം, ആരാധിക്കാം എന്ന് അയാള്‍ പ്രലോഭിപ്പിച്ചാലും നിങ്ങള്‍ ആ പ്രവാചകന്‍റെയോ സ്വപ്നവ്യാഖ്യാതാവിന്‍റെയോ വാക്കിനു വഴങ്ങരുത്. പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും കൂടിയാണോ നിങ്ങള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ സ്നേഹിക്കുന്നത് എന്ന് അവിടുന്ന് അയാളിലൂടെ നിങ്ങളെ പരീക്ഷിക്കുകയാണ്. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെയാണ് നിങ്ങള്‍ അനുസരിക്കുകയും ഭയപ്പെടുകയും ചെയ്യേണ്ടത്. അവിടുത്തെ വാക്ക് അനുസരിക്കുകയും അവിടുത്തെ കല്പനകള്‍ പാലിക്കുകയും അവിടുത്തെ ആരാധിക്കുകയും അവിടുത്തോട് വിശ്വസ്തരായി വര്‍ത്തിക്കുകയും വേണം. ഈജിപ്തില്‍നിന്ന് നിങ്ങളെ വിമോചിപ്പിച്ചവനും അടിമവീട്ടില്‍നിന്ന് നിങ്ങളെ വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനോടു മത്സരിക്കാന്‍ നിങ്ങളോടു പറയുന്നതു പ്രവാചകനായാലും സ്വപ്നവ്യാഖ്യാതാവായാലും അയാളെ കൊന്നുകളയണം. അവിടുത്തെ വഴിയില്‍നിന്നു നിങ്ങളെ വ്യതിചലിപ്പിക്കാന്‍ അയാള്‍ ശ്രമിച്ചല്ലോ. അങ്ങനെ ആ തിന്മ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം. നിന്‍റെ സ്വന്തം സഹോദരനോ, പുത്രനോ, പുത്രിയോ നീ സ്നേഹിക്കുന്ന ഭാര്യയോ, ഉറ്റസുഹൃത്തോ “വരിക, നമുക്ക് മറ്റു ദേവന്മാരെ ആരാധിക്കാം” എന്നു പറഞ്ഞുകൊണ്ട് നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത ദേവന്മാരെ ആരാധിക്കാന്‍ നിങ്ങളെ രഹസ്യമായി പ്രേരിപ്പിച്ചു എന്നു വരാം. ആ ദേവന്മാര്‍ നിങ്ങള്‍ക്കു ചുറ്റും അടുത്തോ അകലെയോ ഉള്ള ജനതകളുടെ ദേവന്മാരായിരിക്കാം. അവരുടെ പ്രലോഭനത്തിനു നിങ്ങള്‍ വഴങ്ങുകയോ അവരെ ശ്രദ്ധിക്കുകയോ ചെയ്യരുത്; അവരോടു കരുണയോ സഹതാപമോ കാണിക്കരുത്; അവരെ വെറുതെ വിടുകയോ സംരക്ഷിക്കുകയോ അരുത്. അവരെ കൊന്നുകളയണം; അവരെ കല്ലെറിഞ്ഞു കൊല്ലാന്‍ നിങ്ങളുടെ കൈയാണ് ആദ്യം ഉയരേണ്ടത്; പിന്നീട് സര്‍വജനത്തിന്‍റെയും അടിമവീടായ ഈജിപ്തില്‍നിന്നു നിങ്ങളെ വിമോചിപ്പിച്ചു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ സര്‍വേശ്വരനില്‍ നിന്നു നിങ്ങളെ അകറ്റിക്കളയാന്‍ അവര്‍ ശ്രമിച്ചുവല്ലോ. ഇസ്രായേല്‍ജനം ഈ വാര്‍ത്ത കേട്ടു നടുങ്ങണം. മേലാല്‍ ആരും നിങ്ങളുടെ ഇടയില്‍ ഇത്തരം ദുഷ്കൃത്യം ചെയ്യരുത്. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നല്‌കിയ പട്ടണങ്ങളില്‍ നിങ്ങള്‍ പാര്‍ക്കുമ്പോള്‍, നിങ്ങളുടെ കൂട്ടത്തില്‍ നീചരായ ചിലര്‍ അതുവരെ ആരാധിച്ചിട്ടില്ലാത്ത ദേവന്മാരെ ആരാധിക്കാന്‍ ആ പട്ടണവാസികളെ പ്രേരിപ്പിച്ചതായി കേള്‍ക്കാന്‍ ഇടയായേക്കാം. അപ്പോള്‍ നിങ്ങള്‍ അതിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിച്ച്, പരിശോധിച്ചു തെളിവെടുക്കണം; നിങ്ങളുടെ ഇടയില്‍ ഇത്തരം ഹീനകൃത്യം നടന്നെന്ന് തീര്‍ച്ചയായാല്‍ ആ പട്ടണത്തിലുള്ള സകല മനുഷ്യരെയും വാളിനിരയാക്കണം. അവിടെയുള്ള കന്നുകാലികളടക്കം സകല ജീവികളെയും വധിക്കണം. അതിലെ വസ്തുവകകളെല്ലാം പൊതുസ്ഥലത്ത് കൂട്ടിയിട്ട് പട്ടണത്തോടൊപ്പം നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു പൂര്‍ണഹോമയാഗമായി അവയെല്ലാം നിശ്ശേഷം ദഹിപ്പിക്കണം. അത് എന്നും പാഴ്ക്കൂനയായി കിടക്കണം; അത് വീണ്ടും പണിയപ്പെടരുത്. ആ ശാപവസ്തുക്കളില്‍ ഒന്നും ആരും സ്വന്തമാക്കരുത്; അപ്പോള്‍ സര്‍വേശ്വരന്‍റെ കോപം നിങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറും. അവിടുന്നു നിങ്ങളോടു കരുണ കാണിക്കും. അവിടുന്നു നിങ്ങളില്‍ കനിഞ്ഞ് നിങ്ങളുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ നിങ്ങളെ ഒരു വലിയ ജനതയാക്കും. അതിനുവേണ്ടി ഞാന്‍ ഇന്നു നിങ്ങള്‍ക്കു നല്‌കുന്ന നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ കല്പനകള്‍ നിങ്ങള്‍ ശ്രദ്ധയോടെ പാലിക്കുകയും അവിടുത്തെ ദൃഷ്‍ടിയില്‍ നന്മയായതു പ്രവര്‍ത്തിക്കുകയും വേണം. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ മക്കളാണ് നിങ്ങള്‍. മരിച്ചവരെപ്രതി വിലപിക്കുമ്പോള്‍ സ്വയം മുറിവേല്പിക്കുകയോ, തലയുടെ മുന്‍ഭാഗം മുണ്ഡനം ചെയ്യുകയോ അരുത്. നിങ്ങള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനുവേണ്ടി വേര്‍തിരിക്കപ്പെട്ട ജനം ആകുന്നു. ഭൂമിയിലെ സകല ജനതകളില്‍നിന്നും സ്വന്തം ജനമായി നിങ്ങളെ മാത്രം അവിടുന്നു തിരഞ്ഞെടുത്തു. അശുദ്ധമായതൊന്നും നിങ്ങള്‍ ഭക്ഷിക്കരുത്. നിങ്ങള്‍ക്ക് ഭക്ഷിക്കാവുന്ന മൃഗങ്ങള്‍ ഇവയാണ്: കാള, ചെമ്മരിയാട്, കോലാട്, കലമാന്‍, പുള്ളിമാന്‍, കടമാന്‍, കാട്ടാട്, ചെറുമാന്‍, മലയാട്, കവരിമാന്‍. ഇരട്ടക്കുളമ്പുകളുള്ളവയും അയവിറക്കുന്നവയുമായ എല്ലാ മൃഗങ്ങളെയും നിങ്ങള്‍ക്കു ഭക്ഷിക്കാം; എന്നാല്‍ അയവിറക്കാത്തവയും ഇരട്ടക്കുളമ്പുകളില്ലാത്തവയുമായ ഒരു മൃഗത്തെയും ഭക്ഷിക്കരുത്. ഒട്ടകവും മുയലും കുഴിമുയലും അയവിറക്കുന്നവ എങ്കിലും ഇരട്ടക്കുളമ്പുള്ളവയല്ല; അതുകൊണ്ട് അവ നിങ്ങള്‍ക്ക് അശുദ്ധമാണ്. പന്നി ഇരട്ടക്കുളമ്പുള്ളതാണെങ്കിലും അയവിറക്കുന്നില്ല; അതുകൊണ്ട് അതിനെ ഭക്ഷിക്കരുത്; അതു നിങ്ങള്‍ക്ക് അശുദ്ധമാണ്. ഈ മൃഗങ്ങളുടെ മാംസം നിങ്ങള്‍ ഭക്ഷിക്കുകയോ അവയുടെ പിണം സ്പര്‍ശിക്കുകയോ അരുത്. ചെതുമ്പലും ചിറകുമുള്ള സകല മത്സ്യങ്ങളെയും നിങ്ങള്‍ക്കു ഭക്ഷിക്കാം; എന്നാല്‍ ചെതുമ്പലും ചിറകും ഇല്ലാത്തവയെ നിങ്ങള്‍ ഭക്ഷിക്കരുത്; അതു നിങ്ങള്‍ക്ക് അശുദ്ധമാകുന്നു. ശുദ്ധിയുള്ള സകല പക്ഷികളെയും നിങ്ങള്‍ക്കു ഭക്ഷിക്കാം; നിങ്ങള്‍ക്കു ഭക്ഷ്യമല്ലാത്ത പക്ഷികള്‍ ഇവയാണ്: കടല്‍റാഞ്ചി, ചെമ്പരുന്ത്, കഴുകന്‍, ചെങ്ങാലിപ്പരുന്ത്, ഗൃദ്ധ്രം, മറ്റു പരുന്തുവര്‍ഗങ്ങള്‍, കാക്കയുടെ വര്‍ഗങ്ങളെല്ലാം, ഒട്ടകപ്പക്ഷി, പുള്ള്, കടല്‍ക്കാക്ക, പ്രാപ്പിടിയന്‍വര്‍ഗങ്ങള്‍, നത്ത്, കൂമന്‍, മൂങ്ങ, വേഴാമ്പല്‍, കുടുമ്മച്ചാത്തന്‍, നീര്‍ക്കാക്ക, പെരുംഞാറ, കൊക്കുവര്‍ഗങ്ങള്‍, കുളക്കോഴി, നരിച്ചീര്‍. ചിറകുള്ള പ്രാണികള്‍ നിങ്ങള്‍ക്ക് അശുദ്ധമാകുന്നു; അവയെ ഭക്ഷിക്കരുത്; ശുദ്ധിയുള്ള പക്ഷികളെയെല്ലാം നിങ്ങള്‍ക്കു ഭക്ഷിക്കാം. തനിയെ ചത്ത ഒന്നിനെയും ഭക്ഷിക്കരുത്; നിങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ക്കുന്ന പരദേശികള്‍ക്ക് അതിനെ കൊടുക്കാം. അവര്‍ തിന്നുകൊള്ളട്ടെ; അല്ലെങ്കില്‍ മറ്റു പരദേശികള്‍ക്കതിനെ വില്‌ക്കാം. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനുവേണ്ടി വേര്‍തിരിക്കപ്പെട്ട ജനതയാകുന്നുവല്ലോ നിങ്ങള്‍. ആട്ടിന്‍കുട്ടിയെ അതിന്‍റെ തള്ളയുടെ പാലില്‍ വേവിക്കരുത്. ആണ്ടുതോറും നിങ്ങളുടെ വയലുകളിലുണ്ടാകുന്ന വിളവുകളുടെ ദശാംശം മാറ്റിവയ്‍ക്കണം. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അവിടുത്തെ നാമം സ്ഥാപിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു പോയി; നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍വച്ചു ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശം, ആടുമാടുകളിലെ കടിഞ്ഞൂലുകള്‍ എന്നിവ നിങ്ങള്‍ ഭക്ഷിക്കണം. അങ്ങനെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ സദാ ഭയപ്പെടാന്‍ നിങ്ങള്‍ പഠിക്കും. അവിടുത്തെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്കുണ്ടായ വിളവുകളുടെ ആദ്യഫലം എത്തിക്കാന്‍ കഴിയാത്തത്ര ദൂരത്തിലാണ് തന്‍റെ നാമം സ്ഥാപിക്കാന്‍ അവിടുന്ന് തിരഞ്ഞെടുത്ത സ്ഥലമെങ്കില്‍ നിങ്ങള്‍ ഇങ്ങനെ ചെയ്യണം. വേര്‍തിരിച്ച സാധനങ്ങള്‍ വിറ്റുകിട്ടുന്ന പണവുമായി നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തന്‍റെ നാമം സ്ഥാപിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലത്തേക്ക് നിങ്ങള്‍ പോകണം. ആ പണംകൊണ്ട് കാള, ആട്, വീഞ്ഞ്, മദ്യം എന്നിങ്ങനെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളതെന്തെങ്കിലും വാങ്ങി നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍വച്ചു നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും ഭക്ഷിച്ച് ആനന്ദിക്കണം. അപ്പോള്‍ നിങ്ങളുടെ പട്ടണങ്ങളിലുള്ള ലേവ്യരെ മറന്നുകളയരുത്. നിങ്ങളെപ്പോലെ അവര്‍ക്ക് ഓഹരിയും അവകാശവും ഇല്ലല്ലോ. ഓരോ മൂന്നാം വര്‍ഷത്തിന്‍റെയും അവസാനം ആ വര്‍ഷത്തില്‍ ലഭിക്കുന്ന വിളവിന്‍റെ ദശാംശം ശേഖരിച്ചു നിങ്ങളുടെ പട്ടണങ്ങളില്‍ സംഭരിക്കണം; അതു നിങ്ങളോടുകൂടെ അവകാശവും ഓഹരിയും ലഭിച്ചിട്ടില്ലാത്ത ലേവ്യര്‍ക്കും നിങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ക്കുന്ന പരദേശികള്‍ക്കും അനാഥര്‍ക്കും വിധവകള്‍ക്കും വേണ്ടിയുള്ളതാണ്. അവര്‍ ഭക്ഷിച്ചു തൃപ്തരാകട്ടെ; അപ്പോള്‍ നിങ്ങള്‍ ചെയ്യുന്ന സകല പ്രയത്നത്തെയും നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അനുഗ്രഹിക്കും. ഓരോ ഏഴാം വര്‍ഷത്തിന്‍റെയും അവസാനം കടങ്ങള്‍ ഇളച്ചുകൊടുക്കണം. അത് ഇങ്ങനെയാണ് ചെയ്യേണ്ടത്. അയല്‍ക്കാരനു കൊടുത്ത കടം പൂര്‍ണമായി ഇളവുചെയ്യണം. സര്‍വേശ്വരന്‍റെ വിമോചനം പ്രഖ്യാപിച്ചിരിക്കെ അയല്‍ക്കാരനോ സ്വന്തം സഹോദരനോ നിങ്ങളില്‍നിന്നു കടം വാങ്ങിയത് മടക്കിത്തരാന്‍ ആവശ്യപ്പെടരുത്. കടം വീട്ടാന്‍ പരദേശിയോട് ആവശ്യപ്പെടാം; എന്നാല്‍ നിങ്ങളുടേത് എന്തെങ്കിലും സ്വന്തസഹോദരന്‍റെ പക്കലുണ്ടെങ്കില്‍ അത് ഇളച്ചുകൊടുക്കണം. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കാന്‍ പോകുന്ന ദേശത്ത് നിങ്ങള്‍ അവിടുത്തെ അനുസരിക്കുകയും ഞാന്‍ ഇന്നു നല്‌കുന്ന കല്പനകള്‍ പാലിക്കുകയും ചെയ്താല്‍ നിങ്ങളുടെ ഇടയില്‍ ദരിദ്രര്‍ ഉണ്ടാകുകയില്ല. അവിടുന്ന് നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ നിങ്ങളെ അനുഗ്രഹിക്കും. നിങ്ങള്‍ അനേകം ജനതകള്‍ക്കു വായ്പ നല്‌കും; എന്നാല്‍ നിങ്ങള്‍ക്കു വായ്പ വാങ്ങേണ്ടി വരികയില്ല. നിങ്ങള്‍ അനേകം ജനതകളെ ഭരിക്കും; എന്നാല്‍ ആരും നിങ്ങളെ ഭരിക്കുകയില്ല. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കാന്‍ പോകുന്ന ദേശത്തിലുള്ള ഏതെങ്കിലും പട്ടണത്തില്‍ സ്വജനത്തില്‍ ഒരുവന്‍ ദരിദ്രനാണെങ്കില്‍ അവന് ആവശ്യമായ സഹായം നല്‌കാതിരിക്കുകയോ, അവനോടു കഠിനഹൃദയനായി പെരുമാറുകയോ ചെയ്യരുത്. അവന് ആവശ്യമുള്ളതെന്തും ഉദാരമായി വായ്പ കൊടുക്കണം. വിമോചനവര്‍ഷമായ ഏഴാം വര്‍ഷം അടുത്തിരിക്കുന്നു എന്നു കരുതി അവനെ സഹായിക്കാന്‍ മടിക്കരുത്. അങ്ങനെയൊരു ദുഷ്ടചിന്ത നിങ്ങളുടെ മനസ്സില്‍ ഉണ്ടാകുകപോലും അരുത്. അയാള്‍ക്ക് കടം കൊടുക്കാതിരുന്നാല്‍ അയാള്‍ നിങ്ങള്‍ക്ക് എതിരായി സര്‍വേശ്വരനോടു നിലവിളിക്കും; അതു നിങ്ങള്‍ക്ക് പാപമായിത്തീരുകയും ചെയ്യും. നിങ്ങള്‍ ഉദാരമായി അയാള്‍ക്ക് കൊടുക്കുക; കൊടുക്കുന്നതില്‍ ഖേദം തോന്നരുത്. നിങ്ങളുടെ സകല പ്രയത്നങ്ങളിലും നിങ്ങളുടെ എല്ലാ സംരംഭങ്ങളിലും അവിടുന്ന് നിങ്ങളെ അനുഗ്രഹിക്കും. ദരിദ്രര്‍ ദേശത്ത് എന്നും ഉണ്ടായിരിക്കും; അതുകൊണ്ട് നിങ്ങളുടെ ദേശത്തു വസിക്കുന്ന സഹോദരനെയും ദരിദ്രനെയും അഗതിയെയും കൈ തുറന്നു സഹായിക്കണമെന്നു ഞാന്‍ ആജ്ഞാപിക്കുന്നു; നിങ്ങളുടെ സ്വജനമായ എബ്രായ പുരുഷനോ സ്‍ത്രീയോ നിങ്ങള്‍ക്ക് വില്‍ക്കപ്പെടുകയും ആറു വര്‍ഷം അയാള്‍ നിങ്ങളെ സേവിക്കുകയും ചെയ്താല്‍ ഏഴാം വര്‍ഷം അയാളെ സ്വതന്ത്രനാക്കണം. സ്വാതന്ത്ര്യം നല്‌കി അയയ്‍ക്കുമ്പോള്‍ അയാളെ വെറുംകൈയോടെ അയയ്‍ക്കരുത്. നിങ്ങളുടെ ആട്ടിന്‍പറ്റത്തില്‍നിന്നും മെതിക്കളത്തില്‍നിന്നും മുന്തിരിച്ചക്കില്‍നിന്നും അയാള്‍ക്ക് ഉദാരമായി ദാനംചെയ്യണം. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ അനുഗ്രഹിച്ചതിനൊത്തവിധം നിങ്ങള്‍ അയാള്‍ക്കു കൊടുക്കണം. ഈജിപ്തില്‍ നിങ്ങള്‍ അടിമകളായിരുന്നു എന്നും നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാണ് നിങ്ങളെ രക്ഷിച്ചതെന്നും ഓര്‍ത്തുകൊള്‍ക; അതുകൊണ്ടാണ് ഈ കാര്യം ഞാന്‍ ഇന്നു നിങ്ങളോടു കല്പിക്കുന്നത്. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സ്നേഹിക്കുകയും നിങ്ങളുടെ കുടുംബത്തില്‍ സംതൃപ്തനായി കഴിയുകയും ചെയ്യുന്നതുകൊണ്ടു നിങ്ങളെ വിട്ടുപോകുന്നില്ലെന്ന് അയാള്‍ പറഞ്ഞാല്‍ അയാളെ വീടിന്‍റെ വാതില്‍ക്കല്‍ കൊണ്ടുവന്ന് അയാളുടെ കാത് വാതിലിനോടു ചേര്‍ത്തുവച്ച് സൂചികൊണ്ട് തുളയ്‍ക്കണം; പിന്നീട് അയാള്‍ എന്നും നിനക്കു ദാസനായിരിക്കും; ദാസിയുടെ കാര്യത്തിലും അങ്ങനെതന്നെ ചെയ്യണം. അടിമയെ സ്വതന്ത്രനാക്കുമ്പോള്‍ നിനക്കു പ്രയാസം തോന്നരുത്; ഒരു കൂലിക്കാരനു നല്‌കേണ്ടതിന്‍റെ പകുതി വേതനത്തിന് അയാള്‍ ആറുവര്‍ഷം നിനക്കുവേണ്ടി ജോലി ചെയ്തല്ലോ. നിങ്ങളുടെ സകല പ്രവൃത്തികളിലും നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കും. ആടുമാടുകളുടെ ആണ്‍കടിഞ്ഞൂലുകളെയെല്ലാം നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു വേര്‍തിരിക്കണം. കടിഞ്ഞൂല്‍ കാളകളെക്കൊണ്ടു വേല ചെയ്യിക്കരുത്; കടിഞ്ഞൂല്‍ ആടുകളുടെ രോമം കത്രിക്കുകയും അരുത്. അവിടുന്ന് തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍ നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും എല്ലാ വര്‍ഷവും അവയെ ഭക്ഷിക്കണം. എന്നാല്‍ അതിനു മുടന്തോ അന്ധതയോ മറ്റെന്തെങ്കിലും ന്യൂനതയോ ഉണ്ടായിരുന്നാല്‍ അതിനെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന് യാഗമായി അര്‍പ്പിക്കരുത്. അങ്ങനെയുള്ള മൃഗങ്ങളെ നിങ്ങളുടെ പട്ടണത്തില്‍വച്ചു ഭക്ഷിക്കണം; പുള്ളിമാനെയും കലമാനെയും ഭക്ഷിക്കുന്നതുപോലെ ആചാരപരമായ ശുദ്ധാശുദ്ധഭേദംകൂടാതെ എല്ലാവര്‍ക്കും അതു ഭക്ഷിക്കാം. അതിന്‍റെ രക്തം മാത്രം ഭക്ഷിക്കരുത്; വെള്ളംപോലെ അതു നിലത്ത് ഒഴിച്ചുകളയണം. ആബീബ്മാസത്തില്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന് പെസഹ ആചരിക്കണം; ആബീബ്മാസത്തിലെ ഒരു രാത്രിയിലായിരുന്നല്ലോ അവിടുന്നു നിങ്ങളെ ഈജിപ്തില്‍നിന്ന് വിമോചിപ്പിച്ചത്. തന്‍റെ നാമം സ്ഥാപിക്കാന്‍ സര്‍വേശ്വരന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു ചെന്ന് അവിടെവച്ചു നിങ്ങളുടെ ആടുമാടുകളെ അവിടുത്തേക്ക് പെസഹായാഗമായി അര്‍പ്പിക്കണം. അതു പുളിപ്പുള്ള അപ്പത്തോടുകൂടി ഭക്ഷിക്കരുത്; കഷ്ടതയുടെ അപ്പമായ പുളിപ്പില്ലാത്ത അപ്പം അതിന്‍റെകൂടെ ഏഴു ദിവസം ഭക്ഷിക്കണം. തിടുക്കത്തില്‍ ആയിരുന്നല്ലോ നിങ്ങള്‍ ഈജിപ്തുവിട്ടുപോന്നത്; നിങ്ങള്‍ ഈജിപ്തില്‍നിന്നും പുറപ്പെട്ട ദിവസം ആയുഷ്കാലം മുഴുവന്‍ ഓര്‍ക്കാന്‍ അത് ഇടയാക്കും. ഏഴു ദിവസത്തേക്ക് നിങ്ങളുടെ ദേശത്ത് ഒരിടത്തും പുളിമാവ് കാണരുത്; ഒന്നാം ദിവസം സായാഹ്നത്തില്‍ യാഗമര്‍പ്പിച്ച മാംസത്തില്‍ അല്പംപോലും പിറ്റേ പ്രഭാതത്തിലേക്ക് അവശേഷിക്കരുത്. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കിയ ഏതെങ്കിലും പട്ടണത്തില്‍വച്ച് പെസഹായാഗം അര്‍പ്പിച്ചാല്‍ പോരാ; തന്‍റെ നാമം വഹിക്കാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തിരഞ്ഞെടുത്ത സ്ഥലത്തുവച്ചുതന്നെ അത് അര്‍പ്പിക്കണം. സായാഹ്നത്തില്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍ നിങ്ങള്‍ ഈജിപ്തില്‍നിന്നു രക്ഷപ്രാപിച്ച നേരത്തുതന്നെ അത് അര്‍പ്പിക്കണം. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ചുതന്നെ അതിനെ പാകം ചെയ്ത് ഭക്ഷിച്ചശേഷം പിറ്റേദിവസം രാവിലെ സ്വന്തം കൂടാരങ്ങളിലേക്ക് നിങ്ങള്‍ക്കു മടങ്ങിപ്പോകാം. ആറു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം; ഏഴാം ദിവസം നിങ്ങളുടെ ദൈവമായ സര്‍വേശ്വരനുവേണ്ടി ഭയഭക്തിപൂര്‍വം നിങ്ങള്‍ ഒരുമിച്ചുകൂടണം; അന്നു നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്. കൊയ്ത്ത് ആരംഭിക്കുന്നതു മുതലുള്ള ഏഴാഴ്ച കണക്കാക്കണം. ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ അനുഗ്രഹിച്ചതിന് തക്കവിധം നിങ്ങളുടെ സ്വമേധാദാനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് അവിടുത്തേക്ക് വാരോത്സവം ആചരിക്കണം. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തന്‍റെ നാമം സ്ഥാപിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നിങ്ങളും നിങ്ങളുടെ പുത്രീപുത്രന്മാരും ദാസീദാസന്മാരും നിങ്ങളുടെ പട്ടണങ്ങളില്‍ വസിക്കുന്ന ലേവ്യരും പരദേശികളും അനാഥരും വിധവമാരുമെല്ലാം സര്‍വേശ്വരന്‍റെ സന്നിധിയില്‍ സമ്മേളിച്ച് ആനന്ദിക്കണം. നിങ്ങള്‍ ഈജിപ്തില്‍ അടിമകളായിരുന്നു എന്നു സ്മരിച്ചുകൊണ്ട് ഈ കല്പനകളെല്ലാം നിങ്ങള്‍ ശ്രദ്ധയോടെ പാലിക്കുക. മെതിക്കളത്തില്‍നിന്നു ധാന്യവും മുന്തിരിച്ചക്കില്‍നിന്നു വീഞ്ഞും ശേഖരിച്ചുകഴിയുമ്പോള്‍ ഏഴു ദിവസത്തേക്കു നിങ്ങള്‍ കൂടാരപ്പെരുന്നാള്‍ ആചരിക്കണം. ഈ പെരുന്നാളില്‍ നിങ്ങളും പുത്രീപുത്രന്മാരും ദാസീദാസന്മാരും നിങ്ങളുടെ പട്ടണങ്ങളില്‍ വസിക്കുന്ന ലേവ്യരും പരദേശികളും അനാഥരും വിധവമാരും എല്ലാം ഉല്ലസിക്കണം. സര്‍വേശ്വരന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ചു നിങ്ങളുടെ ദൈവമായ സര്‍വേശ്വരന് ഏഴു ദിവസത്തേക്കാണ് ഉത്സവം ആചരിക്കേണ്ടത്. നിങ്ങളുടെ വിളവുകളിലും സകല അധ്വാനങ്ങളിലും അവിടുന്നു നിങ്ങളെ അനുഗ്രഹിക്കും; അതുകൊണ്ട് നിങ്ങള്‍ സന്തോഷിക്കണം. പെസഹ, വാരോത്സവം, കൂടാരപ്പെരുന്നാള്‍ ഈ മൂന്ന് ഉത്സവകാലങ്ങളിലും പുരുഷന്മാരെല്ലാവരും സര്‍വേശ്വരന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു വര്‍ഷംതോറും ഒന്നിച്ചു കൂടണം. എന്നാല്‍ അവിടുത്തെ സന്നിധിയില്‍ അവര്‍ വെറുംകൈയോടെ ചെല്ലരുത്. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ അനുഗ്രഹിച്ചതിനൊത്തവിധം നിങ്ങള്‍ സ്വമേധാദാനങ്ങള്‍ കൊണ്ടുചെല്ലണം. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കുന്ന പട്ടണങ്ങളില്‍ ഓരോ ഗോത്രത്തിനും പ്രത്യേകം ന്യായാധിപന്മാരെയും ചുമതലക്കാരെയും നിയമിക്കണം. അവര്‍ നീതിപൂര്‍വമായ വിധികളാല്‍ ജനത്തിനു ന്യായപാലനം നടത്തണം. അവരുടെ വിധികള്‍ നീതിവിരുദ്ധമോ പക്ഷപാതപരമോ ആയിരിക്കരുത്. അവര്‍ കൈക്കൂലിക്കാര്‍ ആവുകയും അരുത്. കോഴ, ജ്ഞാനികളെപ്പോലും അന്ധരാക്കുകയും ന്യായം വിട്ടു വിധിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എല്ലായ്പോഴും നീതിയും ന്യായവും പാലിക്കുക; അങ്ങനെയെങ്കില്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കുന്ന ദേശം നിങ്ങള്‍ കൈവശമാക്കി അവിടെ ദീര്‍ഘകാലം വസിക്കും. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു യാഗപീഠം പണിയുമ്പോള്‍ അതിനടുത്ത് അശേരാപ്രതിഷ്ഠയായി വൃക്ഷങ്ങളൊന്നും നടരുത്; അവിടുന്നു വെറുക്കുന്ന സ്തംഭങ്ങള്‍ നാട്ടുകയും അരുത്. വൈകല്യമുള്ള കാളയെയോ ആടിനെയോ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു യാഗമായി അര്‍പ്പിക്കരുത്; അതു സര്‍വേശ്വരനു വെറുപ്പാണ്. അവിടുന്നു നിങ്ങള്‍ക്കു നല്‌കുന്ന ഏതെങ്കിലും പട്ടണത്തില്‍വച്ച് ആരെങ്കിലും പുരുഷനോ സ്‍ത്രീയോ അവിടുത്തെ സന്നിധിയില്‍ തിന്മ ചെയ്ത് അവിടുത്തെ ഉടമ്പടി ലംഘിക്കുകയും അവിടുത്തെ കല്പനയ്‍ക്കു വിരുദ്ധമായി മറ്റു ദേവന്മാരെയോ സൂര്യനെയോ ചന്ദ്രനെയോ നക്ഷത്രങ്ങളെയോ ആരാധിക്കുകയും സേവിക്കുകയും ചെയ്തു എന്ന് അറിഞ്ഞാല്‍ നിങ്ങള്‍ അതിനെപ്പറ്റി വിശദമായി അന്വേഷിക്കണം. ഇസ്രായേലില്‍ ഇങ്ങനെയൊരു മ്ലേച്ഛകാര്യം നടന്നതായി തെളിഞ്ഞാല്‍ ആ ദുഷ്ടത പ്രവര്‍ത്തിച്ചയാളെ സ്‍ത്രീയായാലും പുരുഷനായാലും പട്ടണത്തിന്‍റെ പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലണം. രണ്ടോ മൂന്നോ ആളുകളുടെ സാക്ഷ്യത്തെളിവിന്മേല്‍ മാത്രമേ വധശിക്ഷ നല്‌കാവൂ. ഒരു സാക്ഷിയുടെ മാത്രം മൊഴിയെ അടിസ്ഥാനമാക്കി വധിക്കരുത്; അവനെ വധിക്കാന്‍വേണ്ടി ആദ്യം സാക്ഷികളും പിന്നീട് മറ്റു ജനങ്ങളും കല്ലെറിയണം. ഇപ്രകാരം നിങ്ങളുടെ ഇടയില്‍നിന്ന് ആ തിന്മ നീക്കിക്കളയണം. നിങ്ങളുടെ പട്ടണങ്ങളില്‍ കൊലപാതകം, അടിപിടി, നിയമപരമായ അവകാശവാദങ്ങള്‍ എന്നിവയെ സംബന്ധിച്ചുണ്ടാകുന്ന പരാതികള്‍ക്കു തീര്‍പ്പു കല്പിക്കാന്‍ നിങ്ങളുടെ ന്യായാധിപന്മാര്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍, നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തന്നെ ആരാധിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു പോകണം. അവിടെയുള്ള ലേവ്യരായ പുരോഹിതന്മാരുടെയും അപ്പോഴത്തെ ന്യായാധിപന്‍റെയും അടുക്കല്‍ വന്ന് ആലോചിക്കണം; അവര്‍ അതിനു തീര്‍പ്പു കല്പിക്കും. അവരുടെ വിധി നിങ്ങള്‍ അനുസരിക്കണം; അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധിക്കണം; അവര്‍ നല്‌കുന്ന നിര്‍ദ്ദേശങ്ങള്‍ക്കും അവരുടെ വിധിക്കും അനുസൃതമായി നിങ്ങള്‍ പ്രവര്‍ത്തിക്കണം; അവര്‍ കല്പിക്കുന്ന തീര്‍പ്പില്‍നിന്ന് ഇടംവലം വ്യതിചലിക്കരുത്. ന്യായാധിപനെയോ, നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു ശുശ്രൂഷ ചെയ്യുന്ന പുരോഹിതനെയോ അനുസരിക്കാത്ത ഏതൊരുവനെയും വധിക്കണം. ഇങ്ങനെ ഇസ്രായേലില്‍നിന്ന് ആ തിന്മ നീക്കിക്കളയണം; ജനം ഈ വാര്‍ത്ത കേട്ട് ഭയപ്പെടും; അവര്‍ പിന്നീട് ധിക്കാരത്തോടെ പെരുമാറുകയില്ല. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നല്‌കുന്ന ദേശം കൈവശപ്പെടുത്തി അവിടെ വാസമുറപ്പിക്കുമ്പോള്‍ നിങ്ങളുടെ ചുറ്റുപാടുമുള്ള ജനതകള്‍ക്കുള്ളതുപോലെ ‘ഞങ്ങള്‍ക്കും ഒരു രാജാവു വേണം’ എന്നു നിങ്ങള്‍ പറയും. അപ്പോള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തിരഞ്ഞെടുക്കുന്ന ആളിനെത്തന്നെ, നിങ്ങളുടെ രാജാവായി വാഴിക്കണം. അദ്ദേഹം നിങ്ങളുടെ സഹോദരന്മാരില്‍ ഒരാളായിരിക്കണം; ഒരിക്കലും പരദേശി ആയിരിക്കരുത്. നിങ്ങളുടെ രാജാവ് കുതിരകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇടയാകരുത്; കൂടുതല്‍ കുതിരകളെ സമ്പാദിക്കാനുള്ള ശ്രമത്തില്‍ ജനം ഈജിപ്തിലേക്കു മടങ്ങിപ്പോകാന്‍ അദ്ദേഹം ഇടവരുത്തുകയും അരുത്. മേലാല്‍ ആ വഴിക്ക് തിരിയെ പോകരുതെന്ന് അവിടുന്നു കല്പിച്ചിട്ടുണ്ടല്ലോ. രാജാവിന് അനേകം ഭാര്യമാര്‍ ഉണ്ടായിരിക്കരുത്; അങ്ങനെ ആയാല്‍ അദ്ദേഹത്തിന്‍റെ ഹൃദയം വഴിതെറ്റിപ്പോകും. അദ്ദേഹം പൊന്നും വെള്ളിയും അധികമായി സമ്പാദിക്കരുത്; അദ്ദേഹം സിംഹാസനസ്ഥനാകുമ്പോള്‍ ലേവ്യപുരോഹിതന്മാര്‍ സൂക്ഷിച്ചിരിക്കുന്ന നിയമസംഹിതയുടെ പകര്‍പ്പ് ഒരു പുസ്തകച്ചുരുളില്‍ എഴുതി എടുക്കണം. ദൈവമായ സര്‍വേശ്വരനെ ഭയപ്പെടാനും ഈ പുസ്തകത്തിലെ അനുശാസനങ്ങള്‍ ശ്രദ്ധയോടെ പാലിക്കാനും വേണ്ടി, ഈ പുസ്‍തകം അദ്ദേഹം സൂക്ഷിക്കുകയും ആയുഷ്കാലം മുഴുവന്‍ ദിനംപ്രതി വായിക്കുകയും വേണം. മറ്റ് ഇസ്രായേല്യരില്‍നിന്നു താന്‍ ഉയര്‍ന്നവനല്ലെന്നു ചിന്തിക്കാനും അവിടുത്തെ കല്പനകളില്‍നിന്ന് ഇടംവലം തിരിയാതിരിക്കാനും അതു സഹായിക്കും. അങ്ങനെ അദ്ദേഹവും അദ്ദേഹത്തിന്‍റെ സന്തതികളും ഇസ്രായേലില്‍ ദീര്‍ഘകാലം വാഴാന്‍ ഇടയാകും. ലേവ്യരായ പുരോഹിതന്മാര്‍ക്കും ലേവിഗോത്രത്തിനും മറ്റ് ഇസ്രായേല്യഗോത്രങ്ങള്‍ക്കുള്ളതുപോലെ സ്വന്തമായി ഓഹരിയും അവകാശവും ഉണ്ടായിരിക്കരുത്; സര്‍വേശ്വരന് അര്‍പ്പിക്കുന്ന യാഗങ്ങള്‍കൊണ്ടും അവിടുത്തേക്കുള്ള വഴിപാടുകള്‍കൊണ്ടും അവര്‍ ജീവിക്കണം. തങ്ങളുടെ സഹോദരന്മാര്‍ക്ക് ഉള്ളതുപോലെ അവര്‍ക്ക് അവകാശം ഉണ്ടായിരിക്കരുത്. അവിടുത്തെ വാഗ്ദാനംപോലെ സര്‍വേശ്വരന്‍ തന്നെയാണ് അവരുടെ അവകാശം. മാടിനെയോ ആടിനെയോ യാഗം കഴിക്കുമ്പോഴെല്ലാം അതിന്‍റെ കൈക്കുറകും ഉദരഭാഗങ്ങളും കവിള്‍ഭാഗങ്ങളും ജനം പുരോഹിതന്മാര്‍ക്കു കൊടുക്കണം. ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ആദ്യഫലവും ആടുകളില്‍നിന്ന് ആദ്യം കത്രിച്ചെടുക്കുന്ന രോമവും അവര്‍ക്കു നല്‌കണം. ഇവയാണ് പുരോഹിതന്മാര്‍ക്ക് ജനത്തില്‍നിന്ന് ലഭിക്കേണ്ട വിഹിതം. പുരോഹിതന്മാരായി എക്കാലവും സര്‍വേശ്വരന്‍റെ മുമ്പില്‍ നില്‌ക്കാനും അവിടുത്തെ ശുശ്രൂഷിക്കാനും നിങ്ങളുടെ സകല ഗോത്രങ്ങളില്‍നിന്നുമായി അവിടുന്നു തിരഞ്ഞെടുത്തതു ലേവ്യരെ ആണല്ലോ. ഇസ്രായേലിലെ ഏതെങ്കിലും പട്ടണത്തില്‍ പാര്‍ക്കുന്ന ലേവ്യന് അവിടുന്നു തിരഞ്ഞെടുക്കുന്ന ആരാധനാസ്ഥലത്തേക്കു യഥേഷ്ടം പോകാം. അങ്ങനെ ചെയ്താല്‍ അവിടെ ശുശ്രൂഷ ചെയ്യുന്ന മറ്റു ലേവ്യരെപ്പോലെ അവനും നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍ ശുശ്രൂഷ ചെയ്യാം. പൈതൃകാവകാശത്തിനു പുറമേ ഭക്ഷണത്തില്‍ മറ്റു പുരോഹിതന്മാര്‍ക്കുള്ള അവകാശങ്ങളും അയാള്‍ക്ക് ഉണ്ടായിരിക്കും. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കുന്ന ദേശത്ത് എത്തുമ്പോള്‍ അവിടെയുള്ള ജനതകളുടെ മ്ലേച്ഛമായ ആചാരങ്ങള്‍ നിങ്ങള്‍ അനുകരിക്കരുത്. യാഗപീഠങ്ങളില്‍ മകനെയോ മകളെയോ ഹോമിക്കുന്നവനോ പ്രശ്നം വയ്‍ക്കുന്നവനോ മുഹൂര്‍ത്തം നോക്കുന്നവനോ ആഭിചാരകനോ ക്ഷുദ്രക്കാരനോ മന്ത്രവാദിയോ വെളിച്ചപ്പാടോ ലക്ഷണവാദിയോ മരിച്ചുപോയവരുടെ ആത്മാക്കളോട് ആലോചന ചോദിക്കുന്നവനോ നിങ്ങളുടെ ഇടയില്‍ ഉണ്ടായിരിക്കരുത്. ഇവ പ്രവര്‍ത്തിക്കുന്നവരെ സര്‍വേശ്വരന്‍ വെറുക്കുന്നു; അവരുടെ ഈ മ്ലേച്ഛതകള്‍ നിമിത്തമാണ് അവിടുന്ന് അങ്ങനെയുള്ളവരെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയുന്നത്. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ മുമ്പില്‍ നിങ്ങള്‍ കുറ്റമറ്റവരായിരിക്കണം. നിങ്ങള്‍ നിഷ്കാസനം ചെയ്യാന്‍ പോകുന്ന ജനതകള്‍, മുഹൂര്‍ത്തം നോക്കുന്നവരും പ്രശ്നം വയ്‍ക്കുന്നവരും പറയുന്നതനുസരിച്ചു ജീവിച്ചു; എന്നാല്‍ നിങ്ങള്‍ അങ്ങനെ ചെയ്യാന്‍ ദൈവമായ സര്‍വേശ്വരന്‍ അനുവദിച്ചിട്ടില്ല. എന്നെപ്പോലെ ഒരു പ്രവാചകന്‍ നിങ്ങളുടെ ഇടയില്‍നിന്ന് ഉയര്‍ന്നുവരാന്‍ അവിടുന്ന് ഇടയാക്കും. നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കണം; നിങ്ങള്‍ സീനായ്മലയില്‍ ഒരുമിച്ചുകൂടിയിരുന്നപ്പോള്‍ ഞങ്ങള്‍ മരിക്കാതിരിക്കുന്നതിന് സര്‍വേശ്വരന്‍റെ ശബ്ദം ഇനി കേള്‍ക്കാനും ആ മഹാഗ്നി കാണാനും വീണ്ടും ഇടയാകരുതേ എന്ന് നിങ്ങള്‍ അവിടുത്തോട് അപേക്ഷിച്ചു. അന്ന് അവിടുന്നു എന്നോടു പറഞ്ഞു: “അവര്‍ പറഞ്ഞത് ശരിയാണ്; അവരുടെ ഇടയില്‍നിന്ന് നിന്നെപ്പോലെ ഒരുവനെ ഞാന്‍ അവര്‍ക്കുവേണ്ടി പ്രവാചകനായി ഉയര്‍ത്തും. എന്‍റെ വചനങ്ങള്‍ ഞാന്‍ അവനു കൊടുക്കും; ഞാന്‍ അവനോടു കല്പിക്കുന്നതെല്ലാം അവന്‍ ജനത്തോടു പറയും; അവന്‍ എന്‍റെ നാമത്തില്‍ സംസാരിക്കും; അവനെ അനുസരിക്കാത്തവരെ ഞാന്‍ ശിക്ഷിക്കും.” എന്നാല്‍ ഒരു പ്രവാചകന്‍ ഞാന്‍ കല്പിക്കാതെ എന്‍റെ നാമത്തില്‍ പ്രവചിക്കുകയോ മറ്റു ദേവന്മാരുടെ നാമത്തില്‍ പ്രവചിക്കുകയോ ചെയ്താല്‍ അയാള്‍ മരിക്കണം. സര്‍വേശ്വരന്‍ കല്പിക്കാത്ത വചനം ഞങ്ങള്‍ എങ്ങനെ തിരിച്ചറിയും എന്നു നിങ്ങള്‍ ചിന്തിച്ചേക്കാം. ഒരു പ്രവാചകന്‍ അവിടുത്തെ നാമത്തില്‍ പ്രവചിച്ചിട്ട് അതു സംഭവിക്കാതിരിക്കുകയോ യാഥാര്‍ഥ്യമാകാതിരിക്കുകയോ ചെയ്താല്‍ അതു സര്‍വേശ്വരന്‍റെ അരുളപ്പാടല്ല. പ്രവാചകന്‍ തന്നിഷ്ടപ്രകാരം സംസാരിച്ചതാണ്; നിങ്ങള്‍ അയാളെ ഭയപ്പെടേണ്ടതില്ല. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ജനതകളെ നശിപ്പിച്ച് അവരുടെ ദേശം നിങ്ങള്‍ക്കു നല്‌കുകയും നിങ്ങള്‍ അതു കൈവശമാക്കി അവിടെയുള്ള പട്ടണങ്ങളിലും ഭവനങ്ങളിലും പാര്‍ക്കുകയും ചെയ്യുമ്പോള്‍ അവിടുന്ന് അവകാശമായി നല്‌കുന്ന ദേശത്തുനിന്ന് മൂന്നു പട്ടണങ്ങള്‍ വേര്‍തിരിക്കണം. ആ ദേശത്തെ മൂന്നായി വിഭജിക്കുകയും ഏതൊരു കൊലപാതകിക്കും ആ പട്ടണങ്ങളിലേക്ക് ഓടിയൊളിക്കാന്‍ തക്കവിധം പാതകള്‍ നിര്‍മ്മിക്കുകയും ചെയ്യണം. പൂര്‍വവിദ്വേഷം കൂടാതെ അബദ്ധവശാല്‍ അയല്‍ക്കാരനെ കൊന്നവന് ഈ പട്ടണങ്ങളില്‍ അഭയംതേടി ജീവന്‍ രക്ഷിക്കാവുന്നതാണ്. ഉദാഹരണത്തിന് അയല്‍ക്കാരനോടൊത്ത് വനത്തില്‍ മരം വെട്ടാന്‍ പോകുന്ന ഒരുവന്‍ കോടാലി ഓങ്ങിയപ്പോള്‍ അബദ്ധവശാല്‍ കോടാലി ഊരി അപരന്‍റെ ദേഹത്ത് പതിക്കുകയും അവന്‍ കൊല്ലപ്പെടുകയും ചെയ്താല്‍ അതിനിടയാക്കിയവന് ഈ മൂന്നു പട്ടണങ്ങളില്‍ ഏതിലെങ്കിലും ഓടിച്ചെന്ന് രക്ഷപെടാം. പട്ടണത്തിലേക്കുള്ള ദൂരം കൂടുതലായാല്‍ കൊല്ലപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്യാന്‍ ബാധ്യസ്ഥനായ ബന്ധു കോപാകുലനായി അവന്‍റെ പിന്നാലെ ഓടി എത്തി വധശിക്ഷ അര്‍ഹിക്കാത്ത അവനെ കൊന്നുകളഞ്ഞേക്കാം. ശത്രുവല്ലാത്ത അയല്‍ക്കാരനെ അബദ്ധവശാല്‍ അവന്‍ കൊന്നുപോയതാണല്ലോ. അതുകൊണ്ടാണ് മൂന്നു പട്ടണങ്ങള്‍ വേര്‍തിരിക്കാന്‍ ഞാന്‍ കല്പിക്കുന്നത്. ഞാന്‍ ഇന്നു നിങ്ങള്‍ക്കു നല്‌കിയ കല്പനകള്‍ അനുസരിച്ച് ജീവിക്കുകയും, നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ സ്നേഹിച്ച് അവിടുത്തെ വഴിയില്‍ എന്നും നടക്കുകയും ചെയ്താല്‍, നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളുടെ പൂര്‍വപിതാക്കന്മാരോടു വാഗ്ദാനം ചെയ്ത ദേശം മുഴുവന്‍ നിങ്ങള്‍ക്കു നല്‌കി നിങ്ങളുടെ ദേശം വിസ്തൃതമാക്കും. അപ്പോള്‍ ആദ്യത്തെ മൂന്നു പട്ടണങ്ങള്‍ കൂടാതെ മൂന്നു പട്ടണങ്ങള്‍ കൂടി വേര്‍തിരിക്കണം. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കുന്ന ദേശത്തു നിരപരാധിയുടെ രക്തം ചിന്തുകയും ആ രക്തപാതകത്തിനുള്ള കുറ്റം നിങ്ങളുടെമേല്‍ വരാതിരിക്കയും ചെയ്യാനാണ് ഇപ്രകാരം ചെയ്യേണ്ടത്. എന്നാല്‍ പൂര്‍വവൈരാഗ്യംമൂലം അയല്‍ക്കാരനെ പതിയിരുന്ന് ആക്രമിച്ചു കൊന്നതിനുശേഷം ഒരാള്‍ ഇവയില്‍ ഏതെങ്കിലും ഒരു പട്ടണത്തില്‍ അഭയം പ്രാപിച്ചാല്‍, ആ പട്ടണത്തിലെ പ്രമാണികള്‍ ആളയച്ച് അവനെ അവിടെനിന്നു പിടികൂടി വധിക്കപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്യാന്‍ ബാധ്യസ്ഥനായ ബന്ധുവിന്‍റെ കൈയില്‍ ഏല്പിക്കണം. അങ്ങനെ അവന്‍ വധിക്കപ്പെടണം. നിങ്ങള്‍ അവനോട് കരുണ കാണിക്കരുത്; നിരപരാധിയുടെ രക്തം ചൊരിഞ്ഞതിലുള്ള കുറ്റം നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം; അപ്പോള്‍ നിങ്ങള്‍ക്കു നന്മ ഉണ്ടാകും. നിങ്ങള്‍ കൈവശപ്പെടുത്താന്‍വേണ്ടി ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കുന്ന ദേശത്തു പൂര്‍വികന്മാര്‍ സ്ഥാപിച്ച അയല്‍ക്കാരന്‍റെ അതിര്‍ത്തിക്കല്ലുകള്‍ മാറ്റരുത്. ഒരാളുടെ അകൃത്യത്തിനോ മറ്റേതെങ്കിലും കുറ്റത്തിനോ ഒരുവന്‍ മാത്രം നല്‌കുന്ന സാക്ഷ്യം അടിസ്ഥാനമാക്കി വിധിച്ചുകൂടാ. രണ്ടോ മൂന്നോ സാക്ഷികള്‍ നല്‌കുന്ന തെളിവനുസരിച്ചു മാത്രമേ കുറ്റം വിധിക്കാവൂ. ആരെങ്കിലും ഒരാള്‍ക്ക് എതിരായി കള്ളസ്സാക്ഷ്യം നല്‌കി കുറ്റം ആരോപിച്ചാല്‍ ഇരുവരും സര്‍വേശ്വരസന്നിധിയില്‍ അന്ന് ചുമതല വഹിക്കുന്ന പുരോഹിതന്മാരുടെയും ന്യായാധിപന്മാരുടെയും മുമ്പാകെ ചെല്ലണം. ന്യായാധിപന്മാര്‍ അതിനെപ്പറ്റി ശരിയായി അന്വേഷിക്കണം. തന്‍റെ സഹോദരനെതിരായി അയാള്‍ നല്‌കിയത് കള്ളസ്സാക്ഷ്യം ആണെന്നു തെളിഞ്ഞാല്‍ അവന്‍ തന്‍റെ സഹോദരനു നല്‌കാന്‍ ഉദ്ദേശിച്ച ശിക്ഷ അവനു കൊടുക്കണം. ഇങ്ങനെ നിങ്ങളുടെ ഇടയില്‍നിന്നും ആ തിന്മ നീക്കിക്കളയണം. മറ്റുള്ളവര്‍ ഇതു കേട്ട് ഭയപ്പെടുകയും നിങ്ങളുടെ ഇടയില്‍ ഇതുപോലൊരു തിന്മ മേലില്‍ ഉണ്ടാകാതിരിക്കുകയും ചെയ്യും. നിങ്ങള്‍ അവരോടു കരുണ കാണിക്കരുത്; ജീവനു പകരം ജീവന്‍, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ, കാലിനു പകരം കാല് ഇതായിരിക്കട്ടെ നിങ്ങള്‍ നല്‌കുന്ന ശിക്ഷ. നിങ്ങള്‍ യുദ്ധത്തിനു പോകുമ്പോള്‍ ശത്രുക്കള്‍ക്കു നിങ്ങളെക്കാള്‍ കൂടുതല്‍ കുതിരകളും രഥങ്ങളും സൈന്യവും ഉണ്ടെന്നു കണ്ടാല്‍ ഭയപ്പെടരുത്. ഈജിപ്തില്‍നിന്നു നിങ്ങളെ കൂട്ടിക്കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളോടൊത്ത് ഉണ്ടല്ലോ. യുദ്ധം ആരംഭിക്കുന്നതിനു മുമ്പായി പുരോഹിതന്‍ മുമ്പോട്ടു വന്ന് ജനത്തോടു പറയണം: “ഇസ്രായേല്യരേ ശ്രദ്ധിക്കുക, നിങ്ങളുടെ ശത്രുക്കള്‍ക്കെതിരായി നിങ്ങള്‍ യുദ്ധം ചെയ്യാന്‍ പോകുന്നു; നിങ്ങള്‍ അധൈര്യപ്പെടരുത്; ഭയപ്പെടരുത്. ശത്രുക്കളെ കണ്ട് സംഭീതരാകരുത്; സംഭ്രമിക്കയുമരുത്. കാരണം നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളുടെകൂടെ വന്നു നിങ്ങള്‍ക്കുവേണ്ടി ശത്രുക്കള്‍ക്കെതിരായി യുദ്ധം ചെയ്തു വിജയം നേടിത്തരും.” പിന്നീട് ജനനേതാക്കള്‍ അവരോടു പറയണം: “പുതിയതായി വീടു നിര്‍മ്മിച്ചിട്ട് ഗൃഹപ്രവേശം നടത്താത്ത ആരെങ്കിലും നിങ്ങളുടെ ഇടയില്‍ ഉണ്ടെങ്കില്‍ അയാള്‍ തന്‍റെ ഭവനത്തിലേക്ക് മടങ്ങിപ്പോകട്ടെ. അയാള്‍ യുദ്ധത്തില്‍ മരിക്കുകയും മറ്റൊരാള്‍ ഗൃഹപ്രവേശം നടത്തുകയും ചെയ്യാന്‍ ഇടവരാതിരിക്കട്ടെ. മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും ഫലം അനുഭവിക്കാന്‍ ഇടകിട്ടാതിരിക്കുകയും ചെയ്ത ആരെങ്കിലും നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ അയാളും തന്‍റെ ഭവനത്തിലേക്ക് മടങ്ങിപ്പൊയ്‍ക്കൊള്ളട്ടെ. അയാള്‍ യുദ്ധത്തില്‍ മരിക്കുകയും അയാള്‍ നട്ടുണ്ടാക്കിയ മുന്തിരിത്തോട്ടത്തിന്‍റെ ഫലം മറ്റൊരാള്‍ അനുഭവിക്കുകയും ചെയ്യാന്‍ ഇടവരാതിരിക്കട്ടെ. വിവാഹനിശ്ചയം ചെയ്തശേഷം വിവാഹം കഴിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവനും മടങ്ങിപ്പോകട്ടെ. അല്ലാത്തപക്ഷം അവന്‍ യുദ്ധത്തില്‍ മരിക്കുകയും മറ്റൊരാള്‍ ആ സ്‍ത്രീയെ വിവാഹം കഴിക്കുകയും ചെയ്യാന്‍ ഇടവരുമല്ലോ.” ജനനേതാക്കള്‍ തുടര്‍ന്നു പറയണം: ഭയവും അധൈര്യവും ഉള്ള ആരെങ്കിലും നിങ്ങളുടെ ഇടയിലുണ്ടെങ്കില്‍ അയാള്‍ക്കും ഭവനത്തിലേക്ക് മടങ്ങിപ്പോകാം. അങ്ങനെ അയാളുടെ സഹോദരന്മാരും അയാളെപ്പോലെ ചഞ്ചലചിത്തരാകാതിരിക്കട്ടെ. ജനനേതാക്കള്‍ സംസാരിച്ചുകഴിയുമ്പോള്‍ ജനത്തെ നയിക്കാന്‍ സൈന്യാധിപന്മാരെ നിയമിക്കണം. നിങ്ങള്‍ ഒരു പട്ടണം ആക്രമിക്കാന്‍ പോകുമ്പോള്‍ ആദ്യം സമാധാനസന്ധിക്ക് അവസരം നല്‌കണം; അവര്‍ അതിനു വഴങ്ങി പട്ടണകവാടങ്ങള്‍ തുറന്നുതന്നാല്‍ ആ പട്ടണത്തിലെ ജനമെല്ലാം അടിമകളായി നിങ്ങളെ സേവിക്കട്ടെ. എന്നാല്‍ അവിടെയുള്ള ജനം സമാധാനനിര്‍ദ്ദേശങ്ങള്‍ക്കു വഴിപ്പെടാതെ യുദ്ധത്തിനു മുതിര്‍ന്നാല്‍ നിങ്ങള്‍ ആ പട്ടണത്തെ വളയണം. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ആ പട്ടണം നിങ്ങളെ ഏല്പിക്കുമ്പോള്‍ അതിലുള്ള പുരുഷന്മാരെയെല്ലാം വാളിനിരയാക്കണം. എന്നാല്‍ അവിടെയുള്ള സ്‍ത്രീകളെയും കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെയും ആ പട്ടണത്തിലുള്ള വസ്തുവകകളോടൊപ്പം നിങ്ങള്‍ക്കു കൊള്ളമുതലായി എടുക്കാം. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് അധീനമാക്കിത്തരുന്ന നിങ്ങളുടെ ശത്രുക്കളുടെ കൊള്ളമുതലെല്ലാം നിങ്ങള്‍ക്ക് അനുഭവിക്കാം. ഈ ദേശക്കാരുടേതല്ലാത്ത അകലെയുള്ള എല്ലാ പട്ടണങ്ങളോടും നിങ്ങള്‍ക്ക് ഇങ്ങനെതന്നെ ചെയ്യാം. എന്നാല്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കുന്ന ദേശത്തെ പട്ടണങ്ങള്‍ അധീനമാക്കുമ്പോള്‍ അവിടെയുള്ളവരെ നിശ്ശേഷം നശിപ്പിക്കണം. അവിടുന്നു നിങ്ങളോടു കല്പിച്ചതുപോലെ ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, കനാന്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരെയെല്ലാം ഉന്മൂലനം ചെയ്യണം. അവര്‍ തങ്ങളുടെ ദേവന്മാരുടെ മുമ്പില്‍ ചെയ്യുന്ന മ്ലേച്ഛമായ ആചാരങ്ങള്‍ നിങ്ങളെ പഠിപ്പിക്കാതിരിക്കാനും അങ്ങനെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെതിരെ നിങ്ങള്‍ പാപം ചെയ്യാതിരിക്കാനുമാണ് ഇപ്രകാരം നിര്‍ദ്ദേശിച്ചത്. ഒരു പട്ടണം പിടിച്ചടക്കുന്നതിനു ദീര്‍ഘകാലം അതിനെ ഉപരോധിക്കേണ്ടിവന്നാലും അതിലെ ഫലവൃക്ഷങ്ങള്‍ വെട്ടി നശിപ്പിക്കരുത്; അവയുടെ ഫലം നിങ്ങള്‍ക്ക് ഭക്ഷിക്കാമല്ലോ. വൃക്ഷങ്ങളെ ഉപരോധിക്കാന്‍ അവ മനുഷ്യരല്ലല്ലോ. ഭക്ഷ്യോപയോഗ്യമല്ലാത്ത വൃക്ഷങ്ങള്‍ വെട്ടി ഉപരോധസാമഗ്രികള്‍ നിര്‍മ്മിക്കാം. അവകൊണ്ട് ആ പട്ടണം പതിക്കുന്നതുവരെ യുദ്ധം ചെയ്യാം. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കുന്ന ദേശത്ത് കൊല്ലപ്പെട്ട ഒരുവന്‍റെ ശരീരം വിജനസ്ഥലത്തു കാണുകയും കൊലയാളി ആരെന്ന് അറിയാതിരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങളുടെ നേതാക്കന്മാരും ന്യായാധിപന്മാരും ശവശരീരം കിടക്കുന്നിടത്തുനിന്നും ചുറ്റുമുള്ള ഓരോ പട്ടണങ്ങളിലേക്കുമുള്ള ദൂരം അളക്കണം. ശവശരീരം കിടക്കുന്ന സ്ഥലത്തോട് ഏറ്റവും അടുത്ത പട്ടണത്തിലെ നേതാക്കന്മാര്‍ പണിക്ക് ഉപയോഗിച്ചിട്ടില്ലാത്തതും നുകം വച്ചിട്ടില്ലാത്തതുമായ ഒരു പശുക്കിടാവിനെ കൊണ്ടുവരണം. അവര്‍ അതിനെ ഉഴുകയോ വിതയ്‍ക്കുകയോ ചെയ്തിട്ടില്ലാത്തതും എപ്പോഴും നീരൊഴുക്കുള്ളതുമായ ഒരു താഴ്വരയില്‍ കൊണ്ടുചെന്ന് അവിടെവച്ചു അതിന്‍റെ കഴുത്ത് ഒടിക്കണം. ലേവ്യപുരോഹിതന്മാര്‍ അവിടെ ചെല്ലണം. വ്യവഹാരങ്ങളെക്കുറിച്ചും, അതിക്രമങ്ങളെക്കുറിച്ചും വിധികല്പിക്കാനും സര്‍വേശ്വരന്‍റെ നാമത്തില്‍ ജനത്തെ അനുഗ്രഹിക്കാനും തിരുസന്നിധിയില്‍ ശുശ്രൂഷ ചെയ്യാനും സര്‍വേശ്വരന്‍ തിരഞ്ഞെടുത്തിട്ടുള്ളവര്‍ അവരാണല്ലോ. മൃതദേഹം കിടക്കുന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള പട്ടണത്തിലെ നേതാക്കളും താഴ്വരയില്‍വച്ചു കഴുത്തൊടിക്കപ്പെട്ട പശുക്കിടാവിന്‍റെമേല്‍ തങ്ങളുടെ കൈ കഴുകണം. പിന്നീട് അവര്‍ ഇപ്രകാരം പറയണം: “ഈ മനുഷ്യരക്തം ചിന്തിയത് ഞങ്ങളുടെ കരങ്ങളല്ല; ഞങ്ങള്‍ അതു കണ്ടുമില്ല. സര്‍വേശ്വരാ, അങ്ങു വീണ്ടെടുത്ത അവിടുത്തെ ജനമായ ഇസ്രായേല്യരോടു ക്ഷമിക്കണമേ. നിരപരാധിയായ ഒരു മനുഷ്യനെ കൊന്നതിന് അവരെ ഉത്തരവാദികളാക്കരുതേ; ഈ രക്തപാതകം അവരോടു ക്ഷമിക്കണമേ.” ഇങ്ങനെ സര്‍വേശ്വരനു പ്രസാദകരമായതു ചെയ്തു നിരപരാധിയുടെ രക്തം ചൊരിഞ്ഞ കുറ്റം നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം. യുദ്ധത്തില്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു വിജയം നല്‌കുകയും ശത്രുക്കളെ നിങ്ങള്‍ തടവുകാരാക്കുകയും ചെയ്യുമ്പോള്‍, അവരുടെ കൂട്ടത്തില്‍ സുന്ദരിയായ ഒരു സ്‍ത്രീയെ കണ്ട് അവളില്‍ താല്‍പര്യം തോന്നി ഒരുവന്‍ അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചാല്‍, അയാള്‍ അവളെ വീട്ടില്‍ കൊണ്ടുപോകണം. അവള്‍ തല മുണ്ഡനം ചെയ്യുകയും നഖം വെട്ടുകയും യുദ്ധത്തടവുകാരിയുടെ വസ്ത്രം മാറുകയും വേണം. അവള്‍ ഒരു മാസം അയാളുടെ വീട്ടില്‍ താമസിച്ച് സ്വന്തം മാതാപിതാക്കന്മാരെ ഓര്‍ത്തു വിലപിച്ചുകൊള്ളട്ടെ. അതിനുശേഷം അയാള്‍ക്ക് അവളെ സ്വീകരിക്കാം. അവര്‍ ഭാര്യാഭര്‍ത്താക്കന്മാരായിരിക്കും. പിന്നീട് അവന് അവളോട് താല്‍പര്യം ഇല്ലാതായാല്‍ അവളെ സ്വതന്ത്രയായി വിട്ടയയ്‍ക്കണം; വിലയ്‍ക്കു വില്‍ക്കരുത്. അയാള്‍ അവളുടെ മാനം അപഹരിച്ചതുകൊണ്ട് അവളെ അടിമയെപ്പോലെ പരിഗണിക്കരുത്. ഒരു പുരുഷനു രണ്ടു ഭാര്യമാര്‍ ഉണ്ടായിരിക്കുകയും അയാള്‍ അവരില്‍ ഒരാളെ സ്നേഹിക്കുകയും മറ്റവളെ വെറുക്കുകയും രണ്ടുപേരിലും പുത്രന്മാര്‍ ജനിക്കുകയും ചെയ്താല്‍ ആദ്യജാതന്‍ വെറുക്കുന്നവളില്‍ ജനിച്ചവനാണെങ്കില്‍ സ്വത്തു വിഭജിക്കുമ്പോള്‍ അവനെ അവഗണിച്ച് ഇഷ്ടഭാര്യയുടെ പുത്രനെ ആദ്യജാതനായി പരിഗണിക്കരുത്. തനിക്ക് ഇഷ്ടമില്ലാത്ത സ്‍ത്രീയുടെ പുത്രനാണെങ്കിലും തന്‍റെ സകല സ്വത്തുക്കളുടെയും രണ്ടു പങ്കു കൊടുത്ത് അവനെ ആദ്യജാതനായി അംഗീകരിക്കണം. അവനാണ് അയാളുടെ പുരുഷത്വത്തിന്‍റെ ആദ്യഫലം. ആദ്യജാതനുള്ള അവകാശം അവനുള്ളതാണ്. ദുശ്ശാഠ്യക്കാരനും മത്സരബുദ്ധിയുമായ ഒരു മകന്‍ മാതാപിതാക്കന്മാരുടെ വാക്കുകള്‍ അനുസരിക്കാതെയും അവരുടെ ശിക്ഷണത്തിനു വഴങ്ങാതെയും ഇരുന്നാല്‍ മാതാപിതാക്കള്‍ അവനെ പട്ടണവാതില്‌ക്കല്‍ നേതാക്കന്മാരുടെ അടുക്കല്‍ കൊണ്ടുചെന്ന് ഇങ്ങനെ പറയണം: “ഞങ്ങളുടെ ഈ മകന്‍ ദുശ്ശാഠ്യക്കാരനും മത്സരബുദ്ധിയും ആണ്; ഇവന്‍ ഞങ്ങളെ അനുസരിക്കാത്തവനും ഭോജനപ്രിയനും മദ്യപനുമാണ്.” അപ്പോള്‍ പട്ടണവാസികള്‍ അവനെ കല്ലെറിഞ്ഞു കൊല്ലണം. അങ്ങനെ ആ തിന്മ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം. ഇസ്രായേലിലുള്ള സകലരും ഇതു കേട്ട് ഭയപ്പെടും. ഒരാള്‍ വധശിക്ഷയ്‍ക്ക് അര്‍ഹമായ കുറ്റംചെയ്താല്‍ അവനെ മരത്തില്‍ തൂക്കണം. അങ്ങനെ തൂക്കപ്പെടുന്നവന്‍റെ മൃതദേഹം രാത്രി മുഴുവന്‍ മരത്തില്‍ തൂങ്ങിക്കിടക്കാന്‍ ഇടയാകരുത്; അന്നുതന്നെ അതു സംസ്കരിക്കണം. മരത്തില്‍ തൂക്കപ്പെട്ടവന്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവനാണ്. അതുകൊണ്ടു നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കിയ ദേശം അശുദ്ധമാകാതിരിക്കാന്‍ അങ്ങനെ ചെയ്യണം. സഹോദരന്‍റെ കാളയോ ആടോ അലഞ്ഞു നടക്കുന്നതു കണ്ടാല്‍ കണ്ടില്ലെന്നു നടിക്കരുത്; അവയെ ഉടമയുടെ അടുക്കല്‍ എത്തിക്കണം. അയാള്‍ അകലെ പാര്‍ക്കുന്നവനോ അപരിചിതനോ ആണെങ്കില്‍ മൃഗത്തെ നിന്‍റെ വീട്ടിലേക്കു കൊണ്ടുപോയി അതിനെ അവിടെ സൂക്ഷിക്കണം. അയാള്‍ അന്വേഷിച്ചു വരുമ്പോള്‍ വിട്ടുകൊടുക്കണം. അലഞ്ഞു നടക്കുന്നതു കഴുത ആയാലും അപ്രകാരം ചെയ്യണം. അവനു നഷ്ടപ്പെട്ട വസ്ത്രം, മറ്റു സാധനങ്ങള്‍ എന്നിവയെ സംബന്ധിച്ചും നീ ഇപ്രകാരം ചെയ്യണം. സഹോദരന്‍റെ കഴുതയോ, കാളയോ വീണു കിടക്കുന്നതു കണ്ടിട്ടു നീ ഒഴിഞ്ഞുമാറിപ്പോകരുത്. അതിനെ എഴുന്നേല്പിക്കാന്‍ നീ സഹായിക്കണം. പുരുഷന്‍റെ വസ്ത്രം സ്‍ത്രീയോ സ്‍ത്രീയുടെ വസ്ത്രം പുരുഷനോ ധരിക്കരുത്; അങ്ങനെ ചെയ്യുന്നവര്‍ സര്‍വേശ്വരന്‍റെ ദൃഷ്‍ടിയില്‍ നിന്ദ്യരാണ്. മരത്തിലോ തറയിലോ ഉള്ള കൂട്ടില്‍ മുട്ടകളുടെയോ കുഞ്ഞുങ്ങളുടെയോ മീതെ ഇരിക്കുന്ന തള്ളപ്പക്ഷിയെ കുഞ്ഞുങ്ങളോടൊപ്പം പിടിച്ചെടുക്കരുത്. കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് എടുക്കാം; തള്ളപ്പക്ഷിയെ പറന്നുപോകാന്‍ അനുവദിക്കണം. അങ്ങനെയായാല്‍ നിങ്ങള്‍ക്കു നന്മ ലഭിക്കും; ദീര്‍ഘായുസ്സുണ്ടാകുകയും ചെയ്യും. നീ ഒരു പുതിയ വീട് പണിയുമ്പോള്‍ അതിന്‍റെ മട്ടുപ്പാവില്‍ അരമതില്‍കൂടി പണിയണം; ആരെങ്കിലും അതിന്‍റെ മുകളില്‍നിന്നു വീണു മരിക്കുന്നതിന്‍റെ കുറ്റം നിന്‍റെ ഭവനത്തിന്മേല്‍ വരരുതല്ലോ! നിന്‍റെ മുന്തിരിത്തോട്ടത്തില്‍ മറ്റൊരു വിത്തും വിതയ്‍ക്കരുത്; അങ്ങനെ ചെയ്താല്‍ രണ്ടിന്‍റെയും ഫലങ്ങള്‍ ദേവാലയത്തിലേക്കു കണ്ടുകെട്ടും. ഒരേ നുകത്തില്‍ കാളയെയും കഴുതയെയും ചേര്‍ത്തു കെട്ടി നിലം ഉഴരുത്; ആട്ടുരോമവും ചണനൂലും ഇടചേര്‍ത്ത് നെയ്തെടുത്ത വസ്ത്രം ധരിക്കരുത്; നിന്‍റെ മേലങ്കിയുടെ നാലു കോണിലും തൊങ്ങലുകള്‍ പിടിപ്പിക്കണം. ഒരു പുരുഷന്‍ വിവാഹം കഴിച്ച് ഭാര്യയെ പ്രാപിച്ചശേഷം അവളെ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുകയും “ഞാന്‍ ഇവളെ വിവാഹം കഴിച്ചു; എന്നാല്‍ ഇവളില്‍ കന്യകാലക്ഷണങ്ങള്‍ കണ്ടില്ലെന്നു” പറഞ്ഞ് അവളുടെമേല്‍ അപമാനകരവും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അവളുടെ കന്യകാത്വത്തിന്‍റെ തെളിവുമായി മാതാപിതാക്കള്‍ പട്ടണവാതില്‌ക്കല്‍ നേതാക്കളുടെ മുമ്പാകെ ചെല്ലണം. അവളുടെ പിതാവ് അവരോടു പറയണം: “ഞാന്‍ എന്‍റെ മകളെ ഈ പുരുഷനു വിവാഹം ചെയ്തു കൊടുത്തെങ്കിലും അവന്‍ ഇപ്പോള്‍ അവളെ വെറുക്കുന്നു; അവള്‍ കന്യക അല്ലായിരുന്നു എന്നു പറഞ്ഞ് അവന്‍ അവള്‍ക്ക് അപമാനം വരുത്തുകയും ചെയ്യുന്നു;” അവളുടെ കന്യകാത്വത്തിനു തെളിവുകള്‍ ഇവയെല്ലാം ആണെന്നു പറഞ്ഞ് വസ്ത്രം അവരുടെ മുമ്പില്‍ വിരിക്കണം. അപ്പോള്‍ പട്ടണനേതാക്കള്‍ അവനെ ശിക്ഷിക്കണം. ഇസ്രായേലിലെ ഒരു കന്യകയെ സംബന്ധിച്ച് അപവാദം പറഞ്ഞുണ്ടാക്കിയതിനു പ്രായശ്ചിത്തമായി നൂറു വെള്ളിക്കാശ് അവളുടെ പിതാവിന് അവന്‍ കൊടുക്കണം. അവള്‍ തുടര്‍ന്നും അവന്‍റെ ഭാര്യയായി കഴിയണം; അവന്‍ മരണംവരെ അവളെ ഉപേക്ഷിക്കാന്‍ പാടില്ല. യുവതിയുടെ കന്യകാത്വത്തിനു തെളിവ് ഇല്ലാതിരുന്നാല്‍ അവളെ പിതാവിന്‍റെ വീട്ടുവാതില്‌ക്കല്‍ കൊണ്ടുചെന്ന് അവിടെവച്ച് ആ പട്ടണനിവാസികള്‍ അവളെ കല്ലെറിഞ്ഞു കൊല്ലണം. വിവാഹത്തിനു മുമ്പ് പിതൃഭവനത്തില്‍വച്ചു വ്യഭിചാരം ചെയ്ത് അവള്‍ ഇസ്രായേലില്‍ തിന്മ പ്രവര്‍ത്തിച്ചല്ലോ. അങ്ങനെ ആ തിന്മ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം. ഒരുവന്‍ അന്യപുരുഷന്‍റെ ഭാര്യയോടുകൂടി ശയിക്കുന്നതു കണ്ടുപിടിച്ചാല്‍ അവര്‍ ഇരുവരെയും വധിക്കണം. അങ്ങനെ ഇസ്രായേലില്‍നിന്ന് ആ തിന്മ നീക്കിക്കളയണം. വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന ഒരു കന്യക പട്ടണത്തില്‍വച്ച് മറ്റൊരു പുരുഷനോടുകൂടി ശയിക്കുന്നതു കണ്ടുപിടിച്ചാല്‍ രണ്ടു പേരെയും പട്ടണത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലണം. പട്ടണത്തില്‍ ആയിരുന്നിട്ടും സഹായത്തിനുവേണ്ടി മുറവിളികൂട്ടാഞ്ഞതുകൊണ്ടു സ്‍ത്രീയും അയല്‍ക്കാരന്‍റെ ഭാര്യയെ അപമാനപ്പെടുത്തിയതുകൊണ്ടു പുരുഷനും മരണം അര്‍ഹിക്കുന്നു. അങ്ങനെ ആ തിന്മ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം. വിവാഹനിശ്ചയം കഴിഞ്ഞ സ്‍ത്രീയെ വിജനസ്ഥലത്തുവച്ച് ഒരാള്‍ ബലാല്‍സംഗം ചെയ്താല്‍ പുരുഷനെ മാത്രമേ വധിക്കാവൂ. വധശിക്ഷ അര്‍ഹിക്കുന്ന ഒരു കുറ്റവും ചെയ്തിട്ടില്ലാത്തതിനാല്‍ അവള്‍ ശിക്ഷിക്കപ്പെടേണ്ടതില്ല. ഒരാള്‍ അയല്‍ക്കാരനെ ആക്രമിച്ചു കൊല്ലുന്നതുപോലെ മാത്രമാണ് ഇതും. വിജനപ്രദേശത്തു വച്ചാണല്ലോ അവന്‍ അവളെ കണ്ടത്; വിവാഹനിശ്ചയം കഴിഞ്ഞ അവള്‍ നിലവിളിച്ചിട്ടും ആരും അവളെ രക്ഷിക്കാന്‍ ഉണ്ടായിരുന്നില്ല. വിവാഹനിശ്ചയം കഴിയാത്ത ഒരു കന്യകയെ ഒരാള്‍ ബലാല്‍സംഗം ചെയ്യുന്നതു കണ്ടുപിടിക്കപ്പെട്ടാല്‍ അവന്‍ അവളുടെ പിതാവിന് അമ്പതു വെള്ളിക്കാശു കൊടുക്കണം; അവളെ ഭാര്യയായി സ്വീകരിക്കുകയും വേണം. അവന്‍ അവളെ മാനഭംഗപ്പെടുത്തിയല്ലോ; അവന്‍ അവളെ ഒരിക്കലും ഉപേക്ഷിച്ചുകൂടാ. ആരും സ്വപിതാവിന്‍റെ ഭാര്യയോടൊത്ത് ശയിക്കുകയോ അവളുടെ വസ്ത്രം അഴിച്ച് അവളെ അപമാനിക്കുകയോ അരുത്. വൃഷണങ്ങള്‍ ഉടയ്‍ക്കപ്പെടുകയോ ലിംഗം ഛേദിക്കപ്പെടുകയോ ചെയ്തിട്ടുള്ള ഒരുവനും സര്‍വേശ്വരന്‍റെ സഭയില്‍ പ്രവേശിക്കരുത്. ജാരസന്തതി അവിടുത്തെ സഭയില്‍ പ്രവേശിച്ചുകൂടാ; അവന്‍റെ പത്താം തലമുറവരെയുള്ളവരും സര്‍വേശ്വരന്‍റെ സഭയില്‍ പ്രവേശിക്കരുത്. ഒരു അമ്മോന്യനോ മോവാബ്യനോ സര്‍വേശ്വരന്‍റെ സഭയില്‍ പ്രവേശിക്കരുത്; അവന്‍റെ പത്താം തലമുറവരെയുള്ളവരും സര്‍വേശ്വരന്‍റെ സഭയില്‍ പ്രവേശിക്കാന്‍ ഇടയാകരുത്; നിങ്ങള്‍ ഈജിപ്തില്‍നിന്നു പോരുമ്പോള്‍ അവര്‍ വഴിയില്‍വച്ചു നിങ്ങള്‍ക്ക് അപ്പവും വെള്ളവും നല്‌കിയില്ല; മാത്രമല്ല, നിങ്ങളെ ശപിക്കാന്‍ മെസൊപൊത്താമ്യയിലെ പെഥോര്‍ പട്ടണത്തിലുള്ള ബെയോരിന്‍റെ പുത്രന്‍ ബിലെയാമിനെ കൂലി കൊടുത്തു വരുത്തുകയും ചെയ്തു. എന്നാല്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ബിലെയാമിന്‍റെ വാക്കുകള്‍ കേട്ടില്ല. മാത്രമല്ല, നിങ്ങളെ അവിടുന്നു സ്നേഹിച്ചതിനാല്‍ അവന്‍റെ ശാപം നിങ്ങള്‍ക്ക് അനുഗ്രഹമാക്കിത്തീര്‍ക്കുകയും ചെയ്തു. നിങ്ങള്‍ ഒരു ജനതയായി തുടരുന്നിടത്തോളം അവരുമായി സമാധാനസന്ധി ഉണ്ടാക്കുകയോ നല്ല അയല്‍ബന്ധം പുലര്‍ത്തുകയോ അരുത്. എദോമ്യരെ നിങ്ങള്‍ വെറുക്കരുത്; അവര്‍ നിങ്ങളുടെ ചാര്‍ച്ചക്കാരാകുന്നു; ഈജിപ്തുകാരെയും വെറുക്കരുത്; നിങ്ങള്‍ അവരുടെ ദേശത്തു പരദേശികളായി പാര്‍ത്തിരുന്നല്ലോ. അവരുടെ മൂന്നാം തലമുറയിലെ സന്തതികള്‍ക്കു സര്‍വേശ്വരന്‍റെ സഭയില്‍ പ്രവേശിക്കാം. ശത്രുക്കള്‍ക്കെതിരായി പുറപ്പെട്ട് പാളയത്തില്‍ കഴിയുമ്പോള്‍ നിങ്ങള്‍ എല്ലാ തിന്മകളില്‍നിന്നും ഒഴിഞ്ഞിരിക്കണം; സ്വപ്നസ്ഖലനത്താല്‍ രാത്രിയില്‍ അശുദ്ധനായിത്തീരുന്നവന്‍ പാളയത്തിനു പുറത്തു പോകണം; അകത്തു പ്രവേശിക്കരുത്. നേരം വൈകുമ്പോള്‍ അയാള്‍ കുളിച്ചു ശുദ്ധനാകണം; സൂര്യാസ്തമയത്തിനു ശേഷം പാളയത്തില്‍ പ്രവേശിക്കാം. നിങ്ങള്‍ക്ക് മലമൂത്രവിസര്‍ജനത്തിനു പാളയത്തിനു പുറത്ത് ഒരു സ്ഥലം ഉണ്ടായിരിക്കണം. നിങ്ങളുടെ ആയുധങ്ങളുടെ കൂട്ടത്തില്‍ ഒരു പാരയും ഉണ്ടായിരിക്കട്ടെ; മലമൂത്രവിസര്‍ജനത്തിനുള്ള കുഴിയുണ്ടാക്കാന്‍ അതുപയോഗിക്കാം; പിന്നീട് മലം മണ്ണിട്ട് മൂടണം. നിങ്ങളെ സംരക്ഷിക്കാനും ശത്രുക്കളെ നിങ്ങളുടെ കൈയില്‍ ഏല്പിച്ചുതരാനുമായി നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളോടൊത്തു പാളയത്തില്‍ ഉണ്ട്. അതുകൊണ്ടു പാളയം ശുദ്ധമായിരിക്കണം. നിങ്ങളുടെ ഇടയിലെ അശുദ്ധിമൂലം സര്‍വേശ്വരന്‍ നിങ്ങളെ വിട്ടുപോകാന്‍ ഇടയാകരുത്. ഉടമസ്ഥനില്‍നിന്ന് ഓടി രക്ഷപെട്ടു നിങ്ങളെ അഭയംപ്രാപിക്കുന്ന അടിമയെ മടക്കി അയയ്‍ക്കരുത്. നിങ്ങളുടെ പട്ടണങ്ങളില്‍ എവിടെയെങ്കിലും അവന് ഇഷ്ടമുള്ളിടത്ത് അവന്‍ നിങ്ങളോടൊത്ത് പാര്‍ത്തുകൊള്ളട്ടെ; അവനെ പീഡിപ്പിക്കരുത്. ഇസ്രായേല്യപുത്രിമാരില്‍ ആരും ദേവദാസികളാകരുത്. ഇസ്രായേല്യപുരുഷന്മാര്‍ ആരും വിജാതീയ ദേവാലയങ്ങളില്‍ പുരുഷവേശ്യകളുമാകരുത്. ദേവദാസിയുടെയോ പുരുഷവേശ്യയുടെയോ സമ്പാദ്യത്തില്‍ നിന്നുള്ള നേര്‍ച്ച നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ ആലയത്തില്‍ സമര്‍പ്പിക്കരുത്. അത് അവിടുത്തേക്ക് അറപ്പാകുന്നു. നിന്‍റെ സഹോദരനു കടമായി കൊടുക്കുന്ന പണത്തിനോ ഭക്ഷണസാധനങ്ങള്‍ക്കോ മറ്റെന്തിനുവേണ്ടിയെങ്കിലുമോ പലിശ ഈടാക്കരുത്. പരദേശിയോട് പലിശ വാങ്ങാം; എന്നാല്‍ സഹോദരനോടു പലിശ വാങ്ങരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ അധീനമാക്കാന്‍ പോകുന്ന ദേശത്ത് നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും സര്‍വേശ്വരന്‍റെ അനുഗ്രഹം ഉണ്ടാകും. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു നേരുന്ന നേര്‍ച്ച സമര്‍പ്പിക്കാന്‍ വൈകിപ്പോകരുത്; അവിടുന്നു തീര്‍ച്ചയായും അതു നിങ്ങളോട് ആവശ്യപ്പെടും. അതു യഥാകാലം അര്‍പ്പിക്കാതിരിക്കുന്നതു പാപമാകുന്നു. എന്നാല്‍ സര്‍വേശ്വരനു നേര്‍ച്ച നേരാതിരിക്കുന്നതു പാപമല്ല. നിങ്ങള്‍ വാക്കുപാലിക്കാന്‍ ശ്രദ്ധിക്കണം. സ്വമേധയാ നേര്‍ന്നുകഴിഞ്ഞാല്‍ അതു നിര്‍വഹിക്കുകതന്നെ വേണം. അയല്‍ക്കാരന്‍റെ മുന്തിരിത്തോട്ടത്തിലൂടെ നടന്നുപോകുമ്പോള്‍, നിനക്കു തൃപ്തിയാകുവോളം മുന്തിരിപ്പഴം ഭക്ഷിക്കാം; എന്നാല്‍ അത് ഒരു പാത്രത്തില്‍ ശേഖരിച്ചുകൊണ്ടു പോകരുത്. അയല്‍ക്കാരന്‍റെ വിളഭൂമിയിലൂടെ പോകുമ്പോള്‍ കൈകൊണ്ടു കതിര്‍ പറിച്ചെടുത്തു തിന്നാം; എന്നാല്‍ അരിവാള്‍കൊണ്ട് മുറിച്ചെടുത്തുകൂടാ. ഒരാള്‍ വിവാഹം കഴിഞ്ഞു ഭാര്യയുടെ സ്വഭാവദൂഷ്യത്താല്‍ അവളോട് ഇഷ്ടമില്ലാതായാല്‍ വിവാഹമോചനപത്രം കൊടുത്ത് അവളെ വീട്ടില്‍നിന്നു പറഞ്ഞയയ്‍ക്കണം. പിന്നീട് അവള്‍ മറ്റൊരുവനെ വിവാഹം കഴിച്ചേക്കാം. രണ്ടാമത്തെ ഭര്‍ത്താവും അവളെ വെറുത്തു വിവാഹമോചനപത്രം കൊടുത്ത് അവളെ വീട്ടില്‍നിന്നു പറഞ്ഞയയ്‍ക്കുകയോ അയാള്‍ മരിക്കുകയോ ചെയ്താല്‍ അശുദ്ധയായിത്തീര്‍ന്ന അവളെ ആദ്യം ഉപേക്ഷിച്ച ഭര്‍ത്താവ് വീണ്ടും വിവാഹം ചെയ്തുകൂടാ. സര്‍വേശ്വരന്‍ അതു നിന്ദ്യമായി കരുതുന്നു. ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കുന്ന ദേശം നിങ്ങള്‍ പാപം ചെയ്ത് മലിനമാക്കരുത്. നവവരനെ യുദ്ധസേവനത്തിന് അയയ്‍ക്കുകയോ മറ്റേതെങ്കിലും പൊതുചുമതല ഏല്പിക്കുകയോ ചെയ്യരുത്; അയാള്‍ ഒരു വര്‍ഷം സ്വഭവനത്തില്‍ ഭാര്യയോടൊത്തു സന്തോഷമായി കഴിയട്ടെ. ധാന്യം പൊടിക്കുന്ന തിരികല്ലോ അതിന്‍റെ മേല്‍ക്കല്ലോ പണയം വാങ്ങരുത്; അതു ജീവന്‍ പണയം വാങ്ങുന്നതിനു തുല്യമാണല്ലോ. ഇസ്രായേല്യനായ സഹോദരനെ തട്ടിക്കൊണ്ടുപോയി അടിമയാക്കുകയോ വില്‍ക്കുകയോ ചെയ്യുന്നവനെ വധിക്കണം; അങ്ങനെ ആ തിന്മ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം. കുഷ്ഠം ബാധിച്ചാല്‍ ലേവ്യനായ പുരോഹിതന്‍ നല്‌കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും നിഷ്കര്‍ഷയോടെ നിങ്ങള്‍ പാലിക്കണം; ഞാന്‍ അവര്‍ക്കു നല്‌കിയിട്ടുള്ള കല്പനകളെല്ലാം നിങ്ങള്‍ ശ്രദ്ധാപൂര്‍വം അനുസരിക്കണം. ഈജിപ്തില്‍നിന്നു നിങ്ങള്‍ പുറപ്പെട്ടുപോന്നപ്പോള്‍ വഴിയില്‍വച്ച് ദൈവമായ സര്‍വേശ്വരന്‍ മിര്യാമിനോടു ചെയ്തത് ഓര്‍ത്തുകൊള്ളുക. നിങ്ങളുടെ അയല്‍ക്കാരനു വായ്പ കൊടുക്കുമ്പോള്‍ പണയവസ്തു വാങ്ങാന്‍ അയാളുടെ വീട്ടിനുള്ളില്‍ പ്രവേശിക്കരുത്. നീ പുറത്തു നില്‌ക്കുക; വായ്പ വാങ്ങിയവന്‍ പണയം നിന്‍റെ അടുക്കല്‍ കൊണ്ടുവരട്ടെ. അയാള്‍ ദരിദ്രനെങ്കില്‍ അയാളുടെ പണയം വച്ച വസ്ത്രത്തില്‍ കിടന്ന് നീ രാത്രിയില്‍ ഉറങ്ങരുത്. അയാള്‍ക്കു കിടന്നുറങ്ങുന്നതിന് സൂര്യനസ്തമിക്കുമ്പോള്‍ പുതപ്പു തിരിച്ചുകൊടുക്കുക; അയാള്‍ നിന്നോടു നന്ദിയുള്ളവനായിരിക്കും; നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ ദൃഷ്‍ടിയില്‍ അതു നീതിപൂര്‍വകമായ പ്രവൃത്തി ആയിരിക്കും. നിസ്സഹായനും ദരിദ്രനുമായ ഒരു കൂലിവേലക്കാരന്‍ നിങ്ങളുടെ സഹോദരനോ നിങ്ങളുടെ പട്ടണത്തില്‍ പാര്‍ക്കുന്ന പരദേശിയോ ആയിരുന്നാലും അയാളെ നിങ്ങള്‍ വിഷമിപ്പിക്കരുത്. സന്ധ്യക്കു മുമ്പായി അന്നത്തെ കൂലി അയാള്‍ക്കു കൊടുക്കണം. ദരിദ്രനായതുകൊണ്ട് അവന്‍ അതു പ്രതീക്ഷിക്കും. അല്ലാത്തപക്ഷം അയാള്‍ നിനക്കെതിരായി സര്‍വേശ്വരനോടു നിലവിളിക്കും; നീ കുറ്റക്കാരനായിത്തീരുകയും ചെയ്യും. മക്കള്‍ക്കുവേണ്ടി പിതാക്കന്മാരെയോ പിതാക്കന്മാര്‍ക്കുവേണ്ടി മക്കളെയോ വധിക്കരുത്; വധശിക്ഷ അവനവന്‍ ചെയ്യുന്ന പാപത്തിനു മാത്രമുള്ളതായിരിക്കണം. പരദേശിക്കും അനാഥനും നീതി നിഷേധിക്കരുത്; വിധവയുടെ വസ്ത്രം പണയം വാങ്ങരുത്. നിങ്ങള്‍ ഈജിപ്തില്‍ അടിമകള്‍ ആയിരുന്നതും നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ അവിടെനിന്നു വീണ്ടെടുത്തതും ഓര്‍ക്കുക. അതുകൊണ്ടാണ് ഈ കല്പനകള്‍ എല്ലാം അനുസരിക്കണമെന്നു ഞാന്‍ ആവശ്യപ്പെടുന്നത്. നിങ്ങള്‍ വിളവെടുക്കുമ്പോള്‍ വയലില്‍ ഒരു കറ്റ മറന്നുപോയാല്‍ അത് എടുക്കാന്‍ മടങ്ങിപ്പോകരുത്; പരദേശിയോ, അനാഥനോ, വിധവയോ അത് എടുത്തുകൊള്ളട്ടെ; അങ്ങനെ ചെയ്താല്‍ നിങ്ങളുടെ സകല പ്രവൃത്തികളെയും നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അനുഗ്രഹിക്കും. ഒലിവുവൃക്ഷത്തിന്‍റെ ഫലം തല്ലിപ്പൊഴിച്ചശേഷം അവശേഷിക്കുന്നവ വീണ്ടും തല്ലിപ്പൊഴിക്കരുത്. അതു പരദേശിയോ, അനാഥനോ, വിധവയോ എടുത്തുകൊള്ളട്ടെ. മുന്തിരിത്തോട്ടത്തിലെ വിളവെടുക്കുമ്പോള്‍ കാലാ പെറുക്കരുത്. അതു പരദേശിക്കും അനാഥനും വിധവയ്‍ക്കും ഉള്ളതായിരിക്കട്ടെ. ഈജിപ്തില്‍ നിങ്ങള്‍ അടിമകളായിരുന്നു എന്ന് ഓര്‍ക്കണം; അതുകൊണ്ടാണ് ഇങ്ങനെ ചെയ്യാന്‍ ഞാന്‍ നിങ്ങളോടു കല്പിക്കുന്നത്. രണ്ടു പേര്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ പ്രശ്നം ന്യായാധിപന്മാരുടെ മുമ്പാകെ അവര്‍ കൊണ്ടുവരണം; ന്യായാധിപന്മാര്‍ വിസ്താരം നടത്തി നിരപരാധിയെ വിട്ടയയ്‍ക്കുകയും കുറ്റക്കാരനു ശിക്ഷ വിധിക്കുകയും വേണം. അടിശിക്ഷയാണു വിധിക്കുന്നതെങ്കില്‍ കുറ്റക്കാരനെ കമഴ്ത്തിക്കിടത്തി ന്യായാധിപന്‍തന്നെ കുറ്റത്തിനു തക്കവിധം എണ്ണി അടിപ്പിക്കണം; നാല്പത് അടി വരെ നല്‌കാം. അതിലേറെയായാല്‍ നിന്‍റെ സഹോദരന്‍ നിന്ദ്യനാകുമല്ലോ. ‘മെതിക്കുന്ന കാളയ്‍ക്കു മുഖക്കൊട്ട കെട്ടരുത്.’ ഒരുമിച്ചു പാര്‍ത്തിരുന്ന രണ്ടു സഹോദരന്മാരില്‍ ഒരാള്‍ മക്കളില്ലാതെ മരിച്ചുപോയാല്‍ അയാളുടെ ഭാര്യ അന്യന്‍റെ ഭാര്യ ആയിത്തീരരുത്. ഭര്‍ത്താവിന്‍റെ സഹോദരന്‍ അവളെ പ്രാപിക്കുകയും ഭാര്യയായി സ്വീകരിക്കുകയും ചെയ്ത് ഭര്‍ത്തൃസഹോദരധര്‍മം നിര്‍വഹിക്കണം. അവര്‍ക്കു ജനിക്കുന്ന ആദ്യപുത്രനെ മരിച്ച സഹോദരന്‍റെ പുത്രനായി കരുതണം. അങ്ങനെ മരിച്ച സഹോദരന്‍റെ പേര് ഇസ്രായേലില്‍നിന്ന് മാഞ്ഞുപോകാതിരിക്കട്ടെ; എന്നാല്‍ മരിച്ചയാളുടെ സഹോദരന്‍ സഹോദരഭാര്യയെ സ്വീകരിക്കാന്‍ വിസമ്മതിച്ചാല്‍ അവള്‍ പട്ടണവാതില്‌ക്കല്‍ നഗരനേതാക്കന്മാരുടെ അടുക്കല്‍ ചെന്നു പറയണം: “എന്‍റെ ഭര്‍ത്തൃസഹോദരന്‍ സ്വസഹോദരന്‍റെ നാമം ഇസ്രായേലില്‍ നിലനിര്‍ത്തുന്നതിനു വിസമ്മതിക്കുന്നു; ഭര്‍ത്തൃസഹോദരധര്‍മം നിര്‍വഹിക്കുന്നതുമില്ല.” അപ്പോള്‍ നഗരനേതാക്കള്‍ അയാളെ വരുത്തി അയാളോടു സംസാരിക്കണം. അതിനുശേഷവും ‘എനിക്ക് അവളെ സ്വീകരിക്കാന്‍ ഇഷ്ടമില്ല’ എന്നു പറഞ്ഞ് ആ തീരുമാനത്തില്‍ ഉറച്ചുനിന്നാല്‍ അവള്‍ നഗരനേതാക്കന്മാര്‍ കാണ്‍കെ അയാളുടെ അടുക്കല്‍ ചെന്ന് അയാളുടെ ഒരു ചെരുപ്പ് ഊരുകയും അയാളുടെ മുഖത്തു തുപ്പുകയും ചെയ്തുകൊണ്ട് ‘സഹോദരന്‍റെ കുടുംബം നിലനിര്‍ത്താത്തവനോട് ഇങ്ങനെ ചെയ്യും’ എന്നു പറയണം. അയാളുടെ കുടുംബം ‘ചെരുപ്പ് അഴിക്കപ്പെട്ടവന്‍റെ കുടുംബം’ എന്ന് അറിയപ്പെടും. രണ്ടു പുരുഷന്മാര്‍ തമ്മില്‍ കലഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാളുടെ ഭാര്യ തന്‍റെ ഭര്‍ത്താവിനെ രക്ഷിക്കുന്നതിനുള്ള ശ്രമത്തില്‍ മറ്റവന്‍റെ ഗുഹ്യാവയവത്തില്‍ കടന്നുപിടിച്ചാല്‍ അവളുടെ കൈ വെട്ടിക്കളയണം; അവളോടു കരുണ കാണിക്കരുത്. നിങ്ങളുടെ സഞ്ചിയില്‍ ഏറിയും കുറഞ്ഞും തൂക്കമുള്ള രണ്ടു തരം കട്ടികള്‍ ഉണ്ടായിരിക്കരുത്. നിങ്ങളുടെ വീട്ടിലുള്ള അളവുപാത്രങ്ങള്‍ ഏറിയും കുറഞ്ഞും വലിപ്പമുള്ളവ ആയിരിക്കരുത്. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കുന്ന ദേശത്തു ദീര്‍ഘായുസ്സു ലഭിക്കാന്‍ നിര്‍വ്യാജവും നീതിയുക്തവുമായ തൂക്കുകട്ടികളും അളവുപാത്രങ്ങളും ഉപയോഗിക്കുക. ഇക്കാര്യങ്ങളില്‍ നീതിരഹിതമായി പ്രവര്‍ത്തിക്കുന്നവരെയെല്ലാം നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ വെറുക്കുന്നു. നിങ്ങള്‍ ഈജിപ്തില്‍നിന്നു വരുമ്പോള്‍ അമാലേക്യര്‍ വഴിയില്‍വച്ചു നിങ്ങളോടു ചെയ്തത് ഓര്‍ക്കുക. ദൈവഭയം ഇല്ലാത്തവരായ അവര്‍ ക്ഷീണിച്ചു വലഞ്ഞ നിങ്ങളെ പിന്നില്‍നിന്ന് ആക്രമിക്കുകയും പിന്‍നിരയില്‍ ഉണ്ടായിരുന്ന തളര്‍ന്നവരെ സംഹരിക്കുകയും ചെയ്തു. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കുന്ന ദേശത്തിനു ചുറ്റുപാടും പാര്‍ക്കുന്ന ശത്രുക്കളെ നശിപ്പിച്ച് നിങ്ങള്‍ക്കു സ്വസ്ഥത വരുത്തുമ്പോള്‍ അമാലേക്യരെക്കുറിച്ചുള്ള സ്മരണപോലും ഭൂമിയില്‍നിന്നു നീക്കിക്കളയണം; ഇതു നിങ്ങള്‍ മറക്കരുത്. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കുന്ന ദേശം കൈവശപ്പെടുത്തി നിങ്ങള്‍ അവിടെ പാര്‍ക്കുമ്പോള്‍ നിങ്ങളുടെ വിളവിന്‍റെ ആദ്യഫലത്തിന്‍റെ ഒരംശം ഒരു കുട്ടയിലാക്കി നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തന്‍റെ നാമം സ്ഥാപിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങള്‍ കൊണ്ടുചെല്ലണം. അന്ന് ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്‍റെ അടുക്കല്‍ ചെന്ന് ഇങ്ങനെ പറയണം: “നമുക്കു നല്‌കുമെന്നു സര്‍വേശ്വരന്‍ നമ്മുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്ന ദേശത്തു ഞാന്‍ വന്നിരിക്കുന്നു എന്ന് നിങ്ങളുടെ ദൈവമായ സര്‍വേശ്വരനോടു ഞാന്‍ സമ്മതിച്ച് ഏറ്റുപറയുന്നു.” പുരോഹിതന്‍ നിങ്ങളുടെ കൈയില്‍നിന്ന് ആ കുട്ട വാങ്ങി അവിടുത്തെ യാഗപീഠത്തിനു മുമ്പില്‍ വയ്‍ക്കണം. പിന്നീട് നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ മുമ്പില്‍ ഇപ്രകാരം പ്രസ്താവിക്കണം: “അലഞ്ഞു നടന്നിരുന്ന ഒരു അരാമ്യനായിരുന്നു എന്‍റെ പിതാവ്. അദ്ദേഹം ഈജിപ്തില്‍ പോയി പരദേശിയായി പാര്‍ത്ത് എണ്ണത്തില്‍ ചെറുതായിരുന്ന അവര്‍ അവിടെ വലുതും ശക്തവും ജനബഹുലവുമായ ഒരു ജനതയായിത്തീര്‍ന്നു. എന്നാല്‍ ഈജിപ്തുകാര്‍ ഞങ്ങളോടു ക്രൂരമായി പെരുമാറി. അവര്‍ ഞങ്ങളെ പീഡിപ്പിച്ചു; ഞങ്ങളെക്കൊണ്ട് അടിമവേല ചെയ്യിച്ചു. അപ്പോള്‍ ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനോടു ഞങ്ങള്‍ നിലവിളിച്ചു; അവിടുന്ന് ഞങ്ങളുടെ നിലവിളി കേട്ടു; ഞങ്ങളുടെ കഷ്ടതയും പ്രയാസവും പീഡനവും അവിടുന്നു കണ്ടു. അവിടുത്തെ കരബലവും നീട്ടിയ ഭുജവും ഭീതിദമായ പ്രവൃത്തികളും അടയാളങ്ങളും അദ്ഭുതങ്ങളും മുഖാന്തരം ഞങ്ങളെ ഈജിപ്തില്‍നിന്നു വിടുവിച്ചു; ഞങ്ങളെ ഈ സ്ഥലത്തു കൂട്ടിക്കൊണ്ടുവന്നു പാലും തേനും ഒഴുകുന്ന ഈ ദേശം അവിടുന്നു ഞങ്ങള്‍ക്കു നല്‌കിയിരിക്കുന്നു. ഇതാ, സര്‍വേശ്വരാ അവിടുന്ന് നല്‌കിയിരിക്കുന്ന നിലത്തിലെ വിളവിന്‍റെ ആദ്യഫലം ഞാന്‍ കൊണ്ടുവന്നിരിക്കുന്നു. പിന്നീട് നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍ ആ കുട്ട സമര്‍പ്പിച്ച് അവിടുത്തെ നമസ്കരിക്കണം; നിനക്കും നിന്‍റെ കുടുംബത്തിനും അവിടുന്നു നല്‌കിയിട്ടുള്ള നല്ല ദാനങ്ങള്‍ക്കു നന്ദിയുള്ളവനായിരിക്കുക; നിങ്ങളും ലേവ്യരും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിയും സന്തോഷിക്കട്ടെ. ദശാംശസമര്‍പ്പണവത്സരമായ ഓരോ മൂന്നാം വര്‍ഷവും നിങ്ങളുടെ വിളവിന്‍റെ പത്തിലൊന്നു ശേഖരിച്ചു ലേവ്യര്‍ക്കും പരദേശികള്‍ക്കും അനാഥര്‍ക്കും വിധവമാര്‍ക്കും കൊടുക്കണം. നിങ്ങളുടെ പട്ടണങ്ങളില്‍ വച്ചു അവര്‍ ഭക്ഷിച്ചു സംതൃപ്തരാകട്ടെ. അതിനുശേഷം സര്‍വേശ്വരനോട് ഇങ്ങനെ പറയണം: “വിശുദ്ധമായ ദശാംശത്തിന്‍റെ ഒരംശംപോലും എന്‍റെ ഭവനത്തില്‍ ശേഷിപ്പിക്കാതെ അവിടുന്ന് എന്നോടു കല്പിച്ചതുപോലെ ലേവ്യര്‍ക്കും പരദേശികള്‍ക്കും അനാഥര്‍ക്കും വിധവകള്‍ക്കും കൊടുത്തുകഴിഞ്ഞു. അവിടുത്തെ കല്പനകള്‍ ഞാന്‍ ലംഘിക്കുകയോ, മറക്കുകയോ ചെയ്തിട്ടില്ല. വിലാപകാലത്ത് ഞാന്‍ അതില്‍നിന്ന് ഭക്ഷിച്ചിട്ടില്ല. അശുദ്ധനായിരുന്നപ്പോള്‍ ഞാന്‍ അതില്‍ തൊട്ടിട്ടില്ല; മരിച്ചവര്‍ക്കുവേണ്ടി അതില്‍നിന്ന് എന്തെങ്കിലും അര്‍പ്പിച്ചിട്ടുമില്ല. എന്‍റെ ദൈവമായ സര്‍വേശ്വരന്‍ പറഞ്ഞതെല്ലാം ഞാന്‍ അനുസരിച്ചു; അവിടുന്നു നല്‌കിയ കല്പനകളെല്ലാം ഞാന്‍ പാലിക്കുകയും ചെയ്തിരിക്കുന്നു. അവിടുന്നു വസിക്കുന്ന വിശുദ്ധസ്ഥലമായ സ്വര്‍ഗത്തില്‍നിന്ന് തൃക്കണ്‍പാര്‍ത്ത് അവിടുത്തെ ജനമായ ഇസ്രായേലിനെ അനുഗ്രഹിക്കണമേ. അവിടുന്നു ഞങ്ങളുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തതുപോലെ ഞങ്ങള്‍ക്കു നല്‌കിയ പാലും തേനും ഒഴുകുന്ന ഈ ദേശത്തെയും അനുഗ്രഹിക്കണമേ. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നല്‌കിയിട്ടുള്ള ചട്ടങ്ങളും അനുശാസനങ്ങളും പാലിക്കാന്‍ അവിടുന്നു ഇന്നു നിങ്ങളോടു കല്പിക്കുന്നു; അവയെല്ലാം പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും കൂടി ശ്രദ്ധാപൂര്‍വം അനുസരിക്കണം. സര്‍വേശ്വരന്‍ ഞങ്ങളുടെ ദൈവമാണ്. അവിടുത്തെ ചട്ടങ്ങളും കല്പനകളും അനുശാസനങ്ങളും ഞങ്ങള്‍ പാലിക്കും; അവിടുത്തെ കല്പനകള്‍ ഞങ്ങള്‍ അനുസരിക്കും എന്ന് ഇന്നു നിങ്ങള്‍ പ്രസ്താവിച്ചിരിക്കുന്നു. അവിടുന്നു നിങ്ങളോടു വാഗ്ദാനം ചെയ്തതുപോലെ നിങ്ങള്‍ അവിടുത്തെ സ്വന്തജനമായിരിക്കുമെന്നും അവിടുത്തെ എല്ലാ കല്പനകളും അനുസരിക്കണമെന്നും ഇന്നു സര്‍വേശ്വരന്‍ നിങ്ങളോടു പ്രഖ്യാപിച്ചിരിക്കുന്നു. സര്‍വേശ്വരന്‍ സൃഷ്‍ടിച്ച മറ്റെല്ലാ ജനതകളെയുംകാള്‍ പ്രശസ്തിയും ബഹുമാനവും അവിടുന്നു നിങ്ങള്‍ക്കു നല്‌കും; അവിടുന്ന് അരുളിച്ചെയ്തതുപോലെ നിങ്ങള്‍ അവിടുത്തെ സ്വന്തജനമായിരിക്കുകയും ചെയ്യും. മോശയും ഇസ്രായേലിലെ നേതാക്കളും ജനത്തോടു പറഞ്ഞു: “ഞാന്‍ ഇന്നു നിങ്ങള്‍ക്കു നല്‌കുന്ന സകല കല്പനകളും അനുസരിക്കുക. നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്ന് നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കുന്ന ദേശത്ത് എത്തുന്ന ദിവസംതന്നെ ഏതാനും വലിയ കല്ലുകള്‍ നാട്ടിനിര്‍ത്തി അവയില്‍ കുമ്മായം തേക്കണം. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന്‍ വാഗ്ദാനം ചെയ്തതുപോലെ അവിടുന്നു നിങ്ങള്‍ക്കു നല്‌കുന്ന പാലും തേനും ഒഴുകുന്ന ദേശത്തു നിങ്ങള്‍ നദി കടന്നു പ്രവേശിക്കുമ്പോള്‍ ധര്‍മശാസ്ത്രത്തിലെ എല്ലാ വാക്കുകളും ആ കല്ലുകളില്‍ എഴുതിവയ്‍ക്കണം. നിങ്ങള്‍ യോര്‍ദ്ദാന്‍നദി കടക്കുമ്പോള്‍ ഞാന്‍ ഇന്നു നിങ്ങളോടു കല്പിക്കുന്നതുപോലെ ഏബാല്‍ പര്‍വതത്തില്‍ ഈ ശിലകള്‍ നാട്ടി അവയില്‍ കുമ്മായം തേക്കണം. കല്ലുകള്‍കൊണ്ട് അവിടെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന് ഒരു യാഗപീഠം പണിയണം. അതില്‍ ഇരുമ്പായുധം സ്പര്‍ശിക്കരുത്; ചെത്തിമിനുക്കാത്ത കല്ലുകള്‍കൊണ്ടു വേണം സര്‍വേശ്വരന്‍റെ യാഗപീഠം പണിയേണ്ടത്. അതിന്മേല്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു ഹോമയാഗങ്ങള്‍ അര്‍പ്പിക്കണം. സമാധാനയാഗങ്ങളും അതിന്മേല്‍ അര്‍പ്പിക്കണം. അത് അവിടെവച്ചു ഭക്ഷിച്ച് അവിടുത്തെ സന്നിധിയില്‍ ആനന്ദിക്കുക. കുമ്മായം പൂശിയ കല്ലുകളില്‍ ധര്‍മശാസ്ത്രത്തിലെ സകല വാക്കുകളും സ്പഷ്ടമായി എഴുതണം. ലേവ്യപുരോഹിതന്മാരോടു ചേര്‍ന്നു മോശ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: ഇസ്രായേല്‍ജനമേ ശ്രദ്ധിക്കുവിന്‍, ഇന്നു നിങ്ങള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ ജനമായിത്തീര്‍ന്നിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ അനുസരിക്കുകയും ഇന്നു ഞാന്‍ നിങ്ങള്‍ക്കു നല്‌കുന്ന അവിടുത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും ചെയ്യുവിന്‍.” അന്നുതന്നെ മോശ ജനത്തോടു കല്പിച്ചു: “നിങ്ങള്‍ യോര്‍ദ്ദാന്‍നദി കടന്നശേഷം ജനത്തെ അനുഗ്രഹിക്കുന്നതിനു ശിമെയോന്‍, ലേവി, യെഹൂദാ, ഇസ്സാഖാര്‍, യോസേഫ്, ബെന്യാമീന്‍ എന്നീ ഗോത്രക്കാര്‍ ഗെരിസീം പര്‍വതത്തില്‍ നില്‌ക്കണം. രൂബേന്‍, ഗാദ്, ആശേര്‍, സെബൂലൂന്‍, ദാന്‍, നഫ്താലി എന്നീ ഗോത്രക്കാര്‍ ശപിക്കാനായി ഏബാല്‍ പര്‍വതത്തിലും നില്‌ക്കണം. അപ്പോള്‍ ലേവ്യര്‍ ഈ വാക്കുകള്‍ ഉച്ചത്തില്‍ വിളിച്ചുപറയണം: “ശില്പിയുടെ കരവേലയായി കൊത്തിയോ വാര്‍ത്തോ നിര്‍മ്മിച്ചതും സര്‍വേശ്വരന്‍ വെറുക്കുന്നതുമായ വിഗ്രഹം രഹസ്യമായി ആരാധിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍.” “ആമേന്‍” എന്നു സര്‍വജനവും പറയണം. “പിതാവിനെയോ മാതാവിനെയോ നിന്ദിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍.” ജനമെല്ലാം ‘ആമേന്‍’ എന്നു പറയണം; “അയല്‍ക്കാരന്‍റെ അതിരുകല്ല് നീക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍.” ‘ആമേന്‍’ എന്നു സര്‍വജനവും പറയണം. “അന്ധനെ വഴിതെറ്റിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍.” ജനമെല്ലാം “ആമേന്‍” എന്നു പറയണം. “പരദേശിക്കോ അനാഥനോ വിധവയ്‍ക്കോ നീതി നിഷേധിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍.” “ആമേന്‍” എന്ന് സര്‍വജനവും പറയണം; “പിതാവിന്‍റെ ഭാര്യമാരില്‍ ആരുടെയെങ്കിലും കൂടെ ശയിച്ച് പിതാവിനെ അപമാനിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍.” ജനമെല്ലാം ‘ആമേന്‍’ എന്നു പറയണം. “ഏതെങ്കിലും മൃഗത്തോടുകൂടി ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍.” “ആമേന്‍” എന്നു ജനമെല്ലാം പറയണം. “തന്‍റെ മാതാവിന്‍റെയോ പിതാവിന്‍റെയോ പുത്രിയായ സഹോദരിയോടുകൂടി ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍.” “ആമേന്‍” എന്നു ജനമെല്ലാം പറയണം. “ഭാര്യാമാതാവിനോടുകൂടി ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍.” “ആമേന്‍” എന്നു ജനമെല്ലാം പറയണം; “അയല്‍ക്കാരനെ പതിയിരുന്ന് കൊല്ലുന്നവന്‍ ശപിക്കപ്പെട്ടവന്‍.” ജനമെല്ലാം “ആമേന്‍” എന്നു പറയണം; “നിരപരാധിയെ കൊല്ലുന്നതിനു പ്രതിഫലം വാങ്ങുന്നവന്‍ ശപിക്കപ്പെട്ടവന്‍.” “ആമേന്‍” എന്നു ജനമെല്ലാം പറയണം. “ഈ ധര്‍മശാസ്ത്രത്തിലെ ചട്ടങ്ങള്‍ പ്രമാണമാക്കി ജീവിക്കാത്തവന്‍ ശപിക്കപ്പെട്ടവന്‍.” “ആമേന്‍” എന്ന് സര്‍വജനവും പറയണം. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ അനുസരിക്കുകയും ഞാന്‍ ഇന്നു നല്‌കുന്ന അവിടുത്തെ കല്പനകള്‍ വിശ്വസ്തതയോടെ പാലിക്കുകയും ചെയ്താല്‍ അവിടുന്നു നിങ്ങളെ ഭൂമിയിലെ ഏറ്റവും വലിയ ജനതയാക്കും. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ അനുസരിച്ചു ജീവിച്ചാല്‍ ഈ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കു ലഭിക്കും. പട്ടണങ്ങളിലും വയലുകളിലും നിങ്ങള്‍ അനുഗൃഹീതരാകും; അവിടുന്നു നിങ്ങളുടെ സന്താനങ്ങളെയും വയലിലെ വിളവുകളെയും മൃഗങ്ങളെയും ആടുമാടുകളെയും അനുഗ്രഹിക്കും. നിങ്ങളുടെ കുട്ടകളും മാവു കുഴയ്‍ക്കുന്ന തൊട്ടികളും സര്‍വേശ്വരന്‍ അനുഗ്രഹിക്കും; നിങ്ങളുടെ സകല പ്രവൃത്തികളിലും അവിടുത്തെ അനുഗ്രഹം ഉണ്ടാകും. ശത്രുക്കള്‍ നിങ്ങളെ ആക്രമിക്കുമ്പോള്‍ സര്‍വേശ്വരന്‍ അവരെ തോല്പിക്കും; അവന്‍ നിങ്ങള്‍ക്കെതിരെ ഒരു വഴിയെ ഒരുമിച്ചുവരും; എന്നാല്‍ ഏഴു വഴിയെ പിന്തിരിഞ്ഞോടും. അവിടുന്ന് നിങ്ങളുടെ അധ്വാനത്തെ അനുഗ്രഹിക്കും; നിങ്ങളുടെ കളപ്പുരകളെ അനുഗ്രഹിക്കും. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കുന്ന ദേശത്തു നിങ്ങളെ അനുഗ്രഹിക്കും. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ വഴികളില്‍ നടക്കുകയും അവിടുന്നു നല്‌കുന്ന കല്പനകള്‍ പാലിക്കുകയും ചെയ്താല്‍ അവിടുന്നു വാഗ്ദാനം ചെയ്തിരുന്നതുപോലെ നിങ്ങളെ അവിടുത്തെ വേര്‍തിരിക്കപ്പെട്ട ജനമാക്കിത്തീര്‍ക്കും. നിങ്ങള്‍ അവിടുത്തെ സ്വന്തജനമാകുന്നു എന്നു ഭൂമിയിലെ സകല ജനതകളും അറിയും; അവര്‍ നിങ്ങളെ ഭയപ്പെടുകയും ചെയ്യും. നിങ്ങള്‍ക്കു നല്‌കുമെന്നു സര്‍വേശ്വരന്‍ നിങ്ങളുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്ന ദേശത്ത് അവിടുന്നു നിങ്ങള്‍ക്കു നിരവധി സന്താനങ്ങളെയും കന്നുകാലികളെയും നല്‌കും; നിങ്ങളുടെ വിളവും വര്‍ധിപ്പിക്കും; സര്‍വേശ്വരന്‍ ആകാശത്തിലെ തന്‍റെ വിശിഷ്ട സംഭരണികള്‍ തുറന്ന് നിങ്ങളുടെ ദേശത്തിനു യഥാസമയം മഴ നല്‌കും; നിങ്ങളുടെ സകല പ്രവര്‍ത്തനങ്ങളെയും അവിടുന്ന് അനുഗ്രഹിക്കും. നിങ്ങള്‍ മറ്റു പല ജനതകള്‍ക്കും വായ്പ കൊടുക്കും; എന്നാല്‍ നിങ്ങള്‍ക്കു വായ്പ വാങ്ങേണ്ടിവരികയില്ല. ഞാന്‍ ഇന്നു നിങ്ങള്‍ക്കു നല്‌കുന്ന സര്‍വേശ്വരന്‍റെ കല്പനകള്‍ ശ്രദ്ധാപൂര്‍വം അനുസരിച്ചാല്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് ജനതകളുടെ നേതൃത്വം നല്‌കും. നിങ്ങളുടെ സ്ഥാനം മുന്നിലായിരിക്കും; പിന്നില്‍ ആയിരിക്കുകയില്ല. നിങ്ങള്‍ക്ക് എന്നും പുരോഗതി ഉണ്ടാകും; അധോഗതി സംഭവിക്കുകയില്ല. ഞാന്‍ ഇന്നു നിങ്ങളോട് കല്പിക്കുന്നതില്‍നിന്ന് വ്യതിചലിച്ച് അന്യദേവന്മാരെ അനുഗമിക്കുകയോ സേവിക്കുകയോ ചെയ്യരുത്. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ അനുസരിക്കാതെയോ ഞാന്‍ ഇന്നു നല്‌കുന്ന കല്പനകളും ചട്ടങ്ങളും അനുശാസനങ്ങളും വിശ്വസ്തമായി പാലിക്കാതെയോ ഇരുന്നാല്‍ ഈ ശാപങ്ങള്‍ നിങ്ങളുടെമേല്‍ പതിക്കും. പട്ടണങ്ങളിലും വയലുകളിലും നിങ്ങള്‍ ശാപഗ്രസ്തരാകും; നിങ്ങളുടെ കുട്ടകളും മാവു കുഴയ്‍ക്കുന്ന തൊട്ടികളും ശപിക്കപ്പെടും; നിങ്ങളുടെ സന്താനങ്ങളും ധാന്യവിളവുകളും കന്നുകാലികളും ആട്ടിന്‍പറ്റവും ശപിക്കപ്പെടും. നിങ്ങളുടെ സകല പ്രവൃത്തികളിലും നിങ്ങള്‍ ശപിക്കപ്പെട്ടവരായിത്തീരും. നിങ്ങള്‍ തിന്മ ചെയ്ത് സര്‍വേശ്വരനെ ഉപേക്ഷിച്ചാല്‍ നിങ്ങള്‍ ചെയ്യുന്ന സകല പ്രവൃത്തികളെയും അവിടുന്ന് വിഫലമാക്കുകയും നിങ്ങള്‍ക്ക് വിഭ്രാന്തിയും ശാപവും വരുത്തുകയും ചെയ്യും; നിങ്ങള്‍ അതിവേഗം നശിക്കും. നിങ്ങള്‍ കൈവശപ്പെടുത്താന്‍ പോകുന്ന ദേശത്തു നിങ്ങള്‍ നിശ്ശേഷം നശിക്കുന്നതുവരെ അവിടുന്ന് തുടര്‍ച്ചയായി നിങ്ങളുടെമേല്‍ മഹാമാരികള്‍ അയയ്‍ക്കും. ക്ഷയം, ജ്വരം, നീര്‍വീക്കം, അത്യുഷ്ണം, വാള്‍, വിഷക്കാറ്റ്, പൂപ്പല്‍ എന്നീ രോഗങ്ങള്‍ സര്‍വേശ്വരന്‍ നിങ്ങളുടെമേല്‍ വരുത്തും. നിങ്ങള്‍ നശിച്ചുതീരുന്നതുവരെ അവ നിങ്ങളെ പിന്തുടരും. ആകാശം മഴ നല്‌കുകയില്ല; ഭൂമി ഇരുമ്പുപോലെ കടുപ്പമുള്ളതായിത്തീരും. നിങ്ങള്‍ നിശ്ശേഷം നശിക്കുന്നതുവരെ അവിടുന്ന് നിങ്ങളുടെ ദേശത്ത് മഴയ്‍ക്കു പകരം പൂഴിക്കാറ്റും മണല്‍ക്കാറ്റും അയയ്‍ക്കും. ശത്രുക്കളുടെ മുമ്പില്‍ അവിടുന്നു നിങ്ങളെ പരാജിതരാക്കും. ഒരു വഴിയില്‍ക്കൂടി നിങ്ങള്‍ അവരുടെ നേരെ ചെല്ലും; എന്നാല്‍ ഏഴു വഴിയില്‍കൂടി നിങ്ങള്‍ പിന്തിരിഞ്ഞോടും. നിങ്ങള്‍ക്കു നേരിട്ട അനുഭവം കാണുമ്പോള്‍ ഭൂമിയിലെ സകല രാജ്യങ്ങളും പരിഭ്രമിക്കും. നിങ്ങളുടെ ശവശരീരങ്ങള്‍ ആകാശത്തിലെ പക്ഷികള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇരയായിത്തീരും; അവയെ ആട്ടിയോടിക്കാന്‍ ആരും ഉണ്ടായിരിക്കുകയില്ല. ഈജിപ്തില്‍ ഉണ്ടായതുപോലെയുള്ള പരുക്കള്‍, വ്രണങ്ങള്‍, ചൊറി, ചിരങ്ങ് എന്നിവകൊണ്ട് അവിടുന്ന് നിങ്ങളെ പീഡിപ്പിക്കും; അവയില്‍നിന്നു നിങ്ങള്‍ക്കു മോചനം ഉണ്ടാകുകയില്ല. സര്‍വേശ്വരന്‍ നിങ്ങള്‍ക്കു ഭ്രാന്തും അന്ധതയും മനോവിഭ്രാന്തിയും വരുത്തും. അന്ധന്‍ ഇരുട്ടില്‍ തപ്പിനടക്കുന്നതുപോലെ നിങ്ങള്‍ ഉച്ചസമയത്ത് തപ്പിനടക്കും. ഒരു പ്രവൃത്തിയിലും നിങ്ങള്‍ക്ക് വിജയം ഉണ്ടാകുകയില്ല. നിങ്ങള്‍ എപ്പോഴും പീഡിതരും ചൂഷിതരും ആയിരിക്കും; നിങ്ങളെ വിടുവിക്കാന്‍ ആരും കാണുകയില്ല. നിങ്ങള്‍ ഒരു സ്‍ത്രീയുമായി വിവാഹനിശ്ചയം നടത്തും; എന്നാല്‍ മറ്റൊരാള്‍ അവളെ വിവാഹം കഴിക്കും; നിങ്ങള്‍ വീടു പണിയും; എങ്കിലും അതില്‍ പാര്‍ക്കുകയില്ല; നിങ്ങള്‍ മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; എന്നാല്‍ ഫലം അനുഭവിക്കുകയില്ല. നിങ്ങളുടെ കാളയെ നിങ്ങള്‍ നോക്കിനില്‌ക്കെ കൊല്ലും; എന്നാല്‍ അതിന്‍റെ മാംസം നിങ്ങള്‍ ഭക്ഷിക്കുകയില്ല. കഴുതകളെ നിങ്ങളുടെ മുമ്പില്‍നിന്നു ബലമായി പിടിച്ചുകൊണ്ടു പോകും; അവയെ തിരികെ കിട്ടുകയില്ല. നിങ്ങളുടെ ആടുകളെ ശത്രുക്കള്‍ പിടിച്ചുകൊണ്ടുപോകും; നിങ്ങളെ സഹായിക്കാന്‍ ആരും ഉണ്ടായിരിക്കുകയില്ല. നിങ്ങളുടെ പുത്രീപുത്രന്മാര്‍ അന്യജനതകള്‍ക്ക് അടിമകളായിത്തീരും; അവരെ തടയാന്‍ നിങ്ങളുടെ കൈ അശക്തമായിരിക്കും; അവരുടെ തിരിച്ചുവരവു കാത്ത് നിങ്ങളുടെ കണ്ണ് കുഴയും. നിങ്ങളുടെ കൈകളുടെ അധ്വാനഫലവും വിളവുകളും നിങ്ങള്‍ അറിയാത്ത ജനം അനുഭവിക്കും; നിങ്ങളുടെ ആയുഷ്കാലം മുഴുവന്‍ നിങ്ങള്‍ പീഡിതരും മര്‍ദ്ദിതരും ആയിരിക്കും; നിങ്ങള്‍ കാണുന്ന കാഴ്ചകള്‍ നിങ്ങളെ ഭ്രാന്തു പിടിപ്പിക്കും; നിങ്ങളുടെ കാലുകളിലും കാല്‍മുട്ടുകളിലും മാത്രമല്ല, ഉള്ളങ്കാല്‍മുതല്‍ നെറുകവരെ ഒരിക്കലും ഭേദമാകാത്ത വ്രണങ്ങള്‍ വരുത്തി സര്‍വേശ്വരന്‍ നിങ്ങളെ ശിക്ഷിക്കും. നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ ഒരിക്കലും പാര്‍ത്തിട്ടില്ലാത്ത ദേശത്തേക്കു നിങ്ങളെയും നിങ്ങളുടെ രാജാവിനെയും അവിടുന്നു കൊണ്ടുപോകും; അവിടെ നിങ്ങള്‍ കല്ലും മരവുംകൊണ്ടു നിര്‍മ്മിച്ച ദേവന്മാരെ പൂജിക്കും. സര്‍വേശ്വരന്‍ നിങ്ങളെ ചിതറിക്കുന്ന ദേശത്തെ ജനം നിങ്ങള്‍ക്കു സംഭവിച്ചതു കാണുമ്പോള്‍ സംഭീതരാകും; നിങ്ങള്‍ പഴഞ്ചൊല്ലും പരിഹാസപാത്രവും ആയിത്തീരും. നിങ്ങള്‍ വയലില്‍ ധാരാളം വിത്തു വിതയ്‍ക്കും; എന്നാല്‍ വെട്ടുക്കിളി തിന്നുതീര്‍ക്കുന്നതുകൊണ്ട് വളരെ കുറച്ചു മാത്രമേ കൊയ്തെടുക്കൂ. നിങ്ങള്‍ മുന്തിരിത്തോട്ടങ്ങള്‍ നട്ടുണ്ടാക്കി അവ ചെത്തി ഒരുക്കും; എന്നാല്‍ പുഴു അവ നശിപ്പിക്കുന്നതുകൊണ്ട് അവയുടെ ഫലം നിങ്ങള്‍ ശേഖരിക്കുകയോ അവയില്‍നിന്ന് വീഞ്ഞ് കുടിക്കുകയോ ചെയ്യുകയില്ല. ഒലിവുവൃക്ഷങ്ങള്‍ നിങ്ങളുടെ ദേശത്തെല്ലാം ഉണ്ടാകും; എന്നാല്‍ ഫലങ്ങള്‍ പൊഴിഞ്ഞുപോകുന്നതുകൊണ്ട് അവയുടെ എണ്ണ നിങ്ങള്‍ തേക്കുകയില്ല. നിങ്ങള്‍ക്കു പുത്രന്മാരും പുത്രിമാരും ഉണ്ടാകുമെങ്കിലും ബന്ദികളായിത്തീരുന്നതുമൂലം അവര്‍ നിങ്ങള്‍ക്കു സ്വന്തമായിരിക്കുകയില്ല. നിങ്ങളുടെ ദേശത്തിലെ എല്ലാ വൃക്ഷങ്ങളും വിളവുകളും വെട്ടുക്കിളികള്‍ തിന്നുകളയും. നിങ്ങളുടെ ഇടയിലുള്ള പരദേശികള്‍ നിരന്തരം അഭിവൃദ്ധിപ്പെടും; നിങ്ങള്‍ അധോഗതി പ്രാപിക്കും. അവര്‍ നിങ്ങള്‍ക്കു വായ്പ തരും; അവര്‍ക്കു കൊടുക്കാന്‍ നിങ്ങളുടെ കൈയില്‍ ഒന്നും ഉണ്ടായിരിക്കുകയില്ല. നേതൃത്വം അവര്‍ക്കായിരിക്കും; നിങ്ങള്‍ വെറും അനുയായികള്‍. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ അനുസരിക്കാതിരിക്കുകയും അവിടുത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് നിങ്ങള്‍ പൂര്‍ണമായി നശിക്കുന്നതുവരെ ഈ ശാപങ്ങളെല്ലാം നിങ്ങളുടെമേല്‍ ഉണ്ടായിരിക്കും. നിങ്ങളുടെയും നിങ്ങളുടെ സന്തതികളുടെയുംമേല്‍ അവ എന്നും അദ്ഭുതവും അടയാളവും ആയിരിക്കും; നിങ്ങള്‍ക്കു ലഭിച്ച സമൃദ്ധിയെപ്രതി നിങ്ങള്‍ ആഹ്ലാദത്തോടും ഉല്ലാസത്തോടും കൂടി അവിടുത്തെ ആരാധിച്ചില്ല. അതുകൊണ്ട് സര്‍വേശ്വരന്‍ നിങ്ങള്‍ക്കെതിരെ അയയ്‍ക്കുന്ന ശത്രുവിനെ നിങ്ങള്‍ വിശപ്പും ദാഹവും നഗ്നതയും ദാരിദ്ര്യവും സഹിച്ചുകൊണ്ട് സേവിക്കും. നിങ്ങള്‍ നശിക്കുവോളം അവിടുന്നു നിങ്ങളുടെമേല്‍ ഇരുമ്പുനുകം വയ്‍ക്കും; നിങ്ങള്‍ക്കെതിരായി ഭൂമിയുടെ അതിരില്‍നിന്ന് ഒരു ജനതയെ സര്‍വേശ്വരന്‍ വിളിച്ചുവരുത്തും; കഴുകന്‍ പറന്നു വരുന്നതുപോലെ അവര്‍ വരും; അവരുടെ ഭാഷ നിങ്ങള്‍ക്ക് അജ്ഞാതമായിരിക്കും. വൃദ്ധന്മാരെ ആദരിക്കുകയോ ശിശുക്കളോടു കരുണ കാണിക്കുകയോ ചെയ്യാത്ത ക്രൂരന്മാരായിരിക്കും അവര്‍. നിങ്ങളുടെ കന്നുകാലികളെ അവര്‍ തിന്നൊടുക്കും; നിങ്ങളുടെ വിളവുകളും ഭക്ഷിച്ചു തീര്‍ക്കും. ധാന്യമോ, വീഞ്ഞോ, ഒലിവെണ്ണയോ, ആടുമാടുകളോ ഒന്നും അവര്‍ നിങ്ങള്‍ക്കുവേണ്ടി ശേഷിപ്പിക്കുകയില്ല. അങ്ങനെ നിങ്ങള്‍ പൂര്‍ണമായി നശിക്കും. നിങ്ങള്‍ ആശ്രയിച്ചിരുന്ന ഉന്നതമായ ബലിഷ്ഠദുര്‍ഗങ്ങള്‍ വീഴുംവരെ അവര്‍ നിങ്ങളുടെ ദേശത്തിലെ പട്ടണങ്ങള്‍ ഉപരോധിക്കും; നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കുന്ന ദേശത്തിലെ പട്ടണങ്ങള്‍ എല്ലാം അവര്‍ ആക്രമിക്കും. നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളെ ഉപരോധിച്ചു ഞെരുക്കുമ്പോള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കിയിട്ടുള്ള സ്വന്തം പുത്രീപുത്രന്മാരുടെ മാംസം നിങ്ങള്‍ ഭക്ഷിക്കും. [54,55] നിങ്ങളുടെ കൂട്ടത്തിലെ ഏറ്റവും കരുണാര്‍ദ്രനും സഹതാപമുള്ളവനും ആയ ആള്‍പോലും ഈ മാംസം തന്‍റെ സഹോദരനോ പ്രിയപ്പെട്ട ഭാര്യക്കോ മറ്റു മക്കള്‍ക്കോ അല്പംപോലും പങ്കുവയ്‍ക്കുകയില്ല. ശത്രുക്കള്‍ നിങ്ങളുടെ പട്ടണങ്ങള്‍ നിരോധിച്ചു ഞെരുക്കുമ്പോള്‍ അയാള്‍ക്ക് ഭക്ഷിക്കാന്‍ മറ്റൊന്നും ഉണ്ടായിരിക്കുകയില്ല. *** കുലീനയും ആര്‍ദ്രമനസ്കയും ഒരിക്കല്‍പോലും പാദം നിലത്തു ചവിട്ടാന്‍ വയ്യാത്തവിധം പേലവാംഗിയും ആയ സ്‍ത്രീപോലും തന്‍റെ കാന്തനെയും മക്കളെയും കരുണയറ്റ കണ്ണുകൊണ്ടു നോക്കും. ശത്രു പട്ടണം ഉപരോധിച്ചു ഞെരുക്കുമ്പോള്‍ ഭക്ഷണം ലഭിക്കാതെ നിസ്സഹായയായിത്തീരുന്ന അവള്‍ തനിക്ക് ജനിക്കുന്ന കുഞ്ഞിനെയും മറുപിള്ളയെയും ഭക്ഷിക്കും. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ ശ്രേഷ്ഠവും ഭയാനകവുമായ നാമത്തെ ആദരിക്കാതെയും ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന അവിടുത്തെ ധര്‍മശാസ്ത്രം അനുസരിക്കാതെയും ഇരുന്നാല്‍ അവിടുന്ന് നിങ്ങളുടെയും നിങ്ങളുടെ സന്തതിയുടെയുംമേല്‍ മാരകമായ തീരാവ്യാധികളും നീണ്ടുനില്‌ക്കുന്ന വിചിത്ര ബാധകളും വരുത്തും; നിങ്ങള്‍ ഈജിപ്തില്‍വച്ചു ഭയപ്പെട്ട ബാധകളെല്ലാം അവിടുന്നു നിങ്ങളുടെമേല്‍ അയയ്‍ക്കും. അവയില്‍നിന്നും നിങ്ങള്‍ ഒരിക്കലും രക്ഷപെടുകയില്ല. നിങ്ങള്‍ നിശ്ശേഷം നശിക്കുന്നതുവരെ സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്രത്തില്‍ എഴുതിയിട്ടില്ലാത്ത രോഗങ്ങളും ബാധകളും നിങ്ങളുടെമേല്‍ അയച്ചുകൊണ്ടിരിക്കും; നിങ്ങള്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ പെരുകിയിരിക്കുന്നെങ്കിലും നിങ്ങളില്‍ ചുരുക്കം പേര്‍ മാത്രം അവശേഷിക്കും; നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ നിങ്ങള്‍ അനുസരിച്ചില്ലല്ലോ. നിങ്ങള്‍ക്കു നന്മ ചെയ്യുന്നതിലും നിങ്ങളുടെ സംഖ്യ വര്‍ധിപ്പിക്കുന്നതിലും അവിടുന്നു സന്തോഷിച്ചതുപോലെ നിങ്ങളെ നശിപ്പിക്കുന്നതിലും സര്‍വേശ്വരന്‍ സന്തോഷിക്കും; നിങ്ങള്‍ കൈവശപ്പെടുത്താന്‍ പോകുന്ന ദേശത്തുനിന്ന് നിങ്ങളെ പിഴുതുകളയും. ഭൂമിയില്‍ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെയുള്ള എല്ലാ ജനതകളുടെയും ഇടയിലേക്ക് അവിടുന്ന് നിങ്ങളെ ചിതറിക്കും; അവിടെ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ ആരാധിച്ചിട്ടില്ലാത്തതും മരംകൊണ്ടും കല്ലുകൊണ്ടും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതുമായ അന്യദേവന്മാരെ നിങ്ങള്‍ സേവിക്കും. ആ ജനതകളുടെ ഇടയില്‍ നിങ്ങള്‍ക്കു സ്വസ്ഥത ലഭിക്കുകയില്ല; നിങ്ങളുടെ പാദങ്ങള്‍ വിശ്രമം അറിയുകയില്ല. നിങ്ങളുടെ ഹൃദയം വിറകൊള്ളും; നിങ്ങളുടെ കാഴ്ച മങ്ങും; നിങ്ങളുടെ മനസ്സ് കലങ്ങിപ്പോകും. സര്‍വേശ്വരന്‍ ഇതെല്ലാം നിങ്ങള്‍ക്കു വരുത്തും. നിങ്ങളുടെ ജീവന്‍ എപ്പോഴും അപകടത്തിലായിരിക്കും; രാവും പകലും നിങ്ങള്‍ ഭീതിയില്‍ കഴിയും; നിങ്ങള്‍ എല്ലായ്പോഴും അരക്ഷിതരായിരിക്കും. നിങ്ങളുടെ ഹൃദയത്തില്‍ തിങ്ങിനില്‌ക്കുന്ന ഭയം നിമിത്തവും നിങ്ങള്‍ കാണുന്ന കാഴ്ചകള്‍ നിമിത്തവും പ്രഭാതമാകുമ്പോള്‍ സന്ധ്യയായെങ്കില്‍ എന്നും സന്ധ്യയാകുമ്പോള്‍ നേരം വെളുത്തിരുന്നെങ്കില്‍ എന്നും നിങ്ങള്‍ പറയും; ഇനി ഒരിക്കലും മടങ്ങിപ്പോകേണ്ടിവരികയില്ല എന്നു പറഞ്ഞ് ഈജിപ്തിലേക്കു സര്‍വേശ്വരന്‍ നിങ്ങളെ കപ്പലില്‍ അയയ്‍ക്കും; അവിടെ ശത്രുക്കള്‍ക്കു നിങ്ങള്‍ സ്വയം അടിമകളായി വില്‍ക്കപ്പെടാന്‍ ആഗ്രഹിക്കും; എന്നാല്‍ ആരും നിങ്ങളെ വാങ്ങുകയില്ല. സീനായ്മലയില്‍ വച്ചു സര്‍വേശ്വരന്‍ ഇസ്രായേല്‍ജനത്തോടു ചെയ്ത ഉടമ്പടി കൂടാതെ മോവാബ്‍ദേശത്തുവച്ച് അവരോടു ചെയ്യാന്‍ അവിടുന്നു മോശയോടു കല്പിച്ച ഉടമ്പടിയിലെ വചനങ്ങള്‍ ഇവയാകുന്നു; മോശ ഇസ്രായേല്‍ജനത്തെയെല്ലാം വിളിച്ചുകൂട്ടി പറഞ്ഞു: “ഈജിപ്തില്‍വച്ചു ഫറവോയോടും അയാളുടെ സേവകരോടും അയാളുടെ ദേശത്തോടും സര്‍വേശ്വരന്‍ ചെയ്തതെല്ലാം നിങ്ങള്‍ കണ്ടതാണല്ലോ. നിങ്ങള്‍ നേരിട്ടു കണ്ട മഹാപരീക്ഷകളായ അടയാളങ്ങളും അദ്ഭുതപ്രവൃത്തികളുംതന്നെ. എങ്കിലും ഗ്രഹിക്കാനുള്ള ഹൃദയവും കാണാനുള്ള കണ്ണും കേള്‍ക്കാനുള്ള ചെവിയും സര്‍വേശ്വരന്‍ ഇന്നുവരെ നിങ്ങള്‍ക്കു നല്‌കിയിട്ടില്ല. നാല്പതു സംവത്സരങ്ങള്‍ മരുഭൂമിയിലൂടെ അവിടുന്നു നിങ്ങളെ വഴി നടത്തി; എങ്കിലും നിങ്ങള്‍ ധരിച്ചിരുന്ന വസ്ത്രം ജീര്‍ണിക്കുകയോ കാലിലെ ചെരുപ്പു തേഞ്ഞു പോകുകയോ ചെയ്തില്ല. നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ അപ്പമോ കുടിക്കാന്‍ വീഞ്ഞോ, ലഹരിപാനീയങ്ങളോ ഉണ്ടായിരുന്നില്ല. എങ്കിലും അവിടുന്നു നിങ്ങളുടെ ദൈവമാകുന്നു എന്നു നിങ്ങള്‍ അറിയേണ്ടതിനു നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം അവിടുന്നു നല്‌കി. നാം ഇവിടേക്കു വരുമ്പോള്‍ ഹെശ്ബോനിലെ രാജാവായ സീഹോനും ബാശാനിലെ രാജാവായ ഓഗും നമുക്കെതിരായി യുദ്ധത്തിനു വന്നു; എന്നാല്‍ നാം അവരെ പരാജയപ്പെടുത്തി. അവരുടെ ദേശം പിടിച്ചടക്കി രൂബേന്‍റെയും ഗാദിന്‍റെയും ഗോത്രങ്ങള്‍ക്കും മനശ്ശെയുടെ പകുതി ഗോത്രത്തിനും അവകാശമായി കൊടുത്തു. അതുകൊണ്ട് നിങ്ങളുടെ പ്രവൃത്തികളിലെല്ലാം വിജയിക്കുന്നതിന് ഈ ഉടമ്പടിയിലെ എല്ലാ വചനങ്ങളും ശ്രദ്ധാപൂര്‍വം പാലിക്കണം. നിങ്ങളുടെ ഗോത്രത്തലവന്മാരും നഗരനേതാക്കന്മാരും ഉദ്യോഗസ്ഥന്മാരും ഇസ്രായേല്‍ജനം മുഴുവനും നിങ്ങളുടെ സ്‍ത്രീകളും കുട്ടികളും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശികളും മരംവെട്ടുകാരും വെള്ളം കോരുന്നവരും എല്ലാം ഇപ്പോള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍ നില്‌ക്കുന്നു. [12,13] അവിടുന്ന് നിങ്ങളോട് അരുളിച്ചെയ്തതുപോലെയും നിങ്ങളുടെ പിതാക്കന്മാരായ അബ്രഹാം, ഇസ്ഹാക്ക്, യാക്കോബ് എന്നിവരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെയും ഇന്നു നിങ്ങളെ അവിടുത്തെ സ്വന്തം ജനമാക്കും. അവിടുന്നു നിങ്ങളുടെ ദൈവമായിരിക്കും. ഇതിനുവേണ്ടി അവിടുന്ന് ഇന്ന് ഏര്‍പ്പെടുത്തുന്ന പ്രതിജ്ഞാപൂര്‍വമായ ഉടമ്പടിയിലേക്ക് നിങ്ങള്‍ പ്രവേശിക്കാന്‍ പോകുകയാണ്. സര്‍വേശ്വരന്‍ പ്രതിജ്ഞാപൂര്‍വമായ ഈ ഉടമ്പടി ചെയ്യുന്നത് നിങ്ങളോടു മാത്രമല്ല, *** ഇന്ന് ഇവിടെ സര്‍വേശ്വരന്‍റെ സന്നിധിയില്‍ നമ്മോടൊത്തു നില്‌ക്കുന്നവരോടും, ഇവിടെ നമ്മോടൊത്തു ഇല്ലാത്തവരോടും കൂടിയാണ്. ഈജിപ്തിലെ ജീവിതവും അന്യജനതകളുടെ ദേശത്തുകൂടിയുള്ള യാത്രയും എങ്ങനെ ആയിരുന്നു എന്നു നിങ്ങള്‍ക്ക് അറിയാമല്ലോ. മരം, കല്ല്, വെള്ളി, സ്വര്‍ണം എന്നിവകൊണ്ടു നിര്‍മ്മിച്ച അവരുടെ മ്ലേച്ഛവിഗ്രഹങ്ങള്‍ നിങ്ങള്‍ കണ്ടു. ഇവിടെ കൂടിയിരിക്കുന്ന ഏതെങ്കിലും സ്‍ത്രീയോ പുരുഷനോ കുലമോ ഗോത്രമോ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ വിട്ട് ആ ജനതകളുടെ ദേവന്മാരെ ആരാധിക്കരുത്. കയ്പുള്ള വിഷഫലം കായ്‍ക്കുന്ന വൃക്ഷത്തിന്‍റെ വേര് നിങ്ങളുടെ ഇടയില്‍ ഉണ്ടാകരുത്. അങ്ങനെയുള്ളവന്‍ ഈ മുന്നറിയിപ്പുകള്‍ കേള്‍ക്കുമ്പോള്‍ “ഞാന്‍ എന്‍റെ ദുശ്ശാഠ്യത്തിനനുസരിച്ചു ജീവിച്ചാലും സകലവും ശുഭമായിരിക്കും” എന്നു പറഞ്ഞു സ്വയം ആശ്വസിക്കും. അതു സജ്ജനങ്ങളും ദുര്‍ജ്ജനങ്ങളും ഒരുപോലെ നശിക്കുന്നതിന് ഇടയാക്കും; അങ്ങനെയുള്ളവനോടു സര്‍വേശ്വരന്‍ ക്ഷമിക്കുകയില്ല; അവിടുത്തെ കോപവും തീക്ഷ്ണതയും അവന്‍റെ നേരെ ആളിക്കത്തും. അവിടുന്ന് അവന്‍റെ നാമം ആകാശത്തിന്‍ കീഴില്‍നിന്ന് തുടച്ചുമാറ്റും. ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ശാപമെല്ലാം അവന്‍റെമേല്‍ പതിക്കും. ഇസ്രായേലിലെ സകല ഗോത്രങ്ങളില്‍നിന്നും സര്‍വേശ്വരന്‍ അവനെ ശാപത്തിനായി വേര്‍തിരിക്കും. ഈ ധര്‍മശാസ്ത്രപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന സകല ശാപത്തിനും അനുസൃതമായി അവിടുന്ന് അവനെ നശിപ്പിക്കും. നിങ്ങള്‍ക്കു ഭാവിയില്‍ ജനിക്കുന്ന സന്താനങ്ങളും വിദൂരദേശങ്ങളില്‍നിന്നു വരുന്ന പരദേശികളും സര്‍വേശ്വരന്‍ നിങ്ങളുടെ ദേശത്തു വരുത്തിയ ബാധകളും രോഗങ്ങളും കാണും. പാഴ്നിലങ്ങള്‍ ഗന്ധകത്തിന്‍റെയും ഉപ്പിന്‍റെയും കത്തിയെരിയുന്ന കട്ടകള്‍കൊണ്ടു നിറഞ്ഞിരിക്കും. അവിടെ യാതൊന്നും നടാന്‍ കഴിയുകയില്ല; പുല്ലുപോലും മുളയ്‍ക്കുകയില്ല. സര്‍വേശ്വരന്‍ തന്‍റെ കോപത്താല്‍ നശിപ്പിച്ച സൊദോം, ഗൊമോറാ, അദ്മ, സെബോയീം എന്നീ പട്ടണങ്ങള്‍ പോലെയായിരിക്കും നിങ്ങളുടെ ദേശം. സര്‍വേശ്വരന്‍ ഈ ദേശത്തോട് ഇങ്ങനെ ചെയ്തത് എന്തുകൊണ്ട്? അവിടുന്ന് ഇത്രമാത്രം കോപിക്കാന്‍ കാരണമെന്ത് എന്നു സകല ജനതകളും ചോദിക്കും. അതിനുള്ള മറുപടി ഇതായിരിക്കും. അവരുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന്‍ അവരെ ഈജിപ്തില്‍നിന്നു കൂട്ടിക്കൊണ്ടു വന്നപ്പോള്‍ അവിടുന്ന് അവരോടു ചെയ്ത ഉടമ്പടി അവര്‍ ഉപേക്ഷിച്ചു. അവര്‍ മുമ്പൊരിക്കലും ആരാധിച്ചിട്ടില്ലാത്തതും അവിടുന്ന് വിലക്കിയിട്ടുള്ളതുമായ ദേവന്മാരെ സേവിക്കുകയും ആരാധിക്കുകയും ചെയ്തു. അതുകൊണ്ട് അവിടുന്ന് അവരോടു കോപിക്കുകയും ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള സകല ശാപങ്ങളും അവരുടെമേല്‍ വരുത്തുകയും ചെയ്തു. സര്‍വേശ്വരന്‍ ഉഗ്രകോപത്തോടും ക്രോധത്തോടും അവരെ വിദേശത്തേക്ക് പിഴുതെറിഞ്ഞു. അവര്‍ ഇന്ന് അവിടെ പാര്‍ക്കുന്നു. നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ ചില നിഗൂഢകാര്യങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍ അവിടുത്തെ ധര്‍മശാസ്ത്രം എന്നേക്കുമായി നമുക്കും നമ്മുടെ സന്താനങ്ങള്‍ക്കും വെളിപ്പെടുത്തി തന്നിരിക്കുന്നു; അവ നാം അനുസരിച്ചു ജീവിക്കേണ്ടതാണ്. ഞാന്‍ നിങ്ങളോടു പറഞ്ഞ അനുഗ്രഹവും ശാപവും നിങ്ങള്‍ക്ക് സംഭവിക്കുകയും സര്‍വേശ്വരന്‍ നിങ്ങളെ ചിതറിച്ച ജനതകളുടെ നടുവില്‍ നിങ്ങള്‍ പാര്‍ക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കും. നിങ്ങളും നിങ്ങളുടെ സന്താനങ്ങളും സര്‍വേശ്വരനിലേക്കു തിരിഞ്ഞ് ഞാന്‍ ഇന്നു നിങ്ങള്‍ക്കു നല്‌കുന്ന അവിടുത്തെ കല്പനകള്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും കൂടെ അനുസരിച്ചാല്‍, നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു നിങ്ങളോടു കനിവുതോന്നും; നിങ്ങളുടെ അടിമത്തം അവസാനിപ്പിക്കും. അവിടുന്ന് നിങ്ങളെ ചിതറിച്ച സകല ജനതകളില്‍നിന്നും നിങ്ങളെ തിരിച്ചുകൊണ്ടുവരികയും ചെയ്യും. ആകാശത്തിന്‍റെ അറുതികള്‍ വരെ നിങ്ങളെ ചിതറിച്ചാലും നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അവിടെനിന്നു നിങ്ങളെ ഒരുമിച്ചുകൂട്ടി തിരിച്ചുകൊണ്ടുവരും. നിങ്ങളുടെ പിതാക്കന്മാര്‍ അവകാശമാക്കിയിരുന്ന ദേശത്തേക്കു നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ കൊണ്ടുവരും. അതു നിങ്ങള്‍ വീണ്ടും കൈവശമാക്കും. അവിടുന്ന് നിങ്ങള്‍ക്കു നന്മ ചെയ്യുകയും നിങ്ങളുടെ പിതാക്കന്മാരെക്കാള്‍ കൂടുതല്‍ സംഖ്യാബലം ഉള്ളവരാക്കുകയും ചെയ്യും. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളുടെയും നിങ്ങളുടെ സന്താനങ്ങളുടെയും മനം തിരിയുമാറാക്കും; നിങ്ങള്‍ സര്‍വേശ്വരനെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും സ്നേഹിക്കും; അങ്ങനെ നിങ്ങള്‍ തുടര്‍ന്നു ജീവിക്കും; നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഈ ശാപങ്ങളെല്ലാം നിങ്ങളെ വെറുക്കുകയും പീഡിപ്പിക്കുകയും ചെയ്ത ശത്രുക്കളുടെമേല്‍ വരുത്തും. നിങ്ങള്‍ സര്‍വേശ്വരനിലേക്ക് തിരിയുകയും അവിടുത്തെ അനുസരിക്കുകയും ഞാന്‍ ഇന്നു നിങ്ങള്‍ക്കു നല്‌കുന്ന അവിടുത്തെ കല്പനകളെല്ലാം പാലിക്കുകയും ചെയ്യും. നിങ്ങളുടെ സകല പ്രവൃത്തികളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കും; നിങ്ങള്‍ക്കു സന്താനങ്ങളിലും ആടുമാടുകളിലും നിലങ്ങളിലെ വിളവുകളിലും സമൃദ്ധി വരുത്തും. നിങ്ങളുടെ പിതാക്കന്മാരുടെ ഐശ്വര്യത്തില്‍ സന്തോഷിച്ചിരുന്നതുപോലെ സര്‍വേശ്വരന്‍ നിങ്ങളുടെ ഐശ്വര്യത്തിലും സന്തോഷിക്കും. എന്നാല്‍ നിങ്ങള്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും നിങ്ങളുടെ ദൈവമായ സര്‍വേശ്വരനിലേക്കു തിരിയുകയും അവിടുത്തെ അനുസരിക്കുകയും ഈ ധര്‍മശാസ്ത്രഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന കല്പനകളും ചട്ടങ്ങളും പാലിക്കുകയും വേണം. ഞാന്‍ ഇന്നു നല്‌കുന്ന കല്പനകള്‍ അനുസരിക്കാന്‍ കഴിയാത്തവിധം കഠിനമല്ല; അവ അപ്രാപ്യമാംവിധം അകലെയുമല്ല. നമുക്ക് കേള്‍ക്കാനും അനുസരിക്കാനുമായി ആര്‍ സ്വര്‍ഗത്തില്‍ പോയി അതു കൊണ്ടുവന്നുതരും എന്നു ചോദിക്കാന്‍ അതു സ്വര്‍ഗത്തിലല്ല. നമുക്ക് കേള്‍ക്കാനും അനുസരിക്കുവാനുമായി ആരു സമുദ്രം കടന്ന് അതു കൊണ്ടുവരും എന്നു ചോദിക്കാന്‍ അതു സമുദ്രത്തിനപ്പുറവുമല്ല. വചനം നിങ്ങള്‍ക്കു സമീപസ്ഥമാണ്; നിങ്ങള്‍ക്ക് അനുസരിക്കാന്‍ തക്കവിധം അതു നിങ്ങളുടെ അധരങ്ങളിലും ഹൃദയങ്ങളിലും ഇരിക്കുന്നു. ഇതാ, ഇന്ന് നന്മയും തിന്മയും ജീവനും മരണവും നിങ്ങളുടെ മുമ്പില്‍ ഞാന്‍ വയ്‍ക്കുന്നു. ഇന്നു ഞാന്‍ നിങ്ങളോടു നിര്‍ദ്ദേശിക്കുന്നതുപോലെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ സ്നേഹിക്കുകയും അവിടുത്തെ വഴികളില്‍ നടക്കുകയും അവിടുത്തെ കല്പനകളും ചട്ടങ്ങളും അനുശാസനങ്ങളും അനുസരിക്കുകയും ചെയ്താല്‍ നിങ്ങള്‍ ജീവിക്കും; നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന ദേശത്ത് അവിടുന്നു നിങ്ങളെ അനുഗ്രഹിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യും. എന്നാല്‍ നിങ്ങള്‍ ഇതു ശ്രദ്ധിക്കാതെ നിങ്ങളുടെ ഹൃദയം സര്‍വേശ്വരനില്‍നിന്നു പിന്‍വലിച്ച് അന്യദേവന്മാരെ ആരാധിക്കുകയും സേവിക്കുകയും ചെയ്താല്‍ നിങ്ങള്‍ നിശ്ചയമായും നശിച്ചുപോകും എന്നു ഞാന്‍ ഇന്നു നിങ്ങളെ അറിയിക്കുന്നു. യോര്‍ദ്ദാന്‍നദി കടന്നു നിങ്ങള്‍ കൈവശപ്പെടുത്താന്‍ പോകുന്ന ദേശത്തു നിങ്ങള്‍ ദീര്‍ഘകാലം ജീവിച്ചിരിക്കുകയില്ല. നിങ്ങള്‍ക്കു തിരഞ്ഞെടുക്കാന്‍ തക്കവിധം ജീവനും മരണവും അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പില്‍ ഇപ്പോള്‍ ഞാന്‍ വച്ചിരിക്കുന്നു. നിങ്ങള്‍ക്കെതിരെ സാക്ഷ്യം വഹിക്കാന്‍ സ്വര്‍ഗത്തോടും ഭൂമിയോടും ഞാന്‍ ആവശ്യപ്പെടുന്നു. നിങ്ങളും നിങ്ങളുടെ സന്തതികളും ജീവിക്കേണ്ടതിനു ജീവനെ തിരഞ്ഞെടുക്കുക; നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ സ്നേഹിക്കുകയും അനുസരിക്കുകയും അവിടുത്തോടു വിശ്വസ്തത പുലര്‍ത്തുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ക്ക് ജീവനും ദീര്‍ഘായുസ്സും ഉണ്ടാകും; നിങ്ങളുടെ പിതാക്കന്മാരായ അബ്രഹാമിനും ഇസ്ഹാക്കിനും യാക്കോബിനും നല്‌കുമെന്ന് അവിടുന്നു വാഗ്ദാനം ചെയ്തിരുന്ന ദേശത്തു നിങ്ങള്‍ വസിക്കുകയും ചെയ്യും. മോശ തുടര്‍ന്ന് ഇസ്രായേല്‍ജനത്തോട് ഇങ്ങനെ പറഞ്ഞു: “എനിക്ക് ഇപ്പോള്‍ നൂറ്റിഇരുപതു വയസ്സായി; നിങ്ങളെ നയിക്കാനുള്ള ശക്തി എനിക്കില്ല. മാത്രമല്ല, യോര്‍ദ്ദാന്‍നദി ഞാന്‍ കടക്കുകയില്ലെന്ന് സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തിട്ടുമുണ്ട്. നിങ്ങളുടെ ദൈവമായ സര്‍വ്വേശ്വരന്‍തന്നെ നിങ്ങളെ നയിക്കും. അവിടെയുള്ള ജനതകളെ നിങ്ങളുടെ മുമ്പില്‍നിന്ന് അവിടുന്നു നശിപ്പിക്കും. അങ്ങനെ ആ ദേശം നിങ്ങള്‍ കൈവശമാക്കും; അവിടുന്നു കല്പിച്ചതുപോലെ യോശുവ നിങ്ങളെ നയിക്കും; അമോര്യരാജാക്കന്മാരായ സീഹോനെയും ഓഗിനെയും അവരുടെ ദേശത്തെയും നശിപ്പിച്ചതുപോലെ സര്‍വേശ്വരന്‍ ഈ ജനതകളെയും നശിപ്പിക്കും. അവിടുന്ന് അവരെ നിങ്ങളുടെ കൈയില്‍ ഏല്പിക്കും. അപ്പോള്‍ ഞാന്‍ നിങ്ങളോടു കല്പിച്ചതുപോലെ അവരോടു പ്രവര്‍ത്തിക്കണം. ശക്തരും ധീരരും ആയിരിക്കുക; അവരെ ഭയപ്പെടരുത്; അവരെ കണ്ട് പരിഭ്രമിക്കയുമരുത്; നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളുടെ കൂടെയുണ്ട്; അവിടുന്നു നിങ്ങളെ നിരാശപ്പെടുത്തുകയില്ല, ഉപേക്ഷിക്കുകയുമില്ല. സര്‍വ ഇസ്രായേല്യരുടെയും മുമ്പാകെ യോശുവയെ കൊണ്ടുവന്നു നിര്‍ത്തിയിട്ട് മോശ പറഞ്ഞു: “ശക്തനും ധീരനും ആയിരിക്കുക; സര്‍വേശ്വരന്‍ ഈ ജനത്തിനു നല്‌കുമെന്ന് ഇവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്ന ദേശം കൈവശമാക്കുവാന്‍ നീ അവരെ നയിക്കണം. അവിടുന്നാണ് നിന്‍റെ മുമ്പില്‍ പോകുന്നത്; അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ നിരാശപ്പെടുത്തുകയില്ല; ഉപേക്ഷിക്കുകയുമില്ല. അതുകൊണ്ട് ഭയപ്പെടുകയോ പതറുകയോ വേണ്ട.” മോശ ഈ ധര്‍മശാസ്ത്രം എഴുതി, സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന ലേവ്യപുരോഹിതന്മാരെയും ഇസ്രായേല്‍നേതാക്കളെയും ഏല്പിച്ചു; മോശ അവരോടു പറഞ്ഞു: “വിമോചനവര്‍ഷമായ ഓരോ ഏഴാം വര്‍ഷത്തിലും കൂടാരപ്പെരുന്നാള്‍ ആചരിക്കാന്‍ സര്‍വേശ്വരന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് തിരുസാന്നിധ്യത്തില്‍ ഇസ്രായേല്‍ജനം സമ്മേളിക്കുമ്പോള്‍ നിങ്ങള്‍ ഈ ധര്‍മശാസ്ത്രം എല്ലാവരും കേള്‍ക്കത്തക്കവിധം വായിക്കണം. സകല പുരുഷന്മാരെയും സ്‍ത്രീകളെയും കുട്ടികളെയും നിങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ക്കുന്ന പരദേശികളെയും വിളിച്ചുകൂട്ടണം. എല്ലാവരും ഇതുകേട്ട് നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ഭയപ്പെടുവാന്‍ പഠിക്കേണ്ടതിനും ഈ ധര്‍മശാസ്ത്രത്തിലെ കല്പനകള്‍ ശ്രദ്ധയോടെ പാലിക്കേണ്ടതിനും ഇടയാകട്ടെ. അങ്ങനെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്രം ഒരിക്കലും കേട്ടിട്ടില്ലാത്ത നിങ്ങളുടെ സന്താനങ്ങളും കേള്‍ക്കാന്‍ ഇടയാകും. യോര്‍ദ്ദാന്‍ കടന്നു നിങ്ങള്‍ കൈവശമാക്കുവാന്‍ പോകുന്ന ദേശത്തു പാര്‍ക്കുന്നിടത്തോളം കാലം നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ അവര്‍ ഭയപ്പെടാന്‍ പഠിക്കേണ്ടതിനും ഇടയാകട്ടെ.” സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “നിന്‍റെ മരണദിവസം അടുത്തിരിക്കുന്നു; എന്‍റെ നിര്‍ദ്ദേശങ്ങള്‍ യോശുവയ്‍ക്കു നല്‌കാന്‍വേണ്ടി അവനെയും കൂട്ടി തിരുസാന്നിധ്യകൂടാരത്തില്‍ വരിക. അങ്ങനെ മോശയും യോശുവയും തിരുസാന്നിധ്യകൂടാരത്തില്‍ സന്നിഹിതരായി. അപ്പോള്‍ സര്‍വേശ്വരന്‍ കൂടാരത്തില്‍ മേഘസ്തംഭത്തിന്മേല്‍ അവര്‍ക്കു പ്രത്യക്ഷനായി. മേഘസ്തംഭം കൂടാരവാതില്‌ക്കല്‍ നിന്നു. അവിടുന്നു മോശയോട് അരുളിച്ചെയ്തു: നീ മരണമടഞ്ഞു നിന്‍റെ പൂര്‍വപിതാക്കന്മാരോടു ചേരാനുള്ള സമയം ആയിരിക്കുന്നു. ഈ ജനം തങ്ങള്‍ പാര്‍ക്കാന്‍ പോകുന്ന ദേശത്തിലെ അന്യദേവന്മാരുടെ പിന്നാലെ ചെന്ന് എന്നോട് അവിശ്വസ്തമായി പെരുമാറുകയും എന്നെ ഉപേക്ഷിക്കുകയും ചെയ്യും. അങ്ങനെ ഞാന്‍ അവരോട് ചെയ്ത ഉടമ്പടി അവര്‍ ലംഘിക്കും. അപ്പോള്‍ എന്‍റെ കോപം അവരുടെ നേരേ കത്തിജ്വലിക്കും; ഞാന്‍ അവരെ കൈവിടും; എന്‍റെ മുഖം അവരില്‍നിന്നു മറയ്‍ക്കും, അവര്‍ നശിക്കും; അവര്‍ക്കു അനര്‍ഥങ്ങളും കഷ്ടതകളും ധാരാളം ഉണ്ടാകും; ‘നമ്മുടെ ദൈവം നമ്മോടുകൂടെ ഇല്ലാത്തതുകൊണ്ടാണ് ഈ അനര്‍ഥങ്ങളെല്ലാം’ എന്ന് അവര്‍ അപ്പോള്‍ പറയും. എന്നാല്‍ അവര്‍ അന്യദേവന്മാരിലേക്കു തിരിഞ്ഞു ചെയ്തുപോയ തിന്മകള്‍ നിമിത്തം ഞാന്‍ എന്‍റെ മുഖം അന്ന് അവരില്‍നിന്നു മറയ്‍ക്കും. അതുകൊണ്ട് ഈ ഗാനം എഴുതി എടുത്ത് ഇസ്രായേല്‍ജനത്തെ പഠിപ്പിക്കുക; അത് അവര്‍ക്കെതിരെയുള്ള സാക്ഷ്യമായിരിക്കും. അവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ പാലും തേനും ഒഴുകുന്ന ദേശത്തേക്കു ഞാന്‍ അവരെ നയിക്കും; അവിടെ അവര്‍ തൃപ്തിയാകുവോളം ഭക്ഷിക്കുകയും തടിച്ചുകൊഴുക്കുകയും ചെയ്യുമ്പോള്‍ അവര്‍ അന്യദേവന്മാരിലേക്കു തിരിഞ്ഞ് അവരെ സേവിക്കും. അവര്‍ എന്നെ ഉപേക്ഷിക്കും; എന്‍റെ ഉടമ്പടി ലംഘിക്കും. എന്നാല്‍ പല അനര്‍ഥങ്ങളും കഷ്ടതകളും അവര്‍ക്കു സംഭവിക്കുമ്പോള്‍ ഈ ഗാനം അവര്‍ക്കു എതിരെ സാക്ഷ്യമായിരിക്കും. മറന്നുപോകാതെ അവരുടെ സന്തതികളുടെ നാവില്‍ അതു നിലകൊള്ളും; അവര്‍ക്ക് നല്‌കുമെന്നു വാഗ്ദാനം ചെയ്ത ദേശത്ത് അവരെ എത്തിക്കുന്നതിനു മുമ്പുതന്നെ അവരുടെ അന്തര്‍ഗതം ഞാന്‍ അറിയുന്നു. മോശ അന്നുതന്നെ ഈ ഗാനം എഴുതി ഇസ്രായേല്‍ജനത്തെ പഠിപ്പിച്ചു. പിന്നീട് സര്‍വേശ്വരന്‍ നൂനിന്‍റെ മകനായ യോശുവയോടു പറഞ്ഞു: ശക്തിയും ധൈര്യവും ഉള്ളവനായിരിക്കുക. ഞാന്‍ വാഗ്ദാനം ചെയ്ത ദേശത്തേക്കു നീ ഇസ്രായേല്‍ജനത്തെ നയിക്കും; ഞാന്‍ നിന്നോടൊത്തുണ്ടായിരിക്കും. മോശ ധര്‍മശാസ്ത്രത്തിലെ വചനങ്ങള്‍ മുഴുവനും ഒരു പുസ്തകത്തില്‍ എഴുതി. പിന്നീട് അവിടുത്തെ ഉടമ്പടിപ്പെട്ടകം വഹിക്കുന്ന ലേവ്യപുരോഹിതന്മാരോടു മോശ പറഞ്ഞു: ഈ ധര്‍മശാസ്ത്രഗ്രന്ഥം നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകത്തിനടുത്തു വയ്‍ക്കുക; അത് നിങ്ങള്‍ക്ക് എതിരെയുള്ള സാക്ഷ്യമായിരിക്കട്ടെ. നിങ്ങള്‍ എത്രമാത്രം ദുശ്ശാഠ്യക്കാരും അനുസരണമില്ലാത്തവരുമാണെന്ന് എനിക്ക് അറിയാം; ഞാന്‍ നിങ്ങളുടെകൂടെ ജീവിച്ചിരുന്നപ്പോള്‍ത്തന്നെ നിങ്ങള്‍ സര്‍വേശ്വരനോടു മത്സരിക്കുന്നവരായിരുന്നു. എന്‍റെ മരണശേഷം എത്ര അധികമായി നിങ്ങള്‍ അവിടുത്തോടു മത്സരിക്കും? നിങ്ങളുടെ സകല ഗോത്രനേതാക്കളെയും അധിപതികളെയും എന്‍റെ അടുക്കല്‍ വിളിച്ചുകൂട്ടുക. ഇവയെല്ലാം ഞാന്‍ അവരോടു നേരിട്ടു പറയട്ടെ; അവര്‍ക്കെതിരെ ആകാശവും ഭൂമിയും സാക്ഷ്യം വഹിക്കട്ടെ. എന്‍റെ മരണശേഷം അധര്‍മികളായിത്തീര്‍ന്നു ഞാന്‍ കല്പിച്ച മാര്‍ഗത്തില്‍നിന്നു നിങ്ങള്‍ വ്യതിചലിക്കുമെന്ന് എനിക്കറിയാം. സര്‍വേശ്വരന്‍റെ മുമ്പില്‍ തിന്മ പ്രവര്‍ത്തിക്കുകയും നിങ്ങളുടെ പ്രവൃത്തികളാല്‍ അവിടുത്തെ പ്രകോപിപ്പിക്കുകയും ചെയ്യും. തല്‍ഫലമായി വരുംകാലങ്ങളില്‍ നിങ്ങള്‍ക്ക് അനര്‍ഥങ്ങളുണ്ടാകും. മോശ ഇസ്രായേല്‍ജനത്തെ ഈ ഗാനം ചൊല്ലി കേള്‍പ്പിച്ചു. ആകാശമേ, ചെവി തരൂ; ഞാന്‍ സംസാരിക്കട്ടെ. ഭൂതലമേ, എന്‍റെ വാക്കുകള്‍ ശ്രദ്ധിക്കൂ; എന്‍റെ ഉപദേശം മഴപോലെ പൊഴിയട്ടെ. എന്‍റെ വാക്കുകള്‍ മഞ്ഞുതുള്ളികള്‍പോലെ തൂകട്ടെ. അവ ഇളംപുല്ലില്‍ മൃദുമാരിയായി ചാറട്ടെ സസ്യങ്ങളില്‍ മഴയായി പെയ്യട്ടെ. ഞാന്‍ സര്‍വേശ്വരനാമം ഉദ്ഘോഷിക്കും; നമ്മുടെ ദൈവത്തിന്‍റെ മഹത്ത്വം പ്രകീര്‍ത്തിക്കുവിന്‍. അവിടുന്നു നമ്മുടെ അഭയശില; അവിടുത്തെ പ്രവൃത്തികള്‍ അന്യൂനവും അവിടുത്തെ വഴികള്‍ നീതിയുക്തവുമാകുന്നു. അവിടുന്നു വിശ്വസ്തനും കുറ്റമറ്റവനുമാണ് അവിടുന്നു നീതിനിഷ്ഠനും നേരുള്ളവനുമാണ്. അവര്‍ അവിടുത്തോടു തിന്മ കാട്ടി, അവരുടെ കളങ്കംമൂലം അവര്‍ ഇനി അവിടുത്തെ മക്കളല്ല; അവര്‍ ദുഷ്ടതയും വക്രതയുമുള്ള തലമുറ; മൂഢരേ, വിവേകശൂന്യരേ, ഇതോ സര്‍വേശ്വരനുള്ള പ്രതിഫലം. അവിടുന്നാണല്ലോ നിങ്ങളുടെ പിതാവ് നിങ്ങളുടെ സ്രഷ്ടാവും അവിടുന്നു തന്നെ. അവിടുന്നാണല്ലോ നിങ്ങളെ നിര്‍മ്മിച്ചതും പരിപാലിക്കുന്നതും. കഴിഞ്ഞുപോയ കാലം ഓര്‍ക്കുക; കഴിഞ്ഞുപോയ തലമുറകളുടെ കാലം സ്മരിക്കുക; നിങ്ങളുടെ പിതാക്കന്മാരോടു ചോദിക്കുക; അവര്‍ സകലവും പറഞ്ഞുതരും. വൃദ്ധന്മാരോടു ചോദിക്കുക; അവര്‍ വിവരിച്ചുതരും. അത്യുന്നതന്‍ ജനതകള്‍ക്ക് അവകാശം നല്‌കിയപ്പോള്‍, മാനവരാശിയെ വിഭജിച്ചപ്പോള്‍, ഇസ്രായേല്‍ജനത്തിന്‍റെ എണ്ണത്തിനൊത്ത വിധം അവിടുന്നു ജനതകള്‍ക്ക് അതിര്‍ത്തി നിര്‍ണയിച്ചു സര്‍വേശ്വരന്‍റെ ഓഹരിയാണ് അവിടുത്തെ ജനം യാക്കോബിന്‍റെ സന്തതികള്‍ അവിടുത്തേക്കു വേര്‍തിരിച്ച അവകാശമാണ്. മരുഭൂമിയില്‍ അവിടുന്ന് അവരെ കണ്ടെത്തി; വിജനത ഓലിയിടുന്ന മരുഭൂമിയില്‍ തന്നെ. അവിടുന്ന് അവരെ കരവലയത്തിലാക്കി സംരക്ഷിച്ചു കണ്മണിപോലെ കാത്തുസൂക്ഷിച്ചു. കൂട് ഇളക്കിവിട്ടു കുഞ്ഞുങ്ങളുടെ മീതെ പറക്കുകയും, ചിറകില്‍ അവയെ വഹിക്കുകയും ചെയ്യുന്ന കഴുകനെപ്പോലെ സര്‍വേശ്വരന്‍തന്നെ അവരെ നയിച്ചു; അന്യദേവന്മാര്‍ അവരുടെ കൂടെ ഉണ്ടായിരുന്നില്ല. ഭൂമിയിലെ ഉന്നത തലങ്ങളില്‍കൂടി അവിടുന്ന് അവരെ വഴിനടത്തി; വയലിലെ വിളവുകള്‍ അവര്‍ ഭക്ഷിച്ചു; അവിടുന്നു പാറയില്‍നിന്നു തേനും കരിങ്കല്ലില്‍നിന്ന് എണ്ണയും അവര്‍ക്കു നല്‌കി. ആടുകളില്‍നിന്ന് പാലും പശുക്കളില്‍നിന്ന് തൈരും അവര്‍ക്കു നല്‌കി. ബാശാനിലെ മാടുകളുടെയും കോലാടുകളുടെയും മേദസ്സും മേല്‍ത്തരമായ കോതമ്പും നിങ്ങള്‍ക്കു നല്‌കി. മികച്ച മുന്തിരിച്ചാറിന്‍റെ വീഞ്ഞ് നിങ്ങളെ കുടിപ്പിക്കുകയും ചെയ്തു യെശൂരൂന്‍ കൊഴുത്തു തടിച്ചു; അവന്‍ മത്സരിച്ച് കാല്‍ കുടഞ്ഞു അവന്‍ തടിച്ചു കൊഴുത്തു മിനുങ്ങി അവന്‍ തന്‍റെ സ്രഷ്ടാവായ ദൈവത്തെ പരിത്യജിച്ചു; രക്ഷയുടെ പാറയെ പുച്ഛിച്ചുതള്ളി; അന്യദേവന്മാരെ ആരാധിച്ചു സര്‍വേശ്വരനെ അസഹിഷ്ണുവാക്കി; നിന്ദ്യകര്‍മങ്ങളാല്‍ അവര്‍ അവിടുത്തെ പ്രകോപിപ്പിച്ചു. ദൈവമല്ലാത്ത ദുര്‍ഭൂതങ്ങള്‍ക്ക് അവര്‍ യാഗം അര്‍പ്പിച്ചു. അവര്‍ അറിയുകയോ അവരുടെ പിതാക്കന്മാര്‍ ആരാധിക്കുകയോ ചെയ്തിട്ടില്ലാത്ത പുതുദേവന്മാരാണിവര്‍. അവര്‍ക്കു ജന്മം നല്‌കിയ സര്‍വശക്തനെ അവര്‍ അവഗണിച്ചു അവര്‍ക്കു രൂപം നല്‌കിയ ദൈവത്തെ അവര്‍ മറന്നു. സര്‍വേശ്വരന്‍ അതു കണ്ടു; അവരുടെ പുത്രീപുത്രന്മാരുടെ പ്രകോപനം നിമിത്തം അവരെ വെറുത്തു. അവിടുന്ന് അരുളിച്ചെയ്തു: ഞാന്‍ അവരില്‍നിന്ന് എന്‍റെ മുഖം മറയ്‍ക്കും. അവരുടെ അന്ത്യം എങ്ങനെ എന്നു ഞാന്‍ കാണും. അവര്‍ അവിശ്വസ്തരാണ്; നേരില്ലാത്ത ഒരു തലമുറയാണ്. ദൈവമല്ലാത്തവയെക്കൊണ്ട് അവര്‍ എന്നെ അസഹിഷ്ണുവാക്കി; മിഥ്യാമൂര്‍ത്തികളാല്‍ എന്നെ പ്രകോപിപ്പിച്ചു അതിനാല്‍ ജനതയല്ലാത്തവരെക്കൊണ്ട് ഞാന്‍ അവരെ അസൂയപ്പെടുത്തും. മൂഢരായ ഒരു ജനതയെക്കൊണ്ട് ഞാന്‍ അവരെ പ്രകോപിപ്പിക്കും. എന്‍റെ കോപത്താല്‍ അഗ്നി ജ്വലിച്ചിരിക്കുന്നു; പാതാളത്തിന്‍റെ അടിത്തട്ടുവരെ അതു കത്തിയിറങ്ങും. ഭൂമിയെയും അതിലെ വിളവുകളെയും അതു വിഴുങ്ങും; പര്‍വതങ്ങളുടെ അടിത്തറകളെ അതു ചാമ്പലാക്കും. ഞാന്‍ അവരുടെമേല്‍ അനര്‍ഥങ്ങള്‍ കുന്നുകൂട്ടും; എന്‍റെ അസ്ത്രങ്ങള്‍ അവരുടെ നേരെ അയയ്‍ക്കും. വിശപ്പുകൊണ്ട് അവര്‍ മരിക്കും; ദഹിപ്പിക്കുന്ന ചൂടും വിഷജ്വരവും അവരെ ഗ്രസിക്കും. വന്യമൃഗങ്ങളെയും വിഷസര്‍പ്പങ്ങളെയും ഞാന്‍ അവരുടെനേരേ അയയ്‍ക്കും പുറത്തു വാളും ഉള്ളില്‍ ഭീകരതയും നിറഞ്ഞിരിക്കും. യുവാക്കന്മാരും യുവതികളും മുലകുടിക്കുന്ന കുഞ്ഞുങ്ങളും വൃദ്ധന്മാരും നശിക്കും. ഞാന്‍ ഇങ്ങനെ പറയുമായിരുന്നു: “വിദൂരതയിലേക്ക് അവരെ ചിതറിക്കും; ജനതകളില്‍നിന്ന് അവരെക്കുറിച്ചുള്ള സ്മരണപോലും ഇല്ലാതെയാക്കും.” എന്നാല്‍ ശത്രുക്കള്‍ പ്രകോപിതരാവുകയും തെറ്റിദ്ധാരണ പൂണ്ട് “ഞങ്ങളുടെ കരങ്ങള്‍ ജയിച്ചിരിക്കുന്നു സര്‍വേശ്വരനല്ല ഇതെല്ലാം ചെയ്തത്” എന്നു പറയുകയും ചെയ്തെങ്കിലോ എന്നു ഞാന്‍ ഭയപ്പെടുന്നു. ഇസ്രായേല്‍ വിവേകമില്ലാത്ത ജനതയാകുന്നു; അവര്‍ക്കു ഗ്രഹണശക്തി അല്പംപോലുമില്ല. വിവേകികളെങ്കില്‍ അവരിതു മനസ്സിലാക്കുമായിരുന്നു. തങ്ങളുടെ അന്ത്യത്തെപ്പറ്റി ചിന്തിക്കുമായിരുന്നു. അവരുടെ പാറയായ ദൈവം അവരെ വിറ്റുകളയുകയും സര്‍വേശ്വരന്‍ അവരെ ഉപേക്ഷിക്കുകയും ചെയ്തില്ലായിരുന്നെങ്കില്‍ എങ്ങനെ ഒരാള്‍ ആയിരം പേരെ പിന്തുടരുമായിരുന്നു? എങ്ങനെ രണ്ടു പേര്‍ പതിനായിരം പേരെ തുരത്തുമായിരുന്നു അവരുടെ ദേവന്മാര്‍ നമ്മുടെ ദൈവത്തെപ്പോലെയല്ല നമ്മുടെ ശത്രുക്കള്‍പോലും അതു സമ്മതിക്കും. അവരുടെ മുന്തിരി സൊദോമിലെയും ഗൊമോറായിലെയും വയലുകളില്‍ വളരുന്നു. അവയുടെ ഫലങ്ങള്‍ വിഷമയമാണ് കുലകള്‍ കയ്പേറിയവയും. അവരുടെ വീഞ്ഞ് സര്‍പ്പവിഷമാണ്, വിഷപ്പാമ്പിന്‍റെ ഉഗ്രവിഷം! ഇവയെല്ലാം ഞാന്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുകയല്ലേ? എന്‍റെ അറകളില്‍ മുദ്രവച്ചു സൂക്ഷിച്ചിരിക്കുകയല്ലേ? പ്രതികാരം എന്‍റേതാണ് യഥാകാലം ഞാന്‍ പ്രതികാരം ചെയ്യും. അവരുടെ കാലുകള്‍ വഴുതും അവരുടെ വിനാശകാലം ആസന്നം. അവരുടെ അന്ത്യം അടുത്തിരിക്കുന്നു. അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നു അവര്‍ ദുര്‍ബലരും നിസ്സഹായരും ആണെന്നു കാണുമ്പോള്‍ സര്‍വേശ്വരന്‍ തന്‍റെ ജനത്തോടു നീതി കാട്ടും തന്‍റെ ദാസരോടു കരുണ കാണിക്കും. അപ്പോള്‍ അവിടുന്നു ചോദിക്കും: “അവരുടെ ദേവന്മാര്‍ എവിടെ? അവര്‍ അഭയംപ്രാപിച്ച പാറ എവിടെ? അവര്‍ അര്‍പ്പിച്ച യാഗവസ്തുക്കളുടെ മേദസ്സും പാനീയബലികളുടെ വീഞ്ഞും കുടിച്ച ദേവന്മാര്‍ എവിടെ?” അവര്‍ നിങ്ങളെ സഹായിക്കട്ടെ; അവര്‍ നിങ്ങളെ രക്ഷിക്കട്ടെ. ഇതാ ഞാന്‍, ഞാന്‍ മാത്രം ദൈവം; ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാനാണ്; മുറിവുണ്ടാക്കുന്നതും, സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെയാണ്; എന്‍റെ കൈയില്‍നിന്ന് ആരും നിങ്ങളെ വിടുവിക്കയില്ല. ഞാനാണു നിത്യനായ ദൈവം എന്നു കരം ഉയര്‍ത്തി ഞാന്‍ പ്രഖ്യാപിക്കുന്നു. എന്‍റെ മിന്നുന്ന വാളിനു മൂര്‍ച്ചകൂട്ടി ന്യായം നടത്താന്‍ തുടങ്ങുമ്പോള്‍ എന്‍റെ ശത്രുക്കളോടു ഞാന്‍ പ്രതികാരം ചെയ്യും; എന്നെ ദ്വേഷിക്കുന്നവരോടു പകരം വീട്ടും. എന്‍റെ അമ്പുകള്‍ രക്തം കുടിച്ചു ലഹരിപിടിക്കും. എന്‍റെ വാള്‍ മാംസം വിഴുങ്ങും; മുറിവേറ്റവരുടെയും തടവുകാരുടെയും രക്തം, ശത്രുക്കളുടെ തലയില്‍നിന്ന് ഒഴുകുന്ന രക്തം. ജനതകളേ, സര്‍വേശ്വരന്‍റെ ജനത്തെ പുകഴ്ത്തുക; തന്‍റെ ദാസന്മാരുടെ രക്തത്തിന് അവിടുന്നു പകരം ചോദിക്കും. തന്‍റെ ശത്രുക്കളോട് അവിടുന്നു പ്രതികാരം ചെയ്യും; തന്‍റെ ജനത്തിന്‍റെയും ദേശത്തിന്‍റെയും പാപം അവിടുന്ന് ക്ഷമിക്കും. ഇസ്രായേല്‍ജനമെല്ലാം കേള്‍ക്കത്തക്കവിധം മോശയും നൂനിന്‍റെ മകനായ യോശുവയും കൂടി ഈ പാട്ടു പാടി. ഈ വാക്കുകളെല്ലാം ജനത്തോടു പറഞ്ഞുതീര്‍ന്നശേഷം മോശ തുടര്‍ന്നു പറഞ്ഞു: “ഞാന്‍ ഇന്നു നിങ്ങളോടു കല്പിച്ച എല്ലാ വചനങ്ങളും ഹൃദയത്തില്‍ സംഗ്രഹിക്കുക; ദൈവത്തിന്‍റെ ധര്‍മശാസ്ത്രത്തിലെ കല്പനകളെല്ലാം വിശ്വസ്തതയോടുകൂടി അനുസരിച്ചു ജീവിക്കാന്‍ വേണ്ടി നിങ്ങളുടെ സന്താനങ്ങളോടും അവയെല്ലാം പറയുക. എന്തെന്നാല്‍ ഇവ നിരര്‍ഥകമായ വചനങ്ങള്‍ അല്ല. അവ നിങ്ങളുടെ ജീവന്‍തന്നെ ആകുന്നു; അവ അനുസരിച്ചാല്‍ യോര്‍ദ്ദാന്‍നദിക്കക്കരെ നിങ്ങള്‍ കൈവശപ്പെടുത്താന്‍ പോകുന്ന ദേശത്തു നിങ്ങള്‍ ദീര്‍ഘകാലം ജീവിച്ചിരിക്കും.” അന്നുതന്നെ സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “യെരീഹോവിനെതിരെ, മോവാബുദേശത്തുള്ള അബാരീംപര്‍വതനിരയിലെ നെബോമലമുകളിലേക്കു കയറിപ്പോകുക. ഞാന്‍ ഇസ്രായേല്‍ജനത്തിന് അവകാശമായി കൊടുക്കുന്ന കനാന്‍ദേശം അവിടെ നിന്നു കാണുക; ഹോര്‍പര്‍വതത്തില്‍വച്ചു നിന്‍റെ സഹോദരനായ അഹരോന്‍ മരിച്ചു സ്വജനത്തോടു ചേര്‍ന്നതുപോലെ ആ മലയില്‍വച്ചു നീയും മരിക്കും. നിങ്ങള്‍ രണ്ടുപേരും സീന്‍മരുഭൂമിയിലുള്ള കാദേശിലെ മെരീബാ ജലാശയത്തിനരികില്‍വച്ച് ഇസ്രായേല്‍ജനത്തിന്‍റെ സാന്നിധ്യത്തില്‍ എന്‍റെ പരിശുദ്ധിക്കു സാക്ഷ്യം വഹിക്കാതെ എന്നോട് അവിശ്വസ്തത കാട്ടി; അതുകൊണ്ട് നിന്‍റെ മുമ്പിലുള്ള ദേശം കാണുക; എന്നാല്‍ ഇസ്രായേല്‍ജനത്തിനു ഞാന്‍ കൊടുക്കുന്ന ദേശത്തു നീ പ്രവേശിക്കുകയില്ല. ദൈവപുരുഷനായ മോശ തന്‍റെ മരണത്തിനു മുമ്പ് ഇസ്രായേല്‍ജനത്തെ അനുഗ്രഹിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: സര്‍വേശ്വരന്‍ സീനായ് മലയില്‍നിന്നു വന്നു; നമുക്കുവേണ്ടി സേയീരില്‍നിന്ന് ഉദിച്ചു; പാരാന്‍മലയില്‍നിന്നു പ്രകാശിച്ചു; ബഹുസഹസ്രം വിശുദ്ധരോടൊത്തു വന്നു; വലതുകൈയില്‍ അഗ്നി ജ്വലിച്ചിരുന്നു. സര്‍വേശ്വരന്‍ സ്വജനത്തെ സ്നേഹിച്ചു അവിടുത്തേക്കു വേര്‍തിരിക്കപ്പെട്ടവര്‍ തൃക്കരങ്ങളിലിരിക്കുന്നു. അവിടുത്തെ പാദാന്തികത്തില്‍ ഇരുന്ന്; അവിടുത്തെ ഉപദേശങ്ങള്‍ അവര്‍ സ്വീകരിച്ചു. യാക്കോബിന്‍റെ സന്തതികള്‍ക്ക് അവകാശമായി ധര്‍മശാസ്ത്രം മോശ നമുക്കു നല്‌കി; ജനത്തിന്‍റെ തലവന്മാരും ഇസ്രായേല്‍ഗോത്രങ്ങളും ഒന്നിച്ചുകൂടി അപ്പോള്‍ യെശൂരൂനില്‍ സര്‍വേശ്വരനായിരുന്നു രാജാവ്. രൂബേന്‍ഗോത്രം ജീവിക്കട്ടെ; അവര്‍ നശിക്കാതിരിക്കട്ടെ; എന്നാല്‍ അതിലെ ജനം പരിമിതമായിരിക്കട്ടെ. യെഹൂദാഗോത്രത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: സര്‍വേശ്വരാ, യെഹൂദായുടെ വിളി കേള്‍ക്കണമേ; അവരെ അവിടുത്തെ ജനത്തോടു ചേര്‍ക്കണമേ; സ്വന്തം കൈകള്‍കൊണ്ട് അവിടുന്നു അവരുടെ രക്ഷയ്‍ക്കായി പൊരുതണമേ; അവരുടെ ശത്രുക്കള്‍ക്ക് എതിരെ അവരെ സഹായിക്കണമേ. ലേവിഗോത്രത്തെ സംബന്ധിച്ചു പറഞ്ഞു: തുമ്മീമും ഊറീമും അവിടുത്തെ വിശ്വസ്തര്‍ക്ക് നല്‌കണമേ; മസ്സയില്‍വച്ച് അവിടുന്ന് അവരെ പരീക്ഷിച്ചു; മെരീബാ ജലാശയത്തിങ്കല്‍വച്ച് അവിടുന്ന് അവരോടു കലഹിച്ചു. അവര്‍ മാതാപിതാക്കളെ അവഗണിച്ചു; സഹോദരങ്ങളെ കൈയൊഴിഞ്ഞു; കുഞ്ഞുങ്ങളെയും അവഗണിച്ചു. അവിടുത്തെ കല്പനകള്‍ അവര്‍ അനുസരിച്ചു; അവിടുത്തെ ഉടമ്പടി പാലിച്ചു; അവര്‍ യാക്കോബുവംശജരെ അവിടുത്തെ അനുശാസനങ്ങളും ഇസ്രായേല്യരെ അവിടുത്തെ ധര്‍മശാസ്ത്രവും പഠിപ്പിക്കും. അവിടുത്തെ സന്നിധിയില്‍ ധൂപവും യാഗപീഠത്തില്‍ സമ്പൂര്‍ണ ഹോമയാഗവും അവര്‍ അര്‍പ്പിക്കും. സര്‍വേശ്വരാ, അവരെ അനുഗ്രഹിച്ചു സമ്പന്നരാക്കണമേ; അവരുടെ അധ്വാനത്തെ ആശീര്‍വദിച്ചാലും. അവരെ എതിര്‍ക്കുന്നവര്‍ എഴുന്നേല്‌ക്കാത്തവിധം അവരുടെ അരക്കെട്ടുകള്‍ തകര്‍ക്കണമേ. ബെന്യാമീന്‍ഗോത്രത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: അവര്‍ സര്‍വേശ്വരനു പ്രിയങ്കരര്‍ അവര്‍ അവിടുത്തെ സമീപെ സുരക്ഷിതരായി പാര്‍ക്കുന്നു. അവിടുന്ന് അവരെ എപ്പോഴും കാക്കുന്നു; അവിടുത്തെ ചുമലുകളില്‍ അവര്‍ സുരക്ഷിതരായിരിക്കുന്നു. യോസേഫ്ഗോത്രത്തെക്കുറിച്ചു പറഞ്ഞു: ആകാശത്തിലെ വിശിഷ്ടമായ മഞ്ഞും അഗാധതയില്‍നിന്നുള്ള നീരുറവയുംകൊണ്ട് സര്‍വേശ്വരന്‍ അവരുടെ ദേശത്തെ അനുഗ്രഹിക്കുമാറാകട്ടെ. സൂര്യപ്രകാശത്തില്‍ വിളയുന്ന വിശിഷ്ടഫലങ്ങളാലും തക്കകാലത്ത് ലഭിക്കുന്ന വിഭവങ്ങളാലും പുരാതന പര്‍വതങ്ങളിലെ ശ്രേഷ്ഠ ഫലങ്ങളാലും ശാശ്വതപര്‍വതങ്ങളുടെ മികച്ച ഉല്‍പ്പന്നങ്ങളാലും ഭൂമിയിലെ വിശിഷ്ട ഫലങ്ങളാലും അവയുടെ സമൃദ്ധിയാലും മുള്‍പ്പടര്‍പ്പില്‍ നിവസിച്ച സര്‍വേശ്വരന്‍റെ അനുഗ്രഹം യോസേഫിന്‍റെ ശിരസ്സില്‍ സഹോദരന്മാരുടെ കൂട്ടത്തില്‍ പ്രഭുവായിരുന്നവന്‍റെ കിരീടത്തില്‍തന്നെ വരുമാറാകട്ടെ. അവരുടെ കരുത്ത് കടിഞ്ഞൂല്‍ക്കൂറ്റനു തുല്യം; അവരുടെ കൊമ്പുകള്‍ കാട്ടുപോത്തിന്‍റേതിനു സമാനം; അവകൊണ്ട് അവര്‍ സകല ജനതയെയും ഭൂമിയുടെ അറുതിവരെ ഓടിക്കും. ഈ കൊമ്പുകളാണ് എഫ്രയീമിന്‍റെ പതിനായിരങ്ങള്‍; മനശ്ശെയുടെ ആയിരങ്ങള്‍. സെബൂലൂന്‍ഗോത്രത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: സെബൂലൂനേ, നിന്‍റെ പ്രയാണങ്ങളിലും ഇസ്സാഖാരേ, നിന്‍റെ കൂടാരങ്ങളിലും ആനന്ദിക്കുക; അവര്‍ ജനതകളെ പര്‍വതങ്ങളിലേക്കു ക്ഷണിച്ചുവരുത്തും; അവിടെ നീതിയാഗങ്ങള്‍ അര്‍പ്പിക്കും. അവര്‍ സമുദ്രത്തിന്‍റെ സമൃദ്ധി വലിച്ചുകുടിക്കും; മണലിലെ നിഗൂഢനിക്ഷേപങ്ങളും. ഗാദ്ഗോത്രത്തെക്കുറിച്ചു പറഞ്ഞു: ഗാദിന്‍റെ ദേശം വിസ്തൃതമാക്കുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍; സിംഹത്തെപ്പോലെ അവന്‍ പതുങ്ങിക്കിടക്കുന്നു കൈയോ തലയോ കടിച്ചുകീറുവാന്‍ തന്നെ. നാടിന്‍റെ ഏറ്റവും നല്ല ഭാഗം അവര്‍ തിരഞ്ഞെടുത്തു; നേതാവിന്‍റെ ഓഹരി തങ്ങള്‍ക്കായി അവര്‍ വേര്‍തിരിച്ചു. ജനനേതാക്കളോടൊത്ത് അവര്‍ വന്നു സര്‍വേശ്വരന്‍റെ നീതിയും വിധികളും അവര്‍ ഇസ്രായേലില്‍ നടപ്പാക്കി. ദാന്‍ഗോത്രത്തെക്കുറിച്ച് അവന്‍ ഇപ്രകാരം പറഞ്ഞു: ദാന്‍ ഒരു സിംഹക്കുട്ടി; അവന്‍ ബാശാനില്‍നിന്നു കുതിച്ചു ചാടുന്നു. നഫ്താലിഗോത്രത്തെക്കുറിച്ചു പറഞ്ഞു: സര്‍വേശ്വരന്‍റെ പ്രസാദത്താല്‍ നഫ്താലി സംതൃപ്തന്‍; സര്‍വേശ്വരന്‍റെ അനുഗ്രഹത്താല്‍ അവന്‍ സമ്പൂര്‍ണന്‍. ഗലീലാതടാകവും ദക്ഷിണദേശവും കൈവശമാക്കുക. ആശേര്‍ഗോത്രത്തെക്കുറിച്ചു പറഞ്ഞു: ആശേര്‍ഗോത്രം മറ്റു ഗോത്രങ്ങളില്‍ ഏറ്റവും അനുഗൃഹീതമായിരിക്കട്ടെ; സഹോദരന്മാരില്‍ അവര്‍ ഏറ്റവും പ്രിയങ്കരരാകട്ടെ. അവരുടെ ദേശത്ത് ഒലിവുമരങ്ങള്‍ സമൃദ്ധമായി ഉണ്ടാകട്ടെ; അവരുടെ പട്ടണവാതില്‍ ഇരുമ്പും പിത്തളയുംകൊണ്ട് സുരക്ഷിതമായിരിക്കും. അവര്‍ ജീവപര്യന്തം സുരക്ഷിതരായിരിക്കട്ടെ. യെശൂരൂന്‍റെ ദൈവത്തെപ്പോലെ മറ്റൊരു ദൈവവുമില്ല; അവിടുന്നു നിങ്ങളുടെ സഹായത്തിനായി ആകാശങ്ങളില്‍ സഞ്ചരിക്കുന്നു. മഹത്ത്വപൂര്‍ണനായ അവിടുന്നു മേഘാരൂഢനായി വരുന്നു. നിത്യനായ ദൈവം നിങ്ങളുടെ അഭയം; അവിടുത്തെ ശാശ്വതഭുജങ്ങള്‍ നിങ്ങളെ താങ്ങും. അവരെ സംഹരിക്കുക എന്നു പറഞ്ഞുകൊണ്ട് അവിടുന്നു നിങ്ങളുടെ ശത്രുക്കളെ നിങ്ങളുടെ മുമ്പില്‍നിന്ന് ഓടിച്ചുകളഞ്ഞു; യാക്കോബിന്‍റെ സന്തതികള്‍ സുരക്ഷിതരായി വസിക്കും. ധാന്യവും വീഞ്ഞും നിറഞ്ഞ ദേശത്ത് അവര്‍ തനിച്ചു പാര്‍ക്കും; ആകാശം മഞ്ഞു പൊഴിക്കും; അവരുടെ നിലം നനയ്‍ക്കപ്പെടും. ഇസ്രായേലേ, നിങ്ങള്‍ എത്ര അനുഗൃഹീതര്‍! നിങ്ങള്‍ക്കു തുല്യരായി ആരുണ്ട്? നിങ്ങള്‍ സര്‍വേശ്വരനാല്‍ രക്ഷിക്കപ്പെട്ട ജനം; അവിടുന്നു നിങ്ങളെ സഹായിക്കുന്ന പരിചയും നിങ്ങളെ മഹത്ത്വം അണിയിക്കുന്ന വാളും ആകുന്നു. ശത്രുക്കള്‍ നിങ്ങളുടെ കാരുണ്യം യാചിക്കും; നിങ്ങള്‍ അവരെ ചവുട്ടിമെതിക്കും. മോശ മോവാബ്സമഭൂമിയില്‍നിന്ന് യെരീഹോവിന് എതിരെയുള്ള നെബോപര്‍വതത്തിലെ പിസ്ഗാ ശിഖരത്തില്‍ കയറി; ദാന്‍പട്ടണം വരെയുള്ള ഗിലെയാദുദേശവും നഫ്താലി, എഫ്രയീം, മനശ്ശെ എന്നിവരുടെ ദേശങ്ങളും, യെഹൂദ്യയുടെ പടിഞ്ഞാറുള്ള കടല്‍ത്തീരം വരെയുള്ള ദേശവും ദക്ഷിണദേശവും സോവാര്‍മുതല്‍ ഈന്തപ്പനകളുടെ നഗരമായ യെരീഹോവരെ വ്യാപിച്ചു കിടക്കുന്ന താഴ്വരയും സര്‍വേശ്വരന്‍ മോശയ്‍ക്കു കാണിച്ചുകൊടുത്തു. പിന്നീട് അവിടുന്നു മോശയോടു പറഞ്ഞു: “തങ്ങളുടെ സന്താനങ്ങള്‍ക്ക് കൊടുക്കുമെന്ന് അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും ഞാന്‍ വാഗ്ദാനം ചെയ്തിട്ടുള്ള പ്രദേശം ഇതാകുന്നു. അതു കാണാന്‍ ഞാന്‍ നിന്നെ അനുവദിച്ചു; എന്നാല്‍ നീ അവിടെ പ്രവേശിക്കുകയില്ല.” അങ്ങനെ അവിടുന്ന് അരുളിച്ചെയ്തിരുന്നതുപോലെ സര്‍വേശ്വരന്‍റെ ദാസനായ മോശ മോവാബില്‍വച്ചു മരിച്ചു. മോവാബില്‍ ബേത്ത്-പെയോര്‍ പട്ടണത്തിന് എതിര്‍വശത്തുള്ള താഴ്വരയില്‍ അവിടുന്ന് മോശയെ സംസ്കരിച്ചു. മോശയെ സംസ്കരിച്ച സ്ഥലം ഇന്നുവരെ ആര്‍ക്കും അറിഞ്ഞുകൂടാ. മരിക്കുമ്പോള്‍ മോശയ്‍ക്കു നൂറ്റിഇരുപതു വയസ്സുണ്ടായിരുന്നു; അപ്പോഴും അദ്ദേഹത്തിന്‍റെ കണ്ണു മങ്ങുകയോ ബലം ക്ഷയിക്കുകയോ ചെയ്തിരുന്നില്ല. ഇസ്രായേല്‍ജനം മോവാബ്സമഭൂമിയില്‍ മുപ്പതു ദിവസം മോശയുടെ മരണത്തില്‍ വിലപിച്ചു. മോശയ്‍ക്കുവേണ്ടിയുള്ള വിലാപകാലം പൂര്‍ത്തിയായി. നൂനിന്‍റെ പുത്രനായ യോശുവയുടെമേല്‍ മോശ കൈവച്ച് തന്‍റെ പിന്‍ഗാമിയായി നിയോഗിച്ചിരുന്നതുകൊണ്ടു യോശുവ ജ്ഞാനപൂര്‍ണനായിത്തീര്‍ന്നു. ഇസ്രായേല്‍ജനം യോശുവയെ അനുസരിച്ചു; മോശയിലൂടെ സര്‍വേശ്വരന്‍ തങ്ങളോടു കല്പിച്ചിരുന്നതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു. മോശയെപ്പോലെ ഒരു പ്രവാചകന്‍ ഇസ്രായേലില്‍ ഒരിക്കലും ഉണ്ടായിട്ടില്ല; അവിടുന്നു മുഖത്തോടു മുഖം മോശയോടു സംസാരിച്ചിരുന്നു. ഫറവോയ്‍ക്കും അയാളുടെ ദാസന്മാര്‍ക്കും രാജ്യത്തിനും എതിരെ അടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ത്തിക്കാന്‍ സര്‍വേശ്വരന്‍ ഈജിപ്തിലേക്ക് നിയോഗിച്ചയച്ച മോശ സകല ഇസ്രായേല്‍ജനവും കാണ്‍കെ പ്രവര്‍ത്തിച്ച മഹത്തും ഭീതിദവുമായ പ്രവൃത്തികളില്‍ അതുല്യനാണ്. സര്‍വേശ്വരന്‍റെ ദാസനായ മോശയുടെ മരണശേഷം അദ്ദേഹത്തിന്‍റെ ശുശ്രൂഷകനും നൂനിന്‍റെ പുത്രനുമായ യോശുവയോട് അവിടുന്ന് അരുളിച്ചെയ്തു: “എന്‍റെ ദാസനായ മോശ മരിച്ചു; നീയും ഇസ്രായേല്‍ജനം മുഴുവനും യോര്‍ദ്ദാന്‍നദി കടന്ന് അവര്‍ക്കു ഞാന്‍ നല്‌കാന്‍ പോകുന്ന ദേശത്തു പ്രവേശിക്കുക. മോശയോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ നിങ്ങളുടെ കാലടി വയ്‍ക്കുന്ന സ്ഥലമൊക്കെയും ഞാന്‍ നിങ്ങള്‍ക്കു നല്‌കും. നിങ്ങളുടെ ദേശത്തിന്‍റെ അതിരുകള്‍ തെക്ക് മരുഭൂമിയും വടക്ക് ലെബാനോനും കിഴക്ക് മഹാനദിയായ യൂഫ്രട്ടീസ് ഒഴുകുന്ന ഹിത്യരുടെ ദേശവും പടിഞ്ഞാറ് മെഡിറ്ററേനിയന്‍ സമുദ്രവും ആയിരിക്കും. നിന്‍റെ ആയുഷ്കാലമത്രയും ആര്‍ക്കും നിന്നെ തോല്പിക്കാന്‍ കഴിയുകയില്ല. ഞാന്‍ മോശയുടെകൂടെ ഉണ്ടായിരുന്നതുപോലെ നിന്‍റെ കൂടെയും ഇരിക്കും. ഞാന്‍ നിന്നെ വിട്ടുപോകുകയില്ല; ഉപേക്ഷിക്കുകയുമില്ല. ശക്തനും ധീരനുമായിരിക്കുക; ഞാന്‍ ഈ ജനത്തിനു കൊടുക്കുമെന്നു പിതാക്കന്മാരോടു വാഗ്ദത്തം ചെയ്തിരുന്ന ദേശം നീയാണ് അവര്‍ക്കു വിഭജിച്ചു കൊടുക്കേണ്ടത്. നീ ശക്തനും ധീരനുമായി ഇരുന്നാല്‍ മാത്രം മതി; എന്‍റെ ദാസനായ മോശ നിങ്ങള്‍ക്കു നല്‌കിയിട്ടുള്ള കല്പനകള്‍ അനുസരിക്കുന്നതിന് നീ ജാഗ്രത പുലര്‍ത്തണം; അവയില്‍ ഒന്നുപോലും അവഗണിക്കാതെയിരുന്നാല്‍ നീ നിന്‍റെ ഉദ്യമങ്ങളിലെല്ലാം വിജയം വരിക്കും. ധര്‍മശാസ്ത്രഗ്രന്ഥം നിന്‍റെ അധരങ്ങളില്‍ എപ്പോഴും ഉണ്ടായിരിക്കട്ടെ; അതില്‍ രേഖപ്പെടുത്തിയിട്ടുള്ളതെല്ലാം ശ്രദ്ധയോടെ അനുസരിക്കാന്‍ ഉതകുംവിധം രാവും പകലും അതു ധ്യാനിക്കണം. അപ്പോള്‍ നിനക്ക് അഭിവൃദ്ധിയുണ്ടാകുകയും ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും നീ വിജയം വരിക്കുകയും ചെയ്യും. ശക്തനും ധീരനും ആയിരിക്കുക എന്നു ഞാന്‍ കല്പിച്ചിട്ടില്ലേ! ഭയപ്പെടുകയോ അധൈര്യപ്പെടുകയോ അരുത്; നീ പോകുന്നിടത്തെല്ലാം നിന്‍റെ ദൈവമായ സര്‍വേശ്വരന്‍ നിന്‍റെകൂടെ ഉണ്ടായിരിക്കും.” പിന്നീട് യോശുവ ജനനേതാക്കന്മാരോടു കല്പിച്ചു: “നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് നല്‌കുവാന്‍ പോകുന്ന ദേശം കൈവശമാക്കുന്നതിനു മൂന്നു ദിവസത്തിനുള്ളില്‍ നിങ്ങള്‍ യോര്‍ദ്ദാന്‍നദി കടക്കണം. അതിനാല്‍ ആവശ്യമായിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ ഒരുക്കിക്കൊള്ളുവിന്‍ എന്ന് പാളയത്തില്‍ കടന്നു ജനത്തോടു പറയുക.” രൂബേന്‍, ഗാദ്ഗോത്രക്കാരോടും മനശ്ശെയുടെ അര്‍ധഗോത്രക്കാരോടും യോശുവ പറഞ്ഞു: “സ്വസ്ഥമായി വസിക്കാന്‍ ദൈവമായ സര്‍വേശ്വരന്‍ ഈ ദേശം നിങ്ങള്‍ക്കു നല്‌കുമെന്ന് അവിടുത്തെ ദാസനായ മോശ നിങ്ങളോടു പറഞ്ഞിരുന്നത് ഓര്‍ക്കുക.” നിങ്ങളുടെ ഭാര്യമാരും കുട്ടികളും കന്നുകാലികളും യോര്‍ദ്ദാനിക്കരെ മോശ നിങ്ങള്‍ക്കു നല്‌കിയ ദേശത്തുതന്നെ പാര്‍ക്കട്ടെ. എന്നാല്‍ നിങ്ങളില്‍ യുദ്ധം ചെയ്യാന്‍ പ്രാപ്തരായ പുരുഷന്മാര്‍, യുദ്ധസന്നാഹത്തോടെ നിങ്ങളുടെ സഹോദരര്‍ക്കുവേണ്ടി അവരുടെ മുമ്പേ പോകണം. സര്‍വേശ്വരന്‍ അവര്‍ക്കു നല്‌കുന്ന ദേശം കൈവശമാക്കി അവിടെ അവര്‍ക്കു സ്വസ്ഥത ലഭിക്കുന്നതുവരെ നിങ്ങള്‍ അവരെ സഹായിക്കണം. അതിനുശേഷം അവിടുത്തെ ദാസനായ മോശ യോര്‍ദ്ദാനു കിഴക്കു നിങ്ങള്‍ക്ക് അവകാശമായി നല്‌കിയിട്ടുള്ള ദേശത്തു മടങ്ങിവന്ന് അതു കൈവശമാക്കി വസിച്ചുകൊള്ളുവിന്‍.” അവര്‍ യോശുവയോടു പറഞ്ഞു: “അങ്ങു കല്പിക്കുന്നതെല്ലാം ഞങ്ങള്‍ ചെയ്യാം; അങ്ങ് അയയ്‍ക്കുന്നിടത്തെല്ലാം ഞങ്ങള്‍ പോകാം; മോശയെ ഞങ്ങള്‍ അനുസരിച്ചതുപോലെ അങ്ങയെയും ഞങ്ങള്‍ അനുസരിക്കാം. അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍ മോശയുടെ കൂടെ ഉണ്ടായിരുന്നതുപോലെ അങ്ങയുടെ കൂടെയും ഉണ്ടായിരിക്കട്ടെ. അങ്ങയുടെ അധികാരത്തെ ചോദ്യം ചെയ്യുകയോ, അങ്ങു നല്‌കുന്ന കല്പനകള്‍ പാലിക്കാതിരിക്കുകയോ ചെയ്യുന്നവന്‍ മരിക്കണം; അങ്ങു ശക്തനും ധീരനും ആയിരുന്നാലും.” നൂനിന്‍റെ മകനായ യോശുവ, കനാന്‍ ദേശത്തും യെരീഹോപട്ടണത്തിലും രഹസ്യനിരീക്ഷണം നടത്താന്‍ ശിത്തീമില്‍നിന്നു രണ്ടു പേരെ അയച്ചു. അവര്‍ യെരീഹോപട്ടണത്തില്‍ രാഹാബ് എന്നു പേരുള്ള ഒരു വേശ്യയുടെ ഗൃഹത്തില്‍ രാത്രി കഴിച്ചു. രഹസ്യനിരീക്ഷണത്തിനു രാത്രിയില്‍ ചില ഇസ്രായേല്യര്‍ എത്തിയിട്ടുള്ള വിവരം യെരീഹോരാജാവ് അറിഞ്ഞു. “നിന്‍റെ വീട്ടില്‍ വന്നിരിക്കുന്ന ആളുകളെ പുറത്തു കൊണ്ടുവരിക; അവര്‍ ദേശം ഒറ്റുനോക്കാന്‍ വന്നവരാണ്” എന്നു യെരീഹോവിലെ രാജാവ് രാഹാബിന്‍റെ അടുക്കല്‍ ആളയച്ചു പറയിച്ചു. രാഹാബ് അവരെ ഒളിപ്പിച്ചശേഷം ഇങ്ങനെ പറഞ്ഞു: “അവര്‍ എന്‍റെ അടുക്കല്‍ വന്നിരുന്നു; എന്നാല്‍ അവര്‍ എവിടെനിന്നു വന്നുവെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. രാത്രിയില്‍ പട്ടണവാതില്‍ അടയ്‍ക്കുന്നതിനു മുമ്പായി അവര്‍ പോയി. എവിടേക്കാണ് പോയതെന്ന് എനിക്കറിഞ്ഞുകൂടാ; നിങ്ങള്‍ വേഗം പിന്തുടര്‍ന്നാല്‍ അവരെ പിടികൂടാം. അവള്‍ അവരെ വീടിന്‍റെ മട്ടുപ്പാവില്‍ അടുക്കിവച്ചിരുന്ന ചണത്തണ്ടുകളുടെ ഇടയില്‍ ഒളിപ്പിച്ചു. രാജാവ് അയച്ച ആളുകള്‍ യോര്‍ദ്ദാന്‍ കടവുവരെ അവരെ അന്വേഷിച്ചു; അവര്‍ പട്ടണത്തിന്‍റെ പുറത്തു കടന്നപ്പോള്‍തന്നെ പട്ടണവാതില്‍ അടച്ചു. ചാരന്മാര്‍ ഉറങ്ങാന്‍ പോകുന്നതിനു മുമ്പുതന്നെ രാഹാബ് അവരുടെ അടുക്കല്‍ കയറിച്ചെന്നു പറഞ്ഞു: “സര്‍വേശ്വരന്‍ ഈ ദേശം നിങ്ങള്‍ക്കു നല്‌കിയിരിക്കുന്നു എന്ന് എനിക്കറിയാം. നിങ്ങളെക്കുറിച്ചുള്ള ഭീതി നാടെങ്ങും ബാധിച്ചിരിക്കുന്നു; നിങ്ങള്‍ നിമിത്തം ഈ ദേശവാസികളെല്ലാം ഭയന്നു വിറയ്‍ക്കുന്നു. നിങ്ങള്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടുപോരുമ്പോള്‍ സര്‍വേശ്വരന്‍ നിങ്ങള്‍ക്കുവേണ്ടി ചെങ്കടല്‍ വറ്റിച്ചതും യോര്‍ദ്ദാനക്കരെയുള്ള അമോര്യരാജാക്കന്മാരായ സീഹോനെയും ഓഗിനെയും നിശ്ശേഷം നശിപ്പിച്ചതും ഞങ്ങള്‍ കേട്ടിട്ടുണ്ട്. ഇതു കേട്ടപ്പോള്‍തന്നെ ഞങ്ങള്‍ പരിഭ്രാന്തരായി. നിങ്ങളുടെ വരവിനെപ്പറ്റി അറിഞ്ഞപ്പോള്‍ ഞങ്ങളുടെ ധൈര്യം നശിച്ചു; നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തന്നെയാണ് ആകാശത്തിലും ഭൂമിയിലും ദൈവം. അതുകൊണ്ട് ഞാന്‍ നിങ്ങളോടു കരുണ കാട്ടിയതുപോലെ നിങ്ങളും എന്‍റെ പിതൃഭവനത്തോടു കരുണ കാണിക്കുമെന്നു സര്‍വേശ്വരന്‍റെ നാമത്തില്‍ എന്നോടു സത്യം ചെയ്യുകയും വ്യക്തമായ എന്തെങ്കിലും അടയാളം നല്‌കുകയും വേണം. കൂടാതെ എന്‍റെ മാതാപിതാക്കളെയും സഹോദരീസഹോദരന്മാരെയും അവര്‍ക്കുള്ള സകലത്തെയും നശിപ്പിക്കാതെ ജീവനോടെ കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പും നല്‌കണം.” അവര്‍ അവളോടു പറഞ്ഞു: “നിങ്ങളുടെ ജീവന്‍ ഞങ്ങളുടെ ജീവനു പകരമായിരിക്കട്ടെ. ഞങ്ങള്‍ ചെയ്യുന്ന കാര്യം മറ്റുള്ളവരെ അറിയിക്കാതെ ഇരുന്നാല്‍ സര്‍വേശ്വരന്‍ ഈ ദേശം ഞങ്ങള്‍ക്കു നല്‌കുമ്പോള്‍ ഞങ്ങള്‍ നിന്നോടു വിശ്വസ്തതയും കരുണയും ഉള്ളവരായിരിക്കും.” കോട്ടയോടു ചേര്‍ത്തു പണിതിരുന്ന ഒരു ഭവനത്തിലാണ് അവള്‍ പാര്‍ത്തിരുന്നത്. അവള്‍ അവരെ ജനാലയിലൂടെ കയറുവഴി താഴെ ഇറക്കിവിട്ടു. അവള്‍ അവരോടു പറഞ്ഞു: “അന്വേഷിച്ചുപോയവര്‍ നിങ്ങളെ കണ്ടുപിടിക്കാതിരിക്കാന്‍ അവര്‍ മടങ്ങിപ്പോകുന്നതുവരെ മൂന്നു ദിവസം മലയില്‍ കയറി ഒളിച്ചിരിക്കുക; അതിനുശേഷം നിങ്ങളുടെ വഴിക്കു പോകാം.” അവര്‍ അവളോടു പറഞ്ഞു: “നീ ചെയ്യിച്ച പ്രതിജ്ഞ ഞങ്ങള്‍ പാലിക്കും. ഞങ്ങള്‍ ഈ ദേശത്ത് വീണ്ടും പ്രവേശിക്കുമ്പോള്‍ ഞങ്ങളെ ഇറക്കിവിട്ട ജനാലയില്‍ ഈ ചുവപ്പുചരടു കെട്ടുക; മാതാപിതാക്കളെയും സഹോദരരെയും കുടുംബാംഗങ്ങളെയും നിന്‍റെ ഭവനത്തില്‍ ഒരുമിച്ചു കൂട്ടണം. ആരെങ്കിലും ഭവനത്തിനു പുറത്തുപോയാല്‍ അവന്‍റെ മരണത്തിന് ഉത്തരവാദി അവന്‍തന്നെ ആയിരിക്കും. അതിനു ഞങ്ങള്‍ കുറ്റക്കാരായിരിക്കയില്ല; എന്നാല്‍ നിന്‍റെകൂടെ ഭവനത്തിനുള്ളില്‍ ഇരിക്കുന്ന ആരെങ്കിലും വധിക്കപ്പെട്ടാല്‍ അതിനുത്തരവാദി ഞങ്ങളായിരിക്കും. ഞങ്ങളുടെ പ്രവൃത്തി മറ്റാരെയെങ്കിലും അറിയിച്ചാല്‍ നീ ചെയ്യിച്ച പ്രതിജ്ഞയില്‍നിന്നു ഞങ്ങള്‍ വിമുക്തരായിരിക്കും.” “അങ്ങനെതന്നെ ആകട്ടെ” എന്നു പറഞ്ഞ് അവള്‍ അവരെ യാത്ര അയച്ചു. അവര്‍ പോയപ്പോള്‍ അവള്‍ ആ ചുവപ്പുചരട് ജനാലയില്‍ കെട്ടിവച്ചു. അവര്‍ മലയില്‍ കയറി മൂന്നു ദിവസം ഒളിച്ചിരുന്നു; രാജാവ് അയച്ച ആളുകള്‍ ആ പ്രദേശമെല്ലാം അന്വേഷിച്ചുവെങ്കിലും അവരെ കാണാതെ മടങ്ങിപ്പോയി. അപ്പോള്‍ ചാരന്മാര്‍ രണ്ടു പേരും മലയില്‍നിന്ന് ഇറങ്ങി, യോര്‍ദ്ദാന്‍നദി കടന്ന് നൂനിന്‍റെ പുത്രനായ യോശുവയുടെ അടുക്കല്‍ എത്തി, സംഭവിച്ചതെല്ലാം അറിയിച്ചു. “ആ ദേശമൊക്കെയും സര്‍വേശ്വരന്‍ നമുക്ക് നല്‌കിയിരിക്കയാല്‍ നാം നിമിത്തം അവിടെയുള്ള ജനമെല്ലാം ഭയചകിതരായിരിക്കുന്നു.” യോശുവ അതിരാവിലെ എഴുന്നേറ്റ് ഇസ്രായേല്‍ജനത്തോടൊത്ത് ശിത്തീമില്‍നിന്നു പുറപ്പെട്ടു യോര്‍ദ്ദാന്‍നദിയുടെ തീരത്ത് എത്തി. അവര്‍ മറുകര കടക്കുന്നതിനു മുന്‍പ് അവിടെ പാളയമടിച്ചു. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ നേതാക്കന്മാര്‍ പാളയത്തില്‍ കടന്നുചെന്നു ജനത്തോടു പറഞ്ഞു: “നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം വഹിച്ചുകൊണ്ട് പുരോഹിതന്മാര്‍ പുറപ്പെടുന്നതു കാണുമ്പോള്‍ നിങ്ങള്‍ പാളയം വിട്ട് അവരെ അനുഗമിക്കുക; അവര്‍ നിങ്ങള്‍ക്കു മാര്‍ഗദര്‍ശികളായിരിക്കും. നിങ്ങള്‍ ആ വഴിയില്‍ക്കൂടി ഇതിനുമുന്‍പ് പോയിട്ടില്ലല്ലോ; എന്നാല്‍ പെട്ടകത്തില്‍നിന്ന് ഏകദേശം രണ്ടായിരം മുഴം അകന്നേ നടക്കാവൂ; അതിനെ സമീപിക്കരുത്.” പിന്നീട് യോശുവ ജനത്തോടു പറഞ്ഞു: “നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍; സര്‍വേശ്വരന്‍ നാളെ നിങ്ങളുടെ ഇടയില്‍ ഒരു അദ്ഭുതം പ്രവര്‍ത്തിക്കും.” യോശുവ പുരോഹിതന്മാരോടു പറഞ്ഞു: “ഉടമ്പടിപ്പെട്ടകം എടുത്ത് ജനത്തിന്‍റെ മുമ്പേ നടക്കുക.” അദ്ദേഹം പറഞ്ഞതുപോലെ അവര്‍ ചെയ്തു. സര്‍വേശ്വരന്‍ യോശുവയോട് അരുളിച്ചെയ്തു: “ഇന്നുമുതല്‍ ഞാന്‍ നിന്നെ ജനത്തിന്‍റെ ദൃഷ്‍ടിയില്‍ വലിയവനാക്കും. ഞാന്‍ മോശയുടെ കൂടെ ഉണ്ടായിരുന്നതുപോലെ നിന്‍റെ കൂടെയും ഉണ്ട് എന്ന് ഇസ്രായേല്‍ജനം അറിയട്ടെ. ഉടമ്പടിപ്പെട്ടകം വഹിക്കുന്ന പുരോഹിതന്മാര്‍ നദീതീരത്ത് എത്തുമ്പോള്‍ നദിയില്‍ ഇറങ്ങി നില്‌ക്കാന്‍ അവരോട് കല്പിക്കണം.” യോശുവ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: “നിങ്ങള്‍ അടുത്തുവന്നു നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ വചനം കേള്‍ക്കുവിന്‍. നിങ്ങളുടെ മുമ്പില്‍നിന്നു കനാന്യര്‍, ഹിത്യര്‍, ഹിവ്യര്‍, പെരിസ്യര്‍, ഗിര്‍ഗ്ഗശ്യര്‍, അമോര്യര്‍, യെബൂസ്യര്‍ എന്നിവരെ ഓടിച്ചുകളയുമ്പോള്‍ ജീവിക്കുന്ന ദൈവം നിങ്ങളുടെ ഇടയിലുണ്ടെന്നു നിങ്ങള്‍ അറിയും. സര്‍വലോകത്തിന്‍റെയും നാഥനായ സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം നിങ്ങള്‍ക്കുമുമ്പേ യോര്‍ദ്ദാനിലേക്കു പോകും. ഓരോ ഗോത്രത്തില്‍നിന്നും ഒരാളെവീതം പന്ത്രണ്ടു പേരെ ഇസ്രായേല്‍ ഗോത്രങ്ങളില്‍നിന്നു തിരഞ്ഞെടുക്കുക. സര്‍വഭൂമിയുടെയും നാഥനായ സര്‍വേശ്വരന്‍റെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാല്‍ യോര്‍ദ്ദാനിലെ വെള്ളത്തില്‍ പതിക്കുമ്പോള്‍തന്നെ ഒഴുക്കു നിലയ്‍ക്കുകയും ഒഴുകിവരുന്ന ജലം ചിറപോലെ കെട്ടിനില്‌ക്കുകയും ചെയ്യും.” യോര്‍ദ്ദാന്‍നദി കടക്കുന്നതിനു ജനം കൂടാരങ്ങളില്‍നിന്നു പുറപ്പെട്ടപ്പോള്‍ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍ അവര്‍ക്കു മുമ്പേ നടന്നു. കൊയ്ത്തുകാലമത്രയും യോര്‍ദ്ദാന്‍റെ തീരമെല്ലാം കരകവിഞ്ഞൊഴുകുമായിരുന്നു. പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാരുടെ പാദങ്ങള്‍ കരകവിഞ്ഞ നദീജലത്തില്‍ മുങ്ങിയപ്പോള്‍ ജലപ്രവാഹം നിലച്ചു; അങ്ങനെ അതിവിദൂരത്തില്‍ സാരെഥാനു സമീപമുള്ള ആദാംനഗരത്തിനരികില്‍വരെ ജലനിരപ്പ് ഉയര്‍ന്നു. അരാബായിലെ കടലിലേക്ക്-ചാവ് കടലിലേക്ക് ഒഴുകിയിരുന്ന ജലം വാര്‍ന്നുപോയി. ജനം യെരീഹോവിനെ ലക്ഷ്യമാക്കി മറുകര കടന്നു. ഇസ്രായേല്‍ജനമെല്ലാം വരണ്ടനിലത്തുകൂടി നടന്നു മറുകര എത്തുവോളം സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാന്‍റെ മധ്യത്തില്‍ ഉണങ്ങിയ നിലത്തുതന്നെ നിന്നു. ജനം യോര്‍ദ്ദാന്‍നദി കടന്നപ്പോള്‍ സര്‍വേശ്വരന്‍ യോശുവയോടു പറഞ്ഞു: “ഓരോ ഗോത്രത്തില്‍നിന്നു ഒരാളെവീതം പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തതിനുശേഷം, യോര്‍ദ്ദാന്‍റെ മധ്യത്തില്‍ പുരോഹിതന്മാരുടെ പാദങ്ങള്‍ ഉറപ്പിച്ചിരുന്ന സ്ഥലത്തുനിന്നുതന്നെ പന്ത്രണ്ടു കല്ലുകള്‍ എടുത്ത് നിങ്ങള്‍ ഇന്നു രാത്രി പാര്‍ക്കുന്നിടത്തു സ്ഥാപിക്കുക” എന്നു പറയണം. ഇസ്രായേലിലെ ഓരോ ഗോത്രത്തില്‍നിന്നും തിരഞ്ഞെടുത്ത പന്ത്രണ്ടു പേരെയും യോശുവ വിളിച്ച് അവരോടു പറഞ്ഞു: “യോര്‍ദ്ദാന്‍റെ മധ്യത്തില്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ പെട്ടകത്തിന്‍റെ മുമ്പില്‍ ചെന്ന് ഓരോ ഇസ്രായേല്‍ഗോത്രത്തിനു വേണ്ടിയും ഓരോ കല്ലുവീതം നിങ്ങള്‍ ചുമലില്‍ എടുത്തുകൊണ്ടുവരണം. ഈ കല്ലുകളുടെ അര്‍ഥമെന്താണെന്നു വരുംകാലത്ത് നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം യോര്‍ദ്ദാനിലൂടെ കടത്തിക്കൊണ്ടു പോയപ്പോള്‍ വെള്ളം വേര്‍പിരിഞ്ഞ് നിശ്ചലമായ സംഭവം അവരോടു പറയുക. അങ്ങനെ ഈ കല്ലുകള്‍ ഇസ്രായേല്യര്‍ക്ക് എന്നേക്കും ഒരു സ്മാരകമായിരിക്കും.” യോശുവ കല്പിച്ചതുപോലെ ഇസ്രായേല്‍ജനം ചെയ്തു; സര്‍വേശ്വരന്‍ യോശുവയോടു കല്പിച്ചതുപോലെ ഓരോ ഗോത്രത്തിനും ഓരോ കല്ലു വീതം പന്ത്രണ്ടു കല്ലുകള്‍ യോര്‍ദ്ദാന്‍നദിയുടെ മധ്യത്തില്‍ നിന്നെടുത്ത് അവരുടെ പാളയത്തില്‍ കൊണ്ടുപോയി വച്ചു. യോര്‍ദ്ദാന്‍റെ നടുവില്‍ ഉടമ്പടിപ്പെട്ടകം ചുമന്നിരുന്ന പുരോഹിതന്മാരുടെ പാദങ്ങള്‍ ഉറപ്പിച്ചിരുന്ന സ്ഥലത്തും യോശുവ പന്ത്രണ്ടു കല്ലുകള്‍ നാട്ടി; ഈ കല്ലുകള്‍ ഇപ്പോഴും അവിടെയുണ്ട്. സര്‍വേശ്വരന്‍ യോശുവയോട് കല്പിച്ചിരുന്നതെല്ലാം ജനം ചെയ്തുതീരുന്നതുവരെ പെട്ടകം വഹിച്ചുകൊണ്ടു പുരോഹിതന്മാര്‍ യോര്‍ദ്ദാന്‍റെ മധ്യത്തില്‍തന്നെ നിന്നു. മോശ കല്പിച്ചിരുന്നതും അതായിരുന്നുവല്ലോ. ജനം അതിവേഗം നദി കടന്നു. അവരെല്ലാവരും മറുകര എത്തിയപ്പോള്‍ സര്‍വേശ്വരന്‍റെ പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാരും അവരുടെ മുമ്പില്‍ എത്തി. മോശ കല്പിച്ചതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതി ഗോത്രക്കാരും യുദ്ധസന്നദ്ധരായി ജനത്തിനു മുമ്പേ നടന്നു. സര്‍വേശ്വരന്‍റെ സാന്നിധ്യത്തില്‍ ഏകദേശം നാല്പതിനായിരം പേര്‍ യുദ്ധസന്നദ്ധരായി യെരീഹോ സമതലത്തില്‍ പ്രവേശിച്ചു. അന്ന് ഇസ്രായേല്‍ജനമെല്ലാം യോശുവയെ ഒരു വലിയ മനുഷ്യനായി കരുതുന്നതിനു സര്‍വേശ്വരന്‍ ഇടയാക്കി. മോശയെ ബഹുമാനിച്ചതുപോലെ യോശുവയെയും അദ്ദേഹത്തിന്‍റെ ആയുഷ്കാലം മുഴുവന്‍ അവര്‍ ആദരിച്ചു. “ഉടമ്പടിപ്പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാര്‍ ‘യോര്‍ദ്ദാനില്‍നിന്ന് കയറിവരാന്‍’ കല്പിക്കുക” എന്ന് സര്‍വേശ്വരന്‍ യോശുവയോട് അരുളിച്ചെയ്തു. യോര്‍ദ്ദാനില്‍നിന്ന് കയറിവരാന്‍ യോശുവ പുരോഹിതന്മാരോടു കല്പിച്ചു. സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാനില്‍നിന്നു കയറി; അവരുടെ പാദങ്ങള്‍ ഉണങ്ങിയ നിലത്തു സ്പര്‍ശിച്ചപ്പോള്‍ യോര്‍ദ്ദാനിലെ വെള്ളം മുമ്പത്തെപ്പോലെ കരകവിഞ്ഞൊഴുകി. ഒന്നാം മാസം പത്താം ദിവസം ജനം യോര്‍ദ്ദാന്‍നദി കടന്ന് യെരീഹോവിനു കിഴക്കേ അതിര്‍ത്തിയിലുള്ള ഗില്ഗാലില്‍ പാളയമടിച്ചു. യോര്‍ദ്ദാനില്‍നിന്ന് എടുത്ത പന്ത്രണ്ടു കല്ലുകള്‍ യോശുവ ഗില്ഗാലില്‍ സ്ഥാപിച്ചു. അദ്ദേഹം ഇസ്രായേല്‍ജനത്തോടു പറഞ്ഞു: “ഈ കല്ലുകളുടെ അര്‍ഥമെന്തെന്നു വരുംകാലത്തു നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍, ഇസ്രായേല്യര്‍ യോര്‍ദ്ദാന്‍ കടന്നത് വരണ്ട നിലത്തുകൂടി ആയിരുന്നു എന്നും ചെങ്കടല്‍ വറ്റിച്ചു കളഞ്ഞതുപോലെ ഞങ്ങള്‍ നദി കടന്ന് കഴിയുന്നതുവരെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ യോര്‍ദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു എന്നും പറയണം. “അങ്ങനെ ദൈവമായ സര്‍വേശ്വരനെ നിങ്ങള്‍ എന്നും ഭയപ്പെടുകയും ഭൂമിയിലുള്ള സകല മനുഷ്യരും അവിടുത്തെ കരങ്ങള്‍ ശക്തമെന്ന് അറിയുകയും ചെയ്യട്ടെ. ഇസ്രായേല്‍ജനം കടന്നുപോകാന്‍ യോര്‍ദ്ദാന്‍നദിയിലെ വെള്ളം സര്‍വേശ്വരന്‍ വറ്റിച്ചുകളഞ്ഞ വിവരം യോര്‍ദ്ദാനു പടിഞ്ഞാറുള്ള അമോര്യരാജാക്കന്മാരും സമുദ്രതീരത്തുള്ള കനാന്യരാജാക്കന്മാരും കേട്ടപ്പോള്‍ അവര്‍ വല്ലാതെ പരിഭ്രമിച്ചു. ഇസ്രായേല്യര്‍ നിമിത്തം അവരുടെ ധൈര്യം ക്ഷയിച്ചു. “കല്‌ക്കത്തിയുണ്ടാക്കി ഇസ്രായേല്‍ജനത്തെ വീണ്ടും പരിച്ഛേദനം ചെയ്യണം” എന്ന് സര്‍വേശ്വരന്‍ യോശുവയോട് കല്പിച്ചു. അതനുസരിച്ചു യോശുവ കല്‌ക്കത്തിയുണ്ടാക്കി ഗിബയാത്ത് ഹാര്‍ലോത്തില്‍ ഇസ്രായേല്‍ജനത്തെ പരിച്ഛേദനം നടത്തി. യോശുവ അങ്ങനെ ചെയ്തതിനു കാരണം ഇതായിരുന്നു: ഈജിപ്തില്‍നിന്നു പുറപ്പെട്ടശേഷം യോദ്ധാക്കള്‍ ഉള്‍പ്പെടെ പുരുഷന്മാരെല്ലാവരും മരിച്ചുപോയിരുന്നു. യാത്ര പുറപ്പെട്ടപ്പോള്‍ അവരുടെ കൂടെ ഉണ്ടായിരുന്ന പുരുഷസന്താനങ്ങളെല്ലാം പരിച്ഛേദനം ഏറ്റവരായിരുന്നു. എന്നാല്‍ ഈജിപ്തില്‍നിന്നുള്ള യാത്രാമധ്യേ മരുഭൂമിയില്‍വച്ചു ജനിച്ചവരാരും പരിച്ഛേദനം ഏറ്റിരുന്നില്ല. സര്‍വേശ്വരന്‍റെ വാക്ക് അനുസരിക്കാതിരുന്നതുകൊണ്ട് ഈജിപ്തില്‍നിന്നു പുറപ്പെട്ടവരില്‍ യോദ്ധാക്കളായ പുരുഷന്മാരെല്ലാം മരിച്ചൊടുങ്ങുന്നതുവരെ ഇസ്രായേല്‍ജനം നാല്പതു വര്‍ഷക്കാലം മരുഭൂമിയില്‍ സഞ്ചരിക്കേണ്ടിവന്നു. അവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതും പാലും തേനും ഒഴുകുന്നതുമായ ദേശം കാണാന്‍ അവര്‍ക്ക് ഇടയാകുകയില്ലെന്നു സര്‍വേശ്വരന്‍ പ്രതിജ്ഞ ചെയ്തിരുന്നു. അവര്‍ക്കു പകരം അവരുടെ പുത്രന്മാരെ സര്‍വേശ്വരന്‍ ഉയര്‍ത്തി; അവരെയായിരുന്നു യോശുവ പരിച്ഛേദനം ചെയ്തത്. യാത്രാമധ്യേ അവരുടെ പരിച്ഛേദനം നടന്നിരുന്നില്ല. പരിച്ഛേദനം കഴിഞ്ഞ് എല്ലാവരും സൗഖ്യം പ്രാപിക്കുന്നതുവരെ പാളയത്തില്‍തന്നെ പാര്‍ത്തു. സര്‍വേശ്വരന്‍ യോശുവയോട് അരുളിച്ചെയ്തു: “ഈജിപ്തില്‍ അടിമകളായിരുന്നതിന്‍റെ അപമാനം ഇന്നു ഞാന്‍ നിങ്ങളില്‍നിന്നു നീക്കിയിരിക്കുന്നു; അതുകൊണ്ട് ആ സ്ഥലം ‘ഗില്ഗാല്‍’ എന്ന പേരില്‍ ഇന്നും അറിയപ്പെടുന്നു.” ഇസ്രായേല്‍ജനം യെരീഹോ സമതലത്തിലെ ഗില്ഗാലില്‍ പാളയമടിച്ചു. ആ മാസം പതിനാലാം ദിവസം വൈകുന്നേരം അവിടെവച്ച് പെസഹ ആചരിച്ചു. ആ പ്രദേശത്തു വിളഞ്ഞ ധാന്യംകൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പവും വറുത്ത കോതമ്പും അവര്‍ പിറ്റേദിവസം ഭക്ഷിച്ചു. അന്നു മുതല്‍ മന്ന വര്‍ഷിക്കാതെയായി. അതിനുശേഷം ഇസ്രായേല്യര്‍ക്ക് മന്ന ലഭിച്ചില്ല; ആ വര്‍ഷംമുതല്‍ കനാന്‍ദേശത്തെ ഫലം അവര്‍ ഭക്ഷിച്ചു. യോശുവ യെരീഹോവിനു സമീപത്തു വച്ച് ഊരിയ വാളുമായി നില്‌ക്കുന്ന ഒരാളിനെ കണ്ടു; യോശുവ അയാളെ സമീപിച്ചു ചോദിച്ചു: “നീ ഞങ്ങളുടെ പക്ഷത്തുള്ളവനോ അതോ ശത്രുപക്ഷത്തുള്ളവനോ?” “രണ്ടുമല്ല; സര്‍വേശ്വരന്‍റെ സേനാനായകനായി ഞാന്‍ ഇപ്പോള്‍ വന്നിരിക്കുന്നു” എന്നയാള്‍ മറുപടി നല്‌കി. യോശുവ സാഷ്ടാംഗപ്രണാമം ചെയ്തതിനുശേഷം ചോദിച്ചു: “ഈ ദാസനോട് അവിടുത്തേക്ക് എന്താണ് കല്പിക്കാനുള്ളത്?” സര്‍വേശ്വരന്‍റെ സേനാനായകന്‍ യോശുവയോടു പറഞ്ഞു: “നിന്‍റെ കാലിലെ ചെരുപ്പ് അഴിച്ചുകളക; വിശുദ്ധസ്ഥലത്താണ് നീ നില്‌ക്കുന്നത്.” യോശുവ അങ്ങനെ ചെയ്തു. ഇസ്രായേല്‍ജനം പ്രവേശിക്കാതിരിക്കത്തക്കവിധം യെരീഹോവിന്‍റെ വാതില്‍ അടച്ചു ഭദ്രമാക്കിയിരുന്നു. ഉള്ളില്‍ കയറാനോ പുറത്തു പോകാനോ ആര്‍ക്കും സാധ്യമായിരുന്നില്ല. സര്‍വേശ്വരന്‍ യോശുവയോടു പറഞ്ഞു: “യെരീഹോപട്ടണത്തെ അതിന്‍റെ രാജാവിനോടും യുദ്ധവീരന്മാരോടും കൂടി ഞാന്‍ നിന്നെ ഏല്പിച്ചിരിക്കുന്നു. നിങ്ങളുടെ യോദ്ധാക്കള്‍ ദിവസം ഒരു പ്രാവശ്യം വീതം ആറു ദിവസം പട്ടണത്തെ പ്രദക്ഷിണം ചെയ്യണം. ആട്ടിന്‍കൊമ്പുകൊണ്ടുള്ള കാഹളം കൈയില്‍ ഏന്തിയ ഏഴു പുരോഹിതന്മാര്‍ ഉടമ്പടിപ്പെട്ടകത്തിന്‍റെ മുമ്പേ നടക്കണം. ഏഴാം ദിവസം കാഹളം ഊതുന്ന പുരോഹിതന്മാരോടൊപ്പം ഏഴു പ്രാവശ്യം നിങ്ങള്‍ പട്ടണത്തെ പ്രദക്ഷിണം ചെയ്യണം. അവര്‍ കാഹളം നീട്ടി ഊതുന്നതു കേള്‍ക്കുമ്പോള്‍ ജനമെല്ലാം ഉച്ചത്തില്‍ ആര്‍പ്പിടണം. അപ്പോള്‍ പട്ടണമതില്‍ തകര്‍ന്നുവീഴും; തുടര്‍ന്നു സൈന്യം പട്ടണത്തില്‍ പ്രവേശിക്കണം.” നൂനിന്‍റെ പുത്രനായ യോശുവ പുരോഹിതന്മാരെ വിളിച്ചു പറഞ്ഞു: “ഉടമ്പടിപ്പെട്ടകം എടുക്കുവിന്‍; ആട്ടിന്‍കൊമ്പുകൊണ്ടുള്ള കാഹളങ്ങള്‍ കൈയില്‍ ഏന്തി ഏഴു പുരോഹിതന്മാര്‍ സര്‍വേശ്വരന്‍റെ പെട്ടകത്തിനു മുമ്പില്‍ നില്‌ക്കട്ടെ.” അതിനുശേഷം ജനത്തോടു പറഞ്ഞു: “മുന്നോട്ടു നീങ്ങുവിന്‍; നിങ്ങള്‍ പട്ടണത്തെ പ്രദക്ഷിണം ചെയ്യുക; ആയുധധാരികള്‍ പെട്ടകത്തിനുമുമ്പേ നടക്കട്ടെ.” യോശുവ ജനത്തോടു കല്പിച്ചതുപോലെ കാഹളങ്ങള്‍ കൈയില്‍ എടുത്തിരുന്ന ഏഴു പുരോഹിതന്മാര്‍ അവിടുത്തെ പെട്ടകത്തിന്‍റെ മുമ്പില്‍ കാഹളം ഊതിക്കൊണ്ടു നടന്നു. സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം അവര്‍ക്കു പിന്നാലെ ഉണ്ടായിരുന്നു. ആയുധധാരികളില്‍ ചിലര്‍ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പിലും ശേഷമുള്ളവര്‍ പെട്ടകത്തിനു പിമ്പിലും നടന്നു. ഈ സമയമെല്ലാം കാഹളധ്വനി മുഴങ്ങിക്കൊണ്ടിരുന്നു. യോശുവ ജനത്തോടു പറഞ്ഞു: “ആര്‍പ്പിടുവാന്‍ ഞാന്‍ നിങ്ങളോടു കല്പിക്കുന്ന ദിവസംവരെ നിങ്ങള്‍ ആര്‍പ്പിടുകയോ ഒച്ചയുണ്ടാക്കുകയോ ഒരു വാക്കെങ്കിലും ഉച്ചരിക്കുകയോ ചെയ്യരുത്.” യോശുവ കല്പിച്ചതുപോലെ സര്‍വേശ്വരന്‍റെ പെട്ടകമെടുത്ത് അവര്‍ ഒരു തവണ പട്ടണത്തെ പ്രദക്ഷിണം ചെയ്തു; അതിനുശേഷം അവര്‍ പാളയത്തില്‍ തിരിച്ചുവന്ന് അവിടെ രാത്രി കഴിച്ചു. യോശുവ അടുത്ത ദിവസം രാവിലെ എഴുന്നേറ്റു. പുരോഹിതന്മാര്‍ സര്‍വേശ്വരന്‍റെ പെട്ടകം എടുത്തു. ആട്ടിന്‍കൊമ്പുകൊണ്ടുള്ള കാഹളം ഊതിക്കൊണ്ട് ഏഴു പുരോഹിതന്മാര്‍ പെട്ടകത്തിനു മുമ്പേ നടന്നു. ആയുധധാരികളില്‍ ചിലര്‍ പെട്ടകത്തിനു മുമ്പിലും ശേഷമുള്ളവര്‍ പിമ്പിലുമായി നടന്നു. അവര്‍ മുമ്പോട്ടു നടക്കുമ്പോള്‍ കാഹളശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു. രണ്ടാം ദിവസവും അവര്‍ പട്ടണത്തെ പ്രദക്ഷിണം ചെയ്തതിനുശേഷം പാളയത്തിലേക്കു മടങ്ങി. ആറു ദിവസം അവര്‍ ഇങ്ങനെ ചെയ്തു. ഏഴാം ദിവസവും പ്രഭാതത്തില്‍തന്നെ എഴുന്നേറ്റു മുമ്പു ചെയ്തതുപോലെ പട്ടണത്തെ പ്രദക്ഷിണം ചെയ്യാന്‍ ആരംഭിച്ചു; അന്ന് ഏഴു തവണ പട്ടണത്തെ പ്രദക്ഷിണം ചെയ്തു. ഏഴാം പ്രാവശ്യം പുരോഹിതന്മാര്‍ കാഹളം ഊതിയപ്പോള്‍, “ആര്‍പ്പു വിളിക്കുവിന്‍, സര്‍വേശ്വരന്‍ ഈ പട്ടണം നിങ്ങള്‍ക്കു നല്‌കിയിരിക്കുന്നു” എന്നു യോശുവ ജനത്തോടു പറഞ്ഞു. സര്‍വേശ്വരനുള്ള ഒരു വഴിപാട് എന്നവിധം പട്ടണവും അതിലുള്ള സര്‍വസ്വവും നശിപ്പിക്കണം. എന്നാല്‍ വേശ്യയായ രാഹാബ് നമ്മുടെ ദൂതന്മാരെ ഒളിപ്പിച്ചതുകൊണ്ട് അവളും കുടുംബാംഗങ്ങളും ജീവനോടെയിരിക്കട്ടെ. എന്നാല്‍ നശിപ്പിക്കാന്‍ സമര്‍പ്പിക്കപ്പെട്ടവയില്‍നിന്നും യാതൊന്നും നിങ്ങള്‍ എടുക്കരുത്; എടുത്താല്‍ ഇസ്രായേല്‍പാളയത്തില്‍ അനര്‍ഥവും നാശവും ഉണ്ടാകും. വെള്ളി, സ്വര്‍ണം, ചെമ്പ്, ഇരുമ്പ് എന്നിവകൊണ്ടുള്ള സകല വസ്തുക്കളും സര്‍വേശ്വരനുവേണ്ടി മാറ്റിവയ്‍ക്കണം. അവ അവിടുത്തെ ഭണ്ഡാരത്തില്‍ ചേരേണ്ടതാകുന്നു. പിന്നീട് കാഹളം ഊതുകയും ജനം കാഹളശബ്ദം കേട്ടപ്പോള്‍ ആര്‍ത്തട്ടഹസിക്കുകയും ചെയ്തു. അപ്പോള്‍ പട്ടണമതില്‍ ഇടിഞ്ഞുവീണു. ജനം നേരെ മുമ്പോട്ടു കടന്ന് പട്ടണം പിടിച്ചടക്കി. പുരുഷന്മാര്‍, സ്‍ത്രീകള്‍, കുട്ടികള്‍, വൃദ്ധന്മാര്‍, ആടുമാടുകള്‍, കഴുതകള്‍ തുടങ്ങി പട്ടണത്തിലുള്ള സമസ്തവും അവര്‍ നശിപ്പിച്ചു. ദേശം നിരീക്ഷിക്കാന്‍ അയച്ചിരുന്ന രണ്ടു പേരോടും യോശുവ പറഞ്ഞു: “നിങ്ങള്‍ പ്രതിജ്ഞ ചെയ്തിരുന്നതുപോലെ ആ വേശ്യയുടെ വീട്ടില്‍ ചെന്ന് അവളെയും കുടുംബാംഗങ്ങളെയും പുറത്തു കൊണ്ടുവരിക.” അവര്‍ പോയി രാഹാബിനെയും അവളുടെ മാതാപിതാക്കളെയും സഹോദരീസഹോദരന്മാരെയും സകല ചാര്‍ച്ചക്കാരെയും കൊണ്ടുവന്ന് ഇസ്രായേല്‍പാളയത്തിനു പുറത്തു പാര്‍പ്പിച്ചു. പിന്നീട് പട്ടണവും അതിലുള്ള സകലവും അവര്‍ തീവച്ചു നശിപ്പിച്ചു. എന്നാല്‍ വെള്ളി, സ്വര്‍ണം, ചെമ്പ്, ഇരുമ്പ് എന്നിവകൊണ്ടുള്ള പാത്രങ്ങള്‍ സര്‍വേശ്വരന്‍റെ ഭണ്ഡാരത്തില്‍ സൂക്ഷിച്ചു. യെരീഹോവിനെ ഒറ്റുനോക്കാന്‍ യോശുവ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതിനാല്‍ അദ്ദേഹം അവളെയും അവളുടെ ചാര്‍ച്ചക്കാരെയും അവള്‍ക്കുള്ളതിനെയെല്ലാം ജീവനോടെ രക്ഷിച്ചു. അവളുടെ പിന്‍തലമുറക്കാര്‍ ഇസ്രായേലില്‍ ഇപ്പോഴും പാര്‍ക്കുന്നു. അന്ന് യോശുവ ഇപ്രകാരം ശപഥം ചെയ്തു പറഞ്ഞു: “യെരീഹോപട്ടണം വീണ്ടും പണിയാന്‍ തുനിയുന്നവന്‍ സര്‍വേശ്വരന്‍റെ മുമ്പില്‍ ശപിക്കപ്പെട്ടവനായിരിക്കും. “അതിന് അടിസ്ഥാനമിടുമ്പോള്‍ അവന്‍റെ മൂത്തമകനും അതിന്‍റെ വാതില്‍ ഉറപ്പിക്കുമ്പോള്‍ അവന്‍റെ ഇളയമകനും നഷ്ടപ്പെടും.” സര്‍വേശ്വരന്‍ യോശുവയോടുകൂടി ഉണ്ടായിരുന്നു; അദ്ദേഹത്തിന്‍റെ കീര്‍ത്തി ദേശമെങ്ങും വ്യാപിച്ചു. സര്‍വേശ്വരനുവേണ്ടി മാറ്റിവച്ച വസ്തുക്കളില്‍ ചിലത് യെഹൂദാഗോത്രത്തിലെ കര്‍മ്മിയുടെ മകനായ ആഖാന്‍ എടുത്തു. അങ്ങനെ ഇസ്രായേല്‍ജനം സര്‍വേശ്വരന്‍റെ കല്പന ലംഘിച്ചു. കര്‍മ്മി സബ്ദിയുടെ പുത്രനും സേരഹിന്‍റെ പൗത്രനും ആയിരുന്നു; തന്മൂലം ഇസ്രായേല്‍ജനത്തിന്‍റെമേല്‍ സര്‍വേശ്വരന്‍റെ കോപം ജ്വലിച്ചു. ബേഥേലിനു കിഴക്ക് ബേഥാവെന്‍റെ സമീപമുള്ള ഹായിപട്ടണത്തിലേക്ക് യെരീഹോവില്‍നിന്ന് ആളുകളെ അയച്ചുകൊണ്ട് യോശുവ പറഞ്ഞു: “നിങ്ങള്‍ പോയി ഹായിപട്ടണം രഹസ്യമായി നിരീക്ഷിച്ചു വരിക.” അവര്‍ അപ്രകാരം ചെയ്തു; അവര്‍ തിരികെവന്നു യോശുവയോടു പറഞ്ഞു: “ഹായി ആക്രമിക്കാന്‍ രണ്ടായിരമോ മൂവായിരമോ ആളുകള്‍ മതിയാകും. എല്ലാവരും പോയി ബുദ്ധിമുട്ടേണ്ടതില്ല. അവിടെ കുറച്ചുപേര്‍ മാത്രമേയുള്ളൂ.” അങ്ങനെ ഇസ്രായേല്‍ജനത്തില്‍ ഏകദേശം മൂവായിരം പേര്‍ അവിടേക്കു പോയി; അവരാകട്ടെ ഹായിനിവാസികളുടെ മുമ്പില്‍ തോറ്റോടി. പട്ടണവാതില്‍മുതല്‍ ശെബാരീംവരെ അവര്‍ അവരെ പിന്തുടര്‍ന്നു. മലഞ്ചരുവില്‍ വച്ച് അവരില്‍ മുപ്പത്താറു പേരെ ഹായിനിവാസികള്‍ വധിച്ചു; ഇസ്രായേല്യരുടെ ധൈര്യം ക്ഷയിച്ചു. അവര്‍ ഭയചകിതരായി. യോശുവയും ജനനേതാക്കളും വസ്ത്രം കീറി, തലയില്‍ പൂഴി വാരിയിട്ടുംകൊണ്ട് സര്‍വേശ്വരന്‍റെ പെട്ടകത്തിനു മുമ്പില്‍ സന്ധ്യവരെ സാഷ്ടാംഗം വീണുകിടന്നു. യോശുവ പറഞ്ഞു: “ദൈവമായ സര്‍വേശ്വരാ, അമോര്യരുടെ കൈയാല്‍ നശിക്കുന്നതിന് എന്തിനു ഞങ്ങളെ യോര്‍ദ്ദാനിക്കരെ കൂട്ടിക്കൊണ്ടുവന്നു? ഞങ്ങള്‍ യോര്‍ദ്ദാനക്കരെ പാര്‍ത്താല്‍ മതിയായിരുന്നല്ലോ! സര്‍വേശ്വരാ, ഇസ്രായേല്യര്‍ ശത്രുക്കളോടു പരാജയപ്പെട്ടു പിന്തിരിഞ്ഞ ശേഷം ഞാന്‍ എന്തു പറയേണ്ടൂ! കനാന്യരും തദ്ദേശവാസികളായ ജനതകളും ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഞങ്ങളെ വളയും. ഞങ്ങളുടെ നാമം ഭൂമുഖത്തുനിന്നു തുടച്ചുമാറ്റപ്പെടും. അപ്പോള്‍ അവിടുത്തെ നാമം നിലനിര്‍ത്താന്‍ അവിടുന്ന് എന്തു ചെയ്യും? സര്‍വേശ്വരന്‍ യോശുവയോടു പറഞ്ഞു: “എഴുന്നേല്‌ക്കുക! നീ എന്തിനു വീണുകിടക്കുന്നു? ഇസ്രായേല്‍ പാപം ചെയ്തു. അര്‍പ്പിതവസ്തുക്കളില്‍ ചിലത് എടുക്കയാല്‍ അവര്‍ എന്‍റെ കല്പന ലംഘിച്ചു. അവര്‍ മോഷ്‍ടിച്ച വകകള്‍ തങ്ങള്‍ക്കുള്ള വകകളോടു ചേര്‍ത്തുവച്ച ശേഷം വ്യാജം പറഞ്ഞു. അതുകൊണ്ട് ഇസ്രായേല്‍ജനത്തിനു ശത്രുക്കളെ ചെറുത്തുനില്‌ക്കാന്‍ കഴികയില്ല. അവര്‍ നാശത്തിനു വിധിക്കപ്പെട്ടിരിക്കകൊണ്ട് ശത്രുക്കളുടെ മുമ്പില്‍നിന്നു പിന്തിരിഞ്ഞ് ഓടേണ്ടിവന്നു. അവര്‍ മോഷ്‍ടിച്ച അര്‍പ്പിതവസ്തുക്കള്‍ നിങ്ങളുടെ ഇടയില്‍നിന്നു നീക്കാതെയിരുന്നാല്‍ ഞാന്‍ നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല; നീ എഴുന്നേറ്റു ജനത്തെ ശുദ്ധീകരിക്കുക. നാളത്തേക്കു തങ്ങളെത്തന്നെ ശുദ്ധീകരിക്കാന്‍ നീ അവരോടു പറയണം. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ‘സര്‍വേശ്വരന് അര്‍പ്പിതമായ വസ്തുക്കള്‍ നിങ്ങളുടെ ഇടയില്‍നിന്നു നീക്കുന്നതുവരെ ശത്രുക്കളെ ചെറുത്തുനില്‌ക്കാന്‍ നിങ്ങള്‍ക്കു കഴികയില്ല;’ അതുകൊണ്ടു നിങ്ങള്‍ രാവിലെ ഗോത്രം ഗോത്രമായി അടുത്തുവരണം. അവിടുന്നു നിര്‍ദ്ദേശിക്കുന്ന ഗോത്രം കുലം കുലമായി അടുത്തു വരണം; സര്‍വേശ്വരന്‍ നിര്‍ദ്ദേശിക്കുന്ന കുലം കുടുംബം കുടുംബമായി അടുത്തുവരണം. അവിടുന്നു നിര്‍ദ്ദേശിക്കുന്ന കുടുംബത്തിലുള്ളവര്‍ ഓരോരുത്തരായി അടുത്തുവരണം. അര്‍പ്പിതവസ്തുക്കളോടുകൂടെ പിടിക്കപ്പെടുന്നവനെയും അവനുള്ള സകലത്തെയും ദഹിപ്പിച്ചുകളയണം; ഇസ്രായേലില്‍ മ്ലേച്ഛമായ പ്രവൃത്തിയാണ് അവന്‍ ചെയ്തത്. സര്‍വേശ്വരന്‍റെ ഉടമ്പടി അവന്‍ ലംഘിച്ചുവല്ലോ.” യോശുവ അടുത്ത പ്രഭാതത്തില്‍ ഇസ്രായേല്‍ജനത്തെ ഗോത്രക്രമം അനുസരിച്ചു വരുത്തി. അവയില്‍ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി. അവയില്‍ സര്‍ഹ്യകുലത്തെ മാറ്റിനിര്‍ത്തി; സര്‍ഹ്യകുലത്തെ കുടുംബം കുടുംബമായി വരുത്തി. അവയില്‍ സബ്ദി കുടുംബത്തെ നീക്കിനിര്‍ത്തി. സബ്ദികുടുംബത്തെ ആളാംപ്രതി വരുത്തി; സബ്ദിയുടെ പൗത്രനും കര്‍മ്മിയുടെ പുത്രനുമായ ആഖാന്‍ പിടിക്കപ്പെട്ടു. യോശുവ ആഖാനോടു പറഞ്ഞു: “എന്‍റെ മകനേ! ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനെ മഹത്ത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്യുക. നീ എന്തു ചെയ്തു എന്ന് എന്നോടു പറയുക; ഒന്നും മറച്ചുവയ്‍ക്കരുത്.” ആഖാന്‍ യോശുവയോട് പറഞ്ഞു: “ഇതു സത്യമാണ്; ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനോടു ഞാന്‍ പാപം ചെയ്തു; ഞാന്‍ ചെയ്തതു ഇതാണ്. നാം പിടിച്ചെടുത്ത വസ്തുക്കളുടെ കൂട്ടത്തില്‍ ശിനാറില്‍നിന്നുള്ള മനോഹരമായ ഒരു മേലങ്കിയും ഇരുനൂറ് ശേക്കെല്‍ വെള്ളിയും അമ്പത് ശേക്കെല്‍ തൂക്കമുള്ള ഒരു സ്വര്‍ണക്കട്ടിയും കണ്ടു; അവയെ ഞാന്‍ മോഹിച്ചു; ഞാന്‍ അവ എടുത്ത് എന്‍റെ കൂടാരത്തിനുള്ളില്‍ വെള്ളി അടിയിലാക്കി കുഴിച്ചിടുകയും ചെയ്തു.” യോശുവ അയച്ച ദൂതന്മാര്‍ കൂടാരത്തിലേക്ക് ഓടി; അവര്‍ ഒളിച്ചുവച്ചിരിക്കുന്ന വസ്തുക്കള്‍ കണ്ടു; ഏറ്റവും അടിയില്‍ വെള്ളി ആയിരുന്നു. അവര്‍ കൂടാരത്തില്‍നിന്ന് അതെടുത്ത് യോശുവയുടെയും ഇസ്രായേല്‍ജനത്തിന്‍റെയും അടുക്കല്‍ കൊണ്ടുവന്നു. സര്‍വേശ്വരന്‍റെ സന്നിധിയില്‍ അവ നിരത്തിവച്ചു; അപ്പോള്‍ യോശുവയും സകല ഇസ്രായേല്‍ജനവും ചേര്‍ന്ന് ആഖാനെയും അവന്‍റെ പുത്രീപുത്രന്മാരെയും വെള്ളി, മേലങ്കി, സ്വര്‍ണക്കട്ടി എന്നീ അര്‍പ്പിതവസ്തുക്കളോടും കാള, കഴുത, ആട്, കൂടാരം എന്നിവയോടും കൂടി ആഖോര്‍ താഴ്വരയിലേക്കു കൊണ്ടുപോയി. യോശുവ അവനോട് പറഞ്ഞു: “നീ എന്തിനാണു ഞങ്ങളുടെമേല്‍ കഷ്ടതകള്‍ വരുത്തിവച്ചത്? സര്‍വേശ്വരന്‍ ഇന്ന് നിന്‍റെമേലും കഷ്ടതകള്‍ വരുത്തും. പിന്നീട് ഇസ്രായേല്‍ജനം അവനെ കല്ലെറിഞ്ഞു. അവനെയും കുടുംബാംഗങ്ങളെയും അവര്‍ കല്ലെറിയുകയും പിന്നീട് അവരെ ദഹിപ്പിക്കുകയും ചെയ്തു; അവര്‍ അവന്‍റെമേല്‍ ഒരു വലിയ കല്‍ക്കൂമ്പാരം ഉണ്ടാക്കി; അത് ഇന്നും അവിടെയുണ്ട്. സര്‍വേശ്വരന്‍റെ ഉഗ്രരോഷം ശമിച്ചു. ഇന്നും അവിടം ആഖോര്‍ താഴ്വര എന്ന പേരില്‍ അറിയപ്പെടുന്നു. സര്‍വേശ്വരന്‍ യോശുവയോട് അരുളിച്ചെയ്തു: “നിങ്ങള്‍ ഭയപ്പെടരുത്; പരിഭ്രമിക്കുകയും അരുത്. സൈന്യവുമായി ഹായിയിലേക്കു പോകുക. അവിടത്തെ രാജാവിനോടൊപ്പം ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്‍റെ കൈയില്‍ ഞാന്‍ ഏല്പിച്ചിരിക്കുന്നു. യെരീഹോവിനോടും അവിടത്തെ രാജാവിനോടും നീ ചെയ്തതുപോലെതന്നെ ഹായിയോടും അവിടത്തെ രാജാവിനോടും ചെയ്യണം. എന്നാല്‍ അവിടെനിന്നു പിടിച്ചെടുക്കുന്ന സാധനങ്ങളും കന്നുകാലികളും ഇത്തവണ നിങ്ങള്‍ക്ക് എടുക്കാം. പട്ടണത്തെ ആക്രമിക്കാന്‍ അതിന്‍റെ പിന്‍ഭാഗത്തു നിങ്ങള്‍ പതിയിരിക്കണം.” യോശുവയും സൈനികരും ഹായിയിലേക്കു പുറപ്പെട്ടു. യുദ്ധവീരന്മാരായ മുപ്പതിനായിരം പേരെ യോശുവ തിരഞ്ഞെടുത്ത് രാത്രിയില്‍ത്തന്നെ അയച്ചു. അവരോട് യോശുവ ഇങ്ങനെ കല്പിച്ചു: “നിങ്ങള്‍ പട്ടണത്തിന്‍റെ പിന്‍ഭാഗത്തു പതിയിരിക്കണം. പട്ടണത്തില്‍നിന്നു വളരെ ദൂരം പോകരുത്; യുദ്ധം ചെയ്യുന്നതിന് ഒരുങ്ങിയിരിക്കണം. ഞാനും എന്‍റെ കൂടെയുള്ളവരും പട്ടണത്തെ സമീപിക്കും; ഹായിനിവാസികള്‍ ഞങ്ങളെ നേരിടുമ്പോള്‍ മുന്‍പത്തെപ്പോലെ ഞങ്ങള്‍ അവരുടെ മുമ്പില്‍നിന്നു പിന്തിരിഞ്ഞോടും. അങ്ങനെ പട്ടണത്തില്‍നിന്നു വിദൂരമായ സ്ഥലത്ത് ആകുന്നതുവരെ അവര്‍ ഞങ്ങളെ പിന്തുടരും. മുമ്പെന്നപോലെ നാം അവരുടെ മുമ്പില്‍നിന്നു പരാജിതരായി ഓടിപ്പോകുകയാണെന്ന് അവര്‍ പറയും. അപ്പോള്‍ ഒളിവിടങ്ങളില്‍നിന്നു പുറത്തുവന്നു നിങ്ങള്‍ പട്ടണം പിടിച്ചെടുക്കണം. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അതു നിങ്ങളുടെ കരങ്ങളില്‍ ഏല്പിച്ചുതരും. പട്ടണം പിടിച്ചെടുത്തതിനുശേഷം അവിടുന്ന് കല്പിച്ചതുപോലെ അതിനെ അഗ്നിക്ക് ഇരയാക്കണം എന്ന് ഞാന്‍ നിങ്ങളോടു കല്പിക്കുന്നു.” യോശുവ അവരെ പറഞ്ഞയച്ചു. അവര്‍ പോയി ഹായിക്കു പടിഞ്ഞാറ്, ബേഥേലിനും ഹായിക്കും മധ്യേ പതിയിരുന്നു. യോശുവ ആ രാത്രിയില്‍ ജനത്തിന്‍റെ കൂടെ പാര്‍ത്തു. യോശുവ അതിരാവിലെ എഴുന്നേറ്റു സൈനികരെയെല്ലാം വിളിച്ചുകൂട്ടി. പിന്നീട് അദ്ദേഹവും ഇസ്രായേല്‍നേതാക്കന്മാരും ചേര്‍ന്ന് അവരെ ഹായിയിലേക്കു നയിച്ചു. അദ്ദേഹത്തിന്‍റെ കൂടെ ഉണ്ടായിരുന്ന സൈനികര്‍ നഗരവാതില്‌ക്കല്‍ എത്തി ഹായിക്കു വടക്കു പാളയമടിച്ചു. അവര്‍ പാളയമടിച്ച സ്ഥലത്തിനും ഹായിക്കും മധ്യേ ഒരു താഴ്വര ഉണ്ടായിരുന്നു. യോശുവ ഏകദേശം അയ്യായിരം പേരെ തിരഞ്ഞെടുത്തു ഹായിക്കും ബേഥേലിനും മധ്യേ പട്ടണത്തിന്‍റെ പടിഞ്ഞാറു വശത്തു പതിയിരുത്തി. പ്രധാന സൈന്യവ്യൂഹത്തെ പട്ടണത്തിനു വടക്കും ശേഷിച്ച സൈനികരെ പട്ടണത്തിനു പടിഞ്ഞാറുമായി യുദ്ധത്തിന് ഒരുക്കിനിര്‍ത്തി. ആ രാത്രിയില്‍ യോശുവ താഴ്വരയില്‍ പാര്‍ത്തു. ഹായിയിലെ രാജാവ് അവരെ കണ്ടപ്പോള്‍ പെട്ടെന്ന് സൈന്യസമേതം ഇസ്രായേല്‍ജനത്തോടു യുദ്ധം ചെയ്യാന്‍ അരാബായിലേക്കു പുറപ്പെട്ടു. പട്ടണത്തിന്‍റെ പിന്‍വശത്തു ശത്രുസൈന്യം പതിയിരിക്കുന്ന വിവരം രാജാവ് അറിഞ്ഞില്ല. യോശുവയും ഇസ്രായേല്‍ജനവും തോറ്റോടുന്നു എന്ന ഭാവേന മരുഭൂമിയിലേക്ക് ഓടി. അവരെ പിന്തുടരാനായി രാജാവ് പട്ടണവാസികളെയെല്ലാം വിളിച്ചുകൂട്ടി. അവര്‍ യോശുവയെ പിന്തുടര്‍ന്ന് പട്ടണത്തില്‍നിന്നു വിദൂരത്തെത്തി. ഇസ്രായേല്‍ജനത്തെ പിന്തുടരാത്തവരായി ഹായിയിലും ബേഥേലിലും ആരും ഉണ്ടായിരുന്നില്ല. നഗരവാതില്‍ തുറന്നിട്ടശേഷമായിരുന്നു ഇസ്രായേല്‍ജനത്തെ അവര്‍ പിന്തുടര്‍ന്നത്. സര്‍വേശ്വരന്‍ യോശുവയോട് അരുളിച്ചെയ്തു: “നിന്‍റെ കൈയിലിരിക്കുന്ന കുന്തം ഹായിക്കു നേരെ ചൂണ്ടുക. ആ പട്ടണം ഞാന്‍ നിന്‍റെ കരങ്ങളില്‍ ഏല്പിക്കും.” യോശുവ അങ്ങനെ ചെയ്തു. തല്‍ക്ഷണം പതിയിരുന്നവര്‍ ഒളിവിടങ്ങളില്‍നിന്ന് എഴുന്നേറ്റു പട്ടണത്തിനുള്ളിലേക്കു പാഞ്ഞുചെന്ന് അതു പിടിച്ചടക്കി. ഉടന്‍തന്നെ അവര്‍ പട്ടണത്തിനു തീ വച്ചു. ഹായിനിവാസികള്‍ തിരിഞ്ഞുനോക്കിയപ്പോള്‍ പട്ടണത്തില്‍നിന്നു പുക ആകാശത്തേക്ക് ഉയരുന്നതു കണ്ടു. അവര്‍ക്ക് രക്ഷപെടാന്‍ ഒരു മാര്‍ഗവും ഉണ്ടായിരുന്നില്ല. മരുഭൂമിയിലേക്ക് ഓടിപ്പോയ ഇസ്രായേല്‍ജനം തിരിഞ്ഞ് അവരെ ആക്രമിക്കാന്‍ തുടങ്ങി. പതിയിരുന്നവര്‍ പട്ടണം പിടിച്ചടക്കിയതും പട്ടണത്തില്‍നിന്നു പുക ആകാശത്തിലേക്കു പൊങ്ങുന്നതും കണ്ടപ്പോള്‍ യോശുവയും ഇസ്രായേല്‍ജനവും തിരിഞ്ഞുനിന്ന് ഹായി നിവാസികളെ സംഹരിച്ചു. പട്ടണത്തില്‍ കടന്ന ഇസ്രായേല്‍ജനവും യുദ്ധരംഗത്തു വന്നു; അങ്ങനെ ഹായിനിവാസികള്‍ ഇസ്രായേല്‍ജനത്തിന്‍റെ മധ്യത്തിലായി. അവരില്‍ ഒരാള്‍പോലും ശേഷിക്കയോ രക്ഷപെടുകയോ ചെയ്യാത്തവിധം ഇസ്രായേല്യര്‍ അവരെ സംഹരിച്ചു. എന്നാല്‍ ഹായിരാജാവിനെ അവര്‍ ജീവനോടെ പിടിച്ച് യോശുവയുടെ അടുക്കല്‍ കൊണ്ടുവന്നു. മരുഭൂമിയില്‍ തങ്ങളെ പിന്തുടര്‍ന്നെത്തിയ ഹായിനിവാസികളെ ഒന്നൊഴിയാതെ ഇസ്രായേല്യര്‍ കൊന്നൊടുക്കി. അതിനുശേഷം ഇസ്രായേല്യര്‍ ഹായിയില്‍ കടന്നു. ശേഷിച്ചവരെയും വാളിന് ഇരയാക്കി. ഹായിപട്ടണത്തില്‍ പുരുഷന്മാരും സ്‍ത്രീകളുമടക്കം അന്നു സംഹരിക്കപ്പെട്ടവര്‍ പന്തീരായിരം ആയിരുന്നു. ഹായിനിവാസികളെയെല്ലാം നശിപ്പിച്ചു തീരുന്നതുവരെ കുന്തം നീട്ടിയിരുന്ന കൈ യോശുവ പിന്‍വലിച്ചില്ല. സര്‍വേശ്വരന്‍ യോശുവയോടു കല്പിച്ചിരുന്നതുപോലെ പട്ടണത്തില്‍നിന്നു പിടിച്ചെടുത്ത സാധനങ്ങളും കന്നുകാലികളും അവര്‍ സ്വന്തമാക്കി. യോശുവ ഹായിപട്ടണം ചുട്ടുചാമ്പലാക്കി; അത് ഒരു മണല്‍ക്കൂമ്പാരമായി ഇന്നും അവശേഷിക്കുന്നു. അദ്ദേഹം ഹായിരാജാവിനെ ഒരു മരത്തില്‍ തൂക്കി; ശവശരീരം സായാഹ്നംവരെ മരത്തില്‍ കിടന്നു; സൂര്യന്‍ അസ്തമിച്ചപ്പോള്‍ യോശുവയുടെ കല്പനപ്രകാരം ശവം മരത്തില്‍നിന്ന് ഇറക്കി പട്ടണവാതില്‌ക്കല്‍ വയ്‍ക്കുകയും അതിന്മേല്‍ ഒരു വലിയ കല്‍കൂമ്പാരം ഉയര്‍ത്തുകയും ചെയ്തു. അത് ഇന്നും അവിടെയുണ്ട്. യോശുവ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന് ഏബാല്‍മലയില്‍ ഒരു യാഗപീഠം നിര്‍മ്മിച്ചു. കര്‍ത്താവിന്‍റെ ദാസനായ മോശ ഇസ്രായേല്‍ജനത്തോടു കല്പിച്ചതുപോലെയും മോശയുടെ ധര്‍മശാസ്ത്രഗ്രന്ഥത്തില്‍ എഴുതിയിരുന്നതുപോലെയും ചെത്തിമിനുക്കാത്ത കല്ലുകള്‍ കൊണ്ടുള്ളതും ഇരുമ്പു സ്പര്‍ശിക്കാത്തതുമായിരുന്നു അത്. അവര്‍ അതില്‍ സര്‍വേശ്വരനു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു. മോശ എഴുതിയ ധര്‍മശാസ്ത്രത്തിന്‍റെ ഒരു പകര്‍പ്പ് ഇസ്രായേല്‍ജനത്തിന്‍റെ സാന്നിധ്യത്തില്‍ യോശുവ ആ കല്ലുകളില്‍ രേഖപ്പെടുത്തി. ഇസ്രായേല്‍ജനം അവരുടെ നേതാക്കന്മാരോടും ഉദ്യോഗസ്ഥന്മാരോടും ന്യായപാലകരോടും അവരുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശികളോടും ഒരുമിച്ച് സര്‍വേശ്വരന്‍റെ വാഗ്ദാനപെട്ടകം വഹിച്ചിരുന്ന ലേവ്യപുരോഹിതന്മാര്‍ക്ക് അഭിമുഖമായി പെട്ടകത്തിന്‍റെ ഇരുവശങ്ങളിലുമായി നിന്നു. അവരില്‍ പകുതിപ്പേര്‍ ഗെരിസീംപര്‍വതത്തിന്‍റെ മുന്‍പിലും മറ്റുള്ളവര്‍ ഏബാല്‍പര്‍വതത്തിന്‍റെ മുമ്പിലും ആയിരുന്നു നിന്നത്. ഏതു വിധത്തിലാണ് ഇസ്രായേല്‍ജനത്തെ അനുഗ്രഹിക്കേണ്ടതെന്നു സര്‍വേശ്വരന്‍റെ ദാസനായ മോശ കല്പിച്ചിരുന്ന പ്രകാരം അനുഗ്രഹം സ്വീകരിക്കാനാണ് അവര്‍ അങ്ങനെ നിന്നത്. അതിനുശേഷം ധര്‍മശാസ്ത്രപുസ്തകത്തിലെ അനുഗ്രഹവചനങ്ങളും ശാപവചനങ്ങളും യോശുവ വായിച്ചു. സ്‍ത്രീകളും കുട്ടികളും അവരുടെ ഇടയില്‍ പാര്‍ത്തിരുന്ന പരദേശികളും ഉള്‍പ്പെടെ സകല ഇസ്രായേല്‍ജനത്തോടുമായി മോശ കല്പിച്ചിരുന്ന വചനങ്ങളില്‍ ഒന്നുപോലും വിട്ടുകളയാതെ യോശുവ വായിച്ചു. യോര്‍ദ്ദാനിക്കരെയുള്ള മലകളിലും താഴ്വരകളിലും ലെബാനോന്‍വരെയുള്ള മെഡിറ്ററേനിയന്‍ സമുദ്രതീരത്തും പാര്‍ത്തിരുന്ന ഹിത്യര്‍, അമോര്യര്‍, കനാന്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നീ ജനതകളുടെ രാജാക്കന്മാര്‍ ഇസ്രായേലിന്‍റെ വിജയത്തെപ്പറ്റി കേട്ടപ്പോള്‍ യോശുവയോടും ഇസ്രായേല്യരോടും യുദ്ധം ചെയ്യുന്നതിന് ഒരുമിച്ചു കൂടി. എന്നാല്‍ യോശുവ യെരീഹോ, ഹായി എന്നീ പട്ടണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചത് കേട്ട് ഗിബെയോന്‍നിവാസികള്‍ യോശുവയ്‍ക്കെതിരായി ഒരു ഉപായം പ്രയോഗിച്ചു. അവര്‍ ഭക്ഷണപദാര്‍ഥങ്ങള്‍ പഴയ ചാക്കുകളിലും തുന്നിക്കെട്ടിയ തുകല്‍ തുരുത്തികളിലും ശേഖരിച്ചുകൊണ്ടു കഴുതപ്പുറത്തു കയറി. ജീര്‍ണിച്ച ചെരുപ്പും കീറിത്തുന്നിയ വസ്ത്രവും ധരിച്ചുകൊണ്ടാണ് അവര്‍ യാത്ര പുറപ്പെട്ടത്. അവരുടെ ഭക്ഷണപദാര്‍ഥങ്ങള്‍ ഉണങ്ങിയതും പൂപ്പല്‍പിടിച്ചതുമായിരുന്നു. ഗില്ഗാലില്‍ പാളയമടിച്ചിരുന്ന യോശുവയുടെയും ഇസ്രായേല്‍ജനത്തിന്‍റെയും അടുക്കല്‍ ചെന്ന് അവര്‍ പറഞ്ഞു: “ഞങ്ങള്‍ ദൂരദേശത്തുനിന്നു വരികയാണ്. ഞങ്ങളുമായി ഒരു സമാധാന ഉടമ്പടി ഉണ്ടാക്കിയാലും.” എന്നാല്‍ ഇസ്രായേല്‍ജനം ഹിവ്യരോടു പറഞ്ഞു: “നിങ്ങള്‍ ഈ ദേശത്തു പാര്‍ക്കുന്നവരാണെങ്കില്‍ ഞങ്ങള്‍ നിങ്ങളോട് എങ്ങനെ ഉടമ്പടി ഉണ്ടാക്കും.” “ഞങ്ങള്‍ അങ്ങയുടെ ദാസന്മാരാണ്.” അവര്‍ യോശുവയോടു പറഞ്ഞു. “നിങ്ങള്‍ ആര്? എവിടെനിന്നു വരുന്നു?” യോശുവ അവരോടു ചോദിച്ചു. അവര്‍ യോശുവയോട് പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ ദൂരത്തുനിന്നു വന്നിരിക്കയാണ്; നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെപ്പറ്റി ഞങ്ങള്‍ കേട്ടു. അവിടുത്തെ കീര്‍ത്തിയും അവിടുന്ന് ഈജിപ്തില്‍ ചെയ്തതൊക്കെയും ഞങ്ങള്‍ അറിഞ്ഞു. യോര്‍ദ്ദാനക്കരെയുള്ള അമോര്യരാജാക്കന്മാരായ ഹെശ്ബോനിലെ സീഹോനോടും അസ്താരോത്തില്‍ പാര്‍ക്കുന്ന ബാശാനിലെ ഓഗിനോടും അവിടുന്നു പ്രവര്‍ത്തിച്ച കാര്യങ്ങളും ഞങ്ങള്‍ കേട്ടിട്ടുണ്ട്. യാത്രയ്‍ക്കാവശ്യമായ ഭക്ഷണപദാര്‍ഥങ്ങള്‍ എടുത്തുകൊണ്ടു നിങ്ങളെ കാണാന്‍ ഞങ്ങളുടെ നേതാക്കന്മാരും ദേശവാസികളും ഞങ്ങളോടു പറഞ്ഞു. ഞങ്ങള്‍ നിങ്ങളുടെ ദാസന്മാരായി ജീവിച്ചുകൊള്ളാം എന്ന വ്യവസ്ഥയിന്മേല്‍ ഞങ്ങളുമായി ഉടമ്പടി ചെയ്യാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കണമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. ഇതാ, ഞങ്ങളുടെ കൈയിലുള്ള അപ്പം നോക്കൂ! നിങ്ങളെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടപ്പോള്‍ വഴിമധ്യേ ഭക്ഷിക്കാന്‍ ഞങ്ങള്‍ കൊണ്ടുവന്നതാണിവ. അപ്പോള്‍ അവയ്‍ക്ക് ചൂടുണ്ടായിരുന്നു; ഇപ്പോള്‍ ഇവ ഉണങ്ങി പൂത്തിരിക്കുന്നു. ഞങ്ങള്‍ വീഞ്ഞു നിറയ്‍ക്കുമ്പോള്‍ ഈ തുരുത്തികള്‍ പുതിയവയായിരുന്നു. ഇപ്പോള്‍ ഇതാ, അവ കീറിയിരിക്കുന്നു. ദീര്‍ഘയാത്രകൊണ്ട് ഞങ്ങളുടെ വസ്ത്രങ്ങളും ചെരുപ്പുകളും പഴകിപ്പോയിരിക്കുന്നു.” സര്‍വേശ്വരന്‍റെ ഹിതം ആരായാതെ ഇസ്രായേല്‍ജനം അവരില്‍നിന്നു ഭക്ഷണപദാര്‍ഥങ്ങള്‍ സ്വീകരിക്കുകയും യോശുവ അവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. അവരെ രക്ഷിക്കാമെന്ന് അദ്ദേഹം ഉടമ്പടി ചെയ്തു. ജനനേതാക്കന്മാരും അപ്രകാരം പ്രതിജ്ഞ ചെയ്തു. ഉടമ്പടി ഉണ്ടാക്കി മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ മാത്രമാണ് അവര്‍ തങ്ങളുടെ അടുത്തുതന്നെ പാര്‍ക്കുന്നവരാണെന്ന് ഇസ്രായേല്‍ജനം മനസ്സിലാക്കിയത്. അവര്‍ മൂന്നു ദിവസം യാത്രചെയ്ത് ഹിവ്യരുടെ പട്ടണങ്ങളില്‍ എത്തി. ഗിബെയോന്‍, കെഫീര, ബേരോത്ത്, കിര്യത്ത്-യെയാരീം എന്നിവയായിരുന്നു ആ പട്ടണങ്ങള്‍. ജനനേതാക്കന്മാര്‍, തങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ പ്രതിജ്ഞ ചെയ്തിരുന്നതുകൊണ്ട് ഇസ്രായേല്യര്‍ അവരെ സംഹരിച്ചില്ല. എന്നാല്‍ ഇസ്രായേല്‍ജനം നേതാക്കന്മാര്‍ക്കെതിരെ പിറുപിറുത്തു. ജനനേതാക്കന്മാര്‍ ജനത്തോടു പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ ഞങ്ങള്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നതിനാല്‍ അവരെ ഉപദ്രവിക്കരുത്. അവരോടു ചെയ്ത പ്രതിജ്ഞ അനുസരിച്ച് നാം അവരെ ജീവിക്കാന്‍ അനുവദിക്കണം. അല്ലെങ്കില്‍ ദൈവകോപം നമ്മുടെമേല്‍ വരും. അവര്‍ ജീവിച്ചുകൊള്ളട്ടെ; എന്നാല്‍ അവര്‍ നമുക്കു വേണ്ടി വിറകു കീറുകയും വെള്ളം കോരുകയും വേണം.” പിന്നെ യോശുവ അവരെ വിളിച്ചു ചോദിച്ചു: “ഞങ്ങളുടെ അടുത്തുതന്നെ പാര്‍ക്കുന്ന നിങ്ങള്‍ വിദൂരസ്ഥരാണെന്നു പറഞ്ഞ് എന്തിനു ഞങ്ങളെ വഞ്ചിച്ചു? അതുകൊണ്ടു നിങ്ങള്‍ ശാപഗ്രസ്തരായിരിക്കും; നിങ്ങള്‍ എന്‍റെ ദൈവത്തിന്‍റെ ആലയത്തില്‍ എന്നും വിറകു വെട്ടുകയും വെള്ളം കോരുകയും ചെയ്യുന്ന അടിമകളായിരിക്കും.” അവര്‍ യോശുവയോടു പറഞ്ഞു: “നിങ്ങള്‍ക്ക് ഈ ദേശമെല്ലാം നല്‌കുമെന്നും നിങ്ങള്‍ മുന്നേറുന്നതനുസരിച്ചു ദേശവാസികളെയെല്ലാം ഇവിടെനിന്നു നീക്കിക്കളയുമെന്നും ദൈവമായ സര്‍വേശ്വരന്‍ തന്‍റെ ദാസനായ മോശയോടു കല്പിച്ച വിവരം ഞങ്ങള്‍ അറിഞ്ഞു; അതുകൊണ്ട് നിങ്ങളെ ഭയന്ന് ജീവരക്ഷയ്‍ക്കുവേണ്ടി ഇപ്രകാരം ചെയ്തു. ഇതാ, ഇപ്പോള്‍ ഞങ്ങള്‍ നിങ്ങളുടെ കരങ്ങളിലാണ്, അങ്ങേക്ക് ന്യായവും യുക്തവുമെന്ന് തോന്നുന്നതു ഞങ്ങളോടു പ്രവര്‍ത്തിച്ചാലും.” ഇസ്രായേല്‍ജനം അവരെ സംഹരിക്കാത്തവിധം യോശുവ അവരെ രക്ഷിച്ചു. അന്നു യോശുവ അവരെ ഇസ്രായേല്‍ജനത്തിനും സര്‍വേശ്വരന്‍ തിരഞ്ഞെടുക്കാന്‍ പോകുന്ന സ്ഥലത്തു പണിയുന്ന യാഗപീഠത്തിനും വേണ്ടി വിറകു കീറുന്നവരും വെള്ളം കോരുന്നവരുമായി നിയമിച്ചു; ഇന്നും ഈ ജോലികള്‍ അവര്‍ ചെയ്തുവരുന്നു. യെരീഹോയോടും അവിടത്തെ രാജാവിനോടും പ്രവര്‍ത്തിച്ചതുപോലെതന്നെ യോശുവ ഹായി പിടിച്ചെടുക്കുകയും അവിടത്തെ രാജാവിനെ വധിക്കുകയും ചെയ്ത വിവരം യെരൂശലേമിലെ രാജാവായ അദോനീ-സേദെക് കേട്ടു. ഗിബെയോന്‍നിവാസികള്‍ ഇസ്രായേലുമായി സഖ്യം ചെയ്ത് അവരുടെകൂടെ പാര്‍ക്കുന്ന വിവരവും അയാള്‍ അറിഞ്ഞു. അപ്പോള്‍ യെരൂശലേംനിവാസികള്‍ പരിഭ്രാന്തരായി. രാജനഗരങ്ങളെപ്പോലെ ഗിബെയോന്‍ വലുതും ഹായിയെക്കാള്‍ വിസ്തൃതവും അവിടത്തെ ജനത സുശക്തരും ആയിരുന്നല്ലോ. തന്നിമിത്തം യെരൂശലേമിലെ രാജാവായ അദോനീ-സേദെക്, ഹെബ്രോനിലെ രാജാവായ ഹോഹാമിന്‍റെയും യര്‍മൂത്തിലെ രാജാവായ പിരാമിന്‍റെയും ലാഖീശിലെ രാജാവായ യാഹീയയുടെയും എഗ്ലോന്‍രാജാവായ ദെബീരിന്‍റെയും അടുക്കല്‍ സന്ദേശം അയച്ച് ഇപ്രകാരം അറിയിച്ചു: “യോശുവയോടും ഇസ്രായേല്‍ജനത്തോടും സഖ്യത്തില്‍ ഏര്‍പ്പെട്ടതുകൊണ്ട് ഗിബെയോന്യരെ നശിപ്പിക്കാന്‍ നിങ്ങള്‍ എന്നെ സഹായിക്കണം.” യെരൂശലേം, ഹെബ്രോന്‍, യര്‍മൂത്ത്, ലാഖീശ്, എഗ്ലോന്‍ എന്നീ രാജ്യങ്ങളിലെ അഞ്ച് അമോര്യരാജാക്കന്മാര്‍ സൈന്യസന്നാഹത്തോടെ ചെന്ന് ഗിബെയോന് എതിരായി പാളയമടിച്ച് അതിനെ ആക്രമിച്ചു. “അങ്ങയുടെ ദാസന്മാരായ ഞങ്ങളെ കൈവിടരുതേ. ഉടന്‍തന്നെ വന്ന് ഞങ്ങളെ സഹായിച്ചു രക്ഷിച്ചാലും. പര്‍വതപ്രദേശത്തുള്ള അമോര്യരാജാക്കന്മാരെല്ലാം ഞങ്ങള്‍ക്കെതിരെ ഒത്തുചേര്‍ന്നിരിക്കുന്നു” എന്നു ഗിബെയോന്‍നിവാസികള്‍ ഗില്ഗാലില്‍ പാളയമടിച്ചിരുന്ന യോശുവയെ അറിയിച്ചു. വീരയോദ്ധാക്കള്‍ ഉള്‍പ്പെടുന്ന സൈന്യത്തോടൊപ്പം യോശുവ ഗില്ഗാലില്‍നിന്നു പുറപ്പെട്ടു. സര്‍വേശ്വരന്‍ യോശുവയോട് അരുളിച്ചെയ്തു: “അവരെ ഭയപ്പെടേണ്ടാ; ഞാന്‍ അവരെ നിന്‍റെ കൈയില്‍ ഏല്പിച്ചുതന്നിരിക്കുന്നു. അവരില്‍ ഒരാള്‍പോലും നിന്നെ നേരിടാന്‍ കരുത്തനല്ല. യോശുവയും സൈന്യവും ഗില്ഗാലില്‍നിന്നു പുറപ്പെട്ട് രാത്രിമുഴുവനും യാത്രചെയ്ത് ഗിബെയോനില്‍ എത്തി. നിനച്ചിരിക്കാത്ത സമയത്ത് അവര്‍ അമോര്യരെ ആക്രമിച്ചു. സര്‍വേശ്വരന്‍ ഇസ്രായേല്‍സൈന്യത്തിന്‍റെ മുന്‍പില്‍ അമോര്യരെ പരിഭ്രാന്തരാക്കി. ഇസ്രായേല്യര്‍ ഗിബെയോനില്‍വച്ച് അവരെ സംഹരിച്ചു. ബേത്ത്-ഹോരോന്‍ മലയിടുക്കിലൂടെ അസേക്കായും, മക്കേദായുംവരെ അവരെ പിന്തുടര്‍ന്നു കൊന്നൊടുക്കി. ഇസ്രായേല്‍സൈന്യത്തിന്‍റെ മുമ്പില്‍നിന്ന് ഓടിപ്പോയ അമോര്യരുടെമേല്‍ ബേത്ത്-ഹോരോന്‍ കയറ്റംമുതല്‍ അസേക്കാവരെ സര്‍വേശ്വരന്‍ കന്മഴ വര്‍ഷിപ്പിച്ചു; അവര്‍ മരിച്ചുവീണു. ഇസ്രായേല്യര്‍ വാളുകൊണ്ട് സംഹരിച്ചതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ കന്മഴകൊണ്ടു മരിച്ചു. സര്‍വേശ്വരന്‍ ഇസ്രായേല്‍ജനത്തിന് അമോര്യരുടെമേല്‍ വിജയം നല്‌കിയ ദിവസം യോശുവ അവിടുത്തോടു പ്രാര്‍ഥിച്ചു; ഇസ്രായേല്‍ജനം കേള്‍ക്കെ അദ്ദേഹം പറഞ്ഞു: “സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോന്‍ താഴ്വരയിലും നില്‌ക്കുക.” ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്തുതീരുംവരെ സൂര്യനും ചന്ദ്രനും നിശ്ചലമായിനിന്നു. യാശാറിന്‍റെ പുസ്തകത്തില്‍ ഈ വിവരം രേഖപ്പെടുത്തിയിട്ടുണ്ടല്ലോ; അങ്ങനെ ഒരു ദിവസം മുഴുവന്‍ സൂര്യന്‍ അസ്തമിക്കാതെ ആകാശമധ്യേ നിന്നു. ഒരു മനുഷ്യന്‍ പറഞ്ഞതനുസരിച്ചു സര്‍വേശ്വരന്‍ പ്രവര്‍ത്തിച്ച ആ ദിവസംപോലെ മറ്റൊരു ദിവസം അതിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. സര്‍വേശ്വരന്‍തന്നെ ആയിരുന്നു ഇസ്രായേലിനുവേണ്ടി യുദ്ധം ചെയ്തത്. പിന്നീട് യോശുവയും സൈന്യവും ഗില്ഗാലിലുള്ള പാളയത്തിലേക്കു മടങ്ങി. അമോര്യരാജാക്കന്മാര്‍ അഞ്ചു പേരും രക്ഷപെട്ട് മക്കേദായിലെ ഒരു ഗുഹയില്‍ ചെന്ന് ഒളിച്ചു. ആ വിവരം അറിഞ്ഞപ്പോള്‍ യോശുവ പറഞ്ഞു: “ഗുഹയുടെ വാതില്‌ക്കല്‍ വലിയ കല്ലുകള്‍ ഉരുട്ടിവച്ച് അവര്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തുക. നിങ്ങള്‍ അവിടെ നില്‌ക്കരുത്; ശത്രുക്കളെ പിന്തുടര്‍ന്ന് ആക്രമിക്കുക. തങ്ങളുടെ പട്ടണങ്ങളില്‍ പ്രവേശിക്കാന്‍ അവരെ അനുവദിക്കരുത്. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അവരെ നിങ്ങളുടെ കൈയില്‍ ഏല്പിച്ചിരിക്കുകയാണ്.” യോശുവയും ഇസ്രായേല്‍ജനവും അവരെ സംഹരിച്ചു. ഏതാനും പേര്‍ മാത്രം തങ്ങളുടെ പട്ടണങ്ങളില്‍ പ്രവേശിച്ചു രക്ഷപെട്ടു. ജനമെല്ലാം മക്കേദാപാളയത്തില്‍ യോശുവയുടെ അടുക്കല്‍ ക്ഷേമമായി മടങ്ങിവന്നു. ഇസ്രായേല്യര്‍ക്കെതിരെ നാവനക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. പിന്നീട് യോശുവ കല്പിച്ചു: “ഗുഹ തുറന്ന് അഞ്ചു രാജാക്കന്മാരെയും എന്‍റെ അടുക്കല്‍ കൊണ്ടുവരിക.” അങ്ങനെ അവര്‍ യെരൂശലേം, ഹെബ്രോന്‍, യര്‍മൂത്ത്, ലാഖീശ്, എഗ്ലോന്‍ എന്നീ രാജ്യങ്ങളിലെ രാജാക്കന്മാരെ യോശുവയുടെ അടുക്കല്‍ കൊണ്ടുവന്നു. അപ്പോള്‍ അദ്ദേഹം ഇസ്രായേല്‍ജനത്തെ വിളിച്ചുകൂട്ടി; തന്‍റെകൂടെ യുദ്ധത്തിനുണ്ടായിരുന്ന പടത്തലവന്മാരോടു പറഞ്ഞു: നിങ്ങള്‍ ഈ രാജാക്കന്മാരുടെ കഴുത്തില്‍ ചവിട്ടുവിന്‍.” അവര്‍ അങ്ങനെ ചെയ്തു. യോശുവ അവരോടു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടുകയോ അധൈര്യപ്പെടുകയോ അരുത്; ശക്തരും ധീരരുമായിരിക്കുക. “നിങ്ങള്‍ ഏറ്റുമുട്ടാന്‍ പോകുന്ന ശത്രുക്കളോടെല്ലാം സര്‍വേശ്വരന്‍ ഇങ്ങനെതന്നെ പ്രവര്‍ത്തിക്കും.” പിന്നീട് യോശുവ അവരെ വെട്ടിക്കൊന്ന് ശവശരീരങ്ങള്‍ അഞ്ചുമരങ്ങളില്‍ കെട്ടിത്തൂക്കി; സായാഹ്നംവരെ അവ അവിടെ കിടന്നു. സൂര്യാസ്തമയസമയത്ത് യോശുവയുടെ കല്പനപ്രകാരം മൃതദേഹങ്ങള്‍ മരങ്ങളില്‍നിന്ന് ഇറക്കി അവര്‍ ഒളിച്ചിരുന്ന ഗുഹയില്‍ കൊണ്ടുപോയി ഇട്ടു. ഗുഹാമുഖത്ത് വലിയ കല്ലുകള്‍ ഉരുട്ടിവച്ചു. അവ ഇന്നും അവിടെയുണ്ട്. അന്നുതന്നെ യോശുവ മക്കേദാ പിടിച്ചടക്കി, അവിടത്തെ രാജാവിനെയും തദ്ദേശവാസികളെയും നിശ്ശേഷം സംഹരിച്ചു; യെരീഹോ രാജാവിനോടു പ്രവര്‍ത്തിച്ചതുപോലെതന്നെ യോശുവ മക്കേദാരാജാവിനോടും ചെയ്തു. പിന്നീട് യോശുവയും ഇസ്രായേല്യരും മക്കേദായില്‍നിന്നു ലിബ്നയിലെത്തി അതിനെ ആക്രമിച്ചു. സര്‍വേശ്വരന്‍ ലിബ്നയുടെയും അവിടത്തെ രാജാവിന്‍റെയുംമേല്‍ ഇസ്രായേലിനു വിജയം നല്‌കി. ഒരാള്‍പോലും ശേഷിക്കാതെ അവിടെയുണ്ടായിരുന്ന സകലരെയും വാളിനിരയാക്കി. യെരീഹോരാജാവിനോടു പ്രവര്‍ത്തിച്ചതുപോലെതന്നെ അവിടത്തെ രാജാവിനോടും പ്രവര്‍ത്തിച്ചു. പിന്നീട് യോശുവയും ഇസ്രായേല്‍ജനവും ലിബ്നയില്‍നിന്നു ലാഖീശിലേക്കു പോയി; അവര്‍ ആ നഗരത്തെ ചുറ്റിവളഞ്ഞ് ആക്രമിച്ചു. സര്‍വേശ്വരന്‍ ഇസ്രായേലിന് ലാഖീശിന്‍റെ മേലും വിജയം നല്‌കി. രണ്ടാം ദിവസം അവര്‍ അതിനെ പിടിച്ചടക്കി. ലിബ്നയില്‍ പ്രവര്‍ത്തിച്ചതുപോലെതന്നെ പട്ടണത്തില്‍ ഒരാള്‍പോലും ശേഷിക്കാതെ എല്ലാവരെയും വാളിനിരയാക്കി. ഗേസെര്‍രാജാവായ ഹോരാം ലാഖീശിന്‍റെ സഹായത്തിന് എത്തിയിരുന്നെങ്കിലും യോശുവ അയാളെയും സൈന്യത്തെയും നിശ്ശേഷം സംഹരിച്ചു. യോശുവയും ഇസ്രായേല്‍ജനവും ലാഖീശില്‍നിന്ന് എഗ്ലോനില്‍ പോയി അതിനെ വളഞ്ഞ് ആക്രമിച്ചു. അവര്‍ അന്നുതന്നെ അതു പിടിച്ചടക്കി; ലാഖീശില്‍ ചെയ്തതുപോലെ അതിലുള്ള സകലരെയും വാളിനിരയാക്കി. യോശുവയും ഇസ്രായേല്‍ജനവും എഗ്ലോനില്‍നിന്നു ഹെബ്രോനില്‍ എത്തി അതിനെ ആക്രമിച്ചു. അവര്‍ അതു പിടിച്ചടക്കി. അവിടത്തെ രാജാവിനെയും പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുണ്ടായിരുന്ന ജനത്തെയും വാളിനിരയാക്കി; എഗ്ലോനോടു പ്രവര്‍ത്തിച്ചതുപോലെ ഹെബ്രോനിലും ഒന്നൊഴിയാതെ എല്ലാവരെയും നശിപ്പിച്ചു. പിന്നീട് യോശുവയും ഇസ്രായേല്‍ജനവും തിരിച്ചു ദെബീരിന്‍റെ നേരെ തിരിഞ്ഞ് അതിനെ ആക്രമിച്ചു; അവിടത്തെ രാജാവിനെയും നഗരത്തിലും ഗ്രാമങ്ങളിലുമുണ്ടായിരുന്ന ജനത്തെയും വാളിനിരയാക്കി; സകലരെയും നിശ്ശേഷം നശിപ്പിച്ചു. ഹെബ്രോനിലെയും ലിബ്നയിലെയും രാജാക്കന്മാരോടും ജനത്തോടും പ്രവര്‍ത്തിച്ചതുപോലെതന്നെ യോശുവ ദെബീരിലെ രാജാവിനോടും ജനത്തോടും പ്രവര്‍ത്തിച്ചു. അങ്ങനെ യോശുവ മലനാട്, നെഗെബ്, താഴ്വരകള്‍, മലഞ്ചരിവുകള്‍ എന്നിങ്ങനെ ദേശം മുഴുവനും അവയിലെ രാജാക്കന്മാരെയും കീഴടക്കി; ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ കല്പിച്ചതുപോലെ ഒരാള്‍ പോലും ശേഷിക്കാതെ എല്ലാവരെയും യോശുവ നശിപ്പിച്ചു. കാദേശ്-ബര്‍ന്നേയാമുതല്‍ ഗസ്സാവരെയും ഗിബെയോന്‍വരെയുള്ള ഗോശെന്‍ ദേശം മുഴുവനും യോശുവ കീഴടക്കി. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അവര്‍ക്കുവേണ്ടി യുദ്ധം ചെയ്തതുകൊണ്ട് ഈ രാജാക്കന്മാരെയും അവരുടെ രാജ്യങ്ങളെയും യോശുവ ഒറ്റയടിക്ക് പിടിച്ചടക്കി. പിന്നീട് യോശുവയും ഇസ്രായേല്‍ജനവും ഗില്ഗാലിലെ പാളയത്തിലേക്കു മടങ്ങി. ഇസ്രായേലിന്‍റെ വിജയങ്ങളെപ്പറ്റി കേട്ട് ഹാസോരിലെ രാജാവായ യാബീന്‍ മാദോനിലെ യോബാബ്‍രാജാവിന്‍റെയും ശിമ്രോന്‍, അക്ക്ശാഫ് എന്നിവിടങ്ങളിലെ രാജാക്കന്മാരുടെയും വടക്കു മലനാട്ടിലും കിന്നെരോത്തിനു തെക്കുള്ള അരാബായിലും സമഭൂമിയിലും താഴ്വരയിലും പടിഞ്ഞാറ് ദോര്‍ മേടുകളിലുമുണ്ടായിരുന്ന രാജാക്കന്മാരുടെയും അടുക്കല്‍ ദൂതന്മാരെ അയച്ചു. കൂടാതെ യോര്‍ദ്ദാന് ഇരുവശങ്ങളിലും നിവസിച്ചിരുന്ന കനാന്യര്‍, മലനാട്ടിലെ അമോര്യര്‍, ഹിത്യര്‍, പെരിസ്യര്‍, യെബൂസ്യര്‍, മിസ്പാദേശത്ത് ഹെര്‍മ്മോന്‍ താഴ്വരയില്‍ വസിച്ചിരുന്ന ഹിവ്യര്‍ എന്നിവരുടെ അടുക്കലും ആളയച്ചു. കടല്‍ക്കരയിലെ മണല്‍പോലെ എണ്ണമറ്റ സൈനികരോടും കുതിരകളോടും രഥങ്ങളോടും കൂടി അവര്‍ പുറപ്പെട്ടു. ഇസ്രായേല്‍ജനവുമായി യുദ്ധം ചെയ്യുന്നതിന് ഈ രാജാക്കന്മാര്‍ അവരുടെ സൈന്യങ്ങളെയെല്ലാം മേരോംതടാകത്തിനരികെ അണിനിരത്തി. സര്‍വേശ്വരന്‍ യോശുവയോടു പറഞ്ഞു: “അവരെക്കുറിച്ചു ഭയപ്പെടേണ്ടാ; നാളെ ഈ സമയം ആകുന്നതിനുമുമ്പ് ഇസ്രായേലിനുവേണ്ടി ഞാന്‍ അവരെയെല്ലാം സംഹരിക്കും. കുതിരകളുടെ കുതിഞരമ്പുകള്‍ വെട്ടി അവയെ മുടന്തുള്ളവയാക്കുകയും രഥങ്ങള്‍ ചുട്ടുകളയുകയും ചെയ്യണം.” അങ്ങനെ യോശുവയും സൈന്യവും മേരോംതടാകത്തിനരികെ വച്ച് അവരെ പെട്ടെന്ന് ആക്രമിച്ചു. സര്‍വേശ്വരന്‍ അവരുടെമേല്‍ ഇസ്രായേലിനു വിജയം നല്‌കി. ഇസ്രായേല്‍ അവരെ തോല്പിച്ചു. വടക്ക് സീദോന്‍, മിസ്രെഫോത്ത്മയീം എന്നീ സ്ഥലങ്ങള്‍ വരെയും കിഴക്ക് മിസ്പെതാഴ്വരവരെയും ഇസ്രായേല്‍ അവരെ പിന്തുടര്‍ന്നു. ഒരാള്‍ പോലും ശേഷിക്കാതെ ശത്രുക്കളെയെല്ലാം സംഹരിച്ചു. സര്‍വേശ്വരന്‍ കല്പിച്ചിരുന്നതുപോലെതന്നെ യോശുവ അവരോടു പ്രവര്‍ത്തിച്ചു. അവരുടെ കുതിരകളുടെ കുതിഞരമ്പുരകള്‍ വെട്ടി; രഥങ്ങള്‍ അഗ്നിക്കിരയാക്കി. പിന്നീട് യോശുവ തിരിച്ചുചെന്നു ഹാസോര്‍ പിടിച്ചടക്കി. അവിടത്തെ രാജാവിനെ വാളിനിരയാക്കി. അന്ന് ഉണ്ടായിരുന്ന രാജ്യങ്ങളില്‍ ഹാസോര്‍ ഏറ്റവും പ്രബലമായിരുന്നു. അവിടെയുണ്ടായിരുന്ന സകല മനുഷ്യരെയും അവര്‍ സംഹരിച്ചു; ഒരാള്‍പോലും ജീവനോടെ ശേഷിച്ചില്ല. അവര്‍ ഹാസോര്‍ അഗ്നിക്കിരയാക്കി. സര്‍വേശ്വരന്‍ തന്‍റെ ദാസനായ മോശയോടു കല്പിച്ചിരുന്നതുപോലെ ആ രാജാക്കന്മാരെയും സകല പട്ടണങ്ങളെയും യോശുവ പിടിച്ചടക്കി. അവരില്‍ ഒരാള്‍ പോലും ജീവനോടെ ശേഷിക്കാതെ വാളിനിരയായി. എന്നാല്‍ മലമുകളില്‍ നിര്‍മ്മിച്ചിരുന്ന പട്ടണങ്ങളില്‍ ഹാസോര്‍ ഒഴികെ മറ്റൊരു പട്ടണവും ഇസ്രായേല്‍ജനം അഗ്നിക്കിരയാക്കിയില്ല. ഈ പട്ടണങ്ങളില്‍നിന്നു കിട്ടിയ കൊള്ളമുതലും കന്നുകാലികളും ഇസ്രായേല്‍ജനം സ്വന്തമാക്കി. എങ്കിലും അവിടെയുണ്ടായിരുന്നവരെ ഒന്നൊഴിയാതെ വാളിനിരയാക്കി. സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിരുന്നതു മോശ യോശുവയെ അറിയിച്ചിരുന്നു; യോശുവ അതനുസരിച്ചു പ്രവര്‍ത്തിച്ചു. സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിരുന്നതില്‍ ഒന്നുപോലും യോശുവ നിറവേറ്റാതിരുന്നില്ല. മലനാടും നെഗെബു മുഴുവനും ഗോശെന്‍ ദേശവും താഴ്വരയും അരാബായും ഇസ്രായേലിലെ മലനാടും അതിന്‍റെ താഴ്വരയും സേയീര്‍കയറ്റത്തിലുള്ള ഉയര്‍ന്ന ഹാലാക് കുന്നുകള്‍മുതല്‍ ഹെര്‍മ്മോന്‍ പര്‍വതത്തിന്‍റെ അടിവാരത്തിലുള്ള ലെബാനോന്‍ താഴ്വരയിലെ ബാല്‍-ഗാദ് വരെയും ഉള്ള പ്രദേശങ്ങള്‍ മുഴുവനും യോശുവ പിടിച്ചടക്കി. അവിടങ്ങളിലെ സകല രാജാക്കന്മാരെയും കീഴടക്കി സംഹരിക്കുകയും ചെയ്തു. ആ രാജാക്കന്മാരോട് യോശുവ ദീര്‍ഘകാലം യുദ്ധം ചെയ്തു. ഗിബെയോന്‍നിവാസികളായ ഹിവ്യര്‍ ഒഴികെ മറ്റാരും ഇസ്രായേലുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടിരുന്നില്ല. മറ്റുള്ളവരെ അവര്‍ യുദ്ധംചെയ്തു കീഴടക്കി. ഇസ്രായേല്‍ജനത്തോടു യുദ്ധം ചെയ്യാന്‍ തക്കവിധം സര്‍വേശ്വരന്‍ അവരുടെ ഹൃദയം കഠിനമാക്കിയിരുന്നു. അതുകൊണ്ടു മോശയോട് സര്‍വേശ്വരന്‍ കല്പിച്ചിരുന്നതുപോലെ അവരോടു യാതൊരു കരുണയും കാണിക്കാതെ ഇസ്രായേല്‍ജനം അവരെ നിശ്ശേഷം നശിപ്പിച്ചു. ആ കാലത്ത് ഹെബ്രോന്‍, ദെബീര്‍, അനാബ് എന്നീ മലനാടുകളിലും യെഹൂദായിലെയും ഇസ്രായേലിലെയും മലനാടുകളിലും നിവസിച്ചിരുന്ന അനാക്യരെയെല്ലാം യോശുവ സംഹരിക്കുകയും അവരുടെ പട്ടണങ്ങളെ പൂര്‍ണമായി നശിപ്പിക്കുകയും ചെയ്തു. ഗസ്സാ, ഗത്ത്, അസ്തോദ് എന്നീ ദേശങ്ങളിലല്ലാതെ ഇസ്രായേല്‍ജനം കൈവശപ്പെടുത്തിയ ഒരു സ്ഥലത്തും ഒരു അനാക്യന്‍ പോലും ശേഷിച്ചില്ല. സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിരുന്നതുപോലെ യോശുവ ആ ദേശമെല്ലാം പിടിച്ചടക്കി; അവ വിഭജിച്ച് ഇസ്രായേല്‍ഗോത്രങ്ങള്‍ക്ക് അവകാശമായി നല്‌കി. അങ്ങനെ യുദ്ധം അവസാനിച്ചു. ദേശത്ത് സമാധാനം ഉണ്ടായി. യോര്‍ദ്ദാനു കിഴക്ക് അര്‍ന്നോന്‍ താഴ്വരമുതല്‍ ഹെര്‍മ്മോന്‍ മലവരെയുള്ള പ്രദേശം ഇസ്രായേല്‍ജനം ആക്രമിച്ച് കൈവശപ്പെടുത്തി. ആ പ്രദേശങ്ങളിലെ രാജാക്കന്മാരെ തോല്പിക്കുകയും ചെയ്തു. അവരില്‍ ഒരാളാണ് ഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്യരാജാവായ സീഹോന്‍. അര്‍ന്നോന്‍ താഴ്വരയുടെ അതിരിലുള്ള അരോവേര്‍ കേന്ദ്രമാക്കി അദ്ദേഹം ഭരിച്ചു; ആ താഴ്വരയുടെ മധ്യഭാഗം മുതല്‍ യബ്ബോക്ക് നദിവരെയുള്ള ഗിലെയാദിന്‍റെ പകുതിഭാഗം-അമ്മോന്യരുടെ അതിര്‍ത്തിവരെ-സീഹോന്‍ ഭരിച്ചിരുന്നു. കിന്നെരോത്ത് കടല്‍ മുതല്‍ അരാബാക്കടല്‍വരെയും ബേത്ത്-യെശീമോത്തുവരെയും ഉള്ള കിഴക്കന്‍ അരാബായും പിസ്ഗാ മലഞ്ചരിവിന്‍റെ തെക്കുഭാഗവും അതില്‍ ഉള്‍പ്പെട്ടിരുന്നു. രെഫായീമ്യരുടെ കൂട്ടത്തില്‍ ശേഷിച്ചിരുന്നവരില്‍ ഒരാളായ ബാശാനിലെ ഓഗ്‍രാജാവിനെയും അവര്‍ പരാജയപ്പെടുത്തി. രെഫായീമ്യര്‍ അസ്താരോത്തിലും എദ്രെയിലും പാര്‍ത്തിരുന്നു. ഹെര്‍മ്മോന്‍ പര്‍വതവും സല്‍ക്കയും ബാശാന്‍ദേശം മുഴുവനും ഗെശൂര്യര്‍, മാഖാത്യര്‍ എന്നിവരുടെ ദേശവും ഗിലെയാദിന്‍റെ പകുതിഭാഗവും ഹെശ്ബോനിലെ സീഹോന്‍രാജാവിന്‍റെ രാജ്യത്തിന്‍റെ അതിര്‍വരെയുള്ള സ്ഥലങ്ങളും ഉള്‍പ്പെടുന്ന പ്രദേശം ഓഗിന്‍റെ ഭരണത്തിന്‍ കീഴിലായിരുന്നു. സര്‍വേശ്വരന്‍റെ ദാസനായ മോശയും ഇസ്രായേല്‍ജനവും കൂടി അവരെ പരാജയപ്പെടുത്തി; അവരുടെ ദേശമെല്ലാം രൂബേന്‍, ഗാദ് ഗോത്രക്കാര്‍ക്കും മനശ്ശെയുടെ പകുതിഗോത്രക്കാര്‍ക്കും അവകാശമായി മോശ നല്‌കിയിരുന്നു. യോശുവയും ഇസ്രായേല്‍ജനവും ലെബാനോന്‍റെ താഴ്വരയിലെ ബാല്‍-ഗാദ്മുതല്‍ സേയീര്‍ കയറ്റത്തിലെ ഹാലാക്മലവരെയുള്ള പ്രദേശം പിടിച്ചടക്കി. ആ പ്രദേശം ഇസ്രായേല്‍ഗോത്രങ്ങള്‍ക്ക് അവകാശമായി യോശുവ വിഭജിച്ചു കൊടുത്തു. മലനാട്, പടിഞ്ഞാറന്‍ താഴ്വര, യോര്‍ദ്ദാന്‍ താഴ്വര, കിഴക്കേ ചരിവ്, നെഗെബ് എന്നീ സ്ഥലങ്ങളിലുണ്ടായിരുന്ന ഹിത്യര്‍, അമോര്യര്‍, കനാന്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നീ ജനതകളുടെ രാജാക്കന്മാരെ യോശുവയും ഇസ്രായേല്യരും കൂടി പരാജയപ്പെടുത്തി. യെരീഹോ, ബേഥേലിനു സമീപമുള്ള ഹായി, യെരൂശലേം, ഹെബ്രോന്‍, യര്‍മൂത്ത്, [11,12] ലാഖീശ്, എഗ്ലോന്‍, ഗേസെര്‍, ദെബീര്‍, *** [13,14] ഗേദെര്‍, ഹോര്‍മ്മാ, ആരാദ്, ലിബ്നാ, അദുല്ലാം, *** [15,16] മക്കേദാ, ബേഥേല്‍, തപ്പൂഹാ, ഹേഫെര്‍, *** [17,18] അഫേക്, ലാശറോന്‍, മാദോന്‍, ഹാസോര്‍, *** [19,20] ശിമ്രോന്‍-മെരോന്‍, ആക്ശാഫ്, താനാക്, *** [21,22] മെഗിദ്ദോ, കാദേശ്, കര്‍മ്മേലിലെ യോക്നെയാം, *** കടല്‍ത്തീരത്തുള്ള ദോര്‍, ഗില്ഗാല്‍ (ഗോയീം രാജാവ്), തിര്‍സാ, എന്നീ മുപ്പത്തൊന്നു പട്ടണങ്ങളിലെ രാജാക്കന്മാരെയും ഇസ്രായേല്‍ജനം കീഴടക്കി. യോശുവ വൃദ്ധനായപ്പോള്‍ സര്‍വേശ്വരന്‍ അദ്ദേഹത്തോട് അരുളിച്ചെയ്തു: “നീ വൃദ്ധനായിരിക്കുന്നു; വളരെ അധികം സ്ഥലങ്ങള്‍ ഇനിയും കൈവശപ്പെടുത്താനുണ്ട്. ഇനിയും കൈവശമാക്കുവാനുള്ള സ്ഥലങ്ങള്‍: ഈജിപ്തിന്‍റെ കിഴക്കുള്ള സീഹോര്‍ മുതല്‍ വടക്ക് കനാന്യരുടേതെന്നു കരുതപ്പെടുന്ന എക്രോന്‍റെ അതിര്‍വരെയുള്ളതും ഫെലിസ്ത്യരുടെയും ഗെശൂര്യരുടെയും കൈവശം ഇരുന്നതുമായ സ്ഥലങ്ങള്‍, ഫെലിസ്ത്യ പ്രഭുക്കന്മാര്‍ ഭരിച്ചിരുന്ന ഗസ്സ, അസ്തോദ്, അസ്കലോന്‍, ഗത്ത്, എക്രോന്‍ എന്നീ സ്ഥലങ്ങളും തെക്ക് ആവിംദേശവും കനാന്യരുടെ ദേശവും സീദോന്യരുടെ ദേശമായ മെയാരമുതല്‍ അമ്മോന്യരുടെ അതിര്‍ത്തിയായ അഫേക് വരെയുള്ള സ്ഥലങ്ങളും ഗിബെല്യരുടെ ദേശവും ഹെര്‍മ്മോന്‍ പര്‍വതത്തിന്‍റെ അടിവാരത്തിലെ ബാല്‍ഗാദ്മുതല്‍ ഹാമാത്തിലേക്കു തിരിയുന്ന ലെബാനോന്‍ പ്രദേശവും ലെബാനോന്‍ മുതല്‍ മിസ്രെഫോത്ത്മയീംവരെയുള്ള പര്‍വതപ്രദേശത്തു പാര്‍ക്കുന്ന സീദോന്യരുടെ ദേശവുമെല്ലാം ഇതിലുള്‍പ്പെടുന്നു. ഇസ്രായേല്‍ജനം മുന്നേറുന്നതനുസരിച്ച് ഈ ജനതകളെയെല്ലാം ഞാന്‍ നീക്കിക്കളയും. അവരുടെ ദേശമെല്ലാം ഞാന്‍ നിന്നോടു കല്പിച്ചതുപോലെ ഇസ്രായേല്‍ജനത്തിന് അവകാശമായി വിഭജിച്ചു കൊടുക്കണം. അതുകൊണ്ട് ഇപ്പോള്‍ ഈ ദേശം മനശ്ശെയുടെ പകുതി ഗോത്രം ഉള്‍പ്പെടെയുള്ള ഒന്‍പതു ഗോത്രക്കാര്‍ക്ക് അവകാശമായി വിഭജിച്ചുകൊടുക്കുക.” സര്‍വേശ്വരന്‍റെ ദാസനായ മോശ, രൂബേന്‍ ഗാദ്ഗോത്രക്കാര്‍ക്കും മനശ്ശെയുടെ പകുതി ഗോത്രക്കാര്‍ക്കും യോര്‍ദ്ദാന്‍നദിയുടെ കിഴക്ക് കൊടുത്തിരുന്ന ദേശങ്ങള്‍ അവര്‍ കൈവശപ്പെടുത്തിയിരുന്നു. അര്‍ന്നോന്‍താഴ്വരയുടെ അതിരിലുള്ള അരോവേര്‍ ദേശവും താഴ്വരയുടെ മധ്യഭാഗത്തുള്ള പട്ടണവും മേദെബാമുതല്‍ ദീബോന്‍വരെയുള്ള സമഭൂമിയും അവരുടെ കൈവശത്തില്‍ ആയിരുന്നു. ഹെശ്ബോനില്‍ വാണിരുന്ന അമോര്യരാജാവായ സീഹോന്‍റേതായി അമ്മോന്യരുടെ അതിര്‍വരെയുള്ള നഗരങ്ങളും ഗിലെയാദുദേശവും ഗെശൂരിന്‍റെയും മാഖാത്യരുടെയും ദേശവും ഹെര്‍മ്മോന്‍ പര്‍വതവും സല്‍ക്കാവരെയുള്ള ബാശാന്‍ദേശം മുഴുവനും അവര്‍ കൈവശപ്പെടുത്തിയ ഭൂമിയില്‍ ഉള്‍പ്പെട്ടിരുന്നു. രെഫായീമ്യരില്‍ അവസാനത്തെ രാജാവായി അസ്താരോത്തിലും എദ്രെയിലും വാണിരുന്ന ഓഗിന്‍റെ രാജ്യവും ഉള്‍പ്പെട്ടതായിരുന്നു അത്. ഈ ജനതകളെയെല്ലാം മോശ പരാജയപ്പെടുത്തി അവരുടെ ദേശത്തുനിന്നു നീക്കിക്കളഞ്ഞിരുന്നു. എന്നാല്‍ ഇസ്രായേല്‍ജനം ഗെശൂര്യരെയും മാഖാത്യരെയും അവരുടെ ദേശത്തുനിന്നു നീക്കിക്കളഞ്ഞിരുന്നില്ല. അവര്‍ ഇന്നും ഇസ്രായേല്യരുടെ ഇടയില്‍ പാര്‍ത്തുവരുന്നു. ലേവിഗോത്രത്തിന് അവകാശമായി ഒരു സ്ഥലവും കൊടുത്തിരുന്നില്ല. കാരണം സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിരുന്നതുപോലെ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ യാഗപീഠത്തില്‍ അര്‍പ്പിക്കുന്ന യാഗവസ്തുക്കളുടെ ഓഹരി അവര്‍ക്ക് ലഭിച്ചുവന്നിരുന്നു. രൂബേന്‍ഗോത്രത്തിലെ ഓരോ കുടുംബത്തിനും മോശ അവകാശം നല്‌കി. അര്‍ന്നോന്‍താഴ്വരയുടെ അതിര്‍ത്തിയിലുള്ള അരോവേര്‍ ദേശവും താഴ്വരയുടെ മധ്യത്തിലുള്ള പട്ടണവും മേദെബയുടെ ചുറ്റുമുള്ള സമഭൂമിയും അതില്‍ ഉള്‍പ്പെട്ടിരുന്നു. ഹെശ്ബോനും പീഠഭൂമിയിലുള്ള പട്ടണങ്ങളും ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാല്‍-മേയോനും യഹ്സയും കെദേമോത്തും മേഫാത്തും കിര്യത്തയീമും സിബ്മായും താഴ്വരയിലെ മലയിലുള്ള സേരത്ത് - ശഹറും ബേത്ത്-പെയോരും, പിസ്ഗാമലയുടെ ചരിവുകളും ബേത്ത് - യെശീമോത്തും അതില്‍ ഉള്‍പ്പെട്ടിരുന്നു. പീഠഭൂമിയിലെ എല്ലാ പട്ടണങ്ങളും ഹെശ്ബോനില്‍ അമോര്യരുടെ രാജാവായ സീഹോന്‍റെ രാജ്യവും അതിന്‍റെ ഭാഗമായിരുന്നു. സീഹോനെയും, ഏവി, രേക്കെം, സൂര്‍, ഹൂര്‍, രേബ എന്നീ മിദ്യാന്യപ്രഭുക്കന്മാരെയും മോശ സംഹരിച്ചു. ഈ പ്രഭുക്കന്മാരെല്ലാം സീഹോനുവേണ്ടി ആ പ്രദേശങ്ങള്‍ ഭരിച്ചവരായിരുന്നു. ഇസ്രായേല്‍ജനം വധിച്ചവരുടെ കൂട്ടത്തില്‍ ബെയോരിന്‍റെ മകനായ ബിലെയാം എന്ന ഭാവിഫലം പറയുന്നവനും ഉള്‍പ്പെട്ടിരുന്നു. യോര്‍ദ്ദാന്‍നദി ആയിരുന്നു രൂബേന്യരുടെ പടിഞ്ഞാറേ അതിര്. ഈ പട്ടണങ്ങളും ഗ്രാമങ്ങളും രൂബേന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ചവയായിരുന്നു. ഗാദ്ഗോത്രത്തിലെ ഓരോ കുടുംബത്തിനും മോശ അവകാശം നല്‌കി. അവര്‍ക്കു നല്‌കിയ ദേശങ്ങള്‍ യസേര്‍, ഗിലെയാദിലെ പട്ടണങ്ങള്‍, രബ്ബായുടെ കിഴക്ക് അരോവേര്‍ വരെയുള്ള അമ്മോന്യരുടെ പകുതിദേശം, ഹെശ്ബോന്‍മുതല്‍ രാമത്ത്-മിസ്പെയും ബെതോനീമുംവരെ, മഹനയീം മുതല്‍ ദെബീരിന്‍റെ അതിര്‍വരെ ഉള്ള ദേശം, യോര്‍ദ്ദാന്‍ താഴ്വര, ബേത്ത്-ഹാരാം, ബേത്ത്-നിമ്രാം, സുക്കോത്ത്, സാഫോന്‍ എന്നീ പ്രദേശങ്ങള്‍, ഹെശ്ബോനില്‍ പാര്‍ത്തിരുന്ന സീഹോന്‍റെ രാജ്യത്തില്‍ ശേഷിച്ച ഭാഗങ്ങള്‍ എന്നിവയായിരുന്നു. ഗലീലതടാകംവരെയുള്ള യോര്‍ദ്ദാന്‍ നദിയായിരുന്നു അവരുടെ ദേശത്തിന്‍റെ പടിഞ്ഞാറേ അതിര്. ഇവയായിരുന്നു ഗാദ്ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ച പട്ടണങ്ങളും ഗ്രാമങ്ങളും. മനശ്ശെയുടെ പകുതി ഗോത്രക്കാരില്‍ ഓരോ കുടുംബത്തിനും മോശ അവകാശം നല്‌കി. അത് മഹനയീംമുതല്‍ ബാശാന്‍രാജാവായ ഓഗിന്‍റെ രാജ്യം മുഴുവനും ബാശാനിലെ യായീരിന്‍റെ അറുപതു ഗ്രാമങ്ങളും ഗിലെയാദിന്‍റെ പകുതി ഭാഗവും ബാശാന്‍രാജാവായ ഓഗിന്‍റെ രാജ്യത്തിലെ അസ്താരോത്ത്, എദ്രയീം എന്നീ പട്ടണങ്ങളും ആയിരുന്നു. മനശ്ശെയുടെ പുത്രനായ മാഖീരിന്‍റെ പിന്‍ഗാമികളില്‍ പകുതി കുടുംബക്കാര്‍ക്ക് ഈ പ്രദേശം അവകാശമായി ലഭിച്ചു. മോവാബ് സമതലത്തില്‍വച്ചു യോര്‍ദ്ദാന് അക്കരെ യെരീഹോവിനു കിഴക്കുവശത്തുള്ള ദേശം മോശ വിഭജിച്ചു കൊടുത്തത് ഇങ്ങനെ ആയിരുന്നു. ലേവിഗോത്രക്കാര്‍ക്ക് അവകാശമായി ഒരു സ്ഥലവും മോശ നല്‌കിയില്ല. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അവരോടു കല്പിച്ചിരുന്നതുപോലെ അവിടുന്നുതന്നെ ആയിരുന്നു അവരുടെ അവകാശം. പുരോഹിതനായ എലെയാസാരും നൂനിന്‍റെ പുത്രനായ യോശുവയും ഇസ്രായേല്‍ഗോത്രങ്ങളിലെ നേതാക്കന്മാരും ചേര്‍ന്ന് കനാന്‍ദേശത്ത് ഇസ്രായേല്യര്‍ക്ക് അവകാശമായി ലഭിച്ച സ്ഥലങ്ങള്‍ ജനത്തിനു വിഭജിച്ചുകൊടുത്തു. സര്‍വേശ്വരന്‍ മോശയോടു കല്പിച്ചതുപോലെ ഒന്‍പതര ഗോത്രക്കാര്‍ക്ക് നറുക്കിട്ട് അവരുടെ അവകാശം വിഭജിച്ചു കൊടുത്തു. രണ്ടര ഗോത്രക്കാര്‍ക്ക് മോശ യോര്‍ദ്ദാനു കിഴക്കുള്ള ഭൂമി അവകാശമായി നല്‌കിയിരുന്നു. എന്നാല്‍ ലേവ്യര്‍ക്ക് അവരുടെ ഇടയില്‍ ഒരവകാശവും നല്‌കിയിരുന്നില്ല. യോസേഫിന്‍റെ പിന്‍തലമുറക്കാര്‍ മനശ്ശെ, എഫ്രയീം എന്നീ രണ്ടു ഗോത്രങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ലേവ്യര്‍ക്ക് പാര്‍ക്കുന്നതിനുള്ള പട്ടണങ്ങളും അവരുടെ കന്നുകാലികള്‍ക്കും മറ്റു മൃഗങ്ങള്‍ക്കും മേയുന്നതിനുള്ള പുല്പുറങ്ങളുമല്ലാതെ വേറെ ഓഹരി ഒന്നും നല്‌കപ്പെട്ടിരുന്നില്ല. സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിരുന്നതുപോലെ അവര്‍ ഇസ്രായേല്‍ജനത്തിന് ദേശം വിഭജിച്ചുകൊടുത്തു. ഒരു ദിവസം യെഹൂദാഗോത്രക്കാരില്‍ ചിലര്‍ ഗില്ഗാലില്‍ വച്ച് യോശുവയെ സമീപിച്ചു. കെനിസ്യനായ യെഫുന്നെയുടെ പുത്രന്‍ കാലേബ് അവരോടൊപ്പം ഉണ്ടായിരുന്നു; അദ്ദേഹം യോശുവയോടു പറഞ്ഞു: “കാദേശ്-ബര്‍ന്നേയയില്‍വച്ചു സര്‍വേശ്വരന്‍ നമ്മെ ഇരുവരെയും കുറിച്ചു ദൈവപുരുഷനായ മോശയോടു പറഞ്ഞ കാര്യങ്ങള്‍ അങ്ങ് ഓര്‍ക്കുന്നുണ്ടായിരിക്കുമല്ലോ. സര്‍വേശ്വരന്‍റെ ദാസനായ മോശ കാദേശ്-ബര്‍ന്നേയയില്‍നിന്നു ദേശം രഹസ്യമായി നിരീക്ഷിക്കാന്‍ എന്നെ അയച്ചപ്പോള്‍ എനിക്കു നാല്പതു വയസ്സ് ആയിരുന്നു. എന്‍റെ വ്യക്തമായ അഭിപ്രായം ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. എന്നാല്‍ എന്‍റെകൂടെ ഉണ്ടായിരുന്നവര്‍ തങ്ങളുടെ വാക്കുകളാല്‍ ജനത്തെ പരിഭ്രാന്തരാക്കുകയാണു ചെയ്തത്. ഞാനാകട്ടെ എന്‍റെ ദൈവമായ സര്‍വേശ്വരനെ പൂര്‍ണമായി പിന്തുടര്‍ന്നു. ഞാന്‍ അങ്ങനെ ചെയ്തതുകൊണ്ട് നിന്‍റെ കാല്‍ പതിഞ്ഞ ദേശമെല്ലാം നിനക്കും നിന്‍റെ മക്കള്‍ക്കും ശാശ്വതാവകാശമായി ലഭിക്കുമെന്നു മോശ അന്ന് പ്രതിജ്ഞ ചെയ്തിരുന്നു. മരുഭൂമിയില്‍ സഞ്ചരിച്ചിരുന്നപ്പോഴായിരുന്നു സര്‍വേശ്വരന്‍ ഇതു മോശയിലൂടെ അരുളിച്ചെയ്തത്. അതിനുശേഷം നാല്പത്തിയഞ്ചു വര്‍ഷം കഴിഞ്ഞു. അവിടുന്നു പ്രതിജ്ഞ ചെയ്തിരുന്നതുപോലെതന്നെ എന്നെ ഇതുവരെയും കാത്തുസൂക്ഷിച്ചു. ഇപ്പോള്‍ എനിക്ക് എണ്‍പത്തഞ്ചു വയസ്സായി. മോശ എന്നെ അയച്ച സമയത്ത് ഉണ്ടായിരുന്ന ശക്തി ഇപ്പോഴും എനിക്ക് ഉണ്ട്. യുദ്ധം ചെയ്യുന്നതിനും സഞ്ചരിക്കുന്നതിനും അന്നത്തെപ്പോലെ എനിക്ക് ഇന്നും കഴിയും. അതുകൊണ്ട് സര്‍വേശ്വരന്‍ അന്നു കല്പിച്ച പ്രകാരം ഈ പര്‍വതപ്രദേശം എനിക്ക് ഇപ്പോള്‍ തരിക. അനാക്യരും കോട്ട കെട്ടി സുരക്ഷിതമാക്കിയ നഗരങ്ങളും അവിടെ ഉണ്ടെന്നു കേട്ടിട്ടുണ്ടല്ലോ. സര്‍വേശ്വരന്‍ എന്‍റെകൂടെ ഉണ്ടെങ്കില്‍ അവിടുന്നു കല്പിച്ചതുപോലെതന്നെ ഞാന്‍ അവരെ ഓടിക്കും.” യെഫുന്നെയുടെ പുത്രനായ കാലേബിനെ യോശുവ അനുഗ്രഹിക്കുകയും ഹെബ്രോന്‍ പ്രദേശം അവകാശമായി കൊടുക്കുകയും ചെയ്തു. കെനിസ്യനായ യെഫുന്നെയുടെ മകനായ കാലേബ് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനോടു പൂര്‍ണമായി വിശ്വസ്തത പുലര്‍ത്തിയിരുന്നതുകൊണ്ട് ഹെബ്രോന്‍ ഇന്നും കാലേബിന്‍റെ പിന്‍തലമുറക്കാര്‍ക്ക് അവകാശപ്പെട്ടതായിരിക്കുന്നു. ഹെബ്രോന്‍റെ ആദ്യത്തെ പേര് കിര്യത്ത്-അര്‍ബ എന്നായിരുന്നു; അനാക്യരില്‍ ഏറ്റവും പ്രബലനായിരുന്നു അര്‍ബ. യുദ്ധം അവസാനിച്ചു; നാട്ടില്‍ സമാധാനം ഉണ്ടായി. യെഹൂദാഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ച ദേശം തെക്ക് എദോമിന്‍റെ അതിര്‍ത്തിയിലുള്ള സീന്‍മരുഭൂമിയുടെ തെക്കേ അറ്റംവരെ വ്യാപിച്ചിരുന്നു. അവരുടെ ദേശത്തിന്‍റെ തെക്കേ അതിര്, ചാവുകടലിന്‍റെ തെക്കുവശത്തുള്ള ഉള്‍ക്കടലില്‍നിന്ന് ആരംഭിച്ചു. അക്രബ്ബീം മലയിടുക്കിലൂടെ സീന്‍മരുഭൂമിയില്‍ കടന്നു ഹെസ്രോനിലൂടെ അദ്ദാറിലെത്തി. അവിടെനിന്നു കാദേശ്-ബര്‍ന്നേയയുടെ തെക്കുഭാഗത്ത് എത്തിച്ചേര്‍ന്ന് വളഞ്ഞ് കാര്‍ക്കവരെയും പിന്നീട് അസ്മോനിലൂടെ ഈജിപ്തിലെ തോടുവരെയും ചെന്ന് കടലില്‍ അവസാനിക്കുന്നു. കിഴക്കേ അതിര് യോര്‍ദ്ദാന്‍നദി ചെന്നുചേരുന്ന ചാവുകടലായിരുന്നു. വടക്കേ അതിര് യോര്‍ദ്ദാന്‍നദീമുഖത്തുള്ള ഉള്‍ക്കടലില്‍ ആരംഭിച്ച്, ബേത്ത്-ഹൊഗ്‍ലായിലൂടെ ബേത്ത്-അരാബായുടെ വടക്ക്, രൂബേന്‍റെ പുത്രനായ ബോഹാന്‍റെ കല്ലുവരെയും അവിടെനിന്ന് ആഖോര്‍ താഴ്വരമുതല്‍ ദെബീരിലേക്കു കടന്ന്, അവിടെനിന്നു തിരിഞ്ഞു തോടിന്‍റെ തെക്ക് അദുമ്മീമിന് എതിര്‍വശത്തുള്ള ഗില്ഗാലിലേക്കു കടക്കുകയും ചെയ്യുന്നു. അവിടെനിന്ന് ഏന്‍-ശേമെശ് അരുവിയുടെ അരികിലൂടെ ഏന്‍-രോഗേലില്‍ അവസാനിക്കുന്നു. അവിടെനിന്ന് അതു യെബൂസ്യ മലയുടെ-യെരൂശലേമിന്‍റെ-തെക്കേ അറ്റത്തു ബെന്‍-ഹിന്നോം താഴ്വര വരെ പോകുന്നു. പിന്നീട് രെഫായീംതാഴ്വരയുടെ വടക്കേ അറ്റത്ത് ഹിന്നോം താഴ്വരയുടെ പടിഞ്ഞാറു വശത്തുള്ള മലയുടെ മുകളിലേക്കു പോകുന്നു. അവിടെനിന്നു അതു നെപ്തോഹയിലെ നീരുറവയിലേക്കു തിരിഞ്ഞ് എഫ്രോന്‍മലയിലെ പട്ടണങ്ങള്‍വരെയും അവിടെനിന്നു ബാലായിലേക്കു (കിര്യത്ത്-യെയാരീം) തിരിഞ്ഞ്, ബാലായുടെ പടിഞ്ഞാറുവശം ചുറ്റി സേയീര്‍മല കടന്നു കെസാലോന്‍ എന്നും നാമമുള്ള യെയാരീംമലയുടെ വടക്കേ ചരിവിലൂടെ ബേത്ത്-ശേമെശില്‍ ഇറങ്ങി തിമ്നായിലേക്കു കടക്കുന്നു. പിന്നീട് ആ അതിര് എക്രോന്‍റെ വടക്കേ ചരിവിലൂടെ ശിക്രോനിലേക്കു തിരിഞ്ഞു ബാലാമല കടന്നു യബ്നേലില്‍ വച്ചു കടലില്‍ അവസാനിക്കുന്നു. പടിഞ്ഞാറേ അതിരു മെഡിറ്ററേനിയന്‍ സമുദ്രമാണ്. യെഹൂദാഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ച ഭൂമിയുടെ അതിരുകള്‍ ഇവയാണ്. സര്‍വേശ്വരന്‍ യോശുവയോടു കല്പിച്ചിരുന്നതുപോലെ, യെഫുന്നെയുടെ പുത്രനായ കാലേബിനു യെഹൂദാഗോത്രത്തിന്‍റെ അവകാശഭൂമിയില്‍ കിര്യത്ത്-അര്‍ബ്ബ (ഹെബ്രോന്‍ പട്ടണം) നല്‌കി. അനാക്കിന്‍റെ പിതാവായിരുന്നു അര്‍ബ്ബ. അനാക്കിന്‍റെ വംശജരായ ശേശായി, അഹീമാന്‍, തല്‍മായി എന്ന മൂന്ന് അനാക്യകുലങ്ങളെ കാലേബ് അവിടെനിന്നു തുരത്തി. പിന്നീട് ദെബീര്‍നിവാസികളെ ആക്രമിക്കാന്‍ പുറപ്പെട്ടു. കിര്യത്ത്-സേഫെര്‍ എന്ന പേരിലായിരുന്നു ദെബീര്‍ മുന്‍പ് അറിയപ്പെട്ടിരുന്നത്; കിര്യത്ത്-സേഫെര്‍ ആക്രമിച്ചു കീഴടക്കുന്നവനു തന്‍റെ മകള്‍ അക്സായെ ഭാര്യയായി നല്‌കുമെന്നു കാലേബ് പറഞ്ഞിരുന്നു. കാലേബിന്‍റെ സഹോദരനായ കെനസിന്‍റെ പുത്രന്‍ ഒത്നീയേല്‍ ആ പട്ടണം പിടിച്ചടക്കി. കാലേബ് തന്‍റെ മകള്‍ അക്സായെ അവനു ഭാര്യയായി നല്‌കുകയും ചെയ്തു. അവള്‍ ഭര്‍ത്താവിന്‍റെ അടുക്കല്‍ വന്നപ്പോള്‍ തന്‍റെ പിതാവിനോട് ഒരു നിലം ആവശ്യപ്പെടാന്‍ അവന്‍ അവളെ പ്രേരിപ്പിച്ചു. അവള്‍ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയ ഉടനെ: “ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്തുതരണം” എന്നു കാലേബ് ചോദിച്ചു. അവള്‍ പ്രതിവചിച്ചു: “എനിക്ക് ഒരു ഉപകാരം ചെയ്തുതരണം; വരള്‍ച്ചയുള്ള നെഗെബുദേശമാണല്ലോ അങ്ങ് എനിക്കു നല്‌കിയിരിക്കുന്നത്; അതുകൊണ്ട് എനിക്ക് ഏതാനും നീരുറവുകള്‍ കൂടി നല്‌കിയാലും.” അവള്‍ ആവശ്യപ്പെട്ടതുപോലെ മലയിലും താഴ്വരയിലുമുള്ള നീരുറവുകള്‍ കാലേബ് അവള്‍ക്ക് വിട്ടുകൊടുത്തു. യെഹൂദാഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ച സ്ഥലങ്ങള്‍ താഴെപ്പറയുന്നതാണ്. തെക്കേ ദേശത്ത് എദോമിന്‍റെ അതിര്‍ത്തിയിലുള്ള യെഹൂദാപട്ടണങ്ങള്‍ ഇവയാണ്: കെബ്സെയേല്‍, ഏദെര്‍, യാഗുര്‍, കീനാ, ദിമോനാ, അദാദാ, കേദെശ്, ഹാസോര്‍, യിത്നാന്‍, സീഫ്, തേലെം, ബയാലോത്ത്, ഹാസോര്‍, ഹദത്ഥ, കെരിയോത്ത്-ഹെസ്രോന്‍ (ഹാസോര്‍), [26,27] അമാം, ശെമ, മോലാദാ, ഹസര്‍- ഗദ്ദാ, ഹെശ്മോന്‍, ബേത്-പേലെത്, *** ഹസര്‍- ശൂവാല്‍, ബേര്‍-ശേബ, ബിസോത്യ, ബാലാ, ഇയ്യീം, ഏസെം, എല്‍-തോലദ്, കെസീല്‍, ഹോര്‍മ്മാ, സിക്ലാഗ്, മദ്മന്നാ, സന്‍സന്നാ, ലെബായോത്ത്, ശില്‍ഹിം, ആയീന്‍, രിമ്മോന്‍ എന്നീ ഇരുപത്തൊന്‍പതു പട്ടണങ്ങളും അവയോടു ചേര്‍ന്ന ഗ്രാമങ്ങളും. താഴ്വരയില്‍ എസ്തായോല്‍, സൊരാ, അശ്നാ, സനോഹാ, ഏന്‍-ഗന്നീം, തപ്പൂഹാ, എനാം, യര്‍മൂത്ത്, അദുല്ലാം, സോഖോ, അസേകാ, ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം എന്നീ പതിനാലു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും. [37,38] സെനാന്‍, ഹദാശാ, മിഗ്ദല്‍-ഗാദ്, ദിലാന്‍, *** മിസ്പെ, യൊക്തെയേല്‍, ലാഖീശ്, ബൊസ്കത്ത്, എഗ്ലോന്‍, കബ്ബോന്‍, ലഹ്മാസ്, കിത്ത്ളീശ്, ഗെദേരോത്ത്, ബേത്ത്-ദാഗോന്‍, നാമാ, മക്കേദാ എന്നീ പതിനാറു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും. ലിബ്നാ, ഏഥെര്‍, ആശാന്‍, യിപ്താഹ്, അശ്നാ, നെസീബ്, കെയിലാ, അക്ലീബ്, മാരേശാ എന്നീ ഒന്‍പതു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും. എക്രോനും അതിന്‍റെ പട്ടണങ്ങളും ഗ്രാമങ്ങളും; എക്രോന്‍മുതല്‍ സമുദ്രംവരെ അസ്തോദിനു സമീപമുള്ള എല്ലാ പട്ടണങ്ങളും ഗ്രാമങ്ങളും. അസ്തോദും അതിന്‍റെ പട്ടണങ്ങളും ഗ്രാമങ്ങളും; ഈജിപ്തു തോടുവരെയുള്ള ഗസ്സയും അതിന്‍റെ പട്ടണങ്ങളും ഗ്രാമങ്ങളും സമുദ്രതീരപ്രദേശങ്ങളും അതിന്‍റെ ഭാഗംതന്നെ. മലമ്പ്രദേശത്ത്: ശാമീര്‍, യത്ഥീര്‍, സോഖോ, ദന്നാ, ദെബീര്‍ എന്ന പേരില്‍ അറിയപ്പെടുന്ന കിര്യത്ത്-സന്നാ, അനാബ്, എസ്തെമോ, ആനീം, ഗോശെന്‍, ഹോലോന്‍, ഗിലോ എന്നീ പതിനൊന്നു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും. അരാബ്, ദൂമാ, എശാന്‍, യാനീം, ബേത്ത്-തപ്പൂഹാ, അഫേക്കാ, ഹൂമ്താ, ഹെബ്രോന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കിര്യത്ത്-അര്‍ബ, സീയോര്‍ എന്നീ ഒമ്പതു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും. [55,56] മാവോന്‍, കര്‍മ്മേല്‍, സീഫ്, യൂതാ, ജെസ്രീല്‍, *** യോക്ക്ദെയാം, സാനോഹാ, കയീന്‍, ഗിബെയാ, തിമ്നാ എന്നീ പത്തു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും. ഹല്‍ഹൂല്‍, ബേത്ത്-സൂര്‍, ഗെദോര്‍, മാരാത്ത്, ബേത്ത്-അനോത്ത്, എല്‍-തെക്കോന്‍ എന്നീ ആറു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും. കിര്യത്ത്-യെയാരീം എന്ന പേരിലറിയപ്പെടുന്ന കിര്യത്ത്-ബാല്‍, രബ്ബാ എന്നീ രണ്ടു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും. മരുഭൂമിയിലെ ബേത്ത്-അരാബാ, മിദ്ദീന്‍, സെഖാഖാ, നിബ്ശാന്‍, ഈര്‍-ഹമേലഹ്, എന്‍-ഗെദി എന്നീ ആറു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും അതില്‍ ഉള്‍പ്പെട്ടിരുന്നു. യെരൂശലേമില്‍ പാര്‍ത്തിരുന്ന യെബൂസ്യരെ അവിടെനിന്നു നീക്കിക്കളയാന്‍ യെഹൂദാഗോത്രക്കാര്‍ക്കു കഴിഞ്ഞില്ല. അതുകൊണ്ട് യെബൂസ്യര്‍ യെഹൂദാഗോത്രക്കാരോടു ചേര്‍ന്ന് യെരൂശലേമില്‍ ഇന്നും പാര്‍ക്കുന്നു. യോസേഫിന്‍റെ പുത്രന്മാര്‍ക്കു ലഭിച്ച അവകാശഭൂമിയുടെ അതിര്‍ത്തി യെരീഹോ നീരുറവിനടുത്തുള്ള യോര്‍ദ്ദാനില്‍ ആരംഭിക്കുന്നു. അത് മലനാട്ടിലൂടെ ബേഥേലില്‍ കടന്ന് ലൂസില്‍നിന്ന് അര്‍ക്ക്യര്‍ ജീവിച്ചിരുന്ന അതാരോത്തും, യഫ്ളേത്യരുടെ ദേശവും താഴത്തെ ബേത്ത്-ഹോരോനും, ഗേസെരും കടന്ന് മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ എത്തുന്നു. ഈ പ്രദേശം ആണ് യോസേഫിന്‍റെ പുത്രന്മാരായ മനശ്ശെക്കും എഫ്രയീമിനും അവകാശമായി ലഭിച്ചത്. എഫ്രയീംഗോത്രക്കാര്‍ക്കു കുടുംബം കുടുംബമായി ലഭിച്ച പ്രദേശങ്ങള്‍: അതിന്‍റെ അതിര് കിഴക്ക് അതാരോത്ത്-അദ്ദാരില്‍ നിന്നു ബേത്ത്-ഹോരോനിലേക്കും; അവിടെനിന്നു മെഡിറ്ററേനിയന്‍ സമുദ്രത്തിലേക്കും പോകുന്നു. മിഖ്മെഥാത്ത് അവരുടെ ദേശത്തിന്‍റെ വടക്കുവശത്താണ്. കിഴക്കുവശത്തെ അതിര്, വളഞ്ഞു താനാത്ത്-ശീലോവിലൂടെ യാനോഹായുടെ കിഴക്കുവശത്തേക്കു പോകുന്നു. യാനോഹായില്‍നിന്ന് അതാരോത്തിലും നാരാത്തിലും കൂടി കടന്ന് യോര്‍ദ്ദാന്‍റെ തീരത്ത് യെരീഹോവില്‍ അത് അവസാനിക്കുന്നു; തപ്പൂഹായില്‍നിന്ന് ആ അതിര് പടിഞ്ഞാറ് കാനാ തോടുവരെ ചെന്നു മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ അവസാനിക്കുന്നു. എഫ്രയീംഗോത്രക്കാര്‍ക്കു കുടുംബം കുടുംബമായി ലഭിച്ച അവകാശം ഇതാണ്. ഇതു കൂടാതെ മനശ്ശെ ഗോത്രക്കാരുടെ ദേശാതിര്‍ത്തിക്കുള്ളില്‍ എഫ്രയീമ്യര്‍ക്കു കൊടുത്തിരുന്ന പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും ഉള്‍പ്പെടുന്നു. അവര്‍ ഗേസെരില്‍ പാര്‍ത്തിരുന്ന കനാന്യരെ അവിടെനിന്നു നീക്കിക്കളഞ്ഞില്ല. അവര്‍ എഫ്രയീമ്യര്‍ക്ക് അടിമവേല ചെയ്തുകൊണ്ട് ഇന്നും അവിടെത്തന്നെ കഴിയുന്നു. യോസേഫിന്‍റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിനു പിന്നീട് അവകാശം നല്‌കി. മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്‍റെ പിതാവുമായിരുന്ന മാഖീര്‍ യുദ്ധവീരന്‍ ആയിരുന്നതുകൊണ്ട് ഗിലെയാദും ബാശാനും അയാള്‍ക്കു ലഭിച്ചു. മനശ്ശെയുടെ മറ്റു പുത്രന്മാരായ അബീയേസെര്‍, ഹേലെക്ക്, അസ്രീയേല്‍, ശെഖേം, ഹേഫെര്‍, ശെമിദെ എന്നിവര്‍ക്കും കുടുംബം കുടുംബമായി അവകാശം ലഭിച്ചു. ഇവര്‍ യോസേഫിന്‍റെ പുത്രനായ മനശ്ശെയുടെ പുത്രന്മാരും കുടുംബത്തലവന്മാരും ആയിരുന്നു. മനശ്ശെയുടെ പുത്രന്‍ മാഖീര്‍; മാഖീരിന്‍റെ പുത്രന്‍ ഗിലെയാദ്; ഗിലെയാദിന്‍റെ പുത്രന്‍ ഹേഫെര്‍; ഹേഫെരിന്‍റെ പുത്രന്‍ സെലോഫഹാദ്; സെലോഫഹാദിനു പുത്രന്മാര്‍ ഉണ്ടായിരുന്നില്ല; അയാള്‍ക്ക് മഹ്ലാ, നോവാ, ഹൊഗ്ലാ, മില്‍ക്കാ, തിര്‍സാ, എന്നീ പുത്രിമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ പുരോഹിതനായ എലെയാസാരിന്‍റെയും നൂനിന്‍റെ പുത്രനായ യോശുവയുടെയും മറ്റു നേതാക്കന്മാരുടെയും അടുത്തു ചെന്നു പറഞ്ഞു: “ഞങ്ങളുടെ സഹോദരന്മാരോടൊപ്പം ഞങ്ങള്‍ക്കും അവകാശം നല്‌കാന്‍ സര്‍വേശ്വരന്‍ മോശയോടു കല്പിച്ചിട്ടുണ്ട്.” അങ്ങനെ സര്‍വേശ്വരന്‍റെ കല്പനപ്രകാരം സഹോദരന്മാരുടെ കൂട്ടത്തില്‍ അവര്‍ക്കും അവകാശം ലഭിച്ചു. മനശ്ശെയുടെ പുത്രിമാര്‍ക്കും സഹോദരന്മാരോടൊപ്പം ഓഹരി ലഭിച്ചതുകൊണ്ട് മനശ്ശെഗോത്രക്കാര്‍ക്കു യോര്‍ദ്ദാനക്കരെയുള്ള ഗിലെയാദും ബാശാനും ലഭിച്ചതു കൂടാതെ പത്ത് ഓഹരികള്‍ കൂടി ലഭിച്ചു; മനശ്ശെയുടെ മറ്റു പുത്രന്മാര്‍ക്കു ഗിലെയാദുദേശവും ലഭിച്ചു. മനശ്ശെക്കു ലഭിച്ച ദേശത്തിന്‍റെ അതിര് ആശേരില്‍നിന്ന് ആരംഭിച്ച് ശെഖേമിനു കിഴക്കുള്ള മിഖ്മെദാത്തിലേക്കു കടന്നു പോകുന്നു. പിന്നീട് ഏന്‍-തപ്പൂഹായിലെ നിവാസികളെ ഉള്‍ക്കൊള്ളത്തക്കവിധം തെക്കോട്ടു തിരിയുന്നു. തപ്പൂഹായ്‍ക്കു ചുറ്റുമുള്ള ദേശം മനശ്ശെക്ക് അവകാശപ്പെട്ടിരുന്നു. എന്നാല്‍ അവരുടെ അവകാശഭൂമിയുടെ അതിര്‍ത്തിയിലുള്ള തപ്പൂഹാ പട്ടണം എഫ്രയീമ്യരുടെ വകയായിരുന്നു. പിന്നീട് മനശ്ശെക്ക് ലഭിച്ച ദേശത്തിന്‍റെ അതിര് കാനാതോട്ടിലേക്കു പോകുന്നു. ആ പ്രദേശമെല്ലാം മനശ്ശെക്ക് അവകാശമായി ലഭിച്ചതാണെങ്കിലും തോടിനു തെക്കുള്ള പട്ടണങ്ങള്‍ എഫ്രയീമ്യര്‍ക്ക് അവകാശപ്പെട്ടവ ആയിരുന്നു. മനശ്ശെക്ക് അവകാശമായി ലഭിച്ച ദേശത്തിന്‍റെ അതിര് തോടിന്‍റെ വടക്കുവശത്തുകൂടി മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ ചെന്ന് അവസാനിക്കുന്നു. എഫ്രയീംദേശം തെക്കും മനശ്ശെക്കു ലഭിച്ച ദേശം അതിനു വടക്കും ആയിരുന്നു; ഇവയുടെ പടിഞ്ഞാറേ അതിര് മെഡിറ്ററേനിയന്‍ സമുദ്രമായിരുന്നു; ഇവ വടക്ക് ആശേരിന്‍റെയും കിഴക്ക് ഇസ്സാഖാരിന്‍റെയും അവകാശഭൂമിയോടു ചേര്‍ന്നു കിടക്കുന്നു. ഇസ്സാഖാരിന്‍റെയും ആശേരിന്‍റെയും അവകാശഭൂമികള്‍ക്കുള്ളിലുള്ള ബേത്ത്-ശെയാന്‍, യിബ്ലെയാം എന്നീ ദേശങ്ങളും അവയുടെ പട്ടണങ്ങളും ദോര്‍, ഏന്‍-ദോര്‍, താനാക്, മെഗിദ്ദോ എന്നീ ദേശങ്ങളിലെ ജനവും അവരുടെ പട്ടണങ്ങളും മനശ്ശെക്ക് അവകാശപ്പെട്ടവ ആയിരുന്നു. എന്നാല്‍ മനശ്ശെഗോത്രക്കാര്‍ക്ക് ആ പ്രദേശങ്ങളിലുള്ള ജനത്തെ ഓടിച്ച് ആ പട്ടണങ്ങള്‍ കൈവശപ്പെടുത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഇസ്രായേല്യര്‍ ശക്തിപ്രാപിച്ചപ്പോഴും അവരെ ഓടിച്ചുകളയാതെ അവരെക്കൊണ്ട് അടിമവേല ചെയ്യിച്ചു. യോസേഫിന്‍റെ വംശജര്‍ യോശുവയെ സമീപിച്ചു പറഞ്ഞു: “ഞങ്ങള്‍ക്ക് ഒരു ഓഹരി മാത്രം നല്‌കിയത് എന്തുകൊണ്ടാണ്? ദൈവാനുഗ്രഹത്താല്‍ ഞങ്ങള്‍ ഒരു വലിയ ജനസമൂഹം ആയിത്തീര്‍ന്നിരിക്കുന്നുവല്ലോ.” യോശുവ പ്രതിവചിച്ചു: “നിങ്ങള്‍ ഒരു വലിയ ജനസമൂഹമായിത്തീരുകയും എഫ്രയീം പര്‍വതപ്രദേശം നിങ്ങള്‍ക്കു മതിയാകാതെ വരികയും ചെയ്തിട്ടുണ്ടെങ്കില്‍ പെരിസ്യര്‍ക്കും രെഫായീമ്യര്‍ക്കും അവകാശപ്പെട്ട വനപ്രദേശം കൂടി വെട്ടിത്തെളിച്ച് സ്വന്തമാക്കിക്കൊള്ളുക.” അപ്പോള്‍ അവര്‍ പറഞ്ഞു: “ആ പ്രദേശം ഞങ്ങള്‍ക്ക് മതിയാകുകയില്ല; മാത്രമല്ല ബേത്ത്-ശെയാനിലും അതിന്‍റെ ചുറ്റുമുള്ള പട്ടണങ്ങളിലും ജെസ്രീല്‍ താഴ്വരയിലും നിവസിക്കുന്ന കനാന്യര്‍ ഇരുമ്പു രഥങ്ങള്‍ ഉള്ളവരാണ്.” യോശുവ എഫ്രയീമിന്‍റെയും മനശ്ശെയുടെയും ഗോത്രങ്ങള്‍ ഉള്‍പ്പെടുന്ന യോസേഫ് വംശജരോട് പറഞ്ഞു: “നിങ്ങള്‍ ഒരു വലിയ ജനസമൂഹവും അതിശക്തന്മാരുമാണ്; അതുകൊണ്ട് നിങ്ങള്‍ക്ക് ഒരു ഓഹരിമാത്രം ലഭിച്ചാല്‍ പോരാ. പര്‍വതപ്രദേശം നിങ്ങള്‍ക്കുള്ളതുതന്നെയാണ്; അതു വനപ്രദേശമാണെങ്കിലും അതിന്‍റെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ വെട്ടിത്തെളിച്ചു നിങ്ങള്‍ അത് അവകാശമാക്കുക; കനാന്യര്‍ കരുത്തരും ഇരുമ്പു രഥങ്ങള്‍ ഉള്ളവരും ആണെങ്കിലും നിങ്ങള്‍ക്ക് അവരെ ഓടിച്ചുകളയാന്‍ കഴിയും.” ദേശം പിടിച്ചടക്കിയതിനു ശേഷം ഇസ്രായേല്‍ജനസമൂഹം ശീലോവില്‍ ഒന്നിച്ചുകൂടി; അവിടെ അവര്‍ തിരുസാന്നിധ്യകൂടാരം സ്ഥാപിച്ചു. അവകാശഭൂമി ലഭിക്കാത്ത ഏഴു ഗോത്രങ്ങള്‍ ഇസ്രായേല്യരില്‍ ശേഷിച്ചിരുന്നു. അതുകൊണ്ട് യോശുവ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു നല്‌കിയിരിക്കുന്ന ഭൂമി കൈവശപ്പെടുത്താതെ നിങ്ങള്‍ എത്രനാള്‍ അലസരായിരിക്കും? ഓരോ ഗോത്രത്തില്‍നിന്നും മൂന്നുപേരെ വീതം തിരഞ്ഞെടുക്കുക. അവര്‍ ദേശം ചുറ്റി നടന്ന്, അവര്‍ക്ക് അവകാശമായി ലഭിക്കേണ്ട ഭൂമിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് എന്‍റെ അടുക്കല്‍ മടങ്ങിവരട്ടെ. യെഹൂദാഗോത്രം ദേശത്തിന്‍റെ തെക്കു ഭാഗത്തും യോസേഫ്ഗോത്രക്കാര്‍ വടക്കു ഭാഗത്തും പാര്‍ത്തുകൊള്ളട്ടെ. ശേഷിക്കുന്ന ദേശം ഏഴായി ഭാഗിക്കണം. ഏഴു ഭാഗങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളോടുകൂടി അവര്‍ എന്‍റെ അടുക്കല്‍ വരണം; ഞാന്‍ ഇവിടെ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍വച്ചു നറുക്കിടും. സര്‍വേശ്വരന്‍റെ പുരോഹിതന്മാര്‍ എന്ന നിലയില്‍ ശുശ്രൂഷ ചെയ്യുന്നതു ലേവ്യരുടെ അവകാശമായതുകൊണ്ട് അവര്‍ക്കു മറ്റുള്ളവരോടൊപ്പം അവകാശം ലഭിക്കുകയില്ല. ഗാദ്, രൂബേന്‍ ഗോത്രക്കാര്‍ക്കും മനശ്ശെയുടെ പകുതി ഗോത്രക്കാര്‍ക്കും അവരുടെ അവകാശം യോര്‍ദ്ദാനു കിഴക്കുവശത്ത് സര്‍വേശ്വരന്‍റെ ദാസനായ മോശയില്‍നിന്നു ലഭിച്ചിട്ടുണ്ടല്ലോ. “നിങ്ങള്‍ ദേശത്തെല്ലാം സഞ്ചരിച്ചു വിവരങ്ങള്‍ രേഖപ്പെടുത്തിയതിനു ശേഷം ശീലോവില്‍ സര്‍വേശ്വരസന്നിധിയില്‍ വച്ചു ദേശം നറുക്കിട്ടു വിഭജിക്കുന്നതിനുവേണ്ടി എന്‍റെ അടുക്കല്‍ മടങ്ങിവരണം.” ഈ നിര്‍ദ്ദേശം സ്വീകരിച്ചുകൊണ്ട് അവര്‍ യാത്ര പുറപ്പെട്ടു. അവര്‍ ദേശമെല്ലാം ചുറ്റിനടന്നു. അതിനെ പട്ടണങ്ങളടക്കം ഏഴായി തിരിച്ച് വിവരങ്ങള്‍ ഒരു പുസ്തകത്തില്‍ രേഖപ്പെടുത്തി, ശീലോവില്‍ യോശുവയുടെ അടുക്കല്‍ മടങ്ങിയെത്തി. പിന്നീട് സര്‍വേശ്വരസന്നിധിയില്‍ വച്ച് യോശുവ ശേഷിച്ച ഗോത്രക്കാര്‍ക്കു വേണ്ടി നറുക്കിട്ടു ഭൂമി ഭാഗിച്ചുകൊടുത്തു. ബെന്യാമീന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് നറുക്കു വീണു; അവരുടെ അവകാശദേശം യെഹൂദാഗോത്രക്കാരുടെയും യോസേഫ്ഗോത്രക്കാരുടെയും സ്ഥലങ്ങളുടെ ഇടയ്‍ക്കായിരുന്നു. വടക്കുവശത്തുള്ള അവരുടെ അതിര് യോര്‍ദ്ദാനില്‍നിന്ന് ആരംഭിച്ച് യെരീഹോവിന്‍റെ വടക്കുവശത്തുള്ള ചെരുവില്‍ക്കൂടി മലനാട്ടിലൂടെ പടിഞ്ഞാറോട്ടു കടന്ന് ബേത്ത്-ആവെന്‍ മരുഭൂമിയില്‍ അവസാനിക്കുന്നു. അവിടെനിന്നു ബേഥേല്‍ എന്നുകൂടി പേരുള്ള ലൂസിന്‍റെ തെക്കേ ചരിവില്‍ക്കൂടി കടന്നു ബേത്ത്-ഹോരോന്‍റെ തെക്കുവശത്തുള്ള മലയും കടന്ന് അതാരോത്ത്-അദ്ദാരില്‍ ഇറങ്ങുന്നു. പിന്നീട് അതു വളഞ്ഞ് പടിഞ്ഞാറു വശത്തുള്ള ബേത്ത്-ഹോരോന്‍റെ എതിര്‍വശത്തുള്ള മലയില്‍ എത്തി തെക്കോട്ടു തിരിഞ്ഞ് യെഹൂദാഗോത്രക്കാരുടെ ഒരു പട്ടണമായ കിര്യത്ത്- ബാലയില്‍ ചെന്ന് അവസാനിക്കുന്നു. ഇതാണ് പടിഞ്ഞാറേ അതിര്. തെക്കേ അതിര് കിര്യത്ത്-യെയാരീമിന്‍റെ അതിര്‍ത്തിയില്‍ ആരംഭിച്ച് പടിഞ്ഞാറ് നെപ്തോഹ അരുവിയുടെ ഉറവിടത്തിലേക്കു പോകുന്നു. അവിടെനിന്ന് അത് ബെന്‍-ഹിന്നോംതാഴ്വരയുടെ എതിര്‍വശത്തും രെഫായീംതാഴ്വരയുടെ വടക്കുവശത്തുമുള്ള മലയുടെ അടിവാരത്തു ചെന്ന് ഹിന്നോംതാഴ്വര കടന്ന് യെബൂസ്യപര്‍വതത്തിന്‍റെ ചരിവില്‍ക്കൂടി ഏന്‍-രോഗേലിലേക്കു പോകുന്നു. അതിനുശേഷം വടക്കോട്ടു തിരിഞ്ഞു ഏന്‍-ശേമെശിലും അവിടെനിന്ന് അദുമ്മീം കയറ്റത്തിന്‍റെ എതിര്‍ വശത്തുള്ള ഗെലീലോത്തിലും കൂടി രൂബേന്‍റെ പുത്രനായ ബോഹാന്‍റെ കല്ലിങ്കലേക്ക് ഇറങ്ങിച്ചെല്ലുന്നു. പിന്നീട് വടക്കോട്ടു തിരിഞ്ഞ് ബേത്ത്-അരാബായുടെ ചരിവില്‍ക്കൂടി അരാബായിലേക്ക് ഇറങ്ങുന്നു. പിന്നീട് ബേത്ത്-ഹൊഗ്‍ലായുടെ വടക്കേ ചരുവില്‍ക്കൂടി കടന്നു യോര്‍ദ്ദാന്‍നദിയുടെ പതനസ്ഥലമായ ചാവുകടലിന്‍റെ വടക്കേ അറ്റത്ത് അവസാനിക്കുന്നു. ഇതാണ് അതിന്‍റെ തെക്കേ അതിര്. കിഴക്കേ അതിര് യോര്‍ദ്ദാന്‍നദി ആണ്. ബെന്യാമീന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ച ദേശത്തിന്‍റെ അതിരുകള്‍ ഇവയാകുന്നു. യെരീഹോ, ബേത്ത്-ഹൊഗ്‍ലാ, എമെക്-കെസീസ്, ബേത്ത്-അരാബാ, സെമാറയീം, ബേഥേല്‍, അവ്വീം, പാരാ, ഒഫ്രാ, കെഫാര്‍-അമ്മോനീ, ഒഫ്നി, ഗേബ എന്നീ പന്ത്രണ്ടു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും ഇവയ്‍ക്കു പുറമേ ഗിബെയോന്‍, രാമാ, [25,26] ബേരോത്ത്, മിസ്പെ, കെഫീരാ, മോസാ, *** രേക്കെം, യിര്‍പ്പേല്‍, തരലാ, സേല, ഏലെഫ്, യെബൂസ്യനഗരമായ യെരൂശലേം, ഗിബെയത്ത്, കിര്യത്ത്- യെയാരീം എന്നീ പതിനാലു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും ബെന്യാമീന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്കു ലഭിച്ചു. ബെന്യാമീന്‍ഗോത്രക്കാര്‍ക്ക് കുടുംബം കുടുംബമായി ലഭിച്ച സ്ഥലങ്ങള്‍ ഇവയാണ്. ശിമെയോന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്കാണ് രണ്ടാമത്തെ നറുക്കു വീണത്. അവരുടെ അവകാശം യെഹൂദാഗോത്രക്കാരുടെ ഇടയില്‍ത്തന്നെ ആയിരുന്നു; അവര്‍ക്ക് അവകാശമായി ബേര്‍-ശേബ, ശേബ, മോലാദാ, ഹസര്‍-ശൂവാല്‍, ബാലാ, ഏസെം, എല്തോലദ്, [4,5] ബേഥൂല്‍, ഹോര്‍മ്മാ, സിക്ലാഗ്, ബേത്ത്-മര്‍ക്കാബോത്ത്, ഹസര്‍-സൂസാ, *** ബേത്ത്-ലെബായോത്ത്, ശാരുഹെന്‍ എന്നീ പതിമൂന്നു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും കൂടാതെ അയീന്‍, രിമ്മോന്‍, ഏഥെര്‍, ആശാന്‍ എന്നീ നാലു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും ലഭിച്ചു. തെക്ക് രാമാ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബാലാത്ത്-ബേര്‍വരെയുള്ള സകല പട്ടണങ്ങളും ഗ്രാമങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ശിമെയോന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ച ദേശം ഇതാണ്. യെഹൂദാഗോത്രക്കാര്‍ക്കു ലഭിച്ച ഓഹരി അവര്‍ക്ക് ആവശ്യമുള്ളതില്‍ അധികമായിരുന്നു. അതുകൊണ്ടാണ് അവരുടെ ഇടയില്‍നിന്ന് ശിമെയോന്‍ഗോത്രക്കാര്‍ക്കു ഭൂമി ലഭിച്ചത്. മൂന്നാമത്തെ നറുക്കു സെബൂലൂന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്കു വീണു. സാരീദ് വരെയുള്ള ദേശമായിരുന്നു അവര്‍ക്ക് അവകാശമായി ലഭിച്ചത്. അവിടെനിന്ന് അതിന്‍റെ അതിരു പടിഞ്ഞാറോട്ടു തിരിഞ്ഞ് മരലയിലും ദബ്ബേശെത്തിലും കൂടി യൊക്നെയാമിന്‍റെ കിഴക്കുവശത്തുള്ള അരുവിയില്‍ എത്തുന്നു. സാരീദിന്‍റെ മറുവശത്തു കിഴക്കു കിസ്ലോത്ത് - താബോരിന്‍റെ അതിരിലൂടെ ദാബെരത്തില്‍ ചെന്ന് അതു യാഫീയയിലേക്കു പോകുന്നു. അവിടെനിന്നു വീണ്ടും കിഴക്കോട്ട് ഗത്ത്-ഹേഫെരിലും ഏത്ത്-കാസീനിലും കൂടി രിമ്മോനിലേക്കുള്ള വഴിയിലെ നേയായിലേക്ക് തിരിയുന്നു. വടക്ക് ആ അതിര് ഹന്നാഥോനിലേക്ക് തിരിഞ്ഞ് യിഫ്താഹ്-എല്‍താഴ്വരയില്‍ അവസാനിക്കുന്നു; കത്താത്ത്, നഹല്ലാല്‍, ശിമ്രോന്‍, ഇദലാ, ബേത്ത്-ലേഹം മുതലായ പന്ത്രണ്ടു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളുമാണ് സെബൂലൂന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ചത്. നാലാമത്തെ നറുക്ക് ഇസ്സാഖാര്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്കു വീണു. ജെസ്രീല്‍, കെസുല്ലോത്ത്, ശൂനേം, ഹഫാരയീം, ശീയോന്‍, അനാഹരാത്ത്, രബ്ബീത്ത്, കിശ്യോന്‍, ഏബെസ്, രേമെത്ത്, ഏന്‍-ഗന്നീം, ഏന്‍-ഹദ്ദാ, ബേത്ത്-പസ്സേസ് എന്നീ പ്രദേശങ്ങള്‍ അവരുടെ അവകാശദേശത്ത് ഉള്‍പ്പെട്ടിരുന്നു. അതിന്‍റെ അതിര്, താബോര്‍, ശഹസൂമാ, ബേത്ത്-ശേമെശ് എന്നീ സ്ഥലങ്ങളില്‍ കൂടി കടന്നു യോര്‍ദ്ദാനില്‍ അവസാനിക്കുന്നു. പതിനാറു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും അതില്‍ ഉള്‍പ്പെട്ടിരുന്നു. ഈ പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളുമാണ് ഇസ്സാഖാര്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ചത്. അഞ്ചാമത്തെ നറുക്ക് ആശേര്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്കു വീണു. ഹെല്‌കത്ത്, ഹലി, ബേതെന്‍, അക്ശാഫ്, അല്ലംമേലെക്, അമാദ്, മിശാല്‍ എന്നീ സ്ഥലങ്ങള്‍ അവരുടെ അവകാശഭൂമിയില്‍ ഉള്‍പ്പെട്ടിരുന്നു. അത് പടിഞ്ഞാറ് കര്‍മ്മേലും ശീഹോര്‍-ലിബ്നാത്ത്‍വരെയും വ്യാപിച്ചിരുന്നു. കിഴക്കേ അതിര് ബേത്ത്-ദാഗോനിലേക്കും അവിടെനിന്നു വടക്കോട്ടു തിരിഞ്ഞ് സെബൂലൂനിലും ബേത്ത്-എമെക്കിലും നെയീയേലിലും യിഫ്താഹ്-ഏല്‍ താഴ്വരയിലും കൂടി കടന്നു വടക്കു കാബൂലിലേക്കും എബ്രോന്‍, രെഹോബ്, ഹമ്മോന്‍, കാനാ എന്നീ സ്ഥലങ്ങളിലൂടെ വന്‍ നഗരമായ സീദോനിലേക്കും പോകുന്നു. പിന്നീട് ആ അതിര് രാമായിലേക്കും കോട്ടകളാല്‍ സുരക്ഷിതമാക്കപ്പെട്ട സോരിലേക്കും തിരിയുന്നു. പിന്നീട് ഹോസായില്‍ കൂടി ആ അതിര് മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ അവസാനിക്കുന്നു. മഹലബ്, അക്സീബ്, ഉമ്മാ, അഫേക്, രെഹോബ് മുതലായ ഇരുപത്തിരണ്ടു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും അവരുടെ അവകാശഭൂമിയില്‍ ഉള്‍പ്പെട്ടിരുന്നു. ആശേര്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ഈ പട്ടണങ്ങളും ഇവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും ലഭിച്ചു. ആറാമത്തെ നറുക്കു നഫ്താലിഗോത്രത്തിലെ കുടുംബങ്ങള്‍ക്കു വീണു. അവരുടെ അവകാശമായി ലഭിച്ച ദേശത്തിന്‍റെ അതിര് ഹേലെഫില്‍ സാനന്നീമിലെ കരുവേലകച്ചുവട്ടില്‍നിന്ന് ആരംഭിച്ച് അദാമീ-നേക്കെബിലും യബ്ന്യോലിലും കൂടി ലാക്കൂമില്‍ ചെന്ന് യോര്‍ദ്ദാനില്‍ അവസാനിക്കുന്നു. അവിടെനിന്നു പടിഞ്ഞാറ് അസ്നോത്ത്-താബോരിലേക്ക് തിരിഞ്ഞു ഹൂക്കോക്കിലൂടെ പോകുന്നു. അതിന്‍റെ അതിര് തെക്ക് സെബൂലൂനും പടിഞ്ഞാറ് ആശേരും കിഴക്ക് യോര്‍ദ്ദാനു സമീപമുള്ള യെഹൂദായും ആകുന്നു. കോട്ടകളാല്‍ സുരക്ഷിതമാക്കപ്പെട്ട സിദ്ദീം, സേര്‍, ഹമ്മത്ത്, രക്കത്ത്, കിന്നേരത്ത്, അദമാ, രാമാ, ഹാസോര്‍, കേദെശ്, എദ്രെയി, എന്‍-ഹാസോര്‍, യിരോന്‍, മിഗ്ദല്‍-ഏല്‍, ഹോരേം, ബേത്ത്-അനാത്ത്, ബേത്ത്-ശേമെശ് മുതലായ പത്തൊന്‍പതു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും നഫ്താലിയുടെ അവകാശഭൂമിയില്‍ ഉള്‍പ്പെടുന്നു. ഇവയാണ് നഫ്താലി ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ച പട്ടണങ്ങളും ഗ്രാമങ്ങളും. ഏഴാമത്തെ നറുക്കു ദാന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്കു വീണു. സൊരാ, എസ്തായോല്‍, ഈര്‍-ശേമെശ്, ശാലബ്ബീന്‍, അയ്യാലോന്‍, ഇത്‍ലാ, ഏലോന്‍, തിമ്നാ, എക്രോന്‍, എല്‍-തെക്കേ, ഗിബ്ബെഥോന്‍, ബാലാത്ത്, യിഹൂദ്, ബെനേ-ബെരാക്, ഗത്ത്-രിമ്മോന്‍, മേയര്‍കോന്‍, രക്കോന്‍ എന്നീ സ്ഥലങ്ങളും യോപ്പയ്‍ക്കു ചുറ്റുപാടുമുള്ള സ്ഥലങ്ങളും ദാനിന്‍റെ അവകാശഭൂമിയില്‍ ഉള്‍പ്പെട്ടിരുന്നു. ദാന്‍ഗോത്രക്കാരുടെ ദേശം അവര്‍ക്ക് നഷ്ടപ്പെട്ടപ്പോള്‍ അവര്‍ ലേശെമിനോടു യുദ്ധം ചെയ്ത് അതു പിടിച്ചടക്കി. അവിടെയുള്ള ജനങ്ങളെ സംഹരിച്ച് ആ ദേശം കൈവശമാക്കി അവിടെ പാര്‍ത്തു. ലേശെമിനു തങ്ങളുടെ പൂര്‍വപിതാവായ ദാനിന്‍റെ പേരു നല്‌കുകയും ചെയ്തു. ദാന്‍ഗോത്രക്കാരുടെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ചത് ഈ പട്ടണങ്ങളും ഗ്രാമങ്ങളുമായിരുന്നു. ദേശം വിഭജിച്ചു കഴിഞ്ഞ് ഇസ്രായേല്‍ജനം നൂനിന്‍റെ പുത്രനായ യോശുവയ്‍ക്ക് അവരുടെ ഇടയില്‍ ഒരു ഓഹരി നല്‌കി. എഫ്രയീം മലമ്പ്രദേശത്തുള്ള തിമ്നത്ത്-സേരഹ് എന്ന പട്ടണം യോശുവ ആവശ്യപ്പെടുകയും സര്‍വേശ്വരന്‍ കല്പിച്ചതുപോലെ ആ സ്ഥലം അദ്ദേഹത്തിനു വിട്ടുകൊടുക്കുകയും ചെയ്തു. ആ പട്ടണം വീണ്ടും പണിത് അദ്ദേഹം അവിടെ പാര്‍ത്തു. പുരോഹിതനായ എലെയാസാരും നൂനിന്‍റെ പുത്രനായ യോശുവയും ഇസ്രായേല്‍ഗോത്രങ്ങളിലെ നേതാക്കന്മാരും ശീലോവില്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെ കവാടത്തില്‍ സര്‍വേശ്വരസന്നിധിയില്‍ ഒരുമിച്ചു കൂടി ദേശം നറുക്കിട്ടു വിഭജിച്ചു. ഇങ്ങനെ അവര്‍ ദേശവിഭജനം പൂര്‍ത്തിയാക്കി. [1,2] “മോശ മുഖേന ഞാന്‍ നിങ്ങളോടു കല്പിച്ചതുപോലെ അഭയനഗരങ്ങള്‍ വേര്‍തിരിക്കാന്‍ ജനത്തോടു പറയുക” എന്നു സര്‍വേശ്വരന്‍ യോശുവയോടു കല്പിച്ചു. *** അബദ്ധവശാല്‍ ഒരാള്‍ മറ്റൊരാളെ കൊല്ലാന്‍ ഇടയായാല്‍ കൊല്ലപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്യാന്‍ ബാധ്യസ്ഥനായ ബന്ധുവില്‍ നിന്നു രക്ഷപെട്ട് അഭയം പ്രാപിക്കുന്നതിനുള്ള നഗരങ്ങളാണ് അവ. അവയില്‍ ഏതെങ്കിലുമൊരു പട്ടണത്തിലേക്ക് ഓടിച്ചെല്ലുന്നവന്‍ നഗരവാതില്‌ക്കല്‍ നിന്നുകൊണ്ട് ആ നഗരത്തിലെ ജനനേതാക്കളോട് അവന്‍റെ പ്രശ്നം വിശദീകരിച്ചു പറയണം. അവര്‍ അവനെ പട്ടണത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണം. കൂടാതെ തങ്ങളുടെ ഇടയില്‍ പാര്‍ക്കുന്നതിന് ഒരു സ്ഥലം അവനു നല്‌കുകയും വേണം. പ്രതികാരകന്‍ അവനെ പിന്തുടര്‍ന്നു ചെന്നാലും പൂര്‍വവിദ്വേഷം കൂടാതെ അബദ്ധവശാല്‍ അങ്ങനെ ചെയ്തുപോയതാകയാല്‍ പ്രതികാരകന്‍റെ കൈയില്‍ അവനെ ഏല്പിക്കരുത്. അവന്‍ ജനത്തിന്‍റെ മുമ്പാകെ വിസ്തരിക്കപ്പെടുന്നതുവരെയോ അന്നത്തെ മഹാപുരോഹിതന്‍ മരിക്കുന്നതുവരെയോ അവിടെത്തന്നെ പാര്‍ക്കണം. അതിനുശേഷം അവനു താന്‍ വിട്ടുപോന്ന പട്ടണത്തില്‍ സ്വന്തഭവനത്തിലേക്കു മടങ്ങിപ്പോകാം. അവര്‍ യോര്‍ദ്ദാനു പടിഞ്ഞാറു നഫ്താലി മലനാട്ടിലുള്ള ഗലീലയിലെ കേദെശും എഫ്രയീം മലനാട്ടിലുള്ള ശെഖേമും യെഹൂദാ മലനാട്ടിലുള്ള ഹെബ്രോന്‍ എന്ന കിര്യത്ത്-അര്‍ബ്ബയും യോര്‍ദ്ദാനു കിഴക്ക് യെരീഹോവിനെതിരെയുള്ള മരുഭൂമിയില്‍, രൂബേന്‍ഗോത്രത്തിന് അവകാശപ്പെട്ട സമഭൂമിയിലുള്ള ബേസെരും, ഗിലെയാദില്‍ ഗാദ് ഗോത്രക്കാരുടെ രാമോത്തും, ബാശാനില്‍ മനശ്ശെഗോത്രക്കാരുടെ ഗോലാനും അഭയനഗരങ്ങളായി വേര്‍തിരിച്ചു. അബദ്ധവശാല്‍ ഒരാളെ കൊന്നവന്‍ ജനസമൂഹത്തിന്‍റെ മുമ്പാകെ വിസ്താരത്തിനു നില്‌ക്കുന്നതുവരെ പ്രതികാരം ചെയ്യേണ്ടവനില്‍നിന്ന് രക്ഷപെടാന്‍ വേണ്ടി ഇസ്രായേല്‍ജനത്തിനും അവരുടെ ഇടയില്‍ വന്നുപാര്‍ക്കുന്ന പരദേശികള്‍ക്കും വേണ്ടി വേര്‍തിരിച്ചിട്ടുള്ള അഭയനഗരങ്ങള്‍ ഇവയാകുന്നു. ലേവ്യഗോത്രത്തിലെ കുടുംബത്തലവന്മാര്‍ കനാന്‍ദേശത്തുള്ള ശീലോവില്‍ പുരോഹിതനായ എലെയാസാറിന്‍റെയും നൂനിന്‍റെ പുത്രനായ യോശുവയുടെയും ഇസ്രായേല്‍ഗോത്രങ്ങളിലെ കുടുംബത്തലവന്മാരുടെയും അടുക്കല്‍ ചെന്നു പറഞ്ഞു: “ഞങ്ങള്‍ക്ക് പാര്‍ക്കാനുള്ള പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികള്‍ക്കു വേണ്ട മേച്ചില്‍സ്ഥലങ്ങളും തരാന്‍ സര്‍വേശ്വരന്‍ മോശ മുഖേന കല്പിച്ചിട്ടുണ്ടല്ലോ.” സര്‍വേശ്വരന്‍റെ കല്പനയനുസരിച്ച് ഇസ്രായേല്‍ജനം തങ്ങളുടെ അവകാശഭൂമിയില്‍നിന്ന് ലേവ്യര്‍ക്ക് താഴെപ്പറയുന്ന പട്ടണങ്ങളും മേച്ചില്‍സ്ഥലങ്ങളും നല്‌കി. കെഹാത്യകുടുംബങ്ങള്‍ക്ക് ആദ്യം നറുക്കു വീണു. അതനുസരിച്ച് അവരില്‍ പുരോഹിതനായ അഹരോന്‍റെ പിന്‍ഗാമികളായ ലേവ്യര്‍ക്ക് യെഹൂദാ, ശിമെയോന്‍, ബെന്യാമീന്‍ എന്നീ ഗോത്രങ്ങളില്‍നിന്ന് പതിമൂന്ന് പട്ടണങ്ങള്‍ ലഭിച്ചു. അവശേഷിച്ച കെഹാത്യര്‍ക്ക് നറുക്കു വീണതനുസരിച്ച് എഫ്രയീം, ദാന്‍ ഗോത്രങ്ങളില്‍നിന്നും മനശ്ശെയുടെ പകുതി ഗോത്രത്തില്‍നിന്നും പത്തു പട്ടണങ്ങള്‍ ലഭിച്ചു. ഗേര്‍ശോന്യകുടുംബങ്ങള്‍ക്കു നറുക്കു വീണതനുസരിച്ച് ഇസ്സാഖാര്‍, ആശേര്‍, നഫ്താലിഗോത്രങ്ങളില്‍നിന്നും ബാശാനിലെ മനശ്ശെയുടെ പകുതി ഗോത്രത്തില്‍നിന്നും പതിമൂന്നു പട്ടണങ്ങള്‍ ലഭിച്ചു. മെരാരികുടുംബങ്ങള്‍ക്കു രൂബേന്‍, ഗാദ്, സെബൂലൂന്‍ഗോത്രങ്ങളില്‍നിന്ന് പന്ത്രണ്ടു പട്ടണങ്ങള്‍ ലഭിച്ചു. സര്‍വേശ്വരന്‍ മോശ മുഖേന കല്പിച്ചതുപോലെ, നറുക്കു വീണതനുസരിച്ച് ഈ പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള പുല്പുറങ്ങളും ഇസ്രായേല്‍ജനം ലേവ്യര്‍ക്കു കൊടുത്തു. [9,10] യെഹൂദാ, ശിമെയോന്‍ ഗോത്രങ്ങളില്‍നിന്നു ലേവിഗോത്രത്തില്‍ കെഹാത്യനായ അഹരോന്‍റെ പിന്‍തലമുറക്കാര്‍ക്കു ലഭിച്ച പട്ടണങ്ങള്‍ താഴെ പറയുന്നവയാണ്. അവര്‍ക്കായിരുന്നു ആദ്യം നറുക്കു വീണത്. *** അങ്ങനെ യെഹൂദാ മലനാട്ടില്‍ അനാക്കിന്‍റെ പിതാവായ അര്‍ബ്ബയുടെ പട്ടണമായ കിര്യത്ത്-അര്‍ബ എന്നു പേരുള്ള ഹെബ്രോനും അതിനു ചുറ്റുമുള്ള പുല്പുറങ്ങളും അവര്‍ക്കു ലഭിച്ചു. എന്നാല്‍ പട്ടണത്തോടു ചേര്‍ന്നുള്ള വയലുകളും ഗ്രാമങ്ങളും യെഫൂന്നെയുടെ പുത്രനായ കാലേബിനാണ് അവകാശമായി ലഭിച്ചത്. പുരോഹിതനായ അഹരോന്‍റെ പിന്‍ഗാമികള്‍ക്ക് അഭയനഗരമായ ഹെബ്രോനും, ലിബ്നാ, യത്ഥീര്‍, [14,15] എസ്തെമോവ, ഹോലോന്‍, ദെബീര്‍, അയീന്‍, യൂത്താ, *** ബേത്ത്- ശേമെശ് എന്നീ പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും കൂടി കൊടുത്തു. അങ്ങനെ യെഹൂദാ ശിമെയോന്‍ഗോത്രങ്ങളില്‍നിന്ന് ഒമ്പതു പട്ടണങ്ങളാണ് അവര്‍ക്കു കൊടുത്തത്; ബെന്യാമീന്‍ഗോത്രത്തില്‍നിന്നു ഗിബെയോന്‍, ഗേബ, അനാഥോത്ത്, അല്മോന്‍ എന്നീ നാലു പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും അവര്‍ക്കു കൊടുത്തു. അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാര്‍ക്കു ലഭിച്ചത് ആകെ പതിമൂന്നു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളുമായിരുന്നു. ലേവിഗോത്രത്തിലെ കെഹാത്യകുടുംബങ്ങളില്‍ ശേഷിച്ചവര്‍ക്ക് എഫ്രയീംഗോത്രത്തില്‍ നിന്നായിരുന്നു ഭൂമി ലഭിച്ചത്. എഫ്രയീം മലനാട്ടിലെ അഭയനഗരമായി ശെഖേമും, ഗേസെര്‍, കിബ്സയീം, ബേത്ത്-ഹോരോന്‍ എന്നീ നാലു പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും, ദാന്‍ഗോത്രത്തില്‍നിന്നു ഏല്‍-തെക്കേ, ഗിബ്ബെഥോന്‍, അയ്യാലോന്‍, ഗത്ത്-രിമ്മോന്‍ എന്നീ നാലു പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും മനശ്ശെയുടെ പകുതി ഗോത്രത്തില്‍നിന്ന് താനാക്ക്, ഗത്ത്-രിമ്മോന്‍ എന്നീ രണ്ടു പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും നല്‌കപ്പെട്ടു; അങ്ങനെ കെഹാത്യരില്‍ ശേഷിച്ചവര്‍ക്ക് ആകെ പത്തു പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലഭിച്ചു. ലേവ്യകുടുംബത്തില്‍പ്പെട്ട ഗേര്‍ശോന്യര്‍ക്ക് മനശ്ശെയുടെ പകുതി ഗോത്രക്കാരുടെ മലനാട്ടില്‍നിന്ന് അഭയനഗരമായ ബാശാനിലെ ഗോലാനും, ബെയെസ്തെര എന്നീ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ഇസ്സാഖാര്‍ ഗോത്രത്തില്‍നിന്നു കിശ്യോന്‍, ദാബെരത്ത്, യര്‍മൂത്ത്, ഏന്‍-ഗന്നീം എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചില്‍പ്പുറങ്ങളും ആശേര്‍ ഗോത്രത്തില്‍നിന്ന് മിശാല്‍, അബ്‍ദോന്‍, ഹെല്‌കത്ത്, രെഹോബ് എന്നീ നാലു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള മേച്ചില്‍പ്പുറങ്ങളും നഫ്താലിഗോത്രത്തില്‍നിന്ന് അഭയനഗരമായ ഗലീലയിലെ കേദെശ്, ഹമ്മോത്ത്-ദോര്‍, കര്‍ത്ഥാന്‍ എന്നീ മൂന്നു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള മേച്ചില്‍പ്പുറങ്ങളും ലഭിച്ചു. ഇങ്ങനെ പതിമൂന്നു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള പുല്പുറങ്ങളും ആയിരുന്നു ഗേര്‍ശോന്‍കുലത്തിലെ വിവിധ കുടുംബങ്ങള്‍ക്കു ലഭിച്ചത്. ലേവിഗോത്രത്തില്‍ ശേഷിച്ച മെരാരി കുടുംബങ്ങള്‍ക്ക് സെബൂലൂന്‍ഗോത്രത്തില്‍നിന്നു യൊക്നെയാം, കര്‍ത്ഥാ, ദിമ്നാ, നഹലാല്‍ എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചില്‍പ്പുറങ്ങളും രൂബേന്‍ഗോത്രത്തില്‍നിന്നു ബേസെര്‍, യെഹ്സ്, കെദേമോത്ത്, മേഫാത്ത് എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചില്‍പ്പുറങ്ങളും ഗാദ്ഗോത്രത്തില്‍നിന്നു ഗിലെയാദിലെ അഭയനഗരമായ രാമോത്ത്, മഹനയീം, ഹെശ്ബോന്‍, യസേര്‍ എന്നീ പട്ടണങ്ങളും അവയുടെ മേച്ചില്‍പ്പുറങ്ങളും ലഭിച്ചു. ലേവ്യകുടുംബത്തില്‍ ശേഷിച്ച മെരാരികുടുംബക്കാര്‍ക്ക് നറുക്കനുസരിച്ച് ആകെ പന്ത്രണ്ടു പട്ടണങ്ങള്‍ ലഭിച്ചു. [41,42] ഇങ്ങനെ ഇസ്രായേല്‍ജനത്തിന് അവകാശമായി ലഭിച്ച ദേശത്തുനിന്ന് ലേവ്യര്‍ക്ക് ആകെ നാല്പത്തെട്ടു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള മേച്ചില്‍പ്പുറങ്ങളും ലഭിച്ചു. *** സര്‍വേശ്വരന്‍ ഇസ്രായേല്‍ജനത്തിനു നല്‌കുമെന്ന് അവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്ന ദേശമെല്ലാം അവര്‍ക്കു നല്‌കി. അവര്‍ അതു കൈവശമാക്കി അവിടെ കുടിപാര്‍ത്തു. അവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ സര്‍വേശ്വരന്‍ ദേശത്തെല്ലാം സ്വസ്ഥത കൈവരുത്തി. അവിടുന്ന് ഇസ്രായേല്‍ജനത്തിന് അവരുടെ ശത്രുക്കളുടെമേല്‍ വിജയം നല്‌കിയതുകൊണ്ട് ആര്‍ക്കും അവരെ ചെറുത്തുനില്‌ക്കാന്‍ കഴിഞ്ഞില്ല. ഇസ്രായേല്‍ജനത്തോട് ചെയ്ത സകല വാഗ്ദാനങ്ങളും സര്‍വേശ്വരന്‍ നിറവേറ്റി. പിന്നീട് രൂബേന്‍, ഗാദ്ഗോത്രക്കാരെയും മനശ്ശെയുടെ പകുതി ഗോത്രക്കാരെയും യോശുവ വിളിച്ചുകൂട്ടി പറഞ്ഞു: “സര്‍വേശ്വരന്‍റെ ദാസനായ മോശ നിങ്ങളോടു കല്പിച്ചതെല്ലാം നിങ്ങള്‍ അനുസരിച്ചു. ഞാന്‍ നിങ്ങളോട് ആജ്ഞാപിച്ചതെല്ലാം നിങ്ങള്‍ പാലിക്കുകയും ചെയ്തു. നിങ്ങള്‍ ഈ കാലമെല്ലാം നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളോടു കല്പിച്ചിരുന്നതുപോലെ നിങ്ങളുടെ സഹോദരന്മാരെ വിട്ടുപിരിയാതെ അവരുടെകൂടെ നടന്നു. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളുടെ സഹോദരന്മാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ ഇപ്പോള്‍ അവര്‍ക്ക് സ്വസ്ഥത നല്‌കിയിരിക്കുന്നു. അതുകൊണ്ട് അവിടുത്തെ ദാസനായ മോശ യോര്‍ദ്ദാനക്കരെ നിങ്ങള്‍ക്ക് അവകാശമായി നല്‌കിയിരിക്കുന്ന ദേശത്ത് നിങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങി പൊയ്‍ക്കൊള്ളുക. മോശ നിങ്ങള്‍ക്കു നല്‌കിയ കല്പനകള്‍ പാലിക്കുന്നതില്‍ നിങ്ങള്‍ ജാഗ്രതയുള്ളവരായിരിക്കണം. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ സ്നേഹിക്കുക; അവിടുത്തെ ഇച്ഛാനുസരണം പ്രവര്‍ത്തിക്കുക; അവിടുത്തെ കല്പനകള്‍ അനുസരിക്കുക; അവിടുത്തോടു വിശ്വസ്തരായിരിക്കുക; പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും കൂടി സര്‍വേശ്വരനെ സേവിക്കുക.” ഇങ്ങനെ യോശുവ അവരെ അനുഗ്രഹിച്ചു യാത്ര അയച്ചു. അവര്‍ അവരുടെ വീടുകളിലേക്കു മടങ്ങി. മനശ്ശെയുടെ പകുതി ഗോത്രക്കാര്‍ക്കുള്ള അവകാശഭൂമി ബാശാനില്‍ മോശ കൊടുത്തിരുന്നുവല്ലോ. എന്നാല്‍ മറ്റേ പകുതി ഗോത്രക്കാര്‍ക്കുള്ള അവകാശഭൂമി യോശുവ യോര്‍ദ്ദാനിക്കരെ അവരുടെ സഹോദരന്മാരുടെ അവകാശഭൂമിയുടെ ഇടയില്‍ത്തന്നെയാണു കൊടുത്തത്. യോശുവ അവരെ അനുഗ്രഹിച്ച് അവരുടെ വീടുകളിലേക്ക് അയച്ചു. അപ്പോള്‍ അദ്ദേഹം അവരോടു പറഞ്ഞു: “നാല്‌ക്കാലികള്‍, വെള്ളി, പൊന്ന്, ചെമ്പ്, ഇരുമ്പ്, വസ്ത്രങ്ങള്‍ തുടങ്ങി വളരെയധികം സമ്പത്തോടു കൂടി നിങ്ങള്‍ സ്വഭവനങ്ങളിലേക്കു മടങ്ങിപ്പോകുകയാണല്ലോ. ശത്രുക്കളില്‍നിന്നു പിടിച്ചെടുത്ത സാധനങ്ങള്‍ നിങ്ങളുടെ സഹോദരന്മാര്‍ക്കു കൂടി പങ്കിട്ടു കൊടുക്കണം.” രൂബേന്‍, ഗാദ്ഗോത്രക്കാരും മനശ്ശെയുടെ പകുതിഗോത്രവും അവരുടെ വീടുകളിലേക്കു മടങ്ങി. മറ്റ് ഇസ്രായേല്യരെ കനാനിലുള്ള ശീലോവില്‍ വിട്ടിട്ടാണ് അവര്‍ തങ്ങളുടെ അവകാശഭൂമിയായ ഗിലെയാദിലേക്കു പോയത്. സര്‍വേശ്വരന്‍ മോശ മുഖേന കല്പിച്ചതുപോലെ അവര്‍ ആ ദേശം കൈവശപ്പെടുത്തിയിരുന്നു. രൂബേന്‍, ഗാദ്ഗോത്രക്കാരും മനശ്ശെയുടെ പകുതിഗോത്രക്കാരും കനാനിലുള്ള യോര്‍ദ്ദാന്‍ പ്രദേശത്ത് എത്തിയപ്പോള്‍ അവര്‍ ഒരു വലിയ യാഗപീഠം പണിതു. അവര്‍ തങ്ങളുടെ അവകാശഭൂമിയില്‍ കനാനിലെ യോര്‍ദ്ദാന്‍ പ്രദേശത്ത് ഒരു വലിയ യാഗപീഠം പണിതുയര്‍ത്തിയിരിക്കുന്നു എന്ന വാര്‍ത്ത ഇസ്രായേല്‍ജനം കേട്ടപ്പോള്‍ ജനസമൂഹം മുഴുവന്‍ യോര്‍ദ്ദാനു കിഴക്കുള്ള ഗോത്രക്കാരോടു യുദ്ധം ചെയ്യാന്‍ ശീലോവില്‍ ഒന്നിച്ചുകൂടി. ഇസ്രായേല്‍ജനം പുരോഹിതനായ എലെയാസാരിന്‍റെ പുത്രന്‍ ഫീനെഹാസിനെ ഗിലെയാദില്‍ രൂബേന്‍, ഗാദ്ഗോത്രക്കാരുടെയും മനശ്ശെയുടെ പകുതി ഗോത്രക്കാരുടെയും അടുക്കല്‍ അയച്ചു. യോര്‍ദ്ദാന് ഇക്കരെയുള്ള പത്തു ഗോത്രങ്ങളുടെ പ്രതിനിധികളായി ഓരോ ഗോത്രത്തില്‍നിന്നും ഒരാള്‍ വീതം പത്തു കുടുംബത്തലവന്മാരെ ഫീനെഹാസിന്‍റെ കൂടെ അയച്ചിരുന്നു. അവര്‍ ഗിലെയാദില്‍ രൂബേന്‍, ഗാദ്ഗോത്രക്കാരുടെയും മനശ്ശെയുടെ പകുതി ഗോത്രക്കാരുടെയും അടുക്കല്‍ ചെന്നു പറഞ്ഞു: “സര്‍വേശ്വരന്‍റെ സര്‍വജനസമൂഹവും ഇങ്ങനെ പറയുന്നു: ഇസ്രായേലിന്‍റെ ദൈവത്തിനെതിരായി നിങ്ങള്‍ എന്തൊരു വിശ്വാസവഞ്ചനയാണു കാട്ടിയിരിക്കുന്നത്? നിങ്ങള്‍ക്കുവേണ്ടി ഒരു യാഗപീഠം നിര്‍മ്മിച്ചതിനാല്‍ അവിടുത്തോടു നിങ്ങള്‍ മത്സരിച്ചിരിക്കുന്നു. നിങ്ങള്‍ സര്‍വേശ്വരനെ വിട്ടകന്നിരിക്കുന്നു. പെയോരില്‍ വച്ചു നാം ചെയ്ത പാപം പോരായോ? ഒരു മഹാമാരികൊണ്ട് അവിടുന്നു നമ്മെ ശിക്ഷിച്ചു; അന്നു ചെയ്ത പാപത്തില്‍നിന്ന് ഇന്നും നാം മോചിതരായിട്ടില്ല. നിങ്ങള്‍ ഇപ്പോള്‍ സര്‍വേശ്വരനെ വിട്ടകലാന്‍ പോകുകയാണോ? നിങ്ങള്‍ ഇന്ന് അവിടുത്തോടു മത്സരിക്കുന്നു എങ്കില്‍ അവിടുന്ന് എല്ലാ ഇസ്രായേല്‍ജനത്തോടും നാളെ കോപിക്കും. നിങ്ങളുടെ അവകാശഭൂമി സര്‍വേശ്വരനെ ആരാധിക്കാന്‍ പറ്റിയതല്ല എന്നു നിങ്ങള്‍ക്കു തോന്നുന്നുവെങ്കില്‍ അവിടുത്തെ തിരുസാന്നിധ്യകൂടാരം ഇരിക്കുന്ന ദേശത്തേക്കു വന്ന് ഞങ്ങളുടെ ഇടയില്‍ ഭൂമി കൈവശപ്പെടുത്തുക. നമ്മുടെ ദൈവമായ സര്‍വേശ്വരന്‍റെ യാഗപീഠത്തിനു പുറമേ നിങ്ങള്‍ക്കുവേണ്ടി മറ്റൊരു യാഗപീഠം നിര്‍മ്മിച്ച് അവിടുത്തോടു മത്സരിക്കരുത്. നശിപ്പിക്കുന്നതിനുവേണ്ടി വേര്‍തിരിച്ചിട്ടുള്ള സാധനങ്ങളെപ്പറ്റി സര്‍വേശ്വരന്‍ നല്‌കിയിട്ടുള്ള കല്പനകള്‍ സേരഹിന്‍റെ പുത്രനായ ആഖാന്‍ ലംഘിച്ചു. തന്നിമിത്തം ഇസ്രായേലിന്‍റെ സര്‍വസമൂഹവും ശിക്ഷിക്കപ്പെട്ടു; അവന്‍റെ പാപം നിമിത്തം നശിച്ചത് അവന്‍ മാത്രം ആയിരുന്നില്ലല്ലോ.” അപ്പോള്‍ രൂബേന്‍, ഗാദ്ഗോത്രക്കാരും മനശ്ശെയുടെ പകുതി ഗോത്രക്കാരും ഇസ്രായേല്‍ജനത്തിന്‍റെ നേതാക്കന്മാരോടു പറഞ്ഞു: “സര്‍വശക്തനായ ദൈവമാണ് സര്‍വേശ്വരന്‍! അതേ, സര്‍വശക്തനായ ദൈവമാണ് സര്‍വേശ്വരന്‍. അവിടുന്ന് ഇത് അറിയുന്നു; ഇസ്രായേല്‍ജനവും അതറിയട്ടെ! ഞങ്ങള്‍ അവിടുത്തോടു മത്സരിക്കുകയോ, അവിശ്വസ്തരായി പെരുമാറുകയോ ചെയ്തുകൊണ്ടാണ് യാഗപീഠം പണിതതെങ്കില്‍ അവിടുന്നു ഞങ്ങളെ ശിക്ഷിക്കട്ടെ. സര്‍വേശ്വരനെ അനുഗമിക്കുന്നതില്‍നിന്ന് പിന്തിരിയുന്നതിനുവേണ്ടിയാണ് ഈ യാഗപീഠം പണിയുകയും അതിന്മേല്‍ ഹോമയാഗങ്ങളും ധാന്യയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിക്കുകയും ചെയ്തതെങ്കില്‍ സര്‍വേശ്വരന്‍തന്നെ ഞങ്ങളെ ശിക്ഷിക്കട്ടെ. നിങ്ങളുടെ മക്കള്‍ ഭാവിയില്‍ ഞങ്ങളുടെ മക്കളോട് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനുമായി നിങ്ങള്‍ക്ക് എന്തു ബന്ധം എന്നു ചോദിക്കും എന്നു ഞങ്ങള്‍ ഭയപ്പെട്ടു. ഈ കാരണത്താലാണ് ഞങ്ങള്‍ അങ്ങനെ പെരുമാറിയത്. രൂബേന്‍, ഗാദ് ഗോത്രക്കാരായ ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ സര്‍വേശ്വരന്‍ യോര്‍ദ്ദാന്‍നദിയെ അതിരാക്കി വച്ചിരിക്കുന്നു; സര്‍വേശ്വരനുമായി നിങ്ങള്‍ക്കു യാതൊരു ഓഹരിയുമില്ല എന്നു പറഞ്ഞ് അവിടുത്തെ ആരാധിക്കുന്നതില്‍നിന്നു നിങ്ങളുടെ മക്കള്‍ ഞങ്ങളുടെ മക്കളെ തടഞ്ഞേക്കാമെന്ന് ഞങ്ങള്‍ ഭയപ്പെട്ടു. അതുകൊണ്ടാണ് ഞങ്ങള്‍ ഒരു യാഗപീഠം നിര്‍മ്മിച്ചത്. അത് ഹോമയാഗത്തിനോ മറ്റു യാഗങ്ങള്‍ക്കോ വേണ്ടിയുള്ളതല്ല; നേരേമറിച്ച് ഞങ്ങളുടെ ഹോമയാഗങ്ങളും വഴിപാടുകളും സമാധാനയാഗങ്ങളും വിശുദ്ധ കൂടാരത്തില്‍ അര്‍പ്പിച്ച് അവിടുത്തെ ആരാധിക്കുന്നതിനും ഞങ്ങള്‍ക്കും നിങ്ങള്‍ക്കും നമ്മുടെ പിന്‍തലമുറക്കാര്‍ക്കും മധ്യേ ഒരു സാക്ഷ്യമായിരിക്കുന്നതിനും നിങ്ങളുടെ ഭാവിതലമുറക്കാര്‍ ഞങ്ങളുടെ ഭാവിതലമുറക്കാരോട് നിങ്ങള്‍ക്കു സര്‍വേശ്വരനില്‍ ഒരു പങ്കുമില്ല എന്നു പറയാതിരിക്കേണ്ടതിനും വേണ്ടിയാണ് ഞങ്ങള്‍ ഇങ്ങനെ ചെയ്തത്.” “ഞങ്ങളോടോ ഞങ്ങളുടെ പിന്‍തലമുറക്കാരോടോ അവര്‍ ഇപ്രകാരം പില്‍ക്കാലത്തു ചോദിച്ചാല്‍, യാഗാര്‍പ്പണത്തിനോ ഹോമയാഗത്തിനോ അല്ല, നിങ്ങള്‍ക്കും ഞങ്ങള്‍ക്കും മധ്യേ സാക്ഷ്യത്തിനായി സര്‍വേശ്വരന്‍റെ യാഗപീഠത്തിന്‍റെ ഒരു മാതൃക ഞങ്ങളുടെ പിതാക്കന്മാര്‍ നിര്‍മ്മിച്ചതാണിതെന്നു ഞങ്ങള്‍ പറയും. നമ്മുടെ ദൈവമായ സര്‍വേശ്വരന്‍റെ തിരുസാന്നിധ്യകൂടാരത്തിനു മുമ്പിലുള്ള യാഗപീഠമല്ലാതെ ഹോമയാഗത്തിനോ, ധാന്യയാഗത്തിനോ മറ്റു യാഗങ്ങള്‍ക്കോ വേറൊരു യാഗപീഠമുണ്ടാക്കി സര്‍വേശ്വരനോടു മത്സരിക്കുകയും അവിടുത്തെ വഴികളില്‍നിന്നു വ്യതിചലിക്കുകയും ചെയ്യാന്‍ ഞങ്ങള്‍ക്ക് ഇടയാകാതിരിക്കട്ടെ.” രൂബേന്‍, ഗാദ്, മനശ്ശെ ഗോത്രക്കാര്‍ പറഞ്ഞതു കേട്ടപ്പോള്‍ പുരോഹിതനായ ഫീനെഹാസിനും അദ്ദേഹത്തോടൊത്തുണ്ടായിരുന്ന ജനനേതാക്കള്‍ക്കും ഗോത്രത്തലവന്മാര്‍ക്കും തൃപ്തിയായി. പുരോഹിതനായ എലെയാസാരിന്‍റെ പുത്രന്‍ ഫീനെഹാസ് അവരോടു പറഞ്ഞു: “സര്‍വേശ്വരന്‍ നിങ്ങളുടെ മധ്യത്തിലുണ്ടെന്ന് ഇന്നു ഞങ്ങള്‍ അറിയുന്നു. കാരണം നിങ്ങള്‍ അവിടുത്തേക്കെതിരായി അകൃത്യം ചെയ്തില്ല; നിങ്ങള്‍ ഇസ്രായേല്‍ജനത്തെ സര്‍വേശ്വരന്‍റെ കോപത്തില്‍നിന്നു വിടുവിച്ചിരിക്കുന്നു. എലെയാസാരിന്‍റെ മകന്‍ ഫീനെഹാസും ജനനേതാക്കളും ഗിലെയാദില്‍ രൂബേന്‍, ഗാദ്ഗോത്രക്കാരുടെ അടുക്കല്‍നിന്ന് കനാന്‍ദേശത്തു തിരിച്ചുവന്ന് ഇസ്രായേല്‍ജനത്തെ വിവരം അറിയിച്ചു. അതു കേട്ടപ്പോള്‍ ഇസ്രായേല്‍ജനത്തിനും സന്തോഷമായി. അവര്‍ ദൈവത്തെ സ്തുതിച്ചു. രൂബേന്‍, ഗാദ്ഗോത്രക്കാരുടെ ദേശം യുദ്ധം ചെയ്ത് പിടിച്ചടക്കുന്നതിനെക്കുറിച്ച് പിന്നീടവര്‍ സംസാരിച്ചില്ല. രൂബേന്‍, ഗാദ്ഗോത്രക്കാര്‍ “സര്‍വേശ്വരനാണ് ദൈവം എന്നതിന് ഇതു നമ്മുടെ ഇടയില്‍ ഒരു സാക്ഷ്യമായിരിക്കും” എന്നു പറഞ്ഞ് ആ യാഗപീഠത്തിന് ഏദ് എന്നു പേരിട്ടു. ദീര്‍ഘനാളുകള്‍ക്കുശേഷം സര്‍വേശ്വരന്‍ ചുറ്റുമുള്ള ശത്രുക്കളില്‍നിന്ന് ഇസ്രായേല്‍ജനത്തിനു വീണ്ടും സ്വസ്ഥത നല്‌കി. അപ്പോള്‍ യോശുവ വൃദ്ധനായിക്കഴിഞ്ഞിരുന്നു. അദ്ദേഹം ഇസ്രായേല്‍ജനത്തെയും അവരുടെ നേതാക്കന്മാരെയും ന്യായാധിപന്മാരെയും പ്രഭുക്കന്മാരെയും വിളിച്ചുവരുത്തി പറഞ്ഞു: “ഞാന്‍ വൃദ്ധനായിരിക്കുന്നു; നിങ്ങള്‍ നേരിടേണ്ടിവന്ന ജനതകളോടെല്ലാം നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ചെയ്തതെന്തെന്നു നിങ്ങള്‍ കണ്ടല്ലോ! അവിടുന്നുതന്നെ ആയിരുന്നു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തത്. യോര്‍ദ്ദാന്‍നദിമുതല്‍ മെഡിറ്ററേനിയന്‍ സമുദ്രംവരെയുള്ള പ്രദേശത്ത് ഞാന്‍ പിടിച്ചടക്കിയതും ഇനിയും അവശേഷിച്ചിരിക്കുന്നതുമായ ദേശം മുഴുവന്‍ ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി വിഭജിച്ചുതന്നിരിക്കുന്നു. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളുടെ ശത്രുക്കളെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയും. അവിടുന്നു വാഗ്ദാനം ചെയ്തിരുന്നതുപോലെ നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കും. അതുകൊണ്ട് മോശയുടെ ധര്‍മശാസ്ത്രത്തില്‍ എഴുതിയിരിക്കുന്നതെല്ലാം പാലിക്കുന്ന കാര്യത്തില്‍ ജാഗ്രതയുള്ളവരായിരിക്കണം. അതില്‍നിന്നു വ്യതിചലിക്കരുത്. നിങ്ങളുടെ ഇടയില്‍ ശേഷിച്ചിരിക്കുന്ന വിജാതീയരുമായി നിങ്ങള്‍ സംസര്‍ഗം പുലര്‍ത്തരുത്; അവരുടെ ദേവന്മാരുടെ നാമം ജപിക്കരുത്. അതു ചൊല്ലി സത്യം ചെയ്യരുത്; അവരെ നമസ്കരിക്കുകയോ ആരാധിക്കുകയോ അരുത്. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനോടു നിങ്ങള്‍ ഇന്നുവരെ വിശ്വസ്തരായിരുന്നതുപോലെ മേലിലും ആയിരിക്കുക. ബലിഷ്ഠരായ അസംഖ്യം ജനതകളെ നിങ്ങളുടെ മുമ്പില്‍നിന്ന് അവിടുന്നു നീക്കിക്കളഞ്ഞു; അവരില്‍ ഒരുവനും നിങ്ങളോട് എതിര്‍ത്തുനില്‌ക്കാന്‍ കഴിഞ്ഞില്ല. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ അവിടുന്നുതന്നെ നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തു; നിങ്ങളില്‍ ഓരോരുത്തര്‍ക്കും ആയിരം പേരെ വീതം തുരത്താന്‍ കഴിഞ്ഞു. അതുകൊണ്ട് നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ സ്നേഹിക്കുന്നതില്‍ നിങ്ങള്‍ അത്യുത്സുകരായിരിക്കണം. നേരേമറിച്ച് നിങ്ങള്‍ പിന്തിരിയുകയും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന അന്യജാതിക്കാരുമായി ഇടകലരുകയും അവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്താല്‍, നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഈ അന്യജാതിക്കാരെ നിങ്ങളുടെ ഇടയില്‍നിന്ന് ഒരിക്കലും നീക്കിക്കളയുകയില്ല. മാത്രമല്ല അവിടുന്ന് നിങ്ങള്‍ക്കു നല്‌കിയിരിക്കുന്ന ഈ നല്ല ദേശത്തുനിന്നും നിങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യപ്പെടുന്നതുവരെ അവര്‍ നിങ്ങള്‍ക്കു കുടുക്കും കെണിയും മുതുകില്‍ ചാട്ടയും കണ്ണില്‍ മുള്ളുമായിരിക്കുമെന്നും അറിഞ്ഞുകൊള്ളുക. എല്ലാ മനുഷ്യരെയുംപോലെ എനിക്കും ഈ ലോകത്തോടു യാത്രപറയാന്‍ സമയം ആയിരിക്കുന്നു. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ വാഗ്ദാനം ചെയ്ത സകല നന്മകളും അവിടുന്നു നല്‌കിയിരിക്കുന്നു. ഇത് നിങ്ങള്‍ക്കു പൂര്‍ണമായി അറിയാമല്ലോ. എല്ലാ വാഗ്ദാനങ്ങളും അവിടുന്നു നിറവേറ്റി; അതുപോലെതന്നെ അവിടുത്തെ ഉടമ്പടി ലംഘിച്ചാല്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ നിശ്ശേഷം നശിക്കുന്നതുവരെ എല്ലാ തിന്മകളും നിങ്ങളുടെമേല്‍ വരുത്തും. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനോടുള്ള ഉടമ്പടി ലംഘിക്കുകയും അന്യദേവന്മാരെ ആരാധിക്കുകയും ചെയ്താല്‍ അവിടുത്തെ കോപം നിങ്ങളുടെമേല്‍ ജ്വലിക്കും. അങ്ങനെ അവിടുന്നു നിങ്ങള്‍ക്കു നല്‌കിയ ഈ വിശിഷ്ടമായ ദേശത്തുനിന്ന് നിങ്ങള്‍ പെട്ടെന്നു നിര്‍മ്മാര്‍ജനം ചെയ്യപ്പെടും.” യോശുവ സകല ഇസ്രായേല്‍ഗോത്രക്കാരെയും ശെഖേമില്‍ വിളിച്ചുകൂട്ടി; ഇസ്രായേലിലെ എല്ലാ ജനനേതാക്കളെയും പ്രമുഖന്മാരെയും ന്യായപാലകരെയും പ്രഭുക്കന്മാരെയും വിളിച്ചുവരുത്തി. അവരെല്ലാം ദൈവസന്നിധിയില്‍ വന്നുകൂടി. അപ്പോള്‍ യോശുവ എല്ലാ ഇസ്രായേല്യരോടും പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: അബ്രഹാമിന്‍റെയും നാഹോരിന്‍റെയും പിതാവായ തേരഹ് ഉള്‍പ്പെടെയുള്ള നിങ്ങളുടെ പൂര്‍വപിതാക്കന്മാര്‍ പണ്ടു യൂഫ്രട്ടീസ്നദിക്ക് അക്കരെ പാര്‍ത്ത് അന്യദേവന്മാരെ ആരാധിച്ചിരുന്നു. അവിടെനിന്നു നിങ്ങളുടെ പിതാവായ അബ്രഹാമിനെ ഞാന്‍ കൊണ്ടുവന്നു. അവനെ കനാന്‍ദേശത്തുടനീളം വഴി നടത്തി. അനേകം സന്താനങ്ങളെ നല്‌കുകയും ചെയ്തു. അവനു ഇസ്ഹാക്കിനെയും ഇസ്ഹാക്കിനു യാക്കോബ്, ഏശാവ് എന്നിവരെയും സന്താനങ്ങളായി നല്‌കി. ഏശാവിനു സേയീര്‍ പര്‍വതം അവകാശമായി കൊടുത്തു; എന്നാല്‍ യാക്കോബും അവന്‍റെ പുത്രന്മാരും ഈജിപ്തിലേക്കു പോയി. കുറച്ചുനാള്‍ കഴിഞ്ഞ് ഞാന്‍ മോശയെയും അഹരോനെയും അവിടേക്ക് അയച്ചു. അനേകം ബാധകളെ അയച്ച് ഞാന്‍ നിങ്ങളെ ഈജിപ്തില്‍നിന്നു വിടുവിച്ചു. നിങ്ങളുടെ പൂര്‍വപിതാക്കന്മാര്‍ അവിടെനിന്നു പുറപ്പെട്ട് കടല്‍ത്തീരത്തെത്തി. ഈജിപ്തുകാര്‍ രഥങ്ങളും അശ്വസൈന്യങ്ങളുമായി ചെങ്കടല്‍വരെ അവരെ പിന്തുടര്‍ന്നു. സഹായത്തിനായി അവര്‍ എന്നെ വിളിച്ചപേക്ഷിച്ചപ്പോള്‍ ഞാന്‍ ഈജിപ്തുകാരുടെയും ഇസ്രായേല്യരുടെയും മധ്യേ അന്ധകാരം വരുത്തി. എന്‍റെ കല്പനയാല്‍ സമുദ്രം ഈജിപ്തുകാരെ മൂടി. അവരോടു ഞാന്‍ പ്രവര്‍ത്തിച്ചതു നിങ്ങള്‍ നേരിട്ടു കണ്ടതാണല്ലോ. “അതിനുശേഷം ദീര്‍ഘകാലം നിങ്ങള്‍ മരുഭൂമിയില്‍ പാര്‍ത്തു. പിന്നീട് യോര്‍ദ്ദാന്‍നദിയുടെ കിഴക്കുവശത്തു പാര്‍ത്തിരുന്ന അമോര്യരുടെ ദേശത്തേക്കു ഞാന്‍ നിങ്ങളെ കൂട്ടിക്കൊണ്ടു വന്നു. അവര്‍ നിങ്ങളോടു യുദ്ധം ചെയ്തു; എന്നാല്‍ അവരെ ഞാന്‍ നിങ്ങളുടെ കൈയില്‍ ഏല്പിച്ചു; അവരുടെ ദേശം നിങ്ങള്‍ കൈവശപ്പെടുത്തി. നിങ്ങളുടെ മുമ്പില്‍വച്ചു ഞാന്‍ അവരെ നശിപ്പിച്ചു. പിന്നീട് മോവാബിലെ സിപ്പോരിന്‍റെ പുത്രനായ ബാലാക് രാജാവ് ഇസ്രായേലിനോട് യുദ്ധം ചെയ്യാന്‍ പുറപ്പെട്ടു. നിങ്ങളെ ശപിക്കുന്നതിനു ബെയോരിന്‍റെ പുത്രനായ ബിലെയാമിനെ അയാള്‍ വരുത്തി. ബിലെയാം പറഞ്ഞതു ഞാന്‍ ശ്രദ്ധിച്ചില്ല. അവന്‍ നിങ്ങളെ അനുഗ്രഹിച്ചു; അങ്ങനെ ഞാന്‍ നിങ്ങളെ ബാലാക്കിന്‍റെ കൈയില്‍നിന്നു വിടുവിച്ചു. പിന്നീട് നിങ്ങള്‍ യോര്‍ദ്ദാന്‍നദി കടന്നു യെരീഹോവിലെത്തി. അപ്പോള്‍ യെരീഹോനിവാസികള്‍ അമോര്യര്‍, പെരിസ്യര്‍, കനാന്യര്‍, ഹിത്യര്‍, ഗിര്‍ഗ്ഗശ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നീ ജനതകള്‍ നിങ്ങളോടു യുദ്ധം ചെയ്തു. ഞാന്‍ അവരുടെമേല്‍ നിങ്ങള്‍ക്കു വിജയം നല്‌കി. ഞാന്‍ കടന്നലുകളെ നിങ്ങള്‍ക്കു മുമ്പേ വിട്ടു; അവ ആ രണ്ടു അമോര്യരാജാക്കന്മാരെ ഓടിച്ചുകളഞ്ഞു. നിങ്ങളുടെ വാളോ, വില്ലോ അല്ല അവരെ പാലായനം ചെയ്യിച്ചത്. നിങ്ങള്‍ അധ്വാനിക്കാത്ത ഭൂമിയും നിങ്ങള്‍ പണിയാത്ത പട്ടണങ്ങളും ഞാന്‍ നിങ്ങള്‍ക്കു നല്‌കി. നിങ്ങള്‍ അവിടെ ഇപ്പോള്‍ പാര്‍ക്കുന്നു. നിങ്ങള്‍ നട്ടുപിടിപ്പിക്കാത്ത മുന്തിരിത്തോട്ടങ്ങളുടെയും ഒലിവുതോട്ടങ്ങളുടെയും ഫലം നിങ്ങള്‍ അനുഭവിക്കുന്നു. “അതുകൊണ്ട് നിങ്ങള്‍ സര്‍വേശ്വരനെ ഭയപ്പെടുകയും ആത്മാര്‍ഥതയോടും വിശ്വസ്തതയോടും കൂടി അവിടുത്തെ സേവിക്കുകയും ചെയ്യുവിന്‍. നിങ്ങളുടെ പൂര്‍വപിതാക്കന്മാര്‍ മെസൊപ്പൊത്താമ്യയിലും ഈജിപ്തിലും വച്ച് ആരാധിച്ചിരുന്ന ദേവന്മാരെ ഉപേക്ഷിച്ച് സര്‍വേശ്വരനെ മാത്രം ആരാധിക്കുവിന്‍. അവിടുത്തെ ആരാധിക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നു നിങ്ങള്‍ക്കു തോന്നുന്നെങ്കില്‍ നിങ്ങളുടെ പൂര്‍വപിതാക്കന്മാര്‍ മെസൊപ്പൊത്താമ്യയില്‍ വച്ച് ആരാധിച്ച ദേവന്മാരെയോ അല്ലെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ പാര്‍ക്കുന്ന ദേശത്തിലെ അമോര്യര്‍ ആരാധിക്കുന്ന ദേവന്മാരെയോ ആരാധിക്കുവിന്‍. ആരെയാണ് ആരാധിക്കേണ്ടതെന്നു നിങ്ങള്‍ ഇന്നുതന്നെ തീരുമാനിക്കുവിന്‍. ഞാനും എന്‍റെ കുടുംബവും സര്‍വേശ്വരനെത്തന്നെ സേവിക്കും.” അപ്പോള്‍ ജനം പ്രതിവചിച്ചു: “ഞങ്ങള്‍ സര്‍വേശ്വരനെ ഉപേക്ഷിച്ച് അന്യദേവന്മാരെ ഒരിക്കലും ആരാധിക്കുകയില്ല. ഞങ്ങള്‍ അടിമകളായി പാര്‍ത്തിരുന്ന ഈജിപ്തില്‍നിന്നു ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും മോചിപ്പിച്ചു. അവിടുന്നു ചെയ്ത അദ്ഭുതപ്രവൃത്തികള്‍ ഞങ്ങള്‍ നേരിട്ടുകണ്ടതാണ്. ഞങ്ങള്‍ കടന്നുപോകുന്ന ദേശങ്ങളിലെ ജനതകളില്‍നിന്ന് അവിടുന്നു ഞങ്ങളെ രക്ഷിച്ചു. ഈ ദേശത്തു പാര്‍ത്തിരുന്ന അമോര്യരെയും മറ്റു ജനതകളെയും അവിടുന്ന് ഞങ്ങളുടെ മുമ്പില്‍നിന്ന് ഓടിച്ചുകളഞ്ഞു. അതുകൊണ്ടു ഞങ്ങളും സര്‍വേശ്വരനെത്തന്നെ സേവിക്കും; അവിടുന്നാകുന്നു ഞങ്ങളുടെ ദൈവം.” എന്നാല്‍ യോശുവ ജനത്തോടു പറഞ്ഞു: “നിങ്ങള്‍ക്കു സര്‍വേശ്വരനെ സേവിക്കാന്‍ സാധ്യമല്ല. അവിടുന്നു പരിശുദ്ധ ദൈവമാകുന്നു; തീക്ഷ്ണതയുള്ള ദൈവം തന്നെ. അവിടുന്നു നിങ്ങളുടെ അകൃത്യങ്ങളും പാപങ്ങളും ക്ഷമിക്കുകയില്ല. അന്യദേവന്മാരെ സേവിക്കുന്നതിനുവേണ്ടി സര്‍വേശ്വരനെ ത്യജിച്ചുകളഞ്ഞാല്‍ മുമ്പു നിങ്ങള്‍ക്കു നന്മ ചെയ്തിട്ടുണ്ടെങ്കിലും അവിടുന്നു നിങ്ങളെ നശിപ്പിക്കും.” ജനം യോശുവയോടു പറഞ്ഞു: “അല്ല, ഞങ്ങള്‍ സര്‍വേശ്വരനെ മാത്രം സേവിക്കും.” യോശുവ അവരോടു പറഞ്ഞു: “സര്‍വേശ്വരനെത്തന്നെ സേവിക്കാന്‍ തീരുമാനിച്ചിരിക്കുന്നതിനു നിങ്ങള്‍തന്നെ സാക്ഷികളാകുന്നു.” “അതേ, ഞങ്ങള്‍ സാക്ഷികളാകുന്നു” എന്ന് അവര്‍ പ്രതിവചിച്ചു. “അങ്ങനെയെങ്കില്‍, നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞ് നിങ്ങളുടെ ദൈവമായ സര്‍വേശ്വരനിലേക്കു നിങ്ങളുടെ ഹൃദയം തിരിക്കുക” എന്നു യോശുവ പറഞ്ഞു. ജനം യോശുവയോടു പറഞ്ഞു: “ഞങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ഞങ്ങള്‍ സേവിക്കുകയും അവിടുത്തെ കല്പനകള്‍ അനുസരിക്കുകയും ചെയ്യും.” അന്നു യോശുവ ഇസ്രായേല്‍ജനവുമായി ഒരു ഉടമ്പടി ചെയ്തു; ശെഖേമില്‍ വച്ചുതന്നെ അവര്‍ക്കു നിയമങ്ങളും ചട്ടങ്ങളും നല്‌കി. ഈ കല്പനകളെല്ലാം യോശുവ ദൈവത്തിന്‍റെ ധര്‍മശാസ്ത്രഗ്രന്ഥത്തില്‍ രേഖപ്പെടുത്തി. ഒരു വലിയ കല്ലെടുത്തു വിശുദ്ധകൂടാരത്തിനടുത്തുള്ള കരുവേലകമരത്തിന്‍ കീഴെ നാട്ടുകയും ചെയ്തു. യോശുവ സകല ജനത്തോടും പറഞ്ഞു: “ഈ കല്ല് നമ്മുടെ മധ്യേ ഒരു സാക്ഷ്യമായിരിക്കട്ടെ; സര്‍വേശ്വരന്‍ നമ്മോടു കല്പിച്ചിട്ടുള്ളതെല്ലാം അതു കേട്ടിരിക്കുന്നു. നിങ്ങളുടെ ദൈവത്തോടു നിങ്ങള്‍ അവിശ്വസ്തരായി വര്‍ത്തിക്കാതെയിരിക്കുന്നതിന് അതു നിങ്ങളുടെ മധ്യേ സാക്ഷ്യമായിരിക്കും.” പിന്നീട് യോശുവ അവരെ സ്വന്തം സ്ഥലങ്ങളിലേക്കു മടക്കി അയച്ചു. നൂനിന്‍റെ പുത്രനും സര്‍വേശ്വരന്‍റെ ദാസനുമായ യോശുവ നൂറ്റിപ്പത്തു വയസ്സായപ്പോള്‍ മരിച്ചു. എഫ്രയീം മലനാട്ടില്‍ തിമ്നാത്ത്- സേരഹിലെ ഗാശ് മലയുടെ വടക്കു ഭാഗത്ത് സ്വന്തം അവകാശഭൂമിയില്‍ത്തന്നെ അദ്ദേഹത്തെ അടക്കം ചെയ്തു. യോശുവയുടെ കാലത്തും, അതിനുശേഷം സര്‍വേശ്വരന്‍ ഇസ്രായേലിനു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികള്‍ കണ്ടറിഞ്ഞിട്ടുള്ളവരായ നേതാക്കന്മാരുടെ കാലത്തും ഇസ്രായേല്‍ സര്‍വേശ്വരനെ സേവിച്ചു. ഇസ്രായേല്‍ജനത ഈജിപ്തില്‍നിന്നു പുറപ്പെട്ടുപോരുമ്പോള്‍ യോസേഫിന്‍റെ അസ്ഥികള്‍ എടുത്തുകൊണ്ടു പോന്നിരുന്നു; യാക്കോബ് ശെഖേമിന്‍റെ പിതാവായ ഹാമോരിന്‍റെ പുത്രന്മാരില്‍നിന്നു നൂറു വെള്ളിക്കാശിനു വാങ്ങിയിരുന്ന സ്ഥലത്ത് ഇസ്രായേല്‍ജനം അത് അടക്കംചെയ്തു; ഈ സ്ഥലം യോസേഫിന്‍റെ ഭാവിതലമുറകള്‍ക്ക് അവകാശപ്പെട്ടതായിത്തീര്‍ന്നു. അഹരോന്‍റെ പുത്രനായ എലെയാസാരും മരിച്ചു; തന്‍റെ പുത്രനായ ഫീനെഹാസിന് എഫ്രയീം മലമ്പ്രദേശത്തു ഗിബെയായില്‍ അവകാശമായി ലഭിച്ചിരുന്ന സ്ഥലത്ത് അദ്ദേഹത്തെ സംസ്കരിച്ചു. “ഞങ്ങളില്‍ ഏതു ഗോത്രക്കാരാണ് കനാന്യരോടു യുദ്ധം ചെയ്യാന്‍ ആദ്യം പുറപ്പെടേണ്ടത്” എന്ന് ഇസ്രായേല്‍ജനം യോശുവയുടെ മരണശേഷം സര്‍വേശ്വരനോട് ആരാഞ്ഞു. അവിടുന്ന് അരുളിച്ചെയ്തു: “യെഹൂദാ ഗോത്രക്കാര്‍ ആദ്യം പുറപ്പെടട്ടെ; ഞാന്‍ ദേശം അവരെ ഏല്പിച്ചിരിക്കുന്നു.” യെഹൂദാഗോത്രക്കാര്‍ തങ്ങളുടെ സഹോദരരായ ശിമെയോന്യരോടു പറഞ്ഞു: “കനാന്യരോടു യുദ്ധം ചെയ്ത് ഞങ്ങള്‍ക്കുവേണ്ടി നിശ്ചയിച്ച ദേശം കൈവശപ്പെടുത്താന്‍ ഞങ്ങളോടൊത്തു വരിക; നിങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദേശത്ത് യുദ്ധം ചെയ്യാന്‍ നിങ്ങളോടൊപ്പം ഞങ്ങളും വരാം.” ശിമെയോന്‍ഗോത്രക്കാര്‍ അവരുടെ കൂടെ പോയി; യെഹൂദാഗോത്രക്കാര്‍ കനാന്യരോടും പെരിസ്യരോടും യുദ്ധം ചെയ്തു; അവരില്‍ പതിനായിരം പേരെ ബേസെക്കില്‍ വച്ചു സംഹരിച്ചു. അങ്ങനെ സര്‍വേശ്വരന്‍ യെഹൂദാഗോത്രക്കാര്‍ക്കു വിജയം നല്‌കി. ബേസെക്കില്‍വച്ച് അവര്‍ അദോനീ-ബേസെക്കുമായി ഏറ്റുമുട്ടി; അയാളോടൊപ്പം യുദ്ധം ചെയ്തിരുന്ന കനാന്യരെയും പെരിസ്യരെയും അവര്‍ തോല്പിച്ചു. അദോനീ-ബേസെക്ക് അവിടെനിന്നു പലായനം ചെയ്തു; എന്നാല്‍ അവര്‍ അയാളെ പിന്തുടര്‍ന്നു പിടിച്ച് അയാളുടെ കൈകാലുകളിലെ പെരുവിരലുകള്‍ മുറിച്ചുകളഞ്ഞു. അപ്പോള്‍ അദോനീ-ബേസെക് പറഞ്ഞു: “കൈകാലുകളിലെ പെരുവിരലുകള്‍ ഛേദിക്കപ്പെട്ട എഴുപതു രാജാക്കന്മാര്‍ എന്‍റെ മേശയില്‍നിന്നു പൊഴിഞ്ഞുവീണ ഉച്ഛിഷ്ടം പെറുക്കി തിന്നിരുന്നു. ഞാന്‍ അവരോടു ചെയ്തതുപോലെ സര്‍വേശ്വരന്‍ എന്നോടും ചെയ്തിരിക്കുന്നു.” അവര്‍ അയാളെ യെരൂശലേമിലേക്കു കൊണ്ടുപോയി; അവിടെവച്ച് അയാള്‍ മരിച്ചു. യെഹൂദാഗോത്രക്കാര്‍ യെരൂശലേം ആക്രമിച്ചു കീഴടക്കി, അതിലെ നിവാസികളെ വാളാല്‍ നശിപ്പിക്കുകയും പട്ടണം അഗ്നിക്ക് ഇരയാക്കുകയും ചെയ്തു. അതിനുശേഷം യെഹൂദാഗോത്രക്കാര്‍ മലനാട്ടിലും നെഗെബുദേശത്തും താഴ്വരകളിലും പാര്‍ത്തിരുന്ന കനാന്യരോടു യുദ്ധത്തിനു പുറപ്പെട്ടു. അവര്‍ ഹെബ്രോനില്‍ പാര്‍ത്തിരുന്ന കനാന്യരെ നേരിടാന്‍ അവിടേക്കു നീങ്ങി. കിര്യത്ത്-അര്‍ബ എന്ന പേരിലാണ് ഹെബ്രോന്‍ മുമ്പ് അറിയപ്പെട്ടിരുന്നത്. അവര്‍ ശേശായി, അഹീമാന്‍, തല്‍മായി എന്നീ ഗോത്രങ്ങളെ പരാജയപ്പെടുത്തി. അവിടെനിന്നു യെഹൂദാഗോത്രക്കാര്‍ കിര്യത്ത്-സേഫെര്‍ എന്ന പേരില്‍ പണ്ട് അറിയപ്പെട്ടിരുന്ന ദെബീര്‍ പട്ടണവാസികള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ പോയി. കിര്യത്ത്- സേഫെര്‍ പിടിച്ചടക്കുന്നവനു തന്‍റെ മകള്‍ അക്സായെ ഭാര്യയായി നല്‌കും എന്ന് കാലേബ് വാഗ്ദാനം ചെയ്തു. കാലേബിന്‍റെ അനുജനായ കെനസിന്‍റെ പുത്രന്‍ ഒത്നീയേല്‍ അതു പിടിച്ചടക്കി; കാലേബ് തന്‍റെ മകളെ അവനു ഭാര്യയായി നല്‌കി. പിതാവായ കാലേബിനോട് ഒരു നിലം ആവശ്യപ്പെടാന്‍ ഒത്നീയേല്‍ അക്സായെ നിര്‍ബന്ധിച്ചു. അവള്‍ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോള്‍ “നിനക്ക് എന്തുവേണം” എന്നു കാലേബ് ചോദിച്ചു. അവള്‍ പറഞ്ഞു: “എന്നെ നെഗെബുദേശത്താണല്ലോ പാര്‍പ്പിച്ചിരിക്കുന്നത്. ഏതാനും നീരുറവുകള്‍ എനിക്കു തരിക.” അവള്‍ ആവശ്യപ്പെട്ടതനുസരിച്ച് കാലേബ് ഉയര്‍ന്ന സ്ഥലത്തും താഴ്വരയിലുമുള്ള നീരുറവുകള്‍ അവള്‍ക്കു കൊടുത്തു. മോശയുടെ ഭാര്യാപിതാവായ കേന്യന്‍റെ പിന്‍ഗാമികള്‍ യെഹൂദാഗോത്രക്കാരോടൊപ്പം ഈന്തപ്പനകളുടെ നഗരത്തില്‍നിന്ന് അരാദിനു തെക്കുവശമുള്ള യെഹൂദാ മരുഭൂമിയിലേക്കു പോയി; അവര്‍ അവിടെയുള്ള ജനത്തോടുകൂടെ പാര്‍ത്തു. പിന്നീട് യെഹൂദാഗോത്രക്കാരും ശിമെയോന്‍ഗോത്രക്കാരും കൂടി സെഫാത്തില്‍ പാര്‍ത്തിരുന്ന കനാന്യരെ ആക്രമിച്ച് നിശ്ശേഷം നശിപ്പിച്ചു. അതുകൊണ്ട് ആ പട്ടണത്തിനു ഹോര്‍മ്മാ എന്നു പേരുവന്നു. [18,19] സര്‍വേശ്വരന്‍ യെഹൂദാഗോത്രക്കാരുടെ കൂടെ ഉണ്ടായിരുന്നു; അവര്‍ മലനാടു പിടിച്ചടക്കി. ഗസ്സ, അസ്കലോന്‍, എക്രോന്‍ എന്നീ പട്ടണങ്ങളും അവയ്‍ക്കു ചുറ്റുമുള്ള സ്ഥലങ്ങളും അവര്‍ കൈവശമാക്കി. എന്നാല്‍ താഴ്വരയില്‍ പാര്‍ത്തിരുന്നവര്‍ക്ക് ഇരുമ്പു രഥങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ അവരെ കീഴടക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. *** മോശ കല്പിച്ചിരുന്നതുപോലെ അവര്‍ ഹെബ്രോന്‍ പട്ടണം കാലേബിനു കൊടുത്തു. അയാള്‍ അനാക്കിന്‍റെ വംശജരായ മൂന്നു ഗോത്രങ്ങളെ അവിടെനിന്നു പുറത്താക്കി. യെരൂശലേമില്‍ പാര്‍ത്തിരുന്ന യെബൂസ്യരെ ബെന്യാമീന്‍ഗോത്രക്കാര്‍ അവിടെനിന്ന് ഓടിച്ചുകളഞ്ഞില്ല; യെബൂസ്യര്‍, ബെന്യാമീന്‍ഗോത്രക്കാരുടെ കൂടെ യെരൂശലേമില്‍ ഇപ്പോഴും പാര്‍ത്തുവരുന്നു. യോസേഫ്ഗോത്രക്കാര്‍ ബേഥേല്‍ ആക്രമിച്ചു; സര്‍വേശ്വരന്‍ അവരോടൊപ്പം ഉണ്ടായിരുന്നു. പണ്ടു ലൂസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബേഥേലിലേക്ക് ഒറ്റുനോക്കുന്നതിന് അവര്‍ ചാരന്മാരെ അയച്ചു. അവര്‍ അവിടെ ചെന്നപ്പോള്‍ പട്ടണത്തില്‍നിന്നു പുറത്തുവരുന്ന ഒരാളിനെ കണ്ടു; അവര്‍ അവനോടു പറഞ്ഞു: “പട്ടണത്തില്‍ പ്രവേശിക്കുന്നതിനുള്ള വഴി കാണിച്ചുതന്നാല്‍ ഞങ്ങള്‍ നിന്നോടു ദയാപൂര്‍വം വര്‍ത്തിക്കാം.” അങ്ങനെ പട്ടണത്തിലേക്കുള്ള വഴി അയാള്‍ അവര്‍ക്കു കാണിച്ചുകൊടുത്തു; അയാളെയും അയാളുടെ കുടുംബക്കാരെയും ഒഴിച്ചു സകല പട്ടണവാസികളെയും അവര്‍ വാളിനിരയാക്കി. പിന്നീട് അയാള്‍ ഹിത്യരുടെ ദേശത്തു ചെന്ന് അവിടെ ഒരു പട്ടണം നിര്‍മ്മിച്ചു; അതിനു ലൂസ് എന്നു പേരിട്ടു. ആ പട്ടണം ഇന്നും ആ പേരില്‍ അറിയപ്പെടുന്നു. ബേത്ത്-ശെയാന്‍, താനാക്ക്, ദോര്‍, യിബ്ലെയാം, മെഗിദ്ദോ എന്നീ പട്ടണങ്ങളിലെയും അവയ്‍ക്കു ചുറ്റുമുള്ള ഗ്രാമങ്ങളിലെയും നിവാസികളെ മനശ്ശെഗോത്രക്കാര്‍ ഓടിച്ചുകളഞ്ഞില്ല. കനാന്യര്‍ അവിടെത്തന്നെ പാര്‍ത്തു. ഇസ്രായേല്യര്‍ ശക്തിപ്രാപിച്ചപ്പോള്‍ കനാന്യരെ ഓടിച്ചുകളയാതെ അവരെക്കൊണ്ട് അടിമവേല ചെയ്യിച്ചു. എഫ്രയീംഗോത്രക്കാര്‍, ഗേസെരില്‍ പാര്‍ത്തിരുന്ന കനാന്യരെ ഓടിച്ചുകളഞ്ഞില്ല. കനാന്യര്‍ ഗേസെരില്‍ അവരുടെ കൂടെ പാര്‍ത്തു. സെബൂലൂന്‍ഗോത്രക്കാര്‍, കിത്രോനിലും നഹലോലിലും പാര്‍ത്തിരുന്ന കനാന്യരെ ഓടിച്ചുകളയാതെ അവരെക്കൊണ്ട് അടിമവേല ചെയ്യിച്ചു. ആശേര്‍ഗോത്രക്കാര്‍, അക്കോവ്, സീദോന്‍, അഹ്‍ലാബ്, അക്സീബ്, ഹെല്‍ബാ, അഫീക്, രെഹോബ് എന്നീ പട്ടണങ്ങളില്‍ പാര്‍ത്തിരുന്നവരെ പുറത്താക്കിയില്ല. അതുകൊണ്ട് ആശേര്‍ഗോത്രക്കാര്‍ തദ്ദേശവാസികളായ കനാന്യരുടെ ഇടയില്‍ത്തന്നെ പാര്‍ത്തു. നഫ്താലിഗോത്രക്കാര്‍ ബേത്ത്-ശേമെശ്, ബേത്ത്-അനാത്ത് എന്നീ പട്ടണങ്ങളില്‍ പാര്‍ത്തിരുന്ന കനാന്യരെ ഓടിച്ചുകളയാതെ അവരുടെ ഇടയില്‍ത്തന്നെ പാര്‍ത്തു. ബേത്ത്-ശേമെശിലെയും ബേത്ത്-അനാത്തിലെയും ജനങ്ങളെക്കൊണ്ട് അവര്‍ അടിമവേല ചെയ്യിച്ചു. അമോര്യര്‍ ദാന്‍ഗോത്രക്കാരെ മലനാട്ടിലേക്കു തള്ളിനീക്കി; താഴ്വരയിലേക്ക് ഇറങ്ങി വരാന്‍ അമോര്യര്‍ അവരെ അനുവദിച്ചില്ല. ഹര്‍-ഹേരെസ്, അയ്യാലോന്‍, ശാല്‍ബീം എന്നീ സ്ഥലങ്ങളില്‍ അമോര്യര്‍ തുടര്‍ന്നു പാര്‍ത്തു. എന്നാല്‍ യോസേഫ്ഗോത്രക്കാര്‍ക്കു ശക്തി ലഭിച്ചപ്പോള്‍ അവര്‍ അമോര്യരെക്കൊണ്ട് അടിമവേല ചെയ്യിച്ചു. അമോര്യരുടെ അതിര്, സേലമുതല്‍ അക്രബ്ബീം കയറ്റംവരെ വ്യാപിച്ചിരുന്നു. സര്‍വേശ്വരന്‍റെ ദൂതന്‍ ഗില്ഗാലില്‍നിന്നു ബോഖീമില്‍ ചെന്ന് ഇസ്രായേല്‍ജനത്തോടു പറഞ്ഞു: “ഞാന്‍ നിങ്ങളെ ഈജിപ്തില്‍നിന്നു മോചിപ്പിച്ച് നിങ്ങളുടെ പിതാക്കന്മാരോട് വാഗ്ദാനം ചെയ്തിരുന്ന ദേശത്തേക്കു കൊണ്ടുവന്നു. നിങ്ങളോടു ചെയ്ത ഉടമ്പടി ഞാന്‍ ഒരിക്കലും ലംഘിക്കുകയില്ല. നിങ്ങള്‍ ഈ ദേശവാസികളോട് ഉടമ്പടി ചെയ്യരുതെന്നും അവരുടെ ബലിപീഠങ്ങള്‍ ഇടിച്ചു കളയണമെന്നും ഞാന്‍ നിങ്ങളോടു കല്പിച്ചിരുന്നു. എന്നാല്‍ എന്‍റെ വാക്ക് നിങ്ങള്‍ കേട്ടില്ല. നിങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചത് എന്തുകൊണ്ട്? അതിനാല്‍ ഞാന്‍ പറയുന്നു: അവരെ നിങ്ങളുടെ ഇടയില്‍നിന്നു ഞാന്‍ നീക്കിക്കളയുകയില്ല; അവര്‍ നിങ്ങളുടെ ശത്രുക്കളായിത്തീരും; അവരുടെ ദേവന്മാര്‍ നിങ്ങള്‍ക്കു കെണിയായിത്തീരുകയും ചെയ്യും.” സര്‍വേശ്വരന്‍റെ ദൂതന്‍ ഈ വാക്കുകള്‍ ഇസ്രായേല്‍ജനത്തോടു പറഞ്ഞപ്പോള്‍ അവര്‍ ഉച്ചത്തില്‍ കരഞ്ഞു. അവര്‍ ആ സ്ഥലത്തിനു ബോഖീം എന്നു പേരിട്ടു. അവര്‍ അവിടെ സര്‍വേശ്വരന് യാഗം അര്‍പ്പിക്കുകയും ചെയ്തു. പിന്നീട് യോശുവ ഇസ്രായേല്‍ജനത്തെ പറഞ്ഞയച്ചു; തങ്ങള്‍ക്ക് അവകാശമായി ലഭിച്ച ഭൂമി കൈവശപ്പെടുത്താന്‍ അവര്‍ ഓരോരുത്തരും പോയി. യോശുവയുടെ കാലത്തും അതിനുശേഷവും ജീവിച്ചിരുന്നവരും സര്‍വേശ്വരന്‍ ഇസ്രായേലിന് ചെയ്ത വന്‍കാര്യങ്ങള്‍ കണ്ടിട്ടുള്ളവരുമായ ജനനേതാക്കന്മാരുടെ കാലത്തും ജനം സര്‍വേശ്വരനെ സേവിച്ചു. നൂറ്റിപ്പത്താമത്തെ വയസ്സില്‍ അവിടുത്തെ ദാസനും നൂനിന്‍റെ മകനുമായ യോശുവ മരിച്ചു. അദ്ദേഹത്തെ എഫ്രയീം മലനാട്ടില്‍ ഗായശ്മലയുടെ വടക്കു വശത്തുള്ള തിമ്നാത്ത്-ഹേരെസില്‍ തന്‍റെ അവകാശഭൂമിയില്‍തന്നെ സംസ്കരിച്ചു. ആ തലമുറയിലുള്ള എല്ലാവരും മരിച്ച് അവരുടെ പിതാക്കന്മാരോടു ചേര്‍ന്നു. സര്‍വേശ്വരനെയും ഇസ്രായേലിനുവേണ്ടി അവിടുന്നു ചെയ്തിട്ടുള്ള പ്രവൃത്തികളെയും മറന്നുകളഞ്ഞ മറ്റൊരു തലമുറ വളര്‍ന്നുവന്നു. പിന്നീട് ഇസ്രായേല്‍ജനം ബാല്‍ദേവന്മാരെ ആരാധിച്ച് സര്‍വേശ്വരന്‍റെ സന്നിധിയില്‍ തിന്മ ചെയ്തു. അവരുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചു കൊണ്ടുവന്ന അവരുടെ ദൈവമായ സര്‍വേശ്വരനെ അവര്‍ ഉപേക്ഷിച്ചു; തദ്ദേശവാസികളുടെ ദേവന്മാരായ അന്യദേവന്മാരെ അവര്‍ പിന്‍ചെന്ന് ആരാധിക്കുകയും ചെയ്തു. അങ്ങനെ അവര്‍ അവിടുത്തെ പ്രകോപിപ്പിച്ചു. അവര്‍ സര്‍വേശ്വരനെ ഉപേക്ഷിച്ച് ബാല്‍ദേവനെയും അസ്തോരെത്ത്ദേവതയെയും ആരാധിച്ചു. അതുകൊണ്ട് അവിടുത്തെ കോപം ഇസ്രായേല്‍ജനത്തിന്‍റെ നേരെ ജ്വലിച്ചു. അവിടുന്ന് അവരെ കൊള്ളക്കാരുടെ കൈയില്‍ ഏല്പിച്ചു. അവര്‍ അവരെ കവര്‍ച്ച ചെയ്തു. ചുറ്റുമുള്ള ശത്രുക്കള്‍ക്ക് അവിടുന്ന് അവരെ വിട്ടുകൊടുത്തു. ശത്രുക്കളെ ചെറുത്തുനില്‌ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. സര്‍വേശ്വരന്‍റെ പ്രതിജ്ഞപോലെയും അവര്‍ക്കു മുന്നറിയിപ്പ് നല്‌കിയിരുന്നതുപോലെയും യുദ്ധത്തിനു പോയിടങ്ങളിലെല്ലാം അവര്‍ പരാജിതരായി. അവിടുത്തെ കരം അവര്‍ക്ക് എതിരായിരുന്നുവല്ലോ; അങ്ങനെ അവര്‍ വലിയ കഷ്ടതയിലായി. കവര്‍ച്ചക്കാരുടെ കൈയില്‍നിന്ന് അവരെ രക്ഷിക്കാന്‍ സര്‍വേശ്വരന്‍ ന്യായാധിപന്മാരെ നിയോഗിച്ചു. എങ്കിലും അവര്‍ അവരെ അനുസരിച്ചില്ല; സര്‍വേശ്വരനോട് അവര്‍ അവിശ്വസ്തരായി അന്യദേവന്മാരെ ആരാധിച്ചു. അവിടുത്തെ കല്പനകള്‍ അനുസരിച്ചുനടന്ന പിതാക്കന്മാരുടെ വഴിയില്‍നിന്ന് അവര്‍ വ്യതിചലിച്ചു. അവര്‍ക്കു ന്യായാധിപന്മാരെ നല്‌കിയപ്പോഴെല്ലാം സര്‍വേശ്വരന്‍ ആ ന്യായാധിപന്മാരോടൊപ്പം ഇരുന്ന് അവരെ ശത്രുക്കളില്‍നിന്നു രക്ഷിച്ചു. കാരണം പീഡനങ്ങളിലും മര്‍ദനങ്ങളിലും അവര്‍ നിലവിളിക്കുമ്പോള്‍ സര്‍വേശ്വരന് അവരോടു കനിവു തോന്നുമായിരുന്നു. എന്നാല്‍ ആ ന്യായാധിപന്മാരുടെ കാലശേഷം ഇസ്രായേല്‍ജനം തിരിഞ്ഞ് തങ്ങളുടെ പിതാക്കന്മാരെക്കാള്‍ അധികമായി മ്ലേച്ഛത പ്രവര്‍ത്തിക്കുകയും അന്യദേവന്മാരെ ആരാധിക്കുകയും ചെയ്തുവന്നു. അവര്‍ തങ്ങളുടെ ദുരാചാരങ്ങളോ ദുശ്ശാഠ്യങ്ങളോ ഉപേക്ഷിച്ചില്ല; അപ്പോഴെല്ലാം സര്‍വേശ്വരന്‍റെ കോപം ഇസ്രായേല്‍ജനത്തിനെതിരെ ജ്വലിക്കും; അവിടുന്ന് അവരോട് അരുളിച്ചെയ്യും; “ഞാന്‍ അവരുടെ പിതാക്കന്മാരോട് ചെയ്ത ഉടമ്പടി അവര്‍ ലംഘിക്കുകയും എന്‍റെ വാക്ക് ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് യോശുവ മരിക്കുമ്പോള്‍ അവരുടെ ദേശത്ത് അവശേഷിച്ചിരുന്ന ജനതകളില്‍ ഒന്നിനെപ്പോലും അവരുടെ മുമ്പില്‍നിന്നു ഞാന്‍ നീക്കിക്കളയുകയില്ല. അവരുടെ പിതാക്കന്മാര്‍ അനുസരിച്ചു നടന്ന എന്‍റെ വഴിയില്‍ അവര്‍ നടക്കുമോ ഇല്ലയോ എന്നറിയുന്നതിന് ഇസ്രായേലിനെ ഞാന്‍ പരീക്ഷിച്ചുനോക്കും.” അതുകൊണ്ട് സര്‍വേശ്വരന്‍ ആ ജനതകളെ യോശുവയുടെ കൈയില്‍ ഏല്പിക്കുകയോ, ഒറ്റയടിക്ക് പുറത്താക്കുകയോ ചെയ്യാതെ അവരെ അവശേഷിപ്പിച്ചു. [1,2] കനാനില്‍ നടന്ന യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടില്ലാത്ത ഇസ്രായേല്യരെ യുദ്ധം അഭ്യസിപ്പിക്കാന്‍വേണ്ടി സര്‍വേശ്വരന്‍ ഏതാനും ജനതകളെ ദേശത്ത് അവശേഷിപ്പിച്ചു. *** ആ ജനതകള്‍ ഇവരാണ്: ഫെലിസ്ത്യരുടെ അഞ്ചു പ്രഭുക്കന്മാരും, സകല കനാന്യരും, സീദോന്യരും, ബാല്‍-ഹെര്‍മ്മോന്‍ പര്‍വതം മുതല്‍ ഹാമാത്തിലേക്കുള്ള പ്രവേശനകവാടം വരെ ലെബാനോന്‍ പര്‍വതപ്രദേശത്തു പാര്‍ത്തിരുന്ന ഹിവ്യരുമായിരുന്നു. മോശയിലൂടെ അവരുടെ പൂര്‍വപിതാക്കന്മാര്‍ക്കു നല്‌കിയിരുന്ന കല്പനകള്‍ അവര്‍ പാലിക്കുമോ എന്നു പരീക്ഷിച്ചറിയാന്‍ ആയിരുന്നു സര്‍വേശ്വരന്‍ അവരെ അവശേഷിപ്പിച്ചത്. അങ്ങനെ കനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നീ ജനതകളുടെ ഇടയില്‍ ഇസ്രായേല്‍ജനം പാര്‍ത്തു. ഇസ്രായേല്യരുടെ പുത്രീപുത്രന്മാര്‍ അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടാനും അവരുടെ ദേവന്മാരെ ആരാധിക്കാനും തുടങ്ങി. ഇസ്രായേല്‍ജനം തങ്ങളുടെ ദൈവമായ സര്‍വേശ്വരനെ മറന്ന് ബാല്‍വിഗ്രഹങ്ങളെയും അശേരാപ്രതിഷ്ഠകളെയും സേവിച്ചു. അങ്ങനെ അവിടുത്തെ സന്നിധിയില്‍ തിന്മ പ്രവര്‍ത്തിച്ചു. അതുകൊണ്ട് ഇസ്രായേല്‍ജനത്തിനെതിരെ സര്‍വേശ്വരന്‍റെ കോപം ജ്വലിച്ചു. അവിടുന്ന് അവരെ മെസൊപൊത്താമ്യയിലെ രാജാവായ കൂശന്‍രിശാഥയീമിന് ഏല്പിച്ചുകൊടുത്തു. അവര്‍ എട്ടു വര്‍ഷം അടിമകളായി അയാളെ സേവിച്ചു. അപ്പോള്‍ ഇസ്രായേല്‍ജനം സര്‍വേശ്വരനോടു നിലവിളിച്ചു. അവരെ വിമോചിപ്പിക്കുന്നതിനു കാലേബിന്‍റെ അനുജനായ കെനസിന്‍റെ പുത്രന്‍ ഒത്നീയേലിനെ അവിടുന്നു നിയോഗിച്ചു. അയാള്‍ അവരെ രക്ഷിച്ചു. സര്‍വേശ്വരന്‍റെ ആത്മാവ് അയാളുടെമേല്‍ ആവസിച്ചു; അയാള്‍ ഇസ്രായേലിന്‍റെ അധിപനായിത്തീര്‍ന്നു. മെസൊപൊത്താമ്യയിലെ രാജാവായ കൂശന്‍രിശാഥയീമിനോടുള്ള യുദ്ധത്തില്‍ സര്‍വേശ്വരന്‍ ഒത്നീയേലിനു വിജയം നല്‌കി. നാല്പതു വര്‍ഷത്തോളം ദേശത്തു സമാധാനം നിലനിന്നു. അതിനുശേഷം ഒത്നീയേല്‍ മരിച്ചു. സര്‍വേശ്വരന്‍റെ സന്നിധിയില്‍ ഇസ്രായേല്‍ജനം വീണ്ടും തിന്മ പ്രവര്‍ത്തിച്ചതുകൊണ്ട് അവിടുന്നു മോവാബ്‍രാജാവായ എഗ്ലോനെ ഇസ്രായേലിനെതിരായി ശക്തിപ്പെടുത്തി. അയാള്‍ അമ്മോന്യരോടും അമാലേക്യരോടും കൂട്ടുചേര്‍ന്ന് ഇസ്രായേലിനെ തോല്പിച്ചു. അവര്‍ ഈന്തപ്പനകളുടെ പട്ടണമായ യെരീഹോ കൈവശമാക്കി. ഇസ്രായേല്‍ജനം മോവാബ്‍രാജാവായ എഗ്ലോനെ പതിനെട്ടു വര്‍ഷം സേവിച്ചു. ഇസ്രായേല്‍ജനം സര്‍വേശ്വരനോടു നിലവിളിച്ചപ്പോള്‍ അവിടുന്ന് അവര്‍ക്കുവേണ്ടി ബെന്യാമീന്‍ഗോത്രത്തിലെ ഗേരയുടെ പുത്രനും ഇടംകൈയനുമായ ഏഹൂദിനെ വിമോചകനായി നിയോഗിച്ചു. അയാളുടെ കൈയില്‍ ഇസ്രായേല്‍ജനം മോവാബ്‍രാജാവായ എഗ്ലോനു കാഴ്ച കൊടുത്തയച്ചു. ഏഹൂദ് ഒരു മുഴം നീളമുള്ള ഇരുവായ്ത്തലയുള്ള ഒരു വാള്‍ ഉണ്ടാക്കി തന്‍റെ വസ്ത്രത്തിനുള്ളില്‍ വലത്തെ തുടയില്‍ കെട്ടിവച്ചിരുന്നു. അയാള്‍ മോവാബ്‍രാജാവായ എഗ്ലോനു കാഴ്ച സമര്‍പ്പിച്ചു. തടിച്ചു കൊഴുത്ത ആള്‍ ആയിരുന്നു എഗ്ലോന്‍. കാഴ്ച സമര്‍പ്പിച്ചതിനുശേഷം അതു ചുമന്നുകൊണ്ടു വന്നവരെ ഏഹൂദ് പറഞ്ഞയച്ചു. എന്നാല്‍ ഗില്ഗാലിനടുത്തുള്ള ശിലാവിഗ്രഹങ്ങളുടെ സമീപം എത്തിയപ്പോള്‍ ഏഹൂദ്‍രജാവിന്‍റെ അടുക്കല്‍ തിരിച്ചുചെന്ന്: “രാജാവേ, ഒരു രഹസ്യസന്ദേശം അങ്ങയെ അറിയിക്കാനുണ്ട്” എന്നു പറഞ്ഞു. രാജാവിന്‍റെ നിര്‍ദ്ദേശാനുസരണം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റെല്ലാവരും പുറത്തുപോയി. തന്‍റെ വേനല്‍ക്കാല മാളികമുറിയില്‍ ഇരുന്നിരുന്ന രാജാവിന്‍റെ അടുക്കല്‍ ഏഹൂദ് ചെന്ന്: “അങ്ങയോട് ദൈവത്തിന്‍റെ സന്ദേശം അറിയിക്കാനുണ്ട്” എന്നു പറഞ്ഞു. രാജാവ് തന്‍റെ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റു. അപ്പോള്‍ ഏഹൂദ് ഇടത്തെ കൈകൊണ്ട് വലത്തേ തുടയില്‍നിന്ന് വാള്‍ ഊരിയെടുത്ത് അയാളുടെ വയറ്റില്‍ കുത്തിയിറക്കി. വാള്‍ പിടിയോടൊപ്പം വയറ്റില്‍ ഇറങ്ങി, വാള്‍ ഊരി എടുക്കാഞ്ഞതിനാല്‍ കൊഴുപ്പ് വാളിന്മേല്‍ പൊതിഞ്ഞു; പിന്നീട് ഏഹൂദ് പൂമുഖം വഴി ഇറങ്ങി; മാളികയുടെ വാതില്‍ അടച്ചുപൂട്ടുകയും ചെയ്തു. ഏഹൂദ് പുറത്തുപോയശേഷം രാജഭൃത്യന്മാര്‍ ചെന്നു മാളികമുറിയുടെ വാതില്‍ പൂട്ടിയിരിക്കുന്നതു കണ്ടപ്പോള്‍ രാജാവു വിസര്‍ജനത്തിന് ഇരിക്കുകയായിരിക്കും എന്നു കരുതി. വളരെനേരം കാത്തിരുന്നിട്ടും വാതില്‍ തുറക്കാഞ്ഞതിനാല്‍ അവര്‍ താക്കോലെടുത്തു വാതില്‍ തുറന്നു; അപ്പോള്‍ രാജാവു മരിച്ചുകിടക്കുന്നത് അവര്‍ കണ്ടു. അവര്‍ കാത്തിരുന്ന സമയംകൊണ്ട് ഏഹൂദ് രക്ഷപെട്ടു. ശിലാവിഗ്രഹങ്ങള്‍ കടന്നു സെയീരില്‍ എത്തി. എഫ്രയീം മലമ്പ്രദേശത്ത് എത്തിയപ്പോള്‍ അയാള്‍ കാഹളം ഊതി. അപ്പോള്‍ ഇസ്രായേല്‍ജനം ഏഹൂദിന്‍റെ നേതൃത്വത്തില്‍ മലയില്‍ നിന്നിറങ്ങി; അയാള്‍ പറഞ്ഞു: “എന്‍റെ കൂടെ വരൂ! ശത്രുക്കളായ മോവാബ്യരെ സര്‍വേശ്വരന്‍ ഇതാ നിങ്ങളുടെ കൈയില്‍ ഏല്പിച്ചിരിക്കുന്നു.” അവര്‍ അയാളെ അനുഗമിച്ചു; മോവാബിനെതിരെയുള്ള യോര്‍ദ്ദാനിലെ കടവുകള്‍ അവര്‍ പിടിച്ചടക്കി; അതുവഴി കടന്നുപോകാന്‍ ആരെയും അനുവദിച്ചില്ല. അവര്‍ മോവാബ്യരില്‍ പതിനായിരത്തോളം പേരെ സംഹരിച്ചു; അവരെല്ലാം ശക്തന്മാരും യുദ്ധവീരരും ആയിരുന്നു. അവരില്‍ ആരുംതന്നെ രക്ഷപെട്ടില്ല. അന്ന് ഇസ്രായേല്‍ജനം മോവാബ്യരെ കീഴടക്കി; എണ്‍പതു വര്‍ഷം ആ ദേശത്തു സമാധാനം നിലനിന്നു. ഏഹൂദിനു ശേഷം അനാത്തിന്‍റെ പുത്രനായ ശംഗര്‍ കാളയെ തെളിക്കുന്ന വടികൊണ്ട് അറുനൂറു ഫെലിസ്ത്യരെ അടിച്ചുകൊന്നു. അങ്ങനെ അയാളും ഇസ്രായേല്യരെ രക്ഷിച്ചു. ഏഹൂദിന്‍റെ മരണശേഷം വീണ്ടും ഇസ്രായേല്‍ജനം സര്‍വേശ്വരന് ഹിതകരമല്ലാത്തതു പ്രവര്‍ത്തിച്ചു. അപ്പോള്‍ അവരെ അവിടുന്ന് ഹാസോരില്‍ വാണിരുന്ന കനാന്യരാജാവായ യാബീനിന് ഏല്പിച്ചുകൊടുത്തു. വിജാതീയ പട്ടണമായ ഹാരോശെത്തില്‍ പാര്‍ത്തിരുന്ന സീസെര ആയിരുന്നു അയാളുടെ സൈന്യാധിപന്‍. അയാള്‍ക്കു തൊള്ളായിരം ഇരുമ്പു രഥങ്ങളുണ്ടായിരുന്നു. ഇരുപതു വര്‍ഷം അയാള്‍ ഇസ്രായേല്‍ജനത്തെ കഠിനമായി പീഡിപ്പിച്ചു. അതുകൊണ്ട് അവര്‍ സഹായത്തിനുവേണ്ടി സര്‍വേശ്വരനോടു നിലവിളിച്ചു. ലപ്പീദോത്തിന്‍റെ ഭാര്യയായ ദെബോരാ എന്നൊരു പ്രവാചകി ആയിരുന്നു അക്കാലത്ത് ഇസ്രായേലില്‍ ന്യായപാലനം നടത്തിയിരുന്നത്. എഫ്രയീംമലനാട്ടില്‍ രാമായ്‍ക്കും ബേഥേലിനും ഇടയ്‍ക്കുള്ള ദെബോരായുടെ ഈന്തപ്പനയുടെ കീഴില്‍ ദെബോരാ ഇരിക്കുക പതിവായിരുന്നു. ന്യായം നടത്തിക്കിട്ടാന്‍ ഇസ്രായേല്‍ജനം അവരെ സമീപിച്ചിരുന്നു. അവര്‍ അബീനോവാമിന്‍റെ പുത്രനായ ബാരാക്കിനെ കേദെശ്-നഫ്താലിയില്‍നിന്നു വരുത്തിപ്പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ നിന്നോടു കല്പിക്കുന്നു. നഫ്താലി, സെബൂലൂന്‍ ഗോത്രങ്ങളില്‍നിന്നു പതിനായിരം പേരെ താബോര്‍ മലയിലേക്ക് കൂട്ടിക്കൊണ്ടു വരിക. യാബീനിന്‍റെ സൈന്യാധിപനായ സീസെരയെ രഥങ്ങളോടും സൈന്യത്തോടും കൂടെ കീശോന്‍തോട്ടിനരികെ നിന്‍റെ അടുക്കല്‍ ഞാന്‍ കൊണ്ടുവരും; ഞാന്‍ അവരെ നിന്‍റെ കൈയില്‍ ഏല്പിക്കും.” ബാരാക് ദെബോരായോട് പറഞ്ഞു: “നിങ്ങള്‍ എന്നോടൊപ്പം വന്നാല്‍ ഞാന്‍ പോകാം; ഇല്ലെങ്കില്‍ ഞാന്‍ പോകുകയില്ല.” ദെബോരാ പ്രതിവചിച്ചു: “ഞാന്‍ തീര്‍ച്ചയായും നിങ്ങളുടെകൂടെ വരാം; പക്ഷേ ഞാന്‍ വന്നാല്‍ വിജയത്തിന്‍റെ ബഹുമതി നിങ്ങള്‍ക്കു ലഭിക്കുകയില്ല. സര്‍വേശ്വരന്‍ സീസെരയെ ഒരു സ്‍ത്രീയുടെ കൈയില്‍ ഏല്പിക്കും.” പിന്നീട് അവര്‍ ബാരാക്കിന്‍റെ കൂടെ കേദെശിലേക്കു പുറപ്പെട്ടു; സെബൂലൂന്‍, നഫ്താലി ഗോത്രക്കാരെ ബാരാക് കേദെശില്‍ വിളിച്ചുകൂട്ടി; പതിനായിരം പേര്‍ അയാളെ അനുഗമിച്ചു; ദെബോരായും അയാളുടെ കൂടെ ചെന്നു. കേന്യനായ ഹേബെര്‍ മറ്റു കേന്യരെ വിട്ടുപോന്ന് കേദെശിനടുത്തുള്ള സാനന്നീമിലെ കരുവേലകത്തിനു സമീപം കൂടാരമടിച്ചു. അവര്‍ മോശയുടെ ഭാര്യാപിതാവായ ഹോബാബിന്‍റെ പുത്രന്മാരായിരുന്നു. അബീനോവാമിന്‍റെ പുത്രനായ ബാരാക് താബോര്‍ മലയിലേക്ക് കയറിപ്പോയിരിക്കുന്നു എന്നു സീസെരയ്‍ക്ക് അറിവു കിട്ടിയപ്പോള്‍ അയാള്‍ തന്‍റെ തൊള്ളായിരം ഇരുമ്പു രഥങ്ങളെയും സകല സൈന്യങ്ങളെയും വിജാതീയപട്ടണമായ ഹരോശെത്തില്‍നിന്നു കീശോന്‍തോട്ടിനരികെ ഒന്നിച്ചുകൂട്ടി. ദെബോരാ ബാരാക്കിനോടു പറഞ്ഞു: “പുറപ്പെടുക; സര്‍വേശ്വരന്‍ ഇന്നു സീസെരയെ നിന്‍റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു; അവിടുന്നുതന്നെയല്ലേ നിങ്ങളെ നയിക്കുന്നത്.” അപ്പോള്‍ ബാരാക്കും കൂടെയുള്ള പതിനായിരം പേരും താബോര്‍മലയില്‍നിന്ന് ഇറങ്ങിച്ചെന്നു. ബാരാക്കിന്‍റെ മുമ്പില്‍വച്ച് സര്‍വേശ്വരന്‍ സീസെരയുടെ സകല രഥങ്ങളെയും സൈന്യത്തെയും വാള്‍മുനയാല്‍ ചിതറിച്ചു. സീസെര രഥത്തില്‍നിന്നിറങ്ങി ഓടി; ബാരാക്, രഥങ്ങളെയും സൈന്യത്തെയും വിജാതീയപട്ടണമായ ഹരോശെത്ത്‍വരെ പിന്തുടര്‍ന്നു, സീസെരയുടെ സൈന്യമെല്ലാം സംഹരിക്കപ്പെട്ടു; ഒരാള്‍പോലും ശേഷിച്ചില്ല. സീസെര കേന്യനായ ഹേബെരിന്‍റെ ഭാര്യ യായേലിന്‍റെ കൂടാരത്തിലേക്ക് ഓടിപ്പോയി. കാരണം ഹാസോര്‍രാജാവായ യാബീനും കേന്യനായ ഹേബെരിന്‍റെ കുടുംബവും മൈത്രിയിലായിരുന്നു. സീസെരയെ എതിരേറ്റുകൊണ്ട് യായേല്‍ പറഞ്ഞു: “ഉള്ളിലേക്കു കയറിവരിക; പ്രഭോ, എന്‍റെ കൂടാരത്തിലേക്കു കയറിവരിക. ഒന്നും ഭയപ്പെടേണ്ട.” അയാള്‍ അവളുടെ കൂടാരത്തില്‍ പ്രവേശിച്ചു; അവള്‍ അയാളെ കട്ടിയുള്ള ഒരു പുതപ്പുകൊണ്ടു മൂടി. അയാള്‍ അവളോട്: “അല്പം വെള്ളം തന്നാലും, എനിക്ക് അതിയായ ദാഹമുണ്ട് എന്നു പറഞ്ഞു. അവള്‍ അയാള്‍ക്കു തോല്‍ക്കുടത്തില്‍നിന്നു പാല്‍ പകര്‍ന്നുകൊടുത്തു. വീണ്ടും അയാളെ പുതപ്പിച്ചു. സീസെര അവളോടു പറഞ്ഞു: “നീ കൂടാരവാതില്‌ക്കല്‍ത്തന്നെ നില്‌ക്കുക; ആരെങ്കിലും വന്ന് അന്വേഷിച്ചാല്‍ ഇവിടെ ആരും ഇല്ലെന്നു മറുപടി പറയണം.” ക്ഷീണാധിക്യത്താല്‍ സീസെര ഗാഢനിദ്രയിലായി. അപ്പോള്‍ ഹേബെരിന്‍റെ ഭാര്യ യായേല്‍ കൂടാരത്തിന്‍റെ ഒരു കുറ്റിയും ചുറ്റികയും കൈയിലെടുത്ത് നിശ്ശബ്ദയായി അയാളുടെ അടുക്കല്‍ ചെന്നു കുറ്റി അയാളുടെ ചെന്നിയില്‍ അടിച്ചുകയറ്റി. അതു മറുപുറം ചെന്നു തറയില്‍ ഉറച്ചു; അങ്ങനെ സീസെര മരിച്ചു. ബാരാക് സീസെരയെ അന്വേഷിച്ചു ചെന്നപ്പോള്‍ യായേല്‍ പുറത്തുചെന്ന് അയാളെ സ്വീകരിച്ചു; അവള്‍ ബാരാക്കിനോട്: “അങ്ങ് അന്വേഷിക്കുന്ന മനുഷ്യനെ ഞാന്‍ കാണിച്ചുതരാം” എന്നു പറഞ്ഞു. അയാള്‍ അവളുടെ കൂടാരത്തില്‍ കയറിച്ചെന്നപ്പോള്‍ ചെന്നിയില്‍ തറച്ചിരിക്കുന്ന കുറ്റിയുമായി സീസെര മരിച്ചുകിടക്കുന്നതു കണ്ടു. അങ്ങനെ ആ ദിവസം ദൈവം ഇസ്രായേല്‍ജനത്തിന് കനാന്യരാജാവായ യാബീനിന്‍റെമേല്‍ വിജയം നല്‌കി. യാബീന്‍ നിശ്ശേഷം നശിക്കുംവരെ ഇസ്രായേല്‍ജനം അയാളെ കഠിനമായി പീഡിപ്പിച്ചുകൊണ്ടിരുന്നു. അന്നു ദെബോരായും അബീനോവാമിന്‍റെ മകനായ ബാരാക്കും കൂടി ഇങ്ങനെ പാടി. “നായകന്മാര്‍ ഇസ്രായേലിനെ നയിച്ചതില്‍ ജനം സ്വമേധയാ തങ്ങളെ സമര്‍പ്പിച്ചതില്‍ സര്‍വേശ്വരനെ വാഴ്ത്തുവിന്‍. രാജാക്കന്മാരേ, കേള്‍ക്കുവിന്‍; പ്രഭുക്കന്മാരേ, ചെവിക്കൊള്‍വിന്‍; സര്‍വേശ്വരനു ഞാന്‍ കീര്‍ത്തനം പാടും; ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനെ ഞാന്‍ പാടി പുകഴ്ത്തും. സര്‍വേശ്വരാ! അങ്ങ് സേയീരില്‍നിന്നു പുറപ്പെട്ടപ്പോള്‍, എദോമ്യദേശത്തിലൂടെ മുന്നോട്ടു നീങ്ങിയപ്പോള്‍, ഭൂമി കുലുങ്ങി; ആകാശം മഴ ചൊരിഞ്ഞു, അതേ, കരിമേഘങ്ങള്‍ ജലം വര്‍ഷിച്ചു. അവിടുത്തെ സന്നിധിയില്‍ ഇസ്രായേലിന്‍ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍ പര്‍വതങ്ങള്‍ നടുങ്ങി; സീനായ്പര്‍വതം കുലുങ്ങി അനാത്തിന്‍റെ പുത്രനായ ശംഗറിന്‍റെ കാലത്ത്; യായേലിന്‍റെ നാളുകളില്‍, വ്യാപാരസംഘങ്ങളുടെ പോക്ക് നിലച്ചു; യാത്രക്കാര്‍ ഊടുവഴികള്‍ തേടി. കൃഷീവലര്‍ ഇല്ലാതെയായി; ദെബോരാ എഴുന്നേല്‌ക്കും വരെ, ഇസ്രായേലിന്‍റെ മാതാവായി എഴുന്നേല്‌ക്കും വരെ. പുതിയ ദേവന്മാരെ അവര്‍ സ്വീകരിച്ചപ്പോള്‍ യുദ്ധം നഗരവാതില്‌ക്കല്‍ എത്തി. ഇസ്രായേലിലെ നാല്പതിനായിരത്തിനിടയില്‍ പരിചയോ, കുന്തമോ കണ്ടതേയില്ല. എന്‍റെ ഹൃദയം ഇസ്രായേല്‍ സേനാനായകന്മാരിലേക്കു തിരിയുന്നു; സ്വമേധയാ തങ്ങളെ സമര്‍പ്പിച്ച ജനങ്ങളിലേക്കും തിരിയുന്നു; സര്‍വേശ്വരനെ വാഴ്ത്തുവിന്‍. വെള്ളക്കഴുതമേല്‍ സവാരി ചെയ്യുന്നവരേ, വിലയേറിയ പരവതാനികളില്‍ ഇരിക്കുന്നവരേ, കാല്‍നടയായി നീങ്ങുന്നവരേ, നിങ്ങള്‍ ഉദ്ഘോഷിക്കുവിന്‍. പാട്ടോടെ വെള്ളം തേകുന്നവര്‍ സര്‍വേശ്വരവിജയങ്ങള്‍ വാഴ്ത്തിപ്പാടുന്നതു ശ്രദ്ധിക്കുവിന്‍. ഇസ്രായേലിലെ കൃഷീവലരുടെ വിജയഗാനങ്ങള്‍ കേള്‍ക്കുവിന്‍, സര്‍വേശ്വരന്‍റെ ജനം അപ്പോള്‍ നഗരവാതില്‌ക്കലേക്കു നീങ്ങി” “ഉണരുക, ഉണരുക ദെബോരേ! ഉണരുക, ഉണര്‍ന്നു പാടുക. അബീനോവാമിന്‍ മകനേ, ബാരാക്കേ, എഴുന്നേല്‌ക്കൂ, നിന്‍റെ ബന്ദികളെ നയിക്കൂ. ശ്രേഷ്ഠന്മാരില്‍ ശേഷിച്ചവരും ഇറങ്ങിവന്നു; സര്‍വേശ്വരന്‍റെ ജനം ശക്തന്മാര്‍ക്കെതിരെ യുദ്ധസന്നദ്ധരായി വന്നു. ബെന്യാമീന്‍ഗോത്രക്കാരുടെയും ജനങ്ങളുടെയും പിന്നാലെ അവര്‍ എഫ്രയീമില്‍നിന്നു താഴ്വരയിലേക്കു പുറപ്പെട്ടു. മാഖീരില്‍നിന്നു സൈന്യാധിപന്മാരും സെബൂലൂനില്‍നിന്ന് അധികാരദണ്ഡു ധരിച്ചവരും വന്നു ഇസ്സാഖാര്‍പ്രഭുക്കന്മാര്‍ ദെബോരായോടൊത്തു വന്നു; ബാരാക്കിനോടു കൂറു പുലര്‍ത്തിയ ഇസ്സാഖാര്‍ അവനോടൊത്ത് താഴ്വരയിലേക്ക് കുതിച്ചിറങ്ങി. രൂബേന്‍ഗോത്രജരില്‍ വലിയ ചിന്താകുഴപ്പമുണ്ടായി. ആട്ടിന്‍പറ്റങ്ങള്‍ക്കിടയില്‍ നീ തങ്ങിയതെന്ത്? കുഴല്‍വിളികള്‍ കേള്‍ക്കുന്നതിനോ? രൂബേന്‍ഗോത്രജരില്‍ വലിയ ചിന്താകുഴപ്പമുണ്ടായി. ഗിലെയാദ് യോര്‍ദ്ദാന് അക്കരെ പാര്‍ത്തു; ദാന്‍ കപ്പലുകള്‍ക്കരികില്‍ പാര്‍ത്തതെന്ത്? ആശേര്‍ കടല്‍ത്തീരത്ത് അനങ്ങാതിരുന്നു തുറമുഖതീരങ്ങളില്‍ വസിച്ചു. സെബൂലൂന്‍ പ്രാണത്യാഗത്തിനു തയ്യാറായ ജനം നഫ്താലി പടക്കളത്തില്‍ത്തന്നെ പാര്‍ത്തു; രാജാക്കന്മാര്‍ വന്നു യുദ്ധം ചെയ്തു താനാക്കില്‍ മെഗിദ്ദോ തടാകത്തിനരികെ കനാന്യരാജാക്കന്മാര്‍ പൊരുതി കൊള്ളമുതലായി അവര്‍ക്കു വെള്ളി ലഭിച്ചില്ല. ആകാശത്തുനിന്നു നക്ഷത്രങ്ങള്‍ അവയുടെ സഞ്ചാരപഥത്തില്‍ നിന്നുകൊണ്ട് സീസെരയോട് അവ യുദ്ധം ചെയ്തു. കീശോന്‍നദി കരകവിഞ്ഞ് ഒഴുകി, അതിലെ പ്രളയം അവരെ ഒഴുക്കിക്കളഞ്ഞു. എന്‍റെ ആത്മാവേ, ശക്തിയോടെ മുന്നേറൂ. കുതിരകള്‍ കുതിച്ചോടി വരുന്നു; അവയുടെ കുളമ്പടികള്‍ ഉച്ചത്തില്‍ കേള്‍ക്കുന്നു. ‘മേരോസ് പട്ടണത്തെ ശപിക്കുക; സര്‍വേശ്വരന്‍റെ ദൂതന്‍ അരുളിച്ചെയ്യുന്നു, അതിലെ നിവാസികളെ കഠിനമായി ശപിക്കുക. സര്‍വേശ്വരന്‍റെ സഹായത്തിന്, അവിടുത്തേക്കുവേണ്ടി പൊരുതുവാന്‍ അവര്‍ സൈന്യസഹിതം വന്നില്ലല്ലോ. കേന്യനായ ഹേബെരിന്‍റെ ഭാര്യ യായേല്‍ സ്‍ത്രീകളില്‍ വച്ചേറ്റവും അനുഗൃഹീത. കൂടാരവാസികളായ സ്‍ത്രീകളില്‍ അവള്‍ ഏറ്റവും അനുഗൃഹീത. സീസെര ദാഹജലം ചോദിച്ചു; കുടിക്കാന്‍ അവള്‍ പാല്‍ കൊടുത്തു. പ്രഭുവിനു യോഗ്യമായ പാത്രത്തില്‍ തൈരും കൊണ്ടുവന്നു. കൂടാരത്തിന്‍റെ കുറ്റി അവള്‍ ഒരു കൈയിലും പണിക്കാരുടെ ചുറ്റിക മറുകൈയിലും എടുത്തു. സീസെരയെ അവള്‍ ചുറ്റികയ്‍ക്കടിച്ചു; അയാളുടെ തലയോടു തല്ലിത്തകര്‍ത്ത്, ചെന്നി കുത്തിത്തുളച്ചു. അവളുടെ കാല്‍ക്കല്‍ അവന്‍റെ തല കുനിഞ്ഞു; അവളുടെ പാദത്തില്‍ അവന്‍ വീണു; അവിടെത്തന്നെ അവന്‍ മരിച്ചുവീണു. സീസെരയുടെ അമ്മ കിളിവാതിലിലൂടെ നോക്കി, ജാലകത്തിലൂടെ അവള്‍ വിളിച്ചുപറഞ്ഞു: ‘അവന്‍റെ രഥം വരാന്‍ വൈകുന്നതെന്ത്? രഥചക്രങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ താമസിക്കുന്നതെന്ത്? അവളുടെ ജ്ഞാനവതികളായ സഖികള്‍ മറുപടി പറഞ്ഞു; അവളും ആത്മഗതം ചെയ്തു; ‘അവര്‍ കൊള്ളമുതല്‍ തിട്ടപ്പെടുത്തി പങ്കിടുകയില്ലയോ?’ ഓരോ യോദ്ധാവിനും ഒന്നും രണ്ടും കന്യകകളെ വീതം ലഭിച്ചു, സീസെരയ്‍ക്ക് ലഭിച്ചത് ചിത്രപ്പണി ചെയ്ത മനോഹരവസ്ത്രം. എനിക്കു തോളിലണിയാന്‍ ചിത്രപ്പണി ചെയ്ത നിറപ്പകിട്ടാര്‍ന്ന രണ്ടു വസ്ത്രങ്ങള്‍. സര്‍വേശ്വരാ, അവിടുത്തെ ശത്രുക്കള്‍ ഇങ്ങനെ നശിക്കട്ടെ; അങ്ങയെ സ്നേഹിക്കുന്നവര്‍ ശക്തിയില്‍ ഉദയസൂര്യനെപ്പോലെയായിരിക്കട്ടെ. നാല്പതു വര്‍ഷം ദേശത്തു സമാധാനം നിലനിന്നു. ഇസ്രായേല്‍ജനം സര്‍വേശ്വരന്‍റെ മുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു. അതുകൊണ്ട് ഏഴു വര്‍ഷത്തേക്ക് അവിടുന്ന് അവരെ മിദ്യാന്യരുടെ കൈയില്‍ ഏല്പിച്ചു. മിദ്യാന്യര്‍ അവരെ പീഡിപ്പിച്ചു. തന്നിമിത്തം അവര്‍ പര്‍വതങ്ങളിലെ ഗുഹകളിലും മറ്റു സുരക്ഷിതസ്ഥാനങ്ങളിലും ഒളിച്ചുപാര്‍ക്കേണ്ടിവന്നു. ഇസ്രായേല്‍ജനം കൃഷിയിറക്കി കഴിയുമ്പോഴെല്ലാം മിദ്യാന്യരും അമാലേക്യരും കിഴക്കുള്ള മരുഭൂവാസികളും കൂടിവന്ന് അവരെ ആക്രമിച്ചിരുന്നു. അവര്‍ ഇസ്രായേല്യര്‍ക്കെതിരെ താവളമടിച്ചുകൊണ്ട് ഗസ്സവരെയുള്ള സ്ഥലത്തെ വിളവു നശിപ്പിച്ചിരുന്നു; ഭക്ഷണപദാര്‍ഥങ്ങളെയോ ആടുമാടുകളെയോ കഴുതകളെയോ ശേഷിപ്പിച്ചില്ല. അവര്‍ തങ്ങളുടെ കന്നുകാലികളും കൂടാരസാമഗ്രികളുമായി വെട്ടുക്കിളികളെപ്പോലെ അസംഖ്യമായി വന്നിരുന്നു. അവരും അവരുടെ ഒട്ടകങ്ങളും എണ്ണമറ്റവയായിരുന്നു. അവര്‍ ദേശം ശൂന്യമാക്കി. അങ്ങനെ മിദ്യാന്യര്‍ നിമിത്തം ഇസ്രായേല്‍ജനം വളരെ ക്ഷയിച്ചു. അവര്‍ സര്‍വേശ്വരനോടു നിലവിളിച്ചു. മിദ്യാന്യരില്‍നിന്നു രക്ഷിക്കാന്‍ ഇസ്രായേല്‍ജനം സര്‍വേശ്വരനെ വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്ന് ഒരു പ്രവാചകനെ അവരുടെ അടുക്കല്‍ അയച്ചു. അദ്ദേഹം അവരോടു പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: അടിമവീടായ ഈജിപ്തില്‍നിന്നു ഞാന്‍ നിങ്ങളെ മോചിപ്പിച്ചുകൊണ്ടുവന്നു. ഈജിപ്തുകാരുടെയും നിങ്ങളെ പീഡിപ്പിച്ച സകലരുടെയും കൈയില്‍നിന്നു ഞാന്‍ നിങ്ങളെ വിടുവിച്ചു. നിങ്ങളുടെ മുമ്പില്‍നിന്ന് ഞാന്‍ അവരെ തുരത്തി; അവരുടെ ദേശം നിങ്ങള്‍ക്കു നല്‌കുകയും ചെയ്തു. “ഞാനാണ് നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍. നിങ്ങള്‍ നിവസിക്കുന്ന ദേശത്തുള്ള അമോര്യരുടെ ദേവന്മാരെ ആരാധിക്കരുതെന്നു ഞാന്‍ നിങ്ങളോടു കല്പിച്ചു; എന്നാല്‍ നിങ്ങള്‍ അതു ഗണ്യമാക്കിയില്ല.” അബിയേസ്ര്യവംശജനായ യോവാശിന്‍റെ ഒഫ്രയിലുള്ള കരുവേലകത്തിന്‍റെ കീഴില്‍ സര്‍വേശ്വരന്‍റെ ദൂതന്‍ വന്നു. യോവാശിന്‍റെ പുത്രനായ ഗിദെയോന്‍, മിദ്യാന്യര്‍ കാണാതിരിക്കാന്‍വേണ്ടി മുന്തിരിച്ചക്കില്‍ കോതമ്പു മെതിക്കുകയായിരുന്നു. സര്‍വേശ്വരന്‍റെ ദൂതന്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: “ധീരനും ശക്തനുമായ മനുഷ്യാ, സര്‍വേശ്വരന്‍ നിന്‍റെ കൂടെയുണ്ട്.” ഗിദെയോന്‍ ദൂതനോടു പറഞ്ഞു: “പ്രഭോ, സര്‍വേശ്വരന്‍ ഞങ്ങളോടൊപ്പം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ഇതെല്ലാം സംഭവിക്കുന്നതെന്ത്? അവിടുന്നു ഞങ്ങളെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചു കൊണ്ടുവന്നപ്പോള്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു എന്നു ഞങ്ങളുടെ പിതാക്കന്മാര്‍ ആവര്‍ത്തിച്ചു പ്രസ്താവിച്ചിട്ടുണ്ട്. അവിടുത്തെ ആ അദ്ഭുതപ്രവൃത്തികള്‍ എവിടെ? ഇപ്പോള്‍ സര്‍വേശ്വരന്‍ ഞങ്ങളെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കൈയില്‍ ഞങ്ങളെ ഏല്പിച്ചിരിക്കുകയാണല്ലോ.” സര്‍വേശ്വരന്‍ അയാളുടെ നേരെ തിരിഞ്ഞ് അരുളിച്ചെയ്തു: “നിന്‍റെ സര്‍വശക്തിയോടുംകൂടെ പോയി ഇസ്രായേല്‍ജനത്തെ മിദ്യാന്യരില്‍നിന്നു രക്ഷിക്കുക. ഞാന്‍ തന്നെയാണു നിന്നെ അയയ്‍ക്കുന്നത്.” ഗിദെയോന്‍ പറഞ്ഞു: “സര്‍വേശ്വരാ, ഇസ്രായേലിനെ ഞാന്‍ എങ്ങനെ മോചിപ്പിക്കും? മനശ്ശെഗോത്രത്തില്‍ വച്ച് എന്‍റെ കുലം ദുര്‍ബലവും; ഞാനാകട്ടെ എന്‍റെ കുടുംബത്തില്‍ ഏറ്റവും നിസ്സാരനും ആകുന്നു.” അവിടുന്നു പറഞ്ഞു: “ഞാന്‍ നിന്‍റെകൂടെ ഉണ്ട്; ഒറ്റയാളെ എന്നപോലെ മിദ്യാന്യരെയെല്ലാം നീ സംഹരിക്കും.” ഗിദെയോന്‍ പറഞ്ഞു: “അവിടുന്ന് എന്നില്‍ പ്രസാദിച്ചിരിക്കുന്നെങ്കില്‍ അവിടുന്നു തന്നെയാണ് എന്നോടു സംസാരിക്കുന്നത് എന്നതിന് ഒരു അടയാളം കാണിച്ചുതന്നാലും. ഞാന്‍ അടുത്തുവന്ന് തിരുമുമ്പില്‍ കാഴ്ച സമര്‍പ്പിക്കുന്നതുവരെ അങ്ങ് ഇവിടെനിന്നു പോകരുതേ!” “നീ മടങ്ങി വരുന്നതുവരെ ഞാന്‍ ഇവിടെത്തന്നെ ഉണ്ടായിരിക്കും.” സര്‍വേശ്വരന്‍ പറഞ്ഞു. ഗിദെയോന്‍ വീട്ടില്‍ ചെന്ന് ഒരാട്ടിന്‍കുട്ടിയെ പാകം ചെയ്തു; ഒരു ഏഫാ മാവുകൊണ്ട് പുളിപ്പു ചേര്‍ക്കാത്ത അപ്പവും ഉണ്ടാക്കി; മാംസം ഒരു കുട്ടയിലും ചാറ് ഒരു കലത്തിലും എടുത്തു കരുവേലകത്തിന്‍റെ ചുവട്ടില്‍ അവിടുത്തെ മുമ്പാകെ കാഴ്ചവച്ചു. അപ്പോള്‍ സര്‍വേശ്വരന്‍റെ ദൂതന്‍ കല്പിച്ചു: “മാംസവും അപ്പവും പാറമേല്‍ വച്ച് മീതേ ചാറ് ഒഴിക്കുക.” ഗിദെയോന്‍ അങ്ങനെ ചെയ്തു. സര്‍വേശ്വരന്‍റെ ദൂതന്‍ തന്‍റെ വടിയുടെ അറ്റംകൊണ്ട് മാംസവും പുളിപ്പു ചേരാത്ത അപ്പവും സ്പര്‍ശിച്ചു. ഉടന്‍തന്നെ പാറയില്‍നിന്നു തീ പുറപ്പെട്ടു മാംസവും അപ്പവും ദഹിപ്പിച്ചു. പിന്നീടു ദൂതന്‍ അപ്രത്യക്ഷനായി. താന്‍ കണ്ടത് സര്‍വേശ്വരന്‍റെ ദൂതനെത്തന്നെ ആയിരുന്നു എന്നു ഗിദെയോന്‍ മനസ്സിലാക്കി; “ദൈവമായ സര്‍വേശ്വരാ, അവിടുത്തെ ദൂതനെ ഞാന്‍ അഭിമുഖം കണ്ടുപോയല്ലോ” എന്നു പറഞ്ഞു. സര്‍വേശ്വരന്‍ അവനോടു പറഞ്ഞു: “നിനക്ക് സമാധാനം; ഭയപ്പെടേണ്ടാ; നീ മരിക്കുകയില്ല.” ഗിദെയോന്‍ അവിടെ സര്‍വേശ്വരന് ഒരു യാഗപീഠം നിര്‍മ്മിച്ചു; ‘ യാഹ്ശാലോം’ എന്ന് അതിനു പേരിട്ടു. അബിയേസ്ര്യകുലക്കാരുടെ വകയായ ഒഫ്രയില്‍ അത് ഇന്നും നിലനില്‌ക്കുന്നു. ആ രാത്രിയില്‍ സര്‍വേശ്വരന്‍ ഗിദെയോനോടു കല്പിച്ചു: “നിന്‍റെ പിതാവ് ആരാധിക്കുന്ന ബാലിന്‍റെ ബലിപീഠം ഇടിച്ചു നിരത്തുകയും അതിന്‍റെ അടുത്തുള്ള അശേരാപ്രതിഷ്ഠ വെട്ടിവീഴ്ത്തുകയും ചെയ്യുക. ഈ കോട്ടയുടെ മുകളില്‍ കല്ലുകള്‍ യഥാക്രമം അടുക്കി നിന്‍റെ ദൈവമായ സര്‍വേശ്വരന് ഒരു യാഗപീഠം നിര്‍മ്മിക്കുക; നിന്‍റെ പിതാവിന്‍റെ ഏഴു വയസ്സായ രണ്ടാമത്തെ കാളയെ അവിടെ ഹോമയാഗമായി അര്‍പ്പിക്കണം. വെട്ടിവീഴ്ത്തിയ അശേരാപ്രതിഷ്ഠയുടെ വിറക് അതിന് ഉപയോഗിക്കാം. ഗിദെയോന്‍ തന്‍റെ ഭൃത്യന്മാരില്‍ പത്തു പേരെ കൂട്ടിക്കൊണ്ടുപോയി അവിടുന്നു തന്നോടു കല്പിച്ചതുപോലെ പ്രവര്‍ത്തിച്ചു. സ്വന്തം കുടുംബക്കാരെയും പട്ടണവാസികളെയും ഭയപ്പെട്ടിരുന്നതുകൊണ്ട് പകല്‍ സമയത്തല്ല, രാത്രിയിലായിരുന്നു അതു ചെയ്തത്. അടുത്ത ദിവസം പട്ടണവാസികള്‍ ഉണര്‍ന്നപ്പോള്‍ ബാലിന്‍റെ ബലിപീഠം തകര്‍ന്നു കിടക്കുന്നതും അശേരാപ്രതിഷ്ഠ വെട്ടി വീഴ്ത്തപ്പെട്ടിരിക്കുന്നതും പുതുതായി നിര്‍മ്മിച്ച യാഗപീഠത്തില്‍ രണ്ടാമത്തെ കാളയെ യാഗമായി അര്‍പ്പിച്ചിരിക്കുന്നതും കണ്ടു. ആരാണ് ഇതു ചെയ്തത് എന്ന് അവര്‍ പരസ്പരം ചോദിച്ചു; യോവാശിന്‍റെ പുത്രനായ ഗിദെയോനാണ് ഇതു ചെയ്തതെന്ന് അവര്‍ക്കു മനസ്സിലായി. അപ്പോള്‍ പട്ടണവാസികള്‍ യോവാശിനോടു പറഞ്ഞു: “നിന്‍റെ മകനെ ഇവിടെ കൊണ്ടുവരിക; അവന്‍ മരിക്കണം; അവന്‍ ബാലിന്‍റെ ബലിപീഠം തകര്‍ക്കുകയും അശേരാപ്രതിഷ്ഠ വെട്ടിക്കളയുകയും ചെയ്തിരിക്കുന്നുവല്ലോ.” തനിക്കെതിരെ അണിനിരന്നവരോടു യോവാശ് പറഞ്ഞു: “ബാലിനുവേണ്ടി നിങ്ങളാണോ വാദിക്കുന്നത്? നിങ്ങളാണോ അവനെ രക്ഷിക്കുന്നത്? ബാലിനുവേണ്ടി വാദിക്കുന്നവന്‍ നേരം വെളുക്കുന്നതിനു മുമ്പുതന്നെ കൊല്ലപ്പെടണം. ബാല്‍ ദൈവമാണെങ്കില്‍, അവന്‍ സ്വയം പോരാടട്ടെ; ബാലിന്‍റെ ബലിപീഠം അല്ലേ തകര്‍ക്കപ്പെട്ടത്.” ബാലിന്‍റെ ബലിപീഠം തകര്‍ത്തതിനാല്‍ ബാല്‍തന്നെ അവനെതിരായി പോരാടട്ടെ എന്നര്‍ഥമുള്ള ‘യെരുബ്ബാല്‍’ എന്നു ഗിദെയോനു പേരുണ്ടായി. പിന്നീട് മിദ്യാന്യരും അമാലേക്യരും യോര്‍ദ്ദാന്‍നദിക്കു കിഴക്കുള്ള ഗോത്രക്കാരും നദികടന്നു ജെസ്രീല്‍ താഴ്വരയില്‍ പാളയമടിച്ചു. അപ്പോള്‍ സര്‍വേശ്വരന്‍റെ ആത്മാവ് ഗിദെയോന്‍റെമേല്‍ ആവസിച്ചു; അയാള്‍ കാഹളമൂതി അബീയേസ്ര്യരെ തന്നെ അനുഗമിക്കാനായി ആഹ്വാനം ചെയ്തു. പിന്നീട് മനശ്ശെഗോത്രക്കാരുടെ ഇടയിലെല്ലാം ദൂതന്മാരെ അയച്ച് തന്നെ അനുഗമിക്കാനായി അവരെയും വിളിച്ചുകൂട്ടി. ആശേര്‍, സെബൂലൂന്‍, നഫ്താലി എന്നീ ഗോത്രക്കാരുടെ ഇടയിലും ദൂതന്മാരെ അയച്ചു. അവരും ഗിദെയോന്‍റെ അടുക്കല്‍ വന്നു. ഗിദെയോന്‍ ദൈവത്തോടു പറഞ്ഞു: “ഇസ്രായേലിനെ എന്‍റെ കൈയാല്‍ രക്ഷിക്കുമെന്നാണല്ലോ അങ്ങു പറഞ്ഞിട്ടുള്ളത്. ഞാന്‍ ആട്ടിന്‍രോമംകൊണ്ടുള്ള വസ്ത്രം കോതമ്പുകളത്തില്‍ വിരിക്കുന്നു; അതുമാത്രം മഞ്ഞുവെള്ളംകൊണ്ടു നനയുകയും നിലമെല്ലാം ഉണങ്ങിയിരിക്കുകയും ചെയ്താല്‍ അവിടുന്ന് ഇസ്രായേലിനെ രക്ഷിക്കാന്‍ എന്നെ നിയോഗിച്ചിരിക്കുന്നു എന്നു ഞാന്‍ അറിയും.” അത് അങ്ങനെ സംഭവിച്ചു. ഗിദെയോന്‍ പിറ്റേദിവസം അതിരാവിലെ എഴുന്നേറ്റ് ആ വസ്ത്രം പിഴിഞ്ഞപ്പോള്‍ ഒരു പാത്രം നിറയെ മഞ്ഞുവെള്ളം ലഭിച്ചു. ഗിദെയോന്‍ വീണ്ടും ദൈവത്തോടു പറഞ്ഞു: “അങ്ങയുടെ കോപം എന്‍റെ നേരെ ജ്വലിക്കരുതേ; ഒരിക്കല്‍കൂടി ഞാന്‍ സംസാരിച്ചുകൊള്ളട്ടെ; രോമവസ്ത്രംകൊണ്ട് ഒരു പരീക്ഷണം കൂടി നടത്താന്‍ അനുവദിച്ചാലും. ഇത്തവണ വസ്ത്രം ഉണങ്ങിയിരിക്കുകയും നിലമെല്ലാം നനഞ്ഞിരിക്കുകയും ചെയ്യാന്‍ ഇടവരുത്തിയാലും.” ആ രാത്രിയില്‍ ദൈവം അപ്രകാരം പ്രവര്‍ത്തിച്ചു. രോമവസ്ത്രം മാത്രം ഉണങ്ങിയും മഞ്ഞുകൊണ്ടു നിലമെല്ലാം നനഞ്ഞും കാണപ്പെട്ടു. അതിരാവിലെ ഗിദെയോനും (യെരുബ്ബാല്‍) കൂടെയുള്ള ജനവും ഹരോദിലെ നീരുറവിനടുത്തു പാളയമടിച്ചു; വടക്ക് മോരേ മലയ്‍ക്കടുത്തുള്ള താഴ്വരയിലായിരുന്നു മിദ്യാന്യര്‍ പാളയമടിച്ചത്. സര്‍വേശ്വരന്‍ ഗിദെയോനോട് അരുളിച്ചെയ്തു: “മിദ്യാന്യരുടെമേല്‍ ഞാന്‍ നിങ്ങള്‍ക്കു വിജയം നല്‌കുന്നതിനു വേണ്ടതിലധികം ആളുകള്‍ നിന്‍റെ കൂടെയുണ്ട്. തങ്ങളുടെ കരബലംകൊണ്ടു തന്നെയാണ് വിജയം നേടിയത് എന്ന് എനിക്ക് എതിരായി അവര്‍ വമ്പുപറയും. അതുകൊണ്ടു ഭയചകിതരെല്ലാം ഗിലെയാദില്‍നിന്നു വീടുകളിലേക്കു മടങ്ങിപ്പോകാന്‍ പറയുക.” ഗിദെയോന്‍റെ പ്രസ്താവന കേട്ടപ്പോള്‍ ഇരുപത്തീരായിരം പേര്‍ മടങ്ങിപ്പോയി; പതിനായിരം പേര്‍ ശേഷിച്ചു. സര്‍വേശ്വരന്‍ ഗിദെയോനോടു വീണ്ടും പറഞ്ഞു: “നിന്‍റെ കൂടെയുള്ളവര്‍ ഇപ്പോഴും അധികമാണ്; അവരെ അടുത്തുള്ള ജലാശയത്തിലേക്കു നയിക്കുക. നിന്നോടൊത്ത് വരേണ്ടവരെ ഞാന്‍ വേര്‍തിരിച്ചുതരാം; അവര്‍ മാത്രം നിന്നെ അനുഗമിക്കട്ടെ. കൂടെ പോകേണ്ട എന്നു ഞാന്‍ കല്പിക്കുന്നവര്‍ നിന്നോടൊപ്പം വരരുത്.” അതനുസരിച്ച് ഗിദെയോന്‍ ജനത്തെ ജലാശയത്തിന്‍റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി; “നായെപ്പോലെ വെള്ളം നക്കിക്കുടിക്കുന്നവരെയും മുട്ടുകുത്തിനിന്നു വെള്ളം കുടിക്കുന്നവരെയും തമ്മില്‍ വേര്‍തിരിക്കുക” എന്ന് അവിടുന്നു ഗിദെയോനോടു കല്പിച്ചു. കൈ വായ്‍ക്കല്‍ ചേര്‍ത്തുപിടിച്ച് മുന്നൂറു പേര്‍ വെള്ളം നക്കിക്കുടിച്ചു; മറ്റുള്ളവരെല്ലാം മുട്ടുകുത്തിനിന്നു വെള്ളം കുടിച്ചു. “വെള്ളം നക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ട് ഇസ്രായേല്‍ജനത്തെ മിദ്യാന്യരില്‍നിന്നു ഞാന്‍ രക്ഷിക്കും. അവരുടെ കൈകളില്‍ മിദ്യാന്യരെ ഞാന്‍ ഏല്പിക്കും; മറ്റുള്ളവര്‍ തങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോകട്ടെ” എന്നു സര്‍വേശ്വരന്‍ കല്പിച്ചു. മുന്നൂറു പേരൊഴിച്ചു ബാക്കിയുള്ളവരെയെല്ലാം തങ്ങളുടെ കൂടാരങ്ങളിലേക്കു മടക്കി അയച്ചു; ആ മുന്നൂറു പേര്‍ മറ്റുള്ളവരില്‍നിന്നു കുടങ്ങളും കാഹളങ്ങളും വാങ്ങി. അവരുടെ പാളയത്തിനു താഴെ സമഭൂമിയിലായിരുന്നു മിദ്യാന്യരുടെ പാളയം. “ശത്രുപാളയത്തിന്‍റെ നേരെ ഇറങ്ങിച്ചെല്ലുക; ഞാന്‍ അവരുടെമേല്‍ നിങ്ങള്‍ക്കു വിജയം നല്‌കിയിരിക്കുന്നു” എന്നു സര്‍വേശ്വരന്‍ ഗിദെയോനോട് അന്നു രാത്രിയില്‍ കല്പിച്ചു: “അവിടെ പോകാന്‍ നിനക്കു ഭയമാണെങ്കില്‍ നിന്‍റെ ഭൃത്യന്‍ പൂരയെക്കൂടി അവരുടെ പാളയത്തിലേക്കു കൊണ്ടുപോകുക; അവരുടെ സംഭാഷണം കേള്‍ക്കുമ്പോള്‍ അവരെ ആക്രമിക്കാനുള്ള ധൈര്യം നിനക്കു ലഭിക്കും.” ഗിദെയോനും ഭൃത്യനായ പൂരയുംകൂടി ശത്രുപാളയത്തിന്‍റെ കാവല്‍മാടംവരെ പോയി. മിദ്യാന്യരും അമാലേക്യരും കിഴക്കുള്ള മരുഭൂവാസികളും വെട്ടുക്കിളികളെപ്പോലെ അസംഖ്യമായി താഴ്വര മുഴുവന്‍ നിറഞ്ഞിരുന്നു; അവരുടെ ഒട്ടകങ്ങളും കടല്‍ക്കരയിലെ മണല്‍പോലെ അസംഖ്യമായിരുന്നു. ഗിദെയോന്‍ അവരുടെ പാളയത്തില്‍ ചെന്നപ്പോള്‍ ഒരാള്‍ താന്‍ കണ്ട സ്വപ്നം അയാളുടെ സുഹൃത്തിനോട് വിവരിക്കുന്നതു കേട്ടു; അയാള്‍ പറഞ്ഞു: “ഞാന്‍ ഒരു സ്വപ്നം കണ്ടു; ഒരു ബാര്‍ലി അപ്പം പാളയത്തിലേക്ക് ഉരുണ്ടുവന്നു. അതു കൂടാരത്തെ ഇടിച്ചു മറിച്ചിട്ടു; കൂടാരം വീണുകിടക്കുന്നു.” അപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു: “ഇത് ഇസ്രായേല്യനായ യോവാശിന്‍റെ പുത്രന്‍ ഗിദെയോന്‍റെ വാള്‍ തന്നെയാണ്; മറ്റൊന്നുമായിരിക്കാന്‍ ഇടയില്ല. ദൈവം മിദ്യാന്യരെയും നമ്മുടെ സര്‍വസൈന്യത്തെയും ഗിദെയോന്‍റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു.” ഗിദെയോന്‍ സ്വപ്നവും അതിന്‍റെ വ്യാഖ്യാനവും കേട്ടപ്പോള്‍ ദൈവത്തെ നമസ്കരിച്ചു. അയാള്‍ ഇസ്രായേല്‍പാളയത്തില്‍ മടങ്ങിച്ചെന്നു പറഞ്ഞു: “എഴുന്നേല്‌ക്കുക, മിദ്യാന്‍ സൈന്യത്തിന്‍റെമേല്‍ സര്‍വേശ്വരന്‍ നിങ്ങള്‍ക്കു വിജയം നല്‌കാന്‍ പോകുകയാണ്.” പിന്നീട് ഗിദെയോന്‍ കൂടെയുണ്ടായിരുന്ന മുന്നൂറു പേരെ മൂന്നു ഗണമായി തിരിച്ചു; ഓരോ കാഹളവും അകത്തു പന്തമുള്ള ഓരോ കുടവും അവര്‍ക്കോരോരുത്തര്‍ക്കും കൊടുത്തു അവരോടു പറഞ്ഞു: “ഞാന്‍ ചെയ്യുന്നതു നിങ്ങള്‍ ശ്രദ്ധിച്ച് അതുപോലെ നിങ്ങളും ചെയ്യണം. പാളയത്തിന്‍റെ സമീപത്തു ചെല്ലുമ്പോള്‍ ഞാന്‍ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്യുക. ഞാനും എന്‍റെ കൂടെയുള്ളവരും കാഹളമൂതുമ്പോള്‍ നിങ്ങളും പാളയത്തിന്‍റെ ചുറ്റുംനിന്നു കാഹളമൂതുകയും ‘സര്‍വേശ്വരനും ഗിദെയോനും വേണ്ടി’ എന്നു ഉച്ചത്തില്‍ വിളിച്ചുപറയുകയും വേണം.” പാതിരാത്രി ആകുന്നതിനു തൊട്ടുമുമ്പ്, കാവല്‍ക്കാരെ മാറ്റിയ ഉടന്‍, ഗിദെയോനും കൂടെയുള്ള നൂറു പേരും പാളയത്തിനു സമീപത്തെത്തി കാഹളം ഊതുകയും കുടങ്ങള്‍ ഉടയ്‍ക്കുകയും ചെയ്തു. അതുപോലെ മറ്റു രണ്ടു സംഘവും കാഹളം ഊതുകയും കുടങ്ങള്‍ ഉടയ്‍ക്കുകയും ചെയ്തു. അവരെല്ലാം ഇടതു കൈയില്‍ പന്തവും വലതു കൈയില്‍ കാഹളവും പിടിച്ചുകൊണ്ട് ‘സര്‍വേശ്വരനും ഗിദെയോനും വേണ്ടി ഒരു വാള്‍’ എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. അവരില്‍ ഓരോരുത്തനും പാളയത്തിനു ചുറ്റുമുള്ള അവരവരുടെ സ്ഥാനത്തു നിന്നപ്പോള്‍തന്നെ മിദ്യാന്യര്‍ നിലവിളിച്ചുകൊണ്ടു പാളയത്തില്‍നിന്ന് ഓടിപ്പോയി. മുന്നൂറു പേര്‍ കാഹളം ഊതിയപ്പോള്‍ പാളയത്തിലുള്ളവര്‍ അന്യോന്യം ആക്രമിക്കുന്നതിനു സര്‍വേശ്വരന്‍ ഇടയാക്കി. അവര്‍ സെരേരായ്‍ക്കുള്ള വഴിയില്‍ കൂടി ബേത്ത്-ശിത്താവരെയും തബ്ബത്തിനടുത്തുള്ള ആബേല്‍-മെഹോലായുടെ അതിര്‍ത്തിവരെയും ഓടി. നഫ്താലി, ആശേര്‍, മനശ്ശെ എന്നീ ഗോത്രങ്ങളിലുള്ളവരെ വിളിച്ചുകൂട്ടി; ഇസ്രായേല്യര്‍ മിദ്യാന്യരെ പിന്തുടര്‍ന്നു. എഫ്രയീംമലനാട്ടിലെല്ലാം ഗിദെയോന്‍ ദൂതന്മാരെ അയച്ചു; “ഇറങ്ങി വന്നു മിദ്യാന്യരോടു യുദ്ധം ചെയ്യുക; അവര്‍ കടന്നുപോകുന്നതിനു മുമ്പ് ബേത്ത്- ബാരാ വരെയുള്ള നീരുറവുകളും യോര്‍ദ്ദാന്‍നദിയും കൈവശമാക്കുക” എന്ന് ആ ദൂതന്മാര്‍ പറഞ്ഞു. എഫ്രയീമ്യര്‍ ഒരുമിച്ചുകൂടി ബേത്ത്-ബാരാവരെയുള്ള നീരുറവുകളും യോര്‍ദ്ദാന്‍നദിയും കൈവശപ്പെടുത്തി. ഓരേബ്, സേബ് എന്നീ മിദ്യാന്യപ്രഭുക്കന്മാരെ അവര്‍ പിടിച്ചു; ഓരേബിനെ ഓരേബ്പാറയില്‍വച്ചും സേബിനെ സേബ്മുന്തിരിച്ചക്കിനടുത്തുവച്ചും കൊന്നു; പിന്നീട് അവര്‍ മിദ്യാന്യരെ പിന്തുടര്‍ന്നു; ഓരേബിന്‍റെയും സേബിന്‍റെയും തല യോര്‍ദ്ദാനക്കരെ ഗിദെയോന്‍റെ അടുക്കല്‍ കൊണ്ടുവന്നു. എഫ്രയീമ്യര്‍ ഗിദെയോനോടു ചോദിച്ചു: “മിദ്യാന്യരോടു യുദ്ധം ചെയ്യാന്‍ പോയപ്പോള്‍ എന്തുകൊണ്ടാണ് ഞങ്ങളെ വിളിക്കാഞ്ഞത്? ഞങ്ങളോട് ഇങ്ങനെ പെരുമാറിയത് എന്ത്?” അവര്‍ അദ്ദേഹത്തെ കഠിനമായി കുറ്റപ്പെടുത്തി. “അപ്പോള്‍ അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ പ്രവൃത്തിയോട് തുലനം ചെയ്താല്‍ എന്‍റെ പ്രവൃത്തി എത്ര നിസ്സാരം. അബീയേസെരിന്‍റെ മുന്തിരിവിളവെടുപ്പിനെക്കാള്‍ എഫ്രയീമിന്‍റെ കാലാ പെറുക്കലല്ലേ കൂടുതല്‍ മെച്ചം.” “മിദ്യാന്യപ്രഭുക്കന്മാരായ ഓരേബിനെയും സേബിനെയും ദൈവം നിങ്ങളുടെ കൈയില്‍ ഏല്പിച്ചു. അതുമായി താരതമ്യപ്പെടുത്താന്‍വിധം ഞാന്‍ എന്തെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ?” ഇതു കേട്ടപ്പോള്‍ അവരുടെ കോപം ശമിച്ചു. പിന്നീട് ഗിദെയോനും കൂടെയുള്ള മുന്നൂറു പേരും പരിക്ഷീണരെങ്കിലും ശത്രുക്കളെ പിന്തുടര്‍ന്ന് യോര്‍ദ്ദാന്‍നദി കടന്ന് സുക്കോത്തിലെത്തി. അദ്ദേഹം അവിടത്തെ നിവാസികളോടു പറഞ്ഞു: “എന്‍റെ കൂടെയുള്ള ജനത്തിന് ആഹാരം കൊടുത്താലും; അവര്‍ നന്നേ ക്ഷീണിച്ചിരിക്കുന്നു. മിദ്യാന്യരാജാക്കന്മാരായ സേബായെയും സല്‍മുന്നയെയും ഞങ്ങള്‍ പിന്തുടരുകയാണ്.” അപ്പോള്‍ സുക്കോത്തിലെ പ്രഭുക്കന്മാര്‍ ചോദിച്ചു: “താങ്കളുടെ കൂടെയുള്ള ജനത്തിനു ഞങ്ങള്‍ എന്തിനു ഭക്ഷണം നല്‌കണം? സേബായെയും സല്‍മുന്നയെയും നിങ്ങള്‍ ഇതുവരെ തടവുകാരാക്കിയില്ലല്ലോ?” ഗിദെയോന്‍ പറഞ്ഞു: “ശരി, സേബായെയും സല്‍മുന്നയെയും സര്‍വേശ്വരന്‍ ഞങ്ങളുടെ കൈയില്‍ ഏല്പിച്ചശേഷം മുള്ളുകൊണ്ടും മണലാരണ്യത്തിലെ മുള്‍ച്ചെടികള്‍കൊണ്ടും ഞങ്ങള്‍ നിങ്ങളുടെ ശരീരം തല്ലിക്കീറും.” അവിടെനിന്ന് അവര്‍ പെനൂവേലിലേക്കു പോയി; അവരോടും ആഹാരം ചോദിച്ചു. സുക്കോത്ത്നിവാസികള്‍ പറഞ്ഞതുപോലെ പെനൂവേല്‍നിവാസികളും മറുപടി പറഞ്ഞു. അപ്പോള്‍ ഗിദെയോന്‍ അവരോടു പറഞ്ഞു: “അമോര്യരാജാക്കന്മാരെ കീഴടക്കിയശേഷം മടങ്ങിവരുമ്പോള്‍ നിങ്ങളുടെ ഈ ഗോപുരം ഞാന്‍ ഇടിച്ചുകളയും.” ഈ സമയത്ത് സേബായും സല്‍മുന്നയും അവരുടെ സൈന്യത്തോടുകൂടി കാര്‍ക്കോരില്‍ ആയിരുന്നു; കിഴക്കുള്ള മരുഭൂവാസികളുടെ സൈന്യത്തില്‍ ശേഷിച്ചിരുന്ന പതിനായിരം പേരാണ് അവരുടെകൂടെ ഉണ്ടായിരുന്നത്. അവരോടൊപ്പം ഉണ്ടായിരുന്ന ഒരു ലക്ഷത്തി ഇരുപതിനായിരം പടയാളികള്‍ കൊല്ലപ്പെട്ടിരുന്നു. നോബഹിനും യൊഗ്ബെഹായ്‍ക്കും കിഴക്ക് മരുഭൂമിക്ക് സമീപമുള്ള വഴിയിലൂടെ ചെന്ന് നിനച്ചിരിക്കാത്ത വേളയില്‍ ഗിദെയോന്‍ അവരെ ആക്രമിച്ചു. മിദ്യാന്യരാജാക്കന്മാരായ സേബായും സല്‍മുന്നയും പലായനം ചെയ്തു. അവരുടെ സൈനികര്‍ പരിഭ്രാന്തരായി. ഗിദെയോന്‍ രാജാക്കന്മാരെ പിന്തുടര്‍ന്നു പിടിച്ചു. യുദ്ധാനന്തരം ഗിദെയോന്‍ ഹേരെസ് കയറ്റം വഴി മടങ്ങിവരുമ്പോള്‍ വഴിയില്‍വച്ചു സുക്കോത്തുകാരനായ ഒരു യുവാവിനെ പിടികൂടി ചോദ്യം ചെയ്തു. അവന്‍ സുക്കോത്തിലെ ജനപ്രമാണികളും നേതാക്കന്മാരുമായ എഴുപത്തേഴ് ആളുകളുടെ പേരുകള്‍ ഗിദെയോന് എഴുതിക്കൊടുത്തു. പിന്നീട് അദ്ദേഹം സുക്കോത്ത്നിവാസികളുടെ അടുക്കല്‍ ചെന്നു പറഞ്ഞു: “ക്ഷീണിച്ചു തളര്‍ന്നിരിക്കുന്ന നിന്‍റെ ആളുകള്‍ക്ക് ആഹാരം കൊടുക്കാന്‍ തക്കവിധം സേബായെയും സല്‍മുന്നയെയും നീ കീഴടക്കി കഴിഞ്ഞുവോ; നിങ്ങള്‍ എന്നെ പരിഹസിച്ചില്ലേ? ഇതാ, സേബായും സല്‍മുന്നയും.” അദ്ദേഹം മണലാരണ്യത്തിലുള്ള മുള്ളും മുള്‍ച്ചെടികളുംകൊണ്ട് സുക്കോത്തിലെ നേതാക്കന്മാരെ ഒരു പാഠം പഠിപ്പിച്ചു. പിന്നീട് പെനൂവേല്‍ ഗോപുരം ഇടിച്ചു നിരത്തി പട്ടണവാസികളെ സംഹരിച്ചു. സേബായോടും സല്‍മുന്നയോടും ഗിദെയോന്‍ ചോദിച്ചു: “താബോരില്‍ വച്ചു നിങ്ങള്‍ കൊന്നത് എങ്ങനെയുള്ളവരെ ആയിരുന്നു?” അവര്‍ പറഞ്ഞു: “അവര്‍ അങ്ങയെപ്പോലെ രാജകുമാരന്മാര്‍ക്കു സദൃശരായിരുന്നു.” ഗിദെയോന്‍ പറഞ്ഞു: “അവര്‍ എന്‍റെ സഹോദരന്മാരായിരുന്നു; എന്‍റെ സ്വന്തം അമ്മയുടെ പുത്രന്മാര്‍. സര്‍വേശ്വരനാമത്തില്‍ ഞാന്‍ പറയുന്നു: നിങ്ങള്‍ അവരെ കൊന്നില്ലായിരുന്നു എങ്കില്‍ ഞാന്‍ നിങ്ങളെയും കൊല്ലുകയില്ലായിരുന്നു.” പിന്നീട് തന്‍റെ ആദ്യജാതനായ യേഥെരിനോടു പറഞ്ഞു: “എഴുന്നേറ്റ് അവരെ കൊല്ലുക.” എന്നാല്‍ അവന്‍ നന്നെ ചെറുപ്പമായിരുന്നതുകൊണ്ട് വാള്‍ എടുക്കാന്‍ മടിച്ചു. അപ്പോള്‍ സേബായും സല്‍മുന്നയും ഗിദെയോനോടു പറഞ്ഞു: “അങ്ങുതന്നെ ഞങ്ങളെ കൊല്ലുക.” ഗിദെയോന്‍ അവരെ കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കണ്ഠാഭരണങ്ങള്‍ എടുത്തു. അപ്പോള്‍ ഇസ്രായേല്‍ജനം ഗിദെയോനോടു പറഞ്ഞു: “അവിടുന്നു ഞങ്ങളെ ഭരിക്കണം; ഞങ്ങളെ മിദ്യാന്യരില്‍നിന്നു രക്ഷിച്ചത് അവിടുന്നാണല്ലോ. അങ്ങേക്കു ശേഷം അങ്ങയുടെ പുത്രനും പൗത്രനും ഞങ്ങളെ ഭരിക്കട്ടെ.” ഗിദെയോന്‍ മറുപടി നല്‌കി: “ഞാനോ എന്‍റെ പുത്രനോ നിങ്ങളെ ഭരിക്കുകയില്ല; സര്‍വേശ്വരന്‍ തന്നെയായിരിക്കും നിങ്ങളെ ഭരിക്കുക.” ഗിദെയോന്‍ തുടര്‍ന്നു: “എനിക്കു നിങ്ങളോട് ഒരു അപേക്ഷയുണ്ട്. നിങ്ങളുടെ കൊള്ളമുതലില്‍നിന്ന് കര്‍ണാഭരണങ്ങള്‍ മാത്രം എനിക്കു തരിക;” ഇശ്മായേല്യരായിരുന്നതുകൊണ്ട് മിദ്യാന്യര്‍ സ്വര്‍ണാഭരണങ്ങള്‍ കാതില്‍ അണിഞ്ഞിരുന്നു. “അവ ഞങ്ങള്‍ തീര്‍ച്ചയായും നല്‌കാം” എന്ന് അവര്‍ മറുപടി പറഞ്ഞു. അവര്‍ ഒരു വസ്ത്രം നിലത്ത് വിരിച്ചു; കൊള്ളമുതലായി കിട്ടിയ കര്‍ണാഭരണങ്ങളെല്ലാം അതില്‍ ഇട്ടു. ആ സ്വര്‍ണാഭരണങ്ങളെല്ലാം കൂടി ആയിരത്തി എഴുനൂറ് ശേക്കെല്‍ ഉണ്ടായിരുന്നു. ഇവ മിദ്യാന്യരാജാക്കന്മാര്‍ ധരിച്ചിരുന്ന ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, ഒട്ടകങ്ങളുടെ കഴുത്തില്‍ അണിഞ്ഞിരുന്ന മാലകള്‍ എന്നിവയ്‍ക്കു പുറമേ ആയിരുന്നു. ഇവയെല്ലാംകൊണ്ട് ഗിദെയോന്‍ ഒരു ഏഫോദ് ഉണ്ടാക്കി സ്വന്തം പട്ടണമായ ഒഫ്രയില്‍ പ്രതിഷ്ഠിച്ചു. ഇസ്രായേല്‍ജനം ദൈവത്തെ ഉപേക്ഷിച്ച് അതിനെ ആരാധിച്ചു. ഇത് ഗിദെയോനും കുടുംബത്തിനും ഒരു കെണിയായിത്തീര്‍ന്നു. ഇസ്രായേല്യര്‍ അങ്ങനെ മിദ്യാന്യരെ പൂര്‍ണമായി തോല്പിച്ചു; അവര്‍ പിന്നീടൊരിക്കലും ഇസ്രായേല്യര്‍ക്കെതിരെ തല ഉയര്‍ത്തിയില്ല. ഗിദെയോന്‍ മരിക്കുന്നതുവരെ നാല്പതു വര്‍ഷം നാട്ടില്‍ സമാധാനം നിലനിന്നു. യോവാശിന്‍റെ പുത്രനായ ഗിദെയോന്‍ (യെരുബ്ബാല്‍) സ്വഭവനത്തില്‍ ചെന്നു പാര്‍ത്തു. ഗിദെയോന് അനേകം ഭാര്യമാരുണ്ടായിരുന്നു. അവരില്‍ അദ്ദേഹത്തിന് എഴുപതു പുത്രന്മാര്‍ ജനിച്ചു. ശെഖേമിലെ അദ്ദേഹത്തിന്‍റെ ഉപഭാര്യയും ഒരു പുത്രനെ പ്രസവിച്ചു; അവന് അബീമേലെക്ക് എന്ന് അദ്ദേഹം പേരിട്ടു. യോവാശിന്‍റെ പുത്രനായ ഗിദെയോന്‍ വയോവൃദ്ധനായി മരിച്ചു; അബീയേസ്ര്യര്‍ക്ക് അവകാശപ്പെട്ട ഒഫ്രയില്‍ തന്‍റെ പിതാവായ യോവാശിന്‍റെ കല്ലറയില്‍ അദ്ദേഹത്തെ സംസ്കരിച്ചു. ഗിദെയോന്‍റെ മരണശേഷം ഇസ്രായേല്‍ജനം ദൈവത്തോട് അവിശ്വസ്തരായി ബാല്‍വിഗ്രഹങ്ങളെ ആരാധിക്കുകയും ബാല്‍-ബെരീത്തിനെ അവരുടെ ദേവനായി അംഗീകരിക്കുകയും ചെയ്തു. ചുറ്റുപാടുമുണ്ടായിരുന്ന ശത്രുക്കളില്‍ നിന്നെല്ലാം തങ്ങളെ രക്ഷിച്ച ദൈവമായ സര്‍വേശ്വരനെ അവര്‍ വിസ്മരിച്ചു. ഗിദെയോന്‍ എന്ന യെരുബ്ബാല്‍ ഇസ്രായേലിനുവേണ്ടി ചെയ്ത നന്മകളെ അവര്‍ ഓര്‍ക്കുകയോ അതിനു തക്കവിധം അദ്ദേഹത്തിന്‍റെ കുടുംബത്തോടു കാരുണ്യം കാണിക്കുകയോ ചെയ്തില്ല. ഗിദെയോന്‍റെ പുത്രനായ അബീമേലെക്ക് ശെഖേമില്‍ ചെന്ന് സ്വമാതാവിന്‍റെ സഹോദരന്മാരോടും ചാര്‍ച്ചക്കാരോടും പറഞ്ഞു: “ഗിദെയോന്‍റെ എഴുപതു പുത്രന്മാരും കൂടി നിങ്ങളെ ഭരിക്കുന്നതോ അതോ ഒരാള്‍ മാത്രം ഭരിക്കുന്നതോ ഏതാണു നല്ലത് എന്നു ശെഖേംനിവാസികളോടു ചോദിക്കുക; അബീമേലെക്ക് നിങ്ങളുടെ അസ്ഥിയും മാംസവുമാണെന്ന് അവരോടു പറയണം.” അവന്‍റെ അമ്മയുടെ സഹോദരന്മാര്‍ ശെഖേംനിവാസികളോട് ഈ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ അബീമേലെക്കിനെ തങ്ങളുടെ നേതാവാക്കുന്നതിനു താല്പര്യം പ്രകടിപ്പിച്ചു. അവര്‍ പറഞ്ഞു: “അവന്‍ ഞങ്ങളുടെ ചാര്‍ച്ചക്കാരനാണല്ലോ.” പിന്നീട് അവര്‍ ബാല്‍-ബരീത്ത്ദേവന്‍റെ ആലയത്തില്‍നിന്ന് എഴുപതു വെള്ളിക്കാശെടുത്ത് അവനു കൊടുത്തു. ആ പണംകൊണ്ട് അവന്‍ വിവരംകെട്ടവരും സാഹസികരുമായ കുറെ ആളുകളെ കൂലിക്കെടുത്ത് അവരുടെ നേതാവായിത്തീര്‍ന്നു. അവന്‍ ഒഫ്രയില്‍ പിതാവിന്‍റെ വീട്ടില്‍ ചെന്നു ഗിദെയോന്‍റെ പുത്രന്മാരും തന്‍റെ സഹോദരന്മാരുമായ എഴുപതുപേരെയും ഒരു പാറയുടെ മുകളില്‍വച്ചു കൊന്നു. ഗിദെയോന്‍റെ ഇളയപുത്രനായ യോഥാം ഒളിച്ചിരുന്നതുകൊണ്ട് രക്ഷപെട്ടു. ശെഖേമിലെയും ബേത്ത്-മില്ലോയിലെയും ജനമെല്ലാം ഒന്നിച്ചുകൂടി ശെഖേമിലെ ഓര്‍മസ്തംഭത്തിനടുത്തുള്ള കരുവേലകവൃക്ഷത്തിന്‍ കീഴില്‍ അബീമേലെക്കിനെ അവരുടെ രാജാവായി വാഴിച്ചു. ഇതറിഞ്ഞപ്പോള്‍ യോഥാം ഗെരിസീം മലമുകളില്‍ ചെന്ന് ഉറക്കെ അവരോടു വിളിച്ചുപറഞ്ഞു: “ശെഖേംനിവാസികളേ, നിങ്ങളുടെ പ്രാര്‍ഥന ദൈവം കേള്‍ക്കണമെങ്കില്‍ ഞാന്‍ പറയുന്നതു കേള്‍ക്കൂ! പണ്ടൊരിക്കല്‍ തങ്ങള്‍ക്കുവേണ്ടി ഒരു രാജാവിനെ വാഴിക്കാന്‍ വൃക്ഷങ്ങള്‍ ഒരുമിച്ചുകൂടി. ‘നീ ഞങ്ങളുടെ രാജാവായിരുന്നാലും’ അവര്‍ ഒലിവുമരത്തോടു പറഞ്ഞു. ഒലിവുമരം പറഞ്ഞു: ‘ദേവന്മാരെയും മനുഷ്യരെയും പൂജിക്കാന്‍ ഉപയോഗിക്കുന്ന എന്‍റെ എണ്ണയെ വേണ്ടെന്നുവച്ച് ഞാന്‍ നിങ്ങളുടെ രാജാവായി വാഴണമോ”? പിന്നീട് മരങ്ങള്‍ അത്തിമരത്തോട് ആവശ്യപ്പെട്ടു: ‘നീ ഞങ്ങളുടെ രാജാവായി വാണാലും.’ അത്തിവൃക്ഷം പറഞ്ഞു: ‘നിങ്ങളുടെ രാജാവായിരിക്കുന്നതിനുവേണ്ടി എന്‍റെ ഏറ്റവും മധുരമുള്ള പഴങ്ങളുടെ കാര്യം വിസ്മരിക്കണമോ?’ പിന്നീട് വൃക്ഷങ്ങള്‍ മുന്തിരിവള്ളിയെ സമീപിച്ചു പറഞ്ഞു: ‘നീ ഞങ്ങളുടെ രാജാവായി വാണാലും.’ മുന്തിരിവള്ളി പറഞ്ഞു: ‘ദേവന്മാരെയും മനുഷ്യരെയും ഒരുപോലെ ആഹ്ലാദിപ്പിക്കുന്ന എന്‍റെ വീഞ്ഞു വേണ്ടെന്നുവച്ച് ഞാന്‍ നിങ്ങളുടെ രാജാവായി വാഴണമോ? പിന്നീട് മരങ്ങള്‍ ഒന്നുചേര്‍ന്ന് മുള്‍പ്പടര്‍പ്പിനോട് പറഞ്ഞു: ‘നീ ഞങ്ങളുടെ രാജാവായി വാണാലും.’ മുള്‍പ്പടര്‍പ്പ് പറഞ്ഞു: ‘ഉത്തമ വിശ്വാസത്തോടെയാണ് എന്നെ രാജാവായി വാഴിക്കുന്നതെങ്കില്‍ നിങ്ങള്‍ എന്‍റെ തണലില്‍ അഭയം തേടുവിന്‍. അങ്ങനെ ചെയ്തില്ലെങ്കില്‍ എന്നില്‍നിന്നു തീ പുറപ്പെട്ടു ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിച്ചു കളയും.’ “നിങ്ങള്‍ ഉത്തമവിശ്വാസത്തോടും സത്യസന്ധതയോടും കൂടിയാണോ അബീമേലെക്കിനെ രാജാവാക്കിയത്? നിങ്ങള്‍ ഗിദെയോനോടും അദ്ദേഹത്തിന്‍റെ കുടുംബത്തോടും പ്രവര്‍ത്തിച്ചത് ശരിയാണോ? അദ്ദേഹത്തിന്‍റെ പ്രവൃത്തികള്‍ക്കു യോജിച്ച വിധമാണോ നിങ്ങള്‍ പെരുമാറിയത്? എന്‍റെ പിതാവ് സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ചുകൊണ്ടായിരുന്നു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്ത് മിദ്യാന്യരുടെ കൈയില്‍നിന്നു നിങ്ങളെ രക്ഷിച്ചത്. നിങ്ങളാകട്ടെ ഇന്ന് എന്‍റെ പിതാവിന്‍റെ കുടുംബത്തിന് എതിരായി പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്‍റെ പുത്രന്മാരായ എഴുപതു പേരെയും ഒരു പാറമേല്‍ വച്ചു കൊന്നു; അദ്ദേഹത്തിന്‍റെ ദാസീപുത്രനായ അബീമേലെക്ക് നിങ്ങളുടെ ചാര്‍ച്ചക്കാരനായതുകൊണ്ട് ശെഖേംനിവാസികളുടെ രാജാവാക്കുകയും ചെയ്തു. നിങ്ങള്‍ ഗിദെയോനോടും കുടുംബത്തോടും വിശ്വസ്തമായും സത്യസന്ധമായുമാണു പ്രവര്‍ത്തിച്ചതെങ്കില്‍ അബീമേലെക്കിനെ രാജാവാക്കിയതില്‍ സന്തോഷിക്കുക! നിങ്ങള്‍ നിമിത്തം അവനും സന്തോഷിക്കട്ടെ. അല്ലെങ്കില്‍ അബീമേലെക്കില്‍നിന്ന് അഗ്നി പുറപ്പെട്ട് ശെഖേം, ബേത്ത്-മില്ലോനിവാസികളെ ദഹിപ്പിക്കട്ടെ! ശെഖേം, ബേത്ത്-മില്ലോനിവാസികളില്‍നിന്ന് അഗ്നി പുറപ്പെട്ട് അബീമേലെക്കിനെയും ദഹിപ്പിക്കട്ടെ!” പിന്നീട് സഹോദരനായ അബീമേലെക്കിനെ ഭയപ്പെട്ട് യോഥാം ബേരിലേക്ക് പലായനം ചെയ്ത് അവിടെ പാര്‍ത്തു. അബീമേലെക്ക് ഇസ്രായേലിനെ മൂന്നു വര്‍ഷം ഭരിച്ചു. അതിനുശേഷം അബീമേലെക്കും ശെഖേംനിവാസികളും തമ്മില്‍ ശത്രുത ഉളവാക്കാന്‍വേണ്ടി ദൈവം ഒരു ദുഷ്ടാത്മാവിനെ അയച്ചു. ശെഖേംനിവാസികള്‍ അബീമേലെക്കിനെ വഞ്ചിക്കാന്‍ തുടങ്ങി. അങ്ങനെ ഗിദെയോന്‍റെ പുത്രന്മാരായ എഴുപതു പേരെ വധിച്ച അബീമേലെക്കും അവനു സഹായികളായി വര്‍ത്തിച്ച ശെഖേംനിവാസികളും ചെയ്ത നീചമായ പ്രവൃത്തിക്ക് അവര്‍ ശിക്ഷിക്കപ്പെട്ടു. ശെഖേംനിവാസികള്‍ അബീമേലെക്കിനെതിരായി മലമുകളില്‍ പതിയിരിപ്പുകാരെ നിയോഗിച്ചു; അവര്‍ ആ വഴിക്കു കടന്നുപോകുന്നവരെ കവര്‍ച്ച ചെയ്യാന്‍ തുടങ്ങി. ഈ വിവരം അബീമേലെക്ക് അറിഞ്ഞു. ഏബെദിന്‍റെ പുത്രനായ ഗാല്‍ തന്‍റെ ചാര്‍ച്ചക്കാരോടൊരുമിച്ചു ശെഖേമിലേക്കു പോയി. ശെഖേംനിവാസികള്‍ അയാളെ വിശ്വസിച്ചു. അവര്‍ തങ്ങളുടെ മുന്തിരിത്തോട്ടങ്ങളില്‍ ചെന്ന് മുന്തിരിക്കുലകള്‍ അറുത്ത് വീഞ്ഞുണ്ടാക്കി ഉത്സവം ആഘോഷിച്ചു. തങ്ങളുടെ ദേവന്‍റെ ക്ഷേത്രത്തില്‍ ചെന്ന് അവിടെവച്ചു തിന്നുകയും കുടിക്കുകയും അബീമേലെക്കിനെ ശപിക്കുകയും ചെയ്തു. ഏബെദിന്‍റെ പുത്രനായ ഗാല്‍ പറഞ്ഞു: “അബീമേലെക്ക് ആര്? അവനു കീഴ്പെട്ടിരിക്കാന്‍ ശെഖേംനിവാസികളായ നാം ആര്? അവന്‍ ഗിദെയോന്‍റെ പുത്രനല്ലേ? സെബൂല്‍ അല്ലേ അവന്‍റെ കാര്യസ്ഥന്‍? ശെഖേമിന്‍റെ പിതാവായ ഹാമോരിനോട് അവര്‍ വിശ്വസ്തരായിരിക്കട്ടെ. എന്തിന് നാം അബീമേലെക്കിനെ സേവിക്കണം? ഈ ജനം എന്‍റെ കൂടെ ആയിരുന്നെങ്കില്‍ അബീമേലെക്കിനെ ഞാന്‍ തുരത്തിക്കളയുമായിരുന്നു. സൈന്യബലം വര്‍ധിപ്പിച്ചുകൊണ്ടു യുദ്ധത്തിനു വരാന്‍ ഞാന്‍ അവനെ വെല്ലുവിളിക്കുമായിരുന്നു.” ഏബെദിന്‍റെ പുത്രനായ ഗാലിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ നഗരാധിപനായ സെബൂലിനു കോപം ജ്വലിച്ചു; അയാള്‍ അരുമായില്‍ അബീമേലെക്കിന്‍റെ അടുക്കലേക്ക് ദൂതന്മാരെ അയച്ച് അറിയിച്ചു: “ഏബെദിന്‍റെ പുത്രനായ ഗാലും അവന്‍റെ ചാര്‍ച്ചക്കാരും കൂടി ശെഖേമില്‍ വന്നു പട്ടണവാസികളെ നിനക്കെതിരായി ഇളക്കിവിടുന്നു. അതുകൊണ്ട് നീയും നിന്‍റെ കൂടെയുള്ളവരും രാത്രിയില്‍ വയലില്‍ പോയി പതിയിരിക്കുക; അതിരാവിലെ എഴുന്നേറ്റു പട്ടണം ആക്രമിക്കണം. ഗാലും കൂടെയുള്ള പടയാളികളും നിന്‍റെ നേരെ വരുമ്പോള്‍ അവസരത്തിനൊത്തു പ്രവര്‍ത്തിക്കുക.” അബീമേലെക്കും കൂടെയുള്ള പടയാളികളും രാത്രിയില്‍ നാലു ഗണങ്ങളായി പിരിഞ്ഞ് ശെഖേമിനടുത്ത് ഒളിച്ചിരുന്നു. ഏബെദിന്‍റെ പുത്രനായ ഗാല്‍ പുറത്തുവന്നു പട്ടണവാതില്‌ക്കല്‍ നിന്നു. അതുകണ്ട അബീമേലെക്കും കൂടെയുള്ള പടയാളികളും ഒളിവിടങ്ങളില്‍നിന്നു പുറത്തുവന്നു. ഗാല്‍ അവരെ കണ്ട്: “അതാ, മലമുകളില്‍നിന്നു പടയാളികള്‍ ഇറങ്ങി വരുന്നു” എന്നു സെബൂലിനോടു പറഞ്ഞു. “പര്‍വതങ്ങളുടെ നിഴല്‍ കണ്ടിട്ടു മനുഷ്യരെന്നു നിനക്കു തോന്നിയതാകാം” എന്ന് സെബൂല്‍ മറുപടി പറഞ്ഞു. ഗാല്‍ വീണ്ടും പറഞ്ഞു: “അതാ, പടയാളികള്‍ മലയിടുക്കിലൂടെ വരുന്നു; മറ്റൊരു ഗണം പ്രശ്നം വയ്‍ക്കുന്നവരുടെ കരുവേലകത്തിനടുത്തുകൂടിയും.” അപ്പോള്‍ സെബൂല്‍ അവനോടു പറഞ്ഞു: “നാം സേവിക്കാന്‍തക്കവിധം അബീമേലെക്ക് ആര് എന്നു പറഞ്ഞ നിന്‍റെ നാവ് എവിടെ? നീ പുച്ഛിച്ച ഭടജനങ്ങള്‍ അല്ലേ ഇവര്‍? നീ ഇപ്പോള്‍ ഇവരോടു പൊരുതുക.” ശെഖേംനിവാസികളോടുകൂടെ ഗാല്‍ പുറപ്പെട്ടു അബീമേലെക്കിനോട് യുദ്ധം ചെയ്തു. എന്നാല്‍ ഗാല്‍ തോറ്റോടി; അബീമേലെക്ക് അവനെ പിന്തുടര്‍ന്നു. പരുക്കു പറ്റിയ അനേകം പേര്‍ പട്ടണവാതില്‍വരെ വീണു. അബീമേലെക്ക് അരുമായില്‍തന്നെ പാര്‍ത്തു. ഗാലിനെയും ചാര്‍ച്ചക്കാരെയും ശെഖേമില്‍നിന്നു സെബൂല്‍ പുറത്താക്കി. അടുത്ത ദിവസം ജനം വയലുകളിലേക്കു പോയ വിവരം അബീമേലെക്ക് അറിഞ്ഞു. അയാള്‍ തന്‍റെ പടയാളികളെ മൂന്നു ഗണമായി തിരിച്ചു; അവര്‍ വയലില്‍ ഒളിച്ചിരുന്നു. ജനം പട്ടണത്തില്‍നിന്നു പുറത്തുവരുന്നതു കണ്ടപ്പോള്‍ അവര്‍ ഒളിവിടങ്ങളില്‍നിന്നു പുറത്തുവന്ന് അവരെ സംഹരിച്ചു; അബീമേലെക്കും കൂടെയുള്ളവരും ഓടി പട്ടണവാതില്‌ക്കല്‍ ചെന്നുനിന്നു. അപ്പോള്‍ മറ്റു രണ്ടു ഗണങ്ങള്‍ വയലിലുണ്ടായിരുന്ന ജനങ്ങളുടെ നേരെ ചെന്ന് അവരെ സംഹരിച്ചു. അബീമേലെക്ക് അന്നു മുഴുവന്‍ യുദ്ധം ചെയ്തു പട്ടണം പിടിച്ചടക്കി; അതിലെ നിവാസികളെ കൊന്നൊടുക്കി; അത് ഇടിച്ചു നിരത്തി ഉപ്പു വിതറി. ഇതു കേട്ടപ്പോള്‍ ശെഖേംഗോപുരത്തില്‍ വസിച്ചിരുന്നവര്‍ എല്‍-ബെരീത്തിന്‍റെ ക്ഷേത്രത്തിലെ സുരക്ഷാസങ്കേതത്തില്‍ പ്രവേശിച്ചു. അവര്‍ അവിടെ കൂടിയിരിക്കുന്ന വിവരം അബീമേലെക്ക് അറിഞ്ഞു. അപ്പോള്‍ പടയാളികളോടുകൂടി അബീമേലെക്ക് സല്മോന്‍ മലയിലേക്കു പോയി. അയാള്‍ കോടാലി എടുത്ത് ഒരു മരക്കൊമ്പു വെട്ടി ചുമലില്‍ വച്ചു. അതിനുശേഷം കൂടെയുള്ള പടയാളികളോടു “ഞാന്‍ ചെയ്തതുപോലെതന്നെ നിങ്ങളും വേഗം ചെയ്യുക” എന്നു പറഞ്ഞു. പടയാളികള്‍ അതുപോലെ ഓരോ മരക്കൊമ്പു വെട്ടി അബീമേലെക്കിനെ അനുഗമിച്ചു; സുരക്ഷാസങ്കേതത്തിനു സമീപം മരക്കൊമ്പുകള്‍ അവര്‍ ചേര്‍ത്തു വച്ച് അതിനു തീകൊളുത്തി. അവിടെയുണ്ടായിരുന്നവരെ സുരക്ഷാസങ്കേതത്തോടൊപ്പം അഗ്നിക്കിരയാക്കി; അങ്ങനെ ശെഖേംഗോപുരനിവാസികളെല്ലാം പുരുഷന്മാരും സ്‍ത്രീകളുമടക്കം ആയിരത്തോളം പേര്‍ അഗ്നിക്കിരയായി. അതിനുശേഷം അബീമേലെക്ക് തേബെസിലേക്കു പോയി. അതിനെതിരെ പാളയമടിച്ചു; തേബെസ് പിടിച്ചടക്കി; പട്ടണത്തിനുള്ളില്‍ ബലവത്തായ ഒരു ഗോപുരമുണ്ടായിരുന്നു. പുരുഷന്മാരും സ്‍ത്രീകളുമടക്കം പട്ടണത്തിലുള്ള സകലരും അവിടേക്ക് ഓടി; അതില്‍ കടന്നു വാതില്‍ അടച്ചശേഷം ഗോപുരത്തിന്‍റെ മുകളില്‍ കയറി. അബീമേലെക്ക് ഗോപുരത്തിന്‍റെ അടുക്കല്‍ വന്ന് അതിനെ ആക്രമിച്ചു; ഗോപുരത്തിനു തീകൊളുത്താന്‍ വാതില്‌ക്കല്‍ വന്നപ്പോള്‍ ഒരു സ്‍ത്രീ തിരികല്ലിന്‍പിള്ള അബീമേലെക്കിന്‍റെ തലയില്‍ ഇട്ടു; അവന്‍റെ തലയോടു തകര്‍ന്നുപോയി. ഉടന്‍തന്നെ തന്‍റെ ആയുധവാഹകനായ യുവാവിനെ തത്രപ്പെട്ടു വിളിച്ച് “ഒരു സ്‍ത്രീ എന്നെ വധിച്ചു എന്നു പറയാനിടയാകാതിരിക്കാന്‍ നിന്‍റെ വാള്‍ ഊരി എന്നെ കൊല്ലുക” എന്നു പറഞ്ഞു. യുവാവ് അങ്ങനെ ചെയ്തു. അബീമേലെക്ക് മരിച്ചു എന്നു കണ്ട് ഇസ്രായേല്‍ജനം ഭവനങ്ങളിലേക്ക് മടങ്ങിപ്പോയി. എഴുപതു സഹോദരന്മാരെ കൊന്ന് തന്‍റെ പിതാവിനോടു ചെയ്ത പാതകത്തിന് അബീമേലെക്കിനെ ദൈവം ഇങ്ങനെ ശിക്ഷിച്ചു. ഗിദെയോന്‍റെ പുത്രനായ യോഥാമിന്‍റെ ശാപം ശെഖേംനിവാസികളുടെമേല്‍ പതിച്ചു. അങ്ങനെ ശെഖേംനിവാസികളെ ദൈവം ശിക്ഷിച്ചു. അബീമേലെക്കിന്‍റെ മരണശേഷം ദോദോയുടെ പൗത്രനും പൂവാവിന്‍റെ പുത്രനുമായ തോല ഇസ്രായേലിനെ രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടു. അയാള്‍ ഇസ്സാഖാര്‍ ഗോത്രക്കാരന്‍ ആയിരുന്നു; എഫ്രയീം മലനാട്ടിലെ ശാമീരില്‍ ആയിരുന്നു അയാള്‍ പാര്‍ത്തിരുന്നത്. ഇരുപത്തിമൂന്നു വര്‍ഷം ഇസ്രായേലില്‍ ന്യായപാലനം നടത്തിയശേഷം അയാള്‍ അന്തരിച്ചു; ശാമീരില്‍ അയാളെ അടക്കം ചെയ്തു. പിന്നീട് ഗിലെയാദ്യനായ യായീര്‍ ഇരുപത്തിരണ്ടു വര്‍ഷം ഇസ്രായേലില്‍ ന്യായപാലനം നടത്തി. കഴുതപ്പുറത്തു സവാരി ചെയ്തിരുന്ന മുപ്പതു പുത്രന്മാര്‍ അയാള്‍ക്കുണ്ടായിരുന്നു. അവരുടെ അധീനതയില്‍ ഗിലെയാദിലെ മുപ്പതു പട്ടണങ്ങള്‍ ഉണ്ടായിരുന്നു. ഹവ്വോത്ത്-യായീര്‍ എന്ന പേരില്‍ ഇന്നും ആ പട്ടണങ്ങള്‍ അറിയപ്പെടുന്നു. യായീര്‍ മരിച്ചു; അയാളെ കാമോനില്‍ സംസ്കരിച്ചു. ഇസ്രായേല്‍ജനം സര്‍വേശ്വരനു ഹിതകരമല്ലാത്തതു വീണ്ടും പ്രവര്‍ത്തിച്ചു; അവര്‍ അവിടുത്തെ ആരാധിക്കാതെ ബാല്‍ദേവന്മാരെയും അസ്താരോത്ത്പ്രതിഷ്ഠകളെയും സിറിയ, സീദോന്‍, മോവാബ്, അമ്മോന്‍, ഫെലിസ്ത്യ എന്നീ ദേശങ്ങളിലെ ദേവന്മാരെയും ആരാധിച്ചു. അവര്‍ സര്‍വേശ്വരനെ ഉപേക്ഷിച്ചു. അപ്പോള്‍ അവിടുത്തെ കോപം ഇസ്രായേലിന്‍റെമേല്‍ ജ്വലിച്ചു; ഫെലിസ്ത്യരുടെയും അമ്മോന്യരുടെയും കൈയില്‍ അവിടുന്ന് അവരെ ഏല്പിച്ചു. അവര്‍ ഇസ്രായേല്‍ജനത്തെ പീഡിപ്പിച്ചു. യോര്‍ദ്ദാനക്കരെ അമോര്യരുടെ ദേശമായ ഗിലെയാദില്‍ പാര്‍ത്തിരുന്ന ഇസ്രായേല്‍ജനത്തെ അവര്‍ പതിനെട്ടു വര്‍ഷം ക്രൂരമായി ഞെരുക്കി. യെഹൂദാ, ബെന്യാമീന്‍, എഫ്രയീം ഗോത്രക്കാരോടു യുദ്ധം ചെയ്യാന്‍ അമ്മോന്യര്‍ യോര്‍ദ്ദാന്‍നദി കടന്നു. ഇസ്രായേല്‍ കൊടിയ ദുരിതത്തിലായി. അവര്‍ സര്‍വേശ്വരനോടു നിലവിളിച്ചു: “ഞങ്ങളുടെ ദൈവമേ, ഞങ്ങള്‍ അങ്ങയെ ഉപേക്ഷിച്ച് ബാല്‍വിഗ്രഹങ്ങളെ ആരാധിച്ചതിനാല്‍ ഞങ്ങള്‍ അങ്ങേക്ക് എതിരായി പാപം ചെയ്തു.” സര്‍വേശ്വരന്‍ ഇസ്രായേല്‍ജനത്തോട് അരുളിച്ചെയ്തു: “ഈജിപ്തുകാര്‍, അമോര്യര്‍, അമ്മോന്യര്‍, ഫെലിസ്ത്യര്‍ എന്നിവരില്‍നിന്ന് ഞാന്‍ നിങ്ങളെ വിടുവിച്ചില്ലേ? സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ പീഡിപ്പിച്ചപ്പോഴും നിങ്ങള്‍ എന്നോടു നിലവിളിച്ചു. ഞാന്‍ അവരില്‍നിന്നെല്ലാം നിങ്ങളെ മോചിപ്പിച്ചു. എന്നിട്ടും, നിങ്ങള്‍ എന്നെ ഉപേക്ഷിച്ച് അന്യദേവന്മാരെ ആരാധിച്ചു; അതുകൊണ്ട് ഇനി മേലില്‍ ഞാന്‍ നിങ്ങളെ രക്ഷിക്കുകയില്ല. നിങ്ങള്‍ പോയി നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന ദേവന്മാരോടു നിലവിളിക്കൂ! കഷ്ടകാലത്ത് അവര്‍ നിങ്ങളെ രക്ഷിക്കട്ടെ.” ഇസ്രായേല്‍ജനം സര്‍വേശ്വരനോട് അപേക്ഷിച്ചു: “ഞങ്ങള്‍ പാപം ചെയ്തുപോയി; അവിടുത്തേക്ക് ഉചിതമായി തോന്നുന്നതു ഞങ്ങളോട് പ്രവര്‍ത്തിച്ചാലും. എങ്കിലും ഇന്നു ഞങ്ങളെ രക്ഷിക്കുക.” ഇസ്രായേല്‍ജനം തങ്ങളുടെ ഇടയില്‍നിന്ന് അന്യദേവന്മാരെ നീക്കം ചെയ്തു; അവര്‍ സര്‍വേശ്വരനെത്തന്നെ ആരാധിക്കുകയും ചെയ്തു. അപ്പോള്‍ ഇസ്രായേല്‍ജനത്തിന്‍റെ സങ്കടത്തില്‍ അവിടുത്തേക്ക് അനുകമ്പ തോന്നി. ആ സമയത്ത് അമ്മോന്യര്‍ യുദ്ധസന്നദ്ധരായി ഗിലെയാദില്‍ പാളയമടിച്ചു. ഇസ്രായേല്‍ജനം ഒന്നിച്ചുകൂടി മിസ്പായിലും പാളയമടിച്ചു. ഗിലെയാദിലെ നേതാക്കന്മാര്‍ അന്യോന്യം പറഞ്ഞു: “അമ്മോന്യരോട് യുദ്ധം ആരംഭിക്കുന്നതാരോ അയാള്‍ ഗിലെയാദ്നിവാസികളുടെ നേതാവാകും.” ഗിലെയാദുകാരനായ യിഫ്താഹ് ഗിലെയാദിന്‍റെ പുത്രനും വീരപരാക്രമിയായ യോദ്ധാവും ആയിരുന്നു. എങ്കിലും അയാള്‍ ഒരു വേശ്യയുടെ പുത്രനായിരുന്നു. ഗിലെയാദിന് സ്വന്തം ഭാര്യയില്‍ ജനിച്ച മറ്റു പുത്രന്മാരും ഉണ്ടായിരുന്നു. അവര്‍ വളര്‍ന്നപ്പോള്‍ യിഫ്താഹിനെ വീട്ടില്‍നിന്നു പുറത്താക്കി. “പരസ്‍ത്രീയുടെ പുത്രനായി ജനിച്ചതുകൊണ്ട് ഞങ്ങളുടെ പിതൃഭവനത്തില്‍ നിനക്ക് അവകാശമില്ല” എന്നവര്‍ പറഞ്ഞു. യിഫ്താഹ് തന്‍റെ സഹോദരന്മാരുടെ ഇടയില്‍നിന്ന് ഓടിപ്പോയി തോബ്‍ദേശത്തു ചെന്നു പാര്‍ത്തു. നീചന്മാരായ ഒരു കൂട്ടം ആളുകള്‍ യിഫ്താഹിനോട് ചേര്‍ന്നു ചുറ്റിനടന്നു. കുറെക്കാലം കഴിഞ്ഞപ്പോള്‍ അമ്മോന്യര്‍ ഇസ്രായേലിനോടു യുദ്ധം ആരംഭിച്ചു. അപ്പോള്‍ ഗിലെയാദിലെ ജനപ്രമാണികള്‍ യിഫ്താഹിനെ കൂട്ടിക്കൊണ്ടു വരുന്നതിനു തോബിലേക്കു പോയി. “ഞങ്ങളുടെ നായകനായി അമ്മോന്യരോടു യുദ്ധം ചെയ്യണമേ” എന്ന് അവര്‍ യിഫ്താഹിനോട് അപേക്ഷിച്ചു. യിഫ്താഹ് അവരോടു പറഞ്ഞു: “നിങ്ങള്‍ എന്നെ വെറുത്ത് എന്‍റെ പിതാവിന്‍റെ ഭവനത്തില്‍നിന്ന് എന്നെ പുറത്താക്കിയില്ലേ? നിങ്ങള്‍ വിഷമത്തിലായപ്പോള്‍ എന്തിന് എന്നെ അന്വേഷിച്ചുവരുന്നു?” ഗിലെയാദിലെ ജനപ്രമാണികള്‍ യിഫ്താഹിനോടു പറഞ്ഞു: “അങ്ങ് ഞങ്ങളുടെകൂടെ വന്ന് അമ്മോന്യരോടു യുദ്ധം ചെയ്താലും. അങ്ങ് ഞങ്ങള്‍ക്കും ഗിലെയാദ്നിവാസികള്‍ക്കും നേതാവാകുക. ഇതു പറയാനാണ് ഞങ്ങള്‍ അങ്ങയുടെ അടുക്കല്‍ വന്നിരിക്കുന്നത്.” യിഫ്താഹ് അവരോടു പറഞ്ഞു: “അമ്മോന്യരോടു യുദ്ധം ചെയ്യാന്‍ നിങ്ങള്‍ എന്നെ കൊണ്ടുപോകുകയും അവരുടെമേല്‍ സര്‍വേശ്വരന്‍ എനിക്കു വിജയം നല്‌കുകയും ചെയ്താല്‍ ഞാന്‍ നിങ്ങളുടെ നേതാവായിത്തീരും.” “അങ്ങ് പറഞ്ഞതുപോലെ ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു. സര്‍വേശ്വരന്‍ നമുക്കു സാക്ഷിയായിരിക്കട്ടെ” എന്നവര്‍ പ്രതിവചിച്ചു. അങ്ങനെ യിഫ്താഹ് ഗിലെയാദിലെ ജനപ്രമാണികളുടെ കൂടെ പോകുകയും ജനം അദ്ദേഹത്തെ തങ്ങളുടെ നേതാവായി സ്വീകരിക്കുകയും ചെയ്തു. മിസ്പായില്‍ സര്‍വേശ്വരന്‍റെ സന്നിധിയില്‍ വച്ചു യിഫ്താഹ് തന്‍റെ വ്യവസ്ഥയെല്ലാം ജനത്തോടു പറഞ്ഞു. പിന്നീട് യിഫ്താഹ് അമ്മോന്യരുടെ രാജാവിന്‍റെ അടുക്കല്‍ സന്ദേശവാഹകരെ അയച്ചു ചോദിച്ചു: “അങ്ങേക്ക് എന്നോട് എന്താണു വിരോധം? എന്‍റെ ദേശം ആക്രമിക്കാന്‍ അങ്ങ് എന്തിനു വരുന്നു?” അമ്മോന്യരുടെ രാജാവ് യിഫ്താഹിന്‍റെ ദൂതന്മാരോടു പറഞ്ഞു: “ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു വരുമ്പോള്‍ അര്‍ന്നോന്‍നദിമുതല്‍ യബ്ബോക്കു നദിവരെയും യോര്‍ദ്ദാന്‍നദിവരെയുമുള്ള എന്‍റെ ഭൂമി കൈവശപ്പെടുത്തിയതുകൊണ്ടാണ് ഞാന്‍ ഇപ്രകാരം ചെയ്യുന്നത്. ആ ഭൂമിയെല്ലാം സമാധാനപൂര്‍വം മടക്കിത്തരിക.” യിഫ്താഹ് സന്ദേശവാഹകരെ അമ്മോന്യരുടെ രാജാവിന്‍റെ അടുക്കലേക്കു വീണ്ടും അയച്ചു പറയിച്ചു: “ഇസ്രായേല്‍ജനം അമ്മോന്യരുടെയോ മോവാബ്യരുടെയോ ദേശം കൈവശപ്പെടുത്തിയിട്ടില്ല. ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ട് മരുഭൂമിയില്‍കൂടി ചെങ്കടല്‍വരെ സഞ്ചരിച്ചു കാദേശില്‍ എത്തി. എദോംരാജാവിന്‍റെ ദേശത്തുകൂടി കടന്നുപോകുന്നതിന് അനുവാദം അപേക്ഷിച്ചുകൊണ്ട് അവര്‍ ദൂതന്മാരെ അയച്ചു; എന്നാല്‍ എദോംരാജാവ് അവരുടെ അപേക്ഷ സ്വീകരിച്ചില്ല. പിന്നീട് മോവാബ്‍രാജാവിന്‍റെ അടുക്കലും ദൂതന്മാരെ അയച്ചു; അദ്ദേഹവും അതിനു സമ്മതിച്ചില്ല. അതിനാല്‍ ഇസ്രായേല്‍ജനം കാദേശില്‍തന്നെ പാര്‍ത്തു. തുടര്‍ന്ന് അവര്‍ മരുഭൂമിയില്‍ കൂടി സഞ്ചരിച്ചു; എദോമും മോവാബും ചുറ്റി കിഴക്കുള്ള അര്‍ന്നോന്‍നദിയുടെ അക്കരെ പാളയമടിച്ചു. അര്‍ന്നോന്‍ മോവാബിന്‍റെ അതിരായിരുന്നതുകൊണ്ട് അവര്‍ അര്‍ന്നോന്‍നദി കടന്നില്ല. പിന്നീട് ഹെശ്ബോനിലെ അമോര്യരാജാവായ സീഹോന്‍റെ അടുക്കല്‍ ദൂതന്മാരെ അയച്ച് രാജാവിന്‍റെ സ്ഥലത്തുകൂടി അവരുടെ സ്വന്തം നാട്ടിലേക്കു പോകാന്‍ അനുവാദം ചോദിച്ചു. സീഹോന്‍ അതിന് ഇസ്രായേല്‍ജനത്തെ അനുവദിച്ചില്ലെന്നു മാത്രമല്ല തന്‍റെ സൈന്യങ്ങളെയെല്ലാം വിളിച്ചുകൂട്ടി യഹസില്‍ പാളയമടിച്ച് ഇസ്രായേല്‍ജനത്തോടു യുദ്ധം ചെയ്തു. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ സീഹോനെയും അയാളുടെ ജനത്തെയും ഇസ്രായേല്യരുടെ കൈയില്‍ ഏല്പിച്ചു. ഇസ്രായേല്‍ജനം അവരെ തോല്പിച്ചു; ദേശവാസികളായ അമോര്യരുടെ ദേശം കൈവശമാക്കുകയും ചെയ്തു. അര്‍ന്നോന്‍മുതല്‍ യബ്ബോക്ക്‍വരെയും മരുഭൂമിമുതല്‍ യോര്‍ദ്ദാന്‍ നദിവരെയുള്ള ദേശമെല്ലാം ഇസ്രായേല്‍ പിടിച്ചെടുത്തു. അങ്ങനെ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ തന്‍റെ ജനമായ ഇസ്രായേല്യര്‍ക്കുവേണ്ടി അമോര്യരെ പുറത്താക്കി. അമോര്യരാജാവായ അങ്ങ് ആ ദേശം വീണ്ടും കൈവശപ്പെടുത്താന്‍ പോകുകയാണോ? നിങ്ങളുടെ ദൈവമായ കെമോശ് നിങ്ങള്‍ക്ക് അവകാശമായി നല്‌കിയതെല്ലാം നിങ്ങള്‍ സൂക്ഷിക്കുകയില്ലേ? ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഞങ്ങള്‍ക്കു നല്‌കിയതെല്ലാം ഞങ്ങളും കൈവശമാക്കും. മോവാബിലെ രാജാവായ സിപ്പോരിന്‍റെ പുത്രനായ ബാലാക്കിനെക്കാള്‍ അങ്ങ് ശ്രേഷ്ഠനാണോ? അദ്ദേഹം ഒരിക്കലും ഇസ്രായേലിനെ വെല്ലുവിളിച്ചില്ല. ഞങ്ങള്‍ക്കെതിരായി യുദ്ധം ചെയ്യാന്‍ ആരെയും പ്രേരിപ്പിച്ചുമില്ല. ഇസ്രായേല്‍ ഹെശ്ബോനിലും അരോവേരിലും അവയോടു ചേര്‍ന്നുള്ള പട്ടണങ്ങളിലും അര്‍ന്നോന്‍തീരത്തുള്ള പട്ടണങ്ങളിലും മുന്നൂറു സംവത്സരക്കാലം പാര്‍ത്തു. ആ കാലത്തിനിടയില്‍ നിങ്ങള്‍ എന്തുകൊണ്ട് അവ തിരിച്ചു പിടിച്ചില്ല? ഞാന്‍ അങ്ങയോട് ഒരു അന്യായവും ചെയ്തിട്ടില്ല; എന്നോടു യുദ്ധം ചെയ്യുക നിമിത്തം അങ്ങ് എന്നോടാണ് അന്യായം ചെയ്യുന്നത്. ന്യായാധിപനായ സര്‍വേശ്വരന്‍ ഇസ്രായേല്‍ജനത്തിനും അമ്മോന്യര്‍ക്കും മധ്യേ ഇന്ന് ന്യായം വിധിക്കട്ടെ.” എന്നാല്‍ യിഫ്താഹിന്‍റെ സന്ദേശം അമ്മോന്യരാജാവു ശ്രദ്ധിച്ചില്ല. അപ്പോള്‍ സര്‍വേശ്വരന്‍റെ ആത്മാവ് യിഫ്താഹിന്‍റെമേല്‍ ആവസിച്ചു; അദ്ദേഹം ഗിലെയാദിലും മനശ്ശെയിലും കൂടി സഞ്ചരിച്ചു ഗിലെയാദിലെ മിസ്പായില്‍ എത്തി; അവിടെനിന്ന് അമ്മോന്യരുടെ നേരെ തിരിച്ചു. യിഫ്താഹ് ഒരു നേര്‍ച്ച നേര്‍ന്നുകൊണ്ടു പറഞ്ഞു: “സര്‍വേശ്വരാ, അവിടുന്ന് അമ്മോന്യരുടെമേല്‍ എനിക്കു വിജയം നല്‌കുകയും ഞാന്‍ ജയിച്ചു സമാധാനത്തോടു മടങ്ങി വരികയും ചെയ്യുമ്പോള്‍ എന്‍റെ വീട്ടില്‍നിന്നു ആദ്യമായി ഇറങ്ങി വരുന്നതാരായാലും ഞാന്‍ അയാളെ അവിടുത്തേക്ക് ഹോമയാഗമായി അര്‍പ്പിക്കും.” യിഫ്താഹ് അമ്മോന്യരോടു യുദ്ധം ചെയ്യുന്നതിന് അതിര്‍ത്തി കടന്നു; സര്‍വേശ്വരന്‍ അവരുടെമേല്‍ അദ്ദേഹത്തിനു വിജയം നല്‌കി. അരോവേര്‍മുതല്‍ മിന്നീത്തു വരെയും അവിടെനിന്ന് ആബേല്‍, കെരാമീം- വരെയും ചെന്ന് അദ്ദേഹം അവരെ സംഹരിച്ചു. ഇരുപതു പട്ടണങ്ങള്‍ പിടിച്ചടക്കി. അങ്ങനെ ഇസ്രായേല്‍ജനത്തിന്‍റെ മുമ്പില്‍ അമ്മോന്യര്‍ ലജ്ജിതരായി. യിഫ്താഹ് മിസ്പായിലുള്ള സ്വന്തം ഭവനത്തില്‍ എത്തിയപ്പോള്‍ തന്‍റെ പുത്രി തപ്പുകൊട്ടി നൃത്തം ചെയ്തുകൊണ്ട് തന്നെ എതിരേല്‌ക്കാന്‍ വന്നു. അവള്‍ അദ്ദേഹത്തിന്‍റെ ഏകപുത്രിയായിരുന്നു. അവളല്ലാതെ മറ്റൊരു പുത്രനോ, പുത്രിയോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. അവളെ കണ്ട മാത്രയില്‍ അദ്ദേഹം വസ്ത്രം പിച്ചിച്ചീന്തി, “എന്‍റെ മകളേ, നീ എന്‍റെ ഹൃദയം തകര്‍ത്തു; ഞാന്‍ ദുഃഖിക്കാന്‍ നീ ഇടവരുത്തിയല്ലോ. സര്‍വേശ്വരനോടു ഞാന്‍ പ്രതിജ്ഞ ചെയ്തുപോയി; അതില്‍നിന്നു പിന്മാറുക സാധ്യമല്ല.” അവള്‍ പിതാവിനോടു പറഞ്ഞു: “എന്‍റെ പിതാവേ, അങ്ങ് സര്‍വേശ്വരനോടു ചെയ്ത പ്രതിജ്ഞ നിറവേറ്റുക; അങ്ങയുടെ ശത്രുക്കളായ അമ്മോന്യരോട് അവിടുന്നു പ്രതികാരം ചെയ്തല്ലോ.” അവള്‍ തുടര്‍ന്നു: “ഒരു കാര്യം എനിക്കു ചെയ്തു തരണം; എന്‍റെ സഖിമാരോടൊത്ത് രണ്ടുമാസം പര്‍വതങ്ങളില്‍ അലഞ്ഞു നടന്ന് എന്‍റെ കന്യകാത്വത്തെക്കുറിച്ച് വിലപിക്കാന്‍ അനുവാദം നല്‌കിയാലും.” “പൊയ്‍ക്കൊള്ളുക” എന്നു പറഞ്ഞ് രണ്ടു മാസത്തേക്ക് അദ്ദേഹം അവളെ പറഞ്ഞയച്ചു. അവള്‍ സഖിമാരോടൊത്ത് പര്‍വതത്തില്‍ പോയി തന്‍റെ കന്യകാത്വത്തെക്കുറിച്ച് വിലപിച്ചു; അതിനുശേഷം അവള്‍ പിതാവിന്‍റെ അടുക്കല്‍ മടങ്ങിവന്നു. പ്രതിജ്ഞ ചെയ്തിരുന്നതുപോലെ അദ്ദേഹം അവളോടു പ്രവര്‍ത്തിച്ചു. അങ്ങനെ ഒരു കന്യകയായിത്തന്നെ അവള്‍ മരിച്ചു. ഇസ്രായേലിലെ കന്യകമാര്‍ ഗിലെയാദ്യനായ യിഫ്താഹിന്‍റെ മകളെ ഓര്‍ത്തു വര്‍ഷംതോറും നാലു ദിവസത്തേക്കു വിലപിക്കുക ഒരു ആചാരമായിത്തീര്‍ന്നു. എഫ്രയീമ്യര്‍ യുദ്ധസന്നദ്ധരായി യോര്‍ദ്ദാന്‍നദി കടന്നു സാഫോനില്‍ ചെന്നു യിഫ്താഹിനോടു പറഞ്ഞു: “നീ അമ്മോന്യരോടു യുദ്ധം ചെയ്യാന്‍ അതിര്‍ത്തി കടന്നു പോയപ്പോള്‍ ഞങ്ങളെ എന്തുകൊണ്ട് വിളിച്ചില്ല? ഞങ്ങള്‍ നിന്നെയും നിന്‍റെ ഭവനത്തെയും ചുട്ടുകളയും.” യിഫ്താഹ് അവരോടു പറഞ്ഞു: “ഞാനും എന്‍റെ ജനവും അമ്മോന്യരുമായി വലിയ കലഹമുണ്ടായപ്പോള്‍ ഞാന്‍ നിങ്ങളുടെ സഹായം അപേക്ഷിച്ചു; എന്നാല്‍ നിങ്ങള്‍ ഞങ്ങളെ രക്ഷിക്കാന്‍ വന്നില്ല. നിങ്ങള്‍ എന്നെ സഹായിക്കുകയില്ല എന്നു മനസ്സിലായപ്പോള്‍ ഞാന്‍ എന്‍റെ ജീവന്‍ തൃണവല്‍ഗണിച്ചുകൊണ്ട് അവരോടു യുദ്ധം ചെയ്യാന്‍ അതിര്‍ത്തി കടന്നു. സര്‍വേശ്വരന്‍ അവരെ എന്‍റെ കൈയില്‍ ഏല്പിച്ചു. എന്നിട്ടിപ്പോള്‍ നിങ്ങള്‍ എന്നോടു യുദ്ധത്തിനു വരികയാണോ?” യിഫ്താഹ് ഗിലെയാദിലെ ജനങ്ങളെയെല്ലാം വിളിച്ചുകൂട്ടി. അവര്‍ എഫ്രയീമ്യരോടു യുദ്ധം ചെയ്ത് അവരെ തോല്പിച്ചു. കാരണം ഗിലെയാദ്യര്‍ എഫ്രയീമില്‍നിന്നും മനശ്ശെയില്‍നിന്നും വന്ന വെറും അഭയാര്‍ഥികളാണെന്ന് എഫ്രയീമ്യര്‍ പറഞ്ഞിരുന്നു. എഫ്രയീമ്യരില്‍നിന്ന് ഗിലെയാദ്യര്‍ യോര്‍ദ്ദാന്‍നദിയിലെ കടവുകള്‍ അധീനമാക്കി. അഭയാര്‍ഥിയായ ഒരു എഫ്രയീമ്യന്‍ നദി കടക്കാന്‍ അനുവാദം ചോദിക്കുമ്പോള്‍; “നീ എഫ്രയീമ്യനാണോ” എന്ന് അവര്‍ ചോദിക്കും. “അല്ല” എന്ന് അവന്‍ പറഞ്ഞാല്‍ “ശിബ്ബോലത്ത്” എന്നു പറയാന്‍ അവര്‍ ആവശ്യപ്പെടും. ആ പദം ശരിയായി ഉച്ചരിക്കാന്‍ കഴിയാതെ “സിബ്ബോലത്ത്” എന്നു പറയും. അപ്പോള്‍ അവര്‍ അവനെപ്പിടിച്ച് ആ കടവില്‍വച്ചുതന്നെ കൊന്നുകളയും. ആ കാലത്ത് അങ്ങനെ എഫ്രയീമ്യരില്‍ നാല്പത്തീരായിരം പേര്‍ സംഹരിക്കപ്പെട്ടു. ഗിലെയാദ്യനായ യിഫ്താഹ് ഇസ്രായേലില്‍ ആറു വര്‍ഷം ന്യായപാലനം ചെയ്തു. പിന്നീട് അദ്ദേഹം മരിച്ചു; ഗിലെയാദില്‍ അദ്ദേഹത്തെ സംസ്കരിച്ചു. യിഫ്താഹിനു ശേഷം ബേത്‍ലഹേംകാരനായ ഇബ്സാന്‍ ഇസ്രായേലില്‍ ന്യായപാലനം നടത്തി. അയാള്‍ക്കു മുപ്പതു പുത്രന്മാരും മുപ്പതു പുത്രിമാരും ഉണ്ടായിരുന്നു. പുത്രിമാരെ അന്യകുലങ്ങളില്‍പ്പെട്ട പുരുഷന്മാര്‍ക്കു വിവാഹം ചെയ്തുകൊടുക്കുകയും പുത്രന്മാര്‍ക്കു ഭാര്യമാരായി അന്യകുലങ്ങളില്‍പ്പെട്ട സ്‍ത്രീകളെ സ്വീകരിക്കുകയും ചെയ്തു. ഇബ്സാന്‍ ഇസ്രായേലില്‍ ഏഴു വര്‍ഷം ന്യായപാലനം നടത്തി. അതിനുശേഷം അദ്ദേഹം മരിച്ചു; ബേത്‍ലഹേമില്‍ അദ്ദേഹത്തെ സംസ്കരിച്ചു. ഇബ്സാനുശേഷം സെബൂലൂന്യനായ ഏലോന്‍ ന്യായപാലകനായി. അദ്ദേഹം ഇസ്രായേലില്‍ പത്തു വര്‍ഷം ന്യായപാലനം ചെയ്തു. പിന്നീട് അദ്ദേഹവും മരിച്ചു; അയാളെ സെബൂലൂന്‍നാട്ടിലെ അയ്യാലോനില്‍ സംസ്കരിച്ചു. ഏലോനുശേഷം, പിരാഥോനില്‍നിന്നുള്ള ഹില്ലേലിന്‍റെ പുത്രന്‍ അബ്‍ദോന്‍ ഇസ്രായേലില്‍ ന്യായപാലനം നടത്തി. അയാള്‍ക്ക് നാല്പതു പുത്രന്മാരും മുപ്പതു പൗത്രന്മാരുമുണ്ടായിരുന്നു; എഴുപതു കഴുതകളെ അവര്‍ സവാരിക്ക് ഉപയോഗിച്ചിരുന്നു. എട്ടു വര്‍ഷം ഇസ്രായേലില്‍ ന്യായപാലനം നടത്തിയശേഷം അബ്‍ദോന്‍ അന്തരിച്ചു. അമാലേക്യരുടെ മലനാടായ എഫ്രയീംദേശത്തുള്ള പിരാഥോനില്‍ അദ്ദേഹത്തെ സംസ്കരിച്ചു. ഇസ്രായേല്‍ജനം സര്‍വേശ്വരന് ഹിതകരമല്ലാത്തതു വീണ്ടും പ്രവര്‍ത്തിച്ചു. അവിടുന്ന് അവരെ നാല്പതു വര്‍ഷം ഫെലിസ്ത്യരുടെ കൈയില്‍ ഏല്പിച്ചു. ആ കാലത്ത് ദാന്‍ഗോത്രക്കാരനായ മനോഹാ എന്നൊരാള്‍ സോരഹ്പട്ടണത്തില്‍ ജീവിച്ചിരുന്നു. ഭാര്യ വന്ധ്യ ആയിരുന്നതുകൊണ്ട് അയാള്‍ക്കു മക്കളുണ്ടായിരുന്നില്ല. ഒരു ദിവസം സര്‍വേശ്വരന്‍റെ ദൂതന്‍ മനോഹായുടെ ഭാര്യയ്‍ക്ക് പ്രത്യക്ഷനായി പറഞ്ഞു: “നീ വന്ധ്യയാണല്ലോ; എങ്കിലും നീ ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും. അതുകൊണ്ടു നീ ശ്രദ്ധിക്കുക; വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ കുടിക്കരുത്; അശുദ്ധമായതൊന്നും ഭക്ഷിക്കുകയുമരുത്. നീ ഒരു മകനെ പ്രസവിക്കും; ക്ഷൗരക്കത്തി അവന്‍റെ ശിരസ്സില്‍ സ്പര്‍ശിക്കരുത്; അവന്‍ ജനനംമുതല്‍ ദൈവത്തിനു നാസീര്‍വ്രതക്കാരനായി, ഇസ്രായേല്‍ജനത്തെ ഫെലിസ്ത്യരുടെ കൈയില്‍നിന്നു വിമോചിപ്പിക്കാനുള്ള യത്നം ആരംഭിക്കും.” ആ സ്‍ത്രീ ഭര്‍ത്താവിനോടു പറഞ്ഞു: “ദൈവദൂതനെപ്പോലെ ഭയഭക്തി ജനിപ്പിക്കുന്ന ഒരു ദിവ്യപുരുഷന്‍ എന്‍റെ അടുക്കല്‍ വന്നു. അദ്ദേഹം എവിടെനിന്നു വന്നു എന്നു ഞാന്‍ ചോദിച്ചില്ല; തന്‍റെ പേര് പറഞ്ഞതുമില്ല. അദ്ദേഹം പറഞ്ഞു: നീ ഗര്‍ഭിണിയായി ഒരു പുത്രനെ പ്രസവിക്കും; അതിനാല്‍ വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്. ആ കുട്ടി ജനനംമുതല്‍ മരണംവരെ ദൈവത്തിന് നാസീര്‍ വ്രതക്കാരനായിരിക്കും.” മനോഹാ സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, അങ്ങയച്ച ദിവ്യപുരുഷന്‍ വീണ്ടും ഞങ്ങള്‍ക്കു പ്രത്യക്ഷനായി ജനിക്കാന്‍ പോകുന്ന കുഞ്ഞിനുവേണ്ടി ഞങ്ങള്‍ എന്തു ചെയ്യണം എന്ന് ഉപദേശിച്ചുതന്നാലും.’’ മനോഹായുടെ പ്രാര്‍ഥന ദൈവം കേട്ടു. ദൈവദൂതന്‍ അവള്‍ക്കു വീണ്ടും പ്രത്യക്ഷനായി; അവള്‍ അപ്പോള്‍ വയലില്‍ ഇരിക്കുകയായിരുന്നു; മനോഹാ കൂടെ ഉണ്ടായിരുന്നില്ല. ഉടനെ അവള്‍ ഭര്‍ത്താവിന്‍റെ അടുക്കല്‍ ഓടിച്ചെന്നു പറഞ്ഞു:” മുമ്പ് എനിക്കു പ്രത്യക്ഷനായ പുരുഷന്‍ വീണ്ടും എന്‍റെ അടുത്തു വന്നിരിക്കുന്നു.” മനോഹാ ഉടനെ എഴുന്നേറ്റു തന്‍റെ ഭാര്യയെ അനുഗമിച്ച് ആ പുരുഷന്‍റെ അടുക്കല്‍ ചെന്നു ചോദിച്ചു: “അങ്ങു തന്നെയാണോ ഇവളോട് സംസാരിച്ചത്?” “അതേ, ഞാന്‍തന്നെ” എന്ന് അദ്ദേഹം പറഞ്ഞു. മനോഹാ വീണ്ടും ചോദിച്ചു: “അങ്ങു പറഞ്ഞതു സംഭവിച്ചുകഴിയുമ്പോള്‍ ജനിക്കുന്ന കുട്ടിയുടെ ജീവിതരീതി എന്തായിരിക്കണം? അവന്‍ എന്തൊക്കെയാണു ചെയ്യേണ്ടത്?” സര്‍വേശ്വരന്‍റെ ദൂതന്‍ പറഞ്ഞു: “ഞാന്‍ പറഞ്ഞതെല്ലാം അവള്‍ ശ്രദ്ധയോടെ പാലിക്കട്ടെ. മുന്തിരിവള്ളിയില്‍നിന്നു ലഭിക്കുന്നതൊന്നും അവള്‍ ഭക്ഷിക്കരുത്. വീഞ്ഞോ മറ്റു പാനീയമോ കുടിക്കരുത്; അശുദ്ധമായതൊന്നും ഭക്ഷിക്കുകയുമരുത്; ഞാന്‍ കല്പിച്ചതെല്ലാം അവള്‍ പാലിക്കണം.” മനോഹാ ദൂതനോടു പറഞ്ഞു: “ഞാന്‍ ഒരു ആട്ടിന്‍കുട്ടിയെ പാകം ചെയ്തു കൊണ്ടുവരുന്നതുവരെ ഇവിടെ നിന്നാലും.” സര്‍വേശ്വരന്‍റെ ദൂതന്‍ മനോഹായോടു പറഞ്ഞു: “നീ എന്നെ ഇവിടെ നിര്‍ബന്ധിച്ച് നിര്‍ത്തിയാലും ഞാന്‍ നിന്‍റെ ആഹാരം കഴിക്കുകയില്ല; നീ ഒരു ഹോമയാഗം ഒരുക്കുമെങ്കില്‍ അതു സര്‍വേശ്വരന് അര്‍പ്പിക്കുക.” അദ്ദേഹം സര്‍വേശ്വരന്‍റെ ദൂതനാണെന്ന് മനോഹാ അറിഞ്ഞിരുന്നില്ല. മനോഹാ സര്‍വേശ്വരന്‍റെ ദൂതനോട് ചോദിച്ചു: “അങ്ങയുടെ പേരെന്താണ്? അങ്ങ് പറഞ്ഞത് നിറവേറുമ്പോള്‍ ഞങ്ങള്‍ അങ്ങയെ ബഹുമാനിക്കണമല്ലോ.” സര്‍വേശ്വരന്‍റെ ദൂതന്‍ പറഞ്ഞു: “എന്‍റെ പേര് എന്തിനറിയണം? അത് അദ്ഭുതകരമാണ്.” മനോഹാ ധാന്യവഴിപാടിനോടൊപ്പം ഒരാട്ടിന്‍കുട്ടിയെ കൊണ്ടുവന്ന് ഒരു പാറയുടെ മുകളില്‍ യാഗമായി അര്‍പ്പിച്ചു. മനോഹായും ഭാര്യയും നോക്കിനില്‌ക്കേ ദൂതന്‍ ഒരു അദ്ഭുതം പ്രവര്‍ത്തിച്ചു. അഗ്നിജ്വാല ആകാശത്തേക്ക് ഉയര്‍ന്നപ്പോള്‍ ദൂതന്‍ യാഗപീഠത്തില്‍നിന്നുള്ള അഗ്നിജ്വാലയോടൊപ്പം മുകളിലേക്ക് ഉയര്‍ന്നു. മനോഹായും ഭാര്യയും അതു കണ്ട് സാഷ്ടാംഗം വീണു നമസ്കരിച്ചു. സര്‍വേശ്വരന്‍റെ ദൂതന്‍ അവര്‍ക്കു പിന്നീട് പ്രത്യക്ഷനായില്ല. അതു സര്‍വേശ്വരന്‍റെ ദൂതന്‍ തന്നെയെന്നു മനോഹാ ഗ്രഹിച്ചു. മനോഹാ ഭാര്യയോടു പറഞ്ഞു: “ദൈവത്തെ കണ്ടതുകൊണ്ട് നാം നിശ്ചയമായും മരിക്കും.” എന്നാല്‍ ഭാര്യ മനോഹായോടു പറഞ്ഞു: “നമ്മെ കൊല്ലാന്‍ അവിടുന്ന് ഉദ്ദേശിച്ചിരുന്നെങ്കില്‍ നമ്മുടെ ഹോമയാഗവും ധാന്യവഴിപാടും സ്വീകരിക്കുമായിരുന്നില്ല. നമ്മെ ഇവയെല്ലാം കാണിച്ചുതരികയോ നമ്മോട് ഇക്കാര്യങ്ങള്‍ പറയുകയോ ചെയ്യുമായിരുന്നില്ല.” യഥാകാലം ആ സ്‍ത്രീ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു; അവനു ശിംശോന്‍ എന്നു പേരിട്ടു. അവന്‍ വളര്‍ന്നു; സര്‍വേശ്വരന്‍ അവനെ അനുഗ്രഹിച്ചു. സോരെയ്‍ക്കും എസ്തായോലിനും മധ്യേയുള്ള മഹനേ-ദാനില്‍വച്ചു സര്‍വേശ്വരന്‍റെ ആത്മാവ് അവനെ പ്രചോദിപ്പിച്ചുതുടങ്ങി. ഒരിക്കല്‍ ശിംശോന്‍ തിമ്നായിലേക്ക് പോയി; അവിടെവച്ച് ഒരു ഫെലിസ്ത്യ യുവതിയെ കാണാനിടയായി. അയാള്‍ ഭവനത്തില്‍ മടങ്ങിവന്നു മാതാപിതാക്കളോടു പറഞ്ഞു: “ഞാന്‍ തിമ്നായില്‍ ഒരു ഫെലിസ്ത്യയുവതിയെ കണ്ടു; അവളെ എനിക്കു വിവാഹം ചെയ്തുതരണം.” അയാളുടെ മാതാപിതാക്കള്‍ ചോദിച്ചു: “നമ്മുടെ ചാര്‍ച്ചക്കാരുടെ ഇടയിലോ ഇസ്രായേല്‍സമൂഹത്തിലോ പെണ്‍കുട്ടികള്‍ ഇല്ലാഞ്ഞിട്ടാണോ പരിച്ഛേദനം സ്വീകരിക്കാത്ത ഫെലിസ്ത്യരുടെ അടുത്തുനിന്ന് ഭാര്യയെ എടുക്കുന്നത്?” അപ്പോള്‍ ശിംശോന്‍ പിതാവിനോടു പറഞ്ഞു: “ഞാന്‍ അവളെ അതിയായി ഇഷ്ടപ്പെടുന്നു; എനിക്ക് അവളെ ഭാര്യയായി തരിക.” ഇതിനുള്ള പ്രേരണ നല്‌കിയതു സര്‍വേശ്വരനാണെന്ന് അവന്‍റെ മാതാപിതാക്കള്‍ അറിഞ്ഞില്ല. ഫെലിസ്ത്യരെ എതിരിടുന്നതിന് അവിടുന്ന് ഒരു അവസരം തേടുകയായിരുന്നു. ആ കാലത്തു ഫെലിസ്ത്യരായിരുന്നു ഇസ്രായേലിനെ ഭരിച്ചിരുന്നത്. ശിംശോന്‍ മാതാപിതാക്കളുടെ കൂടെ തിമ്നായിലേക്കു പുറപ്പെട്ടു. അവിടെ മുന്തിരിത്തോട്ടങ്ങളുടെ അടുത്തെത്തിയപ്പോള്‍ ഒരു സിംഹക്കുട്ടി ശിംശോന്‍റെ നേരേ ഗര്‍ജിച്ചുകൊണ്ടു വന്നു. അപ്പോള്‍ സര്‍വേശ്വരന്‍റെ ആത്മാവ് അയാളുടെമേല്‍ ശക്തമായി വന്നു. ആയുധങ്ങളൊന്നും കൈയില്‍ ഇല്ലാതെതന്നെ അയാള്‍ അതിനെ ആട്ടിന്‍കുട്ടിയെ എന്നപോലെ പിച്ചിച്ചീന്തിക്കളഞ്ഞു. ഇക്കാര്യം മാതാപിതാക്കളോട് അയാള്‍ പറഞ്ഞില്ല. അതിനുശേഷം ശിംശോന്‍ ചെന്ന് ആ യുവതിയോടു സംസാരിച്ചു; അയാള്‍ക്ക് അവളെ വളരെ ഇഷ്ടമായി. ഏതാനും ദിവസങ്ങള്‍ക്കു ശേഷം അയാള്‍ അവളെ കൂട്ടിക്കൊണ്ടു പോകാന്‍ വീണ്ടും ചെന്നു. പോകുന്ന വഴിക്കു താന്‍ മുമ്പു കൊന്ന സിംഹത്തിന്‍റെ ഉടല്‍ കാണാന്‍ അയാള്‍ പോയി; സിംഹത്തിന്‍റെ ഉടലിനുള്ളില്‍ ഒരു തേനീച്ചക്കൂടും തേനും കണ്ടു. അയാള്‍ തേന്‍ അടര്‍ത്തിയെടുത്തു തിന്നുംകൊണ്ടു നടന്നു. തന്‍റെ മാതാപിതാക്കളുടെ അടുക്കല്‍ പോയി അവര്‍ക്കും കൊടുത്തു. അവരും അതു തിന്നു; എന്നാല്‍ തേന്‍ സിംഹത്തിന്‍റെ ഉടലില്‍നിന്നെടുത്തതാണെന്ന് അവരോടു പറഞ്ഞില്ല. ശിംശോന്‍റെ പിതാവ് യുവതിയുടെ വീട്ടില്‍ ചെന്നു; ശിംശോന്‍ അവിടെ ഒരു വിരുന്നുകഴിച്ചു. യുവാക്കന്മാര്‍ അങ്ങനെ ചെയ്യുക പതിവായിരുന്നു. ഫെലിസ്ത്യര്‍ അയാളെ കണ്ടപ്പോള്‍ അയാളോടൊത്ത് ഇരിക്കുന്നതിനു യുവാക്കന്മാരായ മുപ്പതു തോഴന്മാരെ കൊണ്ടുവന്നു. ശിംശോന്‍ അവരോടു പറഞ്ഞു: “ഞാന്‍ നിങ്ങളോടു ഒരു കടം പറയാം; വിരുന്നിന്‍റെ ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ അതിനു മറുപടി പറഞ്ഞാല്‍ ഞാന്‍ നിങ്ങള്‍ക്കു മുപ്പതു ലിനന്‍ ഉടുപ്പുകളും മുപ്പതു വിശേഷവസ്ത്രങ്ങളും തരും. ഉത്തരം പറയാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലെങ്കില്‍ മുപ്പതു ലിനന്‍ ഉടുപ്പുകളും മുപ്പതു വിശേഷവസ്ത്രങ്ങളും നിങ്ങള്‍ എനിക്കു തരണം.” അവര്‍ അവനോടു പറഞ്ഞു: “നിന്‍റെ കടം പറയുക; ഞങ്ങള്‍ കേള്‍ക്കട്ടെ.” അയാള്‍ പറഞ്ഞു: “ഭോക്താവില്‍നിന്നു ഭോജ്യവും ശക്തനില്‍നിന്നു മധുരവും പുറപ്പെട്ടു.” മൂന്നു ദിവസം കഴിഞ്ഞിട്ടും അവര്‍ക്ക് ഉത്തരം പറയാന്‍ കഴിഞ്ഞില്ല. നാലാം ദിവസം അവര്‍ ശിംശോന്‍റെ ഭാര്യയോടു പറഞ്ഞു: “കടത്തിന്‍റെ ഉത്തരം പറഞ്ഞുതരുന്നതിനുവേണ്ടി നീ ഭര്‍ത്താവിനെ വശീകരിക്കുക; അല്ലെങ്കില്‍ ഞങ്ങള്‍ നിന്നെയും നിന്‍റെ പിതൃഭവനക്കാരെയും ചുട്ടുകളയും. ഞങ്ങള്‍ ദരിദ്രരായിത്തീരുന്നതിനുവേണ്ടിയാണോ നീ ഞങ്ങളെ വിളിച്ചുവരുത്തിയത്.” ശിംശോന്‍റെ ഭാര്യ അയാളുടെ മുമ്പില്‍ കരഞ്ഞുകൊണ്ടു പറഞ്ഞു: “നിങ്ങള്‍ എന്നെ സ്നേഹിക്കുന്നില്ല. നിങ്ങള്‍ക്ക് എന്നോടു വെറുപ്പാണ്. എന്‍റെ കൂട്ടത്തില്‍പ്പെട്ടവരോട് നിങ്ങള്‍ ഒരു കടങ്കഥ പറഞ്ഞു; അതിന്‍റെ ഉത്തരം എന്നോട് പറഞ്ഞില്ലല്ലോ.” അയാള്‍ അവളോട്: “അത് എന്‍റെ മാതാപിതാക്കളോടുപോലും ഞാന്‍ പറഞ്ഞിട്ടില്ല; പിന്നെ നിനക്കു പറഞ്ഞുതരുമോ? വിരുന്നിന്‍റെ ഏഴു ദിവസവും അവള്‍ കരഞ്ഞുകൊണ്ടിരുന്നു. അവള്‍ വല്ലാതെ അസഹ്യപ്പെടുത്തിയതുകൊണ്ട് ഏഴാം ദിവസം ശിംശോന്‍ ഉത്തരം പറഞ്ഞുകൊടുത്തു. അവള്‍ അത് സ്വജനത്തില്‍പ്പെട്ടവരോട് പറഞ്ഞു. ഏഴാം ദിവസം സൂര്യന്‍ അസ്തമിക്കുന്നതിനു മുമ്പ് പട്ടണവാസികള്‍ ശിംശോനോടു പറഞ്ഞു: “തേനിനെക്കാള്‍ മധുരമേറിയതെന്ത്? സിംഹത്തെക്കാള്‍ ബലമേറിയതെന്ത്?” ശിംശോന്‍ അവരോടു പറഞ്ഞു: “നിങ്ങള്‍ എന്‍റെ പശുക്കുട്ടിയെ പൂട്ടി ഉഴുതില്ലായിരുന്നു എങ്കില്‍ എന്‍റെ കടത്തിന് ഉത്തരം പറയുകയില്ലായിരുന്നു.” അപ്പോള്‍ സര്‍വേശ്വരന്‍റെ ആത്മാവ് അയാളുടെമേല്‍ ശക്തിയോടെ വന്നു; അയാള്‍ അസ്കലോനില്‍ പോയി അവിടെയുള്ള മുപ്പതു പേരെ സംഹരിച്ചു; അവരുടെ വസ്ത്രങ്ങള്‍ അഴിച്ചെടുത്ത് കടങ്കഥയ്‍ക്ക് ഉത്തരം നല്‌കിയവര്‍ക്കു കൊടുത്തു. ശിംശോന്‍റെ കോപം ജ്വലിച്ചു; പിതൃഭവനത്തിലേക്ക് അയാള്‍ മടങ്ങിപ്പോയി. ശിംശോന്‍റെ ഭാര്യ അയാളുടെ മണവറത്തോഴന്‍റെ ഭാര്യയായി. കുറെ നാളുകള്‍ കഴിഞ്ഞ് കോതമ്പിന്‍റെ കൊയ്ത്തുകാലത്ത് ശിംശോന്‍ ഒരു ആട്ടിന്‍കുട്ടിയെയുംകൊണ്ട് ഭാര്യയെ കാണാന്‍ ചെന്നു. ഭാര്യയുടെ ഉറക്കറയില്‍ പ്രവേശിക്കാന്‍ അയാള്‍ ഭാര്യാപിതാവിനോട് അനുവാദം ചോദിച്ചു; എന്നാല്‍ അയാള്‍ അതിന് അനുവദിച്ചില്ല. അവളുടെ പിതാവ് ശിംശോനോടു പറഞ്ഞു: “നീ അവളെ വളരെയധികം വെറുത്തിരുന്നു എന്നു ഞാന്‍ കരുതി; അതുകൊണ്ട് അവളെ നിന്‍റെ സ്നേഹിതനു കൊടുത്തു; അവളുടെ അനുജത്തി അവളെക്കാള്‍ സുന്ദരിയാണ്; അവളെ ഇവള്‍ക്കു പകരം സ്വീകരിച്ചുകൊള്ളുക.” “ഇപ്രാവശ്യം ഫെലിസ്ത്യരോടു ദ്രോഹം ചെയ്താല്‍ ഞാന്‍ നിര്‍ദ്ദോഷി ആയിരിക്കും” എന്നു ശിംശോന്‍ പറഞ്ഞു; അവന്‍ പോയി മുന്നൂറു നരികളെ പിടിച്ച് ഈരണ്ടെണ്ണത്തിന്‍റെ വാല്‍ ഓരോ പന്തം ചേര്‍ത്തുവച്ചു കൂട്ടിക്കെട്ടി. പന്തത്തിനു തീ കൊളുത്തിയശേഷം അവയെ ഫെലിസ്ത്യരുടെ ധാന്യവിളവിലേക്കു വിട്ടു. അങ്ങനെ കൊയ്തുവച്ച കറ്റകളും കൊയ്യാനുള്ള വിളകളും ഒലിവുതോട്ടങ്ങളും അഗ്നിക്കിരയായി. ഇതു ചെയ്തത് ആരെന്നു ഫെലിസ്ത്യര്‍ അന്വേഷിച്ചപ്പോള്‍ തിമ്നാക്കാരന്‍റെ ജാമാതാവായ ശിംശോനാണെന്ന് അറിഞ്ഞു. ശിംശോന്‍റെ ഭാര്യയെ അവളുടെ പിതാവ് ശിംശോന്‍റെ സ്നേഹിതന് നല്‌കിയതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും അവര്‍ ഗ്രഹിച്ചു. അപ്പോള്‍ ഫെലിസ്ത്യര്‍ അവളെയും പിതാവിനെയും അഗ്നിക്കിരയാക്കി. ശിംശോന്‍ അവരോടു പറഞ്ഞു: “നിങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചതുകൊണ്ട് ഞാന്‍ പ്രതികാരം ചെയ്യാതെ അടങ്ങുകയില്ല; അയാള്‍ ഫെലിസ്ത്യരില്‍ അനേകംപേരെ ക്രൂരമായി സംഹരിച്ചു. പിന്നീട് അയാള്‍ ഏതാംപാറയിടുക്കില്‍ ചെന്നുപാര്‍ത്തു. ഫെലിസ്ത്യര്‍ യെഹൂദ്യയില്‍ ചെന്നു പാളയമടിച്ച് ലേഹി പട്ടണം ആക്രമിച്ചു. “ഞങ്ങളെ എന്തിന് ആക്രമിക്കുന്നു” എന്നു യെഹൂദാനിവാസികള്‍ അവരോടു ചോദിച്ചപ്പോള്‍ “ശിംശോനെ ബന്ധിച്ച് അവനോട് പകരം വീട്ടാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്” എന്ന് അവര്‍ പറഞ്ഞു; മൂവായിരം യെഹൂദാനിവാസികള്‍ ഏതാംപാറയിടുക്കില്‍ ചെന്നു ശിംശോനോടു ചോദിച്ചു: “ഫെലിസ്ത്യരാണു നമ്മെ ഭരിക്കുന്നതെന്നു നിനക്ക് അറിഞ്ഞുകൂടേ? ഞങ്ങളോട് ഇങ്ങനെ ചെയ്തത് എന്ത്?” “അവര്‍ എന്നോടു ചെയ്തതുപോലെ ഞാന്‍ അവരോടും ചെയ്തു” എന്ന് അയാള്‍ ഉത്തരം പറഞ്ഞു. അവര്‍ പറഞ്ഞു: “നിന്നെ ബന്ധിച്ച് അവരുടെ കൈയില്‍ ഏല്പിക്കാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്.” ശിംശോന്‍ അവരോടു പറഞ്ഞു: “നിങ്ങള്‍ നേരിട്ട് എന്നെ കൊല്ലുകയില്ലെന്നു സത്യം ചെയ്യണം.” “ഇല്ല, ഞങ്ങള്‍ നിന്നെ നിശ്ചയമായും കൊല്ലുകയില്ല; നിന്നെ ബന്ധിച്ച് ഫെലിസ്ത്യരുടെ കൈയില്‍ ഏല്പിക്കുകയേയുള്ളൂ” എന്ന് അവര്‍ പറഞ്ഞു. അവര്‍ രണ്ടു പുതിയ കയറുകള്‍കൊണ്ട് അയാളെ കെട്ടി പാറക്കെട്ടില്‍നിന്നു കൊണ്ടുപോയി. ശിംശോന്‍ ലേഹിയില്‍ എത്തിയപ്പോള്‍ ഫെലിസ്ത്യര്‍ ആര്‍ത്തിരമ്പിക്കൊണ്ട് അയാളുടെ നേരെ ചെന്നു. അപ്പോള്‍ സര്‍വേശ്വരന്‍റെ ആത്മാവ് ശക്തിയോടെ അയാളുടെമേല്‍ വന്നു; അയാളെ ബന്ധിച്ചിരുന്ന കയര്‍ തീയില്‍ ചണനാരെന്നപോലെ കരിഞ്ഞുപോയി. അയാളുടെ കെട്ടുകള്‍ അഴിഞ്ഞു; അടുത്തിടെ ചത്ത ഒരു കഴുതയുടെ താടിയെല്ലു കണ്ട് അയാള്‍ അതെടുത്തു; അതുകൊണ്ട് ആയിരം പേരെ അടിച്ചുകൊന്നു. പിന്നീട് ശിംശോന്‍ ഇങ്ങനെ പാടി: കഴുതയുടെ താടിയെല്ലുകൊണ്ട് ഞാന്‍ ആയിരം പേരെ കൊന്നു കഴുതയുടെ താടിയെല്ലുകൊണ്ട് ഞാന്‍ അവരെ കൊന്നു കൂനകൂട്ടി. അയാള്‍ ആ താടിയെല്ല് ദൂരെയെറിഞ്ഞു; ആ സ്ഥലത്തിനു രാമത്ത്-ലേഹി എന്നു പേരുണ്ടായി. ശിംശോന് വല്ലാതെ ദാഹിച്ചു. അയാള്‍ സര്‍വേശ്വരനോടു വിളിച്ചുപറഞ്ഞു: “അവിടുത്തെ ദാസനിലൂടെ അവിടുന്ന് ഈ വന്‍വിജയം നല്‌കിയിരിക്കുന്നു; ഇപ്പോള്‍ ഞാന്‍ ദാഹംകൊണ്ടു വലയുന്നു. പരിച്ഛേദനം ചെയ്തിട്ടില്ലാത്തവരുടെ കൈയില്‍ ഞാന്‍ അകപ്പെടണമോ”? അപ്പോള്‍ ദൈവം ലേഹിയില്‍ ഭൂമി പിളര്‍ന്ന് ഒരു കുഴി ഉണ്ടാക്കി. അതില്‍നിന്നു പുറപ്പെട്ട ജലം പാനം ചെയ്തു ശിംശോന്‍ ശക്തി പ്രാപിച്ചു. അതുകൊണ്ട് ആ സ്ഥലത്തിനു എന്‍-ഹക്കോരേ എന്നു പേരായി; അത് ഇന്നും ലേഹിയിലുണ്ട്. ഫെലിസ്ത്യരുടെ കാലത്ത് ശിംശോന്‍ ഇസ്രായേലില്‍ ഇരുപതു വര്‍ഷം ന്യായപാലനം നടത്തി. ഒരു ദിവസം ശിംശോന്‍ ഫെലിസ്ത്യനഗരമായ ഗസ്സയിലേക്കു പോയി; അവിടെ ഒരു വേശ്യയെ കണ്ട് അവളുടെ അടുക്കല്‍ ചെന്നു. ശിംശോന്‍ അവിടെയുണ്ടെന്ന് അറിവുകിട്ടി; ഗസ്സനിവാസികള്‍ നഗരം വളഞ്ഞു; അയാളെ പിടികൂടാന്‍ നഗരവാതില്‌ക്കല്‍ കാത്തിരുന്നു. “നേരം വെളുക്കുന്നതുവരെ കാത്തിരിക്കാം; പ്രഭാതത്തില്‍ അവനെ കൊല്ലാം” എന്നു പറഞ്ഞ് അവര്‍ രാത്രി മുഴുവന്‍ പതിയിരുന്നു. അര്‍ധരാത്രിവരെ ശിംശോന്‍ അവിടെ കിടന്നു. പിന്നീട് എഴുന്നേറ്റു നഗരവാതില്‍ കതകും കട്ടിളക്കാലും ഓടാമ്പലോടുകൂടി ഇളക്കിയെടുത്ത് തോളില്‍ വഹിച്ചുകൊണ്ട് ഹെബ്രോനു മുമ്പിലുള്ള മലമുകളിലേക്കു പോയി. അതിനുശേഷം ശിംശോന്‍ സോരെക് താഴ്വരയില്‍ വസിച്ചിരുന്ന ദെലീലാ എന്ന സ്‍ത്രീയെ സ്നേഹിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാര്‍ അവളെ സമീപിച്ചു പറഞ്ഞു: “നീ അവനെ വശീകരിച്ച് അവന്‍റെ വന്‍ശക്തിക്കു കാരണം എന്തെന്നും എങ്ങനെ അവനെ ബന്ധിച്ചു കീഴ്പെടുത്താമെന്നും മനസ്സിലാക്കുക. പ്രതിഫലമായി ഞങ്ങള്‍ ഓരോരുത്തരും ആയിരത്തി ഒരുനൂറു വെള്ളിനാണയം നിനക്കു തരാം.” ദെലീലാ ശിംശോനോടു പറഞ്ഞു: “അങ്ങയുടെ ശക്തികേന്ദ്രം എവിടം എന്നും അങ്ങയെ എങ്ങനെ ബന്ധിച്ചു കീഴ്പെടുത്താമെന്നും എന്നോടു പറയുക.” ശിംശോന്‍ അവളോടു പറഞ്ഞു: “ഉണങ്ങാത്ത ഏഴു പുതിയ ഞാണ്‍കൊണ്ട് എന്നെ ബന്ധിച്ചാല്‍ എന്‍റെ ശക്തി ക്ഷയിക്കും; ഞാന്‍ മറ്റു മനുഷ്യരെപ്പോലെ ആയിത്തീരും.” ഫെലിസ്ത്യ പ്രഭുക്കന്മാര്‍ ഉണങ്ങാത്ത ഏഴു പുതിയ ഞാണ്‍ അവളെ ഏല്പിച്ചു; അവകൊണ്ട് അവള്‍ അയാളെ ബന്ധിച്ചു. അവള്‍ ഏതാനും പേരെ ഉള്ളറയില്‍ പതിയിരുത്തിയിരുന്നു. അവള്‍ പറഞ്ഞു: “ശിംശോനേ, ഇതാ ഫെലിസ്ത്യര്‍ അങ്ങയെ വളഞ്ഞിരിക്കുന്നു.” ഉടന്‍ അഗ്നി ചണനാരിനെ എന്നപോലെ ആ ഞാണുകളെല്ലാം അയാള്‍ പൊട്ടിച്ചുകളഞ്ഞു. അയാളുടെ ശക്തിയുടെ രഹസ്യം അവര്‍ക്കു വെളിവായില്ല. ദെലീലാ ശിംശോനോടു പറഞ്ഞു: “അങ്ങ് എന്നെ കബളിപ്പിച്ചു; എന്നോടു കളവായിരുന്നല്ലോ പറഞ്ഞത്; അങ്ങയെ എങ്ങനെ ബന്ധിക്കാം എന്ന് ഇനിയെങ്കിലും പറഞ്ഞുതരിക.” “ഒന്നിനും ഉപയോഗിച്ചിട്ടില്ലാത്ത പുത്തന്‍ കയറുകൊണ്ട് എന്നെ ബന്ധിച്ചാല്‍ എന്‍റെ ശക്തി ക്ഷയിക്കും; ഞാന്‍ മറ്റു മനുഷ്യരെപ്പോലെ ആയിത്തീരുകയും ചെയ്യും.” പുതിയ കയറുകൊണ്ട് അയാളെ ബന്ധിച്ച ശേഷം ദെലീലാ പറഞ്ഞു: “ശിംശോനേ, ഫെലിസ്ത്യര്‍ അങ്ങയെ വളഞ്ഞിരിക്കുന്നു.” ഏതാനും പേര്‍ ഉള്ളറയില്‍ പതിയിരിക്കുന്നുണ്ടായിരുന്നു; തന്നെ ബന്ധിച്ചിരുന്ന കയര്‍ ഒരു നൂലുപോലെ ശിംശോന്‍ പൊട്ടിച്ചുകളഞ്ഞു. ദെലീലാ ശിംശോനോട്: “ഇതാ, ഇപ്പോഴും അങ്ങ് എന്നെ കബളിപ്പിച്ചു; എന്നോടു നുണ പറഞ്ഞു; അങ്ങയെ എങ്ങനെ ബന്ധിക്കാമെന്നു പറഞ്ഞുതരിക. “അയാള്‍ അവളോടു പറഞ്ഞു: “എന്‍റെ തലയിലെ ഏഴു ജട ആണിയില്‍ ഉറപ്പിച്ച് പാവില്‍ ചേര്‍ത്തു നെയ്താല്‍ എന്‍റെ ശക്തി ക്ഷയിക്കുകയും ഞാന്‍ മറ്റു മനുഷ്യരെപ്പോലെ ആയിത്തീരുകയും ചെയ്യും.” ശിംശോന്‍ ഉറങ്ങിയപ്പോള്‍ ദെലീലാ അപ്രകാരം ചെയ്തു; പിന്നീട് ശിംശോനോടു പറഞ്ഞു: “ഫെലിസ്ത്യര്‍ ഇതാ, അങ്ങയെ വളഞ്ഞിരിക്കുന്നു.” അയാള്‍ ഉണര്‍ന്ന് ആണിയും തറിയും പാവുമെല്ലാം വലിച്ചുപറിച്ചുകളഞ്ഞു. അപ്പോള്‍ അവള്‍ പറഞ്ഞു: “അങ്ങയുടെ ഹൃദയം എന്‍റെ കൂടെ ഇല്ലാതിരിക്കെ എന്നെ സ്നേഹിക്കുന്നു എന്ന് അങ്ങേക്ക് എങ്ങനെ പറയാന്‍ കഴിയും? ഈ മൂന്നു പ്രാവശ്യവും അങ്ങ് എന്നെ കബളിപ്പിച്ചു; അങ്ങയുടെ അസാധാരണ ശക്തിയുടെ കേന്ദ്രം എവിടെയാണെന്ന് എന്നോടു പറഞ്ഞില്ല.” ഇങ്ങനെ പറഞ്ഞ് അവള്‍ ദിവസംതോറും ശിംശോനെ അസഹ്യപ്പെടുത്തുകയും നിര്‍ബന്ധിക്കുകയും ചെയ്തു. മരിച്ചാല്‍ കൊള്ളാമെന്നുപോലും അയാള്‍ ആഗ്രഹിച്ചു. ഒടുവില്‍ അയാള്‍ സത്യം അവളോടു തുറന്നുപറഞ്ഞു: “എന്‍റെ തലയില്‍ ഇതുവരെ ക്ഷൗരക്കത്തി തൊട്ടിട്ടില്ല; ജനനംമുതല്‍തന്നെ ഞാന്‍ ദൈവത്തിനു നാസീര്‍വ്രതസ്ഥന്‍ ആയിരുന്നു; എന്‍റെ തല മുണ്ഡനം ചെയ്താല്‍ എന്‍റെ ശക്തി ക്ഷയിക്കും; ഞാന്‍ മറ്റു മനുഷ്യരെപ്പോലെ ആകും.” ശിംശോന്‍ പറഞ്ഞത് സത്യം ആണെന്നു ദെലീലായ്‍ക്ക് ബോധ്യമായി. ഫെലിസ്ത്യ പ്രഭുക്കന്മാരെ വിളിച്ചുകൊണ്ടുവരാന്‍ അവള്‍ ആളയച്ചു. “ഒരു തവണകൂടി വന്നാലും; അവന്‍ സത്യമെല്ലാം എന്നോടു പറഞ്ഞിരിക്കുന്നു” എന്ന് അവരെ അറിയിച്ചു. അപ്പോള്‍ ഫെലിസ്ത്യപ്രഭുക്കന്മാര്‍ പണവുമായി അവളുടെ അടുക്കല്‍ വന്നു. അവള്‍ ശിംശോനെ മടിയില്‍ കിടത്തി ഉറക്കിയ ശേഷം ഒരാളെ വിളിപ്പിച്ചു തലയിലെ ഏഴു ജടയും മുറിച്ചുകളഞ്ഞു. അങ്ങനെ അവള്‍ അയാളെ കീഴ്പെടുത്തി; അതോടെ അയാളുടെ ശക്തി നഷ്ടപ്പെട്ടു. പിന്നീട് അവള്‍ വിളിച്ചുപറഞ്ഞു: “ശിംശോനേ, ഫെലിസ്ത്യര്‍ ഇതാ നിന്നെ വളഞ്ഞിരിക്കുന്നു.” അയാള്‍ ഉണര്‍ന്നു. സര്‍വേശ്വരന്‍റെ ശക്തി തന്നെ വിട്ടുപോയതറിയാതെ “മുന്‍ അവസരങ്ങളില്‍ ചെയ്തതുപോലെതന്നെ ഞാന്‍ സ്വതന്ത്രനാകും” എന്ന് അയാള്‍ പറഞ്ഞു; ഫെലിസ്ത്യര്‍ അയാളെ പിടിച്ചു കണ്ണു ചൂഴ്ന്നെടുത്തു ഗസ്സയിലേക്കു കൊണ്ടുപോയി. അവര്‍ അയാളെ ഓട്ടുചങ്ങലകൊണ്ടു ബന്ധിച്ചു തടവറയില്‍ മാവു പൊടിക്കുന്ന ജോലിയില്‍ ഏര്‍പ്പെടുത്തി. എന്നാല്‍ അയാളുടെ തലമുടി വീണ്ടും വളരാന്‍ തുടങ്ങി. പിന്നീട് ഫെലിസ്ത്യപ്രഭുക്കന്മാര്‍ അവരുടെ ദേവനായ ദാഗോനു ബലിയര്‍പ്പിക്കാനും ആഹ്ലാദിച്ചുല്ലസിക്കാനുമായി ഒരുമിച്ചു കൂടി. “നമ്മുടെ ദൈവം ശത്രുവായ ശിംശോനെ നമ്മുടെ കൈയില്‍ ഏല്പിച്ചിരിക്കുന്നു” എന്നവര്‍ പറഞ്ഞു. ജനം അവനെ കണ്ടപ്പോള്‍ “നമ്മുടെ ദേശം ശൂന്യമാക്കുകയും നമ്മില്‍ പലരെയും കൊല്ലുകയും ചെയ്ത ശത്രുവിനെ നമ്മുടെ ദൈവം നമ്മുടെ കൈയില്‍ ഏല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞ് അവര്‍ തങ്ങളുടെ ദേവനെ പുകഴ്ത്തി. അവര്‍ ആഹ്ലാദഭരിതരായി പറഞ്ഞു: “നമ്മുടെ മുമ്പില്‍ കുരങ്ങു കളിപ്പിക്കാന്‍ ശിംശോനെ കൊണ്ടുവരിക.” അയാളെ തടവറയില്‍നിന്നു പുറത്തു കൊണ്ടുവന്നു; അയാള്‍ അവരുടെ മുമ്പില്‍ അഭ്യാസങ്ങള്‍ കാട്ടി. തൂണുകളുടെ ഇടയിലായിരുന്നു അവര്‍ അയാളെ നിര്‍ത്തിയത്. തന്നെ കൈക്കു പിടിച്ചു നടത്തിക്കൊണ്ടുവന്ന യുവാവിനോട് ശിംശോന്‍ പറഞ്ഞു: “ക്ഷേത്രം താങ്ങിനിര്‍ത്തുന്ന തൂണുകള്‍ ഞാനൊന്നു തപ്പിനോക്കട്ടെ; എനിക്ക് അവയില്‍ ചാരി നില്‌ക്കാമല്ലോ. ക്ഷേത്രത്തില്‍ പുരുഷന്മാരും സ്‍ത്രീകളും തിങ്ങിനിറഞ്ഞിരുന്നു; ഫെലിസ്ത്യപ്രഭുക്കന്മാരെല്ലാവരും അവിടെ കൂടിയിരുന്നു. ശിംശോന്‍റെ കളി കണ്ടു രസിക്കാന്‍ മൂവായിരത്തിലധികം സ്‍ത്രീപുരുഷന്മാര്‍ ക്ഷേത്രത്തിന്‍റെ മേല്‍ത്തട്ടില്‍ ഉണ്ടായിരുന്നു. അപ്പോള്‍ ശിംശോന്‍ സര്‍വേശ്വരനോട് ഇപ്രകാരം പ്രാര്‍ഥിച്ചു: “ദൈവമായ സര്‍വേശ്വരാ, എന്നെ ഓര്‍ക്കണമേ; ഈ ഒരു പ്രാവശ്യംകൂടി ഞാന്‍ യാചിക്കുന്നു; എന്‍റെ കണ്ണുകളില്‍ ഒന്നിനുവേണ്ടി എങ്കിലും പകരംവീട്ടാന്‍ എനിക്കു ശക്തി നല്‌കിയാലും.” ക്ഷേത്രം താങ്ങിയിരുന്ന രണ്ടു നടുത്തൂണുകളില്‍ ഒന്നില്‍ വലംകൈയും മറ്റതില്‍ ഇടംകൈയും ചേര്‍ത്തുപിടിച്ചുകൊണ്ടു ശിംശോന്‍ നിന്നു. “ഫെലിസ്ത്യരോടുകൂടി ഞാനും മരിക്കട്ടെ” എന്നു പറഞ്ഞുകൊണ്ട് ശിംശോന്‍ കുനിഞ്ഞ് തൂണുകളില്‍ ആഞ്ഞുതള്ളി. അപ്പോള്‍ അവിടെ കൂടിയിരുന്ന ഫെലിസ്ത്യപ്രഭുക്കന്മാരുടെയും ജനങ്ങളുടെയുംമേല്‍ ക്ഷേത്രം ഇടിഞ്ഞുവീണു. ജീവിച്ചിരുന്ന സമയത്തു കൊന്നതിനെക്കാള്‍ കൂടുതല്‍ ആളുകളെ ശിംശോന്‍ തന്‍റെ മരണസമയത്തു കൊന്നു. ശിംശോന്‍റെ സഹോദരന്മാരും കുടുംബക്കാരും വന്ന് അയാളുടെ മൃതശരീരം എടുത്തുകൊണ്ടു പോയി; സോരായ്‍ക്കും എസ്തായോലിനും മധ്യേ അയാളുടെ പിതാവായ മനോഹായുടെ ശ്മശാനസ്ഥലത്ത് അയാളെ സംസ്കരിച്ചു. അയാള്‍ ഇരുപതു വര്‍ഷം ഇസ്രായേലില്‍ ന്യായപാലനം നടത്തി. ഒരിക്കല്‍ എഫ്രയീം മലനാട്ടില്‍ മീഖാ എന്നൊരാള്‍ ജീവിച്ചിരുന്നു; അവന്‍ തന്‍റെ അമ്മയോടു പറഞ്ഞു: “ഒരിക്കല്‍ ആയിരത്തി ഒരുനൂറ് വെള്ളിപ്പണം മോഷണം പോയതിന് അമ്മ ശാപം ചൊരിഞ്ഞത് ഞാന്‍ കേട്ടതാണ്. അമ്മേ! ഞാനാണ് അതെടുത്തത്. ആ പണം എന്‍റെ കൈവശമുണ്ട്!” “എന്‍റെ മകനേ, സര്‍വേശ്വരന്‍ നിന്നെ അനുഗ്രഹിക്കട്ടെ” എന്ന് അവന്‍റെ അമ്മ പറഞ്ഞു. അവന്‍ ആ പണം അമ്മയ്‍ക്കു മടക്കിക്കൊടുത്തു. അപ്പോള്‍ അമ്മ പറഞ്ഞു: “ഈ വെള്ളികൊണ്ട് ഒരു കൊത്തുവിഗ്രഹവും വാര്‍പ്പുവിഗ്രഹവും ഉണ്ടാക്കി മകനെ ശാപവിമുക്തനാക്കാന്‍വേണ്ടി സര്‍വേശ്വരന് സമര്‍പ്പിക്കാന്‍ ഞാന്‍ നേരുന്നു. അതുകൊണ്ട് ഈ വെള്ളി നാണയങ്ങള്‍ ഞാന്‍ തിരിച്ചുതരുന്നു.” അവന്‍ ആ പണം അമ്മയ്‍ക്കു മടക്കിക്കൊടുത്തപ്പോള്‍ അമ്മ ഇരുനൂറു വെള്ളിപ്പണം ഒരു വെള്ളിപ്പണിക്കാരനെ ഏല്പിച്ചു. അവന്‍ അതുകൊണ്ട് ഒരു വാര്‍പ്പുരൂപവും കൊത്തുരൂപവും ഉണ്ടാക്കി; അതു മീഖായുടെ വീട്ടില്‍ വച്ചു. മീഖായ്‍ക്ക് ഒരു പൂജാഗൃഹം ഉണ്ടായിരുന്നു; അയാള്‍ ഒരു ഏഫോദും കുലദേവവിഗ്രഹങ്ങളും നിര്‍മ്മിച്ചു; പുത്രന്മാരില്‍ ഒരാളെ പുരോഹിതനായി അവരോധിച്ചു. ആ കാലത്ത് ഇസ്രായേലില്‍ രാജവാഴ്ച ആരംഭിച്ചിരുന്നില്ല; ഓരോരുത്തനും യഥേഷ്ടം ജീവിച്ചു. ആ സമയത്ത് യെഹൂദ്യയിലെ ബേത്‍ലഹേമില്‍ ഒരു ലേവ്യയുവാവു വന്നു പാര്‍ത്തിരുന്നു. ജീവിക്കാന്‍ പറ്റിയ മറ്റൊരു സ്ഥലം കണ്ടെത്താന്‍ അവന്‍ ബേത്‍ലഹേം വിട്ടു. യാത്രാമധ്യേ അവന്‍ എഫ്രയീം മലനാട്ടില്‍ മീഖായുടെ വീട്ടിലെത്തി. “താങ്കള്‍ എവിടെനിന്നു വരുന്നു” എന്നു മീഖാ അയാളോടു ചോദിച്ചു. “ഞാന്‍ യെഹൂദ്യയിലെ ബേത്‍ലഹേമില്‍നിന്നു വന്ന ഒരു ലേവ്യനാണ്; പാര്‍ക്കാന്‍ പറ്റിയ ഒരു സ്ഥലം അന്വേഷിച്ചുനടക്കുന്നു” എന്ന് അവന്‍ പറഞ്ഞു. “അങ്ങ് എന്‍റെ കൂടെ പാര്‍ക്കുക; അങ്ങ് എനിക്കൊരു പിതാവും പുരോഹിതനുമായി ഇരുന്നാലും; ആണ്ടുതോറും പത്തു വെള്ളിപ്പണവും വസ്ത്രവും ഭക്ഷണവും ഞാന്‍ തരാം” എന്നു മീഖാ പറഞ്ഞു. അവന്‍റെ കൂടെ പാര്‍ക്കാന്‍ ലേവ്യന്‍ സമ്മതിച്ചു; ആ യുവാവിനെ മീഖാ സ്വപുത്രന്മാരില്‍ ഒരാളെപ്പോലെ കരുതി. മീഖാ ലേവ്യനെ തന്‍റെ പുരോഹിതനായി അവരോധിച്ചു. അങ്ങനെ ആ യുവാവ് മീഖായുടെ വീട്ടില്‍ പാര്‍ത്തു. “ഒരു ലേവ്യനെ പുരോഹിതനായി ലഭിച്ചതിനാല്‍ സര്‍വേശ്വരന്‍ തന്നെ അനുഗ്രഹിക്കുമെന്നു തനിക്കുറപ്പായി” എന്നു മീഖാ പറഞ്ഞു. അക്കാലത്ത് ഇസ്രായേലില്‍ രാജവാഴ്ച തുടങ്ങിയിരുന്നില്ല. കുടിപാര്‍ക്കാന്‍ ദാന്‍ഗോത്രക്കാര്‍ അവകാശഭൂമി അന്വേഷിക്കുകയായിരുന്നു. അന്നുവരെ ഇസ്രായേല്‍ഗോത്രക്കാരുടെ ഇടയില്‍ അവര്‍ക്ക് അവകാശം ലഭിച്ചിരുന്നില്ല. അതുകൊണ്ട് ദാന്‍ഗോത്രക്കാര്‍ തങ്ങളുടെ ഗോത്രത്തില്‍നിന്ന് സമര്‍ഥരായ അഞ്ചു പേരെ തിരഞ്ഞെടുത്ത് സോരായില്‍നിന്നും എസ്തായോലില്‍നിന്നുമായി അയച്ചു. സ്ഥലം ഒറ്റുനോക്കി വിവരങ്ങള്‍ ശേഖരിക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് അവരെ പറഞ്ഞയച്ചത്. അവര്‍ എഫ്രയീം മലനാട്ടില്‍ മീഖായുടെ വീട്ടിലെത്തി രാത്രി അവിടെ പാര്‍ത്തു. അവര്‍ ആ ഭവനത്തിന് അടുത്തെത്തിയപ്പോള്‍തന്നെ ആ ലേവ്യയുവാവിന്‍റെ ശബ്ദം തിരിച്ചറിഞ്ഞു; അവിടെ കയറിച്ചെന്ന് അയാളോടു ചോദിച്ചു: “ആരാണ് നിന്നെ ഇവിടെ കൊണ്ടുവന്നത്? ഈ സ്ഥലത്തു നീ എന്തു ചെയ്യുന്നു? ഇവിടെ നിന്‍റെ ജോലി എന്താണ്?” മീഖാ തനിക്കുവേണ്ടി ചെയ്തതെല്ലാം അയാള്‍ അവരോടു പറഞ്ഞു: “ഞാനയാള്‍ക്ക് പുരോഹിതനാണ്, അയാള്‍ എനിക്കു വേതനം നല്‌കുന്നു.” “ഞങ്ങളുടെ യാത്ര ശുഭമായി പരിണമിക്കുമോ എന്നു ദൈവത്തോടു ചോദിച്ചാലും” എന്ന് അവര്‍ അയാളോട് അപേക്ഷിച്ചു. “സമാധാനത്തോടുകൂടി പോകുക; നിങ്ങളുടെ യാത്രയില്‍ സര്‍വേശ്വരന്‍ നിങ്ങളോടൊപ്പമുണ്ട്” എന്നു പുരോഹിതന്‍ പറഞ്ഞു. ആ അഞ്ചു പേര്‍ അവിടെനിന്നു ലയീശിലേക്കു പോയി; സീദോന്യരെപ്പോലെ അവിടത്തെ ജനം സുരക്ഷിതരായി പാര്‍ക്കുന്നു എന്ന് അവര്‍ മനസ്സിലാക്കി. അവര്‍ പ്രശാന്തരും സുരക്ഷിതരുമായിരുന്നു; അവരുടെ ഇടയില്‍ തര്‍ക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല; അവര്‍ക്കാവശ്യമുള്ളതെല്ലാം അവിടെ ഉണ്ടായിരുന്നു. സീദോന്യരില്‍നിന്ന് വളരെ അകലെയാണ് അവര്‍ പാര്‍ത്തിരുന്നത്; അവര്‍ക്കു മറ്റു ജനതകളുമായി യാതൊരു സംസര്‍ഗവും ഉണ്ടായിരുന്നില്ല. പിന്നീട് അവര്‍ സോരായിലും എസ്തായോലിലുമുള്ള സ്വജനങ്ങളുടെ അടുക്കല്‍ മടങ്ങിവന്നു. ജനം അവരോടു ചോദിച്ചു: “നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്.” അവര്‍ പറഞ്ഞു: “പുറപ്പെടുക; ഞങ്ങള്‍ അവരുടെ ദേശം കണ്ടു; അതു വളരെ ഫലഭൂയിഷ്ഠമാണ്; നിഷ്ക്രിയനായിരിക്കാതെ ആ ദേശം വേഗം കൈവശപ്പെടുത്തുവിന്‍. നിര്‍ഭയരായി കഴിയുന്ന ഒരു ജനതയെ ആയിരിക്കും നിങ്ങള്‍ അവിടെ നേരിടുക; അതു വളരെ വിശാലമായ ദേശമാണ്; ഒന്നിനും അവിടെ ഒരു കുറവുമില്ല; ആ ദേശം ദൈവം നിങ്ങള്‍ക്കു നല്‌കിയിരിക്കുന്നു.” അപ്പോള്‍ സോരായിലും എസ്തായോലിലും പാര്‍ത്തിരുന്ന ദാന്‍ഗോത്രക്കാരില്‍ അറുനൂറു പേര്‍ യുദ്ധസന്നദ്ധരായി അവിടെനിന്നു പുറപ്പെട്ടു. അവര്‍ ചെന്നു യെഹൂദായിലെ കിര്യത്ത്-യെയാരീമില്‍ പാളയമടിച്ചു; അതുകൊണ്ട് ആ സ്ഥലം ഇന്നും മഹനേ-ദാന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. അത് കിര്യത്ത്-യെയാരീമിന്‍റെ പടിഞ്ഞാറു വശത്താണ്. അവര്‍ അവിടെനിന്ന് എഫ്രയീം മലനാട്ടിലുള്ള മീഖായുടെ വീടിനു സമീപം എത്തി. ലയീശ്ദേശം നിരീക്ഷിക്കാന്‍ പോയിരുന്ന ആ അഞ്ചുപേര്‍ സഹോദരന്മാരോടു പറഞ്ഞു: “ഇവിടെയുള്ള ഒരു വീട്ടില്‍ ഒരു ഏഫോദും കുലദേവവിഗ്രഹങ്ങളും ഒരു കൊത്തുവിഗ്രഹവും വാര്‍പ്പുവിഗ്രഹവും ഉണ്ട്. അതുകൊണ്ടു നാം എന്തു ചെയ്യണമെന്ന് നിങ്ങള്‍ ചിന്തിക്കുക;” അവര്‍ മീഖായുടെ വീട്ടില്‍ പാര്‍ത്തിരുന്ന ലേവ്യയുവാവിന്‍റെ അടുക്കല്‍ ചെന്നു കുശലാന്വേഷണം നടത്തി. ദാന്‍ഗോത്രത്തില്‍പ്പെട്ട യുദ്ധസന്നദ്ധരായ അറുനൂറു പേര്‍ പടിവാതില്‌ക്കല്‍ നിന്നിരുന്നു. ദേശം ഒറ്റുനോക്കാന്‍ പോയിരുന്ന അഞ്ചു പേര്‍ അകത്തു പ്രവേശിച്ച് ഏഫോദും, കൊത്തുവിഗ്രഹവും, വാര്‍പ്പുവിഗ്രഹവും, കുലദേവവിഗ്രഹങ്ങളും എടുത്തു. അപ്പോള്‍ പുരോഹിതന്‍ യുദ്ധസന്നദ്ധരായ അറുനൂറു പേരോടൊപ്പം പടിവാതില്‌ക്കല്‍ നില്‌ക്കുകയായിരുന്നു; അവര്‍ മീഖായുടെ വീട്ടില്‍ ചെന്ന് കുലദേവവിഗ്രഹങ്ങളും വാര്‍പ്പുവിഗ്രഹവും കൊത്തുവിഗ്രഹവും ഏഫോദും എടുത്തപ്പോള്‍ “നിങ്ങള്‍ എന്താണീ ചെയ്യുന്നത്” എന്നു പുരോഹിതന്‍ ചോദിച്ചു. അവര്‍ അവനോടു പറഞ്ഞു: “മിണ്ടരുത്; വായ്പൊത്തി ഞങ്ങളുടെകൂടെ വന്നു ഞങ്ങള്‍ക്കു പിതാവും പുരോഹിതനുമായിരിക്കുക. ഒരു വീട്ടിലെ പുരോഹിതനായിരിക്കുന്നതിനെക്കാള്‍ ഇസ്രായേലിലെ ഒരു ഗോത്രത്തിന്‍റെ മുഴുവന്‍ പുരോഹിതന്‍ ആയിരിക്കുന്നതല്ലേ അങ്ങേക്കു കൂടുതല്‍ നല്ലത്.” അതു കേട്ടപ്പോള്‍ പുരോഹിതന്‍ സന്തുഷ്ടനായി; അയാള്‍ ഏഫോദും കുലദേവവിഗ്രഹങ്ങളും കൊത്തുവിഗ്രഹവും എടുത്തുകൊണ്ട് അവരോടൊത്തു പോയി. അവര്‍ അവിടെനിന്നു യാത്രപുറപ്പെട്ടു. കുഞ്ഞുകുട്ടികളും ആടുമാടുകളും അവരുടെ വസ്തുവകകളുമായിരുന്നു മുമ്പില്‍. അവര്‍ മീഖായുടെ വീട്ടില്‍നിന്നു കുറെ ദൂരത്തായപ്പോള്‍ മീഖാ സമീപവാസികളെ വിളിച്ചുകൂട്ടി ദാന്‍ഗോത്രക്കാരെ പിന്തുടര്‍ന്ന് അവരുടെ ഒപ്പം എത്തി. അവര്‍ കൂകി വിളിച്ചപ്പോള്‍ ദാന്‍ഗോത്രക്കാര്‍ തിരിഞ്ഞുനോക്കി; മീഖായെ കണ്ട് “ഈ ആള്‍ക്കൂട്ടത്തോടുകൂടി വരുന്നതിന് എന്തുണ്ടായി എന്നു ചോദിച്ചു. മീഖാ അവരോടു പറഞ്ഞു: “ഞാന്‍ നിര്‍മ്മിച്ച ദേവവിഗ്രഹങ്ങള്‍ നിങ്ങള്‍ അപഹരിച്ചു; എന്‍റെ പുരോഹിതനെയും നിങ്ങള്‍ കൊണ്ടുപോകുന്നു; ഇനിയും എനിക്ക് എന്താണ് ശേഷിച്ചിട്ടുള്ളത്? എന്നിട്ടും എനിക്കെന്തുണ്ടായി എന്നു നിങ്ങള്‍ ചോദിക്കുന്നു.” ദാന്‍ഗോത്രക്കാര്‍ മറുപടി പറഞ്ഞു: “ശബ്ദിച്ചുപോകരുത്; അല്ലെങ്കില്‍ ഈ ജനം കോപിച്ചു നിന്നെ ആക്രമിക്കാനിടയാകും. അങ്ങനെ നീയും നിന്‍റെ കുടുംബാംഗങ്ങളും നശിച്ചുപോകാന്‍ ഇടവരുത്തരുത്.” ദാന്‍ഗോത്രക്കാര്‍ തങ്ങളുടെ വഴിക്കു പോയി; അവര്‍ തന്നെക്കാള്‍ ശക്തരായതുകൊണ്ട് മീഖായും സ്വഭവനത്തിലേക്കു മടങ്ങി. അവര്‍ മീഖാ നിര്‍മ്മിച്ച വിഗ്രഹങ്ങളോടൊപ്പം പുരോഹിതനെയും ലയീശിലേക്കു കൊണ്ടുപോയി. അവിടെ സുരക്ഷിതരായി സമാധാനപൂര്‍വം ജീവിച്ചിരുന്ന ജനങ്ങളുടെ അടുക്കല്‍ ചെന്ന് അവരെ വാളിനിരയാക്കി. അവരുടെ പട്ടണം ചുട്ടെരിച്ചു; അത് സീദോനില്‍നിന്നു വളരെ അകലെയായിരുന്നതിനാലും മറ്റാളുകളുമായി അവര്‍ക്കു സമ്പര്‍ക്കം ഇല്ലാതിരുന്നതിനാലും അവരെ സഹായിക്കാന്‍ ആരുമുണ്ടായില്ല. ആ പട്ടണം ബേത്ത്-രെഹോബ് താഴ്വരയില്‍തന്നെ ആയിരുന്നു. ദാന്‍ഗോത്രക്കാര്‍ പട്ടണം വീണ്ടും പണിത് അവിടെ നിവസിച്ചു. തങ്ങളുടെ ഗോത്രപിതാവായ ദാനിന്‍റെ പേര് അവര്‍ ആ പട്ടണത്തിനു നല്‌കി; അതിനു മുമ്പ് ലയീശ് എന്നായിരുന്നു അതിന്‍റെ പേര്. ദാന്‍ഗോത്രക്കാര്‍ കൊത്തുവിഗ്രഹം തങ്ങള്‍ക്കുവേണ്ടി പ്രതിഷ്ഠിച്ചു; മോശയുടെ പൗത്രനും ഗേര്‍ശോമിന്‍റെ പുത്രനുമായ യോനാഥാനും അവന്‍റെ പുത്രന്മാരും ദാന്‍ഗോത്രക്കാര്‍ക്കുവേണ്ടി പുരോഹിതശുശ്രൂഷ നിര്‍വഹിച്ചു. പ്രവാസകാലംവരെ അവര്‍ അതു തുടര്‍ന്നുപോന്നു. ദൈവത്തിന്‍റെ ആലയം ശീലോവിലായിരുന്ന കാലമത്രയും മീഖാ ഉണ്ടാക്കിയ വിഗ്രഹം അവര്‍ അവിടെ പ്രതിഷ്ഠിച്ച് ആരാധിച്ചിരുന്നു. ഇസ്രായേലില്‍ രാജാവില്ലാതിരുന്ന ആ കാലത്ത് എഫ്രയീം മലനാട്ടിന്‍റെ ഉള്‍പ്രദേശത്തു ഒരു ലേവ്യന്‍ വന്നു പാര്‍ത്തിരുന്നു; യെഹൂദ്യയിലെ ബേത്‍ലഹേംകാരിയായ ഒരു സ്‍ത്രീയെ ഉപഭാര്യയായി അയാള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ അവള്‍ അയാളോടു പിണങ്ങി ബേത്‍ലഹേമിലുള്ള പിതൃഭവനത്തില്‍ പോയി അവിടെ നാലു മാസം പാര്‍ത്തു. അവളെ അനുനയപൂര്‍വം മടക്കിക്കൊണ്ടു വരുവാന്‍ അയാള്‍ അവളുടെ വീട്ടിലേക്കു പുറപ്പെട്ടു. ഒരു ഭൃത്യനും ഒരു ജോഡി കഴുതകളും കൂടെ ഉണ്ടായിരുന്നു; അവര്‍ അവിടെ ചെന്നപ്പോള്‍ അവളുടെ പിതാവ് അവരെ സസന്തോഷം സ്വീകരിച്ചു. അയാളുടെ നിര്‍ബന്ധംകൊണ്ട് ആ ലേവ്യന്‍ മൂന്നു ദിവസം അവിടെ പാര്‍ത്തു. അവര്‍ അങ്ങനെ തിന്നും കുടിച്ചും രാത്രികള്‍ കഴിച്ചു; നാലാം ദിവസം അതിരാവിലെ അയാള്‍ എഴുന്നേറ്റു യാത്രയ്‍ക്കൊരുങ്ങി. അപ്പോള്‍ അവളുടെ പിതാവ് പറഞ്ഞു: “അല്പം ഭക്ഷണം കഴിച്ച് ഉന്മേഷവാനായി നിനക്കു പോകാം.” അവര്‍ ഒരുമിച്ചിരുന്നു ഭക്ഷിക്കുകയും കുടിക്കുകയും ചെയ്തു. പിന്നീട് അയാള്‍ ലേവ്യനോടു പറഞ്ഞു: “ഈ രാത്രിയും ഇവിടെ പാര്‍ത്ത് നീ സന്തോഷിക്കുക.” അയാള്‍ പോകാന്‍ എഴുന്നേറ്റെങ്കിലും ആ യുവതിയുടെ പിതാവ് വീണ്ടും നിര്‍ബന്ധിച്ചതുകൊണ്ട് അന്നും അവിടെ താമസിച്ചു. അഞ്ചാം ദിവസവും പ്രഭാതത്തില്‍ അയാള്‍ പോകാന്‍ ഒരുങ്ങി; “ഭക്ഷണം കഴിച്ച് ഉന്മേഷവാനായി വെയിലാറിയിട്ടു പോകാം” എന്നു യുവതിയുടെ പിതാവ് പറഞ്ഞു; അവര്‍ ഒന്നിച്ചു ഭക്ഷണം കഴിച്ചു. ലേവ്യനും അയാളുടെ ഉപഭാര്യയും ഭൃത്യനും യാത്രയ്‍ക്കായി എഴുന്നേറ്റു. അപ്പോള്‍ “നേരം സന്ധ്യയായല്ലോ; ഇവിടെത്തന്നെ രാപാര്‍ത്ത് ഉല്ലാസമായി കഴിയൂ; നാളെ അതിരാവിലെ എഴുന്നേറ്റു നിന്‍റെ വീട്ടിലേക്കു പോകാം” എന്ന് അവളുടെ പിതാവു പറഞ്ഞു. എന്നാല്‍ അയാള്‍ അതിനു വിസമ്മതിച്ചു. അവര്‍ യാത്ര പുറപ്പെട്ട് യെബൂസിന് എതിര്‍വശത്തെത്തി. തന്‍റെ ഉപഭാര്യയും ഭൃത്യനും ജീനിയിട്ട രണ്ടു കഴുതകളും അയാളുടെ കൂടെ ഉണ്ടായിരുന്നു. അയാള്‍ യെബൂസിനു സമീപത്തെത്തിയപ്പോള്‍ നേരം വളരെ വൈകിയിരുന്നു; ഭൃത്യന്‍ ലേവ്യനോടു പറഞ്ഞു: “യെബൂസ്യരുടെ ഈ പട്ടണത്തില്‍ നമുക്കു രാത്രികഴിക്കാം.” അയാള്‍ ഇങ്ങനെ മറുപടി പറഞ്ഞു: “ഇസ്രായേല്യരുടേതല്ലാത്ത ഈ വിജാതീയപട്ടണത്തില്‍ നമുക്കു പാര്‍ത്തുകൂടാ; നമുക്കു ഗിബെയായിലേക്കു പോകാം.” അയാള്‍ തുടര്‍ന്നു “ഈ കാണുന്ന പട്ടണങ്ങളില്‍ ഏതിലേക്കെങ്കിലും നമുക്കു പോകാം; ഗിബെയായിലോ, രാമായിലോ രാത്രികഴിക്കാം.” അവര്‍ യാത്ര തുടര്‍ന്നു; ബെന്യാമീന്യരുടെ പട്ടണമായ ഗിബെയായ്‍ക്കു സമീപമെത്തി. അപ്പോള്‍ സൂര്യന്‍ അസ്തമിച്ചിരുന്നു. രാപാര്‍ക്കുന്നതിന് അവര്‍ ഗിബെയായില്‍ പ്രവേശിച്ചു; അവിടെ ആരും അവരെ സ്വീകരിക്കാഞ്ഞതിനാല്‍ പട്ടണത്തിലെ തുറസ്സായ ഒരു സ്ഥലത്ത് അവര്‍ ഇരുന്നു. അപ്പോള്‍ ഒരു വൃദ്ധന്‍ വയലില്‍നിന്ന് ജോലി കഴിഞ്ഞു മടങ്ങിവന്നു. അയാള്‍ എഫ്രയീം മലനാട്ടുകാരനും അവിടെ വന്നുപാര്‍ക്കുന്നവനുമായിരുന്നു; ബെന്യാമീന്‍ഗോത്രക്കാരാണ് അവിടെ പാര്‍ത്തിരുന്നത്. പട്ടണത്തിലെ തുറസ്സായ സ്ഥലത്ത് ഒരു വഴിയാത്രക്കാരന്‍ ഇരിക്കുന്നതു കണ്ട് ആ വൃദ്ധന്‍ ചോദിച്ചു: “താങ്കള്‍ എവിടേക്കു പോകുന്നു? എവിടെനിന്നു വരുന്നു?” അയാള്‍ പറഞ്ഞു: “എഫ്രയീം മലനാട്ടിലേക്കു പോകുകയാണ്. അതാണ് എന്‍റെ നാട്; ഞാന്‍ യെഹൂദ്യയിലെ ബേത്‍ലഹേമിലേക്കു പോയിരുന്നു; ഇപ്പോള്‍ എന്‍റെ വീട്ടിലേക്ക് മടങ്ങിപ്പോകുകയാണ്. എന്നാല്‍ ഈ രാത്രി കഴിച്ചുകൂട്ടുന്നതിന് ഇവിടെ ആരും എന്നെ സ്വീകരിക്കുന്നില്ല. ഞങ്ങളുടെ കഴുതകള്‍ക്കാവശ്യമായ വൈക്കോലും തീറ്റയും ഞങ്ങളുടെ കൈവശമുണ്ട്; എനിക്കും എന്‍റെ ഉപഭാര്യക്കും ഭൃത്യനും ആവശ്യമായ അപ്പവും വീഞ്ഞും ഞങ്ങളുടെ പക്കലുണ്ട്. ഞങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ഞങ്ങളുടെ കൈയിലുണ്ട്.” വൃദ്ധന്‍ പറഞ്ഞു: “വിഷമിക്കേണ്ടാ, നിനക്ക് ആവശ്യമുള്ളതെല്ലാം ഞാന്‍ നല്‌കാം. ഈ തുറസ്സായ സ്ഥലത്ത് രാപാര്‍ക്കരുത്.” വൃദ്ധന്‍ അവരെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി; കഴുതകള്‍ക്കു തീറ്റകൊടുത്തു; അവര്‍ കൈകാലുകള്‍ കഴുകി ഭക്ഷണപാനീയങ്ങള്‍ കഴിച്ചു. അവര്‍ ഉല്ലാസഭരിതരായിരിക്കുമ്പോള്‍ പട്ടണത്തിലെ ചില നീചന്മാര്‍ വീടു വളഞ്ഞു. വാതിലില്‍ തട്ടി. അവര്‍ വൃദ്ധനായ വീട്ടുടമയോടു പറഞ്ഞു: “നിന്‍റെ വീട്ടില്‍ വന്നിരിക്കുന്ന പുരുഷനെ പുറത്തുവിടുക; ഞങ്ങള്‍ അവനോടൊത്തു രമിക്കട്ടെ.” വൃദ്ധന്‍ പുറത്തുവന്ന് അവരോടു പറഞ്ഞു: “എന്‍റെ സഹോദരന്മാരേ, അങ്ങനെയരുത്; ഈ തിന്മ നിങ്ങള്‍ ചെയ്യരുത്; ഈ മനുഷ്യന്‍ എന്‍റെ അതിഥിയാണ്. ഇയാളോടു നീചമായി പ്രവര്‍ത്തിക്കരുത്. ഇതാ, എന്‍റെ കന്യകയായ പുത്രിയും ഈ മനുഷ്യന്‍റെ ഉപഭാര്യയും. നിങ്ങളുടെ ഇഷ്ടംപോലെ ഇവരോടു പ്രവര്‍ത്തിച്ചുകൊള്ളുക; ഈ മനുഷ്യനോടു ഹീനമായി പെരുമാറരുത്.” എന്നാല്‍ അയാള്‍ പറഞ്ഞത് അവര്‍ ശ്രദ്ധിച്ചില്ല; ലേവ്യന്‍ തന്‍റെ ഉപഭാര്യയെ അവര്‍ക്കു വിട്ടുകൊടുത്തു; രാത്രി മുഴുവന്‍ അവര്‍ അവളെ ബലാല്‍ക്കാരം ചെയ്തു. പ്രഭാതമായപ്പോള്‍ അവര്‍ അവളെ വിട്ടയച്ചു; ഉടനെ അവള്‍ തന്‍റെ ഭര്‍ത്താവു പാര്‍ത്തിരുന്ന വൃദ്ധന്‍റെ വീട്ടുപടിക്കല്‍ വന്നു തളര്‍ന്നു കിടന്നു. രാവിലെ എഴുന്നേറ്റു യാത്രയ്‍ക്കുവേണ്ടി ലേവ്യന്‍ വാതില്‍ തുറന്നപ്പോള്‍ അവള്‍ കട്ടിളപ്പടിമേല്‍ കൈ വച്ചു കിടക്കുന്നതു കണ്ടു. അവന്‍ അവളോടു പറഞ്ഞു: “എഴുന്നേല്‌ക്കൂ, നമുക്കു പോകാം.” എങ്കിലും ഒരു മറുപടിയും ഉണ്ടായില്ല. അയാള്‍ അവളെ എടുത്തു കഴുതപ്പുറത്തുവച്ചു സ്വദേശത്തേക്കു പോയി. വീട്ടില്‍ എത്തിയ ഉടന്‍തന്നെ ഒരു കത്തിയെടുത്ത് അവന്‍ തന്‍റെ ഉപഭാര്യയുടെ അവയവങ്ങള്‍ ഛേദിച്ച് പന്ത്രണ്ടു കഷണങ്ങളാക്കി ഇസ്രായേലില്‍ എല്ലായിടത്തേക്കും കൊടുത്തയച്ചു. അതു കണ്ടവരെല്ലാം പറഞ്ഞു: “ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പോന്നതിനുശേഷം ഇതുപോലൊരു സംഭവം കണ്ടിട്ടില്ല, ഉണ്ടായിട്ടുമില്ല; ആലോചിച്ച് എന്താണ് ചെയ്യേണ്ടതെന്നു പറയൂ.” ഗിലെയാദ്‍ദേശം ഉള്‍പ്പെടെ, ദാന്‍മുതല്‍ ബേര്‍-ശേബവരെയുള്ള ഇസ്രായേല്‍ജനമെല്ലാം ഏകമനസ്സോടെ മിസ്പായില്‍ സര്‍വേശ്വരസന്നിധിയില്‍ ഒന്നിച്ചുകൂടി. ഇസ്രായേല്‍ഗോത്രങ്ങളിലെ എല്ലാ ജനനേതാക്കന്മാരും വാള്‍ ഏന്തിയ നാലു ലക്ഷം പേരുള്ള കാലാള്‍പ്പടയും ദൈവജനത്തിന്‍റെ ഈ സമ്മേളനത്തില്‍ വന്നുകൂടി; ഇസ്രായേല്‍ജനം മിസ്പായിലേക്കു പോയിരിക്കുന്ന വിവരം ബെന്യാമീന്‍ഗോത്രക്കാര്‍ അറിഞ്ഞു. ആ നീചപ്രവൃത്തി എങ്ങനെ സംഭവിച്ചു എന്നു ജനത്തോടു പറയാന്‍ ഇസ്രായേല്‍ജനം ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട സ്‍ത്രീയുടെ ഭര്‍ത്താവായ ലേവ്യന്‍ പറഞ്ഞു: “ഞാനും എന്‍റെ ഉപഭാര്യയും കൂടി ബെന്യാമീന്യരുടെ വകയായ ഗിബെയായില്‍ രാപാര്‍ക്കാന്‍ ചെന്നു. ഗിബെയാനിവാസികള്‍ എനിക്കെതിരെ സംഘടിച്ചു. രാത്രിയില്‍ വീടു വളഞ്ഞ് എന്നെ കൊല്ലാന്‍ ഭാവിച്ചു; അവര്‍ എന്‍റെ ഉപഭാര്യയെ ബലാല്‍ക്കാരം ചെയ്തു; അങ്ങനെ അവള്‍ മരിച്ചു. ഞാന്‍ അവളെ കഷണങ്ങളായി നുറുക്കി ഇസ്രായേല്‍ജനത്തിന്‍റെ ദേശത്തെല്ലാം കൊടുത്തയച്ചു. തികച്ചും മ്ലേച്ഛമായ പ്രവൃത്തിയാണല്ലോ അവര്‍ ചെയ്തത്. നിങ്ങളെല്ലാം ഇസ്രായേല്യരാണല്ലോ; ഇക്കാര്യത്തില്‍ എന്താണ് ചെയ്യേണ്ടത്? നിങ്ങളുടെ അഭിപ്രായവും ഉപദേശവും അറിയിക്കുക.” അവിടെ കൂടിയിരുന്നവരെല്ലാം എഴുന്നേറ്റ് ഏകസ്വരത്തില്‍ പറഞ്ഞു: “ഞങ്ങളില്‍ ഒരാള്‍പോലും സ്വന്തം കൂടാരത്തിലേക്കോ വീട്ടിലേക്കോ തിരിച്ചുപോകുന്നില്ല. ഗിബെയായോട് നമുക്ക് ഇങ്ങനെ ചെയ്യാം; നറുക്കിട്ട് ഏതാനും പേരെ തിരഞ്ഞെടുക്കാം; അവര്‍ അവരെ ആക്രമിക്കട്ടെ. ബെന്യാമീന്‍ഗോത്രത്തില്‍പ്പെട്ട ഗിബെയാക്കാര്‍ പ്രവര്‍ത്തിച്ച നീചപ്രവൃത്തിക്കു പകരംവീട്ടാന്‍ അവര്‍ പോകുമ്പോള്‍ അവര്‍ക്കുവേണ്ട ഭക്ഷണപദാര്‍ഥങ്ങള്‍ എത്തിച്ചുകൊടുക്കേണ്ടത് ഇസ്രായേലിലെ ഒരോ ഗോത്രത്തില്‍നിന്നും നൂറിനു പത്ത്, ആയിരത്തിനു നൂറ്, പതിനായിരത്തിനു ആയിരം എന്ന ക്രമത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കണം. ഇസ്രായേല്‍ജനമെല്ലാം ആ പട്ടണത്തിനെതിരെ ഒറ്റക്കെട്ടായി നിന്നു. പിന്നീട് ഇസ്രായേല്‍ഗോത്രക്കാര്‍ ബെന്യാമീന്‍ഗോത്രക്കാരുടെ ഇടയില്‍ ദൂതന്മാരെ അയച്ചു; അവരെ അറിയിച്ചു. “എത്ര ഹീനമായ പ്രവൃത്തിയാണു നിങ്ങളുടെ ഇടയില്‍ നടന്നത്. ഗിബെയായിലെ ആ നീചന്മാരെ വിട്ടുതരിക; ഞങ്ങള്‍ അവരെ കൊന്ന് ഇസ്രായേലില്‍നിന്ന് ഈ തിന്മ നീക്കിക്കളയട്ടെ.” എന്നാല്‍ ബെന്യാമീന്‍ഗോത്രക്കാര്‍ തങ്ങളുടെ സഹോദരരായ ഇസ്രായേല്‍ജനത്തിന്‍റെ വാക്ക് അനുസരിച്ചില്ല. ഇസ്രായേല്‍ജനത്തോടു യുദ്ധം ചെയ്യാന്‍ അവര്‍ തങ്ങളുടെ സ്വന്തം പട്ടണങ്ങളില്‍നിന്നു വന്നു ഗിബെയായില്‍ ഒന്നിച്ചുകൂടി. ഗിബെയായില്‍നിന്നുതന്നെ തിരഞ്ഞെടുത്ത സമര്‍ഥന്മാരായ എഴുനൂറു പേരെ കൂടാതെ ആയുധധാരികളായ ഇരുപത്തിയാറായിരം പേര്‍ അവിടെ ഉണ്ടായിരുന്നു. അവരുടെ ഇടയില്‍ ഉണ്ടായിരുന്ന ഇടതുകൈയന്മാരായ എഴുനൂറു സമര്‍ഥന്മാരില്‍ ഓരോരുത്തനും തലനാരിഴക്കുപോലും ഉന്നം തെറ്റാത്ത കവണക്കാര്‍ ആയിരുന്നു. ബെന്യാമീന്‍ഗോത്രക്കാര്‍ ഒഴികെയുള്ള ആയുധധാരികളായ ഇസ്രായേല്യര്‍ നാലു ലക്ഷം പേര്‍ ഉണ്ടായിരുന്നു. ബെന്യാമീന്യരോടു യുദ്ധം ചെയ്യാന്‍ തങ്ങളില്‍ ആരാണ് ആദ്യം പുറപ്പെടേണ്ടത് എന്നതിനെപ്പറ്റി ദൈവത്തോട് അരുളപ്പാടു ചോദിക്കാന്‍ ഇസ്രായേല്‍ജനം ബേഥേലിലേക്കുപോയി. ‘യെഹൂദാ ആദ്യം പുറപ്പെടട്ടെ’ എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്തു. ഇസ്രായേല്‍ജനം രാവിലെ എഴുന്നേറ്റു ഗിബെയായ്‍ക്ക് അഭിമുഖമായി പാളയമടിച്ചു. അവര്‍ യുദ്ധസന്നദ്ധരായി ബെന്യാമീന്‍ഗോത്രക്കാര്‍ക്കെതിരെ ഗിബെയായില്‍ അണിനിരന്നു. ബെന്യാമീന്‍ ഗോത്രക്കാര്‍ ഗിബെയായില്‍നിന്നു പുറത്തു വന്നു; ഇസ്രായേല്‍ജനത്തില്‍ ഇരുപത്തീരായിരം പേരെ സംഹരിച്ചു. [22,23] ഇസ്രായേല്‍ജനം ധൈര്യം വീണ്ടെടുത്ത് ആദ്യം അണിനിരന്നിടത്ത് ചെന്നുനിന്നു. അവര്‍ സര്‍വേശ്വരന്‍റെ സന്നിധിയില്‍ സന്ധ്യവരെ കരഞ്ഞു. “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു യുദ്ധം ചെയ്യാന്‍ ഇനിയും പുറപ്പെടണമോ” എന്ന് അവര്‍ സര്‍വേശ്വരനോട് ചോദിച്ചു. “അവര്‍ക്കെതിരായി പോകുക” എന്ന് അവിടുന്ന് അരുളിച്ചെയ്തു; *** അങ്ങനെ അവര്‍ ബെന്യാമീന്യരുടെ സൈന്യത്തിന് അഭിമുഖമായി രണ്ടാം ദിവസം അണിനിരന്നു. ബെന്യാമീന്യര്‍ രണ്ടാം ദിവസവും ഗിബെയായില്‍നിന്ന് പുറത്തുവന്നു. ഖഡ്ഗധാരികളായ പതിനെണ്ണായിരം ഇസ്രായേല്യരെ സംഹരിച്ചു. അപ്പോള്‍ ഇസ്രായേല്‍ജനവും അവരുടെ എല്ലാ സൈനികരും ബേഥേലിലേക്കു ചെന്നു സര്‍വേശ്വരസന്നിധിയില്‍ കരഞ്ഞുകൊണ്ടു സന്ധ്യവരെ ഉപവസിച്ചു; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിക്കുകയും ചെയ്തു. അവര്‍ സര്‍വേശ്വരന്‍റെ അരുളപ്പാട് എന്തെന്ന് അന്വേഷിച്ചു; അവിടുത്തെ ഉടമ്പടിപ്പെട്ടകം അവരുടെ മധ്യേ ഉണ്ടായിരുന്നു. അഹരോന്‍റെ പൗത്രനും എലെയാസാരിന്‍റെ പുത്രനുമായ ഫീനെഹാസ് ആയിരുന്നു അന്ന് പുരോഹിതശുശ്രൂഷ നിര്‍വഹിച്ചിരുന്നത്. “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോട് ഇനിയും യുദ്ധം ചെയ്യണമോ” എന്ന് അവര്‍ ചോദിച്ചു. സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “പോകുക, നാളെ അവരെ ഞാന്‍ നിങ്ങളുടെ കൈയില്‍ ഏല്പിക്കും.” ഇസ്രായേല്യര്‍ ഗിബെയായ്‍ക്കു ചുറ്റും ആളുകളെ പതിയിരുത്തി. പിന്നീട് മൂന്നാം ദിവസവും ഇസ്രായേല്യര്‍ ബെന്യാമീന്‍ഗോത്രക്കാര്‍ക്കെതിരായി യുദ്ധത്തിന് അണിനിരന്നു. ഇസ്രായേല്യരോടു യുദ്ധം ചെയ്യുന്നതിനു ബെന്യാമീന്‍ഗോത്രക്കാര്‍ പട്ടണത്തിനു പുറത്തു വന്നു; ബേഥേലിലേക്കും ഗിബെയായിലേക്കും പോകുന്ന പെരുവഴികളില്‍ വച്ചും വിജനപ്രദേശത്തു വച്ചും മുമ്പിലത്തെപ്പോലെ അവര്‍ ഇസ്രായേല്യരെ സംഹരിക്കാന്‍ തുടങ്ങി. അവര്‍ ഏകദേശം മുപ്പത് ഇസ്രായേല്യരെ വധിച്ചു. പഴയതുപോലെ ഇസ്രായേല്യര്‍ തോറ്റോടി എന്നു ബെന്യാമീന്യര്‍ പറഞ്ഞു. എന്നാല്‍, “പിന്തിരിഞ്ഞോടി അവരെ പട്ടണത്തില്‍നിന്നു പെരുവഴിയിലേക്കു നമുക്ക് ആകര്‍ഷിക്കാമെന്ന്” ഇസ്രായേല്‍ജനം പറഞ്ഞു. ഇസ്രായേല്യരെല്ലാം പുറപ്പെട്ട് ബാല്‍-താമാരില്‍ അണിനിരന്നു. ഗിബെയായുടെ പടിഞ്ഞാറു വശത്തു പതിയിരുന്ന ഇസ്രായേല്യരും പുറത്തുവന്നു. സകല ഇസ്രായേല്യരില്‍നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട പതിനായിരം പേര്‍ ഗിബെയായ്‍ക്ക് എതിരെ ചെന്നു; തുടര്‍ന്നുണ്ടായ യുദ്ധം കഠിനമായിരുന്നു. തങ്ങളുടെ നാശം അടുത്തിരിക്കുന്നു എന്ന് ബെന്യാമീന്യര്‍ അറിഞ്ഞില്ല. സര്‍വേശ്വരന്‍ ഇസ്രായേല്യര്‍ക്കു ബെന്യാമീന്യരുടെമേല്‍ വിജയം നല്‌കി. അന്ന് ഇസ്രായേല്യര്‍ ബെന്യാമീന്യരില്‍ ആയുധധാരികളായ ഇരുപത്തയ്യായിരത്തി ഒരുനൂറു പേരെ സംഹരിച്ചു. തങ്ങള്‍ പരാജിതരായി എന്ന് ബെന്യാമീന്‍ഗോത്രക്കാര്‍ മനസ്സിലാക്കി. ഗിബെയായ്‍ക്കു ചുറ്റും നിര്‍ത്തിയിരുന്ന പതിയിരുപ്പുകാരെ വിശ്വസിച്ചുകൊണ്ട് ഇസ്രായേല്യര്‍ അവിടെനിന്നു പിന്‍വാങ്ങി. പതിയിരുപ്പുകാര്‍ ഗിബെയായിലേക്കു തള്ളിക്കയറി; അവിടെയുള്ള സകലരെയും വാളിനിരയാക്കി. ഒരു അടയാളമായി പട്ടണത്തില്‍നിന്ന് ഒരു വലിയ പുകപടലം ഉയര്‍ത്തണമെന്നും അതുകണ്ട് പിന്തിരിഞ്ഞോടിയ ഇസ്രായേല്യര്‍ മടങ്ങിച്ചെല്ലുമെന്നും പതിയിരിപ്പുകാരും ഇസ്രായേല്യരും തമ്മില്‍ പറഞ്ഞൊത്തിരുന്നു. ഇസ്രായേല്യര്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കെ ബെന്യാമീന്യര്‍ അവരെ സംഹരിക്കാന്‍ തുടങ്ങിയിരുന്നു; ഏകദേശം മുപ്പതു പേരെ സംഹരിച്ചുകഴിഞ്ഞപ്പോള്‍ മുന്നവസരങ്ങളിലെപ്പോലെ അവര്‍ ഇത്തവണയും തീര്‍ച്ചയായും പരാജയപ്പെടും എന്നു ബെന്യാമീന്യര്‍ കരുതി. എന്നാല്‍ പട്ടണത്തില്‍നിന്ന് കനത്ത പുക ഉയരാന്‍ തുടങ്ങിയപ്പോള്‍ ബെന്യാമീന്യര്‍ തിരിഞ്ഞുനോക്കി; അപ്പോള്‍ പട്ടണം കത്തി പുക ആകാശത്തിലേക്ക് ഉയരുന്നതു കണ്ടു. പിന്തിരിഞ്ഞോടിയ ഇസ്രായേല്യര്‍ തിരിഞ്ഞ് ബെന്യാമീന്യരുടെ നേരെ ചെന്നു. ബെന്യാമീന്യര്‍ സംഭ്രാന്തരായി; തങ്ങളുടെ നാശം അടുത്തിരിക്കുന്നു എന്നവര്‍ ഗ്രഹിച്ചു. ഇസ്രായേല്യരുടെ മുമ്പില്‍നിന്ന് അവര്‍ മരുഭൂമിയിലേക്ക് ഓടി; എങ്കിലും രക്ഷപെടാന്‍ കഴിഞ്ഞില്ല. അവര്‍ ഇസ്രായേല്‍സൈന്യത്തിനും പട്ടണത്തില്‍നിന്ന് വന്നവര്‍ക്കുമിടയില്‍പ്പെട്ടതു നിമിത്തം വധിക്കപ്പെട്ടു. ഇസ്രായേല്യര്‍ ബെന്യാമീന്‍ ഗോത്രക്കാരെ വളഞ്ഞു; നോഹാഹ് മുതല്‍ ഗിബെയാവരെ അവരെ പിന്തുടര്‍ന്ന് സംഹരിച്ചു. ബെന്യാമീന്‍ഗോത്രക്കാരില്‍ യുദ്ധവീരന്മാരായ പതിനെണ്ണായിരം പേര്‍ കൊല്ലപ്പെട്ടു. ബെന്യാമീന്യര്‍ തിരിഞ്ഞു വിജനപ്രദേശത്തുള്ള രിമ്മോന്‍ പാറ ലക്ഷ്യമാക്കി ഓടി; അവരില്‍ അയ്യായിരം പേര്‍കൂടി പെരുവഴിയില്‍ വച്ചു സംഹരിക്കപ്പെട്ടു; ശേഷിച്ചവരെ ഇസ്രായേല്യര്‍ ഗിദോംവരെ പിന്തുടര്‍ന്നു; അവരില്‍ രണ്ടായിരം പേര്‍ വധിക്കപ്പെട്ടു. അങ്ങനെ അന്നു ബെന്യാമീന്‍ഗോത്രത്തിലെ ആയുധധാരികളായ ഇരുപത്തയ്യായിരം വീരയോദ്ധാക്കളാണു കൊല്ലപ്പെട്ടത്. എന്നാല്‍ അറുനൂറു പേര്‍ വിജനപ്രദേശത്തുള്ള രിമ്മോന്‍ പാറയിലേക്ക് ഓടി രക്ഷപെട്ട് നാലു മാസം അവിടെ പാര്‍ത്തു. ഇസ്രായേല്യര്‍ തിരിച്ചുവന്ന് ബെന്യാമീന്യരെ വീണ്ടും ആക്രമിച്ചു. മനുഷ്യരെയും മൃഗങ്ങളെയും കണ്ണില്‍ കണ്ട സകലത്തെയും വാളിനിരയാക്കി; അവര്‍ കണ്ട എല്ലാ പട്ടണങ്ങളും തീവച്ചു നശിപ്പിച്ചു. “ഞങ്ങളില്‍ ആരും പെണ്‍മക്കളെ ബെന്യാമീന്‍ഗോത്രക്കാര്‍ക്കു വിവാഹംചെയ്തു കൊടുക്കുകയില്ല” എന്ന് ഇസ്രായേല്യര്‍ മിസ്പായില്‍ ഒന്നിച്ചുകൂടി പ്രതിജ്ഞ എടുത്തിരുന്നു. അവര്‍ ബേഥേലില്‍ ദൈവസന്നിധിയില്‍ ചെന്നു സന്ധ്യവരെ ഉറക്കെ കരഞ്ഞു. അവര്‍ പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ, ഇസ്രായേലില്‍ ഒരു ഗോത്രം ഇല്ലാതാകാന്‍ തക്കവിധം ഇങ്ങനെ സംഭവിച്ചതു എന്ത്?” ജനം അടുത്ത പ്രഭാതത്തില്‍ ഒരു യാഗപീഠം പണിത് അതില്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു. “മിസ്പായില്‍ സര്‍വേശ്വരന്‍റെ സന്നിധിയില്‍ വരാത്ത ഏതെങ്കിലും ഗോത്രക്കാരുണ്ടോ” എന്നു ഇസ്രായേല്‍ജനം ചോദിച്ചു. അവിടുത്തെ സന്നിധിയില്‍ വരാത്തവനെ കൊന്നുകളയണമെന്നു മിസ്പായില്‍ വച്ച് അവര്‍ ശപഥം ചെയ്തിരുന്നു. തങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്‍ഗോത്രക്കാരെക്കുറിച്ച് ഇസ്രായേല്യര്‍ക്ക് അനുകമ്പ തോന്നി. “ഇസ്രായേലില്‍ ഒരു ഗോത്രം അറ്റുപോയിരിക്കുന്നു എന്ന്” അവര്‍ പറഞ്ഞു. “ശേഷിച്ചിരിക്കുന്ന ബെന്യാമീന്യര്‍ക്കു ഭാര്യമാരെ ലഭിക്കാന്‍ നാം എന്തു ചെയ്യണം? നമ്മുടെ പുത്രിമാരെ അവര്‍ക്കു ഭാര്യമാരായി കൊടുക്കുകയില്ല എന്നു നാം ശപഥം ചെയ്തിട്ടുണ്ടല്ലോ.” “ഇസ്രായേല്‍ഗോത്രങ്ങളില്‍നിന്നു മിസ്പായില്‍ സര്‍വേശ്വരന്‍റെ സന്നിധിയില്‍ വരാത്ത ഏതെങ്കിലും വിഭാഗമുണ്ടോ എന്നവര്‍ അന്വേഷിച്ചു. ‘ഗിലെയാദിലെ യാബേശില്‍നിന്നു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആരും വന്നിട്ടില്ല എന്നു മനസ്സിലായി. ജനത്തെ എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ ഗിലെയാദിലെ യാബേശ്നിവാസികളില്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആ സമ്മേളനത്തില്‍ വച്ച് യുദ്ധവീരന്മാരായ പന്തീരായിരം ആളുകളെ അവിടേക്കു നിയോഗിച്ചുകൊണ്ടു കല്പിച്ചു: “സ്‍ത്രീകളും കുട്ടികളുമടക്കം ഗിലെയാദിലെ യാബേശിലുള്ള എല്ലാവരെയും വാളുകൊണ്ടു സംഹരിക്കണം. നിങ്ങള്‍ ഇങ്ങനെയാണു ചെയ്യേണ്ടത്: സകല പുരുഷന്മാരെയും പുരുഷസംഗമം ഉണ്ടായിട്ടുള്ള എല്ലാ സ്‍ത്രീകളെയും നശിപ്പിക്കണം.” അവര്‍ ഗിലെയാദിലെ യാബേശ്നിവാസികളില്‍ പുരുഷനോടൊത്തു ശയിക്കാത്ത നാനൂറു കന്യകമാരെ കണ്ടെത്തി; അവരെ കനാന്‍ദേശത്തു ശീലോവിലെ പാളയത്തില്‍ കൊണ്ടുവന്നു. പിന്നീട് സമൂഹം മുഴുവന്‍ ചേര്‍ന്നു രിമ്മോന്‍ പാറയില്‍ പാര്‍ത്തിരുന്ന ബെന്യാമീന്യരുടെ അടുക്കല്‍ ആളയച്ചു സമാധാനസന്ദേശം അറിയിച്ചു. ബെന്യാമീന്‍ഗോത്രക്കാര്‍ മടങ്ങിവന്നു; ഗിലെയാദിലെ യാബേശില്‍നിന്നു കൂട്ടിക്കൊണ്ടുവന്ന കന്യകമാരെ അവര്‍ക്കു ഭാര്യമാരായി നല്‌കി. എങ്കിലും എല്ലാവര്‍ക്കും തികഞ്ഞില്ല; ബെന്യാമീന്യര്‍ക്കും മറ്റ് ഇസ്രായേല്‍ഗോത്രങ്ങള്‍ക്കും ഇടയില്‍ സര്‍വേശ്വരന്‍ ഒരു വിടവുണ്ടാക്കിയതുകൊണ്ട് ഇസ്രായേല്‍ജനം ബെന്യാമീന്യരെ കുറിച്ച് സഹതപിച്ചു. “ശേഷിച്ചവര്‍ക്കുകൂടി ഭാര്യമാരെ ലഭിക്കുന്നതിനു നാം എന്താണു ചെയ്യേണ്ടത്? ബെന്യാമീന്‍ഗോത്രത്തില്‍ ഇനിയും സ്‍ത്രീകളില്ലല്ലോ” എന്നു ജനനേതാക്കന്മാര്‍ പറഞ്ഞു. അവര്‍ തുടര്‍ന്നു: “ഇസ്രായേലില്‍നിന്ന് ഒരു ഗോത്രം തുടച്ചുനീക്കപ്പെടാതിരിക്കാന്‍ ബെന്യാമീന്‍ഗോത്രത്തിന്‍റെ നിലനില്പിന് നാം എന്തെങ്കിലും മാര്‍ഗം കണ്ടുപിടിക്കണം. ‘ബെന്യാമീന്‍ഗോത്രക്കാര്‍ക്കു ഭാര്യമാരെ കൊടുക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍’ എന്ന് ഇസ്രായേല്‍ജനം ശപഥം ചെയ്തിട്ടുള്ളതുകൊണ്ട് നമ്മുടെ പുത്രിമാരെ അവര്‍ക്കു നല്‌കുക സാധ്യമല്ല.” അതുകൊണ്ട് അവര്‍ പറഞ്ഞു: “ശിലോവില്‍വച്ച് വര്‍ഷംതോറും നടത്താറുള്ള സര്‍വേശ്വരന്‍റെ ഉത്സവം അടുത്തുവരുന്നല്ലോ.” ബേഥേലിനു വടക്കും ബേഥേലില്‍നിന്നു ശെഖേമിലേക്കു പോകുന്ന പെരുവഴിയുടെ കിഴക്കും ലെബോനയ്‍ക്കു തെക്കും ആയിക്കിടന്നിരുന്ന സ്ഥലമായിരുന്നു ശീലോവ്. അവര്‍ ബെന്യാമീന്യരോടു നിര്‍ദ്ദേശിച്ചു: “നിങ്ങള്‍ മുന്തിരിത്തോട്ടങ്ങളില്‍ പതിയിരിക്കണം; ശീലോവിലെ യുവതികള്‍ ഉത്സവസമയത്തു നൃത്തം ചെയ്യാന്‍ വരുമ്പോള്‍ നിങ്ങള്‍ പുറത്തുവന്ന് ഓരോരുത്തനും ഓരോ സ്‍ത്രീയെ ബലമായി പിടിച്ചു സ്വദേശത്തേക്കു കൊണ്ടുപൊയ്‍ക്കൊള്ളുക. അവരുടെ പിതാക്കന്മാരോ സഹോദരന്മാരോ ഞങ്ങളുടെ അടുക്കല്‍ വന്നു പരാതിപ്പെട്ടാല്‍ ഞങ്ങള്‍ പറയും: അവരോടു ക്ഷമിക്കുക; യുദ്ധത്തില്‍ നാം അവര്‍ക്കോരോരുത്തനും വേണ്ടി സ്‍ത്രീകളെ കൈവശപ്പെടുത്തിയില്ലല്ലോ; നിങ്ങള്‍ അവര്‍ക്ക് ഭാര്യമാരെ കൊടുത്തതുമില്ല; കൊടുത്തിരുന്നെങ്കില്‍ നിങ്ങള്‍ കുറ്റക്കാരാകുമായിരുന്നു.” ബെന്യാമീന്യര്‍ അപ്രകാരംതന്നെ പ്രവര്‍ത്തിച്ചു; തങ്ങളുടെ എണ്ണത്തിനനുസരിച്ചു നൃത്തം ചെയ്യാന്‍ വന്ന യുവതികളില്‍നിന്നു ഭാര്യമാരെ പിടിച്ചുകൊണ്ടുപോയി; തങ്ങളുടെ അവകാശദേശത്തു മടങ്ങിച്ചെന്നു പട്ടണങ്ങള്‍ പുതുക്കിപ്പണിത് അവിടെ പാര്‍ത്തു. ഇസ്രായേല്‍ജനം അവിടെനിന്നു മടങ്ങി; ഓരോരുത്തനും അവനവന്‍റെ ഗോത്രത്തിലേക്കും കുടുംബത്തിലേക്കും മടങ്ങിപ്പോയി അവനവന്‍റെ അവകാശഭൂമിയില്‍ പാര്‍ത്തു. അക്കാലത്ത് ഇസ്രായേലില്‍ രാജാവില്ലായിരുന്നു; ഓരോരുത്തനും യഥേഷ്ടം ജീവിച്ചു. ഇസ്രായേല്‍ദേശത്തു ന്യായാധിപന്മാരുടെ ഭരണകാലത്ത് ഒരു ക്ഷാമം ഉണ്ടായി; അപ്പോള്‍ യെഹൂദ്യയിലെ ബേത്‍ലഹേം പട്ടണത്തില്‍നിന്നുള്ള എഫ്രാത്യനായ എലീമേലെക്ക് എന്നൊരാള്‍ ഭാര്യയായ നവോമിയോടും പുത്രന്മാരായ മഹ്‍ലോന്‍, കില്യോന്‍ എന്നിവരോടുംകൂടി മോവാബ്‍ദേശത്തു ചെന്നു താമസിച്ചു. അവിടെവച്ച് എലീമേലെക്ക് മരിച്ചു. മഹ്‍ലോനും കില്യോനും മോവാബ്യരായ രണ്ടു സ്‍ത്രീകളെ വിവാഹം കഴിച്ചു. മഹ്‍ലോന്‍റെ ഭാര്യ രൂത്തും കില്യോന്‍റെ ഭാര്യ ഓര്‍പ്പായും ആയിരുന്നു. ഏതാണ്ട് പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ മഹ്‍ലോനും കില്യോനും മരിച്ചു; വിധവയായിരുന്ന നവോമിക്ക് അങ്ങനെ പുത്രന്മാരും നഷ്ടപ്പെട്ടു. ധാരാളം വിളവു നല്‌കി സര്‍വേശ്വരന്‍ സ്വജനത്തിന്‍റെ ക്ഷാമം മാറ്റിയ വിവരം നവോമി മോവാബില്‍വച്ചു കേട്ടു. അവര്‍ പുത്രഭാര്യമാരോടൊപ്പം യെഹൂദ്യയിലേക്കു മടങ്ങിപ്പോകാന്‍ തയ്യാറായി. അപ്പോള്‍ നവോമി പറഞ്ഞു: “നിങ്ങള്‍ ഇരുവരും സ്വന്തം ഭവനത്തിലേക്കു മടങ്ങിപ്പോകുക; എന്നോടും മരിച്ചുപോയ പ്രിയപ്പെട്ടവരോടും നിങ്ങള്‍ ദയ കാട്ടിയിരുന്നുവല്ലോ. ദൈവം നിങ്ങളോടും ദയ കാണിക്കട്ടെ. നിങ്ങള്‍ വിവാഹിതരായി കുടുംബജീവിതം നയിക്കാന്‍ സര്‍വേശ്വരന്‍ ഇടയാക്കട്ടെ.” പിന്നീട് നവോമി അവരെ ചുംബിച്ചു. അവര്‍ പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു: “അമ്മ അങ്ങനെ പറയരുതേ. അമ്മയോടൊപ്പം അമ്മയുടെ ജനത്തിന്‍റെ അടുക്കലേക്ക് ഞങ്ങളും പോരും.” എന്നാല്‍ നവോമി പിന്നെയും പറഞ്ഞു: “എന്‍റെ മക്കളേ, തിരിച്ചുപോവുക; എന്‍റെ കൂടെ വന്നാല്‍ എന്തു പ്രയോജനം? നിങ്ങള്‍ക്കു ഭര്‍ത്താക്കന്മാരായിരിക്കാന്‍ എനിക്ക് ഇനിയും പുത്രന്മാര്‍ ഉണ്ടാകുമോ? വിവാഹിതയാകാനുള്ള പ്രായം എനിക്കു കഴിഞ്ഞുപോയി. അഥവാ അങ്ങനെ ഒരു ആശ ഉണ്ടായി ഇന്നുതന്നെ വിവാഹം കഴിഞ്ഞു മക്കളുണ്ടായാല്‍പോലും അവര്‍ക്കു പ്രായമാകുന്നതുവരെ കാത്തിരിക്കുക നിങ്ങള്‍ക്കു സാധ്യമല്ലല്ലോ. അതുകൊണ്ട് എന്‍റെ മക്കളേ, നിങ്ങള്‍ തിരിച്ചുപോകുക; സര്‍വേശ്വരന്‍ എനിക്ക് എതിരായിരിക്കയാല്‍ നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ അതിയായി ദുഃഖിക്കുന്നു.” അവര്‍ വീണ്ടും ഉറക്കെ കരഞ്ഞു; ഓര്‍പ്പാ ഭര്‍ത്തൃമാതാവിനെ ചുംബിച്ച് യാത്ര പറഞ്ഞു; രൂത്താകട്ടെ നവോമിയോടു പറ്റിച്ചേര്‍ന്നുനിന്നു. നവോമി അവളോടു പറഞ്ഞു: “നിന്‍റെ അനുജത്തി സ്വന്തം ജനങ്ങളുടെയും സ്വന്തദേവന്മാരുടെയും അടുത്തേക്കു പോയതു കണ്ടില്ലേ? നിനക്കും പോകരുതോ?” എന്നാല്‍ രൂത്തിന്‍റെ മറുപടി ഇതായിരുന്നു: “അമ്മയെ വിട്ടുപിരിയാന്‍ എന്നെ നിര്‍ബന്ധിക്കരുത്; അമ്മ പോകുന്നിടത്ത് ഞാനും വരും; അമ്മ പാര്‍ക്കുന്നിടത്ത് ഞാനും പാര്‍ക്കും. അമ്മയുടെ ബന്ധുക്കള്‍ എന്‍റെ ബന്ധുക്കളും അമ്മയുടെ ദൈവം എന്‍റെ ദൈവവും ആയിരിക്കും. അമ്മ മരിക്കുന്ന നാട്ടില്‍തന്നെ ഞാനും മരിച്ച് അടക്കപ്പെടട്ടെ. മരണമൊഴികെ മറ്റേതെങ്കിലും കാരണത്താല്‍ ഞാന്‍ അമ്മയെ വിട്ടുപിരിഞ്ഞാല്‍ സര്‍വേശ്വരന്‍ എന്നെ അതികഠിനമായി ശിക്ഷിച്ചുകൊള്ളട്ടെ.” തന്‍റെ കൂടെ പോരാനുള്ള രൂത്തിന്‍റെ ഉറച്ച തീരുമാനം നിമിത്തം നവോമി പിന്നെ അവളെ നിര്‍ബന്ധിച്ചില്ല. അങ്ങനെ അവര്‍ ഒരുമിച്ചു യാത്ര പുറപ്പെട്ടു. ബേത്‍ലഹേമില്‍ എത്തിയപ്പോള്‍ നഗരവാസികള്‍ മുഴുവന്‍ ഇളകി. “ഇതു നവോമി തന്നെയോ?” എന്നു സ്‍ത്രീകള്‍ ചോദിച്ചു.” നവോമി എന്ന് എന്നെ വിളിക്കണ്ട, മാറാ എന്നു വിളിച്ചാല്‍ മതി. സര്‍വേശ്വരന്‍ എന്നോടു കഠിനമായിട്ടാണല്ലോ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഞാന്‍ എല്ലാവരോടുമൊത്ത് ഇവിടെനിന്നു പോയി; ഏകയായി മടങ്ങാന്‍ സര്‍വേശ്വരന്‍ ഇടയാക്കി; സര്‍വശക്തന്‍ എന്നെ താഴ്ത്തി എനിക്കു കഷ്ടത വരുത്തിയിരിക്കുന്നതിനാല്‍ നവോമി എന്ന പേരിനു ഞാന്‍ യോഗ്യയല്ല.” ഇതായിരുന്നു നവോമിയുടെ മറുപടി. ഇങ്ങനെ മോവാബുകാരിയായ മരുമകള്‍ രൂത്തിനോടൊപ്പം നവോമി ബേത്‍ലഹേമില്‍ തിരിച്ചെത്തിയപ്പോള്‍ അവിടെ ബാര്‍ലി കൊയ്ത്ത് ആരംഭിച്ചിരുന്നു. നവോമിക്കു തന്‍റെ ഭര്‍ത്താവായ എലീമേലെക്കിന്‍റെ കുടുംബത്തില്‍ ബോവസ് എന്ന പ്രമുഖനായ ഒരു ബന്ധു ഉണ്ടായിരുന്നു. ഒരിക്കല്‍ രൂത്ത് നവോമിയോടു ചോദിച്ചു: “ഞാന്‍ ഏതെങ്കിലും വയലില്‍ പോയി കാലാ പെറുക്കട്ടെ; അതിന് എന്നെ ആരും വിലക്കുകയില്ല.” നവോമി സമ്മതം നല്‌കി. അവള്‍ കൊയ്ത്തുനടക്കുന്ന ഒരു വയലില്‍ പോയി കാലാ പെറുക്കാന്‍ തുടങ്ങി. അത് ബേത്‍ലഹേംകാരന്‍ ബോവസിന്‍റെ വയല്‍ ആയിരുന്നു. അല്പസമയം കഴിഞ്ഞപ്പോള്‍ ബോവസ് അവിടെ എത്തി ജോലിക്കാരോട്: “സര്‍വേശ്വരന്‍ നിങ്ങളുടെകൂടെ ഉണ്ടായിരിക്കട്ടെ” എന്ന് അഭിവാദനം ചെയ്തു. “സര്‍വേശ്വരന്‍ അങ്ങയെ അനുഗ്രഹിക്കട്ടെ” എന്ന് അവരും പറഞ്ഞു. രൂത്തിനെ കണ്ടപ്പോള്‍ അവള്‍ ആരെന്ന് കൊയ്ത്തിന്‍റെ മേല്‍നോട്ടക്കാരനോട് ചോദിച്ചു. “ഇവളാണ് നവോമിയുടെകൂടെ വന്ന മോവാബുകാരി; കറ്റകള്‍ക്കിടയില്‍ കൊയ്ത്തുകാരുടെ പിന്നില്‍നിന്നു കാലാ പെറുക്കാന്‍ അവള്‍ അനുവാദം ചോദിച്ചു. രാവിലെ തുടങ്ങി ഒട്ടും സമയം കളയാതെ ഇതുവരെയും അവള്‍ പെറുക്കിക്കൊണ്ടിരിക്കുകയാണ്.” അയാള്‍ മറുപടി പറഞ്ഞു. ഇതു കേട്ടു ബോവസ് രൂത്തിനോടു പറഞ്ഞു: “മകളേ, കേള്‍ക്കൂ, കാലാ പെറുക്കാന്‍ മറ്റൊരു വയലിലും നീ പോകണ്ടാ; കൊയ്ത്തു നീങ്ങുന്നതനുസരിച്ചു മറ്റു സ്‍ത്രീകളോടൊപ്പം നിനക്കും കാലാ പെറുക്കാം; ആരും നിന്നെ ശല്യപ്പെടുത്തരുതെന്നു ജോലിക്കാരോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. ദാഹിക്കുമ്പോള്‍ ഇവിടെ കോരിവച്ചിട്ടുള്ള വെള്ളം കുടിച്ചുകൊള്ളുക.” രൂത്ത് താണുവീണു ബോവസിനെ വണങ്ങിക്കൊണ്ടു ചോദിച്ചു: “ഒരു പരദേശിയായ എന്നോട് അങ്ങ് ഇത്രയ്‍ക്കു ദയകാണിക്കാന്‍ കാരണം എന്ത്?” ബോവസ് മറുപടി നല്‌കി: “നിന്‍റെ ഭര്‍ത്താവു മരിച്ചശേഷം ഭര്‍ത്തൃമാതാവിനോടു നീ എങ്ങനെ പെരുമാറിയെന്നു ഞാന്‍ കേട്ടു. സ്വന്തം പിതാവിനെയും മാതാവിനെയും ജന്മദേശവും വിട്ടു നിനക്ക് ഒരു പരിചയവും ഇല്ലാത്ത ഈ അന്യനാട്ടിലേക്കു നീ വന്ന വിവരവും ഞാന്‍ അറിഞ്ഞു; സര്‍വേശ്വരന്‍ നിന്‍റെ പ്രവൃത്തിക്ക് തക്ക പ്രതിഫലം നല്‌കട്ടെ. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ നിന്നെ സമ്പൂര്‍ണമായി അനുഗ്രഹിക്കട്ടെ; അവിടുത്തെ അടുക്കലാണല്ലോ നീ അഭയം തേടിയിരിക്കുന്നത്.” അവള്‍ പറഞ്ഞു: “അങ്ങ് എന്നോടു എത്രമാത്രം ദയ കാട്ടിയിരിക്കുന്നു! അങ്ങയുടെ ഒരു ജോലിക്കാരിയാകാന്‍ പോലും ഞാന്‍ യോഗ്യയല്ലെങ്കിലും എന്നോടു ദയതോന്നി അങ്ങു പറഞ്ഞ വാക്കുകള്‍ എന്നെ സമാശ്വസിപ്പിച്ചിരിക്കുന്നു.” ഭക്ഷണസമയമായപ്പോള്‍ ബോവസ് അവളെ അരികെ വിളിച്ചു. അപ്പമെടുത്തു ചാറില്‍മുക്കി ഭക്ഷിച്ചുകൊള്ളാന്‍ പറഞ്ഞു. അവള്‍ കൊയ്ത്തുകാരുടെ സമീപം ഇരുന്നു ഭക്ഷണം കഴിച്ചു; ബോവസ് അവള്‍ക്കു മലര്‍ കൊടുത്തു; അവള്‍ ഭക്ഷിച്ചു തൃപ്തയായി, ശേഷിപ്പിക്കുകയും ചെയ്തു. കാലാ പെറുക്കാന്‍ അവള്‍ വീണ്ടും എഴുന്നേറ്റപ്പോള്‍ ബോവസ് ജോലിക്കാരോട് ആജ്ഞാപിച്ചു: “അവള്‍ കറ്റകള്‍ക്കിടയില്‍നിന്നുകൂടി പെറുക്കിക്കൊള്ളട്ടെ; അവളെ ശാസിക്കുകയോ ശല്യപ്പെടുത്തുകയോ അരുത്. അവള്‍ക്കു പെറുക്കാന്‍ കറ്റകളില്‍നിന്നു കുറെ കതിരു വലിച്ചെടുത്ത് ഇട്ടേക്കണം.” ഇങ്ങനെ രൂത്ത് സന്ധ്യവരെയും വയലില്‍ കാലാ പെറുക്കി. അതു മെതിച്ചപ്പോള്‍ ഏകദേശം ഒരു ഏഫാ ബാര്‍ലി ഉണ്ടായിരുന്നു. അതെടുത്തുകൊണ്ട് അവള്‍ പട്ടണത്തില്‍ തിരിച്ചെത്തി നവോമിയെ കാണിച്ചു. ഭക്ഷണസമയത്ത് അധികം വന്ന മലര് അവള്‍ നവോമിക്ക് കൊടുത്തു. നവോമി രൂത്തിനോടു പറഞ്ഞു: “ഇന്നു നീ ആരുടെ വയലിലാണ് കാലാ പെറുക്കിയത്? ഇന്നു നിന്നോടു താല്‍പര്യം കാണിച്ചവനെ ദൈവം അനുഗ്രഹിക്കട്ടെ.” “ബോവസിന്‍റെ വയലിലായിരുന്നു കാലാ പെറുക്കിയതെന്ന്” രൂത്ത് നവോമിയെ അറിയിച്ചു. അപ്പോള്‍ നവോമി പറഞ്ഞു: “ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും കരുണകാട്ടുന്ന അദ്ദേഹത്തെ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ. നമ്മെ വീണ്ടെടുക്കാന്‍ കടപ്പാടുള്ള ബന്ധുക്കളില്‍ ഒരാളാണ് അദ്ദേഹം.” “കൊയ്ത്തു മുഴുവന്‍ തീരുന്നതുവരെ തന്‍റെ വയലില്‍ വേലക്കാരോടൊത്ത് കാലാ പെറുക്കാന്‍ അദ്ദേഹം എന്നെ അനുവദിച്ചിട്ടുണ്ടെന്നു” രൂത്തു പറഞ്ഞു. നവോമി പറഞ്ഞു: “മകളേ, കൊള്ളാം; അദ്ദേഹത്തിന്‍റെ വയലില്‍ കാലാ പെറുക്കാന്‍ പോകുന്നതാണു നല്ലത്. മറ്റു വല്ല വയലിലുമാണെങ്കില്‍ ആരെങ്കിലും നിന്നെ ശല്യപ്പെടുത്തിയേക്കാം.” അങ്ങനെ നവോമിയോടൊത്തു താമസിച്ചുകൊണ്ടു ബാര്‍ലിയുടെയും കോതമ്പിന്‍റെയും കൊയ്ത്തു തീരുന്നതുവരെ ബോവസിന്‍റെ വയലില്‍ രൂത്ത് കാലാ പെറുക്കി. പിന്നീട് നവോമി രൂത്തിനോട് പറഞ്ഞു: “മകളേ, നിന്‍റെ ഭാവിയുടെ ഭദ്രതയ്‍ക്കുവേണ്ടി ഞാന്‍ നിനക്ക് ഒരു ഭര്‍ത്താവിനെ കണ്ടുപിടിക്കട്ടെ.” നവോമി തുടര്‍ന്നു: “നമ്മുടെ ബന്ധുവായ ബോവസിന്‍റെ വയലിലാണല്ലോ നീ കാലാ പെറുക്കിയത്; അദ്ദേഹം ഇന്നു സന്ധ്യക്കു വരുന്നുണ്ട്. നീ കുളിച്ചു സുഗന്ധദ്രവ്യങ്ങള്‍ പൂശി നല്ല വസ്ത്രങ്ങള്‍ അണിഞ്ഞു കളത്തില്‍ ചെല്ലുക. അദ്ദേഹം ഭക്ഷണം കഴിച്ചു തീരുന്നതുവരെ നീ അവിടെ ഉണ്ടെന്ന് അറിയരുത്. അദ്ദേഹം ഉറങ്ങാന്‍ കിടക്കുന്ന സ്ഥലം നീ നോക്കിവയ്‍ക്കണം. പിന്നീടു നീ ചെന്ന് അദ്ദേഹത്തിന്‍റെ കാലില്‍നിന്നു പുതപ്പു മാറ്റി അവിടെ നീയും കിടക്കുക. നീ എന്തു ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞുതരും.” [5,6] അങ്ങനെ ചെയ്യാമെന്നു രൂത്ത് സമ്മതിച്ചു; അവള്‍ കളത്തില്‍ പോയി നവോമി പറഞ്ഞതുപോലെ എല്ലാം ചെയ്തു. അത്താഴം കഴിഞ്ഞ് ബോവസ് സന്തുഷ്ടനായി ധാന്യക്കൂമ്പാരത്തിന്‍റെ അരികില്‍ ചെന്നുകിടന്നു. *** അവള്‍ മെല്ലെ അടുത്തുചെന്നു കാലില്‍നിന്നു പുതപ്പു മാറ്റി അവിടെ കിടന്നു. അര്‍ധരാത്രിയില്‍ ബോവസ് ഞെട്ടി ഉണര്‍ന്നു തിരിഞ്ഞുനോക്കിയപ്പോള്‍ ഒരു സ്‍ത്രീ തന്‍റെ കാല്‍ക്കല്‍ കിടക്കുന്നതു കണ്ടു. “നീ ആരാണ്?” അദ്ദേഹം ചോദിച്ചു. “അങ്ങയുടെ ദാസിയായ രൂത്ത് ആണ് ഞാന്‍. അങ്ങ് എന്നെ വീണ്ടെടുക്കാന്‍ കടപ്പെട്ടവനാണല്ലോ. അതുകൊണ്ട് അങ്ങയുടെ പുതപ്പ് എന്‍റെമേല്‍ ഇടണമേ” എന്നു രൂത്ത് പറഞ്ഞു. അതിനു മറുപടിയായി ബോവസ് പറഞ്ഞു: “സര്‍വേശ്വരന്‍ നിന്നെ അനുഗ്രഹിക്കട്ടെ. ഇപ്പോള്‍ നീ കാണിച്ചിരിക്കുന്ന സ്നേഹം ആദ്യത്തേതിലും മികച്ചതാണ്; ധനികനോ ദരിദ്രനോ ആയ ഒരു യുവാവിനു പിന്നാലെ പോകാതെ നീ എന്‍റെ അടുക്കല്‍ വന്നതു നന്നായി. മകളേ, ഭയപ്പെടേണ്ടാ; നിനക്കു വേണ്ടതെല്ലാം ഞാന്‍ ചെയ്തുതരും; നീ നല്ലവളാണെന്ന് ഈ പട്ടണത്തിലുള്ള എന്‍റെ ആളുകള്‍ക്കെല്ലാം അറിയാം. ഞാന്‍ ബന്ധുവാണെന്നു നീ പറയുന്നതു ശരിതന്നെ. എന്നാല്‍ എന്നെക്കാള്‍ അടുത്ത മറ്റൊരു ബന്ധു നിനക്കുണ്ട്. ഈ രാത്രിയില്‍ നീ ഇവിടെത്തന്നെ ഉറങ്ങുക. രാവിലെ അയാള്‍ നിന്നോടുള്ള കടമ നിറവേറ്റുമെങ്കില്‍ അങ്ങനെയാകട്ടെ. ഇല്ലെങ്കില്‍ ഞാന്‍ നിന്നെ സംരക്ഷിച്ചുകൊള്ളാമെന്നു സര്‍വേശ്വരന്‍റെ നാമത്തില്‍ സത്യം ചെയ്യുന്നു; ഏതായാലും വെളുക്കുവോളം ഇവിടെ കിടന്നുകൊള്ളുക.” പുലരുംവരെ അവള്‍ അദ്ദേഹത്തിന്‍റെ കാല്‌ക്കല്‍ കിടന്നു. ഒരു സ്‍ത്രീ കളത്തില്‍ വന്നിരുന്നതായി ആരും അറിയരുതെന്നു ബോവസ് ആഗ്രഹിച്ചു. അതിരാവിലെ ആള്‍ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുന്നതിനുമുമ്പ് അവള്‍ എഴുന്നേറ്റു. അവളുടെ മേലങ്കി നിവര്‍ത്തിപ്പിടിക്കാന്‍ ബോവസ് ആവശ്യപ്പെട്ടു; അതില്‍ ആറ് ഇടങ്ങഴി ബാര്‍ലി അദ്ദേഹം അളന്നു കെട്ടി ചുമലില്‍ വച്ചുകൊടുത്തു. അവള്‍ പട്ടണത്തിലേക്കു മടങ്ങിപ്പോയി. രൂത്തിനെ കണ്ടപ്പോള്‍ നവോമി ചോദിച്ചു: “മകളേ, നീ പോയ കാര്യമെന്തായി?” ബോവസ് അവള്‍ക്കുവേണ്ടി ചെയ്തതെല്ലാം അവള്‍ വിവരിച്ചു: “അമ്മയുടെ അടുക്കലേക്കു വെറുംകൈയോടെ പോകരുത് എന്നു പറഞ്ഞ് ഇത്രയും ബാര്‍ലി തന്നയച്ചു” എന്നും പറഞ്ഞു. “മകളേ, ഇനി കാര്യങ്ങള്‍ എങ്ങനെ ആയിത്തീരുമെന്നു വ്യക്തമാകുന്നതുവരെ കാത്തിരിക്കുക; ഇന്ന് ഇക്കാര്യത്തിന് ഒരു തീരുമാനം ഉണ്ടാകുന്നതുവരെ അയാള്‍ അടങ്ങിയിരിക്കുകയില്ല” എന്നു നവോമി പറഞ്ഞു. ബോവസ് നഗരവാതില്‌ക്കലേക്കു പോയി അവിടെ ഇരുന്നു. അല്പസമയം കഴിഞ്ഞപ്പോള്‍ ബോവസ് രൂത്തിനോടു സൂചിപ്പിച്ചിരുന്ന ബന്ധു അതുവഴി വന്നു. ബോവസ് അയാളെ വിളിച്ച് അവിടെ ഇരുത്തി; പത്തു നഗരപ്രമാണികളെക്കൂടി ബോവസ് ക്ഷണിച്ചു. അവര്‍ ഇരുന്നശേഷം ബോവസ് ബന്ധുവിനോടു പറഞ്ഞു: “മോവാബില്‍നിന്നു തിരിച്ചെത്തിയിരിക്കുന്ന നവോമി നമ്മുടെ ബന്ധുവായ എലീമേലെക്കിന്‍റെ വയല്‍ വില്‍ക്കാന്‍ പോകുകയാണ്; ഇക്കാര്യം നിന്നെ അറിയിക്കാമെന്നു ഞാന്‍ വിചാരിച്ചു. നീ ആ സ്ഥലം വീണ്ടെടുക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ നഗരപ്രമാണികളുടെയും ഇവിടെ കൂടിയിരിക്കുന്ന മറ്റുള്ളവരുടെയും മുന്‍പാകെ അതു പറയുക; സാധിക്കുകയില്ലെങ്കില്‍ അതും എനിക്കറിയണം. അതു വീണ്ടെടുക്കാനുള്ള പ്രധാന അവകാശി നീ ആണ്. ഞാന്‍ കുറേക്കൂടെ അകന്ന ബന്ധുവാണല്ലോ.” “ഞാനതു വീണ്ടെടുക്കാം” എന്നു ബന്ധു ഉത്തരം നല്‌കി. അപ്പോള്‍ ബോവസ് പറഞ്ഞു: “നീ ആ വയല്‍ വാങ്ങുമ്പോള്‍ മരിച്ചുപോയവന്‍റെ പേര് അവകാശികളിലൂടെ നിലനിര്‍ത്താന്‍ വിധവയായ മോവാബുകാരി രൂത്തിനെ സ്വീകരിക്കുകയും വേണം. അവന്‍റെ അവകാശം നിലനിര്‍ത്താന്‍ അതാണു വഴി.” അപ്പോള്‍ ആ ബന്ധു പറഞ്ഞു: “അത് എനിക്കു സാധ്യമല്ല; ഞാന്‍ ആ സ്ഥലം വീണ്ടെടുത്താല്‍ എന്‍റെ പിതൃസ്വത്ത് നഷ്ടപ്പെടുത്തേണ്ടിവരും. അതുകൊണ്ടു ഞാന്‍ അതു വാങ്ങുന്നില്ല; വീണ്ടെടുക്കാനുള്ള എന്‍റെ അവകാശം ഞാന്‍ നിനക്കു വിട്ടുതരുന്നു.” വസ്തുക്കള്‍ വീണ്ടെടുക്കുമ്പോഴും വീണ്ടെടുപ്പവകാശം കൈമാറുമ്പോഴും ഇടപാടു ഉറപ്പിക്കാന്‍ അവകാശം ലഭിക്കുന്നവന് മറ്റേയാള്‍ തന്‍റെ ചെരുപ്പ് ഊരിക്കൊടുക്കുന്ന പതിവ് ഉണ്ടായിരുന്നു. അങ്ങനെ ആ ബന്ധു തന്‍റെ വീണ്ടെടുപ്പവകാശം കൈമാറിക്കൊണ്ട് തന്‍റെ ചെരുപ്പൂരി ബോവസിനു കൊടുത്തു. അപ്പോള്‍ ബോവസ് അവിടെ കൂടിയിരുന്ന നഗരപ്രമാണികളോടും മറ്റുള്ളവരോടും ഇപ്രകാരം പറഞ്ഞു: “എലീമേലെക്കിനും അദ്ദേഹത്തിന്‍റെ മരണശേഷം പുത്രന്മാരായ കില്യോന്‍, മഹ്‍ലോന്‍ എന്നിവര്‍ക്കും അവകാശപ്പെട്ടിരുന്ന സകലതും ഞാന്‍ നവോമിയില്‍നിന്നു വാങ്ങിയിരിക്കുന്നു. നിങ്ങള്‍ അതിനു സാക്ഷികളാണ്. സ്വന്തം നാട്ടിലും കുടുംബത്തിലും പരേതന്‍റെ വംശവും അവകാശവും നിലനിര്‍ത്താനായി മഹ്‍ലോന്‍റെ ഭാര്യ മോവാബുകാരിയായ രൂത്തിനെ എന്‍റെ ഭാര്യയായി ഞാന്‍ സ്വീകരിക്കുന്നു. ഇതിന് നിങ്ങള്‍ സാക്ഷികള്‍.” നഗരപ്രമാണികളും മറ്റുള്ളവരും പറഞ്ഞു: “ഞങ്ങള്‍തന്നെ സാക്ഷികള്‍, നിന്‍റെ ഭാര്യയെ സര്‍വേശ്വരന്‍ റാഹേലിനെയും ലേയായെയും എന്നപോലെ അനുഗ്രഹിക്കട്ടെ. അവരാണല്ലോ ഇസ്രായേല്‍വംശത്തിന്‍റെ പൂര്‍വമാതാക്കള്‍. എഫ്രാത്തില്‍ നീ ധനികനും ബേത്‍ലഹേമില്‍ നീ പ്രസിദ്ധനും ആയിത്തീരട്ടെ. നിന്‍റെ സന്താനങ്ങള്‍ യെഹൂദായുടെയും താമാറിന്‍റെയും മകനായ ഫേരസിനെപ്പോലെ സന്താനസമൃദ്ധിയുള്ളവരാകട്ടെ.” അങ്ങനെ ബോവസ് രൂത്തിനെ ഭാര്യയായി സ്വീകരിച്ചു. സര്‍വേശ്വരന്‍ അവളെ അനുഗ്രഹിച്ചു; അവള്‍ക്ക് ഒരു മകന്‍ ജനിച്ചു; അപ്പോള്‍ സ്‍ത്രീകള്‍ നവോമിയോടു പറഞ്ഞു: “കുടുംബം നിലനിര്‍ത്താന്‍ ഒരു കുഞ്ഞിനെ നിങ്ങള്‍ക്കു തന്ന സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ! ഈ കുഞ്ഞ് ഇസ്രായേലില്‍ പ്രസിദ്ധനായിത്തീരട്ടെ! നിന്‍റെ മരുമകള്‍ നിന്നെ സ്നേഹിക്കുന്നു. ഏഴു പുത്രന്മാരെക്കാള്‍ അധികമായി നിന്നെ കരുതുന്നവള്‍ ആണല്ലോ അവനെ പ്രസവിച്ചിരിക്കുന്നത്. അവന്‍ നിനക്ക് പുതുജീവന്‍ നല്‌കി; വാര്‍ധക്യത്തില്‍ അവന്‍ നിന്നെ പരിപാലിക്കും.” ഉടനെ നവോമി ശിശുവിനെ എടുത്തു മാറോടണച്ചു; അയല്‍ക്കാരികള്‍: “നവോമിക്ക് ഒരു മകന്‍ പിറന്നു” എന്നു പറഞ്ഞു. അവര്‍ കുഞ്ഞിന് ‘ഓബേദ്’ എന്നു പേരിട്ടു; ഓബേദാണ് ദാവീദിന്‍റെ പിതാവായ യിശ്ശായിയുടെ പിതാവ്. ഫേരെസ് മുതല്‍ ദാവീദുവരെയുള്ള വംശാവലി ഇതാണ്. ഫേരെസ്, ഹെസ്രോന്‍, രാം, [19,20] അമ്മീനാദാബ്, നഹശോന്‍, സല്മോന്‍, *** [21,22] ബോവസ്, ഓബേദ്, യിശ്ശായി, ദാവീദ്. എഫ്രയീംമലനാട്ടിലെ രാമാഥയീം- സോഫീമില്‍ എല്‌ക്കാനാ എന്നൊരാള്‍ ജീവിച്ചിരുന്നു. അയാളുടെ പിതാവ് യെരോഹാം ആയിരുന്നു. യെരോഹാം എലീഹൂവിന്‍റെയും എലീഹൂ തോഹൂവിന്‍റെയും തോഹൂ എഫ്രയീംകാരനായ സൂഫിന്‍റെയും പുത്രനായിരുന്നു. എല്‌ക്കാനായ്‍ക്കു രണ്ടു ഭാര്യമാരുണ്ടായിരുന്നു, ഹന്നായും പെനിന്നായും. പെനിന്നായ്‍ക്കു മക്കളുണ്ടായിരുന്നു; ഹന്നായ്‍ക്കു മക്കളില്ലായിരുന്നു. സര്‍വശക്തനായ സര്‍വേശ്വരനെ ആരാധിക്കാനും അവിടുത്തേക്കു യാഗമര്‍പ്പിക്കാനുമായി എല്‌ക്കാനാ വര്‍ഷം തോറും തന്‍റെ പട്ടണത്തില്‍നിന്നു ശീലോവിലേക്കു പോകുമായിരുന്നു. ഏലിയുടെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസുമായിരുന്നു അവിടെ സര്‍വേശ്വരന്‍റെ പുരോഹിതരായി ശുശ്രൂഷ ചെയ്തിരുന്നത്. യാഗമര്‍പ്പിക്കുന്ന ദിവസങ്ങളിലെല്ലാം ഭാര്യ പെനിന്നായ്‍ക്കും അവളുടെ പുത്രീപുത്രന്മാര്‍ക്കും യാഗവസ്തുവിന്‍റെ ഓഹരി കൊടുത്തിരുന്നു. എല്‌ക്കാനാ ഹന്നായെ കൂടുതല്‍ സ്നേഹിച്ചിരുന്നെങ്കിലും അവള്‍ക്ക് ഒരു ഓഹരി മാത്രമേ കൊടുത്തിരുന്നുള്ളൂ. കാരണം ദൈവം അവള്‍ക്കു മക്കളെ നല്‌കിയിരുന്നില്ല. അവള്‍ക്കു സന്താനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ പെനിന്നാ അവളെ പ്രകോപിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തിരുന്നു. വര്‍ഷംതോറും സര്‍വേശ്വരന്‍റെ ആലയത്തിലേക്കു പോകുമ്പോഴെല്ലാം അവള്‍ ഹന്നായെ വേദനിപ്പിച്ചിരുന്നു. തന്നിമിത്തം അവള്‍ കരയുകയും പട്ടിണി കിടക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവായ എല്‌ക്കാനാ അവളോടു ചോദിച്ചു: “എന്തിനു നീ കരയുന്നു? എന്തുകൊണ്ടു ഭക്ഷണം കഴിക്കുന്നില്ല? എന്തിനു നീ വിഷാദിച്ചിരിക്കുന്നു? ഞാന്‍ നിനക്കു പത്തു പുത്രന്മാരെക്കാള്‍ വിലപ്പെട്ടവനല്ലേ?” ശീലോവില്‍വച്ച് അവരെല്ലാവരും ഭക്ഷണപാനീയങ്ങള്‍ കഴിച്ചു; ഹന്നാ എഴുന്നേറ്റു ദൈവസന്നിധിയിലേക്കു പോയി. പുരോഹിതനായ ഏലി മന്ദിരവാതില്‌ക്കല്‍ ആസനസ്ഥനായിരുന്നു. അവള്‍ സര്‍വേശ്വരനോടു ഹൃദയവേദനയോടെ കരഞ്ഞു പ്രാര്‍ഥിച്ചു; ഹന്നാ ഒരു നേര്‍ച്ച നേര്‍ന്നുകൊണ്ടു പറഞ്ഞു: “സര്‍വശക്തനായ സര്‍വേശ്വരാ, ഈ ദാസിയുടെ സങ്കടം കണ്ട് ഈയുള്ളവളെ ഓര്‍ക്കണമേ; ഈ ദാസിയെ മറന്നുകളയാതെ ഒരു പുത്രനെ നല്‌കിയാല്‍ അവന്‍റെ ജീവിതകാലം മുഴുവനും അവനെ അങ്ങേക്കായി അര്‍പ്പിച്ചുകൊള്ളാം. അവന്‍റെ തലയില്‍ ക്ഷൗരക്കത്തി തൊടുവിക്കുകയില്ല.” അവള്‍ സര്‍വേശ്വരസന്നിധിയില്‍ തുടര്‍ന്നു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു; അവളുടെ ചുണ്ടനങ്ങുന്നത് ഏലി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഹന്നായുടെ പ്രാര്‍ഥന ഹൃദയംകൊണ്ടായിരുന്നതിനാല്‍ അധരങ്ങള്‍ അനങ്ങിയതല്ലാതെ ശബ്ദം പുറത്തുവന്നില്ല; അവള്‍ മദ്യപിച്ചിരിക്കും എന്ന് ഏലി വിചാരിച്ചു. ഏലി അവളോടു പറഞ്ഞു: “നീ എത്ര നേരം ഇങ്ങനെ മദ്യലഹരിയില്‍ കഴിയും? നീ മദ്യം ഉപേക്ഷിക്കുക.” അപ്പോള്‍ ഹന്നാ പറഞ്ഞു: “അങ്ങനെ അല്ല, എന്‍റെ യജമാനനേ! ഞാന്‍ വളരെയേറെ മനോവേദന അനുഭവിക്കുന്ന ഒരു സ്‍ത്രീയാണ്; വീഞ്ഞോ മറ്റേതെങ്കിലും ലഹരിപാനീയമോ ഞാന്‍ കുടിച്ചിട്ടില്ല. സര്‍വേശ്വരന്‍റെ സന്നിധിയില്‍ എന്‍റെ ഹൃദയം പകരുകയാണു ചെയ്തത്. ഈ ദാസിയെ ഒരു നീചയായി കരുതരുതേ; അത്യധികമായ ഉല്‍ക്കണ്ഠയും വ്യസനവുംകൊണ്ടാണ് ഞാന്‍ ഇങ്ങനെ പ്രാര്‍ഥിച്ചത്.” അപ്പോള്‍ ഏലി പറഞ്ഞു: “സമാധാനമായി പോകുക; ഇസ്രായേലിന്‍റെ ദൈവം നിന്‍റെ പ്രാര്‍ഥന സഫലമാക്കട്ടെ.” അവള്‍ പറഞ്ഞു: “ഈ ദാസിയുടെമേല്‍ അങ്ങയുടെ കൃപാകടാക്ഷം ഉണ്ടാകട്ടെ.” പിന്നീട് അവള്‍ പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖത്തു പിന്നീട് വിഷാദം ഉണ്ടായില്ല. എല്‌ക്കാനായും കുടുംബവും അതിരാവിലെ എഴുന്നേറ്റു സര്‍വേശ്വരനെ ആരാധിച്ചു; പിന്നീട് രാമായിലുള്ള അവരുടെ ഭവനത്തിലേക്കു മടങ്ങിപ്പോയി. എല്‌ക്കാനാ തന്‍റെ ഭാര്യ ഹന്നായെ പ്രാപിക്കുകയും സര്‍വേശ്വരന്‍ അവളുടെ പ്രാര്‍ഥനയ്‍ക്ക് ഉത്തരം നല്‌കുകയും ചെയ്തു. അവള്‍ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു; “ഞാന്‍ അവനെ സര്‍വേശ്വരനോടു ചോദിച്ചുവാങ്ങി” എന്നു പറഞ്ഞ് അവള്‍ അവന് ‘ശമൂവേല്‍’ എന്നു പേരിട്ടു. എല്‌ക്കാനായും കുടുംബവും സര്‍വേശ്വരനു വര്‍ഷംതോറുമുള്ള യാഗം അര്‍പ്പിക്കുവാനും നേര്‍ച്ച കഴിക്കുവാനുമായി വീണ്ടും പോയി. എന്നാല്‍ ഹന്നാ പോയില്ല; അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു: “കുഞ്ഞിന്‍റെ മുലകുടി മാറട്ടെ; അതിനുശേഷം അവന്‍ സര്‍വേശ്വരസന്നിധിയില്‍ ശുശ്രൂഷ ചെയ്യാനും എന്നേക്കും അവിടെ പാര്‍ക്കാനുമായി ഞാന്‍ അവനെ കൊണ്ടുവരാം.” എല്‌ക്കാനാ അവളോടു പറഞ്ഞു: “നിന്‍റെ ഇഷ്ടംപോലെയാകട്ടെ; അവന്‍റെ മുലകുടി മാറുന്നതുവരെ ഇവിടെ താമസിക്കുക; നിന്‍റെ പ്രതിജ്ഞ നിറവേറ്റാന്‍ സര്‍വേശ്വരന്‍ ഇടവരുത്തട്ടെ.” അവന്‍റെ മുലകുടി മാറുന്നതുവരെ അവള്‍ വീട്ടില്‍ പാര്‍ത്തു. അവന്‍റെ മുലകുടി മാറിയപ്പോള്‍, മൂന്നു വയസ്സു പ്രായമുള്ള ഒരു കാളക്കുട്ടിയും ഒരു ഏഫാ മാവും ഒരു തോല്‍സഞ്ചി നിറച്ചു വീഞ്ഞുമായി, അവള്‍ ശമൂവേലിനെ ശീലോവില്‍ സര്‍വേശ്വരന്‍റെ ആലയത്തിലേക്ക് കൊണ്ടുപോയി. ശമൂവേല്‍ അപ്പോള്‍ ബാലനായിരുന്നു. കാളക്കുട്ടിയെ കൊന്നതിനുശേഷം ബാലനെ ഏലിയുടെ അടുക്കല്‍ കൊണ്ടുചെന്നു. ഹന്നാ പറഞ്ഞു: “യജമാനനേ, അങ്ങയുടെ സമീപത്തുനിന്നു സര്‍വേശ്വരനോടു പ്രാര്‍ഥിച്ച സ്‍ത്രീയാണു ഞാന്‍; ഈ കുഞ്ഞിനുവേണ്ടിയായിരുന്നു ഞാന്‍ പ്രാര്‍ഥിച്ചത്. സര്‍വേശ്വരന്‍ എന്‍റെ അപേക്ഷ കേട്ടു; അതുകൊണ്ട് ഇവനെ ഞാന്‍ സര്‍വേശ്വരന് സമര്‍പ്പിച്ചിരിക്കുന്നു; അവന്‍ ജീവപര്യന്തം സര്‍വേശ്വരന് നിവേദിതനായിരിക്കും.” പിന്നീട് അവര്‍ അവിടെ സര്‍വേശ്വരനെ ആരാധിച്ചു. ഹന്നാ ഇങ്ങനെ പ്രാര്‍ഥിച്ചു: എന്‍റെ ഹൃദയം സര്‍വേശ്വരനില്‍ സന്തോഷിക്കുന്നു എന്‍റെ ശിരസ്സ് അവിടുന്ന് ഉയര്‍ത്തിയിരിക്കുന്നു എന്‍റെ അധരം ശത്രുക്കളെ പരിഹസിക്കുന്നു എന്തെന്നാല്‍ അവിടുത്തെ രക്ഷയില്‍ ഞാന്‍ ആനന്ദിക്കുന്നു. സര്‍വേശ്വരനെപ്പോലെ പരിശുദ്ധന്‍ മറ്റാരുമില്ല; അവിടുത്തെപ്പോലെ വേറാരുമില്ല. നമ്മുടെ ദൈവത്തെപ്പോലെ സുസ്ഥിരമായ ഒരു രക്ഷാശിലയുമില്ല. ഗര്‍വോടെ ഇനി സംസാരിക്കരുത്; നിങ്ങളുടെ നാവില്‍നിന്ന് അഹന്ത പുറപ്പെടാതിരിക്കട്ടെ; കാരണം, സര്‍വേശ്വരന്‍ സര്‍വജ്ഞനായ ദൈവം; അവിടുന്നു പ്രവൃത്തികളെ വിലയിരുത്തുന്നു. വീരന്മാരുടെ വില്ല് ഒടിഞ്ഞുപോകുന്നു; ബലഹീനരാകട്ടെ ശക്തിപ്രാപിക്കുന്നു. സുഭിക്ഷതയില്‍ കഴിഞ്ഞിരുന്നവര്‍ ആഹാരത്തിനായി കൂലിപ്പണി ചെയ്യുന്നു; വിശന്നിരുന്നവര്‍ സംതൃപ്തരായിത്തീരുന്നു; വന്ധ്യ ഏഴു പ്രസവിക്കുന്നു; പുത്രസമ്പന്ന നിരാലംബയായിത്തീരുന്നു. സര്‍വേശ്വരന്‍ ജീവന്‍ എടുക്കുകയും ജീവന്‍ നല്‌കുകയും ചെയ്യുന്നു. പാതാളത്തിലേക്ക് ഇറക്കുകയും അവിടെനിന്നു കയറ്റുകയും ചെയ്യുന്നു. ദാരിദ്ര്യവും സമ്പന്നതയും സര്‍വേശ്വരനാണു നല്‌കുന്നത്. താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്നതും അവിടുന്നുതന്നെ. അവിടുന്നു ദരിദ്രനെ പൊടിയില്‍നിന്ന് ഉയര്‍ത്തുന്നു, അഗതിയെ കുപ്പയില്‍നിന്നു എഴുന്നേല്പിക്കുന്നു; അവരെ പ്രഭുക്കന്മാര്‍ക്കൊപ്പം ഇരുത്താനും അവര്‍ക്കു മാന്യസ്ഥാനങ്ങള്‍ നല്‌കാനും തന്നെ. ഭൂമിയുടെ അടിസ്ഥാനം സര്‍വേശ്വരന്‍റേത്; ഭൂമിയെ അതിന്മേല്‍ അവിടുന്നു സ്ഥാപിച്ചിരിക്കുന്നു. തന്‍റെ വിശ്വസ്തരുടെ കാലടികള്‍ അവിടുന്നു കാക്കുന്നു; ദുഷ്ടന്മാര്‍ അന്ധകാരത്തില്‍ തള്ളപ്പെടുന്നു; കാരണം സ്വന്തശക്തിയാല്‍ ഒരുവനും പ്രബലനാകുകയില്ല. സര്‍വേശ്വരനോടു മത്സരിക്കുന്നവര്‍ തകര്‍ന്നു തരിപ്പണമാകുന്നു; അവര്‍ക്കെതിരെ ആകാശത്തുനിന്ന് അവിടുന്ന് ഇടിമുഴക്കുന്നു. സര്‍വേശ്വരന്‍ ലോകത്തെ മുഴുവന്‍ ന്യായംവിധിക്കുന്നു; തന്‍റെ രാജാവിനെ അവിടുന്നു ശക്തനാക്കുന്നു; തന്‍റെ അഭിഷിക്തന്‍റെ ശിരസ്സ് ഉയരുമാറാക്കുന്നു. പിന്നീട് എല്‌ക്കാനാ രാമായിലുള്ള സ്വഭവനത്തിലേക്കു മടങ്ങിപ്പോയി; ബാലനായ ശമൂവേല്‍ പുരോഹിതനായ ഏലിയോടൊത്തു സര്‍വേശ്വരനു ശുശ്രൂഷ ചെയ്തുവന്നു. ഏലിയുടെ പുത്രന്മാര്‍ ദുര്‍വൃത്തരും സര്‍വേശ്വരനെ ആദരിക്കാത്തവരും ആയിരുന്നു. യാഗവസ്തുക്കളില്‍ പുരോഹിതന്മാര്‍ക്ക് ജനത്തില്‍നിന്നു ലഭിക്കേണ്ട വിഹിതത്തെ സംബന്ധിച്ച നിയമങ്ങള്‍ അവര്‍ പാലിച്ചില്ല. യാഗം കഴിക്കുമ്പോള്‍ പുരോഹിതന്‍റെ ഭൃത്യന്‍, ഒരു മുപ്പല്ലിയുമായി വന്ന് ചട്ടിയിലോ ഉരുളിയിലോ കലത്തിലോ കുട്ടകത്തിലോ കിടന്നു വേകുന്ന മാംസത്തില്‍ മുപ്പല്ലി കുത്തിയിറക്കും. അതില്‍ കിട്ടുന്ന മാംസം മുഴുവന്‍ പുരോഹിതന്‍ എടുക്കും. യാഗാര്‍പ്പണത്തിനുവേണ്ടി ശീലോവില്‍ എത്തുന്ന ഇസ്രായേല്യരോടെല്ലാം അവര്‍ ഇപ്രകാരം പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ മേദസ്സ് ദഹിപ്പിക്കുന്നതിനുമുമ്പ് പുരോഹിതന്‍റെ ഭൃത്യന്‍ യാഗം കഴിക്കുന്നവനോട്: “വറുക്കുന്നതിനു മാംസം തരണം; വേവിച്ച മാംസം പുരോഹിതന്‍ സ്വീകരിക്കുകയില്ല” എന്നു പറയും. “ആദ്യം മേദസ്സ് ദഹിപ്പിക്കട്ടെ; പിന്നീട് നിനക്ക് വേണ്ടിടത്തോളം എടുക്കാം” എന്നു യാഗമര്‍പ്പിക്കുന്നവന്‍ പറഞ്ഞാല്‍, “അങ്ങനെയല്ല ഇപ്പോള്‍ത്തന്നെ തരണം; അല്ലെങ്കില്‍ ഞാന്‍ ബലമായി എടുക്കും” എന്നു ഭൃത്യന്‍ പറയും. ഏലിയുടെ പുത്രന്മാരുടെ പാപം സര്‍വേശ്വരന്‍റെ ദൃഷ്‍ടിയില്‍ ഗുരുതരമായിരുന്നു. അത്രയ്‍ക്ക് അനാദരവാണ് സര്‍വേശ്വരനുള്ള വഴിപാടിനോട് അവര്‍ കാട്ടിയത്. ബാലനായ ശമൂവേല്‍ സര്‍വേശ്വരന്‍റെ സന്നിധിയില്‍ ശുശ്രൂഷ ചെയ്തുവന്നു. അവന്‍ ചണനൂല്‍കൊണ്ടുള്ള ഏഫോദ് ധരിച്ചിരുന്നു. വര്‍ഷംതോറും അവന്‍റെ അമ്മ ഒരു ചെറിയ അങ്കി ഉണ്ടാക്കി വാര്‍ഷികബലി അര്‍പ്പിക്കാന്‍ ഭര്‍ത്താവിനോടൊത്തു പോകുമ്പോള്‍ അവനു കൊടുക്കുമായിരുന്നു. “സര്‍വേശ്വരനു സമര്‍പ്പിച്ച ഈ ബാലനു പകരം നിനക്കു വേറെ സന്താനങ്ങളെ ഇവളിലൂടെ നല്‌കട്ടെ” എന്ന് ഏലി എല്‌ക്കാനായെയും ഹന്നായെയും അനുഗ്രഹിക്കുകയും ചെയ്തുവന്നു. പിന്നീട് അവര്‍ വീട്ടിലേക്കു മടങ്ങും. സര്‍വേശ്വരന്‍ ഹന്നായെ അനുഗ്രഹിച്ചു; അവള്‍ പിന്നീടു മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ബാലനായ ശമൂവേല്‍ സര്‍വേശ്വരസന്നിധിയില്‍ വളര്‍ന്നു. ഏലി വൃദ്ധനായി; തന്‍റെ പുത്രന്മാര്‍ ഇസ്രായേല്‍ജനത്തോടു ചെയ്തിരുന്നതെല്ലാം അദ്ദേഹം കേട്ടു. തിരുസാന്നിധ്യ കൂടാരത്തിന്‍റെ വാതില്‌ക്കല്‍ ശുശ്രൂഷ ചെയ്യുന്ന സ്‍ത്രീകളോടൊത്ത് അവര്‍ ശയിക്കുന്ന വിവരവും അറിഞ്ഞു. ഏലി അവരോടു പറഞ്ഞു: “നിങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നതെന്ത്? നിങ്ങളുടെ ദുഷ്പ്രവൃത്തികളെപ്പറ്റി ജനം പറയുന്നതു ഞാന്‍ കേട്ടിരിക്കുന്നു. എന്‍റെ മക്കളേ, മേലാല്‍ നിങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിക്കരുത്. നിങ്ങളെക്കുറിച്ചു ദൈവജനം പറഞ്ഞു കേള്‍ക്കുന്ന കാര്യങ്ങള്‍ ഒട്ടും നല്ലതല്ല. മനുഷ്യന്‍ മനുഷ്യനോടു പാപം ചെയ്താല്‍ ദൈവം അവനുവേണ്ടി മധ്യസ്ഥത വഹിക്കും; എന്നാല്‍ ഒരുവന്‍ സര്‍വേശ്വരനോടു പാപം ചെയ്താല്‍ അവനുവേണ്ടി ആര് മധ്യസ്ഥത വഹിക്കും?” സര്‍വേശ്വരന്‍ അവരെ നശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നതുകൊണ്ടു പിതാവിന്‍റെ ഉപദേശം അവര്‍ ശ്രദ്ധിച്ചില്ല. ബാലനായ ശമൂവേല്‍ ദൈവത്തിനും മനുഷ്യര്‍ക്കും പ്രിയങ്കരനായി വളര്‍ന്നുവന്നു. ഒരു ദൈവമനുഷ്യന്‍ ഏലിയുടെ അടുക്കല്‍ വന്നു പറഞ്ഞു: “സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ പിതൃഭവനക്കാര്‍ ഈജിപ്തില്‍ ഫറവോയുടെ ഗൃഹത്തിന് അടിമകളായിരുന്നപ്പോള്‍ ഞാന്‍ അവര്‍ക്ക് എന്നെത്തന്നെ വെളിപ്പെടുത്തിയിരുന്നു. എന്‍റെ യാഗപീഠത്തില്‍ ശുശ്രൂഷ ചെയ്യാനും ധൂപാര്‍പ്പണം നടത്താനും എന്‍റെ സന്നിധിയില്‍ ഏഫോദു ധരിക്കാനുമായി ഇസ്രായേലിലെ സകല ഗോത്രങ്ങളില്‍നിന്നുമായി അവനെ മാത്രം എന്‍റെ പുരോഹിതനായി തിരഞ്ഞെടുത്തു; ഇസ്രായേല്‍ജനം ഹോമയാഗമായി അര്‍പ്പിച്ചതെല്ലാം ഞാന്‍ നിന്‍റെ പിതൃഭവനത്തിനു കൊടുത്തു. എന്നിട്ടും എന്‍റെ ജനത്തില്‍നിന്നു ഞാന്‍ ആവശ്യപ്പെടുന്ന യാഗങ്ങളെയും വഴിപാടുകളെയും നീ നിന്ദിക്കുന്നതെന്ത്? എന്‍റെ ജനം എനിക്കര്‍പ്പിക്കുന്ന യാഗങ്ങളുടെ വിശിഷ്ടഭാഗം തിന്നു കൊഴുത്തിരിക്കുന്ന നീ എന്നെക്കാള്‍ നിന്‍റെ പുത്രന്മാരെ മാനിക്കുന്നത് എന്ത്? അതുകൊണ്ട് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ ഇങ്ങനെ അരുളിച്ചെയ്യുന്നു: നിന്‍റെയും നിന്‍റെ പിതാവിന്‍റെയും ഭവനം എന്‍റെ സന്നിധിയില്‍ എക്കാലവും ശുശ്രൂഷ ചെയ്യുമെന്നു ഞാന്‍ വാഗ്ദാനം ചെയ്തിരുന്നു; ഇനിയും അങ്ങനെ ആയിരിക്കുകയില്ല; എന്നെ ആദരിക്കുന്നവരെ ഞാന്‍ ആദരിക്കും; എന്നെ നിന്ദിക്കുന്നവര്‍ നിന്ദിക്കപ്പെടും. നിന്‍റെ കുടുംബത്തില്‍ ഒരാളും വാര്‍ധക്യത്തിലെത്താന്‍ ഇടയാകാത്തവിധം നിന്‍റെയും നിന്‍റെ പിതൃഭവനത്തിന്‍റെയും ശക്തി ഞാന്‍ ക്ഷയിപ്പിക്കുന്ന ദിവസം ആസന്നമായിരിക്കുന്നു. ഇസ്രായേല്‍ജനത്തിലെ മറ്റുള്ളവര്‍ക്കു ഞാന്‍ നല്‌കുന്ന അനുഗ്രഹങ്ങള്‍ കണ്ട് നിങ്ങള്‍ അസ്വസ്ഥരും അസൂയാലുക്കളുമാകും; വാര്‍ധക്യത്തിലെത്തിയ ഒരാളും നിന്‍റെ ഭവനത്തില്‍ ഉണ്ടായിരിക്കുകയില്ല. എങ്കിലും എന്‍റെ യാഗപീഠത്തില്‍ ശുശ്രൂഷിക്കുന്നതിനു നിങ്ങളില്‍ ഒരുവനെ ജീവനോടെ ഞാന്‍ കാത്തുസൂക്ഷിക്കും; കരഞ്ഞുകരഞ്ഞ് അവന്‍റെ കണ്ണു കലങ്ങുന്നതിനും ഹൃദയം ഉരുകുന്നതിനും ഇടയാക്കും. നിന്‍റെ സന്താനങ്ങളെല്ലാം യൗവനത്തില്‍ മരിക്കും; നിന്‍റെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ഒരു ദിവസംതന്നെ മരിക്കും; അതു നിനക്ക് ഒരു അടയാളമായിരിക്കും. എന്‍റെ ഹൃദയാഭിലാഷം അനുസരിച്ചു പ്രവര്‍ത്തിക്കുന്ന വിശ്വസ്തനായ ഒരു പുരോഹിതനെ ഞാന്‍ തിരഞ്ഞെടുക്കും; അവന്‍റെ കുടുംബം ഞാന്‍ നിലനിര്‍ത്തും. എന്‍റെ അഭിഷിക്തന്‍റെ സന്നിധിയില്‍ അവന്‍ നിത്യവും ശുശ്രൂഷ ചെയ്യും. നിന്‍റെ കുടുംബത്തില്‍ അവശേഷിക്കുന്നവരെല്ലാം ഒരു വെള്ളിക്കാശിനും ഒരു അപ്പക്കഷണത്തിനുംവേണ്ടി അവന്‍റെ മുമ്പില്‍ കുമ്പിടും; ഒരു കഷണം അപ്പം ലഭിക്കാന്‍ എന്നെക്കൂടെ പുരോഹിതവൃത്തിക്കു ചേര്‍ക്കണമേ എന്ന് അവര്‍ കെഞ്ചും.” ബാലനായ ശമൂവേല്‍ ഏലിയോടൊത്തു സര്‍വേശ്വരനു ശുശ്രൂഷ ചെയ്തുവന്നു. അക്കാലത്ത് അവിടുത്തെ അരുളപ്പാട് അപൂര്‍വമായേ ലഭിച്ചിരുന്നുള്ളൂ; ദര്‍ശനങ്ങളും ചുരുക്കമായിരുന്നു. ഒരു ദിവസം ഏലി തന്‍റെ മുറിയില്‍ കിടക്കുകയായിരുന്നു; അദ്ദേഹത്തിന്‍റെ കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു. സര്‍വേശ്വരന്‍റെ മന്ദിരത്തില്‍ ദൈവത്തിന്‍റെ പെട്ടകം സൂക്ഷിച്ചിരുന്നിടത്തു ശമൂവേല്‍ കിടക്കുകയായിരുന്നു. ദൈവസന്നിധിയിലെ ദീപം അണഞ്ഞിരുന്നില്ല. സര്‍വേശ്വരന്‍ ശമൂവേലിനെ വിളിച്ചു. “ഞാനിവിടെയുണ്ട്” എന്നു പറഞ്ഞ് അവന്‍ ഏലിയുടെ അടുത്തേക്ക് ഓടി, “ഞാന്‍ ഇതാ, അങ്ങ് എന്നെ വിളിച്ചല്ലോ” എന്നു പറഞ്ഞു. “ഞാന്‍ വിളിച്ചില്ല, പോയി കിടന്നുകൊള്ളുക” എന്ന് ഏലി മറുപടി പറഞ്ഞു; ശമൂവേല്‍ പോയി കിടന്നു. സര്‍വേശ്വരന്‍ വീണ്ടും ശമൂവേലിനെ വിളിച്ചു; അവന്‍ എഴുന്നേറ്റ് ഏലിയുടെ അടുക്കല്‍ ചെന്നു; “ഞാന്‍ ഇവിടെയുണ്ട്; അങ്ങ് എന്നെ വിളിച്ചുവല്ലോ” എന്നു പറഞ്ഞു. “എന്‍റെ മകനേ, ഞാന്‍ വിളിച്ചില്ല; പോയി കിടന്നുകൊള്ളുക” എന്ന് ഏലി വീണ്ടും പറഞ്ഞു. സര്‍വേശ്വരനാണ് തന്നെ വിളിക്കുന്നത് എന്നു ശമൂവേല്‍ അപ്പോഴും അറിഞ്ഞില്ല. സര്‍വേശ്വരന്‍റെ അരുളപ്പാട് അതിനുമുമ്പ് അവനു ലഭിച്ചിരുന്നുമില്ല. സര്‍വേശ്വരന്‍ മൂന്നാമതും ശമൂവേലിനെ വിളിച്ചു; അവന്‍ എഴുന്നേറ്റ് ഏലിയുടെ അടുക്കല്‍ ചെന്നു വീണ്ടും പറഞ്ഞു: “ഞാന്‍ ഇവിടെയുണ്ട്; അങ്ങ് എന്നെ വിളിച്ചുവല്ലോ.” ദൈവമാണ് ശമൂവേലിനെ വിളിക്കുന്നതെന്ന് അപ്പോള്‍ ഏലിക്കു മനസ്സിലായി. ഏലി ശമൂവേലിനോട്: “പോയി കിടന്നുകൊള്ളുക; ഇനിയും നിന്നെ വിളിച്ചാല്‍ ‘സര്‍വേശ്വരാ, അരുളിച്ചെയ്താലും, അവിടുത്തെ ദാസന്‍ കേള്‍ക്കുന്നു’ എന്നു പറയണം.” ശമൂവേല്‍ വീണ്ടും പോയി കിടന്നു. സര്‍വേശ്വരന്‍ വീണ്ടും വന്ന്: “ശമൂവേലേ, ശമൂവേലേ” എന്നു വിളിച്ചു. “അരുളിച്ചെയ്താലും, അവിടുത്തെ ദാസന്‍ കേള്‍ക്കുന്നു” എന്നു ശമൂവേല്‍ പ്രതിവചിച്ചു. അപ്പോള്‍ അവിടുന്നു ശമൂവേലിനോടു പറഞ്ഞു: “ഞാന്‍ ഇസ്രായേലില്‍ ഒരു കാര്യം ചെയ്യാന്‍ പോകുകയാണ്. അതു കേള്‍ക്കുന്നവന്‍റെ ഇരുചെവികളും തരിച്ചുപോകും. ഏലിയുടെ കുടുംബത്തിനെതിരായി ഞാന്‍ പറഞ്ഞിട്ടുള്ളതെല്ലാം അന്ന് ആദ്യന്തം നിവര്‍ത്തിക്കും. അവന്‍റെ പുത്രന്മാര്‍ ദൈവദൂഷണം പറയുന്നതറിഞ്ഞിട്ടും അവന്‍ അവരെ വിലക്കിയില്ല; അതുകൊണ്ട് അവന്‍റെ കുടുംബത്തിന്‍റെമേല്‍ എന്നേക്കുമായുള്ള ശിക്ഷാവിധി നടത്താന്‍ പോവുകയാണെന്നു ഞാന്‍ അവനെ അറിയിക്കുന്നു. യാഗങ്ങളും വഴിപാടുകളും അവന്‍റെ ഭവനത്തിന്‍റെ പാപത്തിന് ഒരിക്കലും പരിഹാരം ആകുകയില്ല എന്നു ഞാന്‍ തീര്‍ത്തുപറയുന്നു. പ്രഭാതംവരെ ശമൂവേല്‍ കിടന്നു; പിന്നീട് അവന്‍ സര്‍വേശ്വരന്‍റെ ആലയത്തിന്‍റെ വാതിലുകള്‍ തുറന്നു. തനിക്കുണ്ടായ ദര്‍ശനത്തെപ്പറ്റി ഏലിയോടു പറയാന്‍ ശമൂവേല്‍ ഭയപ്പെട്ടു. എന്നാല്‍ ശമൂവേലിനെ ഏലി “ശമൂവേലേ, എന്‍റെ മകനേ” എന്നു വിളിച്ചു; “ഞാന്‍ ഇവിടെയുണ്ട്” എന്ന് അവന്‍ മറുപടി പറഞ്ഞു. അപ്പോള്‍ ഏലി: “സര്‍വേശ്വരന്‍ നിന്നോട് എന്തു പറഞ്ഞു? എന്നില്‍നിന്ന് ഒന്നും മറച്ചു വയ്‍ക്കരുത്; അവിടുന്ന് അരുളിച്ചെയ്തത് എന്തെങ്കിലും മറച്ചുവച്ചാല്‍ ദൈവം അതിനു തക്കവിധവും അതിലധികവും ശിക്ഷ നല്‌കട്ടെ” എന്നു പറഞ്ഞു. ശമൂവേല്‍ ഒന്നും മറച്ചുവയ്‍ക്കാതെ എല്ലാം ഏലിയോടു തുറന്നുപറഞ്ഞു. അപ്പോള്‍ ഏലി പറഞ്ഞു: “അതു സര്‍വേശ്വരനാണ്, ഇഷ്ടംപോലെ അവിടുന്നു ചെയ്യട്ടെ.” ശമൂവേല്‍ വളര്‍ന്നു; സര്‍വേശ്വരന്‍ അവന്‍റെ കൂടെ ഉണ്ടായിരുന്നു. ശമൂവേല്‍ പറഞ്ഞതൊന്നും വ്യര്‍ഥമാകാന്‍ അവിടുന്ന് ഇടയാക്കിയില്ല. ദാന്‍മുതല്‍ ബേര്‍-ശേബാവരെയുള്ള ഇസ്രായേലിലെ സകല ജനങ്ങളും സര്‍വേശ്വരന്‍റെ പ്രവാചകനായി ശമൂവേല്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞു. ഇങ്ങനെ സര്‍വേശ്വരന്‍ ശമൂവേലിന് ആദ്യം ദര്‍ശനം നല്‌കിയ ശീലോവില്‍ തുടര്‍ന്നും പ്രത്യക്ഷപ്പെട്ട് അവനോടു സംസാരിച്ച് സ്വയം വെളിപ്പെടുത്തി. ശമൂവേലിന്‍റെ വചനം ഇസ്രായേല്‍ജനം മുഴുവന്‍ ആദരിച്ചു. ആ കാലത്ത് ഫെലിസ്ത്യര്‍, ഇസ്രായേല്യര്‍ക്കെതിരെ യുദ്ധത്തിനു പുറപ്പെട്ടു. ഇസ്രായേല്യര്‍ അവരെ നേരിടാന്‍ ഏബെന്‍-ഏസെരിലും, ഫെലിസ്ത്യര്‍ അഫേക്കിലും പാളയമടിച്ചു. ഫെലിസ്ത്യര്‍ ഇസ്രായേല്യര്‍ക്കെതിരെ അണിനിരന്നു; യുദ്ധത്തില്‍ ഇസ്രായേല്യര്‍ ഫെലിസ്ത്യരോടു പരാജയപ്പെട്ടു. പടക്കളത്തില്‍ വച്ചുതന്നെ നാലായിരത്തോളം പേരെ ഫെലിസ്ത്യര്‍ സംഹരിച്ചു. ശേഷിച്ചവര്‍ പാളയത്തില്‍ തിരിച്ചുവന്നപ്പോള്‍ ഇസ്രായേലിലെ നേതാക്കന്മാര്‍ പറഞ്ഞു: “ഇന്നു സര്‍വേശ്വരന്‍ നമ്മെ ഫെലിസ്ത്യരുടെ മുമ്പില്‍ പരാജയപ്പെടുത്തിയതെന്ത്? ശീലോവില്‍നിന്ന് അവിടുത്തെ ഉടമ്പടിപ്പെട്ടകം നമുക്കു കൊണ്ടുവരാം. അങ്ങനെ അവിടുന്നു നമ്മുടെ മധ്യേ വന്നു ശത്രുക്കളില്‍നിന്നു നമ്മെ രക്ഷിക്കും.” അതുകൊണ്ട് അവര്‍ ശീലോവിലേക്ക് ആളയച്ചു; കെരൂബുകളുടെ മധ്യേ സിംഹാസനാരൂഢനായിരിക്കുന്ന സര്‍വശക്തനായ സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം അവിടെ കൊണ്ടുവന്നു; പെട്ടകത്തോടൊപ്പം ഏലിയുടെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ഉണ്ടായിരുന്നു. സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം പാളയത്തില്‍ എത്തിയപ്പോള്‍ ഇസ്രായേല്‍ജനം ആര്‍ത്തുവിളിച്ചു. അതു ഭൂമിയിലെങ്ങും പ്രതിധ്വനിച്ചു. അവരുടെ ആര്‍പ്പുവിളി ഫെലിസ്ത്യര്‍ കേട്ടു; എബ്രായപാളയത്തിലെ ആര്‍പ്പുവിളിയുടെ കാരണം അവര്‍ അന്വേഷിച്ചു. സര്‍വേശ്വരന്‍റെ പെട്ടകം പാളയത്തിലെത്തിയെന്നറിഞ്ഞപ്പോള്‍ അവര്‍ ഭയപ്പെട്ടു. അവര്‍ പറഞ്ഞു: “അവരുടെ ദൈവം പാളയത്തിലെത്തിയിരിക്കുന്നു. നമുക്കു ഹാ കഷ്ടം! ഇതുപോലൊന്ന് ഇതിനു മുമ്പെങ്ങും സംഭവിച്ചിട്ടില്ല.” “നമുക്കു നാശം! അവരുടെ ദേവന്മാരുടെ ശക്തിയില്‍നിന്ന് ആര്‍ നമ്മെ രക്ഷിക്കും? മരുഭൂമിയില്‍വച്ച് എല്ലാവിധ ബാധകളാലും ഈജിപ്തുകാരെ തകര്‍ത്ത ദേവന്മാരാണവര്‍. അതുകൊണ്ട് ഫെലിസ്ത്യരേ, നിങ്ങള്‍ ധീരരായിരിക്കുവിന്‍; പൗരുഷം കാട്ടുവിന്‍; അല്ലെങ്കില്‍ എബ്രായര്‍ നമുക്ക് അടിമകളായിരുന്നതുപോലെ നാം അവര്‍ക്ക് അടിമകളാകേണ്ടിവരും; അതുകൊണ്ട് പൗരുഷത്തോടെ പൊരുതുവിന്‍.” അങ്ങനെ ഫെലിസ്ത്യര്‍ യുദ്ധം ചെയ്തു. ഇസ്രായേല്യര്‍ പരാജയപ്പെട്ട് തങ്ങളുടെ കൂടാരങ്ങളിലേക്കു പലായനം ചെയ്തു. അന്ന് ഒരു വലിയ സംഹാരം നടന്നു; മുപ്പതിനായിരം ഇസ്രായേല്യപടയാളികള്‍ കൊല്ലപ്പെട്ടു. ദൈവത്തിന്‍റെ പെട്ടകം ഫെലിസ്ത്യര്‍ പിടിച്ചെടുത്തു; ഏലിയുടെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു. ബെന്യാമീന്‍ഗോത്രക്കാരനായ ഒരാള്‍ അന്നുതന്നെ യുദ്ധരംഗത്തുനിന്നു വസ്ത്രം പിച്ചിച്ചീന്തിയും തലയില്‍ പൂഴി വാരിയിട്ടുംകൊണ്ട് ശീലോവില്‍ പാഞ്ഞെത്തി. അയാള്‍ അവിടെ എത്തുമ്പോള്‍ ഏലി സര്‍വേശ്വരന്‍റെ പെട്ടകത്തെച്ചൊല്ലി ആകുലചിത്തനായി വഴിയിലേക്കു നോക്കി ഇരിക്കുകയായിരുന്നു. അയാള്‍ പട്ടണത്തില്‍ എത്തി വാര്‍ത്ത അറിയിച്ചപ്പോള്‍ പട്ടണവാസികള്‍ മുറവിളി കൂട്ടി. ഏലി അതു ശ്രദ്ധിച്ചു; എന്തിനാണ് ഈ മുറവിളി എന്ന് അന്വേഷിച്ചു. വിവരം അറിയിക്കാന്‍ ദൂതന്‍ ഏലിയുടെ അടുക്കല്‍ ഓടി എത്തി, അദ്ദേഹത്തോടു സംസാരിച്ചു. ഏലിക്ക് അപ്പോള്‍ തൊണ്ണൂറ്റെട്ടു വയസ്സായിരുന്നു. കാണാന്‍ കഴിയാത്തവിധം കണ്ണിന്‍റെ കാഴ്ച ക്ഷയിച്ചിരുന്നു; “ഞാന്‍ ഇന്നു യുദ്ധരംഗത്തുനിന്ന് ഓടി രക്ഷപെട്ട് ഇവിടെ എത്തിയതാണ്” എന്നു ദൂതന്‍ പറഞ്ഞു. “മകനേ, എന്തു സംഭവിച്ചു” എന്ന് ഏലി ചോദിച്ചു. അയാള്‍ പറഞ്ഞു: “ഇസ്രായേല്‍ ഫെലിസ്ത്യരോടു തോറ്റു; ജനത്തില്‍ ഒരു വലിയ ഭാഗം കൊല്ലപ്പെട്ടു; അവിടുത്തെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും വധിക്കപ്പെട്ടു; ദൈവത്തിന്‍റെ പെട്ടകം അവര്‍ പിടിച്ചെടുത്തു.” ദൈവത്തിന്‍റെ പെട്ടകം എന്നു കേട്ട മാത്രയില്‍ പടിവാതില്‌ക്കലെ ഇരിപ്പിടത്തില്‍നിന്ന് ഏലി പിറകോട്ടു മറിഞ്ഞു വീണു കഴുത്തൊടിഞ്ഞു മരിച്ചു. അയാള്‍ വൃദ്ധനും സ്ഥൂലഗാത്രനും ആയിരുന്നു. ഏലി നാല്പതു വര്‍ഷം ഇസ്രായേലില്‍ ന്യായപാലനം ചെയ്തിരുന്നു. ഏലിയുടെ മകന്‍ ഫീനെഹാസിന്‍റെ ഭാര്യക്ക് പ്രസവസമയം അടുത്തിരുന്നു. ദൈവത്തിന്‍റെ പെട്ടകം പിടിക്കപ്പെട്ടു എന്നും തന്‍റെ ഭര്‍ത്താവും ഭര്‍ത്തൃപിതാവും മരിച്ചു എന്നും കേട്ടപ്പോള്‍ അവള്‍ക്കു പ്രസവവേദന ഉണ്ടായി; അവള്‍ ഉടന്‍തന്നെ പ്രസവിച്ചു. ആസന്നമരണയായ അവളോട് അടുത്തു നിന്ന സ്‍ത്രീകള്‍ പറഞ്ഞു: “ഭയപ്പെടേണ്ടാ; നീയൊരു ആണ്‍കുട്ടിയെ പ്രസവിച്ചിരിക്കുന്നു.” എന്നാല്‍ അവള്‍ മറുപടി പറഞ്ഞില്ല; അവരെ ശ്രദ്ധിച്ചതുമില്ല. ദൈവത്തിന്‍റെ പെട്ടകം പിടിക്കപ്പെട്ടതും ഭര്‍ത്താവും ഭര്‍ത്തൃപിതാവും മരണമടഞ്ഞതും കേട്ടപ്പോള്‍ ഇസ്രായേലില്‍നിന്നു മഹത്ത്വം വിട്ടുപോയി എന്നു പറഞ്ഞ് അവള്‍ തന്‍റെ കുഞ്ഞിന് “ഈഖാബോദ്” എന്നു പേരിട്ടു. അവള്‍ പറഞ്ഞു: “ദൈവത്തിന്‍റെ പെട്ടകം പിടിക്കപ്പെട്ടതുകൊണ്ട് മഹത്ത്വം ഇസ്രായേലില്‍നിന്ന് വിട്ടുപോയിരിക്കുന്നു.” ഫെലിസ്ത്യര്‍ ഉടമ്പടിപ്പെട്ടകം പിടിച്ചെടുത്തതിനുശേഷം അത് ഏബെന്‍-ഏസെരില്‍നിന്ന് അസ്തോദിലേക്കു കൊണ്ടുപോയി. അവിടെ ദാഗോന്‍റെ ക്ഷേത്രത്തില്‍ ദാഗോന്‍റെ പ്രതിമയ്‍ക്കു സമീപം സ്ഥാപിച്ചു. അടുത്ത പ്രഭാതത്തില്‍ അസ്തോദിലെ ജനം ഉണര്‍ന്നപ്പോള്‍ ദാഗോന്‍റെ ബിംബം സര്‍വേശ്വരന്‍റെ പെട്ടകത്തിന്‍റെ മുമ്പില്‍ കവിണ്ണുവീണു കിടക്കുന്നതു കണ്ടു; അവര്‍ അതെടുത്തു പൂര്‍വസ്ഥാനത്തു സ്ഥാപിച്ചു. അതിനടുത്ത പ്രഭാതത്തിലും അവര്‍ ഉണര്‍ന്നപ്പോള്‍ ദാഗോന്‍റെ ബിംബം പെട്ടകത്തിന്‍റെ മുമ്പില്‍ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. ദാഗോന്‍റെ തലയും കൈകളും വേര്‍പെട്ട് വാതില്‍പ്പടിയില്‍ കിടന്നിരുന്നു; ഉടല്‍മാത്രം ശേഷിച്ചിരുന്നു. അതുകൊണ്ടാണ് ദാഗോന്‍റെ പുരോഹിതന്മാരും ദാഗോന്‍റെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നവരും ഇന്നും ആ വാതില്‍പ്പടിയില്‍ ചവിട്ടാത്തത്. സര്‍വേശ്വരന്‍ അസ്തോദിലുള്ള ജനങ്ങളെ കഠിനമായി ശിക്ഷിച്ചു; അവിടുന്ന് അവരെ ഭയപ്പെടുത്തി; അസ്തോദിലും ചുറ്റുപാടുമുള്ള സ്ഥലങ്ങളിലും പാര്‍ത്തിരുന്നവരില്‍ കുരുക്കള്‍ ബാധിക്കാന്‍ അവിടുന്ന് ഇടയാക്കി. ഇത് അസ്തോദ്യര്‍ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ പെട്ടകം നമ്മുടെ ഇടയില്‍ വച്ചുകൂടാ; അവിടുന്നു നമ്മെയും നമ്മുടെ ദേവനായ ദാഗോനെയും ശിക്ഷിക്കുകയാണ്.” അവര്‍ ആളയച്ചു ഫെലിസ്ത്യപ്രഭുക്കന്മാരെയെല്ലാം വിളിച്ചുകൂട്ടി, അവരോടു ചോദിച്ചു: “ഇസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം സംബന്ധിച്ചു നാം എന്താണു ചെയ്യേണ്ടത്?” “ഗത്തിലേക്ക് കൊണ്ടുപോകാമെന്ന്” പ്രഭുക്കന്മാര്‍ പറഞ്ഞു. ദൈവത്തിന്‍റെ പെട്ടകം അവര്‍ അവിടേക്ക് കൊണ്ടുപോയി; അത് അവിടെ എത്തിയപ്പോള്‍ സര്‍വേശ്വരന്‍ ആ പട്ടണത്തെയും ശിക്ഷിച്ചു. ജനം സംഭ്രാന്തരായി; അവിടെയുള്ള ആബാലവൃദ്ധം ജനങ്ങളെയും കുരുക്കള്‍ ബാധിച്ചു. അതുകൊണ്ട് അവര്‍ ദൈവത്തിന്‍റെ പെട്ടകം എക്രോനിലേക്ക് അയച്ചു; പെട്ടകം എക്രോനിലെത്തിയപ്പോള്‍ എക്രോന്യര്‍ നിലവിളികൂട്ടി: “നമ്മെ നശിപ്പിക്കാന്‍ ഇസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം നമ്മുടെ അടുക്കല്‍ കൊണ്ടുവന്നിരിക്കുന്നു” എന്നു പറഞ്ഞു. അവര്‍ ആളയച്ചു ഫെലിസ്ത്യപ്രഭുക്കന്മാരെയെല്ലാം വീണ്ടും വിളിച്ചുകൂട്ടി: “നാമും നമ്മുടെ ജനവും നശിക്കാതിരിക്കാന്‍ ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ പെട്ടകം അതിന്‍റെ സ്ഥാനത്തേക്കു തിരിച്ചയയ്‍ക്കണം” എന്നു പറഞ്ഞു; പട്ടണവാസികളെല്ലാം സംഭ്രാന്തരായി; ദൈവം അവരെയും കഠിനമായി ശിക്ഷിച്ചു. മരിക്കാതെ ശേഷിച്ചവരെ കുരുക്കള്‍ ബാധിച്ചു; പട്ടണവാസികളുടെ നിലവിളി ആകാശത്തിലേക്കുയര്‍ന്നു. സര്‍വേശ്വരന്‍റെ പെട്ടകം ഏഴു മാസം ഫെലിസ്ത്യരുടെ ദേശത്തായിരുന്നു. അതിനുശേഷം അവര്‍ പുരോഹിതന്മാരെയും മന്ത്രവാദികളെയും വിളിച്ചുകൂട്ടി അവരോടു ചോദിച്ചു: “സര്‍വേശ്വരന്‍റെ പെട്ടകത്തിന്‍റെ കാര്യത്തില്‍ നാം എന്താണു ചെയ്യേണ്ടത്? തിരിച്ചയയ്‍ക്കുമ്പോള്‍ അതോടൊപ്പം എന്തൊക്കെയാണു കൊടുത്തയയ്‍ക്കേണ്ടത്?” അവര്‍ പറഞ്ഞു: “ഇസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം മടക്കി അയയ്‍ക്കുകയാണെങ്കില്‍ അതു വെറുതേ അയയ്‍ക്കരുത്; നിശ്ചയമായും ഒരു പ്രായശ്ചിത്തവഴിപാടും കൂടി കൊടുത്തയയ്‍ക്കണം; അപ്പോള്‍ നിങ്ങള്‍ക്കു സൗഖ്യം ലഭിക്കും; അവിടുന്നു നിങ്ങളെ ശിക്ഷിച്ചുകൊണ്ടിരിക്കുന്നതിന്‍റെ കാരണം നിങ്ങള്‍ ഗ്രഹിക്കുകയും ചെയ്യും.” “പ്രായശ്ചിത്തയാഗത്തിന് എന്തെല്ലാമാണു കൊടുത്തയയ്‍ക്കേണ്ടത്” എന്നു ജനം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: “ഫെലിസ്ത്യപ്രഭുക്കന്മാരുടെ സംഖ്യയനുസരിച്ചു സ്വര്‍ണനിര്‍മ്മിതമായ അഞ്ചു കുരുക്കളും അഞ്ച് എലികളുടെ രൂപങ്ങളും കൊടുത്തയയ്‍ക്കുക; കാരണം നിങ്ങള്‍ക്കും നിങ്ങളുടെ പ്രഭുക്കന്മാര്‍ക്കും ഒരേ ബാധതന്നെയാണല്ലോ ഉണ്ടായത്. അങ്ങനെ നിങ്ങളുടെ കുരുക്കളുടെയും നിങ്ങളുടെ നാടു നശിപ്പിക്കുന്ന എലികളുടെയും രൂപങ്ങളുണ്ടാക്കി ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ മഹിമയെ പ്രകീര്‍ത്തിക്കുവിന്‍; അവിടുന്നു നിങ്ങളുടെയും ദേവന്മാരുടെയും ദേശത്തിന്‍റെയും നേര്‍ക്കുള്ള ശിക്ഷ മതിയാക്കിയേക്കാം; ഈജിപ്തുകാരെയും അവിടത്തെ രാജാവായ ഫറവോയെയുംപോലെ നിങ്ങളും എന്തിനു കഠിനഹൃദയരാകുന്നു? അവിടുന്ന് അവരെ പരിഹാസപാത്രമാക്കിയ ശേഷമാണല്ലോ അവര്‍ ഇസ്രായേല്‍ജനത്തെ വിട്ടയയ്‍ക്കുകയും അവര്‍ അവിടെനിന്നു പോരുകയും ചെയ്തത്. നിങ്ങള്‍ ഒരു പുതിയ വണ്ടിയുണ്ടാക്കി നുകം വച്ചിട്ടില്ലാത്ത രണ്ടു കറവപ്പശുക്കളെ വണ്ടിക്കു കെട്ടുവിന്‍; അവയുടെ കിടാക്കളെ വീട്ടിലേക്കു മടക്കിക്കൊണ്ടുപോകുക. സര്‍വേശ്വരന്‍റെ പെട്ടകം എടുത്തു വണ്ടിയില്‍ വയ്‍ക്കണം; പ്രായശ്ചിത്തവഴിപാടായി നിങ്ങള്‍ കൊടുത്തയയ്‍ക്കുന്ന സ്വര്‍ണരൂപങ്ങള്‍ ഒരു പെട്ടിയിലാക്കി അതിനടുത്തുതന്നെ വയ്‍ക്കുവിന്‍; പിന്നീട് വണ്ടി വിട്ടയയ്‍ക്കുവിന്‍; അതു യഥേഷ്ടം പോകട്ടെ. അതു പോകുന്ന വഴി ശ്രദ്ധിക്കണം; സ്വന്തം സ്ഥലമായ ബേത്ത്-ശേമെശിലേക്കാണ് അതു പോകുന്നതെങ്കില്‍ ഇസ്രായേല്യരുടെ ദൈവമാണ് നിങ്ങളെ ശിക്ഷിച്ചത്. അതല്ലെങ്കില്‍ ഈ ബാധ അയച്ചത് അവിടുന്നല്ലെന്നും യാദൃച്ഛികമായി സംഭവിച്ചതാണെന്നും മനസ്സിലാക്കാം.” അവര്‍ പറഞ്ഞതുപോലെ ജനം പ്രവര്‍ത്തിച്ചു. രണ്ടു കറവപ്പശുക്കളെ കൊണ്ടുവന്നു വണ്ടിക്കു കെട്ടി; കിടാക്കളെ വീട്ടില്‍ നിറുത്തി. പിന്നീട് അവര്‍ സര്‍വേശ്വരന്‍റെ പെട്ടകവും എലികളുടെയും തങ്ങളെ ബാധിച്ച കുരുക്കളുടെയും സ്വര്‍ണരൂപങ്ങള്‍ അടക്കം ചെയ്തിരുന്ന പെട്ടിയും വണ്ടിയില്‍ വച്ചു. ആ പശുക്കള്‍ ബേത്ത്-ശേമെശിലേക്കുള്ള പെരുവഴിയിലൂടെ പോയി; അമറിക്കൊണ്ട് ഇടംവലം നോക്കാതെയാണ് അവ പോയത്. ഫെലിസ്ത്യപ്രഭുക്കന്മാര്‍ ബേത്ത്-ശേമെശിന്‍റെ അതിര്‍ത്തിവരെ അവയെ പിന്തുടര്‍ന്നു. ബേത്ത്-ശേമെശ് നിവാസികള്‍ താഴ്വരയില്‍ കോതമ്പു കൊയ്യുകയായിരുന്നു; അവര്‍ നോക്കിയപ്പോള്‍ പെട്ടകം കണ്ടു; അവര്‍ അത്യധികം ആഹ്ലാദിച്ചു. വണ്ടി ബേത്ത്-ശേമെശുകാരനായ യോശുവയുടെ വയലില്‍ വന്നുനിന്നു. അവിടെ ഒരു വലിയ കല്ലുണ്ടായിരുന്നു; വണ്ടിക്കുപയോഗിച്ചിരുന്ന തടി വെട്ടിക്കീറി പശുക്കളെ ഹോമയാഗമായി അവര്‍ സര്‍വേശ്വരന് അര്‍പ്പിച്ചു. ലേവ്യര്‍ സര്‍വേശ്വരന്‍റെ പെട്ടകവും സ്വര്‍ണരൂപങ്ങള്‍ വച്ചിരുന്ന പെട്ടിയും ഇറക്കി ആ വലിയ കല്ലിന്മേല്‍ വച്ചു. ബേത്ത്-ശേമെശ്നിവാസികള്‍ സര്‍വേശ്വരന് അന്നു ഹോമയാഗങ്ങളും മറ്റു ബലികളും അര്‍പ്പിച്ചു. ഇതെല്ലാം കണ്ടതിനുശേഷം അഞ്ചു ഫെലിസ്ത്യപ്രഭുക്കന്മാരും അന്നുതന്നെ എക്രോനിലേക്കു മടങ്ങിപ്പോയി. അസ്തോദ്, ഗസ്സ, അസ്കലോന്‍, ഗത്ത്, എക്രോന്‍ എന്നീ പട്ടണങ്ങളില്‍ ഓരോന്നിനും വേണ്ടി അവരെ ബാധിച്ച കുരുക്കളുടെ ഓരോ സ്വര്‍ണരൂപമായിരുന്നു, പ്രായശ്ചിത്തവഴിപാടായി ഫെലിസ്ത്യപ്രഭുക്കന്മാര്‍ കൊടുത്തയച്ചത്. ഈ അഞ്ചു പ്രഭുക്കന്മാരുടെ അധീനതയിലുള്ളതും കോട്ടകളാല്‍ ചുറ്റപ്പെട്ടതുമായ ഫെലിസ്ത്യനഗരങ്ങളുടെയും തുറസ്സായ ഗ്രാമങ്ങളുടെയും എണ്ണത്തിനനുസരിച്ച് സ്വര്‍ണ എലികളെയും അവര്‍ കൊടുത്തയച്ചു. സര്‍വേശ്വരന്‍റെ പെട്ടകം ഇറക്കിവച്ച വലിയകല്ല് ഈ സംഭവത്തിനു സാക്ഷിയായി ബേത്ത്-ശേമെശുകാരനായ യോശുവയുടെ വയലില്‍ ഇന്നും കാണാം. സര്‍വേശ്വരന്‍റെ പെട്ടകത്തിലേക്ക് എത്തിനോക്കിയ എഴുപതു പേരെ അവിടുന്നു സംഹരിച്ചു. സര്‍വേശ്വരന്‍ അവരുടെ ഇടയില്‍ ഈ വലിയ സംഹാരം നടത്തിയതുകൊണ്ടു ജനം വിലപിച്ചു. ബേത്ത്-ശേമെശിലെ ജനം പറഞ്ഞു: “പരിശുദ്ധ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍ നില്‌ക്കാന്‍ ആര്‍ക്കു കഴിയും? അവിടുന്നു നമ്മുടെ അടുത്തുനിന്ന് എങ്ങോട്ടു പോകും.” അവര്‍ കിര്യത്ത്-യെയാരീംനിവാസികളുടെ അടുക്കല്‍ ദൂതന്മാരെ അയച്ചു പറഞ്ഞു: “സര്‍വേശ്വരന്‍റെ പെട്ടകം ഫെലിസ്ത്യര്‍ തിരിച്ചയച്ചിരിക്കുന്നു; നിങ്ങള്‍ വന്ന് അത് എടുത്തുകൊണ്ടുപോകുവിന്‍.” കിര്യത്ത്-യെയാരീംനിവാസികള്‍ വന്നു പെട്ടകം എടുത്തു മലമുകളില്‍ താമസിച്ചിരുന്ന അബീനാദാബിന്‍റെ ഭവനത്തിലേക്കു കൊണ്ടുപോയി. പെട്ടകം സൂക്ഷിക്കുന്നതിനു വേണ്ടി അബീനാദാബിന്‍റെ പുത്രനായ എലെയാസാറിനെ അവര്‍ അഭിഷേകം ചെയ്തു. സര്‍വേശ്വരന്‍റെ പെട്ടകം വളരെക്കാലം, ഏകദേശം ഇരുപതു വര്‍ഷം, കിര്യത്ത്-യെയാരീമില്‍ ആയിരുന്നു. ഇക്കാലമത്രയും ഇസ്രായേല്‍ജനം സര്‍വേശ്വരനെ വിളിച്ചു വിലപിച്ചുകൊണ്ടിരുന്നു. ശമൂവേല്‍ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: “നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ സര്‍വേശ്വരനിലേക്കു തിരിയുന്നു എങ്കില്‍ അന്യദേവന്മാരെയും അസ്താരോത്ത്ദേവതകളെയും നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം; നിങ്ങളെ പൂര്‍ണമായി സര്‍വേശ്വരനു സമര്‍പ്പിച്ച് അവിടുത്തെ മാത്രം ആരാധിക്കുവിന്‍; എന്നാല്‍ അവിടുന്നു നിങ്ങളെ ഫെലിസ്ത്യരുടെ കൈയില്‍നിന്നു രക്ഷിക്കും.” അങ്ങനെ ഇസ്രായേല്‍ജനം ബാലിന്‍റെയും അസ്താരോത്തിന്‍റെയും വിഗ്രഹങ്ങള്‍ നീക്കി സര്‍വേശ്വരനെ മാത്രം ആരാധിച്ചു. പിന്നീട് ശമൂവേല്‍ പറഞ്ഞു: “ഇസ്രായേല്‍ജനമെല്ലാം മിസ്പായില്‍ ഒന്നിച്ചുകൂടട്ടെ; ഞാന്‍ നിങ്ങള്‍ക്കുവേണ്ടി സര്‍വേശ്വരനോടു പ്രാര്‍ഥിക്കാം.” അവരെല്ലാം മിസ്പായില്‍ ഒരുമിച്ചുകൂടി; അവര്‍ വെള്ളം കോരി സര്‍വേശ്വരന്‍റെ സന്നിധിയില്‍ ഒഴിച്ചു; അന്ന് അവര്‍ ഉപവസിച്ചു. “ഞങ്ങള്‍ സര്‍വേശ്വരനോടു പാപം ചെയ്തു” എന്ന് ഏറ്റുപറഞ്ഞു. മിസ്പായില്‍വച്ചു ശമൂവേല്‍ ഇസ്രായേല്‍ജനത്തിനു ന്യായപാലനം നടത്തി. ഇസ്രായേല്‍ജനം മിസ്പായില്‍ ഒരുമിച്ചുകൂടിയ വിവരം കേട്ടു ഫെലിസ്ത്യപ്രഭുക്കന്മാര്‍ അവരുടെ നേരെ പുറപ്പെട്ടു. ഇതറിഞ്ഞപ്പോള്‍ ഇസ്രായേല്‍ജനം ഭയപ്പെട്ടു. ഫെലിസ്ത്യരില്‍നിന്നു തങ്ങളെ രക്ഷിക്കുന്നതിനു ദൈവമായ സര്‍വേശ്വരനോടു നിരന്തരം പ്രാര്‍ഥിക്കണമെന്ന് അവര്‍ ശമൂവേലിനോട് അപേക്ഷിച്ചു. അപ്പോള്‍ ശമൂവേല്‍ മുലകുടിമാറാത്ത ഒരാട്ടിന്‍കുട്ടിയെ സമ്പൂര്‍ണ ഹോമയാഗമായി സര്‍വേശ്വരന് അര്‍പ്പിച്ചു; ശമൂവേല്‍ ഇസ്രായേലിനുവേണ്ടി അവിടുത്തോടു പ്രാര്‍ഥിച്ചു. അവിടുന്ന് അദ്ദേഹത്തിന്‍റെ പ്രാര്‍ഥനയ്‍ക്ക് ഉത്തരമരുളി. ശമൂവേല്‍ ഹോമയാഗമര്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ഇസ്രായേലിനെ ആക്രമിക്കാന്‍ ഫെലിസ്ത്യര്‍ അടുത്തു. അപ്പോള്‍ സര്‍വേശ്വരന്‍ ഒരു ഇടിനാദം മുഴക്കി ഫെലിസ്ത്യരെ സംഭ്രാന്തരാക്കി; അവര്‍ ഓട്ടം തുടങ്ങി. ഇസ്രായേല്യര്‍ മിസ്പായില്‍നിന്നു പുറപ്പെട്ട് ബേത്ത്-കാര്‍വരെ അവരെ പിന്തുടര്‍ന്നു സംഹരിച്ചു. പിന്നീട് ശമൂവേല്‍ ഒരു കല്ലെടുത്തു മിസ്പായ്‍ക്കും ശേനിനും മധ്യേ സ്ഥാപിച്ചു; സര്‍വേശ്വരന്‍ ഇതുവരെ നമ്മെ സഹായിച്ചു. എന്നു പറഞ്ഞ് ആ സ്ഥലത്തിന് ഏബെന്‍-ഏസെര്‍ എന്നു പേരിട്ടു. അങ്ങനെ ഫെലിസ്ത്യര്‍ കീഴടങ്ങി; പിന്നീട് ശമൂവേലിന്‍റെ ജീവിതകാലത്തൊരിക്കലും ഇസ്രായേലിനെ ആക്രമിക്കാന്‍ സര്‍വേശ്വരന്‍ അവരെ അനുവദിച്ചില്ല. എക്രോനും ഗത്തിനും ഇടയ്‍ക്കു ഫെലിസ്ത്യര്‍ കൈവശപ്പെടുത്തിയിരുന്ന പട്ടണങ്ങളെല്ലാം ഇസ്രായേല്‍ വീണ്ടെടുത്തു. അങ്ങനെ തങ്ങളുടെ സ്ഥലങ്ങളെല്ലാം ഇസ്രായേല്യര്‍ക്കു തിരിച്ചുകിട്ടി. ഇസ്രായേല്യരും അമോര്യരും തമ്മില്‍ സമാധാനമായിരുന്നു. തന്‍റെ ജീവിതകാലം മുഴുവന്‍ ശമൂവേല്‍ ഇസ്രായേലില്‍ ന്യായപാലനം ചെയ്തു. അദ്ദേഹം വര്‍ഷംതോറും ബേഥേല്‍, ഗില്ഗാല്‍, മിസ്പാ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഇസ്രായേലിനു ന്യായപാലനം നടത്തിപ്പോന്നു. പിന്നീടു തന്‍റെ ഭവനം സ്ഥിതിചെയ്തിരുന്ന രാമായിലേക്കു തിരിച്ചുപോയി; അവിടെയും ന്യായപാലനം നടത്തിവന്നു; രാമായില്‍ അദ്ദേഹം സര്‍വേശ്വരന് ഒരു യാഗപീഠം പണിയുകയും ചെയ്തു. ശമൂവേല്‍ വൃദ്ധനായപ്പോള്‍ തന്‍റെ പുത്രന്മാരെ ഇസ്രായേലില്‍ ന്യായപാലകരായി നിയമിച്ചു. മൂത്തപുത്രന്‍ യോവേലും രണ്ടാമത്തെ പുത്രന്‍ അബീയാവും ബേര്‍-ശേബായില്‍ ന്യായപാലനം ചെയ്തു. അവര്‍ തങ്ങളുടെ പിതാവിന്‍റെ വഴിയില്‍ നടക്കാതെ ധനം മോഹിച്ചു കൈക്കൂലി വാങ്ങി നീതി നിഷേധിച്ചു. ഇസ്രായേല്‍നേതാക്കന്മാര്‍ ഒരുമിച്ചുകൂടി രാമായില്‍ ശമൂവേലിന്‍റെ അടുക്കല്‍ വന്നു. അവര്‍ പറഞ്ഞു: “അങ്ങു വൃദ്ധനായല്ലോ; അങ്ങയുടെ പുത്രന്മാര്‍ അങ്ങയുടെ വഴിയില്‍ നടക്കുന്നില്ല. അതുകൊണ്ടു ഞങ്ങള്‍ക്കു ന്യായപാലനം നടത്താന്‍ മറ്റു ജനതകള്‍ക്കുള്ളതുപോലെ ഒരു രാജാവിനെ നിയമിച്ചുതന്നാലും.” “ഞങ്ങള്‍ക്കു ഒരു രാജാവിനെ തരിക” എന്നവര്‍ ആവശ്യപ്പെട്ടതു ശമൂവേലിന് ഇഷ്ടമായില്ല. അദ്ദേഹം സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു; അവിടുന്നു ശമൂവേലിന് ഉത്തരമരുളി: “ജനം പറയുന്നതു കേള്‍ക്കുക; അവര്‍ നിന്നെയല്ല, ഞാന്‍ അവരെ ഭരിക്കാത്തവിധം അവര്‍ എന്നെയാകുന്നു ത്യജിച്ചിരിക്കുന്നത്. ഞാന്‍ അവരെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന നാള്‍ മുതല്‍ തങ്ങളുടെ പ്രവൃത്തികളാല്‍ അവര്‍ എന്നെ ഉപേക്ഷിച്ച് അന്യദേവന്മാരെ സേവിച്ചു; അതുതന്നെയാണ് അവര്‍ നിന്നോടും ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഇപ്പോള്‍ അവര്‍ പറയുന്നതു കേള്‍ക്കുക; എന്നാല്‍ അവരെ ഭരിക്കാന്‍ പോകുന്ന രാജാക്കന്മാരുടെ ഭരണരീതി വിവരിച്ചുകൊടുത്ത് അവര്‍ക്ക് വ്യക്തമായി മുന്നറിയിപ്പ് നല്‌കണം.” രാജാവിനെ നിയമിച്ചുകൊടുക്കണമെന്നു തന്നോട് ആവശ്യപ്പെട്ടവരോടു സര്‍വേശ്വരന്‍റെ വചനങ്ങള്‍ ശമൂവേല്‍ അറിയിച്ചു. “നിങ്ങളെ ഭരിക്കാന്‍ പോകുന്ന രാജാവിന്‍റെ പ്രവര്‍ത്തനശൈലി ഇതായിരിക്കും; അവന്‍ നിങ്ങളുടെ പുത്രന്മാരെ തന്‍റെ തേരാളികളും അശ്വഭടന്മാരുമായി നിയമിക്കും; അവന്‍റെ രഥങ്ങള്‍ക്കു മുമ്പേ അവര്‍ ഓടേണ്ടിവരും. അവരില്‍ ചിലരെ ആയിരങ്ങള്‍ക്കും അമ്പതുകള്‍ക്കും അധിപന്മാരായി നിയമിക്കും; തന്‍റെ നിലം കൃഷി ചെയ്യുന്നതിനും വിള കൊയ്യുന്നതിനും തന്‍റെ യുദ്ധോപകരണങ്ങളും രഥോപകരണങ്ങളും ഉണ്ടാക്കുന്നതിനും അവരെ നിയോഗിക്കും. നിങ്ങളുടെ പുത്രിമാരെ തൈലം പൂശുന്നവരും പാചകക്കാരും അപ്പക്കാരികളുമായി നിയമിക്കും. നിങ്ങളുടെ ഏറ്റവും നല്ല വയലുകളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും എടുത്തു തന്‍റെ സേവകര്‍ക്കു കൊടുക്കും. അവന്‍ നിങ്ങളുടെ ധാന്യങ്ങളുടെയും മുന്തിരിയുടെയും ദശാംശമെടുത്ത് തന്‍റെ ഉദ്യോഗസ്ഥന്മാര്‍ക്കും സേവകര്‍ക്കും നല്‌കും. നിങ്ങളുടെ ദാസീദാസന്മാരെയും ഏറ്റവും നല്ല കന്നുകാലികളെയും കഴുതകളെയും തന്‍റെ ജോലിക്ക് ഉപയോഗിക്കും. ആട്ടിന്‍പറ്റത്തിന്‍റെ ദശാംശം അവനെടുക്കും; നിങ്ങള്‍ അവന്‍റെ അടിമകളായിത്തീരും. നിങ്ങള്‍ തിരഞ്ഞെടുത്ത രാജാവുനിമിത്തം അന്നു നിങ്ങള്‍ വിലപിക്കും; എന്നാല്‍ അന്നു സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് ഉത്തരം അരുളുകയില്ല.” ജനം ശമൂവേലിന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചില്ല; അവര്‍ പറഞ്ഞു: “ഞങ്ങള്‍ക്കു രാജാവിനെ വേണം. ഞങ്ങള്‍ക്കും മറ്റു ജനതകളെപ്പോലെയാകണം. ഞങ്ങളുടെ രാജാവ് ഞങ്ങളെ ഭരിക്കുകയും ഞങ്ങളെ നയിക്കുകയും യുദ്ധത്തില്‍ ഞങ്ങള്‍ക്കുവേണ്ടി പോരാടുകയും വേണം.” ജനം പറഞ്ഞതെല്ലാം ശമൂവേല്‍ കേട്ടു; അദ്ദേഹം അവ സര്‍വേശ്വരനോടു പറഞ്ഞു. അവിടുന്ന് അരുളിച്ചെയ്തു: “അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് അവരെ ഭരിക്കാന്‍ ഒരു രാജാവിനെ നല്‌കുക.” പിന്നീട് ശമൂവേല്‍ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: “നിങ്ങള്‍ ഓരോരുത്തരും താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിപ്പോകുവിന്‍.” ബെന്യാമീന്‍ഗോത്രത്തില്‍ കീശ് എന്നൊരു ധനികനുണ്ടായിരുന്നു. അയാളുടെ പിതാവ് അബീയേലും അബീയേലിന്‍റെ പിതാവ് സെരോറും സെരോറിന്‍റെ പിതാവ് ബെഖോറത്തും ബെഖോറത്തിന്‍റെ പിതാവ് അഫീയാഹും ആയിരുന്നു. കീശിനു ശൗല്‍ എന്നൊരു പുത്രന്‍ ഉണ്ടായിരുന്നു. അവന്‍ സുന്ദരനായ യുവാവായിരുന്നു; അവനെക്കാള്‍ കോമളനായ മറ്റൊരു യുവാവ് ഇസ്രായേലില്‍ ഉണ്ടായിരുന്നില്ല. അവന്‍റെ തോളൊപ്പത്തില്‍ കവിഞ്ഞ ഉയരമുള്ള ആരും അവിടെ ഉണ്ടായിരുന്നില്ല. ഒരിക്കല്‍ ശൗലിന്‍റെ പിതാവായ കീശിന്‍റെ കഴുതകള്‍ കാണാതെപോയി; ഭൃത്യനെയും കൂട്ടി കഴുതകളെ അന്വേഷിക്കാന്‍ അയാള്‍ ശൗലിനോടു പറഞ്ഞു. അവന്‍ എഫ്രയീംമലനാട്ടിലും ശാലീശാദേശത്തും ശാലീംദേശത്തും അവയെ അന്വേഷിച്ചു; പക്ഷേ കണ്ടില്ല. പിന്നീട് ബെന്യാമീന്‍റെ ദേശത്ത് അന്വേഷിച്ചു; അവിടെയും കണ്ടില്ല. സൂഫ്ദേശത്തെത്തിയപ്പോള്‍ ശൗല്‍ കൂടെയുള്ള ഭൃത്യനോടു പറഞ്ഞു: “നമുക്കു മടങ്ങിപ്പോകാം; അല്ലെങ്കില്‍ പിതാവു കഴുതകളുടെ കാര്യം മറന്നു നമ്മെപ്പറ്റി ആകുലചിത്തനാകും.” അപ്പോള്‍ ഭൃത്യന്‍ പറഞ്ഞു: “ഈ പട്ടണത്തില്‍ വളരെ ബഹുമാന്യനായ ഒരു ദൈവപുരുഷനുണ്ട്. അയാള്‍ പറയുന്നതെല്ലാം സംഭവിക്കുന്നു; നമുക്ക് അവിടേക്കു പോകാം; ഒരുവേള നമുക്കു പോകാനുള്ള വഴി അദ്ദേഹം പറഞ്ഞുതരും.” ശൗല്‍ അവനോടു പറഞ്ഞു: “നാം അവിടെ ചെല്ലുമ്പോള്‍ എന്താണ് അദ്ദേഹത്തിനു കൊടുക്കുക; നമ്മുടെ കൈയിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങളും തീര്‍ന്നുപോയി. ദൈവപുരുഷനു സമ്മാനിക്കാന്‍ നമ്മുടെ പക്കല്‍ ഒന്നുമില്ലല്ലോ.” ഭൃത്യന്‍ പറഞ്ഞു: “എന്‍റെ കൈവശം കാല്‍ ശേക്കെല്‍ വെള്ളി ഉണ്ട്; അതു കൊടുക്കാം; അദ്ദേഹം നമുക്കു വഴി പറഞ്ഞുതരും.” (“പണ്ട് ഇസ്രായേലില്‍ സര്‍വേശ്വരഹിതം അറിയാന്‍ പോകുമ്പോള്‍ ‘നമുക്കു ദര്‍ശകന്‍റെ അടുക്കല്‍ പോകാം’ എന്നു പറഞ്ഞിരുന്നു; പ്രവാചകനെ അന്നു ദര്‍ശകന്‍ എന്നാണു വിളിച്ചിരുന്നത്.”) ശൗല്‍ ഭൃത്യനോട് “അതു നല്ലതു തന്നെ, വരൂ! നമുക്കു പോകാം” എന്നു പറഞ്ഞു; അവര്‍ ദൈവപുരുഷന്മാര്‍ താമസിച്ചിരുന്ന പട്ടണത്തിലേക്കു പോയി. പട്ടണത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോള്‍ വെള്ളം കോരാന്‍ പോകുന്ന യുവതികളെ കണ്ട് അവരോടു “ദര്‍ശകന്‍ അവിടെയുണ്ടോ” എന്ന് അവര്‍ ചോദിച്ചു. “ഉണ്ട്” എന്ന് അവര്‍ പറഞ്ഞു; “അതാ, നിങ്ങളുടെ മുമ്പേ അദ്ദേഹം പോകുന്നു; വേഗം ചെല്ലുവിന്‍; അദ്ദേഹം പട്ടണത്തില്‍ എത്തിയതേയുള്ളൂ. പൂജാഗിരിയില്‍ ജനത്തിന്‍റെ വക ഒരു യാഗമുണ്ട്. പട്ടണത്തില്‍ പ്രവേശിച്ചാലുടന്‍ അദ്ദേഹം ഭക്ഷണത്തിനു പൂജാഗിരിയിലേക്കു പോകും. അതിനുമുമ്പ് നിങ്ങള്‍ക്ക് അദ്ദേഹത്തെ കാണാം; അദ്ദേഹം യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ട് അദ്ദേഹം എത്തുന്നതുവരെ ജനം ഭക്ഷിക്കുകയില്ല; അതിനുശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവര്‍ ഭക്ഷിക്കുകയുള്ളൂ; അതുകൊണ്ട് വേഗം ചെല്ലുക; ഇപ്പോള്‍ത്തന്നെ അദ്ദേഹത്തെ കാണാം.” അവര്‍ പട്ടണത്തിലേക്കു കയറിച്ചെന്നു; പൂജാഗിരിയിലേക്കു പോകുന്ന ശമൂവേലിനെ അവര്‍ അവിടെ കണ്ടു. ശൗല്‍ വരുന്നതിന്‍റെ തലേദിവസം സര്‍വേശ്വരന്‍ ശമൂവേലിന് ഇപ്രകാരം വെളിപ്പെടുത്തി: “നാളെ ഈ സമയത്ത് ബെന്യാമീന്‍ദേശക്കാരനായ ഒരാളെ നിന്‍റെ അടുക്കല്‍ ഞാന്‍ അയയ്‍ക്കും. എന്‍റെ ജനമായ ഇസ്രായേലിന്‍റെ രാജാവായി അവനെ അഭിഷേകം ചെയ്യുക; അവന്‍ എന്‍റെ ജനത്തെ ഫെലിസ്ത്യരില്‍നിന്നു രക്ഷിക്കും; എന്‍റെ ജനത്തിന്‍റെ കഷ്ടത ഞാന്‍ കണ്ടു; അവരുടെ നിലവിളി എന്‍റെ അടുക്കല്‍ എത്തിയിരിക്കുന്നു.” ശമൂവേല്‍ ശൗലിനെ കണ്ടപ്പോള്‍ സര്‍വേശ്വരന്‍ ശമൂവേലിനോടു പറഞ്ഞു: “ഞാന്‍ നിന്നോടു പറഞ്ഞ ആള്‍ ഇവനാകുന്നു; എന്‍റെ ജനത്തെ ഭരിക്കേണ്ടവന്‍ ഇവന്‍തന്നെ.” അപ്പോള്‍ ശൗല്‍ പട്ടണവാതില്‌ക്കല്‍ ശമൂവേലിന്‍റെ അടുക്കല്‍ ചെന്നു “ദര്‍ശകന്‍റെ വീട് എവിടെയാണെന്നു പറഞ്ഞു തന്നാലും” എന്നു പറഞ്ഞു; ശമൂവേല്‍ പറഞ്ഞു: “ഞാന്‍ തന്നെയാണു ദര്‍ശകന്‍; എനിക്കു മുമ്പേ പൂജാഗിരിയിലേക്കു പോകുക; നിങ്ങള്‍ ഇന്ന് എന്‍റെകൂടെ ഭക്ഷണം കഴിക്കണം; നിങ്ങളുടെ പ്രശ്നങ്ങള്‍ക്കു മറുപടി പറയാം. നാളെ രാവിലെ നിങ്ങളെ യാത്ര അയയ്‍ക്കാം. മൂന്നു ദിവസം മുമ്പു കാണാതായ കഴുതകളെക്കുറിച്ചു വിഷമിക്കേണ്ട; അവയെ കണ്ടുകിട്ടിയിരിക്കുന്നു; ഇസ്രായേലിന്‍റെ പ്രതീക്ഷ ആരെക്കുറിച്ചാണ്, നിന്നെയും നിന്‍റെ പിതൃഭവനത്തെയും കുറിച്ചല്ലയോ?” അപ്പോള്‍ ശൗല്‍ മറുപടി പറഞ്ഞു: “ഞാന്‍ ഇസ്രായേല്‍ഗോത്രങ്ങളില്‍ ഏറ്റവും ചെറുതായ ബെന്യാമീന്‍ഗോത്രത്തില്‍പ്പെട്ടവനാകുന്നു; അതില്‍ത്തന്നെ ഏറ്റവും എളിയ കുടുംബമാണ് എന്‍റേത്; പിന്നെ എന്തുകൊണ്ടാണ് അങ്ങ് എന്നോട് ഇങ്ങനെ സംസാരിക്കുന്നത്?” പിന്നീട് ശമൂവേല്‍ ശൗലിനെയും അവന്‍റെ ഭൃത്യനെയും വിരുന്നുശാലയിലേക്കു കൂട്ടിക്കൊണ്ടുപോയി മുപ്പതോളം വരുന്ന അതിഥികളുടെ ഇടയില്‍ പ്രധാന സ്ഥാനത്ത് ഇരുത്തി. ശമൂവേല്‍ പാചകക്കാരനോട്: “പ്രത്യേകം മാറ്റി വയ്‍ക്കാന്‍ പറഞ്ഞിരുന്ന ഭാഗം കൊണ്ടുവരിക” എന്നു പറഞ്ഞു. പാചകക്കാരന്‍ കാല്‍ക്കുറകു കൊണ്ടുവന്നു ശൗലിന്‍റെ മുമ്പില്‍ വച്ചു; അപ്പോള്‍ ശമൂവേല്‍ പറഞ്ഞു: “ഇതു നിനക്കുവേണ്ടി മാറ്റിവച്ചിരിക്കുന്നതാണ്; ഭക്ഷിച്ചുകൊള്ളുക. ക്ഷണിച്ചിട്ടുള്ള അതിഥികളുടെ കൂടെ നിനക്കു ഭക്ഷിക്കുന്നതിനു മാറ്റി വച്ചിരുന്നതാണ്.” അന്നു ശൗല്‍ ശമൂവേലിന്‍റെ കൂടെ ഭക്ഷണം കഴിച്ചു. അവര്‍ പൂജാഗിരിയില്‍നിന്നു നഗരത്തിലേക്കു മടങ്ങിവന്നു; മട്ടുപ്പാവില്‍ ശൗലിനു കിടക്ക വിരിച്ചിരുന്നു; അയാള്‍ ഉറങ്ങാന്‍ കിടന്നു. പ്രഭാതമായപ്പോള്‍ ശമൂവേല്‍ വീടിന്‍റെ മട്ടുപ്പാവില്‍ ചെന്നു ശൗലിനെ വിളിച്ചു പറഞ്ഞു: “എഴുന്നേല്‌ക്കുക, ഞാന്‍ നിന്നെ യാത്രയാക്കും.” ശൗല്‍ എഴുന്നേറ്റു; അവര്‍ വെളിയിലേക്ക് ഇറങ്ങി. നഗരാതിര്‍ത്തിയിലെത്തിയപ്പോള്‍ ശമൂവേല്‍ ശൗലിനോടു പറഞ്ഞു: “നമുക്കുമുമ്പേ പോകാന്‍ ഭൃത്യനോടു പറയുക.” അവന്‍ പോയപ്പോള്‍ “സര്‍വേശ്വരന്‍റെ അരുളപ്പാട് അറിയിക്കാന്‍ നീ അല്പസമയം നില്‌ക്കുക” എന്നു ശമൂവേല്‍ ആവശ്യപ്പെട്ടു. ശമൂവേല്‍ ഒരു പാത്രം ഒലിവെണ്ണ എടുത്ത് അവന്‍റെ തലയില്‍ ഒഴിച്ചു; അവനെ ചുംബിച്ചിട്ടു പറഞ്ഞു: “സര്‍വേശ്വരന്‍ തന്‍റെ ജനത്തിന്‍റെ ഭരണകര്‍ത്താവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു; നീ സര്‍വേശ്വരന്‍റെ ജനത്തെ ഭരിക്കുകയും ചുറ്റുമുള്ള ശത്രുക്കളില്‍നിന്ന് അവരെ രക്ഷിക്കുകയും ചെയ്യും. തന്‍റെ ജനത്തിനു രാജാവായി അവിടുന്നു നിന്നെ വാഴിച്ചിരിക്കുന്നതിന്‍റെ അടയാളം ഇതായിരിക്കും. ഇന്നു നീ എന്നെ വിട്ടുപോകുമ്പോള്‍ ബെന്യാമീന്‍റെ നാട്ടിലുള്ള സെല്‍സഹിലില്‍ റാഹേലിന്‍റെ കല്ലറയ്‍ക്കരികില്‍ വച്ചു രണ്ടാളുകളെ കാണും; ‘നീ അന്വേഷിക്കുന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു എന്നും ഇപ്പോള്‍ കഴുതകളെക്കുറിച്ചല്ല, തന്‍റെ മകനുവേണ്ടി എന്തു ചെയ്യണം എന്നു വിചാരിച്ച് നിന്നെക്കുറിച്ചാണ് നിന്‍റെ പിതാവ് വിഷാദിച്ചിരിക്കുന്നതെന്നും’ അവര്‍ പറയും. അവിടെനിന്നു മുമ്പോട്ടു പോകുമ്പോള്‍ താബോരിലെ കരുവേലകത്തിനടുത്തുവച്ചു ബേഥേലില്‍ സര്‍വേശ്വരസന്നിധിയിലേക്കു പോകുന്ന മൂന്നു പേരെ നീ കാണും. അവരില്‍ ഒരാള്‍ മൂന്ന് ആട്ടിന്‍കുട്ടികളെ കൈയിലെടുത്തിരിക്കും; രണ്ടാമന്‍റെ കൈയില്‍ മൂന്ന് അപ്പവും, മൂന്നാമന്‍റെ പക്കല്‍ ഒരു തോല്‍സഞ്ചി വീഞ്ഞും ഉണ്ടായിരിക്കും. അവര്‍ നിന്നെ അഭിവാദനം ചെയ്തിട്ട് രണ്ടപ്പം നിനക്കു തരും; അതു നീ സ്വീകരിക്കണം. അതിനുശേഷം ഫെലിസ്ത്യര്‍ പാളയമടിച്ചിരിക്കുന്ന ഗിബെയായില്‍ ദൈവത്തിന്‍റെ പര്‍വതത്തില്‍ നീ എത്തണം; പട്ടണത്തില്‍ കടക്കുമ്പോള്‍ വീണ, തംബുരു, കുഴല്‍, കിന്നരം എന്നീ വാദ്യങ്ങളോടെ മലമുകളില്‍നിന്ന് ഇറങ്ങിവരുന്ന ഒരു പ്രവാചക ഗണത്തെ നീ കാണും; അവര്‍ പ്രവചിച്ചുകൊണ്ടിരിക്കും. അപ്പോള്‍ സര്‍വേശ്വരന്‍റെ ആത്മാവ് ശക്തമായി നിന്‍റെമേല്‍ വരികയും നീ അവരോടൊത്തു പ്രവചിക്കുകയും ചെയ്യും; നീ മറ്റൊരു മനുഷ്യനായി മാറും. ഈ അടയാളങ്ങള്‍ കാണുമ്പോള്‍ യഥോചിതം പ്രവര്‍ത്തിക്കുക; ദൈവം നിന്‍റെ കൂടെയുണ്ട്. എനിക്കു മുമ്പേ നീ ഗില്ഗാലിലേക്കു പോകണം; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിക്കാന്‍ ഞാന്‍ അവിടെ വരും; ഞാന്‍ നിന്‍റെ അടുക്കല്‍ വന്ന് എന്തു ചെയ്യണമെന്നു പറഞ്ഞു തരുന്നതുവരെ ഏഴു ദിവസം നീ അവിടെ കാത്തിരിക്കണം.” ശമൂവേലിന്‍റെ അടുക്കല്‍നിന്നു പോകാന്‍ തിരിഞ്ഞപ്പോള്‍ ശൗലിനു ദൈവം മറ്റൊരു ഹൃദയം നല്‌കി; ശമൂവേല്‍ പറഞ്ഞ അടയാളങ്ങളെല്ലാം അന്നുതന്നെ സംഭവിച്ചു. അവര്‍ ഗിബെയായില്‍ എത്തിയപ്പോള്‍ ഒരു പ്രവാചകഗണം അവരുടെ നേരെ വരുന്നതു കണ്ടു. അപ്പോള്‍ ദൈവത്തിന്‍റെ ആത്മാവു ശക്തമായി ശൗലിന്‍റെമേല്‍ ആവസിച്ചു. അയാളും അവരോടൊത്തു പ്രവചിച്ചു. ശൗല്‍ പ്രവാചകഗണത്തോടൊത്തു പ്രവചിക്കുന്നതു കണ്ടപ്പോള്‍ അയാളെ മുമ്പ് അറിയാവുന്നവര്‍: “കീശിന്‍റെ മകനു എന്തു സംഭവിച്ചു? ശൗലും പ്രവാചകരുടെ കൂട്ടത്തിലായോ” എന്നു അന്യോന്യം ചോദിച്ചു. തത്സമയം സ്ഥലവാസികളില്‍ ഒരാള്‍ മറുപടി പറഞ്ഞു: “ആരാണ് അവരുടെ പിതാവ്?” അങ്ങനെ ‘ശൗലും പ്രവാചകഗണത്തിലോ?’ എന്നത് ഒരു പഴഞ്ചൊല്ലായിത്തീര്‍ന്നു. ശൗല്‍ പ്രവചിച്ചശേഷം പൂജാഗിരിയില്‍ എത്തി. ശൗലിന്‍റെ പിതൃസഹോദരന്‍ അയാളോടും ഭൃത്യനോടും: “നിങ്ങള്‍ എവിടെപ്പോയിരുന്നു” എന്നു ചോദിച്ചു. “കഴുതകളെ അന്വേഷിച്ചു പോയതായിരുന്നു; കാണായ്കയാല്‍ ഞങ്ങള്‍ ശമൂവേലിന്‍റെ അടുക്കല്‍ പോയി” എന്നു ശൗല്‍ പറഞ്ഞു. “ശമൂവേല്‍ നിങ്ങളോടു എന്തു പറഞ്ഞു” എന്ന് അയാള്‍ ചോദിച്ചു. “കഴുതകളെ കണ്ടുകിട്ടിയ വിവരം അദ്ദേഹം ഞങ്ങളെ വ്യക്തമായി അറിയിച്ചു” എന്നു ശൗല്‍ പറഞ്ഞു. എന്നാല്‍ താന്‍ രാജാവാകാന്‍ പോകുന്നതിനെപ്പറ്റി ശമൂവേല്‍ പറഞ്ഞ കാര്യം ശൗല്‍ പിതൃസഹോദരനോടു പറഞ്ഞില്ല. ശമൂവേല്‍ ജനത്തെ മിസ്പായില്‍ സര്‍വേശ്വരന്‍റെ സന്നിധിയില്‍ വിളിച്ചുകൂട്ടി. അതിനുശേഷം ഇസ്രായേല്‍ജനത്തോടു പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ ഇങ്ങനെ അരുളിച്ചെയ്യുന്നു: ഇസ്രായേലിനെ ഞാന്‍ ഈജിപ്തില്‍നിന്നു കൊണ്ടുവന്നു; ഈജിപ്തുകാരുടെയും നിങ്ങളെ പീഡിപ്പിച്ച സകല ജനതകളുടെയും കൈയില്‍നിന്നു ഞാന്‍ നിങ്ങളെ മോചിപ്പിച്ചു. എന്നാല്‍ എല്ലാ അനര്‍ഥങ്ങളില്‍നിന്നും ദുരിതങ്ങളില്‍നിന്നും രക്ഷിക്കുന്ന സര്‍വേശ്വരനെ നിങ്ങള്‍ ഉപേക്ഷിച്ചു; ഞങ്ങള്‍ക്ക് ഒരു രാജാവിനെ നല്‌കണമെന്നു നിങ്ങള്‍ ആവശ്യപ്പെട്ടു; അതുകൊണ്ടു നിങ്ങള്‍ ഗോത്രം ഗോത്രമായും കുലം കുലമായും സര്‍വേശ്വരന്‍റെ സന്നിധിയില്‍ നില്‌ക്കുവിന്‍.” പിന്നീട് ശമൂവേല്‍ ഇസ്രായേല്‍ഗോത്രങ്ങളെയെല്ലാം തന്‍റെ അടുക്കല്‍ വിളിച്ചുകൂട്ടിയതിനു ശേഷം നറുക്കിട്ടു; കുറി ബെന്യാമീന്‍ ഗോത്രത്തിനു വീണു. ബെന്യാമീന്‍ഗോത്രത്തിലെ കുടുംബങ്ങളെ തന്‍റെ അടുക്കല്‍ വരുത്തി; കുറി മത്രികുടുംബത്തിനു വീണു; പിന്നീട് മത്രികുടുംബത്തിലെ അംഗങ്ങളെ ഓരോരുത്തരെയും വരുത്തി. കീശിന്‍റെ പുത്രനായ ശൗലിനു കുറി വീണു. എന്നാല്‍ അവര്‍ അയാളെ അന്വേഷിച്ചപ്പോള്‍ കണ്ടില്ല; “അയാള്‍ ഇവിടെ വന്നിട്ടുണ്ടോ” എന്ന് അവര്‍ സര്‍വേശ്വരനോടു ചോദിച്ചു. “അവന്‍ അതാ ഭാണ്ഡങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നു” എന്ന് അവിടുന്നു അരുളിച്ചെയ്തു. അവര്‍ ഓടിച്ചെന്നു ശൗലിനെ ജനത്തിന്‍റെ അടുക്കലേക്കു കൂട്ടിക്കൊണ്ടുവന്നു; അയാള്‍ ജനമധ്യേ നിന്നപ്പോള്‍ അവിടെ അയാളുടെ തോളൊപ്പത്തില്‍ കവിഞ്ഞ ഉയരമുള്ള ആരും ഉണ്ടായിരുന്നില്ല. ശമൂവേല്‍ ജനത്തോട്: “സര്‍വേശ്വരന്‍ തിരഞ്ഞെടുത്തവനെ നിങ്ങള്‍ കാണുന്നില്ലേ? അവനെപ്പോലെ മറ്റാരുമില്ല” എന്നു പറഞ്ഞു. ഉടനെ “രാജാവു നീണാള്‍ വാഴട്ടെ” എന്നു ജനം ആര്‍ത്തുവിളിച്ചു. പിന്നീട് രാജധര്‍മത്തെപ്പറ്റി ശമൂവേല്‍ ജനത്തോടു പറഞ്ഞു; അതെല്ലാം ഒരു പുസ്തകത്തിലെഴുതി സര്‍വേശ്വരന്‍റെ സന്നിധിയില്‍ വച്ചു. അതിനുശേഷം ജനത്തെ അവരുടെ വീടുകളിലേക്കു പറഞ്ഞയച്ചു. ശൗല്‍ ഗിബെയായിലുള്ള തന്‍റെ ഭവനത്തിലേക്കു മടങ്ങിപ്പോയി; ദൈവത്താല്‍ പ്രചോദിതരായ ഒരു കൂട്ടം യുദ്ധവീരന്മാരും അയാളുടെ കൂടെ പോയി. “നമ്മെ രക്ഷിക്കാന്‍ ഇവന് എങ്ങനെ കഴിയും” എന്നു പറഞ്ഞു ചില നീചന്മാര്‍ അയാളെ പരിഹസിച്ചു; അവര്‍ കാഴ്ചകളൊന്നും അയാള്‍ക്കു നല്‌കിയില്ല. ശൗല്‍ അതു ഗൗനിച്ചതുമില്ല. പിന്നീട് അമ്മോന്‍രാജാവായ നാഹാശ് ചെന്നു യാബേശ്-ഗിലെയാദിനെതിരെ പാളയമടിച്ചു. യാബേശ്നിവാസികള്‍ നാഹാശിനോടു പറഞ്ഞു: “ഞങ്ങളോട് ഉടമ്പടി ചെയ്യുക; ഞങ്ങള്‍ അങ്ങേക്ക് വിധേയരായിരുന്നുകൊള്ളാം. അപ്പോള്‍ അമ്മോന്യനായ നാഹാശ് അവരോടു പറഞ്ഞു: “ഞാന്‍ നിങ്ങളില്‍ ഓരോരുത്തന്‍റെയും വലതുകണ്ണ് ചൂഴ്ന്നെടുക്കും; അങ്ങനെ ഞാന്‍ ഇസ്രായേലിനു മുഴുവന്‍ അപമാനം വരുത്തും. ഈ വ്യവസ്ഥയില്‍ നിങ്ങളുമായി ഉടമ്പടി ചെയ്യാം.” യാബേശിലെ നേതാക്കന്മാര്‍ മറുപടി പറഞ്ഞു: “ഇസ്രായേലിന്‍റെ എല്ലാ ഭാഗത്തും ദൂതന്മാരെ അയയ്‍ക്കുന്നതിനു ഞങ്ങള്‍ക്കു ഏഴു ദിവസത്തെ സമയം അനുവദിക്കണം; ആരും ഞങ്ങളെ രക്ഷിക്കാനില്ലെങ്കില്‍ ഞങ്ങള്‍ അങ്ങേക്കു കീഴ്പെട്ടുകൊള്ളാം.” ദൂതന്മാര്‍, ശൗല്‍ പാര്‍ത്തിരുന്ന ഗിബെയായിലെത്തി വിവരം അറിയിച്ചപ്പോള്‍ ജനം ഉറക്കെ കരഞ്ഞു. അപ്പോള്‍ ശൗല്‍ വയലില്‍നിന്നു കാളകളെയും കൊണ്ടുവരികയായിരുന്നു; ജനം വിലപിക്കത്തക്കവിധം എന്തു സംഭവിച്ചു എന്ന് അവന്‍ ചോദിച്ചു; യാബേശില്‍നിന്നു വന്ന ദൂതന്മാര്‍ അറിയിച്ച വിവരം അവര്‍ അയാളോടു പറഞ്ഞു. ഈ വാര്‍ത്ത കേട്ടപ്പോള്‍ ദൈവത്തിന്‍റെ ആത്മാവ് ശക്തമായി ശൗലില്‍ വന്നു. അയാള്‍ കോപം കൊണ്ടു ജ്വലിച്ചു; ശൗല്‍ രണ്ടു കാളകളെ വെട്ടിനുറുക്കി, ദൂതന്മാര്‍വശം ഇസ്രായേലിലെല്ലാം കൊടുത്തയച്ചു; ശൗലിന്‍റെയും ശമൂവേലിന്‍റെയും പിന്നാലെ വരാത്തവന്‍ ആരുതന്നെ ആയിരുന്നാലും അവന്‍റെ കാളകളോടും ഇങ്ങനെതന്നെ ചെയ്യുമെന്നു പറഞ്ഞയച്ചു. ജനം സര്‍വേശ്വരനെ ഭയപ്പെട്ടു; അവര്‍ ഏകമനസ്കരായി പുറപ്പെട്ടു. ശൗല്‍ അവരെയെല്ലാം ബേസെക്കില്‍ ഒരുമിച്ചുകൂട്ടി; അവരുടെ എണ്ണമെടുത്തു. മൂന്നു ലക്ഷം പേര്‍ ഇസ്രായേലില്‍നിന്നും മുപ്പതിനായിരം പേര്‍ യെഹൂദ്യയില്‍നിന്നും ഉണ്ടായിരുന്നു. അവര്‍ യാബേശ്-ഗിലെയാദില്‍നിന്നും വന്ന ദൂതന്മാരോടു പറഞ്ഞു: “നാളെ ഉച്ചയ്‍ക്കു മുമ്പ് നിങ്ങളെല്ലാം വിമോചിതരാകും” എന്നു നിങ്ങളുടെ ജനത്തോടു പറയുക. യാബേശ്നിവാസികള്‍ അതു കേട്ടപ്പോള്‍ സന്തോഷിച്ചു. അവര്‍ നാഹാശിനോടു: “നാളെ ഞങ്ങള്‍ നിങ്ങള്‍ക്കു കീഴ്പെട്ടുകൊള്ളാം; താങ്കള്‍ യഥേഷ്ടം ഞങ്ങളോടു പ്രവര്‍ത്തിച്ചുകൊള്ളുക.” അടുത്ത പ്രഭാതത്തില്‍ ശൗല്‍ തന്‍റെ കൂടെയുള്ള ജനത്തെ മൂന്നായി വിഭജിച്ചു; പ്രഭാതത്തില്‍തന്നെ അവര്‍ ശത്രുപാളയത്തിലേക്ക് ഇരച്ചുകയറി അമ്മോന്യരെ ആക്രമിച്ചു. മധ്യാഹ്നംവരെ അവരെ സംഹരിച്ചു. ശേഷിച്ചവര്‍ ചിതറി ഒറ്റപ്പെട്ടുപോയി. അപ്പോള്‍ ജനം ശമൂവേലിനോടു പറഞ്ഞു: “ശൗല്‍ ഞങ്ങളുടെ രാജാവാകുമോ എന്നു ചോദിച്ചവര്‍ എവിടെ? അവരെ വിട്ടുതരിക; ഞങ്ങള്‍ അവരെ കൊന്നുകളയും.” എന്നാല്‍ ശൗല്‍ അവരോടു പറഞ്ഞു: “ഇന്ന് ആരെയും കൊല്ലരുത്; ഇന്നു സര്‍വേശ്വരന്‍ ഇസ്രായേലിനെ രക്ഷിച്ച ദിവസമാണ്.” ശമൂവേല്‍ അവരോടു പറഞ്ഞു: “നമുക്കു ഗില്ഗാലിലേക്കു പോയി ശൗലിനെ ഒരിക്കല്‍കൂടി രാജാവായി പ്രഖ്യാപിക്കാം.” അങ്ങനെ അവരെല്ലാവരും ഗില്ഗാലിലേക്കു പോയി. അവിടെ സര്‍വേശ്വരസന്നിധിയില്‍വച്ചു ശൗലിനെ രാജാവാക്കി. അവര്‍ സര്‍വേശ്വരനു സമാധാനയാഗങ്ങള്‍ അര്‍പ്പിച്ചു. ശൗലും സമസ്ത ഇസ്രായേല്‍ജനങ്ങളും അത്യധികം ആഹ്ലാദിച്ചു. ശമൂവേല്‍ എല്ലാ ഇസ്രായേല്‍ജനങ്ങളോടും പറഞ്ഞു: “നിങ്ങള്‍ ആവശ്യപ്പെട്ടതെല്ലാം ഞാന്‍ ചെയ്തുതന്നു; നിങ്ങളെ ഭരിക്കാന്‍ ഒരു രാജാവിനെയും തന്നിരിക്കുന്നു. നിങ്ങളെ നയിക്കാന്‍ ഇപ്പോള്‍ ഒരു രാജാവുണ്ട്; ഞാന്‍ വൃദ്ധനായി ജരാനരകള്‍ ബാധിച്ചിരിക്കുന്നു. എന്‍റെ പുത്രന്മാര്‍ നിങ്ങളുടെ കൂടെയുണ്ട്; എന്‍റെ യൗവനംമുതല്‍ ഇന്നുവരെ ഞാന്‍ നിങ്ങളെ നയിച്ചു. ഇതാ, ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ മുമ്പില്‍ നില്‌ക്കുന്നു; ഞാന്‍ നിങ്ങളോട് എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ സര്‍വേശ്വരന്‍റെയും അവിടുത്തെ അഭിഷിക്തന്‍റെയും മുമ്പില്‍വച്ച് അതു തുറന്നു പറയുവിന്‍. ഞാന്‍ ആരുടെയെങ്കിലും കാളയെയോ കഴുതയെയോ അപഹരിച്ചിട്ടുണ്ടോ? ഞാന്‍ ആരെയെങ്കിലും ചതിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? ആരില്‍നിന്നെങ്കിലും കോഴ വാങ്ങി സത്യത്തിനു നേരെ കണ്ണടച്ചിട്ടുണ്ടോ? ഇവയില്‍ ഏതെങ്കിലും ഞാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ എടുത്തിട്ടുള്ളതെന്തും മടക്കിത്തരാം.” അപ്പോള്‍ ജനം പറഞ്ഞു: “അങ്ങു ഞങ്ങളെ ചതിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല; ഞങ്ങളുടെ യാതൊന്നും അപഹരിച്ചിട്ടുമില്ല.” ശമൂവേല്‍ അവരോടു പറഞ്ഞു: “ഞാന്‍ പൂര്‍ണമായും നിഷ്കളങ്കനെന്നു നിങ്ങള്‍ സമ്മതിച്ചിരിക്കുന്നതിനു സര്‍വേശ്വരനും അവിടുത്തെ അഭിഷിക്തനും സാക്ഷികളാണ്.” “അതേ, സര്‍വേശ്വരന്‍ തന്നെ സാക്ഷി” എന്ന് അവര്‍ മറുപടി പറഞ്ഞു. ശമൂവേല്‍ തുടര്‍ന്നു: “മോശയെയും അഹരോനെയും തിരഞ്ഞെടുത്തതും നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചതും സര്‍വേശ്വരനാണ്; നിങ്ങള്‍ നില്‌ക്കുന്നിടത്തുതന്നെ നില്‌ക്കുവിന്‍. നിങ്ങളെയും നിങ്ങളുടെ പൂര്‍വപിതാക്കന്മാരെയും ഈജിപ്തില്‍നിന്നു മോചിപ്പിക്കാന്‍ അവിടുന്നു പ്രവര്‍ത്തിച്ച അദ്ഭുതങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ട് ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്താന്‍ പോകുകയാണ്. യാക്കോബ് ഈജിപ്തില്‍ ചെന്നു പാര്‍ത്തല്ലോ. അദ്ദേഹത്തിന്‍റെ സന്തതികളെ ഈജിപ്തുകാര്‍ പീഡിപ്പിച്ചപ്പോള്‍ നിങ്ങളുടെ പൂര്‍വപിതാക്കളായ അവര്‍ സര്‍വേശ്വരനോടു നിലവിളിച്ചു. അവിടുന്നു മോശയെയും അഹരോനെയും അയച്ചു; അവര്‍ ഈജിപ്തില്‍നിന്നു നിങ്ങളുടെ പൂര്‍വപിതാക്കന്മാരെ മോചിപ്പിച്ച് ഈ സ്ഥലത്തു പാര്‍പ്പിച്ചു. എന്നാല്‍ അവര്‍ തങ്ങളുടെ ദൈവമായ സര്‍വേശ്വരനെ വിസ്മരിച്ചു. അവരെ ആക്രമിക്കാന്‍ ഹാസോറിലെ യാബീര്‍രാജാവിന്‍റെ സേനാധിപതിയായ സീസെരയെയും ഫെലിസ്ത്യരെയും മോവാബ്‍രാജാവിനെയും അവിടുന്ന് അനുവദിച്ചു. അവര്‍ ഇസ്രായേല്യരോടു യുദ്ധം ചെയ്തു. ഇസ്രായേല്യര്‍ സര്‍വേശ്വരനോടു നിലവിളിച്ചു. അവിടുത്തെ ഉപേക്ഷിച്ച് ബാലിനെയും അസ്താരോത്ത്പ്രതിഷ്ഠകളെയും ആരാധിച്ചതിലൂടെ ഞങ്ങള്‍ അവിടുത്തോടു പാപം ചെയ്തുപോയി; ശത്രുക്കളില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ; ഇനിയും ഞങ്ങള്‍ അവിടുത്തെ സേവിച്ചുകൊള്ളാം. സര്‍വേശ്വരന്‍ യെരുബ്ബാലിനെയും ബാരാക്കിനെയും യിഫ്താഹിനെയും ശമൂവേലിനെയും അയച്ച് അവരെ ശത്രുക്കളില്‍നിന്നെല്ലാം രക്ഷിച്ചു; നിങ്ങള്‍ സുരക്ഷിതരായി പാര്‍ക്കുകയും ചെയ്തു. അമ്മോന്യരാജാവായ നാഹാശ് നിങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍, അവിടുന്നു നിങ്ങളുടെ രാജാവായിരുന്നിട്ടും നിങ്ങളെ ഭരിക്കാന്‍ ഒരു രാജാവു വേണമെന്നു നിങ്ങള്‍ ആവശ്യപ്പെട്ടു. നിങ്ങളുടെ ആവശ്യപ്രകാരം നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന രാജാവ് ഇതാ! സര്‍വേശ്വരന്‍ നിങ്ങള്‍ക്കുവേണ്ടി ഒരു രാജാവിനെ നല്‌കിയിരിക്കുന്നു. നിങ്ങള്‍ സര്‍വേശ്വരനെ ഭയപ്പെട്ട് അവിടുത്തെ സേവിക്കുകയും അവിടുത്തെ ശബ്ദം ശ്രദ്ധിക്കുകയും കല്പനകള്‍ പാലിക്കുകയും നിങ്ങളും നിങ്ങളുടെ രാജാവും ദൈവമായ സര്‍വേശ്വരനെ അനുസരിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് എല്ലാം ശുഭമായിരിക്കും. എന്നാല്‍ നിങ്ങള്‍ സര്‍വേശ്വരന്‍റെ ശബ്ദം ശ്രദ്ധിക്കാതെ അവിടുത്തെ കല്പനകള്‍ പാലിക്കാതിരുന്നാല്‍ അവിടുന്നു നിങ്ങള്‍ക്കും നിങ്ങളുടെ രാജാവിനും എതിരായിരിക്കും. നിങ്ങളുടെ കണ്‍മുമ്പില്‍ അവിടുന്നു പ്രവര്‍ത്തിക്കാന്‍ പോകുന്ന മഹാകാര്യം കാണാന്‍ നിങ്ങള്‍ നില്‌ക്കുന്നിടത്തു തന്നെ നില്‌ക്കുവിന്‍. ഇതു കോതമ്പു കൊയ്ത്തിന്‍റെ കാലമാണല്ലോ; ഇടിയും മഴയും അയയ്‍ക്കാന്‍ ഞാന്‍ സര്‍വേശ്വരനെ വിളിച്ചപേക്ഷിക്കും; ഒരു രാജാവിനെ നല്‌കണമെന്ന് ആവശ്യപ്പെട്ടതിലൂടെ അവിടുത്തോട് എത്ര വലിയ തിന്മയാണ് കാട്ടിയിരിക്കുന്നതെന്നു നിങ്ങള്‍ നേരില്‍ കണ്ടറിയും.” ശമൂവേല്‍ സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു; അവിടുന്ന് ഇടിയും മഴയും അയച്ചു. ജനം സര്‍വേശ്വരനെയും ശമൂവേലിനെയും ഭയപ്പെട്ടു. സകല ജനവും ശമൂവേലിനോടു പറഞ്ഞു: “ഞങ്ങള്‍ മരിക്കാതിരിക്കാന്‍ അങ്ങയുടെ ദൈവമായ സര്‍വേശ്വരനോട് ഈ ദാസന്മാര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമേ. ഞങ്ങളുടെ മറ്റു പാപങ്ങള്‍ക്കു പുറമേ രാജാവിനെ ആവശ്യപ്പെടുകമൂലം ഒരു പാപം കൂടി ചെയ്തിരിക്കുന്നു.” ശമൂവേല്‍ ജനത്തോടു പറഞ്ഞു: “ഭയപ്പെടേണ്ട; ഈ തിന്മകളെല്ലാം നിങ്ങള്‍ പ്രവര്‍ത്തിച്ചെങ്കിലും അവിടുത്തെ അനുഗമിക്കുന്നതില്‍നിന്നു നിങ്ങള്‍ വ്യതിചലിക്കരുത്; പൂര്‍ണഹൃദയത്തോടെ നിങ്ങള്‍ അവിടുത്തെ സേവിക്കുവിന്‍. നിങ്ങളെ സഹായിക്കാനോ രക്ഷിക്കാനോ കഴിവില്ലാത്ത വ്യര്‍ഥകാര്യങ്ങളിലേക്കു തിരിയരുത്. തന്‍റെ മഹത്തായ നാമംനിമിത്തം അവിടുന്നു തന്‍റെ ജനത്തെ ഉപേക്ഷിക്കുകയില്ല; നിങ്ങളെ തന്‍റെ സ്വന്തജനമാക്കുവാന്‍ അവിടുന്നു തിരുമനസ്സായല്ലോ. നിങ്ങള്‍ക്കുവേണ്ടി തുടര്‍ന്നു പ്രാര്‍ഥിക്കാതെയിരുന്നു സര്‍വേശ്വരനോടു പാപം ചെയ്യാന്‍ എനിക്ക് ഇടവരാതിരിക്കട്ടെ; നേരും ചൊവ്വുമുള്ള വഴി ഞാന്‍ നിങ്ങള്‍ക്ക് ഉപദേശിച്ചുതരും. നിങ്ങള്‍ പൂര്‍ണഹൃദയത്തോടും വിശ്വസ്തതയോടും അവിടുത്തെ സേവിക്കുവിന്‍; അവിടുന്നു നിങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച വന്‍കാര്യങ്ങളെ സ്മരിക്കുവിന്‍. എന്നാല്‍ നിങ്ങള്‍ ഇനിയും പാപം ചെയ്താല്‍ നിങ്ങളും നിങ്ങളുടെ രാജാവും തുടച്ചുനീക്കപ്പെടും.” രാജാവായപ്പോള്‍ ശൗലിനു മുപ്പതു വയസ്സായിരുന്നു; നാല്പത്തിരണ്ടു വര്‍ഷം അദ്ദേഹം ഇസ്രായേലില്‍ ഭരണം നടത്തി. ശൗല്‍ ഇസ്രായേല്യരില്‍നിന്നു മൂവായിരം പേരെ തിരഞ്ഞെടുത്തു; അവരില്‍ രണ്ടായിരം പേര്‍ തന്നോടൊപ്പം മിക്മാസിലും ബേഥേല്‍ മലനാട്ടിലും ആയിരം പേര്‍ യോനാഥാന്‍റെ കൂടെ ബെന്യാമീന്‍ഗോത്രക്കാരുടെ വകയായ ഗിബെയായിലും ആയിരുന്നു. ശേഷിച്ചവരെ അവരുടെ കൂടാരങ്ങളിലേക്കു മടക്കി അയച്ചു. യോനാഥാന്‍ ഗിബെയായിലെ ഫെലിസ്ത്യരുടെ കാവല്‍സൈന്യത്തെ തോല്പിച്ചു; ഫെലിസ്ത്യര്‍ അതറിഞ്ഞു; എബ്രായര്‍ ഈ വിവരം അറിയട്ടെ എന്നു പറഞ്ഞു ശൗല്‍ ദേശത്തെങ്ങും കാഹളം മുഴക്കി. ശൗല്‍ ഫെലിസ്ത്യരുടെ കാവല്‍ഭടന്മാരെ പരാജയപ്പെടുത്തിയെന്നും ഫെലിസ്ത്യര്‍ തങ്ങളെ വെറുക്കുന്നു എന്നും ഇസ്രായേല്‍ജനം അറിഞ്ഞു. അതുകൊണ്ട് ജനം ഗില്ഗാലില്‍ ശൗലിന്‍റെ അടുക്കല്‍ വന്നുകൂടി. ഫെലിസ്ത്യര്‍ ഇസ്രായേല്യരോടു യുദ്ധത്തിന് ഒരുമിച്ചുകൂടി; അവര്‍ക്കു മുപ്പതിനായിരം രഥവും ആറായിരം കുതിരപ്പടയാളികളും കടല്‍ക്കരയിലെ മണല്‍ത്തരിപോലെ എണ്ണമറ്റ കാലാള്‍പ്പടയും ഉണ്ടായിരുന്നു; അവര്‍ ബേത്ത്-ആവെനു കിഴക്കുള്ള മിക്മാസില്‍ പാളയമടിച്ചു. തങ്ങള്‍ അപകടത്തില്‍ കുടുങ്ങിയിരിക്കുകയാണെന്നു മനസ്സിലാക്കി ഇസ്രായേല്‍ജനം ഗുഹകളിലും മാളങ്ങളിലും പാറയുടെ വിള്ളലുകളിലും ശവകുടീരങ്ങളിലും പൊട്ടക്കിണറുകളിലും ഒളിച്ചു. മറ്റുള്ളവര്‍ യോര്‍ദ്ദാന്‍നദി കടന്നു ഗാദ്-ഗിലെയാദ് പ്രദേശങ്ങളിലെത്തി; ശൗലാകട്ടെ ഗില്ഗാലില്‍ത്തന്നെ ആയിരുന്നു. ജനം ഭയവിഹ്വലരായി അദ്ദേഹത്തെ സമീപിച്ചു. ശമൂവേലിന്‍റെ നിര്‍ദ്ദേശമനുസരിച്ചു ശൗല്‍ ഏഴു ദിവസം കാത്തിരുന്നു. എന്നാല്‍ ശമൂവേല്‍ ഗില്ഗാലില്‍ എത്തിയില്ല. ജനം ശൗലിനെ വിട്ടു ചിതറിപ്പോകാന്‍ തുടങ്ങി. “ഹോമയാഗത്തിനും സമാധാനയാഗത്തിനുമുള്ള വസ്തുക്കള്‍ കൊണ്ടുവരുവിന്‍” എന്നു ശൗല്‍ പറഞ്ഞു; അദ്ദേഹം ഹോമയാഗം അര്‍പ്പിച്ചു. ഹോമയാഗം അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ ശമൂവേല്‍ അവിടെ എത്തി; അദ്ദേഹത്തെ അഭിവാദനം ചെയ്തു സ്വീകരിക്കാന്‍ ശൗല്‍ ഇറങ്ങിച്ചെന്നു. “നീ എന്താണ് ചെയ്തത്” എന്നു ശമുവേല്‍ ശൗലിനോടു ചോദിച്ചു. ശൗല്‍ മറുപടി പറഞ്ഞു: “ജനം എന്നെ വിട്ടുപിരിയാന്‍ തുടങ്ങി; വരാമെന്നു പറഞ്ഞ ദിവസം അങ്ങു വന്നില്ല; ഫെലിസ്ത്യര്‍ മിക്മാസില്‍ അണി നിരക്കുന്നതും ഞാന്‍ കണ്ടു. ഗില്ഗാലില്‍ വച്ചു ഫെലിസ്ത്യര്‍ എന്നെ ആക്രമിക്കുമെന്നും സര്‍വേശ്വരന്‍റെ സഹായം അപേക്ഷിച്ചില്ലല്ലോ എന്നും ഞാന്‍ ചിന്തിച്ചു; അതുകൊണ്ട് ഹോമയാഗം അര്‍പ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി.” ശമൂവേല്‍ പറഞ്ഞു: “നീ ചെയ്തതു ഭോഷത്തമായിപ്പോയി; നിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ കല്പന നീ അനുസരിച്ചില്ല; അനുസരിച്ചിരുന്നെങ്കില്‍ അവിടുന്ന് നിന്‍റെ രാജത്വം ഇസ്രായേലില്‍ ശാശ്വതമാക്കുമായിരുന്നു. എന്നാല്‍ ഇനി നിന്‍റെ രാജത്വം നീണ്ടുനില്‌ക്കുകയില്ല. അവിടുത്തെ കല്പന നീ അനുസരിക്കാതെയിരുന്നതുകൊണ്ടു തന്‍റെ ഹിതം അനുവര്‍ത്തിക്കുന്ന മറ്റൊരാളെ അവിടുന്നു തിരഞ്ഞെടുത്തിട്ടുണ്ട്; തന്‍റെ ജനത്തിനു രാജാവായിരിക്കാന്‍ അവിടുന്ന് അവനെ നിയമിച്ചുകഴിഞ്ഞു.” ശമൂവേല്‍ ഗില്ഗാലില്‍നിന്നു ബെന്യാമീന്‍ ഗോത്രക്കാരുടെ ദേശമായ ഗിബെയായിലേക്കു പോയി. ശൗല്‍ തന്നോടൊപ്പമുള്ളവരുടെ എണ്ണമെടുത്തു. അറുനൂറോളം പേര്‍ മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളൂ. ശൗലും പുത്രനായ യോനാഥാനും അവരുടെ കൂടെയുള്ള ജനങ്ങളും ബെന്യാമീന്യരുടെ ദേശത്തുള്ള ഗിബെയായില്‍ താമസിച്ചു. ഫെലിസ്ത്യര്‍ മിക്മാസില്‍ പാളയം അടിച്ചു. ഫെലിസ്ത്യരുടെ പാളയത്തില്‍നിന്നു മൂന്നു ഗണങ്ങള്‍ കവര്‍ച്ചയ്‍ക്കു പുറപ്പെട്ടു; ഒരു സംഘം ശൂവാല്‍ദേശത്തെ ഒഫ്രായിലേക്കു തിരിച്ചു; മറ്റൊരു കൂട്ടം ബേത്ത്-ഹോരോനിലേക്കും മൂന്നാമത്തെ സംഘം മരുഭൂമിയുടെ ദിശയില്‍ സെബോയീം താഴ്വരയ്‍ക്ക് അഭിമുഖമായി കിടക്കുന്ന അതിര്‍ത്തിപ്രദേശത്തേക്കും പോയി. അക്കാലത്ത് ഇസ്രായേലില്‍ ഒരിടത്തും കൊല്ലപ്പണിക്കാരുണ്ടായിരുന്നില്ല; ഇസ്രായേല്യര്‍ വാളും കുന്തവും ഉണ്ടാക്കാതിരിക്കാന്‍ ഫെലിസ്ത്യര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇസ്രായേല്യര്‍ക്ക് അവരുടെ കൊഴുവും തൂമ്പയും കോടാലിയും അരിവാളും മൂര്‍ച്ചവരുത്താന്‍ ഫെലിസ്ത്യരുടെ അടുക്കല്‍ പോകേണ്ടിയിരുന്നു. കൊഴുവും തൂമ്പയും നന്നാക്കാന്‍ മൂന്നില്‍ രണ്ടു ശേക്കെലും കോടാലിക്കും മുടിങ്കോലിനും മൂന്നിലൊന്നു ശേക്കെലുമായിരുന്നു കൂലി. യുദ്ധസമയത്ത് ശൗലിനും യോനാഥാനുമല്ലാതെ കൂടെയുണ്ടായിരുന്ന മറ്റാര്‍ക്കും വാളോ കുന്തമോ ഉണ്ടായിരുന്നില്ല. ഫെലിസ്ത്യരുടെ ഒരു സൈന്യവ്യൂഹം മിക്മാസ് ചുരത്തിലേക്കു നീങ്ങി. ഒരു ദിവസം ശൗലിന്‍റെ പുത്രനായ യോനാഥാന്‍ തന്‍റെ ആയുധവാഹകനായ യുവാവിനോടു പറഞ്ഞു: “അതാ, അവിടെയുള്ള ഫെലിസ്ത്യപാളയംവരെ നമുക്കു പോകാം.” എന്നാല്‍ ആ വിവരം പിതാവിനോടു പറഞ്ഞില്ല. ശൗല്‍ ഗിബെയായുടെ അതിര്‍ത്തിയില്‍ മിഗ്രോനിലെ മാതളനാരകച്ചുവട്ടില്‍ ഇരിക്കുകയായിരുന്നു; അദ്ദേഹത്തിന്‍റെ കൂടെ ഏകദേശം അറുനൂറു പടയാളികള്‍ ഉണ്ടായിരുന്നു. അഹീതൂബിന്‍റെ പുത്രനായ അഹീയാവായിരുന്നു ഏഫോദ് ധരിച്ചിരുന്നത്; ഫീനെഹാസിന്‍റെ പുത്രനും ശീലോവില്‍ സര്‍വേശ്വരന്‍റെ പുരോഹിതനായിരുന്ന ഏലിയുടെ പൗത്രനുമായ ഈഖാബോദിന്‍റെ സഹോദരനായിരുന്നു അഹീതൂബ്. യോനാഥാന്‍ പോയ വിവരം ജനം അറിഞ്ഞില്ല. ഫെലിസ്ത്യസൈന്യത്തെ നേരിടാന്‍ യോനാഥാനു കടന്നു പോകേണ്ടിയിരുന്ന ചുരത്തിന്‍റെ ഇരുവശങ്ങളിലും കടുംതൂക്കായ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിനു ബോസേസ് എന്നും മറ്റേതിന് സേനെ എന്നുമായിരുന്നു പേര്. ഒന്നു വടക്കുവശത്ത് മിക്മാസിനും മറ്റേത് തെക്കുവശത്ത് ഗിബെയായ്‍ക്കും അഭിമുഖമായി നിന്നിരുന്നു. യോനാഥാന്‍ തന്‍റെ ആയുധവാഹകനായ യുവാവിനോടു പറഞ്ഞു: “വരിക, പരിച്ഛേദനം ഏറ്റിട്ടില്ലാത്ത ഫെലിസ്ത്യരുടെ പാളയത്തിനു നേരെ ചെല്ലാം; സര്‍വേശ്വരന്‍ നമുക്കുവേണ്ടി പ്രവര്‍ത്തിക്കാതിരിക്കുമോ? നമ്മുടെ കൂടെയുള്ളവര്‍ ഏറിയാലും കുറഞ്ഞാലും സര്‍വേശ്വരനു രക്ഷിക്കാന്‍ തടസ്സമില്ലല്ലോ.” ആയുധവാഹകന്‍ യോനാഥാനോടു പറഞ്ഞു: “അങ്ങയുടെ ഇഷ്ടംപോലെ പ്രവര്‍ത്തിച്ചാലും; ഇതാ, ഞാന്‍ അങ്ങയുടെ കൂടെയുണ്ട്; അങ്ങയുടെ ഇഷ്ടംതന്നെ എന്‍റേതും.” അപ്പോള്‍ യോനാഥാന്‍ പറഞ്ഞു: “നമുക്കു നേരെ ചെന്ന് അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാം. “ഞങ്ങള്‍ വരുന്നതുവരെ അവിടെ നില്‌ക്കുവിന്‍ എന്ന് അവര്‍ പറഞ്ഞാല്‍ നില്‌ക്കുന്നിടത്തുതന്നെ നമുക്കു നില്‌ക്കാം. ഇങ്ങോട്ടു കയറി വരുവിന്‍ എന്നു പറഞ്ഞാല്‍ നമുക്കു കയറിച്ചെല്ലാം. കാരണം സര്‍വേശ്വരന്‍ അവരെ നമ്മുടെ കൈയില്‍ ഏല്പിച്ചിരിക്കുന്നു എന്നതിന് ഇത് അടയാളമായിരിക്കും.” അങ്ങനെ അവര്‍ രണ്ടു പേരും ഫെലിസ്ത്യസൈന്യത്തിന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു; അവരെ കണ്ടപ്പോള്‍ “ഇതാ, ഒളിച്ചിരുന്ന ഗുഹകളില്‍നിന്ന് എബ്രായര്‍ പുറത്തു വരുന്നു” എന്നു ഫെലിസ്ത്യര്‍ പറഞ്ഞു. ഫെലിസ്ത്യസൈനികര്‍ യോനാഥാനോടും കൂടെയുണ്ടായിരുന്ന യുവാവിനോടും വിളിച്ചു പറഞ്ഞു: “ഇങ്ങോട്ടു കയറിവരുവിന്‍; ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു കാര്യം കാണിച്ചുതരാം.” യോനാഥാന്‍ ആയുധവാഹകനോടു പറഞ്ഞു: “എന്‍റെ പിന്നാലെ വരിക. സര്‍വേശ്വരന്‍ അവരെ ഇസ്രായേലിന്‍റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു.” യോനാഥാനും അദ്ദേഹത്തിന്‍റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു മുകളില്‍ കയറി; ഫെലിസ്ത്യര്‍ യോനാഥാന്‍റെ മുമ്പില്‍ വീണു; ആയുധവാഹകന്‍ അവരെ സംഹരിച്ചുകൊണ്ടു യോനാഥാന്‍റെ പിന്നാലെ ചെന്നു. യോനാഥാനും ആയുധവാഹകനും കൂടി നടത്തിയ ആദ്യസംഹാരത്തില്‍ ഏകദേശം ഒരു ഏക്കര്‍ സ്ഥലത്ത് ഇരുപതു പേര്‍ വധിക്കപ്പെട്ടു. പാളയത്തിലും പോര്‍ക്കളത്തിലും സര്‍വജനത്തിനും ഇടയില്‍ അമ്പരപ്പുണ്ടായി; കാവല്‍സൈന്യവും കവര്‍ച്ചക്കാരും ഭയന്നു വിറച്ചു; ഭൂമി കുലുങ്ങി; സര്‍വത്ര ഭീതി പരന്നു. ഫെലിസ്ത്യര്‍ നാലുപാടും ചിതറിയോടുന്നത് ബെന്യാമീന്‍ദേശത്തെ ഗിബെയായിലുണ്ടായിരുന്ന ശൗലിന്‍റെ കാവല്‌ക്കാര്‍ കണ്ടു. ശൗല്‍ കൂടെയുള്ളവരോടു പറഞ്ഞു: “എണ്ണിനോക്കി നമ്മുടെ കൂട്ടത്തില്‍നിന്ന് ആരെല്ലാം പോയി എന്നറിയുവിന്‍;” അവര്‍ എണ്ണിനോക്കിയപ്പോള്‍ യോനാഥാനും അയാളുടെ ആയുധവാഹകനും അവിടെ ഉണ്ടായിരുന്നില്ല. ദൈവത്തിന്‍റെ പെട്ടകം കൊണ്ടുവരാന്‍ ശൗല്‍ അഹീയാവിനോടു പറഞ്ഞു; ദൈവത്തിന്‍റെ പെട്ടകം അന്ന് ഇസ്രായേല്യരോടു കൂടെ ഉണ്ടായിരുന്നു. ശൗല്‍ പുരോഹിതനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫെലിസ്ത്യപാളയത്തില്‍ ബഹളം മേല്‌ക്കുമേല്‍ വര്‍ധിച്ചു. ശൗല്‍ പുരോഹിതനോടു കൈ പിന്‍വലിക്കാന്‍ പറഞ്ഞു. പിന്നീട് ശൗലും കൂടെയുള്ള ജനവും അണിനിരന്നു യുദ്ധത്തിനു ചെന്നു. അപ്പോള്‍ ഫെലിസ്ത്യര്‍ പരസ്പരം വാള്‍കൊണ്ട് വെട്ടി നശിക്കുന്നത് അവര്‍ കണ്ടു. അവിടെ ആകെ സംഭ്രാന്തി ഉണ്ടായി. മുന്‍പേതന്നെ ഫെലിസ്ത്യരോടു ചേര്‍ന്നിരുന്നവരും അവരുടെ പാളയത്തില്‍ ഉണ്ടായിരുന്നവരുമായ എബ്രായര്‍ പോലും ശൗലിനോടും യോനാഥാനോടും കൂടെ ഉണ്ടായിരുന്ന ഇസ്രായേല്യരുടെ പക്ഷം ചേര്‍ന്നു. ഫെലിസ്ത്യര്‍ തോറ്റോടി എന്നു കേട്ടപ്പോള്‍ എഫ്രയീംമലനാട്ടില്‍ ഒളിച്ചിരുന്ന ഇസ്രായേല്യരും പടയില്‍ ചേര്‍ന്ന് ഫെലിസ്ത്യരെ പിന്തുടര്‍ന്നു. അങ്ങനെ സര്‍വേശ്വരന്‍ അന്ന് ഇസ്രായേല്‍ജനതയെ രക്ഷിച്ചു; യുദ്ധം ബേത്ത്-ആവെന് അപ്പുറം വരെ വ്യാപിച്ചു. “ശത്രുക്കളോടു പ്രതികാരം ചെയ്യുംവരെ, സന്ധ്യക്കുമുമ്പ് ആഹാരം കഴിക്കുന്നവന്‍ ശപിക്കപ്പെട്ടവനായിരിക്കും” എന്നു ശൗല്‍ പറഞ്ഞു; അതിന്‍പ്രകാരം ജനങ്ങളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചിരുന്നതിനാല്‍ ഇസ്രായേല്‍ ജനം വിഷമത്തിലായി; അങ്ങനെ അവരില്‍ ആരുംതന്നെ ഭക്ഷണം കഴിച്ചിരുന്നില്ല. ഇസ്രായേല്യര്‍ ഒരു കാട്ടുപ്രദേശത്ത് എത്തിയപ്പോള്‍ അവിടെ നിലത്തു തേന്‍കട്ടകള്‍ കിടക്കുന്നതു കണ്ടു. കാട്ടില്‍ പ്രവേശിച്ചപ്പോള്‍ തേന്‍ ഇറ്റിറ്റു വീഴുന്നതും അവര്‍ കണ്ടു. എന്നാല്‍ പ്രതിജ്ഞയോര്‍ത്ത് അവരില്‍ ആരും ഒരു തുള്ളി തേന്‍പോലും കഴിച്ചില്ല. തന്‍റെ പിതാവു ജനത്തെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചിരുന്ന വിവരം യോനാഥാന്‍ അറിഞ്ഞിരുന്നില്ല; അതുകൊണ്ട് അദ്ദേഹം വടിയുടെ അഗ്രം തേന്‍കട്ടയില്‍ മുക്കിയെടുത്ത് തേന്‍ ഭക്ഷിച്ചു. ഉടനെ അവന് ഉന്മേഷം ഉണ്ടായി. അപ്പോള്‍ ജനത്തില്‍ ഒരാള്‍ പറഞ്ഞു: “ഇന്ന് എന്തെങ്കിലും ഭക്ഷിക്കുന്നവന്‍ ശപിക്കപ്പെട്ടവനായിരിക്കും എന്നു നിന്‍റെ പിതാവ് ഞങ്ങളെക്കൊണ്ട് കര്‍ശനമായി ശപഥം ചെയ്യിച്ചിട്ടുണ്ട്;” അങ്ങനെ ജനം ക്ഷീണിച്ചിരിക്കുന്നു. യോനാഥാന്‍ പറഞ്ഞു: “എന്‍റെ പിതാവു ജനത്തെ കഷ്ടത്തിലാക്കിയിരിക്കുന്നു; അല്പം തേന്‍ ഭക്ഷിച്ചപ്പോള്‍ ഞാന്‍ ഉന്മേഷവാനായതു കണ്ടില്ലേ? ശത്രുക്കളില്‍നിന്നു പിടിച്ചെടുത്ത ആഹാരപദാര്‍ഥങ്ങള്‍ അവര്‍ വേണ്ടുവോളം ഭക്ഷിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! എത്രയധികം ഫെലിസ്ത്യരെ അവര്‍ സംഹരിക്കുമായിരുന്നു.” ഇസ്രായേല്യര്‍ അന്നു ഫെലിസ്ത്യരെ മിക്മാസ് മുതല്‍ അയ്യാലോന്‍വരെ പിന്തുടര്‍ന്നു സംഹരിച്ചു; ജനം അത്യധികം ക്ഷീണിച്ചിരുന്നു. അതുകൊണ്ട് അവര്‍ പിടിച്ചെടുത്ത ആടുകളെയും കാളകളെയും കിടാക്കളെയും നിലത്തടിച്ചുകൊന്ന് രക്തത്തോടുകൂടി ഭക്ഷിച്ചു. ജനം രക്തത്തോടുകൂടി മാംസം ഭക്ഷിക്കുകമൂലം സര്‍വേശ്വരനെതിരായി പാപം ചെയ്യുകയാണെന്ന് ശൗല്‍ അറിഞ്ഞു. അദ്ദേഹം പറഞ്ഞു: “നിങ്ങള്‍ അവിശ്വസ്തത കാട്ടിയിരിക്കുന്നു. ഒരു വലിയ കല്ല് ഉരുട്ടിക്കൊണ്ടു വരുവിന്‍. ഓരോരുത്തനും ചെന്ന് അവനവന്‍റെ കാളയെയോ ആടിനെയോ ഇവിടെ കൊണ്ടുവന്നു കൊന്നു ഭക്ഷിക്കാനും രക്തത്തോടുകൂടി മാംസം ഭക്ഷിച്ചു സര്‍വേശ്വരനെതിരെ പാപം ചെയ്യാതിരിക്കാനും ജനത്തോടു പറയണം.” അന്നു രാത്രിയില്‍ ജനം തങ്ങളുടെ കാളകളെ കൊണ്ടുവന്ന് അവിടെവച്ചു കൊന്നു. ശൗല്‍ സര്‍വേശ്വരന് ഒരു യാഗപീഠം പണിതു. അതായിരുന്നു ശൗല്‍ പണിയിച്ച ആദ്യത്തെ യാഗപീഠം. പിന്നീട് ശൗല്‍ പറഞ്ഞു: “നമുക്കു രാത്രിയില്‍തന്നെ ഫെലിസ്ത്യരെ പിന്തുടര്‍ന്ന് അവരെ നിശ്ശേഷം സംഹരിക്കുകയും നേരം വെളുക്കുംവരെ അവരുടെ വസ്തുവകകള്‍ കൊള്ളയടിക്കുകയും ചെയ്യാം.” അവര്‍ പ്രതിവചിച്ചു: “അങ്ങേക്ക് ഉചിതമെന്നു തോന്നുന്നതുപോലെ ചെയ്തുകൊള്ളുക.” അപ്പോള്‍ പുരോഹിതന്‍ പറഞ്ഞു: “നമുക്കു ദൈവഹിതം ആരായാം.” “ഞാന്‍ ഫെലിസ്ത്യരെ പിന്തുടരണമോ? അവരെ ഇസ്രായേല്യരുടെ കൈയില്‍ ഏല്പിക്കുമോ” എന്നു ശൗല്‍ ദൈവത്തോടു ചോദിച്ചു. ദൈവം അന്ന് അതിനു മറുപടി നല്‌കിയില്ല. ശൗല്‍ പറഞ്ഞു: “ജനനേതാക്കന്മാരെല്ലാം ഇവിടെ അടുത്തു വരിക; ഈ പാപം ഇന്ന് എങ്ങനെ ഉണ്ടായി എന്ന് അന്വേഷിച്ചറിയാം. ഇസ്രായേലിന്‍റെ രക്ഷകനായ ജീവിക്കുന്ന സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ ശപഥം ചെയ്യുന്നു; “പാപം ചെയ്തവന്‍ എന്‍റെ മകന്‍ യോനാഥാന്‍ ആയിരുന്നാലും നിശ്ചയമായും മരിക്കണം.” എന്നാല്‍ അതിന് ആരും ഒരുത്തരവും പറഞ്ഞില്ല. ശൗല്‍ സകല ഇസ്രായേല്യരോടുമായി പറഞ്ഞു: “നിങ്ങള്‍ ഒരു വശത്തു നില്‌ക്കുവിന്‍; ഞാനും എന്‍റെ മകന്‍ യോനാഥാനും മറുവശത്തു നില്‌ക്കാം.” “അങ്ങേക്ക് ഉചിതമെന്നു തോന്നുന്നതു ചെയ്തുകൊള്ളുക” എന്നു ജനം പറഞ്ഞു. ശൗല്‍ പ്രാര്‍ഥിച്ചു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ, ഈ ദാസനോട് ഇന്ന് ഉത്തരം അരുളാതിരിക്കുന്നതെന്ത്? ഇതിനുത്തരവാദി ഞാനോ എന്‍റെ മകന്‍ യോനാഥാനോ ആണെങ്കില്‍ ദൈവമായ സര്‍വേശ്വരാ അവിടുന്നു ‘ഊറീം’ കൊണ്ടും ഇസ്രായേല്‍ജനമാണെങ്കില്‍ ‘തുമ്മീം’ കൊണ്ടും വെളിപ്പെടുത്തണമേ.” യോനാഥാനും ശൗലിനും നറുക്കു വീണു; ജനം ഒഴിവാക്കപ്പെട്ടു. അപ്പോള്‍ “എനിക്കും എന്‍റെ മകനായ യോനാഥാനും നറുക്കിടുക” എന്നു ശൗല്‍ പറഞ്ഞു. നറുക്കു യോനാഥാനു വീണു; ശൗല്‍ യോനാഥാനോടു ചോദിച്ചു: “നീ എന്താണ് ചെയ്തത്?” “എന്‍റെ കൈയില്‍ ഉണ്ടായിരുന്ന വടിയുടെ അഗ്രം മുക്കി ഞാന്‍ അല്പം തേന്‍ ഭക്ഷിച്ചു; ഇതാ ഞാന്‍ മരിക്കാന്‍ ഒരുക്കമാണ്.” ശൗല്‍ അവനോടു പറഞ്ഞു: “യോനാഥാനേ, നീ വധിക്കപ്പെടുന്നില്ലെങ്കില്‍ ദൈവം എന്നെ ശിക്ഷിച്ചുകൊള്ളട്ടെ.” ഉടനെ ജനം ശൗലിനോടു പറഞ്ഞു: “ഇസ്രായേലിന് ഈ വിജയം നേടിത്തന്ന യോനാഥാന്‍ മരിക്കണമോ? ഒരിക്കലും പാടില്ല; അദ്ദേഹത്തിന്‍റെ തലയിലെ ഒരു മുടിയിഴപോലും നിലത്തുവീഴുകയില്ല; യോനാഥാന്‍ ഇന്നു പ്രവര്‍ത്തിച്ചതെല്ലാം ദൈവത്തോട് ചേര്‍ന്നായിരുന്നു.” അങ്ങനെ ജനം യോനാഥാനെ രക്ഷിച്ചു; അവന്‍ വധിക്കപ്പെട്ടില്ല. ശൗല്‍ ഫെലിസ്ത്യരെ പിന്തുടരാതെ മടങ്ങി; ഫെലിസ്ത്യര്‍ തങ്ങളുടെ സ്ഥലത്തേക്കു പോയി. ശൗല്‍ ഇസ്രായേല്‍രാജാവായതിനു ശേഷം മോവാബ്യര്‍, അമ്മോന്യര്‍, എദോമ്യര്‍, സോബാരാജാക്കന്മാര്‍, ഫെലിസ്ത്യര്‍ എന്നിങ്ങനെ ചുറ്റുമുള്ള ശത്രുക്കളോടെല്ലാം പടവെട്ടി ജയം നേടി. ശൗല്‍ അമാലേക്യരോടും ധീരമായി പോരാടി അവരെ തോല്പിച്ചു; ഇസ്രായേലിനെ കവര്‍ച്ചക്കാരുടെ കൈയില്‍നിന്നു രക്ഷിച്ചു. യോനാഥാന്‍, ഇശ്വി, മല്‍ക്കീശുവ എന്നിവരായിരുന്നു ശൗലിന്‍റെ പുത്രന്മാര്‍; അദ്ദേഹത്തിന്‍റെ രണ്ടു പുത്രിമാരില്‍ മൂത്തവള്‍ മേരബും ഇളയവള്‍ മീഖളും ആയിരുന്നു. അഹീമാസിന്‍റെ മകള്‍ അഹീനോവം ആയിരുന്നു ശൗലിന്‍റെ ഭാര്യ. പിതൃസഹോദരനായ നേരിന്‍റെ പുത്രന്‍ അബ്നേര്‍ ആയിരുന്നു സൈന്യാധിപന്‍. ശൗലിന്‍റെ പിതാവായ കീശും അബ്നേരിന്‍റെ പിതാവായ നേരും അബീയേലിന്‍റെ പുത്രന്മാരായിരുന്നു. ശൗല്‍ തന്‍റെ ജീവിതകാലം മുഴുവന്‍ ഫെലിസ്ത്യരോടു കഠിനമായി പോരാടിക്കൊണ്ടിരുന്നു. ശക്തന്മാരെയും ധീരന്മാരെയുമെല്ലാം തന്‍റെ സൈന്യത്തില്‍ അദ്ദേഹം ചേര്‍ത്തുകൊണ്ടുമിരുന്നു. ശമൂവേല്‍ ശൗലിനോടു പറഞ്ഞു: “സര്‍വേശ്വരന്‍ തന്‍റെ ജനമായ ഇസ്രായേലിന്‍റെ രാജാവായി നിന്നെ അഭിഷേകം ചെയ്യാന്‍ എന്നെ അയച്ചിരിക്കുന്നു; അതുകൊണ്ട് അവിടുത്തെ വചനങ്ങള്‍ കേട്ടുകൊള്ളുക. സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു വരുമ്പോള്‍ വഴിയില്‍വച്ച് അവരെ ആക്രമിച്ചതിന് അമാലേക്യരെ ഞാന്‍ ശിക്ഷിക്കും. അതുകൊണ്ട് നീ ചെന്ന് അമാലേക്യരെ സംഹരിച്ച് അവര്‍ക്കുള്ളതെല്ലാം നിര്‍മ്മൂലമാക്കുക. സ്‍ത്രീപുരുഷന്മാരെയും കുട്ടികളെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളെയും ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും നശിപ്പിക്കണം; ഒന്നുപോലും ശേഷിക്കരുത്.” ശൗല്‍ ജനത്തെയെല്ലാം തെലായീമില്‍ വിളിച്ചുകൂട്ടി അവരുടെ സംഖ്യ തിട്ടപ്പെടുത്തി; രണ്ടു ലക്ഷം കാലാള്‍പ്പടയാളികളും പതിനായിരം യെഹൂദാഗോത്രക്കാരുമുണ്ടായിരുന്നു. പിന്നീട് ശൗല്‍ അമാലേക്യരുടെ പട്ടണത്തില്‍ ചെന്ന് ഒരു താഴ്വരയില്‍ സൈന്യങ്ങളുമായി പതിയിരുന്നു; “അമാലേക്യരോടൊപ്പം നശിച്ചുപോകാതിരിക്കാന്‍ അവരുടെ ഇടയില്‍നിന്നു നിങ്ങള്‍ മാറിപ്പോകണം; ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പോരുമ്പോള്‍ നിങ്ങള്‍ അവരോടു കരുണ കാണിച്ചുവല്ലോ” എന്നു ശൗല്‍ കേന്യരെ അറിയിച്ചു; അങ്ങനെ കേന്യര്‍ അമാലേക്യരുടെ ഇടയില്‍നിന്നു മാറിപ്പാര്‍ത്തു. പിന്നീട് ശൗല്‍ ഹവീലാമുതല്‍ ഈജിപ്തിനു കിഴക്ക് ശൂര്‍വരെ ചെന്ന് അമാലേക്യരെ സംഹരിച്ചു. അമാലേക്യരുടെ രാജാവായ ആഗാഗിനെ ജീവനോടെ പിടിക്കുകയും ജനത്തെ വാളിന് ഇരയാക്കുകയും ചെയ്തു. ശൗലും കൂടെയുള്ള ജനവും ആഗാഗിനെ വധിച്ചില്ല. ആടുമാടുകള്‍, തടിച്ചുകൊഴുത്ത മൃഗങ്ങള്‍, കുഞ്ഞാടുകള്‍ എന്നിവയില്‍ ഏറ്റവും നല്ലവയെയും ഉത്തമമായ മറ്റു സകലതിനെയും നശിപ്പിക്കാതെ സൂക്ഷിച്ചു; ഹീനവും നിസ്സാരവുമായവയെ അവര്‍ നശിപ്പിച്ചു. സര്‍വേശ്വരന്‍ ശമൂവേലിനോട് അരുളിച്ചെയ്തു: “ശൗലിനെ രാജാവായി വാഴിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു; അവന്‍ എന്നെ വിട്ടകലുകയും എന്‍റെ കല്പനകള്‍ ലംഘിക്കുകയും ചെയ്തിരിക്കുന്നു.” അതു കേട്ടപ്പോള്‍ ശമൂവേല്‍ കുപിതനായി; അദ്ദേഹം രാത്രി മുഴുവന്‍ സര്‍വേശ്വരനോടു കരഞ്ഞു പ്രാര്‍ഥിച്ചു. ശൗലിനെ കാണാന്‍ അതിരാവിലെ ശമൂവേല്‍ എഴുന്നേറ്റു; എന്നാല്‍ ശൗല്‍ കര്‍മ്മേലിലെത്തി തനിക്കുവേണ്ടി ഒരു വിജയസ്തംഭം നാട്ടിയശേഷം ഗില്ഗാലിലേക്കു മടങ്ങിപ്പോയി എന്ന് അദ്ദേഹത്തിന് അറിവുകിട്ടി. ശമൂവേല്‍ ശൗലിന്‍റെ അടുക്കല്‍ എത്തിയപ്പോള്‍ ശൗല്‍ പറഞ്ഞു: “അങ്ങ് സര്‍വേശ്വരനാല്‍ അനുഗൃഹീതന്‍; ഞാന്‍ അവിടുത്തെ കല്പന നിറവേറ്റിക്കഴിഞ്ഞു.” ശമൂവേല്‍ ചോദിച്ചു: “അങ്ങനെയെങ്കില്‍ ഞാന്‍ കേള്‍ക്കുന്ന ആടുകളുടെ കരച്ചിലും കാളകളുടെ മുക്രയിടലും എന്താണ്?” ശൗല്‍ പ്രതിവചിച്ചു: “അവയെ എന്‍റെ ജനം അമാലേക്യരില്‍നിന്നു പിടിച്ചെടുത്തു കൊണ്ടുവന്നതാണ്. ഏറ്റവും നല്ല ആടുമാടുകളെ സര്‍വേശ്വരനു യാഗം അര്‍പ്പിക്കാന്‍ സൂക്ഷിച്ചിരിക്കുന്നു. ബാക്കിയുള്ളവയെ ഞങ്ങള്‍ നിശ്ശേഷം നശിപ്പിച്ചു.” ശമൂവേല്‍ പറഞ്ഞു: “നിര്‍ത്തൂ, കഴിഞ്ഞ രാത്രിയില്‍ സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തതു ഞാന്‍ താങ്കളെ അറിയിക്കാം.” ശൗല്‍ പറഞ്ഞു: “അറിയിച്ചാലും.” ശമൂവേല്‍ പറഞ്ഞു: “നിന്‍റെ കണ്ണിനു നീ ചെറിയവനെങ്കിലും നീ ഇസ്രായേല്‍ഗോത്രങ്ങളുടെ നേതാവല്ലേ? ഇസ്രായേലിന്‍റെ രാജാവായി സര്‍വേശ്വരന്‍ നിന്നെ അഭിഷേകം ചെയ്തു. പാപികളായ അമാലേക്യരെ നശിപ്പിക്കണം, അവര്‍ നിശ്ശേഷം നശിക്കുന്നതുവരെ പോരാടണം എന്ന നിയോഗവുമായി അവിടുന്നു നിന്നെ അയച്ചു. എന്തുകൊണ്ട് നീ സര്‍വേശ്വരനെ അനുസരിച്ചില്ല? കൊള്ളമുതല്‍ പിടിച്ചെടുക്കുകയും അങ്ങനെ സര്‍വേശ്വരനു ഹിതകരമല്ലാത്തതു നീ പ്രവര്‍ത്തിക്കുകയും ചെയ്തല്ലോ.” ശൗല്‍ പറഞ്ഞു: “ഞാന്‍ സര്‍വേശ്വരന്‍റെ കല്പന അനുസരിച്ചു; അവിടുന്ന് എന്നെ ഏല്പിച്ചിരുന്ന ദൗത്യം നിറവേറ്റി; അമാലേക്യരുടെ രാജാവായ ആഗാഗിനെ പിടിച്ചുകൊണ്ടുവരികയും അമാലേക്യരെയെല്ലാം നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ നശിപ്പിക്കപ്പെടേണ്ട കൊള്ളമുതലില്‍ ഏറ്റവും നല്ല ആടുമാടുകളെ അങ്ങയുടെ ദൈവമായ സര്‍വേശ്വരനു യാഗം കഴിക്കാന്‍ ജനം ഗില്ഗാലില്‍ കൊണ്ടുവന്നിരിക്കുന്നു.” ശമൂവേല്‍ ചോദിച്ചു: “സര്‍വേശ്വരന്‍റെ കല്പന അനുസരിക്കുന്നതോ അവിടുത്തേക്ക് ഹോമയാഗങ്ങളും മറ്റു യാഗങ്ങളും അര്‍പ്പിക്കുന്നതോ ഏതാണ് അവിടുത്തേക്ക് പ്രസാദകരം? അനുസരിക്കുന്നതു യാഗാര്‍പ്പണത്തെക്കാള്‍ ഉത്തമം; ചെവിക്കൊള്ളുന്നത് മുട്ടാടുകളുടെ മേദസ്സിനെക്കാള്‍ ശ്രേഷ്ഠം. മാത്സര്യം മന്ത്രവാദംപോലെ നിഷിദ്ധമാണ്. പിടിവാശി വിഗ്രഹാരാധനപോലെ പാപമാണ്. നീ അവിടുത്തെ വചനം തിരസ്കരിച്ചതുകൊണ്ട് സര്‍വേശ്വരന്‍ നിന്‍റെ രാജത്വം തിരസ്കരിച്ചിരിക്കുന്നു.” ശൗല്‍ ശമൂവേലിനോടു പറഞ്ഞു: “ഞാന്‍ പാപം ചെയ്തുപോയി; ജനത്തെ ഭയപ്പെട്ടതുകൊണ്ട് ഞാന്‍ അവരുടെ വാക്കു കേട്ടു; അങ്ങനെ സര്‍വേശ്വരന്‍റെ കല്പനയും അങ്ങയുടെ നിര്‍ദ്ദേശങ്ങളും ഞാന്‍ അവഗണിച്ചു; എന്‍റെ പാപം ക്ഷമിക്കുകയും സര്‍വേശ്വരനെ ആരാധിക്കാന്‍ എന്‍റെ കൂടെ വരികയും ചെയ്യണമേ.” ശമൂവേല്‍ മറുപടി നല്‌കി: “ഞാന്‍ നിന്‍റെ കൂടെ വരികയില്ല; നീ സര്‍വേശ്വരന്‍റെ കല്പന തിരസ്കരിച്ചതുകൊണ്ട് അവിടുന്ന് നിന്നെ ഇസ്രായേലിന്‍റെ രാജസ്ഥാനത്തുനിന്നും തിരസ്കരിച്ചിരിക്കുന്നു.” ശമൂവേല്‍ മടങ്ങിപ്പോകാന്‍ തിരിഞ്ഞപ്പോള്‍ ശൗല്‍ അദ്ദേഹത്തിന്‍റെ കുപ്പായത്തുമ്പത്തു പിടിച്ചു; അതു കീറിപ്പോയി. ശമൂവേല്‍ അദ്ദേഹത്തോടു പറഞ്ഞു: “സര്‍വേശ്വരന്‍ ഇന്ന് ഇസ്രായേലിന്‍റെ രാജത്വം കീറിയെടുത്ത് നിന്നെക്കാള്‍ യോഗ്യനായ നിന്‍റെ അയല്‍ക്കാരനു നല്‌കിയിരിക്കുന്നു. ഇസ്രായേലിന്‍റെ മഹത്ത്വമായ ദൈവം വ്യാജം പറയുകയോ തീരുമാനം മാറ്റുകയോ ഇല്ല; തന്‍റെ തീരുമാനം മാറ്റാന്‍ അവിടുന്നു മനുഷ്യനല്ലല്ലോ.” ശൗല്‍ പറഞ്ഞു: “ഞാന്‍ പാപം ചെയ്തുപോയി; എങ്കിലും ഇപ്പോള്‍ എന്‍റെ കൂടെയുള്ള ഇസ്രായേല്യരുടെയും ജനനേതാക്കളുടെയും മുമ്പാകെ എന്നെ മാനിക്കുക; അങ്ങയുടെ ദൈവത്തെ ആരാധിക്കാന്‍ എന്‍റെ കൂടെ വരിക.” ശമൂവേല്‍ ശൗലിന്‍റെ കൂടെ പോയി; ശൗല്‍ സര്‍വേശ്വരനെ ആരാധിച്ചു. അമാലേക്യരുടെ രാജാവായ ആഗാഗിനെ തന്‍റെ അടുക്കല്‍ കൊണ്ടുചെല്ലാന്‍ ശമൂവേല്‍ കല്പിച്ചു. ആഗാഗ് സന്തോഷത്തോടെ അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെന്നു; തിക്തമായ മരണഭയം ഒഴിഞ്ഞുപോയി എന്ന് അയാള്‍ വിചാരിച്ചു. ശമൂവേല്‍ പറഞ്ഞു: “നിന്‍റെ വാള്‍ അനേകം അമ്മമാരെ സന്താനരഹിതരാക്കി; അതുപോലെ നിന്‍റെ അമ്മയും സന്താനരഹിതയാകും.” ഗില്ഗാലില്‍ സര്‍വേശ്വരന്‍റെ സന്നിധിയില്‍വച്ചു ശമൂവേല്‍ ആഗാഗിനെ തുണ്ടം തുണ്ടമായി വെട്ടിനുറുക്കി. പിന്നീട് ശമൂവേല്‍ രാമായിലേക്കും ശൗല്‍ ഗിബെയായിലുള്ള തന്‍റെ ഭവനത്തിലേക്കും പോയി. ശമൂവേല്‍ പിന്നീട് തന്‍റെ ജീവിതകാലത്തൊരിക്കലും ശൗലിനെ സന്ദര്‍ശിച്ചില്ല; എങ്കിലും അദ്ദേഹത്തെ ഓര്‍ത്തു ശമൂവേല്‍ ദുഃഖിച്ചു. ശൗലിനെ ഇസ്രായേലിന്‍റെ രാജാവാക്കിയതില്‍ സര്‍വേശ്വരന്‍ ഖേദിച്ചു. സര്‍വേശ്വരന്‍ ശമൂവേലിനോടു പറഞ്ഞു: “ഞാന്‍ ശൗലിനെ ഇസ്രായേലിന്‍റെ രാജസ്ഥാനത്തുനിന്നു നീക്കിയിരിക്കെ നീ അവനെക്കുറിച്ച് എത്രകാലം ദുഃഖിച്ചുകൊണ്ടിരിക്കും? കൊമ്പില്‍ തൈലം നിറച്ചു പുറപ്പെടുക; ഞാന്‍ നിന്നെ ബേത്‍ലഹേംകാരനായ യിശ്ശായിയുടെ അടുക്കലേക്ക് അയയ്‍ക്കും; അവന്‍റെ മക്കളില്‍ ഒരുവനെ ഞാന്‍ രാജാവായി നിശ്ചയിച്ചിരിക്കുന്നു.” ശമൂവേല്‍ പറഞ്ഞു: “ഞാന്‍ എങ്ങനെ അവിടെ പോകും? ശൗല്‍ ഇതു കേട്ടാല്‍ എന്നെ കൊല്ലും.” സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “നീ ഒരു പശുക്കിടാവിനെ കൂടെ കൊണ്ടുചെന്ന് ‘ഞാന്‍ സര്‍വേശ്വരനു യാഗം കഴിക്കാന്‍ വന്നിരിക്കുന്നു’ എന്നു പറയണം; യിശ്ശായിയെക്കൂടെ യാഗത്തിനു ക്ഷണിക്കണം; നീ ചെയ്യേണ്ടതെന്തെന്ന് ഞാന്‍ അന്നേരം നിന്നെ അറിയിക്കും; ഞാന്‍ നിര്‍ദ്ദേശിക്കുന്നവനെ എനിക്കായി അഭിഷേകം ചെയ്യണം.” അവിടുന്നു കല്പിച്ചതുപോലെ ശമൂവേല്‍ ചെയ്തു. അദ്ദേഹം ബേത്‍ലഹേമിലേക്കു പോയി; നഗരത്തിലെ നേതാക്കന്മാര്‍ ഭയന്നു വിറച്ചു ശമൂവേലിനെ കാണാന്‍ വന്നു. “അങ്ങയുടെ വരവു സമാധാനപൂര്‍വമോ” എന്ന് അവര്‍ ചോദിച്ചു. ശമൂവേല്‍ അവരോടു പറഞ്ഞു: “അതേ, സമാധാനത്തോടെതന്നെ. ഞാന്‍ സര്‍വേശ്വരനു യാഗം കഴിക്കാന്‍ വന്നിരിക്കുകയാണ്; നിങ്ങള്‍ സ്വയം ശുദ്ധീകരിച്ച് എന്‍റെ കൂടെ വരുവിന്‍.” അദ്ദേഹം യിശ്ശായിയെയും പുത്രന്മാരെയും ശുദ്ധീകരിച്ച് അവരെയും യാഗത്തിനു ക്ഷണിച്ചു. അവര്‍ വന്നപ്പോള്‍ യിശ്ശായിയുടെ പുത്രനായ എലീയാബിനെ ശമൂവേല്‍ ശ്രദ്ധിച്ചു; സര്‍വേശ്വരന്‍റെ അഭിഷിക്തന്‍ അവനായിരിക്കും എന്ന് അദ്ദേഹം കരുതി. എന്നാല്‍ സര്‍വേശ്വരന്‍ അദ്ദേഹത്തോടു പറഞ്ഞു: “അവന്‍റെ ബാഹ്യരൂപമോ ഉയരമോ നോക്കരുത്; ഞാന്‍ അവനെ തള്ളിക്കളഞ്ഞിരിക്കുന്നു. മനുഷ്യന്‍ നോക്കുന്ന വിധമല്ല ഞാന്‍ നോക്കുന്നത്; മനുഷ്യന്‍ ബാഹ്യരൂപം നോക്കുന്നു; സര്‍വേശ്വരനായ ഞാനാകട്ടെ ഹൃദയത്തെ നോക്കുന്നു.” പിന്നീട് യിശ്ശായി തന്‍റെ രണ്ടാമത്തെ പുത്രനായ അബീനാദാബിനെ വിളിച്ചു ശമൂവേലിന്‍റെ മുമ്പില്‍ വരുത്തി; അവനെയും സര്‍വേശ്വരന്‍ തിരഞ്ഞെടുത്തിട്ടില്ല എന്നു ശമൂവേല്‍ പറഞ്ഞു. അതിനുശേഷം യിശ്ശായി ശമ്മയെ വിളിച്ചു; ഇവനെയും അവിടുന്നു തിരഞ്ഞെടുത്തിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ യിശ്ശായി തന്‍റെ ഏഴു പുത്രന്മാരെ ശമൂവേലിന്‍റെ മുമ്പില്‍ വിളിച്ചു വരുത്തി; എന്നാല്‍ അദ്ദേഹം യിശ്ശായിയോടു പറഞ്ഞു: “സര്‍വേശ്വരന്‍ ഇവരില്‍ ആരെയും തിരഞ്ഞെടുത്തിട്ടില്ല. നിന്‍റെ പുത്രന്മാര്‍ എല്ലാവരും ഇവിടെ വന്നുവോ” എന്നു ശമൂവേല്‍ ചോദിച്ചു. “ഇനിയും ഏറ്റവും ഇളയപുത്രനുണ്ട്; അവന്‍ ആടുകളെ മേയ്‍ക്കുകയാണ്” എന്നു യിശ്ശായി പറഞ്ഞു. “അവനെക്കൂടെ വരുത്തുക; അവന്‍ വന്നതിനുശേഷമേ ഞങ്ങള്‍ ഭക്ഷണം കഴിക്കുകയുള്ളൂ” എന്നു ശമൂവേല്‍ പറഞ്ഞു. ഉടനെ യിശ്ശായി ആളയച്ച് അവനെ വരുത്തി; അവന്‍ പവിഴനിറവും മനോഹര നയനങ്ങളും ഉള്ള കോമളനായിരുന്നു. അപ്പോള്‍ സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “ഇവനെ അഭിഷേകം ചെയ്യുക; ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത് ഇവനെയാണ്.” ശമൂവേല്‍ തൈലം നിറച്ച കൊമ്പ് എടുത്ത് അവന്‍റെ സഹോദരന്മാരുടെ മുമ്പില്‍ വച്ച് അവനെ അഭിഷേകം ചെയ്തു. അന്നുമുതല്‍ സര്‍വേശ്വരന്‍റെ ആത്മാവ് ശക്തമായി ദാവീദിന്‍റെമേല്‍ വ്യാപരിച്ചു; പിന്നീട് ശമൂവേല്‍ രാമായിലേക്ക് മടങ്ങിപ്പോയി. സര്‍വേശ്വരന്‍റെ ആത്മാവു ശൗലിനെ വിട്ടുമാറി; അവിടുന്ന് അയച്ച ഒരു ദുരാത്മാവ് അദ്ദേഹത്തെ പീഡിപ്പിച്ചു. ശൗലിന്‍റെ ഭൃത്യന്മാര്‍ അദ്ദേഹത്തോടു പറഞ്ഞു: “സര്‍വേശ്വരന്‍ അയച്ച ഒരു ദുരാത്മാവ് അങ്ങയെ പീഡിപ്പിക്കുന്നു. അതുകൊണ്ട് കിന്നരം വായനയില്‍ നിപുണനായ ഒരാളെ കണ്ടുപിടിക്കാന്‍ അങ്ങു ഞങ്ങളോടു കല്പിച്ചാലും. ദുരാത്മാവ് അങ്ങയെ ആവേശിക്കുമ്പോള്‍ അവന്‍ കിന്നരം വായിക്കും; അത് അങ്ങേക്ക് ആശ്വാസം നല്‌കും.” ശൗല്‍ തന്‍റെ ഭൃത്യന്മാരോടു “നന്നായി കിന്നരം വായിക്കുന്ന ഒരാളെ കണ്ടുപിടിച്ചു തന്‍റെ അടുക്കല്‍ കൊണ്ടുവരാന്‍” കല്പിച്ചു. ഭൃത്യന്മാരില്‍ ഒരാള്‍ പറഞ്ഞു: “ബേത്‍ലഹേംകാരനായ യിശ്ശായിയുടെ ഒരു പുത്രനെ എനിക്കറിയാം. അവന്‍ കിന്നരം വായനയില്‍ നിപുണനും ശൂരനും യുദ്ധവീരനും വാഗ്മിയും കോമളരൂപനും ആണ്; സര്‍വേശ്വരന്‍ അവന്‍റെ കൂടെയുണ്ട്.” “ആടു മേയ്‍ക്കുന്ന നിന്‍റെ പുത്രന്‍ ദാവീദിനെ എന്‍റെ അടുക്കല്‍ അയയ്‍ക്കുക” എന്ന സന്ദേശവുമായി ശൗല്‍ ദൂതന്മാരെ യിശ്ശായിയുടെ അടുക്കല്‍ അയച്ചു. യിശ്ശായി ഒരു കഴുതയുടെ പുറത്ത് കുറെ അപ്പം, ഒരു തുരുത്തി വീഞ്ഞ്, ഒരു കോലാട്ടിന്‍കുട്ടി എന്നിവ കയറ്റി തന്‍റെ പുത്രന്‍ ദാവീദുവശം ശൗലിനു കൊടുത്തയച്ചു. ദാവീദ് ശൗലിന്‍റെ അടുക്കല്‍ ചെന്ന് അദ്ദേഹത്തിന്‍റെ സേവകനായിത്തീര്‍ന്നു. ശൗല്‍ അവനെ വളരെ ഇഷ്ടപ്പെട്ടു; ദാവീദ് ശൗലിന്‍റെ ആയുധവാഹകനായിത്തീര്‍ന്നു. ശൗല്‍ യിശ്ശായിയുടെ അടുക്കല്‍ സന്ദേശവാഹകരെ അയച്ച് അറിയിച്ചു: “ദാവീദിനോട് എനിക്ക് ഇഷ്ടം തോന്നിയിരിക്കുന്നു; അതുകൊണ്ട് അവന്‍ എന്‍റെ കൂടെ പാര്‍ക്കട്ടെ.” ദൈവം അയച്ച ദുരാത്മാവ് ശൗലിനെ ബാധിക്കുമ്പോഴെല്ലാം ദാവീദ് കിന്നരം എടുത്തു വായിക്കും; അപ്പോള്‍ ശൗലിന് ആശ്വാസവും സൗഖ്യവും ലഭിക്കുകയും ദുരാത്മാവ് അദ്ദേഹത്തെ വിട്ടുപോകുകയും ചെയ്യും. ഫെലിസ്ത്യര്‍ യുദ്ധസന്നദ്ധരായി യെഹൂദ്യയിലെ സോഖോവില്‍ സൈന്യത്തെ ഒരുമിച്ചുകൂട്ടി; സോഖോവിനും അസേക്കയ്‍ക്കും മധ്യേയുള്ള എഫെസ്-ദമ്മീമില്‍ പാളയമടിച്ചു. ശൗലും ഇസ്രായേല്യരും ഒത്തുചേര്‍ന്നു ഏലാതാഴ്വരയില്‍ പാളയമടിച്ചു; ഫെലിസ്ത്യരുമായി യുദ്ധം ചെയ്യുന്നതിന് അവര്‍ അണിനിരന്നു. താഴ്വരയുടെ ഒരു വശത്തുള്ള മലയില്‍ ഫെലിസ്ത്യരും മറുവശത്തുള്ള മലയില്‍ ഇസ്രായേല്യരും നിലയുറപ്പിച്ചു. ഫെലിസ്ത്യരുടെ പാളയത്തില്‍നിന്നു ഗത്തുകാരനായ ഗോല്യാത്ത് എന്ന മല്ലന്‍ മുമ്പോട്ടു വന്നു; അയാള്‍ക്ക് ആറു മുഴവും ഒരു ചാണും ഉയരമുണ്ടായിരുന്നു. അവന്‍ തലയില്‍ താമ്രശിരസ്ത്രം ധരിച്ചിരുന്നു. അയ്യായിരം ശേക്കെല്‍ ഭാരമുള്ള താമ്രകവചമാണ് അയാള്‍ അണിഞ്ഞിരുന്നത്. കാല്‍ച്ചട്ടയും താമ്രംകൊണ്ടുള്ളതായിരുന്നു; താമ്രംകൊണ്ടുള്ള കുന്തം തോളില്‍ തൂക്കിയിട്ടിരുന്നു. അതിന്‍റെ തണ്ടിന് നെയ്ത്തുതറിയിലുള്ള ഉരുള്‍ത്തടിയുടെ വണ്ണവും അതിന്‍റെ ഇരുമ്പുമുനയ്‍ക്ക് അറുനൂറു ശേക്കെല്‍ ഭാരവുമുണ്ടായിരുന്നു. പരിചവാഹകന്‍ അയാളുടെ മുമ്പില്‍ നടന്നു. ഇസ്രായേല്‍പടയുടെ നേരെ തിരിഞ്ഞ് അയാള്‍ അട്ടഹസിച്ചു: “നിങ്ങള്‍ എന്തിനു യുദ്ധത്തിന് അണിനിരക്കുന്നു? ഞാന്‍ ഒരു ഫെലിസ്ത്യനാണ്; നിങ്ങള്‍ ശൗലിന്‍റെ ദാസരല്ലേ? നിങ്ങള്‍ ഒരാളെ തിരഞ്ഞെടുക്കുക; അവന്‍ എന്‍റെ അടുക്കല്‍ ഇറങ്ങിവരട്ടെ. അവന്‍ എന്നെ തോല്പിച്ചു വധിക്കുകയാണെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് അടിമകളായിരിക്കും; നേരേമറിച്ചു ഞാന്‍ അവനെ തോല്പിച്ചു വധിച്ചാല്‍ നിങ്ങള്‍ അടിമകളായി ഞങ്ങളെ സേവിക്കണം.” അയാള്‍ തുടര്‍ന്ന് ഇസ്രായേല്യരെ വെല്ലുവിളിച്ചു: “എന്നോടു ദ്വന്ദ്വയുദ്ധത്തിന് ഒരാളെ അയയ്‍ക്കുവിന്‍.” അയാളുടെ വാക്കുകള്‍ കേട്ടപ്പോള്‍ ശൗലും എല്ലാ ഇസ്രായേല്യരും ഭയപ്പെട്ടു വിറച്ചു. യെഹൂദ്യയിലുള്ള ബേത്‍ലഹേമിലെ എഫ്രാത്യനായ യിശ്ശായിയുടെ എട്ടു പുത്രന്മാരില്‍ ഒരാളായിരുന്നു ദാവീദ്. ശൗലിന്‍റെ കാലത്തുതന്നെ യിശ്ശായി വൃദ്ധനായിരുന്നു. അയാളുടെ പുത്രന്മാരില്‍ മൂത്തവരായ എലീയാബും അബീനാദാബും ശമ്മയും ശൗലിന്‍റെകൂടെ യുദ്ധസ്ഥലത്തുണ്ടായിരുന്നു. ഏറ്റവും ഇളയവനായിരുന്നു ദാവീദ്. മൂത്തവര്‍ മൂന്നു പേരും ശൗലിന്‍റെ കൂടെ ആയിരുന്നു; ദാവീദ് പിതാവിന്‍റെ ആടുകളെ മേയ്‍ക്കുന്നതിനു ശൗലിന്‍റെ അടുക്കല്‍നിന്നു ബേത്‍ലഹേമില്‍ പോയി വരിക പതിവായിരുന്നു. ഗോല്യാത്ത് നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും ഇസ്രായേല്യരെ വെല്ലുവിളിച്ചുകൊണ്ടിരുന്നു. ഒരു ദിവസം യിശ്ശായി ദാവീദിനോടു പറഞ്ഞു: “ഒരു ഏഫാ മലരും പത്ത് അപ്പവുമെടുത്തുകൊണ്ട് നീ പാളയത്തില്‍ നിന്‍റെ സഹോദരന്മാരുടെ അടുക്കല്‍ വേഗം ചെന്ന് അവര്‍ക്കു കൊടുക്കുക. അവരുടെ സഹസ്രാധിപനു കൊടുക്കാന്‍ പത്തു പാല്‍ക്കട്ടിയും കൊണ്ടുപോകുക; സഹോദരന്മാരുടെ ക്ഷേമം അന്വേഷിച്ച് അവരെ കണ്ടു എന്നതിന് ഒരു അടയാളവും വാങ്ങി മടങ്ങിവരണം.” അവരും ശൗല്‍രാജാവും എല്ലാ ഇസ്രായേല്യരും ഏലാതാഴ്വരയില്‍ ഫെലിസ്ത്യരോടു യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. ദാവീദ് അതിരാവിലെ എഴുന്നേറ്റ് ആടുകളെ ഒരു കാവല്‌ക്കാരനെ ഏല്പിച്ചശേഷം പിതാവിന്‍റെ ആജ്ഞയനുസരിച്ച് ഭക്ഷണസാധനങ്ങളുമായി പുറപ്പെട്ടു; ഇസ്രായേല്‍സൈന്യം പോര്‍ വിളിച്ചുകൊണ്ട് യുദ്ധരംഗത്തേക്ക് നീങ്ങുന്ന സമയത്തായിരുന്നു ദാവീദ് പാളയത്തില്‍ എത്തിയത്. ഇസ്രായേല്യരും ഫെലിസ്ത്യരും യുദ്ധസന്നദ്ധരായി അഭിമുഖം അണിനിരന്നു. കൊണ്ടുവന്ന സാധനങ്ങള്‍ പടക്കോപ്പു സൂക്ഷിപ്പുകാരനെ ഏല്പിച്ചശേഷം ദാവീദ് യുദ്ധരംഗത്തു ചെന്ന് സഹോദരന്മാരുടെ ക്ഷേമം അന്വേഷിച്ചു. അവര്‍ സംസാരിച്ചുകൊണ്ടു നില്‌ക്കുമ്പോള്‍ ഗത്തുകാരനായ ഗോല്യാത്ത് എന്ന മല്ലന്‍ ഫെലിസ്ത്യരുടെ നിരയില്‍നിന്നു മുമ്പോട്ടു വന്നു പതിവുപോലെ വെല്ലുവിളിക്കുന്നതു ദാവീദു കേട്ടു. ഗോല്യാത്തിനെ കണ്ടപ്പോള്‍ ഇസ്രായേല്യര്‍ ഭയപ്പെട്ട് ഓടി. അവര്‍ പറഞ്ഞു: “ഈ നില്‌ക്കുന്ന മനുഷ്യനെ കണ്ടോ? അവന്‍ തീര്‍ച്ചയായും ഇസ്രായേലിനെ നിന്ദിക്കാന്‍ വന്നവനാണ്; അവനെ കൊല്ലുന്നവനെ രാജാവ് മഹാസമ്പന്നനാക്കും; തന്‍റെ മകളെ അവനു വിവാഹം ചെയ്തുകൊടുക്കും; അവന്‍റെ പിതൃഭവനത്തിന് ഇസ്രായേലില്‍ കരമൊഴിവ് അനുവദിക്കുകയും ചെയ്യും.” അടുത്തു നില്‌ക്കുന്നവരോടു ദാവീദു ചോദിച്ചു: “ഈ ഫെലിസ്ത്യനെ സംഹരിച്ച് ഇസ്രായേലിനു സംഭവിച്ചിരിക്കുന്ന അപമാനം നീക്കിക്കളയുന്നവന് എന്തു പ്രതിഫലം ലഭിക്കും? ജീവിക്കുന്ന ദൈവത്തിന്‍റെ സേനകളെ നിന്ദിക്കാന്‍ പരിച്ഛേദനം ഏല്‌ക്കാത്ത ഇവന്‍ ആര്?” “ഇവനെ കൊല്ലുന്നവനു മുമ്പുപറഞ്ഞതെല്ലാം ലഭിക്കും” എന്ന് അവര്‍ പറഞ്ഞു. അവരോടു ദാവീദു സംസാരിക്കുന്നതു കേട്ട്, അവന്‍റെ ജ്യേഷ്ഠസഹോദരനായ എലീയാബ് കോപിഷ്ഠനായി; അയാള്‍ ചോദിച്ചു: “നീ എന്തിന് ഇവിടെ വന്നു? മരുഭൂമിയിലുള്ള ആടുകളെ ആരെ ഏല്പിച്ചു; നിന്‍റെ അഹങ്കാരവും ദുഷ്ടതയും എനിക്കറിയാം; യുദ്ധം കാണാനല്ലേ നീ വന്നിരിക്കുന്നത്?” അപ്പോള്‍ ദാവീദ് ചോദിച്ചു: “ഞാന്‍ എന്തു തെറ്റുചെയ്തു? ഒരു വാക്കു പറഞ്ഞതല്ലേയുള്ളു.” അവന്‍ അവിടെനിന്നും മാറി മറ്റൊരാളോട് അതേ ചോദ്യം ചോദിച്ചു; കേട്ടവരെല്ലാം മുമ്പത്തെപ്പോലെ തന്നെ ഉത്തരം നല്‌കി. ദാവീദിന്‍റെ വാക്കുകള്‍ കേട്ട ചിലര്‍ അതു ശൗലിനെ അറിയിച്ചു; രാജാവ് ദാവീദിനെ വിളിപ്പിച്ചു. ദാവീദ് ശൗലിനോടു പറഞ്ഞു: “ആ ഫെലിസ്ത്യനെ വിചാരിച്ച് ആരും അധൈര്യപ്പെടേണ്ടാ; അങ്ങയുടെ ഈ ദാസന്‍ അവനോടു യുദ്ധം ചെയ്യാം.” ശൗല്‍ ദാവീദിനോടു പറഞ്ഞു: “ആ ഫെലിസ്ത്യനോടു യുദ്ധം ചെയ്യാന്‍ നിനക്കു ശേഷിയില്ല; നീ ചെറുപ്പമാണ്. അവനാകട്ടെ ചെറുപ്പംമുതല്‍തന്നെ ഒരു യോദ്ധാവാണ്.” ദാവീദു മറുപടി നല്‌കി: “അങ്ങയുടെ ഈ ദാസന്‍ പിതാവിന്‍റെ ആടുകളെ മേയ്‍ക്കുന്നവനാണ്. ഒരു സിംഹമോ കരടിയോ വന്ന് കൂട്ടത്തില്‍നിന്ന് ഒരാട്ടിന്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയാല്‍ ഞാന്‍ അതിനെ പിന്തുടര്‍ന്ന് ആട്ടിന്‍കുട്ടിയെ രക്ഷിക്കും. അതു എന്‍റെ നേരെ വന്നാല്‍ ഞാന്‍ അതിനെ കഴുത്തിനു പിടിച്ച് അടിച്ചുകൊല്ലുമായിരുന്നു. അങ്ങനെ ഈ ദാസന്‍ സിംഹത്തെയും കരടിയെയും കൊന്നിട്ടുണ്ട്; ജീവിക്കുന്ന ദൈവത്തിന്‍റെ സൈന്യത്തെ നിന്ദിക്കുന്നവനും പരിച്ഛേദനം നടത്തിയിട്ടില്ലാത്തവനുമായ ഈ ഫെലിസ്ത്യനും അവയുടെ ഗതിതന്നെ വരും. സിംഹത്തില്‍നിന്നും കരടിയില്‍നിന്നും രക്ഷിച്ച സര്‍വേശ്വരന്‍ ഈ ഫെലിസ്ത്യനില്‍നിന്നും എന്നെ രക്ഷിക്കും.” ശൗല്‍ ദാവീദിനോടു പറഞ്ഞു: “ശരി, ചെല്ലുക; സര്‍വേശ്വരന്‍ നിന്‍റെകൂടെ ഉണ്ടായിരിക്കട്ടെ.” ശൗല്‍ തന്‍റെ പടച്ചട്ട ദാവീദിനെ അണിയിച്ചു; അവന്‍റെ തലയില്‍ താമ്രശിരസ്ത്രം വച്ചു; തന്‍റെ കവചവും അവനെ ധരിപ്പിച്ചു. പടച്ചട്ടയില്‍ വാള്‍ ബന്ധിച്ച് ദാവീദ് നടക്കാന്‍ ശ്രമിച്ചു; അവന് അതു പരിചയമില്ലാത്തതിനാല്‍ നടക്കാന്‍ കഴിഞ്ഞില്ല. “ഇതു ശീലിച്ചിട്ടില്ലാത്തതിനാല്‍ ഇവ ധരിച്ചു നടക്കാന്‍ എനിക്കു സാധിക്കുകയില്ല” എന്ന് അവന്‍ ശൗലിനോടു പറഞ്ഞു; അവന്‍ അവ ഊരിവച്ചു. പിന്നീട് അവന്‍ തന്‍റെ വടി കൈയിലെടുത്തു; തോട്ടില്‍നിന്നു മിനുസമുള്ള അഞ്ചു കല്ല് തിരഞ്ഞെടുത്തു തന്‍റെ സഞ്ചിയില്‍ ഇട്ടു; കൈയില്‍ കവിണയും ഉണ്ടായിരുന്നു. അങ്ങനെ അവന്‍ ഫെലിസ്ത്യനെ സമീപിച്ചു. ഫെലിസ്ത്യനും ദാവീദിനോട് അടുത്തു; പരിചക്കാരന്‍ ഫെലിസ്ത്യന്‍റെ മുമ്പില്‍ നടന്നു. ദാവീദിനെ കണ്ടപ്പോള്‍ ഫെലിസ്ത്യനു പുച്ഛം തോന്നി; കാരണം അവന്‍ പവിഴനിറവും കോമളരൂപവുമുള്ള ഒരു യുവാവു മാത്രമായിരുന്നു. ഫെലിസ്ത്യന്‍ ദാവീദിനോടു ചോദിച്ചു: “നീ വടിയും എടുത്ത് എന്‍റെ നേരെ വരാന്‍ ഞാന്‍ ഒരു നായാണോ?” തന്‍റെ ദേവന്മാരുടെ നാമം ചൊല്ലി അയാള്‍ ദാവീദിനെ ശപിച്ചു. ഫെലിസ്ത്യന്‍ ദാവീദിനോടു പറഞ്ഞു: “ഇങ്ങോട്ടടുത്തു വരിക; ഞാന്‍ നിന്‍റെ മാംസം ആകാശത്തിലെ പറവകള്‍ക്കും കാട്ടിലെ മൃഗങ്ങള്‍ക്കും ഇരയാക്കും.” ദാവീദു ഫെലിസ്ത്യനോടു പറഞ്ഞു: “നീ വാളും കുന്തവും ശൂലവുമായി എന്‍റെ നേരെ വരുന്നു; ഞാനാകട്ടെ ഇസ്രായേല്‍സേനകളുടെ ദൈവത്തിന്‍റെ നാമത്തില്‍, നീ നിന്ദിച്ച സര്‍വശക്തനായ സര്‍വേശ്വരന്‍റെ നാമത്തില്‍ തന്നെ വരുന്നു. ഇന്നു സര്‍വേശ്വരന്‍ നിന്നെ എന്‍റെ കൈയില്‍ ഏല്പിക്കും; ഞാന്‍ നിന്നെ കൊന്നു നിന്‍റെ തല ഛേദിച്ചുകളയും; ഫെലിസ്ത്യസൈന്യങ്ങളുടെ ശവശരീരങ്ങള്‍ ആകാശത്തിലെ പറവകള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇരയാക്കും; ഇസ്രായേലില്‍ ഒരു ദൈവമുണ്ടെന്നു ലോകം എങ്ങും അറിയും. സര്‍വേശ്വരന്‍ വാളും കുന്തവും കൊണ്ടല്ല തന്‍റെ ജനത്തെ രക്ഷിക്കുന്നത് എന്ന് ഈ ജനസമൂഹം അറിയും. യുദ്ധം സര്‍വേശ്വരന്‍റേതാണ്; അവിടുന്നു നിങ്ങളെ ഞങ്ങളുടെ കൈയില്‍ ഏല്പിക്കും.” ദാവീദിനെ നേരിടാന്‍ ഫെലിസ്ത്യന്‍ മുന്നോട്ടു വന്നു; ദാവീദും യുദ്ധമുന്നണിയിലേക്ക് ഓടി അടുത്തു. ദാവീദ് സഞ്ചിയില്‍നിന്ന് കല്ലെടുത്തു കവിണയില്‍ വച്ചു ചുഴറ്റി ഫെലിസ്ത്യന്‍റെ നേരേ എറിഞ്ഞു; കല്ല് അയാളുടെ നെറ്റിയില്‍തന്നെ തുളച്ചുകയറി; അയാള്‍ മുഖം കുത്തിവീണു. അങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ട് ഫെലിസ്ത്യനെ എറിഞ്ഞുവീഴ്ത്തി കൊന്നു. ദാവീദിന്‍റെ കൈയില്‍ വാളില്ലായിരുന്നു. അവന്‍ ഓടിച്ചെന്ന് ഫെലിസ്ത്യന്‍റെ പുറത്തുകയറി അയാളുടെ വാള്‍ ഉറയില്‍നിന്ന് ഊരിയെടുത്ത് തലവെട്ടിമാറ്റി അയാളെ കൊന്നു. തങ്ങളുടെ മല്ലന്‍ കൊല്ലപ്പെട്ടതു കണ്ടു ഫെലിസ്ത്യര്‍ ഓടിപ്പോയി. ഇസ്രായേലിലെയും യെഹൂദ്യയിലെയും ജനങ്ങള്‍ ആര്‍ത്തുവിളിച്ചുകൊണ്ട് ഗത്ത്, എക്രോന്‍ കവാടങ്ങള്‍ വരെ ഫെലിസ്ത്യരെ പിന്തുടര്‍ന്നു; ശയരയീംമുതല്‍ ഗത്തും എക്രോനുംവരെ വഴിയില്‍ ഫെലിസ്ത്യര്‍ മുറിവേറ്റു വീണു. ഇസ്രായേല്‍ജനം ഫെലിസ്ത്യരെ ഓടിച്ചതിനുശേഷം മടങ്ങിവന്ന് അവരുടെ പാളയം കൊള്ളയടിച്ചു. ദാവീദ് ഫെലിസ്ത്യന്‍റെ തല യെരൂശലേമില്‍ കൊണ്ടുവന്നു; അയാളുടെ ആയുധങ്ങള്‍ തന്‍റെ കൂടാരത്തില്‍ ദാവീദ് സൂക്ഷിച്ചു. ദാവീദ് ഫെലിസ്ത്യനെ നേരിടാന്‍ മുമ്പോട്ടു പോകുന്നതു കണ്ടപ്പോള്‍ ശൗല്‍ സൈന്യാധിപനായ അബ്നേരിനോടു: “ആ യുവാവ് ആരുടെ പുത്രനാണ്” എന്നു ചോദിച്ചു. തനിക്കറിഞ്ഞുകൂടെന്ന് അബ്നേര്‍ മറുപടി നല്‌കി. ആ യുവാവ് ആരാണെന്ന് അന്വേഷിക്കാന്‍ രാജാവ് കല്പിച്ചു. ഫെലിസ്ത്യനെ വധിച്ചശേഷം അയാളുടെ തലയുമായി മടങ്ങിവന്ന ദാവീദിനെ, അബ്നേര്‍ ശൗലിന്‍റെ അടുക്കല്‍ കൂട്ടിക്കൊണ്ടുചെന്നു. ശൗല്‍ ചോദിച്ചു: “നീ ആരുടെ പുത്രനാണ്?” “ഞാന്‍ അങ്ങയുടെ ദാസനും ബേത്‍ലഹേംകാരനുമായ യിശ്ശായിയുടെ പുത്രനാകുന്നു” ദാവീദ് പറഞ്ഞു. ദാവീദ് ശൗലിനോടു സംസാരിച്ചു കഴിഞ്ഞപ്പോള്‍ യോനാഥാന്‍റെ ഹൃദയം ദാവീദിന്‍റെ ഹൃദയത്തോട് ഇഴുകിച്ചേര്‍ന്നു. യോനാഥാന്‍ അവനെ പ്രാണനുതുല്യം സ്നേഹിച്ചു. ദാവീദിനെ അവന്‍റെ പിതൃഭവനത്തിലേക്കു തിരിച്ചയയ്‍ക്കാതെ ശൗല്‍ അവിടെത്തന്നെ അവനെ താമസിപ്പിച്ചു. യോനാഥാന്‍ ദാവീദിനെ പ്രാണനുതുല്യം സ്നേഹിച്ചതുകൊണ്ട് അവനുമായി ഒരു ഉടമ്പടി ഉണ്ടാക്കി. യോനാഥാന്‍ തന്‍റെ മേലങ്കി ഊരി ദാവീദിനു നല്‌കി; തന്‍റെ പടച്ചട്ടയും വാളും വില്ലും അരക്കച്ചയും അവനു കൊടുത്തു. താന്‍ അയയ്‍ക്കുന്നിടത്തെല്ലാം ദാവീദു പോയി കാര്യങ്ങള്‍ വിജയകരമായി നിറവേറ്റിയതിനാല്‍ ശൗല്‍ അവനെ സൈന്യാധിപനായി നിയമിച്ചു. ഇതു ജനത്തിനും ശൗലിന്‍റെ ഭൃത്യന്മാര്‍ക്കും ഇഷ്ടമായി. ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവര്‍ മടങ്ങിവരുമ്പോള്‍ ഇസ്രായേല്‍പട്ടണങ്ങളിലെ സ്‍ത്രീകള്‍ തപ്പും മറ്റു വാദ്യങ്ങളും മുഴക്കി ആടിപ്പാടി ആഹ്ലാദപൂര്‍വം ശൗലിനെ എതിരേറ്റു. “ശൗല്‍ ആയിരങ്ങളെ കൊന്നു, ദാവീദോ പതിനായിരങ്ങളെയും” എന്നു സ്‍ത്രീകള്‍ വാദ്യഘോഷത്തോടുകൂടി പാടി. ഇതു ശൗലിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം കോപാവിഷ്ഠനായി. രാജാവു പറഞ്ഞു: “അവര്‍ ദാവീദിനു പതിനായിരങ്ങള്‍ നല്‌കി; എനിക്ക് ആയിരങ്ങള്‍ മാത്രമേ നല്‌കിയുള്ളൂ. ഇനിയും രാജത്വം മാത്രമല്ലേ അവനു കിട്ടാനുള്ളൂ.” അന്നുമുതല്‍ ശൗലിനു ദാവീദിനോടു കണ്ണുകടി തുടങ്ങി. അടുത്ത ദിവസം ദൈവം അയച്ച ദുരാത്മാവ് ശൗലില്‍ പ്രവേശിച്ചു; അദ്ദേഹം കൊട്ടാരത്തിനുള്ളില്‍ ഒരു ഭ്രാന്തനെപ്പോലെ അതുമിതും പറഞ്ഞുകൊണ്ടിരുന്നു. ദാവീദു പതിവുപോലെ കിന്നരമെടുത്തു വായിച്ചു. ശൗലിന്‍റെ കൈയില്‍ ഒരു കുന്തമുണ്ടായിരുന്നു; ദാവീദിനെ ചുവരോടു ചേര്‍ത്തു തറയ്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ടു ശൗല്‍ കുന്തം എറിഞ്ഞു. എന്നാല്‍ ദാവീദ് രണ്ടു പ്രാവശ്യം ഒഴിഞ്ഞു മാറി. സര്‍വേശ്വരന്‍ തന്നെ ഉപേക്ഷിച്ചു ദാവീദിന്‍റെ കൂടെയാണെന്ന് അറിഞ്ഞപ്പോള്‍ ശൗല്‍ അവനെ ഭയപ്പെട്ടു. അതുകൊണ്ട് അദ്ദേഹം ദാവീദിനെ തന്‍റെ അടുക്കല്‍നിന്നു മാറ്റി; അവനെ സഹസ്രാധിപനായി നിയമിച്ചു. അവന്‍ ജനത്തിന്‍റെ നേതാവായിത്തീര്‍ന്നു. സര്‍വേശ്വരന്‍ കൂടെ ഉണ്ടായിരുന്നതുകൊണ്ട് അവന്‍ ഏര്‍പ്പെട്ട കാര്യങ്ങളിലെല്ലാം വിജയിച്ചു. ദാവീദിന്‍റെ വിജയം ശൗലിനു കൂടുതല്‍ ഭയം ഉളവാക്കി. അവന്‍ ഇസ്രായേലിലും യെഹൂദ്യയിലുമുള്ളവരുടെ സ്നേഹപാത്രമായി. അങ്ങനെ അവന്‍ അവരുടെ നേതാവായിത്തീര്‍ന്നു. ശൗല്‍ ദാവീദിനോടു പറഞ്ഞു: “എന്‍റെ മൂത്തമകള്‍ മേരബിനെ ഞാന്‍ നിനക്കു ഭാര്യയായി നല്‌കാം; നീ എനിക്കുവേണ്ടി സര്‍വേശ്വരന്‍റെ യുദ്ധങ്ങള്‍ സുധീരം നടത്തിയാല്‍ മതി.” “താന്‍ അവനെ കൊല്ലേണ്ടാ ഫെലിസ്ത്യരുടെ കൈയാല്‍ അവന്‍ വധിക്കപ്പെടട്ടെ” എന്നു ശൗല്‍ വിചാരിച്ചു. ദാവീദ് ശൗലിനോടു ചോദിച്ചു: “അങ്ങയുടെ പുത്രിക്ക് ഭര്‍ത്താവാകാന്‍ തക്കവിധം ഞാന്‍ ആര്? ഇസ്രായേലില്‍ എന്‍റെ പിതൃഭവനത്തിനും ചാര്‍ച്ചക്കാര്‍ക്കുമുള്ള സ്ഥാനമെന്ത്?” മേരബിനെ ദാവീദിനു ഭാര്യയായി നല്‌കേണ്ടിയിരുന്ന സമയത്ത് അവളെ മെഹോലാത്യനായ അദ്രിയേലിനു നല്‌കി. ശൗലിന്‍റെ പുത്രിയായ മീഖള്‍ ദാവീദിനെ സ്നേഹിച്ചു; അതു ശൗലിന് ഇഷ്ടമായി. ശൗല്‍ ചിന്തിച്ചു. “അവളെ ഞാന്‍ അവനു നല്‌കും; അവള്‍ അവനൊരു കെണിയായിത്തീരും; ഫെലിസ്ത്യരാല്‍ അവന്‍ വധിക്കപ്പെടുകയും ചെയ്യും.” അതുകൊണ്ട് വീണ്ടും ശൗല്‍ ദാവീദിനോടു തന്‍റെ ജാമാതാവാകണം എന്നു പറഞ്ഞു. “രാജാവ് നിന്നില്‍ സംപ്രീതനായിരിക്കുന്നു; അദ്ദേഹത്തിന്‍റെ സകല ഭൃത്യന്മാരും നിന്നെ സ്നേഹിക്കുന്നു; അതിനാല്‍ നീ രാജാവിന്‍റെ ജാമാതാവാകണം” എന്നു രഹസ്യമായി ദാവീദിനോടു പറയാന്‍ ശൗല്‍ തന്‍റെ ഭൃത്യന്മാരെ നിയോഗിച്ചു. ശൗലിന്‍റെ ഭൃത്യന്മാര്‍ അക്കാര്യം ദാവീദിന്‍റെ ചെവിയില്‍ എത്തിച്ചു. “ദരിദ്രനും പെരുമയില്ലാത്തവനുമായ ഞാന്‍ രാജാവിന്‍റെ ജാമാതാവാകുന്നതു നിസ്സാരകാര്യമായി നിങ്ങള്‍ കരുതുന്നുണ്ടോ?” ദാവീദ് അവരോടു ചോദിച്ചു. ദാവീദ് പറഞ്ഞ വിവരം ഭൃത്യന്മാര്‍ ശൗലിനെ അറിയിച്ചു. അപ്പോള്‍ ശൗല്‍ പറഞ്ഞു: “ശത്രുക്കളോടുള്ള പ്രതികാരമായി ഫെലിസ്ത്യരുടെ നൂറു അഗ്രചര്‍മ്മമല്ലാതെ ഒരു വിവാഹസമ്മാനവും രാജാവ് ആഗ്രഹിക്കുന്നില്ല എന്നു നിങ്ങള്‍ ദാവീദിനോടു പറയണം.” ഫെലിസ്ത്യരുടെ കൈയാല്‍ ദാവീദ് വധിക്കപ്പെടണമെന്നു ശൗല്‍ ആഗ്രഹിച്ചു. ശൗല്‍ പറഞ്ഞ കാര്യം ഭൃത്യന്മാര്‍ അറിയിച്ചപ്പോള്‍ രാജാവിന്‍റെ ജാമാതാവാകുന്നതു ദാവീദിനു സന്തോഷമായി. നിശ്ചിതസമയത്തിനുള്ളില്‍ തന്നെ ദാവീദ് തന്‍റെ പടയാളികളുമായി പുറപ്പെട്ടു; ഇരുനൂറു ഫെലിസ്ത്യരെ കൊന്നു; രാജാവിന്‍റെ മരുമകനാകാന്‍ അവരുടെ അഗ്രചര്‍മം മുഴുവന്‍ രാജാവിനെ ഏല്പിച്ചു. ശൗല്‍ തന്‍റെ പുത്രിയായ മീഖളിനെ അവനു ഭാര്യയായി നല്‌കി. സര്‍വേശ്വരന്‍ ദാവീദിനോടു കൂടെയുണ്ടെന്നും മീഖള്‍ അവനെ സ്നേഹിക്കുന്നു എന്നും ശൗല്‍ മനസ്സിലാക്കി. അതിനാല്‍ ശൗല്‍ അവനെ കൂടുതല്‍ ഭയപ്പെട്ടു. അങ്ങനെ ദാവീദ് അവന്‍റെ നിത്യശത്രുവായിത്തീര്‍ന്നു; ഫെലിസ്ത്യപ്രഭുക്കന്മാര്‍ യുദ്ധത്തിനു വന്നപ്പോഴെല്ലാം ശൗലിന്‍റെ മറ്റ് സേനാധിപന്മാരെക്കാള്‍ ദാവീദ് കൂടുതല്‍ വിജയം നേടി; അങ്ങനെ ദാവീദു കൂടുതല്‍ ബഹുമാനിതനായി. ദാവീദിനെ വധിക്കണമെന്നു തന്‍റെ പുത്രനായ യോനാഥാനോടും ഭൃത്യന്മാരോടും ശൗല്‍ കല്പിച്ചു; എന്നാല്‍ ശൗലിന്‍റെ പുത്രനായ യോനാഥാനു ദാവീദിനോടു വളരെ ഇഷ്ടമായിരുന്നു. യോനാഥാന്‍ ദാവീദിനോടു പറഞ്ഞു: “എന്‍റെ പിതാവ് നിന്നെ കൊല്ലാന്‍ നോക്കുകയാണ്; അതുകൊണ്ടു നീ രാവിലെ പോയി എവിടെയെങ്കിലും കരുതലോടെ ഒളിച്ചിരിക്കുക. നീ ഒളിച്ചിരിക്കുന്ന വയലില്‍ വന്ന് എന്‍റെ പിതാവിനോട് നിന്നെപ്പറ്റി ഞാന്‍ സംസാരിക്കും; ഞാന്‍ എന്തെങ്കിലും അറിഞ്ഞാല്‍ അതു നിന്നെ അറിയിക്കാം.” യോനാഥാന്‍ തന്‍റെ പിതാവായ ശൗലിനോടു ദാവീദിന്‍റെ ഗുണഗണങ്ങളെപ്പറ്റി സംസാരിച്ചു; അവന്‍ പറഞ്ഞു: “അങ്ങയുടെ ദാസനായ ദാവീദിനോട് ഒരു തിന്മയും പ്രവര്‍ത്തിക്കരുതേ! അയാള്‍ അങ്ങയോട് ഒരു തെറ്റും ചെയ്തിട്ടില്ല; അയാളുടെ പ്രവൃത്തികള്‍ അങ്ങേക്കു വളരെ നന്മയായിത്തീര്‍ന്നിട്ടേയുള്ളൂ. തന്‍റെ ജീവന്‍ അപകടത്തിലാക്കിക്കൊണ്ട് അവന്‍ ആ ഫെലിസ്ത്യനെ വധിച്ചു; അങ്ങനെ ഒരു വന്‍വിജയം സര്‍വേശ്വരന്‍ ഇസ്രായേല്യര്‍ക്കു നല്‌കി; അതു കണ്ട് അങ്ങ് സന്തോഷിച്ചതാണ്; ഇപ്പോള്‍ ഒരു കാരണവും കൂടാതെ ദാവീദിനെ വധിച്ചു നിഷ്കളങ്കരക്തം ചിന്തി പാപം ചെയ്യുന്നതെന്തിന്?” യോനാഥാന്‍റെ വാക്കുകള്‍ ശൗല്‍ കേട്ടു; ദാവീദിനെ വധിക്കുകയില്ലെന്നു സര്‍വേശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്തു. യോനാഥാന്‍ ദാവീദിനെ വിളിച്ചു വിവരമെല്ലാം പറഞ്ഞു; അവന്‍ ദാവീദിനെ ശൗലിന്‍റെ അടുക്കല്‍ കൂട്ടിക്കൊണ്ടു വന്നു; മുമ്പത്തെപ്പോലെ അവന്‍ രാജസന്നിധിയില്‍ കഴിഞ്ഞു. ഫെലിസ്ത്യരുമായി വീണ്ടും യുദ്ധമുണ്ടായി; ദാവീദ് അനേകം പേരെ വധിച്ചു; ഫെലിസ്ത്യര്‍ തോറ്റോടി. ഒരു കുന്തവും ഏന്തി കൊട്ടാരത്തില്‍ ഇരിക്കുമ്പോള്‍ ശൗലിന്‍റെമേല്‍ സര്‍വേശ്വരന്‍ അയച്ച ദുരാത്മാവ് ആവേശിച്ചു; അപ്പോള്‍ ദാവീദ് കിന്നരം വായിക്കുകയായിരുന്നു. ശൗല്‍ അവനെ കുന്തംകൊണ്ടു ചുമരിനോട് ചേര്‍ത്തു തറയ്‍ക്കാന്‍ ശ്രമിച്ചു; അയാള്‍ ഒഴിഞ്ഞുമാറിയതുകൊണ്ട് കുന്തം ചുവരില്‍ തറച്ചു. ദാവീദ് ഓടി രക്ഷപെട്ടു. അടുത്ത പ്രഭാതത്തില്‍ ദാവീദിനെ കൊല്ലാന്‍വേണ്ടി അവന്‍റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് അവന്‍ പാര്‍ക്കുന്ന സ്ഥലത്തേക്കു ശൗല്‍ ദൂതന്മാരെ ആ രാത്രിയില്‍ത്തന്നെ അയച്ചു; ദാവീദിന്‍റെ ഭാര്യ മീഖള്‍ അയാളോടു പറഞ്ഞു: “ഇന്നു രാത്രിതന്നെ അങ്ങു രക്ഷപെട്ടില്ലെങ്കില്‍ അവര്‍ നാളെ അങ്ങയെ വധിക്കും.” ജനലില്‍ക്കൂടി ഇറങ്ങി രക്ഷപെടുന്നതിന് അവള്‍ ദാവീദിനെ സഹായിച്ചു; അവന്‍ ഓടി രക്ഷപെട്ടു. മീഖള്‍ ഒരു ബിംബമെടുത്തു കട്ടിലില്‍ കിടത്തി; കോലാട്ടുരോമംകൊണ്ടുള്ള ഒരു തലയിണ തലയ്‍ക്കല്‍ വച്ചു; ഒരു തുണികൊണ്ട് അതു മൂടി. ദാവീദിനെ പിടിക്കാന്‍ ശൗല്‍ അയച്ച ദൂതന്മാര്‍ വന്നപ്പോള്‍ അവന്‍ സുഖമില്ലാതെ കിടക്കുകയാണെന്ന് അവള്‍ പറഞ്ഞു. “എനിക്ക് അവനെ കൊല്ലണം; കിടക്കയോടെ അവനെ എടുത്തുകൊണ്ടു വരുവിന്‍” എന്ന കല്പനയോടുകൂടി ശൗല്‍ ദൂതന്മാരെ അയച്ചു; അവര്‍ അകത്തു ചെന്നു നോക്കിയപ്പോള്‍ ആട്ടിന്‍രോമംകൊണ്ടുള്ള തലയിണയില്‍ തലവച്ചുകിടത്തിയിരിക്കുന്ന ബിംബമാണു കണ്ടത്. ശൗല്‍ മീഖളിനോട് ചോദിച്ചു: “എന്‍റെ ശത്രുവിനെ രക്ഷപെടാന്‍ അനുവദിച്ചുകൊണ്ട് നീ എന്നോടു വഞ്ചന കാട്ടിയതെന്ത്?” മീഖള്‍ മറുപടി നല്‌കി: “എന്നെ വിട്ടയയ്‍ക്കുക; അല്ലെങ്കില്‍ ഞാന്‍ നിന്നെ കൊന്നുകളയും” എന്ന് അദ്ദേഹം എന്നോടു പറഞ്ഞു. ദാവീദ് ഓടി രക്ഷപെട്ടു; രാമായില്‍ ശമൂവേലിന്‍റെ അടുക്കല്‍ എത്തി; ശൗല്‍ തന്നോടു പ്രവര്‍ത്തിച്ചതെല്ലാം ദാവീദ് ശമൂവേലിനെ ധരിപ്പിച്ചു. പിന്നീട് ദാവീദും ശമൂവേലും നയ്യോത്തില്‍ ചെന്നു പാര്‍ത്തു. ദാവീദ് രാമായിലെ നയ്യോത്തില്‍ ഉണ്ടെന്നു ശൗലിന് അറിവുകിട്ടി. അവനെ പിടിക്കാന്‍ ശൗല്‍ ദൂതന്മാരെ അയച്ചു; ഒരു സംഘം പ്രവാചകന്മാര്‍ പ്രവചിക്കുന്നതും ശമൂവേല്‍ അവരുടെ നേതാവായിരിക്കുന്നതും ശൗലിന്‍റെ ഭൃത്യന്മാര്‍ കണ്ടപ്പോള്‍ ദൈവത്തിന്‍റെ ആത്മാവ് അവരുടെമേല്‍ വന്നു; അവരും പ്രവചിച്ചു. ശൗല്‍ ഈ വാര്‍ത്ത അറിഞ്ഞ ഉടനെ മറ്റു ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു. ശൗല്‍ മൂന്നാമതും ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു. ഒടുവില്‍ ശൗല്‍തന്നെ രാമായിലേക്കു പുറപ്പെട്ടു; സേക്കൂവിലെ വലിയ കിണറിന്‍റെ അടുത്തെത്തിയപ്പോള്‍ ശമൂവേലും ദാവീദും എവിടെയെന്ന് അന്വേഷിച്ചു. അവര്‍ രാമായിലെ നയ്യോത്തിലുണ്ടെന്ന് ഒരാള്‍ പറഞ്ഞു; അങ്ങനെ അദ്ദേഹം രാമായിലെ നയ്യോത്തിലേക്കു പോയി. ദൈവത്തിന്‍റെ ആത്മാവ് ശൗലിന്‍റെമേലും വന്നു; നയ്യോത്തില്‍ എത്തുന്നതുവരെ അദ്ദേഹവും പ്രവചിച്ചു. അദ്ദേഹം വസ്ത്രം ഉരിഞ്ഞുകളഞ്ഞു; അന്നു രാത്രിയും പകലും ശമൂവേലിന്‍റെ മുമ്പില്‍ പ്രവചിച്ചുകൊണ്ടു നഗ്നനായി കിടന്നു. ‘ശൗലും പ്രവാചകഗണത്തിലോ?’ എന്ന പഴമൊഴിക്ക് ഇതു കാരണമായിത്തീര്‍ന്നു. ദാവീദ് രാമായിലെ നയ്യോത്തില്‍നിന്ന് യോനാഥാന്‍റെ അടുക്കലേക്കോടി; അദ്ദേഹത്തോടു ചോദിച്ചു: “ഞാന്‍ എന്തു ചെയ്തു? എന്‍റെ കുറ്റം എന്ത്? എന്നെ കൊല്ലാന്‍ തക്കവിധം നിന്‍റെ പിതാവിനോടു ഞാന്‍ ചെയ്ത പാപം എന്ത്?” യോനാഥാന്‍ ദാവീദിനോടു പറഞ്ഞു: “അങ്ങനെ സംഭവിക്കാതിരിക്കട്ടെ; നീ മരിക്കുകയില്ല; ചെറുതായാലും വലുതായാലും എന്നോടാലോചിക്കാതെ എന്‍റെ പിതാവ് ഒരു കാര്യവും ചെയ്യുകയില്ല; എന്തിന് ഈ കാര്യം മാത്രം എന്നില്‍നിന്നു മറച്ചുവയ്‍ക്കുന്നു? അങ്ങനെ സംഭവിക്കുകയില്ല.” ദാവീദു പറഞ്ഞു: “നിനക്ക് എന്നോട് ഇഷ്ടമാണെന്നു നിന്‍റെ പിതാവിനു നന്നായി അറിയാം; നിനക്കു ദുഃഖം ഉണ്ടാകാതിരിക്കാന്‍ ഇതു നീ അറിയേണ്ടാ എന്നു നിന്‍റെ പിതാവു വിചാരിച്ചുകാണും; എനിക്കും മരണത്തിനും ഇടയില്‍ ഒരടി അകലമേയുള്ളൂ എന്നു ജീവിക്കുന്ന ദൈവത്തിന്‍റെ നാമത്തില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു.” യോനാഥാന്‍ അവനോടു പറഞ്ഞു: “നീ പറയുന്നതെന്തും ഞാന്‍ നിനക്കുവേണ്ടി ചെയ്തുതരാം.” ദാവീദു പ്രതിവചിച്ചു: “നാളെ അമാവാസി ആയതിനാല്‍ പതിവുപോലെ രാജാവിന്‍റെ കൂടെ ഭക്ഷണത്തിന് ഇരിക്കേണ്ടതാണല്ലോ; എങ്കിലും മൂന്നാം ദിവസം വൈകുന്നതുവരെ വയലില്‍ ഒളിച്ചിരിക്കാന്‍ എന്നെ അനുവദിക്കണം. നിന്‍റെ പിതാവ് എന്നെ അന്വേഷിച്ചാല്‍ ദാവീദു തന്‍റെ കുടുംബാംഗങ്ങള്‍ക്കുവേണ്ടിയുള്ള വാര്‍ഷിക യാഗത്തില്‍ പങ്കെടുക്കാന്‍ തന്‍റെ പട്ടണമായ ബേത്‍ലഹേമിലേക്കു പെട്ടെന്നു പോയിവരാന്‍ നിര്‍ബന്ധപൂര്‍വം അനുവാദം അപേക്ഷിച്ചു എന്നു പറയണം. ‘ശരി’ എന്ന് അദ്ദേഹം പറഞ്ഞാല്‍ അങ്ങയുടെ ദാസന്‍ സുരക്ഷിതനായിരിക്കും; നേരെമറിച്ചു കുപിതനായാല്‍ എന്നെ ഉപദ്രവിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നു മനസ്സിലാക്കാം. അതുകൊണ്ട് ഈ ദാസനോട് കാരുണ്യപൂര്‍വം പെരുമാറിയാലും. സര്‍വേശ്വരന്‍റെ നാമത്തില്‍ നാം ഒരു ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ടല്ലോ; ഞാന്‍ വല്ല കുറ്റവും ചെയ്തിട്ടുണ്ടെങ്കില്‍ നീതന്നെ എന്നെ കൊല്ലുക; എന്തിന് എന്നെ നിന്‍റെ പിതാവിന്‍റെ അടുക്കലേക്കു കൊണ്ടുപോകണം?” യോനാഥാന്‍ പറഞ്ഞു: “അങ്ങനെ സംഭവിക്കാതിരിക്കട്ടെ, എന്‍റെ പിതാവ് നിന്നെ ഉപദ്രവിക്കാന്‍ തീരുമാനിച്ചിരിക്കുന്നതായി അറിഞ്ഞാല്‍ ഞാന്‍ അതു നിന്നോടു പറയാതിരിക്കുമോ?” “നിന്‍റെ പിതാവു പരുഷമായിട്ടാണ് സംസാരിക്കുന്നതെങ്കില്‍ ആ വിവരം ആര് എന്നെ അറിയിക്കും” ദാവീദു ചോദിച്ചു. “നമുക്കു വയലിലേക്കു പോകാം” യോനാഥാന്‍ ദാവീദിനോടു പറഞ്ഞു; അങ്ങനെ അവര്‍ വയലിലേക്കു പോയി. യോനാഥാന്‍ ദാവീദിനോടു പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ സാക്ഷിയായിരിക്കട്ടെ. നാളെയോ അതിനടുത്ത ദിവസമോ ഈ സമയത്ത് ഞാന്‍ ഇക്കാര്യം എന്‍റെ പിതാവിനോടു ചോദിക്കും; അദ്ദേഹം നിനക്ക് അനുകൂലമാണെങ്കില്‍ ആ വിവരം നിന്നെ അറിയിക്കും. നിന്നെ ഉപദ്രവിക്കാനാണ് പിതാവിന്‍റെ ഭാവമെങ്കില്‍ അതറിയിച്ച് ഞാന്‍ നിന്നെ സുരക്ഷിതനായി പറഞ്ഞയയ്‍ക്കും; ഇതില്‍ ഞാന്‍ വീഴ്ച വരുത്തിയാല്‍ സര്‍വേശ്വരന്‍ എന്നെ ശിക്ഷിച്ചുകൊള്ളട്ടെ; അവിടുന്ന് എന്‍റെ പിതാവിന്‍റെ കൂടെ ഇരുന്നതുപോലെ നിന്‍റെ കൂടെയും ഉണ്ടായിരിക്കട്ടെ. ഞാന്‍ ജീവനോടെ ശേഷിച്ചാല്‍ സര്‍വേശ്വരനാമത്തില്‍ എന്നോടു കരുണ കാണിക്കണം. ഞാന്‍ മരിച്ചാല്‍ എന്‍റെ കുടുംബത്തോടു നീ എന്നും കൂറു പുലര്‍ത്തണം. സര്‍വേശ്വരന്‍ നിന്‍റെ ശത്രുക്കളെയെല്ലാം ഭൂമിയില്‍നിന്ന് ഉന്മൂലനം ചെയ്യുമ്പോഴും യോനാഥാന്‍റെ നാമം നിന്‍റെ കുടുംബത്തില്‍നിന്നു വിഛേദിക്കരുതേ! സര്‍വേശ്വരന്‍ ദാവീദിന്‍റെ ശത്രുക്കളോടു പകരം ചോദിക്കട്ടെ.” യോനാഥാന്‍ പ്രാണതുല്യം ദാവീദിനെ സ്നേഹിച്ചിരുന്നു; തന്നോടുള്ള സ്നേഹത്തിന്‍റെ പേരില്‍ ദാവീദിനെക്കൊണ്ടു വീണ്ടും സത്യം ചെയ്യിച്ചു. യോനാഥാന്‍ ദാവീദിനോടു പറഞ്ഞു: “നാളെ അമാവാസിയാണ്; നിന്‍റെ ഇരിപ്പിടം ഒഴിഞ്ഞുകിടക്കുന്നതു കാണുമ്പോള്‍ നിന്‍റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെടും; മറ്റെന്നാള്‍ നിന്‍റെ അഭാവം കൂടുതല്‍ ശ്രദ്ധിക്കപ്പെടും. നീ മുമ്പ് ഒളിച്ചിരുന്ന സ്ഥലത്തെ കല്‌ക്കൂമ്പാരത്തിന്‍റെ പിന്നില്‍ മറഞ്ഞിരിക്കണം. ഉന്നം നോക്കി എയ്യുന്നതുപോലെ ഞാന്‍ അതിന്‍റെ ഒരു വശത്തേക്ക് മൂന്നു അമ്പ് എയ്യും; അമ്പെടുത്തു കൊണ്ടുവരാന്‍ ഒരു ബാലനെ അയയ്‍ക്കും. ഞാന്‍ അവനോട് ‘ഇതാ അമ്പുകള്‍ നിന്‍റെ ഇപ്പുറത്ത്; എടുത്തുകൊണ്ടു വരിക;’ എന്നു പറഞ്ഞാല്‍ നീ സുരക്ഷിതനാണ്; നിനക്ക് ഒരു അപകടവും ഉണ്ടാകുകയില്ലെന്നു സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ സത്യം ചെയ്തുപറയുന്നു; നേരേമറിച്ച് ‘അമ്പു നിന്‍റെ അപ്പുറത്താണ്’ എന്നു പറഞ്ഞ് ബാലനെ അയച്ചാല്‍ നീ പൊയ്‍ക്കൊള്ളണം; കാരണം സര്‍വേശ്വരന്‍ നിന്നെ അകലത്തേക്ക് അയയ്‍ക്കുകയാണ്. നമ്മുടെ ഈ വാക്കുകള്‍ക്ക് അവിടുന്ന് എന്നും സാക്ഷിയായിരിക്കട്ടെ.” അങ്ങനെ ദാവീദ് വയലില്‍ ഒളിച്ചിരുന്നു; അമാവാസിദിവസം ശൗല്‍രാജാവു ഭക്ഷണത്തിനിരുന്നു. രാജാവ് പതിവുപോലെ ഭിത്തിയോടു ചേര്‍ന്നുള്ള തന്‍റെ ഇരിപ്പിടത്തിലാണ് ഇരുന്നത്. യോനാഥാന്‍ എതിര്‍വശത്തും അബ്നേര്‍ ശൗലിന്‍റെ അടുത്തും ഇരുന്നു. ദാവീദിന്‍റെ ഇരിപ്പിടം ഒഴിഞ്ഞുകിടന്നു; അവന് എന്തെങ്കിലും സംഭവിച്ചുകാണും; ഒരുപക്ഷേ അവന്‍ അശുദ്ധനായിരിക്കും; അതേ; അത് അങ്ങനെതന്നെ ആയിരിക്കും” ശൗല്‍ വിചാരിച്ചു. അമാവാസിയുടെ പിറ്റേ ദിവസവും ദാവീദിന്‍റെ ഇരിപ്പിടം ഒഴിഞ്ഞുകിടന്നു; ശൗല്‍ യോനാഥാനോടു ചോദിച്ചു: “യിശ്ശായിയുടെ പുത്രന്‍ ഇന്നലെയും ഇന്നും ഭക്ഷണത്തിനു വരാഞ്ഞതെന്ത്?” യോനാഥാന്‍ ശൗലിനോടു പറഞ്ഞു: “ദാവീദ് ബേത്‍ലഹേമില്‍ പോകാന്‍ എന്നോടു നിര്‍ബന്ധപൂര്‍വം അനുവാദം ചോദിച്ചു; ‘ഞങ്ങളുടെ കുടുംബം പട്ടണത്തില്‍ ഒരു യാഗമര്‍പ്പിക്കുന്നതുകൊണ്ട് ഞാനും അവിടെ ചെല്ലണമെന്നു എന്‍റെ സഹോദരന്‍ ആവശ്യപ്പെട്ടിരിക്കുന്നു; അതിനാല്‍ ദയ തോന്നി എന്‍റെ സഹോദരന്മാരെ പോയിക്കാണാന്‍ എനിക്ക് അനുവാദം നല്‌കണം’ എന്ന് അയാള്‍ പറഞ്ഞു; അതുകൊണ്ടാണ് രാജാവിന്‍റെ വിരുന്നിന് അവന്‍ വരാഞ്ഞത്.” അപ്പോള്‍ ശൗലിന്‍റെ കോപം യോനാഥാനെതിരേ ജ്വലിച്ചു; രാജാവ് അവനോടു പറഞ്ഞു: “വക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ! നീ നിനക്കും നിന്‍റെ അമ്മയ്‍ക്കും അപമാനം വരുത്തിവയ്‍ക്കാന്‍ യിശ്ശായിയുടെ പുത്രന്‍റെ പക്ഷം ചേര്‍ന്നിരിക്കുന്നു. അവന്‍ ജീവിച്ചിരിക്കുന്നിടത്തോളം നീ രാജാവാകുകയില്ല; നിന്‍റെ രാജത്വം ഉറയ്‍ക്കുകയുമില്ല; ആളയച്ച് അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവരിക; അവന്‍ തീര്‍ച്ചയായും മരിക്കണം.” യോനാഥാന്‍ ചോദിച്ചു: “അവനെ എന്തിനു കൊല്ലണം? അവന്‍ എന്തു ചെയ്തു?” ശൗല്‍ ഉടനെ യോനാഥാനെ കൊല്ലുവാന്‍ അവന്‍റെ നേരെ കുന്തം എറിഞ്ഞു. ദാവീദിനെ കൊല്ലുവാന്‍ തന്‍റെ പിതാവു നിശ്ചയിച്ചിരിക്കുന്നു എന്നു യോനാഥാന് അപ്പോള്‍ മനസ്സിലായി. കുപിതനായിത്തീര്‍ന്ന യോനാഥാന്‍ ഉടനെ ചാടി എഴുന്നേറ്റു; അമാവാസിയുടെ പിറ്റേ ദിവസമായ അന്നു ഭക്ഷണമൊന്നും കഴിച്ചില്ല; തന്‍റെ പിതാവ് ദാവീദിനെ അപമാനിച്ചതിനാല്‍ അവനു ദുഃഖമുണ്ടായി. അടുത്ത ദിവസം രാവിലെ ദാവീദിനോടു പറഞ്ഞിരുന്നതുപോലെ യോനാഥാന്‍ ഒരു ബാലനെയുംകൊണ്ട് വയലിലേക്കു പോയി. ബാലനോടു താന്‍ എയ്യുന്ന അമ്പ് ഓടിച്ചെന്ന് എടുത്തുകൊണ്ടു വരണം എന്നു പറഞ്ഞു; ബാലന്‍ ഓടിയപ്പോള്‍ അവന്‍റെ അപ്പുറത്തേക്ക് ഒരു അമ്പ് എയ്തു. യോനാഥാന്‍ എയ്ത അമ്പു വീണ സ്ഥലത്തു ബാലന്‍ എത്തിയപ്പോള്‍ യോനാഥാന്‍ അവനോടു: “അമ്പു നിന്‍റെ അപ്പുറത്തല്ലേ” എന്നു വിളിച്ചു ചോദിച്ചു. യോനാഥാന്‍ വീണ്ടും വിളിച്ചു പറഞ്ഞു: “വേഗമാകട്ടെ ഓടുക, അവിടെ നില്‌ക്കരുത്.” ബാലന്‍ അമ്പുകള്‍ പെറുക്കിയെടുത്ത് യോനാഥാന്‍റെ അടുക്കല്‍ കൊണ്ടുവന്നു. യോനാഥാനും ദാവീദുമല്ലാതെ ബാലന്‍ കാര്യമൊന്നും അറിഞ്ഞില്ല. പിന്നീട് യോനാഥാന്‍ തന്‍റെ ആയുധങ്ങള്‍ പട്ടണത്തിലേക്ക് കൊണ്ടുപോകാന്‍ ബാലനെ ഏല്പിച്ച് അവനെ പറഞ്ഞയച്ചു. ബാലന്‍ പോയ ഉടനെ ദാവീദ് കല്‌ക്കൂനയുടെ പിമ്പില്‍നിന്ന് എഴുന്നേറ്റു മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; ദാവീദു സമനില വീണ്ടെടുക്കുംവരെ അവര്‍ പരസ്പരം ചുംബിച്ചു കരഞ്ഞു. പിന്നീട് യോനാഥാന്‍ പറഞ്ഞു: “സമാധാനത്തോടെ പോകുക; സര്‍വേശ്വരന്‍ എനിക്കും നിനക്കും നമ്മുടെ സന്തതികള്‍ക്കും മധ്യേ എന്നേക്കും സാക്ഷി ആയിരിക്കും എന്നു നാം ഇരുവരും സര്‍വേശ്വരന്‍റെ നാമത്തില്‍ സത്യം ചെയ്തിട്ടുണ്ടല്ലോ.” ദാവീദു യാത്ര പറഞ്ഞു പിരിഞ്ഞു; യോനാഥാന്‍ പട്ടണത്തിലേക്കും പോയി. ദാവീദ് നോബ് എന്ന സ്ഥലത്തു പുരോഹിതനായ അഹീമേലെക്കിന്‍റെ അടുക്കല്‍ എത്തി. അഹീമേലെക്ക് സംഭ്രമത്തോടെ അവനെ സ്വാഗതം ചെയ്തു ചോദിച്ചു: “നീ തനിച്ചുവന്നത് എന്ത്? ആരും നിന്‍റെ കൂടെയില്ലേ?” ദാവീദ് മറുപടി നല്‌കി: “രാജാവ് ഒരു ചുമതല എന്നെ ഏല്പിച്ചിരിക്കുകയാണ്; അവിടുന്ന് എന്നെ ഏല്പിച്ചിരിക്കുന്ന കാര്യം മറ്റാരും അറിയരുതെന്നു കല്പിച്ചിട്ടുണ്ട്; എന്‍റെ ഭൃത്യന്മാരോട് ഒരു പ്രത്യേകസ്ഥലത്തു വരണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരിക്കയാണ്. അങ്ങയുടെ കൈവശം എന്തെങ്കിലും ഉണ്ടോ? അഞ്ചപ്പം എനിക്കു തരാമോ? ഇല്ലെങ്കില്‍ ഉള്ളതു തന്നാലും.” പുരോഹിതന്‍ ദാവീദിനോടു പറഞ്ഞു: “എന്‍റെ കൈവശം സാധാരണ അപ്പമില്ല; വിശുദ്ധഅപ്പമേ ഉള്ളൂ. നിന്‍റെ ഭൃത്യന്മാര്‍ സ്‍ത്രീകളില്‍നിന്ന് അകന്നു നില്‌ക്കുന്നവരാണെങ്കിലേ അതു തരികയുള്ളൂ.” ദാവീദ് പുരോഹിതനോട് പറഞ്ഞു: “യാത്ര പോകുമ്പോഴെല്ലാം ഞങ്ങള്‍ സ്‍ത്രീസമ്പര്‍ക്കം ഒഴിവാക്കും; സാധാരണ യാത്രയില്‍പോലും എന്‍റെ ഭൃത്യന്മാര്‍ ആചാരപരമായി ശുദ്ധി ആചരിക്കുമെങ്കില്‍ ഇന്ന് അവര്‍ എത്ര ശുദ്ധരായിരിക്കും?” പുരോഹിതന്‍ അവനു വിശുദ്ധഅപ്പം കൊടുത്തു; അപ്പം മാറ്റി വയ്‍ക്കുന്ന ദിവസം ചൂടുള്ള പുതിയ അപ്പം സമര്‍പ്പിക്കാന്‍വേണ്ടി സര്‍വേശ്വരന്‍റെ സന്നിധിയില്‍നിന്നു എടുത്തുമാറ്റിയ കാഴ്ചയപ്പമല്ലാതെ വേറെ അപ്പം അവിടെ ഉണ്ടായിരുന്നില്ല; ശൗലിന്‍റെ ഭൃത്യന്മാരില്‍ ദോവേഗ് എന്നു പേരുള്ള ഒരു എദോമ്യന്‍ അവിടെ സര്‍വേശ്വരന്‍റെ സന്നിധിയില്‍ അന്നുണ്ടായിരുന്നു; അയാള്‍ ശൗലിന്‍റെ ഇടയരില്‍ പ്രമാണി ആയിരുന്നു. ദാവീദ് അഹീമെലെക്കിനോട് “അങ്ങയുടെ പക്കല്‍ കുന്തമോ വാളോ ഉണ്ടോ” എന്നു ചോദിച്ചു. “രാജാവ് ഏല്പിച്ച കാര്യം നിര്‍വഹിക്കാനുള്ള തിടുക്കത്തില്‍ തന്‍റെ വാളും ആയുധങ്ങളും എടുക്കാന്‍ ഇടയായില്ലെന്ന്” അയാള്‍ പറഞ്ഞു. പുരോഹിതന്‍ പറഞ്ഞു: “ഏലാ താഴ്വരയില്‍വച്ചു നീ കൊന്ന ഫെലിസ്ത്യനായ ഗോല്യാത്തിന്‍റെ വാള്‍ ഏഫോദിന്‍റെ പുറകില്‍ ഒരു ശീലയില്‍ പൊതിഞ്ഞു വച്ചിട്ടുണ്ട്; അതു വേണമെങ്കില്‍ എടുത്തുകൊള്ളുക; അതല്ലാതെ വേറൊന്നുമില്ല.” ദാവീദ് പറഞ്ഞു: “അതിനു തുല്യമായി മറ്റൊന്നില്ല; അത് എനിക്കു തരിക.” ശൗലിന്‍റെ അടുക്കല്‍നിന്ന് ഓടിവന്ന ദാവീദ് അന്നുതന്നെ ഗത്തിലെ ആഖീശ്‍രാജാവിന്‍റെ അടുക്കലെത്തി. ആഖീശിന്‍റെ ദാസന്മാര്‍ ചോദിച്ചു: “ഇയാള്‍ ദേശത്തിലെ രാജാവായ ദാവീദല്ലേ? ‘ശൗല്‍ ആയിരങ്ങളെ കൊന്നു; ദാവീദ് പതിനായിരങ്ങളെയും’ എന്നു പാടിക്കൊണ്ട് സ്‍ത്രീകള്‍ നൃത്തം ചെയ്തത് ഇയാളെക്കുറിച്ചല്ലേ?” ഈ വാക്കുകള്‍ ദാവീദിന്‍റെ ഉള്ളില്‍ തറച്ചു; ഗത്തിലെ രാജാവായ ആഖീശിനെ അദ്ദേഹം വല്ലാതെ ഭയപ്പെട്ടു. അവരുടെ മുമ്പില്‍ ദാവീദ് തന്‍റെ ഭാവം മാറ്റി. ബുദ്ധിഭ്രമം നടിച്ച് വാതിലിന്‍റെ കതകുകളില്‍ കുത്തിവരയ്‍ക്കുകയും താടിയിലൂടെ തുപ്പല്‍ ഒലിപ്പിക്കുകയും ചെയ്തു. ആഖീശ് തന്‍റെ ഭൃത്യന്മാരോടു ചോദിച്ചു. “ഇവന്‍ ഭ്രാന്തനല്ലേ? ഇവനെ എന്തിന് എന്‍റെ അടുക്കല്‍ കൊണ്ടുവന്നു? ഇവിടെ ഭ്രാന്തന്മാരില്ലാഞ്ഞിട്ടാണോ എന്‍റെ മുമ്പില്‍ ഭ്രാന്തു കളിപ്പിക്കുന്നതിന് ഇവനെ എന്‍റെ കൊട്ടാരത്തില്‍ കൊണ്ടുവന്നത്.” ദാവീദ് അവിടെനിന്നു രക്ഷപെട്ട് അദുല്ലാംഗുഹയില്‍ എത്തി. അദ്ദേഹത്തിന്‍റെ സഹോദരന്മാരും മറ്റ് എല്ലാ കുടുംബാംഗങ്ങളും ഈ വിവരം അറിഞ്ഞ് അവിടെ ചെന്നു. പീഡിതരും കടബാധ്യതയുള്ളവരും അസംതൃപ്തരും അദ്ദേഹത്തിന്‍റെ അടുക്കല്‍ വന്നുകൂടി; ദാവീദ് അവരുടെയെല്ലാം നായകനായി. അങ്ങനെ അദ്ദേഹത്തിന്‍റെ കൂടെ ഏകദേശം നാനൂറു പേര്‍ ഉണ്ടായിരുന്നു. ദാവീദ് അവിടെനിന്ന് മോവാബിലെ മിസ്പായിലേക്കു പോയി; മോവാബ്‍രാജാവിനോട് അദ്ദേഹം അപേക്ഷിച്ചു: “ദൈവം എനിക്കുവേണ്ടി എന്തു ചെയ്യും എന്ന് അറിയുന്നതുവരെ എന്‍റെ മാതാപിതാക്കള്‍ അങ്ങയുടെ അടുക്കല്‍ പാര്‍ക്കാന്‍ അനുവദിക്കുമാറാകണം.” അദ്ദേഹം അവരെ മോവാബ്‍രാജാവിന്‍റെ അടുക്കല്‍ പാര്‍പ്പിച്ചു. ദാവീദ് ഗുഹയില്‍ ഒളിച്ചുപാര്‍ത്തകാലം മുഴുവന്‍ അവര്‍ അവിടെ ആയിരുന്നു. പ്രവാചകനായ ഗാദ് ദാവീദിനോട് പറഞ്ഞു: “ഇനിയും ഗുഹയില്‍ പാര്‍ക്കാതെ യെഹൂദ്യയിലേക്കു പോകുക;” അങ്ങനെ ദാവീദ് ഹേരെത്ത് വനത്തിലേക്കു പോയി. ദാവീദിനെയും കൂട്ടരെയും കണ്ടെത്തിയിരിക്കുന്നതായി ശൗല്‍ കേട്ടു; ഒരു ദിവസം ശൗല്‍ ഗിബെയായിലെ കുന്നിന്‍റെ മുകളിലുള്ള പിചുലവൃക്ഷത്തിന്‍റെ ചുവട്ടില്‍ കുന്തവുമായി ഇരിക്കുകയായിരുന്നു; ഭൃത്യന്മാരെല്ലാം ചുറ്റും നിന്നിരുന്നു. ശൗല്‍ അവരോടു പറഞ്ഞു: “ബെന്യാമീന്‍ഗോത്രക്കാരേ, കേള്‍ക്കുവിന്‍, യിശ്ശായിയുടെ മകന്‍ നിങ്ങള്‍ക്കെല്ലാം വയലുകളും മുന്തിരിത്തോട്ടങ്ങളും നല്‌കുമോ? നിങ്ങളെ സഹസ്രാധിപന്മാരോ ശതാധിപന്മാരോ ആയി നിയമിക്കുമോ? അതുകൊണ്ടാണോ നിങ്ങള്‍ എനിക്കെതിരായി ഗൂഢാലോചന നടത്തിയത്? എന്‍റെ പുത്രന്‍ യിശ്ശായിയുടെ പുത്രനുമായി സഖ്യം ഉണ്ടാക്കിയ വിവരം നിങ്ങളില്‍ ആരും എന്നെ അറിയിച്ചില്ല; അവന്‍ എന്‍റെ ദാസനായ ദാവീദിനെ എനിക്ക് എതിരായി തിരിച്ചുവിടുകയും പതിയിരിക്കുന്നതിനു പ്രേരിപ്പിക്കുകയും ചെയ്തിട്ട് നിങ്ങളില്‍ ഒരാള്‍ പോലും അക്കാര്യം എന്നോടു പറയുകയോ എന്നെപ്പറ്റി സങ്കടം തോന്നുകയോ ചെയ്തില്ല.” അപ്പോള്‍ ശൗലിന്‍റെ ഭൃത്യന്മാരുടെ കൂട്ടത്തില്‍ നിന്നിരുന്ന എദോമ്യനായ ദോവേഗ് പറഞ്ഞു: “യിശ്ശായിയുടെ പുത്രന്‍ നോബില്‍ അഹീതൂബിന്‍റെ പുത്രനായ അഹീമേലെക്കിന്‍റെ അടുക്കല്‍ വന്നതു ഞാന്‍ കണ്ടു. അഹീമേലെക്ക് അവനുവേണ്ടി സര്‍വേശ്വരനോടു തിരുവിഷ്ടം അപേക്ഷിക്കുകയും അവനു ഭക്ഷണവും ഫെലിസ്ത്യനായ ഗോല്യാത്തിന്‍റെ വാളും കൊടുക്കുകയും ചെയ്തു.” രാജാവ് അഹീതൂബിന്‍റെ പുത്രനായ അഹീമേലെക്ക് പുരോഹിതനെയും അയാളുടെ കുടുംബക്കാരായ എല്ലാവരെയും നോബിലെ സകല പുരോഹിതന്മാരെയും ആളയച്ചുവരുത്തി. ശൗല്‍ പറഞ്ഞു: “അഹീതൂബിന്‍റെ മകനേ, കേള്‍ക്കുക.” അവന്‍ പ്രതിവചിച്ചു: “പ്രഭോ, പറഞ്ഞാലും” ശൗല്‍ ചോദിച്ചു: “നീയും യിശ്ശായിയുടെ പുത്രനും കൂടി എനിക്കെതിരായി ഗൂഢാലോചന നടത്തിയത് എന്ത്? നീ അവന് അപ്പവും വാളും കൊടുക്കുകയും അവനുവേണ്ടി ദൈവഹിതം അന്വേഷിക്കുകയും ചെയ്തില്ലേ? അതുകൊണ്ടല്ലേ അവന്‍ ഇന്ന് എനിക്കെതിരെ എഴുന്നേല്‌ക്കുകയും പതിയിരിക്കുകയും ചെയ്യുന്നത്?” അഹീമേലെക്ക് പറഞ്ഞു: “അങ്ങയുടെ സേവകരില്‍ ദാവീദിനെക്കാള്‍ വിശ്വസ്തനായി മറ്റാരുണ്ട്? അവന്‍ അങ്ങയുടെ മരുമകനും അംഗരക്ഷകപ്രമാണിയും കൊട്ടാരത്തില്‍ ബഹുമാന്യനുമല്ലേ? അവനുവേണ്ടി ദൈവഹിതം ആരായുന്നത് ഇപ്പോള്‍ ആദ്യമല്ലല്ലോ. അങ്ങ് അടിയന്‍റെമേലും കുടുംബത്തിന്‍റെമേലും കുറ്റം ആരോപിക്കരുതേ. അടിയന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല.” രാജാവു പറഞ്ഞു: “അഹീമേലെക്കേ! നീ തീര്‍ച്ചയായും മരിക്കണം; നീ മാത്രമല്ല നിന്‍റെ കുടുംബാംഗങ്ങളും.” രാജാവ് അടുത്തുനിന്ന അംഗരക്ഷകരോടു പറഞ്ഞു: “സര്‍വേശ്വരന്‍റെ പുരോഹിതന്മാരായ ഇവരെ കൊന്നുകളയുവിന്‍. ഇവര്‍ ദാവീദിന്‍റെ വശത്തു ചേര്‍ന്നിരിക്കുന്നു; അവന്‍ ഒളിച്ചോടിയ വിവരം അറിഞ്ഞിട്ടും ഇവര്‍ എന്നെ അറിയിച്ചില്ല.” എന്നാല്‍ രാജഭൃത്യന്മാര്‍ സര്‍വേശ്വരന്‍റെ പുരോഹിതന്മാരെ കൊല്ലാന്‍ സന്നദ്ധരായില്ല. അപ്പോള്‍ രാജാവ് ദോവേഗിനോട് ആ പുരോഹിതന്മാരെ കൊല്ലാന്‍ കല്പിച്ചു. എദോമ്യനായ ദോവേഗ് അവരെ കൊന്നു. ലിനന്‍കൊണ്ടുള്ള ഏഫോദു ധരിച്ചിരുന്ന എണ്‍പത്തഞ്ചു പുരോഹിതന്മാരെ അവന്‍ അന്നു വധിച്ചു. പുരോഹിതന്മാരുടെ നഗരമായ നോബ്, ദോവേഗ് നശിപ്പിച്ചു. അവിടെ ഉണ്ടായിരുന്ന സ്‍ത്രീപുരുഷന്മാര്‍, കുഞ്ഞുകുട്ടികള്‍, കഴുതകള്‍, ആടുമാടുകള്‍ എന്നിങ്ങനെ സര്‍വവും അവന്‍ വാളിനിരയാക്കി. എന്നാല്‍ അഹീതൂബിന്‍റെ പൗത്രനും അഹീമേലെക്കിന്‍റെ പുത്രനുമായ അബ്യാഥാര്‍ രക്ഷപെട്ട് ഓടി ദാവീദിന്‍റെ അടുക്കല്‍ എത്തി. ശൗല്‍ സര്‍വേശ്വരന്‍റെ പുരോഹിതന്മാരെ വധിച്ച വിവരം അവന്‍ ദാവീദിനെ അറിയിച്ചു. ദാവീദ് അബ്യാഥാരിനോടു പറഞ്ഞു: “എദോമ്യനായ ദോവേഗ് അവിടെ ഉണ്ടായിരുന്നതുകൊണ്ടു ശൗലിനെ വിവരമറിയിക്കും എന്ന് അന്നുതന്നെ എനിക്കറിയാമായിരുന്നു; നിന്‍റെ കുടുംബാംഗങ്ങളുടെ എല്ലാം മരണത്തിനു കാരണക്കാരന്‍ ഞാന്‍തന്നെയാണ്. നീ ഭയപ്പെടേണ്ടാ, എന്‍റെ കൂടെ പാര്‍ക്കുക. എന്നെ കൊല്ലാന്‍ ശ്രമിക്കുന്നവനാണു നിന്നെയും കൊല്ലാന്‍ നോക്കുന്നത്. നീ എന്‍റെ അടുക്കല്‍ സുരക്ഷിതനായിരിക്കും.” ഫെലിസ്ത്യര്‍ കെയീലാ പട്ടണം ആക്രമിക്കുന്നു എന്നും മെതിക്കളങ്ങള്‍ കവര്‍ച്ച ചെയ്യുന്നു എന്നും ദാവീദ് അറിഞ്ഞു. അതിനാല്‍ ദാവീദ് സര്‍വേശ്വരനോടു ചോദിച്ചു: “ഞാന്‍ പോയി ഈ ഫെലിസ്ത്യരെ ആക്രമിക്കട്ടെയോ?” “നീ പോയി ഫെലിസ്ത്യരെ ആക്രമിച്ചു കെയീലായെ രക്ഷിക്കുക” അവിടുന്നു മറുപടി നല്‌കി. എന്നാല്‍ ദാവീദിന്‍റെ കൂടെയുള്ളവര്‍ പറഞ്ഞു: “നാം ഇവിടെ യെഹൂദ്യയില്‍പ്പോലും ഭയപ്പെട്ടാണു കഴിയുന്നത്; പിന്നെ കെയീലായില്‍ പോയി ഫെലിസ്ത്യരെ എങ്ങനെ നേരിടും?” ദാവീദ് വീണ്ടും സര്‍വേശ്വരനോട് അനുവാദം ചോദിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “കെയീലായിലേക്കു പോകുക; ഞാന്‍ ഫെലിസ്ത്യരെ നിന്‍റെ കൈയില്‍ ഏല്പിക്കും.” ദാവീദും കൂട്ടരും അവിടെ ചെന്നു ഫെലിസ്ത്യരുമായി ഏറ്റുമുട്ടി; അവരുടെ ആടുമാടുകളെ പിടിച്ചുകൊണ്ടുപോന്നു. അവരില്‍ അനവധി ആളുകളെ വധിച്ചു; അങ്ങനെ കെയീലാനിവാസികളെ ദാവീദു രക്ഷിച്ചു. അഹീമേലെക്കിന്‍റെ പുത്രന്‍ അബ്യാഥാര്‍ രക്ഷപെട്ട് കെയീലായില്‍ ദാവീദിന്‍റെ അടുക്കല്‍ എത്തിയപ്പോള്‍ അവന്‍റെ കൈയില്‍ ഒരു ഏഫോദ് ഉണ്ടായിരുന്നു. ദാവീദ് കെയീലായില്‍ എത്തിയ വിവരമറിഞ്ഞ് ശൗല്‍ പറഞ്ഞു: “ദൈവം അവനെ എന്‍റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു; വാതിലുകളും ഓടാമ്പലുകളും ഉള്ള പട്ടണത്തില്‍ പ്രവേശിച്ചിരിക്കുന്നതുകൊണ്ട് അവന്‍ സ്വയം കുടുങ്ങിയിരിക്കുകയാണ്. കെയീലായില്‍ പോയി ദാവീദിനെയും കൂട്ടരെയും ആക്രമിക്കാന്‍ ശൗല്‍ തന്‍റെ ജനത്തെ വിളിച്ചുകൂട്ടി. ശൗല്‍ തന്നെ ആക്രമിക്കാന്‍ ആലോചിക്കുന്നു എന്നു ദാവീദ് അറിഞ്ഞപ്പോള്‍: “ഏഫോദ് ഇവിടെ കൊണ്ടുവരിക” എന്നു പുരോഹിതനായ അബ്യാഥാരോടു പറഞ്ഞു. പിന്നീട് ദാവീദ് പ്രാര്‍ഥിച്ചു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ, അവിടുത്തെ ദാസനായ ഞാന്‍ നിമിത്തം ശൗല്‍ കെയീലാ നഗരം ആക്രമിച്ചുനശിപ്പിക്കാന്‍ പോകുന്നു എന്നു കേള്‍ക്കുന്നു. കെയീലാനിവാസികള്‍ എന്നെ ശൗലിന്‍റെ കൈയില്‍ ഏല്പിച്ചുകൊടുക്കുമോ? അവിടുത്തെ ദാസന്‍ കേട്ടതുപോലെ ശൗല്‍ വരുമോ? ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ, അങ്ങയുടെ ദാസന് ഉത്തരമരുളേണമേ” എന്നു പറഞ്ഞു. “അവന്‍ വരും” അവിടുന്ന് അരുളിച്ചെയ്തു. “എന്നെയും എന്‍റെ കൂടെയുള്ളവരെയും കെയീലാനിവാസികള്‍ അദ്ദേഹത്തിന്‍റെ കൈയില്‍ ഏല്പിച്ചുകൊടുക്കുമോ” എന്നു ദാവീദു ചോദിച്ചു. “അവര്‍ നിന്നെ ഏല്പിച്ചുകൊടുക്കും” എന്നു സര്‍വേശ്വരന്‍ മറുപടി നല്‌കി. ഉടന്‍തന്നെ ദാവീദും അവന്‍റെ കൂടെയുള്ള അറുനൂറു പേരും അവിടെനിന്നു പുറത്തു കടന്ന് എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്തു. കെയീലാ പട്ടണത്തില്‍നിന്നു ദാവീദ് രക്ഷപെട്ടു എന്ന് അറിഞ്ഞപ്പോള്‍ ശൗല്‍ തന്‍റെ യാത്ര നിര്‍ത്തിവച്ചു. ദാവീദ് സീഫ് മരുഭൂമിയിലെ കുന്നുകളിലും ഒളിസങ്കേതങ്ങളിലും പാര്‍ത്തു. അദ്ദേഹത്തെ കണ്ടുപിടിക്കാന്‍ ശൗല്‍ തുടരെ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ സര്‍വേശ്വരന്‍ ദാവീദിനെ അദ്ദേഹത്തിന്‍റെ കൈയില്‍ ഏല്പിച്ചുകൊടുത്തില്ല; തന്നെ കൊല്ലാന്‍ ശൗല്‍ അന്വേഷിച്ചു നടക്കുന്ന വിവരം ദാവീദ് അറിഞ്ഞു. അന്നു ദാവീദ് സീഫ്മരുഭൂമിയിലെ ഹോരേശിലായിരുന്നു. ശൗലിന്‍റെ പുത്രനായ യോനാഥാന്‍ അവിടെയെത്തി ദാവീദിനെ ദൈവത്തില്‍ ധൈര്യപ്പെടുത്തി; അവന്‍ പറഞ്ഞു: “ഭയപ്പെടേണ്ടാ, എന്‍റെ പിതാവായ ശൗലിന് നിന്നെ പിടികൂടാന്‍ കഴിയുകയില്ല; നീ ഇസ്രായേലിന്‍റെ രാജാവാകും. ഞാന്‍ രണ്ടാമനായിരിക്കും. ഇത് എന്‍റെ പിതാവിനറിയാം.” അവര്‍ ഇരുവരും സര്‍വേശ്വരന്‍റെ സന്നിധിയില്‍ ഉടമ്പടി ചെയ്തു. ദാവീദ് ഹോരേശില്‍ പാര്‍ത്തു; യോനാഥാന്‍ വീട്ടിലേക്കു മടങ്ങിപ്പോയി. സീഫിലെ ആളുകള്‍ ഗിബെയായില്‍ ശൗലിനെ സമീപിച്ചു പറഞ്ഞു: “മരുഭൂമിക്കു തെക്ക് ഞങ്ങള്‍ക്കു സമീപം ഹഖീലാപര്‍വതത്തിലെ ഹോരേശിലെ ദുര്‍ഗങ്ങളില്‍ ദാവീദ് ഒളിച്ചുപാര്‍ക്കുന്നു; രാജാവേ, അങ്ങേക്ക് ഇഷ്ടമുള്ളപ്പോള്‍ വന്നാലും; അവനെ അങ്ങയുടെ കൈയില്‍ ഞങ്ങള്‍ ഏല്പിച്ചുതരാം.” ശൗല്‍ പറഞ്ഞു: “നിങ്ങള്‍ക്ക് എന്നോടു കരുണതോന്നിയല്ലോ! സര്‍വേശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ; നിങ്ങള്‍ പോയി ഒന്നുകൂടി സൂക്ഷ്മമായി തിരക്കുവിന്‍; അവന്‍ ഒളിച്ചിരിക്കുന്നതു എവിടെയാണെന്നും ആരെല്ലാം അവനെ കണ്ടിട്ടുണ്ടെന്നും മനസ്സിലാക്കണം; അവന്‍ വലിയ സൂത്രശാലിയാണെന്നു ഞാന്‍ കേട്ടിട്ടുണ്ട്. അവന്‍റെ ഒളിവിടങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കിയശേഷം എന്നെ വിവരം അറിയിക്കുവിന്‍; അപ്പോള്‍ ഞാന്‍ നിങ്ങളുടെ കൂടെ വരാം; അവന്‍ യെഹൂദ്യദേശത്ത് എവിടെയെങ്കിലും ഉണ്ടെങ്കില്‍ അവിടത്തെ ജനസഹസ്രങ്ങളില്‍നിന്നു ഞാന്‍ അവനെ അന്വേഷിച്ചു കണ്ടുപിടിക്കും.” ശൗല്‍ പുറപ്പെടുന്നതിനു മുമ്പേ അവര്‍ സീഫിലേക്കു മടങ്ങി. എന്നാല്‍ ദാവീദും കൂടെയുള്ളവരും യെഹൂദ്യമരുഭൂമിക്കു തെക്കുള്ള അരാബായിലെ മാവോന്‍ മരുഭൂമിയിലായിരുന്നു. ശൗലും ഭ്യത്യന്മാരും ദാവീദിനെ അന്വേഷിച്ചു പുറപ്പെട്ടു; ഈ വിവരമറിഞ്ഞ് ദാവീദ് മാവോന്‍ മരുഭൂമിയിലുള്ള പാറക്കെട്ടില്‍ ചെന്നു പാര്‍ത്തു. ശൗല്‍ അതു കേട്ടു ദാവീദിനെ പിന്തുടര്‍ന്നു. ശൗലും ഭൃത്യന്മാരും മലയുടെ ഒരു വശത്തുകൂടെയും ദാവീദും കൂടെയുള്ളവരും മറുവശത്തുകൂടെയും നീങ്ങി. ശൗലില്‍നിന്നു രക്ഷപെടാന്‍ അവര്‍ ബദ്ധപ്പെടുകയായിരുന്നു. അവരെ വളഞ്ഞുപിടിക്കാന്‍ ശൗലും ഭൃത്യന്മാരും അടുത്തുകൊണ്ടിരുന്നു. അപ്പോള്‍ ഒരു ദൂതന്‍ ഓടിവന്നു ശൗലിനോടു പറഞ്ഞു: “വേഗം മടങ്ങിവരിക; ഫെലിസ്ത്യര്‍ നമ്മുടെ ദേശം ആക്രമിക്കുന്നു.” ഇതറിഞ്ഞു ദാവീദിനെ പിന്തുടരുന്നതു മതിയാക്കി ശൗല്‍ ഫെലിസ്ത്യരെ നേരിടാന്‍ പുറപ്പെട്ടു. അതുകൊണ്ട് ആ സ്ഥലത്തിനു രക്ഷപെടലിന്‍റെ പാറ എന്നു പേരുണ്ടായി. ദാവീദ് അവിടെനിന്ന് എന്‍-ഗെദിയിലെ ദുര്‍ഗങ്ങളില്‍ ചെന്നു പാര്‍ത്തു. ഫെലിസ്ത്യരെ ഓടിച്ചുകളഞ്ഞതിനുശേഷം മടങ്ങി വന്നപ്പോള്‍ ദാവീദ് എന്‍-ഗെദി മരുഭൂമിയിലുണ്ടെന്നു ശൗലിന് അറിവുകിട്ടി. ഉടന്‍തന്നെ ഇസ്രായേല്യരില്‍നിന്നു തിരഞ്ഞെടുത്ത മൂവായിരം പേരെ കൂട്ടിക്കൊണ്ടു ദാവീദിനെയും അനുയായികളെയും അന്വേഷിക്കാന്‍ ശൗല്‍ കാട്ടാടിന്‍ പാറകളിലേക്കു പോയി. വഴിയരികില്‍ ആടുകളെ സൂക്ഷിക്കുന്ന ആലകളുടെ അടുത്ത് അദ്ദേഹം എത്തി; അവിടെയുള്ള ഒരു ഗുഹയില്‍ വിസര്‍ജനത്തിനു പ്രവേശിച്ചു. ആ ഗുഹയില്‍തന്നെയാണ് ദാവീദും അനുയായികളും ഒളിച്ചുപാര്‍ത്തിരുന്നത്. അനുയായികള്‍ ദാവീദിനോടു പറഞ്ഞു: “ഞാന്‍ നിന്‍റെ ശത്രുവിനെ നിന്‍റെ കൈയില്‍ ഏല്പിക്കും; നിന്‍റെ ഇഷ്ടംപോലെ അവനോടു പ്രവര്‍ത്തിക്കാം എന്നു സര്‍വേശ്വരന്‍ അങ്ങയോടു പറഞ്ഞിരുന്നല്ലോ. അതിനുള്ള അവസരം ഇതാ വന്നിരിക്കുന്നു.” അപ്പോള്‍ ദാവീദ് എഴുന്നേറ്റ് ശൗലിന്‍റെ മേലങ്കിയുടെ ഒരു ഭാഗം അദ്ദേഹം അറിയാതെ മുറിച്ചെടുത്തു. അതിനെക്കുറിച്ച് ദാവീദ് പിന്നീടു ദുഃഖിച്ചു. ദാവീദ് അനുയായികളോടു പറഞ്ഞു: “എന്‍റെ യജമാനനെതിരായി ഒരു ദോഷവും പ്രവര്‍ത്തിക്കാന്‍ എനിക്ക് ഇടയാകരുതേ; അദ്ദേഹം സര്‍വേശ്വരന്‍റെ അഭിഷിക്തനാണല്ലോ.” ഈ വാക്കുകള്‍കൊണ്ട് ദാവീദ് തന്‍റെ അനുയായികളെ നിയന്ത്രിച്ചുനിര്‍ത്തി; ശൗലിനെ ആക്രമിക്കാന്‍ അവരെ അനുവദിച്ചില്ല. ശൗല്‍ ഗുഹയില്‍നിന്ന് ഇറങ്ങി അവിടംവിട്ടു തന്‍റെ വഴിക്കു പോയി. ദാവീദ് ഗുഹയില്‍നിന്നു പുറത്തുവന്ന്: “എന്‍റെ യജമാനനായ രാജാവേ” എന്നു വിളിച്ചു; രാജാവു തിരിഞ്ഞു നോക്കിയപ്പോള്‍ ദാവീദു സാഷ്ടാംഗം വീണു പറഞ്ഞു: “ഞാന്‍ അങ്ങയുടെ ശത്രുവാണെന്നു പറയുന്നവരുടെ വാക്കുകള്‍ അങ്ങു വിശ്വസിക്കുന്നതെന്ത്? ഇന്ന് ഈ ഗുഹയില്‍ സര്‍വേശ്വരന്‍ അങ്ങയെ എന്‍റെ കൈയില്‍ ഏല്പിച്ചു എന്ന് അങ്ങു കണ്ടല്ലോ. ചിലര്‍ അങ്ങയെ കൊല്ലാന്‍ എന്നോടു പറഞ്ഞു. എന്നാല്‍ ഞാനതു ചെയ്തില്ല; ഞാനവരോടു പറഞ്ഞു: ‘എന്‍റെ യജമാനനെതിരായി ഞാന്‍ കൈയുയര്‍ത്തുകയില്ല. അങ്ങു സര്‍വേശ്വരന്‍റെ അഭിഷിക്തനാണ്;’ എന്‍റെ പിതാവേ! അങ്ങയുടെ മേലങ്കിയുടെ ഒരു കഷണം ഇതാ എന്‍റെ കൈയില്‍. അതു മുറിച്ചെടുക്കുകയും അങ്ങയെ കൊല്ലാതിരിക്കുകയും ചെയ്തതിനാല്‍ ഞാന്‍ അങ്ങേക്കെതിരെ മത്സരിക്കുകയോ അങ്ങയെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ലെന്നു മനസ്സിലാക്കിയാലും. ഞാന്‍ അങ്ങേക്കെതിരേ ഒരു തിന്മയും പ്രവര്‍ത്തിച്ചിട്ടില്ല; എങ്കിലും അങ്ങ് എന്നെ കൊല്ലാന്‍ സന്ദര്‍ഭം തിരക്കി നടക്കുന്നു; നമ്മില്‍ ആരാണ് തെറ്റുകാരന്‍ എന്നു സര്‍വേശ്വരന്‍ തന്നെ വിധിക്കട്ടെ. എനിക്കുവേണ്ടി അവിടുന്ന് അങ്ങയോടു പ്രതികാരം ചെയ്യട്ടെ. എന്‍റെ കൈ അങ്ങേക്കെതിരായി പൊങ്ങുകയില്ല; ദുഷ്ടത ദുഷ്ടനില്‍നിന്നു വരുന്നു എന്നൊരു പഴഞ്ചൊല്ലുണ്ടല്ലോ. എന്‍റെ കൈ അങ്ങേക്ക് എതിരായിരിക്കുകയില്ല; ആരെ തേടിയാണ് ഇസ്രായേല്‍രാജാവ് പുറപ്പെട്ടിരിക്കുന്നത്? ആരെയാണ് അങ്ങ് പിന്തുടരുന്നത്? ഒരു ചത്ത പട്ടിയെയോ? ഒരു ചെള്ളിനെയോ? സര്‍വേശ്വരന്‍ നമ്മെ ന്യായം വിധിക്കട്ടെ; അവിടുന്നു ഇക്കാര്യം പരിശോധിച്ചശേഷം എനിക്കുവേണ്ടി വ്യവഹരിച്ച് എന്നെ അങ്ങയില്‍നിന്നു രക്ഷിക്കട്ടെ.” ദാവീദു പറഞ്ഞു തീര്‍ന്നപ്പോള്‍: “എന്‍റെ മകനേ, ദാവീദേ, ഇതു നിന്‍റെ ശബ്ദം തന്നെയോ” എന്നു ചോദിച്ചുകൊണ്ട് ശൗല്‍ പൊട്ടിക്കരഞ്ഞു; ശൗല്‍ ദാവീദിനോടു വീണ്ടും പറഞ്ഞു: “നീ എന്നെക്കാള്‍ നീതിമാനാണ്. നിനക്കെതിരെ ഞാന്‍ തിന്മ പ്രവര്‍ത്തിച്ചു; നീയാകട്ടെ എന്നോടു നന്മയാണു പ്രവര്‍ത്തിച്ചത്. സര്‍വേശ്വരന്‍ എന്നെ നിന്‍റെ കൈയില്‍ ഏല്പിച്ചിട്ടും നീ എന്നെ കൊല്ലാതെ എന്നോട് എത്ര നന്നായിട്ടാണു പെരുമാറിയതെന്ന് ഇന്നു നീ കാണിച്ചു തന്നു. ശത്രുവിനെ കൈയില്‍ കിട്ടിയാല്‍ ആരെങ്കിലും വെറുതെ വിടുമോ? ഇന്നു നീ എന്നോടു ചെയ്തതിനു സര്‍വേശ്വരന്‍ നിനക്കു നന്മ നല്‌കട്ടെ. നീ തീര്‍ച്ചയായും രാജാവാകും. ഇസ്രായേലിന്‍റെ രാജത്വം നിന്നില്‍ സ്ഥിരപ്പെടും എന്ന് എനിക്കറിയാം; അതുകൊണ്ട് എന്‍റെ മരണശേഷം എന്‍റെ സന്താനങ്ങളെ നിര്‍മ്മൂലമാക്കുകയില്ലെന്നും എന്‍റെ നാമം എന്‍റെ കുടുംബത്തില്‍നിന്നു നീക്കം ചെയ്യുകയില്ലെന്നും സര്‍വേശ്വരന്‍റെ നാമത്തില്‍ നീ എന്നോടു ശപഥം ചെയ്യണം.” അതുപോലെ ദാവീദ് ശൗലിനോടു ശപഥം ചെയ്തു; ശൗല്‍ കൊട്ടാരത്തിലേക്കു മടങ്ങി. ദാവീദും അനുയായികളും അവരുടെ ദുര്‍ഗങ്ങളിലേക്കും തിരിച്ചുപോയി. ശമൂവേല്‍ മരിച്ചു; ഇസ്രായേല്യര്‍ ഒരുമിച്ചുകൂടി അദ്ദേഹത്തെ ഓര്‍ത്തു വിലപിച്ചു. രാമായില്‍ അദ്ദേഹത്തിന്‍റെ ഭവനത്തില്‍ ശമൂവേലിനെ സംസ്കരിച്ചു. ദാവീദ് പാരാന്‍മരുഭൂമിയിലേക്കു പോയി. മാവോന്‍ പട്ടണക്കാരനായ ഒരാള്‍ കര്‍മ്മേലില്‍ വ്യാപാരം ചെയ്തിരുന്നു; മഹാധനികനായ അയാള്‍ക്കു മൂവായിരം ചെമ്മരിയാടുകളും ആയിരം കോലാടുകളും ഉണ്ടായിരുന്നു. കര്‍മ്മേലില്‍ വച്ചാണ് ആടുകളുടെ രോമം കത്രിച്ചിരുന്നത്. കാലേബ്‍വംശജനായ അയാളുടെ പേര് നാബാല്‍ എന്നായിരുന്നു. അയാളുടെ ഭാര്യ അബീഗയില്‍ സുന്ദരിയും വിവേകമതിയും ആയിരുന്നു. നാബാലാകട്ടെ നിഷ്ഠുരനും ദുഷ്കര്‍മിയും. നാബാല്‍ ആടുകളുടെ രോമം കത്രിക്കുന്നു എന്നു മരുഭൂമിയില്‍വച്ചു ദാവീദു കേട്ടു. കര്‍മ്മേലില്‍ ചെന്ന് തന്‍റെ പേരില്‍ നാബാലിനെ അഭിവാദനം ചെയ്യാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ദാവീദു പത്തു യുവാക്കന്മാരെ കര്‍മ്മേലിലേക്ക് അയച്ചു. ദാവീദ് അവരോടു പറഞ്ഞിരുന്നു. “നിങ്ങള്‍ ഇപ്രകാരം പറയണം, അങ്ങയുടെ ഭവനത്തിനും അങ്ങേക്കുള്ള സകലത്തിനും നന്മയുണ്ടാകട്ടെ. അങ്ങ് ആടുകളുടെ രോമം കത്രിക്കുന്ന വിവരം ഞാന്‍ അറിഞ്ഞു. അങ്ങയുടെ ഇടയന്മാര്‍ കര്‍മ്മേലില്‍ ആയിരുന്ന സമയത്തെല്ലാം അവര്‍ ഞങ്ങളുടെ കൂടെ ആയിരുന്നു. ഞങ്ങള്‍ അവരെ ഉപദ്രവിച്ചിരുന്നില്ല; അവര്‍ക്കുള്ളതൊന്നും നഷ്ടപ്പെട്ടതും ഇല്ല. അങ്ങയുടെ ഭൃത്യന്മാരോടു ചോദിച്ചാല്‍ അവര്‍ അതു പറയും; അതുകൊണ്ട് എന്‍റെ ഭൃത്യന്മാരോടു ദയ കാണിക്കണം. ഒരു വിശേഷദിവസമാണ് ഞങ്ങള്‍ അങ്ങയുടെ അടുക്കല്‍ വന്നിരിക്കുന്നത്. അങ്ങയുടെ ഈ ദാസന്മാര്‍ക്കും അങ്ങയുടെ പുത്രനായ ദാവീദിനും കഴിവുള്ളതു തന്നാലും.” ദാവീദിന്‍റെ സന്ദേശം ഭൃത്യന്മാര്‍ ചെന്നു നാബാലിനെ അറിയിച്ചശേഷം അവിടെ കാത്തുനിന്നു. നാബാല്‍ അവരോടു ചോദിച്ചു: “ആരാണീ ദാവീദ്? യിശ്ശായിയുടെ പുത്രന്‍ ആരാണ്? യജമാനന്മാരുടെ അടുക്കല്‍നിന്നു തെറ്റിപ്പിരിഞ്ഞു പോകുന്ന ഭൃത്യന്മാര്‍ ഇക്കാലത്തു ധാരാളമുണ്ട്. രോമം കത്രിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവച്ചിരിക്കുന്ന അപ്പവും വെള്ളവും മാംസവും എവിടെയോനിന്നു വന്നവര്‍ക്കു ഞാന്‍ കൊടുക്കണമെന്നോ?” ദാവീദിന്‍റെ ഭൃത്യന്മാര്‍ തിരിച്ചുചെന്നു വിവരമെല്ലാം ദാവീദിനെ അറിയിച്ചു. ദാവീദു പറഞ്ഞു: “എല്ലാവരും വാള്‍ അരയ്‍ക്കുകെട്ടി ഒരുങ്ങിക്കൊള്‍വിന്‍.” അവര്‍ അപ്രകാരം ചെയ്തു. ദാവീദും വാള്‍ ധരിച്ചു; നാനൂറോളം അനുയായികളോടൊത്തു ദാവീദ് പുറപ്പെട്ടു; ഇരുനൂറു പേര്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ അവിടെത്തന്നെ നിന്നു. നാബാലിന്‍റെ ഭാര്യയായ അബീഗയിലിനോടു ഭൃത്യന്മാരിലൊരാള്‍ പറഞ്ഞു: “നാബാലിനെ അഭിവാദനം ചെയ്യുന്നതിനു ദാവീദ് ദൂതന്മാരെ മരുഭൂമിയില്‍നിന്ന് അയച്ചു. നാബാല്‍ അവരോടു പരുഷമായി സംസാരിച്ചു; അവര്‍ നമുക്കു വളരെ ഉപകാരം ചെയ്തിട്ടുണ്ട്; ഞങ്ങള്‍ വയലില്‍ അവരുടെ കൂടെ പാര്‍ത്തിരുന്നപ്പോള്‍ അവര്‍ ഒരിക്കലും ഞങ്ങളെ ഉപദ്രവിച്ചിരുന്നില്ല; ഞങ്ങള്‍ക്കുള്ളതൊന്നും നഷ്ടപ്പെട്ടതുമില്ല. ആടുകളെ മേയിച്ചുകൊണ്ട് അവരുടെ കൂടെ പാര്‍ത്തിരുന്നപ്പോള്‍ രാവും പകലും എല്ലാം അവര്‍ ഞങ്ങള്‍ക്ക് ഒരു കോട്ടയായിരുന്നു; അതിനാല്‍ എന്താണു ചെയ്യേണ്ടതെന്ന് ആലോചിച്ചു തീരുമാനിക്കുക. ഇത് തീര്‍ച്ചയായും യജമാനനും കുടുംബത്തിനും അനര്‍ഥം വരുത്തിവയ്‍ക്കും. യജമാനനാണെങ്കില്‍ ആരു പറഞ്ഞാലും കേള്‍ക്കാത്ത ദുസ്വഭാവക്കാരനാണ്.” അബീഗയില്‍ ഉടന്‍തന്നെ ഇരുനൂറ് അപ്പവും രണ്ടു തോല്‍ക്കുടം വീഞ്ഞും അഞ്ച് ആടുകളെ പാകം ചെയ്തതും അഞ്ചു പറ മലരും നൂറ് ഉണക്കമുന്തിരിക്കുലയും അത്തിപ്പഴം കൊണ്ടുള്ള ഇരുനൂറ് അടയും എടുത്തു കഴുതപ്പുറത്തു കയറ്റി, ഭൃത്യന്മാരോടു പറഞ്ഞു: “നിങ്ങള്‍ മുമ്പേ പോകുക; ഞാന്‍ ഇതാ വരുന്നു.” എന്നാല്‍ ഭര്‍ത്താവിനോട് അബീഗയില്‍ ഇതൊന്നും പറഞ്ഞില്ല. അവള്‍ കഴുതപ്പുറത്തു മലയുടെ മറവിലൂടെ ഇറങ്ങിച്ചെല്ലുമ്പോള്‍ ദാവീദും അനുയായികളും എതിരെ വരുന്നതു കണ്ടു. ദാവീദു വിചാരിച്ചു: “മരുഭൂമിയില്‍ ഇവനുള്ളതൊക്കെ ഞാന്‍ കാത്തുസൂക്ഷിച്ചതു വെറുതേ ആയിരുന്നല്ലോ; അവയിലൊന്നും നഷ്ടപ്പെട്ടില്ല. എന്നിട്ടും അയാള്‍ നന്മയ്‍ക്കു പകരം എന്നോടു തിന്മ പ്രവര്‍ത്തിച്ചു; നാളെ നേരം വെളുക്കുമ്പോഴേക്ക് അയാളുടെ പുരുഷപ്രജയില്‍ ഒരുവനെങ്കിലും അവശേഷിച്ചാല്‍ ദൈവം എന്‍റെ ജീവന്‍ എടുത്തുകൊള്ളട്ടെ.” അബീഗയില്‍ ദാവീദിനെ കണ്ട് തിടുക്കത്തില്‍ കഴുതപ്പുറത്തു നിന്നിറങ്ങി; ദാവീദിന്‍റെ മുമ്പില്‍ സാഷ്ടാംഗം നമസ്കരിച്ചു. ദാവീദിന്‍റെ കാല്‌ക്കല്‍ വീണ് അവള്‍ പറഞ്ഞു: “പ്രഭോ, കുറ്റം എന്‍റെമേല്‍ തന്നെ ഇരിക്കട്ടെ; അങ്ങയുടെ ഈ ദാസിയെ സംസാരിക്കാന്‍ അനുവദിച്ചാലും. ഈ ദാസിയുടെ വാക്കു കേള്‍ക്കണമേ. ദുസ്വഭാവിയായ നാബാലിനെ അങ്ങു ഗണ്യമാക്കരുതേ. നാബാല്‍ എന്നല്ലേ പേര്; പേരുപോലെയാണ് അയാളുടെ സ്വഭാവവും. ഭോഷത്തമായി മാത്രമേ അയാള്‍ പ്രവര്‍ത്തിക്കുകയുള്ളൂ; യജമാനന്‍ അയച്ച ഭൃത്യന്മാരെ അങ്ങയുടെ ദാസി കണ്ടില്ല. രക്തച്ചൊരിച്ചിലിനും പ്രതികാരത്തിനും ഇടവരുത്താതെ അങ്ങയെ തടഞ്ഞത് സര്‍വേശ്വരനാണ്. അങ്ങയുടെ നാമത്തിലും ജീവിക്കുന്ന സര്‍വേശ്വരന്‍റെ നാമത്തിലും ഞാന്‍ സത്യം ചെയ്തു പറയുന്നു: അങ്ങയുടെ ശത്രുക്കളും അങ്ങയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവരും നാബാലിനെപ്പോലെ ആകട്ടെ; പ്രഭോ, അങ്ങയുടെ ദാസി കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ച സ്വീകരിച്ച് അങ്ങയുടെ അനുചരരായ യുവാക്കള്‍ക്കു നല്‌കിയാലും. ഈ ദാസിയുടെ അപരാധം ക്ഷമിച്ചാലും; സര്‍വേശ്വരന്‍ നിശ്ചയമായും അങ്ങേക്ക് ഒരു ശാശ്വതഭവനം പണിയും. സര്‍വേശ്വരനു വേണ്ടിയാണല്ലോ അങ്ങു യുദ്ധം ചെയ്യുന്നത്. ജീവിതകാലത്ത് ഒരിക്കലും അങ്ങയില്‍ ഒരു തിന്മയും കാണുകയില്ല. ആരെങ്കിലും അങ്ങയെ പിന്തുടര്‍ന്നു കൊല്ലാന്‍ ശ്രമിച്ചാല്‍ നിധി എന്നപോലെ ദൈവമായ സര്‍വേശ്വരന്‍ അങ്ങയുടെ പ്രാണന്‍ കാത്തുകൊള്ളും. എന്നാല്‍ അങ്ങയുടെ ശത്രുക്കളുടെ പ്രാണനെയാകട്ടെ സര്‍വേശ്വരന്‍ കവിണയില്‍ നിന്നെന്നപോലെ എറിഞ്ഞുകളയും. സര്‍വേശ്വരന്‍ അങ്ങയോടു വാഗ്ദാനം ചെയ്തിരുന്ന സകല അനുഗ്രഹങ്ങളും നിറവേറ്റി അങ്ങയെ ഇസ്രായേലിന്‍റെ പ്രഭുവാക്കും. അപ്പോള്‍ കാരണം കൂടാതെ രക്തം ചിന്തിയെന്നോ പ്രതികാരം ചെയ്തു എന്നോ അങ്ങേക്കു മനോവ്യഥയോ മനസ്സാക്ഷിക്കുത്തോ ഉണ്ടാകുകയില്ല; അവിടുന്നു അങ്ങയെ അനുഗ്രഹിക്കുമ്പോള്‍ ഈ ദാസിയെ മറക്കരുതേ.” ദാവീദ് അവളോടു പറഞ്ഞു: “ഇന്നു നിന്നെ എന്‍റെ അടുക്കലേക്കു അയച്ച ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ. നിന്‍റെ വിവേകം സ്തുത്യര്‍ഹമാണ്. രക്തം ചൊരിയാതെയും സ്വന്തം കൈകൊണ്ട് പ്രതികാരം ചെയ്യാതെയും ഇരിക്കാന്‍ ഇന്ന് എന്നെ തടഞ്ഞ നീ അനുഗൃഹീതയാണ്. നിനക്കു ദോഷം വരുത്താതിരിക്കാന്‍ എന്നെ തടഞ്ഞ ഇസ്രായേലിന്‍റെ സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ പറയുന്നു, നീ തിടുക്കത്തില്‍ എന്നെ എതിരേല്‌ക്കാന്‍ വന്നില്ലായിരുന്നെങ്കില്‍ നേരം പുലരുമ്പോഴേക്ക് നാബാലിന് ഒരു പുരുഷപ്രജപോലും ശേഷിക്കുകയില്ലായിരുന്നു.” അവള്‍ കൊണ്ടുവന്നിരുന്നതു വാങ്ങിയിട്ട് ദാവീദ് പറഞ്ഞു: “സമാധാനത്തോടെ നിന്‍റെ ഭവനത്തിലേക്കു പോകുക; നീ പറഞ്ഞതെല്ലാം ഞാന്‍ കേട്ടു; നിന്‍റെ അപേക്ഷ സ്വീകരിച്ചിരിക്കുന്നു.” അബീഗയില്‍ നാബാലിന്‍റെ അടുക്കല്‍ എത്തിയപ്പോള്‍ അയാള്‍ രാജോചിതമായ ഭോജനം കഴിക്കുന്നതു കണ്ടു; അയാള്‍ അമിതമായി മദ്യപിച്ച് മത്തുപിടിച്ചിരുന്നു; അതിനാല്‍ നേരം വെളുക്കുന്നതുവരെ വിവരമൊന്നും നാബാലിനോട് അവള്‍ പറഞ്ഞില്ല. രാവിലെ ലഹരി വിട്ടുമാറിയപ്പോള്‍ അവള്‍ വിവരമെല്ലാം അയാളോടു പറഞ്ഞു. അതു കേട്ട് അയാള്‍ മരവിച്ച് ഒരു ശിലപോലെ നിര്‍ജീവമായി; പത്തു ദിവസം കഴിഞ്ഞപ്പോള്‍ സര്‍വേശ്വരന്‍ അയാളെ ശിക്ഷിച്ചു; അയാള്‍ മരിച്ചു. നാബാല്‍ മരിച്ചുപോയി എന്നു കേട്ടപ്പോള്‍ ദാവീദു പറഞ്ഞു: “സര്‍വേശ്വരന്‍ വാഴ്ത്തപ്പെട്ടവന്‍; നാബാല്‍ അപമര്യാദയായി പെരുമാറിയതിനു അവിടുന്നു പകരം ചോദിച്ചു. അയാളോടു പകരം വീട്ടാന്‍ ഇടയാക്കാതെ ഈ ദാസനെ അവിടുന്നു രക്ഷിച്ചു. അവന്‍ ചെയ്ത തിന്മയ്‍ക്കു സര്‍വേശ്വരന്‍ അവനെ ശിക്ഷിച്ചു.” അബീഗയിലിനെ ഭാര്യയാക്കാന്‍ തനിക്കുള്ള ആഗ്രഹം അവളെ അറിയിക്കാന്‍ ദാവീദു ദൂതന്മാരെ അയച്ചു; ദൂതന്മാര്‍ കര്‍മ്മേലില്‍ അവളുടെ അടുക്കല്‍ ചെന്നു പറഞ്ഞു: “നിങ്ങളെ തന്‍റെ ഭാര്യ ആക്കാന്‍ ദാവീദ് ആഗ്രഹിക്കുന്നു; നിങ്ങളെ കൂട്ടിക്കൊണ്ടു ചെല്ലാന്‍ ഞങ്ങളെ അയച്ചിരിക്കുകയാണ്.” അവള്‍ നിലംപറ്റെ കുനിഞ്ഞു വന്ദിച്ചശേഷം പറഞ്ഞു: “ഇതാ, നിങ്ങളുടെ ദാസി; എന്‍റെ യജമാനന്‍റെ ദാസന്മാരുടെ പാദങ്ങള്‍ കഴുകേണ്ടവള്‍.” ഉടനെ അബീഗയില്‍ എഴുന്നേറ്റു കഴുതപ്പുറത്തു കയറി; അവള്‍ തന്‍റെ അഞ്ചു പരിചാരികമാരോടൊത്തു ദാവീദിന്‍റെ ഭൃത്യന്മാരുടെകൂടെ പോയി; അങ്ങനെ അബീഗയില്‍ ദാവീദിന്‍റെ ഭാര്യയായിത്തീര്‍ന്നു. ജെസ്രീല്‍ക്കാരി അഹീനോവാമിനെയും ദാവീദ് കൊണ്ടുവന്നു; അങ്ങനെ അവര്‍ ഇരുവരും ദാവീദിന്‍റെ ഭാര്യമാരായി. ശൗലാകട്ടെ ദാവീദിനു ഭാര്യയായി നല്‌കിയിരുന്ന തന്‍റെ മകള്‍ മീഖളിനെ ഗല്ലീമ്യനായ ലയീശിന്‍റെ മകന്‍ ഫല്‍തിക്കു നല്‌കി. പിന്നീട് സീഫ്യര്‍ ഗിബെയായില്‍ ശൗലിന്‍റെ അടുക്കല്‍ വന്ന് യെശീമോന്‍റെ കിഴക്കുള്ള ഹഖീലാക്കുന്നില്‍ ദാവീദ് ഒളിച്ചു പാര്‍ക്കുന്നു എന്നു പറഞ്ഞു. ഉടനെ ഇസ്രായേല്യരില്‍നിന്നു തിരഞ്ഞെടുത്ത മൂവായിരം പേരോടൊത്ത് ദാവീദിനെ തിരയാന്‍ ശൗല്‍ സീഫിലെ മരുഭൂമിയിലേക്കു പുറപ്പെട്ടു. അവര്‍ യെശീമോന്‍റെ കിഴക്കുള്ള വഴിക്കു സമീപം ഹഖീലാക്കുന്നില്‍ പാളയമടിച്ചു. ദാവീദ് മരുഭൂമിയില്‍ത്തന്നെ ആയിരുന്നു. ശൗല്‍ തന്നെത്തേടി മരുഭൂമിയില്‍ എത്തിയ വിവരം അയാള്‍ അറിഞ്ഞു. ശൗല്‍ അവിടെ എത്തിയിട്ടുണ്ടെന്നു ചാരന്മാരെ അയച്ചു ദാവീദ് ഉറപ്പു വരുത്തി. പിന്നീട് ശൗല്‍ പാളയമടിച്ചിരുന്ന സ്ഥലത്തു ചെന്നു; ശൗലും അദ്ദേഹത്തിന്‍റെ സൈന്യാധിപന്‍ നേരിന്‍റെ പുത്രനായ അബ്നേരും കിടന്നിരുന്ന സ്ഥലം കണ്ടു. ശൗല്‍ പാളയത്തിനുള്ളില്‍ കിടക്കുകയായിരുന്നു; സൈന്യം ചുറ്റും പാളയമടിച്ചിരുന്നു. ഹിത്യനായ അഹീമേലെക്കിനോടും സെരൂയായുടെ പുത്രനും യോവാബിന്‍റെ സഹോദരനുമായ അബീശായിയോടും ദാവീദ് ചോദിച്ചു: “പാളയത്തിനുള്ളില്‍ ശൗലിന്‍റെ അടുത്തേക്ക് നിങ്ങളില്‍ ആര് എന്‍റെകൂടെ വരും?” “അങ്ങയോടൊപ്പം ഞാന്‍ പോരാം” അബീശായി പറഞ്ഞു. അന്നു രാത്രിയില്‍ ദാവീദും അബീശായിയും കൂടി പാളയത്തില്‍ എത്തി. തന്‍റെ കുന്തം തലയ്‍ക്കല്‍ കുത്തിനിറുത്തിയിട്ട് അതിനടുത്തുതന്നെ ശൗല്‍ കിടക്കുകയായിരുന്നു. അബ്നേരും പടയാളികളും ചുറ്റും കിടന്നിരുന്നു. അബീശായി ദാവീദിനോടു പറഞ്ഞു: “സര്‍വേശ്വരന്‍ അങ്ങയുടെ ശത്രുവിനെ ഇന്ന് അങ്ങയുടെ കൈയില്‍ ഏല്പിച്ചിരിക്കുകയാണ്. ഞാന്‍ കുന്തംകൊണ്ട് ഒറ്റക്കുത്തിന് അയാളെ നിലത്തോടു ചേര്‍ത്തു തറയ്‍ക്കട്ടെ. രണ്ടാമത് ഒന്നുകൂടി വേണ്ടിവരില്ല.” എന്നാല്‍ ദാവീദ് അബീശായിയോടു പറഞ്ഞു: “നീ അദ്ദേഹത്തെ കൊല്ലരുത്. സര്‍വേശ്വരന്‍റെ അഭിഷിക്തനെതിരെ കൈ ഉയര്‍ത്തിയിട്ട് ആര്‍ക്കു കുറ്റമറ്റവനായിരിക്കാന്‍ കഴിയും? നിത്യനായ സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ പറയുന്നു: അവിടുന്നുതന്നെ അദ്ദേഹത്തെ ശിക്ഷിച്ചുകൊള്ളും; അല്ലെങ്കില്‍ മരണസമയം ആകുമ്പോഴോ യുദ്ധത്തില്‍ വച്ചോ അദ്ദേഹം മരിക്കും. സര്‍വേശ്വരന്‍റെ അഭിഷിക്തനെതിരെ കൈ ഉയര്‍ത്താന്‍ ഇടയാകാതെ അവിടുന്ന് എന്നെ തടയട്ടെ. അദ്ദേഹത്തിന്‍റെ തലയ്‍ക്കലുള്ള കുന്തവും ജലപാത്രവും നമുക്ക് എടുത്തുകൊണ്ടുപോകാം.” ദാവീദ് ശൗലിന്‍റെ തലയ്‍ക്കല്‍നിന്നു കുന്തവും ജലപാത്രവും എടുത്തു. പിന്നീട് അവര്‍ സ്ഥലംവിട്ടു. ആരും അതു കണ്ടില്ല, ആരും അറിഞ്ഞില്ല, ആരും ഉണര്‍ന്നതുമില്ല; അവരെല്ലാം നിദ്രയില്‍ ആണ്ടിരുന്നു; സര്‍വേശ്വരന്‍ അവര്‍ക്കു ഗാഢനിദ്ര നല്‌കിയിരുന്നു. ദാവീദ് അപ്പുറത്തു കടന്ന് അങ്ങ് അകലെയുള്ള മലമുകളില്‍ ചെന്നു നിന്നു. ശൗലിന്‍റെ സൈന്യത്തെയും നേരിന്‍റെ മകനായ അബ്നേരിനെയും ദാവീദ് ഉറക്കെ വിളിച്ചു ചോദിച്ചു: “അബ്നേരേ, നീ കേള്‍ക്കുന്നില്ലേ?” അബ്നേര്‍ തിരിച്ചുചോദിച്ചു: “രാജാവിനെ വിളിച്ചു ശല്യപ്പെടുത്തുന്നതു ആരാണ്?” ദാവീദ് പ്രതിവചിച്ചു: “നീ ഒരു പുരുഷന്‍ അല്ലേ? ഇസ്രായേലില്‍ നിന്നെപ്പോലെ മറ്റൊരാളുണ്ടോ? നീ നിന്‍റെ യജമാനനായ രാജാവിനെ കാത്തുസൂക്ഷിക്കാതിരുന്നത് എന്ത്? അദ്ദേഹത്തെ അപായപ്പെടുത്താന്‍ ജനത്തില്‍ ഒരാള്‍ അവിടെ വന്നിരുന്നല്ലോ. നീ ഈ ചെയ്തത് ശരിയായില്ല; നിത്യനായ സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ പറയുന്നു: നീ വധിക്കപ്പെടേണ്ടവനാണ്; സര്‍വേശ്വരന്‍റെ അഭിഷിക്തനും നിന്‍റെ യജമാനനുമായവനെ നീ കാത്തുസൂക്ഷിച്ചില്ല; രാജാവിന്‍റെ കുന്തവും തലയ്‍ക്കല്‍ ഇരുന്ന ജലപാത്രവും എവിടെ?” ദാവീദിന്‍റെ ശബ്ദം ശൗല്‍ തിരിച്ചറിഞ്ഞു ചോദിച്ചു: “മകനേ! ദാവീദേ! ഇതു നിന്‍റെ ശബ്ദം തന്നെയോ?” ദാവീദ് പ്രതിവചിച്ചു: “അതേ, യജമാനനായ രാജാവേ, ഇത് എന്‍റെ സ്വരംതന്നെ, അങ്ങ് എന്തിന് ഈ ദാസനെ പിന്തുടരുന്നു? ഞാന്‍ എന്തു ചെയ്തു? എന്‍റെ പേരിലുള്ള കുറ്റമെന്ത്? എന്‍റെ യജമാനനായ രാജാവേ! ഞാന്‍ പറയുന്നത് അങ്ങു ശ്രദ്ധിച്ചാലും; സര്‍വേശ്വരനാണ് അങ്ങയെ എനിക്കെതിരായി വിട്ടിരിക്കുന്നതെങ്കില്‍ അവിടുന്ന് ഒരു വഴിപാടു സ്വീകരിച്ചു പ്രസാദിക്കട്ടെ. അതല്ല മനുഷ്യരെങ്കില്‍ അവര്‍ സര്‍വേശ്വരസന്നിധിയില്‍ ശപിക്കപ്പെട്ടവരാകട്ടെ. എനിക്കു സര്‍വേശ്വരന്‍റെ അവകാശത്തില്‍ ഓഹരി ലഭിക്കാതിരിക്കത്തക്കവിധം അന്യദേവന്മാരെ പോയി സേവിക്കൂ എന്നു പറഞ്ഞ് അവര്‍ എന്നെ ഓടിച്ചിരിക്കുകയാണല്ലോ. സര്‍വേശ്വരസന്നിധിയില്‍നിന്ന് അകലെയുള്ള സ്ഥലത്തുവച്ചു ഞാന്‍ വധിക്കപ്പെടാതെയിരിക്കട്ടെ. ഇസ്രായേല്‍രാജാവ് ഒരു ഈച്ചയെ കൊല്ലാന്‍ മലകളില്‍ കാട്ടുകോഴിയെ വേട്ടയാടുന്നതുപോലെ പുറപ്പെട്ടിരിക്കുകയാണല്ലോ.” ശൗല്‍ പറഞ്ഞു: “എന്‍റെ മകനേ, ദാവീദേ, ഞാന്‍ തെറ്റു ചെയ്തുപോയി. മടങ്ങിവരിക; ഇന്ന് എന്‍റെ ജീവന്‍ നിന്‍റെ ദൃഷ്‍ടിയില്‍ വിലപ്പെട്ടതായിരുന്നല്ലോ. അതുകൊണ്ട് ഞാന്‍ ഇനി നിനക്ക് ഒരു ഉപദ്രവവും വരുത്തുകയില്ല; ഞാന്‍ ഭോഷത്തം കാട്ടി; വളരെയേറെ തെറ്റു ചെയ്തുപോയി.” ദാവീദു മറുപടി പറഞ്ഞു: “രാജാവേ, കുന്തം ഇവിടെയുണ്ട്. അങ്ങയുടെ ഒരു ഭൃത്യന്‍ വന്ന് ഇതെടുത്തുകൊണ്ടു പോകട്ടെ. സര്‍വേശ്വരന്‍ എല്ലാവര്‍ക്കും അവരവരുടെ വിശ്വസ്തതയ്‍ക്കും നീതിനിഷ്ഠയ്‍ക്കും തക്കവിധം പ്രതിഫലം നല്‌കുന്നു. അവിടുന്ന് അങ്ങയെ ഇന്ന് എന്‍റെ കൈയില്‍ ഏല്പിച്ചതായിരുന്നു; എന്നാല്‍ സര്‍വേശ്വരന്‍റെ അഭിഷിക്തനായ അങ്ങേക്കെതിരെ കരം ഉയര്‍ത്താന്‍ എനിക്കു മനസ്സുവന്നില്ല. അങ്ങയുടെ ജീവന്‍ വിലപ്പെട്ടതായി ഇന്നു ഞാന്‍ കണ്ടതുപോലെ എന്‍റെ ജീവനും സര്‍വേശ്വരസന്നിധിയില്‍ വിലപ്പെട്ടതായിരിക്കട്ടെ. എന്‍റെ സകല കഷ്ടതകളില്‍നിന്നും അവിടുന്നു എന്നെ വിടുവിക്കട്ടെ.” ശൗല്‍ ദാവീദിനോടു പറഞ്ഞു: “എന്‍റെ മകനേ, ദാവീദേ, നീ അനുഗൃഹീതന്‍. നിന്‍റെ പ്രവൃത്തികളിലെല്ലാം നീ വിജയം നേടും.” ദാവീദ് തന്‍റെ വഴിക്കും ശൗല്‍ കൊട്ടാരത്തിലേക്കും മടങ്ങി. ദാവീദ് ചിന്തിച്ചു; “ഞാന്‍ ഒരു ദിവസം ശൗലിന്‍റെ കൈയാല്‍ മരിക്കും. ഫെലിസ്ത്യരുടെ ദേശത്തേക്ക് ഓടി രക്ഷപെടുകയല്ലേ നല്ലത്? അങ്ങനെ ശൗല്‍ ഇസ്രായേലിന്‍റെ അതിര്‍ത്തികള്‍ക്കുള്ളില്‍ എന്നെ തിരഞ്ഞ് നിരാശനാകും. ഞാന്‍ അദ്ദേഹത്തിന്‍റെ കൈയില്‍നിന്നു രക്ഷപെടുകയും ചെയ്യും.” ദാവീദ് അറുനൂറു അനുചരന്മാരെയും കൂട്ടിക്കൊണ്ട് ഗത്തിലെ രാജാവും മാവോക്കിന്‍റെ പുത്രനുമായ ആഖീശിന്‍റെ അടുക്കലേക്കു പോയി; ദാവീദും കൂട്ടരും കുടുംബസമേതം അവിടെ പാര്‍ത്തു. ദാവീദിന്‍റെ ഭാര്യമാരായ ജെസ്രീല്‍ക്കാരി അഹീനോവാമും നാബാലിന്‍റെ ഭാര്യയായിരുന്ന അബീഗയിലും അദ്ദേഹത്തിന്‍റെകൂടെ ഉണ്ടായിരുന്നു. ദാവീദ് ഗത്തിലേക്ക് ഓടിപ്പോയവിവരം അറിഞ്ഞശേഷം ശൗല്‍ അദ്ദേഹത്തെ അന്വേഷിച്ചതേയില്ല. ദാവീദ് ആഖീശിനോടു പറഞ്ഞു: “അങ്ങേക്ക് എന്നോടു പ്രീതി തോന്നുന്നു എങ്കില്‍ നാട്ടിന്‍പുറത്ത് എവിടെയെങ്കിലും ഒരു സ്ഥലം തന്നാലും. ഞാന്‍ അവിടെ പാര്‍ത്തുകൊള്ളാം; അങ്ങയുടെ കൂടെ രാജനഗരത്തില്‍ ഞാന്‍ പാര്‍ക്കുന്നതെന്തിന്?” ആഖീശ് അന്നുതന്നെ സിക്ലാഗ്പ്രദേശം ദാവീദിനു നല്‌കി. അതുകൊണ്ട് സിക്ലാഗ് ഇന്നും യെഹൂദാരാജാക്കന്മാരുടെ വകയാണ്. ദാവീദ് ഫെലിസ്ത്യദേശത്ത് ഒരു വര്‍ഷവും നാലു മാസവും പാര്‍ത്തു. ഈജിപ്തിലേക്കുള്ള വഴിയില്‍ ശൂര്‍വരെയുള്ള ദേശത്തു പാര്‍ത്തിരുന്ന ഗെശൂര്യരെയും ഗെസ്രീയരെയും അമാലേക്യരെയും ദാവീദ് അനുയായികളുമൊത്ത് ആക്രമിച്ചു; ദാവീദ് ആ ദേശം നശിപ്പിച്ചു. സ്‍ത്രീകളെയോ പുരുഷന്മാരെയോ ശേഷിപ്പിച്ചില്ല. അവര്‍ കൊള്ളയടിച്ച ആടുമാടുകള്‍, കഴുതകള്‍, ഒട്ടകങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുമായി ആഖീശിന്‍റെ അടുക്കല്‍ മടങ്ങിവന്നു. നിങ്ങളുടെ ആക്രമണം ഇന്ന് എവിടെ ആയിരുന്നു എന്ന് ആഖീശ് ചോദിക്കുമ്പോഴെല്ലാം: യെഹൂദായ്‍ക്കു തെക്കെന്നോ, യെരഹ്‍മേല്യര്‍ക്കു തെക്കെന്നോ, കേന്യര്‍ക്കു തെക്കെന്നോ ദാവീദ് മറുപടി പറയുമായിരുന്നു. ദാവീദിന്‍റെയും അനുയായികളുടെയും പ്രവൃത്തികള്‍ ഗത്തില്‍ ആരും അറിയാന്‍ ഇടയാകരുതെന്നു കരുതി അവര്‍ ആക്രമിക്കുന്ന സ്ഥലങ്ങളില്‍ സ്‍ത്രീപുരുഷന്മാരെയെല്ലാം സംഹരിക്കുക പതിവായിരുന്നു. ഫെലിസ്ത്യരുടെ നാട്ടില്‍ പാര്‍ത്തിരുന്ന കാലമത്രയും ദാവീദ് അങ്ങനെതന്നെ പ്രവര്‍ത്തിച്ചു. ആഖീശ് ദാവീദിനെ വിശ്വസിച്ചു. അയാള്‍ ചിന്തിച്ചു: “ഇസ്രായേല്യരായ സ്വജനങ്ങളുടെ കഠിനമായ വെറുപ്പ് ഇവന്‍ സമ്പാദിച്ചിരിക്കുകയാണ്. അതുകൊണ്ട് അവന്‍ എന്നും എന്‍റെ ദാസനായിരുന്നുകൊള്ളും.” ആ കാലത്തു ഫെലിസ്ത്യര്‍ ഇസ്രായേലിനോടു യുദ്ധം ചെയ്യാന്‍ സേനകളെ ഒരുമിച്ചു കൂട്ടി. ആഖീശ് ദാവീദിനോടു പറഞ്ഞു: “നീയും അനുയായികളും യുദ്ധത്തിന് എന്‍റെ കൂടെ പോരണം.” ദാവീദ് ആഖീശിനോടു പറഞ്ഞു: “ഈ ദാസന് എന്തു ചെയ്യാന്‍ കഴിയും എന്ന് അങ്ങേക്കു കാണാം.” “അങ്ങനെയെങ്കില്‍ നീ എന്നും എന്‍റെ അംഗരക്ഷകനായിരിക്കും.” ആഖീശ് ദാവീദിനോടു പറഞ്ഞു. ശമൂവേല്‍ മരിക്കുകയും ഇസ്രായേല്‍ജനമെല്ലാം അദ്ദേഹത്തിനുവേണ്ടി വിലപിക്കുകയും അദ്ദേഹത്തിന്‍റെ സ്വന്തം നഗരമായ രാമായില്‍ മൃതദേഹം സംസ്കരിക്കുകയും ചെയ്തിരുന്നു. സകല മന്ത്രവാദികളെയും ആഭിചാരകരെയും ശൗല്‍ രാജ്യത്തുനിന്നു പുറത്താക്കിയിരുന്നു. ഫെലിസ്ത്യര്‍ ഒരുമിച്ചുകൂടി ശൂനേം പട്ടണത്തിനടുത്ത് പാളയമടിച്ചു; ഇസ്രായേല്യരെയെല്ലാം കൂട്ടിക്കൊണ്ട് ശൗല്‍ ഗില്‍ബോവയിലും പാളയമടിച്ചു. ഫെലിസ്ത്യസൈന്യത്തെ കണ്ട് ശൗല്‍ ഭയപ്പെട്ട് അസ്വസ്ഥചിത്തനായി. സര്‍വേശ്വരഹിതം അറിയാന്‍ ശൗല്‍ ശ്രമിച്ചെങ്കിലും സ്വപ്നത്തിലൂടെയോ ഊറീമിലൂടെയോ പ്രവാചകന്മാരിലൂടെയോ സര്‍വേശ്വരനില്‍നിന്നു മറുപടി ലഭിച്ചില്ല; അപ്പോള്‍ ഉപദേശം തേടുന്നതിന് ഒരു മന്ത്രവാദിനിയെ കണ്ടുപിടിക്കാന്‍ ശൗല്‍ ഭൃത്യന്മാരോടു കല്പിച്ചു. എന്‍-ദോരില്‍ ഒരു മന്ത്രവാദിനി ഉള്ള വിവരം അവര്‍ രാജാവിനോടു പറഞ്ഞു. ശൗല്‍ ആ രാത്രിയില്‍തന്നെ വേഷപ്രച്ഛന്നനായി രണ്ടു ഭൃത്യന്മാരോടുകൂടി ആ സ്‍ത്രീയുടെ അടുക്കലെത്തി. അവളുടെ മന്ത്രശക്തികൊണ്ടു താന്‍ നിര്‍ദ്ദേശിക്കുന്ന ആളെ വരുത്തണമെന്ന് രാജാവ് ആവശ്യപ്പെട്ടു. അപ്പോള്‍ അവള്‍ പറഞ്ഞു: “സകല മന്ത്രവാദികളെയും ആഭിചാരകരെയും ശൗല്‍ നാട്ടില്‍നിന്നു തുരത്തിയ വിവരം നിങ്ങള്‍ക്കറിഞ്ഞുകൂടേ? പിന്നെ എന്നെ നശിപ്പിക്കാന്‍ എന്തിനു നിങ്ങള്‍ കെണിയൊരുക്കുന്നു?” അപ്പോള്‍ ശൗല്‍ സര്‍വേശ്വരന്‍റെ നാമത്തില്‍ സത്യം ചെയ്തു പറഞ്ഞു: “ഈ കാര്യം നിമിത്തം നിനക്ക് ഒരു ശിക്ഷയും ഉണ്ടാവുകയില്ല.” “ഞാന്‍ ആരെയാണു വരുത്തിത്തരേണ്ടത്” എന്ന് അവള്‍ ചോദിച്ചു; “ശമൂവേലിനെ വരുത്തിത്തരണം;” അയാള്‍ മറുപടി പറഞ്ഞു. ശമൂവേലിനെ കണ്ടപ്പോള്‍ ആ സ്‍ത്രീ ഉറക്കെ നിലവിളിച്ചു. അവള്‍ ശൗലിനോടു ചോദിച്ചു: “രാജാവല്ലേ അങ്ങ്? എന്നെ എന്തിനു ചതിച്ചു? അങ്ങ് ശൗലല്ലേ?” രാജാവ് അവളോടു പറഞ്ഞു: “നീ ഭയപ്പെടേണ്ട; എന്താണ് നീ കാണുന്നത്?” “ഒരു ദേവന്‍ ഭൂമിയില്‍നിന്നു കയറിവരുന്നതു ഞാന്‍ കാണുന്നു” ആ സ്‍ത്രീ പറഞ്ഞു. “ആ ദേവന്‍റെ രൂപം എങ്ങനെ?” ശൗല്‍ ചോദിച്ചു. അവള്‍ പറഞ്ഞു: “ഒരു വൃദ്ധനാണ് കയറിവരുന്നത്; അങ്കി ധരിച്ചിട്ടുണ്ട്.” അതു ശമൂവേലാണെന്നു ശൗലിനു മനസ്സിലായി. അദ്ദേഹം സാഷ്ടാംഗം വീണു നമസ്കരിച്ചു. ശമൂവേല്‍ ശൗലിനോടു ചോദിച്ചു: “നീ എന്നെ വിളിച്ചുവരുത്തി ശല്യപ്പെടുത്തിയതെന്ത്?” ശൗല്‍ പറഞ്ഞു: “ഞാന്‍ വലിയ കഷ്ടതയിലായിരിക്കുന്നു. ഫെലിസ്ത്യര്‍ എന്നോടു യുദ്ധം ചെയ്യുകയാണ്; സര്‍വേശ്വരന്‍ എന്നെ കൈവിട്ടിരിക്കുന്നു; പ്രവാചകരിലൂടെയോ സ്വപ്നത്തിലൂടെയോ എനിക്ക് ഉത്തരം നല്‌കുന്നില്ല, അതുകൊണ്ട് ഞാന്‍ എന്തു ചെയ്യണം എന്നു പറഞ്ഞുതരേണ്ടതിനാണ് ഞാന്‍ അങ്ങയെ വിളിച്ചുവരുത്തിയത്.” ശമൂവേല്‍ പറഞ്ഞു: “സര്‍വേശ്വരന്‍ നിന്നെ കൈവിട്ട്, നിനക്ക് എതിരാളി ആയിരിക്കെ എന്തിന് എന്നോടു ചോദിക്കുന്നു. എന്നിലൂടെ അരുളപ്പാടുണ്ടായതുപോലെ അവിടുന്നു പ്രവര്‍ത്തിച്ചിരിക്കുന്നു. രാജ്യം നിന്നില്‍നിന്നെടുത്തു നിന്‍റെ അയല്‍ക്കാരനായ ദാവീദിനു കൊടുത്തിരിക്കുന്നു. സര്‍വേശ്വരന്‍റെ ശബ്ദം നീ കേട്ടില്ല; അമാലേക്യരോടുള്ള അവിടുത്തെ ഉഗ്രകോപം അറിഞ്ഞ് നീ പ്രവര്‍ത്തിച്ചില്ല. അതുകൊണ്ടാണ് അവിടുന്നു ഇപ്പോള്‍ നിന്നോട് ഇങ്ങനെ പ്രവര്‍ത്തിച്ചിരിക്കുന്നത്. അവിടുന്ന് നിന്നോടൊപ്പം ഇസ്രായേല്‍ജനങ്ങളെയും ഫെലിസ്ത്യരുടെ കൈയില്‍ ഏല്പിക്കും; നീയും നിന്‍റെ പുത്രന്മാരും നാളെ എന്‍റെ കൂടെ ചേരും; ഇസ്രായേല്‍സൈന്യത്തെയും സര്‍വേശ്വരന്‍ ഫെലിസ്ത്യരുടെ കൈയില്‍ ഏല്പിക്കും.” ശമൂവേല്‍ പറഞ്ഞതു കേട്ട് ശൗല്‍ വല്ലാതെ ഭയന്ന് നെടുനീളം നിലത്തുവീണു. അന്നു പകലോ രാത്രിയിലോ ഒന്നും ഭക്ഷിക്കാതെയിരുന്നതിനാല്‍ അദ്ദേഹം ക്ഷീണിച്ച് അവശനായി. മന്ത്രവാദിനി ശൗലിന്‍റെ അടുക്കല്‍ വന്നു; അത്യന്തം പരിഭ്രാന്തനായ ശൗലിനെ കണ്ട് അവള്‍ പറഞ്ഞു: “ഇതാ, അങ്ങയുടെ ദാസി; അങ്ങയുടെ വാക്കു കേട്ട് ജീവന്‍ പണയപ്പെടുത്തിപ്പോലും അങ്ങയെ അനുസരിച്ചു. അതുകൊണ്ട് ഞാന്‍ പറയുന്നത് അങ്ങു കേട്ടാലും; ഞാന്‍ അങ്ങയുടെ മുമ്പില്‍ വയ്‍ക്കുന്ന അല്പം അപ്പം ഭക്ഷിച്ചാലും. അതുകൊണ്ട് യാത്രയ്‍ക്കുവേണ്ട ശക്തി അങ്ങേക്കു ലഭിക്കും.” ശൗല്‍ അതു നിരസിച്ചു. ആ സ്‍ത്രീയും രാജഭൃത്യന്മാരും നിര്‍ബന്ധിച്ചു; അതനുസരിച്ചു രാജാവ് നിലത്തുനിന്ന് എഴുന്നേറ്റു കിടക്കയില്‍ ഇരുന്നു. ആ സ്‍ത്രീ ഉടന്‍തന്നെ തന്‍റെ വീട്ടില്‍ ഉണ്ടായിരുന്ന തടിച്ചുകൊഴുത്ത പശുക്കിടാവിനെ കൊന്നു പാചകം ചെയ്തു. മാവെടുത്തു കുഴച്ചു പുളിപ്പില്ലാത്ത അപ്പവും ഉണ്ടാക്കി. അവള്‍ അതു ശൗലിനും ഭൃത്യന്മാര്‍ക്കും വിളമ്പിക്കൊടുത്തു; അവര്‍ അതു ഭക്ഷിച്ചു. ആ രാത്രിയില്‍തന്നെ അവര്‍ തിരിച്ചുപോകുകയും ചെയ്തു. ഫെലിസ്ത്യര്‍ അവരുടെ സേനകളെയെല്ലാം അഫേക്കില്‍ ഒന്നിച്ചുകൂട്ടി. ഇസ്രായേല്യര്‍ ജെസ്രീലിലെ നീര്‍ച്ചാലിനടുത്തു പാളയമടിച്ചു; ഫെലിസ്ത്യപ്രഭുക്കന്മാര്‍ നൂറുനൂറായും ആയിരം ആയിരമായും മുമ്പോട്ടു നീങ്ങി. എന്നാല്‍ ദാവീദും അനുയായികളും ആഖീശിന്‍റെ കൂടെ പിന്‍നിരയിലായിരുന്നു. ഫെലിസ്ത്യസേനാനായകന്മാര്‍ അവരെ കണ്ട്: “ഈ എബ്രായര്‍ ഇവിടെ എന്തു ചെയ്യുന്നു” എന്നു ചോദിച്ചു. ആഖീശ് അവരോടു പറഞ്ഞു: “ഇതു ദാവീദല്ലേ? ഇവന്‍ ഇസ്രായേല്‍രാജാവായ ശൗലിന്‍റെ ഭൃത്യനായിരുന്നു; ദിവസങ്ങളല്ല വര്‍ഷങ്ങളായി അവന്‍ എന്‍റെ കൂടെയാണു പാര്‍ക്കുന്നത്; എന്നെ ആശ്രയിച്ചുവന്ന നാള്‍മുതല്‍ ഇന്നുവരെ ഞാന്‍ ഇവനില്‍ ഒരു കുറ്റവും കണ്ടിട്ടില്ല.” അപ്പോള്‍ കുപിതരായ ഫെലിസ്ത്യസേനാനായകര്‍ അദ്ദേഹത്തോടു പറഞ്ഞു: “അങ്ങ് അനുവദിച്ചുകൊടുത്ത സ്ഥലത്തേക്ക് അവന്‍ പൊയ്‍ക്കൊള്ളട്ടെ. അവന്‍ നമ്മുടെകൂടെ യുദ്ധത്തിനു പോരാന്‍ പാടില്ല. യുദ്ധരംഗത്തുവച്ച് അവന്‍ നമ്മുടെ ശത്രുവായി തിരിഞ്ഞേക്കാം. നമ്മുടെ ആളുകളുടെ തല കൊയ്തല്ലാതെ മറ്റെന്തുകൊണ്ട് അവന്‍ തന്‍റെ യജമാനനുമായി രഞ്ജിപ്പിലെത്തും. ‘ശൗല്‍ ആയിരങ്ങളെ കൊന്നു; ദാവീദോ പതിനായിരങ്ങളെയും’ എന്നു അവര്‍ ആടിപ്പാടിയത് ഇവനെപ്പറ്റിയല്ലേ?” അപ്പോള്‍ ആഖീശ് ദാവീദിനെ വിളിച്ചു പറഞ്ഞു: “ജീവിക്കുന്ന സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ പറയുന്നു: നീ തീര്‍ച്ചയായും സത്യസന്ധനും എന്നോടു കൂറുള്ളവനും ആണ്. നീ എന്‍റെ അടുക്കല്‍ വന്ന ദിവസംമുതല്‍ ഇന്നുവരെയും നിന്നില്‍ ഞാന്‍ ഒരു കുറ്റവും കണ്ടിട്ടില്ല. എന്നാല്‍ ഈ പ്രഭുക്കന്മാര്‍ക്കു നീ സ്വീകാര്യനല്ല. അതുകൊണ്ടു നീ സമാധാനത്തോടെ മടങ്ങിപ്പോകുക; നീ അവര്‍ക്ക് അപ്രീതി ഉണ്ടാക്കി എന്നു വരരുത്.” ദാവീദ് ആഖീശിനോടു ചോദിച്ചു: “ഞാന്‍ എന്തു ചെയ്തു? എന്‍റെ യജമാനനായ രാജാവിന്‍റെ ശത്രുക്കളോടു യുദ്ധം ചെയ്യാന്‍ എന്നെ അനുവദിക്കാതിരിക്കത്തക്കവിധം ഞാന്‍ അങ്ങയെ സേവിക്കാന്‍ വന്ന ദിവസംമുതല്‍ ഇന്നുവരേക്കും എന്തു തെറ്റാണ് അങ്ങ് എന്നില്‍ കണ്ടിട്ടുള്ളത്?” ആഖീശ് പറഞ്ഞു: “നീ എന്‍റെ മുമ്പില്‍ ദൈവദൂതനെപ്പോലെ നിഷ്കളങ്കനാണെന്ന് എനിക്കറിയാം. എങ്കിലും തങ്ങളോടൊത്തു നീ യുദ്ധത്തിനു പോരാന്‍ ഫെലിസ്ത്യപ്രഭുക്കന്മാര്‍ സമ്മതിക്കുന്നില്ല. അതുകൊണ്ട് നാളെ അതിരാവിലെ വെട്ടം വീഴുമ്പോള്‍ത്തന്നെ അനുചരന്മാരെയും കൂട്ടിക്കൊണ്ടു നീ പൊയ്‍ക്കൊള്ളുക.” അങ്ങനെ ദാവീദും അനുയായികളും അതിരാവിലെ ഫെലിസ്ത്യദേശത്തേക്കു മടങ്ങി; ഫെലിസ്ത്യര്‍ ജെസ്രീലിലേക്കും പോയി. ദാവീദും അനുയായികളും മൂന്നാം ദിവസം സിക്ലാഗിലെത്തി; അപ്പോഴേക്കും അമാലേക്യര്‍ നെഗെബും സിക്ലാഗും ആക്രമിച്ചുകഴിഞ്ഞിരുന്നു. അവര്‍ സിക്ലാഗ് പിടിച്ചടക്കി അഗ്നിക്കിരയാക്കി. സ്‍ത്രീകളെയും പ്രായഭേദമെന്യേ എല്ലാവരെയും തടവുകാരാക്കി പിടിച്ചുകൊണ്ടുപോയി. ആരെയും അവര്‍ കൊന്നില്ല. ദാവീദും അനുയായികളും പട്ടണത്തില്‍ എത്തിയപ്പോള്‍ അതു തീവച്ചു നശിപ്പിച്ചിരിക്കുന്നതു കണ്ടു. തങ്ങളുടെ ഭാര്യമാരെയും പുത്രീപുത്രന്മാരെയും തടവുകാരാക്കി കൊണ്ടുപോയതായും അറിഞ്ഞു. അപ്പോള്‍ ദാവീദും അനുയായികളും ശക്തി കെടുന്നതുവരെ കരഞ്ഞു. ദാവീദിന്‍റെ ഭാര്യമാരായ ജെസ്രീല്‍ക്കാരി അഹീനോവാമും കര്‍മ്മേല്‍ക്കാരന്‍ നാബാലിന്‍റെ ഭാര്യയായിരുന്ന അബീഗയിലും തടവുകാരായി പിടിക്കപ്പെട്ടിരുന്നു. ദാവീദ് അത്യധികം ദുഃഖിതനായി. തങ്ങളുടെ പുത്രീപുത്രന്മാരെ ഓര്‍ത്തു തീവ്രദുഃഖത്തിലായ അനുയായികള്‍ ദാവീദിനെ കല്ലെറിയണമെന്നു പറഞ്ഞു. എന്നാല്‍ തന്‍റെ ദൈവമായ സര്‍വേശ്വരനില്‍ ദാവീദ് ധൈര്യം കണ്ടെത്തി. ദാവീദ് അഹീമേലെക്കിന്‍റെ പുത്രനായ അബ്യാഥാര്‍പുരോഹിതനോട് ഏഫോദു കൊണ്ടുവരാന്‍ പറഞ്ഞു. അബ്യാഥാര്‍ ഏഫോദ് ദാവീദിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. “ഞാന്‍ ആ കവര്‍ച്ചക്കാരെ പിന്തുടരണമോ? അവരെ പിടികൂടാന്‍ സാധിക്കുമോ?” ദാവീദു സര്‍വേശ്വരനോടു ചോദിച്ചു. “പിന്തുടരുക, തീര്‍ച്ചയായും നീ അവരെ പിടികൂടും; സകലരെയും വീണ്ടെടുക്കും” അവിടുന്ന് ഉത്തരമരുളി. ദാവീദും അറുനൂറ് അനുയായികളും പുറപ്പെട്ട് ബെസോര്‍അരുവിയുടെ അടുത്തെത്തി; കുറെപ്പേര്‍ അവിടെ തങ്ങി. ക്ഷീണിച്ച് അവശരായിത്തീര്‍ന്ന ഇരുനൂറു പേര്‍ക്ക് ബെസോര്‍തോടുകടക്കാന്‍ കഴിഞ്ഞില്ല. ദാവീദും നാനൂറു പേരും അമാലേക്യരെ പിന്തുടര്‍ന്നു. വിജനദേശത്തു കണ്ടുമുട്ടിയ ഒരു ഈജിപ്തുകാരനെ അനുയായികള്‍ ദാവീദിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. അവര്‍ അവനു അപ്പവും വെള്ളവും കൊടുത്തു. അത്തിപ്പഴംകൊണ്ടുള്ള അടയും രണ്ട് ഉണക്കമുന്തിരിക്കുലയും കൂടി അവനു നല്‌കി; അതു തിന്നു കഴിഞ്ഞപ്പോള്‍ അവന് ഉന്മേഷമുണ്ടായി. മൂന്നു ദിവസമായി അവന്‍ ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്തിരുന്നില്ല. ദാവീദ് അവനോടു ചോദിച്ചു: “ആരാണ് നിന്‍റെ യജമാനന്‍? നീ എവിടെനിന്നു വരുന്നു?” അവന്‍ പറഞ്ഞു: “ഞാന്‍ ഈജിപ്തുകാരനാണ്. ഒരു അമാലേക്യന്‍റെ ഭൃത്യന്‍. രോഗബാധിതനായി തീര്‍ന്നതിനാല്‍ മൂന്നു ദിവസം മുമ്പ് എന്‍റെ യജമാനന്‍ എന്നെ ഉപേക്ഷിച്ചു പൊയ്‍ക്കളഞ്ഞു; ഞങ്ങള്‍ നെഗെബിലുള്ള ക്രേത്യരുടെ ദേശം ആക്രമിക്കുകയും സിക്ലാഗ് അഗ്നിക്കിരയാക്കുകയും ചെയ്തു.” ദാവീദ് അവനോടു ചോദിച്ചു: “ആ കൊള്ളസംഘത്തിന്‍റെ അടുക്കലേക്കുള്ള വഴി എനിക്കു കാട്ടിത്തരാമോ?” “അങ്ങ് എന്നെ കൊല്ലുകയില്ലെന്നും എന്‍റെ യജമാനന് ഏല്പിച്ചുകൊടുക്കുകയില്ലെന്നും ദൈവനാമത്തില്‍ പ്രതിജ്ഞ ചെയ്താല്‍ ആ സംഘത്തിന്‍റെ അടുക്കലേക്കു ഞാന്‍ കൊണ്ടുപോകാം” അവന്‍ പറഞ്ഞു. അങ്ങനെ ദാവീദ് അവരുടെ അടുക്കലെത്തിയപ്പോള്‍ അവര്‍ തിന്നും കുടിച്ചും ഉല്ലാസമായി അവിടെയെങ്ങും വിഹരിക്കുന്നതു കണ്ടു. ഫെലിസ്ത്യരുടെ ദേശത്തുനിന്നും യെഹൂദ്യയില്‍നിന്നും ധാരാളം കൊള്ളവസ്തുക്കള്‍ അവര്‍ പിടിച്ചെടുത്തിരുന്നല്ലോ; അന്നു സന്ധ്യമുതല്‍ പിറ്റേദിവസം വൈകുന്നതുവരെ ദാവീദ് അവരെ സംഹരിച്ചു. ഒട്ടകങ്ങളുടെമേല്‍ കയറി പാഞ്ഞുപോയ നാനൂറു പേരല്ലാതെ മറ്റാരും രക്ഷപെട്ടില്ല. അമാലേക്യര്‍ അപഹരിച്ചിരുന്നതെല്ലാം ദാവീദ് വീണ്ടെടുത്തു; തന്‍റെ രണ്ടു ഭാര്യമാരെയും രക്ഷപെടുത്തി. അവര്‍ അപഹരിച്ചവയിലൊന്നും, പുത്രീപുത്രന്മാരാകട്ടെ വലുതും ചെറുതുമായ മറ്റു വസ്തുവകകളാകട്ടെ, ദാവീദിനു നഷ്ടപ്പെട്ടില്ല. അവയെല്ലാം ദാവീദ് തിരിച്ചുകൊണ്ടുവന്നു. അമാലേക്യരുടെ ആടുമാടുകളെയെല്ലാം അദ്ദേഹം മുമ്പില്‍ നടത്തി; “ഇവ ദാവീദിന്‍റെ കൊള്ളവസ്തുക്കള്‍” എന്ന് അവയെ തെളിച്ചിരുന്നവര്‍ പറഞ്ഞു. തന്‍റെ കൂടെ പോരാന്‍ സാധിക്കാതെ ക്ഷീണിച്ചവശരായി ബെസോര്‍അരുവിയുടെ തീരത്ത് താമസിച്ചിരുന്ന ഇരുനൂറു പേരുടെ അടുക്കല്‍ ദാവീദു മടങ്ങിച്ചെന്നു. അവര്‍ അദ്ദേഹത്തെയും കൂടെയുള്ളവരെയും എതിരേല്‌ക്കാന്‍ അടുത്തുചെന്നു. ദാവീദ് മുമ്പോട്ടു ചെന്ന് അവരെ അഭിവാദനം ചെയ്തു. ദാവീദിന്‍റെ കൂടെ പോയിരുന്നവരില്‍ നീചരും ദുഷ്ടരുമായവര്‍ പറഞ്ഞു; “അവര്‍ നമ്മുടെ കൂടെ പോരാതിരുന്നതിനാല്‍ കൊള്ളവസ്തുക്കളില്‍ ഒന്നും അവര്‍ക്കു കൊടുക്കരുത്; അവര്‍ തങ്ങളുടെ ഭാര്യമാരെയും മക്കളെയും മാത്രം കൂട്ടിക്കൊണ്ടു പൊയ്‍ക്കൊള്ളട്ടെ.” എന്നാല്‍ ദാവീദു പറഞ്ഞു: “എന്‍റെ സഹോദരന്മാരേ അങ്ങനെ ചെയ്യരുത്. കൊള്ളക്കാരായ നമ്മുടെ ശത്രുക്കളില്‍നിന്നു നമ്മെ രക്ഷിച്ച് അവരെ നമ്മുടെ കൈയിലേല്പിച്ച സര്‍വേശ്വരനാണ് അവയെല്ലാം നമുക്കു നല്‌കിയിരിക്കുന്നത്; നിങ്ങള്‍ പറയുന്നതിനോടു യോജിക്കാന്‍ ആര്‍ക്കു സാധിക്കും; യുദ്ധത്തിനു പോയവര്‍ക്കും സാധനസാമഗ്രികള്‍ സൂക്ഷിച്ചവര്‍ക്കും ഓഹരി ഒരുപോലെ ആയിരിക്കണം. “ദാവീദിന്‍റെ ഈ വാക്കുകള്‍ അന്നുമുതല്‍ ഇന്നുവരെ ഇസ്രായേലില്‍ ഒരു ചട്ടവും നിയമവും ആയിത്തീര്‍ന്നു. ദാവീദ് സിക്ലാഗില്‍ തിരിച്ചെത്തിയപ്പോള്‍ യെഹൂദ്യയിലെ തന്‍റെ സ്നേഹിതരായ ജനപ്രമാണികള്‍ക്കു കൊള്ളവസ്തുക്കളില്‍ ഒരു ഭാഗം കൊടുത്തയച്ചു. ‘സര്‍വേശ്വരന്‍റെ ശത്രുക്കളെ കൊള്ളയടിച്ചതില്‍നിന്ന് ഇതാ ഒരു സമ്മാനം’ എന്നു പറഞ്ഞയച്ചു. ബേഥേല്‍, നെഗെബിലെ രാമോത്ത്, യെത്ഥീര്‍, അരോവേര്‍, സിഫ്മോത്ത്, എസ്തെമോവ, രാഖാല്‍ എന്നീ സ്ഥലങ്ങളിലുള്ളവര്‍ക്കും യെരഹ്‍മേല്യരുടെയും കേന്യരുടെയും പട്ടണങ്ങള്‍ ഹോര്‍മ്മാ, കോര്‍-ആശാന്‍, അഥാക്ക്, ഹെബ്രോന്‍ എന്നീ സ്ഥലങ്ങളിലുള്ളവര്‍ക്കും സമ്മാനം കൊടുത്തയച്ചു. താനും അനുയായികളും ചുറ്റിത്തിരിഞ്ഞ സ്ഥലങ്ങളിലുള്ള എല്ലാവര്‍ക്കുമാണ് ദാവീദ് അത് കൊടുത്തയച്ചത്. ഫെലിസ്ത്യര്‍ ഇസ്രായേലിനോടു യുദ്ധം ചെയ്തു. ഫെലിസ്ത്യരുടെ മുമ്പില്‍നിന്നു തോറ്റോടിയ ഇസ്രായേല്യര്‍ ഗില്‍ബോവപര്‍വതത്തില്‍ മരിച്ചുവീണു. ഓടിപ്പോയ ശൗലിനെയും പുത്രന്മാരെയും അവര്‍ പിന്തുടര്‍ന്നു; പുത്രന്മാരായ യോനാഥാനെയും അബീനാദാബിനെയും മല്‍ക്കീശൂവയെയും അവര്‍ വധിച്ചു. ശൗലിനെതിരെ അവര്‍ ഉഗ്രമായി പോരാടി; വില്ലാളികള്‍ ശൗലിനെ കണ്ടെത്തി മാരകമായി മുറിവേല്പിച്ചു. അപ്പോള്‍ ശൗല്‍ തന്‍റെ ആയുധവാഹകനായ യുവാവിനോടു പറഞ്ഞു: “പരിച്ഛേദനം ഏല്‌ക്കാത്ത ഇവര്‍ വന്ന് എന്നെ അപമാനിക്കുകയോ കൊല്ലുകയോ ചെയ്യുന്നതിനുമുമ്പ് നിന്‍റെ വാള്‍ ഊരി എന്നെ കൊല്ലുക.” ആ യുവാവ് വല്ലാതെ ഭയപ്പെട്ടതുകൊണ്ട് അങ്ങനെ ചെയ്തില്ല. അതിനാല്‍ ശൗല്‍ സ്വന്തം വാളൂരി അതിന്മേല്‍ വീണു. ശൗല്‍ മരിച്ചു എന്നു കണ്ടപ്പോള്‍ യുവാവും സ്വന്തം വാളിന്മേല്‍ വീണ് അദ്ദേഹത്തോടൊപ്പം മരിച്ചു. അങ്ങനെ അന്നുതന്നെ ശൗലും മൂന്നു പുത്രന്മാരും ആയുധവാഹകനായ യുവാവും ശൗലിന്‍റെ കൂടെ ഉണ്ടായിരുന്നവരും ഒന്നിച്ചു മരിച്ചു; ശൗലും പുത്രന്മാരും മരിക്കുകയും കൂടെ ഉണ്ടായിരുന്നവര്‍ ഓടിപ്പോകുകയും ചെയ്ത വിവരം ജെസ്രീല്‍താഴ്വരയുടെ മറുവശത്തും യോര്‍ദ്ദാന്‍നദിയുടെ അക്കരയും ഉണ്ടായിരുന്ന ഇസ്രായേല്യര്‍ കേട്ടപ്പോള്‍ അവരും തങ്ങളുടെ പട്ടണങ്ങള്‍ വിട്ട് ഓടിപ്പോയി. ഫെലിസ്ത്യര്‍ അവിടെ ചെന്നു പാര്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ വസ്തുവകകള്‍ കൊള്ളയടിക്കാന്‍ ഫെലിസ്ത്യര്‍ പിറ്റേ ദിവസം വന്നപ്പോള്‍ ശൗലും പുത്രന്മാരും ഗില്‍ബോവ പര്‍വതത്തില്‍ മരിച്ചുകിടക്കുന്നതു കണ്ടു. അവര്‍ ശൗലിന്‍റെ തല വെട്ടിയെടുത്തു; അദ്ദേഹത്തിന്‍റെ ആയുധങ്ങളും അഴിച്ചെടുത്തു. തങ്ങളുടെ ക്ഷേത്രങ്ങളിലും ജനങ്ങളുടെ ഇടയിലും ഈ സദ്‍വാര്‍ത്ത അറിയിക്കാന്‍ ഫെലിസ്ത്യര്‍ ദേശത്തെല്ലാം ദൂതന്മാരെ അയച്ചു. ശൗലിന്‍റെ ആയുധങ്ങള്‍ അസ്താരോത്തിന്‍റെ ക്ഷേത്രത്തില്‍ വച്ചു. അദ്ദേഹത്തിന്‍റെ ശരീരം ബേത്ത്-ശാന്‍ പട്ടണത്തിന്‍റെ മതിലിന്മേല്‍ തൂക്കി. ഫെലിസ്ത്യര്‍ ശൗലിനോടു ചെയ്തത് എന്തെന്നു ഗിലെയാദിലെ യാബേശ്നിവാസികള്‍ കേട്ടപ്പോള്‍ അവരില്‍ യുദ്ധവീരന്മാരായ ആളുകള്‍ രാത്രി മുഴുവനും സഞ്ചരിച്ച് ബേത്ത്-ശാന്‍റെ മതിലില്‍നിന്നും ശൗലിന്‍റെയും പുത്രന്മാരുടെയും മൃതശരീരങ്ങള്‍ എടുത്തു യാബേശില്‍ കൊണ്ടുവന്നു ദഹിപ്പിച്ചു. അവരുടെ അസ്ഥികള്‍ ശേഖരിച്ച് യാബേശ് പട്ടണത്തിലെ പിചുലവൃക്ഷത്തിന്‍റെ ചുവട്ടില്‍ സംസ്കരിച്ചു. അവര്‍ ഏഴു ദിവസം ഉപവസിക്കുകയും ചെയ്തു. ശൗലിന്‍റെ മരണശേഷം അമാലേക്യരെ കൊന്നൊടുക്കിയ ദാവീദ് സിക്ലാഗില്‍ തിരിച്ചെത്തി രണ്ടു ദിവസം അവിടെ പാര്‍ത്തു. മൂന്നാം ദിവസം ശൗലിന്‍റെ പാളയത്തില്‍നിന്ന് ഒരു യുവാവു വസ്ത്രം പിച്ചിച്ചീന്തിയും തലയില്‍ പൂഴി വാരിയിട്ടും ദാവീദിന്‍റെ അടുക്കല്‍ വന്നു സാഷ്ടാംഗം നമസ്കരിച്ചു. അവനോട്: “നീ എവിടെനിന്നു വരുന്നു” എന്നു ദാവീദു ചോദിച്ചപ്പോള്‍, “ഇസ്രായേല്‍പാളയത്തില്‍നിന്നു ഞാന്‍ ഓടിപ്പോന്നതാണ്” എന്ന് അവന്‍ മറുപടി പറഞ്ഞു. “എന്തുണ്ടായി? എന്നോടു പറയുക” എന്നു ദാവീദ് വീണ്ടും ചോദിച്ചു. “നമ്മുടെ സൈന്യം തോറ്റോടി, അവരില്‍ അനേകം പേര്‍ കൊല്ലപ്പെട്ടു; ശൗലും പുത്രനായ യോനാഥാനും സംഹരിക്കപ്പെട്ടു.” എന്ന് അവന്‍ പറഞ്ഞു. ദാവീദു പിന്നെയും ചോദിച്ചു: “ശൗലും യോനാഥാനും കൊല്ലപ്പെട്ടു എന്നു നീ എങ്ങനെ അറിഞ്ഞു?” അവന്‍ പറഞ്ഞു: “യദൃച്ഛയാ ഞാന്‍ ഗില്‍ബോവ മലയിലെത്തി; അവിടെ ശൗല്‍ കുന്തം ഊന്നി നില്‌ക്കുന്നതും ശത്രുക്കളുടെ രഥങ്ങളും കുതിരപ്പട്ടാളവും ശൗലിനെ സമീപിക്കുന്നതും കണ്ടു. ശൗല്‍ തിരിഞ്ഞുനോക്കിയപ്പോള്‍ എന്നെ കണ്ടു; അദ്ദേഹം എന്നെ വിളിച്ചു; ഞാന്‍ വിളികേട്ടു. ‘നീ ആരാണ്’ എന്നു തിരക്കിയപ്പോള്‍ ‘ഞാന്‍ ഒരു അമാലേക്യ’ നെന്നു മറുപടി നല്‌കി. ‘വന്ന് എന്നെ കൊല്ലുക; ഞാന്‍ മരണവേദനയിലാണ്; ജീവന്‍ ഉണ്ടെന്നു മാത്രം’ എന്ന് അദ്ദേഹം പറഞ്ഞു. ഉടനെ ഞാന്‍ അടുത്തുചെന്ന് അദ്ദേഹത്തെ വധിച്ചു; വീണാലുടന്‍ അദ്ദേഹം മരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു; അദ്ദേഹം ധരിച്ചിരുന്ന കിരീടവും തോള്‍വളയും ഞാന്‍ എടുത്തു; അവ ഇതാ ഞാന്‍ കൊണ്ടുവന്നിരിക്കുന്നു.” അപ്പോള്‍ ദാവീദ് തന്‍റെ വസ്ത്രം കീറി. കൂടെയുള്ളവരും അങ്ങനെതന്നെ ചെയ്തു. ശൗലും പുത്രനായ യോനാഥാനും സര്‍വേശ്വരന്‍റെ ജനവും ഇസ്രായേല്‍കുടുംബാംഗങ്ങളും വധിക്കപ്പെട്ടതിനാല്‍ അവര്‍ ദുഃഖിച്ചു വിലപിച്ചുകൊണ്ട് അവര്‍ സന്ധ്യവരെ ഉപവസിച്ചു. “നീ എവിടത്തുകാരന്‍” എന്നു ദാവീദ് ആ യുവാവിനോടു ചോദിച്ചു. “ഞാന്‍ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന ഒരു അമാലേക്യന്‍” എന്നു യുവാവു പ്രതിവചിച്ചു. “സര്‍വേശ്വരന്‍റെ അഭിഷിക്തനെ വധിക്കാന്‍ നീ എങ്ങനെ ധൈര്യപ്പെട്ടു” എന്നു ദാവീദ് ചോദിച്ചു. അദ്ദേഹം ഭൃത്യന്മാരില്‍ ഒരാളെ വിളിച്ച് “അവനെ കൊന്നുകളയുക” എന്നു കല്പിച്ചു. അയാള്‍ അമാലേക്യനെ വെട്ടിക്കൊന്നു. ദാവീദ് അമാലേക്യനോടു പറഞ്ഞു: “നിന്‍റെ മരണത്തിന് ഉത്തരവാദി നീ തന്നെ. സര്‍വേശ്വരന്‍റെ അഭിഷിക്തനെ കൊന്നു എന്നു നീതന്നെ നിനക്കെതിരായി സാക്ഷ്യം പറഞ്ഞുവല്ലോ.” ശൗലിനെയും അദ്ദേഹത്തിന്‍റെ പുത്രന്‍ യോനാഥാനെയുംകുറിച്ചു ദാവീദ് ഒരു വിലാപഗാനം പാടി: യെഹൂദ്യയിലെ ജനത്തെ ഈ ഗാനം പഠിപ്പിക്കണമെന്നു കല്പിക്കുകയും ചെയ്തു. ശൂരന്മാരുടെ പുസ്തകത്തില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേലേ, നിന്‍റെ ഗിരികളില്‍ മഹത്ത്വം നിഹനിക്കപ്പെട്ടു; ശക്തന്മാര്‍ വീണുപോയതെങ്ങനെ? ഗത്തില്‍ ഇതു ഘോഷിക്കരുത്; അസ്കലോന്‍ തെരുവുകളില്‍ പ്രസിദ്ധമാക്കരുത്. ഫെലിസ്ത്യപുത്രിമാര്‍ സന്തോഷിക്കാതിരിക്കട്ടെ വിജാതീയപുത്രിമാര്‍ ആര്‍പ്പിടാതിരിക്കട്ടെ ഗില്‍ബോവാ ഗിരികളില്‍ മഞ്ഞും മഴയും പെയ്യാതിരിക്കട്ടെ. അഗാധതയില്‍നിന്ന് ഉറവ പുറപ്പെടാതിരിക്കട്ടെ. വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞത് അവിടെയാണല്ലോ. ശൗലിന്‍റെ എണ്ണയിടാത്ത പരിച അവിടെയാണല്ലോ കിടക്കുന്നത്. കൊല്ലപ്പെട്ടവരുടെ രക്തത്തില്‍നിന്നും ശക്തന്മാരുടെ മേദസ്സില്‍നിന്നും യോനാഥാന്‍റെ വില്ലു പിന്തിരിഞ്ഞില്ല. ശൗലിന്‍റെ വാള്‍ വൃഥാ പിന്‍വാങ്ങിയില്ല. ശൗലും യോനാഥാനും പ്രീതിയുള്ളവരും സ്നേഹശീലരും ആയിരുന്നു. ജീവിതത്തിലും മരണത്തിലും അവര്‍ വേര്‍പിരിഞ്ഞില്ല. അവര്‍ കഴുകനെക്കാള്‍ വേഗതയുള്ളവര്‍, സിംഹത്തെക്കാള്‍ ബലമേറിയവര്‍. ഇസ്രായേല്യവനിതകളേ, ശൗലിനെച്ചൊല്ലി വിലപിക്കുവിന്‍. അവന്‍ നിങ്ങളെ മോടിയായി രക്താംബരം ധരിപ്പിച്ചു ഉടയാടകളില്‍ പൊന്നാഭരണം അണിയിച്ചു. യുദ്ധത്തില്‍ വീരന്മാര്‍ എങ്ങനെ നിലംപതിച്ചു? നിന്‍റെ ഗിരികളില്‍ യോനാഥാന്‍ നിഹതനായല്ലോ യോനാഥാനേ, എന്‍റെ സഹോദരാ നിന്നെയോര്‍ത്തു ഞാന്‍ ദുഃഖിക്കുന്നു നീ എന്‍റെ ആത്മസുഹൃത്തായിരുന്നു; എന്നോടുള്ള നിന്‍റെ സ്നേഹം എത്ര അദ്ഭുതകരം അതു സ്‍ത്രീകളുടെ പ്രേമത്തെക്കാള്‍ അഗാധം ശക്തന്മാര്‍ എങ്ങനെ നിലംപതിച്ചു? അവരുടെ ആയുധങ്ങള്‍ എങ്ങനെ നശിച്ചു? ദാവീദ് സര്‍വേശ്വരനോടു ചോദിച്ചു: “യെഹൂദ്യപട്ടണങ്ങളില്‍ ഏതെങ്കിലും ഒന്നിലേക്കു ഞാന്‍ പോകണമോ?” “പോകുക” എന്ന് അവിടുന്നു പറഞ്ഞു. “ഏതു പട്ടണത്തിലേക്കാണ് പോകേണ്ടത്” എന്നു ദാവീദ് ചോദിച്ചതിനു “ഹെബ്രോനിലേക്ക്” എന്നു അവിടുന്ന് ഉത്തരമരുളി. ദാവീദ് അവിടേക്കു പോയി. അദ്ദേഹത്തിന്‍റെ രണ്ടു ഭാര്യമാരും കൂടെ ഉണ്ടായിരുന്നു; ജെസ്രീല്‍ക്കാരി അഹീനോവാമും കര്‍മ്മേല്‍ക്കാരനായിരുന്ന നാബാലിന്‍റെ വിധവ അബീഗയിലും. ദാവീദ് തന്‍റെ അനുയായികളെയും കുടുംബസമേതം കൂട്ടിക്കൊണ്ടുപോയി. അവര്‍ ഹെബ്രോന്‍റെ ചുറ്റുമുള്ള പട്ടണങ്ങളില്‍ പാര്‍ത്തു. യെഹൂദ്യയിലുള്ള ജനം അവിടെ വന്നു ദാവീദിനെ തങ്ങളുടെ രാജാവായി അഭിഷേകംചെയ്തു. “യാബേശ്-ഗിലെയാദിലെ ജനങ്ങളാണ് ശൗലിനെ സംസ്കരിച്ചത്” എന്ന് അവര്‍ ദാവീദിനോടു പറഞ്ഞപ്പോള്‍ അദ്ദേഹം ഈ സന്ദേശവുമായി ദൂതന്മാരെ അവിടേക്കയച്ചു: “നിങ്ങളുടെ യജമാനനായ ശൗലിനെ സംസ്കരിച്ചതിലൂടെ നിങ്ങള്‍ അദ്ദേഹത്തോടു കരുണകാണിച്ചു. സര്‍വേശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ; അവിടുന്നു നിങ്ങളോടു കരുണയും വിശ്വസ്തതയും ഉള്ളവനായിരിക്കട്ടെ; നിങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചതുകൊണ്ട് ഞാന്‍ നിങ്ങള്‍ക്കു നന്മ ചെയ്യും. നിങ്ങള്‍ കരുത്തുള്ളവരും ധീരരും ആയിരിക്കുക; നിങ്ങളുടെ യജമാനനായ ശൗലിന്‍റെ മരണംമൂലം യെഹൂദ്യയിലെ ജനം അവരുടെ രാജാവായി എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.” ശൗലിന്‍റെ സൈന്യാധിപനും നേരിന്‍റെ പുത്രനുമായ അബ്നേര്‍ ശൗലിന്‍റെ പുത്രനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയി. അബ്നേര്‍ അവനെ ഗിലെയാദ്, അശൂരി, ജെസ്രീല്‍, എഫ്രയീം, ബെന്യാമീന്‍ എന്നിങ്ങനെ എല്ലാ ഇസ്രായേല്യര്‍ക്കും രാജാവായി അഭിഷേകം ചെയ്തു. അപ്പോള്‍ ശൗലിന്‍റെ പുത്രനായ ഈശ്-ബോശെത്തിനു നാല്പതു വയസ്സായിരുന്നു. അയാള്‍ രണ്ടു വര്‍ഷം രാജ്യഭരണം നടത്തി. യെഹൂദ്യയിലെ ജനം ദാവീദിനോടു ചേര്‍ന്നുനിന്നു. അദ്ദേഹം ഹെബ്രോനില്‍ പാര്‍ത്തുകൊണ്ട് യെഹൂദാഗോത്രത്തെ ഏഴര വര്‍ഷം ഭരിച്ചു. നേരിന്‍റെ പുത്രനായ അബ്നേരും ഈശ്-ബോശെത്തിന്‍റെ ഭൃത്യന്മാരും മഹനയീമില്‍ നിന്നു ഗിബെയോനിലേക്കു പോയി. സെരൂയായുടെ പുത്രനായ യോവാബും ദാവീദിന്‍റെ ഭൃത്യന്മാരും ഗിബെയോനിലെ കുളത്തിനടുക്കല്‍ വച്ച് അവരെ കണ്ടുമുട്ടി. അബ്നേരും ഈശ്-ബോശെത്തിന്‍റെ ഭൃത്യന്മാരും കുളത്തിന്‍റെ ഒരു വശത്തും യോവാബും ദാവീദിന്‍റെ ഭൃത്യന്മാരും മറുവശത്തും ഇരുന്നു; അപ്പോള്‍ അബ്നേര്‍ യോവാബിനോടു പറഞ്ഞു: “രണ്ടു ഭാഗത്തുമുള്ള ഏതാനും യുവാക്കള്‍ തമ്മില്‍ പയറ്റി നോക്കട്ടെ.” യോവാബ് അതിനു സമ്മതിച്ചു. ഈശ്-ബോശെത്തിനെ പ്രതിനിധാനം ചെയ്ത് ബെന്യാമീന്‍ഗോത്രത്തില്‍പ്പെട്ട പന്ത്രണ്ടു പേര്‍ ദാവീദിന്‍റെ പന്ത്രണ്ടു ഭൃത്യന്മാരോട് ഏറ്റുമുട്ടി. ഓരോരുത്തനും എതിരാളിയുടെ തലയ്‍ക്കു പിടിച്ച് അവന്‍റെ പള്ളയ്‍ക്ക് വാള്‍ കുത്തിയിറക്കി. അങ്ങനെ അവരെല്ലാവരും ഒരുമിച്ചു മരിച്ചുവീണു. അതുകൊണ്ടു ഗിബെയോനിലെ ആ സ്ഥലത്തിനു ഹെല്‌ക്കത്ത്-ഹസ്സൂരിം എന്നു പേരുണ്ടായി. അന്ന് അത്യുഗ്രമായ യുദ്ധം നടന്നു. അബ്നേരും ഇസ്രായേല്യരും ദാവീദിന്‍റെ ഭൃത്യന്മാരോടു തോറ്റോടി. സെരൂയായുടെ പുത്രന്മാരായ യോവാബ്, അബീശായി, അസാഹേല്‍ എന്നീ മൂന്നു പേര്‍ അവിടെ ഉണ്ടായിരുന്നു. അസാഹേല്‍ കാട്ടുമാനിനെപ്പോലെ ശീഘ്രഗാമി ആയിരുന്നു. അവന്‍ ഇടംവലം തിരിയാതെ അബ്നേരിനെ പിന്തുടര്‍ന്നു; അബ്നേര്‍ പുറകോട്ടു നോക്കി “നീ അസാഹേലാണോ” എന്നു ചോദിച്ചു. “അതേ ഞാന്‍തന്നെ അസാഹേല്‍” എന്ന് അവന്‍ പറഞ്ഞു. അബ്നേര്‍ അവനോട്: “നീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞു യോദ്ധാക്കളില്‍ ഒരുവനെ പിടിച്ച് അവനുള്ളത് എടുത്തുകൊള്ളുക” എന്നു പറഞ്ഞു. എങ്കിലും അസാഹേല്‍ അയാളെത്തന്നെ പിന്തുടര്‍ന്നു. അബ്നേര്‍ അവനോടു വീണ്ടും പറഞ്ഞു: “എന്നെ പിന്തുടരുന്നതു മതിയാക്കുക; ഞാന്‍ എന്തിനു നിന്നെ കൊല്ലണം? ഞാന്‍ നിന്‍റെ സഹോദരനായ യോവാബിന്‍റെ മുഖത്ത് എങ്ങനെ നോക്കും?” ഇതു പറഞ്ഞിട്ടും അവന്‍ അബ്നേരിനെ പിന്തുടരുകതന്നെ ചെയ്തു. അതുകൊണ്ട് അബ്നേര്‍ തന്‍റെ കുന്തം പിറകോട്ടാഞ്ഞ് അസാഹേലിന്‍റെ വയറിനു കുത്തി. അതു വയറു തുളച്ചു പിന്‍ഭാഗത്തു വന്നു; അവന്‍ അവിടെത്തന്നെ മരിച്ചുവീണു. ഇതു കണ്ട് അവിടെ എത്തിയ എല്ലാവരും സ്തംഭിച്ചു നിന്നുപോയി. യോവാബും അബീശായിയും അബ്നേരിനെ പിന്തുടര്‍ന്നു. സന്ധ്യ ആയപ്പോള്‍ അവര്‍ ഗിബെയാമരുഭൂമിയിലേക്കുള്ള വഴിയരികില്‍ ഗീഹിന്‍റെ കിഴക്കുള്ള അമ്മാക്കുന്നില്‍ എത്തി; ബെന്യാമീന്‍ഗോത്രക്കാര്‍ കുന്നിന്‍റെ മുകളില്‍ അബ്നേരിന്‍റെ അടുക്കല്‍ നിലയുറപ്പിച്ചു. അബ്നേര്‍ യോവാബിനെ വിളിച്ചു പറഞ്ഞു: “നാം എന്നും യുദ്ധം ചെയ്തുകൊണ്ടിരിക്കണമോ? ഒടുവില്‍ അത് കയ്പേറിയതായിത്തീരും എന്നു നിനക്കു അറിഞ്ഞുകൂടേ? ‘സഹോദരന്മാരെ പിന്തുടരുന്നതു മതി’ എന്നു നിന്‍റെ ജനത്തോടു കല്പിക്കാന്‍ ഇനിയും വൈകണമോ?” യോവാബു പറഞ്ഞു: “നീ ഇതു പറയാതിരുന്നെങ്കില്‍ അടുത്ത പ്രഭാതംവരെ എന്‍റെ ആളുകള്‍ നിങ്ങളെ പിന്തുടരുമായിരുന്നു എന്നു ജീവിക്കുന്ന ദൈവത്തിന്‍റെ നാമത്തില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു.” പിന്നീട് യോവാബ് കാഹളം ഊതി; ജനം ഇസ്രായേല്യരെ പിന്തുടരുന്നതു മതിയാക്കി. അങ്ങനെ യുദ്ധം അവസാനിച്ചു. അബ്നേരും അയാളുടെ ആളുകളും അന്നു രാത്രി മുഴുവന്‍ അരാബായിലൂടെ നടന്നു; അവര്‍ യോര്‍ദ്ദാന്‍ നദി കടന്ന് അടുത്ത ദിവസം ഉച്ചവരെ യാത്രചെയ്തു മഹനയീമിലെത്തി. അബ്നേരിനെ പിന്തുടരുന്നതു യോവാബ് മതിയാക്കി തിരിച്ചുപോന്നു. അയാള്‍ തന്‍റെ ആളുകളെയെല്ലാം ഒരുമിച്ചു കൂട്ടിയപ്പോള്‍ അസാഹേലിനെ കൂടാതെ പത്തൊമ്പതു പേര്‍ കുറവുണ്ടായിരുന്നു. എന്നാല്‍ ദാവീദിന്‍റെ ഭൃത്യന്മാര്‍ ബെന്യാമീന്‍ ഗോത്രക്കാരില്‍ അബ്നേരിന്‍റെ കൂടെ ഉണ്ടായിരുന്ന മുന്നൂറ്റി അറുപതു പേരെ വധിച്ചിരുന്നു. അസാഹേലിന്‍റെ മൃതശരീരം അവര്‍ ബേത്‍ലഹേമില്‍ അവന്‍റെ പിതാവിന്‍റെ കല്ലറയില്‍ സംസ്കരിച്ചു; അവര്‍ രാത്രി മുഴുവന്‍ യാത്ര ചെയ്തു പ്രഭാതമായപ്പോള്‍ ഹെബ്രോനില്‍ മടങ്ങിയെത്തി. ശൗലിന്‍റെയും ദാവീദിന്‍റെയും കുടുംബങ്ങള്‍ തമ്മിലുള്ള യുദ്ധം വളരെക്കാലം നീണ്ടുനിന്നു. ദാവീദിന്‍റെ കുടുംബം മേല്‍ക്കുമേല്‍ ശക്തി പ്രാപിച്ചു; ശൗലിന്‍റെ കുടുംബം ക്രമേണ ക്ഷയിക്കുകയും ചെയ്തു. ഹെബ്രോനില്‍ വച്ചു ദാവീദിനു പുത്രന്മാര്‍ ജനിച്ചു; ജെസ്രീല്‍ക്കാരിയായ അഹീനോവാമില്‍ ജനിച്ച അമ്നോന്‍ ആയിരുന്നു ആദ്യജാതന്‍. കര്‍മ്മേല്‍ക്കാരന്‍ നാബാലിന്‍റെ ഭാര്യയായിരുന്ന അബീഗയിലില്‍ ജനിച്ച പുത്രന്‍ കിലെയാബ് രണ്ടാമനും ഗെശൂര്‍രാജാവായ തല്‍മയിയുടെ പുത്രി മയഖായില്‍ ജനിച്ച അബ്ശാലോം മൂന്നാമനും ഹഗ്ഗീത്തില്‍ ജനിച്ച പുത്രന്‍ അദോനീയാ നാലാമനും അബീതാലില്‍ ജനിച്ച ശെഫത്യാ അഞ്ചാമനും എഗ്ലായില്‍ ജനിച്ച യിത്രെയാം ആറാമനും ആയിരുന്നു. ഹെബ്രോനില്‍ വച്ചു ദാവീദിനു ജനിച്ച പുത്രന്മാര്‍ ഇവരാണ്. ശൗലിന്‍റെയും ദാവീദിന്‍റെയും കുടുംബങ്ങള്‍ തമ്മില്‍ യുദ്ധം നടന്നുകൊണ്ടിരിക്കെ, അബ്നേരിനു ശൗലിന്‍റെ കുടുംബത്തില്‍ സ്വാധീനം വര്‍ധിച്ചുവന്നു. അയ്യായുടെ പുത്രി രിസ്പാ ശൗലിന്‍റെ ഉപഭാര്യ ആയിരുന്നു. ഒരു ദിവസം ഈശ്-ബോശെത്ത് അബ്നേരിനോടു ചോദിച്ചു: “നീ എന്‍റെ പിതാവിന്‍റെ ഉപഭാര്യയായ രിസ്പായോടൊത്തു ശയിച്ചതെന്തിന്?” അത് അബ്നേരിനെ കുപിതനാക്കി; അയാള്‍ ചോദിച്ചു: “ഞാന്‍ യെഹൂദാപക്ഷത്തെ ഒരു നായ് എന്നാണോ നിന്‍റെ വിചാരം? നിന്‍റെ പിതാവായ ശൗലിന്‍റെ കുടുംബത്തോടും സഹോദരരോടും സ്നേഹിതരോടും ഞാന്‍ ഇന്നുവരെ വിശ്വസ്തനായിരുന്നു. ദാവീദിന്‍റെ പിടിയില്‍ അകപ്പെടാതെ ഞാന്‍ നിന്നെ രക്ഷിച്ചു. എന്നിട്ടും ഒരു സ്‍ത്രീയുടെ കാര്യം പറഞ്ഞ് നീ എന്നെ കുറ്റപ്പെടുത്തുകയാണോ? ശൗലിന്‍റെ കുടുംബത്തില്‍നിന്നു രാജ്യമെടുത്ത് ദാന്‍ മുതല്‍ ബേര്‍-ശേബാവരെ ഇസ്രായേലിലും യെഹൂദ്യയിലും ദാവീദിന്‍റെ സിംഹാസനം സ്ഥാപിക്കുമെന്നു സര്‍വേശ്വരന്‍ ദാവീദിനോടു പ്രതിജ്ഞ ചെയ്തിട്ടുള്ളതു നിറവേറ്റിക്കൊടുക്കാതെയിരുന്നാല്‍ ദൈവം ഈ അബ്നേരിനെ കഠിനമായി ശിക്ഷിക്കട്ടെ.” അബ്നേരിനെ ഭയപ്പെട്ടിരുന്നതിനാല്‍ ഒരു വാക്കുപോലും മറുപടി പറയാന്‍ ഈശ്-ബോശെത്തിനു കഴിഞ്ഞില്ല. ഹെബ്രോനില്‍ പാര്‍ത്തിരുന്ന ദാവീദിന്‍റെ അടുക്കല്‍ അബ്നേര്‍ ദൂതന്മാരെ അയച്ച് അറിയിച്ചു: “ഈ ദേശം ആര്‍ക്കുള്ളതാണ്? എന്നോട് ഉടമ്പടി ചെയ്യുക; ഇസ്രായേല്‍ മുഴുവനെയും അങ്ങയുടെ പക്ഷത്താക്കുന്നതിനു ഞാന്‍ സഹായിക്കാം.” ദാവീദു പറഞ്ഞു: “നല്ലതു തന്നെ; ഞാന്‍ ഉടമ്പടി ചെയ്യാം; എന്നാല്‍ ഒരു വ്യവസ്ഥയുണ്ട്; നീ എന്നെ കാണാന്‍ വരുമ്പോള്‍ ശൗലിന്‍റെ മകള്‍ മീഖളിനെ കൂട്ടിക്കൊണ്ടു വരണം.” ദാവീദ് ഈശ്-ബോശെത്തിന്‍റെ അടുക്കല്‍ ദൂതന്മാരെ അയച്ച് അയാളെ അറിയിച്ചു: “എന്‍റെ ഭാര്യയായ മീഖളിനെ തിരിച്ചുതരിക; നൂറു ഫെലിസ്ത്യരുടെ അഗ്രചര്‍മം കൊടുത്താണ് ഞാന്‍ അവളെ വിവാഹം കഴിച്ചത്.” ലായീശിന്‍റെ മകനും മീഖളിന്‍റെ ഭര്‍ത്താവുമായ ഫല്‍തിയേലിന്‍റെ അടുക്കല്‍നിന്ന് ഈശ്-ബോശെത്ത് അവളെ വരുത്തി. അവളുടെ ഭര്‍ത്താവ് കരഞ്ഞുകൊണ്ട് ബഹൂരിംവരെ അവളുടെ പിന്നാലെ ചെന്നു; മടങ്ങിപ്പോകാന്‍ അബ്നേര്‍ പറഞ്ഞപ്പോള്‍ അവന്‍ മടങ്ങിപ്പോയി. അബ്നേര്‍ ഇസ്രായേല്‍നേതാക്കന്മാരോടു സംസാരിച്ചു: “ദാവീദിനെ രാജാവായി ലഭിക്കാന്‍ കുറെ നാളായി നിങ്ങള്‍ കാത്തിരിക്കുകയാണല്ലോ; ഇപ്പോള്‍ അതിനുള്ള അവസരം വന്നിരിക്കുന്നു. എന്‍റെ ദാസനായ ദാവീദു മുഖേന ഫെലിസ്ത്യരില്‍നിന്നും മറ്റു സകല ശത്രുക്കളില്‍നിന്നും ഇസ്രായേലിനെ ഞാന്‍ വീണ്ടെടുക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്തിട്ടുള്ളതു നിങ്ങള്‍ ഓര്‍ക്കുക.” അബ്നേര്‍ ബെന്യാമീന്‍ ഗോത്രക്കാരോടും സംസാരിച്ചു; പിന്നീട് ഇസ്രായേല്യരുടെയും ബെന്യാമീന്‍ഗോത്രത്തിന്‍റെയും സമ്മതം ദാവീദിനെ അറിയിക്കുന്നതിന് അബ്നേര്‍ ഹെബ്രോനിലേക്കു പോയി. ഇരുപതു പേരോടൊത്ത് അബ്നേര്‍ ഹെബ്രോനില്‍ ദാവീദിന്‍റെ അടുക്കല്‍ എത്തി. ദാവീദ് അവര്‍ക്കുവേണ്ടി ഒരു വിരുന്നൊരുക്കി. അബ്നേര്‍ ദാവീദിനോടു പറഞ്ഞു: “ഞാന്‍ പോയി ഇസ്രായേല്‍ മുഴുവനെയും എന്‍റെ യജമാനന്‍റെ അടുക്കല്‍ കൂട്ടിക്കൊണ്ടുവരാം; അവര്‍ അങ്ങയോട് ഉടമ്പടി ചെയ്യും. അപ്പോള്‍ അങ്ങ് ആഗ്രഹിക്കുന്നതുപോലെ അവരുടെയെല്ലാം രാജാവാകാം.” ദാവീദ് അബ്നേരിനെ പറഞ്ഞയച്ചു; അയാള്‍ സമാധാനത്തോടെ പോയി. പിന്നീട് യോവാബും ദാവീദിന്‍റെ മറ്റു ഭൃത്യന്മാരും ഒരു കവര്‍ച്ച കഴിഞ്ഞു ധാരാളം കൊള്ളവസ്തുക്കളുമായി മടങ്ങിവന്നു. അപ്പോള്‍ അബ്നേര്‍ ഹെബ്രോനില്‍ ദാവീദിന്‍റെ അടുക്കല്‍ ഉണ്ടായിരുന്നില്ല. ദാവീദ് അയാളെ സമാധാനപൂര്‍വം മടക്കിയയച്ചിരുന്നു. യോവാബും സൈന്യവും മടങ്ങിവന്നപ്പോള്‍ നേരിന്‍റെ മകന്‍ അബ്നേര്‍ ദാവീദിന്‍റെ അടുക്കല്‍ വന്നിരുന്നു എന്നും രാജാവ് അയാളെ സമാധാനത്തോടെ മടക്കിയയച്ചു എന്നും അറിഞ്ഞു. യോവാബ് ദാവീദ്‍രാജാവിന്‍റെ അടുക്കല്‍ ചെന്നു ചോദിച്ചു: “അങ്ങ് എന്താണു ചെയ്തത്? അബ്നേര്‍ അങ്ങയുടെ അടുക്കല്‍ വന്നിരുന്നില്ലേ? അയാളെ വിട്ടയച്ചത് എന്ത്? അങ്ങു ചെയ്യുന്ന കാര്യങ്ങളും അങ്ങയുടെ നീക്കങ്ങളും ഗ്രഹിച്ച് അങ്ങയെ ചതിക്കാനാണ് നേരിന്‍റെ മകനായ അബ്നേര്‍ വന്നതെന്ന് അങ്ങേക്ക് അറിയുകയില്ലേ?” ദാവീദിന്‍റെ സന്നിധിയില്‍നിന്ന് യോവാബ് പുറത്തുവന്ന് അബ്നേരിന്‍റെ പിന്നാലെ ദൂതന്മാരെ അയച്ചു. അവര്‍ സീരായിലെ കിണറ്റിനരികില്‍നിന്ന് അയാളെ കൂട്ടിക്കൊണ്ടു വന്നു. ദാവീദ് ഇതൊന്നും അറിഞ്ഞില്ല. അബ്നേര്‍ ഹെബ്രോനില്‍ തിരിച്ചെത്തിയപ്പോള്‍ സ്വകാര്യം പറയാനെന്നുള്ള ഭാവത്തില്‍ യോവാബ് അയാളെ പടിവാതില്‌ക്കലേക്ക് കൂട്ടിക്കൊണ്ടു പോയി; അയാളുടെ വയറ്റത്തു കുത്തി. അയാളെ കൊന്നു തന്‍റെ സഹോദരനായ അസാഹേലിനെ കൊന്നതിനു പകരം വീട്ടി. ഈ വിവരം അറിഞ്ഞ് ദാവീദ് പറഞ്ഞു: “നേരിന്‍റെ മകന്‍ അബ്നേരിനെ കൊന്നതില്‍ ഞാനും എന്‍റെ ജനവും നിരപരാധികളാണെന്നു സര്‍വേശ്വരന്‍ അറിയുന്നു. അതിന്‍റെ കുറ്റം യോവാബിന്‍റെയും അവന്‍റെ പിതൃഭവനത്തിന്‍റെയുംമേല്‍ ആയിരിക്കട്ടെ. യോവാബിന്‍റെ കുടുംബത്തില്‍ രക്തസ്രവരോഗിയോ കുഷ്ഠരോഗിയോ മുടന്തനോ വാളുകൊണ്ടു വധിക്കപ്പെടേണ്ടവനോ ആഹാരത്തിനു മുട്ടുള്ളവനോ ഒഴിയാതിരിക്കട്ടെ.” ഗിബെയോനിലെ യുദ്ധത്തില്‍വച്ചു തങ്ങളുടെ സഹോദരനായ അസാഹേലിനെ കൊന്നതുകൊണ്ടാണ് യോവാബും അബീശായിയും ചേര്‍ന്ന് അബ്നേരിനെ വധിച്ചത്. വസ്ത്രം കീറിയും ചാക്കുടുത്തും അബ്നേരിനെ ചൊല്ലി വിലപിക്കാന്‍ ദാവീദ് യോവാബിനോടും കൂടെയുള്ളവരോടും കല്പിച്ചു. ദാവീദുരാജാവ് ശവമഞ്ചത്തിന്‍റെ പിന്നാലെ നടന്നു. അബ്നേരിനെ ഹെബ്രോനില്‍ സംസ്കരിച്ചപ്പോള്‍ രാജാവ് കല്ലറയുടെ അടുക്കല്‍നിന്ന് ഉറക്കെ കരഞ്ഞു. ജനമെല്ലാം വിലപിച്ചു. അബ്നേരിനെക്കുറിച്ച് രാജാവ് ഈ വിലാപഗീതം പാടി: “അബ്നേരേ, ഭോഷനെപ്പോലെ മരിക്കേണ്ടവനാണോ നീ? നിന്‍റെ കരങ്ങള്‍ ബന്ധിതമായിരുന്നില്ല; നിന്‍റെ കാലുകള്‍ വിലങ്ങിലായിരുന്നില്ല; ദുഷ്ടരുടെ കൈയില്‍ അകപ്പെട്ടവനെപ്പോലെ നീ സംഹരിക്കപ്പെട്ടല്ലോ.” പിന്നെയും അവനെച്ചൊല്ലി ജനം കരഞ്ഞു. ഭക്ഷണം കഴിക്കാന്‍ പകല്‍ മുഴുവന്‍ ജനം ദാവീദിനെ നിര്‍ബന്ധിച്ചു; എന്നാല്‍ ദാവീദ് സത്യംചെയ്തു പറഞ്ഞു: “സൂര്യാസ്തമയത്തിനുമുമ്പ് ഞാന്‍ എന്തെങ്കിലും ഭക്ഷിച്ചാല്‍ സര്‍വേശ്വരന്‍ ഞാനര്‍ഹിക്കുന്നതും അതിലധികവും എന്നോടു ചെയ്യട്ടെ.” രാജാവ് ചെയ്തതെല്ലാം ജനം ശ്രദ്ധിച്ചു; അവര്‍ അതില്‍ സംതൃപ്തരായി. അബ്നേരിനെ വധിച്ചതില്‍ രാജാവിനൊരു പങ്കുമില്ലെന്നു ദാവീദിന്‍റെ അനുയായികള്‍ക്കും സകല ഇസ്രായേല്‍ജനത്തിനും ബോധ്യമായി. രാജാവ് തന്‍റെ ഭൃത്യന്മാരോടു ചോദിച്ചു: “ശ്രേഷ്ഠനായ ഒരു നേതാവാണ് ഇസ്രായേലില്‍ ഇന്നു കൊല്ലപ്പെട്ടത് എന്നു നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ? ദൈവത്താല്‍ അഭിഷിക്തനായ രാജാവാണെങ്കിലും ഞാന്‍ ഇന്നു ബലഹീനനാണ്. സെരൂയായുടെ ഈ പുത്രന്മാര്‍ എന്‍റെ വരുതിയില്‍ നില്‌ക്കാത്ത ക്രൂരന്മാരാണ്. ദുഷ്ടരോട് അവന്‍റെ ദുഷ്ടതയ്‍ക്കൊത്തവിധം സര്‍വേശ്വരന്‍ പ്രതികാരം ചെയ്യട്ടെ.” അബ്നേര്‍ ഹെബ്രോനില്‍വച്ചു മരിച്ചു എന്നു കേട്ടപ്പോള്‍ ശൗലിന്‍റെ പുത്രനായ ഈശ്-ബോശെത്തിന്‍റെ ആത്മധൈര്യം നഷ്ടപ്പെട്ടു. ഇസ്രായേല്‍ജനം എല്ലാവരും അമ്പരന്നു. ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‌കുന്ന ബാനാ, രേഖാബ് എന്നീ രണ്ടു പേര്‍ ഈശ്-ബോശെത്തിനുണ്ടായിരുന്നു; ബെന്യാമീന്‍ഗോത്രത്തില്‍പ്പെട്ടവനും ബെരോത്ത്നിവാസിയുമായ രിമ്മോന്‍റെ പുത്രന്മാരായിരുന്നു അവര്‍. ബെരോത്ത്നിവാസികള്‍ ബെന്യാമീന്‍ഗോത്രത്തില്‍പ്പെട്ടവരായിട്ടാണ് കരുതപ്പെടുന്നത്. ഗിത്ഥയീമിലേക്ക് ഓടിപ്പോയ ബെരോത്യര്‍ ഇന്നും പരദേശികളായി അവിടെ പാര്‍ക്കുന്നു. ശൗലിന്‍റെ പുത്രനായ യോനാഥാനു മുടന്തനായ ഒരു പുത്രന്‍ ഉണ്ടായിരുന്നു. ജെസ്രീലില്‍നിന്നു ശൗലിന്‍റെയും യോനാഥാന്‍റെയും മരണവാര്‍ത്ത കേട്ടപ്പോള്‍ അഞ്ചു വയസ്സുള്ള അവനെ എടുത്തുകൊണ്ട് അവന്‍റെ വളര്‍ത്തമ്മ ഓടി. അവള്‍ തിടുക്കത്തില്‍ ഓടുമ്പോള്‍ അവന്‍ നിലത്തുവീണു; ആ വീഴ്ച അവനെ മുടന്തനാക്കി. മെഫീബോശെത്ത് എന്നായിരുന്നു അവന്‍റെ പേര്. ബെരോത്യനായ രിമ്മോന്‍റെ പുത്രന്മാരായ രേഖാബും ബാനായും ഈശ്-ബോശെത്തിന്‍റെ അടുക്കലേക്കു പുറപ്പെട്ടു. മധ്യാഹ്നമായപ്പോള്‍ അവര്‍ അയാളുടെ വീട്ടിലെത്തി. അപ്പോള്‍ അയാള്‍ വിശ്രമിക്കുകയായിരുന്നു. വീട്ടുവാതില്‌ക്കല്‍ കോതമ്പു പാറ്റിക്കൊണ്ടിരുന്ന വാതില്‍കാവല്‍ക്കാരിയായ സ്‍ത്രീ മയങ്ങിപ്പോയിരുന്നതുകൊണ്ട് രേഖാബും അവന്‍റെ സഹോദരന്‍ ബാനായും പതുങ്ങിപ്പതുങ്ങി ഉള്ളില്‍ കടന്നു. അവര്‍ വീട്ടിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ ഈശ്-ബോശെത്ത് കിടപ്പറയില്‍ ഉറങ്ങുകയായിരുന്നു. അവര്‍ അയാളെ വെട്ടിക്കൊന്നു; വെട്ടിയെടുത്ത തലയുമായി അവര്‍ അരാബായില്‍കൂടി രാത്രി മുഴുവന്‍ യാത്ര ചെയ്തു. അവര്‍ ഈശ്-ബോശെത്തിന്‍റെ തല ഹെബ്രോനില്‍ ദാവീദിന്‍റെ മുമ്പില്‍ കൊണ്ടുവന്നു പറഞ്ഞു: “അങ്ങയെ വധിക്കാന്‍ ശ്രമിച്ച അങ്ങയുടെ ശത്രുവായ ശൗലിന്‍റെ പുത്രന്‍ ഈശ്-ബോശെത്തിന്‍റെ തലയാണിത്. എന്‍റെ യജമാനനായ രാജാവിനുവേണ്ടി സര്‍വേശ്വരന്‍ ശൗലിനോടും അവന്‍റെ സന്തതിയോടും ഇന്നും പ്രതികാരം ചെയ്തിരിക്കുന്നു.” ദാവീദ് ബെരോത്യനായ രിമ്മോന്‍റെ പുത്രന്മാരായ രേഖാബിനോടും ബാനായോടും പറഞ്ഞു: “സകല വിപത്തുകളില്‍നിന്നും എന്നെ രക്ഷിച്ച സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു: ഞാന്‍ സിക്ലാഗിലായിരുന്നപ്പോള്‍ ശൗലിന്‍റെ മരണവാര്‍ത്തയുമായി എന്‍റെ അടുക്കല്‍ വന്ന ദൂതന്‍ അതൊരു സദ്‍വാര്‍ത്ത ആയിരിക്കുമെന്നു വിചാരിച്ചു. എന്നാല്‍ ഞാന്‍ അവനെ കൊന്നുകളഞ്ഞു. അവന്‍റെ സദ്‍വാര്‍ത്തയ്‍ക്കു ഞാന്‍ നല്‌കിയ പ്രതിഫലം അതായിരുന്നു. അങ്ങനെയെങ്കില്‍ സ്വഭവനത്തില്‍ കിടക്കയില്‍ ഉറങ്ങിക്കിടന്നിരുന്ന നീതിമാനായ ഒരു മനുഷ്യനെ വധിച്ച ദുഷ്ടന്മാര്‍ക്ക് നല്‌കേണ്ട ശിക്ഷ എത്ര കഠിനമായിരിക്കണം. അവന്‍റെ രക്തത്തിനു പകരമായി ഭൂമിയില്‍നിന്ന് അവരെ നശിപ്പിച്ചുകളയാതിരിക്കുമോ?” ദാവീദു കല്പിച്ചതനുസരിച്ചു സേവകര്‍ അവരെ കൊന്നു കൈകാലുകള്‍ വെട്ടിനീക്കി ഹെബ്രോനിലെ കുളത്തിനരികെ തൂക്കിയിട്ടു; ഈശ്-ബോശെത്തിന്‍റെ തല എടുത്ത് ഹെബ്രോനില്‍ അബ്നേരിന്‍റെ കല്ലറയില്‍ അടക്കം ചെയ്തു. ഇസ്രായേല്‍ഗോത്രക്കാര്‍ എല്ലാം ഹെബ്രോനില്‍ ദാവീദിന്‍റെ അടുക്കല്‍ വന്നു പറഞ്ഞു: “ഞങ്ങള്‍ അങ്ങയുടെ അസ്ഥിയും മാംസവുമാണ്. ശൗല്‍ രാജാവായിരുന്നപ്പോഴും അങ്ങാണ് ഞങ്ങളെ യുദ്ധത്തില്‍ നയിച്ചിരുന്നത്. നീ എന്‍റെ ജനമായ ഇസ്രായേലിന്‍റെ ഇടയനും പ്രഭുവും ആയിരിക്കും എന്നു സര്‍വേശ്വരന്‍ അങ്ങയോടു വാഗ്ദാനം ചെയ്തിട്ടുമുണ്ട്.” ഇസ്രായേല്‍നേതാക്കന്മാരെല്ലാം ഹെബ്രോനില്‍ ദാവീദുരാജാവിന്‍റെ അടുക്കല്‍ വന്നു. രാജാവ് സര്‍വേശ്വരന്‍റെ സന്നിധിയില്‍ അവരുമായി ഉടമ്പടി ചെയ്തു. അവര്‍ ദാവീദിനെ ഇസ്രായേലിന്‍റെ രാജാവായി വാഴിച്ചു. ഭരണം ഏല്‌ക്കുമ്പോള്‍ ദാവീദിന് മുപ്പതു വയസ്സായിരുന്നു; അദ്ദേഹം നാല്പതു വര്‍ഷം ഭരിച്ചു. ഹെബ്രോന്‍ ആസ്ഥാനമാക്കി യെഹൂദ്യയെ ഏഴര വര്‍ഷവും യെരൂശലേം ആസ്ഥാനമാക്കി യെഹൂദാ ഉള്‍പ്പെടെ ഇസ്രായേല്‍ മുഴുവനെയും മുപ്പത്തിമൂന്നു വര്‍ഷവും ഭരിച്ചു. ദാവീദുരാജാവും ജനങ്ങളും യെരൂശലേംനിവാസികളായ യെബൂസ്യരെ ആക്രമിച്ചു കീഴടക്കാന്‍ പുറപ്പെട്ടു. ദാവീദിന് യെരൂശലേമില്‍ പ്രവേശിക്കാന്‍ കഴിയുകയില്ല എന്നു കരുതി യെബൂസ്യര്‍ ദാവീദിനോടു പറഞ്ഞു: “നീ ഇവിടെ പ്രവേശിക്കുകയില്ല; നിന്നെ തടഞ്ഞുനിര്‍ത്താന്‍ കുരുടനോ മുടന്തനോ മതിയാകും.” എന്നാല്‍ ദാവീദു സീയോന്‍കോട്ട പിടിച്ചടക്കുകതന്നെ ചെയ്തു. ‘ദാവീദിന്‍റെ പട്ടണം’ എന്ന് അതു പിന്നീടു പ്രസിദ്ധമായി. അന്നു ദാവീദ് തന്‍റെ അനുയായികളോടു പറഞ്ഞു: “യെബൂസ്യരെ കൊല്ലാന്‍ ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍ അവര്‍ നീര്‍പ്പാത്തിയിലൂടെ കടന്നുചെല്ലട്ടെ. ദാവീദിനു വെറുക്കപ്പെട്ടവരായ അവിടെ കാണുന്ന കുരുടരെയും മുടന്തരെയും ആക്രമിക്കട്ടെ.” അങ്ങനെ കുരുടരും മുടന്തരും ആലയത്തില്‍ പ്രവേശിക്കരുതെന്ന ചൊല്ലുണ്ടായി. കോട്ട പിടിച്ചശേഷം ദാവീദ് അതിനുള്ളില്‍ പാര്‍ത്തു; അതിനു ‘ദാവീദിന്‍റെ നഗരം’ എന്നു പേരിട്ടു; ദാവീദ് ആ പട്ടണത്തെ മില്ലോമുതല്‍ ഉള്ളിലേക്കും ചുറ്റുമായും പണിതുയര്‍ത്തി. സര്‍വശക്തനായ സര്‍വേശ്വരന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നതുകൊണ്ട് ദാവീദു മേല്‍ക്കുമേല്‍ പ്രബലനായിത്തീര്‍ന്നു. സോര്‍രാജാവായ ഹീരാം ദാവീദിന്‍റെ അടുക്കല്‍ ദൂതന്മാരെ അയച്ചു; കൊട്ടാരം പണിയുന്നതിനാവശ്യമായ ദേവദാരുമരത്തോടൊപ്പം മരപ്പണിക്കാരെയും കല്പണിക്കാരെയും അയച്ചുകൊടുത്തു. അവര്‍ ദാവീദിന് ഒരു കൊട്ടാരം നിര്‍മ്മിച്ചു. തന്നെ ഇസ്രായേലിന്‍റെ രാജാവായി സര്‍വേശ്വരന്‍ സ്ഥിരപ്പെടുത്തിയിരിക്കുന്നു എന്നും സ്വന്തം ജനമായ ഇസ്രായേലിനുവേണ്ടി അവിടുന്നു തന്‍റെ രാജത്വം ഉയര്‍ത്തിയിരിക്കുകയാണെന്നും ദാവീദ് മനസ്സിലാക്കി. ഹെബ്രോനില്‍നിന്നു യെരൂശലേമില്‍ വന്നതിനുശേഷം ദാവീദു കൂടുതല്‍ ഭാര്യമാരെയും ഉപഭാര്യമാരെയും സ്വീകരിച്ചു; കൂടുതല്‍ സന്തതികള്‍ ജനിക്കുകയും ചെയ്തു. ദാവീദിനു യെരൂശലേമില്‍ വച്ചു ജനിച്ച മക്കള്‍ ഇവരായിരുന്നു: ശമ്മൂവ, ശോബാബ്, നാഥാന്‍, ശലോമോന്‍, ഇബ്ഹാര്‍, എലീശുവാ, നേഫെഗ്, യാഫിയ, ഏലീശാമാ, എല്യാദാ, എലീഫേലെത്ത്. ദാവീദ് ഇസ്രായേല്‍രാജാവായി വാഴിക്കപ്പെട്ടു എന്നു കേട്ടപ്പോള്‍ ഫെലിസ്ത്യര്‍ അദ്ദേഹത്തെ ആക്രമിച്ചു കീഴടക്കാന്‍ പുറപ്പെട്ടു. ആ വിവരം അറിഞ്ഞു ദാവീദ് കോട്ടയ്‍ക്കുള്ളില്‍ പ്രവേശിച്ചു. ഫെലിസ്ത്യര്‍ രെഫായീംതാഴ്വരയില്‍ പാളയമടിച്ചു. അപ്പോള്‍ ദാവീദ് സര്‍വേശ്വരന്‍റെ ഹിതം ആരാഞ്ഞു: “ഞാന്‍ ഫെലിസ്ത്യരെ ആക്രമിക്കണമോ? എനിക്ക് അവരുടെമേല്‍ വിജയം തരുമോ?” “പുറപ്പെടുക, ഫെലിസ്ത്യരെ തീര്‍ച്ചയായും നിന്‍റെ കൈയില്‍ ഏല്പിച്ചുതരും” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്തു. ദാവീദു ബാല്‍-പെരാസീമിലേക്കു ചെന്നു; അവിടെവച്ച് അവരെ തോല്പിച്ചു. “കുതിച്ചുപായുന്ന വെള്ളച്ചാട്ടംപോലെ സര്‍വേശ്വരന്‍ ശത്രുക്കളെ എന്‍റെ മുമ്പില്‍ ചിതറിച്ചു” എന്ന് അദ്ദേഹം പറഞ്ഞു; അതുകൊണ്ട് ആ സ്ഥലത്തിനു ബാല്‍-പെരാസീം എന്നു പേരുണ്ടായി. ഫെലിസ്ത്യര്‍ തങ്ങളുടെ വിഗ്രഹങ്ങള്‍ അവിടെ ഉപേക്ഷിച്ച് പലായനം ചെയ്തു. ദാവീദും അനുയായികളും അവ എടുത്തു കൊണ്ടുപോയി. ഫെലിസ്ത്യര്‍ വീണ്ടും വന്നു രെഫായീംതാഴ്വരയില്‍ പാളയമടിച്ചു. അപ്പോള്‍ ദാവീദ് സര്‍വേശ്വരന്‍റെ ഹിതം അന്വേഷിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “നീ നേരെ ചെന്ന് അവരെ ആക്രമിക്കരുത്; വളഞ്ഞുചെന്നു ബാള്‍സാംവൃക്ഷങ്ങളുടെ അടുത്തുവച്ചു അവരെ ആക്രമിക്കുക. ബാള്‍സാം വൃക്ഷങ്ങളുടെ മുകളില്‍ പടനീക്കത്തിന്‍റെ ശബ്ദം കേള്‍ക്കുമ്പോള്‍ വേണം അവരെ ആക്രമിക്കേണ്ടത്. ഫെലിസ്ത്യസൈന്യത്തെ തോല്പിക്കാന്‍ ഞാന്‍ നിങ്ങള്‍ക്കു മുമ്പേ പുറപ്പെട്ടിരിക്കുന്നു.” സര്‍വേശ്വരന്‍ കല്പിച്ചതുപോലെ ദാവീദു പ്രവര്‍ത്തിച്ചു. ഗേബയില്‍നിന്നു ഗേസെര്‍വരെ ഫെലിസ്ത്യരെ തോല്പിച്ച് ഓടിച്ചു. ദാവീദു വീണ്ടും ഇസ്രായേലിലെ തിരഞ്ഞെടുക്കപ്പെട്ട മുപ്പതിനായിരം പേരെ വിളിച്ചുകൂട്ടി. അദ്ദേഹം അവരോടൊത്ത് കെരൂബുകളുടെ മധ്യേ വസിക്കുന്ന സര്‍വശക്തനായ ദൈവത്തിന്‍റെ നാമമുള്ള പെട്ടകം ബാലേ-യെഹൂദായില്‍നിന്നു കൊണ്ടുവരുന്നതിനു പുറപ്പെട്ടു. [3,4] അവര്‍ ദൈവത്തിന്‍റെ പെട്ടകം ഒരു പുതിയ വണ്ടിയില്‍ മലനാട്ടിലുള്ള അബീനാദാബിന്‍റെ ഭവനത്തില്‍നിന്നു കൊണ്ടുവന്നു. അബീനാദാബിന്‍റെ പുത്രന്മാരായ ഉസ്സായും അഹ്യോയുമായിരുന്നു ആ വണ്ടി തെളിച്ചത്. അഹ്യോ പെട്ടകത്തിന്‍റെ മുമ്പേ നടന്നു. *** ദാവീദും കൂടെയുള്ള ഇസ്രായേല്‍ജനവും കിന്നരം, വീണ, ചെണ്ട, കിലുക്കം, ഇലത്താളം എന്നീ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് ആഹ്ലാദപൂര്‍വം ഉറക്കെ പാടി നൃത്തം ചെയ്തു. അവര്‍ നാഖോന്‍റെ മെതിക്കളത്തില്‍ എത്തിയപ്പോള്‍ കാള കാലിടറി വീണതുകൊണ്ട് ഉസ്സാ കൈ നീട്ടി ദൈവത്തിന്‍റെ പെട്ടകം താങ്ങിപ്പിടിച്ചു. ഉടന്‍ സര്‍വേശ്വരന്‍റെ കോപം ഉസ്സായുടെ നേരെ ജ്വലിച്ചു. പെട്ടകത്തിനു നേരെ കൈ നീട്ടിയതുകൊണ്ട് ദൈവം അവിടെവച്ച് അയാളെ കൊന്നുകളഞ്ഞു. അയാള്‍ ദൈവത്തിന്‍റെ പെട്ടകത്തിനരികെ മരിച്ചുവീണു. അതുകൊണ്ട് ആ സ്ഥലത്തിന് പേരെസ്സ്-ഉസ്സാ എന്നു പേരുണ്ടായി. സര്‍വേശ്വരന്‍ ഇങ്ങനെ ഉസ്സായെ ശിക്ഷിച്ചതുകൊണ്ട് ദാവീദു കുപിതനായി. അന്നു ദാവീദ് സര്‍വേശ്വരനെ ഭയപ്പെട്ടു. അവിടുത്തെ പെട്ടകം യെരൂശലേമില്‍ തന്‍റെ അടുക്കല്‍ കൊണ്ടുവന്നാല്‍ എന്തു സംഭവിക്കും എന്ന് അദ്ദേഹം ചിന്തിച്ചു. അതുകൊണ്ട് പെട്ടകം യെരൂശലേമില്‍ കൊണ്ടുവരാതെ, അദ്ദേഹം അത് ഗിത്യനായ ഓബേദ്-എദോമിന്‍റെ ഭവനത്തിലേക്കു കൊണ്ടുപോയി. സര്‍വേശ്വരന്‍റെ പെട്ടകം മൂന്നു മാസം അവിടെ ഇരുന്നു. അവിടുന്ന് ഓബേദ്-എദോമിനെയും അവന്‍റെ കുടുംബത്തെയും അനുഗ്രഹിച്ചു. ദൈവത്തിന്‍റെ പെട്ടകം നിമിത്തം ഓബേദ്-എദോമിന്‍റെ കുടുംബത്തെയും അവനുള്ള സകലത്തെയും സര്‍വേശ്വരന്‍ അനുഗ്രഹിച്ചു എന്നറിഞ്ഞു ദാവീദ് അത് ആഹ്ലാദപൂര്‍വം തന്‍റെ നഗരത്തിലേക്കു കൊണ്ടുവന്നു. ദൈവത്തിന്‍റെ പെട്ടകം വഹിച്ചിരുന്നവര്‍ ആറു ചുവടു നടന്ന് എത്തിയപ്പോള്‍ ദാവീദ് ഒരു കാളയെയും തടിച്ചു കൊഴുത്ത ഒരു കിടാവിനെയും യാഗം അര്‍പ്പിച്ചു. സര്‍വേശ്വരന്‍റെ മുമ്പാകെ ദാവീദ് സര്‍വശക്തിയോടുംകൂടി നൃത്തം ചെയ്തു. അപ്പോള്‍ അദ്ദേഹം ലിനന്‍ ഏഫോദാണു ധരിച്ചിരുന്നത്. അങ്ങനെ ദാവീദും ഇസ്രായേല്‍ജനങ്ങളും ആര്‍ത്തുവിളിച്ചും കാഹളം മുഴക്കിയുംകൊണ്ടു സര്‍വേശ്വരന്‍റെ പെട്ടകം കൊണ്ടുവന്നു. സര്‍വേശ്വരന്‍റെ പെട്ടകം ദാവീദിന്‍റെ നഗരത്തിലേക്കു പ്രവേശിച്ചപ്പോള്‍ ശൗലിന്‍റെ പുത്രിയായ മീഖള്‍ ജാലകത്തിലൂടെ നോക്കുന്നുണ്ടായിരുന്നു. രാജാവ് സര്‍വേശ്വരന്‍റെ മുമ്പില്‍ തുള്ളിച്ചാടി നൃത്തം ചെയ്യുന്നതു കണ്ടപ്പോള്‍ അവള്‍ക്ക് അദ്ദേഹത്തോടു വെറുപ്പുതോന്നി. ദാവീദും ജനങ്ങളും സര്‍വേശ്വരന്‍റെ പെട്ടകം അതിനുവേണ്ടി നിര്‍മ്മിച്ചിരുന്ന കൂടാരത്തിനുള്ളില്‍ പ്രതിഷ്ഠിച്ചു; ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും സര്‍വേശ്വരന് അര്‍പ്പിച്ചു. അതിനുശേഷം അദ്ദേഹം സര്‍വശക്തനായ സര്‍വേശ്വരന്‍റെ നാമത്തില്‍ ജനത്തെ അനുഗ്രഹിച്ചു. ഇസ്രായേല്‍സമൂഹത്തിലെ സമസ്ത സ്‍ത്രീപുരുഷന്മാര്‍ക്കും ഒരപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം കൊടുത്തു. പിന്നീടു ജനം അവരവരുടെ വീടുകളിലേക്കു പിരിഞ്ഞുപോയി. ദാവീദ് തന്‍റെ കുടുംബാംഗങ്ങളെ അനുഗ്രഹിക്കാന്‍ മടങ്ങിച്ചെന്നപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ മീഖള്‍ ഇറങ്ങിവന്നു. അവള്‍ പരിഹസിച്ചു പറഞ്ഞു: “ഇസ്രായേലിന്‍റെ രാജാവ് ഇന്നു തന്നെത്തന്നെ എത്ര പ്രശസ്തനാക്കിയിരിക്കുന്നു. തന്‍റെ സേവകരുടെയും ദാസികളുടെയും മുമ്പില്‍ ഒരു വിഡ്ഢിയെപ്പോലെ നാണമില്ലാതെ തന്‍റെ നഗ്നത പ്രദര്‍ശിപ്പിച്ചില്ലേ?” അപ്പോള്‍ ദാവീദ് മീഖളിനോടു പറഞ്ഞു: “നിന്‍റെ പിതാവിനും കുടുംബത്തിനും പകരം സര്‍വേശ്വരന്‍റെ ജനമായ ഇസ്രായേലിന്‍റെ രാജാവായി എന്നെ തിരഞ്ഞെടുത്ത സര്‍വേശ്വരന്‍റെ മുമ്പിലാണ് ഞാന്‍ നൃത്തം ചെയ്തത്. അവിടുത്തെ മുമ്പാകെ ഞാന്‍ ഇനിയും നൃത്തം ചെയ്യും. ഞാന്‍ ഇതിനെക്കാള്‍ നിസ്സാരനും നിന്‍റെ കാഴ്ചയില്‍ നിന്ദിതനുമാകാം. എന്നാല്‍ ആ ദാസിമാര്‍ ഇതുനിമിത്തം എന്നെ ബഹുമാനിക്കുകയേ ഉള്ളൂ;” ശൗലിന്‍റെ പുത്രിയായ മീഖളിനു മരണംവരെ സന്താനഭാഗ്യം ഉണ്ടായില്ല. രാജാവ് തന്‍റെ കൊട്ടാരത്തില്‍ വസിച്ചു. ചുറ്റുമുള്ള എല്ലാ ശത്രുക്കളില്‍നിന്നും സര്‍വേശ്വരന്‍ അദ്ദേഹത്തിനു സ്വസ്ഥത നല്‌കി. അന്നൊരു ദിവസം രാജാവു നാഥാന്‍ പ്രവാചകനോടു പറഞ്ഞു: “ഞാന്‍ ഇതാ, ദേവദാരുകൊണ്ടുള്ള അരമനയില്‍ പാര്‍ക്കുന്നു. ദൈവത്തിന്‍റെ പെട്ടകമാകട്ടെ കൂടാരത്തില്‍ ഇരിക്കുന്നു.” നാഥാന്‍ പ്രതിവചിച്ചു: “അങ്ങയുടെ യുക്തംപോലെ ചെയ്യുക, സര്‍വേശ്വരന്‍ അങ്ങയോടൊപ്പമുണ്ട്.” അന്നു രാത്രിയില്‍ സര്‍വേശ്വരന്‍ നാഥാനോട് അരുളിച്ചെയ്തു: “നീ ചെന്ന് എന്‍റെ ദാസനായ ദാവീദിനോടു പറയുക; എനിക്ക് അധിവസിക്കാന്‍ നീ ഒരു ആലയം പണിയുമെന്നോ? ഇസ്രായേല്‍ജനത്തെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന നാള്‍ മുതല്‍ ഞാന്‍ ഒരു ആലയത്തിലും വസിച്ചിട്ടില്ല; കൂടാരത്തില്‍ വസിച്ചുകൊണ്ടു സഞ്ചരിക്കുകയായിരുന്നു. ഇസ്രായേല്‍ജനത്തോടുകൂടെ സഞ്ചരിക്കുന്നതിനിടയില്‍ എന്‍റെ ജനമായ ഇസ്രായേലിനെ നയിക്കാന്‍ നിയമിച്ചിരുന്ന നേതാക്കളില്‍ ആരോടെങ്കിലും ദേവദാരുകൊണ്ട് എനിക്ക് ഒരു ആലയം പണിയാതിരുന്നത് എന്തെന്നു ഞാന്‍ ചോദിച്ചിട്ടുണ്ടോ? അതിനാല്‍ എന്‍റെ ദാസനായ ദാവീദിനോടു പറയുക; സര്‍വശക്തനായ സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആടിനെ മേയിച്ചു നടന്നിരുന്ന നിന്നെ മേച്ചില്‍സ്ഥലത്തുനിന്നു തിരഞ്ഞെടുത്ത് എന്‍റെ ജനമായ ഇസ്രായേലിന്‍റെ അധിപനാക്കി; നീ പോയിടത്തെല്ലാം ഞാന്‍ നിന്‍റെകൂടെ ഉണ്ടായിരുന്നു. നിന്‍റെ മുമ്പില്‍നിന്നു ശത്രുക്കളെയെല്ലാം ഞാന്‍ നീക്കി, ഭൂമിയിലുള്ള മഹാന്മാരെപ്പോലെ ഞാന്‍ നിന്നെ ഉന്നതനാക്കും. എന്‍റെ ജനമായ ഇസ്രായേല്‍ജനത്തിന് ഒരു ദേശം ഞാന്‍ തിരഞ്ഞെടുത്തു കൊടുത്തു. ഞാന്‍ അവരെ അവിടെ നട്ടുപിടിപ്പിക്കും; അവിടെ അവര്‍ സുരക്ഷിതരായി പാര്‍ക്കും. ആദ്യകാലത്തും ന്യായാധിപന്മാരെ നിയമിച്ചാക്കിയതിനുശേഷം പോലും അവര്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. ഇനിയും അവര്‍ പീഡിപ്പിക്കപ്പെടുകയില്ല; നിന്‍റെ സകല ശത്രുക്കളില്‍നിന്നും നിന്നെ കാത്തുസൂക്ഷിക്കുമെന്നു ഞാന്‍ വാഗ്ദാനം ചെയ്യുന്നു. നിന്നെ ഒരു രാജവംശമായി വളര്‍ത്തും. നീ മരിച്ചു നിന്‍റെ പൂര്‍വികരുടെകൂടെ അടക്കം ചെയ്യപ്പെടുമ്പോള്‍ നിന്‍റെ സന്തതികളില്‍ ഒരാളെ ഞാന്‍ രാജാവായി നിയമിക്കും; ഞാന്‍ അവന്‍റെ രാജത്വം ഉറപ്പിക്കും. അവന്‍ എനിക്കുവേണ്ടി ഒരു ആലയം പണിയും. അവന്‍റെ സിംഹാസനം എന്നേക്കും നിലനിര്‍ത്തും. ഞാന്‍ അവന്‍റെ പിതാവും അവന്‍ എന്‍റെ പുത്രനുമായിരിക്കും. അവന്‍ തെറ്റു ചെയ്യുമ്പോള്‍ ഒരു പിതാവ് പുത്രനെ ശിക്ഷിക്കുന്നതുപോലെ ഞാന്‍ അവനെ ശിക്ഷിക്കും. നിന്‍റെ മുമ്പില്‍നിന്നു ഞാന്‍ നീക്കിക്കളഞ്ഞ ശൗലില്‍നിന്നെന്നപോലെ നിന്‍റെ പുത്രനില്‍നിന്ന് എന്‍റെ സുസ്ഥിരസ്നേഹം പിന്‍വലിക്കുകയില്ല. നിനക്ക് എപ്പോഴും പിന്‍തലമുറക്കാരുണ്ടായിരിക്കും; നിന്‍റെ രാജത്വം സുസ്ഥിരമായിരിക്കും. നിന്‍റെ സിംഹാസനം എന്നേക്കും നിലനില്‌ക്കും.” ദൈവം വെളിപ്പെടുത്തിക്കൊടുത്തതെല്ലാം നാഥാന്‍ ദാവീദിനോടു പറഞ്ഞു. അപ്പോള്‍ ദാവീദുരാജാവ് തിരുസാന്നിധ്യകൂടാരത്തിനകത്തു ചെന്നു സര്‍വേശ്വരന്‍റെ സന്നിധിയില്‍ ഇപ്രകാരം പ്രാര്‍ഥിച്ചു: “ദൈവമായ സര്‍വേശ്വരാ, ഇത്രത്തോളം ഉയര്‍ത്താന്‍ ഞാനും എന്‍റെ കുടുംബവും യോഗ്യരാണോ? [19,20] എന്നാല്‍ അവിടുത്തേക്ക് ഇത് ഒരു നിസ്സാരകാര്യം. ദൈവമായ സര്‍വേശ്വരാ, അവിടുന്ന് ഈ ദാസന്‍റെ ഭവനത്തിന്‍റെ വിദൂരഭാവിയെക്കുറിച്ചും വരുംതലമുറകളെക്കുറിച്ചും സംസാരിച്ചിരിക്കുന്നു. *** അവിടുത്തെ ഹിതവും വാഗ്ദാനവും ഈയുള്ളവനെ അറിയിക്കേണ്ടതിന് ഈ വന്‍കാര്യങ്ങളെല്ലാം അവിടുന്നു ചെയ്തിരിക്കുന്നു. ദൈവമായ സര്‍വേശ്വരാ, അവിടുന്ന് എത്ര ഉന്നതന്‍. അങ്ങയെപ്പോലെ മറ്റാരുമില്ല. ഞങ്ങള്‍ സ്വന്തം ചെവികൊണ്ട് കേട്ടതനുസരിച്ച് അവിടുന്നല്ലാതെ വേറൊരു ദൈവവുമില്ല. അവിടുത്തെ സ്വന്തം ജനമായിരിക്കുന്നതിനുവേണ്ടി അടിമത്തത്തില്‍നിന്ന് അവിടുന്നു വീണ്ടെടുത്ത ഇസ്രായേലിനെപ്പോലെ മറ്റൊരു ജനതയുമില്ല. അവര്‍ക്കുവേണ്ടി അങ്ങു പ്രവര്‍ത്തിച്ച അദ്ഭുതകരമായ മഹാകാര്യങ്ങള്‍ മൂലം അങ്ങയുടെ നാമം ലോകമെങ്ങും പ്രസിദ്ധമായിരിക്കുന്നു. അവിടുത്തെ സ്വന്തം ജനമായിരിക്കുന്നതിനുവേണ്ടി ഈജിപ്തില്‍നിന്നും അവിടുന്നു മോചിപ്പിച്ച ഇസ്രായേല്‍ജനം മുന്നേറിയപ്പോള്‍ മറ്റു ജനതകളെയും അവരുടെ ദേവന്മാരെയും അവരുടെ മുമ്പില്‍നിന്ന് അവിടുന്ന് ഓടിച്ചുകളഞ്ഞു. ഇസ്രായേല്‍ എന്നേക്കും അവിടുത്തെ ജനമായിരിക്കത്തക്കവിധം അവരെ അങ്ങു സ്ഥിരപ്പെടുത്തി. സര്‍വേശ്വരാ, അങ്ങ് അവര്‍ക്കു ദൈവവുമായിത്തീര്‍ന്നു. ദൈവമായ സര്‍വേശ്വരാ, അടിയനോടും അടിയന്‍റെ കുടുംബത്തോടും അവിടുന്നു ചെയ്തിട്ടുള്ള വാഗ്ദാനങ്ങള്‍ ഇപ്പോള്‍ നിറവേറ്റി ശാശ്വതീകരിക്കണമേ. അവിടുത്തെ നാമം എന്നേക്കും പ്രകീര്‍ത്തിക്കപ്പെടട്ടെ. സര്‍വശക്തനായ സര്‍വേശ്വരന്‍ തങ്ങളുടെ ദൈവം എന്ന് ഇസ്രായേല്യര്‍ എപ്പോഴും പറയും. അവിടുത്തെ ദാസനായ ദാവീദിന്‍റെ കുടുംബം അവിടുന്ന് എന്നേക്കും നിലനിര്‍ത്തും. സര്‍വശക്തനായ സര്‍വേശ്വരാ, ഇസ്രായേലിന്‍റെ ദൈവമേ, എന്‍റെ രാജവംശം സുസ്ഥിരമാക്കുമെന്ന് അവിടുന്ന് ഈ ദാസനു വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ. അതുകൊണ്ട് ഈയുള്ളവന്‍ ഇങ്ങനെ പ്രാര്‍ഥിക്കാന്‍ ധൈര്യപ്പെടുന്നു. ദൈവമായ സര്‍വേശ്വരാ, അങ്ങുതന്നെ ദൈവവും അവിടുത്തെ വചനങ്ങള്‍ സത്യവും ആകുന്നു; അവിടുത്തെ ദാസനോട് ഈ നല്ല കാര്യങ്ങള്‍ അരുളിച്ചെയ്തിരിക്കുന്നുവല്ലോ. അടിയന്‍റെ കുടുംബം അവിടുത്തെ സന്നിധിയില്‍ എന്നും നിലനില്‌ക്കാന്‍ അവിടുന്നു കനിഞ്ഞ് അനുഗ്രഹിക്കണമേ. ദൈവമായ സര്‍വേശ്വരാ, അവിടുത്തെ അനുഗ്രഹം അടിയന്‍റെ കുടുംബത്തില്‍ എപ്പോഴും ഉണ്ടായിരിക്കുമെന്ന് അവിടുന്നു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ.” ദാവീദ് ഫെലിസ്ത്യരെ വീണ്ടും ആക്രമിച്ചു കീഴടക്കി. അവരില്‍നിന്നു മെഥെഗമ്മാ പിടിച്ചെടുത്തു. അദ്ദേഹം മോവാബ്യരെ നിശ്ശേഷം തോല്പിച്ചു. അവരെ നിലത്തു കിടത്തി ചരടുകൊണ്ട് അളന്നു മൂന്നില്‍ രണ്ടു ഭാഗത്തെ കൊന്നു. ശേഷിച്ചവരെ വെറുതെ വിട്ടു. അവര്‍ കീഴടങ്ങി ദാവീദിനു കപ്പം കൊടുത്തു. യൂഫ്രട്ടീസ്നദിയുടെ തീരത്തു തന്‍റെ അധികാരം പുനഃസ്ഥാപിക്കാന്‍ പോകുമ്പോള്‍ രെഹോബിന്‍റെ പുത്രനും സോബാരാജാവുമായ ഹദദേസെറിനെ ദാവീദ് തോല്പിച്ചു. അയാളുടെ സൈന്യത്തിലുണ്ടായിരുന്ന ആയിരത്തി എഴുനൂറു കുതിരപ്പട്ടാളക്കാരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദു പിടിച്ചെടുത്തു. നൂറു രഥങ്ങള്‍ക്കുള്ള കുതിരകളെ ഒഴിച്ച് ബാക്കിയുള്ളവയുടെ കുതികാല്‍ വെട്ടി മുടന്തുള്ളവയാക്കി. ദമാസ്ക്കസിലെ സിറിയാക്കാര്‍ സോബാരാജാവായ ഹദദേസെറിനെ സഹായിക്കാന്‍ അയച്ച സൈനികരില്‍ ഇരുപത്തീരായിരം പേരെ ദാവീദു സംഹരിച്ചു. പിന്നീട് ദാവീദ് ദമാസ്ക്കസിനോടു ചേര്‍ന്നു സിറിയായില്‍ കാവല്‍ഭടന്മാരെ നിര്‍ത്തി. സിറിയാക്കാര്‍ ദാവീദിന്‍റെ സാമന്തപദം സ്വീകരിച്ച് അദ്ദേഹത്തിനു കപ്പം കൊടുത്തു. ദാവീദു പോയ സ്ഥലങ്ങളിലെല്ലാം സര്‍വേശ്വരന്‍ അദ്ദേഹത്തിനു വിജയം നല്‌കി. ഹദദേസെറിന്‍റെ ഭൃത്യന്മാര്‍ വഹിച്ചിരുന്ന സ്വര്‍ണപ്പരിചകള്‍ ദാവീദ് യെരൂശലേമിലേക്കു കൊണ്ടുപോയി. ഹദദേസെര്‍ ഭരിച്ചിരുന്ന ബേതഹ്, ബെരോതാ എന്നീ പട്ടണങ്ങളില്‍നിന്നു ധാരാളം വെള്ളോടും അദ്ദേഹം കൈവശപ്പെടുത്തി. ദാവീദ് ഹദദേസെറിന്‍റെ സര്‍വസൈന്യത്തെയും തോല്പിച്ചു എന്നു ഹാമാത്ത്‍രാജാവായ തോയി കേട്ടു. ദാവീദ് രാജാവിന്‍റെ ക്ഷേമം അന്വേഷിക്കാനും തന്നോടു പലപ്പോഴും പടവെട്ടിയിരുന്ന ഹദദേസെറിനെ തോല്പിച്ചതിലുള്ള അഭിനന്ദനം അറിയിക്കാനുമായി തോയി തന്‍റെ പുത്രനായ യോരാമിനെ ദാവീദിന്‍റെ അടുക്കല്‍ അയച്ചു. വെള്ളി, സ്വര്‍ണം, ഓട് എന്നിവകൊണ്ടുള്ള സാധനങ്ങള്‍ പാരിതോഷികമായി യോരാം കൊണ്ടുവന്നിരുന്നു. അവയെല്ലാം ദാവീദ് സര്‍വേശ്വരനു പ്രതിഷ്ഠിച്ചു. അതോടൊപ്പം എദോമ്യര്‍, മോവാബ്യര്‍, അമ്മോന്യര്‍, ഫെലിസ്ത്യര്‍, അമാലേക്യര്‍ എന്നിങ്ങനെ താന്‍ കീഴ്പെടുത്തിയ ജനതകളില്‍നിന്നും കൈവശപ്പെടുത്തിയ വെള്ളിയും പൊന്നും രെഹോബിന്‍റെ പുത്രനും സോബാരാജാവുമായ ഹദദേസെരില്‍നിന്നു പിടിച്ചെടുത്ത സാധനങ്ങളും ദാവീദ് സര്‍വേശ്വരനു പ്രതിഷ്ഠിച്ചു. ഉപ്പുതാഴ്വരയില്‍വച്ചു പതിനെണ്ണായിരം എദോമ്യരെ സംഹരിച്ചശേഷം ഏറ്റവും കീര്‍ത്തിമാനായിട്ടാണ് അദ്ദേഹം മടങ്ങിവന്നത്. ദാവീദ് എദോമില്‍ എല്ലായിടത്തും കാവല്‍പ്പടയെ നിയമിച്ചു. എദോമ്യരെല്ലാം അദ്ദേഹത്തിന്‍റെ അടിമകളായി; എല്ലായിടത്തും സര്‍വേശ്വരന്‍ ദാവീദിനു വിജയം നല്‌കി. ദാവീദ് ഇസ്രായേല്‍ജനത്തെ ആകമാനം ഭരിച്ചു. തന്‍റെ ജനങ്ങള്‍ക്കു നീതിയും ന്യായവും അദ്ദേഹം നടത്തിക്കൊടുത്തു. സെരൂയായുടെ പുത്രനായ യോവാബ് അദ്ദേഹത്തിന്‍റെ സൈന്യാധിപനും അഹീലൂദിന്‍റെ പുത്രനായ യെഹോശാഫാത്ത് കാര്യസ്ഥനും ആയിരുന്നു. അഹീതൂബിന്‍റെ പുത്രന്‍ സാദോക്കും അബ്യാഥാരിന്‍റെ പുത്രന്‍ അഹീമേലെക്കും പുരോഹിതന്മാരും, സെരായാ കാര്യദര്‍ശിയും ആയിരുന്നു. യെഹോയാദയുടെ പുത്രന്‍ ബെനായാ ക്രേത്യരുടെയും പെലേത്യരുടെയും അധിപതി ആയിരുന്നു. ദാവീദിന്‍റെ പുത്രന്മാര്‍ പുരോഹിതന്മാരും ആയിരുന്നു. “യോനാഥാനെ ഓര്‍ത്തു ഞാന്‍ ദയ കാട്ടേണ്ടതിനു ശൗലിന്‍റെ കുടുംബത്തില്‍ ആരെങ്കിലും അവശേഷിച്ചിട്ടുണ്ടോ” എന്നു ദാവീദ് അന്വേഷിച്ചു. ശൗലിന്‍റെ കുടുംബത്തില്‍ സീബ എന്നു പേരുള്ള ഒരു ഭൃത്യന്‍ ഉണ്ടായിരുന്നു. അവനെ ദാവീദിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. “നീയാണോ സീബ” രാജാവു ചോദിച്ചു. “അതേ, അടിയന്‍തന്നെ” അവന്‍ മറുപടി പറഞ്ഞു. രാജാവു ചോദിച്ചു: “ഞാന്‍ ദൈവത്തിന്‍റെ കാരുണ്യം കാണിക്കേണ്ടതിനു ശൗലിന്‍റെ കുടുംബത്തില്‍ ഇനിയും ആരെങ്കിലും ശേഷിച്ചിട്ടുണ്ടോ?” സീബ പറഞ്ഞു: “രണ്ടു കാലും മുടന്തുള്ള ഒരു മകന്‍ യോനാഥാനുണ്ട്.” “അവന്‍ എവിടെയാണ്” രാജാവു ചോദിച്ചു. “അവന്‍ ലോദെബാരില്‍ അമ്മീയേലിന്‍റെ പുത്രനായ മാഖീരിന്‍റെ ഭവനത്തിലുണ്ട്” സീബ പറഞ്ഞു. അപ്പോള്‍ ദാവീദുരാജാവ് ലോദെബാരില്‍ അമ്മീയേലിന്‍റെ പുത്രനായ മാഖീരിന്‍റെ ഭവനത്തിലേക്ക് ആളയച്ച് അവനെ വരുത്തി. ശൗലിന്‍റെ പൗത്രനും യോനാഥാന്‍റെ പുത്രനുമായ മെഫീബോശെത്ത് ദാവീദിന്‍റെ അടുക്കല്‍ വന്നു സാഷ്ടാംഗം നമസ്കരിച്ചു. ദാവീദ് മെഫീബോശെത്തിനെ വിളിച്ചപ്പോള്‍ “ഇതാ അടിയന്‍” എന്ന് അവന്‍ പ്രതിവചിച്ചു. ദാവീദ് അവനോടു പറഞ്ഞു: “ഭയപ്പെടേണ്ടാ, നിന്‍റെ പിതാവായ യോനാഥാനെ ഓര്‍ത്ത് ഞാന്‍ നിന്നോടു കരുണ കാണിക്കും. നിന്‍റെ പിതാമഹനായ ശൗലിന്‍റെ ഭൂമിയെല്ലാം ഞാന്‍ നിനക്കു മടക്കിത്തരും. നീ എന്നും എന്‍റെ കൂടെ ഭക്ഷണം കഴിക്കുകയും വേണം.” ഇതുകേട്ടു താണുവണങ്ങിക്കൊണ്ടു മെഫീബോശെത്തു പറഞ്ഞു: “ചത്ത നായ്‍ക്കു തുല്യനായ അടിയനോട് അങ്ങേക്കു കരുണ തോന്നിയല്ലോ.” പിന്നീട് രാജാവ് ശൗലിന്‍റെ ഭൃത്യനായ സീബയെ വിളിച്ചു പറഞ്ഞു: “നിന്‍റെ യജമാനനായ മെഫീബോശെത്തിനു ശൗലിന്‍റെയും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും സ്വത്തെല്ലാം ഞാന്‍ നല്‌കുന്നു. നീയും നിന്‍റെ പുത്രന്മാരും വേലക്കാരും കൂടി കൃഷി ചെയ്തു നിന്‍റെ യജമാനനു ഭക്ഷിക്കാന്‍ ആവശ്യമുള്ളതെല്ലാം കൊണ്ടുവരണം. മെഫീബോശെത്ത് എന്‍റെ കൂടെ എന്നും ഭക്ഷണം കഴിക്കട്ടെ.” സീബയ്‍ക്കു പതിനഞ്ചു പുത്രന്മാരും ഇരുപതു ഭൃത്യന്മാരും ഉണ്ടായിരുന്നു. “എന്‍റെ യജമാനനായ രാജാവ് കല്പിക്കുന്നതെല്ലാം അടിയന്‍ ചെയ്യാം” എന്നു സീബ പറഞ്ഞു. അങ്ങനെ രാജാവിന്‍റെ പുത്രന്മാരില്‍ ഒരാളെപ്പോലെ മെഫീബോശെത്ത് രാജാവിന്‍റെ ഭക്ഷണമേശയില്‍നിന്നു ഭക്ഷണം കഴിച്ചുവന്നു. മെഫീബോശെത്തിനു മീഖാ എന്നൊരു ആണ്‍കുഞ്ഞ് ഉണ്ടായിരുന്നു. സീബയുടെ ഭവനത്തിലുണ്ടായിരുന്നവരെല്ലാം മെഫീബോശെത്തിന്‍റെ ഭൃത്യന്മാരായിത്തീര്‍ന്നു. അങ്ങനെ രണ്ടു കാലും മുടന്തായിരുന്ന മെഫീബോശെത്ത് യെരൂശലേമില്‍ത്തന്നെ പാര്‍ത്ത് രാജാവിന്‍റെ മേശയില്‍നിന്നു ഭക്ഷണം കഴിച്ചുപോന്നു. അമ്മോന്യരുടെ രാജാവ് മരിച്ചു; പകരം അയാളുടെ പുത്രന്‍ ഹാനൂന്‍ രാജാവായി. അപ്പോള്‍ ദാവീദു പറഞ്ഞു: “നാഹാശ് എന്നോടു ദയാപൂര്‍വം പ്രവര്‍ത്തിച്ചിരുന്നതുപോലെ അദ്ദേഹത്തിന്‍റെ പുത്രനായ ഹാനൂനോടു ഞാന്‍ ദയ കാട്ടും. പിതാവിന്‍റെ മരണത്തില്‍ ദുഃഖിക്കുന്ന ഹാനൂനെ ആശ്വസിപ്പിക്കാന്‍വേണ്ടി ദാവീദ് തന്‍റെ ദാസരെ അദ്ദേഹത്തിന്‍റെ അടുക്കല്‍ അയച്ചു. അവര്‍ അമ്മോനില്‍ എത്തിയപ്പോള്‍ അമ്മോന്യപ്രഭുക്കന്മാര്‍ രാജാവിനോടു ചോദിച്ചു: “അങ്ങയെ ആശ്വസിപ്പിക്കാന്‍ ദാവീദ് ദാസന്മാരെ അയച്ചിരിക്കുന്നത് അങ്ങയുടെ പിതാവിനോടുള്ള ബഹുമാനം കൊണ്ടാണെന്നു കരുതുന്നുവോ? നഗരം സൂക്ഷ്മമായി പരിശോധിക്കാനും ചാരവൃത്തി നടത്തി അതിനെ നശിപ്പിക്കാനുമല്ലേ ദാവീദ് അവരെ അയച്ചിരിക്കുന്നത്?” ഹാനൂന്‍ ദാവീദിന്‍റെ ഭൃത്യന്മാരെ പിടിച്ച് അവരുടെ താടി പകുതി വീതം ക്ഷൗരം ചെയ്തും ഉടുവസ്ത്രം അരക്കെട്ടുഭാഗംവരെ കീറിയും വിട്ടയച്ചു. ദാവീദ് അതറിഞ്ഞ് അത്യന്തം ലജ്ജിതരായിരുന്ന അവരുടെ അടുക്കല്‍ ആളയച്ചു പറയിച്ചു: “നിങ്ങളുടെ താടി വളരുന്നതുവരെ യെരീഹോവില്‍തന്നെ പാര്‍ത്തുകൊള്ളുക; പിന്നെ മടങ്ങിവരാം.” ദാവീദ് തങ്ങളുടെ ശത്രുവായിത്തീര്‍ന്നു എന്നു മനസ്സിലാക്കി അമ്മോന്യര്‍ ബേത്ത്-രെഹോബിലെയും സോബയിലെയും സിറിയാക്കാരില്‍നിന്ന് ഇരുപതിനായിരം കാലാള്‍പടയെയും, ആയിരം യോദ്ധാക്കളുമായി മാഖാ രാജാവിനെയും തോബില്‍നിന്നു പന്തീരായിരം പേരെയും കൂലിക്ക് എടുത്തു. ദാവീദ് വിവരം അറിഞ്ഞ് തന്‍റെ സകല സൈന്യത്തോടും കൂടി യോവാബിനെ അയച്ചു. അമ്മോന്യര്‍ പട്ടണവാതില്‌ക്കല്‍ അണിനിരന്നു. എന്നാല്‍ സോബയിലെയും രെഹോബിലെയും അരാമ്യരും തോബ്യരും മാഖായുടെ ആളുകളും വെളിമ്പ്രദേശത്ത് ആയിരുന്നു നിലയുറപ്പിച്ചത്. തന്‍റെ മുമ്പിലും പിമ്പിലും ശത്രുസൈന്യം അണിനിരന്നതു കണ്ട് യോവാബു ധീരന്മാരായ ഒരു കൂട്ടം സൈനികരെ തിരഞ്ഞെടുത്തു സിറിയാക്കാരുടെ നേരേ അണിനിരത്തി; ശേഷിച്ച സൈന്യത്തെ തന്‍റെ സഹോദരനായ അബീശായിയുടെ നേതൃത്വത്തില്‍ അമ്മോന്യര്‍ക്കെതിരെ അണിനിരത്തി. അപ്പോള്‍ യോവാബ് അബീശായിയോടു പറഞ്ഞു: “സിറിയാക്കാര്‍ എന്നെ തോല്പിക്കും എന്നു കണ്ടാല്‍ നീ എന്നെ സഹായിക്കണം; അമ്മോന്യര്‍ നിന്നെ തോല്പിക്കും എന്നു കണ്ടാല്‍ ഞാന്‍ വന്നു നിന്നെ സഹായിക്കാം. ധൈര്യമായിരിക്കുക; നമ്മുടെ ജനത്തിനുവേണ്ടിയും ദൈവത്തിന്‍റെ പട്ടണങ്ങള്‍ക്കുവേണ്ടിയും നമുക്കു സുധീരം യുദ്ധം ചെയ്യാം. സര്‍വേശ്വരന്‍റെ ഇഷ്ടംതന്നെ നടക്കട്ടെ.” യോവാബും കൂടെയുള്ള സൈന്യവും സിറിയാക്കാരോട് യുദ്ധം ചെയ്യാന്‍ അടുത്തു. അവര്‍ അയാളുടെ മുമ്പില്‍നിന്നു തോറ്റോടി. സിറിയാക്കാര്‍ ഓടിപ്പോകുന്നതു കണ്ടപ്പോള്‍ അമ്മോന്യരും അബീശായിയുടെ മുമ്പില്‍നിന്ന് ഓടി പട്ടണത്തില്‍ പ്രവേശിച്ചു. യോവാബാകട്ടെ അമ്മോന്യരോടുള്ള യുദ്ധം അവസാനിപ്പിച്ചു യെരൂശലേമിലേക്കു മടങ്ങിപ്പോയി. ഇസ്രായേല്യര്‍ തങ്ങളെ തോല്പിച്ചു എന്നു മനസ്സിലാക്കിയ സിറിയാക്കാര്‍ ഒന്നിച്ചുകൂടി. ഹദദേസെര്‍രാജാവ് ആളയച്ചു നദിക്ക് അക്കരെയുള്ള സിറിയാക്കാരെയും വരുത്തി. ഹദദേസെരിന്‍റെ സൈന്യാധിപനായ ശോബക്കിന്‍റെ നേതൃത്വത്തില്‍ അവര്‍ ഹേലാമില്‍ ഒന്നിച്ചുകൂടി. ദാവീദ് വിവരം അറിഞ്ഞു സകല ഇസ്രായേല്യരെയും വിളിച്ചുകൂട്ടി യോര്‍ദ്ദാന്‍നദി കടന്നു ഹേലാമിലെത്തി. സിറിയാക്കാര്‍ ദാവീദിനെതിരെ അണിനിരന്നു യുദ്ധം ചെയ്തു. സിറിയാക്കാര്‍ ഇസ്രായേല്യരുടെ മുമ്പില്‍ തോറ്റോടി. ദാവീദു സിറിയാക്കാരായ എഴുനൂറു തേരാളികളെയും നാല്പതിനായിരം കുതിരപ്പടയാളികളെയും സംഹരിച്ചു. അവരുടെ സേനാനായകനായ ശോബക്കിനെ വധിച്ചു. ഹദദേസെരിന്‍റെ ആശ്രിതരായ രാജാക്കന്മാരെല്ലാം തങ്ങള്‍ പരാജയപ്പെട്ടു എന്നു കണ്ട് ഇസ്രായേല്യരുമായി ഉടമ്പടി ചെയ്ത് അവരെ സേവിച്ചു. അതിനുശേഷം അമ്മോന്യരെ സഹായിക്കാന്‍ സിറിയാക്കാര്‍ക്കു ഭയമായി. അടുത്ത വസന്തത്തില്‍ രാജാക്കന്മാര്‍ യുദ്ധത്തിനു പുറപ്പെടുന്ന സമയത്ത് യോവാബിനെയും തന്‍റെ സേവകരെയും എല്ലാ സൈനികരെയും ദാവീദു യുദ്ധത്തിനയച്ചു. അവര്‍ അമ്മോന്യരെ തകര്‍ത്തു; രബ്ബാപട്ടണം വളഞ്ഞു. തത്സമയം ദാവീദു യെരൂശലേമില്‍ പാര്‍ക്കുകയായിരുന്നു. ഒരു ദിവസം സായാഹ്നത്തില്‍ ദാവീദ് കിടക്കയില്‍ നിന്നെഴുന്നേറ്റു കൊട്ടാരത്തിന്‍റെ മട്ടുപ്പാവില്‍ ഉലാത്തുകയായിരുന്നു. അപ്പോള്‍ അതിസുന്ദരിയായ ഒരു സ്‍ത്രീ കുളിക്കുന്നതു കണ്ടു. ദാവീദ് ആളയച്ച് അവളെപ്പറ്റി അന്വേഷിച്ചു. അവള്‍ എലീയാമിന്‍റെ പുത്രിയും ഹിത്യനായ ഊരിയായുടെ ഭാര്യയുമായ ബത്ത്-ശേബ ആണ് എന്നു ദാവീദു മനസ്സിലാക്കി. അവളെ കൂട്ടിക്കൊണ്ടു വരാന്‍ ദാവീദ് ആളയച്ചു. അവള്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍ വന്നു; അദ്ദേഹം അവളെ പ്രാപിച്ചു. തത്സമയം അവളുടെ മാസമുറയും ശുദ്ധീകരണവും കഴിഞ്ഞിരുന്നതേയുള്ളൂ; അവള്‍ വീട്ടിലേക്കു മടങ്ങിപ്പോയി. അവള്‍ ഗര്‍ഭിണിയായി. ആ വിവരം അവള്‍ ദാവീദിനെ ആളയച്ച് അറിയിച്ചു. ഉടനെ ദാവീദ് ഹിത്യനായ ഊരിയായെ തന്‍റെ അടുക്കല്‍ അയയ്‍ക്കാന്‍ യോവാബിനു കല്പന കൊടുത്തയച്ചു. ഊരിയായെ യോവാബ് ദാവീദിന്‍റെ അടുക്കല്‍ അയച്ചു. ഊരിയാ വന്നപ്പോള്‍ യോവാബിന്‍റെയും സൈന്യങ്ങളുടെയും ക്ഷേമവും യുദ്ധവിവരവും ദാവീദ് അന്വേഷിച്ചു. പിന്നീട് അദ്ദേഹം ഊരിയായോട് വീട്ടില്‍ പോയി വിശ്രമിക്കാന്‍ പറഞ്ഞു. ഊരിയാ കൊട്ടാരത്തില്‍നിന്നു മടങ്ങിപ്പോയി. പിന്നീട് ദാവീദ് അയാള്‍ക്ക് ഒരു സമ്മാനം കൊടുത്തയയ്‍ക്കുകയും ചെയ്തു. എന്നാല്‍ ഊരിയാ വീട്ടില്‍ പോയില്ല; കൊട്ടാരംകാവല്‌ക്കാരുടെ കൂടെ പടിപ്പുരയ്‍ക്കല്‍ കിടന്നുറങ്ങി. ഊരിയാ വീട്ടില്‍ പോയില്ല എന്നറിഞ്ഞ ദാവീദ് അയാളോടു ചോദിച്ചു: “നീ യാത്ര കഴിഞ്ഞു വന്നതല്ലേ? വീട്ടിലേക്ക് പോകാഞ്ഞതെന്ത്?” അയാള്‍ പറഞ്ഞു: “ഇസ്രായേല്യരും യെഹൂദ്യരും യുദ്ധരംഗത്തു തന്നെയാണ്. സാക്ഷ്യപെട്ടകവും അവരോടു കൂടെയുണ്ട്; എന്‍റെ യജമാനനായ യോവാബും അങ്ങയുടെ ഭൃത്യന്മാരും വെളിമ്പ്രദേശത്തുതന്നെ പാളയമടിച്ചിരിക്കുന്നു. അങ്ങനെയിരിക്കെ വീട്ടില്‍ ചെന്നു തിന്നാനും കുടിക്കാനും ഭാര്യയോടൊത്ത് രമിക്കാനും എനിക്ക് എങ്ങനെ കഴിയും? അങ്ങാണെ സത്യം, എനിക്കതു സാധ്യമല്ല.” അപ്പോള്‍ ദാവീദ് ഊരിയായോടു പറഞ്ഞു: “അങ്ങനെയെങ്കില്‍ നീ ഇന്നും ഇവിടെ പാര്‍ത്തുകൊള്ളുക; നാളെ നിനക്കു മടങ്ങിപ്പോകാം.” അങ്ങനെ അന്നും പിറ്റേന്നും അവന്‍ യെരൂശലേമില്‍തന്നെ പാര്‍ത്തു. ദാവീദ് അവനെ ഭക്ഷണത്തിനു ക്ഷണിച്ചു; അവന്‍ രാജസന്നിധിയില്‍ ഭക്ഷിച്ചു പാനം ചെയ്തു. ദാവീദ് അയാളെ കുടിപ്പിച്ചു മത്തനാക്കി. എന്നാല്‍ അന്നും ഊരിയാ വീട്ടിലേക്കു പോയില്ല. രാത്രിയില്‍ രാജഭൃത്യന്മാരോടുകൂടെ തന്‍റെ വിരിപ്പില്‍ പോയി കിടന്നു. അടുത്ത പ്രഭാതത്തില്‍ ദാവീദ് ഊരിയായുടെ കൈവശം യോവാബിന് ഒരു എഴുത്തു കൊടുത്തയച്ചു. അതില്‍ ഇങ്ങനെയെഴുതി: “ഘോരയുദ്ധം നടക്കുന്നിടത്ത് ഊരിയായെ മുന്നണിയില്‍ നിര്‍ത്തണം. അവന്‍ വെട്ടേറ്റ് മരിക്കത്തക്കവിധം അവനെ വിട്ട് നിങ്ങള്‍ പിന്‍വാങ്ങണം.” യോവാബ് പട്ടണം വളഞ്ഞപ്പോള്‍ ശത്രുക്കള്‍ക്കു ശക്തിയുള്ള ഒരു സ്ഥാനത്ത് ഊരിയായെ നിര്‍ത്തി. ശത്രുസൈന്യം യോവാബിനോട് ഏറ്റുമുട്ടി. ദാവീദിന്‍റെ പടയാളികളില്‍ ചിലര്‍ കൊല്ലപ്പെട്ടു. ഹിത്യനായ ഊരിയായും അക്കൂട്ടത്തില്‍ വധിക്കപ്പെട്ടു. യുദ്ധവാര്‍ത്ത അറിയിക്കാന്‍ യോവാബു ദാവീദിന്‍റെ അടുക്കല്‍ ആളയച്ചു; യോവാബ് ദൂതനോട് ഇപ്രകാരം കല്പിച്ചിരുന്നു: “യുദ്ധവാര്‍ത്ത എല്ലാം കേള്‍ക്കുമ്പോള്‍ രാജാവിനു കോപം വന്നേക്കാം. രാജാവു നിന്നോടു, നിങ്ങള്‍ പട്ടണത്തോട് ഇത്ര അടുത്തുനിന്നു പടവെട്ടിയതെന്ത്? ശത്രുക്കള്‍ മതിലിന്മേല്‍ നിന്നുകൊണ്ട് എയ്യുമെന്ന് നിങ്ങള്‍ അറിഞ്ഞിരുന്നില്ലേ? ഗിദെയോന്‍റെ പുത്രനായ അബീമേലെക്കിനെ കൊന്നത് എങ്ങനെയെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ? തേബെസില്‍വച്ച് ഒരു സ്‍ത്രീ മതിലിന്മേല്‍ നിന്നുകൊണ്ടു തിരികല്ലിന്‍പിള്ള അവന്‍റെമേല്‍ ഇട്ടതുകൊണ്ടല്ലേ? നിങ്ങള്‍ മതിലിനോട് ഇത്ര അടുത്തു ചെന്നത് എന്ത്? ഇങ്ങനെയെല്ലാം രാജാവു ചോദിക്കുമ്പോള്‍ അങ്ങയുടെ ഭൃത്യനായ ഊരിയായും മരിച്ചുപോയി എന്നു നീ പറയണം.” ദൂതന്‍ പോയി യോവാബ് പറഞ്ഞതെല്ലാം ദാവീദിനെ അറിയിച്ചു. അയാള്‍ ഇപ്രകാരം പറഞ്ഞു: “ശത്രുക്കള്‍ നമ്മെക്കാള്‍ ശക്തരായിരുന്നു. വെളിമ്പ്രദേശത്തുവച്ചു നമ്മോടു യുദ്ധം ചെയ്യാന്‍ അവര്‍ പുറത്തുവന്നു. എന്നാല്‍ നഗരവാതില്‌ക്കലേക്ക് നാം അവരെ തിരിച്ചോടിച്ചു. അപ്പോള്‍ മതിലിന്‍റെ മുകളില്‍നിന്നു അവര്‍ നമ്മുടെ നേര്‍ക്ക് അമ്പെയ്തു; അവിടുത്തെ ഭൃത്യന്മാരില്‍ ചിലര്‍ കൊല്ലപ്പെട്ടു; അങ്ങയുടെ ദാസന്‍ ഹിത്യനായ ഊരിയായും മരിച്ചു.” ഇതു കേട്ട് ദാവീദ് ദൂതനോടു പറഞ്ഞു: “നീ യോവാബിനോടു പറയുക: ഭാരപ്പെടേണ്ടാ, ആരെല്ലാം യുദ്ധത്തില്‍ മരിക്കുമെന്നു മുന്‍കൂട്ടി പറയാന്‍ ആര്‍ക്കും സാധ്യമല്ലല്ലോ; അതുകൊണ്ട് ആക്രമണം ശക്തിപ്പെടുത്തി പട്ടണത്തെ തകര്‍ത്തുകളയുക. ഇങ്ങനെ പറഞ്ഞു നീ യോവാബിനെ ധൈര്യപ്പെടുത്തണം.” മരണവാര്‍ത്ത കേട്ട് ഊരിയായുടെ ഭാര്യ ഭര്‍ത്താവിനെച്ചൊല്ലി വിലപിച്ചു. വിലാപകാലം കഴിഞ്ഞ് ദാവീദ് ആളയച്ച് അവളെ കൊട്ടാരത്തില്‍ വരുത്തി പാര്‍പ്പിച്ചു. അവള്‍ രാജാവിന്‍റെ ഭാര്യയായിത്തീര്‍ന്നു. അവള്‍ അദ്ദേഹത്തിന് ഒരു മകനെ പ്രസവിച്ചു. എന്നാല്‍ ദാവീദ് ചെയ്തതു സര്‍വേശ്വരന് അനിഷ്ടമായി. നാഥാന്‍പ്രവാചകനെ സര്‍വേശ്വരന്‍ ദാവീദിന്‍റെ അടുക്കല്‍ അയച്ചു. പ്രവാചകന്‍ രാജാവിനോടു പറഞ്ഞു: “ഒരു പട്ടണത്തില്‍ രണ്ടാളുകള്‍ ഉണ്ടായിരുന്നു. ഒരാള്‍ ധനികനും അപരന്‍ ദരിദ്രനും. ധനികന് അനവധി ആടുമാടുകള്‍ ഉണ്ടായിരുന്നു. ദരിദ്രനാകട്ടെ, വിലയ്‍ക്കു വാങ്ങി വളര്‍ത്തിയ ഒരു പെണ്ണാട്ടിന്‍കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവന്‍ അതിനെ പോറ്റിവളര്‍ത്തി. അവന്‍റെ കുഞ്ഞുങ്ങളോടൊപ്പം അതു വളര്‍ന്നു. അവന്‍റെ ഭക്ഷണത്തിന്‍റെ ഒരു ഭാഗം അതു തിന്നുകയും അവന്‍ കുടിക്കുന്നതിന്‍റെ പങ്ക് കുടിക്കുകയും ചെയ്തു; അത് അവന്‍റെ മടിയില്‍ കിടന്നുറങ്ങി; അത് അവന് ഒരു മകളെപ്പോലെ ആയിരുന്നു. ഒരു ദിവസം ധനികന്‍റെ ഭവനത്തില്‍ ഒരു വഴിയാത്രക്കാരന്‍ വന്നു; അയാള്‍ക്കുവേണ്ടി സ്വന്തം ആടുമാടുകളില്‍ ഒന്നിനെ കൊല്ലാതെ ആ ധനികന്‍ ദരിദ്രന്‍റെ ആട്ടിന്‍കുട്ടിയെ കൊന്ന് അതിഥിക്കു ഭക്ഷണം ഒരുക്കി.” ആ ധനവാനെതിരെ ദാവീദിന്‍റെ കോപം ജ്വലിച്ചു. അദ്ദേഹം നാഥാനോടു പറഞ്ഞു: “അയാള്‍ ഇനി ജീവിച്ചുകൂടാ; സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ സത്യംചെയ്തു പറയുന്നു; അവന്‍ വധശിക്ഷ അര്‍ഹിക്കുന്നു. നിര്‍ദ്ദയമായി ഇങ്ങനെ പ്രവര്‍ത്തിച്ചതുകൊണ്ട് അവന്‍ നാലു മടങ്ങ് തിരിച്ചുകൊടുക്കണം.” നാഥാന്‍ ദാവീദിനോടു പറഞ്ഞു: “ആ മനുഷ്യന്‍ നീതന്നെ. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ ഇസ്രായേലിന്‍റെ രാജാവായി അഭിഷേകം ചെയ്തു. ശൗലിന്‍റെ കൈയില്‍നിന്നു ഞാന്‍ നിന്നെ വിടുവിച്ചു. നിന്‍റെ യജമാനന്‍റെ ഭവനത്തെയും ഭാര്യമാരെയും ഞാന്‍ നിനക്കു നല്‌കി. നിന്നെ ഇസ്രായേലിന്‍റെയും യെഹൂദായുടെയും രാജാവാക്കി. ഇതെല്ലാം നിനക്കു പോരായിരുന്നെങ്കില്‍ ഇവയില്‍ കൂടുതലും ഞാന്‍ തരുമായിരുന്നു. പിന്നെ എന്തുകൊണ്ട് എന്‍റെ കല്പനകള്‍ അവഗണിച്ചു നീ ഈ തിന്മ പ്രവര്‍ത്തിച്ചു? അമ്മോന്യരെക്കൊണ്ട് ഊരിയായെ നീ കൊല്ലിച്ച് അവന്‍റെ ഭാര്യയെ സ്വന്തമാക്കി. ഇങ്ങനെ നീ എന്നെ നിന്ദിച്ചു. അതുകൊണ്ട് നിന്‍റെ ഭവനത്തില്‍നിന്നു വാള്‍ ഒരിക്കലും ഒഴിഞ്ഞുമാറുകയില്ല. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: നിന്‍റെ സ്വന്തം ഭവനത്തില്‍നിന്നു നിനക്ക് അനര്‍ഥമുണ്ടാകും. നിന്‍റെ കണ്‍മുമ്പില്‍വച്ചു നിന്‍റെ ഭാര്യമാരെ ഞാന്‍ മറ്റൊരുവനു കൊടുക്കും. പട്ടാപ്പകല്‍ അവന്‍ അവരെ പ്രാപിക്കും. നീ ഇതു രഹസ്യമായി ചെയ്തു; എന്നാല്‍ ഞാന്‍ ഇതു സകല ഇസ്രായേലിന്‍റെയും മുമ്പില്‍വച്ചു പട്ടാപ്പകല്‍ ചെയ്യിക്കും.” അപ്പോള്‍ ദാവീദു പറഞ്ഞു: “ഞാന്‍ സര്‍വേശ്വരനെതിരെ പാപം ചെയ്തുപോയി.” നാഥാന്‍ പറഞ്ഞു: “സര്‍വേശ്വരന്‍ നിന്‍റെ പാപം ക്ഷമിച്ചിരിക്കുന്നു; നീ മരിക്കുകയില്ല. എങ്കിലും ഈ പ്രവൃത്തിയാല്‍ അവിടുത്തെ നിന്ദിച്ചതുകൊണ്ടു നിന്‍റെ മകന്‍ മരിച്ചുപോകും.” നാഥാന്‍ തന്‍റെ വീട്ടിലേക്കു മടങ്ങി. ഊരിയായുടെ ഭാര്യ ദാവീദിനു പ്രസവിച്ച കുഞ്ഞ് സര്‍വേശ്വരന്‍റെ ശിക്ഷയാല്‍ രോഗിയായിത്തീര്‍ന്നു. കുഞ്ഞിനുവേണ്ടി ദാവീദ് ദൈവത്തോട് ഉപവസിച്ചു പ്രാര്‍ഥിച്ചു. അദ്ദേഹം രാത്രി മുഴുവന്‍ നിലത്തുതന്നെ കിടന്നു. രാജാവിനെ നിലത്തുനിന്ന് എഴുന്നേല്പിക്കാന്‍ കൊട്ടാരത്തിലെ പ്രമാണിമാര്‍ ആവുന്നത്ര പരിശ്രമിച്ചു; അദ്ദേഹം അതു കൂട്ടാക്കിയില്ല. അവരോടൊത്തു ഭക്ഷണം കഴിച്ചതുമില്ല. ഏഴാം ദിവസം കുട്ടി മരിച്ചു; ഈ വിവരം രാജാവിനെ അറിയിക്കാന്‍ ദാസന്മാര്‍ ഭയപ്പെട്ടു. അവര്‍ തമ്മില്‍ പറഞ്ഞു: “കുഞ്ഞു ജീവനോടിരുന്നപ്പോള്‍പോലും നാം പറഞ്ഞത് അദ്ദേഹം ശ്രദ്ധിച്ചില്ല; പിന്നെ കുഞ്ഞു മരിച്ച വിവരം എങ്ങനെ പറയും? അദ്ദേഹം വല്ല സാഹസവും കാണിച്ചേക്കും.” ഭൃത്യന്മാര്‍ തമ്മില്‍ രഹസ്യം പറയുന്നതു കണ്ടപ്പോള്‍ കുഞ്ഞു മരിച്ചു എന്നു രാജാവു മനസ്സിലാക്കി. “കുഞ്ഞു മരിച്ചുവോ” എന്ന് അദ്ദേഹം ചോദിച്ചു. “മരിച്ചുപോയി” എന്നവര്‍ പറഞ്ഞു. ഉടന്‍ തന്നെ ദാവീദ് നിലത്തുനിന്നെഴുന്നേറ്റു; കുളിച്ചു തൈലം പൂശി വസ്ത്രം മാറി ദേവാലയത്തില്‍ ചെന്നു സര്‍വേശ്വരനെ ആരാധിച്ചു. പിന്നീടു കൊട്ടാരത്തില്‍ മടങ്ങിവന്നു. അദ്ദേഹത്തിന്‍റെ കല്പനപ്രകാരം അവര്‍ ഭക്ഷണം കൊണ്ടുവന്നുവച്ചു; അദ്ദേഹം അതു ഭക്ഷിച്ചു. ഭൃത്യന്മാര്‍ ചോദിച്ചു: “അങ്ങ് എന്താണു ചെയ്തത്? കുഞ്ഞു ജീവനോടിരുന്നപ്പോള്‍ അവിടുന്ന് ഉപവസിച്ചു കരഞ്ഞു; കുഞ്ഞു മരിച്ചപ്പോള്‍ അങ്ങ് എഴുന്നേറ്റു ഭക്ഷണം കഴിച്ചല്ലോ?” രാജാവു പറഞ്ഞു: “കുഞ്ഞു ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ ഉപവസിച്ചു കരഞ്ഞു. സര്‍വേശ്വരന്‍ കരുണതോന്നി കുഞ്ഞിനെ രക്ഷിക്കും എന്നു ഞാന്‍ ആശിച്ചു. ഇപ്പോഴാകട്ടെ അവന്‍ മരിച്ചുപോയി; ഇനിയും ഉപവസിക്കുന്നതെന്തിന്? കുഞ്ഞിനെ വീണ്ടും ജീവിപ്പിക്കാന്‍ എനിക്കു കഴിയുമോ? എനിക്ക് അവന്‍റെ അടുക്കലേക്കു പോകാമെന്നല്ലാതെ അവന്‍ എന്‍റെ അടുക്കലേക്ക് മടങ്ങി വരികയില്ലല്ലോ.” ദാവീദു തന്‍റെ ഭാര്യ ബത്ത്-ശേബയെ സമാശ്വസിപ്പിച്ചു; അദ്ദേഹം വീണ്ടും അവളെ പ്രാപിച്ചു. അവള്‍ ഒരു മകനെ പ്രസവിച്ചു. രാജാവ് അവനു ശലോമോന്‍ എന്നു പേരിട്ടു. സര്‍വേശ്വരന്‍ അവനെ സ്നേഹിച്ചു; സര്‍വേശ്വരന്‍ നിയോഗിച്ചതനുസരിച്ചു നാഥാന്‍പ്രവാചകന്‍ അവന് യദീദ്യാ എന്നു പേര്‍ വിളിച്ചു. അമ്മോന്‍റെ തലസ്ഥാനമായ രബ്ബാ നഗരം യോവാബ് ആക്രമിച്ചു പിടിച്ചടക്കി. അയാള്‍ ദാവീദിന്‍റെ അടുക്കല്‍ ദൂതന്മാരെ അയച്ച് ഇപ്രകാരം അറിയിച്ചു. “ഞാന്‍ രബ്ബാ പട്ടണം ആക്രമിച്ച് അവിടത്തെ ജലവിതരണകേന്ദ്രം കൈവശപ്പെടുത്തിയിരിക്കുന്നു; അങ്ങ് ശേഷമുള്ള സൈന്യങ്ങളെ ഒരുമിച്ചുകൂട്ടി പട്ടണത്തെ വളഞ്ഞ് അതു പിടിച്ചെടുക്കുക. നഗരം പിടിച്ചടക്കിയതു ഞാനാണെന്നു പ്രസിദ്ധമാകാതിരിക്കട്ടെ.” ദാവീദ് സൈന്യത്തെ ഒന്നിച്ചുകൂട്ടി രബ്ബായില്‍ പോയി യുദ്ധം ചെയ്തു പട്ടണം പിടിച്ചെടുത്തു. അവരുടെ ദേവനായ മില്‍ക്കോവിന്‍റെ തലയില്‍നിന്നു കിരീടമെടുത്തു. അത് ഒരു താലന്തു സ്വര്‍ണംകൊണ്ടു നിര്‍മ്മിച്ചതായിരുന്നു. അതിന്മേല്‍ ഒരു രത്നവും പതിച്ചിരുന്നു. ദാവീദ് ആ കിരീടം ശിരസ്സില്‍ അണിഞ്ഞു. പട്ടണത്തില്‍നിന്നു ധാരാളം കൊള്ളവസ്തുക്കളും കൊണ്ടുപോന്നു. അവിടത്തെ ജനങ്ങളെ പിടിച്ചുകൊണ്ടുവന്ന് അറപ്പുവാളും ഇരുമ്പുപാരയും കോടാലിയും ഉപയോഗിച്ചുള്ള പണികളില്‍ ഏര്‍പ്പെടുത്തി. ഇഷ്‍ടികച്ചൂളയില്‍ അവരെക്കൊണ്ടു ജോലി ചെയ്യിച്ചു. അമ്മോന്യപട്ടണവാസികള്‍ എല്ലാവരോടും ദാവീദ് അങ്ങനെതന്നെ ചെയ്തു. പിന്നീട് ദാവീദും കൂടെയുള്ളവരും യെരൂശലേമിലേക്കു മടങ്ങിപ്പോയി. ദാവീദിന്‍റെ മകനായ അബ്ശാലോമിന് താമാര്‍ എന്ന സുന്ദരിയായ ഒരു സഹോദരി ഉണ്ടായിരുന്നു. അദ്ദേഹത്തിനു മറ്റൊരു ഭാര്യയില്‍ പിറന്ന മകനായ അമ്നോന് അവളില്‍ പ്രേമം ജനിച്ചു. കന്യകയായ അവളെ സമീപിക്കുക അസാധ്യമെന്ന് അമ്നോനു തോന്നി. അവളോടുള്ള പ്രേമാതിരേകത്താല്‍ അവന്‍ രോഗിയായിത്തീര്‍ന്നു. അമ്നോന് ദാവീദിന്‍റെ ജ്യേഷ്ഠസഹോദരനായ ശിമെയയുടെ പുത്രന്‍ യോനാദാബ് എന്നൊരു സ്നേഹിതന്‍ ഉണ്ടായിരുന്നു. അവന്‍ വലിയ സൂത്രശാലി ആയിരുന്നു. അവന്‍ അമ്നോനോടു ചോദിച്ചു: “നീ രാജപുത്രനായിട്ടും ഓരോ ദിവസം കഴിയുന്തോറും ക്ഷീണിച്ചു വരുന്നതെന്ത്? എന്നോടു പറഞ്ഞുകൂടേ?” അമ്നോന്‍ അയാളോടു പറഞ്ഞു: “അബ്ശാലോമിന്‍റെ സഹോദരിയായ താമാറിനോട് എനിക്കു പ്രേമം ആണ്.” യോനാദാബ് അവനോടു പറഞ്ഞു: “നീ രോഗം നടിച്ച് കിടക്കണം. നിന്‍റെ പിതാവു നിന്നെ കാണാന്‍ വരുമ്പോള്‍ ‘എന്‍റെ സഹോദരിയായ താമാറിനെ എനിക്കു ഭക്ഷണം തരാനായി എന്‍റെ അടുക്കല്‍ അയയ്‍ക്കണം; ഞാന്‍ കാണ്‍കെ എന്‍റെ മുമ്പില്‍ വച്ചുതന്നെ അവള്‍ ഭക്ഷണം പാകം ചെയ്യട്ടെ’ എന്ന് അദ്ദേഹത്തോടു പറയണം.” അങ്ങനെ അമ്നോന്‍ രോഗം നടിച്ചു കിടന്നു. രാജാവ് അവനെ കാണാന്‍ വന്നപ്പോള്‍ അവന്‍ പറഞ്ഞു: “എനിക്കു ഭക്ഷണം നല്‌കാന്‍ എന്‍റെ സഹോദരിയായ താമാറിനെ അയയ്‍ക്കണം. അവള്‍ എന്‍റെ മുമ്പില്‍വച്ചുതന്നെ അപ്പമുണ്ടാക്കി എനിക്കു വിളമ്പിത്തരട്ടെ.” അതനുസരിച്ച് ദാവീദ് താമാറിന്‍റെ അടുക്കല്‍ ആളയച്ചു ഇപ്രകാരം പറയിച്ചു: “നിന്‍റെ സഹോദരനായ അമ്നോന്‍റെ വീട്ടില്‍ ചെന്ന് അവന് ഭക്ഷണമുണ്ടാക്കിക്കൊടുക്കണം.” അങ്ങനെ താമാര്‍ അവളുടെ സഹോദരനായ അമ്നോന്‍റെ വീട്ടില്‍ ചെന്നു. അവന്‍ കിടക്കുകയായിരുന്നു. അവള്‍ മാവെടുത്തു കുഴച്ച് അവന്‍ കാണ്‍കെത്തന്നെ അടയുണ്ടാക്കി. അവള്‍ അട വറചട്ടിയില്‍ നിന്നെടുത്ത് അവനു കൊടുത്തു. എന്നാല്‍ അവന്‍ അതു ഭക്ഷിച്ചില്ല. “എല്ലാവരും പുറത്തുപോകാന്‍ പറയുക” എന്ന് അമ്നോന്‍ ആവശ്യപ്പെട്ടു. എല്ലാവരും പുറത്തു പോയി. അപ്പോള്‍ അമ്നോന്‍ താമാറിനോടു പറഞ്ഞു: “നിന്‍റെ കൈയില്‍നിന്നുതന്നെ എനിക്കു ഭക്ഷണം വാങ്ങി കഴിക്കണം. അതിനായി മുറിയിലേക്ക് കൊണ്ടുവരിക.” താമാര്‍ അടയുമായി തന്‍റെ സഹോദരന്‍ അമ്നോന്‍റെ മുറിയില്‍ ചെന്നു. അവള്‍ അതു കൊണ്ടുചെന്നപ്പോള്‍ അവന്‍ അവളെ കടന്നുപിടിച്ചു. “സഹോദരീ, വന്ന് എന്‍റെ കൂടെ കിടക്കുക” എന്ന് അവന്‍ പറഞ്ഞു. അവള്‍ മറുപടി നല്‌കി “അരുതേ, സഹോദരാ, എന്നെ അപമാനിക്കരുതേ; ഇതു ഇസ്രായേലില്‍ നിഷിദ്ധമാണല്ലോ. ഈ വഷളത്തം പ്രവര്‍ത്തിക്കരുതേ. ഞാന്‍ എങ്ങനെ മറ്റുള്ളവരുടെ മുമ്പില്‍ തല ഉയര്‍ത്തി നടക്കും. നീ ഇസ്രായേലിലെ വഷളന്മാരില്‍ ഒരുവനായിത്തീരുമല്ലോ. അതുകൊണ്ട് രാജാവിനോടു പറയുക; അവിടുന്ന് എന്നെ അങ്ങേക്ക് നല്‌കാതിരിക്കുകയില്ല.” എന്നാല്‍ അവന്‍ അവളുടെ വാക്കു ശ്രദ്ധിച്ചില്ല. അവളെക്കാള്‍ ശക്തിയുണ്ടായിരുന്നതുകൊണ്ട് അവന്‍ ബലം പ്രയോഗിച്ച് അവളെ പ്രാപിച്ചു. ഇതു കഴിഞ്ഞപ്പോള്‍ അമ്നോന്‍ അവളെ അത്യന്തം വെറുത്തു. അവളോടു മുമ്പുണ്ടായിരുന്ന പ്രേമത്തെക്കാള്‍ തീവ്രമായിരുന്നു അപ്പോഴത്തെ വെറുപ്പ്. “എഴുന്നേറ്റു പോകൂ” അമ്നോന്‍ അവളോടു പറഞ്ഞു. അവള്‍ അവനോട് പറഞ്ഞു: “അങ്ങനെയരുത്. നീ എന്നോട് ചെയ്ത തെറ്റിനെക്കാള്‍ ഭയങ്കരമാണ് എന്നെ പറഞ്ഞയയ്‍ക്കുന്നത്.” എന്നാല്‍ അവന്‍ അത് അവഗണിച്ചു. അവന്‍ തന്‍റെ ഭൃത്യനെ വിളിച്ചു പറഞ്ഞു: “ഇവളെ എന്‍റെ മുമ്പില്‍നിന്നു പുറത്തിറക്കി വാതില്‍ അടയ്‍ക്കൂ.” അവിവാഹിതകളായ രാജകുമാരിമാര്‍ ധരിക്കുന്ന നീണ്ടകൈയുള്ള ഉടുപ്പായിരുന്നു താമാര്‍ ധരിച്ചിരുന്നത്. ഭൃത്യന്‍ അവളെ പുറത്തിറക്കി വാതില്‍ അടച്ചു. താമാര്‍ തലയില്‍ ചാരം വിതറി; താന്‍ ധരിച്ചിരുന്ന ഉടുപ്പു വലിച്ചുകീറി തലയില്‍ കൈ വച്ച് ഉറക്കെ നിലവിളിച്ചുകൊണ്ടു പോയി. അവളുടെ സഹോദരനായ അബ്ശാലോം അവളെ കണ്ടപ്പോള്‍: “അമ്നോന്‍ നിന്നെ അപമാനപ്പെടുത്തിയോ? എന്‍റെ സഹോദരീ, നീ സമാധാനമായിരിക്കൂ. അവന്‍ നിന്‍റെ സഹോദരനല്ലേ, നീ ഇതു കാര്യമാക്കേണ്ടാ.” എന്നു പറഞ്ഞു. അങ്ങനെ തന്‍റെ സഹോദരനായ അബ്ശാലോമിന്‍റെ വീട്ടില്‍ താമാര്‍ ദുഃഖിച്ച് ഏകാകിനിയായി പാര്‍ത്തു. ദാവീദുരാജാവ് ഈ വിവരം അറിഞ്ഞപ്പോള്‍ അത്യന്തം കോപിഷ്ഠനായി. അബ്ശാലോം ഗുണമാകട്ടെ ദോഷമാകട്ടെ യാതൊന്നും അമ്നോനോടു പറഞ്ഞില്ല. തന്‍റെ സഹോദരിയായ താമാറിനെ അപമാനപ്പെടുത്തിയതുകൊണ്ട് അബ്ശാലോം അവനെ ദ്വേഷിച്ചു. രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞ് എഫ്രയീമിനടുത്തുള്ള ബാല്‍-ഹാസോരില്‍ വച്ച് തന്‍റെ ആടുകളുടെ രോമം കത്രിക്കുന്ന ഉത്സവത്തിനു രാജകുമാരന്മാരെയെല്ലാം അബ്ശാലോം ക്ഷണിച്ചു. അദ്ദേഹം രാജസന്നിധില്‍ ചെന്നു പറഞ്ഞു: “എന്‍റെ ആടുകളുടെ രോമം കത്രിക്കുന്ന ഉത്സവത്തില്‍ അങ്ങു സേവകന്മാരോടൊപ്പം പങ്കെടുത്താലും.” രാജാവ് പ്രതിവചിച്ചു: “വേണ്ട മകനേ! ഞങ്ങളെല്ലാവരും കൂടെ വന്നാല്‍ നിനക്കു ബുദ്ധിമുട്ടുണ്ടാകും.” അബ്ശാലോം വളരെ നിര്‍ബന്ധിച്ചിട്ടും രാജാവു പോകാതെ അവനു മംഗളം നേര്‍ന്നു. അബ്ശാലോം പറഞ്ഞു: “അങ്ങ് വരുന്നില്ലെങ്കില്‍ എന്‍റെ സഹോദരന്‍ അമ്നോന്‍ വരാന്‍ അനുവദിച്ചാലും.” “അവന്‍ എന്തിനാണു വരുന്നത്” എന്നു രാജാവ് ചോദിച്ചു. എങ്കിലും അബ്ശാലോം നിര്‍ബന്ധിച്ചതുകൊണ്ട് അമ്നോനും മറ്റു രാജകുമാരന്മാരെല്ലാവരും പോകാന്‍ രാജാവ് അനുവദിച്ചു. “അമ്നോന്‍ വീഞ്ഞു കുടിച്ചു മത്തനാകുമ്പോള്‍ അവനെ അടിച്ചുവീഴ്ത്തുക എന്നു ഞാന്‍ പറയും; അപ്പോള്‍ അവനെ നിങ്ങള്‍ കൊല്ലണം. നിങ്ങള്‍ ഭയപ്പെടേണ്ടാ; ഞാനാണു നിങ്ങളോടു കല്പിക്കുന്നത്; നിങ്ങള്‍ ധീരതയും ശൗര്യവും കാട്ടുക” എന്ന് അബ്ശാലോം ഭൃത്യന്മാരോടു കല്പിച്ചിരുന്നു. അബ്ശാലോം പറഞ്ഞിരുന്നതുപോലെ ഭൃത്യന്മാര്‍ അമ്നോനെ വധിച്ചു. രാജകുമാരന്മാരെല്ലാം എഴുന്നേറ്റു കോവര്‍കഴുതപ്പുറത്തു കയറി അതിശീഘ്രം പോയി. അവര്‍ ഓടിപ്പോകുമ്പോള്‍തന്നെ “അബ്ശാലോം രാജകുമാരന്മാരെയെല്ലാം വധിച്ചുകളഞ്ഞു. ആരും ശേഷിച്ചിട്ടില്ല” എന്നൊരു വാര്‍ത്ത ദാവീദ് കേട്ടു. അപ്പോള്‍ രാജാവ് എഴുന്നേറ്റു വസ്ത്രം കീറി നിലത്തു കിടന്നു; അടുത്തുണ്ടായിരുന്ന ഭൃത്യന്മാരും തങ്ങളുടെ വസ്ത്രം കീറി. എന്നാല്‍ ദാവീദിന്‍റെ ജ്യേഷ്ഠനായ ശിമെയയുടെ പുത്രന്‍ യോനാദാബു പറഞ്ഞു: “യജമാനനേ, അങ്ങയുടെ പുത്രന്മാരെയെല്ലാം കൊന്നുകളഞ്ഞു എന്ന് അങ്ങു ധരിക്കരുത്. അമ്നോന്‍ മാത്രമേ മരിച്ചിട്ടുള്ളൂ; തന്‍റെ സഹോദരിയായ താമാറിനെ അപമാനിച്ച ദിവസംമുതല്‍ അബ്ശാലോം ഇതു തീരുമാനിച്ചിരുന്നതാണ്. അങ്ങയുടെ പുത്രന്മാരെല്ലാം കൊല്ലപ്പെട്ടു എന്ന വാര്‍ത്ത അങ്ങു വിശ്വസിക്കരുത്; അമ്നോന്‍ മാത്രമേ മരിച്ചിട്ടുള്ളൂ.” ഇതിനിടയ്‍ക്ക് അബ്ശാലോം ഓടിപ്പോയിരുന്നു. വലിയ ഒരു ജനക്കൂട്ടം തന്‍റെ പിമ്പിലുള്ള പാതയിലൂടെ മലയിറങ്ങി വരുന്നത് കാവല്‍ഭടന്മാരില്‍ ഒരാള്‍ കണ്ടു. അപ്പോള്‍ യോനാദാബ് രാജാവിനോടു പറഞ്ഞു: “ഞാന്‍ പറഞ്ഞതുപോലെതന്നെ രാജകുമാരന്മാര്‍ വരുന്നുണ്ട്.” അയാള്‍ പറഞ്ഞുതീര്‍ന്നപ്പോഴേക്കും രാജകുമാരന്മാര്‍ സ്ഥലത്തെത്തി. അവര്‍ ഉറക്കെ നിലവിളിച്ചു. രാജാവും ഭൃത്യന്മാരും അതീവദുഃഖത്തോടെ കരഞ്ഞു. അബ്ശാലോമാകട്ടെ അവിടെനിന്ന് ഓടി അമ്മീഹൂദിന്‍റെ പുത്രനും ഗെശൂരിലെ രാജാവുമായ തല്മായിയുടെ അടുക്കല്‍ ചെന്നു. ദാവീദ് അമ്നോനെ ഓര്‍ത്തു ദിവസങ്ങളോളം ദുഃഖിച്ചുകൊണ്ടിരുന്നു. ഗെശൂരിലേക്ക് ഓടിപ്പോയ അബ്ശാലോം മൂന്നു വര്‍ഷം അവിടെ പാര്‍ത്തു. അമ്നോന്‍ മരിച്ചതിലുള്ള ദുഃഖം അടങ്ങിയപ്പോള്‍ ദാവീദുരാജാവ് അബ്ശാലോമിനെ കാണാന്‍ അതിയായി ആഗ്രഹിച്ചു. അബ്ശാലോമിനെക്കുറിച്ച് രാജാവ് ഉല്‍ക്കണ്ഠാകുലനായിരിക്കുന്നു എന്നു സെരൂയായുടെ പുത്രനായ യോവാബ് ഗ്രഹിച്ചു. അയാള്‍ തെക്കോവയിലേക്ക് ആളയച്ചു സമര്‍ഥയായ ഒരു സ്‍ത്രീയെ വരുത്തി അവളോടു പറഞ്ഞു: “നീ വിലാപവസ്ത്രം ധരിച്ചു തലയില്‍ എണ്ണപുരട്ടാതെ മരിച്ചവനെക്കുറിച്ച് ഏറെനാളായി ദുഃഖിക്കുന്നതുപോലെ വിലാപഭാവം നടിക്കണം.” രാജസന്നിധിയില്‍ ചെന്നു പറയേണ്ട കാര്യങ്ങളും അയാള്‍ അവളോടു പറഞ്ഞു. ആ സ്‍ത്രീ രാജസന്നിധിയില്‍ ചെന്നു സാഷ്ടാംഗം വീണു വണങ്ങി: “അങ്ങ് എന്നെ രക്ഷിക്കണമേ” എന്നു പറഞ്ഞു. “നിന്‍റെ സങ്കടം എന്ത്” എന്നു രാജാവു ചോദിച്ചു. അവള്‍ പറഞ്ഞു: “അടിയന്‍ ഒരു വിധവയാണ്; ഭര്‍ത്താവു മരിച്ചുപോയി. അടിയനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അവര്‍ വയലില്‍ വച്ചു ശണ്ഠകൂടി, അവരെ പിടിച്ചുമാറ്റാന്‍ മറ്റാരുമില്ലാതിരുന്നതുകൊണ്ട് ഒരുവന്‍ മറ്റവനെ അടിച്ചുകൊന്നു. എന്‍റെ ചാര്‍ച്ചക്കാരെല്ലാം എനിക്കെതിരായി തിരിഞ്ഞു എന്നോടു പറയുന്നു: സഹോദരഘാതകനെ വിട്ടുതരിക; മരിച്ചവനുവേണ്ടി ഞങ്ങള്‍ അവനോടു പ്രതികാരം ചെയ്യട്ടെ; അവന്‍റെ വംശം കൂടി ഞങ്ങള്‍ നശിപ്പിക്കും. ശേഷിച്ചിരിക്കുന്ന കനല്‍കൂടി അവര്‍ കെടുത്താന്‍ പോകുന്നു. അങ്ങനെ എന്‍റെ ഭര്‍ത്താവിന്‍റെ പേരു നിലനിര്‍ത്താന്‍ ഭൂമുഖത്ത് ആരും ഇല്ലാതെവരും.” അപ്പോള്‍ രാജാവു പറഞ്ഞു: “നീ പൊയ്‍ക്കൊള്ളുക; നിന്‍റെ കാര്യത്തില്‍ ഞാന്‍ വേണ്ട നടപടി എടുത്തുകൊള്ളാം.” തെക്കോവക്കാരി രാജാവിനോടു പറഞ്ഞു: “കുറ്റം അടിയന്‍റെയും അടിയന്‍റെ പിതൃഭവനത്തിന്‍റെയും മേല്‍ ആയിരിക്കട്ടെ; രാജാവും അവിടുത്തെ സിംഹാസനവും കുറ്റമറ്റതായിരിക്കട്ടെ.” രാജാവു പറഞ്ഞു: “നിന്നെ ആരെങ്കിലും ഭീഷണിപ്പെടുത്തിയാല്‍ അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവരിക. അവന്‍ നിനക്ക് ഒരു ഉപദ്രവവും പിന്നീടു ചെയ്യുകയില്ല.” അപ്പോള്‍ അവള്‍ പറഞ്ഞു: “രക്തപ്പക പുലര്‍ത്തുന്നവര്‍ എന്‍റെ മകനെ നശിപ്പിക്കാതിരിക്കാന്‍ അവിടുത്തെ ദൈവമായ സര്‍വേശ്വരനോട് അങ്ങു പ്രാര്‍ഥിക്കണമേ.” രാജാവു പറഞ്ഞു: “സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ പറയുന്നു: നിന്‍റെ മകന്‍റെ ഒരു രോമത്തിനുപോലും കേടുവരികയില്ല.” “ഒരു കാര്യം കൂടി ഞാന്‍ ബോധിപ്പിച്ചുകൊള്ളട്ടെ” എന്ന് അവള്‍ രാജാവിനോടു പറഞ്ഞു. “പറയൂ” രാജാവ് അനുവദിച്ചു. അവള്‍ പറഞ്ഞു: “ദൈവജനത്തിനെതിരെ അങ്ങ് ഈ തെറ്റു ചെയ്തത് എന്ത്? പുറന്തള്ളിയ സ്വന്തം പുത്രനെ തിരിച്ചു കൊണ്ടുവരാത്തതിനാല്‍ അങ്ങ് അങ്ങയെത്തന്നെ കുറ്റം വിധിച്ചിരിക്കുകയല്ലേ? നമ്മള്‍ എല്ലാം മരിക്കും. നിലത്തുവീണു ചിതറിയ വെള്ളം വീണ്ടും ഒന്നിച്ചുകൂടുകയില്ലല്ലോ. പുറന്തള്ളിയവനെ തിരിച്ചെടുക്കാന്‍ ഒരുങ്ങുന്നവന്‍റെ ജീവന്‍ ദൈവം എടുത്തുകളയുകയില്ല; ജനങ്ങള്‍ എന്നെ ഭയപ്പെടുത്തിയതുകൊണ്ടാണ് എന്‍റെ യജമാനനായ രാജാവിനോട് ഈ കാര്യം പറയാന്‍ അടിയന്‍ വന്നത്. ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നതു നിറവേറ്റിത്തരും എന്ന പ്രത്യാശ അടിയനുണ്ട്. അതുകൊണ്ടാണ് അടിയന്‍ ഇക്കാര്യം പറയുന്നത്. അടിയന്‍ ഇങ്ങനെ ചിന്തിച്ചു: ദൈവം തന്‍റെ ജനത്തിനു നല്‌കിയിരിക്കുന്ന ദേശത്തുനിന്ന് എന്നെയും എന്‍റെ പുത്രനെയും കൊന്നുനീക്കാന്‍ ശ്രമിക്കുന്നവരുടെ കൈയില്‍നിന്ന് അങ്ങ് എന്നെ രക്ഷിക്കും. എന്‍റെ യജമാനനായ അങ്ങയുടെ വാഗ്ദാനം എനിക്കു സമാധാനം നല്‌കും. നന്മയും തിന്മയും വിവേചിച്ചറിയുന്നതില്‍ അങ്ങ് ഒരു ദൈവദൂതനെപ്പോലെയാണ്. അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍ അങ്ങയുടെ കൂടെ ഉണ്ടായിരിക്കട്ടെ.” രാജാവ് അവളോടു പറഞ്ഞു: “ഞാന്‍ ഒരു ചോദ്യം ചോദിക്കട്ടെ. നീ ഒന്നും മറച്ചുവയ്‍ക്കാതെ സത്യം പറയണം.” “യജമാനനേ, കല്പിച്ചാലും” അവള്‍ പറഞ്ഞു. “ഇതിന്‍റെയെല്ലാം പിമ്പിലുള്ളതു യോവാബല്ലേ” എന്നു രാജാവു ചോദിച്ചു. അവള്‍ മറുപടി പറഞ്ഞു: “എന്‍റെ യജമാനനായ രാജാവേ, അങ്ങയുടെ ചോദ്യത്തിന് ഉത്തരം നല്‌കാതെയിരിക്കാന്‍ ആര്‍ക്കും സാധ്യമല്ല. അങ്ങയുടെ ഭൃത്യനായ യോവാബു തന്നെയാണ് ഇതെല്ലാം അടിയനോടു പറഞ്ഞത്. പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിനുവേണ്ടിയാണു യോവാബ് ഇതു ചെയ്തത്. ഭൂമിയിലുള്ള സകല കാര്യങ്ങളും അറിയത്തക്കവിധം അങ്ങ് ദൈവദൂതനെപ്പോലെ ജ്ഞാനിയാണ്.” പിന്നീട് രാജാവ് യോവാബിനോടു പറഞ്ഞു: “നിന്‍റെ ആഗ്രഹംപോലെ പ്രവര്‍ത്തിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു; നീ പോയി അബ്ശാലോമിനെ കൂട്ടിക്കൊണ്ടുവരിക.” യോവാബു രാജസന്നിധിയില്‍ വീണു വണങ്ങി “ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ” എന്നു പറഞ്ഞു. യോവാബു തുടര്‍ന്നു: “അങ്ങേക്ക് അടിയനോടുള്ള പ്രീതി അടിയന്‍ ഇപ്പോള്‍ അറിയുന്നു. അങ്ങ് അടിയന്‍റെ അപേക്ഷ സ്വീകരിച്ചുവല്ലോ.” യോവാബ് ഗെശൂരില്‍ ചെന്ന് അബ്ശാലോമിനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു വന്നു. എങ്കിലും രാജാവു കല്പിച്ചു: “അവന്‍ സ്വന്തം ഭവനത്തില്‍ പാര്‍ക്കട്ടെ; കൊട്ടാരത്തില്‍ എന്‍റെ അടുത്തു വരരുത്. അവന്‍ കൊട്ടാരത്തില്‍ ചെല്ലാതെ സ്വന്തം ഭവനത്തില്‍ തന്നെ പാര്‍ത്തു. രാജാവിനെ മുഖം കാണിച്ചതുമില്ല. അബ്ശാലോമിനോളം സൗന്ദര്യമുള്ള മറ്റാരും ഇസ്രായേലില്‍ ഉണ്ടായിരുന്നില്ല. അടിതൊട്ടു മുടിവരെ കുറ്റമറ്റവനായിരുന്നു അയാള്‍. അയാളുടെ മുടി വളര്‍ന്നു ഭാരമാകുമ്പോള്‍ ആണ്ടിലൊരിക്കല്‍ അതു കത്രിച്ചു വന്നു. ഒരിക്കല്‍ കളയുന്ന മുടിക്ക് ഇരുനൂറു ശേക്കെല്‍ ഭാരം കാണുമായിരുന്നു. അബ്ശാലോമിനു മൂന്നു പുത്രന്മാരും താമാര്‍ എന്നു പേരുള്ള ഒരു മകളും ജനിച്ചു; അവള്‍ അതീവസുന്ദരി ആയിരുന്നു. അബ്ശാലോം രണ്ടു വര്‍ഷം മുഴുവന്‍ രാജാവിനെ മുഖം കാണിക്കാതെ യെരൂശലേമില്‍ പാര്‍ത്തു. പിന്നീട് അയാള്‍ രാജാവിന്‍റെ അടുക്കല്‍ യോവാബിനെ അയയ്‍ക്കുന്നതിനുവേണ്ടി അയാളെ വരുത്താന്‍ ആളയച്ചു. എന്നാല്‍ യോവാബ് അയാളുടെ അടുക്കല്‍ ചെന്നില്ല. രണ്ടാമതും ആളയച്ചു; എന്നിട്ടും യോവാബ് ചെന്നില്ല; ഉടനെ അബ്ശാലോം തന്‍റെ ദാസന്മാരോടു പറഞ്ഞു: “എന്‍റെ നിലത്തിനടുത്തു യോവാബിന് ഒരു നിലം ഉണ്ടല്ലോ. അതില്‍ ബാര്‍ലി വിളഞ്ഞു കിടക്കുകയാണ്; നിങ്ങള്‍ ചെന്ന് അതിനു തീ വയ്‍ക്കുക.” അങ്ങനെ അബ്ശാലോമിന്‍റെ ഭൃത്യന്മാര്‍ ആ വയലിനു തീ വച്ചു. അപ്പോള്‍ യോവാബ് അബ്ശാലോമിന്‍റെ അടുക്കല്‍ ചെന്നു ചോദിച്ചു: “നിന്‍റെ ഭൃത്യന്മാര്‍ എന്‍റെ വയല്‍ കത്തിച്ചുകളഞ്ഞതെന്ത്?” അബ്ശാലോം യോവാബിനോടു പറഞ്ഞു: “ഞാന്‍ ആളയച്ചിട്ടു നീ വരാഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്തത്. എനിക്കുവേണ്ടി നീ രാജാവിനെ കാണണമെന്നു ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ എന്തിനു ഗെശൂരില്‍നിന്ന് ഇവിടെവന്നു? അവിടെ താമസിക്കുകയായിരുന്നു കൂടുതല്‍ നല്ലത് എന്ന വിവരം നിന്നില്‍കൂടി രാജാവിനെ അറിയിക്കണം എന്നാണ് എന്‍റെ ആഗ്രഹം.” അബ്ശാലോം തുടര്‍ന്നു: “എനിക്കു രാജാവിനെ കാണണം. ഞാന്‍ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹം എന്നെ കൊല്ലട്ടെ.” പിന്നീട് യോവാബ് രാജാവിന്‍റെ അടുക്കല്‍ ചെന്നു വിവരം പറഞ്ഞു. രാജാവ് അബ്ശാലോമിനെ വിളിപ്പിച്ചു; അയാള്‍ രാജാവിന്‍റെ മുമ്പില്‍ ചെന്നു താണുവീണു നമസ്കരിച്ചു. രാജാവ് അബ്ശാലോമിനെ ചുംബിച്ചു. അബ്ശാലോം ഒരു രഥവും ഏതാനും കുതിരകളെയും അമ്പത് അകമ്പടിക്കാരെയും സമ്പാദിച്ചു. അതിരാവിലെ അയാള്‍ എഴുന്നേറ്റു വഴിയരികിലുള്ള പടിവാതില്‌ക്കല്‍ ചെന്നു നില്‌ക്കും. രാജാവു നേരിട്ടു പരിഹരിക്കേണ്ട ഏതെങ്കിലും പ്രശ്നവുമായി ആരെങ്കിലും വന്നാല്‍ അബ്ശാലോം അവനെ വിളിച്ച് നീ ഏതു പട്ടണക്കാരനാണ് എന്നു ചോദിക്കും. അവന്‍റെ ഗോത്രം ഏതെന്നു പറഞ്ഞു കഴിയുമ്പോള്‍, അബ്ശാലോം അവനോടു പറയും: “നിന്‍റെ കാര്യം ന്യായമുള്ളതാണ്. എങ്കിലും നിന്‍റെ പരാതി കേള്‍ക്കാന്‍ രാജാവ് ആരെയും നിയമിച്ചിട്ടില്ല. വഴക്കും വ്യവഹാരവും ഉള്ളവര്‍ എന്‍റെ അടുക്കല്‍ വരികയും ഞാന്‍ അവ തീര്‍ത്തുകൊടുക്കുകയും ചെയ്യത്തക്കവിധം ഞാന്‍ ഒരു ന്യായാധിപന്‍ ആയിരുന്നെങ്കില്‍ അവരുടെ പ്രശ്നങ്ങള്‍ ഞാന്‍ പരിഹരിച്ചുകൊടുക്കുമായിരുന്നു.” ആരെങ്കിലും അബ്ശാലോമിനെ വണങ്ങാന്‍ ഒരുമ്പെട്ടാല്‍ അവനെ പിടിച്ചു ചുംബിക്കും. രാജാവില്‍നിന്നു പ്രശ്നപരിഹാരം ആവശ്യമായി ചെന്ന എല്ലാവരോടും അബ്ശാലോം ഇങ്ങനെതന്നെ ചെയ്തു. അങ്ങനെ അബ്ശാലോം സകല ഇസ്രായേല്യരുടെയും ഹൃദയം കവര്‍ന്നു. നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ രാജാവിനോട് അബ്ശാലോം പറഞ്ഞു: “ഞാന്‍ സര്‍വേശ്വരനോടു ചെയ്തിട്ടുള്ള പ്രതിജ്ഞ നിറവേറ്റാന്‍ ഹെബ്രോനിലേക്കു പോകാന്‍ എന്നെ അനുവദിച്ചാലും; ‘സര്‍വേശ്വരന്‍ എന്നെ യെരൂശലേമിലേക്കു മടക്കിക്കൊണ്ടുവന്നാല്‍ ഹെബ്രോനില്‍വച്ച് അവിടുത്തെ ആരാധിക്കും എന്നു ഞാന്‍ സിറിയായിലെ ഗെശൂരില്‍ പാര്‍ത്തിരുന്നപ്പോള്‍ പ്രതിജ്ഞ ചെയ്തിരുന്നു.” “സമാധാനത്തോടെ പോകുക” എന്നു രാജാവു പറഞ്ഞു. അയാള്‍ ഹെബ്രോനിലേക്കു പോയി. അബ്ശാലോം ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലും ദൂതന്മാരെ രഹസ്യമായി അയച്ചു പറയിച്ചു: “കാഹളനാദം കേള്‍ക്കുമ്പോള്‍ അബ്ശാലോം ഹെബ്രോനില്‍ രാജാവായിരിക്കുന്നു എന്നു വിളിച്ചുപറയണം.” യെരൂശലേമില്‍നിന്നു ക്ഷണിക്കപ്പെട്ട ഇരുനൂറു പേര്‍ അബ്ശാലോമിന്‍റെ കൂടെ പോയിരുന്നു; ശുദ്ധഗതിക്കാരായ അവര്‍ കാര്യം ഒന്നും അറിയാതെയാണു പോയത്. യാഗം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അബ്ശാലോം ദാവീദിന്‍റെ ഉപദേഷ്ടാവായ അഹീഥോഫെലിനെ ആളയച്ചു വരുത്തി; അയാള്‍ ഗീലോ പട്ടണക്കാരനായിരുന്നു. അയാള്‍ വന്നതോടുകൂടി രാജാവിനെതിരായുള്ള ഗൂഢാലോചന ശക്തിപ്പെട്ടു. അബ്ശാലോമിന്‍റെ അനുയായികളുടെ സംഖ്യ വര്‍ധിക്കുകയും ചെയ്തു. ഇസ്രായേല്‍ജനം അബ്ശാലോമിനോടു കൂറു പ്രഖ്യാപിച്ച വിവരം ഒരു ദൂതന്‍ ദാവീദിനെ അറിയിച്ചു. അപ്പോള്‍ ദാവീദ് യെരൂശലേമിലുള്ള തന്‍റെ അനുയായികളോടു പറഞ്ഞു: “നമുക്ക് ഓടിപ്പോകാം, അല്ലെങ്കില്‍ നമ്മിലാരും അബ്ശാലോമിന്‍റെ കൈയില്‍നിന്നു രക്ഷപെടുകയില്ല. അവന്‍ വന്നു നമ്മെയും എല്ലാ പട്ടണവാസികളെയും വാളിനിരയാക്കും.” ഭൃത്യന്മാര്‍ രാജാവിനോടു പറഞ്ഞു: “അങ്ങയുടെ ഏതാജ്ഞയും ഞങ്ങള്‍ ശിരസ്സാവഹിച്ചുകൊള്ളാം.” പിന്നീട് രാജാവ് കുടുംബസമേതം പുറപ്പെട്ടു; കൊട്ടാരം സൂക്ഷിക്കുന്നതിനു പത്ത് ഉപഭാര്യമാരെ മാത്രം അവിടെ താമസിപ്പിച്ചു. രാജാവും ഭൃത്യന്മാരും പട്ടണം വിട്ടു പോകുന്നവഴി അവസാനത്തെ വീടിന്‍റെ അടുക്കല്‍ ചെന്നു നിന്നു. രാജാവിന്‍റെ ദാസന്മാരെല്ലാം അദ്ദേഹത്തിന്‍റെ അരികിലൂടെ കടന്നുപോയി. എല്ലാ ക്രേത്യരും പെലേത്യരും ഗത്തില്‍നിന്നു രാജാവിന്‍റെ കൂടെ പോന്നിരുന്ന അറുനൂറു പേരും അദ്ദേഹത്തിന്‍റെ മുമ്പിലൂടെത്തന്നെ കടന്നുപോയി. ഗിത്യനായ ഇത്ഥായിയോട് അദ്ദേഹം പറഞ്ഞു: “നീ ഞങ്ങളുടെകൂടെ വരുന്നത് എന്തിന്? മടങ്ങിപ്പോയി പുതിയ രാജാവിന്‍റെകൂടെ പാര്‍ക്കുക. നീ ഒരു പരദേശിയും ഇവിടെ പ്രവാസിയും ആണല്ലോ; ഇന്നലെ മാത്രം വന്ന നീ ലക്ഷ്യമില്ലാതെ പോകുന്ന എന്‍റെകൂടെ എന്തിന് അലയുന്നു? നിന്‍റെ സഹോദരന്മാരുടെ കൂടെ മടങ്ങിപ്പോകുക. സര്‍വേശ്വരന്‍ നിന്നോടു കരുണയും വിശ്വസ്തതയും കാണിക്കട്ടെ.” ഇത്ഥായി രാജാവിനോടു പറഞ്ഞു: “മരിക്കയോ ജീവിക്കയോ ചെയ്യട്ടെ അങ്ങു പോകുന്നിടത്തുതന്നെ ഞാനും വരുമെന്നു സര്‍വേശ്വരന്‍റെയും അങ്ങയുടെയും നാമത്തില്‍ ഞാനിതാ സത്യം ചെയ്യുന്നു.” “നീയും എന്‍റെകൂടെ പോരുക” ദാവീദ് ഗിത്യനായ ഇത്ഥായിയോടു പറഞ്ഞു. അങ്ങനെ ഗിത്യനായ ഇത്ഥായി തന്‍റെ അനുചരന്മാരോടും കുഞ്ഞുകുട്ടികളോടുംകൂടി മുമ്പോട്ടു നീങ്ങി. ദാവീദിന്‍റെ അനുയായികള്‍ കടന്നുപോയപ്പോള്‍ ജനമെല്ലാം ഉറക്കെ കരഞ്ഞു. രാജാവ് കിദ്രോന്‍തോടു കടന്നു; ജനം അദ്ദേഹത്തെ അനുഗമിച്ചു; അവരെല്ലാം മരുഭൂമിയിലേക്കുള്ള വഴിയെ നടന്നു. അബ്യാഥാരും സാദോക്കും കൂടാതെ ദൈവത്തിന്‍റെ ഉടമ്പടിപ്പെട്ടകം വഹിച്ചുകൊണ്ടു ലേവ്യരും അവിടെ എത്തി. ജനം പട്ടണം വിട്ടു കഴിയുന്നതുവരെ അവര്‍ പെട്ടകം താഴെവച്ചു. രാജാവ് സാദോക്കിനോടു പറഞ്ഞു: “ദൈവത്തിന്‍റെ പെട്ടകം പട്ടണത്തിലേക്കു തിരിച്ചു കൊണ്ടുപോകുക; സര്‍വേശ്വരന് എന്നില്‍ പ്രസാദം തോന്നിയാല്‍ അവിടുന്ന് എന്നെ മടക്കിവരുത്തും. അവിടുത്തെ പെട്ടകവും തിരുസാന്നിധ്യകൂടാരവും ഒരിക്കല്‍ കൂടി കാണാന്‍ എനിക്ക് അവസരം ലഭിക്കും. എന്നില്‍ സര്‍വേശ്വരനു പ്രസാദം തോന്നുന്നില്ലെങ്കില്‍ തിരുഹിതംപോലെ എന്നോടു പ്രവര്‍ത്തിക്കട്ടെ.” രാജാവ് പുരോഹിതനായ സാദോക്കിനോടു തുടര്‍ന്നു പറഞ്ഞു: “നിന്‍റെ പുത്രനായ അഹീമാസിനോടും അബ്യാഥാരിന്‍റെ പുത്രനായ യോനാഥാനോടുമൊത്ത് നീയും അബ്യാഥാരും സമാധാനത്തോടെ പട്ടണത്തിലേക്കു മടങ്ങിപ്പോകുക. നിങ്ങളില്‍നിന്നു വാര്‍ത്ത ലഭിക്കുംവരെ മരുഭൂമിയിലേക്കുള്ള കടവില്‍തന്നെ ഞാന്‍ താമസിക്കും.” അതനുസരിച്ചു സാദോക്കും അബ്യാഥാരും പെട്ടകം യെരൂശലേമിലേക്കു മടക്കിക്കൊണ്ടുപോയി അവിടെ പാര്‍ത്തു. ദാവീദ് തല മൂടിയും ചെരുപ്പിടാതെയും കരഞ്ഞുകൊണ്ട് ഒലിവുമലയുടെ കയറ്റം കയറി. രാജാവിന്‍റെ അനുചരന്മാരും അങ്ങനെതന്നെ ചെയ്തു. അബ്ശാലോമിന്‍റെ ഗൂഢാലോചനയില്‍ അഹീഥോഫെലും ഉണ്ടെന്നറിഞ്ഞ് ദാവീദ് സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, അഹീഥോഫെലിന്‍റെ ആലോചന വ്യര്‍ഥമാക്കണമേ.” മലയുടെ മുകളില്‍ ഉണ്ടായിരുന്ന ഒരു ആരാധനാസ്ഥലത്തു ദാവീദ് എത്തിയപ്പോള്‍ അര്‍ഖ്യനായ ഹൂശായി അങ്കി കീറുകയും തലയില്‍ പൂഴി വിതറുകയും ചെയ്തിട്ട് രാജാവിനെ എതിരേറ്റു ചെന്നു. ദാവീദ് അയാളോടു പറഞ്ഞു: “നീ എന്‍റെ കൂടെ പോന്നാല്‍ അത് എനിക്കു ഭാരമായിരിക്കും; നീ പട്ടണത്തില്‍ ചെന്ന് അബ്ശാലോമിനോട് ഇങ്ങനെ പറയുക. “രാജാവേ, ഞാന്‍ അങ്ങയുടെ ദാസനായിരുന്നുകൊള്ളാം; ഞാന്‍ അങ്ങയുടെ പിതാവിനെ സേവിച്ചതുപോലെതന്നെ അങ്ങയെ സേവിച്ചുകൊള്ളാം.” “അങ്ങനെ ചെയ്താല്‍ അഹീഥോഫെലിന്‍റെ ആലോചന നിഷ്ഫലമാക്കാന്‍ നിനക്കു കഴിയും; പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും അവിടെ നിന്‍റെ കൂടെ ഉണ്ടായിരിക്കും. കൊട്ടാരത്തില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ നീ അവരെ അറിയിക്കണം. സാദോക്കിന്‍റെ മകന്‍ അഹീമാസും അബ്യാഥാരിന്‍റെ മകന്‍ യോനാഥാനും അവരുടെ കൂടെയുണ്ട്; നിങ്ങള്‍ക്കു ലഭിക്കുന്ന വിവരങ്ങളെല്ലാം അവര്‍ മുഖേന എന്നെ അറിയിക്കുക.” അങ്ങനെ ദാവീദിന്‍റെ സ്നേഹിതനായ ഹൂശായി യെരൂശലേമില്‍ ചെന്നു; തത്സമയം അബ്ശാലോമും പട്ടണത്തില്‍ എത്തി. ദാവീദ് മലമുകള്‍ കടന്നു കുറേദൂരം ചെന്നപ്പോള്‍ മെഫീബോശെത്തിന്‍റെ ഭൃത്യനായ സീബയെ കണ്ടു. രണ്ടു കഴുതകളുടെ പുറത്ത് ഇരുനൂറ് അപ്പവും നൂറു കുല ഉണക്കമുന്തിരിയും നൂറു വേനല്‍ക്കാല ഫലങ്ങളും ഒരു തോല്‍ക്കുടം വീഞ്ഞും അവന്‍ കൊണ്ടുവന്നിരുന്നു. ‘ഇതെല്ലാം എന്തിന്’ എന്നു രാജാവ് സീബയോടു ചോദിച്ചു. സീബ പറഞ്ഞു: “കഴുതകള്‍ അങ്ങയുടെ കുടുംബത്തിനു യാത്രചെയ്യാനും അപ്പവും പഴങ്ങളും അങ്ങയുടെ അനുചരര്‍ക്കു ഭക്ഷിക്കാനും വീഞ്ഞ് മരുഭൂമിയിലൂടെ നടന്നുതളരുമ്പോള്‍ കുടിക്കാനുമാണ്. “നിന്‍റെ യജമാനന്‍റെ മകന്‍ എവിടെ” എന്നു രാജാവു ചോദിച്ചു. സീബ പറഞ്ഞു: “അയാള്‍ യെരൂശലേമില്‍ത്തന്നെ പാര്‍ക്കുന്നു; തന്‍റെ പിതാവിന്‍റെ സിംഹാസനം ഇസ്രായേല്യര്‍ വീണ്ടെടുത്തു തനിക്കു നല്‌കുമെന്ന് അയാള്‍ പ്രതീക്ഷിക്കുന്നു.” രാജാവ് സീബയോടു പറഞ്ഞു: “മെഫീബോശെത്തിനുള്ളതെല്ലാം ഞാന്‍ നിനക്കു തരുന്നു.” സീബ മറുപടി നല്‌കി: “അങ്ങയുടെ വാത്സല്യം ഈ ദാസന്‍റെമേല്‍ എപ്പോഴും ഉണ്ടായിരിക്കട്ടെ.” ബഹൂരീമില്‍ എത്തിയ ദാവീദുരാജാവ് ശൗലിന്‍റെ കുടുംബത്തില്‍പ്പെട്ട ഗേരയുടെ പുത്രനായ ശിമെയി തന്നെ ശപിച്ചുകൊണ്ടു വരുന്നതു കണ്ടു. അവന്‍ രാജാവിന്‍റെയും ഭൃത്യന്മാരുടെയും നേര്‍ക്കു കല്ലെറിഞ്ഞു. രാജാവിന്‍റെ അനുയായികളും അംഗരക്ഷകരും രാജാവിന്‍റെ ഇടത്തും വലത്തുമായി നിന്നിരുന്നു. ശിമെയി രാജാവിനെ ശപിച്ചുപറഞ്ഞു: “കൊലപാതകീ, നീചാ, നീ അകലെപ്പോകൂ; ശൗലിന്‍റെ കുടുംബത്തെ വധിച്ചല്ലേ നീ രാജാവായത്? നീ അവരെ കൊന്നതിനു സര്‍വേശ്വരന്‍ പ്രതികാരം ചെയ്തിരിക്കുന്നു. അവിടുന്നു രാജത്വം നിന്നില്‍നിന്നെടുത്തു നിന്‍റെ മകനായ അബ്ശാലോമിനു നല്‌കി. ഘാതകാ, നിന്‍റെ നാശം അടുത്തിരിക്കുന്നു.” അപ്പോള്‍ സെരൂയായുടെ പുത്രനായ അബീശായി രാജാവിനോടു ചോദിച്ചു: “ഈ ചത്ത നായ് എന്‍റെ യജമാനനായ രാജാവിനെ എന്തിനു ശപിക്കുന്നു? ഞാന്‍ അവന്‍റെ തല വെട്ടിക്കളയട്ടെ.” എന്നാല്‍ രാജാവു പറഞ്ഞു: “സെരൂയായുടെ പുത്രന്മാരേ, ഇതില്‍ നിങ്ങള്‍ക്ക് എന്തു കാര്യം? അവന്‍ ശപിച്ചുകൊള്ളട്ടെ; ‘ദാവീദിനെ ശപിക്കുക’ എന്നു സര്‍വേശ്വരന്‍ കല്പിച്ചിട്ടുണ്ടെങ്കില്‍ അതു തടയാന്‍ ആര്‍ക്കാണ് അവകാശം.” ദാവീദ് അബീശായിയോടും തന്‍റെ സകല ഭൃത്യന്മാരോടുമായി പറഞ്ഞു: “എന്‍റെ സ്വന്തം മകന്‍തന്നെ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു. അങ്ങനെയെങ്കില്‍ ഈ ബെന്യാമീന്‍ഗോത്രക്കാരന്‍ ചെയ്യുന്നതില്‍ എന്താണ് അദ്ഭുതം? അവനെ വെറുതേ വിടൂ, അവന്‍ ശപിക്കട്ടെ; സര്‍വേശ്വരന്‍ കല്പിച്ചതുകൊണ്ടാണ് അവന്‍ ശപിക്കുന്നത്. ഒരുവേള അവിടുന്ന് എന്‍റെ കഷ്ടത കണ്ട് അവന്‍റെ ശാപം അനുഗ്രഹമാക്കിയേക്കും.” ദാവീദും കൂടെയുള്ളവരും മുന്നോട്ടു നീങ്ങി. ശിമെയി എതിര്‍വശത്തുള്ള മലഞ്ചരിവിലൂടെ നടന്നു; അവന്‍ രാജാവിനു നേരെ കല്ലും പൂഴിയും വാരിയെറിഞ്ഞു. രാജാവും കൂടെയുള്ളവരും പരിക്ഷീണരായി യോര്‍ദ്ദാനിലെത്തി, അവര്‍ അവിടെ വിശ്രമിച്ചു. അബ്ശാലോമും കൂടെയുള്ള ഇസ്രായേല്യരും യെരൂശലേമിലെത്തി. അഹീഥോഫെലും അയാളുടെ കൂടെ ഉണ്ടായിരുന്നു. ദാവീദിന്‍റെ സ്നേഹിതനും അര്‍ഖ്യനും ആയ ഹൂശായി അബ്ശാലോമിന്‍റെ അടുക്കല്‍ വന്നു: “രാജാവേ, നീണാള്‍ വാഴുക! നീണാള്‍ വാഴുക!” എന്നു പറഞ്ഞു. അപ്പോള്‍ അബ്ശാലോം ഹൂശായിയോടു പറഞ്ഞു: “നിന്‍റെ സുഹൃത്തിനോട് ഇത്രയേ കൂറുള്ളോ? എന്തുകൊണ്ട് ദാവീദിന്‍റെ കൂടെ പോയില്ല?” ഹൂശായി പറഞ്ഞു: “അങ്ങനെയല്ല രാജാവേ! സര്‍വേശ്വരനും സകല ഇസ്രായേല്‍ജനവും തിരഞ്ഞെടുത്തിരിക്കുന്നവന്‍റെ ആളാണു ഞാന്‍. അദ്ദേഹത്തോടൊപ്പം ഞാന്‍ നില്‌ക്കും. എന്‍റെ യജമാനന്‍റെ പുത്രനെയല്ലാതെ മറ്റാരെ ഞാന്‍ സേവിക്കും. അങ്ങയുടെ പിതാവിനെ സേവിച്ചതുപോലെ ഞാന്‍ അങ്ങയെയും സേവിക്കും.” അപ്പോള്‍ അബ്ശാലോം അഹീഥോഫെലിനോട് ചോദിച്ചു: “ഇവിടെ നാം എന്താണു ചെയ്യേണ്ടത്? നിന്‍റെ ഉപദേശം എന്ത്?” അയാള്‍ അബ്ശാലോമിനോടു പറഞ്ഞു: “കൊട്ടാരം സൂക്ഷിക്കാന്‍ അങ്ങയുടെ പിതാവ് വിട്ടിട്ടുപോയ ഉപഭാര്യമാരുടെ അന്തഃപുരത്തില്‍ പ്രവേശിക്കുക. അപ്പോള്‍ അങ്ങ് പിതാവിനു വെറുപ്പുളവാക്കി എന്ന് ഇസ്രായേല്യരെല്ലാം അറിയും. അത് അങ്ങയുടെ അനുയായികള്‍ക്ക് ആത്മധൈര്യം പകരും.” അവര്‍ കൊട്ടാരത്തിനു മുകളില്‍ അബ്ശാലോമിനുവേണ്ടി ഒരു കൂടാരം ഒരുക്കി. അവിടെ അബ്ശാലോം സകല ഇസ്രായേല്യരും കാണ്‍കെ പിതാവിന്‍റെ ഉപഭാര്യമാരോടൊത്തു ശയിച്ചു. അക്കാലത്ത് അഹീഥോഫെല്‍ നല്‌കിയിരുന്ന ഏത് ഉപദേശവും ദൈവത്തിന്‍റെ അരുളപ്പാടുപോലെ കരുതിയിരുന്നു. ദാവീദും അബ്ശാലോമും അയാളുടെ ഉപദേശം അത്രയ്‍ക്ക് വിലമതിച്ചിരുന്നു. അഹീഥോഫെല്‍ അബ്ശാലോമിനോടു ചോദിച്ചു: “ഞാന്‍ പന്തീരായിരം പേരെ കൂട്ടിക്കൊണ്ട് ഈ രാത്രിതന്നെ ദാവീദിനെ പിന്തുടരട്ടേ? ക്ഷീണിച്ചും അധൈര്യപ്പെട്ടുമിരിക്കുന്ന ഈ സമയത്ത് അയാളെ ഞാന്‍ ആക്രമിച്ചു പരിഭ്രാന്തനാക്കും; കൂടെയുള്ളവരെല്ലാം ഓടിപ്പോകുകയും ചെയ്യും. രാജാവിനെ മാത്രമേ ഞാന്‍ കൊല്ലുകയുള്ളൂ; മണവാളന്‍റെ അടുക്കലേക്കു വരുന്ന മണവാട്ടിയെപ്പോലെ അയാളുടെ അനുചരന്മാരെല്ലാം അങ്ങയുടെ അടുക്കലേക്കു മടങ്ങിവരാന്‍ ഞാന്‍ ഇടയാക്കും. ഒരാളെ മാത്രം കൊല്ലുവാനേ അങ്ങ് ആഗ്രഹിക്കുന്നുള്ളല്ലോ; മറ്റുള്ളവരെല്ലാം സുരക്ഷിതരായിരിക്കും.” ഈ ഉപദേശം അബ്ശാലോമിനും കൂടെയുള്ള സകല ഇസ്രായേല്‍നേതാക്കന്മാര്‍ക്കും ഇഷ്ടപ്പെട്ടു. “ഹൂശായിയെക്കൂടി വിളിക്കുക. അവനു പറയാനുള്ളതുകൂടി കേള്‍ക്കാമല്ലോ” അബ്ശാലോം പറഞ്ഞു. ഹൂശായി അടുത്തുവന്നപ്പോള്‍, അബ്ശാലോം അയാളോട്, അഹീഥോഫെലിന്‍റെ അഭിപ്രായം പറഞ്ഞു. “അതുപോലെ ചെയ്കയാണോ വേണ്ടത്? നീ എന്തു പറയുന്നു” എന്നു ചോദിച്ചു. ഹൂശായി പറഞ്ഞു: “അഹീഥോഫെല്‍ ഇത്തവണ നല്‌കിയ ഉപദേശം ശരിയല്ല; അങ്ങയുടെ പിതാവും അനുയായികളും കരുത്തന്മാരാണ്. കുട്ടികള്‍ അപഹരിക്കപ്പെട്ട തള്ളക്കരടിയെപ്പോലെ അവര്‍ ക്ഷോഭിച്ചിരിക്കുന്നു എന്ന് അങ്ങേക്ക് അറിയാമല്ലോ. മാത്രമല്ല അങ്ങയുടെ പിതാവ് യുദ്ധനിപുണനുമാണ്. അയാള്‍ ജനത്തോടൊത്തു രാത്രി പാര്‍ക്കുകയില്ല; ഇപ്പോള്‍ത്തന്നെ ഗുഹയിലോ മറ്റെവിടെയെങ്കിലുമോ ഒളിച്ചിരിക്കുകയായിരിക്കും. അങ്ങയുടെ സൈന്യത്തെ ദാവീദ് ആക്രമിക്കുകയും ആരെങ്കിലും വധിക്കപ്പെടുകയും ചെയ്താല്‍ അബ്ശാലോമിന്‍റെ ആളുകളുടെ ഇടയില്‍ ഒരു കൂട്ടക്കൊല നടന്നു എന്ന വാര്‍ത്ത പരക്കും. അങ്ങനെ സംഭവിച്ചാല്‍ സിംഹത്തെപ്പോലെ ധീരന്മാരായവര്‍പോലും ഭയവിഹ്വലരാകും. അങ്ങയുടെ പിതാവ് ധീരയോദ്ധാവും കൂടെയുള്ളവര്‍ ശൂരന്മാരുമാണെന്ന് ഇസ്രായേല്യര്‍ക്കെല്ലാം അറിയാം. അതുകൊണ്ട് എന്‍റെ അഭിപ്രായം ഇതാണ്: ദാന്‍ മുതല്‍ ബേര്‍-ശേബാവരെ കടല്‍ക്കരയിലെ മണല്‍ത്തരിപോലെ അസംഖ്യമായുള്ള ഇസ്രായേല്‍ജനത്തെ ഒരുമിച്ചുകൂട്ടണം; അങ്ങുതന്നെ അവരെ യുദ്ധത്തില്‍ നയിക്കണം. എവിടെ ആയിരുന്നാലും ദാവീദിനെ നമുക്കു കണ്ടുപിടിക്കാം; കാണുന്നിടത്തുവച്ചു മഞ്ഞുതുള്ളി നിലത്തു വീഴുന്നതുപോലെ നാം അയാളുടെമേല്‍ ചാടിവീഴും. അപ്പോള്‍ രാജാവോ കൂടെയുള്ള ജനമോ ജീവനോടെ ശേഷിക്കുകയില്ല. അയാള്‍ ഏതെങ്കിലും ഒരു പട്ടണത്തില്‍ പ്രവേശിച്ചാല്‍ നാമെല്ലാവരുംകൂടി ആ പട്ടണത്തെ വടംകൊണ്ടു കെട്ടി താഴ്വരയിലേക്കു വലിച്ചിടും. അവിടെ ഒരു കല്‍ത്തുണ്ടുപോലും ശേഷിക്കുകയില്ല.” ഇതു കേട്ട് അബ്ശാലോമും ഇസ്രായേല്യരെല്ലാവരും പറഞ്ഞു: “അര്‍ഖ്യനായ ഹൂശായിയുടെ ഉപദേശമാണ് അഹീഥോഫെലിന്‍റേതിലും മെച്ചം.” അബ്ശാലോമിന് അനര്‍ഥം സംഭവിക്കത്തക്കവിധം അഹീഥോഫെലിന്‍റെ നല്ല ആലോചന വ്യര്‍ഥമായിത്തീരാന്‍ സര്‍വേശ്വരന്‍ നിശ്ചയിച്ചിരുന്നു. അബ്ശാലോമിനും കൂടെയുള്ള ഇസ്രായേല്‍നേതാക്കള്‍ക്കും അഹീഥോഫെല്‍ നല്‌കിയ ഉപദേശവും താന്‍ പറഞ്ഞ അഭിപ്രായവും പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരെയും ഹൂശായി അറിയിച്ചു. ഹൂശായി തുടര്‍ന്നുപറഞ്ഞു: “അതുകൊണ്ടു നിങ്ങള്‍ വേഗം ആളയച്ചു ദാവീദും കൂടെയുള്ളവരും മരുഭൂമിയിലേക്കുള്ള കടവില്‍ ഈ രാത്രിയില്‍ പാര്‍ക്കരുതെന്നും അവര്‍ കൊല്ലപ്പെടാതിരിക്കാന്‍ എങ്ങനെയെങ്കിലും അക്കരെ കടക്കണമെന്നും ദാവീദിനോടു പറയണം.” പട്ടണത്തില്‍വച്ച് ആരും തങ്ങളെ കാണാതിരിക്കുന്നതിനുവേണ്ടി യോനാഥാനും അഹീമാസും എന്‍-രോഗെലിനടുക്കല്‍ കാത്തുനില്‌ക്കുമായിരുന്നു. ഒരു ഭൃത്യ ചെന്നു വിവരമെല്ലാം അവരെ അറിയിക്കും; അവര്‍ പോയി ദാവീദിനോടു വിവരം പറയും;. എന്നാല്‍ ഇത്തവണ ഒരു ബാലന്‍ യോനാഥാനെയും അഹീമാസിനെയും കണ്ടു; അവന്‍ അബ്ശാലോമിനോടു വിവരം പറഞ്ഞു. അതറിഞ്ഞ് അവര്‍ ഓടി ബഹൂരീമില്‍ ഒരു വീട്ടില്‍ ചെന്നു. അവിടെ മുറ്റത്തുണ്ടായിരുന്ന കിണറ്റില്‍ ഇറങ്ങി ഒളിച്ചിരുന്നു. ഗൃഹനായിക കിണറ്റിനു മുകളില്‍ മൂടുവിരിയിട്ട് അതില്‍ ധാന്യം നിരത്തി. അതുകൊണ്ട് അവര്‍ ഒളിച്ചിരിക്കുന്ന വിവരം ആരും അറിഞ്ഞില്ല. അബ്ശാലോമിന്‍റെ ഭൃത്യന്മാര്‍ ആ വീട്ടില്‍ വന്നു, സ്‍ത്രീയോട് “അഹീമാസും യോനാഥാനും എവിടെ” എന്നു ചോദിച്ചു. അവള്‍ പറഞ്ഞു: “അവര്‍ നദി കടന്ന് അക്കരയ്‍ക്കുപോയി.” ഭൃത്യന്മാര്‍ അന്വേഷിച്ചെങ്കിലും അവരെ കാണാതെ യെരൂശലേമിലേക്കു മടങ്ങി; അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ യോനാഥാനും അഹീമാസും കിണറ്റില്‍നിന്നു കയറിച്ചെന്നു ദാവീദുരാജാവിനോടു വിവരം പറഞ്ഞു: “നിങ്ങള്‍ വേഗം അക്കരയ്‍ക്കു പോകുക. അഹീഥോഫെല്‍ അങ്ങേക്കെതിരെ ഉപദേശം നല്‌കിയിരിക്കുന്നു.” ദാവീദും അനുയായികളും യോര്‍ദ്ദാന്‍നദി കടന്നു. നേരം വെളുത്തപ്പോഴേക്കും അവരെല്ലാം നദിക്കക്കരെ എത്തിയിരുന്നു. തന്‍റെ ഉപദേശം സ്വീകരിച്ചില്ലെന്ന് അഹീഥോഫെല്‍ ഗ്രഹിച്ചപ്പോള്‍ കഴുതപ്പുറത്തു കയറി പട്ടണത്തിലുള്ള തന്‍റെ വീട്ടില്‍ ചെന്നു; വീട്ടുകാര്യങ്ങളെല്ലാം ക്രമപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു. കുടുംബക്കല്ലറയില്‍തന്നെ മൃതശരീരം അടക്കം ചെയ്തു. ദാവീദ് മഹനയീമിലെത്തി. അബ്ശാലോമും കൂടെയുള്ള ഇസ്രായേല്യരും യോര്‍ദ്ദാന്‍നദി കടന്നു. യോവാബിനു പകരം അമാസയെ അബ്ശാലോം സേനാധിപതിയായി നിയമിച്ചിരുന്നു. അമാസ ഇശ്മായേല്യനായ ഇത്രായുടെ പുത്രനായിരുന്നു. മാതാവ് അബീഗല്‍ നാഹാശിന്‍റെ പുത്രിയും യോവാബിന്‍റെ അമ്മയായ സെരൂയായുടെ സഹോദരിയും ആയിരുന്നു. ഇസ്രായേല്യരും അബ്ശാലോമും ഗിലെയാദില്‍ പാളയമടിച്ചു. മഹനയീമില്‍ എത്തിയപ്പോള്‍ അമ്മോനിലെ രബ്ബാ പട്ടണത്തിലുള്ള നാഹാശിന്‍റെ പുത്രന്‍ ശോബിയും, ലോ-ദെബാര്‍കാരനായ അമ്മീയേലിന്‍റെ പുത്രന്‍ മാഖീറും, രോഗെലിമില്‍നിന്നു ഗിലെയാദ്യനായ ബര്‍സില്ലായിയും ദാവീദിനെ സന്ദര്‍ശിച്ചു. അവര്‍ തളികകള്‍, മണ്‍പാത്രങ്ങള്‍, കിടക്ക എന്നിവയും ദാവീദിനും കൂടെയുള്ളവര്‍ക്കും ഭക്ഷണസാധനങ്ങളും കൊണ്ടുവന്നു. അക്കൂട്ടത്തില്‍ കോതമ്പ്, മാവ്, ബാര്‍ലി, മലര്, അമരയ്‍ക്കാ, പയറ്, പരിപ്പ്, തേന്‍, പാല്‍ക്കട്ടി, തൈര് എന്നിവയും ഏതാനും ആടുകളും ഉണ്ടായിരുന്നു. മരുഭൂമിയില്‍ ദാവീദും കൂടെയുള്ളവരും വിശന്നും ദാഹിച്ചും ക്ഷീണരായി ഇരിക്കുന്നുവല്ലോ എന്ന് അവര്‍ വിചാരിച്ചു. ദാവീദു തന്നോടുകൂടെയുള്ളവരെ ഗണം ഗണമായി തിരിച്ച് അവര്‍ക്ക് സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിച്ചു. അവരെ മൂന്നു വിഭാഗമായി തിരിച്ച് ഒരു വിഭാഗത്തെ യോവാബിന്‍റെ നേതൃത്വത്തിലും മറ്റൊരു വിഭാഗത്തെ സെരൂയായുടെ പുത്രനും യോവാബിന്‍റെ സഹോദരനുമായ അബീശായിയുടെ നേതൃത്വത്തിലും മൂന്നാം വിഭാഗത്തെ ഗിത്യനായ ഇത്ഥായിയുടെ നേതൃത്വത്തിലും അയച്ചു. ഞാനും നിങ്ങളോടൊപ്പം വരും എന്നു ദാവീദ് അനുയായികളോടു പറഞ്ഞു. എന്നാല്‍ അവര്‍ പറഞ്ഞു: “അങ്ങു വരേണ്ടാ; ഞങ്ങള്‍ തോറ്റോടിയാലും ശത്രുക്കള്‍ അത് അത്ര ഗണ്യമാക്കുകയില്ല; ഞങ്ങളില്‍ പകുതിപ്പേര്‍ മരിച്ചാലും അവര്‍ അത് അത്ര കാര്യമാക്കുകയില്ല. അങ്ങ് ഞങ്ങളില്‍ പതിനായിരം പേര്‍ക്കു തുല്യനാണ്; അതുകൊണ്ട് അങ്ങു പട്ടണത്തില്‍നിന്നു ഞങ്ങള്‍ക്കാവശ്യമായ സഹായം എത്തിച്ചുതരുന്നതായിരിക്കും ഉത്തമം.” രാജാവു പ്രതിവചിച്ചു: “നിങ്ങള്‍ക്ക് ഉത്തമം എന്നു തോന്നുന്നതു ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ്.” പിന്നീട് രാജാവ് പടിവാതില്‍ക്കല്‍ നിന്നു; ജനം നൂറു വീതമായും ആയിരം വീതമായും പുറപ്പെട്ടു. അദ്ദേഹം യോവാബിനോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചു: “നിങ്ങള്‍ എന്നെ ഓര്‍ത്ത് അബ്ശാലോമിനോടു കാരുണ്യപൂര്‍വം പെരുമാറണം.” ദാവീദ് സൈന്യാധിപന്മാര്‍ക്കു നല്‌കിയ ഈ കല്പന സൈന്യങ്ങളെല്ലാം കേട്ടു. പിന്നീട് ദാവീദിന്‍റെ സൈന്യം ഇസ്രായേല്‍ സൈന്യത്തോടു യുദ്ധം ചെയ്യാന്‍ പുറപ്പെട്ടു. എഫ്രയീംവനത്തില്‍വച്ച് അവര്‍ ഏറ്റുമുട്ടി. ഇസ്രായേല്‍സൈന്യം പരാജിതരായി. അന്ന് അവിടെ ഒരു കൂട്ടക്കൊല നടന്നു. ഇരുപതിനായിരം പേര്‍ യുദ്ധത്തില്‍ മരിച്ചു; യുദ്ധം ദേശത്തെല്ലാം വ്യാപിച്ചു; യുദ്ധത്തില്‍ മരിച്ചവരിലും അധികം ആളുകള്‍ വനത്തില്‍വച്ചു കൊല്ലപ്പെട്ടു. ദാവീദിന്‍റെ പടയാളികളുടെ മുമ്പില്‍ അബ്ശാലോം ചെന്നുപെട്ടു. അയാള്‍ ഒരു കോവര്‍കഴുതയുടെ പുറത്ത് ഓടിച്ചുപോകുകയായിരുന്നു. കൊമ്പുകള്‍ തിങ്ങിനില്‌ക്കുന്ന ഒരു വന്‍കരുവേലകമരത്തിന്‍റെ ചുവട്ടില്‍ എത്തിയപ്പോള്‍ ഒരു കൊമ്പില്‍ അവന്‍റെ തലമുടി കുരുങ്ങി. കോവര്‍കഴുത അവന്‍റെ കീഴില്‍ നിന്ന് ഓടിപ്പോയതുകൊണ്ട് അവന്‍ ആകാശത്തിനും ഭൂമിക്കും മധ്യേ തൂങ്ങിനിന്നു. അതുകണ്ട ഒരുവന്‍ യോവാബിനെ വിവരമറിയിച്ചു. അപ്പോള്‍ യോവാബു ചോദിച്ചു: “നീ അവനെ കണ്ടപ്പോള്‍തന്നെ കൊന്നുകളയാഞ്ഞതെന്ത്? ഞാന്‍ നിനക്കു പത്തു വെള്ളി നാണയങ്ങളും ഒരു അരപ്പട്ടയും തരുമായിരുന്നു.” അയാള്‍ യോവാബിനോടു പറഞ്ഞു: “എനിക്ക് ആയിരം ശേക്കെല്‍ വെള്ളി തന്നാലും രാജകുമാരനെതിരെ എന്‍റെ ഒരു ചെറുവിരല്‍പോലും അനക്കുകയില്ല. തന്നെ ഓര്‍ത്ത് അബ്ശാലോംരാജകുമാരനെ സംരക്ഷിക്കണമെന്നു രാജാവ് അങ്ങയോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചതു ഞങ്ങള്‍ കേട്ടതല്ലേ? രാജകല്പന അവഗണിച്ചു ഞാന്‍ അയാളെ വധിച്ചിരുന്നുവെങ്കില്‍ രാജാവ് വിവരം അറിയുമായിരുന്നു-അദ്ദേഹം സകല വിവരങ്ങളും അറിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ- എങ്കില്‍ അങ്ങുപോലും എന്നെ കൈവെടിയുമായിരുന്നു.” അപ്പോള്‍ യോവാബു പറഞ്ഞു: “നിന്നോടു സംസാരിച്ചു ഞാന്‍ സമയം കളയുന്നില്ല.” മൂന്നു കുന്തവുമെടുത്തുകൊണ്ട് യോവാബു പോയി കരുവേലകമരത്തില്‍ തൂങ്ങിക്കിടന്ന അബ്ശാലോമിന്‍റെ നെഞ്ചില്‍ കുത്തിയിറക്കി. യോവാബിന്‍റെ ആയുധവാഹകരായ പത്തു യുവാക്കന്മാര്‍ അബ്ശാലോമിന്‍റെ ചുറ്റും നിന്ന് അവനെ അടിച്ചുകൊല്ലുകയും ചെയ്തു. യോവാബു കാഹളം മുഴക്കി; അപ്പോള്‍ സൈന്യം ഇസ്രായേല്യരെ പിന്നെയും പിന്തുടരാതെ മടങ്ങിപ്പോന്നു. അവര്‍ അബ്ശാലോമിനെ വനത്തിലുള്ള ഒരു വലിയ കുഴിയിലിട്ടു. അയാളുടെ മീതെ ഒരു കല്‍ക്കൂമ്പാരം ഉണ്ടാക്കി. ഇസ്രായേല്യരൊക്കെയും താന്താങ്ങളുടെ വീടുകളിലേക്ക് ഓടിപ്പോയി. തന്‍റെ പേരു നിലനിര്‍ത്താന്‍ തനിക്ക് ഒരു മകനില്ലെന്നു പറഞ്ഞ് അബ്ശാലോം തനിക്കൊരു സ്മാരകസ്തംഭം രാജാവിന്‍റെ താഴ്വരയില്‍ സ്ഥാപിച്ചിരുന്നു. അത് ‘അബ്ശാലോമിന്‍റെ സ്മാരകസ്തംഭം’ എന്ന പേരില്‍ ഇന്നും അറിയപ്പെടുന്നു. സാദോക്കിന്‍റെ പുത്രനായ അഹീമാസ് യോവാബിനോടു ചോദിച്ചു: “സര്‍വേശ്വരന്‍ ശത്രുക്കളില്‍നിന്നു രാജാവിനെ രക്ഷിച്ചിരിക്കുന്നു എന്ന സദ്‍വാര്‍ത്ത ഞാന്‍ അദ്ദേഹത്തെ ചെന്നറിയിക്കട്ടെ”? “വേണ്ടാ” എന്നായിരുന്നു യോവാബിന്‍റെ മറുപടി. “ഇന്നു സദ്‍വാര്‍ത്തയുമായി പോകേണ്ട; അതു മറ്റൊരു ദിവസം ആകാം; രാജകുമാരന്‍ മരിച്ചതുകൊണ്ട് ഇന്നത്തേതു സദ്‍വാര്‍ത്ത അല്ലല്ലോ” എന്ന് അയാള്‍ പറഞ്ഞു. പിന്നെ യോവാബ് എത്യോപ്യനോടു പറഞ്ഞു: “നീ കണ്ടതു ചെന്നു രാജാവിനോടു പറയുക.” അവന്‍ യോവാബിനെ വണങ്ങി ഓടിപ്പോയി. സാദോക്കിന്‍റെ മകന്‍ അഹീമാസ് പിന്നെയും പറഞ്ഞു: “എന്തും വരട്ടെ; എത്യോപ്യനെ പിന്തുടരാന്‍ എന്നെ അനുവദിക്കുക.” യോവാബ് പറഞ്ഞു: “എന്‍റെ മകനേ, നീ എന്തിനാണ് ഓടുന്നത്? നിനക്ക് അതിനു യാതൊരു പ്രതിഫലവും ലഭിക്കുകയില്ലല്ലോ.” “എന്തായാലും ഞാനും പോകും” എന്ന് അഹീമാസ് പറഞ്ഞപ്പോള്‍ പൊയ്‍ക്കൊള്‍വാന്‍ യോവാബ് അനുവദിച്ചു. അഹീമാസ് സമഭൂമിയിലൂടെ ഓടി എത്യോപ്യന്‍റെ മുമ്പില്‍ എത്തി. ദാവീദ് രണ്ടു പടിവാതിലുകള്‍ക്കും മധ്യേ ഇരിക്കുകയായിരുന്നു. കാവല്‌ക്കാരന്‍ മതിലിനു മീതെ കവാടത്തിന്‍റെ മുകളില്‍ കയറി നോക്കിയപ്പോള്‍ ഒരാള്‍ മാത്രം ഓടിവരുന്നതു കണ്ടു. ആ വിവരം കാവല്‌ക്കാരന്‍ രാജാവിനെ വിളിച്ചറിയിച്ചു. രാജാവു പറഞ്ഞു: “ഒരാള്‍ മാത്രമേ ഉള്ളൂവെങ്കില്‍ അവന്‍ സദ്‍വാര്‍ത്ത ആയിരിക്കും കൊണ്ടുവരുന്നത്. അവന്‍ അടുത്തുവരാറായപ്പോള്‍ മറ്റൊരാള്‍ കൂടി ഓടിവരുന്നതു കാവല്‌ക്കാരന്‍ കണ്ടു. അവന്‍ വിളിച്ചുപറഞ്ഞു: “അതാ മറ്റൊരുവന്‍ കൂടി ഓടിവരുന്നു.” “അവനും സദ്വര്‍ത്തമാനം കൊണ്ടുവരികയാണ്” എന്നു രാജാവു പറഞ്ഞു. “മുമ്പേ വരുന്നവന്‍ സാദോക്കിന്‍റെ മകനായ അഹീമാസിനെപ്പോലെയിരിക്കുന്നു” എന്നു കാവല്‌ക്കാരന്‍ പറഞ്ഞു. അപ്പോള്‍ രാജാവു പറഞ്ഞു: “അവന്‍ നല്ലവന്‍, അവന്‍ സദ്‍വാര്‍ത്ത കൊണ്ടുവരുന്നു.” രാജാവിനോടു ശുഭം ശുഭം എന്നു വിളിച്ചുപറഞ്ഞുകൊണ്ട് അദ്ദേഹത്തിന്‍റെ മുമ്പില്‍ അഹീമാസ് സാഷ്ടാംഗം വീണു നമസ്കരിച്ചു. “അങ്ങേക്കെതിരെ മത്സരിച്ചവരുടെമേല്‍ വിജയം തന്ന അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെട്ടവന്‍” എന്നു പറഞ്ഞു. “അബ്ശാലോംകുമാരനു ക്ഷേമം തന്നെയോ?” രാജാവു ചോദിച്ചു. അഹീമാസ് പറഞ്ഞു: “അങ്ങയുടെ ഭൃത്യനായ യോവാബ് എന്നെ അയച്ചപ്പോള്‍ അവിടെ വലിയ ഒരു ബഹളം ഉണ്ടായി. എന്താണു സംഭവിച്ചതെന്ന് എനിക്ക് അറിഞ്ഞുകൂടാ.” “നീ ഒരു വശത്തേക്കു മാറി ഇവിടെ നില്‌ക്കുക” എന്നു രാജാവു പറഞ്ഞു. അയാള്‍ മാറി നിന്നു; ഉടനെ എത്യോപ്യനും എത്തി. അവന്‍ രാജാവിനോട് പറഞ്ഞു: “എന്‍റെ യജമാനനായ രാജാവിന് ഒരു സദ്‍വാര്‍ത്ത ഉണ്ട്. അങ്ങേക്കെതിരെ മത്സരിച്ച എല്ലാവരുടേയുംമേല്‍ സര്‍വേശ്വരന്‍ അങ്ങേക്കു വിജയം നല്‌കിയിരിക്കുന്നു.” ഇതു കേട്ടു രാജാവ്: “അബ്ശാലോംകുമാരനു സൗഖ്യം തന്നെയോ” എന്നു ചോദിച്ചു. എത്യോപ്യന്‍ പറഞ്ഞു: “യജമാനന്‍റെ എല്ലാ ശത്രുക്കള്‍ക്കും യജമാനനെതിരെ മത്സരിക്കുന്നവര്‍ക്കും ആ യുവാവിന്‍റെ അനുഭവം ഉണ്ടാകട്ടെ.” ഉടനെ രാജാവു വികാരവിവശനായി കവാടത്തിന്‍റെ മുകള്‍മുറിയില്‍ കയറി പൊട്ടിക്കരഞ്ഞു. കയറിപ്പോകുമ്പോള്‍ രാജാവ് വിലപിച്ചു: “എന്‍റെ മകനേ അബ്ശാലോമേ, എന്‍റെ മകനേ, എന്‍റെ മകനേ അബ്ശാലോമേ, നിനക്കുപകരം ഞാന്‍ മരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! എന്‍റെ മകനേ, അബ്ശാലോമേ, എന്‍റെ മകനേ!” അബ്ശാലോമിനെക്കുറിച്ച് ദാവീദു വിലപിക്കുന്ന വിവരം യോവാബ് അറിഞ്ഞു. തന്‍റെ മകനെ ഓര്‍ത്തു രാജാവു ദുഃഖിക്കുന്നു എന്നു കേട്ടതിനാല്‍ ദാവീദിന്‍റെ സൈനികര്‍ക്ക് അന്നത്തെ വിജയം ദുഃഖമായിത്തീര്‍ന്നു. അതുകൊണ്ട് യുദ്ധത്തില്‍ തോറ്റോടി ലജ്ജിതരായി വരുന്നതുപോലെയാണ് അന്നവര്‍ പട്ടണത്തിലേക്കു മടങ്ങിവന്നത്. രാജാവ് മുഖം പൊത്തിപ്പിടിച്ചുകൊണ്ട്: “എന്‍റെ മകനേ അബ്ശാലോമേ, അബ്ശാലോമേ എന്‍റെ മകനേ” എന്നു നിലവിളിച്ചുകൊണ്ടിരുന്നു. യോവാബ് കൊട്ടാരത്തില്‍ രാജാവിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞു: “അങ്ങയുടെയും അങ്ങയുടെ പുത്രീപുത്രന്മാരുടെയും ഭാര്യമാരുടെയും ഉപഭാര്യമാരുടെയും ജീവന്‍ രക്ഷിച്ച അങ്ങയുടെ സകല ഭൃത്യന്മാരെയും ഇന്ന് അങ്ങു ലജ്ജിപ്പിച്ചിരിക്കുകയാണ്. സ്നേഹിക്കുന്നവരെ അങ്ങു ദ്വേഷിക്കുകയും ദ്വേഷിക്കുന്നവരെ അങ്ങു സ്നേഹിക്കുകയുമാണു ചെയ്യുന്നത്. അങ്ങയുടെ സേനാനായകന്മാരും സൈനികരും അങ്ങേക്ക് ഒന്നുമല്ല എന്ന് ഇന്നു തെളിയിച്ചിരിക്കുന്നു; അബ്ശാലോം ജീവിച്ചിരിക്കുകയും ഞങ്ങളെല്ലാവരും മരിക്കുകയും ചെയ്തിരുന്നെങ്കില്‍ അങ്ങേക്കു സന്തോഷമാകുമായിരുന്നു എന്നു ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. അതുകൊണ്ട് എഴുന്നേറ്റ് പുറത്തുവന്നു ഭൃത്യന്മാരോടു ദയാപൂര്‍വം സംസാരിക്കുക. അല്ലെങ്കില്‍ ഈ രാത്രിയില്‍ അവരില്‍ ഒരാള്‍പോലും അങ്ങയുടെ കൂടെ പാര്‍ക്കാന്‍ ഉണ്ടായിരിക്കുകയില്ലെന്നു സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ സത്യം ചെയ്യുന്നു. അത് അങ്ങയുടെ ബാല്യംമുതല്‍ ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ അനര്‍ഥമായിരിക്കും.” അപ്പോള്‍ രാജാവു എഴുന്നേറ്റു നഗരവാതില്‌ക്കല്‍ ഇരുന്നു. രാജാവ് പടിവാതില്‌ക്കല്‍ ഇരിക്കുന്നു എന്നുള്ള വിവരം അറിഞ്ഞ് ജനമെല്ലാം അദ്ദേഹത്തിന്‍റെ മുമ്പില്‍ വന്നുകൂടി. ഇസ്രായേല്യര്‍ അവരവരുടെ വീടുകളിലേക്ക് ഓടിപ്പോയിരുന്നു. ഇസ്രായേലിലെ സകല ഗോത്രങ്ങളിലുമുള്ളവര്‍ പരസ്പരം പറഞ്ഞു: “രാജാവ് നമ്മെ ശത്രുക്കളുടെയും ഫെലിസ്ത്യരുടെയും കൈയില്‍നിന്നു രക്ഷിച്ചു. ഇപ്പോഴാകട്ടെ, അദ്ദേഹം അബ്ശാലോമിനെ പേടിച്ചു നാടുവിട്ട് ഓടിയിരിക്കുകയാണ്. നാം രാജാവായി അഭിഷേകം ചെയ്ത അബ്ശാലോമാകട്ടെ യുദ്ധത്തില്‍ മരിച്ചു. അതുകൊണ്ട് ദാവീദുരാജാവിനെ തിരിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ച് ആരും പറയാത്തതെന്ത്?” ഇതറിഞ്ഞ് ദാവീദ് പുരോഹിതന്മാരായ സാദോക്കിനും അബ്യാഥാരിനും ഒരു സന്ദേശം അയച്ചു: “നിങ്ങള്‍ യെഹൂദാപ്രമാണികളോട് ഇങ്ങനെ പറയണം: ഇസ്രായേല്‍ജനതയുടെ മുഴുവന്‍ അഭിപ്രായം രാജസന്നിധിയില്‍ എത്തിയിരിക്കെ രാജാവിനെ കൊട്ടാരത്തിലേക്കു തിരിച്ചുകൊണ്ടുപോകുന്ന കാര്യത്തില്‍ നിങ്ങള്‍ മുന്‍കൈയെടുക്കാത്തതെന്ത്? നിങ്ങള്‍ എല്ലാവരും എന്‍റെ ബന്ധുക്കളല്ലേ? എന്‍റെ അസ്ഥിയിലും മാംസത്തിലും നിന്നുള്ളവര്‍! എന്നെ തിരിച്ചുകൊണ്ടുപോകാന്‍ അവസാനം വരേണ്ടവര്‍ നിങ്ങളാണോ? അമാസയോടു പറയുക: നീ എന്‍റെ അസ്ഥിയും മാംസവും അല്ലേ? യോവാബിന്‍റെ സ്ഥാനത്തു നിന്നെ ഞാന്‍ സൈന്യാധിപനായി നിയമിച്ചില്ലെങ്കില്‍ സര്‍വേശ്വരന്‍ എന്നെ ശിക്ഷിച്ചുകൊള്ളട്ടെ.” ദാവീദിന്‍റെ ഈ സന്ദേശം യെഹൂദ്യയിലുള്ള സകലരുടെയും ഹൃദയം കവര്‍ന്നു. “അങ്ങ് ഭൃത്യന്മാരോടൊപ്പം മടങ്ങിവരിക” എന്ന് അവര്‍ രാജാവിനെ അറിയിച്ചു. അങ്ങനെ രാജാവ് യോര്‍ദ്ദാനില്‍ മടങ്ങിയെത്തി; അദ്ദേഹത്തെ എതിരേറ്റു നദി കടത്തിക്കൊണ്ടുവരാന്‍ യെഹൂദ്യയിലെ ജനങ്ങള്‍ ഗില്ഗാലില്‍ എത്തിയിരുന്നു. ബഹൂരീമിലെ ബെന്യാമീന്‍ഗോത്രക്കാരനായ ശിമെയിയും ദാവീദിനെ എതിരേല്‌ക്കാന്‍ അവരോടൊപ്പം തിടുക്കത്തില്‍ ചെന്നു. അയാളുടെ കൂടെ ബെന്യാമീന്‍ഗോത്രക്കാരായ ആയിരം പേരും ഉണ്ടായിരുന്നു. ശൗലിന്‍റെ ഗൃഹവിചാരകനായ സീബ പതിനഞ്ചു പുത്രന്മാരോടും ഇരുപതു ഭൃത്യന്മാരോടും കൂടി യോര്‍ദ്ദാനില്‍ രാജാവ് വരുന്നതിനു മുമ്പുതന്നെ എത്തിയിരുന്നു. രാജാവിന്‍റെ കുടുംബാംഗങ്ങളെ ഇക്കരെ കടത്താനും അദ്ദേഹത്തിന്‍റെ ഇംഗിതം നിറവേറ്റാനുമായി അവര്‍ നദി കടന്നുചെന്നു. ഗേരയുടെ പുത്രനായ ശിമെയി യോര്‍ദ്ദാന്‍നദി കടക്കാന്‍ ഒരുങ്ങുന്ന രാജാവിന്‍റെ മുമ്പില്‍ വീണു നമസ്കരിച്ചു. അയാള്‍ രാജാവിനോട് അപേക്ഷിച്ചു: “എന്‍റെ യജമാനനേ, അങ്ങ് യെരൂശലേം വിട്ടുപോയ ദിവസം അടിയന്‍ ചെയ്ത കുറ്റം ക്ഷമിക്കണമേ; അതു തിരുമേനി ഓര്‍ക്കരുതേ. എനിക്ക് തെറ്റുപറ്റിയെന്നു ഞാന്‍ സമ്മതിക്കുന്നു; അതുകൊണ്ട് യജമാനനെ എതിരേല്‌ക്കാന്‍ യോസേഫിന്‍റെ ഗോത്രത്തില്‍നിന്നു മറ്റാരെക്കാളും മുമ്പായി അടിയന്‍ എത്തിയിരിക്കുന്നു.” അപ്പോള്‍ സെരൂയായുടെ പുത്രന്‍ അബീശായി പറഞ്ഞു: “സര്‍വേശ്വരന്‍റെ അഭിഷിക്തനെ ശപിച്ച ശിമെയിയെ വധിക്കേണ്ടതല്ലേ?” എന്നാല്‍ രാജാവ് പറഞ്ഞു: “സെരൂയായുടെ പുത്രന്മാരേ, നിങ്ങള്‍ക്ക് ഇതില്‍ എന്തു കാര്യം? നിങ്ങള്‍ എന്‍റെ എതിരാളികള്‍ ആവുകയാണോ? ഞാന്‍ തന്നെയാണല്ലോ ഇസ്രായേലിന്‍റെ രാജാവ്. ഇന്ന് ഒരു ഇസ്രായേല്യനെയും കൊല്ലാന്‍ പാടില്ല.” പിന്നീട് രാജാവ് ശിമെയിയോടു ശപഥം ചെയ്തു: “നീ മരിക്കുകയില്ല.” ശൗലിന്‍റെ പൗത്രനായ മെഫീബോശെത്തും രാജാവിനെ എതിരേല്‌ക്കാന്‍ വന്നു. രാജാവ് യെരൂശലേം വിട്ടുപോയതിനുശേഷം സുരക്ഷിതനായി തിരികെ വരുന്നതുവരെ അവന്‍ കാലുകള്‍ കഴുകുകയോ, താടി കത്രിക്കുകയോ വസ്ത്രം അലക്കുകയോ ചെയ്തിരുന്നില്ല. അയാള്‍ യെരൂശലേമില്‍നിന്നു തന്നെ എതിരേല്‌ക്കാന്‍ വന്നപ്പോള്‍ രാജാവു ചോദിച്ചു: “മെഫീബോശെത്തേ, നീ എന്‍റെകൂടെ പോരാഞ്ഞതെന്ത്?” അയാള്‍ പറഞ്ഞു: “യജമാനനേ, അടിയന്‍ മുടന്തനാണെന്ന് അങ്ങേക്ക് അറിയാമല്ലോ. അങ്ങയുടെ കൂടെ പോരാന്‍ കഴുതയെ ഒരുക്കണമെന്ന് അടിയന്‍ ഭൃത്യനോടു പറഞ്ഞെങ്കിലും അവന്‍ എന്നെ ചതിച്ചു. അടിയനെപ്പറ്റി അങ്ങയോടു നുണയും പറഞ്ഞു. എന്നാല്‍ അങ്ങ് അടിയനു ദൈവദൂതനെപ്പോലെയാണ്; അങ്ങയുടെ ഇഷ്ടംപോലെ എന്നോട് ചെയ്തുകൊള്ളുക. അങ്ങയുടെ മുമ്പാകെ അടിയന്‍റെ ഭവനക്കാരെല്ലാവരും വധിക്കപ്പെടേണ്ടവരായിരുന്നു; എങ്കിലും അങ്ങയുടെ കൂടെ ഭക്ഷണം കഴിക്കുന്നവരോടൊപ്പം അടിയന് സ്ഥാനം നല്‌കി. അങ്ങയോട് അപേക്ഷിക്കാന്‍ എനിക്ക് എന്ത് അവകാശമാണുള്ളത്?” രാജാവ് അയാളോട്: “നീ എന്തിന് ഏറെ പറയുന്നു? നീയും സീബയും കൂടി ശൗലിന്‍റെ ഭൂസ്വത്തുക്കള്‍ പങ്കിട്ടുകൊള്ളുക.” മെഫീബോശെത്ത് രാജാവിനോടു പറഞ്ഞു: “അവയെല്ലാം അവന്‍ എടുത്തുകൊള്ളട്ടെ. അങ്ങു സുരക്ഷിതനായി കൊട്ടാരത്തില്‍ മടങ്ങി എത്തിയല്ലോ; എനിക്കതുമതി.” ഗിലെയാദുകാരനായ ബര്‍സില്ലായിയും രാജാവിനെ യോര്‍ദ്ദാന്‍നദി കടത്തിവിടാന്‍ രോഗെലീമില്‍നിന്നു വന്നിരുന്നു. അയാള്‍ എണ്‍പതു വയസ്സുള്ള വൃദ്ധനായിരുന്നു. രാജാവ് മഹനയീമില്‍ പാര്‍ത്തിരുന്ന കാലത്തു ധനികനായ അയാള്‍ ഭക്ഷണസാധനങ്ങള്‍ അദ്ദേഹത്തിനു നല്‌കിയിരുന്നു. “എന്‍റെ കൂടെ യെരൂശലേമിലേക്കു വരിക; ഞാന്‍ നിന്നെ സംരക്ഷിച്ചുകൊള്ളാം” എന്നു രാജാവ് അയാളോടു പറഞ്ഞു. ബര്‍സില്ലായി പറഞ്ഞു: “ഞാന്‍ അങ്ങയുടെ കൂടെ യെരൂശലേമിലേക്കു വരുന്നതെന്തിന്? ഞാനിനി എത്രനാള്‍ ജീവിച്ചിരിക്കും? എനിക്കിപ്പോള്‍ എണ്‍പതു വയസ്സായി. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവ് എനിക്കില്ല. ഭക്ഷണപാനീയങ്ങളുടെ സ്വാദും അറിഞ്ഞുകൂടാ; ഗായകന്‍റെയോ ഗായികയുടെയോ ഗാനം കേട്ട് ആസ്വദിക്കാനും കഴിവില്ല. ഞാന്‍ വന്ന് എന്‍റെ യജമാനനെ കൂടുതല്‍ ഭാരപ്പെടുത്തുന്നത് എന്തിന്? അങ്ങ് എനിക്ക് ഇത്ര വലിയ പ്രത്യുപകാരം തരുന്നതെന്തിന്? ഞാന്‍ അങ്ങയോടൊപ്പം യോര്‍ദ്ദാനക്കരെ കുറച്ചു ദൂരംവരെ വരാം. പിന്നീട് മടങ്ങിപ്പോരാന്‍ അങ്ങ് എന്നെ അനുവദിച്ചാലും. എന്‍റെ സ്വന്തം പട്ടണത്തില്‍, എന്‍റെ മാതാപിതാക്കളുടെ കല്ലറയ്‍ക്കടുത്തുതന്നെ ഞാനും വിശ്രമിക്കട്ടെ. ഇതാ, അങ്ങയുടെ ദാസനായ കിംഹാം; അവന്‍ അങ്ങയുടെകൂടെ പോരട്ടെ; അങ്ങേക്ക് ഇഷ്ടമുള്ളത് അവനു ചെയ്തുകൊടുത്താലും.” രാജാവു പ്രതിവചിച്ചു: “കിംഹാം എന്നോടുകൂടെ പോരട്ടെ; നിനക്കു നല്ലതെന്നു തോന്നുന്നതെന്തും ഞാന്‍ അവനു ചെയ്തുകൊടുക്കാം. നീ എന്നില്‍നിന്ന് ആഗ്രഹിക്കുന്നതെന്തും ഞാന്‍ നിനക്കും ചെയ്തുതരും.” ജനമെല്ലാം യോര്‍ദ്ദാന്‍ കടന്നു; രാജാവും മറുകരയില്‍ എത്തി. അദ്ദേഹം ബര്‍സില്ലായിയെ ചുംബിച്ച് ആശീര്‍വദിച്ചു. ബര്‍സില്ലായി സ്വന്തഭവനത്തിലേക്കു മടങ്ങിപ്പോയി. രാജാവ് ഗില്ഗാലിലേക്കു പോയി; കിംഹാമും കൂടെ ഉണ്ടായിരുന്നു. സകല യെഹൂദ്യരും ഇസ്രായേല്‍ജനത്തില്‍ പകുതി ആളുകളും രാജാവിന് അകമ്പടി സേവിച്ചു. അപ്പോള്‍ ഇസ്രായേല്‍ജനമെല്ലാം രാജാവിന്‍റെ സമീപത്തു ചെന്നു ചോദിച്ചു: “ഞങ്ങളുടെ സഹോദരരായ യെഹൂദ്യര്‍ അങ്ങയെയും കുടുംബത്തെയും എല്ലാ പരിചാരകരെയും രഹസ്യമായി യോര്‍ദ്ദാന്‍ കടത്തിക്കൊണ്ടു പോയത് എന്ത്?” അപ്പോള്‍ യെഹൂദ്യര്‍ ഇസ്രായേല്യരോടു പറഞ്ഞു: “രാജാവ് ഞങ്ങളുടെ അടുത്ത ചാര്‍ച്ചക്കാരനായതുകൊണ്ടാണ് അങ്ങനെ ചെയ്തത്. അതിനു നിങ്ങള്‍ എന്തിനു കോപിക്കുന്നു? രാജാവിന്‍റെ ചെലവില്‍ ഞങ്ങള്‍ വല്ലതും ഭക്ഷിച്ചോ? അദ്ദേഹം ഞങ്ങള്‍ക്കു വല്ല സമ്മാനവും തന്നോ?” ഇസ്രായേല്യര്‍ മറുപടി പറഞ്ഞു: “അദ്ദേഹം നിങ്ങളില്‍ ഒരാള്‍ ആണെങ്കിലും രാജാവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കു പത്ത് ഓഹരിയുണ്ട്. എന്നിട്ടും എന്തുകൊണ്ട് നിങ്ങള്‍ ഞങ്ങളെ അവഗണിച്ചു? രാജാവിനെ മടക്കിക്കൊണ്ടു വരുന്ന കാര്യം ആദ്യം പറഞ്ഞതു ഞങ്ങളല്ലേ?” യെഹൂദ്യരുടെ വാക്കുകള്‍ ഇസ്രായേല്യരുടേതിലും പരുഷമായിരുന്നു. ബെന്യാമീന്‍ഗോത്രത്തിലെ ബിക്രിയുടെ പുത്രന്‍ ശേബ എന്ന ഒരു നീചനായ മനുഷ്യന്‍ അവിടെ ഉണ്ടായിരുന്നു. അവന്‍ കാഹളമൂതി പറഞ്ഞു: “ദാവീദുമായി നമുക്ക് എന്തു ബന്ധം? യിശ്ശായിയുടെ പുത്രനില്‍ നമുക്ക് എന്ത് അവകാശം? ഇസ്രായേല്യരേ, നിങ്ങള്‍ ഭവനങ്ങളിലേക്കു മടങ്ങിപ്പോകുവിന്‍.” അതു കേട്ട് ഇസ്രായേല്യര്‍ ദാവീദിനെ ഉപേക്ഷിച്ചു ബിക്രിയുടെ പുത്രനായ ശേബയുടെ പക്ഷത്തു ചേര്‍ന്നു. യെഹൂദ്യരാകട്ടെ ദാവീദുരാജാവിന്‍റെ പക്ഷത്തുതന്നെ നിന്നു; യോര്‍ദ്ദാന്‍മുതല്‍ യെരൂശലേംവരെ അവര്‍ അദ്ദേഹത്തെ അനുഗമിച്ചു. ദാവീദ് കൊട്ടാരത്തിലെത്തിയശേഷം കൊട്ടാരം സൂക്ഷിക്കാന്‍ നിയോഗിച്ചിരുന്ന പത്ത് ഉപഭാര്യമാരെയും വീട്ടുതടങ്കലിലാക്കി. അവരുടെ ദൈനംദിനാവശ്യങ്ങള്‍ നല്‌കിയെങ്കിലും അവരെ പ്രാപിച്ചില്ല. അവര്‍ ജീവിതകാലം മുഴുവന്‍ അവിടെ വിധവകളെപ്പോലെ ജീവിച്ചു. രാജാവ് അമാസയോട്: “യെഹൂദ്യയിലെ പുരുഷന്മാരെയെല്ലാം മൂന്നു ദിവസത്തിനകം എന്‍റെ അടുക്കല്‍ കൊണ്ടുവരിക” എന്നു പറഞ്ഞു. അമാസ അവരെ വിളിച്ചുകൂട്ടുവാന്‍ പോയി. എങ്കിലും രാജാവു കല്പിച്ചിരുന്ന സമയത്തിനുള്ളില്‍ അയാള്‍ തിരിച്ചെത്തിയില്ല. ദാവീദ് അബീശായിയോടു: “ബിക്രിയുടെ പുത്രനായ ശേബ അബ്ശാലോമിനെക്കാള്‍ അധികം ഉപദ്രവം ചെയ്യും; അതുകൊണ്ട് എന്‍റെ സൈന്യങ്ങളെക്കൂട്ടി അവനെ പിന്തുടരുക; അല്ലാഞ്ഞാല്‍ കോട്ട കെട്ടി ഉറപ്പിച്ച ചില പട്ടണങ്ങള്‍ കൈവശപ്പെടുത്തി അവന്‍ നമുക്ക് ഉപദ്രവം ഉണ്ടാക്കും.” അങ്ങനെ യോവാബും കൂടെയുള്ള ക്രേത്യരും പെലേത്യരും മറ്റു യുദ്ധവീരന്മാരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരാന്‍ അബീശായിയുടെ കൂടെ യെരൂശലേമില്‍നിന്നു പുറപ്പെട്ടു. ഗിബെയോനിലെ വലിയ പാറയുടെ അടുത്തെത്തിയപ്പോള്‍ അമാസ അവര്‍ക്കെതിരെ വരുന്നത് അവര്‍ കണ്ടു; യോവാബു ധരിച്ചിരുന്ന പടച്ചട്ടയുടെ മീതെയുള്ള അരക്കെട്ടില്‍ വാള്‍ തൂക്കിയിട്ടിരുന്നു. അവന്‍ മുന്നോട്ട് നടന്നപ്പോള്‍ വാള്‍ ഉറയില്‍നിന്ന് ഊരി പുറത്തേക്കു തള്ളിനിന്നു. “സഹോദരാ, സുഖം തന്നെയോ” എന്നു യോവാബ് അമാസയോടു ചോദിച്ചു; ചുംബനം ചെയ്യാന്‍ എന്ന ഭാവത്തില്‍ യോവാബു വലതുകൈകൊണ്ട് അമാസയുടെ താടിക്കു പിടിച്ചു. യോവാബിന്‍റെ കൈയിലിരുന്ന വാള്‍ അമാസ ശ്രദ്ധിച്ചില്ല. യോവാബ് അയാളുടെ വയറ്റത്തു കുത്തി; കുടല്‍ പുറത്തു ചാടി നിലത്തു വീണു. പിന്നെയും ഒരു കുത്തുകൂടി വേണ്ടിവന്നില്ല; അയാള്‍ മരിച്ചു. പിന്നീട് യോവാബും സഹോദരനായ അബീശായിയും കൂടി ബിക്രിയുടെ പുത്രനായ ശേബയെ പിന്തുടര്‍ന്നു. യോവാബിന്‍റെ സൈനികരില്‍ ഒരാള്‍ അമാസയുടെ മൃതശരീരത്തിന്‍റെ അടുത്തുനിന്നുകൊണ്ടു വിളിച്ചുപറഞ്ഞു: “യോവാബിന്‍റെയും ദാവീദിന്‍റെയും പക്ഷത്തുള്ളവര്‍ യോവാബിനെ അനുഗമിക്കട്ടെ.” അമാസയുടെ ജഡം രക്തത്തില്‍ കുളിച്ചു വഴിമധ്യേ കിടക്കുകയായിരുന്നു. ആ വഴി വന്നവര്‍ അതു നോക്കിനിന്നതുകൊണ്ട് അയാള്‍ അമാസയുടെ ജഡം വയലിലേക്കു വലിച്ചുമാറ്റി, ഒരു തുണികൊണ്ട് അതു മൂടി. അയാളുടെ ശരീരം വഴിയില്‍നിന്നു മാറ്റിയശേഷം എല്ലാവരും ശേബയെ പിടികൂടാന്‍ യോവാബിനെ അനുഗമിച്ചു. ശേബ സകല ഇസ്രായേല്‍ഗോത്രക്കാരുടെയും ഇടയില്‍ക്കൂടി കടന്ന് ആബേല്‍-ബേത്ത്മാഖ എന്ന പട്ടണത്തില്‍ എത്തി; ബിക്രിയുടെ വംശത്തില്‍പ്പെട്ട സകലരും അയാളെ അനുഗമിച്ചു. യോവാബിന്‍റെ അനുയായികള്‍ ആ പട്ടണം വളഞ്ഞു; അതിനെതിരേ ഒരു മണ്‍തിട്ട ഉണ്ടാക്കി; പട്ടണമതില്‍ ഇടിച്ചുനിരത്താന്‍ തുടങ്ങി. അവിടെ വിവേകവതിയായ ഒരു സ്‍ത്രീ ഉണ്ടായിരുന്നു; അവള്‍ മതിലിന്‍റെ മുകളില്‍നിന്ന് ഉറക്കെ വിളിച്ചുപറഞ്ഞു: “കേട്ടാലും, കേട്ടാലും; യോവാബ് ഇവിടംവരെ ഒന്നു വരാന്‍ പറയണേ; അദ്ദേഹത്തോടു സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” യോവാബ് അവളുടെ അടുത്തു ചെന്നു. “അങ്ങു യോവാബു തന്നെയോ” എന്നവള്‍ ചോദിച്ചു. “അതേ” എന്ന് അയാള്‍ മറുപടി പറഞ്ഞു. അവള്‍ യോവാബിനോടു പറഞ്ഞു: “അടിയന്‍ പറയുന്നതു ശ്രദ്ധിച്ചുകേട്ടാലും.” “പറയൂ” എന്നു യോവാബു പ്രതിവചിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞു: “ആബേല്‍നഗരത്തില്‍ ചെന്ന് ഉപദേശം സ്വീകരിക്കുവിന്‍ എന്ന് പണ്ടു പറയുകയും അങ്ങനെ പ്രശ്നങ്ങള്‍ തീര്‍ത്തുവരികയും ചെയ്തിരുന്നു. ഇസ്രായേലില്‍ ശാന്തതയും വിശ്വസ്തതയും ഉള്ളവരില്‍ ഒരുവളാണു ഞാന്‍. ഇസ്രായേലിലെ ഒരു അമ്മയായ ഈ നഗരത്തെയാണ് അങ്ങ് നശിപ്പിക്കാന്‍ ഒരുങ്ങുന്നത്. സര്‍വേശ്വരന്‍റെ അവകാശത്തില്‍പ്പെട്ട ഈ നഗരം അങ്ങ് എന്തിനു നശിപ്പിക്കുന്നു?” യോവാബ് പറഞ്ഞു: “നിങ്ങളുടെ പട്ടണത്തെ നശിപ്പിക്കാനോ തകര്‍ക്കാനോ എനിക്ക് അശ്ശേഷം ആഗ്രഹമില്ല; ഞാന്‍ അങ്ങനെ ചെയ്യുകയില്ല; ഞങ്ങളുടെ ലക്ഷ്യം അതല്ല. എഫ്രയീംമലനാട്ടിലെ ബിക്രിയുടെ പുത്രന്‍ ശേബ ദാവീദുരാജാവിനെതിരെ മത്സരം ആരംഭിച്ചിരിക്കുന്നു. ഞങ്ങളുടെ കൈയില്‍ അവനെ ഏല്പിച്ചുതരിക; ഞങ്ങള്‍ പിന്‍വാങ്ങിക്കൊള്ളാം.” “അവന്‍റെ തല മതിലിന്‍റെ മുകളില്‍ക്കൂടി എറിഞ്ഞുതരാം” എന്നവള്‍ പറഞ്ഞു. അവള്‍ പട്ടണനിവാസികളെ സമീപിച്ചു; തന്‍റെ ബുദ്ധിവൈഭവംകൊണ്ട് അവള്‍ അവരെ അതിനു സമ്മതിപ്പിച്ചു. അവര്‍ ശേബയുടെ തല വെട്ടിയെടുത്ത് മതിലിന്‍റെ മുകളില്‍ക്കൂടി യോവാബിന്‍റെ അടുക്കലേക്ക് എറിഞ്ഞുകൊടുത്തു. അപ്പോള്‍ അയാള്‍ കാഹളം ഊതി; സൈനികര്‍ പട്ടണം വിട്ടു തങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോയി; യോവാബ് യെരൂശലേമില്‍ രാജാവിന്‍റെ അടുത്തേക്കും പോയി. യോവാബ് ഇസ്രായേല്‍സൈന്യത്തിന്‍റെയെല്ലാം അധിപനായിരുന്നു. യെഹോയാദയുടെ പുത്രനായ ബെനായാ രാജാവിന്‍റെ അംഗരക്ഷകരായ ക്രേത്യരുടെയും പെലേത്യരുടെയും അധിപനും അദോരാം അടിമകളുടെ തലവനും അഹീലൂദിന്‍റെ പുത്രന്‍ യെഹോശാഫാത്ത് എഴുത്തുകാരനും ശെവാ കാര്യദര്‍ശിയും സാദോക്കും അബ്യാഥാരും പുരോഹിതന്മാരും ആയിരുന്നു. യായീര്‍കാരനായ ഈരയും ദാവീദിന്‍റെ പുരോഹിതഗണത്തില്‍ ഒരാളായിരുന്നു. ദാവീദിന്‍റെ ഭരണകാലത്തു മൂന്നു വര്‍ഷം തുടര്‍ച്ചയായി ക്ഷാമമുണ്ടായി. അപ്പോള്‍ ദാവീദ് സര്‍വേശ്വരന്‍റെ അരുളപ്പാട് ആരാഞ്ഞു. അവിടുന്ന് അരുളിച്ചെയ്തു: “ഗിബെയോന്യരെ വധിച്ചതില്‍ ശൗലും അവന്‍റെ കുടുംബക്കാരും രക്തപാതകരാണ്. ഗിബെയോന്യര്‍ ഇസ്രായേല്യരല്ല; അവര്‍ അമോര്യരുടെ കൂട്ടത്തില്‍ ശേഷിച്ചിരുന്നവരായിരുന്നു. അവരെ സംരക്ഷിച്ചുകൊള്ളാമെന്ന് ഇസ്രായേല്യര്‍ പ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ ഇസ്രായേല്യരെയും യെഹൂദ്യരെയും കുറിച്ചുള്ള ഉല്‍ക്കടമായ ശുഷ്കാന്തി നിമിത്തം ശൗല്‍ അവരെയും സംഹരിക്കാന്‍ ശ്രമിച്ചു. ദാവീദ്‍രാജാവ് ഗിബെയോന്യരെ വിളിപ്പിച്ചു ചോദിച്ചു: “ഞാന്‍ നിങ്ങള്‍ക്കുവേണ്ടി എന്തു ചെയ്തു തരണം? സര്‍വേശ്വരന്‍റെ ജനത്തിനു നിങ്ങള്‍ നന്മ നേരുന്നതിനായി എന്തു പ്രായശ്ചിത്തമാണു ഞാന്‍ ചെയ്യേണ്ടത്?” ഗിബെയോന്യര്‍ പറഞ്ഞു: “ശൗലും കുടുംബവുമായുള്ള ഞങ്ങളുടെ എതിര്‍പ്പ് വെള്ളിയോ സ്വര്‍ണമോ കൊണ്ടു തീരുന്നതല്ല; ഇസ്രായേലില്‍ ആരെയെങ്കിലും കൊല്ലണമെന്നു ഞങ്ങള്‍ക്കു ആഗ്രഹമില്ല.” ദാവീദു വീണ്ടും ചോദിച്ചു: “എന്നാല്‍ പിന്നെ എന്തു ചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?” അവര്‍ പറഞ്ഞു: “ഇസ്രായേലില്‍ എങ്ങും ഞങ്ങളില്‍ ആരും ശേഷിക്കാത്തവിധം ഞങ്ങളെ നശിപ്പിക്കാന്‍ ആലോചിക്കുകയും ഞങ്ങളെ സംഹരിക്കുകയും ചെയ്ത ആ മനുഷ്യന്‍റെ പുത്രന്മാരില്‍ ഏഴു പേരെ ഞങ്ങളുടെ കൈയില്‍ ഏല്പിച്ചുതരിക. സര്‍വേശ്വരന്‍റെ പര്‍വതമായ ഗിബെയോനില്‍ അവിടുത്തെ സന്നിധിയില്‍ ഞങ്ങള്‍ അവരെ തൂക്കിക്കൊല്ലട്ടെ.” “ഞാന്‍ അവരെ ഏല്പിച്ചു തരാം” എന്നു രാജാവു പറഞ്ഞു. സര്‍വേശ്വരന്‍റെ നാമത്തില്‍ യോനാഥാനുമായി ചെയ്തിരുന്ന പ്രതിജ്ഞ നിമിത്തം ശൗലിന്‍റെ പൗത്രനും യോനാഥാന്‍റെ പുത്രനുമായ മെഫീബോശെത്തിനെ ആ ഏഴു പേരില്‍ ഉള്‍പ്പെടുത്തിയില്ല. അയ്യായുടെ മകളായ രിസ്പായില്‍ ശൗലിനു ജനിച്ച പുത്രന്മാരായ അര്‍മ്മോനിയെയും മെഫീബോശെത്തിനെയും ശൗലിന്‍റെ പുത്രിയായ മീഖളില്‍ മെഹോലാത്യനും ബര്‍സില്ലായിയുടെ പുത്രനുമായ അദ്രീയേലിനു ജനിച്ച അഞ്ചു പുത്രന്മാരെയും രാജാവ് ഗിബെയോന്യരുടെ കൈയില്‍ ഏല്പിച്ചു. ഗിബെയോന്യര്‍ അവരെ സര്‍വേശ്വരന്‍റെ സന്നിധിയില്‍ മലമുകളില്‍വച്ചു കൊന്നു. അവര്‍ ഏഴു പേരും ഒരേ സമയം മരിച്ചു. ബാര്‍ലി കൊയ്ത്തിന്‍റെ ആരംഭത്തിലാണ് ഇതു സംഭവിച്ചത്. അയ്യായുടെ മകള്‍ രിസ്പാ ചാക്കുതുണി പാറമേല്‍ വിരിച്ച് അവിടെ കിടന്നു. കൊയ്ത്തുകാലത്തിന്‍റെ ആരംഭംമുതല്‍ മഴക്കാലം തുടങ്ങുന്നതുവരെ, പകല്‍ പക്ഷികളെയും രാത്രി കാട്ടുമൃഗങ്ങളെയും ആ മൃതദേഹങ്ങളില്‍നിന്ന് അവള്‍ ആട്ടിയോടിച്ചു. രിസ്പാ പ്രവര്‍ത്തിച്ചതു ദാവീദ് അറിഞ്ഞു. ദാവീദു ചെന്നു ഗിലെയാദിലെ യാബേശ്യരില്‍നിന്നു ശൗലിന്‍റെയും യോനാഥാന്‍റെയും അസ്ഥികള്‍ ശേഖരിച്ചു. ഫെലിസ്ത്യര്‍ ഗില്‍ബോവാ പര്‍വതത്തില്‍വച്ച് അവരെ കൊന്നിട്ട് മൃതശരീരങ്ങള്‍ ബേത്ത്-ശാന്‍ നഗരവീഥിയില്‍ കെട്ടിത്തൂക്കിയിരുന്നു; ഗിലെയാദിലെ യാബേശ്യര്‍ അവരുടെ ശരീരം അവിടെനിന്നു മോഷ്‍ടിച്ചു കൊണ്ടുപോയി. ശൗലിന്‍റെയും യോനാഥാന്‍റെയും അസ്ഥികള്‍ ദാവീദ് അവിടെനിന്നു വരുത്തി; തൂക്കിക്കൊല്ലപ്പെട്ട ഏഴുപേരുടെയും അസ്ഥികളും ശേഖരിച്ചു. ശൗലിന്‍റെയും യോനാഥാന്‍റെയും അസ്ഥികള്‍ ബെന്യാമീന്യരുടെ ദേശത്തുള്ള സേലയില്‍ ശൗലിന്‍റെ പിതാവായ കീശിന്‍റെ കല്ലറയില്‍ സംസ്കരിച്ചു. രാജാവ് കല്പിച്ചതെല്ലാം അവര്‍ പ്രവര്‍ത്തിച്ചു. പിന്നീട് രാജ്യത്തിനു വേണ്ടിയുള്ള അവരുടെ പ്രാര്‍ഥന ദൈവം കേട്ടു. ഫെലിസ്ത്യരും ഇസ്രായേല്യരും തമ്മില്‍ വീണ്ടും യുദ്ധമുണ്ടായി. ദാവീദും അനുയായികളും ഫെലിസ്ത്യരോട് ഏറ്റുമുട്ടി. ദാവീദു തളര്‍ന്നു; അപ്പോള്‍ ഇശ്ബി-ബെനോബ് എന്ന മല്ലന്‍ ദാവീദിനെ കൊല്ലാന്‍ ഒരുമ്പെട്ടു. മുന്നൂറു ശേക്കെല്‍ തൂക്കമുള്ള ഒരു ഓട്ടുകുന്തവും ഒരു പുതിയ വാളും അയാള്‍ ധരിച്ചിരുന്നു. എന്നാല്‍ സെരൂയായുടെ പുത്രനായ അബീശായി ദാവീദിന്‍റെ സഹായത്തിനെത്തി. അയാള്‍ ഫെലിസ്ത്യനെ ആക്രമിച്ചുകൊന്നു. മേലില്‍ തങ്ങളോടൊപ്പം യുദ്ധത്തിനു പുറപ്പെടുകയില്ലെന്നു ദാവീദിനെക്കൊണ്ടു പടയാളികള്‍ ശപഥം ചെയ്യിച്ചു. “ഇസ്രായേലിന്‍റെ ദീപം അവിടുന്നാണ്; അത് അണയാന്‍ പാടില്ല” എന്ന് അവര്‍ പറഞ്ഞു. പിന്നീട് ഗോബില്‍വച്ചു ഫെലിസ്ത്യരുമായി വീണ്ടും യുദ്ധമുണ്ടായി. അവിടെവച്ചു ഹൂശാത്യനായ സിബ്ബെഖായി മല്ലനായ സഫിനെ കൊന്നു. ഗോബില്‍ വച്ചു ഫെലിസ്ത്യരുമായി വീണ്ടും ഒരു യുദ്ധം ഉണ്ടായി. അതില്‍ ബേത്‍ലഹേമ്യനായ യാരെ-ഓരെഗീമിന്‍റെ മകനായ എല്‍ഹാനാന്‍ ഗിത്യനായ ഗോല്യാത്തിനെ കൊന്നു; അയാളുടെ കുന്തത്തിന്‍റെ തണ്ട് നെയ്ത്തുതറിയുടെ നീണ്ടതടിപോലെയുള്ളതായിരുന്നു. ഗത്തില്‍വച്ച് വീണ്ടും യുദ്ധം നടന്നു. അവിടെ ഒരു അതികായന്‍ ഉണ്ടായിരുന്നു; അവന്‍റെ കൈകാലുകള്‍ക്ക് ഒന്നിന് ആറു വീതം ഇരുപത്തിനാലു വിരലുകള്‍ ഉണ്ടായിരുന്നു. അയാളും മല്ലന്മാരുടെ പിന്‍തലമുറക്കാരന്‍ ആയിരുന്നു. ഇസ്രായേലിനെ അധിക്ഷേപിച്ച അയാളെ ദാവീദിന്‍റെ സഹോദരനായ ശിമെയിയുടെ പുത്രന്‍ യോനാഥാന്‍ വധിച്ചു. ഈ നാലു പേരും ഗത്തിലെ മല്ലന്മാരില്‍പ്പെട്ടവരായിരുന്നു. ദാവീദും അനുയായികളും കൂടി അവരെ സംഹരിച്ചു. സര്‍വേശ്വരന്‍ ദാവീദിനെ ശൗലില്‍നിന്നും സകല ശത്രുക്കളില്‍നിന്നും രക്ഷിച്ചപ്പോള്‍ ദാവീദ് ഈ ഗീതം ആലപിച്ചു: സര്‍വേശ്വരന്‍ എന്‍റെ അഭയശിലയും രക്ഷാദുര്‍ഗവും എന്‍റെ വിമോചകനും അവിടുന്നു തന്നെ എന്‍റെ ദൈവവും എനിക്ക് അഭയം തരുന്ന എന്‍റെ പാറയും എന്നെ സംരക്ഷിക്കുന്ന പരിചയും അങ്ങു തന്നെ. അവിടുന്ന് എന്‍റെ രക്ഷയുടെ കൊമ്പും അഭയസങ്കേതവും രക്ഷകനും ആകുന്നു. അവിടുന്ന് എന്നെ അക്രമത്തില്‍നിന്നു വിടുവിക്കുന്നു. സര്‍വേശ്വരനു സ്തോത്രം. ഞാന്‍ അവിടുത്തെ വിളിച്ചപേക്ഷിച്ചു; എന്‍റെ ശത്രുക്കളില്‍നിന്ന് അവിടുന്നെന്നെ രക്ഷിച്ചു. മരണത്തിന്‍റെ തിരമാലകള്‍ എന്നെ വലയം ചെയ്തു; വിനാശത്തിന്‍റെ പ്രവാഹം എന്‍റെ മീതെ കവിഞ്ഞൊഴുകി പാതാളപാശങ്ങള്‍ എന്നെ ചുറ്റിവരിഞ്ഞു മരണത്തിന്‍റെ കെണികള്‍ എന്നെ പിടികൂടി. എന്‍റെ കഷ്ടതയില്‍ ഞാന്‍ സര്‍വേശ്വരനെ വിളിച്ചപേക്ഷിച്ചു; എന്‍റെ ദൈവത്തോടു ഞാന്‍ നിലവിളിച്ചു; അവിടുന്നു തന്‍റെ ആലയത്തില്‍നിന്ന് എന്‍റെ അപേക്ഷ കേട്ടു. എന്‍റെ നിലവിളി അവിടുത്തെ കാതുകളിലെത്തി. അപ്പോള്‍ അവിടുത്തെ കോപത്താല്‍ ഭൂമി ഞെട്ടിവിറച്ചു; ആകാശത്തിന്‍റെ അടിസ്ഥാനം ഇളകി. അവിടുത്തെ മൂക്കില്‍നിന്നു പുക ഉയര്‍ന്നു. വായില്‍നിന്നു സംഹാരാഗ്നി വമിച്ചു. അതില്‍നിന്നു തീക്കനല്‍ ആളിക്കത്തി. അവിടുന്ന് ആകാശം ഭേദിച്ചിറങ്ങി കൂരിരുള്‍ അവിടുത്തെ കാല്‌ക്കീഴിലുണ്ടായിരുന്നു. അവിടുന്നു കെരൂബിനെ വാഹനമാക്കി പറന്നു; കാറ്റിന്‍റെ ചിറകുകളില്‍ അവിടുന്ന് അതിശീഘ്രം പറന്നെത്തി. കൂരിരുട്ടിനെ അവിടുന്ന് ആവരണമാക്കി; ജലം നിറഞ്ഞ കാര്‍മേഘങ്ങളെ മേല്‍വിരിപ്പുമാക്കി. തിരുസന്നിധിയിലെ ഉജ്ജ്വലതേജസ്സാല്‍ തീക്കനല്‍ ജ്വലിച്ചു. സര്‍വേശ്വരന്‍ ആകാശത്ത് ഇടിനാദം മുഴക്കി; അത്യുന്നതന്‍ തന്‍റെ ശബ്ദം കേള്‍പ്പിച്ചു. അവിടുന്ന് അസ്ത്രം അയച്ചു ശത്രുക്കളെ ചിതറിച്ചു മിന്നല്‍പ്പിണരുകളാല്‍ അവരെ തുരത്തി. സര്‍വേശ്വരന്‍റെ ഭര്‍ത്സനത്താല്‍, അവിടുത്തെ നിശ്വാസത്തിന്‍റെ കൊടുങ്കാറ്റിനാല്‍ ആഴിയുടെ അടിത്തട്ടു ദൃശ്യമായി. ഭൂമിയുടെ അടിസ്ഥാനങ്ങള്‍ അനാവൃതമായി. അവിടുന്ന് ഉയരത്തില്‍നിന്നു കൈ നീട്ടി എന്നെ പിടിച്ചു പെരുവെള്ളത്തില്‍നിന്ന് എന്നെ വലിച്ചെടുത്തു കരുത്തനായ ശത്രുവില്‍നിന്നും എന്നെ വെറുത്തവരില്‍നിന്നും അവിടുന്ന് എന്നെ വിടുവിച്ചു. അവര്‍ എന്നെക്കാള്‍ ശക്തരായിരുന്നു. എന്‍റെ കഷ്ടകാലത്ത് അവര്‍ എന്നെ ആക്രമിച്ചു; എങ്കിലും സര്‍വേശ്വരന്‍ എനിക്കു തുണയായിരുന്നു. അവിടുന്ന് എന്നെ രക്ഷിച്ചു; എന്നില്‍ പ്രസാദിച്ച് എന്നെ വിടുവിച്ചു. എന്‍റെ ധര്‍മനിഷ്ഠയ്‍ക്കൊത്തവിധം സര്‍വേശ്വരന്‍ എനിക്കു പ്രതിഫലം നല്‌കി എന്‍റെ കരങ്ങളുടെ നിര്‍മ്മലതയ്‍ക്കൊത്ത വിധം എനിക്കു പകരം നല്‌കി. സര്‍വേശ്വരന്‍റെ പാതയില്‍ ഞാന്‍ ചരിച്ചു; തിന്മ ചെയ്ത് എന്‍റെ ദൈവത്തില്‍നിന്ന് ഞാന്‍ അകന്നു പോയതുമില്ല. അവിടുത്തെ കല്പനകളെല്ലാം ഞാന്‍ പാലിച്ചു; അവിടുത്തെ നിയമങ്ങള്‍ ഞാന്‍ വിട്ടു നടന്നിട്ടുമില്ല. തിരുമുമ്പില്‍ ഞാന്‍ നിഷ്കളങ്കനായിരുന്നു; അകൃത്യങ്ങളില്‍നിന്നു ഞാന്‍ അകന്നുമാറി. എന്‍റെ ധര്‍മ്മനിഷ്ഠയ്‍ക്കും നിര്‍മ്മലതയ്‍ക്കും ഒത്തവിധം അവിടുന്ന് എനിക്കു പ്രതിഫലം നല്‌കി. വിശ്വസ്തനോട് അങ്ങ് വിശ്വസ്തത പുലര്‍ത്തുന്നു നിഷ്കളങ്കനോട് അങ്ങ് നിഷ്കളങ്കനായി വര്‍ത്തിക്കുന്നു നിര്‍മ്മലനോടു അവിടുന്നു നിര്‍മ്മലതയോടെ പെരുമാറുന്നു വക്രബുദ്ധിയോട് അങ്ങ് ക്രൂരനായി വര്‍ത്തിക്കുന്നു എളിയവരെ അങ്ങു രക്ഷിക്കുന്നു അഹങ്കാരികളെ അങ്ങു താഴ്ത്തുന്നു സര്‍വേശ്വരാ, അവിടുന്ന് എന്‍റെ ദീപം; എന്‍റെ അന്ധകാരം അങ്ങ് അകറ്റുന്നു. അങ്ങയോടു ചേര്‍ന്നു ഞാന്‍ ശത്രുക്കളെ ആക്രമിക്കും. എന്‍റെ ദൈവത്തിന്‍റെ സഹായത്താല്‍ ഞാന്‍ കോട്ടകള്‍ ചാടിക്കടക്കും. ദൈവത്തിന്‍റെ വഴി തികവുള്ളത് സര്‍വേശ്വരന്‍റെ വാക്കുകള്‍ വിശ്വാസ്യം. തന്നില്‍ അഭയംതേടുന്നവര്‍ക്ക് അങ്ങു പരിചയാകുന്നു. സര്‍വേശ്വരനല്ലാതെ ദൈവം ആരുണ്ട്? നമ്മുടെ ദൈവം അല്ലാതെ വേറെ അഭയശില ഏത്? ദൈവം എന്‍റെ ശക്തിദുര്‍ഗം അവിടുന്ന് എന്‍റെ മാര്‍ഗം സുഗമമാക്കുന്നു. അവിടുന്ന് എന്‍റെ കാലുകള്‍ക്കു മാന്‍പേടയുടെ വേഗം നല്‌കി. ഉയര്‍ന്ന ഗിരികളില്‍ സുരക്ഷിതനായെന്നെ നിര്‍ത്തി അവിടുന്ന് എന്നെ യുദ്ധമുറ അഭ്യസിപ്പിക്കുന്നു. താമ്രവില്ലുപോലും എനിക്കു കുലയ്‍ക്കാം. അവിടുന്ന് എനിക്കു രക്ഷയുടെ പരിച നല്‌കിയിരിക്കുന്നു; അവിടുത്തെ കാരുണ്യം എന്നെ വലിയവനാക്കിയിരിക്കുന്നു. എന്‍റെ മാര്‍ഗം അവിടുന്നു സുഗമമാക്കി, എന്‍റെ കാലുകള്‍ വഴുതിയില്ല. എന്‍റെ ശത്രുക്കളെ ഞാന്‍ പിന്തുടര്‍ന്നു നശിപ്പിച്ചു; അവരെ നശിപ്പിച്ചു തീരുവോളം ഞാന്‍ പിന്മാറിയില്ല. എഴുന്നേല്‌ക്കാത്തവിധം അവരെ ഞാന്‍ തകര്‍ത്തു; അവര്‍ എന്‍റെ കാല്‍ക്കീഴിലമര്‍ന്നു. യുദ്ധത്തിന് അവിടുന്നു ശക്തികൊണ്ട് എന്‍റെ അര മുറുക്കി ശത്രുക്കളുടെമേല്‍ എനിക്കു വിജയം നല്‌കി. എന്‍റെ ശത്രുക്കളെ അവിടുന്നു പലായനം ചെയ്യിച്ചു. എന്നോടു പക പുലര്‍ത്തിയവരെ ഞാന്‍ സംഹരിച്ചു. സഹായത്തിനുവേണ്ടി അവര്‍ നോക്കി; ആരും അവരെ രക്ഷിച്ചില്ല സര്‍വേശ്വരനെ അവര്‍ വിളിച്ചപേക്ഷിച്ചു; അവിടുന്ന് ഉത്തരം അരുളിയില്ല. നിലത്തെ പൂഴിപോലെ ഞാന്‍ അവരെ പൊടിച്ചു, വീഥിയിലെ ചെളിപോലെ ചവുട്ടിത്തേച്ചു. ജനങ്ങളുടെ പ്രക്ഷോഭത്തില്‍നിന്ന് അവിടുന്നെന്നെ രക്ഷിച്ചു അവിടുന്നെന്നെ ജനതകളുടെ അധിപതിയാക്കി. എനിക്ക് അപരിചിതരായിരുന്ന ജനം എന്നെ സേവിച്ചു. പരദേശികള്‍ വന്ന് എന്നെ വണങ്ങി; എന്‍റെ ആജ്ഞ തല്‍ക്ഷണം അവര്‍ അനുസരിച്ചു. അവര്‍ നിര്‍വീര്യരായി വിറപൂണ്ട് അവരുടെ കോട്ടകളില്‍നിന്ന് ഇറങ്ങിവന്നു. സര്‍വേശ്വരന്‍ ജീവിക്കുന്നു; എന്‍റെ രക്ഷാസങ്കേതം വാഴ്ത്തപ്പെടട്ടെ എനിക്കു രക്ഷ നല്‌കുന്ന ദൈവം സ്തുതിക്കപ്പെടട്ടെ. അവിടുന്ന് എനിക്കുവേണ്ടി പ്രതികാരം ചെയ്ത് ജനതകളെ എനിക്ക് അധീനമാക്കി. ശത്രുക്കളില്‍നിന്ന് അവിടുന്ന് എന്നെ രക്ഷിച്ചു; എതിരാളികളുടെമേല്‍ എന്നെ ഉയര്‍ത്തി. അക്രമികളില്‍നിന്ന് എന്നെ വിടുവിച്ചു. അതുകൊണ്ട് ജനതകളുടെ മധ്യേ ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കും. അവിടുത്തെ നാമത്തിനു ഞാന്‍ സ്തുതി പാടും. അവിടുന്നു തിരഞ്ഞെടുത്ത രാജാവിന് അങ്ങ് വന്‍വിജയം നല്‌കുന്നു; തന്‍റെ അഭിഷിക്തനോടു സുസ്ഥിരസ്നേഹം കാട്ടുന്നു, ദാവീദിനോടും അവന്‍റെ സന്തതികളോടും എന്നെന്നേക്കുംതന്നെ. യിശ്ശായിയുടെ പുത്രന്‍ ദാവീദ്, ദൈവം ഉന്നതിയിലാക്കിയവന്‍, യാക്കോബിന്‍ ദൈവത്തിന്‍റെ അഭിഷിക്തന്‍, ഇസ്രായേലിലെ മധുരഗായകന്‍ പാടുന്നു: സര്‍വേശ്വരന്‍റെ ആത്മാവ് എന്നിലൂടെ അരുളുന്നു; അവിടുത്തെ സന്ദേശം എന്‍റെ നാവിന്മേലുദിക്കുന്നു; ഇസ്രായേലിന്‍റെ ദൈവം മൊഴിഞ്ഞിരിക്കുന്നു; ഇസ്രായേലിന്‍റെ രക്ഷാശില എന്നോട് അരുളിയിരിക്കുന്നു. മനുഷ്യരെ നീതിയോടെ ഭരിക്കുന്നവന്‍, ദൈവഭയത്തോടെ ഭരിക്കുന്നവന്‍, പുലര്‍കാലവെളിച്ചംപോലെ മേഘരഹിതമായ ആകാശത്തിലെ പ്രഭാതസൂര്യനെപ്പോലെ ഇളമ്പുല്ലു മുളപ്പിക്കുന്ന പുതുമഴപോലെ ശോഭിക്കും. എന്‍റെ ഭവനം ദൈവസന്നിധിയില്‍ അങ്ങനെയല്ലേ? അവിടുന്ന് എന്നോട് ഒരു ശാശ്വത ഉടമ്പടി ചെയ്തിരിക്കുന്നു; അലംഘനീയമായ ഒരു ഉടമ്പടി; അവിടുന്ന് എന്നെ രക്ഷിക്കും; എന്‍റെ അഭിലാഷം അവിടുന്നു നിറവേറ്റും. ദൈവഭക്തി ഇല്ലാത്തവന്‍ വലിച്ചെറിയപ്പെട്ട മുള്ളുപോലെ; ആര്‍ക്കും അതു കരംകൊണ്ട് എടുക്കാവുന്നതല്ലല്ലോ. ഇരുമ്പുകമ്പിയോ കുന്തത്തിന്‍റെ പിടിയോ വേണം അതു തൊടാന്‍; അതു മുഴുവന്‍ ചുട്ടെരിക്കപ്പെടുന്നു. ദാവീദിന്‍റെ വീരയോദ്ധാക്കള്‍ ഇവരാണ്: തഹ്കെമോന്യനായ യോശേബ്-ബശ്ശേബെത്ത്; അയാളായിരുന്നു മൂവരില്‍ നേതാവ്. ഒരൊറ്റ യുദ്ധത്തില്‍ എണ്ണൂറു പേരെ കുന്തംകൊണ്ട് അയാള്‍ വധിച്ചു; രണ്ടാമന്‍ അഹോഹിയുടെ പൗത്രനും ദോദായിയുടെ പുത്രനുമായ എലെയാസാര്‍; ഫെലിസ്ത്യരുമായുള്ള യുദ്ധത്തില്‍ ഇസ്രായേല്യര്‍ ഓടിപ്പോയപ്പോള്‍ അയാള്‍ ദാവീദിനോടു ചേര്‍ന്നുനിന്നു ഫെലിസ്ത്യരോടു യുദ്ധം ചെയ്തു. വാള്‍ വിട്ടുപോകാതെ കൈ കുഴഞ്ഞു മരവിക്കുംവരെ അയാള്‍ ഫെലിസ്ത്യരെ സംഹരിച്ചു. അന്നു സര്‍വേശ്വരന്‍ വലിയ വിജയം അയാള്‍ക്കു നല്‌കി. അയാളോടൊപ്പം മടങ്ങിവന്ന പടയാളികള്‍ കൊല്ലപ്പെട്ടവരുടെ മുതല്‍ കൊള്ളയടിക്കുക മാത്രമാണു ചെയ്തത്. മൂന്നാമന്‍ ഹാരാര്യനായ ആഗേയുടെ പുത്രന്‍ ശമ്മാ ആയിരുന്നു. ഒരിക്കല്‍ ലേഹിയിലെ ചെറുപയര്‍ വിളഞ്ഞിരുന്ന വയല്‍ കവര്‍ച്ച ചെയ്യാന്‍ ഫെലിസ്ത്യര്‍ ഒരുമിച്ചു കൂടിയപ്പോള്‍ ജനം അവിടെനിന്ന് ഓടിപ്പോയി. ശമ്മാ ഏകനായി വയലില്‍നിന്നുകൊണ്ട് അതു സംരക്ഷിച്ചു, ഫെലിസ്ത്യരെ സംഹരിക്കുകയും ചെയ്തു. അങ്ങനെ സര്‍വേശ്വരന്‍ ഒരു വന്‍വിജയം അയാള്‍ക്കു നല്‌കി. കൊയ്ത്തിന്‍റെ സമയം ആയപ്പോള്‍ മുപ്പതു പടനായകന്മാരില്‍ മൂന്നു പേര്‍ അദുല്ലാംഗുഹയില്‍ ദാവീദിന്‍റെ അടുക്കല്‍ ചെന്നു. ഫെലിസ്ത്യസൈന്യം രെഫായീംതാഴ്വരയില്‍ പാളയമടിച്ചിരുന്നു. ദാവീദ് കോട്ടയില്‍ ആയിരുന്നു. ബേത്‍ലഹേം ഫെലിസ്ത്യപട്ടാളത്തിന്‍റെ അധീനതയിലും ആയിരുന്നു. ‘ബേത്‍ലഹേമിലെ പട്ടണവാതില്‌ക്കലുള്ള കുളത്തില്‍നിന്ന് എനിക്കു കുടിക്കാന്‍ കുറച്ചു വെള്ളം ആരെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍’ എന്ന് ദാവീദ് ഉല്‍ക്കടമായ ആഗ്രഹത്തോടുകൂടി പറഞ്ഞപ്പോള്‍ ആ മൂന്നു വീരന്മാര്‍ ഫെലിസ്ത്യരുടെ പാളയത്തില്‍കൂടി കടന്നു ബേത്‍ലഹേം പട്ടണത്തിന്‍റെ വാതില്‍ക്കലുള്ള കിണറ്റില്‍നിന്നു വെള്ളം കോരിയെടുത്തു ദാവീദിനു കൊണ്ടുവന്നു കൊടുത്തു. എന്നാല്‍ അതു കുടിക്കാന്‍ മനസ്സുവരാതെ ദാവീദ് അതു സര്‍വേശ്വരനു നിവേദിച്ചു. അദ്ദേഹം പറഞ്ഞു: “സര്‍വേശ്വരാ, ഞാന്‍ ഇതു കുടിക്കുകയില്ല. അതു ജീവന്‍ പണയപ്പെടുത്തിയ ഈ മനുഷ്യരുടെ രക്തം കുടിക്കുന്നതിനു തുല്യമായിരിക്കും.” അദ്ദേഹം അതു കുടിച്ചില്ല. ഇവ ആയിരുന്നു ആ മൂന്നു പേരുടെ വീര്യപ്രവൃത്തികള്‍. യോവാബിന്‍റെ സഹോദരനും സെരൂയായുടെ പുത്രനുമായ അബീശായി മുപ്പതു പേരുടെ തലവനായിരുന്നു; അയാള്‍ തന്‍റെ കുന്തംകൊണ്ട് മുന്നൂറുപേര്‍ക്കെതിരെ പോരാടി അവരെയെല്ലാം കൊന്നുകളഞ്ഞു. മുപ്പതു പേരില്‍ ഏറ്റവും പ്രസിദ്ധന്‍ അയാളായിരുന്നെങ്കിലും മേല്‍പ്പറഞ്ഞ മൂന്നു പേരുടെ നിലയില്‍ അയാള്‍ എത്തിയിരുന്നില്ല. കബ്സേലില്‍നിന്നുള്ള യെഹോയാദയുടെ പുത്രന്‍ ബെനായാ ആയിരുന്നു മറ്റൊരു യുദ്ധവീരന്‍; മോവാബ്യരായ രണ്ടു യുദ്ധവീരന്മാരെ കൊന്നതുള്‍പ്പെടെ അനേകം ധീരപ്രവൃത്തികള്‍ അയാള്‍ ചെയ്തിരുന്നു. മഞ്ഞുകാലത്ത് ഒരു ഗുഹയില്‍നിന്നു പുറത്തുവന്ന ഒരു സിംഹത്തെ അയാള്‍ കൊന്നു. കുന്തം ധരിച്ചിരുന്ന ഉഗ്രനായ ഒരു ഈജിപ്തുകാരനെ അയാള്‍ സംഹരിച്ചു. ബെനായാ ഒരു ദണ്ഡുമായി അവനെ സമീപിച്ച് അവന്‍റെ കൈയില്‍നിന്നു കുന്തം പിടിച്ചുവാങ്ങുകയും അതുകൊണ്ട് അവനെ കൊല്ലുകയുമാണു ചെയ്തത്. മുപ്പതു പേരില്‍ ഒരുവനായ യെഹോയാദയുടെ പുത്രന്‍ ബെനായായുടെ ധീരപ്രവൃത്തികള്‍ ഇവയായിരുന്നു; അയാള്‍ മുപ്പതു പേരില്‍ പ്രസിദ്ധനായിരുന്നെങ്കിലും മൂന്നു പേരുടെ നിലയില്‍ എത്തിയിരുന്നില്ല. ദാവീദ് തന്‍റെ അകമ്പടിസേനാനായകനായി അയാളെയാണു നിയമിച്ചത്. യോവാബിന്‍റെ സഹോദരനായ അസാഹേല്‍ മുപ്പതു പേരില്‍ ഒരാളായിരുന്നു. മറ്റുള്ളവരുടെ പേരുകള്‍: ബേത്‍ലഹേംകാരനായ ദോദോയുടെ പുത്രന്‍ എല്‍ഹാനാന്‍; ഹാദോദുകാരായ ശമ്മായും എലീക്കയും; പെലേത്യനായ ഹേലെസ്; തെക്കോവയിലെ ഇക്കേശിന്‍റെ പുത്രനായ ഈര; അനാഥോത്തുകാരനായ അബീയേസെര്‍; ഹൂശാത്യനായ മെബുന്നായി; അഹോഹ്യനായ സല്‍മോന്‍; നെത്തോഫായിലെ മഹരായി; നെത്തോഫാക്കാരനായ ബാനായുടെ പുത്രന്‍ ഹേലെബ്; ബെന്യാമീന്‍വംശജരുടെ ഗിബെയായില്‍നിന്നുള്ള രീബായിയുടെ പുത്രനായ ഇത്ഥായി; പിരാതോനിലെ ബെനയ്യാ; നഹലേഗാശുകാരനായ ഹിദ്ദായി; അര്‍ബാത്യനായ അബീ-അല്ബോന്‍; ബഹൂരീംകാരനായ അസ്മാവെത്ത്; ശാല്‍ബോനിലെ എല്യാഹ്ബ; യാശേന്‍റെ പുത്രന്മാര്‍; യോനാഥാന്‍; ഹരാര്‍ക്കാരനായ ശമ്മാ; അരാര്യനായ ശരാരിന്‍റെ പുത്രനായ അഹീരാം; മാഖാത്തിലെ അഹശ്ബായിയുടെ പുത്രനായ എലീഫേലെത്ത്; ഗീലോയിലെ അഹീഥോഫെലിന്‍റെ പുത്രനായ എലീയാം; കര്‍മ്മേല്‍ക്കാരനായ ഹെസ്രോ; അര്‍ബായിലെ പാറായി; സോബായിലെ നാഥാന്‍റെ പുത്രന്‍ ഇഗാല്‍; ഗാദില്‍നിന്നുള്ള ബാനി; അമ്മോനിലെ സേലക്ക്; സെരൂയായുടെ പുത്രനായ യോവാബിന്‍റെ ആയുധവാഹകനായ ബെരോത്തിലെ നഹരായി; ഇത്രായില്‍നിന്നുള്ള ഈരയും ഗാരേബും; ഹിത്യനായ ഊരീയാ. ഇങ്ങനെ ആകെ മുപ്പത്തിയേഴു പേരുണ്ടായിരുന്നു. സര്‍വേശ്വരന്‍റെ കോപം ഇസ്രായേലിന്‍റെ നേരേ ജ്വലിച്ചു. അവര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ദാവീദിനെ അവിടുന്നു പ്രേരിപ്പിച്ചു. ഇസ്രായേലിലെയും യെഹൂദ്യയിലെയും ജനങ്ങളുടെ എണ്ണമെടുക്കാന്‍ സര്‍വേശ്വരന്‍ ദാവീദിനോടു കല്പിച്ചു. അദ്ദേഹം യോവാബിനോടും തന്‍റെ സൈന്യാധിപന്മാരോടും പറഞ്ഞു: “ദാന്‍മുതല്‍ ബേര്‍-ശേബാവരെ ഇസ്രായേലിലുള്ള എല്ലാ ഗോത്രക്കാരുടെ ഇടയിലും ചെന്ന് അവരുടെ ജനസംഖ്യ എടുത്ത് എന്നെ അറിയിക്കണം.” എന്നാല്‍ രാജാവിനോട് യോവാബ് ഇങ്ങനെ ചോദിച്ചു: “അങ്ങയുടെ കാലത്തുതന്നെ ദൈവമായ സര്‍വേശ്വരന്‍ ജനത്തെ ഇന്നുള്ളതിന്‍റെ നൂറിരട്ടിയായി വര്‍ധിപ്പിക്കട്ടെ; അതു കാണാന്‍ അങ്ങേക്ക് ഇടയാകട്ടെ; എന്നാല്‍ അങ്ങ് ഇക്കാര്യത്തില്‍ ഇത്ര താല്‍പര്യം കാണിക്കുന്നത് എന്ത്?” യോവാബ് അങ്ങനെ പറഞ്ഞെങ്കിലും അയാളും സേനാനായകന്മാരും രാജകല്പന അനുസരിക്കേണ്ടിവന്നു. അങ്ങനെ അവര്‍ ജനത്തിന്‍റെ എണ്ണമെടുക്കാന്‍ രാജസന്നിധിയില്‍നിന്നു പുറപ്പെട്ടു. അവര്‍ യോര്‍ദ്ദാന്‍നദി കടന്നു ഗാദ്ദേശത്ത് താഴ്വരയുടെ നടുവിലുള്ള പട്ടണമായ അരോവേരില്‍ ആരംഭിച്ചു വടക്കോട്ട് യസേരിലേക്കും ഗിലെയാദിലേക്കും ഹിത്യരുടെ ദേശമായ കാദേശിലേക്കും ചെന്നു; അവിടെനിന്നു ദാനിലേക്കും പിന്നീട് സീദോനിലേക്കും പോയി. പിന്നീട് അവര്‍ കോട്ട കെട്ടി ഉറപ്പിച്ചിരുന്ന സോരിലും ഹിവ്യരുടെയും കനാന്യരുടെയും സകല പട്ടണങ്ങളിലും ചെന്നതിനുശേഷം യെഹൂദ്യയുടെ തെക്കുഭാഗത്തുള്ള ബേര്‍-ശേബായിലെത്തി. അവര്‍ ദേശമെല്ലാം സഞ്ചരിച്ച് ഒമ്പതുമാസവും ഇരുപതു ദിവസവും കഴിഞ്ഞ് യെരൂശലേമിലെത്തി. യോവാബ് ജനസംഖ്യ രാജാവിനെ അറിയിച്ചു; അതനുസരിച്ച് സൈന്യ സേവനത്തിനു പറ്റിയ എട്ടുലക്ഷം പേര്‍ ഇസ്രായേലിലും അഞ്ചുലക്ഷം പേര്‍ യെഹൂദ്യയിലും ഉണ്ടായിരുന്നു. ജനസംഖ്യ എടുത്തുകഴിഞ്ഞപ്പോള്‍ ദാവീദിനു കുറ്റബോധം ഉണ്ടായി. അദ്ദേഹം സര്‍വേശ്വരനോടു പറഞ്ഞു: “ഞാന്‍ കൊടുംപാപം ചെയ്തുപോയി; എന്‍റെ കുറ്റം ക്ഷമിക്കണമേ; ഞാന്‍ വലിയ ഭോഷത്തമാണു കാട്ടിയത്.” ദാവീദ് രാവിലെ ഉണരുമ്പോഴേക്കു തന്‍റെ പ്രവാചകനായ ഗാദിനോടു സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്തിരുന്നു: “നീ ചെന്നു ദാവീദിനോടു പറയുക: മൂന്നു കാര്യങ്ങള്‍ ഞാന്‍ നിന്‍റെ മുമ്പില്‍ വയ്‍ക്കുന്നു; അതില്‍ ഒന്നു നീ തിരഞ്ഞെടുക്കണം; അതു ഞാന്‍ നിന്നോടു ചെയ്യും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.” ഗാദ് ദാവീദിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞു: “നിന്‍റെ രാജ്യത്ത് മൂന്നു വര്‍ഷം ക്ഷാമമുണ്ടാകുകയോ, നീ മൂന്നു മാസം ശത്രുക്കളില്‍നിന്നു ഒളിച്ചുപാര്‍ക്കുകയോ, നിന്‍റെ രാജ്യത്തു മൂന്നു ദിവസം പകര്‍ച്ചവ്യാധി ഉണ്ടാകുകയോ വേണം. ഏതാണു നീ തിരഞ്ഞെടുക്കുന്നത്? എന്നെ അയച്ചവനോട് മറുപടി നല്‌കത്തക്കവിധം നീ ആലോചിച്ച് ഉത്തരം പറയണം.” ദാവീദ് ഗാദിനോട് പറഞ്ഞു: “ഞാന്‍ വലിയ വിഷമത്തിലായിരിക്കുന്നു; സര്‍വേശ്വരന്‍റെ കരം നമ്മുടെമേല്‍ പതിക്കട്ടെ; അവിടുന്നു മഹാദയാലുവാകുന്നു; മനുഷ്യരുടെ കൈയില്‍ ഞാന്‍ അകപ്പെടാതിരിക്കട്ടെ.” അങ്ങനെ അന്നു പ്രഭാതം മുതല്‍ നിശ്ചിത സമയംവരെ ഇസ്രായേലില്‍ സര്‍വേശ്വരന്‍ അയച്ച ഒരു പകര്‍ച്ചവ്യാധി അവരെ ബാധിച്ചു. ദാന്‍മുതല്‍ ബേര്‍-ശേബാവരെയുള്ള ജനത്തില്‍ എഴുപതിനായിരം പേര്‍ മരിച്ചു. യെരൂശലേമിനെയും പകര്‍ച്ചവ്യാധി ബാധിക്കാന്‍ ദൈവദൂതന്‍ കൈ നീട്ടിയപ്പോള്‍ സര്‍വേശ്വരന്‍ അവിടെ ഉണ്ടാകാന്‍ പോകുന്ന അനര്‍ഥത്തെക്കുറിച്ചു ദുഃഖിച്ചു സംഹാരദൂതനോടു “മതി, നീ കൈ പിന്‍വലിക്കുക” എന്നു കല്പിച്ചു. അപ്പോള്‍ സര്‍വേശ്വരന്‍റെ ദൂതന്‍ യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിന്‍റെ അടുത്തായിരുന്നു. സംഹാരദൂതനെ കണ്ടപ്പോള്‍ ദാവീദ് സര്‍വേശ്വരനോട് അപേക്ഷിച്ചു: “ഞാനല്ലേ പാപം ചെയ്തത്; കുറ്റം ചെയ്തതു ജനങ്ങളല്ലല്ലോ. അതുകൊണ്ട് എന്നെയും എന്‍റെ കുടുംബത്തെയും ശിക്ഷിച്ചാലും.” അന്നുതന്നെ ഗാദ് ദാവീദിന്‍റെ അടുക്കല്‍ വന്നു പറഞ്ഞു: “യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തില്‍ ചെന്നു സര്‍വേശ്വരന് ഒരു യാഗപീഠം ഉണ്ടാക്കുക.” അവിടുത്തെ കല്പനപ്രകാരം ഗാദ് പറഞ്ഞതുപോലെ ദാവീദ് അവിടെ പോയി; അരവ്നാ നോക്കിയപ്പോള്‍ രാജാവും ഭൃത്യന്മാരും തന്‍റെ അടുക്കലേക്ക് വരുന്നതു കണ്ടു; അയാള്‍ പോയി രാജാവിന്‍റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു. അയാള്‍ ചോദിച്ചു: “അവിടുന്ന് എന്തിനാണ് അടിയന്‍റെ അടുക്കലേക്കു വന്നത്?” അപ്പോള്‍ ദാവീദു പറഞ്ഞു: “പകര്‍ച്ചവ്യാധി ജനത്തെ വിട്ടുമാറുന്നതിനുവേണ്ടി സര്‍വേശ്വരന് ഒരു യാഗപീഠം പണിയണം; അതിനായി നിന്‍റെ മെതിക്കളം വാങ്ങുന്നതിനാണു ഞാന്‍ വന്നിരിക്കുന്നത്.” അരവ്നാ ദാവീദിനോടു പറഞ്ഞു: “അങ്ങ് ആഗ്രഹിക്കുന്നതെന്തും എടുത്തു യാഗം കഴിച്ചാലും; ഹോമയാഗത്തിന് കാളകളും വിറകിനു മെതിവണ്ടികളും നുകങ്ങളും ഉണ്ട്. പ്രഭോ, ഇതെല്ലാം അടിയന്‍ അങ്ങേക്കു തരുന്നു. അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍ അങ്ങയില്‍ പ്രസാദിക്കട്ടെ” എന്നും അരവ്നാ ആശംസിച്ചു. ദാവീദ് അരവ്നായോടു പറഞ്ഞു: “അങ്ങനെയല്ല, ഞാന്‍ അതു നിന്നോടു വിലയ്‍ക്കേ വാങ്ങുകയുള്ളൂ. എനിക്ക് ഒരു ചെലവുമില്ലാത്ത യാഗം എന്‍റെ ദൈവമായ സര്‍വേശ്വരനു ഞാന്‍ അര്‍പ്പിക്കുകയില്ല.” അങ്ങനെ ദാവീദ് അമ്പതു ശേക്കെല്‍ വെള്ളി കൊടുത്തു മെതിക്കളവും കാളകളും വാങ്ങി. അവിടെ ദാവീദ് സര്‍വേശ്വരന് ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു. അപ്പോള്‍ സര്‍വേശ്വരന്‍ ദാവീദിന്‍റെ പ്രാര്‍ഥന കേട്ടു; പകര്‍ച്ചവ്യാധി ഇസ്രായേലിനെ വിട്ടുമാറുകയും ചെയ്തു. ദാവീദ്‍രാജാവു വൃദ്ധനായി; ഭൃത്യന്മാര്‍ രാജാവിനെ പുതപ്പിച്ചിട്ടും അദ്ദേഹത്തിനു കുളിരു മാറിയില്ല. അവര്‍ രാജാവിനോടു പറഞ്ഞു: “ഞങ്ങള്‍ അങ്ങേക്കുവേണ്ടി ഒരു യുവതിയെ അന്വേഷിക്കാം; അവള്‍ അങ്ങയെ ശുശ്രൂഷിക്കുകയും അങ്ങയുടെ കൂടെ കിടന്നു ചൂടു പകരുകയും ചെയ്യട്ടെ. അവര്‍ സുന്ദരിയായ ഒരു യുവതിയെ ഇസ്രായേല്‍ദേശത്തെല്ലാം അന്വേഷിച്ചു; അങ്ങനെ ശൂനേംകാരിയായ അബീശഗിനെ രാജസന്നിധിയില്‍ കൊണ്ടുവന്നു. അതിസുന്ദരിയായിരുന്ന അവള്‍ രാജാവിനെ ശുശ്രൂഷിച്ചു; എന്നാല്‍ രാജാവ് അവളെ പ്രാപിച്ചില്ല. [5,6] അബ്ശാലോമിന്‍റെ മരണശേഷം അദോനിയാ ആയിരുന്നു ദാവീദിന്‍റെയും ഹഗ്ഗീത്തിന്‍റെയും പുത്രന്മാരില്‍ മൂത്തവന്‍. അവനും അതികോമളനായിരുന്നു; അവന്‍റെ തെറ്റായ പ്രവൃത്തികള്‍ക്കു പിതാവ് അവനെ ഒരിക്കലും ശാസിച്ചിരുന്നില്ല. അവന്‍ രാജാവാകാന്‍ ആഗ്രഹിച്ചു. രഥങ്ങളെയും കുതിരക്കാരെയും കൂടാതെ അമ്പത് അകമ്പടിക്കാരെയും തനിക്കുവേണ്ടി ഒരുക്കി. *** സെരൂയായുടെ പുത്രനായ യോവാബിനോടും പുരോഹിതനായ അബ്യാഥാരോടും ഇതേപ്പറ്റി അയാള്‍ ആലോചിച്ചു; അയാള്‍ക്കു പിന്തുണ നല്‌കാമെന്ന് അവര്‍ സമ്മതിച്ചു. എന്നാല്‍ പുരോഹിതനായ സാദോക്കും യഹോയാദയുടെ പുത്രന്‍ ബെനായായും പ്രവാചകനായ നാഥാനും ശിമെയിയും രേയിയും ദാവീദിന്‍റെ അംഗരക്ഷകരും അദോനിയായുടെ പക്ഷം ചേര്‍ന്നില്ല. അദോനിയാ ഒരു ദിവസം എന്‍-രോഗെല്‍ അരുവിയുടെ സമീപത്തുള്ള സോഹേലത്ത് കല്ലിനരികെ ആടുമാടുകളെയും കൊഴുത്തു തടിച്ച മൃഗങ്ങളെയും യാഗമര്‍പ്പിച്ചു. അയാള്‍ ദാവീദുരാജാവിന്‍റെ പുത്രന്മാരായ തന്‍റെ എല്ലാ സഹോദരന്മാരെയും രാജസേവകരായ സകല യെഹൂദ്യരെയും അതിനു ക്ഷണിച്ചിരുന്നു. എന്നാല്‍ നാഥാന്‍പ്രവാചകനെയും ബെനായായെയും രാജാവിന്‍റെ അംഗരക്ഷകരെയും തന്‍റെ സഹോദരനായ ശലോമോനെയും അയാള്‍ ക്ഷണിച്ചില്ല. നാഥാന്‍പ്രവാചകന്‍ ശലോമോന്‍റെ അമ്മയായ ബത്ത്-ശേബയോടു ചോദിച്ചു: “ഹഗ്ഗീത്തിന്‍റെ പുത്രനായ അദോനിയാ രാജാവായതു നീ അറിഞ്ഞില്ലേ? നമ്മുടെ യജമാനനായ ദാവീദുരാജാവും ആ വിവരം അറിഞ്ഞിട്ടില്ല; നിന്‍റെയും നിന്‍റെ പുത്രന്‍ ശലോമോന്‍റെയും ജീവരക്ഷയ്‍ക്കുവേണ്ടി എന്‍റെ ഉപദേശം കേള്‍ക്കുക; ഉടന്‍തന്നെ നീ ചെന്നു ദാവീദുരാജാവിനോടു ചോദിക്കണം: ‘എന്‍റെ യജമാനനായ രാജാവേ, എന്‍റെ മകന്‍ ശാലോമോന്‍ അങ്ങയുടെ പിന്‍ഗാമിയായി സിംഹാസനത്തില്‍ ഇരുന്നു വാഴുമെന്ന് അങ്ങ് എന്നോടു പ്രതിജ്ഞ ചെയ്തിരുന്നതല്ലേ? പിന്നെ എങ്ങനെ അദോനിയാ രാജാവായി?’ നീ രാജാവുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ വന്നു നിനക്കു പിന്തുണ നല്‌കിക്കൊള്ളാം.” ബത്ത്-ശേബ ശയനമുറിയില്‍ രാജാവിന്‍റെ അടുക്കല്‍ ചെന്നു; ശൂനേംകാരി അബീശഗ് വൃദ്ധനായ രാജാവിനെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. ബത്ത്-ശേബ രാജാവിനെ താണുവണങ്ങി. “നിനക്ക് എന്തു വേണം” എന്നു രാജാവ് അവളോടു ചോദിച്ചു. അവള്‍ പറഞ്ഞു: “എന്‍റെ യജമാനനേ, എന്‍റെ മകന്‍ ശലോമോന്‍ അങ്ങേക്കു ശേഷം രാജാവായി അങ്ങയുടെ സിംഹാസനത്തില്‍ വാണരുളുമെന്ന് അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ അങ്ങ് എന്നോടു സത്യം ചെയ്തിരുന്നല്ലോ; എന്നാല്‍ ഇപ്പോള്‍ ഇതാ, അദോനിയാ രാജാവായിരിക്കുന്നു; അവിടുന്ന് ഇത് അറിയുന്നുമില്ല. അവന്‍ ഒട്ടു വളരെ കാളകളെയും ആടുകളെയും കൊഴുത്തു തടിച്ച മൃഗങ്ങളെയും കൊന്നു വിരുന്നു നടത്തുന്നു. അവന്‍ എല്ലാ രാജകുമാരന്മാരെയും പുരോഹിതനായ അബ്യാഥാരെയും സൈന്യാധിപനായ യോവാബിനെയും ക്ഷണിച്ചു. എന്നാല്‍ അങ്ങയുടെ പുത്രനായ ശലോമോനെ അവന്‍ ക്ഷണിച്ചിട്ടില്ല. എന്‍റെ യജമാനനായ രാജാവേ, അങ്ങയുടെ പിന്‍ഗാമിയായി രാജ്യഭരണം നടത്തുന്നത് ആരായിരിക്കും എന്ന് അങ്ങു പ്രഖ്യാപിക്കുന്നതു കേള്‍ക്കാന്‍ ഇസ്രായേല്‍ജനം കാത്തിരിക്കുകയാണ്. അവിടുന്ന് അങ്ങനെ ചെയ്തില്ലെങ്കില്‍ അങ്ങു മരിച്ച് പിതാക്കന്മാരോടു ചേരുമ്പോള്‍ എന്നെയും എന്‍റെ മകന്‍ ശലോമോനെയും അവര്‍ രാജ്യദ്രോഹികളായി കണക്കാക്കും.” ബത്ത്-ശേബ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ നാഥാന്‍പ്രവാചകന്‍ കൊട്ടാരത്തില്‍ വന്നു. പ്രവാചകന്‍ വന്ന വിവരം രാജാവിനെ അറിയിച്ചു. നാഥാന്‍ രാജസന്നിധിയില്‍ വന്ന് താണുവണങ്ങി. പ്രവാചകന്‍ രാജാവിനോടു ചോദിച്ചു: “എന്‍റെ യജമാനനായ രാജാവേ, അങ്ങയുടെ പിന്‍ഗാമിയായി അങ്ങയുടെ സിംഹാസനത്തിലിരുന്ന് അദോനിയാ രാജഭരണം നടത്തും എന്ന് അങ്ങു പ്രഖ്യാപിച്ചിട്ടുണ്ടോ? അവന്‍ ഇന്ന് അനേകം കാളകളെയും കൊഴുത്തു തടിച്ച ആടുമാടുകളെയും യാഗമര്‍പ്പിച്ചു. വിരുന്നിന് എല്ലാ രാജകുമാരന്മാരെയും സൈന്യാധിപന്മാരെയും അബ്യാഥാര്‍പുരോഹിതനെയും ക്ഷണിച്ചു. അവര്‍ ഭക്ഷിച്ചു പാനം ചെയ്യുകയും ‘അദോനിയാരാജാവേ ജയ, ജയ’ എന്ന് ഉദ്ഘോഷിക്കുകയും ചെയ്യുന്നു. എന്നാല്‍ അങ്ങയുടെ ദാസനായ എന്നെയും സാദോക്ക്പുരോഹിതനെയും യഹോയാദയുടെ പുത്രന്‍ ബെനായായെയും അങ്ങയുടെ പുത്രനായ ശലോമോനെയും അവന്‍ ക്ഷണിച്ചിട്ടില്ല. അങ്ങയുടെ പിന്‍ഗാമിയായി രാജ്യഭരണം നടത്തേണ്ടത് ആരാണെന്ന് അങ്ങു ഞങ്ങളെ അറിയിച്ചിട്ടില്ലല്ലോ. അങ്ങയുടെ കല്പന അനുസരിച്ചാണോ ഇതു നടന്നത്?” ബത്ത്-ശേബയെ വിളിക്കാന്‍ രാജാവു കല്പിച്ചു; അവള്‍ രാജസന്നിധിയില്‍ എത്തി. അദ്ദേഹം അവളോടു പറഞ്ഞു: “എന്‍റെ സകല കഷ്ടതകളില്‍നിന്നും എന്നെ രക്ഷിച്ച ജീവിക്കുന്ന സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ നിന്നോടു സത്യം ചെയ്യുന്നു; നിന്‍റെ മകന്‍ ശലോമോന്‍ എന്‍റെ കാലശേഷം സിംഹാസനസ്ഥനായി രാജ്യഭരണം നടത്തുമെന്ന് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ ചെയ്തിരുന്ന പ്രതിജ്ഞ ഇന്നു ഞാന്‍ നിറവേറ്റും.” ഇതു കേട്ട് ബത്ത്-ശേബ രാജാവിനെ സാഷ്ടാംഗം വീണു നമസ്കരിച്ചു: “എന്‍റെ യജമാനനായ രാജാവു നീണാള്‍ വാഴട്ടെ” എന്ന് ആശംസിച്ചു. ദാവീദുരാജാവ് സാദോക്ക്പുരോഹിതനെയും നാഥാന്‍പ്രവാചകനെയും യഹോയാദയുടെ പുത്രന്‍ ബെനായായെയും വിളിക്കാന്‍ കല്പിച്ചു; അവര്‍ രാജസന്നിധിയില്‍ എത്തി. രാജാവ് അവരോടു കല്പിച്ചു: “നിങ്ങള്‍ എന്‍റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ട് എന്‍റെ മകന്‍ ശലോമോനെ എന്‍റെ കോവര്‍കഴുതപ്പുറത്തിരുത്തി ഗീഹോനിലേക്കു കൊണ്ടുപോകുക. അവിടെവച്ചു സാദോക്ക്പുരോഹിതനും നാഥാന്‍പ്രവാചകനും കൂടി അവനെ ഇസ്രായേലിന്‍റെ രാജാവായി അഭിഷേകം ചെയ്യണം. പിന്നീട് കാഹളം ഊതി ‘ശലോമോന്‍രാജാവ് നീണാള്‍ വാഴട്ടെ’ എന്ന് ആര്‍ത്തുഘോഷിക്കണം. അതിനുശേഷം നിങ്ങള്‍ അവന്‍റെ പിന്നാലെ വരണം. അവന്‍ വന്ന് എന്‍റെ സിംഹാസനത്തിലിരുന്ന് എനിക്കു പകരം ഭരണം നടത്തട്ടെ. ഇസ്രായേലിന്‍റെയും യെഹൂദായുടെയും ഭരണാധികാരിയായി ഞാന്‍ അവനെ നിയമിച്ചിരിക്കുന്നു.” അപ്പോള്‍ യഹോയാദയുടെ പുത്രന്‍ ബെനായാ പറഞ്ഞു: “അങ്ങനെയാകട്ടെ; യജമാനനായ രാജാവിന്‍റെ ദൈവമായ സര്‍വേശ്വരനും അപ്രകാരംതന്നെ കല്പിക്കട്ടെ. അവിടുന്നു യജമാനനായ രാജാവിന്‍റെകൂടെ ഇരുന്നതുപോലെ ശാലോമോന്‍റെകൂടെയും ഇരിക്കട്ടെ. അദ്ദേഹത്തിന്‍റെ ഭരണം അങ്ങയുടേതിലും മികച്ചതായിരിക്കട്ടെ.” അങ്ങനെ സാദോക്ക്പുരോഹിതനും നാഥാന്‍പ്രവാചകനും യഹോയാദയുടെ പുത്രന്‍ ബെനായായും ക്രേത്യരും പെലേത്യരുമായ അംഗരക്ഷകരും ശലോമോനെ ദാവീദുരാജാവിന്‍റെ കോവര്‍കഴുതപ്പുറത്തിരുത്തി ഗീഹോനിലേക്ക് ആനയിച്ചു. സാദോക്ക്പുരോഹിതന്‍ തിരുസാന്നിധ്യകൂടാരത്തില്‍നിന്നു തൈലക്കൊമ്പെടുത്തു ശലോമോനെ അഭിഷേകം ചെയ്തു. അവര്‍ കാഹളം ഊതി; ‘ശലോമോന്‍രാജാവു നീണാള്‍ വാഴട്ടെ’ എന്നു ജനം ആര്‍ത്തുവിളിച്ചു; അവര്‍ കുഴലൂതിയും ഭൂമി പിളരുംവിധം ഹര്‍ഷാരവം മുഴക്കിയുംകൊണ്ട് ശലോമോനെ അനുഗമിച്ചു. വിരുന്നു കഴിഞ്ഞപ്പോഴേക്ക് അദോനിയായും കൂടെയുണ്ടായിരുന്ന അതിഥികളും ആ ശബ്ദകോലാഹലം കേട്ടു; പട്ടണത്തില്‍നിന്ന് ഉയരുന്ന ആരവം എന്ത് എന്ന് യോവാബ് അന്വേഷിച്ചു; അയാള്‍ സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ അബ്യാഥാര്‍പുരോഹിതന്‍റെ പുത്രന്‍ യോനാഥാന്‍ അവിടെ എത്തി. അദോനിയാ പറഞ്ഞു: “അകത്തു വരിക; നല്ലവനായ നീ സദ്‍വാര്‍ത്ത ആയിരിക്കുമല്ലോ കൊണ്ടുവരുന്നത്.” യോനാഥാന്‍ അദോനിയായോടു പറഞ്ഞു: “നമ്മുടെ യജമാനനായ ദാവീദുരാജാവ് ശലോമോനെ രാജാവാക്കിയിരിക്കുന്നു; രാജാവ് സാദോക്ക്പുരോഹിതനെയും നാഥാന്‍പ്രവാചകനെയും യഹോയാദയുടെ പുത്രനായ ബെനായായെയും തന്‍റെ അംഗരക്ഷകരായ ക്രേത്യരെയും പെലേത്യരെയും അദ്ദേഹത്തിന്‍റെ കൂടെ അയച്ചു; അവര്‍ അദ്ദേഹത്തെ രാജാവിന്‍റെ കോവര്‍കഴുതപ്പുറത്താണ് എഴുന്നള്ളിച്ചത്. സാദോക്ക്പുരോഹിതനും നാഥാന്‍ പ്രവാചകനുംകൂടി അദ്ദേഹത്തെ ഗീഹോനില്‍ വച്ചു രാജാവായി അഭിഷേകം ചെയ്തു. പട്ടണം ഇളകത്തക്കവിധം ആര്‍ത്തട്ടഹസിച്ചുകൊണ്ട് അവര്‍ മടങ്ങിപ്പോയി. നിങ്ങള്‍ കേട്ട ആരവം അതാണ്. ശലോമോന്‍ ഇപ്പോള്‍ സിംഹാസനാരൂഢനായിരിക്കുന്നു. രാജഭൃത്യന്മാര്‍ നമ്മുടെ യജമാനനായ ദാവീദുരാജാവിനെ അനുമോദിക്കാന്‍ പോയിരുന്നു.” അങ്ങയുടെ ദൈവം ശലോമോന്‍റെ നാമത്തെ അങ്ങയുടേതിലും മഹനീയവും അദ്ദേഹത്തിന്‍റെ ഭരണം അങ്ങയുടേതിലും മികച്ചതുമാക്കട്ടെ എന്ന് അവര്‍ ആശംസിച്ചു. രാജാവ് കിടക്കയില്‍ ഇരുന്നുതന്നെ ദൈവത്തെ വണങ്ങി ഇങ്ങനെ പ്രാര്‍ഥിച്ചു. എന്‍റെ സന്തതികളിലൊരുവന്‍ സിംഹാസനത്തിലിരിക്കുന്നത് എനിക്കു കാണാന്‍ ഇടയാക്കിയ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെടുമാറാകട്ടെ.” അപ്പോള്‍ അദോനിയായുടെ അതിഥികള്‍ ഭയപ്പെട്ട്; ഓരോരുത്തരായി സ്ഥലംവിട്ടു; ശലോമോനെ ഭയപ്പെട്ട അദോനിയാ ജീവരക്ഷയ്‍ക്കായി യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പിടിച്ചു. തന്നെ കൊല്ലുകയില്ലെന്നു ശലോമോന്‍ സത്യം ചെയ്യണമെന്ന് ഉദ്ദേശിച്ചുകൊണ്ടു ഭയചകിതനായ അദോനിയാ യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പിടിച്ചിരിക്കുന്ന വിവരം ശലോമോന്‍ അറിഞ്ഞു. ശലോമോന്‍ പറഞ്ഞു: “അവന്‍ വിശ്വസ്തനെങ്കില്‍ അവന്‍റെ തലയിലെ ഒരു രോമംപോലും നിലത്തു വീഴുകയില്ല. കുറ്റക്കാരനെങ്കില്‍ മരിക്കുകതന്നെ വേണം.” ശലോമോന്‍രാജാവ് ആളയച്ച് അയാളെ യാഗപീഠത്തിങ്കല്‍നിന്നു വരുത്തി. അയാള്‍ രാജാവിനെ താണുവണങ്ങി; “വീട്ടില്‍ പൊയ്‍ക്കൊള്ളാന്‍” ശലോമോന്‍ അയാളോടു പറഞ്ഞു. മരണസമയം അടുത്തപ്പോള്‍ ദാവീദ് തന്‍റെ മകനായ ശലോമോനോടു പറഞ്ഞു: “എന്‍റെ മരണസമയം അടുത്തിരിക്കുന്നു; നീ ധൈര്യമായിരിക്കണം; പൗരുഷത്തോടെ പെരുമാറണം. നിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ കല്പനകള്‍ പാലിക്കണം. മോശയുടെ ധര്‍മശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ സര്‍വേശ്വരന്‍റെ വഴികളില്‍ നടക്കുകയും അവിടുത്തെ ചട്ടങ്ങളും കല്പനകളും അനുശാസനങ്ങളും സാക്ഷ്യങ്ങളും പാലിക്കുകയും വേണം. അങ്ങനെ നീ എന്തു ചെയ്താലും എങ്ങോട്ടു തിരിഞ്ഞാലും വിജയം വരിക്കും. ‘നിന്‍റെ സന്താനങ്ങള്‍ നേര്‍വഴിയെ നടക്കുകയും സര്‍വാത്മനാ എന്നോട് വിശ്വസ്തരായിരിക്കുകയും ചെയ്താല്‍ ഇസ്രായേലിന്‍റെ സിംഹാസനത്തില്‍ ഇരുന്നു വാഴുന്നതിനു നിനക്ക് ഒരു സന്തതി ഇല്ലാതെ വരികയില്ല’ എന്നു സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്ത വാഗ്ദാനം അവിടുന്നു നിറവേറ്റും. സെരൂയായുടെ മകന്‍ യോവാബ് എന്നോടു ചെയ്തത് എന്തെന്നു നിനക്ക് അറിയാമല്ലോ. നേരിന്‍റെ മകനായ അബ്നേര്‍ യേഥെരിന്‍റെ മകനായ അമാസാ എന്നീ ഇസ്രായേലിലെ രണ്ടു സൈന്യാധിപന്മാരെ അവന്‍ കൊലപ്പെടുത്തി. യുദ്ധസമയത്ത് അവര്‍ ചൊരിഞ്ഞ രക്തത്തിനു പകരം വീട്ടാന്‍ സമാധാനകാലത്ത് അവന്‍ അവരെ വധിച്ചു. അവന്‍ നിരപരാധികളെ കൊന്നതിന്‍റെ അപരാധം ഞാന്‍ വഹിക്കാന്‍ ഇടവരുത്തി. നീ തന്ത്രപൂര്‍വം അവനോട് ഇടപെടുക; അവന്‍ സമാധാനമായി മരിക്കാന്‍ ഇടയാകരുത്; ഗിലെയാദ്യനായ ബര്‍സില്ലയുടെ പുത്രന്മാരോടു നീ കാരുണ്യപൂര്‍വം പെരുമാറണം; അവരും നിന്‍റെ മേശയില്‍നിന്നു കഴിക്കട്ടെ. അബ്ശാലോമിനെ ഭയന്നു ഞാന്‍ ഓടിപ്പോയപ്പോള്‍ അവര്‍ എന്നെ ദയാപൂര്‍വം സ്വീകരിച്ചു. ബഹൂരീമില്‍നിന്നുള്ള ബെന്യാമീന്‍ഗോത്രക്കാരനായ ഗേരയുടെ പുത്രന്‍ ശിമെയി നിന്‍റെ കൂടെ ഉണ്ടല്ലോ. ഞാന്‍ മഹനയീമിലേക്കു പോയപ്പോള്‍ അവന്‍ എന്‍റെമേല്‍ കഠിനമായ ശാപവര്‍ഷം ചൊരിഞ്ഞു. എങ്കിലും യോര്‍ദ്ദാന്‍ കരയില്‍ വന്ന് അവന്‍ എന്നെ എതിരേറ്റു. അതുകൊണ്ട് ഞാന്‍ അവനെ കൊല്ലുകയില്ലെന്നു സര്‍വേശ്വരന്‍റെ നാമത്തില്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. എന്നാല്‍ നീ അവനെ നിരപരാധിയായി കരുതരുത്. അവനോട് എന്തു ചെയ്യണമെന്നു നിനക്കറിയും; നീ ബുദ്ധിമാനാണല്ലോ; അവന്‍റെ നരച്ച തല രക്തപങ്കിലമായി പാതാളത്തില്‍ പതിക്കട്ടെ.” ദാവീദു മരിച്ചു തന്‍റെ പിതാക്കന്മാരോട് ചേര്‍ന്നു; അദ്ദേഹത്തെ സ്വന്തനഗരത്തില്‍ അടക്കംചെയ്തു. അദ്ദേഹം ഏഴു വര്‍ഷം ഹെബ്രോനിലും മുപ്പത്തിമൂന്നു വര്‍ഷം യെരൂശലേമിലും അങ്ങനെ ഇസ്രായേലില്‍ നാല്പതു വര്‍ഷം ഭരിച്ചു. ദാവീദിന്‍റെ പിന്‍ഗാമിയായി ശലോമോന്‍ സിംഹാസനാരൂഢനായി; അദ്ദേഹത്തിന് രാജസ്ഥാനം സുസ്ഥിരമാകുകയും ചെയ്തു. ഒരിക്കല്‍ ഹഗ്ഗീത്തിന്‍റെ പുത്രനായ അദോനിയാ ശാലോമോന്‍റെ മാതാവായ ബത്ത്-ശേബയുടെ അടുക്കല്‍ ചെന്നു. “നിന്‍റെ വരവു സൗഹാര്‍ദ്ദപരമാണോ” എന്നു ബത്ത്-ശേബ അദോനിയായോടു ചോദിച്ചു; “സൗഹൃദത്തോടെതന്നെ” അവന്‍ പറഞ്ഞു: “എനിക്ക് ഒരു കാര്യം പറയാനുണ്ട്” എന്ന് അവന്‍ പറഞ്ഞപ്പോള്‍ “പറഞ്ഞുകൊള്‍ക” എന്ന് ബത്ത്-ശേബ പറഞ്ഞു. “രാജസ്ഥാനം എനിക്കു കിട്ടേണ്ടതായിരുന്നു; ഇസ്രായേലിലുള്ളവരെല്ലാം പ്രതീക്ഷിച്ചതും അതുതന്നെ. എന്നാല്‍ മറ്റൊരു വിധത്തിലാണല്ലോ സംഭവിച്ചത്. എന്‍റെ സഹോദരന്‍ രാജാവായി; അതായിരുന്നു സര്‍വേശ്വരന്‍റെ ഹിതം. എനിക്കിപ്പോള്‍ ഒരു അഭ്യര്‍ഥന ഉണ്ട്. അതു നിരസിക്കരുത്; “അതെന്താണ്” ബത്ത്-ശേബ ചോദിച്ചു. “ശൂനേംകാരി അബീശഗിനെ എനിക്കു ഭാര്യയായി തരണമെന്നു ശലോമോനോടു പറയണം. അയാള്‍ അമ്മയുടെ അഭ്യര്‍ഥന തള്ളിക്കളയുകയില്ല.” “ആകട്ടെ, ഞാന്‍ നിനക്കുവേണ്ടി രാജാവിനോടു പറയാം” എന്നു ബത്ത്-ശേബ സമ്മതിച്ചു. അദോനിയായ്‍ക്കുവേണ്ടി സംസാരിക്കാന്‍ ബത്ത്-ശേബ ശാലോമോന്‍രാജാവിനെ സമീപിച്ചു; അപ്പോള്‍ രാജാവു എഴുന്നേറ്റു മാതാവിനെ അഭിവാദനം ചെയ്തശേഷം സിംഹാസനത്തില്‍ ഇരുന്നു. മാതാവിന് ഇരിപ്പിടം രാജസിംഹാസനത്തിന്‍റെ വലതുഭാഗത്ത് ഒരുക്കി. അവര്‍ അവിടെ ഇരുന്നു. ബത്ത്-ശേബ പറഞ്ഞു: “ഞാന്‍ ഒരു ചെറിയ കാര്യം ചോദിക്കാനാണു വന്നത്; അതു നിരസിക്കരുത്.” രാജാവ് പറഞ്ഞു: “അമ്മേ, ചോദിക്കൂ, ഞാന്‍ അമ്മയുടെ അപേക്ഷ തള്ളിക്കളയുകയില്ല.” “ശൂനേംകാരി അബീശഗിനെ നിന്‍റെ സഹോദരനായ അദോനിയായ്‍ക്ക് ഭാര്യയായി കൊടുക്കണം” അവര്‍ പറഞ്ഞു. അദ്ദേഹം അമ്മയോടു ചോദിച്ചു: “അദോനിയായ്‍ക്കുവേണ്ടി ശൂനേംകാരി അബീശഗിനെ എന്തുകൊണ്ടാണ് അമ്മ ചോദിക്കുന്നത്? രാജത്വവും അവനുവേണ്ടി ചോദിക്കരുതോ? അവന്‍ എന്‍റെ ജ്യേഷ്ഠനല്ലേ? അബ്യാഥാര്‍പുരോഹിതനും സെരൂയായുടെ മകന്‍ യോവാബും അവന്‍റെ പക്ഷത്താണല്ലോ.” പിന്നീട് ശലോമോന്‍ സര്‍വേശ്വരന്‍റെ നാമത്തില്‍ ആണയിട്ടു പറഞ്ഞു: “അദോനിയായുടെ ഈ അഭ്യര്‍ഥന അവന്‍റെ മരണത്തിന് ഇടയാക്കുന്നില്ലെങ്കില്‍ സര്‍വേശ്വരന്‍ എന്നെ സംഹരിക്കട്ടെ. എന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം അവിടുന്ന് എനിക്കു സ്ഥിരമാക്കിത്തന്നു. അവിടുത്തെ വാഗ്ദാനപ്രകാരം ഈ രാജ്യം എനിക്കും എന്‍റെ പിന്‍ഗാമികള്‍ക്കുമായി നല്‌കിയിരിക്കുന്നു. സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ പറയുന്നു: അദോനിയാ ഇന്നുതന്നെ വധിക്കപ്പെടണം.” ശലോമോന്‍ രാജാവിന്‍റെ കല്പനപ്രകാരം യഹോയാദയുടെ പുത്രനായ ബെനായാ അദോനിയായെ വധിച്ചു. ശലോമോന്‍ അബ്യാഥാര്‍പുരോഹിതനോടു പറഞ്ഞു: “നിന്‍റെ സ്വദേശമായ അനാഥോത്തിലേക്കു പൊയ്‍ക്കൊള്ളുക. നിന്നെയും കൊല്ലേണ്ടതാണ്. നീ എന്‍റെ പിതാവായ ദാവീദിന്‍റെ മുമ്പാകെ ദൈവമായ സര്‍വേശ്വരന്‍റെ പെട്ടകം ചുമന്നു; എന്‍റെ പിതാവ് അനുഭവിച്ച എല്ലാ കഷ്ടതകളിലും പങ്കുചേര്‍ന്നു. അതിനാല്‍ ഞാന്‍ ഇപ്പോള്‍ നിന്നെ വധിക്കുന്നില്ല.” ശലോമോന്‍ അബ്യാഥാരിനെ സര്‍വേശ്വരന്‍റെ പുരോഹിതസ്ഥാനത്തുനിന്നു നീക്കംചെയ്തു. അങ്ങനെ ശീലോവില്‍വച്ചു പുരോഹിതനായ ഏലിയെയും അവന്‍റെ ഭവനത്തെയും കുറിച്ച് സര്‍വേശ്വരന്‍ അരുളിച്ചെയ്തിരുന്നതു നിറവേറി. യോവാബ് അബ്ശാലോമിന്‍റെ പക്ഷത്തു ചേര്‍ന്നിരുന്നില്ലെങ്കിലും അദോനിയായ്‍ക്കു പിന്തുണ നല്‌കിയിരുന്നു. അതുകൊണ്ടു സംഭവിച്ചതെല്ലാം യോവാബ് അറിഞ്ഞപ്പോള്‍ സര്‍വേശ്വരന്‍റെ തിരുസാന്നിധ്യകൂടാരത്തിലേക്ക് ഓടി ജീവരക്ഷയ്‍ക്കായി യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പിടിച്ചു. യോവാബ് സര്‍വേശ്വരന്‍റെ കൂടാരത്തില്‍ ബലിപീഠത്തിനരികെ നില്‌ക്കുന്നു എന്നു കേട്ടു ശലോമോന്‍ യഹോയാദയുടെ പുത്രന്‍ ബെനായായെ അവിടേക്ക് അയച്ചു: “നീ പോയി അവനെ കൊന്നുകളയുക” എന്നു കല്പിച്ചു. ബെനായാ സര്‍വേശ്വരന്‍റെ കൂടാരത്തില്‍ ചെന്നു; “പുറത്തുവരാന്‍ രാജാവു കല്പിക്കുന്നു” എന്നു യോവാബിനോടു പറഞ്ഞു. “ഇല്ല, ഞാന്‍ ഇവിടെ കിടന്നു മരിച്ചുകൊള്ളാം” എന്ന് അയാള്‍ മറുപടി നല്‌കി. യോവാബു പറഞ്ഞതു ബെനായാ രാജാവിനെ അറിയിച്ചു. രാജാവു കല്പിച്ചു: “അവന്‍ പറഞ്ഞതുപോലെ നീ ചെയ്യുക; അവനെ കൊന്നു കുഴിച്ചിടുക. അങ്ങനെ യോവാബു കാരണം കൂടാതെ ചിന്തിയ രക്തത്തിനു ഞാനോ എന്‍റെ പിന്‍ഗാമികളോ ഉത്തരവാദികള്‍ ആകാതിരിക്കട്ടെ; എന്‍റെ പിതാവായ ദാവീദിന്‍റെ അറിവുകൂടാതെ അവന്‍ ചെയ്ത കൊലപാതകങ്ങള്‍ക്ക് സര്‍വേശ്വരന്‍ അവനെ ശിക്ഷിക്കും. ഇസ്രായേലിന്‍റെ സൈന്യാധിപനും നേരിന്‍റെ പുത്രനുമായ അബ്നേരിനെയും യെഹൂദായുടെ സൈന്യാധിപനും യേഥെരിന്‍റെ പുത്രനുമായ അമാസയെയും എന്‍റെ പിതാവായ ദാവീദിന്‍റെ അറിവുകൂടാതെ അവന്‍ കൊന്നു. അവരിരുവരും അവനെക്കാള്‍ നീതിനിഷ്ഠരും നല്ലവരും ആയിരുന്നു. അവരുടെ രക്തം ചൊരിഞ്ഞതിനുള്ള ശിക്ഷ യോവാബിന്‍റെയും അവന്‍റെ സന്താനങ്ങളുടെയുംമേല്‍ എന്നേക്കും ഉണ്ടായിരിക്കും. എന്നാല്‍ ദാവീദിനും അദ്ദേഹത്തിന്‍റെ സന്തതികള്‍ക്കും കുടുംബത്തിനും അദ്ദേഹത്തിന്‍റെ സിംഹാസനത്തിലിരിക്കുന്ന പിന്‍ഗാമികള്‍ക്കും സര്‍വേശ്വരനില്‍നിന്ന് എന്നേക്കും സമാധാനം ലഭിക്കും.” യഹോയാദയുടെ പുത്രനായ ബെനായാ ചെന്നു യോവാബിനെ കൊന്നു; വിജനപ്രദേശത്തുള്ള അയാളുടെ ഭവനത്തില്‍ അടക്കം ചെയ്തു. രാജാവ് അയാള്‍ക്കു പകരം യഹോയാദയുടെ പുത്രനായ ബെനായായെ സൈന്യാധിപനായും അബ്യാഥാരിന്‍റെ സ്ഥാനത്തു സാദോക്ക്പുരോഹിതനെയും നിയമിച്ചു. രാജാവ് ശിമെയിയെ ആളയച്ചു വരുത്തി അയാളോടു പറഞ്ഞു: യെരൂശലേമില്‍തന്നെ ഒരു വീടു പണിതു പാര്‍ത്തുകൊള്ളുക; നീ അവിടം വിട്ടു പോകരുത്; യെരൂശലേം വിട്ടു കിദ്രോന്‍തോടു കടക്കുന്ന ദിവസം നീ മരിക്കും; അങ്ങനെ സംഭവിച്ചാല്‍ അതിനുത്തരവാദി നീ തന്നെ ആയിരിക്കും.” “അങ്ങനെയാകട്ടെ, അങ്ങു കല്പിച്ചതുപോലെ അടിയന്‍ ചെയ്തുകൊള്ളാം” ശിമെയി രാജാവിനോടു പറഞ്ഞു. അങ്ങനെ അവന്‍ കുറെക്കാലം യെരൂശലേമില്‍ പാര്‍ത്തു. മൂന്നു വര്‍ഷത്തിനുശേഷം ശിമെയിയുടെ രണ്ട് അടിമകള്‍ മാഖയുടെ പുത്രനും ഗത്തിലെ രാജാവുമായ ആഖീശിന്‍റെ അടുക്കലേക്ക് ഓടിപ്പോയി; തന്‍റെ അടിമകള്‍ ഗത്തില്‍ ഉണ്ടെന്നു ശിമെയിക്ക് അറിവുകിട്ടി. അയാള്‍ അടിമകളെ അന്വേഷിച്ചു കഴുതപ്പുറത്തു കയറി ഗത്തില്‍ ആഖീശിന്‍റെ അടുക്കല്‍ ചെന്നു. അവിടെനിന്ന് അയാള്‍ അടിമകളെ കൂട്ടിക്കൊണ്ടുവന്നു. ശിമെയി ഗത്തില്‍ പോയി തിരിച്ചുവന്ന വിവരം ശലോമോന്‍ അറിഞ്ഞു. ഉടനെ രാജാവ് ആളയച്ചു ശിമെയിയെ വരുത്തി പറഞ്ഞു: “യെരൂശലേം വിട്ടുപോകുകയില്ലെന്നു സര്‍വേശ്വരന്‍റെ നാമത്തില്‍ നിന്നെക്കൊണ്ടു പ്രതിജ്ഞ ചെയ്യിച്ചിരുന്നതല്ലേ? അതു ലംഘിച്ചാല്‍ നീ മരിക്കേണ്ടിവരും എന്നു മുന്നറിയിപ്പു നല്‌കുകയും, അങ്ങനെ ആകട്ടെ എന്ന് നീ സമ്മതിക്കുകയും ചെയ്തിരുന്നല്ലോ. പിന്നെന്തുകൊണ്ട് സര്‍വേശ്വരന്‍റെ നാമത്തിലുള്ള പ്രതിജ്ഞ നീ ലംഘിച്ചു? നീ എന്‍റെ കല്പന അനുസരിക്കാഞ്ഞത് എന്ത്? എന്‍റെ പിതാവായ ദാവീദിനോടു നീ ചെയ്ത തിന്മകള്‍ എന്തെല്ലാമെന്നു നിനക്കറിയാമല്ലോ. അതുകൊണ്ട് സര്‍വേശ്വരന്‍റെ ശിക്ഷ നീ അനുഭവിക്കണം. സര്‍വേശ്വരനാല്‍ ഞാന്‍ അനുഗൃഹീതനാകും; ദാവീദിന്‍റെ സിംഹാസനം അവിടുന്ന് എന്നേക്കും സുസ്ഥിരമാക്കും.” പിന്നീട് യഹോയാദയുടെ പുത്രന്‍ ബെനായാ രാജാവിന്‍റെ കല്പനപ്രകാരം ശിമെയിയെ വധിച്ചു; അങ്ങനെ രാജത്വം ശലോമോന്‍റെ കരങ്ങളില്‍ സുസ്ഥിരമായി. ശലോമോന്‍ ഈജിപ്തിലെ രാജാവായ ഫറവോയുടെ പുത്രിയെ വിവാഹം ചെയ്ത് അയാളുമായി ബന്ധുത്വം സ്ഥാപിച്ചു. തനിക്ക് കൊട്ടാരവും സര്‍വേശ്വരന് ആലയവും യെരൂശലേമിനു ചുറ്റുമതിലും പണിതു തീരുന്നതുവരെ ശലോമോന്‍ അവളെ ദാവീദിന്‍റെ നഗരത്തില്‍ പാര്‍പ്പിച്ചു. അതുവരെയും സര്‍വേശ്വരന് ഒരു ആലയം നിര്‍മ്മിച്ചിരുന്നില്ല. അതുകൊണ്ട് പൂജാഗിരികളിലാണു യാഗം കഴിച്ചുപോന്നത്. ശലോമോന്‍ സര്‍വേശ്വരനെ സ്നേഹിച്ചു; പിതാവായ ദാവീദിന്‍റെ കല്പന കളെല്ലാം അനുസരിക്കുകയും ചെയ്തു. ശലോമോനും പൂജാഗിരികളിലാണ് യാഗം കഴിക്കുകയും ധൂപം അര്‍പ്പിക്കുകയും ചെയ്തുപോന്നത്. ഒരിക്കല്‍ രാജാവ് യാഗംകഴിക്കാന്‍ ഗിബെയോനിലുള്ള പ്രധാന പൂജാഗിരിയിലേക്കു പോയി; അവിടെ അദ്ദേഹം ആയിരം ഹോമയാഗങ്ങള്‍ അര്‍പ്പിച്ചിട്ടുണ്ടായിരുന്നു. ഗിബെയോനില്‍ വച്ചു സര്‍വേശ്വരന്‍ രാത്രിയില്‍ ശാലോമോനു സ്വപ്നത്തില്‍ പ്രത്യക്ഷനായി ചോദിച്ചു: “ഞാന്‍ എന്തു വരം നല്‌കണമെന്നാണ് നീ ആഗ്രഹിക്കുന്നത്.” ശലോമോന്‍ പറഞ്ഞു: “അവിടുത്തെ ദാസനും എന്‍റെ പിതാവുമായ ദാവീദ് തിരുമുമ്പില്‍ വിശ്വസ്തതയും നീതിബോധവും സത്യസന്ധതയും പുലര്‍ത്തി. അവിടുന്ന് അദ്ദേഹത്തെ അത്യന്തം സ്നേഹിച്ചു; അവിടുത്തെ സ്നേഹം സുസ്ഥിരമായിരുന്നു; അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി രാജ്യഭരണം നടത്താന്‍ ഒരു പുത്രനെ നല്‌കുകയും ചെയ്തു. എന്‍റെ ദൈവമായ സര്‍വേശ്വരാ, അങ്ങ് അടിയനെ എന്‍റെ പിതാവായ ദാവീദിനു പകരം രാജാവാക്കിയിരിക്കുന്നുവല്ലോ; ഞാന്‍ ആകട്ടെ ഭരണപരിചയമില്ലാത്ത വെറും ഒരു ബാലന്‍ മാത്രം. അങ്ങ് തിരഞ്ഞെടുത്തതും ഗണനാതീതവും ആയ ഒരു വലിയ ജനതയുടെ മധ്യത്തിലാണു ഞാന്‍ ഇപ്പോള്‍. ഈ വലിയ ജനതയെ ഭരിക്കാന്‍ ആര്‍ക്കു കഴിയും? നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ യഥായോഗ്യം ഭരിക്കുന്നതിനാവശ്യമായ ജ്ഞാനം ഈ ദാസനു നല്‌കണമേ.” ശലോമോന്‍റെ ഈ പ്രാര്‍ഥന സര്‍വേശ്വരനു ഹിതകരമായി. അവിടുന്ന് അരുളിച്ചെയ്തു: “ദീര്‍ഘായുസ്സോ സമ്പത്തോ ശത്രുക്കളുടെ ജീവനോ ആവശ്യപ്പെടാതെ ഭരിക്കുന്നതിനാവശ്യമായ വിവേകം മാത്രമാണ് നീ ചോദിച്ചത്. അതുകൊണ്ടു ഞാന്‍ നിന്‍റെ പ്രാര്‍ഥന കേട്ടിരിക്കുന്നു; ജ്ഞാനവും വിവേകവും ഞാന്‍ നിനക്കു തരുന്നു. ഇക്കാര്യത്തില്‍ നിനക്കു സമനായ ആരും ഇതിനുമുമ്പ് ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല. ഇതു കൂടാതെ നീ ചോദിക്കാത്ത കാര്യങ്ങള്‍ കൂടി ഞാന്‍ നിനക്കു തരുന്നു; നിന്‍റെ ജീവിതകാലം മുഴുവന്‍ മറ്റൊരു രാജാവിനും ഇല്ലാത്ത സമ്പത്തും ബഹുമതിയും ഞാന്‍ നിനക്കു നല്‌കും. നിന്‍റെ പിതാവായ ദാവിദിനെപ്പോലെ എന്‍റെ കല്പനകളും ചട്ടങ്ങളും പാലിച്ച് എന്‍റെ മാര്‍ഗത്തില്‍ നടന്നാല്‍ ഞാന്‍ നിനക്കു ദീര്‍ഘായുസ്സു നല്‌കും.” ശലോമോന്‍ ഉറക്കത്തില്‍നിന്നും ഉണര്‍ന്നപ്പോള്‍ അത് ഒരു ദര്‍ശനമായിരുന്നു എന്നു മനസ്സിലായി. അദ്ദേഹം യെരൂശലേമില്‍ മടങ്ങിവന്നു സര്‍വേശ്വരന്‍റെ സാക്ഷ്യപെട്ടകത്തിനു മുമ്പില്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു; പിന്നീട് തന്‍റെ ഭൃത്യന്മാര്‍ക്ക് വിരുന്നു നടത്തി. ഒരു ദിവസം രണ്ടു വേശ്യകള്‍ രാജസന്നിധിയില്‍ വന്നു. ഒരുവള്‍ പറഞ്ഞു: “യജമാനനേ, ഞാനും ഇവളും ഒരേ വീട്ടിലാണു പാര്‍ക്കുന്നത്. അവള്‍ വീട്ടിലുണ്ടായിരുന്നപ്പോള്‍ ഞാന്‍ ഒരു കുഞ്ഞിനെ പ്രസവിച്ചു; മൂന്നു ദിവസം കഴിഞ്ഞ് ഇവളും പ്രസവിച്ചു. ഞങ്ങളല്ലാതെ ആ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. രാത്രിയില്‍ ഇവള്‍ കുട്ടിയുടെമേല്‍ കിടക്കാന്‍ ഇടയായതുകൊണ്ട് അവന്‍ മരിച്ചുപോയി. അര്‍ധരാത്രിയില്‍ അടിയന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അവള്‍ എഴുന്നേറ്റ് അടിയന്‍റെ കുഞ്ഞിനെ എടുത്ത് അവളുടെ മാറോടു ചേര്‍ത്തു കിടത്തി; മരിച്ച കുഞ്ഞിനെ എന്‍റെ അടുത്തും കിടത്തി. കുഞ്ഞിനെ മുലയൂട്ടാന്‍ ഞാന്‍ രാവിലെ എഴുന്നേറ്റപ്പോള്‍ കുഞ്ഞു മരിച്ചുകിടക്കുന്നതായി കണ്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍ അത് എന്‍റെ കുഞ്ഞല്ല എന്നു മനസ്സിലായി; എന്നാല്‍ ഇവള്‍ പറഞ്ഞു; അങ്ങനെയല്ല ജീവനുള്ള കുഞ്ഞ് എന്‍റേതാണ്; മരിച്ചതു നിന്‍റെ കുഞ്ഞാണ്.” ഇങ്ങനെതന്നെ അവര്‍ രാജസന്നിധിയിലും വാദിച്ചു. അപ്പോള്‍ ശലോമോന്‍ പറഞ്ഞു: “ജീവനുള്ള കുഞ്ഞ് എന്‍റേതാണ് മരിച്ചതു നിന്‍റേതാണ് എന്നു നിങ്ങള്‍ രണ്ടുപേരും അവകാശപ്പെടുകയാണല്ലോ.” ഒരു വാള്‍ കൊണ്ടുവരുവാന്‍ രാജാവു കല്പിച്ചു; സേവകന്‍ വാള്‍ കൊണ്ടുവന്നു. “ജീവനുള്ള കുഞ്ഞിനെ രണ്ടായി മുറിച്ച് ഇരുവര്‍ക്കുമായി കൊടുക്കാന്‍ രാജാവു വീണ്ടും കല്പിച്ചു; ജീവനുള്ള കുഞ്ഞിന്‍റെ മാതാവ് തന്‍റെ കുഞ്ഞിനെ ഓര്‍ത്തു ഹൃദയം നീറി രാജാവിനോടു പറഞ്ഞു: “യജമാനനേ, ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവള്‍ക്കു കൊടുത്തുകൊള്ളുക.” എന്നാല്‍ മറ്റവള്‍ പറഞ്ഞു: “ജീവനോടെ എനിക്കും വേണ്ട, നിനക്കും വേണ്ടാ, അതിനെ പിളര്‍ക്കട്ടെ”. അതു കേട്ടപ്പോള്‍ രാജാവു കല്പിച്ചു: “ജീവനുള്ള കുഞ്ഞിനെ ആദ്യത്തെ സ്‍ത്രീക്കു കൊടുക്കുക; അവന്‍റെ അമ്മ അവളാണ്.” രാജാവിന്‍റെ തീരുമാനം ഇസ്രായേല്‍ജനം അറിഞ്ഞപ്പോള്‍ നീതി നടത്തുന്നതിനു രാജാവിനു ദൈവികജ്ഞാനം ലഭിച്ചിട്ടുണ്ടെന്നു മനസ്സിലായി; അവര്‍ രാജാവിനെ അത്യധികം ബഹുമാനിച്ചു. ശലോമോന്‍ ഇസ്രായേല്‍ മുഴുവന്‍റെയും രാജാവായി; സാദോക്കിന്‍റെ പുത്രന്‍ അസര്യായെ പുരോഹിതനായും ശീശയുടെ പുത്രന്മാര്‍ എലീഹോരേഫീനെയും അഹീയായെയും കാര്യദര്‍ശികളായും അഹീലൂദിന്‍റെ പുത്രന്‍ യെഹോശാഫാത്തിനെ പ്രമാണം സൂക്ഷിപ്പുകാരനായും യഹോയാദയുടെ പുത്രന്‍ ബെനായായെ സൈന്യാധിപനായും സാദോക്കിനെയും അബ്യാഥാരെയും പുരോഹിതന്മാരായും നാഥാന്‍റെ പുത്രന്മാരായ അസര്യായെ മേല്‍വിചാരകനായും സാബൂദിനെ പുരോഹിതനായും ഉപദേഷ്ടാവായും അഹീശാറിനെ കൊട്ടാരം വിചാരിപ്പുകാരനായും അബ്ദയുടെ പുത്രന്‍ അദോനീരാമിനെ അടിമകളുടെ മേലധികാരിയായും ശലോമോന്‍ രാജാവു നിയമിച്ചു. രാജാവിനും കുടുംബാംഗങ്ങള്‍ക്കുമുള്ള ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിനു ശലോമോന്‍ പന്ത്രണ്ട് ഉദ്യോഗസ്ഥന്മാരെ ഇസ്രായേലില്‍ നിയമിച്ചിരുന്നു. അവര്‍ ഓരോരുത്തരും ഓരോ മാസത്തേക്ക് ആവശ്യമായ ഭക്ഷണപദാര്‍ഥങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നു. അവര്‍ ചുമതല വഹിച്ചിരുന്ന സ്ഥലങ്ങളും അവരുടെ പേരുകളും: എഫ്രയീംമലനാട്ടില്‍ ബെന്‍ഹൂര്‍; മാക്കസ്, ശാല്‍ബീം, ബേത്ത് ശേമെശ്, ഏലോന്‍-ബേത്ത്-ഹാനാന്‍ എന്നീ പട്ടണങ്ങളില്‍ ബെന്‍-ദേക്കെര്‍, അരുബോത്ത്, സോക്കോവ് എന്നീ പട്ടണങ്ങളും ഹേഫെര്‍ പ്രദേശവും ബെന്‍- ഹേസെര്‍; നാഫത്ത്-ദോറില്‍ ബെന്‍ അബീനാദാബ്; താനാക്ക്, മെഗിദ്ദോ എന്നീ പട്ടണങ്ങളും സാരെഥാനു സമീപം ജെസ്രീലിനു താഴെ ബേത്ത്-ശെയാന്‍മുതല്‍ അബേല്‍-മെഹോലാവരെയും യോക്മെയാമിന്‍റെ അപ്പുറം വരെയുമുള്ള സ്ഥലങ്ങളും അഹിലൂദിന്‍റെ പുത്രന്‍ ബാന; ഗിലെയാദിലെ രാമോത്ത്, മനശ്ശെയുടെ പുത്രന്‍ യായീരിനു ഗിലെയാദിലുള്ള പട്ടണങ്ങള്‍, മതിലുകളും ചെമ്പോടാമ്പലുകളും ഉള്ള അറുപതു വലിയ പട്ടണങ്ങള്‍ ഉള്‍പ്പെട്ട ബാശാനിലെ അര്‍ഗ്ഗോബ് എന്നീ സ്ഥലങ്ങളില്‍ ബെന്‍-ഗേബെര്‍; മഹനയീമില്‍ ഇദ്ദോവിന്‍റെ പുത്രന്‍ അഹീനാദാബ്; നഫ്താലിയില്‍ അഹീമാസ്; [15,16] ആശേരിലും ബെയാലോത്തിലും ഹൂശയിയുടെ മകന്‍ ബാനാ; *** ഇസ്സാഖാരില്‍ പാരൂഹിന്‍റെ പുത്രന്‍ യെഹോശാഫാത്ത്; ബെന്യാമീനില്‍ ഏലയുടെ പുത്രന്‍ ശിമെയി; അമോര്യരാജാവായ സീഹോന്‍റെയും ബാശാന്‍രാജാവായ ഓഗിന്‍റെയും രാജ്യമായിരുന്ന ഗിലെയാദില്‍ ഹൂരിന്‍റെ പുത്രന്‍ ഗേബര്‍; ഇവരെ കൂടാതെ യെഹൂദാദേശത്തിന് ഒരുദ്യോഗസ്ഥനുമുണ്ടായിരുന്നു. യെഹൂദ്യയിലെയും ഇസ്രായേലിലെയും ജനം കടല്‍ക്കരയിലെ മണല്‍ത്തരികള്‍പോലെ അസംഖ്യമായി. അവര്‍ തിന്നും കുടിച്ചും ഉല്ലാസഭരിതരായി ജീവിച്ചു. യൂഫ്രട്ടീസ്നദിമുതല്‍ ഫെലിസ്ത്യദേശം ഉള്‍പ്പെടെ ഈജിപ്തിന്‍റെ അതിരുവരെയുള്ള പ്രദേശങ്ങള്‍ ശലോമോന്‍റെ ഭരണത്തിന്‍ കീഴിലായിരുന്നു. അവിടെയുള്ളവര്‍ കപ്പം കൊടുത്തു ശലോമോന്‍റെ ജീവിതകാലം മുഴുവന്‍ അദ്ദേഹത്തിനു കീഴ്പെട്ടിരുന്നു; ശലോമോന്‍റെ പ്രതിദിനചെലവ് മുപ്പതു കോര്‍ നേരിയ മാവും അറുപതുകോര്‍ സാധാരണ മാവുമായിരുന്നു; കൂടാതെ കലമാന്‍, പേടമാന്‍, മ്ലാവ്, കോഴി, തടിച്ചു കൊഴുത്ത പത്തു കാള, വയലില്‍ മേയുന്ന ഇരുപതു കാള, നൂറ് ആട് എന്നിവയും ഉള്‍പ്പെട്ടിരുന്നു. യൂഫ്രട്ടീസ്നദിക്കു പടിഞ്ഞാറ് തിഫ്സാമുതല്‍ ഗസാവരെയുള്ള പ്രദേശങ്ങള്‍ ശലോമോന്‍റെ അധീനതയിലായിരുന്നു. നദിക്കു പടിഞ്ഞാറുള്ള സകല രാജാക്കന്മാരും അദ്ദേഹത്തിനു കീഴ്പെട്ടിരുന്നു. അയല്‍നാടുകളുമായി ശലോമോന്‍ സമാധാനത്തില്‍ കഴിഞ്ഞു; ശലോമോന്‍റെ ജീവിതകാലം മുഴുവന്‍ ദാന്‍മുതല്‍ ബേര്‍-ശേബാവരെ യെഹൂദ്യയിലും ഇസ്രായേലിലും ഉള്ളവര്‍ ഓരോരുത്തരും മുന്തിരിയും അത്തിയും കൃഷി ചെയ്തു സുരക്ഷിതരായി ജീവിച്ചു. ശലോമോനു പന്തീരായിരം കുതിരപ്പട്ടാളക്കാരും തന്‍റെ രഥങ്ങള്‍ക്കുള്ള കുതിരകള്‍ക്കായി നാല്പതിനായിരം ലായവും ഉണ്ടായിരുന്നു. ഭക്ഷണപദാര്‍ഥങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിനു ചുമതലപ്പെട്ടവര്‍, അവ യാതൊരു കുറവും കൂടാതെ അതാതു മാസം എത്തിച്ചു കൊടുക്കും. കുതിരകള്‍ക്കും വേഗതയേറിയ പടക്കുതിരകള്‍ക്കും ആവശ്യമായ ബാര്‍ലിയും വയ്‍ക്കോലും കൂടി അവര്‍ ഏറ്റിരുന്നതുപോലെ യഥാസ്ഥാനത്തു മുറപ്രകാരം എത്തിച്ചു കൊടുക്കുമായിരുന്നു. ദൈവം ശലോമോന് അളവറ്റ ജ്ഞാനവും ബുദ്ധിയും കടല്പുറംപോലെ വിശാലമായ ഹൃദയവും കൊടുത്തിരുന്നു. പൗരസ്ത്യദേശത്തെയും ഈജിപ്തിലെയും ജ്ഞാനികളെ അതിശയിക്കുന്ന വിധത്തിലുള്ളതായിരുന്നു ശലോമോന്‍റെ ജ്ഞാനം. എസ്രാഹ്യനായ ഏഥാന്‍, മാഹേലിന്‍റെ പുത്രന്മാരായ ഹേമാന്‍, കല്‍ക്കോല്‍, ദര്‍ദാ എന്നിവരെക്കാള്‍ അദ്ദേഹം ജ്ഞാനി ആയിരുന്നു. അയല്‍രാജ്യങ്ങളിലെല്ലാം അദ്ദേഹത്തിന്‍റെ കീര്‍ത്തി പരന്നു. ശലോമോന്‍ മൂവായിരം സുഭാഷിതങ്ങളും ആയിരത്തഞ്ചു ഗീതങ്ങളും രചിച്ചു. ലെബാനോനിലെ ദേവദാരുമുതല്‍ ചുവരിന്മേല്‍ മുളയ്‍ക്കുന്ന ഏസോവുവരെയുള്ള എല്ലാ വൃക്ഷങ്ങളെയും സസ്യങ്ങളെയുംകുറിച്ചും മൃഗങ്ങള്‍, പക്ഷികള്‍, ഇഴജാതികള്‍, മത്സ്യം എന്നിവയെക്കുറിച്ചും ശലോമോന് ആധികാരികമായി അറിവുണ്ടായിരുന്നു. ശലോമോന്‍റെ ജ്ഞാനത്തെപ്പറ്റി കേട്ടിരുന്ന പല രാജാക്കന്മാരും ജനങ്ങളും അദ്ദേഹത്തിന്‍റെ ജ്ഞാനവചസ്സുകള്‍ ശ്രവിക്കാന്‍ എത്തിയിരുന്നു. ശലോമോന്‍ തന്‍റെ പിതാവിന്‍റെ സ്ഥാനത്തു രാജാവായി അഭിഷിക്തനായിരിക്കുന്നു എന്ന വാര്‍ത്ത ദാവീദിന്‍റെ ആജീവനാന്തസുഹൃത്തും സോരിലെ രാജാവുമായ ഹീരാം കേട്ടപ്പോള്‍ തന്‍റെ ഭൃത്യന്മാരെ ശലോമോന്‍റെ അടുക്കല്‍ അയച്ചു. പിന്നീടു ശലോമോന്‍ ഹീരാമിന് ഒരു സന്ദേശം അയച്ചു: “ചുറ്റുപാടുമുള്ള ശത്രുക്കളെ കീഴടക്കാന്‍ എന്‍റെ പിതാവായ ദാവീദിന് എപ്പോഴും യുദ്ധം ചെയ്യേണ്ടിയിരുന്നു; അതുകൊണ്ട് തന്‍റെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കാന്‍ ഒരു ആലയം നിര്‍മ്മിക്കുന്നതിനു കഴിഞ്ഞില്ലെന്ന് അങ്ങേക്ക് അറിയാമല്ലോ. എന്‍റെ രാജ്യത്ത് എല്ലായിടത്തും എന്‍റെ ദൈവമായ സര്‍വേശ്വരന്‍ എനിക്കു സ്വസ്ഥത നല്‌കിയിരിക്കുന്നു; എനിക്കു പ്രതിയോഗിയോ ആക്രമണഭീഷണിയോ ഇല്ല. ‘നിനക്കുശേഷം രാജാവായി ഞാന്‍ അവരോധിക്കുന്ന നിന്‍റെ മകന്‍ എനിക്ക് ഒരു ദേവാലയം പണിയുമെന്ന്” സര്‍വേശ്വരന്‍ എന്‍റെ പിതാവിനോടു വാഗ്ദാനം ചെയ്തിരുന്നു. അതനുസരിച്ച് എന്‍റെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കുന്നതിന് ഒരു ദേവാലയം പണിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതിനായി ദേവദാരുമരം മുറിക്കാന്‍ അങ്ങയുടെ ആളുകളെ ലെബാനോനിലേക്ക് അയച്ചാലും; അങ്ങു നിശ്ചയിക്കുന്ന കൂലി ഞാന്‍ അവര്‍ക്കു കൊടുത്തുകൊള്ളാം; എന്‍റെ ജോലിക്കാരും അവരോടൊത്തു ജോലി ചെയ്യും. മരം മുറിക്കാന്‍ സീദോന്യരെപ്പോലെ പരിചയമുള്ളവര്‍ ഞങ്ങളുടെ ഇടയില്‍ ഇല്ലെന്ന് അങ്ങേക്കറിയാമല്ലോ. ശലോമോന്‍റെ സന്ദേശം ലഭിച്ചപ്പോള്‍ ഹീരാം അതീവ സന്തുഷ്ടനായി; അദ്ദേഹം പറഞ്ഞു: “മഹത്തായ ഈ ജനതയെ ഭരിക്കാന്‍ ജ്ഞാനിയായ ഒരു പുത്രനെ ദാവീദിനു നല്‌കിയ സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ.” ശലോമോന്‍റെ സന്ദേശം കിട്ടിയപ്പോള്‍ ഹീരാം അറിയിച്ചു: “അങ്ങയുടെ ആഗ്രഹംപോലെ പ്രവര്‍ത്തിക്കാന്‍ ഞാന്‍ ഒരുക്കമാണ്. ദേവദാരുവിന്‍റെയും സരളമരത്തിന്‍റെയും കാര്യത്തില്‍ അങ്ങ് ആഗ്രഹിക്കുന്നതുപോലെ ഞാന്‍ ചെയ്യാം. എന്‍റെ ജോലിക്കാര്‍ ലെബാനോനില്‍നിന്നു തടി കടലില്‍ ഇറക്കി ചങ്ങാടങ്ങളാക്കി അങ്ങു പറയുന്ന സ്ഥലത്തെത്തിച്ചു കെട്ടഴിപ്പിച്ചു തരും; അവിടെവച്ച് അവ ഏറ്റുവാങ്ങിയാല്‍ മതി. എന്‍റെ കുടുംബത്തിനാവശ്യമായ ഭക്ഷണം നല്‌കണമെന്നുള്ള എന്‍റെ ആഗ്രഹം അങ്ങു നിറവേറ്റിത്തരണം. അങ്ങനെ ശലോമോന്‍ ആവശ്യപ്പെട്ടതുപോലെ ദേവദാരുവും സരളമരവും ഹീരാം അയച്ചുകൊടുത്തു. ഹീരാമിന്‍റെ കുടുംബത്തിനാവശ്യമായ ഇരുപതിനായിരം കോര്‍ കോതമ്പും ഇരുപതിനായിരം കോര്‍ ആട്ടിയെടുത്ത എണ്ണയും ശലോമോന്‍ ആണ്ടുതോറും നല്‌കിപ്പോന്നു. സര്‍വേശ്വരന്‍ ശലോമോനോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ അദ്ദേഹത്തിനു വേണ്ടത്ര ജ്ഞാനം നല്‌കി. ഹീരാമും ശലോമോനും സമാധാനത്തോടെ കഴിഞ്ഞു; അവര്‍ തമ്മില്‍ ഒരു ഉടമ്പടി ഉണ്ടാക്കുകയും ചെയ്തു. ശലോമോന്‍രാജാവ് ഇസ്രായേലില്‍നിന്നു മുപ്പതിനായിരം പേരെ അടിമവേലയ്‍ക്കു തിരഞ്ഞെടുത്തു; അവരില്‍നിന്നു പതിനായിരം പേരെ വീതം മാസംതോറും ലെബാനോനിലേക്കയച്ചുകൊണ്ടിരുന്നു. അവര്‍ ഒരു മാസം ലെബാനോനില്‍ കഴിയും; രണ്ടു മാസം തങ്ങളുടെ വീടുകളിലും. അദോനീരാം ആയിരുന്നു അവരുടെ മേല്‍നോട്ടം വഹിച്ചിരുന്നത്. ശലോമോന് എണ്‍പതിനായിരം കല്ലുവെട്ടുകാരും കല്ലു ചുമക്കുന്നതിന് എഴുപതിനായിരം ചുമട്ടുകാരും കൂടാതെ അവരുടെ മേല്‍നോട്ടം വഹിക്കുന്നതിനു മൂവായിരത്തി മുന്നൂറ് ആളുകളും ഉണ്ടായിരുന്നു. ദേവാലയത്തിന് അടിത്തറ പണിയാന്‍ രാജകല്പനപ്രകാരം വിലപ്പെട്ട വലിയ കല്ലുകള്‍ കൊണ്ടുവന്നു ചെത്തിയൊരുക്കി. ശലോമോന്‍റെയും ഹീരാമിന്‍റെയും ശില്പികളും ഗെബാല്യരും ആലയപ്പണിക്കുവേണ്ട മരവും കല്ലും ചെത്തിയൊരുക്കി. ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്‍റെ നാനൂറ്റി എണ്‍പതാം വര്‍ഷം അതായതു ശലോമോന്‍റെ വാഴ്ചയുടെ നാലാം വര്‍ഷം രണ്ടാം മാസമായ സീവ് മാസത്തിലാണ് അദ്ദേഹം ദേവാലയത്തിന്‍റെ പണി ആരംഭിച്ചത്. ശലോമോന്‍രാജാവു സര്‍വേശ്വരനുവേണ്ടി നിര്‍മ്മിച്ച ആലയത്തിന് അറുപതു മുഴം നീളവും ഇരുപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു. ദേവാലയത്തിന്‍റെ മുന്‍ഭാഗത്ത് പത്തു മുഴം വീതിയും ആലയത്തിന്‍റെ വീതിയായ ഇരുപതു മുഴം നീളവുമുള്ള ഒരു പൂമുഖം ഉണ്ടായിരുന്നു. ദേവാലയഭിത്തികളില്‍ അകത്തു വിസ്താരം കൂടിയതും പുറത്തേക്കു വരുമ്പോള്‍ വിസ്താരം കുറഞ്ഞതുമായ ജനാലകളും ഉണ്ടായിരുന്നു. ദേവാലയത്തിന്‍റെ അന്തര്‍മന്ദിരമടക്കമുള്ള പുറംഭിത്തികളോടു ചേര്‍ന്നു തട്ടുകളായി മുറികള്‍ നിര്‍മ്മിച്ചു. താഴത്തെ നിലയ്‍ക്ക് അഞ്ചു മുഴവും നടുവിലത്തേതിന് ആറു മുഴവും മുകളിലത്തേതിന് ഏഴു മുഴവും വീതിയുണ്ടായിരുന്നു; മുറികളുടെ തുലാങ്ങള്‍ ദേവാലയഭിത്തിയില്‍ തുളച്ചുകടക്കാതിരിക്കത്തക്കവിധം പുറംഭിത്തികളില്‍തന്നെ അവ ഉറപ്പിച്ചിരുന്നു. കല്ലു വെട്ടുന്ന കുഴിയില്‍ വച്ചുതന്നെ അവ ചെത്തി ഒരുക്കിയിരുന്നതുകൊണ്ടു പണി നടക്കുന്ന സമയത്തു ദേവാലയത്തില്‍ മഴുവിന്‍റെയോ ചുറ്റികയുടെയോ മറ്റ് ഇരുമ്പായുധങ്ങളുടെയോ ഒച്ച കേട്ടിരുന്നില്ല. താഴത്തെ നിലയുടെ വാതില്‍ ദേവാലയത്തിന്‍റെ തെക്കുവശത്തായിരുന്നു. ചുറ്റിക്കയറാവുന്ന ഗോവണിയിലൂടെ മധ്യനിലയിലേക്കും അവിടെനിന്നു മുകളിലത്തെ നിലയിലേക്കും കയറാം. അങ്ങനെ ശലോമോന്‍ ദേവാലയത്തിന്‍റെ പണി പൂര്‍ത്തിയാക്കി; ദേവദാരുകൊണ്ടുള്ള പലകയും തുലാങ്ങളും കൊണ്ടു മച്ചിട്ടു. ആലയത്തിന്‍റെ ചുറ്റുമുള്ള തട്ടുകള്‍ അഞ്ചു മുഴം ഉയരത്തിലാണ് നിര്‍മ്മിച്ചിരുന്നത്. ദേവദാരുതടികൊണ്ട് അവ ദേവാലയത്തോടു ബന്ധിപ്പിച്ചിരുന്നു. സര്‍വേശ്വരന്‍ ശലോമോനോട് അരുളിച്ചെയ്തു: “നീ എനിക്ക് ആലയം പണിയുകയാണല്ലോ. നീ എന്‍റെ സകല ചട്ടങ്ങളും അനുശാസനങ്ങളും കല്പനകളും അനുസരിച്ചു ജീവിച്ചാല്‍ ഞാന്‍ നിന്‍റെ പിതാവായ ദാവീദിനോടു ചെയ്തിരുന്ന വാഗ്ദാനം നിന്നില്‍ നിറവേറ്റും. ഞാന്‍ ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍ത്തന്നെ പാര്‍ക്കും; എന്‍റെ ജനമായ ഇസ്രായേലിനെ ഞാന്‍ ഉപേക്ഷിക്കുകയില്ല.” ശലോമോന്‍ ദേവാലയത്തിന്‍റെ പണി പൂര്‍ത്തിയാക്കി. ദേവാലയഭിത്തികളുടെ ഉള്‍വശം തറമുതല്‍ മച്ചുവരെ ദേവദാരുപ്പലകകൊണ്ടു പൊതിഞ്ഞു; തറയില്‍ സരളമരപ്പലകകള്‍ നിരത്തി. ദേവാലയത്തിന്‍റെ പിന്‍ഭാഗത്തെ ഇരുപതു മുഴം തറമുതല്‍ ഉത്തരംവരെ ദേവദാരുപ്പലകകൊണ്ടു വേര്‍തിരിച്ചു. അങ്ങനെയാണ് അന്തര്‍മന്ദിരമായ അതിവിശുദ്ധസ്ഥലം നിര്‍മ്മിച്ചത്. അതിവിശുദ്ധ സ്ഥലത്തിനു മുമ്പിലുള്ള ദേവാലയഭാഗത്തിനു നാല്പതു മുഴം നീളമുണ്ടായിരുന്നു. ദേവാലയത്തിന്‍റെ ഉള്‍ച്ചുവരുകള്‍ കല്ലു കാണാന്‍ പാടില്ലാത്തവിധം ദേവദാരുപ്പലകകള്‍കൊണ്ട് പൊതിഞ്ഞിരുന്നു. ഫലങ്ങളും വിടര്‍ന്ന പൂക്കളും കൊത്തി മനോഹരമാക്കിയവയായിരുന്നു ആ പലകകള്‍. ദേവാലയത്തിന്‍റെ ഉള്‍ഭാഗത്തു സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം സ്ഥാപിക്കുന്നതിന് അന്തര്‍മന്ദിരം ഒരുക്കി. അന്തര്‍മന്ദിരത്തിന് ഇരുപതു മുഴം വീതം നീളവും വീതിയും ഉയരവും ഉണ്ടായിരുന്നു. ശലോമോന്‍ അതു തങ്കംകൊണ്ടു പൊതിഞ്ഞു; യാഗപീഠം ദേവദാരുകൊണ്ടു നിര്‍മ്മിച്ചു. ആലയത്തിന്‍റെ അകവശം മുഴുവന്‍ തങ്കംകൊണ്ടു പൊതിയുകയും അന്തര്‍മന്ദിരത്തിന്‍റെ മുന്‍ഭാഗം കുറുകെ സ്വര്‍ണച്ചങ്ങലകള്‍കൊണ്ടു ബന്ധിക്കുകയും ചെയ്തു. അന്തര്‍മന്ദിരം തങ്കംകൊണ്ടു പൊതിഞ്ഞു. അങ്ങനെ യാഗപീഠം ഉള്‍പ്പെടെ ദേവാലയം മുഴുവന്‍ സ്വര്‍ണംകൊണ്ടു പൊതിഞ്ഞു. ഒലിവുമരംകൊണ്ടു പത്തു മുഴം ഉയരമുള്ള രണ്ടു കെരൂബുകളെ ഉണ്ടാക്കി അതിവിശുദ്ധസ്ഥലത്തു സ്ഥാപിച്ചു. കെരൂബിന്‍റെ ഓരോ ചിറകിനും അഞ്ചു മുഴം നീളമുണ്ടായിരുന്നു. ഒരു ചിറകിന്‍റെ അറ്റംമുതല്‍ മറ്റേ ചിറകിന്‍റെ അറ്റംവരെയുള്ള അകലം പത്തു മുഴം ആയിരുന്നു. മറ്റേ കെരൂബിന് അതേ വലിപ്പവും ആകൃതിയും ആയിരുന്നു. രണ്ടു കെരൂബുകളുടെയും ആകൃതിയും ഒരുപോലെ ആയിരുന്നു. രണ്ടു കെരൂബുകളുടെയും ഉയരം പത്തുമുഴം ആയിരുന്നു. ശലോമോന്‍ കെരൂബുകളെ അന്തര്‍മന്ദിരത്തില്‍ സ്ഥാപിച്ചു. ഒരു കെരൂബിന്‍റെ ചിറക് ഒരു ചുവരിലും, മറ്റേ കെരൂബിന്‍റെ ചിറക് മറ്റേ ചുവരിലും തൊട്ടിരുന്നു. മന്ദിരത്തിന്‍റെ നടുവില്‍ അവയുടെ ചിറകുകള്‍ പരസ്പരം സ്പര്‍ശിച്ചിരുന്നു. രണ്ടു കെരൂബുകളെയും സ്വര്‍ണംകൊണ്ടു പൊതിഞ്ഞിരുന്നു. ആലയത്തിന്‍റെ അകത്തും പുറത്തുമുള്ള മുറികളുടെ ചുവരുകള്‍ കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പങ്ങള്‍ എന്നിവയുടെ രൂപങ്ങള്‍ കൊത്തി അലങ്കരിച്ചിരുന്നു. ആ മുറികളുടെ തറകളും സ്വര്‍ണംകൊണ്ടു പൊതിഞ്ഞിരുന്നു. അന്തര്‍മന്ദിരത്തിന്‍റെ വാതിലിന് ഒലിവുപലകകൊണ്ടു കതകുകള്‍ ഉണ്ടാക്കി. വാതിലിന്‍റെ കട്ടളയും മേല്പടിയും ചേര്‍ത്തു പഞ്ചഭുജാകൃതിയിലാണു നിര്‍മ്മിച്ചിരുന്നത്. ഒലിവുപലകകൊണ്ടുള്ള രണ്ടു കതകുകളിലും കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പങ്ങള്‍ എന്നിവയുടെ രൂപങ്ങള്‍ കൊത്തിവച്ചു. അവ സ്വര്‍ണംകൊണ്ടു പൊതിഞ്ഞു. ദേവാലയത്തിന്‍റെ പ്രധാനകവാടത്തിലെ വാതില്‍ ഒലിവുതടികൊണ്ടു ചതുരാകൃതിയിലുണ്ടാക്കി. അതിന്‍റെ രണ്ടു കതകുകളും സരളമരംകൊണ്ടു നിര്‍മ്മിച്ചു. ഓരോന്നിനും ഈരണ്ടു മടക്കുപാളികളും ഉണ്ടായിരുന്നു. അവയില്‍ കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പങ്ങള്‍ എന്നിവയുടെ രൂപങ്ങള്‍ കൊത്തിവച്ചു; അവയെല്ലാം സ്വര്‍ണംകൊണ്ടു പൊതിഞ്ഞു. ചെത്തി ഒരുക്കിയ ഓരോ മൂന്നുനിര കല്ലിനും ഒരു നിര ദേവദാരുതടി എന്ന ക്രമത്തിലാണ് അകത്തെ അങ്കണം നിര്‍മ്മിച്ചത്. ശാലോമോന്‍റെ ഭരണത്തിന്‍റെ നാലാം വര്‍ഷം സീവ് മാസത്തിലായിരുന്നു ദേവാലയത്തിന് അടിസ്ഥാനമിട്ടത്. പതിനൊന്നാം വര്‍ഷം എട്ടാം മാസം അതായത് ബൂല്‍ മാസത്തില്‍ ദേവാലയത്തിന്‍റെ സകല പണികളും മുന്‍നിശ്ചയപ്രകാരമുള്ള മാതൃകയില്‍തന്നെ പൂര്‍ത്തിയായി. അങ്ങനെ ഏഴു വര്‍ഷംകൊണ്ടു ശലോമോന്‍ ദേവാലയനിര്‍മ്മാണം പൂര്‍ത്തിയാക്കി. ശലോമോന്‍ തനിക്കുവേണ്ടി ഒരു കൊട്ടാരം നിര്‍മ്മിച്ചു. അതിനു പതിമൂന്നു വര്‍ഷം വേണ്ടിവന്നു. ലെബാനോന്‍ വനഗൃഹവും അദ്ദേഹമാണു നിര്‍മ്മിച്ചത്. അതിനു നൂറു മുഴം നീളവും അന്‍പതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ആയിരുന്നു. അതിനു ദേവദാരു നിര്‍മ്മിതമായ മൂന്നു നിര തൂണും തൂണുകളിന്മേല്‍ ഉത്തരങ്ങളും പണിതുറപ്പിച്ചു. ഓരോ നിരയിലും പതിനഞ്ചു തൂണുകള്‍ വീതം ആയിരുന്നു. അങ്ങനെ നാല്പത്തഞ്ചു തൂണുകളില്‍ തുലാങ്ങള്‍ ഉറപ്പിച്ച് ദേവദാരുപ്പലകകൊണ്ട് തട്ടുണ്ടാക്കി; രണ്ടു വശത്തുമുള്ള ഓരോ ഭിത്തിയിലും മുമ്മൂന്നു ജനലുകള്‍ ഉണ്ടായിരുന്നു. അവ പരസ്പരം അഭിമുഖമായി ഉറപ്പിച്ചിരുന്നു. വാതിലുകള്‍ക്കും ജനലുകള്‍ക്കും ദീര്‍ഘ ചതുരാകൃതിയായിരുന്നു. ഇരുവശങ്ങളിലുമുള്ള ജനലുകള്‍ മൂന്നു നിരകളില്‍ പരസ്പരം അഭിമുഖമായി ഉറപ്പിച്ചു. അന്‍പതു മുഴം നീളവും മുപ്പതു മുഴം വീതിയുമുള്ള സ്തംഭശാലയും ഉണ്ടാക്കി. അതിന്‍റെ മുന്‍വശത്ത് സ്തംഭങ്ങളില്‍ ഉറപ്പിച്ചിരുന്ന വിതാനത്തോടുകൂടിയ പൂമുഖവും പണികഴിപ്പിച്ചു. ന്യായാസനമണ്ഡപവും അദ്ദേഹം നിര്‍മ്മിച്ചു. അതിന്‍റെ തറമുതല്‍ മുകള്‍വരെ ദേവദാരുപ്പലകകൊണ്ടു പൊതിഞ്ഞു. ന്യായാസനമണ്ഡപത്തിന്‍റെ പിന്‍ഭാഗത്തു തനിക്കു പാര്‍ക്കാന്‍ അതേ ശില്പരചനയോടുകൂടിയ ഒരു അരമന നിര്‍മ്മിച്ചു. ഇതേ രീതിയില്‍ ഒരു ഭവനം തന്‍റെ ഭാര്യയായ ഫറവോയുടെ പുത്രിക്കുവേണ്ടിയും പണിതു. സര്‍വേശ്വരമന്ദിരത്തിന്‍റെ അങ്കണംമുതല്‍ വലിയ അങ്കണംവരെയുള്ള ഈ കെട്ടിടങ്ങളുടെയെല്ലാം അടിത്തറമുതല്‍ ഉത്തരംവരെ വിലപ്പെട്ട കല്ലുകള്‍ കൊണ്ടാണു പണിതിരുന്നത്. അവയെല്ലാം കല്ലു വെട്ടുന്ന കുഴിയില്‍ വച്ചുതന്നെ ഈര്‍ച്ചവാള്‍കൊണ്ട് അറുത്തൊരുക്കിയവ ആയിരുന്നു. ചെത്തി ഒരുക്കിയ വലിയ കല്ലുകള്‍കൊണ്ട് അടിത്തറ പണിതു. അവയില്‍ എട്ടു മുഴം നീളമുള്ളവയും പത്തു മുഴം നീളമുള്ളവയും ഉണ്ടായിരുന്നു. അടിത്തറയ്‍ക്കുമീതെ ഒരേ തോതില്‍ ചെത്തിയെടുത്ത വിലയേറിയ കല്ലുകളും ദേവദാരുപ്പലകകളും പാകിയിരുന്നു. പ്രധാനശാലയ്‍ക്കു ചുറ്റും ഉണ്ടായിരുന്നതുപോലെ സര്‍വേശ്വരന്‍റെ ആലയത്തിനും പൂമുഖത്തിനും ചുറ്റുമായി മൂന്നുവരി ചെത്തിയ കല്ലും ഒരുവരി ദേവദാരുപ്പലകയും പാകിയിരുന്നു. ശലോമോന്‍രാജാവ് സോരില്‍നിന്ന് ഓടുകൊണ്ടുള്ള പണിയില്‍ വിദഗ്ദ്ധനായിരുന്ന ഹീരാം എന്നൊരു ശില്പിയെ വരുത്തി. അയാള്‍ നഫ്താലിഗോത്രത്തില്‍പ്പെട്ട ഒരു വിധവയുടെ മകനായിരുന്നു. അയാളുടെ പിതാവും ആ പണിയില്‍ വിദഗ്ദ്ധനായിരുന്നു. ഓടുകൊണ്ടുള്ള ഏതു പണിയും ചെയ്യാനുള്ള ബുദ്ധിയും അറിവും വൈദഗ്ദ്ധ്യവും ഉള്ള ശില്പിയായിരുന്നു ഹീരാം. അയാള്‍ വന്നു ശലോമോന് ആവശ്യമായ എല്ലാ പണികളും ചെയ്തുകൊടുത്തു. ഹീരാം രണ്ട് ഓട്ടുസ്തംഭങ്ങള്‍ ഉണ്ടാക്കി. ഓരോന്നിനും പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടു മുഴം ചുറ്റളവും ഉണ്ടായിരുന്നു. സ്തംഭങ്ങളുടെ മുകളില്‍ വയ്‍ക്കാന്‍ ഓടുകൊണ്ട് അഞ്ചു മുഴം വീതം ഉയരമുള്ള രണ്ടു മകുടങ്ങള്‍ നിര്‍മ്മിച്ചു. രണ്ടു സ്തംഭങ്ങളുടെയും മീതെയുള്ള മകുടങ്ങളില്‍ ഓരോന്നിലും ഏഴുവീതം ചിത്രപ്പണി ചെയ്ത തൊങ്ങലും ചങ്ങലയും ഘടിപ്പിച്ചു. സ്തംഭങ്ങളുടെ മുകളിലുള്ള മകുടങ്ങളുടെ തൊങ്ങലുകള്‍ക്കുമീതെ മകുടങ്ങള്‍ മൂടത്തക്കവിധം രണ്ടു വരി മാതളപ്പഴരൂപങ്ങള്‍ കൊത്തിവച്ചു. പൂമുഖത്തുള്ള സ്തംഭങ്ങളുടെ മകുടങ്ങള്‍ നാലു മുഴം ഉയരത്തില്‍ ലില്ലിപ്പൂവിന്‍റെ ആകൃതിയിലാണു നിര്‍മ്മിച്ചിരുന്നത്. സ്തംഭങ്ങളുടെ തലയ്‍ക്കല്‍ തൊങ്ങലുകളോടു ചേര്‍ന്ന് ഉന്തി നില്‌ക്കുന്ന ഭാഗത്തിനു മുകളില്‍ മകുടങ്ങള്‍ ഉറപ്പിച്ചു. അവയ്‍ക്കു ചുറ്റും രണ്ടു നിരയായി ഇരുനൂറു മാതളപ്പഴരൂപങ്ങളും കൊത്തിവച്ചു. ദേവാലയത്തിന്‍റെ പൂമുഖത്തായിരുന്നു സ്തംഭങ്ങള്‍ സ്ഥാപിച്ചത്. വലതുവശത്തെ സ്തംഭത്തിനു യാഖീന്‍ എന്നും ഇടതുവശത്തേതിന് ബോവസ് എന്നും പേരിട്ടു. സ്തംഭങ്ങളുടെ മുകള്‍ഭാഗം ലില്ലിപ്പൂവിന്‍റെ ആകൃതിയിലായിരുന്നു. ഇങ്ങനെ സ്തംഭങ്ങളുടെ പണി പൂര്‍ത്തിയായി. ഓടുകൊണ്ടു വൃത്താകൃതിയിലുള്ള ഒരു ജലസംഭരണി ഹീരാം ഉണ്ടാക്കി. അതിനു പത്തു മുഴം വ്യാസവും അഞ്ചു മുഴം ആഴവും മുപ്പതു മുഴം ചുറ്റളവും ഉണ്ടായിരുന്നു. അതിന്‍റെ വക്കിനു താഴെ ചുറ്റും രണ്ടു നിരയായി മുഴം ഒന്നിനു പത്തു കായ്‍രൂപങ്ങള്‍ വീതം ഉണ്ടായിരുന്നു. ജലസംഭരണിയും കായ്കളും ഒന്നായിട്ടാണു വാര്‍ത്തിരുന്നത്. പന്ത്രണ്ടു കാളകളുടെ രൂപങ്ങളിന്മേലായിരുന്നു ജലസംഭരണി സ്ഥാപിച്ചിരുന്നത്. അവ മൂന്നു വീതം നാലു ദിക്കുകളിലേക്കും തിരിഞ്ഞുനിന്നിരുന്നു. ജലസംഭരണിയുടെ അടിയിലായിരുന്നു അവയുടെ പിന്‍ഭാഗം. ജലസംഭരണിയുടെ ഭിത്തിക്ക് ഒരു കൈപ്പത്തിയുടെ ഘനമുണ്ടായിരുന്നു. അതിന്‍റെ വക്ക് കോപ്പയുടേതെന്നപോലെ ലില്ലിപ്പൂക്കളുടെ ആകൃതിയില്‍ ആയിരുന്നു. ജലസംഭരണിയില്‍ രണ്ടായിരം ബത്ത് വെള്ളം കൊള്ളുമായിരുന്നു. ഹീരാം ഓടുകൊണ്ടു പത്തു വണ്ടികളുണ്ടാക്കി. ഓരോന്നിനും നാലു മുഴം നീളവും നാലു മുഴം വീതിയും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു. ചതുരപ്പലകകള്‍ ചട്ടങ്ങളില്‍ ഉറപ്പിച്ചാണ് അവ ഉണ്ടാക്കിയത്. പലകകളില്‍ സിംഹം, കാള, കെരൂബ് എന്നിവയുടെ രൂപങ്ങള്‍ കൊത്തിയിരുന്നു. മുകളിലും താഴെയുമുള്ള ചട്ടങ്ങളില്‍ സിംഹം, കാള, പുഷ്പഹാരം എന്നിവയുടെ രൂപങ്ങളും കൊത്തിവച്ചിരുന്നു. ഓരോ വണ്ടിക്കും ഓടുകൊണ്ടുള്ള നാലു ചക്രങ്ങളും അച്ചുതണ്ടുകളും ഉണ്ടായിരുന്നു. അതിന്‍റെ നാലു കോണിലും തൊട്ടികള്‍ വയ്‍ക്കാനുള്ള കാലുകള്‍ നിര്‍മ്മിച്ചിരുന്നു. അവ ചിത്രപ്പണികളോടുകൂടി വാര്‍ത്തിരുന്നു. ഒരു മുഴം ഉയര്‍ന്നു നില്‌ക്കുന്ന ഒരു മകുടത്തിലാണ് അതിന്‍റെ വായ് ഉറപ്പിച്ചിരുന്നത്; അത് ഉള്ളിലേക്ക് ഇറങ്ങിയിരുന്നു; അതിന്മേലും കൊത്തുപണികളുണ്ടായിരുന്നു. അവയുടെ പലകകള്‍ വൃത്താകൃതിയിലല്ല; ചതുരത്തിലായിരുന്നു. ചക്രങ്ങള്‍ പലകകളുടെ അടിയിലായിരുന്നു. അച്ചുതണ്ടുകള്‍ വണ്ടിയോടു ചേര്‍ത്തു ഘടിപ്പിച്ചിരുന്നു. ഓരോ ചക്രത്തിനും ഒന്നര മുഴം ഉയരം ഉണ്ടായിരുന്നു. രഥത്തിന്‍റെ ചക്രങ്ങള്‍ പോലെയാണ് അവ ഉറപ്പിച്ചിരുന്നത്. അച്ചുതണ്ടുകളും വണ്ടിപ്പട്ടകളും ആരക്കാലുകളും ചക്രനാഭികളുമെല്ലാം വാര്‍ത്തുണ്ടാക്കിയവ ആയിരുന്നു. ഓരോ വണ്ടിയുടെയും നാലു കോണുകളിലും താങ്ങുകള്‍ ഉണ്ടായിരുന്നു; അവയും വണ്ടിയോടു ഘടിപ്പിച്ചിരുന്നു. ഓരോ വണ്ടിയുടെയും മേല്‍ഭാഗത്ത് അര മുഴം ഉയരമുള്ള വളയം ഉണ്ടായിരുന്നു. അതിന്‍റെ താങ്ങുകളും തട്ടുകളും വണ്ടിയോടു ഘടിപ്പിച്ചിരുന്നു. താങ്ങുകളുടെയും തട്ടുകളുടെയുംമേല്‍ കെരൂബ്, സിംഹം, ഈന്തപ്പന എന്നിവയുടെ രൂപങ്ങള്‍ ചുറ്റുമുള്ള ചിത്രപ്പണിയോടൊപ്പം കൊത്തിവച്ചിരുന്നു. ഈ രീതിയിലായിരുന്നു വണ്ടികളെല്ലാം ഉണ്ടാക്കിയിരുന്നത്; അളവിലും രൂപത്തിലും അവയെല്ലാം ഒരുപോലെ ആയിരുന്നു. ഓരോ വണ്ടിക്കും ഓരോ തൊട്ടിവീതം ഹീരാം ഓടുകൊണ്ടു പത്തു തൊട്ടികളുണ്ടാക്കി. അവയുടെ രൂപം തളികയുടേതുപോലെ ആയിരുന്നു; നാലു മുഴം വീതം വ്യാസമുള്ള തൊട്ടികളില്‍ നാല്പതു ബത്തു വെള്ളംവീതം കൊള്ളുമായിരുന്നു. വണ്ടികളില്‍ അഞ്ചെണ്ണം ദേവാലയത്തിന്‍റെ തെക്കുവശത്തും അഞ്ചെണ്ണം വടക്കുവശത്തും വച്ചിരുന്നു. ജലസംഭരണി ദേവാലയത്തിന്‍റെ തെക്കുകിഴക്കേ മൂലയിലാണ് സ്ഥാപിച്ചിരുന്നത്. ഹീരാം കലങ്ങളും കോരികകളും കോപ്പകളും ഉണ്ടാക്കി; അങ്ങനെ അയാള്‍ ശലോമോനുവേണ്ടി ദേവാലയത്തിലെ പണികള്‍ പൂര്‍ത്തിയാക്കി. രണ്ടു സ്തംഭങ്ങള്‍, അവയുടെ ഗോളാകൃതിയിലുള്ള മകുടങ്ങള്‍, അവയെ മൂടിയിരുന്ന തൊങ്ങലുകള്‍, തൊങ്ങലുകളില്‍ രണ്ടു നിരയായി നാനൂറു മാതളപ്പഴങ്ങള്‍, പത്തു വണ്ടികള്‍, അവയില്‍ പത്തു തൊട്ടികള്‍, ജലസംഭരണി, അതിന്‍റെ അടിയില്‍ പന്ത്രണ്ടു കാളകള്‍, കലങ്ങള്‍, കോരികകള്‍, കോപ്പകള്‍ എന്നിവ ശുദ്ധിചെയ്ത മേല്‍ത്തരം ഓടുകൊണ്ടാണു ഹീരാം ഉണ്ടാക്കിയത്. യോര്‍ദ്ദാന്‍ സമഭൂമിയില്‍ സുക്കോത്തിനും സാരെഥാനും ഇടയ്‍ക്ക് കളിമണ്ണുള്ള സ്ഥലത്തുവച്ചാണു രാജാവ് ഇവയെല്ലാം വാര്‍പ്പിച്ചത്. ഇവയെല്ലാം ധാരാളമായി നിര്‍മ്മിച്ചതുകൊണ്ട് ശലോമോന്‍ അവയുടെ തൂക്കമെടുത്തില്ല. ഓടിന്‍റെ തൂക്കം തിട്ടപ്പെടുത്തിയിരുന്നുമില്ല. സ്വര്‍ണംകൊണ്ടുള്ള ബലിപീഠം, കാഴ്ചയപ്പം വയ്‍ക്കാനുള്ള സ്വര്‍ണമേശ, അതിവിശുദ്ധസ്ഥലത്തിന്‍റെ മുമ്പില്‍ തെക്കുവശത്തും വടക്കുവശത്തുമായി അഞ്ചു വീതം തങ്കംകൊണ്ടുള്ള വിളക്കുതണ്ടുകള്‍, സ്വര്‍ണംകൊണ്ടുള്ള പുഷ്പങ്ങള്‍, വിളക്കുകള്‍, കൊടിലുകള്‍, തങ്കംകൊണ്ടുള്ള കോപ്പകള്‍, കത്രികകള്‍, തൊട്ടികള്‍, തളികകള്‍, ധൂപകലശങ്ങള്‍, തവികള്‍, തീച്ചട്ടികള്‍, അതിവിശുദ്ധസ്ഥലമായ അന്തര്‍മന്ദിരത്തിന്‍റെ വാതിലുകളുടെ സ്വര്‍ണവിജാഗിരികള്‍ എന്നിവയും ശലോമോന്‍ ഉണ്ടാക്കി. അങ്ങനെ ദേവാലയത്തിനാവശ്യമായ സകല ഉപകരണങ്ങളും അദ്ദേഹം നിര്‍മ്മിച്ചു. ശലോമോന്‍രാജാവ് സര്‍വേശ്വരമന്ദിരത്തിന്‍റെ പണികളെല്ലാം പൂര്‍ത്തിയാക്കി തന്‍റെ പിതാവായ ദാവീദു സമര്‍പ്പിച്ചിരുന്ന സ്വര്‍ണവും വെള്ളിയും മറ്റു സകല വസ്തുക്കളും ആലയത്തിലെ ഭണ്ഡാരങ്ങളില്‍ നിക്ഷേപിച്ചു. സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം ദാവീദിന്‍റെ നഗരമായ സീയോനില്‍നിന്നു കൊണ്ടുവരാന്‍ ശലോമോന്‍ ഇസ്രായേല്‍ജനനേതാക്കളെയും ഗോത്രത്തലവന്മാരെയും പിതൃഭവനത്തലവന്മാരെയും യെരൂശലേമില്‍ തന്‍റെ അടുക്കല്‍ വിളിച്ചുകൂട്ടി. ഏഴാം മാസമായ ഏഥാനീമിലെ പെരുന്നാളിന് അവരെല്ലാം ഒന്നിച്ചുകൂടി. ഇസ്രായേലിലെ നേതാക്കന്മാര്‍ സമ്മേളിച്ചപ്പോള്‍ പുരോഹിതന്മാര്‍ ഉടമ്പടിപ്പെട്ടകം എടുത്തു. പുരോഹിതന്മാരും ലേവ്യരും ചേര്‍ന്നു സര്‍വേശ്വരന്‍റെ പെട്ടകവും തിരുസാന്നിധ്യകൂടാരവും കൂടാരത്തിലെ വിശുദ്ധ ഉപകരണങ്ങളും കൊണ്ടുവന്നു. ശലോമോന്‍രാജാവും അവിടെ വന്നുകൂടിയ ഇസ്രായേല്‍നേതാക്കന്മാരും ചേര്‍ന്നു പെട്ടകത്തിനു മുമ്പില്‍ അസംഖ്യം ആടുകളെയും കാളകളെയും യാഗമര്‍പ്പിച്ചു. പുരോഹിതന്മാര്‍ പെട്ടകം ചുമന്നു ദേവാലയത്തിന്‍റെ അതിവിശുദ്ധസ്ഥലത്തു കൊണ്ടുവന്നു കെരൂബുകളുടെ ചിറകുകള്‍ക്കു കീഴില്‍ വച്ചു. പെട്ടകത്തെയും അതിന്‍റെ തണ്ടുകളെയും മൂടിനില്‌ക്കത്തക്കവിധം കെരൂബുകള്‍ പെട്ടകത്തിന്‍റെ മീതെ ചിറകുകള്‍ വിരിച്ചു നിന്നു; തണ്ടുകള്‍ നീണ്ടുനിന്നിരുന്നതുകൊണ്ട് അന്തര്‍മന്ദിരത്തിന്‍റെ മുമ്പില്‍ വിശുദ്ധസ്ഥലത്തുനിന്നു നോക്കിയാല്‍ അവ കാണാമായിരുന്നു. വെളിയില്‍നിന്ന് അവ ദൃശ്യമായിരുന്നില്ല. അവ ഇന്നും അവിടെയുണ്ട്. മോശ സീനായ്മലയില്‍വച്ചു നിക്ഷേപിച്ച രണ്ടു കല്പലകകള്‍ അല്ലാതെ മറ്റൊന്നും അതിനുള്ളില്‍ ഉണ്ടായിരുന്നില്ല. അവിടെവച്ചായിരുന്നു ഈജിപ്തില്‍നിന്നു മോചിതരായി പോന്ന ഇസ്രായേല്‍ജനങ്ങളുമായി സര്‍വേശ്വരന്‍ ഉടമ്പടി ചെയ്തത്. പുരോഹിതന്മാര്‍ വിശുദ്ധസ്ഥലത്തുനിന്ന് പുറത്തുവന്നപ്പോള്‍ സര്‍വേശ്വരമന്ദിരം മേഘംകൊണ്ടു നിറഞ്ഞു. സര്‍വേശ്വരന്‍റെ തേജസ്സുനിമിത്തം പുരോഹിതന്മാര്‍ക്ക് അവിടെ നിന്നു ശുശ്രൂഷ ചെയ്യാന്‍ കഴിഞ്ഞില്ല. മേഘം ആലയത്തില്‍ നിറഞ്ഞുനിന്നിരുന്നു. അപ്പോള്‍ ശലോമോന്‍ പറഞ്ഞു: “കൂരിരുട്ടില്‍ വസിക്കുമെന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്തിട്ടുണ്ട്. എങ്കിലും അവിടുത്തേക്ക് എന്നേക്കും വസിക്കാന്‍ അതിവിശിഷ്ടമായ ഒരു ആലയം ഞാന്‍ നിര്‍മ്മിച്ചിരിക്കുന്നു.” അവിടെ കൂടിയിരുന്ന ഇസ്രായേല്‍ജനമെല്ലാം എഴുന്നേറ്റുനില്‌ക്കുകയായിരുന്നു. അപ്പോള്‍ ശലോമോന്‍ അവരെ ആശീര്‍വദിച്ചുകൊണ്ടു പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ. എന്‍റെ പിതാവായ ദാവീദിനോടു ചെയ്തിരുന്ന വാഗ്ദാനം അവിടുന്ന് ഇന്നു നിറവേറ്റിയിരിക്കുന്നു. അവിടുന്നു ദാവീദിനോട് അരുളിച്ചെയ്തു: എന്‍റെ ജനമായ ഇസ്രായേലിനെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചതിനുശേഷം എന്‍റെ നാമം നിലനില്‌ക്കാന്‍ എനിക്ക് ഒരു ആലയം പണിയുന്നതിന് ഇസ്രായേല്‍ഗോത്രങ്ങളില്‍നിന്ന് ഒരു പട്ടണവും ഞാന്‍ തിരഞ്ഞെടുത്തില്ല; എങ്കിലും എന്‍റെ ജനമായ ഇസ്രായേലിനെ ഭരിക്കുന്നതിനു ഞാന്‍ ദാവീദിനെ തിരഞ്ഞെടുത്തു. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന് ഒരു ആലയം പണിയാന്‍ എന്‍റെ പിതാവായ ദാവീദ് ആഗ്രഹിച്ചു. എന്നാല്‍ അവിടുന്ന് എന്‍റെ പിതാവിനോട് അരുളിച്ചെയ്തു: ‘എനിക്കുവേണ്ടി ഒരു ആലയം പണിയാനുള്ള നിന്‍റെ ആഗ്രഹം നല്ലതുതന്നെ; എങ്കിലും ആലയം പണിയുന്നതു നീയല്ല; നിനക്കു ജനിക്കാന്‍ പോകുന്ന പുത്രന്‍ ആയിരിക്കും.’ അങ്ങനെ ആ വാഗ്ദാനം അവിടുന്ന് ഇപ്പോള്‍ നിറവേറ്റിയിരിക്കുന്നു. സര്‍വേശ്വരന്‍ വാഗ്ദാനം ചെയ്തിരുന്നതുപോലെ ഞാന്‍ എന്‍റെ പിതാവായ ദാവീദിന്‍റെ പിന്‍ഗാമിയായി ഭരണം നടത്തുന്നു; ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനു ഞാന്‍ ഒരു ആലയം നിര്‍മ്മിച്ചിരിക്കുന്നു; നമ്മുടെ പിതാക്കന്മാരെ സര്‍വേശ്വരന്‍ ഈജിപ്തില്‍നിന്നു മോചിപ്പിച്ചുകൊണ്ടുവന്നപ്പോള്‍ അവരോടു ചെയ്ത ഉടമ്പടിയുടെ കല്പലകകള്‍ സൂക്ഷിച്ചിരിക്കുന്ന പെട്ടകം വയ്‍ക്കുന്നതിനും ഞാന്‍ ദേവാലയത്തില്‍ ഒരു സ്ഥലം ഒരുക്കിയിരിക്കുന്നു.” ശലോമോന്‍ സര്‍വേശ്വരന്‍റെ യാഗപീഠത്തിനു മുമ്പില്‍ നിന്നുകൊണ്ട് ഇസ്രായേല്‍ജനത്തിന്‍റെ സാന്നിധ്യത്തില്‍ കരങ്ങളുയര്‍ത്തി പ്രാര്‍ഥിച്ചു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ! അങ്ങയെപ്പോലൊരു ദൈവം സ്വര്‍ഗത്തിലോ ഭൂമിയിലോ ഇല്ല; പൂര്‍ണഹൃദയത്തോടെ അങ്ങയെ അനുസരിച്ചു ജീവിക്കുന്ന അവിടുത്തെ ദാസന്മാരോടുള്ള ഉടമ്പടി പാലിക്കുകയും അവരുടെമേല്‍ അവിടുത്തെ അചഞ്ചലസ്നേഹം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു. എന്‍റെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിനോടു ചെയ്ത വാഗ്ദാനം അവിടുന്നു നിറവേറ്റിയിരിക്കുന്നു. അവിടുന്ന് ആ വാഗ്ദാനം പാലിച്ചിരിക്കുന്നു. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ, ‘നീ എന്‍റെ മുമ്പില്‍ ജീവിച്ചതുപോലെ നിന്‍റെ മക്കളും ജീവിച്ചാല്‍ ഇസ്രായേലിന്‍റെ സിംഹാസനത്തിലിരുന്നു വാഴാന്‍ നിനക്കൊരു സന്തതി ഇല്ലാതെ പോകുകയില്ല എന്ന് എന്‍റെ പിതാവായ ദാവീദിനോട് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ, അങ്ങു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ; ആ വാഗ്ദാനം നിറവേറ്റണമേ. ഇസ്രായേലിന്‍റെ ദൈവമേ, എന്‍റെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിനോട് അവിടുന്നു ചെയ്ത വാഗ്ദാനം ഇപ്പോള്‍ യാഥാര്‍ഥ്യമാക്കി തീര്‍ക്കണമേ. “എന്നാല്‍ ദൈവം യഥാര്‍ഥത്തില്‍ ഭൂമിയില്‍ വസിക്കുമോ? സ്വര്‍ഗവും അത്യുന്നതസ്വര്‍ഗവും അവിടുത്തേക്ക് വസിക്കാന്‍ മതിയാകുകയില്ലല്ലോ. അവയെക്കാള്‍ എത്രയോ നിസ്സാരമാണ് ഞാന്‍ നിര്‍മ്മിച്ച ഈ ദേവാലയം! എങ്കിലും എന്‍റെ ദൈവമായ സര്‍വേശ്വരാ, അവിടുത്തെ ഈ ദാസന്‍റെ പ്രാര്‍ഥനകളും അപേക്ഷകളും ശ്രവിച്ചാലും. അവിടുത്തെ ദാസന്‍ അര്‍പ്പിക്കുന്ന പ്രാര്‍ഥനയും നിലവിളിയും കേള്‍ക്കണമേ! അങ്ങയുടെ ദാസന്‍ ഈ ആലയത്തില്‍വച്ചു നടത്തുന്ന പ്രാര്‍ഥന കേള്‍ക്കാന്‍ അങ്ങ് ഈ ആലയത്തെ രാവും പകലും തൃക്കണ്‍പാര്‍ക്കണമേ. തിരുസാന്നിധ്യം ഇവിടെ ഉണ്ടായിരിക്കുമെന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ; ഈ ദാസനും അങ്ങയുടെ ജനമായ ഇസ്രായേലും ഇവിടെ അര്‍പ്പിക്കുന്ന പ്രാര്‍ഥനകള്‍ ശ്രദ്ധിക്കണമേ. അതേ, അവിടുത്തെ വാസസ്ഥലമായ സ്വര്‍ഗത്തില്‍നിന്നു ഞങ്ങളുടെ പ്രാര്‍ഥന കേട്ട് ഞങ്ങളോടു ക്ഷമിക്കേണമേ. “ഒരാള്‍ അയല്‍ക്കാരനോടു തെറ്റു ചെയ്തതായി ആരോപണം ഉണ്ടാവുകയും അയാള്‍ ഈ ആലയത്തില്‍ അവിടുത്തെ യാഗപീഠത്തിന്‍റെ മുമ്പാകെ വന്നു താന്‍ നിരപരാധി എന്നു സത്യം ചെയ്യുകയും ചെയ്യുമ്പോള്‍, സര്‍വേശ്വരാ, സ്വര്‍ഗത്തില്‍നിന്നു ശ്രദ്ധിച്ച് അവിടുത്തെ ദാസന്മാരെ ന്യായം വിധിക്കേണമേ. അപരാധിക്ക് അവന്‍റെ കുറ്റത്തിനു തക്ക ശിക്ഷയും നീതിനിഷ്ഠന് അവന്‍റെ നീതിക്ക് തക്ക പ്രതിഫലവും നല്‌കണമേ. “അങ്ങയുടെ ജനമായ ഇസ്രായേല്‍ അങ്ങേക്കെതിരേ പാപം ചെയ്തതിന്‍റെ ഫലമായി ശത്രുക്കളുടെ മുമ്പില്‍ പരാജയപ്പെടുമ്പോള്‍ പശ്ചാത്തപിച്ച് ഈ ആലയത്തില്‍വച്ച് അങ്ങയുടെ നാമം ഏറ്റുപറഞ്ഞ് പ്രാര്‍ഥിച്ചാല്‍ സ്വര്‍ഗത്തില്‍നിന്ന് അങ്ങ് അവരെ ശ്രദ്ധിക്കണമേ. അവിടുത്തെ ജനമായ ഇസ്രായേലിന്‍റെ പാപം ക്ഷമിച്ച് അവരുടെ പിതാക്കന്മാര്‍ക്ക് അവിടുന്നു നല്‌കിയിരുന്ന ദേശത്തേക്ക് അവരെ മടക്കിക്കൊണ്ടു വരണമേ! അവിടുത്തെ ജനം അങ്ങയോടു പാപം ചെയ്തതിന്‍റെ ഫലമായി മഴ പെയ്യാതിരിക്കുമ്പോള്‍ അവര്‍ ഈ ആലയത്തിലേക്കു തിരിഞ്ഞു പ്രാര്‍ഥിക്കുകയും അങ്ങയുടെ നാമം ഏററുപറഞ്ഞു തങ്ങളുടെ പാപങ്ങളില്‍നിന്നു പിന്തിരിയുകയും ചെയ്താല്‍, അങ്ങു സ്വര്‍ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ഥന കേള്‍ക്കണമേ. അവിടുത്തെ ദാസരായ ഇസ്രായേല്‍ജനത്തിന്‍റെ പാപം ക്ഷമിക്കണമേ; അവരെ നേര്‍വഴി നടത്തുകയും അവര്‍ക്ക് അവകാശമായി കൊടുത്തിരിക്കുന്ന ദേശത്തു മഴ പെയ്യിക്കുകയും ചെയ്യണമേ. “നാട്ടില്‍ ക്ഷാമമോ, പകര്‍ച്ചവ്യാധിയോ ഉണ്ടാകുമ്പോഴും പൂപ്പല്‍രോഗം, വെട്ടുക്കിളി, കീടബാധ മുതലായവമൂലം വിളവു നശിക്കുമ്പോഴും ശത്രുക്കള്‍ നഗരം വളഞ്ഞ് അങ്ങയുടെ ജനത്തെ ആക്രമിക്കുമ്പോഴും മഹാമാരിയോ മറ്റു രോഗമോ ഉണ്ടാകുമ്പോഴും ജനം വ്യക്തികളായോ സമൂഹമായോ ഈ ദേവാലയത്തിലേക്കു തിരിഞ്ഞു പ്രാര്‍ഥിച്ചാല്‍ അവരുടെ പ്രാര്‍ഥന കേള്‍ക്കണമേ. അവിടുത്തെ വാസസ്ഥലമായ സ്വര്‍ഗത്തില്‍നിന്നു ശ്രദ്ധിച്ച് അവരോടു ക്ഷമിക്കണമേ! മനുഷ്യന്‍റെ ഹൃദയവിചാരങ്ങള്‍ അറിയുന്നത് അവിടുന്നു മാത്രമാകുന്നു. അവരര്‍ഹിക്കുന്ന പ്രതിഫലം അവര്‍ക്കു നല്‌കണമേ. അവരുടെ പിതാക്കന്മാര്‍ക്കു നല്‌കിയ ദേശത്ത് അവര്‍ പാര്‍ക്കുന്ന കാലം മുഴുവന്‍ അങ്ങയെ ഭയപ്പെട്ടു ജീവിക്കാനും അവര്‍ക്കു ഇടയാക്കണമേ. അവിടുത്തെ ജനമായ ഇസ്രായേലില്‍ ഉള്‍പ്പെടാത്ത ഒരു പരദേശി, അവിടുത്തെ പ്രസിദ്ധിയേയും, അങ്ങയുടെ ജനത്തിനുവേണ്ടി അവിടുന്നു പ്രവര്‍ത്തിച്ച അദ്ഭുതകാര്യങ്ങളെയും പറ്റി കേള്‍ക്കുമ്പോള്‍ അങ്ങയെ അന്വേഷിച്ച് ഈ ദേവാലയത്തില്‍ വന്ന് അങ്ങയോടു പ്രാര്‍ഥിച്ചാല്‍ അവന്‍റെ പ്രാര്‍ഥന ശ്രദ്ധിക്കണമേ! അവിടുത്തെ വാസസ്ഥലമായ സ്വര്‍ഗത്തില്‍നിന്നു പ്രാര്‍ഥന കേട്ട് അവന്‍റെ അപേക്ഷകള്‍ സാധിച്ചുകൊടുക്കേണമേ. അങ്ങനെ അവിടുത്തെ ജനമായ ഇസ്രായേലിനെപ്പോലെ സര്‍വജനതകളും അങ്ങയെ അറിയാനും അവിടുത്തെ ഭയപ്പെടാനും ഞാന്‍ ഈ ഭവനം അങ്ങേക്കായി നിര്‍മ്മിച്ചിരിക്കുന്നു എന്നു ഗ്രഹിക്കാനും ഇടയാകട്ടെ. അങ്ങയുടെ ജനം അവിടുത്തെ കല്പനപ്രകാരം ശത്രുക്കള്‍ക്കെതിരായി യുദ്ധത്തിനു പോകുമ്പോള്‍ അങ്ങേക്കുവേണ്ടി ഞാന്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ദേവാലയത്തിലേക്കു അവര്‍ തിരിഞ്ഞു പ്രാര്‍ഥിച്ചാല്‍, സ്വര്‍ഗത്തില്‍നിന്നു അവരുടെ പ്രാര്‍ഥന ശ്രദ്ധിച്ചു അവര്‍ക്കു വിജയം നല്‌കണമേ. “അങ്ങേക്കെതിരായി അവിടുത്തെ ജനം പാപം ചെയ്യുകയും അവിടുന്നു കോപിച്ചു അവരെ ശത്രുക്കളുടെ കൈയില്‍ ഏല്പിക്കുകയും ശത്രുക്കള്‍ അവരെ സമീപത്തോ വിദൂരത്തോ ഉള്ള തങ്ങളുടെ ദേശത്തേക്കു ബന്ദികളായി കൊണ്ടുപോകുകയും അവര്‍ ആ സ്ഥലത്തുനിന്നു പ്രാര്‍ഥിക്കുകയും ചെയ്താല്‍, അവരുടെ അപേക്ഷ അങ്ങു കേള്‍ക്കണമേ. പാപം ചെയ്യാത്ത മനുഷ്യന്‍ ഇല്ലല്ലോ! അവിടെ അവര്‍ അനുതപിച്ച് തങ്ങള്‍ ചെയ്ത തെറ്റുകള്‍ ഏറ്റുപറഞ്ഞു പ്രാര്‍ഥിച്ചാല്‍ സര്‍വേശ്വരാ, അവിടുന്ന് അവരുടെ അപേക്ഷ കേള്‍ക്കണമേ. ബന്ദികളായി കഴിയുന്ന ദേശത്തുവച്ച് അവര്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും അനുതപിക്കുകയും അങ്ങ് അവരുടെ പിതാക്കന്മാര്‍ക്കു കൊടുത്ത ദേശത്തേക്കും അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്ന നഗരത്തിലേക്കും അവിടുത്തെ നാമത്തില്‍ ഞാന്‍ നിര്‍മ്മിച്ചിരിക്കുന്ന ദേവാലയത്തിലേക്കും നോക്കി അങ്ങയോടു പ്രാര്‍ഥിക്കുകയും ചെയ്താല്‍, അവിടുത്തെ വാസസ്ഥലമായ സ്വര്‍ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ഥനകളും അപേക്ഷകളും ശ്രദ്ധിച്ച് അവരെ രക്ഷിക്കണമേ. അങ്ങേക്കെതിരായി പാപം ചെയ്തവരോട് അവരുടെ പാപങ്ങളും അതിക്രമങ്ങളും ക്ഷമിക്കണമേ! അവരെ ബന്ദികളാക്കിയവര്‍ അവരോടു കാരുണ്യപൂര്‍വം ഇടപെടുന്നതിന് ഇടയാക്കണമേ! ഇരുമ്പുചൂളയാകുന്ന ഈജിപ്തില്‍നിന്ന് അവിടുന്നു മോചിപ്പിച്ചുകൊണ്ടുവന്ന അവിടുത്തെ ജനവും അവകാശവുമാണല്ലോ അവര്‍. ഈ ദാസനും അവിടുത്തെ ജനവും സഹായം അര്‍ഥിക്കുമ്പോള്‍ അവിടുന്ന് തൃക്കണ്‍പാര്‍ത്ത് ഞങ്ങളുടെ പ്രാര്‍ഥന കേള്‍ക്കണമേ. സര്‍വേശ്വരനായ കര്‍ത്താവേ, ഞങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നപ്പോള്‍ അവിടുത്തെ ദാസനായ മോശയിലൂടെ അവിടുന്നു അരുളിച്ചെയ്തതുപോലെ ഇവരെ ഭൂമിയിലെ സകല ജനതകളില്‍നിന്നുമായി അവിടുന്നു സ്വന്തജനമായി തിരഞ്ഞെടുത്തതാണല്ലോ.” യാഗപീഠത്തിന്‍റെ മുമ്പില്‍ മുട്ടുകുത്തി കൈകള്‍ ഉയര്‍ത്തി നിന്നിരുന്ന ശലോമോന്‍ സര്‍വേശ്വരനോടുള്ള പ്രാര്‍ഥനകള്‍ക്കും യാചനകള്‍ക്കും ശേഷം എഴുന്നേറ്റുനിന്നു. പിന്നീട് ഇസ്രായേല്‍ജനത്തെ അനുഗ്രഹിച്ചുകൊണ്ട് ഉറക്കെ പറഞ്ഞു: “വാഗ്ദാനം ചെയ്തിരുന്നതുപോലെ സ്വന്തജനമായ ഇസ്രായേലിനു സമാധാനം നല്‌കിയ സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ. മോശയിലൂടെ നല്‌കിയ സകല വാഗ്ദാനങ്ങളും അവിടുന്നു നിറവേറ്റി. നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ നമ്മുടെ പിതാക്കന്മാരോടുകൂടെ ഉണ്ടായിരുന്നതുപോലെ നമ്മുടെകൂടെയും ഉണ്ടായിരിക്കട്ടെ; അവിടുന്നു നമ്മെ കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യാതിരിക്കട്ടെ. നാം അവിടുത്തെ വഴികളിലൂടെ നടക്കുന്നതിനും അവിടുന്നു നമ്മുടെ പിതാക്കന്മാര്‍ക്കു നല്‌കിയിരുന്ന സകല കല്പനകളും ചട്ടങ്ങളും അനുശാസനങ്ങളും പാലിക്കുന്നതിനും നമ്മുടെ ഹൃദയങ്ങളെ അവിടുന്നു തന്നിലേക്കു തിരിക്കട്ടെ. തിരുസന്നിധിയില്‍ ഞാന്‍ അര്‍പ്പിച്ച പ്രാര്‍ഥനകളും അപേക്ഷകളും എപ്പോഴും അവിടുത്തെ മുമ്പില്‍ ഉണ്ടായിരിക്കട്ടെ. അവിടുന്ന് ഈ ദാസനെയും സ്വന്തജനമായ ഇസ്രായേലിനെയും കാത്തുപാലിക്കട്ടെ. അങ്ങനെ സര്‍വേശ്വരന്‍ മാത്രമാണു ദൈവം എന്നു ഭൂമിയിലെ സകല ജനതകളും അറിയട്ടെ. ഇന്നത്തെപ്പോലെ അവിടുത്തെ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചു ജീവിക്കാന്‍ നിങ്ങളുടെ ഹൃദയം പൂര്‍ണമായി സര്‍വേശ്വരനില്‍ ഏകാഗ്രമായിരിക്കട്ടെ.” ശലോമോന്‍രാജാവും കൂടെ ഉണ്ടായിരുന്ന എല്ലാ ഇസ്രായേല്‍ജനവും സര്‍വേശ്വരനു യാഗങ്ങളര്‍പ്പിച്ചു. അദ്ദേഹം ഇരുപത്തീരായിരം കാളകളെയും ഒരുലക്ഷത്തി ഇരുപതിനായിരം ആടുകളെയും സമാധാനയാഗമായി അര്‍പ്പിച്ചു. ഇങ്ങനെ രാജാവും ഇസ്രായേല്‍ജനവും ചേര്‍ന്നു ദേവാലയപ്രതിഷ്ഠ നടത്തി. രാജാവു അന്നുതന്നെ ദേവാലയത്തിനു മുമ്പിലുള്ള അങ്കണത്തിന്‍റെ മധ്യഭാഗം വിശുദ്ധീകരിച്ചു. അവിടെയാണു ഹോമയാഗങ്ങളും ധാന്യയാഗങ്ങളും സമാധാനയാഗങ്ങള്‍ക്കുള്ള മേദസ്സും അര്‍പ്പിച്ചത്. തിരുസന്നിധിയിലുള്ള ഓട്ടുയാഗപീഠത്തിന് ഇവയെല്ലാം അര്‍പ്പിക്കാന്‍ തക്ക വലിപ്പം ഉണ്ടായിരുന്നില്ല. ഹാമാത്തിന്‍റെ അതിരുമുതല്‍ ഈജിപ്തുതോടുവരെയുള്ള സ്ഥലങ്ങളില്‍ പാര്‍ക്കുന്ന സകല ഇസ്രായേല്‍ജനങ്ങളോടും കൂടി ശലോമോന്‍ ഏഴു ദിവസം ഉത്സവം ആചരിച്ചു. എട്ടാം ദിവസം അദ്ദേഹം ജനത്തെ മടക്കിയയച്ചു; അവര്‍ രാജാവിനെ പുകഴ്ത്തുകയും സര്‍വേശ്വരന്‍ തന്‍റെ ദാസനായ ദാവീദിനും തന്‍റെ ജനമായ ഇസ്രായേലിനും വേണ്ടി ചെയ്ത സകല നന്മകളും ഓര്‍ത്ത് ആഹ്ലാദഭരിതരായി സ്വഭവനങ്ങളിലേക്കു മടങ്ങിപ്പോകുകയും ചെയ്തു. ദേവാലയവും കൊട്ടാരവും താന്‍ ആഗ്രഹിച്ച മറ്റുള്ളതെല്ലാം ശലോമോന്‍രാജാവു നിര്‍മ്മിച്ചു. ഗിബെയോനില്‍വച്ചു പ്രത്യക്ഷപ്പെട്ടതുപോലെ സര്‍വേശ്വരന്‍ ശലോമോനു രണ്ടാമതും പ്രത്യക്ഷനായി. അവിടുന്ന് അരുളിച്ചെയ്തു: “നീ എന്‍റെ മുമ്പാകെ സമര്‍പ്പിച്ച പ്രാര്‍ഥനകളും അപേക്ഷകളും ഞാന്‍ കേട്ടിരിക്കുന്നു; നീ നിര്‍മ്മിച്ച് എന്‍റെ നാമത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ആലയം ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്നു. ഞാന്‍ എന്‍റെ നാമം അവിടെ എന്നേക്കും സ്ഥാപിക്കും; എന്‍റെ കണ്ണും ഹൃദയവും എപ്പോഴും അവിടെ ഉണ്ടായിരിക്കും. നിന്‍റെ പിതാവായ ദാവീദിനെപ്പോലെ ഹൃദയപരമാര്‍ഥതയോടും നിഷ്കളങ്കതയോടും ജീവിക്കുകയും എന്‍റെ നിയമങ്ങളും കല്പനകളും അനുസരിക്കുകയും ചെയ്താല്‍, ‘നിന്‍റെ പിന്‍ഗാമിയായി രാജ്യഭരണം നടത്താന്‍ നിനക്കൊരു സന്തതി ഇല്ലാതെവരികയില്ല’ എന്ന് നിന്‍റെ പിതാവായ ദാവീദിനോടു വാഗ്ദാനം ചെയ്തതുപോലെ നിന്‍റെ സിംഹാസനം ഇസ്രായേലില്‍ ഞാന്‍ എന്നേക്കും നിലനിര്‍ത്തും. എന്നാല്‍ നീയോ നിന്‍റെ മക്കളോ എന്നെ ഉപേക്ഷിക്കുകയും എന്‍റെ കല്പനകളും നിയമങ്ങളും പാലിക്കാതെ അന്യദേവന്മാരെ ആരാധിക്കുകയും ചെയ്താല്‍, ഇസ്രായേല്‍ജനത്തിനു ഞാന്‍ നല്‌കിയിരിക്കുന്ന ദേശത്തുനിന്ന് അവരെ നീക്കിക്കളയും; എന്നെ ആരാധിക്കുന്നതിനുവേണ്ടി വിശുദ്ധീകരിച്ചിരിക്കുന്ന ഈ ദേവാലയം ഞാന്‍ ഉപേക്ഷിക്കും. ഇസ്രായേല്‍ സകല ജനതകള്‍ക്കും ഒരു പഴമൊഴിയും പരിഹാസപാത്രവും ആയിത്തീരും. ഈ ആലയം കല്‌ക്കൂമ്പാരമാകും; ഈ ദേശത്തോടും ആലയത്തോടും സര്‍വേശ്വരന്‍ ഈ വിധം പെരുമാറിയത് എന്തുകൊണ്ടെന്നു കടന്നുപോകുന്നവര്‍ അദ്ഭുതത്തോടെ ചോദിക്കും; തങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ദൈവമായ സര്‍വേശ്വരനെ ഉപേക്ഷിക്കുകയും അന്യദൈവങ്ങളുടെ പിന്നാലെ പോയി അവരെ ആരാധിക്കുകയും ചെയ്തതുകൊണ്ടാണ് സര്‍വേശ്വരന്‍ ഈ നാശം വരുത്തിയതെന്ന് അവര്‍തന്നെ ഉത്തരം പറയും.” ഇരുപതു വര്‍ഷംകൊണ്ടു സര്‍വേശ്വരമന്ദിരവും രാജകൊട്ടാരവും ശലോമോന്‍ പണിതുതീര്‍ത്തു. പണിക്കാവശ്യമായ സരളമരവും ദേവദാരുവും സ്വര്‍ണവും നല്‌കിയതിനു പ്രതിഫലമായി സോരിലെ ഹീരാമിനു ശലോമോന്‍ രാജാവു ഗലീലാപ്രദേശത്ത് ഇരുപതു പട്ടണങ്ങള്‍ നല്‌കി. ആ പട്ടണങ്ങള്‍ കാണാന്‍ ഹീരാം സോരില്‍നിന്നു വന്നു. അവ അദ്ദേഹത്തിനു ഇഷ്ടപ്പെട്ടില്ല; ഹീരാം ചോദിച്ചു: “സഹോദരാ, ഒന്നിനും കൊള്ളാത്ത പട്ടണങ്ങളാണല്ലോ അങ്ങു എനിക്കു തന്നിരിക്കുന്നത്?” അതിനാല്‍ അവ ഇന്നും ‘ കാബൂല്‍’ എന്ന പേരില്‍ അറിയപ്പെടുന്നു. ഹീരാം ശലോമോന് നൂറ്റി ഇരുപത് താലന്ത് സ്വര്‍ണം കൊടുത്തയച്ചിരുന്നു. ദേവാലയവും കൊട്ടാരവും മില്ലോയും പണിയാനും പട്ടണത്തിന്‍റെ കിഴക്കുവശത്തുള്ള നിലം നികത്താനും പട്ടണമതില്‍ കെട്ടാനും ശലോമോന്‍രാജാവ് ജനത്തെക്കൊണ്ട് അടിമവേല ചെയ്യിച്ചിരുന്നു. ഹാസോര്‍, മെഗിദ്ദോ, ഗേസെര്‍ എന്നീ പട്ടണങ്ങള്‍ പുതുക്കിപ്പണിയുന്നതിനും അടിമകളെ ഉപയോഗിച്ചു. ഈജിപ്തിലെ ഫറവോരാജാവ് ഗേസെര്‍ പിടിച്ചടക്കി അതിലെ നിവാസികളായ കനാന്യരെ കൊല്ലുകയും പട്ടണം അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. പില്‌ക്കാലത്ത് ഫറവോ തന്‍റെ മകളെ ശലോമോന് വിവാഹം കഴിച്ചുകൊടുത്തപ്പോള്‍ അവള്‍ക്കു സ്‍ത്രീധനമായി ഈ പട്ടണം നല്‌കി. [17,18] ആ പട്ടണവും താഴത്തെ ബേത്ത്- ഹോരോനും യെഹൂദാമരുഭൂമിയിലെ ബാലാത്ത്, താമാര്‍ എന്നീ പട്ടണങ്ങളും അടിമകളെക്കൊണ്ട് ശലോമോന്‍ പുതുക്കിപ്പണിയിച്ചു. *** സംഭരണനഗരങ്ങളും രഥങ്ങള്‍ക്കും കുതിരപ്പടയാളികള്‍ക്കും വേണ്ടിയുള്ള പട്ടണങ്ങളും യെരൂശലേമിലും ലെബാനോനിലും തന്‍റെ ഭരണത്തിന്‍ കീഴുള്ള മറ്റു സ്ഥലങ്ങളിലും താന്‍ പണിയാന്‍ ആഗ്രഹിച്ചിരുന്നതുമെല്ലാം അടിമകളെക്കൊണ്ടാണു ചെയ്യിച്ചത്. [20,21] ഇസ്രായേല്യരില്‍ ഉള്‍പ്പെടാത്ത അമോര്യര്‍, ഹിത്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരില്‍ ശേഷിച്ച സകലരെയും ശലോമോന്‍ അടിമകളാക്കി. *** അവര്‍ ഇന്നും അടിമകളാണ്. ഇസ്രായേല്യരില്‍ ആരെയും അടിമവേലയ്‍ക്കു ശലോമോന്‍ നിയോഗിച്ചില്ല. അവരെ തന്‍റെ സൈനികരും ഉദ്യോഗസ്ഥരും സൈന്യാധിപരും രഥസൈന്യത്തിന്‍റെ നായകരും കുതിരപ്പട്ടാളക്കാരുമായി നിയമിച്ചു; ശലോമോന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പണിയെടുത്തിരുന്ന അടിമകളുടെ മേല്‍നോട്ടം വഹിക്കുന്നതിന് അഞ്ഞൂറ്റി അമ്പത് ഉദ്യോഗസ്ഥന്മാര്‍ ഉണ്ടായിരുന്നു. ഫറവോയുടെ പുത്രി ദാവീദിന്‍റെ നഗരത്തില്‍നിന്ന് തന്‍റെ ഭര്‍ത്താവായ ശലോമോന്‍ നിര്‍മ്മിച്ച കൊട്ടാരത്തിലേക്ക് മാറിത്താമസിച്ചു. പിന്നീടാണ് ശലോമോന്‍ മില്ലോ പണിതത്; സര്‍വേശ്വരനുവേണ്ടി ശലോമോന്‍ നിര്‍മ്മിച്ച യാഗപീഠത്തില്‍ ആണ്ടുതോറും മൂന്നു പ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചുവന്നു. സര്‍വേശ്വരനു ധൂപാര്‍പ്പണവും നടത്തിവന്നു. അങ്ങനെ ദേവാലയത്തിന്‍റെ പണി അദ്ദേഹം പൂര്‍ത്തിയാക്കി. എദോമില്‍ ചെങ്കടല്‍ത്തീരത്ത് ഏലാത്തിനു സമീപമുള്ള എസ്യോന്‍-ഗേബെരില്‍വച്ച് ശലോമോന്‍ അനേകം കപ്പലുകള്‍ പണിയിച്ചു. ശലോമോന്‍റെ ആളുകളോടുകൂടി ജോലി ചെയ്യാന്‍ പരിചയസമ്പന്നരായ നാവികരെ ഹീരാംരാജാവ് അയച്ചിരുന്നു. അവര്‍ ഓഫീരില്‍ ചെന്നു നാനൂറ്റി ഇരുപതു താലന്ത് സ്വര്‍ണം കൊണ്ടുവന്നു ശലോമോന്‍രാജാവിനു കൊടുത്തു. ശലോമോന്‍റെ കീര്‍ത്തിയെപ്പറ്റി കേട്ടറിഞ്ഞ ശെബാരാജ്ഞി അദ്ദേഹത്തെ പരീക്ഷിക്കാന്‍ ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ഏതാനും ചോദ്യങ്ങളുമായി അദ്ദേഹത്തിന്‍റെ സമീപത്തെത്തി. ഒട്ടകപ്പുറത്ത് സുഗന്ധദ്രവ്യങ്ങളും രത്നങ്ങളും ഒട്ടുവളരെ സ്വര്‍ണവും കയറ്റി വലിയ പരിവാരത്തോടു കൂടെയാണു രാജ്ഞി യെരൂശലേമില്‍ വന്നത്. ശലോമോനെ കണ്ടശേഷം തന്‍റെ മനസ്സില്‍ കരുതിയിരുന്ന ചോദ്യങ്ങളെല്ലാം രാജ്ഞി അദ്ദേഹത്തോടു ചോദിച്ചു. അവയ്‍ക്കെല്ലാം അദ്ദേഹം ഉത്തരം നല്‌കി; അദ്ദേഹത്തിനു വിശദീകരിക്കാന്‍ ആവാത്ത ഒരു ചോദ്യവും ഉണ്ടായിരുന്നില്ല. അങ്ങനെ ശലോമോന്‍റെ ജ്ഞാനം രാജ്ഞി നേരിട്ടു മനസ്സിലാക്കി; അദ്ദേഹം പണിയിച്ച കൊട്ടാരം കണ്ടു. അദ്ദേഹത്തിന്‍റെ ഭക്ഷണമേശയിലെ വിഭവങ്ങള്‍, ഉദ്യോഗസ്ഥന്മാര്‍ക്കുവേണ്ടിയുള്ള സജ്ജീകരണങ്ങള്‍, ഉദ്യോഗസ്ഥന്മാരുടെ നിരകള്‍, അവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍, ഭക്ഷണമേശയിലെ പരിചാരകര്‍, ദേവാലയത്തിലെ യാഗങ്ങള്‍ ഇവയെല്ലാം കണ്ടപ്പോള്‍ ശെബാരാജ്ഞി അമ്പരന്നുപോയി. അവര്‍ രാജാവിനോടു പറഞ്ഞു: “അങ്ങയെയും അങ്ങയുടെ ജ്ഞാനത്തെയും പറ്റി എന്‍റെ രാജ്യത്തു കേട്ടതു വാസ്തവംതന്നെ. നേരില്‍ കാണുന്നതുവരെ ഞാന്‍ അതൊന്നും വിശ്വസിച്ചിരുന്നില്ല. യഥാര്‍ഥത്തില്‍ ഉള്ളതിന്‍റെ പകുതിപോലും ഞാന്‍ അറിഞ്ഞിരുന്നില്ല. അങ്ങയുടെ ജ്ഞാനവും ധനവും ഞാന്‍ കേട്ടിരുന്നതിലും എത്രയോ അധികം! അങ്ങയുടെ ഭാര്യമാര്‍ എത്രമാത്രം ഭാഗ്യവതികള്‍! എപ്പോഴും അങ്ങയുടെ സന്നിധിയില്‍നിന്നു ജ്ഞാനവചസ്സു കേട്ടു ഗ്രഹിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ എത്ര ഭാഗ്യവാന്മാര്‍! അങ്ങില്‍ പ്രസാദിച്ച് ഇസ്രായേലിന്‍റെ രാജസിംഹാസനത്തില്‍ അങ്ങയെ വാഴിച്ച സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ. ഇസ്രായേലിനോടുള്ള അവിടുത്തെ സ്നേഹം അനന്തമായതിനാല്‍ നീതിയും ന്യായവും നടത്താന്‍ അങ്ങയെ അവരുടെ രാജാവാക്കിയിരിക്കുന്നു.” രാജ്ഞി കൊണ്ടുവന്നിരുന്ന സമ്മാനങ്ങളെല്ലാം ശലോമോനു കൊടുത്തു. നൂറ്റിരുപതു താലന്ത് സ്വര്‍ണവും ധാരാളം രത്നങ്ങളും സുഗന്ധദ്രവ്യങ്ങളും ശലോമോനു ലഭിച്ചു; ശെബാരാജ്ഞിയില്‍നിന്നു ലഭിച്ചിടത്തോളം സുഗന്ധദ്രവ്യങ്ങള്‍ മറ്റാരില്‍നിന്നും ശലോമോന് ലഭിച്ചിട്ടില്ല. ഓഫീരില്‍നിന്നു സ്വര്‍ണവുമായി വന്നിരുന്ന ഹീരാമിന്‍റെ കപ്പലുകളില്‍ രക്തചന്ദനവും രത്നങ്ങളുംകൂടി കൊണ്ടുവന്നിരുന്നു. രാജാവ് ചന്ദനത്തടികൊണ്ടു ദേവാലയത്തിനും കൊട്ടാരത്തിനും തൂണുകളും ഗായകര്‍ക്കു വീണകളും കിന്നരങ്ങളും നിര്‍മ്മിച്ചു. ഇത്തരം ചന്ദനത്തടികള്‍ യെഹൂദാദേശത്ത് അന്നുവരെയും ആരും കൊണ്ടുവന്നിരുന്നില്ല; കണ്ടിരുന്നതുമില്ല. രാജാവ് ശെബാരാജ്ഞിക്കു ധാരാളം സമ്മാനങ്ങള്‍ നല്‌കിയതു കൂടാതെ അവര്‍ ആഗ്രഹിച്ചതും ചോദിച്ചതുമായ സകലതും നല്‌കി; പരിവാരസമേതം അവര്‍ സ്വദേശത്തേക്കു മടങ്ങുകയും ചെയ്തു. ഓരോ വര്‍ഷവും ശലോമോന് ഏകദേശം അറുനൂറ്റി അറുപത്താറു താലന്ത് സ്വര്‍ണം ലഭിച്ചിരുന്നു. കൂടാതെ വ്യാപാരികള്‍, വിദേശരാജാക്കന്മാര്‍, ഇസ്രായേലിലെ ദേശാധിപതിമാര്‍ എന്നിവരില്‍നിന്നു വേറെയും സ്വര്‍ണം ലഭിച്ചിരുന്നു. സ്വര്‍ണം അടിച്ചുപരത്തി ഇരുനൂറു വലിയ പരിചകള്‍ ശലോമോന്‍രാജാവ് ഉണ്ടാക്കി. ഓരോന്നിനും അറുനൂറു ശേക്കെല്‍ സ്വര്‍ണം ചെലവായി. സ്വര്‍ണം അടിച്ചുപരത്തി മുന്നൂറു ചെറുപരിചകളുണ്ടാക്കി. ഓരോന്നിനും ‘മൂന്നു മാനേ സ്വര്‍ണം’ വേണ്ടിവന്നു. അവയെല്ലാം രാജാവ് ലെബാനോന്‍ വനഗൃഹത്തില്‍ സൂക്ഷിച്ചു. ശലോമോന്‍രാജാവ് ദന്തനിര്‍മ്മിതമായ ഒരു സിംഹാസനം ഉണ്ടാക്കി. തങ്കംകൊണ്ടു പൊതിഞ്ഞു. അതിന് ആറു പടികള്‍ ഉണ്ടായിരുന്നു; അതിന്‍റെ പിന്‍ഭാഗത്തു കാളക്കുട്ടിയുടെ തലയുടെ രൂപവും ഇരുവശത്തും കൈത്താങ്ങുകളും അവയോടു ചേര്‍ന്നു രണ്ടു സിംഹരൂപങ്ങളും ഉണ്ടായിരുന്നു. ആറു പടികളുടെ രണ്ടറ്റത്തുമായി പന്ത്രണ്ടു സിംഹരൂപങ്ങള്‍ സ്ഥാപിച്ചു. ഇതുപോലൊരു സിംഹാസനം ഒരു രാജാവും ഒരിക്കലും ഉണ്ടാക്കിയിട്ടില്ല. ശലോമോന്‍റെ പാനപാത്രങ്ങളെല്ലാം സ്വര്‍ണനിര്‍മ്മിതമായിരുന്നു; ലെബാനോന്‍ വനഗൃഹത്തിലെ പാത്രങ്ങളെല്ലാം തങ്കംകൊണ്ടുള്ളതുമായിരുന്നു. ശലോമോന്‍റെ കാലത്തു വെള്ളി വിലപിടിപ്പുള്ളതായിരുന്നില്ല; അതിനാല്‍ വെള്ളികൊണ്ടു പാത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നില്ല. ഹീരാമിന്‍റെ കപ്പലുകളോടൊപ്പം രാജാവിന്‍റെ സ്വന്തമായ കപ്പലുകളും കടലില്‍ ഉണ്ടായിരുന്നു. അവ ഓരോ മൂന്നു വര്‍ഷം കഴിയുമ്പോഴും സ്വര്‍ണം, വെള്ളി, ആനക്കൊമ്പ് എന്നിവ കൂടാതെ കുരങ്ങുകള്‍, മയിലുകള്‍ മുതലായവയുമായി മടങ്ങിവന്നിരുന്നു. ശലോമോന്‍രാജാവ് ഭൂമിയിലെ എല്ലാ രാജാക്കന്മാരെക്കാളും സമ്പന്നനും ജ്ഞാനിയും ആയിരുന്നു. ദൈവം ശലോമോനു നല്‌കിയിരുന്ന ജ്ഞാനം ശ്രവിക്കുന്നതിന് അദ്ദേഹത്തിന്‍റെ അടുക്കല്‍ വരാന്‍ സകല ദേശക്കാരും ആഗ്രഹിച്ചിരുന്നു. ഓരോരുത്തരും ആണ്ടുതോറും അദ്ദേഹത്തെ സന്ദര്‍ശിച്ച് വെള്ളിയും സ്വര്‍ണവും കൊണ്ടുള്ള ഉരുപ്പടികള്‍, വസ്ത്രങ്ങള്‍, ആയുധങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, കുതിരകള്‍, കോവര്‍കഴുതകള്‍ എന്നിവ സമ്മാനിച്ചുവന്നു. ശലോമോന്‍ നിരവധി രഥങ്ങളും കുതിരപ്പടയും സംഘടിപ്പിച്ചു. തന്‍റെ ആയിരത്തിനാനൂറു രഥങ്ങള്‍ക്കും പന്തീരായിരം കുതിരക്കാര്‍ക്കും രഥനഗരങ്ങളിലും രാജാവിനോട് ഒത്ത് യെരൂശലേമിലും അദ്ദേഹം താവളം നല്‌കി. അദ്ദേഹത്തിന്‍റെ ഭരണകാലത്ത് യെരൂശലേമില്‍ വെള്ളി കല്ലുപോലെയും ദേവദാരു താഴ്വരയിലെ കാട്ടത്തിപോലെയും സുലഭമായിരുന്നു. ഈജിപ്തില്‍നിന്നും കുവേയില്‍നിന്നും ശലോമോന്‍ കുതിരകളെ ഇറക്കുമതി ചെയ്തു; രാജാവിന്‍റെ വ്യാപാരികള്‍ അവയെ കുവേയില്‍നിന്നു വിലയ്‍ക്കു വാങ്ങി. ഈജിപ്തില്‍നിന്ന് ഇറക്കുമതി ചെയ്ത രഥത്തിന് അറുനൂറു ശേക്കെലും കുതിരയ്‍ക്ക് നൂറ്റിഅമ്പതു ശേക്കെലും വെള്ളി വീതം വിലയായിരുന്നു. ഇതേ നിരക്കില്‍ തന്നെ അവര്‍ ഹിത്യരുടെയും സിറിയാക്കാരുടെയും രാജാക്കന്മാര്‍ക്ക് രാജവ്യാപാരികള്‍ വഴി അവ കയറ്റുമതി ചെയ്തു. ശലോമോന്‍രാജാവ് ഫറവോയുടെ മകളെ കൂടാതെ മോവാബ്യര്‍, അമ്മോന്യര്‍, എദോമ്യര്‍, സീദോന്യര്‍, ഹിത്യര്‍ തുടങ്ങിയ വിജാതീയരായ സ്‍ത്രീകളെയും പ്രേമിച്ചു; ‘അന്യജനതകളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത്; അവര്‍ നിങ്ങളെ വശീകരിച്ചു അന്യദേവന്മാരെ നിങ്ങള്‍ ആരാധിക്കാന്‍ ഇടയാക്കും’ എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്തിരുന്നിട്ടും ശലോമോന്‍ അവരെ ഗാഢമായി സ്നേഹിച്ചു. ശലോമോന് എഴുനൂറു രാജ്ഞിമാരും മുന്നൂറു ഉപഭാര്യമാരുമുണ്ടായിരുന്നു; അവര്‍ അദ്ദേഹത്തിന്‍റെ ഹൃദയത്തെ വ്യതിചലിപ്പിച്ചു. ശലോമോന്‍ വൃദ്ധനായപ്പോള്‍ ഭാര്യമാര്‍ അന്യദേവന്മാരിലേക്ക് അദ്ദേഹത്തിന്‍റെ ഹൃദയം തിരിച്ചു. അദ്ദേഹത്തിന്‍റെ പിതാവായ ദാവീദ് ദൈവമായ സര്‍വേശ്വരനോടു വിശ്വസ്തനായിരുന്നതുപോലെ ശലോമോന്‍ അവിടുത്തോടു വിശ്വസ്തത പാലിച്ചില്ല. അദ്ദേഹം സീദോന്യരുടെ ദേവിയായ അസ്തൊരെത്തിനെയും അമ്മോന്യരുടെ ദേവനായ മില്‌ക്കോവിന്‍റെ മ്ലേച്ഛവിഗ്രഹത്തെയും ആരാധിച്ചു. തന്‍റെ പിതാവായ ദാവീദിനെപ്പോലെ സര്‍വേശ്വരനോടു പൂര്‍ണവിശ്വസ്തത പുലര്‍ത്താതെ അദ്ദേഹം ദൈവമുമ്പാകെ പാപം ചെയ്തു. യെരൂശലേമിനു കിഴക്കുള്ള മലയില്‍ മോവാബ്യരുടെ മ്ലേച്ഛവിഗ്രഹമായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മോലേക്കിനും ശലോമോന്‍ പൂജാഗിരികള്‍ നിര്‍മ്മിച്ചു. തങ്ങളുടെ ദേവന്മാര്‍ക്കു ധൂപാര്‍പ്പണം നടത്തുകയും യാഗമര്‍പ്പിക്കുകയും ചെയ്തുവന്ന സകല വിജാതീയ ഭാര്യമാര്‍ക്കുംവേണ്ടി അദ്ദേഹം ആരാധനസ്ഥലങ്ങള്‍ നിര്‍മ്മിച്ചു. രണ്ടു പ്രാവശ്യം തനിക്കു പ്രത്യക്ഷനാകുകയും അന്യദേവന്മാരെ ആരാധിക്കരുതെന്നു കല്പിക്കുകയും ചെയ്തിരുന്ന ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ ആജ്ഞ പാലിക്കാതെ അദ്ദേഹം അന്യദേവന്മാരെ ആരാധിച്ചു. അതുകൊണ്ട് അവിടുത്തെ കോപം ശലോമോനു നേരെ ജ്വലിച്ചു; സര്‍വേശ്വരന്‍ ശലോമോനോടു അരുളിച്ചെയ്തു. “എന്നോടുള്ള ഉടമ്പടി നീ ലംഘിക്കുകയും എന്‍റെ കല്പനകള്‍ അനുസരിക്കാതിരിക്കുകയും ചെയ്തതുകൊണ്ട് രാജത്വം നിന്നില്‍ നിന്നെടുത്തു നിന്‍റെ ഭൃത്യനു കൊടുക്കും എന്നു ഞാന്‍ തീര്‍ത്തു പറയുന്നു. എങ്കിലും നിന്‍റെ പിതാവായ ദാവീദിനെ ഓര്‍ത്തു നിന്‍റെ ജീവിതകാലത്തു ഞാന്‍ അങ്ങനെ ചെയ്യുകയില്ല; നിന്‍റെ പുത്രനില്‍നിന്ന് അതു ഞാന്‍ എടുത്തുകളയും, എന്നാല്‍ രാജത്വം മുഴുവനും ഞാന്‍ നീക്കിക്കളയുകയില്ല. എന്‍റെ ദാസനായ ദാവീദിനെയും ഞാന്‍ തിരഞ്ഞെടുത്ത യെരൂശലേമിനെയും ഓര്‍ത്ത് ഒരു ഗോത്രം ഞാന്‍ നിന്‍റെ പുത്രനു കൊടുക്കും.” എദോംരാജകുടുംബത്തില്‍പ്പെട്ട ഹദദിനെ ശലോമോന് എതിരെ ദൈവം തിരിച്ചുവിട്ടു. ദാവീദ് എദോമിലായിരുന്നപ്പോള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരെ സംസ്കരിക്കുന്നതിനു സേനാനായകനായ യോവാബ് അവിടെ ചെന്നു. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന പുരുഷന്മാരെയെല്ലാം അയാള്‍ വധിച്ചു. എദോമിലുള്ള പുരുഷന്മാരെയെല്ലാം കൊന്നൊടുക്കുന്നതുവരെ ആറു മാസക്കാലം യോവാബും ഇസ്രായേല്‍സൈന്യവും അവിടെ പാര്‍ത്തിരുന്നു. ആ കാലത്തു ഹദദും അയാളുടെ പിതാവിന്‍റെ ഏതാനും ദാസന്മാരും ഈജിപ്തിലേക്ക് ഓടി രക്ഷപെട്ടു. അന്നു ഹദദ് ഒരു കൊച്ചുകുട്ടി ആയിരുന്നു. അവര്‍ മിദ്യാനില്‍നിന്നു പാരാനിലെത്തി; അവിടെനിന്ന് ഏതാനും ആളുകളെക്കൂട്ടി ഈജിപ്തില്‍ ഫറവോയുടെ അടുക്കല്‍ ചെന്നു. ഫറവോ അയാള്‍ക്ക് ഒരു ഭവനവും കുറച്ചു സ്ഥലവും ആഹാരത്തിനുള്ള വകയും കൊടുത്തു. ഫറവോയ്‍ക്കു ഹദദിനോടു വലിയ പ്രീതി തോന്നി; അദ്ദേഹം തന്‍റെ ഭാര്യ തഹ്പെനേസ്‍രാജ്ഞിയുടെ സഹോദരിയെ അയാള്‍ക്കു ഭാര്യയായി നല്‌കി. ഹദദിന് അവളില്‍ ഗെനൂബത്ത് എന്നൊരു പുത്രനുണ്ടായി. മുലകുടി മാറിയപ്പോള്‍ രാജ്ഞി അവനെ ഫറവോയുടെ പുത്രന്മാരുടെകൂടെ വളര്‍ത്തി. ദാവീദും സേനാനായകനായ യോവാബും മരിച്ചു എന്നു കേട്ടപ്പോള്‍ ഹദദ് ജന്മദേശത്തേക്കു മടങ്ങിപ്പോകാന്‍ ഫറവോയോട് അനുവാദം ചോദിച്ചു. രാജാവ് അവനോടു ചോദിച്ചു: “നീ എന്തിനു പോകുന്നു? ഇവിടെ നിനക്ക് എന്തെങ്കിലും കുറവുള്ളതുകൊണ്ടാണോ പോകാന്‍ ആഗ്രഹിക്കുന്നത്?” “എനിക്ക് ഒന്നിനും കുറവുണ്ടായിട്ടല്ല; എന്നെ വിട്ടയച്ചാലും; അയാള്‍ വീണ്ടും അപേക്ഷിച്ചു. എല്യാദായുടെ പുത്രനായ രെസോനെയും ദൈവം ശലോമോന്‍റെ എതിരാളിയാക്കി. അയാള്‍ സോബാരാജാവും തന്‍റെ യജമാനനുമായ ഹദദേസെരുടെ അടുക്കല്‍നിന്ന് ഓടിപ്പോന്നവനായിരുന്നു. ദാവീദ് സോബാക്കാരെ സംഹരിച്ചപ്പോള്‍ അയാള്‍ ഒരു കവര്‍ച്ചസംഘം സംഘടിപ്പിച്ച് അതിന്‍റെ തലവനായിത്തീര്‍ന്നു. അവര്‍ ദമാസ്കസില്‍ ചെന്ന് അവിടെ പാര്‍ത്തു. അനുയായികള്‍ അയാളെ സിറിയായുടെ രാജാവായി അവരോധിച്ചു. ശലോമോന്‍റെ ജീവിതകാലം മുഴുവന്‍ ഹദദിനെപ്പോലെ അയാളും ശല്യം ചെയ്തുകൊണ്ട് ഇസ്രായേലിന്‍റെ ശത്രുവായി വര്‍ത്തിച്ചു. ശലോമോന്‍രാജാവിന്‍റെ മറ്റൊരു ശത്രു തന്‍റെ ഭൃത്യനും സെരേദയില്‍നിന്നുള്ള എഫ്രയീംകാരന്‍ നെബാത്തിന്‍റെ പുത്രനുമായ യെരോബെയാം ആയിരുന്നു. സെരൂയാ എന്ന ഒരു വിധവയുടെ മകനായിരുന്നു അയാള്‍. രാജാവിനോട് അയാള്‍ മത്സരിക്കാന്‍ ഒരു കാരണമുണ്ടായിരുന്നു. ശലോമോന്‍ മില്ലോ പണിയുകയും തന്‍റെ പിതാവായ ദാവീദിന്‍റെ നഗരത്തിന്‍റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുകയും ചെയ്തു; തത്സമയം കഴിവുറ്റവനും പരിശ്രമശീലനുമായ യെരോബെയാമിനെ യോസേഫ്ഗോത്രക്കാരുടെ ദേശത്തുള്ള അടിമവേലയുടെ മേല്‍നോട്ടം വഹിക്കാന്‍ ശലോമോന്‍ നിയമിച്ചു; ഒരു ദിവസം യെരോബെയാം യെരൂശലേമില്‍നിന്നു പുറത്തുവരുമ്പോള്‍ ശീലോന്യനായ അഹീയാപ്രവാചകന്‍ അയാളെ വഴിയില്‍വച്ചു കണ്ടു. അപ്പോള്‍ അവര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. പ്രവാചകന്‍ താന്‍ ധരിച്ചിരുന്ന പുതിയ അങ്കി ഊരി അതു പന്ത്രണ്ടു കഷണങ്ങളായി കീറി. പ്രവാചകന്‍ യെരോബെയാമിനോടു പറഞ്ഞു: “പത്തു കഷണങ്ങള്‍ നീ എടുത്തുകൊള്ളുക. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഞാന്‍ ശലോമോന്‍റെ കൈയില്‍നിന്നു രാജ്യമെടുത്ത് പത്തു ഗോത്രങ്ങളുടെ ദേശം നിനക്കു തരും. എന്‍റെ ദാസനായ ദാവീദിനെ ഓര്‍ത്തും ഇസ്രായേലില്‍നിന്ന് എനിക്കു സ്വന്തമായി തിരഞ്ഞെടുത്ത യെരൂശലേംനഗരത്തെ ഓര്‍ത്തും ഞാന്‍ ഒരു ഗോത്രം ശലോമോനു വിട്ടുകൊടുക്കും; ശലോമോന്‍ എന്നെ ഉപേക്ഷിച്ചു സീദോന്യരുടെ ദേവിയായ അസ്തൊരെത്തിനെയും മോവാബ്യരുടെ ദേവനായ കെമോശിനെയും അമ്മോന്യരുടെ ദേവനായ മില്‍ക്കോമിനെയും ആരാധിച്ചു. അവന്‍ തന്‍റെ പിതാവായ ദാവീദിനെപ്പോലെ എന്‍റെ മാര്‍ഗത്തില്‍ ചരിക്കുകയോ, എന്‍റെ കല്പനകളും ചട്ടങ്ങളും അനുസരിക്കുകയോ ചെയ്തില്ല. ഞാന്‍ രാജ്യം അവനില്‍നിന്ന് എടുത്തുകളയാന്‍ കാരണം അതാണ്. എങ്കിലും രാജ്യം മുഴുവന്‍ ശലോമോനില്‍നിന്ന് എടുത്തുകളകയില്ല. ഞാന്‍ തിരഞ്ഞെടുത്തവനും എന്‍റെ കല്പനകളും ചട്ടങ്ങളും അനുസരിച്ചവനുമായ ദാവീദിനെ ഓര്‍ത്തു ശലോമോന്‍റെ ജീവിതകാലം മുഴുവന്‍ അവന്‍ രാജാവായിരിക്കും. അവന്‍റെ പുത്രന്‍റെ കാലത്തു പത്തു ഗോത്രങ്ങള്‍ എടുത്തു നിനക്കു തരും. എങ്കിലും എന്‍റെ നാമം നിലനിര്‍ത്തുന്നതിനുവേണ്ടി ഞാന്‍ തിരഞ്ഞെടുത്ത യെരൂശലേമില്‍ ദാവീദിന്‍റെ ഒരു ദീപം എന്‍റെ മുമ്പില്‍ ഉണ്ടായിരിക്കാന്‍വേണ്ടി ഒരു ഗോത്രം ഞാന്‍ അവനു നല്‌കും. ഞാന്‍ നിന്നെ ഇസ്രായേലിന്‍റെ രാജാവാക്കും; നീ വാഴാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തെല്ലാം നീ രാജാവായി ഭരിക്കും. എന്നെ സമ്പൂര്‍ണമായി അനുസരിക്കുകയും ദാവീദിനെപ്പോലെ എന്‍റെ കല്പനകളും ചട്ടങ്ങളും പാലിച്ച് എന്‍റെ മുമ്പാകെ നീതിപൂര്‍വം ജീവിക്കുകയും ചെയ്താല്‍ ഞാന്‍ നിന്‍റെ കൂടെ ഉണ്ടായിരിക്കും. ദാവീദിനെന്നപോലെ നിനക്കും രാജസ്ഥാനം സ്ഥിരമാക്കുകയും ചെയ്യും. ശലോമോന്‍റെ പാപം നിമിത്തം ദാവീദിന്‍റെ പിന്‍തലമുറക്കാരെ ഞാന്‍ ശിക്ഷിക്കും. എന്നാല്‍ അത് എന്നേക്കുമായിരിക്കുകയില്ല.” ഇക്കാരണത്താല്‍ ശലോമോന്‍ യെരോബെയാമിനെ കൊല്ലാന്‍ ശ്രമിച്ചു; അതുകൊണ്ടു യെരോബെയാം ഈജിപ്തിലെ രാജാവായ ശീശക്കിന്‍റെ അടുക്കലേക്ക് ഓടിപ്പോയി. ശലോമോന്‍റെ മരണംവരെ അവിടെത്തന്നെ പാര്‍ത്തു. ശലോമോനെ സംബന്ധിച്ച മറ്റെല്ലാ വിവരങ്ങളും അദ്ദേഹത്തിന്‍റെ ജ്ഞാനവും ശലോമോന്‍റെ ചരിത്രക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. ശലോമോന്‍ യെരൂശലേമില്‍ പാര്‍ത്തുകൊണ്ട് ഇസ്രായേലിനെ മുഴുവന്‍ നാല്പതു വര്‍ഷം ഭരിച്ചു. പിന്നീട് അദ്ദേഹം മരിച്ച് തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു. തന്‍റെ പിതാവായ ദാവീദിന്‍റെ നഗരത്തില്‍ അദ്ദേഹത്തെ സംസ്കരിച്ചു. ശലോമോനു പകരം അദ്ദേഹത്തിന്‍റെ പുത്രനായ രെഹബെയാം രാജാവായി. രെഹബെയാം ശെഖേമിലേക്കു പോയി. അവിടെ ഇസ്രായേല്‍ജനം അദ്ദേഹത്തെ രാജാവാക്കാന്‍ ഒന്നിച്ചുകൂടിയിരുന്നു. ശലോമോന്‍രാജാവില്‍നിന്നു രക്ഷപെടാന്‍ വേണ്ടി ഈജിപ്തിലേക്ക് ഒളിച്ചോടിയ യെരോബെയാം ഇതു കേട്ട് അവിടെനിന്ന് മടങ്ങിയെത്തി. അയാള്‍ നെബാത്തിന്‍റെ പുത്രനായിരുന്നു. ഇസ്രായേല്‍ജനം അയാളെ ആളയച്ചുവരുത്തി. യെരൊബെയാമും ഇസ്രായേല്‍ജനവും കൂടി രെഹബെയാമിന്‍റെ അടുക്കല്‍ വന്നു പറഞ്ഞു: “അങ്ങയുടെ പിതാവായ ശലോമോന്‍ ഭാരമുള്ള നുകമാണു ഞങ്ങളുടെ ചുമലില്‍ വച്ചിരുന്നത്; ഞങ്ങളുടെ കഠിനവേലയുടെയും ഞങ്ങളുടെ ചുമലില്‍ വച്ചിരിക്കുന്ന നുകത്തിന്‍റെയും ഭാരം ലഘൂകരിച്ചുതന്നാല്‍ ഞങ്ങള്‍ അങ്ങയെ സേവിക്കാം.” രെഹബെയാം അവരോടു പറഞ്ഞു: “നിങ്ങള്‍ മൂന്നു ദിവസം കഴിഞ്ഞ് വരിക.” അതനുസരിച്ചു ജനം മടങ്ങിപ്പോയി. രെഹബെയാംരാജാവു തന്‍റെ പിതാവായ ശലോമോന്‍റെ കാലത്തെ വൃദ്ധരായ ഉപദേശകരോടു ചോദിച്ചു: “ഇവരോടു ഞാന്‍ എന്തു മറുപടി പറയണം; നിങ്ങളുടെ അഭിപ്രായം എന്ത്?” അവര്‍ രാജാവിനോടു പറഞ്ഞു: “അങ്ങ് അവരുടെ അഭിപ്രായത്തിനു വഴങ്ങി അവരെ പരിപാലിക്കുകയും അവരോടു നല്ലവാക്കു പറയുകയും ചെയ്താല്‍ അവര്‍ എന്നും അങ്ങയുടെ ദാസന്മാരായിരിക്കും.” എന്നാല്‍ രെഹബെയാം അവരുടെ നിര്‍ദ്ദേശം നിരസിച്ചു തന്നോടൊത്തു വളര്‍ന്നവരും രാജസദസ്സില്‍ ഉണ്ടായിരുന്നവരുമായ യുവാക്കന്മാരുടെ അഭിപ്രായം ആരാഞ്ഞു. രാജാവ് അവരോടു ചോദിച്ചു: “അങ്ങയുടെ പിതാവ് ഞങ്ങളുടെ ചുമലില്‍ വച്ചിരിക്കുന്ന നുകത്തിന്‍റെ ഭാരം ലഘൂകരിച്ചു തരണം എന്നാവശ്യപ്പെടുന്ന ജനത്തിനു നാം എന്തു മറുപടിയാണു നല്‌കേണ്ടത്.” ആ യുവാക്കന്മാര്‍ പറഞ്ഞു: “അങ്ങയുടെ പിതാവ് ഞങ്ങളുടെ ചുമലില്‍ വച്ചിരിക്കുന്ന ഭാരമുള്ള നുകം ലഘൂകരിച്ചു തരണം എന്നാവശ്യപ്പെടുന്നവരോട് എന്‍റെ ചെറുവിരല്‍ പിതാവിന്‍റെ അരക്കെട്ടിനെക്കാള്‍ വണ്ണമുള്ളതാണെന്നു പറയണം; എന്‍റെ പിതാവു ഭാരമുള്ള നുകം നിങ്ങളുടെമേല്‍ വച്ചെങ്കില്‍ ഞാന്‍ അതിന്‍റെ ഭാരം ഇനിയും വര്‍ധിപ്പിക്കും. അദ്ദേഹം ചാട്ടകൊണ്ടു നിങ്ങളെ അടിച്ചെങ്കില്‍ ഞാന്‍ മുള്‍ച്ചാട്ടകൊണ്ടു നിങ്ങളെ അടിക്കും.” രാജാവു നിര്‍ദ്ദേശിച്ചിരുന്നതുപോലെ യെരോബെയാമും ജനങ്ങളും മൂന്നാം ദിവസം രെഹബെയാമിന്‍റെ അടുക്കല്‍ വന്നു. പ്രായമുള്ളവര്‍ നല്‌കിയിരുന്ന ഉപദേശം നിരസിച്ചു രാജാവ് അവരോടു പരുഷമായി സംസാരിച്ചു. യുവാക്കളുടെ ഉപദേശമനുസരിച്ച് രാജാവ് അവരോടു പറഞ്ഞു: എന്‍റെ പിതാവ് ഭാരമുള്ള നുകം നിങ്ങളുടെമേല്‍ വച്ചെങ്കില്‍ ഞാന്‍ അതിന്‍റെ ഭാരം വര്‍ധിപ്പിക്കും; എന്‍റെ പിതാവ് നിങ്ങളെ ചാട്ടകൊണ്ട് അടിച്ചു; എന്നാല്‍ ഞാന്‍ നിങ്ങളെ മുള്‍ച്ചാട്ടകൊണ്ട് അടിക്കും.” രാജാവ് ജനത്തിന്‍റെ അപേക്ഷ നിരസിച്ചു; അങ്ങനെ ശീലോന്യനായ അഹീയാപ്രവാചകനിലൂടെ സര്‍വേശ്വരന്‍ നെബാത്തിന്‍റെ പുത്രനായ യെരോബെയാമിനോട് അരുളിച്ചെയ്ത വചനം നിറവേറുവാന്‍ ഇപ്രകാരം സംഭവിച്ചു. രാജാവു തങ്ങളുടെ അപേക്ഷ നിരസിച്ചു എന്നു കണ്ടപ്പോള്‍ ജനം വിളിച്ചുപറഞ്ഞു: “ദാവീദുമായി ഞങ്ങള്‍ക്ക് എന്തു പങ്കാണുള്ളത്? യിശ്ശായിപുത്രനില്‍ ഞങ്ങള്‍ക്ക് ഒരു അവകാശവുമില്ല. ഇസ്രായേല്‍ജനമേ, നമുക്ക് നമ്മുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോകാം. ദാവീദിന്‍റെ സന്തതികളേ, നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കിക്കൊള്ളൂ.” അങ്ങനെ ഇസ്രായേല്‍ജനം അവരുടെ ഭവനങ്ങളിലേക്കു മടങ്ങിപ്പോയി. തുടര്‍ന്നു രെഹബെയാം യെഹൂദാനഗരങ്ങളില്‍ പാര്‍ത്തിരുന്ന ഇസ്രായേല്യരുടെ മാത്രം രാജാവായി ഭരിച്ചു. അടിമവേലകളുടെ ചുമതല വഹിച്ചിരുന്ന അദോരാമിനെ രെഹബെയാംരാജാവ് ഇസ്രായേലിലേക്ക് അയച്ചു. എന്നാല്‍ അവര്‍ അയാളെ കല്ലെറിഞ്ഞു കൊന്നു. ഉടന്‍തന്നെ രാജാവ് രഥത്തില്‍ കയറി യെരൂശലേമിലേക്കു പോയി. അന്നുമുതല്‍ വടക്കേ രാജ്യമായ ഇസ്രായേല്‍ ദാവീദിന്‍റെ കുടുംബത്തോടു മത്സരിച്ചുപോന്നു. യെരോബെയാം മടങ്ങിവന്നു എന്ന് ഇസ്രായേല്‍ജനം കേട്ടപ്പോള്‍ അവര്‍ ഒന്നിച്ചുകൂടി; അയാളെ അവരുടെ രാജാവായി വാഴിച്ചു. യെഹൂദായുടെ ഗോത്രമൊഴികെ മറ്റൊന്നും രെഹബെയാമിന്‍റെ കൂടെ നിന്നില്ല. രെഹബെയാം യെരൂശലേമില്‍ മടങ്ങിവന്ന ശേഷം ഇസ്രായേലിന്‍റെ എല്ലാ ഗോത്രങ്ങളുടെയുംമേല്‍ ആധിപത്യം വീണ്ടെടുക്കാന്‍വേണ്ടി യെഹൂദാ, ബെന്യാമീന്‍ ഗോത്രങ്ങളില്‍നിന്ന് ഒരുലക്ഷത്തി എണ്‍പതിനായിരം പേരെ സംഘടിപ്പിച്ചു. [22-24] “നിങ്ങളുടെ സ്വന്തം സഹോദരരായ ഇസ്രായേല്‍ജനത്തോടു യുദ്ധം ചെയ്യാന്‍ പുറപ്പെടരുത്; നിങ്ങളെല്ലാവരും അവനവന്‍റെ വീടുകളിലേക്ക് മടങ്ങിപ്പോകുക; എന്‍റെ ഹിതപ്രകാരമാണ് സകലതും സംഭവിച്ചത് എന്നു നീ പോയി ശലോമോന്‍റെ പുത്രനും യെഹൂദാരാജാവുമായ രെഹബെയാമിനോടും യെഹൂദാ, ബെന്യാമീന്‍ ഗോത്രങ്ങളിലെ ജനങ്ങളോടും പറയണം” എന്നു ദൈവം പ്രവാചകനായ ശെമയ്യായോട് അരുളിച്ചെയ്തു. പ്രവാചകനിലൂടെ സര്‍വേശ്വരന്‍ അരുളിച്ചെയ്തതനുസരിച്ച് അവര്‍ മടങ്ങിപ്പോയി. *** *** എഫ്രയീംമലനാട്ടില്‍ ശെഖേംപട്ടണം പടുത്തുയര്‍ത്തി യെരോബെയാം അവിടെ പാര്‍ത്തു; അതിനുശേഷം പെനൂവേലിലേക്കു പോയി; ആ പട്ടണവും നിര്‍മ്മിച്ചു. [26,27] യെരോബെയാം ആത്മഗതം ചെയ്തു: എന്‍റെ ജനം ഇന്നു ചെയ്യുന്നതുപോലെ യെരൂശലേംദേവാലയത്തില്‍ പോയി അവിടെ തുടര്‍ന്നു യാഗങ്ങളര്‍പ്പിച്ചാല്‍ എന്നോടുള്ള കൂറു വിട്ട് രെഹബെയാമിലേക്ക് അവര്‍ തിരിയും; എന്നെ വധിച്ച ശേഷം അയാളെ അനുഗമിക്കുകയും ചെയ്യും. *** അതുകൊണ്ട് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് ആലോചിച്ച് ഒരു ഉപായം കണ്ടുപിടിച്ചു. സ്വര്‍ണംകൊണ്ടു രണ്ടു കാളക്കുട്ടികളെ നിര്‍മ്മിച്ചശേഷം അവരോടു പറഞ്ഞു: “നിങ്ങള്‍ യെരൂശലേമിലേക്ക് എത്രയോ നാളുകളായി പോകുന്നു. ഇതാ! നിങ്ങളെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചു കൊണ്ടുവന്ന ദേവന്മാര്‍.” പിന്നീട് രാജാവു സ്വര്‍ണകാളക്കുട്ടികളില്‍ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു. അങ്ങനെ ജനം ബേഥേലിലും ദാനിലും പോയി കാളക്കുട്ടികളെ ആരാധിച്ചു സര്‍വേശ്വരനോടു പാപം ചെയ്തു. കൂടാതെ ഗിരിശൃംഗങ്ങളില്‍ പൂജാഗിരികള്‍ നിര്‍മ്മിക്കുകയും ലേവ്യരല്ലാത്തവരില്‍നിന്നും പുരോഹിതന്മാരെ നിയമിക്കുകയും ചെയ്തു. യെഹൂദായില്‍ ആചരിച്ചുവന്നതുപോലെ യെരോബെയാം ഓരോ വര്‍ഷവും എട്ടാം മാസം പതിനഞ്ചാം ദിവസം ഒരു ഉത്സവം ഏര്‍പ്പെടുത്തുകയും ബേഥേലിലെ ബലിപീഠത്തിങ്കല്‍ വന്നു താന്‍ നിര്‍മ്മിച്ച സ്വര്‍ണക്കാളക്കുട്ടികള്‍ക്കു ബലിയര്‍പ്പിക്കുകയും ചെയ്തു. പൂജാഗിരികളില്‍ നിയമിച്ചിരുന്ന പുരോഹിതന്മാരെ ബേഥേലില്‍ ശുശ്രൂഷയ്‍ക്കായി നിയമിച്ചു. എട്ടാം മാസം പതിനഞ്ചാം ദിവസം യെരോബെയാം ബേഥേലില്‍ പോയി യാഗമര്‍പ്പിച്ചു; അങ്ങനെ ഇസ്രായേല്‍ജനത്തിനുവേണ്ടി താന്‍ സ്വമേധയാ ഏര്‍പ്പെടുത്തിയ ഉത്സവം ആചരിച്ചു. ധൂപാര്‍പ്പണത്തിനുവേണ്ടി യെരോബെയാം ബലിപീഠത്തിനരികെ നില്‌ക്കുമ്പോള്‍ സര്‍വേശ്വരന്‍റെ കല്പനയനുസരിച്ച് ഒരു പ്രവാചകന്‍ യെഹൂദായില്‍നിന്നു ബേഥേലില്‍ വന്നു. അവിടുന്നു കല്പിച്ചതു പ്രവാചകന്‍ വിളിച്ചുപറഞ്ഞു: “അല്ലയോ ബലിപീഠമേ! ബലിപീഠമേ! സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നതു കേള്‍ക്കുക; ദാവീദിന്‍റെ കുടുംബത്തില്‍ യോശിയാ എന്നൊരു പുത്രന്‍ ജനിക്കും. നിന്‍റെമേല്‍ ധൂപാര്‍പ്പണം നടത്തുന്ന പൂജാഗിരികളിലെ പുരോഹിതന്മാരെ അവന്‍ നിന്‍റെമേല്‍ ബലി അര്‍പ്പിക്കും. മനുഷ്യാസ്ഥികള്‍ നിന്‍റെമേല്‍ വച്ച് ദഹിപ്പിക്കും. ഒരു അടയാളം കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു: സര്‍വേശ്വരനാണ് സംസാരിക്കുന്നത് എന്നതിന്‍റെ അടയാളം ഇതാകുന്നു. ഈ യാഗപീഠം പിളര്‍ന്ന് അതിന്മേലുള്ള ചാരം നിലത്തു വീഴും. യെരോബെയാംരാജാവ് ഇതു കേട്ടപ്പോള്‍ കൈ ചൂണ്ടിക്കൊണ്ട് “അവനെ പിടിക്കുക” എന്നു കല്പിച്ചു. തല്‍ക്ഷണം രാജാവിന്‍റെ കൈ മരവിച്ചു മടക്കാന്‍ കഴിയാതെയായി. സര്‍വേശ്വരന്‍റെ കല്പനയാല്‍ ദൈവപുരുഷന്‍ പറഞ്ഞതുപോലെ യാഗപീഠം പിളര്‍ന്നു ചാരം നിലത്തു വീണു. “എന്‍റെ കൈ സുഖപ്പെടുത്താന്‍ നിന്‍റെ ദൈവമായ സര്‍വേശ്വരനോടു പ്രാര്‍ഥിക്കണമേ” എന്നു രാജാവു ദൈവപുരുഷനോടു അപേക്ഷിച്ചു. അദ്ദേഹം സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു; രാജാവിന്‍റെ കൈ പൂര്‍വസ്ഥിതിയിലായി. അപ്പോള്‍ രാജാവു ദൈവപുരുഷനോടു പറഞ്ഞു: “കൊട്ടാരത്തില്‍ വന്നു ഭക്ഷണം കഴിഞ്ഞു വിശ്രമിച്ചു പോയാലും; ഞാന്‍ അങ്ങേക്ക് ഒരു സമ്മാനവും തരാനുദ്ദേശിക്കുന്നു.” രാജാവിനോട് അദ്ദേഹം പറഞ്ഞു: “കൊട്ടാരത്തിന്‍റെ പകുതിതന്നെ തന്നാലും ഞാന്‍ അങ്ങയുടെ കൂടെ വരികയില്ല. ഈ സ്ഥലത്തുവച്ചു ഞാന്‍ യാതൊന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ഇല്ല.” “നീ ഭക്ഷണപാനീയങ്ങള്‍ കഴിക്കുകയോ പോയ വഴിയെ മടങ്ങുകയോ ചെയ്യരുതെന്ന് സര്‍വേശ്വരന്‍ എന്നോടു കല്പിച്ചിട്ടുണ്ട്.” അങ്ങനെ അദ്ദേഹം മറ്റൊരു വഴിയിലൂടെ ബേഥേലില്‍നിന്നു തിരിച്ചുപോയി. അക്കാലത്ത് ബേഥേലില്‍ വൃദ്ധനായ ഒരു പ്രവാചകന്‍ ഉണ്ടായിരുന്നു. അയാളുടെ പുത്രന്മാര്‍ രാജാവിന്‍റെ അടുക്കല്‍ വന്ന പ്രവാചകന്‍ ചെയ്ത കാര്യങ്ങളും പറഞ്ഞ വിവരങ്ങളും പിതാവിനെ അറിയിച്ചു. “ഏതു വഴിക്കാണ് അയാള്‍ പോയത്” എന്ന് അദ്ദേഹം പുത്രന്മാരോടു ചോദിച്ചു. യെഹൂദ്യയില്‍നിന്നു വന്ന പ്രവാചകന്‍ പോയ വഴി അവര്‍ പിതാവിനു കാണിച്ചുകൊടുത്തു. അയാള്‍ അവരോട്: “ഉടന്‍തന്നെ യാത്രയ്‍ക്കുവേണ്ടി കഴുതയെ ഒരുക്കുക” എന്നു പറഞ്ഞു. അയാള്‍ കഴുതപ്പുറത്തു കയറി ദൈവപുരുഷന്‍ പോയ വഴിയെ യാത്ര തിരിച്ചു. ഒരു കരുവേലകമരത്തിന്‍ കീഴില്‍ ദൈവപുരുഷന്‍ ഇരിക്കുന്നതു കണ്ടു. “യെഹൂദ്യയില്‍നിന്നു വന്ന പ്രവാചകന്‍ അങ്ങുതന്നെയാണോ” എന്ന് അയാള്‍ ചോദിച്ചു. “അതേ, ഞാന്‍ തന്നെ” അദ്ദേഹം പ്രതിവചിച്ചു. “അങ്ങ് എന്നോടൊപ്പം വീട്ടില്‍ വന്നു ഭക്ഷണം കഴിച്ചാലും” എന്നു വൃദ്ധനായ പ്രവാചകന്‍ ക്ഷണിച്ചു. ദൈവപുരുഷന്‍ പ്രതിവചിച്ചു; “എനിക്ക് അങ്ങയുടെ വീട്ടില്‍ വരാനോ, ഈ സ്ഥലത്തുവച്ചു ഭക്ഷണപാനീയങ്ങള്‍ കഴിക്കാനോ നിവൃത്തിയില്ല; ഭക്ഷണപാനീയങ്ങള്‍ കഴിക്കുകയോ പോയവഴിയേ മടങ്ങുകയോ, ചെയ്യരുത് എന്നു സര്‍വേശ്വരന്‍ എന്നോടു കല്പിച്ചിട്ടുണ്ട്.” വൃദ്ധന്‍ പറഞ്ഞു: “ഞാനും അങ്ങയെപ്പോലെ ഒരു പ്രവാചകനാണ്; ‘ഭക്ഷണം കഴിക്കാന്‍ അയാളെ വീട്ടില്‍ കൂട്ടിക്കൊണ്ടു വരിക’ എന്നു സര്‍വേശ്വരന്‍ ഒരു ദൂതന്‍വഴി എന്നോടു കല്പിച്ചിരിക്കുന്നു.” എന്നാല്‍ വൃദ്ധന്‍ പറഞ്ഞതു വ്യാജമായിരുന്നു. ദൈവപുരുഷന്‍ അയാളോടൊപ്പം വീട്ടില്‍ ചെന്നു ഭക്ഷണപാനീയങ്ങള്‍ കഴിച്ചു. അവര്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ വൃദ്ധപ്രവാചകനു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി; അയാള്‍ യെഹൂദ്യയില്‍നിന്നു വന്ന പ്രവാചകനോട് ഉറക്കെപ്പറഞ്ഞു: “നീ സര്‍വേശ്വരനെ അനുസരിച്ചില്ല; അവിടുന്നു കല്പിച്ചതുപോലെ പ്രവര്‍ത്തിച്ചുമില്ല; നീ മടങ്ങിവരികയും ഭക്ഷണപാനീയങ്ങള്‍ കഴിക്കരുതെന്നു പറഞ്ഞ സ്ഥലത്തുവച്ചുതന്നെ അവ കഴിക്കുകയും ചെയ്തു. അതിനാല്‍ നിന്‍റെ ശരീരം പിതാക്കന്മാരുടെ കല്ലറയില്‍ സംസ്കരിക്കപ്പെടുകയില്ല എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.” ഭക്ഷണപാനീയങ്ങള്‍ കഴിച്ചശേഷം വൃദ്ധപ്രവാചകന്‍ ദൈവപുരുഷനു യാത്ര ചെയ്യാന്‍ ഒരു കഴുതയെ ഒരുക്കി. മടക്കയാത്രയില്‍ എതിരെ വന്ന ഒരു സിംഹം അദ്ദേഹത്തെ കൊന്നുകളഞ്ഞു. ജഡത്തിനരികില്‍ സിംഹവും കഴുതയും നിന്നു. വഴിപോക്കര്‍ വഴിയില്‍ ജഡം കിടക്കുന്നതും അതിനരികില്‍ സിംഹം നില്‌ക്കുന്നതും കണ്ടു; അവര്‍ വൃദ്ധപ്രവാചകന്‍ പാര്‍ക്കുന്ന പട്ടണത്തില്‍ ചെന്നു വിവരമറിയിച്ചു; അയാള്‍ അതു കേട്ടപ്പോള്‍ “സര്‍വേശ്വരന്‍റെ കല്പന അനുസരിക്കാതിരുന്ന പ്രവാചകന്‍റേതാണല്ലോ ആ ജഡം. അവിടുന്ന് അരുളിച്ചെയ്തതുപോലെ അയാളെ സിംഹത്തിന് ഏല്പിച്ചുകൊടുക്കുകയും അത് അയാളെ കൊല്ലുകയും ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. യാത്രയ്‍ക്കു കഴുതയെ ഒരുക്കാന്‍ അയാള്‍ പുത്രന്മാരോടു പറഞ്ഞു. അവര്‍ അങ്ങനെ ചെയ്തു. പ്രവാചകന്‍റെ ജഡം വഴിയില്‍ കിടക്കുന്നതും കഴുതയും സിംഹവും അതിനരികില്‍ നില്‌ക്കുന്നതും അയാള്‍ കണ്ടു; സിംഹം ജഡം ഭക്ഷിക്കുകയോ കഴുതയെ കടിച്ചുകീറുകയോ ചെയ്തിരുന്നില്ല. ദുഃഖം ആചരിക്കുന്നതിനും ശവം സംസ്കരിക്കുന്നതിനുമായി വൃദ്ധപ്രവാചകന്‍ ജഡം കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്കു കൊണ്ടുപോയി. അയാള്‍ ജഡം തന്‍റെ സ്വന്തം കല്ലറയില്‍ സംസ്കരിച്ചു. “അയ്യോ, എന്‍റെ സഹോദരാ” എന്നു വിളിച്ച് അവര്‍ വിലപിച്ചു. അതിനുശേഷം അയാള്‍ തന്‍റെ പുത്രന്മാരോട് പറഞ്ഞു: “ഞാന്‍ മരിക്കുമ്പോള്‍ ഈ കല്ലറയില്‍തന്നെ എന്നെ സംസ്കരിക്കണം; എന്‍റെ ശരീരം അദ്ദേഹത്തിന്‍റെ ശരീരത്തിന്‍റെ അടുത്തുതന്നെ വയ്‍ക്കണം. സര്‍വേശ്വരന്‍റെ കല്പനയനുസരിച്ചു ബേഥേലിലെ യാഗപീഠത്തിനും ശമര്യാപട്ടണങ്ങളിലെ എല്ലാ പൂജാഗിരികള്‍ക്കും എതിരായി അദ്ദേഹം പ്രവചിച്ചതെല്ലാം സംഭവിക്കുകതന്നെ ചെയ്യും.” ഈ സംഭവം കഴിഞ്ഞിട്ടും യെരോബെയാം തന്‍റെ അധാര്‍മികപ്രവര്‍ത്തനങ്ങളില്‍നിന്നു പിന്തിരിഞ്ഞില്ല. താന്‍ സ്ഥാപിച്ച പൂജാഗിരികളില്‍ ശുശ്രൂഷ ചെയ്യുന്നതിനു സകല ഗോത്രങ്ങളില്‍നിന്നും പുരോഹിതന്മാരെ നിയമിച്ചു. പുരോഹിതവൃത്തിക്കു സമ്മതമുള്ള എല്ലാവര്‍ക്കും രാജാവ് പുരോഹിതസ്ഥാനം നല്‌കി. യെരോബെയാമിന്‍റെ വംശം നിശ്ശേഷം നശിക്കുന്നതിന് ഈ പാപം കാരണമായിത്തീര്‍ന്നു. യെരോബെയാമിന്‍റെ പുത്രന്‍ അബീയാ രോഗബാധിതനായി; അദ്ദേഹം ഭാര്യയെ വിളിച്ചുപറഞ്ഞു: “നീ എന്‍റെ ഭാര്യയാണെന്നു മനസ്സിലാകാത്തവിധം വേഷം മാറി ശീലോവിലേക്കു പോകുക; ഞാന്‍ ഈ ജനത്തിന്‍റെ രാജാവാകും എന്നു പറഞ്ഞ അഹീയാപ്രവാചകന്‍ അവിടെയാണു പാര്‍ക്കുന്നത്. പത്ത് അപ്പവും കുറെ അടയും ഒരു ഭരണി തേനുമായി നീ അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെല്ലണം. മകന് എന്തു സംഭവിക്കും എന്ന് അദ്ദേഹം നിന്നോടു പറയും.” അങ്ങനെ രാജ്ഞി ശീലോവില്‍ അഹീയായുടെ ഭവനത്തിലെത്തി. വാര്‍ധക്യം നിമിത്തം അദ്ദേഹത്തിന്‍റെ കാഴ്ച മങ്ങിയിരുന്നു. രോഗിയായ പുത്രനെക്കുറിച്ചുള്ള വിവരം ചോദിക്കാന്‍ യെരോബെയാമിന്‍റെ ഭാര്യ വരുമെന്നും അവളോട് എന്താണ് പറയേണ്ടതെന്നും സര്‍വേശ്വരന്‍ അഹീയായെ അറിയിച്ചിരുന്നു. വേഷം മാറിയാണ് അവള്‍ അവിടെ ചെന്നത്. അവള്‍ വാതില്‍ കടക്കുമ്പോള്‍തന്നെ അവളുടെ കാലൊച്ച കേട്ട അഹീയാ പറഞ്ഞു: “യെരോബെയാമിന്‍റെ പത്നീ, അകത്തു വരിക; മറ്റൊരാളെന്നു നീ എന്തിനു നടിക്കുന്നു? ദുസ്സഹമായ വാര്‍ത്ത നിന്നെ അറിയിക്കാന്‍ ഞാന്‍ നിയുക്തനായിരിക്കുന്നു. നീ പോയി യെരോബെയാമിനോട് പറയുക: ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; ജനത്തിന്‍റെ ഇടയില്‍നിന്നു ഞാന്‍ നിന്നെ ഇസ്രായേലിന്‍റെ ഭരണാധികാരിയായി ഉയര്‍ത്തി. രാജ്യം ദാവീദിന്‍റെ ഗൃഹത്തില്‍നിന്നു കീറിയെടുത്തു നിനക്കു തന്നു; എങ്കിലും എന്‍റെ ദാസനായ ദാവീദിനെപ്പോലെ നീ എന്നോടു വിശ്വസ്തനായിരുന്നില്ല. ദാവീദാകട്ടെ എന്നോടു പൂര്‍ണവിശ്വസ്തത പാലിച്ചിരുന്നു; എന്‍റെ കല്പനകളെല്ലാം അനുസരിച്ചിരുന്നു; എന്‍റെ ഹിതമനുസരിച്ചു മാത്രമാണ് അവന്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ നിന്‍റെ മുന്‍ഗാമികളെക്കാള്‍ അധികം തിന്മകള്‍ നീ ചെയ്തു. നീ അന്യദേവന്മാരുടെ വാര്‍പ്പുവിഗ്രഹങ്ങളെ ആരാധിച്ചു; എന്നെ പുറന്തള്ളി എന്നെ പ്രകോപിപ്പിച്ചു. അതുകൊണ്ട് യെരോബെയാമിന്‍റെ കുടുംബത്തെ ഞാന്‍ നശിപ്പിക്കും; യെരോബെയാമിനു അടിമകളില്‍നിന്നും സ്വതന്ത്രരില്‍നിന്നും ജനിച്ച എല്ലാ പുരുഷസന്തതികളെയും ഞാന്‍ ഇസ്രായേലില്‍നിന്നു ഛേദിച്ചുകളയും. നിന്‍റെ കുടുംബത്തിലുള്ളവരെയെല്ലാം ഉണക്കച്ചാണകം കത്തിച്ചുകളയുംപോലെ ഞാന്‍ നശിപ്പിക്കും. നിന്‍റെ കുടുംബാംഗങ്ങളില്‍ ആരെങ്കിലും പട്ടണത്തില്‍വച്ചു മരിച്ചാല്‍ നായ്‍ക്കള്‍ ആ ജഡം ഭക്ഷിക്കും; വെളിമ്പ്രദേശത്തുവച്ചു മരിച്ചാല്‍ പക്ഷികള്‍ തിന്നും. സര്‍വേശ്വരനാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്.” അഹീയാ യെരോബെയാമിന്‍റെ ഭാര്യയോടു തുടര്‍ന്നു പറഞ്ഞു: “വീട്ടിലേക്കു മടങ്ങിപ്പോകുക; നീ പട്ടണത്തില്‍ കാലു കുത്തുമ്പോള്‍ കുട്ടി മരിക്കും; ഇസ്രായേല്‍ജനമെല്ലാം അവനെക്കുറിച്ചു വിലപിക്കും. അവര്‍ അവനെ സംസ്കരിക്കും; യെരോബെയാമിന്‍റെ കുടുംബാംഗങ്ങളില്‍ അവന്‍ മാത്രമേ കല്ലറയില്‍ സംസ്കരിക്കപ്പെടുകയുള്ളൂ. കാരണം അവനില്‍ മാത്രമേ സര്‍വേശ്വരന്‍ അല്പമെങ്കിലും നന്മ കണ്ടിട്ടുള്ളൂ; അവിടുന്ന് ഇസ്രായേലില്‍ മറ്റൊരു രാജാവിനെ നിയമിക്കാന്‍ പോകുകയാണ്; അവന്‍ യെരോബെയാമിന്‍റെ കുടുംബത്തെ നശിപ്പിച്ചുകളയും; ഇസ്രായേല്‍ അശേരാ പ്രതിഷ്ഠകളെ നിര്‍മ്മിച്ചു സര്‍വേശ്വരനെ കോപിപ്പിച്ചതുകൊണ്ടു ‘വെള്ളത്തില്‍ ഞാങ്ങണ’ എന്നപോലെ അവിടുന്ന് അവരെ ഉലയ്‍ക്കും; അവിടുന്ന് അവരുടെ പിതാക്കന്മാര്‍ക്കു നല്‌കിയ ഈ നല്ല ദേശത്തുനിന്ന് അവരെ ഛേദിച്ച് യൂഫ്രട്ടീസ്നദിയുടെ മറുകരയിലേക്കു ചിതറിച്ചുകളയും. സ്വയം പാപം ചെയ്യുകയും ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കുകയും ചെയ്ത യെരോബെയാം നിമിത്തം സര്‍വേശ്വരന്‍ ഇസ്രായേലിനെ ഉപേക്ഷിച്ചുകളയും. യെരോബെയാമിന്‍റെ ഭാര്യ തിര്‍സ്സയില്‍ മടങ്ങിവന്നു; അവള്‍ കൊട്ടാരവാതില്‌ക്കല്‍ എത്തിയപ്പോള്‍ കുട്ടി മരിച്ചു; തന്‍റെ ദാസനായ അഹീയാപ്രവാചകനിലൂടെ സര്‍വേശ്വരന്‍ അരുളിച്ചെയ്തതുപോലെ ഇസ്രായേല്‍ജനം അവനെ സംസ്കരിക്കുകയും അവനെക്കുറിച്ചു വിലപിക്കുകയും ചെയ്തു. യെരോബെയാമിന്‍റെ ഭരണവും യുദ്ധങ്ങളും, മറ്റു പ്രവൃത്തികളും സംബന്ധിച്ച വിവരങ്ങള്‍ ഇസ്രായേല്‍രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യെരോബെയാം ഇരുപത്തിരണ്ടു വര്‍ഷം രാജ്യം ഭരിച്ചു; പിന്നീട് അദ്ദേഹം മരിച്ച് പിതാക്കന്മാരോടു ചേര്‍ന്നു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ പുത്രന്‍ നാദാബ് രാജാവായി. ശലോമോന്‍റെ പുത്രനായ രെഹബെയാം നാല്പത്തിയൊന്നാമത്തെ വയസ്സില്‍ യെഹൂദ്യയിലെ രാജാവായി. സകല ഇസ്രായേല്‍ഗോത്രങ്ങളില്‍നിന്നും തന്നെ ആരാധിക്കാനായി സര്‍വേശ്വരന്‍ തിരഞ്ഞെടുത്ത യെരൂശലേമില്‍ പാര്‍ത്തുകൊണ്ടു പതിനേഴു വര്‍ഷം ഭരിച്ചു. നയമാ എന്ന അമ്മോന്യസ്‍ത്രീ ആയിരുന്നു രെഹബെയാമിന്‍റെ മാതാവ്. യെഹൂദ്യയിലെ ജനം സര്‍വേശ്വരനെതിരായി പാപം ചെയ്തു; തങ്ങളുടെ പാപപ്രവൃത്തികള്‍ മൂലം തങ്ങളുടെ പിതാക്കന്മാരിലും കൂടുതലായി അവിടുത്തെ അവര്‍ പ്രകോപിപ്പിച്ചു. അവര്‍ പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും ഉണ്ടാക്കി; കുന്നുകളുടെ മുകളിലും പച്ചമരങ്ങളുടെ ചുവട്ടിലും അശേരാപ്രതിഷ്ഠകള്‍ സ്ഥാപിച്ചു. ഇവയെക്കാള്‍ നിന്ദ്യമായി ദേവപ്രീതിക്കുവേണ്ടിയുള്ള പുരുഷവേശ്യാ സമ്പ്രദായവും അവിടെ നിലവിലിരുന്നു. ഇസ്രായേല്‍ജനം ഈ നാട്ടില്‍ പ്രവേശിച്ചപ്പോള്‍ സര്‍വേശ്വരന്‍ ഇവിടെനിന്നു നീക്കിക്കളഞ്ഞ ജനതകള്‍ ആചരിച്ചിരുന്ന സകല മ്ലേച്ഛതകളും യെഹൂദ്യയിലെ ജനം ചെയ്തു. രെഹബെയാമിന്‍റെ വാഴ്ചയുടെ അഞ്ചാം വര്‍ഷം ഈജിപ്തിലെ രാജാവായ ശീശക് യെരൂശലേമിനെ ആക്രമിച്ചു. ശലോമോന്‍ നിര്‍മ്മിച്ച സ്വര്‍ണപ്പരിചകള്‍ ഉള്‍പ്പെടെ ദേവാലയത്തിലെയും കൊട്ടാരത്തിലെയും വിലപിടിപ്പുള്ള സാധനങ്ങളെല്ലാം അയാള്‍ അപഹരിച്ചു. അവയ്‍ക്കു പകരം രെഹബെയാം ഓട്ടുപരിചകള്‍ നിര്‍മ്മിച്ചു. കൊട്ടാരസംരക്ഷണത്തിന്‍റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥന്മാരെ ഏല്പിച്ചു. രാജാവ് ദേവാലയത്തില്‍ പോകുമ്പോഴെല്ലാം അകമ്പടിക്കാര്‍ അവ ധരിക്കും; പിന്നീട് അവ കാവല്‍പ്പുരയില്‍ സൂക്ഷിക്കും. രെഹബെയാമിന്‍റെ മറ്റു വിവരങ്ങളും പ്രവൃത്തികളും യെഹൂദാരാജാക്കന്മാരുടെ ദിനവൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. രെഹബെയാമും യെരോബെയാമും തുടരെ യുദ്ധം ചെയ്തുകൊണ്ടിരുന്നു. രെഹബെയാം മരിച്ചു; തന്‍റെ പിതാക്കന്മാരുടെകൂടെ ദാവീദിന്‍റെ നഗരത്തില്‍ സംസ്കരിക്കപ്പെട്ടു. അമ്മോന്യയായ നയമാ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്. രെഹബെയാമിന്‍റെ മരണശേഷം പുത്രന്‍ അബീയാം രാജ്യഭാരമേറ്റു. നെബാത്തിന്‍റെ പുത്രനായ യെരോബെയാംരാജാവിന്‍റെ വാഴ്ചയുടെ പതിനെട്ടാം വര്‍ഷം അബീയാം യെഹൂദ്യയില്‍ ഭരണമാരംഭിച്ചു. അദ്ദേഹം മൂന്നു വര്‍ഷം യെരൂശലേമില്‍ വാണു. അബ്ശാലോമിന്‍റെ പുത്രി മയഖാ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്; അയാളും പിതാവിന്‍റെ പാപവഴികളില്‍ നടന്നു. സര്‍വേശ്വരന്‍റെ സന്നിധിയില്‍ വിശ്വസ്തനായി ജീവിച്ച പൂര്‍വപിതാവായ ദാവീദിനെപ്പോലെ ആയിരുന്നില്ല അയാള്‍. എങ്കിലും ദാവീദിനെ ഓര്‍ത്തു ദൈവമായ സര്‍വേശ്വരന്‍ അബീയാമിന് കിരീടാവകാശിയായി ഒരു പുത്രനെ നല്‌കി. അങ്ങനെ യെരൂശലേമിനെ സുരക്ഷിതമാക്കി. ദാവീദ് ഹിത്യനായ ഊരീയായുടെ കാര്യമൊഴിച്ചു മറ്റു സകലത്തിലും സര്‍വേശ്വരനു ഹിതകരമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് അവിടുന്ന് അങ്ങനെ ചെയ്തത്. അബീയാമിന്‍റെ ഭരണകാലം മുഴുവന്‍ അയാളും യെരോബെയാമും തമ്മില്‍ യുദ്ധം നടന്നു. അബീയാമിന്‍റെ മറ്റെല്ലാ പ്രവൃത്തികളും യെഹൂദാരാജാക്കന്മാരുടെ ദിനവൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. അബീയാം മരിച്ചു. പിതാക്കന്മാരുടെ കൂടെ ദാവീദിന്‍റെ നഗരത്തില്‍ സംസ്കരിക്കപ്പെട്ടു; അബീയാമിന്‍റെ പുത്രന്‍ ആസാ പകരം രാജാവായി. ഇസ്രായേല്‍രാജാവായ യെരോബെയാമിന്‍റെ വാഴ്ചയുടെ ഇരുപതാം വര്‍ഷം ആസാ യെഹൂദ്യയില്‍ രാജാവായി. അദ്ദേഹം നാല്പത്തൊന്നു വര്‍ഷം യെരൂശലേമില്‍ ഭരിച്ചു. അബ്ശാലോമിന്‍റെ പുത്രി മയഖാ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്. തന്‍റെ പൂര്‍വപിതാവായ ദാവീദിനെപ്പോലെ ആസാ സര്‍വേശ്വരന് പ്രസാദകരമായി ജീവിച്ചു. ദേവപ്രീതിക്കുവേണ്ടിയുള്ള പുരുഷവേശ്യാ സമ്പ്രദായം അവസാനിപ്പിച്ചു; തന്‍റെ പിതാക്കന്മാര്‍ നിര്‍മ്മിച്ചിരുന്ന സകല വിഗ്രഹങ്ങളും ദേശത്തുനിന്നു നീക്കിക്കളഞ്ഞു. തന്‍റെ മാതാവായ മയഖാ അശേരാദേവിയുടെ മ്ലേച്ഛവിഗ്രഹം നിര്‍മ്മിച്ചതിനാല്‍ അദ്ദേഹം അമ്മറാണി പദത്തില്‍നിന്ന് അവരെ നീക്കുകയും വിഗ്രഹം തകര്‍ത്തു കിദ്രോന്‍തോട്ടിനരികെ വച്ചു ദഹിപ്പിക്കുകയും ചെയ്തു. എന്നാല്‍ പൂജാഗിരികള്‍ അദ്ദേഹം നശിപ്പിച്ചില്ല; എങ്കിലും ജീവിതകാലം മുഴുവന്‍ അദ്ദേഹം സര്‍വേശ്വരനോടു വിശ്വസ്തത പുലര്‍ത്തി. താനും തന്‍റെ പിതാവും ദൈവത്തിനു പ്രതിഷ്ഠിച്ചിരുന്ന സ്വര്‍ണവും വെള്ളിയും പാത്രങ്ങളും ആസാ സര്‍വേശ്വരന്‍റെ ആലയത്തില്‍ കൊണ്ടുവന്നു. ആസായും ഇസ്രായേല്‍രാജാവായ ബയെശയും തമ്മില്‍ നിരന്തരം യുദ്ധം ചെയ്തുവന്നു; ബയെശ യെഹൂദായെ ആക്രമിച്ചു; ആസായും യെഹൂദ്യക്കു പുറത്തുള്ളവരും തമ്മില്‍ ബന്ധപ്പെടാതിരിക്കുന്നതിനുവേണ്ടി ബയെശ രാമാപട്ടണം കോട്ട കെട്ടി ഉറപ്പിച്ചു. യെരൂശലേംദേവാലയത്തിലെയും കൊട്ടാരത്തിലെയും ഭണ്ഡാരങ്ങളില്‍ ശേഷിച്ചിരുന്ന സ്വര്‍ണവും വെള്ളിയും ആസാ എടുത്തു ദമാസ്കസില്‍ പാര്‍ത്തിരുന്ന ഹെസിയോന്‍റെ പൗത്രനും തബ്രിമ്മോന്‍റെ പുത്രനുമായ സിറിയന്‍ രാജാവ് ബെന്‍-ഹദദിനു കൊടുത്തയച്ചിട്ടു പറഞ്ഞു: “നമ്മുടെ പിതാക്കന്മാര്‍ ചെയ്തിരുന്നതുപോലെ നമുക്കും സഖ്യം ചെയ്യാം; അങ്ങേക്കു സമ്മാനമായി വെള്ളിയും പൊന്നും ഞാന്‍ കൊടുത്തയയ്‍ക്കുന്നു. ഇസ്രായേല്‍രാജാവായ ബയെശ എന്‍റെ രാജ്യത്തുനിന്നു പിന്മാറുന്നതിനുവേണ്ടി അയാളുമായുള്ള സഖ്യം വിഛേദിച്ചാലും.” ബെന്‍-ഹദദ് യെഹൂദാരാജാവായ ആസായുടെ അപേക്ഷ കേട്ടു; തന്‍റെ സൈന്യാധിപന്മാരെ ഇസ്രായേലിനെതിരായി അയയ്‍ക്കുകയും ചെയ്തു. അവര്‍ ഇയ്യോന്‍, ദാന്‍, ആബേല്‍-ബേത്ത്-മയഖ, ഗലീലാതടാകത്തിനു ചുറ്റുമുള്ള പ്രദേശങ്ങളും, നഫ്താലിദേശവും പിടിച്ചടക്കി. ബയെശ ഈ വിവരം കേട്ടപ്പോള്‍ രാമാ പട്ടണത്തിന്‍റെ പണി നിര്‍ത്തിവച്ച് തിര്‍സ്സയില്‍ത്തന്നെ പാര്‍ത്തു. യെഹൂദാനിവാസികള്‍ ഒന്നൊഴിയാതെ ഒരുമിച്ചു കൂടുന്നതിന് ആസാ രാജാവ് ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി; അവര്‍ ചെന്നു രാമാ പട്ടണം കോട്ട കെട്ടി ഉറപ്പിക്കാന്‍ ബയെശ സംഭരിച്ചിരുന്ന കല്ലും മരവും എടുത്തുകൊണ്ടുവന്നു. അവകൊണ്ട് ബെന്യാമീനിലെ ഗേബയും മിസ്പായും പണിതു. ആസായുടെ മറ്റു പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്‍റെ സകല ശൂരപ്രവൃത്തികളും പട്ടണങ്ങള്‍ കോട്ട കെട്ടി ഉറപ്പിച്ചതുമെല്ലാം യെഹൂദാരാജാക്കന്മാരുടെ ദിനവൃത്താന്തഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ; വാര്‍ധക്യകാലത്ത് ആസായുടെ കാലുകള്‍ക്കു രോഗം ബാധിച്ചു. ആസാരാജാവു മരിച്ചു; പിതാവായ ദാവീദിന്‍റെ നഗരത്തില്‍ അടക്കപ്പെട്ടു; പിന്നീട് അദ്ദേഹത്തിന്‍റെ മകന്‍ യെഹോശാഫാത്ത് ഭരണമേറ്റു. യെഹൂദാരാജാവായ ആസായുടെ രണ്ടാം ഭരണവര്‍ഷത്തില്‍ യെരോബെയാമിന്‍റെ പുത്രനായ നാദാബ് ഇസ്രായേലില്‍ രാജാവായി; അയാള്‍ രണ്ടു വര്‍ഷം രാജ്യം ഭരിച്ചു. തന്‍റെ പിതാവിനെപ്പോലെ അയാള്‍ പാപമാര്‍ഗത്തില്‍ ചരിച്ച് ഇസ്രായേല്‍ജനത്തെക്കൊണ്ടു പാപം ചെയ്യിച്ചു. ഇസ്സാഖാര്‍ഗോത്രത്തിലെ അഹീയായുടെ പുത്രനായ ബയെശ നാദാബിനെതിരായി ഗൂഢാലോചന നടത്തി; നാദാബും ഇസ്രായേല്‍സൈന്യവും ഫെലിസ്ത്യനഗരമായ ഗിബ്ബെഥോന്‍ ആക്രമിച്ച തക്കം നോക്കി ബയെശ നാദാബിനെ വധിച്ചു; അങ്ങനെ ആസായുടെ മൂന്നാം ഭരണവര്‍ഷത്തില്‍ ബയെശ നാദാബിനെ കൊന്ന് പകരം രാജാവായി. അയാള്‍ രാജാവായ ഉടനെ യെരോബെയാമിന്‍റെ കുടുംബാംഗങ്ങളെയെല്ലാം സംഹരിച്ചു. സര്‍വേശ്വരന്‍ ശീലോന്യനായ തന്‍റെ ദാസന്‍ അഹീയാപ്രവാചകനിലൂടെ അരുളിച്ചെയ്തതുപോലെ യെരോബെയാമിന്‍റെ വംശപരമ്പരയില്‍പ്പെട്ട ആരും ശേഷിച്ചില്ല. യെരോബെയാം ചെയ്തതും ഇസ്രായേലിനെക്കൊണ്ട് അയാള്‍ ചെയ്യിച്ചതുമായ പാപങ്ങള്‍ സര്‍വേശ്വരനെ പ്രകോപിപ്പിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. നാദാബിന്‍റെ മറ്റു സകല പ്രവര്‍ത്തനങ്ങളും ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആസായും ഇസ്രായേല്‍രാജാവായ ബയെശയും തമ്മില്‍ നിരന്തരം യുദ്ധം നടന്നു. യെഹൂദാരാജാവായ ആസായുടെ മൂന്നാം ഭരണവര്‍ഷം അഹീയായുടെ പുത്രന്‍ ബയെശ ഇസ്രായേലിന്‍റെ രാജാവായി; അയാള്‍ ഇരുപത്തിനാലു വര്‍ഷം തിര്‍സ്സായില്‍ വാണു; അയാളും സര്‍വേശ്വരനു ഹിതകരമല്ലാത്ത രീതിയില്‍ ജീവിച്ചു. യെരോബെയാമിന്‍റെ മാര്‍ഗങ്ങളിലും അയാള്‍ ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിലും ബയെശ വ്യാപരിച്ചു. ഹാനാനിയുടെ പുത്രന്‍ യേഹൂപ്രവാചകനിലൂടെ സര്‍വേശ്വരന്‍ ബയെശയോട് അരുളിച്ചെയ്തു: “ഞാന്‍ നിന്നെ പൊടിയില്‍ നിന്നുയര്‍ത്തി എന്‍റെ ജനമായ ഇസ്രായേലിന്‍റെ നായകനായി നിയമിച്ചു. എന്നാല്‍ നീ യെരോബെയാമിന്‍റെ വഴിയില്‍ നടന്നു; എന്‍റെ ജനമായ ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച് എന്‍റെ കോപം ജ്വലിപ്പിച്ചിരിക്കുന്നു. അതുകൊണ്ടു ബയെശയെയും അവന്‍റെ ഗൃഹത്തെയും ഞാന്‍ നിശ്ശേഷം നശിപ്പിക്കും; നിന്‍റെ ഭവനം നെബാത്തിന്‍റെ പുത്രനായ യെരോബെയാമിന്‍റെ ഭവനംപോലെയാകും; ബയെശയുടെ കുടുംബക്കാരില്‍ പട്ടണത്തില്‍വച്ചു വധിക്കപ്പെടുന്നവരെ നായ്‍ക്കളും വയലില്‍വച്ചു കൊല്ലപ്പെടുന്നവരെ പക്ഷികളും ഭക്ഷിക്കും; ബയെശയുടെ മറ്റെല്ലാ ചെയ്തികളും വീരപരാക്രമങ്ങളും ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. ബയെശ തന്‍റെ പിതാക്കന്മാരെപ്പോലെ മരിച്ചു; അയാളെ തിര്‍സ്സയില്‍ സംസ്കരിച്ചു. പിന്നീട് അയാളുടെ മകന്‍ ഏലാ രാജാവായി. യെരോബെയാമിന്‍റെ ഭവനക്കാരെപ്പോലെ സര്‍വേശ്വരനെതിരായി പാപം ചെയ്ത് അവിടുത്തെ പ്രകോപിപ്പിക്കുകയും യെരോബെയാമിന്‍റെ ഭവനത്തെ നശിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് ഹാനാനിയുടെ പുത്രന്‍ യേഹൂപ്രവാചകനിലൂടെ സര്‍വേശ്വരന്‍ ബയെശയ്‍ക്കെതിരായി അരുളിച്ചെയ്തത്. യെഹൂദാരാജാവായ ആസായുടെ ഇരുപത്താറാം ഭരണവര്‍ഷം ബയെശയുടെ പുത്രന്‍ ഏലാ ഇസ്രായേലിന്‍റെ രാജാവായി. അയാള്‍ തിര്‍സ്സായില്‍ രണ്ടു വര്‍ഷം ഭരിച്ചു. [9,10] തന്‍റെ രഥസൈന്യത്തില്‍ അര്‍ധഭാഗത്തിന്‍റെ അധിപനായിരുന്ന സിമ്രി അയാള്‍ക്കെതിരെ ഗൂഢാലോചന നടത്തി. തിര്‍സ്സായിലെ കൊട്ടാരത്തിന്‍റെ മേല്‍വിചാരകനായിരുന്ന അര്‍സയുടെ വീട്ടില്‍ ഏലാരാജാവ് ഒരു ദിവസം മദ്യപിച്ചു മത്തനായിരിക്കെ സിമ്രി അകത്തു കടന്ന് അയാളെ വെട്ടിക്കൊന്നു. യെഹൂദാരാജാവായ ആസായുടെ ഇരുപത്തേഴാം ഭരണവര്‍ഷത്തിലായിരുന്നു ഈ സംഭവം. ഏലായ്‍ക്കു പകരം സിമ്രി രാജാവായി. *** ഉടന്‍തന്നെ സിമ്രി ബയെശയുടെ കുടുംബത്തെ പൂര്‍ണമായി സംഹരിച്ചു; അയാളുടെ ചാര്‍ച്ചക്കാരിലോ സ്നേഹിതരിലോ ഒരു പുരുഷപ്രജയെപ്പോലും ശേഷിപ്പിച്ചില്ല; ബയെശയ്‍ക്കെതിരായി യേഹൂപ്രവാചകനിലൂടെ സര്‍വേശ്വരന്‍ കല്പിച്ചതുപോലെ സിമ്രി അയാളുടെ വംശത്തെ മുഴുവന്‍ സംഹരിച്ചു. വിഗ്രഹങ്ങളെ ആരാധിക്കുകയും ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിക്കുകയും നിമിത്തം ബയെശയും അയാളുടെ പുത്രന്‍ ഏലായും ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ കോപം ജ്വലിപ്പിച്ചു. ഏലായുടെ മറ്റു സകല പ്രവര്‍ത്തനങ്ങളും ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. യെഹൂദാരാജാവായ ആസായുടെ ഇരുപത്തേഴാം ഭരണവര്‍ഷം സിമ്രി രാജാവായി. അയാള്‍ തിര്‍സ്സായില്‍ ഏഴു ദിവസം ഭരിച്ചു. അപ്പോള്‍ ഇസ്രായേല്‍സൈന്യം ഫെലിസ്ത്യയിലെ ഗിബ്ബെഥോന്‍ പട്ടണത്തില്‍ പാളയമടിച്ചിരിക്കുകയായിരുന്നു. സിമ്രി ഗൂഢാലോചന നടത്തി രാജാവിനെ കൊന്ന വിവരം പാളയത്തില്‍ അറിഞ്ഞപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഇസ്രായേല്‍സൈനികര്‍ സൈന്യാധിപനായ ഒമ്രിയെ ഇസ്രായേല്‍രാജാവായി വാഴിച്ചു. ഒമ്രിയും ഇസ്രായേല്‍സൈന്യവും ഗിബ്ബെഥോനില്‍നിന്നു തിര്‍സ്സായിലെത്തി അതിനെ വളഞ്ഞു. പട്ടണം പിടിക്കപ്പെടുന്നു എന്നു കണ്ടപ്പോള്‍ സിമ്രി കൊട്ടാരത്തിന്‍റെ ഉള്ളറയില്‍ കടന്നു; കൊട്ടാരത്തിനു തീ വച്ച് ആത്മഹത്യ ചെയ്തു. അയാള്‍ യെരോബെയാമിനെപ്പോലെ പാപവഴികളില്‍ നടക്കുകയും ഇസ്രായേലിനെ അതിലൂടെ നടത്തുകയും ചെയ്ത് സര്‍വേശ്വരനെ കോപിപ്പിച്ചതുകൊണ്ടായിരുന്നു ഇങ്ങനെ സംഭവിച്ചത്. സിമ്രിയുടെ മറ്റു പ്രവൃത്തികളും അയാളുടെ ഗൂഢാലോചനയും ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. ഇസ്രായേല്‍ജനം രണ്ടു വിഭാഗമായി പിരിഞ്ഞു. ഒരു വിഭാഗം ഗീനത്തിന്‍റെ പുത്രന്‍ തിബ്നിയെ രാജാവാക്കാന്‍ ആഗ്രഹിച്ചു; മറുഭാഗം ഒമ്രിയുടെ പക്ഷം ചേര്‍ന്നു; ഒമ്രിയുടെ അനുയായികള്‍ തിബ്നിയുടെ പക്ഷക്കാരെ തോല്പിച്ചു. തിബ്നി വധിക്കപ്പെടുകയും ഒമ്രി രാജാവാകുകയും ചെയ്തു. യെഹൂദാരാജാവായ ആസായുടെ മുപ്പത്തൊന്നാം ഭരണവര്‍ഷം ഒമ്രി ഇസ്രായേലില്‍ രാജാവായി; പന്ത്രണ്ടുവര്‍ഷം അയാള്‍ ഭരിച്ചു; ആറു വര്‍ഷം തിര്‍സ്സായിലായിരുന്നു ഭരണം നടത്തിയത്. രണ്ടു താലന്ത് വെള്ളി കൊടുത്ത് അയാള്‍ ശമര്യാമല വാങ്ങി; അവിടെ പട്ടണം പണിതു കോട്ട കെട്ടി ഉറപ്പിച്ചു. മലയുടെ ഉടമസ്ഥനായിരുന്ന ശേമെരിന്‍റെ പേരിനെ അടിസ്ഥാനമാക്കി അതിനു ശമര്യ എന്നു പേരിട്ടു. ഒമ്രിയും സര്‍വേശ്വരന് ഹിതകരമല്ലാത്തവിധം ജീവിച്ചു; അയാള്‍ തന്‍റെ മുന്‍ഗാമികളെക്കാള്‍ കൂടുതല്‍ തിന്മ ചെയ്തു; അയാള്‍ നെബാത്തിന്‍റെ മകനായ യെരോബെയാമിന്‍റെ പാപവഴി പിന്തുടര്‍ന്നു; ഇസ്രായേല്‍ജനത്തെ വിഗ്രഹാരാധനയിലേക്കു നയിച്ചു. അങ്ങനെ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനെ പ്രകോപിപ്പിച്ചു. ഒമ്രിയുടെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും അയാളുടെ വീരപരാക്രമങ്ങളും ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. ഒമ്രി മരിച്ചു; അയാളെ ശമര്യയില്‍ സംസ്കരിച്ചു; അയാളുടെ മകന്‍ ആഹാബ് തുടര്‍ന്നു രാജാവായി. യെഹൂദാരാജാവായ ആസായുടെ മുപ്പത്തെട്ടാം ഭരണവര്‍ഷം ഒമ്രിയുടെ മകന്‍ ആഹാബ് രാജ്യഭാരമേറ്റു; ശമര്യയില്‍ അയാള്‍ ഇരുപത്തിരണ്ടു വര്‍ഷം ഭരിച്ചു. അയാള്‍ തന്‍റെ മുന്‍ഗാമികളെക്കാള്‍ അധികം ഹീനകൃത്യങ്ങള്‍ സര്‍വേശ്വരനെതിരായി ചെയ്തു. നെബാത്തിന്‍റെ പുത്രനായ യെരോബെയാമിന്‍റെ പാത പിന്തുടര്‍ന്നതു കൂടാതെ സീദോന്‍രാജാവായ എത്ത്ബാലിന്‍റെ പുത്രി ഈസേബെലിനെ വിവാഹം കഴിക്കുകയും ബാല്‍ദേവനെ ആരാധിക്കുകയും ചെയ്തു; അയാള്‍ ശമര്യയില്‍ പണിയിപ്പിച്ച ബാല്‍ക്ഷേത്രത്തില്‍ ബാലിനുവേണ്ടി ഒരു ബലിപീഠം പണിതു; ഒരു അശേരാപ്രതിഷ്ഠയും അയാള്‍ സ്ഥാപിച്ചു. അങ്ങനെ ആഹാബ് തന്‍റെ മുന്‍ഗാമികളെക്കാളധികം ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനെ പ്രകോപിപ്പിച്ചു. അയാളുടെ കാലത്ത് ബേഥേല്‍ക്കാരനായ ഹീയേല്‍ യെരീഹോ പണിതു; നൂനിന്‍റെ മകനായ യോശുവയിലൂടെ സര്‍വേശ്വരന്‍ അരുളിച്ചെയ്തതുപോലെ നഗരത്തിന്‍റെ അടിസ്ഥാനമിട്ടപ്പോള്‍ അയാളുടെ മൂത്തമകന്‍ അബീരാമും നഗരവാതില്‍ സ്ഥാപിച്ചപ്പോള്‍ ഇളയമകന്‍ ശെഹൂബും മരിച്ചു. ഗിലെയാദിലെ തിശ്ബിദേശക്കാരനായ ഏലിയാപ്രവാചകന്‍ ആഹാബ്‍രാജാവിനോടു പറഞ്ഞു: “ഞാന്‍ ആരാധിക്കുന്ന ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ പറയുന്നു; ഞാന്‍ പറഞ്ഞല്ലാതെ ഈ വര്‍ഷത്തില്‍ മഞ്ഞോ മഴയോ പെയ്യുകയില്ല.” സര്‍വേശ്വരന്‍ ഏലിയായോടു കല്പിച്ചു: “നീ ഇവിടെനിന്നു കിഴക്കോട്ടു പോയി യോര്‍ദ്ദാനു കിഴക്കുള്ള കെരീത്ത് അരുവിക്ക് സമീപം ഒളിച്ചിരിക്കുക. അരുവിയില്‍നിന്നു നിനക്കു വെള്ളം കുടിക്കാം; നിനക്കു ഭക്ഷണം നല്‌കാന്‍ ഞാന്‍ കാക്കകളോടു കല്പിച്ചിട്ടുണ്ട്.” സര്‍വേശ്വരന്‍ കല്പിച്ചതുപോലെ ഏലിയാ പോയി യോര്‍ദ്ദാനു കിഴക്കു കെരീത്ത് അരുവിക്കു സമീപം പാര്‍ത്തു. എല്ലാ ദിവസവും കാക്കകള്‍ രാവിലെയും വൈകിട്ടും പ്രവാചകന് അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുത്തു; അരുവിയില്‍നിന്ന് അദ്ദേഹം വെള്ളവും കുടിച്ചു; എന്നാല്‍ മഴ പെയ്യായ്കകൊണ്ടു കുറെ ദിവസം കഴിഞ്ഞപ്പോള്‍ അരുവി വറ്റിപ്പോയി. സര്‍വേശ്വരന്‍ ഏലിയായോട് അരുളിച്ചെയ്തു: “നീ സീദോനു സമീപമുള്ള സാരെഫാത്തില്‍ ചെന്ന് അവിടെ പാര്‍ക്കുക; അവിടെ നിനക്കു ഭക്ഷണം നല്‌കാന്‍ ഞാന്‍ ഒരു വിധവയോടു കല്പിച്ചിട്ടുണ്ട്; അതനുസരിച്ച് ഏലിയാ സാരെഫാത്തിലേക്കു പോയി; പട്ടണവാതില്‌ക്കല്‍ എത്തിയപ്പോള്‍ അവിടെ ഒരു സ്‍ത്രീ വിറകു ശേഖരിക്കുന്നതു കണ്ടു; അദ്ദേഹം അടുത്തു ചെന്ന് അവളോടു പറഞ്ഞു: “എനിക്കു കുടിക്കാന്‍ കുറച്ചു വെള്ളം തന്നാലും.” അവള്‍ വെള്ളം കൊണ്ടുവരാന്‍ പോയപ്പോള്‍ അദ്ദേഹം പറഞ്ഞു “കുറേ അപ്പംകൂടി കൊണ്ടുവരണമേ.” അപ്പോള്‍ വിധവ പറഞ്ഞു: “അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ പറയുന്നു: എന്‍റെ പക്കല്‍ അപ്പമൊന്നുമില്ലല്ലോ; ആകെയുള്ളതു കലത്തില്‍ ഒരു പിടി മാവും ഭരണിയില്‍ അല്പം എണ്ണയും മാത്രമാണ്. ഞാന്‍ രണ്ടു ചുള്ളി വിറകു പെറുക്കുകയാണ്; ഇതു കൊണ്ടുപോയി അപ്പമുണ്ടാക്കി ഞാനും എന്‍റെ മകനും ഭക്ഷിക്കും; പിന്നെ ഞങ്ങള്‍ പട്ടിണികിടന്നു മരിക്കുകയേ ഉള്ളൂ.” ഏലിയാ വിധവയോടു പറഞ്ഞു: “ധൈര്യമായിരിക്കൂ, നീ പോയി പറഞ്ഞതുപോലെ ചെയ്യുക; എന്നാല്‍ ആദ്യം ഒരു ചെറിയ അപ്പമുണ്ടാക്കി എനിക്കു തരണം; പിന്നെ നിനക്കും നിന്‍റെ മകനുംവേണ്ടി ഉണ്ടാക്കിക്കൊള്ളുക. സര്‍വേശ്വരന്‍ ഭൂമിയില്‍ മഴ പെയ്യിക്കുന്നതുവരെ നിന്‍റെ കലത്തിലെ മാവും ഭരണിയിലെ എണ്ണയും തീര്‍ന്നുപോകുകയില്ല എന്ന് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ കല്പിക്കുന്നു: ഏലിയാ പറഞ്ഞതുപോലെ അവള്‍ ചെയ്തു; അങ്ങനെ ആ വിധവയും കുടുംബവും പ്രവാചകനും വളരെനാള്‍ ഭക്ഷണം കഴിച്ചു. സര്‍വേശ്വരന്‍ ഏലിയായിലൂടെ അരുളിച്ചെയ്തതുപോലെ കലത്തിലെ മാവു തീരുകയോ ഭരണിയിലെ എണ്ണ കുറയുകയോ ചെയ്തില്ല. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വിധവയുടെ പുത്രന്‍ രോഗിയായി; രോഗം മൂര്‍ച്ഛിച്ച് ശ്വാസം നിലച്ചു. ഉടനെ അവള്‍ ഏലിയായോടു പറഞ്ഞു: “ദൈവപുരുഷാ, അങ്ങ് എന്നോട് ഇങ്ങനെ ചെയ്തത് എന്ത്? എന്‍റെ പാപങ്ങള്‍ ഓര്‍മിപ്പിക്കാനും എന്‍റെ മകനെ കൊല്ലാനുമായിരുന്നുവോ അങ്ങ് എന്‍റെ അടുക്കല്‍ വന്നത്.” ഏലിയാ പറഞ്ഞു: “നിന്‍റെ മകനെ ഇങ്ങു തരിക.” പ്രവാചകന്‍ കുട്ടിയെ അവളുടെ മടിയില്‍നിന്ന് എടുത്തു മാളികമുറിയില്‍ അദ്ദേഹം പാര്‍ത്തിരുന്ന മുറിയില്‍ കൊണ്ടുപോയി കട്ടിലില്‍ കിടത്തി. പ്രവാചകന്‍ സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു: “എന്‍റെ ദൈവമായ സര്‍വേശ്വരാ, എനിക്കു പാര്‍ക്കാന്‍ ഇടംതന്ന ഈ വിധവയുടെ മകന്‍റെ ജീവനെ എടുത്ത് അവിടുന്ന് ഇവള്‍ക്ക് അനര്‍ഥം വരുത്തുകയാണോ?” പിന്നീട് അദ്ദേഹം ബാലന്‍റെമേല്‍ മൂന്നു പ്രാവശ്യം കമിഴ്ന്നുകിടന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു. എന്‍റെ ദൈവമായ സര്‍വേശ്വരാ, ഈ കുട്ടിയുടെ ജീവന്‍ മടക്കിവരുത്തണമേ.” സര്‍വേശ്വരന്‍ ഏലിയായുടെ പ്രാര്‍ഥന കേട്ടു; കുട്ടിക്കു പ്രാണന്‍ തിരിച്ചുകിട്ടി; അവന്‍ ജീവിച്ചു. ഏലിയാ കുട്ടിയെ മാളികമുറിയില്‍നിന്നു താഴെ കൊണ്ടുവന്ന് അമ്മയുടെ കൈയില്‍ ഏല്പിച്ചു പറഞ്ഞു: “ഇതാ, നിന്‍റെ മകന്‍ ജീവിച്ചിരിക്കുന്നു.” അവള്‍ ഏലിയായോടു പറഞ്ഞു: “അങ്ങു ദൈവപുരുഷന്‍ തന്നെ; അങ്ങയിലൂടെ സര്‍വേശ്വരന്‍ സംസാരിക്കുന്നുവെന്ന് ഞാന്‍ നിശ്ചയമായി അറിയുന്നു.” ഏറെനാള്‍ കഴിഞ്ഞു വരള്‍ച്ചയുടെ മൂന്നാം വര്‍ഷം സര്‍വേശ്വരന്‍ ഏലിയായോട് അരുളിച്ചെയ്തു: “നീ ആഹാബിന്‍റെ അടുക്കല്‍ ചെല്ലുക; ഞാന്‍ ഭൂമിയില്‍ മഴ പെയ്യിക്കാന്‍ പോകുകയാണ്.” ഏലിയാ ആഹാബിന്‍റെ അടുക്കലേക്കു പോയി. ശമര്യയില്‍ ക്ഷാമം അതികഠിനമായിരുന്നു. ആഹാബ് കൊട്ടാരകാര്യസ്ഥനായിരുന്ന ഓബദ്യായെ വിളിപ്പിച്ചു; അദ്ദേഹം വലിയ ദൈവഭക്തനായിരുന്നു. ഈസേബെല്‍ സര്‍വേശ്വരന്‍റെ പ്രവാചകന്മാരെ വധിച്ചപ്പോള്‍, ഓബദ്യാ നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടുപോയി അമ്പതു പേരെ വീതം ഗുഹകളില്‍ ഒളിപ്പിച്ച് അപ്പവും വെള്ളവും കൊടുത്തു സംരക്ഷിച്ചു. ആഹാബ് ഓബദ്യായോടു പറഞ്ഞു: “നമുക്കു നാട്ടിലുള്ള എല്ലാ അരുവികളുടെയും നീരുറവുകളുടെയും അരികില്‍ ചെന്നു നോക്കാം; കുതിരകളെയും കോവര്‍കഴുതകളെയുമെങ്കിലും ജീവനോടെ രക്ഷിക്കാനാവശ്യമായ പുല്ലു കിട്ടിയെന്നു വരാം. മൃഗങ്ങളെല്ലാം നശിച്ചുപോകാതിരിക്കട്ടെ. അതിനായി അവര്‍ രാജ്യം രണ്ടായി തിരിച്ച് ആഹാബ് ഒരു ഭാഗത്തേക്കും ഓബദ്യാ മറുഭാഗത്തേക്കും പുറപ്പെട്ടു. വഴിയില്‍വച്ച് ഓബദ്യാ ഏലിയായെ കണ്ടുമുട്ടി; ഏലിയായെ കണ്ടപ്പോള്‍ അയാള്‍ സാഷ്ടാംഗം വീണു: “അങ്ങ് എന്‍റെ യജമാനനായ ഏലിയാ തന്നെയോ” എന്നു ചോദിച്ചു. “അതെ! ഞാന്‍ ഏലിയാ തന്നെ; ഞാന്‍ ഇവിടെ ഉണ്ടെന്നു നിന്‍റെ യജമാനനോടു ചെന്നു പറയുക” എന്നു പറഞ്ഞു. അപ്പോള്‍ ഓബദ്യാ ചോദിച്ചു: “ആഹാബുരാജാവിന്‍റെ കൈയില്‍ എന്നെ കൊല്ലാന്‍ ഏല്പിക്കത്തക്കവിധം ഈ ദാസന്‍ എന്തു പാപം ചെയ്തു? അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു: രാജാവ് അങ്ങയെ അന്വേഷിക്കാത്ത ഒരു സ്ഥലവും ഭൂമിയിലില്ല. ഏലിയാ ഇവിടെയില്ല എന്ന് ഒരു രാജാവോ ജനതയോ പറയുമ്പോള്‍ അങ്ങയെ കണ്ടിട്ടില്ല എന്നു ആ രാജാവിനെക്കൊണ്ടും ജനതയെക്കൊണ്ടും ആഹാബ് സത്യം ചെയ്യിക്കുന്നു. അങ്ങനെ ഇരിക്കെ ഏലിയാ ഇവിടെയുണ്ട് എന്നു രാജാവിനോടു പറയാന്‍ അങ്ങു കല്പിക്കുന്നു. ഞാന്‍ ഇവിടെനിന്നു പോകുമ്പോള്‍ സര്‍വേശ്വരന്‍റെ ആത്മാവു ഞാന്‍ അറിയാത്ത ഏതെങ്കിലും സ്ഥലത്തേക്ക് അങ്ങയെ എടുത്തുകൊണ്ടുപോകും. ഞാന്‍ ആഹാബിനെ വിവരമറിയിക്കുകയും ശേഷം അയാള്‍ അങ്ങയെ അന്വേഷിക്കുമ്പോള്‍ കണ്ടെത്താതിരിക്കുകയും ചെയ്താല്‍ ഞാന്‍ ബാല്യം മുതല്‌ക്കേ സര്‍വേശ്വരഭക്തനാണെങ്കിലും ആഹാബ് എന്നെ കൊന്നുകളയും. ഈസേബെല്‍ സര്‍വേശ്വരന്‍റെ പ്രവാചകന്മാരെ വധിച്ചപ്പോള്‍, അവരില്‍ നൂറു പ്രവാചകന്മാരെ അമ്പതുപേരെ വീതം ഒരു ഗുഹയില്‍ ഒളിപ്പിച്ച് ഞാന്‍ അവര്‍ക്ക് ഭക്ഷണപാനീയങ്ങള്‍ നല്‌കി സംരക്ഷിച്ച വിവരം അങ്ങേക്കറിഞ്ഞുകൂടേ? എന്നിട്ടും നിന്‍റെ യജമാനനായ രാജാവിന്‍റെ അടുക്കല്‍ പോയി ഏലിയാ ഇവിടെ ഉണ്ടെന്നു പറയുക എന്ന് അങ്ങു കല്പിക്കുകയാണോ? അയാള്‍ എന്നെ കൊന്നുകളയും.” ഏലിയാ പറഞ്ഞു: “ഞാന്‍ ആരാധിക്കുന്ന സര്‍വശക്തനായ ദൈവത്തിന്‍റെ നാമത്തില്‍ പറയുന്നു: ഇന്നു ഞാന്‍ രാജാവിന്‍റെ മുമ്പില്‍ ചെല്ലും.” ഓബദ്യാ ചെന്നു രാജാവിനെ വിവരമറിയിച്ചു; ആഹാബ് ഏലിയായെ കാണാന്‍ വന്നു. ഏലിയായെ കണ്ടപ്പോള്‍ ആഹാബു പറഞ്ഞു: “നീയല്ലേ ഇസ്രായേലിനെ ഉപദ്രവിക്കുന്നവന്‍.” ഏലിയാ പറഞ്ഞു: “ഇസ്രായേലിനെ ഉപദ്രവിക്കുന്നവന്‍ ഞാനല്ല; നീയും നിന്‍റെ കുടുംബവുമാണ്. നിങ്ങള്‍ സര്‍വേശ്വരന്‍റെ കല്പനകള്‍ ഉപേക്ഷിച്ച് ബാല്‍വിഗ്രഹങ്ങളെ ആരാധിച്ചു. ഇപ്പോള്‍ത്തന്നെ ആളയച്ച് ഇസ്രായേല്‍ജനത്തെയെല്ലാം കര്‍മ്മേല്‍മലയില്‍ വിളിച്ചുകൂട്ടുക; ഈസേബെല്‍ തീറ്റിപ്പോറ്റുന്ന നാനൂറ്റമ്പതു ബാല്‍പ്രവാചകന്മാരെയും നാനൂറ് അശേരാപ്രവാചകന്മാരെയും അവിടെ കൂട്ടിക്കൊണ്ടു വരിക.” അങ്ങനെ ആഹാബ് ഇസ്രായേല്‍ജനത്തെയും പ്രവാചകന്മാരെയും കര്‍മ്മേല്‍മലയില്‍ വിളിച്ചുകൂട്ടി. ഏലിയാ ജനത്തിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞു: “നിങ്ങള്‍ എത്രകാലം ഇരുതോണിയില്‍ കാല്‍ വയ്‍ക്കും? സര്‍വേശ്വരനാണു ദൈവമെങ്കില്‍ അവിടുത്തെ അനുഗമിക്കുക, അതല്ല ബാലാണ് ദൈവമെങ്കില്‍ ബാലിനെ അനുഗമിക്കുക.” ജനം ഉത്തരമൊന്നും പറഞ്ഞില്ല. ഏലിയാ ജനത്തോടു വീണ്ടും പറഞ്ഞു: “സര്‍വേശ്വരന്‍റെ പ്രവാചകന്മാരില്‍ ഞാനൊരാള്‍ മാത്രമേ ശേഷിച്ചിട്ടുള്ളൂ. ബാലിന്‍റെ പ്രവാചകന്മാര്‍ നാനൂറ്റി അമ്പതു പേരുണ്ട്. രണ്ടു കാളകളെ കൊണ്ടുവരിക; അവര്‍ ഒന്നിനെ കഷണങ്ങളാക്കി തീ കത്തിക്കാതെ വിറകിന്മേല്‍ വയ്‍ക്കട്ടെ; മറ്റേതിനെ ഞാന്‍ ഒരുക്കി തീ കൊളുത്താതെ വിറകിന്മേല്‍ വയ്‍ക്കാം. ബാലിന്‍റെ പ്രവാചകന്മാര്‍ അവരുടെ ദൈവത്തെ വിളിച്ചപേക്ഷിക്കട്ടെ; ഞാന്‍ സര്‍വേശ്വരനോടു പ്രാര്‍ഥിക്കും. അഗ്നി അയച്ച് ഉത്തരമരുളുന്ന ദൈവമായിരിക്കും യഥാര്‍ഥ ദൈവം.” ഇതെല്ലാവര്‍ക്കും സമ്മതമായി. പിന്നീട് ഏലിയാ ബാലിന്‍റെ പ്രവാചകന്മാരോടു പറഞ്ഞു: “നിങ്ങള്‍തന്നെ ആദ്യം ഒരു കാളയെ ഒരുക്കിക്കൊള്ളുക; നിങ്ങള്‍ വളരെപ്പേരുണ്ടല്ലോ. പിന്നീട് നിങ്ങളുടെ ദൈവത്തോടു പ്രാര്‍ഥിക്കുക. വിറകിനു നിങ്ങള്‍ തീ കൊളുത്തരുത്.” അവര്‍ കാളയെ ഒരുക്കി; പ്രഭാതംമുതല്‍ മധ്യാഹ്നംവരെ “ബാല്‍ദേവാ, ഉത്തരമരുളിയാലും” എന്നു വിളിച്ചപേക്ഷിച്ചു. അവര്‍ നിര്‍മ്മിച്ച യാഗപീഠത്തിനു ചുറ്റും നൃത്തം ചെയ്തു; എങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. ഉച്ചയായപ്പോള്‍ ഏലിയാ അവരെ പരിഹസിച്ചു പറഞ്ഞു: “ഉച്ചത്തില്‍ വിളിക്കുക; ബാല്‍ ഒരു ദേവനാണല്ലോ; അയാള്‍ ധ്യാനനിരതനായിരിക്കും; ചിലപ്പോള്‍ ദിനചര്യ അനുഷ്ഠിക്കുകയായിരിക്കാം; അല്ലെങ്കില്‍ യാത്രയിലാവാം; അതുമല്ലെങ്കില്‍ ഉറങ്ങുകയായിരിക്കും; വിളിച്ചുണര്‍ത്തണം. “അവര്‍ ഉച്ചത്തില്‍ വിളിച്ചു; അതു മാത്രമല്ല അവരുടെ ആചാരമനുസരിച്ച് വാളും കുന്തവും കൊണ്ട് തങ്ങളെത്തന്നെ മുറിവേല്പിച്ചു രക്തം ഒഴുക്കാന്‍ തുടങ്ങി. ഉച്ചകഴിഞ്ഞു യാഗാര്‍പ്പണ സമയംവരെ അവര്‍ ഉന്മത്തരായി വിളിച്ചുകൊണ്ടിരുന്നു; എന്നിട്ടും യാതൊരു മറുപടിയും ലഭിച്ചില്ല. ആരും അവരുടെ പ്രാര്‍ഥന ശ്രദ്ധിച്ചില്ല. അപ്പോള്‍ ഏലിയാ ജനത്തോട് “എന്‍റെ അടുക്കല്‍ വരിക” എന്നു പറഞ്ഞു. അവര്‍ അടുത്തു ചെന്നു. സര്‍വേശ്വരന്‍റെ ഇടിഞ്ഞു കിടന്ന യാഗപീഠം ഏലിയാ നന്നാക്കി. നിന്‍റെ നാമം ഇനിയും ഇസ്രായേല്‍ എന്നായിരിക്കും എന്നു സര്‍വേശ്വരന്‍ ആരെക്കുറിച്ച് അരുളിച്ചെയ്തുവോ ആ യാക്കോബിന്‍റെ പുത്രന്മാരുടെ ഗോത്രസംഖ്യയനുസരിച്ച് അദ്ദേഹം പന്ത്രണ്ടു കല്ലെടുത്തു. ആ കല്ലുകള്‍കൊണ്ട് അദ്ദേഹം സര്‍വേശ്വരന് ഒരു യാഗപീഠം നിര്‍മ്മിച്ചു; അതിനു ചുറ്റും ഏകദേശം രണ്ടു സെയാ വിത്തിനുള്ള ചാലുണ്ടാക്കി. പിന്നീട് വിറക് അടുക്കി; കാളയെ കഷണങ്ങളാക്കി വിറകിന്മേല്‍ വച്ചു. അതിനുശേഷം നാലു തൊട്ടി വെള്ളം യാഗവസ്തുവിന്മേലും വിറകിന്മേലും ഒഴിക്കാന്‍ അവരോടു പറഞ്ഞു. വീണ്ടും അങ്ങനെ ചെയ്യാന്‍ ഏലിയാ പറഞ്ഞു. അവര്‍ അങ്ങനെ ചെയ്തു; മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്യാന്‍ കല്പിച്ചു. അവര്‍ മൂന്നാം പ്രാവശ്യവും അങ്ങനെതന്നെ ചെയ്തു; വെള്ളം യാഗപീഠത്തിനു ചുറ്റും ഒഴുകി; ചാലിലും വെള്ളം നിറഞ്ഞു. യാഗാര്‍പ്പണത്തിനുള്ള സമയമായപ്പോള്‍ ഏലിയാപ്രവാചകന്‍ യാഗപീഠത്തിനടുത്തു വന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു: “അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും ഇസ്രായേലിന്‍റെയും ദൈവമായ സര്‍വേശ്വരാ, അവിടുന്ന് ഇസ്രായേലിന്‍റെ ദൈവമാണെന്നും ഞാന്‍ അവിടുത്തെ ദാസനാണെന്നും സര്‍വേശ്വരന്‍റെ കല്പന അനുസരിച്ചാണ് ഞാന്‍ ഇതെല്ലാം ചെയ്യുന്നതെന്നും അവിടുന്ന് ഇന്ന് വെളിപ്പെടുത്തണമേ. സര്‍വേശ്വരാ അവിടുന്ന് എനിക്ക് ഉത്തരമരുളണമേ. അവിടുന്നാണ് യഥാര്‍ഥ ദൈവം എന്നും ഇസ്രായേല്‍ജനത്തിന്‍റെ ഹൃദയങ്ങളെ വീണ്ടും തിരികെ കൊണ്ടുവന്നിരിക്കുന്നത് അവിടുന്നാണെന്നും ഇവര്‍ അറിയാന്‍ എനിക്ക് ഉത്തരമരുളണമേ.” ഉടനെ സര്‍വേശ്വരന്‍റെ സന്നിധിയില്‍നിന്ന് അഗ്നി പുറപ്പെട്ടു യാഗവസ്തുവും വിറകും മാത്രമല്ല കല്ലും മണ്ണും കൂടെ ദഹിപ്പിച്ചു; ചാലില്‍ ഉണ്ടായിരുന്ന വെള്ളം വറ്റിപ്പോയി. ജനമെല്ലാം അതു കണ്ടപ്പോള്‍ സാഷ്ടാംഗം വീണു: “സര്‍വേശ്വരാ, അങ്ങുതന്നെ ദൈവം, സര്‍വേശ്വരാ, അങ്ങുതന്നെ ദൈവം” എന്നു വിളിച്ചുപറഞ്ഞു. ഏലിയാ അവരോടു പറഞ്ഞു: “ബാലിന്‍റെ പ്രവാചകന്മാരെയെല്ലാം പിടിക്കുവിന്‍, അവരില്‍ ഒരാള്‍പോലും രക്ഷപെടരുത്.” ജനം അവരെ പിടികൂടി; ഏലിയാ അവരെ കീശോന്‍ അരുവിക്ക് സമീപം കൊണ്ടുപോയി അവിടെവച്ചു കൊന്നുകളഞ്ഞു. ആഹാബ്‍രാജാവിനോട് ഏലിയാ പറഞ്ഞു: “അങ്ങു പോയി ഭക്ഷണപാനീയങ്ങള്‍ കഴിച്ചുകൊള്ളുക; വലിയ മഴയുടെ ഇരമ്പല്‍ കേള്‍ക്കുന്നു.” ആഹാബ് ഭക്ഷണം കഴിക്കാന്‍ പോയി; ഏലിയാ കര്‍മ്മേല്‍മലയുടെ മുകളില്‍ കയറി നിലംപറ്റെ കുനിഞ്ഞ് മുഖം കാല്‍മുട്ടുകളുടെ ഇടയിലാക്കി ഇരുന്നു. “നീ പോയി കടലിലേക്കു നോക്കുക” എന്ന് ഏലിയാ തന്‍റെ ഭൃത്യനോടു പറഞ്ഞു. അവന്‍ ചെന്നു നോക്കിയശേഷം “ഒന്നും കാണുന്നില്ല” എന്നു പറഞ്ഞു; ഇങ്ങനെ ഏഴു പ്രാവശ്യം പോയി നോക്കാന്‍ ഏലിയാ കല്പിച്ചു. ഏഴാം പ്രാവശ്യം മടങ്ങിവന്നപ്പോള്‍ അവന്‍ പറഞ്ഞു: “ഒരു മനുഷ്യന്‍റെ കൈ പോലെയുള്ള ഒരു ചെറിയ മേഘം കടലില്‍നിന്ന് പൊങ്ങിവരുന്നു.” ഏലിയാ അവനോടു പറഞ്ഞു: “നീ ഉടന്‍തന്നെ ആഹാബിന്‍റെ അടുക്കല്‍ പോയി, രഥം പൂട്ടി പുറപ്പെടുക; അല്ലെങ്കില്‍ മഴ അങ്ങയുടെ യാത്രയ്‍ക്കു പ്രതിബന്ധമുണ്ടാക്കും എന്നു പറയണം.” ക്ഷണനേരത്തിനുള്ളില്‍ ആകാശം കാര്‍മേഘംകൊണ്ടു മൂടി; കനത്ത മഴ പെയ്യുകയും ചെയ്തു. ആഹാബ് രഥത്തില്‍ കയറി ജെസ്രീലിലേക്കു പോയി. സര്‍വേശ്വരന്‍റെ ശക്തി ഏലിയായില്‍ വന്നു; അദ്ദേഹം അര മുറുക്കിക്കൊണ്ട് ജെസ്രീല്‍ കവാടംവരെ ആഹാബിനു മുമ്പായി ഓടി. ഏലിയാ ചെയ്ത സകല പ്രവൃത്തികളും പ്രവാചകന്മാരെ വാളുകൊണ്ടു വെട്ടിക്കൊന്നതും ആഹാബ് ഈസേബെലിനോടു പറഞ്ഞു: അപ്പോള്‍ അവള്‍ ഒരു ദൂതനെ ഏലിയായുടെ അടുക്കല്‍ അയച്ചു പറയിച്ചു: “നാളെ ഈ നേരത്തിനു മുമ്പായി നിന്‍റെ ജീവന്‍ ആ പ്രവാചകന്മാരില്‍ ഒരുവന്‍റേതുപോലെ ഞാന്‍ ആക്കിത്തീര്‍ക്കുന്നില്ലെങ്കില്‍ ദേവന്മാര്‍ അതും അതിലധികവും എന്നോടു ചെയ്തുകൊള്ളട്ടെ.” ഏലിയാ ഭയന്നു പ്രാണരക്ഷാര്‍ഥം ഓടിപ്പോയി. യെഹൂദ്യയിലെ ബേര്‍-ശേബയിലെത്തി അവിടെവച്ചു തന്‍റെ ഭൃത്യനെ വിട്ടുപിരിഞ്ഞു. തുടര്‍ന്നു മരുഭൂമിയിലൂടെ ഒരു ദിവസത്തെ യാത്ര ചെയ്ത് ഒരു മുള്‍ച്ചെടിയുടെ തണല്‍പറ്റി ഇരുന്നു; മരിച്ചാല്‍ മതി എന്നു പ്രവാചകന്‍ ആഗ്രഹിച്ചു. അതിനുവേണ്ടി പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, എനിക്കു മതിയായി, എന്‍റെ പ്രാണനെ എടുത്തുകൊണ്ടാലും; എന്‍റെ പിതാക്കന്മാരെക്കാള്‍ ഞാന്‍ നല്ലവനല്ലല്ലോ.” പ്രവാചകന്‍ ആ ചെടിയുടെ തണലില്‍ കിടന്നുറങ്ങി; ഒരു മാലാഖ പ്രവാചകനെ തട്ടിയുണര്‍ത്തിയിട്ട് പറഞ്ഞു: “എഴുന്നേറ്റു ഭക്ഷിക്കുക.” അദ്ദേഹം എഴുന്നേറ്റു നോക്കിയപ്പോള്‍ കനലില്‍ ചുട്ടെടുത്ത അടയും ഒരു ഭരണി വെള്ളവും തലയ്‍ക്കല്‍ ഇരിക്കുന്നതു കണ്ടു. അതു ഭക്ഷിച്ചതിനുശേഷം പ്രവാചകന്‍ വീണ്ടും കിടന്നു. സര്‍വേശ്വരന്‍റെ ദൂതന്‍ ഏലിയായെ വീണ്ടും തട്ടിയുണര്‍ത്തി, “എഴുന്നേറ്റു ഭക്ഷിക്കുക, നിനക്കു ദൂരയാത്ര ചെയ്യാനുണ്ടല്ലോ” എന്നു പറഞ്ഞു. അദ്ദേഹം എഴുന്നേറ്റു ഭക്ഷണപാനീയങ്ങള്‍ കഴിച്ചു. അതിന്‍റെ ശക്തികൊണ്ടു നാല്പതു പകലും നാല്പതു രാവും യാത്ര ചെയ്തു ദൈവത്തിന്‍റെ പര്‍വതമായ ഹോരേബില്‍ എത്തി; അവിടെ ഒരു ഗുഹയില്‍ ഏലിയാ പാര്‍ത്തു; അവിടെവച്ചു സര്‍വേശ്വരന്‍ പ്രവാചകനോടു ഏലിയായേ, നീ ഇവിടെ എന്തു ചെയ്യുന്നു” എന്നു ചോദിച്ചു. ഏലിയാ ഉത്തരം പറഞ്ഞു: സര്‍വശക്തനായ ദൈവമേ, ഞാന്‍ അങ്ങയെ എപ്പോഴും ശുഷ്കാന്തിയോടെ സേവിക്കുന്നു; ഇസ്രായേല്‍ജനം അവിടുത്തെ ഉടമ്പടി ലംഘിച്ചു; അവര്‍ അങ്ങയുടെ യാഗപീഠങ്ങള്‍ തകര്‍ക്കുകയും അവിടുത്തെ പ്രവാചകന്മാരെ സംഹരിക്കുകയും ചെയ്തു; ഞാന്‍ ഒരാള്‍ മാത്രമേ ശേഷിച്ചിട്ടുള്ളൂ; എന്നെയും കൊല്ലാന്‍ അവര്‍ ശ്രമിക്കുകയാണ്.” “നീ മലയില്‍ കയറി എന്‍റെ മുമ്പാകെ നില്‌ക്കുക” എന്ന് അവിടുന്ന് അരുളിച്ചെയ്തു. പിന്നീട് സര്‍വേശ്വരന്‍ ആ വഴി കടന്നുപോയി. അപ്പോള്‍ മലകളെ പിളര്‍ക്കുകയും പാറകളെ തകര്‍ക്കുകയും ചെയ്ത ഒരു കൊടുങ്കാറ്റ് അടിച്ചു. എന്നാല്‍ കൊടുങ്കാറ്റില്‍ സര്‍വേശ്വരന്‍ ഇല്ലായിരുന്നു; കാറ്റിനു ശേഷം ഭൂകമ്പമുണ്ടായി; ഭൂകമ്പത്തിലും അവിടുന്ന് ഇല്ലായിരുന്നു. ഭൂകമ്പത്തിനു ശേഷം അഗ്നി ഉണ്ടായി; അഗ്നിയിലും സര്‍വേശ്വരന്‍ ഇല്ലായിരുന്നു. അഗ്നി കെട്ടടങ്ങിയപ്പോള്‍ ഒരു മൃദുസ്വരം കേട്ടു; ഉടനെ ഏലിയാ മേലങ്കികൊണ്ടു മുഖം മറച്ചു ഗുഹാമുഖത്തു ചെന്നുനിന്നു. “നീ ഇവിടെ എന്തു ചെയ്യുന്നു” എന്ന ചോദ്യം അദ്ദേഹം കേട്ടു.” ഏലിയാ പ്രതിവചിച്ചു: “സര്‍വശക്തനായ സര്‍വേശ്വരാ, ഞാന്‍ അങ്ങയെമാത്രം ശുഷ്കാന്തിയോടെ സേവിച്ചുവരുന്നു; എന്നാല്‍ ഇസ്രായേല്‍ജനം അങ്ങയോടു ചെയ്തിരുന്ന ഉടമ്പടി ലംഘിച്ചു; അവിടുത്തെ യാഗപീഠങ്ങള്‍ തകര്‍ത്തു; അങ്ങയുടെ പ്രവാചകന്മാരെ അവര്‍ കൊന്നുകളഞ്ഞു; ഞാന്‍ ഒരാള്‍ മാത്രം ശേഷിച്ചിരിക്കുന്നു; എന്നെയും കൊല്ലാന്‍ അവര്‍ ശ്രമിക്കുകയാണ്.” സര്‍വേശ്വരന്‍ ഏലിയായോടു പറഞ്ഞു: “നീ ദമാസ്കസിനടുത്തുള്ള വിജനപ്രദേശത്തേക്കു മടങ്ങിപ്പോകുക; അവിടെച്ചെന്ന് ഹസായേലിനെ സിറിയായുടെ രാജാവായി അഭിഷേകം ചെയ്യണം. നിംശിയുടെ മകന്‍ യേഹൂവിനെ ഇസ്രായേലിന്‍റെ രാജാവായും ആബേല്‍-മെഹോലക്കാരനായ ശാഫാത്തിന്‍റെ മകന്‍ എലീശയെ നിനക്കുപകരം പ്രവാചകനായും അഭിഷേകം ചെയ്യുക. ഹസായേലിന്‍റെ കൈയില്‍നിന്നു രക്ഷപെടുന്നവനെ യേഹൂ വധിക്കും. യേഹൂവില്‍നിന്നു രക്ഷപെടുന്നവനെ എലീശ വധിക്കും; എന്നാല്‍ ബാല്‍വിഗ്രഹത്തിന്‍റെ മുമ്പില്‍ മുട്ടുമടക്കുകയോ അതിനെ ചുംബിക്കുകയോ ചെയ്യാത്ത ഏഴായിരം പേരെ ഞാന്‍ ഇസ്രായേലില്‍ ശേഷിപ്പിക്കും. ഏലിയാ അവിടെനിന്നു പുറപ്പെട്ട് ശാഫാത്തിന്‍റെ പുത്രനായ എലീശയുടെ അടുക്കല്‍ എത്തി. അയാള്‍ പന്ത്രണ്ട് ഏര്‍ കാള പൂട്ടി ഉഴുതുകൊണ്ടിരിക്കുക ആയിരുന്നു. പന്ത്രണ്ടാമത്തെ നിരയിലായിരുന്നു എലീശ. എലീശയുടെ അടുക്കലെത്തിയപ്പോള്‍ ഏലിയാ തന്‍റെ മേലങ്കി ഊരി അയാളുടെ മേലിട്ടു. അയാള്‍ ഉടന്‍തന്നെ കാളകളെ വിട്ടു ഏലിയായുടെ അടുക്കലേക്ക് ഓടിച്ചെന്നു പറഞ്ഞു: “ഞാന്‍ മാതാപിതാക്കന്മാരെ ചുംബിച്ചു യാത്രപറഞ്ഞിട്ട് അങ്ങയെ അനുഗമിക്കാം.” “അങ്ങനെയാകട്ടെ, ഞാന്‍ നിന്നെ തടസ്സപ്പെടുത്തുന്നില്ല” ഏലിയാ പറഞ്ഞു. എലീശ പോയി ഒരു ഏര്‍ കാളയെ കൊന്ന് കലപ്പ വിറകായി ഉപയോഗിച്ചു മാംസം പാകംചെയ്തു; അതു ജനത്തിനു കൊടുത്തു, അവര്‍ അതു ഭക്ഷിച്ചു. പിന്നീട് അയാള്‍ ഏലിയായെ അനുഗമിച്ച് അദ്ദേഹത്തിന്‍റെ ശുശ്രൂഷകനായിത്തീര്‍ന്നു. സിറിയാരാജാവായ ബെന്‍-ഹദദ് യുദ്ധത്തിനൊരുങ്ങി. മുപ്പത്തിരണ്ടു രാജാക്കന്മാര്‍ തങ്ങളുടെ കുതിരകളോടും രഥങ്ങളോടും കൂടെ ബെന്‍-ഹദദ്‍രാജാവിന്‍റെ പക്ഷം ചേര്‍ന്നു. അയാള്‍ ശമര്യാപട്ടണത്തെ വളഞ്ഞ് അതിനെ ആക്രമിച്ചു. ബെന്‍-ഹദദ് ദൂതന്മാരെ ശമര്യയിലേക്ക് അയച്ച് ഇസ്രായേല്‍രാജാവായ ആഹാബിനെ ഇങ്ങനെ അറിയിച്ചു: “നിന്‍റെ വെള്ളിയും സ്വര്‍ണവും എനിക്കുള്ളതാണ്; നിന്‍റെ സുന്ദരികളായ ഭാര്യമാരും മക്കളും എന്‍റേതായിരിക്കും.” ഇസ്രായേല്‍രാജാവ് ഇപ്രകാരം മറുപടി നല്‌കി. “എന്‍റെ പ്രഭോ, അങ്ങു പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതൊക്കെയും അങ്ങയുടേതു തന്നെ.” ബെന്‍-ഹദദിന്‍റെ ദൂതന്മാര്‍ വീണ്ടും വന്നു പറഞ്ഞു: “ബെന്‍-ഹദദ് കല്പിക്കുന്നു, നിന്‍റെ വെള്ളിയും സ്വര്‍ണവും ഭാര്യമാരും മക്കളും എനിക്കുള്ളതാണെന്നു ഞാന്‍ പറഞ്ഞിരുന്നല്ലോ; നാളെ ഈ സമയത്ത് ഞാന്‍ എന്‍റെ സേവകരെ അയയ്‍ക്കും. അവര്‍ നിന്‍റെയും നിന്‍റെ സേവകരുടെയും വീടുകള്‍ പരിശോധിച്ച് അവര്‍ക്ക് വിലപിടിപ്പുള്ളതായി തോന്നുന്നതെല്ലാം എടുത്തുകൊണ്ടുപോരും.” ആഹാബ്‍രാജാവ്, രാജ്യത്തുള്ള എല്ലാ നേതാക്കന്മാരെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “ഈ മനുഷ്യന്‍ നമ്മെ നശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. എന്‍റെ ഭാര്യമാര്‍, മക്കള്‍, സ്വര്‍ണം, വെള്ളി എന്നിവ ആവശ്യപ്പെട്ടുകൊണ്ടു ദൂതന്മാരെ അയച്ചിരുന്നു; ഞാന്‍ അതെല്ലാം സമ്മതിക്കുകയും ചെയ്തു.” ഇതു കേട്ടു നേതാക്കന്മാരും ജനങ്ങളും പറഞ്ഞു: “അയാള്‍ പറയുന്നതു സമ്മതിക്കരുത്, ഒന്നും കൊടുക്കയുമരുത്.” അതനുസരിച്ച് ആഹാബ് ബെന്‍-ഹദദിന്‍റെ ദൂതന്മാരോടു പറഞ്ഞു: “എന്‍റെ യജമാനനായ രാജാവിനോടു പറയുക: അദ്ദേഹം ആദ്യം ആവശ്യപ്പെട്ടതെല്ലാം ഞാന്‍ സമ്മതിച്ചിരുന്നു; എന്നാല്‍ ഇത്തവണ ആവശ്യപ്പെട്ടതു സമ്മതിക്കാന്‍ എനിക്കു നിവൃത്തിയില്ല. “ദൂതന്മാര്‍ മടങ്ങിപ്പോയി വിവരമറിയിച്ചു. മറ്റൊരു സന്ദേശവുമായി ബെന്‍-ഹദദിന്‍റെ ദൂതന്മാര്‍ വീണ്ടും ആഹാബിന്‍റെ അടുക്കല്‍ വന്നു. “നിന്‍റെ ഈ പട്ടണം നശിപ്പിക്കുന്നതിന് ആവശ്യമായ സൈനികരെ ഞാന്‍ കൊണ്ടുവരും; അവര്‍ക്ക് ഓരോ പിടിവീതം എടുക്കാന്‍ ശമര്യയിലെ മണ്ണു തികയുമെങ്കില്‍ ദേവന്മാര്‍ എന്നെ കഠിനമായി ശിക്ഷിച്ചുകൊള്ളട്ടെ.” അപ്പോള്‍ ഇസ്രായേല്‍രാജാവു പറഞ്ഞു; “ബെന്‍-ഹദദിനോടു പറയുക; യുദ്ധത്തിനു മുമ്പല്ല, പിമ്പാണു വമ്പു പറയേണ്ടത്. ബെന്‍-ഹദദും മറ്റു രാജാക്കന്മാരും അവരുടെ കൂടാരങ്ങളില്‍ ഇരുന്നു കുടിച്ചു മദിക്കുമ്പോഴായിരുന്നു ആഹാബിന്‍റെ മറുപടി ലഭിച്ചത്. ഉടന്‍തന്നെ യുദ്ധത്തിനു പുറപ്പെടാന്‍ ബെന്‍-ഹദദ് സൈന്യത്തിന് ഉത്തരവു നല്‌കി; അവര്‍ നഗരത്തിന് എതിരെ നിലയുറപ്പിച്ചു. അപ്പോള്‍ ഒരു പ്രവാചകന്‍ ഇസ്രായേല്‍ രാജാവായ ആഹാബിന്‍റെ അടുക്കല്‍ വന്നു പറഞ്ഞു: “സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഈ വലിയ സൈന്യത്തെ കണ്ടു നീ ഭയപ്പെടേണ്ടാ; അവരുടെമേല്‍ ഞാന്‍ ഇന്നു നിനക്കു വിജയം നല്‌കും. ഞാന്‍ സര്‍വേശ്വരനെന്നു നീ അറിയും.” “ആരാണു യുദ്ധം ചെയ്യുക” എന്നു ആഹാബ് ചോദിച്ചു. “ദേശാധിപതികളുടെ യുവസേനാനികള്‍ യുദ്ധം ചെയ്യട്ടെ” എന്നു സര്‍വേശ്വരന്‍ കല്പിക്കുന്നതായി പ്രവാചകന്‍ പറഞ്ഞു. “ആരാണു യുദ്ധം ആരംഭിക്കേണ്ടത്” എന്ന് ആഹാബ് ചോദിച്ചപ്പോള്‍, “നീ തന്നെ” എന്നു പ്രവാചകന്‍ പ്രതിവചിച്ചു. ദേശാധിപതികളുടെ യുവസേനാനികളെ രാജാവു അണിനിരത്തി; അവര്‍ ഇരുനൂറ്റി മുപ്പത്തിരണ്ടു പേര്‍ ഉണ്ടായിരുന്നു. പിന്നീട് ഇസ്രായേല്‍പട്ടാളത്തെയും അണിനിരത്തി; അവര്‍ ഏഴായിരം പേര്‍ ആയിരുന്നു. ഉച്ചസമയത്ത് ബെന്‍-ഹദദും കൂടെയുള്ള മുപ്പത്തിരണ്ടു രാജാക്കന്മാരും ഉന്മത്തരായിക്കൊണ്ടിരുന്നു. അപ്പോള്‍ യുവസൈനികര്‍ യുദ്ധത്തിനുവേണ്ടി ആദ്യം പുറപ്പെട്ടു. ശമര്യയില്‍നിന്നു സൈന്യം വരുന്നുണ്ടെന്നു ബെന്‍-ഹദദിന്‍റെ കാവല്‍സൈന്യം അയാളെ അറിയിച്ചു. “അവര്‍ വരുന്നതു സമാധാനത്തിനായാലും യുദ്ധത്തിനായാലും അവരെ ജീവനോടെ പിടിക്കണമെന്നു” ബെന്‍-ഹദദ് കല്പിച്ചു. യുവസൈനികരെ ഇസ്രായേല്‍സൈന്യം അനുഗമിച്ചു. ഓരോരുത്തനും തനിക്കെതിരേ വന്നവനെ വധിച്ചു; സിറിയാക്കാര്‍ പരാജയപ്പെട്ട് ഓടി; ഇസ്രായേല്‍സൈന്യം അവരെ പിന്തുടര്‍ന്നു. ബെന്‍-ഹദദ് കുതിരപ്പുറത്തു കയറി രക്ഷപെട്ടു; ഏതാനും കുതിരപ്പടയാളികളും അയാളുടെ കൂടെ ഉണ്ടായിരുന്നു. ഇസ്രായേല്‍രാജാവ് പടക്കളത്തിലെത്തി കുതിരകളും രഥങ്ങളും കൈവശപ്പെടുത്തി; സിറിയാക്കാരെ കൂട്ടക്കൊല ചെയ്തു. പ്രവാചകന്‍ ഇസ്രായേല്‍രാജാവിനോടു വീണ്ടും പറഞ്ഞു: “മടങ്ങിപ്പോയി നിന്‍റെ സൈന്യത്തെ കൂടുതല്‍ ശക്തമാക്കുക; അടുത്ത വസന്തകാലത്ത് സിറിയാരാജാവ് വീണ്ടും ആക്രമിക്കും.” ബെന്‍-ഹദദ്‍രാജാവിന്‍റെ സേവകന്മാര്‍ അദ്ദേഹത്തോടു പറഞ്ഞു: “ഇസ്രായേലിന്‍റെ ദേവന്മാര്‍ ഗിരിദേവന്മാരാണ്; അതുകൊണ്ടാണ് അവര്‍ നമ്മെ പരാജയപ്പെടുത്തിയത്. സമതലത്തില്‍ വച്ചു യുദ്ധം ചെയ്താല്‍ നമുക്ക് അവരെ നിശ്ചയമായും പരാജയപ്പെടുത്താം. മാത്രമല്ല മുപ്പത്തിരണ്ടു രാജാക്കന്മാര്‍ക്കു പകരം സൈന്യാധിപന്മാരെ നിയമിക്കണം. നഷ്ടപ്പെട്ട സൈന്യത്തിനു തുല്യമായ മറ്റൊരു സൈന്യത്തെ സംഘടിപ്പിക്കണം. കുതിരയ്‍ക്കു കുതിര, രഥത്തിനു രഥം. അതിനുശേഷം സമതലത്തില്‍വച്ച് നമുക്ക് യുദ്ധം ചെയ്യാം. ഇത്തവണ നാം അവരെ പരാജയപ്പെടുത്തും. ബെന്‍-ഹദദ് അവരുടെ ഉപദേശം സ്വീകരിച്ച് അതുപോലെ പ്രവര്‍ത്തിച്ചു. അടുത്ത വസന്തത്തില്‍ ബെന്‍-ഹദദ് തന്‍റെ സൈന്യങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി; ഇസ്രായേലിനോടു യുദ്ധം ചെയ്യാന്‍ അഫേക്കിലേക്കു പുറപ്പെട്ടു. ഇസ്രായേല്യരും യുദ്ധസന്നാഹങ്ങളോടുകൂടി അവിടെ എത്തി; അവര്‍ രണ്ടു സംഘങ്ങളായി പാളയമടിച്ചു. ദേശം നിറഞ്ഞിരുന്ന സിറിയന്‍ പട്ടാളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇസ്രായേല്‍സൈന്യം രണ്ടു ചെറിയ ആട്ടിന്‍പറ്റംപോലെ മാത്രമായിരുന്നു. ഒരു പ്രവാചകന്‍ ആഹാബിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞു: “സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ‘ഞാന്‍ ഗിരിദേവനാണ്; സമതലപ്രദേശത്തെ ദേവനല്ല’ എന്നു സിറിയാക്കാര്‍ പറയുന്നതുകൊണ്ട് ഈ വലിയ സൈന്യത്തിന്‍റെമേല്‍ ഞാന്‍ നിനക്കു വിജയം നല്‌കും; ഞാന്‍ സര്‍വേശ്വരനാണെന്നു നിങ്ങള്‍ അറിയും.” സിറിയന്‍സൈന്യവും ഇസ്രായേല്‍സൈന്യവും അഭിമുഖമായി ഏഴു ദിവസം തങ്ങളുടെ പാളയങ്ങളില്‍ കഴിഞ്ഞുകൂടി. ഏഴാം ദിവസം യുദ്ധമാരംഭിച്ചു; ഒറ്റ ദിവസംകൊണ്ട് ഇസ്രായേല്യര്‍ ഒരു ലക്ഷം സിറിയന്‍ ഭടന്മാരെ വധിച്ചു. ശേഷിച്ച ഇരുപത്തി ഏഴായിരം പേര്‍ അഫേക്കിലേക്ക് ഓടിപ്പോയി. അവരുടെമേല്‍ പട്ടണമതില്‍ വീണു. ബെന്‍-ഹദദ് ഓടി പട്ടണത്തിലെ ഒരു ഉള്ളറയില്‍ കയറി ഒളിച്ചു. സേവകന്മാര്‍ ബെന്‍-ഹദദിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞു: “ഇസ്രായേല്‍രാജാക്കന്മാര്‍ കരുണയുള്ളവരാണെന്നു കേട്ടിട്ടുണ്ട്; അതുകൊണ്ട് ചണവസ്ത്രം ധരിച്ച് കഴുത്തില്‍ കയറു ചുറ്റി ഇസ്രായേല്‍രാജാവിന്‍റെ അടുക്കലേക്കു പോകാന്‍ ഞങ്ങളെ അനുവദിക്കുക; ഒരുപക്ഷേ അദ്ദേഹം അങ്ങയുടെ ജീവന്‍ രക്ഷിച്ചേക്കും.” അവര്‍ ചണവസ്ത്രം ധരിച്ച് കഴുത്തില്‍ കയറു ചുറ്റി ആഹാബിന്‍റെ അടുക്കല്‍ ചെന്നു: “എന്‍റെ ജീവനെ രക്ഷിക്കണമേ എന്ന് അങ്ങയുടെ ദാസനായ ബെന്‍-ഹദദ് അപേക്ഷിക്കുന്നു” എന്നു പറഞ്ഞു. “അയാള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ? അയാള്‍ എനിക്ക് ഒരു സഹോദരനെപ്പോലെയാണ്.” എന്ന് ആഹാബ് പ്രതിവചിച്ചു. ബെന്‍-ഹദദിന്‍റെ സേവകന്മാര്‍ ശുഭലക്ഷണം കാത്തിരിക്കുകയായിരുന്നു. ആഹാബ് സഹോദരന്‍ എന്ന പദം ഉപയോഗിച്ചപ്പോള്‍ അതുതന്നെ തക്കസമയമെന്നു കരുതി, “ബെന്‍-ഹദദ് അങ്ങയുടെ സഹോദരന്‍ തന്നെയാണ്” എന്ന് അവര്‍ പറഞ്ഞു; “അയാളെ എന്‍റെ അടുക്കല്‍ കൊണ്ടുവരിക” എന്ന് ആഹാബ് കല്പിച്ചു. ബെന്‍-ഹദദ് അവിടെ എത്തിയപ്പോള്‍ ആഹാബ് അയാളെ സ്വന്തം രഥത്തിലേക്കു ക്ഷണിച്ച് അടുക്കല്‍ ഇരുത്തി; ബെന്‍-ഹദദ് അദ്ദേഹത്തോടു പറഞ്ഞു. “എന്‍റെ പിതാവ് അങ്ങയുടെ പിതാവില്‍നിന്ന് പിടിച്ചെടുത്ത പട്ടണങ്ങളെല്ലാം ഞാന്‍ മടക്കിത്തരാം; എന്‍റെ പിതാവ് ശമര്യയില്‍ ചെയ്തതുപോലെ ദമാസ്കസില്‍ അങ്ങേക്ക് ഒരു കച്ചവടകേന്ദ്രം തുറക്കുകയും ചെയ്യാം.” “ഈ ഉടമ്പടി അനുസരിച്ച് ഞാന്‍ നിങ്ങളെ വിട്ടയയ്‍ക്കാം” എന്ന് ആഹാബ് പ്രതിവചിച്ചു. ആഹാബ് ബെന്‍-ഹദദുമായി ഒരു ഉടമ്പടി ഉണ്ടാക്കിയ ശേഷം അയാളെ വിട്ടയച്ചു. സര്‍വേശ്വരന്‍റെ കല്പനയനുസരിച്ചു പ്രവാചകഗണത്തില്‍പ്പെട്ട ഒരാള്‍ “എന്നെ അടിക്കുക” എന്നു മറ്റൊരു പ്രവാചകനോടു പറഞ്ഞു. എന്നാല്‍ അയാള്‍ അതിനു വിസമ്മതിച്ചു. അപ്പോള്‍ ഒന്നാമന്‍ പറഞ്ഞു: “സര്‍വേശ്വരന്‍റെ കല്പന അനുസരിക്കാഞ്ഞതുകൊണ്ട് നീ ഇവിടെനിന്നു പോയാല്‍ ഉടനെ ഒരു സിംഹം നിന്നെ കൊല്ലും.” അവന്‍ അവിടെനിന്നുപോയ ഉടന്‍തന്നെ ഒരു സിംഹം അവനെതിരേ വന്ന് അവനെ കൊന്നു. അയാള്‍ മറ്റൊരാളെ സമീപിച്ചു തന്നെ അടിക്കാന്‍ പറഞ്ഞു; അയാള്‍ അടിച്ചു മുറിവേല്പിച്ചു. അതിനുശേഷം പ്രവാചകന്‍ അവിടെനിന്നു പോയി, മുഖംമൂടി ധരിച്ച് വഴിയില്‍ രാജാവിനെ കാത്തുനിന്നു. രാജാവ് ആ വഴി കടന്നുപോകുമ്പോള്‍ പ്രവാചകന്‍ വിളിച്ചുപറഞ്ഞു: “ഈ ദാസന്‍ യുദ്ധക്കളത്തില്‍ പോയിരുന്നു; അപ്പോള്‍ ഒരു പടയാളി എന്‍റെയടുക്കല്‍ മറ്റൊരാളെ കൊണ്ടുവന്നിട്ടു പറഞ്ഞു: ‘ഇവനെ സൂക്ഷിച്ചുകൊള്ളുക; ഇവന്‍ കടന്നുകളഞ്ഞാല്‍ നിന്‍റെ ജീവന്‍ അവന്‍റെ ജീവനു പകരം കൊടുക്കേണ്ടിവരും.” അല്ലെങ്കില്‍ ഒരു താലന്ത് വെള്ളി പിഴ കൊടുക്കേണ്ടിവരും. എന്നാല്‍ അടിയന്‍ പല കാര്യങ്ങളില്‍ വ്യാപൃതനായിരുന്നതുകൊണ്ട് അവന്‍ കടന്നുകളഞ്ഞു. അപ്പോള്‍ രാജാവു പ്രതിവചിച്ചു. “നീ തന്നെ നിന്‍റെ വിധി പ്രഖ്യാപിച്ചു കഴിഞ്ഞു; അത് അങ്ങനെതന്നെ സംഭവിക്കട്ടെ.” ഉടനെ രാജാവ് അയാളുടെ മുഖംമൂടി നീക്കി; അയാള്‍ ഒരു പ്രവാചകനാണെന്നു രാജാവിന് അപ്പോള്‍ മനസ്സിലായി. പ്രവാചകന്‍ രാജാവിനോടു പറഞ്ഞു: “സര്‍വേശ്വരന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക, നശിപ്പിക്കാന്‍ ഞാന്‍ നിശ്ചയിച്ചിരുന്നവനെ നീ വിട്ടയച്ചു. അതുകൊണ്ട് അവന്‍റെ ജീവനു പകരം നിന്‍റെ ജീവന്‍ നീ നല്‌കണം; അവന്‍റെ സൈനികര്‍ക്കു പകരം നിന്‍റെ സൈന്യം നശിപ്പിക്കപ്പെടും.” രാജാവ് ദുഃഖത്തോടും നീരസത്തോടും കൂടി ശമര്യയിലെ കൊട്ടാരത്തിലേക്കു മടങ്ങിപ്പോയി. ജെസ്രീലില്‍ ആഹാബിന്‍റെ കൊട്ടാരത്തിനടുത്തു തദ്ദേശവാസിയായ നാബോത്തിന് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. ഒരു ദിവസം ആഹാബ് നാബോത്തിനോട് പറഞ്ഞു: “ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്നതിനുവേണ്ടി നിന്‍റെ മുന്തിരിത്തോട്ടം എനിക്കു തരിക; അതു കൊട്ടാരത്തിന്‍റെ സമീപത്താണല്ലോ; അതിനെക്കാള്‍ മെച്ചപ്പെട്ട ഒന്നു ഞാന്‍ നിനക്കു നല്‌കാം. അതല്ല, പണമാണു നിനക്കു വേണ്ടതെങ്കില്‍ വില തരാം.” നാബോത്ത് പറഞ്ഞു: “ഈ മുന്തിരിത്തോട്ടം എന്‍റെ പിതൃസ്വത്താണ്; അത് അങ്ങേക്ക് കൈമാറുന്നതിന് സര്‍വേശ്വരന്‍ ഇടയാക്കാതിരിക്കട്ടെ.” നാബോത്തിന്‍റെ മറുപടിയില്‍ ദുഃഖിതനും കുപിതനുമായിത്തീര്‍ന്ന ആഹാബ് തന്‍റെ കൊട്ടാരത്തിലേക്കു മടങ്ങി, ഭക്ഷണമൊന്നും കഴിക്കാതെ ചുമരിനുനേരെ മുഖം തിരിച്ചു കിടന്നു. ആഹാബിന്‍റെ ഭാര്യ ഈസേബെല്‍ അടുത്തുവന്നു ചോദിച്ചു: “അങ്ങ് ഭക്ഷണം കഴിക്കാതെ വ്യസനിച്ചിരിക്കുന്നതെന്ത്?” രാജാവു പറഞ്ഞു: “നാബോത്തിന്‍റെ വാക്കുകളാണ് എന്‍റെ ദുഃഖത്തിനു കാരണം. അവന്‍റെ മുന്തിരിത്തോട്ടം എനിക്കു വിലയ്‍ക്കു തരികയോ അല്ലെങ്കില്‍ മറ്റൊരു മുന്തിരിത്തോട്ടത്തിനു പകരമായി നല്‌കുകയോ ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടു; എന്നാല്‍ അവന്‍ വിസമ്മതിച്ചു.” “അങ്ങല്ലേ ഇസ്രായേലിലെ രാജാവ്? എഴുന്നേറ്റു ഭക്ഷണം കഴിക്കുക; ജെസ്രീല്‍ക്കാരന്‍ നാബോത്തിന്‍റെ മുന്തിരിത്തോട്ടം അങ്ങേക്കുവേണ്ടി ഞാന്‍ കൈവശപ്പെടുത്താം” എന്നു രാജ്ഞി പറഞ്ഞു. ഈസേബെല്‍ ആഹാബിന്‍റെ പേരും മുദ്രയും വച്ച് ജെസ്രീലിലെ നേതാക്കള്‍ക്കും പ്രമാണിമാര്‍ക്കും കത്തുകളെഴുതി; അവ അവര്‍ക്കു കൊടുത്തു. കത്തില്‍ ഇപ്രകാരം എഴുതിയിരുന്നു: “നിങ്ങള്‍ ഒരു ഉപവാസദിനം പ്രഖ്യാപിച്ചു ജനത്തെ അതിനു ക്ഷണിക്കണം; ജനങ്ങളുടെ കൂട്ടത്തില്‍ നാബോത്തിനു പ്രധാന സ്ഥാനം നല്‌കണം. അതിനുശേഷം നാബോത്ത് ദൈവത്തിനും രാജാവിനും എതിരായി ദൂഷണം പറഞ്ഞു എന്നു നീചന്മാരായ രണ്ടാളുകളെക്കൊണ്ട് അവനെതിരായി കള്ളസ്സാക്ഷ്യം പറയിക്കണം. പിന്നീട് നിങ്ങള്‍ അയാളെ പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലണം.” പട്ടണത്തിലെ നേതാക്കളും പ്രമാണികളും ഈസേബെലിന്‍റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിച്ചു. അവര്‍ ഉപവാസദിനം പ്രഖ്യാപിച്ചു; ജനത്തെ വിളിച്ചുകൂട്ടി; നാബോത്തിന് അവരുടെ ഇടയില്‍ മുഖ്യസ്ഥാനം നല്‌കി. നാബോത്ത് ദൈവത്തെയും രാജാവിനെയും ദുഷിച്ചുപറഞ്ഞു എന്ന് നീചന്മാരായ രണ്ടാളുകള്‍ പരസ്യമായി കുറ്റാരോപണം നടത്തി. അവര്‍ അയാളെ പട്ടണത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നു. നാബോത്തിനെ കല്ലെറിഞ്ഞു കൊന്ന വിവരം അവര്‍ ഈസേബെലിനെ അറിയിച്ചു. ഉടന്‍തന്നെ ഈസേബെല്‍ ആഹാബിനോടു പറഞ്ഞു: “ജെസ്രീല്‍ക്കാരനായ നാബോത്തിന്‍റെ കഥ കഴിഞ്ഞു; അയാള്‍ വിലയ്‍ക്കുതരാന്‍ വിസമ്മതിച്ച മുന്തിരിത്തോട്ടം അങ്ങു കൈവശപ്പെടുത്തിക്കൊള്ളുക.” നാബോത്തു മരിച്ചു എന്നറിഞ്ഞ് അയാളുടെ തോട്ടം കൈവശപ്പെടുത്താന്‍ ആഹാബ് അവിടേക്കു പോയി. സര്‍വേശ്വരന്‍ തിശ്ബ്യനായ ഏലിയായോട് അരുളിച്ചെയ്തു. “നീ ശമര്യയില്‍ ആഹാബ് രാജാവിനെ ചെന്നു കാണുക. അവന്‍ നാബോത്തിന്‍റെ മുന്തിരിത്തോട്ടം കൈവശപ്പെടുത്താന്‍ പോയിരിക്കുന്നു; നീ അവനെ കൊലപ്പെടുത്തിയശേഷം അവന്‍റെ വസ്തു കൈവശപ്പെടുത്തുകയാണോ എന്നു സര്‍വേശ്വരന്‍ ചോദിക്കുന്നതായി അയാളോടു പറയുക. നാബോത്തിന്‍റെ രക്തം നായ്‍ക്കള്‍ നക്കിക്കുടിച്ച സ്ഥലത്തുവച്ചുതന്നെ നിന്‍റെ രക്തവും അവ നക്കിക്കുടിക്കും എന്നും അവനോടു പറയുക.” ആഹാബ് ഏലിയായെ കണ്ടപ്പോള്‍: “എന്‍റെ ശത്രുവായ നീ എന്നെ കണ്ടെത്തിയോ” എന്നു ചോദിച്ചു. “അതേ, ഞാന്‍ കണ്ടെത്തി” ഏലിയാ പ്രതിവചിച്ചു. സര്‍വേശ്വരന്‍റെ സന്നിധിയില്‍ അധര്‍മം ചെയ്യാന്‍ നീ നിന്നെത്തന്നെ വിലയ്‍ക്കു നല്‌കിയിരിക്കുന്നു; അതുകൊണ്ട് അവിടുന്ന് അരുളിച്ചെയ്യുന്നു: ഞാന്‍ നിനക്കു അനര്‍ഥം വരുത്തും; ഞാന്‍ നിന്നെയും പ്രായഭേദം കൂടാതെ നിന്‍റെ കുടുംബത്തിലുള്ള സകല പുരുഷസന്താനങ്ങളെയും ഇസ്രായേലില്‍നിന്നു നീക്കിക്കളയും. ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച് നീ എന്നെ പ്രകോപിപ്പിച്ചിരിക്കുന്നതിനാല്‍ നിന്‍റെ ഭവനത്തെ നെബാത്തിന്‍റെ മകന്‍ യെരോബെയാമിന്‍റെയും അഹീയായുടെ മകന്‍ ബയെശയുടെയും ഭവനങ്ങള്‍പോലെ ആക്കിത്തീര്‍ക്കും. ജെസ്രീല്‍ പട്ടണത്തില്‍വച്ചു നായ്‍ക്കള്‍ ഈസേബെലിന്‍റെ ശരീരം തിന്നുകളയും എന്ന് ഈസേബെലിനെക്കുറിച്ച് സര്‍വേശ്വരന്‍ അരുളിച്ചെയ്തു. നിന്‍റെ ചാര്‍ച്ചക്കാരില്‍ പട്ടണത്തില്‍വച്ചു മരിക്കുന്നവരുടെ ശരീരം നായ്‍ക്കള്‍ തിന്നും; വിജനപ്രദേശത്തുവച്ചു മരിക്കുന്നവരുടെ ശരീരം പറവകള്‍ക്ക് ഇരയാകും.” സര്‍വേശ്വരന്‍റെ സന്നിധിയില്‍ തിന്മകള്‍ പ്രവര്‍ത്തിക്കുന്നതിന് ആഹാബിനെപ്പോലെ സ്വയം വിലയ്‍ക്കു നല്‌കിയ മറ്റൊരാള്‍ ഉണ്ടായിട്ടില്ല. ഈസേബെലിന്‍റെ ദുഷ്പ്രേരണ കൊണ്ടായിരുന്നു അങ്ങനെ ചെയ്തത്. ഇസ്രായേലിന്‍റെ മുമ്പില്‍നിന്നു സര്‍വേശ്വരന്‍ നീക്കിക്കളഞ്ഞ അമോര്യരെപ്പോലെ അയാള്‍ വിഗ്രഹങ്ങളെ ആരാധിച്ചു; അങ്ങനെ വലിയ മ്ലേച്ഛത പ്രവര്‍ത്തിച്ചു. പ്രവാചകന്‍റെ വാക്കുകള്‍ കേട്ട് ആഹാബ് വസ്ത്രം കീറി; ചാക്കുതുണി ധരിച്ചു; ഉപവസിച്ച് ചാക്കുതുണി വിരിച്ചു കിടന്നു. പിന്നീട് മ്ലാനവദനനായി നടന്നു. അപ്പോള്‍ സര്‍വേശ്വരന്‍ തിശ്ബ്യനായ ഏലിയായോടു അരുളിച്ചെയ്തു; “ആഹാബ് എന്‍റെ മുമ്പില്‍ സ്വയം വിനയപ്പെടുത്തിയതു കണ്ടില്ലേ? അവന്‍ അങ്ങനെ പ്രവര്‍ത്തിച്ചതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ച അനര്‍ഥം അവന്‍റെ ജീവിതകാലത്തു വരുത്തുകയില്ല; അവന്‍റെ പുത്രന്‍റെ കാലത്ത് അവന്‍റെ കുടുംബത്തില്‍ അതു സംഭവിക്കും.” സിറിയായും ഇസ്രായേലും യുദ്ധം കൂടാതെ മൂന്നു വര്‍ഷക്കാലം കഴിച്ചുകൂട്ടി. മൂന്നാം വര്‍ഷം യെഹൂദാരാജാവായ യെഹോശാഫാത്ത് ഇസ്രായേല്‍രാജാവിനെ സന്ദര്‍ശിച്ചു. ഇസ്രായേല്‍രാജാവ് തന്‍റെ സേവകരോടു പറഞ്ഞു: “സിറിയാരാജാവില്‍നിന്നും ഗിലെയാദിലെ രാമോത്ത് പിടിച്ചടക്കാന്‍ നാം എന്തിനു മടിക്കണം? അതു നമ്മുടേതല്ലേ.” ആഹാബ് യെഹോശാഫാത്തിനോടു ചോദിച്ചു: “ഗിലെയാദിലെ രാമോത്ത് പിടിച്ചടക്കുന്നതിന് എന്‍റെ കൂടെ നിങ്ങള്‍ വരുമോ?” അതിനു യെഹോശാഫാത്ത് പറഞ്ഞു: “ഞാനും എന്‍റെ സൈന്യവും എന്‍റെ കുതിരകളും സ്വന്തം എന്നപോലെ അങ്ങയോടു ചേര്‍ന്നു യുദ്ധം ചെയ്യാന്‍ ഒരുക്കമാണ്; എന്നാല്‍ ആദ്യമായി നമുക്ക് സര്‍വേശ്വരന്‍റെ ഹിതം അന്വേഷിക്കാം.” ഇസ്രായേല്‍രാജാവ് നാനൂറോളം പ്രവാചകന്മാരെ വിളിച്ചുകൂട്ടി അവരോടു ചോദിച്ചു: “ഗിലെയാദിലെ രാമോത്ത് കൈവശപ്പെടുത്താന്‍ ഞാന്‍ പോകണമോ വേണ്ടയോ?” “പോകുക, സര്‍വേശ്വരന്‍ അത് അങ്ങയുടെ കൈയില്‍ ഏല്പിക്കും” അവര്‍ പ്രതിവചിച്ചു. “സര്‍വേശ്വരന്‍റെ ഹിതം ആരായാന്‍ അവിടുത്തെ പ്രവാചകന്മാരില്‍ ഇനിയും ആരുമില്ലേ” യെഹോശാഫാത്ത് ചോദിച്ചു. ഇസ്രായേല്‍രാജാവു പറഞ്ഞു; ഇംലായുടെ പുത്രന്‍ മീഖായാ എന്നൊരാള്‍ കൂടിയുണ്ട്; എനിക്കെതിരായല്ലാതെ അനുകൂലമായി ഒന്നും അയാള്‍ പറയുകയില്ല; അതുകൊണ്ട് ഞാന്‍ അയാളെ വെറുക്കുന്നു.” “അങ്ങനെ പറയരുതേ” എന്നു യെഹോശാഫാത്ത് പറഞ്ഞു. ഇംലായുടെ മകന്‍ മീഖായായെ ഉടനെ കൂട്ടിക്കൊണ്ടു വരാന്‍ ഇസ്രായേല്‍രാജാവ് ഭൃത്യനെ അയച്ചു. ഇസ്രായേല്‍രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രങ്ങളണിഞ്ഞ് ശമര്യയുടെ പടിവാതില്‌ക്കലുള്ള മെതിസ്ഥലത്ത് തങ്ങളുടെ സിംഹാസനങ്ങളില്‍ ഇരിക്കുകയായിരുന്നു. പ്രവാചകന്മാരെല്ലാം അവരുടെ മുമ്പില്‍ പ്രവചിച്ചുകൊണ്ടിരുന്നു. കെനാനയുടെ പുത്രന്‍ സിദെക്കിയാ ഇരുമ്പുകൊണ്ടു തനിക്കു കൊമ്പുകള്‍ നിര്‍മ്മിച്ചിട്ടു പറഞ്ഞു: “സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. സിറിയാക്കാര്‍ പൂര്‍ണമായി നശിക്കുന്നതുവരെ നീ ഇവകൊണ്ട് അവരെ കുത്തിപ്പിളര്‍ക്കും.” മറ്റു പ്രവാചകന്മാരും അങ്ങനെതന്നെ പ്രവചിച്ചു. “ഗിലെയാദിലെ രാമോത്തിലേക്കു പോയി വിജയം വരിക്കുക; സര്‍വേശ്വരന്‍ അങ്ങയെ അത് ഏല്പിക്കും.” മീഖായായെ വിളിക്കാന്‍ പോയിരുന്ന ദൂതന്‍ അദ്ദേഹത്തോടു പറഞ്ഞു: “പ്രവാചകന്മാരെല്ലാം ഏകസ്വരത്തില്‍ രാജാവിനനുകൂലമായി പ്രവചിച്ചിരിക്കുകയാണ്; താങ്കളും അവരില്‍ ഒരുവനെപ്പോലെ പറയണം.” മീഖായാ പറഞ്ഞു: “ജീവിക്കുന്ന സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ പറയുന്നു; അവിടുന്ന് അരുളിച്ചെയ്യുന്നതേ ഞാന്‍ പറയൂ.” അയാള്‍ രാജസന്നിധിയില്‍ എത്തിയപ്പോള്‍ രാജാവു ചോദിച്ചു: “മീഖായായേ, ഞങ്ങള്‍ ഗിലെയാദിലെ രാമോത്തില്‍ യുദ്ധം ചെയ്യാന്‍ പോകണമോ വേണ്ടയോ, പറയൂ.” മീഖായാ പറഞ്ഞു: “പുറപ്പെടുക, നിങ്ങള്‍ വിജയം കൈവരിക്കും; സര്‍വേശ്വരന്‍ അങ്ങേക്ക് വിജയം നല്‌കും.” ആഹാബ് മീഖായായോടു പറഞ്ഞു: “സര്‍വേശ്വരന്‍റെ നാമത്തില്‍ സംസാരിക്കുമ്പോള്‍ സത്യമേ പറയാവൂ എന്ന് എത്ര തവണ ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.” ഇതു കേട്ട് മീഖായാ പറഞ്ഞു: “ഇസ്രായേല്‍ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ മലകളില്‍ ചിതറിക്കിടക്കുന്നതു ഞാന്‍ കാണുന്നു. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഇവര്‍ക്കു നേതാവില്ല, ഇവര്‍ സ്വഭവനങ്ങളിലേക്കു സമാധാനത്തോടെ പോകട്ടെ.” ഇസ്രായേല്‍രാജാവ് യെഹോശാഫാത്തിനോടു പറഞ്ഞു: “ഇവന്‍ എന്നെക്കുറിച്ചു തിന്മയല്ലാതെ നന്മയായി ഒന്നും പ്രവചിക്കുകയില്ല. എന്നു ഞാന്‍ പറഞ്ഞില്ലേ?” മീഖായാ തുടര്‍ന്നു പറഞ്ഞു: “സര്‍വേശ്വരന്‍ സ്വര്‍ഗത്തില്‍ അവിടുത്തെ സിംഹാസനത്തിലിരിക്കുന്നതു ഞാന്‍ കണ്ടു; മാലാഖമാര്‍ ഇരുവശത്തും നില്‌ക്കുന്നുണ്ടായിരുന്നു.” “ആഹാബ് രാമോത്തില്‍ പോയി അവിടെവച്ച് വധിക്കപ്പെടാന്‍ തക്കവിധം ആര് അവനെ വശീകരിക്കും” എന്ന് അവിടുന്നു ചോദിച്ചു. അവര്‍ ഓരോരുത്തരും ഓരോ മറുപടി നല്‌കി. ഒരു ആത്മാവ് മുമ്പോട്ടുവന്ന് “ഞാന്‍ അവനെ വശീകരിക്കും” എന്നു പറഞ്ഞു. എങ്ങനെയെന്നു സര്‍വേശ്വരന്‍ ചോദിച്ചു. അപ്പോള്‍ ആത്മാവു പറഞ്ഞു: “ഞാന്‍ പോയി ആഹാബിന്‍റെ സകല പ്രവാചകന്മാരെയുംകൊണ്ടു നുണ പറയിക്കും.” “അങ്ങനെ ചെയ്യിക്കുക, നീ വിജയിക്കും” എന്നു സര്‍വേശ്വരന്‍ പറഞ്ഞു. മീഖായാ പറഞ്ഞു: “വ്യാജം പറയുന്ന ആത്മാവിനെ അവിടുന്ന് ഈ പ്രവാചകന്മാര്‍ക്കു നല്‌കിയിരിക്കുന്നു; അങ്ങേക്ക് അനര്‍ഥം വരുത്താന്‍ സര്‍വേശ്വരന്‍ നിശ്ചയിച്ചിരിക്കുന്നു.” ഉടന്‍തന്നെ കെനാനയുടെ പുത്രനായ സിദെക്കിയാ അടുത്തുചെന്നു മീഖായായുടെ ചെകിട്ടത്ത് അടിച്ചു: “സര്‍വേശ്വരന്‍റെ ആത്മാവ് നിന്നോടു സംസാരിക്കാന്‍ തക്കവിധം എങ്ങനെയാണ് എന്നെ വിട്ടുപോയത്” എന്നു സിദെക്കിയാ ചോദിച്ചു. “ഒളിച്ചിരിക്കാന്‍ ഏതെങ്കിലും ഉള്ളറയില്‍ പ്രവേശിക്കുന്ന ദിവസം നീ അതു മനസ്സിലാക്കും” എന്നു മീഖായാ പ്രതിവചിച്ചു. ആഹാബ്‍രാജാവ് കല്പിച്ചു: “മീഖായായെ പിടിച്ചു നഗരാധിപനായ ആമോന്‍റെയും രാജകുമാരനായ യോവാശിന്‍റെയും അടുക്കല്‍ കൊണ്ടുചെല്ലുക; ഞാന്‍ സുരക്ഷിതനായി മടങ്ങിവരുന്നതുവരെ വളരെക്കുറച്ച് അപ്പവും വെള്ളവും നല്‌കി അവനെ കാരാഗൃഹത്തില്‍ സൂക്ഷിക്കുക.” മീഖായാ പ്രതിവചിച്ചു: “അങ്ങ് സുരക്ഷിതനായി മടങ്ങിവന്നാല്‍ സര്‍വേശ്വരന്‍ എന്നിലൂടെ സംസാരിച്ചിട്ടില്ല എന്നതു സ്പഷ്ടം; ഞാന്‍ പറഞ്ഞതു എല്ലാവരും കേട്ടല്ലോ?” ഇസ്രായേല്‍രാജാവായ ആഹാബും യെഹൂദാരാജാവായ യെഹോശാഫാത്തും കൂടി ഗിലെയാദിലെ രാമോത്തിലേക്കു പോയി. ഇസ്രായേല്‍രാജാവ് യെഹോശാഫാത്തിനോടു പറഞ്ഞു: “ഞാന്‍ വേഷം മാറി യുദ്ധക്കളത്തിലേക്കു പോകാം. അങ്ങു രാജവസ്ത്രം ധരിച്ചു കൊള്ളുക.” അങ്ങനെ ഇസ്രായേല്‍രാജാവു വേഷം മാറി പടക്കളത്തിലേക്കു പോയി. ഇസ്രായേല്‍രാജാവിനോടല്ലാതെ വലിയവനോ ചെറിയവനോ ആയ മറ്റാരോടും യുദ്ധം ചെയ്യരുതെന്നു സിറിയാരാജാവു തന്‍റെ മുപ്പത്തിരണ്ടു രഥനായകന്മാരോടും കല്പിച്ചിരുന്നു. അവര്‍ യെഹോശാഫാത്തിനെ കണ്ടപ്പോള്‍ “ഇത് ഇസ്രായേല്‍രാജാവു തന്നെ” എന്നു പറഞ്ഞ് അയാളെ ആക്രമിച്ചു. യെഹോശാഫാത്ത് ഉറക്കെ നിലവിളിച്ചു; അയാള്‍ ഇസ്രായേല്‍ രാജാവല്ല എന്നു മനസ്സിലാക്കിയപ്പോള്‍ രഥനായകന്മാര്‍ അയാളെ ആക്രമിക്കാതെ പിന്തിരിഞ്ഞു. ഒരു പടയാളി അവിചാരിതമായി എയ്ത അമ്പ് ഇസ്രായേല്‍രാജാവിന്‍റെ പടച്ചട്ടയുടെയും കവചത്തിന്‍റെയും ഇടയില്‍ക്കൂടി തുളച്ചുകയറി. രാജാവ് തന്‍റെ സാരഥിയോടു പറഞ്ഞു: “എനിക്കു മുറിവ് ഏറ്റിരിക്കുന്നു; രഥം പിന്തിരിച്ച് എന്നെ പടക്കളത്തില്‍നിന്നു കൊണ്ടുപോകുക.” ഘോരയുദ്ധമാണ് അന്നു നടന്നത്; രാജാവിനെ സിറിയാക്കാര്‍ക്കു നേരെ രഥത്തില്‍ നിവര്‍ത്തിയിരുത്തി; രക്തം രഥത്തിനടിയിലൂടെ ധാരധാരയായി ഒഴുകി; വൈകുന്നേരമായപ്പോള്‍ ആഹാബ് മരിച്ചു. സന്ധ്യയോടടുത്തപ്പോള്‍ ഓരോരുത്തനും അവന്‍റെ പട്ടണത്തിലേക്കോ ദേശത്തേക്കോ മടങ്ങിക്കൊള്ളട്ടെ എന്ന കല്പന മുഴങ്ങിക്കേട്ടു. ആഹാബ്‍രാജാവു മരിച്ചു; മൃതശരീരം ശമര്യയില്‍ കൊണ്ടുവന്നു സംസ്കരിച്ചു. രഥം ശമര്യയിലെ കുളത്തില്‍ കൊണ്ടുവന്നു കഴുകിയപ്പോള്‍ സര്‍വേശ്വരന്‍ കല്പിച്ചിരുന്നതുപോലെ നായ്‍ക്കള്‍ രാജാവിന്‍റെ രക്തം നക്കിക്കുടിച്ചു; വേശ്യാസ്‍ത്രീകള്‍ ആ വെള്ളത്തില്‍ കുളിക്കുകയും ചെയ്തു. ആഹാബിന്‍റെ മറ്റു പ്രവര്‍ത്തനങ്ങള്‍ ദന്തഹര്‍മ്യം പണിയിച്ചതും, പട്ടണങ്ങള്‍ സ്ഥാപിച്ചതുമെല്ലാം ഇസ്രായേല്‍ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്; ആഹാബിന്‍റെ മരണശേഷം പുത്രന്‍ അഹസ്യാ രാജ്യഭാരമേറ്റു. ഇസ്രായേല്‍രാജാവായ ആഹാബിന്‍റെ നാലാം ഭരണവര്‍ഷം ആസായുടെ പുത്രന്‍ യെഹോശാഫാത്ത് യെഹൂദ്യയിലെ രാജാവായി. അപ്പോള്‍ അയാള്‍ക്കു മുപ്പത്തിയഞ്ചു വയസ്സായിരുന്നു. ഇരുപത്തിയഞ്ചു വര്‍ഷം യെരൂശലേമില്‍ അയാള്‍ ഭരണം നടത്തി. ശില്‍ഹിയുടെ മകള്‍ അസൂബാ ആയിരുന്നു അയാളുടെ മാതാവ്; പിതാവായ ആസായെപ്പോലെ സര്‍വേശ്വരനു പ്രീതികരമായവിധം അയാള്‍ ജീവിച്ചു; എങ്കിലും പൂജാഗിരികള്‍ ദേശത്തുനിന്നു നീക്കിയില്ല. ജനം അവിടെ പൂജയും ധൂപാര്‍പ്പണവും നടത്തിവന്നു; യെഹോശാഫാത്ത് ഇസ്രായേല്‍രാജാവുമായി സമാധാനബന്ധം പുലര്‍ത്തി. യെഹോശാഫാത്തിന്‍റെ മറ്റു പ്രവര്‍ത്തനങ്ങളും വീരകൃത്യങ്ങളും അദ്ദേഹം ചെയ്തിട്ടുള്ള യുദ്ധങ്ങളുമെല്ലാം യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്‍റെ പിതാവായ ആസായുടെ കാലത്ത് വിജാതീയാരാധനകളോടു ബന്ധപ്പെട്ടു തുടര്‍ന്നുപോന്ന പുരുഷവേശ്യാസമ്പ്രദായം അദ്ദേഹം അവസാനിപ്പിച്ചു. അക്കാലത്ത് എദോമിന് ഒരു രാജാവില്ലായിരുന്നു. ഒരു പ്രവിശ്യാധിപനാണു പകരം രാജസ്ഥാനം വഹിച്ചിരുന്നത്. ഓഫീര്‍ദേശത്തുനിന്ന് സ്വര്‍ണം കൊണ്ടുവരുന്നതിനു യെഹോശാഫാത്ത് തര്‍ശ്ശീശ് കപ്പലുകള്‍ നിര്‍മ്മിച്ചു. എങ്കിലും എസ്യോന്‍-ഗേബെരില്‍ വച്ച് തകര്‍ന്നുപോയതുകൊണ്ട് അവയ്‍ക്കു മുമ്പോട്ടു പോകാന്‍ കഴിഞ്ഞില്ല. അപ്പോള്‍ ആഹാബിന്‍റെ പുത്രന്‍ അഹസ്യായ്‍ക്ക് തന്‍റെ ദാസന്മാരെ യെഹോശാഫാത്തിന്‍റെ ദാസന്മാരുടെ കൂടെ അയയ്‍ക്കാന്‍ ഒരുക്കമായിരുന്നു; എങ്കിലും യെഹോശാഫാത്ത് അതു സമ്മതിച്ചില്ല. യെഹോശാഫാത്ത് മരിച്ചു തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു. ദാവീദിന്‍റെ നഗരത്തിലുള്ള പിതാക്കന്മാരുടെ കല്ലറയില്‍ അദ്ദേഹത്തെ സംസ്കരിച്ചു; അദ്ദേഹത്തിന്‍റെ പുത്രന്‍ യെഹോരാം പകരം രാജാവായി. യെഹൂദാരാജാവായ യെഹോശാഫാത്തിന്‍റെ പതിനേഴാം ഭരണവര്‍ഷം ആഹാബിന്‍റെ പുത്രന്‍ അഹസ്യാ ശമര്യയില്‍ ഭരണഭാരം ഏറ്റു; രണ്ടു വര്‍ഷം അദ്ദേഹം ഭരിച്ചു. ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ചവനും നെബാത്തിന്‍റെ പുത്രനുമായ യെരോബെയാമിന്‍റെയും തന്‍റെ മാതാപിതാക്കന്മാരുടെയും മാര്‍ഗത്തില്‍ നടന്ന് സര്‍വേശ്വരന് അനിഷ്ടമായത് അയാള്‍ ചെയ്തു. ബാലിനെ അയാള്‍ ആരാധിച്ചു. തന്‍റെ പിതാവിനെപ്പോലെ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനെ എല്ലാ വിധത്തിലും അയാള്‍ പ്രകോപിപ്പിച്ചു. ആഹാബിന്‍റെ മരണശേഷം മോവാബ് ഇസ്രായേലിനു നേരെ കലാപം തുടങ്ങി. ശമര്യയില്‍ വച്ച് മാളികമുറിയുടെ ജാലകത്തിലൂടെ വീണ് അഹസ്യാരാജാവ് കിടപ്പിലായി. താന്‍ രക്ഷപെടുമോ എന്നറിയാന്‍ എക്രോനിലെ ദേവനായ ബാല്‍-സെബൂബിന്‍റെ അടുക്കല്‍ അയാള്‍ ദൂതന്മാരെ അയച്ചു. അപ്പോള്‍ സര്‍വേശ്വരന്‍റെ ദൂതന്‍ തിശ്ബ്യനായ ഏലിയായോടു കല്പിച്ചു: “ഇസ്രായേലില്‍ ദൈവം ഇല്ലാഞ്ഞിട്ടാണോ എക്രോനിലെ ദേവനായ ബാല്‍-സെബൂബിന്‍റെ അരുളപ്പാട് ചോദിക്കുന്നത്” എന്നു ശമര്യാരാജാവിന്‍റെ ദൂതന്മാരുടെ അടുക്കല്‍ ചെന്നു ചോദിക്കണം. “രോഗക്കിടക്കയില്‍നിന്നു നീ ഇനി എഴുന്നേല്‌ക്കുകയില്ല; നീ തീര്‍ച്ചയായും മരിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.” അവിടുന്നു കല്പിച്ചതുപോലെ ഏലിയാ ചെയ്തു. ദൂതന്മാര്‍ മടങ്ങി എത്തിയപ്പോള്‍ രാജാവ് ചോദിച്ചു: “എന്തുകൊണ്ട് നിങ്ങള്‍ ഇത്രവേഗം മടങ്ങിവന്നു?” അവര്‍ പറഞ്ഞു: “ഞങ്ങള്‍ വഴിയില്‍വച്ച് ഒരാളെ കണ്ടുമുട്ടി; രാജാവിനോട് ഇങ്ങനെ പറയുക എന്നയാള്‍ പറഞ്ഞു. ‘ഇസ്രായേലില്‍ ദൈവം ഇല്ലാഞ്ഞിട്ടാണോ അങ്ങ് എക്രോനിലെ ദേവനായ ബാല്‍-സെബൂബിന്‍റെ അടുക്കല്‍ അരുളപ്പാട് ചോദിക്കാന്‍ ആളുകളെ അയച്ചത്?’ അതുകൊണ്ട് ഈ രോഗക്കിടക്കയില്‍നിന്ന് അങ്ങ് എഴുന്നേല്‌ക്കുകയില്ല; അങ്ങ് നിശ്ചയമായും മരിക്കും.” രാജാവ് അവരോടു ചോദിച്ചു: “നിങ്ങളെ ഈ കാര്യം അറിയിച്ച മനുഷ്യന്‍ എങ്ങനെയുള്ളവനായിരുന്നു?” അവര്‍ പറഞ്ഞു: “അയാള്‍ രോമവസ്ത്രവും അരയ്‍ക്കു തോല്‍വാറും ധരിച്ചിരുന്നു.” “അത് തിശ്ബ്യനായ ഏലിയാ തന്നെ” എന്നു രാജാവു പറഞ്ഞു. രാജാവ് ഒരു പടനായകനെ അയാളുടെ അമ്പതു പടയാളികളോടുകൂടെ ഏലിയായുടെ അടുക്കലേക്ക് അയച്ചു. അവര്‍ ചെന്നപ്പോള്‍ ഏലിയാ മലമുകളില്‍ ഇരിക്കുകയായിരുന്നു. പടനായകന്‍ ഏലിയായോടു പറഞ്ഞു: “ദൈവപുരുഷാ, ഇറങ്ങിവരിക എന്നു രാജാവു കല്പിക്കുന്നു.” ഏലിയാ പ്രതിവചിച്ചു: “ഞാന്‍ ദൈവപുരുഷനാണെങ്കില്‍ ആകാശത്തുനിന്ന് അഗ്നിയിറങ്ങി നിന്നെയും നിന്‍റെ കൂടെയുള്ള അമ്പതു പേരെയും ദഹിപ്പിച്ചു കളയട്ടെ.” തല്‍ക്ഷണം അഗ്നിയിറങ്ങി പടനായകനെയും അവനോടൊപ്പം ഉണ്ടായിരുന്നവരെയും ദഹിപ്പിച്ചുകളഞ്ഞു. വീണ്ടും രാജാവ് അമ്പതു പേരെ മറ്റൊരു പടനായകനോടൊപ്പം ഏലിയായുടെ അടുക്കലേക്ക് അയച്ചു; അയാളും ഏലിയായോട്: “ദൈവപുരുഷാ, വേഗം ഇറങ്ങിവരാന്‍ രാജാവ് കല്പിക്കുന്നു” എന്നു പറഞ്ഞു. ഏലിയാ പ്രതിവചിച്ചു: “ഞാന്‍ ദൈവപുരുഷനാണെങ്കില്‍ ആകാശത്തുനിന്ന് അഗ്നിയിറങ്ങി നിന്നെയും കൂടെയുള്ള അമ്പതുപേരെയും ദഹിപ്പിച്ചുകളയട്ടെ.” ഉടനെ അഗ്നിയിറങ്ങി പടനായകനെയും കൂടെയുള്ളവരെയും ദഹിപ്പിച്ചു. രാജാവ് മൂന്നാമതും മറ്റൊരു പടനായകനെ അമ്പതു പേരോടുകൂടി അയച്ചു. അയാള്‍ ഏലിയായുടെ മുമ്പില്‍ മുട്ടുകുത്തി അപേക്ഷിച്ചു: “ദൈവപുരുഷാ, എന്‍റെയും അങ്ങയുടെ ദാസന്മാരായ ഈ അമ്പതു പേരുടെയും ജീവനെ അങ്ങ് വിലയുള്ളതായി കാണണമേ. എനിക്കുമുമ്പേ വന്ന രണ്ടു സൈന്യാധിപന്മാരെയും കൂടെയുണ്ടായിരുന്നവരെയും ആകാശത്തുനിന്ന് അഗ്നിയിറങ്ങി ദഹിപ്പിച്ചുകളഞ്ഞു. എന്നാല്‍ എന്‍റെ ജീവനെ അങ്ങ് വിലയുള്ളതായി ഗണിക്കണമേ. അപ്പോള്‍ സര്‍വേശ്വരന്‍റെ ദൂതന്‍ ഏലിയായോടു പറഞ്ഞു: “ഇറങ്ങി അവന്‍റെ കൂടെ ചെല്ലുക; നീ അവനെ ഭയപ്പെടേണ്ടാ.” ഏലിയാ അയാളുടെ കൂടെ രാജാവിന്‍റെ അടുക്കല്‍ ചെന്നു. ഏലിയാ രാജാവിനോടു പറഞ്ഞു: “സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: എക്രോനിലെ ദേവനായ ബാല്‍-സെബൂബിന്‍റെ അടുക്കല്‍ നീ ദൂതന്മാരെ അയച്ചത് എന്ത്? അരുളപ്പാടു ചോദിക്കാന്‍ ഇസ്രായേലില്‍ ദൈവം ഇല്ലാഞ്ഞിട്ടായിരുന്നോ? അതുകൊണ്ട് നീ രോഗക്കിടക്കയില്‍നിന്ന് എഴുന്നേല്‌ക്കുകയില്ല; നീ നിശ്ചയമായും മരിക്കും.” ഏലിയായിലൂടെ സര്‍വേശ്വരന്‍ അരുളിച്ചെയ്തതുപോലെ അഹസ്യാ മരിച്ചു; അഹസ്യായ്‍ക്ക് പുത്രന്മാരില്ലാതിരുന്നതുകൊണ്ട് അദ്ദേഹത്തിന്‍റെ സഹോദരന്‍ യെഹോരാം രാജാവായി. യെഹൂദാരാജാവും യെഹോശാഫാത്തിന്‍റെ പുത്രനുമായ യെഹോരാമിന്‍റെ രണ്ടാം ഭരണവര്‍ഷത്തിലാണ് അദ്ദേഹം ഭരണം ആരംഭിച്ചത്. അഹസ്യായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍വേശ്വരന്‍ ഒരു ചുഴലിക്കാറ്റിലൂടെ ഏലിയായെ സ്വര്‍ഗത്തിലേക്ക് എടുക്കാന്‍ സമയമായി. ഏലിയായും എലീശയും ഗില്ഗാലില്‍നിന്നു യാത്ര ചെയ്യുകയായിരുന്നു. ഏലിയാ എലീശയോടു പറഞ്ഞു: “നീ ഇവിടെ താമസിക്കുക; ബേഥേലിലേക്കു പോകാന്‍ സര്‍വേശ്വരന്‍ എന്നോടു കല്പിച്ചിരിക്കുന്നു.” എലീശ പറഞ്ഞു: “ജീവിക്കുന്ന സര്‍വേശ്വരനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു: ഞാന്‍ അങ്ങയെ വിട്ടുപോകുകയില്ല.” അങ്ങനെ അവര്‍ ബേഥേലിലേക്കു പോയി. ബേഥേലിലുണ്ടായിരുന്ന പ്രവാചകഗണത്തില്‍പ്പെട്ടവര്‍ എലീശായോടു ചോദിച്ചു: “സര്‍വേശ്വരന്‍ ഇന്നുതന്നെ അങ്ങയുടെ അടുക്കല്‍നിന്ന് അങ്ങയുടെ യജമാനനെ എടുക്കാന്‍ പോകുന്ന വിവരം അങ്ങേക്കറിയാമോ?” അദ്ദേഹം പറഞ്ഞു: “എനിക്കറിയാം, നിങ്ങള്‍ നിശ്ശബ്ദരായിരിക്കൂ.” ഏലിയാ എലീശയോടു പറഞ്ഞു: “നീ ഇവിടെ താമസിക്കുക; യെരീഹോവിലേക്കു പോകാന്‍ സര്‍വേശ്വരന്‍ എന്നോടു കല്പിച്ചിരിക്കുന്നു. “അപ്പോള്‍ എലീശ പറഞ്ഞു: “സര്‍വേശ്വരനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു. അങ്ങയെ വിട്ടു ഞാന്‍ പോകുകയില്ല.” അങ്ങനെ അവര്‍ യെരീഹോവിലെത്തി. അവിടെ ഉണ്ടായിരുന്ന പ്രവാചകഗണത്തില്‍പ്പെട്ടവര്‍ എലീശയോടു ചോദിച്ചു: “സര്‍വേശ്വരന്‍ ഇന്നുതന്നെ അങ്ങയുടെ യജമാനനെ അങ്ങയുടെ അടുക്കല്‍നിന്ന് എടുക്കാന്‍ പോകുന്ന വിവരം അങ്ങേക്കറിയാമോ.” എലീശ പ്രതിവചിച്ചു: “എനിക്കറിയാം, നിങ്ങള്‍ നിശ്ശബ്ദരായിരിക്കുവിന്‍.” ഏലിയാ എലീശയോടു വീണ്ടും പറഞ്ഞു: “നീ ഇവിടെ താമസിച്ചുകൊള്ളുക. സര്‍വേശ്വരന്‍ എന്നോട് യോര്‍ദ്ദാനിലേക്കു പോകാന്‍ കല്പിച്ചിരിക്കുന്നു.” എലീശ പറഞ്ഞു: “ജീവിക്കുന്ന സര്‍വേശ്വരനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു: ഞാന്‍ അങ്ങയെ വിട്ടുപോകുകയില്ല.” അങ്ങനെ അവര്‍ ഇരുവരും യാത്ര തുടര്‍ന്നു. അവര്‍ യോര്‍ദ്ദാന്‍നദിയുടെ അരികില്‍ എത്തിയപ്പോള്‍ പ്രവാചകഗണത്തില്‍പ്പെട്ട അമ്പതുപേര്‍ വന്ന് അല്പം അകലെ മാറിനിന്നു. ഏലിയാ മേലങ്കിയെടുത്തു ചുരുട്ടി വെള്ളത്തില്‍ അടിച്ചു; വെള്ളം ഇരുവശത്തേക്കും മാറി; അവര്‍ ഉണങ്ങിയ നിലത്തുകൂടി കടന്നു മറുകര എത്തി. അവിടെ എത്തിയപ്പോള്‍ ഏലിയാ എലീശയോടു ചോദിച്ചു: “ഞാന്‍ നിന്നില്‍നിന്ന് എടുക്കപ്പെടുന്നതിനുമുമ്പ് ഞാന്‍ എന്താണ് നിനക്ക് ചെയ്തുതരേണ്ടത്.” എലീശ പറഞ്ഞു: “അങ്ങയുടെ ചൈതന്യത്തിന്‍റെ ഇരട്ടി അവകാശം എനിക്കു ലഭിക്കട്ടെ.” ഏലിയാ പറഞ്ഞു: “നീ ചോദിച്ചതു ദുഷ്കരമായ കാര്യമാണ്; എങ്കിലും ഞാന്‍ നിന്നില്‍നിന്ന് എടുക്കപ്പെടുന്നത് നീ കാണുകയാണെങ്കില്‍ അതു നിനക്കു ലഭിക്കും; കാണുന്നില്ലെങ്കില്‍ അതു ലഭിക്കുകയില്ല.” അവര്‍ സംസാരിച്ചുകൊണ്ട് വീണ്ടും നടന്നു. തത്സമയം ഒരു അഗ്നിത്തേരും അഗ്നിക്കുതിരകളും അവരെ തമ്മില്‍ വേര്‍പെടുത്തി. ഏലിയാ ഒരു ചുഴലിക്കാറ്റില്‍ ആകാശത്തിലേക്ക് എടുക്കപ്പെട്ടു. എലീശ അതുകണ്ടു. “എന്‍റെ പിതാവേ, എന്‍റെ പിതാവേ, ഇസ്രായേലിന്‍റെ തേരുകളും തേരാളികളുമേ” എന്നു നിലവിളിച്ചു പറഞ്ഞു. പിന്നെ അദ്ദേഹം ഏലിയായെ കണ്ടില്ല. എലീശ തന്‍റെ വസ്ത്രം രണ്ടായി കീറി. ഏലിയായില്‍നിന്നു താഴെ വീണ മേലങ്കി എലീശാ എടുത്തുകൊണ്ട് യോര്‍ദ്ദാന്‍നദിയുടെ തീരത്തു വന്നു. ഏലിയായുടെ ദൈവമായ സര്‍വേശ്വരന്‍ എവിടെ എന്നു പറഞ്ഞ് ആ മേലങ്കികൊണ്ട് അദ്ദേഹം വെള്ളത്തില്‍ അടിച്ചു; വെള്ളം ഇരുവശത്തേക്കും മാറി; എലീശ നദി കടക്കുകയും ചെയ്തു. യെരീഹോവില്‍നിന്നുള്ള അമ്പതു പ്രവാചകന്മാരും അദ്ദേഹത്തെ കണ്ടപ്പോള്‍ ഏലിയായുടെ ചൈതന്യം അദ്ദേഹത്തില്‍ കുടികൊള്ളുന്നു” എന്നു പറഞ്ഞു. അവര്‍ ചെന്ന് അദ്ദേഹത്തെ സ്വീകരിച്ച് അദ്ദേഹത്തിന്‍റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു. അവര്‍ പറഞ്ഞു: “ബലശാലികളായ അമ്പതു പേര്‍ ഞങ്ങളുടെ കൂടെ ഉണ്ട്. അങ്ങയുടെ യജമാനനെ അന്വേഷിച്ചുപോകാന്‍ അവരെ അനുവദിക്കണമേ. സര്‍വേശ്വരന്‍റെ ആത്മാവ് അദ്ദേഹത്തെ വല്ല മലയിലോ താഴ്വരയിലോ ഉപേക്ഷിച്ചിരിക്കും.” അപ്പോള്‍ എലീശ പറഞ്ഞു: “ആരെയും അയയ്‍ക്കേണ്ടാ.” അദ്ദേഹം അനുവാദം നല്‌കുന്നതുവരെ അവര്‍ നിര്‍ബന്ധിച്ചു. അങ്ങനെ അവര്‍ അമ്പതുപേരെ അയച്ചു; അവര്‍ മൂന്നു ദിവസം അന്വേഷിച്ചു നടന്നെങ്കിലും ഏലിയായെ കണ്ടെത്തിയില്ല. അവര്‍ മടങ്ങിവന്നു യെരീഹോവില്‍ പാര്‍ത്തിരുന്ന എലീശയെ കണ്ടു. “നിങ്ങള്‍ പോകേണ്ട എന്നു ഞാന്‍ പറഞ്ഞതല്ലേ?” എലീശ ചോദിച്ചു. യെരീഹോനിവാസികളില്‍ ചിലര്‍ എലീശയുടെ അടുക്കല്‍ വന്നു പറഞ്ഞു: “അങ്ങു കാണുന്നതുപോലെ മനോഹരമായ ഈ നഗരം പാര്‍ക്കാന്‍ പറ്റിയതാണ്. എന്നാല്‍ ഇവിടത്തെ വെള്ളം മലിനവും ദേശം ഫലശൂന്യവുമാണ്.” “ഒരു പുതിയ പാത്രം കൊണ്ടുവന്ന് അതില്‍ കുറെ ഉപ്പിടുക” എലീശ പറഞ്ഞു. അവര്‍ അങ്ങനെ ചെയ്തു. എലീശ നീരുറവിന്‍റെ അടുക്കല്‍ ചെന്ന് ഉപ്പ് അതില്‍ വിതറിക്കൊണ്ടു പറഞ്ഞു: “സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഞാന്‍ ഈ ജലം ശുദ്ധീകരിച്ചിരിക്കുന്നു; ഇനിയും ഇത് ആരുടെയും മരണത്തിനോ ഗര്‍ഭനാശത്തിനോ ഇടയാക്കുകയില്ല.” എലീശ പറഞ്ഞതുപോലെ ആ ജലം ഇപ്പോഴും ശുദ്ധമാണ്. എലീശ അവിടെനിന്നു ബേഥേലിലേക്കു പോയി. വഴിയില്‍വച്ചു പട്ടണത്തില്‍നിന്നു വന്ന ചില ബാലന്മാര്‍: “കഷണ്ടിത്തലയാ കയറിപ്പോകൂ, കയറിപ്പോകൂ” എന്നു വിളിച്ചു കൂവി അദ്ദേഹത്തെ പരിഹസിച്ചു. എലീശ തിരിഞ്ഞ് അവരെ നോക്കി. അദ്ദേഹം സര്‍വേശ്വരന്‍റെ നാമത്തില്‍ അവരെ ശപിച്ചു. പെട്ടെന്ന് കാട്ടില്‍നിന്ന് രണ്ട് പെണ്‍കരടികള്‍ ഇറങ്ങിവന്ന് നാല്പത്തിരണ്ടു ബാലന്മാരെ കടിച്ചുകീറിക്കളഞ്ഞു. എലീശ അവിടെനിന്നു മടങ്ങി കര്‍മ്മേല്‍പര്‍വതത്തിലേക്കും പിന്നീട് ശമര്യയിലേക്കും പോയി. യെഹൂദാരാജാവായ യെഹോശാഫാത്തിന്‍റെ പതിനെട്ടാം ഭരണവര്‍ഷം ശമര്യയില്‍ ആഹാബിന്‍റെ പുത്രനായ യെഹോരാം ഇസ്രായേലിന്‍റെ രാജാവായി; അയാള്‍ പന്ത്രണ്ടു വര്‍ഷം ഭരിച്ചു. യെഹോരാം സര്‍വേശ്വരന് അനിഷ്ടമായി പ്രവര്‍ത്തിച്ചു; എങ്കിലും തന്‍റെ മാതാപിതാക്കളെപ്പോലെ ദുഷ്ടത പ്രവര്‍ത്തിച്ചില്ല. പിതാവ് നിര്‍മ്മിച്ച ബാല്‍വിഗ്രഹം അയാള്‍ നീക്കിക്കളഞ്ഞു. എങ്കിലും ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്‍റെ മകനായ യെരോബെയാമിന്‍റെ വഴികളില്‍നിന്നു വിട്ടുമാറാതെ പാപപ്രവൃത്തികള്‍ ചെയ്തുപോന്നു. മോവാബുരാജാവായ മേശ ധാരാളം ആടുകളെ വളര്‍ത്തിയിരുന്നു. അയാള്‍ വര്‍ഷംതോറും ഇസ്രായേല്‍രാജാവിന് ഒരുലക്ഷം കുഞ്ഞാടുകളെയും ഒരുലക്ഷം മുട്ടാടുകളുടെ രോമവും കൊടുക്കേണ്ടിയിരുന്നു. ആഹാബിന്‍റെ മരണശേഷം മോവാബുരാജാവ് ഇസ്രായേല്‍രാജാവിനോട് കലഹിച്ചു. അപ്പോള്‍ യെഹോരാം രാജാവ് ശമര്യയില്‍നിന്നു വന്ന് ഇസ്രായേല്‍ജനത്തെയെല്ലാം ഒരുമിച്ചുകൂട്ടി. അയാള്‍ യെഹൂദാരാജാവായ യെഹോശാഫാത്തിന്‍റെ അടുക്കല്‍ ദൂതന്മാരെ അയച്ചു: “മോവാബ് രാജാവ് എന്നെ എതിര്‍ത്ത് കലാപം ഉണ്ടാക്കുന്നു. അയാളോടു യുദ്ധം ചെയ്യുന്നതിന് അങ്ങ് എന്‍റെകൂടെ പോരുമോ” എന്നു ചോദിച്ചു. “ഞാന്‍ അങ്ങയെപ്പോലെയും എന്‍റെ ജനം അങ്ങയുടെ ജനത്തെപ്പോലെയും എന്‍റെ കുതിരകള്‍ അങ്ങയുടെ കുതിരകളെപ്പോലെയും വര്‍ത്തിക്കും” എന്ന് യെഹോശാഫാത്ത് മറുപടി പറഞ്ഞു. “നാം ഏതുവഴി നീങ്ങണം” യെഹോശാഫാത്ത് ചോദിച്ചു; “എദോംമരുഭൂമിയിലൂടെ പോകാം” യെഹോരാം പറഞ്ഞു. അങ്ങനെ ഇസ്രായേല്‍രാജാവ് യെഹൂദാരാജാവിനോടും എദോംരാജാവിനോടും കൂടി പുറപ്പെട്ടു. വളഞ്ഞ പാതയിലൂടെ ഏഴു ദിവസത്തെ യാത്ര കഴിഞ്ഞപ്പോള്‍ അവര്‍ സംഭരിച്ചിരുന്ന വെള്ളം തീര്‍ന്നു. സൈനികര്‍ക്കും അവരെ അനുഗമിച്ച മൃഗങ്ങള്‍ക്കും കുടിക്കാന്‍ വെള്ളം ഇല്ലാതെയായി. അപ്പോള്‍ ഇസ്രായേല്‍രാജാവു പറഞ്ഞു: “കഷ്ടം! സര്‍വേശ്വരന്‍ ഈ മൂന്നുരാജാക്കന്മാരെയും വിളിച്ചുവരുത്തി മോവാബ്യരുടെ കൈയില്‍ ഏല്പിച്ചിരിക്കുന്നുവല്ലോ.” യെഹോശാഫാത്ത് ചോദിച്ചു: “സര്‍വേശ്വരന്‍റെ ഹിതം ആരായുന്നതിന് അവിടുത്തെ ഒരു പ്രവാചകനും ഇവിടെയില്ലേ?” ഇസ്രായേല്‍രാജാവിന്‍റെ ഒരു ഭൃത്യന്‍ പറഞ്ഞു: “ഏലിയായുടെ സഹായിയും ശാഫാത്തിന്‍റെ പുത്രനുമായ എലീശ എന്നൊരാള്‍ ഉണ്ട്.” യെഹോശാഫാത്ത് പറഞ്ഞു: “അദ്ദേഹം ഒരു യഥാര്‍ഥ പ്രവാചകന്‍തന്നെ.” അങ്ങനെ ഇസ്രായേല്‍രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും എദോംരാജാവും എലീശയുടെ അടുക്കല്‍ ചെന്നു. എലീശ ഇസ്രായേല്‍രാജാവിനാടു ചോദിച്ചു: “താങ്കള്‍ എന്തിന് എന്‍റെ അടുത്തു വന്നു? അങ്ങയുടെ മാതാപിതാക്കന്മാരുടെ പ്രവാചകന്മാരെ സമീപിക്കരുതോ” ഇസ്രായേല്‍രാജാവ് അദ്ദേഹത്തോടു പറഞ്ഞു: “അങ്ങനെയല്ല, ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കൈയില്‍ സര്‍വേശ്വരന്‍ ഏല്പിക്കാന്‍ പോകുന്നു.” എലീശ പറഞ്ഞു: “ഞാന്‍ ആരാധിക്കുന്ന സര്‍വശക്തനായ സര്‍വേശ്വരന്‍റെ നാമത്തില്‍ പറയുന്നു: യെഹൂദാരാജാവായ യെഹോശാഫാത്തിനോടുള്ള ബഹുമാനം കൊണ്ടാണ് ഞാന്‍ നിങ്ങളുടെ മുമ്പില്‍ നില്‌ക്കുന്നത്; അല്ലായിരുന്നെങ്കില്‍ ഞാന്‍ നിങ്ങളെ ശ്രദ്ധിക്കുകയോ നോക്കുകയോ പോലുമില്ലായിരുന്നു.” എലീശ തുടര്‍ന്നു പറഞ്ഞു: “ഏതായാലും ഒരു ഗായകനെ എന്‍റെ അടുക്കല്‍ കൊണ്ടുവരിക.” ഗായകന്‍ വന്നു പാടിയപ്പോള്‍ സര്‍വേശ്വരന്‍റെ ശക്തി എലീശയുടെമേല്‍ വന്നു. എലീശ പറഞ്ഞു: “സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ വരണ്ട അരുവിത്തടങ്ങള്‍ ജലംകൊണ്ടു നിറയും. കാറ്റോ മഴയോ ഇനി ഉണ്ടായില്ലെങ്കിലും അരുവിത്തടം ജലംകൊണ്ടു നിറഞ്ഞിരിക്കും; നീയും നിന്‍റെ കന്നുകാലികളും മറ്റു മൃഗങ്ങളും അവിടെനിന്നു വെള്ളം കുടിക്കും; ഇത് സര്‍വേശ്വരന് ഒരു നിസ്സാരകാര്യമാണ്. അവിടുന്നു മോവാബ്യരെ നിങ്ങളുടെ കൈയില്‍ ഏല്പിക്കും; കോട്ട കെട്ടി ഉറപ്പാക്കിയിട്ടുള്ള മനോഹരനഗരങ്ങള്‍ നിങ്ങള്‍ ആക്രമിക്കും. ഫലവൃക്ഷങ്ങള്‍ വെട്ടിവീഴ്ത്തും; നീരുറവുകളെല്ലാം അടച്ചുകളയും; നല്ല നിലങ്ങള്‍ കല്ലുകൊണ്ടു മൂടും.” അടുത്ത ദിവസം പ്രഭാതയാഗത്തിനു സമയമായപ്പോള്‍ എദോംദേശത്തുനിന്നു വെള്ളം വന്ന് അവിടെ നിറഞ്ഞു. രാജാക്കന്മാര്‍ തങ്ങളെ ആക്രമിക്കാന്‍ വന്നിരിക്കുന്നു എന്ന് അറിഞ്ഞ മോവാബ്യര്‍ പ്രായഭേദമെന്യേ ആയുധമെടുക്കുന്നതിനു പ്രാപ്തിയുള്ളവരെയെല്ലാം വിളിച്ചുകൂട്ടി; അവര്‍ അതിര്‍ത്തിയില്‍ അണിനിരന്നു. മോവാബ്യര്‍ രാവിലെ ഉണര്‍ന്നു നോക്കിയപ്പോള്‍ വെള്ളം രക്തംപോലെയിരിക്കുന്നതു കണ്ടു. അവര്‍ പറഞ്ഞു: “ഇതു രക്തം തന്നെയാണ്; ആ രാജാക്കന്മാര്‍ അന്യോന്യം യുദ്ധം ചെയ്ത് നശിച്ചിരിക്കുന്നു; നമുക്കു പോയി അവിടം കൊള്ളയടിക്കാം.” അങ്ങനെ അവര്‍ ഇസ്രായേല്യരുടെ പാളയത്തില്‍ എത്തി. തങ്ങളുടെ പാളയത്തില്‍ എത്തിയ മോവാബ്യരെ ഇസ്രായേല്യര്‍ ആക്രമിച്ച് ഓടിച്ചു; ഓടിപ്പോയവരെ അവര്‍ പിന്തുടര്‍ന്ന് വെട്ടിക്കൊന്നു. പട്ടണങ്ങള്‍ അവര്‍ തകര്‍ത്തു. നല്ല നിലങ്ങള്‍ കല്ലിട്ടു മൂടി; നീരുറവുകള്‍ അടച്ചു; ഫലവൃക്ഷങ്ങള്‍ വെട്ടിവീഴ്ത്തി; കീര്‍ഹരേശെത്ത് പട്ടണത്തിന്‍റെ കല്ലുകള്‍ മാത്രം ശേഷിച്ചു. കവിണക്കാര്‍ അവിടം വളഞ്ഞു; അതിനെ നശിപ്പിച്ചു. യുദ്ധം തനിക്ക് പ്രതികൂലമാണെന്നു മനസ്സിലാക്കിയ മോവാബ്‍രാജാവ് ആയുധധാരികളായ എഴുനൂറുപേരെ കൂട്ടിക്കൊണ്ട് എദോംരാജാവിന്‍റെ അണി മുറിച്ചു മുമ്പോട്ടു നീങ്ങാന്‍ ശ്രമം നടത്തി; എന്നാല്‍ അവര്‍ വിജയിച്ചില്ല. അപ്പോള്‍ മോവാബ്‍രാജാവ് കിരീടാവകാശിയായ തന്‍റെ ആദ്യജാതനെ മതിലിന്മേല്‍ ദഹനയാഗമായി അര്‍പ്പിച്ചു; ഇസ്രായേല്യര്‍ കൊടുംഭീതിയോടെ മോവാബ്‍രാജാവിനെ വിട്ടു പിന്‍വാങ്ങി സ്വന്തം നാട്ടിലേക്കു മടങ്ങി. പ്രവാചകഗണത്തില്‍പ്പെട്ട ഒരാളുടെ ഭാര്യ എലീശയുടെ അടുക്കല്‍ ചെന്നു കരഞ്ഞുകൊണ്ടു പറഞ്ഞു: “അങ്ങയുടെ ദാസനായ എന്‍റെ ഭര്‍ത്താവ് മരിച്ചുപോയി; അദ്ദേഹം ദൈവഭയമുള്ളവനായിരുന്നു എന്ന് അങ്ങേക്ക് അറിയാമല്ലോ. പക്ഷേ കടം നല്‌കിയിരുന്നവന്‍ എന്‍റെ രണ്ടു കുട്ടികളെയും അടിമകളാക്കാന്‍ വന്നിരിക്കുന്നു.” എലീശ അവളോടു ചോദിച്ചു: “ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണം? നിന്‍റെ വീട്ടില്‍ എന്തുണ്ട്?” “ഒരു ഭരണി എണ്ണയല്ലാതെ മറ്റൊന്നും ഈ ദാസിയുടെ വീട്ടില്‍ ഇല്ല” അവള്‍ പ്രതിവചിച്ചു. എലീശ പറഞ്ഞു: “നീ പോയി അയല്‍ക്കാരില്‍നിന്നു കുറെ ഒഴിഞ്ഞ പാത്രങ്ങള്‍ വായ്പ വാങ്ങുക. പിന്നീട് നീയും നിന്‍റെ പുത്രന്മാരും വീട്ടില്‍ പ്രവേശിച്ച് വാതില്‍ അടച്ച് പാത്രങ്ങളില്‍ എണ്ണ പകരണം; നിറയുന്ന പാത്രങ്ങള്‍ മാറ്റി വയ്‍ക്കണം.” അവള്‍ പോയി തന്‍റെ പുത്രന്മാരെയും കൂട്ടിക്കൊണ്ട് വീട്ടിനുള്ളില്‍ പ്രവേശിച്ച് വാതില്‍ അടച്ചു. അവര്‍ കൊണ്ടുവന്ന പാത്രങ്ങളില്‍ അവള്‍ എണ്ണ പകര്‍ന്നു. പാത്രങ്ങള്‍ നിറഞ്ഞപ്പോള്‍ പിന്നെയും പാത്രങ്ങള്‍ കൊണ്ടുവരാന്‍ അവള്‍ പുത്രന്മാരോടു പറഞ്ഞു. “പാത്രം ഇനിയുമില്ല” എന്ന് പുത്രന്മാരില്‍ ഒരാള്‍ പറഞ്ഞ ഉടനെ പാത്രത്തില്‍നിന്നുള്ള എണ്ണയുടെ ഒഴുക്കു നിലച്ചു. അവള്‍ എലീശാപ്രവാചകന്‍റെ അടുക്കല്‍ ചെന്നു വിവരം അറിയിച്ചപ്പോള്‍: “എണ്ണ വിറ്റ് നിന്‍റെ കടം വീട്ടുക; ബാക്കിയുള്ളതുകൊണ്ടു നീയും പുത്രന്മാരും ഉപജീവനം കഴിക്കുക” എന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ എലീശ ശൂനേമിലേക്കു പോയി; അവിടെ ധനികയായ ഒരു സ്‍ത്രീ പാര്‍ത്തിരുന്നു; അവള്‍ പ്രവാചകനെ ഭക്ഷണത്തിനു ക്ഷണിച്ചു. പിന്നീട് അദ്ദേഹം ശൂനേമില്‍ പോകുമ്പോഴെല്ലാം അവളുടെ വീട്ടില്‍നിന്നാണു ഭക്ഷണം കഴിച്ചിരുന്നത്. അവള്‍ തന്‍റെ ഭര്‍ത്താവിനോടു പറഞ്ഞു: “ഇതിലേ പലപ്പോഴും പോകാറുള്ള ആ മനുഷ്യന്‍ ഒരു വിശുദ്ധനായ ദൈവപുരുഷനാണ്. നമ്മുടെ വീട്ടില്‍ ഒരു മാളികമുറി പണിത് അതില്‍ ഒരു കിടക്കയും മേശയും കസേരയും ഒരു വിളക്കും വയ്‍ക്കാം. നമ്മെ സന്ദര്‍ശിക്കുമ്പോഴെല്ലാം അദ്ദേഹത്തിന് അവിടെ വിശ്രമിക്കാമല്ലോ.” ഒരിക്കല്‍ പ്രവാചകന്‍ അവിടെ എത്തി വിശ്രമിക്കുകയായിരുന്നു. അദ്ദേഹം തന്‍റെ ഭൃത്യനായ ഗേഹസിയോടു ശൂനേംകാരിയെ വിളിക്കാന്‍ പറഞ്ഞു. അവന്‍ അവളെ വിളിച്ചു. അവള്‍ വന്നു പ്രവാചകന്‍റെ മുമ്പില്‍ നിന്നു. പ്രവാചകന്‍ ഗേഹസിയോടു പറഞ്ഞു: “നീ ഈ സ്‍ത്രീയോടു പറയണം, ഞങ്ങള്‍ക്കുവേണ്ടി എത്രമാത്രം ബുദ്ധിമുട്ടുന്നു. അതിനു പകരം ഞാന്‍ എന്താണ് നിനക്ക് ചെയ്യേണ്ടത്? രാജാവിനോടോ സൈന്യാധിപനോടോ എന്തെങ്കിലും പറയേണ്ടതായിട്ടുണ്ടോ? അവളോടു ചോദിക്കുക.” അവള്‍ പ്രതിവചിച്ചു: “ഞാന്‍ സ്വജനങ്ങളുടെ കൂടെയാണു പാര്‍ക്കുന്നത്. അതുകൊണ്ട് എനിക്ക് ഒന്നിനും ഒരു കുറവുമില്ല.” “അവള്‍ക്കുവേണ്ടി എന്തു ചെയ്യണം” എന്ന് എലീശ വീണ്ടും ചോദിച്ചു: അപ്പോള്‍ ഗേഹസി പറഞ്ഞു: അവള്‍ക്ക് ഒരു പുത്രനില്ല; ഭര്‍ത്താവു വൃദ്ധനുമാണ്. അവളെ വിളിക്കാന്‍ എലീശ പറഞ്ഞു; അവള്‍ വാതില്‌ക്കല്‍ വന്നു നിന്നു. എലീശ പറഞ്ഞു: “അടുത്ത വര്‍ഷം ഈ സമയമാകുമ്പോള്‍ നീ ഒരു പുത്രനെ മാറോടണയ്‍ക്കും.” അതു കേട്ട് അവള്‍ പറഞ്ഞു: “ഇല്ല പ്രഭോ, ദൈവപുരുഷനായ അങ്ങ് ഈ ദാസിയോടു വ്യാജം പറയരുതേ.” എലീശ പറഞ്ഞതുപോലെ പിറ്റേ വര്‍ഷം ആ സമയത്തുതന്നെ അവള്‍ ഒരു പുത്രനെ പ്രസവിച്ചു. അവന്‍ വളര്‍ന്നു. ഒരു ദിവസം അവന്‍ കൊയ്ത്തുകാരുടെ കൂടെ ആയിരുന്ന പിതാവിന്‍റെ അടുക്കല്‍ ചെന്നു. അവന്‍ പിതാവിനോടു പറഞ്ഞു: “അയ്യോ! എന്‍റെ തല, എന്‍റെ തലയ്‍ക്കു കടുത്ത വേദന.” അവനെ അമ്മയുടെ അടുക്കലേക്കു കൊണ്ടുപോകാന്‍ പിതാവ് ഭൃത്യനോടു പറഞ്ഞു; അവന്‍ കുട്ടിയെ എടുത്ത് അമ്മയുടെ അടുക്കല്‍ കൊണ്ടുചെന്നു. അവള്‍ ഉച്ചവരെ അവനെ മടിയില്‍ ഇരുത്തി. പിന്നീട് അവന്‍ മരിച്ചു. അവള്‍ അവനെ മാളികമുറിയില്‍ കൊണ്ടുപോയി പ്രവാചകന്‍റെ കിടക്കയില്‍ കിടത്തിയശേഷം വാതില്‍ അടച്ച് പുറത്തുപോന്നു. പിന്നെ അവള്‍ ഭര്‍ത്താവിനെ വിളിച്ചു പറഞ്ഞു: “ഒരു ഭൃത്യനെ കഴുതയുമായി ഇങ്ങോട്ടയയ്‍ക്കുക; ഞാന്‍ പെട്ടെന്ന് പ്രവാചകന്‍റെ അടുക്കല്‍പോയി മടങ്ങിവരാം.” അവളുടെ ഭര്‍ത്താവു പറഞ്ഞു: “നീ എന്തിനാണ് ഇന്നു പോകുന്നത്? ഇന്ന് ശബത്തോ അമാവാസിയോ അല്ലല്ലോ.” “അതുകൊണ്ട് നന്മയുണ്ടാകും” അവള്‍ പറഞ്ഞു. കഴുതയ്‍ക്ക് ജീനിയിട്ടശേഷം ഭൃത്യനോട് അവള്‍ പറഞ്ഞു: “കഴുതയെ ഓടിക്കുക; ഞാന്‍ പറഞ്ഞിട്ടല്ലാതെ അതിന്‍റെ വേഗം കുറയ്‍ക്കരുത്.” അവള്‍ കര്‍മ്മേല്‍പര്‍വതത്തില്‍ പ്രവാചകന്‍റെ അടുക്കല്‍ എത്തി. ദൂരെ വച്ചുതന്നെ പ്രവാചകന്‍ അവളെ കണ്ടു; അദ്ദേഹം തന്‍റെ ഭൃത്യനായ ഗേഹസിയോടു പറഞ്ഞു: “അതാ ശൂനേംകാരി വരുന്നു; അവളുടെ അടുക്കലേക്കു ഓടിച്ചെല്ലുക; ‘അവള്‍ക്കു സുഖം തന്നെയോ; അവളുടെ കുഞ്ഞും ഭര്‍ത്താവും സുഖമായിരിക്കുന്നുവോ’ എന്ന് അവളോടു ചോദിക്കണം.” അവള്‍ ഗേഹസിയോട് “സുഖം തന്നെ” എന്നു പറഞ്ഞു. അവള്‍ കര്‍മ്മേലില്‍ പ്രവാചകന്‍റെ അടുക്കല്‍ ചെന്ന് അദ്ദേഹത്തിന്‍റെ കാലില്‍ കെട്ടിപ്പിടിച്ചു. അവളെ മാറ്റുവാന്‍ ഗേഹസി മുമ്പോട്ടു വന്നപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: “അവളെ വിട്ടേക്കുക; അവള്‍ കഠിനദുഃഖത്തിലാണ്. സര്‍വേശ്വരന്‍ അതിന്‍റെ കാരണം എന്നില്‍നിന്ന് മറച്ചിരിക്കുകയാണ്.” സ്‍ത്രീ പ്രവാചകനോടു പറഞ്ഞു: “പ്രഭോ, ഞാന്‍ ഒരു പുത്രനുവേണ്ടി അങ്ങയോട് ആവശ്യപ്പെട്ടിരുന്നില്ലല്ലോ? എന്നെ വഞ്ചിക്കരുതെന്നു ഞാന്‍ പറഞ്ഞതല്ലേ?” പ്രവാചകന്‍ ഗേഹസിയോടു പറഞ്ഞു: “ഉടന്‍ യാത്രയ്‍ക്കൊരുങ്ങി എന്‍റെ വടിയുമെടുത്ത് പുറപ്പെടുക; വഴിയില്‍ ആരെയും അഭിവാദനം ചെയ്യരുത്. ആരെങ്കിലും നിന്നെ അഭിവാദനം ചെയ്താല്‍ മറുപടി പറയാന്‍ നില്‌ക്കയുമരുത്. എന്‍റെ വടി ബാലന്‍റെ മുഖത്തു വയ്‍ക്കണം.” സ്‍ത്രീ പ്രവാചകനോടു പറഞ്ഞു: “ഞാന്‍ അങ്ങയെ വിട്ടുപോകുകയില്ലെന്ന് അങ്ങയെയും സര്‍വേശ്വരനെയും സാക്ഷിയാക്കി പറയുന്നു.” അങ്ങനെ പ്രവാചകന്‍ അവളെ അനുഗമിച്ചു. ഗേഹസി അവര്‍ക്കു മുമ്പായി പോയി വടി കുട്ടിയുടെ മുഖത്തു വച്ചു. എന്നാല്‍ അനക്കമോ ജീവന്‍റെ ലക്ഷണമോ കണ്ടില്ല. അവന്‍ മടങ്ങിവന്ന് “കുട്ടി ഉണര്‍ന്നില്ല” എന്ന് എലീശയോടു പറഞ്ഞു. പ്രവാചകന്‍ ചെന്നുനോക്കിയപ്പോള്‍ കുട്ടി കിടക്കയില്‍ മരിച്ചുകിടക്കുന്നതു കണ്ടു. അദ്ദേഹം ഉള്ളില്‍ കടന്നു വാതിലടച്ചു; മുറിയില്‍ കുട്ടിയും അദ്ദേഹവും മാത്രമായി. എലീശ സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു. പിന്നീട് കിടക്കയില്‍ കയറി തന്‍റെ വായ് കുട്ടിയുടെ വായോടും തന്‍റെ കണ്ണുകള്‍ അവന്‍റെ കണ്ണുകളോടും തന്‍റെ കൈകള്‍ അവന്‍റെ കൈകളോടും ചേര്‍ത്തുവച്ച് കുട്ടിയുടെമേല്‍ കിടന്നു. അപ്പോള്‍ അവന്‍റെ ശരീരത്തിനു ചൂടുപിടിച്ചു. എലീശ എഴുന്നേറ്റു മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു; വീണ്ടും കുട്ടിയുടെമേല്‍ കിടന്നു. അവന്‍ ഏഴു പ്രാവശ്യം തുമ്മിയശേഷം കണ്ണുതുറന്നു. അപ്പോള്‍ എലീശ ഗേഹസിയെ വിളിച്ച് ശൂനേംകാരിയെ വിളിക്കാന്‍ പറഞ്ഞു: അവള്‍ മുറിയില്‍ വന്നപ്പോള്‍ എലീശ അവളോടു പറഞ്ഞു. “നിന്‍റെ മകനെ എടുത്തുകൊണ്ടു പൊയ്‍ക്കൊള്ളുക.” അവള്‍ പ്രവാചകന്‍റെ കാല്‌ക്കല്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു; അതിനുശേഷം കുട്ടിയെ എടുത്തുകൊണ്ടു പോയി. ഒരിക്കല്‍ ദേശത്തെല്ലാം ക്ഷാമമുണ്ടായപ്പോള്‍ എലീശ വീണ്ടും ഗില്ഗാലില്‍ വന്നു. ഒരു പ്രവാചകഗണം അദ്ദേഹത്തിന്‍റെ മുമ്പില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹം ഭൃത്യനെ വിളിച്ച് പറഞ്ഞു: “നീ ഒരു വലിയ കലം അടുപ്പത്തുവച്ച് അവര്‍ക്കുവേണ്ടി സൂപ്പ് തയ്യാറാക്കുക.” അവരില്‍ ഒരാള്‍ ഫലമൂലാദികള്‍ ശേഖരിക്കാന്‍ വയലില്‍ പോയപ്പോള്‍ ഒരു കാട്ടുമുന്തിരി കണ്ടു. അതിന്‍റെ കായ്കള്‍ അയാള്‍ മടി നിറയെ പറിച്ചെടുത്തു. അവ എന്താണെന്നറിയാതെ അരിഞ്ഞ് കലത്തിലിട്ടു. അവിടെ ഉണ്ടായിരുന്നവര്‍ക്ക് സൂപ്പ് വിളമ്പി. അതു കുടിച്ചുതുടങ്ങിയപ്പോള്‍ അവര്‍ നിലവിളിച്ചു: “ദൈവപുരുഷാ, ഇതു മാരകമാണ്.” അവര്‍ക്ക് അതു ഭക്ഷിക്കാന്‍ കഴിഞ്ഞില്ല. “കുറച്ചു മാവു കൊണ്ടുവരിക” എന്ന് എലീശ പറഞ്ഞു. പ്രവാചകന്‍ മാവ് കലത്തില്‍ ഇട്ടശേഷം വിളമ്പി ഭക്ഷിച്ചുകൊള്ളാന്‍ പറഞ്ഞു. പിന്നീട് അതിന് ഒരു കുറ്റവും ഉണ്ടായില്ല. മറ്റൊരിക്കല്‍ ബാല്‍-ശാലീശയില്‍നിന്ന് ഒരാള്‍ ആദ്യഫലങ്ങള്‍ കൊണ്ടുണ്ടാക്കിയ ഇരുപതു ബാര്‍ലിയപ്പവും കുറെ പുതിയ ധാന്യക്കതിരുകളും പ്രവാചകന്‍റെ അടുക്കല്‍ കൊണ്ടുവന്നു. “തന്നോടു കൂടെയുള്ളവര്‍ക്ക് അതു വിളമ്പുക; അവര്‍ ഭക്ഷിക്കട്ടെ.” എലീശ ഭൃത്യനോടു പറഞ്ഞു. “ഇതു നൂറു പേര്‍ക്കു ഞാന്‍ എങ്ങനെ വിളമ്പും” അയാള്‍ ചോദിച്ചു. എലീശ പ്രതിവചിച്ചു: “അത് അവര്‍ക്കു വിളമ്പുക; അവര്‍ ഭക്ഷിച്ചുകഴിഞ്ഞു മിച്ചം വരുമെന്നു സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തിരിക്കുന്നു.” ഭൃത്യന്‍ അത് അവര്‍ക്കു വിളമ്പിക്കൊടുത്തു. അവിടുന്ന് അരുളിച്ചെയ്തതുപോലെ അവര്‍ ഭക്ഷിച്ച ശേഷം മിച്ചം വന്നു. സിറിയാരാജാവിന്‍റെ സൈന്യാധിപനായിരുന്നു നയമാന്‍. അയാള്‍ മുഖാന്തരം സര്‍വേശ്വരന്‍ സിറിയായ്‍ക്കു വിജയം നല്‌കിയിരുന്നതുകൊണ്ട് രാജാവ് അയാളെ മഹാനായി കരുതി ബഹുമാനിച്ചു. നയമാന്‍ വീരപരാക്രമി ആയിരുന്നെങ്കിലും കുഷ്ഠരോഗിയായിരുന്നു. സിറിയാക്കാര്‍ ഒരിക്കല്‍ ഇസ്രായേലില്‍ കവര്‍ച്ച നടത്തിയപ്പോള്‍ ഒരു പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയിരുന്നു. അവള്‍ നയമാന്‍റെ ഭാര്യയെ പരിചരിച്ചുപോന്നു; ഒരു ദിവസം അവള്‍ തന്‍റെ യജമാനത്തിയോടു പറഞ്ഞു: “ശമര്യയില്‍ പാര്‍ക്കുന്ന പ്രവാചകന്‍റെ അടുക്കലേക്ക് എന്‍റെ യജമാനന്‍ പോയിരുന്നെങ്കില്‍ അദ്ദേഹം എന്‍റെ യജമാനന്‍റെ കുഷ്ഠം മാറ്റുമായിരുന്നു.” അങ്ങനെ നയമാന്‍ രാജാവിന്‍റെ അടുക്കല്‍ ചെന്ന് പെണ്‍കുട്ടി പറഞ്ഞ കാര്യം അറിയിച്ചു. “ഞാന്‍ തരുന്ന കത്തുമായി ഇസ്രായേല്‍രാജാവിന്‍റെ അടുക്കലേക്ക് ഉടന്‍ പോകുക.” സിറിയാരാജാവ് നയമാനോട് കല്പിച്ചു. അയാള്‍ പത്തു താലന്തു വെള്ളിയും ആറായിരം ശേക്കെല്‍ സ്വര്‍ണവും പത്തു വിശിഷ്ട വസ്ത്രങ്ങളുമായി പുറപ്പെട്ടു. അദ്ദേഹം കത്ത് ഇസ്രായേല്‍രാജാവിനെ ഏല്പിച്ചു. അതില്‍ ഇപ്രകാരം എഴുതിയിരുന്നു: “ഈ എഴുത്തുമായി വരുന്ന എന്‍റെ ദാസനായ നയമാനെ കുഷ്ഠരോഗം മാറ്റി സുഖപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു.” കത്തു വായിച്ചപ്പോള്‍ ഇസ്രായേല്‍രാജാവ് വസ്ത്രം കീറി. അദ്ദേഹം പറഞ്ഞു: “കുഷ്ഠരോഗിയെ സുഖപ്പെടുത്താന്‍ അയാള്‍ എന്നോട് ആവശ്യപ്പെടുന്നു; ഞാന്‍ മരണത്തിന്‍റെയും ജീവന്‍റെയുംമേല്‍ അധികാരമുള്ള ദൈവമാണോ? എന്നോടു യുദ്ധം ചെയ്യാന്‍ അയാള്‍ കാരണം ഉണ്ടാക്കുന്നതു കണ്ടില്ലേ?” എലീശ ഇതു കേട്ട് ഒരു ദൂതനെ അയച്ച് രാജാവിനോടു പറഞ്ഞു: “അങ്ങ് എന്തിനാണു വസ്ത്രം കീറിയത്? അയാള്‍ എന്‍റെ അടുക്കല്‍ വരട്ടെ; ഇസ്രായേലില്‍ ഒരു പ്രവാചകനുണ്ടെന്നു ഞാന്‍ അയാളെ ബോധ്യപ്പെടുത്തും.” നയമാന്‍ രഥങ്ങളും കുതിരകളുമായി എലീശയുടെ വീട്ടുപടിക്കല്‍ എത്തി. എലീശ ഒരു ദൂതനെ അയച്ച് നയമാനെ അറിയിച്ചു: “നീ പോയി ഏഴു പ്രാവശ്യം യോര്‍ദ്ദാന്‍നദിയില്‍ കുളിക്കുക; അപ്പോള്‍ നിന്‍റെ ശരീരം പൂര്‍വസ്ഥിതിയിലായി നീ ശുദ്ധനാകും.” നയമാന്‍ കുപിതനായി മടങ്ങിപ്പോയി; അയാള്‍ സ്വയം പറഞ്ഞു: “അയാള്‍ എന്‍റെ അടുക്കല്‍ ഇറങ്ങിവന്ന് തന്‍റെ ദൈവമായ സര്‍വേശ്വരനോടു പ്രാര്‍ഥിക്കുമെന്നും തന്‍റെ കൈ വീശി കുഷ്ഠരോഗം സുഖപ്പെടുത്തുമെന്നും ഞാന്‍ വിചാരിച്ചു. ദമാസ്ക്കസിലെ നദികളായ അബാനയും പര്‍പ്പരും ഇസ്രായേലിലെ ഏതൊരു നദിയെക്കാളും വിശിഷ്ടമല്ലേ? അവയില്‍ കുളിച്ച് എനിക്ക് ശുദ്ധനാകാമല്ലോ.” ഇങ്ങനെ ക്രുദ്ധനായി അയാള്‍ അവിടെനിന്നു മടങ്ങിപ്പോയി. എന്നാല്‍ ഭൃത്യന്മാര്‍ അടുത്തുവന്നു പറഞ്ഞു: “പ്രഭോ, ഇതിലും വലിയ കാര്യം ചെയ്യാനാണ് പ്രവാചകന്‍ പറഞ്ഞിരുന്നതെങ്കില്‍ അങ്ങു ചെയ്യാതിരിക്കുമോ? അങ്ങനെയെങ്കില്‍ ‘കുളിച്ചു ശുദ്ധനാകുക’ എന്നു പറയുമ്പോള്‍ അത് അനുസരിക്കേണ്ടതല്ലേ.” ഇതു കേട്ടു നയമാന്‍ പോയി പ്രവാചകന്‍ പറഞ്ഞതുപോലെ യോര്‍ദ്ദാന്‍നദിയില്‍ ഏഴു പ്രാവശ്യം മുങ്ങി; അയാള്‍ പൂര്‍ണസൗഖ്യം പ്രാപിച്ചു; ശരീരം ഒരു ശിശുവിന്‍റേതുപോലെയായി. തന്‍റെ ഭൃത്യന്മാരുമായി മടങ്ങിച്ചെന്ന് പ്രവാചകന്‍റെ മുമ്പില്‍ നിന്നുകൊണ്ട് അയാള്‍ പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവമല്ലാതെ മറ്റൊരു ദൈവവും ഭൂമിയില്‍ ഇല്ലെന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; അതുകൊണ്ട് അങ്ങയുടെ ദാസനില്‍നിന്നും ഒരു സമ്മാനം സ്വീകരിച്ചാലും.” എന്നാല്‍ പ്രവാചകന്‍ പറഞ്ഞു: “ഒരു സമ്മാനവും സ്വീകരിക്കുകയില്ല എന്നു ഞാന്‍ ആരാധിക്കുന്ന സര്‍വേശ്വരന്‍റെ നാമത്തില്‍ സത്യം ചെയ്തു പറയുന്നു.” നയമാന്‍ നിര്‍ബന്ധിച്ചെങ്കിലും പ്രവാചകന്‍ വഴങ്ങിയില്ല. അപ്പോള്‍ നയമാന്‍ പറഞ്ഞു: “അങ്ങനെയെങ്കില്‍ രണ്ടു കഴുതപ്പുറത്തു കയറ്റാവുന്നത്ര മണ്ണ് തന്നാലും; അങ്ങയുടെ ദാസന്‍ ഇനിയും സര്‍വേശ്വരനല്ലാതെ മറ്റൊരു ദൈവത്തിനും ഹോമയാഗമോ മറ്റു യാഗങ്ങളോ അര്‍പ്പിക്കുകയില്ല. എന്നാല്‍ ഒരു കാര്യത്തില്‍ മാത്രം അവിടുന്ന് എന്നോട് ക്ഷമിക്കട്ടെ! എന്‍റെ യജമാനന് അകമ്പടി സേവിച്ചു രിമ്മോന്‍ക്ഷേത്രത്തില്‍ ആരാധിക്കാന്‍ പോകുമ്പോള്‍ അദ്ദേഹത്തോടൊത്തു ഞാനും തല വണങ്ങേണ്ടി വരും; അതു സര്‍വേശ്വരന്‍ എന്നോടു ക്ഷമിക്കട്ടെ.” “സമാധാനമായി പോകുക” എലീശ പറഞ്ഞു. അങ്ങനെ നയമാന്‍ കുറെ ദൂരം പോയി. അപ്പോള്‍ എലീശയുടെ ശിഷ്യന്‍ ഗേഹസി ആത്മഗതം ചെയ്തു: “സിറിയാക്കാരനായ നയമാന്‍ കൊണ്ടുവന്നതൊന്നും സ്വീകരിക്കാതെ എന്‍റെ യജമാനന്‍ അയാളെ പറഞ്ഞയച്ചിരിക്കുന്നു; സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ ശപഥം ചെയ്യുന്നു: ഞാന്‍ അയാളുടെ പിറകെ പോയി എന്തെങ്കിലും വാങ്ങും.” അങ്ങനെ ഗേഹസി നയമാനെ പിന്തുടര്‍ന്നു; തന്‍റെ പിറകെ ഗേഹസി ഓടി വരുന്നതുകണ്ട് നയമാന്‍ അവനെ സ്വീകരിക്കാന്‍ രഥത്തില്‍നിന്നും താഴെയിറങ്ങി. “എല്ലാം ശുഭംതന്നെയല്ലേ.” എന്നു ചോദിച്ചു. പ്രവാചകഭൃത്യന്‍ പറഞ്ഞു: “എല്ലാം ശുഭം തന്നെ; എന്നാല്‍ എഫ്രയീംമലനാട്ടില്‍നിന്ന് പ്രവാചകഗണത്തില്‍പ്പെട്ട രണ്ടു യുവാക്കള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നു; അവര്‍ക്കു കൊടുക്കാന്‍ ഒരു താലന്തു വെള്ളിയും രണ്ടു വിശിഷ്ട വസ്ത്രങ്ങളും നല്‌കണമെന്ന് അപേക്ഷിക്കാന്‍ യജമാനന്‍ എന്നെ അയച്ചിരിക്കുന്നു.” “ദയവായി രണ്ടു താലന്തു വെള്ളി സ്വീകരിച്ചാലും” നയമാന്‍ പറഞ്ഞു. രണ്ടു താലന്തു വെള്ളിയും വിശിഷ്ട വസ്ത്രങ്ങളും രണ്ടു സഞ്ചികളിലാക്കി രണ്ടു ഭൃത്യന്മാര്‍ വശം കൊടുത്തയച്ചു. അവര്‍ അത് എടുത്തുകൊണ്ടു ഗേഹസിയുടെ മുമ്പില്‍ നടന്നു. എലീശ പാര്‍ത്തിരുന്ന മലമുകളില്‍ എത്തിയപ്പോള്‍ ഗേഹസി സഞ്ചികള്‍ അവരില്‍നിന്നു വാങ്ങി വീട്ടിനുള്ളില്‍ സൂക്ഷിച്ചുവച്ചശേഷം അവരെ പറഞ്ഞയച്ചു. അയാള്‍ അകത്ത് എലീശയുടെ മുമ്പില്‍ ചെന്നപ്പോള്‍ അദ്ദേഹം അവനോടു ചോദിച്ചു: “ഗേഹസീ, നീ എവിടെപ്പോയിരുന്നു?” “അവിടുത്തെ ദാസന്‍ എങ്ങും പോയില്ല” ഗേഹസി മറുപടി പറഞ്ഞു. പ്രവാചകന്‍ പറഞ്ഞു: “ആ മനുഷ്യന്‍ രഥത്തില്‍ നിന്നിറങ്ങി നിന്നെ സ്വീകരിച്ചപ്പോള്‍ എന്‍റെ ആത്മാവ് അവിടെ ഉണ്ടായിരുന്നില്ലേ? പണം, വസ്ത്രം, ഒലിവുതോട്ടങ്ങള്‍, മുന്തിരിത്തോട്ടങ്ങള്‍, ആടുമാടുകള്‍, ദാസീദാസന്മാര്‍ എന്നിവ സ്വീകരിക്കാനുള്ള സമയം അതായിരുന്നോ? നയമാന്‍റെ കുഷ്ഠം നിന്നെയും നിന്‍റെ സന്തതികളെയും എന്നേക്കും ബാധിക്കട്ടെ.” അങ്ങനെ ഗേഹസി കുഷ്ഠരോഗിയായി, മഞ്ഞുപോലെ വെളുത്ത ശരീരവുമായി എലീശയുടെ അടുക്കല്‍നിന്നു പോയി. എലീശയുടെ കൂടെയുണ്ടായിരുന്ന പ്രവാചകശിഷ്യന്മാര്‍ അദ്ദേഹത്തോടു പറഞ്ഞു: “ഞങ്ങളുടെ പാര്‍പ്പിടം വളരെ ചെറുതാണല്ലോ. യോര്‍ദ്ദാന്‍ കരയില്‍ ചെന്ന് മരം വെട്ടിക്കൊണ്ടുവന്നു പാര്‍പ്പിടം ഉണ്ടാക്കാന്‍ ഞങ്ങളെ അനുവദിച്ചാലും.” “പൊയ്‍ക്കൊള്‍ക” എലീശ മറുപടി നല്‌കി. “സദയം ഞങ്ങളുടെ കൂടെ വന്നാലും,” അവരില്‍ ഒരാള്‍ പ്രവാചകനോടു പറഞ്ഞു. “ഞാന്‍ വരാം” എലീശ പറഞ്ഞു. അങ്ങനെ അദ്ദേഹം അവരുടെകൂടെ പോയി. അവര്‍ യോര്‍ദ്ദാനിലെത്തി മരം വെട്ടിക്കൊണ്ടിരിക്കുമ്പോള്‍, അവരില്‍ ഒരാളുടെ കോടാലി ഊരി വെള്ളത്തില്‍ വീണു. “അയ്യോ യജമാനനേ, ഞാന്‍ അതു വായ്പ വാങ്ങിയതായിരുന്നു” എന്നു പറഞ്ഞ് അവന്‍ നിലവിളിച്ചു. “അത് എവിടെയാണ് വീണത്” പ്രവാചകന്‍ ചോദിച്ചു. അവന്‍ സ്ഥലം കാണിച്ചുകൊടുത്തു. അപ്പോള്‍ പ്രവാചകന്‍ ഒരു കമ്പുവെട്ടി അവിടേക്ക് എറിഞ്ഞു. ഉടനെ കോടാലി പൊങ്ങിവന്നു. “അതെടുത്തുകൊള്ളുക” എന്ന് എലീശ പറഞ്ഞു. അവന്‍ കൈ നീട്ടി അതെടുത്തു. സിറിയാരാജാവ് ഒരിക്കല്‍ ഇസ്രായേലിനോടു യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കെ പാളയം അടിക്കേണ്ട സ്ഥലം ഏതായിരിക്കണമെന്നു സേവകന്മാരോട് ആലോചിച്ചു നിശ്ചയിച്ചു. തത്സമയം എലീശ ഇസ്രായേല്‍രാജാവിന്‍റെ അടുക്കല്‍ ആളയച്ച്: “ആ സ്ഥലത്തുകൂടി പോകരുത്; സിറിയാക്കാര്‍ ആ സ്ഥലം ആക്രമിക്കാന്‍ വരുന്നുണ്ട്” എന്ന് അറിയിച്ചു. ഇസ്രായേല്‍രാജാവ് പ്രവാചകന്‍ പറഞ്ഞ സ്ഥലത്തേക്ക് സൈന്യത്തെ അയച്ചു. ഇങ്ങനെ പലപ്രാവശ്യം പ്രവാചകന്‍ മുന്നറിയിപ്പ് നല്‌കുകയും രാജാവ് രക്ഷപെടുകയും ചെയ്തിട്ടുണ്ട്. അതുനിമിത്തം സിറിയാരാജാവ് വളരെ അസ്വസ്ഥനായി. അയാള്‍ സേവകന്മാരെ വിളിച്ച് “നമ്മുടെ ഇടയില്‍ ഇസ്രായേല്‍രാജാവിന്‍റെ പക്ഷക്കാരന്‍ ആരാണ്? അയാളെ കാണിച്ചുതരിക” എന്നു പറഞ്ഞു. രാജഭൃത്യന്മാരില്‍ ഒരാള്‍ രാജാവിനോടു പറഞ്ഞു: “എന്‍റെ യജമാനനായ രാജാവേ, അങ്ങനെയല്ല; അങ്ങു കിടപ്പറയില്‍വച്ചു സംസാരിക്കുന്ന കാര്യങ്ങള്‍ പോലും ഇസ്രായേല്‍രാജാവിനെ അറിയിക്കുന്നത് ഇസ്രായേലിലെ പ്രവാചകനായ എലീശ ആണ്.” “അവന്‍ എവിടെയാണ്; എനിക്കവനെ പിടികൂടണം” രാജാവു പറഞ്ഞു. എലീശ ദോഥാനിലുണ്ടെന്നു രാജാവിനു അറിവുകിട്ടി. അപ്പോള്‍ കുതിരകളും രഥങ്ങളും അടങ്ങുന്ന ഒരു വലിയ സൈന്യത്തെ രാജാവ് അവിടേക്ക് അയച്ചു; അവര്‍ രാത്രിയില്‍ പട്ടണം വളഞ്ഞു. പ്രവാചകന്‍റെ ഭൃത്യന്‍ രാവിലെ എഴുന്നേറ്റു പുറത്തേക്കു നോക്കിയപ്പോള്‍ രഥങ്ങളോടും കുതിരകളോടുംകൂടിയ ഒരു വലിയ സൈന്യം പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു. “അയ്യോ എന്‍റെ യജമാനനേ, നാം എന്തു ചെയ്യും” എന്നു പറഞ്ഞ് അവന്‍ നിലവിളിച്ചു. പ്രവാചകന്‍ പറഞ്ഞു: “ഭയപ്പെടേണ്ടാ; അവരോടുകൂടെ ഉള്ളതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ നമ്മോടുകൂടെയുണ്ട്.” പിന്നീട് എലീശ പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, ഇവന്‍റെ കണ്ണുകള്‍ തുറന്നാലും; ഇവന്‍ കാണട്ടെ.” അവിടുന്ന് അവന്‍റെ കണ്ണു തുറന്നു; എലീശയ്‍ക്കു ചുറ്റും ആഗ്നേയരഥങ്ങളും കുതിരകളുംകൊണ്ട് മല നിറഞ്ഞിരിക്കുന്നത് അവന്‍ കണ്ടു. സിറിയാക്കാര്‍ എലീശയുടെ അടുക്കലേക്ക് നീങ്ങിയപ്പോള്‍ എലീശ പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, ഇവരുടെ കണ്ണുകള്‍ അന്ധമാക്കണമേ.” എലീശയുടെ പ്രാര്‍ഥനയനുസരിച്ച് അവിടുന്ന് അവരെ അന്ധരാക്കി. എലീശ അവരോടു പറഞ്ഞു: “വഴി ഇതല്ല; പട്ടണവും ഇതല്ല; എന്നെ അനുഗമിക്കുവിന്‍; നിങ്ങള്‍ അന്വേഷിക്കുന്ന ആളിന്‍റെ അടുക്കലേക്ക് ഞാന്‍ നിങ്ങളെ കൊണ്ടുപോകാം.” അങ്ങനെ പ്രവാചകന്‍ അവരെ ശമര്യയിലേക്കു നയിച്ചു. അവര്‍ ശമര്യയില്‍ പ്രവേശിച്ചപ്പോള്‍ എലീശ പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, ഇവരുടെ കണ്ണുകള്‍ തുറക്കണമേ.” അവിടുന്ന് അവരുടെ കണ്ണുകള്‍ തുറന്നു. തങ്ങള്‍ ശമര്യയുടെ മധ്യത്തിലാണെന്നു അവര്‍ മനസ്സിലാക്കി. ഇസ്രായേല്‍രാജാവ് അവരെ കണ്ടപ്പോള്‍ എലീശയോട് ചോദിച്ചു: “പ്രഭോ, ഞാന്‍ ഇവരെ കൊന്നുകളയട്ടയോ?” പ്രവാചകന്‍ പറഞ്ഞു: “കൊല്ലരുത്, നിങ്ങള്‍ വാളും വില്ലുംകൊണ്ട് കീഴടക്കിയവരെ നിങ്ങള്‍ കൊല്ലുമോ? അവര്‍ക്കു ഭക്ഷണപാനീയങ്ങള്‍ കൊടുക്കുക; അവര്‍ ഭക്ഷിച്ചശേഷം തങ്ങളുടെ രാജാവിന്‍റെ അടുക്കലേക്കു പോകട്ടെ.” ഇസ്രായേല്‍രാജാവ് അവര്‍ക്ക് ഒരു വലിയ വിരുന്നൊരുക്കി; ഭക്ഷണപാനീയങ്ങള്‍ നല്‌കിയശേഷം അദ്ദേഹം അവരെ വിട്ടയച്ചു. അവര്‍ തങ്ങളുടെ രാജാവിന്‍റെ അടുക്കലേക്കു പോയി. പിന്നീട് സിറിയന്‍ പട്ടാളം ഇസ്രായേലിനെ ആക്രമിച്ചിട്ടില്ല. കുറെക്കാലം കഴിഞ്ഞ് സിറിയാരാജാവായ ബെന്‍-ഹദദ് തന്‍റെ സൈന്യത്തെ മുഴുവന്‍ കൂട്ടിക്കൊണ്ട് ശമര്യപട്ടണത്തെ ഉപരോധിച്ചു. അപ്പോള്‍ ശമര്യയില്‍ കഠിനക്ഷാമം ഉണ്ടായി. ഒരു കഴുതത്തലയ്‍ക്ക് എണ്‍പതു വെള്ളിക്കാശും കാല്‍കബ് കാട്ടുള്ളിക്ക് അഞ്ചു വെള്ളിക്കാശും വിലയായി. ഒരു ദിവസം ഇസ്രായേല്‍രാജാവ് കോട്ടയുടെ മുകളിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ ഒരു സ്‍ത്രീ നിലവിളിച്ചു പറഞ്ഞു: “എന്‍റെ യജമാനനായ രാജാവേ, സഹായിച്ചാലും.” രാജാവ് മറുപടി നല്‌കി: “ദൈവം നിന്നെ സഹായിക്കുന്നില്ലെങ്കില്‍ എനിക്ക് എങ്ങനെ കഴിയും? എന്‍റെ പക്കല്‍ ധാന്യമോ, മുന്തിരിയോ ഇല്ലല്ലോ.” “നിന്‍റെ പ്രശ്നം എന്ത്” രാജാവു ചോദിച്ചു. അവള്‍ പറഞ്ഞു: “ഈ സ്‍ത്രീ എന്നോട് ‘നിന്‍റെ മകനെ കൊണ്ടുവരിക; ഇന്നു നമുക്ക് അവനെയും നാളെ എന്‍റെ മകനെയും ഭക്ഷിക്കാം’ എന്നു പറഞ്ഞു. അതനുസരിച്ച് എന്‍റെ മകനെ പാകം ചെയ്ത് ഭക്ഷിച്ചു. അടുത്ത ദിവസം അവളോട് ‘നിന്‍റെ മകനെ കൊണ്ടുവരിക; നമുക്ക് അവനെ ഭക്ഷിക്കാം’ എന്നു പറഞ്ഞപ്പോള്‍ അവള്‍ തന്‍റെ മകനെ ഒളിപ്പിച്ചുകളഞ്ഞു.” ആ സ്‍ത്രീ പറഞ്ഞതു കേട്ടപ്പോള്‍ രാജാവു വസ്ത്രം കീറി. അപ്പോള്‍ അദ്ദേഹം കോട്ടമേല്‍ നടക്കുകയായിരുന്നു; രാജാവ് പുറംകുപ്പായത്തിനടിയില്‍ ചാക്കുതുണി ധരിച്ചിരുന്നതു ജനം കണ്ടു. രാജാവു പറഞ്ഞു: “ശാഫാത്തിന്‍റെ പുത്രന്‍ എലീശയെ ഇന്നു ശിരച്ഛേദം ചെയ്യുന്നില്ലെങ്കില്‍ സര്‍വേശ്വരന്‍ എന്നെ ശിക്ഷിക്കട്ടെ.” എലീശ തന്‍റെ വീട്ടില്‍ ജനപ്രമാണികളോടു കൂടി ഇരിക്കുകയായിരുന്നു. രാജാവ് ഒരാളെ അവിടേക്കു പറഞ്ഞയച്ചു. അയാള്‍ വന്നെത്തുന്നതിനു മുമ്പ് പ്രവാചകന്‍ പറഞ്ഞു: “എന്‍റെ തല കൊയ്യാന്‍ ഒരു കൊലയാളി ആളയച്ചിരിക്കുന്നതു നിങ്ങള്‍ക്കറിയാമോ? അവന്‍ വരുമ്പോള്‍ വാതില്‍ അടച്ച് അവനെ തടഞ്ഞു നിര്‍ത്തണം. അവന്‍റെ യജമാനന്‍റെ കാലൊച്ചയല്ലേ പിമ്പില്‍ കേള്‍ക്കുന്നത്?”’ ഇതു പറഞ്ഞുതീരുന്നതിനുമുമ്പേ രാജാവ് അവിടെ എത്തി; രാജാവു പറഞ്ഞു: “ഈ അനര്‍ഥം വരുത്തിയത് സര്‍വേശ്വരനാണ്; അവിടുത്തെ സഹായത്തിനുവേണ്ടി ഞാന്‍ ഇനിയും കാത്തിരിക്കണമോ?” അപ്പോള്‍ എലീശ പറഞ്ഞു: “സര്‍വേശ്വരന്‍റെ അരുളപ്പാടു കേള്‍ക്കുക. നാളെ ഈ സമയത്ത് ശമര്യയുടെ പടിവാതില്‌ക്കല്‍ ഒരു ശേക്കെലിന് ഒരിടങ്ങഴി നേരിയ മാവോ, രണ്ടിടങ്ങഴി ബാര്‍ലിയോ വാങ്ങുവാന്‍ നിങ്ങള്‍ക്കു കഴിയുമെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.” രാജാവിന്‍റെ അംഗരക്ഷകന്‍ അപ്പോള്‍ പ്രവാചകനോടു ചോദിച്ചു: “സര്‍വേശ്വരന്‍ ആകാശത്തിന്‍റെ കിളിവാതിലുകള്‍ തുറന്നാല്‍പോലും ഇതു സാധ്യമാണോ?” പ്രവാചകന്‍ പ്രതിവചിച്ചു: “നിന്‍റെ കണ്ണുകള്‍കൊണ്ടുതന്നെ നീ അതു കാണുമെങ്കിലും നീ അതില്‍നിന്നു യാതൊന്നും ഭക്ഷിക്കുകയില്ല.” നാലു കുഷ്ഠരോഗികള്‍ ശമര്യയുടെ പടിവാതില്‌ക്കല്‍ ഇരിക്കുകയായിരുന്നു. അവര്‍ അന്യോന്യം പറഞ്ഞു: “നാം ഇവിടെ മരിക്കുവോളം ഇരിക്കുന്നതെന്തിന്? പട്ടണത്തില്‍ പ്രവേശിച്ചാല്‍ അവിടെ ക്ഷാമംകൊണ്ടു മരിക്കും; നാം ഇവിടെ ഇരുന്നാലും മരിക്കും. അതുകൊണ്ട് നമുക്ക് സിറിയാക്കാരുടെ പാളയത്തിലേക്കു പോകാം. അവര്‍ നമ്മെ ജീവനോടെ ശേഷിപ്പിച്ചാല്‍ നാം ജീവിച്ചിരിക്കും; അതല്ല അവര്‍ കൊല്ലുന്നെങ്കില്‍ നാം മരിക്കട്ടെ.” അങ്ങനെ അവര്‍ സന്ധ്യയായപ്പോള്‍ സിറിയാക്കാരുടെ പാളയത്തിലേക്ക് പുറപ്പെട്ടു; അവര്‍ പാളയത്തിന്‍റെ അടുത്തെത്തി; അവിടെ ആരും ഉണ്ടായിരുന്നില്ല. കാരണം രഥങ്ങളും കുതിരകളുമടങ്ങിയ ഒരു വലിയ സൈന്യം അവരുടെ നേരെ വരുന്നതുപോലുള്ള ശബ്ദം സര്‍വേശ്വരന്‍ സിറിയന്‍സൈന്യത്തെ കേള്‍പ്പിച്ചു. “നമ്മെ ആക്രമിക്കാന്‍ ഇസ്രായേല്‍രാജാവ് ഹിത്യരുടെയും ഈജിപ്തുകാരുടെയും രാജാക്കന്മാരെ കൂലിക്കെടുത്തിരിക്കുന്നു” അവര്‍ അന്യോന്യം പറഞ്ഞു. അതിനാല്‍ അവര്‍ സന്ധ്യയായപ്പോള്‍ എഴുന്നേറ്റ് ഓടിപ്പോയി. തങ്ങളുടെ കൂടാരങ്ങള്‍, കുതിരകള്‍, കഴുതകള്‍ എന്നിവയെ ഉപേക്ഷിച്ചിട്ടായിരുന്നു അവര്‍ ജീവനുംകൊണ്ട് ഓടിപ്പോയത്. കുഷ്ഠരോഗികള്‍ പാളയത്തില്‍ എത്തി ഒരു കൂടാരത്തില്‍ കടന്ന് ഭക്ഷണപാനീയങ്ങള്‍ കഴിച്ചു. അതിനുശേഷം അവിടെ ഉണ്ടായിരുന്ന സ്വര്‍ണവും വെള്ളിയും വസ്ത്രങ്ങളും എടുത്തുകൊണ്ടുപോയി ഒളിച്ചുവച്ചു. പിന്നീട് മറ്റൊരു കൂടാരത്തില്‍ കടന്ന് അവിടെ ഉണ്ടായിരുന്ന സാധനങ്ങളും എടുത്ത് ഒളിച്ചുവച്ചു. പിന്നീട് വേറൊരു കൂടാരത്തില്‍ കടന്ന് അവിടെയും അങ്ങനെതന്നെ ചെയ്തു. അവര്‍ അന്യോന്യം പറഞ്ഞു: “നാം ചെയ്യുന്നതു ശരിയല്ല; ഇന്നു സദ്‍വാര്‍ത്തയുടെ ദിനമാണ്; നാം പ്രഭാതംവരെ മിണ്ടാതെയിരുന്നാല്‍ കുറ്റക്കാരാകും. അതുകൊണ്ട് നമുക്കു പോയി കൊട്ടാരത്തില്‍ വിവരമറിയിക്കാം.” അവര്‍ പട്ടണവാതില്‌ക്കലുള്ള കാവല്‌ക്കാരോടു പറഞ്ഞു. “ഞങ്ങള്‍ സിറിയാക്കാരുടെ പാളയത്തില്‍ പോയിരുന്നു; കെട്ടിയിട്ടിരിക്കുന്ന കുതിരകളും കഴുതകളുമല്ലാതെ ഒരു മനുഷ്യനും അവിടെ ഉണ്ടായിരുന്നില്ല; കൂടാരങ്ങള്‍ അതേപടി കിടക്കുന്നു.” വാതില്‍കാവല്‌ക്കാര്‍ കൊട്ടാരത്തില്‍ ഈ വിവരം അറിയിച്ചു. രാത്രിയില്‍ത്തന്നെ രാജാവ് എഴുന്നേറ്റ് സേവകന്മാരോടു പറഞ്ഞു: “സിറിയാക്കാര്‍ നമുക്കെതിരെ ആസൂത്രണം ചെയ്തിരിക്കുന്ന പദ്ധതി എന്തെന്നു ഞാന്‍ പറയാം. നാം വിശന്നു പൊരിഞ്ഞിരിക്കുകയാണെന്ന് അവര്‍ക്കറിയാം; അവര്‍ ഇപ്പോള്‍ പാളയത്തിനു പുറത്തു വിജനപ്രദേശത്ത് ഒളിച്ചിരിക്കുകയായിരിക്കും. നാം നഗരത്തിനു പുറത്തു ചെല്ലുമ്പോള്‍ നമ്മെ ജീവനോടെ പിടിക്കുകയും പട്ടണം പിടിച്ചടക്കുകയും ചെയ്യാം എന്നായിരിക്കും അവര്‍ വിചാരിച്ചിരിക്കുന്നത്.” രാജസേവകരില്‍ ഒരാള്‍ പറഞ്ഞു: “ഇതിനകം മരിച്ചവരെപ്പോലെ നാമും ഈ പട്ടണത്തില്‍ മരണം പ്രതീക്ഷിച്ചു കഴിയുകയാണ്. അതുകൊണ്ട് നമ്മില്‍ അവശേഷിച്ചിട്ടുള്ളവരില്‍ ഏതാനും ആളുകളെ അഞ്ചു കുതിരകളുമായി അവിടേക്ക് അയച്ചുനോക്കാം.” “പോയി നോക്കുക” എന്നു പറഞ്ഞ് രാജാവ് തേരാളികളെ രണ്ടു രഥങ്ങളില്‍ സിറിയാക്കാരുടെ പാളയത്തിലേക്ക് അയച്ചു. അവര്‍ യോര്‍ദ്ദാന്‍വരെ പോയി. സിറിയാക്കാര്‍ പരിഭ്രാന്തരായി ഓടിപ്പോകുമ്പോള്‍ ഉപേക്ഷിച്ചുകളഞ്ഞ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വഴിയിലെങ്ങും ചിതറിക്കിടക്കുന്നത് അവര്‍ കണ്ടു. അവര്‍ മടങ്ങിവന്നു രാജാവിനെ വിവരം അറിയിച്ചു. ശമര്യയിലെ ജനം പുറപ്പെട്ട് സിറിയാക്കാരുടെ പാളയം കൊള്ളയടിച്ചു. സര്‍വേശ്വരന്‍ അരുളിച്ചെയ്തതുപോലെതന്നെ ഒരു ശേക്കെലിനു ഒരിടങ്ങഴി നേരിയ മാവും അതേ വിലയ്‍ക്കു രണ്ടിടങ്ങഴി ബാര്‍ലിയും വിറ്റു. ഇസ്രായേല്‍രാജാവ് പട്ടണവാതിലിന്‍റെ ചുമതല ഏല്പിച്ചിരുന്നത് തന്‍റെ അംഗരക്ഷകനെ ആയിരുന്നു. പട്ടണവാതില്‌ക്കല്‍ തിങ്ങിക്കൂടിയ ജനം അയാളെ ചവുട്ടി മെതിച്ചുകളഞ്ഞു. രാജാവിനോടു പ്രവാചകന്‍ പറഞ്ഞതുപോലെ സംഭവിച്ചു. പ്രവാചകന്‍ രാജാവിനോട് “ഒരു ശേക്കെലിനു ഒരിടങ്ങഴി നേരിയമാവോ രണ്ടിടങ്ങഴി ബാര്‍ലിയോ നാളെ ഈ സമയത്ത് ശമര്യയുടെ പടിവാതില്‍ക്കല്‍ വച്ചു വില്‍ക്കുമെന്നു പറഞ്ഞപ്പോള്‍, സര്‍വേശ്വരന്‍ ആകാശത്തിന്‍റെ കിളിവാതിലുകള്‍ തുറന്നാല്‍ പോലും ഇതു സംഭവിക്കുമോ” എന്ന് ഈ അംഗരക്ഷകന്‍ പ്രവാചകനോട് ചോദിച്ചതാണ്. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: “നിന്‍റെ കണ്ണുകൊണ്ടു നീ കാണും; എങ്കിലും അതില്‍നിന്നു ഭക്ഷിക്കുകയില്ല.” അതുപോലെതന്നെ അയാള്‍ക്കു സംഭവിച്ചു. നഗരവാതില്‌ക്കല്‍വച്ചു ജനം അയാളെ ചവുട്ടി മെതിച്ചു; അങ്ങനെ അയാള്‍ മരിച്ചു. താന്‍ പുനര്‍ജീവിപ്പിച്ച കുട്ടിയുടെ മാതാവിനോട് എലീശ പറഞ്ഞു: “നീയും കുടുംബവും കുറച്ചുകാലത്തേക്ക് ഈ സ്ഥലം വിട്ട് എവിടെയെങ്കിലും പോകണം. സര്‍വേശ്വരന്‍ ഇവിടെ ക്ഷാമം വരുത്താന്‍ പോകുകയാണ്. അത് ഈ ദേശത്ത് ഏഴു വര്‍ഷം നീണ്ടുനില്‌ക്കും.” പ്രവാചകന്‍ പറഞ്ഞതുപോലെ അവളും കുടുംബവും കൂടി ഫെലിസ്ത്യദേശത്തു പോയി ഏഴു വര്‍ഷം പാര്‍ത്തു. ഏഴു വര്‍ഷം കഴിഞ്ഞപ്പോള്‍ അവള്‍ ഫെലിസ്ത്യദേശത്തുനിന്ന് മടങ്ങിവന്ന് തന്‍റെ വീടും നിലവും തിരികെത്തരണമെന്ന് രാജാവിനോട് അപേക്ഷിച്ചു. അപ്പോള്‍ രാജാവ്, എലീശ ചെയ്ത വന്‍കാര്യങ്ങളെപ്പറ്റി പ്രവാചകശിഷ്യനായ ഗേഹസിയോടു ചോദിച്ചറിയുകയായിരുന്നു. മരിച്ച ബാലനെ എലീശ ജീവിപ്പിച്ച കാര്യം രാജാവിനോടു പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ആ ബാലന്‍റെ അമ്മ രാജസന്നിധിയില്‍ വന്നു വീടിനും നിലത്തിനുംവേണ്ടി അപേക്ഷിച്ചത്. അവളെ കണ്ടപ്പോള്‍ ഗേഹസി പറഞ്ഞു: “എന്‍റെ യജമാനനായ രാജാവേ, ഇവളുടെ കുട്ടിയെയാണ് എലീശ പുനര്‍ജീവിപ്പിച്ചത്.” രാജാവ് ചോദിച്ചപ്പോള്‍ അവള്‍ അതെല്ലാം വിവരിച്ചുപറഞ്ഞു. “അവളുടെ വീടും നിലവും മാത്രമല്ല നാടു വിട്ടുപോയ നാള്‍മുതല്‍ നിലത്തിന്‍റെ അന്നുവരെയുള്ള ആദായവും തിരികെ കൊടുക്കണം” എന്ന് അദ്ദേഹം കല്പിച്ചു; അതിനായി ഒരു സേവകനെയും നിയോഗിച്ചു. എലീശ ദമാസ്ക്കസിലേക്കു പോയി. അന്നു സിറിയാരാജാവായ ബെന്‍-ഹദദ് രോഗഗ്രസ്തനായിരുന്നു. എലീശ അവിടെ എത്തിയിട്ടുള്ള വിവരം രാജാവ് അറിഞ്ഞു. രാജാവ് ഹസായേലിനോടു പറഞ്ഞു: “നീ ഒരു സമ്മാനവുമായി ദൈവപുരുഷനെ ചെന്നു കാണുക; ഈ രോഗം മാറി എനിക്കു സൗഖ്യം ലഭിക്കുമോ എന്നു സര്‍വേശ്വരനോട് ആരായാന്‍ എലീശയോട് അപേക്ഷിക്കണം.” അതനുസരിച്ച് ഹസായേല്‍ ദമാസ്ക്കസിലെ വിശിഷ്ട വസ്തുക്കളില്‍നിന്നു നാല്പതു ഒട്ടകങ്ങള്‍ക്കു വഹിക്കാവുന്ന സാധനങ്ങളുമായി പ്രവാചകന്‍റെ അടുക്കല്‍ ചെന്നു. “അങ്ങയുടെ ദാസനായ ബെന്‍-ഹദദ്‍രാജാവ് തന്‍റെ രോഗത്തില്‍നിന്ന് വിമുക്തനാവുമോ എന്ന് അറിയാന്‍ എന്നെ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. എലീശ അവനോടു പറഞ്ഞു: “അയാള്‍ സൗഖ്യം പ്രാപിക്കും എന്നു നീ ചെന്നു പറയുക; എങ്കിലും അയാള്‍ നിശ്ചയമായും മരിക്കുമെന്നു സര്‍വേശ്വരന്‍ എനിക്കു വെളിപ്പെടുത്തിത്തന്നിട്ടുണ്ട്.” അയാള്‍ അസ്വസ്ഥനാകുന്നതുവരെ പ്രവാചകന്‍ കണ്ണിമയ്‍ക്കാതെ അയാളെ നോക്കിനിന്നു. പിന്നീട് പ്രവാചകന്‍ കരഞ്ഞു. “എന്‍റെ യജമാനനേ, അങ്ങ് എന്തിനു കരയുന്നു” എന്നു ഹസായേല്‍ ചോദിച്ചു. പ്രവാചകന്‍ പറഞ്ഞു: “നീ ഇസ്രായേല്‍ജനതയോടു ചെയ്യാന്‍ പോകുന്ന അനര്‍ഥങ്ങള്‍ അറിഞ്ഞിട്ടാണു ഞാന്‍ കരഞ്ഞത്; നീ അവരുടെ ദുര്‍ഗങ്ങള്‍ അഗ്നിക്കിരയാക്കും; യുവാക്കളെ വാള്‍കൊണ്ടു സംഹരിക്കും; കുഞ്ഞുങ്ങളെ അടിച്ചു കൊല്ലുകയും ഗര്‍ഭിണികളുടെ ഉദരം പിളര്‍ക്കുകയും ചെയ്യും.” ഹസായേല്‍ ചോദിച്ചു: “ഇതെല്ലാം ചെയ്യാന്‍ അങ്ങയുടെ ഈ ദാസന്‍ ആരാണ്?” വെറും ഒരു നായ് മാത്രമല്ലേ ഞാന്‍.” എലീശ പറഞ്ഞു. “നീ സിറിയായുടെ രാജാവാകുമെന്ന് സര്‍വേശ്വരന്‍ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു.” ഹസായേല്‍ അവിടെനിന്നു മടങ്ങി തന്‍റെ യജമാനന്‍റെ അടുത്ത് ചെന്നപ്പോള്‍, “എലീശാ പറഞ്ഞത് എന്ത്” എന്നു ചോദിച്ചു. ഹസായേല്‍ പറഞ്ഞു: “അങ്ങു തീര്‍ച്ചയായും സൗഖ്യം പ്രാപിക്കുമെന്നു പ്രവാചകന്‍ പറഞ്ഞു.” “അടുത്ത ദിവസം ഹസായേല്‍ ഒരു പുതപ്പെടുത്ത് വെള്ളത്തില്‍ മുക്കി അതുകൊണ്ട് രാജാവിന്‍റെ മുഖം മൂടി. അങ്ങനെ ബെന്‍-ഹദദ് രാജാവ് ശ്വാസംമുട്ടി മരിച്ചു; പകരം ഹസായേല്‍ രാജാവായി. ഇസ്രായേല്‍രാജാവായ ആഹാബിന്‍റെ പുത്രന്‍ യോരാമിന്‍റെ അഞ്ചാം ഭരണവര്‍ഷം യെഹൂദാരാജാവായ യെഹോശാഫാത്തിന്‍റെ പുത്രന്‍ യെഹോരാം രാജ്യഭാരമേറ്റു. അപ്പോള്‍ അയാള്‍ക്ക് മുപ്പത്തിരണ്ടു വയസ്സായിരുന്നു; അയാള്‍ എട്ടു വര്‍ഷം യെരൂശലേമില്‍ ഭരണം നടത്തി. ആഹാബിന്‍റെ പുത്രി ആയിരുന്നു അയാളുടെ ഭാര്യ; അതുകൊണ്ട് ആഹാബിന്‍റെ കുടുംബക്കാരെപ്പോലെ ഇസ്രായേല്‍രാജാക്കന്മാരുടെ ദുര്‍മാര്‍ഗങ്ങളില്‍ത്തന്നെ അയാളും ചരിച്ചു. സര്‍വേശ്വരനു ഹിതകരമല്ലാത്തത് പ്രവര്‍ത്തിച്ചു; എങ്കിലും അവിടുന്നു തന്‍റെ ദാസനായ ദാവീദിനെ ഓര്‍ത്ത് യെഹൂദായെ നശിപ്പിച്ചില്ല. “ദാവീദിനും അദ്ദേഹത്തിന്‍റെ പുത്രന്മാര്‍ക്കും ഒരു പിന്‍ഗാമി ഇല്ലാതെ പോകുകയില്ല” എന്നു സര്‍വേശ്വരന്‍ ദാവീദിനോടു വാഗ്ദാനം ചെയ്തിരുന്നല്ലോ. യെഹോരാമിന്‍റെ ഭരണകാലത്ത് എദോം യെഹൂദായ്‍ക്കെതിരെ കലാപമുണ്ടാക്കി സ്വാതന്ത്ര്യം നേടി സ്വന്തമായി ഒരു രാജാവിനെ വാഴിച്ചു. അതുകൊണ്ട് യെഹോരാം തന്‍റെ രഥങ്ങളോടുകൂടി സയീരിലേക്കു തിരിച്ചു; എദോമ്യസൈന്യം അവരെ വളഞ്ഞു. എന്നാല്‍ യെഹോരാമും രഥസൈന്യാധിപന്മാരും കൂടി രാത്രിയില്‍ എഴുന്നേറ്റ് തങ്ങളെ വളഞ്ഞിരുന്ന എദോമ്യരെ ആക്രമിച്ചു; എന്നാല്‍ യെഹൂദാസൈന്യത്തിന് തോറ്റു പിന്‍വാങ്ങേണ്ടിവന്നു. അവര്‍ തങ്ങളുടെ കൂടാരങ്ങളിലേക്കു പലായനം ചെയ്തു. അങ്ങനെ എദോമ്യര്‍ യെഹൂദായുടെ ഭരണത്തില്‍നിന്നു സ്വതന്ത്രരായി ഇന്നോളം നില്‌ക്കുന്നു. ആ കാലത്തുതന്നെ ലിബ്നയും പ്രക്ഷോഭമുണ്ടാക്കി. യെഹോരാമിന്‍റെ മറ്റു പ്രവൃത്തികളെല്ലാം യെഹൂദാരാജാക്കന്മാരുടെ ദിനവൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്; യെഹോരാം മരിച്ച് പിതാക്കന്മാരോട് ചേര്‍ന്നു. ദാവീദിന്‍റെ നഗരത്തില്‍ സംസ്കരിക്കപ്പെട്ടു; പുത്രന്‍ അഹസ്യാ അവനു പകരം രാജാവായി. ഇസ്രായേല്‍രാജാവായ ആഹാബിന്‍റെ പുത്രന്‍ യോരാമിന്‍റെ പന്ത്രണ്ടാം ഭരണവര്‍ഷം യെഹൂദാരാജാവായ യെഹോരാമിന്‍റെ പുത്രന്‍ അഹസ്യാ ഭരണമാരംഭിച്ചു. അപ്പോള്‍ അഹസ്യായ്‍ക്ക് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അയാള്‍ ഇസ്രായേലില്‍ ഒരു വര്‍ഷം ഭരിച്ചു; അഥല്യാ ആയിരുന്നു അയാളുടെ മാതാവ്. അവര്‍ ഇസ്രായേല്‍രാജാവായിരുന്ന ഒമ്രിയുടെ പൗത്രി ആയിരുന്നു. അഹസ്യാ വിവാഹം മൂലം ആഹാബ്ഗൃഹത്തോട് ബന്ധപ്പെട്ടിരുന്നു; അങ്ങനെ ആഹാബ്ഗൃഹക്കാരെപ്പോലെ അയാളും സര്‍വേശ്വരന് ഹിതകരമല്ലാത്തതു പ്രവര്‍ത്തിച്ചു. സിറിയാരാജാവായ ഹസായേലിനോട് യുദ്ധം ചെയ്യാന്‍ അഹസ്യാരാജാവ് ആഹാബിന്‍റെ പുത്രന്‍ യോരാമിനോടുകൂടെ രാമോത്ത്-ഗിലെയാദിലേക്കു പോയി. യുദ്ധത്തില്‍ യോരാമിനു മുറിവേറ്റു; മുറിവുകള്‍ സുഖപ്പെടുത്താന്‍ യോരാം ജെസ്രീലിലേക്കു പോയി; യെഹൂദാരാജാവായ യെഹോരാമിന്‍റെ പുത്രനായ അഹസ്യാ അയാളെ സന്ദര്‍ശിക്കാന്‍ ജെസ്രീലില്‍ ചെന്നു. എലീശാപ്രവാചകന്‍ പ്രവാചകശിഷ്യന്മാരില്‍ ഒരാളെ വിളിച്ചുപറഞ്ഞു: “നീ യാത്രയ്‍ക്കു തയ്യാറായി തൈലപ്പാത്രവുമെടുത്ത് രാമോത്ത്-ഗിലെയാദിലേക്കു പോകുക. അവിടെ നിംശിയുടെ പൗത്രനും യെഹോശാഫാത്തിന്‍റെ പുത്രനുമായ യേഹൂവിനെ അന്വേഷിക്കണം. അവനെ കൂട്ടാളികളില്‍നിന്നു മാറ്റി തനിച്ച് ഉള്‍മുറിയിലേക്കു കൊണ്ടുപോകണം. അവന്‍റെ തലയില്‍ ഈ തൈലം ഒഴിച്ചുകൊണ്ട് ‘നിന്നെ ഇസ്രായേല്‍രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു’ എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു എന്നു പറയുക; പിന്നീട് വാതില്‍തുറന്ന് വേഗം ഓടിപ്പോരുക.” അതനുസരിച്ച് ആ പ്രവാചകശിഷ്യന്‍ രാമോത്ത്-ഗിലെയാദിലേക്കു പോയി. അവിടെ ചെന്നപ്പോള്‍ സൈന്യാധിപന്മാര്‍ ഒരുമിച്ചു കൂടിയിരിക്കുകയായിരുന്നു. “സൈന്യാധിപനായ അങ്ങയെ ഒരു സന്ദേശം അറിയിക്കാനുണ്ട്” എന്ന് അയാള്‍ പറഞ്ഞു. “ഞങ്ങളില്‍ ആരോടാണ് നീ സംസാരിക്കുന്നത്” യേഹൂ ചോദിച്ചു. “സൈന്യാധിപാ, അങ്ങയോടുതന്നെ” അയാള്‍ മറുപടി നല്‌കി. അവര്‍ രണ്ടുപേരും ഉള്‍മുറിയിലേക്കു കടന്നു; പ്രവാചകശിഷ്യന്‍ തൈലം യേഹൂവിന്‍റെ തലയില്‍ ഒഴിച്ചുകൊണ്ടു പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ എന്‍റെ ജനമായ ഇസ്രായേലിന് രാജാവായി അഭിഷേകം ചെയ്യുന്നു. നീ നിന്‍റെ യജമാനന്‍റെ ഭവനത്തെ, ആഹാസിന്‍റെ ഗൃഹത്തെത്തന്നെ നശിപ്പിക്കണം. അങ്ങനെ ഞാന്‍ എന്‍റെ പ്രവാചകന്മാരുടെയും ദാസന്മാരുടെയും രക്തത്തിന് ഈസേബെലിനോടു പകരം ചോദിക്കും. ആഹാബിന്‍റെ വംശം നശിക്കും; ആഹാബ്ഗൃഹത്തിന് ഇസ്രായേലിലുള്ള സ്വതന്ത്രനോ അടിമയോ ആയ സകല പുരുഷപ്രജകളെയും ഞാന്‍ നശിപ്പിക്കും. ആഹാബിന്‍റെ കുടുംബത്തെ നെബാത്തിന്‍റെ പുത്രനായ യെരോബെയാമിന്‍റെയും അഹീയായുടെ പുത്രനായ ബയെശയുടെയും കുടുംബങ്ങളെപ്പോലെ ആക്കും. ജെസ്രീലിന്‍റെ അതിര്‍ത്തിക്കുള്ളില്‍ വച്ചുതന്നെ ഈസേബെലിന്‍റെ ശരീരം നായ്‍ക്കള്‍ ഭക്ഷിക്കും. അത് ആരും സംസ്കരിക്കുകയില്ല.” ഇത്രയും പറഞ്ഞിട്ട് അയാള്‍ വാതില്‍ തുറന്ന് ഓടിപ്പോന്നു. യേഹൂ തന്‍റെ സഹപ്രവര്‍ത്തകരുടെ അടുക്കല്‍ വന്നപ്പോള്‍ ഒരാള്‍ ചോദിച്ചു: “എന്താണ് വിശേഷം? ആ ഭ്രാന്തന്‍ എന്തിനാണ് നിന്‍റെ അടുക്കല്‍ വന്നത്?” യേഹൂ പ്രതിവചിച്ചു: “അയാളെയും അയാള്‍ പറഞ്ഞ കാര്യങ്ങളും നിങ്ങള്‍ക്ക് അറിയാമല്ലോ.” അവര്‍ പറഞ്ഞു: “അതു ശരിയല്ല; നീ കാര്യം ഞങ്ങളോടു പറയുക.” യേഹൂ പറഞ്ഞു: “നിന്നെ ഇസ്രായേലിന്‍റെ രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു” എന്ന് അയാള്‍ എന്നോട് പറഞ്ഞു. അവര്‍ ഉടന്‍തന്നെ തങ്ങളുടെ മേലങ്കികള്‍ അവന്‍റെ കാല്‌ക്കല്‍ പടികളില്‍ വിരിച്ചിട്ടു കാഹളം ഊതി; “യേഹൂ രാജാവായിരിക്കുന്നു” എന്ന് അവര്‍ വിളിച്ചുപറഞ്ഞു. നിംശിയുടെ പൗത്രനും യെഹോശാഫാത്തിന്‍റെ പുത്രനുമായ യേഹൂ യോരാമിനെതിരെ ഗൂഢാലോചന നടത്തി. സിറിയാരാജാവായ ഹസായേലിനെതിരെ യോരാമും ഇസ്രായേല്‍സൈന്യവും രാമോത്ത്-ഗിലെയാദില്‍ പാളയമടിച്ചിരിക്കുകയായിരുന്നു. രാമോത്ത്-ഗിലെയാദില്‍ വച്ച് സിറിയാരാജാവായ ഹസായേലുമായുണ്ടായ യുദ്ധത്തില്‍ തനിക്കേറ്റ മുറിവുകള്‍ സുഖമാക്കുന്നതിനു യോരാം ജെസ്രീലിലേക്ക് മടങ്ങിപ്പോയിരുന്നു. അതുകൊണ്ട് യേഹൂ സഹപ്രവര്‍ത്തകരോടു പറഞ്ഞു: “നിങ്ങള്‍ എന്‍റെ കൂടെ നില്‌ക്കുമെങ്കില്‍ ഇവിടെനിന്ന് ആരും പോയി ജെസ്രീലില്‍ വിവരമറിയിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.” പിന്നീട് യേഹൂ രഥത്തില്‍ കയറി ജെസ്രീലിലേക്ക് പുറപ്പെട്ടു. യോരാം അവിടെ അപ്പോഴും രോഗിയായി കഴിയുകയായിരുന്നു. യെഹൂദാരാജാവായ അഹസ്യാ യോരാമിനെ സന്ദര്‍ശിക്കാന്‍ അവിടെ എത്തിയിരുന്നു. യേഹൂവും കൂട്ടരും വരുന്നത് ജെസ്രീല്‍ ഗോപുരത്തില്‍നിന്ന് കാവല്‌ക്കാരന്‍ കണ്ടു. “ഇതാ, ഒരു സംഘം ആളുകള്‍ വരുന്നു” എന്ന് അയാള്‍ പറഞ്ഞു. യോരാം ഒരു കുതിരപ്പടയാളിയെ വിളിച്ചു: “സമാധാനദൗത്യവുമായിട്ടാണോ അവര്‍ വരുന്നത്” എന്നു ചോദിക്കാന്‍ അയച്ചു. അങ്ങനെ അയാള്‍ അവരുടെ അടുക്കല്‍ ചെന്നു ആരാഞ്ഞു: “സമാധാനദൗത്യവുമായിട്ടാണോ നിങ്ങള്‍ വരുന്നത് എന്നു രാജാവ് ചോദിക്കുന്നു.” “സമാധാനവുമായി നിനക്കെന്തു കാര്യം? നീ എന്‍റെ പിന്നാലെ വരിക” യേഹൂ പറഞ്ഞു. ദൂതന്‍ അവരുടെ അടുക്കല്‍ പോയിട്ടു മടങ്ങിവന്നില്ല എന്ന വിവരം കാവല്‌ക്കാരന്‍ യോരാമിനെ അറിയിച്ചു. അദ്ദേഹം മറ്റൊരാളെ കുതിരപ്പുറത്തയച്ചു. അയാളും അവരുടെ അടുക്കല്‍ ചെന്ന്; “സമാധാനദൗത്യവുമായിട്ടാണോ നിങ്ങള്‍ വരുന്നതെന്ന് രാജാവ് അന്വേഷിക്കുന്നു” എന്നു പറഞ്ഞു. യേഹൂ അവനോടും പറഞ്ഞു: “സമാധാനവുമായി നിനക്കെന്തു കാര്യം? നീ എന്‍റെ പിന്നാലെ വരിക.” രണ്ടാമത് അയച്ചവനും അവരുടെ അടുക്കല്‍ ചെന്നിട്ട് മടങ്ങിവന്നില്ലെന്നു കാവല്‌ക്കാരന്‍ പറഞ്ഞു. “രഥം ഓടിക്കുന്നവന്‍ നിംശിയുടെ മകന്‍ യേഹൂവിനെപ്പോലെയിരിക്കുന്നു; ഭ്രാന്തനെപ്പോലെയാണ് അവന്‍ ഓടിച്ചുവരുന്നത്” എന്നും അയാള്‍ പറഞ്ഞു. രഥം ഒരുക്കാന്‍ യോരാം കല്പിച്ചു; ഇസ്രായേല്‍രാജാവായ യോരാമും യെഹൂദാരാജാവായ അഹസ്യായും തങ്ങളുടെ രഥങ്ങളില്‍ കയറി യേഹൂവിന്‍റെ നേരേ പുറപ്പെട്ടു. ജെസ്രീല്‍ക്കാരനായ നാബോത്തിന്‍റെ വയലില്‍ വച്ചു യേഹൂവിനെ കണ്ടുമുട്ടി. “സമാധാനദൗത്യവുമായിട്ടാണോ വരുന്നത്” എന്നു യോരാം യേഹൂവിനോടു ചോദിച്ചു. യേഹൂ പറഞ്ഞു: “നിന്‍റെ അമ്മ ഈസേബെലിന്‍റെ വിഗ്രഹാരാധനയും ആഭിചാരവും വര്‍ധിച്ചിരിക്കെ സമാധാനം എവിടെ?” അപ്പോള്‍ യോരാം രഥം തിരിച്ചോടിച്ചുകൊണ്ട് അഹസ്യായോട്: “ഇതു ചതിയാണല്ലോ” എന്നു വിളിച്ചുപറഞ്ഞു. യേഹൂ വില്ലു കുലച്ച് സര്‍വശക്തിയോടുംകൂടി യോരാമിന്‍റെ തോളുകള്‍ക്കു മധ്യേ എയ്തു. അമ്പ് ശരീരത്തിലൂടെ തുളച്ചുകയറി ഹൃദയം പിളര്‍ന്നു. യോരാം തേരില്‍ മരിച്ചുവീണു. യേഹൂ തന്‍റെ അംഗരക്ഷകന്‍ ബിദ്കാരിനോടു പറഞ്ഞു: “അയാളെ എടുത്ത് ജെസ്രീല്യനായ നാബോത്തിന്‍റെ വയലില്‍ എറിയുക. ഞാനും നീയും കുതിരപ്പുറത്തു കയറി ആഹാബിന്‍റെ പിന്നാലെ പോയപ്പോള്‍ സര്‍വേശ്വരന്‍ അയാള്‍ക്കെതിരായി അരുളിച്ചെയ്ത വചനങ്ങള്‍ ഓര്‍ക്കുക. അവിടുന്ന് അരുളിച്ചെയ്തു: ‘നാബോത്തിനെയും അവന്‍റെ പുത്രന്മാരെയും കൊല ചെയ്തത് ഇന്നലെ ഞാന്‍ കണ്ടു; ഇവിടെ വച്ചുതന്നെ ഞാന്‍ അതിനു പ്രതികാരം ചെയ്യുമെന്നു സത്യം ചെയ്യുന്നു.’ സര്‍വേശ്വരന്‍ കല്പിച്ചതുപോലെ അവനെ എടുത്തുകൊണ്ട് പോയി അവിടെ എറിയുക.” സംഭവിച്ചതെല്ലാം അഹസ്യാ കണ്ടപ്പോള്‍ രഥത്തില്‍ കയറി ബെത്ത്-ഹഗാന്‍ ലക്ഷ്യമാക്കി പലായനം ചെയ്തു. യേഹൂ അയാളെ പിന്തുടര്‍ന്നു. “അവനെയും കൊല്ലുക” യേഹൂ കല്പിച്ചു. യിബ്ലെയാമിനു സമീപത്തുള്ള ഗൂര്‍ കയറ്റത്തില്‍ വച്ച് അവര്‍ അവനെ എയ്തു മുറിവേല്പിച്ചു. എങ്കിലും മെഗിദ്ദോവിലേക്ക് അയാള്‍ ഓടിപ്പോയി; അവിടെവച്ച് അയാള്‍ മരിച്ചു. രണ്ടു സേവകന്മാര്‍ അയാളുടെ ശരീരമെടുത്ത് ദാവീദിന്‍റെ നഗരമായ യെരൂശലേമില്‍ കൊണ്ടുചെന്നു പിതാക്കന്മാരുടെ കല്ലറയില്‍ അടക്കം ചെയ്തു. ആഹാബിന്‍റെ പുത്രനായ യോരാമിന്‍റെ പതിനൊന്നാം ഭരണവര്‍ഷത്തിലായിരുന്നു അഹസ്യാ യെഹൂദായില്‍ രാജാവായത്. യേഹൂ ജെസ്രീലില്‍ എത്തിയ വിവരം അറിഞ്ഞ് ഈസേബെല്‍ കണ്ണെഴുതി, മുടി ചീകി കിളിവാതിലിലൂടെ പുറത്തേക്കു നോക്കി. യേഹൂ പടി കടന്നപ്പോള്‍ ഈസേബെല്‍ ചോദിച്ചു: “യജമാനനെ വധിച്ച ഘാതകാ, സിമ്രീ, നീ സമാധാനത്തിനാണോ ഇവിടെ വന്നിരിക്കുന്നത്?” യേഹൂ കിളിവാതില്‌ക്കലേക്ക് മുഖം ഉയര്‍ത്തി ചോദിച്ചു: “ആരുണ്ട്? എന്‍റെ പക്ഷത്ത് ആരുണ്ട്?” രണ്ടോ മൂന്നോ ഷണ്ഡന്മാരായ അന്തഃപുരസേവകര്‍ അയാളെ നോക്കി. “അവളെ താഴേക്ക് എറിയുക” എന്നു യേഹൂ പറഞ്ഞു. അവര്‍ അവളെ താഴേക്ക് എറിഞ്ഞു. അവളുടെ രക്തം ചുവരിന്മേലും കുതിരപ്പുറത്തും തെറിച്ചുവീണു. കുതിരകള്‍ അവളെ ചവുട്ടിമെതിച്ചു. യേഹൂ കൊട്ടാരത്തില്‍ പ്രവേശിച്ചു; ഭക്ഷണപാനീയങ്ങള്‍ കഴിച്ചു. പിന്നീട് അയാള്‍ പറഞ്ഞു: “ആ ശപിക്കപ്പെട്ടവളെ എടുത്ത് അടക്കം ചെയ്യുക; അവള്‍ രാജകുമാരിയാണല്ലോ.” അവളെ സംസ്കരിക്കാന്‍ ചെന്നവര്‍ അവളുടെ തലയോടും കാലുകളും കൈപ്പത്തികളുമല്ലാതെ മറ്റൊന്നും കണ്ടില്ല. അവര്‍ വിവരം അറിയിച്ചപ്പോള്‍ യേഹൂ പറഞ്ഞു: “തിശ്ബ്യനായ ഏലിയായിലൂടെ സര്‍വേശ്വരന്‍ അരുളിച്ചെയ്ത വാക്കുകള്‍ ഇതാണല്ലോ: ജെസ്രീലിന്‍റെ അതിര്‍ത്തിക്കുള്ളില്‍വച്ചുതന്നെ ഈസേബെലിന്‍റെ മാംസം നായ്‍ക്കള്‍ ഭക്ഷിക്കും. അവളുടെ ജഡം തിരിച്ചറിയാന്‍ പാടില്ലാത്തവിധം ജെസ്രീലിലെ വയലില്‍ ചാണകംപോലെ കിടക്കും.” ആഹാബ്‍രാജാവിന് എഴുപതു പുത്രന്മാരുണ്ടായിരുന്നു. അവര്‍ ശമര്യയിലാണ് പാര്‍ത്തിരുന്നത്. യേഹൂ ശമര്യയിലെ നഗരാധിപന്മാര്‍ക്കും ജനപ്രമാണികള്‍ക്കും ആഹാബിന്‍റെ പുത്രന്മാരുടെ രക്ഷിതാക്കള്‍ക്കും ഇപ്രകാരം കത്തുകളെഴുതി: “നിങ്ങളുടെ യജമാനന്‍റെ പുത്രന്മാര്‍ നിങ്ങളുടെ കൂടെയാണല്ലോ; നിങ്ങള്‍ക്കു രഥങ്ങളും കുതിരകളും ആയുധങ്ങളും സുരക്ഷിതനഗരങ്ങളുമുണ്ട്. ഈ എഴുത്ത് കിട്ടുമ്പോള്‍ രാജകുമാരന്മാരില്‍ ഏറ്റവും യോഗ്യനായ പുത്രനെ പിതാവിന്‍റെ സിംഹാസനത്തില്‍ അവരോധിച്ച് ആ രാജകുടുംബത്തിനുവേണ്ടി പോരാടുവിന്‍. ഭയവിഹ്വലരായിത്തീര്‍ന്ന അവര്‍ തമ്മില്‍ പറഞ്ഞു: “രണ്ട് രാജാക്കന്മാര്‍ക്ക് അയാളെ എതിര്‍ത്തു നില്‌ക്കാന്‍ കഴിഞ്ഞില്ല; പിന്നെ ഞങ്ങള്‍ക്കെങ്ങനെ കഴിയും. അതുകൊണ്ട് കൊട്ടാരം വിചാരിപ്പുകാരനും നഗരാധിപനും ജനപ്രമാണികളും രാജകുമാരന്മാരുടെ രക്ഷിതാക്കളും ചേര്‍ന്ന് യേഹൂവിന് ഈ സന്ദേശമയച്ചു: “ഞങ്ങള്‍ അങ്ങയുടെ ദാസന്മാരാണ്; അങ്ങയുടെ ഇഷ്ടമനുസരിച്ച് ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളാം. ഞങ്ങള്‍ ആരെയും രാജാവായി വാഴിക്കുകയില്ല; അങ്ങയുടെ യുക്തംപോലെ പ്രവര്‍ത്തിച്ചാലും.” അപ്പോള്‍ യേഹൂ അവര്‍ക്കു വീണ്ടുമെഴുതി: “നിങ്ങള്‍ ഞാന്‍ പറയുന്നതു അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെങ്കില്‍ നിങ്ങളുടെ യജമാനന്‍റെ പുത്രന്മാരുടെ ശിരസ്സുകളുമായി നാളെ ഈ നേരത്ത് ജെസ്രീലില്‍ എന്‍റെ അടുക്കല്‍ വരിക.” എഴുപതു രാജകുമാരന്മാരും നഗരപ്രമാണികളായ രക്ഷിതാക്കളുടെ സംരക്ഷണത്തിലായിരുന്നു. എഴുത്തു കിട്ടിയപ്പോള്‍ ആ എഴുപതു രാജകുമാരന്മാരെയും വധിച്ച് അവരുടെ ശിരസ്സുകള്‍ കുട്ടകളിലാക്കി ജെസ്രീലില്‍ യേഹൂവിന്‍റെ അടുക്കല്‍ എത്തിച്ചു. രാജകുമാരന്മാരുടെ ശിരസ്സുകള്‍ കൊണ്ടുവന്നിരിക്കുന്ന വിവരം അറിയിച്ചപ്പോള്‍: “അവ രണ്ടു കൂമ്പാരമായി കൂട്ടി പ്രഭാതംവരെ പടിവാതില്‍ക്കല്‍ വയ്‍ക്കുക” എന്നു യേഹൂ കല്പിച്ചു. പ്രഭാതമായപ്പോള്‍ അയാള്‍ പുറത്തുവന്നു ജനങ്ങളോടു പറഞ്ഞു: “നിങ്ങള്‍ കുറ്റക്കാരല്ല; എന്‍റെ യജമാനനെതിരെ ഗൂഢാലോചന നടത്തി അദ്ദേഹത്തെ വധിച്ചതു ഞാന്‍ തന്നെയാണ്.” “എന്നാല്‍ ആരാണ് ഇവരെയെല്ലാം വധിച്ചത്? തന്‍റെ ദാസനായ ഏലിയായിലൂടെ സര്‍വേശ്വരന്‍ ആഹാബിന്‍റെ കുടുംബത്തിനെതിരെ അരുളിച്ചെയ്ത വചനങ്ങള്‍ ഒന്നൊഴിയാതെ സത്യമായിരിക്കുന്നു” എന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുക. ആഹാബിന്‍റെ ജെസ്രീലിലുള്ള എല്ലാ ചാര്‍ച്ചക്കാരെയും അയാളുടെ സുഹൃത്തുക്കളെയും പുരോഹിതന്മാരെയും പ്രമുഖന്മാരെയുമെല്ലാം യേഹൂ സംഹരിച്ചു. യേഹൂ അവിടെനിന്നു ശമര്യയിലേക്കു പുറപ്പെട്ടു: മാര്‍ഗമധ്യേ ‘ആട്ടിടയന്മാരുടെ താവളം’ എന്നറിയപ്പെടുന്ന സ്ഥലത്തെത്തിയപ്പോള്‍ യേഹൂ യെഹൂദാരാജാവായ അഹസ്യായുടെ ചാര്‍ച്ചക്കാരെ കണ്ടു. “നിങ്ങള്‍ ആരാണ്” എന്ന് അയാള്‍ ചോദിച്ചു. അവര്‍ പറഞ്ഞു: “ഞങ്ങള്‍ അഹസ്യായുടെ ചാര്‍ച്ചക്കാരാണ്; രാജാവിനെയും രാജ്ഞിയുടെ പുത്രന്മാരെയും മറ്റു രാജകുടുംബാംഗങ്ങളെയും സന്ദര്‍ശിക്കാന്‍ പോകുകയാണ്.” “അവരെ ജീവനോടെ പിടിക്കുക” യേഹൂ കല്പിച്ചു. അനുചരന്മാര്‍ അവരെ പിടിച്ചു; അവരെ നാല്പത്തിരണ്ടു പേരെയും ബെത്ത്-ഖേദിലെ കിണറ്റിനരികില്‍വച്ചു വധിച്ചു; ഒരാള്‍ പോലും ശേഷിച്ചില്ല. യേഹൂ അവിടെനിന്നു പുറപ്പെട്ടു; വഴിയില്‍വച്ചു രേഖാബിന്‍റെ പുത്രനായ യോനാദാബിനെ കണ്ടു. യേഹൂ അയാളെ സ്വീകരിച്ചു കൊണ്ടു പറഞ്ഞു: “ഞാന്‍ നിന്നോട് ആത്മാര്‍ഥത പുലര്‍ത്തുന്നതുപോലെ എന്നോട് ആത്മാര്‍ഥമായി വര്‍ത്തിക്കുമോ?” “ഉവ്വ്, ഞാന്‍ അങ്ങനെ വര്‍ത്തിക്കും” യോനാദാബ് പ്രതിവചിച്ചു. “അങ്ങനെയെങ്കില്‍ എനിക്കു കൈ തരിക” യേഹൂ പറഞ്ഞു. അയാള്‍ കൈ കൊടുത്തു. യേഹൂ അയാളെ തന്‍റെ രഥത്തില്‍ കയറ്റി. “എന്‍റെ കൂടെ വന്ന് സര്‍വേശ്വരനോടുള്ള എന്‍റെ ഭക്തിയുടെ തീവ്രത കാണുക” എന്നു പറഞ്ഞു. അവര്‍ ഒന്നിച്ചു രഥത്തില്‍ യാത്ര തുടര്‍ന്നു. ശമര്യയിലെത്തിയപ്പോള്‍ ആഹാബിന്‍റെ വംശത്തില്‍ അവിടെ ശേഷിച്ചിരുന്നവരെയെല്ലാം യേഹൂ വധിച്ചു. ഇങ്ങനെ സംഭവിക്കും എന്ന് സര്‍വേശ്വരന്‍ ഏലിയാ പ്രവാചകനിലൂടെ അരുളിച്ചെയ്തിരുന്നു. യേഹൂ ജനത്തെയെല്ലാം വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “ആഹാബ് ബാലിനെ അല്പം മാത്രം സേവിച്ചു; എന്നാല്‍ ഞാനാകട്ടെ അധികം സേവിക്കും. അതുകൊണ്ട് ബാലിന്‍റെ സകല പ്രവാചകന്മാരെയും ആരാധകരെയും പുരോഹിതന്മാരെയും വിളിച്ചുകൂട്ടുക; ആരും വരാതിരിക്കരുത്. ഞാന്‍ ബാലിന് ഒരു മഹായാഗം അര്‍പ്പിക്കാന്‍ പോകുകയാണ്; പങ്കെടുക്കാതിരിക്കുന്നവര്‍ ജീവനോടെ ശേഷിക്കയില്ല.” ബാലിന്‍റെ ആരാധകരെയെല്ലാം വധിക്കാന്‍ യേഹൂ പ്രയോഗിച്ച ഒരു തന്ത്രമായിരുന്നു അത്. “ബാലിന് ഒരു പെരുന്നാള്‍ ആഘോഷിക്കാം” എന്നു യേഹൂ കല്പിച്ചു. അവര്‍ അങ്ങനെ വിളംബരം ചെയ്തു. ഇസ്രായേലിലെല്ലാം യേഹൂ ദൂതന്മാരെ അയച്ചു. ബാലിന്‍റെ ആരാധകരെല്ലാം ഒന്നൊഴിയാതെ അവിടെവന്നു. അവര്‍ ബാലിന്‍റെ ആലയത്തില്‍ പ്രവേശിച്ചു; ആലയം ആരാധകരെക്കൊണ്ടു നിറഞ്ഞുകവിഞ്ഞു. “ബാലിന്‍റെ ആരാധകര്‍ക്ക് ആരാധനയ്‍ക്കുള്ള പ്രത്യേക വസ്ത്രങ്ങള്‍ കൊണ്ടുവരിക” യേഹൂ വസ്ത്രം സൂക്ഷിപ്പുകാരനോടു പറഞ്ഞു. അയാള്‍ അവ കൊണ്ടുവന്നു. പിന്നീട് രേഖാബിനെ പുത്രനായ യോനാദാബിനോടുകൂടി യേഹൂ ബാലിന്‍റെ ദേവാലയത്തില്‍ പ്രവേശിച്ചു. അവന്‍ അവിടെയുള്ളവരോടു പറഞ്ഞു: “ബാലിന്‍റെ ആരാധകരല്ലാതെ സര്‍വേശ്വരന്‍റെ ആരാധകരാരും ഇവിടെയില്ല എന്ന് ഉറപ്പുവരുത്തുക.” പിന്നീട് ബാലിന് ഹോമയാഗങ്ങളും മറ്റു ബലികളും അര്‍പ്പിക്കുന്നതിനുള്ള ഒരുക്കങ്ങളാരംഭിച്ചു. എണ്‍പതു പേരെ യേഹൂ പുറത്തു കാവല്‍ നിര്‍ത്തിയിരുന്നു. അവരോടു പറഞ്ഞിരുന്നു: “ഞാന്‍ ഏല്പിച്ചുതരുന്നവരില്‍ ആരെങ്കിലും രക്ഷപെടാന്‍ അനുവദിച്ചാല്‍ അവന്‍ തന്‍റെ സ്വന്തം ജീവന്‍ പകരം നല്‌കേണ്ടിവരും.” യാഗം തീര്‍ന്നപ്പോള്‍ അകമ്പടിസേവകരോടും കാവല്‌ക്കാരോടും യേഹൂ കല്പിച്ചു: “നിങ്ങള്‍ അകത്തു പ്രവേശിച്ച് അവരെ കൊല്ലുക; ഒരാള്‍പോലും രക്ഷപെടരുത്.” അവര്‍ ബാലിന്‍റെ ആരാധകരെയെല്ലാം സംഹരിച്ചശേഷം അവരെ പുറത്തേക്കു വലിച്ചെറിഞ്ഞു. പിന്നീട് ബാല്‍ക്ഷേത്രത്തിന്‍റെ അന്തര്‍മന്ദിരത്തില്‍ പ്രവേശിച്ച് അവിടെ ഉണ്ടായിരുന്ന സ്തംഭം പുറത്തെടുത്ത് അഗ്നിക്കിരയാക്കി. ബാലിന്‍റെ ക്ഷേത്രവും സ്തംഭവും തകര്‍ത്തശേഷം അത് ഒരു വിസര്‍ജനസ്ഥലമാക്കി മാറ്റി. അത് ഇന്നും അതേ നിലയില്‍ കിടക്കുന്നു. അങ്ങനെ യേഹൂ ബാലിന്‍റെ ആരാധനയെ ഇസ്രായേലില്‍നിന്നു നീക്കിക്കളഞ്ഞു. എന്നാല്‍ നെബാത്തിന്‍റെ പുത്രനായ യെരോബെയാം ഇസ്രായേല്‍ജനങ്ങളെക്കൊണ്ടു ചെയ്യിച്ച പാപത്തില്‍നിന്നു യേഹൂ പിന്മാറിയില്ല. ബേഥേലിലും ദാനിലുമുണ്ടായിരുന്ന സ്വര്‍ണകാളക്കുട്ടികളെ അയാള്‍ ആരാധിച്ചു. സര്‍വേശ്വരന്‍ യേഹൂവിനോടു പറഞ്ഞു: “നീ എന്‍റെ ഹിതാനുസരണം പ്രവര്‍ത്തിച്ചു; ആഹാബിന്‍റെ ഗൃഹത്തെ സംബന്ധിച്ചു ഞാന്‍ പറഞ്ഞതെല്ലാം നീ ചെയ്തു. അതുകൊണ്ട് നിന്‍റെ പുത്രന്മാര്‍ ഇസ്രായേലിന്‍റെ രാജസിംഹാസനത്തില്‍ നാലാം തലമുറവരെ വാഴും.” എന്നാല്‍ യേഹൂ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ ധര്‍മശാസനങ്ങള്‍ പൂര്‍ണഹൃദയത്തോടെ അനുസരിച്ചുനടന്നില്ല. ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യെരോബെയാമിന്‍റെ വഴികളില്‍നിന്ന് അയാള്‍ പിന്മാറിയതുമില്ല. ആ കാലത്ത് സര്‍വേശ്വരന്‍ ഇസ്രായേല്‍ദേശത്തിന്‍റെ ചില ഭാഗങ്ങള്‍ നീക്കിക്കളയാന്‍ തുടങ്ങി. സിറിയാരാജാവായ ഹസായേല്‍ ഇസ്രായേലിന്‍റെ അതിര്‍ത്തി പ്രദേശങ്ങളെ ആക്രമിച്ചു കീഴടക്കി. യോര്‍ദ്ദാന്‍റെ കിഴക്കുവശം മുതല്‍ അര്‍ന്നോന്‍നദിയുടെ താഴ്വരയിലുള്ള അരോവേര്‍ പട്ടണംവരെയുള്ള പ്രദേശങ്ങള്‍ അതായത് ഗാദ്, രൂബേന്‍, മനശ്ശെ എന്നീ ഗോത്രക്കാര്‍ പാര്‍ത്തിരുന്ന ഗിലെയാദ്, ബാശാന്‍ പ്രദേശങ്ങള്‍ അവന്‍ പിടിച്ചടക്കി. യേഹൂ ചെയ്ത മറ്റെല്ലാ പ്രവൃത്തികളും അയാളുടെ വീരപരാക്രമങ്ങളും ഇസ്രായേല്‍രാജാക്കന്മാരുടെ ദിനവൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യേഹൂ മരിച്ച് തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു; ശമര്യയില്‍ അയാളെ സംസ്കരിച്ചു. അയാളുടെ പുത്രനായ യെഹോവാഹാസ് പകരം രാജാവായി; യേഹൂ ഇസ്രായേല്യരുടെ രാജാവായി ഇരുപത്തെട്ടു വര്‍ഷം ശമര്യയില്‍ വാണു. അഹസ്യായുടെ അമ്മ അഥല്യാ തന്‍റെ മകന്‍റെ മരണവാര്‍ത്ത കേട്ട് രാജകുടുംബാംഗങ്ങളെയെല്ലാം വധിച്ചു. എന്നാല്‍ അഹസ്യായുടെ സഹോദരിയും യെഹോരാംരാജാവിന്‍റെ പുത്രിയുമായ യെഹോശേബ വധിക്കപ്പെടാന്‍ പോകുന്ന രാജകുമാരന്മാരുടെ ഇടയില്‍നിന്ന് അഹസ്യായുടെ പുത്രന്‍ യോവാശിനെയും ധാത്രിയെയും അഥല്യാ കാണാതെ കിടപ്പറയില്‍ ഒളിപ്പിച്ചു. അതുകൊണ്ട് അവന്‍ കൊല്ലപ്പെട്ടില്ല. ആറു വര്‍ഷം അവന്‍ സര്‍വേശ്വരന്‍റെ ആലയത്തില്‍ ധാത്രിയോടുകൂടി ഒളിവില്‍ പാര്‍ത്തു; അക്കാലമത്രയും അഥല്യാ രാജ്യം ഭരിച്ചു. ഏഴാം വര്‍ഷം യെഹോയാദ പുരോഹിതന്‍ കാര്യരുടെയും അംഗരക്ഷകരുടെയും നായകന്മാരെ സര്‍വേശ്വരന്‍റെ ആലയത്തിലേക്കു വിളിച്ചുവരുത്തി; അവരുമായി ഒരു ഉടമ്പടി ഉണ്ടാക്കി അവരെക്കൊണ്ടു പ്രതിജ്ഞ ചെയ്യിച്ചശേഷം രാജകുമാരനെ അവര്‍ക്കു കാണിച്ചുകൊടുത്തു. യെഹോയാദ അവര്‍ക്ക് ഈ കല്പന നല്‌കി: “ശബത്തില്‍ തവണ മാറിവരുന്ന നിങ്ങളില്‍ മൂന്നില്‍ ഒരു ഭാഗം കൊട്ടാരം കാക്കണം; മൂന്നില്‍ ഒരു ഭാഗം സൂര്‍ പടിവാതില്‌ക്കലും മൂന്നില്‍ ഒരു ഭാഗം അംഗരക്ഷകരുടെ പുറകിലുള്ള പടിവാതില്‌ക്കലും നില്‌ക്കണം; തവണ കഴിഞ്ഞുപോകുന്ന രണ്ടു വിഭാഗങ്ങള്‍ ആയുധധാരികളായി സര്‍വേശ്വരന്‍റെ ആലയത്തില്‍ രാജാവിനെ സംരക്ഷിക്കാന്‍ എപ്പോഴും ഉണ്ടായിരിക്കണം. നിങ്ങള്‍ ഓരോരുത്തനും ആയുധധാരികളായി രാജാവിനു കാവല്‍ നില്‌ക്കേണ്ടതാണ്. നിങ്ങളെ സമീപിക്കുന്നവന്‍ ആരായാലും അവനെ കൊന്നുകളയണം. രാജാവിനോടൊത്ത് നിങ്ങള്‍ എപ്പോഴും ഉണ്ടായിരിക്കണം.” യെഹോയാദ പുരോഹിതന്‍ കല്പിച്ചതുപോലെ കാവല്‍പ്പടയാളികളുടെ നായകന്മാര്‍ പ്രവര്‍ത്തിച്ചു. തവണ മാറി വരുന്നവരും പോകുന്നവരുമായ തങ്ങളുടെ ആളുകളെ അവര്‍ പുരോഹിതന്‍റെ അടുക്കല്‍ കൊണ്ടുവന്നു. സര്‍വേശ്വരന്‍റെ ആലയത്തില്‍ സൂക്ഷിച്ചിരുന്ന ദാവീദ്‍രാജാവിന്‍റെ കുന്തങ്ങളും പരിചകളും പുരോഹിതന്‍ അവരെ ഏല്പിച്ചു. അംഗരക്ഷകര്‍ ആയുധധാരികളായി തെക്കുവശംമുതല്‍ വടക്കുവശംവരെ യാഗപീഠത്തിനും ആലയത്തിനും ചുറ്റും നിലയുറപ്പിച്ചു. പിന്നീട് യെഹോയാദ പുരോഹിതന്‍ യോവാശ് രാജകുമാരനെ പുറത്തു കൊണ്ടുവന്നു കിരീടമണിയിച്ചു. രാജാവ് അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ അടങ്ങിയ സാക്ഷ്യപുസ്‍തകം നല്‌കി. പിന്നീടവര്‍ കുമാരനെ രാജാവായി പ്രഖ്യാപിച്ച് അഭിഷേകം ചെയ്തു. “രാജാവ് നീണാള്‍ വാഴട്ടെ” അവര്‍ ആര്‍ത്തുവിളിച്ചു. കാവല്‍ഭടന്മാരുടെയും ജനങ്ങളുടെയും ആര്‍പ്പുവിളി കേട്ട് അഥല്യാരാജ്ഞി സര്‍വേശ്വരന്‍റെ ആലയത്തിലെത്തി; ആചാരപ്രകാരം തൂണിന്‍റെ അടുക്കല്‍ രാജാവ് നില്‌ക്കുന്നത് അഥല്യാ കണ്ടു. കാവല്‍പ്പടയാളികളുടെ നായകന്മാരും കാഹളം ഊതുന്നവരും രാജാവിന്‍റെ അടുക്കല്‍ ഉണ്ടായിരുന്നു. ജനമെല്ലാം ഉല്ലാസഭരിതരായി കാഹളം മുഴക്കി. അപ്പോള്‍ അഥല്യാരാജ്ഞി വസ്ത്രം കീറി “രാജദ്രോഹം” “രാജദ്രോഹം” എന്നു വിളിച്ചുപറഞ്ഞു. യെഹോയാദ പുരോഹിതന്‍ കാവല്‍സേനാനായകന്മാരോടു കല്പിച്ചു: “സൈന്യനിരകള്‍ക്കിടയിലൂടെ അവളെ പുറത്തു കൊണ്ടുപോകുവിന്‍; അവളെ ആരെങ്കിലും അനുഗമിച്ചാല്‍ അവനെ വധിക്കണം. സര്‍വേശ്വരന്‍റെ ആലയത്തില്‍വച്ച് അവളെ കൊല്ലരുത്.” അവര്‍ രാജ്ഞിയെ പിടിച്ചുകൊണ്ടുപോയി, കൊട്ടാരത്തിന്‍റെ കുതിരവാതില്‌ക്കല്‍ വച്ചു വധിച്ചു. യോവാശ്‍രാജാവും ജനങ്ങളും സര്‍വേശ്വരന്‍റെ ജനമായിരിക്കുമെന്നു യെഹോയാദ പുരോഹിതന്‍ ജനങ്ങളെക്കൊണ്ട് ഉടമ്പടി ചെയ്യിച്ചു. രാജാവും ജനങ്ങളും തമ്മിലും ഉടമ്പടിയുണ്ടാക്കി. പിന്നീട് ജനങ്ങളെല്ലാം ബാല്‍ക്ഷേത്രത്തില്‍ ചെന്ന് അതു തകര്‍ത്തുകളഞ്ഞു. ബലിപീഠങ്ങളും വിഗ്രഹങ്ങളും നശിപ്പിക്കയും ബാലിന്‍റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പില്‍വച്ചുതന്നെ വധിക്കുകയും ചെയ്തു. പിന്നീട് യെഹോയാദ പുരോഹിതന്‍ സര്‍വേശ്വരന്‍റെ ആലയം സൂക്ഷിക്കുന്നതിനു കാവല്‌ക്കാരെ ഏര്‍പ്പെടുത്തി. അദ്ദേഹം കാവല്‍പടനായകന്മാരുടെയും കാര്യരുടെയും അംഗരക്ഷകരുടെയും സര്‍വജനങ്ങളുടെയും അകമ്പടിയോടുകൂടി രാജാവിനെ സര്‍വേശ്വരന്‍റെ ആലയത്തില്‍നിന്ന് കാവല്‌ക്കാരുടെ കവാടത്തിലൂടെ കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. യോവാശ് രാജസിംഹാസനത്തില്‍ ഇരുന്നു; ജനമെല്ലാം സന്തോഷിച്ചു. കൊട്ടാരത്തില്‍ വച്ച് അഥല്യാ വധിക്കപ്പെട്ടതോടെ നഗരം ശാന്തമായി. ഏഴാമത്തെ വയസ്സിലായിരുന്നു യോവാശ് രാജാവായത്. ഇസ്രായേല്‍രാജാവായ യേഹൂവിന്‍റെ ഏഴാം ഭരണവര്‍ഷത്തിലാണ് യോവാശ് യെഹൂദായുടെ ഭരണം ആരംഭിച്ചത്. അദ്ദേഹം യെരൂശലേമില്‍ നാല്പതു വര്‍ഷം ഭരിച്ചു. അദ്ദേഹത്തിന്‍റെ അമ്മ ബേര്‍-ശേബക്കാരി സിബ്യാ ആയിരുന്നു. യെഹോയാദ പുരോഹിതന്‍ അദ്ദേഹത്തിന്‍റെ ഉപദേഷ്ടാവായിരുന്നതുകൊണ്ട് യോവാശ് സര്‍വേശ്വരനു ഹിതകരമായി പ്രവര്‍ത്തിച്ചു; എങ്കിലും അയാള്‍ പൂജാഗിരികള്‍ നശിപ്പിച്ചില്ല. ജനം അവിടെ യാഗവും ധൂപവും അര്‍പ്പിച്ചുവന്നു. [4,5] “സര്‍വേശ്വരന്‍റെ ആലയത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധവസ്തുക്കളുടെ മുഴുവന്‍ വിലയും ഓരോരുത്തരും നല്‌കേണ്ട പണവും ആളുകള്‍ സ്വമേധയാ അര്‍പ്പിക്കുന്ന പണവും വാങ്ങി ദേവാലയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കണം” എന്നു പുരോഹിതന്മാരോട് യോവാശ് കല്പിച്ചു. *** യോവാശിന്‍റെ ഇരുപത്തിമൂന്നാം ഭരണവര്‍ഷംവരെ പുരോഹിതന്മാര്‍ ദേവാലയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്തിരുന്നില്ല. അതിനാല്‍ രാജാവ് യെഹോയാദ പുരോഹിതനെയും മറ്റു പുരോഹിതന്മാരെയും വിളിച്ചു ചോദിച്ചു: “നിങ്ങള്‍ ദേവാലയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാത്തത് എന്ത്? ഇനിയും ജനങ്ങളില്‍നിന്നു ലഭിക്കുന്ന പണം നിങ്ങള്‍ എടുക്കാതെ ദേവാലയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്കായി കൊടുക്കുക.” അതുകൊണ്ട് ഇനിമേല്‍ ജനങ്ങളില്‍നിന്നു പണം വാങ്ങേണ്ടതില്ലെന്നും ദേവാലയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ തങ്ങള്‍ ചെയ്യേണ്ടതില്ലെന്നും പുരോഹിതന്മാര്‍ തീരുമാനിച്ചു. അടപ്പില്‍ ദ്വാരമിട്ട ഒരു പെട്ടി യെഹോയാദ പുരോഹിതന്‍ യാഗപീഠത്തിനരികില്‍ ദേവാലയത്തിലേക്കുള്ള വാതിലിന്‍റെ വലതുവശത്ത് സ്ഥാപിച്ചു. വാതില്‍ കടക്കുന്ന പുരോഹിതന്മാര്‍ സര്‍വേശ്വരന്‍റെ ആലയത്തില്‍ ലഭിക്കുന്ന പണമെല്ലാം ആ പെട്ടിയില്‍ നിക്ഷേപിക്കും. പെട്ടി നിറയുമ്പോള്‍ രാജാവിന്‍റെ കാര്യവിചാരകനും പ്രധാനപുരോഹിതനും കൂടി പണം എണ്ണി സഞ്ചികളില്‍ കെട്ടിവയ്‍ക്കും. പിന്നീട് ആ പണം ദേവാലയത്തിന്‍റെ പണിയുടെ മേല്‍നോട്ടം വഹിക്കുന്നവരെ ഏല്പിക്കും. അവര്‍ അത് ദേവാലയത്തിലെ മരപ്പണിക്കാര്‍, ശില്പികള്‍, കല്പണിക്കാര്‍, കല്ലുവെട്ടുകാര്‍ എന്നിവര്‍ക്കു കൂലി കൊടുക്കാനും അറ്റകുറ്റപ്പണികള്‍ക്ക് വേണ്ട തടിയും ചെത്തിയ കല്ലും വാങ്ങാനും മറ്റു ചെലവുകള്‍ നിര്‍വഹിക്കാനുമായി വിനിയോഗിക്കും. സര്‍വേശ്വരന്‍റെ ആലയത്തില്‍ വരുന്ന പണം വെള്ളിപ്പാത്രങ്ങളോ, തിരികത്രികകളോ, തളിക്കാനുള്ള പാത്രങ്ങളോ, കാഹളങ്ങളോ, സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള മറ്റു പാത്രങ്ങളോ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചില്ല. അത് ദേവാലയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നവര്‍ക്കു നല്‌കി. അറ്റകുറ്റപ്പണികള്‍ക്കു വേണ്ടിയുള്ള പണം ഏറ്റുവാങ്ങിയിരുന്നവര്‍ വിശ്വസ്തതയോടെ പ്രവര്‍ത്തിച്ചതുകൊണ്ട് അവരോട് കണക്കു ചോദിച്ചിരുന്നില്ല. പ്രായശ്ചിത്തയാഗത്തിലൂടെയും പാപപരിഹാരയാഗത്തിലൂടെയും ലഭിച്ചിരുന്ന പണം ദേവാലയത്തില്‍ നിക്ഷേപിച്ചില്ല; അതു പുരോഹിതന്മാര്‍ക്കുള്ളതായിരുന്നു. അക്കാലത്തു സിറിയാരാജാവായ ഹസായേല്‍ ഗത്ത് ആക്രമിച്ചു കീഴടക്കി; യെരൂശലേം ആക്രമിക്കുന്നതിനും അയാള്‍ തീരുമാനിച്ചു. അപ്പോള്‍ യെഹൂദാരാജാവായ യോവാശ് താനും തന്‍റെ പിതാക്കന്മാരായ യെഹോശാഫാത്ത്, യെഹോരാം, അഹസ്യാ എന്നീ യെഹൂദാരാജാക്കന്മാരും നിവേദിച്ചിരുന്ന സാധനങ്ങളും ദേവാലയത്തിലെയും കൊട്ടാരത്തിലെയും സ്വര്‍ണനിക്ഷേപങ്ങളും എടുത്ത് സിറിയാരാജാവായ ഹസായേലിനു കൊടുത്തയച്ചു. അങ്ങനെ ഹസായേല്‍ യെരൂശലേം ആക്രമിക്കാതെ പിന്‍വാങ്ങി. യോവാശിന്‍റെ മറ്റു പ്രവര്‍ത്തനങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യോവാശിന്‍റെ സേവകന്മാര്‍ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തി. സില്ലായിലേക്കു പോകുന്ന വഴിയില്‍ മില്ലോഭവനത്തില്‍ വച്ച് അവര്‍ അദ്ദേഹത്തെ വധിച്ചു. ശിമെയാത്തിന്‍റെ പുത്രനായ യോസാഖാര്‍, ശോമേരിന്‍റെ പുത്രനായ യെഹോസാബാദ് എന്നിവരായിരുന്നു അദ്ദേഹത്തെ വധിച്ചത്. അദ്ദേഹത്തിന്‍റെ പിതാക്കന്മാരുടെകൂടെ ദാവീദിന്‍റെ നഗരത്തില്‍ അദ്ദേഹത്തെ സംസ്കരിച്ചു. യോവാശിന്‍റെ പുത്രന്‍ അമസ്യാ പകരം രാജാവായി. യെഹൂദാരാജാവായ അഹസ്യായുടെ പുത്രന്‍ യോവാശിന്‍റെ ഇരുപത്തിമൂന്നാം ഭരണവര്‍ഷം യേഹൂവിന്‍റെ പുത്രന്‍ യെഹോവാഹാസ് ഇസ്രായേല്‍രാജാവായി. അദ്ദേഹം ശമര്യയില്‍ പതിനേഴു വര്‍ഷം ഭരിച്ചു. യെഹോവാഹാസ് സര്‍വേശ്വരനു ഹിതകരമല്ലാത്തവിധം ജീവിച്ചു; നെബാത്തിന്‍റെ പുത്രന്‍ യെരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍നിന്നു വിട്ടുമാറാതെ അദ്ദേഹം അവ തുടര്‍ന്നുപോന്നു. അതിനാല്‍ സര്‍വേശ്വരന്‍റെ കോപം ഇസ്രായേലിനു നേരെ ജ്വലിച്ചു. അവിടുന്ന് അവരെ സിറിയാരാജാവായ ഹസായേലിന്‍റെയും അയാളുടെ പുത്രന്‍ ബെന്‍-ഹദദിന്‍റെയും കൈകളില്‍ തുടര്‍ച്ചയായി ഏല്പിച്ചുകൊടുത്തു. യെഹോവാഹാസ് സര്‍വേശ്വരന്‍റെ സഹായത്തിനായി പ്രാര്‍ഥിച്ചു. അവിടുന്ന് അയാളുടെ യാചന കേട്ടു; സിറിയാരാജാവ് ഇസ്രായേലിനെ ദ്രോഹിച്ചത് അവിടുന്നു കണ്ടു. അവിടുന്ന് ഇസ്രായേലിന് ഒരു വിമോചകനെ നല്‌കി. ഇസ്രായേല്യര്‍ സിറിയാക്കാരുടെ കൈയില്‍നിന്നു വിമോചിതരായി. അങ്ങനെ ഇസ്രായേല്‍ജനം മുന്‍പെന്നപോലെ സുരക്ഷിതരായി പാര്‍ത്തു. എങ്കിലും അവര്‍ ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച യെരോബെയാമിന്‍റെ പാപങ്ങളില്‍നിന്ന് പിന്മാറാതെ അയാളുടെ വഴികളില്‍ തന്നെ നടന്നു. അശേരാദേവിയുടെ പ്രതിഷ്ഠ ശമര്യയില്‍നിന്ന് അവര്‍ നീക്കിയില്ല. യെഹോവാഹാസിന്‍റെ സൈന്യത്തില്‍ അമ്പതിലധികം അശ്വഭടന്മാരോ, പത്തിലധികം രഥങ്ങളോ, പതിനായിരത്തിലധികം കാലാള്‍പ്പടയോ ഉണ്ടായിരുന്നില്ല. ബാക്കിയുള്ളവയെല്ലാം സിറിയാരാജാവ് നശിപ്പിച്ച് മെതിക്കളത്തിലെ പൊടിപോലെ ആക്കിയിരുന്നു. യെഹോവാഹാസിന്‍റെ മറ്റു പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്‍റെ വീരപരാക്രമങ്ങളും ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യെഹോവാഹാസ് മരിച്ച് പിതാക്കന്മാരോടു ചേര്‍ന്നു. ശമര്യയില്‍ അദ്ദേഹത്തെ സംസ്കരിച്ചു; അദ്ദേഹത്തിന്‍റെ പുത്രന്‍ യെഹോവാശ് പകരം രാജാവായി. യെഹൂദാരാജാവായ യോവാശിന്‍റെ മുപ്പത്തേഴാം ഭരണവര്‍ഷം യെഹോവാഹാസിന്‍റെ പുത്രന്‍ യെഹോവാശ് ഇസ്രായേല്‍രാജാവായി. അദ്ദേഹം ശമര്യയില്‍ പതിനാറു വര്‍ഷം ഭരിച്ചു; അദ്ദേഹവും സര്‍വേശ്വരനു ഹിതകരമല്ലാത്തവിധം ജീവിച്ചു. നെബാത്തിന്‍റെ പുത്രന്‍ യെരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍നിന്നു വിട്ടുമാറാതെ അവയില്‍ ചരിച്ചു; യെഹോവാശിന്‍റെ മറ്റു പ്രവര്‍ത്തനങ്ങളും യെഹൂദാരാജാവായ അമസ്യായുമായുള്ള യുദ്ധത്തില്‍ പ്രകടിപ്പിച്ച വീരപരാക്രമങ്ങളും ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യെഹോവാശ് മരിച്ചു; ശമര്യയിലുള്ള പിതാക്കന്മാരുടെ കല്ലറയില്‍ അദ്ദേഹത്തെ സംസ്കരിച്ചു. പുത്രന്‍ യെരോബെയാം പകരം രാജാവായി. എലീശ രോഗബാധിതനായി മരണത്തോടു സമീപിച്ചു; തത്സമയം ഇസ്രായേല്‍രാജാവായ യെഹോവാശ് അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെന്നു: “എന്‍റെ പിതാവേ, എന്‍റെ പിതാവേ, ഇസ്രായേലിന്‍റെ തേരും തേരാളികളുമേ” എന്നു കരഞ്ഞുകൊണ്ടു പറഞ്ഞ് അമ്പും വില്ലും എടുത്തു. “വില്ലു കുലയ്‍ക്കാന്‍ തയ്യാറാകൂ” എന്ന് എലീശ പറഞ്ഞു. രാജാവ് അങ്ങനെ ചെയ്തു. എലീശ തന്‍റെ കൈകള്‍ അദ്ദേഹത്തിന്‍റെ കൈകളുടെമേല്‍ വച്ചശേഷം “കിഴക്കോട്ടുള്ള ജനാല തുറക്കുക” എന്നു പറഞ്ഞു. അദ്ദേഹം അങ്ങനെ ചെയ്തു. “ഇനി അമ്പ് എയ്യുക” എലീശ പറഞ്ഞു. അദ്ദേഹം അങ്ങനെ പ്രവര്‍ത്തിച്ചു. അപ്പോള്‍ എലീശ പറഞ്ഞു: “ഇതു സര്‍വേശ്വരന്‍റെ വിജയശരം. സിറിയായ്‍ക്കെതിരെയുള്ള വിജയശരം. നീ അഫേക്കില്‍വച്ച് സിറിയാക്കാരോട് യുദ്ധം ചെയ്ത് അവരെ നശിപ്പിക്കും.” പിന്നീട് എലീശ പറഞ്ഞു: “അമ്പുകളെടുത്തു നിലത്തടിക്കുക.” രാജാവ് അമ്പുകളെടുത്തു മൂന്നു തവണ നിലത്തടിച്ചു. അപ്പോള്‍ പ്രവാചകന്‍ ക്ഷുഭിതനായി പറഞ്ഞു: “നീ അഞ്ചോ ആറോ തവണ നിലത്തടിക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ നീ സിറിയാക്കാരെ ആക്രമിച്ച് നിശ്ശേഷം നശിപ്പിക്കുമായിരുന്നു. നീ മൂന്നു പ്രാവശ്യം മാത്രമേ സിറിയാക്കാരെ തോല്പിക്കുകയുള്ളൂ.” എലീശ മരിച്ചു; അവര്‍ അദ്ദേഹത്തെ സംസ്കരിച്ചു. വര്‍ഷംതോറും വസന്തത്തില്‍ മോവാബ്യര്‍ കൂട്ടമായി വന്ന് ഇസ്രായേലിനെ ആക്രമിച്ചിരുന്നു. ഒരിക്കല്‍ ഒരു മനുഷ്യന്‍റെ മൃതദേഹം സംസ്കരിച്ചുകൊണ്ടിരിക്കെ മോവാബ്യരുടെ സംഘം വരുന്നതുകണ്ട് ഇസ്രായേല്യര്‍ ആ ജഡം എലീശയുടെ കല്ലറയിലേക്ക് എറിഞ്ഞു. എലീശയുടെ അസ്ഥികളെ സ്പര്‍ശിച്ചപ്പോള്‍ ജഡം ജീവന്‍ പ്രാപിച്ച് എഴുന്നേറ്റു നിന്നു. യെഹോവാഹാസിന്‍റെ കാലം മുഴുവന്‍ സിറിയാരാജാവായ ഹസായേല്‍ ഇസ്രായേലിനെ പീഡിപ്പിച്ചുകൊണ്ടിരുന്നു. എങ്കിലും അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും ചെയ്തിരുന്ന ഉടമ്പടി അനുസരിച്ച് സര്‍വേശ്വരന്‍ ഇസ്രായേലിനോടു കരുണയും ദയയും കാണിച്ചു. അവരെ നശിപ്പിക്കുകയോ അവിടുത്തെ മുമ്പില്‍നിന്ന് ഇന്നുവരെ നീക്കിക്കളയുകയോ ചെയ്തില്ല. സിറിയാരാജാവായ ഹസായേലിന്‍റെ മരണശേഷം പുത്രന്‍ ബെന്‍-ഹദദ് രാജാവായി. തന്‍റെ പിതാവായ യെഹോവാഹാസില്‍നിന്ന് ഹസായേല്‍ പിടിച്ചെടുത്തിരുന്ന പട്ടണങ്ങളെ ഹസായേലിന്‍റെ പുത്രനായ ബെന്‍-ഹദദിനെ മൂന്നു പ്രാവശ്യം തോല്പിച്ച് യെഹോവാശ് വീണ്ടെടുത്തു. ഇസ്രായേല്‍രാജാവായ യെഹോവാഹാസിന്‍റെ പുത്രന്‍ യെഹോവാശിന്‍റെ രണ്ടാം ഭരണവര്‍ഷം യെഹൂദാരാജാവായ യോവാശിന്‍റെ പുത്രന്‍ അമസ്യാ യെഹൂദ്യയില്‍ രാജ്യഭാരമേറ്റു; ഭരണമാരംഭിച്ചപ്പോള്‍ അദ്ദേഹത്തിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അദ്ദേഹം യെരൂശലേമില്‍ ഇരുപത്തൊമ്പതു വര്‍ഷം ഭരിച്ചു. യെരൂശലേംകാരിയായ യെഹോവദ്ദിന്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്. പൂര്‍വപിതാവായ ദാവീദിനെപ്പോലെ ആയിരുന്നില്ലെങ്കിലും സര്‍വേശ്വരനു ഹിതകരമായവിധം അദ്ദേഹം ജീവിച്ചു; തന്‍റെ പിതാവായ യോവാശിനെപ്പോലെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. പൂജാഗിരികള്‍ അദ്ദേഹം നശിപ്പിച്ചില്ല. ജനം അവിടെ യാഗങ്ങളും ധൂപവും അര്‍പ്പിച്ചുവന്നു. രാജത്വം ഉറച്ചുകഴിഞ്ഞപ്പോള്‍ തന്‍റെ പിതാവിനെ വധിച്ച സേവകന്മാരെ അമസ്യാ കൊന്നുകളഞ്ഞു. മോശയുടെ ധര്‍മശാസ്ത്രത്തില്‍ എഴുതിയിരുന്നതനുസരിച്ച് അവരുടെ പുത്രന്മാരെ വധിച്ചില്ല. പിതാക്കന്മാര്‍ പുത്രന്മാരുടെ പാപം നിമിത്തമോ പുത്രന്മാര്‍ പിതാക്കന്മാരുടെ പാപം നിമിത്തമോ വധിക്കപ്പെടരുത്. ഓരോരുത്തന്‍ താന്താങ്ങളുടെ പാപം നിമിത്തമേ വധിക്കപ്പെടാവൂ എന്ന് സര്‍വേശ്വരന്‍റെ കല്പന അതില്‍ രേഖപ്പെടുത്തിയിരുന്നു. അമസ്യാ ഉപ്പുതാഴ്വരയില്‍വച്ച് പതിനായിരം എദോമ്യരെ കൊല്ലുകയും മിന്നലാക്രമണത്തിലൂടെ സേല പിടിച്ചടക്കി അതിന് ‘യൊക്തയേല്‍’ എന്ന പേരു കൊടുക്കുകയും ചെയ്തു; അത് ഇന്നും ആ പേരില്‍ അറിയപ്പെടുന്നു. പിന്നീട് അമസ്യാ യേഹൂവിന്‍റെ പൗത്രനും യെഹോവാഹാസിന്‍റെ പുത്രനും ഇസ്രായേല്‍രാജാവുമായ യെഹോവാശിന്‍റെ അടുക്കല്‍ ദൂതന്മാരെ അയച്ച്, “നമുക്കൊന്ന് ഏറ്റുമുട്ടി നോക്കാം” എന്നു പറയിച്ചു. അപ്പോള്‍ ഇസ്രായേല്‍രാജാവായ യെഹോവാശ് യെഹൂദാരാജാവായ അമസ്യാക്ക് ഇപ്രകാരം മറുപടി അയച്ചു: “ലെബാനോനിലെ ഒരു മുള്‍ച്ചെടി അവിടെയുള്ള ദേവദാരുവിനോട് പറഞ്ഞു: ‘നിന്‍റെ പുത്രിയെ എന്‍റെ പുത്രനു ഭാര്യയായി നല്‌കുക.’ ലെബാനോനിലെ ഒരു വന്യമൃഗം ആ വഴി വന്ന് ആ മുള്‍ച്ചെടി ചവിട്ടിക്കളഞ്ഞു. എദോമിനെ നീ തകര്‍ത്തു എന്നു വിചാരിച്ച് നീ അഹങ്കരിച്ചിരിക്കുന്നു. നിനക്കു ലഭിച്ച പ്രശംസകൊണ്ട് വീട്ടില്‍ അടങ്ങിക്കഴിഞ്ഞുകൊള്ളുക. നിനക്കും യെഹൂദായ്‍ക്കും നീ എന്തിനാണ് അനര്‍ഥം വിളിച്ചുവരുത്തുന്നത്.” എന്നാല്‍ അമസ്യാ അതു കാര്യമാക്കിയില്ല. അതുകൊണ്ട് ഇസ്രായേല്‍രാജാവായ യെഹോവാശ് യുദ്ധത്തിനു പുറപ്പെട്ടു. യെഹൂദ്യയിലെ ബേത്ത്-ശേമെശില്‍ വച്ച് അവര്‍ ഏറ്റുമുട്ടി. യെഹൂദാ ഇസ്രായേലിനോടു തോറ്റു. അവര്‍ തങ്ങളുടെ കൂടാരങ്ങളിലേക്ക് ഓടിപ്പോയി. അഹസ്യായുടെ പൗത്രനും യോവാശിന്‍റെ പുത്രനുമായ യെഹൂദ്യയിലെ അമസ്യാരാജാവിനെ ഇസ്രായേല്‍രാജാവ് യെഹോവാശ് ബേത്ത്-ശേമെശില്‍വച്ച് ബന്ദിയാക്കി യെരൂശലേമിലേക്കു കൊണ്ടുവന്നു. ഇസ്രായേല്‍രാജാവ് എഫ്രയീം പടിവാതില്‍മുതല്‍ കോണ്‍പടിവാതില്‍വരെ നാനൂറു മുഴം നീളത്തില്‍ യെരൂശലേമിന്‍റെ മതില്‍ ഇടിച്ചുനിരത്തി. അയാള്‍ സര്‍വേശ്വരന്‍റെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും വെള്ളിയും പാത്രങ്ങളും കൊള്ളയടിച്ച് അവയോടൊപ്പം തടവുകാരായി പിടിച്ചവരെ ശമര്യയിലേക്കു കൊണ്ടുപോകുകയും ചെയ്തു. യെഹോവാശിന്‍റെ മറ്റു പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്‍റെ വീരപരാക്രമങ്ങളും യെഹൂദാരാജാവായ അമസ്യായുമായുള്ള യുദ്ധവും ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യെഹോവാശ് മരിച്ചു പിതാക്കന്മാരോട് ചേര്‍ന്നു. അദ്ദേഹത്തെ ശമര്യയില്‍ ഇസ്രായേല്‍രാജാക്കന്മാരുടെ കല്ലറയില്‍ സംസ്കരിച്ചു. പുത്രന്‍ യെരോബെയാം രാജ്യഭാരമേറ്റു. ഇസ്രായേല്‍രാജാവായ യെഹോവാഹാസിന്‍റെ പുത്രന്‍ യെഹോവാശിന്‍റെ മരണശേഷം യെഹൂദാരാജാവും യോവാശിന്‍റെ പുത്രനുമായ അമസ്യാ പതിനഞ്ചു വര്‍ഷം കൂടി ജീവിച്ചു. അമസ്യായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തനിക്കെതിരെ യെരൂശലേമില്‍ ഗൂഢാലോചന നടക്കുന്ന വിവരമറിഞ്ഞ് അയാള്‍ ലാഖീശിലേക്ക് ഓടിപ്പോയി. എന്നാല്‍ ശത്രുക്കള്‍ ലാഖീശിലേക്ക് ആളയച്ച് അദ്ദേഹത്തെ അവിടെവച്ച് വധിച്ചു. മൃതദേഹം കുതിരപ്പുറത്തു കൊണ്ടുവന്ന് ദാവീദിന്‍റെ നഗരമായ യെരൂശലേമില്‍ അദ്ദേഹത്തിന്‍റെ പിതാക്കന്മാരുടെ കല്ലറയില്‍ സംസ്കരിച്ചു. പിന്നീട് യെഹൂദാജനങ്ങള്‍ പതിനാറു വയസ്സുള്ള ഉസ്സിയാരാജകുമാരനെ പിതാവായ അമസ്യാക്കു പകരം രാജാവാക്കി. പിതാവിന്‍റെ മരണശേഷം ഉസ്സിയാ ഏലത്ത് വീണ്ടെടുത്ത് പുതുക്കിപ്പണിത് യെഹൂദായോടു ചേര്‍ത്തു. യെഹൂദാരാജാവായ യോവാശിന്‍റെ പുത്രന്‍ അമസ്യായുടെ പതിനഞ്ചാം ഭരണവര്‍ഷം ഇസ്രായേല്‍രാജാവായ യെഹോവാശിന്‍റെ പുത്രന്‍ യെരോബെയാം രാജാവായി. അദ്ദേഹം ശമര്യയില്‍ നാല്പത്തൊന്നു വര്‍ഷം ഭരിച്ചു. അദ്ദേഹം സര്‍വേശ്വരന് അഹിതകരമായവിധം ജീവിച്ചു. നെബാത്തിന്‍റെ പുത്രന്‍ യെരോബെയാമിന്‍റെ പാതകള്‍ പിന്തുടര്‍ന്ന് ഇസ്രായേലിനെക്കൊണ്ടു തിന്മ ചെയ്യിച്ചു. ഗത്ത്-ഹേഫര്‍കാരനായ അമിത്ഥായിയുടെ പുത്രനും സര്‍വേശ്വരന്‍റെ ദാസനുമായ യോനാപ്രവാചകനിലൂടെ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്തതുപോലെ വടക്കു ഹാമാത്തു മുതല്‍ തെക്ക് അരാബാ കടല്‍വരെ ഇസ്രായേലിന്‍റെ വകയായിരുന്ന പ്രദേശം മുഴുവന്‍ യെരോബെയാം വീണ്ടെടുത്തു. ഇസ്രായേലിന്‍റെ അതികഠിനമായ ദുരിതം സര്‍വേശ്വരന്‍ കണ്ടു. സ്വതന്ത്രനോ അടിമയോ ആയി ഒരാള്‍പോലും ഇസ്രായേലിനെ സഹായിക്കാന്‍ ഉണ്ടായിരുന്നില്ല. എങ്കിലും ഇസ്രായേലിനെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റണമെന്നു സര്‍വേശ്വരന്‍ ഉദ്ദേശിച്ചിരുന്നില്ല. അതിനാല്‍ അവിടുന്നു യെഹോവാശിന്‍റെ പുത്രനായ യെരോബെയാമിലൂടെ ഇസ്രായേലിനെ രക്ഷിച്ചു. യെരോബെയാമിന്‍റെ മറ്റു പ്രവൃത്തികളും വീരപരാക്രമങ്ങളും യുദ്ധങ്ങളും യെഹൂദ്യയുടെ കൈവശത്തിലായിരുന്ന ദമാസ്ക്കസും ഹാമാത്തും വീണ്ടെടുത്ത് ഇസ്രായേലിനോടു ചേര്‍ത്തതുമെല്ലാം ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യെരോബെയാം മരിച്ച് ഇസ്രായേല്‍രാജാക്കന്മാരായ തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു. പുത്രന്‍ സെഖര്യാ പകരം രാജാവായി. ഇസ്രായേല്‍രാജാവായ യെരോബെയാമിന്‍റെ ഇരുപത്തേഴാം ഭരണവര്‍ഷം യെഹൂദാരാജാവായ അമസ്യായുടെ പുത്രന്‍ ഉസ്സിയാ രാജാവായി. അപ്പോള്‍ അദ്ദേഹത്തിനു പതിനാറു വയസ്സായിരുന്നു. അമ്പത്തിരണ്ടു വര്‍ഷം അദ്ദേഹം യെരൂശലേമില്‍ ഭരിച്ചു. യെരൂശലേംകാരി യെഖൊല്യാ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്. തന്‍റെ പിതാവായ അമസ്യായെപ്പോലെ അദ്ദേഹം സര്‍വേശ്വരനു ഹിതകരമായി ജീവിച്ചു. എങ്കിലും പൂജാഗിരികള്‍ ദേശത്തുനിന്നു നീക്കിക്കളഞ്ഞില്ല; ജനം അവിടെ യാഗങ്ങളും ധൂപവും അര്‍പ്പിച്ചുവന്നു. സര്‍വേശ്വരന്‍ ഉസ്സിയായെ ശിക്ഷിച്ചു. തന്നിമിത്തം അദ്ദേഹം കുഷ്ഠരോഗിയായി; മരണംവരെ അദ്ദേഹം മറ്റുള്ളവരില്‍നിന്നു അകന്നു പ്രത്യേക കൊട്ടാരത്തില്‍ പാര്‍ക്കേണ്ടി വന്നു. പുത്രന്‍ യോഥാം രാജധാനിയില്‍ പാര്‍ത്തുകൊണ്ട് ജനത്തിനു ന്യായപാലനം ചെയ്തു. ഉസ്സിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉസ്സിയാ മരിച്ചു; പിതാക്കന്മാരോടു ചേര്‍ന്നു. ദാവീദിന്‍റെ നഗരത്തില്‍ അദ്ദേഹത്തെ സംസ്കരിച്ചു; പുത്രന്‍ യോഥാം പകരം രാജാവായി. യെഹൂദാരാജാവായ ഉസ്സിയായുടെ മുപ്പത്തെട്ടാം ഭരണവര്‍ഷം യെരോബെയാമിന്‍റെ പുത്രന്‍ സെഖര്യാ ഇസ്രായേലിന്‍റെ രാജാവായി. അദ്ദേഹം ശമര്യയില്‍ ആറു മാസം ഭരിച്ചു. പിതാക്കന്മാരെപ്പോലെ സര്‍വേശ്വരന്‍റെ മുമ്പില്‍ അദ്ദേഹവും തിന്മ പ്രവര്‍ത്തിച്ചു. നെബാത്തിന്‍റെ പുത്രന്‍ യെരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍നിന്ന് അദ്ദേഹം വിട്ടുമാറിയില്ല. യാബേശിന്‍റെ പുത്രന്‍ ശല്ലൂം സെഖര്യാക്കെതിരെ ഗൂഢാലോചന നടത്തുകയും ഇബ്ലെയാമില്‍വച്ച് അദ്ദേഹത്തെ വധിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ഇസ്രായേലിന്‍റെ രാജാവായി. സെഖര്യായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. “നിന്‍റെ പുത്രന്മാര്‍ ഇസ്രായേലിന്‍റെ സിംഹാസനത്തില്‍ നാലാം തലമുറവരെ വാഴും” എന്നു സര്‍വേശ്വരന്‍ യേഹൂവിനു നല്‌കിയിരുന്ന വാഗ്ദാനം അങ്ങനെ നിറവേറി. യെഹൂദാരാജാവായ ഉസ്സിയായുടെ മുപ്പത്തൊമ്പതാം ഭരണവര്‍ഷം യാബേശിന്‍റെ പുത്രനായ ശല്ലൂം ഇസ്രായേലിന്‍റെ രാജാവായി. അദ്ദേഹം ശമര്യയില്‍ ഒരു മാസം ഭരിച്ചു. ഗാദിയുടെ പുത്രന്‍ മെനഹേം തിര്‍സായില്‍നിന്നു ശമര്യയില്‍ വന്ന് യാബേശിന്‍റെ പുത്രന്‍ ശല്ലൂമിനെ വധിച്ച് രാജാവായി. ശല്ലൂമിന്‍റെ മറ്റു പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്‍റെ ഗൂഢാലോചനകളുമെല്ലാം ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തിപ്സാനിവാസികള്‍ കീഴടങ്ങാതെ മെനഹേമിനുവേണ്ടി നഗരവാതില്‍ തുറക്കാഞ്ഞതുകൊണ്ട് ആ നഗരത്തെയും തിര്‍സാ മുതല്‍ അതിനു ചുറ്റുമുള്ള അതിര്‍ത്തി പ്രദേശങ്ങളെയും മെനഹേം നശിപ്പിച്ചു; ഗര്‍ഭിണികളുടെ ഉദരങ്ങള്‍ പിളര്‍ക്കുകപോലും ചെയ്തു. യെഹൂദാരാജാവായ ഉസ്സിയായുടെ മുപ്പത്തൊമ്പതാം ഭരണവര്‍ഷം ഗാദിയുടെ പുത്രന്‍ മെനഹേം ഇസ്രായേല്‍രാജാവായി. അദ്ദേഹം ശമര്യയില്‍ പത്തു വര്‍ഷം ഭരണം നടത്തി; സര്‍വേശ്വരനു ഹിതകരമല്ലാത്തവിധം അദ്ദേഹം ജീവിച്ചു. നെബാത്തിന്‍റെ പുത്രന്‍ യെരൊബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍നിന്ന് അദ്ദേഹം ഒരിക്കലും വിട്ടുമാറിയില്ല. അസ്സീറിയാരാജാവായ ‘പൂല്‍’ ഇസ്രായേലിനെ ആക്രമിച്ചു. തന്‍റെ രാജസ്ഥാനം ഉറപ്പാക്കാനും പൂല്‍ തന്നെ സഹായിക്കാനും വേണ്ടി മെനഹേം അദ്ദേഹത്തിന് ആയിരം താലന്ത് വെള്ളി സമ്മാനിച്ചു. ഇസ്രായേലിലെ എല്ലാ ധനികരില്‍നിന്നും അമ്പതു ശേക്കെല്‍ വെള്ളിവീതം ശേഖരിച്ചാണ് മെനഹേം ഇതു സമ്പാദിച്ചത്. ദേശം ആക്രമിക്കാതെ അസ്സീറിയന്‍രാജാവ് പിന്തിരിഞ്ഞു. മെനഹേമിന്‍റെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മെനഹേം മരിച്ചു പിതാക്കന്മാരോടു ചേര്‍ന്നു. പുത്രന്‍ പെക്കഹ്യാ പിന്നീട് രാജാവായി. യെഹൂദാരാജാവായ ഉസ്സിയായുടെ അമ്പതാം ഭരണവര്‍ഷം മെനഹേമിന്‍റെ പുത്രന്‍ പെക്കഹ്യാ ഇസ്രായേല്‍രാജാവായി; അദ്ദേഹം ശമര്യയില്‍ രണ്ടു വര്‍ഷം ഭരിച്ചു. സര്‍വേശ്വരനു ഹിതകരമല്ലാത്തവിധം അദ്ദേഹം ജീവിച്ചു. നെബാത്തിന്‍റെ പുത്രന്‍ യെരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍നിന്ന് അദ്ദേഹം പിന്മാറിയില്ല. പെക്കഹ്യായുടെ അകമ്പടിസേനാനായകനും രെമല്യായുടെ പുത്രനുമായ പേക്കഹ് അമ്പത് ഗിലെയാദ്യരോടൊത്ത് അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തി. അവര്‍ ശമര്യാരാജധാനിയുടെ കോട്ടയില്‍വച്ച് പെക്കഹ്യായെ വധിച്ചു. പിന്നീട് പേക്കഹ് രാജാവായി. പെക്കഹ്യായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യെഹൂദാരാജാവായ ഉസ്സിയായുടെ അമ്പത്തിരണ്ടാം ഭരണവര്‍ഷം രെമല്യായുടെ പുത്രന്‍ പേക്കഹ് ഇസ്രായേല്‍രാജാവായി; അദ്ദേഹം ശമര്യയില്‍ ഇരുപതു വര്‍ഷം ഭരണം നടത്തി. അദ്ദേഹം സര്‍വേശ്വരനു ഹിതകരമല്ലാത്തവിധം ജീവിച്ചു. നെബാത്തിന്‍റെ പുത്രനായ യെരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങള്‍ അയാളും പിന്‍തുടര്‍ന്നു. ഇസ്രായേല്‍രാജാവായ പേക്കഹിന്‍റെ കാലത്ത് അസ്സീറിയാരാജാവായ തിഗ്ലത്ത്-പിലേസര്‍ വന്ന് ഈയോന്‍, ആബേല്‍-ബേത്ത്-മയഖാ, യാനോവഹ്, കേദെശ്, ഹാസോര്‍, ഗിലെയാദ്, ഗലീല, നഫ്താലി എന്നീ പ്രദേശങ്ങള്‍ പിടിച്ചടക്കി; അവിടെയുള്ള ജനങ്ങളെ ബന്ദികളാക്കി അസ്സീരിയായിലേക്കു കൊണ്ടുപോയി. ഏലായുടെ പുത്രനായ ഹോശേയാ രെമല്യായുടെ പുത്രനായ പേക്കഹിനെതിരെ ഗൂഢാലോചന നടത്തി. യെഹൂദാരാജാവായ ഉസ്സിയായുടെ പുത്രന്‍ യോഥാമിന്‍റെ ഇരുപതാം ഭരണവര്‍ഷം ഹോശേയാ പേക്കഹിനെ വധിച്ച് രാജാവായി. പേക്കഹിന്‍റെ മറ്റു പ്രവര്‍ത്തനങ്ങളെല്ലാം ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേല്‍രാജാവായ രെമല്യായുടെ പുത്രന്‍ പേക്കഹിന്‍റെ രണ്ടാം ഭരണവര്‍ഷം ഉസ്സിയായുടെ പുത്രന്‍ യോഥാം യെഹൂദ്യയില്‍ രാജാവായി. അപ്പോള്‍ അദ്ദേഹത്തിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനാറു വര്‍ഷം യെരൂശലേമില്‍ ഭരിച്ചു; സാദോക്കിന്‍റെ പുത്രി യെരൂശാ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്. തന്‍റെ പിതാവായ ഉസ്സിയായെപ്പോലെ അദ്ദേഹം സര്‍വേശ്വരനു ഹിതകരമായവിധം ജീവിച്ചു. എങ്കിലും പൂജാഗിരികള്‍ ദേശത്തുനിന്നു നീക്കിയില്ല. ജനം അവിടെ യാഗങ്ങളും ധൂപവും അര്‍പ്പിച്ചു. സര്‍വേശ്വരന്‍റെ ആലയത്തിന്‍റെ വടക്കേ പടിവാതില്‍ നിര്‍മ്മിച്ചതു യോഥാമായിരുന്നു. യോഥാമിന്‍റെ മറ്റു പ്രവര്‍ത്തനങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്; അക്കാലത്ത് സര്‍വേശ്വരന്‍ സിറിയാരാജാവായ രെസീനെയും രെമല്യായുടെ പുത്രനും ഇസ്രായേല്‍രാജാവുമായ പേക്കഹിനെയും യെഹൂദായ്‍ക്കെതിരെ അയച്ചു. യോഥാം മരിച്ചു പിതാക്കന്മാരോടു ചേര്‍ന്നു; തന്‍റെ പിതാവായ ദാവീദിന്‍റെ നഗരത്തില്‍ അദ്ദേഹത്തെ അടക്കം ചെയ്തു. തുടര്‍ന്ന് പുത്രന്‍ ആഹാസ് രാജാവായി. രെമല്യായുടെ പുത്രനും ഇസ്രായേല്‍രാജാവുമായ പേക്കഹിന്‍റെ പതിനേഴാം ഭരണവര്‍ഷം യോഥാമിന്‍റെ പുത്രന്‍ ആഹാസ് യെഹൂദ്യയില്‍ രാജാവായി. ഭരണമാരംഭിച്ചപ്പോള്‍ ആഹാസിന് ഇരുപതു വയസ്സായിരുന്നു. അദ്ദേഹം യെരൂശലേമില്‍ പതിനാറു വര്‍ഷം ഭരണം നടത്തി. എന്നാല്‍ തന്‍റെ പൂര്‍വപിതാവായ ദാവീദിനെപ്പോലെ സര്‍വേശ്വരനു ഹിതകരമായി അദ്ദേഹം പ്രവര്‍ത്തിച്ചില്ല. അദ്ദേഹം ഇസ്രായേല്‍രാജാക്കന്മാരുടെ വഴിയില്‍ നടന്നു. ഇസ്രായേല്‍ജനങ്ങളുടെ ഇടയില്‍നിന്നു സര്‍വേശ്വരന്‍ നീക്കിക്കളഞ്ഞ ജനതകളുടെ മ്ലേച്ഛാചാരപ്രകാരം തന്‍റെ സ്വന്തം പുത്രനെപ്പോലും അഗ്നിയില്‍ ഹോമിച്ചു. പൂജാഗിരികളിലും കുന്നുകളിലും പച്ചമരങ്ങളുടെ ചുവട്ടിലും അദ്ദേഹം ബലികളും ധൂപവും അര്‍പ്പിച്ചു. രെമല്യായുടെ പുത്രനും ഇസ്രായേല്‍രാജാവുമായ പേക്കഹും സിറിയാരാജാവായ രെസീനും ചേര്‍ന്നു യെരൂശലേമിനെ വളഞ്ഞ് ആക്രമിച്ചു; എങ്കിലും യെഹൂദാരാജാവായ ആഹാസിനെ പരാജയപ്പെടുത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. അക്കാലത്ത് എദോംരാജാവ് ഏലാത്ത് വീണ്ടെടുത്ത് എദോമിനോടു ചേര്‍ത്തു. ഏലാത്തില്‍ ഉണ്ടായിരുന്ന യെഹൂദ്യരെ അവിടെനിന്ന് ഓടിച്ചുകളഞ്ഞു; എദോമ്യര്‍ ഏലാത്തില്‍ ഇപ്പോഴും പാര്‍ക്കുന്നു. അസ്സീറിയാരാജാവായ തിഗ്ലത്ത്-പിലേസറിനെ ദൂതന്മാര്‍ മുഖേന ആഹാസ് ഇങ്ങനെ അറിയിച്ചു: “ഞാന്‍ അങ്ങയുടെ വിനീതദാസന്‍. അങ്ങു വന്ന് എന്നെ ആക്രമിക്കുന്ന സിറിയാരാജാവിന്‍റെയും ഇസ്രായേല്‍രാജാവിന്‍റെയും കൈകളില്‍നിന്ന് എന്നെ രക്ഷിച്ചാലും.” സര്‍വേശ്വരന്‍റെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും സംഭരിച്ചുവച്ചിരുന്ന വെള്ളിയും സ്വര്‍ണവും ആഹാസ് അസ്സീറിയാരാജാവിനു സമ്മാനമായി കൊടുത്തയച്ചു. അസ്സീറിയാരാജാവ് ആഹാസിന്‍റെ അപേക്ഷ കേട്ടു; അദ്ദേഹം ദമാസ്കസിലേക്കു പോയി, പട്ടണം പിടിച്ചടക്കി. അവിടെയുണ്ടായിരുന്നവരെ ബന്ദികളാക്കി കീറിലേക്കു കൊണ്ടുപോയി. രെസീന്‍രാജാവിനെ വധിക്കുകയും ചെയ്തു. അസ്സീറിയാരാജാവായ തിഗ്ലത്ത്-പിലേസറിനെ സന്ദര്‍ശിക്കാന്‍ ആഹാസ് ദമാസ്കസില്‍ ചെന്നപ്പോള്‍ അവിടത്തെ ബലിപീഠം കണ്ടു. ബലിപീഠത്തിന്‍റെ മാതൃകയും ഘടനയും അതിന്‍റെ എല്ലാ വിശദാംശങ്ങളോടും കൂടി അദ്ദേഹം ഊരിയാപുരോഹിതനു കൊടുത്തയച്ചു. ആഹാസ്‍രാജാവ് തിരിച്ചെത്തുന്നതിനു മുമ്പ്, അദ്ദേഹം കൊടുത്തയച്ച മാതൃകയനുസരിച്ച് ഊരിയാപുരോഹിതന്‍ യാഗപീഠം പണിതു. രാജാവ് ദമാസ്കസില്‍നിന്ന് വന്നപ്പോള്‍ ആ യാഗപീഠം കാണുകയും അതില്‍ ഹോമയാഗവും ധാന്യയാഗവും പാനീയയാഗവും അര്‍പ്പിക്കുകയും സമാധാനയാഗത്തിന്‍റെ രക്തം യാഗപീഠത്തിന്മേല്‍ തളിക്കുകയും ചെയ്തു. അദ്ദേഹം സര്‍വേശ്വരന്‍റെ സന്നിധിയില്‍ ഉണ്ടായിരുന്ന ഓടുകൊണ്ടുള്ള യാഗപീഠം ദേവാലയത്തിന്‍റെയും യാഗപീഠത്തിന്‍റെയും മധ്യേനിന്നു മാറ്റി യാഗപീഠത്തിന്‍റെ വടക്കുവശത്തു സ്ഥാപിച്ചു. ആഹാസ്‍രാജാവ് ഊരിയാപുരോഹിതനോട് കല്പിച്ചു: “വലിയ യാഗപീഠത്തിന്മേല്‍ പ്രഭാതഹോമയാഗവും സായാഹ്നധാന്യയാഗവും രാജാവിന്‍റെയും ജനങ്ങളുടെയും ഹോമയാഗവും പാനീയയാഗവും അര്‍പ്പിക്കണം. ഹോമയാഗത്തിന്‍റെയും മറ്റു യാഗങ്ങളുടെയും രക്തം അതിന്മേല്‍ തളിക്കണം. ഓടുകൊണ്ടുള്ള യാഗപീഠം എനിക്കു ദൈവഹിതം ആരായുന്നതിനുവേണ്ടി മാറ്റി വയ്‍ക്കണം.” ആഹാസ് കല്പിച്ചതുപോലെ ഊരിയാപുരോഹിതന്‍ പ്രവര്‍ത്തിച്ചു. ആഹാസ്‍രാജാവ് പീഠങ്ങളുടെ ചട്ടപ്പലകകള്‍ വേര്‍പെടുത്തി, തൊട്ടി നീക്കംചെയ്തു. ജലസംഭരണികള്‍ അവയെ താങ്ങിനിര്‍ത്തുന്ന ഓട്ടുകാളകളുടെമേല്‍നിന്നു മാറ്റി അതിനുവേണ്ടി നിര്‍മ്മിച്ച കല്‍ത്തളത്തിന്മേല്‍ വച്ചു. ശബത്തു ദിവസം കൊട്ടാരത്തില്‍നിന്നു ദേവാലയത്തിലേക്കു പോകുന്നതിനുള്ള മേല്‍പ്പുരയോടുകൂടിയ പാതയും രാജാവിനു പ്രവേശിക്കാനുള്ള കവാടവും അസ്സീറിയാരാജാവിനെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി ആഹാസ് നീക്കം ചെയ്തു. ആഹാസിന്‍റെ മറ്റു പ്രവര്‍ത്തനങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആഹാസ് മരിച്ചു പിതാക്കന്മാരോട് ചേര്‍ന്നു; ദാവീദിന്‍റെ നഗരത്തില്‍ സംസ്കരിക്കപ്പെട്ടു. പിന്നീട് പുത്രനായ ഹിസ്കീയാ രാജാവായി. യെഹൂദാരാജാവായ ആഹാസിന്‍റെ പന്ത്രണ്ടാം ഭരണവര്‍ഷം ഏലായുടെ പുത്രനായ ഹോശേയ ഇസ്രായേല്‍രാജാവായി. ശമര്യയില്‍ അദ്ദേഹം ഒമ്പതു വര്‍ഷം ഭരിച്ചു. സര്‍വേശ്വരന് അഹിതമായ പ്രവൃത്തികള്‍ അദ്ദേഹം ചെയ്തു. എങ്കിലും അദ്ദേഹം തന്‍റെ മുന്‍ഗാമികളായ ഇസ്രായേല്‍രാജാക്കന്മാരെപ്പോലെ ആയിരുന്നില്ല. അസ്സീറിയാരാജാവായ ശല്‍മനേസെര്‍ അദ്ദേഹത്തിനെതിരെ വന്നു; ഹോശേയ കപ്പം കൊടുത്ത് അയാളുടെ സാമന്തനായിത്തീര്‍ന്നു. പിന്നീട് ഹോശേയ ഈജിപ്തുരാജാവായ സോയുടെ അടുക്കല്‍ സഹായത്തിനായി ദൂതന്മാരെ അയയ്‍ക്കുകയും അസ്സീറിയാരാജാവിനു വര്‍ഷംതോറും കൊടുത്തുവന്ന കപ്പം നിര്‍ത്തലാക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ഈ ദുഷ്ടത ഗ്രഹിച്ച അസ്സീറിയാരാജാവ് അയാളെ ബന്ധിച്ചു കാരാഗൃഹത്തിലാക്കി. പിന്നീട് അസ്സീറിയാരാജാവ് ഇസ്രായേല്‍ ആക്രമിച്ചു ശമര്യയില്‍ എത്തി അതിനെ വളഞ്ഞു. ആ ഉപരോധം മൂന്നു വര്‍ഷം നീണ്ടുനിന്നു. ഹോശേയരാജാവിന്‍റെ വാഴ്ചയുടെ ഒമ്പതാം വര്‍ഷം അസ്സീറിയാരാജാവ് ശമര്യ കീഴടക്കി. ഇസ്രായേല്‍ജനത്തെ ബന്ദികളാക്കി അസ്സീരിയായിലേക്കു കൊണ്ടുപോയി. അവരെ ഹലഹിലും ഗോസാനിലെ ഹാബോര്‍നദീതീരത്തും മേദ്യപട്ടണങ്ങളിലും പാര്‍പ്പിച്ചു. ശമര്യയുടെ പതനത്തിനുള്ള കാരണം ഇതായിരുന്നു. ഈജിപ്തിലെ ഫറവോരാജാവിന്‍റെ അടിമത്തത്തില്‍നിന്നു തങ്ങളെ മോചിപ്പിച്ച തങ്ങളുടെ ദൈവമായ സര്‍വേശ്വരനെതിരെ ഇസ്രായേല്‍ജനം പാപംചെയ്തു. അന്യദേവന്മാരെ അവര്‍ ആരാധിച്ചു. സര്‍വേശ്വരന്‍ ഇസ്രായേല്‍ജനങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞ ജനതകളുടെ ആചാരങ്ങളും ഇസ്രായേല്‍രാജാക്കന്മാര്‍ ഏര്‍പ്പെടുത്തിയ അനുഷ്ഠാനങ്ങളും അനുസരിച്ച് അവര്‍ നടന്നു. ഇസ്രായേല്‍ജനം തങ്ങളുടെ ദൈവമായ സര്‍വേശ്വരനു ഹിതകരമല്ലാത്ത കാര്യങ്ങള്‍ രഹസ്യമായി ചെയ്തു. കാവല്‍ഗോപുരംമുതല്‍ കോട്ട കെട്ടി ഉറപ്പിച്ച പട്ടണംവരെ എല്ലായിടത്തും അവര്‍ പൂജാഗിരികള്‍ നിര്‍മ്മിച്ചു. അവര്‍ എല്ലാ കുന്നുകളിലും പച്ചമരച്ചുവടുകളിലും സ്തംഭങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു. ഇസ്രായേല്‍ജനങ്ങളുടെ മുമ്പില്‍നിന്നു സര്‍വേശ്വരന്‍ നീക്കിക്കളഞ്ഞ ജനതകള്‍ ചെയ്തിരുന്നതുപോലെ അവര്‍ പൂജാഗിരികളിലെല്ലാം ധൂപാര്‍പ്പണം നടത്തി. അവര്‍ ദുഷ്കൃത്യങ്ങള്‍ ചെയ്ത് അവിടുത്തെ പ്രകോപിപ്പിച്ചു. ആരാധിക്കരുതെന്ന് അവിടുന്നു വിലക്കിയിരുന്ന വിഗ്രഹങ്ങളെ അവര്‍ ആരാധിച്ചു. സര്‍വേശ്വരന്‍ തന്‍റെ ദീര്‍ഘദര്‍ശികളെയും പ്രവാചകന്മാരെയും അയച്ച് യെഹൂദായ്‍ക്കും ഇസ്രായേലിനും ഇപ്രകാരം മുന്നറിയിപ്പ് നല്‌കിയിരുന്നു. നിങ്ങളുടെ പിതാക്കന്മാരോടു ഞാന്‍ കല്പിച്ചതും എന്‍റെ ദാസന്മാരായ പ്രവാചകരിലൂടെ നിങ്ങളെ അറിയിച്ചതുമായ എന്‍റെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും നിങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്ന് വിട്ടുതിരിയുകയും ചെയ്യണം. എന്നാല്‍ അവര്‍ അത് അനുസരിച്ചില്ല. അവരുടെ ദൈവമായ സര്‍വേശ്വരനെ വിശ്വസിക്കാതിരുന്ന അവരുടെ പൂര്‍വപിതാക്കന്മാരെപ്പോലെ അവര്‍ ദുശ്ശാഠ്യക്കാരായിരുന്നു. അവിടുന്നു നല്‌കിയിരുന്ന അനുശാസനങ്ങള്‍ അവര്‍ നിരാകരിച്ചു. അവരുടെ പിതാക്കന്മാരോടു ചെയ്തിരുന്ന ഉടമ്പടി അവര്‍ പാലിച്ചില്ല. അവിടുത്തെ മുന്നറിയിപ്പുകളെല്ലാം അവര്‍ അവഗണിച്ചു. വ്യര്‍ഥവിഗ്രഹങ്ങളെ ആരാധിച്ചതിന്‍റെ ഫലമായി അവരും വ്യര്‍ഥന്മാരായി. അവരുടെ ചുറ്റുമുള്ള ജനതകളെ അനുകരിക്കരുതെന്നു സര്‍വേശ്വരന്‍ കല്പിച്ചിരുന്നെങ്കിലും അവര്‍ അവരെപ്പോലെ വര്‍ത്തിച്ചു. അവര്‍ തങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ കല്പനകളെല്ലാം അവഗണിച്ചു. തങ്ങള്‍ക്ക് ആരാധിക്കാന്‍വേണ്ടി കാളക്കുട്ടികളുടെ രണ്ടു വിഗ്രഹങ്ങള്‍ വാര്‍ത്തുണ്ടാക്കി; അശേരാപ്രതിഷ്ഠ അവര്‍ സ്ഥാപിച്ചു; വാനഗോളങ്ങളെയും ബാല്‍ദേവനെയും അവര്‍ ആരാധിച്ചു. അവര്‍ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയില്‍ ഹോമിച്ചു. അവര്‍ ശകുനം നോക്കുകയും മന്ത്രവാദം നടത്തുകയും ചെയ്തു; ഇങ്ങനെ സര്‍വേശ്വരനു ഹിതകരമല്ലാത്ത ദുഷ്പ്രവൃത്തികള്‍ ചെയ്ത് അവര്‍ അവിടുത്തെ പ്രകോപിപ്പിച്ചു. അതുകൊണ്ട് അവിടുന്ന് ഇസ്രായേല്‍ജനങ്ങളോട് അത്യന്തം കുപിതനായി അവരെ തന്‍റെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു. യെഹൂദാഗോത്രം മാത്രം അവശേഷിച്ചു. യെഹൂദാഗോത്രക്കാരും അവരുടെ ദൈവമായ സര്‍വേശ്വരന്‍റെ കല്പനകള്‍ പാലിക്കാതെ ഇസ്രായേല്‍ജനത്തിന്‍റെ ആചാരങ്ങളെ അനുകരിച്ചു. ഇസ്രായേലിന്‍റെ സന്താനങ്ങളെ അവിടുന്നു തള്ളിക്കളഞ്ഞു. അവരെ ശിക്ഷിച്ച് കവര്‍ച്ചക്കാരുടെ കൈയില്‍ അകപ്പെടുത്തി; അങ്ങനെ അവരെയെല്ലാം തന്‍റെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു. സര്‍വേശ്വരന്‍ ഇസ്രായേലിനെ യെഹൂദായില്‍നിന്ന് വേര്‍തിരിച്ചപ്പോള്‍, ഇസ്രായേല്‍ നെബാത്തിന്‍റെ പുത്രനായ യെരോബെയാമിനെ തങ്ങളുടെ രാജാവാക്കി. അയാള്‍ ഇസ്രായേലിനെ സര്‍വേശ്വരന്‍റെ വഴിയില്‍നിന്നു വ്യതിചലിപ്പിച്ചു; അവരെക്കൊണ്ട് മഹാപാപം ചെയ്യിച്ചു. ഇസ്രായേല്‍ജനം യെരോബെയാമിന്‍റെ പാപങ്ങളില്‍ വ്യാപരിച്ചു; അവര്‍ അതില്‍നിന്നു പിന്തിരിഞ്ഞില്ല. സര്‍വേശ്വരന്‍ തന്‍റെ ദാസന്മാരായ പ്രവാചകരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെ ഇസ്രായേലിനെ തന്‍റെ മുമ്പില്‍നിന്നു നീക്കിക്കളയുന്നതുവരെ അവര്‍ ആ പാപപ്രവൃത്തികള്‍ പിന്തുടര്‍ന്നു. അവര്‍ ഇന്നും അസ്സീറിയായില്‍ പ്രവാസികളായി കഴിയുന്നു. അസ്സീറിയാരാജാവ് ബാബിലോണ്‍, കൂഥാ, അവ്വ, ഹമാത്ത്, സെഫര്‍വയീം എന്നിവിടങ്ങളില്‍നിന്നു ആളുകളെ കൊണ്ടുവന്ന് ഇസ്രായേല്‍ജനങ്ങള്‍ക്കു പകരം ശമര്യപട്ടണങ്ങളില്‍ പാര്‍പ്പിച്ചു. അവര്‍ ശമര്യപട്ടണങ്ങള്‍ കൈവശമാക്കി അവിടെ പാര്‍ത്തു; അവര്‍ സര്‍വേശ്വരനെ ആരാധിച്ചിരുന്നില്ല. അതുകൊണ്ട് അവിടുന്ന് അവരുടെ ഇടയില്‍ സിംഹങ്ങളെ അയച്ചു. അവ അവരില്‍ ഏതാനും പേരെ കൊന്നുകളഞ്ഞു. ശമര്യപട്ടണങ്ങളില്‍ കൊണ്ടുവന്നു പാര്‍പ്പിച്ച ജനം ഇസ്രായേലിലെ ദൈവത്തിന്‍റെ നിയമം അറിഞ്ഞിരുന്നില്ല. അതുകൊണ്ട് അവരുടെ ഇടയിലേക്ക് ദൈവം സിംഹങ്ങളെ അയയ്‍ക്കുകയും അവ അവരെ കൊന്നുകളയുകയും ചെയ്യുന്നു എന്ന വിവരം അസ്സീറിയാ രാജാവ് കേട്ടു. അദ്ദേഹം കല്പിച്ചു: “അവിടെനിന്നു പിടിച്ചുകൊണ്ടുപോന്ന പുരോഹിതന്മാരില്‍ ഒരാളെ അവിടേക്കു കൊണ്ടുചെല്ലുക. അയാള്‍ ആ ദേശത്തിലെ ദൈവത്തിന്‍റെ നിയമം അവരെ പഠിപ്പിക്കട്ടെ.” അങ്ങനെ ശമര്യയില്‍നിന്നു പിടിച്ചുകൊണ്ടുപോയിരുന്ന പുരോഹിതന്മാരില്‍ ഒരാള്‍ ബേഥേലില്‍ ചെന്നു പാര്‍ത്തു. സര്‍വേശ്വരനെ എങ്ങനെ ആരാധിക്കണമെന്ന് അയാള്‍ അവരെ പഠിപ്പിച്ചു. എന്നാല്‍ ഓരോ ജനതയും തങ്ങളുടെ സ്വന്തം വിഗ്രഹങ്ങള്‍ നിര്‍മ്മിച്ച് തങ്ങള്‍ പാര്‍ത്തിരുന്ന പട്ടണങ്ങളില്‍ ശമര്യക്കാര്‍ പണിതിരുന്ന പൂജാഗിരികളില്‍ പ്രതിഷ്ഠിച്ചു. ബാബിലോണ്യര്‍ സുക്കോത്ത്-ബെനോത്തിനെയും കൂഥാക്കാര്‍ നേര്‍ഗാലിനെയും ഹമാത്തുകാര്‍ അശീമയെയും അവ്വക്കാര്‍ നിബ്ഹസ്, തര്‍ത്തക്ക് എന്നീ ദേവന്മാരെയുമാണ് പ്രതിഷ്ഠിച്ചത്. സെഫര്‍വക്കാര്‍ തങ്ങളുടെ ദേവന്മാരായ അദ്രമേലെക്കിനും അനമേലെക്കിനും സ്വന്തം മക്കളെ അഗ്നിയില്‍ ഹോമിച്ചു. ഈ ജനതകളെല്ലാം സര്‍വേശ്വരനെയും ആരാധിച്ചു. പൂജാഗിരികളില്‍ ശുശ്രൂഷ ചെയ്യുന്നതിനു തങ്ങളുടെ ഇടയില്‍നിന്ന് എല്ലാത്തരത്തില്‍പ്പെട്ടവരെയും പുരോഹിതന്മാരായി നിയമിച്ചു. അവര്‍ അവിടങ്ങളില്‍ ബലിയര്‍പ്പിക്കുകയും ചെയ്തു. അങ്ങനെ അവര്‍ സര്‍വേശ്വരനെ ആരാധിച്ചു; അതോടൊപ്പം തങ്ങള്‍ വിട്ടുപോന്ന ദേശങ്ങളിലെ ദേവന്മാരെയും സേവിച്ചു. അവര്‍ ഇന്നും അങ്ങനെതന്നെ തുടരുന്നു. അവര്‍ സര്‍വേശ്വരനെ ഭയപ്പെടുന്നില്ല. ഇസ്രായേല്‍ എന്ന് അവിടുന്നു പേരു വിളിച്ച യാക്കോബിന്‍റെ സന്താനങ്ങള്‍ക്ക് നല്‌കിയിരുന്ന നിയമങ്ങളും ചട്ടങ്ങളും വിധികളും കല്പനകളുമൊന്നും അവര്‍ പാലിക്കുന്നുമില്ല. സര്‍വേശ്വരന്‍ അവരോട് ഒരു ഉടമ്പടി ചെയ്ത് ഇങ്ങനെ കല്പിച്ചിരുന്നു: “അന്യദേവന്മാരെ നിങ്ങള്‍ ആരാധിക്കരുത്; അവരെ നമസ്കരിക്കുകയോ, സേവിക്കുകയോ, അവയ്‍ക്കു ബലിയര്‍പ്പിക്കുകയോ അരുത്. ഈജിപ്തില്‍നിന്ന് തന്‍റെ ശക്തമായ കരങ്ങള്‍ നീട്ടി നിങ്ങളെ മോചിപ്പിച്ചു കൊണ്ടുവന്ന സര്‍വേശ്വരനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കേണ്ടത്. അവിടുത്തെ നമസ്കരിക്കുകയും അവിടുത്തേക്ക് യാഗമര്‍പ്പിക്കുകയും വേണം. അവിടുന്നു നിങ്ങള്‍ക്ക് എഴുതിത്തന്ന ചട്ടങ്ങളും നിയമങ്ങളും വിധികളും കല്പനകളും നിങ്ങള്‍ എന്നും പാലിക്കണം. അന്യദേവന്മാരെ നിങ്ങള്‍ ആരാധിക്കരുത്. ഞാന്‍ നിങ്ങളുമായി ചെയ്ത ഉടമ്പടി മറക്കരുത്. അന്യദേവന്മാരെ നിങ്ങള്‍ ആരാധിക്കരുത്. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കുക; എന്നാല്‍ അവിടുന്നു നിങ്ങളെ സകല ശത്രുക്കളില്‍നിന്നും വിടുവിക്കും. അവര്‍ അതു ശ്രദ്ധിച്ചില്ല. അവര്‍ പഴയ രീതിയില്‍ത്തന്നെ ജീവിച്ചു. അങ്ങനെ ഈ ജനതകള്‍ സര്‍വേശ്വരനെയും അതോടൊപ്പം അവരുടെ വിഗ്രഹങ്ങളെയും ആരാധിച്ചു. അവരും അവരുടെ പിന്‍തലമുറകളും തങ്ങളുടെ പിതാക്കന്മാരെപ്പോലെ ഇന്നും അങ്ങനെ ചെയ്തുവരുന്നു. ഇസ്രായേല്‍രാജാവായ ഏലായുടെ മകന്‍ ഹോശേയയുടെ മൂന്നാം ഭരണവര്‍ഷം യെഹൂദാരാജാവായ ആഹാസിന്‍റെ പുത്രന്‍ ഹിസ്ക്കീയാ യെഹൂദായില്‍ രാജാവായി. അപ്പോള്‍ അദ്ദേഹത്തിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അദ്ദേഹം യെരൂശലേമില്‍ ഇരുപത്തൊമ്പതു വര്‍ഷം രാജ്യഭരണം നടത്തി. സെഖര്യായുടെ പുത്രി അബി ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്. പൂര്‍വപിതാവായ ദാവീദിനെപ്പോലെ അദ്ദേഹം സര്‍വേശ്വരനു പ്രസാദകരമായവിധം ജീവിച്ചു. അദ്ദേഹം പൂജാഗിരികള്‍ നീക്കിക്കളഞ്ഞു; സ്തംഭങ്ങള്‍ തകര്‍ത്തു; അശേരാപ്രതിഷ്ഠകള്‍ വെട്ടിനുറുക്കി. മോശ ഉണ്ടാക്കിയതും നെഹുഷ്ഠാന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നതുമായ ഓട്ടുസര്‍പ്പത്തെ അദ്ദേഹം തകര്‍ത്തുകളഞ്ഞു. ജനം അതിനു ധൂപം അര്‍പ്പിച്ചുവന്നിരുന്നു. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനില്‍ അദ്ദേഹം ആശ്രയിച്ചു. യെഹൂദാരാജാക്കന്മാരുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്‍റെ മുന്‍ഗാമികളിലോ പിന്‍ഗാമികളിലോ ആരുംതന്നെ അദ്ദേഹത്തിനു തുല്യനായി ഉണ്ടായിരുന്നില്ല. അദ്ദേഹം സര്‍വേശ്വരനോടു ചേര്‍ന്നുനിന്നു. അവിടുന്നു മോശയ്‍ക്കു നല്‌കിയ കല്പനകളെല്ലാം അനുസരിക്കുകയും അവിടുത്തെ പിന്തുടരുകയും ചെയ്തു. അവിടുന്ന് അദ്ദേഹത്തോടൊത്ത് ഉണ്ടായിരുന്നു; തന്‍റെ ഉദ്യമങ്ങളിലെല്ലാം അദ്ദേഹം വിജയശ്രീലാളിതനാകുകയും ചെയ്തു. അദ്ദേഹം അസ്സീറിയാരാജാവിനു വിധേയനാകാതെ എതിര്‍ത്തുനിന്നു. ഹിസ്ക്കീയാ ഗസ്സയുടെ അതിര്‍ത്തിവരെ ഫെലിസ്ത്യരെ തോല്പിച്ചു; കാവല്‍ഗോപുരം തൊട്ട് കോട്ട കെട്ടി ഉറപ്പിച്ച വന്‍നഗരംവരെ അദ്ദേഹം അവരെ പരാജയപ്പെടുത്തി. ഹിസ്ക്കീയാരാജാവിന്‍റെ വാഴ്ചയുടെ നാലാം വര്‍ഷം അസ്സീറിയാരാജാവായ ശല്മനേസെര്‍ ശമര്യക്കെതിരെ ചെന്ന് അതിനെ ഉപരോധിച്ചു. അത് ഇസ്രായേല്‍രാജാവും ഏലായുടെ പുത്രനുമായ ഹോശേയയുടെ ഏഴാം ഭരണവര്‍ഷത്തിലായിരുന്നു. ഉപരോധത്തിന്‍റെ മൂന്നാം വര്‍ഷം അയാള്‍ അതു പിടിച്ചടക്കി. ഹിസ്ക്കീയാരാജാവിന്‍റെ വാഴ്ചയുടെ ആറാം വര്‍ഷത്തില്‍ അതായത് ഇസ്രായേല്‍രാജാവായ ഹോശേയയുടെ ഒമ്പതാം ഭരണവര്‍ഷത്തില്‍ ആയിരുന്നു ശല്മനേസെര്‍ ശമര്യ അധീനമാക്കിയത്. അസ്സീറിയാരാജാവ് ഇസ്രായേല്യരെ അസ്സീറിയായിലേക്കു കൊണ്ടുപോയി. അവരെ ഹലഹിലും ഗോശാന്‍നദീതീരത്തുള്ള ഹാബോരിലും മേദ്യപട്ടണങ്ങളിലും പാര്‍പ്പിച്ചു. അവര്‍ തങ്ങളുടെ ദൈവമായ സര്‍വേശ്വരനെ അനുസരിച്ചില്ല. അവിടുത്തെ ഉടമ്പടിയും അവിടുത്തെ ദാസനായ മോശയുടെ കല്പനകളും അവര്‍ ലംഘിച്ചു. അവര്‍ അതു ശ്രദ്ധിക്കുകയോ അനുസരിക്കുകയോ ചെയ്തില്ല. യെഹൂദാരാജാവായ ഹിസ്ക്കീയായുടെ പതിനാലാം ഭരണവര്‍ഷം അസ്സീറിയാരാജാവായ സെന്‍ഹേരീബ് യെഹൂദ്യയിലെ കോട്ടകെട്ടി ഉറപ്പിച്ച പട്ടണങ്ങളെല്ലാം ആക്രമിച്ചു കീഴടക്കി. അപ്പോള്‍ യെഹൂദാരാജാവായ ഹിസ്ക്കീയാ ലാഖീശില്‍ അസ്സീറിയാരാജാവിന് ഇപ്രകാരം ഒരു സന്ദേശമയച്ചു: “ഞാന്‍ തെറ്റു ചെയ്തുപോയി. എന്നെ വിട്ടു മടങ്ങിപ്പോയാലും. അങ്ങു നിശ്ചയിക്കുന്ന ഏതു പിഴയും ഞാന്‍ അടച്ചുകൊള്ളാം.” അസ്സീറിയാ രാജാവ് യെഹൂദാരാജാവായ ഹിസ്ക്കീയായ്‍ക്ക് മുന്നൂറു താലന്ത് വെള്ളിയും മുപ്പതു താലന്ത് സ്വര്‍ണവും പിഴ കല്പിച്ചു. ഹിസ്ക്കീയാ സര്‍വേശ്വരമന്ദിരത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും ഉണ്ടായിരുന്ന വെള്ളിയെല്ലാം എടുത്ത് അസ്സീറിയാരാജാവിനു കൊടുത്തു. ദേവാലയത്തിന്‍റെ വാതിലുകളിലും കട്ടിളകളിലും താന്‍തന്നെ പൊതിഞ്ഞിരുന്ന സ്വര്‍ണവും ഇളക്കിയെടുത്ത് അദ്ദേഹത്തിനു നല്‌കി. അസ്സീറിയാരാജാവ് ലാഖീശില്‍നിന്നു തന്‍റെ പ്രധാന ഉദ്യോഗസ്ഥരായ തര്‍ഥാനെയും റബ്-സാരീസിനെയും റബ്-ശാക്കെയെയും ഒരു വലിയ സൈന്യത്തോടു കൂടി ഹിസ്ക്കീയായോടു പടവെട്ടാന്‍ യെരൂശലേമിലേക്ക് അയച്ചു. അവര്‍ യെരൂശലേമിലെത്തി അലക്കുകാരന്‍റെ വയലിലേക്കുള്ള പെരുവഴിയില്‍ മുകള്‍ഭാഗത്തെ കുളത്തിലേക്കുള്ള ചാലിന്‍റെ അടുത്ത് നിലയുറപ്പിച്ചു. ഹിസ്ക്കീയാരാജാവിനെ കാണണമെന്ന് അവര്‍ ആവശ്യപ്പെട്ടപ്പോള്‍ രാജധാനിവിചാരകനും ഹില്‌ക്കീയായുടെ പുത്രനുമായ എല്യാക്കീമും കൊട്ടാരം കാര്യസ്ഥനായ ശെബ്നയും ആസാഫിന്‍റെ പുത്രനും രേഖസൂക്ഷിപ്പുകാരനുമായ യോവാഹും അവരുടെ അടുക്കല്‍ ചെന്നു. റബ്-ശാക്കേ അവരോടു പറഞ്ഞു: “ഹിസ്ക്കീയായോടു പറയുക; നിനക്ക് ഈ ധൈര്യം എവിടെനിന്നു കിട്ടി എന്നു മഹാനായ രാജാവ് ചോദിക്കുന്നു. യുദ്ധതന്ത്രവും ശക്തിയും കൊണ്ട് സാധിക്കേണ്ടത് വെറും പൊള്ളവാക്കുകള്‍കൊണ്ടു സാധിക്കാമെന്നാണോ നീ കരുതുന്നത്? ആരില്‍ ആശ്രയിച്ചാണ് നീ എന്നെ എതിര്‍ക്കുന്നത്? ഈജിപ്താണല്ലോ നിന്‍റെ ആശ്രയം? അത് ചതഞ്ഞ ഓടത്തണ്ടാണ്. ഊന്നി നടക്കുന്നവന്‍റെ കൈയില്‍ അതു കുത്തിക്കയറും. തന്നില്‍ ആശ്രയിക്കുന്നവര്‍ക്ക് ഈജിപ്തിലെ രാജാവായ ഫറവോ അങ്ങനെയാണ്. ഞങ്ങളുടെ ദൈവമായ സര്‍വേശ്വരനിലാണ് ഞങ്ങള്‍ ആശ്രയിക്കുന്നതെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ? യെരൂശലേമിലെ ഈ യാഗപീഠത്തില്‍ മാത്രമേ ആരാധിക്കാവൂ എന്ന് യെഹൂദായോടും യെരൂശലേമിനോടും പറഞ്ഞുകൊണ്ട് സര്‍വേശ്വരന്‍റെ പൂജാഗിരികളും യാഗപീഠങ്ങളും അല്ലേ ഹിസ്ക്കീയാ നശിപ്പിച്ചത്. എന്‍റെ യജമാനനായ അസ്സീറിയാരാജാവിനോട് വാതുകെട്ടുക. രണ്ടായിരം കുതിരപ്പടയാളികള്‍ എങ്കിലും നിങ്ങള്‍ക്കുണ്ടെങ്കില്‍ ഞാന്‍ രണ്ടായിരം കുതിരകളെ തരാം. രഥങ്ങള്‍ക്കും കുതിരപ്പടയാളികള്‍ക്കുംവേണ്ടി ഈജിപ്തിനെ ആശ്രയിക്കുന്ന നിനക്ക് എന്‍റെ യജമാനന്‍റെ സേവകന്മാരില്‍ ഏറ്റവും ചെറിയ ഒരു പടനായകനെയെങ്കിലും തോല്പിക്കാന്‍ കഴിയുമോ? സര്‍വേശ്വരന്‍റെ സഹായം കൂടാതെയാണോ ഞാന്‍ ഈ രാജ്യത്തെ നശിപ്പിക്കാന്‍ വന്നിരിക്കുന്നത്? ഈ ദേശം ആക്രമിച്ചു നശിപ്പിക്കാന്‍ അവിടുന്ന് എന്നോട് അരുളിച്ചെയ്തിരിക്കുന്നു.” അപ്പോള്‍ ഹില്‌ക്കീയായുടെ പുത്രന്‍ എല്യാക്കീമും ശെബ്നയും യോവാഹും റബ്-ശാക്കെയോടു പറഞ്ഞു: “ഞങ്ങളോട് അരാമ്യഭാഷയില്‍ സദയം സംസാരിച്ചാലും; അതു ഞങ്ങള്‍ക്കു മനസ്സിലാകും. കോട്ടയുടെ മുകളിലുള്ള ജനം നാം പറയുന്നതു കേട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എബ്രായഭാഷയില്‍ സംസാരിക്കാതിരുന്നാലും.” റബ് - ശാക്കെ പ്രതിവചിച്ചു: “സ്വന്തം വിസര്‍ജനവസ്തുക്കള്‍ തിന്നാനും കുടിക്കാനും വിധിക്കപ്പെട്ടിരിക്കുന്നവരല്ലേ ആ കോട്ടയുടെ മുകളില്‍ ഇരിക്കുന്നത്. അവരോടു സംസാരിക്കാതെ നിങ്ങളോടും നിങ്ങളുടെ യജമാനനോടും മാത്രമായി സംസാരിക്കാനാണോ എന്നെ അയച്ചിരിക്കുന്നത്? റബ്-ശാക്കെ നിവര്‍ന്നു നിന്നുകൊണ്ട് എബ്രായഭാഷയില്‍ ഉറക്കെ വിളിച്ചുപറഞ്ഞു: “അസ്സീറിയാ മഹാരാജാവിന്‍റെ വാക്കുകള്‍ കേള്‍ക്കുവിന്‍, രാജാവു കല്പിക്കുന്നു; ഹിസ്ക്കീയാ നിങ്ങളെ വഞ്ചിക്കാനിടയാകരുത്. നിങ്ങളെ എന്‍റെ കൈയില്‍നിന്നു രക്ഷിക്കാന്‍ അവനു കഴിയുകയില്ല. സര്‍വേശ്വരന്‍ നമ്മെ നിശ്ചയമായും രക്ഷിക്കും; ഈ നഗരം അസ്സീറിയാരാജാവിന്‍റെ കൈയില്‍ ഏല്പിക്കുകയില്ല എന്നു പറഞ്ഞ് സര്‍വേശ്വരനില്‍ ആശ്രയിക്കാന്‍ ഹിസ്ക്കീയാ നിങ്ങള്‍ക്ക് ഇടയാക്കാതിരിക്കട്ടെ. ഹിസ്ക്കീയാ പറയുന്നതു നിങ്ങള്‍ ശ്രദ്ധിക്കരുത്?” അസ്സീറിയാരാജാവു കല്പിക്കുന്നു: “നിങ്ങള്‍ സമാധാന ഉടമ്പടി ചെയ്ത് എന്നോടു ചേരുക. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ സ്വന്തം മുന്തിരിയുടെയും അത്തിയുടെയും ഫലം അനുഭവിക്കും; നിങ്ങള്‍ സ്വന്തം കിണറ്റിലെ വെള്ളം കുടിക്കുകയും ചെയ്യും. പിന്നീട് ഞാന്‍ വന്നു നിങ്ങളെ ഈ ദേശത്തിനു സദൃശമായ ഒരു നാട്ടിലേക്കു കൊണ്ടുപോകും. ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഒലിവെണ്ണയും തേനും ഉള്ള ദേശത്തേക്കുതന്നെ. എന്നാല്‍ നിങ്ങള്‍ മരിക്കുകയില്ല; ജീവിക്കും. ‘സര്‍വേശ്വരന്‍ നമ്മെ വിടുവിക്കും’ എന്നു പറഞ്ഞു നിങ്ങളെ വഴിതെറ്റിക്കുന്ന ഹിസ്ക്കീയായുടെ വാക്കുകള്‍ നിങ്ങള്‍ ശ്രദ്ധിക്കരുത്. ഏതെങ്കിലും ദേവന്‍ അസ്സീറിയാരാജാവിന്‍റെ കൈയില്‍നിന്നു തന്‍റെ ദേശത്തെ രക്ഷിച്ചിട്ടുണ്ടോ? ഹമാത്തിന്‍റെയും അര്‍പ്പാദിന്‍റെയും ദേവന്മാര്‍ എവിടെ? സെഫര്‍വയീം, ഹേനാ, ഇവ്വാ എന്നിവയുടെ ദേവന്മാരും എവിടെ? ശമര്യയെ എന്‍റെ കൈയില്‍നിന്നു രക്ഷിക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ടോ? ഒരു ദേവനും തന്‍റെ രാജ്യത്തെ എന്‍റെ കൈയില്‍നിന്ന് രക്ഷിക്കാന്‍ കഴിയാതിരിക്കെ യെരൂശലേമിനെ രക്ഷിക്കാന്‍ സര്‍വേശ്വരനു കഴിയുമോ?” എന്നാല്‍ ജനം നിശ്ശബ്ദരായിരുന്നു. അയാളോട് ഒന്നും മറുപടി പറഞ്ഞില്ല. കാരണം ഒരു മറുപടിയും പറയരുതെന്നായിരുന്നു രാജകല്പന. അപ്പോള്‍ കൊട്ടാരവിചാരകനും ഹില്‌ക്കീയായുടെ പുത്രനുമായ എല്യാക്കീം, കൊട്ടാരം കാര്യസ്ഥനായ ശെബ്ന, ആസാഫിന്‍റെ പുത്രനും രേഖസൂക്ഷിപ്പുകാരനുമായ യോവാഹ് എന്നിവര്‍ തങ്ങളുടെ വസ്ത്രം കീറി; അവര്‍ ഹിസ്ക്കീയായുടെ അടുക്കല്‍ വന്നു റബ്-ശാക്കെ പറഞ്ഞതെല്ലാം അദ്ദേഹത്തെ അറിയിച്ചു. ഹിസ്ക്കീയാരാജാവ് അതു കേട്ടപ്പോള്‍ വസ്ത്രം കീറി, ചാക്കുതുണി ഉടുത്ത് സര്‍വേശ്വരന്‍റെ ആലയത്തില്‍ ചെന്നു. കൊട്ടാരവിചാരകനായ എല്യാക്കീമിനെയും കൊട്ടാരം കാര്യദര്‍ശിയായ ശെബ്നയെയും മുതിര്‍ന്ന പുരോഹിതന്മാരെയും ആമോസിന്‍റെ പുത്രനായ യെശയ്യാപ്രവാചകന്‍റെ അടുക്കല്‍ അയച്ചു. അവരും ചാക്കുതുണി ഉടുത്തിരുന്നു. അവര്‍ ഇപ്രകാരം പ്രവാചകനോടു പറയണമെന്നു രാജാവ് കല്പിച്ചിരുന്നു: “ഹിസ്ക്കീയാ പറയുന്നു: ഇന്നു കഷ്ടതയുടെയും ശകാരത്തിന്‍റെയും അപമാനത്തിന്‍റെയും ദിവസമാണ്. പിറക്കാറായ കുഞ്ഞിനെ പ്രസവിക്കാന്‍ ശക്തിയില്ലാത്ത സ്‍ത്രീയെപ്പോലെയാണ് ഞങ്ങള്‍. ജീവിക്കുന്ന ദൈവത്തെ നിന്ദിക്കാന്‍ റബ്-ശാക്കെയെ അവന്‍റെ യജമാനനായ അസ്സീറിയാരാജാവ് അയച്ചിരിക്കുന്നു. അയാള്‍ പറഞ്ഞ വാക്കുകള്‍ അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍ കേട്ടിരിക്കും; അവിടുന്ന് ആ വാക്കുകള്‍ നിമിത്തം അയാളെ ശിക്ഷിക്കുകയില്ലേ? അതുകൊണ്ട് അങ്ങ് അവശേഷിച്ചിരിക്കുന്ന നമ്മുടെ ജനത്തിനുവേണ്ടി പ്രാര്‍ഥിച്ചാലും.” രാജസേവകന്മാര്‍ യെശയ്യായുടെ അടുക്കല്‍ എത്തി സന്ദേശമറിയിച്ചപ്പോള്‍ അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങളുടെ യജമാനനോടു പറയുക, സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: അസ്സീറിയാരാജാവിന്‍റെ ഭൃത്യന്മാര്‍ എന്നെ നിന്ദിച്ച വാക്കുകള്‍ കേട്ട് നീ ഭയപ്പെടേണ്ടാ. ഞാന്‍ അവന്‍റെ മനസ്സിനു വിഭ്രാന്തിയുണ്ടാക്കും; ഒരു കിംവദന്തി കേട്ട് അവന്‍ സ്വദേശത്തേക്കു മടങ്ങും; അവിടെവച്ച് അവന്‍ വാളിന് ഇരയാകാന്‍ ഞാന്‍ ഇടയാക്കും.” റബ്-ശാക്കെ തിരിച്ചുപോയി അസ്സീറിയാ രാജാവിനെ കണ്ടു. രാജാവ് ലാഖീശ് വിട്ടുപോയെന്നും ലിബ്നയ്‍ക്കെതിരെ യുദ്ധം ചെയ്യുന്നു എന്നും അയാള്‍ കേട്ടിരുന്നു. എത്യോപ്യ രാജാവായ തിര്‍ഹാക്കാ തനിക്കെതിരെ യുദ്ധം ചെയ്യാന്‍ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടപ്പോള്‍ അസ്സീറിയാരാജാവ് ഹിസ്ക്കീയാരാജാവിന്‍റെ അടുക്കല്‍ ദൂതന്മാരെ അയച്ച് ഇപ്രകാരം അറിയിച്ചു: “യെരൂശലേം അസ്സീറിയാ രാജാവിന്‍റെ കൈയില്‍ ഏല്പിക്കുകയില്ല എന്നു പറഞ്ഞ് നീ ആശ്രയിക്കുന്ന ദൈവം നിന്നെ വഞ്ചിക്കാന്‍ ഇടയാകരുത്. അസ്സീറിയാരാജാക്കന്മാര്‍ ഈ രാജ്യങ്ങളോടെല്ലാം പ്രവര്‍ത്തിച്ചതും അവയ്‍ക്ക് ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടില്ലേ. പിന്നെ നിനക്ക് എങ്ങനെ രക്ഷപെടാന്‍ കഴിയും? ഗോസാന്‍, ഹാരാന്‍, രേസെഫ് എന്നീ നഗരങ്ങളെയും തെലസ്സാരിലെ എദേന്യരെയും എന്‍റെ പൂര്‍വികര്‍ നശിപ്പിച്ചപ്പോള്‍ അവരുടെ ദേവന്മാര്‍ അവരെ വിടുവിച്ചിട്ടുണ്ടോ? ഹമാത്ത്, അര്‍പ്പാദ്, സെഫര്‍വയീം, ഹേന, ഇവ്വാ എന്നീ നഗരങ്ങളിലെ രാജാക്കന്മാര്‍ ഇപ്പോള്‍ എവിടെ?” ഹിസ്ക്കീയാ ദൂതന്മാരുടെ കൈയില്‍നിന്നു കത്തു വാങ്ങി വായിച്ചശേഷം സര്‍വേശ്വരന്‍റെ ആലയത്തില്‍ പ്രവേശിച്ച് അത് അവിടുത്തെ സന്നിധിയില്‍ വച്ചു. സര്‍വേശ്വരനോട് ഇപ്രകാരം പ്രാര്‍ഥിച്ചു: “കെരൂബുകളിന്മേല്‍ ആരൂഢനായിരിക്കുന്ന ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ, ഭൂമിയിലുള്ള സകല രാജ്യങ്ങളുടെയും ദൈവം അവിടുന്നു മാത്രമാകുന്നു. അവിടുന്ന് ആകാശവും ഭൂമിയും സൃഷ്‍ടിച്ചു. സര്‍വേശ്വരാ, കേള്‍ക്കണമേ; തൃക്കണ്ണുകള്‍ തുറന്നു കടാക്ഷിക്കണമേ; ജീവിക്കുന്ന ദൈവത്തെ അധിക്ഷേപിക്കുന്ന സെന്‍ഹേരീബിന്‍റെ വാക്കുകള്‍ കേള്‍ക്കണമേ. സര്‍വേശ്വരാ, അസ്സീറിയാരാജാക്കന്മാര്‍ അനേകം ജനതകളെയും അവരുടെ ദേശങ്ങളെയും നശിപ്പിച്ചു എന്നതു സത്യമാണ്. അവരുടെ ദേവന്മാരെ അസ്സീറിയാക്കാര്‍ അഗ്നിക്കിരയാക്കി, അവര്‍ യഥാര്‍ഥത്തില്‍ ദേവന്മാരായിരുന്നില്ലല്ലോ; അവ മരത്തിലും കല്ലിലും കൊത്തി ഉണ്ടാക്കിയ വിഗ്രഹങ്ങള്‍ മാത്രം ആയിരുന്നു. അതുകൊണ്ട് അവ നശിച്ചു. ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, അയാളുടെ കൈയില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ; അങ്ങനെ അവിടുന്നു മാത്രമാണു ദൈവമെന്നു ഭൂമിയിലെ ജനതകളെല്ലാം അറിയട്ടെ.” അപ്പോള്‍ ആമോസിന്‍റെ പുത്രനായ യെശയ്യാ ഹിസ്കീയായ്‍ക്ക് ഈ സന്ദേശം അയച്ചു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: അസ്സീറിയാരാജാവായ സെന്‍ഹേരീബിനെക്കുറിച്ച് നീ ചെയ്ത പ്രാര്‍ഥന ഞാന്‍ കേട്ടിരിക്കുന്നു. അയാളെപ്പറ്റി സര്‍വേശ്വരന്‍റെ അരുളപ്പാട് ഇതാണ്. കന്യകയായ സീയോന്‍പുത്രി, സെന്‍ഹേരീബിനെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നു; യെരൂശലേംനിവാസികള്‍ നിന്‍റെ പിന്നില്‍നിന്നു പരിഹാസത്തോടെ തല കുലുക്കുന്നു. സെന്‍ഹേരീബേ, നീ ആരെയാണ് നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്തത്? ആരുടെ നേരെയാണ് നീ സ്വരം ഉയര്‍ത്തിയത്? ആരുടെ നേര്‍ക്കാണ് നീ ധിക്കാരത്തോടെ ദൃഷ്‍ടി ഉയര്‍ത്തിയത്? ഇസ്രായേലിന്‍റെ പരിശുദ്ധനായ സര്‍വേശ്വരനെതിരായിട്ടല്ലേ? നിന്‍റെ ഭൃത്യന്മാര്‍വഴി നീ സര്‍വേശ്വരനെ നിന്ദിച്ചിരിക്കുന്നു. അനേകം രഥങ്ങളോടുകൂടി ഞാന്‍ പര്‍വതശിഖരങ്ങളില്‍ ലെബാനോന്‍റെ വിദൂരസങ്കേതങ്ങളില്‍ കയറി അവിടെയുള്ള ഏറ്റവും ഉയര്‍ന്ന ദേവദാരുക്കളും വിശിഷ്ടമായ സരളവൃക്ഷങ്ങളും വെട്ടി വീഴ്ത്തി. അതിന്‍റെ ഏറ്റവും വിദൂരസ്ഥമായ സങ്കേതങ്ങളില്‍, അതിന്‍റെ ഇടതൂര്‍ന്ന വനത്തിലേക്ക് ഞാന്‍ ചെന്നു. വിദേശങ്ങളില്‍ ഞാന്‍ കിണറുകള്‍ കുഴിച്ച് അവയിലെ ജലം പാനം ചെയ്തു. എന്‍റെ ഉള്ളംകാലുകൊണ്ട് ഈജിപ്തിലെ സകല അരുവികളെയും വറ്റിച്ചു എന്നും നീ പറഞ്ഞു. “ഇതെല്ലാം ഞാന്‍ പണ്ടുതന്നെ നിശ്ചയിച്ചതാണെന്നു നീ കേട്ടിട്ടില്ലേ? അവ ഇപ്പോള്‍ ഞാന്‍ നിറവേറ്റുന്നു. കോട്ട കെട്ടി ഉറപ്പിച്ച പട്ടണങ്ങളെ നീ തകര്‍ത്ത് നാശാവശിഷ്ടങ്ങളുടെ കൂമ്പാരമാക്കണം. അപ്പോള്‍ അതിലെ നിവാസികള്‍ മനഃശക്തി ക്ഷയിച്ച് പരിഭ്രാന്തരും ആകുലരും ആകും. അവര്‍ വയലിലെ ചെടികള്‍പോലെയും ഇളംപുല്ലുപോലെയും വളരുംമുമ്പേ കരിഞ്ഞു പോകുന്ന മട്ടുപ്പാവിലെ പുല്ലുപോലെയും ആകും. “നിന്‍റെ ഇരിപ്പും ഗമനാഗമനങ്ങളും എന്‍റെ നേരെ നിനക്കുള്ള ഉഗ്രകോപവും എനിക്കറിയാം. എന്നോടുള്ള നിന്‍റെ ക്രോധാവേശംകൊണ്ടും നിന്‍റെ അഹങ്കാരത്തെക്കുറിച്ച് ഞാന്‍ കേട്ടിരിക്കുന്നതുകൊണ്ടും നിന്‍റെ മൂക്കില്‍ കൊളുത്തും നിന്‍റെ വായില്‍ കടിഞ്ഞാണും ഇടും. നീ വന്ന വഴിയേ ഞാന്‍ നിന്നെ തിരിച്ച് അയയ്‍ക്കും.” യെശയ്യാ ഹിസ്കീയാരാജാവിനോടു പറഞ്ഞു: “ഇതു നിനക്കൊരു അടയാളമായിരിക്കും; ഈ വര്‍ഷവും അടുത്ത വര്‍ഷവും തനിയെ മുളച്ചുണ്ടാകുന്ന ധാന്യങ്ങള്‍ നീ ഭക്ഷിക്കും. മൂന്നാം വര്‍ഷം നീ വിതയ്‍ക്കുകയും കൊയ്യുകയും മുന്തിരിത്തോട്ടങ്ങള്‍ നട്ടു വളര്‍ത്തി അവയുടെ ഫലം ഭക്ഷിക്കുകയും ചെയ്യും. യെഹൂദാഗൃഹത്തില്‍ അവശേഷിക്കുന്നവര്‍ ആഴത്തില്‍ വേരൂന്നി ഫലം കായ്‍ക്കും. അവശേഷിക്കുന്നവരുടെ ഗണം യെരൂശലേമില്‍നിന്ന്-സീയോന്‍മലയില്‍നിന്ന്-പുറപ്പെടും. സര്‍വശക്തനായ സര്‍വേശ്വരന്‍ ഇതു നിറവേറ്റാന്‍ നിശ്ചയിച്ചിരിക്കുന്നു. “അസ്സീറിയാ രാജാവിനെപ്പറ്റി സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നതു കേള്‍ക്കൂ: ‘അവന്‍ ഈ നഗരത്തില്‍ പ്രവേശിക്കുകയോ അമ്പ് എയ്യുകയോ പരിച ധരിച്ചു മുന്നേറുകയോ ഉപരോധത്തിനുള്ള മണ്‍കൂന നിര്‍മ്മിക്കുകയോ ഇല്ല. അവന്‍ ഈ നഗരത്തില്‍ പ്രവേശിക്കാതെ വന്ന വഴിയേ തന്നെ മടങ്ങിപ്പോകും’ എന്ന് സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. എനിക്കുവേണ്ടിയും എന്‍റെ ദാസനായ ദാവീദിനുവേണ്ടിയും ഞാന്‍ ഈ നഗരത്തെ പ്രതിരോധിച്ച് സംരക്ഷിക്കും.” അന്നു രാത്രിയില്‍ സര്‍വേശ്വരന്‍റെ ദൂതന്‍ അസ്സീറിയാപാളയത്തില്‍ കടന്ന് ഒരു ലക്ഷത്തി എണ്‍പത്തയ്യായിരം പേരെ സംഹരിച്ചു. ജനം രാവിലെ ഉണര്‍ന്നു നോക്കുമ്പോള്‍ അതാ അവരെല്ലാം മരിച്ചുകിടക്കുന്നു. പിന്നീട് അസ്സീറിയാരാജാവായ സെന്‍ഹേരീബ് പിന്‍വാങ്ങി നിനെവേയില്‍ പോയി പാര്‍ത്തു. ഒരു ദിവസം അയാള്‍ തന്‍റെ ദേവനായ നിസ്രോക്കിന്‍റെ ക്ഷേത്രത്തില്‍ ആരാധിച്ചുകൊണ്ടിരിക്കുമ്പോള്‍ അയാളുടെ പുത്രന്മാരായ അദ്രമേലെക്കും ശരേസെരും ചേര്‍ന്ന് അയാളെ വാളിനിരയാക്കി. അതിനുശേഷം അവര്‍ അരാരത്തു ദേശത്തേക്ക് ഓടിപ്പോയി. അയാളുടെ മറ്റൊരു പുത്രന്‍ എസെര്‍-ഹദ്ദോന്‍ തുടര്‍ന്നു രാജാവായി. ഹിസ്ക്കീയാ രോഗബാധിതനായി മരണത്തോടടുത്തു. അപ്പോള്‍ ആമോസിന്‍റെ പുത്രനായ യെശയ്യാപ്രവാചകന്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞു: “സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: നീ ഗൃഹകാര്യങ്ങള്‍ ക്രമപ്പെടുത്തിക്കൊള്ളുക; നീ മരിച്ചു പോകും; സുഖം പ്രാപിക്കുകയില്ല.” അപ്പോള്‍ ഹിസ്ക്കീയാ ചുവരിനു നേരേ മുഖം തിരിച്ച് അവിടുത്തോടു പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, ഞാന്‍ വിശ്വസ്തതയോടും ഏകാഗ്രതയോടും അങ്ങയുടെ മുമ്പാകെ ജീവിച്ചതും, അങ്ങേക്കു പ്രസാദകരമായവിധം പ്രവര്‍ത്തിച്ചതും അങ്ങ് ഓര്‍ക്കണമേ.” പിന്നീട് അദ്ദേഹം അതീവദുഃഖത്തോടെ കരഞ്ഞു. കൊട്ടാരത്തിന്‍റെ അങ്കണം വിട്ടുപോകും മുമ്പ് യെശയ്യായ്‍ക്ക് സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി: “നീ മടങ്ങിച്ചെന്ന് എന്‍റെ ജനത്തിന്‍റെ രാജാവായ ഹിസ്ക്കീയായോട് അവന്‍റെ പൂര്‍വപിതാവായ ദാവീദിന്‍റെ ദൈവമായ സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറയുക. ഞാന്‍ നിന്‍റെ കണ്ണുനീര്‍ കാണുകയും നിന്‍റെ പ്രാര്‍ഥന കേള്‍ക്കുകയും ചെയ്തിരിക്കുന്നു; ഞാന്‍ നിന്നെ സുഖപ്പെടുത്തും. മൂന്നു ദിവസത്തിനുള്ളില്‍ നീ സര്‍വേശ്വരന്‍റെ ആലയത്തിലേക്കു പോകും. ഞാന്‍ നിന്‍റെ ആയുസ്സു പതിനഞ്ചു വര്‍ഷംകൂടി നീട്ടിത്തരുന്നു; നിന്നെയും ഈ നഗരത്തെയും അസ്സീറിയാരാജാവിന്‍റെ കൈയില്‍നിന്നു ഞാന്‍ രക്ഷിക്കും. എനിക്കും എന്‍റെ ദാസനായ ദാവീദിനുംവേണ്ടി ഞാന്‍ ഈ നഗരത്തെ സംരക്ഷിക്കും.” പിന്നീട് യെശയ്യാ പറഞ്ഞു: “അത്തിയട കൊണ്ടുവന്നു വ്രണത്തില്‍ വച്ചുകെട്ടുക. എന്നാല്‍ വ്രണം സുഖപ്പെടും.” ഹിസ്ക്കീയാ യെശയ്യായോടു ചോദിച്ചു: “സര്‍വേശ്വരന്‍ എന്നെ സുഖപ്പെടുത്തുകയും മൂന്നു ദിവസം കഴിഞ്ഞ് ഞാന്‍ അവിടുത്തെ ആലയത്തില്‍ പോകുകയും ചെയ്യുമെന്നുള്ളതിന് എന്താണ് അടയാളം? യെശയ്യാ പറഞ്ഞു: “സര്‍വേശ്വരന്‍ അരുളിച്ചെയ്തതു നിറവേറ്റും എന്നുള്ളതിന് അവിടുന്നു നിനക്കു നല്‌കുന്ന അടയാളം ഇതാണ്. നിഴല്‍ പത്തു ചുവട് മുമ്പോട്ടു പോകണമോ അതോ പത്തു ചുവടു പിറകോട്ടു പോകണമോ? ഏതാണു വേണ്ടത്?” ഹിസ്ക്കീയാ പറഞ്ഞു: “നിഴല്‍ പത്തുചുവട് മുമ്പോട്ടു പോകുന്നതു എളുപ്പമാണ്. അതുകൊണ്ട് അതു പത്തു ചുവടു പിറകോട്ടു പോകട്ടെ.” അപ്പോള്‍ യെശയ്യാപ്രവാചകന്‍ സര്‍വേശ്വരനെ വിളിച്ചപേക്ഷിച്ചു. അവിടുന്ന് ആഹാസിന്‍റെ സൂര്യഘടികാരത്തിലെ ഇറങ്ങിപ്പോയ നിഴല്‍ പത്തു ചുവടു പിറകോട്ടു മാറ്റി. ഹിസ്ക്കീയാ രോഗബാധിതനായി എന്നു കേട്ടു ബാബിലോണ്‍രാജാവും ബലദാന്‍റെ പുത്രനുമായ ബെരോദക്-ബലദാന്‍ കത്തുകളും സമ്മാനവുമായി ദൂതന്മാരെ അയച്ചു. ഹിസ്ക്കീയാ അവരെ സ്വീകരിച്ചു. തന്‍റെ ഭണ്ഡാരങ്ങളും അവയിലുണ്ടായിരുന്ന സ്വര്‍ണം, വെള്ളി, സുഗന്ധവര്‍ഗങ്ങള്‍, വിശിഷ്ട തൈലങ്ങള്‍ എന്നിവയും ആയുധപ്പുരയും അവര്‍ക്കു കാട്ടിക്കൊടുത്തു. തന്‍റെ കൊട്ടാരത്തിലോ രാജ്യത്തോ അവരെ കാണിക്കാത്ത യാതൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് യെശയ്യാപ്രവാചകന്‍ ഹിസ്കീയാരാജാവിന്‍റെ അടുക്കല്‍ വന്നു ചോദിച്ചു: “ഈ ആളുകള്‍ എന്തു പറഞ്ഞു? അവര്‍ അങ്ങയുടെ അടുക്കല്‍ എവിടെനിന്നു വന്നു?” “ഇവര്‍ വിദൂരസ്ഥമായ ബാബിലോണില്‍നിന്നു വന്നവരാണ്” ഹിസ്ക്കീയാ പ്രതിവചിച്ചു. “അവര്‍ അങ്ങയുടെ കൊട്ടാരത്തില്‍ എന്തെല്ലാം കണ്ടു” എന്നു പ്രവാചകന്‍ ചോദിച്ചു. “എന്‍റെ കൊട്ടാരത്തിലുള്ളതെല്ലാം അവര്‍ കണ്ടു; ഞാന്‍ കാണിച്ചു കൊടുക്കാത്തതായി എന്‍റെ ഭണ്ഡാരത്തില്‍ ഒന്നും ഇല്ല” എന്നു ഹിസ്ക്കീയാ പറഞ്ഞു. ഇതു കേട്ടു യെശയ്യാ ഹിസ്കീയായോടു പറഞ്ഞു: “സര്‍വേശ്വരന്‍റെ വാക്കു ശ്രദ്ധിക്കുക. നിന്‍റെ കൊട്ടാരത്തിലുള്ളതും നിന്‍റെ പിതാക്കന്മാര്‍ ഇന്നുവരെ സംഭരിച്ചിട്ടുള്ളതുമായ സര്‍വസ്വവും ബാബിലോണിലേക്കു കൊണ്ടുപോകുന്ന കാലം വരുന്നു. ഒന്നുംതന്നെ ശേഷിക്കുകയില്ല. നിന്‍റെ സ്വന്തം പുത്രന്മാരില്‍ ചിലരെയും അവര്‍ കൊണ്ടുപോകും; അവരെ ബാബിലോണ്‍രാജാവിന്‍റെ അന്തഃപുരത്തില്‍ സേവനം ചെയ്യാന്‍ ഷണ്ഡന്മാരാക്കും.” തന്‍റെ ഭരണകാലത്തു സമാധാനവും സുരക്ഷിതത്വവും ഉണ്ടായിരിക്കുമെന്നു കരുതി ഹിസ്ക്കീയാ യെശയ്യായോടു പറഞ്ഞു: “അങ്ങ് അറിയിച്ച സര്‍വേശ്വരന്‍റെ അരുളപ്പാട് നല്ലതുതന്നെ.” ഹിസ്ക്കീയായുടെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും വീരപരാക്രമങ്ങളും ഒരു കുളവും തോടും നിര്‍മ്മിച്ചു ജലം നഗരത്തിലേക്കു കൊണ്ടുവന്നതുമെല്ലാം യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹിസ്ക്കീയാ മരിച്ചു; പിതാക്കന്മാരോടു ചേര്‍ന്നു. പിന്നീട് പുത്രന്‍ മനശ്ശെ രാജാവായി. മനശ്ശെ ഭരണമാരംഭിച്ചപ്പോള്‍ അദ്ദേഹത്തിനു പന്ത്രണ്ടു വയസ്സായിരുന്നു. അദ്ദേഹം യെരൂശലേമില്‍ അമ്പത്തഞ്ചുവര്‍ഷം ഭരിച്ചു. ഹെഫ്സീബാ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്. സര്‍വേശ്വരന്‍ ഇസ്രായേല്‍ജനത്തിന്‍റെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞിരുന്ന ജനതകളുടെ മ്ലേച്ഛമായ ആചാരങ്ങള്‍ അനുഷ്ഠിച്ച് അവിടുത്തെ മുമ്പില്‍ അദ്ദേഹം തിന്മ പ്രവര്‍ത്തിച്ചു. തന്‍റെ പിതാവായ ഹിസ്ക്കീയാ നശിപ്പിച്ച പൂജാഗിരികള്‍ അദ്ദേഹം വീണ്ടും പണിതു. ഇസ്രായേല്‍രാജാവായ ആഹാബ് ചെയ്തതുപോലെ ബാലിനു ബലിപീഠങ്ങള്‍ നിര്‍മ്മിക്കുകയും അശേരാപ്രതിഷ്ഠകള്‍ സ്ഥാപിക്കുകയും ചെയ്തു. വാനഗോളങ്ങളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. ഞാന്‍ എന്‍റെ നാമം യെരൂശലേമില്‍ സ്ഥാപിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്തിരുന്ന അവിടുത്തെ ആലയത്തില്‍ അദ്ദേഹം ബലിപീഠങ്ങള്‍ പണിതു. സര്‍വേശ്വരന്‍റെ ആലയത്തിലെ രണ്ട് അങ്കണങ്ങളിലും വാനഗോളങ്ങള്‍ക്കു ബലിപീഠങ്ങള്‍ ഉണ്ടാക്കി. അദ്ദേഹം സ്വന്തപുത്രനെ അവിടെ ബലിയായി അഗ്നിയില്‍ ഹോമിച്ചു. അദ്ദേഹം ശകുനം നോക്കുകയും ലക്ഷണം പറയിക്കുകയും മന്ത്രവാദവും ആഭിചാരവും നടത്തുന്നവരെ നിയമിക്കുകയും ചെയ്തു. അങ്ങനെ തിന്മ പ്രവര്‍ത്തിച്ച് സര്‍വേശ്വരനെ പ്രകോപിപ്പിച്ചു. താന്‍ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠ അദ്ദേഹം സര്‍വേശ്വരന്‍റെ ആലയത്തില്‍ സ്ഥാപിച്ചു. ഈ ആലയത്തെക്കുറിച്ച് അവിടുന്നു ദാവീദിനോടും അദ്ദേഹത്തിന്‍റെ പുത്രനായ ശലോമോനോടും ഇങ്ങനെ അരുളിച്ചെയ്തിരുന്നു: “ഞാന്‍ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളില്‍നിന്നുമായി തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഈ ആലയത്തിലും എന്‍റെ നാമം എന്നേക്കുമായി സ്ഥാപിക്കും. ഞാന്‍ ഇസ്രായേലിനു നല്‌കിയിരുന്ന കല്പനകളും എന്‍റെ ദാസനായ മോശ അവര്‍ക്കു നല്‌കിയിരുന്ന നിയമങ്ങളും അവര്‍ ശ്രദ്ധാപൂര്‍വം അനുഷ്ഠിച്ചാല്‍ അവര്‍ക്കു നല്‌കിയ ദേശം വിട്ട് അവര്‍ വീണ്ടും അലഞ്ഞു തിരിയാന്‍ ഞാന്‍ ഇടവരുത്തുകയില്ല.” എന്നാല്‍ ആ കല്പനകള്‍ അവര്‍ കേട്ടനുസരിച്ചില്ല; ഇസ്രായേല്‍ജനത്തിന്‍റെ മുമ്പില്‍നിന്നു സര്‍വേശ്വരന്‍ നീക്കിക്കളഞ്ഞ ജനതകള്‍ ചെയ്തതിനെക്കാള്‍ കൂടുതല്‍ തിന്മ പ്രവര്‍ത്തിക്കാന്‍ മനശ്ശെ അവരെ പ്രേരിപ്പിച്ചു. തന്‍റെ ദാസന്മാരായ പ്രവാചകരിലൂടെ സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “യെഹൂദാരാജാവായ മനശ്ശെ ഈ മ്ലേച്ഛതകള്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. അമോര്യര്‍ ചെയ്തതിലും അധികം തിന്മകള്‍ പ്രവര്‍ത്തിക്കുകയും യെഹൂദ്യയെക്കൊണ്ടു വിഗ്രഹാരാധന നടത്തിക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഞാന്‍ യെരൂശലേമിന്‍റെയും യെഹൂദായുടെയും മേല്‍ അനര്‍ഥം വരുത്തും; അതു കേള്‍ക്കുന്നവന്‍റെ ചെവി തരിച്ചുപോകും. ശമര്യയെ അളക്കുന്നതിന് ഉപയോഗിച്ച അളവുനൂലുകൊണ്ടും ആഹാബ്ഗൃഹത്തെ അളന്ന തൂക്കുകട്ടകൊണ്ടും ഞാന്‍ യെരൂശലേമിനെ അളക്കും. തുടച്ചു വൃത്തിയാക്കി കമഴ്ത്തിവച്ചിരിക്കുന്ന പാത്രംപോലെ യെരൂശലേമിനെ ഞാന്‍ ശൂന്യമാക്കും. ഞാന്‍ എന്‍റെ ജനത്തില്‍ ശേഷിച്ചിരിക്കുന്നവരെ ഉപേക്ഷിച്ചു ശത്രുക്കളുടെ കൈയില്‍ ഏല്പിച്ചു കൊടുക്കും; ശത്രുക്കള്‍ക്ക് അവര്‍ ഇരയും കൊള്ളമുതലും ആയിത്തീരും. ഈജിപ്തില്‍നിന്നു പുറപ്പെട്ട ദിവസംമുതല്‍ ഇന്നുവരെയും അവര്‍ എനിക്ക് അനിഷ്ടമായവിധം പ്രവര്‍ത്തിച്ച് എന്നെ പ്രകോപിപ്പിച്ചുവല്ലോ.” മനശ്ശെ യെഹൂദയെക്കൊണ്ട് പാപം ചെയ്യിച്ച് സര്‍വേശ്വരനു ഹിതകരമല്ലാത്തവിധം പ്രവര്‍ത്തിച്ചതുകൂടാതെ യെരൂശലേമിന്‍റെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ നിരവധി നിഷ്കളങ്കരുടെ രക്തം ചിന്തുകയും ചെയ്തു. മനശ്ശെയുടെ മറ്റു പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്‍റെ പാപപ്രവൃത്തികളും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മനശ്ശെ മരിച്ചു; പിതാക്കന്മാരോടു ചേര്‍ന്നു. കൊട്ടാരത്തിലെ ഉദ്യാനത്തില്‍-ഉസ്സയുടെ തോട്ടത്തില്‍-അദ്ദേഹത്തെ സംസ്കരിച്ചു. പിന്നീട് അദ്ദേഹത്തിന്‍റെ പുത്രന്‍ ആമോന്‍ രാജാവായി. രാജാവായപ്പോള്‍ ആമോന് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം യെരൂശലേമില്‍ രണ്ടു വര്‍ഷം ഭരിച്ചു; യൊത്ബക്കാരന്‍ ഹാരൂസിന്‍റെ പുത്രി മെശുല്ലേമെത്ത് ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്. തന്‍റെ പിതാവായ മനശ്ശെയെപ്പോലെ സര്‍വേശ്വരന് അഹിതകരമായവിധം അദ്ദേഹം ജീവിച്ചു. പിതാവു നടന്ന വഴിയെ അദ്ദേഹവും നടന്നു. പിതാവ് ആരാധിച്ച വിഗ്രഹങ്ങളെ അദ്ദേഹവും ആരാധിച്ചു. തന്‍റെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വനെ അയാള്‍ ഉപേക്ഷിച്ചു; അവിടുത്തെ വഴിയില്‍ അയാള്‍ നടന്നില്ല. രാജസേവകന്മാര്‍ അയാള്‍ക്കെതിരെ ഗൂഢാലോചന നടത്തി കൊട്ടാരത്തില്‍വച്ചുതന്നെ അയാളെ വധിച്ചു. യെഹൂദ്യയിലെ ജനം ആമോനെതിരെ ഗൂഢാലോചന നടത്തിയവരെയെല്ലാം വധിച്ചു; അയാളുടെ പുത്രന്‍ യോശീയായെ രാജാവാക്കുകയും ചെയ്തു. ആമോന്‍റെ മറ്റു പ്രവര്‍ത്തനങ്ങളെല്ലാം യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉസ്സയുടെ ഉദ്യാനത്തിലെ കല്ലറയില്‍ അയാളെ സംസ്കരിച്ചു; പുത്രന്‍ യോശീയാ പകരം രാജാവായി. യോശീയാ ഭരണമാരംഭിച്ചപ്പോള്‍ അദ്ദേഹത്തിനു എട്ടു വയസ്സായിരുന്നു. മുപ്പത്തൊന്നു വര്‍ഷം അദ്ദേഹം യെരൂശലേമില്‍ ഭരണം നടത്തി. ബൊസ്കത്തുകാരന്‍ അദായായുടെ മകള്‍ യെദീദാ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്. സര്‍വേശ്വരനു പ്രസാദകരമായവിധം അദ്ദേഹം ജീവിച്ചു. പൂര്‍വപിതാവായ ദാവീദിന്‍റെ പാതയില്‍നിന്ന് അദ്ദേഹം അല്പംപോലും വ്യതിചലിച്ചില്ല. തന്‍റെ വാഴ്ചയുടെ പതിനെട്ടാം വര്‍ഷം യോശീയാരാജാവ് മെശുല്ലാമിന്‍റെ പൗത്രനും അസല്യായുടെ പുത്രനും കൊട്ടാരം കാര്യസ്ഥനുമായ ശാഫാനെ ദേവാലയത്തിലേക്ക് അയച്ചുകൊണ്ട് പറഞ്ഞു: “വാതില്‍ കാവല്‌ക്കാര്‍ ജനത്തില്‍നിന്നു ശേഖരിച്ച പണത്തിന്‍റെ കണക്കു നോക്കാന്‍ മഹാപുരോഹിതനായ ഹില്‌ക്കീയായോട് ആവശ്യപ്പെടുക. അയാള്‍ അത് ആലയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ ചെയ്യിക്കുന്ന മേല്‍വിചാരകരുടെ കൈയില്‍ ഏല്പിക്കണം. അവര്‍ അതു സര്‍വേശ്വരന്‍റെ ആലയത്തില്‍ അറ്റകുറ്റപ്പണി ചെയ്യുന്ന തച്ചന്മാര്‍, ശില്പികള്‍, കല്പണിക്കാര്‍ എന്നിവര്‍ക്ക് കൊടുക്കുന്നതിനും പണിക്കാവശ്യമായ മരവും ചെത്തിയൊരുക്കിയ കല്ലും വാങ്ങുന്നതിനുമായി വിനിയോഗിക്കണം. പണിയുടെ ചുമതല വഹിക്കുന്നവര്‍ വിശ്വസ്തരായതുകൊണ്ട് അവരോട് കണക്കു ചോദിക്കേണ്ടാ.” നിയമപുസ്‍തകം സര്‍വേശ്വരമന്ദിരത്തില്‍നിന്നും കണ്ടുകിട്ടിയ വിവരം ഹില്‌ക്കീയാ മഹാപുരോഹിതന്‍റെ കാര്യസ്ഥനായ ശാഫാനോടു പറഞ്ഞു. ഹില്‌ക്കീയാ ആ പുസ്‍തകം ശാഫാന്‍റെ കൈയില്‍ കൊടുത്തു. അയാള്‍ അതു വാങ്ങി വായിച്ചു. ശാഫാന്‍ രാജാവിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞു: “അങ്ങയുടെ ഭൃത്യന്മാര്‍ ആലയത്തിലുണ്ടായിരുന്ന പണം മുഴുവന്‍ ദേവാലയത്തിലെ പണികളുടെ മേല്‍നോട്ടം വഹിക്കുന്നവരെ ഏല്പിച്ചു.” ഹില്‌ക്കീയാപുരോഹിതന്‍ ഒരു പുസ്‍തകം എന്‍റെ കൈയില്‍ തന്നു എന്നും ശാഫാന്‍ രാജാവിനെ അറിയിച്ചു. അയാള്‍ അതു രാജാവിനെ വായിച്ചു കേള്‍പ്പിച്ചു. ഗ്രന്ഥം വായിച്ചു കേട്ടപ്പോള്‍, രാജാവു വസ്ത്രം കീറി. ഉടനെ രാജാവ് ഹില്‌ക്കീയാപുരോഹിതനോടും ശാഫാന്‍റെ പുത്രന്‍ അഹീക്കാം, മീഖായായുടെ പുത്രന്‍ അക്ബോര്‍, കാര്യസ്ഥന്‍ ശാഫാന്‍, രാജഭൃത്യന്‍ അസായാ എന്നിവരോടും കല്പിച്ചു: “നിങ്ങള്‍ പോയി ഇപ്പോള്‍ കണ്ടുകിട്ടിയിരിക്കുന്ന ഗ്രന്ഥത്തിലെ വാക്യങ്ങള്‍ സംബന്ധിച്ച്, എനിക്കും ജനത്തിനും സകല യെഹൂദ്യര്‍ക്കുംവേണ്ടി സര്‍വേശ്വരനോട് അരുളപ്പാടു ചോദിക്കുക. നമ്മള്‍ ചെയ്യണമെന്ന് ഈ ഗ്രന്ഥത്തില്‍ ആവശ്യപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ നമ്മുടെ പിതാക്കന്മാര്‍ അനുസരിക്കാതിരുന്നതുകൊണ്ട് സര്‍വേശ്വരന്‍റെ ഉഗ്രകോപം നമ്മുടെമേല്‍ ജ്വലിച്ചിരിക്കുന്നു.” ഹില്‌ക്കീയാപുരോഹിതനും അഹീക്കാം, അക്ബോര്‍, ശാഫാന്‍, അസായാ എന്നിവരും അര്‍ഹസിന്‍റെ പൗത്രനും തിക്വയുടെ പുത്രനും രാജവസ്ത്ര സൂക്ഷിപ്പുകാരനുമായ ശല്ലൂമിന്‍റെ ഭാര്യ ഹുല്‍ദാപ്രവാചകിയുടെ അടുക്കല്‍ ചെന്നു സംസാരിച്ചു. പ്രവാചകി യെരൂശലേമിന്‍റെ പുതിയ ഭാഗത്താണു പാര്‍ത്തിരുന്നത്. പ്രവാചകി അവരോടു പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളെ എന്‍റെ അടുക്കല്‍ അയച്ചവനോടു പറയുക. യെഹൂദാരാജാവു വായിച്ചുകേട്ട പുസ്തകത്തില്‍ എഴുതിയിരിക്കുന്നതുപോലെ, യെരൂശലേം പട്ടണത്തെയും അതിലെ നിവാസികളെയും ഞാന്‍ നശിപ്പിക്കാന്‍ പോകുകയാണ്. അവര്‍ എന്നെ ഉപേക്ഷിച്ച് അന്യദേവന്മാര്‍ക്കു ധൂപം അര്‍പ്പിച്ചു; തങ്ങളുടെ സകല പ്രവൃത്തികളാലും അവരെന്നെ പ്രകോപിപ്പിച്ചു. അതുകൊണ്ട് എന്‍റെ കോപം ഈ സ്ഥലത്തിനുനേരെ ജ്വലിക്കും; അതു ശമിക്കയില്ല. സര്‍വേശ്വരന്‍റെ അരുളപ്പാട് ചോദിക്കാന്‍ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു പറയുക; അങ്ങു വായിച്ചു കേട്ട വാക്യങ്ങളെപ്പറ്റി ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഈ സ്ഥലത്തിനെതിരായുള്ള എന്‍റെ അരുളപ്പാട് കേട്ടപ്പോള്‍ നീ പശ്ചാത്തപിക്കുകയും എന്‍റെ മുമ്പില്‍ നീ വിനീതനാവുകയും ചെയ്തു. യെരൂശലേമിനെയും അതിലെ നിവാസികളെയും ഞാന്‍ ശൂന്യവും ശാപവുമാക്കുമെന്നു പറഞ്ഞപ്പോള്‍ നീ വസ്ത്രം കീറി എന്‍റെ മുമ്പില്‍നിന്നു കരഞ്ഞു. അതുകൊണ്ട് ഞാന്‍ നിന്‍റെ പ്രാര്‍ഥന കേട്ടിരിക്കുന്നു. നീ സമാധാനത്തോടെ മരിച്ച് നിന്‍റെ പിതാക്കന്മാരുടെ കല്ലറയില്‍ സംസ്കരിക്കപ്പെടും. ഞാന്‍ ഈ സ്ഥലത്തു വരുത്തുമെന്നു പറഞ്ഞ അനര്‍ഥമൊന്നും നീ കാണുകയില്ല.” അവര്‍ മടങ്ങിവന്നു രാജാവിനെ ഈ വിവരം അറിയിച്ചു. രാജാവ് യെഹൂദ്യയിലെയും യെരൂശലേമിലെയും ജനപ്രമുഖന്മാരെ ആളയച്ചു വരുത്തി. യെഹൂദ്യയിലെയും യെരൂശലേമിലെയും ജനങ്ങളും പുരോഹിതന്മാരും പ്രവാചകന്മാരും വലിയവരും ചെറിയവരുമായ സകലരും സര്‍വേശ്വരമന്ദിരത്തില്‍ അദ്ദേഹത്തോടൊത്തു ചെന്നു. അവിടെനിന്നു കിട്ടിയ നിയമഗ്രന്ഥത്തിലെ വാക്യങ്ങള്‍ അവരെല്ലാം കേള്‍ക്കെ രാജാവ് വായിച്ചു. രാജാവ് സ്തംഭത്തിനരികെ നിന്നുകൊണ്ട് നിയമഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്ന കല്പനകളും ചട്ടങ്ങളും അനുശാസനങ്ങളും സര്‍വാത്മനാ പാലിച്ച് സര്‍വേശ്വരനെ അനുഗമിക്കുമെന്ന് അവിടുത്തെ നാമത്തില്‍ ഉടമ്പടി ചെയ്തു. ജനമെല്ലാം ആ ഉടമ്പടിയില്‍ പങ്കുചേര്‍ന്നു. ബാലിനും അശേരായ്‍ക്കും വാനഗോളങ്ങള്‍ക്കുംവേണ്ടി ഉണ്ടാക്കിയിരുന്ന പാത്രങ്ങള്‍ സര്‍വേശ്വരന്‍റെ ആലയത്തില്‍നിന്നു പുറത്തുകൊണ്ടുവരാന്‍ മഹാപുരോഹിതനായ ഹില്‌ക്കീയായോടും മറ്റു പുരോഹിതന്മാരോടും വാതില്‍കാവല്‌ക്കാരോടും രാജാവ് കല്പിച്ചു. അദ്ദേഹം അവ യെരൂശലേമിനു പുറത്തു കിദ്രോന്‍താഴ്വരയില്‍വച്ച് അഗ്നിക്കിരയാക്കി; ചാരം ബേഥേലിലേക്കു കൊണ്ടുപോയി. യെഹൂദാ പട്ടണങ്ങളിലും യെരൂശലേമിനു പരിസരങ്ങളിലുമുള്ള പൂജാഗിരികളില്‍ യെഹൂദാരാജാക്കന്മാരുടെ നിയോഗപ്രകാരം ധൂപം അര്‍പ്പിച്ചിരുന്ന വിഗ്രഹാരാധകരായ പുരോഹിതന്മാരെയും ബാലിനും സൂര്യചന്ദ്രനക്ഷത്രാദികളായ ആകാശഗോളങ്ങള്‍ക്കും ധൂപം അര്‍പ്പിച്ചിരുന്നവരെയും രാജാവ് നീക്കിക്കളഞ്ഞു. ദേവാലയത്തില്‍നിന്ന് അശേരാപ്രതിഷ്ഠ യെരൂശലേമിനു പുറത്ത് എടുത്തുകൊണ്ടുപോയി കിദ്രോന്‍തോടിനരികെവച്ചു ചുട്ടു ചാമ്പലാക്കി. അതു പൊതുശ്മശാനസ്ഥലത്തു വിതറി. ദേവപ്രീതിക്കുവേണ്ടി വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന പുരുഷന്മാരുടെ ദേവാലയ പരിസരത്തുണ്ടായിരുന്ന വീടുകള്‍ അദ്ദേഹം ഇടിച്ചുനിരത്തി. അവിടെ വച്ചായിരുന്നു സ്‍ത്രീകള്‍ അശേരായ്‍ക്കുവേണ്ടിയുള്ള ശീലകള്‍ നെയ്തിരുന്നത്. യെഹൂദാനഗരങ്ങളിലുണ്ടായിരുന്ന പുരോഹിതന്മാരെയെല്ലാം അദ്ദേഹം പുറത്താക്കി. ഗേബമുതല്‍ ബേര്‍-ശേബവരെ ഉണ്ടായിരുന്നതും ധൂപാര്‍പ്പണം നടത്തിയിരുന്നതുമായ സകല പൂജാഗിരികളും അശുദ്ധമാക്കി. നഗരാധിപനായ യോശുവയുടെ പ്രവേശനകവാടത്തിന്‍റെ ഇടതുവശത്തുള്ള പൂജാഗിരികളും അദ്ദേഹം നശിപ്പിച്ചു. പൂജാഗിരികളിലെ പുരോഹിതന്മാര്‍ യെരൂശലേമിലുള്ള സര്‍വേശ്വരന്‍റെ ആലയത്തില്‍ ശുശ്രൂഷ ചെയ്യാന്‍ വന്നില്ല. എന്നാല്‍ തങ്ങളുടെ പുരോഹിതന്മാരോടൊപ്പം പുളിപ്പുചേര്‍ക്കാത്ത അപ്പം അവര്‍ ഭക്ഷിച്ചു. ആരും തന്‍റെ പുത്രനെയോ പുത്രിയെയോ മോലേക്കുദേവനു ഹോമബലിയര്‍പ്പിക്കാതിരിക്കാന്‍ ബെന്‍-ഹിന്നോം താഴ്വരയിലുള്ള തോഫത് അദ്ദേഹം മലിനമാക്കി. സര്‍വേശ്വരന്‍റെ ആലയത്തിനടുത്ത് ഷണ്ഡനായ നാഥാന്‍-മേലെക്കിന്‍റെ വസതിക്കു സമീപം, ദേവാലയത്തിലേക്കുള്ള പ്രവേശനദ്വാരത്തില്‍ യെഹൂദാരാജാക്കന്മാര്‍ സൂര്യദേവനു പ്രതിഷ്ഠിച്ചിരുന്ന അശ്വരൂപങ്ങള്‍ അദ്ദേഹം നീക്കംചെയ്യുകയും സൂര്യരഥങ്ങളെ അഗ്നിക്കിരയാക്കുകയും ചെയ്തു. ആഹാസിന്‍റെ മാളികയുടെ മേല്‍പ്പുരയില്‍ യെഹൂദാരാജാക്കന്മാര്‍ നിര്‍മ്മിച്ചിരുന്ന ബലിപീഠങ്ങളും സര്‍വേശ്വരന്‍റെ ആലയത്തിലെ രണ്ട് അങ്കണങ്ങളില്‍ മനശ്ശെ സ്ഥാപിച്ചിരുന്ന ബലിപീഠങ്ങളും അദ്ദേഹം തകര്‍ത്തു പൊടിയാക്കി കിദ്രോന്‍തോട്ടില്‍ ഒഴുക്കി. ഇസ്രായേല്‍രാജാവായ ശലോമോന്‍, യെരൂശലേമിനു കിഴക്കും ഒലിവുമലയ്‍ക്കു തെക്കും സ്ഥാപിച്ചിരുന്ന സീദോന്യരുടെ അസ്തോരെത്ത്, മോവാബ്യരുടെ കെമോശ്, അമ്മോന്യരുടെ മില്‌കോം എന്നീ മ്ലേച്ഛവിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരുന്ന പൂജാഗിരികള്‍ രാജാവു മലിനപ്പെടുത്തി. അദ്ദേഹം വിഗ്രഹസ്തംഭങ്ങള്‍ തകര്‍ക്കുകയും അശേരാപ്രതിഷ്ഠകള്‍ വെട്ടിവീഴ്ത്തുകയും അവ സ്ഥാപിച്ചിരുന്ന സ്ഥലങ്ങള്‍ മനുഷ്യരുടെ അസ്ഥികള്‍കൊണ്ടു നിറയ്‍ക്കുകയും ചെയ്തു. ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്‍റെ പുത്രന്‍ യെരോബെയാം ബേഥേലില്‍ പണിതിരുന്ന ബലിപീഠവും പൂജാഗിരികളും രാജാവ് ഇടിച്ചുനിരത്തി; പൂജാഗിരിയും അശേരാപ്രതിഷ്ഠയും അഗ്നിക്കിരയാക്കി. യോശീയാ തിരിഞ്ഞുനോക്കിയപ്പോള്‍ മലയില്‍ ഉണ്ടായിരുന്ന ചില ശവക്കല്ലറകള്‍ കണ്ടു. അവയില്‍നിന്ന് രാജാവ് അസ്ഥികള്‍ എടുപ്പിച്ച് പ്രവാചകന്‍ മുമ്പു പറഞ്ഞിരുന്നതുപോലെ അവ ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ച് ബലിപീഠം അശുദ്ധമാക്കി. അടുത്തുണ്ടായിരുന്ന ഒരു സ്മാരകം കണ്ട് “ഇത് ആരുടേതാണെന്നു” രാജാവ് ചോദിച്ചു. ആ പട്ടണവാസികള്‍ പറഞ്ഞു: “അങ്ങ് ബേഥേലിലെ ബലിപീഠത്തിനെതിരെ ഇപ്പോള്‍ ചെയ്ത കാര്യങ്ങളെപ്പറ്റി മുമ്പുതന്നെ പ്രവചിച്ചിരുന്ന യെഹൂദായിലെ പ്രവാചകന്‍റെ ശവകുടീരമാണിത്. രാജാവ് കല്പിച്ചു: “അതവിടെ ഇരിക്കട്ടെ; അദ്ദേഹത്തിന്‍റെ അസ്ഥികളെ ആരും തൊടരുത്.” അദ്ദേഹത്തിന്‍റെ അസ്ഥികള്‍ മാത്രമല്ല ശമര്യയില്‍നിന്നു വന്ന പ്രവാചകന്‍റെ അസ്ഥികളും അവര്‍ ഇളക്കിയില്ല. സര്‍വേശ്വരനെ പ്രകോപിപ്പിച്ചുകൊണ്ട് ഇസ്രായേല്‍രാജാക്കന്മാര്‍ ശമര്യപട്ടണങ്ങളില്‍ നിര്‍മ്മിച്ചിരുന്ന സകല പൂജാഗിരിക്ഷേത്രങ്ങളും യോശീയാ നശിപ്പിച്ചു. ബേഥേലില്‍ ചെയ്തതുപോലെ അവിടെയും ചെയ്തു. പൂജാഗിരികളിലെ പുരോഹിതന്മാരെ ബലിപീഠങ്ങളില്‍ വച്ചുതന്നെ വെട്ടിക്കൊല്ലുകയും മനുഷ്യരുടെ അസ്ഥികള്‍ അവിടെവച്ചു ദഹിപ്പിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം യെരൂശലേമിലേക്കു മടങ്ങി. നിയമഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതുപോലെ ദൈവമായ സര്‍വേശ്വരനു പെസഹ ആചരിക്കാന്‍ യോശീയാ ജനത്തോടു കല്പിച്ചു. ഇസ്രായേലില്‍ ഭരണം നടത്തിയിരുന്ന ന്യായാധിപന്മാരുടെ കാലംമുതല്‍ ഏതെങ്കിലും ഇസ്രായേല്‍രാജാവിന്‍റെയോ യെഹൂദാരാജാവിന്‍റെയോ കാലത്ത് ഇതുപോലെ പെസഹ ആചരിച്ചിട്ടില്ല. യോശീയായുടെ വാഴ്ചയുടെ പതിനെട്ടാം വര്‍ഷം യെരൂശലേമില്‍ സര്‍വേശ്വരനു പെസഹ ആചരിച്ചു. ഹില്‌ക്കീയാപുരോഹിതന്‍ സര്‍വേശ്വരന്‍റെ ആലയത്തില്‍നിന്നു കണ്ടെത്തിയ നിയമപുസ്തകത്തില്‍ അടങ്ങിയിരുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ആഭിചാരകരെയും ശകുനക്കാരെയും കുലദൈവങ്ങളെയും മറ്റു വിഗ്രഹങ്ങളെയും യെഹൂദ്യയിലും യെരൂശലേമിലുമുള്ള സകല മ്ലേച്ഛതകളെയും യോശീയാ നീക്കിക്കളഞ്ഞു. യോശീയായെപ്പോലെ മോശയുടെ നിയമങ്ങളനുസരിച്ച് സര്‍വേശ്വരനെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടും കൂടി സേവിച്ചിട്ടുള്ള ഒരു രാജാവും അദ്ദേഹത്തിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. എങ്കിലും മനശ്ശെ ചെയ്ത തിന്മപ്രവൃത്തികള്‍മൂലം യെഹൂദായ്‍ക്കെതിരെയുള്ള സര്‍വേശ്വരന്‍റെ ഉഗ്രകോപത്തിനു ശമനം ഉണ്ടായില്ല. അവിടുന്നു കല്പിച്ചു: “ഇസ്രായേലിനെപ്പോലെ യെഹൂദായെയും എന്‍റെ മുമ്പില്‍നിന്ന് ഞാന്‍ നീക്കിക്കളയും; ഞാന്‍ തിരഞ്ഞെടുത്ത യെരൂശലേംനഗരത്തെയും എന്‍റെ നാമം ഇവിടെ ആയിരിക്കും എന്നു ഞാന്‍ പ്രസ്താവിച്ച ആലയത്തെയും ഞാന്‍ പരിത്യജിക്കും.” യോശീയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഭരണകാലത്ത് ഈജിപ്തിലെ ഫറവോ ആയ നെഖോ അസ്സീറിയാരാജാവിന്‍റെ നേരെ യൂഫ്രട്ടീസ്നദിയുടെ സമീപത്തേക്കു പുറപ്പെട്ടു. യോശീയാരാജാവ് അദ്ദേഹത്തെ നേരിട്ടു; മെഗിദ്ദോയില്‍വച്ചു നെബോ യോശീയായെ വധിച്ചു. യോശീയായുടെ ഭൃത്യന്മാര്‍ അദ്ദേഹത്തിന്‍റെ മൃതശരീരം ഒരു രഥത്തില്‍ മെഗിദ്ദോയില്‍നിന്നും യെരൂശലേമില്‍ കൊണ്ടുവന്ന് അദ്ദേഹത്തിന്‍റെ സ്വന്തം കല്ലറയില്‍ സംസ്കരിച്ചു. പിന്നീട് ജനം യോശീയായുടെ പുത്രന്‍ യെഹോവാഹാസിനെ രാജാവായി അഭിഷേകം ചെയ്തു. ഭരണമേറ്റപ്പോള്‍ യെഹോവാഹാസിനു ഇരുപത്തിമൂന്നു വയസ്സായിരുന്നു; അദ്ദേഹം മൂന്നു മാസം യെരൂശലേമില്‍ ഭരിച്ചു. ലിബ്നക്കാരനായ യിരെമ്യായുടെ പുത്രി ഹമൂതല്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്. തന്‍റെ പിതാക്കന്മാരെപ്പോലെ അദ്ദേഹവും സര്‍വേശ്വരനെതിരെ പാപം ചെയ്തു. ഈജിപ്തിലെ നെഖോരാജാവ് രിബ്ലയില്‍വച്ച് അദ്ദേഹത്തെ തടവിലാക്കി. അങ്ങനെ അദ്ദേഹത്തിന്‍റെ ഭരണം അവസാനിച്ചു. നെഖോ നൂറു താലന്ത് വെള്ളിയും ഒരു താലന്ത് സ്വര്‍ണവും യെഹൂദായ്‍ക്കു കപ്പം ചുമത്തി. നെഖോരാജാവ് യോശീയായുടെ പുത്രന്‍ എല്യാക്കീമിനെ യെഹൂദായുടെ രാജാവാക്കുകയും അദ്ദേഹത്തിന്‍റെ പേര് യെഹോയാക്കീം എന്ന് മാറ്റുകയും ചെയ്തു. യെഹോവാഹാസിനെ നെഖോ ഈജിപ്തിലേക്കു കൊണ്ടുപോയി. അവിടെവച്ച് അദ്ദേഹം മരിച്ചു. ഈജിപ്തുരാജാവ് ആവശ്യപ്പെട്ട കപ്പം കൊടുക്കാന്‍ യെഹോയാക്കീം ജനത്തിന്‍റെമേല്‍ നികുതി ചുമത്തി. താന്‍ നികുതിയായി ചുമത്തിയ വെള്ളിയും സ്വര്‍ണവും പിരിച്ചെടുത്ത് അദ്ദേഹം നെഖോരാജാവിനു കൊടുത്തു. ഭരണമാരംഭിച്ചപ്പോള്‍ യെഹോയാക്കീമിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അദ്ദേഹം യെരൂശലേമില്‍ പതിനൊന്നു വര്‍ഷം ഭരിച്ചു. റൂമാ പട്ടണക്കാരന്‍ പെദായായുടെ പുത്രി സെബീദാ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്. തന്‍റെ പിതാക്കന്മാരെപ്പോലെ സര്‍വേശ്വരന് അഹിതകരമായി അദ്ദേഹം ജീവിച്ചു. യെഹോയാക്കീമിന്‍റെ വാഴ്ചക്കാലത്ത് ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ യെഹൂദ്യ ആക്രമിച്ചു. മൂന്നു വര്‍ഷക്കാലം യെഹോയാക്കീം അയാള്‍ക്കു കീഴടങ്ങിയിരുന്നു; എന്നാല്‍ പിന്നീട് അദ്ദേഹം അയാള്‍ക്കെതിരെ മത്സരിച്ചു. അപ്പോള്‍ സര്‍വേശ്വരന്‍ തന്‍റെ ദാസന്മാരായ പ്രവാചകരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെ ബാബിലോണ്യര്‍, സിറിയാക്കാര്‍, മോവാബ്യര്‍, അമ്മോന്യര്‍ എന്നിവരുടെ സൈന്യങ്ങളെ യെഹൂദായ്‍ക്കെതിരെ അയച്ചു. മനശ്ശെ ചെയ്ത പാപങ്ങള്‍ നിമിത്തം യെഹൂദ്യരെ തന്‍റെ മുമ്പില്‍നിന്നു നീക്കിക്കളയും എന്ന സര്‍വേശ്വരന്‍റെ കല്പനപ്രകാരമാണ് അങ്ങനെ സംഭവിച്ചത്. മനശ്ശെ നിര്‍ദ്ദോഷികളുടെ രക്തം ചൊരിയിച്ചു. അവരുടെ രക്തംകൊണ്ടു യെരൂശലേമിനെ നിറച്ചു. അതു മനശ്ശെയോടു ക്ഷമിക്കാന്‍ സര്‍വേശ്വരനു മനസ്സുവന്നില്ല. യെഹോയാക്കീമിന്‍റെ മറ്റു പ്രവര്‍ത്തനങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യെഹോയാക്കീം മരിച്ചു; പിതാക്കന്മാരോടു ചേര്‍ന്നു. പുത്രന്‍ യെഹോയാഖീന്‍ തുടര്‍ന്നു രാജാവായി. ഈജിപ്തിന്‍റെ വടക്കേ അതിര്‍ത്തിമുതല്‍ യൂഫ്രട്ടീസ്നദിവരെ ഈജിപ്തിനുണ്ടായിരുന്ന സ്ഥലങ്ങളെല്ലാം ബാബിലോണ്‍രാജാവു പിടിച്ചെടുത്തതുകൊണ്ട് ഈജിപ്തുരാജാവ് ആക്രമണത്തിനായി തന്‍റെ രാജ്യത്തിനു പുറത്ത് പിന്നീടൊരിക്കലും പോയില്ല. ഭരണമാരംഭിച്ചപ്പോള്‍ യെഹോയാഖീന് പതിനെട്ടു വയസ്സായിരുന്നു. അയാള്‍ യെരൂശലേമില്‍ മൂന്നു മാസം ഭരിച്ചു. യെരൂശലേംകാരനായ എല്‍നാഥാന്‍റെ പുത്രി നെഹുഷ്ഠ ആയിരുന്നു അയാളുടെ മാതാവ്. അയാള്‍ തന്‍റെ പിതാവിനെപ്പോലെ ദൈവത്തിനു ഹിതകരമല്ലാത്തവിധം ജീവിച്ചു. അയാളുടെ ഭരണകാലത്ത് ബാബിലോണ്‍രാജാവായ നെബുഖദ്നേസരിന്‍റെ സൈന്യം വന്ന് യെരൂശലേമിനെ ഉപരോധിച്ചു. തന്‍റെ സൈന്യം നഗരം വളഞ്ഞിരിക്കുമ്പോള്‍തന്നെ നെബുഖദ്നേസരും യെരൂശലേമിലെത്തി. യെഹൂദാരാജാവായ യെഹോയാഖീനും അയാളുടെ മാതാവ്, ഭൃത്യന്മാര്‍, പ്രഭുക്കന്മാര്‍, കൊട്ടാരം ഉദ്യോഗസ്ഥര്‍ എന്നിവരും ബാബിലോണ്യര്‍ക്കു കീഴടങ്ങി. നെബുഖദ്നേസരിന്‍റെ വാഴ്ചയുടെ എട്ടാം വര്‍ഷം യെഹോയാഖീന്‍ തടവിലാക്കപ്പെട്ടു. ദേവാലയത്തിലും കൊട്ടാരത്തിലുമുണ്ടായിരുന്ന നിക്ഷേപങ്ങളെല്ലാം ബാബിലോണ്‍രാജാവ് എടുത്തുകൊണ്ടുപോയി. സര്‍വേശ്വരന്‍ അരുളിച്ചെയ്തിരുന്നതുപോലെ ഇസ്രായേല്‍രാജാവായ ശലോമോന്‍ ദേവാലയത്തിനുവേണ്ടി സ്വര്‍ണംകൊണ്ടു നിര്‍മ്മിച്ചിരുന്ന ഉപകരണങ്ങളെല്ലാം നെബുഖദ്നേസര്‍ വെട്ടി നുറുക്കി. സര്‍വേശ്വരന്‍ മുന്‍കൂട്ടി അരുളിച്ചെയ്തതുപോലെയാണ് ഇതു സംഭവിച്ചത്. അയാള്‍ യെരൂശലേമിലെ ജനങ്ങളെയും സകല പ്രഭുക്കന്മാരെയും യുദ്ധവീരന്മാരെയും ബന്ധനസ്ഥരാക്കി കൊണ്ടുപോയി. അവര്‍ ഏകദേശം പതിനായിരം പേരുണ്ടായിരുന്നു. അവരെക്കൂടാതെ, ശില്പികള്‍, ലോഹപ്പണിക്കാര്‍ എന്നിവരുള്‍പ്പെടെയുള്ള സകല കരകൗശലപ്പണിക്കാരെയും പിടിച്ചുകൊണ്ടുപോയി. ഏറ്റവും ദരിദ്രരായ ജനങ്ങള്‍ മാത്രം യെഹൂദ്യയില്‍ ശേഷിച്ചു. യെഹോയാഖീനെയും അയാളുടെ മാതാവ്, ഭാര്യമാര്‍, ഉദ്യോഗസ്ഥന്മാര്‍, ദേശത്തിലെ യുദ്ധവീരന്മാര്‍ എന്നിവരെയും നെബുഖദ്നേസര്‍ പ്രവാസികളായി ബാബിലോണിലേക്കു കൊണ്ടുപോയി. അവരില്‍ ബലശാലികളായ ഏഴായിരം പേരും മരപ്പണിക്കാരും ലോഹപ്പണിക്കാരുമായി ആയിരം പേരും ഉണ്ടായിരുന്നു; അവരെല്ലാം അരോഗദൃഢഗാത്രരും യുദ്ധം ചെയ്യാന്‍ കഴിവുള്ളവരുമായിരുന്നു. ബാബിലോണ്‍രാജാവ് യെഹോയാഖീനു പകരം അയാളുടെ പിതൃസഹോദരനായ മത്ഥന്യായെ രാജാവാക്കി; അയാളുടെ പേര് സിദെക്കീയാ എന്നു മാറ്റുകയും ചെയ്തു. ഭരണം ആരംഭിച്ചപ്പോള്‍ സിദെക്കീയായ്‍ക്ക് ഇരുപത്തൊന്നു വയസ്സായിരുന്നു; അയാള്‍ പതിനൊന്നു വര്‍ഷം യെരൂശലേമില്‍ ഭരിച്ചു. ലിബ്നാക്കാരന്‍ യിരെമ്യായുടെ പുത്രിയായ ഹമൂതല്‍ ആയിരുന്നു അയാളുടെ മാതാവ്. യെഹോയാക്കീമിനെപ്പോലെ അയാളും സര്‍വേശ്വരനു ഹിതകരമല്ലാത്തവിധം ജീവിച്ചു. സര്‍വേശ്വരന്‍റെ കോപം യെരൂശലേം യെഹൂദാ നിവാസികള്‍ക്കെതിരെ ജ്വലിക്കുകയും അവരെ തന്‍റെ മുമ്പില്‍നിന്നു നീക്കിക്കളയുകയും ചെയ്തു. സിദെക്കീയാ ബാബിലോണ്‍ രാജാവിനോടു മത്സരിച്ചു. സിദെക്കീയായുടെ ഭരണത്തിന്‍റെ ഒമ്പതാം വര്‍ഷം പത്താം മാസം പത്താം ദിവസം ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ തന്‍റെ സര്‍വസൈന്യവുമായി യെരൂശലേമിനു നേരെ വന്ന് പാളയമടിക്കുകയും ചുറ്റും മണ്‍കൂന ഉയര്‍ത്തി ഉപരോധിക്കുകയും ചെയ്തു. സിദെക്കീയാരാജാവിന്‍റെ വാഴ്ചയുടെ പതിനൊന്നാം വര്‍ഷംവരെ നഗരത്തെ അവര്‍ ഉപരോധിച്ചു. ആ വര്‍ഷം നാലാം മാസം ഒമ്പതാം ദിവസമായപ്പോള്‍ നഗരത്തില്‍ ക്ഷാമം അതിരൂക്ഷമായി. ജനത്തിനു ഭക്ഷിക്കാന്‍ യാതൊന്നും ഇല്ലാതെയായി. ബാബിലോണ്യര്‍ നഗരം വളഞ്ഞിരിക്കുമ്പോള്‍തന്നെ സിദെക്കീയാരാജാവും പടയാളികളും നഗരമതിലില്‍ വിള്ളലുണ്ടാക്കി രാത്രിയില്‍ അവര്‍ രാജാവിന്‍റെ ഉദ്യാനത്തിനടുത്ത് രണ്ടു മതിലുകളുടെ ഇടയ്‍ക്കുള്ള പടിവാതിലിലൂടെ ഓടി രക്ഷപെട്ടു. അരാബായിലേക്കുള്ള വഴിയിലൂടെയാണ് അവര്‍ ഓടിപ്പോയത്. എന്നാല്‍ ബാബിലോണ്യസൈന്യം സിദെക്കീയാരാജാവിനെ പിന്തുടര്‍ന്ന് യെരീഹോ സമഭൂമിയില്‍വച്ചു അയാള്‍ക്കൊപ്പമെത്തി. തത്സമയം സൈനികരെല്ലാം രാജാവിനെ വിട്ട് ഓടിപ്പോയി. ബാബിലോണ്യസൈന്യം രാജാവിനെ പിടിച്ച്, രിബ്ലായില്‍ ബാബിലോണ്‍രാജാവിന്‍റെ അടുക്കല്‍ കൊണ്ടുചെന്നു. അയാള്‍ സിദെക്കീയായ്‍ക്കു ശിക്ഷ വിധിച്ചു. സിദെക്കീയായുടെ പുത്രന്മാരെ അയാള്‍ കാണ്‍കെ വധിച്ചു; കണ്ണുകള്‍ ചൂഴ്ന്നെടുത്ത ശേഷം അയാളെ ചങ്ങലകൊണ്ടു ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി. നെബുഖദ്നേസര്‍രാജാവിന്‍റെ വാഴ്ചയുടെ പത്തൊമ്പതാം വര്‍ഷം അഞ്ചാം മാസം ഏഴാം ദിവസം രാജാവിന്‍റെ അകമ്പടിസേനാനായകനായ നെബൂസരദാന്‍ യെരൂശലേമിലെത്തി. അയാള്‍ സര്‍വേശ്വരന്‍റെ ആലയവും രാജകൊട്ടാരവും യെരൂശലേമിലെ ഭവനങ്ങളും മാളികകളും അഗ്നിക്കിരയാക്കി. അയാളുടെകൂടെ ഉണ്ടായിരുന്ന സൈന്യം യെരൂശലേമിന്‍റെ മതിലുകള്‍ ഇടിച്ചുനിരത്തി. നഗരത്തില്‍ ശേഷിച്ചിരുന്ന ജനത്തെയും ബാബിലോണ്‍രാജാവിനെ അഭയം പ്രാപിച്ചവരെയും കരകൗശലപ്പണിക്കാരെയും അകമ്പടിസേനാനായകനായ നെബൂസരദാന്‍ കൂട്ടിക്കൊണ്ടുപോയി. മുന്തിരിത്തോട്ടത്തിലും വയലുകളിലും ജോലി ചെയ്യാന്‍ അയാള്‍ ദേശത്തുള്ള ഏറ്റവും ദരിദ്രരായ ചിലരെ മാത്രം അവിടെ അവശേഷിപ്പിച്ചു. സര്‍വേശ്വരന്‍റെ ആലയത്തിലെ ഓട്ടുസ്തംഭങ്ങളും പീഠങ്ങളും വലിയ ജലസംഭരണിയും ബാബിലോണ്യര്‍ ഇടിച്ചുതകര്‍ത്തു; ഓട്ടുകഷണങ്ങള്‍ ബാബിലോണിലേക്കു കൊണ്ടുപോയി. കലങ്ങളും ചട്ടുകങ്ങളും തിരി തെളിക്കാനുള്ള കത്രികകളും താലങ്ങളും ദേവാലയത്തിലെ ശുശ്രൂഷയ്‍ക്ക് ഉപയോഗിച്ചിരുന്ന താമ്ര ഉപകരണങ്ങളും അവര്‍ എടുത്തുകൊണ്ടുപോയി. തീച്ചട്ടികളും കലശങ്ങളും പൊന്നും വെള്ളിയും കൊണ്ടുള്ള സകല ഉപകരണങ്ങളും അകമ്പടിസേനാനായകന്‍ കൊണ്ടുപോയവയില്‍ ഉള്‍പ്പെട്ടിരുന്നു. സര്‍വേശ്വരന്‍റെ ആലയത്തിനുവേണ്ടി ശലോമോന്‍ നിര്‍മ്മിച്ച രണ്ടു സ്തംഭങ്ങള്‍, ജലസംഭരണി, പീഠങ്ങള്‍ എന്നിവയുടെ താമ്രത്തിന്‍റെ തൂക്കം നിര്‍ണയിക്കാന്‍ കഴിയുമായിരുന്നില്ല. ഒരേ വലിപ്പമുള്ള രണ്ടു സ്തംഭത്തില്‍ ഒന്നിന്‍റെ ഉയരം പതിനെട്ടു മുഴവും അതിന്‍റെ മുകളിലുള്ള ഓട്ടുമകുടത്തിന്‍റെ ഉയരം മൂന്നു മുഴവും ആയിരുന്നു. ഓരോ മകുടത്തിന്‍റെ ചുറ്റും ഓടുകൊണ്ടു നിര്‍മ്മിച്ച വലയും മാതളപ്പഴരൂപങ്ങളും ഉണ്ടായിരുന്നു. ഇവയെല്ലാം രണ്ടു സ്തംഭങ്ങള്‍ക്കും ഒരുപോലെയായിരുന്നു. മഹാപുരോഹിതനായ സെരായായെയും പുരോഹിതന്മാരില്‍ രണ്ടാമനായ സെഫന്യായെയും വാതില്‍കാവല്‌ക്കാരായ മൂന്നു പേരെയും അകമ്പടിസേനാനായകന്‍ പിടിച്ചുകൊണ്ടുപോയി. നഗരത്തിലെ ഒരു സൈന്യാധിപനെയും രാജാവിന്‍റെ ഉപദേശകസമിതിയിലെ അഞ്ചു പേരെയും സൈന്യാധിപന്‍റെ കാര്യസ്ഥനെയും-ജനത്തെ വിളിച്ചുകൂട്ടിയിരുന്നത് ഇവനാണ്-നഗരത്തില്‍നിന്നു വേറെ അറുപതു പേരെയും കൂടി അയാള്‍ കൊണ്ടുപോയി. നെബൂസരദാന്‍ ഇവരെ രിബ്ലായില്‍ ബാബിലോണ്‍രാജാവിന്‍റെ അടുക്കല്‍ കൊണ്ടുചെന്നു. ബാബിലോണ്‍രാജാവ് ഹമാത്തിലെ രിബ്ലായില്‍വച്ച് അവരെ വധിച്ചു. അങ്ങനെ യെഹൂദ്യനിവാസികള്‍ പ്രവാസികളായി പോകേണ്ടിവന്നു. ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ യെഹൂദ്യയില്‍ ശേഷിപ്പിച്ച ജനത്തെ ഭരിക്കുന്നതിനു ശാഫാന്‍റെ പൗത്രനും അഹീക്കാമിന്‍റെ പുത്രനുമായ ഗെദല്യായെ ദേശത്തിന്‍റെ അധിപതിയായി നിയമിച്ചു. ബാബിലോണ്‍രാജാവ് ഗെദല്യായെ അധിപതിയായി നിയമിച്ച വിവരം യെഹൂദാസൈന്യാധിപന്മാരായ നെഥന്യായുടെ പുത്രന്‍ ഇശ്മായേല്‍, കാരേഹിന്‍റെ പുത്രന്‍ യോഹാനാന്‍, നെതോഫാത്യനായ തന്‍ഹൂമെത്തിന്‍റെ പുത്രന്‍ സെരായ്യാ, മാഖാത്യന്‍റെ പുത്രന്‍ യാസന്യാ എന്നിവര്‍ അറിഞ്ഞപ്പോള്‍ തങ്ങളുടെ സൈന്യങ്ങളുമായി മിസ്പായില്‍ ഗെദല്യായുടെ അടുക്കല്‍ ചെന്നു. ഗെദല്യാ അവരോടും അവരുടെ സൈന്യങ്ങളോടും സത്യംചെയ്തു പറഞ്ഞു: “നിങ്ങള്‍ ബാബിലോണ്യസേവകന്മാരെ ഭയപ്പെടേണ്ടാ; സ്വദേശത്തു പാര്‍ത്തു ബാബിലോണ്‍രാജാവിനെ സേവിക്കുക; അതായിരിക്കും നിങ്ങള്‍ക്കു നല്ലത്. എന്നാല്‍ ഏഴാം മാസം രാജകുടുംബത്തില്‍പ്പെട്ട എലീശാമായുടെ പൗത്രനും നെഥന്യായുടെ പുത്രനുമായ ഇശ്മായേല്‍ പത്തുപേരോടുകൂടി മിസ്പായില്‍ ചെന്ന് ഗെദല്യായെ വധിച്ചു. അവിടെ ഉണ്ടായിരുന്ന യെഹൂദന്മാരെയും ബാബിലോണ്യരെയും അവര്‍ വാളിന് ഇരയാക്കി. വലിയവരും ചെറിയവരുമായ ഇസ്രായേല്‍ജനമെല്ലാം ബാബിലോണ്യരെ ഭയന്ന്, സൈന്യാധിപന്മാരോടൊപ്പം ഈജിപ്തിലേക്കു തിരിച്ചു. യെഹൂദാരാജാവായ യെഹോയാഖീന്‍ പ്രവാസി ആയതിന്‍റെ മുപ്പത്തിയേഴാം വര്‍ഷം പന്ത്രണ്ടാം മാസം ഇരുപത്തേഴാം ദിവസം എവീല്‍-മെരോദക് ബാബിലോണ്‍രാജാവായി. അയാള്‍ക്ക് യെഹൂദാരാജാവായ യെഹോയാഖീനോടു കരുണ തോന്നുകയും അയാളെ കാരാഗൃഹത്തില്‍നിന്നു മോചിപ്പിക്കുകയും ചെയ്തു. രാജാവ് അയാളോടു ദയാപൂര്‍വം പെരുമാറുകയും തന്‍റെ രാജ്യത്ത് പ്രവാസികളായി പാര്‍ത്തിരുന്ന മറ്റു രാജാക്കന്മാരെക്കാള്‍ ഉയര്‍ന്ന സ്ഥാനം നല്‌കുകയും ചെയ്തു. അയാള്‍ കാരാഗൃഹവസ്ത്രം ഉപേക്ഷിച്ചു; ജീവപര്യന്തം രാജാവിന്‍റെ കൂടെ ഭക്ഷണം കഴിച്ചു. മരണംവരെ അയാളുടെ ദൈനംദിനാവശ്യങ്ങള്‍ക്കു വേണ്ട പണം രാജാവു നല്‌കിവന്നു. [1,2] ആദാം, ശേത്ത്, ഏനോശ്, കേനാന്‍, മഹലലേല്‍, *** യാരേദ്, ഹനോക്, മെഥൂശേലഹ്, ലാമെക്, നോഹ, നോഹയുടെ പുത്രന്മാര്‍: ശേം, ഹാം, യാഫെത്ത്. യാഫെത്തിന്‍റെ പുത്രന്മാര്‍: ഗോമെര്‍, മാഗോഗ്, മാദായി, യാവാന്‍, രൂബാല്‍, മേശെക്, തീരാസ്. ഗോമെരിന്‍റെ പുത്രന്മാര്‍: അശ്കേനസ്, രീഫത്ത്, തോഗര്‍മാ. യാവാന്‍റെ പുത്രന്മാര്‍: എലീശാ, തര്‍ശീശ്, കിത്തീം, ദോദാനീം. ഹാമിന്‍റെ പുത്രന്മാര്‍: കൂശ്, മിസ്രയീം, പൂത്ത്, കനാന്‍; കൂശിന്‍റെ പുത്രന്മാര്‍: സെബാ, ഹവീലാ, സബ്ത, രാമാ, സബെഖ. രാമായുടെ പുത്രന്മാര്‍: ശെബ, ദെദാന്‍. കൂശിന്‍റെ പുത്രനായിരുന്നു നിമ്രോദ്. അവന്‍ ഭൂമിയിലെ ആദ്യത്തെ വീരനായിരുന്നു. മിസ്രയീമിന്‍റെ പുത്രന്മാര്‍: ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്ലൂഹീം, കഫ്തോരീം. ഫെലിസ്ത്യര്‍ കസ്ലൂഹീമിന്‍റെ പിന്‍തലമുറക്കാരായിരുന്നു. സീദോന്‍ കനാന്‍റെ ആദ്യജാതനായിരുന്നു. ഹേത്യര്‍, യെബൂസ്യര്‍, അമോര്യര്‍, ഗിര്‍ഗ്ഗശ്യര്‍, ഹിവ്യര്‍, അര്‍ക്കിയര്‍, സീന്യര്‍, അര്‍വാദ്യര്‍, സെമാര്യര്‍, ഹാമാത്യര്‍ എന്നിവരും കനാന്‍റെ സന്താനപരമ്പരയില്‍ പെട്ടവരായിരുന്നു. ശേമിന്‍റെ പുത്രന്മാര്‍: ഏലാം, അശ്ശൂര്‍, അര്‍പ്പക്ഷദ്, ലൂദ്, അരാം, ഊസ്, ഹൂള്‍, ഗേഥെര്‍, മേശെക്ക്. ശേലഹ് അര്‍പ്പക്ഷദിന്‍റെ പുത്രനും; ഏബെര്‍ ശേലഹിന്‍റെ പുത്രനുമായിരുന്നു. ഏബെരിന്‍റെ രണ്ടു പുത്രന്മാരായിരുന്നു പേലെഗും യൊക്താനും. പേലെഗിന്‍റെ കാലത്തായിരുന്നു ഭൂവാസികള്‍ ചിതറപ്പെട്ടത്. അല്മോദാദ്, ശേലെഫ്, ഹസര്‍മ്മാവെത്ത്, യാരഹ്, ഹദോരാം, [21,22] ഊസാല്‍, ദിക്ലാ, ഏബാല്‍, അബീമായേല്‍, ശെബ, ഓഫീര്‍, *** ഹവീലാ, യോബാബ് ഇവര്‍ യൊക്താന്‍റെ പുത്രന്മാരായിരുന്നു. [24,25] ശേം, അര്‍പ്പക്ഷദ്, ശേലഹ്, ഏബെര്‍, പേലെഗ്, രെയൂ, *** ശെരൂഗ്, നാഹോര്‍, തേരഹ്, അബ്രാം; അബ്രാം തന്നെയാണ് അബ്രഹാം. അബ്രഹാമിന്‍റെ പുത്രന്മാര്‍ ഇസ്ഹാക്കും ഇശ്മായേലും. ഇശ്മായേലിന്‍റെ പുത്രന്മാര്‍: ആദ്യജാതനായ നെബായോത്ത്, കേദാര്‍, അദ്ബെയേല്‍, മിബ്സാം, മിശ്മ, ദൂമാ, മസ്സ, ഹദദ്, തേമ, യെതൂര്‍, നാഫീഷ്, കേദമാ. അബ്രഹാമിന് ഉപഭാര്യയായ കെതൂറായില്‍ ജനിച്ച പുത്രന്മാര്‍: സിമ്രാന്‍, യൊക്ശാന്‍, മേദാന്‍, മിദ്യാന്‍, യിശ്ബാക്, ശൂവഹ്. യൊക്ശാന്‍റെ പുത്രന്മാര്‍: ശെബ, ദെദാന്‍. മിദ്യാന്‍റെ പുത്രന്മാര്‍: ഏഫാ, ഏഫെര്‍, ഹനോക്, അബീദ, എല്‍ദായാ. അബ്രഹാമിന്‍റെ പുത്രന്‍: ഇസ്ഹാക്ക്; ഏശാവും ഇസ്രായേലും ഇസ്ഹാക്കിന്‍റെ പുത്രന്മാര്‍. ഏശാവിന്‍റെ പുത്രന്മാര്‍: എലീഫാസ്, രെയൂവേല്‍, യെയൂശ്, യലാം, കോരഹ്; എലീഫാസിന്‍റെ പുത്രന്മാര്‍: തേമാന്‍, ഓമാര്‍, സെഫീ, ഗഥാം, കെനസ്, തിമ്ന, അമാലേക്. രെയൂവേലിന്‍റെ പുത്രന്മാര്‍: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ. സേയീരിന്‍റെ പുത്രന്മാര്‍: ലോതാന്‍, ശോബാല്‍, സിബെയോന്‍, അനാ, ദീശോന്‍, ഏസെര്‍, ദീശാന്‍. ലോതാന്‍റെ പുത്രന്മാര്‍: ഹോരി, ഹോമാം. തിമ്ന ലോതാന്‍റെ സഹോദരി ആയിരുന്നു. ശോബാലിന്‍റെ പുത്രന്മാര്‍: അലീയാന്‍, മാനഹത്ത്, ഏബാല്‍, ശെഫി, ഓനാം. സിബെയോന്‍റെ പുത്രന്മാര്‍: അയ്യാ, അനാ. അനായുടെ പുത്രന്‍ ദീശോന്‍. ദീശോന്‍റെ പുത്രന്മാര്‍: ഹമ്രാന്‍, എശ്ബാല്‍, യിത്രാന്‍, കെരാന്‍. ഏസെരിന്‍റെ പുത്രന്മാര്‍: ബില്‍ഹാന്‍, സാവാന്‍, യാക്കാന്‍. ദീശാന്‍റെ പുത്രന്മാര്‍: ഊസ്, അരാന്‍. ഇസ്രായേലില്‍ രാജഭരണം ആരംഭിക്കുന്നതിനുമുമ്പ് എദോമില്‍ ഭരണം നടത്തിയ രാജാക്കന്മാര്‍: ബെയോരിന്‍റെ പുത്രനും ദിന്‍ഹാബാ പട്ടണക്കാരനുമായ ബേല. ബേലയുടെ മരണശേഷം ബൊസ്രാക്കാരനായ സേരഹിന്‍റെ പുത്രന്‍ യോബാബ്. യോബാബിന്‍റെ മരണശേഷം തേമാദേശക്കാരനായ ഹൂശാം; ഹൂശാമിന്‍റെ മരണശേഷം ബദദിന്‍റെ പുത്രന്‍ ഹദദ്. അവീത്ത് പട്ടണക്കാരനായ ഇവന്‍ മോവാബ് ദേശത്തുവച്ചു മിദ്യാന്യരെ തോല്പിച്ചു. ഹദദിന്‍റെ മരണശേഷം മസ്രേക്കക്കാരനായ സമ്ലാ. സമ്ലായുടെ മരണശേഷം യൂഫ്രട്ടീസ്നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരന്‍ ശൗല്‍. ശൗലിന്‍റെ മരണശേഷം അക്ബോരിന്‍റെ പുത്രന്‍ ബാല്‍ഹാനാന്‍. ബാല്‍ഹാനാന്‍റെ മരണശേഷം പായീ പട്ടണക്കാരനായ ഹദദ് രാജാവായി. അവന്‍റെ ഭാര്യ മേസാഹാബിന്‍റെ പൗത്രിയും മത്രേദിന്‍റെ പുത്രിയുമായ മെഹേതബേല്‍ ആയിരുന്നു. ഹദദിന്‍റെ മരണശേഷം എദോം ഭരിച്ച പ്രഭുക്കന്മാര്‍: തിമ്ന, അല്യാ, യെഥേത്ത്, ഒഹൊലീബാമാ, ഏലാ, പീനോന്‍, കെനസ്, തേമാന്‍, [53,54] മിബ്സാര്‍, മഗ്ദീയേല്‍, ഈരാം. ഇസ്രായേലിന്‍റെ പുത്രന്മാര്‍: രൂബേന്‍, ശിമെയോന്‍, ലേവി, യെഹൂദാ, ഇസ്സാഖാര്‍, സെബൂലൂന്‍, ദാന്‍, യോസേഫ്, ബെന്യാമീന്‍, നഫ്താലി, ഗാദ്, ആശേര്‍. യെഹൂദായുടെ പുത്രന്മാര്‍: കനാന്യസ്‍ത്രീയായ ബത്ശൂവയില്‍നിന്നു ജനിച്ച ഏര്‍, ഓനാന്‍, ശേലാ; സര്‍വേശ്വരന് അനിഷ്ടമായ പ്രവൃത്തി ചെയ്തതുമൂലം യെഹൂദായുടെ ആദ്യജാതനായ ഏര്‍ കൊല്ലപ്പെട്ടു. മരുമകളായ താമാറില്‍ യെഹൂദായ്‍ക്കു ജനിച്ച പുത്രന്മാര്‍ പേരെസ്സും സേരഹും. അങ്ങനെ യെഹൂദായുടെ പുത്രന്മാര്‍ ആകെ അഞ്ചു പേര്‍. പേരെസ്സിന്‍റെ പുത്രന്മാര്‍: ഹെസ്രോന്‍, ഹാമൂല്‍. സേരഹിന്‍റെ പുത്രന്മാര്‍: സിമ്രി, ഏഥാന്‍, ഹേമാന്‍, കല്‌കോല്‍, ദാര എന്നീ അഞ്ചു പേര്‍. ശപഥാര്‍പ്പിതവസ്തു അപഹരിച്ച് ഇസ്രായേലില്‍ അനര്‍ഥം വരുത്തിയ ആഖാന്‍, സേരഹിന്‍റെ പിന്‍ഗാമികളില്‍ ഒരാളായ കര്‍മ്മിയുടെ പുത്രനായിരുന്നു. ഏഥാന്‍റെ പുത്രന്‍ അസര്യാ. ഹെസ്രോന്‍റെ പുത്രന്മാര്‍: യെരഹ്‍മയേല്‍, രാം, കെലൂബായി. രാമിന്‍റെ പുത്രന്‍ അമ്മീനാദാബ്. അമ്മീനാദാബിന്‍റെ പുത്രന്‍ യെഹൂദ്യരുടെ പ്രഭുമായ നഹശോന്‍. നഹശോന്‍റെ പുത്രന്‍ ശല്മ. ശല്മയുടെ പുത്രന്‍ ബോവസ്, ബോവസിന്‍റെ പുത്രന്‍ ഓബേദ്, ഓബേദിന്‍റെ പുത്രന്‍ യിശ്ശായി. യിശ്ശായിയുടെ പുത്രന്മാര്‍ പ്രായക്രമത്തില്‍: എലീയാബ്, അബീനാദാബ്, ശിമെയ, നഥനയേല്‍, രദ്ദായി, ഓസെം, ദാവീദ്; [15,16] സെരൂയായും അബീഗയിലും ഇവരുടെ സഹോദരിമാരായിരുന്നു. സെരൂയായുടെ മൂന്നു പുത്രന്മാര്‍: അബീശായി, യോവാബ്, അസാഹേല്‍. *** അബീഗയിലിന്‍റെ പുത്രന്‍ അമാസ. ഇശ്മായേല്യനായ യേഥെര്‍ ആയിരുന്നു അവന്‍റെ പിതാവ്. ഹെസ്രോന്‍റെ മകനായ കാലേബ് അസൂബായെ വിവാഹം കഴിച്ചു. അവരുടെ പുത്രി ആയിരുന്നു യെരിയോത്ത്. അവളുടെ പുത്രന്മാര്‍: യേശെര്‍, ശോബാബ്, അര്‍ദോന്‍. അസൂബായുടെ മരണശേഷം കാലേബ് എഫ്രാത്തിനെ വിവാഹം ചെയ്തു. അവളുടെ പുത്രനായിരുന്നു ഹൂര്‍. ഹൂറിന്‍റെ പുത്രന്‍ ഊരി. ഊരിയുടെ പുത്രന്‍ ബെസലേല്‍. ഹെസ്രോന്‍ അറുപതാമത്തെ വയസ്സില്‍ മാഖീരിന്‍റെ പുത്രിയെ വിവാഹം ചെയ്തു. അവള്‍ ഗിലെയാദിന്‍റെ സഹോദരി ആയിരുന്നു. അവളില്‍ ജനിച്ച പുത്രനാണ് സെഗൂബ്. സെഗൂബിന്‍റെ പുത്രന്‍ യായീര്‍. അവനു ഗിലെയാദില്‍ ഇരുപത്തിമൂന്നു പട്ടണങ്ങള്‍ ഉണ്ടായിരുന്നു. യായീരിന്‍റെ പട്ടണങ്ങളും കെനാത്തും അതിന്‍റെ ഗ്രാമങ്ങളും ഉള്‍പ്പെടെ അറുപതു പട്ടണങ്ങള്‍ ഗെശൂരും അരാമും പിടിച്ചെടുത്തു. ഇവരെല്ലാം ഗിലെയാദിന്‍റെ പിതാവായ മാഖീരിന്‍റെ പുത്രന്മാരായിരുന്നു. കാലേബ്-എഫ്രാത്തയില്‍വച്ചു ഹെസ്രോന്‍ മരിച്ചു; അവന്‍റെ ഭാര്യ അബീയാ അയാള്‍ക്ക് അശ്ഹൂരിനെ പ്രസവിച്ചു. അവന്‍ തെക്കോവ്യരുടെ പൂര്‍വപിതാവായിരുന്നു. ഹെസ്രോന്‍റെ ആദ്യജാതനായ യെരഹ്‍മയേലിന്‍റെ പുത്രന്മാര്‍: ആദ്യജാതനായ രാം, ബൂനാ, ഓരെന്‍, ഓസെം, അഹീയാ; യെരഹ്‍മയേലിന്‍റെ മറ്റൊരു ഭാര്യയായ അതാരായില്‍ ജനിച്ച പുത്രനാണ് ഓനാം. യെരഹ്‍മയേലിന്‍റെ ആദ്യജാതനായ രാമിന്‍റെ പുത്രന്മാര്‍: മയസ്, യാമീന്‍, ഏക്കെര്‍. ഓനാമിന്‍റെ പുത്രന്മാര്‍: ശമ്മായി, യാദ. ശമ്മായിയുടെ പുത്രന്മാര്‍: നാദാബ്, അബീശൂര്‍. അബീശൂരിന്‍റെ ഭാര്യയായ അബീഹയിലില്‍ ജനിച്ച പുത്രന്മാര്‍: അഹ്ബാന്‍, മോലീദ്. നാദാബിന്‍റെ പുത്രന്മാര്‍: സേലെദ്, അപ്പയീം; സേലെദ് മക്കളില്ലാതെ മരിച്ചു. അപ്പയീമിന്‍റെ പുത്രന്‍ ഇശി. ഇശിയുടെ പുത്രന്‍ ശേശാന്‍. ശേശാന്‍റെ പുത്രന്‍ അഹ്ലയീം. ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാര്‍: യേഥെര്‍, യോനാഥാന്‍; യേഥെര്‍ മക്കളില്ലാതെ മരിച്ചു. യോനാഥാന്‍റെ പുത്രന്മാര്‍: പേലെത്ത്, സാസ. ഇവരെല്ലാം യെരഹ്‍മയേലിന്‍റെ പിന്‍തുടര്‍ച്ചക്കാരാണ്. ശേശാനു പുത്രിമാരെ ഉണ്ടായിരുന്നുള്ളൂ. ശേശാന്‍ അവരില്‍ ഒരാളെ തന്‍റെ ഈജിപ്ത്യ ഭൃത്യനായ യര്‍ഹയെക്കൊണ്ടു വിവാഹം കഴിപ്പിച്ചു. അവര്‍ക്കു ജനിച്ച പുത്രനാണ് അത്ഥായി. അത്ഥായിയുടെ പുത്രന്‍ നാഥാന്‍; നാഥാന്‍റെ പുത്രന്‍ സാബാദ്, സാബാദിന്‍റെ പുത്രന്‍ എഫ്ളാല്‍. എഫ്ളാലിന്‍റെ പുത്രന്‍ ഓബേദ്; ഓബേദിന്‍റെ പുത്രന്‍ യേഹൂ; യേഹൂവിന്‍റെ പുത്രന്‍ അസര്യാ. അസര്യായുടെ പുത്രന്‍ ഹേലെസ്; ഹേലെസിന്‍റെ പുത്രന്‍ എലെയാശാ; എലെയാശായുടെ പുത്രന്‍ സിസ്മായി. സിസ്മായിയുടെ പുത്രന്‍ ശല്ലൂം; ശല്ലൂമിന്‍റെ പുത്രന്‍ യെക്കമ്യാ. യെക്കമ്യായുടെ പുത്രന്‍ എലീശാമ. യെരഹ്‍മയേലിന്‍റെ സഹോദരനായ കാലേബിന്‍റെ പുത്രന്മാര്‍: ആദ്യജാതനും സീഫിന്‍റെ പിതാവുമായ മരേശാ. മരേശായുടെ പുത്രന്‍ ഹെബ്രോന്‍. ഹെബ്രോന്‍റെ പുത്രന്മാര്‍: കോരഹ്, തപ്പൂഹ്, രേക്കെം, ശേമ. ശേമയുടെ പുത്രനാണ് യൊര്‍ക്കെയാമിന്‍റെ പിതാവായ രഹം; രേക്കെമിന്‍റെ പുത്രനാണ് ശമ്മായി. ശമ്മായിയുടെ പുത്രനാണ് ബേത്ത്-സൂറിന്‍റെ പിതാവായ മാവോന്‍. കാലേബിന്‍റെ ഉപഭാര്യയായ ഏഫായുടെ പുത്രന്മാര്‍: ഹാരാന്‍, മോസ, ഗാസെസ്. ഹാരാന് ഗാസെസ് എന്നൊരു പുത്രനുണ്ടായിരുന്നു. യാദയുടെ പുത്രന്മാര്‍: രേഗെം, യോഥാം, ഗേശാന്‍, പേലെത്ത്, ഏഫാ, ശയഫ്; കാലേബിന്‍റെ ഉപഭാര്യയായ മയഖായുടെ പുത്രന്മാര്‍: ശേബെര്‍, തിര്‍ഹനാ. മദ്മന്നായുടെ പിതാവായ ശയഫ്, മക്ബേനായുടെയും ഗിബെയയുടെയും പിതാവായ ശെവ, കാലേബിന്‍റെ പുത്രിയായ അക്സാ ഇവരെല്ലാം കാലേബിന്‍റെ പിന്‍തുടര്‍ച്ചക്കാര്‍ ആയിരുന്നു. എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്‍റെ പുത്രന്മാര്‍: കിര്യത്ത്-യെയാരീമിന്‍റെ പിതാവായ ശോബാല്‍, ബേത്‍ലഹേമിന്‍റെ പിതാവായ ശല്മ, ബേത്ത്-ഗാദേരിന്‍റെ പിതാവായ ഹാരേഫ്. മെനൂഹോത്തിന്‍റെ പകുതിഭാഗത്തും, ഹാരോവേയിലും പാര്‍ത്തിരുന്നവര്‍ കിര്യത്ത്-യെയാരീമിന്‍റെ സ്ഥാപകനായ ശോബാലിന്‍റെ പിന്‍തുടര്‍ച്ചക്കാരാണ്. കിര്യത്ത്-യെയാരീമിലെ ഗോത്രങ്ങള്‍: യിത്രിയര്‍, പൂത്യര്‍, ശൂമാത്യര്‍, മിശ്രായര്‍ എന്നിവരാണ്. സൊരാത്യരും എസ്താവോല്യരും ഇവരില്‍നിന്ന് ഉദ്ഭവിച്ചു. ശല്മയുടെ പുത്രന്മാര്‍: ബേത്‍ലഹേം, നെതോഫാത്യര്‍, അത്രോത്ത്- ബേത്ത്-യോവാബ്, മാനഹത്യരില്‍ പകുതിപ്പേര്‍, സൊര്യര്‍. യബ്ബേസില്‍ പാര്‍ത്തിരുന്ന കാര്യദര്‍ശിമാരുടെ ഗോത്രങ്ങള്‍: തിരാത്യര്‍, ശിമെയാത്യര്‍, സുഖാത്യര്‍. ഇവര്‍ രേഖാബ് കുടുംബത്തിന്‍റെ പിതാവായ ഹാമാത്തില്‍നിന്നു ജനിച്ച കേന്യരാണ്. ഹെബ്രോനില്‍ വച്ചു ദാവീദിനു ജനിച്ച പുത്രന്മാര്‍: ജെസ്രീല്‍ക്കാരി അഹീനോവാമില്‍ ജനിച്ച അമ്നോന്‍ ആദ്യജാതനും കര്‍മ്മേല്‍കാരി അബീഗയിലില്‍ ജനിച്ച ദാനീയേല്‍ രണ്ടാമനും ഗെശൂര്‍രാജാവായ തല്‍മായിയുടെ പുത്രി മയഖായില്‍ ജനിച്ച അബ്ശാലോം മൂന്നാമനും ഹഗ്ഗീത്തില്‍ ജനിച്ച അദോനീയാ നാലാമനും അബീതാലില്‍ ജനിച്ച ശെഫത്യാ അഞ്ചാമനും എഗ്ലായില്‍ ജനിച്ച ഇഥ്രെയാം ആറാമനും ആയിരുന്നു. ഹെബ്രോനില്‍ ദാവീദ് ഏഴര വര്‍ഷം ഭരിച്ചു. അവിടെവച്ചാണ് ഈ ആറു പുത്രന്മാര്‍ ജനിച്ചത്. യെരൂശലേമില്‍ ദാവീദ് മുപ്പത്തിമൂന്നു വര്‍ഷം ഭരണം നടത്തി. അവിടെവച്ചു ജനിച്ച പുത്രന്മാര്‍: അമ്മീയേലിന്‍റെ മകളായ ബത്ത്-ശൂവയില്‍ ജനിച്ച ശിമേയ, ശോബാബ്, നാഥാന്‍, ശലോമോന്‍ എന്നീ നാലു പേര്‍. ഇബ്ഹാര്‍, എലീശാമ, എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയ, എലീശാമ, എല്യാദ, എലീഫേലെത് എന്നീ ഒമ്പതു പേര്‍; ഉപഭാര്യമാരില്‍ ജനിച്ചവരെ കൂടാതെ ദാവീദിനു ജനിച്ച പുത്രന്മാരാണ് ഇവര്‍. താമാര്‍ എന്നൊരു സഹോദരിയും ഇവര്‍ക്കുണ്ടായിരുന്നു. ശലോമോന്‍റെ പിന്‍തുടര്‍ച്ചക്കാര്‍: രെഹബെയാം. അബീയാ, ആസ, യെഹോശാഫാത്ത്, യെഹോരാം, [11,12] അഹസ്യാ, യോവാശ്, അമസ്യാ, *** അസര്യാ, യോഥാം, ആഹാസ്, ഹിസ്കീയാ, മനശ്ശെ, ആമോന്‍, യോശീയാ. [14,15] യോശീയായുടെ പുത്രന്മാര്‍: ആദ്യജാതന്‍ യോഹാനാന്‍, രണ്ടാമന്‍ യെഹോയാക്കീം, മൂന്നാമന്‍ സിദെക്കീയാ, നാലാമന്‍ ശല്ലൂം. *** യെഹോയാക്കീമിന്‍റെ പുത്രന്‍ യെഖൊന്യാ അവന്‍റെ പുത്രന്‍ സിദെക്കീയാ. തടവുകാരനാക്കപ്പെട്ട യെഖൊന്യായുടെ പുത്രന്മാര്‍: ശെയല്ത്തീയേല്‍, മല്‌കീരാം, പെദായാ, ശെനസ്സര്‍, യെക്കമ്യാ, ഹോശാമ, നെദബ്യാ. പെദായായുടെ പുത്രന്മാര്‍: സെരൂബ്ബാബേല്‍, ശിമെയി. സെരൂബ്ബാബേലിന്‍റെ പുത്രന്മാര്‍: മെശുല്ലാം, ഹനന്യാ, അവരുടെ സഹോദരി ശെലോമീത്ത്. കൂടാതെ ഹശൂബാ, ഓഹെല്‍, ബേരെഖ്യാ, ഹസദ്യാ, യൂശബ്-ഹേസെദ് എന്നീ അഞ്ചു പേരും ഉണ്ടായിരുന്നു. ഹനന്യായുടെ പുത്രന്മാര്‍ പെലത്യാ, യെശയ്യാ. യെശയ്യായുടെ പുത്രന്‍ രെഫായാ, രെഫായായുടെ പുത്രന്‍ അര്‍ന്നാന്‍. അര്‍ന്നാന്‍റെ പുത്രന്‍ ഓബദ്യാ; ഓബദ്യായുടെ പുത്രന്‍ ശെഖന്യാ. ശെഖന്യായുടെ പുത്രന്‍ ശെമയ്യ; ശെമയ്യായുടെ പുത്രന്മാര്‍: ഹത്തൂശ്, ഇഗാല്‍, ബാരിഹ്, നെയര്യാ, ശാഫാത്ത് എന്നിങ്ങനെ ആറു പേര്‍. നെയര്യായുടെ പുത്രന്മാര്‍: എല്യോവേനായി, ഹിസ്കീയാ, അസ്രീക്കാം ഇങ്ങനെ മൂന്നു പേര്‍. എല്യോവേനായിയുടെ പുത്രന്മാര്‍: ഹോദവ്യാ, എല്യാശീബ്, പെലായാ, അക്കൂബ്, യോഹാനാന്‍, ദെലായാ, അനാനി എന്നിങ്ങനെ ഏഴു പേര്‍. യെഹൂദായുടെ മറ്റു പുത്രന്മാര്‍: പേരെസ്, ഹെസ്രോന്‍, കര്‍മ്മി, ഹൂര്‍, ശോബല്‍. ശോബലിന്‍റെ പുത്രന്‍ രെയായായുടെ പുത്രനാണ് യഹത്ത്. യഹത്തിന്‍റെ പുത്രന്മാര്‍: അഹൂമായി, ലാഹദ്. ഇവരാണ് സോരത്യ കുടുംബങ്ങള്‍. ഏതാമിന്‍റെ സഹോദരന്മാര്‍: ജെസ്രീല്‍, ഇശ്മാ, ഇദ്ബാശ്. ഇവരുടെ സഹോദരിയാണ് ഹസ്സെലൊല്പോനി. ബേത്‍ലഹേമിന്‍റെ പിതാവായ എഫ്രാത്തായുടെ ആദ്യജാതനായ ഹൂരിന്‍റെ പുത്രന്മാര്‍: ഗെദോരിന്‍റെ പിതാവായ പെനൂവേല്‍, ഹൂശയുടെ പിതാവായ ഏസെര്‍. തെക്കോവയുടെ പിതാവായ അശ്ഹൂരിനു ഹേലാ, നയരാ എന്നു രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു. നയരായില്‍ അഹുസ്സാം, ഹേഫെര്‍, തേമനി, ഹായഹസ്താരി എന്നിവരും ഹേലായില്‍ സേരെത്ത്, ഇസോഹര്‍, എത്നാന്‍ എന്നിവരും ജനിച്ചു. ആനൂബ്, സോബേബാ എന്നിവരും ഹാരൂമിന്‍റെ മകനായ അഹര്‍ഹേലിന്‍റെ ഗോത്രങ്ങളും കോസിന്‍റെ സന്തതികളാണ്. യബ്ബേസ്, തന്‍റെ സഹോദരന്മാരെക്കാള്‍ ബഹുമാന്യനായിരുന്നു. “ഞാന്‍ അവനെ വേദനയോടെ പ്രസവിച്ചു” എന്നു പറഞ്ഞ് അവന്‍റെ അമ്മ അവനെ യബ്ബേസ് എന്നു വിളിച്ചു. അയാള്‍ ഇസ്രായേലിന്‍റെ ദൈവത്തോടു പ്രാര്‍ഥിച്ചു: “അവിടുന്ന് എന്നെ അനുഗ്രഹിച്ച് എന്‍റെ അതിര് വിസ്തൃതമാക്കണമേ. അവിടുത്തെ കരം എന്‍റെകൂടെ ഇരിക്കുകയും അനര്‍ഥത്തില്‍നിന്ന് എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ”. അയാളുടെ അപേക്ഷ ദൈവം കേട്ടു. ശൂഹയുടെ സഹോദരന്‍ കെലൂബിന്‍റെ പുത്രന്‍ മെഹീര്‍; അവന്‍റെ പുത്രന്‍ എസ്തോന്‍, എസ്തോന്‍റെ പുത്രന്മാര്‍: ബേത്ത്-രാഫാ, പാസേഹാ, ഈര്‍നാഹാശിന്‍റെ പിതാവായ തെഹിന്നാ; ഇവര്‍ രേഖാനിവാസികളാണ്. കെനസിന്‍റെ പുത്രന്മാര്‍: ഒത്നീയേല്‍, സെരായാ; ഒത്നീയേലിന്‍റെ പുത്രന്മാര്‍: ഹഥത്ത്, മെയോനോഥയി; മെയോനോഥയിയുടെ പുത്രന്‍ ഒഫ്രാ. സെരായായുടെ പുത്രന്‍ ഗേ-ഹാരാശീമിന്‍റെ പിതാവായ യോവാബ്. അവര്‍ കരകൗശലപ്പണിക്കാര്‍ ആയിരുന്നു. യെഫുന്നെയുടെ പുത്രനായ കാലേബിന്‍റെ പുത്രന്മാര്‍: ഈരൂ, ഏലാ, നായം; ഏലായുടെ പുത്രന്‍ കെനസ്, യെഹലലേലിന്‍റെ പുത്രന്മാര്‍: സീഫ്, സീഫാ, തീര്യ, അസരെയേല്‍. എസ്രായുടെ പുത്രന്മാര്‍: യേഥെര്‍, മേരെദ്, ഏഫെര്‍, യാലോന്‍. മേരെദിന് ഫറവോന്‍റെ മകളായ തന്‍റെ ഭാര്യ ബിഥിയായില്‍ മിര്യാം, ശമ്മ, എസ്തെമോവയുടെ പിതാവായ ഇശ്ബഹ് എന്നിവര്‍ ജനിച്ചു. മേരെദിന് യെഹൂദാഗോത്രക്കാരിയായ ഒരു ഭാര്യയും ഉണ്ടായിരുന്നു. ഗെദോരിന്‍റെ പിതാവായ യേരെദ്, സോഖോവിന്‍റെ പിതാവായ ഹേബെര്‍, സാനോഹായുടെ പിതാവായ യെക്കൂഥീയേല്‍ എന്നിവര്‍ അവരില്‍ ജനിച്ച പുത്രന്മാരായിരുന്നു. നഹമിന്‍റെ സഹോദരിയെ ഹോദീയാ വിവാഹം കഴിച്ചു. അവരുടെ പുത്രന്മാരാണ് ഗര്‍മ്മ്യനായ കെയീലായുടെ പിതാവ്, മയഖാത്യനായ എസ്തെമോവ എന്നിവര്‍. ശിമോന്‍റെ പുത്രന്മാര്‍: അമ്നോന്‍, രിന്നാ, ബെന്‍-ഹാനാന്‍, തീലോന്‍. ഇശിയുടെ പുത്രന്മാര്‍: സോഹേത്ത്, ബെന്‍-സോഹേത്ത്. യെഹൂദായുടെ മകനായ ശേലായുടെ പുത്രന്മാര്‍: ലേഖായുടെ പിതാവായ ഏര്‍, മാരേശായുടെ പിതാവായ ലാദാ, ബേത്ത്-അശ്ബെയയില്‍ നെയ്ത്തുജോലി ചെയ്യുന്നവരുടെ ഗോത്രങ്ങള്‍; യോക്കീം, കോസേബനിവാസികള്‍, യോവാശ്, മോവാബ് ഭരിക്കുകയും പിന്നീടു ബേത്‍ലഹേമിലേക്ക് മടങ്ങിപ്പോകുകയും ചെയ്ത സാരാഫ്. ഈ രേഖകള്‍ പുരാതനമാണ്. ഇവര്‍ നെതായീമിലും, ഗെദേരായിലും പാര്‍ത്തിരുന്ന കുശവന്മാരാണ്. ഇവര്‍ രാജാവിനുവേണ്ടി ജോലി ചെയ്തു. ശിമെയോന്‍റെ പുത്രന്മാര്‍: നെമൂവേല്‍, യാമീന്‍, യാരീബ്, സേരഹ്, ശൗല്‍. ശൗലിന്‍റെ പുത്രന്‍ ശല്ലൂം; അവന്‍റെ പുത്രന്‍ മിബ്ശാം, മിബ്ശാമിന്‍റെ പുത്രന്‍ മിശ്മ. അയാളുടെ പുത്രന്‍ ഹമ്മൂവേല്‍, ഹമ്മൂവേലിന്‍റെ പുത്രന്‍ സക്കൂര്‍, അയാളുടെ പുത്രന്‍ ശിമെയി. ശിമെയിക്കു പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു. അയാളുടെ സഹോദരന്മാര്‍ക്ക് മക്കള്‍ അധികം ഇല്ലാതിരുന്നതുകൊണ്ട് അവര്‍ യെഹൂദാഗോത്രക്കാരെപ്പോലെ പെരുകിയില്ല. അവര്‍ ബേര്‍-ശേബ, മോലാദാ, ഹസര്‍-ശൂവാല്‍, ബില്‍ഹാ, ഏസെം, തോലാദ്, ബെഥൂവേല്‍, ഹൊര്‍മ്മ, സിക്ലാഗ്, ബേത്ത്-മര്‍ക്കാബോത്ത്, ഹസര്‍-സൂസീം, ബേത്ത്-ബിരി, ശയരീം എന്നിവിടങ്ങളില്‍ പാര്‍ത്തു. ദാവീദിന്‍റെ ഭരണകാലംവരെ ഇവ അവരുടെ പട്ടണങ്ങള്‍ ആയിരുന്നു. ഏതാം, അയീന്‍, രിമ്മോന്‍, തോഖെന്‍, ആശാന്‍ എന്നീ അഞ്ചു പട്ടണങ്ങളും ബാല്‍വരെ അവയോടു ചേര്‍ന്ന ഗ്രാമങ്ങളും അവരുടെ വാസസ്ഥലങ്ങളായിരുന്നു. അവര്‍ തങ്ങളുടെ വംശാവലി രേഖപ്പെടുത്തിയിരുന്നു. മെശോബാബ്, യമ്ലേക്, അമസ്യായുടെ പുത്രന്‍ യോശാ, യോവേല്‍, അസീയേലിന്‍റെ പ്രപൗത്രനും സെരായായുടെ പൗത്രനും, യോശിബ്യായുടെ പുത്രനുമായ യേഹൂ. എല്യോവേനായി, യയക്കോബാ, യെശോഹായാ, അസായാ, അദീയേല്‍, യസീമീയേല്‍, ബെനായാ, ശെമെയായുടെ പ്രപൗത്രനും സിമ്രിയുടെ പൗത്രനും അല്ലോന്‍റെ പുത്രനുമായ ശിഫിയുടെ പുത്രന്‍ സീസാ; ഇവര്‍ തങ്ങളുടെ കുലങ്ങളില്‍ പ്രഭുക്കന്മാരായിരുന്നു. അവരുടെ പിതൃഭവനക്കാര്‍ വളരെ വര്‍ധിച്ചിരുന്നു. ആട്ടിന്‍പറ്റങ്ങള്‍ക്ക് മേച്ചില്‍സ്ഥലങ്ങള്‍ അന്വേഷിച്ചു താഴ്വരയുടെ കിഴക്കു ഗെദോര്‍ കവാടംവരെ അവര്‍ യാത്രചെയ്തു. അവിടെ സമൃദ്ധമായ മേച്ചില്‍സ്ഥലങ്ങള്‍ കണ്ടെത്തി. ദേശം വിസ്തൃതവും പ്രശാന്തവും സമാധാനപൂര്‍ണവും ആയിരുന്നു. ഹാംവംശക്കാരായിരുന്നു അവിടത്തെ പൂര്‍വനിവാസികള്‍. മേല്‍പ്പറഞ്ഞ പ്രഭുക്കന്മാര്‍ യെഹൂദാരാജാവായ ഹിസ്കീയായുടെ കാലത്ത് ഗേദാറിനെ ആക്രമിച്ച് അവിടെ പാര്‍ത്തിരുന്ന മെയൂന്യരെ അവരുടെ കൂടാരങ്ങളോടൊപ്പം നിശ്ശേഷം നശിപ്പിച്ചു. ആട്ടിന്‍പറ്റങ്ങള്‍ക്കു മേച്ചില്‍സ്ഥലങ്ങള്‍ കണ്ടെത്തിയതിനാല്‍ അവിടെ അവര്‍ വാസമുറപ്പിക്കുകയും ചെയ്തു. ഇവരില്‍ ശിമെയോന്യരായ അഞ്ഞൂറു പേര്‍ ഇശിയുടെ പുത്രനായ പെലത്യാ, നെയര്യാ, രെഫായാ, ഉസ്സീയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ സേയീര്‍ മലയിലേക്കുപോയി. അവിടെ അവശേഷിച്ചിരുന്ന അമാലേക്യരെ സംഹരിച്ച് അവര്‍ അവിടെ പാര്‍ത്തു. ഇന്നും അവര്‍ അവിടെ നിവസിക്കുന്നു. രൂബേന്‍ ഇസ്രായേലിന്‍റെ ആദ്യജാതനെങ്കിലും പിതാവിന്‍റെ ഉപഭാര്യയെ പ്രാപിച്ചതുമൂലം അയാളുടെ ജന്മാവകാശം അനുജനായ യോസേഫിന്‍റെ പുത്രന്മാര്‍ക്കു ലഭിച്ചു. അയാളെ ആദ്യജാതനായി വംശാവലിയില്‍ ഉള്‍പ്പെടുത്തിയുമില്ല. സഹോദരന്മാരില്‍ യെഹൂദാ ഏറ്റവും പ്രബലനാവുകയും അയാളുടെ പിന്‍ഗാമികളില്‍നിന്നും ഒരു നായകന്‍ ഉയരുകയും ചെയ്തിട്ടും ജ്യേഷ്ഠാവകാശം യോസേഫിനുതന്നെ ലഭിച്ചു. ഇസ്രായേലിന്‍റെ ആദ്യജാതനായ രൂബേന്‍റെ പുത്രന്മാര്‍: ഹാനോക്ക്, പല്ലൂ, ഹെസ്രോന്‍, കര്‍മ്മി. യോവേലിന്‍റെ പുത്രന്മാര്‍ തലമുറക്രമത്തില്‍: ശെമയ്യാ, ഗോഗ്, ശിമെയി; [5,6] മീഖാ, രെയായാ, ബാല്‍, അസ്സീറിയ രാജാവായ തിഗ്ലത്ത്-പില്‍നേസെര്‍ തടവുകാരനാക്കി കൊണ്ടുപോയ ബയേരാ. അയാള്‍ രൂബേന്‍ഗോത്രത്തിന്‍റെ നേതാവായിരുന്നു. *** രൂബേന്‍ഗോത്രത്തിലെ മറ്റു കുലത്തലവന്മാരുടെ വംശാവലി: യയീയേല്‍, സെഖര്യാ, യോവേലിന്‍റെ പ്രപൗത്രനും ശേമയുടെ പൗത്രനും ആസാസിന്‍റെ പുത്രനും ആയ ബേല. അവര്‍ അരോവേരും നെബോമുതല്‍ ബാല്‍-മെയോന്‍ വരെയുള്ള ദേശവും കൈവശമാക്കിയിരുന്നു. ഗിലെയാദില്‍ അവരുടെ കന്നുകാലികള്‍ വളരെ വര്‍ധിച്ചതുകൊണ്ട് അവര്‍ കിഴക്കോട്ടു യൂഫ്രട്ടീസ്നദിമുതല്‍ മരുഭൂമിവരെയുള്ള പ്രദേശത്തു പാര്‍ത്തു. ശൗലിന്‍റെ കാലത്ത് അവര്‍ ഹഗ്രീയരെ യുദ്ധത്തില്‍ തോല്പിച്ച് ഗിലെയാദിന്‍റെ കിഴക്കുദേശം മുഴുവന്‍ സ്വന്തമാക്കി, അവിടെ കൂടാരം അടിച്ചു പാര്‍ത്തു. ഗാദിന്‍റെ പുത്രന്മാര്‍ രൂബേന്യര്‍ക്കു വടക്കു ബാശാന്‍ദേശത്തു സല്‍ക്കാവരെ പാര്‍ത്തു. അവരുടെ തലവന്‍ യോവേല്‍, രണ്ടാമന്‍ ശാഫാം, യനായി, ബാശാനിലെ ശാഫാത്ത്. അവരുടെ ഗോത്രത്തിലെ മറ്റു കുലത്തലവന്മാര്‍: മീഖായേല്‍, മെശുല്ലാം, ശേബ, യോരായി, യക്കാന്‍, സീയ, ഏബെര്‍ ഇങ്ങനെ ഏഴു പേര്‍. ഇവര്‍ ഹൂരിയുടെ പുത്രന്‍ അബീഹയേലിന്‍റെ പുത്രന്മാരായിരുന്നു. ഹൂരി യരോഹായുടെയും യരോഹാ ഗിലെയാദിന്‍റെയും, ഗിലെയാദ് മീഖായേലിന്‍റെയും മീഖായേല്‍ യെശീശയുടെയും യെശീശ യെഹദോയുടെയും യെഹദോ ബൂസിന്‍റെയും പുത്രന്മാരാണ്. ഗൂനിയുടെ പുത്രനായ അബ്ദീയേലിന്‍റെ പുത്രന്‍ അഹി അവരുടെ പിതൃഭവനത്തിന്‍റെ തലവനായിരുന്നു. അവര്‍ ഗിലെയാദിലെ ബാശാനിലും അതിര്‍ത്തിവരെയുള്ള അതിന്‍റെ പട്ടണങ്ങളിലും ശാരോനിലെ മേച്ചില്‍സ്ഥലങ്ങളിലുമായി പാര്‍ത്തു. യെഹൂദാരാജാവായ യോഥാമിന്‍റെയും ഇസ്രായേല്‍രാജാവായ യെരോബെയാമിന്‍റെയും കാലത്താണ് ഇവരുടെ വംശാവലി രേഖപ്പെടുത്തിയത്. രൂബേന്‍, ഗാദ് എന്നീ ഗോത്രങ്ങളിലും മനശ്ശെയുടെ പകുതി ഗോത്രത്തിലുമായി ശൂരന്മാരും വാളും പരിചയും എടുക്കാനും വില്ലുകുലച്ച് എയ്യാനും കഴിവുള്ള നാല്പത്തിനാലായിരത്തി എഴുനൂറ്ററുപതു യോദ്ധാക്കള്‍ ഉണ്ടായിരുന്നു. അവര്‍ ഹഗ്രീയരോടും യെതൂര്‍, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധം ചെയ്തു. ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്ന് അവരുടെ പ്രാര്‍ഥനയ്‍ക്കുത്തരമരുളി. അവിടുത്തെ സഹായത്താല്‍ അവര്‍ യുദ്ധത്തില്‍ ഹഗ്രീയരുടെയും കൂട്ടാളികളുടെയുംമേല്‍ വിജയം വരിച്ചു. അവര്‍ ശത്രുക്കളുടെ അമ്പതിനായിരം ഒട്ടകങ്ങളെയും രണ്ടരലക്ഷം ആടുകളെയും രണ്ടായിരം കഴുതകളെയും ഒരു ലക്ഷം ആളുകളെയും പിടിച്ചുകൊണ്ടുപോയി. യുദ്ധം നടന്നതു ദൈവഹിതപ്രകാരം ആയിരുന്നതുകൊണ്ട് അവര്‍ക്ക് വളരെപ്പേരെ കൊല്ലുവാന്‍ കഴിഞ്ഞു. പ്രവാസകാലംവരെ അവര്‍ അവിടെ പാര്‍ത്തു. മനശ്ശെയിലെ പകുതി ഗോത്രക്കാര്‍ ദേശത്തു വര്‍ധിച്ചു; ബാശാന്‍മുതല്‍ ബാല്‍-ഹെര്‍മ്മോന്‍, സെനീര്‍, ഹെര്‍മ്മോന്‍ മല എന്നിവിടംവരെ പാര്‍ത്തു. അവരുടെ പിതൃഭവനത്തലവന്മാരായ ഏഫെര്‍, ഇശി, എലീയേല്‍, അസ്‍ത്രീയേല്‍, യിരെമ്യാ, ഹോദവ്യാ, യെഹദീയേല്‍ എന്നിവര്‍ പ്രസിദ്ധരായ വീരയോദ്ധാക്കള്‍ ആയിരുന്നു. എന്നാല്‍ അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തെ ഉപേക്ഷിച്ച് ദൈവം അവരുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞ ജനതകളുടെ ദേവന്മാരെ ആരാധിച്ചു. അതുകൊണ്ട് ഇസ്രായേലിന്‍റെ ദൈവം അസ്സീറിയാരാജാവായ പൂലിനെ-തിഗ്ലത്ത് പില്‍നേസെരിനെ-അവര്‍ക്കെതിരെ അയച്ചു. അവന്‍ രൂബേന്‍, ഗാദ് ഗോത്രങ്ങളെയും മനശ്ശെയുടെ പകുതി ഗോത്രത്തെയും തടവുകാരാക്കി ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാന്‍ നദീതീരത്തേക്കും കൊണ്ടുപോയി. അവര്‍ ഇന്നും അവിടെ പാര്‍ക്കുന്നു. ലേവിയുടെ പുത്രന്മാര്‍: ഗേര്‍ശോന്‍, കെഹാത്ത്, മെരാരി. കെഹാത്തിന്‍റെ പുത്രന്മാര്‍: അമ്രാം, ഇസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേല്‍. അമ്രാമിന്‍റെ മക്കള്‍: അഹരോന്‍, മോശ, മിര്യാം. അഹരോന്‍റെ പുത്രന്മാര്‍: നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍. എലെയാസാറിന്‍റെ സന്തതികള്‍ തലമുറക്രമത്തില്‍: ഫീനെഹാസ്, അബീശുവ, ബുക്കി, ഉസ്സി, സെരഫ്യാ, മെരായോത്ത്, [6,7] അമര്യാ, അഹീത്തൂബ്, സാദോക്ക്, അഹീമാസ്, *** [8,9] അസര്യാ, യോഹാനാന്‍, *** ശലോമോന്‍ യെരൂശലേമില്‍ പണിയിച്ച ദേവാലയത്തിലെ പുരോഹിതനായിരുന്ന അസര്യാ, അമര്യാ, [11,12] അഹീത്തൂബ്, സാദോക്ക്, ശല്ലൂം, ഹില്‌കീയാ, *** [13,14] അസര്യാ, സെരായാ, യെഹോസാദാക്ക്. *** സര്‍വേശ്വരന്‍ നെബുഖദ്നേസറിന്‍റെ കരത്താല്‍ യെഹൂദായെയും ഇസ്രായേലിനെയും പ്രവാസികളാക്കിയപ്പോള്‍ യെഹോസാദാക്കും കൂട്ടത്തില്‍ ഉണ്ടായിരുന്നു. ലേവിയുടെ പുത്രന്മാര്‍: ഗേര്‍ശോം, കെഹാത്ത്, മെരാരി. ഗേര്‍ശോമിന്‍റെ പുത്രന്മാര്‍: ലിബ്നി, ശിമെയി. കെഹാത്തിന്‍റെ പുത്രന്മാര്‍: അമ്രാം, ഇസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേല്‍. മെരാരിയുടെ പുത്രന്മാര്‍: മഹ്ലി, മൂശി. ഇവരാണ് ലേവ്യഗോത്രത്തിലെ കുലത്തലവന്മാര്‍. ഗേര്‍ശോമിന്‍റെ സന്തതികള്‍ തലമുറക്രമത്തില്‍: ലിബ്നി, യഹത്ത്, സിമ്മാ, യോവാഹ്, ഇദ്ദോ, സേരഹ്, യെയഥ്രായി. കെഹാത്തിന്‍റെ പുത്രന്മാര്‍ തലമുറക്രമത്തില്‍: അമ്മീനാദാബ്, കോരഹ്, അസ്സീര്‍, എല്‍ക്കാനാ, എബ്യാസാഫ്, അസ്സീര്‍, തഹത്ത്, ഊരീയേല്‍, ഉസ്സീയാ, ശൗല്‍. എല്‍ക്കാനായുടെ പുത്രന്മാര്‍: അമാസായി, അഹീമോത്ത്. അഹീമോത്തിന്‍റെ സന്തതികള്‍ തലമുറക്രമത്തില്‍: എല്‍ക്കാനാ, സോഫായി, നഹത്ത്, എലിയാബ്, യെരോഹാം, എല്‍ക്കാനാ. ശമൂവേലിന്‍റെ പുത്രന്മാര്‍: ആദ്യജാതന്‍ യോവേല്‍, അബീയാ. മെരാരിയുടെ പുത്രന്മാര്‍ തലമുറക്രമത്തില്‍: മഹ്ലി, ലിബ്നി, ശിമെയി, ഉസ്സാ, ശിമെയ, ഹഗ്ഗീയാ, അസായാ. പെട്ടകം ദേവാലയത്തില്‍ പ്രതിഷ്ഠിച്ചതിനുശേഷം സര്‍വേശ്വരന്‍റെ സന്നിധിയില്‍ സംഗീതശുശ്രൂഷയ്‍ക്കു ദാവീദു നിയമിച്ചത് ഇവരെയാണ്. ശലോമോന്‍ യെരൂശലേമില്‍ സര്‍വേശ്വരന്‍റെ ആലയം പണിയുന്നതുവരെ തിരുസാന്നിധ്യകൂടാരത്തിനു മുമ്പില്‍ മുറപ്രകാരം ഇവര്‍ സംഗീതശുശ്രൂഷ ചെയ്തുപോന്നു. അവരുടെ വംശപരമ്പര: കെഹാത്യകുലത്തില്‍നിന്നു ഗായകന്‍ ഹേമാന്‍; ഹേമാന്‍റെ പിതാക്കന്മാര്‍ തലമുറക്രമത്തില്‍: യോവേല്‍, ശമൂവേല്‍, എല്‌ക്കാനാ, യെരോഹാം, എലീയേല്‍, തോഹാ, സൂഫ്, എല്‍ക്കാനാ, മഹത്ത്, അമാസായി, എല്‌ക്കാനാ, യോവേല്‍, അസര്യാ, സെഫന്യാ, തഹത്ത്, അസ്സീര്‍, എബ്യാസാഫ്, കോരഹ്, ഇസ്ഹാര്‍, കെഹാത്ത്, ലേവി, ഇസ്രായേല്‍, ഹേമാന്‍റെ വലതു ഭാഗത്തു നിന്ന അയാളുടെ സഹോദരന്‍ ആസാഫ്. അയാളുടെ പിതാക്കന്മാര്‍ തലമുറക്രമത്തില്‍: ബേരെഖ്യാ, ശിമെയ, മീഖായേല്‍, ബയശേയാ, മല്‌കി, എത്നി, [41,42] സേരഹ്, അദായാ, ഏഥാന്‍, സിമ്മാ, ശിമെയി, യഹത്ത്, *** [43,44] ഗേര്‍ശോം, ലേവി. അവരുടെ സഹോദരന്മാരായ മെരാരിപുത്രന്മാര്‍ ഇടതു ഭാഗത്തു നിന്നു; ഏഥാന്‍ ആയിരുന്നു അവരില്‍ പ്രമുഖന്‍. അവന്‍റെ പിതാക്കന്മാര്‍ തലമുറക്രമത്തില്‍: കീശി, ഏഥാന്‍, അബ്ദി, മല്ലൂക്ക്, *** [45,46] ഹശബ്യാ, അമസ്യാ, ഹില്‌കീയാ, അംസി, ബാനി, *** ശാമെര്‍, മഹ്ലി, മൂശി, മെരാരി, ലേവി. അവരുടെ സഹോദരന്മാരായ ലേവ്യര്‍ ദേവാലയത്തിലെ എല്ലാ ശുശ്രൂഷയ്‍ക്കുമായി നിയമിക്കപ്പെട്ടിരുന്നു. ദൈവത്തിന്‍റെ ദാസനായ മോശ കല്പിച്ചപ്രകാരം അഹരോനും പുത്രന്മാരും ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും അര്‍പ്പണം ചെയ്യാനും ഇസ്രായേലിനുവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കാനും നിയമിക്കപ്പെട്ടിരുന്നു. അഹരോന്‍റെ പുത്രന്മാര്‍ തലമുറ ക്രമത്തില്‍: എലെയാസാര്‍, ഫീനെഹാസ്, അബീശുവാ, ബുക്കി, [51,52] ഉസ്സി, സെരഹ്യാ, മെരായോത്ത്, *** അമര്യാ, അഹീത്തൂബ്, സാദോക്, അഹീമാസ്. ഗ്രാമം ഗ്രാമമായി അവര്‍ക്കു ലഭിച്ച വാസസ്ഥലങ്ങള്‍: അഹരോന്‍റെ പുത്രന്മാരില്‍ കെഹാത്യര്‍ക്കു ആദ്യം കുറി വീണു. അവര്‍ക്കു യെഹൂദാദേശത്ത് ഹെബ്രോനും ചുറ്റുമുള്ള മേച്ചില്‍സ്ഥലങ്ങളും ലഭിച്ചു. എന്നാല്‍ പട്ടണത്തിലെ വയലുകളും ഗ്രാമങ്ങളും യെഫുന്നെയുടെ മകനായ കാലേബിനു കൊടുത്തു. അഹരോന്‍റെ പുത്രന്മാര്‍ക്ക് സങ്കേതനഗരങ്ങളായ ഹെബ്രോന്‍, ലിബ്നാ, യത്ഥീര്‍, എസ്തെമോവ, ഹീലേന്‍, ദെബീര്‍, [58,59] ആശാന്‍, ബേത്ത്-ശേമെശ് എന്നിവയും ഇവയുടെ മേച്ചില്‍സ്ഥലങ്ങളും. *** ബെന്യാമീന്‍ഗോത്രത്തില്‍നിന്ന് ഗേബ, അല്ലേമെത്ത്, അനാഥോത്ത് എന്നിവയും ഇവയുടെ മേച്ചില്‍സ്ഥലങ്ങളും കൊടുത്തു. കുലംകുലമായുള്ള വിഹിതമനുസരിച്ച് അവര്‍ക്ക് ആകെ പതിമൂന്നു പട്ടണങ്ങള്‍ കിട്ടി. കെഹാത്തിന്‍റെ ശേഷിച്ച പുത്രന്മാര്‍ക്ക് കുറി വീണതനുസരിച്ച് മനശ്ശെയുടെ പകുതി ഗോത്രത്തില്‍നിന്ന് പത്തു പട്ടണങ്ങള്‍ നല്‌കി. ഗേര്‍ശോമിന്‍റെ പുത്രന്മാര്‍ക്ക് കുലംകുലമായി വിഹിതം അനുസരിച്ച് ഇസ്സാഖാര്‍, ആശേര്‍, നഫ്താലി, ബാശാനിലെ മനശ്ശെ എന്നീ ഗോത്രങ്ങളില്‍നിന്നു പതിമൂന്നു പട്ടണങ്ങള്‍ കൊടുത്തു. മെരാരീപുത്രന്മാര്‍ക്ക് കുലംകുലമായി വിഹിതപ്രകാരം രൂബേന്‍, ഗാദ്, സെബൂലൂന്‍ എന്നീ ഗോത്രങ്ങളില്‍നിന്നു പന്ത്രണ്ടു പട്ടണങ്ങള്‍ കൊടുത്തു. ഇസ്രായേല്‍ജനം ഈ പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും ലേവ്യര്‍ക്കും നല്‌കി. യെഹൂദാ, ശിമെയോന്‍, ബെന്യാമീന്‍ എന്നീ ഗോത്രത്തില്‍നിന്ന് ഈ പട്ടണങ്ങള്‍ കുറി ഇട്ടു നല്‌കി. കെഹാത്യരുടെ ചില കുടുംബങ്ങള്‍ക്ക് എഫ്രയീംഗോത്രത്തില്‍നിന്ന് ചില പട്ടണങ്ങള്‍ അവകാശമായി ലഭിച്ചിരുന്നു. അഭയനഗരമായ എഫ്രയീംമലനാട്ടിലെ ശെഖേം, ഗേസെര്‍, യൊക്മെയാം, ബേത്ത്-ഹോരോന്‍, അയ്യാലോന്‍, ഗത്ത്-രിമ്മോന്‍, മനശ്ശെയുടെ പകുതി ഗോത്രത്തില്‍നിന്ന് ആനേര്‍, ബിലെയാം എന്നിവയും ഇവയുടെയെല്ലാം മേച്ചില്‍സ്ഥലങ്ങളും കെഹാത്യരുടെ ശേഷിച്ച കുലങ്ങള്‍ക്കു നല്‌കി. ഗേര്‍ശോമിന്‍റെ പുത്രന്മാര്‍ക്കു മനശ്ശെയുടെ പകുതി ഗോത്രത്തില്‍നിന്നു ബാശാനിലെ ഗോലാനും, അസ്തരോത്തും അവയുടെ മേച്ചില്‍പ്പുറങ്ങളും ഇസ്സാഖാര്‍ഗോത്രത്തില്‍നിന്നു കേദെശും, ദാബെരത്തും, രാമോത്തും ആനേമും ഇവയുടെയെല്ലാം മേച്ചില്‍പ്പുറങ്ങളും, ആശേര്‍ഗോത്രത്തില്‍നിന്നു മാശാലും, അബ്ദോനും, ഹുക്കോക്കും, രെഹോബും അവയുടെ മേച്ചില്‍സ്ഥലങ്ങളും, നഫ്താലിഗോത്രത്തില്‍നിന്നു ഗലീലയിലെ കേദെശും ഹമ്മോനും കിര്യഥയീമും ഇവയുടെയെല്ലാം മേച്ചില്‍പ്പുറങ്ങളും കൊടുത്തു. മെരാരീപുത്രന്മാരില്‍ ശേഷിച്ചവര്‍ക്കു സെബൂലൂന്‍ഗോത്രത്തില്‍നിന്നു രിമ്മോനോയും, താബോരും അവയുടെ മേച്ചില്‍സ്ഥലങ്ങളും രൂബേന്‍ഗോത്രത്തില്‍നിന്നു യെരീഹോവിനു സമീപം യോര്‍ദ്ദാനക്കരെ കിഴക്കു മരുഭൂമിയിലെ ബേസെരും, യഹസായും, കെദേമോത്തും, മേഫാത്തും ഇവയുടെ മേച്ചില്‍പ്പുറങ്ങളും ഗാദ്ഗോത്രത്തില്‍നിന്നു ഗിലെയാദിലെ രാമോത്തും, മഹനയീമും, ഹെശ്ബോനും, യസേരും ഇവയുടെ മേച്ചില്‍പ്പുറങ്ങളും കൊടുത്തു. ഇസ്സാഖാറിന്‍റെ പുത്രന്മാര്‍: തോല, പൂവാ, യാശൂബ്, ശിമ്രോന്‍ എന്നീ നാലു പേര്‍. തോലയുടെ പുത്രന്മാര്‍: ഉസ്സി, രെഫായാ, യെരിയേല്‍, യഹ്മായി, ഇബ്സാം, ശെമൂവേല്‍. ഇവര്‍ തോലയുടെ ഭവനത്തിന്‍റെ തലവന്മാരും അവരുടെ തലമുറകളില്‍ ശൂരന്മാരും ആയിരുന്നു. ദാവീദിന്‍റെ കാലത്ത് അവര്‍ ഇരുപത്തീരായിരത്തി അറുനൂറു പേരുണ്ടായിരുന്നു. ഉസ്സിയുടെ പുത്രന്‍ ഇസ്രഹ്യാ; ഇസ്രഹ്യായുടെ പുത്രന്മാര്‍: മീഖായേല്‍, ഓബദ്യാ, യോവേല്‍, ഇശ്യാ. ഈ അഞ്ചു പേരും പ്രമുഖന്മാരായി രുന്നു. അവര്‍ക്ക് അനേകം ഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു. അവരുടെ കൂട്ടത്തില്‍ വംശാവലിപ്രകാരം കുടുംബമനുസരിച്ചു ഗണങ്ങളായി തിരിച്ച മുപ്പത്താറായിരം യോദ്ധാക്കള്‍ ഉണ്ടായിരുന്നു. ഇസ്സാഖാര്‍ഗോത്രത്തില്‍ വംശാവലിപ്രകാരം ആകെ എണ്‍പത്തേഴായിരം യോദ്ധാക്കള്‍ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ബെന്യാമീന്‍റെ പുത്രന്മാര്‍: ബേല, ബേഖെര്‍, യെദീയയേല്‍ എന്നീ മൂന്നു പേര്‍. ബേലയുടെ പുത്രന്മാര്‍: എസ്ബോന്‍, ഉസ്സി, ഉസ്സീയേല്‍, യെരീമോത്ത്, ഈരി എന്നീ അഞ്ചുപേര്‍ കുലത്തലവന്മാരും വീരയോദ്ധാക്കളും ആയിരുന്നു. വംശാവലിപ്രകാരം ഇവരുടെ കുലങ്ങളില്‍ ആകെ ഇരുപത്തീരായിരത്തി മുപ്പത്തിനാലു പേര്‍. ബേഖെരിന്‍റെ പുത്രന്മാര്‍: സെമീരാ, യോവാശ്, എലിയേസെര്‍, എല്യോവേനായി, ഒമ്രി, യെരേമോത്ത്, അബീയാ, അനാഥോത്ത്, ആലേമെത്ത്. വംശാവലിപ്രകാരം തലമുറതലമുറയായി അവരുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരായിരുന്ന യോദ്ധാക്കള്‍ ഇരുപതിനായിരത്തി ഇരുനൂറു പേര്‍. യെദീയയേലിന്‍റെ പുത്രന്‍ ബില്‍ഹാന്‍; ബില്‍ഹാന്‍റെ പുത്രന്മാര്‍: യെവൂശ്, ബെന്യാമീന്‍, ഏഹൂദ്, കെനയനാ, സേഥാന്‍, തര്‍ശീശ്, അഹീശാഹര്‍. യെദിയയേലിന്‍റെ കുലത്തില്‍ പിതൃഭവനങ്ങള്‍ക്കു തലവന്മാരും യുദ്ധവീരരുമായവര്‍ പതിനേഴായിരത്തി ഇരുനൂറു പേര്‍. ഈരിന്‍റെ പുത്രന്മാര്‍: ശുപ്പീം, ഹുപ്പീം, അഹേരിന്‍റെ പുത്രന്‍ ഹുശീം. നഫ്താലിയുടെ പുത്രന്മാര്‍: യഹ്സിയേല്‍, ഗൂനി, യേസെര്‍, ശല്ലൂം. ഇവര്‍ ബില്‍ഹായുടെ സന്തതികള്‍. മനശ്ശെയുടെ പുത്രന്മാര്‍: ഉപഭാര്യയായ അരാമ്യസ്‍ത്രീ പ്രസവിച്ച അസ്രീയേലും മാഖീറും. മാഖീര്‍ ഗിലെയാദിന്‍റെ പിതാവാണ്. മാഖീര്‍ ഹുപ്പീമിനും ശൂപ്പീമിനും ഭാര്യമാരെ നല്‌കി. മാഖീറിന്‍റെ സഹോദരിയാണ് മയഖാ. മാഖീറിന്‍റെ രണ്ടാമത്തെ പുത്രന്‍ സെലോഫഹാദിന് പുത്രിമാരെ ഉണ്ടായിരുന്നുള്ളൂ. മാഖീറിന്‍റെ ഭാര്യ മയഖാ, പേരെശ് എന്ന പുത്രനെ പ്രസവിച്ചു. പേരെശിന്‍റെ സഹോദരന്‍ ഗേരെശിന്‍റെ പുത്രന്മാരാണ് ഊലാമും രേക്കെമും. ഊലാമിന്‍റെ പുത്രന്‍ ബദാന്‍. ഇവരെല്ലാമാണ് മനശ്ശെയുടെ പുത്രനായ മാഖീരിന്‍റെ പുത്രന്‍ ഗിലെയാദിന്‍റെ സന്തതികള്‍. അവന്‍റെ സഹോദരിയായ ഹമ്മോലേഖെത്തിന്‍റെ പുത്രന്മാര്‍: ഈശ്-ഹോദ്, അബീയേസെര്‍, മഹ്ലാ. ശെമീദയുടെ പുത്രന്മാര്‍: അഹ്യാന്‍, ശേഖെം, ലിക്കഹി, അനീയാം. എഫ്രയീമിന്‍റെ പുത്രന്മാര്‍ തലമുറക്രമത്തില്‍: ശൂഥേലഹ്, ബേരെദ്, തഹത്ത്, എലാദാ, തഹത്ത്, സബാദ്. ശൂഥേലഹിന്‍റെ പുത്രന്മാരായ ഏസെര്‍, എലാദാ എന്നിവര്‍ തദ്ദേശവാസികളായ ഗത്യരുടെ കന്നുകാലികളെ അപഹരിക്കാന്‍ ചെന്നപ്പോള്‍ കൊല്ലപ്പെട്ടു. അവരുടെ പിതാവായ എഫ്രയീം വളരെനാള്‍ വിലപിച്ചുകൊണ്ടിരുന്നു. സഹോദരന്മാര്‍ അയാളെ ആശ്വസിപ്പിക്കാന്‍ വന്നു. പിന്നീട് എഫ്രയീം തന്‍റെ ഭാര്യയെ പ്രാപിക്കുകയും അവള്‍ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. തന്‍റെ കുടുംബത്തിന് ഉണ്ടായ അനര്‍ഥം നിമിത്തം അവനു ബെരീയാ എന്നു പേരിട്ടു. അവന്‍റെ പുത്രി ശെയെരാ താഴെയും മുകളിലും ഉള്ള ബേത്ത്-ഹോരോന്‍ പട്ടണങ്ങളും ഉസ്സേന്‍-ശെയെര എന്ന പട്ടണവും നിര്‍മ്മിച്ചു. എഫ്രയീമിന്‍റെ പുത്രന്‍ രേഫഹിന്‍റെ സന്തതികള്‍ തലമുറക്രമത്തില്‍: രേശെഫ്, തേലഹ്, [26,27] തഹന്‍, ലദാന്‍, അമ്മീഹൂദ്, എലീശാമാ, നൂന്‍, യെഹോശുവാ. *** അവര്‍ക്ക് അവകാശമായി ലഭിച്ച പാര്‍പ്പിടങ്ങള്‍: ബേഥേലും അതിനു ചുറ്റുമുള്ള ഗ്രാമങ്ങളും, കിഴക്ക് നയരാനും, പടിഞ്ഞാറ് ഗേസെരും അതിനു ചുറ്റുമുള്ള ഗ്രാമങ്ങളും, ഗസ്സയും ശെഖേമും അതിന് ചുറ്റുമുള്ള ഗ്രാമങ്ങളും, മനശ്ശെയുടെ ദേശത്തിനരികെയുള്ള ബേത്ത്-ശെയാനും അതിനു ചുറ്റുമുള്ള ഗ്രാമങ്ങളും, താനാക്കും മെഗിദ്ദോയും ദോരും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും ആയിരുന്നു. ഈ സ്ഥലങ്ങളില്‍ ഇസ്രായേലിന്‍റെ പുത്രനായ യോസേഫിന്‍റെ പുത്രന്മാര്‍ പാര്‍ത്തു. ആശേരിന്‍റെ പുത്രന്മാര്‍: ഇമ്നാ, ഇശ്വാ, ഇശ്വി, ബെരീയാ; ഇവരുടെ സഹോദരി സേരഹ്. ബെരീയായുടെ പുത്രന്മാര്‍: ഹേബെര്‍, ബിര്‍സയീത്തിന്‍റെ പിതാവായ മല്‌ക്കീയേല്‍. ഹേബെറിന്‍റെ പുത്രന്മാര്‍: യഹ്ലേത്ത്, ശേമേര്‍, ഹോഥാ. ഇവരുടെ സഹോദരി ശുവ. യഹ്ലേത്തിന്‍റെ പുത്രന്മാര്‍: പാസാക്, ബിംഹാല്‍, അശ്വാത്ത്. ശേമേരിന്‍റെ പുത്രന്മാര്‍: അഹീ, രൊഹ്ഗാ, യെഹൂബ്ബാ, അരാം. അയാളുടെ സഹോദരനായ ഹേലെമിന്‍റെ പുത്രന്മാര്‍: സോഫഹ്, ഇമ്നാ, ശേലെശ്, ആമാല്‍. സോഫഹിന്‍റെ പുത്രന്മാര്‍: സൂഹാ, ഹര്‍ന്നേഫെര്‍, ശുവാല്‍, ബേരി, ഇമ്രാ, ബേസെര്‍, ഹോദ്, ശമ്മാ, ശില്‍ശാ, ഇഥ്രാന്‍, ബെയേരാ. യേഥെരിന്‍റെ പുത്രന്മാര്‍, യെഫുന്നെ, പിസ്പാ, അര. ഉല്ലയുടെ പുത്രന്മാര്‍: ആരഹ്, ഹന്നീയേല്‍, രിസ്യാ. ഇവര്‍ ആശേര്‍ഗോത്രത്തിലെ കുലത്തലവന്മാരും പ്രസിദ്ധരായ വീരയോദ്ധാക്കളും പ്രഭുക്കന്മാരില്‍ പ്രമുഖരും ആയിരുന്നു. വംശാവലിപ്രകാരം ഇവരില്‍ സൈന്യസേവനത്തിനു പ്രാപ്തരായ ഇരുപത്താറായിരം പേര്‍ ഉണ്ടായിരുന്നു. ബെന്യാമീന്‍റെ പുത്രന്മാര്‍ പ്രായക്രമത്തില്‍: ബേല, അശ്ബേല്‍, അഹ്രഹ്, നോഹാ, രഫാ. [2,3] ബേലയുടെ പുത്രന്മാര്‍: അദ്ദാര്‍, ഗേര, അബീഹൂദ്, അബീശൂവ, *** നയമാന്‍, അഹോഹ്, ഗേര, [5,6] ശെഫൂഫാന്‍, ഹൂരാം. ഏഹൂദിന്‍റെ പുത്രന്മാര്‍ ഗേബനിവാസികളുടെ പിതൃഭവനങ്ങളില്‍ തലവന്മാരായിരുന്നു. *** അവരാണ് നയമാന്‍, അഹീയാ, ഗേര എന്നിവര്‍. അവരെ മാനഹാത്തിലേക്കു പ്രവാസികളായി കൊണ്ടുപോയി. ഹുസ്സയുടെയും അഹീഹൂദിന്‍റെയും പിതാവായ ഗേരയാണ് പ്രവാസത്തില്‍ അവരെ നയിച്ചത്. ഭാര്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബുദേശത്ത് ആയിരിക്കുമ്പോള്‍ ശഹരയീമിനു ഭാര്യയായ ഹോദേശില്‍ യോബാബ്, സിബ്യാ, മേശാ, മല്‍ക്കാം, യെവൂസ്, സാഖ്യാ, മിര്‍മ്മാ എന്നിവര്‍ ജനിച്ചു. ഇവര്‍ അയാളുടെ പിതൃഭവനങ്ങളുടെ തലവന്മാരായിത്തീര്‍ന്നു. ഹൂശീമില്‍ അയാള്‍ക്ക് അബീത്തുബും എല്പയലും ജനിച്ചു. എല്പയലിന്‍റെ പുത്രന്മാര്‍: ഏബെര്‍, മീശാം, ശേമെര്‍. ഓനോയും ലോദും അതിനോടു ചേര്‍ന്ന പട്ടണങ്ങളും ശേമെര്‍ നിര്‍മ്മിച്ചു. അയ്യാലോന്‍നിവാസികളുടെ പിതൃഭവനത്തലവന്മാരായിരുന്ന ബെരീയായും ശേമയും ഗത്ത്നിവാസികളെ ഓടിച്ചുകളഞ്ഞു. ബെരീയായുടെ പുത്രന്മാര്‍: അഹ്യോ, ശാശക്, യെരേമോത്ത്, [15,16] സെബദ്യാ, അരാദ്, ഏദെര്‍, മീഖായേല്‍, യിശ്പാ, യോഹാ. *** എല്പയലിന്‍റെ പുത്രന്മാര്‍: സെബദ്യാ, മെശുല്ലാം, ഹിസ്കി, ഹേബെര്‍, ഇശ്മെരായി, ഇസ്ലിയാ, യോബാബ്. ശിമിയുടെ പുത്രന്മാര്‍: യാക്കീം, സിക്രി, സബ്ദി, എലിയേനായി, സില്ലെഥായി, എലീയേല്‍, അദായാ, ബെരായ, ശിമ്രാത്ത്. ശാശക്കിന്‍റെ പുത്രന്മാര്‍: ഇശ്ഫാന്‍, ഏബെര്‍, എലീയേല്‍, അബ്‍ദോന്‍, സിക്രി, ഹാനാന്‍, [24,25] ഹനന്യാ, ഏലാം, അന്ഥോഥ്യാ, ഇഫ്ദേയാ, പെനൂവേല്‍. *** യെരോഹാമിന്‍റെ പുത്രന്മാര്‍: ശംശെരായി, ശെഹര്യാ, അഥല്യാ, യാരെശ്യാ, എലീയാ, സിക്രി. ഇവര്‍ എല്ലാവരും അവരവരുടെ കാലത്തു പിതൃഭവനത്തലവന്മാരും പ്രമുഖരും ആയിരുന്നു. ഇവര്‍ യെരൂശലേമില്‍ പാര്‍ത്തു. ഗിബെയോന്‍റെ പിതാവായ യെയീയേല്‍ ഗിബെയോനില്‍ പാര്‍ത്തു. അവന്‍റെ ഭാര്യ മയഖാ. യെയീയേലും അവന്‍റെ പുത്രന്മാരില്‍ ആദ്യപുത്രന്‍ അബ്‍ദോന്‍, സൂര്‍, കീശ്, ബാല്‍, നാദാബ്, ഗെദോര്‍, അഹ്യോ, സേഖെര്‍, എന്നിവരും ഗിബെയോനില്‍ പാര്‍ത്തു. മിക്ലോത്തും പുത്രന്‍ ശിമെയയും ചാര്‍ച്ചക്കാരോടൊപ്പം യെരൂശലേമില്‍ പാര്‍ത്തു. നേരിന്‍റെ പുത്രന്‍ കീശ്, കീശിന്‍റെ പുത്രന്‍ ശൗല്‍, ശൗലിന്‍റെ പുത്രന്മാര്‍: യോനാഥാന്‍, മല്‍ക്കീശുവ, അബീനാദാബ്, എശ്-ബാല്‍. യോനാഥാന്‍റെ പുത്രന്‍ മെരിബ്ബാല്‍, അയാളുടെ പുത്രന്‍ മീഖാ. മീഖായുടെ പുത്രന്മാര്‍: പീഥോന്‍, മേലെക്, തരേയ, ആഹാസ്. ആഹാസിന്‍റെ പുത്രന്‍ യെഹോവദ്ദാ. അയാളുടെ പുത്രന്മാര്‍: അലേമെത്ത്, അസ്മാവെത്ത്, സിമ്രി. സിമ്രിയുടെ പുത്രന്‍ മോസ; അയാളുടെ പുത്രന്‍ ബിനെയ. ബിനെയയുടെ പുത്രന്‍ രാഫാ. അയാളുടെ പുത്രന്‍ എലാസാ. അവന്‍റെ പുത്രന്‍ ആസേല്‍. ആസേലിന്‍റെ പുത്രന്മാര്‍: അസ്രീക്കാം, ബൊഖ്രൂം, ഇശ്മായേല്‍, ശെര്യാ, ഓബദ്യാ, ഹാനാന്‍ എന്നിങ്ങനെ ആകെ ആറു പേര്‍. അവന്‍റെ സഹോദരനായ ഏശെക്കിന്‍റെ പുത്രന്മാര്‍: ആദ്യപുത്രന്‍ ഊലാം, രണ്ടാമന്‍ യെവൂശ്, മൂന്നാമന്‍ എലീഫേലെത്ത്. ഊലാമിന്‍റെ പുത്രന്മാര്‍ വീരയോദ്ധാക്കളും വില്ലാളികളുമായിരുന്നു. അനേകം പുത്രന്മാരും പൗത്രന്മാരും അവര്‍ക്കുണ്ടായി. അവരുടെ എണ്ണം ആകെ നൂറ്റമ്പത്. ഇവരെല്ലാവരും ബെന്യാമീന്‍ഗോത്രക്കാരാണ്. ഇസ്രായേല്‍ജനത്തിന്‍റെയെല്ലാം പേരുകള്‍ വംശാവലിക്രമത്തില്‍ തയ്യാറാക്കി ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവത്തോടു അവിശ്വസ്തത കാട്ടിയതിനാല്‍ യെഹൂദാനിവാസികള്‍ ബാബിലോണില്‍ പ്രവാസികളാക്കപ്പെട്ടു. തങ്ങള്‍ക്ക് അവകാശപ്പെട്ട നഗരങ്ങളിലേക്ക് ആദ്യം മടങ്ങിയെത്തിയവര്‍ പുരോഹിതന്മാരും ലേവ്യരും ദേവാലയദാസന്മാരും സാമാന്യജനങ്ങളും ആയിരുന്നു. ചില യെഹൂദ്യരും ബെന്യാമീന്യരും എഫ്രയീമ്യരും മനശ്ശെയരും യെരൂശലേമില്‍ വന്നു പാര്‍ത്തു. അവര്‍ യെഹൂദായുടെ പുത്രനായ പേരെസ്സിന്‍റെ പുത്രന്മാരില്‍ ബാനിയുടെ പുത്രനായ ഇമ്രിയുടെ പുത്രനായ ഒമ്രിയുടെ പുത്രനായ അമ്മീഹുദിന്‍റെ പുത്രന്‍ ഊഥായി. ശീലോന്‍റെ ആദ്യജാതനായ അസായായും പുത്രന്മാരും സേരഹിന്‍റെ പുത്രന്മാരില്‍ യെയൂവേലും അവന്‍റെ ചാര്‍ച്ചക്കാരായ അറുനൂറ്റി തൊണ്ണൂറു പേരും ബെന്യാമീന്യരില്‍നിന്ന് ഹസ്സെനൂവായുടെ പുത്രനായ ഹോദവ്യായുടെ പുത്രനായ മെശുല്ലാമിന്‍റെ പുത്രനായ സല്ലൂവും യെരോഹാമിന്‍റെ പുത്രന്‍ ഇബ്നെയായും മിക്രിയുടെ പൗത്രനും ഉസ്സിയുടെ പുത്രനുമായ ഏലായും ഇബ്നെയായുടെ പ്രപൗത്രനും രെയൂവേലിന്‍റെ പൗത്രനും ശെഫത്യാവിന്‍റെ പുത്രനുമായ മെശുല്ലാമും. ചാര്‍ച്ചക്കാരായ ഇവര്‍ ആകെ തൊള്ളായിരത്തി അമ്പത്താറു പേര്‍. ഇവര്‍ തങ്ങളുടെ പിതൃഭവനങ്ങളിലെ കുടുംബത്തലവന്മാരായിരുന്നു. പുരോഹിതന്മാര്‍ യെദയാ, യെഹോയാരീബ്, യാഖീന്‍, അസര്യാ എന്നിവരായിരുന്നു. മുഖ്യപുരോഹിതനായ അസര്യാ മെശുല്ലാമിന്‍റെയും അവന്‍ സാദോക്കിന്‍റെയും സാദോക്ക് മെരായോത്തിന്‍റെയും അവന്‍ അഹീത്തുബിന്‍റെയും പുത്രനാണ്. മല്‌ക്കീയായുടെ പുത്രനായ പശ്ഹൂറിന്‍റെ മകനായ യെരോഹാമിന്‍റെ മകന്‍ അദായാ, ഇമ്മോരിന്‍റെ പുത്രനായ മെശില്ലേമീത്തിന്‍റെ പുത്രനായ മെശുല്ലാമിന്‍റെ പുത്രനായ യഹ്സേരയുടെ മകനായ അദീയേലിന്‍റെ പുത്രന്‍ മയശായി; ഇവര്‍ പിതൃഭവനത്തലവന്മാരായിരുന്നു. ഇവരും ചാര്‍ച്ചക്കാരും ആകെ ആയിരത്തി എഴുനൂറ്ററുപതു പേര്‍. ഇവര്‍ ദേവാലയശുശ്രൂഷയില്‍ നിപുണരായിരുന്നു. മെരാരീകുടുംബത്തില്‍ ഹശബ്യായുടെ പ്രപൗത്രനും അസ്രീക്കാമിന്‍റെ പൗത്രനും ഹശ്ശൂബിന്‍റെ പുത്രനുമായ ശെമയ്യായും ബക്ബക്കരും ഹേറെശും ഗാലാലും; ആസാഫിന്‍റെ പ്രപൗത്രനും സിക്രിയുടെ പൗത്രനും മീഖയുടെ പുത്രനുമായ മത്ഥന്യായും; യെദൂഥൂന്‍റെ പ്രപ്രൗത്രനും ഗലാലിന്‍റെ പൗത്രനും ശെമയ്യായുടെ പുത്രനുമായ ഓബദ്യായും; നെതോഫാത്യരുടെ ഗ്രാമങ്ങളില്‍ പാര്‍ത്ത എല്‌ക്കാനായുടെ പൗത്രനും ആസയുടെ പുത്രനുമായ ബേരെഖായും; ഇവര്‍ ലേവ്യരില്‍നിന്നുള്ളവര്‍ ആയിരുന്നു. ശല്ലൂമും അക്കൂബും തല്‍മോനും അഹീമാനും അവരുടെ ചാര്‍ച്ചക്കാരും വാതില്‍കാവല്‌ക്കാരായിരുന്നു. ഇവരുടെ തലവന്‍ ശല്ലൂം. ലേവ്യരുടെ പാളയത്തിലെ വാതില്‍കാവല്‌ക്കാരായ ഇവര്‍ കിഴക്കുവശത്തുള്ള രാജകവാടത്തില്‍ നിയോഗിക്കപ്പെട്ടിരുന്നു. കോരഹിന്‍റെ പ്രപൗത്രനും എബ്യാസാഫിന്‍റെ പൗത്രനും കോരേയുടെ പുത്രനുമായ ശല്ലൂമും അയാളുടെ പിതൃഭവനത്തിലെ ചാര്‍ച്ചക്കാരായ കോരഹ്യരും അവരുടെ പിതാക്കന്മാരെപ്പോലെ തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‍കാവല്‌ക്കാരും ശുശ്രൂഷയ്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെട്ടവരും ആയിരുന്നു. അവരുടെ അധിപന്‍ പണ്ട് എലെയാസാറിന്‍റെ മകനായ ഫീനെഹാസ് ആയിരുന്നു. സര്‍വേശ്വരന്‍ അയാളോടൊത്ത് ഉണ്ടായിരുന്നു. തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‍കാവല്‌ക്കാരന്‍ മെശേലേമ്യായുടെ പുത്രനായ സെഖര്യാ ആയിരുന്നു. വാതില്‍കാവല്‌ക്കാരായി നിയമിക്കപ്പെട്ട ഇവര്‍ ആകെ ഇരുനൂറ്റി പന്ത്രണ്ടു പേര്‍. ഇവരുടെ പേരുകള്‍ വംശാവലിപ്രകാരം ഇവരുടെ ഗ്രാമങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദാവീദും പ്രവാചകനായ ശമൂവേലും ആയിരുന്നു അവരെ അവര്‍ക്കു ചുമതലപ്പെട്ട ഉദ്യോഗത്തില്‍ നിയമിച്ചത്. ഇങ്ങനെ ഇവരും പുത്രന്മാരും തിരുസാന്നിധ്യകൂടാരത്തില്‍ മുറപ്രകാരം വാതില്‍കാവല്‌ക്കാരായിരുന്നു. നാലു വശത്തും-അതായതു കിഴക്കും പടിഞ്ഞാറും വടക്കും തെക്കും കാവല്‌ക്കാരുണ്ടായിരുന്നു. ഗ്രാമങ്ങളില്‍ താമസിച്ചിരുന്ന ഇവരുടെ ചാര്‍ച്ചക്കാര്‍ ഏഴു ദിവസം വീതം കൂടുമ്പോള്‍ തവണ മാറി ശുശ്രൂഷയില്‍ ഇവരെ സഹായിച്ചുവന്നു. വാതില്‍കാവല്‌ക്കാരില്‍ പ്രമുഖരായ നാലു ലേവ്യരും സര്‍വേശ്വരമന്ദിരത്തിലെ അറകള്‍ക്കും ഭണ്ഡാരത്തിനും മേല്‍നോട്ടം വഹിച്ചു. കാവല്‍ കൂടാതെ പ്രഭാതംതോറും വാതില്‍ തുറക്കുന്ന ജോലിയും അവര്‍ക്കായതുകൊണ്ട് അവര്‍ ദേവാലയപരിസരങ്ങളില്‍ പാര്‍ത്തു. ഇവരില്‍ ചിലര്‍ക്കു ദേവാലയശുശ്രൂഷയ്‍ക്കുള്ള ഉപകരണങ്ങളുടെ മേല്‍നോട്ടം കൂടി ഉണ്ടായിരുന്നു. അവ കൊണ്ടുപോകുമ്പോഴും തിരിച്ചു കൊണ്ടുവരുമ്പോഴും എണ്ണി തിട്ടപ്പെടുത്തണമായിരുന്നു. മറ്റു ചിലരെ വിശുദ്ധസ്ഥലത്തെ ഉപകരണങ്ങളുടെയും വിശുദ്ധപാത്രങ്ങള്‍, മാവ്, വീഞ്ഞ്, തൈലം, കുന്തുരുക്കം, മറ്റു സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെയും മേല്‍നോട്ടക്കാരായി നിയമിച്ചു. പുരോഹിതപുത്രന്മാരില്‍ ചിലരാണ് സുഗന്ധതൈലം ഉണ്ടാക്കിയിരുന്നത്. ലേവ്യപുത്രനായ കോരഹിന്‍റെ ഭവനക്കാരനും ശല്ലൂമിന്‍റെ ആദ്യജാതനുമായ മത്ഥിഥ്യാക്ക് അടകള്‍ ചുടുന്നതിന്‍റെ ചുമതലയായിരുന്നു. അവരുടെ ചാര്‍ച്ചക്കാരായ കെഹാത്യഭവനക്കാരില്‍ ചിലര്‍ ശബത്തുതോറും കാഴ്ചയപ്പം ഉണ്ടാക്കുന്ന ചുമതല വഹിച്ചിരുന്നു. ലേവ്യരില്‍ കുടുംബത്തലവന്മാരായ ചിലര്‍ രാവും പകലും ഗാനശുശ്രൂഷ ചെയ്യേണ്ടിയിരുന്നതുകൊണ്ട് അവര്‍ ദേവാലയത്തോടനുബന്ധിച്ചുള്ള മുറികളില്‍ പാര്‍ത്തിരുന്നു. മറ്റു ചുമതലകളൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. ഇവരെല്ലാവരും തലമുറതലമുറയായി ലേവ്യഗോത്രത്തിലെ കുലത്തലവന്മാരായിരുന്നു. ഇവര്‍ യെരൂശലേമില്‍ത്തന്നെ പാര്‍ത്തു. ഗിബെയോന്‍റെ പിതാവായ യെയീയേലും പുത്രന്മാരും ഗിബെയോനില്‍ പാര്‍ത്തു. അയാളുടെ ഭാര്യയാണ് മയഖാ. അയാളുടെ പുത്രന്മാര്‍: അബ്‍ദോന്‍ (ആദ്യപുത്രന്‍), സൂര്‍, കീശ്, ബാല്‍, നേര്‍, നാദാബ്, ഗെദോര്‍, അഹ്യോ, സെഖര്യാ, മിക്ലോത്ത് എന്നിവര്‍. മിക്ലോത്തിന്‍റെ പുത്രനാണ് ശിമെയാം. ഇവര്‍ യെരൂശലേമില്‍ തങ്ങളുടെ ബന്ധുക്കളുമൊത്തു പാര്‍ത്തു. നേരിന്‍റെ പുത്രനാണ് കീശ്, കീശിന്‍റെ പുത്രന്‍ ശൗല്‍, ശൗലിന്‍റെ പുത്രന്മാര്‍: യോനാഥാന്‍, മല്‍ക്കീശൂവ, അബീനാദാബ്, എശ്-ബാല്‍ എന്നിവര്‍. യോനാഥാന്‍റെ പുത്രന്‍: മെരിബ്ബാല്‍; മെരിബ്ബാലിന്‍റെ പുത്രന്‍ മീഖാ. മീഖായുടെ പുത്രന്മാര്‍: പീഥോന്‍, മേലെക്, തഹ്രേയ, ആഹാസ്. ആഹാസിന്‍റെ പുത്രനാണ് യാരാ. യാരായുടെ പുത്രന്മാര്‍: അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവര്‍. സിമ്രിയുടെ പുത്രനാണ് മോസ, അവന്‍റെ പുത്രന്‍ ബിനെയ; അവന്‍റെ പുത്രന്‍ രെഫയാ; രെഫയായുടെ പുത്രന്‍ എലാസാ; അവന്‍റെ പുത്രന്‍ ആസേല്‍. ആസേലിന്‍റെ പുത്രന്മാര്‍: അസ്രീക്കാം, ബെക്രൂ, ഇശ്മായേല്‍, ശെയര്യാ, ഓബദ്യാ, ഹാനാന്‍ എന്നീ ആറു പേര്‍. ഫെലിസ്ത്യര്‍ ഇസ്രായേലിനോടു യുദ്ധം ചെയ്തു. ഫെലിസ്ത്യരുടെ മുമ്പില്‍നിന്നു തോറ്റോടിയ ഇസ്രായേല്യരില്‍ പലരും ഗില്‍ബോവാ മലയില്‍വച്ചു കൊല്ലപ്പെട്ടു. ശൗലിനെയും പുത്രന്മാരെയും ഫെലിസ്ത്യര്‍ പിന്തുടര്‍ന്നു; ശൗലിന്‍റെ പുത്രന്മാരായ യോനാഥാനെയും അബീനാദാബിനെയും മല്‌ക്കീശൂവയെയും അവര്‍ വധിച്ചു. ശൗലിനെതിരെ ഉണ്ടായ യുദ്ധം ഉഗ്രമായിരുന്നു. വില്ലാളികള്‍ അദ്ദേഹത്തെ മുറിവേല്പിച്ചു. അപ്പോള്‍ ശൗല്‍ തന്‍റെ ആയുധവാഹകനോടു പറഞ്ഞു: “പരിച്ഛേദനം ഏല്‌ക്കാത്തവര്‍ വന്ന് എന്നെ അപമാനിക്കാതിരിക്കാന്‍ നീ വാള്‍ ഊരി എന്നെ വെട്ടിക്കൊല്ലുക.” എന്നാല്‍ ഭയപരവശനായ അവന്‍ അങ്ങനെ ചെയ്തില്ല. അതുകൊണ്ട് ശൗല്‍ സ്വന്തം വാള്‍ എടുത്ത് അതിന്മേല്‍ വീണു മരിച്ചു. ശൗല്‍ മരിച്ചു എന്നു കണ്ട് ആയുധവാഹകനും തന്‍റെ വാളിന്മേല്‍ വീണു മരിച്ചു. അങ്ങനെ ശൗലും മൂന്നു പുത്രന്മാരും ഭവനം മുഴുവനും ഒരുമിച്ചു മരിച്ചു. ശൗലും പുത്രന്മാരും മരിക്കുകയും കൂടെ ഉണ്ടായിരുന്ന സൈനികര്‍ ഓടിപ്പോകുകയും ചെയ്ത വിവരം കേട്ടപ്പോള്‍ ജെസ്രീല്‍ താഴ്വരയിലുള്ള ഇസ്രായേല്‍ജനം തങ്ങളുടെ പട്ടണങ്ങള്‍ വിട്ട് ഓടിപ്പോയി; ഫെലിസ്ത്യര്‍ വന്ന് അവിടെ വാസം ഉറപ്പിച്ചു. കൊല്ലപ്പെട്ടവരെ കൊള്ളയടിക്കാന്‍ ഫെലിസ്ത്യര്‍ പിറ്റേദിവസം വന്നപ്പോള്‍ ശൗലും പുത്രന്മാരും ഗില്‍ബോവാ മലയില്‍ മരിച്ചുകിടക്കുന്നതു കണ്ടു. അവര്‍ ശൗലിന്‍റെ വസ്ത്രം ഉരിയുകയും തല വെട്ടിയെടുക്കുകയും ചെയ്തു; ആയുധങ്ങളും കവചവും അഴിച്ചെടുത്തു; തങ്ങളുടെ വിഗ്രഹങ്ങളോടും ജനത്തോടും ഈ സദ്‍വാര്‍ത്ത അറിയിക്കാന്‍ ഫെലിസ്ത്യര്‍ ദേശത്തെല്ലാം ദൂതന്മാരെ അയച്ചു. ശൗലിന്‍റെ ആയുധങ്ങള്‍ അവര്‍ തങ്ങളുടെ ദേവന്മാരുടെ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു; അദ്ദേഹത്തിന്‍റെ തല ദാഗോന്‍റെ ക്ഷേത്രത്തില്‍ തൂക്കിയിട്ടു. ഫെലിസ്ത്യര്‍ ശൗലിനോടു ചെയ്തതെല്ലാം ഗിലെയാദിലെ യാബേശ്നിവാസികള്‍ കേട്ടപ്പോള്‍, അവരില്‍ ശൂരന്മാരായ ആളുകള്‍ പോയി ശൗലിന്‍റെയും പുത്രന്മാരുടെയും മൃതദേഹങ്ങള്‍ യാബേശില്‍ കൊണ്ടുവന്നു; അവിടെയുള്ള കരുവേലകത്തിന്‍റെ ചുവട്ടില്‍ സംസ്കരിച്ചു. അവര്‍ ഏഴു ദിവസം ഉപവസിക്കുകയും ചെയ്തു. തന്‍റെ അവിശ്വസ്തതമൂലം ശൗല്‍ മരിച്ചു. സര്‍വേശ്വരന്‍റെ കല്പന അദ്ദേഹം ലംഘിക്കുകയും അവിടുത്തെ ഹിതം അന്വേഷിക്കാതെ ആഭിചാരകന്മാരുടെ ഉപദേശം തേടുകയും ചെയ്തു. അതുകൊണ്ട് സര്‍വേശ്വരന്‍ അദ്ദേഹത്തെ കൊല്ലുകയും രാജ്യം യിശ്ശായിയുടെ പുത്രനായ ദാവീദിനെ ഏല്പിക്കുകയും ചെയ്തു. ഇസ്രായേല്‍ജനം ഒരുമിച്ചുകൂടി ഹെബ്രോനില്‍ ദാവീദിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞു: “നോക്കൂ, ഞങ്ങള്‍ അങ്ങയുടെ അസ്ഥിയും മാംസവും ആണല്ലോ. ശൗല്‍ രാജാവായിരുന്നപ്പോഴും അങ്ങുതന്നെയാണ് ഞങ്ങളെ നയിച്ചിരുന്നത്. ‘നീ എന്‍റെ ജനമായ ഇസ്രായേലിന്‍റെ ഇടയനും രാജാവും ആയിരിക്കും’ എന്നു ദൈവമായ സര്‍വേശ്വരന്‍ അങ്ങയോട് അരുളിച്ചെയ്തിട്ടുമുണ്ട്.” ഇസ്രായേല്‍ നേതാക്കന്മാരെല്ലാം ഹെബ്രോനില്‍ ദാവീദുരാജാവിന്‍റെ അടുക്കല്‍ വന്നു. രാജാവ് സര്‍വേശ്വരന്‍റെ സന്നിധിയില്‍ അവരുമായി ഉടമ്പടി ചെയ്തു. ശമൂവേല്‍ മുഖേന സര്‍വേശ്വരന്‍ വാഗ്ദാനം ചെയ്തിരുന്നതുപോലെ അവര്‍ ദാവീദിനെ ഇസ്രായേലിന്‍റെ രാജാവായി വാഴിച്ചു. പിന്നീട് ദാവീദും സകല ഇസ്രായേല്യരും കൂടി യെരൂശലേമിലേക്കു പോയി. അന്ന് യെബൂസ് എന്ന പേരിലാണ് യെരൂശലേം അറിയപ്പെട്ടിരുന്നത്. യെബൂസ്യര്‍ ആയിരുന്നു അവിടെ പാര്‍ത്തിരുന്നത്. “നീ ഇവിടെ കടക്കുകയില്ല” എന്നു യെബൂസ്യര്‍ ദാവീദിനോടു പറഞ്ഞു. എങ്കിലും ദാവീദ് സീയോന്‍കോട്ട പിടിച്ചെടുത്തു. ആ നഗരം ദാവീദിന്‍റെ പട്ടണം എന്നറിയപ്പെട്ടു. ഒരു യെബൂസ്യനെ ആദ്യം വധിക്കുന്നവന്‍ സൈന്യാധിപനായിരിക്കും എന്നു ദാവീദു പറഞ്ഞു. സെരൂയായുടെ പുത്രന്‍ യോവാബാണ് ആദ്യം ആക്രമണം തുടങ്ങിയത്. അതുകൊണ്ട് അവന്‍ സൈന്യാധിപനായിത്തീര്‍ന്നു. ദാവീദ് ആ കോട്ടയില്‍ പാര്‍ത്തതുകൊണ്ട് അതിനു ദാവീദിന്‍റെ പട്ടണം എന്നു പേരായി. അദ്ദേഹം മില്ലോമുതല്‍ ചുറ്റും നഗരം വിസ്തൃതമാക്കി പണിത് ഉറപ്പിച്ചു. നഗരത്തിന്‍റെ ശിഷ്ടഭാഗങ്ങള്‍ യോവാബ് പുനരുദ്ധരിച്ചു. സര്‍വശക്തനായ സര്‍വേശ്വരന്‍ കൂടെ ഉണ്ടായിരുന്നതുകൊണ്ട് ദാവീദ് മേല്‌ക്കുമേല്‍ പ്രബലനായിത്തീര്‍ന്നു. സര്‍വേശ്വരന്‍റെ കല്പനയനുസരിച്ച്, ദാവീദിനെ ഇസ്രായേല്‍രാജാവാക്കാന്‍ ജനത്തോടു ചേര്‍ന്നു ധീരമായി പ്രവര്‍ത്തിച്ച മൂന്നു മുഖ്യ യോദ്ധാക്കള്‍ ഇവരാണ്. അവരില്‍ ഒന്നാമന്‍ ഹക്മോന്യനായ യാശോബെയാം തന്‍റെ കുന്തവുമായി മുന്നൂറു പേരോട് ഒറ്റയ്‍ക്ക് ഏറ്റുമുട്ടി; അവരെയെല്ലാം വധിച്ചു. രണ്ടാമന്‍ അഹോഹ്യനായ ദോദോയുടെ പുത്രന്‍ എലെയാസര്‍ ആയിരുന്നു. ഫെലിസ്ത്യര്‍ പസ്-ദമ്മീമില്‍ യുദ്ധത്തിന് അണിനിരന്നപ്പോള്‍ അവന്‍ ദാവീദിനോടുകൂടി ബാര്‍ലി നിറഞ്ഞുനിന്ന ഒരു വയലില്‍ ആയിരുന്നു. ജനം ഫെലിസ്ത്യരുടെ മുമ്പില്‍നിന്ന് ഓടിപ്പോയി. അപ്പോഴും അവന്‍ വയലിന്‍റെ നടുവില്‍ നിന്നുകൊണ്ട് അതു സംരക്ഷിക്കുകയും ഫെലിസ്ത്യരെ വെട്ടിവീഴ്ത്തുകയും ചെയ്തു. സര്‍വേശ്വരന്‍ അവര്‍ക്കു വന്‍വിജയം നല്‌കി രക്ഷിച്ചു. ഫെലിസ്ത്യസൈന്യം രെഫായീംതാഴ്വരയില്‍ പാളയമടിച്ചിരുന്നപ്പോള്‍ മുപ്പതു പ്രമാണിമാരില്‍ മൂന്നു പേര്‍ അദുല്ലാം ശിലാഗുഹയില്‍ ദാവീദിന്‍റെ അടുക്കല്‍ ചെന്നു. ദാവീദ് അപ്പോള്‍ ആ രക്ഷാസങ്കേതത്തിലായിരുന്നു. ഫെലിസ്ത്യരില്‍ ഒരു വിഭാഗം ബേത്‍ലഹേമില്‍ പാളയമടിച്ചിരുന്നു. “ബേത്‍ലഹേം നഗരവാതില്‌ക്കലുള്ള കിണറ്റിലെ അല്പം വെള്ളം എനിക്കു കുടിക്കാന്‍ ആരെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍” എന്നു ദാവീദ് അതിയായ ആശയോടെ പറഞ്ഞു. അപ്പോള്‍ ആ മൂന്നുപേര്‍ ഫെലിസ്ത്യരുടെ പാളയം അതിക്രമിച്ചു കടന്നു ബേത്‍ലഹേം നഗരവാതില്‌ക്കലുള്ള കിണറ്റില്‍നിന്നു വെള്ളം എടുത്തു ദാവീദിനു കൊണ്ടുവന്നു കൊടുത്തു. എന്നാല്‍ അതു കുടിക്കാന്‍ ദാവീദിനു മനസ്സു വന്നില്ല. അദ്ദേഹം അതു സര്‍വേശ്വരനു നിവേദിച്ചു. ദാവീദ് പറഞ്ഞു: “സര്‍വേശ്വരാ ഞാന്‍ ഇതെങ്ങനെ കുടിക്കും? ഈ മനുഷ്യരുടെ ജീവരക്തം ഞാന്‍ കുടിക്കുകയോ? പ്രാണന്‍ അപകടപ്പെടുത്തിയാണല്ലോ അവരിതു കൊണ്ടുവന്നത്. “അദ്ദേഹം അതു കുടിച്ചില്ല. ഇതായിരുന്നു ആ മൂന്നുപേര്‍ കാട്ടിയ ധീരത. മുപ്പതു പേരുടെ തലവനും യോവാബിന്‍റെ സഹോദരനുമായ അബീശായി തന്‍റെ കുന്തംകൊണ്ടു മുന്നൂറു പേര്‍ക്കെതിരെ പോരാടി അവരെയെല്ലാം കൊന്നുകളഞ്ഞു. അങ്ങനെ അയാളും ആ മൂവര്‍ക്കു പുറമേ പ്രസിദ്ധനായി. മുപ്പതു പേരില്‍ ഏറ്റവും പ്രസിദ്ധനും അവരുടെ സേനാപതിയും അയാള്‍ ആയിരുന്നെങ്കിലും മൂവരോളം അവന്‍ പ്രസിദ്ധനായിരുന്നില്ല. കബ്സേല്‍ക്കാരനായ യെഹോയാദയുടെ പുത്രന്‍ ബെനായാ ആയിരുന്നു മറ്റൊരു യുദ്ധവീരന്‍. മോവാബ്യരായ രണ്ടു യുദ്ധവീരന്മാരെ കൊന്നതുള്‍പ്പെടെ അനേകം ധീരപ്രവൃത്തികള്‍ അയാള്‍ ചെയ്തു. മഞ്ഞു വീണുകൊണ്ടിരുന്ന ദിവസം ഗുഹയില്‍ കടന്ന് അതിലുണ്ടായിരുന്ന സിംഹത്തെ അവന്‍ കൊന്നുകളഞ്ഞു. അഞ്ചു മുഴം ഉയരമുണ്ടായിരുന്ന അതികായനായ ഒരു ഈജിപ്തുകാരനെയും അവന്‍ സംഹരിച്ചു. ബെനായാ ഒരു ദണ്ഡുമായി എതിരാളിയെ സമീപിച്ച് അയാളുടെ കൈയില്‍നിന്നു നെയ്ത്തുകാരന്‍റെ പടപ്പുതടി പോലെയുള്ള കുന്തം പിടിച്ചുപറിച്ച് അതുകൊണ്ടു തന്നെയാണ് അവനെ കൊന്നത്. “മുപ്പതു” പേരില്‍ ഒരുവനായ ബെനായായുടെ ധീരകൃത്യങ്ങള്‍ ഇവയായിരുന്നു. അവന്‍ മുപ്പതു പേരില്‍വച്ച് പ്രസിദ്ധനായിരുന്നെങ്കിലും “മൂന്നു” പേരോളം പ്രസിദ്ധി നേടിയില്ല. ദാവീദ് തന്‍റെ അംഗരക്ഷകരുടെ തലവനായി അയാളെ നിയമിച്ചു. ദാവീദിന്‍റെ സൈന്യത്തിലെ മറ്റു വീരയോദ്ധാക്കള്‍ ഇവരാണ്. യോവാബിന്‍റെ സഹോദരന്‍ അസാഹേല്‍, ബേത്‍ലഹേമ്യനായ ദോദോയുടെ പുത്രന്‍ എല്‍ഹാനാന്‍, ഹരോര്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്‍റെ പുത്രന്‍ ഈര, അനാഥോത്യനായ അബീയേസെര്‍, ഹൂശാത്യനായ സീബെഖായി, അഹോഹ്യനായ ഈലായി, നെതോഫാത്യനായ മഹരായി, നെതോഫാത്യനായ ബാനായുടെ പുത്രന്‍ ഹേലെദ്, ബെന്യാമീന്‍ഗോത്രക്കാരുടെ ഗിബെയായിലെ രീബായിയുടെ പുത്രന്‍ ഈഥായി, പരാഥോന്യനായ ബെനായാ, ഗായെശ്കാരനായ ഹൂരായി, അര്‍ബാത്യനായ അബീയേല്‍, ബഹരൂമ്യനായ അസ്മാവെത്ത്, ശയല്‍ബോന്യനായ എല്യാഹ്ബാ, ഗീസോന്യനായ ഹശേമിന്‍റെ പുത്രന്മാര്‍, ഹരാര്യനായ ശാഗേയുടെ പുത്രന്‍ യോനാഥാന്‍, ഹാരാര്യനായ സാഖാരിന്‍റെ പുത്രന്‍ അഹീയാം, ഊരിന്‍റെ പുത്രന്‍ എലീഫാല്‍, മെഖേരാത്യനായ ഹേഫെര്‍, പെലോന്യനായ അഹീയാ. കര്‍മ്മേല്യനായ ഹെസ്രോ, എസ്ബായിയുടെ പുത്രന്‍ നയരായി, നാഥാന്‍റെ സഹോദരന്‍ യോവേല്‍, ഹഗ്രിയുടെ പുത്രന്‍ മിബ്ഹാര്‍, അമ്മോന്യനായ സേലെക്, സെരൂയായുടെ പുത്രനായ യോവാബിന്‍റെ ആയുധവാഹകനും ബെരോത്യനുമായ നഹറായ്, യിത്രീയനായ ഈരാ, യിത്രീയനായ ഗാരേബ്, ഹിത്യനായ ഊരിയാ, അഹ്‍ലായിയുടെ പുത്രന്‍ സാബാദ്, രൂബേന്‍ഗോത്രത്തിലെ ഒരു പ്രമാണിയായ ശീസയുടെ പുത്രന്‍ അദീനാ, അയാളോടൊപ്പം മുപ്പതു പേരും, മയഖായുടെ പുത്രന്‍ ഹാനാന്‍, മിത്ത്യനായ യോശാഫാത്ത്, അസ്തെരാത്യനായ ഉസ്സീയ, അരോവേര്യനായ ഹോഥാമിന്‍റെ പുത്രന്മാര്‍ ശാമായും യെയീയേലും; ശിമ്രിയുടെ പുത്രന്‍ യെദീയയേല്‍, തീസ്യനായ അയാളുടെ സഹോദരന്‍ യോഹ, മഹവ്യനായ എലീയേല്‍. എല്‍നാമിന്‍റെ പുത്രന്മാരായ യെരീബായി, യോശവ്യാ, മോവാബ്യനായ യിത്ത്മാ, എലീയേല്‍, ഓബേദ്, മെസോബ്യനായ യാസീയേല്‍. കീശിന്‍റെ മകന്‍ ശൗല്‍ നിമിത്തം ദാവീദ് സിക്ലാഗില്‍ ഒളിച്ചു പാര്‍ത്തിരുന്നപ്പോള്‍ ദാവീദിന്‍റെ പക്ഷം ചേര്‍ന്നു യുദ്ധത്തില്‍ സഹായിച്ചവര്‍ ഇവരാണ്. ഇരുകരങ്ങള്‍കൊണ്ടും കല്ലെറിയുവാനും അമ്പെയ്യുവാനും സമര്‍ഥരായ ഈ വീരന്മാര്‍ ബെന്യാമീന്‍ഗോത്രക്കാരും ശൗലിന്‍റെ വംശജരും ആയിരുന്നു. അവരുടെ നേതാവായിരുന്നു അഹീയേസെര്‍; രണ്ടാമന്‍ യോവാശ്; ഇവര്‍ ഗിബെയാക്കാരനായ ശേമായയുടെ പുത്രന്മാരായിരുന്നു. അസ്മാവെത്തിന്‍റെ പുത്രന്മാരായ യെസീയേല്‍, പേലെത്ത്, ബെരാഖാ; അനാഥോത്തിലെ യേഹൂ. “മുപ്പതു” പേരില്‍ ധീരനും അവരുടെ നായകനുമായ ഗിബെയോന്യന്‍ ഇശ്മയാ, യിരെമ്യാ, യെഹസീയേല്‍, യോഹാനാന്‍, ഗെദേരാക്കാരന്‍ യോസാബാദ്, എലൂസായി, യെരീമോത്ത്, ബെയല്യാ, ശെമര്യാ, ഹരൂഫ്യനായ ശെഫത്യാ, കോരഹ്യരായ എല്‌ക്കാനാ, ഇശ്ശിയാ, അസരേല്‍, യോവേസെര്‍, യശൊബെയാം, ഗെദോറിലെ യെരോഹാമിന്‍റെ പുത്രന്മാരായ യോവേലാ, സെബദ്യാ. മരുഭൂമിയിലെ ദുര്‍ഗത്തില്‍ ദാവീദ് ഒളിച്ചു പാര്‍ക്കുമ്പോള്‍ ഗാദ്ഗോത്രത്തില്‍പ്പെട്ടവരും പരിചയസമ്പന്നരുമായ യോദ്ധാക്കള്‍ ദാവീദിന്‍റെ പക്ഷം ചേര്‍ന്നു. അവര്‍ പരിചയും കുന്തവും ഉപയോഗിച്ചു യുദ്ധം ചെയ്യുന്നതില്‍ സമര്‍ഥരായിരുന്നു. അവര്‍ സിംഹത്തെപ്പോലെ മുഖമുള്ളവരും മലകളിലെ മാന്‍പേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു. അവരുടെ സ്ഥാനക്രമമനുസരിച്ചു തലവനായ ഏസെര്‍, തുടര്‍ന്ന് ഓബദ്യാ, എലീയാബ്, മിശ്മന്നാ, യിരെമ്യാ, അത്തായ്, [11,12] എലിയേല്‍, യോഹാനാന്‍, എല്‍സബാദ്, യിരെമ്യാ, മക്ബന്നായി. *** [13,14] ഗാദ്ഗോത്രത്തില്‍പ്പെട്ട ഈ സേനാപതികളില്‍ ചെറിയവര്‍ ശതാധിപന്മാരും വലിയവര്‍ സഹസ്രാധിപന്മാരും ആയിരുന്നു. *** യോര്‍ദ്ദാന്‍നദി കരകവിഞ്ഞൊഴുകുന്ന ആദ്യ മാസത്തില്‍ നദി കടന്നു മറുകരയിലെത്തി താഴ്വരയിലുള്ളവരെ കിഴക്കോട്ടും പടിഞ്ഞാറോട്ടും തുരത്തിയത് ഇവരാണ്. ബെന്യാമീന്‍, യെഹൂദാ ഗോത്രക്കാരായ ചിലര്‍ ദാവീദ് വസിച്ചിരുന്ന ഗുഹയില്‍ ചെന്നു. അവരെ സ്വീകരിച്ചുകൊണ്ട് ദാവീദ് പറഞ്ഞു: “സുഹൃത്തുക്കളെന്ന നിലയില്‍ എന്നെ സഹായിക്കാനാണ് നിങ്ങള്‍ വരുന്നതെങ്കില്‍ വരിക; നിങ്ങള്‍ക്കു സ്വാഗതം. മറിച്ച്, നിര്‍ദ്ദോഷിയായ എന്നെ ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുക്കാനാണ് വരുന്നതെങ്കില്‍ നമ്മുടെ പിതാക്കന്മാരുടെ ദൈവം നിങ്ങളെ ശിക്ഷിക്കും.” ‘മുപ്പതു’ പേരുടെ തലവനായിത്തീര്‍ന്ന അമാസായി ദൈവാത്മപ്രേരിതനായി പറഞ്ഞു: “ദാവീദേ, ഞങ്ങള്‍ അങ്ങയുടെ പക്ഷത്താണ്! യിശ്ശായിപുത്രാ, ഞങ്ങള്‍ അങ്ങയുടെ കൂടെയുണ്ട്! സമാധാനം, അങ്ങേക്കു സമാധാനം അങ്ങയുടെ സഹായികള്‍ക്കും സമാധാനം, ദൈവമാണല്ലോ അങ്ങയുടെ സഹായി.” ദാവീദ് അവരെ സ്വീകരിച്ചു സൈന്യത്തിന്‍റെ നായകന്മാരാക്കി. ദാവീദ് ഫെലിസ്ത്യരോടു ചേര്‍ന്നു ശൗലിനെതിരെ യുദ്ധത്തിനു പുറപ്പെട്ടപ്പോള്‍ മനശ്ശെഗോത്രത്തില്‍പ്പെട്ട ചിലരും ദാവീദിന്‍റെ കൂടെ ചേര്‍ന്നു. എന്നാല്‍ ദാവീദ് ഫെലിസ്ത്യരെ സഹായിച്ചില്ല. കാരണം ഫെലിസ്ത്യപ്രഭുക്കന്മാര്‍ തമ്മില്‍ ആലോചിച്ചു പറഞ്ഞു: “ദാവീദ് അവന്‍റെ യജമാനന്‍റെ പക്ഷത്തു വീണ്ടും ചേരും; നമ്മള്‍ അപകടത്തിലാകുകയും ചെയ്യും.” അങ്ങനെ പറഞ്ഞ് അവര്‍ അവനെ മടക്കി അയച്ചു. ദാവീദ് സിക്ലാഗില്‍ മടങ്ങിയെത്തിയപ്പോള്‍ മനശ്ശെഗോത്രക്കാരനായ അദ്നാഹ്, യോസാബാദ്, യെദീയയേല്‍, മീഖായേല്‍, യോസാബാദ്, എലീഹൂ, സില്ലെഥായി എന്നീ സഹസ്രാധിപന്മാര്‍ അവനോടു ചേര്‍ന്നു. ധീരന്മാരും സേനാനായകന്മാരുമായ അവര്‍ കവര്‍ച്ചക്കാര്‍ക്കെതിരെ ദാവീദിനെ സഹായിച്ചു. ദാവീദിനെ സഹായിക്കാന്‍ ദിനംപ്രതി ആളുകള്‍ അവന്‍റെ അടുക്കല്‍ വന്നുകൊണ്ടിരുന്നു. അങ്ങനെ അവന്‍റെ സൈന്യം ദൈവത്തിന്‍റെ സൈന്യംപോലെ വലുതായിത്തീര്‍ന്നു. സര്‍വേശ്വരന്‍റെ കല്പനപ്രകാരം ശൗലിന്‍റെ രാജത്വം ദാവീദിനു ലഭിക്കുന്നതിനുവേണ്ടി, യുദ്ധസന്നദ്ധരായി ഹെബ്രോനില്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍വന്ന സേനാവിഭാഗങ്ങളുടെ കണക്ക്: പരിചയും കുന്തവുമെടുത്തു യുദ്ധംചെയ്യാന്‍ പ്രാപ്തരായ യെഹൂദ്യര്‍ ആറായിരത്തി എണ്ണൂറ്. ശിമെയോന്യരില്‍ യുദ്ധവീരന്മാര്‍ ഏഴായിരത്തി ഒരുനൂറ്. ലേവ്യര്‍ നാലായിരത്തിഅറുനൂറ്. അഹരോന്‍റെ വംശജരില്‍ പ്രമുഖനായ യെഹോയാദയും, കൂടെ മൂവായിരത്തി എഴുനൂറു പേരും. പരാക്രമശാലിയും യുവാവുമായ സാദോക്കും അയാളുടെ കുടുംബത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാരും. ശൗലിന്‍റെ ചാര്‍ച്ചക്കാരും ബെന്യാമീന്‍ഗോത്രത്തില്‍പ്പെട്ടവരുമായ മൂവായിരം പേര്‍. അവരില്‍ ഭൂരിഭാഗവും അതുവരെ ശൗലിന്‍റെ കുടുംബത്തിന്‍റെ കൂടെ ആയിരുന്നു. എഫ്രയീംഗോത്രത്തില്‍നിന്ന് ഇരുപതിനായിരത്തി എണ്ണൂറു പേര്‍; അവര്‍ വീരപരാക്രമികളും തങ്ങളുടെ പിതൃഭവനങ്ങളില്‍ പ്രസിദ്ധരുമായിരുന്നു. മനശ്ശെയുടെ പകുതി ഗോത്രക്കാര്‍ പതിനെണ്ണായിരം പേര്‍; ദാവീദിനെ രാജാവായി വാഴിക്കുന്നതിന് ഇവരെ ആയിരുന്നു നിയോഗിച്ചത്. ഇസ്സാഖാര്‍ഗോത്രത്തില്‍നിന്ന് ഇരുനൂറു നേതാക്കന്മാരും അവരുടെ നിയന്ത്രണത്തിലുള്ള ജനങ്ങളും. ഇവര്‍ ജ്ഞാനികളും ഇസ്രായേല്‍ കാലാകാലങ്ങളില്‍ എന്താണു ചെയ്യേണ്ടതെന്ന് അറിവുള്ളവരും ആയിരുന്നു. സെബൂലൂന്‍ഗോത്രത്തില്‍നിന്നു വിശ്വസ്തരും യുദ്ധസന്നദ്ധരുമായ അമ്പതിനായിരം പേര്‍; സകലവിധ ആയുധങ്ങളും പ്രയോഗിക്കുന്നതില്‍ അവര്‍ക്കു പരിശീലനം ലഭിച്ചിരുന്നു. നഫ്താലിഗോത്രത്തില്‍നിന്ന് ആയിരം നേതാക്കന്മാരും പരിചയും കുന്തവും ധരിച്ച മുപ്പത്തി ഏഴായിരം പേരും. ദാന്‍ഗോത്രത്തില്‍നിന്നു യുദ്ധസന്നദ്ധരായ ഇരുപത്തെണ്ണായിരത്തി അറുനൂറു പേര്‍. ആശേര്‍ഗോത്രത്തില്‍നിന്നു യുദ്ധസന്നദ്ധരായ നാല്പതിനായിരം പേര്‍. യോര്‍ദ്ദാന്‍റെ കിഴക്കേ കരയില്‍ നിന്നു രൂബേന്‍, ഗാദ് ഗോത്രങ്ങളിലും മനശ്ശെയുടെ പകുതിഗോത്രത്തിലുംനിന്നു സകലവിധ ആയുധങ്ങളും പ്രയോഗിക്കുന്നതിനു പരിശീലനം ലഭിച്ച ഒരു ലക്ഷത്തി ഇരുപതിനായിരം പേര്‍. ദാവീദിനെ മുഴുവന്‍ ഇസ്രായേലിന്‍റെയും രാജാവായി വാഴിക്കണമെന്നുള്ള ദൃഢനിശ്ചയത്തോടുകൂടി യുദ്ധസന്നദ്ധരായ ഈ യോദ്ധാക്കളെല്ലാം ഹെബ്രോനിലേക്കു പോയി; ഇസ്രായേലിലെ മറ്റു ജനങ്ങളും ദാവീദിനെ രാജാവാക്കുന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരായിരുന്നു. തങ്ങളുടെ ചാര്‍ച്ചക്കാര്‍ തയ്യാറാക്കിയിരുന്ന ഭക്ഷണപാനീയങ്ങള്‍ കഴിച്ചുകൊണ്ട് അവര്‍ മൂന്നു ദിവസം ദാവീദിന്‍റെ കൂടെ പാര്‍ത്തു. സമീപസ്ഥരും രാജ്യത്തിന്‍റെ വടക്കുഭാഗത്തു വസിച്ചിരുന്ന ഇസ്സാഖാര്‍, സെബൂലൂന്‍, നഫ്താലിഗോത്രങ്ങളില്‍പ്പെട്ട ജനങ്ങളും കഴുത, ഒട്ടകം, കോവര്‍കഴുത, കാള ഇവയുടെമേല്‍ കയറ്റി ഭക്ഷണപദാര്‍ഥങ്ങള്‍ ധാരാളമായി കൊണ്ടുവന്നു. അവര്‍ കൊണ്ടുവന്ന മാവ്, അത്തിപ്പഴം, ഉണക്കമുന്തിരി, വീഞ്ഞ്, എണ്ണ എന്നീ സാധനങ്ങളും കാള, ആട് എന്നിവയും ഇസ്രായേല്‍ജനത്തിന്‍റെ ആഹ്ലാദത്തിന്‍റെ സൂചകമായിരുന്നു. ദാവീദ് എല്ലാ സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ആലോചിച്ചു. പിന്നീട് ഇസ്രായേല്‍സഭ മുഴുവനോടും പറഞ്ഞു: “ഞാന്‍ പറയുന്നതു നിങ്ങള്‍ക്കു സമ്മതവും നമ്മുടെ ദൈവമായ സര്‍വേശ്വരനു ഹിതവുമെങ്കില്‍ ഇസ്രായേല്‍ദേശത്തെല്ലാടവുമുള്ള നമ്മുടെ മറ്റു സഹോദരന്മാരെയും മേച്ചില്‍സ്ഥലങ്ങളോടുകൂടിയ പട്ടണങ്ങളില്‍ പാര്‍ക്കുന്ന പുരോഹിതന്മാരെയും ആളയച്ചു വരുത്തി നമ്മുടെ ദൈവത്തിന്‍റെ പെട്ടകം നമ്മുടെ അടുക്കല്‍ മടക്കിക്കൊണ്ടുവരണം. ശൗലിന്‍റെ കാലത്തു നാം അതിനെ അവഗണിച്ചു.” ഈ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. അങ്ങനെയാകട്ടെ എന്ന് എല്ലാവരും പറഞ്ഞു. അങ്ങനെ ദൈവത്തിന്‍റെ പെട്ടകം കിര്യത്ത്-യെയാരീമില്‍നിന്നു കൊണ്ടുവരുന്നതിന് ഈജിപ്തിലെ ശീഹോര്‍മുതല്‍ ഹാമാത്ത് പ്രദേശംവരെയുള്ള സകല ഇസ്രായേല്യരെയും ദാവീദ് വിളിച്ചുകൂട്ടി. കെരൂബുകളുടെമേല്‍ സിംഹാസനാരൂഢനായിരിക്കുന്ന സര്‍വേശ്വരന്‍റെ നാമം ഉള്ള ദൈവത്തിന്‍റെ പെട്ടകം കൊണ്ടുവരാന്‍ ദാവീദും ഇസ്രായേല്യരും യെഹൂദ്യയിലുള്ള കിര്യത്ത്-യെയാരീമിലെ ബാലായിലേക്കു പോയി. അബീനാദാബിന്‍റെ ഭവനത്തില്‍നിന്നു ദൈവത്തിന്‍റെ പെട്ടകം എടുത്ത് അവര്‍ ഒരു പുതിയ വണ്ടിയില്‍ കയറ്റി. ഉസ്സയും അഹിയോവുമായിരുന്നു വണ്ടി തെളിച്ചത്. ദാവീദും സകല ഇസ്രായേല്യരും ഉല്ലാസത്തിമര്‍പ്പോടെ നൃത്തം ചെയ്തു; കിന്നരം, വീണ, തപ്പ്, കൈത്താളം, കാഹളം തുടങ്ങിയ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് അവര്‍ സര്‍വശക്തിയോടുംകൂടി ദൈവസന്നിധിയില്‍ ഗാനങ്ങള്‍ ആലപിച്ചു. അവര്‍ കീദോന്‍ മെതിക്കളത്തിനു സമീപം എത്തിയപ്പോള്‍ കാളയുടെ കാലിടറിയതിനാല്‍ പെട്ടകം താങ്ങിപ്പിടിക്കാന്‍ ഉസ്സ കൈ നീട്ടി. അപ്പോള്‍ സര്‍വേശ്വരന്‍റെ കോപം അവനെതിരെ ജ്വലിച്ചു; പെട്ടകത്തെ തൊടാന്‍ ഒരുങ്ങിയതുകൊണ്ട് അവന്‍ ദൈവസന്നിധിയില്‍ മരിച്ചുവീണു. ഉസ്സയെ സര്‍വേശ്വരന്‍ ശിക്ഷിച്ചതിനാല്‍ ദാവീദിനു കോപം ഉണ്ടായി; ആ സ്ഥലം പേരെസ്-ഉസ്സ എന്ന പേരില്‍ ഇന്നും അറിയപ്പെടുന്നു. അന്നു ദാവീദ് ദൈവത്തെ വല്ലാതെ ഭയപ്പെട്ടു. അദ്ദേഹം പറഞ്ഞു: “ഞാന്‍ ദൈവത്തിന്‍റെ പെട്ടകം എങ്ങനെ എന്‍റെ കൂടെ കൊണ്ടുപോകും?” അതിനാല്‍ പെട്ടകം ദാവീദിന്‍റെ പട്ടണത്തിലേക്കു കൊണ്ടുപോകാതെ ഗിത്യനായ ഓബേദ്-എദോമിന്‍റെ ഭവനത്തില്‍ കൊണ്ടുചെന്നു വച്ചു. ദൈവത്തിന്‍റെ പെട്ടകം മൂന്നുമാസം ഓബേദ്-എദോമിന്‍റെ ഭവനത്തിലായിരുന്നു. സര്‍വേശ്വരന്‍ അയാളുടെ കുടുംബത്തെയും അയാള്‍ക്കുള്ള സകലതിനെയും അനുഗ്രഹിച്ചു. സോര്‍രാജാവായ ഹീരാം ദാവീദിന്‍റെ അടുക്കല്‍ ദൂതന്മാരെ അയച്ചു; അയാള്‍ കൊട്ടാരം പണിയുന്നതിനാവശ്യമായ ദേവദാരു മരത്തോടൊപ്പം മരപ്പണിക്കാരെയും കല്പണിക്കാരെയും അയച്ചുകൊടുത്തു. ഇസ്രായേലിന്‍റെ രാജാവായി സര്‍വേശ്വരന്‍ തന്നെ സ്ഥിരപ്പെടുത്തിയിരിക്കുകയാണെന്നും സ്വജനമായ ഇസ്രായേല്യര്‍ നിമിത്തം തന്‍റെ രാജത്വം ഉന്നതി പ്രാപിച്ചു എന്നും ദാവീദു മനസ്സിലാക്കി. യെരൂശലേമില്‍ വന്നതിനുശേഷവും ദാവീദ് ഭാര്യമാരെ സ്വീകരിച്ചു. അദ്ദേഹത്തിനു പിന്നെയും പുത്രീപുത്രന്മാര്‍ ജനിച്ചു. യെരൂശലേമില്‍വച്ചു ദാവീദിനു ജനിച്ച മക്കള്‍ ഇവരായിരുന്നു: ശമ്മൂവ, ശോബാബ്, നാഥാന്‍, ശലോമോന്‍, ഇബ്ഹാര്‍, എലീശുവാ, എല്‍പേലെത്ത്, നോഗഹ്, [6,7] നേഫെഗ്, യാഫീയ, എലീശാമ, ബെല്യാദാ, എലീഫേലെത്ത്. *** ദാവീദ് ഇസ്രായേല്‍രാജാവായി വാഴിക്കപ്പെട്ടു എന്നു കേട്ടപ്പോള്‍ ഫെലിസ്ത്യര്‍ അദ്ദേഹത്തെ ആക്രമിക്കാന്‍ പുറപ്പെട്ടു. ഈ വിവരം അറിഞ്ഞ് ദാവീദും യുദ്ധത്തിനൊരുങ്ങി. ഫെലിസ്ത്യര്‍ രെഫായീംതാഴ്വര ആക്രമിച്ചു. അപ്പോള്‍ ദാവീദ് സര്‍വേശ്വരനോട് “ഫെലിസ്ത്യരെ ഞാന്‍ എതിരിടണമോ? അവരെ എന്‍റെ കൈയില്‍ ഏല്പിക്കുമോ?” എന്നു ചോദിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “പുറപ്പെടുക, ഫെലിസ്ത്യരെ നിന്‍റെ കൈയില്‍ ഞാന്‍ ഏല്പിച്ചിരിക്കുന്നു.” ദാവീദ് ബാല്‍-പെരാസീമിലേക്കു പുറപ്പെട്ടു; അവിടെവച്ച് അവരെ തോല്പിച്ചു. “പെരുവെള്ളപ്പാച്ചില്‍ കൊണ്ടെന്നപോലെ സര്‍വേശ്വരന്‍ എന്‍റെ മുമ്പില്‍ ശത്രുക്കളെ ചിതറിച്ചു” എന്നു ദാവീദ് പറഞ്ഞു. അങ്ങനെ ആ സ്ഥലത്തിനു ബാല്‍പെരാസീം എന്നു പേരുണ്ടായി. ഫെലിസ്ത്യര്‍ തങ്ങളുടെ ദേവവിഗ്രഹങ്ങള്‍ ഉപേക്ഷിച്ച് ഓടിപ്പോയി. ദാവീദിന്‍റെ കല്പനയനുസരിച്ച് അവ അഗ്നിക്കിരയാക്കി. ഫെലിസ്ത്യര്‍ വീണ്ടും താഴ്വര ആക്രമിച്ചു. അപ്പോഴും ദാവീദ് സര്‍വേശ്വരന്‍റെ ഹിതം അന്വേഷിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “നീ അവരെ പിന്തുടരാതെ മറുവഴി ചെന്നു ബാള്‍സാമരങ്ങളുടെ സമീപത്തുവച്ച് അവരെ ആക്രമിക്കുക. പടനീക്കത്തിന്‍റെ ശബ്ദം ബാള്‍സാമരത്തലപ്പുകളുടെ മുകളിലൂടെ കേള്‍ക്കുമ്പോള്‍ അവര്‍ക്കെതിരെ പടയ്‍ക്ക് പുറപ്പെടുക. ഫെലിസ്ത്യസൈന്യത്തെ തോല്പിക്കാന്‍ ഞാന്‍ നിങ്ങള്‍ക്കു മുമ്പേ പുറപ്പെട്ടിരിക്കുന്നു.” ദൈവം കല്പിച്ചതുപോലെ ദാവീദ് പ്രവര്‍ത്തിച്ചു. ഗിബെയോന്‍മുതല്‍ ഗേസെര്‍വരെ ഫെലിസ്ത്യരെ കൊന്നൊടുക്കി. ദാവീദിന്‍റെ കീര്‍ത്തി സകല ദേശങ്ങളിലും പരന്നു. സകല ജനതകളും അദ്ദേഹത്തെ ഭയപ്പെടാന്‍ സര്‍വേശ്വരന്‍ ഇടയാക്കി. ദാവീദിന്‍റെ നഗരം എന്നറിയപ്പെടുന്ന യെരൂശലേമില്‍ അദ്ദേഹം തനിക്കായി കൊട്ടാരങ്ങള്‍ പണിതു. ദൈവത്തിന്‍റെ പെട്ടകം സ്ഥാപിക്കാന്‍ ഒരു സ്ഥലം ഒരുക്കി. അതിന് ഒരു കൂടാരം നിര്‍മ്മിച്ചു. പിന്നീട് ദാവീദു പറഞ്ഞു: “ലേവ്യര്‍ മാത്രമേ പെട്ടകം ചുമക്കാവൂ; പെട്ടകം ചുമക്കാനും തനിക്കു ശുശ്രൂഷ ചെയ്യാനും സര്‍വേശ്വരന്‍ അവരെയാണല്ലോ നിയമിച്ചിരിക്കുന്നത്.” പെട്ടകം സ്ഥാപിക്കാന്‍ ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്ക് അതു കൊണ്ടുവരുന്നതിനു ദാവീദ് സകല ഇസ്രായേല്യരെയും യെരൂശലേമില്‍ വിളിച്ചുകൂട്ടി. അഹരോന്‍റെ പുത്രന്മാരെയും ലേവ്യരെയും വിളിച്ചു വരുത്തിയിരുന്നു. ലേവ്യഗോത്രത്തില്‍നിന്നു വന്നവര്‍: കെഹാത്യകുലത്തില്‍പ്പെട്ട നൂറ്റിരുപതു പേരും അവരുടെ നേതാവായ ഊരിയേലും; മെരാരികുലത്തില്‍പ്പെട്ട ഇരുനൂറ്റി ഇരുപതു പേരും അവരുടെ നേതാവായ അസായായും; ഗേര്‍ശോംകുലത്തില്‍പ്പെട്ട നൂറ്റിമുപ്പതു പേരും അവരുടെ നേതാവായ യോവേലും; എലീസാഫാന്‍കുലത്തില്‍പ്പെട്ട ഇരുനൂറു പേരും അവരുടെ നേതാവായ ശെമയ്യായും; ഹെബ്രോന്‍കുലത്തില്‍പ്പെട്ട എണ്‍പതു പേരും അവരുടെ നേതാവായ എലീയേലും; ഉസ്സീയേല്‍കുലത്തില്‍പ്പെട്ട നൂറ്റിപന്ത്രണ്ടു പേരും അവരുടെ നേതാവായ അമ്മീനാദാബും. സാദോക്ക്, അബ്യാഥാര്‍ എന്നീ പുരോഹിതന്മാരെയും ഊരിയേല്‍, അസായാ, യോവേല്‍, ശെമയ്യാ, എലീയേല്‍, അമ്മീനാദാബ് എന്നീ ലേവ്യരെയും ദാവീദ് വിളിപ്പിച്ചു. അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങള്‍ ലേവ്യരുടെ പിതൃഭവനത്തലവന്മാര്‍ ആണല്ലോ. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ പെട്ടകം കൊണ്ടുവന്ന് അതിനുവേണ്ടി ഞാന്‍ ഒരുക്കിയിരിക്കുന്ന സ്ഥലത്തു സ്ഥാപിക്കാന്‍ നിങ്ങളും സഹോദരന്മാരും നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക. ആദ്യം അതു ചുമന്നത് നിങ്ങള്‍ അല്ലല്ലോ. വിധിപ്രകാരം അന്നു പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ സര്‍വേശ്വരന്‍ നമ്മെ ശിക്ഷിച്ചു.” പിന്നീട്, ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ പെട്ടകം കൊണ്ടുവരാന്‍ പുരോഹിതന്മാരും ലേവ്യരും സ്വയം ശുദ്ധീകരിച്ചു. മോശയിലൂടെ സര്‍വേശ്വരന്‍ കല്പിച്ചിരുന്നതുപോലെ പെട്ടകം തണ്ടിന്മേലേറ്റി ലേവ്യര്‍ ചുമന്നു. പിന്നീട് വീണ, കിന്നരം, കൈത്താളം എന്നീ വാദ്യോപകരണങ്ങള്‍ ഉച്ചത്തില്‍ ധ്വനിപ്പിച്ച് സന്തോഷാരവം മുഴക്കാന്‍ ലേവ്യരെ ചുമതലപ്പെടുത്തുന്നതിനു ദാവീദ് ലേവ്യകുലത്തലവന്മാരോട് ആജ്ഞാപിച്ചു. യോവേലിന്‍റെ പുത്രന്‍ ഹേമാന്‍, അവന്‍റെ ചാര്‍ച്ചക്കാരനും ബേരെഖ്യായുടെ പുത്രനുമായ ആസാഫ്, മെരാരികുലത്തിലെ കൂശായുടെ പുത്രന്‍ ഏഥാന്‍ എന്നിവരെ ലേവ്യര്‍ നിയമിച്ചു. അവരെ സഹായിക്കുന്നതിനു തങ്ങളുടെ ചാര്‍ച്ചക്കാരായ സെഖര്യാ, യാസീയേല്‍, ശെമീരാമോത്ത്, യെഹീയേല്‍, ഉന്നി, എലീയാബ്, ബെനായാ, മയസേയാ, മത്ഥിഥ്യാ, എലീഫെലേഹൂ, മിക്നേയാ എന്നിവരെയും വാതില്‍ കാവല്‌ക്കാരായി ഓബേദ്-എദോം, യെയീയേല്‍ എന്നിവരെയും നിയമിച്ചു. ഗായകരായ ഹേമാന്‍, ആസാഫ്, ഏഥാന്‍ എന്നിവര്‍ ഓടുകൊണ്ടുള്ള ഇലത്താളങ്ങള്‍ കൊട്ടി. സെഖര്യാ, അസീയേല്‍, ശെമീരാമോത്ത്, യെഹീയേല്‍, ഉന്നി, എലീയാബ്, മയസേയാ, ബെനായാ എന്നിവര്‍ അലാമോത്ത് രാഗത്തില്‍ വീണവായിച്ചു. മത്ഥിഥ്യാ, എലീഫെലേഹൂ, മിക്നേയാ, ഓബേദ്-എദോം, യെയീയേല്‍, അസസ്യാ എന്നിവര്‍ ശെമീനീത്ത് രാഗത്തില്‍ കിന്നരം വായിച്ചു. ലേവ്യനായ കെനന്യാ ഗാനനിപുണനായിരുന്നതുകൊണ്ട് അവനെ ഗായകസംഘത്തിന്‍റെ നേതാവായി നിയമിച്ചു. ബേരെഖ്യായും എല്‌ക്കാനയും ആയിരുന്നു പെട്ടകത്തിന്‍റെ കാവല്‌ക്കാര്‍. പുരോഹിതന്മാരായ ശെബന്യാ, യോശാഫാത്ത്, നെഥനയേല്‍, അമാസായി, സെഖര്യാ, ബെനായാ, എലെയാസാര്‍ എന്നിവര്‍ ദൈവത്തിന്‍റെ പെട്ടകത്തിനു മുമ്പില്‍ കാഹളം ഊതി; ഓബേദ്-എദോം, യെഹീയാ എന്നിവരും പെട്ടകത്തിന്‍റെ കാവല്‌ക്കാരായിരുന്നു. ഓബേദ്-എദോമിന്‍റെ ഭവനത്തില്‍നിന്നു നിയമപെട്ടകം കൊണ്ടുവരാന്‍ ദാവീദും, ഇസ്രായേല്‍നേതാക്കന്മാരും സഹസ്രാധിപന്മാരും ആഹ്ലാദപൂര്‍വം പുറപ്പെട്ടു. നിയമപെട്ടകം ചുമന്നുകൊണ്ടുവരുന്ന ലേവ്യരെ ദൈവം സഹായിച്ചതിനാല്‍ ഏഴു കാളകളെയും ഏഴു മുട്ടാടുകളെയും അവര്‍ യാഗം അര്‍പ്പിച്ചു. ദാവീദും പെട്ടകം വഹിച്ചിരുന്ന ലേവ്യരും ഗായകസംഘവും ഗായകസംഘത്തിന്‍റെ നേതാവായ കെനന്യായും നേര്‍ത്ത ലിനന്‍വസ്ത്രം ധരിച്ചിരുന്നു. ദാവീദ് ലിനന്‍കൊണ്ടുള്ള ഏഫോദ് ധരിച്ചിരുന്നു. ഇസ്രായേല്‍ജനം ആര്‍പ്പുവിളിയോടും കാഹളം, കുഴല്‍, ഇലത്താളം, കിന്നരം, വീണ എന്നീ വാദ്യങ്ങളുടെ ഘോഷത്തോടുംകൂടി സര്‍വേശ്വരന്‍റെ നിയമപെട്ടകം കൊണ്ടുവന്നു. പെട്ടകം ദാവീദിന്‍റെ നഗരത്തിലെത്തിയപ്പോള്‍ ശൗലിന്‍റെ മകള്‍ മീഖള്‍, ദാവീദുരാജാവ് നൃത്തം ചെയ്ത് ആഹ്ലാദിക്കുന്നതു ജനാലയിലൂടെ കണ്ടു; അവള്‍ രാജാവിനെ മനസ്സാ നിന്ദിച്ചു. അവര്‍ ദൈവത്തിന്‍റെ പെട്ടകം കൊണ്ടു വന്നു ദാവീദ് തയ്യാറാക്കിയിരുന്ന കൂടാരത്തില്‍ വച്ചു. പിന്നീട് അവര്‍ ദൈവസന്നിധിയില്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു. അതിനുശേഷം ദാവീദ് സര്‍വേശ്വരന്‍റെ നാമത്തില്‍ ജനത്തെ ആശീര്‍വദിച്ചു. സ്‍ത്രീപുരുഷഭേദമെന്യേ ഇസ്രായേല്‍ജനത്തില്‍ ഓരോരുത്തര്‍ക്കും ഓരോ അപ്പവും ഓരോ കഷണം മാംസവും ഓരോ മുന്തിരിയടയും കൊടുത്തു. സര്‍വേശ്വരന്‍റെ പെട്ടകത്തിനു മുമ്പില്‍ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനു ശുശ്രൂഷ ചെയ്യാനും അവിടുത്തെ നാമം വിളിച്ചപേക്ഷിക്കാനും സ്തുതിസ്തോത്രങ്ങള്‍ അര്‍പ്പിക്കാനുമായി ദാവീദ് ഏതാനും ലേവ്യരെ നിയമിച്ചു. അവരില്‍ ആസാഫ് ആയിരുന്നു പ്രമുഖന്‍. അയാള്‍ക്കു സഹായികളായി സെഖര്യാ, യെയീയേല്‍, ശെമീരാമോത്ത്, യെഹീയേല്‍, മത്ഥിഥ്യാ, എലീയാബ്, ബെനായാ, ഓബേദ്-എദോം, യെയീയേല്‍ എന്നിവരെ വീണയും കിന്നരവും വായിക്കാനും ആസാഫിനെ ഇലത്താളം കൊട്ടാനും നിയമിച്ചു. പുരോഹിതന്മാരായ ബെനായായും യെഹസീയേലും ദൈവത്തിന്‍റെ ഉടമ്പടിപ്പെട്ടകത്തിനു മുമ്പില്‍ ഇടവിടാതെ കാഹളം ഊതാന്‍ നിയോഗിക്കപ്പെട്ടു. സര്‍വേശ്വരനു സ്തോത്രഗീതം ആലപിക്കാന്‍ ദാവീദ് അന്നുതന്നെ ആസാഫിനെയും സഹോദരന്മാരെയും ചുമതലപ്പെടുത്തി. സര്‍വേശ്വരനു സ്തോത്രമര്‍പ്പിക്കുവിന്‍, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍, ജനതകളുടെ ഇടയില്‍ അവിടുത്തെ പ്രവൃത്തികള്‍ പ്രഘോഷിക്കുവിന്‍! അവിടുത്തേക്ക് സ്തോത്രഗാനം ആലപിക്കുവിന്‍, അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ വര്‍ണിക്കുവിന്‍! അവിടുത്തെ പരിശുദ്ധനാമത്തില്‍ അഭിമാനം കൊള്ളുവിന്‍; സര്‍വേശ്വരനെ ആരാധിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ! സര്‍വേശ്വരനെ ആരാധിക്കുവിന്‍, അവിടുത്തെ ശക്തിയില്‍ ആശ്രയിക്കുവിന്‍! അവിടുത്തെ സാന്നിധ്യം നിരന്തരം തേടുവിന്‍! അവിടുത്തെ ദാസനായ അബ്രഹാമിന്‍റെ സന്തതികളേ, അവിടുന്നു തിരഞ്ഞെടുത്ത യാക്കോബിന്‍റെ സന്തതികളേ, അവിടുന്നു ചെയ്ത അദ്ഭുതപ്രവൃത്തികളെ ഓര്‍ക്കുവിന്‍, അവിടുത്തെ അടയാളങ്ങളും ന്യായവിധികളും തന്നെ. സര്‍വേശ്വരനാണ് നമ്മുടെ ദൈവം അവിടുത്തെ ന്യായവിധി ഭൂമി മുഴുവനും ബാധകമാണ്. അവിടുന്നു തന്‍റെ ഉടമ്പടി എന്നും പാലിക്കും തന്‍റെ വാഗ്ദാനം ഒരിക്കലും മറക്കുകയില്ല. അബ്രഹാമിനോടു ചെയ്ത ഉടമ്പടിയും ഇസ്ഹാക്കിനോടു ചെയ്ത പ്രതിജ്ഞയും തന്നെ അതു യാക്കോബിന് ഒരു ചട്ടമായും ഇസ്രായേലിനു ശാശ്വത ഉടമ്പടിയായും ഉറപ്പിച്ചു. “കനാന്‍ദേശം ഞാന്‍ നിനക്ക് അവകാശമായി തരും” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്തു. അന്ന് അവര്‍ എണ്ണത്തില്‍ കുറഞ്ഞവരും നിസ്സാരരും പരദേശികളും ആയിരുന്നു. ദേശം വിട്ടു മറ്റു ദേശത്തേക്കും രാജ്യം വിട്ടു മറ്റു രാജ്യത്തേക്കും അലഞ്ഞുനടന്നു അവരെ പീഡിപ്പിക്കാന്‍ ആരെയും അവിടുന്നു അനുവദിച്ചില്ല. അവര്‍ക്കുവേണ്ടി രാജാക്കന്മാരെ അവിടുന്നു ശാസിച്ചു: “എന്‍റെ അഭിഷിക്തരെ തൊടരുത്, എന്‍റെ പ്രവാചകരെ ഉപദ്രവിക്കരുത്” എന്ന് അവിടുന്ന് അരുളിച്ചെയ്തു. സര്‍വഭൂതലമേ, സര്‍വേശ്വരനു സ്തുതി പാടുക അവിടുന്നു രക്ഷകനെന്നു ദിനംതോറും പ്രഘോഷിക്കുവിന്‍; അവിടുത്തെ മഹത്ത്വം ജനതകളുടെ ഇടയില്‍ വിളംബരം ചെയ്യുവിന്‍ അന്യജനതകളുടെ ഇടയില്‍ അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ പ്രഘോഷിക്കുവിന്‍. കാരണം സര്‍വേശ്വരന്‍ വലിയവന്‍, അവിടുന്ന് ഏറ്റവും സ്തുത്യനും അര്‍ഹനുമാകുന്നു. സകല ദേവന്മാരെയുംകാള്‍ ഭയഭക്തിക്കര്‍ഹനുമാണ്. ജനതകളുടെ ദേവന്മാരോ വിഗ്രഹങ്ങള്‍ മാത്രം എന്നാല്‍ സര്‍വേശ്വരനാണ് ആകാശത്തെ സൃഷ്‍ടിച്ചത്. മഹത്ത്വവും തേജസ്സും തിരുമുമ്പിലുണ്ട്. ബലവും ആനന്ദവും അവിടുത്തെ വാസസ്ഥലത്തുണ്ട്. ജനപദങ്ങളേ, സര്‍വേശ്വരനെ മഹത്ത്വപ്പെടുത്തുവിന്‍ അവിടുത്തെ മഹത്ത്വവും ശക്തിയും പ്രഘോഷിക്കുവിന്‍! സര്‍വേശ്വരന്‍റെ നാമം എത്ര മഹിമയേറിയതെന്നു ഉദ്ഘോഷിക്കുവിന്‍. കാഴ്ചകളുമായി തിരുമുമ്പില്‍ ചെല്ലുവിന്‍. വിശുദ്ധ വസ്ത്രാലങ്കാരത്തോടെ അവിടുത്തെ ആരാധിക്കുവിന്‍. സര്‍വഭൂവാസികളും അവിടുത്തെ മുമ്പില്‍ വിറയ്‍ക്കട്ടെ. ഭൂലോകം ഇളകാത്തവിധം ഉറച്ചുനില്‌ക്കുന്നു. ആകാശം ആഹ്ലാദിക്കട്ടെ! ഭൂമി ആനന്ദിക്കട്ടെ! “സര്‍വേശ്വരന്‍ വാഴുന്നു” എന്നു ജനതകളുടെ ഇടയില്‍ അവ പ്രഘോഷിക്കട്ടെ. സമുദ്രവും അതിലുള്ള സര്‍വവും ആര്‍ത്തുഘോഷിക്കട്ടെ; വയലും അതിലുള്ള സകലവും സന്തോഷിക്കട്ടെ. അന്ന് വനത്തിലെ മരങ്ങള്‍ സര്‍വേശ്വരസന്നിധിയില്‍ ആനന്ദഗീതം ആലപിക്കും. അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നുവല്ലോ. സര്‍വേശ്വരനു സ്തോത്രമര്‍പ്പിക്കുക അവിടുന്നു നല്ലവനാണല്ലോ; അവിടുത്തെ സ്നേഹം ശാശ്വതമാണല്ലോ. ഞങ്ങളുടെ രക്ഷകനായ ദൈവമേ, ഞങ്ങളെ വിടുവിക്കണമേ; ജനതകളുടെ ഇടയില്‍നിന്നു ഞങ്ങളെ ഒരുമിച്ചുകൂട്ടി മോചിപ്പിക്കണമേ! അവിടുത്തെ വിശുദ്ധനാമം വാഴ്ത്തി പുകഴ്ത്തുന്നതില്‍ ഞങ്ങള്‍ അഭിമാനംകൊള്ളട്ടെ. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ എന്നും എന്നേക്കും വാഴ്ത്തപ്പെടട്ടെ. ജനങ്ങളെല്ലാം ആമേന്‍ എന്നു പറഞ്ഞു സര്‍വേശ്വരനെ സ്തുതിച്ചു. സര്‍വേശ്വരന്‍റെ പെട്ടകത്തിനു മുമ്പില്‍ ദിനംതോറുമുള്ള ആരാധന യഥാവിധി അനുഷ്ഠിക്കാന്‍ ദാവീദ് ആസാഫിനെയും അയാളുടെ സഹോദരന്മാരെയും നിയമിച്ചു. അവരോടൊപ്പം ഓബേദ്-എദോമിനെയും അയാളുടെ ചാര്‍ച്ചക്കാരായ അറുപത്തെട്ടു പേരെയും നിയമിച്ചിരുന്നു. യെദൂഥൂന്‍റെ പുത്രന്‍ ഓബേദ്-എദോമും ഹോസയും വാതില്‍ കാക്കേണ്ടിയിരുന്നു. പുരോഹിതന്മാരായ സാദോക്കും അയാളുടെ സഹോദരന്മാരും ഗിബെയോനിലെ പൂജാഗിരിയില്‍ സര്‍വേശ്വരന്‍റെ തിരുസാന്നിധ്യകൂടാരത്തിനു മുമ്പില്‍ ശുശ്രൂഷ ചെയ്യുന്നതിനു നിയമിക്കപ്പെട്ടു. സര്‍വേശ്വരന്‍ ഇസ്രായേലിനു നല്‌കിയിരുന്ന ധര്‍മശാസ്ത്രത്തില്‍ രേഖപ്പെടുത്തിയിരുന്നതനുസരിച്ചു മുടങ്ങാതെ എല്ലാ ദിവസവും രാവിലെയും വൈകിട്ടും യാഗപീഠത്തിന്മേല്‍ അവര്‍ സര്‍വേശ്വരനു ഹോമയാഗം അര്‍പ്പിച്ചു. അവരോടൊപ്പം ഹേമാന്‍, യെദൂഥൂന്‍ എന്നിവരും സര്‍വേശ്വരന്‍റെ സുസ്ഥിരസ്നേഹത്തെ പ്രകീര്‍ത്തിക്കാന്‍ പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ടവരും ഉണ്ടായിരുന്നു. ആരാധനാഗീതത്തിന് കാഹളം, ഇലത്താളം തുടങ്ങിയവ ധ്വനിപ്പിച്ചിരുന്നതു ഹേമാനും യെദൂഥൂനും ആയിരുന്നു. വാതില്‍കാവല്‌ക്കാരായി നിയോഗിക്കപ്പെട്ടിരുന്നത് യെദൂഥൂന്‍റെ പുത്രന്മാരായിരുന്നു. പിന്നീട് സര്‍വജനങ്ങളും അവരവരുടെ വീടുകളിലേക്കു മടങ്ങി. തന്‍റെ കുടുംബത്തെ ആശീര്‍വദിക്കാന്‍ ദാവീദും മടങ്ങിപ്പോയി. ദാവീദ് തന്‍റെ കൊട്ടാരത്തില്‍ വസിക്കുമ്പോള്‍ ഒരിക്കല്‍ നാഥാന്‍പ്രവാചകനെ വിളിച്ചു പറഞ്ഞു: “ദേവദാരു നിര്‍മ്മിതമായ കൊട്ടാരത്തില്‍ ഞാന്‍ പാര്‍ക്കുന്നു; എന്നാല്‍ സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകമാകട്ടെ കൂടാരത്തിലും.” നാഥാന്‍ ദാവീദിനോട് പറഞ്ഞു: “അങ്ങയുടെ ഹൃദയവിചാരംപോലെ പ്രവര്‍ത്തിച്ചുകൊള്ളുക; സര്‍വേശ്വരന്‍ അങ്ങയോടുകൂടെയുണ്ട്.” എന്നാല്‍ അന്നു രാത്രി സര്‍വേശ്വരന്‍ നാഥാനോട് അരുളിച്ചെയ്തു: “നീ പോയി എന്‍റെ ദാസനായ ദാവീദിനോടു പറയുക, നീയല്ല എനിക്കു പാര്‍ക്കുന്നതിനു ദേവാലയം പണിയേണ്ടത്’ എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ഇസ്രായേലിനെ നയിക്കാന്‍ തുടങ്ങിയ നാള്‍മുതല്‍ ഇന്നുവരെ ഞാന്‍ ആലയത്തില്‍ വസിച്ചിട്ടില്ല; കൂടാരത്തില്‍ പാര്‍ത്ത്, ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു സഞ്ചരിക്കുകയായിരുന്നു. ഞാന്‍ ഇസ്രായേല്‍ജനത്തോടുകൂടി സഞ്ചരിച്ചിരുന്നപ്പോള്‍ എവിടെവച്ചെങ്കിലും ‘ദേവദാരുമരംകൊണ്ട് എനിക്കൊരു ആലയം പണിയാത്തതെന്ത്?’ എന്നു എന്‍റെ ജനത്തെ നയിക്കാന്‍ നിയമിച്ചിരുന്ന ന്യായാധിപരില്‍ ആരോടെങ്കിലും ഞാന്‍ ചോദിച്ചിട്ടുണ്ടോ?” എന്‍റെ ദാസനായ ദാവീദിനോടു പറയുക: “സൈന്യങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു, ആടു മേയിച്ചു നടന്നിരുന്ന നിന്നെ എന്‍റെ ജനമായ ഇസ്രായേലിനു രാജാവായിരിക്കാന്‍ മേച്ചില്‍സ്ഥലത്തുനിന്നു തിരഞ്ഞെടുത്തു. നീ യാത്ര ചെയ്ത സ്ഥലങ്ങളിലെല്ലാം ഞാന്‍ നിന്‍റെകൂടെ ഉണ്ടായിരുന്നു. നിന്‍റെ മുമ്പില്‍നിന്നു ശത്രുക്കളെയെല്ലാം നീക്കിക്കളഞ്ഞു. ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ നിന്‍റെ നാമവും ഞാന്‍ പ്രസിദ്ധമാക്കും. എന്‍റെ ജനമായ ഇസ്രായേലിനു ഞാന്‍ ഒരു സ്ഥലം വേര്‍തിരിച്ചു കൊടുക്കും. സ്വന്തം സ്ഥലത്ത് അവര്‍ സ്വൈര്യമായി പാര്‍ക്കും; അവിടെനിന്ന് ആരും അവരെ ഇളക്കുകയില്ല. എന്‍റെ ജനമായ ഇസ്രായേലിനെ ഭരിക്കാന്‍ ന്യായാധിപന്മാരെ നിയമിച്ചിരുന്ന കാലത്തു സംഭവിച്ചതുപോലെ അക്രമികള്‍ അവരെ ആക്രമിക്കുകയില്ല. നിന്‍റെ ശത്രുക്കളെയെല്ലാം ഞാന്‍ കീഴ്പെടുത്തും. മാത്രമല്ല ഞാന്‍ നിന്‍റെ ഭവനം നിലനിര്‍ത്തും. നിന്‍റെ ആയുസ്സു പൂര്‍ത്തിയായി പിതാക്കന്മാരോടു ചേരേണ്ട സമയമാകുമ്പോള്‍ നിന്‍റെ ഒരു പുത്രനെ, നിന്‍റെ സന്തതികളില്‍ ഒരാളെത്തന്നെ ഞാന്‍ ഉയര്‍ത്തും; ഞാന്‍ അവന്‍റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും. അവന്‍ എനിക്കുവേണ്ടി ഒരു ആലയം പണിയും; ഞാന്‍ അവന്‍റെ സിംഹാസനം എന്നേക്കും നിലനിര്‍ത്തും. ഞാന്‍ അവനു പിതാവും അവന്‍ എനിക്കു പുത്രനുമായിരിക്കും. നിന്‍റെ മുന്‍ഗാമിയില്‍നിന്ന് എന്‍റെ സ്നേഹം ഞാന്‍ പിന്‍വലിച്ചതുപോലെ ഞാന്‍ അത് അവനില്‍നിന്നു പിന്‍വലിക്കുകയില്ല. എന്‍റെ ജനത്തിനും രാജ്യത്തിനും അധികാരിയായി ഞാന്‍ അവനെ സ്ഥിരമായി നിലനിര്‍ത്തും. അവന്‍റെ സിംഹാസനവും സുസ്ഥിരമായിരിക്കും.” ദൈവം വെളിപ്പെടുത്തിക്കൊടുത്ത സകല കാര്യങ്ങളും നാഥാന്‍ ദാവീദിനോടു പറഞ്ഞു. പിന്നീട് ദാവീദുരാജാവ് അകത്തു പോയി സര്‍വേശ്വരസന്നിധിയില്‍ പ്രാര്‍ഥിച്ചു. സര്‍വേശ്വരനായ ദൈവമേ, അവിടുന്ന് എന്നെ ഈ നിലയില്‍ എത്തിക്കത്തക്കവിധം ഞാന്‍ ആരാണ്? എന്‍റെ ഭവനത്തിന് എന്തു മേന്മ? ദൈവമേ, അവിടുത്തേക്ക് ഇതൊരു നിസ്സാരകാര്യമാണ്. ഈ ദാസന്‍റെ കുടുംബത്തിന് സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ അവിടുന്നു വെളിപ്പെടുത്തി; വരാനിരിക്കുന്ന തലമുറകളെ എനിക്കു കാണിച്ചുതന്നു. അവിടുത്തെ ദാസനെ അവിടുന്നു ബഹുമാനിച്ച വിധത്തെപ്പറ്റി ഇനി എന്താണു പറയാനുള്ളത്? ഈ ദാസനെ അവിടുന്ന് അറിയുന്നുവല്ലോ. സര്‍വേശ്വരാ, ഈയുള്ളവനെ ഓര്‍ത്ത് അവിടുത്തെ ഹിതമനുസരിച്ച് ഈ വന്‍കാര്യങ്ങളെല്ലാം അവിടുന്നു പ്രവര്‍ത്തിച്ചു; അവിടുന്ന് അവ പ്രസിദ്ധമാക്കുകയും ചെയ്തു. അവിടുത്തെപ്പോലെ മറ്റൊരു ദൈവത്തെപ്പറ്റി ഞങ്ങള്‍ കേട്ടിട്ടില്ല; അവിടുന്നല്ലാതെ വേറൊരു ദൈവവുമില്ല. അവിടുന്ന് ഈജിപ്തില്‍നിന്നു വീണ്ടെടുത്ത് സ്വന്തജനമാക്കിയ ഇസ്രായേലിനെപ്പോലെ മറ്റൊരു ജനതയുമില്ല. അവര്‍ മുമ്പോട്ടു നീങ്ങിയപ്പോള്‍ അദ്ഭുതകരവും ഭീതിജനകവുമായ പ്രവൃത്തികള്‍ ചെയ്ത് മറ്റു ജനതകളെ അവരുടെ മുമ്പില്‍നിന്നു നീക്കി; അങ്ങനെ അവിടുന്ന് മഹത്ത്വം ആര്‍ജിച്ചു. സര്‍വേശ്വരാ, സദാകാലത്തേക്കും അവിടുത്തെ ജനമായിരിക്കാന്‍ അവിടുന്ന് ഇസ്രായേലിനെ തിരഞ്ഞെടുത്തു. അവിടുന്ന് അവരുടെ ദൈവമായിത്തീര്‍ന്നു. “അതുകൊണ്ടു സര്‍വേശ്വരാ, അടിയനെയും അടിയന്‍റെ കുടുംബത്തെയും പറ്റി അവിടുന്ന് അരുളിച്ചെയ്ത വചനം എന്നേക്കും നിലനില്‌ക്കട്ടെ; അവയെല്ലാം അവിടുന്നു നിറവേറ്റണമേ. സര്‍വശക്തനായ സര്‍വേശ്വരന്‍ ഇസ്രായേലിന്‍റെ ദൈവമാകുന്നു; അവിടുത്തെ നാമം എന്നേക്കും നിലനില്‌ക്കുകയും മഹത്ത്വപ്പെടുകയും ചെയ്യും. അവിടുത്തെ ദാസനായ ദാവീദിന്‍റെ കുടുംബം തിരുമുമ്പാകെ സുസ്ഥിരമായിരിക്കും. എന്‍റെ ദൈവമേ, അവിടുത്തെ ദാസന്‍റെ ഭവനം നിലനിര്‍ത്തുമെന്ന് അവിടുന്നു വെളിപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് തിരുസന്നിധിയില്‍ ഇങ്ങനെ പ്രാര്‍ഥിക്കാന്‍ അടിയനു ധൈര്യമുണ്ടായി. സര്‍വേശ്വരാ, അവിടുന്നുതന്നെ ദൈവം; ഈ നല്ല കാര്യങ്ങള്‍ അവിടുത്തെ ദാസനു വാഗ്ദാനം ചെയ്തിരിക്കുന്നു. അതുകൊണ്ട് തിരുവുള്ളമുണ്ടായി ഈ ദാസന്‍റെ ഭവനത്തെ അനുഗ്രഹിക്കണമേ. അങ്ങനെ അത് തിരുമുമ്പില്‍ എന്നേക്കും നിലനില്‌ക്കട്ടെ. സര്‍വേശ്വരാ, അവിടുന്ന് അനുഗ്രഹിച്ചിട്ടുള്ളത് എന്നും അനുഗൃഹീതമായിരിക്കും.” അതിനുശേഷം ദാവീദ് ഫെലിസ്ത്യരെ ആക്രമിച്ചു കീഴടക്കി; ഗത്തും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും അവരില്‍നിന്നു പിടിച്ചെടുത്തു. മോവാബ്യരെയും ദാവീദ് തോല്പിച്ചു; അവര്‍ ദാവീദിന്‍റെ ദാസന്മാരായി കപ്പം കൊടുത്തു. യൂഫ്രട്ടീസ്നദിവരെ തന്‍റെ അധികാരം ഉറപ്പിക്കാന്‍ ചെന്ന സോബാരാജാവായ ഹദദേസറിനെ ഹമാത്തില്‍ വച്ചു ദാവീദ് തോല്പിച്ചു. ദാവീദ് അയാളുടെ ആയിരം രഥങ്ങളെയും ഏഴായിരം കുതിരപ്പടയാളികളെയും ഇരുപതിനായിരം കാലാളുകളെയും പിടിച്ചെടുത്തു. നൂറു രഥത്തിനു വേണ്ട കുതിരകളെ എടുത്തതിനുശേഷം ശേഷിച്ചവയുടെ കുതിഞരമ്പു വെട്ടിക്കളഞ്ഞു. ദമാസ്കസില്‍നിന്നു സോബാരാജാവായ ഹദദേസറിനെ സഹായിക്കാനെത്തിയിരുന്ന സിറിയാക്കാരില്‍ ഇരുപത്തീരായിരം പേരെ ദാവീദ് വധിച്ചു. പിന്നീട് ദമാസ്കസിനോടു ചേര്‍ന്ന സിറിയന്‍പ്രദേശങ്ങളില്‍ കാവല്‍സേനാകേന്ദ്രങ്ങള്‍ സ്ഥാപിച്ചു. സിറിയാക്കാര്‍ ദാവീദിന്‍റെ ദാസന്മാരായിത്തീരുകയും കപ്പം കൊടുക്കുകയും ചെയ്തു. എല്ലായിടത്തും ദാവീദിനു സര്‍വേശ്വരന്‍ വിജയം നല്‌കി. ഹദദേസറിന്‍റെ ഭടന്മാര്‍ ഉപയോഗിച്ചിരുന്ന പൊന്‍പരിചകള്‍ പിടിച്ചെടുത്ത് ദാവീദു യെരൂശലേമിലേക്ക് കൊണ്ടുപോന്നു. ഹദദേസറിന്‍റെ പട്ടണങ്ങളായ തിബ്ഹാത്തിലും കൂനിലുംനിന്ന് ദാവീദ് ധാരാളം ഓട് കൊണ്ടുവന്നു. അതുപയോഗിച്ചാണ് ശലോമോന്‍ ജലസംഭരണിയും സ്തംഭങ്ങളും പാത്രങ്ങളും ഉണ്ടാക്കിയത്. ദാവീദ് ഹദദേസറിന്‍റെ സൈന്യത്തെ തോല്പിച്ച വിവരം ഹാമാത്തിലെ രാജാവായ തോവൂ അറിഞ്ഞു. ഹദദേസറിനെ പരാജയപ്പെടുത്തിയതില്‍ ദാവീദിനെ അനുമോദിക്കാനും അഭിവാദനം അര്‍പ്പിക്കാനുമായി തന്‍റെ പുത്രന്‍ ഹദോരാമിനെ തോവൂ അയച്ചു. കാരണം ഹദദേസറും തോവൂവും തമ്മില്‍ കൂടെക്കൂടെ യുദ്ധം ഉണ്ടാകുമായിരുന്നു. സ്വര്‍ണം, വെള്ളി, ഓട് എന്നിവകൊണ്ടു നിര്‍മ്മിച്ച ധാരാളം സമ്മാനങ്ങളും തോവൂ ദാവീദിനു കൊടുത്തയച്ചു. ഇവ എദോമ്യര്‍, മോവാബ്യര്‍, അമ്മോന്യര്‍, ഫെലിസ്ത്യര്‍, അമാലേക്യര്‍ മുതലായ ജനതകളില്‍നിന്നെല്ലാം പിടിച്ചെടുത്ത സ്വര്‍ണം, വെള്ളി എന്നിവയോടൊപ്പം ദാവീദുരാജാവ് സര്‍വേശ്വരനു സമര്‍പ്പിച്ചു. സെരൂയായുടെ പുത്രനായ അബീശായി ഉപ്പുതാഴ്വരയില്‍ വച്ച് പതിനെണ്ണായിരം എദോമ്യരെ സംഹരിച്ചു. ദാവീദ് എദോമില്‍ കാവല്‍സൈന്യങ്ങളെ പാര്‍പ്പിച്ചു. എദോമ്യരെല്ലാം ദാവീദിന്‍റെ ദാസന്മാരായിത്തീര്‍ന്നു. ദാവീദ് പോയ സ്ഥലങ്ങളിലെല്ലാം സര്‍വേശ്വരന്‍ അദ്ദേഹത്തിനു വിജയം നല്‌കി. ദാവീദ് ഇസ്രായേല്‍ജനത്തിന്‍റെയെല്ലാം രാജാവായിത്തീര്‍ന്നു. അദ്ദേഹം അവര്‍ക്കു നീതിയും ന്യായവും നടത്തിക്കൊടുത്തു. സെരൂയായുടെ പുത്രന്‍ യോവാബ് ആയിരുന്നു സേനാനായകന്‍; അഹീലൂദിന്‍റെ പുത്രന്‍ യെഹോശാഫാത്ത് കൊട്ടാരം രേഖകളുടെ സൂക്ഷിപ്പുകാരനും, അഹീത്തൂബിന്‍റെ പുത്രന്‍ സാദോക്കും അബ്യാഥാരിന്‍റെ പുത്രന്‍ അഹീമേലെക്കും പുരോഹിതന്മാരും, ശവ്ശാ കാര്യസ്ഥനുമായിരുന്നു. യെഹോയാദയുടെ പുത്രന്‍ ബെനായ ക്രേത്യരുടെയും പെലേത്യരുടെയും അധിപനും, ദാവീദിന്‍റെ പുത്രന്മാര്‍ രാജാവിന്‍റെ മുഖ്യസേവകന്മാരുമായിരുന്നു. അതിനുശേഷം അമ്മോന്യരുടെ രാജാവായ നാഹാശ് മരിച്ചു; അയാളുടെ പുത്രന്‍ പകരം രാജാവായി. ദാവീദു പറഞ്ഞു: “നാഹാശ് എന്നോടു കൂറു പുലര്‍ത്തിയിരുന്നതുകൊണ്ട് അയാളുടെ പുത്രന്‍ ഹാനൂനോടു ഞാനും കൂറു പുലര്‍ത്തും.” പിതാവിന്‍റെ മരണത്തില്‍ ദുഃഖിക്കുന്ന ഹാനൂനെ ആശ്വസിപ്പിക്കാന്‍ ദാവീദ് ദൂതന്മാരെ അയച്ചു. അവര്‍ ഹാനൂനെ ആശ്വസിപ്പിക്കാന്‍ അമ്മോന്യരുടെ നാട്ടില്‍ അയാളുടെ അടുക്കല്‍ എത്തി. അമ്മോന്യപ്രഭുക്കന്മാര്‍ ഹാനൂനോടു ചോദിച്ചു: “അങ്ങയെ ആശ്വസിപ്പിക്കാന്‍ ദാവീദ് ഇവരെ അയച്ചിരിക്കുന്നത് അങ്ങയുടെ പിതാവിനോടുള്ള ബഹുമാനം കൊണ്ടാണെന്നു കരുതുന്നുവോ? ചാരവൃത്തിയിലൂടെ രഹസ്യാന്വേഷണം നടത്തി ഈ ദേശം കീഴടക്കാന്‍ അല്ലേ അവര്‍ വന്നിരിക്കുന്നത്?” അപ്പോള്‍ ഹാനൂന്‍ ദാവീദിന്‍റെ ദൂതന്മാരെ പിടിച്ചു ക്ഷൗരം ചെയ്യിക്കുകയും അരക്കെട്ടു മുതല്‍ കീഴോട്ടുള്ള അങ്കിയുടെ ഭാഗം മുറിച്ചു കളയുകയും ചെയ്ത് അവരെ പറഞ്ഞയച്ചു. അവര്‍ക്കു സംഭവിച്ചതറിഞ്ഞ് അവരെ സ്വീകരിക്കാന്‍ ദാവീദ് ആളയച്ചു. കാരണം അവര്‍ വല്ലാതെ നാണിച്ചിരിക്കുകയായിരുന്നു. “താടി വളരുന്നതുവരെ യെരീഹോവില്‍ പാര്‍ത്തിട്ട് മടങ്ങിവരണം” എന്ന് രാജാവ് അറിയിച്ചു. തങ്ങള്‍ ദാവീദിന്‍റെ ശത്രുത സമ്പാദിച്ചു എന്ന് അമ്മോന്യര്‍ മനസ്സിലാക്കി. അപ്പോള്‍ അവര്‍ മെസൊപ്പൊത്താമ്യയില്‍നിന്നും മയഖായോടു ചേര്‍ന്ന സിറിയന്‍പ്രദേശങ്ങളില്‍നിന്നും സോബയില്‍നിന്നും ആയിരം താലന്തു വെള്ളി കൊടുത്തു രഥങ്ങളും കുതിരപ്പടയാളികളെയും കൂലിക്കെടുത്തു. അമ്മോന്യര്‍ കൂലിക്കെടുത്ത മുപ്പത്തീരായിരം രഥങ്ങളും മയഖാരാജാവും അയാളുടെ സൈന്യങ്ങളും മെദേബയ്‍ക്കു മുമ്പില്‍ പാളയമടിച്ചു. തങ്ങളുടെ പട്ടണങ്ങളില്‍നിന്ന് ഒരുമിച്ച് ചേര്‍ക്കപ്പെട്ട അമ്മോന്യരും യുദ്ധത്തിന് അണിനിരന്നു. ദാവീദ് ഈ വിവരം കേട്ടപ്പോള്‍ യോവാബിനെയും ധീരയോദ്ധാക്കള്‍ അടങ്ങിയ മുഴുവന്‍ സൈന്യത്തെയും അങ്ങോട്ടയച്ചു. അമ്മോന്യര്‍ പുറത്തു വന്നു നഗരവാതില്‌ക്കല്‍ അണിനിരന്നു. അവരെ സഹായിക്കാന്‍ വന്ന രാജാക്കന്മാര്‍ വെളിമ്പ്രദേശത്തു നിലയുറപ്പിച്ചു. മുമ്പിലും പിമ്പിലും ശത്രുസൈന്യം അണിനിരന്നിരിക്കുന്നതു കണ്ട് യോവാബ് ഇസ്രായേലിലെ ധീരന്മാരായ പടയാളികളില്‍നിന്നു കുറെ പേരെ തിരഞ്ഞെടുത്ത് സിറിയാക്കാര്‍ക്കെതിരെ അണിനിരത്തി. ശേഷിച്ച സൈനികരെ യോവാബ് തന്‍റെ സഹോദരനായ അബീശായിയുടെ നേതൃത്വത്തിലാക്കി. അവര്‍ അമ്മോന്യര്‍ക്കെതിരെ അണിനിരന്നു. യോവാബ് പറഞ്ഞു: “സിറിയാക്കാര്‍ എന്നെക്കാള്‍ ശക്തരാണെന്നു കണ്ടാല്‍ നീ എന്നെ സഹായിക്കണം; അമ്മോന്യര്‍ നിന്നെക്കാള്‍ ശക്തരാണെങ്കില്‍ ഞാന്‍ നിന്നെ സഹായിക്കാം. ധൈര്യമായിരിക്കുക, നമ്മുടെ ജനത്തിനും നമ്മുടെ ദൈവത്തിന്‍റെ നഗരങ്ങള്‍ക്കുംവേണ്ടി നമുക്കു സുധീരം പോരാടാം. സര്‍വേശ്വരന്‍റെ ഇഷ്ടം നടക്കട്ടെ.” പിന്നീട് യോവാബും അനുയായികളും സിറിയാക്കാരുടെ നേരെ പടയ്‍ക്ക് അടുത്തു. അവര്‍ യോവാബിന്‍റെ മുമ്പില്‍നിന്നു തോറ്റോടി. സിറിയാക്കാര്‍ പലായനം ചെയ്യുന്നതു കണ്ടപ്പോള്‍ അമ്മോന്യരും യോവാബിന്‍റെ സഹോദരനായ അബീശായിയുടെ മുമ്പില്‍ നിന്നോടി പട്ടണത്തില്‍ കടന്നു. യോവാബ് യെരൂശലേമിലേക്കു മടങ്ങി. ഇസ്രായേലിനോടു തങ്ങള്‍ പരാജയപ്പെട്ടു എന്നു കണ്ടപ്പോള്‍ സിറിയാക്കാര്‍ ദൂതന്മാരെ അയച്ച് യൂഫ്രട്ടീസ്നദിയുടെ അക്കരെയുള്ള സിറിയാക്കാരെ വരുത്തി. ഹദദേസറിന്‍റെ സൈന്യാധിപനായ ശോഫക് ആയിരുന്നു അവരുടെ നേതാവ്. ഈ വിവരം അറിഞ്ഞ് ദാവീദ് ഇസ്രായേല്‍ജനങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി യോര്‍ദ്ദാന്‍നദി കടന്നു സിറിയാക്കാര്‍ക്കെതിരെ അവരെ അണിനിരത്തി അവരോട് ഏറ്റുമുട്ടി. അവര്‍ ഇസ്രായേല്യരുടെ മുമ്പില്‍നിന്നു തോറ്റോടി. സിറിയാക്കാരുടെ ഏഴായിരം തേരാളികളെയും നാല്പതിനായിരം കാലാള്‍ പടയാളികളെയും അവരുടെ സൈന്യാധിപന്‍ ശോഫക്കിനെയും ദാവീദ് വധിച്ചു. ഇസ്രായേല്യര്‍ തങ്ങളെ പരാജയപ്പെടുത്തി എന്നു മനസ്സിലാക്കിയ ഹദദേസറിന്‍റെ ദാസന്മാര്‍ ദാവീദിനോടു സന്ധിചെയ്ത് അദ്ദേഹത്തിനു കീഴടങ്ങി. അതിനുശേഷം സിറിയാക്കാര്‍ അമ്മോന്യരെ സഹായിക്കാന്‍ തുനിഞ്ഞിട്ടില്ല. രാജാക്കന്മാര്‍ യുദ്ധത്തിനു പുറപ്പെടാറുള്ള അടുത്ത വസന്തകാലത്ത്, യോവാബ് സൈന്യത്തോടുകൂടി പുറപ്പെട്ട് അമ്മോന്യരുടെ രാജ്യം ആക്രമിക്കുകയും രബ്ബാനഗരം വളയുകയും ചെയ്തു. ദാവീദ് യെരൂശലേമില്‍തന്നെ പാര്‍ത്തു. യോവാബ് രബ്ബാ ആക്രമിച്ചു നശിപ്പിച്ചു. ദാവീദ് അവരുടെ രാജാവിന്‍റെ കിരീടം അയാളുടെ തലയില്‍ നിന്നെടുത്തു. അത് ഒരു താലന്ത് സ്വര്‍ണംകൊണ്ടു നിര്‍മ്മിച്ചതായിരുന്നു. വിലയേറിയ ഒരു രത്നവും അതില്‍ പതിച്ചിരുന്നു. അതു ദാവീദ് തന്‍റെ ശിരസ്സിലണിഞ്ഞു. ആ നഗരത്തില്‍നിന്നു ധാരാളം കൊള്ളമുതലുകളും ദാവീദ് കൊണ്ടുപോയി. അവിടെയുള്ള ജനങ്ങളെ പിടിച്ചുകൊണ്ടുവന്ന് അറപ്പുവാളും ഇരുമ്പുപാരയും കോടാലിയും കൊണ്ടുള്ള ജോലികള്‍ക്ക് നിയോഗിച്ചു. അമ്മോന്യരുടെ സകല പട്ടണങ്ങളിലും ദാവീദ് ഇങ്ങനെ ചെയ്തു. അതിനുശേഷം ദാവീദും കൂടെയുള്ള ജനവും യെരൂശലേമിലേക്കു മടങ്ങി. പിന്നീട് ഗേസെരില്‍വച്ചു ഫെലിസ്ത്യരുമായി യുദ്ധം ആരംഭിച്ചു. അതില്‍ മല്ലന്മാരുടെ പിന്‍തലമുറക്കാരില്‍ ഒരാളായ സിപ്പായിയെ ഹൂശാത്യനായ സിബ്ബെഖായി വധിച്ചു. ഫെലിസ്ത്യര്‍ കീഴടങ്ങുകയും ചെയ്തു. ഫെലിസ്ത്യരുമായി പിന്നെയും യുദ്ധമുണ്ടായപ്പോള്‍ യായീരിന്‍റെ മകന്‍ എല്‍ഹാനാന്‍, ഗിത്യനായ ഗോല്യാത്തിന്‍റെ സഹോദരന്‍ ലഹ്‍മിയെ വധിച്ചു. അയാളുടെ കുന്തത്തിന്‍റെ പിടി നെയ്ത്തുതടിപോലെ വലുപ്പമുള്ളതായിരുന്നു. ഗത്തില്‍വച്ചു വീണ്ടും യുദ്ധമുണ്ടായി. അവിടെ ദീര്‍ഘകായനായ ഒരു മനുഷ്യനുണ്ടായിരുന്നു. കൈകാലുകള്‍ ഓരോന്നിലും ആറുവിരല്‍ വീതം അയാള്‍ക്ക് ആകെ ഇരുപത്തിനാലു വിരല്‍ ഉണ്ടായിരുന്നു. അയാളും മല്ലന്മാരുടെ-രെഫായീമുകളുടെ-വംശത്തില്‍പ്പെട്ടിരുന്നു. അയാള്‍ ഇസ്രായേലിനെ ധിക്കരിച്ചു സംസാരിച്ചപ്പോള്‍ ദാവീദിന്‍റെ സഹോദരനായ ശിമെയയുടെ പുത്രന്‍ യോനാഥാന്‍ അയാളെ വധിച്ചു. ഗത്തിലെ മല്ലന്മാരുടെ പിന്‍തലമുറക്കാരായിരുന്ന ഇവര്‍ ദാവീദിന്‍റെയും അനുയായികളുടെയും കൈകളാല്‍ കൊല്ലപ്പെട്ടു. സാത്താന്‍ ഇസ്രായേലിനെതിരെ തിരിഞ്ഞ് അവരുടെ ജനസംഖ്യ എടുക്കാന്‍ ദാവീദിനെ പ്രേരിപ്പിച്ചു. ദാവീദ് യോവാബിനോടും സേനാനായകന്മാരോടും കല്പിച്ചു: “നിങ്ങള്‍ പോയി ബേര്‍-ശേബമുതല്‍ ദാന്‍വരെയുള്ള സര്‍വ ഇസ്രായേല്യരുടെയും ജനസംഖ്യയെടുക്കുക. അവരുടെ സംഖ്യ എനിക്ക് അറിയണം.” യോവാബ് പറഞ്ഞു: “സര്‍വേശ്വരന്‍ തന്‍റെ ജനത്തെ നൂറിരട്ടിയായി വര്‍ധിപ്പിക്കട്ടെ. എന്‍റെ യജമാനനായ രാജാവേ, അവരെല്ലാം അവിടുത്തെ ദാസന്മാരാണല്ലോ; പിന്നെ എന്തിന് അവിടുന്ന് ഇതാവശ്യപ്പെടുന്നു? ഇസ്രായേലിന്‍റെമേല്‍ എന്തിന് ഈ അപരാധം വരുത്തിവയ്‍ക്കുന്നു?” യോവാബിനു രാജകല്പന അനുസരിക്കേണ്ടിവന്നു. അയാള്‍ ഇസ്രായേല്‍ മുഴുവന്‍ ചുറ്റി സഞ്ചരിച്ചശേഷം യെരൂശലേമില്‍ മടങ്ങിവന്നു. യോവാബ് ജനസംഖ്യ ദാവീദിനെ അറിയിച്ചു. അതനുസരിച്ചു പതിനൊന്നു ലക്ഷം യോദ്ധാക്കള്‍ ഇസ്രായേലിലും നാലുലക്ഷത്തി എഴുപതിനായിരം യോദ്ധാക്കള്‍ യെഹൂദ്യയിലും ഉണ്ടായിരുന്നു. രാജകല്പനയെ യോവാബ് വെറുത്തിരുന്നതിനാല്‍ ലേവ്യരെയും ബെന്യാമീന്യരെയും ജനസംഖ്യയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ദൈവത്തിന് ഇത് അനിഷ്ടമായിരുന്നതിനാല്‍ അവിടുന്ന് ഇസ്രായേലിനെ ശിക്ഷിച്ചു. ദാവീദ് ദൈവത്തോട് ഇങ്ങനെ പ്രാര്‍ഥിച്ചു: “ഞാന്‍ ഈ കാര്യം ചെയ്കയാല്‍ വലിയ പാപം ചെയ്തുപോയി; അടിയനോടു ക്ഷമിക്കണമേ; വലിയ ഭോഷത്തമാണ് ഞാന്‍ ചെയ്തത്.” സര്‍വേശ്വരന്‍ ദാവീദിന്‍റെ പ്രവാചകനായ ഗാദിനോടു അരുളിച്ചെയ്തു: “ദാവീദിനോടു പറയുക: “ഞാന്‍ പറയുന്ന മൂന്നു കാര്യങ്ങളില്‍ ഒന്നു നിനക്കു തിരഞ്ഞെടുക്കാം. അതു ഞാന്‍ നിന്നോടു പ്രവര്‍ത്തിക്കും.” ഗാദ് ദാവീദിന്‍റെ അടുക്കല്‍ വന്നു പറഞ്ഞു: “സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: നിനക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുക. ഒന്നുകില്‍ മൂന്നു വര്‍ഷത്തെ ക്ഷാമം; അല്ലെങ്കില്‍ നിന്‍റെ ശത്രുക്കളുടെ മൂന്നു മാസത്തെ ആക്രമണവും സമൂലനാശവും; അതുമല്ലെങ്കില്‍ മൂന്നു ദിവസത്തേക്കു സര്‍വേശ്വരന്‍റെ വാള്‍കൊണ്ടുള്ള സംഹാരം. ഈ മൂന്നു നാളുകളില്‍ ഇസ്രായേലിന്‍റെ അതിര്‍ത്തിക്കുള്ളില്‍ സര്‍വേശ്വരന്‍റെ ദൂതന്‍ മഹാമാരിയാകുന്ന വാള്‍കൊണ്ട് സംഹാരം നടത്തും. എന്നെ അയച്ചവന് എന്തു മറുപടി കൊടുക്കണമെന്നു തീരുമാനിക്കുക.” ദാവീദ് ഗാദിനോടു പറഞ്ഞു: “ഞാന്‍ വലിയ വിഷമസന്ധിയില്‍പ്പെട്ടിരിക്കുന്നു. മനുഷ്യരുടെ കരങ്ങളില്‍ വീഴുന്നതിനെക്കാള്‍ സര്‍വേശ്വരന്‍റെ കരങ്ങളില്‍ വീഴുന്നതാണു ഭേദം. അവിടുത്തെ കാരുണ്യം വളരെ വലുതാണല്ലോ.” സര്‍വേശ്വരന്‍ ഇസ്രായേലില്‍ ഒരു മഹാമാരി അയച്ചു. എഴുപതിനായിരം ഇസ്രായേല്യര്‍ മരിച്ചുവീണു. യെരൂശലേമിനെ നശിപ്പിക്കാന്‍ ദൈവം ഒരു ദൂതനെ അയച്ചു. ദൂതന്‍ പട്ടണം നശിപ്പിക്കുന്നതു കണ്ടപ്പോള്‍ സര്‍വേശ്വരന്‍ മനസ്സു മാറ്റി; അവിടുന്നു ദൂതനോടു കല്പിച്ചു: “മതി നിന്‍റെ കരം പിന്‍വലിക്കുക.” അവിടുത്തെ ദൂതന്‍ അപ്പോള്‍ യെബൂസ്യനായ ഒര്‍ന്നാന്‍റെ മെതിക്കളത്തിനടുത്തു നില്‌ക്കുകയായിരുന്നു. ദാവീദ് ശിരസ്സുയര്‍ത്തി നോക്കിയപ്പോള്‍ സര്‍വേശ്വരന്‍റെ ദൂതന്‍ യെരൂശലേമിനെതിരെ വാളുയര്‍ത്തിപ്പിടിച്ചുകൊണ്ട് ആകാശത്തിനും ഭൂമിക്കും മധ്യേ നില്‌ക്കുന്നതു കണ്ടു. ഉടന്‍തന്നെ ദാവീദും ജനനേതാക്കളും ചാക്കുടുത്ത് സാഷ്ടാംഗം വീണു. ദാവീദു ദൈവത്തോട് ഇങ്ങനെ പ്രാര്‍ഥിച്ചു: “ജനസംഖ്യ എടുക്കാന്‍ കല്പിച്ചതു ഞാനല്ലയോ? തെറ്റു ചെയ്ത പാപി ഞാനാണ്. സാധുക്കളായ ഈ ജനം എന്തു തെറ്റു ചെയ്തു? എന്‍റെ ദൈവമായ സര്‍വേശ്വരാ, അവിടുത്തെ കരം എനിക്കും എന്‍റെ പിതൃഭവനത്തിനും എതിരായിക്കൊള്ളട്ടെ; അവിടുത്തെ ജനത്തെ ഈ മഹാമാരിയില്‍നിന്നു മോചിപ്പിക്കണമേ.” സര്‍വേശ്വരന്‍റെ ദൂതന്‍ ഗാദിനോട് കല്പിച്ചു: “യെബൂസ്യനായ ഒര്‍ന്നാന്‍റെ മെതിക്കളത്തില്‍ ചെന്ന് അവിടെ സര്‍വേശ്വരനു ഒരു യാഗപീഠം പണിയാന്‍ ദാവീദിനോടു പറയണം.” സര്‍വേശ്വരന്‍റെ നാമത്തില്‍ ഗാദ് പറഞ്ഞ വാക്കനുസരിച്ചു ദാവീദ് പോയി. ഒര്‍ന്നാന്‍ കോതമ്പു മെതിക്കുകയായിരുന്നു; തിരിഞ്ഞു നോക്കിയപ്പോള്‍ സര്‍വേശ്വരന്‍റെ ദൂതനെ കണ്ടു; അപ്പോള്‍ അയാള്‍ കൂടെയുണ്ടായിരുന്ന നാലു പുത്രന്മാരോടൊപ്പം ഓടിയൊളിച്ചു. ദാവീദു വരുന്നതു കണ്ടപ്പോള്‍ മെതിക്കളത്തില്‍നിന്നു ഒര്‍ന്നാന്‍ പുറത്തുവന്ന് അദ്ദേഹത്തിന്‍റെ മുമ്പില്‍ സാഷ്ടാംഗം വീണു. ദാവീദ് ഒര്‍ന്നാനോടു പറഞ്ഞു: “സര്‍വേശ്വരന് ഒരു യാഗപീഠം പണിയാന്‍ ഈ മെതിക്കളം എനിക്കു നല്‌കണം. അതിന്‍റെ വില മുഴുവനും വാങ്ങിക്കൊള്ളുക. ജനത്തില്‍നിന്നു മഹാമാരി ഒഴിഞ്ഞുപോകാന്‍ അതാവശ്യമാണ്.” ഒര്‍ന്നാന്‍ ദാവീദിനോടു പറഞ്ഞു: “അതെടുത്തു കൊള്ളുക; യജമാനനായ രാജാവേ, അങ്ങയുടെ ഹിതംപോലെ പ്രവര്‍ത്തിച്ചാലും; ഹോമയാഗത്തിനു കാളകളെയും വിറകിനു മെതിവണ്ടികളും ഭോജനയാഗത്തിനു കോതമ്പും ഞാന്‍ നല്‌കുന്നു. ഇതാ, ഇവയെല്ലാം ഞാന്‍ തരുന്നു.” ദാവീദ് പറഞ്ഞു: “അതു പാടില്ല; ഞാന്‍ മുഴുവന്‍ വിലയും നല്‌കിയേ അതു വാങ്ങുകയുള്ളൂ. നിനക്ക് അവകാശപ്പെട്ടതൊന്നും സര്‍വേശ്വരനുവേണ്ടി ഞാന്‍ എടുക്കുകയില്ല. ചെലവൊന്നുമില്ലാതെ ഞാന്‍ ഹോമയാഗം അര്‍പ്പിക്കുകയില്ല.” ദാവീദ് ആ സ്ഥലത്തിനുവേണ്ടി അറുനൂറു ശേക്കെല്‍ സ്വര്‍ണം ഒര്‍ന്നാനു കൊടുത്തു. ദാവീദ് അവിടെ സര്‍വേശ്വരന് ഒരു യാഗപീഠം പണിതു; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ച് അവിടുത്തോടു പ്രാര്‍ഥിച്ചു. അവിടുന്ന് ആകാശത്തുനിന്നു യാഗപീഠത്തിന്മേല്‍ അഗ്നി അയച്ചു ദാവീദിന് ഉത്തരമരുളുകയും ചെയ്തു. സര്‍വേശ്വരന്‍റെ കല്പനയനുസരിച്ച് ദൂതന്‍ വാള്‍ ഉറയില്‍ ഇട്ടു. യെബൂസ്യനായ ഒര്‍ന്നാന്‍റെ മെതിക്കളത്തില്‍വച്ചു സര്‍വേശ്വരന്‍ തന്‍റെ പ്രാര്‍ഥനയ്‍ക്ക് ഉത്തരമരുളിയതുകൊണ്ട് ദാവീദ് അവിടെ യാഗങ്ങളര്‍പ്പിച്ചു. മോശ മരുഭൂമിയില്‍ വച്ചുണ്ടാക്കിയ സര്‍വേശ്വരന്‍റെ തിരുസാന്നിധ്യകൂടാരവും ഹോമയാഗപീഠവും ഗിബെയോനിലെ പൂജാഗിരിയിലായിരുന്നു. സര്‍വേശ്വരദൂതന്‍റെ വാളിനെ ഭയപ്പെട്ടതുകൊണ്ട് അവിടെച്ചെന്നു ദൈവത്തിന്‍റെ അരുളപ്പാടു ചോദിക്കാന്‍ ദാവീദിനു കഴിഞ്ഞില്ല. ദാവീദു പറഞ്ഞു: “ഇത് സര്‍വേശ്വരനായ ദൈവത്തിന്‍റെ ആലയം. ഇസ്രായേലിന്‍റെ ഹോമയാഗപീഠവും ഇതുതന്നെ.” പിന്നീട് ഇസ്രായേല്‍ദേശത്തു പാര്‍ക്കുന്ന പരദേശികളെ വിളിച്ചുകൂട്ടാന്‍ ദാവീദു കല്പിച്ചു. ദൈവത്തിന്‍റെ ആലയം നിര്‍മ്മിക്കുന്നതിനു വേണ്ട കല്ലു ചെത്തിയൊരുക്കാന്‍ അദ്ദേഹം കല്പണിക്കാരെ നിയമിച്ചു. പടിവാതിലുകളുടെ കതകുകള്‍ക്കു വേണ്ട ആണികളും കൊളുത്തുകളും നിര്‍മ്മിക്കുന്നതിന് ധാരാളം ഓടും ഇരുമ്പും ശേഖരിച്ചതു കൂടാതെ, വളരെയധികം ദേവദാരുത്തടികളും ഒരുക്കിവച്ചു. സീദോനിലെയും സോരിലെയും നിവാസികള്‍ ധാരാളം ദേവദാരുത്തടികള്‍ ദാവീദിനു നല്‌കിയിരുന്നു. ദാവീദ് വിചാരിച്ചു: “എന്‍റെ മകന്‍ ശലോമോന്‍ ചെറുപ്പമാണ്; അവന് അനുഭവസമ്പത്തുമില്ല. സര്‍വേശ്വരനായി പണിയുന്ന ആലയമാകട്ടെ ശ്രേഷ്ഠവും എല്ലാ രാജ്യങ്ങളിലും കീര്‍ത്തി പരത്തുന്നതും ആയിരിക്കണം. അതുകൊണ്ടു ഞാന്‍ അതിനുവേണ്ട ഒരുക്കങ്ങള്‍ ചെയ്യും.” തന്‍റെ മരണത്തിനു മുമ്പുതന്നെ, ആവശ്യമുള്ള സാധനസാമഗ്രികളെല്ലാം ദാവീദ് ഒരുക്കിവച്ചു. ദാവീദ് തന്‍റെ പുത്രനായ ശലോമോനെ വിളിച്ച് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന് ഒരു ആലയം പണിയാന്‍ കല്പിച്ചു. അദ്ദേഹം ശലോമോനോടു പറഞ്ഞു: “മകനേ, എന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ ഒരു ആലയം പണിയാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അവിടുന്ന് എന്നോട് അരുളിച്ചെയ്തു: ‘നീ വളരെ രക്തം ചൊരിയുകയും വന്‍യുദ്ധങ്ങള്‍ നടത്തുകയും ചെയ്തു. എന്‍റെ മുമ്പില്‍ ഇത്ര വളരെ രക്തം നീ ചൊരിഞ്ഞിട്ടുള്ളതുകൊണ്ട് എനിക്കുവേണ്ടി ആലയം പണിതുകൂടാ. നിനക്ക് ഒരു പുത്രന്‍ ജനിക്കും; ചുറ്റുമുള്ള സകല ശത്രുക്കളെയും നീക്കി, ഞാന്‍ അവനു സമാധാനം നല്‌കും. അവന്‍റെ നാമം ശലോമോന്‍ എന്നായിരിക്കും. അവന്‍റെ കാലത്തു ഞാന്‍ ഇസ്രായേലിനു സമാധാനവും സ്വസ്ഥതയും നല്‌കും. അവന്‍ എന്‍റെ നാമത്തില്‍ ഒരു ആലയം പണിയും. അവന്‍ എനിക്കു പുത്രനും ഞാന്‍ അവനു പിതാവും ആയിരിക്കും. അവന്‍റെ രാജകീയ സിംഹാസനം ഞാന്‍ ഇസ്രായേലില്‍ സുസ്ഥിരമാക്കും.’ അതുകൊണ്ട് എന്‍റെ മകനേ, സര്‍വേശ്വരന്‍ നിന്‍റെ കൂടെ ഉണ്ടായിരിക്കട്ടെ, നിന്നെക്കുറിച്ച് അവിടുന്ന് അരുളിച്ചെയ്തതുപോലെ നിന്‍റെ ദൈവമായ സര്‍വേശ്വരനുവേണ്ടി ആലയം പണിയുന്നതില്‍ നീ വിജയിക്കും. ഇസ്രായേലിന്‍റെ ഭരണം സര്‍വേശ്വരന്‍ നിന്നെ ഏല്പിക്കുമ്പോള്‍ നിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്രം പാലിക്കാന്‍ തക്ക വിവേകവും ബുദ്ധിയും അവിടുന്നു നിനക്കു നല്‌കട്ടെ. സര്‍വേശ്വരന്‍ മോശയിലൂടെ ഇസ്രായേലിനു നല്‌കിയ നിയമങ്ങളും അനുശാസനങ്ങളും നീ ശ്രദ്ധാപൂര്‍വം പാലിച്ചാല്‍ നിനക്കു ഐശ്വര്യം ഉണ്ടാകും. ശക്തനും ധീരനും ആയിരിക്കുക; ഭയപ്പെടരുത്, പരിഭ്രമിക്കുകയും അരുത്. സര്‍വേശ്വരന്‍റെ ആലയത്തിനുവേണ്ടി ഒരു ലക്ഷം താലന്ത് സ്വര്‍ണവും പത്തു ലക്ഷം താലന്ത് വെള്ളിയും തൂക്കം നിര്‍ണയിക്കാനാവാത്തവിധം ഓടും ഇരുമ്പും കൂടാതെ ആവശ്യമുള്ള കല്ലും മരവും ഞാന്‍ വളരെ ക്ലേശിച്ചു ശേഖരിച്ചിട്ടുണ്ട്. കൂടുതല്‍ നിനക്ക് സംഭരിക്കാം. [15,16] കല്ലുവെട്ടുകാരും കല്പണിക്കാരും മരപ്പണിക്കാരും വിവിധ കരകൗശലപ്പണിക്കാരും സ്വര്‍ണം, വെള്ളി, ഓട്, ഇരുമ്പ് എന്നിവകൊണ്ട് സമര്‍ഥമായി പണിയുന്നവരുമായി ധാരാളം ജോലിക്കാര്‍ നിനക്കുണ്ടല്ലോ. അതിനാല്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിച്ചുകൊള്ളുക. സര്‍വേശ്വരന്‍ നിന്‍റെകൂടെ ഉണ്ടായിരിക്കട്ടെ.” *** തന്‍റെ പുത്രന്‍ ശലോമോനെ സഹായിക്കാന്‍ ഇസ്രായേലിലെ സകല നേതാക്കന്മാരോടും ദാവീദ് കല്പിച്ചു. അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളുടെ കൂടെ ഉണ്ടല്ലോ; അവിടുന്ന് എല്ലായിടത്തും നിങ്ങള്‍ക്കു സ്വസ്ഥത നല്‌കിയിരിക്കുന്നു. ദേശനിവാസികളെയെല്ലാം അവിടുന്നു എന്‍റെ കൈയില്‍ ഏല്പിച്ചുതന്നു; ദേശം മുഴുവന്‍ സര്‍വേശ്വരനും അവിടുത്തെ ജനത്തിനും കീഴടങ്ങുകയും ചെയ്തിരിക്കുന്നുവല്ലോ. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടി അന്വേഷിക്കുവിന്‍. അവിടുത്തെ ഉടമ്പടിപ്പെട്ടകവും ദൈവത്തിനു സമര്‍പ്പിച്ചിട്ടുള്ള വിശുദ്ധോപകരണങ്ങളും പ്രതിഷ്ഠിക്കാന്‍ സര്‍വേശ്വരന്‍റെ നാമത്തില്‍ ഒരു ആലയം പണിയുക.” ദാവീദ് വയോവൃദ്ധനായപ്പോള്‍ പുത്രനായ ശലോമോനെ ഇസ്രായേലിന്‍റെ രാജാവാക്കി. ഇസ്രായേലിലെ എല്ലാ നേതാക്കന്മാരെയും പുരോഹിതന്മാരെയും ലേവ്യരെയും ദാവീദ് വിളിച്ചുകൂട്ടി. മുപ്പതും അതില്‍ കൂടുതലും വയസ്സുള്ള എല്ലാ ലേവ്യരുടെയും ജനസംഖ്യയെടുത്തു; അവര്‍ ആകെ മുപ്പത്തെണ്ണായിരം പേരുണ്ടായിരുന്നു. അവരില്‍ ഇരുപത്തിനാലായിരം പേരെ ദേവാലയ ശുശ്രൂഷകരായും ആറായിരം പേരെ ഉദ്യോഗസ്ഥന്മാരും ന്യായാധിപന്മാരും ആയി ദാവീദ് നിയമിച്ചു. നാലായിരംപേരെ വാതില്‍കാവല്‌ക്കാരായും നാലായിരംപേരെ ദാവീദ് നിര്‍മ്മിച്ച വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചു സര്‍വേശ്വരനു സ്തുതിഗീതങ്ങള്‍ പാടുന്ന ഗായകരായും നിയമിച്ചു. ലേവിയുടെ പുത്രന്മാരായ ഗേര്‍ശോന്‍, കെഹാത്ത്, മെരാരി എന്നിവരുടെ പേരിന്‍റെ ക്രമത്തില്‍ ദാവീദ് അവരെ കുലങ്ങളായി വേര്‍തിരിച്ചു. ഗേര്‍ശോന്‍റെ പുത്രന്മാര്‍: ലദ്ദാന്‍, ശിമെയി. ലദ്ദാന്‍റെ പുത്രന്മാര്‍: മുഖ്യനായ യെഹീയേല്‍, സേഥാം, യോവേല്‍ എന്നീ മൂന്നു പേര്‍. ശിമെയിയുടെ പുത്രന്മാര്‍: ശെലോമീത്ത്, ഹസീയേല്‍, ഹാരാന്‍ എന്നീ മൂന്നു പേര്‍. ഇവരായിരുന്നു ലദ്ദാന്‍റെ പിതൃഭവനത്തലവന്മാര്‍. ശിമെയിയുടെ പുത്രന്മാര്‍: യഹത്ത്, സീനാ, യയൂശ്, ബെരീയാം എന്നീ നാലു പേര്‍. യഹത്ത് തലവനും സീനാ രണ്ടാമനും ആയിരുന്നു. യെയൂശിനും ബെരീയെക്കും അധികം പുത്രന്മാര്‍ ഇല്ലാതിരുന്നതുകൊണ്ട് അവര്‍ ഒരു കുലമായി കണക്കാക്കപ്പെട്ടിരുന്നു. കെഹാത്തിന്‍റെ പുത്രന്മാര്‍: അമ്രാം, ഇസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേല്‍ എന്നീ നാലുപേര്‍. അമ്രാമിന്‍റെ പുത്രന്മാര്‍: അഹരോന്‍, മോശ. അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിക്കാനും അതിവിശുദ്ധസ്ഥലത്ത് ശുശ്രൂഷ ചെയ്യാനും സര്‍വേശ്വരന്‍റെ സന്നിധിയില്‍ ധൂപം കാട്ടാനും സര്‍വേശ്വരനാമത്തില്‍ ആശീര്‍വദിക്കാനും എന്നേക്കും വേര്‍തിരിക്കപ്പെട്ടിരുന്നു. ദൈവപുരുഷനായ മോശയുടെ പുത്രന്മാരെയും ലേവിഗോത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. മോശയുടെ പുത്രന്മാര്‍: ഗേര്‍ശോം, എലീയേസെര്‍. ഗെര്‍ശോമിന്‍റെ പുത്രന്മാരില്‍ ശെബൂവേല്‍ തലവനായിരുന്നു. എലീയേസെരിന്‍റെ പുത്രന്‍ രെഹബ്യാ തലവനായിരുന്നു. എലീയേസെരിനു വേറെ പുത്രന്മാര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ രെഹബ്യാക്ക് അനേകം പുത്രന്മാര്‍ ഉണ്ടായിരുന്നു. ഇസ്ഹാരിന്‍റെ പുത്രന്മാരില്‍ ശെലോമീത്ത് ആയിരുന്നു തലവന്‍. ഹെബ്രോന്‍റെ പുത്രന്മാരില്‍ യെരീയാ തലവനും അമര്യാ രണ്ടാമനും യഹസീയേല്‍ മൂന്നാമനും യെക്കമെയാം നാലാമനും ആയിരുന്നു. ഉസ്സീയേലിന്‍റെ പുത്രന്മാര്‍: മുഖ്യനായ മീഖാ, രണ്ടാമനായ ഇശ്ശീയാ എന്നിവര്‍. മെരാരിയുടെ പുത്രന്മാര്‍: മഹ്ലി, മൂശി. മഹ്ലിയുടെ പുത്രന്മാര്‍: എലെയാസാര്‍, കീശ്. എലെയാസാര്‍ മരിച്ചു. അയാള്‍ക്കു പുത്രന്മാര്‍ ഇല്ലായിരുന്നു. പുത്രിമാരേ ഉണ്ടായിരുന്നുള്ളൂ. കീശിന്‍റെ പുത്രന്മാരായ അവരുടെ ചാര്‍ച്ചക്കാര്‍ അവരെ വിവാഹം ചെയ്തു. മൂശിയുടെ പുത്രന്മാര്‍: മഹ്ലി, ഏദെര്‍, യെരേമോത്ത് എന്നീ മൂന്നു പേര്‍. ഇവരാണ് പിതൃഭവനത്തലവന്മാരായി വംശാവലിയില്‍ പേരു ചേര്‍ക്കപ്പെട്ട ലേവിപുത്രന്മാര്‍. ഇവരില്‍ ഇരുപതും അതില്‍ കൂടുതലും വയസ്സുള്ളവര്‍ സര്‍വേശ്വരന്‍റെ ആലയത്തിലെ ശുശ്രൂഷ ചെയ്തുവന്നു. ദാവീദ് പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ തന്‍റെ ജനത്തിനു സ്വസ്ഥത നല്‌കിയിരിക്കുന്നു. അവിടുന്നു യെരൂശലേമില്‍ എന്നേക്കുമായി വസിക്കുന്നു. ആകയാല്‍ മേലില്‍ ലേവ്യര്‍ വിശുദ്ധകൂടാരമോ അതിലെ ശുശ്രൂഷയ്‍ക്കുള്ള ഉപകരണങ്ങളോ ചുമക്കേണ്ടതില്ല.” ദാവീദിന്‍റെ അന്ത്യകല്പനയനുസരിച്ച് ഇരുപതും അതില്‍ കൂടുതലും വയസ്സുള്ള ലേവ്യരുടെ ജനസംഖ്യ എടുത്തിരുന്നു. എന്നാല്‍ സര്‍വേശ്വരന്‍റെ ആലയത്തിലെ ശുശ്രൂഷകളില്‍ അഹരോന്‍റെ പുത്രന്മാരെ സഹായിക്കുക അവരുടെ ചുമതലയാണ്. അങ്കണവും അറകളും സൂക്ഷിക്കുക, വിശുദ്ധവസ്തുക്കള്‍ വൃത്തിയാക്കുക, ദേവാലയശുശ്രൂഷയോടു ബന്ധപ്പെട്ട ഏതു ജോലിയും ചെയ്യുക. കൂടാതെ കാഴ്ചയപ്പം, ധാന്യബലിക്കുവേണ്ട മാവ്, പുളിപ്പില്ലാത്ത അടകള്‍, ചുട്ടെടുത്ത വഴിപാടു വസ്തുക്കള്‍, എണ്ണ ചേര്‍ത്തുണ്ടാക്കുന്ന വഴിപാടുവസ്തുക്കള്‍ എന്നിവയും അളവും തൂക്കവും സംബന്ധിച്ച കാര്യങ്ങളും ഇവരുടെ ചുമതലയിലായിരുന്നു. പ്രഭാതത്തിലും സായാഹ്നത്തിലും ലേവ്യര്‍ സര്‍വേശ്വരനു സ്തുതിസ്തോത്രങ്ങള്‍ അര്‍പ്പിക്കേണ്ടിയിരുന്നു. ശബത്തുകളിലും അമാവാസികളിലും ഉത്സവദിനങ്ങളിലും നിശ്ചയിച്ചിട്ടുള്ളിടത്തോളം പേര്‍ ക്രമമായി സര്‍വേശ്വരസന്നിധിയില്‍ ഹോമബലി അര്‍പ്പിക്കണം. അവര്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെയും വിശുദ്ധസ്ഥലത്തിന്‍റെയും ചുമതല വഹിക്കുകയും സര്‍വേശ്വരന്‍റെ ആലയത്തിലെ ശുശ്രൂഷയില്‍ തങ്ങളുടെ സഹോദരന്മാരായ അഹരോന്‍റെ പുത്രന്മാരെ സഹായിക്കുകയും ചെയ്യേണ്ടിയിരുന്നു. അഹരോന്‍റെ പുത്രന്മാരുടെ ഗണങ്ങള്‍ ഇവയായിരുന്നു. അഹരോന്‍റെ പുത്രന്മാര്‍: നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍. നാദാബും അബീഹൂവും പിതാവിനു മുമ്പേ മരിച്ചു. അവര്‍ക്കു പുത്രന്മാരില്ലാതിരുന്നതിനാല്‍ എലെയാസാറും ഈഥാമാറും പുരോഹിതന്മാരായി. എലെയാസാറിന്‍റെ വംശജനായ സാദോക്കിന്‍റെയും ഈഥാമാറിന്‍റെ വംശജനായ അഹീമേലെക്കിന്‍റെയും സഹായത്തോടെ ദാവീദ് അവരെ അവരുടെ ജോലികളില്‍ മുറപ്രകാരം നിയമിച്ചു. ഈഥാമാറിന്‍റെ പുത്രന്മാരില്‍ ഉണ്ടായിരുന്നതിലുമധികം പ്രമുഖന്മാര്‍ എലെയാസാറിന്‍റെ പുത്രന്മാരില്‍ ഉണ്ടായിരുന്നതിനാല്‍ എലെയാസാറിന്‍റെ പുത്രന്മാരില്‍നിന്നു പതിനാറു പേരെയും ഈഥാമാറിന്‍റെ പുത്രന്മാരില്‍നിന്നു എട്ടു പേരെയും പിതൃഭവനത്തലവന്മാരായി നിയോഗിച്ചു. ഇരുവിഭാഗങ്ങളിലും ദേവാലയാധികാരികളും ആധ്യാത്മികനേതാക്കളും ഉണ്ടായിരുന്നതുകൊണ്ട് നറുക്കിട്ടാണ് അവരെ തിരഞ്ഞെടുത്തത്. രാജാവ്, പ്രഭുക്കന്മാര്‍, പുരോഹിതനായ സാദോക്ക്, അബ്യാഥാരിന്‍റെ മകനായ അഹീമേലെക്ക്, പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാരുടെയും മുമ്പാകെ ലേവ്യനായ നെഥനയേലിന്‍റെ പുത്രനും എഴുത്തുകാരനുമായ ശെമയ്യാ, എലെയാസാറിന്‍റെയും ഈഥാമാറിന്‍റെയും കുലങ്ങള്‍ക്കു വീണ കുറികള്‍ രേഖപ്പെടുത്തി. ഒന്നാമതുമുതല്‍ ഇരുപത്തിനാലാമതുവരെ നറുക്കു വീണവരുടെ പേരുകള്‍ യഥാക്രമം: യെഹോയാരീബ്, യെദായാ, ഹാരീം, സെയോരീം, [9,10] മല്‌ക്കീയാ, മിയാമീന്‍, ഹാക്കോസ്, അബീയാ, യേശുവ, *** [11,12] ശെഖന്യാ, എല്യാശീബ്, യാക്കീം, ഹുപ്പാ, *** [13,14] യെശെബെയാം, ബില്‍ഗെ, ഇമ്മേര്‍, ഹേസീര്‍, *** [15,16] ഹപ്പിസേസ്, പെതഹ്യാ, യെഹെസ്കേല്‍, യാഖീന്‍, *** [17,18] ഗാമൂല്‍, ദെലായാ, മയസ്യാ. *** ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ കല്പനയനുസരിച്ച് അവരുടെ പിതാവായ അഹരോന്‍ നിശ്ചയിച്ചപ്രകാരം അവര്‍ ദേവാലയത്തില്‍ ശുശ്രൂഷചെയ്യാന്‍ വരുന്ന ക്രമം ഇതായിരുന്നു. ലേവിവംശത്തിലെ മറ്റു കുടുംബത്തലവന്മാര്‍: അമ്രാമിന്‍റെ പുത്രന്മാരില്‍ ശൂബായേല്‍, അയാളുടെ പുത്രന്മാരില്‍ യെഹ്ദയാ, രെഹബ്യായുടെ പുത്രന്മാരില്‍ തലവന്‍ യിശ്യാ; ഇസ്ഹാരിന്‍റെ പുത്രന്മാരില്‍ ശെലോമോത്ത്; ശെലോമോത്തിന്‍റെ പുത്രന്മാരില്‍ യഹത്ത്. ഹെബ്രോന്‍റെ പുത്രന്മാര്‍: തലവനായ യെരീയാ, രണ്ടാമന്‍ അമര്യാ, മൂന്നാമന്‍ യഹസീയേല്‍, നാലാമന്‍ യെക്കമെയാ. ഉസ്സീയേലിന്‍റെ പുത്രന്മാരില്‍: മീഖാ; മീഖായുടെ പുത്രന്മാരില്‍ ശാമീര്‍, മീഖായുടെ സഹോദരന്‍ ഇശ്ശ്യാ; അയാളുടെ പുത്രന്മാരില്‍ സെഖരിയാ. മെരാരിയുടെ പുത്രന്മാര്‍: മഹ്ലി, മൂശി; യയസ്യായുടെ പുത്രന്മാര്‍: ബെനോ. മെരാരിയുടെ പുത്രന്മാര്‍: യയസ്യായുടെ പുത്രന്മാരായ ബെനോ, ശോഹം, സക്കൂര്‍, ഇബ്രി. മഹ്ലിയുടെ പുത്രന്‍ എലെയാസാര്‍, അയാള്‍ക്കു പുത്രന്മാര്‍ ഉണ്ടായില്ല. കീശിന്‍റെ പുത്രന്‍ യെരഹ്മെയേല്‍. മൂശിയുടെ പുത്രന്മാര്‍: മഹ്ലി, ഏദെര്‍, യെരീമോത്ത്, ഇവര്‍ എല്ലാവരും കുടുംബക്രമത്തില്‍ ലേവിയുടെ പുത്രന്മാര്‍ ആയിരുന്നു. ഇവരും തങ്ങളുടെ ചാര്‍ച്ചക്കാരായ അഹരോന്‍റെ പുത്രന്മാരെപ്പോലെ ദാവീദുരാജാവിന്‍റെയും സാദോക്കിന്‍റെയും അഹീമേലെക്കിന്‍റെയും പുരോഹിതന്മാരുടെയും ലേവ്യവംശത്തിലെ ഭവനത്തലവന്മാരുടെയും സാന്നിധ്യത്തില്‍ നറുക്കിട്ടു. പിതൃഭവനത്തലവന്‍ എന്നോ അയാളുടെ അനുജന്‍ എന്നോ ഉള്ള വ്യത്യാസം അവര്‍ പരിഗണിച്ചില്ല. ദാവീദും പ്രമുഖരായ ദേവാലയ ശുശ്രൂഷകരും ചേര്‍ന്ന് ആസാഫ്, ഹേമാന്‍, യെദൂഥൂന്‍ എന്നിവരുടെ പുത്രന്മാരില്‍ ചിലരെ കിന്നരം, വീണ, ഇലത്താളം എന്നീ വാദ്യങ്ങളോടെ പ്രവചനം നടത്തേണ്ടതിനു നിയമിച്ചു. ഇങ്ങനെ നിയോഗിക്കപ്പെട്ടവരും അവരുടെ ചുമതലകളും: രാജനിര്‍ദ്ദേശമനുസരിച്ച് ആസാഫിന്‍റെ കീഴില്‍ അയാളുടെ പുത്രന്മാരായ സക്കൂര്‍, യോസേഫ്, നെഥന്യാ, അശരേലാ എന്നിവര്‍ പ്രവചനം നടത്തി. കിന്നരം മീട്ടി സര്‍വേശ്വരനു സ്തുതിസ്തോത്രങ്ങള്‍ അര്‍പ്പിച്ചുകൊണ്ടു പ്രവചിച്ചിരുന്ന യെദൂഥൂന്‍റെ കീഴില്‍ അയാളുടെ പുത്രന്മാരായ ഗെദല്യാ, സെരി, യെശയ്യാ, ശിമയി, ഹശബ്യാ, മത്ഥിഥ്യാ എന്നീ ആറു പേര്‍ പ്രവര്‍ത്തിച്ചു. ദര്‍ശകനായി രാജാവിനെ സേവിച്ച ഹേമാന്‍റെ കീഴില്‍ അയാളുടെ പുത്രന്മാരായ ബുക്കിയാ, മത്ഥന്യാ, ഉസ്സീയേല്‍, ശെബൂവേല്‍, യെരീമോത്ത്, ഹനന്യാ, ഹനാനി, എലീയാഥാ, ഗിദ്ദല്‍തി, രോമംതി-ഏസെര്‍, യൊശ്ബെക്കാശാ, മല്ലോഥി, ഹോഥീര്‍, മഹസീയോത്ത് എന്നിവര്‍ ആയിരുന്നു. ഹേമാനെ ഉന്നതനാക്കുന്നതിനു തന്‍റെ വാഗ്ദാനമനുസരിച്ചു ദൈവം പതിന്നാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും അയാള്‍ക്കു നല്‌കിയിരുന്നു. ഇവര്‍ എല്ലാവരും ദേവാലയത്തില്‍ തങ്ങളുടെ പിതാവിന്‍റെ കീഴില്‍ ഇലത്താളവും വീണയും കിന്നരവും പ്രയോഗിച്ച് ഗാനശുശ്രൂഷ നടത്തിവന്നു. ആസാഫും യെദൂഥൂനും, ഹേമാനും രാജാവില്‍നിന്നു നേരിട്ടു കല്പന സ്വീകരിച്ചിരുന്നു. സര്‍വേശ്വരനു ഗാനമാലപിക്കാന്‍ പരിശീലനം സിദ്ധിച്ച വിദഗ്ദ്ധരായ ഇവരുടെ സംഖ്യ ഇരുനൂറ്റി എണ്‍പത്തെട്ട്. ഓരോരുത്തരുടെയും ജോലിക്രമം നിശ്ചയിക്കുന്നതിനായി ഇവരുടെ വലുപ്പച്ചെറുപ്പമോ ഗുരുശിഷ്യബന്ധമോ നോക്കാതെ നറുക്കിട്ടു. ഒന്നാമത്തെ നറുക്ക് ആസാഫ്കുടുംബത്തിലെ യോസേഫിനു വീണു. രണ്ടാമത്തേത് ഗദല്യാക്കു വീണു. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍. മൂന്നാമത്തേത് സക്കൂറിന്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍. നാലാമത്തേത് ഇസ്രിക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍. അഞ്ചാമത്തേത് നെഥന്യാക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍. ആറാമത്തേത് ബുക്കിയായ്‍ക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍. ഏഴാമത്തേത് യെശരേലാക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍. എട്ടാമത്തേത് യെശയ്യായ്‍ക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടുപേര്‍. ഒമ്പതാമത്തേതു മത്ഥന്യാക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടുപേര്‍. പത്താമത്തേതു ശിമെയിക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടുപേര്‍. പതിനൊന്നാമത്തേത് അസരേലിന്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍. പന്ത്രണ്ടാമത്തേതു ഹശബ്യാക്ക്. അയാളും സഹോദരന്മാരും പുത്രന്മാരുംകൂടി പന്ത്രണ്ടു പേര്‍. പതിമൂന്നാമത്തേതു ശൂബായേലിന്. അയാളും സഹോദന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍. പതിന്നാലാമത്തേതു മത്ഥിഥ്യാക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍. പതിനഞ്ചാമത്തേതു യെരീമോത്തിന്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍. പതിനാറാമത്തേതു ഹനന്യാക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടുപേര്‍. പതിനേഴാമത്തേതു യൊശ്ബെക്കാശയ്‍ക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍. പതിനെട്ടാമത്തേതു ഹനാനിക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍. പത്തൊന്‍പതാമത്തേതു മല്ലോഥിക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍. ഇരുപതാമത്തേത് എലിയാഥെയ്‍ക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടുപേര്‍. ഇരുപത്തൊന്നാമത്തേതു ഹോഥീരിന്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍. ഇരുപത്തിരണ്ടാമത്തേതു ഗിദ്ദല്‍തിക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍. ഇരുപത്തിമൂന്നാമത്തേതു മഹസീയോത്തിന്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍. ഇരുപത്തിനാലാമത്തേതു രോമംതി-ഏസെരിന്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍. വാതില്‍കാവല്‌ക്കാരുടെ ഗണങ്ങള്‍: കോരഹ്യരില്‍നിന്ന് ആസാഫിന്‍റെ പുത്രന്മാരില്‍ കോരെയുടെ പുത്രനായ മെശേലെമ്യാ. മെശേലെമ്യായുടെ പുത്രന്മാര്‍ പ്രായക്രമത്തില്‍ സെഖര്യാ, യെദ്ദിയേല്‍, സെബദ്യാ, യത്നീയേല്‍, ഏലാം, യെഹോഹാനാന്‍, എല്യോഹോവേനായി; ഓബേദ്-എദോമിന്‍റെ പുത്രന്മാര്‍ പ്രായക്രമത്തില്‍: ശെമയ്യാ, യെഹോസാബാദ്, യോവാഹ്, സാഖാര്‍, നെഥനയേല്‍, അമ്മീയേല്‍, ഇസ്സാഖാര്‍, പെയുലെഥായി; ഓബേദ്-എദോമിനെ ദൈവം അനുഗ്രഹിച്ചു. അയാളുടെ പുത്രനായ ശെമയ്യായ്‍ക്കും പുത്രന്മാര്‍ ജനിച്ചു. അവര്‍ വളരെ പരാക്രമശാലികളായ യുദ്ധവീരന്മാര്‍ ആയിരുന്നതുകൊണ്ടു തങ്ങളുടെ കുലത്തിലെ നായകന്മാരായിത്തീര്‍ന്നു. ശെമയ്യായുടെ പുത്രന്മാര്‍: ഒത്നി, രെഫായേല്‍, ഓബേദ്, എല്‍സാബാദ്. അവരുടെ ചാര്‍ച്ചക്കാരായ എലീഹു, സെമഖ്യാ എന്നിവര്‍ ശക്തന്മാരായിരുന്നു. ഇവരെല്ലാവരും ഓബേദ്-എദോമിന്‍റെ വംശജര്‍. ഇവരും പുത്രന്മാരും ചാര്‍ച്ചക്കാരുമായി ശുശ്രൂഷയ്‍ക്ക് അതിസമര്‍ഥരായ അറുപത്തിരണ്ടു പേര്‍. മെശേലെമ്യാക്ക് ശക്തരായ പുത്രന്മാരും ചാര്‍ച്ചക്കാരുമായി പതിനെട്ടു പേര്‍. മെരാരീപുത്രനായ ഹോസായുടെ പുത്രന്മാര്‍: ശിമ്രി ആദ്യജാതനല്ലെങ്കിലും പിതാവ് അയാളെ തലവനാക്കി. രണ്ടാമന്‍ ഹില്‌ക്കീയാ, മൂന്നാമന്‍ തെബല്യാ, നാലാമന്‍ സെഖര്യാ. ഹോസായുടെ പുത്രന്മാരും ചാര്‍ച്ചക്കാരും കൂടി പതിമൂന്നു പേര്‍. വാതില്‍കാവല്‌ക്കാരുടെ ഗണം തിരിച്ചത് കുടുംബത്തലവന്മാരുടെ എണ്ണമനുസരിച്ചായിരുന്നു. സര്‍വേശ്വരന്‍റെ ആലയത്തില്‍ ശുശ്രൂഷ ചെയ്തിരുന്ന ഇവര്‍ക്കും ചാര്‍ച്ചക്കാരെപ്പോലെ അവിടെ ചുമതലകളുണ്ടായിരുന്നു. പിതൃഭവനക്രമം അനുസരിച്ച് വലുപ്പചെറുപ്പഭേദം കൂടാതെ ഓരോ വാതിലിനും അവര്‍ ആളുകളെ നറുക്കിട്ടു നിശ്ചയിച്ചു. കിഴക്കേ വാതിലിന്‍റെ നറുക്കു ശേലെമ്യാക്ക് വീണു. വടക്കേ വാതിലിന്‍റേത് അയാളുടെ പുത്രനും വിവേകമതിയും ആലോചനക്കാരനുമായ സെഖര്യാക്കും വീണു. തെക്കേ വാതിലിന്‍റെ നറുക്കു ഓബേദ്-എദോമിനു വീണു. സംഭരണശാലയുടേത് അയാളുടെ പുത്രന്മാര്‍ക്കും. കയറ്റമുള്ള പെരുവഴിയില്‍ ശല്ലേഖെത്ത് പടിവാതില്‌ക്കലെ പടിഞ്ഞാറെ വാതില്‍ ശുപ്പീമിനും ഹോസായ്‍ക്കും കിട്ടി. ഇവര്‍ തവണ വച്ചു കാവല്‍നിന്നു. കിഴക്കേ വാതില്‌ക്കല്‍ ആറു ലേവ്യരും വടക്കേ വാതില്‌ക്കല്‍ ദിവസേന നാലു പേരും തെക്കേ വാതില്‌ക്കല്‍ ദിവസേന നാലു പേരും സംഭരണശാലയ്‍ക്ക് ഈരണ്ടു പേരും പര്‍ബാരിനു പടിഞ്ഞാറെ പെരുവഴിയില്‍ നാലു പേരും പര്‍ബാരില്‍ രണ്ടു പേരും കാവലുണ്ടായിരുന്നു. ഇവയാണ് കോരഹ്യരിലും മെരാര്യരിലുംപെട്ട വാതില്‍കാവല്‌ക്കാരുടെ ഗണങ്ങള്‍. ദേവാലയത്തിലെ ഭണ്ഡാരങ്ങളുടെയും വിശുദ്ധവസ്തുക്കള്‍ സൂക്ഷിക്കുന്ന ഭണ്ഡാരങ്ങളുടെയും ചുമതല ലേവ്യനായ അഹീയായ്‍ക്കായിരുന്നു. ഗേര്‍ശോന്യനായ ലയെദാന്‍റെ പുത്രന്മാരില്‍ ഒരാളായിരുന്നു യെഹീയേല്‍. യെഹീയേലിന്‍റെ പുത്രന്മാര്‍ ഗേര്‍ശോന്യനായ ലയെദാന്‍റെ പിതൃഭവനത്തലവന്മാര്‍ ആയിരുന്നു. യെഹീയേലിന്‍റെ പുത്രന്മാര്‍: സേഥാമും സഹോദരന്‍ യോവേലും; ഇവര്‍ സര്‍വേശ്വരന്‍റെ ആലയത്തിലെ ഭണ്ഡാരങ്ങളുടെ മേല്‍വിചാരകരായിരുന്നു. അമ്രാമ്യരും ഇസ്ഹാര്യരും, ഹെബ്രോന്യരും ഉസ്സീയേല്യരും അവരോടൊപ്പമുണ്ടായിരുന്നു. മോശയുടെ പുത്രനായ ഗേര്‍ശോമിന്‍റെ പുത്രന്‍ സെബൂവേല്‍ ആയിരുന്നു ഭണ്ഡാരസൂക്ഷിപ്പുകാരുടെ തലവന്‍. എലിയേസെര്‍ തുടങ്ങിയ അയാളുടെ ചാര്‍ച്ചക്കാര്‍: എലിയേസെരിന്‍റെ പുത്രന്‍ രെഹബ്യ; അയാളുടെ പുത്രന്‍ യെശയ്യാ; അയാളുടെ പുത്രന്‍ യോരാം; അയാളുടെ പുത്രന്‍ സിക്രി; അയാളുടെ പുത്രന്‍ ശെലോമീത്ത്; ദാവീദുരാജാവും പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സേനാപതിമാരും അര്‍പ്പിക്കുന്ന കാണിക്കകളുടെ ഭണ്ഡാരങ്ങള്‍ക്കെല്ലാം മേല്‍നോട്ടക്കാര്‍ ശെലോമീത്തും അയാളുടെ സഹോദരന്മാരും ആയിരുന്നു. യുദ്ധത്തില്‍ കിട്ടിയ കൊള്ളമുതലില്‍ ഒരു ഭാഗം സര്‍വേശ്വരന്‍റെ മന്ദിരത്തിന്‍റെ സംരക്ഷണത്തിനായി സമര്‍പ്പിച്ചിരുന്നു. ദര്‍ശകനായ ശമൂവേലും കീശിന്‍റെ പുത്രന്‍ ശൗലും നേരിന്‍റെ പുത്രന്‍ അബ്നേരും സെരൂയായുടെ പുത്രന്‍ യോവാബും സമര്‍പ്പിച്ചിരുന്ന സകല വസ്തുക്കളും ഉള്‍പ്പെടെ എല്ലാ കാണിക്കകളും ശെലോമീത്തിന്‍റെയും അയാളുടെ പുത്രന്മാരുടെയും സൂക്ഷിപ്പില്‍ ആയിരുന്നു. ഇസ്രായേലില്‍ ഉദ്യോഗസ്ഥന്മാരും ന്യായാധിപരുമായി പുറമേയുള്ള ജോലികള്‍ക്ക് ഇസ്ഹാര്യരില്‍ കെനന്യായും പുത്രന്മാരും ഹെബ്രോന്യരില്‍നിന്ന് ഹശബ്യായും സഹോദരന്മാരുമായ പ്രാപ്തരായ ആയിരത്തി എഴുനൂറുപേര്‍; യോര്‍ദ്ദാനിക്കരെ പടിഞ്ഞാറു സര്‍വേശ്വരന്‍റെ സകല കാര്യങ്ങള്‍ക്കും രാജാവിന്‍റെ ശുശ്രൂഷയ്‍ക്കുംവേണ്ടി ഇസ്രായേലില്‍ നിയുക്തരായി. കുടുംബത്തിന്‍റെ ഏതു വംശാവലിവഴിയും ഹെബ്രോന്യരുടെ തലവന്‍ യെരീയാ ആയിരുന്നു. ദാവീദുരാജാവിന്‍റെ നാല്പതാം ഭരണവര്‍ഷത്തില്‍ ഗിലെയാദിലെ യാസേരില്‍ നടത്തിയ അന്വേഷണത്തില്‍നിന്ന് അവിടെ പരാക്രമശാലികളായ യുദ്ധവീരന്മാര്‍ ഉണ്ടെന്നു തെളിഞ്ഞു. അദ്ദേഹത്തിന്‍റെ സഹോദരന്മാരും പ്രാപ്തരുമായ രണ്ടായിരത്തി എഴുനൂറു പിതൃഭവനത്തലവന്മാര്‍ ഉണ്ടായിരുന്നു. അവരെ ദാവീദുരാജാവു രൂബേന്‍, ഗാദ്, മനശ്ശെയുടെ പകുതിഗോത്രം എന്നിവയില്‍ ദൈവത്തിന്‍റെയും രാജാവിന്‍റെയും സകല കാര്യാദികള്‍ക്കും ചുമതലക്കാരായി നിയമിച്ചു. ഇസ്രായേലിലെ പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും അവരുടെ നേതാക്കന്മാരും ഓരോ മാസവും മാറിമാറി വന്നു രാജാവിനുവേണ്ടി ജോലിചെയ്തു. ഓരോ സംഘത്തിലും ഇരുപത്തിനാലായിരം പേരുണ്ടായിരുന്നു. ഒന്നാം മാസത്തിലേക്കുള്ള ഗണത്തിന്‍റെ ചുമതലക്കാരനായ സബ്ദിയേലിന്‍റെ പുത്രന്‍ യശോബെയാമിന്‍റെ കീഴില്‍ ഇരുപത്തിനാലായിരം പേര്‍. യശോബെയാം പേരസ്സ് വംശജനും ഒന്നാം മാസത്തെ സകല സേനാപതികള്‍ക്കും തലവനും ആയിരുന്നു. രണ്ടാം മാസത്തേക്കുള്ള ഗണത്തിന്‍റെ ചുമതലക്കാരന്‍ അഹോഹ്യനായ ദോദായി ആയിരുന്നു. അയാളുടെ കീഴിലും ഇരുപത്തിനാലായിരം പേര്‍ ഉണ്ടായിരുന്നു. മൂന്നാം മാസത്തേക്കുള്ള ഗണത്തിന്‍റെ ചുമതലക്കാരന്‍ മുഖ്യപുരോഹിതനായ യെഹോയാദയുടെ പുത്രന്‍ ബെനായാ ആയിരുന്നു. അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേര്‍ ഉണ്ടായിരുന്നു. മുപ്പതു പേരില്‍ ശക്തനും അവരുടെ തലവനുമായ ബെനായാ ഇയാളാണ്. അയാളുടെ ഗണത്തിന്‍റെ ചുമതലക്കാരന്‍ പുത്രനായ അമ്മീസാബാദ് ആയിരുന്നു. നാലാം മാസത്തേക്കുള്ള ഗണത്തിന്‍റെ ചുമതലക്കാരന്‍ യോവാബിന്‍റെ സഹോദരനായ അസാഹേല്‍ ആയിരുന്നു. അയാള്‍ക്കു ശേഷം പുത്രനായ സെബദ്യാ ചുമതലക്കാരന്‍ ആയിത്തീര്‍ന്നു. അയാളുടെ ഗണത്തിലും ഉണ്ടായിരുന്നു ഇരുപത്തിനാലായിരം പേര്‍. അഞ്ചാം മാസത്തേക്കുള്ള ഗണത്തിന്‍റെ ചുമതലക്കാരന്‍ ഇസ്രാഹ്യനായ ശംഹൂത്ത്. അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേരുണ്ടായിരുന്നു. ആറാം മാസത്തേക്കുള്ള ഗണത്തിന്‍റെ ചുമതലക്കാരന്‍ തെക്കോവ്യനായ ഇക്കേശിന്‍റെ പുത്രന്‍ ഈരാ. അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേര്‍. ഏഴാം മാസത്തേക്കുള്ള ഗണത്തിന്‍റെ ചുമതലക്കാരന്‍ എഫ്രയീംഗോത്രക്കാരനും പെലോന്യനുമായ ഹേലെസ്; അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേര്‍. എട്ടാം മാസത്തേക്കുള്ള ഗണത്തിന്‍റെ ചുമതലക്കാരന്‍ സര്‍ഹ്യവംശജനും ഹൂശാത്യനുമായ സിബ്ബെഖായി; അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേര്‍. ഒമ്പതാം മാസത്തേക്കുള്ള ഗണത്തിന്‍റെ ചുമതലക്കാരന്‍ ബെന്യാമീന്‍ഗോത്രക്കാരനും അനാഥോഥ്യനുമായ അബീയേസെര്‍; അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേര്‍. പത്താം മാസത്തേക്കുള്ള ഗണത്തിന്‍റെ ചുമതലക്കാരന്‍ സര്‍ഹ്യവംശജനും നെതോഫാത്യനുമായ മഹരായി; അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേര്‍. പതിനൊന്നാം മാസത്തേക്കുള്ള ഗണത്തിന്‍റെ ചുമതലക്കാരന്‍ എഫ്രയീംഗോത്രക്കാരനും പിരാഥോന്യനുമായ ബെനായാ. അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേര്‍. പന്ത്രണ്ടാം മാസത്തേക്കുള്ള ഗണത്തിന്‍റെ ചുമതലക്കാരന്‍ ഒത്നീയേലിന്‍റെ വംശജനും നെതോഫാത്യനുമായ ഹെല്‍ദായി; അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേര്‍. ഇസ്രായേല്‍ഗോത്രങ്ങളുടെ തലവന്മാര്‍: രൂബേന്യര്‍ക്ക് അധിപന്‍ സിക്രിയുടെ പുത്രന്‍ എലീയേസെര്‍, ശിമെയോന്യര്‍ക്കു മയഖായുടെ പുത്രന്‍ ശെഫത്യാ; ലേവ്യര്‍ക്കു കെമൂവേലിന്‍റെ പുത്രന്‍ ഹശബ്യാ; അഹരോന്യര്‍ക്കു സാദോക്; യെഹൂദായ്‍ക്കു ദാവീദിന്‍റെ സഹോദരന്മാരില്‍ ഒരാളായ എലീഹൂ; ഇസ്സാഖാരിനു മീഖായേലിന്‍റെ പുത്രന്‍ ഒമ്രി; സെബൂലൂന് ഓബദ്യായുടെ പുത്രന്‍ ഇശ്മയ്യാ; നഫ്താലിക്ക് അസ്രീയേലിന്‍റെ പുത്രന്‍ യെരീമോത്ത്; എഫ്രയീമ്യര്‍ക്ക് അസസ്യായുടെ പുത്രന്‍ ഹോശേയ; മനശ്ശെയുടെ പകുതി ഗോത്രത്തിനു പെദായായുടെ പുത്രന്‍ യോവേല്‍; ഗിലെയാദിലെ മനശ്ശെയുടെ പകുതി ഗോത്രത്തിനു സെഖര്യായുടെ പുത്രന്‍ യിദ്ദോ; ബെന്യാമീന് അബ്നേരിന്‍റെ പുത്രന്‍ യാസീയേല്‍; ദാന്‍ഗോത്രത്തിനു യെരോഹാമിന്‍റെ പുത്രന്‍ അസരെയേല്‍, ഇസ്രായേല്‍ഗോത്രങ്ങളുടെ തലവന്മാര്‍ ഇവരായിരുന്നു. സര്‍വേശ്വരന്‍ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ഇസ്രായേലിനെ വര്‍ധിപ്പിക്കുമെന്ന് അരുളിച്ചെയ്തിരുന്നതുകൊണ്ടു ദാവീദ് ഇരുപതു വയസ്സിനു താഴെയുള്ളവരുടെ കണക്ക് എടുത്തില്ല. സെരൂയായുടെ പുത്രനായ യോവാബ് അതിനു ശ്രമിച്ചെങ്കിലും പൂര്‍ത്തിയാക്കിയില്ല. എങ്കിലും ഇതുമൂലം ഇസ്രായേലിന്മേല്‍ ദൈവകോപമുണ്ടായി. അതുകൊണ്ട് ഈ സംഖ്യ ദാവീദുരാജാവിന്‍റെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുമില്ല. രാജാവിന്‍റെ ഭണ്ഡാരത്തിന്‍റെ ചുമതലക്കാരന്‍ അദീയേലിന്‍റെ പുത്രന്‍ അസ്മാവെത്ത്. വയലുകളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലും ഉള്ള സംഭരണശാലകളുടെ ചുമതലക്കാരന്‍ ഉസ്സിയായുടെ പുത്രന്‍ യെഹോനാഥാന്‍. കൃഷിക്കാരുടെ ചുമതലക്കാരന്‍ കെലൂബിന്‍റെ പുത്രന്‍ എസ്രി. മുന്തിരിത്തോട്ടങ്ങളുടെ ചുമതലക്കാരന്‍ രാമാത്യനായ ശിമെയി. വീഞ്ഞു സൂക്ഷിക്കുന്ന നിലവറകള്‍ക്കു ചുമതലക്കാരന്‍ ശിഫ്മ്യനായ സബ്ദി. ഒലിവുതോട്ടങ്ങള്‍ക്കും താഴ്വരയിലെ കാട്ടത്തികള്‍ക്കും ചുമതലക്കാരന്‍ ഗാദേര്യനായ ബാല്‍ഹാനാന്‍. എണ്ണ സൂക്ഷിക്കുന്ന നിലവറകള്‍ക്കു ചുമതലക്കാരന്‍ യോവാശ്. ശാരോന്‍ മേച്ചില്‍പ്പുറങ്ങളിലെ കന്നുകാലികളുടെ ചുമതലക്കാരന്‍ ശാരോന്യനായ ശിത്രായി; താഴ്വരയില്‍ മേയുന്ന കന്നുകാലികള്‍ക്കു ചുമതലക്കാരന്‍ അദായിയുടെ പുത്രന്‍ ശാഫാത്ത്. ഒട്ടകങ്ങളുടെ ചുമതലക്കാരന്‍ ഇശ്മായേല്യനായ ഓബീല്‍; കഴുതകളുടെ ചുമതലക്കാരന്‍ മേരോനോത്യനായ യെഹ്ദെയാ. ആടുകളുടെ ചുമതലക്കാരന്‍ ഹഗ്രീയനായ യാസിസ്. ഇവരെല്ലാമായിരുന്നു ദാവീദുരാജാവിന്‍റെ സമ്പത്തിന്‍റെ ചുമതല വഹിച്ചിരുന്നത്. ദാവീദിന്‍റെ പിതൃസഹോദരനായ യോനാഥാന്‍ ബുദ്ധിമാനും പണ്ഡിതനുമായ ഉപദേഷ്ടാവായിരുന്നു. അയാളും ഹഖ്മോനിയുടെ പുത്രന്‍ യെഹീയേലുംകൂടി രാജകുമാരന്മാരുടെ പരിപാലനചുമതല വഹിച്ചിരുന്നു. രാജാവിന്‍റെ ഉപദേഷ്ടാവായിരുന്ന അഹീത്തോഫെല്‍; അര്‍ഖ്യനായ ഹൂശായി രാജാവിന്‍റെ സ്നേഹിതനും. അഹീത്തോഫെലിന്‍റെ പിന്‍ഗാമികളായിരുന്നു ബെനായായുടെ പുത്രന്മാരായ യെഹോയാദയും അബ്യാഥാരും. രാജാവിന്‍റെ സേനാപതി യോവാബ് ആയിരുന്നു. ഇസ്രായേലിലെ ഗോത്രത്തലവന്മാര്‍, രാജസേവകരുടെ സംഘത്തലവന്മാര്‍, സഹസ്രാധിപന്മാര്‍, ശതാധിപന്മാര്‍, രാജാവിന്‍റെയും രാജപുത്രന്മാരുടെയും വസ്തുവകകള്‍ക്കും കന്നുകാലികള്‍ക്കും മേല്‍നോട്ടം വഹിച്ചിരുന്നവര്‍, കൊട്ടാരമേല്‍വിചാരകര്‍, ധീരയോദ്ധാക്കള്‍ എന്നിങ്ങനെ എല്ലാ ഉദ്യോഗസ്ഥന്മാരെയും ദാവീദ് യെരൂശലേമില്‍ വിളിച്ചുകൂട്ടി. ദാവീദുരാജാവ് എഴുന്നേറ്റു നിന്നു പറഞ്ഞു: “സഹോദരന്മാരേ, എന്‍റെ ജനമേ, ശ്രദ്ധിക്കുവിന്‍; സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം പ്രതിഷ്ഠിക്കുന്നതിനും അവിടുത്തെ പാദപീഠം ആയിരിക്കുന്നതിനുംവേണ്ടി ഒരു ആലയം പണിയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു; അതിനുവേണ്ട ഒരുക്കങ്ങളും ചെയ്തിരുന്നു. എന്നാല്‍ ദൈവം എന്നോട് അരുളിച്ചെയ്തു: ‘നീ ധാരാളം രക്തം ചൊരിഞ്ഞ യോദ്ധാവായതുകൊണ്ട് എന്‍റെ നാമത്തിന് ഒരു ആലയം പണിയേണ്ട.’ എങ്കിലും ഇസ്രായേലിന്‍റെ രാജാവായി സദാകാലവും വാഴാന്‍ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ എന്‍റെ പിതൃഭവനത്തില്‍ എല്ലാവരില്‍നിന്നും എന്നെ തിരഞ്ഞെടുത്തു. നേതൃത്വം നല്‌കുന്നതിനു യെഹൂദാഗോത്രത്തെയും അതില്‍നിന്ന് എന്‍റെ പിതൃഭവനത്തെയും ആയിരുന്നു തിരഞ്ഞെടുത്തത്. എന്‍റെ പിതാവിന്‍റെ സന്തതികളില്‍നിന്ന് ഇസ്രായേലിന്‍റെ രാജാവായി എന്നെ തിരഞ്ഞെടുക്കാന്‍ അവിടുത്തേക്കു തിരുമനസ്സായി. അവിടുന്ന് എനിക്ക് ധാരാളം പുത്രന്മാരെ നല്‌കിയിട്ടുണ്ടല്ലോ. അവരില്‍നിന്നു ശലോമോനെ ഇസ്രായേലില്‍ സര്‍വേശ്വരന്‍റെ രാജസിംഹാസനത്തിലിരിക്കാന്‍ അവിടുന്നു തിരഞ്ഞെടുത്തു. “അവിടുന്നു എന്നോട് അരുളിച്ചെയ്തു: ‘ശലോമോനെ എന്‍റെ പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാന്‍ അവന്‍റെ പിതാവായിരിക്കും. അവന്‍ എന്‍റെ ആലയവും അങ്കണങ്ങളും പണിയും. എന്‍റെ കല്പനകളും അനുശാസനങ്ങളും പാലിക്കുന്നതില്‍ അവന്‍ ഇന്നത്തെപ്പോലെ ശുഷ്കാന്തി ഉള്ളവനായിരുന്നാല്‍ അവന്‍റെ രാജ്യം എന്നേക്കും സുസ്ഥിരമാക്കും.’ ആകയാല്‍ സര്‍വേശ്വരന്‍റെ സഭയായ ഇസ്രായേലിന്‍റെ സമസ്തജനങ്ങളുടെയും മുമ്പില്‍വച്ച് ദൈവം കേള്‍ക്കെ ഞാന്‍ കല്പിക്കുന്നു: “ഐശ്വര്യപൂര്‍ണമായ ഈ ദേശം കൈവശമാക്കാനും നിങ്ങള്‍ക്കുശേഷം നിങ്ങളുടെ മക്കള്‍ അതു ശാശ്വതമായി അവകാശപ്പെടുത്താനുമായി നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ കല്പനകളെല്ലാം ശ്രദ്ധാപൂര്‍വം പാലിക്കണം.” “എന്‍റെ മകനേ ശലോമോനേ, നീ നിന്‍റെ പിതാവിന്‍റെ ദൈവത്തെ അറിയുകയും പൂര്‍ണഹൃദയത്തോടും നല്ല മനസ്സോടുംകൂടി അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുക. അവിടുന്ന് സര്‍വഹൃദയങ്ങളും പരിശോധിച്ച് വിചാരങ്ങളും ആലോചനകളുമെല്ലാം ഗ്രഹിക്കുന്നു; നീ സര്‍വേശ്വരനെ അന്വേഷിച്ചാല്‍ കണ്ടെത്തും; ഉപേക്ഷിച്ചാല്‍ അവിടുന്നു നിന്നെ എന്നേക്കും തള്ളിക്കളയും. ശ്രദ്ധിക്കുക, വിശുദ്ധ മന്ദിരം പണിയാന്‍ അവിടുന്ന് നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. അചഞ്ചലനായി അതു നിര്‍വഹിക്കുക.” പിന്നീട് ദാവീദ് ദേവാലയത്തിന്‍റെ മണ്ഡപം, ഉപഗൃഹങ്ങള്‍, ഭണ്ഡാരഗൃഹങ്ങള്‍, മാളികമുറികള്‍, അറകള്‍, സര്‍വേശ്വരന്‍റെ പെട്ടകത്തിനു വേണ്ടിയുള്ള അറ എന്നിവയുടെ രൂപരേഖ ശലോമോനു നല്‌കി. സര്‍വേശ്വരന്‍റെ ആലയം, അങ്കണം, ചുറ്റുമുള്ള അറകള്‍, ദേവാലയത്തിലെ ഭണ്ഡാരങ്ങള്‍, പുരോഹിതന്മാരുടെയും ലേവ്യരുടെയും ഗണങ്ങള്‍, സര്‍വേശ്വരന്‍റെ ആലയത്തിലെ ശുശ്രൂഷാസംബന്ധമായ ജോലികള്‍, അവിടെയുള്ള പാത്രങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം തന്‍റെ മനസ്സിലുണ്ടായിരുന്ന രൂപരേഖ അവനു വിവരിച്ചുകൊടുത്തു. ഓരോ ശുശ്രൂഷയ്‍ക്കും ഉപയോഗിക്കുന്ന സ്വര്‍ണപ്പാത്രങ്ങള്‍ക്കു വേണ്ട സ്വര്‍ണം, വെള്ളിപ്പാത്രങ്ങള്‍ക്കു വേണ്ട വെള്ളി, സ്വര്‍ണവിളക്കുകള്‍ക്കും തണ്ടുകള്‍ക്കും വേണ്ട സ്വര്‍ണം, വെള്ളിവിളക്കുകള്‍ക്കും തണ്ടുകള്‍ക്കും വേണ്ട വെള്ളി, കാഴ്ചയപ്പത്തിന്‍റെ മേശയ്‍ക്കുവേണ്ട സ്വര്‍ണം, വെള്ളിമേശകള്‍ക്കു വേണ്ട വെള്ളി, മുള്‍ക്കരണ്ടി, തളികകള്‍, പാനപാത്രങ്ങള്‍, കോപ്പകള്‍ ഇവയ്‍ക്കു വേണ്ട തങ്കം, വെള്ളിക്കോപ്പകള്‍ക്കു വേണ്ട വെള്ളി, ശുദ്ധിചെയ്ത സ്വര്‍ണംകൊണ്ടുള്ള ധൂപപീഠത്തിനുവേണ്ട സ്വര്‍ണം, സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകത്തിന്‍റെ മുകളില്‍ ചിറകു വിരിച്ചു നില്‌ക്കുന്ന കെരൂബുകളോടുകൂടിയ രഥത്തിന്‍റെ രൂപരേഖയും അതിനുവേണ്ട സ്വര്‍ണവും നല്‌കി. തല്‍സംബന്ധമായ വിവരങ്ങള്‍ സര്‍വേശ്വരനില്‍നിന്ന് എഴുതിക്കിട്ടിയതുപോലെ തന്നെയാണു ദാവീദ് ഇവയെല്ലാം വിശദീകരിച്ചു കൊടുത്തത്. അവയനുസരിച്ചുതന്നെ അവയുടെ പണികളും നടക്കണം. പിന്നെ ദാവീദ് ശലോമോനോടു പറഞ്ഞു: “ശക്തിയോടും ധീരതയോടുംകൂടി പ്രവര്‍ത്തിക്കുക; ഭയമോ ശങ്കയോ വേണ്ടാ. എന്‍റെ ദൈവമായ സര്‍വേശ്വരന്‍ നിന്‍റെ കൂടെയുണ്ട്. അവിടുത്തെ ആലയത്തിലെ ശുശ്രൂഷകള്‍ക്കുവേണ്ട ജോലികളെല്ലാം തീരുന്നതുവരെ അവിടുന്നു നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല. ഇതാ, ദേവാലയത്തിലെ സകല ശുശ്രൂഷകള്‍ക്കും വേണ്ട പുരോഹിതന്മാരുടെയും ലേവ്യരുടെയും ഗണങ്ങള്‍ തയ്യാറായി നില്‌ക്കുന്നു; ഓരോ ജോലിക്കും വേണ്ട സാമര്‍ഥ്യവും സന്നദ്ധതയുമുള്ളവര്‍ നിന്‍റെ കൂടെയുണ്ട്; ഉദ്യോഗസ്ഥന്മാരും ജനങ്ങളും നിന്‍റെ കല്പനകളെല്ലാം അനുസരിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു.” ദാവീദുരാജാവ് ഇസ്രായേല്‍സമൂഹത്തോടു പറഞ്ഞു: “എന്‍റെ പുത്രനായ ശലോമോനെ മാത്രമാണ് ദൈവം തിരഞ്ഞെടുത്തിരിക്കുന്നത്. അവന്‍ ചെറുപ്പമാണ്, പരിചയസമ്പന്നനുമല്ല; ചെയ്യാനുള്ള പ്രവൃത്തിയോ, വലുത്; ആലയം മനുഷ്യനുവേണ്ടിയുള്ളതല്ല, ദൈവമായ സര്‍വേശ്വരനു വേണ്ടിയുള്ളതാണല്ലോ. അതുകൊണ്ട് എന്‍റെ ദൈവത്തിന്‍റെ ആലയത്തിനായി എന്നാല്‍ കഴിയുന്നതെല്ലാം കരുതിയിട്ടുണ്ട്. അതത് ഉപകരണങ്ങള്‍ക്കു വേണ്ട സ്വര്‍ണം, വെള്ളി, ഓട്, ഇരുമ്പ്, തടി, കൂടാതെ ധാരാളം ഗോമേദകക്കല്ലുകള്‍, രത്നക്കല്ലുകള്‍, അഞ്ജനക്കല്ലുകള്‍, വര്‍ണക്കല്ലുകള്‍, എല്ലാത്തരം അമൂല്യ രത്നങ്ങള്‍, മാര്‍ബിള്‍ എന്നിവയും ഞാന്‍ ശേഖരിച്ചിട്ടുണ്ട്. വിശുദ്ധമന്ദിരത്തിനു വേണ്ടി ഞാന്‍ കരുതിയിട്ടുള്ളവയ്‍ക്കെല്ലാം പുറമേ, എന്‍റെ സ്വന്തമായ സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും ഭണ്ഡാരവും ഉണ്ട്. എന്‍റെ ദൈവത്തിന്‍റെ ഭവനത്തോട് എനിക്കുള്ള കൂറുനിമിത്തം എന്‍റെ ദൈവത്തിന്‍റെ ആലയത്തിനുവേണ്ടി അതെല്ലാം നല്‌കിയിരിക്കുന്നു. ആലയഭിത്തികള്‍ വേണ്ടതുപോലെ സ്വര്‍ണംകൊണ്ടും വെള്ളികൊണ്ടും പൊതിയാനും വിദഗ്ദ്ധശില്പികളുടെ പണിത്തരങ്ങള്‍ക്കുമായി ഓഫീറില്‍നിന്നുള്ള മൂവായിരം താലന്തു സ്വര്‍ണവും ഏഴായിരം താലന്തു ശുദ്ധിചെയ്ത വെള്ളിയും കൊടുത്തിരിക്കുന്നു. ഇനിയും ആരാണ് സര്‍വേശ്വരനു വേണ്ടി സ്വമനസ്സാലെ കാഴ്ചയര്‍പ്പിച്ചു സമര്‍പ്പിതനാകുന്നത്?” തത്സമയം പിതൃഭവനത്തലവന്മാരും ഗോത്രനായകന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജകീയ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടക്കാരും സ്വമേധാദാനങ്ങള്‍ നല്‌കി. ദേവാലയത്തിന്‍റെ പണികള്‍ക്കായി അവര്‍ അയ്യായിരം താലന്തു സ്വര്‍ണവും പതിനായിരം തങ്കക്കാശും പതിനായിരം താലന്തു വെള്ളിയും പതിനെണ്ണായിരം താലന്ത് ഓടും ഒരു ലക്ഷം താലന്ത് ഇരുമ്പും നല്‌കി. അമൂല്യ രത്നങ്ങള്‍ കൈവശം ഉണ്ടായിരുന്നവര്‍ ഗേര്‍ശോന്യനായ യെഹീയേലിന്‍റെ മേല്‍നോട്ടത്തില്‍ അവ സര്‍വേശ്വരമന്ദിരത്തിലെ ഭണ്ഡാരത്തില്‍ സമര്‍പ്പിച്ചു. അവര്‍ പൂര്‍ണഹൃദയത്തോടെ സര്‍വേശ്വരന് അവ സമര്‍പ്പിച്ചതിനാല്‍ ദാവീദുരാജാവും ജനങ്ങളും ആഹ്ലാദിച്ചു. അപ്പോള്‍ സഭ മുഴുവന്‍റെയും മുമ്പാകെ ദാവീദ് സര്‍വേശ്വരനെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: “ഞങ്ങളുടെ പിതാവായ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ, അവിടുന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവന്‍. സര്‍വേശ്വരാ, മഹിമയും ശക്തിയും മഹത്ത്വവും വിജയവും പ്രതാപവും അങ്ങേക്കുള്ളത്; സ്വര്‍ഗത്തിലും ഭൂമിയിലുമുള്ളതെല്ലാം അങ്ങയുടേതാണല്ലോ. സര്‍വേശ്വരാ, രാജത്വം അങ്ങയുടേത്. അങ്ങ് എല്ലാറ്റിനും മീതെ അധീശനായി വര്‍ത്തിക്കുന്നു. ധനവും ബഹുമതിയും അങ്ങയില്‍നിന്നു വരുന്നു; അങ്ങ് എല്ലാറ്റിനും മീതെ വാഴുന്നു. ശക്തിയും പ്രതാപവും അങ്ങയുടെ കൈകളില്‍ ആകുന്നു; മാഹാത്മ്യം വരുത്തുന്നതും എല്ലാറ്റിനും ശക്തി പകരുന്നതും അങ്ങാണ്. അതിനാല്‍ ഞങ്ങളുടെ ദൈവമേ, ഞങ്ങളിതാ, അവിടുത്തേക്കു സ്തോത്രം അര്‍പ്പിക്കുന്നു, അവിടുത്തെ മഹത്ത്വപൂര്‍ണമായ നാമത്തെ സ്തുതിക്കുന്നു. സ്വമനസ്സാലെ ഈ തിരുമുല്‍ക്കാഴ്ച അര്‍പ്പിക്കാന്‍ ഞാന്‍ ആര്? എന്‍റെ ജനം ആര്? സമസ്തവും അങ്ങയില്‍ നിന്നുള്ളതാണല്ലോ. അങ്ങയില്‍നിന്നു ലഭിച്ചത് ഞങ്ങള്‍ അങ്ങേക്കു നല്‌കിയിരിക്കുന്നു. ഞങ്ങളുടെ എല്ലാ പിതാക്കന്മാരെയുംപോലെ ഞങ്ങളും അങ്ങയുടെ മുമ്പില്‍ പരദേശികളും തല്‍ക്കാലവാസികളുമാണ്; ഭൂമിയിലെ ഞങ്ങളുടെ ദിവസങ്ങള്‍ നിഴല്‍പോലെ മാത്രം; ഒരു സ്ഥിരതയുമില്ല. ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, അങ്ങയുടെ വിശുദ്ധനാമത്തില്‍ അങ്ങേക്ക് ഒരു ആലയം പണിയാന്‍ സമൃദ്ധമായി ഞങ്ങള്‍ ശേഖരിച്ചിട്ടുള്ളതെല്ലാം അങ്ങയുടെ കൈകളില്‍നിന്നു ലഭിച്ചിട്ടുള്ളവയാണ്. എല്ലാം അങ്ങയുടേതുമാത്രം. “എന്‍റെ ദൈവമേ, അങ്ങ് ഹൃദയം പരിശോധിച്ച് പരമാര്‍ഥതയില്‍ പ്രസാദിക്കുന്നതായി ഞാന്‍ അറിയുന്നു. ഹൃദയപരമാര്‍ഥതയാല്‍ ഇതെല്ലാം ഞാന്‍ മനസ്സോടെ അര്‍പ്പിച്ചിരിക്കുന്നുവല്ലോ; ഇവിടെ സന്നിഹിതരായിരിക്കുന്ന അങ്ങയുടെ ജനവും മനസ്സോടും ആനന്ദത്തോടും അവിടുത്തേക്കു കാഴ്ചകള്‍ അര്‍പ്പിക്കുന്നതു ഞാന്‍ കണ്ടിരിക്കുന്നു. ഞങ്ങളുടെ പിതാക്കന്മാരായ അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും ഇസ്രായേലിന്‍റെയും ദൈവമായ സര്‍വേശ്വരാ, അവിടുത്തെ ജനത്തിന്‍റെ ഹൃദയങ്ങളില്‍ ഇത്തരം ലക്ഷ്യങ്ങളും ചിന്തകളും എന്നേക്കും നിലനിറുത്തുകയും അവരുടെ ഹൃദയങ്ങളെ അങ്ങയിലേക്കു തിരിക്കുകയും ചെയ്യണമേ. എന്‍റെ പുത്രനായ ശലോമോന്‍ അങ്ങയുടെ കല്പനകളും സാക്ഷ്യങ്ങളും അനുശാസനങ്ങളും എല്ലാം പൂര്‍ണഹൃദയത്തോടെ പാലിക്കാനും അങ്ങേക്കുള്ള മന്ദിരം ഞാന്‍ കരുതിയിട്ടുള്ള വിഭവങ്ങള്‍കൊണ്ടു പണിയാനും അവിടുത്തെ കടാക്ഷം അവനില്‍ ഉണ്ടാകണമേ.” പിന്നീടു ദാവീദു സഭ മുഴുവനോടുമായി കല്പിച്ചു: “നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ വാഴ്ത്തുവിന്‍.” സഭ മുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനെ വാഴ്ത്തുകയും ആരാധിക്കുകയും രാജാവിനെ വണങ്ങുകയും ചെയ്തു. പിന്നീട് അവര്‍ സര്‍വേശ്വരനു യാഗങ്ങള്‍ അര്‍പ്പിച്ചു. പിറ്റേദിവസം ഹോമയാഗമായി ആയിരം കാളകളെയും ആയിരം മുട്ടാടുകളെയും ആയിരം കുഞ്ഞാടുകളെയും പാനീയ നിവേദ്യത്തോടുകൂടി എല്ലാ ഇസ്രായേല്യര്‍ക്കും വേണ്ടി സര്‍വേശ്വരന് അര്‍പ്പിച്ചു; അവര്‍ വലിയ സന്തോഷത്തോടെ സര്‍വേശ്വരസന്നിധിയില്‍ തിന്നുകുടിച്ച് അത്യന്തം ആഹ്ലാദിച്ചു. അവര്‍ ദാവീദിന്‍റെ പുത്രനായ ശലോമോനെ വീണ്ടും രാജാവായി അവരോധിച്ചു. സര്‍വേശ്വരനുവേണ്ടി ശലോമോനെ പ്രഭുവായും സാദോക്കിനെ പുരോഹിതനായും അഭിഷേകം ചെയ്തു. തന്‍റെ പിതാവായ ദാവീദിനു പകരം ശലോമോന്‍ രാജാവായി സര്‍വേശ്വരന്‍റെ സിംഹാസനത്തില്‍ ഇരുന്നു. അദ്ദേഹം ഐശ്വര്യസമ്പന്നനായിത്തീര്‍ന്നു. ഇസ്രായേല്‍ജനം മുഴുവന്‍ അദ്ദേഹത്തെ അനുസരിച്ചു. എല്ലാ നായകന്മാരും വീരയോദ്ധാക്കളും ദാവീദുരാജാവിന്‍റെ എല്ലാ പുത്രന്മാരും ശലോമോന്‍ രാജാവിനോടു കൂറു പ്രഖ്യാപിച്ചു. ഇസ്രായേല്‍ജനതയുടെ മുമ്പില്‍ സര്‍വേശ്വരന്‍ ശലോമോനെ അത്യന്തം പ്രശസ്തനാക്കി. ഇസ്രായേലില്‍ ഒരു രാജാവിനും മുമ്പ് ഉണ്ടായിട്ടില്ലാത്ത രാജകീയ പ്രതാപം അദ്ദേഹത്തിനു നല്‌കി. അങ്ങനെ യിശ്ശായിയുടെ പുത്രനായ ദാവീദ് ഇസ്രായേല്‍ മുഴുവന്‍റെയുംമേല്‍ ഭരണം നടത്തി. ഇസ്രായേലില്‍ അദ്ദേഹത്തിന്‍റെ ഭരണകാലം നാല്പതു വര്‍ഷം ആയിരുന്നു; ഏഴുവര്‍ഷം ഹെബ്രോനിലും മുപ്പത്തിമൂന്നു വര്‍ഷം യെരൂശലേമിലും അദ്ദേഹം വാണു. ആയുസ്സും ധനവും പ്രതാപവും തികഞ്ഞു വാര്‍ധക്യത്തില്‍ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്‍റെ പുത്രനായ ശലോമോന്‍ പകരം രാജാവായി. ദാവീദുരാജാവിന്‍റെ പ്രവൃത്തികള്‍ ആദ്യന്തം ദര്‍ശകരായ ശമൂവേല്‍, ഗാദ് എന്നിവരുടെയും നാഥാന്‍പ്രവാചകന്‍റെയും വൃത്താന്തപുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ എല്ലാ ഭരണവിവരങ്ങളും വീര്യപ്രവൃത്തികളും അദ്ദേഹത്തെയും ഇസ്രായേലിനെയും മറ്റു രാജ്യങ്ങളെയും സംബന്ധിച്ച സകല കാര്യങ്ങളും ഈ രേഖകളില്‍ വിവരിച്ചിരിക്കുന്നു. ദാവീദിന്‍റെ പുത്രന്‍ ശലോമോന്‍ തന്‍റെ രാജത്വം ഉറപ്പിച്ചു. ദൈവമായ സര്‍വേശ്വരന്‍ ശലോമോന്‍റെ കൂടെയിരുന്ന് അദ്ദേഹത്തെ അത്യന്തം പ്രതാപവാനാക്കി. സഹസ്രാധിപന്മാര്‍, ശതാധിപന്മാര്‍, ന്യായാധിപന്മാര്‍, ഇസ്രായേലിലെ പിതൃഭവനത്തലവന്മാരായ നേതാക്കന്മാര്‍ തുടങ്ങി സമസ്ത ഇസ്രായേല്‍ജനത്തോടും ശലോമോന്‍ സംസാരിച്ചു. പിന്നീടു ശലോമോനും അവിടെ കൂടിയിരുന്ന ജനങ്ങളും ഗിബെയോനിലെ പൂജാഗിരിയിലേക്കു പോയി. സര്‍വേശ്വരന്‍റെ ദാസനായ മോശ മരുഭൂമിയില്‍വച്ചു നിര്‍മ്മിച്ച ദൈവത്തിന്‍റെ തിരുസാന്നിധ്യകൂടാരം അവിടെയായിരുന്നു. ദാവീദ് ദൈവത്തിന്‍റെ പെട്ടകം കിര്യത്ത്-യെയാരീമില്‍നിന്ന് യെരൂശലേമില്‍ ഒരുക്കിയിരുന്ന കൂടാരത്തിലേക്കു കൊണ്ടുവന്നിരുന്നു; സര്‍വേശ്വരകൂടാരത്തിന്‍റെ മുമ്പില്‍, ഹൂരിന്‍റെ പൗത്രനും ഊരിയുടെ പുത്രനുമായ ബെസലേല്‍ ഓടുകൊണ്ടു നിര്‍മ്മിച്ച യാഗപീഠം ഉണ്ടായിരുന്നു. അവിടെ ശലോമോനും ജനസമൂഹവും സര്‍വേശ്വരനെ ആരാധിച്ചു. ശലോമോന്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെ മുമ്പിലുള്ള ഓട്ടുയാഗപീഠത്തെ സമീപിച്ച് അതിന്മേല്‍ ആയിരം ഹോമയാഗം അര്‍പ്പിച്ചു. അന്നു രാത്രി ദൈവം പ്രത്യക്ഷനായി ശലോമോനോട് അരുളിച്ചെയ്തു: “ഞാന്‍ നിനക്ക് എന്തു നല്‌കണമെന്നു പറഞ്ഞുകൊള്ളുക?” ശലോമോന്‍ പ്രതിവചിച്ചു: “എന്‍റെ പിതാവായ ദാവീദിനോട് അവിടുന്നു സുസ്ഥിരമായ സ്നേഹം കാട്ടിയിരുന്നു. അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി എന്നെ രാജാവാക്കി. സര്‍വേശ്വരനായ ദൈവമേ, എന്‍റെ പിതാവായ ദാവീദിനോട് അവിടുന്നു ചെയ്തിരുന്ന വാഗ്ദാനം ഇപ്പോള്‍ നിറവേറ്റണമേ. ഭൂമിയിലെ മണല്‍ത്തരികള്‍പോലെ അസംഖ്യമായ ഒരു ജനത്തെ ഭരിക്കാന്‍ അവിടുന്ന് എന്നെ രാജാവാക്കിയല്ലോ. ഈ ജനത്തെ നയിക്കുന്നതിനുവേണ്ട ജ്ഞാനവും അറിവും എനിക്കു നല്‌കണമേ. അല്ലെങ്കില്‍ അവിടുത്തെ ഈ മഹാജനതയെ ഭരിക്കാന്‍ ആര്‍ക്കു കഴിയും?” ദൈവം ശലോമോനോട് അരുളിച്ചെയ്തു: “ഇതാണല്ലോ നിന്‍റെ ഹൃദയാഭിലാഷം! സമ്പത്തോ, ധനമോ, കീര്‍ത്തിയോ, ശത്രുസംഹാരമോ, ദീര്‍ഘായുസ്സുപോലുമോ നീ ചോദിച്ചില്ല. നേരേമറിച്ച്, നിന്നെ ഏതു ജനത്തിന്‍റെ രാജാവാക്കിയോ ആ ജനത്തെ ഭരിക്കാന്‍ വേണ്ട ജ്ഞാനവും വിവേകവും ആണല്ലോ നീ ചോദിച്ചത്. അതുകൊണ്ടു ജ്ഞാനവും വിവേകവും ഞാന്‍ നിനക്കു നല്‌കുന്നു. കൂടാതെ നിന്‍റെ മുന്‍ഗാമികളായ രാജാക്കന്മാരില്‍ ആര്‍ക്കും ലഭിച്ചിട്ടില്ലാത്തതും നിന്‍റെ പിന്‍ഗാമികളില്‍ ആര്‍ക്കും ലഭിക്കാന്‍ ഇടയില്ലാത്തതുമായ ധനവും സമ്പത്തും കീര്‍ത്തിയും ഞാന്‍ നിനക്കു നല്‌കും.” ശലോമോന്‍ ഗിബെയോനിലെ പൂജാഗിരിയിലെ തിരുസാന്നിധ്യകൂടാരത്തില്‍നിന്നു യെരൂശലേമിലേക്കു മടങ്ങിവന്ന് ഇസ്രായേലിനെ ഭരിച്ചു. ശലോമോന്‍ രഥങ്ങളെയും കുതിരപ്പടയെയും സംഘടിപ്പിച്ചു. അദ്ദേഹത്തിന് ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരം കുതിരപ്പടയാളികളും ഉണ്ടായിരുന്നു. ശലോമോന്‍ അവരെ തന്‍റെ ആസ്ഥാനമായ യെരൂശലേമിലും രഥനഗരങ്ങളിലുമായി പാര്‍പ്പിച്ചു. അദ്ദേഹത്തിന്‍റെ ഭരണകാലത്തു യെരൂശലേമില്‍ വെള്ളിയും സ്വര്‍ണവും കല്ലുപോലെയും ദേവദാരു ഷെഫേലാതാഴ്വരയിലെ കാട്ടത്തിമരംപോലെയും സുലഭമായിരുന്നു. ഈജിപ്തില്‍നിന്നും കുവെയില്‍നിന്നും ആയിരുന്നു കുതിരകളെ ഇറക്കുമതി ചെയ്തിരുന്നത്. രാജാവിന്‍റെ വ്യാപാരികള്‍ അവയെ വിലകൊടുത്തു കുവെയില്‍നിന്ന് ഏറ്റുവാങ്ങിവന്നു. ഒരു രഥത്തിന് അറുനൂറു ശേക്കെല്‍ വെള്ളിയും ഒരു കുതിരയ്‍ക്ക് നൂറ്റമ്പതു ശേക്കെല്‍ വെള്ളിയുമായിരുന്നു ഈജിപ്തിലെ വില. ഹിത്യയിലെയും സിറിയായിലെയും രാജാക്കന്മാര്‍ക്കും വ്യാപാരികളിലൂടെ അവയെ എത്തിച്ചു കൊടുത്തിരുന്നു. സര്‍വേശ്വരനെ ആരാധിക്കാന്‍ ഒരു ആലയവും തനിക്കുവേണ്ടി ഒരു കൊട്ടാരവും പണിയാന്‍ ശലോമോന്‍ തീരുമാനിച്ചു. എഴുപതിനായിരം ചുമട്ടുകാരെയും എണ്‍പതിനായിരം കല്ലുവെട്ടുകാരെയും അവരുടെ മേല്‍നോട്ടം വഹിക്കാന്‍ മൂവായിരത്തറുനൂറു പേരെയും ശലോമോന്‍ നിയമിച്ചു. സോര്‍രാജാവായ ഹൂരാമിന് അദ്ദേഹം ഈ സന്ദേശം കൊടുത്തയച്ചു: “എന്‍റെ പിതാവായ ദാവീദ് കൊട്ടാരം പണിതപ്പോള്‍ അതിനുവേണ്ട ദേവദാരു നല്‌കിയത് അങ്ങായിരുന്നല്ലോ. അതുപോലെ എന്നോടും വര്‍ത്തിച്ചാലും. ദൈവം ഇസ്രായേലിനോടു കല്പിച്ചിട്ടുള്ളതുപോലെ അവിടുത്തെ സന്നിധിയില്‍ ധൂപാര്‍പ്പണം നടത്താനും കാഴ്ചയപ്പം അര്‍പ്പിക്കാനും കാലത്തും വൈകിട്ടും ശബത്തുകളിലും അമാവാസികളിലും ദൈവമായ സര്‍വേശ്വരന്‍റെ ഉത്സവദിനങ്ങളിലും ഹോമയാഗം അര്‍പ്പിക്കാനുമായി ഞാന്‍ എന്‍റെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കാന്‍ ഒരു ആലയം നിര്‍മ്മിച്ചു സമര്‍പ്പിക്കും. ഞങ്ങളുടെ ദൈവം സകല ദേവന്മാരെക്കാളും വലിയവനാണ്; അതുകൊണ്ട് ഞാന്‍ പണിയാന്‍ പോകുന്ന ദേവാലയവും വലുതായിരിക്കും. സ്വര്‍ഗത്തിനോ ഉന്നത സ്വര്‍ഗത്തിനു തന്നെയോ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവിടുത്തേക്ക് ഒരു ആലയം പണിയാന്‍ ആര്‍ക്കു കഴിയും? അവിടുത്തെ മുമ്പാകെ ധൂപം അര്‍പ്പിക്കുന്നതിനുള്ള ഇടമല്ലാതെ ഒരു ആലയം പണിയാന്‍ ഞാന്‍ ആരാണ്? എന്‍റെ പിതാവായ ദാവീദ് തിരഞ്ഞെടുത്തു നിയമിച്ചിട്ടുള്ളവരും യെഹൂദ്യയിലും യെരൂശലേമിലും ഉള്ളവരുമായ വിദഗ്ദ്ധതൊഴിലാളികളുടെ കൂടെ ജോലി ചെയ്യാന്‍ ഒരാളെ ഇപ്പോള്‍ അയച്ചുതരിക. അയാള്‍ സ്വര്‍ണം, വെള്ളി, ഓട്, ഇരുമ്പ് എന്നിവകൊണ്ടും നീല, ധൂമ്രം, കടുംചുവപ്പ് നൂലുകള്‍കൊണ്ടുള്ള പണികളിലും കൊത്തുപണിയിലും സമര്‍ഥനായിരിക്കണം. ദേവദാരുവും സരളമരവും ചന്ദനവും കൂടി ലെബാനോനില്‍നിന്ന് അയച്ചുതരണം. അങ്ങയുടെ അവിടെയുള്ള മരംവെട്ടുകാര്‍ സമര്‍ഥരാണെന്ന് എനിക്കറിയാം. എന്‍റെ ജോലിക്കാര്‍ അങ്ങയുടെ ജോലിക്കാരോടൊപ്പം പണിചെയ്യും. ഞാന്‍ ആഗ്രഹിക്കുന്നവിധം വലിപ്പമേറിയതും വിസ്മയകരവുമായ ഒരു ആലയം പണിയാന്‍ വളരെ തടി ആവശ്യമുണ്ട്. അങ്ങയുടെ മരംവെട്ടുകാര്‍ക്ക് ഉമി കളഞ്ഞ ഇരുപതിനായിരം കോര്‍ കോതമ്പും ഇരുപതിനായിരം കോര്‍ ബാര്‍ലിയും ഇരുപതിനായിരം ബത്ത് വീഞ്ഞും ഇരുപതിനായിരം ബത്ത് എണ്ണയും തന്നുകൊള്ളാം.” സോര്‍രാജാവായ ഹൂരാം ശലോമോന് ഇങ്ങനെ മറുപടി അയച്ചു: “സര്‍വേശ്വരന്‍ തന്‍റെ ജനത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് അങ്ങയെ അവരുടെ രാജാവാക്കിയിരിക്കുന്നത്. സര്‍വേശ്വരന് ഒരു ആലയവും രാജാവിനു കൊട്ടാരവും പണിയാന്‍ തക്ക ജ്ഞാനവും വിവേകവുമുള്ള സമര്‍ഥനായ ഒരു പുത്രനെ ദാവീദുരാജാവിനു നല്‌കിയ, ആകാശത്തെയും ഭൂമിയെയും സൃഷ്‍ടിച്ച ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ. വിവേകിയും വിദഗ്ദ്ധശില്പിയുമായ ഹൂരാം-ആബിയെ ഞാന്‍ അയയ്‍ക്കുന്നു. അവന്‍റെ മാതാവ് ദാന്‍ഗോത്രത്തില്‍പ്പെട്ടവളും പിതാവ് സോര്‍ ദേശക്കാരനുമാണ്. സ്വര്‍ണം, വെള്ളി, ഓട്, ഇരുമ്പ്, കല്ല്, മരം എന്നിവ കൊണ്ടുള്ള പണിയിലും നീല, ധൂമ്രം, കടുംചുവപ്പ് എന്നീ നിറങ്ങളിലുള്ള നൂലുകൊണ്ടും ലിനന്‍നൂലുകൊണ്ടുമുള്ള പണികളിലും എല്ലാവിധ കൊത്തുപണികളിലും അവന് സാമര്‍ഥ്യം ഉണ്ട്. അങ്ങയുടെയും അങ്ങയുടെ പിതാവായ ദാവീദിന്‍റെയും കരകൗശലപ്പണിക്കാരോടു ചേര്‍ന്ന് അവനെ ഏല്പിക്കുന്ന ഏതു മാതൃക അനുസരിച്ചും പണിചെയ്യാന്‍ അവനു കഴിയും. അങ്ങ് അറിയിച്ചിരുന്നതുപോലെ കോതമ്പും ബാര്‍ലിയും എണ്ണയും വീഞ്ഞും ഭൃത്യന്മാര്‍ക്കുവേണ്ടി കൊടുത്തയയ്‍ക്കുമല്ലോ. അങ്ങേക്ക് ആവശ്യമുള്ള തടി ലെബാനോനില്‍നിന്നു മുറിച്ച് ചങ്ങാടം കെട്ടി കടല്‍ വഴി യോപ്പയില്‍ എത്തിച്ചുതരാം. അവിടെനിന്ന് അവ യെരൂശലേമിലേക്കു കൊണ്ടുപോകാമല്ലോ.” പിന്നീട് ശലോമോന്‍ തന്‍റെ പിതാവായ ദാവീദ് ചെയ്തതുപോലെ ഇസ്രായേല്‍ദേശത്തു പാര്‍ക്കുന്ന പരദേശികളുടെ ജനസംഖ്യയെടുത്തു; അവരുടെ എണ്ണം ഒരുലക്ഷത്തിഅമ്പത്തിമൂവായിരത്തറുനൂറ് ആയിരുന്നു. അവരില്‍ എഴുപതിനായിരം പേരെ ചുമട്ടുകാരും എണ്‍പതിനായിരം പേരെ കല്ലുവെട്ടുകാരും മൂവായിരത്തറുനൂറു പേരെ പണിക്കാരുടെ മേല്‍നോട്ടക്കാരുമായി നിയമിച്ചു. ശലോമോന്‍ യെരൂശലേമില്‍ തന്‍റെ പിതാവായ ദാവീദിനു സര്‍വേശ്വരന്‍ പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ആലയം പണിയാന്‍ തുടങ്ങി. മോറിയാമലയില്‍ യെബൂസ്യനായ ഒര്‍ന്നാന്‍റെ മെതിക്കളത്തില്‍ ദാവീദ് നിശ്ചയിച്ചിരുന്ന സ്ഥലത്തുതന്നെയാണു പണി തുടങ്ങിയത്. തന്‍റെ വാഴ്ചയുടെ നാലാം വര്‍ഷം രണ്ടാം മാസം രണ്ടാം ദിവസം ശലോമോന്‍ ദേവാലയത്തിന്‍റെ പണി ആരംഭിച്ചു. ദേവാലയത്തിനുവേണ്ടി ശലോമോന്‍ നിശ്ചയിച്ച അളവുകള്‍ പഴയ കണക്കനുസരിച്ച് നീളം അറുപതു മുഴം, വീതി ഇരുപതു മുഴം, മുഖമണ്ഡപത്തിന് ആലയത്തിന്‍റെ വീതിയായ ഇരുപതു മുഴം വീതിയും നൂറ്റിരുപതു മുഴം ഉയരവും ആയിരുന്നു. അതിന്‍റെ അകം മുഴുവനും തങ്കംകൊണ്ടു പൊതിഞ്ഞു. സരളമരംകൊണ്ടു ആലയത്തിന്‍റെ മച്ചിട്ടു; പിന്നീട് അതു തങ്കംകൊണ്ടു പൊതിഞ്ഞു. അതിന്മേല്‍ പനകളുടെയും ചങ്ങലകളുടെയും രൂപങ്ങള്‍ കൊത്തിവച്ചു. ആലയം രത്നങ്ങള്‍കൊണ്ടും പര്‍വയീമില്‍നിന്നു കൊണ്ടുവന്ന സ്വര്‍ണംകൊണ്ടും മോടിപിടിപ്പിച്ചു. തുലാങ്ങള്‍, വാതില്‍പ്പടികള്‍, ചുമരുകള്‍, കതകുകള്‍ ഇങ്ങനെ ആലയം മുഴുവന്‍ സ്വര്‍ണംകൊണ്ടു പൊതിഞ്ഞു. ചുവരുകളില്‍ കെരൂബുകളുടെ രൂപങ്ങള്‍ കൊത്തിവച്ചു. അതിവിശുദ്ധസ്ഥലവും ശലോമോന്‍ നിര്‍മ്മിച്ചു. അതിന്‍റെ നീളവും വീതിയും ആലയത്തിന്‍റെ വീതിക്ക് അനുസൃതമായ ഇരുപതു മുഴം വീതമായിരുന്നു. അതിവിശുദ്ധസ്ഥലത്തിന്‍റെ ചുവരുകള്‍ അറുനൂറു താലന്ത് തങ്കംകൊണ്ടു പൊതിഞ്ഞു. അതിന്‍റെ ആണികള്‍ക്ക് അമ്പതു ശേക്കെല്‍ സ്വര്‍ണം തൂക്കം ഉണ്ടായിരുന്നു. മാളികമുറികളും സ്വര്‍ണംകൊണ്ടു പൊതിഞ്ഞു. അതിവിശുദ്ധസ്ഥലത്തു തടികൊണ്ടു രണ്ടു കെരൂബുകളുടെ രൂപങ്ങളുണ്ടാക്കിവച്ചു; അവയും സ്വര്‍ണംകൊണ്ടു പൊതിഞ്ഞു. കെരൂബുകളുടെ ചിറകുകള്‍ക്ക് ആകെ ഇരുപതുമുഴം നീളമുണ്ടായിരുന്നു. ഓരോ ചിറകിനും നീളം അഞ്ചു മുഴം ആയിരുന്നു. മധ്യത്തില്‍ ഒന്നോടൊന്നു ചിറകുകള്‍കൊണ്ടു തൊട്ടിരുന്ന കെരൂബുകളുടെ എതിര്‍വശത്തെ ചിറകുകള്‍ ആലയത്തിന്‍റെ ഇരുവശവുമുള്ള ഭിത്തികളെ സ്പര്‍ശിച്ചിരുന്നു. അങ്ങനെ ഇരുപതു മുഴം നീളത്തില്‍ ഇവയുടെ ചിറകുകള്‍ വിടര്‍ന്നിരുന്നു. കാലുകള്‍ നിലത്തുറപ്പിച്ച് ആലയത്തിന്‍റെ മുഖമണ്ഡപത്തിന് അഭിമുഖമായാണു കെരൂബുകള്‍ നിലയുറപ്പിച്ചിരുന്നത്. നീല, ധൂമ്രം, കടുംചുവപ്പു നിറങ്ങളുള്ള നൂലുകളും നേരിയ ലിനന്‍ നൂലും ഉപയോഗിച്ച് കെരൂബുകളുടെ ചിത്രപ്പണികളുള്ള ഒരു തിരശ്ശീലയും നെയ്തുണ്ടാക്കി. ആലയത്തിനു മുമ്പില്‍ മുപ്പത്തഞ്ചു മുഴം ഉയരമുള്ള രണ്ടു സ്തംഭങ്ങള്‍ പണിത് അവയുടെ മുകളില്‍ അഞ്ചു മുഴം ഉയരത്തില്‍ മകുടങ്ങളും നിര്‍മ്മിച്ചു. കണ്ഠാഭരണം പോലെയുള്ള ചങ്ങലകള്‍കൊണ്ട് സ്തംഭങ്ങളുടെ മുകള്‍ഭാഗം അലങ്കരിച്ചു. നൂറു മാതളപ്പഴരൂപങ്ങള്‍ ഉണ്ടാക്കി അവ ചങ്ങലകളില്‍ പിടിപ്പിച്ചു. ഈ സ്തംഭങ്ങള്‍ ദേവാലയത്തിന്‍റെ മുന്‍ഭാഗത്ത് ഇടത്തും വലത്തുമായി സ്ഥാപിച്ചു. വലത്തേതിന് യാഖീന്‍ എന്നും ഇടത്തേതിനു ബോവസ് എന്നും പേരു വിളിച്ചു. ശലോമോന്‍ ഓടുകൊണ്ട് ഒരു യാഗപീഠം പണിതു. അതിന്‍റെ നീളവും വീതിയും ഇരുപതു മുഴവും ഉയരം പത്തു മുഴവും ആയിരുന്നു. വൃത്താകൃതിയിലുള്ള ഒരു ജലസംഭരണിയും അദ്ദേഹം വാര്‍ത്തുണ്ടാക്കി. അതിന്‍റെ വ്യാസം പത്തു മുഴവും ആഴം അഞ്ചു മുഴവും ചുറ്റളവ് മുപ്പതു മുഴവും ആയിരുന്നു. ജലസംഭരണിയില്‍ വക്കിനു താഴെ മുപ്പതു മുഴം ചുറ്റളവില്‍ രണ്ടു നിരകളിലായി പല രൂപങ്ങളും വാര്‍ത്തുണ്ടാക്കിയിരുന്നു. ജലസംഭരണി പന്ത്രണ്ടു കാളരൂപങ്ങളുടെ പുറത്താണ് ഉറപ്പിച്ചിരുന്നത്. കാളകള്‍ മൂന്നു വീതം വടക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും കിഴക്കോട്ടും മുഖം തിരിച്ചാണ് നിന്നിരുന്നത്. സംഭരണി ഉറപ്പിച്ചിരുന്ന കാളകളുടെ പിന്‍ഭാഗങ്ങള്‍ സംഭരണിയുടെ അടിയിലേക്കു തിരിഞ്ഞിരുന്നു. ജലസംഭരണിക്ക് ഒരു കൈപ്പത്തി കനമുണ്ടായിരുന്നു. അതിന്‍റെ വക്ക് പാനപാത്രത്തിന്‍റേതുപോലെയും വിടര്‍ന്ന ലില്ലിപൂവുപോലെയും ആയിരുന്നു. അതില്‍ മൂവായിരം ബത്ത് വെള്ളം കൊള്ളുമായിരുന്നു. കഴുകാന്‍ വെള്ളം വയ്‍ക്കുന്നതിനു പത്തു തൊട്ടികള്‍ പണിയിച്ചു. അവയില്‍ അഞ്ചെണ്ണം വടക്കുഭാഗത്തും അഞ്ച് തെക്കുഭാഗത്തും സ്ഥാപിച്ചു. ഹോമയാഗത്തിനുള്ള വസ്തുക്കള്‍ അവയിലാണു കഴുകിയിരുന്നത്. ജലസംഭരണിയാകട്ടെ പുരോഹിതന്മാരുടെ ഉപയോഗത്തിനുള്ളതായിരുന്നു. നിര്‍ദ്ദേശിച്ചിരുന്നതുപോലെ സ്വര്‍ണംകൊണ്ട് പത്തു വിളക്കുകാലുകള്‍ ഉണ്ടാക്കി; അവ ദേവാലയത്തിനകത്ത് തെക്കും വടക്കും അഞ്ചു വീതം സ്ഥാപിച്ചു. അതുപോലെ പത്തു മേശകള്‍ ഉണ്ടാക്കി അഞ്ചു വീതം തെക്കും വടക്കും സ്ഥാപിച്ചു. നൂറു സ്വര്‍ണത്തളികകളും ഉണ്ടാക്കി. പുരോഹിതന്മാര്‍ക്കുള്ള അങ്കണവും വലിയ അങ്കണവും പണിത് അവയുടെ വാതിലുകളും നിര്‍മ്മിച്ചു. വാതിലുകള്‍ ഓടുകൊണ്ടു പൊതിഞ്ഞു. ജലസംഭരണി ആലയത്തിന്‍റെ തെക്കുകിഴക്കേ കോണില്‍ സ്ഥാപിച്ചു. കലങ്ങളും കോരികകളും തളികകളും ഹൂരാം നിര്‍മ്മിച്ചു. അങ്ങനെ ദേവാലയത്തിനുവേണ്ടി ചെയ്തു കൊടുക്കാമെന്നു ശലോമോനോട് ഏറ്റിരുന്ന പണികളെല്ലാം ഹൂരാം പൂര്‍ത്തിയാക്കി. രണ്ടു സ്തംഭങ്ങള്‍, സ്തംഭങ്ങളുടെ മുകളില്‍ ഗോളാകൃതിയില്‍ ഉണ്ടാക്കിയ മകുടങ്ങള്‍, മകുടങ്ങളുടെ ചുറ്റുമായി കോര്‍ത്തിണക്കിയ കണ്ഠാഭരണങ്ങള്‍ പോലെയുള്ള ചങ്ങലകള്‍, സ്തംഭത്തിന്മേലുള്ള മകുടങ്ങളുടെ രണ്ടു ഗോളങ്ങള്‍ മറയ്‍ക്കാനുള്ള ചിത്രപ്പണികളില്‍ രണ്ടു നിരയായുള്ള നാനൂറു മാതളപ്പഴരൂപങ്ങള്‍, പീഠങ്ങള്‍, അവയുടെ മേലുള്ള തൊട്ടികള്‍, ജലസംഭരണി, അതിനെ വഹിക്കുന്ന പന്ത്രണ്ടു കാളകള്‍, കലങ്ങള്‍, കോരികകള്‍, മുള്‍ക്കരണ്ടികള്‍ തുടങ്ങി ദേവാലയത്തിനാവശ്യമുള്ള എല്ലാ ഉപകരണങ്ങളും മിനുക്കിയ ഓടുകൊണ്ടു നിര്‍മ്മിച്ച് ഹൂരാം-ആബി ശലോമോന്‍രാജാവിനു നല്‌കി. യോര്‍ദ്ദാന്‍ സമഭൂമിയില്‍ സുക്കോത്തിനും സെരേദാഥെക്കും മധ്യേയുള്ള സ്ഥലത്തു വച്ചു രാജാവ് ഇവയെല്ലാം വാര്‍പ്പിച്ചു. ഇവയെല്ലാം ധാരാളമായി നിര്‍മ്മിച്ചതുകൊണ്ട് അവയ്‍ക്ക് ഉപയോഗിച്ച ഓടിന്‍റെ തൂക്കം തിട്ടപ്പെടുത്തിയില്ല. അങ്ങനെ ശലോമോന്‍ ദേവാലയത്തിനുവേണ്ട സകല ഉപകരണങ്ങളും പണിയിച്ചു. സ്വര്‍ണയാഗപീഠം, കാഴ്ചയപ്പം വയ്‍ക്കുന്നതിനുള്ള മേശകള്‍, വിധിപ്രകാരം അന്തര്‍മന്ദിരത്തിനു മുമ്പില്‍ കത്തിക്കേണ്ട പൊന്‍വിളക്കുകളും വിളക്കുകാലുകളും പുഷ്പങ്ങള്‍, വിളക്കുകള്‍, ചവണകള്‍, കത്രികകള്‍, കലശങ്ങള്‍, തവികള്‍, തീച്ചട്ടികള്‍ എന്നിവയെല്ലാം തങ്കംകൊണ്ടു നിര്‍മ്മിച്ചു. ദേവാലയത്തിന്‍റെ പുറംവാതിലുകളും അതിവിശുദ്ധസ്ഥലത്തേക്കുള്ള വാതിലുകളും സ്വര്‍ണംകൊണ്ടു പൊതിഞ്ഞു. ദേവാലയത്തിന്‍റെ പണികള്‍ പൂര്‍ത്തിയായപ്പോള്‍ ശലോമോന്‍ തന്‍റെ പിതാവായ ദാവീദ് സമര്‍പ്പിച്ചിരുന്ന വെള്ളിയും പൊന്നും മറ്റെല്ലാ വസ്തുക്കളും കൊണ്ടുവന്ന് ദേവാലയ ഭണ്ഡാരങ്ങളില്‍ നിക്ഷേപിച്ചു. സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം സീയോനില്‍നിന്നു കൊണ്ടുവരാന്‍ ഇസ്രായേല്യനേതാക്കളെയും ഗോത്രത്തലവന്മാരെയും ഇസ്രായേല്യ പിതൃഭവനത്തലവന്മാരെയും ശലോമോന്‍ യെരൂശലേമില്‍ വിളിച്ചുകൂട്ടി. ഏഴാം മാസത്തിലെ പെരുന്നാളിന് ഇസ്രായേല്‍ജനമെല്ലാം രാജസന്നിധിയില്‍ സമ്മേളിച്ചു. ഇസ്രായേല്‍ജനനേതാക്കളെല്ലാം വന്നുകൂടിയപ്പോള്‍ ലേവ്യര്‍ പെട്ടകം എടുത്തു. ഉടമ്പടിപ്പെട്ടകവും തിരുസാന്നിധ്യകൂടാരവും കൂടാരത്തിലുണ്ടായിരുന്ന എല്ലാ വിശുദ്ധപാത്രങ്ങളും പുരോഹിതന്മാരും ലേവ്യരുംകൂടി ദേവാലയത്തില്‍ കൊണ്ടുവന്നു. ശലോമോന്‍രാജാവും രാജസന്നിധിയില്‍ പെട്ടകത്തിന്‍റെ മുമ്പില്‍ സമ്മേളിച്ച ഇസ്രായേല്‍ജനവും കൂടി അസംഖ്യം ആടുകളെയും കാളകളെയും യാഗം കഴിച്ചു. പിന്നീട് പുരോഹിതന്മാര്‍ സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം യഥാസ്ഥാനത്ത് ആലയത്തിലെ അന്തര്‍മന്ദിരത്തില്‍ അതിവിശുദ്ധസ്ഥലത്തു കെരൂബുകളുടെ ചിറകിന്‍കീഴില്‍ കൊണ്ടുവന്നു വച്ചു. പെട്ടകത്തെയും അതിന്‍റെ തണ്ടുകളെയും മൂടി നില്‌ക്കത്തക്കവിധം കെരൂബുകള്‍ പെട്ടകത്തിന്‍റെ മീതെ ചിറകുകള്‍ വിടര്‍ത്തിനിന്നു. അന്തര്‍മന്ദിരത്തിനു മുമ്പില്‍ വിശുദ്ധസ്ഥലത്തുനിന്നു നോക്കിയാല്‍ അഗ്രങ്ങള്‍ കാണത്തക്കവിധം അത്രയ്‍ക്കു നീളമേറിയവ ആയിരുന്നു പെട്ടകത്തിന്‍റെ തണ്ടുകള്‍. എന്നാല്‍ പുറമേനിന്നു നോക്കിയാല്‍ തണ്ടുകള്‍ കാണാന്‍ സാധ്യമല്ലായിരുന്നു. ഇന്നും അവ അവിടെയുണ്ട്. ഈജിപ്തില്‍നിന്ന് ഇസ്രായേല്‍ജനം പുറപ്പെട്ടുവന്നപ്പോള്‍ സീനായിമലയില്‍ വച്ചാണല്ലോ സര്‍വേശ്വരന്‍ അവരുമായി ഉടമ്പടി ചെയ്തത്. അവിടെവച്ച് മോശ പെട്ടകത്തില്‍ വച്ച രണ്ടു കല്പലകകളല്ലാതെ മറ്റൊന്നും ഉടമ്പടിപ്പെട്ടകത്തില്‍ ഉണ്ടായിരുന്നില്ല. പുരോഹിതന്മാര്‍ വിശുദ്ധമന്ദിരത്തില്‍ നിന്നിറങ്ങി. അവിടെ സന്നിഹിതരായിരുന്ന പുരോഹിതന്മാരെല്ലാം വിഭാഗവ്യത്യാസം നോക്കാതെ സ്വയം ശുദ്ധീകരിച്ചിരുന്നു; ആസാഫ്, ഹേമാന്‍, യെദൂഥൂന്‍, അവരുടെ പുത്രന്മാര്‍, ചാര്‍ച്ചക്കാര്‍ എന്നീ ലേവ്യഗായകരെല്ലാം നേര്‍ത്ത ലിനന്‍ വസ്ത്രം ധരിച്ചിരുന്നു. അവര്‍ ഇലത്താളങ്ങള്‍, കിന്നരങ്ങള്‍, വീണകള്‍ എന്നിവയോടുകൂടി കാഹളം ഊതിക്കൊണ്ടിരുന്ന നൂറ്റിരുപതു പുരോഹിതന്മാരോടൊപ്പം യാഗപീഠത്തിന്‍റെ കിഴക്കുവശത്തു നിന്നു. കാഹളം മുഴക്കുന്നവരും ഗായകരും ഏകസ്വരത്തില്‍ സര്‍വേശ്വരന് സ്തുതിസ്തോത്രങ്ങള്‍ ആലപിച്ചു. കാഹളങ്ങളും ഇലത്താളങ്ങളും മറ്റു സംഗീതോപകരണങ്ങളും ഉപയോഗിച്ചുകൊണ്ട് അവര്‍ സര്‍വേശ്വരനെ പ്രകീര്‍ത്തിച്ചു. “അവിടുന്ന് നല്ലവനാണല്ലോ. അവിടുത്തെ സുസ്ഥിരസ്നേഹം എന്നേക്കും നിലനില്‌ക്കുന്നു.” അപ്പോള്‍ സര്‍വേശ്വരന്‍റെ ആലയത്തില്‍ ഒരു മേഘം വന്നു നിറഞ്ഞു. അവിടുത്തെ തേജസ്സ് ദേവാലയത്തില്‍ നിറഞ്ഞതിനാല്‍ അവിടെ നിന്നു ശുശ്രൂഷ നിര്‍വഹിക്കാന്‍ പുരോഹിതന്മാര്‍ക്കു കഴിഞ്ഞില്ല. ശലോമോന്‍ പറഞ്ഞു: “താന്‍ കൂരിരുട്ടില്‍ വസിക്കുമെന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്തിട്ടുണ്ട്. എങ്കിലും അവിടുത്തേക്കു നിത്യമായി പാര്‍ക്കാന്‍ വിശിഷ്ടമായ ഒരു ആലയം ഞാന്‍ പണിതിരിക്കുന്നു.” അവിടെ കൂടിയിരുന്ന ഇസ്രായേല്‍ജനമെല്ലാം എഴുന്നേറ്റു നില്‌ക്കയായിരുന്നു. രാജാവ് അവരെ ആശീര്‍വദിച്ചു. അദ്ദേഹം പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ. എന്‍റെ പിതാവായ ദാവീദിനോട് അരുളിച്ചെയ്തിരുന്ന വാഗ്ദാനം അവിടുന്നു നിറവേറ്റിയിരിക്കുന്നു. അവിടുന്നു അരുളിച്ചെയ്തിരുന്നു: ‘ഈജിപ്തില്‍നിന്ന് എന്‍റെ ജനത്തെ കൊണ്ടുവന്ന നാള്‍മുതല്‍ ഇന്നുവരെ എന്‍റെ നാമത്തില്‍ ഒരു ആലയം പണിയുവാന്‍ ഇസ്രായേല്‍ഗോത്രങ്ങളിലെ ഒരു പട്ടണവും ഞാന്‍ തിരഞ്ഞെടുത്തിരുന്നില്ല. എന്‍റെ ജനമായ ഇസ്രായേലിനെ നയിക്കാന്‍ ആരെയും നിയമിച്ചിരുന്നുമില്ല. എങ്കിലും ഇപ്പോള്‍ എന്‍റെ നാമം നിലനിര്‍ത്താന്‍ യെരൂശലേം തിരഞ്ഞെടുക്കുകയും എന്‍റെ ജനമായ ഇസ്രായേലിനെ ഭരിക്കാന്‍ ദാവീദിനെ നിയമിക്കുകയും ചെയ്തിരിക്കുന്നു.’ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ ഒരു ആലയം പണിയാന്‍ എന്‍റെ പിതാവിന് ആഗ്രഹമുണ്ടായിരുന്നു. എങ്കിലും അവിടുന്നു എന്‍റെ പിതാവായ ദാവീദിനോട് അരുളിച്ചെയ്തു: ‘എന്‍റെ നാമത്തില്‍ ഒരു ആലയം പണിയാന്‍ നീ ആഗ്രഹിച്ചു; നിന്‍റെ ആഗ്രഹം നല്ലതുതന്നെ; എന്നാല്‍ നീ ആലയം പണിയരുത്; നിനക്കു ജനിക്കാന്‍ പോകുന്ന പുത്രനായിരിക്കും എന്‍റെ നാമത്തില്‍ ആലയം പണിയുക!’ “സര്‍വേശ്വരന്‍ ചെയ്ത വാഗ്ദാനം ഇന്നിതാ അവിടുന്നു നിറവേറ്റിയിരിക്കുന്നു. അവിടുത്തെ വാഗ്ദാനംപോലെ എന്‍റെ പിതാവായ ദാവീദിന്‍റെ പിന്‍ഗാമിയായി ഞാന്‍ ഉയര്‍ത്തപ്പെട്ട് ഇസ്രായേലിന്‍റെ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നു. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ ഒരു ആലയം നിര്‍മ്മിച്ചുമിരിക്കുന്നു. ഇസ്രായേല്‍ജനവുമായി അവിടുന്നു ചെയ്ത ഉടമ്പടിയുടെ പെട്ടകവും അതിനുള്ളില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്.” ശലോമോന്‍ ഇസ്രായേല്‍ജനസമൂഹത്തിന്‍റെ സാന്നിധ്യത്തില്‍ സര്‍വേശ്വരന്‍റെ യാഗപീഠത്തിനു മുമ്പാകെ പ്രാര്‍ഥനയ്‍ക്കായി കൈകള്‍ ഉയര്‍ത്തി. അദ്ദേഹം ഓടുകൊണ്ട് ഒരു പീഠമുണ്ടാക്കി അങ്കണമധ്യത്തില്‍ സ്ഥാപിച്ചിരുന്നു. അതിന് അഞ്ചു മുഴം വീതിയും അഞ്ചുമുഴം നീളവും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു. ശലോമോന്‍ അതിന്‍റെ മുകളില്‍ കയറി സമസ്ത ഇസ്രായേല്‍ജനങ്ങളുടെയും സാന്നിധ്യത്തില്‍ മുട്ടുകുത്തി. സ്വര്‍ഗത്തേക്കു കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിച്ചു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ, അവിടുത്തേക്കു സമനായി സ്വര്‍ഗത്തിലും ഭൂമിയിലും മറ്റൊരു ദൈവവുമില്ല. പൂര്‍ണഹൃദയത്തോടെ അങ്ങയെ അനുസരിക്കുന്ന അവിടുത്തെ ദാസരോട് അവിടുന്നു സുസ്ഥിരസ്നേഹം കാണിക്കുകയും ഉടമ്പടി പാലിക്കുകയും ചെയ്യുന്നു. എന്‍റെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിനോടു ചെയ്തിരുന്ന വാഗ്ദാനം അവിടുന്നു നിറവേറ്റി; അവിടുന്ന് അരുളിച്ചെയ്തത് നിറവേറ്റിയുമിരിക്കുന്നു. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ, എന്‍റെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിനോട് അവിടുന്ന് ഇങ്ങനെ വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. നീ എന്‍റെ സന്നിധിയില്‍ ജീവിച്ചതുപോലെ നിന്‍റെ പുത്രന്മാരും എന്‍റെ കല്പനകള്‍ അനുസരിച്ചു ജീവിച്ചാല്‍ ഇസ്രായേലിന്‍റെ സിംഹാസനത്തില്‍ വാഴുന്നതിനു നിനക്ക് ഒരു സന്തതി ഇല്ലാതെ പോകുകയില്ല. ഈ വാഗ്ദാനം അവിടുന്നു പാലിക്കണമേ. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ, അവിടുത്തെ ദാസനായ ദാവീദിനോട് അരുളിച്ചെയ്ത വാക്കുകള്‍ ഇപ്പോള്‍ യാഥാര്‍ഥ്യമാക്കണമേ. “എന്നാല്‍ ദൈവം മനുഷ്യരോടൊത്തു ഭൂമിയില്‍ വസിക്കുമോ? സ്വര്‍ഗവും സ്വര്‍ഗാധിസ്വര്‍ഗവും അവിടുത്തേക്കു വസിക്കാന്‍ മതിയാകയില്ല. അവയെക്കാള്‍ എത്ര നിസ്സാരമാണു ഞാന്‍ പണിത ഈ ദേവാലയം. എങ്കിലും എന്‍റെ ദൈവമായ സര്‍വേശ്വരാ, അവിടുത്തെ ഈ ദാസന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ. അവിടുത്തെ മുമ്പില്‍ അടിയന്‍ നടത്തുന്ന നിലവിളിയും പ്രാര്‍ഥനയും കൈക്കൊള്ളണമേ. ഈ സ്ഥലത്തുവച്ച് ഈ ദാസന്‍ നടത്തുന്ന പ്രാര്‍ഥന കേള്‍ക്കാന്‍ തക്കവിധം അവിടുത്തെ ദൃഷ്‍ടികള്‍ രാവും പകലും ഈ ആലയത്തിന്‍റെ നേര്‍ക്കു തുറന്നിരിക്കണമേ. അവിടുത്തെ നാമം ഈ സ്ഥലത്ത് സ്ഥാപിക്കുമെന്ന് അവിടുന്നു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. ഈ ദാസനും അവിടുത്തെ ജനമായ ഇസ്രായേലും ഈ ആലയത്തിലേക്കു തിരിഞ്ഞു നടത്തുന്ന പ്രാര്‍ഥനകള്‍ ചെവിക്കൊള്ളണമേ; അവിടുത്തെ വാസസ്ഥലമായ സ്വര്‍ഗത്തില്‍നിന്നു കേട്ടു ഞങ്ങളോടു ക്ഷമിക്കണമേ. “ഒരാള്‍ തന്‍റെ അയല്‍ക്കാരനോടു കുറ്റം ചെയ്തതായി ആരോപണം ഉണ്ടാകുകയും അയാളെ സത്യം ചെയ്യിക്കാനായി ഈ ആലയത്തില്‍ കൊണ്ടുവരികയും അയാള്‍ ഈ യാഗപീഠത്തിനു മുമ്പാകെ താന്‍ നിര്‍ദ്ദോഷിയെന്ന് സത്യം ചെയ്യുകയും ചെയ്യുമ്പോള്‍, അവിടുന്നു സ്വര്‍ഗത്തില്‍നിന്നു ശ്രദ്ധിച്ച് അവിടുത്തെ ദാസരെ ന്യായം വിധിക്കണമേ. കുറ്റക്കാരന് അവന്‍റെ പ്രവൃത്തിക്കു തക്ക ശിക്ഷയും നീതിനിഷ്ഠന് അവന്‍റെ നീതിക്കൊത്ത പ്രതിഫലവും നല്‌കണമേ. “അവിടുത്തെ ജനമായ ഇസ്രായേല്‍ അങ്ങേക്കെതിരെ പാപം ചെയ്തതിന്‍റെ ഫലമായി ശത്രുക്കളാല്‍ തോല്പിക്കപ്പെടുകയും അവര്‍ പശ്ചാത്തപിച്ച് അവിടുത്തെ നാമം ഏറ്റുപറയുകയും ഈ ആലയത്തില്‍വച്ച് അവിടുത്തോടു പ്രാര്‍ഥിക്കുകയും ചെയ്താല്‍, അവിടുന്ന് സ്വര്‍ഗത്തില്‍നിന്നു കേള്‍ക്കണമേ. അവിടുത്തെ ജനമായ ഇസ്രായേലിന്‍റെ പാപം ക്ഷമിക്കുകയും അവര്‍ക്കും അവരുടെ പിതാക്കന്മാര്‍ക്കുമായി നല്‌കിയ ദേശത്തേക്ക് അവരെ മടക്കി വരുത്തുകയും ചെയ്യണമേ. “അവര്‍ അങ്ങേക്കെതിരെ പാപം ചെയ്യുക നിമിത്തം ആകാശം അടഞ്ഞു മഴ പെയ്യാതാകുമ്പോള്‍ അവര്‍ തങ്ങളുടെ പാപം വിട്ടുതിരിഞ്ഞ് അവിടുത്തെ നാമം ഏറ്റുപറയുകയും ഈ ആലയത്തിലേക്ക് തിരിഞ്ഞു പ്രാര്‍ഥിക്കുകയും ചെയ്താല്‍, അവിടുന്നു സ്വര്‍ഗത്തില്‍നിന്ന് അതു കേള്‍ക്കണമേ. അവിടുത്തെ ദാസരും ജനങ്ങളുമായ ഇസ്രായേലിന്‍റെ പാപം ക്ഷമിക്കുകയും അവര്‍ക്കു നടക്കേണ്ടുന്ന നേരായ മാര്‍ഗം അവരെ ഉപദേശിക്കുകയും അങ്ങയുടെ ജനത്തിന് അവകാശമായി നല്‌കിയിട്ടുള്ള അവിടുത്തെ ദേശത്തു മഴ പെയ്യിക്കുകയും ചെയ്യണമേ. “ക്ഷാമം, പകര്‍ച്ചവ്യാധി, ഉഷ്ണക്കാറ്റ്, വിഷമഞ്ഞ്, വെട്ടുക്കിളി, കീടബാധ എന്നിവയാലുള്ള നാശമോ ശത്രുക്കളുടെ ആക്രമണമോ ഏതെങ്കിലും ബാധയോ രോഗമോ ദേശത്ത് ഉണ്ടാകുകയും അവിടുത്തെ ജനമായ ഇസ്രായേല്‍ വ്യക്തികളായോ, കൂട്ടമായോ തങ്ങളുടെ ദുരിതത്തില്‍ അങ്ങയോടു നിലവിളിക്കുകയും ഈ ആലയത്തിലേക്കു കൈകള്‍ നീട്ടി പ്രാര്‍ഥിക്കുകയും ചെയ്താല്‍, അവിടുത്തെ വാസസ്ഥലമായ സ്വര്‍ഗത്തില്‍നിന്നു കേട്ട് അവിടുന്ന് അവരോടു ക്ഷമിക്കണമേ. ഓരോരുത്തന്‍റെയും ഹൃദയം അറിയുന്ന അവിടുന്ന് അവരുടെ പ്രവൃത്തികള്‍ക്കനുസരിച്ചു പ്രതിഫലം നല്‌കണമേ. മനുഷ്യരുടെ ഹൃദയങ്ങളെ അറിയുന്നത് അവിടുന്നു മാത്രമാണല്ലോ. അങ്ങനെ അവര്‍ അവിടുന്നു ഞങ്ങളുടെ പിതാക്കന്മാര്‍ക്കു നല്‌കിയ ദേശത്ത് പാര്‍ക്കുന്ന നാളെല്ലാം അങ്ങയെ ഭയപ്പെടുകയും അവിടുത്തെ വഴിയില്‍ നടക്കുകയും ചെയ്യട്ടെ. “അവിടുത്തെ ജനമായ ഇസ്രായേലില്‍ ഉള്‍പ്പെടാത്ത ഒരു പരദേശി അവിടുത്തെ ശ്രേഷ്ഠമായ നാമത്തെയും അവിടുത്തെ ശക്തമായ കരങ്ങളുടെ പ്രവര്‍ത്തനങ്ങളെയുംപറ്റി കേട്ടു ദൂരദേശത്തുനിന്ന് ഈ ആലയത്തില്‍വന്നു പ്രാര്‍ഥിച്ചാല്‍, അവിടുത്തെ വാസസ്ഥലമായ സ്വര്‍ഗത്തില്‍നിന്ന് അവന്‍റെ അപേക്ഷകള്‍ നിറവേറ്റുമാറാകണമേ. അങ്ങനെ ഭൂമിയിലുള്ള സകല ജനതകളും അങ്ങയുടെ ജനമായ ഇസ്രായേലിനെപ്പോലെ അവിടുത്തെ നാമം അറിയാനും അങ്ങയെ ഭയപ്പെടാനും ഇടയാകട്ടെ; ഈ ആലയം അവിടുത്തെ നാമത്തിലാണ് ഞാന്‍ പണിതിരിക്കുന്നതെന്നും അവര്‍ അറിയട്ടെ. “അവിടുത്തെ ജനം അവിടുന്ന് അയയ്‍ക്കുന്ന വഴിയിലൂടെ ശത്രുക്കളോടു യുദ്ധം ചെയ്യാന്‍ പോകുമ്പോള്‍ അവിടുന്നു തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും അവിടുത്തെ നാമത്തില്‍ ഞാന്‍ നിര്‍മ്മിച്ച ഈ ആലയത്തിലേക്കും തിരിഞ്ഞു പ്രാര്‍ഥിച്ചാല്‍, അവിടുന്ന് അവരുടെ പ്രാര്‍ഥനയും അപേക്ഷകളും സ്വര്‍ഗത്തില്‍നിന്നു കേട്ട് അവര്‍ക്ക് വിജയം നല്‌കണമേ. “അവിടുത്തെ ജനം അങ്ങേക്കെതിരെ പാപം ചെയ്യുകയും-പാപം ചെയ്യാത്ത മനുഷ്യന്‍ ഇല്ലല്ലോ-അവിടുന്നു കോപിച്ച് അവരെ ശത്രുക്കളുടെ കൈകളില്‍ ഏല്പിച്ചു കൊടുക്കുകയും ശത്രുക്കള്‍ അവരെ ബന്ദികളായി അടുത്തോ അകലയോ ഉള്ള ദേശത്തേക്കു കൊണ്ടുപോകുകയും അവിടെവച്ച് അവര്‍ ഉള്ളുരുകി, തങ്ങളുടെ പാപവും അകൃത്യവും ദുഷ്ടതയും ഏറ്റുപറഞ്ഞു പ്രാര്‍ഥിക്കുകയും ആ പ്രവാസദേശത്ത് അവര്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും കൂടെ അനുതപിച്ച് അവിടുന്ന് അവരുടെ പിതാക്കന്മാര്‍ക്കു നല്‌കിയ ദേശത്തേക്കും അവിടുന്നു തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും അവിടുത്തെ നാമത്തിനുവേണ്ടി ഞാന്‍ പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു പ്രാര്‍ഥിക്കുകയും ചെയ്താല്‍, അവിടുത്തെ വാസസ്ഥലമായ സ്വര്‍ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ഥനയും യാചനയും കേട്ട് അങ്ങേക്കെതിരെ പാപം ചെയ്ത ജനത്തോട് അവരുടെ പാപം ക്ഷമിച്ച് അവരെ വിടുവിക്കണമേ. “എന്‍റെ ദൈവമേ, ഇപ്പോള്‍ ഈ സ്ഥലത്തുവച്ച് നടത്തുന്ന പ്രാര്‍ഥന ശ്രവിക്കുകയും ഞങ്ങളെ കടാക്ഷിക്കുകയും ചെയ്യണമേ. ദൈവമായ സര്‍വേശ്വരാ, അവിടുത്തെ ശക്തിയുടെ പ്രതീകമായ പെട്ടകവുമായി അവിടുത്തെ ഈ വിശ്രമസ്ഥലത്തേക്കു വരണമേ. സര്‍വേശ്വരനായ ദൈവമേ, അങ്ങയുടെ പുരോഹിതന്മാര്‍ രക്ഷയുടെ വസ്ത്രം ധരിക്കുകയും അങ്ങയുടെ വിശുദ്ധന്മാര്‍ അവിടുത്തെ നന്മയില്‍ സന്തോഷിക്കുകയും ചെയ്യട്ടെ. സര്‍വേശ്വരനായ ദൈവമേ, അങ്ങയുടെ അഭിഷിക്തനില്‍നിന്നു മുഖം തിരിച്ചു കളയരുതേ, അവിടുത്തെ ദാസനായ ദാവീദിനോടുള്ള അചഞ്ചലസ്നേഹം ഓര്‍ക്കണമേ.” ശലോമോന്‍ പ്രാര്‍ഥിച്ചു കഴിഞ്ഞപ്പോള്‍ സ്വര്‍ഗത്തില്‍നിന്നു തീയിറങ്ങി ഹോമയാഗങ്ങളും മറ്റു യാഗവസ്തുക്കളും ദഹിപ്പിച്ചു; സര്‍വേശ്വരന്‍റെ തേജസ്സ് ആലയത്തില്‍ നിറഞ്ഞു. അവിടുത്തെ തേജസ്സ് ആലയത്തില്‍ നിറഞ്ഞിരുന്നതിനാല്‍ പുരോഹിതന്മാര്‍ക്ക് അവിടെ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. അഗ്നി ഇറങ്ങുന്നതും ആലയത്തില്‍ സര്‍വേശ്വരന്‍റെ തേജസ്സ് നിറയുന്നതും ഇസ്രായേല്‍ജനം കണ്ടപ്പോള്‍ അവര്‍ കല്‍ത്തളത്തില്‍ സാഷ്ടാംഗം വീണ് അവിടുത്തെ നമസ്കരിച്ചു. “സര്‍വേശ്വരന്‍ നല്ലവനാണല്ലോ; അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വതമാണ്” എന്നു പറഞ്ഞ് അവിടുത്തെ സ്തുതിച്ചു. പിന്നീട് രാജാവും ജനവും ചേര്‍ന്നു സര്‍വേശ്വരന്‍റെ സന്നിധിയില്‍ യാഗം അര്‍പ്പിച്ചു. ഇരുപത്തീരായിരം കാളകളെയും ഒരുലക്ഷത്തി ഇരുപതിനായിരം ആടുകളെയും ശലോമോന്‍രാജാവ് യാഗം അര്‍പ്പിച്ചു. അങ്ങനെ രാജാവും ജനങ്ങളും ചേര്‍ന്നു ദേവാലയ പ്രതിഷ്ഠ നടത്തി. പുരോഹിതന്മാര്‍ താന്താങ്ങളുടെ സ്ഥാനങ്ങളില്‍ നിന്നു. സര്‍വേശ്വരനു സ്തുതിഗീതങ്ങള്‍ പാടുമ്പോള്‍ ഉപയോഗിക്കുന്നതിനു ദാവീദുരാജാവ് നിര്‍മ്മിച്ച വാദ്യോപകരണങ്ങളുമായി ലേവ്യര്‍ അവര്‍ക്ക് അഭിമുഖമായി നിന്നു. അവയുടെ അകമ്പടിയോടെ ആയിരുന്നു, “അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വത” മെന്നു പറഞ്ഞു ദാവീദ് സര്‍വേശ്വരനു സ്തോത്രമര്‍പ്പിച്ചിരുന്നത്. ഇസ്രായേല്‍ജനം എഴുന്നേറ്റുനില്‌ക്കവേ പുരോഹിതന്മാര്‍ കാഹളം മുഴക്കി. ശലോമോന്‍ നിര്‍മ്മിച്ച ഓട്ടുയാഗപീഠം ഹോമയാഗവും ധാന്യയാഗവും മേദസ്സും അര്‍പ്പിക്കാന്‍ മതിയാകാതെ വന്നതിനാല്‍ സര്‍വേശ്വരന്‍റെ ആലയത്തിനു മുമ്പിലുള്ള അങ്കണത്തിന്‍റെ മധ്യഭാഗം ശലോമോന്‍ ശുദ്ധീകരിച്ചു. അവിടെ ഹോമയാഗവും സമാധാനയാഗങ്ങളുടെ മേദസ്സും അര്‍പ്പിച്ചു. ശലോമോന്‍ ഏഴു ദിവസം ഉത്സവം ആചരിച്ചു. ഹാമാത്തിന്‍റെ അതിരുമുതല്‍ ഈജിപ്തുതോടുവരെയുള്ള എല്ലാ സ്ഥലങ്ങളില്‍നിന്നുമുള്ള ഇസ്രായേല്‍ജനങ്ങള്‍ അദ്ദേഹത്തോടൊപ്പം അതില്‍ പങ്കെടുത്തു. യാഗപീഠ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള ഉത്സവം ഏഴുദിവസം നീണ്ടുനിന്നു; എട്ടാം ദിവസം അവര്‍ വിശുദ്ധസഭ കൂടി. ഏഴാം മാസം ഇരുപത്തിമൂന്നാം ദിവസം രാജാവ് ജനത്തെ അവരുടെ വീടുകളിലേക്ക് അയച്ചു. ദാവീദിനും ശലോമോനും തന്‍റെ ജനമായ ഇസ്രായേലിനുംവേണ്ടി സര്‍വേശ്വരന്‍ നല്‌കിയ അനുഗ്രഹങ്ങള്‍ ഓര്‍ത്ത് അവരുടെ ഹൃദയം ആഹ്ലാദഭരിതമായിരുന്നു. ശലോമോന്‍ സര്‍വേശ്വരന്‍റെ ആലയവും രാജകൊട്ടാരവും പണിതുതീര്‍ത്തു; ദേവാലയത്തിലും തന്‍റെ കൊട്ടാരത്തിലും ഉണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചതെല്ലാം അദ്ദേഹം വിജയകരമായി ചെയ്തുതീര്‍ത്തു. പിന്നീട് സര്‍വേശ്വരന്‍ രാത്രിയില്‍ ശലോമോനു പ്രത്യക്ഷനായി അരുളിച്ചെയ്തു: “നിന്‍റെ പ്രാര്‍ഥന ഞാന്‍ കേട്ടു. എനിക്കു യാഗം അര്‍പ്പിക്കുന്നതിനുള്ള ആലയമായി ഞാന്‍ ഈ സ്ഥലം തിരഞ്ഞെടുത്തിരിക്കുന്നു. മഴ പെയ്യാതിരിക്കാന്‍ ഞാന്‍ ആകാശം അടയ്‍ക്കുകയോ ദേശത്തെ കൃഷി നശിപ്പിക്കാന്‍ വെട്ടുക്കിളിയെ അയയ്‍ക്കുകയോ എന്‍റെ ജനത്തിനിടയില്‍ മഹാമാരി വരുത്തുകയോ ചെയ്യുമ്പോള്‍, എന്‍റെ നാമത്തില്‍ അറിയപ്പെടുന്ന എന്‍റെ ജനം തങ്ങളെത്തന്നെ വിനയപ്പെടുത്തി പ്രാര്‍ഥിക്കുകയും എന്നെ അന്വേഷിക്കുകയും തങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്നു പിന്തിരിയുകയും ചെയ്താല്‍ ഞാന്‍ സ്വര്‍ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ഥന കേട്ട് അവരുടെ പാപം ക്ഷമിക്കും; അവരുടെ ദേശം വീണ്ടും ഫലഭൂയിഷ്ഠമാക്കുകയും ചെയ്യും. ഇവിടെനിന്ന് ഉയരുന്ന പ്രാര്‍ഥനകളിലേക്ക് എന്‍റെ കണ്ണും കാതും തുറന്നിരിക്കും. എന്‍റെ നാമം ഇവിടെ എന്നേക്കും നിലനിര്‍ത്തുന്നതിനുവേണ്ടി ഈ ആലയം ഞാന്‍ തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുകയാണ്. അതുകൊണ്ട് എന്‍റെ ദൃഷ്‍ടിയും എന്‍റെ ഹൃദയവും ഇവിടെ ഉണ്ടായിരിക്കും. നിന്‍റെ പിതാവായ ദാവീദിനെപ്പോലെ നീയും എന്‍റെ മുന്‍പാകെ ജീവിക്കുകയും എന്‍റെ കല്പനകള്‍ അനുസരിക്കുകയും ഞാന്‍ നിനക്കു നല്‌കിയിട്ടുള്ള ചട്ടങ്ങളും നിയമങ്ങളും പാലിക്കുകയും ചെയ്താല്‍, ഇസ്രായേലിനെ ഭരിക്കാന്‍ നിന്‍റെ വംശത്തില്‍ ഒരുവന്‍ ഇല്ലാതെ വരികയില്ല എന്നു നിന്‍റെ പിതാവായ ദാവീദിനോടു ചെയ്ത ഉടമ്പടി അനുസരിച്ചു നിന്‍റെ സിംഹാസനം ഞാന്‍ സുസ്ഥിരമാക്കും. എന്നാല്‍ നിങ്ങള്‍ പിന്തിരിഞ്ഞ്, ഞാന്‍ നിങ്ങള്‍ക്കു നല്‌കിയ എന്‍റെ ചട്ടങ്ങളും നിയമങ്ങളും ത്യജിച്ച് അന്യദേവന്മാരെ സേവിക്കുകയും ആരാധിക്കുകയും ചെയ്താല്‍ ഞാന്‍ നിങ്ങള്‍ക്കു നല്‌കിയിരിക്കുന്ന ദേശത്തുനിന്നു നിങ്ങളെ പിഴുതെറിയും. എനിക്കുവേണ്ടി ഞാന്‍ വിശുദ്ധീകരിച്ച ഈ ആലയം ഞാന്‍ നീക്കിക്കളയും. സകല മനുഷ്യരുടെയും ഇടയില്‍ ഇതൊരു പഴഞ്ചൊല്ലും പരിഹാസവിഷയവും ആക്കിത്തീര്‍ക്കും. മഹത്തായ ഈ ആലയത്തിന്‍റെ മുമ്പിലൂടെ കടന്നുപോകുന്നവര്‍ അദ്ഭുതപ്പെട്ടു “സര്‍വേശ്വരന്‍ ഈ ദേശത്തോടും ഈ ആലയത്തോടും ഇങ്ങനെ ചെയ്തത് എന്ത് എന്നു ചോദിക്കും. തങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു വിമോചിപ്പിച്ചു കൊണ്ടുവന്ന ദൈവമായ സര്‍വേശ്വരനെ അവര്‍ ഉപേക്ഷിക്കുകയും അന്യദേവന്മാരെ സ്വീകരിച്ച് ആരാധിക്കുകയും സേവിക്കുകയും ചെയ്തു. അതുകൊണ്ടാണ് അവിടുന്ന് അവര്‍ക്ക് ഈ അനര്‍ഥമെല്ലാം വരുത്തിയത് എന്ന് അവര്‍ പറയും.” ഇരുപതു വര്‍ഷംകൊണ്ടു സര്‍വേശ്വരന്‍റെ ആലയവും രാജകൊട്ടാരവും ശലോമോന്‍ പണിതുതീര്‍ത്തു. ശലോമോന്‍ തനിക്കു ഹൂരാം നല്‌കിയിരുന്ന പട്ടണങ്ങള്‍ പുതുക്കിപ്പണിയുകയും അവിടെ ഇസ്രായേല്യരെ പാര്‍പ്പിക്കുകയും ചെയ്തു. പിന്നീട് ശലോമോന്‍ ഹാമാത്ത്-സോബയില്‍ ചെന്ന് ആ സ്ഥലം അധീനമാക്കി. മരുഭൂമിയില്‍ തദ്മോര്‍ നഗരവും ഹാമാത്തില്‍ സംഭരണനഗരങ്ങളും പണിയിച്ചു. മുകളിലും താഴെയും ഉള്ള ബേത്ത്- ഹോരോന്‍ നഗരങ്ങള്‍ കോട്ട കെട്ടി കവാടങ്ങളും ഓടാമ്പലുകളുംകൊണ്ടു ബലപ്പെടുത്തി. ബാലാത്ത് പട്ടണം, സംഭരണനഗരങ്ങള്‍, രഥനഗരങ്ങള്‍, കുതിരപ്പടയാളികള്‍ക്കുള്ള പട്ടണങ്ങള്‍ എന്നല്ല യെരൂശലേമിലും ലെബാനോനിലും തന്‍റെ അധീനതയിലുള്ള സകല സ്ഥലങ്ങളിലും താന്‍ ആഗ്രഹിച്ചതെല്ലാം ശലോമോന്‍ പണിതു. ഇസ്രായേല്യരില്‍ ഉള്‍പ്പെടാത്ത ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിങ്ങനെ ഇസ്രായേല്യര്‍ നശിപ്പിക്കാതെ ദേശത്തു ശേഷിപ്പിച്ചിരുന്ന അവരുടെ പിന്‍തലമുറക്കാരെയെല്ലാം ശലോമോന്‍ അടിമവേലയ്‍ക്കു നിയോഗിച്ചു. അവര്‍ ഇന്നും അങ്ങനെതന്നെ തുടരുന്നു. ഇസ്രായേല്യരില്‍ ആരെയും തനിക്കു ദാസ്യവേല ചെയ്യാന്‍ ശലോമോന്‍ നിയമിച്ചില്ല. അവരെ യോദ്ധാക്കളും സേനാനായകന്മാരും തേരാളികളും രഥങ്ങളുടെ അധിപന്മാരും കുതിരപ്പടയാളികളുമായാണ് നിയമിച്ചത്. അവരില്‍ ശലോമോന്‍ രാജാവിന്‍റെ മുഖ്യഉദ്യോഗസ്ഥന്മാരായി ജനത്തെ ഭരിച്ചിരുന്ന ഇരുനൂറ്റമ്പതു പേരുണ്ടായിരുന്നു. “ഇസ്രായേല്‍രാജാവായിരുന്ന ദാവീദിന്‍റെ കൊട്ടാരത്തില്‍ എന്‍റെ ഭാര്യ പാര്‍ത്തുകൂടാ; സര്‍വേശ്വരന്‍റെ പെട്ടകം എത്തിയിരിക്കുന്ന സ്ഥലം വിശുദ്ധമാണ്”. ഇങ്ങനെ പറഞ്ഞു ഫറവോയുടെ പുത്രിയായ തന്‍റെ ഭാര്യയെ ശലോമോന്‍ ദാവീദിന്‍റെ നഗരത്തില്‍നിന്നു താന്‍ അവള്‍ക്കായി പണിത കൊട്ടാരത്തില്‍ കൊണ്ടുപോയി പാര്‍പ്പിച്ചു. ദേവാലയ പൂമുഖത്തിനു മുമ്പില്‍ താന്‍ നിര്‍മ്മിച്ച യാഗപീഠത്തിന്മേല്‍ ശലോമോന്‍ സര്‍വേശ്വരനു ഹോമയാഗങ്ങള്‍ അര്‍പ്പിച്ചു. മോശയുടെ കല്പനപ്രകാരം ശബത്ത്, അമാവാസി, വാര്‍ഷികപ്പെരുന്നാളുകളായ പുളിപ്പുചേര്‍ക്കാത്ത അപ്പത്തിന്‍റെ പെരുന്നാള്‍, വാരോത്സവം, കൂടാരപ്പെരുന്നാള്‍ എന്നിങ്ങനെ അതതു ദിവസത്തെ ആവശ്യമനുസരിച്ച് ശലോമോന്‍ സര്‍വേശ്വരനു ഹോമയാഗങ്ങളര്‍പ്പിച്ചു. അദ്ദേഹം തന്‍റെ പിതാവായ ദാവീദിന്‍റെ കല്പനയനുസരിച്ചു പുരോഹിതന്മാരെ ഗണങ്ങളായി തിരിച്ച് അതതു ശുശ്രൂഷയ്‍ക്കു നിയോഗിച്ചു. സ്തോത്രഗീതം ആലപിക്കുന്നതിനും പുരോഹിതന്മാരെ സഹായിക്കുന്നതിനും ലേവ്യരെ അതതു ദിവസത്തെ ആവശ്യമനുസരിച്ചു യഥാക്രമം നിയമിച്ചു. കൂടാതെ ഓരോ വാതിലിനും കാവല്‌ക്കാരെയും നിയോഗിച്ചു. ഇങ്ങനെയാണു ദൈവപുരുഷനായ ദാവീദ് കല്പിച്ചിരുന്നത്. ഭണ്ഡാരത്തെയോ മറ്റേതെങ്കിലും കാര്യത്തെയോ സംബന്ധിച്ചുള്ള രാജകല്പന പുരോഹിതന്മാരും ലേവ്യരും ധിക്കരിച്ചില്ല. സര്‍വേശ്വരന്‍റെ ആലയത്തിന് അടിസ്ഥാനമിട്ടതുമുതല്‍ അതിന്‍റെ പൂര്‍ത്തീകരണംവരെയുള്ള സകല പണികളും ശലോമോന്‍ ചെയ്തു തീര്‍ത്തു. അങ്ങനെ സര്‍വേശ്വരന്‍റെ ആലയം പൂര്‍ത്തിയായി. പിന്നീടു ശലോമോന്‍ എദോംദേശത്തെ എസ്യോന്‍- ഗേബെര്‍, ഏലോത്ത് എന്നീ തുറമുഖനഗരങ്ങളിലേക്കു പോയി. ഹൂരാം തന്‍റെ ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തില്‍ പരിചയസമ്പന്നരായ നാവികരോടുകൂടി കപ്പലുകള്‍ അയച്ചുകൊടുത്തു. അവര്‍ ശലോമോന്‍റെ ദാസന്മാരോടൊത്ത് ഓഫീരിലേക്കു പോയി; നാനൂറ്റമ്പതു താലന്തു സ്വര്‍ണം കൊണ്ടുവന്ന് ശലോമോന്‍രാജാവിനു കൊടുത്തു. ശെബാരാജ്ഞി ശലോമോന്‍റെ പ്രശസ്തിയെപ്പറ്റി കേട്ടപ്പോള്‍, ഉത്തരം നല്‌കാന്‍ ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍കൊണ്ട് അദ്ദേഹത്തെ പരീക്ഷിക്കാന്‍ വലിയ പരിവാരത്തോടുകൂടി യെരൂശലേമിലേക്കു വന്നു. സുഗന്ധദ്രവ്യങ്ങള്‍, അളവറ്റ സ്വര്‍ണം, രത്നങ്ങള്‍ എന്നിവ വഹിച്ചിരുന്ന അനേകം ഒട്ടകങ്ങളും അവരോടൊപ്പം ഉണ്ടായിരുന്നു. രാജ്ഞി ശലോമോന്‍റെ അടുക്കല്‍ വന്നു തന്‍റെ മനസ്സില്‍ കരുതിയിരുന്ന ചോദ്യങ്ങളെല്ലാം ചോദിച്ചു. അവയ്‍ക്കെല്ലാം അദ്ദേഹം ഉത്തരം നല്‌കി. ഉത്തരം നല്‌കാന്‍ കഴിയാത്തവിധം അവ ഒന്നും രാജാവിനു അജ്ഞാതമായിരുന്നില്ല. ശലോമോന്‍റെ ജ്ഞാനവും അദ്ദേഹം പണിയിച്ച കൊട്ടാരവും മേശയിലെ ഭക്ഷണവും ഉദ്യോഗസ്ഥന്മാരുടെ ഇരിപ്പിടങ്ങളും സേവകരുടെ പരിചരണവും വേഷവിധാനങ്ങളും പാനപാത്രവാഹകരും അവരുടെ വസ്ത്രധാരണവും സര്‍വേശ്വരന്‍റെ ആലയത്തില്‍ ശലോമോന്‍ അര്‍പ്പിച്ച ഹോമയാഗങ്ങളും എല്ലാം രാജ്ഞിയെ വിസ്മയിപ്പിച്ചു. ശെബാരാജ്ഞി രാജാവിനോടു പറഞ്ഞു: “എന്‍റെ നാട്ടില്‍വച്ച് അങ്ങയെയും അങ്ങയുടെ ജ്ഞാനത്തെയും കുറിച്ചു കേട്ടതെല്ലാം വാസ്തവംതന്നെ. ഞാന്‍ ഇവിടെ വന്നു സ്വന്തം കണ്ണുകൊണ്ടു കാണുന്നതുവരെ അവ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ അങ്ങയുടെ ജ്ഞാനമഹത്ത്വത്തില്‍ പകുതിപോലും ഞാന്‍ അറിഞ്ഞിരുന്നില്ല. ഞാന്‍ കേട്ടിരുന്നതിലും അങ്ങ് എത്രയോ ശ്രേഷ്ഠനാണ്. അങ്ങയുടെ ഭാര്യമാര്‍ എത്ര ഭാഗ്യവതികള്‍! അങ്ങയെ പരിചരിക്കുന്നവരും ഈ വിജ്ഞാനവചനങ്ങള്‍ സദാ കേള്‍ക്കുന്നവരുമായ അങ്ങയുടെ ദാസന്മാരും ഭാഗ്യവാന്മാര്‍; അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ. അവിടുന്നാണല്ലോ അങ്ങയില്‍ പ്രസാദിച്ച് തന്‍റെ സിംഹാസനത്തില്‍ അങ്ങയെ രാജാവായി വാഴിക്കാന്‍ തിരുമനസ്സായത്. അങ്ങയുടെ ദൈവം ഇസ്രായേലിനെ സ്നേഹിക്കുകയും അതിനെ നിത്യമായി നിലനിര്‍ത്താന്‍ ആഗ്രഹിക്കുകയും ചെയ്തതുകൊണ്ടാണ് അവര്‍ക്ക് നീതിയും ന്യായവും നടത്തുന്നതിനുവേണ്ടി അങ്ങയെ രാജാവാക്കിയത്.” രാജ്ഞി കൊണ്ടുവന്നിരുന്ന നൂറ്റിരുപതു താലന്ത് സ്വര്‍ണവും വളരെയേറെ സുഗന്ധദ്രവ്യങ്ങളും അമൂല്യരത്നങ്ങളും രാജാവിനു കൊടുത്തു. ശെബാരാജ്ഞി ശലോമോന്‍രാജാവിനു നല്‌കിയതുപോലുള്ള സുഗന്ധദ്രവ്യങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ല. ഹൂരാമിന്‍റെയും ശലോമോന്‍റെയും ദാസന്മാര്‍ ഓഫീരില്‍നിന്നു സ്വര്‍ണം കൊണ്ടുവന്നതോടൊപ്പം ചന്ദനത്തടിയും വിലയേറിയ രത്നങ്ങളും കൂടി കൊണ്ടുവന്നിരുന്നു. രാജാവ് ചന്ദനത്തടികൊണ്ട് സര്‍വേശ്വരന്‍റെ ആലയത്തിനും കൊട്ടാരത്തിനും ചവിട്ടുപടികളും ഗായകര്‍ക്കു വേണ്ട കിന്നരങ്ങളും വീണകളും നിര്‍മ്മിച്ചു. ഇങ്ങനെയുള്ളവ മുമ്പെങ്ങും യെഹൂദാദേശത്തു കണ്ടിട്ടില്ല. ശെബാരാജ്ഞി ശലോമോന്‍രാജാവിനു സമ്മാനിച്ചതിലും കൂടുതല്‍ പ്രതിസമ്മാനമായി അദ്ദേഹം അവര്‍ക്കു നല്‌കിയതു കൂടാതെ രാജ്ഞി ആഗ്രഹിച്ചതും ചോദിച്ചതുമെല്ലാം കൂടി അദ്ദേഹം നല്‌കി. പിന്നീട് രാജ്ഞി സപരിവാരം സ്വദേശത്തേക്കു മടങ്ങി. ശലോമോന്‍രാജാവിനു പ്രതിവര്‍ഷം അറുനൂറ്ററുപത്താറ് താലന്ത് സ്വര്‍ണം ലഭിച്ചിരുന്നു. ഇതു വ്യാപാരികളില്‍നിന്നും വണിക്കുകളില്‍നിന്നും ലഭിച്ചതിനു പുറമേയുള്ളതാണ്. ഇവ കൂടാതെ അറേബ്യയിലെ രാജാക്കന്മാരും ദേശാധിപതികളും ശലോമോന് സ്വര്‍ണവും വെള്ളിയും കൊടുത്തുവന്നു. അടിച്ചുപരത്തിയ സ്വര്‍ണംകൊണ്ടു ശലോമോന്‍രാജാവ് ഇരുനൂറ് വലിയ പരിച ഉണ്ടാക്കി. ഓരോ പരിചയ്‍ക്കും അറുനൂറു ശേക്കെല്‍ സ്വര്‍ണം വേണ്ടിവന്നു. അടിച്ചു പരത്തിയ സ്വര്‍ണംകൊണ്ടു മുന്നൂറു ചെറിയ പരിചകളുമുണ്ടാക്കി. ഓരോന്നിനും മുന്നൂറു ശേക്കെല്‍ സ്വര്‍ണംവീതം വേണ്ടിവന്നു. ഇവയെല്ലാം രാജാവ് ലെബാനോന്‍ വനഗൃഹത്തില്‍ സൂക്ഷിച്ചു. രാജാവ് ആനക്കൊമ്പുകൊണ്ട് ഒരു വലിയ സിംഹാസനം പണിയിച്ച് അതു തങ്കംകൊണ്ടു പൊതിഞ്ഞു. സിംഹാസനത്തിന് ആറു പടികളും സ്വര്‍ണംകൊണ്ടു നിര്‍മ്മിച്ച ഒരു പാദപീഠവുമുണ്ടായിരുന്നു. ഇവ സിംഹാസനത്തോടു ചേര്‍ത്ത് ഉറപ്പിച്ചിരുന്നു. ഇരിപ്പിടത്തിന്‍റെ ഇരുവശത്തും കൈത്താങ്ങുകളും അവയ്‍ക്കു സമീപം രണ്ടു സിംഹപ്രതിമകളും ഉണ്ടായിരുന്നു. ആറു പടികളുടെ ഇരുവശങ്ങളിലുമായി പന്ത്രണ്ടു സിംഹപ്രതിമകളും വച്ചിരുന്നു. ഇതുപോലൊരു സിംഹാസനം മറ്റൊരു രാജ്യത്തും ഉണ്ടായിരുന്നില്ല. ശലോമോന്‍രാജാവിന്‍റെ പാനപാത്രങ്ങളെല്ലാം സ്വര്‍ണംകൊണ്ടും ലെബാനോന്‍ വനഗൃഹത്തിലെ ഉപകരണങ്ങളെല്ലാം തങ്കംകൊണ്ടും നിര്‍മ്മിച്ചവയായിരുന്നു. ശലോമോന്‍റെ കാലത്തു വെള്ളിക്കു വിലയുണ്ടായിരുന്നില്ല. രാജാവിന്‍റെ കപ്പലുകള്‍ ഹൂരാമിന്‍റെ ദാസന്മാരുമായി തര്‍ശീശിലേക്കു പോകും. മൂന്നു വര്‍ഷത്തിലൊരിക്കല്‍ ഈ കപ്പലുകള്‍ അവിടെനിന്നു സ്വര്‍ണം, വെള്ളി, ആനക്കൊമ്പ്, കുരങ്ങുകള്‍, മയിലുകള്‍ ഇവയുമായി മടങ്ങിവരും. ശലോമോന്‍രാജാവ് ഭൂമിയിലെ സകല രാജാക്കന്മാരിലും കൂടുതല്‍ സമ്പന്നനും ജ്ഞാനിയും ആയിരുന്നു. ശലോമോന്‍റെ അടുക്കല്‍ വന്ന് അദ്ദേഹത്തിന് നല്‌കിയിരുന്ന വിജ്ഞാനം ശ്രവിക്കുന്നതിനു ഭൂമിയിലെ രാജാക്കന്മാരെല്ലാം ആഗ്രഹിച്ചു. അവര്‍ വര്‍ഷംതോറും സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള ഉരുപ്പടികള്‍, തുണിത്തരങ്ങള്‍, ആയുധങ്ങള്‍, മീറാ, സുഗന്ധദ്രവ്യങ്ങള്‍, കുതിരകള്‍, കോവര്‍കഴുതകള്‍ എന്നിവ ധാരാളമായി അദ്ദേഹത്തിനു സമ്മാനിച്ചു. കുതിരകള്‍ക്കും രഥങ്ങള്‍ക്കും വേണ്ടി നാലായിരം ലായങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു. അവരെ യെരൂശലേമിലും രഥനഗരങ്ങളിലുമായി പാര്‍പ്പിച്ചു. യൂഫ്രട്ടീസ്നദിമുതല്‍ ഫെലിസ്ത്യദേശംവരെയും ഈജിപ്തിന്‍റെ അതിര്‍ത്തിവരെയും ഉള്ള സകല രാജ്യങ്ങളിലെ രാജാക്കന്മാരെയും അദ്ദേഹം അടക്കി ഭരിച്ചു. അദ്ദേഹത്തിന്‍റെ ഭരണകാലത്ത് യെരൂശലേമില്‍ വെള്ളി കല്ലുപോലെയും ദേവദാരു ഷെഫേലാ താഴ്വരയിലെ കാട്ടത്തിമരംപോലെയും സുലഭമായിരുന്നു. ഈജിപ്തില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും ശലോമോന്‍ കുതിരകളെ ഇറക്കുമതി ചെയ്തുവന്നു. ശലോമോന്‍റെ മറ്റു പ്രവര്‍ത്തനങ്ങള്‍ ആദ്യവസാനം നാഥാന്‍പ്രവാചകന്‍റെ ചരിത്രത്തിലും ശീലോന്യനായ അഹീയായുടെ പ്രവചനത്തിലും നെബാത്തിന്‍റെ പുത്രനായ യെരോബെയാമിനെക്കുറിച്ചുള്ള ഇദ്ദോയുടെ ദര്‍ശനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ശലോമോന്‍ യെരൂശലേമില്‍ ഇസ്രായേല്‍രാജ്യം മുഴുവന്‍റെയും രാജാവായി നാല്പതു വര്‍ഷം വാണു. പിന്നീട് അദ്ദേഹം മരിച്ചു തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു. തന്‍റെ പിതാവായ ദാവീദിന്‍റെ നഗരത്തില്‍ അദ്ദേഹത്തെ സംസ്കരിച്ചു; ശലോമോന് പകരം തന്‍റെ പുത്രനായ രെഹബെയാം രാജാവായി. രെഹബെയാം ശെഖേമിലേക്കു പോയി. അവിടെ ഇസ്രായേല്‍ജനമെല്ലാം അദ്ദേഹത്തെ രാജാവാക്കാന്‍ ഒരുമിച്ചുകൂടിയിരുന്നു. ശലോമോന്‍രാജാവിന്‍റെ അടുക്കല്‍നിന്ന് ഓടി ഒളിച്ച് ഈജിപ്തില്‍ പാര്‍ത്തിരുന്ന നെബാത്തിന്‍റെ പുത്രന്‍ യെരോബെയാം ഈ വിവരം അറിഞ്ഞപ്പോള്‍ അവിടെനിന്നു മടങ്ങിവന്നു. ഇസ്രായേലിന്‍റെ ഉത്തരപ്രദേശത്തുള്ള ഗോത്രക്കാര്‍ യെരോബെയാമിനെ ആളയച്ചു വരുത്തി. അവര്‍ അയാളോടൊപ്പം രെഹബെയാമിന്‍റെ അടുക്കല്‍ വന്നു പറഞ്ഞു: “അങ്ങയുടെ പിതാവ് ഭാരമുള്ള നുകമായിരുന്നു ഞങ്ങളുടെമേല്‍ വച്ചിരുന്നത്. ആ ഭാരിച്ച നുകവും കഠിനാധ്വാനവും ഞങ്ങള്‍ക്കു ലഘൂകരിച്ചുതരണം. അങ്ങനെ ചെയ്താല്‍ ഞങ്ങള്‍ അങ്ങയെ സേവിക്കാം.” മൂന്നു ദിവസം കഴിഞ്ഞ് മടങ്ങിവരാന്‍ രെഹബെയാം അവരോടു പറഞ്ഞു. അതനുസരിച്ച് അവര്‍ പിരിഞ്ഞുപോയി. തന്‍റെ പിതാവായ ശലോമോന്‍റെ ഉപദേശകരായിരുന്ന വൃദ്ധജനത്തോടു രെഹബെയാം രാജാവ് ആലോചിച്ചു. “ഇവരോട് എന്തു മറുപടിയാണ് പറയേണ്ടത്?” എന്ന് അദ്ദേഹം അവരോട് ആരാഞ്ഞു. അവര്‍ പറഞ്ഞു: “അങ്ങ് ജനത്തോടു നല്ലവാക്കു പറഞ്ഞ് അവരെ സന്തോഷിപ്പിക്കുകയും അവരോടു ദയാപൂര്‍വം വര്‍ത്തിക്കുകയും ചെയ്താല്‍ അവര്‍ എന്നും അങ്ങയെ സേവിച്ചുകൊള്ളും.” എന്നാല്‍ രാജാവ് പക്വമതികളായ അവരുടെ ഉപദേശം തിരസ്കരിച്ചു; പിന്നീട് തന്‍റെ കൂടെ വളര്‍ന്നവരും ഇപ്പോള്‍ പാര്‍ശ്വവര്‍ത്തികളുമായ യുവാക്കന്മാരോട് ആലോചിച്ചു. “അങ്ങയുടെ പിതാവ് ഞങ്ങളുടെമേല്‍ വച്ചിരിക്കുന്ന നുകത്തിന്‍റെ ഭാരം ലഘൂകരിച്ചുതരണം എന്നാവശ്യപ്പെടുന്ന ജനത്തിന് എന്ത് ഉത്തരമാണ് നല്‌കേണ്ടത്; എന്താണു നിങ്ങളുടെ അഭിപ്രായം” അവരോട് ചോദിച്ചു. അദ്ദേഹത്തിന്‍റെകൂടെ വളര്‍ന്ന യുവാക്കള്‍ പറഞ്ഞു: “അങ്ങയുടെ പിതാവ് ഞങ്ങളുടെ നുകം ഭാരമുള്ളതാക്കി; അതു ലഘുവാക്കിത്തരണം എന്നാവശ്യപ്പെട്ട ജനത്തോട് ഇപ്രകാരം പറയുക. എന്‍റെ ചെറുവിരല്‍ പിതാവിന്‍റെ അരക്കെട്ടിനെക്കാള്‍ വലുതാണ്. എന്‍റെ പിതാവു ഭാരമുള്ള നുകം നിങ്ങളുടെമേല്‍ വച്ചു. ഞാന്‍ അതിന്‍റെ ഭാരം വര്‍ധിപ്പിക്കും. അദ്ദേഹം നിങ്ങളെ ചാട്ടകൊണ്ട് അടിച്ചു. ഞാന്‍ നിങ്ങളെ മുള്‍ച്ചാട്ടകൊണ്ട് അടിക്കും.” രാജാവു പറഞ്ഞതനുസരിച്ച് മൂന്നു ദിവസം കഴിഞ്ഞ് യെരോബെയാമും ജനങ്ങളും രെഹബെയാമിന്‍റെ അടുക്കല്‍ വന്നു. പക്വമതികളായ വൃദ്ധജനം നല്‌കിയ ഉപദേശം അവഗണിച്ച് രാജാവു ജനങ്ങളോടു പരുഷമായി സംസാരിച്ചു. യുവാക്കള്‍ നല്‌കിയ ഉപദേശമനുസരിച്ചു രാജാവ് പറഞ്ഞു: “എന്‍റെ പിതാവ് ഭാരമുള്ള നുകം നിങ്ങളുടെമേല്‍ വച്ചു. ഞാന്‍ അതിന്‍റെ ഭാരം വര്‍ധിപ്പിക്കും. എന്‍റെ പിതാവു നിങ്ങളെ ചാട്ടകൊണ്ട് അടിച്ചു. ഞാന്‍ നിങ്ങളെ മുള്‍ച്ചാട്ടകൊണ്ട് അടിക്കും.” അങ്ങനെ രാജാവ് ജനങ്ങളുടെ അപേക്ഷ നിരസിച്ചു. സര്‍വേശ്വരന്‍ ശീലോഹ്യനായ അഹീയായിലൂടെ നെബാത്തിന്‍റെ പുത്രനായ യെരോബെയാമിനോട് അരുളിച്ചെയ്ത വചനം നിറവേറുന്നതിന് ദൈവഹിതത്താല്‍ ഇപ്രകാരം സംഭവിച്ചു. രാജാവ് തങ്ങളുടെ അപേക്ഷ നിരസിച്ചു എന്നു കണ്ടപ്പോള്‍ വന്നുകൂടിയ ഇസ്രായേല്‍ജനം പറഞ്ഞു: “ദാവീദുമായി ഞങ്ങള്‍ക്കെന്തു ബന്ധം? യിശ്ശായിയുടെ പുത്രനില്‍ ഞങ്ങള്‍ക്ക് എന്തവകാശം? ഇസ്രായേല്‍ജനമേ, നിങ്ങള്‍ സ്വന്തം കൂടാരങ്ങളിലേക്കു പൊയ്‍ക്കൊള്ളുക; ദാവീദേ, ഇനി സ്വന്തം ഭവനം നോക്കിക്കൊള്ളുക, അങ്ങനെ ഇസ്രായേല്‍ജനമെല്ലാം തങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോയി. രെഹബെയാം യെഹൂദാനഗരങ്ങളില്‍ പാര്‍ത്തിരുന്ന ഇസ്രായേല്യരുടെ രാജാവായി വാണു. രെഹബെയാംരാജാവ് അടിമവേലക്കാരുടെ ചുമതല വഹിക്കുന്ന ഹദോരാമിനെ ഉത്തരദേശത്തു പാര്‍ത്തിരുന്ന ഇസ്രായേല്‍ജനത്തിന്‍റെ അടുക്കലേക്കയച്ചു. അവര്‍ അയാളെ കല്ലെറിഞ്ഞു കൊന്നു. ഇതറിഞ്ഞ ഉടന്‍ രെഹബെയാംരാജാവ് രഥത്തില്‍ കയറി യെരൂശലേമിലേക്കു പോയി. അങ്ങനെ ഉത്തരദേശത്തുള്ള ഇസ്രായേല്യര്‍ ഇന്നും ദാവീദിന്‍റെ ഭവനവുമായി മത്സരിച്ചു നില്‌ക്കുന്നു. രെഹബെയാം യെരൂശലേമില്‍ എത്തിയശേഷം ഇസ്രായേലിന്‍റെ ഉത്തരദേശത്തുള്ള ഗോത്രക്കാരോട് യുദ്ധം ചെയ്തു രാജ്യം വീണ്ടെടുക്കാന്‍ യെഹൂദാഗോത്രക്കാരെയും ബെന്യാമീന്‍ഗോത്രക്കാരെയും വിളിച്ചുകൂട്ടി. അവരില്‍നിന്ന് ഒരുലക്ഷത്തി എണ്‍പതിനായിരം യോദ്ധാക്കളെ തിരഞ്ഞെടുത്തു. സര്‍വേശ്വരന്‍റെ അരുളപ്പാട് ദൈവപുരുഷനായ ശെമയ്യായ്‍ക്കുണ്ടായി. അവിടുന്നു അരുളിച്ചെയ്തു: “ശലോമോന്‍റെ പുത്രനും യെഹൂദാരാജാവുമായ രെഹബെയാമിനോടും യെഹൂദ്യയിലും ബെന്യാമീനിലുമുള്ള എല്ലാ ഇസ്രായേല്യരോടും പറയുക: സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: നിങ്ങള്‍ പുറപ്പെടരുത്; നിങ്ങളുടെ സഹോദരന്മാരോടു യുദ്ധം ചെയ്യരുത്. ഓരോരുത്തന്‍ അവനവന്‍റെ വീട്ടിലേക്കു മടങ്ങിപ്പോകുക; ഇത് എന്‍റെ ഹിതാനുസരണം സംഭവിച്ചതാണ്.” അവര്‍ സര്‍വേശ്വരന്‍റെ അരുളപ്പാടനുസരിച്ചു യെരോബെയാമിനോടു യുദ്ധത്തിനു പോകാതെ മടങ്ങിപ്പോയി. രെഹബെയാം യെരൂശലേമില്‍ പാര്‍ത്തു; സുരക്ഷിതത്വത്തിനുവേണ്ടി യെഹൂദായില്‍ പട്ടണങ്ങള്‍ പണിതു. അദ്ദേഹം യെഹൂദാ- ബെന്യാമീന്‍ഗോത്രക്കാരുടെ അവകാശഭൂമിയില്‍ ബേത്‍ലഹേം, ഏതാം, തെക്കോവ, ബേത്ത്-സൂര്‍, സോഖോ, അദുല്ലാം, ഗത്ത്, മരേശാ, സീഫ്, അദോരയീം, ലാഖീശ്, അസേക്കാ, സോരാ, അയ്യാലോന്‍, ഹെബ്രോന്‍ എന്നീ നഗരങ്ങള്‍ നിര്‍മ്മിച്ച് കോട്ട കെട്ടി ഉറപ്പിച്ചു. കോട്ടകള്‍ ബലപ്പെടുത്തിയതിനു ശേഷം പടനായകന്മാരെ നിയമിച്ചു. ഭക്ഷണസാധനങ്ങള്‍, എണ്ണ, വീഞ്ഞ് എന്നിവ സംഭരിച്ചു. ഓരോ പട്ടണത്തിലും പരിചകളും കുന്തങ്ങളും ശേഖരിച്ച് അവ കൂടുതല്‍ സുരക്ഷിതമാക്കി; അങ്ങനെ യെഹൂദാ-ബെന്യാമീന്‍ഗോത്രക്കാരുടെ അവകാശഭൂമി അദ്ദേഹത്തിന്‍റെ അധീനതയിലായി. ഉത്തരദേശമായ ഇസ്രായേലിന്‍റെ എല്ലാ ഭാഗങ്ങളില്‍നിന്നും പുരോഹിതന്മാരും ലേവ്യരും രെഹബെയാമിന്‍റെ അടുക്കല്‍ വന്നു. യെരോബെയാമും പുത്രന്മാരും ലേവ്യരെ സര്‍വേശ്വരന്‍റെ പുരോഹിതശുശ്രൂഷയില്‍നിന്നു നീക്കിക്കളഞ്ഞതുകൊണ്ടാണ് സ്വന്തം സ്ഥലവും അവകാശവും ഉപേക്ഷിച്ച് അവര്‍ യെഹൂദ്യയിലേക്കും യെരൂശലേമിലേക്കും വന്നത്. പൂജാഗിരികളില്‍ ശുശ്രൂഷ ചെയ്യാനും ഭൂതങ്ങളെയും താന്‍ നിര്‍മ്മിച്ച കാളക്കുട്ടികളെയും ആരാധിക്കാനുമായി സ്വന്തം പുരോഹിതന്മാരെ യെരോബെയാം നിയമിച്ചു. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചവര്‍ ഉത്തരദേശമായ ഇസ്രായേലിന്‍റെ എല്ലാ ഗോത്രങ്ങളില്‍നിന്നും ലേവ്യരുടെ പിന്നാലെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനു യാഗമര്‍പ്പിക്കാന്‍ യെരൂശലേമില്‍ വന്നു. അവര്‍ യെഹൂദാരാജ്യത്തെ സുശക്തമാക്കിക്കൊണ്ട് മൂന്നു വര്‍ഷം ദാവീദിന്‍റെയും ശലോമോന്‍റെയും പാതയില്‍ നടന്നു. അക്കാലമത്രയും ശലോമോന്‍റെ മകനായ രെഹബെയാം സുരക്ഷിതനായിരുന്നു. ദാവീദിന്‍റെ പുത്രനായ യെരീമോത്തിന്‍റെ പുത്രി മഹലാത്തിനെ രെഹബെയാം വിവാഹം കഴിച്ചു. അവള്‍ യിശ്ശായിയുടെ മകന്‍ എലീയാബിന്‍റെ പുത്രിയായ അബീഹയീലിന്‍റെ പുത്രി ആയിരുന്നു. അവര്‍ക്ക് യെയൂശ്, ശെമര്യാ, സാഹം എന്നീ പുത്രന്മാര്‍ ജനിച്ചു. പിന്നീട് രെഹബെയാം അബ്ശാലോമിന്‍റെ പുത്രിയായ മയഖായെ വിവാഹം കഴിച്ചു; അവളില്‍ രെഹബെയാമിനു ജനിച്ച മക്കളാണ് അബീയാ, അത്ഥായി, സീസ, ശെലോമീത്ത് എന്നിവര്‍. രെഹബെയാമിനു പതിനെട്ടു ഭാര്യമാരും അറുപതു ഉപഭാര്യമാരും ഉണ്ടായിരുന്നു; അവരിലെല്ലാം അധികമായി അദ്ദേഹം അബ്ശാലോമിന്‍റെ പുത്രിയായ മയഖായെ സ്നേഹിച്ചിരുന്നു. രാജാവിന് ആകെ ഇരുപത്തെട്ടു പുത്രന്മാരും അറുപതു പുത്രിമാരും ഉണ്ടായിരുന്നു. മയഖായുടെ മകന്‍ അബീയായെ രാജാവാക്കാന്‍ രെഹബെയാം ആഗ്രഹിച്ചിരുന്നതുകൊണ്ട് അയാളെ രാജകുമാരന്മാരില്‍ മുഖ്യനാക്കി. തന്‍റെ പുത്രന്മാരെ യെഹൂദ്യായിലെയും ബെന്യാമീനിലെയും സുരക്ഷിതനഗരങ്ങളില്‍ ദേശാധിപതികളായി തന്ത്രപൂര്‍വം നിയമിച്ചു. രെഹബെയാം അവര്‍ക്കു വേണ്ട ഭക്ഷണസാധനങ്ങള്‍ സമൃദ്ധമായി നല്‌കി. അവര്‍ക്കു ഭാര്യമാരെയും നേടിക്കൊടുത്തു. രെഹബെയാമിന്‍റെ ഭരണം സുസ്ഥാപിതമാകുകയും ശക്തിപ്പെടുകയും ചെയ്തതോടെ അയാളും കൂടെയുള്ള ഇസ്രായേല്‍ജനവും സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്രം ഉപേക്ഷിച്ചു. അവിടുത്തോട് അവിശ്വസ്തത കാണിച്ചതിനാല്‍ രെഹബെയാംരാജാവിന്‍റെ വാഴ്ചയുടെ അഞ്ചാം വര്‍ഷം, ഈജിപ്തുരാജാവായ ശീശക് ആയിരത്തി ഇരുനൂറു രഥങ്ങളും അറുപതിനായിരം കുതിരപ്പടയാളികളുമായി യെരൂശലേമിനെതിരെ വന്നു. അയാളോടൊപ്പം ലൂബ്യരും, സൂക്യരും, എത്യോപ്യരുമായി വന്ന പടയാളികള്‍ അസംഖ്യമായിരുന്നു. യെഹൂദ്യയിലെ സുരക്ഷിതനഗരങ്ങള്‍ പിടിച്ചടക്കിയശേഷം അയാള്‍ യെരൂശലേംവരെ എത്തി. രെഹബെയാമിന്‍റെയും ശീശക്കിനെ ഭയന്നു യെരൂശലേമില്‍ കൂടിയിരുന്ന യെഹൂദാപ്രഭുക്കന്മാരുടെയും അടുക്കല്‍ ചെന്ന് ശെമയ്യാപ്രവാചകന്‍ പറഞ്ഞു: “സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്നെ ഉപേക്ഷിച്ചു; അതിനാല്‍ ഞാന്‍ നിങ്ങളെ ഉപേക്ഷിച്ചു ശീശക്കിന്‍റെ കൈയില്‍ ഏല്പിക്കുന്നു. അപ്പോള്‍ ഇസ്രായേല്‍പ്രഭുക്കന്മാരും രാജാവും തങ്ങളെത്തന്നെ വിനയപ്പെടുത്തി. “സര്‍വേശ്വരന്‍ നീതിമാനാകുന്നു” എന്നു ഏറ്റുപറഞ്ഞു. അവര്‍ സ്വയം എളിമപ്പെട്ടതു കണ്ടപ്പോള്‍ അവിടുന്നു ശെമയ്യാപ്രവാചകനോടു പറഞ്ഞു: “അവര്‍ സ്വയം വിനയപ്പെടുത്തിയതിനാല്‍ ഞാന്‍ അവരെ നശിപ്പിക്കുകയില്ല; അവര്‍ക്ക് അല്പം മോചനം നല്‌കും. ഞാന്‍ എന്‍റെ ക്രോധം ശീശക്കിലൂടെ യെരൂശലേമില്‍ ചൊരിയുകയില്ല. എങ്കിലും അവര്‍ ശീശക്കിനു ദാസരായിത്തീരും; അങ്ങനെ എന്നെ സേവിക്കുന്നതും ഭൂമിയിലെ രാജാക്കന്മാരെ സേവിക്കുന്നതും തമ്മിലുള്ള അന്തരം അവര്‍ അറിയും.” ഈജിപ്തുരാജാവായ ശീശക് യെരൂശലേമില്‍ വന്നു സര്‍വേശ്വരന്‍റെ ആലയത്തിലെയും രാജകൊട്ടാരത്തിലെയും നിക്ഷേപങ്ങളെല്ലാം കവര്‍ച്ച ചെയ്തു; ശലോമോന്‍ നിര്‍മ്മിച്ച സ്വര്‍ണപ്പരിചകള്‍ ഉള്‍പ്പെടെ സകല സാധനങ്ങളും എടുത്തുകൊണ്ടുപോയി. രെഹബെയാം സ്വര്‍ണപ്പരിചകള്‍ക്കു പകരം ഓട്ടുപരിചകള്‍ നിര്‍മ്മിച്ച് കൊട്ടാരംകാവല്‌ക്കാരുടെ നായകന്മാരെ ഏല്പിച്ചു. രാജാവ് സര്‍വേശ്വരന്‍റെ ആലയത്തില്‍ ചെല്ലുമ്പോഴൊക്കെ കാവല്‌ക്കാര്‍ അവ ധരിച്ചുകൊണ്ടു നില്‌ക്കും. പിന്നീട് കാവല്‍പ്പുരയില്‍ കൊണ്ടുപോയി സൂക്ഷിക്കും. രാജാവ് സ്വയം എളിമപ്പെട്ടപ്പോള്‍ സമ്പൂര്‍ണനാശം വരുത്താതെ സര്‍വേശ്വരന്‍റെ ക്രോധം അദ്ദേഹത്തെ വിട്ടുപോയി. യെഹൂദായുടെ സ്ഥിതി പൊതുവേ മെച്ചമായി. തന്‍റെ നില സുസ്ഥിരമാക്കിക്കൊണ്ടു രെഹബെയാം യെരൂശലേമില്‍ വാണു. രാജ്യഭാരം ഏല്‌ക്കുമ്പോള്‍ രെഹബെയാമിനു നാല്പത്തൊന്നു വയസ്സായിരുന്നു. തന്‍റെ നാമം നിലനിര്‍ത്തുന്നതിന് ഇസ്രായേലിലെ സകല ഗോത്രങ്ങളില്‍ നിന്നുമായി സര്‍വേശ്വരന്‍ തിരഞ്ഞെടുത്ത യെരൂശലേമില്‍ അദ്ദേഹം പതിനേഴു വര്‍ഷം വാണു. അമ്മോന്യയായ നയമാ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്. രെഹബെയാം സര്‍വേശ്വരനെ ആത്മാര്‍ഥമായി അന്വേഷിക്കാതെ തിന്മ ചെയ്തു. രെഹബെയാമിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആദ്യന്തം ശെമയ്യാപ്രവാചകന്‍റെയും ഇദ്ദോദര്‍ശകന്‍റെയും വൃത്താന്തപുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രെഹബെയാമും യെരോബെയാമും തമ്മില്‍ നിരന്തരം യുദ്ധം നടന്നുകൊണ്ടിരുന്നു. രെഹബെയാം മരിച്ച് തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു. ദാവീദിന്‍റെ നഗരത്തില്‍ അദ്ദേഹത്തെ സംസ്കരിച്ചു. പുത്രനായ അബീയാ പകരം രാജാവായി. യെരോബെയാംരാജാവിന്‍റെ വാഴ്ചയുടെ പതിനെട്ടാം വര്‍ഷം അബീയാ യെഹൂദ്യയില്‍ ഭരണമാരംഭിച്ചു. അദ്ദേഹം യെരൂശലേമില്‍ മൂന്നു വര്‍ഷം ഭരിച്ചു. ഗിബെയായിലെ ഊരീയേലിന്‍റെ പുത്രി മീഖായാ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്. അബീയായും യെരോബെയാമും തമ്മില്‍ യുദ്ധമുണ്ടായി. വീരപരാക്രമികളായ നാലുലക്ഷം ഭടന്മാര്‍ അടങ്ങുന്ന സൈന്യവുമായി അബീയാ യുദ്ധത്തിനു പുറപ്പെട്ടു. അവര്‍ക്കെതിരെ എട്ടു ലക്ഷം യുദ്ധവീരന്മാരെ യെരോബെയാം അണിനിരത്തി. എഫ്രയീം മലമ്പ്രദേശത്തുള്ള സെമരായീം മലമുകളില്‍നിന്നുകൊണ്ട് അബീയാ വിളിച്ചുപറഞ്ഞു: “യെരോബെയാമും സകല ഇസ്രായേല്‍ജനവും കേള്‍ക്കുക; ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അലംഘനീയമായ ഉടമ്പടിയിലൂടെ ഇസ്രായേലിലെ രാജത്വം ദാവീദിനും അദ്ദേഹത്തിന്‍റെ സന്തതികള്‍ക്കും എന്നേക്കുമായി നല്‌കിയിരിക്കുന്നു എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ?” എന്നാല്‍ ദാവീദിന്‍റെ പുത്രനായ ശലോമോന്‍റെ ദാസനും നെബാത്തിന്‍റെ പുത്രനുമായ യെരോബെയാം തന്‍റെ യജമാനനെതിരെ മത്സരിച്ചു. നിസ്സാരന്മാരും അധമന്മാരുമായ ചിലര്‍ അവന്‍റെ കൂടെ ചേര്‍ന്നു. അവര്‍ രെഹബെയാമിനെതിരെ ശക്തി സംഭരിച്ചു. ശലോമോന്‍റെ പുത്രനായ രെഹബെയാം പക്വത പ്രാപിക്കാത്ത യുവാവായിരുന്നതുകൊണ്ട് അവരെ ചെറുത്തു നില്‌ക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. ഇപ്പോള്‍ നിങ്ങള്‍ക്കു സംഖ്യാബലം ഉണ്ട്. യെരോബെയാം നിര്‍മ്മിച്ചുതന്ന പൊന്‍കാളക്കുട്ടികള്‍ ദൈവങ്ങളായും ഉണ്ട്. അതിനാല്‍ ദാവീദിന്‍റെ സന്തതികള്‍ക്ക് നല്‌കിയിരിക്കുന്ന രാജത്വത്തോട് എതിര്‍ത്തു നില്‌ക്കാമെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? സര്‍വേശ്വരന്‍റെ പുരോഹിതന്മാരായ അഹരോന്‍റെ പുത്രന്മാരെയും ലേവ്യരെയും പുറന്തള്ളിയ ശേഷം മറ്റു ജനതകളെപ്പോലെ സ്വന്തം പുരോഹിതന്മാരെ നിങ്ങള്‍ നിയമിച്ചില്ലേ? സ്വയം പ്രതിഷ്ഠിക്കാന്‍ ഒരു കാളക്കുട്ടിയെയോ ഏഴു മുട്ടാടുകളെയോ കൊണ്ടുവരുന്ന ഏതൊരുവനും ദൈവങ്ങളല്ലാത്തവയ്‍ക്ക് പുരോഹിതനായിത്തീരുന്നു. എന്നാല്‍ സര്‍വേശ്വരന്‍ തന്നെയാണ് ഞങ്ങളുടെ ദൈവം; ഞങ്ങള്‍ അവിടുത്തെ ഉപേക്ഷിച്ചിട്ടില്ല. അവിടുത്തെ ശുശ്രൂഷ ചെയ്യുന്നതിന് അഹരോന്‍റെ പുത്രന്മാര്‍ പുരോഹിതന്മാരായി ഞങ്ങള്‍ക്കുണ്ട്; അവരെ സഹായിക്കാന്‍ ലേവ്യരുമുണ്ട്. അവര്‍ എന്നും രാവിലെയും വൈകുന്നേരവും ഹോമയാഗങ്ങളും പരിമളധൂപവും അര്‍പ്പിക്കുന്നു; ആചാരപരമായി ശുദ്ധിയുള്ള മേശയില്‍ കാഴ്ചയപ്പം വയ്‍ക്കുന്നു. എല്ലാ ദിവസവും വൈകുന്നേരം സ്വര്‍ണവിളക്കുതണ്ടും വിളക്കുകളും വൃത്തിയാക്കി ദീപങ്ങള്‍ തെളിക്കുന്നു. ഇങ്ങനെ ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ കല്പനകള്‍ പാലിക്കുന്നു. എന്നാല്‍ നിങ്ങളാകട്ടെ അവിടുത്തെ ഉപേക്ഷിച്ചിരിക്കുന്നു. ദൈവം തന്നെയാണു ഞങ്ങളുടെ നായകന്‍; അവിടുത്തെ പുരോഹിതന്മാര്‍ നിങ്ങള്‍ക്കെതിരെ യുദ്ധകാഹളം മുഴക്കാന്‍ കാഹളങ്ങളുമായി ഞങ്ങളുടെ കൂടെയുണ്ട്. ഇസ്രായേല്യരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനോടു നിങ്ങള്‍ യുദ്ധം ചെയ്യരുത്; നിങ്ങള്‍ വിജയിക്കുകയില്ല.” എന്നാല്‍ അവരെ പുറകില്‍നിന്ന് ആക്രമിക്കാന്‍ യെരോബെയാം പതിയിരുപ്പുകാരെ അയച്ചു; അങ്ങനെ അവര്‍ മുമ്പിലും പതിയിരുപ്പുകാര്‍ പിമ്പിലുമായി യെഹൂദ്യയെ വളഞ്ഞു. യെഹൂദ്യര്‍ തിരിഞ്ഞു നോക്കിയപ്പോള്‍ മുമ്പിലും പിമ്പിലും പട; അവര്‍ സര്‍വേശ്വരനോടു നിലവിളിച്ചു; പുരോഹിതന്മാര്‍ കാഹളം ഊതി. യെഹൂദാസൈന്യം ആര്‍ത്തുവിളിച്ചു. അപ്പോള്‍ യെരോബെയാമിനെയും കൂടെയുള്ള ഇസ്രായേല്‍സൈന്യത്തെയും അബീയായുടെയും യെഹൂദ്യരുടെയും മുമ്പില്‍ ദൈവം പരാജയപ്പെടുത്തി. ഇസ്രായേല്യര്‍ യെഹൂദ്യരുടെ മുമ്പില്‍നിന്നു തോറ്റോടി; ദൈവം അവരെ യെഹൂദ്യരുടെ കൈകളില്‍ ഏല്പിച്ചു. അബീയായും കൂടെയുള്ളവരും അവരുടെമേല്‍ ഒരു മഹാസംഹാരം നടത്തി. ഇസ്രായേലിലെ അഞ്ചുലക്ഷം വീരയോദ്ധാക്കള്‍ സംഹരിക്കപ്പെട്ടു. ഇസ്രായേല്‍ കീഴടങ്ങുകയും ചെയ്തു. യെഹൂദ്യരാകട്ടെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനില്‍ ആശ്രയിച്ചതുകൊണ്ട് വിജയം കൈവരിച്ചു. അബീയാ യെരോബെയാമിനെ പിന്തുടര്‍ന്നു. ബേഥേല്‍, യെശാന്‍, എഫ്രോന്‍ എന്നീ പട്ടണങ്ങളും അവയോടു ചേര്‍ന്ന ഗ്രാമങ്ങളും പിടിച്ചെടുത്തു. അബീയായുടെ കാലത്തു യെരോബെയാമിനു തന്‍റെ ശക്തി വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. സര്‍വേശ്വരന്‍ അയാളെ ശിക്ഷിച്ചു. അയാള്‍ കൊല്ലപ്പെട്ടു. എന്നാല്‍ അബീയാ ശക്തിപ്രാപിച്ചു; അയാള്‍ക്കു പതിന്നാലു ഭാര്യമാരും ഇരുപത്തിരണ്ടു പുത്രന്മാരും പതിനാറു പുത്രിമാരുമുണ്ടായിരുന്നു. അബീയായുടെ മറ്റു പ്രവര്‍ത്തനങ്ങളും ജീവിതരീതിയും വാക്കുകളുമെല്ലാം ഇദ്ദോപ്രവാചകന്‍റെ ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അബീയാ മരിച്ചു തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു; ദാവീദിന്‍റെ നഗരത്തില്‍ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്‍റെ പുത്രന്‍ ആസ പകരം രാജാവായി. ആസയുടെ ഭരണകാലത്ത് പത്തു വര്‍ഷം ദേശത്തു സമാധാനം നിലനിന്നു. ആസ തന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ മുമ്പാകെ നീതിയും നന്മയും ചെയ്തു. അദ്ദേഹം അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു. സ്തംഭങ്ങള്‍ ഇടിച്ചു തകര്‍ത്തു. അശേരാ പ്രതിഷ്ഠകള്‍ വെട്ടി വീഴ്ത്തി. യെഹൂദാനിവാസികളോട് അവരുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കാനും നിയമങ്ങളും കല്പനകളും പാലിക്കാനും കല്പിച്ചു. അദ്ദേഹം യെഹൂദാനഗരങ്ങളില്‍നിന്നെല്ലാം പൂജാഗിരികളും ധൂപപീഠങ്ങളും നീക്കം ചെയ്തു. അദ്ദേഹത്തിന്‍റെ ഭരണകാലത്തു രാജ്യത്തു സമാധാനം നിലനിന്നു. സമാധാനം നിലനിന്നിരുന്നതിനാല്‍ പട്ടണങ്ങള്‍ പണിതു കോട്ടകെട്ടി ഉറപ്പിക്കുന്നതിനു സാധിച്ചു; സര്‍വേശ്വരന്‍ സമാധാനം നല്‌കിയിരുന്നതിനാല്‍ അദ്ദേഹത്തിന്‍റെ ഭരണകാലത്തു യുദ്ധമുണ്ടായില്ല. അദ്ദേഹം യെഹൂദ്യരോടു പറഞ്ഞു: “നമുക്ക് ഈ പട്ടണങ്ങള്‍ പുതുക്കിപ്പണിത് അവയെ മതിലുകളും ഗോപുരങ്ങളും വാതിലുകളും ഓടാമ്പലുകളുംകൊണ്ടു സുരക്ഷിതമാക്കാം. നാം നമ്മുടെ ദൈവമായ സര്‍വേശ്വരന്‍റെ ഹിതം അന്വേഷിച്ചതുകൊണ്ട് ഈ ദേശം നമുക്ക് അധീനമായിരിക്കുന്നു. നാം അവിടുത്തെ വിളിച്ചപേക്ഷിച്ചതുകൊണ്ട് അവിടുന്ന് അതിര്‍ത്തികളിലെല്ലാം നമുക്കു സമാധാനം നല്‌കിയിരിക്കുന്നു. അങ്ങനെ അവര്‍ പട്ടണങ്ങള്‍ പണിത് അഭിവൃദ്ധി പ്രാപിച്ചു. ആസയ്‍ക്ക് യെഹൂദ്യയില്‍നിന്നു കുന്തവും പരിചയും ധരിച്ച മൂന്നു ലക്ഷം യോദ്ധാക്കളും ബെന്യാമീനില്‍നിന്ന് പരിചയും വില്ലും ധരിച്ച രണ്ടുലക്ഷത്തി എണ്‍പതിനായിരം പടയാളികളും ഉണ്ടായിരുന്നു. അവരെല്ലാം വീരപരാക്രമികളായിരുന്നു. എത്യോപ്യക്കാരന്‍ സേരഹ് പത്തു ലക്ഷം പടയാളികളും മുന്നൂറു രഥങ്ങളുമുള്ള ഒരു സൈന്യത്തോടുകൂടി യെഹൂദായ്‍ക്കെതിരെ മരേശാവരെ എത്തി. ആസ അവരെ നേരിടാന്‍ പുറപ്പെട്ടു; രണ്ടു കൂട്ടരും മരേശായ്‍ക്കു സമീപമുള്ള സെഫാഥാ താഴ്വരയില്‍ അണിനിരന്നു. അപ്പോള്‍ ആസ തന്‍റെ ദൈവമായ സര്‍വേശ്വരനോടു വിളിച്ചപേക്ഷിച്ചു: “സര്‍വേശ്വരാ, ബലവാനെതിരെ ബലഹീനനെ സഹായിക്കാന്‍ അവിടുന്നല്ലാതെ മറ്റാരുമില്ലല്ലോ. ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, ഞങ്ങളെ സഹായിക്കണമേ. ഞങ്ങള്‍ അങ്ങയില്‍ ആശ്രയിക്കുന്നു. അങ്ങയുടെ നാമത്തിലാണ് ഈ വലിയ സൈന്യത്തിനെതിരെ ഞങ്ങള്‍ വന്നിരിക്കുന്നത്. സര്‍വേശ്വരാ, അവിടുന്നു ഞങ്ങളുടെ ദൈവം; അങ്ങേക്കെതിരെ മര്‍ത്യന്‍ പ്രബലപ്പെടരുതേ. സര്‍വേശ്വരന്‍ ആസയുടെയും യെഹൂദ്യരുടെയും മുമ്പില്‍ എത്യോപ്യരെ തോല്പിച്ചു. അവര്‍ തോറ്റോടി. ആസയും കൂടെയുണ്ടായിരുന്ന സൈന്യവും ഗെരാര്‍വരെ അവരെ പിന്തുടര്‍ന്നു. എത്യോപ്യര്‍ ആരും ശേഷിക്കാത്തവിധം കൊല്ലപ്പെട്ടു. അവര്‍ സര്‍വേശ്വരന്‍റെയും അവിടുത്തെ സൈന്യത്തിന്‍റെയും മുമ്പില്‍ തകര്‍ന്നുവീണു. യെഹൂദ്യര്‍ക്കു ധാരാളം കൊള്ളവസ്തുക്കള്‍ ലഭിച്ചു. ഗെരാറിനു ചുറ്റുമുള്ള പട്ടണങ്ങളെല്ലാം അവര്‍ തകര്‍ത്തു. സര്‍വേശ്വരനെക്കുറിച്ചുള്ള ഭയം നിമിത്തം പട്ടണനിവാസികള്‍ സംഭ്രാന്തരായി. യെഹൂദാസൈന്യം എല്ലാ പട്ടണങ്ങളും കൊള്ളയടിച്ചു. അവയില്‍ കൊള്ളവസ്തുക്കള്‍ ധാരാളമുണ്ടായിരുന്നു. മൃഗങ്ങളെ സൂക്ഷിച്ചിരുന്ന ശാലകള്‍ നശിപ്പിച്ചു ധാരാളം ആടുകളെയും ഒട്ടകങ്ങളെയും കൈവശപ്പെടുത്തി. പിന്നീട് അവര്‍ യെരൂശലേമിലേക്കു മടങ്ങി. ദൈവത്തിന്‍റെ ആത്മാവ് ഒദേദിന്‍റെ പുത്രനായ അസര്യായില്‍ വന്നു. അയാള്‍ ആസയെ സമീപിച്ചു പറഞ്ഞു: “ആസ രാജാവേ, യെഹൂദ്യരേ, ബെന്യാമീന്യരേ, കേള്‍ക്കുക; നിങ്ങള്‍ സര്‍വേശ്വരന്‍റെ കൂടെ ആയിരിക്കുന്നിടത്തോളം അവിടുന്നു നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും. നിങ്ങള്‍ അന്വേഷിച്ചാല്‍ അവിടുത്തെ കണ്ടെത്തും. നിങ്ങള്‍ ഉപേക്ഷിച്ചാല്‍ അവിടുന്നു നിങ്ങളെയും ഉപേക്ഷിക്കും. ഇസ്രായേലിനു സത്യദൈവമോ പഠിപ്പിക്കുന്നതിനു പുരോഹിതനോ ധര്‍മശാസ്ത്രമോ ഇല്ലാതായിട്ടു ദീര്‍ഘനാളുകളായി. കഷ്ടതയിലായിരുന്നപ്പോള്‍ ഇസ്രായേല്‍ തങ്ങളുടെ ദൈവമായ സര്‍വേശ്വരനിലേക്കു തിരിഞ്ഞു. അവര്‍ അവിടുത്തെ അന്വേഷിച്ചു; കണ്ടെത്തുകയും ചെയ്തു. അന്നു സകല ദേശങ്ങളിലും അക്രമങ്ങളും കലാപങ്ങളും നടമാടിയിരുന്നതിനാല്‍ ആരും സുരക്ഷിതരായിരുന്നില്ല. ദൈവം സകലവിധ ദുരിതങ്ങളും അവരുടെമേല്‍ വരുത്തിയതുകൊണ്ട് ജനത ജനതയ്‍ക്കെതിരെയും പട്ടണം പട്ടണത്തിനെതിരെയും യുദ്ധം ചെയ്ത് അന്യോന്യം നശിച്ചു. എന്നാല്‍ നിങ്ങള്‍ ധൈര്യമായിരിക്കുവിന്‍; നിങ്ങളുടെ കൈകള്‍ തളരാതിരിക്കുക; നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ലഭിക്കും.” ഒദേദ്പ്രവാചകന്‍റെ പ്രവചനം കേട്ടപ്പോള്‍ ആസയ്‍ക്കു ധൈര്യമായി. യെഹൂദ്യയിലും ബെന്യാമീനിലും എഫ്രയീംമലനാട്ടില്‍ താന്‍ പിടിച്ചടക്കിയ പട്ടണങ്ങളില്‍നിന്നും അദ്ദേഹം മ്ലേച്ഛവിഗ്രഹങ്ങളെല്ലാം നീക്കിക്കളഞ്ഞു. സര്‍വേശ്വരന്‍റെ ആലയത്തിലെ പൂമുഖത്തിനു മുമ്പിലുള്ള യാഗപീഠം പുതുക്കിപ്പണിതു. സര്‍വേശ്വരന്‍ ആസയുടെ കൂടെ ഉണ്ടെന്ന് എഫ്രയീം, മനശ്ശെ, ശിമെയോന്‍ എന്നീ ഗോത്രങ്ങളില്‍പ്പെട്ട അനേകം ആളുകള്‍ മനസ്സിലാക്കുകയും അവര്‍ ഇസ്രായേലില്‍നിന്നു വന്ന് ആസയുടെ ദേശത്തു പാര്‍ക്കുകയും ചെയ്തു. അവരെയും യെഹൂദ്യരെയും ബെന്യാമീന്യരെയും ആസ വിളിച്ചുകൂട്ടി. ആസയുടെ വാഴ്ചയുടെ പതിനഞ്ചാം വര്‍ഷം മൂന്നാം മാസം അവര്‍ യെരൂശലേമില്‍ സമ്മേളിച്ചു. അവര്‍ കൊണ്ടുവന്ന കൊള്ളവസ്തുക്കളില്‍നിന്ന് എഴുനൂറു കാളകളെയും ഏഴായിരം ആടുകളെയും അന്നു യാഗമര്‍പ്പിച്ചു. പിന്നീട് അവര്‍ തങ്ങളുടെ ദൈവമായ സര്‍വേശ്വരനെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും കൂടെ ആരാധിക്കുമെന്നും ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കാത്തവരെ പ്രായഭേദമോ, സ്‍ത്രീപുരുഷഭേദമോ കൂടാതെ കൊന്നുകളയുമെന്നും ഉടമ്പടി ചെയ്തു. അത്യുച്ചത്തില്‍ ആര്‍പ്പുവിളികളോടെ കാഹളവും കുഴലും ഊതിക്കൊണ്ട് അവര്‍ സര്‍വേശ്വരനോടു പ്രതിജ്ഞ ചെയ്തു. യെഹൂദ്യ മുഴുവനും അതില്‍ സന്തോഷിച്ചു. അവര്‍ പൂര്‍ണഹൃദയത്തോടെ സത്യം ചെയ്യുകയും പൂര്‍ണമനസ്സോടെ അന്വേഷിക്കുകയും ചെയ്തതുകൊണ്ട് അവിടുത്തെ കണ്ടെത്തി; അവിടുന്ന് അവര്‍ക്ക് എല്ലായിടത്തും സ്വസ്ഥത നല്‌കുകയും ചെയ്തു. അശേരാദേവതയുടെ മ്ലേച്ഛവിഗ്രഹം നിര്‍മ്മിച്ചതിനാല്‍ തന്‍റെ മാതാവായ മയഖായെ ‘അമ്മറാണി’ എന്ന സ്ഥാനത്തുനിന്നു നീക്കം ചെയ്തു. ആ വിഗ്രഹം വെട്ടിനുറുക്കി കിദ്രോന്‍ തോട്ടിനരികില്‍ വച്ചു ചുട്ടുകളഞ്ഞു. ഇസ്രായേലിലെ പൂജാഗിരികള്‍ നീക്കിക്കളഞ്ഞില്ലെങ്കിലും ജീവിതകാലം മുഴുവന്‍ ആസയുടെ ഹൃദയം കുറ്റമറ്റതായിരുന്നു. തന്‍റെ പിതാവും താനും അര്‍പ്പിച്ചിരുന്ന സ്വര്‍ണവും വെള്ളിയും പാത്രങ്ങളും ആസ ദൈവത്തിന്‍റെ ആലയത്തില്‍ കൊണ്ടുവന്നു. ആസയുടെ വാഴ്ചയുടെ മുപ്പത്തഞ്ചാം വര്‍ഷംവരെ പിന്നീട് യുദ്ധമൊന്നുമുണ്ടായില്ല. ആസയുടെ വാഴ്ചയുടെ മുപ്പത്താറാം ആണ്ടില്‍ ഇസ്രായേല്‍രാജാവായ ബയെശാ യെഹൂദായ്‍ക്കെതിരെ പുറപ്പെട്ടു; ആസയുമായി ആരും ബന്ധപ്പെടാതിരിക്കാന്‍ രാമ നഗരം അദ്ദേഹം കോട്ട കെട്ടി ഉറപ്പിക്കാന്‍ തുടങ്ങി. ആസ സര്‍വേശ്വരന്‍റെ ആലയത്തിലും രാജധാനിയിലും ഉള്ള ഭണ്ഡാരങ്ങളില്‍ സൂക്ഷിച്ചിരുന്ന വെള്ളിയും സ്വര്‍ണവും ദമാസ്ക്കസില്‍ പാര്‍ത്തിരുന്ന സിറിയാരാജാവായ ബെന്‍-ഹദദിന് കൊടുത്തയച്ചുകൊണ്ട് അഭ്യര്‍ഥിച്ചു: “എന്‍റെ പിതാവും അങ്ങയുടെ പിതാവും തമ്മില്‍ ഉണ്ടായിരുന്ന സഖ്യംപോലെ നമുക്കു തമ്മിലും ഒരു സഖ്യം ഉണ്ടാക്കാം. ഇതാ വെള്ളിയും സ്വര്‍ണവും ഞാന്‍ സമ്മാനമായി കൊടുത്തയയ്‍ക്കുന്നു. ഇസ്രായേല്‍രാജാവായ ബയെശയുമായുള്ള സഖ്യം അങ്ങ് അവസാനിപ്പിക്കുക. അപ്പോള്‍ അയാള്‍ എന്‍റെ ദേശത്തുനിന്നു പിന്മാറും.” ആസരാജാവിന്‍റെ അഭ്യര്‍ഥന സ്വീകരിച്ചുകൊണ്ട് ഇസ്രായേല്‍പട്ടണങ്ങള്‍ക്കെതിരെ ബെന്‍-ഹദദ് സൈന്യാധിപന്മാരെ അയച്ചു. അവര്‍ ഈയോന്‍, ദാന്‍, ആബേല്‍-മയീം എന്നീ പട്ടണങ്ങളും നഫ്താലിയുടെ സകല സംഭരണനഗരങ്ങളും പിടിച്ചടക്കി. ഈ വാര്‍ത്ത അറിഞ്ഞ ബയെശ രാമയുടെ പണി നിര്‍ത്തിവച്ചു. ആസരാജാവ് യെഹൂദ്യനിവാസികളെയെല്ലാം കൂട്ടിക്കൊണ്ട് രാമയുടെ പണിക്കു ബയെശ ശേഖരിച്ചിരുന്ന കല്ലും തടിയും എടുത്തുകൊണ്ടുവന്ന് അവകൊണ്ട് ഗേബ, മിസ്പാ എന്നീ പട്ടണങ്ങള്‍ പണിതു. ആ കാലത്ത് ദര്‍ശകനായ ഹനാനി യെഹൂദാരാജാവായ ആസയുടെ അടുക്കല്‍ വന്നു പറഞ്ഞു: “അങ്ങ് അങ്ങയുടെ ദൈവമായ സര്‍വേശ്വരനെ ആശ്രയിക്കാതെ സിറിയാരാജാവിനെ ആശ്രയിച്ചതുകൊണ്ട് സിറിയാരാജാവിന്‍റെ സൈന്യം അങ്ങയുടെ കൈയില്‍നിന്നു രക്ഷപ്പെട്ടു. അനവധി രഥങ്ങളും കുതിരപ്പടയാളികളുമുള്ള ഒരു വലിയ സൈന്യമായിരുന്നില്ലേ എത്യോപ്യര്‍ക്കും ലിബിയാക്കാര്‍ക്കും ഉണ്ടായിരുന്നത്? എങ്കിലും അങ്ങു സര്‍വേശ്വരനെ ആശ്രയിച്ചതുകൊണ്ട് അവിടുന്ന് അവരെ അങ്ങയുടെ കൈയില്‍ ഏല്പിച്ചുതന്നു. തന്‍റെ മുമ്പാകെ നിഷ്കളങ്കരായി ജീവിക്കുന്നവരെ സംരക്ഷിക്കാന്‍ ഭൂമിയിലെല്ലാം സര്‍വേശ്വരന്‍ തന്‍റെ ദൃഷ്‍ടി പതിപ്പിക്കുന്നു. ഇക്കാര്യത്തില്‍ അങ്ങു ഭോഷത്തമാണു പ്രവര്‍ത്തിച്ചത്. ഇപ്പോള്‍മുതല്‍ അങ്ങേക്കു യുദ്ധങ്ങളെ നേരിടേണ്ടിവരും.” അപ്പോള്‍ ഹനാനിയോട് കുപിതനായിത്തീര്‍ന്ന ആസ അദ്ദേഹത്തെ ബന്ധിച്ച് കാരാഗൃഹത്തിലടച്ചു. ഹനാനിയുടെ വാക്കുകള്‍ ആസയെ അത്ര അധികം പ്രകോപിപ്പിച്ചു. ജനങ്ങളില്‍ ചിലരെ ആസ പീഡിപ്പിക്കുകയും ചെയ്തു. ആസയുടെ പ്രവര്‍ത്തനങ്ങള്‍ ആദ്യന്തം യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്‍റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം വര്‍ഷം ആസയുടെ കാലില്‍ രോഗബാധയുണ്ടായി. രോഗം മൂര്‍ച്ഛിച്ചിട്ടും വൈദ്യന്മാരെയല്ലാതെ സര്‍വേശ്വരനില്‍ അദ്ദേഹം ആശ്രയിച്ചില്ല. ആസ തന്‍റെ വാഴ്ചയുടെ നാല്പത്തൊന്നാം വര്‍ഷം മരണമടഞ്ഞു പിതാക്കന്മാരോടു ചേര്‍ന്നു. ദാവീദിന്‍റെ നഗരത്തില്‍ പ്രത്യേകം തയ്യാറാക്കിയിരുന്ന കല്ലറയില്‍ സംസ്കരിച്ചു. വിദഗ്ദ്ധമായി നിര്‍മ്മിച്ച പലതരം പരിമളദ്രവ്യങ്ങള്‍ നിരത്തിയ മഞ്ചത്തില്‍ മൃതശരീരം വച്ചു. അദ്ദേഹത്തിന്‍റെ ബഹുമാനാര്‍ഥം ഒരു വലിയ അഗ്നികുണ്ഡവും ഉണ്ടാക്കി. ആസയ്‍ക്കുശേഷം പുത്രനായ യെഹോശാഫാത്ത് രാജാവായി. അദ്ദേഹം ഇസ്രായേലിനെതിരെ തന്‍റെ നില ശക്തമാക്കി. യെഹൂദ്യയിലെ സുരക്ഷിതമാക്കിയിരുന്ന പട്ടണങ്ങളിലെല്ലാം അദ്ദേഹം സൈന്യങ്ങളെ നിയോഗിച്ചു. യെഹൂദാദേശത്തു തന്‍റെ പിതാവ് ആസ പിടിച്ചെടുത്ത എഫ്രയീംപട്ടണങ്ങളിലും കാവല്‍പട്ടാളക്കാരെ നിര്‍ത്തി. യെഹോശാഫാത്ത് തന്‍റെ പിതാവിന്‍റെ ആദ്യകാല ജീവിതരീതി സ്വീകരിച്ചതുകൊണ്ട്, സര്‍വേശ്വരന്‍ അദ്ദേഹത്തിന്‍റെ കൂടെ ഉണ്ടായിരുന്നു; അയാള്‍ ബാല്‍വിഗ്രഹങ്ങളിലേക്കു തിരിഞ്ഞില്ല. ഇസ്രായേല്‍രാജാക്കന്മാരുടെ മാര്‍ഗം സ്വീകരിക്കാതെ തന്‍റെ പിതാവിന്‍റെ ദൈവത്തെ ആരാധിക്കുകയും അവിടുത്തെ കല്പനകള്‍ അനുസരിക്കുകയും ചെയ്തു. അതുകൊണ്ട് സര്‍വേശ്വരന്‍ അദ്ദേഹത്തിന്‍റെ രാജത്വം സുസ്ഥിരമാക്കി. യെഹൂദാനിവാസികള്‍ എല്ലാവരും അദ്ദേഹത്തിനു കാഴ്ചകള്‍ കൊണ്ടുവന്നു. അദ്ദേഹത്തിനു ധനവും മാനവും വളരെ ഉണ്ടായി. അദ്ദേഹത്തിന്‍റെ ഹൃദയം സര്‍വേശ്വരന്‍റെ വഴികളില്‍ ഉറച്ചിരുന്നു; പൂജാഗിരികളും അശേരാ പ്രതിഷ്ഠകളും യെഹൂദ്യയില്‍നിന്ന് അദ്ദേഹം നീക്കം ചെയ്തു. യെഹോശാഫാത്ത് തന്‍റെ വാഴ്ചയുടെ മൂന്നാം വര്‍ഷം യെഹൂദാനഗരങ്ങളിലെ ജനങ്ങളെ പഠിപ്പിക്കാന്‍ ബെന്‍-ഹയീല്‍, ഓബദ്യാ, സെഖര്യാ, നെഥനയേല്‍, മീഖാ എന്നീ പ്രഭുക്കന്മാരെ അയച്ചു. അവരോടൊത്ത് ലേവ്യരായ ശെമയ്യാ, നെഥന്യാ, സെബദ്യാ, അസായേല്‍, ശെമീരാമോത്ത്, യെഹോനാഥാന്‍, അദോനീയാ, തോബീയാ, തോബ്- അദോനീയാ എന്നിവരെയും എലീശാമ, യെഹോരാം എന്നീ പുരോഹിതന്മാരെയും അയച്ചു. അവര്‍ യെഹൂദാനഗരങ്ങളിലെല്ലാം സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്രപുസ്തകവുമായി ചുറ്റി സഞ്ചരിച്ച് ജനങ്ങളെ പഠിപ്പിച്ചു. സര്‍വേശ്വരനെക്കുറിച്ചുള്ള ഭയം യെഹൂദായുടെ അയല്‍രാജ്യങ്ങളിലെല്ലാം പരന്നിരുന്നതിനാല്‍ അവരാരും യെഹോശാഫാത്തിനോടു യുദ്ധം ചെയ്യാന്‍ തുനിഞ്ഞില്ല. ഫെലിസ്ത്യരില്‍ ചിലര്‍ കാഴ്ചകളും കപ്പമായി വെള്ളിയും കൊണ്ടുവന്നു. അറബികള്‍ ഏഴായിരത്തി എഴുനൂറു ആണ്‍ചെമ്മരിയാടുകളെയും അത്രയുംതന്നെ ആണ്‍കോലാടുകളെയും സമ്മാനിച്ചു. യെഹോശാഫാത്തിന്‍റെ ശക്തി വളരെ വര്‍ധിച്ചുവന്നു. യെഹൂദ്യയില്‍ അദ്ദേഹം കോട്ടകളും സംഭരണനഗരങ്ങളും പണിതു. യെഹൂദാനഗരങ്ങളില്‍ ധാരാളം വിഭവങ്ങള്‍ ശേഖരിച്ചു. യെരൂശലേമില്‍ അദ്ദേഹത്തിനു പരാക്രമശാലികളായ യോദ്ധാക്കള്‍ ഉണ്ടായിരുന്നു. പിതൃഭവനമനുസരിച്ച് അവരുടെ സംഖ്യ യെഹൂദാഗോത്രത്തിലെ സഹസ്രാധിപന്മാരുടെ തലവന്‍ അദ്ന, കൂടെ മൂന്നു ലക്ഷം വീരയോദ്ധാക്കള്‍; രണ്ടാമന്‍ യെഹോഹാനാന്‍, കൂടെ രണ്ടുലക്ഷത്തെണ്‍പതിനായിരം പടയാളികള്‍; മൂന്നാമന്‍ സിക്രിയുടെ മകനും സര്‍വേശ്വരനു സ്വയം സമര്‍പ്പിതനുമായ അമസ്യാ, കൂടെ രണ്ടുലക്ഷം വീരയോദ്ധാക്കള്‍; ബെന്യാമീന്‍ഗോത്രത്തിന്‍റെ നേതാവായ മഹാപരാക്രമിയായ എല്യാദാ, കൂടെ വില്ലും പരിചയും ഉപയോഗിക്കുന്ന രണ്ടുലക്ഷം പേര്‍; നാലാമന്‍ യെഹോസാബാദും കൂടെ ഒരുലക്ഷത്തെണ്‍പതിനായിരം യോദ്ധാക്കള്‍; യെഹൂദ്യയിലെ സുരക്ഷിതനഗരങ്ങളില്‍ രാജാവ് നിയമിച്ചിരുന്നവര്‍ക്കു പുറമേയുള്ള രാജസേവകരാണിവര്‍. യെഹോശാഫാത്തിനു വളരെ സമ്പത്തും പ്രശസ്തിയുമുണ്ടായി. അദ്ദേഹം ആഹാബു കുടുംബവുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം ശമര്യയില്‍ ചെന്ന് ആഹാബിനെ സന്ദര്‍ശിച്ചു. ആഹാബ് അനേകം ആടുകളെയും കാളകളെയും കൊന്ന് അവരെ സല്‍ക്കരിച്ചു. ഗിലെയാദിലെ രാമോത്തിനെതിരെ യുദ്ധം ചെയ്യാന്‍ തന്നോടു ചേരുന്നതിന് ആഹാബ് അദ്ദേഹത്തെ പ്രേരിപ്പിച്ചു. “എന്‍റെ കൂടെ ഗിലെയാദിലെ രാമോത്തിലേക്കു വരുമോ” എന്ന് ഇസ്രായേല്‍രാജാവായ ആഹാബ് യെഹൂദാരാജാവായ യെഹോശാഫാത്തിനോടു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: “ഞാന്‍ താങ്കളെപ്പോലെയും എന്‍റെ ജനം താങ്കളുടെ ജനത്തെപ്പോലെയും ആണ്. യുദ്ധത്തില്‍ ഞങ്ങള്‍ നിങ്ങളോടൊപ്പം വരാം. എന്നാല്‍ ആദ്യം സര്‍വേശ്വരന്‍റെ അരുളപ്പാട് ആരായാം.” അപ്പോള്‍ ഇസ്രായേല്‍രാജാവ് പ്രവാചകന്മാരെ വിളിച്ചുകൂട്ടി. അവര്‍ നാനൂറുപേര്‍ ആയിരുന്നു. അവരോടു ചോദിച്ചു: “ഗിലെയാദിലെ രാമോത്തിനോടു യുദ്ധം ചെയ്യാന്‍ ഞങ്ങള്‍ പോകണമോ?” അവര്‍ പറഞ്ഞു: “പോകുക, ദൈവം അത് രാജാവിന്‍റെ കൈയില്‍ ഏല്പിക്കും.” “നാം അരുളപ്പാട് ചോദിക്കാന്‍ ഇനി ഇവിടെ സര്‍വേശ്വരന്‍റെ പ്രവാചകനായി ആരുമില്ലേ?” യെഹോശാഫാത്ത് ചോദിച്ചു. ഇസ്രായേല്‍രാജാവ് പറഞ്ഞു: “സര്‍വേശ്വരന്‍റെ അരുളപ്പാടു ചോദിക്കാന്‍ ഇനി ഒരാള്‍കൂടിയുണ്ട്. ഇമ്ലായുടെ പുത്രനായ മീഖായാ. എന്നാല്‍ അവന്‍ എന്നെക്കുറിച്ചു തിന്മയല്ലാതെ നന്മ ഒന്നും പ്രവചിക്കുകയില്ല; അതുകൊണ്ട് എനിക്ക് അയാളോടു വെറുപ്പാണ്.” യെഹോശാഫാത്ത് പറഞ്ഞു: “അങ്ങ് അങ്ങനെ പറയരുതേ.” ആഹാബ്‍രാജാവ് ഭൃത്യനെ വിളിച്ച് “ഇമ്ലായുടെ മകന്‍ മീഖായായെ വേഗംകൂട്ടിക്കൊണ്ടുവരിക” എന്നു കല്പിച്ചു. ഇസ്രായേല്‍രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ച് ശമര്യയുടെ പടിവാതില്‌ക്കലുള്ള മെതിക്കളത്തില്‍ തങ്ങളുടെ സിംഹാസനങ്ങളില്‍ ഇരിക്കുകയായിരുന്നു. പ്രവാചകന്മാരെല്ലാം അവരുടെ സന്നിധിയില്‍ പ്രവചിച്ചുകൊണ്ടിരുന്നു. അവരില്‍ കെനയനായുടെ പുത്രന്‍ സിദെക്കീയാ ഇരുമ്പുകൊണ്ടു കൊമ്പുകളുണ്ടാക്കി. അയാള്‍ പറഞ്ഞു: “ഇവകൊണ്ട് അങ്ങു സിറിയാക്കാരെയെല്ലാം കുത്തി നശിപ്പിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. പ്രവാചകന്മാരെല്ലാം അങ്ങനെതന്നെ പ്രവചിച്ചു പറഞ്ഞു: “ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെട്ട് വിജയം കൈവരിക്കുക. അവിടുന്ന് അത് രാജാവിന്‍റെ കൈകളില്‍ ഏല്പിക്കും.” മീഖായായെ വിളിക്കാന്‍ പോയ രാജഭൃത്യന്‍ അയാളോടു പറഞ്ഞു: “പ്രവാചകന്മാരെല്ലാം ഏകസ്വരത്തില്‍ രാജാവിന് അനുകൂലമായി പ്രവചിച്ചിരിക്കുകയാണ്. അങ്ങും അവരെപ്പോലെ പ്രവചിക്കണം. അങ്ങയുടെ വാക്കും അവരുടെ വാക്കുപോലെ ആയിരിക്കട്ടെ.” എന്നാല്‍ മീഖായാ പറഞ്ഞു: “സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ ശപഥം ചെയ്തു പറയുന്നു. എന്‍റെ ദൈവം അരുളിച്ചെയ്യുന്നതു മാത്രമേ ഞാന്‍ പ്രവചിക്കൂ.” അദ്ദേഹം വന്നപ്പോള്‍ രാജാവു ചോദിച്ചു: “മീഖായാ, ഞങ്ങള്‍ ഗിലെയാദിലെ രാമോത്തിനെതിരെ യുദ്ധം ചെയ്യാന്‍ പോകണമോ വേണ്ടയോ?” മീഖായാ പറഞ്ഞു: “പോയി വിജയം കൈവരിക്കുക. സര്‍വേശ്വരന്‍ അതു രാജാവിന്‍റെ കൈയില്‍ ഏല്പിക്കും.” ആഹാബ് പ്രതിവചിച്ചു: “സര്‍വേശ്വരന്‍റെ നാമത്തില്‍ സത്യമേ പറയാവൂ എന്ന് എത്ര പ്രാവശ്യം ഞാന്‍ പറയണം.” മീഖായാ പറഞ്ഞു: “ഇടയനില്ലാത്ത ആടുകളെപ്പോലെ ഇസ്രായേല്‍ജനം ചിതറിയിരിക്കുന്നതു ഞാന്‍ കണ്ടു.” അപ്പോള്‍ സര്‍വേശ്വരന്‍ കല്പിച്ചു: “ഇവര്‍ക്കു നാഥനില്ല; ഇവര്‍ ഓരോരുത്തന്‍ സ്വന്തഭവനത്തിലേക്കു സമാധാനമായി മടങ്ങിപ്പോകട്ടെ.” ഇസ്രായേല്‍രാജാവ് യെഹോശാഫാത്തിനോടു പറഞ്ഞു: “ഇയാള്‍ എന്നെക്കുറിച്ച് തിന്മയല്ലാതെ നന്മയൊന്നും പറയുകയില്ല എന്നു ഞാന്‍ അങ്ങയോടു പറഞ്ഞില്ലേ?” മീഖായാ തുടര്‍ന്നു പറഞ്ഞു: “സര്‍വേശ്വരന്‍റെ വചനം ശ്രവിക്കുക; അവിടുന്നു തന്‍റെ സിംഹാസനത്തില്‍ ഇരിക്കുന്നതും സ്വര്‍ഗീയസൈന്യമെല്ലാം അവിടുത്തെ ഇടതും വലതും നില്‌ക്കുന്നതും ഞാന്‍ കണ്ടു.” അപ്പോള്‍ അവിടുന്നു ചോദിച്ചു: “ഇസ്രായേല്‍രാജാവായ ആഹാബ് ഗിലെയാദിലെ രാമോത്തില്‍ ചെന്നു നശിക്കാന്‍ തക്കവിധം ആര് അയാളെ വശീകരിക്കും?” അതിന് ഓരോരുത്തര്‍ ഓരോ വിധത്തില്‍ ഉത്തരം നല്‌കി. അപ്പോള്‍ ഒരു ആത്മാവ് മുമ്പോട്ടു വന്ന് “ഞാന്‍ വശീകരിക്കാം” എന്നു പറഞ്ഞു. “എങ്ങനെ” എന്നു സര്‍വേശ്വരന്‍ ചോദിച്ചു. ആത്മാവു പറഞ്ഞു: “ഞാന്‍ പോയി രാജാവിന്‍റെ പ്രവാചകന്മാരുടെയെല്ലാം അധരങ്ങളില്‍ അസത്യത്തിന്‍റെ ആത്മാവായി വര്‍ത്തിക്കും.” അവിടുന്ന് അരുളിച്ചെയ്തു: “നീ പോയി അങ്ങനെ അയാളെ വശീകരിക്കുക; നീ വിജയിക്കും.” അതുകൊണ്ട് സര്‍വേശ്വരന്‍ ഇപ്പോള്‍ വ്യാജത്തിന്‍റെ ആത്മാവിനെയാണ് ഈ പ്രവാചകന്മാരുടെ അധരങ്ങളില്‍ കൊടുത്തിരിക്കുന്നത്. അവിടുന്ന് അങ്ങേക്കെതിരെ അനര്‍ഥം അരുളിച്ചെയ്തിരിക്കുന്നു.” അപ്പോള്‍ കെനയനായുടെ പുത്രന്‍ സിദെക്കീയാ അടുത്തുചെന്നു മീഖായായുടെ ചെകിട്ടത്തടിച്ചു. അയാള്‍ ചോദിച്ചു: “നിന്നോടു സംസാരിക്കുന്നതിന് എന്നെ കടന്നു ഏതു വഴിക്കാണ് സര്‍വേശ്വരന്‍റെ ആത്മാവ് നിന്‍റെ അടുത്തെത്തിയത്?” മീഖായാ പ്രതിവചിച്ചു: “ഒളിച്ചിരിക്കാനുള്ള അറ തേടി പോകുന്ന ദിവസം നീ അതു മനസ്സിലാക്കും.” ഇസ്രായേല്‍രാജാവു കല്പിച്ചു: “നിങ്ങള്‍ മീഖായായെ നഗരാധിപനായ ആമോന്‍റെയും രാജകുമാരനായ യോവാശിന്‍റെയും അടുക്കല്‍ പിടിച്ചു കൊണ്ടുചെന്നു പറയുക. ഞാന്‍ സമാധാനമായി തിരിച്ചെത്തുന്നതുവരെ ഇയാളെ തടവിലാക്കുക; കഴിക്കാന്‍ അല്പം ഭക്ഷണവും വെള്ളവും മാത്രമേ കൊടുക്കാവൂ.” മീഖായാ പറഞ്ഞു: “അങ്ങു സമാധാനമായി മടങ്ങി എത്തുകയാണെങ്കില്‍ സര്‍വേശ്വരന്‍ എന്നിലൂടെ സംസാരിച്ചിട്ടില്ല. സര്‍വജനങ്ങളും ഇതു കേള്‍ക്കട്ടെ.” ഇസ്രായേല്‍രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാമോത്ത്-ഗിലെയാദിലേക്കു പുറപ്പെട്ടു. ഇസ്രായേല്‍രാജാവ് യെഹോശാഫാത്തിനോടു പറഞ്ഞു: “ഞാന്‍ വേഷപ്രച്ഛന്നനായി യുദ്ധക്കളത്തിലേക്കു പോകും; അങ്ങു രാജവസ്ത്രങ്ങള്‍ തന്നെ ധരിച്ചുകൊള്ളുക.” അങ്ങനെ ഇസ്രായേല്‍രാജാവ് വേഷപ്രച്ഛന്നനായും യെഹോശാഫാത്ത് രാജവസ്ത്രം ധരിച്ചും യുദ്ധത്തില്‍ ഏര്‍പ്പെട്ടു. ഇസ്രായേല്‍രാജാവിനോടല്ലാതെ വലിയവനായാലും ചെറിയവനായാലും മറ്റാരോടും യുദ്ധം ചെയ്യരുത് എന്നു സിറിയാരാജാവ് തന്‍റെ രഥനായകന്മാരോടു കല്പിച്ചിരുന്നു. യെഹോശാഫാത്തിനെ കണ്ടപ്പോള്‍ രഥനായകന്മാര്‍ ‘ഇതാ, ഇസ്രായേല്‍രാജാവ്’ എന്നു പറഞ്ഞ് അദ്ദേഹത്തെ വളഞ്ഞ് ആക്രമിച്ചു. അപ്പോള്‍ യെഹോശാഫാത്ത് നിലവിളിച്ചു. സര്‍വേശ്വരന്‍ അയാളെ സഹായിച്ചു. ദൈവം അദ്ദേഹത്തെ അവരില്‍നിന്നു വിടുവിക്കുകയും ചെയ്തു. അത് ഇസ്രായേല്‍രാജാവല്ലെന്നു മനസ്സിലാക്കിയപ്പോള്‍ അവര്‍ യെഹോശാഫാത്തിനെ പിന്തുടരാതെ മടങ്ങി. ഒരാള്‍ യാദൃച്ഛികമായി എയ്ത അമ്പ് ഇസ്രായേല്‍രാജാവിന്‍റെ കവചത്തിനും മാര്‍ച്ചട്ടയ്‍ക്കും ഇടയ്‍ക്കു തറച്ചുകയറി. ഉടനെ രാജാവു തേരാളിയോടു പറഞ്ഞു: “എനിക്കു മുറിവേറ്റിരിക്കുന്നു; രഥം പിന്തിരിച്ചു പടക്കളത്തില്‍നിന്ന് എന്നെ കൊണ്ടുപോകുക.” അന്നു ഘോരയുദ്ധം നടന്നു; ഇസ്രായേല്‍രാജാവ് സന്ധ്യവരെ സിറിയാക്കാര്‍ക്കഭിമുഖമായി രഥത്തില്‍ ചാരിനിന്നു. സൂര്യാസ്തമയത്തോടെ അദ്ദേഹം മരിച്ചു. യെഹൂദാരാജാവായ യെഹോശാഫാത്ത് സുരക്ഷിതനായി യെരൂശലേമില്‍ തന്‍റെ കൊട്ടാരത്തില്‍ മടങ്ങിയെത്തി. തത്സമയം ഹനാനിയുടെ പുത്രനും ദര്‍ശകനുമായ യേഹൂ അദ്ദേഹത്തെ കാണാന്‍ ചെന്നു. യേഹൂ രാജാവിനോടു ചോദിച്ചു: “അങ്ങ് അധര്‍മിയെ സഹായിക്കുകയും സര്‍വേശ്വരനെ ദ്വേഷിക്കുന്നവരെ സ്നേഹിക്കുകയും അല്ലേ? അതുകൊണ്ട് അവിടുത്തെ കോപം അങ്ങയുടെമേല്‍ വന്നിരിക്കുന്നു. എങ്കിലും അങ്ങ് അശേരാവിഗ്രഹങ്ങളെ നശിപ്പിക്കുകയും ദൈവത്തെ അന്വേഷിക്കുകയും ചെയ്തതുകൊണ്ട് അങ്ങയില്‍ അല്പം നന്മ കാണുന്നുണ്ട്.” യെഹോശാഫാത്ത് യെരൂശലേമില്‍ പാര്‍ത്തു: ബേര്‍-ശേബാമുതല്‍ എഫ്രയീം മലനാടുവരെ അദ്ദേഹം വീണ്ടും സഞ്ചരിച്ചു ജനത്തെ അവരുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനിലേക്കു മടക്കിക്കൊണ്ടുവന്നു. അദ്ദേഹം യെഹൂദ്യയിലെ സുരക്ഷിതനഗരങ്ങളിലെല്ലാം ന്യായാധിപന്മാരെ നിയമിച്ചു. രാജാവ് അവരോടു പറഞ്ഞു: “നിങ്ങള്‍ മനുഷ്യര്‍ക്കു വേണ്ടിയല്ല ദൈവത്തിനു വേണ്ടിയാണു ന്യായപാലനം നടത്തുന്നത്. അതിനാല്‍ നിങ്ങള്‍ ആലോചിച്ചു പ്രവര്‍ത്തിക്കണം. ന്യായപാലനത്തില്‍ സര്‍വേശ്വരന്‍ നിങ്ങളുടെ കൂടെയുണ്ട്. നിങ്ങള്‍ സര്‍വേശ്വരനെ ഭയപ്പെടുകയും ശ്രദ്ധാപൂര്‍വം പ്രവര്‍ത്തിക്കുകയും വേണം. നമ്മുടെ ദൈവമായ സര്‍വേശ്വരന് അനീതിയോ പക്ഷഭേദമോ അഴിമതിയോ ഇല്ല.” സര്‍വേശ്വരന്‍റെ നാമത്തില്‍ ന്യായപാലനം നടത്താനും വഴക്കുകള്‍ തീര്‍ക്കാനും ലേവ്യരെയും പുരോഹിതന്മാരെയും ഇസ്രായേല്‍ ഭവനത്തലവന്മാരെയും യെഹോശാഫാത്ത് യെരൂശലേമില്‍ നിയമിച്ചു. അവരുടെ ആസ്ഥാനം അവിടെയായിരുന്നു. രാജാവ് അവരോടു ഇപ്രകാരം നിര്‍ദ്ദേശിച്ചു: “സര്‍വേശ്വരഭയത്തോടും വിശ്വസ്തതയോടും പൂര്‍ണഹൃദയത്തോടും കൂടി നിങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുവിന്‍. ഏതെങ്കിലും പട്ടണത്തില്‍ പാര്‍ക്കുന്ന നിങ്ങളുടെ സഹോദരര്‍ കൊലപാതകത്തെക്കുറിച്ചോ, നിയമം, കല്പന, ചട്ടങ്ങള്‍, വിധികള്‍ എന്നിവയുടെ ലംഘനത്തെക്കുറിച്ചോ നിങ്ങളുടെ മുമ്പാകെ പരാതിയുമായി വന്നാല്‍ അവര്‍ക്കു വേണ്ട ഉപദേശം നല്‌കണം. അല്ലാത്തപക്ഷം അവര്‍ സര്‍വേശ്വരന്‍റെ മുമ്പാകെ കുറ്റക്കാരായിത്തീരുകയും നിങ്ങളുടെയും നിങ്ങളുടെ സഹോദരന്മാരുടെയുംമേല്‍ അവിടുത്തെ കോപം വന്നുചേരുകയും ചെയ്യും. ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ കുറ്റക്കാരാവുകയില്ല. സര്‍വേശ്വരനെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും പ്രധാന പുരോഹിതനായ അമര്യായും രാജകാര്യങ്ങളിലെല്ലാം യെഹൂദാഗോത്രത്തിന്‍റെ നേതാവും ഇശ്മായേലിന്‍റെ പുത്രനുമായ സെബദ്യായും ആയിരിക്കും പരമാധികാരികള്‍. ഉദ്യോഗസ്ഥന്മാരെന്ന നിലയില്‍ ലേവ്യര്‍ നിങ്ങളെ സേവിക്കും. ധൈര്യപൂര്‍വം പ്രവര്‍ത്തിക്കുക; സര്‍വേശ്വരന്‍ നന്മ ചെയ്യുന്നവരുടെ കൂടെയുണ്ട്.” മോവാബ്യരും അമ്മോന്യരും ചില മെയൂന്യരും ഒത്തുചേര്‍ന്നു യെഹോശാഫാത്തിനോടു യുദ്ധം ചെയ്യാന്‍ വന്നു. ചിലര്‍ യെഹോശാഫാത്തിന്‍റെ അടുക്കല്‍ വന്നു പറഞ്ഞു: “ഒരു വലിയ ജനസമൂഹം ചാവുകടലിനക്കരെയുള്ള എദോമില്‍നിന്ന് അങ്ങേക്കെതിരെ വരുന്നു. അവര്‍ ഹസസോന്‍-താമാരില്‍ അതായത് എന്‍-ഗെദില്‍ എത്തിക്കഴിഞ്ഞു.” യെഹോശാഫാത്ത് ഭയപ്പെട്ടു; സര്‍വേശ്വരനില്‍ ആശ്രയിക്കാന്‍ നിശ്ചയിച്ചു. യെഹൂദ്യയില്‍ എല്ലാം അദ്ദേഹം ഉപവാസം പ്രഖ്യാപിച്ചു. സര്‍വേശ്വരന്‍റെ സഹായം തേടാന്‍ യെഹൂദാനിവാസികള്‍ ഒരുമിച്ചുകൂടി. യെഹൂദ്യയിലെ എല്ലാ നഗരങ്ങളില്‍നിന്നും അവര്‍ സര്‍വേശ്വരന്‍റെ ഹിതം അന്വേഷിക്കാന്‍ വന്നു. സര്‍വേശ്വര ആലയത്തിലെ പുതിയ അങ്കണത്തില്‍ സമ്മേളിച്ച യെഹൂദാ-യെരൂശലേംനിവാസികളുടെ മുമ്പില്‍ നിന്നുകൊണ്ട് യെഹോശാഫാത്തു പറഞ്ഞു: “ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരാ, അവിടുന്നു സ്വര്‍ഗസ്ഥനായ ദൈവമാണല്ലോ; ഭൂമിയിലുള്ള സകല ജനതകളെയും ഭരിക്കുന്നത് അവിടുന്നാണല്ലോ. ആര്‍ക്കും എതിര്‍ത്തു നില്‌ക്കാന്‍ കഴിയാത്തവിധം അങ്ങയുടെ കരം ശക്തവും കനത്തതും ആണ്. ഞങ്ങളുടെ ദൈവമേ, അവിടുത്തെ ജനമായ ഇസ്രായേലിന്‍റെ മുമ്പില്‍നിന്ന് ഈ ദേശവാസികളെ നീക്കിക്കളയുകയും ദേശമെല്ലാം അവിടുത്തെ സ്നേഹിതനായ അബ്രഹാമിന്‍റെ സന്തതികള്‍ക്ക് എന്നേക്കുമായി നല്‌കുകയും ചെയ്തുവല്ലോ. അവര്‍ അവിടെ പാര്‍ത്തു; അവിടുത്തെ നാമമഹത്ത്വത്തിന് ഒരു വിശുദ്ധമന്ദിരം പണിതു. അവര്‍ പറഞ്ഞു: ‘യുദ്ധം, പകര്‍ച്ചവ്യാധി, ക്ഷാമം എന്നിങ്ങനെയുള്ള അനര്‍ഥങ്ങള്‍ ഞങ്ങളെ നേരിടുമ്പോള്‍ ഞങ്ങള്‍ ഈ ആലയത്തിന്‍റെ മുമ്പില്‍ അവിടുത്തെ സന്നിധിയില്‍ വന്നു ഞങ്ങളുടെ കഷ്ടതയില്‍ അവിടുത്തോടു നിലവിളിക്കും; ഞങ്ങളുടെ പ്രാര്‍ഥന കേട്ട് അവിടുന്നു ഞങ്ങളെ രക്ഷിക്കും. അവിടുത്തെ നാമം ഈ ആലയത്തില്‍ ഉണ്ടല്ലോ.’ ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു വന്നപ്പോള്‍ അമ്മോന്യരെയും മോവാബ്യരെയും സേയീര്‍പര്‍വതനിവാസികളെയും ആക്രമിച്ചു നശിപ്പിക്കാന്‍ അവരെ അവിടുന്നു അനുവദിച്ചില്ല. അങ്ങനെ ഇസ്രായേല്യര്‍ അവരെ നശിപ്പിക്കാതെ ഒഴിഞ്ഞുപോയി. അതിനുള്ള പ്രതിഫലമായി ഇതാ, അവര്‍ അവിടുന്നു ഞങ്ങള്‍ക്ക് അവകാശമായിത്തന്ന ദേശത്തുനിന്നു ഞങ്ങളെ പുറത്താക്കാന്‍ വന്നിരിക്കുന്നു. ഞങ്ങളുടെ ദൈവമേ, അവിടുന്ന് അവരുടെമേല്‍ ന്യായവിധി നടത്തുകയില്ലേ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ ജനസമൂഹത്തോടു പൊരുതാന്‍ ഞങ്ങള്‍ അശക്തരാണ്. എന്തു ചെയ്യണമെന്നു ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ; എങ്കിലും ഞങ്ങള്‍ സഹായത്തിനായി അങ്ങയെ നോക്കിയിരിക്കുന്നു.” യെഹൂദ്യരെല്ലാം ഭാര്യമാരോടും കുട്ടികളോടുംകൂടി സര്‍വേശ്വരസന്നിധിയില്‍ നില്‌ക്കുകയായിരുന്നു. അപ്പോള്‍ സര്‍വേശ്വരന്‍റെ ആത്മാവ് അവിടെ സന്നിഹിതനായിരുന്ന ആസാഫ്‍വംശജനായ യഹസീയേല്‍ എന്ന ഒരു ലേവ്യന്‍റെമേല്‍ വന്നു. അയാള്‍ സെഖര്യായുടെയും സെഖര്യാ ബെനായായുടെയും ബെനായാ യെയീലിന്‍റെയും യെയീല്‍ മത്ഥന്യായുടെയും പുത്രനായിരുന്നു. യഹസീയേല്‍ പറഞ്ഞു: “സര്‍വ യെഹൂദ്യരും യെരൂശലേംനിവാസികളും യെഹോശാഫാത്ത്‍രാജാവും കേള്‍ക്കട്ടെ. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഈ വലിയ ജനസമൂഹത്തെ കണ്ടു ഭയപ്പെടേണ്ടതില്ല; ഭ്രമിക്കയും വേണ്ടാ; യുദ്ധം ചെയ്യുന്നതു നിങ്ങളല്ല; ദൈവമാണ്. നാളെ അവരുടെ നേരെ ചെല്ലുക. അവര്‍ സീസ്കയറ്റം കയറി വരുന്നുണ്ട്. യെരൂവേല്‍ മരുഭൂമിയുടെ കിഴക്ക് താഴ്വര അവസാനിക്കുന്നിടത്തുവച്ച് നിങ്ങള്‍ അവരെ കാണും. ഈ യുദ്ധത്തില്‍ നിങ്ങള്‍ പൊരുതേണ്ടിവരികയില്ല; യെഹൂദാ-യെരൂശലേം നിവാസികളേ, നിങ്ങള്‍ നിശ്ചലരായി സ്വസ്ഥാനത്തു നിന്നുകൊണ്ടു നിങ്ങള്‍ക്കുവേണ്ടി സര്‍വേശ്വരന്‍ നേടുന്ന വിജയം കണ്ടുകൊള്ളുക. നിങ്ങള്‍ ഭയപ്പെടേണ്ടാ, പരിഭ്രമിക്കുകയും വേണ്ടാ, അവര്‍ക്കെതിരെ നാളെ പുറപ്പെടുക; സര്‍വേശ്വരന്‍ നിങ്ങളുടെ കൂടെയുണ്ട്.” അപ്പോള്‍ യെഹോശാഫാത്ത്‍രാജാവും സര്‍വയെഹൂദ്യരും യെരൂശലേംനിവാസികളും സര്‍വേശ്വരന്‍റെ സന്നിധിയില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു. കെഹാത്യരും കോരഹ്യരുമായ ലേവ്യര്‍ എഴുന്നേറ്റു ദൈവമായ സര്‍വേശ്വരനെ ഉച്ചത്തില്‍ സ്തുതിച്ചു. അടുത്ത ദിവസം അതിരാവിലെ അവര്‍ തെക്കോവ മരുഭൂമിയിലേക്കു പുറപ്പെട്ടു. അപ്പോള്‍ യെഹോശാഫാത്ത് എഴുന്നേറ്റു പറഞ്ഞു: “യെഹൂദാ-യെരൂശലേംനിവാസികളേ, എന്‍റെ വാക്കു ശ്രദ്ധിക്കുവിന്‍, നിങ്ങളുടെ ദൈവമായ സര്‍വേശ്വരനില്‍ വിശ്വസിക്കുക; നിങ്ങള്‍ സുരക്ഷിതരായിരിക്കും. അവിടുത്തെ പ്രവാചകരെയും വിശ്വസിക്കുക; നിങ്ങള്‍ വിജയിക്കും.” വിശുദ്ധവസ്ത്രങ്ങളണിഞ്ഞു സൈന്യത്തിന്‍റെ മുമ്പേ നടന്നു സര്‍വേശ്വരനു സ്തുതിഗീതങ്ങള്‍ ആലപിക്കാനുള്ളവരെ ജനങ്ങളുമായി കൂടി ആലോചിച്ച് അദ്ദേഹം നിയമിച്ചു. അവര്‍ ഇങ്ങനെ പാടി: “സര്‍വേശ്വരനു സ്തോത്രമര്‍പ്പിക്കുവിന്‍! അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വതമാകുന്നു.” അവര്‍ സ്തുതിഗീതങ്ങള്‍ ആലപിക്കാന്‍ തുടങ്ങി. അപ്പോള്‍ യെഹൂദ്യരെ ആക്രമിക്കാന്‍ വന്ന അമ്മോന്യര്‍ക്കും മോവാബ്യര്‍ക്കും സേയീര്‍പര്‍വതനിവാസികള്‍ക്കും എതിരെ സര്‍വേശ്വരന്‍ പതിയിരിക്കുന്നവരെ ഒരുക്കി അവരെ തുരത്തി. അമ്മോന്യരും മോവാബ്യരും ചേര്‍ന്നു സേയീര്‍പര്‍വതനിവാസികളോടു യുദ്ധം ചെയ്തു; അവരെ നിശ്ശേഷം സംഹരിച്ചു. പിന്നീട് അമ്മോന്യരും മോവാബ്യരും അന്യോന്യം പൊരുതി നശിച്ചു. യെഹൂദ്യര്‍ മരുഭൂമിയിലുള്ള കാവല്‍ഗോപുരത്തിങ്കല്‍ എത്തി, ശത്രുസൈന്യത്തെ നോക്കിയപ്പോള്‍ അവരുടെ മൃതശരീരങ്ങള്‍ നിലത്തു കിടക്കുന്നതു കണ്ടു. ആരും അവശേഷിച്ചിരുന്നില്ല. യെഹോശാഫാത്തും കൂടെയുള്ള പടയാളികളും കൊള്ളമുതല്‍ കൈക്കലാക്കാന്‍ വന്നു. അവര്‍ ധാരാളം ആടുമാടുകള്‍, വിവിധ വസ്തുക്കള്‍, വസ്ത്രങ്ങള്‍, വിലപിടിപ്പുള്ള സാധനങ്ങള്‍ മുതലായവ കണ്ടെത്തി. ഓരോരുത്തനും എടുത്തുകൊണ്ടു പോകാവുന്നത്രയും സാധനങ്ങള്‍ ശേഖരിച്ചു; അവ ശേഖരിക്കുന്നതിന് അവര്‍ക്ക് മൂന്നു ദിവസം വേണ്ടിവന്നു; അത്രയധികം സാധനങ്ങള്‍ അവിടെ ഉണ്ടായിരുന്നു. നാലാം ദിവസം അവര്‍ ബെരാഖാതാഴ്വരയില്‍ ഒന്നിച്ചുകൂടി; അവര്‍ അവിടെ സര്‍വേശ്വരനെ വാഴ്ത്തി. അതുകൊണ്ട് ആ സ്ഥലം ഇന്നും ബെരാഖാ താഴ്വര എന്ന പേരില്‍ അറിയപ്പെടുന്നു. സര്‍വേശ്വരന്‍ അവര്‍ക്കു ശത്രുക്കളുടെമേല്‍ വിജയം നല്‌കിയതുകൊണ്ട് യെഹൂദ്യാ-യെരൂശലേം നിവാസികള്‍ സന്തോഷഭരിതരായി യെഹോശാഫാത്തിന്‍റെ നേതൃത്വത്തില്‍ യെരൂശലേമിലേക്കു മടങ്ങി. വീണ, കിന്നരം, കാഹളം എന്നിവയുമായി അവര്‍ യെരൂശലേമില്‍ സര്‍വേശ്വരാലയത്തില്‍ ചെന്നു. സര്‍വേശ്വരന്‍ ഇസ്രായേലിന്‍റെ ശത്രുക്കള്‍ക്കെതിരെ പോരാടി എന്നു കേട്ടപ്പോള്‍ ദൈവത്തെ സംബന്ധിച്ച ഭീതി ചുറ്റുമുള്ള ജനതകളുടെ ഇടയില്‍ പരന്നു. യെഹോശാഫാത്തിന്‍റെ രാജ്യത്തിനു ചുറ്റും ദൈവം സ്വസ്ഥത നല്‌കിയതുകൊണ്ട് അദ്ദേഹത്തിന്‍റെ ഭരണകാലം സമാധാനപൂര്‍ണമായിരുന്നു. യെഹൂദ്യയില്‍ വാഴ്ച ആരംഭിച്ചപ്പോള്‍ യെഹോശാഫാത്തിനു മുപ്പത്തഞ്ചു വയസ്സായിരുന്നു; ഇരുപത്തഞ്ചു വര്‍ഷം യെരൂശലേമില്‍ അദ്ദേഹം വാണു. ശില്‍ഹിയുടെ പുത്രി അസൂബാ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്. തന്‍റെ പിതാവായ ആസയെപ്പോലെ അദ്ദേഹം ജീവിച്ചു; സര്‍വേശ്വരന്‍റെ മുമ്പാകെ നീതിപൂര്‍വം വര്‍ത്തിച്ചു. എങ്കിലും പൂജാഗിരികള്‍ അദ്ദേഹം നീക്കം ചെയ്തില്ല; ജനം തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തില്‍ ഹൃദയം ഉറപ്പിച്ചിരുന്നുമില്ല. യെഹോശാഫാത്തിന്‍റെ മറ്റു പ്രവര്‍ത്തനങ്ങള്‍ ആദ്യന്തം ഹനാനിയുടെ പുത്രന്‍ യേഹൂവിന്‍റെ വൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇസ്രായേല്‍രാജാക്കന്മാരുടെ പുസ്തകത്തിലും എഴുതിയിരിക്കുന്നു. അതിനുശേഷം യെഹൂദാരാജാവായ യെഹോശാഫാത്ത് ഇസ്രായേല്‍രാജാവായ അഹസ്യായുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടു. അഹസ്യാ ദുഷ്കര്‍മിയായിരുന്നു. അവര്‍ ഒന്നിച്ചാണു തര്‍ശീശിലേക്കു പോകാനുള്ള കപ്പലുകള്‍ എസ്യോന്‍-ഗേബെരില്‍ വച്ചു നിര്‍മ്മിച്ചത്. മാരേശക്കാരനായ ദോദാവയുടെ പുത്രന്‍ എലീയേസെര്‍ യെഹോശാഫാത്തിനെതിരെ ഇങ്ങനെ പ്രവചിച്ചു: “അഹസ്യായുമായി സഖ്യം ചെയ്തതുകൊണ്ട് നീ നിര്‍മ്മിച്ചതെല്ലാം സര്‍വേശ്വരന്‍ തകര്‍ത്തുകളയും.” അങ്ങനെ തര്‍ശീശിലേക്കു പോകാന്‍ ഇടയാകാതെ കപ്പലുകളെല്ലാം തകര്‍ന്നുപോയി. യെഹോശാഫാത്ത് മരിച്ചു തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു. ദാവീദിന്‍റെ നഗരത്തില്‍ പിതാക്കന്മാരുടെകൂടെ അടക്കം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്‍റെ പുത്രന്‍ യെഹോരാം പകരം രാജാവായി. യെഹൂദാരാജാവായിരുന്ന യെഹോശാഫാത്തിന്‍റെ പുത്രനായ യെഹോരാമിന്‍റെ സഹോദരന്മാര്‍: അസര്യാ, യെഹീയേല്‍, സെഖര്യാ, അസര്യാ, മീഖായേല്‍, ശെഫത്യാ. അവരുടെ പിതാവ് അവര്‍ക്ക് ധാരാളം സ്വര്‍ണവും വെള്ളിയും അമൂല്യവസ്തുക്കളും കൂടാതെ യെഹൂദ്യയില്‍ കോട്ട കെട്ടി സുരക്ഷിതമാക്കിയ നഗരങ്ങളും സമ്മാനമായി നല്‌കിയിരുന്നു. ആദ്യജാതന്‍ ആയിരുന്നതിനാല്‍ യെഹോരാമിനാണ് രാജസ്ഥാനം ലഭിച്ചത്. യെഹോരാം രാജസ്ഥാനം ഏറ്റെടുത്തു തന്‍റെ നില ഭദ്രമാക്കിയതിനുശേഷം എല്ലാ സഹോദരന്മാരെയും ഇസ്രായേലിലെ ചില പ്രഭുക്കന്മാരെയും വധിച്ചു. വാഴ്ച ആരംഭിച്ചപ്പോള്‍ യെഹോരാമിനു മുപ്പത്തിരണ്ടു വയസ്സായിരുന്നു; എട്ടു വര്‍ഷം അദ്ദേഹം യെരൂശലേമില്‍ രാജ്യഭാരം നടത്തി. അദ്ദേഹം ആഹാബ് ഭവനത്തെപ്പോലെ ഇസ്രായേല്‍രാജാക്കന്മാരുടെ മാര്‍ഗം പിന്തുടര്‍ന്നു. കാരണം അദ്ദേഹത്തിന്‍റെ ഭാര്യ ഇസ്രായേല്‍രാജാവായിരുന്ന ആഹാബിന്‍റെ പുത്രിയായിരുന്നു. സര്‍വേശ്വരന്‍റെ മുമ്പില്‍ അദ്ദേഹം തിന്മയായതു പ്രവര്‍ത്തിച്ചു. എങ്കിലും അവിടുന്ന് ദാവീദിനോടു ചെയ്ത ഉടമ്പടിയും “ദാവീദിനും അദ്ദേഹത്തിന്‍റെ സന്താനപരമ്പരകള്‍ക്കും അണഞ്ഞുപോകാത്ത ഒരു ദീപം നല്‌കും” എന്ന വാഗ്ദാനവും നിമിത്തം ദാവീദുവംശത്തെ നശിപ്പിക്കാന്‍ സര്‍വേശ്വരനു മനസ്സുവന്നില്ല. യെഹോരാമിന്‍റെ ഭരണകാലത്ത് എദോമ്യര്‍ യെഹൂദായുടെ മേല്‍ക്കോയ്മയ്‍ക്ക് എതിരെ മത്സരിച്ചു; തങ്ങള്‍ക്കുവേണ്ടി അവര്‍ സ്വന്തമായി ഒരു രാജാവിനെ വാഴിക്കുകയും ചെയ്തു. യെഹോരാം സൈന്യാധിപന്മാരോടും രഥങ്ങളോടുംകൂടി രാത്രിയില്‍ അവര്‍ക്കെതിരെ ചെന്ന് തങ്ങളെ വളഞ്ഞ എദോമ്യരെ തകര്‍ത്തു. എദോമ്യര്‍ ഇന്നും യെഹൂദായുടെ മേല്‍ക്കോയ്മയോടു മത്സരിക്കുന്നു. ആ കാലത്തു തന്നെ ലിബ്നയും അദ്ദേഹത്തിന്‍റെ മേലധികാരത്തെ എതിര്‍ത്തു. യെഹോരാം തന്‍റെ പിതാക്കന്മാരുടെ ദൈവത്തെ ഉപേക്ഷിച്ചതായിരുന്നു അതിനു കാരണം. അദ്ദേഹം യെഹൂദ്യ മലമ്പ്രദേശങ്ങളില്‍ പൂജാഗിരികള്‍ സ്ഥാപിച്ചു. അങ്ങനെ യെരൂശലേംനിവാസികളെ അവിശ്വസ്തതയിലേക്ക് നയിച്ച് യെഹൂദ്യയെ വഴിതെറ്റിച്ചു. ഏലിയാപ്രവാചകനില്‍നിന്നു യെഹോരാമിന് ഒരു കത്തു ലഭിച്ചു. അതില്‍ ഇപ്രകാരം എഴുതിയിരുന്നു: താങ്കളുടെ പിതാവായ ദാവീദിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു, നീ നിന്‍റെ പിതാവായ യെഹോശാഫാത്തിന്‍റെയോ, യെഹൂദാരാജാവായ ആസയുടെയോ ജീവിതമാതൃക കൈക്കൊണ്ടില്ല. പ്രത്യുത, ഇസ്രായേല്‍രാജാക്കന്മാരുടെ പാതയിലൂടെയാണു ചരിച്ചത്; ആഹാബ്‍രാജാവും അദ്ദേഹത്തിന്‍റെ കുടുംബവും ഇസ്രായേലിനെ നയിച്ചതുപോലെ നീ യെഹൂദായെയും യെരൂശലേം നിവാസികളെയും അവിശ്വസ്തതയിലേക്കു നയിച്ചു. നിന്‍റെ പിതൃഭവനത്തില്‍ ഉള്‍പ്പെട്ടവരും നിന്നെക്കാള്‍ ശ്രേഷ്ഠരും ആയിരുന്ന നിന്‍റെ സഹോദരന്മാരെ നീ വധിച്ചു. അതുകൊണ്ടു നിന്‍റെ ജനം, നിന്‍റെ മക്കള്‍, ഭാര്യമാര്‍, വസ്തുവകകള്‍ എന്നിവയുടെമേല്‍ സര്‍വേശ്വരന്‍ മഹാമാരി വരുത്തും. നിന്‍റെ കുടലില്‍ കഠിനരോഗം ബാധിക്കും. അതു ദിനംപ്രതി വര്‍ധിച്ചു കുടല്‍ പുറത്തുവരും. യെഹോരാമിനെതിരെ പോരാടാനുള്ള ആവേശം എത്യോപ്യരുടെ അടുത്തു പാര്‍ത്തിരുന്ന ഫെലിസ്ത്യരിലും അറബികളിലും സര്‍വേശ്വരന്‍ ഉണര്‍ത്തി. അവര്‍ യെഹൂദ്യയെ ആക്രമിച്ചു; രാജകൊട്ടാരത്തില്‍ കണ്ട സകല വസ്തുവകകളും അപഹരിച്ചു; രാജാവിന്‍റെ പുത്രന്മാരെയും ഭാര്യമാരെയും അവര്‍ പിടിച്ചുകൊണ്ടുപോയി. ഇളയപുത്രന്‍ അഹസ്യാ അല്ലാതെ ആരും ശേഷിച്ചില്ല. അതിനുശേഷം സര്‍വേശ്വരന്‍ അദ്ദേഹത്തിന്‍റെ കുടലില്‍ ഒരു തീരാവ്യാധി വരുത്തി. ക്രമേണ അദ്ദേഹത്തിന്‍റെ രോഗം വര്‍ധിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം, കുടല്‍ പുറത്തു ചാടി കഠിനവേദനയോടെ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്‍റെ പിതാക്കന്മാരുടെ മരണാനന്തരം അഗ്നികുണ്ഡം ഒരുക്കി അവരെ ബഹുമാനിച്ചിരുന്നതുപോലെ ജനം അദ്ദേഹത്തെ ബഹുമാനിച്ചില്ല. വാഴ്ച ആരംഭിച്ചപ്പോള്‍ അദ്ദേഹത്തിന് മുപ്പത്തിരണ്ടു വയസ്സായിരുന്നു. എട്ടു വര്‍ഷം അദ്ദേഹം യെരൂശലേമില്‍ ഭരിച്ചു; അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ ആരും ദുഃഖിച്ചില്ല. ദാവീദിന്‍റെ നഗരത്തില്‍ അദ്ദേഹത്തെ അടക്കംചെയ്തു. എന്നാല്‍ രാജാക്കന്മാരുടെ കല്ലറകളില്‍ ആയിരുന്നില്ല അദ്ദേഹത്തെ സംസ്കരിച്ചത്. യെരൂശലേംനിവാസികള്‍ യെഹോരാമിന്‍റെ ഇളയ പുത്രനായ അഹസ്യായെ രാജാവായി വാഴിച്ചു. അറബികളുടെ കൂടെ പാളയത്തില്‍ വന്നിരുന്നവര്‍ മൂത്ത പുത്രന്മാരെയെല്ലാം വധിച്ചിരുന്നുവല്ലോ. അങ്ങനെ യെഹോരാമിന്‍റെ പുത്രന്‍ അഹസ്യാ യെഹൂദ്യയില്‍ ഭരണം ആരംഭിച്ചു. വാഴ്ച ആരംഭിച്ചപ്പോള്‍ അദ്ദേഹത്തിന് ഇരുപത്തിരണ്ടു വയസ്സായിരുന്നു; അദ്ദേഹം യെരൂശലേമില്‍ ഒരു വര്‍ഷം ഭരിച്ചു; അദ്ദേഹത്തിന്‍റെ മാതാവ് ഒമ്രിയുടെ പൗത്രിയായ അഥല്യാ ആയിരുന്നു. അദ്ദേഹവും ആഹാബ്‍രാജാവിന്‍റെയും അദ്ദേഹത്തിന്‍റെ ഭവനത്തിന്‍റെയും മാര്‍ഗത്തില്‍ത്തന്നെ ചരിച്ചു; കാരണം ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നതിന് അഹസ്യായ്‍ക്ക് മാതാവ് പ്രേരണ നല്‌കിയിരുന്നു. ആഹാബിന്‍റെ ഭവനക്കാരെപ്പോലെ അദ്ദേഹവും സര്‍വേശ്വരന്‍റെ മുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു. പിതാവിന്‍റെ മരണശേഷം ആഹാബിന്‍റെ ഭവനത്തിലുള്ളവരായിരുന്നു അദ്ദേഹത്തിന്‍റെ ഉപദേശകര്‍. അത് അയാളുടെ അധഃപതനത്തിന് ഇടയാക്കി. അവരുടെ ഉപദേശമനുസരിച്ച് ഇസ്രായേല്‍രാജാവായ ആഹാബിന്‍റെ പുത്രന്‍ യോരാമിനോടൊത്ത് അദ്ദേഹം സിറിയാരാജാവായ ഹസായേലിനോടു യുദ്ധം ചെയ്യാന്‍ ഗിലെയാദിലെ രാമോത്തിലേക്കു പോയി. സിറിയാക്കാര്‍ യോരാമിനെ പരുക്കേല്‍പ്പിച്ചു. രാമോത്തില്‍വച്ചു സിറിയാരാജാവായ ഹസായേലുമായുള്ള യുദ്ധത്തില്‍ ഏറ്റ മുറിവുകള്‍ ചികിത്സിക്കാന്‍ യോരാം ജെസ്രീലിലേക്കു മടങ്ങിപ്പോയി. ആഹാബിന്‍റെ പുത്രനായ അദ്ദേഹം രോഗി ആയിത്തീര്‍ന്നതുകൊണ്ട് അയാളെ സന്ദര്‍ശിക്കുവാന്‍ യെഹോരാമിന്‍റെ പുത്രന്‍ അഹസ്യാ ജെസ്രീലില്‍ എത്തി. അഹസ്യായുടെ ഈ സന്ദര്‍ശനം അദ്ദേഹത്തിന്‍റെ പതനത്തിനു മുഖാന്തരമാകണം എന്നതായിരുന്നു ദൈവഹിതം. അവിടെ എത്തിയശേഷം നിംശിയുടെ പുത്രനും ആഹാബിന്‍റെ ഭവനത്തെ നശിപ്പിക്കാന്‍ സര്‍വേശ്വരനാല്‍ അഭിഷിക്തനുമായ യേഹൂവിനെ നേരിടാന്‍ യോരാമിന്‍റെ കൂടെ അഹസ്യാ പുറപ്പെട്ടു. ആഹാബ് ഭവനക്കാര്‍ക്കെതിരെ ന്യായവിധി നടത്തുമ്പോള്‍ യേഹൂ യെഹൂദാപ്രഭുക്കന്മാരെയും അഹസ്യായുടെ ചാര്‍ച്ചക്കാരായ അദ്ദേഹത്തിന്‍റെ ശുശ്രൂഷകരെയും കണ്ടുമുട്ടി, യേഹൂ അവരെ വധിച്ചു. പിന്നീട് അഹസ്യായെ അന്വേഷിച്ചു. ശമര്യയില്‍ ഒളിച്ചിരുന്ന അഹസ്യായെ അവര്‍ പിടികൂടി, യേഹൂവിന്‍റെ അടുക്കല്‍ കൊണ്ടുവന്ന് അവിടെവച്ചു അദ്ദേഹത്തെയും വധിച്ചു. “പൂര്‍ണഹൃദയത്തോടെ സര്‍വേശ്വരനെ സേവിച്ചിരുന്ന യെഹോശാഫാത്തിന്‍റെ പൗത്രന്‍ ആണല്ലോ ഇയാള്‍” എന്നു പറഞ്ഞ് അവര്‍ അദ്ദേഹത്തെ സംസ്കരിച്ചു. രാജ്യഭാരം ഏല്‌ക്കാന്‍ കഴിവുള്ള ആരും അഹസ്യായുടെ ഭവനത്തില്‍ ഉണ്ടായിരുന്നില്ല. അഹസ്യായുടെ മാതാവ് അഥല്യാ സ്വന്തപുത്രന്‍റെ മരണവാര്‍ത്ത അറിഞ്ഞ് യെഹൂദാ രാജകുടുംബത്തില്‍പ്പെട്ട എല്ലാവരെയും വധിച്ചു. വധിക്കപ്പെടാന്‍ പോകുന്ന രാജകുമാരന്മാരുടെ ഇടയില്‍നിന്ന് അഹസ്യായുടെ പുത്രന്‍ യോവാശിനെ രഹസ്യമായി കൊണ്ടുവന്ന് പരിചാരികയോടൊപ്പം ഒരു ഉറക്കറയില്‍ രാജപുത്രിയായ യെഹോശബത്ത് പാര്‍പ്പിച്ചു. യെഹോരാംരാജാവിന്‍റെ പുത്രിയും അഹസ്യായുടെ സഹോദരിയും യെഹോയാദപുരോഹിതന്‍റെ ഭാര്യയുമായ യെഹോശബത്ത് യോവാശിനെ ഒളിപ്പിച്ചതുകൊണ്ട് അവനെ വധിക്കാന്‍ അഥല്യാക്കു കഴിഞ്ഞില്ല. ആറു വര്‍ഷം അവന്‍ സംരക്ഷകരുടെ കൂടെ ദേവാലയത്തില്‍ ഒളിച്ചുപാര്‍ത്തു. അക്കാലമത്രയും അഥല്യാ രാജ്യം ഭരിച്ചു. ഏഴാം വര്‍ഷം യെഹോയാദ ധൈര്യമവലംബിച്ച് യെഹോരാമിന്‍റെ പുത്രന്‍ അസര്യാ, യെഹോഹാനാന്‍റെ പുത്രന്‍ ഇശ്മായേല്‍, ഓബേദിന്‍റെ പുത്രന്‍ അസര്യാ, അദായായുടെ പുത്രന്‍ മയശേയാ, സിക്രിയുടെ പുത്രന്‍ എലീശാഫാത്ത് എന്നീ ശതാധിപന്മാരുമായി ഉടമ്പടി ചെയ്തു. അവര്‍ യെഹൂദ്യയില്‍ ചുറ്റി സഞ്ചരിച്ചു; സകല യെഹൂദാനഗരങ്ങളില്‍നിന്നും ലേവ്യരെയും ഇസ്രായേല്യ പിതൃഭവനത്തലവന്മാരെയും യെരൂശലേമില്‍ വിളിച്ചുകൂട്ടി. സര്‍വസഭയും ദേവാലയത്തില്‍വച്ചു രാജകുമാരനായ യോവാശുമായി ഉടമ്പടി ചെയ്തു. യെഹോയാദ അവരോടു പറഞ്ഞു: “ഇതാ, രാജാവിന്‍റെ പുത്രന്‍. ദാവീദിന്‍റെ സന്തതികളെപ്പറ്റി സര്‍വേശ്വരന്‍ അരുളിച്ചെയ്തിട്ടുള്ളതുപോലെ രാജകുമാരന്‍ രാജ്യം ഭരിക്കട്ടെ. നിങ്ങള്‍ ഇതു ചെയ്യുക. ശബത്തില്‍ തവണമാറി വരുന്ന പുരോഹിതന്മാരും ലേവ്യരുമായ നിങ്ങളില്‍ മൂന്നില്‍ ഒരു ഭാഗം ദേവാലയ വാതില്‍കാവല്‌ക്കാരായിരിക്കണം. മൂന്നില്‍ ഒരു ഭാഗം രാജകൊട്ടാരത്തിലും മൂന്നില്‍ ഒരു ഭാഗം അടിത്തറവാതില്‌ക്കലും നിലയുറപ്പിക്കണം. ജനമെല്ലാം സര്‍വേശ്വരമന്ദിരത്തിന്‍റെ അങ്കണത്തില്‍ ഉണ്ടായിരിക്കണം. പുരോഹിതന്മാരും ശുശ്രൂഷയ്‍ക്കുള്ള ലേവ്യരും മാത്രമേ ദേവാലയത്തില്‍ പ്രവേശിക്കാവൂ; അവര്‍ വിശുദ്ധിയുള്ളവരാണല്ലോ. ജനമെല്ലാം സര്‍വേശ്വരന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. “ലേവ്യര്‍ തങ്ങളുടെ ആയുധവുമേന്തി രാജാവിനു ചുറ്റും നില്‌ക്കണം. മറ്റാരെങ്കിലും അകത്തുകടന്നാല്‍ അവനെ വധിക്കണം. രാജാവിനോടൊത്തു നിങ്ങള്‍ എപ്പോഴും ഉണ്ടായിരിക്കണം.” ലേവ്യരും യെഹൂദാനിവാസികളും പുരോഹിതനായ യെഹോയാദ കല്പിച്ചതുപോലെ ചെയ്തു; ശബത്ത് ദിവസത്തെ ശുശ്രൂഷയുടെ തവണ കഴിഞ്ഞവരും തവണ തുടങ്ങുന്നവരുമായ തങ്ങളുടെ ആളുകളെ തിരിച്ചയച്ചില്ല. യെഹോയാദപുരോഹിതന്‍ ഒരു ഗണത്തെയും വിട്ടയച്ചിരുന്നില്ല. ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന ദാവീദിന്‍റെ കുന്തങ്ങളും ചെറുതും വലുതുമായ പരിചകളും യെഹോയാദപുരോഹിതന്‍ സേനാനായകന്മാരെ ഏല്പിച്ചു. അദ്ദേഹം ആയുധധാരികളായ ജനത്തെ ആലയത്തിന്‍റെ തെക്കുവശം മുതല്‍ വടക്കുവശംവരെ യാഗപീഠത്തിനും ആലയത്തിനും ചുറ്റുമായി രാജാവിന്‍റെ സംരക്ഷണത്തിനു നിര്‍ത്തി. പിന്നീട് അദ്ദേഹം രാജകുമാരനെ പുറത്തു കൊണ്ടുവന്നു കിരീടം ധരിപ്പിച്ചു; രാജ്യഭരണസംബന്ധമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പുസ്‍തകം രാജകുമാരനു നല്‌കി; അദ്ദേഹത്തെ രാജാവായി പ്രഖ്യാപിക്കുകയും ചെയ്തു. യെഹോയാദയും പുത്രന്മാരും ചേര്‍ന്നു യോവാശിനെ രാജാവായി അഭിഷേകം ചെയ്തതിനു ശേഷം ആര്‍ത്തുവിളിച്ചു: “രാജാവ് നീണാള്‍ വാഴട്ടെ.” ജനം ഓടുന്നതിന്‍റെയും രാജാവിനെ പ്രകീര്‍ത്തിക്കുന്നതിന്‍റെയും ശബ്ദകോലാഹലം കേട്ട് അഥല്യാ സര്‍വേശ്വരന്‍റെ ആലയത്തില്‍ ജനങ്ങളുടെ അടുക്കല്‍ വന്നു. ദേവാലയവാതില്‌ക്കലുള്ള സ്തംഭത്തിനരികെ രാജാവു നില്‌ക്കുന്നത് അഥല്യാ കണ്ടു. സൈന്യാധിപന്മാരും കാഹളം മുഴക്കുന്നവരും രാജാവിന്‍റെ അടുക്കലുണ്ടായിരുന്നു. ജനമെല്ലാം ആഹ്ലാദഭരിതരായി കാഹളം മുഴക്കുന്നതും പാട്ടുകാര്‍ വാദ്യോപകരണങ്ങളുമായി ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‌കുന്നതും കണ്ടപ്പോള്‍ അഥല്യാ വസ്ത്രം കീറി; “രാജദ്രോഹം രാജദ്രോഹം” എന്നു വിളിച്ചുപറഞ്ഞു. യെഹോയാദപുരോഹിതന്‍ സൈന്യാധിപന്മാരായ ശതാധിപന്മാരെ പുറത്തേക്കു വിളിപ്പിച്ച് അവരോട് കല്പിച്ചു: “അവളെ സൈന്യനിരകളുടെ ഇടയിലൂടെ പുറത്തു കൊണ്ടു പോകുക; ആരെങ്കിലും അവളെ അനുഗമിച്ചാല്‍ അവനെ വാളിന് ഇരയാക്കണം. സര്‍വേശ്വരന്‍റെ ആലയത്തില്‍വച്ച് അവളെ വധിക്കരുത്.” അവര്‍ രാജ്ഞിയെ പിടികൂടി കൊട്ടാരത്തിന്‍റെ അശ്വകവാടത്തിങ്കല്‍ കൊണ്ടുവന്നു വധിച്ചു. തങ്ങള്‍ സര്‍വേശ്വരന്‍റെ ജനമായിരിക്കുമെന്നു യെഹോയാദയും ജനങ്ങളും രാജാവും ചേര്‍ന്ന് ഒരു ഉടമ്പടി ചെയ്തു. പിന്നീടു സര്‍വജനവും ചേര്‍ന്ന് ബാലിന്‍റെ ക്ഷേത്രം ഇടിച്ചു നിരത്തി; ബാലിന്‍റെ ബലിപീഠങ്ങളും വിഗ്രഹങ്ങളും തകര്‍ത്തുകളഞ്ഞു. ബാലിന്‍റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പില്‍വച്ചു വധിച്ചു. പുരോഹിതന്മാരുടെയും ലേവ്യരുടെയും മേല്‍നോട്ടത്തില്‍ സര്‍വേശ്വരന്‍റെ ആലയത്തിനു കാവല്‌ക്കാരെ യെഹോയാദ നിയമിച്ചു. തന്‍റെ കല്പനപ്രകാരവും മോശയുടെ ധര്‍മശാസ്ത്രത്തില്‍ എഴുതിയിരിക്കുന്നതുപോലെയും ആഹ്ലാദത്തോടും ഗാനാലാപത്തോടുംകൂടി ഹോമയാഗം അര്‍പ്പിക്കുന്നതിനും സര്‍വേശ്വരന്‍റെ ആലയത്തിലെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനും ദാവീദുരാജാവ് ലേവ്യപുരോഹിതന്മാരെയും ലേവ്യരെയും നിയമിച്ചിരുന്നു. ഏതെങ്കിലും വിധത്തില്‍ അശുദ്ധരായവര്‍ സര്‍വേശ്വരന്‍റെ ആലയത്തില്‍ പ്രവേശിക്കാതിരിക്കാന്‍ യെഹോയാദ വാതില്‍കാവല്‌ക്കാരെയും നിയമിച്ചു. സൈന്യാധിപന്മാര്‍, പ്രഭുക്കന്മാര്‍, ദേശാധിപന്മാര്‍ എന്നിവരുടെയും സമസ്ത ദേശവാസികളുടെയും സാന്നിധ്യത്തില്‍ അദ്ദേഹം രാജാവിനെ സര്‍വേശ്വരന്‍റെ ആലയത്തില്‍നിന്നു പുറത്തു കൊണ്ടുവന്നു മുകളിലത്തെ വാതിലിലൂടെ കൊട്ടാരത്തിലേക്ക് ആനയിച്ചു രാജസിംഹാസനത്തില്‍ ഇരുത്തി. ദേശവാസികളെല്ലാം സന്തോഷിച്ചു; അഥല്യായെ വധിച്ചതോടെ നഗരം ശാന്തമായി. ഏഴാമത്തെ വയസ്സില്‍ യോവാശ് രാജാവായി. നാല്പതു വര്‍ഷം അദ്ദേഹം യെരൂശലേമില്‍ ഭരണം നടത്തി. അദ്ദേഹത്തിന്‍റെ മാതാവ് ബേര്‍-ശേബക്കാരി സിബ്യാ ആയിരുന്നു. യെഹോയാദപുരോഹിതന്‍റെ ജീവിതകാലമത്രയും യോവാശ് സര്‍വേശ്വരനു ഹിതകരമായി വര്‍ത്തിച്ചു. യെഹോയാദ രണ്ടു സ്‍ത്രീകളെ തിരഞ്ഞെടുത്തു രാജാവിനു ഭാര്യമാരായി നല്‌കി. അദ്ദേഹത്തിന് അവരില്‍ പുത്രന്മാരും പുത്രിമാരും ജനിച്ചു. ദേവാലയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ യോവാശ് തീരുമാനിച്ചു. അദ്ദേഹം പുരോഹിതന്മാരെയും ലേവ്യരെയും വിളിപ്പിച്ച് അവരോടു പറഞ്ഞു: “നിങ്ങള്‍ യെഹൂദാനഗരങ്ങളില്‍ ചെന്ന് ഇസ്രായേല്‍ജനത്തില്‍നിന്ന് നിങ്ങളുടെ ദേവാലയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ ആണ്ടുതോറും നടത്തുന്നതിന് ആവശ്യമായ പണം ശേഖരിക്കുക. ഇക്കാര്യം നിങ്ങള്‍ അടിയന്തരമായി ചെയ്യണം.” എന്നാല്‍ ലേവ്യര്‍ അതില്‍ അത്ര തിടുക്കം കാട്ടിയില്ല. അതുകൊണ്ടു രാജാവ് അവരുടെ നേതാവായ യെഹോയാദയെ വിളിപ്പിച്ചു ചോദിച്ചു: “തിരുസാന്നിധ്യകൂടാരത്തിനുവേണ്ടി സര്‍വേശ്വരന്‍റെ ദാസനായ മോശ ഇസ്രായേല്‍ സമൂഹത്തിന്മേല്‍ ചുമത്തിയിരുന്ന നികുതി യെഹൂദ്യയില്‍നിന്നും യെരൂശലേമില്‍നിന്നും പിരിച്ചെടുക്കാന്‍ ലേവ്യരോടു താങ്കള്‍ ആവശ്യപ്പെടാത്തതെന്ത്?” ദുഷ്ടയായ അഥല്യായുടെ പുത്രന്മാര്‍ ദേവാലയത്തിനു നാശം വരുത്തുകയും അതിനുള്ളിലെ നിവേദിതവസ്തുക്കള്‍ ബാല്‍ദേവന്‍റെ ആരാധനയ്‍ക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു. രാജകല്പനയനുസരിച്ച് ഒരു പെട്ടിയുണ്ടാക്കി സര്‍വേശ്വരന്‍റെ ആലയവാതില്‌ക്കല്‍ പുറത്തു വച്ചു. ദൈവത്തിന്‍റെ ദാസനായ മോശ മരുഭൂമിയില്‍ വച്ച് ഇസ്രായേലിന്‍റെമേല്‍ ചുമത്തിയിരുന്ന നികുതി സര്‍വേശ്വരനു നല്‌കണമെന്ന് യെഹൂദ്യയിലും യെരൂശലേമിലും വിളംബരം ചെയ്തു. സകല പ്രഭുക്കന്മാരും ജനങ്ങളും സന്തോഷപൂര്‍വം തങ്ങളുടെ നികുതി പെട്ടി നിറയുവോളം നിക്ഷേപിച്ചു. രാജാവിന്‍റെ ഉദ്യോഗസ്ഥന്മാരുടെ അടുക്കല്‍ ലേവ്യര്‍ പെട്ടി കൊണ്ടുവരുമ്പോള്‍ അതു നിറഞ്ഞിരിക്കുന്നതായി കണ്ടാല്‍ രാജാവിന്‍റെ കാര്യവിചാരകനും മുഖ്യപുരോഹിതന്‍റെ ഉദ്യോഗസ്ഥനും കൂടി പണമെടുത്തശേഷം പെട്ടി യഥാസ്ഥാനത്തു കൊണ്ടുചെന്നു വയ്‍ക്കും. ദിവസേന ഇങ്ങനെ അവര്‍ ധാരാളം പണം ശേഖരിച്ചു. രാജാവും യെഹോയാദയും ആ പണം സര്‍വേശ്വരന്‍റെ ആലയത്തിലെ പണിയുടെ ചുമതലക്കാരെ ഏല്പിച്ചു. അവര്‍ സര്‍വേശ്വരമന്ദിരത്തിന്‍റെ കേടുപാടുകള്‍ തീര്‍ക്കുന്നതിനു കല്പണിക്കാരെയും മരപ്പണിക്കാരെയും ഇരുമ്പും ഓടുംകൊണ്ടു പണിയുന്നവരെയും ഏര്‍പ്പെടുത്തി. അവര്‍ അത്യധ്വാനം ചെയ്തു ദേവാലയത്തിന്‍റെ കേടുപാടുകള്‍ തീര്‍ത്തു. അങ്ങനെ ദേവാലയം പൂര്‍വസ്ഥിതിയില്‍ ബലവത്തായിത്തീര്‍ന്നു. പണി തീര്‍ത്തശേഷം ബാക്കിയുണ്ടായിരുന്ന പണം അവര്‍ രാജാവിന്‍റെയും യെഹോയാദയുടെയും അടുത്തു കൊണ്ടുവന്നു. അതുപയോഗിച്ചു ദേവാലയത്തിലെ ശുശ്രൂഷയ്‍ക്കും ഹോമയാഗത്തിനും ധൂപാര്‍പ്പണത്തിനും ആവശ്യമായ ഉപകരണങ്ങള്‍, വെള്ളിയും പൊന്നും കൊണ്ടുള്ള പാത്രങ്ങള്‍ എന്നിവ നിര്‍മ്മിച്ചു. യെഹോയാദയുടെ ജീവിതകാലമത്രയും സര്‍വേശ്വരന്‍റെ ആലയത്തില്‍ മുടക്കം കൂടാതെ ഹോമയാഗം അര്‍പ്പിച്ചുവന്നു. യെഹോയാദപുരോഹിതന്‍ പൂര്‍ണവാര്‍ധക്യത്തിലെത്തി മരിച്ചു; മരിക്കുമ്പോള്‍ അദ്ദേഹത്തിനു നൂറ്റിമുപ്പതു വയസ്സായിരുന്നു. ഇസ്രായേലില്‍ ദൈവത്തിനും അവിടുത്തെ ആലയത്തിനുംവേണ്ടി ധാരാളം നന്മ പ്രവര്‍ത്തിച്ചതുകൊണ്ടു ദാവീദിന്‍റെ നഗരത്തില്‍ രാജാക്കന്മാരുടെ കല്ലറയില്‍ അദ്ദേഹത്തെ സംസ്കരിച്ചു. യെഹോയാദയുടെ മരണത്തിനുശേഷം യെഹൂദാപ്രഭുക്കന്മാര്‍ രാജാവിനെ സമീപിച്ച് അഭിവാദനങ്ങള്‍ അര്‍പ്പിച്ചു. അവര്‍ പറഞ്ഞതു രാജാവ് ശ്രദ്ധിച്ചു. അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന്‍റെ ആലയം ഉപേക്ഷിച്ച് അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ആരാധിച്ചു. അവരുടെ ഈ ദുഷ്കൃത്യങ്ങള്‍ മൂലം ദൈവകോപം യെഹൂദായുടെയും യെരൂശലേമിന്‍റെയുംമേല്‍ വന്നു. സര്‍വേശ്വരനിലേക്കു ജനത്തെ മടക്കിക്കൊണ്ടുവരാന്‍ അവിടുന്നു പ്രവാചകന്മാരെ അവരുടെ അടുക്കല്‍ അയച്ചു. അവര്‍ ജനത്തിന്‍റെ അകൃത്യം തുറന്നുകാട്ടി. എന്നാല്‍ ജനം അവര്‍ പറഞ്ഞതു ശ്രദ്ധിച്ചില്ല. അപ്പോള്‍ ദൈവത്തിന്‍റെ ആത്മാവ് യെഹോയാദപുരോഹിതന്‍റെ പുത്രന്‍ സെഖര്യായില്‍ വന്നു. ജനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു: “ദൈവം അരുളിച്ചെയ്യുന്നു, നിങ്ങള്‍ക്ക് അധഃപതനം ഉണ്ടാകത്തക്കവിധം ദൈവകല്പനകള്‍ ലംഘിക്കുന്നതെന്ത്? നിങ്ങള്‍ സര്‍വേശ്വരനെ ഉപേക്ഷിച്ചതുകൊണ്ട് അവിടുന്ന് നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു.” എന്നാല്‍ അവര്‍ സെഖര്യാക്ക് എതിരെ ഗൂഢാലോചന നടത്തി; രാജകല്പനപ്രകാരം അദ്ദേഹത്തെ ദേവാലയാങ്കണത്തില്‍വച്ചു കല്ലെറിഞ്ഞു കൊന്നു. യെഹോയാദ തന്നോടു കാട്ടിയ കാരുണ്യം വിസ്മരിച്ച രാജാവ് യെഹോയാദയുടെ പുത്രന്‍ സെഖര്യായെ വധിച്ചു. മരിക്കുമ്പോള്‍ സെഖര്യാ പറഞ്ഞു: “സര്‍വേശ്വരന്‍ ഇതിനു നിങ്ങളോടു പ്രതികാരം ചെയ്യട്ടെ.” ആ വര്‍ഷത്തിന്‍റെ അവസാനത്തില്‍ സിറിയന്‍ സൈന്യം യോവാശിനെതിരെ വന്നു യെഹൂദ്യയും യെരൂശലേമും ആക്രമിച്ചു. അവര്‍ പ്രഭുക്കന്മാരെ വധിക്കയും അവരുടെ സമ്പത്തു കൊള്ളയടിച്ചു സിറിയായിലെ രാജാവിന് അയച്ചുകൊടുക്കുകയും ചെയ്തു. സിറിയന്‍ സൈന്യം എണ്ണത്തില്‍ കുറവായിരുന്നെങ്കിലും സര്‍വേശ്വരന്‍ യെഹൂദായുടെ വലിയ സൈന്യത്തെ അവരുടെ കൈയില്‍ ഏല്പിച്ചു കൊടുത്തു. തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനെ അവര്‍ ഉപേക്ഷിച്ചുവല്ലോ. അങ്ങനെ അവര്‍ യോവാശിന്‍റെമേല്‍ ന്യായവിധി നടത്തി. ദാരുണമായി മുറിവേറ്റു കിടന്ന രാജാവിനെ അവര്‍ ഉപേക്ഷിച്ചുപോയി. സ്വന്തഭൃത്യന്മാര്‍ തന്നെ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തി കിടക്കയില്‍ വച്ചു അദ്ദേഹത്തെ വധിച്ചു. അങ്ങനെ യോവാശ് യെഹോയാദപുരോഹിതന്‍റെ പുത്രനെ വധിച്ചതിന് അവര്‍ പകരം വീട്ടി. യോവാശ് മരിച്ചു; ദാവീദിന്‍റെ നഗരത്തില്‍ അദ്ദേഹത്തെ സംസ്കരിച്ചു. എന്നാല്‍ രാജാക്കന്മാരുടെ കല്ലറകളില്‍ അല്ല അദ്ദേഹത്തെ അടക്കം ചെയ്തത്. അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തിയത് അമ്മോന്യയായ ശിമെയാത്തിന്‍റെ പുത്രന്‍ സാബാദും മോവാബ്യയായ ശിമ്രീത്തിന്‍റെ പുത്രന്‍ യെഹോസാബാദും ആയിരുന്നു. യോവാശിന്‍റെ പുത്രന്മാരുടെ പ്രവര്‍ത്തനങ്ങളും അവനെതിരെയുള്ള അരുളപ്പാടുകളും ദേവാലയം കേടുപാടുകള്‍ തീര്‍ത്തതിന്‍റെ വിവരണങ്ങളും രാജാക്കന്മാരുടെ ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യോവാശിന്‍റെ പുത്രന്‍ അമസ്യാ പകരം രാജാവായി. വാഴ്ച ആരംഭിച്ചപ്പോള്‍ അമസ്യാക്ക് ഇരുപത്തഞ്ചു വയസ്സായിരുന്നു; ഇരുപത്തൊമ്പതു വര്‍ഷം അദ്ദേഹം യെരൂശലേമില്‍ വാണു. യെരൂശലേംകാരി യെഹോവദ്ദാന്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്. പൂര്‍ണമനസ്സോടെയല്ലെങ്കിലും സര്‍വേശ്വരന് ഹിതകരമായവിധം അമസ്യാ പ്രവര്‍ത്തിച്ചു. രാജത്വം തനിക്ക് ഉറച്ചുകഴിഞ്ഞപ്പോള്‍ തന്‍റെ പിതാവിനെ വധിച്ച ഭൃത്യന്മാര്‍ക്കു വധശിക്ഷ നല്‌കി. മോശയുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് അവരുടെ മക്കളെ വധിച്ചില്ല. പിതാക്കന്മാര്‍ പുത്രന്മാര്‍ നിമിത്തമോ പുത്രന്മാര്‍ പിതാക്കന്മാര്‍ നിമിത്തമോ വധിക്കപ്പെടരുത്; ഓരോരുത്തന്‍ സ്വന്തം പാപം നിമിത്തമേ മരിക്കാവൂ എന്നുള്ള സര്‍വേശ്വരന്‍റെ കല്പന അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അമസ്യാ യെഹൂദാനിവാസികളെ വിളിച്ചുകൂട്ടി. യെഹൂദ്യരും ബെന്യാമീന്യരുമായ എല്ലാവരെയും പിതൃഭവനക്രമത്തില്‍ സഹസ്രാധിപന്മാരുടെയും ശതാധിപന്മാരുടെയും കീഴിലാക്കി. യുദ്ധത്തിനു കുന്തവും പരിചയും ഉപയോഗിക്കാന്‍ പ്രാപ്തരും ഇരുപതു വയസ്സും അതിനുമേല്‍ പ്രായമുള്ളവരുമായ മൂന്നുലക്ഷം പേരെ തിരഞ്ഞെടുത്തു. കൂടാതെ നൂറുതാലന്തു വെള്ളി കൊടുത്ത് ശൂരന്മാരായ ഒരു ലക്ഷം പേരെ ഇസ്രായേലില്‍നിന്നു കൂലിക്കെടുത്തു. എന്നാല്‍ ഒരു പ്രവാചകന്‍ രാജാവിന്‍റെ അടുത്തു വന്നു പറഞ്ഞു: “രാജാവേ, ഇസ്രായേല്‍സൈന്യത്തെ അങ്ങയുടെ കൂടെ കൊണ്ടുപോകരുത്. സര്‍വേശ്വരന്‍ എഫ്രയീമ്യരായ ഇസ്രായേല്യരുടെ കൂടെ ഇല്ല. യുദ്ധത്തില്‍ ഇവരുടെ സാന്നിധ്യം അങ്ങേക്കു ശക്തി നല്‌കും എന്നു വിചാരിക്കുന്നെങ്കില്‍ അങ്ങ് ശത്രുവിന്‍റെ മുമ്പില്‍ വീഴാന്‍ ദൈവം ഇടയാക്കും. വിജയിപ്പിക്കാനും പരാജയപ്പെടുത്താനും ദൈവത്തിനു കഴിയുമല്ലോ.” രാജാവ് പ്രവാചകനോടു ചോദിച്ചു: “ഇസ്രായേല്‍സൈന്യത്തിനുവേണ്ടി കൊടുത്ത നൂറു താലന്തു വെള്ളിയുടെ കാര്യത്തില്‍ ഞാന്‍ എന്തു ചെയ്യും?” പ്രവാചകന്‍ പറഞ്ഞു: “അതിനെക്കാള്‍ അധികം നല്‌കാന്‍ സര്‍വേശ്വരനു കഴിയുമല്ലോ.” അങ്ങനെ അമസ്യാ എഫ്രയീമില്‍നിന്നു വന്ന സൈന്യത്തെ അവരുടെ ദേശത്തേക്കു മടങ്ങിപ്പോകാന്‍ അനുവദിച്ചു. യെഹൂദ്യരോട് അവര്‍ക്ക് അതിയായ അമര്‍ഷം തോന്നി. അവര്‍ കുപിതരായി മടങ്ങിപ്പോയി. പിന്നീട് അമസ്യാ ധൈര്യം അവലംബിച്ചു തന്‍റെ സൈന്യത്തെയും കൂട്ടി ഉപ്പു താഴ്വരയിലേക്കു പോയി, സെയീരില്‍ പാര്‍ത്തിരുന്ന എദോമ്യരില്‍ പതിനായിരം പേരെ വധിച്ചു. യെഹൂദ്യര്‍ വേറെ പതിനായിരം പേരെ പിടിച്ചു പാറയുടെ മുകളില്‍ കൊണ്ടുപോയി അവിടെനിന്നു താഴേക്കു തള്ളിയിട്ടു. അങ്ങനെ വീണവരുടെ ശരീരങ്ങള്‍ തകര്‍ന്നു ചിതറി. യുദ്ധത്തിനു കൊണ്ടുപോകാതെ അമസ്യാ മടക്കി അയച്ച ഇസ്രായേല്‍ പടയാളികള്‍ ശമര്യക്കും ബേത്ത്-ഹോരോനും ഇടയ്‍ക്കുള്ള യെഹൂദാനഗരങ്ങള്‍ ആക്രമിച്ചു മൂവായിരം പേരെ വധിക്കുകയും വളരെയധികം വസ്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്തു. അമസ്യാ സെയീരില്‍ പാര്‍ത്തിരുന്ന എദോമ്യരെ സംഹരിച്ചു മടങ്ങി വന്നശേഷം അവരുടെ ദേവന്മാരുടെ വിഗ്രഹങ്ങള്‍ കൊണ്ടുവന്നു പ്രതിഷ്ഠിച്ച് അവയ്‍ക്ക് കാഴ്ചകള്‍ അര്‍പ്പിക്കുകയും നമസ്കരിക്കുകയും ധൂപം അര്‍പ്പിക്കുകയും ചെയ്തു. സര്‍വേശ്വരന്‍റെ കോപം അമസ്യായുടെ നേരെ ജ്വലിച്ചു; അവിടുന്ന് അദ്ദേഹത്തിന്‍റെ അടുക്കല്‍ ഒരു പ്രവാചകനെ അയച്ചു. പ്രവാചകന്‍ ചോദിച്ചു: “അങ്ങയുടെ കൈയില്‍നിന്നു സ്വന്തം ജനത്തെപോലും വിടുവിക്കാന്‍ പ്രാപ്തിയില്ലാത്ത ദേവന്മാരിലേക്ക് അങ്ങു തിരിഞ്ഞതെന്ത്?” അപ്പോള്‍ രാജാവ്: “പറഞ്ഞതു മതി. വെറുതെ ചാകണമെന്നുണ്ടോ? രാജാവിന്‍റെ ഉപദേഷ്ടാവായി നിന്നെ നിയമിച്ചിട്ടുണ്ടോ?” എന്നു ചോദിച്ചു. “അങ്ങ് ഇങ്ങനെ പ്രവര്‍ത്തിക്കുകയും എന്‍റെ ഉപദേശം അവഗണിക്കുകയും ചെയ്തതുകൊണ്ട് ദൈവം അങ്ങയെ നശിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു” എന്നു പ്രവാചകന്‍ പറഞ്ഞു. യെഹൂദാരാജാവായ അമസ്യാ കൂടിയാലോചനകള്‍ക്കു ശേഷം ഇസ്രായേല്‍രാജാവായ യേഹൂവിന്‍റെ പൗത്രനും യെഹോവാഹാസിന്‍റെ പുത്രനുമായ യെഹോവാശിന്‍റെ അടുക്കല്‍ ആളയച്ചു പറയിച്ചു: “വരിക, നമുക്കൊന്ന് ഏറ്റുമുട്ടി നോക്കാം.” അതിന് ഇസ്രായേല്‍രാജാവായ യെഹോവാശ് ഇപ്രകാരം മറുപടി അയച്ചു: “ലെബാനോനിലെ ഒരു മുള്‍ച്ചെടി അവിടെയുള്ള ദേവദാരുവിനോടു നിന്‍റെ പുത്രിയെ എന്‍റെ പുത്രനു ഭാര്യയായി തരിക എന്നാവശ്യപ്പെട്ടു. ലെബാനോനിലെ ഒരു വന്യമൃഗം ആ വഴി വന്ന് ആ മുള്‍ച്ചെടി ചവിട്ടിക്കളഞ്ഞു. എദോമിനെ തകര്‍ത്തു എന്നു വിചാരിച്ചു നീ അഹങ്കരിക്കുന്നു. നീ അടങ്ങിയിരിക്കുക. നിനക്കും യെഹൂദായ്‍ക്കും നീ എന്തിന് അനര്‍ഥം വിളിച്ചു വരുത്തുന്നു?” എന്നാല്‍ അമസ്യാ അതു ശ്രദ്ധിച്ചില്ല. എദോമ്യദേവന്മാരെ ആശ്രയിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തെയും ജനങ്ങളെയും ശത്രുക്കളുടെ കൈയില്‍ ഏല്പിച്ചു കൊടുക്കാന്‍ ദൈവം നിശ്ചയിച്ചിരുന്നു. അങ്ങനെ ഇസ്രായേല്‍രാജാവായ യെഹോവാശ് ചെന്ന് യെഹൂദ്യയിലുള്ള ബേത്ത്-ശേമെശില്‍ വച്ച് യെഹൂദാരാജാവായ അമസ്യായുമായി ഏറ്റുമുട്ടി. യെഹൂദാ ഇസ്രായേലിനോടു പരാജയപ്പെട്ടു. അവര്‍ എല്ലാവരും തങ്ങളുടെ ഭവനങ്ങളിലേക്ക് ഓടിപ്പോയി. യെഹോവാഹാസിന്‍റെ പൗത്രനും യോവാശിന്‍റെ പുത്രനും യെഹൂദാരാജാവുമായ അമസ്യായെ ഇസ്രായേല്‍രാജാവായ യെഹോവാശ് ബേത്ത്-ശേമെശില്‍ വച്ചു പിടിച്ച് യെരൂശലേമില്‍ കൊണ്ടുവന്നു. ഇസ്രായേല്‍രാജാവ് എഫ്രയീം പടിവാതില്‍മുതല്‍ കോണ്‍പടിവാതില്‍വരെ നാനൂറു മുഴം നീളത്തില്‍ യെരൂശലേമിന്‍റെ മതില്‍ ഇടിച്ചു നിരത്തി. ദേവാലയത്തില്‍ കണ്ട സ്വര്‍ണവും വെള്ളിയും സകല പാത്രങ്ങളും കൈവശപ്പെടുത്തുകയും അവയുടെ സൂക്ഷിപ്പുകാരായ ഓബേദ്-എദോമിന്‍റെ പിന്‍തലമുറക്കാരെ തടവുകാരാക്കുകയും ചെയ്തു. കൂടാതെ രാജകൊട്ടാരത്തിലുണ്ടായിരുന്ന നിക്ഷേപങ്ങളും കൊള്ളയടിച്ചു. അവയോടൊപ്പം തടവുകാരുമായി ഇസ്രായേല്‍രാജാവ് ശമര്യയിലേക്കു മടങ്ങി. ഇസ്രായേല്‍രാജാവും യെഹോവാഹാസിന്‍റെ പുത്രനും ആയ യെഹോവാശിന്‍റെ മരണശേഷം പതിനഞ്ചു വര്‍ഷം കൂടി യെഹൂദാരാജാവും യോവാശിന്‍റെ പുത്രനും ആയ അമസ്യാ ജീവിച്ചിരുന്നു. അമസ്യായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ആദ്യന്തം യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍വേശ്വരനില്‍നിന്ന് അകന്നുപോയ നാള്‍മുതല്‍ അദ്ദേഹത്തിനെതിരെ യെരൂശലേമില്‍ ഗൂഢാലോചന നടന്നുകൊണ്ടിരുന്നു. അതുകൊണ്ട് അദ്ദേഹം ലാഖീശിലേക്ക് ഓടിപ്പോയി. എന്നാല്‍ ശത്രുക്കള്‍ ലാഖീശിലേക്ക് ആളയച്ച് അദ്ദേഹത്തെ വധിച്ചു. മൃതശരീരം കുതിരപ്പുറത്തു കൊണ്ടുവന്നു ദാവീദിന്‍റെ നഗരത്തില്‍ രാജാക്കന്മാരുടെ കല്ലറകളില്‍ സംസ്കരിച്ചു. യെഹൂദ്യയിലെ ജനം പതിനാറു വയസ്സുള്ള ഉസ്സിയായെ പിതാവായ അമസ്യാക്കു പകരം രാജാവാക്കി. പിതാവിന്‍റെ മരണശേഷം ഉസ്സിയാ ഏലോത്ത് വീണ്ടെടുത്ത് പുതുക്കിപ്പണിത് യെഹൂദായോടു ചേര്‍ത്തു. വാഴ്ച ആരംഭിച്ചപ്പോള്‍ ഉസ്സിയായ്‍ക്ക് പതിനാറു വയസ്സായിരുന്നു; അമ്പത്തിരണ്ടു വര്‍ഷം അദ്ദേഹം യെരൂശലേമില്‍ ഭരണം നടത്തി. യെരൂശലേംകാരി യെഖൊല്യ ആയിരുന്നു മാതാവ്. തന്‍റെ പിതാവ് അമസ്യായെപ്പോലെ ഉസ്സിയായും സര്‍വേശ്വരനു ഹിതകരമായവിധം ജീവിച്ചു. ദൈവഭക്തിയില്‍ ജീവിക്കാന്‍ തന്നെ അഭ്യസിപ്പിച്ച സെഖര്യായുടെ ജീവിതകാലം മുഴുവന്‍ ഉസ്സിയാ ദൈവഹിതം അന്വേഷിച്ചു. ആ കാലമത്രയും ദൈവം അദ്ദേഹത്തിന് ഐശ്വര്യം നല്‌കി. അദ്ദേഹം ഫെലിസ്ത്യരോടു യുദ്ധത്തിനു പുറപ്പെട്ടു. ഗത്ത്, യബ്നെ, അസ്തോദ് എന്നീ നഗരങ്ങളുടെ മതിലുകള്‍ തകര്‍ത്തു. അസ്തോദിലും ഫെലിസ്ത്യരുടെ മറ്റു സ്ഥലങ്ങളിലും അദ്ദേഹം നഗരങ്ങള്‍ നിര്‍മ്മിച്ചു. ഫെലിസ്ത്യരോടും ഗുര്‍-ബാലിലുള്ള അറബികളോടും മെയൂന്യരോടും യുദ്ധം ചെയ്യാന്‍ ദൈവം അദ്ദേഹത്തെ സഹായിച്ചു. അമ്മോന്യര്‍ ഉസ്സിയായ്‍ക്ക് കപ്പം കൊടുത്തു. അദ്ദേഹം അതിശക്തനായിത്തീര്‍ന്നു. അദ്ദേഹത്തിന്‍റെ കീര്‍ത്തി ഈജിപ്തുവരെ പരന്നു. കോണ്‍വാതില്‌ക്കലും താഴ്വരവാതില്‌ക്കലും മതില്‍ തിരിവിങ്കലും ഗോപുരങ്ങള്‍ പണിതു യെരൂശലേംനഗരം അദ്ദേഹം സുരക്ഷിതമാക്കി. അദ്ദേഹം മരുഭൂമിയില്‍ ഗോപുരങ്ങള്‍ പണിയുകയും ധാരാളം കിണറുകള്‍ കുഴിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിനു താഴ്വരയിലും സമതലപ്രദേശത്തും ധാരാളം കന്നുകാലികള്‍ ഉണ്ടായിരുന്നു. കൃഷിയില്‍ തല്പരനായിരുന്നതുകൊണ്ടു മലമ്പ്രദേശത്തും ഫലപുഷ്ടമായ സ്ഥലങ്ങളിലും കൃഷിക്കാരെയും മുന്തിരികൃഷിക്കാരെയും അദ്ദേഹം നിയമിച്ചു. യുദ്ധസജ്ജരായ ഒരു വലിയ സൈന്യം ഉസ്സിയാരാജാവിനുണ്ടായിരുന്നു. രാജാവിന്‍റെ സൈന്യാധിപന്മാരില്‍ ഒരാളായ ഹനാനിയുടെ നിര്‍ദ്ദേശപ്രകാരം കാര്യവിചാരകനായ യെയീയേലും ഉദ്യോഗസ്ഥനായ മയശേയായും തയ്യാറാക്കിയ കണക്കനുസരിച്ച് പല ഗണങ്ങളായി സൈന്യത്തെ വിഭജിച്ചിരുന്നു. യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാര്‍ രണ്ടായിരത്തറുനൂറു പേരായിരുന്നു. അവരുടെ ആജ്ഞയനുസരിച്ച് രാജാവിനുവേണ്ടി ശത്രുക്കളോടു ശക്തമായി പോരാടാന്‍ പ്രാപ്തരായ മൂന്നു ലക്ഷത്തി ഏഴായിരത്തഞ്ഞൂറു പേരടങ്ങുന്ന ഒരു വലിയ സൈന്യവുമുണ്ടായിരുന്നു. അവര്‍ക്കെല്ലാം പരിച, കുന്തം, ശിരോവസ്ത്രം, പടച്ചട്ട, വില്ല്, കവണക്കല്ല് എന്നിവ ഉസ്സിയാരാജാവ് ഒരുക്കിയിരുന്നു. ഗോപുരങ്ങളുടെയും കോട്ടകളുടെയും മുകളില്‍നിന്ന് അസ്ത്രങ്ങളും വലിയ കല്ലുകളും പ്രയോഗിക്കുന്നതിനുവേണ്ടി വിദഗ്ദ്ധന്മാര്‍ രൂപകല്പന ചെയ്ത യന്ത്രങ്ങള്‍ അദ്ദേഹം ഉണ്ടാക്കി. സര്‍വേശ്വരനില്‍നിന്ന് അദ്ഭുതകരമായ സഹായം ലഭിച്ചതുകൊണ്ട് അദ്ദേഹം പ്രബലനായിത്തീരുകയും അദ്ദേഹത്തിന്‍റെ കീര്‍ത്തി വിദൂരദേശങ്ങളില്‍ പരക്കുകയും ചെയ്തു. ശക്തനായിത്തീര്‍ന്നതോടെ അദ്ദേഹം അഹങ്കരിച്ചു; അത് അദ്ദേഹത്തിന്‍റെ നാശത്തിലേക്കു നയിച്ചു. തന്‍റെ ദൈവമായ സര്‍വേശ്വരനോട് അവിശ്വസ്തമായി അദ്ദേഹം പെരുമാറി; യാഗപീഠത്തില്‍ ധൂപം അര്‍പ്പിക്കുന്നതിനു സര്‍വേശ്വരന്‍റെ ആലയത്തില്‍ അദ്ദേഹം പ്രവേശിച്ചു. ധീരന്മാരും സര്‍വേശ്വരന്‍റെ പുരോഹിതന്മാരുമായ എണ്‍പതു പേരോടൊത്ത് അസര്യാപുരോഹിതന്‍ അദ്ദേഹത്തിന്‍റെ പിന്നാലെ ചെന്നു. അവര്‍ ഉസ്സിയാരാജാവിനെ തടഞ്ഞുകൊണ്ടു പറഞ്ഞു: “ഉസ്സിയായേ, സര്‍വേശ്വരനു ധൂപം അര്‍പ്പിക്കുന്നത് അങ്ങേക്കു ചേര്‍ന്നതല്ല; അഹരോന്‍വംശജരും ധൂപം കാട്ടുവാന്‍ പ്രത്യേകം വേര്‍തിരിക്കപ്പെട്ടവരുമായ പുരോഹിതന്മാരുണ്ടല്ലോ; വിശുദ്ധമന്ദിരത്തില്‍നിന്നു പുറത്തുപോകൂ; അങ്ങ് ചെയ്തതു തെറ്റാണ്; ഇതുമൂലം ദൈവമായ സര്‍വേശ്വരനില്‍നിന്ന് ഒരു ബഹുമതിയും അങ്ങേക്ക് ലഭിക്കുകയില്ല.” ഉസ്സിയാ കുപിതനായി. ധൂപാര്‍പ്പണത്തിനുവേണ്ടി അദ്ദേഹം ധൂപകലശം കൈയില്‍ പിടിച്ചിരുന്നു. അദ്ദേഹം പുരോഹിതന്മാരോടു കോപിച്ചപ്പോള്‍ അവരുടെ സാന്നിധ്യത്തില്‍ വച്ചുതന്നെ സര്‍വേശ്വരന്‍റെ ആലയത്തിലെ ധൂപപീഠത്തിനരികെ നിന്നിരുന്ന ഉസ്സിയായുടെ നെറ്റിയില്‍ കുഷ്ഠം ബാധിച്ചു. മുഖ്യപുരോഹിതനായ അസര്യായും മറ്റു പുരോഹിതന്മാരും അദ്ദേഹത്തെ സൂക്ഷിച്ചുനോക്കിയപ്പോള്‍ അദ്ദേഹത്തിന്‍റെ നെറ്റിയില്‍ കുഷ്ഠം ബാധിച്ചിരിക്കുന്നതായി കണ്ടു. ഉടനെതന്നെ അദ്ദേഹത്തെ അവര്‍ അവിടെനിന്നു പുറത്താക്കി. സര്‍വേശ്വരന്‍ തന്നെ ശിക്ഷിച്ചതുകൊണ്ട് പുറത്തുകടക്കാന്‍ അദ്ദേഹവും തിടുക്കം കൂട്ടി. അങ്ങനെ ഉസ്സിയാരാജാവ് മരണംവരെ കുഷ്ഠരോഗിയായി ജീവിച്ചു. സര്‍വേശ്വരന്‍റെ ആലയത്തില്‍നിന്നു പുറത്താക്കപ്പെട്ടിരുന്നതിനാല്‍ ഒരു പ്രത്യേക ഭവനത്തില്‍ അദ്ദേഹം പാര്‍ത്തു. അദ്ദേഹത്തിന്‍റെ പുത്രനായ യോഥാം കൊട്ടാരത്തിന്‍റെ ചുമതല വഹിക്കുകയും ദേശം ഭരിക്കുകയും ചെയ്തു. ഉസ്സിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ആദ്യന്തം ആമോസിന്‍റെ പുത്രനായ യെശയ്യാപ്രവാചകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉസ്സിയാ മരിച്ചു തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു. “അദ്ദേഹം ഒരു കുഷ്ഠരോഗിയാണ്” എന്നു പറഞ്ഞു രാജാക്കന്മാര്‍ക്കുള്ള ശ്മശാനഭൂമിയില്‍ പിതാക്കന്മാരുടെ കല്ലറകള്‍ക്കു സമീപം അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്‍റെ പുത്രനായ യോഥാം പകരം രാജാവായി. രാജാവാകുമ്പോള്‍ യോഥാമിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനാറു വര്‍ഷം യെരൂശലേമില്‍ ഭരിച്ചു. സാദോക്കിന്‍റെ പുത്രി യെരൂശാ ആയിരുന്നു മാതാവ്. തന്‍റെ പിതാവായ ഉസ്സിയായെപ്പോലെ അദ്ദേഹവും സര്‍വേശ്വരനു ഹിതകരമാംവിധം ജീവിച്ചു. എന്നാല്‍ പിതാവിനെപ്പോലെ അദ്ദേഹം സര്‍വേശ്വരന്‍റെ ആലയത്തില്‍ അതിക്രമിച്ചു കടന്നില്ല. ജനം ദുഷ്പ്രവൃത്തികള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ദേവാലയത്തിന്‍റെ വടക്കേ പടിവാതിലും ഓഫേല്‍ മതിലിന്‍റെ ഏറിയഭാഗവും അദ്ദേഹം നിര്‍മ്മിച്ചു. യെഹൂദാ മലമ്പ്രദേശത്തു നഗരങ്ങളും കാടു നിറഞ്ഞ മലകളില്‍ കോട്ടകളും ഗോപുരങ്ങളും അദ്ദേഹം പണിതു. അദ്ദേഹം അമ്മോന്യരാജാവിനെ യുദ്ധം ചെയ്തു തോല്പിച്ചു. അമ്മോന്യര്‍ യോഥാമിന് ആ വര്‍ഷം നൂറു താലന്ത് വെള്ളിയും പതിനായിരം കോര്‍ കോതമ്പും അത്രയുംതന്നെ ബാര്‍ലിയും നല്‌കി. അതുപോലെതന്നെ തുടര്‍ന്നുള്ള രണ്ടു വര്‍ഷവും കൊടുത്തു. തന്‍റെ ദൈവമായ സര്‍വേശ്വരനു ഹിതകരമാംവിധം ജീവിതകാര്യങ്ങള്‍ ക്രമപ്പെടുത്തിയിരുന്നതുകൊണ്ട് അദ്ദേഹം ശക്തനായിത്തീര്‍ന്നു. യോഥാമിന്‍റെ മറ്റു പ്രവര്‍ത്തനങ്ങളും അദ്ദേഹം ചെയ്ത യുദ്ധങ്ങളും ജീവിതരീതിയും ഇസ്രായേലിലെയും യെഹൂദായിലെയും രാജാക്കന്മാരുടെ ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുപത്തഞ്ചാം വയസ്സില്‍ വാഴ്ച ആരംഭിച്ച യോഥാം പതിനാറു വര്‍ഷം യെരൂശലേമില്‍ ഭരിച്ചു. യോഥാം മരിച്ച് തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു. ദാവീദിന്‍റെ നഗരത്തില്‍ അദ്ദേഹത്തെ സംസ്കരിച്ചു. പുത്രന്‍ ആഹാസ് പകരം രാജാവായി. വാഴ്ച ആരംഭിച്ചപ്പോള്‍ ആഹാസിന് ഇരുപതു വയസ്സായിരുന്നു; അദ്ദേഹം പതിനാറു വര്‍ഷം യെരൂശലേമില്‍ ഭരിച്ചു; എന്നാല്‍ പൂര്‍വപിതാവായ ദാവീദിനെപ്പോലെ സര്‍വേശ്വരനു ഹിതകരമായവിധം അദ്ദേഹം പ്രവര്‍ത്തിച്ചില്ല. ഇസ്രായേല്‍രാജാക്കന്മാരെപ്പോലെ അദ്ദേഹം ജീവിച്ചു; ബാല്‍വിഗ്രഹങ്ങള്‍ വാര്‍ത്തുണ്ടാക്കി. ബെന്‍-ഹിന്നോം താഴ്വരയില്‍ അദ്ദേഹം ധൂപം അര്‍പ്പിച്ചു; ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍നിന്നു സര്‍വേശ്വരന്‍ നീക്കിക്കളഞ്ഞ ജനതകളുടെ മ്ലേച്ഛാചാരപ്രകാരം തന്‍റെ പുത്രന്മാരെ അഗ്നിയില്‍ ഹോമിച്ചു. അദ്ദേഹം പൂജാഗിരികളിലും കുന്നുകളിലും സകല പച്ചമരങ്ങളുടെ തണലിലും ബലിയും ധൂപവും അര്‍പ്പിച്ചു. ആഹാസിനെ ദൈവമായ സര്‍വേശ്വരന്‍ സിറിയാരാജാവിന്‍റെ കൈയില്‍ ഏല്പിച്ചു. സിറിയാരാജാവ് അദ്ദേഹത്തെ തോല്പിച്ച് ജനങ്ങളില്‍ അനേകം പേരെ തടവുകാരാക്കി ദമാസ്കസിലേക്കു കൊണ്ടുപോയി. പിന്നീടു സര്‍വേശ്വരന്‍ ആഹാസിനെ ഇസ്രായേലിന്‍റെ കൈയില്‍ ഏല്പിച്ചു. അവരും ഒരു വലിയ കൂട്ടക്കൊല നടത്തി അദ്ദേഹത്തെ പരാജയപ്പെടുത്തി. ഇസ്രായേല്‍രാജാവും രെമല്യായുടെ പുത്രനുമായ പേക്കഹ് യെഹൂദ്യയില്‍ ഒരുലക്ഷത്തിരുപതിനായിരം ധീരയോദ്ധാക്കളെ ഒറ്റ ദിവസം സംഹരിച്ചു. അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനെ ഉപേക്ഷിച്ചുവല്ലോ. എഫ്രയീമ്യനും ധീരനുമായ സിക്രി, രാജകുമാരനായ മയശേയായെയും കൊട്ടാരത്തിലെ സേനാനായകനായ അസ്രീക്കാമിനെയും രാജാവു കഴിഞ്ഞുള്ള അടുത്ത അധികാരിയായ എല്‌ക്കാനയെയും വധിച്ചു. ഇസ്രായേല്യര്‍ അവരുടെ ചാര്‍ച്ചക്കാരായ യെഹൂദ്യരില്‍ സ്‍ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെ രണ്ടുലക്ഷം പേരെ ബന്ധനസ്ഥരാക്കി; അവരോടൊപ്പം വളരെയധികം കൊള്ളമുതലും അവര്‍ ശമര്യയിലേക്കു കൊണ്ടുപോയി. സര്‍വേശ്വരന്‍റെ പ്രവാചകനായി ഒദേദ് എന്നൊരാള്‍ അവിടെ ഉണ്ടായിരുന്നു. അദ്ദേഹം ശമര്യയിലേക്കു വന്ന സൈന്യത്തിനു നേരേ ചെന്നു പറഞ്ഞു: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന്‍ യെഹൂദായോടു കോപിച്ചിരുന്നതുകൊണ്ട് അവരെ നിങ്ങളുടെ കൈയില്‍ ഏല്പിച്ചു. നിങ്ങള്‍ അവരെ അതിക്രൂരമായി സംഹരിച്ച വിവരം ദൈവസന്നിധിയില്‍ എത്തിയിരിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ യെരൂശലേമിലും യെഹൂദ്യയിലുമുള്ള സ്‍ത്രീപുരുഷന്മാരെ അടിമകളാക്കാന്‍ ഒരുങ്ങുന്നു. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനോടു നിങ്ങളും പാപം ചെയ്തിട്ടില്ലേ? അതുകൊണ്ട് ഞാന്‍ പറയുന്നതു ശ്രദ്ധിക്കുക. നിങ്ങള്‍ ബന്ധനസ്ഥരാക്കിക്കൊണ്ടുവന്ന നിങ്ങളുടെ ചാര്‍ച്ചക്കാരെ വിട്ടയയ്‍ക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ അവിടുത്തെ ഉഗ്രകോപം നിങ്ങളുടെമേല്‍ പതിക്കും.” എഫ്രയീമ്യനേതാക്കന്മാരായ യോഹാനാന്‍റെ പുത്രന്‍ അസര്യാ, മെശില്ലേമോത്തിന്‍റെ പുത്രന്‍ ബേരെഖ്യാ, ശല്ലൂമിന്‍റെ പുത്രന്‍ യെഹിസ്കീയാ, ഹദ്ലായിയുടെ പുത്രന്‍ അമാസ എന്നീ നാലു പേര്‍ യുദ്ധം കഴിഞ്ഞ് മടങ്ങിവന്നവരോടു പറഞ്ഞു: “യുദ്ധത്തടവുകാരെ നിങ്ങള്‍ ഇവിടെ കൊണ്ടുവരരുത്; അങ്ങനെ ചെയ്താല്‍ നമ്മുടെ ഇപ്പോഴുള്ള പാപങ്ങള്‍ക്കും അകൃത്യങ്ങള്‍ക്കും പുറമേ സര്‍വേശ്വരന് എതിരെയുള്ള നമ്മുടെ അകൃത്യം വര്‍ധിക്കും. നമ്മുടെ കുറ്റം ഇപ്പോള്‍ തന്നെ വളരെ വലുതാണ്; ഇസ്രായേലിനെതിരെ അവിടുത്തെ ഉഗ്രകോപം ജ്വലിക്കും.” പടയാളികള്‍ അപ്പോള്‍ തന്നെ പ്രഭുക്കന്മാരുടെയും ജനസമൂഹം മുഴുവന്‍റെയും മുമ്പില്‍ തടവുകാരോടൊപ്പം കൊള്ളമുതലും ഉപേക്ഷിച്ചുപോയി. പ്രത്യേകം നിയോഗിക്കപ്പെട്ടിരുന്ന ആളുകള്‍ മുമ്പോട്ടു വന്നു തടവുകാരെ ഏറ്റെടുത്തു. അവരില്‍ നഗ്നരായവരെ കൊള്ളമുതലില്‍ നിന്നെടുത്ത വസ്ത്രങ്ങളും ചെരുപ്പും ധരിപ്പിച്ച് അവര്‍ക്ക് ഭക്ഷണപാനീയങ്ങളും നല്‌കി; മുറിവുകളില്‍ എണ്ണ പുരട്ടി; അവശരായവരെ കഴുതപ്പുറത്തു കയറ്റി, അങ്ങനെ അവരെയെല്ലാം ഈന്തപ്പനകളുടെ നഗരമായ യെരീഹോവില്‍ അവരുടെ ചാര്‍ച്ചക്കാരുടെ അടുക്കല്‍ കൊണ്ടുചെന്നാക്കിയ ശേഷം അവര്‍ ശമര്യയിലേക്കു മടങ്ങി. [16,17] എദോമ്യര്‍ വീണ്ടും വന്നു യെഹൂദ്യരെ തോല്പിക്കുകയും അനേകം ആളുകളെ തടവുകാരായി പിടിച്ചു കൊണ്ടുപോകുകയും ചെയ്തപ്പോള്‍ ആഹാസ്‍രാജാവ് അസ്സീറിയാരാജാവിന്‍റെ സഹായം അപേക്ഷിച്ചു. *** താഴ്വരയിലും യെഹൂദ്യയുടെ തെക്കുമുള്ള പട്ടണങ്ങള്‍ ഫെലിസ്ത്യര്‍ ആക്രമിച്ചു; അവര്‍ ബേത്ത്-ശേമെശ്, അയ്യാലോന്‍, ഗെദേരൊത്ത് എന്നീ പട്ടണങ്ങളും സോഖോ, തിമ്നാ, ഗിംസോ എന്നീ പട്ടണങ്ങളും അവയോടു ചേര്‍ന്ന ഗ്രാമങ്ങളും കൈവശപ്പെടുത്തി അവിടെ പാര്‍ത്തു. ആഹാസ്‍രാജാവ് ദുര്‍വൃത്തനായി ജീവിക്കുകയും സര്‍വേശ്വരനോട് അവിശ്വസ്തനായി വര്‍ത്തിക്കുകയും ചെയ്തതുകൊണ്ട് അദ്ദേഹം നിമിത്തം യെഹൂദ്യയുടെമേല്‍ അവിടുന്നു അനര്‍ഥം വരുത്തി. അസ്സീറിയാരാജാവായ തിഗ്ലത്ത്-പില്‍നേസെര്‍ അദ്ദേഹത്തെ സഹായിക്കുന്നതിനു പകരം ദ്രോഹിക്കുകയാണ് ചെയ്തത്. ആഹാസ് സര്‍വേശ്വരന്‍റെ ആലയത്തിലും രാജകൊട്ടാരത്തിലും പ്രഭുക്കന്മാരുടെ ഭവനങ്ങളിലും ഉണ്ടായിരുന്ന ധനം കവര്‍ന്നെടുത്ത് അസ്സീറിയാരാജാവിനു കപ്പം കൊടുത്തിട്ടും അദ്ദേഹത്തിനു പ്രയോജനം ഉണ്ടായില്ല. കൊടിയ ദുരിതം ഉണ്ടായപ്പോള്‍ ആഹാസ് സര്‍വേശ്വരനോടു കൂടുതല്‍ അവിശ്വസ്തത കാട്ടി. “സിറിയാരാജാക്കന്മാരുടെ ദേവന്മാര്‍ അവരെ സഹായിച്ചു; അവര്‍ എന്നെയും സഹായിക്കാന്‍വേണ്ടി ഞാന്‍ ബലിയര്‍പ്പിക്കും” എന്നു പറഞ്ഞു തന്നെ പരാജയപ്പെടുത്തിയ ദമാസ്ക്കസിലെ ദേവന്മാര്‍ക്ക് ആഹാസ് ബലിയര്‍പ്പിച്ചു. ഇത് ആഹാസിന്‍റെയും ഇസ്രായേല്‍ മുഴുവന്‍റെയും നാശത്തിനു കാരണമായി. അദ്ദേഹം ദേവാലയത്തിലെ പാത്രങ്ങളെല്ലാം തല്ലിയുടച്ചു. സര്‍വേശ്വരമന്ദിരത്തിന്‍റെ വാതില്‍ അദ്ദേഹം അടച്ചിട്ടു. യെരൂശലേമിന്‍റെ ഓരോ മുക്കിനും മൂലയിലും ബലിപീഠങ്ങളുണ്ടാക്കി. അന്യദേവന്മാര്‍ക്കു ധൂപം അര്‍പ്പിക്കുന്നതിനു യെഹൂദ്യയിലെ സകല പട്ടണങ്ങളിലും പൂജാഗിരികള്‍ നിര്‍മ്മിച്ചു; അങ്ങനെ തന്‍റെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനെ പ്രകോപിപ്പിച്ചു. അദ്ദേഹത്തിന്‍റെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും ജീവിതരീതികളും ആദ്യന്തം യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആഹാസ് മരിച്ചു തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു. അദ്ദേഹത്തെ യെരൂശലേമില്‍ സംസ്കരിച്ചു. എന്നാല്‍ ഇസ്രായേല്‍രാജാക്കന്മാരുടെ കല്ലറയില്‍ ആയിരുന്നില്ല. അദ്ദേഹത്തിന്‍റെ പുത്രന്‍ ഹിസ്കീയാ പകരം രാജാവായി. ഇരുപത്തഞ്ചാം വയസ്സില്‍ ഹിസ്കീയാ വാഴ്ച ആരംഭിച്ചു. അദ്ദേഹം യെരൂശലേമില്‍ ഇരുപത്തൊമ്പതു വര്‍ഷം ഭരിച്ചു. സെഖര്യായുടെ പുത്രി അബീയാ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്. പിതാവായ ദാവീദിനെപ്പോലെ സര്‍വേശ്വരനു ഹിതകരമാംവിധം അദ്ദേഹം ജീവിച്ചു. തന്‍റെ വാഴ്ചയുടെ ഒന്നാം വര്‍ഷം ഒന്നാം മാസം അദ്ദേഹം സര്‍വേശ്വരമന്ദിരത്തിന്‍റെ വാതിലുകള്‍ തുറക്കുകയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്തു. അദ്ദേഹം പുരോഹിതന്മാരെയും ലേവ്യരെയും ദേവാലയത്തിന്‍റെ കിഴക്കെ അങ്കണത്തില്‍ വിളിച്ചുകൂട്ടി; അവരോടു പറഞ്ഞു: “ലേവ്യരേ, എന്‍റെ വാക്കു ശ്രദ്ധിക്കുക; നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന്‍റെ ആലയവും ശുദ്ധീകരിക്കണം. വിശുദ്ധമന്ദിരത്തിലെ മാലിന്യങ്ങള്‍ നീക്കിക്കളയുകയും വേണം. നമ്മുടെ പിതാക്കന്മാര്‍ സര്‍വേശ്വരനോട് അവിശ്വസ്തരായി വര്‍ത്തിച്ചു; നമ്മുടെ ദൈവമായ സര്‍വേശ്വരനു ഹിതകരമല്ലാത്ത തിന്മപ്രവൃത്തികള്‍ ചെയ്യുകയും അവിടുത്തെ ഉപേക്ഷിക്കുകയും ചെയ്തു. അവര്‍ സര്‍വേശ്വരന്‍റെ ആലയത്തില്‍നിന്നും മുഖം തിരിക്കുകയും അതിനു പുറം കാട്ടുകയും ചെയ്തിരിക്കുന്നു. അവര്‍ ദേവാലയത്തിന്‍റെ പൂമുഖവാതിലുകള്‍ അടച്ചു വിളക്കുകള്‍ കെടുത്തി; വിശുദ്ധമന്ദിരത്തില്‍ ഇസ്രായേലിന്‍റെ ദൈവത്തിനു ധൂപമോ, ഹോമയാഗമോ അര്‍പ്പിക്കാതെയും ആയി. അതുകൊണ്ട് അവിടുത്തെ കോപം യെഹൂദ്യയുടെയും യെരൂശലേമിന്‍റെയും നേരെ ജ്വലിച്ചു; നിങ്ങളുടെ സ്വന്തം കണ്ണുകള്‍കൊണ്ടു കാണുന്നതുപോലെ അവിടുന്ന് അവരെ ഭീതിക്കും അമ്പരപ്പിനും പരിഹാസത്തിനും പാത്രമാക്കിയിരിക്കുന്നു. നമ്മുടെ പിതാക്കന്മാര്‍ വാളിന് ഇരയായി; നമ്മുടെ പുത്രീപുത്രന്മാരും ഭാര്യമാരും പ്രവാസികളുമായി. അവിടുത്തെ ഉഗ്രകോപം നമ്മില്‍നിന്നു മാറുന്നതിന് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനോട് ഉടമ്പടി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്‍റെ മക്കളേ, നിങ്ങള്‍ ഇനി ഉപേക്ഷ കാണിക്കരുത്; അവിടുത്തെ സന്നിധിയില്‍ നില്‌ക്കാനും ശുശ്രൂഷ ചെയ്യാനും അവിടുത്തേക്കു ധൂപം അര്‍പ്പിക്കാനും സര്‍വേശ്വരന്‍ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണല്ലോ?” അപ്പോള്‍ കെഹാത്യരില്‍ അമാസായിയുടെ പുത്രന്‍ മഹത്തും അസര്യായുടെ പുത്രന്‍ യോവേലും മെരാര്യരില്‍ അബ്ദിയുടെ പുത്രന്‍ കീശും യെഹല്ലെലേലിന്‍റെ പുത്രന്‍ അസര്യായും ഗേര്‍ശോന്യരില്‍ സിമ്മയുടെ പുത്രന്‍ യോവാഹും യോവാഹിന്‍റെ പുത്രന്‍ ഏദെനും എലീസാഫാന്യരില്‍ സിമ്രിയും യെയൂവേലും ആസാഫ്യരില്‍ സെഖര്യായും മഥന്യായും ഹേമാന്യരില്‍ യെഹൂവേലും ശിമെയിയും യെദുഥൂന്യരില്‍ ശിമയ്യായും ഉസ്സീയേലും മുമ്പോട്ടു വന്നു. അവര്‍ എല്ലാവരും ലേവ്യരായിരുന്നു. അവര്‍ തങ്ങളുടെ സഹോദരന്മാരെയെല്ലാം വിളിച്ചുകൂട്ടി തങ്ങളെത്തന്നെ ശുദ്ധീകരിച്ചു. സര്‍വേശ്വരന്‍ അരുളിച്ചെയ്ത പ്രകാരവും രാജാവ് കല്പിച്ചതുപോലെയും സര്‍വേശ്വരമന്ദിരം വെടിപ്പാക്കാന്‍ അവര്‍ ഉള്ളില്‍ കടന്നു. സര്‍വേശ്വരമന്ദിരത്തിന്‍റെ ഉള്‍ഭാഗം വെടിപ്പാക്കാന്‍ പുരോഹിതന്മാരും അകത്തു പ്രവേശിച്ചു. അവര്‍ സര്‍വേശ്വരന്‍റെ ആലയത്തില്‍ കണ്ട മാലിന്യങ്ങളെല്ലാം പുറത്ത് ദേവാലയാങ്കണത്തില്‍ കൊണ്ടുവന്നു. ലേവ്യര്‍ അവ വാങ്ങി കിദ്രോന്‍ അരുവിയിലേക്കു കൊണ്ടുപോയി. ഒന്നാം മാസം ഒന്നാം ദിവസം അവര്‍ ശുദ്ധീകരണം ആരംഭിച്ച് എട്ടാം ദിവസം ദേവാലയ പൂമുഖത്തെത്തി. തുടര്‍ന്ന് എട്ടു ദിവസം കൊണ്ടു സര്‍വേശ്വരന്‍റെ ആലയം ശുദ്ധീകരിച്ചു; ഒന്നാം മാസം പതിനാറാം ദിവസം അവര്‍ ശുദ്ധീകരണം പൂര്‍ത്തിയാക്കി. അവര്‍ ഹിസ്കീയാരാജാവിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞു: “ഞങ്ങള്‍ സര്‍വേശ്വരന്‍റെ ആലയം മുഴുവനും ഹോമപീഠവും അതിന്‍റെ ഉപകരണങ്ങളും കാഴ്ചയപ്പത്തിന്‍റെ മേശയും അതിന്‍റെ ഉപകരണങ്ങളുമെല്ലാം ശുദ്ധീകരിച്ചു. ആഹാസ്‍രാജാവ് ദൈവത്തോട് അവിശ്വസ്തനായി ഭരണം നടത്തിയ കാലത്ത് അവഗണിച്ചിരുന്ന ഉപകരണങ്ങളെല്ലാം കേടുപാടുകള്‍ തീര്‍ത്തു ഞങ്ങള്‍ ശുദ്ധീകരിച്ചിരിക്കുന്നു; അവ സര്‍വേശ്വരന്‍റെ യാഗപീഠത്തിനു മുമ്പില്‍ വച്ചിട്ടുണ്ട്. ഹിസ്കീയാരാജാവ് അതിരാവിലെ എഴുന്നേറ്റ് നഗരത്തിലെ പ്രഭുക്കന്മാരെയും കൂട്ടി സര്‍വേശ്വരമന്ദിരത്തില്‍ ചെന്നു. അവര്‍ രാജകുടുംബത്തിനും വിശുദ്ധമന്ദിരത്തിനും യെഹൂദായ്‍ക്കുംവേണ്ടി പാപപരിഹാരയാഗമായി അര്‍പ്പിക്കുന്നതിന് ഏഴു കാളകളെയും ഏഴു മുട്ടാടുകളെയും ഏഴു ചെമ്മരിയാടുകളെയും ഏഴ് ആണ്‍കോലാടുകളെയും കൊണ്ടുവന്നു. അവയെ സര്‍വേശ്വരന്‍റെ യാഗപീഠത്തില്‍ അര്‍പ്പിക്കാന്‍ രാജാവ് അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാരോടു കല്പിച്ചു. അവര്‍ കാളകളെ കൊന്നു; പുരോഹിതന്മാര്‍ രക്തം എടുത്തു യാഗപീഠത്തിന്മേല്‍ തളിച്ചു; മുട്ടാടുകളെ കൊന്ന് അവയുടെ രക്തവും ചെമ്മരിയാടുകളെ കൊന്ന് അവയുടെ രക്തവും യാഗപീഠത്തിന്മേല്‍ തളിച്ചു. പിന്നീട് പാപപരിഹാരയാഗത്തിനുള്ള ആണ്‍കോലാടുകളെ രാജാവിന്‍റെയും സഭയുടെയും മുമ്പില്‍ കൊണ്ടുവന്നു; അവര്‍ അവയുടെമേല്‍ കൈകള്‍ വച്ചു. പുരോഹിതന്മാര്‍ അവയെ കൊന്നു സര്‍വ ഇസ്രായേലിനുംവേണ്ടി പ്രായശ്ചിത്തം ചെയ്യാന്‍ അവയുടെ രക്തം യാഗപീഠത്തിന്മേല്‍ പാപപരിഹാരയാഗമായി അര്‍പ്പിച്ചു. ഇസ്രായേല്‍ മുഴുവനുംവേണ്ടി ഹോമയാഗവും പാപപരിഹാരയാഗവും അര്‍പ്പിക്കണമെന്നു രാജാവ് കല്പിച്ചിരുന്നു. ദാവീദുരാജാവും രാജാവിന്‍റെ പ്രവാചകന്മാരായ ഗാദും നാഥാനും നിര്‍ദ്ദേശിച്ചിട്ടുള്ളതുപോലെ ലേവ്യരെ ഇലത്താളം, വീണ, കിന്നരം എന്നിവയുമായി സര്‍വേശ്വരന്‍റെ ആലയത്തില്‍ നിര്‍ത്തി. അങ്ങനെ ചെയ്യാന്‍ പ്രവാചകരിലൂടെ സര്‍വേശ്വരന്‍ കല്പിച്ചിരുന്നു. ദാവീദിന്‍റെ വാദ്യോപകരണങ്ങളുമായി ലേവ്യരും കാഹളങ്ങളുമായി പുരോഹിതന്മാരും നിലയുറപ്പിച്ചു. അപ്പോള്‍ യാഗപീഠത്തില്‍ ഹോമയാഗം അര്‍പ്പിക്കാന്‍ ഹിസ്കീയാ കല്പിച്ചു. യാഗം ആരംഭിച്ചതോടെ അവര്‍ കാഹളങ്ങളോടും ദാവീദിന്‍റെ വാദ്യോപകരണങ്ങളോടുംകൂടി സര്‍വേശ്വരനു ഗാനം ആലപിക്കാന്‍ തുടങ്ങി. സഭ മുഴുവന്‍ ആരാധനയില്‍ പങ്കുചേര്‍ന്നു. ഗായകര്‍ ഗാനം ആലപിച്ചു; കാഹളം ഊതുന്നവര്‍ അതു മുഴക്കി. ഹോമയാഗം അവസാനിക്കുംവരെ അതു തുടര്‍ന്നുകൊണ്ടിരുന്നു. യാഗം അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ രാജാവും കൂടെ ഉണ്ടായിരുന്നവരും കുമ്പിട്ടു വണങ്ങി. പിന്നീട് ദാവീദിന്‍റെയും ആസാഫ് ദീര്‍ഘദര്‍ശിയുടെയും വാക്കുകളില്‍ സര്‍വേശ്വരനു സ്തോത്രം അര്‍പ്പിക്കാന്‍ ഹിസ്കീയാരാജാവും പ്രഭുക്കന്മാരും ലേവ്യരോടു കല്പിച്ചു. അവര്‍ സന്തോഷപൂര്‍വം സ്തോത്രം ആലപിച്ചു, സാഷ്ടാംഗം പ്രണമിച്ചു. ഹിസ്കീയാ പറഞ്ഞു: “നിങ്ങള്‍ ഇപ്പോള്‍ നിങ്ങളെത്തന്നെ സര്‍വേശ്വരനു പ്രതിഷ്ഠിച്ചിരിക്കുന്നു. സര്‍വേശ്വരമന്ദിരത്തില്‍ യാഗങ്ങളും സ്തോത്രവഴിപാടുകളും കൊണ്ടുവരിക.” ജനസമൂഹം അവ കൊണ്ടുവന്നു; ചിലര്‍ സ്വമേധയാ ഹോമയാഗത്തിനുള്ള വസ്തുക്കളും കൊണ്ടുവന്നു. ജനസമൂഹം ഹോമയാഗത്തിനായി എഴുപതു കാളകളെയും നൂറു മൂട്ടാടുകളെയും ഇരുനൂറ് ആട്ടിന്‍കുട്ടികളെയും സമര്‍പ്പിച്ചു. ഇവയ്‍ക്കു പുറമേ അറുനൂറു കാളകളെയും മൂവായിരം ആടുകളെയും അവര്‍ അര്‍പ്പിച്ചു. പുരോഹിതന്മാര്‍ കുറവായിരുന്നതിനാല്‍ യാഗമൃഗങ്ങളുടെ തോലുരിച്ചു സജ്ജമാക്കുന്നതിന് ലേവ്യര്‍ അവരെ സഹായിച്ചു. മറ്റു ജോലിയെല്ലാം തീര്‍ത്തു പുരോഹിതന്മാര്‍ തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നതുവരെ അവര്‍ ആ ജോലി തുടര്‍ന്നു. തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നതില്‍ ലേവ്യര്‍ പുരോഹിതന്മാരെക്കാള്‍ അധികം ഉത്സുകരായിരുന്നു. ധാരാളം ഹോമയാഗങ്ങള്‍ക്കു പുറമേ സമാധാനയാഗങ്ങള്‍ക്കുള്ള മേദസ്സും ഹോമയാഗങ്ങള്‍ക്കുള്ള പാനീയബലികളും നിവേദിക്കപ്പെട്ടു. അങ്ങനെ സര്‍വേശ്വരന്‍റെ ആലയത്തിലെ ആരാധന പുനഃസ്ഥാപിച്ചു. ഇവയെല്ലാം ഇത്രവേഗം ചെയ്തുതീര്‍ക്കാന്‍ ദൈവം തന്‍റെ ജനത്തെ സഹായിച്ചതോര്‍ത്ത് ഹിസ്കീയായും ജനസമൂഹവും ആഹ്ലാദിച്ചു. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനു പെസഹ ആചരിക്കാന്‍ യെരൂശലേമില്‍ സര്‍വേശ്വരാലയത്തിലേക്കു വരുന്നതിന് ഇസ്രായേലിലും യെഹൂദ്യയിലുമുള്ള എല്ലാവരുടെയും അടുക്കല്‍ ഹിസ്കീയാ ആളയയ്‍ക്കുകയും എഫ്രയീമിലേക്കും മനശ്ശെയിലേക്കും കത്തുകള്‍ എഴുതുകയും ചെയ്തു. ഒന്നാം മാസത്തിലായിരുന്നു പെസഹ ആചരിക്കേണ്ടിയിരുന്നത്. എന്നാല്‍ ശുദ്ധീകരണം കഴിഞ്ഞ പുരോഹിതന്മാര്‍ വേണ്ടത്ര ഇല്ലാതിരുന്നതുകൊണ്ടും ജനം യെരൂശലേമില്‍ ഒന്നിച്ചുകൂടാതിരുന്നതുകൊണ്ടും യഥാസമയം ആചരിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അതുകൊണ്ടു രണ്ടാം മാസത്തില്‍ പെസഹ ആചരിക്കാന്‍ രാജാവും പ്രഭുക്കന്മാരും യെരൂശലേംനിവാസികളും ആലോചിച്ചു. അത് രാജാവിനും ജനത്തിനും സ്വീകാര്യമായിരുന്നു. ജനം ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനു പെസഹ ആചരിക്കാന്‍ യെരൂശലേമില്‍ വന്നുകൂടുന്നതിനു ബേര്‍-ശേബമുതല്‍ ദാന്‍വരെ ഇസ്രായേലിലെല്ലാം വിളംബരം ചെയ്യണമെന്ന് അവര്‍ കല്പന നല്‌കി. അതുവരെ വിധിപ്രകാരം അധികം പേര്‍ പെസഹ ആചരിച്ചിരുന്നില്ല. രാജാവും പ്രഭുക്കന്മാരും ചേര്‍ന്നു തയ്യാറാക്കിയ കത്തുകളുമായി സന്ദേശവാഹകര്‍ ഇസ്രായേലിലും യെഹൂദ്യയിലും സഞ്ചരിച്ചു. രാജാവ് ഇപ്രകാരം കല്പിച്ചിരുന്നു: “ഇസ്രായേല്‍ജനമേ, അസ്സീറിയാരാജാക്കന്മാരുടെ കൈയില്‍നിന്നു രക്ഷപെട്ട നിങ്ങള്‍ അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും ഇസ്രായേലിന്‍റെയും ദൈവമായ സര്‍വേശ്വരനിലേക്കു തിരിയുക. എന്നാല്‍ അവിടുത്തെ കൃപാകടാക്ഷം നിങ്ങള്‍ക്കുണ്ടാകും. നിങ്ങളുടെ പിതാക്കന്മാരെയും സഹോദരരെയുംപോലെ നിങ്ങള്‍ ആകരുത്; അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനോട് അവിശ്വസ്തരായി; അതുകൊണ്ട് നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ അവിടുന്ന് അവരെ നശിപ്പിച്ചു. നിങ്ങളുടെ പിതാക്കന്മാരെപ്പോലെ നിങ്ങള്‍ ദുശ്ശാഠ്യക്കാര്‍ ആകരുത്. സര്‍വേശ്വരനു നിങ്ങളെത്തന്നെ സമര്‍പ്പിക്കുവിന്‍. അവിടുന്ന് എന്നേക്കുമായി വിശുദ്ധീകരിച്ചിരിക്കുന്ന അവിടുത്തെ വിശുദ്ധമന്ദിരത്തില്‍ വന്ന് നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കുവിന്‍. അങ്ങനെ അവിടുത്തെ ഉഗ്രകോപം നിങ്ങളെ വിട്ടുമാറട്ടെ. നിങ്ങള്‍ സര്‍വേശ്വരനിലേക്കു തിരിയുന്നുവെങ്കില്‍ നിങ്ങളുടെ സഹോദരരും മക്കളും അവരെ തടവുകാരാക്കിക്കൊണ്ടുപോയവരുടെ മുമ്പില്‍ കരുണ കണ്ടെത്തുകയും ഈ ദേശത്തേക്കു മടങ്ങിവരികയും ചെയ്യും. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ കൃപയും കരുണയുമുള്ളവന്‍. നിങ്ങള്‍ അവിടുത്തെ അടുക്കലേക്കു തിരിഞ്ഞാല്‍ നിങ്ങളില്‍നിന്ന് അവിടുന്നു മുഖം തിരിച്ചുകളയുകയില്ല.” ദൂതന്മാര്‍ എഫ്രയീമ്യരുടെയും മനശ്ശ്യെരുടെയും ഗോത്രങ്ങള്‍ക്ക് അവകാശപ്പെട്ട സകല പട്ടണങ്ങളിലും സെബൂലൂന്‍ഗോത്രക്കാരുടെ അടുക്കല്‍വരെയും സഞ്ചരിച്ചു. അവിടെയുള്ള ജനങ്ങളാകട്ടെ അവരെ പുച്ഛിച്ചു പരിഹസിച്ചു. എന്നാല്‍ ആശേര്‍, മനശ്ശെ, സെബൂലൂന്‍ എന്നീ ഗോത്രങ്ങളിലുള്ള ചിലര്‍ തങ്ങളെത്തന്നെ വിനയപ്പെടുത്തി യെരൂശലേമിലേക്കു വന്നു. സര്‍വേശ്വരന്‍റെ അരുളപ്പാടനുസരിച്ച് രാജാവും പ്രഭുക്കന്മാരും നല്‌കിയ കല്പന യെഹൂദ്യയിലെ ജനം ഏകമനസ്സോടെ അനുസരിക്കുന്നതിന് ഇടയാകുംവിധം ദൈവം പ്രവര്‍ത്തിച്ചു. രണ്ടാം മാസത്തില്‍ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവം ആചരിക്കാന്‍ വലിയ ജനസമൂഹം യെരൂശലേമില്‍ വന്നുകൂടി. അവര്‍ യെരൂശലേമിലുണ്ടായിരുന്ന സകല ബലിപീഠങ്ങളും നീക്കിക്കളഞ്ഞു; ധൂപാര്‍പ്പണത്തിനുള്ള പീഠങ്ങളെല്ലാം കിദ്രോന്‍ താഴ്വരയിലേക്ക് എറിഞ്ഞു. രണ്ടാം മാസം പതിന്നാലാം ദിവസം അവര്‍ പെസഹാകുഞ്ഞാടിനെ കൊന്നു; ശുദ്ധീകരണം നടത്താത്ത പുരോഹിതന്മാരും ലേവ്യരും ലജ്ജിതരായി തങ്ങളെത്തന്നെ ശുദ്ധീകരിച്ചു സര്‍വേശ്വരന്‍റെ ആലയത്തില്‍ ഹോമയാഗത്തിനുള്ള വസ്തുക്കള്‍ സജ്ജമാക്കി. അവര്‍ ദൈവപുരുഷനായ മോശയുടെ നിയമമനുസരിച്ചു തങ്ങള്‍ക്കുള്ള നിര്‍ദ്ദിഷ്ടസ്ഥാനങ്ങളില്‍ നിന്നു. പുരോഹിതന്മാര്‍ ലേവ്യരുടെ കൈയില്‍നിന്നു രക്തം വാങ്ങി യാഗപീഠത്തിന്മേല്‍ തളിച്ചു. സ്വയം ശുദ്ധീകരിക്കാത്ത പലരും ആ സമൂഹത്തില്‍ ഉണ്ടായിരുന്നു; അവര്‍ക്കു പെസഹാകുഞ്ഞാടിനെ കൊല്ലുവാന്‍ കഴിയുമായിരുന്നില്ല. അവര്‍ക്ക് ഓരോരുത്തര്‍ക്കുംവേണ്ടി ലേവ്യര്‍ പെസഹാകുഞ്ഞാടിനെ കൊന്നു. ഒരു വലിയ ജനസമൂഹം, വിശേഷിച്ച് എഫ്രയീം, മനശ്ശെ, ഇസ്സാഖാര്‍, സെബൂലൂന്‍ എന്നീ ഗോത്രങ്ങളില്‍ നിന്നുള്ള അനേകം പേര്‍ സ്വയം ശുദ്ധീകരിക്കാതെ വിധിപ്രകാരമല്ലാതെ പെസഹ ഭക്ഷിച്ചു. ഹിസ്കീയാ അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, ദേവാലയത്തിലെ നിയമപ്രകാരം ശുദ്ധീകരണം പ്രാപിച്ചവര്‍ അല്ലെങ്കിലും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനെ പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുന്ന എല്ലാവരോടും നല്ലവനായ അവിടുന്നു ക്ഷമിക്കണമേ.” അവിടുന്നു ഹിസ്കീയായുടെ പ്രാര്‍ഥന കേട്ട് അവരെ ശിക്ഷിച്ചില്ല. യെരൂശലേമില്‍ വന്നുകൂടിയിരുന്ന ഇസ്രായേല്‍ജനം പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവം ഏഴു ദിവസം ആഹ്ലാദപൂര്‍വം ആചരിച്ചു. ലേവ്യരും പുരോഹിതന്മാരും സര്‍വശക്തിയോടുംകൂടെ ദിവസംതോറും സര്‍വേശ്വരനെ പാടി സ്തുതിച്ചു. സര്‍വേശ്വരശുശ്രൂഷയില്‍ ലേവ്യര്‍ പ്രകടിപ്പിച്ച കാര്യക്ഷമതയെ ഹിസ്കീയാ അഭിനന്ദിച്ചു. തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന് സമാധാനയാഗങ്ങളും സ്തോത്രവും അര്‍പ്പിച്ചുകൊണ്ട് ജനം ഏഴു ദിവസം ഉത്സവം ആഘോഷിച്ചു. ഏഴു ദിവസം കൂടി ഉത്സവം ആചരിക്കാന്‍ ജനസമൂഹം നിശ്ചയിച്ചു. അങ്ങനെ വേറെ ഏഴു ദിവസംകൂടി അവര്‍ ആഹ്ലാദപൂര്‍വം ആഘോഷിച്ചു. യെഹൂദാരാജാവായ ഹിസ്കീയാ ആയിരം കാളകളെയും ഏഴായിരം ആടുകളെയും അവര്‍ക്കു നല്‌കി; കൂടാതെ പ്രഭുക്കന്മാര്‍ ആയിരം കാളകളെയും പതിനായിരം ആടുകളെയും അവര്‍ക്കു കൊടുത്തു. അനേകം പുരോഹിതന്മാര്‍ തങ്ങളെത്തന്നെ ശുദ്ധീകരിച്ചു. യെഹൂദ്യയിലെ സമസ്ത ജനങ്ങളും പുരോഹിതന്മാരും ലേവ്യരും ഇസ്രായേലില്‍നിന്നു വന്ന ജനങ്ങളും ഇസ്രായേലിലും യെഹൂദ്യയിലും പാര്‍ക്കുന്നവരായ പരദേശികളും സന്തോഷിച്ചു. യെരൂശലേമില്‍ അത്യധികമായ ആഹ്ലാദമുണ്ടായി. ഇസ്രായേല്‍രാജാവായ ദാവീദിന്‍റെ പുത്രന്‍ ശലോമോന്‍റെ കാലത്തിനുശേഷം അതുപോലൊന്നു യെരൂശലേമില്‍ ഉണ്ടായിട്ടില്ല. പുരോഹിതന്മാരും ലേവ്യരും എഴുന്നേറ്റു ജനത്തെ ആശീര്‍വദിച്ചു. അവരുടെ പ്രാര്‍ഥനയുടെ ശബ്ദം സ്വര്‍ഗത്തില്‍ ദൈവസന്നിധിയിലെത്തി. ഉത്സവം കഴിഞ്ഞപ്പോള്‍ അവിടെ വന്നുകൂടിയിരുന്ന ഇസ്രായേല്‍ജനം യെഹൂദ്യനഗരങ്ങളില്‍ ചെന്ന് ആരാധനാസ്തംഭങ്ങള്‍ തകര്‍ത്തു; അശേരാപ്രതിഷ്ഠകള്‍ വെട്ടിവീഴ്ത്തി; യെഹൂദ്യയിലും ബെന്യാമീനിലും എഫ്രയീമിലും മനശ്ശെയിലുമുണ്ടായിരുന്ന പൂജാഗിരികളും ബലിപീഠങ്ങളും ഇടിച്ചുനിരത്തി. പിന്നീട് ഇസ്രായേല്‍ജനമെല്ലാം തങ്ങളുടെ പട്ടണങ്ങളിലേക്കും ഭവനങ്ങളിലേക്കും മടങ്ങി. ഹിസ്കീയാ പുരോഹിതന്മാരെയും ലേവ്യരെയും അവരുടെ ശുശ്രൂഷയുടെ അടിസ്ഥാനത്തില്‍ ഗണങ്ങളായി തിരിച്ചു. ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിക്കാനും സര്‍വേശ്വരന്‍റെ ആലയത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കവാടങ്ങളില്‍ ശുശ്രൂഷ ചെയ്യാനും സ്തുതിയും സ്തോത്രവും അര്‍പ്പിക്കാനുമായി അവരെ നിയോഗിച്ചു. സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്രത്തില്‍ അനുശാസിക്കുന്നതുപോലെ രാവിലെയും വൈകുന്നേരവും ഹോമയാഗവും ശബത്തിലും അമാവാസിയിലും ഉത്സവങ്ങളിലുമുള്ള ഹോമയാഗങ്ങളും നടത്തുന്നതിനുവേണ്ടി തന്‍റെ സ്വത്തില്‍ ഒരു ഭാഗം രാജാവ് നല്‌കി. പുരോഹിതന്മാരും ലേവ്യരും സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്രപ്രകാരമുള്ള തങ്ങളുടെ കടമകള്‍ നിറവേറ്റാന്‍ ഇടയാകത്തക്കവിധം അവര്‍ക്ക് അവകാശപ്പെട്ട ഓഹരി കൊടുക്കാന്‍ യെരൂശലേംനിവാസികളോടു രാജാവു കല്പിച്ചു. കല്പന പ്രസിദ്ധപ്പെടുത്തിയ ഉടന്‍തന്നെ ഇസ്രായേല്‍ജനം ധാന്യം, വീഞ്ഞ്, എണ്ണ, തേന്‍, മറ്റു വിളവുകള്‍ എന്നിവയുടെ ആദ്യഫലങ്ങളും എല്ലാറ്റിന്‍റെയും ദശാംശവും ധാരാളമായി കൊണ്ടുവന്നു. യെഹൂദാനഗരങ്ങളില്‍ പാര്‍ത്തിരുന്ന ഇസ്രായേല്യരും യെഹൂദ്യരും ആടുമാടുകളുടെ ദശാംശവും തങ്ങളുടെ ദൈവമായ സര്‍വേശ്വരന് നിവേദിക്കപ്പെട്ട വസ്തുക്കളും കൊണ്ടുവന്നു കൂമ്പാരമായി കൂട്ടി. മൂന്നാം മാസംമുതല്‍ ഏഴാം മാസംവരെ അതു തുടര്‍ന്നു. ഹിസ്കീയായും പ്രഭുക്കന്മാരും ഈ കൂമ്പാരങ്ങള്‍ കണ്ടപ്പോള്‍ സര്‍വേശ്വരനെയും അവിടുത്തെ ജനമായ ഇസ്രായേലിനെയും പുകഴ്ത്തി. ഇവയെക്കുറിച്ചു പുരോഹിതന്മാരോടും ലേവ്യരോടും ഹിസ്കീയാ അന്വേഷിച്ചു. സാദോക് വംശജനും മുഖ്യപുരോഹിതനുമായ അസര്യാ രാജാവിനോടു പറഞ്ഞു: “ജനം കാഴ്ചകളര്‍പ്പിക്കാന്‍ തുടങ്ങിയതുമുതല്‍ ഞങ്ങള്‍ തൃപ്തിയാകുവോളം ഭക്ഷിച്ചിട്ടും ധാരാളം മിച്ചം വരുന്നു. സര്‍വേശ്വരന്‍ തന്‍റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് ഇത്ര വലിയ സംഭരണം ഉണ്ടായിരിക്കുന്നു.” മന്ദിരത്തിനോടനുബന്ധിച്ചു സംഭരണമുറികള്‍ ഒരുക്കാന്‍ ഹിസ്കീയാ കല്പിച്ചു; അതനുസരിച്ച് അവ സജ്ജമാക്കപ്പെട്ടു. ജനം സംഭാവനകളും ദശാംശങ്ങളും നിവേദിതവസ്തുക്കളും വിശ്വസ്തതയോടെ കൊണ്ടുവന്നു. അവയുടെ പ്രധാന ചുമതലക്കാരന്‍ ലേവ്യനായ കോനന്യായും രണ്ടാമന്‍ അയാളുടെ സഹോദരനായ ശിമെയിയും ആയിരുന്നു. ഹിസ്കീയാരാജാവിന്‍റെയും ദേവാലയത്തിലെ മുഖ്യ പുരോഹിതനായ അസര്യായുടെയും നിയോഗമനുസരിച്ചു യെഹീയേല്‍, അസസ്യാ, നഹത്ത്, അസാഹേല്‍, യെരീമോത്ത്, യോസാബാദ്, എലീയേല്‍, ഇസ്മഖ്യാ, മഹത്ത്, ബെനായാ എന്നിവര്‍ കോനന്യായുടെയും അയാളുടെ സഹോദരന്‍ ശിമെയിയുടെയും കീഴില്‍ മേല്‍നോട്ടക്കാരായി പ്രവര്‍ത്തിച്ചു. ലേവ്യനായ ഇമ്നായുടെ പുത്രനും കിഴക്കേ കവാടത്തിന്‍റെ കാവല്‌ക്കാരനുമായ കോരേ ദൈവത്തിനുള്ള സ്വമേധാര്‍പ്പണങ്ങളുടെ ചുമതല വഹിച്ചു. സര്‍വേശ്വരനു നിവേദിച്ച വസ്തുക്കളും അതിവിശുദ്ധ കാഴ്ചകളും അയാള്‍ വിഭജിച്ചുകൊടുത്തു. മറ്റു നഗരങ്ങളില്‍ പാര്‍ത്തിരുന്ന പുരോഹിതരായ സഹോദരന്മാര്‍ക്കു വലുപ്പച്ചെറുപ്പം കൂടാതെ ഗണമനുസരിച്ചുള്ള ഓഹരികള്‍ എത്തിച്ചുകൊടുക്കാന്‍ ഏദെന്‍, മിന്യാമീന്‍, യേശുവ, ശെമയ്യാ, അമര്യാ, ശെഖന്യാ എന്നിവര്‍ കോരേയെ സഹായിച്ചുവന്നു. വംശാവലിയില്‍ പേരു ചേര്‍ക്കപ്പെട്ടിട്ടുള്ളവരും മൂന്നു വയസ്സും അതിനുമേല്‍ പ്രായമുള്ളവരുമായ പുരുഷന്മാരില്‍ ദേവാലയത്തില്‍ തങ്ങളുടെ ഉദ്യോഗപ്രകാരമുള്ള ദൈനംദിന ശുശ്രൂഷകള്‍ ചെയ്യുന്നതിനു ഗണങ്ങളായി വേര്‍തിരിച്ചിട്ടുള്ളവരെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പുരോഹിതരെ പിതൃഭവനക്രമമനുസരിച്ചാണ് പട്ടികയില്‍ ചേര്‍ത്തത്. ഇരുപതു വയസ്സും അതിനുമേല്‍ പ്രായമുള്ളവരുമായ ലേവ്യരെ തങ്ങളുടെ ഉദ്യോഗമനുസരിച്ചും ഗണങ്ങളായി തിരിച്ചുമാണു ചേര്‍ത്തത്. പുരോഹിതരുടെ പട്ടികയില്‍ കൊച്ചുകുട്ടികള്‍, ഭാര്യമാര്‍, പുത്രീപുത്രന്മാര്‍ എന്നിവരുടെയും പേരുകള്‍ ചേര്‍ത്തിരുന്നു. തങ്ങളുടെ എല്ലാ പ്രവൃത്തികളിലും വിശുദ്ധി പാലിക്കുന്നതില്‍ അവര്‍ വിശ്വസ്തരായിരുന്നു. നഗരങ്ങളോടു ചേര്‍ന്നുള്ള പൊതുമേച്ചില്‍പ്പുറങ്ങളില്‍ പാര്‍ത്തിരുന്ന അഹരോന്‍റെ പുത്രന്മാരായ എല്ലാ പുരോഹിതന്മാര്‍ക്കും പട്ടികയില്‍ പേരു ചേര്‍ത്തിട്ടുള്ള എല്ലാ ലേവ്യര്‍ക്കും ഓഹരികള്‍ വിതരണം ചെയ്യുന്നതിന് ഓരോ പട്ടണത്തിലും പ്രത്യേകം ആളുകളെ നിയോഗിച്ചിരുന്നു. യെഹൂദ്യയിലെല്ലായിടത്തും ഹിസ്കീയാ ഇപ്രകാരം ചെയ്തു. തന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍ നന്മയും നീതിയും വിശ്വസ്തതയും പുലര്‍ത്തി. അദ്ദേഹം ദൈവത്തിന്‍റെ ആലയത്തിലെ ശുശ്രൂഷ സംബന്ധിച്ചും ധര്‍മശാസ്ത്രവും കല്പനകളും സംബന്ധിച്ചും ഉള്ള എല്ലാ കാര്യങ്ങളും ദൈവഹിതപ്രകാരം പൂര്‍ണഹൃദയത്തോടെ ചെയ്തു. അതുകൊണ്ട് അദ്ദേഹത്തിന് ഐശ്വര്യം ഉണ്ടായി. ഹിസ്കീയായുടെ വിശ്വസ്തതാപൂര്‍ണമായ ഈ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം അസ്സീറിയാരാജാവായ സെന്‍ഹേരീബ് യെഹൂദ്യ ആക്രമിച്ച് കോട്ട കെട്ടി ഉറപ്പിച്ച പട്ടണങ്ങള്‍ പിടിച്ചെടുക്കാമെന്ന ഉദ്ദേശ്യത്തോടുകൂടി അവയ്‍ക്കെതിരെ പാളയമടിച്ചു. സെന്‍ഹേരീബ് യെരൂശലേം ആക്രമിക്കാന്‍ പോകുന്നു എന്നു മനസ്സിലാക്കിയപ്പോള്‍ ഹിസ്കീയാ യെരൂശലേമില്‍നിന്നു പുറത്തേക്കൊഴുകുന്ന നീര്‍ച്ചാലുകളിലെ വെള്ളം തടയാന്‍ തന്‍റെ ഉദ്യോഗസ്ഥന്മാരോടും പ്രഭുക്കന്മാരോടും ചേര്‍ന്നു തീരുമാനിച്ചു. അവര്‍ അദ്ദേഹത്തെ സഹായിച്ചു. അനേകം പേര്‍ ഒരുമിച്ചുകൂടി നീര്‍ച്ചാലുകളെല്ലാം തടഞ്ഞു. ദേശത്തിന്‍റെ നടുവില്‍ കൂടി ഒഴുകിയ തോട്ടിലെ വെള്ളവും അവര്‍ തടഞ്ഞുകൊണ്ടു പറഞ്ഞു: “അസ്സീറിയാരാജാവിന് നാം വെള്ളം നല്‌കരുത്.” രാജാവ് നിശ്ചയദാര്‍ഢ്യത്തോടുകൂടി പ്രവര്‍ത്തിച്ച് ഇടിഞ്ഞുപോയ മതിലുകളെല്ലാം പുതുക്കിപ്പണിത് അവയുടെ പുറത്ത് ഗോപുരങ്ങളും നിര്‍മ്മിച്ചു. ചുറ്റും ഒരു കോട്ട കൂടി പണിതു. ദാവീദിന്‍റെ നഗരത്തിലെ ആയുധങ്ങളും മറ്റും സൂക്ഷിക്കുന്ന മില്ലോയും ബലപ്പെടുത്തി, ധാരാളം കുന്തങ്ങളും പരിചകളും നിര്‍മ്മിച്ചു. അദ്ദേഹം ജനങ്ങള്‍ക്ക് സേനാനായകന്മാരെ നിയമിച്ചു; നഗരവാതില്‌ക്കലുള്ള അങ്കണത്തില്‍ അവരെയെല്ലാം വിളിച്ചുകൂട്ടി അവരെ ധൈര്യപ്പെടുത്തിക്കൊണ്ടു പറഞ്ഞു: “ഉറപ്പും ധൈര്യവുമുള്ളവരായിരിക്കുവിന്‍; അസ്സീറിയാരാജാവിനെയും കൂടെയുള്ള സൈന്യത്തെയും കണ്ടു ഭയപ്പെടരുത്. പരിഭ്രമിക്കയുമരുത്; അയാളുടെ കൂടെയുള്ളവരെക്കാള്‍ ശക്തനായ ഒരാള്‍ നമ്മുടെ കൂടെയുണ്ട്. മനുഷ്യരുടെ ഭുജബലമാണ് അയാള്‍ക്കുള്ളത്. എന്നാല്‍ നമ്മോടുകൂടെയുള്ളതു നമ്മുടെ ദൈവമായ സര്‍വേശ്വരനാണ്. അവിടുന്നു നമ്മെ സഹായിക്കുകയും നമുക്കുവേണ്ടി യുദ്ധം ചെയ്യുകയും ചെയ്യും.” ജനം ഹിസ്കീയാരാജാവിന്‍റെ വാക്കുകള്‍ കേട്ട് ധൈര്യം പൂണ്ടു. തന്‍റെ സകല സൈന്യങ്ങളുമായി ലാഖീശ് പട്ടണം നിരോധിച്ചിരുന്ന അസ്സീറിയാരാജാവായ സെന്‍ഹേരീബ് യെഹൂദാരാജാവായ ഹിസ്കീയായുടെയും യെരൂശലേമിലെ സകല യെഹൂദ്യരുടെയും അടുക്കല്‍ ദൂതന്മാരെ അയച്ചു പറഞ്ഞു: “അസ്സീറിയാരാജാവായ സെന്‍ഹേരീബ് ഇപ്രകാരം പറയുന്നു. നിങ്ങള്‍ എന്തില്‍ ആശ്രയിച്ചുകൊണ്ടാണ് യെരൂശലേമില്‍ പ്രതിരോധം ഏര്‍പ്പെടുത്തുന്നത്? നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ നമ്മെ അസ്സീറിയാരാജാവിന്‍റെ കൈയില്‍നിന്നു വിടുവിക്കും എന്നു പറഞ്ഞ് ഹിസ്കീയാ നിങ്ങളെ വഴിതെറ്റിക്കുകയല്ലേ? വിശപ്പും ദാഹവും നിമിത്തം മരിക്കുകയല്ലേ അതിന്‍റെ പരിണതഫലം. രാജ്യത്തിന്‍റെ നാനാഭാഗങ്ങളിലുമുള്ള പൂജാഗിരികളും യാഗപീഠങ്ങളും നീക്കിയശേഷം യെഹൂദായോടും യെരൂശലേമിനോടും ഒരേ യാഗപീഠത്തിനു മുമ്പില്‍ ആരാധിക്കുകയും യാഗവസ്തുക്കള്‍ ഹോമിക്കുകയും ചെയ്യണമെന്നു കല്പിച്ചത് ഈ ഹിസ്കീയാ തന്നെയല്ലേ? ഞാനും എന്‍റെ പിതാക്കന്മാരും മറ്റു ദേശങ്ങളിലെ ജനതകളോടും എന്താണു ചെയ്തതെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. അവരുടെ ദേവന്മാരില്‍ ആര്‍ക്കെങ്കിലും അവരുടെ ദേശം എന്‍റെ കൈയില്‍നിന്നു രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? എന്‍റെ പിതാക്കന്മാര്‍ നിശ്ശേഷം നശിപ്പിച്ച ജനതയെ അവരുടെ ദേവന്മാരില്‍ ഒരുവനും എന്‍റെ കൈയില്‍നിന്നു രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ. പിന്നെ നിങ്ങളുടെ ദൈവത്തിനു നിങ്ങളെ എന്‍റെ കൈയില്‍നിന്നു വിടുവിക്കാന്‍ കഴിയുമോ? അതുകൊണ്ട് ഹിസ്കീയാ നിങ്ങളെ ചതിക്കയോ, വഴിതെറ്റിക്കയോ ചെയ്യാന്‍ ഇടയാകരുത്; അയാളെ നിങ്ങള്‍ വിശ്വസിക്കരുത്; ഒരു ജനതയുടെയോ രാജ്യത്തിന്‍റെയോ ദേവനും തന്‍റെ ജനത്തെ എന്‍റെയോ എന്‍റെ പിതാക്കന്മാരുടെയോ കൈയില്‍നിന്നു രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ നിങ്ങളുടെ ദൈവം എന്‍റെ കൈയില്‍ നിന്നു നിങ്ങളെ എങ്ങനെ രക്ഷിക്കും?” അയാളുടെ ദൂതന്മാര്‍ സര്‍വേശ്വരനായ ദൈവത്തിനും അവിടുത്തെ ദാസനായ ഹിസ്കീയായ്‍ക്കും എതിരെ പിന്നെയും നിന്ദനങ്ങള്‍ ചൊരിഞ്ഞു. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനെ നിന്ദിച്ചുകൊണ്ട് അസ്സീറിയാരാജാവ് ഇപ്രകാരം കത്തുകള്‍ എഴുതി: “ഇതര ദേശങ്ങളിലെ ദേവന്മാര്‍ക്ക് തങ്ങളുടെ ജനങ്ങളെ എന്‍റെ കൈയില്‍നിന്നു രക്ഷിക്കാന്‍ കഴിയാഞ്ഞതുപോലെ ഹിസ്കീയായുടെ ദൈവത്തിനും തന്‍റെ ജനത്തെ എന്‍റെ കൈയില്‍നിന്നു രക്ഷിക്കാന്‍ കഴികയില്ല.” കോട്ടയുടെ മുകളില്‍ ഉണ്ടായിരുന്ന യെരൂശലേംനിവാസികളെ ഭീതിപ്പെടുത്തി പട്ടണം പിടിച്ചെടുക്കുന്നതിനുവേണ്ടി അത് അവര്‍ ഉച്ചത്തില്‍ എബ്രായഭാഷയില്‍ വിളിച്ചു പറഞ്ഞു. മനുഷ്യസൃഷ്‍ടികളായ ദേവന്മാരെക്കുറിച്ച് എന്നപോലെയായിരുന്നു യെരൂശലേമിലെ ദൈവത്തെക്കുറിച്ചും അവര്‍ സംസാരിച്ചത്. അതുകൊണ്ട് ഹിസ്കീയാരാജാവും ആമോസിന്‍റെ പുത്രനായ യെശയ്യാപ്രവാചകനും ദൈവത്തോട് ഉച്ചത്തില്‍ പ്രാര്‍ഥിച്ചു. അപ്പോള്‍ സര്‍വേശ്വരന്‍ അയച്ച ഒരു ദൂതന്‍ അസ്സീറിയാരാജാവിന്‍റെ പാളയത്തിലെ സകല യുദ്ധവീരന്മാരെയും സൈന്യാധിപന്മാരെയും ഉദ്യോഗസ്ഥന്മാരെയും സംഹരിച്ചു. സെന്‍ഹേരീബ് ലജ്ജിതനായി സ്വദേശത്തേക്കു മടങ്ങി. തന്‍റെ ദേവാലയത്തില്‍ ചെന്നപ്പോള്‍ തന്‍റെ പുത്രന്മാരില്‍ ചിലര്‍ അയാളെ വാളിന് ഇരയാക്കി. അങ്ങനെ സര്‍വേശ്വരന്‍ ഹിസ്കീയായെയും യെരൂശലേംനിവാസികളെയും അസ്സീറിയാരാജാവായ സെന്‍ഹേരീബിന്‍റെ കൈയില്‍നിന്നും മറ്റു ശത്രുക്കളില്‍നിന്നും രക്ഷിച്ച് അവരുടെ അതിര്‍ത്തികളില്‍ സ്വസ്ഥത കൈവരുത്തി. അനവധി ആളുകള്‍ യെരൂശലേമില്‍ സര്‍വേശ്വരനു കാഴ്ചകള്‍ കൊണ്ടുവന്നു; യെഹൂദാരാജാവായ ഹിസ്കീയായ്‍ക്കും അനേകം വിശിഷ്ട വസ്തുക്കള്‍ സമ്മാനിച്ചു. അന്നു മുതല്‍ അദ്ദേഹം സകല ജനതകളുടെയും ദൃഷ്‍ടിയില്‍ ബഹുമാനിതനായിത്തീര്‍ന്നു. ഹിസ്കീയാ രോഗബാധിതനായി; മരണത്തോടടുത്തു. അദ്ദേഹം സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു. അവിടുന്നു പ്രാര്‍ഥന കേട്ട് ഒരു അടയാളം നല്‌കി. എന്നാല്‍ ഹിസ്കീയാ തനിക്കു ലഭിച്ച ഉപകാരത്തിനു നന്ദിയുള്ളവനാകാതെ അഹങ്കരിച്ചു. അതുകൊണ്ട് അദ്ദേഹത്തിന്‍റെയും യെഹൂദായുടെയും യെരൂശലേമിന്‍റെയുംമേല്‍ ദൈവകോപമുണ്ടായി. എന്നാല്‍ തന്‍റെ അഹങ്കാരത്തെക്കുറിച്ച് ഹിസ്കീയായും അദ്ദേഹത്തോടൊപ്പം യെരൂശലേം നിവാസികളും അനുതപിച്ചു. അതിനാല്‍ ഹിസ്കീയായുടെ കാലത്തു സര്‍വേശ്വരകോപം അവരുടെമേല്‍ ഉണ്ടായില്ല. ഹിസ്കീയായ്‍ക്കു ധാരാളം സമ്പത്തും കീര്‍ത്തിയും ഉണ്ടായിരുന്നു. വെള്ളി, സ്വര്‍ണം, രത്നം, സുഗന്ധവര്‍ഗം, പരിച, വിലപിടിപ്പുള്ള വിവിധതരം പാത്രങ്ങള്‍ എന്നിവ സൂക്ഷിക്കാന്‍ ഭണ്ഡാരഗൃഹങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഇവ കൂടാതെ ധാന്യം, വീഞ്ഞ്, എണ്ണ എന്നിവ സംഭരിക്കാനുള്ള ശാലകളും കന്നുകാലികള്‍, ആട്ടിന്‍പറ്റങ്ങള്‍ എന്നിവയ്‍ക്ക് തൊഴുത്തുകളും ഉണ്ടായിരുന്നു. വളരെയധികം സമ്പത്ത് ദൈവം നല്‌കിയിരുന്നതുകൊണ്ട് അദ്ദേഹം തനിക്കുവേണ്ടി പട്ടണങ്ങള്‍ പണിയുകയും ധാരാളം ആടുമാടുകളെ സമ്പാദിക്കുകയും ചെയ്തു. ഗീഹോന്‍ നീരൊഴുക്കിന്‍റെ മുകളിലത്തെ കൈവഴി തടഞ്ഞ് വെള്ളം ദാവീദിന്‍റെ നഗരത്തിന്‍റെ പടിഞ്ഞാറു ഭാഗത്തേക്കു തിരിച്ചുവിട്ടത് ഹിസ്കീയാ ആയിരുന്നു. തന്‍റെ പ്രവര്‍ത്തനങ്ങളിലെല്ലാം അദ്ദേഹം വിജയം കൈവരിച്ചു. ദേശത്തുണ്ടായ അടയാളത്തെപ്പറ്റി ചോദിച്ചറിയാന്‍ ബാബിലോണ്‍ പ്രഭുക്കന്മാര്‍ അയച്ച ദാസന്മാരുടെ കാര്യത്തില്‍ സ്വന്തം ഹിതംപോലെ പ്രവര്‍ത്തിക്കാന്‍ ദൈവം അനുവദിച്ചത് അദ്ദേഹത്തിന്‍റെ മനോഗതം അറിയുന്നതിനും അദ്ദേഹത്തെ പരീക്ഷിക്കുന്നതിനുംവേണ്ടി ആയിരുന്നു. ഹിസ്കീയായുടെ മറ്റു പ്രവര്‍ത്തനങ്ങളും അദ്ദേഹം ദൈവത്തോടു കാട്ടിയ വിശ്വസ്തതയും ആമോസിന്‍റെ പുത്രനായ യെശയ്യാപ്രവാചകന്‍റെ ദര്‍ശനത്തിലും യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഹിസ്കീയാ മരിച്ചു പിതാക്കന്മാരോടു ചേര്‍ന്നു. ദാവീദ് വംശജരായ രാജാക്കന്മാരുടെ കല്ലറകളുടെ മേല്‍നിരയില്‍ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്‍റെ മരണസമയത്തു യെഹൂദ്യയിലും യെരൂശലേമിലും ഉള്ള സകല ജനങ്ങളും അന്ത്യോപചാരം അര്‍പ്പിച്ചു. പുത്രന്‍ മനശ്ശെ പിന്നീടു രാജാവായി. മനശ്ശെ പന്ത്രണ്ടാമത്തെ വയസ്സില്‍ ഭരണമേറ്റെടുത്തു. അമ്പത്തഞ്ചു വര്‍ഷം യെരൂശലേമില്‍ അദ്ദേഹം രാജ്യഭരണം നടത്തി. ഇസ്രായേല്‍ജനത്തിന്‍റെ മുമ്പില്‍നിന്നു സര്‍വേശ്വരന്‍ നീക്കിക്കളഞ്ഞ ജനതകളുടെ നിന്ദ്യമായ ആചാരങ്ങള്‍ അനുഷ്ഠിച്ച് അദ്ദേഹം ദൈവസന്നിധിയില്‍ തിന്മ ചെയ്തു. തന്‍റെ പിതാവ് ഹിസ്കീയാ ഇടിച്ചുകളഞ്ഞ പൂജാഗിരികള്‍ അദ്ദേഹം വീണ്ടും പണിതു; ബാല്‍ വിഗ്രഹങ്ങള്‍ക്കുവേണ്ടി ബലിപീഠങ്ങള്‍ നിര്‍മ്മിച്ചു. അശേരാപ്രതിഷ്ഠകള്‍ ഉണ്ടാക്കി; ആകാശഗോളങ്ങളെ ആരാധിച്ചു. “എന്‍റെ നാമം യെരൂശലേമില്‍ എന്നേക്കും വസിക്കും” എന്ന് ഏത് ആലയത്തെക്കുറിച്ച് സര്‍വേശ്വരന്‍ അരുളിച്ചെയ്തിരുന്നുവോ അവിടെ അദ്ദേഹം വിജാതീയരുടെ ബലിപീഠങ്ങള്‍ നിര്‍മ്മിച്ചു. സര്‍വേശ്വരമന്ദിരത്തിന്‍റെ രണ്ട് അങ്കണത്തിലും അദ്ദേഹം ആകാശഗോളങ്ങള്‍ക്കുവേണ്ടി ബലിപീഠങ്ങള്‍ ഉണ്ടാക്കി. സ്വന്തം പുത്രന്മാരെ ബെന്‍-ഹിന്നോം താഴ്വരയില്‍ ഹോമിച്ചു. മന്ത്രവാദവും ക്ഷുദ്രപ്രയോഗവും ആഭിചാരവും നടത്തുന്നവരെയും വെളിച്ചപ്പാടുകളെയും ലക്ഷണം പറയുന്നവരെയും നിയമിക്കുകയും ചെയ്തു. അങ്ങനെ സര്‍വേശ്വരസന്നിധിയില്‍ അദ്ദേഹം തിന്മ പ്രവര്‍ത്തിച്ച് അവിടുത്തെ പ്രകോപിപ്പിച്ചു. താന്‍ നിര്‍മ്മിച്ച വിഗ്രഹം അദ്ദേഹം ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു. ദാവീദിനോടും പുത്രനായ ശലോമോനോടും ഈ ആലയത്തെക്കുറിച്ചു സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്തിരുന്നു: “ഞാന്‍ ഇസ്രായേലിന്‍റെ സകല ഗോത്രങ്ങളില്‍നിന്നും തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഈ ആലയത്തിലും എന്‍റെ നാമം എന്നേക്കുമായി സ്ഥാപിക്കും; മോശയിലൂടെ ഇസ്രായേല്‍ജനത്തിനു നല്‌കിയിരുന്ന നിയമങ്ങളും ചട്ടങ്ങളും കല്പനകളും ശ്രദ്ധാപൂര്‍വം പാലിച്ചാല്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കു ഞാന്‍ നല്‌കിയ ദേശത്തുനിന്നു നിങ്ങളെ ഞാന്‍ പുറത്താക്കുകയില്ല. “ഇസ്രായേല്‍ജനത്തിന്‍റെ മുമ്പില്‍നിന്നു സര്‍വേശ്വരന്‍ നീക്കിക്കളഞ്ഞ ജനതകള്‍ ചെയ്തതിലും അധികം തിന്മകള്‍ ചെയ്യാന്‍ യെഹൂദ്യരെയും യെരൂശലേംനിവാസികളെയും മനശ്ശെ പ്രേരിപ്പിച്ചു. സര്‍വേശ്വരന്‍ മനശ്ശെയ്‍ക്കും ജനത്തിനും മുന്നറിയിപ്പു നല്‌കിയെങ്കിലും അവര്‍ അതു ശ്രദ്ധിച്ചില്ല. അതുകൊണ്ട് സര്‍വേശ്വരന്‍ അസ്സീറിയാരാജാവിന്‍റെ സൈന്യാധിപന്മാരെ യെഹൂദായെ ആക്രമിക്കാന്‍ കൊണ്ടുവന്നു; അവര്‍ മനശ്ശെയെ കൊളുത്തിട്ടു പിടിച്ച് ഓട്ടുചങ്ങലകൊണ്ടു ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി. ഈ കഷ്ടതയില്‍ അദ്ദേഹം തന്‍റെ ദൈവമായ സര്‍വേശ്വരനോടു കരുണയ്‍ക്കായി അപേക്ഷിച്ചു. തന്‍റെ പിതാക്കന്മാരുടെ ദൈവത്തിന്‍റെ മുമ്പില്‍ സ്വയം വിനയപ്പെടുത്തി അവിടുത്തോടു പ്രാര്‍ഥിച്ചു. അവിടുന്നു അദ്ദേഹത്തിന്‍റെ പ്രാര്‍ഥനയ്‍ക്ക് ഉത്തരമരുളുകയും യെരൂശലേമിലേക്ക്, സ്വദേശത്തേക്ക് മടക്കിക്കൊണ്ടുവരികയും ചെയ്തു. സര്‍വേശ്വരനാണ് യഥാര്‍ഥ ദൈവം എന്നു മനശ്ശെ മനസ്സിലാക്കി. പിന്നീട് മനശ്ശെ ഗീഹോനു പടിഞ്ഞാറുള്ള താഴ്വരമുതല്‍ മത്സ്യകവാടംവരെ ഓഫേലിനു ചുറ്റും ദാവീദിന്‍റെ നഗരത്തിനു വളരെ ഉയരമുള്ള ഒരു പുറംമതില്‍ നിര്‍മ്മിച്ചു; യെഹൂദ്യയിലെ സുരക്ഷിതമാക്കപ്പെട്ട പട്ടണങ്ങളിലെല്ലാം അദ്ദേഹം സൈന്യാധിപന്മാരെ നിയമിക്കുകയും ചെയ്തു. അദ്ദേഹം സര്‍വേശ്വരന്‍റെ ആലയത്തില്‍നിന്ന് അന്യദേവന്മാരെയും താന്‍ സ്ഥാപിച്ച വിഗ്രഹത്തെയും നീക്കിക്കളഞ്ഞു. സര്‍വേശ്വരന്‍റെ ആലയം സ്ഥാപിച്ചിരുന്ന പര്‍വതത്തിലും യെരൂശലേമിന്‍റെ മറ്റു ഭാഗങ്ങളിലും പണിതിരുന്ന സകല ബലിപീഠങ്ങളും നീക്കി അവയെല്ലാം നഗരത്തിനു പുറത്ത് എറിഞ്ഞുകളഞ്ഞു. അദ്ദേഹം സര്‍വേശ്വരന്‍റെ യാഗപീഠം പുതുക്കിപ്പണിത് അതിന്മേല്‍ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അര്‍പ്പിച്ചു; ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കാന്‍ യെഹൂദ്യരോടു കല്പിച്ചു. എങ്കിലും ജനം പൂജാഗിരികളില്‍ തുടര്‍ന്നും യാഗമര്‍പ്പിച്ചു. എന്നാല്‍ അത് അവരുടെ ദൈവമായ സര്‍വേശ്വരനുവേണ്ടി മാത്രമായിരുന്നു. മനശ്ശെയുടെ മറ്റു പ്രവൃത്തികളും തന്‍റെ ദൈവത്തോടുള്ള പ്രാര്‍ഥനയും ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ തന്നോടു സംസാരിച്ച പ്രവാചകരുടെ വചനങ്ങളും ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാജാവിന്‍റെ പ്രാര്‍ഥനയും ദൈവം അവയ്‍ക്കു നല്‌കിയ മറുപടിയും സ്വയം വിനയപ്പെടുത്തുന്നതിനു മുമ്പു താന്‍ ചെയ്ത പാപങ്ങളും ദൈവത്തോടു കാട്ടിയ അവിശ്വസ്തതയും പൂജാഗിരികളുടെ നിര്‍മ്മാണവും അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും സ്ഥാപിച്ചതുമെല്ലാം ദീര്‍ഘദര്‍ശികളുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. മനശ്ശെ മരിച്ചു തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു. സ്വന്തം കൊട്ടാരത്തില്‍ തന്നെ അദ്ദേഹത്തെ സംസ്കരിച്ചു. പുത്രന്‍ ആമോന്‍ തുടര്‍ന്നു രാജാവായി. ആമോന്‍ വാഴ്ച ആരംഭിച്ചപ്പോള്‍ ഇരുപത്തിരണ്ടു വയസ്സായിരുന്നു; രണ്ടു വര്‍ഷം യെരൂശലേമില്‍ അദ്ദേഹം ഭരണം നടത്തി. തന്‍റെ പിതാവ് മനശ്ശെ ചെയ്തതുപോലെ അദ്ദേഹവും സര്‍വേശ്വരന്‍റെ മുമ്പാകെ ദുഷ്പ്രവൃത്തികള്‍ ചെയ്തു; മനശ്ശെ നിര്‍മ്മിച്ച സകല വിഗ്രഹങ്ങള്‍ക്കും ബലിയര്‍പ്പിക്കയും അവയെ ആരാധിക്കയും ചെയ്തു. തന്‍റെ പിതാവ് മനശ്ശെ ചെയ്തതുപോലെ അദ്ദേഹം സര്‍വേശ്വരന്‍റെ മുമ്പാകെ സ്വയം വിനയപ്പെടുത്തിയില്ല; അങ്ങനെ ആമോന്‍ പൂര്‍വാധികം ദുഷ്പ്രവൃത്തികള്‍ ചെയ്തു. രാജഭൃത്യന്മാര്‍ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തി കൊട്ടാരത്തില്‍വച്ച് അദ്ദേഹത്തെ വധിച്ചു. എന്നാല്‍ രാജാവിന് എതിരെ ഗൂഢാലോചന നടത്തിയവരെയെല്ലാം ദേശവാസികള്‍ കൊന്നുകളഞ്ഞു. പിന്നീട് അവര്‍ ആമോന്‍റെ പുത്രനായ യോശീയായെ രാജാവാക്കി. വാഴ്ച ആരംഭിച്ചപ്പോള്‍ യോശിയായ്‍ക്ക് എട്ടു വയസ്സായിരുന്നു. മുപ്പത്തൊന്നു വര്‍ഷം അദ്ദേഹം യെരൂശലേമില്‍ ഭരണം നടത്തി. സര്‍വേശ്വരനു പ്രസാദകരമാംവിധം യോശീയാ ജീവിച്ചു. തന്‍റെ പൂര്‍വപിതാവായ ദാവീദിന്‍റെ മാര്‍ഗത്തില്‍നിന്ന് അല്പംപോലും വ്യതിചലിച്ചില്ല. തന്‍റെ വാഴ്ചയുടെ എട്ടാം വര്‍ഷം, കൗമാരദശയില്‍ത്തന്നെ പൂര്‍വപിതാവായ ദാവീദിന്‍റെ ദൈവത്തെ ആരാധിക്കാന്‍ തുടങ്ങി; പന്ത്രണ്ടാം വര്‍ഷം പൂജാഗിരികളും അശേരാപ്രതിഷ്ഠകളും കൊത്തിയും വാര്‍ത്തുമുണ്ടാക്കിയ വിഗ്രഹങ്ങളും നീക്കിക്കളഞ്ഞ് യെഹൂദ്യയെയും യെരൂശലേമിനെയും ശുദ്ധീകരിക്കുന്ന പ്രവൃത്തി ആരംഭിച്ചു. അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ ഭൃത്യന്മാര്‍ ബാലിന്‍റെ ബലിപീഠങ്ങള്‍ ഇടിച്ചുനിരത്തി; അവയുടെ മുകളിലുണ്ടായിരുന്ന ധൂപപീഠങ്ങള്‍ വെട്ടിവീഴ്ത്തി; അശേരാപ്രതിഷ്ഠകളും വാര്‍ത്തും കൊത്തിയും നിര്‍മ്മിച്ച വിഗ്രഹങ്ങളും തകര്‍ത്തു പൊടിയാക്കി. അവയ്‍ക്കു ബലി അര്‍പ്പിച്ചിരുന്നവരുടെ കല്ലറകളുടെ മുകളില്‍ അതു വിതറി. വിജാതീയ പുരോഹിതന്മാരുടെ അസ്ഥികള്‍ അവര്‍ ആരാധിച്ചിരുന്ന ബലിപീഠങ്ങളില്‍ വച്ചുതന്നെ ഹോമിച്ചു; അങ്ങനെ യെഹൂദായെയും യെരൂശലേമിനെയും ശുദ്ധീകരിച്ചു. മനശ്ശെ, എഫ്രയീം, ശിമെയോന്‍ തുടങ്ങി നഫ്താലിവരെയുള്ള ഗോത്രങ്ങള്‍ക്കവകാശപ്പെട്ട പട്ടണങ്ങളിലും പ്രാന്തപ്രദേശങ്ങളിലും ഇപ്രകാരം പ്രവര്‍ത്തിച്ചു. ബലിപീഠങ്ങള്‍ ഇടിച്ചുനിരത്തി; അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും തകര്‍ത്തു പൊടിയാക്കി; ഇസ്രായേല്‍ ദേശത്തെങ്ങുമുള്ള ധൂപപീഠങ്ങളും ഇടിച്ചു തകര്‍ത്തു; പിന്നീട് അദ്ദേഹം യെരൂശലേമിലേക്കു മടങ്ങി. തന്‍റെ വാഴ്ചയുടെ പതിനെട്ടാം വര്‍ഷം യോശീയാ, ദേശവും ആലയവും ശുദ്ധീകരിച്ചതിനു ശേഷം അസല്യായുടെ പുത്രന്‍ ശാഫാനെയും നഗരാധിപനായ മയശെയായെയും യോവാശിന്‍റെ പുത്രനും രാജാവിന്‍റെ എഴുത്തുകാരനും രേഖകള്‍ സൂക്ഷിക്കുന്നവനുമായ യോവാഹിനെയും തന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ ആലയത്തിന്‍റെ കേടുപാടുകള്‍ തീര്‍ക്കാന്‍ നിയോഗിച്ചു. വാതില്‍കാവല്‌ക്കാരായ ലേവ്യര്‍ ദേവാലയത്തില്‍ ശേഖരിച്ചു വച്ചിരുന്ന പണം മഹാപുരോഹിതനായ ഹില്‌ക്കീയായെ ഏല്പിച്ചു; അതു മനശ്ശെ, എഫ്രയീം എന്നിവിടങ്ങളില്‍നിന്നും ശേഷമുള്ള ഇസ്രായേലില്‍നിന്നു യെഹൂദാ, ബെന്യാമീന്‍, യെരൂശലേം എന്നിവിടങ്ങളില്‍നിന്നും ശേഖരിച്ചതായിരുന്നു. [10,11] അതു സര്‍വേശ്വരമന്ദിരത്തിന്‍റെ അറ്റകുറ്റപ്പണികളുടെ മേല്‍നോട്ടം വഹിക്കുന്നവരെ ഏല്പിച്ചു; അവര്‍ അത് കെട്ടിടങ്ങളുടെ കേടുപാടുകള്‍ നീക്കുന്നതിനു വേണ്ട ചെത്തുകല്ല്, തുലാങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും ആവശ്യമായ തടി എന്നിവ വാങ്ങാന്‍ കല്പണിക്കാരെയും മരപ്പണിക്കാരെയും ഏല്പിച്ചു. യെഹൂദാരാജാക്കന്മാരുടെ അശ്രദ്ധമൂലമായിരുന്നു ആ കെട്ടിടങ്ങള്‍ ജീര്‍ണിച്ചുപോയത്. *** പണിക്കാര്‍ വിശ്വസ്തതയോടെ ജോലി ചെയ്തു. മെരാര്യകുലക്കാരായ യഹത്ത്, ഓബദ്യാ, കെഹാത്യകുലക്കാരായ സെഖര്യാ, മെശുല്ലാം എന്നീ ലേവ്യര്‍ പണികളുടെ മേല്‍നോട്ടം വഹിക്കാന്‍ നിയോഗിക്കപ്പെട്ടു. അവര്‍ ചുമട്ടുകാരുടെയും മറ്റു പണിക്കാരുടെയും മേല്‍നോട്ടം വഹിച്ചു. ലേവ്യര്‍ വാദ്യോപകരണങ്ങള്‍ പ്രയോഗിക്കുന്നതില്‍ സമര്‍ഥരായിരുന്നു. ലേവ്യരില്‍ മറ്റു ചിലര്‍ അഭിജ്ഞരായ പകര്‍ത്തെഴുത്തുകാരും സേവകന്മാരും വാതില്‍കാവല്‌ക്കാരും ആയിരുന്നു. സര്‍വേശ്വരമന്ദിരത്തില്‍ സൂക്ഷിച്ചിരുന്ന പണം പുറത്തെടുത്തപ്പോള്‍ മോശയിലൂടെ സര്‍വേശ്വരന്‍ നല്‌കിയിരുന്ന ധര്‍മശാസ്ത്രഗ്രന്ഥം ഹില്‌ക്കീയാപുരോഹിതന്‍ കണ്ടെത്തി. സര്‍വേശ്വരാലയത്തില്‍ താന്‍ നിയമഗ്രന്ഥം കണ്ടെത്തിയതായി കാര്യദര്‍ശിയായ ശാഫാനോട് ഹില്‌കീയാ പറഞ്ഞു. അദ്ദേഹം അതു ശാഫാനെ ഏല്പിച്ചു. ശാഫാന്‍ അതു രാജസന്നിധിയില്‍ കൊണ്ടുചെന്നു പറഞ്ഞു: “അവിടുന്നു കല്പിച്ചതെല്ലാം അങ്ങയുടെ ദാസന്മാര്‍ ചെയ്തിരിക്കുന്നു. സര്‍വേശ്വരമന്ദിരത്തില്‍നിന്നു ലഭിച്ച പണം മുഴുവന്‍ മേല്‍നോട്ടക്കാര്‍ക്കും ജോലിക്കാര്‍ക്കും കൊടുത്തിരിക്കുന്നു.” കാര്യദര്‍ശിയായ ശാഫാന്‍ രാജാവിനോടു പറഞ്ഞു: “ഹില്‌കീയാ പുരോഹിതന്‍ ഒരു ഗ്രന്ഥം എന്നെ ഏല്പിച്ചിരിക്കുന്നു. “ശാഫാന്‍ അതു രാജസന്നിധിയില്‍ വായിച്ചു. അതിലെ വചനങ്ങള്‍ കേട്ടപ്പോള്‍ രാജാവ് വസ്ത്രം കീറി. ഹില്‌കീയാ, ശാഫാന്‍റെ പുത്രന്‍ അഹീക്കാം, മീഖായുടെ പുത്രന്‍ അബ്‍ദോന്‍, കാര്യദര്‍ശിയായ രാഫാന്‍, രാജഭൃത്യന്‍ അസായാ എന്നിവരോട് രാജാവു കല്പിച്ചു: “നിങ്ങള്‍ പോയി എനിക്കും ഇസ്രായേലിലും യെഹൂദ്യയിലും ശേഷിച്ചിരിക്കുന്ന ജനങ്ങള്‍ക്കുംവേണ്ടി ഈ ഗ്രന്ഥത്തിലെ വചനങ്ങളെക്കുറിച്ചു സര്‍വേശ്വരന്‍റെ അരുളപ്പാട് ആരായുക. ഈ ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്ന വചനം നമ്മുടെ പിതാക്കന്മാര്‍ അനുസരിച്ചില്ല. അതുമൂലം അവിടുത്തെ ഉഗ്രകോപം നമ്മുടെമേല്‍ പതിഞ്ഞിരിക്കുന്നു.” ഹില്‌ക്കീയായും രാജാവു നിയോഗിച്ചവരും ഹുല്‍ദാപ്രവാചകിയുടെ അടുക്കല്‍ ചെന്നു; ആ പ്രവാചകി ഹസ്രായുടെ പൗത്രനും തോക്ഹത്തിന്‍റെ പുത്രനും രാജാവിന്‍റെ വസ്ത്രം സൂക്ഷിപ്പുകാരനുമായ ശല്ലൂമിന്‍റെ ഭാര്യ ആയിരുന്നു; യെരൂശലേമിന്‍റെ പുതിയ ഭാഗത്താണ് അവര്‍ പാര്‍ത്തിരുന്നത്. തങ്ങള്‍ എന്തിനു വന്നു എന്ന് അവര്‍ പ്രവാചകിയെ അറിയിച്ചു. പ്രവാചകി പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. നിങ്ങളെ എന്‍റെ അടുക്കല്‍ അയച്ച ആളിനോടു പറയുക. അവിടുന്ന് അരുളിച്ചെയ്യുന്നു: ഈ സ്ഥലത്തിന്മേല്‍ ഞാന്‍ അനര്‍ഥം വരുത്തും. ഇതിലെ നിവാസികളുടെമേല്‍ യെഹൂദാരാജാവിന്‍റെ മുമ്പാകെ വായിക്കപ്പെട്ട പുസ്തകത്തില്‍ എഴുതിയിരിക്കുന്ന സകല ശാപങ്ങളും വര്‍ഷിക്കും. അവര്‍ എന്നെ ഉപേക്ഷിക്കുകയും അന്യദേവന്മാര്‍ക്കു ധൂപം അര്‍പ്പിക്കുകയും തങ്ങളുടെ പ്രവൃത്തികളാല്‍ എന്നെ പ്രകോപിപ്പിക്കുകയും ചെയ്തതുകൊണ്ട് എന്‍റെ ക്രോധാഗ്നി ഈ സ്ഥലത്തു ചൊരിയും; അത് കെട്ടടങ്ങുകയുമില്ല. സര്‍വേശ്വരനോട് അരുളപ്പാടു ചോദിക്കാന്‍ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു പറയുക. നീ വായിച്ചു കേട്ട വചനത്തെക്കുറിച്ച് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ഈ സ്ഥലത്തിനും ഇതിലെ നിവാസികള്‍ക്കും എതിരെയുള്ള ദൈവത്തിന്‍റെ വചനം കേട്ടപ്പോള്‍ നീ അനുതപിക്കുകയും ദൈവമായ എന്‍റെ മുമ്പാകെ സ്വയം വിനയപ്പെടുകയും വസ്ത്രം കീറി വിലപിക്കുകയും ചെയ്തതുകൊണ്ട് ഞാന്‍ നിന്‍റെ പ്രാര്‍ഥന കേട്ടിരിക്കുന്നു. നീ സമാധാനത്തോടെ മരിച്ചു നിന്‍റെ പിതാക്കന്മാരോടു ചേര്‍ക്കപ്പെടും. നിന്‍റെ കല്ലറയില്‍ത്തന്നെ സംസ്കരിക്കപ്പെടും ഞാന്‍ ഈ സ്ഥലത്തും ഇവിടത്തെ നിവാസികള്‍ക്കും വരുത്താന്‍ പോകുന്ന അനര്‍ഥം നീ കാണുകയില്ല.” ഈ അരുളപ്പാട് അവര്‍ രാജാവിനെ അറിയിച്ചു. രാജാവ് യെഹൂദ്യയിലും യെരൂശലേമിലുമുള്ള എല്ലാ ജനനേതാക്കന്മാരെയും വിളിച്ചുകൂട്ടി. രാജാവും യെഹൂദാ, യെരൂശലേം നിവാസികളും പുരോഹിതന്മാരും ലേവ്യരും വലുപ്പച്ചെറുപ്പം കൂടാതെ സര്‍വേശ്വരന്‍റെ ആലയത്തില്‍ ചെന്നു. ദേവാലയത്തില്‍നിന്നു കണ്ടുകിട്ടിയ ഉടമ്പടിപുസ്തകത്തിലെ വാക്യങ്ങള്‍ അദ്ദേഹം അവരെ വായിച്ചു കേള്‍പ്പിച്ചു. താന്‍ സര്‍വേശ്വരനെ അനുസരിക്കുകയും അവിടുത്തെ കല്പനകളും പ്രമാണങ്ങളും ചട്ടങ്ങളും പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും പാലിക്കുകയും ആ പുസ്തകത്തില്‍ എഴുതപ്പെട്ടിട്ടുള്ള നിയമങ്ങള്‍ അനുസരിക്കുകയും ചെയ്യുമെന്നു രാജാവ് സ്വസ്ഥാനത്തു നിന്നുകൊണ്ട് സര്‍വേശ്വരന്‍റെ മുമ്പാകെ ഉടമ്പടി ചെയ്തു. ബെന്യാമീന്യരെക്കൊണ്ടും യെരൂശലേമില്‍ കൂടിയിരുന്ന മറ്റെല്ലാവരെക്കൊണ്ടും രാജാവ് ഈ ഉടമ്പടി ചെയ്യിച്ചു. തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനോടു ചെയ്ത ഉടമ്പടി യെരൂശലേംനിവാസികള്‍ അനുസരിച്ചു. ഇസ്രായേല്‍ദേശത്തുണ്ടായിരുന്ന സര്‍വമ്ലേച്ഛതകളും യോശീയാ നീക്കിക്കളഞ്ഞു. തങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കാന്‍ അവരെ പ്രേരിപ്പിച്ചു; അദ്ദേഹത്തിന്‍റെ ജീവിതകാലത്തൊരിക്കലും അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനെ വിട്ടുമാറിയില്ല. യോശീയാ യെരൂശലേമില്‍ സര്‍വേശ്വരനു പെസഹ ആചരിച്ചു. ഒന്നാം മാസം പതിന്നാലാം ദിവസം അവര്‍ പെസഹാകുഞ്ഞാടിനെ കൊന്നു. അദ്ദേഹം പുരോഹിതന്മാരെ അവരുടെ ജോലികളില്‍ നിയമിക്കുകയും സര്‍വേശ്വരാലയത്തിലെ ശുശ്രൂഷകളില്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇസ്രായേല്‍ജനത്തെ പഠിപ്പിച്ചിരുന്നവരും സര്‍വേശ്വരനുവേണ്ടി വേര്‍തിരിക്കപ്പെട്ടവരുമായ ലേവ്യരോടു രാജാവു പറഞ്ഞു: “ഇസ്രായേല്‍രാജാവായ ദാവീദിന്‍റെ പുത്രന്‍ ശലോമോന്‍ നിര്‍മ്മിച്ച ആലയത്തില്‍ വിശുദ്ധ പെട്ടകം പ്രതിഷ്ഠിക്കുക; നിങ്ങള്‍ ഇനി അതു ചുമലില്‍ വഹിക്കേണ്ടതില്ല. ഇപ്പോള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെയും അവിടുത്തെ ജനത്തെയും സേവിക്കുവിന്‍. ഇസ്രായേല്‍ രാജാവായ ദാവീദിന്‍റെയും അദ്ദേഹത്തിന്‍റെ പുത്രന്‍ ശലോമോന്‍റെയും നിര്‍ദ്ദേശങ്ങളനുസരിച്ചു നിങ്ങളെത്തന്നെ പിതൃഭവനക്രമത്തില്‍ ഗണങ്ങളായി തിരിക്കുക. നിങ്ങളുടെ സഹോദരരായ ജനങ്ങളുടെ ഓരോ പിതൃഭവനവിഭാഗത്തിനും ലേവ്യരുടെ ഓരോ പിതൃഭവനവിഭാഗത്തിന്‍റെയും സേവനം ലഭിക്കത്തക്കവിധം വിശുദ്ധസ്ഥലത്തു നില്‌ക്കണം. പെസഹാകുഞ്ഞാടിനെ കൊല്ലുകയും നിങ്ങളെ സ്വയം ശുദ്ധീകരിക്കുകയും ചെയ്യുവിന്‍. മോശയിലൂടെ നല്‌കിയ സര്‍വേശ്വരന്‍റെ കല്പനപ്രകാരം നിങ്ങളുടെ സഹോദരര്‍ക്കുവേണ്ടി ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുക.” അവിടെ കൂടിയിരുന്ന എല്ലാവര്‍ക്കും വേണ്ടി പെസഹ അര്‍പ്പിക്കുന്നതിനു രാജാവിന്‍റെ ആടുമാടുകളില്‍നിന്നും ചെമ്മരിയാടുകളില്‍നിന്നും കോലാടുകളില്‍നിന്നും മുപ്പതിനായിരം ആട്ടിന്‍കുട്ടികളെയും മൂവായിരം കാളകളെയും യോശീയാ അവര്‍ക്കു നല്‌കി. അദ്ദേഹത്തിന്‍റെ പ്രഭുക്കന്മാര്‍ ജനത്തിനും പുരോഹിതന്മാര്‍ക്കും ലേവ്യര്‍ക്കും ദാനങ്ങള്‍ ഉദാരമായി നല്‌കി. ദേവാലയത്തിലെ പ്രധാന ഉദ്യോഗസ്ഥരായ ഹില്‌ക്കീയാ, സെഖര്യാ, യെഹീയേല്‍ എന്നിവര്‍ പുരോഹിതന്മാര്‍ക്കു പെസഹ അര്‍പ്പിക്കാന്‍ രണ്ടായിരത്തറുനൂറ് ചെമ്മരിയാടുകളെയും കോലാട്ടിന്‍കുട്ടികളെയും മുന്നൂറു കാളകളെയും ദാനം ചെയ്തു. കോനന്യായും അയാളുടെ സഹോദരന്മാരായ ശെമയ്യായും നെഥനയേലും ലേവ്യ പ്രഭുക്കന്മാരായ ഹശബ്യായും യെഹീയേലും യോസാബാദും പെസഹ അര്‍പ്പിക്കുന്നതിനായി അയ്യായിരം ചെമ്മരിയാടുകളെയും കോലാട്ടിന്‍കുട്ടികളെയും അഞ്ഞൂറു കാളകളെയും ലേവ്യര്‍ക്കു നല്‌കി. ശുശ്രൂഷയ്‍ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി; രാജകല്പനയനുസരിച്ചു പുരോഹിതന്മാര്‍ തങ്ങളുടെ സ്ഥാനത്തും ലേവ്യര്‍ തങ്ങളുടെ ക്രമമനുസരിച്ചും നിന്നു. അവര്‍ പെസഹാകുഞ്ഞാടിനെ കൊന്നു; പുരോഹിതന്മാര്‍ അവയുടെ രക്തം ലേവ്യരില്‍നിന്നു വാങ്ങി യാഗപീഠത്തില്‍ തളിക്കുകയും ലേവ്യര്‍ യാഗമൃഗത്തിന്‍റെ തോലുരിക്കുകയും ചെയ്തു. കാളയുള്‍പ്പെടെയുള്ള യാഗമൃഗങ്ങളെ മോശയുടെ ധര്‍മശാസ്ത്ര ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ സര്‍വേശ്വരനു ഹോമയാഗം അര്‍പ്പിക്കാന്‍ പിതൃഭവനക്രമമനുസരിച്ചു ജനത്തിനു വിഭജിച്ചുകൊടുത്തു. ചട്ടപ്രകാരം ലേവ്യര്‍ പെസഹാകുഞ്ഞാടുകളെ കൊന്നു തീയില്‍ ചുട്ടെടുത്തു; വിശുദ്ധവഴിപാടുകള്‍ കലങ്ങളിലും ചട്ടികളിലും കുട്ടകങ്ങളിലും വേവിച്ച് ഉടന്‍തന്നെ സര്‍വജനത്തിനും വിളമ്പിക്കൊടുത്തു. പിന്നീട് അവര്‍ തങ്ങള്‍ക്കും പുരോഹിതന്മാര്‍ക്കുമുള്ള പെസഹാഭക്ഷണം ഒരുക്കി; അഹരോന്യപുരോഹിതന്മാര്‍, ഹോമയാഗങ്ങളും മേദസ്സും അര്‍പ്പിക്കുന്ന ജോലിയില്‍ രാത്രിവരെ ഏര്‍പ്പെട്ടിരുന്നതുകൊണ്ടാണു ലേവ്യര്‍ തങ്ങള്‍ക്കും അഹരോന്യപുരോഹിതന്മാര്‍ക്കുംവേണ്ടി പെസഹാഭക്ഷണം ഒരുക്കിയത്. ആസാഫ്യരായ ഗായകര്‍ ദാവീദിന്‍റെയും ആസാഫിന്‍റെയും ഹേമാന്‍റെയും രാജാവിന്‍റെ ദീര്‍ഘദര്‍ശിയായ യെദൂഥൂന്‍റെയും കല്പനകളനുസരിച്ച് തങ്ങളുടെ സ്ഥാനത്തും വാതില്‍കാവല്‌ക്കാര്‍ അവരവരുടെ സ്ഥാനങ്ങളിലും നിന്നു; സഹോദരരായ ലേവ്യര്‍ തങ്ങള്‍ക്കുവേണ്ടി പെസഹ ഒരുക്കിയിരുന്നതുകൊണ്ടു തങ്ങളുടെ ശുശ്രൂഷയില്‍നിന്ന് അവര്‍ക്കും മാറി നില്‌ക്കേണ്ടി വന്നില്ല. ഇങ്ങനെ യോശീയാരാജാവിന്‍റെ കല്പനപ്രകാരം പെസഹ ആചരിക്കുകയും യാഗപീഠത്തില്‍ ഹോമയാഗങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. അങ്ങനെ സര്‍വേശ്വരന്‍റെ ആരാധനയ്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. അവിടെ ഉണ്ടായിരുന്ന ഇസ്രായേല്‍ജനം പെസഹയും ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവവും ആചരിച്ചു. ശമൂവേല്‍പ്രവാചകന്‍റെ കാലശേഷം ഇസ്രായേലില്‍ ഇതുപോലൊരു പെസഹ ആചരിച്ചിട്ടില്ല. മാത്രമല്ല, യോശീയായും പുരോഹിതന്മാരും ലേവ്യരും അവിടെ സമ്മേളിച്ചിരുന്ന യെഹൂദ്യയിലെയും ഇസ്രായേലിലെയും ജനങ്ങളും യെരൂശലേംനിവാസികളും ചേര്‍ന്ന് ആചരിച്ച ഈ പെസഹപോലെ ഒരു പെസഹ മറ്റൊരു ഇസ്രായേല്‍രാജാവും ആചരിച്ചിട്ടുമില്ല. യോശീയായുടെ വാഴ്ചയുടെ പതിനെട്ടാം വര്‍ഷമായിരുന്നു ഇത് ആചരിച്ചത്. യോശീയാ ദേവാലയകാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കി. അതിനുശേഷം യൂഫ്രട്ടീസിനു സമീപമുള്ള കര്‍ക്കെമീശ് ആക്രമിക്കാന്‍ ചെന്ന ഈജിപ്തുരാജാവായ നെഖോയെ നേരിടാന്‍ അദ്ദേഹം പുറപ്പെട്ടു. എന്നാല്‍ നെഖോ ദൂതന്മാര്‍ മുഖേന യോശീയായോടു പറഞ്ഞു: “യെഹൂദാരാജാവേ, നാം തമ്മില്‍ എന്തിനു യുദ്ധം ചെയ്യണം? ഞാന്‍ വരുന്നത് അങ്ങയെ ആക്രമിക്കാനല്ല; പിന്നെയോ എന്നോടു ശത്രുത പുലര്‍ത്തുന്നവരുമായി യുദ്ധം ചെയ്യുന്നതിനാണ്. അതു വേഗം നടത്താന്‍ ദൈവം എനിക്കു കല്പന തന്നിരിക്കുന്നു. അതുകൊണ്ട് എന്‍റെ പക്ഷത്തുള്ള ദൈവത്തെ എതിര്‍ക്കാതെ പിന്തിരിയുക. അല്ലെങ്കില്‍ അവിടുന്നു നിങ്ങളെ നശിപ്പിക്കും.” എന്നാല്‍ യോശീയാ പിന്തിരിഞ്ഞില്ല. നെഖോയിലൂടെ ദൈവം അരുളിച്ചെയ്ത വാക്കുകള്‍ ശ്രദ്ധിക്കാതെ അദ്ദേഹം വേഷപ്രച്ഛന്നനായി യുദ്ധം ചെയ്യുന്നതിനു പോയി. മെഗിദ്ദോ താഴ്വരയില്‍വച്ച് അവര്‍ തമ്മില്‍ ഏറ്റുമുട്ടി. വില്ലാളികള്‍ യോശീയാരാജാവിനെ എയ്തു മുറിവേല്പിച്ചു. രാജാവു ഭൃത്യന്മാരോടു പറഞ്ഞു: “എന്നെ ഇവിടെനിന്നും കൊണ്ടുപോകുക; എനിക്കു മാരകമായി മുറിവേറ്റിരിക്കുന്നു.” അവര്‍ അദ്ദേഹത്തെ ആ രഥത്തില്‍ നിന്നിറക്കി മറ്റൊരു രഥത്തില്‍ യെരൂശലേമില്‍ കൊണ്ടുവന്നു. അദ്ദേഹം മരിച്ചു, പിതാക്കന്മാരുടെ കല്ലറയില്‍ അദ്ദേഹത്തെ സംസ്കരിച്ചു. സമസ്ത യെഹൂദ്യയും യെരൂശലേമും യോശീയായെച്ചൊല്ലി വിലപിച്ചു. യിരെമ്യാപ്രവാചകന്‍ യോശീയായെക്കുറിച്ച് ഒരു വിലാപഗാനം രചിച്ചു. ഇസ്രായേലിലെ സ്‍ത്രീപുരുഷന്മാരായ സകല ഗായകരും വിലാപം നടത്തുമ്പോള്‍ ഇന്നും യോശീയായെപ്പറ്റി പരാമര്‍ശിക്കാറുണ്ട്. ഇസ്രായേലില്‍ അത് ഒരു പതിവായിത്തീര്‍ന്നിരിക്കുന്നു; അവ വിലാപഗീതങ്ങളില്‍ ചേര്‍ത്തിട്ടുമുണ്ട്. യോശീയായുടെ മറ്റു പ്രവര്‍ത്തനങ്ങളും സര്‍വേശ്വരന്‍റെ നിയമങ്ങള്‍ അനുസരിച്ചുള്ള അദ്ദേഹത്തിന്‍റെ സല്‍പ്രവൃത്തികളും ആദ്യന്തം ഇസ്രായേലിലെയും യെഹൂദ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീടു ദേശവാസികള്‍ യോശീയായുടെ പുത്രന്‍ യെഹോവാഹാസിനെ യെരൂശലേമില്‍ രാജാവാക്കി. വാഴ്ചയാരംഭിച്ചപ്പോള്‍ യെഹോവാഹാസിന് ഇരുപത്തിമൂന്നു വയസ്സായിരുന്നു; അദ്ദേഹം യെരൂശലേമില്‍ മൂന്നു മാസം ഭരിച്ചു. പിന്നീട് ഈജിപ്തുരാജാവ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുകയും നൂറു താലന്തു വെള്ളിയും ഒരു താലന്തു സ്വര്‍ണവും യെഹൂദാദേശത്തിനു കപ്പം നിശ്ചയിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ സഹോദരന്‍ എല്യാക്കീമിനെ ഈജിപ്തുരാജാവ് യെഹൂദായുടെയും യെരൂശലേമിന്‍റെയും രാജാവായി വാഴിക്കുകയും അദ്ദേഹത്തിന്‍റെ പേര് യെഹോയാക്കീം എന്നു മാറ്റുകയും ചെയ്തു. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട യെഹോവാഹാസിനെ നെഖോ ഈജിപ്തിലേക്കു കൊണ്ടുപോയി. വാഴ്ച ആരംഭിച്ചപ്പോള്‍ യെഹോയാക്കീമിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനൊന്നു വര്‍ഷം യെരൂശലേമില്‍ ഭരിച്ചു. ദൈവമായ സര്‍വേശ്വരന്‍റെ മുമ്പില്‍ അദ്ദേഹം തിന്മ പ്രവര്‍ത്തിച്ചു. ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ യെഹൂദായെ ആക്രമിക്കുകയും യെഹോയാക്കീമിനെ ചങ്ങലകള്‍കൊണ്ടു ബന്ധിച്ച് ബാബിലോണിലേക്കു കൊണ്ടുപോകുകയും ചെയ്തു. നെബുഖദ്നേസര്‍ സര്‍വേശ്വരന്‍റെ ആലയത്തിലെ പാത്രങ്ങളില്‍ ചിലത് എടുത്തുകൊണ്ടുപോയി ബാബിലോണില്‍ തന്‍റെ കൊട്ടാരത്തില്‍ സൂക്ഷിച്ചു. യെഹോയാക്കീമിന്‍റെ മറ്റു പ്രവര്‍ത്തനങ്ങളും അദ്ദേഹം ചെയ്ത മ്ലേച്ഛതകളും കുറ്റകൃത്യങ്ങളുമെല്ലാം ഇസ്രായേലിലെയും യെഹൂദ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പുത്രന്‍ യെഹോയാഖീന്‍ പിന്നീട് രാജാവായി. ഭരണം ആരംഭിച്ചപ്പോള്‍ യെഹോയാഖീന് എട്ടു വയസ്സായിരുന്നു; അദ്ദേഹം മൂന്നു മാസവും പത്തു ദിവസവും യെരൂശലേമില്‍ വാണു. സര്‍വേശ്വരനു ഹിതകരമല്ലാത്തവിധം അദ്ദേഹം ജീവിച്ചു. ആ വര്‍ഷം വസന്തകാലത്ത്, നെബുഖദ്നേസര്‍ സൈന്യത്തെ അയച്ച് അദ്ദേഹത്തെ ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി; സര്‍വേശ്വരമന്ദിരത്തിലെ വിലപ്പെട്ട പാത്രങ്ങളും എടുത്തുകൊണ്ടുപോയി. യെഹോയാഖീന്‍റെ പിതൃസഹോദരനായ സിദെക്കീയായെ യെഹൂദായുടെയും യെരൂശലേമിന്‍റെയും രാജാവാക്കി. ഇരുപത്തൊന്നു വയസ്സായപ്പോള്‍ സിദെക്കീയാ വാഴ്ച ആരംഭിച്ചു. അദ്ദേഹം പതിനൊന്നു വര്‍ഷം യെരൂശലേമില്‍ ഭരിച്ചു. തന്‍റെ ദൈവമായ സര്‍വേശ്വരനു ഹിതകരമല്ലാത്തവിധം അദ്ദേഹം ജീവിച്ചു. അവിടുത്തെ വചനം അറിയിച്ച യിരെമ്യാപ്രവാചകന്‍റെ മുമ്പില്‍പോലും അദ്ദേഹം സ്വയം വിനയപ്പെട്ടില്ല. ബാബിലോണ്‍രാജാവിനോടു വിശ്വസ്തനായിരുന്നുകൊള്ളാമെന്നു ദൈവനാമത്തില്‍ പ്രതിജ്ഞ ചെയ്തിരുന്നെങ്കിലും സിദെക്കീയാ നെബുഖദ്നേസര്‍ രാജാവിനോടു മത്സരിച്ചു. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനിലേക്കു തിരിയാതെ ദുശ്ശാഠ്യമായി വര്‍ത്തിക്കുകയും തന്‍റെ ഹൃദയം കഠിനമാക്കുകയും ചെയ്തു. പ്രധാന പുരോഹിതന്മാരും ജനങ്ങളും വിജാതീയരുടെ ദുരാചാരങ്ങളെ അനുകരിച്ച് അത്യന്തം അവിശ്വസ്തരായിത്തീര്‍ന്നു. യെരൂശലേമില്‍ സര്‍വേശ്വരന്‍ തനിക്കായി വേര്‍തിരിച്ചിരുന്ന ആലയം അവര്‍ അശുദ്ധമാക്കി. അവരുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനു തന്‍റെ ജനത്തോടും തിരുനിവാസത്തോടും കരുണ തോന്നി; തന്‍റെ ദൂതന്മാരെ തുടര്‍ച്ചയായി അവരുടെ അടുക്കല്‍ അയച്ചു. അവരാകട്ടെ ദൈവത്തിന്‍റെ ദൂതന്മാരെ പരിഹസിക്കുകയും അവിടുത്തെ വാക്കുകള്‍ നിരസിക്കുകയും അവിടുത്തെ പ്രവാചകന്മാരെ നിന്ദിക്കുകയും ചെയ്തു. തന്‍റെ ജനത്തിന്‍റെ നേര്‍ക്കു സര്‍വേശ്വരന്‍റെ ക്രോധം ഒഴിവാക്കാനാവാത്തവിധം ജ്വലിക്കുന്നതുവരെ അവര്‍ അതു തുടര്‍ന്നു. അതുകൊണ്ട് അവിടുന്നു ബാബിലോണ്‍രാജാവിനെ അവര്‍ക്കെതിരെ കൊണ്ടുവന്നു. അദ്ദേഹം യുവാക്കളെ വിശുദ്ധസ്ഥലത്തുവച്ചു സംഹരിച്ചു. യുവാക്കളോടോ കന്യകകളോടോ വൃദ്ധരോടോ പടുകിഴവരോടോ അദ്ദേഹം കരുണകാട്ടിയില്ല. അവരെയെല്ലാം ദൈവം അദ്ദേഹത്തിന്‍റെ കൈയില്‍ ഏല്പിച്ചു കൊടുത്തു. സര്‍വേശ്വരാലയത്തിലെ ചെറുതും വലുതുമായ സകല പാത്രങ്ങളും ദേവാലയത്തിലെയും രാജാവിന്‍റെയും പ്രഭുക്കന്മാരുടെയും കൊട്ടാരങ്ങളിലെ നിക്ഷേപങ്ങളും അദ്ദേഹം ബാബിലോണിലേക്കു കൊണ്ടുപോയി. അവര്‍ ദേവാലയം അഗ്നിക്കിരയാക്കി; യെരൂശലേമിന്‍റെ മതില്‍ ഇടിച്ചുനിരത്തി; അതിലെ കൊട്ടാരങ്ങള്‍ ചുട്ടെരിച്ചു; വിലപിടിപ്പുള്ള പാത്രങ്ങളെല്ലാം നശിപ്പിച്ചു. വാളിനിരയാകാതെ ശേഷിച്ചവരെ ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോയി; പേര്‍ഷ്യന്‍ സാമ്രാജ്യം സ്ഥാപിതമാകുന്നതുവരെ അവര്‍ അവിടെ അദ്ദേഹത്തിനും പിന്‍ഗാമികള്‍ക്കും അടിമകളായി ജീവിച്ചു. യിരെമ്യാപ്രവാചകനിലൂടെ സര്‍വേശ്വരന്‍ അരുളിച്ചെയ്ത വചനം നിറവേറി. ദേശം അതിന്‍റെ ശബത്ത് അനുഭവിച്ചു; എഴുപതു വര്‍ഷം പൂര്‍ത്തിയാകുന്നതുവരെ, ശൂന്യമായി കിടന്ന കാലമത്രയും തന്നെ. സര്‍വേശ്വരന്‍ യിരെമ്യാപ്രവാചകനിലൂടെ അരുളിച്ചെയ്ത വചനം നിറവേറും വിധം “പേര്‍ഷ്യാരാജാവായ സൈറസിന്‍റെ വാഴ്ചയുടെ ഒന്നാം വര്‍ഷം തന്നെ സര്‍വേശ്വരന്‍ അദ്ദേഹത്തിന്‍റെ മനസ്സുണര്‍ത്തി. അദ്ദേഹം തന്‍റെ സാമ്രാജ്യത്തിലെങ്ങും ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി രേഖാമൂലം പരസ്യം ചെയ്തു. പേര്‍ഷ്യന്‍രാജാവായ സൈറസ് ഇപ്രകാരം കല്പിക്കുന്നു: “സ്വര്‍ഗത്തിലെ ദൈവമായ സര്‍വേശ്വരന്‍ ഭൂമിയിലെ സകല രാജ്യങ്ങളെയും എനിക്കു കീഴ്പെടുത്തിത്തന്നിരിക്കുന്നു; യെഹൂദ്യയിലെ യെരൂശലേമില്‍ അവിടുത്തേക്ക് ഒരു ആലയം പണിയാന്‍ എന്നെ നിയോഗിച്ചിരിക്കുന്നു; നിങ്ങളില്‍ അവിടുത്തെ ജനമായ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ യാത്ര പുറപ്പെടട്ടെ. അവരുടെ ദൈവമായ സര്‍വേശ്വരന്‍ അവരുടെകൂടെ ഉണ്ടായിരിക്കും.” സര്‍വേശ്വരന്‍ യിരെമ്യാപ്രവാചകനിലൂടെ അരുളിച്ചെയ്ത വചനം നിറവേറുംവിധം പേര്‍ഷ്യാരാജാവായ സൈറസിനെ അദ്ദേഹത്തിന്‍റെ വാഴ്ചയുടെ ഒന്നാം വര്‍ഷം അവിടുന്നു പ്രചോദിപ്പിച്ചു. ഒരു വിളംബരം എഴുതി രാജ്യത്തെങ്ങും പ്രസിദ്ധപ്പെടുത്തി: “പേര്‍ഷ്യാരാജാവായ സൈറസ് കല്പിക്കുന്നു: സ്വര്‍ഗത്തിലെ ദൈവമായ സര്‍വേശ്വരന്‍ ഭൂമിയിലെ സകല രാജ്യങ്ങളും എനിക്കു തന്നിരിക്കുന്നു. യെഹൂദ്യയിലെ യെരൂശലേമില്‍ അവിടുത്തേക്ക് ഒരു മന്ദിരം പണിയാന്‍ എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന അവിടുത്തെ ജനം- ദൈവം അവരോടുകൂടെ ഉണ്ടായിരിക്കട്ടെ - യെഹൂദ്യയിലെ യെരൂശലേമിലേക്കു പോയി ദൈവമായ സര്‍വേശ്വരന്‍റെ ആലയം പുനരുദ്ധരിക്കട്ടെ. അവിടുന്നാണല്ലോ യെരൂശലേമിലെ ദൈവം. അവരില്‍ അവശേഷിക്കുന്ന ജനം അവര്‍ എവിടെ പാര്‍ക്കുന്നവരായാലും അവരെ തദ്ദേശവാസികള്‍ യെരൂശലേമിലെ ദേവാലയത്തിനുവേണ്ടി സ്വമേധാകാഴ്ചകള്‍ക്കു പുറമേ വെള്ളി, സ്വര്‍ണം, മറ്റു വസ്തുക്കള്‍, കന്നുകാലികള്‍ എന്നിവ നല്‌കി സഹായിക്കണം. അപ്പോള്‍ യെഹൂദായുടെയും ബെന്യാമീന്‍റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ദൈവപ്രചോദിതരായ എല്ലാവരും യെരൂശലേമില്‍ സര്‍വേശ്വരന്‍റെ ആലയം പണിയാന്‍ പുറപ്പെട്ടു. അവരുടെ അയല്‍ക്കാര്‍ ദേവാലയത്തിന് അര്‍പ്പിക്കാനുള്ള സ്വമേധാദാനങ്ങള്‍ക്കു പുറമേ വെള്ളിപ്പാത്രങ്ങള്‍, സ്വര്‍ണം, മറ്റു സാധനങ്ങള്‍, കന്നുകാലികള്‍, വിലപിടിപ്പുള്ള ഉപകരണങ്ങള്‍ എന്നിവ നല്‌കി അവരെ സഹായിച്ചു. നെബുഖദ്നേസര്‍ യെരൂശലേമിലെ സര്‍വേശ്വരന്‍റെ ആലയത്തില്‍നിന്ന് എടുത്തുകൊണ്ടുപോയി തന്‍റെ ദേവന്മാരുടെ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന പാത്രങ്ങള്‍ സൈറസ്‍രാജാവ് പുറത്തുകൊണ്ടുവന്നു. ഭണ്ഡാരവിചാരിപ്പുകാരനായ മിത്രെദാത്തിന്‍റെ ചുമതലയിലാണ് ഇങ്ങനെ ചെയ്തത്. അയാള്‍ അതു യെഹൂദാപ്രഭുവായ ശേശ്ബസ്സറിനെ എണ്ണി ഏല്പിച്ചു. അവയുടെ എണ്ണം: സ്വര്‍ണത്തളിക മുപ്പത്, വെള്ളിത്തളിക ആയിരം, ധൂപകലശങ്ങള്‍ ഇരുപത്തൊമ്പത്, സ്വര്‍ണക്കോപ്പ മുപ്പത്, രണ്ടാം ഇനം വെള്ളിക്കോപ്പ നാനൂറ്റിപ്പത്ത്, മറ്റു പാത്രങ്ങള്‍ ആയിരം, സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള പാത്രങ്ങള്‍ ആകെ അയ്യായിരത്തിനാനൂറ്. ബാബിലോണില്‍നിന്നു പ്രവാസികളെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു വന്നപ്പോള്‍ ശേശ്ബസ്സര്‍ ഇവയെല്ലാംകൂടെ കൊണ്ടുവന്നു. ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയിരുന്ന പ്രവാസികളില്‍ തങ്ങളുടെ പട്ടണമായ യെരൂശലേമിലേക്കും യെഹൂദ്യയിലേക്കും മടങ്ങിവന്നവര്‍ താഴെ പറയുന്നവരാണ്. സെരുബ്ബാബേലിന്‍റെ കൂടെ വന്നവര്‍: യേശുവ, നെഹെമ്യാ, സെരായാ, രെയേലയാ, മൊര്‍ദെഖായി, ബില്‍ശാന്‍, മിസ്പാര്‍, ബിഗ്വായി, രെഹൂം, ബാനാ. ഇസ്രായേല്‍ജനത്തിലെ പുരുഷന്മാരുടെ എണ്ണം: പരോശിന്‍റെ വംശജര്‍ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ട്. ശെഫത്യായുടെ വംശജര്‍ മൂന്നൂറ്റി എഴുപത്തിരണ്ട്. ആരഹിന്‍റെ വംശജര്‍ എഴുനൂറ്റെഴുപത്തഞ്ച്. യേശുവയുടെയും യോവാബിന്‍റെയും വംശജര്‍, അതായത് പഹത്-മോവാബിന്‍റെ വംശജര്‍ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ട്. ഏലാമിന്‍റെ വംശജര്‍ ആയിരത്തി ഇരുനൂറ്റമ്പത്തിനാല്. സത്ഥൂവിന്‍റെ വംശജര്‍ തൊള്ളായിരത്തി നാല്പത്തഞ്ച്. സക്കായിയുടെ വംശജര്‍ എഴുനൂറ്ററുപത്. ബാനിയുടെ വംശജര്‍ അറുനൂറ്റി നാല്പത്തിരണ്ട്. ബേബായിയുടെ വംശജര്‍ അറുനൂറ്റി ഇരുപത്തിമൂന്ന്. അസ്ഗാദിന്‍റെ വംശജര്‍ ആയിരത്തി ഇരുനൂറ്റി ഇരുപത്തിരണ്ട്. അദോനീക്കാമിന്‍റെ വംശജര്‍ അറുനൂറ്ററുപത്താറ്. ബിഗ്വായുടെ വംശജര്‍ രണ്ടായിരത്തി അന്‍പത്താറ്. ആദിന്‍റെ വംശജര്‍ നാനൂറ്റമ്പത്തിനാല്. [15,16] ആതേരിന്‍റെ, അതായത് ഹിസ്കീയായുടെ വംശജര്‍ തൊണ്ണൂറ്റെട്ട്. *** ബേസായിയുടെ വംശജര്‍ മുന്നൂറ്റി ഇരുപത്തിമൂന്ന്. യോരായുടെ വംശജര്‍ നൂറ്റിപന്ത്രണ്ട്. ഹാശൂമിന്‍റെ വംശജര്‍ ഇരുനൂറ്റി ഇരുപത്തിമൂന്ന്. ഗിബ്ബാരിന്‍റെ വംശജര്‍ തൊണ്ണൂറ്റഞ്ച്. ബേത്‍ലഹേമ്യര്‍ നൂറ്റി ഇരുപത്തിമൂന്ന്. നെതോഫാത്യര്‍ അമ്പത്താറ്. [22,23] അനാഥോത്യര്‍ നൂറ്റി ഇരുപത്തെട്ട്. *** അസ്മാവെത്യര്‍ നാല്പത്തിരണ്ട്. കിര്യത്ത്-യെയാരീം, കെഫീരാ, ബെയെറോത്ത് എന്നിവയിലെ നിവാസികള്‍ എഴുനൂറ്റിനാല്പത്തിമൂന്ന്. രാമായിലെയും ഗേബയിലെയും നിവാസികള്‍ അറുനൂറ്റി ഇരുപത്തൊന്ന്. മിഖ്മാശ്യര്‍ നൂറ്റി ഇരുപത്തിരണ്ട്. ബേഥേല്‍, ഹായി നിവാസികള്‍ ഇരുനൂറ്റി ഇരുപത്തിമൂന്ന്, നെബോ നിവാസികള്‍ അമ്പത്തിരണ്ട്, മഗ്ബീശ് നിവാസികള്‍ നൂറ്റമ്പത്താറ്, മറ്റേ ഏലാമിലെ നിവാസികള്‍ ആയിരത്തി ഇരുനൂറ്റമ്പത്തിനാല്. ഹാരീം നിവാസികള്‍ മുന്നൂറ്റിരുപത്. ലോദ്, ഹാദിദ്, ഓനോ നിവാസികള്‍ എഴുനൂറ്റി ഇരുപത്തഞ്ച്. യെരീഹോ നിവാസികള്‍ മുന്നൂറ്റിനാല്പത്തഞ്ച്. സെനായാ നിവാസികള്‍ മൂവായിരത്തറുനൂറ്റി മുപ്പത്. പുരോഹിതര്‍: യേശുവയുടെ ഭവനത്തിലെ യെദയ്യായുടെ വംശജര്‍ തൊള്ളായിരത്തെഴുപത്തിമൂന്ന്. ഇമ്മേരിന്‍റെ വംശജര്‍ ആയിരത്തമ്പത്തിരണ്ട്. പശ്ഹൂരിന്‍റെ വംശജര്‍ ആയിരത്തി ഇരുനൂറ്റിനാല്പത്തേഴ്. ഹാരീമിന്‍റെ വംശജര്‍ ആയിരത്തിപ്പതിനേഴ്. ലേവ്യര്‍: ഹോദവ്യായുടെ വംശജരില്‍ യേശുവയുടെയും കദ്മീയേലിന്‍റെയും വംശജര്‍ എഴുപത്തിനാല്. ഗായകര്‍: ആസാഫ്യര്‍ നൂറ്റി ഇരുപത്തെട്ട്. വാതില്‍ കാവല്‌ക്കാരുടെ വംശജര്‍: ശല്ലൂമിന്‍റെ വംശജര്‍, ആതേരിന്‍റെ വംശജര്‍, തല്മോന്‍റെ വംശജര്‍, അക്കൂബിന്‍റെ വംശജര്‍, ഹതീതയുടെ വംശജര്‍, ശോബായിയുടെ വംശജര്‍, ആകെ നൂറ്റിമുപ്പത്തൊമ്പത്. ദേവാലയ സേവകര്‍: സീഹയുടെ വംശജര്‍, ഹസൂഫയുടെ വംശജര്‍, തബ്ബായോത്തിന്‍റെ വംശജര്‍, കേരോസിന്‍റെ വംശജര്‍, സീയാഹായുടെ വംശജര്‍, പാദോന്‍റെ വംശജര്‍, ലെബാനായുടെയും ഹഗാബായുടെയും അക്കൂബിന്‍റെയും വംശജര്‍, ഹാഗാബിന്‍റെയും ശല്‍മായിയുടെയും ഹാനാന്‍റെയും വംശജര്‍, ഗിദ്ദേലിന്‍റെയും ഗഹരിന്‍റെയും രെയായായുടെയും വംശജര്‍, രെസീന്‍റെയും നെക്കോദയുടെയും ഗസ്സാമിന്‍റെയും വംശജര്‍, ഉസ്സയുടെയും പാസേഹായുടെയും ബേസായിയുടെയും വംശജര്‍, അസ്നയുടെയും മെയൂനിമിന്‍റെയും നെഫീസിമിന്‍റെയും വംശജര്‍, ബക്ബുക്കിന്‍റെയും ഹക്കൂഫയുടെയും ഹര്‍ഹൂരിന്‍റെയും വംശജര്‍, ബസ്‍ലൂത്തിന്‍റെയും മെഹീദയുടെയും ഹര്‍ശയുടെയും വംശജര്‍, ബര്‍ക്കോസിന്‍റെയും സീസെരയുടെയും തേമഹിന്‍റെയും വംശജര്‍, നെസീഹയുടെയും ഹതീഫയുടെയും വംശജര്‍. ശലോമോന്‍റെ ദാസന്മാരുടെ വംശജര്‍: സോതായിയുടെയും ഹസോഫേരെത്തിന്‍റെയും പെരുദയുടെയും വംശജര്‍, യാലായുടെയും ദര്‍ക്കോന്‍റെയും ഗിദ്ദേലിന്‍റെയും വംശജര്‍, ശെഫത്യായുടെയും ഹത്തീലിന്‍റെയും പോക്കേരെത്ത്-ഹസ്സെബയീമിന്‍റെയും ആമിയുടെയും വംശജര്‍. ദേവാലയ ശുശ്രൂഷകരും ശലോമോന്‍റെ ദാസന്മാരുടെ വംശജരും കൂടി ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ട്. തേല്‍-മേലഹ്, തേല്‍-ഹര്‍ശ, കെരൂബ്, അദ്ദാന്‍, ഇമ്മേര്‍ എന്നീ സ്ഥലങ്ങളില്‍നിന്നു പുറപ്പെട്ട ദെലെയാ, തോബീയാ, നെക്കോദ എന്നീ വംശജരുടെ പിതൃഭവനമോ, വംശാവലിയോ അറിഞ്ഞുകൂടായ്കയാല്‍ അവര്‍ ഇസ്രായേല്യര്‍ തന്നെയാണോ എന്നു തെളിയിക്കാന്‍ കഴിഞ്ഞില്ല. അവര്‍ ആകെ അറുനൂറ്റിഅമ്പത്തിരണ്ട് പേരായിരുന്നു. പുരോഹിത വംശജര്‍: ഹബയ്യാ, ഹക്കോസ്, ബര്‍സില്ലായ് എന്നിവരുടെ വംശജര്‍. ബര്‍സില്ലായ് കുലത്തിന്‍റെ പൂര്‍വപിതാവ് ഗിലെയാദുകാരനായ ബര്‍സില്ലായുടെ പുത്രിമാരില്‍ ഒരുവളെ വിവാഹം ചെയ്യുകയും അയാളുടെ പിന്‍തലമുറക്കാര്‍ ബര്‍സില്ലായ് എന്ന കുലനാമത്തില്‍ അറിയപ്പെടുകയും ചെയ്തു. ഇവരുടെ പൗരോഹിത്യപൈതൃകം തെളിയിക്കാന്‍ രേഖയൊന്നും ഉണ്ടായിരുന്നില്ല. വംശപാരമ്പര്യം തെളിയിക്കാന്‍ കഴിയാഞ്ഞതുകൊണ്ട് അവരെ അശുദ്ധരായി ഗണിച്ച് പൗരോഹിത്യത്തില്‍നിന്നു പുറന്തള്ളി. ഊറീം, തുമ്മീം എന്നിവ മുഖേന ദൈവഹിതം ആരായാന്‍ ഒരു പുരോഹിതന്‍ ഉണ്ടാകുന്നതുവരെ അവര്‍ അതിവിശുദ്ധഭോജനം ഭക്ഷിക്കരുതെന്ന് ദേശാധിപതി വിധിച്ചു. നാല്പത്തീരായിരത്തി മുന്നൂറ്ററുപതു പേരാണ് പ്രവാസത്തില്‍നിന്നു തിരിച്ചുവന്നത്. കൂടാതെ അവര്‍ക്ക് ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴു ദാസീദാസന്മാരും ഇരുനൂറു ഗായികാഗായകന്മാരും ഉണ്ടായിരുന്നു. എഴുനൂറ്റിമുപ്പത്താറു കുതിര, ഇരുനൂറ്റിനാല്പത്തഞ്ചു കോവര്‍കഴുത, നാനൂറ്റിമുപ്പത്തഞ്ച് ഒട്ടകം, ആറായിരത്തെഴുനൂറ്റി ഇരുപതു കഴുത എന്നിവയും അവര്‍ക്കുണ്ടായിരുന്നു. യെരൂശലേമില്‍ സര്‍വേശ്വരന്‍റെ ആലയത്തിന്‍റെ സന്നിധിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ചില പിതൃഭവനത്തലവന്മാര്‍ ദേവാലയം യഥാസ്ഥാനത്ത് നിര്‍മ്മിക്കാന്‍ സ്വമേധാദാനങ്ങള്‍ അര്‍പ്പിച്ചു. അവര്‍ തങ്ങളുടെ കഴിവിനൊത്ത് നിര്‍മ്മാണനിധിയില്‍ അര്‍പ്പിച്ചു; അത് അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറു പുരോഹിതവസ്ത്രവും ആയിരുന്നു. പുരോഹിതന്മാരും ലേവ്യരും ജനങ്ങളില്‍ ചിലരും യെരൂശലേമിലും ചുറ്റുപാടും താമസിച്ചു. ഗായകരും ദ്വാരപാലകന്മാരും ദേവാലയശുശ്രൂഷകരും തങ്ങളുടെ നഗരങ്ങളില്‍ പാര്‍ത്തു. അങ്ങനെ എല്ലാ ഇസ്രായേല്യരും അവിടെ പാര്‍പ്പുറപ്പിച്ചു. പട്ടണങ്ങളില്‍ വസിച്ചുപോന്ന ഇസ്രായേല്‍ജനം ഏഴാം മാസത്തില്‍ ഏകമനസ്സോടെ യെരൂശലേമില്‍ ഒത്തുകൂടി. യോസാദാക്കിന്‍റെ പുത്രന്‍ യേശുവയും സഹപുരോഹിതന്മാരും ശെയല്‍തീയേലിന്‍റെ പുത്രന്‍ സെരുബ്ബാബേലും ബന്ധുജനങ്ങളും ചേര്‍ന്നു ദൈവപുരുഷനായ മോശയുടെ ധര്‍മശാസ്ത്രത്തില്‍ എഴുതിയിരിക്കുന്നതുപോലെ, ഹോമയാഗങ്ങള്‍ അര്‍പ്പിക്കാന്‍ ഇസ്രായേലിന്‍റെ ദൈവത്തിനു യാഗപീഠം പണിതു. തദ്ദേശവാസികളെ ഭയപ്പെട്ടിരുന്നെങ്കിലും അവര്‍ പൂര്‍വസ്ഥാനത്തുതന്നെ അതു നിര്‍മ്മിച്ചു; അതിന്മേല്‍ രാവിലെയും വൈകുന്നേരവും സര്‍വേശ്വരന് ഹോമയാഗങ്ങള്‍ അര്‍പ്പിച്ചു. ധര്‍മശാസ്ത്രവിധിപ്രകാരം അവര്‍ കൂടാരപ്പെരുന്നാള്‍ ആചരിച്ചു. നിയമപ്രകാരം നിത്യേന അനുഷ്ഠിക്കേണ്ട ഹോമയാഗങ്ങള്‍ അവര്‍ മുടക്കംകൂടാതെ അര്‍പ്പിച്ചു. പിന്നീട് അവര്‍ നിരന്തരഹോമയാഗങ്ങളും അമാവാസിയിലെയും സര്‍വേശ്വരന്‍റെ എല്ലാ നിശ്ചിത പെരുന്നാളുകളിലെയും യാഗങ്ങളും സ്വമേധാദാനം നടത്തുന്നവരുടെ യാഗങ്ങളും അര്‍പ്പിച്ചു. ഏഴാംമാസം ഒന്നാം ദിവസം അവര്‍ സര്‍വേശ്വരനു ഹോമയാഗം അര്‍പ്പിക്കാന്‍ തുടങ്ങി. അപ്പോഴും സര്‍വേശ്വരന്‍റെ മന്ദിരത്തിന്‍റെ അടിസ്ഥാനം ഇട്ടിരുന്നില്ല. പേര്‍ഷ്യന്‍രാജാവായ സൈറസിന്‍റെ അനുവാദത്തോടെ കല്പണിക്കാര്‍ക്കും മരപ്പണിക്കാര്‍ക്കും പണവും ലെബാനോനില്‍നിന്ന് കടല്‍വഴി യോപ്പയിലേക്കു ദേവദാരു കൊണ്ടുവരുന്നതിന് സീദോന്യര്‍ക്കും സോര്‍നിവാസികള്‍ക്കും ഭക്ഷണപാനീയങ്ങളും എണ്ണയും കൂലിയായി നല്‌കി. അവര്‍ യെരൂശലേം ദേവാലയത്തിങ്കലേക്കു വന്നതിന്‍റെ രണ്ടാം വര്‍ഷം രണ്ടാം മാസം ശെയല്‍തീയേലിന്‍റെ പുത്രന്‍ സെരുബ്ബാബേലും യോസാദാക്കിന്‍റെ പുത്രന്‍ യേശുവയും ബന്ധുജനങ്ങളും പുരോഹിതന്മാരും ലേവ്യരും പ്രവാസം കഴിഞ്ഞുവന്ന മറ്റെല്ലാ ജനങ്ങളും ചേര്‍ന്നു പണി ആരംഭിച്ചു. ഇരുപതു വയസ്സിനുമേല്‍ പ്രായമുള്ള ലേവ്യരെ സര്‍വേശ്വരന്‍റെ മന്ദിരത്തിന്‍റെ പണിയുടെ മേല്‍നോട്ടം വഹിക്കാന്‍ നിയമിച്ചു. യേശുവയും പുത്രന്മാരും ചാര്‍ച്ചക്കാരും കദ്മീയേലും പുത്രന്മാരും യൂദായുടെ മക്കളും ഹെനാദാദിന്‍റെ പുത്രന്മാരും ലേവ്യരും അവരുടെ പുത്രന്മാരും ഒരുമിച്ച് സര്‍വേശ്വരന്‍റെ മന്ദിരത്തിന്‍റെ പണിക്കാരുടെ മേല്‍നോട്ടം വഹിച്ചു. പണിക്കാര്‍ ദേവാലയത്തിന് അടിസ്ഥാനം ഇട്ടപ്പോള്‍ ഇസ്രായേല്‍രാജാവായ ദാവീദ് കല്പിച്ചിരുന്നതുപോലെ പുരോഹിതന്മാര്‍ സ്ഥാനവസ്ത്രങ്ങള്‍ അണിഞ്ഞ് കാഹളങ്ങളോടും ആസാഫ്യരായ ലേവ്യര്‍ കൈത്താളങ്ങളോടും കൂടെ സര്‍വേശ്വരനെ സ്തുതിക്കാന്‍ യഥാസ്ഥാനത്ത് അണിനിരന്നു. അവര്‍ അവിടുത്തേക്ക് സ്തുതിയും സ്തോത്രവും അര്‍പ്പിച്ചുകൊണ്ട് ഇങ്ങനെ പാടി; മറ്റുള്ളവര്‍ ഏറ്റുപാടി: “സര്‍വേശ്വരന്‍ എത്ര നല്ലവന്‍; ഇസ്രായേലിനോടുള്ള അവിടുത്തെ സ്നേഹം അനന്തമല്ലോ.” ദേവാലയത്തിന് അടിസ്ഥാനമിട്ടതുകൊണ്ട് ജനങ്ങള്‍ ആര്‍പ്പുവിളികളോടെ സര്‍വേശ്വരനെ സ്തുതിച്ചു. ദേവാലയത്തിന് അടിസ്ഥാനം ഇടുന്നതു കണ്ടപ്പോള്‍ അനേകം പേര്‍ ആഹ്ലാദത്തോടെ ആര്‍ത്തുവിളിച്ചു; എന്നാല്‍ ആദ്യത്തെ ദേവാലയം കണ്ടിട്ടുള്ള പ്രായംചെന്ന പുരോഹിതന്മാരും ലേവ്യരും പിതൃഭവനത്തലവന്മാരും പൊട്ടിക്കരഞ്ഞു. ജനങ്ങളുടെ ആനന്ദഘോഷവും വിലാപശബ്ദവും തിരിച്ചറിയാന്‍ കഴിയാത്തവിധം കൂടിക്കലര്‍ന്നു. അവരുടെ അത്യുച്ചത്തിലുള്ള ആര്‍പ്പുവിളിയുടെ ആരവം ബഹുദൂരം കേള്‍ക്കാമായിരുന്നു. തിരിച്ചെത്തിയ പ്രവാസികള്‍ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന് ആലയം പണിയുന്ന വിവരം യെഹൂദായുടെയും ബെന്യാമീന്യരുടെയും ശത്രുക്കള്‍ അറിഞ്ഞു. അവര്‍ സെരുബ്ബാബേലിനെയും പിതൃഭവനത്തലവന്മാരെയും സമീപിച്ചു പറഞ്ഞു: “ഞങ്ങളും നിങ്ങളോടു ചേര്‍ന്നു പണിതുകൊള്ളട്ടെ. നിങ്ങള്‍ ആരാധിക്കുന്ന ദൈവത്തെ നിങ്ങളെപ്പോലെതന്നെ ഞങ്ങളും ആരാധിക്കുന്നുണ്ടല്ലോ. ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അസ്സീറിയാരാജാവ് എസര്‍-ഹദ്ദോന്‍റെ കാലംമുതല്‍ ഞങ്ങള്‍ ആ ദൈവത്തിനു യാഗം അര്‍പ്പിക്കുകയും ചെയ്തുവരുന്നു.” സെരുബ്ബാബേലും യേശുവയും മറ്റ് ഇസ്രായേല്‍ പിതൃഭവനത്തലവന്മാരും അവരോടു പറഞ്ഞു: “ഞങ്ങളുടെ ദൈവത്തിന് ആലയം പണിയാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. പേര്‍ഷ്യന്‍രാജാവായ സൈറസ് കല്പിച്ചതുപോലെ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ ആലയം ഞങ്ങള്‍തന്നെ പണിതുകൊള്ളാം.” അപ്പോള്‍ ദേശനിവാസികള്‍ ദേവാലയത്തിന്‍റെ പണിയില്‍ ഏര്‍പ്പെട്ടിരുന്ന യെഹൂദ്യരെ നിരുത്സാഹപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തു. അവരുടെ പ്രയത്നം നിഷ്ഫലമാക്കുവാന്‍ അവര്‍ക്കെതിരെ ഉപദേഷ്ടാക്കന്മാരെ കോഴ കൊടുത്തു വശത്താക്കി. ഇതു പേര്‍ഷ്യന്‍രാജാവായ സൈറസിന്‍റെ ഭരണകാലം മുതല്‍ ദാരിയൂസിന്‍റെ ഭരണകാലംവരെ തുടര്‍ന്നു. അഹശ്വേരോശിന്‍റെ വാഴ്ച ആരംഭിച്ചപ്പോള്‍ യെഹൂദ്യയിലെയും യെരൂശലേമിലെയും ജനങ്ങള്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് അവര്‍ പരാതി സമര്‍പ്പിച്ചു. അര്‍ത്ഥക്സേര്‍ക്സസിന്‍റെ ഭരണകാലത്തും ബിശ്‍ലാമും മിത്രെദാത്തും താബെയേലും കൂട്ടുകാരും ചേര്‍ന്ന് പേര്‍ഷ്യന്‍രാജാവിന് അരാമ്യഭാഷയില്‍ ഒരു കത്തെഴുതി. ഗവര്‍ണര്‍ രെഹൂമും കാര്യദര്‍ശി ശിംശായിയും ചേര്‍ന്ന് യെരൂശലേമിനെതിരെ അര്‍ത്ഥക്സേര്‍ക്സസ് രാജാവിന് ഒരു കത്തെഴുതി. ഗവര്‍ണര്‍ രെഹൂമിനോടും കാര്യദര്‍ശി ശിംശായിയോടും ഒപ്പം അവരുടെ സഹപ്രവര്‍ത്തകര്‍, ന്യായാധിപന്മാര്‍, സ്ഥാനപതികള്‍, ഉപദേഷ്ടാക്കന്മാര്‍, ഉദ്യോഗസ്ഥര്‍ മുതലായവരും അര്‍ക്കാവ്യര്‍, ബാബിലോന്യര്‍, ഏലാമ്യര്‍ എന്നിവരും ചേര്‍ന്നാണ് അത് എഴുതിയത്. മഹാനും ശ്രേഷ്ഠനുമായ അസ്നപ്പാര്‍രാജാവ് പിടിച്ചുകൊണ്ടുവന്ന് ശമര്യ പട്ടണങ്ങളിലും യൂഫ്രട്ടീസ്നദിക്ക് ഇക്കരെ വിവിധ സ്ഥലങ്ങളിലുമായി പാര്‍പ്പിച്ചിരുന്ന മറ്റു ജനങ്ങള്‍ക്കും അതില്‍ പങ്കുണ്ടായിരുന്നു. അര്‍ത്ഥക്സേര്‍ക്സസ് രാജാവിന് അയച്ച കത്തിന്‍റെ പകര്‍പ്പാണിത്: “നദിക്ക് ഇക്കരെയുള്ള അവിടുത്തെ പ്രജകള്‍ ബോധിപ്പിക്കുന്നത്: അവിടെനിന്നു യെരൂശലേമില്‍ വന്നു പാര്‍ക്കുന്ന യെഹൂദന്മാര്‍ ദുഷ്ടതയും മത്സരവും നിറഞ്ഞ ആ പട്ടണം വീണ്ടും പണിയുന്നു. അതിന്‍റെ മതിലുകള്‍ പണിയുകയും അസ്തിവാരത്തിന്‍റെ കേടുപാടു തീര്‍ക്കുകയും ചെയ്തുകൊണ്ടിരിക്കയാണ്. പട്ടണം പുതുക്കിപ്പണിതു മതിലുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ പിന്നീട് കപ്പമോ, ചുങ്കമോ, കരമോ അവര്‍ അടയ്‍ക്കുകയില്ല. അങ്ങനെ രാജ്യത്തിന്‍റെ മുതലെടുപ്പു കുറഞ്ഞുപോകും എന്നുള്ളത് ഞങ്ങള്‍ തിരുസമക്ഷം ഉണര്‍ത്തിക്കുന്നു. അങ്ങു നല്‌കുന്നത് ഉപ്പുകൂട്ടി ഭക്ഷിക്കുന്നവരായതുകൊണ്ട് അങ്ങയെ അനാദരിക്കുന്നത് കണ്ടുകൊണ്ടിരിക്കുക ഞങ്ങള്‍ക്ക് അസഹ്യമായതിനാല്‍ ഈ വിവരം ഞങ്ങള്‍ ബോധിപ്പിക്കുകയാണ്. ഈ പട്ടണം കലഹങ്ങള്‍ക്ക് ജന്മം കൊടുക്കുന്നതും രാജാക്കന്മാര്‍ക്കും നാടുവാഴികള്‍ക്കും ഉപദ്രവം ചെയ്യുന്നതും പണ്ടുമുതലേ കലഹങ്ങള്‍ ഇളക്കിവിട്ടിരുന്നതും ആണെന്നും അതുകൊണ്ടാണ് ഇതു നശിച്ചു കിടക്കുന്നതെന്നും അങ്ങയുടെ പിതാക്കന്മാരുടെ വൃത്താന്തപുസ്‍തകം പരിശോധിച്ചാല്‍ ബോധ്യമാകും. ഈ പട്ടണം വീണ്ടും പണിയുകയും അതിന്‍റെ മതിലുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്താല്‍ നദിക്ക് ഇക്കരെയുള്ള ദേശത്ത് അവിടുത്തേക്ക് ഒരു അധികാരവും ഉണ്ടായിരിക്കുകയില്ലെന്ന് ഞങ്ങള്‍ ഉണര്‍ത്തിച്ചുകൊള്ളുന്നു.” രാജാവ് മറുപടി അയച്ചു: “ഗവര്‍ണര്‍ രെഹൂമിനും കാര്യദര്‍ശി ശിംശായിക്കും അവരുടെ സഹപ്രവര്‍ത്തകരായി ശമര്യയിലും നദിക്ക് അക്കരെയുള്ള മറ്റു ദേശങ്ങളിലും പാര്‍ക്കുന്നവര്‍ക്കും മംഗളാശംസകള്‍. നിങ്ങള്‍ കൊടുത്തയച്ച എഴുത്തു ഞാന്‍ വ്യക്തമായി വായിച്ചുകേട്ടു. എന്‍റെ കല്പന അനുസരിച്ച് നടത്തിയ അന്വേഷണത്തില്‍, പണ്ടു മുതല്‍തന്നെ ആ പട്ടണം രാജാക്കന്മാര്‍ക്കെതിരെ മത്സരിച്ചിട്ടുണ്ടെന്നും അവിടെ കലഹവും കലാപവും ഉണ്ടായിട്ടുണ്ടെന്നും മനസ്സിലായി. നദിക്ക് അക്കരെയുള്ള നാടെല്ലാം അടക്കി ഭരിച്ച് കപ്പവും ചുങ്കവും നികുതിയും ഈടാക്കിയിരുന്ന പ്രബലരായ രാജാക്കന്മാര്‍ യെരൂശലേമില്‍ വാണിരുന്നു. അതുകൊണ്ട് ഇനിയൊരു കല്പനയുണ്ടാകുന്നതുവരെ പട്ടണത്തിന്‍റെ പണി നിര്‍ത്തിവയ്‍ക്കാന്‍ അവരോട് ആജ്ഞാപിക്കുക. നിങ്ങള്‍ ഇതില്‍ ഉപേക്ഷ കാണിക്കാതെ ജാഗരൂകരായിരിക്കണം. രാജാവിന്‍റെ താല്‍പര്യങ്ങള്‍ക്കു ഹാനികരമായ ഉപദ്രവം എന്തിനാണ് വളര്‍ത്തുന്നത്?” അര്‍ത്ഥക്സേര്‍ക്സസ് രാജാവിന്‍റെ എഴുത്തിന്‍റെ പകര്‍പ്പു വായിച്ചുകേട്ടപ്പോള്‍ തന്നെ രെഹൂമും കാര്യദര്‍ശി ശിംശായിയും കൂടെ ഉണ്ടായിരുന്നവരും യെരൂശലേമില്‍ യെഹൂദന്മാരുടെ അടുക്കല്‍ ദ്രുതഗതിയില്‍ ചെന്ന് അധികാരവും ശക്തിയുമുപയോഗിച്ച് പണി നിര്‍ത്തിവയ്പിച്ചു. അങ്ങനെ യെരൂശലേം ദേവാലയത്തിന്‍റെ പണി മുടങ്ങി. പേര്‍ഷ്യന്‍രാജാവായ ദാരിയൂസിന്‍റെ വാഴ്ചയുടെ രണ്ടാം വര്‍ഷംവരെ അത് അങ്ങനെ കിടന്നു. പ്രവാചകന്മാരായ ഹഗ്ഗായിയും ഇദ്ദോയുടെ പുത്രന്‍ സെഖര്യായും ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ നാമത്തില്‍ യെഹൂദ്യയിലും യെരൂശലേമിലുമുള്ള യെഹൂദന്മാരോടു പ്രവചിച്ചു. അപ്പോള്‍ ശെയല്‍തീയേലിന്‍റെ പുത്രന്‍ സെരുബ്ബാബേലും യോസാദാക്കിന്‍റെ പുത്രന്‍ യേശുവയും ചേര്‍ന്നു യെരൂശലേമിലെ ദേവാലയത്തിന്‍റെ പണി പുനരാരംഭിച്ചു. ദൈവത്തിന്‍റെ പ്രവാചകന്മാരും അവരെ സഹായിച്ചു. നദിക്ക് അക്കരെയുള്ള പ്രവിശ്യയുടെ ഗവര്‍ണര്‍ തത്നായിയും ശെഥര്‍-ബോസ്നായിയും സഹപ്രവര്‍ത്തകരും അപ്പോള്‍ അവരുടെ അടുക്കല്‍ വന്നു ചോദിച്ചു: “ഈ ആലയം പണിയാനും പൂര്‍ത്തിയാക്കാനും നിങ്ങള്‍ക്ക് അനുവാദം നല്‌കിയത് ആര്?” ആലയം പണിയാന്‍ സഹായിക്കുന്നവരുടെ പേര് അവര്‍ ചോദിച്ചു. എന്നാല്‍ ദൈവത്തിന്‍റെ കടാക്ഷം യെഹൂദാനേതാക്കന്മാരുടെമേല്‍ ഉണ്ടായിരുന്നതുകൊണ്ടു ദാരിയൂസിന്‍റെ അടുക്കല്‍ വിവരം ഉണര്‍ത്തിച്ചു മറുപടി ലഭിക്കുന്നതുവരെ അവരുടെ പണി തടയപ്പെട്ടില്ല. നദിക്ക് അക്കരെയുള്ള പ്രവിശ്യയുടെ ഗവര്‍ണര്‍ തത്നായിയും ശെഥര്‍-ബോസ്നായിയും സഹപ്രവര്‍ത്തകരായ അധികാരികളും ചേര്‍ന്ന് ദാരിയൂസിന് ഇപ്രകാരം ഒരു കത്തെഴുതി: “ദാരിയൂസ് രാജാവിനു സര്‍വമംഗളങ്ങളും ഉണ്ടാകട്ടെ. അവിടുന്ന് അറിഞ്ഞാലും; ഞങ്ങള്‍ യെഹൂദാസംസ്ഥാനത്തില്‍ അത്യുന്നത ദൈവത്തിന്‍റെ ആലയത്തിലേക്കു ചെന്നു; അവര്‍ വലിയ കല്ലുകൊണ്ട് അതു പണിയുകയാണ്. ചുമരുകളില്‍ ഉത്തരം വയ്‍ക്കുന്നു; പണി ഊര്‍ജിതമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ആരുടെ ഉത്തരവനുസരിച്ചാണ് ആലയം പണിയുകയും പൂര്‍ത്തീകരിക്കുകയും ചെയ്യുന്നത് എന്ന് ഞങ്ങള്‍ അവരുടെ പ്രമാണികളോടു ചോദിച്ചു. അവിടുത്തെ സന്നിധിയില്‍ അറിയിക്കാന്‍ പ്രമാണികളുടെ പേരുകള്‍ ഞങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. “അവര്‍ മറുപടി പറഞ്ഞു: ‘സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും നാഥനായ ദൈവത്തിന്‍റെ ദാസന്മാരാണ് ഞങ്ങള്‍. അനേകവര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്രായേലിലെ മഹാനായ ഒരു രാജാവ് നിര്‍മ്മിച്ച ഈ ആലയം ഞങ്ങള്‍ വീണ്ടും പണിയുകയാണ്. ഞങ്ങളുടെ പിതാക്കന്മാര്‍ സ്വര്‍ഗത്തിലെ ദൈവത്തെ പ്രകോപിപ്പിച്ചതിനാല്‍ ബാബിലോണിലെ കല്ദയരാജാവായ നെബുഖദ്നേസരിന്‍റെ കൈയില്‍ അവിടുന്നു ഞങ്ങളെ ഏല്പിച്ചു. അയാള്‍ ഈ ദേവാലയം നശിപ്പിക്കുകയും ജനങ്ങളെ ബാബിലോണിലേക്കു കൊണ്ടുപോകുകയും ചെയ്തു. സൈറസ്‍രാജാവ് ബാബിലോണ്‍ പിടിച്ചടക്കി ഭരണം ആരംഭിച്ചതിന്‍റെ ഒന്നാം വര്‍ഷം ഈ ആലയം പണിയാന്‍ അദ്ദേഹം കല്പന നല്‌കി. നെബുഖദ്നേസര്‍ യെരൂശലേമിലെ ആലയത്തില്‍നിന്ന് എടുത്തുകൊണ്ടുപോയി ബാബിലോണിലെ ക്ഷേത്രത്തില്‍ വച്ചിരുന്ന സ്വര്‍ണംകൊണ്ടും വെള്ളികൊണ്ടും നിര്‍മ്മിച്ച പാത്രങ്ങള്‍ സൈറസ്‍രാജാവ് അവിടെനിന്ന് എടുപ്പിച്ചു താന്‍ ദേശാധിപതിയായി നിയമിച്ചിരുന്ന ശേശ്ബസ്സറെ ഏല്പിച്ചു.’ സൈറസ് അയാളോടു പറഞ്ഞു: ‘ഈ പാത്രങ്ങള്‍ നീ എടുത്ത് യെരൂശലേമിലെ ദേവാലയത്തില്‍ കൊണ്ടുചെന്നു വയ്‍ക്കുക; ദേവാലയം യഥാസ്ഥാനത്തുതന്നെ പണിയട്ടെ.’ അങ്ങനെ ശേശ്ബസ്സര്‍ വന്ന് യെരൂശലേമിലെ ദേവാലയത്തിന് അടിസ്ഥാനമിട്ടു. അന്നുമുതല്‍ ഇന്നുവരെ അതിന്‍റെ പണി തുടരുന്നു. ഇതുവരെ അതിന്‍റെ പണി തീര്‍ന്നിട്ടില്ല. “അതുകൊണ്ട് അവിടുന്നു തിരുമനസ്സുണ്ടായി യെരൂശലേമിലെ ഈ ദേവാലയം പണിയുന്നതിനു സൈറസ്‍രാജാവ് കല്പന കൊടുത്തിട്ടുണ്ടോ എന്നു ബാബിലോണിലെ രാജകീയ രേഖകള്‍ പരിശോധിച്ച് അവിടുത്തെ ഹിതം ഞങ്ങളെ അറിയിച്ചാലും.” ദാരിയൂസിന്‍റെ കല്പന അനുസരിച്ചു ബാബിലോണില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ പരിശോധിച്ചു. മേദ്യപ്രവിശ്യയുടെ തലസ്ഥാനമായ എക്ബാത്താനയില്‍ അവര്‍ ഒരു ചുരുള്‍ കണ്ടെത്തി. അതില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു: “സൈറസ്‍രാജാവിന്‍റെ വാഴ്ചയുടെ ഒന്നാം വര്‍ഷം യെരൂശലേംദേവാലയത്തെക്കുറിച്ച് പുറപ്പെടുവിച്ച കല്പന: കാഴ്ചകളും ഹോമയാഗങ്ങളും അര്‍പ്പിക്കുന്ന ആലയം വീണ്ടും പണിയണം. അതിന്‍റെ ഉയരം അറുപതു മുഴവും വീതി അറുപതു മുഴവും ആയിരിക്കണം. മൂന്നു നിര കല്ലുകള്‍ക്കുമീതെ ഒരു നിര തടി എന്ന ക്രമത്തിലായിരിക്കണം അതു പണിയേണ്ടത്. ചെലവ് രാജഭണ്ഡാരത്തില്‍നിന്നു നല്‌കേണ്ടതാണ്. യെരൂശലേമിലെ ദേവാലയത്തില്‍നിന്നു നെബുഖദ്നേസര്‍ ബാബിലോണിലേക്കു കൊണ്ടുപോയതും സ്വര്‍ണം, വെള്ളി എന്നിവകൊണ്ടു നിര്‍മ്മിച്ചതുമായ പാത്രങ്ങള്‍ മടക്കിക്കൊടുക്കണം; അവ യെരൂശലേംദേവാലയത്തില്‍ അതതു സ്ഥാനത്ത് വയ്‍ക്കണം.” ദാരിയൂസ് ഇപ്രകാരം മറുപടി നല്‌കി: “നദിക്ക് അക്കരെയുള്ള പ്രദേശത്തിന്‍റെ ഗവര്‍ണര്‍ തത്നായിയും, ശെഥര്‍-ബോസ്നായിയും അവരുടെ സഹപ്രവര്‍ത്തകരായ അധികാരികളും പണിക്കു തടസ്സം നില്‌ക്കരുത്; ദേവാലയത്തിന്‍റെ പണി നിര്‍ബാധം നടക്കട്ടെ. യെഹൂദന്മാരുടെ ദേശാധിപതിയും അവരുടെ പ്രമാണികളും ഈ ദേവാലയം അതിന്‍റെ സ്ഥാനത്തുതന്നെ പണിയട്ടെ. ദേവാലയത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനു യെഹൂദാപ്രമാണികള്‍ക്കു നിങ്ങള്‍ ചെയ്തു കൊടുക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള എന്‍റെ കല്പന ഇതാണ്. നദിക്കക്കരെ നികുതി ഇനത്തില്‍ ലഭിക്കുന്ന രാജകീയ വരുമാനത്തില്‍നിന്ന് ചെലവ് പൂര്‍ണമായി ഉടന്‍തന്നെ അവരെ ഏല്പിക്കണം. സ്വര്‍ഗത്തിലെ ദൈവത്തിനു ഹോമയാഗം കഴിക്കാന്‍ കാളക്കുട്ടികള്‍, മുട്ടാടുകള്‍, കുഞ്ഞാടുകള്‍ എന്നിവയും യെരൂശലേമിലെ പുരോഹിതന്മാര്‍ ആവശ്യപ്പെടുന്നത്ര കോതമ്പ്, ഉപ്പ്, വീഞ്ഞ്, എണ്ണ എന്നിവയും മുടക്കം കൂടാതെ ദിനംതോറും നല്‌കണം. അങ്ങനെ അവര്‍ സ്വര്‍ഗത്തിലെ ദൈവത്തിനു ഹിതകരമായ യാഗം അര്‍പ്പിക്കുകയും രാജാവിന്‍റെയും പുത്രന്മാരുടെയും ക്ഷേമത്തിനുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യട്ടെ. ആരെങ്കിലും മേല്പറഞ്ഞ കല്പന ലംഘിച്ചാല്‍ അവന്‍റെ വീടിന്‍റെ ഒരു തുലാം ഇളക്കിയെടുത്ത് ഒരറ്റം കൂര്‍പ്പിച്ച് അതിന്മേല്‍ അവനെ കോര്‍ത്ത് തുലാം നാട്ടി നിറുത്തണം. അവന്‍റെ വീട് കുപ്പക്കുന്ന് ആക്കുകയും വേണം എന്നു ഞാന്‍ കല്പിക്കുന്നു. ഈ കല്പന ലംഘിക്കുകയോ തന്‍റെ നാമം സ്ഥാപിക്കുന്നതിനു ദൈവം തിരഞ്ഞെടുത്ത യെരൂശലേമിലെ ഈ ദേവാലയം നശിപ്പിക്കാനോ ശ്രമിക്കുന്ന ഏതൊരു രാജാവിനെയും ജനത്തെയും ദൈവം നശിപ്പിക്കും. ദാരിയൂസായ ഞാന്‍ ഈ ഉത്തരവു നല്‌കുന്നു. അതു വീഴ്ചകൂടാതെ നടപ്പാക്കണം.” നദിക്ക് ഇക്കരെയുള്ള പ്രദേശത്തിന്‍റെ അധിപന്‍ തത്നായിയും ശെഥര്‍-ബോസ്നായിയും അവരുടെ സഹപ്രവര്‍ത്തകരും രാജകല്പന അക്ഷരംപ്രതി അനുസരിച്ചു. ഹഗ്ഗായിപ്രവാചകന്‍റെയും ഇദ്ദോയുടെ പുത്രന്‍ സെഖര്യാപ്രവാചകന്‍റെയും പ്രവചനങ്ങളാല്‍ പ്രേരിതരായി, യെഹൂദാപ്രമാണികളുടെ നേതൃത്വത്തില്‍ പണി അതിവേഗം പുരോഗമിച്ചു. ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ കല്പനപ്രകാരവും പേര്‍ഷ്യന്‍രാജാക്കന്മാരായ സൈറസ്, ദാരിയൂസ്, അര്‍ത്ഥക്സേര്‍ക്സസ് എന്നിവരുടെ ആജ്ഞയനുസരിച്ചും അവര്‍ പണി പൂര്‍ത്തിയാക്കി. ദാരിയൂസ് രാജാവിന്‍റെ വാഴ്ചയുടെ ആറാം വര്‍ഷം ആദാര്‍ മാസം മൂന്നാം ദിവസം ആണു ദേവാലയത്തിന്‍റെ പണി പൂര്‍ത്തിയാക്കിയത്. പുരോഹിതന്മാരും ലേവ്യരും മടങ്ങിവന്ന മറ്റു പ്രവാസികളും ചേര്‍ന്ന ഇസ്രായേല്‍ജനം ദേവാലയത്തിന്‍റെ പ്രതിഷ്ഠ ആഹ്ലാദപൂര്‍വം ആഘോഷിച്ചു. ഇസ്രായേല്‍ഗോത്രങ്ങളുടെ എണ്ണമനുസരിച്ചു ദേവാലയത്തിന്‍റെ പ്രതിഷ്ഠയ്‍ക്ക് നൂറു കാളകളെയും ഇരുനൂറു മുട്ടാടുകളെയും നാനൂറു കുഞ്ഞാടുകളെയും സമസ്ത ഇസ്രായേലിനും വേണ്ടിയുള്ള പാപപരിഹാരയാഗത്തിനു പന്ത്രണ്ട് ആണ്‍കോലാടുകളെയും യാഗം കഴിച്ചു. മോശയുടെ ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതുപോലെ യെരൂശലേമില്‍ ദൈവശുശ്രൂഷയ്‍ക്കുവേണ്ടി പുരോഹിതന്മാരെ ഗണമനുസരിച്ചും ലേവ്യരെ തവണയനുസരിച്ചും നിയമിച്ചു. മടങ്ങിവന്ന പ്രവാസികള്‍ ഒന്നാം മാസം പതിന്നാലാം ദിവസം പെസഹ ആചരിച്ചു. പുരോഹിതന്മാരും ലേവ്യരും ഒരുമിച്ചു തങ്ങളെത്തന്നെ ശുദ്ധീകരിച്ചു. അങ്ങനെ എല്ലാവരും ശുദ്ധിയുള്ളവരായിത്തീര്‍ന്നു. അവര്‍ മടങ്ങിവന്ന എല്ലാ പ്രവാസികള്‍ക്കും സഹോദരന്മാരായ പുരോഹിതന്മാര്‍ക്കും തങ്ങള്‍ക്കുംവേണ്ടി പെസഹാകുഞ്ഞാടിനെ കൊന്നു. പ്രവാസത്തില്‍നിന്നു മടങ്ങിവന്ന ഇസ്രായേല്‍ജനങ്ങളും ഇസ്രായേലിന്‍റെ ദൈവത്തെ ആരാധിക്കുന്നതിനുവേണ്ടി തദ്ദേശീയരുടെ മ്ലേച്ഛതകള്‍ ഉപേക്ഷിച്ച് അവരോടു ചേര്‍ന്നവരും പെസഹ ഭക്ഷിച്ചു. സര്‍വേശ്വരന്‍ അവരെ സന്തുഷ്ടരാക്കുകയും ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ ആലയം പണിയുന്നതില്‍ അവരെ സഹായിക്കുംവിധം അസ്സീറിയാരാജാവിന്‍റെ ഹൃദയം അവര്‍ക്ക് അനുകൂലമാക്കുകയും ചെയ്തതുകൊണ്ട് അവര്‍ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍ ഏഴു ദിവസം ആഹ്ലാദപൂര്‍വം ആചരിച്ചു. പേര്‍ഷ്യന്‍ രാജാവായ അര്‍ത്ഥക്സേര്‍ക്സസിന്‍റെ ഭരണകാലത്ത് എസ്രാ ബാബിലോണില്‍നിന്നു യെരൂശലേമില്‍ വന്നു. അദ്ദേഹം സെരായായുടെ പുത്രന്‍; സെരായാ അസര്യായുടെ പുത്രന്‍; അസര്യാ ഹില്‌കീയായുടെ പുത്രന്‍; ഹില്‌കീയാ ശല്ലൂമിന്‍റെ പുത്രന്‍; ശല്ലൂം സാദോക്കിന്‍റെ പുത്രന്‍; സാദോക്ക് അഹീത്തൂബിന്‍റെ പുത്രന്‍; അഹീത്തൂബ് അമര്യായുടെ പുത്രന്‍; അമര്യാ അസര്യായുടെ പുത്രന്‍; അസര്യാ മെരായോത്തിന്‍റെ പുത്രന്‍; മെരായോത്ത് സെരഖ്യായുടെ പുത്രന്‍; സെരഖ്യാ ഉസ്സിയുടെ പുത്രന്‍; ഉസ്സി ബുക്കിയുടെ പുത്രന്‍; ബുക്കി അബീശൂവയുടെ പുത്രന്‍; അബീശൂവ ഫീനെഹാസിന്‍റെ പുത്രന്‍; ഫീനെഹാസ് എലെയാസറിന്‍റെ പുത്രന്‍; എലെയാസര്‍ മഹാപുരോഹിതനായ അഹരോന്‍റെ പുത്രന്‍. എസ്രാ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ മോശയിലൂടെ നല്‌കിയ ധര്‍മശാസ്ത്രത്തില്‍ അവഗാഹമുള്ളവനായിരുന്നു. ദൈവമായ സര്‍വേശ്വരന്‍റെ അനുഗ്രഹം അദ്ദേഹത്തിന്‍റെമേല്‍ ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടതെല്ലാം രാജാവു നല്‌കിയിരുന്നു. അദ്ദേഹത്തോടൊപ്പം ഇസ്രായേല്‍ജനങ്ങളിലും പുരോഹിതന്മാരിലും ലേവ്യരിലും ഗായകരിലും ദ്വാരപാലകന്മാരിലും ദേവാലയ ശുശ്രൂഷകരിലും ചിലര്‍കൂടി അര്‍ത്ഥക്സേര്‍ക്സസ് രാജാവിന്‍റെ വാഴ്ചയുടെ ഏഴാം വര്‍ഷം യെരൂശലേമില്‍ വന്നു. രാജാവിന്‍റെ വാഴ്ചയുടെ ഏഴാം വര്‍ഷം അഞ്ചാം മാസത്തിലായിരുന്നു അദ്ദേഹം യെരൂശലേമില്‍ എത്തിയത്. ഒന്നാം മാസം ഒന്നാം ദിവസം അദ്ദേഹം ബാബിലോണില്‍നിന്നു യാത്ര പുറപ്പെട്ടു; ദൈവാനുഗ്രഹത്താല്‍ അഞ്ചാം മാസം ഒന്നാം തീയതി യെരൂശലേമിലെത്തി. സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്രം പഠിക്കുവാനും അത് അനുഷ്ഠിക്കുവാനും അതിന്‍റെ ചട്ടങ്ങളും വിധികളും ഇസ്രായേലില്‍ പഠിപ്പിക്കുവാനും എസ്രാ മനസ്സുവച്ചിരുന്നു. ഇസ്രായേലിനു സര്‍വേശ്വരന്‍ നല്‌കിയ കല്പനകളുടെയും ചട്ടങ്ങളുടെയും കാര്യത്തില്‍ അഭിജ്ഞനും പുരോഹിതനുമായ എസ്രായ്‍ക്ക് അര്‍ത്ഥക്സേര്‍ക്സ് രാജാവു നല്‌കിയ എഴുത്തിന്‍റെ പകര്‍പ്പ്: “രാജാധിരാജനായ അര്‍ത്ഥക്സേര്‍ക്സസ് രാജാവ് സ്വര്‍ഗസ്ഥനായ ദൈവത്തിന്‍റെ ധര്‍മശാസ്ത്രത്തില്‍ അഭിജ്ഞനായ എസ്രാപുരോഹിതനു എഴുതുന്നത്: എന്‍റെ രാജ്യത്തു വസിക്കുന്ന ഏത് ഇസ്രായേല്യനും പുരോഹിതനും ലേവ്യനും നിന്നോടൊപ്പം യെരൂശലേമിലേക്കു പോകാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഞാന്‍ അതിന് അനുവാദം തന്നിരിക്കുന്നു. നിന്‍റെ ദൈവത്തില്‍നിന്നു ലഭിച്ച ധര്‍മശാസ്ത്രം യെഹൂദ്യയിലും യെരൂശലേമിലും എങ്ങനെ പരിപാലിക്കപ്പെടുന്നു എന്ന് അന്വേഷിക്കാനാണ് രാജാവും തന്‍റെ ഏഴു മന്ത്രിമാരും ചേര്‍ന്ന് നിന്നെ അയയ്‍ക്കുന്നത്. യെരൂശലേമില്‍ വസിക്കുന്ന ഇസ്രായേലിന്‍റെ ദൈവത്തിന് രാജാവും മന്ത്രിമാരും സ്വമേധാദാനമായി അര്‍പ്പിക്കുന്ന വെള്ളിയും സ്വര്‍ണവും നിങ്ങള്‍ കൊണ്ടുപോകണം. കൂടാതെ ബാബിലോണ്‍ പ്രദേശത്തുനിന്നു നിങ്ങള്‍ സംഭരിച്ച വെള്ളിയും സ്വര്‍ണവും യെരൂശലേമിലെ തങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിനുവേണ്ടി ജനങ്ങളും പുരോഹിതന്മാരും നല്‌കുന്ന സ്വമേധാദാനങ്ങളും കൊണ്ടുപോകുന്നതിനും കൂടിയാണ് നിന്നെ അയയ്‍ക്കുന്നത്. “ഈ ദ്രവ്യംകൊണ്ട് ശ്രദ്ധാപൂര്‍വം കാളകള്‍, മുട്ടാടുകള്‍, കുഞ്ഞാടുകള്‍ എന്നിവയും ധാന്യയാഗത്തിനും പാനീയയാഗത്തിനും വേണ്ട വസ്തുക്കളും വാങ്ങി യെരൂശലേമിലെ നിങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിലെ യാഗപീഠത്തിന്മേല്‍ അര്‍പ്പിക്കണം. ശേഷിക്കുന്ന വെള്ളിയും സ്വര്‍ണവും നിനക്കും നിന്‍റെ സഹോദരന്മാര്‍ക്കും ഉചിതമെന്നു തോന്നുന്നതുപോലെ നിങ്ങളുടെ ദൈവത്തിനു പ്രസാദകരമാംവിധം ഉപയോഗിക്കാം. നിന്‍റെ ദൈവത്തിന്‍റെ ആലയത്തിലെ ശുശ്രൂഷയ്‍ക്കുവേണ്ടി നിന്നെ ഏല്പിച്ചിട്ടുള്ള പാത്രങ്ങള്‍ യെരൂശലേമിലെ ദൈവത്തിന്‍റെ സന്നിധിയില്‍ സമര്‍പ്പിക്കണം. നിന്‍റെ ദൈവത്തിന്‍റെ ആലയത്തിനുവേണ്ടി മറ്റെന്തെങ്കിലും ആവശ്യമായി വന്നാല്‍ അതും രാജഭണ്ഡാരത്തില്‍നിന്ന് എടുത്തുകൊള്ളുക.” അര്‍ത്ഥക്സേര്‍ക്സസ് രാജാവായ നാം നദിക്ക് അക്കരെയുള്ള പ്രദേശത്തെ ഭണ്ഡാരവിചാരകരോടു കല്പിക്കുന്നു: “സ്വര്‍ഗസ്ഥനായ ദൈവത്തിന്‍റെ ധര്‍മശാസ്ത്രത്തില്‍ പാണ്ഡിത്യമുള്ള എസ്രാപുരോഹിതന്‍ നിങ്ങളോടു ചോദിക്കുന്നതെല്ലാം ശുഷ്കാന്തിയോടെ നല്‌കണം. വെള്ളി നൂറു താലന്തുവരെയും കോതമ്പ് നൂറുകോര്‍വരെയും വീഞ്ഞും എണ്ണയും നൂറു ബത്തുവരെയും ഉപ്പ് ആവശ്യംപോലെയും കൊടുക്കണം. സ്വര്‍ഗസ്ഥനായ ദൈവത്തിന്‍റെ ക്രോധം രാജാവിന്‍റെയും പുത്രന്മാരുടെയും രാജ്യത്തിന്മേല്‍ പതിക്കാതിരിക്കാന്‍ അവിടുന്നു കല്പിക്കുന്നതെല്ലാം അവിടുത്തെ ആലയത്തിനുവേണ്ടി നല്‌കേണ്ടതാണ്. പുരോഹിതന്മാര്‍, ലേവ്യര്‍, ഗായകര്‍, ദ്വാരപാലകര്‍, ദേവാലയഭൃത്യന്മാര്‍, ദൈവത്തിന്‍റെ ഈ ആലയത്തിലെ മറ്റു ശുശ്രൂഷകര്‍ എന്നിവരില്‍നിന്നു കരമോ, ചുങ്കമോ, നികുതിയോ ചുമത്തുന്നതു നിയമവിരുദ്ധമായിരിക്കുമെന്നു നാം കല്പിക്കുന്നു.” “അല്ലയോ എസ്രാ, നിന്‍റെ ദൈവത്തില്‍നിന്നു നിനക്കു ലഭിച്ചിരിക്കുന്ന ജ്ഞാനം ഉപയോഗിച്ചു നദിക്ക് അക്കരെയുള്ള ജനത്തിനു ന്യായപാലനം ചെയ്യാന്‍ നിന്‍റെ ദൈവത്തിന്‍റെ നിയമം അറിയാവുന്നവരില്‍നിന്ന് നിയമപാലകരെയും ന്യായാധിപന്മാരെയും നിയമിക്കണം. അത് അറിയാത്തവരെ പഠിപ്പിക്കുകയും വേണം. നിന്‍റെ ദൈവത്തിന്‍റെയോ രാജാവിന്‍റെയോ നിയമം ലംഘിക്കുന്ന എല്ലാവരെയും കര്‍ശനമായി ശിക്ഷിക്കണം; വധശിക്ഷയോ, നാടുകടത്തലോ, വസ്തു കണ്ടുകെട്ടലോ, തടവുശിക്ഷയോ നല്‌കാവുന്നതാണ്. യെരൂശലേമില്‍ സര്‍വേശ്വരന്‍റെ ആലയം മനോഹരമാക്കുന്നതിനു രാജാവിനെ പ്രേരിപ്പിച്ച നമ്മുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെട്ടവന്‍. രാജാവിന്‍റെയും മന്ത്രിമാരുടെയും പ്രബലരായ പ്രഭുക്കന്മാരുടെയും മുമ്പില്‍ എന്നോട് അവിടുന്നു സുസ്ഥിരസ്നേഹം പ്രദര്‍ശിപ്പിച്ചു. എന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ അനുഗ്രഹം എന്‍റെമേല്‍ ഉണ്ടായിരുന്നതുകൊണ്ട് ഇസ്രായേലിലെ പ്രമുഖരെ വിളിച്ചുകൂട്ടി എന്‍റെകൂടെ പോരുന്നതിന് അവരെ പ്രേരിപ്പിക്കാന്‍ എനിക്കു ധൈര്യമുണ്ടായി. അര്‍ത്ഥക്സേര്‍ക്സസ് രാജാവിന്‍റെ ഭരണകാലത്ത് ബാബിലോണില്‍നിന്ന് എന്‍റെ കൂടെ പോന്ന പിതൃഭവനത്തലവന്മാരുടെ പേരുകള്‍ വംശക്രമത്തില്‍: ഫീനെഹാസിന്‍റെ വംശജരില്‍ ഗേര്‍ശോം; ഈഥാമാരിന്‍റെ വംശജരില്‍ ദാനീയേല്‍; ദാവീദിന്‍റെ വംശജരില്‍ ശെഖന്യായുടെ പുത്രന്‍ ഹത്തൂശ്; പറോശിന്‍റെ വംശജരില്‍ സെഖര്യായും അയാളുടെ കൂടെ വംശാവലിയില്‍ പേരു ചേര്‍ക്കപ്പെട്ടിട്ടുള്ള നൂറ്റമ്പതു പുരുഷന്മാരും. പഹത്ത്-മോവാബിന്‍റെ വംശത്തില്‍ സെരഹ്യായുടെ പുത്രന്‍ എല്യെഹോവേനായിയും കൂടെ ഇരുനൂറു പേരും. ശെഖന്യായുടെ വംശത്തില്‍ യെഹസീയേലിന്‍റെ പുത്രനും കൂടെ മുന്നൂറു പേരും. ആദീന്‍റെ വംശത്തില്‍ യോനാഥാന്‍റെ പുത്രന്‍ ഏബെദും കൂടെ അമ്പതു പുരുഷന്മാരും. ഏലാമിന്‍റെ വംശത്തില്‍ അഥല്യായുടെ പുത്രന്‍ യെശയ്യായും കൂടെ എഴുപതു പേരും. ശെഫത്യായുടെ വംശത്തില്‍ മീഖായേലിന്‍റെ പുത്രന്‍ സെബദ്യായും കൂടെ എണ്‍പതു പുരുഷന്മാരും. യോവാബിന്‍റെ വംശത്തില്‍ യെഹീയേലിന്‍റെ പുത്രന്‍ ഓബദ്യായും കൂടെ ഇരുനൂറ്റിപതിനെട്ടുപേരും. ശെലോമീത്തിന്‍റെ വംശത്തില്‍ യോസിഫ്യായുടെ പുത്രനും കൂടെ നൂറ്ററുപതു പുരുഷന്മാരും. ബേബായിയുടെ വംശത്തില്‍പ്പെട്ട ബേബായിയുടെ പുത്രന്‍ സെഖര്യായും കൂടെ ഇരുപത്തെട്ടു പേരും. അസ്ഗാദിന്‍റെ വംശത്തില്‍ ഹക്കാതാന്‍റെ പുത്രന്‍ യോഹാനാനും കൂടെ നൂറ്റിപ്പത്തു പുരുഷന്മാരും. അദോനീക്കാമിന്‍റെ ഇളയ പുത്രന്മാരില്‍ എലീഫേലെത്ത്, യെയീയേല്‍, ശെമയ്യാ എന്നിവരും കൂടെ അറുപതു പുരുഷന്മാരും. ബിഗ്വായുടെ വംശത്തില്‍ ഊഥായിയും സബൂദും കൂടെ എഴുപതു പേരും. അഹവായിലേക്ക് ഒഴുകുന്ന നദിയുടെ തീരത്ത് ഞാന്‍ ഇവരെ ഒരുമിച്ചു കൂട്ടി. അവിടെ ഞങ്ങള്‍ പാളയമടിച്ചു മൂന്നു ദിവസം പാര്‍ത്തു. ഞാന്‍ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചു. എന്നാല്‍ ലേവിയുടെ വംശജരില്‍ ആരെയും അവിടെ കണ്ടില്ല. അതുകൊണ്ട് എലീയേസെര്‍, അരീയേല്‍, ശെമയ്യാ, എല്‍നാഥാന്‍, യാരീബ്, എല്‍നാഥാന്‍, നാഥാന്‍, സെഖര്യാ, മെശുല്ലാം എന്നീ പ്രമുഖരെയും യോയാരീബ്, എല്‍നാഥാന്‍ എന്നീ സൂക്ഷ്മബുദ്ധികളെയും ഞാന്‍ വിളിപ്പിച്ചു. അവരെ കാസിഫ്യാ എന്ന സ്ഥലത്തെ പ്രമുഖനായ ഇദ്ദോയുടെ അടുക്കല്‍ അയച്ചു. നമ്മുടെ ദൈവത്തിന്‍റെ ആലയത്തിനു ശുശ്രൂഷകരെ അയച്ചുതരണമെന്നു കാസിഫ്യായിലെ ഇദ്ദോയോടും അയാളുടെ സഹോദരരായ ദേവാലയ ശുശ്രൂഷകരോടും അപേക്ഷിക്കാനായിരുന്നു അവരെ അയച്ചത്. ദൈവകൃപ ഞങ്ങള്‍ക്കുണ്ടായിരുന്നതിനാല്‍ ഇസ്രായേലിന്‍റെ പൗത്രനും ലേവിയുടെ പുത്രനുമായ മഹ്ലിയുടെ കുലത്തില്‍പ്പെട്ടവനും വിവേകിയുമായ ശേരബ്യായെയും അയാളുടെ പുത്രന്മാരും ചാര്‍ച്ചക്കാരുമായ പതിനെട്ടു പേരെയും അവര്‍ കൊണ്ടുവന്നു. കൂടാതെ ഹശബ്യായെയും അയാളുടെ കൂടെ മെരാരികുടുംബത്തില്‍പ്പെട്ട യെശയ്യായും അയാളുടെ പുത്രന്മാരും ചാര്‍ച്ചക്കാരുമടക്കം ഇരുപതു പേരെയും കൊണ്ടുവന്നു. അതിനു പുറമേ ദാവീദും അദ്ദേഹത്തിന്‍റെ സേവകന്മാരും ലേവ്യരെ സഹായിക്കാന്‍ വേര്‍തിരിച്ചിരുന്ന ദേവാലയ ശുശ്രൂഷകരില്‍ ഇരുനൂറ്റി ഇരുപതു പേരെയുംകൂടി കൊണ്ടുവന്നു. അവരുടെയെല്ലാം പേരു രേഖപ്പെടുത്തി. ദൈവസന്നിധിയില്‍ ഞങ്ങളെത്തന്നെ വിനയപ്പെടുത്താനും കുഞ്ഞുകുട്ടികളോടും വസ്തുവകകളോടും കൂടിയുള്ള ഞങ്ങളുടെ യാത്ര സുരക്ഷിതമായിത്തീരാനും ദൈവത്തോട് അപേക്ഷിക്കാനുമായി അഹവാ നദീതീരത്തുവച്ച് ഞാന്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു. ഞങ്ങളുടെ ദൈവത്തെ അന്വേഷിക്കുന്നവരുടെമേല്‍ അവിടുത്തെ അനുഗ്രഹം ഉണ്ടായിരിക്കുമെന്നും ഉപേക്ഷിക്കുന്നവര്‍ക്കെതിരെ അവിടുത്തെ ഉഗ്രകോപം ജ്വലിക്കുമെന്നും ഞങ്ങള്‍ രാജാവിനോടു പറഞ്ഞിരുന്നു. അതിനാല്‍ യാത്രയില്‍ ഞങ്ങളെ ശത്രുക്കളില്‍നിന്നു രക്ഷിക്കുന്നതിനു പടയാളികളെയും കുതിരപ്പട്ടാളത്തെയും രാജാവിനോട് ആവശ്യപ്പെടാന്‍ എനിക്കു ലജ്ജതോന്നി. ഞങ്ങള്‍ ഉപവസിച്ചു ദൈവത്തോടു പ്രാര്‍ഥിച്ചു. അവിടുന്നു ഞങ്ങളുടെ പ്രാര്‍ഥന കേട്ടു. പ്രമുഖരായ പുരോഹിതന്മാരില്‍നിന്ന് ശേരബ്യായും ഹശബ്യായും അവരുടെ ചാര്‍ച്ചക്കാരായ പത്തു പേരും ഉള്‍പ്പെടെ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു. രാജാവും അദ്ദേഹത്തിന്‍റെ മന്ത്രിമാരും പ്രഭുക്കന്മാരും അവിടെയുള്ള ഇസ്രായേല്യരും നമ്മുടെ ദൈവത്തിന്‍റെ ആലയത്തിനു വഴിപാടായി അര്‍പ്പിച്ചിരുന്ന വെള്ളിയും സ്വര്‍ണവും പാത്രങ്ങളും തൂക്കി ഞാന്‍ അവരെ ഏല്പിച്ചു. അറുനൂറ്റമ്പതു താലന്തു വെള്ളി, നൂറു താലന്തു വരുന്ന അമ്പതു വെള്ളിപ്പാത്രങ്ങള്‍, നൂറു താലന്തു സ്വര്‍ണം, ആയിരം തങ്കക്കാശു വിലയുള്ള ഇരുപതു സ്വര്‍ണപ്പാത്രങ്ങള്‍, സ്വര്‍ണംപോലെ വിലപിടിച്ചതും തിളങ്ങുന്നതുമായ രണ്ട് ഓട്ടുപാത്രങ്ങള്‍ എന്നിവയാണു ഞാന്‍ തൂക്കി ഏല്പിച്ചത്. ഞാന്‍ അവരോടു പറഞ്ഞു: “നിങ്ങള്‍ ദൈവത്തിനുവേണ്ടി വേര്‍തിരിക്കപ്പെട്ടവരാണ്. ഈ പാത്രങ്ങളും വേര്‍തിരിക്കപ്പെട്ടവയാണ്. വെള്ളിയും സ്വര്‍ണവും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനു സ്വമേധാദാനമായി അര്‍പ്പിക്കപ്പെട്ടവയും ആണ്. മുഖ്യ പുരോഹിതന്മാരുടെയും ലേവ്യരുടെയും ഇസ്രായേലിലെ ഗോത്രത്തലവന്മാരുടെയും മുമ്പാകെ യെരൂശലേമില്‍ സര്‍വേശ്വരന്‍റെ ആലയത്തിലെ അറകളില്‍വച്ച് തൂക്കി ഏല്പിക്കുന്നതുവരെ ഇവ ഭദ്രമായി സൂക്ഷിക്കണം. അങ്ങനെ പുരോഹിതന്മാരും ലേവ്യരും ആ വെള്ളിയും സ്വര്‍ണവും അവകൊണ്ടുള്ള പാത്രങ്ങളും യെരൂശലേമില്‍ ഞങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിലേക്കു കൊണ്ടുപോകുന്നതിന് ഏറ്റുവാങ്ങി. ഒന്നാം മാസം പന്ത്രണ്ടാം ദിവസം അഹവാ നദിക്കരയില്‍നിന്നു ഞങ്ങള്‍ യെരൂശലേമിലേക്കു പുറപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്‍റെ കൃപ ഞങ്ങള്‍ക്കുണ്ടായിരുന്നു. ശത്രുക്കളില്‍നിന്നും വഴിയില്‍ പതിയിരിക്കുന്നവരില്‍നിന്നും അവിടുന്നു ഞങ്ങളെ കാത്തുരക്ഷിച്ചു. അങ്ങനെ ഞങ്ങള്‍ യെരൂശലേമില്‍ എത്തി; അവിടെ മൂന്നു ദിവസം പാര്‍ത്തു. നാലാം ദിവസം ഞങ്ങള്‍ ആ വെള്ളിയും സ്വര്‍ണവും പാത്രങ്ങളും നമ്മുടെ ദൈവത്തിന്‍റെ ആലയത്തില്‍ ഊരിയാപുരോഹിതന്‍റെ പുത്രന്‍ മെരേമോത്തിന്‍റെ കൈയില്‍ തൂക്കി ഏല്പിച്ചു; അയാളോടൊപ്പം ഫീനെഹാസിന്‍റെ പുത്രന്‍ എലെയാസാരും യേശുവയുടെ പുത്രന്‍ യോസാബാദ്, ബിന്നൂവിന്‍റെ പുത്രന്‍ നോവദ്യാ എന്നീ ലേവ്യരും ഉണ്ടായിരുന്നു. എല്ലാറ്റിന്‍റെയും എണ്ണവും തൂക്കവും തിട്ടപ്പെടുത്തി എഴുതിവച്ചു. മടങ്ങിവന്ന പ്രവാസികള്‍ ഇസ്രായേല്‍ജനങ്ങള്‍ക്കുവേണ്ടി ഇസ്രായേലിന്‍റെ ദൈവത്തിനു ഹോമയാഗമായി പന്ത്രണ്ടു കാള, തൊണ്ണൂറ്റാറു മുട്ടാട്, എഴുപത്തേഴ് കുഞ്ഞാട് എന്നിവയെയും പാപയാഗമായി പന്ത്രണ്ട് ആണ്‍കോലാടുകളെയും അര്‍പ്പിച്ചു. അവര്‍ രാജാവിന്‍റെ കല്പനകള്‍ നദിക്ക് ഇക്കരെയുള്ള സ്ഥാനപതിമാരെയും ഗവര്‍ണര്‍മാരെയും ഏല്പിച്ചു; അവര്‍ ജനങ്ങള്‍ക്കും ദേവാലയത്തിനും വേണ്ട സഹായം നല്‌കി. ഇതെല്ലാം കഴിഞ്ഞ് ജനനേതാക്കള്‍ എന്നെ സമീപിച്ചു പറഞ്ഞു: “ഇസ്രായേല്‍ജനങ്ങളും പുരോഹിതന്മാരും ലേവ്യരും തദ്ദേശവാസികളായ കനാന്യര്‍, ഹിത്യര്‍, പെരിസ്യര്‍, യെബൂസ്യര്‍, അമ്മോന്യര്‍, മോവാബ്യര്‍, ഈജിപ്തുകാര്‍, അമോര്യര്‍ എന്നീ ജനതകളില്‍നിന്നും അവരുടെ മ്ലേച്ഛാചാരങ്ങളില്‍നിന്നും അകന്നുനില്‌ക്കുന്നില്ല. തദ്ദേശീയരുടെ പുത്രിമാരെ അവര്‍ തങ്ങള്‍ക്കും തങ്ങളുടെ പുത്രന്മാര്‍ക്കും ഭാര്യമാരായി സ്വീകരിച്ചിരിക്കുന്നു. അങ്ങനെ വിശുദ്ധവംശം തദ്ദേശവാസികളുമായി ഇടകലര്‍ന്നുപോയി. നേതാക്കളും പ്രമാണികളും ഈ അകൃത്യം ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‌ക്കുന്നു.” ഇതു കേട്ടപ്പോള്‍ ഞാന്‍ എന്‍റെ വസ്ത്രവും മേലങ്കിയും കീറി; തലയിലും താടിയിലുമുള്ള രോമം വലിച്ചു പറിച്ചു. ഞാന്‍ സ്തബ്ധനായിപ്പോയി. സായാഹ്നയാഗത്തിന്‍റെ സമയംവരെ ഞാന്‍ അങ്ങനെ ഇരുന്നു. മടങ്ങിവന്ന പ്രവാസികളുടെ അവിശ്വസ്തതയെക്കുറിച്ച് ഇസ്രായേലിന്‍റെ ദൈവം അരുളിച്ചെയ്ത വചനങ്ങള്‍ കേട്ടു പരിഭ്രാന്തരായവരും എന്‍റെ ചുറ്റും വന്നുകൂടി. ഉപവാസം അനുഷ്ഠിച്ചുകൊണ്ടിരുന്ന ഞാന്‍ സായാഹ്നയാഗസമയത്ത് എഴുന്നേറ്റ് കീറിയ വസ്ത്രവും മേലങ്കിയുമായി മുട്ടുകുത്തി എന്‍റെ ദൈവമായ സര്‍വേശ്വരനിലേക്കു കൈകള്‍ ഉയര്‍ത്തി പറഞ്ഞു: “എന്‍റെ ദൈവമേ, അങ്ങയുടെ നേര്‍ക്ക് മുഖം ഉയര്‍ത്തുവാന്‍ ഞാന്‍ ലജ്ജിക്കുന്നു. എന്‍റെ ദൈവമേ, ഞങ്ങളുടെ അകൃത്യങ്ങള്‍ കുന്നുകൂടി തലയ്‍ക്കു മീതെ പൊങ്ങിയിരിക്കുന്നു. അതേ, അവ ആകാശത്തോളം ഉയര്‍ന്നിരിക്കുന്നു. ഞങ്ങളുടെ പിതാക്കന്മാരുടെ കാലം മുതല്‍ ഇന്നുവരെയും ഞങ്ങള്‍ കടുത്ത കുറ്റങ്ങള്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. ഞങ്ങളുടെ അകൃത്യങ്ങള്‍ നിമിത്തം ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പുരോഹിതന്മാരും ഇന്നായിരിക്കുന്നതുപോലെ അന്യരാജാക്കന്മാരുടെ കൈയില്‍ വാളിനും പ്രവാസത്തിനും കവര്‍ച്ചയ്‍ക്കും കടുത്ത അപമാനത്തിനും ഏല്പിക്കപ്പെട്ടിരിക്കുന്നു. ഇപ്പോഴാകട്ടെ അല്പസമയത്തേക്ക് ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഞങ്ങളോടു കരുണ കാണിച്ചു. ഞങ്ങളില്‍ ഒരു വിഭാഗത്തെ അവശേഷിപ്പിക്കുകയും അവിടുത്തെ വിശുദ്ധസ്ഥലത്ത് ഒരു അഭയസ്ഥാനം നല്‌കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ കണ്ണുകള്‍ക്കു പ്രകാശം നല്‌കുന്നതിനും അടിമത്തത്തില്‍ അല്പം ആശ്വാസം ലഭിക്കുന്നതിനും അത് ഇടയാക്കി. ഇപ്പോഴും ഞങ്ങള്‍ അടിമകളാണ്. എങ്കിലും ഞങ്ങളുടെ ദൈവം ഞങ്ങളെ കൈവിട്ടില്ല. പേര്‍ഷ്യന്‍രാജാക്കന്മാരുടെ മുമ്പാകെ അവിടുന്നു തന്‍റെ സുസ്ഥിരസ്നേഹം ഞങ്ങളോടു കാണിച്ചു. അങ്ങനെ ഞങ്ങളുടെ ദൈവത്തിന്‍റെ ആലയം കേടുപാടുകള്‍ തീര്‍ത്ത് പുനഃസ്ഥാപിക്കുന്നതിനു ഞങ്ങളെ പ്രചോദിപ്പിക്കുകയും യെഹൂദ്യയിലും യെരൂശലേമിലും ഞങ്ങള്‍ക്ക് സംരക്ഷണം നല്‌കുകയും ചെയ്തിരിക്കുന്നു. “ഞങ്ങളുടെ ദൈവമേ, ഇപ്പോള്‍ ഞങ്ങള്‍ എന്തു പറയേണ്ടൂ? അവിടുത്തെ കല്പനകള്‍ ഞങ്ങള്‍ ലംഘിച്ചിരിക്കുന്നു. അവിടുത്തെ ദാസന്മാരായ പ്രവാചകരിലൂടെ ഇപ്രകാരം അരുളിച്ചെയ്തിരുന്നു: ‘നിങ്ങള്‍ കൈവശമാക്കുവാന്‍ പോകുന്ന ദേശം തദ്ദേശവാസികളുടെ മ്ലേച്ഛതകളാല്‍ അശുദ്ധമാണ്. ഒരറ്റംമുതല്‍ മറ്റേ അറ്റംവരെയും അവര്‍ അതു മലിനതകൊണ്ട് നിറച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ പുത്രിമാരെ അവര്‍ക്കു നല്‌കരുത്; അവരുടെ പുത്രിമാരെ നിങ്ങള്‍ സ്വന്തം പുത്രന്മാര്‍ക്കുവേണ്ടി സ്വീകരിക്കയുമരുത്; അവര്‍ക്കു സമാധാനവും സമൃദ്ധിയും നിങ്ങള്‍ കാംക്ഷിക്കരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ ശക്തരാകും; ദേശത്തിലെ വിഭവങ്ങള്‍ അനുഭവിക്കുകയും അവ നിങ്ങളുടെ സന്താനങ്ങള്‍ക്കു ശാശ്വതാവകാശമായി തീരുകയും ചെയ്യും.’ ഞങ്ങളുടെ ദുഷ്പ്രവൃത്തികളും മഹാപാപങ്ങളും നിമിത്തം ഇതെല്ലാം ഞങ്ങള്‍ക്കു സംഭവിച്ചു. ഞങ്ങള്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‌കാതെ ദൈവമായ അവിടുന്ന് ഞങ്ങളെ ശേഷിപ്പിച്ചിരിക്കുന്നു. അവിടുത്തെ കല്പനകള്‍ ലംഘിച്ചു വീണ്ടും മ്ലേച്ഛതകള്‍ പ്രവര്‍ത്തിക്കുന്ന ജനതകളുമായി ഞങ്ങള്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുമോ? അങ്ങനെ ചെയ്താല്‍ ശിഷ്ടഭാഗമോ രക്ഷപെടുന്ന ആരെങ്കിലുമോ അവശേഷിക്കാതെ ഞങ്ങള്‍ നശിക്കുന്നതുവരെ അവിടുന്നു ഞങ്ങളോടു കോപിക്കുകയില്ലേ? ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ, അവിടുന്നു നീതിമാനാകുന്നു. ഞങ്ങളാകട്ടെ, ഇന്നു രക്ഷപെട്ട അവശിഷ്ടം മാത്രം; ഞങ്ങളുടെ അപരാധങ്ങളുമായി ഇതാ തിരുമുമ്പാകെ നില്‌ക്കുന്നു; ഇങ്ങനെ അവിടുത്തെ മുമ്പില്‍ നില്‌ക്കാന്‍ ആരും അര്‍ഹരല്ലല്ലോ.” എസ്രാ ദേവാലയത്തിനു മുമ്പില്‍ വീണുകിടന്നു വിലപിച്ചു പ്രാര്‍ഥിക്കുകയും അപരാധങ്ങള്‍ ഏറ്റുപറയുകയും ചെയ്തപ്പോള്‍ പുരുഷന്മാരും സ്‍ത്രീകളും കുട്ടികളുമടക്കം ഇസ്രായേല്യരുടെ ഒരു വലിയ സമൂഹം ചുറ്റും വന്നുകൂടി; അവരും കഠിനവ്യഥയോടെ വിലപിച്ചു. അപ്പോള്‍ ഏലാമിന്‍റെ വംശത്തില്‍പ്പെട്ട യെഹീയേലിന്‍റെ പുത്രന്‍ ശെഖന്യാ എസ്രായോടു പറഞ്ഞു: “തദ്ദേശവാസികളായ വിജാതീയ സ്‍ത്രീകളെ വിവാഹം ചെയ്ത് ഞങ്ങള്‍ നമ്മുടെ ദൈവത്തോട് അവിശ്വസ്തത കാട്ടിയിരിക്കുന്നു. എങ്കിലും ഇസ്രായേലിന് ഇനിയും ആശയ്‍ക്കു വകയുണ്ട്. ഞങ്ങളുടെ ദൈവത്തിന്‍റെയും അവിടുത്തെ കല്പന അനുസരിക്കുന്നവരുടെയും ഉപദേശമനുസരിച്ച് ഈ വിജാതീയരായ ഭാര്യമാരെയും അവരില്‍നിന്നു ജനിച്ചവരെയും ഉപേക്ഷിക്കാമെന്നു നമുക്കു ദൈവത്തോട് ഉടമ്പടി ചെയ്യാം. ദൈവത്തിന്‍റെ ധര്‍മശാസ്ത്രം അനുശാസിക്കുന്നത് നാം ചെയ്യും. എഴുന്നേല്‌ക്കുക; ഇതു ചെയ്യേണ്ടത് അങ്ങാണ്; ഞങ്ങള്‍ അങ്ങയോടൊത്തുണ്ട്; ധീരമായി പ്രവര്‍ത്തിക്കുക.” അപ്പോള്‍ എസ്രാ എഴുന്നേറ്റ് അപ്രകാരം ചെയ്തുകൊള്ളാമെന്ന് പ്രതിജ്ഞചെയ്യാന്‍ മുഖ്യ പുരോഹിതന്മാരെയും ലേവ്യരെയും ഇസ്രായേല്‍ജനത്തെയും പ്രേരിപ്പിച്ചു; അവര്‍ പ്രതിജ്ഞ ചെയ്തു. പിന്നീട് ദേവാലയത്തിന്‍റെ മുമ്പില്‍നിന്ന് എസ്രാ എഴുന്നേറ്റ് എല്യാശീബിന്‍റെ പുത്രനായ യെഹോഹാനാന്‍റെ മുറിയില്‍ ചെന്നു. ഭക്ഷണപാനീയങ്ങള്‍ വെടിഞ്ഞ് പ്രവാസികളുടെ അവിശ്വസ്തതയെക്കുറിച്ച് വിലപിച്ചുകൊണ്ട് അവിടെ രാത്രി കഴിച്ചു. യെഹൂദ്യയിലും യെരൂശലേമിലുമെല്ലാം അവര്‍ ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി. “മടങ്ങിവന്ന പ്രവാസികളെല്ലാം യെരൂശലേമില്‍ വന്നുകൂടണം. മൂന്നു ദിവസത്തിനകം ആരെങ്കിലും വരാതെയിരുന്നാല്‍ നേതാക്കളുടെയും പ്രമാണികളുടെയും ആജ്ഞയനുസരിച്ച് അവന്‍റെ വസ്തുവകകളെല്ലാം കണ്ടുകെട്ടുകയും അവനെ പ്രവാസികളുടെ സമൂഹത്തില്‍നിന്നു പുറത്താക്കുകയും ചെയ്യും.” ആ മൂന്നു ദിവസത്തിനുള്ളില്‍ യെഹൂദാ ബെന്യാമീന്‍ ഗോത്രത്തിലെ സകല പുരുഷന്മാരും യെരൂശലേമില്‍ വന്നുകൂടി; അത് ഒമ്പതാം മാസം ഇരുപതാം ദിവസം ആയിരുന്നു. ജനങ്ങളെല്ലാം ഈ കാര്യത്തെ സംബന്ധിച്ചുള്ള ഭയവും പേമാരിയും നിമിത്തം വിറച്ചുകൊണ്ട് ദേവാലയത്തിന്‍റെ മുറ്റത്ത് ഇരുന്നു. എസ്രാപുരോഹിതന്‍ എഴുന്നേറ്റ് അവരോടു പറഞ്ഞു: “നിങ്ങള്‍ അവിശ്വസ്തരായി അന്യസ്‍ത്രീകളെ വിവാഹം കഴിച്ച് ഇസ്രായേലിന്‍റെ അപരാധം വര്‍ധിപ്പിച്ചിരിക്കുന്നു. അതിനാല്‍ ഇപ്പോള്‍ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനോടു പാപം ഏറ്റുപറഞ്ഞ് തദ്ദേശവാസികളില്‍നിന്നും അന്യസ്‍ത്രീകളില്‍നിന്നും ഒഴിഞ്ഞു നില്‌ക്കുക.” അപ്പോള്‍ ജനസമൂഹം മുഴുവന്‍ ഉറക്കെ പറഞ്ഞു: “അങ്ങു പറഞ്ഞതുപോലെതന്നെ ഞങ്ങള്‍ ചെയ്യും.” അവര്‍ തുടര്‍ന്നു: “ജനങ്ങള്‍ വളരെയുണ്ട്; ഇത് വര്‍ഷകാലവുമാണ്; അതുകൊണ്ട് ഞങ്ങള്‍ക്കു പുറത്തുനില്‌ക്കാന്‍ കഴിവില്ല; ഇത് ഒന്നോ രണ്ടോ ദിവസംകൊണ്ടു തീരുന്ന കാര്യവുമല്ല. ഇക്കാര്യത്തില്‍ ഞങ്ങളില്‍ പലരും തെറ്റുകാരാണ്. അതിനാല്‍ ഞങ്ങളുടെ നേതാക്കള്‍ സമൂഹത്തിന്‍റെ പ്രതിനിധികളായി നില്‌ക്കട്ടെ. ഈ കാര്യം സംബന്ധിച്ചു നമ്മുടെ ദൈവത്തിന് ഉണ്ടായിട്ടുള്ള ഉഗ്രകോപം വിട്ടുമാറുന്നതുവരെ ഞങ്ങളുടെ പട്ടണങ്ങളില്‍ അന്യസ്‍ത്രീകളെ വിവാഹം ചെയ്തവരെല്ലാം നിശ്ചിതസമയങ്ങളില്‍ വന്നെത്തണം; അവരുടെകൂടെ ഓരോ പട്ടണത്തിലെയും പ്രമാണിമാരും ന്യായാധിപന്മാരും ഉണ്ടായിരിക്കണം.” അസാഹേലിന്‍റെ പുത്രന്‍ യോനാഥാനും തിക്ക്വയുടെ പുത്രന്‍ യഹ്സെയായും മാത്രം അതിനെ എതിര്‍ത്തു. മെശുല്ലാമും ലേവ്യനായ ശബ്ബെഥായിയും അവരെ പിന്താങ്ങി. മടങ്ങിവന്ന പ്രവാസികളെല്ലാം ഈ നിര്‍ദ്ദേശം സ്വീകരിച്ചു. എസ്രാപുരോഹിതന്‍ പിതൃഭവനങ്ങളനുസരിച്ച് പിതൃഭവനത്തലവന്മാരെ തിരഞ്ഞെടുത്ത് അവരുടെ പേരുകള്‍ രേഖപ്പെടുത്തി. ഇക്കാര്യം പരിശോധിക്കാന്‍ പത്താംമാസം ഒന്നാം ദിവസം അവര്‍ യോഗം കൂടി. അന്യസ്‍ത്രീകളെ വിവാഹം കഴിച്ചിരുന്ന പുരുഷന്മാരുടെ വിചാരണ ഒന്നാം മാസം ഒന്നാം തീയതിയോടുകൂടി പൂര്‍ത്തിയാക്കി. പുരോഹിതരില്‍ വിജാതീയസ്‍ത്രീകളെ വിവാഹം കഴിച്ചിരുന്നവര്‍: യേശുവയുടെ സന്തതികളില്‍ യോസാദ്യാക്കും അയാളുടെ സഹോദരന്മാരായ മയശേയാ, എലീയേസെര്‍, യാരീബ്, ഗെദല്യാ എന്നിവരും തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാമെന്നു പ്രതിജ്ഞ ചെയ്തു. തങ്ങളുടെ കുറ്റത്തിന് ഓരോ മുട്ടാടിനെ പാപപരിഹാരയാഗമായി അവര്‍ അര്‍പ്പിക്കുകയും ചെയ്തു. ഇമ്മേരിന്‍റെ വംശത്തില്‍ ഹനാനി, സെബദ്യാ; ഹാരീമിന്‍റെ വംശത്തില്‍ മയശേയാ, ഏലീയാ, ശെമയ്യാ, യെഹീയേല്‍, ഉസ്സീയാ. പശ്ഹൂരിന്‍റെ വംശത്തില്‍: എല്യോവേനായി, മയശേയാ, ഇശ്മായേല്‍, നെഥനയേല്‍, യോസാബാദ്, എലെയാസാ. ലേവ്യരില്‍: യോസാബാദ്, ശിമെയി, കെലീയാ എന്നു പേരുള്ള കേലായാ, പെഥഹ്യാ, യെഹൂദാ, എലീയേസെര്‍. ഗായകരില്‍: എല്യാശീബ്. വാതില്‍കാവല്‌ക്കാരില്‍: ശല്ലൂം, തേലെം, ഊരി. ഇസ്രായേല്യരില്‍: പരോശിന്‍റെ വംശത്തില്‍: രമ്യാ, ഇശ്ശീയാ, മല്‌കീയാ, മീയാമീന്‍, എലെയാസാര്‍, മല്‌കീയാ, ബെനായാ. ഏലാമിന്‍റെ വംശത്തില്‍: മഥന്യാ, സെഖര്യാ, യെഹീയേല്‍, അബ്ദി, യെരേമോത്ത്, എലീയാ. സത്ഥൂവിന്‍റെ വംശത്തില്‍: സാബാദ്, അസീസാ, എല്യോവേനായി, എല്യാശീബ്, മത്ഥന്യാ, യെരോമോത്ത്. ബേബായിയുടെ വംശത്തില്‍: യെഹോ ഹാനാന്‍, ഹനന്യാ, സബ്ബായി, അഥെലായി. ബാനിയുടെ വംശത്തില്‍: മെശുല്ലാം, മല്ലൂക്ക്, ആദായാ, യാശൂബ്, ശെയാല്‍, യെരേമോത്ത്. പഹത്ത്-മോവാബിന്‍റെ വംശത്തില്‍: അദ്നാ, കെലാല്‍, ബെനായാ, മയശേയാ, മത്ഥന്യാ, ബെസലയേല്‍, ബിന്നൂവി, മനശ്ശെ. ഹാരീമിന്‍റെ വംശത്തില്‍: എലീയേസെര്‍, ഇശ്ശീയാ, മല്‌ക്കീയാ, ശെമയ്യാ, ശിമെയോന്‍, ബെന്യാമീന്‍, മല്ലൂക്ക്, ശെമര്യാ. ഹാശൂമിന്‍റെ വംശത്തില്‍: മത്ഥനായി, മത്ഥത്ഥാ, സാബാദ്, എലീഫേലെത്ത്, യെരേമായി, മനശ്ശെ, ശിമെയി. ബാനിയുടെ വംശത്തില്‍: മയദായി, അമ്രാം, ഊവേല്‍, ബെനായാ, ബേദെയാ, കെലൂഹി, വന്യാ, [36,37] മെരേമോത്ത്, എല്യാശീബ്, മത്ഥന്യാ, മെത്ഥനായി, യാസു. *** ബിന്നൂയിയുടെ വംശത്തില്‍: ശിമെയി, ശെലമ്യാ, നാഥാന്‍, അദായാ, മഖ്നദെബായി, [40,41] ശാശായി, ശാരായി, അസരെയേല്‍, ശേലെമ്യാ, *** ശമര്യാ, ശല്ലൂം, അമര്യാ, യോസേഫ്. നെബോയുടെ വംശത്തില്‍: യെയീയേല്‍, മത്ഥിത്ഥ്യാ, സാബാദ്, സെബീനാ, യദ്ദായി, യോവേല്‍, ബെനായാ. ഇവരെല്ലാം വിജാതീയ സ്‍ത്രീകളെ വിവാഹം കഴിച്ചിരുന്നു. അവര്‍ ഭാര്യമാരെയും മക്കളെയും ഉപേക്ഷിച്ചു. ഹഖല്യായുടെ പുത്രന്‍ നെഹെമ്യായുടെ വാക്കുകള്‍: അര്‍ത്ഥക്സേര്‍ക്സസ് രാജാവിന്‍റെ വാഴ്ചയുടെ ഇരുപതാം വര്‍ഷം കിസ്ലേവ് മാസം ഞാന്‍ തലസ്ഥാനമായ ശൂശനില്‍ ആയിരുന്നു. എന്‍റെ ഒരു സഹോദരനായ ഹനാനിയും യെഹൂദായില്‍നിന്നു ചിലരും അവിടെ വന്നു. ബാബിലോണിലേക്ക് പ്രവാസികളായി കൊണ്ടുപോയവരില്‍ ഉള്‍പ്പെടാതെ രക്ഷപെട്ട് അവിടെ കഴിഞ്ഞ യെഹൂദന്മാരെക്കുറിച്ചും യെരൂശലേമിനെക്കുറിച്ചും ഞാന്‍ അവരോട് ആരാഞ്ഞു. അവര്‍ പറഞ്ഞു: പ്രവാസത്തില്‍നിന്ന് രക്ഷപെട്ട് അവിടെ അവശേഷിച്ചവര്‍ വലിയ കഷ്ടതയിലും അപമാനത്തിലുമാണു കഴിയുന്നത്. യെരൂശലേമിന്‍റെ മതില്‍ ഇടിഞ്ഞും അതിന്‍റെ വാതിലുകള്‍ അഗ്നിക്കിരയായും കിടക്കുന്നു.” ഇതു കേട്ടപ്പോള്‍ ഞാന്‍ നിലത്തിരുന്നു കരഞ്ഞു ദിവസങ്ങളോളം വിലപിച്ച് ഉപവസിച്ചു. സ്വര്‍ഗസ്ഥനായ ദൈവത്തോട് ഇങ്ങനെ പ്രാര്‍ഥിച്ചു: “സ്വര്‍ഗത്തില്‍ വസിക്കുന്ന ദൈവമായ സര്‍വേശ്വരാ, അങ്ങയെ സ്നേഹിച്ചു അവിടുത്തെ കല്പനകള്‍ അനുസരിക്കുന്നവരോട് ഉടമ്പടി പാലിക്കുകയും സുസ്ഥിരസ്നേഹം കാട്ടുകയും ചെയ്യുന്ന ഉന്നതനും ഉഗ്രപ്രഭാവവാനുമായ ദൈവമേ, അവിടുത്തോടു ഞാന്‍ യാചിക്കുന്നു. അവിടുത്തെ ദാസരായ ഇസ്രായേല്‍ജനത്തിനുവേണ്ടി രാവും പകലും പ്രാര്‍ഥിക്കുന്ന ഈ ദാസനെ കടാക്ഷിച്ച് അടിയന്‍റെ പ്രാര്‍ഥന ശ്രവിക്കണമേ. ഇസ്രായേല്യരായ ഞങ്ങള്‍ അങ്ങേക്ക് എതിരെ ചെയ്ത പാപങ്ങള്‍ ഏറ്റുപറയുന്നു. ഞാനും എന്‍റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു. അങ്ങേക്ക് എതിരെ ഞങ്ങള്‍ കഠിനമായ തിന്മ പ്രവര്‍ത്തിച്ചു; അവിടുത്തെ ദാസനായ മോശയിലൂടെ അരുളിച്ചെയ്ത ചട്ടങ്ങളും കല്പനകളും അനുശാസനങ്ങളും ഞങ്ങള്‍ പാലിച്ചില്ല. മോശയോട് അവിടുന്ന് അരുളിച്ചെയ്ത ഈ വാക്കുകള്‍ ഓര്‍ക്കണമേ. ‘അവിശ്വസ്തത കാട്ടിയാല്‍ ഞാന്‍ നിങ്ങളെ ജനതകളുടെ ഇടയില്‍ ചിതറിക്കും. എന്നാല്‍ നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞ് എന്‍റെ കല്പനകള്‍ പാലിക്കുകയും അവ അനുസരിക്കുകയും ചെയ്താല്‍ നിങ്ങള്‍ ആകാശത്തിന്‍റെ അറുതികള്‍വരെ ചിതറപ്പെട്ടാലും ഞാന്‍ അവിടെനിന്നു നിങ്ങളെ കൂട്ടിച്ചേര്‍ക്കുകയും എന്‍റെ വാസസ്ഥലമായി ഞാന്‍ തിരഞ്ഞെടുത്ത സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു വരികയും ചെയ്യും.’ അവര്‍ അവിടുത്തെ മഹാശക്തിയാലും ഭുജബലത്താലും വീണ്ടെടുക്കപ്പെട്ട ദാസരും സ്വന്തജനവുമാണല്ലോ. സര്‍വേശ്വരാ, ഈ ദാസന്‍റെയും അവിടുത്തെ നാമത്തെ ഭയഭക്തിയോടെ ആരാധിക്കുന്ന മറ്റു ദാസന്മാരുടെയും പ്രാര്‍ഥന കേള്‍ക്കണമേ. ഇന്ന് അവിടുത്തെ ദാസന് വിജയം അരുളണമേ. രാജാവ് അടിയനോടു കാരുണ്യം കാട്ടുവാന്‍ അവിടുന്ന് ഇടയാക്കണമേ.” അക്കാലത്ത് ഞാന്‍ രാജാവിന്‍റെ പാനപാത്രവാഹകന്‍ ആയിരുന്നു. അര്‍ത്ഥക്സേര്‍ക്സസ് രാജാവിന്‍റെ വാഴ്ചയുടെ ഇരുപതാം വര്‍ഷം നീസാന്‍ മാസത്തില്‍ ഒരു ദിവസം ഞാന്‍ രാജാവിനു വീഞ്ഞു പകര്‍ന്നുകൊടുത്തുകൊണ്ടിരിക്കയായിരുന്നു. ഇതിനു മുമ്പൊരിക്കലും ഞാന്‍ രാജസന്നിധിയില്‍ മ്ലാനവദനനായിരുന്നിട്ടില്ല. അപ്പോള്‍ രാജാവ് എന്നോടു ചോദിച്ചു: “നിന്‍റെ മുഖം വാടിയിരിക്കുന്നതെന്ത്? നിനക്ക് രോഗമൊന്നും ഇല്ലല്ലോ. ഇതു മനോദുഃഖമല്ലാതെ മറ്റൊന്നുമല്ല.” ഇതു കേട്ട് ഞാന്‍ വല്ലാതെ ഭയപ്പെട്ടു. ഞാന്‍ രാജാവിനോടു പറഞ്ഞു: “അങ്ങ് നീണാള്‍ വാഴട്ടെ. എന്‍റെ പിതാക്കന്മാരെ സംസ്കരിച്ചിരിക്കുന്ന കല്ലറകളുള്ള പട്ടണം ശൂന്യമായും അതിന്‍റെ വാതിലുകള്‍ അഗ്നിക്കിരയായും കിടക്കുമ്പോള്‍ എന്‍റെ മുഖം എങ്ങനെ വാടാതിരിക്കും?” “നിന്‍റെ അപേക്ഷ എന്ത്?” എന്നു രാജാവ് ചോദിച്ചു. ഉടനെ ഞാന്‍ സ്വര്‍ഗസ്ഥനായ ദൈവത്തോടു പ്രാര്‍ഥിച്ചശേഷം രാജാവിനോടു പറഞ്ഞു: “തിരുവുള്ളമുണ്ടെങ്കില്‍, അങ്ങ് എന്നില്‍ പ്രസാദിക്കുന്നെങ്കില്‍ എന്‍റെ പിതാക്കന്മാരുടെ കല്ലറകള്‍ ഉള്ള പട്ടണം പുതുക്കിപ്പണിയാന്‍ അടിയനെ യെഹൂദ്യയിലേക്ക് അയച്ചാലും.” രാജാവു ചോദിച്ചു: “നിനക്ക് എത്രനാള്‍ വേണ്ടിവരും? നീ എപ്പോള്‍ മടങ്ങിവരും? അതിനുവേണ്ട സമയം ഞാന്‍ അറിയിച്ചു. രാജാവ് അതനുവദിക്കുകയും ചെയ്തു. അപ്പോള്‍ രാജ്ഞിയും അവിടുത്തോടൊപ്പം ഉണ്ടായിരുന്നു. “യെഹൂദ്യയില്‍ എത്തുംവരെ പ്രവിശ്യകള്‍ കടന്നുപോകാന്‍ അനുവാദം ലഭിക്കുന്നതിനു ഭരണാധികാരികള്‍ക്കു നല്‌കാനുള്ള കത്തുകള്‍ തന്നാലും” എന്നു ഞാന്‍ രാജാവിനോട് അപേക്ഷിച്ചു. കൂടാതെ ദേവാലയത്തിന്‍റെ കോട്ടവാതിലുകള്‍ക്കും നഗരഭിത്തിക്കും എനിക്കു നിവസിക്കാനുള്ള വീടിനും ആവശ്യമുള്ള തടി നല്‌കാന്‍ വനം സൂക്ഷിപ്പുകാരനായ ആസാഫിന് ഒരു കത്തു നല്‌കണമെന്നും ഞാന്‍ അഭ്യര്‍ഥിച്ചു. ഞാന്‍ അപേക്ഷിച്ചതെല്ലാം രാജാവ് എനിക്കു നല്‌കി. ദൈവത്തിന്‍റെ കാരുണ്യം എനിക്കുണ്ടായിരുന്നു. ഞാന്‍ നദിക്ക് അക്കരെയുള്ള പ്രവിശ്യയിലെ അധികാരികളുടെ അടുക്കല്‍ ചെന്ന് രാജാവിന്‍റെ എഴുത്തുകള്‍ അവര്‍ക്കു കൊടുത്തു. രാജാവ് സേനാനായകന്മാരെയും കുതിരപ്പടയാളികളെയും എന്‍റെ കൂടെ അയച്ചിരുന്നു. ഇസ്രായേല്യരുടെ ക്ഷേമം അന്വേഷിക്കാന്‍ ഒരാള്‍ വന്നു എന്നു കേട്ടപ്പോള്‍ ഹോരോന്യനായ സന്‍ബല്ലത്തും അമ്മോന്യയിലെ ഒരു ഉദ്യോഗസ്ഥനായ തോബീയായും അത്യന്തം അസന്തുഷ്ടരായി. ഞാന്‍ യെരൂശലേമില്‍ എത്തി അവിടെ മൂന്നു ദിവസം പാര്‍ത്തു. യെരൂശലേമിനുവേണ്ടി ദൈവം എന്‍റെ മനസ്സില്‍ തോന്നിപ്പിച്ചിരുന്ന കാര്യങ്ങള്‍ ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. ഞാനും എന്‍റെ ഏതാനും അനുയായികളും അടുത്ത രാത്രിയില്‍ എഴുന്നേറ്റു പുറത്തു കടന്നു. ഞാന്‍ കയറിയിരുന്ന മൃഗമല്ലാതെ മറ്റൊരു മൃഗവും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നില്ല. രാത്രിയില്‍ താഴ്വരവാതിലിലൂടെ വേതാളഉറവ കടന്നു ചവറ്റുവാതില്‌ക്കല്‍ എത്തി; ഞാന്‍ യെരൂശലേമിന്‍റെ ഇടിഞ്ഞ മതിലും അഗ്നിക്കിരയായ വാതിലുകളും പരിശോധിച്ചു. പിന്നീടു ഞാന്‍ ഉറവുവാതില്‌ക്കലേക്കും രാജാവിന്‍റെ കുളത്തിങ്കലേക്കും ചെന്നു. എന്നാല്‍ എന്‍റെ വാഹനമൃഗത്തിനു കടന്നുപോകാന്‍ ഇടമില്ലായിരുന്നു. രാത്രിയില്‍ ഞാന്‍ താഴ്വരയിലൂടെ നടന്നു മതില്‍ പരിശോധിച്ചു; പിന്നീടു താഴ്വരവാതിലിലൂടെ മടങ്ങിപ്പോന്നു. ഞാന്‍ എവിടെ പോയി എന്നോ എന്തു ചെയ്തു എന്നോ ഉദ്യോഗസ്ഥന്മാര്‍ ആരും അറിഞ്ഞില്ല. അന്നുവരെ യെഹൂദന്മാരെയോ പുരോഹിതന്മാരെയോ പ്രഭുക്കന്മാരെയോ ഉദ്യോഗസ്ഥന്മാരെയോ ജോലിയില്‍ ഏര്‍പ്പെടേണ്ടിയിരുന്നവരെയോ ഞാന്‍ ഒന്നും അറിയിച്ചിരുന്നില്ല. പിന്നീട് ഞാന്‍ അവരോടു പറഞ്ഞു: “നമുക്കു നേരിട്ടിരിക്കുന്ന അനര്‍ഥം നോക്കുക. യെരൂശലേം ശൂന്യമായും അതിന്‍റെ വാതിലുകള്‍ അഗ്നിക്കിരയായും കിടക്കുന്നു. വരിക, നമുക്ക് യെരൂശലേമിന്‍റെ മതില്‍ പണിയാം. നമ്മുടെ അപമാനത്തിന് അറുതിവരുത്താം.” ദൈവത്തിന്‍റെ സഹായം എന്‍റെ കൂടെ ഉണ്ടെന്നും രാജാവ് എന്നോടു പറഞ്ഞിട്ടുള്ളതും ഞാന്‍ അവരെ അറിയിച്ചു. “നമുക്കു പണി തുടങ്ങാം” എന്നു പറഞ്ഞ് അവര്‍ ആ നല്ല കാര്യത്തിന് ഒരുമ്പെട്ടു. എന്നാല്‍ ഹോരോന്യനായ സന്‍ബല്ലത്തും അമ്മോന്യയിലെ ഒരു ഉദ്യോഗസ്ഥനായ തോബീയായും അറേബ്യനായ ഗേശെമും ഇതു കേട്ടപ്പോള്‍ ഞങ്ങളെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്തുകൊണ്ടു പറഞ്ഞു: “നിങ്ങള്‍ എന്തു ചെയ്യാന്‍ പോകുന്നു? രാജാവിനോടു മത്സരിക്കുകയോ?” ഞാന്‍ അവരോടു പറഞ്ഞു: “സ്വര്‍ഗസ്ഥനായ ദൈവം ഞങ്ങള്‍ക്കു വിജയം നല്‌കും; അവിടുത്തെ ദാസരായ ഞങ്ങള്‍ മതില്‍ പണിയും. നിങ്ങള്‍ക്കു യെരൂശലേമില്‍ ഓഹരിയില്ല, അവകാശമില്ല, സ്മാരകവുമില്ല.” മുഖ്യപുരോഹിതനായ എല്യാശീബും സഹപുരോഹിതന്മാരും ചേര്‍ന്ന് അജകവാടം വീണ്ടും പണിയുകയും അതിന്‍റെ പ്രതിഷ്ഠാകര്‍മം നിര്‍വഹിക്കുകയും കതകുകള്‍ പിടിപ്പിക്കുകയും ചെയ്തു. ശതഗോപുരവും ഹനനയേല്‍ഗോപുരവും വരെയുള്ള മതിലിന്‍റെ ഭാഗങ്ങള്‍ പണിതു പ്രതിഷ്ഠിച്ചു. അതിനോടു ചേര്‍ന്ന ഭാഗം യെരീഹോപട്ടണക്കാരും അതിനുമപ്പുറം ഇമ്രിയുടെ പുത്രന്‍ സക്കൂരും നിര്‍മ്മിച്ചു. മത്സ്യകവാടം ഹസ്സെനായക്കാര്‍ പണിതു. അവര്‍ അതിന്‍റെ ഉത്തരവും കതകും ഓടാമ്പലും കുറ്റികളും പിടിപ്പിച്ചു. അതിനടുത്ത ഭാഗം ഹക്കോസിന്‍റെ പൗത്രനും ഊരിയായുടെ പുത്രനുമായ മെരേമോത്ത് കേടുപാടുകള്‍ തീര്‍ത്തു. അതിനപ്പുറം മെശേസ്സബെയേലിന്‍റെ പൗത്രനും ബേരെഖ്യായുടെ പുത്രനുമായ മെശുല്ലാം കേടുപാടുകള്‍ തീര്‍ത്തു. അടുത്ത ഭാഗം ബാനയുടെ പുത്രന്‍ സാദോക്ക് പുതുക്കിപ്പണിതു. തെക്കോവ്യര്‍ അതിനടുത്ത ഭാഗത്തിന്‍റെ കേടുപാടുകള്‍ തീര്‍ത്തു. എന്നാല്‍ അവിടുത്തെ പ്രഭുക്കന്മാര്‍ സര്‍വേശ്വരന്‍റെ ഈ പ്രവര്‍ത്തനത്തില്‍ സഹകരിച്ചില്ല. പസേഹയുടെ പുത്രന്‍ യോയാദയും ബെസോദ്യായുടെ പുത്രന്‍ മെശുല്ലാമും പ്രാചീനകവാടം വീണ്ടും പണിതു. അവര്‍ അതിന് ഉത്തരവും കതകും ഓടാമ്പലും കുറ്റികളും പിടിപ്പിച്ചു. തുടര്‍ന്നുള്ള ഭാഗം ഗിബെയോന്യനായ മെലത്യായും മെരോനോഥ്യനായ യാദോനും ഗിബെയോന്യരും മിസ്പായരും ചേര്‍ന്നു നദിക്ക് അക്കരെ ഗവര്‍ണരുടെ ആസ്ഥാനംവരെ കേടുപാടുകള്‍ തീര്‍ത്തു. അതിനപ്പുറം സ്വര്‍ണപ്പണിക്കാരനായ ഹര്‍ഹയ്യായുടെ പുത്രന്‍ ഉസ്സീയേല്‍ പുതുക്കിപ്പണിതു. സുഗന്ധദ്രവ്യം നിര്‍മ്മിക്കുന്ന ഹനന്യാ തുടര്‍ന്നുള്ള വിശാലമതില്‍വരെയുള്ള ഭാഗത്തിന്‍റെ കേടുപാടുകള്‍ തീര്‍ത്തു. അതിനടുത്തഭാഗം യെരൂശലേമില്‍ അര്‍ധഭാഗത്തിന്‍റെ അധിപനായ ഹൂരിന്‍റെ പുത്രന്‍ രെഫായാ നന്നാക്കി. അടുത്ത ഭാഗം ഹരൂമഫിന്‍റെ പുത്രന്‍ യെദായാ തന്‍റെ വീടിനു നേരെയുള്ള ഭാഗംവരെ കേടുപാടുകള്‍ തീര്‍ത്തു. തുടര്‍ന്നുള്ള ഭാഗം ഹശ്ബനെയായുടെ പുത്രനായ ഹത്തൂശ് പുതുക്കിപ്പണിതു. തുടര്‍ന്നുള്ള ഭാഗവും ചൂളഗോപുരവും ഹാരീമിന്‍റെ പുത്രന്‍ മല്‌ക്കീയായും പഹത്ത്-മോവാബിന്‍റെ പുത്രന്‍ ഹശ്ശൂബും ചേര്‍ന്നു കേടുപാടുകള്‍ തീര്‍ത്തു. അതിനപ്പുറം യെരൂശലേമില്‍ മറ്റേ പകുതി ഭാഗത്തിന്‍റെ അധിപനായ ഹല്ലോഹേശിന്‍റെ പുത്രന്‍ ശല്ലൂമും അയാളുടെ പുത്രിമാരും ചേര്‍ന്ന് അറ്റകുറ്റപ്പണികള്‍ തീര്‍ത്തു. താഴ്വരവാതില്‍ ഹനൂനും സാനോഹ് നിവാസികളും കൂടി കേടുപാടുകള്‍ തീര്‍ത്തു. അതിന് കതകുകളും കുറ്റികളും ഓടാമ്പലും പിടിപ്പിച്ചു. ചവറ്റുവാതില്‍വരെ ആയിരം മുഴം നീളത്തില്‍ മതിലിന്‍റെ കേടുപാടുകള്‍ തീര്‍ത്തു. ചവറ്റുവാതില്‍ പുതുക്കി പണിതത് ബേത്ത്-ഹഖേരെം പ്രദേശത്തിന്‍റെ അധിപനും രേഖാബിന്‍റെ പുത്രനുമായ മല്‌കീയാ ആയിരുന്നു; അതിന് കതകും കുറ്റികളും ഓടാമ്പലും ഉറപ്പിച്ചു. മിസ്പാപ്രദേശത്തിന്‍റെ പ്രഭുവായ കൊല്‍- ഹൊസെയുടെ പുത്രന്‍ ശല്ലൂന്‍ ഉറവുവാതില്‍ പുതുക്കി പണിയുകയും അതിനു മേല്‍ക്കൂര പണിത് കതകും കുറ്റികളും ഓടാമ്പലും ഉറപ്പിക്കുകയും ചെയ്തു. അയാള്‍ രാജകീയോദ്യാനത്തിലെ ശേലാക്കുളത്തിന്‍റെ മതില്‍ ദാവീദിന്‍റെ നഗരത്തില്‍നിന്ന് ഇറങ്ങുന്ന കല്പടിവരെ പണിതു. അതിനപ്പുറം ബേത്ത്സൂര്‍ അര്‍ധഭാഗത്തിന്‍റെ അധിപനും അസ്ബൂക്കിന്‍റെ പുത്രനുമായ നെഹെമ്യാ ദാവീദിന്‍റെ കല്ലറകളുടെ മുന്‍ഭാഗംവരെയും വെട്ടിപ്പണിതുണ്ടാക്കിയ കുളംവരെയും വീരയോദ്ധാക്കള്‍ നിവസിക്കുന്ന സ്ഥലംവരെയും കേടുപാടുകള്‍ തീര്‍ത്തു. തുടര്‍ന്നുള്ള ഭാഗത്തിന്‍റെ അറ്റകുറ്റപ്പണി ലേവ്യനായ ബാനിയുടെ പുത്രന്‍ രഹൂം നിര്‍വഹിച്ചു. അതിനപ്പുറം കെയീലായുടെ അര്‍ധഭാഗത്തിന്‍റെ അധിപന്‍ ഹശബ്യാ തന്‍റെ പ്രദേശത്തിനുവേണ്ടി പുനരുദ്ധരിച്ചു. അടുത്ത ഭാഗം കെയീലായുടെ മറ്റേ പകുതി ഭാഗത്തിന്‍റെ അധിപന്‍ ആയ ഹേനാദാദിന്‍റെ പുത്രന്‍ ബവ്വായിയും ചാര്‍ച്ചക്കാരും ചേര്‍ന്ന് കേടുപാടുകള്‍ തീര്‍ത്തു. മിസ്പാപ്രദേശത്തിന്‍റെ അധിപന്‍ ആയ യേശുവയുടെ പുത്രന്‍ ഏസെര്‍ മതില്‍ തിരിയുന്ന കോണിലെ ആയുധശാലയിലേക്കുള്ള കയറ്റത്തിന് എതിരെയുള്ള തുടര്‍ന്നുള്ള ഭാഗം പുനരുദ്ധരിച്ചു. അവിടംമുതല്‍ മുഖ്യപുരോഹിതനായ എല്യാശീബിന്‍റെ ഭവനകവാടംവരെയുള്ള ഭാഗം സബ്ബായിയുടെ പുത്രന്‍ ബാരൂക് പുതുക്കിപ്പണിതു. എല്യാശീബിന്‍റെ ഭവനത്തിന്‍റെ അതിര്‍ത്തിവരെയുള്ള ഭാഗം ഹക്കോസിന്‍റെ മകനായ ഊരിയായുടെ പുത്രന്‍ മെരേമോത്ത് അറ്റകുറ്റപ്പണി നടത്തി. അതിനപ്പുറം യെരൂശലേമിനു ചുറ്റും പാര്‍ത്തിരുന്ന പുരോഹിതന്മാര്‍ നന്നാക്കി. തുടര്‍ന്നു തങ്ങളുടെ വീടിനു നേരെയുള്ള ഭാഗം ബെന്യാമീനും ഹശ്ശൂബും കേടുപാടുകള്‍ തീര്‍ത്തു. അനന്യായുടെ പൗത്രനും മയസേയായുടെ പുത്രനുമായ അസര്യാ തന്‍റെ വീടിന് അടുത്തുള്ള ഭാഗം പുനരുദ്ധരിച്ചു. അതിനപ്പുറം ഹേനാദാദിന്‍റെ പുത്രന്‍ ബിന്നൂയി അസര്യായുടെ വീടുമുതല്‍ മതില്‍ തിരിയുന്നതുവരെയുള്ള മറ്റൊരു ഭാഗത്തിന്‍റെ കേടുപാടുകള്‍ തീര്‍ത്തു. ഊസായിയുടെ പുത്രന്‍ പാലാല്‍, കോണിനും കാവല്‍ഭടന്മാരുടെ അങ്കണത്തിലേക്ക് തള്ളിനില്‌ക്കുന്ന കൊട്ടാരഗോപുരത്തിനും എതിരെയുള്ള ഭാഗത്തിന്‍റെ കേടുപാടുകള്‍ തീര്‍ത്തു. അതിനപ്പുറം പരോശിന്‍റെ പുത്രന്‍ പെദായായും ഓഫേലില്‍ പാര്‍ത്തിരുന്ന ദേവാലയശുശ്രൂഷകരും ചേര്‍ന്നു കിഴക്കേ ജലകവാടത്തിന് എതിരെയുള്ള ഭാഗംമുതല്‍ ഉന്തിനില്‌ക്കുന്ന ഗോപുരംവരെയുള്ള ഭാഗത്തിന്‍റെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിച്ചു. തെക്കോവ്യര്‍ അതിനപ്പുറത്ത് ഉന്തിനില്‌ക്കുന്ന വലിയ ഗോപുരത്തിനു നേരേ ഓഫേലിന്‍റെ മതില്‍വരെയുള്ള ഭാഗത്തിന്‍റെ കേടുപാടുകള്‍ തീര്‍ത്തു. അശ്വകവാടംമുതല്‍ പുരോഹിതന്മാര്‍ ഓരോരുത്തരായി താന്താങ്ങളുടെ വീടിനു നേരെയുള്ള ഭാഗത്തിന്‍റെ കേടുപാടുകള്‍ തീര്‍ത്തു. അതിനപ്പുറം ഇമ്മേരിന്‍റെ പുത്രന്‍ സാദോക്ക് തന്‍റെ വീടിനു നേരെയുള്ള ഭാഗം പുനരുദ്ധരിച്ചു. തുടര്‍ന്നുള്ള ഭാഗം പൂര്‍വകവാടത്തിന്‍റെ കാവല്‌ക്കാരനായ ശെഖന്യായുടെ പുത്രന്‍ ശെമയ്യാ കേടുപാടുകള്‍ തീര്‍ത്തു. തുടര്‍ന്നു ശേലെമ്യായുടെ പുത്രന്‍ ഹനന്യായും സാലാഫിന്‍റെ ആറാമത്തെ പുത്രന്‍ ഹാനൂനും മറ്റൊരു ഭാഗത്തിന്‍റെ കേടുപാടുകള്‍ തീര്‍ത്തു. അതിനപ്പുറം ബേരെഖ്യായുടെ പുത്രന്‍ മെശുല്ലാം തന്‍റെ വീടിന്‍റെ എതിരെയുള്ള ഭാഗത്തിന്‍റെ കേടുപാടുകള്‍ തീര്‍ത്തു. അതിനപ്പുറം സ്വര്‍ണപ്പണിക്കാരനായ മല്‌ക്കീയാ ഹമ്മീഫ്ഖാദ് കവാടത്തിനു നേരേ ദേവാലയ ശുശ്രൂഷകരുടെയും കച്ചവടക്കാരുടെയും സ്ഥലംവരെ മതില്‍ തിരിയുന്ന കോണിനടുത്തുള്ള മാളികമുറിക്കും അജകവാടത്തിനും ഇടയ്‍ക്കുള്ള ഭാഗം പുനരുദ്ധരിച്ചു. സ്വര്‍ണപ്പണിക്കാരും കച്ചവടക്കാരും ചേര്‍ന്ന് അവിടംമുതല്‍ അജകവാടംവരെയുള്ള ഭാഗം പുതുക്കിപ്പണിതു. മതില്‍ പണിയുന്നു എന്നു കേട്ടു സന്‍ബല്ലത്ത് കോപിഷ്ഠനായി. അയാള്‍ ഞങ്ങളെ പരിഹസിച്ചു. തന്‍റെ ചാര്‍ച്ചക്കാരും ശമര്യാസൈന്യവും കേള്‍ക്കെ അയാള്‍ പറഞ്ഞു: “ദുര്‍ബലരായ ഈ യെഹൂദന്മാര്‍ എന്തു ചെയ്യാന്‍ പോകുന്നു? അവര്‍ മതില്‍ മുഴുവന്‍ പുനരുദ്ധരിക്കുമോ? അവര്‍ക്കു യാഗാര്‍പ്പണം നടത്താന്‍ കഴിയുമോ? ഒറ്റ ദിവസംകൊണ്ട് അവര്‍ ഇതെല്ലാം പണിയുമോ? കത്തി നശിച്ചുകിടക്കുന്ന അവശിഷ്ടങ്ങളില്‍നിന്നു കല്ലുകള്‍ വീണ്ടെടുത്തു യഥാസ്ഥാനത്ത് അവര്‍ ഉറപ്പിക്കുമോ?” അടുത്തു നിന്നിരുന്ന അമ്മോന്യനായ തോബീയാ പറഞ്ഞു: “അതേ, അവര്‍ എങ്ങനെ പണിതാലും ഒരു കുറുക്കന്‍ കയറിയാല്‍ അവരുടെ കന്മതില്‍ ഇടിഞ്ഞുവീഴും.” ഞാന്‍ പ്രാര്‍ഥിച്ചു: “ഞങ്ങളുടെ ദൈവമേ, ഞങ്ങളുടെ പ്രാര്‍ഥന കേള്‍ക്കണമേ; ഞങ്ങള്‍ നിന്ദിക്കപ്പെട്ടിരിക്കുന്നു. അവരുടെ പരിഹാസം അവരുടെ ശിരസ്സുകളില്‍തന്നെ പതിക്കാന്‍ ഇടയാക്കണമേ. അവര്‍ തടവുകാരായിത്തീരുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യട്ടെ. മതില്‍ പണിയുന്നവരുടെ മുമ്പാകെ അവര്‍ അവിടുത്തെ പ്രകോപിപ്പിച്ചിരിക്കുന്നു. അവരുടെ അപരാധം മറയ്‍ക്കരുതേ; അവരുടെ പാപം അവിടുത്തെ മുമ്പില്‍നിന്നു മായിച്ചു കളയരുതേ.” അങ്ങനെ ഞങ്ങള്‍ മതില്‍പ്പണി തുടര്‍ന്നു; ജനത്തിന്‍റെ ഉത്സാഹംകൊണ്ടു മതില്‍ മുഴുവനും പകുതിവരെ കെട്ടി ഉയര്‍ത്തി. യെരൂശലേമിന്‍റെ മതിലുകളുടെ പുനരുദ്ധാരണം പൂര്‍ത്തിയാകുന്നു എന്നും വിള്ളലുകള്‍ അടഞ്ഞു തുടങ്ങി എന്നും കേട്ട് സന്‍ബല്ലത്തും തോബീയായും അറബികളും അമ്മോന്യരും അസ്തോദ്യരും കുപിതരായി. യെരൂശലേമിനെതിരെ പോരാടാനും കലാപം ഉണ്ടാക്കാനും അവര്‍ ഒത്തുകൂടി ഗൂഢാലോചന നടത്തി. ഞങ്ങളാകട്ടെ, ഞങ്ങളുടെ ദൈവത്തോടു പ്രാര്‍ഥിച്ചു. അവരില്‍നിന്നുള്ള രക്ഷയ്‍ക്കായി ഞങ്ങള്‍ രാവും പകലും കാവല്‍ ഏര്‍പ്പെടുത്തി. “ചുമട്ടുകാര്‍ തളര്‍ന്നിരിക്കുന്നു. മതിലിന്‍റെ അവശിഷ്ടങ്ങള്‍ ഇനിയും ധാരാളം നീക്കാനുണ്ട്; പണി തുടരാന്‍ ഞങ്ങള്‍ക്കു കഴിയുന്നില്ല” എന്നു യെഹൂദ്യര്‍ പറഞ്ഞു. “നാം അവരുടെ ഇടയില്‍ കടന്ന് അവരെ കൊന്ന് മതിലിന്‍റെ പണി മുടക്കുന്നതുവരെ അവര്‍ നമ്മുടെ നീക്കം അറിയരുത്” എന്നു ഞങ്ങളുടെ ശത്രുക്കള്‍ പറഞ്ഞു. സമീപവാസികളായ യെഹൂദന്മാര്‍ പല തവണ ഞങ്ങളുടെ അടുക്കല്‍ വന്നു പറഞ്ഞു: “എങ്ങോട്ടു തിരിഞ്ഞാലും അവര്‍ നമ്മെ എതിരിടും.” അതുകൊണ്ടു മതിലിന്‍റെ പണി പൂര്‍ത്തിയാകാത്ത ഇടങ്ങളില്‍ തുറസ്സായ സ്ഥലത്തു ജനങ്ങളെ കുടുംബക്രമത്തില്‍ വാള്, കുന്തം, വില്ല് എന്നിവയുമായി അണിനിരത്തി. ഞാന്‍ ചുറ്റും നോക്കി; പ്രഭുക്കന്മാരോടും പ്രമാണികളോടും മറ്റു ജനങ്ങളോടുമായി പറഞ്ഞു: “നിങ്ങള്‍ അവരെ ഭയപ്പെടേണ്ടാ; ഉന്നതനും ഉഗ്രപ്രഭാവവാനുമായ സര്‍വേശ്വരനെ ഓര്‍ത്തുകൊണ്ടു നിങ്ങളുടെ സഹോദരന്മാര്‍ക്കും പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ഭാര്യമാര്‍ക്കും വീടുകള്‍ക്കുംവേണ്ടി പോരാടുക.” തങ്ങളുടെ ഗൂഢാലോചന ഞങ്ങളുടെ അറിവില്‍ പെട്ടെന്നും ദൈവം തങ്ങളുടെ ഉപായം നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കള്‍ മനസ്സിലാക്കി. ഞങ്ങള്‍ ആകട്ടെ മതിലിന്‍റെ പണി തുടര്‍ന്നു. അന്നുമുതല്‍ എന്‍റെ ആളുകളില്‍ പകുതിപേര്‍ പണിയിലേര്‍പ്പെട്ടു; പകുതി ആളുകള്‍ കുന്തം, പരിച, വില്ല്, കവചം എന്നിവ ധരിച്ചു കാവല്‍നിന്നു. പണിയില്‍ ഏര്‍പ്പെട്ടിരുന്നവരെ നേതാക്കന്മാര്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ചുമട്ടുകാര്‍ ഒരു കൈകൊണ്ടു വേല ചെയ്യുകയും മറ്റേ കൈയില്‍ ആയുധം വഹിക്കുകയും ചെയ്തു. മതിലുപണിക്കാര്‍പോലും അരയില്‍ വാള്‍ തൂക്കിയിട്ടിരുന്നു. കാഹളം ഊതുന്നവന്‍ എന്‍റെ അടുക്കല്‍ നിന്നിരുന്നു. ഞാന്‍ ജനത്തോടും അവരുടെ പ്രഭുക്കന്മാരോടും പ്രമാണികളോടും പറഞ്ഞു: “നാം ചെയ്തുകൊണ്ടിരിക്കുന്ന ജോലി വളരെ വലുതാണ്. അതു പലയിടത്തായി വ്യാപിച്ചിരിക്കുന്നു. മതിലിന്‍റെ പണിയില്‍ ഏര്‍പ്പെട്ട് നാം പല സ്ഥലങ്ങളില്‍ ആയിരിക്കുന്നു. കാഹളധ്വനി കേള്‍ക്കുമ്പോള്‍ ഞങ്ങളുടെ അടുത്ത് ഓടിക്കൂടണം. നമ്മുടെ ദൈവം നമുക്കുവേണ്ടി പോരാടും.” അങ്ങനെ ഞങ്ങള്‍ പണി തുടര്‍ന്നു. പകുതി ആളുകള്‍ നേരം പുലരുമ്പോള്‍മുതല്‍ നക്ഷത്രം ഉദിക്കുന്നതുവരെ കുന്തവും ഏന്തിനിന്നിരുന്നു. അപ്പോള്‍ ഞാന്‍ ജനത്തോടു പറഞ്ഞു: “എല്ലാവരും തങ്ങളുടെ ദാസരുമൊത്ത് യെരൂശലേമില്‍ രാത്രി കഴിക്കണം. അങ്ങനെ നമുക്കു പട്ടണം സംരക്ഷിക്കാം.” ഞാനും എന്‍റെ കൂടെയുണ്ടായിരുന്നവരും ഞങ്ങളുടെ ദാസന്മാരും എന്നെ അനുഗമിച്ചിരുന്ന കാവല്‌ക്കാരും വസ്ത്രം മാറിയില്ല; കുളിക്കുമ്പോള്‍ പോലും ആയുധം ധരിച്ചിരുന്നു. ജനങ്ങളില്‍ സ്‍ത്രീകള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം തങ്ങളുടെ യെഹൂദ സഹോദരര്‍ക്ക് എതിരെ മുറവിളികൂട്ടി. അവരില്‍ ചിലര്‍ പറഞ്ഞു: “പുത്രീപുത്രന്മാരടക്കം ഞങ്ങള്‍ അസംഖ്യം പേരുണ്ട്; ഞങ്ങള്‍ക്ക് ആഹാരത്തിനു വേണ്ട ധാന്യം ലഭിക്കണം.” മറ്റു ചിലര്‍ പറഞ്ഞു: “ഈ ക്ഷാമകാലത്തു ധാന്യം വാങ്ങുന്നതിനുവേണ്ടി നിലങ്ങളും മുന്തിരിത്തോട്ടങ്ങളും വീടുകളും ഞങ്ങള്‍ പണയപ്പെടുത്തിയിരിക്കയാണ്.” വേറെ ചിലര്‍ പറഞ്ഞു: “നിലങ്ങളുടെയും മുന്തിരിത്തോപ്പുകളുടെയും പേരില്‍ രാജാവിനു നല്‌കേണ്ട നികുതി അടയ്‍ക്കാന്‍ ഞങ്ങള്‍ പണം കടം വാങ്ങിയിരിക്കുന്നു. ഞങ്ങള്‍ ഞങ്ങളുടെ യെഹൂദ സഹോദരന്മാരെപ്പോലെയല്ലോ. അവരുടെ മക്കളെപ്പോലെയല്ലോ ഞങ്ങളുടെ മക്കളും. എങ്കിലും അവരെ അടിമത്തത്തിലേക്കു തള്ളിവിടേണ്ടിവരുന്നു; ഞങ്ങളുടെ പുത്രിമാരില്‍ ചിലര്‍ അടിമകളായി കഴിഞ്ഞിരിക്കുന്നു. ഞങ്ങള്‍ നിസ്സഹായരാണ്. ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അന്യാധീനമായിക്കഴിഞ്ഞു.” അവരുടെ മുറവിളിയും ആവലാതിയും കേട്ടപ്പോള്‍ എനിക്ക് അതിയായ രോഷം ഉണ്ടായി. പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥന്മാരെയും ശാസിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അവര്‍ക്കെതിരെ മഹാസഭ വിളിച്ചുകൂട്ടി ഞാന്‍ അവരോടു പറഞ്ഞു: “നിങ്ങള്‍ സഹോദരന്മാരോടു പലിശ വാങ്ങുന്നു.” “വിജാതീയര്‍ക്കു വിറ്റിരുന്ന നമ്മുടെ സഹോദരരെ കഴിവതും നാം വീണ്ടെടുത്തു; എന്നാല്‍ നിങ്ങള്‍ സ്വന്ത സഹോദരരെപ്പോലും വീണ്ടും വീണ്ടെടുക്കേണ്ട നിലയില്‍ ആക്കിയിരിക്കുന്നു.” അതു കേട്ടിട്ട് അവര്‍ മിണ്ടാതിരുന്നു. ഒരു വാക്കുപോലും പറയാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഞാന്‍ വീണ്ടും പറഞ്ഞു: “നിങ്ങള്‍ ചെയ്യുന്നതു ശരിയല്ല. നമ്മുടെ ശത്രുക്കളുടെ പരിഹാസപാത്രമാകാതിരിക്കാനെങ്കിലും നിങ്ങള്‍ നമ്മുടെ ദൈവത്തോടുള്ള ഭക്തിയില്‍ ജീവിക്കേണ്ടതല്ലോ? ഞാനും എന്‍റെ സഹോദരന്മാരും എന്‍റെ ഭൃത്യന്മാരും അവര്‍ക്ക് പണവും ധാന്യവും കടം കൊടുത്തിട്ടുണ്ട്; പലിശ നമുക്ക് ഉപേക്ഷിക്കാം. നിങ്ങള്‍ ഇന്നുതന്നെ അവരുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിക്കൊടുക്കണം; പണം, ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയില്‍ നൂറിന് ഒന്നു വീതം പലിശയായി വാങ്ങി വരുന്നതു നിങ്ങള്‍ അവര്‍ക്ക് ഇളച്ചുകൊടുക്കണം.” അവര്‍ പറഞ്ഞു: “ഞങ്ങള്‍ അവ മടക്കിക്കൊടുക്കാം; അവരില്‍നിന്ന് ഇനി ഒന്നും ആവശ്യപ്പെടുകയില്ല. അങ്ങു പറയുന്നതുപോലെ ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളാം.” പിന്നീട് ഞാന്‍ പുരോഹിതന്മാരെ വിളിച്ചു വരുത്തി. “വാഗ്ദാനം ചെയ്തതുപോലെ പ്രവര്‍ത്തിച്ചുകൊള്ളാം” എന്ന് അവരെക്കൊണ്ട് പുരോഹിതന്മാരുടെ മുമ്പില്‍വച്ച് പ്രതിജ്ഞ ചെയ്യിച്ചു. ഞാന്‍ എന്‍റെ മടി കുടഞ്ഞുകൊണ്ടു പറഞ്ഞു: “ഈ വാഗ്ദാനം നിറവേറ്റാത്ത എല്ലാവരെയും അവരുടെ ഭവനത്തില്‍നിന്നും തൊഴിലില്‍നിന്നും ദൈവം കുടഞ്ഞുകളയട്ടെ. അങ്ങനെ അവര്‍ ഒന്നും ഇല്ലാത്തവരായിത്തീരട്ടെ.” സഭ മുഴുവന്‍ “ ആമേന്‍” എന്നു പറഞ്ഞു സര്‍വേശ്വരനെ സ്തുതിച്ചു. അവര്‍ പ്രതിജ്ഞ പാലിച്ചു. അര്‍ത്ഥക്സേര്‍ക്സസ് രാജാവിന്‍റെ വാഴ്ചയുടെ ഇരുപതാം വര്‍ഷം ഞാന്‍ യെഹൂദ്യയില്‍ ദേശാധിപതിയായി നിയമിക്കപ്പെട്ടു. അന്നുമുതല്‍ അദ്ദേഹത്തിന്‍റെ മുപ്പത്തിരണ്ടാം ഭരണവര്‍ഷംവരെയുള്ള പന്ത്രണ്ടുവര്‍ഷം ഞാനോ എന്‍റെ ചാര്‍ച്ചക്കാരോ ദേശാധിപതിക്ക് അവകാശപ്പെട്ടിരുന്ന ഭക്ഷണത്തിനുള്ള പടി വാങ്ങിയിരുന്നില്ല. എന്‍റെ മുന്‍ഗാമികളായിരുന്ന ഗവര്‍ണര്‍മാര്‍ ജനങ്ങളുടെമേല്‍ വലിയ ഭാരം ചുമത്തിയിരുന്നു; നാല്പതു വെള്ളിക്കാശു ചുമത്തിയിരുന്നതുകൂടാതെ ഭക്ഷണപാനീയങ്ങളും അവരില്‍നിന്ന് ഈടാക്കിയിരുന്നു; അവരുടെ ഭൃത്യന്മാരും ജനങ്ങളുടെമേല്‍ അധികാരം നടത്തിയിരുന്നു; ദൈവത്തെ ഭയന്നു ഞാന്‍ അങ്ങനെ ചെയ്തില്ല. മതിലിന്‍റെ പണിയില്‍ ഞാന്‍ മുഴുവന്‍ സമയവും വ്യാപൃതനായിരുന്നു. ഞങ്ങള്‍ സ്വന്തമായൊന്നും സമ്പാദിച്ചില്ല; എന്‍റെ ഭൃത്യന്മാരെല്ലാം മതില്‍പ്പണിയില്‍ സഹകരിച്ചു. ചുറ്റുമുള്ള ജനതകളില്‍നിന്നു വന്നിരുന്നവരെ കൂടാതെ യെഹൂദ്യരും ഉദ്യോഗസ്ഥന്മാരുമായ നൂറ്റമ്പതുപേര്‍ എന്‍റെ മേശയില്‍നിന്നു ഭക്ഷണം കഴിച്ചിരുന്നു. ഒരു ദിവസത്തേക്ക് എനിക്കുവേണ്ടി ഒരു കാളയെയും കൊഴുത്ത ആറു ആടിനെയും പക്ഷികളെയും പാകം ചെയ്തിരുന്നു. പത്തു ദിവസം കൂടുമ്പോള്‍ പുതുവീഞ്ഞു നിറച്ച തോല്‌ക്കുടങ്ങള്‍ ഒരുക്കിയിരുന്നു; എന്നിട്ടും ജനങ്ങളുടെ കഷ്ടപ്പാടു കണ്ടിട്ട്, ഭരണാധികാരി എന്ന നിലയില്‍ എനിക്ക് അവകാശപ്പെട്ടിരുന്ന ഭക്ഷണപ്പടി ഞാന്‍ ആവശ്യപ്പെട്ടിരുന്നില്ല. എന്‍റെ ദൈവമേ, ഈ ജനത്തിനുവേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചതെല്ലാം ഓര്‍ത്ത് എനിക്കു നന്മ വരുത്തിയാലും. ഞാന്‍ വീണ്ടും മതില്‍ നിര്‍മ്മിച്ച് അതിന്‍റെ വിടവുകള്‍ എല്ലാം അടച്ചു എന്നു സന്‍ബല്ലത്തും തോബീയായും അറേബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും അറിഞ്ഞു. എന്നാല്‍ ഞാന്‍ അതിന്‍റെ കവാടങ്ങള്‍ക്കു കതകുകള്‍ പിടിപ്പിച്ചിരുന്നില്ല. അപ്പോള്‍ സന്‍ബല്ലത്തും ഗേശെമും എന്‍റെ അടുക്കല്‍ ആളയച്ചു പറയിച്ചു: “വരിക, ഓനോ സമതലത്തിലെ ഒരു ഗ്രാമത്തില്‍വച്ചു നമുക്കു കൂടിയാലോചന നടത്താം. എന്നെ ദ്രോഹിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. ഞാന്‍ അവരുടെ അടുക്കലേക്ക് ഈ മറുപടിയുമായി ദൂതന്മാരെ അയച്ചു. “ഞാന്‍ ഒരു വലിയ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കയാണ്. ഇപ്പോള്‍ വരാന്‍ നിവൃത്തിയില്ല; അതു മുടക്കി നിങ്ങളുടെ അടുക്കല്‍ ഞാന്‍ എന്തിനു വരണം?” ഇതേ സന്ദേശവുമായി അവര്‍ നാലു പ്രാവശ്യം എന്‍റെ അടുക്കല്‍ ആളയച്ചു. ഈ മറുപടിതന്നെ ഓരോ തവണയും ഞാന്‍ നല്‌കി. സന്‍ബല്ലത്ത് അഞ്ചാം പ്രാവശ്യം തന്‍റെ ഭൃത്യനെ ഒരു തുറന്ന കത്തുമായി എന്‍റെ അടുക്കല്‍ അയച്ചു. അതില്‍ ഇപ്രകാരം എഴുതിയിരുന്നു: “നീയും യെഹൂദന്മാരും വിപ്ലവത്തിനു വട്ടം കൂട്ടുന്നു എന്നും അതുകൊണ്ടാണു മതില്‍ പണിയുന്നതെന്നും നീ അവരുടെ രാജാവാകാന്‍ ആഗ്രഹിക്കുന്നു എന്നും ജനതകളുടെ ഇടയില്‍ വാര്‍ത്ത പരന്നിരിക്കുന്നു. ഗേശെമും അതുതന്നെ പറയുന്നു. യെഹൂദ്യയില്‍ ഒരു രാജാവുണ്ടായിരിക്കുന്നു എന്നു നിന്നെക്കുറിച്ചു യെരൂശലേമില്‍ വിളംബരം ചെയ്യാന്‍ നീ പ്രവാചകന്മാരെ നിയോഗിച്ചിരിക്കുന്നു. ഈ വാര്‍ത്ത രാജാവിന്‍റെ അടുക്കലുമെത്തും. അതുകൊണ്ട് വരൂ, നമുക്കു കൂടി ആലോചിക്കാം. “ഞാന്‍ അയാള്‍ക്ക് ഇങ്ങനെ മറുപടി നല്‌കി: “നിങ്ങള്‍ പറയുന്നതുപോലെ യാതൊന്നും നടന്നിട്ടില്ല. അതെല്ലാം നിങ്ങളുടെ സങ്കല്പമാണ്.” ജോലി തുടരാനാവാത്തവിധം ഞങ്ങള്‍ തളര്‍ന്നുപോകും എന്നു കരുതിയാണ് അവര്‍ ഞങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിച്ചത്. അതിനാല്‍ ദൈവമേ, എന്‍റെ കരങ്ങള്‍ക്കു ശക്തി നല്‌കിയാലും. പിന്നീട് ഞാന്‍ മെഹേതബേലിന്‍റെ പൗത്രനും ദെലായായുടെ പുത്രനുമായ ശെമയ്യായുടെ വീട്ടില്‍ ചെന്നു. അയാള്‍ വീട്ടിനുള്ളില്‍തന്നെ കഴിയുകയായിരുന്നു. അയാള്‍ എന്നോടു പറഞ്ഞു: “നമുക്കു ദേവാലയത്തിനുള്ളില്‍ കടന്നു വാതില്‍ അടച്ചിരിക്കാം. അവര്‍ നിങ്ങളെ കൊല്ലാന്‍ വരുന്നുണ്ട്. അവര്‍ അങ്ങയെ കൊല്ലാന്‍ രാത്രിയില്‍ വരും”. ഞാന്‍ പറഞ്ഞു: “എന്നെപ്പോലെ ഒരാള്‍ പേടിച്ച് ഓടുകയോ? എന്നെപ്പോലെ ഒരാള്‍ ജീവരക്ഷയ്‍ക്കു ദേവാലയത്തില്‍ പോയി ഒളിക്കുകയോ? ഞാന്‍ പോകയില്ല.” ദൈവത്തിന്‍റെ അരുളപ്പാടല്ല അവന്‍ അറിയിച്ചതെന്നും തോബീയായും സന്‍ബല്ലത്തും പണം കൊടുത്ത് അവനെക്കൊണ്ട് എനിക്കെതിരെ പ്രവചിപ്പിക്കുകയാണ് ചെയ്തതെന്നും എനിക്കു മനസ്സിലായി. ഭയപ്പെട്ട് ഇപ്രകാരം പ്രവര്‍ത്തിച്ച് ഞാന്‍ പാപം ചെയ്യുന്നതിനും ദുഷ്കീര്‍ത്തിവരുത്തി എന്നെ അപഹസിക്കുന്നതിനും വേണ്ടിയായിരുന്നു അവര്‍ അയാളെ കൂലിക്ക് എടുത്തത്. എന്‍റെ ദൈവമേ, തോബീയായ്‍ക്കും സന്‍ബല്ലത്തിനും നോവദ്യാ എന്ന പ്രവാചികയ്‍ക്കും എന്നെ ഭയപ്പെടുത്താന്‍ ശ്രമിച്ച മറ്റു പ്രവാചകര്‍ക്കും അവരുടെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം നല്‌കണമേ. എലൂല്‍ മാസം ഇരുപത്തഞ്ചാം ദിവസം മതില്‍പ്പണി പൂര്‍ത്തിയായി. അതിന് അമ്പത്തിരണ്ടു ദിവസം വേണ്ടിവന്നു. ഞങ്ങളുടെ ശത്രുക്കളും ഞങ്ങളുടെ ചുറ്റുമുള്ള ജനതകളും ഇതു കേട്ടപ്പോള്‍ ഭയപ്പെട്ടു. അവരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. ഞങ്ങളുടെ ദൈവത്തിന്‍റെ സഹായത്താലാണു പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് എന്ന് അവര്‍ക്ക് ബോധ്യമായി. ആ കാലത്ത് യെഹൂദാ പ്രഭുക്കന്മാരും തോബീയായും തമ്മില്‍ കത്തിടപാടുകള്‍ ഉണ്ടായിരുന്നു. തോബിയാ ആരഹിന്‍റെ പുത്രന്‍ ശെഖന്യായുടെ ജാമാതാവ് ആയിരുന്നു. അയാളുടെ പുത്രനായ യോഹാനാന്‍ ബേരഖ്യായുടെ പുത്രനായ മെശുല്ലാമിന്‍റെ പുത്രിയെ വിവാഹം കഴിച്ചിരുന്നു. തന്നിമിത്തം യെഹൂദ്യയില്‍ അനേകം പേര്‍ അയാളുമായി ബന്ധപ്പെട്ടിരുന്നു. അവര്‍ എന്‍റെ മുമ്പില്‍വച്ച് അയാളെ പ്രശംസിക്കുകയും ഞാന്‍ പറഞ്ഞതെല്ലാം അയാളെ അറിയിക്കുകയും ചെയ്തു. തോബീയാ എനിക്കു ഭീഷണിക്കത്തുകള്‍ അയച്ചുകൊണ്ടിരുന്നു. ഞാന്‍ മതിലിന്‍റെ പണി പൂര്‍ത്തിയാക്കി കതകുകള്‍ വച്ചു പിടിപ്പിച്ചു. ദ്വാരപാലകരെയും ഗായകരെയും ലേവ്യരെയും നിയമിച്ചു. പിന്നീട് ഞാന്‍ എന്‍റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപന്‍ ഹനന്യായെയും യെരൂശലേമിന്‍റെ ഭരണാധികാരികളായി നിയമിച്ചു. ഹനന്യാ മറ്റു പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു. ഞാന്‍ അവരോടു പറഞ്ഞു: “വെയില്‍ ഉറയ്‍ക്കുന്നതുവരെ യെരൂശലേം നഗരകവാടങ്ങള്‍ തുറക്കരുത്; വാതിലുകള്‍ അടച്ചു കുറ്റിയിടുന്നത് നിങ്ങളുടെ സാന്നിധ്യത്തില്‍ ആയിരിക്കണം. യെരൂശലേംനിവാസികളില്‍നിന്നു വേണം കാവല്‌ക്കാരെ നിയമിക്കാന്‍. അവര്‍ അവരവരുടെ വീടുകളുടെ മുമ്പില്‍ കാവല്‍ നില്‌ക്കണം. യെരൂശലേം നഗരം വളരെ വിശാലമായിരുന്നു; എന്നാല്‍ ജനം കുറവായിരുന്നു. വീടുകള്‍ പണിതിരുന്നില്ല. വംശാവലി അനുസരിച്ചു പേരുകള്‍ രേഖപ്പെടുത്താന്‍ പ്രഭുക്കന്മാരെയും പ്രമാണികളെയും ജനങ്ങളെയും വിളിച്ചുകൂട്ടുന്നതിന് എന്‍റെ ദൈവം എനിക്കു പ്രേരണ നല്‌കി. ആദ്യം യെരൂശലേമിലേക്കു മടങ്ങിവന്നവരുടെ വംശാവലി രേഖപ്പെടുത്തിയിരിക്കുന്ന ഒരു പുസ്‍തകം എനിക്കു കിട്ടി. അതില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു: “ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ പിടിച്ചുകൊണ്ടുപോയ പ്രവാസികളില്‍ അനേകം പേര്‍ സ്വതന്ത്രരായി സ്വന്തപട്ടണങ്ങളിലേക്കു മടങ്ങിവന്നു. സെരുബ്ബാബേല്‍, യേശുവ, നെഹെമ്യാ, അസര്യാ, രയമ്യാ, നഹമാനി, മൊര്‍ദെഖായി, ബില്‍ശാന്‍, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ എന്നിവരുടെ നേതൃത്വത്തിലാണ് അവര്‍ യെരൂശലേമിലേക്കും യെഹൂദ്യയിലേക്കും മടങ്ങിവന്നത്. ഇസ്രായേല്‍ജനത്തിലെ പുരുഷന്മാരുടെ സംഖ്യ: പരോശിന്‍റെ കുടുംബത്തില്‍ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ട്; ശെഫത്യായുടെ കുടുംബത്തില്‍ മുന്നൂറ്റെഴുപത്തിരണ്ട്. ആരഹിന്‍റെ കുടുംബത്തില്‍ അറുനൂറ്റമ്പത്തിരണ്ട്; പഹത്ത്-മോവാബ് വംശക്കാരായ യേശുവയുടെയും യോവാബിന്‍റെയും കുടുംബങ്ങളില്‍ രണ്ടായിരത്തെണ്ണൂറ്റിപ്പതിനെട്ട്; ഏലാമിന്‍റെ കുടുംബത്തില്‍ ആയിരത്തിരുനൂറ്റമ്പത്തിനാല്; സത്ഥൂവിന്‍റെ കുടുംബത്തില്‍ എണ്ണൂറ്റി നാല്പത്തഞ്ച്; സക്കായിയുടെ കുടുംബത്തില്‍ എഴുനൂറ്ററുപത്; ബിന്നൂയിയുടെ കുടുംബത്തില്‍ അറുനൂറ്റി നാല്പത്തെട്ട്, ബേബായിയുടെ കുടുംബത്തില്‍ അറുനൂറ്റി ഇരുപത്തെട്ട്; അസ്ഗാദിന്‍റെ കുടുംബത്തില്‍ രണ്ടായിരത്തി മുന്നൂറ്റിരുപത്തിരണ്ട്; അദോനീക്കാമിന്‍റെ കുടുംബത്തില്‍ അറുനൂറ്ററുപത്തേഴ്; ബിഗ്വായിയുടെ കുടുംബത്തില്‍ രണ്ടായിരത്തറുപത്തേഴ്; ആദീന്‍റെ കുടുംബത്തില്‍ അറുനൂറ്റമ്പത്തഞ്ച്; ഹിസ്കീയായുടെ പുത്രനായ ആതേരിന്‍റെ കുടുംബത്തില്‍ തൊണ്ണൂറ്റെട്ട്; ഹാശൂമിന്‍റെ കുടുംബത്തില്‍ മുന്നൂറ്റിരുപത്തെട്ട്; ബേസായിയുടെ കുടുംബത്തില്‍ മുന്നൂറ്റിരുപത്തിനാല്; ഹാരീഫിന്‍റെ കുടുംബത്തില്‍ നൂറ്റിപന്ത്രണ്ട്. ഗിബെയോന്യര്‍ തൊണ്ണൂറ്റഞ്ച്; ബേത്‍ലഹേമ്യരും നെതോഫാത്യരും കൂടെ നൂറ്റെണ്‍പത്തെട്ട്; അനാഥോത്യര്‍ നൂറ്റിരുപത്തെട്ട്; ബേത്ത്-അസ്മാവേത്യര്‍ നാല്പത്തിരണ്ട്. കിര്യത്ത്-യെയാരീം, കെഫീരാ, ബെയെരോത്ത് എന്നിവിടങ്ങളിലെ നിവാസികള്‍ എഴുനൂറ്റിനാല്പത്തിമൂന്ന്; രാമാക്കാരും ഗേബക്കാരും കൂടെ അറുനൂറ്റിയിരുപത്തൊന്ന്. മിക്മാസ്യര്‍ നൂറ്റിയിരുപത്തിരണ്ട്. [31,32] ബേഥേല്‍ക്കാരും ഹായീക്കാരും കൂടെ നൂറ്റിയിരുപത്തിമൂന്ന്; മറ്റേ നെബോവ്യര്‍ അമ്പത്തിരണ്ട്; *** [33,34] മറ്റേ ഏലാവ്യര്‍ ആയിരത്തിയിരുനൂറ്റമ്പത്തിനാല്; *** ഹാരീമിന്‍റെ കുടുംബത്തില്‍ മുന്നൂറ്റിയിരുപത്; യെരീഹോ നിവാസികള്‍ മുന്നൂറ്റിനാല്പത്തഞ്ച്; ലോദ്യരും ഹാദീദ്യരും ഓനോവ്യരും കൂടി എഴുനൂറ്റിയിരുപത്തൊന്ന്; സേനായാക്കാര്‍ മൂവായിരത്തിത്തൊള്ളായിരത്തി മുപ്പത്. പുരോഹിതന്മാര്‍: യേശുവയുടെ സന്താനപരമ്പരയില്‍ യെദായായുടെ കുടുംബത്തില്‍ തൊള്ളായിരത്തെഴുപത്തിമൂന്ന്; ഇമ്മേരിന്‍റെ കുടുംബത്തില്‍ ആയിരത്തമ്പത്തിരണ്ട്; പശ്ഹൂരിന്‍റെ കുടുംബത്തില്‍ ആയിരത്തിരുനൂറ്റി നാല്പത്തേഴ്; ഹാരീമിന്‍റെ കുടുംബത്തില്‍ ആയിരത്തിപ്പതിനേഴ്. ലേവ്യര്‍: ഹോദെവയുടെ സന്താനപരമ്പരയില്‍ കദ്മീയേലിന്‍റെ പുത്രന്‍ യേശുവയുടെ കുടുംബക്കാര്‍ എഴുപത്തിനാല്. ഗായകന്മാര്‍: ആസാഫ്യര്‍ നൂറ്റിനാല്പത്തെട്ട്. ദ്വാരപാലകന്മാര്‍: ശല്ലൂം, ആതേര്‍, തല്‍മോന്‍, അക്കൂബ്, ഹതീത, ശോബായ് എന്നിവരുടെ പുത്രന്മാര്‍ ആകെ നൂറ്റിമുപ്പത്തെട്ട്. ദേവാലയദാസന്മാര്‍: സീഹ, ഹസൂഫ, തബ്ബായോത്, കേരോസ്, സീയാ, പാദോന്‍, [48,49] ലെബാന, ഹഗാബ, സല്‍മായി, ഹാനാന്‍, *** ഗിദ്ദേല്‍, ഗാഹര്‍, രെയായ്യാ, രെസീന്‍, നെക്കോദ, [51,52] ഗസ്സാം, ഉസ്സ, പാസേഹാ, ബേസായി, മെയൂന്യര്‍, *** നെഫീത്യര്‍, ബക്ക്ബൂക്ക്, ഹക്കൂഫ, ഹര്‍ഹൂര്‍, ബസ്ലീത്ത്, മെഹീദ, ഹര്‍ശ, ബര്‍ക്കോസ്, [55,56] സീസെര, തേമഹ്, നെസീഹാ, ഹതീഫ എന്നിവരുടെ പുത്രന്മാരാകുന്നു. *** ശലോമോന്‍റെ ദാസന്മാരുടെ പുത്രന്മാര്‍: സോതായി, സോഫേരെത്ത്, പെരീദ, യാല, ദര്‍ക്കോന്‍, ഗിദ്ദേല്‍, ശെഫത്യാ, ഹത്തീല്‍, പോഖെരെത്ത്-സെബായീം, ആമോന്‍ ഇവരുടെ പുത്രന്മാര്‍. ദേവാലയദാസന്മാരും ശലോമോന്‍റെ ദാസന്മാരുടെ പുത്രന്മാരും കൂടെ ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ട്. തേല്‍ - മേലെഹ്, തേല്‍ - ഹര്‍ശാ, കെരൂബ്, അദ്ദോന്‍, ഇമ്മേര്‍ എന്നീ സ്ഥലങ്ങളില്‍നിന്നു മടങ്ങി വന്നവര്‍ക്ക് അവര്‍ ഇസ്രായേല്യര്‍ തന്നെയെന്നതിന് പിതൃഭവനമോ വംശോല്‍പത്തിയോ തെളിയിക്കാന്‍ കഴിഞ്ഞില്ല. ദെലായായുടെയും തോബീയായുടെയും നെക്കോദയുടെയും പുത്രന്മാര്‍ ആകെ അറുനൂറ്റി നാല്പത്തിരണ്ടു പേര്‍. പുരോഹിതരില്‍: ഹോബയുടെയും ഹക്കോസ്സിന്‍റെയും ബര്‍സില്ലായുടെയും പുത്രന്മാര്‍. ബര്‍സില്ലാ കുടുംബക്കാരുടെ പൂര്‍വികന്‍ ഗിലെയാദുകാരനായ ബര്‍സില്ലായുടെ ഒരു പുത്രിയെ വിവാഹം കഴിച്ചു. അതുകൊണ്ടാണ് അവര്‍ ആ പേരില്‍ അറിയപ്പെടുന്നത്. അവരുടെ വംശാവലിരേഖ അന്വേഷിച്ചെങ്കിലും കണ്ടുകിട്ടിയില്ല; അതുകൊണ്ട് അവരെ അശുദ്ധരായി കരുതി പൗരോഹിത്യത്തില്‍നിന്നു നീക്കിക്കളഞ്ഞു. ഊരീമും തുമ്മീമും ധരിച്ചു ശുശ്രൂഷചെയ്യുന്ന ഒരു പുരോഹിതന്‍ ഉണ്ടാകുന്നതുവരെ വിശുദ്ധഭോജനത്തില്‍ പങ്കെടുക്കരുതെന്നു ദേശാധിപതി അവരോടു കല്പിച്ചു. ജനം ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതു പേര്‍. കൂടാതെ, ദാസീദാസന്മാരായി ഏഴായിരത്തി മുന്നൂറ്റിമുപ്പത്തേഴു പേരും ഗായികാഗായകന്മാരായി ഇരുനൂറ്റി നാല്പത്തഞ്ചു പേരും ഉണ്ടായിരുന്നു. എഴുനൂറ്റിമുപ്പത്താറു കുതിരകളും ഇരുനൂറ്റി നാല്പത്തഞ്ചു കോവര്‍കഴുതകളും നാനൂറ്റി മുപ്പത്തഞ്ചു ഒട്ടകങ്ങളും ആറായിരത്തെഴുനൂറ്റിയിരുപതു കഴുതകളും അവര്‍ക്കുണ്ടായിരുന്നു. പിതൃഭവനത്തലവന്മാര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കു സംഭാവനകള്‍ നല്‌കി; ദേശാധിപതി ആയിരം തങ്കക്കാശും അമ്പതു തളികകളും അഞ്ഞൂറ്റിമുപ്പത് പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്കു നല്‌കി. പിതൃഭവനത്തലവന്മാരില്‍ ചിലര്‍ നിര്‍മ്മാണശേഖരത്തിലേക്ക് ഇരുപതിനായിരം തങ്കക്കാശും രണ്ടായിരത്തി ഇരുനൂറു മാനേ വെള്ളിയും ദാനം ചെയ്തു. മറ്റുള്ളവര്‍ ഇരുപതിനായിരം തങ്കക്കാശും രണ്ടായിരം മാനേ വെള്ളിയും അറുപത്തേഴു പുരോഹിതവസ്ത്രവും നല്‌കി. പുരോഹിതര്‍, ലേവ്യര്‍, ദ്വാരപാലകര്‍, ഗായകര്‍, ദേവാലയശുശ്രൂഷകര്‍ തുടങ്ങിയ ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളില്‍ പാര്‍ത്തു. അങ്ങനെ ഇസ്രായേല്‍ജനം അവരവരുടെ പട്ടണങ്ങളില്‍ പാര്‍ത്തുവരുമ്പോള്‍ ഏഴാം മാസം അവര്‍ ഏകമനസ്സോടെ ജലകവാടത്തിനു മുമ്പിലുള്ള തുറസ്സായ സ്ഥലത്തു സമ്മേളിച്ചു. സര്‍വേശ്വരന്‍ ഇസ്രായേലിനു നല്‌കിയിരുന്ന മോശയുടെ ധര്‍മശാസ്ത്രപുസ്‍തകം കൊണ്ടുവരാന്‍ അവര്‍ വേദപണ്ഡിതനായ എസ്രായോടു പറഞ്ഞു. കേട്ടുഗ്രഹിക്കാന്‍ പ്രാപ്തിയുള്ള സകല സ്‍ത്രീപുരുഷന്മാരുമടങ്ങിയ സഭയുടെ മുമ്പാകെ ഏഴാം മാസം ഒന്നാം തീയതി എസ്രാപുരോഹിതന്‍ ധര്‍മശാസ്ത്രപുസ്‍തകം കൊണ്ടുവന്നു. ജലകവാടത്തിനു മുമ്പിലുള്ള തുറസ്സായ സ്ഥലത്തുവച്ചു പ്രഭാതംമുതല്‍ മധ്യാഹ്നംവരെ ധര്‍മശാസ്ത്രപുസ്‍തകം അദ്ദേഹം അവര്‍ കേള്‍ക്കെ ഉറക്കെ വായിച്ചു; ജനമെല്ലാം അതു ശ്രദ്ധാപൂര്‍വം കേട്ടു. ഈ കാര്യത്തിനായി മരംകൊണ്ടു നിര്‍മ്മിച്ച പ്രസംഗപീഠത്തില്‍ എസ്രാ കയറി നിന്നു. അദ്ദേഹത്തിന്‍റെ വലത്തുഭാഗത്തു മത്ഥിത്ഥ്യാ, ശേമാ, അനായാ, ഊരീയാ, ഹില്‌കീയാ, മയസേയാ എന്നിവരും ഇടത്തുഭാഗത്ത് പെദായാ, മീശായേല്‍, മല്‌കീയാ, ഹാശൂം, ഹശ്ബദ്ദാന, സെഖര്യാ, മെശുല്ലാം എന്നിവരും നിന്നു. ഉയര്‍ന്ന പീഠത്തില്‍ നിന്നുകൊണ്ട് എല്ലാവരും കാണ്‍കെ എസ്രാ പുസ്‍തകം തുറന്നു; അപ്പോള്‍ എല്ലാവരും എഴുന്നേറ്റു നിന്നു. എസ്രാ അത്യുന്നതദൈവമായ സര്‍വേശ്വരനെ സ്തുതിച്ചു; ജനമെല്ലാം കൈ ഉയര്‍ത്തി ആമേന്‍, ആമേന്‍ എന്നു പറഞ്ഞുകൊണ്ടു സാഷ്ടാംഗപ്രണാമം ചെയ്ത് അവിടുത്തെ ആരാധിച്ചു. എല്ലാവരും സ്വസ്ഥാനങ്ങളില്‍ തന്നെ നില്‌ക്കുമ്പോള്‍ യേശുവാ, ബാനി, ശേരെബ്യാ, യാമീന്‍, അക്കൂബ്, ശബ്ബെത്തായി, ഹോദീയാ, മയസേയാ, കെലീതാ, അസര്യാ, യോസാബാദ്, ഹനാന്‍, പെലായാ എന്നിവരും ലേവ്യരും ജനത്തിനു നിയമം വിശദീകരിച്ചുകൊടുത്തു. അവര്‍ ദൈവത്തിന്‍റെ ധര്‍മശാസ്ത്രപുസ്‍തകം വ്യക്തമായി വായിച്ചു കേള്‍പ്പിക്കുകയും എല്ലാവര്‍ക്കും ഗ്രഹിക്കത്തക്കവിധം അതു വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. ധര്‍മശാസ്ത്രം വായിച്ചുകേട്ടപ്പോള്‍ ജനം കരഞ്ഞു. അപ്പോള്‍ ദേശാധിപതി നെഹെമ്യായും പുരോഹിതനും വേദപണ്ഡിതനുമായ എസ്രായും ജനത്തെ പഠിപ്പിച്ചുകൊണ്ടിരുന്ന ലേവ്യരും സമസ്തജനങ്ങളോടുമായി പറഞ്ഞു: “നിങ്ങളുടെ ദൈവമായ സര്‍വേശ്വരന് ഈ ദിനം വിശുദ്ധമാകുന്നു; ഇന്ന് നിങ്ങള്‍ കരയുകയോ വിലപിക്കുകയോ അരുത്!” പിന്നീട് അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങള്‍ പോയി മൃഷ്ടാന്നഭോജനവും മധുരപാനീയവും കഴിക്കുക. ഭക്ഷണം ഒരുക്കിയിട്ടില്ലാത്തവര്‍ക്കു നിങ്ങളുടെ ആഹാരം പങ്കിടുക. ഈ ദിവസം നമ്മുടെ സര്‍വേശ്വരനു വിശുദ്ധമാകുന്നു; നിങ്ങള്‍ ദുഃഖിക്കരുത്. സര്‍വേശ്വരന്‍റെ സന്തോഷമാണു നിങ്ങളുടെ ബലം.” “മിണ്ടാതിരിക്കുക; ഈ ദിവസം സര്‍വേശ്വരനു വിശുദ്ധമാണ്; നിങ്ങള്‍ ദുഃഖിക്കരുത്” എന്നു പറഞ്ഞ് ലേവ്യര്‍ ജനത്തെ സമാധാനപ്പെടുത്തി. തങ്ങളോടു പറഞ്ഞ കാര്യങ്ങള്‍ ജനത്തിനു ബോധ്യമായി. അങ്ങനെ അവര്‍ ഭക്ഷണപാനീയങ്ങള്‍ കഴിക്കാനും ഇല്ലാത്തവര്‍ക്കു ഭക്ഷണം പങ്കിടാനും അത്യന്തം ആഹ്ലാദിക്കാനുമായി പിരിഞ്ഞുപോയി. അടുത്തദിവസം സര്‍വജനത്തിന്‍റെയും പിതൃഭവനത്തലവന്മാരും പുരോഹിതരും ലേവ്യരും ധര്‍മശാസ്ത്രത്തിലെ വചനം പഠിക്കാന്‍വേണ്ടി വേദപണ്ഡിതനായ എസ്രായുടെ അടുക്കല്‍ വന്നു. “ജനം ഏഴാം മാസം ഉത്സവത്തിനു കൂടാരങ്ങളില്‍ പാര്‍ക്കണം” എന്നും “കൂടാരങ്ങള്‍ ഉണ്ടാക്കാന്‍ മലയില്‍ പോയി ഒലിവിന്‍റെയും കാട്ടൊലിവിന്‍റെയും കൊഴുന്തിന്‍റെയും തഴച്ച വൃക്ഷങ്ങളുടെയും കൊമ്പുകളും ഈന്തമടലുകളും കൊണ്ടുവന്ന് നിര്‍ദ്ദേശിച്ചിരിക്കുംപോലെ കൂടാരങ്ങള്‍ നിര്‍മ്മിക്കണമെന്നും” തങ്ങളുടെ എല്ലാ പട്ടണങ്ങളിലും യെരൂശലേമിലും ഇതു വിളംബരം ചെയ്യണമെന്നും” എഴുതിയിരിക്കുന്ന ഭാഗം സര്‍വേശ്വരന്‍ മോശയിലൂടെ നല്‌കിയിരുന്ന നിയമത്തില്‍ അവര്‍ കണ്ടു. അതനുസരിച്ചു ജനം അവ കൊണ്ടുവന്നു വീടുകളുടെ മട്ടുപ്പാവിലും മുറ്റത്തും ദേവാലയത്തിന്‍റെ അങ്കണങ്ങളിലും ജലകവാടത്തിനും എഫ്രയീംകവാടത്തിനും സമീപത്തുള്ള തുറസ്സായ സ്ഥലങ്ങളിലും കൂടാരങ്ങളുണ്ടാക്കി. പ്രവാസത്തില്‍നിന്നു മടങ്ങിവന്ന ജനമെല്ലാം കൂടാരങ്ങളുണ്ടാക്കി അവയില്‍ പാര്‍ത്തു. നൂന്‍റെ പുത്രന്‍ യോശുവയുടെ കാലത്തിനുശേഷം അന്നുവരെ ഇസ്രായേല്‍ജനം ഇപ്രകാരം ചെയ്തിരുന്നില്ല. അങ്ങനെ അവര്‍ അത്യന്തം ആഹ്ലാദിച്ചു. ഉത്സവത്തിന്‍റെ ആദ്യദിവസംമുതല്‍ അവസാനദിവസംവരെ എന്നും എസ്രാ ദൈവത്തിന്‍റെ ധര്‍മശാസ്ത്രപുസ്‍തകം വായിച്ചു കേള്‍പ്പിച്ചു. അങ്ങനെ അവര്‍ ഏഴു ദിവസം ഉത്സവം ആചരിച്ച് എട്ടാം ദിവസം ധര്‍മശാസ്ത്രമനുസരിച്ച് അവര്‍ വിശുദ്ധസഭ കൂടി. ആ മാസം ഇരുപത്തിനാലാം ദിവസം ഇസ്രായേല്‍ജനം ഉപവസിച്ച് ചാക്കുതുണി ഉടുത്തു തലയില്‍ പൂഴി വാരിയിട്ട് സമ്മേളിച്ചു. ഇസ്രായേല്‍ജനം അന്യജനതകളില്‍നിന്നു വേര്‍തിരിഞ്ഞു തങ്ങളുടെ പാപങ്ങളും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളും ഏറ്റുപറഞ്ഞു. പിന്നീട് അവര്‍ സ്വസ്ഥാനങ്ങളില്‍ എഴുന്നേറ്റു നിന്നു മൂന്നു മണിക്കൂറോളം തങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്ര പുസ്‍തകം വായിച്ചുകേള്‍ക്കുകയും മൂന്നു മണിക്കൂര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് അവിടുത്തെ ആരാധിക്കുകയും ചെയ്തു. ലേവ്യരായ യേശുവ, ബാനി, കദ്മീയേല്‍, ശെബന്യാ, ബുന്നി, ശേരെബ്യാ, ബാനി, കെനാനി എന്നിവര്‍ ലേവ്യരുടെ വേദിയില്‍ നിന്നുകൊണ്ടു ദൈവമായ സര്‍വേശ്വരനോടു നിലവിളിച്ചു പ്രാര്‍ഥിച്ചു. പിന്നീട് ലേവ്യരായ യേശുവ, കദ്മീയേല്‍, ബാനി, ഹശബ്ന്യാ, ശേരെബ്യാ, ഹോദിയാ, ശെബന്യാ, പെദഹ്യാ എന്നിവര്‍ പറഞ്ഞു: “നിങ്ങള്‍ എഴുന്നേറ്റു നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ എന്നുമെന്നും വാഴ്ത്തുക; സകല സ്തുതികള്‍ക്കും സ്തോത്രങ്ങള്‍ക്കും അതീതനായ അവിടുത്തെ മഹത്ത്വമേറിയ നാമം വാഴ്ത്തപ്പെടട്ടെ.” എസ്രാ തുടര്‍ന്നു: “അവിടുന്ന്, അവിടുന്നു മാത്രം ആണ് സര്‍വേശ്വരന്‍. അവിടുന്നു സ്വര്‍ഗത്തെയും സ്വര്‍ഗാധിസ്വര്‍ഗത്തെയും സകല വാനഗോളങ്ങളെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും സൃഷ്‍ടിച്ചു. അവിടുന്ന് അവയെ എല്ലാം സംരക്ഷിക്കുന്നു; വാനഗോളങ്ങള്‍ അങ്ങയെ നമസ്കരിക്കുന്നു. അബ്രാമിനെ തിരഞ്ഞെടുത്തു കല്ദയരുടെ പട്ടണമായ ഊരില്‍നിന്നു കൊണ്ടുവന്ന് അദ്ദേഹത്തിന് അബ്രഹാം എന്നു പേരു നല്‌കിയ ദൈവമായ സര്‍വേശ്വരന്‍ അവിടുന്നുതന്നെ. അബ്രഹാം വിശ്വസ്തനാണെന്ന് അവിടുന്നു മനസ്സിലാക്കി; കനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, യെബൂസ്യര്‍, ഗിര്‍ഗസ്യര്‍ എന്നിവരുടെ ദേശം അദ്ദേഹത്തിന്‍റെ പിന്‍തലമുറകള്‍ക്ക് കൊടുക്കും എന്ന് അവിടുന്ന് ഉടമ്പടി ചെയ്തു. നീതിമാനായ അവിടുന്ന് അതു നിറവേറ്റി. ഈജിപ്തില്‍ ഞങ്ങളുടെ പിതാക്കന്മാര്‍ അനുഭവിച്ച കഷ്ടതകള്‍ അവിടുന്നു കണ്ടു; ചെങ്കടലിന്‍റെ തീരത്തുവച്ച് അവരുടെ നിലവിളി കേട്ടു. ഈജിപ്തുകാര്‍ ഞങ്ങളുടെ പിതാക്കന്മാരോടു ധിക്കാരപൂര്‍വം പ്രവര്‍ത്തിച്ചത് അവിടുന്ന് അറിഞ്ഞു. ഫറവോയ്‍ക്കും അയാളുടെ ഭൃത്യന്മാര്‍ക്കും ആ ദേശത്തെ ജനത്തിനും എതിരെ അടയാളങ്ങളും അദ്ഭുതങ്ങളും കാട്ടി. അങ്ങനെ അവിടുത്തെ നാമം പ്രസിദ്ധമായി. അത് ഇന്നും നിലനില്‌ക്കുന്നു. അവിടുന്ന് ഇസ്രായേല്‍ജനത്തിന്‍റെ മുമ്പില്‍ കടലിനെ രണ്ടായി വിഭജിച്ചു. അങ്ങനെ അവര്‍ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി. അവരെ പിന്തുടര്‍ന്നവരെ ആഴജലത്തില്‍ വീണ കല്ല് എന്നപോലെ അവിടുന്നു സമുദ്രത്തില്‍ ആഴ്ത്തിക്കളഞ്ഞു. അവിടുന്ന് പകല്‍ മേഘസ്തംഭത്താല്‍ അവരെ നയിച്ചു; രാത്രിയില്‍ അഗ്നിസ്തംഭത്തിന്‍റെ പ്രകാശത്താല്‍ അവരെ വഴി നടത്തി. സ്വര്‍ഗത്തില്‍നിന്നു സീനായ്പര്‍വതത്തില്‍ ഇറങ്ങിവന്ന് അവിടുന്ന് അവരോടു സംസാരിച്ചു; യഥാര്‍ഥ നീതിനിഷ്ഠമായ വിധികളും നിയമങ്ങളും ഉചിതമായ ചട്ടങ്ങളും കല്പനകളും അവര്‍ക്കു നല്‌കി. വിശുദ്ധശബത്ത് എങ്ങനെ ആചരിക്കണമെന്ന് അവിടുന്ന് അവരെ അറിയിച്ചു. അവിടുത്തെ ദാസനായ മോശയിലൂടെ അവര്‍ക്ക് ചട്ടങ്ങളും കല്പനകളും നിയമങ്ങളും നല്‌കി. അവരുടെ വിശപ്പടക്കാന്‍ ആകാശത്തുനിന്ന് അപ്പം കൊടുത്തു; അവരുടെ ദാഹം ശമിപ്പിക്കുന്നതിനു പാറയില്‍നിന്നു വെള്ളം പുറപ്പെടുവിച്ചു. അവര്‍ക്കു വാഗ്ദാനം ചെയ്തിരുന്ന ദേശം കൈവശമാക്കാന്‍ അവരോടു കല്പിച്ചു. എന്നാല്‍ അവരും ഞങ്ങളുടെ പിതാക്കന്മാരും അഹങ്കരിച്ച് അങ്ങയോടു ദുശ്ശാഠ്യം കാണിച്ചു; അവിടുത്തെ കല്പനകള്‍ അനുസരിച്ചില്ല. അവിടുത്തെ അനുസരിക്കാന്‍ അവര്‍ വിസമ്മതിച്ചു. അവര്‍ ധിക്കാരികളായി, അവിടുന്നു കാട്ടിയ അദ്ഭുതങ്ങള്‍ മറന്നു. ഈജിപ്തിലെ അടിമത്തത്തിലേക്കു മടങ്ങിപ്പോകാന്‍ ഒരു നേതാവിനെ നിയോഗിച്ചു. അവിടുന്ന് ക്ഷമിക്കുന്നതിന് സന്നദ്ധനും കൃപാലുവും കരുണാര്‍ദ്രനും ക്ഷമാശീലനും അളവറ്റ സ്നേഹനിധിയും ആകയാല്‍ അവരെ കൈവിട്ടില്ല. അവര്‍ തങ്ങള്‍ക്ക് ആരാധിക്കാന്‍ വേണ്ടി ഒരു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി. “ഇത് ഞങ്ങളെ ഈജിപ്തില്‍നിന്നു കൂട്ടിക്കൊണ്ടുവന്ന ദൈവം, എന്നു പറഞ്ഞ് അങ്ങയെ അത്യന്തം ദുഷിച്ചു. എങ്കിലും അവിടുത്തെ മഹാകരുണയാല്‍ അവരെ മരുഭൂമിയില്‍വച്ചു കൈവിട്ടില്ല; പകല്‍ അവരെ നയിച്ച മേഘസ്തംഭവും രാത്രിയില്‍ അവര്‍ക്കു വെളിച്ചം നല്‌കിയ അഗ്നിസ്തംഭവും അവരെ വിട്ടുമാറിയില്ല. അവര്‍ക്കു നല്ല ഉപദേശം ലഭിക്കാന്‍ അവിടുത്തെ ചൈതന്യം അവരില്‍ പകര്‍ന്നു. അവര്‍ക്കു മന്നയും ദാഹശമനത്തിനു ജലവും അവിടുന്നു തുടര്‍ന്നും നല്‌കി. ഇങ്ങനെ അവിടുന്ന് അവരെ നാല്പതു സംവത്സരം മരുഭൂമിയില്‍ പുലര്‍ത്തി; അവര്‍ക്കു ഒന്നിനും കുറവുണ്ടായില്ല; അവരുടെ വസ്ത്രം പഴകിയില്ല; അവരുടെ പാദങ്ങള്‍ വീങ്ങിയതുമില്ല. അവിടുന്നു രാജ്യങ്ങളെയും ജനതകളെയും അവരുടെ കൈയില്‍ ഏല്പിച്ചു; അത് അവര്‍ക്ക് വിഭജിച്ചു കൊടുത്തു. അവര്‍ ഹെശ്ബോന്‍രാജാവായ സീഹോന്‍റെയും ബാശാന്‍രാജാവായ ഓഗിന്‍റെയും രാജ്യങ്ങള്‍ കൈവശമാക്കി. ഇസ്രായേലിന്‍റെ സന്തതികളെ അവിടുന്ന് ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ വര്‍ധിപ്പിച്ചു; കൈവശമാക്കാന്‍ അവരുടെ പിതാക്കന്മാരോടു കല്പിച്ചിരുന്ന ദേശത്തേക്ക് അവരെ നയിച്ചു. അവര്‍ ചെന്നു ദേശം കൈവശമാക്കി. ദേശവാസികളായ കനാന്യരെ അവിടുന്ന് അവര്‍ക്കു കീഴ്പെടുത്തി. യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ തക്കവിധം അവരുടെ രാജാക്കന്മാരെയും ജനതകളെയും അവരുടെ കൈയില്‍ ഏല്പിച്ചു കൊടുത്തു. അവര്‍ സുരക്ഷിത നഗരങ്ങളും ഫലപുഷ്ടമായ ദേശവും പിടിച്ചടക്കി. വിശിഷ്ട വിഭവങ്ങള്‍ നിറഞ്ഞ വീടുകള്‍, കിണറുകള്‍, മുന്തിരിത്തോട്ടങ്ങള്‍, ഒലിവുതോട്ടങ്ങള്‍, ധാരാളമായ ഫലവൃക്ഷങ്ങള്‍ എന്നിവ കൈവശമാക്കി; അവര്‍ വേണ്ടുവോളം ഭക്ഷിച്ചു തൃപ്തരായി തടിച്ചു കൊഴുത്തു; അവിടുന്നു നല്‌കിയ വിശിഷ്ട വസ്തുക്കള്‍ അവര്‍ അനുഭവിച്ച് ആഹ്ലാദിച്ചു. എന്നിട്ടും അവര്‍ അങ്ങയെ അനുസരിക്കാതെ മത്സരിച്ചു; അവിടുത്തെ നിയമം അവര്‍ പുറന്തള്ളി. അങ്ങയിലേക്കു മടങ്ങിവരാന്‍ ആവശ്യപ്പെട്ട പ്രവാചകരെ അവര്‍ വധിച്ചു. അങ്ങനെ അവര്‍ അങ്ങയെ വളരെയധികം നിന്ദിച്ചു. അതിനാല്‍ അവിടുന്ന് അവരെ ശത്രുക്കളുടെ കൈയില്‍ ഏല്പിച്ചു; അവര്‍ അവരെ പീഡിപ്പിച്ചു. കഷ്ടതയില്‍ അവര്‍ വിളിച്ചപേക്ഷിച്ചു. അപ്പോള്‍ സ്വര്‍ഗത്തില്‍നിന്ന് അവിടുന്ന് അതു കേട്ടു. അവിടുത്തെ കാരുണ്യാതിരേകത്താല്‍ അവര്‍ക്കു വിമോചകരെ നല്‌കി. അവര്‍ അവരെ ശത്രുക്കളില്‍നിന്നു രക്ഷിച്ചു. എന്നാല്‍ സ്വസ്ഥത ഉണ്ടായപ്പോള്‍ അവര്‍ വീണ്ടും തിന്മ പ്രവര്‍ത്തിച്ചു. അതുകൊണ്ട് അവിടുന്നു അവരെ ശത്രുക്കളുടെ കൈയില്‍ ഏല്പിച്ചു; അവര്‍ അവരെ ഭരിച്ചു. അവര്‍ തിരിഞ്ഞ് അങ്ങയോടു നിലവിളിച്ചപ്പോള്‍ അവിടുന്നു സ്വര്‍ഗത്തില്‍നിന്നു കേട്ടു. അങ്ങനെ അവിടുത്തെ കാരുണ്യത്താല്‍ പലതവണ അവിടുന്ന് അവരെ വിടുവിച്ചു. അവിടുത്തെ നിയമമനുസരിക്കാന്‍ അവിടുന്ന് അവരോടു കല്പിച്ചു. എങ്കിലും അവര്‍ അഹങ്കാരത്തോടെ ജീവിച്ചു; അവിടുത്തെ കല്പനകള്‍ ലംഘിച്ച് പാപം ചെയ്തു. അങ്ങനെ ദുശ്ശാഠ്യക്കാരായ അവര്‍ ജീവദായകമായ കല്പനകള്‍ അനുസരിച്ചില്ല. അവിടുന്നു ദീര്‍ഘകാലം അവരോടു ക്ഷമിച്ചു. പ്രവാചകരിലൂടെ അവിടുത്തെ ആത്മാവ് അവര്‍ക്കു മുന്നറിയിപ്പു നല്‌കി; എന്നാല്‍ അവര്‍ ശ്രദ്ധിച്ചില്ല. അതുകൊണ്ട് അവിടുന്ന് അവരെ അന്യജനതകള്‍ക്ക് ഏല്പിച്ചുകൊടുത്തു. എങ്കിലും അവിടുത്തെ കാരുണ്യാതിരേകത്താല്‍ അവിടുന്ന് അവരെ നിശ്ശേഷം നശിപ്പിക്കയോ കൈവിടുകയോ ചെയ്തില്ല. അവിടുന്നു കൃപയും കരുണയുമുള്ള ദൈവമാണല്ലോ. മഹോന്നതനും ബലവാനും ഭീതിദനും ഉടമ്പടി പാലിക്കുന്നവനും കരുണാനിധിയുമായ ഞങ്ങളുടെ ദൈവമേ, അസ്സീറിയന്‍രാജാക്കന്മാരുടെ കാലംമുതല്‍ ഇന്നുവരെ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും ഞങ്ങളുടെ പിതാക്കന്മാരും സര്‍വജനങ്ങളും സഹിക്കേണ്ടിവന്ന കഷ്ടതകള്‍ അവിടുന്നു നിസ്സാരമായി ഗണിക്കരുതേ. ഞങ്ങള്‍ അര്‍ഹിക്കുന്ന ശിക്ഷയാണ് അവിടുന്നു ഞങ്ങള്‍ക്കു നല്‌കിയത്. അവിടുന്നു വിശ്വസ്തനായിരുന്നു. ഞങ്ങളാകട്ടെ ദുഷ്ടത പ്രവര്‍ത്തിച്ചു. ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പിതാക്കന്മാരും അവിടുത്തെ നിയമം അനുസരിച്ചില്ല; അവിടുത്തെ കല്പനകളും അവിടുന്നു നല്‌കിയ മുന്നറിയിപ്പും അവഗണിച്ചു. അവിടുന്ന് അവര്‍ക്ക് അധീനമാക്കിക്കൊടുത്ത വിസ്തൃതവും ഫലപുഷ്‍ടിയുള്ളതുമായ സ്വന്തം ദേശത്ത് അവിടുന്നു നല്‌കിയ നന്മകള്‍ അനുഭവിക്കുമ്പോഴും അവര്‍ അങ്ങയെ സേവിച്ചില്ല. അവര്‍ തങ്ങളുടെ ദുഷ്പ്രവൃത്തികള്‍ ഉപേക്ഷിച്ചുമില്ല. ഞങ്ങള്‍ ഇന്ന് അടിമകളാണ്; സല്‍ഫലങ്ങളും നന്മകളും അനുഭവിക്കാന്‍ ഞങ്ങളുടെ പിതാക്കന്മാര്‍ക്കു കൊടുത്ത ദേശത്തു ഞങ്ങള്‍ ഇന്ന് അടിമകളാണ്. ഞങ്ങളുടെ പാപങ്ങള്‍ നിമിത്തം അവിടുന്നു ഞങ്ങളുടെമേല്‍ അധീശരാക്കിയിരിക്കുന്ന രാജാക്കന്മാര്‍ ഈ ദേശത്തിന്‍റെ സമൃദ്ധി അനുഭവിക്കുന്നു. ഞങ്ങളുടെയും ഞങ്ങളുടെ കന്നുകാലികളുടെയുംമേല്‍ എന്തും പ്രവര്‍ത്തിക്കാനുള്ള അധികാരം അവര്‍ക്കുണ്ട്. ഞങ്ങള്‍ വലിയ കഷ്ടതയില്‍ ആയിരിക്കുന്നു. അതുകൊണ്ട് ഞങ്ങള്‍ ഒരു ഉടമ്പടി എഴുതിയുണ്ടാക്കിയിരിക്കുന്നു. അതില്‍ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും ഒപ്പുവയ്‍ക്കുന്നു. ഉടമ്പടിയില്‍ ഒപ്പു വച്ചവര്‍: ഹഖല്യായുടെ പുത്രനും ദേശാധിപതിയുമായ നെഹെമ്യാ, സിദെക്കീയാ, സെരായാ, അസര്യാ, യിരെമ്യാ, പശ്ഹൂര്‍, അമര്യാ, മല്‌ക്കീയാ, ഹത്തൂശ്, [4,5] ശെബന്യാ, മല്ലൂക്, ഹാരീം, മെരേമോത്ത്, *** ഓബദ്യാ, ദാനീയേല്‍, ഗിന്നെഥോന്‍, ബാരൂക്ക്, മെശുല്ലാം, അബീയാ, മീയാമീന്‍, മയസ്യാ, ബില്‍ഗായ്, ശെമയ്യാ എന്നീ പുരോഹിതന്മാര്‍. ലേവ്യര്‍: അസന്യായുടെ പുത്രനായ യേശുവ, ഹെനാദാദിന്‍റെ പുത്രന്മാരായ ബിന്നൂയിയും കദ്മീയേലും അവരുടെ സഹോദരന്മാരായ ശെബന്യാ, ഹോദീയാ, കെലീത, പെലായാ, ഹാനാന്‍, മീഖ, രെഹോബ്, ഹശബ്യാ, സക്കൂര്‍, ശേരെബ്യാ, ശെബന്യാ, ഹോദീയാ, [13,14] ബാനി, ബെനീനു. പ്രഭുക്കന്മാര്‍: പരോശ്, പഹത്ത്-മോവാബ്, ഏലാം, സഥൂ, ബാനി, *** ബുന്നി, അസ്ഗാദ്, ബേബായി, അദോനിയാ, [16,17] ബിഗ്വായി, ആദീന്‍, ആതേര്‍, ഹിസ്കീയാ, *** അസ്സൂര്‍, ഹോദീയാ, ഹാശും, ബേസായി, ഹാരീഫ്, അനാഥോത്ത്, നേബായി, [20,21] മഗ്പീയാശ്, മെശുല്ലാം, ഹേസീര്‍, മെശേസബെയേല്‍, *** സാദോക്, യദൂവ, പെലത്യാ, ഹനാന്‍, അനായാ, ഹോശേയ, ഹനന്യാ, ഹശ്ശൂബ്, ഹല്ലോഹേശ്, പില്‍ഹ, ശോബേക്, രെഹൂം, [25,26] ഹശബ്നാ, മയസേയാ, അഹീയാ, ഹനാന്‍, *** അനാന്‍, മല്ലൂക്, ഹാരീം, ബയനാ. അവശേഷിച്ചവരായ പുരോഹിതന്മാര്‍, ലേവ്യര്‍, വാതില്‍കാവല്‌ക്കാര്‍, ഗായകര്‍, ദേവാലയശുശ്രൂഷകര്‍, ദേശത്തെ ജനതകളില്‍നിന്നു വേര്‍പെട്ട് ദൈവത്തിന്‍റെ ധര്‍മശാസ്ത്രം അനുസരിച്ച ജനങ്ങള്‍, അവരുടെ ഭാര്യമാര്‍, പുത്രീപുത്രന്മാര്‍ എന്നിങ്ങനെ തിരിച്ചറിവുള്ള എല്ലാവരും ശ്രേഷ്ഠരായ തങ്ങളുടെ ചാര്‍ച്ചക്കാരോടു ചേര്‍ന്നു ദൈവത്തിന്‍റെ ദാസനായ മോശയിലൂടെ നല്‌കപ്പെട്ട ദൈവത്തിന്‍റെ ധര്‍മശാസ്ത്രം അനുസരിച്ചു നടക്കുമെന്നും ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ സകല കല്പനകളും അനുശാസനകളും ചട്ടങ്ങളും പ്രമാണിക്കുമെന്നും അങ്ങനെ ചെയ്യാഞ്ഞാല്‍ ശാപം ഏറ്റുകൊള്ളാമെന്നും പ്രതിജ്ഞ ചെയ്തു. ഞങ്ങളുടെ പുത്രിമാരെ തദ്ദേശവാസികളായ വിജാതീയര്‍ക്ക് വിവാഹം കഴിച്ചുകൊടുക്കുകയോ അവരുടെ പുത്രിമാരെ ഞങ്ങളുടെ പുത്രന്മാര്‍ക്ക് ഭാര്യമാരായി സ്വീകരിക്കുകയോ ചെയ്യുകയില്ല. ശബത്തു ദിവസമോ വിശുദ്ധദിവസമോ തദ്ദേശവാസികള്‍ ധാന്യമോ മറ്റു വസ്തുക്കളോ വില്പനയ്‍ക്കു കൊണ്ടുവന്നാല്‍ ഞങ്ങള്‍ വാങ്ങുകയില്ല. ഞങ്ങള്‍ ഏഴാം വര്‍ഷം വിളവ് എടുക്കുകയോ കടം തിരിച്ചു വാങ്ങുകയോ ഇല്ലെന്നും ഞങ്ങള്‍ ശപഥം ചെയ്തു. കാഴ്ചയപ്പം, നിരന്തരധാന്യയാഗം, ശബത്തുകളിലെയും അമാവാസികളിലെയും നിരന്തരഹോമയാഗം, ഉത്സവങ്ങള്‍, വിശുദ്ധവസ്തുക്കള്‍, ഇസ്രായേലിനു വേണ്ടിയുള്ള പാപപരിഹാരയാഗങ്ങള്‍ എന്നിവയ്‍ക്കും ദൈവത്തിന്‍റെ ആലയത്തിലെ ശുശ്രൂഷകള്‍ക്കും എല്ലാ ജോലികള്‍ക്കുംവേണ്ടി വര്‍ഷംതോറും മൂന്നിലൊന്നു ശേക്കെല്‍ നല്‌കാമെന്നും ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു. കൂടാതെ ദേവാലയത്തിലെ യാഗപീഠത്തില്‍ നിയമം അനുസരിച്ചു കത്തിക്കാനുള്ള വിറക് ആണ്ടുതോറും നിശ്ചിതസമയങ്ങളില്‍ പിതൃഭവനക്രമത്തില്‍ വഴിപാടായി അര്‍പ്പിക്കാന്‍ ഞങ്ങള്‍ പുരോഹിതന്മാരും ലേവ്യരും ജനങ്ങളും നറുക്കിട്ടു നിശ്ചയിച്ചിരിക്കുന്നു. ഞങ്ങളുടെ നിലങ്ങളിലെ ആദ്യവിളവും എല്ലാ വൃക്ഷങ്ങളുടെയും ആദ്യഫലവും വര്‍ഷംതോറും സര്‍വേശ്വരആലയത്തിലേക്കു സമര്‍പ്പിക്കാമെന്നും ഞങ്ങള്‍ സമ്മതിക്കുന്നു. ധര്‍മശാസ്ത്രത്തില്‍ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ ആദ്യപുത്രന്മാരെയും മൃഗങ്ങളില്‍ കന്നുകാലികളുടെയും ആട്ടിന്‍പറ്റങ്ങളുടെയും കടിഞ്ഞൂലുകളെയും ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാരുടെ അടുക്കല്‍ ഞങ്ങള്‍ കൊണ്ടുവന്നുകൊള്ളാം. ഞങ്ങളുടെ പുതുമാവ്, വൃക്ഷങ്ങളുടെ ആദ്യഫലങ്ങള്‍, പുതുവീഞ്ഞ്, ആദ്യം എടുത്ത എണ്ണ എന്നിവ നമ്മുടെ ദൈവത്തിന്‍റെ ആലയത്തിലെ പുരോഹിതന്മാരുടെ അടുക്കലും നിലങ്ങളിലെ വിളകളുടെ ദശാംശം ലേവ്യരുടെ അടുക്കലും എത്തിച്ചുകൊള്ളാം. ഞങ്ങളുടെ ഗ്രാമങ്ങളിലെ കര്‍ഷകരില്‍നിന്നു ദശാംശം സ്വീകരിക്കുന്നതു ലേവ്യരാണല്ലോ. ലേവ്യര്‍ ദശാംശം സ്വീകരിക്കുമ്പോള്‍ അഹരോന്‍റെ വംശജനായ ഒരു പുരോഹിതന്‍ അവരുടെ കൂടെ ഉണ്ടായിരിക്കണം. ദശാംശത്തിന്‍റെ ദശാംശം ലേവ്യര്‍ ദൈവത്തിന്‍റെ ആലയത്തിലെ ഭണ്ഡാരഗൃഹങ്ങളില്‍ കൊണ്ടുചെല്ലണം. ഇസ്രായേല്‍ജനങ്ങളും ലേവ്യരും കൂടി ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ഓഹരി ദേവാലയശുശ്രൂഷകരായ പുരോഹിതന്മാരും വാതില്‍കാവല്‌ക്കാരും ഗായകരും പാര്‍ക്കുന്നതും വിശുദ്ധമന്ദിരത്തിലെ പാത്രങ്ങള്‍ സൂക്ഷിക്കുന്നതുമായ മുറികളില്‍ കൊണ്ടുചെല്ലണം. ഞങ്ങളുടെ ദൈവത്തിന്‍റെ ആലയത്തെ ഞങ്ങള്‍ അവഗണിക്കുകയില്ല. ജനനേതാക്കള്‍ യെരൂശലേമില്‍ പാര്‍ത്തു; ശേഷിച്ച ജനത്തില്‍ പത്തുപേര്‍ക്ക് ഒരാള്‍ വീതം വിശുദ്ധനഗരമായ യെരൂശലേമില്‍ പാര്‍ക്കാനും ഒമ്പതുപേര്‍ മറ്റു പട്ടണങ്ങളില്‍ പാര്‍ക്കാനും ഇടയാകത്തക്കവിധം നറുക്കിട്ടു. യെരൂശലേമില്‍ പാര്‍ക്കാന്‍ സ്വമേധയാ തയ്യാറായവരെ ജനങ്ങള്‍ അനുഗ്രഹിച്ചു. ഇസ്രായേല്യരും പുരോഹിതരും ലേവ്യരും ദേവാലയശുശ്രൂഷകരും ശലോമോന്‍റെ ദാസന്മാരുടെ പിന്‍തലമുറക്കാരും യെഹൂദ്യയില്‍ അവരവരുടെ പട്ടണങ്ങളില്‍ സ്വന്തം സ്ഥലത്തു പാര്‍ത്തു. യെരൂശലേമില്‍ വസിച്ചവരില്‍ പ്രമുഖര്‍ യെഹൂദാഗോത്രത്തിലും ബെന്യാമീന്‍ഗോത്രത്തിലും പെട്ടവരായിരുന്നു. യെഹൂദാഗോത്രത്തില്‍പ്പെട്ടവര്‍: ഉസ്സീയായുടെ പുത്രന്‍ അഥായാ; ഉസ്സീയാ സെഖര്യായുടെയും സെഖര്യാ അമര്യായുടെയും അമര്യാ ശെഫത്യായുടെയും ശെഫത്യാ മഹലലേലിന്‍റെയും മഹലലേല്‍ പേരെസിന്‍റെയും പുത്രന്‍ ആയിരുന്നു. ബാരൂക്കിന്‍റെ പുത്രന്‍ മയസേയാ. ബാരൂക് കൊല്‍ഹോസെയുടെയും കൊല്‍ഹോസെ ഹസായായുടെയും ഹസായാ അദായായുടെയും അദായാ യോയാരീബിന്‍റെയും യോയാരീബ് സെഖര്യായുടെയും സെഖര്യാ ശീലോന്യന്‍റെയും പുത്രന്‍ ആയിരുന്നു. യെരൂശലേമില്‍ പാര്‍ത്തിരുന്ന പേരെസിന്‍റെ പുത്രന്മാര്‍ ആകെ നാനൂറ്ററുപത്തെട്ടു പേര്‍. അവര്‍ വീരപരാക്രമികളായിരുന്നു. ബെന്യാമീന്‍ഗോത്രക്കാര്‍: മെശുല്ലാമിന്‍റെ പുത്രന്‍ സല്ലൂ; മെശുല്ലാം യോവേദിന്‍റെയും യോവേദ് പെദായായുടെയും പെദായാ കോലായായുടെയും കോലായാ മയസേയായുടെയും മയസേയാ ഇഥീയേലിന്‍റെയും ഇഥീയേല്‍ യെശയ്യായുടെയും പുത്രന്‍ ആയിരുന്നു. അയാളുടെ അനുയായികള്‍ ഗബ്ബായിയും സല്ലായിയും. ആകെ തൊള്ളായിരത്തിരുപത്തെട്ടുപേര്‍. സിക്രിയുടെ പുത്രന്‍ യോവേല്‍ അവരുടെ മേല്‍നോട്ടക്കാരനും ഹസനൂവയുടെ പുത്രന്‍ യെഹൂദാ പട്ടണത്തിലെ രണ്ടാമത്തെ അധികാരിയും ആയിരുന്നു. പുരോഹിതന്മാരില്‍: യോയാരീബിന്‍റെ പുത്രന്‍ യെദായാ, യാഖീന്‍, ഹില്‌ക്കീയായുടെ പുത്രന്‍ സേരായാ; ഹില്‌ക്കീയാ മെശുല്ലാമിന്‍റെയും മെശുല്ലാം സാദോക്കിന്‍റെയും സാദോക് മെരായോത്തിന്‍റെയും മെരായോത്ത് അഹീതൂബിന്‍റെയും പുത്രന്‍ ആയിരുന്നു. അഹീതൂബ് ദേവാലയത്തിലെ പ്രധാന പുരോഹിതനായിരുന്നു. ദേവാലയത്തില്‍ ജോലി ചെയ്തിരുന്ന അവരുടെ ചാര്‍ച്ചക്കാര്‍ ആകെ എണ്ണൂറ്റിയിരുപത്തിരണ്ടു പേര്‍. യൊരോഹാമിന്‍റെ പുത്രന്‍ അദായാ; യൊരോഹാം പെലല്യായുടെയും പെലല്യാ അംസിയുടെയും അംസി സെഖര്യായുടെയും സെഖര്യാ പശ്ഹൂരിന്‍റെയും പശ്ഹൂര്‍ മല്‌ക്കീയായുടെയും പുത്രന്‍ ആയിരുന്നു. അയാളുടെ ഗോത്രത്തിലെ പിതൃഭവനത്തലവന്മാര്‍ ഇരുനൂറ്റിനാല്പത്തിരണ്ടുപേര്‍. അസരേലിന്‍റെ പുത്രന്‍ അമശെസായ്. അസരേല്‍ അഹ്സായിയുടെയും അഹ്സായ് മെശില്ലേമോത്തിന്‍റെയും മെശില്ലേമോത്ത് ഇമ്മേരിന്‍റെയും പുത്രനായിരുന്നു; അവരുടെ ചാര്‍ച്ചക്കാരായ നൂറ്റിയിരുപത്തെട്ടു പേര്‍ വീരപരാക്രമികളായിരുന്നു. ഹഗെദോലീമിന്‍റെ പുത്രന്‍ സബ്ദീയേല്‍ ആയിരുന്നു അവരുടെ നേതാവ്. ലേവ്യരില്‍ അശ്ശൂബിന്‍റെ പുത്രന്‍ ശെമയ്യാ; അശ്ശൂബ് അസ്രീക്കാമിന്‍റെയും അസ്രീക്കാം ഹശബ്യായുടെയും ഹശബ്യാ ബൂന്നിയുടെയും പുത്രന്‍ ആയിരുന്നു. ലേവ്യരില്‍ പ്രമുഖരായ ശബ്ബെത്തായിയും യോസാബാദും ദേവാലയത്തിന്‍റെ പുറംപണികളുടെ മേല്‍നോട്ടം വഹിച്ചു. മീഖയുടെ പുത്രന്‍ മത്ഥന്യാ; മീഖ സബ്‍ദിയുടെയും സബ്‍ദി ആസാഫിന്‍റെയും പുത്രന്‍. അയാള്‍ സ്തോത്രപ്രാര്‍ഥനയ്‍ക്ക് നേതൃത്വം വഹിച്ചു. അയാളുടെ ഒരു ചാര്‍ച്ചക്കാരനായ ബക്ബുക്യാ ആയിരുന്നു രണ്ടാമന്‍. ശമ്മൂവയുടെ പുത്രന്‍ അബ്‍ദ; ശമ്മൂവ ഗാലാലിന്‍റെയും ഗാലാല്‍ യെദൂഥൂന്‍റെയും പുത്രന്‍ ആയിരുന്നു. വിശുദ്ധ നഗരത്തില്‍ ആകെ ഇരുനൂറ്റെണ്‍പത്തിനാലു ലേവ്യര്‍ പാര്‍ത്തിരുന്നു. വാതില്‍കാവല്‌ക്കാര്‍: അക്കൂബും തല്മോനും അവരുടെ ചാര്‍ച്ചക്കാരും ഉള്‍പ്പെടെ നൂറ്റെഴുപത്തിരണ്ടു പേര്‍. ശേഷമുള്ള ഇസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും യെഹൂദാ നഗരങ്ങളിലെ സ്വന്തം അവകാശഭൂമികളില്‍ പാര്‍ത്തു. ദേവാലയത്തിലെ ജോലിക്കാര്‍ ഓഫേലില്‍ പാര്‍ത്തു. അവരുടെ മേല്‍നോട്ടക്കാര്‍ സീഹയും ഗിശ്പയും ആയിരുന്നു. യെരൂശലേമിലെ ലേവ്യരുടെ മേല്‍നോട്ടക്കാരന്‍ ബാനിയുടെ പുത്രന്‍ ഉസ്സി ആയിരുന്നു. ബാനി ഹശബ്യായുടെയും ഹശബ്യാ മത്ഥന്യായുടെയും മത്ഥന്യാ മീഖയുടെയും പുത്രന്‍; ദേവാലയത്തിലെ ഗാനശുശ്രൂഷ നടത്തിയിരുന്ന ആസാഫിന്‍റെ മക്കളില്‍ ഒരാളായിരുന്നു ഉസ്സി. ഗായകരെ സംബന്ധിച്ചും ഓരോ ദിവസത്തേക്കുള്ള അവരുടെ തവണകളെക്കുറിച്ചും ഒരു രാജകല്പന ഉണ്ടായിരുന്നു. യെഹൂദായുടെ പുത്രനായ സേരഹിന്‍റെ വംശത്തില്‍ മെശേസബേലിന്‍റെ പുത്രന്‍ പെഥഹ്യാ ഇസ്രായേല്‍ജനത്തെ സംബന്ധിച്ച കാര്യങ്ങളില്‍ രാജാവിന്‍റെ കാര്യസ്ഥന്‍ ആയിരുന്നു. അനേകമാളുകള്‍ പട്ടണങ്ങളിലും അവയോടു ചേര്‍ന്ന ഗ്രാമങ്ങളിലും പാര്‍ത്തു. യെഹൂദാഗോത്രത്തില്‍പ്പെട്ട ചിലര്‍ കിര്യത്ത്-അര്‍ബയിലും ദീബോനിലും യെക്കബ്സയേലിലും അവയോടു ചേര്‍ന്ന ഗ്രാമങ്ങളിലും യേശുവയിലും മോലാദയിലും ബേത്ത്-പേലെതിലും ഹസര്‍-ശൂവാലിലും ബേര്‍-ശേബയിലും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളിലും സിക്ലാഗിലും മെഖോനയിലും അവയോടു ചേര്‍ന്ന ഗ്രാമങ്ങളിലും എന്‍-രിമ്മോനിലും സോരയിലും യാര്‍മൂത്തിലും സനോഹയിലും അദുല്ലാമിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും അതിന്‍റെ വയലുകളിലും അസേക്കായിലും അതിന്‍റെ ഗ്രാമങ്ങളിലും പാര്‍ത്തു. അങ്ങനെ അവര്‍ ബേര്‍-ശേബമുതല്‍ ഹിന്നോംതാഴ്വരവരെ വാസമുറപ്പിച്ചു. ബെന്യാമീന്‍ഗോത്രക്കാര്‍ ഗേബമുതല്‍ മിക്മാശ്‍വരെയും അയ്യയിലും ബേഥേലിലും അവയുടെ ഗ്രാമങ്ങളിലും അനാഥോത്തിലും നോബിലും അനന്യായിലും ഹാസോരിലും രാമായിലും ഗിത്ഥായീമിലും ഹാദീദിലും സെബോയീമിലും നെബല്ലാത്തിലും ലോദിലും ശില്പികളുടെ താഴ്വരയായ ഓനോയിലും പാര്‍ത്തു. യെഹൂദ്യയില്‍ പാര്‍ത്തിരുന്ന ചില ഗണങ്ങള്‍ ബെന്യാമീന്‍ ഗോത്രക്കാരോടു ചേര്‍ന്നു പാര്‍ത്തു. ശെയല്‍തീയേലിന്‍റെ പുത്രന്‍ സെരുബ്ബാബേലിന്‍റെയും യേശുവയുടെയും കൂടെ വന്ന പുരോഹിതന്മാര്‍: സെരായാ, യിരെമ്യാ, എസ്രാ, അമര്യാ, മല്ലൂക്, ഹത്തൂശ്, ശെഖന്യാ, [3,4] രെഹൂം, മെരേമോത്ത്, ഇദ്ദോ, ഗിന്നെഥോയി, *** അബ്ബീയാ, മിയാമീന്‍, മയദ്യാ, ബില്‍ഗാ, ശെമയ്യാ, യോയാരീബ്, യെദായാ, സല്ലൂ, ആമോക്, ഹില്‌കീയാ, യെദായാ. ഇവര്‍ യേശുവയുടെ കാലത്ത് പുരോഹിതന്മാരുടെയും തങ്ങളുടെ ചാര്‍ച്ചക്കാരുടെയും നേതാക്കന്മാര്‍ ആയിരുന്നു. ലേവ്യര്‍: യേശുവ, ബിന്നൂയി, കദ്മീയേല്‍, ശേരെബ്യാ, യെഹൂദാ എന്നിവരും സ്തോത്രഗാനങ്ങളുടെ നേതൃത്വം വഹിച്ചിരുന്ന മത്ഥന്യായും ചാര്‍ച്ചക്കാരും. അവരുടെ സഹോദരന്മാരായ ബക്ബുക്യായും ഉന്നോയും ശുശ്രൂഷയില്‍ അവര്‍ക്ക് അഭിമുഖമായി നിന്നു. യേശുവാ യോയാക്കീമിന്‍റെയും യോയാക്കീം എല്യാശീബിന്‍റെയും എല്യാശീബ് യോയാദയുടെയും പിതാവായിരുന്നു. യോയാദ യോനാഥാന്‍റെയും യോനാഥാന്‍ യദൂവയുടെയും പിതാവായിരുന്നു. യോയാക്കീമിന്‍റെ കാലത്തെ പിതൃഭവനത്തലവന്മാരായിരുന്ന പുരോഹിതന്മാര്‍: സെരായാകുലത്തിനു മെരായ്യാ; യിരെമ്യാകുലത്തിനു ഹനന്യാ; എസ്രാകുലത്തിനു മെശുല്ലാം; അമര്യാകുലത്തിനു യെഹോഹാനാന്‍; മല്ലൂക്ക്കുലത്തിനു യോനാഥാന്‍; ശെബന്യാകുലത്തിനു യോസേഫ്, ഹാരിംകുലത്തിന് അദ്നാ, മെരായോത്ത്കുലത്തിനു ഹെല്‌ക്കായി; ഇദ്ദോകുലത്തിനു സെഖര്യാ; ഗിന്നെഥോന്‍ കുലത്തിനു മെശുല്ലാം; അബീയാകുലത്തിനു സിക്രി; മിന്യാമീന്‍കുലത്തിനും മോവദ്യാകുലത്തിനും പില്‍തായി; ബില്‍ഗാകുലത്തിനു ശമ്മൂവാ; ശെമയ്യാകുലത്തിനു യെഹോനാഥാന്‍; യോയാരീബ്കുലത്തിനു മഥെനായി; യെദായാകുലത്തിനു ഉസ്സി; സല്ലായികുലത്തിനു കല്ലായി; ആമോക്‌കുലത്തിനു ഏബര്‍; ഹില്‌കീയാകുലത്തിനു ഹശബ്യാ; യെദായാ കുലത്തിനു നെഥനയേല്‍. എല്യാശീബ്, യോയാദ, യോഹാനാന്‍, യദൂവ എന്നിവരുടെ കാലത്തു ലേവ്യരുടെയും പേര്‍ഷ്യന്‍രാജാവായ ദാരിയൂസിന്‍റെയും കാലംവരെ പുരോഹിതന്മാരുടെയും പിതൃഭവനത്തലവന്മാരുടെയും പേരുകള്‍ രേഖപ്പെടുത്തിയിരുന്നു. എല്യാശീബിന്‍റെ പുത്രന്‍ യോഹാനാന്‍റെ കാലംവരെ ലേവികുടുംബത്തലവന്മാരുടെ പേരുകള്‍ ദിനവൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നു. ലേവ്യരുടെ തലവന്മാര്‍: ഹശബ്യാ, ശേരെബ്യാ, കദ്മീയേലിന്‍റെ പുത്രന്‍ യേശുവ എന്നിവര്‍ തങ്ങള്‍ക്ക് അഭിമുഖമായി നിന്ന സഹോദരരോടൊത്ത് ദൈവപുരുഷനായ ദാവീദിന്‍റെ കല്പനപ്രകാരമുള്ള സ്തുതിസ്തോത്രങ്ങള്‍ യാമംതോറും അര്‍പ്പിച്ചു. മത്ഥന്യാ, ബക്ക്ബുക്യാ, ഓബദ്യാ, മെശുല്ലാം, തല്മോന്‍, അക്കൂബ് എന്നിവര്‍ വാതിലുകള്‍ക്കരികെയുള്ള ഭണ്ഡാരഗൃഹങ്ങളുടെ കാവല്‌ക്കാരായിരുന്നു. ഇവര്‍ യോസാദാക്കിന്‍റെ പുത്രന്‍ യേശുവയുടെ പുത്രന്‍ യോയാക്കീമിന്‍റെയും ദേശാധിപതി നെഹെമ്യായുടെയും വേദപണ്ഡിതനായ എസ്രാപുരോഹിതന്‍റെയും കാലത്തു ജീവിച്ചിരുന്നു. യെരൂശലേമിന്‍റെ മതില്‍ പ്രതിഷ്ഠിക്കുന്ന സമയത്ത് ഇലത്താളം, വീണ, കിന്നരം എന്നീ വാദ്യോപകരണങ്ങളോടുകൂടി സന്തോഷപൂര്‍വം സ്തോത്രഗാനങ്ങള്‍ അര്‍പ്പിക്കുന്നതിന് ലേവ്യരെ അവരുടെ വാസസ്ഥലങ്ങളില്‍നിന്നു യെരൂശലേമില്‍ വരുത്തി. ഗായകര്‍ യെരൂശലേമിന്‍റെ ചുറ്റുമുള്ള പ്രദേശങ്ങളില്‍നിന്നും നെതോഫാത്യരുടെ ഗ്രാമങ്ങളില്‍നിന്നും ബേത്ത്-ഗില്ഗാലില്‍നിന്നും ഗേബയുടെയും അസ്മാവെത്തിന്‍റെയും പ്രദേശങ്ങളില്‍നിന്നും വന്നുകൂടി; ഗായകര്‍ തങ്ങള്‍ക്കു വസിക്കാന്‍ യെരൂശലേമിന്‍റെ ചുറ്റും ഗ്രാമങ്ങള്‍ നിര്‍മ്മിച്ചു. പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ ശുദ്ധീകരിച്ചശേഷം ജനങ്ങളെയും വാതിലുകള്‍, മതില്‍ എന്നിവയും ശുദ്ധീകരിച്ചു. പിന്നീട് യെഹൂദാപ്രഭുക്കന്മാരെ മതിലിനു മുകളില്‍ കൊണ്ടുവന്നു സ്തോത്രഗീതം ആലപിച്ചുകൊണ്ട് പ്രദക്ഷിണം ചെയ്യാന്‍ രണ്ടു വലിയ ഗായകസംഘങ്ങളെ നിയോഗിച്ചു. അവയില്‍ ഒന്ന് മതിലിന്മേല്‍ വലത്തുഭാഗത്തുകൂടി പുറപ്പെട്ട് ചവറ്റു വാതില്‌ക്കലേക്കു പോയി. ഹോശയ്യായും യെഹൂദാപ്രഭുക്കന്മാരില്‍ പകുതിപ്പേരും അവരെ അനുഗമിച്ചു. അസര്യാ, എസ്രാ, മെശുല്ലാം, യെഹൂദാ, ബെന്യാമീന്‍, ശെമയ്യാ, യിരെമ്യാ എന്നിവരും കാഹളങ്ങളോടുകൂടി പുരോഹിതന്മാരില്‍ ചിലരും സെഖര്യായും; (സെഖര്യാ യോനാഥാന്‍റെ പുത്രന്‍, യോനാഥാന്‍ ശെമയ്യായുടെ പുത്രന്‍, ശെമയ്യാ മത്ഥന്യായുടെ പുത്രന്‍, മത്ഥന്യാ മീഖായുടെ പുത്രന്‍, മീഖാ സക്കൂറിന്‍റെ പുത്രന്‍; സക്കൂര്‍ ആസാഫിന്‍റെ പുത്രന്‍) അയാളുടെ ചാര്‍ച്ചക്കാരും ദൈവപുരുഷനായ ദാവീദിന്‍റെ വാദ്യോപകരണങ്ങള്‍ വഹിച്ചിരുന്നവരും ആയ ശെമയ്യാ, അസരയേല്‍, മീലലായി, ഗീലലായി, മായായി, നെഥനയേല്‍, യെഹൂദാ, ഹനാനി എന്നിവരും അവരോടൊത്തു നടന്നു. വേദപണ്ഡിതനായ എസ്രാ അവരുടെ മുമ്പില്‍ നടന്നു. അവര്‍ ഉറവക്കവാടം കടന്നു ദാവീദിന്‍റെ നഗരത്തിലേക്കുള്ള നടകള്‍ കയറി ദാവീദിന്‍റെ കൊട്ടാരത്തിനപ്പുറമുള്ള മതിലിന്‍റെ കയറ്റത്തിലൂടെ ചെന്നു കിഴക്കു ജലകവാടത്തില്‍ എത്തി. സ്തോത്രഗായകരുടെ മറ്റേ സംഘം ഇടതുവശത്തേക്കു നീങ്ങി; അവരുടെ പിന്നാലെ ഞാനും പകുതി ജനങ്ങളും ചൂളഗോപുരത്തിനപ്പുറം വിശാലമായ മതില്‍വരെയും എഫ്രയീംവാതിലിനപ്പുറം പുരാതനകവാടം, മത്സ്യകവാടം, ഹനനേലിന്‍റെ ഗോപുരം, ശതഗോപുരം, അജകവാടം എന്നിവ കടന്നു കാവല്‍പ്പുരയ്‍ക്കടുത്തുള്ള കവാടംവരെ എത്തി. സ്തോത്രഗായകരുടെ രണ്ടു സംഘവും ഞാനും എന്‍റെ കൂടെയുള്ള പ്രമാണികളില്‍ പകുതിപ്പേരും കാഹളങ്ങള്‍ വഹിച്ചുകൊണ്ട് എല്യാക്കീം, മയസേയാ, മിന്യാമിന്‍, മീഖായാ, എല്യോവേനായി, സെഖര്യാ, ഹനന്യാ എന്നീ പുരോഹിതന്മാരും മയസേയാ, ശെമയ്യാ, എലെയാസര്‍, ഉസ്സി, യെഹോഹാനാന്‍, മല്‌ക്കീയാ, ഏലാം, ഏസെര്‍ എന്നിവരും ദേവാലയത്തിനരികെ വന്നുനിന്നു; ഗായകര്‍ ഉറക്കെ പാടി; യിസ്രഹ്യാ ആയിരുന്നു അവരുടെ നേതാവ്. അന്ന് അവര്‍ വലിയ യാഗങ്ങള്‍ അര്‍പ്പിച്ച് ആഹ്ലാദിച്ചു; അതിനു ദൈവം അവര്‍ക്ക് ഇട നല്‌കി; സ്‍ത്രീകളും കുട്ടികളുമെല്ലാം സന്തോഷിച്ചു. യെരൂശലേമിലെ ആഹ്ലാദപ്രകടനങ്ങള്‍ വളരെ ദൂരെ കേള്‍ക്കാമായിരുന്നു. അന്നു ശുശ്രൂഷ ചെയ്തിരുന്ന പുരോഹിതന്മാരിലും ലേവ്യരിലും യെഹൂദാജനങ്ങള്‍ വളരെ സംപ്രീതരായിരുന്നു. അതുകൊണ്ട്, പുരോഹിതന്മാര്‍ക്കും ലേവ്യര്‍ക്കുംവേണ്ടി നിയമപ്രകാരം വേര്‍തിരിക്കപ്പെട്ടിരുന്ന ഓഹരികള്‍-അഥവാ സംഭാവനകളും ആദ്യഫലങ്ങളും ദശാംശങ്ങളും പട്ടണങ്ങളോടു ചേര്‍ന്നു നിലങ്ങളില്‍നിന്ന് ശേഖരിച്ച് അവയ്‍ക്കുവേണ്ടിയുള്ള സംഭരണഗൃഹങ്ങളില്‍ സൂക്ഷിക്കാന്‍ ആളുകളെ നിയമിച്ചു. പുരോഹിതന്മാരും ലേവ്യരും ദൈവത്തിന്‍റെ ശുശ്രൂഷയും ശുദ്ധീകരണ ശുശ്രൂഷയും അനുഷ്ഠിച്ചു. ദാവീദും അദ്ദേഹത്തിന്‍റെ പുത്രന്‍ ശലോമോനും കല്പിച്ചിരുന്ന പ്രകാരം ഗായകരും വാതില്‍കാവല്‌ക്കാരും പ്രവര്‍ത്തിച്ചു. പണ്ടു ദാവീദിന്‍റെയും ആസാഫിന്‍റെയും കാലത്ത് ഗായകര്‍ക്ക് ഒരു നേതാവുണ്ടായിരുന്നു; അവര്‍ ദൈവത്തിനു സ്തുതിഗാനങ്ങളും സ്തോത്രങ്ങളും അര്‍പ്പിച്ചിരുന്നു. സെരൂബ്ബാബേലിന്‍റെയും നെഹെമ്യായുടെയും കാലത്ത് എല്ലാ ഇസ്രായേല്യരും ഗായകര്‍ക്കും വാതില്‍കാവല്‌ക്കാര്‍ക്കും പ്രതിദിനവിഹിതം കൊടുത്തുവന്നു. അവര്‍ ലേവ്യര്‍ക്കും വിഹിതം കൊടുത്തിരുന്നു. ലേവ്യര്‍ പുരോഹിതന്മാര്‍ക്കുമുള്ള വിഹിതം നല്‌കിയിരുന്നു. അന്നു ജനം കേള്‍ക്കെ അവര്‍ മോശയുടെ പുസ്‍തകം വായിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: “അമ്മോന്യരും മോവാബ്യരും ഒരിക്കലും ദൈവത്തിന്‍റെ സഭയില്‍ പ്രവേശിക്കരുത്. അവര്‍ അപ്പവും വെള്ളവും കൊണ്ടുവന്ന് ഇസ്രായേലിനെ സ്വീകരിക്കുന്നതിനു പകരം അവരെ ശപിക്കാന്‍ ബിലെയാമിനെ കൂലിക്കു വിളിച്ചു. എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കി മാറ്റി.” ജനം നിയമം വായിച്ചു കേട്ടപ്പോള്‍ വിജാതീയരെയെല്ലാം ഇസ്രായേലില്‍നിന്നു വേര്‍തിരിച്ചു. എന്നാല്‍ അതിനു മുമ്പു പുരോഹിതനും നമ്മുടെ ദൈവത്തിന്‍റെ ആലയത്തിലെ മുറികളുടെ ചുമതലക്കാരനായി നിയമിക്കപ്പെട്ടിരുന്ന എല്യാശീബ് തന്‍റെ ബന്ധുവായ തോബീയായ്‍ക്കുവേണ്ടി ഒരു വലിയ മുറി ഒരുക്കിക്കൊടുത്തിരുന്നു. ധാന്യയാഗം, കുന്തുരുക്കം, പാത്രങ്ങള്‍ എന്നിവയും ലേവ്യര്‍, ഗായകര്‍, വാതില്‍കാവല്‌ക്കാര്‍ എന്നിവര്‍ക്കുവേണ്ടിയുള്ള ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശവും പുരോഹിതന്മാര്‍ക്കുവേണ്ടിയുള്ള സംഭാവനകളും അവിടെയാണു സൂക്ഷിച്ചിരുന്നത്. ഈ സമയത്ത് ഞാന്‍ യെരൂശലേമില്‍ ഉണ്ടായിരുന്നില്ല. ബാബിലോണ്‍രാജാവായ അര്‍ത്ഥക്സേര്‍ക്സസ് രാജാവിന്‍റെ വാഴ്ചയുടെ മുപ്പത്തിരണ്ടാം വര്‍ഷം ഞാന്‍ രാജാവിന്‍റെ അടുക്കല്‍ പോയിരുന്നു. കുറച്ചുകാലം കഴിഞ്ഞ് രാജാവിന്‍റെ അനുവാദത്തോടെ ഞാന്‍ യെരൂശലേമില്‍ മടങ്ങിയെത്തി. അപ്പോഴാണ് എല്യാശീബ് തോബീയായ്‍ക്കുവേണ്ടി ദേവാലയത്തിന്‍റെ അങ്കണത്തില്‍ മുറി ഒരുക്കിക്കൊടുത്ത ഹീനകൃത്യം ഞാന്‍ അറിഞ്ഞത്. എനിക്ക് വല്ലാത്ത കോപമുണ്ടായി; ആ മുറിയില്‍നിന്നു തോബീയായുടെ ഗൃഹോപകരണങ്ങളെല്ലാം ഞാന്‍ പുറത്ത് എറിഞ്ഞുകളഞ്ഞു. പിന്നീട് എന്‍റെ ആജ്ഞയനുസരിച്ച് മുറികളെല്ലാം ശുദ്ധമാക്കി; ദേവാലയത്തിന്‍റെ ഉപകരണങ്ങളും ധാന്യയാഗത്തിനുള്ള ധാന്യങ്ങളും കുന്തുരുക്കവും തിരികെ കൊണ്ടുവന്നു. ലേവ്യര്‍ക്കുള്ള ഓഹരി കൊടുക്കാതിരുന്നതിനാല്‍ ഗായകരും മറ്റു ലേവ്യരും അവരവരുടെ വയലുകളിലേക്കു പോയ വിവരം ഞാന്‍ അറിഞ്ഞു. ഞാന്‍ ജനപ്രമാണികളെ ശാസിച്ചു. ലേവ്യരും മറ്റും ദേവാലയം ഉപേക്ഷിച്ചു പോയതെന്തെന്നു ഞാന്‍ അവരോടു ചോദിച്ചു. ഞാന്‍ ഗായകരെയും മറ്റു ലേവ്യരെയും മടക്കിവരുത്തി അവരെ യഥാസ്ഥാനങ്ങളില്‍ നിയോഗിച്ചു. അപ്പോള്‍ സകല യെഹൂദന്മാരും ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശം ഭണ്ഡാരഗൃഹങ്ങളിലേക്കു കൊണ്ടുവന്നു. ഭണ്ഡാരഗൃഹങ്ങളുടെ സൂക്ഷിപ്പുകാരായി ശേലെമ്യാപുരോഹിതനെയും വേദപണ്ഡിതനായ സാദോക്കിനെയും ലേവ്യനായ പെദായായെയും അവരുടെ സഹായി ആയി മത്ഥന്യായുടെ പൗത്രനും സക്കൂരിന്‍റെ പുത്രനുമായ ഹാനാനെയും നിയമിച്ചു. അവര്‍ വിശ്വസ്തരെന്നു കരുതപ്പെട്ടിരുന്നു. തങ്ങളുടെ സഹോദരര്‍ക്കു വിഹിതം പങ്കിട്ടുകൊടുക്കുക എന്നതായിരുന്നു അവരുടെ ജോലി. എന്‍റെ ദൈവത്തിന്‍റെ ആലയത്തിനും അതിലെ ശുശ്രൂഷകള്‍ക്കുംവേണ്ടി ഞാന്‍ ചെയ്ത സല്‍പ്രവൃത്തികള്‍ മറക്കരുതേ! അവയെല്ലാം എന്‍റെ ദൈവമേ, ഓര്‍ക്കണമേ. അക്കാലത്ത് യെഹൂദ്യരില്‍ ചിലര്‍ ശബത്തില്‍ മുന്തിരിച്ചക്കു ചവിട്ടുന്നതും കറ്റകൊണ്ടുവരുന്നതും കഴുതപ്പുറത്ത് ചുമടു കയറ്റുന്നതും വീഞ്ഞ്, മുന്തിരിപ്പഴം, അത്തിപ്പഴം മുതലായവ ചുമടുകളായി ശബത്തില്‍ യെരൂശലേമിലേക്കു വില്‌ക്കാന്‍ കൊണ്ടുവരുന്നതും ഞാന്‍ കണ്ടു. ശബത്തില്‍ ഒന്നും വില്‌ക്കരുത് എന്ന് ഞാന്‍ അവര്‍ക്കു മുന്നറിയിപ്പു നല്‌കി. അവിടെ പാര്‍ത്തിരുന്ന സോര്‍ ദേശക്കാര്‍ മത്സ്യവും പലചരക്കും കൊണ്ടുവന്നു ശബത്തില്‍ യെഹൂദ്യര്‍ക്കും യെരൂശലേംനിവാസികള്‍ക്കും വിറ്റുപോന്നു. അതുകൊണ്ട് ഞാന്‍ യെഹൂദാപ്രഭുക്കന്മാരെ ശാസിച്ചു: “നിങ്ങള്‍ ഈ തിന്മ പ്രവര്‍ത്തിക്കുന്നതെന്ത്? ശബത്ത് നിങ്ങള്‍ അശുദ്ധമാക്കുകയല്ലേ ചെയ്യുന്നത്? നിങ്ങളുടെ പിതാക്കന്മാര്‍ ഇങ്ങനെ ചെയ്തതുകൊണ്ടല്ലേ നമ്മുടെ ദൈവം നമ്മുടെമേലും ഈ നഗരത്തിന്മേലും അനര്‍ഥമെല്ലാം വരുത്തിയത്? ശബത്ത് അശുദ്ധമാക്കുന്നതിലൂടെ ഇസ്രായേലിന്മേലുള്ള ദൈവകോപം നിങ്ങള്‍ വര്‍ധിപ്പിക്കുന്നു.” ശബത്തിനു മുമ്പ് ഇരുട്ടായിത്തുടങ്ങുമ്പോള്‍ യെരൂശലേമിന്‍റെ നഗരവാതിലുകള്‍ അടയ്‍ക്കാനും ശബത്തു കഴിയുന്നതുവരെ തുറക്കാതിരിക്കാനും ഞാന്‍ ആജ്ഞാപിച്ചു. ശബത്തുനാളില്‍ ഒരു ചുമടും പട്ടണത്തിനകത്തു കടത്താതിരിക്കാന്‍ വാതിലുകള്‍ക്കരികെ എന്‍റെ ദാസന്മാരില്‍ ചിലരെ കാവല്‍ നിര്‍ത്തി. അതുകൊണ്ടു കച്ചവടക്കാര്‍ക്ക് ഒന്നുരണ്ടു പ്രാവശ്യം യെരൂശലേമിനു പുറത്തു രാപാര്‍ക്കേണ്ടിവന്നു. പിന്നീട് ഞാന്‍ അവര്‍ക്ക് താക്കീതു നല്‌കി: “നിങ്ങള്‍ മതിലിനരികെ പാര്‍ക്കുന്നതെന്ത്? നിങ്ങള്‍ ഇതാവര്‍ത്തിച്ചാല്‍ ഞാന്‍ നിങ്ങളെ ശിക്ഷിക്കും.” അന്നുമുതല്‍ അവര്‍ ശബത്തില്‍ വരാതെയായി. ശബത്തുദിവസം വിശുദ്ധമായി ആചരിക്കാന്‍വേണ്ടി തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു വാതിലുകള്‍ക്കു കാവല്‍ നില്‌ക്കാന്‍ ഞാന്‍ ലേവ്യരോടു കല്പിച്ചു. എന്‍റെ ദൈവമേ, എന്‍റെ ഈ പ്രവൃത്തികളും എനിക്ക് അനുകൂലമായി ഓര്‍ക്കണമേ; അവിടുത്തെ അചഞ്ചല സ്നേഹത്തിനു തക്കവിധം എന്നോട് കനിവു തോന്നണമേ. അസ്തോദ്യരും അമ്മോന്യരും മോവാബ്യരുമായ സ്‍ത്രീകളെ വിവാഹം കഴിച്ച ചില യെഹൂദന്മാരെ ഞാന്‍ കണ്ടു. അവരുടെ സന്താനങ്ങളില്‍ പകുതി പേര്‍ അസ്തോദ്യഭാഷ സംസാരിച്ചിരുന്നു. വിജാതീയരുടെ ഭാഷയല്ലാതെ യെഹൂദഭാഷ സംസാരിക്കാന്‍ അവര്‍ക്കു കഴിയുമായിരുന്നില്ല. അവരെ ഞാന്‍ ശാസിക്കുകയും ശപിക്കുകയും ചെയ്തു; ചിലരെ അടിച്ചു; അവരുടെ തലമുടി വലിച്ചു പറിച്ചു; “നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു വിവാഹം കഴിച്ചുകൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങള്‍ക്കോ നിങ്ങളുടെ പുത്രന്മാര്‍ക്കോവേണ്ടി സ്വീകരിക്കുകയോ ഇല്ല എന്ന് അവരെക്കൊണ്ട് ദൈവനാമത്തില്‍ ഞാന്‍ പ്രതിജ്ഞ ചെയ്യിച്ചു. ഇസ്രായേല്‍രാജാവായ ശലോമോന്‍ ഇത്തരം സ്‍ത്രീകളെ വിവാഹം കഴിച്ചതുകൊണ്ടല്ലേ പാപം ചെയ്യാന്‍ ഇടയായത്? അദ്ദേഹത്തെപ്പോലെ ഒരു രാജാവ് ഒരു ജനതയുടെയും ഇടയില്‍ ഉണ്ടായിരുന്നില്ല. ശലോമോന്‍ തന്‍റെ ദൈവത്തിനു പ്രിയങ്കരനായിരുന്നു; അതിനാല്‍ ദൈവം അദ്ദേഹത്തെ സമസ്ത ഇസ്രായേലിന്‍റെയും രാജാവാക്കി. എങ്കിലും വിജാതീയ ഭാര്യമാര്‍ അദ്ദേഹത്തെക്കൊണ്ടു പാപം ചെയ്യിച്ചു. ഞങ്ങളും നിങ്ങളെപ്പോലെ വിജാതീയ സ്‍ത്രീകളെ വിവാഹം ചെയ്തു തിന്മ പ്രവര്‍ത്തിക്കണമോ? അങ്ങനെ നമ്മുടെ ദൈവത്തോടു വഞ്ചന കാട്ടണമോ? “മഹാപുരോഹിതനായ എല്യാശീബിന്‍റെ പുത്രന്‍ യെഹോയാദയുടെ പുത്രന്മാരില്‍ ഒരാള്‍ ഹോരോന്യനായ സന്‍ബല്ലത്തിന്‍റെ ജാമാതാവ് ആയിരുന്നു. അതുകൊണ്ട് ഞാന്‍ അവനെ എന്‍റെ അടുക്കല്‍നിന്ന് ഓടിച്ചുകളഞ്ഞു. “എന്‍റെ ദൈവമേ, അവര്‍ പൗരോഹിത്യത്തെയും പൗരോഹിത്യനിയമത്തെയും ലേവ്യരെയും മലിനപ്പെടുത്തിയിരിക്കുന്നു. അതിനു തക്ക പ്രതിഫലം അവര്‍ക്കു നല്‌കണമേ.” ഇങ്ങനെ വിജാതീയമായ എല്ലാറ്റില്‍നിന്നും ഞാന്‍ അവരെ ശുദ്ധീകരിച്ചു; പുരോഹിതന്മാരുടെയും ലേവ്യരുടെയും ചുമതലകള്‍ക്ക് ഞാന്‍ വ്യവസ്ഥ ഉണ്ടാക്കി. നിശ്ചിത സമയങ്ങളില്‍ വിറകും ആദ്യഫലങ്ങളും സമര്‍പ്പിക്കുന്നതിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. എന്‍റെ ദൈവമേ എന്‍റെ നന്മയ്‍ക്കായി ഇവയെല്ലാം ഓര്‍ക്കണമേ. [1,2] ശൂശന്‍രാജധാനിയിലെ സിംഹാസനത്തില്‍ ഇരുന്ന് ഇന്ത്യമുതല്‍ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തേഴു സംസ്ഥാനങ്ങള്‍ അഹശ്വേരോശ്‍രാജാവ് ഭരിച്ചിരുന്നു. *** അദ്ദേഹത്തിന്‍റെ വാഴ്ചയുടെ മൂന്നാം വര്‍ഷം തന്‍റെ സകല പ്രഭുക്കന്മാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കുംവേണ്ടി ഒരു വിരുന്നു കഴിച്ചു. പേര്‍ഷ്യയിലെയും മേദ്യയിലെയും സൈന്യാധിപന്മാരും സംസ്ഥാനങ്ങളിലെ പ്രഭുക്കന്മാരും ദേശാധിപതികളും അതില്‍ പങ്കെടുത്തു. അങ്ങനെ നൂറ്റിയെണ്‍പതു ദിവസം തന്‍റെ രാജകീയ മഹത്ത്വവും പ്രതാപവും സമൃദ്ധിയുമെല്ലാം അദ്ദേഹം പ്രദര്‍ശിപ്പിച്ചു. അതിനുശേഷം വലുപ്പചെറുപ്പഭേദംകൂടാതെ, തലസ്ഥാനമായ ശൂശനിലുള്ള സകല ജനങ്ങള്‍ക്കും കൊട്ടാരത്തിലെ ഉദ്യാനാങ്കണത്തില്‍വച്ച് ഏഴു ദിവസം നീണ്ടുനിന്ന വിരുന്നു നടത്തി. അവിടെ മാര്‍ബിള്‍ സ്തംഭങ്ങളിലുള്ള വെള്ളി വളയങ്ങളില്‍ ചുവന്നു നേര്‍ത്ത ലിനന്‍നൂലുകള്‍ പിടിപ്പിച്ചു, പരുത്തിത്തുണികൊണ്ടുള്ള വെള്ളയും നീലയുമായ യവനികകള്‍ തൂക്കിയിട്ടിരുന്നു. ചുവപ്പ്, വെളുപ്പ്, മഞ്ഞ, കറുപ്പ് എന്നീ നിറങ്ങളിലുള്ള കല്ലുകള്‍ പാകിയ തളത്തില്‍ സ്വര്‍ണവും വെള്ളിയുംകൊണ്ടു നിര്‍മ്മിച്ച മഞ്ചങ്ങളും ഉണ്ടായിരുന്നു. സ്വര്‍ണപ്പാത്രങ്ങളിലാണ് അവര്‍ക്കു പാനീയങ്ങള്‍ പകര്‍ന്നിരുന്നത്. രാജോചിതമായവിധം സമൃദ്ധമായി വീഞ്ഞ് വിളമ്പി. മദ്യപാനത്തിനു നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ല; ആരെയും അതിനു നിര്‍ബന്ധിച്ചിരുന്നുമില്ല. ‘എല്ലാവരും യഥേഷ്ടം കുടിച്ചുകൊള്ളട്ടെ’ എന്നു രാജാവ് കൊട്ടാരത്തിലെ ഉദ്യോഗസ്ഥന്മാരോടു കല്പിച്ചിരുന്നു. അഹശ്വേരോശ്‍രാജാവിന്‍റെ കൊട്ടാരത്തിലെ സ്‍ത്രീകള്‍ക്കു വസ്ഥിരാജ്ഞിയും വിരുന്നു നല്‌കി. ഏഴാം ദിവസം വീഞ്ഞുകുടിച്ച് ആനന്ദിച്ചിരിക്കുമ്പോള്‍ അഹശ്വേരോശ്‍രാജാവ് രാജസേവകരായ മെഹൂമാന്‍, ബിസ്ഥാ, ഹര്‍ബോനാ, ബിഗ്ധാ, അബഗ്ധാ, സേഥര്‍, കര്‍ക്കസ് എന്നീ ഏഴു ഷണ്ഡന്മാരോട് കല്പിച്ചു: ജനത്തെയും പ്രഭുക്കന്മാരെയും രാജ്ഞിയുടെ സൗന്ദര്യം കാണിക്കാന്‍ അവരെ രാജകീയകിരീടം ധരിപ്പിച്ചു രാജസന്നിധിയില്‍ കൊണ്ടുവരിക.” രാജ്ഞി കാഴ്ചയില്‍ സുമുഖി ആയിരുന്നു. എന്നാല്‍ രാജകല്പന അനുസരിച്ചു രാജസന്നിധിയില്‍ ചെല്ലാന്‍ രാജ്ഞി വിസമ്മതിച്ചു. അപ്പോള്‍ രാജാവിന്‍റെ കോപം ജ്വലിച്ചു. [13,14] നിയമത്തിലും ന്യായത്തിലും പാണ്ഡിത്യമുള്ളവരോട് ആലോചന ചോദിക്കുക രാജാവിന്‍റെ പതിവായിരുന്നു. രാജാവ് അവരോട് അന്വേഷിച്ചു. രാജാവിനോട് അടുത്തു കഴിയുന്നവരും തന്‍റെ രാജ്യത്തെ പ്രമുഖരും പേര്‍ഷ്യയിലെയും മേദ്യയിലെയും പ്രഭുക്കന്മാരുമായ കെര്‍ശനാ, ശേഥാര്‍, അദ്മാഥ, തര്‍ശീശ്, മേരെസ്, മര്‍സെന, മെമൂഖാന്‍ എന്നീ ഏഴു പേരോടു രാജാവ് ചോദിച്ചു: *** “നിയമമനുസരിച്ച് വസ്ഥിരാജ്ഞിയോട് എന്തു ചെയ്യണം? അഹശ്വേരോശ്‍രാജാവ് ഷണ്ഡന്മാര്‍ മുഖേന അറിയിച്ച കല്പന അവര്‍ അനുസരിച്ചില്ലല്ലോ.” രാജാവിനോടും പ്രഭുക്കന്മാരോടുമായി മെമൂഖാന്‍ പറഞ്ഞു: “വസ്ഥിരാജ്ഞി രാജാവിനോടു മാത്രമല്ല, എല്ലാ പ്രഭുക്കന്മാരോടും രാജാവിന്‍റെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള സകല ജനത്തോടും തെറ്റു ചെയ്തിരിക്കുന്നു. രാജ്ഞിയുടെ ഈ പെരുമാറ്റം സ്‍ത്രീകളെല്ലാം അറിയും. “തന്‍റെ മുമ്പില്‍ വരാന്‍ അഹശ്വേരോശ്‍രാജാവ് കല്പിച്ചിട്ടും വസ്ഥിരാജ്ഞി ചെന്നില്ലല്ലോ’ എന്നു പറഞ്ഞ് അവര്‍ ഭര്‍ത്താക്കന്മാരെ നിന്ദിക്കും. രാജ്ഞിയുടെ പെരുമാറ്റത്തെക്കുറിച്ചു കേട്ട പേര്‍ഷ്യയിലെയും മേദ്യയിലെയും പ്രഭുപത്നിമാരും ഭര്‍ത്താക്കന്മാരോട് അങ്ങനെതന്നെ പറയും; അങ്ങനെ അനാദരവും അമര്‍ഷവും ദേശത്തെല്ലാം ഉണ്ടാകും. രാജാവിനു സമ്മതമെങ്കില്‍ വസ്ഥിരാജ്ഞി മേലില്‍ അഹശ്വേരോശ്‍രാജാവിന്‍റെ സന്നിധിയില്‍ വരരുത് എന്നു കല്പന പുറപ്പെടുവിക്കണം; അതിനു മാറ്റം വരാതിരിക്കാന്‍ പേര്‍ഷ്യരുടെയും മേദ്യരുടെയും നിയമപുസ്തകത്തില്‍ അത് എഴുതിച്ചേര്‍ക്കണം. രാജ്ഞിസ്ഥാനം അവരെക്കാള്‍ ഉത്തമയായ മറ്റൊരുവള്‍ക്കു കൊടുക്കുകയും വേണം. വിസ്തൃതമായ രാജ്യമെങ്ങും കല്പന പ്രസിദ്ധമാകുമ്പോള്‍ വലിയവരും ചെറിയവരുമായ സകല സ്‍ത്രീകളും തങ്ങളുടെ ഭര്‍ത്താക്കന്മാരെ ബഹുമാനിക്കും.” ഇതു രാജാവിനും പ്രഭുക്കന്മാര്‍ക്കും ഹിതകരമായി; രാജാവ് മെമൂഖാന്‍റെ നിര്‍ദ്ദേശംപോലെ പ്രവര്‍ത്തിച്ചു. ഓരോ പുരുഷനും തന്‍റെ വീട്ടില്‍ അധിപനായിരിക്കണമെന്നും സ്വന്തഭാഷ സംസാരിക്കണമെന്നും ആജ്ഞാപിച്ചുകൊണ്ട് രാജാവ് എല്ലാ സംസ്ഥാനങ്ങളിലേക്കും കത്തുകള്‍ അയച്ചു. ഓരോ സംസ്ഥാനത്തേക്കും അതിന്‍റെ ലിപിയിലും ഓരോ ജനതയ്‍ക്കും അവരുടെ ഭാഷയിലും ആയിരുന്നു കത്തുകള്‍ അയച്ചത്. അഹശ്വേരോശ്‍രാജാവിന്‍റെ കോപം ശമിച്ചപ്പോള്‍ അദ്ദേഹം വസ്ഥിയെയും അവരുടെ പ്രവൃത്തിയെയും അവര്‍ക്കെതിരെ പുറപ്പെടുവിച്ച കല്പനയെയും ഓര്‍ത്തു. അപ്പോള്‍ രാജാവിനെ ശുശ്രൂഷിച്ചിരുന്ന ഭൃത്യന്മാര്‍ പറഞ്ഞു: “സൗന്ദര്യമുള്ള യുവകന്യകമാരെ അവിടുത്തേക്കുവേണ്ടി അന്വേഷിക്കണം. അതിനായി രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥന്മാരെ നിയമിച്ചാലും; അവര്‍ സൗന്ദര്യമുള്ള യുവകന്യകമാരെ ശൂശന്‍രാജധാനിയില്‍ ഒരുമിച്ചുകൂട്ടട്ടെ; രാജധാനിയിലെ അന്തഃപുരത്തില്‍ സ്‍ത്രീകളുടെ ചുമതല വഹിക്കുന്ന ഹേഗായി എന്ന ഷണ്ഡന്‍റെ ചുമതലയില്‍ അവരെ ഏല്പിക്കണം. അവര്‍ക്കു വേണ്ട സൗന്ദര്യ സംവര്‍ധകദ്രവ്യങ്ങളും നല്‌കണം. രാജാവിന് ഇഷ്ടപ്പെട്ട യുവതി വസ്ഥിക്കു പകരം രാജ്ഞിയായിത്തീരട്ടെ.” ഈ അഭിപ്രായം രാജാവിന് ഇഷ്ടപ്പെട്ടു. അതനുസരിച്ചു പ്രവര്‍ത്തിച്ചു. ശൂശന്‍ രാജധാനിയില്‍ ബെന്യാമീന്‍ഗോത്രക്കാരനായ മൊര്‍ദ്ദെഖായി എന്നൊരു യെഹൂദനുണ്ടായിരുന്നു. അയാള്‍ യായീരിന്‍റെ പുത്രനും യായീര്‍ ശിമെയിയുടെ പുത്രനും ശിമെയി കീശിന്‍റെ പുത്രനുമായിരുന്നു. ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍, യെഹൂദാരാജാവായ യെഖൊന്യായൊടൊപ്പം യെരൂശലേമില്‍ നിന്നു പിടിച്ചുകൊണ്ടുപോയ പ്രവാസികളില്‍ ഒരാളായിരുന്നു മൊര്‍ദ്ദെഖായി. അയാള്‍ തന്‍റെ പിതൃസഹോദരീപുത്രി ഹദസ്സാ എന്ന എസ്ഥേറിനെ എടുത്തുവളര്‍ത്തി. അവള്‍ക്കു മാതാപിതാക്കള്‍ ഇല്ലായിരുന്നു. അവള്‍ സുന്ദരിയും സുമുഖിയും ആയിരുന്നു. മാതാപിതാക്കള്‍ മരിച്ചപ്പോള്‍ മൊര്‍ദ്ദെഖായി അവളെ സ്വന്തപുത്രിയായി സ്വീകരിച്ചു. രാജവിളംബരം അനുസരിച്ചു ശൂശന്‍രാജധാനിയില്‍ കൊണ്ടുവന്ന് അന്തഃപുരപാലകനായ ഹേഗായിയുടെ ചുമതലയില്‍ പാര്‍പ്പിച്ച അനേകം യുവതികളുടെ കൂട്ടത്തില്‍ എസ്ഥേറും ഉണ്ടായിരുന്നു. അവള്‍ ഹേഗായിയുടെ പ്രീതി സമ്പാദിച്ചു; അയാള്‍ അവളെ ഇഷ്ടപ്പെട്ടു; അയാള്‍ ഉടന്‍തന്നെ അവള്‍ക്കു വേണ്ട സൗന്ദര്യസംവര്‍ധകദ്രവ്യങ്ങളും ഭക്ഷണവും കൂടാതെ കൊട്ടാരത്തില്‍നിന്നു തിരഞ്ഞെടുത്ത ഏഴുതോഴിമാരെയും അവള്‍ക്കു നല്‌കി. അവളെയും തോഴിമാരെയും അന്തഃപുരത്തിലെ ഏറ്റവും നല്ല സ്ഥാനത്ത് പാര്‍പ്പിച്ചു. എസ്ഥേര്‍ തന്‍റെ ജാതിയും വംശവും ആരെയും അറിയിച്ചില്ല; അറിയിക്കരുതെന്നു മൊര്‍ദ്ദെഖായി അവളോടു നിഷ്കര്‍ഷിച്ചിരുന്നു. അവളുടെ ക്ഷേമം അന്വേഷിക്കാന്‍ അന്തഃപുരത്തിന്‍റെ അങ്കണത്തിലൂടെ മൊര്‍ദ്ദെഖായി എല്ലാ ദിവസവും നടക്കുമായിരുന്നു. യുവതികള്‍ക്ക് നിശ്ചയിക്കപ്പെട്ടിട്ടുളള പന്ത്രണ്ടു മാസത്തെ സൗന്ദര്യ പരിചരണത്തിനുശേഷം അതായത് ആറു മാസം മീറാതൈലവും ആറു മാസം സുഗന്ധലേപനങ്ങളും ഉപയോഗിച്ചശേഷം ഓരോ യുവതിയും മുറയനുസരിച്ച് അഹശ്വേരോശ്‍രാജാവിന്‍റെ സന്നിധിയിലേക്ക് ചെല്ലും. ഇങ്ങനെ രാജസന്നിധിയിലേക്കു പോകുമ്പോള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് എന്തും അന്തഃപുരത്തില്‍നിന്നു രാജകൊട്ടാരത്തിലേക്കു കൊണ്ടുപോകാമായിരുന്നു. മുറപ്രകാരം സന്ധ്യക്ക് ഒരാള്‍ കൊട്ടാരത്തിലേക്കു പോകും; രാവിലെ ഉപഭാര്യമാരുടെ ചുമതലക്കാരനായ ശയസ്ഗസ് എന്ന ഷണ്ഡന്‍റെ മേല്‍നോട്ടത്തിലുള്ള രണ്ടാം അന്തഃപുരത്തിലേക്കു മടങ്ങും. രാജാവിനു പ്രീതി തോന്നി പേരു പറഞ്ഞു വിളിച്ചാലല്ലാതെ വീണ്ടും അവള്‍ക്ക് രാജസന്നിധിയില്‍ പ്രവേശിക്കാന്‍ അനുവാദമില്ലായിരുന്നു. മൊര്‍ദ്ദെഖായി സ്വന്തം മകളായി സ്വീകരിച്ചിരുന്നവളും പിതൃസഹോദരന്‍ അബീഹയിലിന്‍റെ പുത്രിയുമായ എസ്ഥേറിനു രാജസന്നിധിയില്‍ ചെല്ലാനുള്ള ഊഴമായപ്പോള്‍ അന്തഃപുരപാലകനായ ഹേഗായി എന്ന ഷണ്ഡന്‍ നിര്‍ദ്ദേശിച്ചവയല്ലാതെ മറ്റൊന്നും അവള്‍ ആവശ്യപ്പെട്ടില്ല. എസ്ഥേറിനെ കണ്ട എല്ലാവര്‍ക്കും അവളില്‍ പ്രീതി തോന്നി. അഹശ്വേരോശ്‍രാജാവിന്‍റെ വാഴ്ചയുടെ ഏഴാം വര്‍ഷം പത്താം മാസമായ തേബേത്ത് മാസത്തില്‍ എസ്ഥേറിനെ രാജസന്നിധിയില്‍ കൊണ്ടുചെന്നു. മറ്റെല്ലാ സ്‍ത്രീകളെക്കാളും കൂടുതലായി രാജാവ് എസ്ഥേറിനെ സ്നേഹിച്ചു. അങ്ങനെ എല്ലാ കന്യകമാരെക്കാളും രാജാവിന്‍റെ പ്രസാദത്തിനും പ്രീതിക്കും അവള്‍ പാത്രമായി; അതുകൊണ്ടു രാജകിരീടം അവളുടെ തലയില്‍വച്ച് അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി. പിന്നീട് രാജാവ് തന്‍റെ എല്ലാ പ്രഭുക്കന്മാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും എസ്ഥേറിന്‍റെ പേരില്‍ ഒരു വലിയ വിരുന്നു കഴിച്ചു. സംസ്ഥാനങ്ങള്‍ക്ക് നികുതിയിളവ് അനുവദിക്കുകയും രാജപദവിക്കൊത്ത് ഉദാരമായി സമ്മാനങ്ങള്‍ കൊടുക്കുകയും ചെയ്തു. രണ്ടാം പ്രാവശ്യം കന്യകമാരെ വിളിച്ചുകൂട്ടിയപ്പോള്‍ മൊര്‍ദ്ദെഖായി, കൊട്ടാരത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. മൊര്‍ദ്ദെഖായിയുടെ നിര്‍ദ്ദേശപ്രകാരം എസ്ഥേര്‍ തന്‍റെ ജാതിയും വംശവും വെളിപ്പെടുത്തിയിരുന്നില്ല. മൊര്‍ദ്ദെഖായി തന്നെ വളര്‍ത്തിയിരുന്ന കാലത്തെന്നപോലെ അപ്പോഴും അവള്‍ അയാളെ അനുസരിച്ചുവന്നു. ആ കാലത്ത് മൊര്‍ദ്ദെഖായി കൊട്ടാരത്തിലെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ വാതില്‍കാവല്‌ക്കാരും രാജാവിന്‍റെ ഷണ്ഡന്മാരുമായ ബിഗ്ധാനും തേരെശും കുപിതരായി അഹശ്വേരോശ്‍രാജാവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തി. മൊര്‍ദ്ദെഖായി ഈ വിവരം അറിഞ്ഞ്, അത് എസ്ഥേര്‍രാജ്ഞിയെ അറിയിച്ചു; എസ്ഥേര്‍ മൊര്‍ദ്ദെഖായിക്കുവേണ്ടി അതു രാജാവിനെ അറിയിച്ചു. അന്വേഷണത്തില്‍ അതു സത്യമെന്നു തെളിഞ്ഞു. അവരെ രണ്ടു പേരെയും തൂക്കിക്കൊന്നു. രാജസന്നിധിയില്‍വച്ച് ഇക്കാര്യം വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തി. ഇവയെല്ലാം കഴിഞ്ഞശേഷം അഹശ്വേരോശ്‍രാജാവ് ആഗാഗ്യനും ഹമ്മെദാഥായുടെ പുത്രനും ആയ ഹാമാന് സ്ഥാനക്കയറ്റവും ഉന്നതപദവിയും നല്‌കി; അങ്ങനെ സകല പ്രഭുക്കന്മാരെക്കാളും ഉയര്‍ന്ന സ്ഥാനം അയാള്‍ക്കു ലഭിച്ചു. കൊട്ടാരത്തിലെ ഉദ്യോഗസ്ഥരെല്ലാം ഹാമാനെ കുമ്പിട്ടു വണങ്ങിവന്നു; അങ്ങനെ ചെയ്യണമെന്നു രാജകല്പന ഉണ്ടായിരുന്നു. എന്നാല്‍ മൊര്‍ദ്ദെഖായി അയാളെ കുമ്പിടുകയോ, വണങ്ങുകയോ ചെയ്തില്ല. “രാജകല്പന ലംഘിക്കുന്നതെന്ത്?” എന്നു കൊട്ടാരത്തിലെ ഉദ്യോഗസ്ഥന്മാര്‍ മൊര്‍ദ്ദെഖായിയോടു ചോദിച്ചു. ഇങ്ങനെ പല ദിവസം പറഞ്ഞിട്ടും അവരുടെ വാക്കു കേള്‍ക്കായ്കയാല്‍ അവര്‍ വിവരം ഹാമാനെ അറിയിച്ചു. മൊര്‍ദ്ദെഖായിയുടെ പെരുമാറ്റം ക്ഷമിക്കത്തക്കതാണോ എന്നറിയാനായിരുന്നു അവര്‍ അങ്ങനെ ചെയ്തത്. കാരണം, താന്‍ ഒരു യെഹൂദനാണെന്നു അയാള്‍ അവരോടു പറഞ്ഞിരുന്നു. മൊര്‍ദ്ദെഖായി തന്നെ കുമ്പിട്ടു വണങ്ങുന്നില്ല എന്നറിഞ്ഞപ്പോള്‍ ഹാമാന്‍ കുപിതനായി. മൊര്‍ദ്ദെഖായി ഏതു വര്‍ഗത്തില്‍പ്പെട്ടവനാണെന്ന് അവര്‍ ഹാമാനോടു പറഞ്ഞിരുന്നു; മൊര്‍ദ്ദെഖായിയെ മാത്രം നശിപ്പിച്ചാല്‍ പോരെന്ന് അയാള്‍ക്കു തോന്നി. അതിനാല്‍ അഹശ്വേരോശിന്‍റെ രാജ്യത്തെങ്ങുമുള്ള സകല യെഹൂദന്മാരെയും മൊര്‍ദ്ദെഖായിയോടൊപ്പം നശിപ്പിക്കാന്‍ ഹാമാന്‍ അവസരം പാര്‍ത്തു. അഹശ്വേരോശ്‍രാജാവിന്‍റെ വാഴ്ചയുടെ പന്ത്രണ്ടാം വര്‍ഷം ആദ്യമാസമായ നീസാം മാസം മുതല്‍ പന്ത്രണ്ടാം മാസമായ ആദാര്‍വരെ എല്ലാ ദിവസവും ഹാമാന്‍റെ മുമ്പില്‍വച്ച് പൂര് അതായത് ‘കുറി’ ഇട്ടുനോക്കി. പിന്നീട് ഹാമാന്‍ അഹശ്വേരോശ്‍രാജാവിനോട് പറഞ്ഞു: “അങ്ങയുടെ രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലുമുള്ള ജനങ്ങളുടെ ഇടയില്‍ ഒരു പ്രത്യേക ജനത ചിന്നിച്ചിതറി കിടക്കുന്നു; അവരുടെ നിയമങ്ങള്‍ മറ്റുള്ള ജനതകളുടേതില്‍നിന്നും വ്യത്യസ്തമാണ്; അവര്‍ രാജാവിന്‍റെ നിയമങ്ങള്‍ പാലിക്കുന്നില്ല. അവരെ അങ്ങനെ വിടുന്നതു രാജാവിന് നന്നല്ല. രാജാവിന് സമ്മതമെങ്കില്‍ അവരെ നശിപ്പിക്കാന്‍ കല്പന പുറപ്പെടുവിച്ചാലും. ഈ കല്പന നിറവേറ്റാന്‍ ഞാന്‍ പതിനായിരം താലന്ത് വെള്ളി രാജഭണ്ഡാരത്തില്‍ നിക്ഷേപിക്കാന്‍ കാര്യവിചാരകന്മാരെ ഏല്പിക്കാം.” അപ്പോള്‍ രാജാവ് തന്‍റെ മുദ്രമോതിരം ഊരി ആഗാഗ്യനായ ഹമ്മെദാഥായുടെ പുത്രനും യെഹൂദന്മാരുടെ ശത്രുവുമായ ഹാമാനെ ഏല്പിച്ചു. പിന്നീട് ഹാമാനോടു പറഞ്ഞു: “ആ വെള്ളി നിന്‍റെ കൈയില്‍ത്തന്നെ ഇരിക്കട്ടെ. നിന്‍റെ ഇഷ്ടംപോലെ ആ ജനതയോടു പ്രവര്‍ത്തിച്ചുകൊള്ളുക.” ഒന്നാം മാസം പതിമൂന്നാം ദിവസം രാജാവിന്‍റെ കാര്യദര്‍ശികളെ വിളിച്ചുകൂട്ടി; ഹാമാന്‍ ആജ്ഞാപിച്ചതുപോലെ അവര്‍ ഭരണാധിപന്മാര്‍ക്കും ഓരോ സംസ്ഥാനത്തെയും ദേശാധിപതികള്‍ക്കും ജനതകളിലെ പ്രഭുക്കന്മാര്‍ക്കും ആയി ഒരു വിളംബരം എഴുതി. അതതു സംസ്ഥാനത്തെ ലിപിയിലും ഓരോ ജനതയുടെ ഭാഷയിലും അഹശ്വേരോശ്‍രാജാവിന്‍റെ നാമത്തില്‍ അത് എഴുതി രാജമോതിരംകൊണ്ടു മുദ്രവച്ചു. പന്ത്രണ്ടാം മാസമായ ആദാര്‍ മാസം പതിമൂന്നാം ദിവസംതന്നെ യുവാക്കളും വൃദ്ധരും കുട്ടികളും സ്‍ത്രീകളുമടക്കം സകല യെഹൂദന്മാരെയും കൊന്നൊടുക്കി വംശനാശം വരുത്തണമെന്നും അവരുടെ വസ്തുവകകള്‍ കൈവശപ്പെടുത്തണമെന്നും രാജാവിന്‍റെ സകല സംസ്ഥാനങ്ങളിലേക്കും സന്ദേശവാഹകര്‍ വഴി വിളംബരം അയച്ചു. എല്ലാ ജനതകളും ആ ദിവസം തയ്യാറായിരിക്കുന്നതിനുവേണ്ടി പരസ്യം ചെയ്യാന്‍ കൊടുത്തയച്ച വിളംബരത്തിന്‍റെ പകര്‍പ്പ് ഓരോ സംസ്ഥാനത്തും പ്രസിദ്ധപ്പെടുത്തി. രാജകല്പനപ്രകാരം സന്ദേശവാഹകര്‍ തിടുക്കത്തില്‍ പുറപ്പെട്ടു. തലസ്ഥാനമായ ശൂശനിലും ഈ വിളംബരം പ്രസിദ്ധപ്പെടുത്തി; രാജാവും ഹാമാനും മദ്യപിക്കാന്‍ ഇരുന്നു. എന്നാല്‍ ശൂശന്‍ നഗരം അസ്വസ്ഥമായി. സംഭവിച്ചതെല്ലാം അറിഞ്ഞപ്പോള്‍ മൊര്‍ദ്ദെഖായി വസ്ത്രം കീറി, ചാക്കുടുത്തു, ചാരം പൂശി പട്ടണമധ്യത്തില്‍ ചെന്നു തീവ്രദുഃഖത്തോടെ ഉറക്കെ കരഞ്ഞു. അയാള്‍ രാജാവിന്‍റെ പടിവാതില്‍വരെ ചെന്നു; ചാക്കുടുത്തുകൊണ്ട് ആര്‍ക്കും കൊട്ടാരത്തിന്‍റെ വാതില്‍ കടക്കാന്‍ പാടില്ലായിരുന്നു. രാജകല്പനയും വിളംബരവും പ്രസിദ്ധീകരിച്ച ഓരോ സംസ്ഥാനത്തെയും യെഹൂദന്മാരുടെ ഇടയില്‍ വലിയ വിലാപം ഉണ്ടായി. അവര്‍ ഉപവസിച്ചു കരഞ്ഞു വിലപിച്ചു. അനേകം പേര്‍ ചാക്ക് ഉടുത്ത് ചാരത്തില്‍ കിടന്നു. തോഴികളും ഷണ്ഡന്മാരും ഈ വിവരം അറിയിച്ചപ്പോള്‍ എസ്ഥേര്‍രാജ്ഞി അത്യന്തം ദുഃഖിതയായി. മൊര്‍ദ്ദെഖായിക്ക് ചാക്കുതുണി മാറ്റി പകരം ധരിക്കാന്‍ വസ്ത്രം കൊടുത്തയച്ചു; എന്നാല്‍ അയാള്‍ അതു സ്വീകരിച്ചില്ല. തന്നെ ശുശ്രൂഷിക്കാന്‍ രാജാവ് നിയോഗിച്ചിരുന്ന ഷണ്ഡന്മാരില്‍ ഒരാളായ ഹഥാക്കിനെ എസ്ഥേര്‍ വിളിച്ച് ഇതെല്ലാം എന്തിനെന്നും ഇതിനു കാരണം എന്തെന്നും മൊര്‍ദ്ദെഖായിയുടെ അടുക്കല്‍ അന്വേഷിച്ചു വരാന്‍ കല്പിച്ചു. അയാള്‍ കൊട്ടാരവാതിലിനു മുമ്പില്‍ തുറസ്സായ സ്ഥലത്ത് ഇരുന്നിരുന്ന മൊര്‍ദ്ദെഖായിയുടെ അടുക്കല്‍ ചെന്നു. തനിക്കു സംഭവിച്ചതും യെഹൂദന്മാരെ നശിപ്പിക്കാന്‍ ഹാമാന്‍ രാജഭണ്ഡാരത്തിലേക്കു കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത പണം എത്രയെന്നതും മൊര്‍ദ്ദെഖായി അയാളോടു പറഞ്ഞു. അവരെ നശിപ്പിക്കുന്നതിനു ശൂശനില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന വിളംബരത്തിന്‍റെ പകര്‍പ്പ് മൊര്‍ദ്ദെഖായി അയാളെ ഏല്പിച്ച്, അതു എസ്ഥേറിനെ കാണിച്ചു വിശദീകരിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. രാജസന്നിധിയില്‍ ചെന്ന് തന്‍റെ ജനത്തിനുവേണ്ടി അപേക്ഷിക്കാന്‍ എസ്ഥേറിനെ പ്രേരിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു. ഹഥാക്ക് തിരിച്ചു ചെന്ന് മൊര്‍ദ്ദെഖായി പറഞ്ഞ കാര്യങ്ങള്‍ എസ്ഥേറിനെ അറിയിച്ചു. മൊര്‍ദ്ദെഖായിക്ക് എസ്ഥേര്‍ ഈ സന്ദേശം ഹഥാക്ക് വശം നല്‌കി. വിളിക്കപ്പെടാതെ ഒരു പുരുഷനോ സ്‍ത്രീയോ രാജാവിന്‍റെ അടുക്കല്‍ അകത്തളത്തില്‍ ചെന്നാല്‍ അവര്‍ ആരായാലും കൊല്ലപ്പെടും. എന്നാല്‍ രാജാവു സ്വര്‍ണച്ചെങ്കോല്‍ അവരുടെനേരെ നീട്ടിയാല്‍ അവര്‍ ജീവനോടിരിക്കും. ഈ നിയമം രാജാവിന്‍റെ സകല ഭൃത്യന്മാര്‍ക്കും സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും അറിവുള്ളതാണ്. രാജാവ് എന്നെ വിളിച്ചിട്ടു മുപ്പതു ദിവസമായി. ഈ സന്ദേശം ഹഥാക്ക്, മൊര്‍ദ്ദെഖായിയെ അറിയിച്ചു. അപ്പോള്‍ മൊര്‍ദ്ദെഖായി എസ്ഥേറിനെ ഇപ്രകാരം അറിയിച്ചു: “രാജകൊട്ടാരത്തിലായതുകൊണ്ടു മറ്റെല്ലാ യെഹൂദന്മാരെക്കാളും സുരക്ഷിതയാണെന്ന് നീ വിചാരിക്കരുത്. ഈ സമയത്തു നീ മിണ്ടാതിരുന്നാല്‍ മറ്റൊരു സ്ഥലത്തുനിന്നു യെഹൂദര്‍ക്ക് ആശ്വാസവും വിടുതലുമുണ്ടാകും. എന്നാല്‍ നീയും നിന്‍റെ പിതൃഭവനവും നശിച്ചുപോകും; ഇത്തരമൊരു സന്ദര്‍ഭത്തില്‍ വേണ്ടത് ചെയ്യാനല്ലേ നീ രാജ്ഞിയായി തീര്‍ന്നിരിക്കുന്നത്? ആര്‍ക്കറിയാം?” എസ്ഥേര്‍ മൊര്‍ദ്ദെഖായിക്ക് ഈ മറുപടി കൊടുത്തയച്ചു. “അങ്ങു ചെന്ന് ശൂശനിലുള്ള യെഹൂദന്മാരെയെല്ലാം ഒന്നിച്ചുകൂട്ടി മൂന്നു ദിവസം എനിക്കുവേണ്ടി ഉപവസിക്കുക. ആ ദിവസങ്ങളില്‍ രാവും പകലും ഒന്നും തിന്നുകയോ കുടിക്കുകയോ അരുത്. ഞാനും എന്‍റെ തോഴിമാരും അങ്ങനെ ഉപവസിക്കും. പിന്നീട്, നിയമാനുസൃതമല്ലെങ്കിലും ഞാന്‍ രാജാവിന്‍റെ അടുക്കല്‍ ചെല്ലും; ഞാന്‍ നശിക്കുന്നെങ്കില്‍ നശിക്കട്ടെ. മൊര്‍ദ്ദെഖായി പോയി എസ്ഥേര്‍ നിര്‍ദ്ദേശിച്ചതു ചെയ്തു. മൂന്നാം ദിവസം എസ്ഥേര്‍രാജ്ഞി രാജവസ്ത്രമണിഞ്ഞ് കൊട്ടാരത്തിന്‍റെ അകത്തളത്തില്‍ രാജമന്ദിരത്തിനു മുമ്പില്‍ ചെന്നുനിന്നു; രാജാവ് രാജമന്ദിരത്തില്‍ മുന്‍വാതിലിനെതിരെ സിംഹാസനത്തില്‍ ഇരിക്കുകയായിരുന്നു. എസ്ഥേര്‍രാജ്ഞി അകത്തളത്തില്‍ നില്‌ക്കുന്നതുകണ്ട് രാജാവ് അവരില്‍ പ്രസാദിച്ചു. തന്‍റെ കൈയില്‍ ഇരുന്ന സ്വര്‍ണച്ചെങ്കോല്‍ രാജാവ് അവരുടെ നേരെ നീട്ടി. എസ്ഥേര്‍ അടുത്തു ചെന്നു ചെങ്കോലിന്‍റെ അഗ്രം തൊട്ടു. രാജാവു ചോദിച്ചു: “രാജ്ഞി, എന്തു വേണം? നിന്‍റെ അപേക്ഷ എന്താണ്? രാജ്യത്തിന്‍റെ പകുതി ആയാലും നിനക്കുതരാം.” എസ്ഥേര്‍ പറഞ്ഞു: “തിരുവുള്ളമുണ്ടായി ഞാന്‍ അങ്ങേക്കായി ഒരുക്കിയിരിക്കുന്ന വിരുന്നിന് അങ്ങും ഹാമാനും ഇന്നു വരണം.” എസ്ഥേറിന്‍റെ ആഗ്രഹം നിറവേറ്റാന്‍ ഹാമാനെ ഉടന്‍ വരുത്തണമെന്ന് രാജാവ് കല്പിച്ചു. അങ്ങനെ രാജാവും ഹാമാനും എസ്ഥേര്‍ ഒരുക്കിയ വിരുന്നിനു ചെന്നു. അവര്‍ വീഞ്ഞു കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജാവ് എസ്ഥേറിനോടു ചോദിച്ചു: “നിന്‍റെ അപേക്ഷ എന്തായാലും അതു സാധിച്ചു തരാം.” നിന്‍റെ ആഗ്രഹം എന്ത്? രാജ്യത്തിന്‍റെ പകുതി ആവശ്യപ്പെട്ടാലും തരാം. എസ്ഥേര്‍ പറഞ്ഞു: “എന്‍റെ അപേക്ഷയും ആഗ്രഹവും ഇതാണ്. അങ്ങേക്ക് എന്നോടു പ്രീതിയുണ്ടെങ്കില്‍ തിരുവുള്ളമുണ്ടായി, ഞാന്‍ നാളെ ഒരുക്കുന്ന വിരുന്നിനും അങ്ങും ഹാമാനും വരണം. എന്‍റെ അപേക്ഷ നാളെ അങ്ങയെ അറിയിക്കാം.” അന്നു ഹാമാന്‍ സന്തുഷ്ടനായി ആഹ്ലാദത്തോടെ പുറത്തേക്കിറങ്ങി. എന്നാല്‍ കൊട്ടാരവാതില്‌ക്കല്‍, മൊര്‍ദ്ദെഖായി തന്നെ കണ്ടിട്ട് എഴുന്നേല്‌ക്കുകയോ ഒന്നനങ്ങുകയോ പോലും ചെയ്യാതെ ഇരിക്കുന്നതു കണ്ടപ്പോള്‍ ഹാമാന് അതിയായ കോപം ഉണ്ടായി. എങ്കിലും ഹാമാന്‍ സ്വയം നിയന്ത്രിച്ചു. അയാള്‍ വീട്ടില്‍ച്ചെന്നു സ്നേഹിതന്മാരെയും തന്‍റെ ഭാര്യയായ സേരെശിനെയും വിളിപ്പിച്ചു. തന്‍റെ ധനസമൃദ്ധി, പുത്രസമ്പത്ത്, രാജാവ് നല്‌കിയിട്ടുള്ള ഉന്നതപദവി, പ്രഭുക്കന്മാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും മേലേയുള്ള സ്ഥാനം എന്നിവയെല്ലാം അവരോടു വിവരിച്ചു. എസ്ഥേര്‍രാജ്ഞി ഒരുക്കിയ വിരുന്നിനു തന്നെയല്ലാതെ മറ്റാരെയും രാജാവിന്‍റെ കൂടെ ചെല്ലാന്‍ അനുവദിക്കാതിരുന്നതും അടുത്ത ദിവസവും രാജാവിന്‍റെകൂടെ വിരുന്നിനു ചെല്ലാന്‍ തന്നെ രാജ്ഞി ക്ഷണിച്ചിട്ടുള്ളതും അറിയിച്ചു. എങ്കിലും യെഹൂദനായ മൊര്‍ദ്ദെഖായി കൊട്ടാരഉദ്യോഗസ്ഥനായി ഇരിക്കുന്നത് കാണുന്നിടത്തോളം കാലം ഇതൊന്നും തനിക്കു സന്തോഷം നല്‌കുന്നില്ലെന്നും ഹാമാന്‍ പറഞ്ഞു. അപ്പോള്‍ അയാളുടെ ഭാര്യയായ സേരെശും സ്നേഹിതരും അഭിപ്രായപ്പെട്ടു: “അന്‍പതു മുഴം ഉയരമുള്ള ഒരു കഴുമരം ഉണ്ടാക്കി മൊര്‍ദ്ദെഖായിയെ തൂക്കിക്കൊല്ലാന്‍ രാജാവിനോടു നാളെ രാവിലെ അനുവാദം വാങ്ങിക്കണം. പിന്നീട് ആഹ്ലാദപൂര്‍വം അങ്ങേക്കു വിരുന്നിനു പോകാം.” ഈ അഭിപ്രായം ഹാമാന് ഇഷ്ടപ്പെട്ടു; അയാള്‍ തൂക്കുമരം നിര്‍മ്മിച്ചു. അന്നു രാത്രി രാജാവിന് ഉറക്കം വന്നില്ല. അതുകൊണ്ട് ദിനവൃത്താന്തങ്ങള്‍ രേഖപ്പെടുത്തിയിരുന്ന പുസ്‍തകം കൊണ്ടുവരാന്‍ കല്പിച്ചു; അതു രാജാവിനെ വായിച്ചു കേള്‍പ്പിച്ചു. കൊട്ടാരത്തിലെ സേവകരും രാജാവിന്‍റെ ഷണ്ഡന്മാരുമായ ബിഗ്ധാനാ, തേരെശ് എന്നിവര്‍ അഹശ്വേരോശ്‍രാജാവിനെ വധിക്കാന്‍ ശ്രമിച്ചതും അതിനെപ്പറ്റി മൊര്‍ദ്ദെഖായി അറിവു നല്‌കിയതും അതില്‍ രേഖപ്പെടുത്തിയിരിക്കുന്നതു കണ്ടു. “ഇതിന് എന്തു ബഹുമതിയും പദവിയും മൊര്‍ദ്ദെഖായിക്കു നല്‌കി” എന്നു രാജാവ് ചോദിച്ചപ്പോള്‍ “ഒന്നും നല്‌കിയിട്ടില്ല” എന്നു രാജഭൃത്യന്മാര്‍ മറുപടി നല്‌കി. “അങ്കണത്തില്‍ ആരുണ്ട്” എന്ന് രാജാവ് ചോദിച്ചു. മൊര്‍ദ്ദെഖായിക്കുവേണ്ടി താന്‍ തയ്യാറാക്കിയ കഴുവിന്മേല്‍ അയാളെ തൂക്കിക്കൊല്ലുന്നതിനു രാജാവിനോട് അനുവാദം വാങ്ങിക്കാന്‍ ഹാമാന്‍ അവിടെ അപ്പോള്‍ എത്തിയിരുന്നതേയുള്ളൂ. ഭൃത്യന്മാര്‍ രാജാവിനോട്: “ഹാമാന്‍ അങ്കണത്തില്‍ നില്‌ക്കുന്നു” എന്നു പറഞ്ഞു. “അവന്‍ അകത്തു വരട്ടെ” എന്നു രാജാവു കല്പിച്ചു. അകത്തു പ്രവേശിച്ച ഹാമാനോട് രാജാവു ചോദിച്ചു: “രാജാവ് ബഹുമാനിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളിന് എന്താണു ചെയ്തുകൊടുക്കേണ്ടത്?” ഹാമാന്‍ ചിന്തിച്ചു: “എന്നെയല്ലാതെ ആരെയാണു രാജാവ് ബഹുമാനിക്കാന്‍ ആഗ്രഹിക്കുക.” ഹാമാന്‍ രാജാവിനോടു പറഞ്ഞു: രാജാവ് ബഹുമാനിക്കാന്‍ ആഗ്രഹിക്കുന്നവനുവേണ്ടി രാജാവ് അണിയുന്ന വസ്ത്രം കൊണ്ടുവരണം. രാജാവു സഞ്ചരിക്കുന്നതും തലയില്‍ രാജകീയമകുടം ചൂടിയതുമായ കുതിരയും വേണം. വസ്ത്രങ്ങള്‍, കുതിര എന്നിവയെ രാജാവിന്‍റെ ശ്രേഷ്ഠന്മാരില്‍ പ്രമുഖനായ ഒരാളെ ഏല്പിക്കണം; അയാള്‍ രാജാവിന്‍റെ ബഹുമാനപാത്രമായ ആളിനെ ആ വസ്ത്രം ധരിപ്പിച്ചു കുതിരപ്പുറത്തു കയറ്റി പട്ടണത്തിലൂടെ കൊണ്ടു പോകണം; “താന്‍ ബഹുമാനിക്കാന്‍ ഇച്ഛിക്കുന്ന ആളിനെ രാജാവ് ഇങ്ങനെ ആദരിക്കും എന്നു വിളിച്ചുപറയുകയും വേണം.” രാജാവ് ഹാമാനോടു പറഞ്ഞു: “നീ വേഗം പോയി പറഞ്ഞതുപോലെ വസ്ത്രവും കുതിരയും കൊണ്ടുവന്ന്, രാജസേവകനും യെഹൂദനുമായ മൊര്‍ദ്ദെഖായിയെ ബഹുമാനിക്കുക: നീ പറഞ്ഞതില്‍ ഒന്നും കുറവു വരുത്തരുത്. “ഹാമാന്‍ വസ്ത്രം കൊണ്ടുവന്നു മൊര്‍ദ്ദെഖായിയെ അണിയിച്ചു; കുതിരയെ കൊണ്ടുവന്ന് അയാളെ അതിന്മേല്‍ കയറ്റി പട്ടണവീഥിയിലൂടെ കൊണ്ടുനടന്നു; “രാജാവ് ബഹുമാനിക്കാന്‍ ഇച്ഛിക്കുന്നവനെ ഇങ്ങനെ ആദരിക്കും” എന്ന് വിളിച്ചുപറയുകയും ചെയ്തു. മൊര്‍ദ്ദെഖായി കൊട്ടാരവാതില്‌ക്കല്‍ മടങ്ങിവന്നു; ഹാമാനാകട്ടെ തല മൂടി ദുഃഖിതനായി വേഗം വീട്ടിലേക്കു മടങ്ങി. തനിക്കു സംഭവിച്ചതെല്ലാം ഹാമാന്‍ ഭാര്യയായ സേരെശിനോടും സ്നേഹിതന്മാരോടും വിവരിച്ചു. അപ്പോള്‍ അയാളുടെ ഭാര്യയും ഉപദേഷ്ടാക്കളും അയാളോടു പറഞ്ഞു: “നിങ്ങള്‍ മൊര്‍ദ്ദെഖായിയുടെ മുമ്പില്‍ പരാജയപ്പെട്ടു തുടങ്ങി; അയാള്‍ യെഹൂദാവംശജനാണെങ്കില്‍ നിങ്ങള്‍ക്ക് അയാളെ പരാജയപ്പെടുത്താന്‍ കഴിയുകയില്ല; നിശ്ചയമായും അയാളോടു നിങ്ങള്‍ തോറ്റുപോകും.” അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജാവിന്‍റെ ഷണ്ഡന്മാര്‍ വന്നു എസ്ഥേര്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാന്‍ ഹാമാനെ വേഗം കൂട്ടിക്കൊണ്ടുപോയി. രാജാവും ഹാമാനും എസ്ഥേര്‍രാജ്ഞി ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാന്‍ ചെന്നു. രണ്ടാം ദിവസവും വീഞ്ഞു കുടിക്കുമ്പോള്‍ രാജാവ് എസ്ഥേറിനോടു വീണ്ടും ചോദിച്ചു: “എസ്ഥേര്‍രാജ്ഞി, നിന്‍റെ അപേക്ഷ എന്ത്? അതു നിനക്കു സാധിച്ചുതരാം. നിന്‍റെ ആഗ്രഹം എന്ത്? രാജ്യത്തില്‍ പകുതി ചോദിച്ചാലും ഞാന്‍ വാക്കു പാലിക്കും.” അപ്പോള്‍ എസ്ഥേര്‍രാജ്ഞി പറഞ്ഞു: “രാജാവേ, എന്നില്‍ പ്രീതി തോന്നുന്നെങ്കില്‍ തിരുവുള്ളമുണ്ടായി എന്‍റെ അപേക്ഷ കേട്ട് എന്‍റെ ജീവനെ രക്ഷിക്കണം. എന്‍റെ ആഗ്രഹപ്രകാരം എന്‍റെ ജനങ്ങളെയും രക്ഷിക്കണം. എന്നെയും എന്‍റെ ജനങ്ങളെയും കൊന്നു മുടിച്ച് സമൂലം നശിപ്പിക്കാനായി ഞങ്ങളെ വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ. ഞങ്ങളുടെ സ്‍ത്രീകളെയും പുരുഷന്മാരെയും വെറും അടിമകളായി വിറ്റിരുന്നെങ്കില്‍പോലും ഞാന്‍ മിണ്ടാതിരിക്കുമായിരുന്നു. കാരണം ഞങ്ങളുടെ നാശം രാജാവിന് നഷ്ടമായി തീരരുതല്ലോ. എന്നാല്‍ ഞങ്ങളെ ഉന്മൂലനാശം ചെയ്യാന്‍ പോകുകയാണല്ലോ.” അഹശ്വേരോശ്‍രാജാവ് എസ്ഥേര്‍രാജ്ഞിയോട് ചോദിച്ചു: “അവന്‍ ആര്? ഇതിനു തുനിഞ്ഞവന്‍ എവിടെ? എസ്ഥേര്‍ പറഞ്ഞു: “വൈരിയും ശത്രുവും ദുഷ്ടനുമായ ഈ ഹാമാന്‍ തന്നെ.” അതു കേട്ടു രാജാവിന്‍റെയും രാജ്ഞിയുടെയും മുമ്പില്‍ ഹാമാന്‍ നടുങ്ങിപ്പോയി. രാജാവ് വിരുന്നു മതിയാക്കി ഉഗ്രകോപത്തോടെ എഴുന്നേറ്റ് ഉദ്യാനത്തിലേക്കു പോയി. തന്നെ നശിപ്പിക്കാന്‍ രാജാവ് തീരുമാനിച്ചിരിക്കുന്നതറിഞ്ഞു ഹാമാന്‍ തന്‍റെ ജീവന്‍ രക്ഷിക്കണമെന്ന് എസ്ഥേര്‍രാജ്ഞിയോടു അപേക്ഷിക്കാന്‍ അവിടെ നിന്നു. രാജാവ് ഉദ്യാനത്തില്‍ നിന്നു വിരുന്നുശാലയിലേക്കു മടങ്ങിവരുമ്പോള്‍ എസ്ഥേര്‍ ഇരുന്ന മഞ്ചത്തിലേക്കു ഹാമാന്‍ വീഴുന്നതു കണ്ടു. രാജാവു പറഞ്ഞു: “ഇവന്‍ എന്‍റെ മുമ്പാകെ അരമനയില്‍ വച്ചു രാജ്ഞിയെ ബലാല്‍ക്കാരം ചെയ്യുമോ? ഈ വാക്കുകള്‍ രാജാവ് ഉച്ചരിച്ച ഉടന്‍തന്നെ അവര്‍ ഹാമാന്‍റെ മുഖം മൂടി. രാജാവിനെ പരിചരിച്ചുകൊണ്ടിരുന്ന ഷണ്ഡനായ ഹര്‍ബോനാ പറഞ്ഞു: “ഒരിക്കല്‍ തന്‍റെ വാക്കുകള്‍കൊണ്ട് രാജാവിന്‍റെ ജീവന്‍ രക്ഷിച്ച, മൊര്‍ദ്ദെഖായിക്കുവേണ്ടി ഹാമാന്‍ ഒരുക്കിയ അന്‍പതു മുഴം ഉയരമുള്ള കഴുമരം ഹാമാന്‍റെ വീട്ടിലുണ്ട്. “അതിന്മേല്‍ത്തന്നെ അവനെ തൂക്കിലിടുക” എന്നു രാജാവു കല്പിച്ചു. മൊര്‍ദ്ദെഖായിക്കുവേണ്ടി നാട്ടിയിരുന്ന കഴുമരത്തില്‍ത്തന്നെ അവര്‍ ഹാമാനെ തൂക്കിക്കൊന്നു. അങ്ങനെ രാജാവിന്‍റെ കോപം ശമിച്ചു. അന്നുതന്നെ അഹശ്വേരോശ്‍രാജാവ് യെഹൂദാശത്രുവായ ഹാമാന്‍റെ വീട് എസ്ഥേര്‍രാജ്ഞിക്കു കൊടുത്തു. മൊര്‍ദ്ദെഖായിയോടു തനിക്കുള്ള ബന്ധം എസ്ഥേര്‍രാജ്ഞി രാജാവിനെ അറിയിച്ചതുകൊണ്ട് അയാള്‍ക്കു രാജസന്നിധിയില്‍ പ്രവേശനം ലഭിച്ചു. രാജാവ് ഹാമാന്‍റെ കൈയില്‍നിന്നു തിരിച്ചെടുത്ത തന്‍റെ മുദ്രമോതിരം മൊര്‍ദ്ദെഖായിക്കു കൊടുത്തു. എസ്ഥേര്‍ മൊര്‍ദ്ദെഖായിയെ ഹാമാന്‍റെ വസ്തുവകകളിന്മേല്‍ അധികാരിയാക്കി. എസ്ഥേര്‍ വീണ്ടും രാജാവിനോടു സംസാരിച്ചു. ആഗാഗ്യനായ ഹാമാന്‍റെ ദുരുദ്ദേശ്യവും യെഹൂദര്‍ക്കെതിരെ നടത്തിയ ഗൂഢാലോചനയും നിഷ്ഫലമാക്കണമെന്ന് രാജാവിന്‍റെ കാല്‌ക്കല്‍ വീണു കരഞ്ഞ് അപേക്ഷിച്ചു. രാജാവ് സ്വര്‍ണച്ചെങ്കോല്‍ രാജ്ഞിയുടെ നേര്‍ക്കു നീട്ടി; എസ്ഥേര്‍ രാജസന്നിധിയില്‍ എഴുന്നേറ്റുനിന്നു പറഞ്ഞു: രാജാവിന് എന്നോടു പ്രീതി തോന്നുന്നെങ്കില്‍ തിരുവുള്ളമുണ്ടായി, കാര്യം ശരിയെന്നു കരുതുന്നു എങ്കില്‍, അങ്ങേക്കു ഞാന്‍ പ്രിയപ്പെട്ടവളെങ്കില്‍ ഈ കാര്യം ചെയ്താലും. സകല സംസ്ഥാനങ്ങളിലുമുള്ള യെഹൂദന്മാരെ നശിപ്പിക്കാന്‍ ആഗാഗ്യനും ഹമ്മെദാഥായുടെ പുത്രനും ആയ ഹാമാന്‍ തന്ത്രപൂര്‍വം എഴുതിയ കത്തുകള്‍ പിന്‍വലിച്ചുകൊണ്ട് അവിടുന്ന് ഒരു കല്പന അയയ്‍ക്കണം. എന്‍റെ ജനത്തിനുണ്ടാകുന്ന അനര്‍ഥം ഞാന്‍ എങ്ങനെ കണ്ടുകൊണ്ടിരിക്കും? എന്‍റെ ബന്ധുജനത്തിന്‍റെ നാശം ഞാന്‍ എങ്ങനെ സഹിക്കും?” അഹശ്വേരോശ്‍രാജാവ് എസ്ഥേര്‍രാജ്ഞിയോടും യെഹൂദനായ മൊര്‍ദ്ദെഖായിയോടും കല്പിച്ചു: “ഹാമാന്‍റെ വീട് ഞാന്‍ എസ്ഥേറിനു കൊടുത്തു; യെഹൂദന്മാരെ വധിക്കാന്‍ ശ്രമിച്ചതിന് അവനെ കഴുമരത്തില്‍ തൂക്കിക്കൊന്നു. യെഹൂദന്മാരുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടമുളളത് എഴുതി രാജാവിന്‍റെ മുദ്രമോതിരം കൊണ്ട് അതു മുദ്രവയ്‍ക്കുക. രാജനാമത്തില്‍ എഴുതി, രാജമോതിരത്താല്‍ മുദ്രവച്ച ഒരു വിളംബരവും അസ്ഥിരപ്പെടുത്താന്‍ സാധ്യമല്ലല്ലോ.” അങ്ങനെ മൂന്നാം മാസമായ സീവാന്‍ മാസം ഇരുപത്തിമൂന്നാം ദിവസം രാജാവിന്‍റെ എഴുത്തുകാരെ വിളിച്ചു വരുത്തി; ഇന്ത്യമുതല്‍ എത്യോപ്യാവരെയുള്ള നൂറ്റിയിരുപത്തേഴു സംസ്ഥാനങ്ങളിലെ ഭരണാധിപന്മാര്‍ക്കും ദേശാധിപതികള്‍ക്കും പ്രഭുക്കന്മാര്‍ക്കും യെഹൂദന്മാരെ സംബന്ധിച്ചു മൊര്‍ദ്ദെഖായി കല്പിച്ചതുപോലെ ഒരു വിളംബരം എഴുതി അയച്ചു. ഓരോ സംസ്ഥാനത്തിനും അതിന്‍റെ ലിപിയിലും ഓരോ ജനതയ്‍ക്കും അതിന്‍റെ ഭാഷയിലും യെഹൂദന്മാര്‍ക്ക് അവരുടെ ഭാഷയിലും ലിപിയിലും ആണ് അത് എഴുതിയത്. അഹശ്വേരോശ്‍രാജാവിന്‍റെ നാമത്തില്‍ അത് എഴുതി രാജമോതിരംകൊണ്ടു മുദ്രവച്ചു. ഈ വിളംബരം അശ്വാരൂഢരായ ദൂതന്മാര്‍ വശം കൊടുത്തയച്ചു. രാജാവിന്‍റെ കുതിരലായത്തില്‍ പരിപാലിക്കപ്പെടുന്നവയും അതിവേഗം ഓടുന്നവയും രാജകീയ ആവശ്യങ്ങള്‍ക്കു മാത്രം ഉപയോഗിക്കുന്നവയുമായ കുതിരകളുടെ പുറത്തായിരുന്നു അവര്‍ പോയത്. ഈ വിളംബരപ്രകാരം, ഓരോ പട്ടണത്തിലെയും യെഹൂദര്‍ക്ക്, സ്വന്തം ജീവന്‍ സംരക്ഷിക്കുന്നതിനുവേണ്ടി, ഒന്നിച്ചു ചേര്‍ന്നു ചെറുത്തുനില്‌ക്കാനും തങ്ങളെ ആക്രമിക്കാന്‍ വരുന്ന ജനതയുടെയോ സംസ്ഥാനത്തിന്‍റെയോ സായുധ സൈന്യങ്ങളെയും സ്‍ത്രീകളും കുട്ടികളുമടക്കം സമസ്ത ജനങ്ങളെയും നശിപ്പിക്കാനും അവരുടെ സമ്പത്തു കൊള്ളയടിക്കാനും യെഹൂദന്മാര്‍ക്ക് അധികാരം കൊടുത്തു. അഹശ്വേരോശ്‍രാജാവിന്‍റെ ഈ കല്പന സകല സംസ്ഥാനങ്ങളിലും പന്ത്രണ്ടാമത്തെ മാസമായ ആദാര്‍മാസം പതിമൂന്നാം ദിവസത്തേക്കു മാത്രമുള്ളതായിരുന്നു. ആ ദിവസം ശത്രുക്കളോടു പ്രതികാരം ചെയ്യാന്‍ യെഹൂദര്‍ സന്നദ്ധരായിരിക്കുന്നതിന് ഈ എഴുത്തിന്‍റെ ഒരു പകര്‍പ്പ് ഓരോ സംസ്ഥാനത്തും കല്പനയായി പുറപ്പെടുവിക്കുകയും സകല ജനത്തിനുംവേണ്ടി വിളംബരം ചെയ്യുകയും വേണ്ടിയിരുന്നു. അങ്ങനെ രാജകല്പനയനുസരിച്ചു ദൂതന്മാര്‍ രാജകാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന കുതിരകളുടെ പുറത്തു കയറി അതിവേഗം ഓടിച്ചുപോയി. ശൂശന്‍രാജധാനിയിലും ആ വിളംബരം പ്രസിദ്ധപ്പെടുത്തി. മൊര്‍ദ്ദെഖായി, നീലയും വെള്ളയും നിറങ്ങളുള്ള രാജകീയ വസ്ത്രങ്ങളും സ്വര്‍ണക്കിരീടവും ലിനന്‍നൂല്‍കൊണ്ടുള്ള ധൂമ്രവര്‍ണമായ മേലങ്കിയും ധരിച്ച് രാജസന്നിധിയില്‍നിന്നു പുറപ്പെട്ടു. ശൂശന്‍നഗരം ആനന്ദംകൊണ്ട് ആര്‍പ്പുവിളിച്ചു. അങ്ങനെ യെഹൂദന്മാര്‍ പ്രസന്നരായി. അവര്‍ക്ക് സന്തോഷവും ആനന്ദവും മാന്യതയും ഉണ്ടായി. രാജശാസനയും വിളംബരവും ചെന്നെത്തിയ സകല സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും യെഹൂദന്മാര്‍ സന്തുഷ്ടരായി ആഹ്ലാദിച്ചു. അത് അവര്‍ക്ക് വിശ്രമത്തിന്‍റെയും വിരുന്നിന്‍റെയും ദിവസമായിരുന്നു; യെഹൂദന്മാരെ ഭയപ്പെട്ടതുമൂലം രാജ്യനിവാസികളില്‍ പലരും തങ്ങള്‍ യെഹൂദരെന്നു പ്രഖ്യാപിച്ചു. പന്ത്രണ്ടാം മാസമായ ആദാര്‍മാസം പതിമൂന്നാം ദിവസമായിരുന്നു രാജകല്പനയും വിളംബരവും നടപ്പാക്കേണ്ടിയിരുന്നത്. യെഹൂദന്മാരുടെ ശത്രുക്കള്‍ അവരുടെമേല്‍ ആധിപത്യം ഉറപ്പിക്കാമെന്നു വിചാരിച്ചിരുന്നതും അന്നായിരുന്നു. എന്നാല്‍ അത് യെഹൂദന്മാര്‍ക്കു ശത്രുക്കളുടെമേല്‍ ആധിപത്യം ഉറപ്പിക്കാനുള്ള ദിവസമായി മാറി. അന്ന് അഹശ്വേരോശ്‍രാജാവിന്‍റെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള യെഹൂദന്മാര്‍, തങ്ങളെ നശിപ്പിക്കാന്‍ ഒരുങ്ങിയിരുന്നവരെ ആക്രമിക്കുന്നതിന് തങ്ങളുടെ പട്ടണങ്ങളില്‍ ഒരുമിച്ചുകൂടി; അവരെ സംബന്ധിച്ചുള്ള ഭയം എല്ലാ ജനതകളെയും ബാധിച്ചിരുന്നതുകൊണ്ട് ആര്‍ക്കും അവരെ എതിര്‍ക്കാന്‍ കഴിഞ്ഞില്ല. സംസ്ഥാനങ്ങളിലെ എല്ലാ പ്രഭുക്കന്മാരും രാജപ്രതിനിധികളും ദേശാധിപതികളും രാജാവിന്‍റെ കാര്യവിചാരകന്മാരും മൊര്‍ദ്ദെഖായിയെ ഭയപ്പെട്ടിരുന്നതുകൊണ്ട് യെഹൂദന്മാരെ സഹായിച്ചു. മൊര്‍ദ്ദെഖായി രാജകൊട്ടാരത്തില്‍ ഉന്നതനായിരുന്നു. അയാളുടെ കീര്‍ത്തി സകല സംസ്ഥാനങ്ങളിലും പരന്നു. അയാള്‍ മേല്‌ക്കുമേല്‍ പ്രബലനായിത്തീര്‍ന്നു. യെഹൂദന്മാര്‍ തങ്ങളുടെ ശത്രുക്കളെയെല്ലാം വാളിന് ഇരയാക്കി, തങ്ങളെ വെറുത്തിരുന്നവരോടു തങ്ങള്‍ക്കിഷ്ടമുള്ളതു പ്രവര്‍ത്തിച്ചു. തലസ്ഥാനമായ ശൂശനില്‍ മാത്രം യെഹൂദര്‍ അഞ്ഞൂറു പേരെ കൊന്നൊടുക്കി. [7-10] ഹമ്മേദാഥായുടെ മകനും യെഹൂദന്മാരുടെ ശത്രുവുമായ ഹാമാന്‍റെ പുത്രന്മാരായ പര്‍ശന്‍ദാഥ, ദല്‍ഫോന്‍, അസ്പാഥ, പോറാഥാ, അദല്യ, അരീദാഥ, പര്‍മസ്ഥ, അരീസായി, അരീദായി, വയെസാഥ, എന്നീ പത്തു പേരെയും അവര്‍ വധിച്ചു. എന്നാല്‍ അവരുടെ മുതല്‍ കൊള്ളയടിച്ചില്ല. *** *** *** തലസ്ഥാനമായ ശൂശനില്‍ അവര്‍ വധിച്ചവരുടെ സംഖ്യ അന്നുതന്നെ രാജാവിനെ അറിയിച്ചു. അപ്പോള്‍ രാജാവ് എസ്ഥേര്‍ രാജ്ഞിയോടു പറഞ്ഞു: “യെഹൂദന്മാര്‍ ശൂശന്‍രാജധാനിയില്‍ അഞ്ഞൂറു പേരെയും ഹാമാന്‍റെ പത്തു പുത്രന്മാരെയും വധിച്ചു; അങ്ങനെയെങ്കില്‍ രാജാവിന്‍റെ മറ്റു സംസ്ഥാനങ്ങളില്‍ അവര്‍ എന്തായിരിക്കും ചെയ്തിരിക്കുക! ഇനി നിന്‍റെ അപേക്ഷ എന്ത്? അതു നിനക്കു സാധിച്ചുതരും; ഇനി നീ എന്ത് ആഗ്രഹിക്കുന്നു? അതും സാധിച്ചുതരും.” അപ്പോള്‍ എസ്ഥേര്‍ പറഞ്ഞു: “രാജാവിനു തിരുവുള്ളമെങ്കില്‍ ഇന്നത്തെ വിളംബരമനുസരിച്ച് നാളെയും പ്രവര്‍ത്തിക്കാന്‍ ശൂശനിലുള്ള യെഹൂദരെ അനുവദിക്കണം. ഹാമാന്‍റെ പത്തു പുത്രന്മാരെ കഴുമരത്തില്‍ തൂക്കുകയും വേണം.” അങ്ങനെ ചെയ്യാന്‍ രാജാവു കല്പന നല്‌കി; ശൂശനില്‍ അതു വിളംബരം ചെയ്യുകയും ഹാമാന്‍റെ പത്തു പുത്രന്മാരെ കഴുമരത്തില്‍ തൂക്കുകയും ചെയ്തു. ശൂശനിലെ യെഹൂദര്‍ ആദാര്‍ മാസം പതിന്നാലാം ദിവസവും ഒന്നിച്ചുകൂടി മുന്നൂറു പേരെ കൊന്നു; എങ്കിലും അവരുടെ മുതല്‍ കൊള്ളയടിച്ചില്ല. രാജാവിന്‍റെ സംസ്ഥാനങ്ങളിലെ മറ്റു യെഹൂദരും ജീവരക്ഷയ്‍ക്കുവേണ്ടി ഒന്നിച്ചുകൂടി ശത്രുക്കളില്‍ നിന്നു മോചനം നേടി. അവരുടെ എതിരാളികളില്‍ എഴുപത്തയ്യായിരം പേരെ അന്നു വധിച്ചു; എന്നാല്‍ അവരുടെ മുതല്‍ കൊള്ള ചെയ്തില്ല. ഇത് ആദാര്‍മാസം പതിമൂന്നാം ദിവസം ആയിരുന്നു; പതിന്നാലാം ദിവസം അവര്‍ വിശ്രമിച്ചു; അന്നു വിരുന്നിന്‍റെയും ആഹ്ലാദത്തിന്‍റെയും ദിനമായി ആചരിച്ചു. എന്നാല്‍ ശൂശനിലെ യെഹൂദര്‍ പതിമൂന്നാം ദിവസവും പതിന്നാലാം ദിവസവും ഒന്നിച്ചുകൂടി; പതിനഞ്ചാം ദിവസം അവര്‍ വിശ്രമിച്ചു; അന്ന് വിരുന്നിനും ആഹ്ലാദത്തിനുമുള്ള ദിനമായി അവര്‍ ആചരിച്ചു. അതിനാല്‍ ഗ്രാമങ്ങളില്‍ പാര്‍ക്കുന്ന യെഹൂദര്‍ ആദാര്‍ മാസം പതിന്നാലാം ദിവസം ആഹ്ലാദത്തിനും വിരുന്നിനും വിശ്രമത്തിനുമുള്ള ദിനമായി ആചരിക്കുന്നു. അന്നു സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യുന്നു. മൊര്‍ദ്ദെഖായി ഇതെല്ലാം രേഖപ്പെടുത്തി. അഹശ്വേരോശ്‍രാജാവിന്‍റെ എല്ലാ സംസ്ഥാനങ്ങളിലും അടുത്തും അകലെയുമായി പാര്‍ക്കുന്ന യെഹൂദര്‍ക്കു കത്തുകള്‍ കൊടുത്തയച്ചു. മൊര്‍ദ്ദെഖായി ഇങ്ങനെ അനുശാസിച്ചു: “യെഹൂദര്‍ എല്ലാ വര്‍ഷവും ആദാര്‍മാസം പതിന്നാലും പതിനഞ്ചും ദിവസങ്ങള്‍ ശത്രുക്കളില്‍നിന്നു മോചനം ലഭിച്ച ദിനങ്ങളായും അവരുടെ ദുഃഖം സന്തോഷമായും വിലാപം ഉല്ലാസമായും മാറിയ മാസമായും ആചരിക്കണം. പരസ്പരം സമ്മാനങ്ങള്‍ കൈമാറുകയും ദരിദ്രര്‍ക്കു ദാനങ്ങള്‍ നല്‌കുകയും ചെയ്യുന്ന ദിനങ്ങളായും ആചരിക്കണം. അങ്ങനെ തങ്ങള്‍ തുടങ്ങിവച്ചതുപോലെയും മൊര്‍ദ്ദെഖായി എഴുതി അയച്ചതുപോലെയും യെഹൂദന്മാര്‍ ആചരിച്ചു. ആഗാഗ്യനായ ഹമ്മെദാഥായുടെ പുത്രനും സകല യെഹൂദന്മാരുടെയും ശത്രുവും ആയ ഹാമാന്‍ യെഹൂദന്മാരെ നശിപ്പിക്കാന്‍ ഉപായം ചിന്തിക്കയും അവരെ തകര്‍ത്ത് ഇല്ലാതാക്കാന്‍ പൂര് അഥവാ നറുക്ക് ഇടുകയും ചെയ്തിരുന്നല്ലോ. എന്നാല്‍ എസ്ഥേര്‍ രാജസന്നിധിയില്‍ വന്നപ്പോള്‍ യെഹൂദന്മാര്‍ക്കെതിരെ ഹാമാന്‍ തയ്യാറാക്കിയ ദുഷ്ടപദ്ധതി അയാളുടെ തലയില്‍ത്തന്നെ വീഴാന്‍ ഇടയായി. അയാളെയും പുത്രന്മാരെയും കഴുമരത്തില്‍ തൂക്കാന്‍ രാജാവ് രേഖാമൂലം കല്പന പുറപ്പെടുവിച്ചു. അതിനാല്‍ പൂര് എന്ന പദത്തില്‍നിന്ന് ആ ദിവസങ്ങള്‍ക്കു പൂരിം എന്നു പേരുണ്ടായി. ഈ കല്പനയില്‍ രേഖപ്പെടുത്തിയിരിക്കുന്ന സകല കാര്യങ്ങളും ഇക്കാര്യത്തില്‍ തങ്ങള്‍ക്കു നേരിടേണ്ടി വന്നതും അനുഭവിച്ചതുമായ വസ്തുതകളും പരിഗണിച്ച് യെഹൂദന്മാരും അവരുടെ സന്തതികളും അവരോടു ചേരുന്നവരും എഴുതപ്പെട്ടിരിക്കുന്നതുപോലെ ഈ രണ്ടു ദിവസങ്ങള്‍ ഓരോ വര്‍ഷവും മുടക്കം കൂടാതെ ആചരിക്കണമെന്നു തീരുമാനിച്ചു. അങ്ങനെ ഓരോ തലമുറയിലും ഓരോ കുടുംബത്തിലും ഓരോ സംസ്ഥാനത്തും ഓരോ പട്ടണത്തിലും പൂരിം ദിവസങ്ങള്‍ അനുസ്മരിക്കുകയും ആചരിക്കുകയും വേണം. പൂരിമിന്‍റെ ഈ ഉത്സവം യെഹൂദന്മാര്‍ ഒരിക്കലും ആചരിക്കാതെ പോകരുത്. ഈ ദിവസങ്ങളുടെ അനുസ്മരണം അവരുടെ പിന്‍തലമുറകള്‍ നിലനിര്‍ത്തുകയും വേണം. പൂരിം സംബന്ധിച്ച ഈ രണ്ടാമത്തെ കത്ത് അബീഹയിലിന്‍റെ പുത്രിയായ എസ്ഥേര്‍രാജ്ഞിയും യെഹൂദനായ മൊര്‍ദ്ദെഖായിയും രേഖാമൂലം ആധികാരികമായി സ്ഥിരീകരിച്ചു. അഹശ്വേരോശ്‍രാജാവിന്‍റെ നൂറ്റിയിരുപത്തേഴു സംസ്ഥാനങ്ങളിലെ സകല യെഹൂദന്മാര്‍ക്കും സമാധാനത്തിന്‍റെയും സത്യത്തിന്‍റെയും വാക്കുകളില്‍ സുരക്ഷിതത്വം ഉറപ്പുനല്‌കുന്ന കത്തുകളയച്ചു. മൊര്‍ദ്ദെഖായിയും എസ്ഥേര്‍രാജ്ഞിയും യെഹൂദന്മാരോട് ആജ്ഞാപിച്ചതുപോലെയും തങ്ങളുടെ ഉപവാസത്തിന്‍റെയും വിലാപത്തിന്‍റെയും കാര്യത്തില്‍ അവര്‍ തന്നെ തങ്ങള്‍ക്കും തങ്ങളുടെ പിന്‍തലമുറക്കാര്‍ക്കുംവേണ്ടി തീരുമാനിച്ചതുപോലെയും പൂരിമിന്‍റെ ദിനങ്ങള്‍ ആചരിക്കണമെന്നായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. എസ്ഥേര്‍രാജ്ഞിയുടെ കല്പനപ്രകാരം പൂരിമിന്‍റെ ആചാരങ്ങള്‍ സ്ഥിരീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. അഹശ്വേരോശ്‍രാജാവ് ദേശത്തിനും തീരദേശങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തി. അദ്ദേഹത്തിന്‍റെ വീരപരാക്രമങ്ങളും മൊര്‍ദ്ദെഖായിക്ക് അദ്ദേഹം നല്‌കിയ ഉന്നതസ്ഥാനത്തെ സംബന്ധിച്ച വിവരങ്ങളും മേദ്യയിലെയും പേര്‍ഷ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യെഹൂദനായ മൊര്‍ദ്ദെഖായിക്ക് അഹശ്വേരോശ്‍രാജാവിന്‍റെ തൊട്ടടുത്ത പദവി ആയിരുന്നു നല്‌കിയിരുന്നത്. അയാള്‍ യെഹൂദരുടെ ഇടയില്‍ ഉന്നതനും വിപുലമായ സഹോദരഗണത്തില്‍ സുസമ്മതനും ആയിരുന്നു. സ്വജനത്തിന്‍റെ ക്ഷേമത്തിനും സമാധാനത്തിനും വേണ്ടി അയാള്‍ പ്രവര്‍ത്തിച്ചു. ഊസ്ദേശത്ത് ഇയ്യോബ് എന്നൊരാള്‍ ഉണ്ടായിരുന്നു; നിഷ്കളങ്കനും നീതിനിഷ്ഠനും ദൈവഭക്തനും തിന്മ തീണ്ടാത്തവനുമായിരുന്നു അദ്ദേഹം. ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും അദ്ദേഹത്തിനു ജനിച്ചു. ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ജോടി കാളയും അഞ്ഞൂറു പെണ്‍കഴുതയും കൂടാതെ ഒട്ടുവളരെ ഭൃത്യഗണങ്ങളും ഉണ്ടായിരുന്നു; പൂര്‍വദേശക്കാരില്‍ ഏറ്റവും മഹാനായിരുന്നു അദ്ദേഹം. ഇയ്യോബിന്‍റെ പുത്രന്മാര്‍ ഓരോരുത്തരും തവണവച്ചു തങ്ങളുടെ വീടുകളില്‍ വിരുന്നുസല്‍ക്കാരം നടത്തിപ്പോന്നു. തങ്ങളോടൊത്തു ഭക്ഷിച്ചുല്ലസിക്കാന്‍ അവര്‍ മൂന്നു സഹോദരിമാരെയും ക്ഷണിച്ചിരുന്നു. വിരുന്നിനിടയില്‍ പുത്രന്മാര്‍ പാപം ചെയ്യുകയും മനസ്സുകൊണ്ടു ദൈവത്തെ അനാദരിക്കുകയും ചെയ്തിരിക്കും എന്നു കരുതി ഇയ്യോബ് അവരെ വിളിച്ചു വരുത്തി ശുദ്ധീകരിക്കുകയും അതിരാവിലെതന്നെ എഴുന്നേറ്റ് ഓരോരുത്തര്‍ക്കുംവേണ്ടി ഹോമയാഗം അര്‍പ്പിക്കുകയും പതിവായിരുന്നു. ഒരുനാള്‍ പതിവുപോലെ മാലാഖമാര്‍ സര്‍വേശ്വരന്‍റെ സന്നിധിയിലെത്തി. അവരുടെ കൂട്ടത്തില്‍ സാത്താനും ഉണ്ടായിരുന്നു. സര്‍വേശ്വരന്‍ സാത്താനോടു ചോദിച്ചു: “നീ എവിടെനിന്നു വരുന്നു?” സാത്താന്‍ പറഞ്ഞു: “ഞാന്‍ ഭൂമിയില്‍ എല്ലായിടവും ചുറ്റി സഞ്ചരിച്ചശേഷം വരുന്നു.” അവിടുന്നു വീണ്ടും ചോദിച്ചു: “നീ എന്‍റെ ദാസനായ ഇയ്യോബിന്മേല്‍ നോട്ടം വച്ചിരിക്കുന്നുവോ? അവനെപ്പോലെ നിഷ്കളങ്കനും നീതിനിഷ്ഠനും ദൈവഭക്തനും തിന്മ തീണ്ടാത്തവനുമായി ആരും ഭൂമിയിലില്ല.” അപ്പോള്‍ സാത്താന്‍ സര്‍വേശ്വരനോടു പറഞ്ഞു: “ഇയ്യോബ് ദൈവഭക്തനായിരിക്കുന്നതു വെറുതെയോ? അവിടുന്ന് അയാള്‍ക്കും അയാളുടെ ഭവനത്തിനും സമ്പത്തിനും വേലി കെട്ടി സംരക്ഷണം നല്‌കിയിരിക്കുന്നല്ലോ. അങ്ങ് അയാളുടെ പ്രയത്നങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു; അയാളുടെ മൃഗസമ്പത്ത് ദേശത്തു പെരുകിയിരിക്കുന്നു. തൃക്കൈ നീട്ടി അയാളുടെ സമ്പത്തൊക്കെയും എടുത്തുകളയുക. അയാള്‍ തിരുമുഖത്തു നോക്കി അങ്ങയെ ശപിക്കും.” സര്‍വേശ്വരന്‍ സാത്താനോട്: “ഇതാ അവനുള്ളതെല്ലാം നിനക്കു വിട്ടുതന്നിരിക്കുന്നു. അവനെ മാത്രം നീ ഉപദ്രവിക്കരുത്” എന്നു പറഞ്ഞു. അങ്ങനെ സാത്താന്‍ സര്‍വേശ്വരന്‍റെ സന്നിധിയില്‍നിന്നു പോയി. ഒരു ദിവസം ഇയ്യോബിന്‍റെ പുത്രന്മാരും പുത്രിമാരും തങ്ങളുടെ ജ്യേഷ്ഠസഹോദരന്‍റെ വീട്ടില്‍ വിരുന്നില്‍ പങ്കെടുക്കുകയായിരുന്നു. അപ്പോള്‍ ഒരു ദൂതന്‍ ഇയ്യോബിന്‍റെ അടുക്കല്‍ വന്നു പറഞ്ഞു: “ഞങ്ങള്‍ കാളകളെ പൂട്ടി നിലം ഉഴുകയായിരുന്നു. കഴുതകള്‍ സമീപത്തു മേഞ്ഞുകൊണ്ടിരുന്നു. അപ്പോള്‍ ശെബായര്‍ ചാടിവീണ് അവയെ പിടിച്ചുകൊണ്ടുപോയി; വേലക്കാരെ വാളിനിരയാക്കി. വിവരം അങ്ങയെ അറിയിക്കാന്‍ ഞാന്‍ മാത്രം രക്ഷപെട്ടു വന്നിരിക്കുന്നു.” അയാള്‍ സംസാരിച്ചുകൊണ്ടിരിക്കെ മറ്റൊരുവന്‍ വന്നു പറഞ്ഞു: “ആകാശത്തുനിന്നു തീജ്വാല ഇറങ്ങി ആടുകളെയും ഭൃത്യരെയും ദഹിപ്പിച്ചുകളഞ്ഞു. വിവരം അങ്ങയെ അറിയിക്കാന്‍ ഞാന്‍ മാത്രം രക്ഷപെട്ടു പോന്നു.” അയാള്‍ ഇതു പറഞ്ഞുകൊണ്ടിരിക്കെ മറ്റൊരാള്‍ വന്നു പറഞ്ഞു: “മൂന്നു സംഘം കല്‍ദായര്‍ വന്ന് ഒട്ടകങ്ങളെ പിടിച്ചുകൊണ്ടു പോകുകയും ഭൃത്യന്മാരെ വാളിനിരയാക്കുകയും ചെയ്തു. വിവരം അങ്ങയെ അറിയിക്കാന്‍ ഞാന്‍ മാത്രം രക്ഷപെട്ടു വന്നിരിക്കുന്നു.” അയാള്‍ പറഞ്ഞു തീരുന്നതിനു മുമ്പു വേറൊരാള്‍ വന്ന് അറിയിച്ചു: “അങ്ങയുടെ പുത്രീപുത്രന്മാര്‍ ജ്യേഷ്ഠസഹോദരന്‍റെ ഗൃഹത്തില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നു മരുഭൂമിയില്‍നിന്ന് ഒരു കൊടുങ്കാറ്റു വീശി; അതു വീടിന്‍റെ നാലു മൂലയ്‍ക്കും ആഞ്ഞടിച്ചു. വീടു തകര്‍ന്നു വീണ് അങ്ങയുടെ മക്കളെല്ലാം മരിച്ചു. ഈ വിവരം അങ്ങയെ അറിയിക്കാന്‍ ഞാന്‍ മാത്രമേ ശേഷിച്ചുള്ളൂ.” അപ്പോള്‍ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല മുണ്ഡനം ചെയ്തു നിലത്തു സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ടു പറഞ്ഞു: “ഞാന്‍ നഗ്നനായി അമ്മയുടെ ഉദരത്തില്‍നിന്നു വന്നു; നഗ്നനായിത്തന്നെ മടങ്ങിപ്പോകും. സര്‍വേശ്വരന്‍ തന്നു; സര്‍വേശ്വരന്‍ എടുത്തു; അവിടുത്തെ നാമം വാഴ്ത്തപ്പെടട്ടെ.” ഇതെല്ലാമായിട്ടും ഇയ്യോബ് പാപം ചെയ്യുകയോ ദൈവത്തെ പഴിക്കുകയോ ചെയ്തില്ല. പതിവുപോലെ മറ്റൊരു ദിവസം മാലാഖമാര്‍ സര്‍വേശ്വരന്‍റെ സന്നിധിയിലെത്തി. സാത്താനും അവരോടൊപ്പം അവിടെ എത്തി. സര്‍വേശ്വരന്‍ സാത്താനോടു ചോദിച്ചു: “നീ എവിടെനിന്നു വരുന്നു?” “ഭൂമിയിലെല്ലാം ചുറ്റി സഞ്ചരിച്ചശേഷം വരികയാണ്” സാത്താന്‍ മറുപടി പറഞ്ഞു. സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “എന്‍റെ ദാസനായ ഇയ്യോബിന്‍റെമേല്‍ നീ കണ്ണു വച്ചിരിക്കുന്നുവോ? ഭൂമിയില്‍ അവനെപ്പോലെ നിഷ്കളങ്കനും നീതിനിഷ്ഠനും ദൈവഭക്തനും തിന്മ തീണ്ടാത്തവനുമായി ആരുമില്ല. അവനെ അകാരണമായി നശിപ്പിക്കാന്‍ നീ എന്‍റെ സമ്മതം വാങ്ങി. എങ്കിലും അവന്‍ ഇപ്പോഴും ഭക്തിയില്‍ ഉറച്ചുനില്‌ക്കുന്നു.” സാത്താന്‍ സര്‍വേശ്വരനോടു പറഞ്ഞു: “ത്വക്കിനു പകരം ത്വക്ക്! മനുഷ്യന്‍ സ്വജീവനുവേണ്ടി തനിക്കുള്ളതെല്ലാം ഉപേക്ഷിക്കും. അവിടുന്ന് ഇയ്യോബിനെ ശാരീരികമായി പീഡിപ്പിക്കുമോ? തീര്‍ച്ചയായും അയാള്‍ അവിടുത്തെ മുഖത്തുനോക്കി ദുഷിക്കും.” അപ്പോള്‍ സര്‍വേശ്വരന്‍ പറഞ്ഞു: “ശരി, ഇതാ അവനെ നിന്‍റെ അധികാരത്തില്‍ വിട്ടിരിക്കുന്നു. എന്നാല്‍ അവനു ജീവാപായം വരുത്തരുത്.” അങ്ങനെ സാത്താന്‍ സര്‍വേശ്വരന്‍റെ സന്നിധി വിട്ടുപോയി. ഇയ്യോബിന്‍റെ പാദം മുതല്‍ ശിരസ്സുവരെ ദേഹം ആസകലം വേദനിപ്പിക്കുന്ന വ്രണംകൊണ്ട് സാത്താന്‍ അദ്ദേഹത്തെ ദണ്ഡിപ്പിച്ചു. ഇയ്യോബ് ചാരത്തിലിരുന്ന് ഒരു ഓട്ടുകഷണംകൊണ്ട് തന്‍റെ ശരീരം ചൊറിഞ്ഞുകൊണ്ടിരുന്നു. അപ്പോള്‍ ഇയ്യോബിന്‍റെ ഭാര്യ പറഞ്ഞു: “നിങ്ങള്‍ ഇനിയും ദൈവത്തോടുള്ള ഭക്തിയില്‍ ഉറച്ചുനില്‌ക്കുന്നുവോ? ദൈവത്തെ ദുഷിച്ചിട്ടു മരിക്കുക.” അതിന് അദ്ദേഹം ഇങ്ങനെ മറുപടി നല്‌കി. “ഭോഷത്തം പറയുന്നോ? ദൈവത്തില്‍നിന്നു നന്മ സ്വീകരിച്ച നാം തിന്മ സ്വീകരിക്കാന്‍ മടിക്കുകയോ?” ഇത്ര കഷ്ടതകള്‍ വന്നിട്ടും ഇയ്യോബ് അധരംകൊണ്ടു പാപം ചെയ്തില്ല. തേമാന്യനായ എലീഫസ്, ശൂഹ്യനായ ബില്‍ദാദ്, നയമാത്യനായ സോഫര്‍ എന്നീ മൂന്നു സ്നേഹിതന്മാര്‍ ഇയ്യോബിനുണ്ടായ അനര്‍ഥത്തെപ്പറ്റി കേട്ടു. അവര്‍ ഇയ്യോബിനെ കണ്ടു സഹതാപം പ്രകടിപ്പിക്കാനും അദ്ദേഹത്തെ ആശ്വസിപ്പിക്കാനും ആലോചിച്ചുറച്ചു പുറപ്പെട്ടു. അകലെനിന്നേ കണ്ടെങ്കിലും അവര്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. അവര്‍ ഉറക്കെ കരഞ്ഞു; വസ്ത്രം വലിച്ചു കീറി; ശിരസ്സില്‍ പൂഴി വാരിവിതറി. അദ്ദേഹത്തിന്‍റെ കഷ്ടത അതിദുസ്സഹമെന്നു കണ്ട് ഒന്നും മിണ്ടാനാകാതെ അവര്‍ ഏഴു രാവും ഏഴു പകലും അദ്ദേഹത്തിന്‍റെ കൂടെ നിലത്തിരുന്നു. [1,2] പിന്നീട് ഇയ്യോബ് സംസാരിച്ചു. താന്‍ ജനിച്ച ദിവസത്തെ ശപിച്ചുകൊണ്ട് പറഞ്ഞു: *** “ഞാന്‍ ജനിച്ച ദിവസവും ഒരു പുരുഷപ്രജ ഉരുവായെന്നു പറഞ്ഞ രാത്രിയും ശപിക്കപ്പെടട്ടെ. ആ ദിവസം ഇരുണ്ടുപോകട്ടെ! ദൈവം അതിനെ ഓര്‍ക്കാതിരിക്കട്ടെ! പ്രകാശം അതിന്മേല്‍ ചൊരിയാതിരിക്കട്ടെ! ഇരുട്ട്-കൂരിരുട്ട് തന്നെ-അതിനെ വിഴുങ്ങട്ടെ! കാര്‍മേഘങ്ങള്‍ അതിനെ ആവരണം ചെയ്യട്ടെ! പകലിനെ ഗ്രസിക്കുന്ന അന്ധകാരം അതിനെ മൂടട്ടെ. വര്‍ഷത്തിലെ ദിനങ്ങള്‍ എണ്ണുമ്പോള്‍ ആ ദിനം ഗണിക്കപ്പെടാതെ പോകട്ടെ. മാസത്തിന്‍റെ ദിനങ്ങള്‍ കണക്കാക്കുമ്പോള്‍ അത് ഉള്‍പ്പെടാതിരിക്കട്ടെ. ആ രാത്രി വന്ധ്യമായിരിക്കട്ടെ; അതില്‍ ഉല്ലാസഘോഷം ഉണ്ടാകാതിരിക്കട്ടെ. ലിവ്യാഥാനെ ഇളക്കിവിടാന്‍ കഴിവുള്ളവര്‍ അതിനെ ശപിക്കട്ടെ. അതിന്‍റെ പ്രഭാതനക്ഷത്രങ്ങള്‍ ഇരുണ്ടുപോകട്ടെ. പ്രകാശത്തിനുവേണ്ടിയുള്ള അതിന്‍റെ ആഗ്രഹം വിഫലമാകട്ടെ; പുലരൊളി കാണാന്‍ അതിന് ഇടവരാതിരിക്കട്ടെ. എന്‍റെ മാതാവിന്‍റെ ഉദരകവാടം അത് അടച്ചില്ല; എന്‍റെ കണ്ണില്‍നിന്നു കഷ്ടതകള്‍ മറച്ചുകളഞ്ഞില്ല. ഗര്‍ഭത്തില്‍വച്ചുതന്നെ ഞാന്‍ മരിക്കാഞ്ഞതെന്ത്? പിറന്നമാത്രയില്‍ എന്‍റെ ജീവിതം അവസാനിക്കാഞ്ഞതെന്ത്? എന്‍റെ അമ്മ എന്തിന് എന്നെ മടിയില്‍ കിടത്തി ഓമനിച്ചു? എന്തിനെന്നെ പാലൂട്ടി വളര്‍ത്തി? അല്ലായിരുന്നെങ്കില്‍ ഞാന്‍ മരിച്ചു വിശ്രാന്തി പ്രാപിക്കുമായിരുന്നു. തങ്ങള്‍ക്കുവേണ്ടി ശൂന്യാവശിഷ്ടങ്ങള്‍ വീണ്ടും നിര്‍മ്മിച്ച ഭൂപതികളോടും മന്ത്രിമാരോടുംകൂടി സ്വര്‍ണവും വെള്ളിയുംകൊണ്ടു ഭവനങ്ങള്‍ നിറച്ച പ്രഭുക്കന്മാരോടുംകൂടി ഞാന്‍ നിദ്ര പൂകുമായിരുന്നു. മണ്ണില്‍ മറവു ചെയ്യപ്പെട്ട ചാപിള്ളയെപ്പോലെ വെളിച്ചം കാണാത്ത ശിശുവിനെപ്പോലെ എന്‍റെ ജീവിതം അവസാനിക്കാഞ്ഞതെന്ത്? അവിടെ ദുഷ്ടന്മാര്‍ എന്നെ ദ്രോഹിക്കുകയില്ല; അവിടെയാണു ബലംക്ഷയിച്ചവരുടെ വിശ്രമസ്ഥാനം. അവിടെ തടവുകാര്‍ ഒരുമിച്ചു സ്വസ്ഥമായി കഴിയുന്നു; പീഡകന്‍റെ സ്വരം അവര്‍ കേള്‍ക്കുന്നില്ല. ചെറിയവനും വലിയവനും അവിടെ ഉണ്ട്; അവിടെ അടിമ യജമാനനില്‍നിന്നു സ്വതന്ത്രനാണ്. ദുരിതം അനുഭവിക്കുന്നവനു പ്രകാശവും കഠിനവ്യഥ അനുഭവിക്കുന്നവനു ജീവനും എന്തിനു നല്‌കുന്നു? അവന്‍ മരണം കാത്തിരിക്കുന്നു അതു വന്നെത്തുന്നില്ല; നിധി തിരയുന്നതിലും അധികം ശ്രദ്ധയോടെ അവര്‍ അതിനുവേണ്ടി യത്നിക്കുന്നു. ശവക്കുഴി പ്രാപിക്കുമ്പോള്‍ അവര്‍ അത്യധികം ആഹ്ലാദിക്കും. വഴി കാണാത്തവന്, ദൈവം വഴിയടച്ചിരിക്കുന്നവന്, പ്രകാശം കൊടുക്കുന്നതെന്തിന്? നെടുവീര്‍പ്പാണ് എന്‍റെ ആഹാരം എന്‍റെ ഞരക്കങ്ങള്‍ അരുവിപോലെ ഒഴുകുന്നു. ഞാന്‍ ഭയപ്പെടുന്നതുതന്നെ എനിക്കു നേരിടുന്നു. എന്നെ നടുക്കിയിരുന്നതുതന്നെ എനിക്കു ഭവിക്കുന്നു. എനിക്കു ശാന്തിയില്ല, സ്വസ്ഥതയില്ല, വിശ്രമമില്ല; എന്‍റെ കഷ്ടതയ്‍ക്ക് ഒരറുതിയുമില്ല.” അപ്പോള്‍ തേമാന്യനായ എലീഫസ് പറഞ്ഞു: “ഞാന്‍ ഒരു വാക്കു പറഞ്ഞാല്‍ നീ നീരസപ്പെടുമോ? എന്നാലും പറയാതിരിക്കുന്നതെങ്ങനെ? നീ അനേകരെ പ്രബോധിപ്പിച്ചു, ദുര്‍ബലകരങ്ങളെ ശക്തിപ്പെടുത്തി. കാലിടറിയവര്‍ക്ക് നിന്‍റെ വാക്കു താങ്ങായി. ദുര്‍ബലമായ കാല്‍മുട്ടുകളെ നീ ബലപ്പെടുത്തി. എന്നാല്‍ നിനക്ക് ഇങ്ങനെ വന്നപ്പോള്‍ നീ അക്ഷമനാകുന്നു; നിനക്കിതു സംഭവിച്ചപ്പോള്‍ നീ പരിഭ്രാന്തനാകുന്നു. നിന്‍റെ ദൈവഭക്തി നിന്‍റെ ഉറപ്പല്ലയോ? നിന്‍റെ നീതിനിഷ്ഠ നിനക്കു പ്രത്യാശ നല്‌കുന്നില്ലേ? നിഷ്കളങ്കന്‍ എന്നെങ്കിലും നാശമടഞ്ഞിട്ടുണ്ടോ? ഓര്‍ത്തുനോക്കൂ! നീതിനിഷ്ഠന്‍ നശിച്ചുപോയിട്ടുണ്ടോ? അധര്‍മത്തെ ഉഴുതു തിന്മ വിതയ്‍ക്കുന്നവന്‍ അതുതന്നെ കൊയ്തെടുക്കുന്നതായി ഞാന്‍ കാണുന്നു. ദൈവം കാറ്റൂതി അവരെ നശിപ്പിക്കുന്നു; ദൈവത്തിന്‍റെ ഉഗ്രകോപത്താല്‍ അവര്‍ ഉന്മൂലനം ചെയ്യപ്പെടുന്നു. സിംഹത്തിന്‍റെ അലര്‍ച്ചയും ക്രൂരസിംഹത്തിന്‍റെ ഗര്‍ജനവും നിലച്ചു; സിംഹക്കുട്ടികളുടെ പല്ലുകള്‍ തകര്‍ക്കപ്പെട്ടു. ഉഗ്രസിംഹം ഇരകിട്ടാതെ നശിക്കുന്നു. സിംഹിയുടെ കുട്ടികള്‍ ചിതറിക്കപ്പെടുന്നു. ഒരു രഹസ്യവചനം ഞാന്‍ കേട്ടു. അതിന്‍റെ സ്വരം എന്‍റെ ചെവിയില്‍ പതിച്ചു. നിശാദര്‍ശനങ്ങള്‍ ഉണര്‍ത്തുന്ന ചിന്ത എന്നെ നടുക്കി; അത് എന്‍റെ അസ്ഥികളെ ഉലച്ചു. ഒരു ആത്മാവ് എന്‍റെ മുഖത്തുരസി കടന്നുപോയി; അപ്പോള്‍ ഞാന്‍ രോമാഞ്ചം കൊണ്ടു. എന്തോ ഒന്ന് നിശ്ചലമായി നില്‌ക്കുന്നതു ഞാന്‍ കണ്ടു; എങ്കിലും അതിന്‍റെ രൂപമെന്തെന്ന് ഗ്രഹിക്കാന്‍ എനിക്കു കഴിഞ്ഞില്ല. ഏതോ ഒരു രൂപം എന്‍റെ മുമ്പില്‍ ദൃശ്യമായി; നിറഞ്ഞ നിശ്ശബ്ദത. പിന്നെ ഞാന്‍ ഒരു ശബ്ദം കേട്ടു: “മര്‍ത്യന്‍ ദൈവദൃഷ്‍ടിയില്‍ നീതിമാനാകുമോ? സ്രഷ്ടാവിന്‍റെ മുന്‍പില്‍ നിര്‍മ്മലനാകാന്‍ മനുഷ്യനു കഴിയുമോ? നോക്കൂ! തന്‍റെ ദാസന്മാരില്‍പ്പോലും അവിടുത്തേക്കു വിശ്വാസമില്ല. മാലാഖമാരില്‍പ്പോലും അവിടുന്നു കുറ്റം കാണുന്നു. എങ്കില്‍, പൂഴിയില്‍നിന്നു രൂപംകൊണ്ട്, മണ്‍കൂടാരങ്ങളില്‍ പാര്‍ത്ത്, പുഴുവിനെപ്പോലെ ചതച്ചരയ്‍ക്കപ്പെടുന്ന ഈ മനുഷ്യനില്‍ എത്രയധികം കുറ്റം കാണും. പ്രഭാതത്തിനും പ്രദോഷത്തിനുമിടയ്‍ക്ക് അവര്‍ നശിച്ചുപോകുന്നു; അവര്‍ എന്നേക്കുമായി നശിക്കുന്നു; അത് ആരും ഗണ്യമാക്കുന്നില്ല. ജീവതന്തു മുറിഞ്ഞുപോകുമ്പോള്‍ അവര്‍ മരിച്ചുപോകുന്നു; അപ്പോഴും അവര്‍ വിവേകം നേടുന്നില്ല.” “വിളിച്ചുനോക്കൂ, ഇയ്യോബേ, ആരുണ്ട് നിന്‍റെ വിളികേള്‍ക്കാന്‍? ഏതു വിശുദ്ധനെയാണു നീ ശരണം പ്രാപിക്കുക? വിദ്വേഷം ഭോഷനെ കൊല്ലുന്നു; അസൂയ ബുദ്ധിശൂന്യനെ നശിപ്പിക്കുന്നു. മൂഢന്‍ വേരുപിടിക്കുന്നതു ഞാന്‍ കണ്ടു; തല്‍ക്ഷണം അവന്‍റെ പാര്‍പ്പിടത്തെ ഞാന്‍ ശപിച്ചു. അവന്‍റെ മക്കള്‍ സുരക്ഷിതരായിരിക്കുകയില്ല. അവര്‍ പട്ടണവാതില്‌ക്കല്‍വച്ചു തകര്‍ക്കപ്പെടുന്നു; അവരെ രക്ഷിക്കാന്‍ ആരുമില്ല. വിശപ്പുള്ളവന്‍ അവന്‍റെ വിളവ് തിന്നൊടുക്കുന്നു; മുള്ളുകള്‍ക്കിടയില്‍നിന്നുപോലും അവന്‍ അതു ശേഖരിക്കുന്നു; ദാഹിക്കുന്നവന്‍ അവന്‍റെ സമ്പത്തു വിഴുങ്ങുന്നു. അനര്‍ഥം മുളയ്‍ക്കുന്നതു പൂഴിയില്‍ നിന്നല്ല; കഷ്ടത നാമ്പുനീട്ടുന്നത് നിലത്തു നിന്നുമല്ല. തീപ്പൊരി മേലോട്ടുയരുന്നതുപോലെ മനുഷ്യന്‍ കഷ്ടതയിലേക്കു പിറന്നുവീഴുന്നു. ഞാനായിരുന്നെങ്കില്‍ ദൈവത്തെ അന്വേഷിക്കുമായിരുന്നു. എന്‍റെ പ്രശ്നം തിരുമുമ്പില്‍ സമര്‍പ്പിക്കുമായിരുന്നു. അവിടുന്നു ദുര്‍ഗ്രാഹ്യങ്ങളായ മഹാകാര്യങ്ങളും അദ്ഭുതങ്ങളും അസംഖ്യം പ്രവര്‍ത്തിക്കുന്നു. അവിടുന്നു ഭൂമിയില്‍ മഴ പെയ്യിക്കുന്നു; വയലുകളിലേക്കു വെള്ളം ഒഴുക്കുന്നു. അവിടുന്ന് എളിയവരെ ഉയര്‍ത്തുന്നു; വിലപിക്കുന്നവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കുന്നു. അവിടുന്നു കൗശലക്കാരുടെ തന്ത്രങ്ങളെ വിഫലമാക്കുന്നു; അവരുടെ പ്രയത്നങ്ങള്‍ വിജയം വരിക്കുകയില്ല. അവിടുന്നു വക്രബുദ്ധികളുടെ ഉപായങ്ങള്‍ പെട്ടെന്നു തകര്‍ക്കുന്നു; ജ്ഞാനികളെ അവരുടെതന്നെ കൗശലങ്ങളില്‍ കുടുക്കുന്നു; പകല്‍സമയത്ത് അവര്‍ ഇരുട്ടില്‍ അകപ്പെടും; മധ്യാഹ്നത്തില്‍ രാത്രിയിലെന്നപോലെ തപ്പിനടക്കും. എന്നാല്‍ അവിടുന്ന് അഗതികളെ അവരുടെ വായില്‍നിന്നും അനാഥരെ ബലവാന്‍റെ കൈയില്‍നിന്നും രക്ഷിക്കുന്നു. അതുകൊണ്ട് എളിയവനു പ്രത്യാശയുണ്ട്; അനീതി പ്രവര്‍ത്തിക്കുന്നവന്‍ നിശ്ശബ്ദനാകും. ദൈവം ശാസിക്കുന്ന മനുഷ്യന്‍ ധന്യനാകുന്നു; അതിനാല്‍ സര്‍വശക്തന്‍റെ ശിക്ഷണത്തെ അവഗണിക്കരുത്. അവിടുന്നു മുറിവേല്പിക്കുകയും മുറിവുകെട്ടുകയും ചെയ്യുന്നു; അവിടുന്നു പ്രഹരിക്കുന്നു; എന്നാല്‍ തൃക്കരങ്ങള്‍ സൗഖ്യം നല്‌കുകയും ചെയ്യുന്നു. എല്ലാ അനര്‍ഥങ്ങളില്‍നിന്നും അവിടുന്നു നിന്നെ വിടുവിക്കും ഒരനര്‍ഥവും നിന്നെ സ്പര്‍ശിക്കുകയില്ല. ക്ഷാമകാലത്തു മരണത്തില്‍നിന്നും യുദ്ധകാലത്തു വാളില്‍നിന്നും അവിടുന്നു നിന്നെ വിടുവിക്കും. വാക്പ്രഹരത്തില്‍നിന്നു നീ മറയ്‍ക്കപ്പെടും. വിനാശം വരുമ്പോള്‍ നീ ഭയപ്പെടുകയില്ല. ക്ഷാമത്തിലും വിനാശത്തിലും നീ ചിരിക്കും; വന്യമൃഗങ്ങളെ നീ ഭയപ്പെടുകയില്ല. വയലിലെ കല്ലുകളോടു നിനക്കു സഖ്യമുണ്ടാകും; കാട്ടുമൃഗങ്ങള്‍ നിന്നെ ഉപദ്രവിക്കുകയില്ല. നിന്‍റെ കൂടാരം സുരക്ഷിതമെന്നു നീ അറിയും; നിന്‍റെ ആട്ടിന്‍പറ്റത്തെ പരിശോധിക്കുമ്പോള്‍ ഒന്നുപോലും നഷ്ടപ്പെട്ടതായി കാണുകയില്ല. നിന്‍റെ സന്താനപരമ്പര അസംഖ്യമായിരിക്കും; നിന്‍റെ സന്തതി പുല്‍ക്കൊടിപോലെ തഴയ്‍ക്കും. വിളഞ്ഞ കറ്റകള്‍ യഥാവസരം മെതിക്കളത്തില്‍ എത്തുന്നതുപോലെ പൂര്‍ണവാര്‍ധക്യത്തിലേ നീ മരണമടയുകയുള്ളൂ. ഇതു ഞങ്ങള്‍ അന്വേഷിച്ച് അറിഞ്ഞിരിക്കുന്നു; ഇതു സത്യം. നിന്‍റെ നന്മയ്‍ക്കായി ഇതു ഗ്രഹിച്ചുകൊള്ളുക.” ഇയ്യോബ് പറഞ്ഞു: “എന്‍റെ മനോവേദന ഒന്നു തൂക്കിനോക്കിയിരുന്നെങ്കില്‍! എന്‍റെ അനര്‍ഥങ്ങള്‍ തുലാസില്‍ വച്ചിരുന്നെങ്കില്‍! അവ കടല്‍ത്തീരത്തെ മണലിനെക്കാള്‍ ഭാരമേറിയതായിരിക്കും. അതുകൊണ്ടാണ് എന്‍റെ വാക്കുകള്‍ അവിവേകമായിപ്പോയത്. സര്‍വശക്തന്‍റെ അസ്ത്രങ്ങള്‍ എന്നില്‍ തറച്ചിരിക്കുന്നു; അവയിലെ വിഷം എന്നില്‍ വ്യാപിക്കുന്നു ദൈവത്തിന്‍റെ ഭീകരതകള്‍ എനിക്കെതിരെ അണിനിരക്കുന്നു. പുല്ലുള്ളപ്പോള്‍ കാട്ടുകഴുത കരയുമോ? തീറ്റിയുള്ളപ്പോള്‍ കാള മുക്കുറയിടുമോ? രുചിയില്ലാത്തത് ഉപ്പുചേര്‍ക്കാതെ കഴിക്കാമോ? മുട്ടയുടെ വെള്ളയ്‍ക്കു സ്വാദുണ്ടോ? അത്തരം ഭക്ഷണമാണ് എനിക്കിപ്പോള്‍ ലഭിക്കുന്നത് അവ എനിക്ക് ഒട്ടും പിടിക്കുന്നില്ല. ദൈവം എന്‍റെ അപേക്ഷ സ്വീകരിച്ചിരുന്നെങ്കില്‍! എന്‍റെ ആഗ്രഹം സാധിച്ചുതന്നെങ്കില്‍! എന്നെ തകര്‍ത്തുകളയാന്‍ ദൈവം പ്രസാദിച്ചിരുന്നെങ്കില്‍! തൃക്കൈ നീട്ടി എന്നെ നിഗ്രഹിച്ചിരുന്നെങ്കില്‍! അത് എനിക്ക് ആശ്വാസം ആകുമായിരുന്നു; അതിരറ്റ വേദനയിലും ഞാന്‍ ആഹ്ലാദിക്കുമായിരുന്നു. പരിശുദ്ധനായ ദൈവത്തിന്‍റെ വാക്കുകള്‍ ഞാന്‍ നിഷേധിച്ചിട്ടില്ലല്ലോ; കാത്തിരിക്കാന്‍ എനിക്കിനി ശക്തിയില്ലല്ലോ എന്തിനു വേണ്ടിയാണ് ഞാന്‍ ക്ഷമയോടെ കാത്തിരിക്കേണ്ടത്? കല്ലിന്‍റെ ബലം എനിക്കുണ്ടോ? എന്‍റെ ശരീരം ഓടുകൊണ്ടുള്ളതോ? എന്‍റെ കഴിവുകള്‍ ചോര്‍ന്നുപോയി എനിക്ക് ആശ്രയമില്ലാതായിരിക്കുന്നു. സ്നേഹിതനോടു കനിവുകാട്ടാത്തവന്‍ സര്‍വശക്തനായ ദൈവത്തോടുള്ള ഭക്തി പരിത്യജിക്കുന്നു; എന്‍റെ സ്നേഹിതന്മാര്‍ പെട്ടെന്നു വറ്റിപ്പോകുന്ന അരുവിപോലെ ചതിക്കുന്നവരാണ്; അവ മഞ്ഞുകട്ട നിറഞ്ഞ് ഇരുണ്ടിരിക്കുന്നു; മഞ്ഞുരുകിയാണ് അവയില്‍ ജലം നിറയുന്നത്; വേനല്‍ക്കാലത്ത് അവ വറ്റിപ്പോകുന്നു; ചൂടേറുമ്പോള്‍ അവ അപ്രത്യക്ഷമാകുന്നു. കച്ചവടസംഘങ്ങള്‍ അവ തേടി വഴിതെറ്റിപ്പോകുന്നു; അവര്‍ മരുഭൂമിയില്‍ അകപ്പെട്ടു നശിക്കുന്നു. തേമയിലെ വ്യാപാരിസംഘം അവ തിരയുന്നു; ശെബയിലെ യാത്രാസംഘം അവ കണ്ടെത്തുമെന്നു പ്രതീക്ഷിക്കുന്നു. അവരുടെ പ്രതീക്ഷകള്‍ നിരാശയില്‍ അവസാനിക്കും. അവര്‍ അവിടെയെത്തി സംഭീതരാകും. നിങ്ങളും എനിക്ക് അതുപോലെ ആയിരിക്കുന്നു; എനിക്കുണ്ടായ അനര്‍ഥം കണ്ടു നിങ്ങള്‍ അന്ധാളിക്കുന്നു. നിങ്ങളുടെ സ്വത്തില്‍നിന്ന് എനിക്കെന്തെങ്കിലും തരണമെന്നോ നിങ്ങളുടെ സമ്പത്തില്‍നിന്ന് എനിക്കുവേണ്ടി കോഴ കൊടുക്കണമെന്നോ ഞാന്‍ ആവശ്യപ്പെട്ടുവോ? പ്രതിയോഗികളില്‍നിന്ന് എന്നെ വിടുവിക്കണമെന്നോ, നിഷ്ഠുരമര്‍ദകരുടെ കൈയില്‍നിന്ന് എന്നെ വീണ്ടെടുക്കണമെന്നോ ഞാന്‍ പറഞ്ഞുവോ? നിങ്ങള്‍ എന്നെ ഉപദേശിക്കുക, ഞാന്‍ മിണ്ടാതെ കേള്‍ക്കാം; എവിടെയാണ് എനിക്കു തെറ്റിയതെന്നു പറഞ്ഞുതരിക. സത്യസന്ധമായ വാക്കുകള്‍ എത്ര ശക്തം? നിങ്ങള്‍ എന്താണു വാദിച്ചു തെളിയിക്കുന്നത്? വാക്കുകളെച്ചൊല്ലി ശകാരിക്കുകയാണോ? ആശയറ്റവന്‍റെ വാക്കുകള്‍ കാറ്റുപോലെയല്ലേ? നിങ്ങള്‍ അനാഥനുവേണ്ടി നറുക്കിടുന്നു. സ്വന്തം സ്നേഹിതനു വിലപേശുന്നു. ഇപ്പോള്‍ നിങ്ങള്‍ സ്നേഹപൂര്‍വം എന്നെ നോക്കിയാലും ഞാന്‍ നിങ്ങളോടു കള്ളം പറയുകയില്ല. ഒന്നു നില്‌ക്കണേ, എന്നോടു നീതി ചെയ്യണേ! എന്നോടു നിങ്ങള്‍ നീതിയാണോ ചെയ്യുന്നത്? ഞാന്‍ പറഞ്ഞതു തെറ്റിപ്പോയോ? അനര്‍ഥം തിരിച്ചറിയാന്‍ എനിക്കു കഴിവില്ലെന്നോ? മനുഷ്യജീവിതം നിര്‍ബന്ധിതസേവനമല്ലേ? മനുഷ്യന്‍റെ ദിനങ്ങള്‍ കൂലിക്കാരന്‍റെ ദിനങ്ങള്‍പോലെയല്ലേ? അടിമയെപ്പോലെ അവന്‍ തണല്‍ കൊതിക്കുന്നു; കൂലിക്കാരനെപ്പോലെ കൂലിക്കു കാത്തിരിക്കുന്നു. എനിക്കു ലഭിച്ചതാകട്ടെ വ്യര്‍ഥമാസങ്ങളും കഷ്ടരാത്രികളും മാത്രം, കിടക്കുമ്പോള്‍ ഉറക്കം കിട്ടാതെ എത്രനേരം കഴിയേണ്ടിവരുമെന്നാണ് എന്‍റെ വിചാരം രാത്രിയോ അതിദീര്‍ഘം; വെളുക്കുവോളം കിടന്നുരുളുകതന്നെ എനിക്കു പണി. അഴുക്കും പുഴുക്കളും എന്‍റെ ശരീരത്തെ പൊതിഞ്ഞിരിക്കുന്നു; എന്‍റെ ത്വക്ക് വ്രണം പൊട്ടി ഒലിക്കുന്നു. എന്‍റെ ദിനങ്ങള്‍ നെയ്ത്തുകാരന്‍റെ ഓടത്തെക്കാള്‍ വേഗത്തില്‍ ചലിക്കുന്നു. പ്രത്യാശയില്ലാതെ അവ അവസാനിക്കുന്നു. “ദൈവമേ, എന്‍റെ ജീവിതം ഒരു ശ്വാസം മാത്രമെന്ന് ഓര്‍ത്താലും, എന്‍റെ കണ്ണ് ഇനി ഒരിക്കലും നന്മ കാണുകയില്ല. എന്നെ കണ്ടുകൊണ്ടിരിക്കുന്നവന്‍റെ കണ്ണുകള്‍ ഇനിമേല്‍ എന്നെ കാണുകയില്ല; നീ നോക്കിയിരിക്കെ ഞാന്‍ പോയ്‍ക്കഴിഞ്ഞിരിക്കും. മേഘം മാഞ്ഞുമറയുന്നതുപോലെ പാതാളത്തിലേക്ക് ഇറങ്ങുന്നവന്‍ വീണ്ടും കയറിവരുന്നില്ല. അവന്‍ തന്‍റെ ഭവനത്തിലേക്കു മടങ്ങുകയില്ല. അവന്‍റെ സ്ഥലം ഇനി അവനെ അറിയുകയില്ല. അതുകൊണ്ട് എനിക്കു മിണ്ടാതിരിക്കാന്‍ കഴിയുകയില്ല. എന്‍റെ മനോവേദനയ്‍ക്കിടയില്‍ ഞാന്‍ പുലമ്പിക്കൊണ്ടിരിക്കും. ആത്മനൊമ്പരങ്ങള്‍ക്കിടയില്‍ ഞാന്‍ ആവലാതിപ്പെടും. അങ്ങ് എനിക്കു കാവലേര്‍പ്പെടുത്താന്‍ ഞാന്‍ കടലോ കടല്‍ജന്തുവോ? ‘എന്‍റെ കിടക്ക എന്നെ ആശ്വസിപ്പിക്കും; എന്‍റെ മെത്ത എന്‍റെ സങ്കടം ശമിപ്പിക്കും.’ എന്നു ഞാന്‍ കരുതുമ്പോള്‍ സ്വപ്നംകൊണ്ട് അങ്ങ് എന്നെ ഞെട്ടിക്കുന്നു; പേക്കാഴ്ചകള്‍കൊണ്ട് എന്നെ നടുക്കുന്നു. അതുകൊണ്ട് അസ്ഥിപഞ്ജരം ആകുന്നതിനെക്കാള്‍ കഴുത്തു ഞെരിച്ചു കൊല്ലപ്പെടാനാണ് എനിക്കിഷ്ടം. എന്‍റെ ജീവിതത്തെ ഞാന്‍ വെറുക്കുന്നു. ഞാന്‍ സദാകാലവും ജീവിച്ചിരിക്കുകയില്ല. എന്നെ വിട്ടേക്കുക; എന്‍റെ ജീവിതം ഒരു ശ്വാസം മാത്രമാണല്ലോ. മര്‍ത്യനെ പരിഗണിക്കാനും ശ്രദ്ധിക്കാനും അവന്‍ എന്ത്? പ്രഭാതംതോറും നിരീക്ഷിക്കാനും പ്രതിനിമിഷം പരീക്ഷിക്കാനും അവന്‍ എന്തുള്ളൂ! എത്രകാലം അവിടുന്ന് എന്‍റെമേല്‍ ദൃഷ്‍ടി പതിപ്പിക്കും? എത്രകാലം എന്നെ അങ്ങ് നോക്കിയിരിക്കും? മനുഷ്യന്‍റെമേല്‍ കണ്ണുനട്ടിരിക്കുന്നവനേ, ഞാന്‍ പാപം ചെയ്തിട്ടുണ്ടെങ്കില്‍ അങ്ങേക്കെന്താണ്? അങ്ങ് എന്നെ ഉന്നംവച്ചിരിക്കുന്നതെന്തിന്? ഞാന്‍ അങ്ങേക്ക് ഭാരമായിത്തീര്‍ന്നത് എന്തുകൊണ്ട്? എന്‍റെ അതിക്രമം അവിടുന്നു ക്ഷമിക്കുന്നില്ല. എന്‍റെ അകൃത്യം നീക്കിക്കളയുന്നുമില്ല. ഞാന്‍ ഇപ്പോള്‍ പൂഴിയോടു ചേരും, അവിടുന്ന് എന്നെ അന്വേഷിക്കും, എന്നാല്‍ ഞാന്‍ ഉണ്ടായിരിക്കുകയില്ല.” ശൂഹ്യനായ ബില്‍ദാദ് മറുപടി പറഞ്ഞു: “എത്രനേരം നീ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കും? കൊടുങ്കാറ്റുപോലെയാണ് നിന്‍റെ വായില്‍ നിന്നു പുറപ്പെടുന്ന വാക്കുകള്‍. ദൈവം ന്യായത്തെ വ്യതിചലിപ്പിക്കുമോ? സര്‍വശക്തന്‍ നീതിക്കു മാര്‍ഗഭ്രംശം വരുത്തുമോ? നിന്‍റെ മക്കള്‍ ദൈവത്തിന് എതിരെ പാപം ചെയ്തിരിക്കാം. അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ദൈവം അവര്‍ക്കു നല്‌കിയിരിക്കുന്നു. നീ ദൈവത്തിങ്കലേക്ക് തിരിഞ്ഞ് സര്‍വശക്തനോടു കേണപേക്ഷിച്ചാല്‍, നീ നിര്‍മ്മലനും നീതിനിഷ്ഠനുമെങ്കില്‍, അവിടുന്നു നിനക്കുവേണ്ടി നിശ്ചയമായും പ്രവര്‍ത്തിക്കും. നീ അര്‍ഹിക്കുംവിധം നിന്‍റെ ഭവനം പുനഃസ്ഥാപിക്കും നിന്‍റെ ആരംഭം എളിയതായിരുന്നാലും വരുംദിനങ്ങള്‍ അതിമഹത്തായിരിക്കും. കഴിഞ്ഞ തലമുറകളോടു ചോദിക്കുക; പൂര്‍വപിതാക്കളുടെ അനുഭവം നോക്കി പഠിച്ചുകൊള്ളുക. നാം ഇന്നലെ ഉണ്ടായവര്‍! നമുക്ക് എന്തറിയാം? ഭൂമിയിലെ നമ്മുടെ ജീവിതം നിഴല്‍ പോലെയല്ലേ? അവര്‍ നിന്നെ പഠിപ്പിക്കും; അനുഭവജ്ഞാനത്തില്‍നിന്ന് അവര്‍ പറയും. ചതുപ്പിലല്ലേ ഞാങ്ങണ വളരൂ! ഈര്‍പ്പമില്ലാത്തിടത്ത് ഓടക്കാട് തഴയ്‍ക്കുമോ? തഴച്ചുവളര്‍ന്നാലും അവ വെള്ളമില്ലെങ്കില്‍ വെട്ടാതെതന്നെ മറ്റേതു ചെടിയെയുംകാള്‍ വേഗം ഉണങ്ങിപ്പോകും. ദൈവത്തെ മറക്കുന്നവരുടെയെല്ലാം ഗതി ഇതുതന്നെ; അഭക്തന്‍റെ ആശ അറ്റുപോകും; അവന്‍റെ ആശ്രയം തകര്‍ന്നടിയും; അവന്‍റെ ശരണം ചിലന്തിവലയത്രേ. അവന്‍ തന്‍റെ ഭവനത്തെ ആശ്രയിക്കും, എന്നാല്‍ അതു നിലനില്‌ക്കുകയില്ല. അവന്‍ അതിനെ മുറുകെപ്പിടിക്കും, എന്നാല്‍ അത് ഉറച്ചുനില്‌ക്കുകയില്ല. ദുഷ്ടന്‍ സൂര്യപ്രകാശത്തില്‍ തഴയ്‍ക്കും, അവന്‍റെ ശിഖരങ്ങള്‍ തോട്ടത്തില്‍ പടര്‍ന്നുപന്തലിക്കുന്നു. അവന്‍റെ വേരുകള്‍ കല്‍ക്കൂനയില്‍ പിണഞ്ഞു കിടക്കുന്നു; അവന്‍ പാറകള്‍ക്കിടയില്‍ വളരുന്നു. അവന്‍റെ സ്ഥലത്തുനിന്ന് അവനെ ആരെങ്കിലും പിഴുതുമാറ്റിയാല്‍ ഞാന്‍ നിന്നെ ഒരിക്കലും കണ്ടിട്ടില്ല എന്ന് ആ സ്ഥലം അവനെ തള്ളിപ്പറയും. ഇതാ, ഇത്രയുമാണ് അവരുടെ സന്തോഷം. അവിടെ വേറെ ചെടികള്‍ മുളച്ചുവരും. ദൈവം നിഷ്കളങ്കനെ നിരസിക്കുകയില്ല; ദുഷ്പ്രവൃത്തി ചെയ്യുന്നവനെ സഹായിക്കുകയുമില്ല. അവിടുന്ന് ഇനി നിനക്കു സന്തോഷം നല്‌കും. ആനന്ദഘോഷം മുഴക്കാന്‍ ഇടവരുത്തും. നിന്നെ പകയ്‍ക്കുന്നവര്‍ ലജ്ജിതരാകും, ദുഷ്ടന്മാരുടെ കൂടാരം നശിച്ചുപോകും.” ഇയ്യോബ് പറഞ്ഞു: “എനിക്കറിയാം; അത് അങ്ങനെതന്നെ. എന്നാല്‍ ദൈവത്തിന്‍റെ മുമ്പില്‍ മനുഷ്യന് എങ്ങനെ നീതിമാനാകാന്‍ കഴിയും? ദൈവത്തോടു വാഗ്വാദത്തിന് ഒരുമ്പെട്ടാല്‍ ആയിരത്തില്‍ ഒന്നിനുപോലും ഉത്തരം പറയാന്‍ ഒരുവനും സാധ്യമല്ല. അവിടുന്നു ജ്ഞാനിയും ശക്തനുമാകുന്നു; അവിടുത്തോട് എതിര്‍ത്തുനിന്ന് ആര്‍ ജയിച്ചിട്ടുണ്ട്? അവിടുന്നു പര്‍വതങ്ങളെ നീക്കിക്കളയുന്നു; കോപത്തില്‍ അവയെ കീഴ്മേല്‍ മറിക്കുന്നു; എന്നിട്ടും അവ അതറിയുന്നില്ല. ഭൂമിയെ അവിടുന്നു പ്രകമ്പനം കൊള്ളിക്കുന്നു; അതിന്‍റെ തൂണുകള്‍ ഇളകിയാടുന്നു. അവിടുന്നു കല്പിക്കുമ്പോള്‍ സൂര്യന്‍ ഉദിക്കുന്നില്ല; അവിടുന്നു നക്ഷത്രങ്ങള്‍ക്കു മുദ്ര വയ്‍ക്കുന്നു. അവിടുന്നു മാത്രമാണ് ആകാശത്തെ വിരിച്ചത്; അവിടുന്നു സമുദ്രത്തിലെ തിരമാലകളെ ചവിട്ടിമെതിക്കുന്നു. സപ്തര്‍ഷിമണ്ഡലത്തെയും മകയിരം, കാര്‍ത്തിക എന്നിവയെയും ദക്ഷിണ നക്ഷത്രമണ്ഡലത്തെയും സൃഷ്‍ടിച്ചത് അവിടുന്നുതന്നെ. മനുഷ്യബുദ്ധിക്ക് അഗോചരമായ മഹാകൃത്യങ്ങളും എണ്ണമറ്റ അദ്ഭുതങ്ങളും അവിടുന്നു പ്രവര്‍ത്തിക്കുന്നു. അവിടുന്ന് എന്‍റെ സമീപത്തുകൂടി കടന്നുപോകുന്നു; ഞാന്‍ അവിടുത്തെ കാണുന്നില്ല; അവിടുന്നു നടന്നുനീങ്ങുന്നു; എന്നാല്‍ ഞാന്‍ അവിടുത്തെ അറിയുന്നില്ല. അവിടുന്നു പിഴുതുമാറ്റുന്നു; ആര് അവിടുത്തെ തടയും? അവിടുന്നു ചെയ്യുന്നത് എന്ത് എന്ന് ആര്‍ ചോദിക്കും? രഹബിന്‍റെ സഹായികള്‍ അവിടുത്തെ പാദങ്ങളില്‍ വീണുവണങ്ങിയിട്ടും ദൈവം തന്‍റെ ക്രോധം അടക്കുന്നില്ല. പിന്നെ എങ്ങനെ ഞാന്‍ അവിടുത്തോട് ഉത്തരം പറയാനുള്ള വാക്കുകള്‍ കണ്ടെത്തും? ഞാന്‍ നീതിമാനെങ്കിലും അവിടുത്തോട് ഉത്തരം പറയാന്‍ കഴിയുന്നില്ല. എന്നെ വിധിക്കുന്ന അവിടുത്തോട് ഞാന്‍ കരുണയ്‍ക്കായി യാചിക്കേണ്ടിവരുന്നു. ഞാന്‍ വിളിച്ചപേക്ഷിച്ചിട്ട് അവിടുന്നു ഉത്തരമരുളിയാലും അവിടുന്ന് എന്നെ ശ്രദ്ധിച്ചു എന്നു ഞാന്‍ വിചാരിക്കുകയില്ല. എന്തെന്നാല്‍ കൊടുങ്കാറ്റുകൊണ്ട് അവിടുന്ന് എന്നെ തകര്‍ക്കുന്നു. അകാരണമായി എന്‍റെ മുറിവുകളും വര്‍ധിപ്പിക്കുന്നു. ശ്വസിക്കാന്‍പോലും അവിടുന്ന് എന്നെ അനുവദിക്കുന്നില്ല; തിക്താനുഭവങ്ങള്‍കൊണ്ട് അവിടുന്ന് എന്നെ നിറയ്‍ക്കുന്നു. ഇതൊരു ബലപരീക്ഷണമെങ്കില്‍ ദൈവം എത്ര ബലവാന്‍! ഇതു നീതിയുടെ പ്രശ്നമെങ്കില്‍ എന്‍റെ ന്യായവാദം കേള്‍ക്കാന്‍ അവിടുത്തെ ആരു വിളിച്ചുവരുത്തും? ഞാന്‍ നിര്‍ദോഷിയെങ്കിലും എന്‍റെ വാക്കുകള്‍തന്നെ എന്നെ കുറ്റംവിധിക്കും; ഞാന്‍ നിഷ്കളങ്കനെങ്കിലും എന്‍റെ അകൃത്യം അവിടുന്നു തെളിയിക്കും. ഞാന്‍ കുറ്റമറ്റവനാണ്; ഞാന്‍ എന്നെത്തന്നെ പരിഗണിക്കുന്നില്ല. എന്‍റെ ജീവനെ ഞാന്‍ വെറുക്കുന്നു. എല്ലാം ഒരുപോലെ; അതുകൊണ്ടു ഞാന്‍ പറയുന്നു: ദൈവം നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു. അത്യാഹിതംമൂലം പെട്ടെന്നു മരണം വരുമ്പോള്‍ അവിടുന്നു നിര്‍ദോഷിയുടെ അനര്‍ഥത്തില്‍ പരിഹസിച്ചു ചിരിക്കുന്നു. ഭൂമി ദുഷ്ടന്മാരെ ഏല്പിച്ചിരിക്കുന്നു; അതിലെ ന്യായാധിപന്മാരുടെ മുഖം അവിടുന്നു മൂടുന്നു; അവിടുന്നല്ലാതെ മറ്റാരാണ് ഇതു ചെയ്യുക? എന്‍റെ ആയുഷ്കാലം ഓട്ടക്കാരനെക്കാള്‍ വേഗത്തില്‍ ഓടുന്നു; അവ പറന്നകലുന്നു; നല്ലത് ഒന്നും അതു കാണുന്നില്ല. ഓടത്തണ്ടുകൊണ്ടുള്ള ഓടിവള്ളംപോലെ, ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെ അവ ശീഘ്രം കടന്നുപോകുന്നു. ‘എന്‍റെ സങ്കടം മറന്ന്, വിഷാദഭാവം മാറ്റി, പ്രസന്നതയോടെ ഇരിക്കാം’ എന്നു പറഞ്ഞാലും എന്‍റെ സര്‍വകഷ്ടതകളെയും ഓര്‍ത്ത്, ഞാന്‍ ഭയന്നുപോകുന്നു. അവിടുന്ന് എന്നെ നിര്‍ദ്ദോഷിയായി ഗണിക്കുകയില്ലെന്ന് എനിക്കറിയാം. അവിടുന്ന് എന്നെ കുറ്റക്കാരനായി വിധിക്കും. പിന്നെ ഞാന്‍ വൃഥാ പ്രയത്നിക്കുന്നത് എന്തിന്? ഹിമജലത്തില്‍ ഞാന്‍ കുളിച്ചാലും ക്ഷാരജലംകൊണ്ടു കൈ കഴുകിയാലും അങ്ങ് എന്നെ ചേറ്റുകുഴിയില്‍ മുക്കും; എന്‍റെ വസ്ത്രങ്ങള്‍പോലും എന്നെ വെറുക്കും. ഞാന്‍ അവിടുത്തോടു മറുപടി പറയാനും അവിടുന്ന് എന്നോടുകൂടെ ന്യായവിസ്താരത്തില്‍ വരാനും അവിടുന്ന് എന്നെപ്പോലെ മനുഷ്യനല്ലല്ലോ. ഞങ്ങളെ ഇരുവരെയും നിയന്ത്രിക്കാന്‍ കഴിവുള്ള മധ്യസ്ഥന്‍ ഞങ്ങള്‍ക്കിടയില്‍ ഇല്ലല്ലോ. അവിടുന്ന് എന്‍റെമേല്‍നിന്നു ശിക്ഷാദണ്ഡ് നീക്കട്ടെ അവിടുത്തെക്കുറിച്ചുള്ള ഭീതി എന്നെ ബാധിക്കാതിരിക്കട്ടെ. അപ്പോള്‍ ഞാന്‍ നിര്‍ഭയം സംസാരിക്കും; എന്നാല്‍ ഇപ്പോള്‍ എന്‍റെ സ്ഥിതി അങ്ങനെ അല്ലല്ലോ! എന്‍റെ ജീവിതത്തെ ഞാന്‍ വെറുക്കുന്നു; എന്‍റെ സങ്കടം ഞാന്‍ തുറന്നുപറയും; കഠിനവ്യഥയോടെ ഞാന്‍ സംസാരിക്കും ഞാന്‍ ദൈവത്തോടു പറയും: എന്നെ കുറ്റം വിധിക്കരുതേ! എന്നെ എതിര്‍ക്കുന്നത് എന്തിനെന്നു പറഞ്ഞാലും അവിടുത്തെ സൃഷ്‍ടിയെ പീഡിപ്പിക്കുന്നതും നിന്ദിക്കുന്നതും ദുഷ്ടന്മാരുടെ പദ്ധതികളില്‍ പ്രസാദിക്കുന്നതും അവിടുത്തേക്കു ചേര്‍ന്നതാണോ? മനുഷ്യനേത്രങ്ങളാണോ അങ്ങേക്കുള്ളത്? മനുഷ്യന്‍ കാണുന്നതുപോലെയാണോ അങ്ങു കാണുന്നത്? എന്‍റെ അധര്‍മങ്ങള്‍ അന്വേഷിക്കാനും എന്‍റെ പാപം കണ്ടുപിടിക്കാനും അവിടുത്തെ ദിനങ്ങള്‍ മനുഷ്യന്‍റെ ദിനങ്ങള്‍പോലെയും, അവിടുത്തെ വര്‍ഷങ്ങള്‍ മനുഷ്യന്‍റെ വര്‍ഷങ്ങള്‍പോലെയും ഹ്രസ്വമാണോ? ഞാന്‍ അധര്‍മിയല്ലെന്നും അവിടുത്തെ കരങ്ങളില്‍നിന്ന് എന്നെ വിടുവിക്കാന്‍ ആരുമില്ലെന്നും അങ്ങേക്കറിയാം. എനിക്കു രൂപം നല്‌കി എന്നെ സൃഷ്‍ടിച്ചതു തൃക്കരങ്ങളാണല്ലോ; എന്നാല്‍ ഇപ്പോള്‍ അവിടുന്ന് എന്നെ നശിപ്പിക്കുന്നു. കളിമണ്ണുകൊണ്ട് അവിടുന്ന് എന്നെ മെനഞ്ഞു എന്ന് ഓര്‍ക്കണമേ. അവിടുന്ന് എന്നെ ധൂളിയിലേക്കു തിരിച്ചയയ്‍ക്കാന്‍ പോകുകയാണോ? അങ്ങ് എന്നെ പാലുപോലെ പകര്‍ന്ന് ഒഴിക്കുകയും തൈരുപോലെ ഉറകൂട്ടുകയും ചെയ്തില്ലേ? അവിടുന്നു ചര്‍മവും മാംസവും കൊണ്ടെന്നെ പൊതിഞ്ഞു; അസ്ഥികളും ഞരമ്പുകളുംകൊണ്ട് എന്നെ നെയ്തുണ്ടാക്കി. അവിടുന്നു ജീവനും സുസ്ഥിരസ്നേഹവും എനിക്കു നല്‌കി; അവിടുത്തെ കൃപാകടാക്ഷം എന്‍റെ ശ്വാസം നിലനിര്‍ത്തുന്നു. എങ്കിലും ഈ കാര്യങ്ങളെല്ലാം അവിടുന്നു ഹൃദയത്തില്‍ മറച്ചുവച്ചു; ഇതായിരുന്നു അവിടുത്തെ ഉദ്ദേശ്യം എന്നു ഞാന്‍ അറിയുന്നു. ഞാന്‍ പാപം ചെയ്യുന്നുവെങ്കില്‍ അങ്ങ് അതു കാണുന്നുണ്ടല്ലോ; എന്‍റെ അപരാധങ്ങള്‍ക്ക് എന്നെ ശിക്ഷിക്കാതിരിക്കുന്നുമില്ല; ഞാന്‍ ദുഷ്ടനെങ്കില്‍ എനിക്ക് ദുരിതം! ഞാന്‍ നീതിമാനെങ്കിലും എന്‍റെ തല ഉയര്‍ത്താന്‍ സാധിക്കുന്നില്ല. അപമാനഭരിതനായി ഞാന്‍ എന്‍റെ കഷ്ടതകളെ കാണുന്നു. ഞാന്‍ തല ഉയര്‍ത്തിയാല്‍ സിംഹംപോലെ അങ്ങ് എന്നെ വേട്ടയാടും, എനിക്കെതിരെ വീണ്ടും അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. എനിക്കെതിരെ അവിടുത്തെ സാക്ഷികളെ വീണ്ടും നിര്‍ത്തുന്നു. എന്നോടുള്ള അവിടുത്തെ ക്രോധം വര്‍ധിപ്പിക്കുന്നു; എന്നെ ആക്രമിക്കാന്‍ പുതിയ സൈന്യനിരയെ അവിടുന്നു അണിനിരത്തുന്നു. അമ്മയുടെ ഗര്‍ഭത്തില്‍നിന്ന് അങ്ങ് എന്നെ ആനയിച്ചതെന്തിന്? ആരും കാണുന്നതിനുമുമ്പ് ഞാന്‍ മരിച്ചുപോകുമായിരുന്നല്ലോ. ഞാന്‍ ജനിക്കാത്തവനെപ്പോലെ ആകുമായിരുന്നു. അമ്മയുടെ ഗര്‍ഭത്തില്‍നിന്നു ശവക്കുഴിയിലേക്ക് നീങ്ങുമായിരുന്നല്ലോ; ഇരുളും അന്ധതമസ്സുമുള്ള ദേശത്തേക്ക്, അന്ധകാരത്തിന്‍റെയും ശൂന്യതയുടെയും ദേശത്തേക്ക്, വെളിച്ചം ഇരുട്ടായിത്തീരുന്ന ഇടത്തേക്ക്, തിരിച്ചുവരാന്‍ സാധ്യമല്ലാത്ത സ്ഥലത്തേക്ക് ഞാന്‍ പോകുന്നതിനു മുന്‍പ്, അല്പം ആശ്വാസം ലഭിക്കുന്നതിനുവേണ്ടി എന്നെ വെറുതെ വിടുക. എന്‍റെ ആയുസ്സു ഹ്രസ്വമല്ലോ.” നയമാത്യനായ സോഫര്‍ പറഞ്ഞു: “ഈ അതിഭാഷണത്തിനു മറുപടി നല്‌കാതെ വിടുകയോ? ഏറെ പറയുന്നതുകൊണ്ടു നീതീകരിക്കപ്പെടുമോ? നിന്‍റെ ജല്പനം മനുഷ്യരെ നിശ്ശബ്ദരാക്കുമോ? നീ പരിഹസിക്കുമ്പോള്‍ നിന്നെ ലജ്ജിപ്പിക്കാന്‍ ആരുമില്ലെന്നോ? നിന്‍റെ വാക്കുകള്‍ സത്യമാണെന്നും നീ ദൈവമുമ്പാകെ നിര്‍മ്മലനാണെന്നും അല്ലേ അവകാശപ്പെടുന്നത്? ദൈവം സംസാരിച്ചിരുന്നെങ്കില്‍! ജ്ഞാനത്തിന്‍റെ രഹസ്യങ്ങള്‍ നിനക്കു വെളിപ്പെടുത്തിയിരുന്നെങ്കില്‍ നിന്‍റെ അകൃത്യങ്ങള്‍ക്ക് അര്‍ഹിക്കുന്നതില്‍ വളരെ കുറച്ചു മാത്രമേ ശിക്ഷ അവിടുന്നു നിനക്കു നല്‌കുന്നുള്ളൂ എന്ന് അറിഞ്ഞുകൊള്‍ക. ദൈവത്തിന്‍റെ മഹിമയുടെയും ശക്തിയുടെയും അതിരുകളും വ്യാപ്തിയും കണ്ടുപിടിക്കാന്‍ കഴിയുമോ? അത് ആകാശത്തെക്കാള്‍ ഉന്നതം; നീ എന്തുചെയ്യും? അതു പാതാളത്തെക്കാള്‍ അഗാധം; നീ എന്തു ഗ്രഹിക്കും? അതു ഭൂമിയെക്കാള്‍ നീളമുള്ളതും മഹാസമുദ്രത്തെക്കാള്‍ വീതിയുള്ളതും ആണ്. അവിടുന്നു നിന്നെ ബന്ധിച്ച് ന്യായവിസ്താരത്തിനായി കൊണ്ടുവന്നാല്‍ ആര്‍ അവിടുത്തെ തടയും? കൊള്ളരുതാത്തവരെ അവിടുന്ന് അറിയുന്നു; അധര്‍മം കാണുമ്പോള്‍ അവിടുന്നു ഗൗനിക്കാതിരിക്കുമോ? എന്നാല്‍, കാട്ടുകഴുതയുടെ കുട്ടി മനുഷ്യനായി പിറക്കുമെങ്കിലേ മൂഢന്‍ വിവേകം പ്രാപിക്കൂ. ഇയ്യോബേ, നിന്‍റെ ഹൃദയം നേരെയാക്കുക, അവിടുത്തെ അടുക്കലേക്കു കൈ നീട്ടുക. നീ അധര്‍മം ചെയ്യുന്നെങ്കില്‍ അത് ഉപേക്ഷിക്കുക; ദുഷ്ടത നിന്‍റെ കൂടാരത്തില്‍ വസിക്കാന്‍ അനുവദിക്കരുത്. അപ്പോള്‍ നീ കളങ്കരഹിതനായി മുഖം ഉയര്‍ത്തും നിശ്ചയം! നീ നിര്‍ഭയനും സുരക്ഷിതനുമായിരിക്കും. നിന്‍റെ ദുരിതങ്ങള്‍ നീ വിസ്മരിക്കും, ഒഴുകിപ്പോയ വെള്ളംപോലെ മാത്രം നീ അവയെ ഓര്‍ക്കും. നിന്‍റെ ജീവിതം മധ്യാഹ്നത്തെക്കാള്‍ പ്രകാശമാനമാകും. അന്ധകാരമയമായ ജീവിതം പ്രഭാതം പോലെയാകും പ്രത്യാശയാല്‍ നിനക്ക് ആത്മവിശ്വാസമുണ്ടാകും; നീ സംരക്ഷിക്കപ്പെടും; നീ സുരക്ഷിതനായി വിശ്രമിക്കും. വിശ്രമംകൊള്ളുന്ന നിന്നെ ആരും ഭയപ്പെടുത്തുകയില്ല. അനേകം പേര്‍ നിന്‍റെ പ്രീതി തേടും. ദുഷ്ടന്മാരുടെ കണ്ണു മങ്ങും; രക്ഷപെടാന്‍ അവര്‍ക്ക് ഒരു പഴുതും ലഭിക്കയില്ല. അവര്‍ക്കു കാത്തിരിക്കാന്‍ മരണമേയുള്ളൂ.” ഇയ്യോബ് പറഞ്ഞു: “സംശയമില്ല, ജനങ്ങളുടെ അഭിപ്രായമാണു നിങ്ങള്‍ പറഞ്ഞത്. നിങ്ങള്‍ മരിച്ചാല്‍ ജ്ഞാനവും ഇല്ലാതാകും. എന്നാല്‍ എനിക്കും നിങ്ങള്‍ക്കുള്ളതുപോലെ വിവേകം ഉണ്ട്. നിങ്ങളെക്കാള്‍ ഒട്ടും കുറഞ്ഞവനല്ല ഞാനും, ഇതൊക്കെ ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? സ്നേഹിതന്മാര്‍ക്കു ഞാനൊരു പരിഹാസവിഷയമാണ്; ഞാന്‍ വിളിച്ചപേക്ഷിച്ചപ്പോള്‍ ദൈവം എനിക്ക് ഉത്തരമരുളിയിട്ടുണ്ട്. എന്നിട്ടും നിഷ്കളങ്കനും നീതിമാനുമായ ഞാന്‍ പരിഹാസപാത്രമായിരിക്കുന്നു. സ്വസ്ഥജീവിതം നയിക്കുന്നവര്‍ അനര്‍ഥത്തെ നിന്ദ്യമെന്ന് എണ്ണുന്നു. കാലിടറുന്നവനെ അതു തള്ളിയിടുന്നു. കൊള്ളക്കാരുടെ കൂടാരങ്ങളില്‍ സമാധാനമുണ്ട്. ദൈവത്തെ പ്രകോപിപ്പിക്കുന്നവര്‍ സുരക്ഷിതരായിരിക്കുന്നു. ദൈവം തങ്ങള്‍ക്ക് അധീനമെന്ന് അവര്‍ വിചാരിക്കുന്നു. എന്നാല്‍ മൃഗങ്ങളോടു ചോദിക്കൂ; അവ നിങ്ങളെ പഠിപ്പിക്കും. ആകാശത്തിലെ പക്ഷികളോടു ചോദിക്കൂ; അവ നിങ്ങള്‍ക്കു പറഞ്ഞുതരും. ഭൂമിയിലെ സസ്യജാലങ്ങളോടു ചോദിക്കൂ; അവ നിങ്ങളെ ഉപദേശിക്കും. സമുദ്രത്തിലെ മത്സ്യങ്ങളും നിങ്ങളോടു വിവരിക്കും ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത് സര്‍വേശ്വരനാണെന്ന് ഭൂമിയില്‍ ഏതിനാണ് അറിഞ്ഞു കൂടാത്തത്? സര്‍വജീവജാലങ്ങളുടെയും പ്രാണനും മനുഷ്യവര്‍ഗം മുഴുവന്‍റെയും ജീവനും അവിടുത്തെ കൈയില്‍ ഇരിക്കുന്നു. നാവ് ഭക്ഷണത്തിന്‍റെ രുചി അറിയുംപോലെ, കാത് വാക്കുകളുടെ പൊരുള്‍ തിരിച്ചറിയുന്നില്ലേ? വൃദ്ധനില്‍ ജ്ഞാനം വസിക്കുന്നു, വയോധികരില്‍ വിവേകം കുടികൊള്ളുന്നു. ജ്ഞാനവും ശക്തിയും ദൈവത്തിന്‍റേതാണ്. ആലോചനയും വിവേകവും അവിടുത്തേതുതന്നെ അവിടുന്ന് ഇടിച്ചുകളയുന്നത് ആര്‍ പണിയും? അവിടുന്നു ബന്ധനസ്ഥനാക്കിയവനെ ആര്‍ മോചിപ്പിക്കും? അവിടുന്നു ജലം തടഞ്ഞുവച്ചാല്‍ അതു വറ്റിപ്പോകുന്നു. അവിടുന്നു തുറന്നു വിടുമ്പോള്‍ അതു ഭൂമിയെ മുക്കിക്കളയുന്നു. ജ്ഞാനവും മഹാശക്തിയും അവിടുത്തെ പക്കലാണ്; വഞ്ചകനും വഞ്ചിതനും അവിടുത്തെ അധീനതയിലാകുന്നു. അവിടുന്ന് ഉപദേഷ്ടാക്കളുടെ ജ്ഞാനം എടുത്തുകളയുന്നു. ന്യായാധിപന്മാരെ വിഡ്ഢികളാക്കുന്നു. അവിടുന്നു രാജാക്കന്മാരെ സ്ഥാനഭ്രഷ്ടരാക്കുന്നു. അവിടുന്ന് അവരെ ബന്ധനസ്ഥരാക്കുന്നു. അവിടുന്നു പുരോഹിതന്മാരുടെ അങ്കി ഉരിഞ്ഞുകളയുന്നു, ബലശാലികളെ മറിച്ചിടുന്നു. അവിടുന്നു വിശ്വസ്തരായ ഉപദേഷ്ടാക്കളെ നിശ്ശബ്ദരാക്കുന്നു; വൃദ്ധരുടെ വിവേകം എടുത്തുകളയുന്നു. അവിടുന്നു പ്രഭുക്കന്മാരുടെമേല്‍ നിന്ദ ചൊരിയുന്നു; ബലവാന്മാരുടെ ശക്തി ക്ഷയിപ്പിക്കുന്നു. ഇരുളില്‍ മറഞ്ഞ കാര്യങ്ങളെ അവിടുന്നു വെളിച്ചത്തു കൊണ്ടുവരുന്നു. അവിടുന്നു ജനതകളെ ശക്തരാക്കുകയും വലുതാക്കുകയും ചെയ്യുന്നു. അവിടുന്ന് അവരെ ചിതറിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. ജനനേതാക്കളില്‍നിന്ന് വിവേകം അവിടുന്ന് എടുത്തുകളയുന്നു. അവരെ വഴിയില്ലാത്ത വിജനസ്ഥലത്ത് ഉഴലുമാറാക്കുന്നു. അവര്‍ വെളിച്ചമില്ലാതെ ഇരുളില്‍ തപ്പിനടക്കുന്നു. അവിടുന്ന് അവരെ മദ്യപരെപ്പോലെ ചുവടുറയ്‍ക്കാതെ നടക്കുമാറാക്കുന്നു. “ഇതാ ഞാന്‍ ഇവയെല്ലാം കാണുകയും കേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ അറിയുന്നതു ഞാനും അറിയുന്നു; നിങ്ങളെക്കാള്‍ ഞാന്‍ ഒട്ടും കുറഞ്ഞവനല്ല. സര്‍വശക്തനോടു ഞാന്‍ സംസാരിക്കാന്‍ പോകുകയാണ്; ദൈവത്തോട് എന്‍റെ കാര്യം വാദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളാകട്ടെ, വ്യാജംകൊണ്ടു വെള്ളപൂശുന്നവര്‍; നിങ്ങളെല്ലാവരും മുറിവൈദ്യന്മാര്‍തന്നെ. മൗനം ഭജിച്ചിരുന്നെങ്കില്‍ അതു നിങ്ങള്‍ക്കു ജ്ഞാനമാകുമായിരുന്നു ഇപ്പോള്‍ എന്‍റെ ന്യായവാദം കേട്ടുകൊള്ളുക, എന്‍റെ വ്യവഹാരം ശ്രദ്ധിക്കുക. നിങ്ങള്‍ ദൈവത്തിനുവേണ്ടി വ്യാജം പറയുമോ? അവിടുത്തേക്കുവേണ്ടി വഞ്ചനാപൂര്‍വം സംസാരിക്കുമോ? നിങ്ങള്‍ പക്ഷം പിടിച്ച് ദൈവത്തിനുവേണ്ടി വാദിക്കുന്നുവോ? അവിടുന്നു നിങ്ങളെ പരിശോധിച്ചാല്‍ നിങ്ങളില്‍ നന്മ കണ്ടെത്തുമോ? മനുഷ്യനെ കബളിപ്പിക്കുന്നതുപോലെ, നിങ്ങള്‍ക്കു ദൈവത്തെ കബളിപ്പിക്കാന്‍ കഴിയുമോ? നിങ്ങള്‍ ഗൂഢമായി പക്ഷപാതം കാണിച്ചാല്‍ ദൈവം നിശ്ചയമായും നിങ്ങളെ ശാസിക്കും. അവിടുത്തെ മഹത്ത്വം നിങ്ങളെ സംഭീതരാക്കുകയില്ലേ? അവിടുത്തെക്കുറിച്ചുള്ള ഭീതി നിങ്ങളില്‍ നിപതിക്കുകയില്ലേ? നിങ്ങളുടെ സൂക്തങ്ങള്‍ കരിഞ്ഞ പഴമൊഴികളാണ്. നിങ്ങളുടെ വാദങ്ങള്‍ മണ്‍മതിലുകള്‍ മാത്രം! മിണ്ടാതിരിക്കൂ, ഞാന്‍ സംസാരിക്കട്ടെ, എനിക്ക് എന്തും സംഭവിച്ചുകൊള്ളട്ടെ. എന്‍റെ ശരീരം അപകടത്തില്‍പ്പെടുത്താനും, ജീവന്‍ പണയപ്പെടുത്താനും ഞാന്‍ ഒരുക്കമാണ്. ആശ കൈവിട്ട എന്നെ അവിടുന്ന് നിഗ്രഹിച്ചാല്‍ത്തന്നെ എനിക്കെന്ത്? ഞാന്‍ അവിടുത്തെ മുഖത്തുനോക്കി വാദിക്കും. അധര്‍മി തിരുമുമ്പില്‍ വരികയില്ല; അതാണ് എന്‍റെ രക്ഷ. എന്‍റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുക; എന്‍റെ പ്രഖ്യാപനം നിങ്ങളുടെ കാതില്‍ മുഴങ്ങട്ടെ ഇതാ, ഞാന്‍ എന്‍റെ ന്യായവാദങ്ങള്‍ ഒരുക്കിയിരിക്കുന്നു. ഞാന്‍ നിര്‍ദ്ദോഷിയായി വിധിക്കപ്പെടുമെന്ന് എനിക്കറിയാം. ദൈവമേ, അവിടുന്ന് എന്നോടു വാദിക്കാന്‍ ഒരുങ്ങുകയാണോ? എങ്കില്‍ ഞാന്‍ നിശ്ശബ്ദനായി മരിച്ചുകൊള്ളാം. രണ്ടു കാര്യം മാത്രം എനിക്കു അനുവദിച്ചു തരിക; എന്നാല്‍ ഞാന്‍ തിരുമുമ്പില്‍നിന്ന് ഒളിക്കുകയില്ല. എന്നെ ശിക്ഷിക്കുന്നതു മതിയാക്കിയാലും അവിടുത്തെ ഭയങ്കരത്വത്താല്‍ എന്നെ സംഭ്രാന്തനാക്കാതിരുന്നാലും. പിന്നീട് എന്നെ വിളിക്കുക; ഞാന്‍ ഉത്തരം പറയാം; അല്ലെങ്കില്‍ ഞാന്‍ സംസാരിക്കാം; അങ്ങ് ഉത്തരം അരുളിയാലും; എന്‍റെ പാപങ്ങളും അകൃത്യങ്ങളും എത്രയാണ്? എന്‍റെ അതിക്രമങ്ങളും പാപങ്ങളും എന്നെ ബോധ്യപ്പെടുത്തിയാലും. തിരുമുഖം എന്നില്‍നിന്നു മറയ്‍ക്കുന്നത് എന്തുകൊണ്ട്? എന്നെ അവിടുന്നു ശത്രുവായി കരുതുന്നതെന്ത്? കൊഴിഞ്ഞുവീഴുന്ന ഇലയെ അങ്ങു ഭയപ്പെടുത്തുമോ? ഉണക്കപ്പതിരിനെ അങ്ങു പിന്തുടരുമോ? കയ്പേറിയ അനുഭവങ്ങള്‍ എനിക്കുവേണ്ടി അവിടുന്ന് എഴുതിവയ്‍ക്കുന്നു. എന്‍റെ യൗവനത്തിലെ അകൃത്യങ്ങളുടെ ഫലം അനുഭവിക്കുമാറാക്കുന്നു. എന്‍റെ കാലുകള്‍ അവിടുന്ന് ആമത്തിലിട്ടു; എന്‍റെ വഴികളെല്ലാം അങ്ങു സൂക്ഷിച്ചുനോക്കുന്നു. എന്‍റെ കാലടികള്‍ക്ക് അങ്ങ് പരിധി വച്ചിരിക്കുന്നു. ചീഞ്ഞഴുകിയ വസ്തുപോലെയും ചിതലരിച്ച വസ്ത്രംപോലെയും മനുഷ്യന്‍ നശിച്ചുപോകുന്നു. സ്‍ത്രീയില്‍നിന്നുണ്ടായ മനുഷ്യന്‍റെ ആയുസ്സ് ഹ്രസ്വവും ദുരിതപൂര്‍ണവും ആകുന്നു. അവന്‍ പൂവുപോലെ വിടരുന്നു; വാടിക്കൊഴിയുന്നു. ഒരു നിഴല്‍പോലെ കടന്നുപോകുന്നു. അങ്ങനെയുള്ളവന്‍റെ നേരെയോ അങ്ങു തൃക്കണ്ണു മിഴിക്കുന്നത്? അവനെയോ തിരുമുമ്പില്‍ ന്യായവിസ്താരത്തിനു കൊണ്ടുവരുന്നത്? അശുദ്ധമായതില്‍നിന്നു ശുദ്ധമായത് നിര്‍മ്മിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. മനുഷ്യന്‍റെ ദിനങ്ങള്‍ നിര്‍ണയിക്കപ്പെട്ടത്; അവന്‍റെ മാസങ്ങളുടെ എണ്ണവും അങ്ങയുടെ പക്കലുണ്ട്. അവിടുന്ന് അതിനു പരിധി നിര്‍ണയിച്ചിരിക്കുന്നു. അവന് അതു മറികടക്കാന്‍ കഴിയുകയില്ല. അതിനാല്‍ അവനില്‍നിന്നു ദൃഷ്‍ടി പിന്‍വലിച്ചാലും, അവനെ വിടുക; കൂലിക്കാരനെപ്പോലെ അവന്‍ ആഹ്ലാദിച്ചുകൊള്ളട്ടെ. വൃക്ഷത്തിനു പ്രത്യാശയുണ്ട്; അതു വെട്ടിക്കളഞ്ഞാലും വീണ്ടും പൊട്ടിക്കിളിര്‍ക്കും. അതിനു പുതുനാമ്പുകള്‍ മുളച്ചുകൊണ്ടേയിരിക്കും. അതിന്‍റെ വേരു മണ്ണില്‍ പഴകിയാലും, കുറ്റി ഉണങ്ങിപ്പോയാലും, ജലത്തിന്‍റെ ഗന്ധമേറ്റാല്‍ അതു പൊട്ടിമുളയ്‍ക്കും. ഇളംചെടിപോലെ ശാഖ പുറപ്പെടുവിക്കും. എന്നാല്‍ മനുഷ്യന്‍ മരിക്കുന്നു; അതോടെ അവന്‍ മണ്ണടിയുന്നു. അന്ത്യശ്വാസം വലിച്ചാല്‍ പിന്നെ അവന്‍ എവിടെ? തടാകജലം താണുപോകുംപോലെയും നദീജലം വറ്റി വരണ്ടുപോകുംപോലെയും മനുഷ്യന്‍ മരിക്കുന്നു; പിന്നീട് എഴുന്നേല്‌ക്കുന്നില്ല. ആകാശം ഇല്ലാതാകുംവരെ അവന്‍ ഉണരുന്നില്ല; അവന്‍ നിദ്രവിട്ട് എഴുന്നേല്‌ക്കുന്നില്ല നാഥാ, അവിടുന്ന് എന്നെ പാതാളത്തില്‍ മറയ്‍ക്കുകയും, അവിടുത്തെ ക്രോധം അടങ്ങുവോളം എന്നെ ഒളിച്ചുവയ്‍ക്കുകയും, അങ്ങ് നിശ്ചയിക്കുന്ന സമയത്തു വീണ്ടും എന്നെ ഓര്‍ക്കുകയും ചെയ്തെങ്കില്‍! മനുഷ്യന്‍ മരിച്ചാല്‍ ജീവിക്കുമോ? എങ്കില്‍ എനിക്കു മോചനം ലഭിക്കുംവരെ, എന്‍റെ ജീവിത പോരാട്ടകാലമെല്ലാം, ഞാന്‍ കാത്തിരിക്കുമായിരുന്നു. അങ്ങ് എന്നെ വിളിക്കും; ഞാന്‍ വിളികേള്‍ക്കും. അവിടുത്തെ സൃഷ്‍ടിയില്‍ അങ്ങ് പ്രസാദിക്കും. അപ്പോള്‍ എന്‍റെ കാല്‍വയ്പ് ഓരോന്നും അങ്ങ് എണ്ണും; എന്‍റെ പാപങ്ങളെ അവിടുന്ന് അവഗണിക്കും. എന്‍റെ അതിക്രമങ്ങള്‍ അവിടുന്നു പരിഗണിക്കുകയില്ല. എന്‍റെ അധര്‍മങ്ങള്‍ അവിടുന്നു മറയ്‍ക്കും. എന്നാല്‍ പര്‍വതം വീണടിയുന്നു. പാറകള്‍ ഇളകിമാറുന്നു. ജലം കല്ലിനു തേയ്മാനം വരുത്തുന്നു; ഒഴുക്കില്‍ മണ്ണ് ഒലിച്ചുപോകുന്നു. അതുപോലെ മനുഷ്യന്‍റെ പ്രത്യാശയെ അവിടുന്നു നശിപ്പിക്കുന്നു. അവിടുന്ന് എപ്പോഴും മനുഷ്യനെ ജയിക്കുന്നു; അവന്‍ കടന്നുപോകുന്നു. അവിടുന്ന് അവന്‍റെ മുഖച്ഛായപോലും മാറ്റി പറഞ്ഞയയ്‍ക്കുന്നു. തന്‍റെ പുത്രന്മാര്‍ ആദരിക്കപ്പെട്ടത് അവന്‍ അറിയുന്നില്ല. അവര്‍ അവമാനിതരാകുന്നതും അവന്‍ ഗ്രഹിക്കുന്നില്ല. ശരീരത്തിന്‍റെ വേദന മാത്രമേ അവന്‍ അറിയുന്നുള്ളൂ; അവന്‍റെ വിലാപം തന്നെപ്രതിയുള്ളതു മാത്രം.” അപ്പോള്‍ തേമാന്യനായ എലീഫസ് പറഞ്ഞു: “ജ്ഞാനി പൊള്ളവാക്കു പറയുമോ? കിഴക്കന്‍ കാറ്റുകൊണ്ട് അവന്‍ സ്വയം നിറയ്‍ക്കുമോ? വ്യര്‍ഥവിവാദത്തില്‍ അവന്‍ ഏര്‍പ്പെടുമോ? അര്‍ഥശൂന്യമായ വാക്കുകള്‍കൊണ്ടു തര്‍ക്കിക്കുമോ? നീ ദൈവഭക്തി ഉപേക്ഷിക്കുന്നു. ദൈവചിന്തപോലും നിന്നിലില്ല. അകൃത്യമാണു നിന്‍റെ അധരങ്ങളെ ഉപദേശിക്കുന്നത്. വഞ്ചകന്‍റെ വാക്കുകളാണു നീ തിരഞ്ഞെടുക്കുന്നത്. നിന്നെ കുറ്റം വിധിക്കുന്നതു ഞാനല്ല, നിന്‍റെ വാക്കുകള്‍ തന്നെയാണ്. നിന്‍റെ ഓരോ വാക്കും നിനക്കെതിരായി സാക്ഷ്യം വഹിക്കുന്നു. ആദ്യം ജനിച്ചവന്‍ നീയാണോ? പര്‍വതങ്ങള്‍ക്കു മുമ്പേ നീ ജനിച്ചുവോ? ദൈവത്തിന്‍റെ ആലോചനാസഭയിലെ വിചിന്തനങ്ങള്‍ നീ കേട്ടിട്ടുണ്ടോ? ജ്ഞാനം നിന്‍റെ കുത്തകയാണോ? ഞങ്ങള്‍ക്കില്ലാത്ത എന്ത് അറിവാണു നിനക്കുള്ളത്? ഞങ്ങള്‍ക്ക് അജ്ഞാതമായ എന്താണ് നിനക്കറിയാവുന്നത്? ഞങ്ങളുടെ ഇടയില്‍ തല നരച്ചവരുണ്ട്, നിന്‍റെ പിതാവിനെക്കാള്‍ പ്രായമുള്ള വയോവൃദ്ധന്മാര്‍ ദൈവത്തിന്‍റെ സമാശ്വാസങ്ങള്‍ നിനക്കു നിസ്സാരമാണോ? അതു തീരെ സൗമ്യമായിപ്പോയെന്നോ? എന്തിനാണു നീ വികാരാധീനനാകുന്നത്? നിന്‍റെ കണ്ണുകള്‍ ജ്വലിക്കുന്നതെന്ത്? നീ ദൈവത്തിനു നേരേ കോപിക്കുന്നു; കോപഭാഷണങ്ങള്‍ ചൊരിയുന്നു. മനുഷ്യനു നിഷ്കളങ്കനാകാന്‍ കഴിയുമോ? സ്‍ത്രീയില്‍നിന്നു ജനിച്ചവന് നീതിമാനാകാന്‍ സാധിക്കുമോ? ദൈവത്തിനു തന്‍റെ വിശുദ്ധന്മാരില്‍പോലും വിശ്വാസമില്ല; അവിടുത്തെ ദൃഷ്‍ടിയില്‍ സ്വര്‍ഗംപോലും നിര്‍മ്മലമല്ല. എങ്കില്‍ മ്ലേച്ഛനും ദുഷിച്ചവനും, വെള്ളം പോലെ അധര്‍മം കുടിക്കുന്നവനുമായ മനുഷ്യന്‍റെ കാര്യം എന്തു പറയാനാണ്? ഞാന്‍ പറയുന്നതു കേള്‍ക്കുക; ഞാന്‍ കണ്ടിട്ടുള്ളതു കാണിച്ചുതരാം. ജ്ഞാനികള്‍ പറഞ്ഞിട്ടുള്ളതും അവരുടെ പിതാക്കന്മാര്‍ മറച്ചു വയ്‍ക്കാതിരുന്നിട്ടുള്ളതും ഞാന്‍ പ്രസ്താവിക്കാം. ദേശം നല്‌കിയത് അവര്‍ക്കു മാത്രമായിട്ടാണല്ലോ; അന്യര്‍ അവരുടെ ഇടയിലൂടെ കടന്നുപോയില്ല. നിഷ്ഠുരനായ ദുഷ്ടന്‍ തന്‍റെ ആയുസ്സു പൂര്‍ത്തിയാകുന്നതുവരെ വേദനയില്‍ പുളയുന്നു. ഭീകരശബ്ദങ്ങള്‍ അവന്‍റെ ചെവിയില്‍ മുഴങ്ങുന്നു. ഐശ്വര്യകാലത്ത് വിനാശകന്‍ അവന്‍റെമേല്‍ ചാടിവീഴുന്നു. അന്ധകാരത്തില്‍നിന്നു മടങ്ങിവരാമെന്ന് അവന് ആശയില്ല; വാളിന് ഇരയാകാന്‍ അവന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ആഹാരത്തിനായി അവന്‍ അലഞ്ഞു നടക്കുന്നു; ‘അത് എവിടെ കിട്ടും’ എന്ന് അവന്‍ ചോദിക്കും; അന്ധകാരദിനം ആസന്നമായിരിക്കുന്നു എന്ന് അവനറിയാം. കൊടിയ ദുഃഖവും വേദനയും അവനെ സംഭീതനാക്കുന്നു; പടയ്‍ക്കു പുറപ്പെട്ട രാജാവിനെപ്പോലെ അവ അവനെ കീഴടക്കുന്നു. അവന്‍ ദൈവത്തിന് എതിരായി കൈയുയര്‍ത്തി; സര്‍വശക്തനോടു ധിക്കാരം കാട്ടിയല്ലോ. വന്‍പരിചയുമായി അവന്‍ ദൈവത്തിനു നേരേ ധിക്കാരത്തോടെ പാഞ്ഞുചെല്ലുന്നു. അവന്‍ മേദസ്സുകൊണ്ടു മുഖംമൂടുന്നു; അരക്കെട്ടിനു കൊഴുപ്പു കൂട്ടുന്നു. അവന്‍ ശൂന്യനഗരങ്ങളില്‍, ആരും പാര്‍ക്കാതെ ഇടിഞ്ഞുപോകേണ്ട വീടുകളില്‍ പാര്‍ക്കുന്നു. അവന്‍ സമ്പന്നനാകുകയില്ല; അവന്‍റെ സമ്പാദ്യം നിലനില്‌ക്കുകയില്ല; അവന്‍ ഭൂമിയില്‍ വേര് പിടിക്കുകയില്ല; അന്ധകാരത്തില്‍നിന്ന് അവന്‍ രക്ഷപെടുകയില്ല; അഗ്നിജ്വാല അവന്‍റെ ശാഖകളെ കരിച്ചുകളയും. അവന്‍റെ പൂക്കളെ കാറ്റു പറത്തിക്കളയും; അവന്‍ ശൂന്യതയെ ആശ്രയിച്ചു സ്വയം വഞ്ചിക്കാതിരിക്കട്ടെ. ശൂന്യതയായിരിക്കുമല്ലോ അവന്‍റെ പ്രതിഫലം; ആയുസ്സ് തികയുന്നതിനുമുമ്പ് അവന്‍റെ പ്രതിഫലം മുഴുവനായി അളന്നു നല്‌കപ്പെടും. അവന്‍റെ ചില്ലകള്‍ പച്ചപിടിക്കുകയില്ല; മുന്തിരിവള്ളിയില്‍നിന്നെന്നപോലെ അവന്‍റെ പാകമാകാത്ത പഴങ്ങള്‍ കൊഴിഞ്ഞു വീഴും; ഒലിവുവൃക്ഷത്തില്‍നിന്നെന്നപോലെ പൂക്കള്‍ കൊഴിഞ്ഞുപോകും. അഭക്തന്‍റെ ഭവനം ശൂന്യമാകും; കോഴ വാങ്ങുന്നവന്‍റെ കൂടാരം അഗ്നിക്കിരയാകും. അവര്‍ ദ്രോഹത്തെ ഗര്‍ഭം ധരിച്ച് തിന്മയെ പ്രസവിക്കുന്നു; അവരുടെ ഹൃദയം വഞ്ചന ഒരുക്കുന്നു.” ഇയ്യോബ് പറഞ്ഞു: “ഇങ്ങനെ പലതും ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങളുടെ സാന്ത്വനവും എന്നെ വേദനിപ്പിക്കുന്നു. പൊള്ളവാക്കുകള്‍ക്ക് അവസാനമില്ലേ? അല്ലെങ്കില്‍ ഇങ്ങനെ പറയാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണ്? എന്‍റെ സ്ഥാനത്ത് നിങ്ങള്‍ ആയിരുന്നെങ്കില്‍, നിങ്ങള്‍ പറയുംപോലെ പറയാന്‍ എനിക്കും കഴിയുമായിരുന്നു. നിങ്ങള്‍ക്കെതിരെ സംസാരിക്കാനും നിങ്ങളെ പരിഹസിക്കാനും എനിക്കു കഴിയുമായിരുന്നു. എന്‍റെ വാക്കുകള്‍കൊണ്ടു നിങ്ങളെ ധൈര്യപ്പെടുത്തുകയും സാന്ത്വനവചസ്സുകള്‍കൊണ്ടു വേദനയാറ്റുകയും ചെയ്യുമായിരുന്നു. ഞാന്‍ സംസാരിച്ചാലും, എന്‍റെ വേദനയ്‍ക്കു ശമനം ഉണ്ടാകുന്നില്ല; ഞാന്‍ മിണ്ടാതിരുന്നാലും, അത് എന്നെ വിട്ടുമാറുന്നില്ല. ദൈവമേ, അങ്ങ് ഇപ്പോള്‍ എന്നെ നിശ്ചയമായും പരിക്ഷീണനാക്കിയിരിക്കുന്നു. എന്‍റെ ബന്ധുജനങ്ങളെയെല്ലാം അവിടുന്നു തകര്‍ത്തുകളഞ്ഞു. അവിടുന്ന് എന്നെ പിടികൂടിയിരിക്കുന്നു; അത് എനിക്കെതിരെ സാക്ഷ്യമായിരിക്കുന്നു; അവിടുന്നെന്നെ എല്ലും തോലും ആക്കിയിരിക്കുന്നു; അത് എനിക്കെതിരെ സാക്ഷ്യം പറയുന്നു. അവിടുന്ന് എന്നെ വെറുക്കുകയും ഉഗ്രരോഷത്തില്‍ എന്നെ ചീന്തിക്കളയുകയും ചെയ്തിരിക്കുന്നു. അവിടുന്ന് എന്‍റെ നേരെ പല്ലിറുമ്മുന്നു. എന്‍റെ ശത്രുക്കള്‍ എന്‍റെ നേരേ തീക്ഷ്ണതയോടെ നോക്കുന്നു, അവര്‍ എന്‍റെ നേരേ വായ് പിളര്‍ക്കുന്നു. അവര്‍ ഗര്‍വത്തോടെ എന്‍റെ ചെകിട്ടത്ത് അടിക്കുന്നു; എനിക്കെതിരെ സംഘടിക്കുന്നു. ദൈവം എന്നെ അധര്‍മികള്‍ക്ക് ഏല്പിച്ചു കൊടുക്കുന്നു; ദുഷ്ടരുടെ കൈയിലേക്ക് എന്നെ എറിഞ്ഞു കൊടുക്കുന്നു. ഞാന്‍ സ്വസ്ഥമായി ജീവിച്ചുപോന്നു; എന്നാല്‍ ദൈവം എന്നെ തകര്‍ത്തു; അവിടുന്ന് എന്‍റെ കഴുത്തിനു പിടിച്ചു നിലത്തടിച്ചു തകര്‍ത്തുകളഞ്ഞു; അവിടുന്ന് എന്നെ നോട്ടമിട്ടിരിക്കുന്നു. അവിടുത്തെ വില്ലാളികള്‍ എന്നെ വളഞ്ഞിരിക്കുന്നു. അവിടുന്ന് എന്‍റെ ആന്തരാവയവങ്ങളെ കരുണകൂടാതെ കുത്തിപ്പിളര്‍ക്കുന്നു; എന്‍റെ പിത്തരസം ഒഴുക്കിക്കളയുന്നു. അവിടുന്ന് വീണ്ടും വീണ്ടും എന്നെ ഇടിച്ചുതകര്‍ക്കുന്നു; പോരാളിയെപ്പോലെ എന്‍റെ നേരേ ചാടി വീഴുന്നു. ഞാന്‍ ചാക്കു തുന്നി വസ്ത്രമാക്കിയിരിക്കുന്നു. എന്‍റെ കരുത്ത് പൊടിയില്‍ തൂകിക്കളഞ്ഞു. കരഞ്ഞു, കരഞ്ഞ് എന്‍റെ മുഖം ചുവന്നു; എന്‍റെ കണ്‍പോളകള്‍ കരുവാളിച്ചിരിക്കുന്നു. എങ്കിലും, എന്‍റെ കൈകള്‍ അതിക്രമം കാട്ടിയിട്ടില്ല. എന്‍റെ പ്രാര്‍ഥന നിര്‍മ്മലമാകുന്നു. ഭൂതലമേ, എന്‍റെ രക്തം മൂടിക്കളയരുതേ! എന്‍റെ നിലവിളി നിര്‍ബാധം തുടരട്ടെ! ഇപ്പോഴും എന്‍റെ സാക്ഷി സ്വര്‍ഗത്തിലും എന്‍റെ ജാമ്യക്കാരന്‍ ഉയരത്തിലും ഇരിക്കുന്നു. എന്‍റെ സുഹൃത്തുക്കള്‍ എന്നെ പരിഹസിക്കുന്നു. ഞാന്‍ ദൈവസന്നിധിയില്‍ കണ്ണുനീരൊഴുക്കുന്നു. അയല്‍ക്കാരനോടു ന്യായവാദം നടത്തുന്നതുപോലെ ദൈവത്തോട് എനിക്കുവേണ്ടി ന്യായവാദം നടത്താന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍! ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മടങ്ങിവരാനാവാത്ത വഴിക്കു ഞാന്‍ പോകും. ഞാന്‍ ആകെ തകര്‍ന്നിരിക്കുന്നു; എന്‍റെ നാളുകള്‍ ഒടുങ്ങിക്കഴിഞ്ഞു; എനിക്കുവേണ്ടി ശവക്കുഴി ഒരുങ്ങിയിരിക്കുന്നു. പരിഹാസികള്‍ എന്നെ വലയംചെയ്യുന്നു. അവരുടെ കടു വാക്കുകളിലാണ് എന്‍റെ ശ്രദ്ധ അവിടുന്ന് എനിക്കുവേണ്ടി ജാമ്യം നില്‌ക്കണമേ. എനിക്കുവേണ്ടി ജാമ്യം നില്‌ക്കാന്‍ വേറേ ആരുള്ളൂ? അവരുടെ ബുദ്ധി അവിടുന്നു നിരോധിച്ചു അങ്ങനെ എന്‍റെമേല്‍ വിജയം നേടാന്‍ അവരെ അവിടുന്ന് അനുവദിക്കുന്നില്ല. സ്നേഹിതന്‍റെ സ്വത്തില്‍ പങ്കുകിട്ടുന്നതിനുവേണ്ടി അവനെ ഒറ്റിക്കൊടുക്കുന്നവന്‍റെ മക്കളുടെ കണ്ണ് അന്ധമാകും. അവിടുന്ന് എന്നെ ജനത്തിന് ഒരു പഴഞ്ചൊല്ലാക്കിത്തീര്‍ത്തു എന്നെ കാണുമ്പോള്‍ ആളുകള്‍ കാര്‍ക്കിച്ചു തുപ്പുന്നു. ദുഃഖത്താല്‍ എന്‍റെ കണ്ണു മങ്ങിപ്പോയി. എന്‍റെ അവയവങ്ങള്‍ നിഴല്‍പോലെയായി. ഇതു കണ്ട് നീതിനിഷ്ഠന്‍ അമ്പരക്കുന്നു; നിഷ്കളങ്കന്‍ അഭക്തന്‍റെ നേരേ ക്ഷോഭിക്കുന്നു. എന്നിട്ടും നീതിനിഷ്ഠന്‍ തന്‍റെ വഴിയില്‍നിന്ന് വ്യതിചലിക്കുന്നില്ല. നിര്‍മ്മലന്‍ മേല്‌ക്കുമേല്‍ ബലം പ്രാപിക്കുന്നു. നിങ്ങളെല്ലാവരും വീണ്ടും ഒരുമിച്ചുവന്നാലും നിങ്ങളില്‍ ഒരാളെയും ജ്ഞാനിയായി ഞാന്‍ കാണുന്നില്ല. എന്‍റെ നാളുകള്‍ കഴിഞ്ഞുപോയി. എന്‍റെ ആലോചനകളും ഹൃദയാഭിലാഷങ്ങളും തകര്‍ന്നു. രാത്രിയെ പകലാക്കുന്നവരാണ് എന്‍റെ സ്നേഹിതന്മാര്‍; അവര്‍ ഇരുട്ടിനെ വെളിച്ചമെന്നു വിളിക്കുന്നു. പാതാളത്തെ ഞാന്‍ എന്‍റെ ഭവനമാക്കിയാല്‍, അന്ധകാരത്തില്‍ എന്‍റെ കിടക്ക വിരിച്ചാല്‍, ശവക്കുഴിയെ പിതാവെന്നും പുഴുക്കളെ അമ്മയെന്നും സഹോദരിയെന്നും ഞാന്‍ വിളിച്ചാല്‍, എവിടെയായിരിക്കും എന്‍റെ പ്രത്യാശ? ആര്‍ എന്‍റെ പ്രത്യാശ ദര്‍ശിക്കും? പാതാളവാതില്‍വരെ അത് ഇറങ്ങിച്ചെല്ലുമോ? പൊടിയിലേക്ക് അത് എന്നോടൊത്തു വരുമോ?” ശൂഹ്യനായ ബില്‍ദാദ് പറഞ്ഞു: “എത്രനേരം നീ ഇങ്ങനെ വാക്കുകളുടെ പിന്നാലെ പായും? ചിന്തിക്കുക, പിന്നെ നമുക്കു സംസാരിക്കാം. ഞങ്ങളെ കാലികളെന്നു കരുതുന്നതെന്ത്? നിന്‍റെ നോട്ടത്തില്‍ ഭോഷന്മാരോ ഞങ്ങള്‍? കോപംകൊണ്ടു സ്വയം കടിച്ചുകീറുന്ന നിനക്കുവേണ്ടി ഭൂമി ശൂന്യമായിത്തീരണമോ? പാറ സ്വസ്ഥാനത്തുനിന്നു മാറണമോ? ദുഷ്ടന്‍റെ ദീപം പൊലിഞ്ഞു. അവന്‍റെ തിരിനാളം പ്രകാശിക്കുന്നില്ല. അവന്‍റെ കൂടാരത്തിലെ വെളിച്ചം ഇരുണ്ടുപോകുന്നു. അവന്‍റെമേല്‍ പ്രകാശിക്കുന്ന ദീപം അണച്ചിരിക്കുന്നു. അവന്‍റെ ഉറച്ച കാലടികള്‍ ഇടറുന്നു. അവന്‍റെ സൂത്രങ്ങള്‍തന്നെ അവനെ വീഴ്ത്തുന്നു. അവന്‍ സ്വയം ചെന്നു വലയില്‍ കുരുങ്ങുന്നു. ചതിക്കുഴിക്കു മീതെയാണ് അവന്‍ നടക്കുന്നത്. അവന്‍റെ കുതികാലില്‍ കുരുക്കു മുറുകുന്നു. അവന്‍ കുടുക്കില്‍ അകപ്പെടുന്നു. അവനെ പിടികൂടാന്‍ കുരുക്കുകയര്‍ നിലത്ത് ഒളിച്ചുവച്ചിരിക്കുന്നു. അവനുവേണ്ടി ഒരു കെണി വഴിയില്‍ വച്ചിട്ടുണ്ട്. എല്ലാ വശത്തുനിന്നും കൊടുംഭീതികള്‍ അവനെ ഭയപ്പെടുത്തുന്നു. അവ അവനെ വേട്ടയാടുന്നു. വിശപ്പുകൊണ്ട് അവന്‍റെ ശക്തി ക്ഷയിച്ചു പോകുന്നു. ഇടറിയാല്‍ മതി; വിനാശം തീര്‍ച്ച. മാരകമായ ത്വക്ക്‍രോഗം അവന്‍റെ ശരീരത്തെ ആകമാനം ബാധിക്കുന്നു; അത് അവന്‍റെ അവയവങ്ങളെ നശിപ്പിക്കുന്നു. ആശ്രയംവച്ച കൂടാരത്തില്‍നിന്ന് അവന്‍ പറിച്ചുമാറ്റപ്പെടുന്നു. ഭീകരതയുടെ രാജാവിന്‍റെ അടുക്കലേക്ക് അവന്‍ നയിക്കപ്പെടുന്നു. അന്യര്‍ അവന്‍റെ കൂടാരം കൈവശമാക്കി, അവന്‍റെ പാര്‍പ്പിടത്തിന്മേല്‍ ഗന്ധകം പെയ്തു. അവന്‍റെ വേരുകള്‍ കരിയുന്നു. ചില്ലകള്‍ വാടിപ്പോകുന്നു. അവനെക്കുറിച്ചുള്ള ഓര്‍മപോലും ഭൂമിയില്‍ അവശേഷിക്കുകയില്ല; തെരുവീഥിയില്‍ അവന്‍റെ പേര്‍ ഓര്‍മിക്കപ്പെടുകയില്ല; വെളിച്ചത്തില്‍നിന്ന് തമസ്സിലേക്ക് അവനെ ആഴ്ത്തും; ഭൂമിയില്‍നിന്ന് അവനെ പലായനം ചെയ്യിക്കും. സ്വജനത്തിന്‍റെ ഇടയില്‍ അവന്‍റെ സന്തതിയോ വംശമോ ശേഷിക്കുകയില്ല; അവന്‍റെ പാര്‍പ്പിടം അന്യംനിന്നുപോകും. പശ്ചിമപൂര്‍വദിഗ്വാസികള്‍ അവന്‍റെ അവസാനം കണ്ട് അദ്ഭുതപരതന്ത്രരാകും. ദുഷ്ടന്‍റെ വാസസ്ഥലം ഇങ്ങനെ നശിക്കുന്നു. ദൈവത്തെ അറിയാത്തവന്‍റെ പാര്‍പ്പിടം ഇങ്ങനെയാണ്.” അപ്പോള്‍ ഇയ്യോബ് പറഞ്ഞു: “എത്രകാലം നിങ്ങള്‍ എന്നെ വാക്കുകള്‍കൊണ്ടു പീഡിപ്പിക്കുകയും പിച്ചിചീന്തുകയും ചെയ്യും? ഇപ്പോള്‍ പത്തു തവണ നിങ്ങള്‍ എന്നെ നിന്ദിച്ചു; എന്നെ ഇങ്ങനെ ദ്രോഹിക്കാന്‍ നിങ്ങള്‍ക്കു ലജ്ജയില്ലേ? ഞാന്‍ തെറ്റു ചെയ്താല്‍ത്തന്നെ അത് എന്‍റെ കൂടെ ഇരിക്കട്ടെ; എന്‍റെ ദുര്‍ഗതി ചൂണ്ടി എന്നെക്കാള്‍ വലിയവരെന്നു നിങ്ങള്‍ ഭാവിക്കയാണ്. എങ്കില്‍ ദൈവം ആണ് എന്നെ ആ തെറ്റില്‍ വീഴ്ത്തിയതെന്നും, വലയില്‍ കുടുക്കിയതെന്നും അറിഞ്ഞുകൊള്ളുക. ‘അതിക്രമം’ എന്നു ഞാന്‍ വിളിച്ചു പറഞ്ഞാലും, എനിക്കു മറുപടി കിട്ടുന്നില്ല; ഞാന്‍ ഉറക്കെ നിലവിളിച്ചാലും എനിക്കു നീതി ലഭിക്കുന്നില്ല. കടന്നുപോകാനാകാത്തവിധം എന്‍റെ വഴി അവിടുന്ന് അടച്ചുകളഞ്ഞു; എന്‍റെ പാതകളില്‍ അവിടുന്ന് ഇരുള്‍ പരത്തി. അവിടുന്ന് എന്‍റെ മഹത്ത്വം എന്നില്‍നിന്ന് ഉരിഞ്ഞെടുത്തു; എന്‍റെ ശിരസ്സില്‍നിന്നു കിരീടം എടുത്തുകളഞ്ഞു. എല്ലാ വശത്തുകൂടെയും അവിടുന്ന് എന്നെ തകര്‍ക്കുന്നു; എന്‍റെ കഥ കഴിഞ്ഞിരിക്കുന്നു. വൃക്ഷത്തെ എന്നപോലെ എന്‍റെ പ്രത്യാശയെ പിഴുതെറിഞ്ഞിരിക്കുന്നു; അവിടുത്തെ ക്രോധം എന്‍റെ നേരേ ജ്വലിച്ചിരിക്കുന്നു. അവിടുന്ന് എന്നെ ശത്രുവായി എണ്ണുന്നു. അവിടുത്തെ സൈന്യം എനിക്കെതിരെ അണിയായി വരുന്നു; അവര്‍ എനിക്കെതിരെ ഉപരോധമുയര്‍ത്തി, എന്‍റെ കൂടാരത്തിനു ചുറ്റും പാളയമടിച്ചിരിക്കുന്നു. ദൈവം എന്‍റെ സഹോദരന്മാരെ എന്നില്‍നിന്ന് അകറ്റി എന്‍റെ പരിചയക്കാരെ അന്യരാക്കിത്തീര്‍ത്തു. ബന്ധുജനങ്ങളും മിത്രങ്ങളും എന്നെ ഉപേക്ഷിച്ചു. എന്‍റെ വീട്ടില്‍ ആതിഥ്യം ആസ്വദിച്ചവര്‍ എന്നെ മറന്നിരിക്കുന്നു; എന്‍റെ ദാസികള്‍ എന്നെ അപരിചിതനായി ഗണിക്കുന്നു. അവരുടെ ദൃഷ്‍ടിയില്‍ ഞാനൊരു പരദേശി മാത്രം. എന്‍റെ ഭൃത്യന്‍ വിളിച്ചാല്‍ വിളി കേള്‍ക്കുന്നില്ല; എനിക്ക് അവനോടു യാചിക്കേണ്ടിവരുന്നു. എന്‍റെ ഭാര്യ എന്നോട് അറപ്പുകാട്ടുന്നു. എന്‍റെ കൂടപ്പിറപ്പുകള്‍ എന്നെ വെറുക്കുന്നു. കൊച്ചുകുട്ടികള്‍കൂടി എന്നെ നിന്ദിക്കുന്നു. എന്നെ കാണുമ്പോള്‍ അവര്‍ പരിഹസിക്കുന്നു; എന്‍റെ പ്രാണസ്നേഹിതന്മാര്‍ എന്നെ വെറുക്കുന്നു. എന്‍റെ ഉറ്റസ്നേഹിതര്‍ ശത്രുക്കളായി മാറിയിരിക്കുന്നു; എന്‍റെ ശരീരം എല്ലും തൊലിയുമായി, എന്‍റെ പല്ലും കൊഴിഞ്ഞിരിക്കുന്നു. എന്‍റെ സ്നേഹിതരേ, എന്നോടു കരുണ കാട്ടുവിന്‍! എന്നോടു കരുണ കാട്ടുവിന്‍! ദൈവത്തിന്‍റെ കരം എന്നെ തകര്‍ത്തിരിക്കുന്നു. ദൈവത്തെപ്പോലെ, നിങ്ങളും എന്നെ വേട്ടയാടുന്നതെന്ത്? ഞാന്‍ എല്ലും തോലുമായിട്ടും നിങ്ങള്‍ക്ക് തൃപ്തിയായില്ലേ? എന്‍റെ വാക്കുകള്‍ എഴുതിവച്ചിരുന്നെങ്കില്‍! അവ ഒരു പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നെങ്കില്‍! എന്നേക്കും നിലനില്‌ക്കത്തക്കവിധം നാരായവും ഈയവുംകൊണ്ട് അതു പാറയില്‍ വരഞ്ഞുവച്ചിരുന്നെങ്കില്‍! എന്‍റെ വീണ്ടെടുപ്പുകാരന്‍ ജീവിക്കുന്നെന്നും അവിടുന്ന് അവസാനം എനിക്കു ന്യായം നടത്തിത്തരാന്‍ എഴുന്നേല്‌ക്കുമെന്നും ഞാനറിയുന്നു. എന്‍റെ ചര്‍മം ഇങ്ങനെ നശിച്ചാലും ഞാന്‍ ദേഹരഹിതനായി ദൈവത്തെ കാണും. ഞാന്‍തന്നെ അവിടുത്തെ കാണും; എന്‍റെ കണ്ണുകള്‍ അവിടുത്തെ കാണും; എന്‍റെ ഹൃദയം കാത്തിരുന്നു തളരുന്നു; ‘നാം എങ്ങനെ അയാളെ പിന്തുടരും; അയാളില്‍ നാം എങ്ങനെ കുറ്റം ആരോപിക്കും’ എന്നു നിങ്ങള്‍ പറയുന്നുവെങ്കില്‍ വാളിനെ ഭയപ്പെടുക; ദൈവകോപം നിങ്ങളെ വെട്ടും; അങ്ങനെ ന്യായവിധിയുണ്ടെന്നു നിങ്ങള്‍ അറിയും” നയമാത്യനായ സോഫര്‍ പറഞ്ഞു: “ഉള്ളില്‍ ഒതുങ്ങാത്ത വിചാരങ്ങള്‍ മറുപടി പറയാന്‍ എന്നെ അക്ഷമനാക്കുന്നു. എന്നെ വ്രണപ്പെടുത്തുന്ന നിന്ദാവചനങ്ങളാണ് ഞാന്‍ കേട്ടത്; എന്‍റെ വിവേകം മറുപടി പറയാന്‍ എന്നെ പ്രേരിപ്പിക്കുന്നു. പുരാതനകാലം മുതല്‍ക്കേ, മനുഷ്യന്‍ ആദ്യമായി ഭൂമിയില്‍ ഉണ്ടായ കാലം മുതല്‍ക്കേ ദുര്‍ജനത്തിന്‍റെ ജയഘോഷവും ദൈവനിന്ദകന്‍റെ സന്തോഷവും ക്ഷണികമെന്ന് നിനക്കറിയില്ലേ? അവന്‍ ആകാശത്തോളം ഉയര്‍ന്നാലും, അവന്‍റെ ശിരസ്സ് മേഘങ്ങളെ സ്പര്‍ശിച്ചാലും, വിസര്‍ജനവസ്തുപോലെ അവന്‍ നശിച്ചൊടുങ്ങും. അവനെ മുമ്പ് കണ്ടിട്ടുള്ളവന്‍ ‘അവന്‍ എവിടെ’ എന്നു ചോദിക്കും. അവന്‍ സ്വപ്നംപോലെ മാഞ്ഞുപോകും, അവനെ പിന്നെ കാണുകയില്ല. നിശാദര്‍ശനംപോലെ അവന്‍ മറഞ്ഞുപോകും. അവനെ കണ്ടിട്ടുള്ളവന്‍ പിന്നീട് അവനെ കാണുകയില്ല. അവന്‍റെ ജന്മസ്ഥലം വീണ്ടും അവനെ ദര്‍ശിക്കുകയില്ല; അവന്‍റെ സന്തതികള്‍ ദരിദ്രനോട് ഇരക്കും. നേടിയതെല്ലാം അവനു തിരികെ കൊടുക്കേണ്ടിവരും. അവന്‍റെ നിറഞ്ഞ യൗവന തീക്ഷ്ണത അവനോടൊപ്പം പൂഴിയില്‍ അമരും. ദുഷ്ടത അവനു മധുരമായി തോന്നിയാലും, അതു നാവിനടിയില്‍ ഒളിച്ചുവച്ചാലും, വിഴുങ്ങാതെ വായില്‍ത്തന്നെ നുണഞ്ഞുകൊണ്ടിരുന്നാലും, അതു വയറ്റില്‍ ചെന്നു സര്‍പ്പവിഷമായിത്തീരും. അവന്‍ സമ്പത്തു വിഴുങ്ങിയാലും അതു ഛര്‍ദിക്കേണ്ടിവരും. ദൈവം അവന്‍റെ ഉദരത്തില്‍നിന്ന് അതു പുറത്തുചാടിക്കും. അവന്‍ സര്‍പ്പവിഷം കുടിക്കും; അണലിയുടെ കടിയേറ്റ് മരിക്കും. തേനും പാലും ഒഴുകുന്ന നീര്‍ച്ചാലുകള്‍ അവന്‍ കാണുകയില്ല. അധ്വാനഫലം അനുഭവിക്കാന്‍ അവന് ഇടവരികയില്ല; വ്യാപാരലാഭം അവനു സന്തോഷം നല്‌കുകയില്ല. അവന്‍ ദരിദ്രനെ പീഡിപ്പിക്കുകയും അവഗണിക്കുകയും ചെയ്തു. താന്‍ പണിയാത്ത വീട് അവന്‍ കൈവശപ്പെടുത്തി. അവന്‍റെ അത്യാര്‍ത്തിക്ക് അതിരില്ലാത്തതിനാല്‍ ആനന്ദം നല്‌കുന്നതൊന്നും അവന്‍ നേടുകയില്ല. ഭക്ഷണത്തിനുള്ളതില്‍ കവിഞ്ഞൊന്നും അവന്‍ സമ്പാദിക്കുകയില്ല. അതിനാല്‍ അവന്‍റെ ഐശ്വര്യത്തിന് ആയുസ്സില്ല. പൂര്‍ണസമൃദ്ധിയിലും അവനു ഞെരുക്കമായിരിക്കും; അതികഠിനമായ ദുരിതം അവന്‍റെമേല്‍ നിപതിക്കും. ദൈവം ചൊരിയുന്ന ഉഗ്രകോപമായിരിക്കും അവന്‍റെ വയറുനിറയ്‍ക്കുക. ദൈവം ഭക്ഷണമായി അവനു വര്‍ഷിച്ചു കൊടുക്കുന്നത് അതായിരിക്കും. ഇരുമ്പായുധത്തില്‍നിന്ന് ഓടി ഒഴിയുമ്പോള്‍ പിച്ചളയമ്പ് അവന്‍റെമേല്‍ തുളച്ചുകയറും. അത് അവന്‍ വേദനയോടെ വലിച്ചൂരും; അതിന്‍റെ തിളങ്ങുന്ന മുന പിത്തഗ്രന്ഥിവരെ തുളച്ചുകയറിയിരിക്കും. കൊടുംഭീതി അവനെ ബാധിക്കും. ഘോരാന്ധകാരമായിരിക്കും അവന്‍റെ സമ്പാദ്യം; ആരും ഊതിക്കത്തിക്കാത്ത അഗ്നി അവനെ വിഴുങ്ങിക്കളയും; അവന്‍റെ കൂടാരത്തില്‍ അവശേഷിക്കുന്നത് എല്ലാം അഗ്നിക്കിരയാകും. ആകാശം അവന്‍റെ അകൃത്യത്തെ വെളിപ്പെടുത്തും; ഭൂമി അവന് എതിരായി സാക്ഷിപറയും. അവന്‍റെ വീട്ടിലെ വസ്തുവകകളെല്ലാം അപഹരിക്കപ്പെടും; ദൈവത്തിന്‍റെ ക്രോധദിനത്തില്‍ അവ നഷ്ടമാകും. ഇതാണ് ദുഷ്ടനു ദൈവം നല്‌കുന്ന ഓഹരി; ദൈവം അവനു നിശ്ചയിച്ചിരിക്കുന്ന അവകാശം!” അപ്പോള്‍ ഇയ്യോബ് പറഞ്ഞു: “ഞാന്‍ പറയുന്നതു ശ്രദ്ധിച്ചു കേള്‍ക്കുക; അതായിരിക്കട്ടെ നിങ്ങള്‍ എനിക്കു നല്‌കുന്ന സാന്ത്വനം. ക്ഷമയോടെ കേള്‍ക്കുക; ഞാന്‍ പറയട്ടെ, പിന്നെ എന്നെ പരിഹസിച്ചുകൊള്ളൂ. മനുഷ്യനെതിരെയാണോ എന്‍റെ പരാതി? ഞാന്‍ എങ്ങനെ അക്ഷമനാകാതിരിക്കും? എന്‍റെ നേരേ നോക്കി ഭയപരവശരാകുവിന്‍; വായ് പൊത്തുവിന്‍. ഓര്‍ത്തുനോക്കുമ്പോള്‍ ഉല്‍ക്കടമായ സംഭ്രമമുണ്ടാകുന്നു; എന്‍റെ ദേഹം വിറയ്‍ക്കുന്നു. ദുര്‍ജനം ദീര്‍ഘകാലം ജീവിക്കുന്നത് എന്തുകൊണ്ട്? അവരുടെ ആയുസ്സ് വാര്‍ധക്യത്തോളം നീളുകയും, അവര്‍ ശക്തിപ്രാപിക്കുകയും ചെയ്യുന്നതെന്ത്? അവരുടെ സന്തതിപരമ്പരകള്‍ അഭിവൃദ്ധിപ്പെടുന്നത് അവര്‍ കാണുന്നു. അവരുടെ ഭവനങ്ങളെ ഭയം ബാധിക്കുന്നില്ല. ദൈവത്തിന്‍റെ ശിക്ഷാദണ്ഡ് അവരുടെമേല്‍ നിപതിക്കുന്നില്ല. അവരുടെ കാളകള്‍ ഇണചേരുന്നു; ഒന്നും നിഷ്ഫലമാകുന്നില്ല; അവരുടെ പശുക്കള്‍ പ്രസവിക്കുന്നു; അവയുടെ ഗര്‍ഭം അലസുന്നില്ല. അവരുടെ കുഞ്ഞുങ്ങള്‍ ആട്ടിന്‍പറ്റത്തെ പോലെ പെരുകുന്നു. അവര്‍ ഉല്ലാസനൃത്തം ചെയ്യുന്നു. അവര്‍ തപ്പു കൊട്ടിയും കിന്നരം മീട്ടിയും പാടുന്നു; കുഴലിന്‍റെ നാദധാരയില്‍ ആനന്ദിക്കുന്നു. അവര്‍ ഐശ്വര്യസമൃദ്ധിയില്‍ ആയുഷ്കാലം കഴിക്കുന്നു, സമാധാനത്തോടെ അവര്‍ ശവക്കുഴിയിലിറങ്ങുന്നു. അവര്‍ ദൈവത്തോടു പറയുന്നു; അകന്നുപോവുക. അവിടുത്തെ വഴികള്‍ ഞങ്ങള്‍ക്ക് അറിയേണ്ടതില്ല. ഞങ്ങള്‍ സേവിക്കാന്‍ ആരാണീ സര്‍വശക്തന്‍? ദൈവത്തോടു പ്രാര്‍ഥിച്ചിട്ട് ഞങ്ങള്‍ക്ക് എന്തു കിട്ടാനാണ്?’ ഇതാ, അവരുടെ ഐശ്വര്യം അവര്‍ക്കധീനം തന്നെയല്ലേ? എന്നാല്‍ ദുഷ്ടന്മാരുടെ ഉപദേശം എനിക്കാവശ്യമില്ല. ദുഷ്ടന്മാരുടെ വിളക്ക് എത്രയോ തവണ കെട്ടുപോയിരിക്കുന്നു. വിപത്തുകള്‍ അവരുടെമേല്‍ വന്നിട്ടില്ലേ? ദൈവം തന്‍റെ കോപത്തില്‍ അവരുടെമേല്‍ കഷ്ടത അയച്ചിട്ടില്ലേ? അവര്‍ കാറ്റില്‍പ്പെട്ട വൈക്കോല്‍പോലെയും കൊടുങ്കാറ്റു പറപ്പിക്കുന്ന പതിര്‍പോലെയും അല്ലേ? പിതാക്കളുടെ അപരാധം അവരുടെ മക്കള്‍ക്കായി ദൈവം കരുതിവയ്‍ക്കുന്നു എന്നു നിങ്ങള്‍ പറയുന്നു. അപരാധികളെത്തന്നെ ദൈവം ശിക്ഷിക്കട്ടെ. അര്‍ഹിക്കുന്ന പ്രതിഫലം ദൈവം നല്‌കുന്നു എന്ന് അവര്‍ അറിയട്ടെ തങ്ങളുടെ നാശം സ്വന്തം കണ്ണുകള്‍കൊണ്ടു തന്നെ അവര്‍ കാണട്ടെ. സര്‍വശക്തന്‍റെ ക്രോധത്തിന്‍റെ പാനപാത്രം അവര്‍ കുടിക്കട്ടെ. ആയുസ്സൊടുങ്ങിയാല്‍ പിന്നെ തങ്ങളുടെ കുടുംബത്തെക്കുറിച്ച് അവര്‍ക്ക് എന്ത് ആകുലത? ഉന്നതന്മാരെപ്പോലും വിധിക്കുന്ന ദൈവത്തിന് അവര്‍ ജ്ഞാനം ഉപദേശിച്ചുകൊടുക്കുമോ? സമൃദ്ധിയുടെ മധ്യത്തില്‍ സ്വസ്ഥനും സുരക്ഷിതനും ആയിരിക്കെ ഒരുവന്‍ മരിക്കുന്നു. അവന്‍റെ ശരീരത്തില്‍ മേദസ്സു മുറ്റിയിരിക്കുന്നു; അവന്‍റെ അസ്ഥികളിലെ മജ്ജ വരണ്ടിട്ടില്ല. മറ്റൊരാള്‍ ഉല്‍ക്കടമായ വേദനയോടെ മരിക്കുന്നു. അയാള്‍ സുഖമെന്തെന്ന് അറിഞ്ഞിട്ടേയില്ല. എന്നാല്‍ അവര്‍ ഇരുവരും ഒന്നുപോലെ പൂഴിയില്‍ അമരുന്നു. പുഴുക്കള്‍ അവരെ പൊതിയുന്നു. നിങ്ങളുടെ ആലോചനകളും എന്നെ തെറ്റില്‍ ചാടിക്കാനുള്ള ഉപായങ്ങളും എനിക്ക് അറിയാം. ആ പ്രഭുവിന്‍റെ ഭവനം എവിടെ? ദുഷ്ടന്‍ വസിച്ചിരുന്ന കൂടാരം എവിടെ എന്നു നിങ്ങള്‍ ചോദിക്കുന്നു. [29,30] വഴിപോക്കരോടു നിങ്ങള്‍ ചോദിച്ചിട്ടില്ലേ? വിനാശത്തിന്‍റെ നാളില്‍ ദുഷ്ടന്‍ ഒഴിവാക്കപ്പെടുന്നു എന്നും ക്രോധദിവസത്തില്‍ അവര്‍ സംരക്ഷിക്കപ്പെടുന്നു എന്നുമുള്ള അവരുടെ സാക്ഷ്യം നിങ്ങള്‍ക്കു സ്വീകാര്യമല്ലേ? *** അവന്‍റെ മാര്‍ഗങ്ങളെ അവന്‍റെ മുഖത്തു നോക്കി ആര്‍ കുറ്റപ്പെടുത്തും? അവന്‍റെ പ്രവൃത്തികള്‍ക്ക് ആര്‍ പകരം ചോദിക്കും? അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുകയും ശവകുടീരത്തിനു കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നു. താഴ്വരയിലെ മണ്ണ് അവനോടു മധുരമായി പെരുമാറും; എല്ലാവരും അവനെ അനുഗമിക്കുന്നു. അവന്‍റെ മുന്‍ഗാമികളും അസംഖ്യമാണ്. പിന്നെ എങ്ങനെ നിങ്ങള്‍ എന്നെ പാഴ്വാക്കുകളാല്‍ ആശ്വസിപ്പിക്കും. നിങ്ങളുടെ മറുപടി കാപട്യത്തില്‍ കുറഞ്ഞൊന്നുമല്ല.” തേമാന്യനായ എലീഫസ് പറഞ്ഞു: “മനുഷ്യനെക്കൊണ്ട് ദൈവത്തിന് എന്തു പ്രയോജനം? ഒരുവന്‍ വിജ്ഞാനിയായിരുന്നാല്‍ പ്രയോജനം അവനുതന്നെ. നീ നീതിനിഷ്ഠനെങ്കില്‍ അതുകൊണ്ട് സര്‍വശക്തന് എന്തു സന്തോഷം ലഭിക്കും? നിന്‍റെ മാര്‍ഗം കുറ്റമറ്റതായിരുന്നാല്‍ അവിടുത്തേക്ക് എന്താണു നേട്ടം? നിന്‍റെ ഭക്തി നിമിത്തമാണോ അവിടുന്നു നിന്നെ ശാസിക്കുകയും ന്യായവിധി നടത്തുകയും ചെയ്യുന്നത്? നിന്‍റെ ദുഷ്ടത എത്ര വലുത്? നിന്‍റെ അകൃത്യങ്ങള്‍ക്ക് അറുതിയില്ല. സഹോദരന്മാരോട് നീ അകാരണമായി പണയം ഈടാക്കി; അവരുടെ വസ്ത്രം ഉരിഞ്ഞെടുത്തു നീ അവരെ നഗ്നരാക്കുന്നു. ദാഹിച്ചുവലഞ്ഞവനു ജലം കൊടുത്തില്ല; വിശക്കുന്നവന്‍റെ ആഹാരവും നീ പിടിച്ചുവച്ചു. ബലവാനായ നീ ദേശം കൈവശമാക്കി അതില്‍ പാര്‍ത്തു. വിധവകളെ നീ വെറുംകൈയോടെ പറഞ്ഞയച്ചു; അനാഥരുടെ കരങ്ങള്‍ നീ തകര്‍ത്തു. അതുകൊണ്ടു നിന്‍റെ ചുറ്റും കെണികളാണ്; അവിചാരിതമായി ഭീതി നിന്നെ മൂടുന്നു. കാണാന്‍ അരുതാത്തവിധം നിന്‍റെ പ്രകാശം ഇരുളായി; പെരുവെള്ളം നിന്നെ മൂടിയിരിക്കുന്നു. ദൈവം അത്യുന്നതസ്വര്‍ഗത്തിലല്ലേ? നക്ഷത്രങ്ങളെ നോക്കുക, അവയും എത്ര ഉയരത്തിലാണ്! എന്നാല്‍ നീ പറയുന്നു: ‘ദൈവം എന്തറിയുന്നു; കൂരിരുട്ടില്‍ അവിടുത്തേക്ക് ന്യായം വിധിക്കാന്‍ കഴിയുമോ? അവിടുന്ന് ആകാശവിതാനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഒന്നും കാണാത്തവിധം കനത്തമേഘങ്ങള്‍ അവിടുത്തെ പൊതിയുന്നു;’ ദുഷ്ടര്‍ നടന്ന പഴയ പാതയിലൂടെ നീ നടക്കുമോ? അവരുടെ ജീവന്‍ കാലം തികയുന്നതിനു മുമ്പേ അപഹരിക്കപ്പെട്ടു. അവരുടെ അടിസ്ഥാനം ഒഴുകിപ്പോയി. അവര്‍ ദൈവത്തോടു പറയുന്നു: ഞങ്ങളെ വിട്ടുപോകൂ; സര്‍വശക്തനായ ദൈവത്തിന് ഞങ്ങളോട് എന്തു ചെയ്യാന്‍ കഴിയും? എന്നിട്ടും അവിടുന്ന് അവരുടെ ഭവനങ്ങള്‍ ഐശ്വര്യംകൊണ്ടു നിറച്ചു; എന്നാല്‍ ദുര്‍ജനത്തിന്‍റെ ഉപദേശങ്ങളില്‍ നിന്നു ഞാന്‍ അകന്നുനില്‌ക്കുന്നു. നീതിമാന്മാര്‍ അവരുടെ നാശം കണ്ടു സന്തോഷിക്കുന്നു; നിഷ്കളങ്കര്‍ അവരെ പരിഹസിച്ചു പറയുന്നു: “ഞങ്ങളുടെ ശത്രുക്കള്‍ ഉന്മൂലനം ചെയ്യപ്പെട്ടിരിക്കുന്നു; അവര്‍ അവശേഷിപ്പിച്ചതെല്ലാം അഗ്നിക്കിരയായിരിക്കുന്നു” ദൈവത്തോടു രമ്യതപ്പെട്ടു സമാധാനമായിരിക്കുക; എന്നാല്‍ താങ്കള്‍ക്കു നന്മ വരും. അവിടുത്തെ പ്രബോധനം സ്വീകരിക്കുക; അവിടുത്തെ വചനം ഉള്‍ക്കൊള്ളുക. സര്‍വശക്തനായ ദൈവത്തിങ്കലേക്ക് തിരിഞ്ഞ് സ്വയം വിനയപ്പെട്ടാല്‍, നിന്‍റെ ഭവനത്തില്‍നിന്ന് അനീതി തുടച്ചുനീക്കിയാല്‍ നിന്‍റെ സ്വര്‍ണത്തെ പൂഴിയിലും ഓഫീര്‍തങ്കത്തെ നദീതടത്തിലെ പാറക്കല്ലുകള്‍ക്കിടയിലും എറിഞ്ഞുകളഞ്ഞാല്‍, സര്‍വശക്തനെ നിന്‍റെ സ്വര്‍ണവും വിലയേറിയ വെള്ളിയും ആയി കണക്കാക്കിയാല്‍, നീ സര്‍വശക്തനില്‍ ആനന്ദംകൊള്ളും; നീ ദൈവത്തിങ്കലേക്കു മുഖം ഉയര്‍ത്തും. നീ അവിടുത്തോടു പ്രാര്‍ഥിക്കും; അവിടുന്നു നിന്‍റെ പ്രാര്‍ഥന കേള്‍ക്കും. നിന്‍റെ നേര്‍ച്ചകള്‍ നീ നിറവേറ്റും. നിന്‍റെ നിശ്ചയങ്ങള്‍ നടക്കും. നിന്‍റെ വഴികള്‍ പ്രകാശമാനമാകും. അഹങ്കാരിയെ ദൈവം താഴ്ത്തുന്നു; താഴ്മയുള്ളവനെ അവിടുന്നു രക്ഷിക്കുന്നു. നിര്‍ദ്ദോഷിയെ ദൈവം വിടുവിക്കും; നിന്‍റെ നിഷ്കളങ്കത്വംമൂലം നീ വിമോചിതനാകും” അപ്പോള്‍ ഇയ്യോബ് പറഞ്ഞു: “ഇന്നും എന്‍റെ സങ്കടം കയ്പേറിയതു തന്നെ; ഞാന്‍ ഞരങ്ങിയിട്ടും അവിടുത്തെ കരങ്ങള്‍ എന്‍റെമേല്‍ ഭാരമായിരിക്കുന്നു. ദൈവത്തെ എവിടെ കണ്ടെത്താമെന്ന് അറിഞ്ഞിരുന്നെങ്കില്‍! അവിടുത്തെ സിംഹാസനത്തെ സമീപിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍! എന്‍റെ സങ്കടം അവിടുത്തോട് ബോധിപ്പിക്കുകയും എന്‍റെ എല്ലാ ന്യായവാദങ്ങളും അവിടുത്തോടു പറയുകയും ചെയ്യുമായിരുന്നു. അവിടുന്ന് എനിക്ക് എന്ത് ഉത്തരം അരുളും എന്നും എന്നോട് എന്തു സംസാരിക്കും എന്നും അറിയുമായിരുന്നു. അവിടുത്തെ മഹാശക്തിയാല്‍ എന്നോടു വാദിക്കുമോ? ഇല്ല; ഞാന്‍ പറയുന്നത് അവിടുന്നു ശ്രദ്ധിക്കും. നീതിനിഷ്ഠന് അവിടുത്തോടു ന്യായവാദം നടത്താന്‍ കഴിയും; അങ്ങനെ എന്‍റെ ന്യായാധിപനായ അവിടുന്ന് എന്നേക്കുമായി എന്നെ മോചിപ്പിക്കും. ഇതാ, ഞാന്‍ കിഴക്കോട്ടു നടന്നു നോക്കുന്നു. പക്ഷേ അവിടുന്ന് അവിടെയില്ല; പടിഞ്ഞാറു ചെന്നിട്ട് അവിടെയും അവിടുത്തെ കാണുന്നില്ല ഞാന്‍ വടക്കും തെക്കും അന്വേഷിക്കുന്നു; അവിടെയും അവിടുത്തെ കാണാന്‍ കഴിയുന്നില്ല; എന്നാല്‍ എന്‍റെ വഴി അവിടുന്ന് അറിയുന്നു; അവിടുന്ന് എന്നെ പരീക്ഷിച്ചുകഴിയുമ്പോള്‍ ഞാന്‍ സ്വര്‍ണംപോലെ ശോഭിക്കും. എന്‍റെ പാദങ്ങള്‍ അവിടുത്തെ കാല്‍ച്ചുവടുകളെ പിന്തുടരുന്നു; ഇടംവലം തെറ്റാതെ ഞാന്‍ അവിടുത്തെ മാര്‍ഗം അനുസരിക്കുന്നു. അവിടുത്തെ കല്പന ഞാന്‍ ലംഘിച്ചിട്ടില്ല. അവിടുത്തെ വചനം ഞാന്‍ നിധിപോലെ സൂക്ഷിക്കുന്നു. എന്നാലും അവിടുത്തേക്കു മാറ്റമില്ല; അവിടുത്തെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കു കഴിയും? തന്‍റെ ഇഷ്ടംപോലെ അവിടുന്നു പ്രവര്‍ത്തിക്കുന്നു. അവിടുന്ന് എനിക്കു നിശ്ചയിച്ചിരിക്കുന്നത് നിറവേറ്റട്ടെ; ഇതുപോലെ പലതും അവിടുത്തെ മനസ്സിലുണ്ട്. അതിനാല്‍ തിരുസന്നിധിയില്‍ ഞാന്‍ ഭയന്നു വിറയ്‍ക്കുന്നു; അവിടുത്തെക്കുറിച്ചു ചിന്തിക്കുന്തോറും ഞാന്‍ ഭയചകിതനാകുന്നു. ദൈവം എന്‍റെ ഹൃദയത്തെ ദുര്‍ബലമാക്കിയിരിക്കുന്നു. സര്‍വശക്തന്‍ എന്നെ പരിഭ്രമിപ്പിക്കുന്നു. അന്ധകാരം എന്നെ വലയം ചെയ്തിരിക്കുന്നു; കൂരിരുട്ട് എന്‍റെ മുഖം മൂടിയിരിക്കുന്നു. സര്‍വശക്തന്‍ ന്യായവിധിയുടെ സമയം നിശ്ചയിക്കാത്തതെന്ത്? അവിടുത്തെ ഭക്തന്മാര്‍ ന്യായവിസ്താര ദിവസങ്ങള്‍ അറിയാതിരിക്കുന്നതെന്ത്? മനുഷ്യര്‍ അതിര്‍ത്തിക്കല്ലുകള്‍ മാറ്റുന്നു ആട്ടിന്‍പറ്റത്തെ കവര്‍ന്നുകൊണ്ടുപോയി മേയ്‍ക്കുന്നു; അവര്‍ അനാഥരുടെ കഴുതകളെ അപഹരിക്കുന്നു. വിധവയുടെ കാളയെ പണയം വാങ്ങുന്നു. അവര്‍ പട്ടിണിപ്പാവങ്ങളെ വഴിയില്‍നിന്നു തള്ളിനീക്കുന്നു. പാവങ്ങള്‍ പേടിച്ചൊളിക്കുന്നു. കാട്ടുകഴുതകള്‍ മരുഭൂമിയില്‍ അലയുന്നതു പോലെ ദരിദ്രര്‍ സ്വന്തം കുഞ്ഞുങ്ങളെ പോറ്റാന്‍ ജോലി തേടി അലയുന്നു. അവര്‍ വയലില്‍നിന്നു വൈക്കോല്‍ ശേഖരിക്കുന്നു; ദുഷ്ടന്‍റെ മുന്തിരിത്തോട്ടത്തില്‍ അവര്‍ കാലാ പെറുക്കുന്നു; അവര്‍ രാത്രി മുഴുവന്‍ വസ്ത്രമില്ലാതെ കിടക്കുന്നു. തണുപ്പില്‍ പുതയ്‍ക്കാന്‍ അവര്‍ക്കൊന്നുമില്ല. പര്‍വതങ്ങളില്‍ പെയ്യുന്ന മഴ അവരെ നനയ്‍ക്കുന്നു. കൂരയില്ലായ്കയാല്‍ അവര്‍ പാറക്കെട്ടുകളില്‍ അഭയം തേടുന്നു. അനാഥശിശുക്കളെ അമ്മയുടെ മാറില്‍നിന്നു ചിലര്‍ തട്ടിക്കൊണ്ടു പോകുകയും പാവപ്പെട്ടവരുടെ കുഞ്ഞുങ്ങളെ പണയം വാങ്ങുകയും ചെയ്യുന്നു. ആ പാവങ്ങള്‍ വസ്ത്രമില്ലാതെ നഗ്നരായി നടക്കുന്നു; വിശന്നു പൊരിഞ്ഞ് കറ്റ ചുമക്കുന്നു. ദുഷ്ടരുടെ ഒലിവുമരങ്ങള്‍ക്കിടയില്‍, അവര്‍ എണ്ണയാട്ടുന്നു. മുന്തിരിച്ചക്കുകളില്‍ പണിയെടുക്കുന്നു. എന്നിട്ടും അവര്‍ക്കു ദാഹം തീര്‍ക്കാന്‍ വഴിയില്ല. മരണാസന്നരുടെ ഞരക്കങ്ങള്‍ നഗരത്തില്‍ നിന്ന് ഉയരുന്നു; മുറിവേറ്റവര്‍ സഹായത്തിനു വിളിക്കുന്നു; എന്നിട്ടും ദൈവം അവരുടെ പ്രാര്‍ഥന ശ്രദ്ധിക്കുന്നില്ല. വെളിച്ചത്തോടാണു ചിലരുടെ മത്സരം. അവര്‍ക്കു വെളിച്ചത്തിന്‍റെ വഴി അജ്ഞാതമാണ്; അതിലെയല്ല അവര്‍ സഞ്ചരിക്കുന്നത്; കൊലപാതകി പുലരും മുന്‍പേ എഴുന്നേറ്റു ദരിദ്രനെയും എളിയവനെയും കൊന്നൊടുക്കുന്നു; രാത്രിയില്‍ അവന്‍ മോഷ്‍ടിക്കുന്നു. വ്യഭിചാരി ഇരുട്ടു വരാന്‍ കാത്തിരിക്കുന്നു; സന്ധ്യയായാല്‍ തന്നെ ആരും കാണാതിരിക്കാന്‍ മുഖം മറച്ചു നടക്കുന്നു. ചിലര്‍ രാത്രിയില്‍ ഭവനഭേദനം നടത്തുന്നു; പകല്‍ അവര്‍ വാതിലടച്ച് ഒളിച്ചു പാര്‍ക്കുന്നു; അവര്‍ വെളിച്ചത്ത് ഇറങ്ങുന്നില്ല. കൂരിരുട്ട് അവര്‍ക്കു പുലര്‍കാലമാകുന്നു. അന്ധകാരത്തിന്‍റെ ഭീകരതയുമായി അവര്‍ ചങ്ങാത്തം കൂടുന്നു. നിങ്ങള്‍ പറയുന്നു: ജലം അവരെ അതിവേഗം ഒഴുക്കിക്കളയുന്നു. അവരുടെ ഭൂമിയിലെ ഓഹരി ശപിക്കപ്പെട്ടത്; അവരുടെ മുന്തിരിത്തോട്ടത്തിലേക്ക് ഇനി ആരും പോകുകയില്ല; ചൂടിലും വരള്‍ച്ചയിലും ഹിമജലം എന്നപോലെ പാതാളത്തില്‍ പാപി അപ്രത്യക്ഷമാകുന്നു. പെറ്റമ്മപോലും, അവനെ ഓര്‍മിക്കുകയില്ല. അവന്‍ കൃമിക്ക് ഇരയാകും. അങ്ങനെ ദുഷ്ടത വൃക്ഷംപോലെ തകർക്കപ്പെടും. അവര്‍ വന്ധ്യയോട് അനീതി കാട്ടുന്നു. വിധവയ്‍ക്കു നന്മ ചെയ്യുന്നതുമില്ല. എന്നിട്ടും ദൈവം തന്‍റെ ശക്തിയാല്‍ ഈ കരുത്തരുടെ ആയുസ്സു വര്‍ധിപ്പിക്കുന്നു. ജീവിതത്തെക്കുറിച്ച് നിരാശ തോന്നുമ്പോള്‍, അവര്‍ ഉണര്‍ന്നെഴുന്നേല്‌ക്കുന്നു. ദൈവം അവര്‍ക്കു സുരക്ഷിതത്വം നല്‌കുന്നു; അവര്‍ ഉറച്ചു നില്‌ക്കുന്നു. അവിടുത്തെ ദൃഷ്‍ടി അവരുടെ വഴികളിലുണ്ട്; അല്പകാലത്തേക്ക് അവര്‍ക്ക് ഉയര്‍ച്ചയുണ്ടാകും. പിന്നെ അവര്‍ അപ്രത്യക്ഷരാകും. കളപോലെ അവര്‍ ഉണങ്ങിപ്പോകുന്നു; കതിര്‍ക്കുലയെന്നപോലെ അവര്‍ കൊയ്തെടുക്കപ്പെടുന്നു. ഇതു ശരിയല്ലേ? അല്ലെങ്കില്‍ ഞാന്‍ നുണയനെന്നും എന്‍റെ വാക്കു പൊളിവചനമെന്നും ആരൂണ്ട് തെളിയിക്കാന്‍?” അതിന് ശൂഹ്യനായ ബില്‍ദാദ് പറഞ്ഞു: “ദൈവം സര്‍വാധിപതിയാണ്. എല്ലാവരും അവിടുത്തെ ഭയപ്പെടുന്നു; ഉന്നതസ്വര്‍ഗത്തില്‍ അവിടുന്നു സമാധാനം സ്ഥാപിക്കുന്നു. അവിടുത്തെ സൈന്യങ്ങള്‍ക്ക് എണ്ണമുണ്ടോ? ആരുടെ മേലാണ് അവിടുത്തെ പ്രകാശം ഉദിക്കാത്തത്? പിന്നെങ്ങനെ അവിടുത്തെ മുമ്പില്‍ നീതിമാനാകാന്‍ മനുഷ്യനു കഴിയും? സ്‍ത്രീയില്‍നിന്നു ജനിച്ചവനു നിര്‍മ്മലനാകാന്‍ കഴിയുമോ? അവിടുത്തെ ദൃഷ്‍ടിയില്‍ ഇതാ ചന്ദ്രന്‍പോലും നിഷ്പ്രഭം; നക്ഷത്രങ്ങളും നിഷ്കളങ്കമല്ല. എങ്കില്‍ വെറും പുഴുവും കൃമിയുമായ മനുഷ്യന്‍റെ സ്ഥിതി എന്ത്?” അപ്പോള്‍ ഇയ്യോബ് പറഞ്ഞു: “ഇങ്ങനെയാണോ നീ ദുര്‍ബലനെ സഹായിക്കുന്നത്? ബലഹീനമായ കരങ്ങളെ രക്ഷിക്കുന്നത്? അജ്ഞനു നീ എന്ത് ഉപദേശം നല്‌കി? എത്ര ഉദാരമായിട്ടാണ് നീ വിജ്ഞാനം പകര്‍ന്നത്! ആരുടെ സഹായത്തോടെയാണു നീ ഈ വാക്കുകള്‍ ഉച്ചരിച്ചത്? ആരുടെ ആത്മാവാണ് നിന്നില്‍നിന്നു പുറത്തുചാടിയത്? പാതാളവാസികള്‍ വിറകൊള്ളുന്നു. ജലവും അതിലെ ജീവികളും നടുങ്ങുന്നു. പാതാളം ദൈവമുമ്പാകെ തുറന്നിരിക്കുന്നു; നരകത്തെ ഒന്നും മറയ്‍ക്കുന്നില്ല. ഉത്തരദിക്കിനെ ദൈവം ശൂന്യതയുടെമേല്‍ വിരിക്കുന്നു; ഭൂമിയെ ശൂന്യതയ്‍ക്കുമേല്‍ തൂക്കിയിട്ടു. അവിടുന്നു ജലത്തെ കാര്‍മേഘങ്ങളില്‍ ബന്ധിക്കുന്നു; അതു വഹിക്കുന്ന കാര്‍മുകില്‍ ചീന്തിപ്പോകുന്നില്ല. അവിടുന്നു ചന്ദ്രന്‍റെ മുഖത്തെ മറയ്‍ക്കുന്നു. അതിനു മീതെ മേഘത്തെ വിരിക്കുന്നു. ഇരുളും വെളിച്ചവും സന്ധിക്കുന്നു. സമുദ്രമുഖത്ത് അവിടുന്ന് ഒരു വൃത്തം വരച്ചു. ആകാശത്തിന്‍റെ തൂണുകള്‍ കുലുങ്ങുന്നു; അവിടുത്തെ ശാസനയാല്‍ അവ നടുങ്ങുന്നു. അവിടുന്നു മഹാശക്തിയാല്‍ സമുദ്രത്തെ നിശ്ചലമാക്കി; അവിടുത്തെ ജ്ഞാനത്താല്‍ രഹബിനെ തകര്‍ത്തു. അവിടുത്തെ ശ്വാസത്താല്‍ ആകാശം ശോഭയുള്ളതായി; അവിടുത്തെ കരങ്ങള്‍ പാഞ്ഞുപോകുന്ന സര്‍പ്പത്തെ പിളര്‍ന്നു. ഇവയൊക്കെ അവിടുത്തെ നിസ്സാര പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്; അവിടുത്തെ ഒരു നേരിയ സ്വരമേ നാം കേട്ടിട്ടുള്ളൂ. അവിടുത്തെ ശക്തിയുടെ മുഴക്കം ആര്‍ക്കു ഗ്രഹിക്കാന്‍ കഴിയും?” ഇയ്യോബ് ഇങ്ങനെ തുടര്‍ന്നു: “എനിക്കു നീതി നിഷേധിക്കുകയും എന്‍റെ ജീവിതം കയ്പുള്ളതാക്കുകയും ചെയ്ത സര്‍വശക്തനായ ദൈവത്തെ മുന്‍നിറുത്തി ഞാന്‍ പറയുന്നു: എന്നില്‍ പ്രാണന്‍ അവശേഷിക്കുന്നിടത്തോളം, ദൈവത്തിന്‍റെ ശ്വാസം എന്‍റെ നാസികയില്‍ ഉള്ളിടത്തോളം ഞാന്‍ അസത്യം സംസാരിക്കുകയില്ല; ഞാന്‍ വഞ്ചന ഉച്ചരിക്കുകയില്ല. നിങ്ങള്‍ പറയുന്നതു ശരിയാണെന്ന് ഒരിക്കലും ഞാന്‍ സമ്മതിക്കുകയില്ല. മരണംവരെ ഞാന്‍ നിഷ്കളങ്കത ഉപേക്ഷിക്കുകയില്ല. ഞാന്‍ നീതിനിഷ്ഠ കൈവിടുകയില്ല. ആയുസ്സിന്‍റെ ഒരു ദിവസത്തെക്കുറിച്ചും മനഃസാക്ഷി എന്നെ കുറ്റപ്പെടുത്തുകയില്ല. എന്‍റെ ശത്രു ദുഷ്ടനെപ്പോലെയും എന്‍റെ എതിരാളി അധര്‍മിയെപ്പോലെയും ആയിരിക്കട്ടെ. അഭക്തനെ ദൈവം നശിപ്പിക്കുമ്പോള്‍ അവന്‍റെ പ്രത്യാശ എന്തായിരിക്കും? അവനു കഷ്ടതയും പ്രയാസവും നേരിടുമ്പോള്‍ ദൈവം അവന്‍റെ നിലവിളി കേള്‍ക്കുമോ? അവന്‍ സര്‍വശക്തനില്‍ ആനന്ദം കണ്ടെത്തുമോ? എല്ലാ കാലത്തും അവന്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുമോ? ദൈവത്തിന്‍റെ ശക്തിയെക്കുറിച്ചു ഞാന്‍ നിങ്ങളെ പഠിപ്പിക്കും, അവിടുത്തെ ഉദ്ദേശ്യം എന്തെന്നു ഞാന്‍ മറച്ചുവയ്‍ക്കുകയില്ല. നിങ്ങളെല്ലാവരും അതു കണ്ടറിഞ്ഞിരിക്കുന്നുവല്ലോ; പിന്നെ എന്തിന് ഈ വ്യര്‍ഥഭാഷണം? ഇതാണു ദുഷ്ടനു ദൈവത്തില്‍നിന്നു ലഭിക്കുന്ന ഓഹരി; പരദ്രോഹി സര്‍വശക്തനില്‍നിന്നു നേടുന്ന അവകാശം. അവനു സന്താനങ്ങള്‍ പെരുകുന്നത് വാളിന് ഇരയാകാന്‍ വേണ്ടിയാണ്. അവന്‍റെ സന്തതിക്കു വേണ്ടുവോളം ആഹാരം ലഭിക്കുകയില്ല. അവശേഷിക്കുന്നവര്‍ മഹാമാരിക്ക് ഇരയാകും; അവരുടെ വിധവമാര്‍ അവരെക്കുറിച്ചു വിലപിക്കുകയുമില്ല. അവര്‍ നിലത്തെ പൂഴിപോലെ വെള്ളി കൂട്ടിവച്ചേക്കാം. മണ്ണുപോലെ വസ്ത്രം വാരിക്കൂട്ടിയേക്കാം. പക്ഷേ നീതിമാന്മാര്‍ ആയിരിക്കും അവ ധരിക്കുക. നിഷ്കളങ്കരായിരിക്കും വെള്ളി വീതിച്ചെടുക്കുക. ചിലന്തി തന്‍റെ വല കെട്ടുന്നതുപോലെയും കാവല്‌ക്കാര്‍ മാടം നിര്‍മ്മിക്കുന്നതുപോലെയും അവന്‍ വീടു പണിയുന്നു. അവന്‍ ഉറങ്ങാന്‍ പോകുന്നതു ധനവാനായിട്ടായിരിക്കും. പക്ഷേ അതു നീണ്ടുനില്‌ക്കുകയില്ല. ഉണരുമ്പോഴേക്ക് അവന്‍റെ ധനം നഷ്ടപ്പെട്ടിരിക്കും. പെരുവെള്ളംപോലെ ഭയം അവനെ കീഴ്പെടുത്തും. രാത്രിയില്‍ കൊടുങ്കാറ്റ് അവനെ പറപ്പിച്ചു കൊണ്ടുപോകും. കിഴക്കന്‍കാറ്റ് അവനെ പൊക്കി എടുക്കും. പിന്നെ അവനെ കാണുകയില്ല; അവന്‍റെ സ്ഥാനത്തുനിന്ന് അത് അവനെ തൂത്തുമാറ്റും. നിര്‍ദ്ദയം അത് അവനെ ചുഴറ്റിയെറിയും; അതിന്‍റെ പിടിയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ അവന്‍ നോക്കും. അത് അവനെ നോക്കി കൈകൊട്ടും, അവന്‍റെ നേരേ സീല്‍ക്കാരം പുറപ്പെടുവിക്കും. വെള്ളി കുഴിച്ചെടുക്കുന്ന ഖനിയും പൊന്നു ശുദ്ധി ചെയ്യാനുള്ള ഇടവും ഉണ്ട് ഇരുമ്പു മണ്ണില്‍നിന്നെടുക്കുന്നു; ചെമ്പ് അതിന്‍റെ അയിരില്‍നിന്ന് ഉരുക്കിയെടുക്കുന്നു. മനുഷ്യന്‍ അന്ധകാരത്തെ ഭേദിച്ച് തമോനിബിഡമായ ആഴങ്ങളില്‍ അയിരു തേടിച്ചെല്ലുന്നു. നിര്‍ജനമായ താഴ്വരയില്‍ അവര്‍ ഖനി തുരക്കുന്നു. വഴിപോക്കര്‍പോലും വിസ്മരിച്ച ഏകാന്തതയില്‍, ഖനനത്തിനു കയറില്‍ തൂങ്ങി പണി എടുക്കുന്നു. ഭൂമിയില്‍നിന്ന് ആഹാരം ലഭിക്കുന്നു; എന്നാല്‍ അതിന്‍റെ അധോഭാഗം തിളച്ചുമറിയുന്നു; അതിലെ പാറകള്‍ ഇന്ദ്രനീലത്തിന്‍റെ ഇരിപ്പിടം; സ്വര്‍ണത്തരിയും അതിലുണ്ട്. കഴുകന് ആ വഴി അജ്ഞാതം; പരുന്തിന്‍റെ കണ്ണുകളും അതു കണ്ടിട്ടില്ല. ഘോരമൃഗങ്ങള്‍ അതില്‍ ചവിട്ടിയിട്ടില്ല; സിംഹം ആ വഴിയിലൂടെ കടന്നുപോയിട്ടില്ല. മനുഷ്യന്‍ തീക്കല്ലില്‍ കൈ വയ്‍ക്കുന്നു; പര്‍വതങ്ങളെ അവന്‍ വേരോടെ മറിക്കുന്നു. പാറകളില്‍ അവന്‍ ചാലുകള്‍ കീറുന്നു; എല്ലാ അമൂല്യവസ്തുക്കളും അവന്‍റെ കണ്ണില്‍പ്പെടുന്നു. അവന്‍ നീര്‍ച്ചാലുകളെ അണകെട്ടി തടുക്കുന്നു; മറഞ്ഞിരിക്കുന്നവയെ അവന്‍ വെളിച്ചത്തു കൊണ്ടുവരുന്നു. എന്നാല്‍ ജ്ഞാനം എവിടെ കണ്ടെത്തും? വിവേകത്തിന്‍റെ ആസ്ഥാനം എവിടെ? അങ്ങോട്ടുള്ള വഴി മനുഷ്യന്‍ അറിഞ്ഞിട്ടില്ല: ജീവിക്കുന്നവരുടെ ദേശത്ത് അതു കണ്ടെത്തിയിട്ടില്ല; അത് എന്നിലില്ല എന്ന് അഗാധത പറയുന്നു; അത് എന്‍റെ പക്കലില്ലെന്നു സമുദ്രവും പറയുന്നു. സ്വര്‍ണംകൊടുത്ത് അതു വാങ്ങാവുന്നതല്ല; വെള്ളി തൂക്കിക്കൊടുത്താലും അതിന്‍റെ വിലയാവുകയില്ല. ഓഫീര്‍തങ്കമോ, വിലയേറിയ ഗോമേദകമോ ഇന്ദ്രനീലമോ അതിന്‍റെ വിലയാവുകയില്ല. സ്വര്‍ണവും സ്ഫടികവും അതിനു സമാനമല്ല; സ്വര്‍ണപ്പണ്ടങ്ങള്‍ പകരം കൊടുത്ത് അതു നേടാവുന്നതല്ല. പവിഴത്തിന്‍റെയും പളുങ്കിന്‍റെയും കാര്യം പറയാനേയില്ല. ജ്ഞാനം മുത്തുകളെക്കാള്‍ അമൂല്യമാണ്; എത്യോപ്യയിലെ പുഷ്യരാഗം അതിനോടു താരതമ്യപ്പെടുത്താനാവില്ല; തനിത്തങ്കംകൊണ്ട് അതിന്‍റെ വിലമതിക്കാവുന്നതല്ല. അപ്പോള്‍ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകത്തിന്‍റെ ഇരിപ്പിടം എവിടെ? അതു സകല ജീവികള്‍ക്കും അഗോചരമാണ്; പറവകളുടെ മിഴികള്‍ക്കും അതു മറഞ്ഞിരിക്കുന്നു. ഞങ്ങള്‍ അതേപ്പറ്റി കേട്ടിട്ടേ ഉള്ളൂ എന്നു നരകവും മരണവും പറയുന്നു. അതിലേക്കുള്ള വഴി ദൈവം അറിയുന്നു; അതിന്‍റെ ആസ്ഥാനം അവിടുത്തേക്കറിയാം. അവിടുന്നു ഭൂമിയുടെ അറുതികളിലേക്കു നോക്കുന്നു; ആകാശത്തിന്‍ കീഴിലുള്ള സമസ്തവും കാണുകയും ചെയ്യുന്നു. അവിടുന്നു കാറ്റിനെ തൂക്കിനോക്കിയപ്പോള്‍, സമുദ്രജലം അളന്നു തിട്ടപ്പെടുത്തിയപ്പോള്‍, മഴയ്‍ക്ക് ഒരു നിയമം ഏര്‍പ്പെടുത്തിയപ്പോള്‍, ഇടിമിന്നലിനു വഴി നിര്‍ണയിച്ചപ്പോള്‍, അവിടുന്ന് വിജ്ഞാനം കണ്ടു; അതു പ്രഖ്യാപിച്ചു. അതു പരിശോധിച്ചു, അതിന്‍റെ മൂല്യം നിര്‍ണയിച്ചു. അവിടുന്നു മനുഷ്യനോട് അരുളിച്ചെയ്തു: ‘സര്‍വേശ്വരനോടുള്ള ഭക്തിയാണ് ജ്ഞാനം തിന്മയില്‍നിന്ന് അകലുന്നതാണ് വിവേകം.’ ഇയ്യോബ് തന്‍റെ ഭാഷണം തുടര്‍ന്നു: “പഴയകാലത്തെപ്പോലെ, ദൈവം എന്നെ പരിപാലിച്ച ദിനങ്ങളിലെ പോലെ, ഞാന്‍ ആയിരുന്നെങ്കില്‍! അന്ന് അവിടുത്തെ ദീപം എന്‍റെ തലയ്‍ക്കു മീതെ പ്രകാശിച്ചിരുന്നു; അവിടുത്തെ പ്രകാശത്താല്‍ ഞാന്‍ ഇരുട്ടിലൂടെ നടന്നു. ഞാന്‍ എന്‍റെ സമൃദ്ധിയുടെ കാലത്തെപ്പോലെ ആയിരുന്നെങ്കില്‍! അന്ന് ദൈവത്തിന്‍റെ സഖിത്വം എന്‍റെ കൂടാരത്തിലുണ്ടായിരുന്നു. സര്‍വശക്തന്‍ എന്‍റെ കൂടെയുണ്ടായിരുന്നു. എന്‍റെ മക്കള്‍ എനിക്കു ചുറ്റും ഉണ്ടായിരുന്നു. അന്നു പാലും എണ്ണയും വെള്ളംപോലെ സമൃദ്ധമായിരുന്നു; ഞാന്‍ നഗരകവാടത്തില്‍ ചെന്ന്, പൊതുസ്ഥലത്ത് ഇരിക്കുമ്പോള്‍, യുവാക്കള്‍ ആദരവോടെ ഒഴിഞ്ഞുനിന്നു. പ്രായമായവര്‍ എഴുന്നേറ്റു നിന്നു. പ്രഭുക്കന്മാര്‍ വായ് പൊത്തി മൗനം അവലംബിച്ചു. ജനനേതാക്കള്‍ നിശ്ശബ്ദത പാലിച്ചു. അവരുടെ നാവു താണുപോയി. എന്‍റെ വാക്കു കേട്ടവര്‍ എന്നെ പുകഴ്ത്തിപ്പറഞ്ഞു. എന്നെ കണ്ടവര്‍ അത് അംഗീകരിച്ചു. കാരണം, നിലവിളിക്കുന്ന എളിയവനെയും ആശ്രയമറ്റ അനാഥനെയും ഞാന്‍ വിടുവിച്ചു. നാശത്തിന്‍റെ വക്കിലെത്തിയവന്‍ എന്നെ അനുഗ്രഹിച്ചു. വിധവകളുടെ ഹൃദയം ആനന്ദഗീതം ആലപിക്കാന്‍ ഞാന്‍ ഇടയാക്കി; വസ്ത്രംപോലെ ഞാന്‍ നീതി ധരിച്ചു. നീതിനിഷ്ഠ എനിക്കു മേലങ്കിയും തലപ്പാവും ആയിരുന്നു. ഞാന്‍ അന്ധനു കണ്ണുകളും മുടന്തനു കാലുകളും ആയിരുന്നു. ദരിദ്രര്‍ക്ക് ഞാന്‍ പിതാവായിരുന്നു; അപരിചിതന്‍റെ വ്യവഹാരം ഞാന്‍ നടത്തിക്കൊടുത്തു. അധര്‍മിയുടെ അണപ്പല്ലു ഞാന്‍ തകര്‍ത്തു; അവന്‍റെ ദംഷ്ട്രകള്‍ക്കിടയില്‍നിന്ന് ഇരയെ വിടുവിച്ചു. വീട്ടില്‍ കിടന്നുതന്നെ ഞാന്‍ മരിക്കുമെന്നും മണല്‍ത്തരിപോലെ എന്‍റെ ദിനങ്ങള്‍ വര്‍ധിക്കുമെന്നും ഞാന്‍ വിചാരിച്ചു. എന്‍റെ വേരുകള്‍ ജലാശയം വരെ പടര്‍ന്നു ചെന്നിരുന്നു; എന്‍റെ ശിഖരങ്ങളിന്മേല്‍ രാത്രി മുഴുവന്‍ മഞ്ഞുപൊഴിഞ്ഞിരുന്നു. എന്‍റെ മഹിമ ദിനംപ്രതി പുതുമ ഏറ്റുവാങ്ങി. എന്‍റെ കൈയിലെ വില്ലിനു പഴക്കം തട്ടിയില്ല. മനുഷ്യര്‍ എന്‍റെ വാക്കിനു കാതുകൊടുത്തു; എന്‍റെ ഉപദേശത്തിനു നിശ്ശബ്ദരായി കാത്തിരുന്നു. എന്‍റെ വാക്കായിരുന്നു അവസാനത്തെ വാക്ക്, അത് അവര്‍ക്ക് സ്വീകാര്യമായിരുന്നു. മഴയ്‍ക്കുവേണ്ടിയെന്നപോലെ, അവര്‍ എനിക്കുവേണ്ടി കാത്തിരുന്നു; വസന്തവൃഷ്‍ടിക്കുവേണ്ടി എന്നപോലെ അവര്‍ അതിനായി നോക്കിയിരുന്നു. അവര്‍ക്ക് ആത്മവിശ്വാസമില്ലാതിരിക്കെ ഞാന്‍ അവരെ നോക്കി പുഞ്ചിരിതൂകി. എന്‍റെ മുഖശോഭ അവര്‍ക്കു ധൈര്യം പകര്‍ന്നു ഞാന്‍ അവര്‍ക്കു വഴികാട്ടിയും നേതാവുമായിരുന്നു. സൈന്യങ്ങളുടെ ഇടയില്‍ രാജാവിനെപ്പോലെയും ദുഃഖിതരുടെ ഇടയില്‍ ആശ്വാസകനെപ്പോലെയും ഞാന്‍ അവരുടെ ഇടയില്‍ വസിച്ചു. എന്നാല്‍ ഇപ്പോള്‍ എന്നെക്കാള്‍ പ്രായം കുറഞ്ഞവര്‍ എന്നെ പരിഹസിക്കുന്നു അവരുടെ പിതാക്കന്മാരെ എന്‍റെ ആട്ടിന്‍കൂട്ടത്തിന്‍റെ നായ്‍ക്കളുടെ കൂടെ കാവല്‍ നിര്‍ത്താന്‍ പോലും ഞാന്‍ മടിച്ചിരുന്നു. അവരുടെ ദുര്‍ബലകരങ്ങള്‍കൊണ്ട് എനിക്ക് എന്തുണ്ടു നേടാന്‍? ദാരിദ്ര്യവും വിശപ്പും നിമിത്തം അവര്‍ വരണ്ടഭൂമിയിലെ ഉണക്കവേരുകള്‍ കാര്‍ന്നു തിന്നുന്നു. അവര്‍ മരുച്ചീരയും മുള്ളിലകളും ആഹാരമാക്കുന്നു; കാട്ടുകിഴങ്ങുകളും പറിച്ചുതിന്നുന്നു. ജനമധ്യത്തില്‍നിന്ന് അവര്‍ തുരത്തപ്പെടുന്നു; കള്ളന്മാരെ എന്നപോലെ അവരെ ആട്ടിപ്പായിക്കുന്നു. കാട്ടാറുകളുടെ തീരത്തെ മലയിടുക്കുകളിലും കുഴികളിലും പാറകളുടെ വിള്ളലുകളിലും അവര്‍ക്ക് പാര്‍ക്കേണ്ടിവരുന്നു. കുറ്റിക്കാടുകളില്‍ കിടന്ന് അവര്‍ മോങ്ങുന്നു. കൊടിത്തൂവയ്‍ക്കിടയില്‍ അവര്‍ ഒന്നിച്ചു കൂടുന്നു. ഭോഷരും നിന്ദ്യരുമായ ആ കൂട്ടം നാട്ടില്‍നിന്നു തുരത്തപ്പെടുന്നു. ഇപ്പോള്‍ ഞാന്‍ അവര്‍ക്കൊരു പാട്ടും പഴമൊഴിയും ആയിത്തീര്‍ന്നിരിക്കുന്നു. അവര്‍ അറപ്പോടെ എന്നില്‍നിന്ന് അകന്നു മാറിനില്‌ക്കുന്നു. എന്നെ കാണുമ്പോള്‍ തുപ്പാന്‍പോലും അവര്‍ മടിക്കുന്നില്ല. ദൈവം എന്‍റെ വില്ലിന്‍റെ ഞാണയച്ച് എന്നെ എളിമപ്പെടുത്തിയിരിക്കുന്നതിനാല്‍ അവര്‍ എന്‍റെ മുമ്പില്‍ ആത്മനിയന്ത്രണം വെടിഞ്ഞിരിക്കുന്നു. നീചന്മാര്‍ വലത്തുവശത്തുനിന്ന് എന്നെ ആക്രമിക്കുന്നു. അവര്‍ വിനാശകരമായ തന്ത്രങ്ങള്‍ എന്‍റെ നേരേ പ്രയോഗിക്കുന്നു. എന്‍റെ പാത അവര്‍ തകര്‍ക്കുന്നു; എന്‍റെ അനര്‍ഥങ്ങള്‍ വര്‍ധിപ്പിക്കുന്നു. ആരും അവരെ തടയുന്നില്ല. വലിയ ഒരു വിടവില്‍ക്കൂടി എന്നപോലെ അവര്‍ ആക്രമിച്ചുവരുന്നു. പൊളിഞ്ഞുവീണിടത്തു കൂടി അവര്‍ പാഞ്ഞു കയറുന്നു. ഭീകരതകള്‍ എന്‍റെ നേരേ തിരിഞ്ഞിരിക്കുന്നു. എന്‍റെ അഭിമാനം കാറ്റില്‍പ്പെട്ടപോലെ പറക്കുന്നു. എന്‍റെ ഐശ്വര്യം മേഘമെന്നപോലെ അപ്രത്യക്ഷമാകുന്നു. എന്‍റെ ആത്മവീര്യം ചോര്‍ന്നുപോയിരിക്കുന്നു. കഷ്ടകാലം എന്നെ പിടികൂടി. രാത്രിയില്‍ എന്‍റെ അസ്ഥികള്‍ക്ക് തുളച്ചു കയറുന്ന വേദനയാണ്; എന്നെ കാര്‍ന്നുതിന്നുന്ന വേദനയ്‍ക്ക് അറുതിയില്ല. അത് എന്‍റെ വസ്ത്രത്തെപ്പോലും ബലമായി പിടികൂടിയിരിക്കുന്നു. പുറംകുപ്പായത്തിന്‍റെ കഴുത്തുപോലെ അത് എന്നെ ബന്ധിച്ചിരിക്കുന്നു. ദൈവം എന്നെ ചെളിക്കുണ്ടിലേക്ക് എറിഞ്ഞിരിക്കുന്നു. ഞാന്‍ മണ്ണോ ചാരമോ പോലെ ആയിത്തീര്‍ന്നു. ഞാന്‍ അങ്ങയോടു നിലവിളിക്കുന്നു; അവിടുന്ന് എനിക്ക് ഉത്തരമരുളുന്നില്ല. ഞാന്‍ തിരുമുമ്പില്‍ നില്‌ക്കുന്നു; അവിടുന്ന് എന്നെ ശ്രദ്ധിക്കുന്നില്ല. അവിടുന്ന് എന്‍റെ നേരേ ക്രൂരനായിരിക്കുന്നു; കരബലത്താല്‍ എന്നെ പീഡിപ്പിക്കുന്നു. അവിടുന്ന് എന്നെ പൊക്കിയെടുത്ത് കാറ്റിന്മേല്‍ സവാരി ചെയ്യിക്കുന്നു. ഇരമ്പുന്ന കൊടുങ്കാറ്റില്‍ അവിടുന്ന് എന്നെ അമ്മാനമാടുന്നു. അതേ, മരണത്തിലേക്കു സര്‍വജീവികള്‍ക്കും വേണ്ടി ഒരുക്കിയിട്ടുള്ള സങ്കേതത്തിലേക്ക് അവിടുന്ന് എന്നെ കൊണ്ടുപോകുമെന്ന് എനിക്കറിയാം. എങ്കിലും നാശക്കൂനയില്‍പ്പെടുമ്പോള്‍ ഒരുവന്‍ കൈ നീട്ടുകയില്ലേ? അത്യാഹിതത്തില്‍പ്പെട്ടവന്‍ സഹായത്തിനു വേണ്ടി നിലവിളിക്കുകയില്ലേ? കഷ്ടതയില്‍പ്പെട്ടവനുവേണ്ടി ഞാന്‍ കരഞ്ഞിട്ടില്ലേ? എളിയവനെപ്രതി എന്‍റെ മനസ്സു വേദനിച്ചിട്ടില്ലേ? എന്നാല്‍ നന്മ പ്രതീക്ഷിച്ചിരുന്നപ്പോള്‍ എനിക്കു തിന്മ വന്നു; വെളിച്ചം കാത്തിരുന്നപ്പോള്‍ ഇരുട്ടു വന്നുചേര്‍ന്നു. എന്‍റെ ഹൃദയം ഇളകിമറിയുന്നു; അതിനു സ്വസ്ഥത ലഭിക്കുന്നില്ല. കഷ്ടതയുടെ ദിനങ്ങള്‍ എന്നെ നേരിടുന്നു. സൂര്യപ്രകാശം കാണാതെ ഞാന്‍ ഇരുണ്ടു പോയിരിക്കുന്നു. ഞാന്‍ സഭയില്‍ എഴുന്നേറ്റുനിന്ന് സഹായത്തിനുവേണ്ടി നിലവിളിക്കുന്നു. ഞാന്‍ കുറുക്കനു സഹോദരനും ഒട്ടകപ്പക്ഷിക്കു കൂട്ടുകാരനും ആയിരിക്കുന്നു. എന്‍റെ തൊലി കറുത്തു പൊളിയുന്നു; എന്‍റെ അസ്ഥി ചൂടുകൊണ്ടു പൊരിയുന്നു. എന്‍റെ വീണാലാപം വിലാപമായും എന്‍റെ കുഴല്‍നാദം രോദനമായും തീര്‍ന്നിരിക്കുന്നു. എന്‍റെ കണ്ണുകളുമായി ഞാന്‍ ഒരുടമ്പടി ചെയ്തിട്ടുണ്ട്; അപ്പോള്‍ ഞാന്‍ എങ്ങനെ കന്യകയില്‍ കണ്ണുവയ്‍ക്കും? അത്യുന്നതനായ ദൈവം എനിക്കു നല്‌കുന്ന ഓഹരി എന്ത്? സര്‍വശക്തനില്‍നിന്ന് എനിക്കു ലഭിക്കുന്ന അവകാശം എന്ത്? നീതികെട്ടവന്‍റെമേല്‍ അത്യാഹിതവും അധര്‍മിയുടെമേല്‍ വിപത്തും നിപതിക്കുന്നില്ലേ? ദൈവം എന്‍റെ പ്രവൃത്തികള്‍ അറിയുന്നില്ലേ? എന്‍റെ കാല്‍വയ്പുകള്‍ അവിടുന്ന് കാണുന്നില്ലേ? സത്യവിരുദ്ധമായി ഞാന്‍ നടന്നിട്ടുണ്ടെങ്കില്‍, ഞാന്‍ വഞ്ചന പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ദൈവം ഒത്തതുലാസില്‍ തൂക്കിനോക്കി എന്‍റെ സത്യസന്ധത നിര്‍ണയിക്കട്ടെ. ഞാന്‍ നേരായ മാര്‍ഗത്തില്‍നിന്നു വ്യതിചലിച്ചെങ്കില്‍, കണ്ടതിലെല്ലാം ഞാന്‍ ആര്‍ത്തിപൂണ്ടിട്ടുണ്ടെങ്കില്‍, എന്‍റെ കരത്തില്‍ കറ പുരണ്ടിട്ടുണ്ടെങ്കില്‍, ഞാന്‍ വിതച്ചത് മറ്റൊരുവന്‍ അനുഭവിക്കട്ടെ. എന്‍റെ വിളകള്‍ നിര്‍മ്മൂലമാക്കപ്പെടട്ടെ. പരസ്‍ത്രീയില്‍ ഞാന്‍ ഭ്രമിച്ചുപോയിട്ടുണ്ടെങ്കില്‍, അയല്‍ക്കാരന്‍റെ വാതില്‌ക്കല്‍ ഞാന്‍ പതിയിരുന്നിട്ടുണ്ടെങ്കില്‍, എന്‍റെ ഭാര്യ അന്യനുവേണ്ടി ധാന്യം പൊടിക്കട്ടെ; അവളോടൊത്ത് അന്യര്‍ ശയിക്കട്ടെ. അങ്ങനെയുള്ളതു കൊടിയ പാതകമാണല്ലോ; ന്യായാധിപന്മാര്‍ ശിക്ഷ വിധിക്കേണ്ട അധര്‍മംതന്നെ. അതു വിനാശകരമായ നരകാഗ്നിയാകുന്നു. എനിക്കുള്ള സര്‍വസ്വവും അതു നിര്‍മ്മൂലമാക്കും. പരാതിയുമായി എന്നെ സമീപിച്ച ദാസന്‍റെയോ ദാസിയുടെയോ ന്യായം ഞാന്‍ തള്ളിക്കളഞ്ഞിട്ടുണ്ടെങ്കില്‍, ദൈവം എന്നെ വിധിക്കാന്‍ എഴുന്നേല്‌ക്കുമ്പോള്‍ ഞാന്‍ എന്തു ചെയ്യും? ദൈവം അന്വേഷണം നടത്തുമ്പോള്‍ ഞാന്‍ എന്ത് ഉത്തരം പറയും? അമ്മയുടെ ഉദരത്തില്‍ എന്നെ ഉരുവാക്കിയ ദൈവമല്ലേ എന്‍റെ ദാസനെയും സൃഷ്‍ടിച്ചത്? ഒരുവന്‍ തന്നെയല്ലേ അവനെയും എന്നെയും അമ്മയുടെ ഉദരത്തില്‍ മെനഞ്ഞത്? ദരിദ്രന്‍ ആഗ്രഹിച്ചത് ഞാന്‍ കൊടുക്കാതിരുന്നിട്ടുണ്ടെങ്കില്‍, സഹായത്തിനുവേണ്ടി നോക്കിയ വിധവകളെ ഞാന്‍ നിരാശപ്പെടുത്തിയിട്ടുണ്ടെങ്കില്‍, അനാഥനു നല്‌കാതെ ഞാന്‍ തനിച്ചു ഭക്ഷിച്ചിട്ടുണ്ടെങ്കില്‍, ബാല്യംമുതല്‍ പിതാവിനെപ്പോലെ ഞാന്‍ അനാഥനെ വളര്‍ത്തുകയും ജനനംമുതല്‍ അവനെ പരിപാലിക്കുകയും ചെയ്തിരുന്നല്ലോ. ഒരുവന്‍ വസ്ത്രമില്ലാതെ തണുപ്പുകൊണ്ടു വലയുന്നതോ ദരിദ്രന്‍ പുതപ്പില്ലാതെ ഇരിക്കുന്നതോ കണ്ടിട്ട് ഞാന്‍ അത് അവഗണിച്ചിട്ടുണ്ടെങ്കില്‍, എന്‍റെ ആടുകളില്‍ നിന്നെടുത്ത കമ്പിളികൊണ്ടുള്ള ചൂടേറ്റ് അയാള്‍ എന്നെ ഹൃദയപൂര്‍വം അനുഗ്രഹിക്കാന്‍ ഞാന്‍ ഇട വരുത്തിയിട്ടില്ലെങ്കില്‍, നഗരവാതില്‌ക്കല്‍ എനിക്കു സഹായത്തിനാളുണ്ടെന്നു കണ്ട് അനാഥന്‍റെ നേരേ ഞാന്‍ കൈ ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍, എന്‍റെ തോളെല്ല് ഒടിഞ്ഞുവീഴട്ടെ, എന്‍റെ ഭുജത്തിന്‍റെ സന്ധിബന്ധം അറ്റുപോകട്ടെ. ദൈവം വരുത്തിയ വിപത്തിനാല്‍, ഞാന്‍ കൊടിയ ഭീതിയിലായിരുന്നു; അവിടുത്തെ പ്രഭാവത്തിന്‍റെ മുമ്പില്‍ നില്‌ക്കാന്‍ എനിക്കു കഴിവില്ലായിരുന്നു. സ്വര്‍ണത്തില്‍ ഞാന്‍ ആശ്രയം അര്‍പ്പിക്കുകയോ, തങ്കത്തെ എന്‍റെ ശരണം ആക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, ഞാന്‍ എന്‍റെ സമ്പന്നതയിലും സമ്പാദിച്ചു കൂട്ടിയതിലും സന്തോഷിക്കുന്നുവെങ്കില്‍, ജ്വലിക്കുന്ന സൂര്യനെയോ ശോഭ ചൊരിയുന്ന ചന്ദ്രനെയോ കണ്ട് ഞാന്‍ ഗൂഢമായി വശീകരിക്കപ്പെടുകയോ അവയോടുള്ള ആരാധനാഭാവംകൊണ്ട് സ്വന്തം കരം ചുംബിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, അതും ശിക്ഷാര്‍ഹമായ കുറ്റംതന്നെ. അത്യുന്നതനായ ദൈവത്തെ നിഷേധിക്കലാണല്ലോ അത്. എന്നെ ദ്വേഷിക്കുന്നവന്‍റെ പതനത്തില്‍ സന്തോഷിക്കുകയോ, അവന് അനര്‍ഥം നേരിട്ടപ്പോള്‍ ആഹ്ലാദിക്കുകയോ ഞാന്‍ ചെയ്തിട്ടില്ല. അവന്‍റെ നാശം ഇച്ഛിച്ചുകൊണ്ടു ശാപം ചൊരിഞ്ഞു പാപം ചെയ്യാന്‍ ഞാന്‍ എന്‍റെ നാവിനെ അനുവദിച്ചിട്ടില്ല. “അവന്‍റെ ഭക്ഷണമേശയില്‍നിന്നു മാംസം ഭക്ഷിച്ച് തൃപ്തിവരാത്ത ആരുണ്ട്” എന്നിങ്ങനെ എന്‍റെ കൂടാരത്തില്‍ വസിക്കുന്നവര്‍ ചോദിക്കാതിരുന്നിട്ടില്ല. പരദേശിക്കു തെരുവില്‍ രാപാര്‍ക്കേണ്ടി വന്നിട്ടില്ല; വഴിപോക്കന് ഞാന്‍ എന്‍റെ വാതില്‍ തുറന്നു കൊടുത്തു. അകൃത്യം മനസ്സിലൊളിപ്പിച്ച് ഞാന്‍ എന്‍റെ അതിക്രമങ്ങള്‍ ആരുടെ മുമ്പില്‍നിന്നും മൂടി വച്ചിട്ടില്ല. ആള്‍ക്കൂട്ടത്തെ ഭയപ്പെട്ട്, മറ്റു കുടുംബങ്ങളുടെ നിന്ദയില്‍ ഭീതി തോന്നി ഞാന്‍ മൗനം അവലംബിക്കുകയോ വാതിലിനു പുറത്ത് ഇറങ്ങാതിരിക്കുകയോ ചെയ്തിട്ടില്ല. ഹാ! എന്‍റെ സങ്കടം കേള്‍ക്കാന്‍ ആരുണ്ട്! ഇതാ, എന്‍റെ കൈയൊപ്പ്. സര്‍വശക്തന്‍ എനിക്ക് ഉത്തരം നല്‌കട്ടെ! എന്‍റെ പ്രതിയോഗി എനിക്കെതിരെ തയ്യാറാക്കിയ കുറ്റപത്രം കിട്ടിയിരുന്നെങ്കില്‍! നിശ്ചയമായും ഞാന്‍ അതു തോളില്‍ വഹിക്കുമായിരുന്നു. കിരീടംപോലെ അണിയുമായിരുന്നു. എന്‍റെ പ്രവൃത്തികളുടെ കണക്കു ഞാന്‍ അവനു സമര്‍പ്പിക്കുമായിരുന്നു; പ്രഭുവിനെപ്പോലെ ഞാന്‍ അവനെ സമീപിക്കുമായിരുന്നു. എന്‍റെ നിലം എനിക്കെതിരെ നിലവിളിക്കുകയോ ഉഴവുചാലുകള്‍ കൂട്ടമായി കരയുകയോ ചെയ്തിട്ടുണ്ടെങ്കില്‍, വിലകൊടുക്കാതെ ഞാന്‍ അതിന്‍റെ വിളവ് അനുഭവിക്കുകയോ അതിന്‍റെ ഉടമകളുടെ മരണത്തിന് കാരണക്കാരനാവുകയോ ചെയ്തിട്ടുണ്ടെങ്കില്‍, കോതമ്പിനു പകരം മുള്ളും ബാര്‍ലിക്കു പകരം കളകളും വളരട്ടെ!” (ഇയ്യോബിന്‍റെ വാക്കുകള്‍ സമാപിച്ചു) നീതിമാനെന്ന് ഇയ്യോബിന് സ്വയം തോന്നിയതുകൊണ്ട് ഈ മൂന്നു പേരും തങ്ങളുടെ വാദം അവസാനിപ്പിച്ചു. ഇയ്യോബ് ദൈവത്തെ സാധൂകരിക്കുന്നതിനു പകരം സ്വയം സാധൂകരിച്ചതുകൊണ്ട് രാമിന്‍റെ കുടുംബത്തില്‍പ്പെട്ട ബൂസ്യനായ ബറഖേലിന്‍റെ പുത്രന്‍ എലീഹൂ കോപിഷ്ഠനായി. ഇയ്യോബിനു തെറ്റുപറ്റി എന്നു പറഞ്ഞെങ്കിലും അതു സമര്‍ഥിക്കാതെ മൗനംപൂണ്ട മൂന്നു സ്നേഹിതന്മാരുടെ നേരെയും അയാള്‍ കോപിച്ചു. അവര്‍ തന്നെക്കാള്‍ പ്രായമുള്ളവരായിരുന്നതിനാല്‍ എലീഹൂ അതുവരെ മൗനം അവലംബിക്കുകയായിരുന്നു. എന്നാല്‍ ആ മൂന്നൂ പേര്‍ക്കും ഉത്തരംമുട്ടി എന്നു കണ്ടപ്പോള്‍ എലീഹൂവിനു കോപം ജ്വലിച്ചു. ബൂസ്യനായ ബറഖേലിന്‍റെ പുത്രന്‍ എലീഹൂ പറഞ്ഞു: “പ്രായംകൊണ്ട് ഞാന്‍ യുവാവും നിങ്ങള്‍ വൃദ്ധരുമാകുന്നു. അതുകൊണ്ട് എന്‍റെ അഭിപ്രായം തുറന്നുപറയാന്‍ എനിക്കു ഭയവും ശങ്കയുമുണ്ടായിരുന്നു. ‘പ്രായമുള്ളവര്‍ സംസാരിക്കട്ടെ; വയോധികര്‍ ജ്ഞാനം ഉപദേശിക്കട്ടെ’ എന്നു ഞാന്‍ വിചാരിച്ചു. എന്നാല്‍ മനുഷ്യനിലുള്ള ദിവ്യചൈതന്യം- സര്‍വശക്തന്‍റെ ശ്വാസം-ആണ് അവനെ വിവേകിയാക്കുന്നത്. പ്രായമുള്ളവര്‍ ജ്ഞാനികളോ, വയോധികര്‍ ശരിയായുള്ളത് ഗ്രഹിക്കുന്നവരോ ആകണമെന്നില്ല. അതുകൊണ്ട് ഞാന്‍ പറയുന്നതു കേള്‍ക്കുക, ഞാനും എന്‍റെ അഭിപ്രായം വ്യക്തമാക്കട്ടെ. നിങ്ങളുടെ അഭിപ്രായം ഞാന്‍ ശ്രദ്ധിച്ചുകേട്ടു. എന്തു പറയണമെന്നു നിങ്ങള്‍ ആലോചിക്കുമ്പോള്‍ നിങ്ങളുടെ ജ്ഞാനവചസ്സുകള്‍ക്കായി ഞാന്‍ കാതോര്‍ത്തു. നിങ്ങള്‍ പറഞ്ഞതെല്ലാം ഞാന്‍ ശ്രദ്ധിച്ചു; പക്ഷേ, നിങ്ങളിലാര്‍ക്കും ഇയ്യോബിന്‍റെ വാദമുഖം തെറ്റാണെന്നു തെളിയിക്കാനോ അദ്ദേഹത്തിനു തക്ക മറുപടി നല്‌കാനോ കഴിഞ്ഞില്ല. ‘ഞങ്ങള്‍ക്കു വിവേകം കിട്ടി; മനുഷ്യനല്ല ദൈവം തന്നെ അയാള്‍ക്കു മറുപടി കൊടുക്കട്ടെ’ എന്നു പറഞ്ഞുപോകാതിരിക്കാന്‍ സൂക്ഷിച്ചുകൊള്‍ക. എനിക്കെതിരായിട്ടല്ല അദ്ദേഹം സംസാരിച്ചത് അയാളുടെ വാക്കുകള്‍ എന്നെയല്ല ലക്ഷ്യമാക്കിയത്. അതുകൊണ്ട് നിങ്ങളുടെ ഭാഷണംകൊണ്ടു ഞാന്‍ അദ്ദേഹത്തിനു മറുപടി നല്‌കുന്നില്ല. അവര്‍ കുഴഞ്ഞു; അവര്‍ക്കു മൊഴിമുട്ടി; ഒരു വാക്കുപോലും അവര്‍ക്കു പറയാനില്ല; അവര്‍ മിണ്ടാതെ നില്‌ക്കുന്നതുകൊണ്ട്, അവര്‍ക്കു മറുപടി ഇല്ലാതായതുകൊണ്ട്, ഞാനും മിണ്ടാതെ നില്‌ക്കണമെന്നോ? ഞാനും എന്‍റെ മറുപടി പറയും; ഞാന്‍ എന്‍റെ അഭിപ്രായം തുറന്നുപറയും. വാക്കുകള്‍ നിറഞ്ഞു ഞാന്‍ വീര്‍പ്പുമുട്ടുന്നു. അന്തരാത്മാവ് എന്നെ നിര്‍ബന്ധിക്കുന്നു. വീഞ്ഞു നിറച്ച് അടച്ചുവച്ച പാത്രം പോലെയാണ് എന്‍റെ ഹൃദയം. പുതിയ തോല്‍ക്കുടംപോലെ അത് ഏതു നിമിഷവും പൊട്ടാം. എനിക്കു സംസാരിക്കണം; എങ്കിലേ എനിക്ക് ആശ്വാസം ലഭിക്കൂ. ഞാന്‍ സംസാരിക്കാന്‍ പോകുകയാണ്. ഞാന്‍ ആരുടെയും മുഖം നോക്കുകയില്ല. ആരോടും ഞാന്‍ മുഖസ്തുതി പറയുകയുമില്ല. മുഖസ്തുതി പറയാന്‍ എനിക്കു വശമില്ല. അങ്ങനെ പറഞ്ഞാല്‍ എന്‍റെ സ്രഷ്ടാവ് എന്നെ വേഗം നശിപ്പിക്കട്ടെ. ഇയ്യോബേ, ഞാന്‍ പറയുന്നതു കേട്ടുകൊള്ളുക; എന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക. ഇതാ, ഞാന്‍ വായ് തുറക്കുന്നു; താങ്കളോടു സംസാരിക്കാന്‍ തുടങ്ങുന്നു. എന്‍റെ ഹൃദയപരമാര്‍ഥത എന്‍റെ വാക്കുകള്‍ വെളിവാക്കുന്നു. മനസ്സിലുള്ളതു ഞാന്‍ തുറന്നു പറയുകയാണ്. ദൈവാത്മാവ് എന്നെ സൃഷ്‍ടിച്ചു; സര്‍വശക്തന്‍റെ ശ്വാസം എനിക്കു ജീവന്‍ നല്‌കി. കഴിയുമെങ്കില്‍ എനിക്ക് ഉത്തരം നല്‌കുക. വാദമുഖങ്ങള്‍ നിരത്തി എന്നെ നേരിടുക. ദൈവമുമ്പാകെ ഞാനും താങ്കളെപ്പോലെ തന്നെ എന്നെയും മണ്ണുകൊണ്ടു നിര്‍മ്മിച്ചിരിക്കുന്നു. എന്നെക്കുറിച്ചു താങ്കള്‍ ഭയപ്പെടേണ്ടതില്ല. ഞാന്‍ താങ്കളില്‍ ദുര്‍വഹമായ സമ്മര്‍ദം ചെലുത്തുകയില്ല. അങ്ങു സംസാരിച്ചതു ഞാന്‍ കേട്ടു. അങ്ങു പറഞ്ഞതു ഞാന്‍ ശ്രദ്ധിച്ചു. താങ്കള്‍ പറയുന്നു: ‘ഞാന്‍ നിര്‍മ്മലന്‍; അതിക്രമമൊന്നും ചെയ്തിട്ടില്ല, ഞാന്‍ നിരപരാധി; എന്നില്‍ അകൃത്യമില്ല. എന്നിട്ടും ദൈവം എനിക്കെതിരെ അവസരങ്ങള്‍ ഉണ്ടാക്കി. എന്നെ അവിടുത്തെ ശത്രുവായി ഗണിക്കുന്നു എന്‍റെ കാലുകളെ അവിടുന്ന് ആമത്തിലിടുന്നു. എന്‍റെ പ്രവൃത്തികളെല്ലാം അവിടുന്ന് നിരീക്ഷിക്കുന്നു.’ താങ്കള്‍ ഈ പറഞ്ഞതൊന്നും ശരിയല്ല; ഞാന്‍ മറുപടി പറയാം. ദൈവം മനുഷ്യനെക്കാള്‍ വലിയവനാണ്. ‘അവിടുന്ന് എന്‍റെ വാക്കുകള്‍ക്ക് ഒന്നിനും മറുപടി തരുന്നില്ല.’ എന്നു പറഞ്ഞുകൊണ്ട് എന്തിനു ദൈവത്തോടു വാദിക്കുന്നു? ദൈവം പലപല വഴികളില്‍ സംസാരിക്കുന്നെങ്കിലും, മനുഷ്യന്‍ ഗ്രഹിക്കുന്നില്ല. മനുഷ്യന്‍ നിദ്രയില്‍ അമരുമ്പോള്‍, അവന്‍ തന്‍റെ കിടക്കയില്‍ മയങ്ങുമ്പോള്‍ സ്വപ്നത്തില്‍, നിശാദര്‍ശനത്തില്‍, അവിടുന്ന് അവന്‍റെ കാതുകള്‍ തുറന്നു താക്കീതുകള്‍ കൊണ്ട് അവനെ ഭയചകിതനാക്കുന്നു. മനുഷ്യന്‍ ദുഷ്കര്‍മത്തില്‍നിന്ന് പിന്‍തിരിയാനും ഗര്‍വം കൈവെടിയാനും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. പാതാളത്തില്‍നിന്ന് അവന്‍റെ ആത്മാവിനെയും വാളില്‍നിന്ന് അവന്‍റെ ജീവനെയും അവിടുന്നു രക്ഷിക്കുന്നു. മനുഷ്യനെ അവന്‍റെ രോഗശയ്യയില്‍ വേദനകൊണ്ടും നിരന്തരമായ അസ്ഥികടച്ചില്‍ കൊണ്ടും ശിക്ഷണം നല്‌കുന്നു. അങ്ങനെ അവനു ഭക്ഷണത്തോടും സ്വാദിഷ്ഠമായ വിഭവങ്ങളോടും വെറുപ്പു തോന്നുന്നു. അവന്‍റെ ശരീരം ക്ഷയിച്ച് അസ്ഥികള്‍ ഉന്തിവരുന്നു. അവന്‍റെ പ്രാണന്‍ പാതാളത്തെയും ജീവന്‍ മരണദൂതന്മാരെയും സമീപിച്ചിരിക്കുന്നു. ദൈവത്തിന്‍റെ ആയിരക്കണക്കിന് ദൂതന്മാരില്‍ ഒരാള്‍ മനുഷ്യനു മധ്യസ്ഥനായി, അവനു ധര്‍മം ഉപദേശിക്കാന്‍ ഉണ്ടായിരുന്നെങ്കില്‍, ആ ദൂതന്‍ അവനോടു കരുണ തോന്നി അവിടുത്തോടു പറയുമായിരുന്നു. “പാതാളത്തില്‍ പതിക്കാത്തവിധം ഇവനെ രക്ഷിക്കണേ, ഇവനുവേണ്ടിയുള്ള മോചനദ്രവ്യം ഞാന്‍ കണ്ടിരിക്കുന്നു;” അങ്ങനെ അവനു യുവചൈതന്യം തിരിച്ചുകിട്ടട്ടെ. യൗവനകാലത്തെക്കാള്‍ അധികം പുഷ്‍ടി ഉണ്ടാകട്ടെ. അപ്പോള്‍ ആ മനുഷ്യന്‍ ദൈവത്തോടു പ്രാര്‍ഥിക്കുകയും അവിടുന്ന് അവനെ സ്വീകരിക്കുകയും ചെയ്യും. അവന്‍ ആനന്ദത്തോടെ തിരുസന്നിധിയില്‍ വരും. അവന്‍ തന്‍റെ രക്ഷയെക്കുറിച്ച് മനുഷ്യരോട് ആവര്‍ത്തിച്ചു പറയും. മനുഷ്യരുടെ മുമ്പില്‍ അവര്‍ ഇങ്ങനെ പാടി ഘോഷിക്കും. ‘ഞാന്‍ പാപം ചെയ്തു; നീതിയെ തകിടം മറിച്ചു. എന്നാല്‍ ദൈവം അതിന് എന്നെ ശിക്ഷിച്ചില്ല. ഞാന്‍ പാതാളത്തിലേക്കിറങ്ങാതെ അവിടുന്ന് എന്നെ രക്ഷിച്ചു; ഞാന്‍ ജീവന്‍റെ പ്രകാശം കാണും. ഇതാ ദൈവം വീണ്ടും വീണ്ടും ഇപ്രകാരം മനുഷ്യനോടു ചെയ്യുന്നു.’ അവനെ പാതാളത്തില്‍നിന്നു രക്ഷിക്കുന്നതിനും അവന്‍ ജീവന്‍റെ പ്രകാശം കാണുന്നതിനും തന്നെ. ഇയ്യോബേ, ഞാന്‍ പറയുന്നതു സശ്രദ്ധം കേള്‍ക്കുക. മിണ്ടാതിരിക്കൂ; ഞാന്‍ സംസാരിക്കാം. താങ്കള്‍ക്ക് എന്തെങ്കിലും മറുപടി പറയാനുണ്ടെങ്കില്‍ പറയാം; സംസാരിക്കുക; താങ്കള്‍ നിഷ്കളങ്കനെന്നു സമര്‍ഥിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. താങ്കള്‍ക്ക് ഒന്നും പറയാനില്ലെങ്കില്‍ ഞാന്‍ പറയുന്നതു കേള്‍ക്കുക; മിണ്ടാതിരിക്കുക; ഞാന്‍ താങ്കള്‍ക്ക് ജ്ഞാനം ഉപദേശിച്ചുതരാം.” എലീഹൂ തുടര്‍ന്നു: “ജ്ഞാനികളേ, എന്‍റെ വാക്കു കേള്‍ക്കുവിന്‍; വിജ്ഞന്മാരേ, ഞാന്‍ പറയുന്നതു ശ്രദ്ധിക്കുവിന്‍. നാവ് ആഹാരം രുചിക്കുന്നതുപോലെ കാത് വാക്കുകളെ വിവേചിക്കുന്നു. ശരിയായതു നമുക്കു തിരഞ്ഞെടുക്കാം. നല്ലത് ഏതെന്നു നമുക്കുതന്നെ തീരുമാനിക്കാം. ‘ഞാന്‍ നീതിനിഷ്ഠന്‍; ദൈവം എന്‍റെ ന്യായം തള്ളിക്കളഞ്ഞു. ന്യായം എന്‍റെ പക്ഷത്താണെങ്കിലും ഞാന്‍ ഭോഷ്കു പറയുന്നവനായി കണക്കാക്കപ്പെടുന്നു. ഞാന്‍ അകൃത്യം ചെയ്യാത്തവനെങ്കിലും പൊറുക്കാത്ത മുറിവുകളാണ് എന്‍റേത്’ എന്ന് ഇയ്യോബ് പറഞ്ഞല്ലോ. എന്തൊരു മനുഷ്യനാണ് ഇയ്യോബ്, വെള്ളം കുടിക്കുന്നതുപോലെ അയാള്‍ ദൈവത്തെ നിന്ദിക്കുന്നു. ദുര്‍വൃത്തരുമായാണ് അയാളുടെ കൂട്ട്; ദുര്‍ജനത്തോടുകൂടി അയാള്‍ നടക്കുന്നു. ദൈവഹിതം നിറവേറ്റി ജീവിക്കുന്നതുകൊണ്ടു മനുഷ്യന് ഒരു പ്രയോജനവുമില്ലെന്ന് അയാള്‍ പറഞ്ഞു. “അതുകൊണ്ടു വിവേകമുള്ള മനുഷ്യരേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍; ദൈവം ദുഷ്ടത പ്രവര്‍ത്തിക്കുകയില്ല. സര്‍വശക്തന്‍ തെറ്റു ചെയ്യുകയില്ല. മനുഷ്യന്‍റെ പ്രവൃത്തിക്കു തക്കവിധം അവിടുന്നു പകരം നല്‌കുന്നു. ഓരോരുത്തന്‍റെയും ജീവിതത്തിനൊത്തവിധം പ്രതിഫലം കൊടുക്കുന്നു. ദൈവം ഒരിക്കലും ദുഷ്ടത പ്രവര്‍ത്തിക്കുകയില്ല; സര്‍വശക്തന്‍ നീതിയെ മറിച്ചുകളയുകയുമില്ല. ഭൂമിയെ ആരെങ്കിലും ദൈവത്തെ ഭരമേല്പിച്ചതാണോ? ഭൂതലത്തെ സ്ഥാപിച്ചത് അവിടുന്നല്ലാതെ മറ്റാരാണ്? അവിടുന്നു തന്‍റെ ശ്വാസവും ചൈതന്യവും തിരിച്ചെടുത്താല്‍ ജീവനുള്ളവയെല്ലാം തല്‍ക്ഷണം നശിക്കും. മനുഷ്യന്‍ പൂഴിയിലേക്കു മടങ്ങും. ഇയ്യോബേ, താങ്കള്‍ക്ക് വിവേകമുണ്ടെങ്കില്‍ ഇതു കേള്‍ക്കുക; എന്‍റെ വചനം ശ്രദ്ധിക്കുക. നീതിയെ വെറുക്കുന്നവന് ഭരിക്കാനാകുമോ? ശക്തനും നീതിമാനുമായവനെ താങ്കള്‍ കുറ്റം വിധിക്കുമോ? രാജാവിനോട്, അങ്ങ് വിലകെട്ടവനെന്നോ പ്രഭുക്കന്മാരോട്, നിങ്ങള്‍ ദുഷ്ടന്മാരെന്നോ പറയുമോ? ദൈവം പ്രഭുക്കന്മാരോടു പക്ഷപാതം കാണിക്കുന്നില്ല; ദരിദ്രനെക്കാള്‍ ധനികനെ ആദരിക്കുന്നതുമില്ല. അവര്‍ എല്ലാവരും അവിടുത്തെ സൃഷ്‍ടികളാണല്ലോ. ഞൊടിയിടയില്‍ അവര്‍ മരിക്കുന്നു; അര്‍ധരാത്രിയില്‍ അവര്‍ ഞടുങ്ങി അപ്രത്യക്ഷരാകുന്നു. ശക്തന്മാര്‍ നീക്കപ്പെടുന്നു; അതു മനുഷ്യകരങ്ങള്‍ കൊണ്ടല്ലതാനും. മനുഷ്യന്‍റെ എല്ലാ വഴികളിലും ദൈവത്തിന്‍റെ ദൃഷ്‍ടി പതിയുന്നു. അവന്‍റെ ഓരോ ചുവടുവയ്പും അവിടുന്നു കാണുന്നു. ദുര്‍വൃത്തര്‍ക്ക് ഒളിക്കാന്‍ ഇരുണ്ട താവളങ്ങളില്ല. ദൈവസന്നിധിയില്‍ ന്യായവിധിക്കായി ചെല്ലാന്‍ ആര്‍ക്കും സമയം നിശ്ചയിക്കപ്പെട്ടിട്ടില്ല. വിചാരണകൂടാതെ ദൈവം ബലശാലികളെ തകര്‍ക്കുന്നു; അവരുടെ സ്ഥാനത്ത് മറ്റാളുകളെ നിയമിക്കുന്നു. അങ്ങനെ അവരുടെ പ്രവൃത്തികള്‍ മനസ്സിലാക്കി രാത്രിയില്‍ അവരെ തകിടം മറിച്ച് തകര്‍ത്തുകളയുന്നു. മനുഷ്യര്‍ കാണ്‍കെ അവരുടെ ദുഷ്ടതയ്‍ക്കു ശിക്ഷ നല്‌കുന്നു. അവര്‍ അവിടുത്തെ അനുഗമിക്കാതെ വഴിതെറ്റിപ്പോയി. അവിടുത്തെ മാര്‍ഗങ്ങളെ ആദരിച്ചതുമില്ല. ദരിദ്രരുടെ നിലവിളി ദൈവസന്നിധിയില്‍ എത്താന്‍ അവര്‍ ഇടയാക്കി; പീഡിതരുടെ നിലവിളി അവിടുന്നു കേട്ടു. അവിടുന്നു നിഷ്ക്രിയനായാല്‍ ആര്‍ക്ക് അവിടുത്തെ കുറ്റം വിധിക്കാന്‍ കഴിയും? അവിടുന്നു മുഖം മറച്ചാല്‍, ജനതയോ വ്യക്തിയോ ആകട്ടെ, ആര്‍ക്ക് അവിടുത്തെ കാണാന്‍ കഴിയും? ദൈവനിഷേധകന്‍ തങ്ങളെ ഭരിക്കുകയോ കെണിയില്‍ വീഴിക്കുകയോ ചെയ്യാതിരിക്കാന്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുകയില്ല. ഞാന്‍ ശിക്ഷ അനുഭവിച്ചു; ഇനി കുറ്റം ചെയ്യുകയില്ല; എന്‍റെ അറിവില്‍പ്പെടാത്ത വഴി ഉണ്ടെങ്കില്‍ കാണിച്ചുതരിക. ഞാന്‍ അധര്‍മം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ഇനി ഞാന്‍ അത് ആവര്‍ത്തിക്കയില്ല എന്ന് ആരെങ്കിലും ദൈവത്തോടു പറഞ്ഞിട്ടുണ്ടോ? താങ്കള്‍ക്ക് അസ്വീകാര്യമായത് ദൈവം ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്നു താങ്കളുടെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിക്കണമെന്നാണോ? തീരുമാനം എന്‍റേതല്ല താങ്കളുടെതായിരിക്കട്ടെ. അതുകൊണ്ടു താങ്കള്‍ക്ക് അറിയാവുന്നതു പ്രസ്താവിക്കുക; ‘ഇയ്യോബ് വിവരമില്ലാതെ സംസാരിക്കുന്നു; ഉള്‍ക്കാഴ്ചയില്ലാത്ത വാക്കുകളാണ് അയാളുടേത് എന്നു വിവേകികളും എന്‍റെ വാക്കു ശ്രദ്ധിക്കുന്ന ജ്ഞാനികളും സമ്മതിക്കും. ദുഷ്ടനെപ്പോലെ ഇയ്യോബ് പ്രതിവാദം ചെയ്യുന്നതുകൊണ്ട് അവസാനംവരെ അയാളെ പരീക്ഷിച്ചിരുന്നെങ്കില്‍! അയാള്‍ പാപത്തോട് ധിക്കാരം കൂട്ടിച്ചേര്‍ക്കുന്നു; നമ്മുടെ മധ്യേനിന്ന് അയാള്‍ പരിഹസിച്ചു കൈ കൊട്ടുന്നു; ദൈവത്തിനെതിരെ ദൂഷണം ചൊരിയുന്നു.” എലീഹൂ തുടര്‍ന്നു: “ഇതു ന്യായമാണെന്നു താങ്കള്‍ കരുതുന്നുവോ? ദൈവമുമ്പാകെ നീതിമാന്‍ എന്നു വിചാരിക്കുന്നുവോ? ‘എനിക്ക് എന്തു പ്രയോജനം? പാപം ചെയ്യാഞ്ഞാല്‍ എന്തു മെച്ചം?’ എന്നു താങ്കള്‍ ചോദിക്കുന്നു. അങ്ങേക്കും ഈ സ്നേഹിതന്മാര്‍ക്കുമുള്ള മറുപടി ഞാന്‍ നല്‌കാം. ആകാശത്തിലേക്കു നോക്കുക. മീതെ ഉയരത്തിലുള്ള മേഘങ്ങളെ കണ്ടോ? പാപം ചെയ്തിട്ട് ദൈവത്തിനെതിരെ എന്തു നേടി? താങ്കളുടെ അകൃത്യങ്ങള്‍ പെരുകിയാല്‍ അവിടുത്തേക്ക് എന്തു ചേതം? അങ്ങ് നീതിമാനാണെങ്കില്‍ അവിടുത്തേക്ക് എന്തു ലാഭം? അല്ലെങ്കില്‍ താങ്കളുടെ കൈയില്‍നിന്ന് അവിടുത്തേക്ക് എന്തു ലഭിക്കുന്നു? അങ്ങയുടെ ദുഷ്ടത മറ്റൊരു മനുഷ്യനെ മാത്രം ബാധിക്കുന്നു. അങ്ങയുടെ നീതിയും അങ്ങനെതന്നെ. പീഡനങ്ങളുടെ ആധിക്യംമൂലം മനുഷ്യര്‍ നിലവിളിക്കുന്നു. ബലശാലികളുടെ ശക്തിപ്രയോഗംമൂലം അവര്‍ സഹായത്തിനുവേണ്ടി നിലവിളികൂട്ടുന്നു. രാത്രിയില്‍ ആനന്ദഗീതം ആലപിക്കാന്‍ ഇടയാക്കുന്നവനും മൃഗങ്ങളെക്കാള്‍ അറിവും ആകാശത്തിലെ പക്ഷികളെക്കാള്‍ ബുദ്ധിയും നല്‌കുന്നവനുമായ എന്‍റെ സ്രഷ്ടാവായ ദൈവം എവിടെ എന്ന് ആരും ചോദിക്കുന്നില്ല. അവിടെ അവര്‍ നിലവിളിക്കുന്നു. എന്നാല്‍ ദുഷ്ടന്മാരുടെ അഹങ്കാരം നിമിത്തം, അവിടുന്ന് ഉത്തരമരുളുന്നില്ല. വ്യര്‍ഥവിലാപങ്ങള്‍ അവിടുന്നു കേള്‍ക്കുകയില്ല, തീര്‍ച്ച. സര്‍വശക്തന്‍ അത് ഗണ്യമാക്കുകയുമില്ല. പിന്നെ അവിടുത്തെ കാണുന്നില്ലെന്നും താങ്കളുടെ വ്യവഹാരം ദൈവത്തിന്‍റെ മുമ്പിലിരിക്കുന്നെന്നും അവിടുത്തേക്കുവേണ്ടി കാത്തിരിക്കുകയാണെന്നും താങ്കള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും? ഇപ്പോഴാകട്ടെ അവിടുന്നു കോപിച്ചു ശിക്ഷിക്കാത്തതുകൊണ്ടും അകൃത്യം അവഗണിക്കുന്നതുകൊണ്ടും ഇയ്യോബ് വ്യര്‍ഥഭാഷണം നടത്തുന്നു; പാഴ്വാക്കുകള്‍ ചൊരിയുന്നു.” എലീഹൂ തുടര്‍ന്നു: “അല്പമൊന്നു ക്ഷമിക്കൂ; ഞാന്‍ പറഞ്ഞുതരാം. ദൈവത്തിനുവേണ്ടി ഇനിയും ചില കാര്യങ്ങള്‍കൂടി എനിക്കു പറയാനുണ്ട്. ഞാന്‍ വ്യാപകമായ വിജ്ഞാനം സമ്പാദിക്കും. എന്‍റെ സ്രഷ്ടാവ് നീതിമാനെന്നു സമര്‍ഥിക്കും. എന്‍റെ വാക്കു കളവല്ല. അറിവു തികഞ്ഞവന്‍ നിങ്ങളുടെ മുമ്പില്‍ നില്‌ക്കുന്നു. ദൈവം ബലവാനാണ്, അവിടുന്ന് ആരെയും വെറുക്കുന്നില്ല. അവിടുത്തെ ജ്ഞാനശക്തിയും അപാരംതന്നെ. അവിടുന്നു ദുഷ്ടന്‍റെ ജീവനെ പരിരക്ഷിക്കുന്നില്ല; എന്നാല്‍ പീഡിതന് അവിടുന്നു നീതി നടത്തിക്കൊടുക്കുന്നു. നീതിമാന്മാരുടെമേല്‍ എപ്പോഴും അവിടുത്തെ കടാക്ഷമുണ്ട്. അവരെ രാജാക്കന്മാരുടെകൂടെ സിംഹാസനത്തില്‍ ഇരുത്തുന്നു. അവരെ എപ്പോഴും ഉയര്‍ത്തുന്നു. അവര്‍ ചങ്ങലകൊണ്ടു ബന്ധിക്കപ്പെടുകയും കഷ്ടതയുടെ പാശത്തില്‍ കുടുങ്ങുകയും ചെയ്താല്‍ അവിടുന്ന്, അവരുടെ പ്രവൃത്തിയും അഹങ്കാരത്തോടെ ചെയ്തുപോയ അകൃത്യങ്ങളും അവരെ ബോധ്യപ്പെടുത്തും. അവിടുന്ന് പ്രബോധനത്തിന് അവരുടെ കാതുകള്‍ തുറക്കും. അധര്‍മത്തില്‍നിന്നു പിന്തിരിയാന്‍ അവിടുന്ന് അവരോട് ആജ്ഞാപിക്കും. അവര്‍ അതു കേട്ട് അനുസരിച്ച് അവിടുത്തെ സേവിച്ചാല്‍ അവരുടെ നാളുകള്‍ ഐശ്വര്യസമൃദ്ധിയിലും അവരുടെ ആയുസ്സ് ആനന്ദത്തിലും പൂര്‍ത്തിയാക്കും. ദൈവകല്പന അനുസരിക്കാതിരുന്നാല്‍ അവര്‍ വാളാല്‍ നശിക്കും; നിനച്ചിരിയാതെ മരണമടയും. അധര്‍മിയില്‍നിന്ന് കോപം അകലുകയില്ല; അവിടുന്ന് അവരെ ബന്ധിക്കുമ്പോള്‍ അവര്‍ സഹായത്തിനുവേണ്ടി നിലവിളിക്കുകയില്ല. യൗവനത്തില്‍തന്നെ അവര്‍ മരിക്കും. അവരുടെ ജീവിതാന്ത്യം അപമാനകരമായിരിക്കും. പീഡിതരെ പീഡനംകൊണ്ട് അവിടുന്നു രക്ഷിക്കുന്നു; അനര്‍ഥങ്ങള്‍കൊണ്ട് അവരുടെ കണ്ണു തുറപ്പിക്കുന്നു. താങ്കളെയും അവിടുന്നു കഷ്ടതയുടെ പിടിയില്‍നിന്നു ഞെരുക്കമില്ലാത്ത വിശാലതയിലേക്ക് ആനയിക്കുമായിരുന്നു. താങ്കളുടെ മേശമേല്‍ സ്വാദിഷ്ഠഭോജ്യങ്ങള്‍ നിരത്തുമായിരുന്നു. ദുഷ്ടന്മാര്‍ക്കുള്ള ന്യായവിധി താങ്കളെ ഗ്രസിച്ചിരിക്കുന്നു; ന്യായവിധിയും നീതിയും താങ്കളെ പിടികൂടിയിരിക്കുന്നു. ജാഗ്രത പാലിക്കുക; കോപം താങ്കളെ നിന്ദ്യകാര്യങ്ങളിലേക്കു പ്രലോഭിപ്പിക്കാതിരിക്കട്ടെ; മോചനദ്രവ്യത്തിന്‍റെ വലിപ്പം താങ്കളെ വഴിതെറ്റിക്കാതിരിക്കട്ടെ. നിലവിളിയോ, കരുത്തോ താങ്കളെ വേദനയില്‍നിന്ന് രക്ഷിക്കുമോ? ജനതകള്‍ സ്വദേശത്തുനിന്ന് ഉന്മൂലനം ചെയ്യപ്പെടുന്ന രാത്രിക്കു വേണ്ടി കൊതിക്കരുത്. അധര്‍മത്തിലേക്ക് തിരിയാതെ സൂക്ഷിക്കുക; കാരണം, അതാണ് താങ്കള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ദൈവം തന്‍റെ മഹാശക്തിയാല്‍ സമുന്നതനായിരിക്കുന്നു; അവിടുത്തെപ്പോലെ ഒരു ഗുരു ആരുണ്ട്? ദൈവത്തിനു മാര്‍ഗനിര്‍ദ്ദേശം നല്‌കാന്‍ ആരുണ്ട്? അവിടുന്നു ചെയ്തത് തെറ്റെന്ന് ആര്‍ക്കു പറയാന്‍ കഴിയും? ദൈവത്തിന്‍റെ പ്രവൃത്തിയെ മനുഷ്യര്‍ പാടിപ്പുകഴ്ത്തുന്നു; അവയെ താങ്കള്‍ പ്രകീര്‍ത്തിക്കണം. സര്‍വമനുഷ്യരും അതു കണ്ടിരിക്കുന്നു. ദൂരെനിന്നു മനുഷ്യന്‍ അതു കാണുന്നു. നോക്കൂ; ദൈവം അത്യുന്നതന്‍ അവിടുത്തെ അറിയാന്‍ നാം അശക്തരാണ്; അവിടുത്തെ വര്‍ഷങ്ങള്‍ തിട്ടപ്പെടുത്താനാവില്ല. അവിടുന്നു നീര്‍ത്തുള്ളികളെ വലിച്ചെടുക്കുന്നു; അവിടുന്നു മഞ്ഞില്‍നിന്നു മഴ പെയ്യിക്കുന്നു. മേഘങ്ങള്‍ മഴ ചൊരിയുന്നു; മനുഷ്യരുടെമേല്‍ അത് സമൃദ്ധിയായി വര്‍ഷിക്കുന്നു. കാര്‍മേഘങ്ങള്‍ പരക്കുന്നതും ആകാശവിതാനത്തില്‍നിന്ന് ഇടി മുഴങ്ങുന്നതും ആര്‍ക്കു ഗ്രഹിക്കാന്‍ കഴിയും? അവിടുന്നു മിന്നല്‍പ്പിണരുകളെ ചുറ്റും പായിക്കുന്നു. സമുദ്രത്തിന്‍റെ അഗാധങ്ങളെ മൂടുകയും ചെയ്യുന്നു. ഇവയാല്‍ ദൈവം മനുഷ്യരെ വിധിക്കുന്നു; അവര്‍ക്ക് സമൃദ്ധമായി ആഹാരം നല്‌കുന്നു. അവിടുന്നു മിന്നല്‍പ്പിണര്‍കൊണ്ട് തന്‍റെ കരം മറയ്‍ക്കുന്നു. ലക്ഷ്യസ്ഥാനത്തേക്ക് അതിനെ അയയ്‍ക്കുന്നു. മനുഷ്യന്‍റെ അധര്‍മം നിമിത്തം കോപിഷ്ഠനും അസഹിഷ്ണുവുമായ ദൈവത്തെക്കുറിച്ച് ഇടിമുഴക്കം വിളിച്ചറിയിക്കുന്നു. ഈ ഇടിമുഴക്കം എന്‍റെ ഹൃദയത്തെ വിറപ്പിക്കുന്നു. സ്വസ്ഥാനത്തുനിന്ന് അത് ഇളകിപ്പോകുന്നു. അവിടുത്തെ ഇടിനാദംപോലുള്ള ശബ്ദവും അതിന്‍റെ മുഴക്കവും കേള്‍ക്കുക. മിന്നല്‍പ്പിണരിനോടൊപ്പം അത് ആകാശത്തിലെങ്ങും വ്യാപിക്കുന്നു. അത് ഭൂമിയുടെ എല്ലാ കോണുകളിലും എത്തുന്നു. അതിനുശേഷം അവിടുത്തെ ഗര്‍ജനശബ്ദം മുഴങ്ങുന്നു. അവിടുന്നു തന്‍റെ ഗംഭീരശബ്ദംകൊണ്ട് ഇടി മുഴക്കുന്നു. തന്‍റെ ശബ്ദം മുഴങ്ങുമ്പോഴും മിന്നലിനെ അവിടുന്നു തടഞ്ഞു നിര്‍ത്തുന്നില്ല. ദൈവം തന്‍റെ ഗംഭീരശബ്ദം അദ്ഭുതകരമായി മുഴക്കുന്നു. നമുക്കു ഗ്രഹിക്കാന്‍ കഴിയാത്ത മഹാകാര്യങ്ങള്‍ അവിടുന്നു ചെയ്യുന്നു. ഹിമത്തോട് ഭൂമിയുടെമേല്‍ പതിക്കുക എന്നും മഴയോടും പെരുമഴയോടും ഉഗ്രമായി വര്‍ഷിക്കുക എന്നും ആജ്ഞാപിക്കുന്നു. സര്‍വമനുഷ്യരും അവിടുത്തെ പ്രവൃത്തി അറിയാന്‍ അവിടുന്ന് എല്ലാവരുടെയും പ്രയത്നങ്ങള്‍ക്കു മുദ്രവയ്‍ക്കുന്നു. വന്യമൃഗങ്ങള്‍ തങ്ങളുടെ മടയിലൊളിച്ച് അവിടെത്തന്നെ കഴിച്ചുകൂട്ടുന്നു. ചുഴലിക്കാറ്റ് തന്‍റെ അറയില്‍നിന്നു പുറപ്പെടുന്നു. വീശിയടിക്കുന്ന കാറ്റില്‍നിന്ന് ശൈത്യം വരുന്നു. ദൈവത്തിന്‍റെ ശ്വാസംകൊണ്ട് മഞ്ഞുകട്ട ഉണ്ടാകുന്നു. സമുദ്രം ശീഘ്രം ഉറഞ്ഞു കട്ടിയാകുന്നു. കനത്ത കാര്‍മേഘങ്ങളെ അവിടുന്നു ജലസാന്ദ്രമാക്കുന്നു. അവയിലൂടെ അവിടുന്നു മിന്നല്‍പ്പിണരുകള്‍ ചിതറിക്കുന്നു. ഭൂമിയുടെ ഉപരിതലത്തില്‍ ജനവാസമുള്ളിടത്തെല്ലാം അവിടുത്തെ കല്പനയനുസരിച്ചു പ്രവര്‍ത്തിക്കാന്‍വേണ്ടി അവ ചുറ്റിത്തിരിയുന്നു. മനുഷ്യന്‍റെ തെറ്റു തിരുത്താനോ കൃഷിഭൂമിയെ നനയ്‍ക്കാനോ സ്നേഹം പ്രകടിപ്പിക്കാനോവേണ്ടി അവിടുന്നു മഴ അയയ്‍ക്കുന്നു. ഇയ്യോബേ, ഇതു ശ്രദ്ധിക്കുക. ദൈവത്തിന്‍റെ അദ്ഭുതപ്രവൃത്തികളെക്കുറിച്ചു ചിന്തിക്കുക. ദൈവം മേഘങ്ങളെ നിയന്ത്രിക്കുന്നതും മിന്നല്‍പ്പിണരുകളെ പ്രകാശിപ്പിക്കുന്നതും എങ്ങനെയെന്നു താങ്കള്‍ക്ക് അറിയാമോ? ജ്ഞാനസമ്പൂര്‍ണനായ ദൈവത്തിന്‍റെ അദ്ഭുതശക്തിയാലാണ് മേഘങ്ങള്‍, ആകാശത്തില്‍ തങ്ങിനില്‌ക്കുന്നതെന്ന് താങ്കള്‍ക്ക് അറിയാമോ? തെക്കന്‍കാറ്റേറ്റ് ഭൂമി മരവിച്ചുനില്‌ക്കേ താങ്കളുടെ വസ്ത്രം ചൂടുപിടിക്കുന്നതെങ്ങനെ? ഓട്ടുകണ്ണാടിപോലെ ദൃഢമായി, ആകാശത്തെ ദൈവം വിരിച്ചിരിക്കുന്നതുപോലെ, താങ്കള്‍ക്കു ചെയ്യാന്‍ കഴിയുമോ? ദൈവത്തോട് എന്തു പറയണമെന്നു ഞങ്ങളെ പ്രബോധിപ്പിക്കുക; മനസ്സിന്‍റെ അന്ധതകൊണ്ട് ആവലാതിപ്പെടേണ്ടതെങ്ങനെയെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. ദൈവത്തോടു സംസാരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയോ? നാശത്തിന് ഇരയാകാന്‍ ആരെങ്കിലും ആഗ്രഹിക്കുമോ? കാറ്റടിച്ചു കാറൊഴിഞ്ഞ ആകാശത്തു ജ്വലിക്കുന്ന സൂര്യനെ നോക്കാന്‍ ആര്‍ക്കും കഴിയുകയില്ല. വടക്കുനിന്നു കനകപ്രഭ വരുന്നു; ദൈവം ഉഗ്രതേജസ്സ് അണിഞ്ഞിരിക്കുന്നു. സര്‍വശക്തന്‍ നമുക്ക് അപ്രാപ്യനാണ്; അവിടുന്നു ശക്തിയിലും നീതിയിലും മഹത്ത്വമേറിയവന്‍; ഉദാത്തമായ നീതിയെ അവിടുന്നു ലംഘിക്കുകയില്ല. അതുകൊണ്ടു മനുഷ്യര്‍ ദൈവത്തെ ഭയപ്പെടുന്നു; ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവിടുന്നു ഗൗനിക്കുന്നില്ല. അപ്പോള്‍ സര്‍വേശ്വരന്‍ ചുഴലിക്കാറ്റില്‍ നിന്ന് ഇയ്യോബിന് ഉത്തരം അരുളി: “അറിവില്ലാത്ത വാക്കുകളാല്‍, ഉപദേശത്തെ ഇരുളാക്കുന്ന ഇവനാര്? പൗരുഷമുള്ളവനെപ്പോലെ നീ അര മുറുക്കിക്കൊള്ളുക; ഞാന്‍ നിന്നോടു ചോദിക്കുന്നതിന് ഉത്തരം പറയുക. ഞാന്‍ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെ ആയിരുന്നു? അറിയാമെങ്കില്‍ പറയുക. അതിന്‍റെ അളവു നിര്‍ണയിച്ചത് ആര്? നിശ്ചയമായും നിനക്ക് അത് അറിയാമല്ലോ. അതിന്‍റെ മീതെ അളവുനൂല്‍ പിടിച്ചത് ആര്? പ്രഭാതനക്ഷത്രങ്ങള്‍ ഒത്തുചേര്‍ന്നു പാടുകയും മാലാഖമാര്‍ ആനന്ദിച്ച് ആര്‍ത്തുവിളിക്കുകയും ചെയ്തപ്പോള്‍, ഭൂമിയുടെ അടിസ്ഥാനം ഏതിന്മേല്‍ ഉറപ്പിച്ചു? അതിന്‍റെ മൂലക്കല്ല് ആരു സ്ഥാപിച്ചു? ഗര്‍ഭത്തില്‍നിന്ന് കുതിച്ചുചാടിയ സമുദ്രത്തെ, വാതിലുകളടച്ച് തടഞ്ഞതാര്? അന്നു ഞാന്‍ മേഘങ്ങളെ അതിന്‍റെ ഉടുപ്പും കൂരിരുട്ടിനെ അതിന്‍റെ ഉടയാടയുമാക്കി. ഞാന്‍ സമുദ്രത്തിന് അതിര്‍ത്തി വച്ചു; കതകുകളും ഓടാമ്പലുകളും പിടിപ്പിച്ചു. പിന്നീട്, നിനക്ക് ഇവിടംവരെ വരാം; ഇതിനപ്പുറം കടക്കരുത്; ഇവിടെ നിന്‍റെ ഗര്‍വിഷ്ഠമായ തിരമാലകള്‍ നില്‌ക്കട്ടെ എന്നു ഞാന്‍ സമുദ്രത്തോടു കല്പിച്ചു. ഭൂമിയുടെ അതിര്‍ത്തികളെ പിടിച്ചടക്കാനും ദുര്‍ജനത്തെ കുടഞ്ഞുകളയാനും നീ ആയുസ്സില്‍ എപ്പോഴെങ്കിലും പ്രഭാതത്തിന് കല്പന കൊടുത്തിട്ടുണ്ടോ? അരുണോദയത്തിന് നീ സ്ഥാനം നിര്‍ദ്ദേശിച്ചിട്ടുണ്ടോ? മുദ്ര പതിച്ച കളിമണ്ണുപോലെ അതു രൂപംകൊള്ളുന്നു. വര്‍ണശബളമായ വസ്ത്രംപോലെ അതു ദൃശ്യമാകുന്നു. ദുഷ്ടന്മാര്‍ക്ക് അവരുടെ പ്രകാശം നിഷേധിക്കപ്പെടുന്നു. അവര്‍ ഉയര്‍ത്തിയ കരങ്ങള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു. സമുദ്രത്തിന്‍റെ ഉറവിടത്തില്‍ നീ പ്രവേശിച്ചിട്ടുണ്ടോ? ആഴിയുടെ ആഴത്തില്‍ സഞ്ചരിച്ചിട്ടുണ്ടോ? മൃത്യുകവാടങ്ങള്‍ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? ഘോരാന്ധകാരത്തിന്‍റെ വാതിലുകള്‍ നിനക്കു ദൃശ്യമായിട്ടുണ്ടോ? ഭൂമിയുടെ വിസ്തൃതി നീ ഗ്രഹിച്ചിട്ടുണ്ടോ? ഇവയൊക്കെ നിനക്ക് അറിയാമെങ്കില്‍ പറയുക. വെളിച്ചത്തിന്‍റെ വാസസ്ഥലത്തേക്കുള്ള വഴി ഏത്? ഇരുളിന്‍റെ പാര്‍പ്പിടം എവിടെ? അവയെ അവയുടെ അതിര്‍ത്തിക്കുള്ളിലേക്ക് നയിക്കാന്‍ അവയുടെ പാര്‍പ്പിടത്തിലേക്കുള്ള വഴി നിനക്ക് അറിയാമോ? നിശ്ചയമായും നിനക്കറിയാം; നീ അന്നേ ജനിച്ചിരുന്നല്ലോ; നിന്‍റെ ആയുസ്സ് അത്രയ്‍ക്ക് ദീര്‍ഘമാണല്ലോ; ഹിമത്തിന്‍റെ സംഭരണശാലകളില്‍ നീ പ്രവേശിച്ചിട്ടുണ്ടോ? കന്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ? കഷ്ടകാലത്തേക്കും യുദ്ധകാലത്തേക്കും വേണ്ടി ഞാന്‍ അവ സംഭരിച്ചിരിക്കുന്നു. വെളിച്ചം പ്രസരിപ്പിക്കുന്ന സ്ഥലത്തേക്കും ഭൂമിയില്‍ വീശുന്ന കിഴക്കന്‍കാറ്റിന്‍റെ ഉദ്ഭവസ്ഥാനത്തേക്കുമുള്ള വഴി ഏത്? നിര്‍ജനപ്രദേശത്തും ആരും പാര്‍ക്കാത്ത മരുഭൂമിയിലും മഴ പെയ്യിക്കാനും തരിശായ പാഴ്നിലത്തിന്‍റെ ദാഹം ശമിപ്പിക്കാനും ഭൂമി ഇളമ്പുല്ലു മുളപ്പിക്കാനും വേണ്ടി പേമാരിക്ക് ഒരു ചാലും ഇടിമിന്നലിന് ഒരു പാതയും വെട്ടിത്തുറന്നതാര്? മഴയ്‍ക്കു ജനയിതാവുണ്ടോ? മഞ്ഞുതുള്ളികള്‍ക്ക് ആരു ജന്മമേകി? ആരുടെ ഗര്‍ഭത്തില്‍നിന്നു ഹിമം പുറത്തുവന്നു? ആകാശത്തിലെ പൊടിമഞ്ഞിന് ആരു ജന്മം നല്‌കി? വെള്ളം പാറക്കല്ലുപോലെ ഉറച്ചുപോകുന്നു. ആഴിയുടെ മുഖം ഉറഞ്ഞു കട്ടിയാകുന്നു. കാര്‍ത്തിക നക്ഷത്രങ്ങളുടെ ചങ്ങലകള്‍ ബന്ധിക്കാമോ? മകയിരത്തെ ബന്ധിച്ചിരിക്കുന്ന പാശം അഴിക്കാമോ? നിനക്ക് യഥാകാലം രാശിചക്രം നിയന്ത്രിക്കാമോ? സപ്തര്‍ഷിമണ്ഡലത്തെ നയിക്കാമോ? ആകാശത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ നിനക്കറിയാമോ? അവ ഭൂമിയില്‍ പ്രയോഗിക്കാന്‍ നിനക്കു കഴിയുമോ? പെരുവെള്ളം നിന്നെ മൂടാന്‍ തക്കവിധം മഴ പെയ്യിക്കാന്‍ മേഘങ്ങളോട് ഉച്ചത്തില്‍ ആജ്ഞാപിക്കാന്‍ നിനക്കു കഴിയുമോ? ‘ഇതാ ഞങ്ങള്‍’ എന്നു പറഞ്ഞുകൊണ്ട് പുറപ്പെടാന്‍ തക്കവിധം മിന്നല്‍പ്പിണരുകളോട് ആജ്ഞാപിക്കാമോ? ഹൃദയത്തില്‍ ജ്ഞാനവും മനസ്സില്‍ വിവേകവും നിക്ഷേപിച്ചതാര്? പൂഴി കട്ടിയായിത്തീരാനും മണ്‍കട്ടകള്‍ ഒന്നോടൊന്ന് ഒട്ടിച്ചേരാനും തക്കവിധം ആകാശത്തിലെ ജലസംഭരണിയെ ചെരിക്കാന്‍ ആര്‍ക്കു കഴിയും? ജ്ഞാനത്താല്‍ മേഘങ്ങളെ എണ്ണാനും ആര്‍ക്കു കഴിയും? സിംഹങ്ങള്‍ ഗുഹകളില്‍ പതുങ്ങിക്കിടക്കുമ്പോള്‍, മറവിടങ്ങളില്‍ പതിയിരിക്കുമ്പോള്‍, അവയ്‍ക്കുവേണ്ടി ഇര തേടിക്കൊടുക്കാനും സിംഹക്കുട്ടികളുടെ വിശപ്പടക്കാനും നിനക്കു കഴിയുമോ? വിശന്നിട്ടു ദൈവത്തോടു നിലവിളിക്കുന്ന കാക്കക്കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഇര തേടി അലഞ്ഞുതിരിയുന്ന കാക്കയ്‍ക്കു തീറ്റി കൊടുക്കുന്നത് ആരാണ്? കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാന്‍പേടകളുടെ പ്രസവം നീ കണ്ടിട്ടുണ്ടോ? അവയുടെ പ്രസവകാലം നിനക്കു കണക്കുകൂട്ടാമോ? അവയുടെ പ്രസവസമയം നിനക്ക് അറിയാമോ? എപ്പോള്‍ അവ കുനിഞ്ഞു പ്രസവിച്ച് കുഞ്ഞിനു ജന്മം നല്‌കുന്നു? അവയുടെ കുട്ടികള്‍ ശക്തിനേടി തുറസ്സായ സ്ഥലത്തു വളരുന്നു; പിന്നെ അവ പിരിഞ്ഞകലുന്നു; മടങ്ങിവരുന്നതുമില്ല. കാട്ടുകഴുതയെ അഴിച്ചുവിട്ടത് ആര്? അവയ്‍ക്ക് ഓടിനടക്കാന്‍ അനുവാദം കൊടുത്തത് ആര്? ഞാന്‍ അവയ്‍ക്കു പുല്‍മേടുകള്‍ മേയാന്‍ കൊടുത്തു. ഓരുനിലം അവയുടെ വീടാക്കി. പട്ടണത്തിലെ ശബ്ദകോലാഹലം അതു വെറുക്കുന്നു. മേയിക്കുന്നവന്‍റെ ആക്രോശം അതു കേള്‍ക്കുന്നില്ല. പര്‍വതങ്ങള്‍ അതിന്‍റെ മേച്ചില്‍സ്ഥലങ്ങളാണ്. പച്ചത്തലപ്പുകള്‍ തേടി അതു നടക്കുന്നു. കാട്ടുകാള നിന്നെ സേവിക്കുമോ? നിന്‍റെ തൊഴുത്തില്‍ അതു രാപാര്‍ക്കുമോ? അതിനെ നുകംവച്ച് ഉഴവിനു കൊണ്ടുപോകാമോ? അത് നിന്‍റെ പിന്നാലെ നടന്നു കട്ട ഉടച്ചു നിലം നിരപ്പാക്കുമോ? അതിന്‍റെ കരുത്തു വലുതാണെന്നു കരുതി നിനക്കതിനെ ആശ്രയിക്കാമോ? നിന്‍റെ പണി അതിനെ ഏല്പിക്കുമോ? അത് നിന്‍റെ കളപ്പുരയിലേക്കു ധാന്യം കൊണ്ടുവരുമെന്നു നീ വിശ്വസിക്കുന്നോ? ഒട്ടകപ്പക്ഷി പ്രൗഢിയോടെ ചിറകടിക്കുന്നു. പക്ഷേ അതിനു കൊക്കിനെപ്പോലെ പറക്കാന്‍ കഴിയുമോ? അതു നിലത്തു മുട്ടയിട്ടിട്ടു പോകുന്നു. മുട്ട മണ്ണിന്‍റെ ചൂടുകൊണ്ടു വിരിയുന്നു. ആരെങ്കിലും അതു ചവിട്ടിയുടയ്‍ക്കുമെന്നോ, കാട്ടുമൃഗങ്ങള്‍ അവ ചവിട്ടിക്കളയുമെന്നോ അത് ഓര്‍ക്കുന്നില്ല. തന്‍റെ കുഞ്ഞുങ്ങളാണെന്നു വിചാരമില്ലാതെ അത് അവയോടു ക്രൂരമായി വര്‍ത്തിക്കുന്നു. തന്‍റെ ഈറ്റുനോവു പാഴായിപ്പോകുമെന്ന് അതു ഭയപ്പെടുന്നില്ല. കാരണം ദൈവം അതിനു ജ്ഞാനമോ വിവേകമോ നല്‌കിയിട്ടില്ല. അതു ചിറകു വിടര്‍ത്തി ഓടിയകലുമ്പോള്‍ കുതിരയെയും കുതിരക്കാരനെയും പിന്‍തള്ളി നാണംകെടുത്തുന്നു. ഇയ്യോബേ, കുതിരയ്‍ക്കു ശക്തി കൊടുക്കുന്നതു നീയാണോ? അതിന്‍റെ കഴുത്തിനു ബലം വരുത്തുന്നതും നീയാണോ? അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കുന്നതു നീയോ? അതിന്‍റെ ശക്തിയേറിയ ചീറ്റല്‍ ഭയജനകമല്ലേ? താഴ്വരയില്‍ ചുരം മാന്തി അതു സ്വന്തശക്തിയില്‍ ഊറ്റംകൊള്ളുന്നു. യുദ്ധഭൂമിയിലേക്ക് അതു പാഞ്ഞുചെല്ലുന്നു. ഭയത്തെ അതു പരിഹസിച്ചുതള്ളുന്നു. ഭീതികൊണ്ട് അതു തളരുന്നില്ല. വാളു കണ്ടു പിന്തിരിഞ്ഞോടുന്നില്ല. അതിന്‍റെമേല്‍ യോദ്ധാക്കളുടെ ആയുധങ്ങളുടെ കിലുകിലധ്വനി ഉയരുന്നു. കുന്തവും ചാട്ടുകുന്തവും വെട്ടിത്തിളങ്ങുന്നു. അത് ഉഗ്രതയും കോപവുംപൂണ്ട് ബഹുദൂരം പിന്നിടുന്നു. കാഹളധ്വനി ഉയരുമ്പോള്‍ അടങ്ങിനില്‌ക്കാന്‍ അതിനു കഴിയുകയില്ല. കാഹളധ്വനി കേട്ട് അതു ഹാ, ഹാ ശബ്ദം പുറപ്പെടുവിക്കുന്നു. യുദ്ധത്തിന്‍റെ ഗന്ധം അതിനു ദൂരത്തുനിന്നേ കിട്ടുന്നു. പടനായകരുടെ അട്ടഹാസവും ആര്‍പ്പുവിളിയും അകലെവച്ചുതന്നെ അറിയുന്നു. നിന്‍റെ ജ്ഞാനം കൊണ്ടാണോ പരുന്ത് ഉയര്‍ന്നു പറക്കുകയും തെക്കോട്ടു ചിറകു വിടര്‍ത്തുകയും ചെയ്യുന്നത്? നിന്‍റെ കല്പനയനുസരിച്ചാണോ കഴുകന്‍ മുകളിലേക്കു പറന്നുയരുന്നത്? ഉയരത്തില്‍ കൂടുകെട്ടുന്നത്? കടുംതൂക്കായ പരുക്കന്‍ പാറയിലെ സുരക്ഷിതമായ സ്ഥാനങ്ങളില്‍ അതു കൂടുവച്ചു പാര്‍ക്കുന്നു. അവിടെയിരുന്നുകൊണ്ട് അത് ഇരയെ തിരയുന്നു. അതു ദൂരെയുള്ള ഇരയെ കാണുന്നു. കഴുകന്‍റെ കുഞ്ഞുങ്ങള്‍ രക്തം വലിച്ചുകുടിക്കുന്നു; ശവമുള്ളിടത്ത് കഴുകനുമുണ്ട്.” സര്‍വേശ്വരന്‍ പിന്നെയും ഇയ്യോബിനോട് അരുളിച്ചെയ്തു: “ആക്ഷേപം പറയുന്നവന്‍ ഇനിയും സര്‍വശക്തനോടു വാദിക്കുമോ? ദൈവത്തോടു വാദിക്കുന്നവന്‍ ഇതിനു മറുപടി പറയട്ടെ.” ഇയ്യോബ് സര്‍വേശ്വരനോടു പറഞ്ഞു: “ഞാന്‍ നിസ്സാരന്‍; അങ്ങയോടു ഞാന്‍ എന്തു മറുപടി പറയാനാണ്? ഇതാ, ഞാന്‍ വായ് പൊത്തുന്നു. ഞാന്‍ സംസാരിക്കേണ്ടുന്നതിലധികം സംസാരിച്ചു. ഇനി ഞാന്‍ ഒന്നും പറയുകയില്ല.” അപ്പോള്‍ ചുഴലിക്കാറ്റില്‍നിന്ന് സര്‍വേശ്വരന്‍ ഇയ്യോബിന് ഉത്തരം അരുളി: “പുരുഷനെപ്പോലെ നീ അര മുറുക്കുക; എന്‍റെ ചോദ്യങ്ങള്‍ക്കു നീ ഉത്തരം പറയുക. എന്‍റെ ന്യായവിധി അനീതി എന്നു നിനക്കു തെളിയിക്കാമോ? നിന്നെത്തന്നെ നീതീകരിക്കാന്‍ നീ എന്നെ കുറ്റം വിധിക്കുമോ? എന്നെപ്പോലെ നീ കരുത്തനോ? നിനക്ക് എന്നെപ്പോലെ ഇടിനാദം മുഴക്കാമോ? നീ പ്രൗഢിയും അന്തസ്സും അണിഞ്ഞു കൊള്ളുക. തേജസ്സും മഹിമയും ധരിച്ചുകൊള്ളുക. നിന്‍റെ കോപം കവിഞ്ഞൊഴുകട്ടെ; ഗര്‍വിഷ്ഠനായ ഏതൊരുവനെയും ഒറ്റനോട്ടത്തില്‍ എളിമപ്പെടുത്തുക. അഹങ്കാരികളെ നോട്ടംകൊണ്ട് ഒതുക്കുക. ദുഷ്ടനെ അവന്‍ നില്‌ക്കുന്നിടത്തുതന്നെ ചവിട്ടി മെതിക്കുക. അവരെയെല്ലാം പൂഴിയില്‍ മൂടുക; അവരെ അധോലോകത്തു ബന്ധിക്കുക. നിന്‍റെ വലങ്കൈതന്നെ നിനക്കു വിജയം നല്‌കുന്നു എന്ന് ഞാന്‍ അപ്പോള്‍ അംഗീകരിക്കാം. ഇക്കാണുന്ന നീര്‍ക്കുതിരയെയും നിന്നെ സൃഷ്‍ടിച്ചതുപോലെതന്നെ ഞാന്‍ സൃഷ്‍ടിച്ചു. അതു കാളയെപ്പോലെ പുല്ലു തിന്നുന്നു. അതിന്‍റെ ശക്തി അരക്കെട്ടിലും അതിന്‍റെ ബലം ഉദരപേശികളിലുമാകുന്നു. അതിന്‍റെ വാല്‍ ദേവദാരുപോലെ ദൃഢമായി സൃഷ്‍ടിച്ചിരിക്കുന്നു; അതിന്‍റെ തുടയിലെ ഞരമ്പുകള്‍ കൂടിപ്പിണഞ്ഞിരിക്കുന്നു. അതിന്‍റെ അസ്ഥികള്‍ ഓട്ടുകുഴലുകള്‍ പോലെയും കൈകാലുകള്‍ ഇരുമ്പുദണ്ഡുകള്‍ പോലെയുമാകുന്നു. ദൈവത്തിന്‍റെ സൃഷ്‍ടികളില്‍ അതു പ്രഥമസ്ഥാനത്തു നില്‌ക്കുന്നു. സ്രഷ്ടാവിനു മാത്രമേ അതിനെ എതിരിടാന്‍ കഴിയൂ. വന്യമൃഗങ്ങള്‍ വിഹരിക്കുന്ന പര്‍വതങ്ങളാണ് അതിന് ആഹാരം നല്‌കുന്നത്. ചതുപ്പുനിലത്തു നീര്‍മരുതിന്‍റെ കീഴിലും ഞാങ്ങണയുടെ മറവിലും അതു കിടക്കുന്നു. നീര്‍മരുത് അതിനു തണല്‍ വിരിക്കുന്നു; തോട്ടിലെ അലരി അതിനു മറ പിടിക്കുന്നു. നദി കലങ്ങി മറിഞ്ഞാലും അതിനു ഭയമില്ല; യോര്‍ദ്ദാന്‍ വായിലേക്ക് കുത്തിയൊഴുകിയാലും അതു കുലുങ്ങുകയില്ല. ആര്‍ക്കെങ്കിലും അതിനെ ചൂണ്ടയിട്ടു പിടിക്കാമോ? അതിനു മൂക്കുകയറിടാമോ? നിനക്ക് ലിവ്യാഥാനെ ചൂണ്ടയിട്ടു പിടിക്കാമോ? അതിന്‍റെ നാക്കു കയറുകൊണ്ട് ബന്ധിക്കാമോ? അതിന്‍റെ മൂക്കില്‍ കയറിടാമോ? അതിന്‍റെ താടിയെല്ലില്‍ കൊളുത്തു കടത്താമോ? അതു നിന്‍റെ മുമ്പില്‍ യാചന നിരത്തുമോ? അതു നിന്നോടു കെഞ്ചിപ്പറയുമോ? എക്കാലവും നിനക്കു ദാസ്യം വഹിക്കാമെന്ന് അതു നിന്നോട് ഉടമ്പടി ചെയ്യുമോ? ഒരു കിളിയോടെന്നവിധം നിനക്ക് അതിനോടു കളിക്കാമോ? നിന്‍റെ ദാസിമാര്‍ക്കുവേണ്ടി, അതിനെ പിടിച്ചു കെട്ടിയിടുമോ? വ്യാപാരികള്‍ അതിനു വിലപേശുമോ? കച്ചവടക്കാര്‍ക്ക് അതിനെ പകുത്തു വില്‌ക്കുമോ? അതിന്‍റെ തൊലി നിറയെ ചാട്ടുളിയും തലയില്‍ മുപ്പല്ലിയും തറയ്‍ക്കാമോ? അതിനെ ഒന്നു തൊട്ടാല്‍ എന്തൊരു പോരായിരിക്കുമെന്ന് ഓര്‍ത്തുനോക്കൂ; പിന്നെ നീ അതിനു തുനിയുകയില്ല. നോക്കൂ; അതിനെ കീഴ്പെടുത്താമെന്ന ആശ ആര്‍ക്കും വേണ്ട; ഒന്നേ നോക്കൂ; അതോടെ നോക്കുന്നവന്‍ നിലംപതിക്കും. അതിനെ പ്രകോപിപ്പിക്കാന്‍ തക്ക ശൗര്യം ആര്‍ക്കും ഇല്ല. എങ്കില്‍ പിന്നെ എന്നെ നേരിടാന്‍ ആര്‍ക്കു കഴിയും? ഞാന്‍ മടക്കിക്കൊടുക്കാന്‍ ആരെങ്കിലും എന്തെങ്കിലും എന്നെ ഏല്പിച്ചിട്ടുണ്ടോ? ആകാശത്തിന്‍കീഴുള്ള സമസ്തവും എന്‍റേതല്ലേ? അതിന്‍റെ അവയവങ്ങളെയും മഹാശക്തിയെയും വടിവൊത്ത ശരീരഘടനയെയുംപറ്റി മൗനം അവലംബിക്കാന്‍ എനിക്കു സാധ്യമല്ല. അതിന്‍റെ പുറംചട്ട ഉരിയാന്‍ ആര്‍ക്കു കഴിയും? അതിന്‍റെ ഇരട്ടക്കവചം തുളയ്‍ക്കാന്‍ ആര്‍ക്കു കഴിയും? അതിന്‍റെ വായ് ആരു തുറക്കും? അതിന്‍റെ പല്ലുകള്‍ ഭീകരമാണ്. പരിചകള്‍ അടുക്കിയാണ് അതിന്‍റെ പുറം നിര്‍മ്മിച്ചിരിക്കുന്നത്. അവ വിടവുതീര്‍ത്തു മുദ്രവച്ചിരിക്കുന്നു. വായു കടക്കാത്തവിധം അവ യോജിപ്പിച്ചിരിക്കുന്നു; അകറ്റാന്‍ അരുതാത്തവിധം അവ പറ്റിച്ചേര്‍ന്നിരിക്കുന്നു. അതു തുമ്മുമ്പോള്‍ മിന്നല്‍പ്പിണര്‍ പ്രസരിക്കുന്നു; അതിന്‍റെ കണ്ണ് പ്രഭാതകിരണങ്ങള്‍ പോലെയാണ്. അതിന്‍റെ വായില്‍നിന്ന് അഗ്നിജ്വാലകള്‍ പുറപ്പെടുന്നു; തീപ്പൊരികള്‍ ചിതറുന്നു. അതിന്‍റെ നാസാരന്ധ്രങ്ങളില്‍നിന്ന് കോരപ്പുല്ലു കത്തി വെള്ളം തിളയ്‍ക്കുന്ന കലത്തില്‍ നിന്നെന്ന പോലെ പുക ഉയരുന്നു. അതിന്‍റെ ശ്വാസം ഏറ്റ് കനല്‍ക്കട്ട ജ്വലിക്കുന്നു. അതിന്‍റെ വായില്‍നിന്ന് അഗ്നിജ്വാല പായുന്നു. അതിന്‍റെ ബലം കഴുത്തില്‍ കുടികൊള്ളുന്നു. അതിന്‍റെ മുമ്പില്‍ ഭീകരത താണ്ഡവമാടുന്നു. അതിന്‍റെ മാംസപാളികള്‍ ഇളകാത്തവിധം ഉറപ്പായി ചേര്‍ന്നിരിക്കുന്നു; അതിന്‍റെ നെഞ്ച് കല്ലുപോലെ കടുപ്പമുള്ളതത്രേ; തിരികല്ലിന്‍റെ അടിക്കല്ലുപോലെ ഉറപ്പുള്ളത്. അത് തല ഉയര്‍ത്തുമ്പോള്‍ ബലശാലികള്‍ പേടിക്കുന്നു; അവര്‍ അന്ധാളിച്ചുപോകുന്നു. വാളോ, കുന്തമോ, അസ്ത്രമോ, ചാട്ടുളിയോകൊണ്ട് അതിനെ നേരിടുക സാധ്യമല്ല. ഇരുമ്പ് അതിനു വൈക്കോല്‍പോലെയാണ്. ഓട് ചെതുക്കുതടിപോലെയും. അസ്ത്രം എയ്ത് അതിനെ ഓടിക്കുക സാധ്യമല്ല. കവിണക്കല്ല് അതിന് വൈക്കോല്‍ പോലെയാണ്. ഗദയും അതിന് വൈക്കോല്‍ പോലെയാണ്. വേല്‍ പ്രയോഗിക്കുമ്പോള്‍ അതു പരിഹസിച്ചു ചിരിക്കുന്നു. അതിന്‍റെ അടിഭാഗം കൂര്‍ത്തുമൂര്‍ത്ത ഓട്ടുകഷണം പോലെയാകുന്നു. മെതിത്തടിപോലെ അതു ചെളിപ്പുറത്ത് കിടക്കുന്നു. കുട്ടകത്തിലെ വെള്ളം എന്നപോലെ അതു സമുദ്രജലത്തെ തിളപ്പിക്കുന്നു. അതു സമുദ്രത്തെ ഒരു കുടം തൈലം പോലെയാക്കുന്നു. അതു മുന്നോട്ടു നീങ്ങുമ്പോള്‍ പിറകില്‍ തിളങ്ങുന്ന പാതപോലെ ജലരേഖ കാണാം. അതു കണ്ടാല്‍ ആഴിക്കു നര ബാധിച്ചതു പോലെ തോന്നും. അതിനു തുല്യമായ ഒരു ജന്തുവും ഭൂമിയിലില്ല. അതിനെപ്പോലെ ഭയമില്ലാത്ത വേറൊരു ജീവിയില്ല. ഉന്നതമായതെല്ലാം അതു കാണുന്നു; അത് ഗര്‍വിഷ്ഠരുടെയെല്ലാം രാജാവാകുന്നു.” അപ്പോള്‍ ഇയ്യോബ് സര്‍വേശ്വരനോടു പറഞ്ഞു: “അവിടുത്തേക്കു സകലവും ചെയ്യാന്‍ കഴിയുമെന്നും അവിടുത്തെ ഉദ്ദേശ്യത്തെ പരാജയപ്പെടുത്താന്‍ സാധ്യമല്ലെന്നും എനിക്കറിയാം. ‘അറിവില്ലാതെ ഉപദേശം മറച്ചുവയ്‍ക്കുന്ന ഇവനാര്?’ എന്ന് അവിടുന്നു ചോദിച്ചുവല്ലോ? എനിക്കു ദുര്‍ഗ്രഹമായ അദ്ഭുതകാര്യങ്ങള്‍ തിരിച്ചറിയാതെ ഞാന്‍ അങ്ങനെ പറഞ്ഞുപോയി. ഞാന്‍ പറയാം; നീ കേള്‍ക്കണം; ഞാന്‍ ചോദിക്കും; നീ ഉത്തരം പറയണം എന്ന് അവിടുന്നു പറഞ്ഞു. ഞാന്‍ അവിടുത്തെക്കുറിച്ചു കേട്ടിട്ടേയുള്ളൂ; എന്നാല്‍ ഇപ്പോള്‍ എന്‍റെ കണ്ണുകള്‍ അങ്ങയെ കാണുന്നു. അതിനാല്‍ ഞാന്‍ എന്നെക്കുറിച്ചു ലജ്ജിക്കുന്നു. പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു. ഇയ്യോബിനോടു സംസാരിച്ചശേഷം, സര്‍വേശ്വരന്‍ തേമാന്യനായ എലീഫസിനോട് ഇങ്ങനെ അരുളിച്ചെയ്തു: “നിന്‍റെയും നിന്‍റെ സ്നേഹിതന്മാരുടെയും നേര്‍ക്ക് എന്‍റെ രോഷം ജ്വലിച്ചിരിക്കുന്നു; കാരണം, എന്‍റെ ദാസനായ ഇയ്യോബ് സംസാരിച്ചതുപോലെ, എന്നെക്കുറിച്ചു നിങ്ങള്‍ ശരിയായിട്ടല്ല സംസാരിച്ചത്. അതുകൊണ്ടു നിങ്ങള്‍ ഏഴു കാളകളെയും ഏഴു മുട്ടാടുകളെയും എന്‍റെ ദാസനായ ഇയ്യോബിന്‍റെ അടുക്കല്‍ കൊണ്ടുചെന്ന് നിങ്ങള്‍ക്കുവേണ്ടി ഹോമയാഗം അര്‍പ്പിക്കുക. ഇയ്യോബ് നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കും. ഞാന്‍ അവന്‍റെ പ്രാര്‍ഥന കേള്‍ക്കും. എന്‍റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങള്‍ എന്നെക്കുറിച്ചു യോഗ്യമായതു സംസാരിച്ചില്ലെങ്കിലും നിങ്ങളുടെ ആ ഭോഷത്തത്തിന് ഞാന്‍ നിങ്ങളെ ശിക്ഷിക്കുകയില്ല. തേമാന്യനായ എലീഫസും ശൂഹ്യനായ ബില്‍ദാദും നയമാത്യനായ സോഫറും സര്‍വേശ്വരന്‍ കല്പിച്ചതുപോലെ ചെയ്തു. സര്‍വേശ്വരന്‍ ഇയ്യോബിന്‍റെ പ്രാര്‍ഥന സ്വീകരിച്ചു. ഇയ്യോബ് തന്‍റെ സ്നേഹിതര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചപ്പോള്‍ സര്‍വേശ്വരന്‍ അയാള്‍ക്കു സമ്പല്‍സമൃദ്ധി വീണ്ടും നല്‌കി; അതു മുമ്പുണ്ടായിരുന്നതിന്‍റെ ഇരട്ടി ആയിരുന്നു. ഇയ്യോബിന്‍റെ എല്ലാ സഹോദരീസഹോദരന്മാരും മുമ്പുണ്ടായിരുന്ന എല്ലാ മിത്രങ്ങളും അദ്ദേഹത്തിന്‍റെ വീട്ടില്‍ വന്ന് അദ്ദേഹത്തോടൊരുമിച്ചു ഭക്ഷണം കഴിച്ചു. സര്‍വേശ്വരന്‍ ഇയ്യോബിനു വരുത്തിയ അനര്‍ഥങ്ങളെക്കുറിച്ച് അവര്‍ സഹതപിക്കുകയും അദ്ദേഹത്തെ സാന്ത്വനപ്പെടുത്തുകയും ചെയ്തു. ഓരോരുത്തനും ഇയ്യോബിന് ഓരോ പൊന്‍നാണയവും പൊന്‍മോതിരവും സമ്മാനിച്ചു. ഇങ്ങനെ സര്‍വേശ്വരന്‍ ഇയ്യോബിന്‍റെ ജീവിതസായാഹ്നം മുമ്പിലത്തേതിനെക്കാള്‍ അനുഗൃഹീതമാക്കി. അദ്ദേഹം പതിന്നാലായിരം ആടുകളും ആറായിരം ഒട്ടകങ്ങളും ആയിരം ജോടി കാളകളും ആയിരം പെണ്‍കഴുതകളും സമ്പാദിച്ചു. ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും അദ്ദേഹത്തിനു ജനിച്ചു. മൂത്തമകള്‍ക്ക് യെമീമാ എന്നും രണ്ടാമത്തവള്‍ക്ക് കെസീയാ എന്നും മൂന്നാമത്തെ മകള്‍ക്കു കേരെന്‍ ഹപ്പൂക്ക് എന്നും പേരിട്ടു. ഇയ്യോബിന്‍റെ പുത്രിമാരെപ്പോലെ സുന്ദരിമാരായി മറ്റാരും ആ ദേശത്തെങ്ങും ഉണ്ടായിരുന്നില്ല. അവര്‍ക്കു സഹോദരന്മാരോടൊപ്പം പിതൃസ്വത്ത് നല്‌കി. പിന്നീട് ഇയ്യോബ് നൂറ്റിനാല്പതു വര്‍ഷം ജീവിച്ചു. അദ്ദേഹം മക്കളും മക്കളുടെ മക്കളുമായി നാലാം തലമുറവരെയുമുള്ള സന്തതികളെ കണ്ടു. അങ്ങനെ ഇയ്യോബ് വയോവൃദ്ധനായി മരിച്ചു. സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്രത്തില്‍ ആനന്ദിക്കുന്നവര്‍ എത്ര ധന്യര്‍! രാപ്പകല്‍ അവര്‍ അതു ധ്യാനിക്കുന്നു. അവര്‍ ദുരുപദേശം തേടുകയില്ല, ദുര്‍മാര്‍ഗം അനുകരിക്കയില്ല; ദൈവനിന്ദകരുടെ സംഘത്തില്‍ ചേരുകയുമില്ല. ആറ്റരികിലെ വൃക്ഷംപോലെ അവര്‍ തഴച്ചു വളര്‍ന്നു ഫലം കായ്‍ക്കും; അവരുടെ പ്രവൃത്തികളെല്ലാം സഫലമാകും. ദുര്‍ജനത്തിന്‍റെ പ്രവൃത്തികളോ വിഫലമാകും; അവര്‍ കാറ്റില്‍ പതിരെന്നപോലെ പാറിപ്പോകും. ദൈവം ദുര്‍ജനത്തെ കുറ്റം വിധിക്കും; അവരെ സജ്ജനത്തില്‍നിന്നു പുറന്തള്ളും. സര്‍വേശ്വരന്‍ സജ്ജനത്തെ നിരന്തരം വഴിനടത്തും. ദുര്‍ജനത്തിന്‍റെ പാതയോ നാശത്തിലേക്കു നയിക്കുന്നു. രാഷ്ട്രങ്ങളുടെ ഗൂഢാലോചനകള്‍ വ്യര്‍ഥം, ജനതകളുടെ കുടിലതന്ത്രങ്ങള്‍ നിഷ്ഫലം. [2,3] നമുക്ക് ഈ ബന്ധനങ്ങള്‍ പൊട്ടിച്ചെറിയാം; ഈ കെട്ടുകള്‍ തകര്‍ത്തു സ്വതന്ത്രരാകാം എന്നു പറഞ്ഞുകൊണ്ടു രാജാക്കന്മാര്‍ സര്‍വേശ്വരനും അവിടുത്തെ അഭിഷിക്തനുമെതിരെ ഗൂഢതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നു. *** സ്വര്‍ഗാധിപതി അവരെ നോക്കി ചിരിക്കുന്നു; അവിടുന്ന് അവരെ പരിഹസിക്കുന്നു. അവിടുന്ന് അവരെ നോക്കി ഗര്‍ജിക്കും, അവിടുത്തെ ക്രോധത്തില്‍ അവര്‍ വിറകൊള്ളും. ഞാന്‍ എന്‍റെ രാജാവിനെ എന്‍റെ വിശുദ്ധഗിരിയായ സീയോനില്‍ വാഴിച്ചിരിക്കുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. സര്‍വേശ്വരന്‍റെ വിളംബരം ഞാന്‍ അറിയിക്കുന്നു: ‘നീ എന്‍റെ പുത്രന്‍, ഇന്നു ഞാന്‍ നിനക്കു ജന്മമേകി; എന്നോടു ചോദിച്ചുകൊള്ളൂ; ജനതകളെ ഞാന്‍ നിനക്ക് അവകാശമായി തരും.’ ഭൂലോകമെല്ലാം നിനക്കധീനമാകും. ഇരുമ്പുദണ്ഡുകൊണ്ടു നീ അവരെ തകര്‍ക്കും, മണ്‍കുടംപോലെ അവരെ നീ ഉടയ്‍ക്കും, രാജാക്കന്മാരേ, വിവേകം ഗ്രഹിക്കുവിന്‍, ഭൂപതികളേ, ഈ മുന്നറിയിപ്പു ശ്രദ്ധിക്കുവിന്‍. ഭയാദരങ്ങളോടെ സര്‍വേശ്വരനെ സേവിക്കുവിന്‍, വിറപൂണ്ട് അവിടുത്തെ നമസ്കരിക്കുവിന്‍. അല്ലെങ്കില്‍ അവിടുത്തെ കോപം ക്ഷണത്തില്‍ നിങ്ങളെ ദഹിപ്പിക്കും. അവിടുത്തെ ക്രോധം ജ്വലിക്കുന്ന അഗ്നിയാണല്ലോ. സര്‍വേശ്വരനില്‍ അഭയം തേടുന്നവര്‍ ധന്യര്‍. ദാവീദ് തന്‍റെ മകനായ അബ്ശാലോമിന്‍റെ അടുക്കല്‍നിന്നു പലായനം ചെയ്തപ്പോള്‍ പാടിയത് [1] സര്‍വേശ്വരാ, എത്രയാണ് എന്‍റെ ശത്രുക്കള്‍, എത്ര പേരാണ് എനിക്കെതിരെ അണിനിരക്കുന്നത്? “ദൈവം അവനെ കൈവിട്ടിരിക്കുന്നു” എന്ന് അവര്‍ പരിഹസിക്കുന്നു. പരമനാഥാ, അവിടുന്നാണ് എന്‍റെ പരിച; ധൈര്യവും ശക്തിയും പകര്‍ന്ന് അവിടുന്ന് എനിക്കു ജയമരുളുന്നു. സര്‍വേശ്വരനോടു ഞാന്‍ നിലവിളിക്കുമ്പോള്‍, വിശുദ്ധഗിരിയില്‍നിന്ന് അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു. രാത്രിയില്‍ ഞാന്‍ ശാന്തനായി ഉറങ്ങുന്നു. വീണ്ടും ഉണര്‍ന്നെഴുന്നേല്‌ക്കുന്നു. അവിടുത്തെ കരങ്ങളില്‍ ഞാന്‍ സുരക്ഷിതനാണല്ലോ. എന്നെ വലയം ചെയ്യുന്ന ബഹുസഹസ്രം ശത്രുക്കളെ ഞാന്‍ ഭയപ്പെടുകയില്ല. പരമനാഥാ, എന്നെ സഹായിക്കാന്‍ എഴുന്നേല്‌ക്കണമേ, എന്‍റെ ദൈവമേ, എന്നെ രക്ഷിക്കണമേ. എന്‍റെ ശത്രുക്കളെ ശിക്ഷിച്ച് അവരെ നിര്‍വീര്യരാക്കാന്‍ അവിടുന്നു ശക്തനല്ലോ. സര്‍വേശ്വരനാണു വിമോചകന്‍, അവിടുത്തെ ജനത്തിന്‍റെമേല്‍ അനുഗ്രഹം ചൊരിയണമേ. ഗായകസംഘനേതാവിന്; തന്ത്രിനാദത്തോടെ, ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] നീതിപാലകനായ എന്‍റെ ദൈവമേ, ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ ഉത്തരമരുളണമേ. കഷ്ടതയില്‍ അവിടുന്ന് എനിക്ക് അഭയം തന്നു. കനിവോടെ എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ. മര്‍ത്യരേ, എത്രനാള്‍ നിങ്ങള്‍ എനിക്ക് അപമാനം വരുത്തും? എത്രനാള്‍ നിങ്ങള്‍ പാഴ്വാക്കുകളില്‍ രസിച്ച്, വ്യാജത്തെ പിന്തുടരും? സര്‍വേശ്വരന്‍ ഭക്തന്മാരെ തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്‍വിന്‍. ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ അവിടുന്നു കേള്‍ക്കുന്നു; കോപിഷ്ഠതയാലും പാപം ചെയ്യരുത്, നിങ്ങള്‍ കിടക്കയില്‍ ധ്യാനിച്ചു മൗനമായിരിക്കുവിന്‍. ഉചിതമായ യാഗങ്ങളര്‍പ്പിച്ച് സര്‍വേശ്വരനില്‍ ശരണപ്പെടുവിന്‍. “ഞങ്ങള്‍ക്ക് ഇനിയും നന്മ വരുമോ?” എന്നു പലരും ശങ്കിക്കുന്നു. സര്‍വേശ്വരാ, അങ്ങയുടെ മുഖകാന്തി ഞങ്ങളുടെമേല്‍ വീശണമേ. ധാന്യത്തിന്‍റെയും വീഞ്ഞിന്‍റെയും സമൃദ്ധിയില്‍, അവര്‍ക്കുണ്ടായതിലും അധികം ആനന്ദം അവിടുന്ന് എനിക്കു നല്‌കിയിരിക്കുന്നു. ഞാന്‍ ശാന്തമായി കിടന്നുറങ്ങും. സര്‍വേശ്വരാ, അങ്ങാണല്ലോ എന്‍റെ അഭയം. ഗായകസംഘനേതാവിന്; വേണുനാദത്തോടെ, ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] സര്‍വേശ്വരാ, എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ, എന്‍റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കണമേ. എന്‍റെ രാജാവായ ദൈവമേ, എന്‍റെ നിലവിളി കേള്‍ക്കണമേ. അങ്ങയോടാണല്ലോ ഞാന്‍ യാചിക്കുന്നത്. നാഥാ, പ്രഭാതത്തില്‍ അവിടുന്ന് എന്‍റെ സ്വരം കേള്‍ക്കുന്നു. അങ്ങേക്കുവേണ്ടി പ്രഭാതബലി ഒരുക്കി ഞാന്‍ കാത്തിരിക്കുന്നു. അവിടുന്നു ദുഷ്ടതയില്‍ പ്രസാദിക്കുന്ന ദൈവമല്ല. തിന്മയ്‍ക്ക് അങ്ങയോടൊത്തു വസിക്കാന്‍ കഴികയില്ല. അഹങ്കാരികള്‍ തിരുസന്നിധിയില്‍ നില്‌ക്കയില്ല. ദുഷ്ടന്മാരോട് അങ്ങേക്കു വെറുപ്പാണ്. വ്യാജം പറയുന്നവരെ അവിടുന്നു നശിപ്പിക്കുന്നു. രക്തദാഹികളെയും വഞ്ചകരെയും അവിടുന്നു ദ്വേഷിക്കുന്നു. അവിടുത്തെ സുസ്ഥിരസ്നേഹത്തിന്‍റെ സമൃദ്ധിയില്‍ ഞാന്‍ അവിടുത്തെ ആലയത്തില്‍ പ്രവേശിക്കും. അവിടുത്തെ മന്ദിരത്തില്‍ ഭക്തിയോടെ ആരാധിക്കും. സര്‍വേശ്വരാ, എന്‍റെ ശത്രുക്കള്‍ നിരവധിയാണല്ലോ, എന്നെ നീതിയുടെ പാതയില്‍ നയിക്കണമേ. അവിടുത്തെ നേര്‍വഴി എനിക്കു കാണിച്ചുതരണമേ. അവരുടെ അധരത്തില്‍ സത്യത്തിനു സ്ഥാനമില്ല. അവരുടെ അന്തരംഗം നാശകൂപം അവരുടെ തൊണ്ട തുറന്ന ശവക്കുഴി. അവരുടെ നാവില്‍ മുഖസ്തുതി കളിയാടുന്നു. ദൈവമേ, അവരുടെ കുറ്റങ്ങള്‍ക്കു ശിക്ഷ നല്‌കണമേ, സ്വന്തം ഉപായങ്ങളില്‍ത്തന്നെ അവര്‍ വീഴട്ടെ. അവരുടെ അകൃത്യങ്ങളുടെ ആധിക്യത്താല്‍ അവരെ തുരത്തണമേ. അങ്ങയെ അവര്‍ ധിക്കരിച്ചിരിക്കുന്നുവല്ലോ. അങ്ങയില്‍ അഭയംതേടുന്നവര്‍ ആനന്ദിക്കട്ടെ. അവര്‍ ആനന്ദഗീതം ആലപിക്കട്ടെ. അവിടുന്ന് അവരെ കാത്തുകൊള്ളണമേ, അങ്ങയെ സ്നേഹിച്ചവര്‍ സന്തോഷിക്കട്ടെ. പരമനാഥാ, നീതിമാന്മാരെ അവിടുന്ന് അനുഗ്രഹിക്കുന്നു. പരിചകൊണ്ടെന്നപോലെ തിരുസ്നേഹത്താല്‍ അവിടുന്ന് അവരെ സംരക്ഷിക്കും. ഗായകസംഘനേതാവിന്; തന്ത്രിനാദത്തോടെ, അഷ്ടമരാഗത്തില്‍ ദാവീദിന്‍റെ സങ്കീര്‍ത്തനം [1] സര്‍വേശ്വരാ, കോപത്തോടെ എന്നെ ശാസിക്കരുതേ! ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ. പരമനാഥാ, ഞാന്‍ തളര്‍ന്നിരിക്കുന്നു. എന്നോടു കരുണയുണ്ടാകണമേ. നാഥാ, എന്‍റെ അസ്ഥികള്‍പോലും ഉലഞ്ഞിരിക്കുന്നു. എനിക്കു സൗഖ്യമരുളണമേ. സര്‍വേശ്വരാ, എന്‍റെ ആത്മാവും അസ്വസ്ഥമായിരിക്കുന്നു; എത്രനാള്‍ അങ്ങ് അകന്നുനില്‌ക്കും? പരമനാഥാ, എന്നെ കടാക്ഷിച്ച് എന്‍റെ പ്രാണനെ രക്ഷിക്കണമേ. അവിടുത്തെ അചഞ്ചലസ്നേഹത്താല്‍ എന്നെ വിടുവിക്കണമേ. മൃതലോകത്തില്‍ ആര്‍ അങ്ങയെ അനുസ്മരിക്കും? പാതാളത്തില്‍ ആര്‍ അങ്ങയെ സ്തുതിക്കും? കരഞ്ഞു കരഞ്ഞ് ഞാന്‍ തളര്‍ന്നിരിക്കുന്നു. രാത്രിതോറും കണ്ണീര്‍ ഒഴുകി എന്‍റെ കിടക്ക നനയുന്നു. എന്‍റെ തലയണ കണ്ണീരില്‍ കുതിരുന്നു. ദുഃഖംകൊണ്ട് എന്‍റെ കണ്ണു കുഴിഞ്ഞിരിക്കുന്നു. ശത്രുക്കള്‍ നിമിത്തം അവ കരഞ്ഞു തളര്‍ന്നിരിക്കുന്നു. അധര്‍മികളേ, എന്നില്‍നിന്ന് അകന്നു പോകുവിന്‍. എന്‍റെ നിലവിളി സര്‍വേശ്വരന്‍ കേട്ടിരിക്കുന്നു. അവിടുന്ന് എന്‍റെ യാചന കേള്‍ക്കുന്നു; എന്‍റെ പ്രാര്‍ഥനയ്‍ക്ക് ഉത്തരമരുളുന്നു. എന്‍റെ ശത്രുക്കള്‍ ലജ്ജിച്ചുപോകും; അവര്‍ പരിഭ്രാന്തരാകും. അവര്‍ക്ക് നാണിച്ചു പിന്തിരിയേണ്ടിവരും. ബെന്യാമീന്യനായ കൂശ് നിമിത്തം ദാവീദ് സര്‍വേശ്വരനെ വിളിച്ചു പാടിയ വിലാപഗീതം [1] എന്‍റെ ദൈവമായ സര്‍വേശ്വരാ, അങ്ങയെ ഞാന്‍ ശരണം പ്രാപിക്കുന്നു. എന്നെ വേട്ടയാടുന്നവരില്‍നിന്ന് എന്നെ വിടുവിച്ചു രക്ഷിക്കണമേ. അല്ലെങ്കില്‍ അവര്‍ സിംഹത്തെപ്പോലെ എന്നെ പിച്ചിച്ചീന്തും. എന്നെ വലിച്ചിഴയ്‍ക്കും; രക്ഷിപ്പാന്‍ ആരും ഉണ്ടായിരിക്കുകയില്ല. എന്‍റെ ദൈവമായ സര്‍വേശ്വരാ, എന്‍റെ കരങ്ങള്‍ പാപപങ്കിലമാണെങ്കില്‍, ഞാന്‍ എന്‍റെ സ്നേഹിതനെ വഞ്ചിച്ചിട്ടുണ്ടെങ്കില്‍, അകാരണമായി ശത്രുവിനെ ദ്രോഹിച്ചിട്ടുണ്ടെങ്കില്‍, ശത്രു എന്നെ പിന്തുടര്‍ന്ന് പിടിച്ചു കൊള്ളട്ടെ. അവര്‍ എന്നെ അടിച്ചുവീഴ്ത്തട്ടെ. എന്‍റെ മൃതശരീരം പൂഴിയില്‍ ഉപേക്ഷിക്കട്ടെ. സര്‍വേശ്വരാ, ക്രോധത്തോടെ എഴുന്നേല്‌ക്കണമേ, കോപാകുലരായ എന്‍റെ ശത്രുക്കളെ നേരിടാന്‍ എഴുന്നേല്‌ക്കണമേ. എന്‍റെ ദൈവമേ, ഉണരുക. അവിടുന്ന് എല്ലാവര്‍ക്കും ന്യായവിധി നിശ്ചയിച്ചിട്ടുണ്ടല്ലോ. ജനതകള്‍ അവിടുത്തെ ചുറ്റും നിന്നു സേവിക്കട്ടെ സ്വര്‍ഗസിംഹാസനത്തിലിരുന്ന് അവിടുന്ന് എന്നെ ഭരിക്കട്ടെ. സര്‍വമനുഷ്യരെയും വിധിക്കുന്നത് അവിടുന്നല്ലോ. സര്‍വേശ്വരാ, എന്‍റെ നീതിക്കും നിഷ്കളങ്കതയ്‍ക്കുമൊത്തവിധം എന്നെ വിധിച്ചാലും. നീതിമാനായ ദൈവമേ, ഹൃദയത്തെയും മനസ്സിനെയും പരിശോധിക്കുന്നവനേ, ദുര്‍ജനങ്ങളുടെ ദുഷ്ടതയ്‍ക്ക് അറുതിവരുത്തണമേ, നീതിമാന്മാര്‍ക്ക് ഐശ്വര്യം നല്‌കണമേ. ദൈവമാണ് എന്‍റെ പരിച പരമാര്‍ഥഹൃദയമുള്ളവരെ അവിടുന്ന് രക്ഷിക്കുന്നു. ദൈവം നീതിനിഷ്ഠനായ ന്യായാധിപന്‍; അവിടുന്ന് ദിനംതോറും ദുഷ്ടന്മാരെ ഭര്‍ത്സിക്കുന്നു. അവര്‍ മനം തിരിയുന്നില്ലെങ്കില്‍, അവിടുന്ന് വാളിന് മൂര്‍ച്ചകൂട്ടും. അവിടുന്ന് വില്ലുകുലച്ച് അസ്ത്രം തൊടുത്തിരിക്കുന്നു. അവിടുന്ന് മാരകായുധങ്ങള്‍ സജ്ജമാക്കിയിരിക്കുന്നു. ശരങ്ങള്‍ തീയമ്പുകളാക്കിയിരിക്കുന്നു. ഇതാ ദുഷ്ടന്‍ തിന്മയെ ഗര്‍ഭം ധരിക്കുന്നു, അവന്‍ വഞ്ചനയെ ഉദരത്തില്‍ വഹിച്ച് വ്യാജത്തെ പ്രസവിക്കുന്നു. അവന്‍ കുഴി കുഴിച്ച് കെണിയൊരുക്കുന്നു. താന്‍ കുഴിച്ച കുഴിയില്‍ അവന്‍തന്നെ വീഴുന്നു. അവന്‍റെ ദുഷ്ടത അവന്‍റെ തലയില്‍ പതിക്കുന്നു. അവന്‍റെ അക്രമം അവന്‍റെ നെറുകയില്‍ നിപതിക്കുന്നു. സര്‍വേശ്വരനു ഞാന്‍ സ്തോത്രം അര്‍പ്പിക്കും. അവിടുന്നു നീതി പ്രവര്‍ത്തിക്കുന്നുവല്ലോ, അത്യുന്നതനായ സര്‍വേശ്വരനു ഞാന്‍ സ്തുതിഗീതമാലപിക്കും. ഗായകസംഘനേതാവിന്; ഗത്ത്യരാഗത്തില്‍, ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] സര്‍വേശ്വരനായ ഞങ്ങളുടെ നാഥാ, അവിടുത്തെ മഹത്ത്വം ഭൂമിയിലെങ്ങും നിറഞ്ഞിരിക്കുന്നു. അവിടുത്തെ മഹത്ത്വം ആകാശത്തെക്കാള്‍ ഉയര്‍ന്നിരിക്കുന്നു. ശിശുക്കളും പിഞ്ചുകുഞ്ഞുങ്ങളും അവിടുത്തെ മഹത്ത്വം പ്രകീര്‍ത്തിക്കുന്നു. അവിടുന്നു ശത്രുക്കള്‍ക്കെതിരെ കോട്ട കെട്ടി അവിടുന്നു ശത്രുവിനെയും പ്രതികാരം ചെയ്യുന്നവനെയും മിണ്ടാതാക്കി. അവിടുന്നു നിര്‍മ്മിച്ച ആകാശത്തെയും അവിടുന്നു സ്ഥാപിച്ച ചന്ദ്രനക്ഷത്രാദികളെയും നോക്കുമ്പോള്‍, മനുഷ്യനെ ഓര്‍ക്കുവാന്‍ അവന് എന്തു മേന്മ? അവിടുത്തെ പരിഗണന ലഭിക്കാന്‍ അവന് എന്ത് അര്‍ഹത? എങ്കിലും അവിടുന്നു മനുഷ്യനെ അവിടുത്തെക്കാള്‍ അല്പം മാത്രം താഴ്ത്തി, മഹത്ത്വവും തേജസ്സും അവനെ അണിയിച്ചിരിക്കുന്നു. അവിടുന്നു സൃഷ്‍ടിച്ച സകലത്തിന്‍റെയുംമേല്‍ അവനെ അധിപതിയാക്കി, എല്ലാറ്റിനെയും അവന്‍റെ കാല്‍ക്കീഴിലാക്കി. ആടുകളെയും കാളകളെയും വന്യമൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും ആഴിയിലെ മത്സ്യങ്ങളെയും സമുദ്രത്തില്‍ ചരിക്കുന്ന സകല ജീവികളെയും തന്നെ. സര്‍വേശ്വരനായ ഞങ്ങളുടെ നാഥാ, അവിടുത്തെ മഹത്ത്വം ഭൂമിയിലെങ്ങും നിറഞ്ഞിരിക്കുന്നു. ഗായകസംഘനേതാവിന്; മുത്ത്-ലാബന്‍ രാഗത്തില്‍, ദാവീദിന്‍റെ സങ്കീര്‍ത്തനം [1] സര്‍വേശ്വരനു പൂര്‍ണഹൃദയത്തോടെ ഞാന്‍ സ്തോത്രം അര്‍പ്പിക്കും. അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ ഞാന്‍ വര്‍ണിക്കും. ആനന്ദത്തോടെ ഞാന്‍ അവിടുത്തെ കീര്‍ത്തിക്കും. ഉല്ലാസഗീതം പാടി ഞാന്‍ അത്യുന്നതനെ സ്തുതിക്കും. അവിടുത്തെ മുമ്പില്‍നിന്ന് പലായനം ചെയ്ത എന്‍റെ ശത്രുക്കള്‍ ഇടറിവീണു നശിച്ചു. അവിടുന്ന് എനിക്ക് നീതി നടത്തിത്തന്നിരിക്കുന്നു. അവിടുന്നു ന്യായാസനത്തിലിരുന്നു നീതിപൂര്‍വം വിധിക്കുന്നു. അവിടുന്നു ജനതകളെ ശാസിച്ചു ദുഷ്ടരെ നശിപ്പിച്ചു. അവരുടെ പേരുപോലും അവശേഷിച്ചില്ല. ശത്രുക്കള്‍ എന്നേക്കുമായി നശിച്ച് ഇല്ലാതായിരിക്കുന്നു. അവരുടെ പട്ടണങ്ങളെ അവിടുന്ന് ഉന്മൂലനം ചെയ്തു. അവയെക്കുറിച്ചുള്ള സ്മരണപോലും ഇല്ലാതായി. എന്നാല്‍ സര്‍വേശ്വരന്‍ എന്നേക്കും സിംഹാസനസ്ഥനായിരിക്കുന്നു. ന്യായവിധിക്കായി തന്‍റെ സിംഹാസനം സ്ഥാപിച്ചിരിക്കുന്നു. അവിടുന്നു ലോകത്തെ നീതിയോടെ ഭരിക്കുന്നു. ജനതകളെ ന്യായത്തോടെ വിധിക്കുന്നു. സര്‍വേശ്വരന്‍ പീഡിതരുടെ രക്ഷാസങ്കേതം. കഷ്ടകാലത്ത് അവരുടെ അഭയസ്ഥാനം. അങ്ങയെ യഥാര്‍ഥമായി അറിയുന്നവര്‍, അങ്ങയില്‍ വിശ്വാസമര്‍പ്പിക്കുന്നു. സര്‍വേശ്വരാ, തിരുസന്നിധിയില്‍ വരുന്നവരെ അവിടുന്ന് ഉപേക്ഷിക്കുകയില്ലല്ലോ. സീയോനില്‍ വാണരുളുന്ന സര്‍വേശ്വരനു സ്തോത്രം പാടുവിന്‍. അവിടുത്തെ പ്രവൃത്തികള്‍ ജനതകളുടെ ഇടയില്‍ ഘോഷിക്കുവിന്‍. അവിടുന്നു പീഡിതരെ ഓര്‍ക്കുന്നു. അവരുടെ നിലവിളി കേള്‍ക്കുന്നു. അവരുടെ രക്തം ചൊരിഞ്ഞവരെ അവിടുന്ന് ശിക്ഷിക്കും. സര്‍വേശ്വരാ, എന്നോടു കരുണയുണ്ടാകണമേ, മരണത്തില്‍നിന്ന് എന്നെ രക്ഷിക്കുന്ന ദൈവമേ, ശത്രുക്കള്‍ നിമിത്തം ഞാന്‍ സഹിക്കുന്ന പീഡനം കാണണമേ. അങ്ങനെ ഞാന്‍ സീയോന്‍ നഗരവാതില്‌ക്കല്‍ നിന്നുകൊണ്ട്, അവിടുത്തേക്കു സ്തോത്രം അര്‍പ്പിക്കും. അവിടുന്ന് എന്നെ വിമോചിപ്പിച്ചതോര്‍ത്തു ഞാന്‍ സന്തോഷിക്കും. അന്യജനതകള്‍ സ്വയം കുഴിച്ച കുഴിയില്‍ വീണു അവര്‍ ഒരുക്കിയ കെണിയില്‍ അവരുടെ കാലുകള്‍ കുടുങ്ങി. സര്‍വേശ്വരന്‍ സ്വയം വെളിപ്പെടുത്തിയിരിക്കുന്നു. അവിടുന്ന് വിധി നടപ്പിലാക്കിയിരിക്കുന്നു. ദുഷ്കര്‍മികള്‍ സ്വന്തം പ്രവൃത്തികളില്‍ തന്നെ കുടുങ്ങിയിരിക്കുന്നു. ദൈവത്തെ വിസ്മരിക്കുന്ന ദുഷ്ടന്മാര്‍ മൃത്യുഗര്‍ത്തത്തില്‍ പതിക്കും. ദൈവം ദരിദ്രരെ ഒരിക്കലും വിസ്മരിക്കുകയില്ല. എളിയവരുടെ പ്രത്യാശ ഒരിക്കലും വിഫലമാവുകയില്ല. പരമനാഥാ, എഴുന്നേല്‌ക്കണമേ! മനുഷ്യര്‍ അങ്ങയെ ധിക്കരിക്കാന്‍ ഇടയാകരുതേ, ജനതകള്‍ അവിടുത്തെ മുമ്പില്‍ വിധിക്കപ്പെടട്ടെ. സര്‍വേശ്വരാ, അവരെ സംഭീതരാക്കണമേ, തങ്ങള്‍ വെറും മര്‍ത്യര്‍ മാത്രമെന്ന് അവര്‍ അറിയട്ടെ. സര്‍വേശ്വരാ, അവിടുന്ന് അകന്നിരിക്കുന്നതെന്ത്? കഷ്ടദിനങ്ങളില്‍ അങ്ങ് ഞങ്ങളില്‍നിന്നു മറഞ്ഞിരിക്കുന്നതെന്ത്? അഹങ്കാരംപൂണ്ട ദുഷ്ടന്മാര്‍ എളിയവരെ പിന്തുടര്‍ന്ന് പീഡിപ്പിക്കുന്നു. തങ്ങളുടെ കെണിയില്‍ അവര്‍തന്നെ വീഴട്ടെ. ദുഷ്ടന്‍ തന്‍റെ മനോരഥത്തില്‍ പ്രശംസിക്കുന്നു. ദുരാഗ്രഹി സര്‍വേശ്വരനെ ശപിക്കുകയും പരിത്യജിക്കുകയും ചെയ്യുന്നു. ദുഷ്ടന്‍ ഗര്‍വുകൊണ്ട് ദൈവത്തെ അവഗണിക്കുന്നു. ദൈവമില്ലെന്നാണ് അവന്‍റെ വിചാരം. അവന്‍ ഉത്തരോത്തരം അഭിവൃദ്ധിപ്പെടുന്നു, അവിടുത്തെ ന്യായവിധി അവന് അഗോചരമാണ്. അവന്‍ തന്‍റെ ശത്രുക്കളെ പുച്ഛിക്കുന്നു. ‘ഞാന്‍ കുലുങ്ങുകയില്ല. ഒരിക്കലും എനിക്ക് അനര്‍ഥം ഉണ്ടാവുകയില്ല’ എന്ന് അവന്‍ സ്വയം പറയുന്നു. ശാപവും വഞ്ചനയും ഭീഷണിയുംകൊണ്ട് നിറഞ്ഞതാണ് അവന്‍റെ വായ്. അവന്‍റെ നാവിന്‍കീഴില്‍ ദുഷ്ടതയും അതിക്രമവും കുടികൊള്ളുന്നു. അവന്‍ ഗ്രാമങ്ങളില്‍ പതിയിരിക്കുന്നു. നിരപരാധികളെ അവന്‍ ഒളിഞ്ഞിരുന്നു കൊല്ലുന്നു. അവന്‍റെ ഗൂഢദൃഷ്‍ടി അഗതികളെ തിരയുന്നു. എളിയവരുടെമേല്‍ ചാടിവീഴാന്‍ അവന്‍ സിംഹത്തെപ്പോലെ പതിയിരിക്കുന്നു. അവന്‍ അവരെ കെണിയില്‍ വീഴ്ത്തി പിടിക്കുന്നു. എളിയവര്‍ ഞെരിച്ചമര്‍ത്തപ്പെടുന്നു, ദുഷ്ടന്‍റെ ശക്തിയാല്‍ അവര്‍ നിലംപതിക്കുന്നു. ‘ദൈവം മറന്നിരിക്കുന്നു, അവിടുന്നു മുഖം മറച്ചിരിക്കുന്നു. അവിടുന്ന് ഒരിക്കലും ഇതു കാണുകയില്ല’ എന്നാണ് ദുഷ്ടന്‍റെ വിചാരം. സര്‍വേശ്വരാ, എഴുന്നേല്‌ക്കണമേ, ദൈവമേ, അവരെ ശിക്ഷിക്കാന്‍ കരം ഉയര്‍ത്തണമേ പീഡിതരെ മറക്കരുതേ. ദുഷ്ടന്‍ ദൈവത്തെ നിന്ദിക്കുന്നതും അങ്ങ് കണക്കു ചോദിക്കുകയില്ല എന്നു പറയുന്നതും എന്തുകൊണ്ട്? അവിടുന്ന് എല്ലാം കാണുന്നു അവരുടെ ദ്രോഹവും പീഡനവും അവിടുന്നു ശ്രദ്ധിക്കുന്നു. അവര്‍ അര്‍ഹിക്കുന്നത് അവിടുന്ന് അവര്‍ക്കു നല്‌കും. അഗതി തന്നെത്തന്നെ അങ്ങേക്കു സമര്‍പ്പിക്കുന്നു. അവിടുന്നല്ലോ അനാഥനു സഹായി. ദുര്‍ജനത്തിന്‍റെയും ദുഷ്കര്‍മികളുടെയും ശക്തി തകര്‍ക്കണമേ. ഇനി തിന്മ ചെയ്യാത്തവിധം അവരെ ശിക്ഷിക്കണമേ. സര്‍വേശ്വരന്‍ എന്നേക്കും രാജാവായി വാഴുന്നു അന്യജനതകള്‍ അവിടുത്തെ ദേശത്തുനിന്ന് ഉന്മൂലനം ചെയ്യപ്പെടും. [17,18] സര്‍വേശ്വരാ, അവിടുന്ന് എളിയവരുടെ അഭിലാഷം നിറവേറ്റും; അവര്‍ക്ക് അവിടുന്നു ധൈര്യം പകരും. അവിടുന്ന് അവരുടെ അപേക്ഷ കേട്ട്, അനാഥര്‍ക്കും പീഡിതര്‍ക്കും നീതി നടത്തിക്കൊടുക്കും. അങ്ങനെ മര്‍ത്യര്‍ ഇനിമേല്‍ അവരെ ഭയപ്പെടുത്തുകയില്ല. ഗായകസംഘനേതാവിന്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] സര്‍വേശ്വരനില്‍ ഞാന്‍ അഭയം തേടുന്നു, പക്ഷിയെപ്പോലെ പറന്നുപോയി പര്‍വതങ്ങളില്‍ ഒളിക്കൂ എന്നു നിങ്ങള്‍ക്കെന്നോടു പറയാന്‍ കഴിയുമോ? പരമാര്‍ഥഹൃദയമുള്ളവരെ ഇരുട്ടത്ത് എയ്യേണ്ടതിന്, ദുഷ്ടന്മാര്‍ വില്ലു കുലച്ച് അസ്ത്രം തൊടുത്തിരിക്കുന്നു. അടിത്തറ തകര്‍ക്കപ്പെട്ടാല്‍ നീതിമാന്‍ എന്തു ചെയ്യും? സര്‍വേശ്വരന്‍ അവിടുത്തെ വിശുദ്ധമന്ദിരത്തിലുണ്ട്. അവിടുത്തെ സിംഹാസനം സ്വര്‍ഗത്തിലാണ്. അവിടുന്ന് എല്ലാ മനുഷ്യരെയും കാണുന്നു, അവിടുന്ന് അവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. സജ്ജനത്തെയും ദുര്‍ജനത്തെയും അവിടുന്നു പരിശോധിക്കുന്നു. അക്രമാസക്തരോട് അവിടുത്തേക്കു വെറുപ്പാണ്. ദുര്‍ജനത്തിന്മേല്‍ തീക്കനലും കത്തുന്ന ഗന്ധകവും അവിടുന്നു വര്‍ഷിക്കും. ഉഷ്ണക്കാറ്റാണ് ദൈവം അവര്‍ക്കു നല്‌കുന്ന ഓഹരി. സര്‍വേശ്വരന്‍ നീതിമാനാണ്. അവിടുന്നു നീതിനിഷ്ഠമായ പ്രവൃത്തികള്‍ ഇഷ്ടപ്പെടുന്നു. നേരുള്ളവര്‍ അവിടുത്തെ മുഖം ദര്‍ശിക്കും. ഗായകസംഘനേതാവിന്; അഷ്ടമരാഗത്തില്‍, ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] സര്‍വേശ്വരാ, ഞങ്ങളെ രക്ഷിക്കണമേ, ദൈവഭക്തര്‍ ഇല്ലാതായിരിക്കുന്നു. വിശ്വസ്തര്‍ അപ്രത്യക്ഷരായിരിക്കുന്നു. എല്ലാവരും അയല്‍ക്കാരനോടു പൊളി പറയുന്നു, അവരുടെ അധരങ്ങളില്‍ മുഖസ്തുതിയും ഹൃദയങ്ങളില്‍ വഞ്ചനയുമാണുള്ളത്. മുഖസ്തുതി പറയുന്ന അധരങ്ങളെയും വമ്പു പറയുന്ന നാവിനെയും സര്‍വേശ്വരാ, അങ്ങ് ഛേദിച്ചുകളയണമേ. നാവുകൊണ്ടു ഞങ്ങള്‍ ജയിക്കും, അധരങ്ങള്‍ ഞങ്ങളെ രക്ഷിക്കും. ‘ആര്‍ ഞങ്ങളെ നിയന്ത്രിക്കും’ എന്ന് അവര്‍ വീമ്പടിക്കുന്നു. ദരിദ്രര്‍ ചൂഷണം ചെയ്യപ്പെടുന്നു, എളിയവര്‍ നെടുവീര്‍പ്പിടുന്നു, അതുകൊണ്ടു ഞാനിതാ വരുന്നു അവര്‍ കാംക്ഷിക്കുന്ന സംരക്ഷണം ഞാന്‍ അവര്‍ക്കു നല്‌കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. സര്‍വേശ്വരന്‍റെ വാഗ്ദാനങ്ങള്‍ നിര്‍വ്യാജമാണ്. ഏഴു പ്രാവശ്യം ഉലയില്‍ കാച്ചിയ വെള്ളി പോലെയാണവ. [7,8] ദുഷ്ടര്‍ എല്ലായിടത്തും ചുറ്റിനടക്കുന്നു. എല്ലാവരും വഷളത്തത്തെ പുകഴ്ത്തുന്നു. സര്‍വേശ്വരാ, ഞങ്ങളെ കാത്തുകൊള്ളണമേ, ഇവരില്‍നിന്നു ഞങ്ങളെ പരിപാലിക്കണമേ. ഗായകസംഘനേതാവിന്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] സര്‍വേശ്വരാ, അവിടുന്ന് എത്രകാലം എന്നെ മറന്നുകളയും? എന്നെ എന്നേക്കുമായി വിസ്മരിക്കുമോ? എത്രകാലം അവിടുന്ന് എന്നില്‍നിന്നു മുഖം മറയ്‍ക്കും? എത്രകാലം ഞാന്‍ ആത്മവേദന സഹിക്കണം? എത്രത്തോളം ഞാന്‍ ഹൃദയവ്യഥ അനുഭവിക്കണം? എത്രത്തോളം ശത്രു എന്‍റെമേല്‍ ജയംകൊള്ളും? എന്‍റെ ദൈവമായ സര്‍വേശ്വരാ, എന്നെ കടാക്ഷിച്ച് ഉത്തരമരുളണമേ. ഞാന്‍ മരണനിദ്രയില്‍ വീഴാതിരിക്കാന്‍, എന്‍റെ കണ്ണുകളെ പ്രകാശിപ്പിക്കണമേ. ‘ഞാനവനെ കീഴടക്കി’ എന്ന് എന്‍റെ ശത്രു പറയാതിരിക്കട്ടെ. ഞാന്‍ പരാജയപ്പെടുന്നതു കണ്ട് എന്‍റെ വൈരികള്‍ ആഹ്ലാദിക്കാതിരിക്കട്ടെ. അവിടുത്തെ സുസ്ഥിരസ്നേഹത്തില്‍ ഞാന്‍ ആശ്രയിക്കും. എന്‍റെ ഹൃദയം അവിടുത്തെ രക്ഷയില്‍ ആനന്ദിക്കും. ഞാന്‍ സര്‍വേശ്വരനെ വാഴ്ത്തിപ്പാടും; അവിടുന്ന് എന്നെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നുവല്ലോ. ഗായകസംഘനേതാവിന്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] ‘ദൈവം ഇല്ല’ എന്നു മൂഢന്‍ തന്‍റെ ഹൃദയത്തില്‍ പറയുന്നു. മ്ലേച്ഛകൃത്യങ്ങള്‍ ചെയ്ത് അവര്‍ വഷളന്മാരായിരിക്കുന്നു. നന്മ ചെയ്യുന്നവന്‍ ആരുമില്ല. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്ന് അറിയാന്‍, സര്‍വേശ്വരന്‍ സ്വര്‍ഗത്തില്‍നിന്നു മനുഷ്യരെ നോക്കുന്നു. എല്ലാവരും വഴിതെറ്റി ഒരുപോലെ വഷളന്മാരായിരിക്കുന്നു. നന്മ ചെയ്യുന്നവന്‍ ഇല്ല, ഒരുവന്‍ പോലുമില്ല. എന്താണ് തങ്ങള്‍ ചെയ്യുന്നതെന്ന് ഈ ദുര്‍വൃത്തര്‍ക്ക് അറിഞ്ഞുകൂടേ? അപ്പം തിന്നുന്നതുപോലെ അവര്‍ എന്‍റെ ജനത്തെ തിന്നൊടുക്കുന്നു. അവര്‍ സര്‍വേശ്വരനെ വിളിച്ചപേക്ഷിക്കുന്നില്ല. അവര്‍ ഭയന്നു വിറകൊള്ളും സര്‍വേശ്വരന്‍ നീതിമാന്മാരുടെ പക്ഷത്താണല്ലോ. നിങ്ങള്‍ എളിയവരുടെ പ്രതീക്ഷകള്‍ തകര്‍ക്കാന്‍ നോക്കുന്നു. എന്നാല്‍ സര്‍വേശ്വരനാണ് അവരുടെ അഭയസ്ഥാനം. ഇസ്രായേലിന്‍റെ മോചനം സീയോനില്‍നിന്നു വന്നെങ്കില്‍, സര്‍വേശ്വരന്‍ തന്‍റെ ജനത്തിന്‍റെ ഐശ്വര്യം പുനഃസ്ഥാപിക്കുമ്പോള്‍ യാക്കോബിന്‍റെ സന്തതികള്‍ സന്തോഷിക്കും ഇസ്രായേല്‍ജനം ആനന്ദിക്കും. ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] സര്‍വേശ്വരാ, അവിടുത്തെ കൂടാരത്തില്‍ ആര്‍ പാര്‍ക്കും? അവിടുത്തെ വിശുദ്ധപര്‍വതത്തില്‍ ആര്‍ വസിക്കും? നിഷ്കളങ്കനായി നടക്കുകയും നീതിനിഷ്ഠയോടെ ജീവിക്കുകയും ഹൃദയപരമാര്‍ഥതയോടെ സത്യം പറയുകയും ചെയ്യുന്നവന്‍. പരദൂഷണം പറയുകയോ, സ്നേഹിതനെ ദ്രോഹിക്കുകയോ, അയല്‍ക്കാരനെ അപമാനിക്കുകയോ ചെയ്യാത്തവന്‍. ദുര്‍വൃത്തനെ നിന്ദ്യനായി കരുതുകയും ദൈവഭക്തനെ ആദരിക്കുകയും എന്തു നഷ്ടം വന്നാലും വാക്കു പാലിക്കുകയും ചെയ്യുന്നവന്‍. അഗതിയോടു പലിശ ഈടാക്കുകയോ, നിരപരാധിക്കെതിരെ കൈക്കൂലി വാങ്ങുകയോ ചെയ്യാത്തവന്‍. ഇങ്ങനെയുള്ളവന്‍ എന്നും സുരക്ഷിതനായിരിക്കും. ദാവീദിന്‍റെ ഒരു ഗീതം [1] ദൈവമേ, ഞാന്‍ അങ്ങയെ അഭയം പ്രാപിക്കുന്നു. എന്നെ കാത്തുകൊള്ളണമേ. അവിടുന്നാണ് എന്‍റെ കര്‍ത്താവ്, ഞാന്‍ അനുഭവിക്കുന്ന എല്ലാ നന്മകളും അവിടുന്ന് നല്‌കിയവയാണ് എന്നു ഞാന്‍ സര്‍വേശ്വരനോടു പറയും. സര്‍വേശ്വരന്‍റെ വിശുദ്ധജനം എത്ര ശ്രേഷ്ഠന്മാര്‍! അവര്‍ എനിക്ക് ഏറ്റവും ആദരണീയരാണ്. അന്യദേവന്മാരെ അനുഗമിക്കുന്നവര്‍, തങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുന്നു. ആ ദേവന്മാര്‍ക്ക് ഞാന്‍ രക്തപാനീയ ബലികള്‍ അര്‍പ്പിക്കുകയില്ല. ഞാന്‍ അവരുടെ നാമം വിളിച്ചപേക്ഷിക്കുകയുമില്ല. സര്‍വേശ്വരനാണ് എന്‍റെ സര്‍വസ്വവും; അവിടുന്നാണ് എന്‍റെ സമസ്ത ആവശ്യങ്ങളും നിറവേറ്റുന്നത്. എന്‍റെ ഭാവി അവിടുത്തെ കരങ്ങളിലാണ്. അഭികാമ്യമായ ഭാഗം എനിക്ക് അളന്നുകിട്ടി, വിശിഷ്ടമായ ഓഹരി എനിക്കു നല്‌കപ്പെട്ടു. എനിക്ക് ബുദ്ധി ഉപദേശിച്ചു തരുന്ന സര്‍വേശ്വരനെ ഞാന്‍ വാഴ്ത്തും. രാത്രിയിലും എന്‍റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു. സര്‍വേശ്വരന്‍ എപ്പോഴും എന്‍റെ കണ്‍മുമ്പിലുണ്ട്. അവിടുന്ന് എന്‍റെ വലത്തുഭാഗത്തുള്ളതു കൊണ്ട് ഞാന്‍ കുലുങ്ങുകയില്ല. അതുകൊണ്ട് എന്‍റെ ഹൃദയം ആഹ്ലാദിക്കുന്നു. എന്‍റെ അന്തരംഗം ആനന്ദിക്കുന്നു. ഞാന്‍ സുരക്ഷിതനായിരിക്കുന്നു. അവിടുന്ന് എന്നെ പാതാളത്തില്‍ തള്ളുകയില്ല. അവിടുത്തെ ഭക്തനെ മരണഗര്‍ത്തത്തിലേക്ക് അയയ്‍ക്കുകയില്ല. ജീവന്‍റെ മാര്‍ഗം അവിടുന്ന് എനിക്ക് കാണിച്ചുതരുന്നു. അവിടുത്തെ സന്നിധിയില്‍ ആനന്ദത്തിന്‍റെ പരിപൂര്‍ണതയും അവിടുത്തെ വലത്തുഭാഗത്തു ശാശ്വതമായ സന്തോഷവും ഉണ്ട്. ദാവീദിന്‍റെ പ്രാര്‍ഥന [1] പരമനാഥാ, നീതിക്കുവേണ്ടിയുള്ള എന്‍റെ യാചന കേള്‍ക്കണമേ, എന്‍റെ നിലവിളി ശ്രദ്ധിക്കണമേ. എന്‍റെ നിഷ്കപടമായ പ്രാര്‍ഥന കേള്‍ക്കണമേ. എന്നെ നിരപരാധിയായി പ്രഖ്യാപിക്കണമേ, അവിടുന്നു ന്യായം കാണണമേ. എന്‍റെ ഹൃദയം പരിശോധിക്കുകയും രാത്രിയില്‍ എന്നെ സന്ദര്‍ശിക്കുകയും എന്നെ പരീക്ഷിക്കുകയും ചെയ്താല്‍ അവിടുന്ന് എന്നില്‍ തിന്മയൊന്നും കണ്ടെത്തുകയില്ല. ഞാന്‍ അധരങ്ങള്‍കൊണ്ടു പാപം ചെയ്തില്ല. മറ്റുള്ളവരെപ്പോലെ ഞാന്‍ തിന്മ പ്രവര്‍ത്തിച്ചില്ല. അക്രമികളുടെ പാത ഞാന്‍ പിന്തുടര്‍ന്നില്ല. അവിടുത്തെ കല്പന ഞാന്‍ അനുസരിച്ചു. അവിടുത്തെ വഴികളിലൂടെ ഞാന്‍ നടന്നു, അതില്‍നിന്ന് എന്‍റെ കാല്‍ വഴുതിയില്ല. ദൈവമേ, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, അവിടുന്ന് എനിക്കുത്തരമരുളുമല്ലോ, അവിടുന്ന് എങ്കലേക്കു തിരിഞ്ഞ് എന്‍റെ അപേക്ഷ കേള്‍ക്കണമേ. അങ്ങയില്‍ അഭയം പ്രാപിക്കുന്നവരെ വലങ്കൈ നീട്ടി, ശത്രുക്കളില്‍നിന്നു രക്ഷിക്കുന്ന നാഥാ, അവിടുത്തെ മഹത്തായ സ്നേഹം കാട്ടിയാലും. കണ്ണിന്‍റെ കൃഷ്ണമണിപോലെ എന്നെ കാക്കണമേ, അവിടുത്തെ ചിറകിന്‍റെ നിഴലില്‍ എന്നെ മറച്ചുകൊളളണമേ. എന്നെ നശിപ്പിക്കുന്ന ദുഷ്ടരില്‍നിന്നും എന്നെ വലയം ചെയ്യുന്ന കൊടിയ ശത്രുക്കളില്‍നിന്നും എന്നെ രക്ഷിക്കണമേ. അവരുടെ ഹൃദയത്തില്‍ അനുകമ്പയില്ല, അവരുടെ അധരങ്ങള്‍ വമ്പു പറയുന്നു, അവര്‍ എന്‍റെ കാലടികള്‍ പിന്തുടര്‍ന്ന് എന്നെ വളയുന്നു; അവര്‍ എന്നെ നിലംപരിചാക്കാന്‍ തക്കംനോക്കുന്നു. കടിച്ചുകീറാന്‍ വെമ്പല്‍കൊള്ളുന്ന സിംഹത്തെപ്പോലെയാണവര്‍. ആക്രമിക്കാന്‍ മറവിടങ്ങളില്‍ പതിയിരിക്കുന്ന സിംഹക്കുട്ടിയെപ്പോലെ തന്നെ. സര്‍വേശ്വരാ, എഴുന്നേറ്റ് അവരെ എതിര്‍ത്തു തോല്പിക്കണമേ, അവിടുത്തെ വാള്‍കൊണ്ടു ദുഷ്ടരില്‍നിന്ന് എന്നെ രക്ഷിക്കണമേ, ലൗകികസുഖങ്ങള്‍ മാത്രം ഇച്ഛിക്കുന്ന മനുഷ്യരില്‍നിന്ന് എന്നെ വിടുവിക്കണമേ. അവിടുന്ന് ഒരുക്കിയിരിക്കുന്ന ശിക്ഷ അവര്‍ക്കു മതിവരുവോളം ലഭിക്കട്ടെ. അവരുടെ മക്കള്‍ക്കും വേണ്ടുവോളം ലഭിക്കട്ടെ. മിച്ചമുള്ളത് അവരുടെ പേരക്കിടാങ്ങള്‍ക്ക് ഇരിക്കട്ടെ. നീതിനിമിത്തം ഞാന്‍ അവിടുത്തെ മുഖം ദര്‍ശിക്കും. ഉണരുമ്പോള്‍ ഞാന്‍ അങ്ങയെ ദര്‍ശിച്ചു തൃപ്തിയടയും. ഗായകസംഘനേതാവിന്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. ശത്രുക്കളില്‍നിന്നും ശൗലിന്‍റെ കൈയില്‍നിന്നും സര്‍വേശ്വരന്‍ ദാവീദിനെ വിടുവിച്ച ദിവസം പാടിയത്. [1] എനിക്കു ശക്തിയരുളുന്ന പരമനാഥാ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു. സര്‍വേശ്വരനാണ് എന്‍റെ അഭയശിലയും രക്ഷാദുര്‍ഗവും. എന്‍റെ വിമോചകനും അവിടുന്നുതന്നെ. എന്‍റെ ദൈവവും ഞാന്‍ അഭയം പ്രാപിക്കുന്ന പാറയും എന്‍റെ പരിചയും എന്‍റെ രക്ഷയും എന്‍റെ അഭയസങ്കേതവും അവിടുന്നാണ്. സര്‍വേശ്വരനു സ്തോത്രം. ഞാന്‍ അവിടുത്തെ വിളിച്ചപേക്ഷിച്ചു, എന്‍റെ ശത്രുക്കളില്‍നിന്ന് അവിടുന്നെന്നെ രക്ഷിച്ചു. മരണപാശങ്ങള്‍ എന്നെ ചുറ്റി, നിത്യവിനാശത്തിന്‍റെ പ്രവാഹങ്ങള്‍ എന്നെ കവിഞ്ഞൊഴുകി. പാതാളപാശങ്ങള്‍ എന്നെ വരിഞ്ഞുമുറുക്കി. മരണത്തിന്‍റെ കെണികള്‍ എന്നെ പിടികൂടി. എന്‍റെ കഷ്ടതയില്‍ ഞാന്‍ സര്‍വേശ്വരനെ വിളിച്ചപേക്ഷിച്ചു, എന്‍റെ ദൈവത്തോടു ഞാന്‍ നിലവിളിച്ചു. അവിടുന്നു തന്‍റെ ആലയത്തില്‍നിന്ന് എന്‍റെ അപേക്ഷ കേട്ടു. എന്‍റെ നിലവിളി അവിടുത്തെ കാതുകളിലെത്തി. അപ്പോള്‍ അവിടുത്തെ കോപത്താല്‍ ഭൂമി ഞെട്ടിവിറച്ചു. പര്‍വതങ്ങളുടെ അടിസ്ഥാനങ്ങള്‍ ഇളകി. അവിടുത്തെ മൂക്കില്‍നിന്നു പുക ഉയര്‍ന്നു, വായില്‍നിന്നു സംഹാരാഗ്നി വമിച്ചു. ജ്വലിക്കുന്ന തീക്കനല്‍ ചിതറി. അവിടുന്ന് ആകാശം വളച്ച് ഇറങ്ങിവന്നു. കരിമേഘങ്ങള്‍ അവിടുത്തെ കാല്‍ക്കീഴിലുണ്ടായിരുന്നു. അവിടുന്നു കെരൂബിനെ വാഹനമാക്കി പറന്നു. കാറ്റിന്‍റെ ചിറകുകളില്‍ അവിടുന്ന് അതിശീഘ്രം പറന്നെത്തി. കൂരിരുട്ടിനെ അവിടുന്ന് ആവരണമാക്കി. ജലംപൂണ്ട കറുത്ത മേഘങ്ങള്‍ മേല്‍വിരിപ്പുമാക്കി. തിരുമുമ്പിലെ മിന്നല്‍പ്പിണരുകളില്‍നിന്നു മേഘപാളികള്‍ ഭേദിച്ച് കന്മഴയും തീക്കനലും വര്‍ഷിച്ചു. സര്‍വേശ്വരന്‍ ആകാശത്ത് ഇടിനാദം മുഴക്കി. അത്യുന്നതന്‍ തന്‍റെ ശബ്ദം കേള്‍പ്പിച്ചു; കന്മഴയും തീക്കനലും തന്നെ. അവിടുന്ന് അസ്ത്രം അയച്ചു ശത്രുക്കളെ ചിതറിച്ചു, മിന്നല്‍പ്പിണരുകളാല്‍ അവരെ തുരത്തി. സര്‍വേശ്വരാ, അവിടുത്തെ ഭര്‍ത്സനത്താല്‍, അവിടുത്തെ ക്രോധനിശ്വാസത്താല്‍, ആഴിയുടെ അടിത്തട്ടു ദൃശ്യമായി, ഭൂമിയുടെ അടിസ്ഥാനങ്ങള്‍ അനാവൃതമായി. അവിടുന്ന് ഉയരത്തില്‍നിന്നു കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തില്‍നിന്ന് അവിടുന്നെന്നെ വലിച്ചെടുത്തു. പ്രബലരായ ശത്രുക്കളില്‍നിന്നും എന്നെ വെറുത്തവരില്‍നിന്നും അവിടുന്ന് എന്നെ രക്ഷിച്ചു. അവര്‍ എന്നെക്കാള്‍ ബലമേറിയവരായിരുന്നു. എന്‍റെ അനര്‍ഥദിവസത്തില്‍ അവര്‍ എന്നെ ആക്രമിച്ചു. എന്നാല്‍ സര്‍വേശ്വരന്‍ എന്നെ താങ്ങി. ആപത്തില്‍നിന്ന് അവിടുന്ന് എന്നെ രക്ഷിച്ചു, എന്നില്‍ പ്രസാദിച്ചതിനാല്‍, അവിടുന്ന് എന്നെ വിടുവിച്ചു. എന്‍റെ നീതിക്കൊത്തവിധം, അവിടുന്ന് എനിക്കു പ്രതിഫലം നല്‌കി. എന്‍റെ കൈകളുടെ നൈര്‍മ്മല്യത്തിനൊത്തവിധം, അവിടുന്ന് എന്നെ അനുഗ്രഹിച്ചു. സര്‍വേശ്വരന്‍റെ വഴിയില്‍ ഞാന്‍ ഉറച്ചുനിന്നു, ഞാന്‍ തിന്മ പ്രവര്‍ത്തിച്ച് എന്‍റെ ദൈവത്തില്‍ നിന്ന് അകന്നുപോയില്ല. അവിടുത്തെ കല്പനകള്‍ അനുസരിച്ചു ഞാന്‍ നടന്നു. അവിടുത്തെ ചട്ടങ്ങള്‍ ഞാന്‍ ലംഘിച്ചില്ല. അവിടുത്തെ മുമ്പില്‍ ഞാന്‍ നിഷ്കളങ്കനായിരുന്നു, തിന്മ ചെയ്യാതെ എന്നെത്തന്നെ കാത്തു. എന്‍റെ കൈകളുടെ നിഷ്കളങ്കത കണ്ട്, എന്‍റെ നീതിനിഷ്ഠയ്‍ക്കൊത്തവിധം, അവിടുന്ന് എനിക്ക് പ്രതിഫലം നല്‌കി. വിശ്വസ്തനോട് അങ്ങ് വിശ്വസ്തത പുലര്‍ത്തുന്നു; നിഷ്കളങ്കനോട് അങ്ങ് നിഷ്കളങ്കനായി വര്‍ത്തിക്കുന്നു; നിര്‍മ്മലനോട് അങ്ങ് നിര്‍മ്മലതയോടെ പെരുമാറുന്നു; വക്രബുദ്ധിയോട് അങ്ങ് ക്രൂരനായി വര്‍ത്തിക്കുന്നു. എളിയവരെ അവിടുന്നു രക്ഷിക്കുന്നു; അഹങ്കാരികളെ അവിടുന്നു താഴ്ത്തുന്നു. അവിടുന്ന് എന്‍റെ ദീപം തെളിക്കുന്നു; എന്‍റെ ദൈവമായ സര്‍വേശ്വരന്‍ എന്‍റെ അന്ധകാരം അകറ്റുന്നു. അവിടുത്തെ സഹായത്താല്‍ ഞാന്‍ ശത്രുസൈന്യത്തെ ആക്രമിക്കും. എന്‍റെ ദൈവത്തിന്‍റെ സഹായത്താല്‍ ഞാന്‍ കോട്ട ചാടിക്കടക്കും. ദൈവത്തിന്‍റെ വഴി തികവുറ്റത്; സര്‍വേശ്വരന്‍റെ വാക്കുകള്‍ വിശ്വാസ്യം; തന്നില്‍ അഭയം പ്രാപിക്കുന്നവര്‍ക്ക് അവിടുന്ന് പരിചയാണ്. സര്‍വേശ്വരനല്ലാതെ ദൈവം ആരുണ്ട്? നമ്മുടെ ദൈവമല്ലാതെ അഭയശില ഏത്? അവിടുന്നു ശക്തികൊണ്ട് എന്‍റെ അരമുറുക്കുന്നു; അവിടുന്ന് എന്‍റെ പാത സുഗമമാക്കുന്നു. അവിടുന്ന് എന്‍റെ കാലുകള്‍ക്ക് മാന്‍പേടയുടെ വേഗം നല്‌കി, അവിടുന്ന് എന്നെ ഉയര്‍ന്ന ഗിരികളില്‍ സുരക്ഷിതനായി നിര്‍ത്തി. അവിടുന്ന് എന്നെ യുദ്ധമുറ അഭ്യസിപ്പിക്കുന്നു, താമ്രവില്ലുപോലും എനിക്കു കുലയ്‍ക്കാം. അവിടുന്ന് എനിക്ക് രക്ഷയുടെ പരിച നല്‌കിയിരിക്കുന്നു; അവിടുത്തെ വലങ്കൈ എന്നെ താങ്ങുന്നു അവിടുത്തെ കാരുണ്യം എന്നെ വലിയവനാക്കിയിരിക്കുന്നു. അവിടുന്ന് എന്‍റെ പാത വിശാലമാക്കി; എന്‍റെ കാലുകള്‍ വഴുതിയില്ല. എന്‍റെ ശത്രുക്കളെ ഞാന്‍ പിന്തുടര്‍ന്നു പിടിച്ചു; അവരെ നശിപ്പിക്കുവോളം ഞാന്‍ പിന്തിരിഞ്ഞില്ല. എഴുന്നേല്‌ക്കാത്തവിധം അവരെ ഞാന്‍ തകര്‍ത്തു; അവര്‍ എന്‍റെ കാല്‍ക്കീഴില്‍ അമര്‍ന്നു. യുദ്ധത്തിനായി ബലംകൊണ്ട് അവിടുന്ന് എന്‍റെ അര മുറുക്കി; വൈരികളുടെമേല്‍ എനിക്കു വിജയം നല്‌കി. എന്‍റെ ശത്രുക്കളെ അവിടുന്ന് പലായനം ചെയ്യിച്ചു, എന്നെ പകച്ചവരെ ഞാന്‍ നശിപ്പിച്ചു. അവര്‍ സഹായത്തിനുവേണ്ടി നിലവിളിച്ചു, എന്നാല്‍ വിടുവിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. അവര്‍ സര്‍വേശ്വരനോടു നിലവിളിച്ചു; എന്നാല്‍ അവിടുന്ന് ഉത്തരമരുളിയില്ല. കാറ്റില്‍ പാറുന്ന ധൂളിപോലെ ഞാന്‍ അവരെ തകര്‍ത്തു; വഴിയിലെ ചെളിപോലെ ഞാന്‍ അവരെ കോരിക്കളഞ്ഞു. ജനത്തിന്‍റെ പ്രക്ഷോഭത്തില്‍നിന്ന് അങ്ങ് എന്നെ രക്ഷിച്ചു. അവിടുന്ന് എന്നെ ജനതകളുടെ അധിപതിയാക്കി; എനിക്ക് അപരിചിതരായിരുന്ന ജനം എന്നെ സേവിച്ചു. എന്നെക്കുറിച്ചു കേട്ട മാത്രയില്‍ അവര്‍ എന്നെ നിരസിച്ചു; അന്യജനതകള്‍ എന്നോടു യാചിച്ചു. അവരുടെ ധൈര്യം ചോര്‍ന്നുപോയി, കോട്ടകളില്‍നിന്ന് അവര്‍ വിറച്ചുകൊണ്ട് ഇറങ്ങിവന്നു. സര്‍വേശ്വരന്‍ ജീവിക്കുന്നു; എന്‍റെ അഭയശില വാഴ്ത്തപ്പെടട്ടെ. എനിക്കു രക്ഷ നല്‌കുന്ന ദൈവം സ്തുതിക്കപ്പെടട്ടെ. എന്‍റെ ശത്രുക്കളുടെമേല്‍ ദൈവം എനിക്കു വിജയം നല്‌കി, ജനതകളെ അവിടുന്ന് എനിക്കു കീഴ്പെടുത്തി. എന്‍റെ ശത്രുക്കളില്‍നിന്ന് അവിടുന്ന് എന്നെ വിടുവിച്ചു; വൈരികളുടെമേല്‍ എനിക്കു വിജയം നല്‌കി, അക്രമികളില്‍നിന്ന് എന്നെ രക്ഷിച്ചു. അതുകൊണ്ട് സര്‍വേശ്വരാ, അന്യജനതകളുടെ മധ്യേ ഞാന്‍ അവിടുത്തെ പ്രകീര്‍ത്തിക്കും. അവിടുത്തെ ഞാന്‍ വാഴ്ത്തിപ്പാടും. അവിടുന്നു തിരഞ്ഞെടുത്ത രാജാവിന് അങ്ങ് വന്‍വിജയങ്ങള്‍ നല്‌കുന്നു. തന്‍റെ അഭിഷിക്തനോടു സുസ്ഥിരസ്നേഹം കാട്ടുന്നു. ദാവീദിനോടും അവന്‍റെ സന്തതികളോടും തന്നെ. ഗായകസംഘനേതാവിന്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] ആകാശം ദൈവത്തിന്‍റെ മഹത്ത്വത്തെ വര്‍ണിക്കുന്നു, ആകാശമണ്ഡലം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു. ദൈവത്തിന്‍റെ മഹത്ത്വത്തെക്കുറിച്ച്, പകല്‍ പകലിനോടു നിരന്തരം സംസാരിക്കുന്നു; രാത്രി രാത്രിക്ക് ആ അറിവു പകരുന്നു. വാക്കുകളില്ല, ഭാഷണമില്ല, ശബ്ദം കേള്‍ക്കാനുമില്ല. എങ്കിലും അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു; അവയുടെ വാക്കുകള്‍ ഭൂമിയുടെ അറുതിവരെ എത്തുന്നു; അവിടുന്നു സൂര്യന് ആകാശത്ത് ഒരു കൂടാരം സ്ഥാപിച്ചിരിക്കുന്നു. മണവറയില്‍നിന്നു മണവാളനെപ്പോലെ പുലര്‍കാലത്ത് സൂര്യന്‍ അതില്‍നിന്നു പുറത്തുവരുന്നു; ബലശാലിയെപ്പോലെ പ്രസന്നചിത്തനായി ഓടാന്‍ തുടങ്ങുന്നു. ആകാശത്തിന്‍റെ ഒരറ്റത്തുനിന്ന് അതു പുറപ്പെടുന്നു, മറ്റേ അറ്റംവരെ അതു യാത്ര ചെയ്യുന്നു; അതിന്‍റെ ചൂടില്‍നിന്ന് ഒന്നിനും ഒളിക്കാനാവുകയില്ല. സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്രം തികവുള്ളത്; അത് ആത്മാവിനു നവജീവന്‍ നല്‌കുന്നു. സര്‍വേശ്വരന്‍റെ പ്രബോധനങ്ങള്‍ വിശ്വാസ്യമായത്; അത് അറിവില്ലാത്തവരെ ജ്ഞാനികളാക്കുന്നു. സര്‍വേശ്വരന്‍റെ കല്പനകള്‍ നീതിനിഷ്ഠം; അവ ഹൃദയത്തെ ആനന്ദിപ്പിക്കുന്നു. അവിടുത്തെ പ്രമാണങ്ങള്‍ പവിത്രമായത്; അവ കണ്ണുകളെ പ്രകാശിപ്പിക്കുന്നു. സര്‍വേശ്വരനോടുള്ള ഭക്തി നിര്‍മ്മലമായത്; അത് എന്നേക്കും നിലനില്‌ക്കുന്നു. അവിടുത്തെ വിധികള്‍ സത്യമായവ; അവ തികച്ചും നീതിയുക്തമാണ്. അവ പൊന്നിനെയും തങ്കത്തെയുംകാള്‍ അഭികാമ്യം; തേനിനെയും തേന്‍കട്ടയെയുംകാള്‍ മധുരമുള്ളവ. ഈ ധര്‍മശാസ്ത്രമാണ് അവിടുത്തെ ദാസനു പ്രബോധനം നല്‌കുന്നത്. ഇതു പാലിക്കുന്നതുകൊണ്ട് എനിക്കു വളരെ പ്രതിഫലം ഉണ്ട്. സ്വന്തം തെറ്റുകള്‍ ഗ്രഹിക്കാന്‍ ആര്‍ക്കു കഴിയും? അറിയാതെ ചെയ്തുപോകുന്ന തെറ്റുകളില്‍ നിന്ന് എന്നെ രക്ഷിക്കണമേ. ബോധപൂര്‍വം ചെയ്യുന്ന പാപങ്ങളില്‍നിന്ന് ഈ ദാസനെ കാത്തുകൊള്ളണമേ. അവ എന്‍റെമേല്‍ ആധിപത്യം പുലര്‍ത്തരുതേ; അങ്ങനെ ഞാന്‍ കുറ്റമറ്റവനായിരിക്കും. അതിക്രമങ്ങളില്‍നിന്നു വിമുക്തനുമായിരിക്കും. എന്‍റെ അഭയശിലയും വിമോചകനുമായ സര്‍വേശ്വരാ, എന്‍റെ വാക്കുകളും എന്‍റെ ചിന്തകളും തിരുസന്നിധിയില്‍ സ്വീകാര്യമായിരിക്കേണമേ. ഗായകസംഘനേതാവിന്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] കഷ്ടകാലത്ത് സര്‍വേശ്വരന്‍ അങ്ങേക്ക് ഉത്തരമരുളട്ടെ; യാക്കോബിന്‍റെ ദൈവം അങ്ങയെ സംരക്ഷിക്കട്ടെ. അവിടുന്നു വിശുദ്ധമന്ദിരത്തില്‍നിന്ന് അങ്ങേക്കു സഹായം അയയ്‍ക്കട്ടെ, അവിടുന്നു സീയോനില്‍നിന്ന് അങ്ങേക്കു തുണയരുളട്ടെ. അങ്ങയുടെ എല്ലാ വഴിപാടുകളും സര്‍വേശ്വരന്‍ സ്വീകരിക്കട്ടെ. അങ്ങയുടെ ഹോമയാഗങ്ങളില്‍ അവിടുന്നു പ്രസാദിക്കട്ടെ. അങ്ങയുടെ അഭിലാഷം അവിടുന്നു നിറവേറ്റട്ടെ, അങ്ങയുടെ ഉദ്യമങ്ങളെല്ലാം സഫലമാക്കട്ടെ; അങ്ങയുടെ വിജയത്തില്‍ ഞങ്ങള്‍ ആര്‍പ്പുവിളിക്കും, ഞങ്ങളുടെ ദൈവത്തിന്‍റെ നാമത്തില്‍ ഞങ്ങള്‍ വിജയക്കൊടി ഉയര്‍ത്തും. സര്‍വേശ്വരന്‍ അങ്ങയുടെ അപേക്ഷകളെല്ലാം നിറവേറ്റട്ടെ. സര്‍വേശ്വരന്‍ തന്‍റെ അഭിഷിക്തനായ രാജാവിന് വിജയം നല്‌കുന്നു എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; തന്‍റെ വിശുദ്ധസ്വര്‍ഗത്തില്‍നിന്ന് അവിടുന്ന് ഉത്തരമരുളും. അവിടുത്തെ വലങ്കൈകൊണ്ട് മഹത്തായ വിജയം നല്‌കും. ചിലര്‍ കുതിരകളിലും മറ്റു ചിലര്‍ രഥങ്ങളിലും അഹങ്കരിക്കുന്നു; എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ സര്‍വേശ്വരനില്‍ അഭിമാനം കൊള്ളുന്നു. അവര്‍ തകര്‍ന്നുവീഴും, എന്നാല്‍ ഞങ്ങള്‍ എഴുന്നേറ്റു ശിരസ്സുയര്‍ത്തി നില്‌ക്കും. പരമനാഥാ, രാജാവിനു വിജയം നല്‌കണമേ; ഞങ്ങള്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ ഉത്തരമരുളണമേ. ഗായകസംഘനേതാവിന്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] സര്‍വേശ്വരാ, അവിടുത്തെ ശക്തിയില്‍ രാജാവ് സന്തോഷിക്കുന്നു; അവിടുന്നു നല്‌കിയ വിജയത്തില്‍ അദ്ദേഹം ആഹ്ലാദിക്കുന്നു. അദ്ദേഹത്തിന്‍റെ അഭിലാഷം അവിടുന്നു നിറവേറ്റി; അപേക്ഷ നിഷേധിച്ചതുമില്ല. ശ്രേഷ്ഠമായ അനുഗ്രഹങ്ങള്‍ നല്‌കി, അവിടുന്ന് അദ്ദേഹത്തെ എതിരേറ്റു; തങ്കക്കിരീടം അദ്ദേഹത്തിന്‍റെ ശിരസ്സില്‍ അണിയിച്ചു. അദ്ദേഹം അവിടുത്തോടു ജീവന്‍ യാചിച്ചു; അവിടുന്ന് അതു നല്‌കി. സുദീര്‍ഘവും അനന്തവുമായ നാളുകള്‍ തന്നെ. അവിടുത്തെ സഹായത്താല്‍ അദ്ദേഹത്തിന്‍റെ മഹത്ത്വം വര്‍ധിച്ചു; അവിടുന്നു പ്രതാപവും മഹത്ത്വവും അദ്ദേഹത്തിന്‍റെമേല്‍ ചൊരിഞ്ഞു. അവിടുന്ന് അദ്ദേഹത്തെ എന്നേക്കും അനുഗ്രഹപൂര്‍ണനാക്കി; തിരുസാന്നിധ്യത്തിന്‍റെ സന്തോഷത്താല്‍ ആനന്ദിപ്പിച്ചു. രാജാവ് സര്‍വേശ്വരനില്‍ ആശ്രയിക്കുന്നു; അത്യുന്നതന്‍റെ അചഞ്ചലസ്നേഹത്താല്‍ അദ്ദേഹം നിര്‍ഭയനായിരിക്കും. അങ്ങയുടെ കരം എല്ലാ ശത്രുക്കളെയും പിടിക്കും; അങ്ങയുടെ വലങ്കൈ അങ്ങയെ ദ്വേഷിക്കുന്നവരെ പിടിച്ചുകെട്ടും. സര്‍വേശ്വരന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അവിടുന്ന് അവരെ ജ്വലിക്കുന്ന ചൂളപോലെയാക്കും; അവിടുത്തെ ഉഗ്രരോഷം അവരെ വിഴുങ്ങും; അഗ്നി അവരെ ദഹിപ്പിക്കും. അവിടുന്ന് അവരുടെ സന്തതികളെ ഭൂമുഖത്തുനിന്നും അവരുടെ മക്കളെ മനുഷ്യരുടെ ഇടയില്‍ നിന്നും നശിപ്പിക്കും. അവര്‍ അങ്ങേക്കെതിരെ ദോഷം നിരൂപിച്ചാലും അങ്ങേക്കെതിരെ ദുഷ്ടപദ്ധതികള്‍ ആവിഷ്കരിച്ചാലും വിജയിക്കയില്ല. അവിടുന്ന് അവരെ തുരത്തും; അവരുടെ മുഖത്തിനു നേരേ അസ്ത്രം എയ്യും. സര്‍വേശ്വരാ, അങ്ങയുടെ ശക്തിയാല്‍ അവിടുത്തെ മഹത്ത്വം വെളിപ്പെടുത്തണമേ; അങ്ങയുടെ ശക്തിപ്രഭാവത്തെ ഞങ്ങള്‍ പാടിപ്പുകഴ്ത്തും. ഗായകസംഘനേതാവിന്; ഉഷസ്സിലെ മാന്‍പേട എന്ന രാഗത്തില്‍, ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, അങ്ങെന്നെ കൈവിട്ടതെന്ത്? എന്നെ സഹായിക്കാതെയും എന്‍റെ രോദനം കേള്‍ക്കാതെയും അങ്ങ് മാറി നില്‌ക്കുന്നതെന്ത്? എന്‍റെ ദൈവമേ, പകല്‍ മുഴുവന്‍ ഞാന്‍ അങ്ങയെ വിളിക്കുന്നു; അങ്ങ് ഉത്തരമരുളുന്നില്ല; രാത്രിയിലും ഞാന്‍ വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ആശ്വാസം ലഭിക്കുന്നില്ല. ഇസ്രായേലിന്‍റെ സ്തുതികളുടെ സിംഹാസനത്തില്‍ ഇരിക്കുന്നവനേ, അവിടുന്നു പരിശുദ്ധനാകുന്നു. ഞങ്ങളുടെ പിതാക്കന്മാര്‍ അങ്ങയില്‍ ആശ്രയിച്ചു; അവര്‍ അവിടുത്തെ ആശ്രയിക്കുകയും; അവിടുന്ന് അവരെ വിടുവിക്കുകയും ചെയ്തു. അവര്‍ അങ്ങയോടു നിലവിളിച്ചു, അവിടുന്ന് അവരെ രക്ഷിച്ചു. അവര്‍ അങ്ങയില്‍ ആശ്രയിച്ചു, അവര്‍ നിരാശരായില്ല. ഞാന്‍ മനുഷ്യനല്ല, ഒരു കൃമി മാത്രം; എല്ലാവരുടെയും പരിഹാസവിഷയവും നിന്ദാപാത്രവും. കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു; അവര്‍ എന്നെ നോക്കി കൊഞ്ഞനം കാട്ടുകയും തലയാട്ടുകയും ചെയ്യുന്നു. “അവന്‍ സര്‍വേശ്വരനെ ആശ്രയിച്ചല്ലോ, അവിടുന്ന് അവനെ രക്ഷിക്കട്ടെ! സര്‍വേശ്വരന്‍ അവനില്‍ പ്രസാദിച്ചല്ലോ, അവിടുന്ന് അവനെ വിടുവിക്കട്ടെ!” അമ്മയുടെ ഉദരത്തില്‍നിന്ന് എന്നെ പുറത്തുകൊണ്ടുവന്നത് അവിടുന്നാണ്. മുലകുടിപ്രായത്തിലും എന്നെ സംരക്ഷിച്ചത് അവിടുന്നുതന്നെ. പിറന്ന നാള്‍മുതല്‍ അവിടുന്നെന്നെ പരിപാലിക്കുന്നു; എന്‍റെ അമ്മ എന്നെ പ്രസവിച്ച നാള്‍മുതല്‍ അവിടുന്നാണ് എന്‍റെ ദൈവം. ശത്രുക്കള്‍ എന്നെ സമീപിച്ചിരിക്കുകയാല്‍, അവിടുന്ന് എന്നെ വിട്ട് അകന്നു പോകരുതേ, സഹായിക്കാന്‍ മറ്റാരുമില്ലല്ലോ. കാളക്കൂറ്റന്മാരെപ്പോലെ ശത്രുക്കള്‍ എന്നെ വളഞ്ഞു, ബാശാന്‍കൂറ്റന്മാരെപ്പോലെ അവര്‍ എന്നെ വലയംചെയ്തു. ആര്‍ത്തിപിടിച്ചു ഗര്‍ജിക്കുന്ന സിംഹംപോലെ, അവര്‍ എന്‍റെനേരേ വായ് പിളര്‍ന്നു. എന്‍റെ ശക്തി വെള്ളംപോലെ തൂവിപ്പോയിരിക്കുന്നു, എന്‍റെ അസ്ഥികള്‍ ഉലഞ്ഞിരിക്കുന്നു. എന്‍റെ ഹൃദയം മെഴുകുപോലെ ഉരുകിയിരിക്കുന്നു. എന്‍റെ തൊണ്ട പൊട്ടി വറകലംപോലെ വരണ്ടിരിക്കുന്നു; എന്‍റെ നാവ് അണ്ണാക്കിനോടു പറ്റിയിരിക്കുന്നു. മരണത്തിന്‍റെ പൂഴിയില്‍ അവിടുന്ന് എന്നെ തള്ളിയിട്ടിരിക്കുന്നു. ദുഷ്ടന്മാരുടെ കൂട്ടം നായ്‍ക്കളെപ്പോലെ എന്നെ വളഞ്ഞു; അവര്‍ എന്‍റെ കൈകാലുകള്‍ കടിച്ചുകീറി. എന്‍റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാവുന്ന വിധത്തിലായി; എന്‍റെ ശത്രുക്കള്‍ എന്നെ തുറിച്ചുനോക്കുന്നു. എന്‍റെ വസ്ത്രങ്ങള്‍ അവര്‍ പങ്കിടുന്നു, അങ്കിക്കായി അവര്‍ ചീട്ടിടുന്നു. സര്‍വേശ്വരാ, അവിടുന്ന് എന്നില്‍നിന്ന് അകന്നു പോകരുതേ; എനിക്കു തുണയരുളുന്ന നാഥാ, സഹായിക്കാന്‍ വേഗം വരണമേ. ശത്രുക്കളുടെ വാളില്‍നിന്ന് എന്നെ രക്ഷിക്കണമേ, നായ്‍ക്കളുടെ കൈയില്‍നിന്ന് എന്‍റെ ജീവനെ വിടുവിക്കണമേ. സിംഹങ്ങളുടെ വായില്‍നിന്ന് എന്നെ രക്ഷിക്കണമേ; കാട്ടുപോത്തുകളുടെ കൊമ്പുകള്‍ക്കിടയില്‍ നിന്ന് ഈ പീഡിതാത്മാവിനെ വീണ്ടെടുക്കണമേ. അവിടുന്നു ചെയ്ത നന്മകള്‍ എന്‍റെ സഹോദരന്മാരെ ഞാന്‍ അറിയിക്കും. ഭക്തജനങ്ങളേ, സര്‍വേശ്വരനെ സ്തുതിക്കുക; യാക്കോബിന്‍റെ സന്തതികളേ, അവിടുത്തെ പ്രകീര്‍ത്തിക്കുക; ഇസ്രായേല്‍മക്കളേ, ഭയഭക്തിയോടെ അവിടുത്തെ ആരാധിക്കുക. പീഡിതനെ അവിടുന്ന് അവഗണിക്കുന്നില്ല, അവന്‍റെ ദുരിതത്തെ നിന്ദയോടെ നോക്കുന്നില്ല; തിരുമുഖം അവനില്‍നിന്നു മറയ്‍ക്കുന്നുമില്ല; അങ്ങയോടു നിലവിളിച്ചപ്പോള്‍ അവിടുന്ന് അവന് ഉത്തരമരുളി. അവിടുത്തെ ആരാധിക്കുന്നവരുടെ സമൂഹത്തില്‍, ഞാന്‍ അവിടുത്തെ വിശ്വസ്തതയെ പ്രകീര്‍ത്തിക്കും; അവിടുത്തെ ഭക്തന്മാര്‍ കാണ്‍കെ എന്‍റെ നേര്‍ച്ചകളെ ഞാന്‍ അര്‍പ്പിക്കും. ദരിദ്രര്‍ ഭക്ഷിച്ചു തൃപ്തരാകും; സര്‍വേശ്വരനെ അന്വേഷിക്കുന്നവര്‍ അവിടുത്തെ സ്തുതിക്കും. ദൈവം അവരെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഭൂമിയിലെ സകല ജനതകളും സര്‍വേശ്വരനെ അനുസ്മരിച്ച്, അവിടുത്തെ സന്നിധിയിലേക്കു തിരിയും; ജനതകളുടെ സമസ്തഗോത്രങ്ങളും അവിടുത്തെ നമസ്കരിക്കും; സര്‍വേശ്വരനാണല്ലോ രാജാവ്; അവിടുന്ന് ജനതകളെ ഭരിക്കുന്നു. ഗര്‍വിഷ്ഠര്‍ അവിടുത്തെ മുമ്പില്‍ ശിരസ്സു നമിക്കും; സര്‍വമര്‍ത്യരും അവിടുത്തെ കുമ്പിടും. സ്വജീവനെ രക്ഷിക്കാന്‍ കഴിയാതെ പൂഴിയിലേക്കു മടങ്ങുന്നവരും അവിടുത്തെ വന്ദിക്കും. ഭാവിതലമുറകള്‍ അവിടുത്തെ സേവിക്കും; വരുംതലമുറയോട് അവര്‍ സര്‍വേശ്വരനെപ്പറ്റി പറയും. ഇനിയും ജനിച്ചിട്ടില്ലാത്ത തലമുറയോട്, അവിടുന്നു തന്‍റെ ജനത്തെ രക്ഷിച്ചു എന്നു പറയും. ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] സര്‍വേശ്വരന്‍ എന്‍റെ ഇടയന്‍; എനിക്ക് ഒരു കുറവും വരികയില്ല. പച്ചപ്പുല്‍പ്പുറത്ത് അവിടുന്ന് എന്നെ കിടത്തുന്നു, പ്രശാന്തമായ അരുവികളിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു. അവിടുന്ന് എനിക്കു നവോന്മേഷം നല്‌കുന്നു; അവിടുത്തെ സ്വഭാവത്തിനു ചേര്‍ന്നവിധം അവിടുന്ന് എന്നെ നേര്‍വഴികളില്‍ നയിക്കുന്നു. കൂരിരുള്‍നിറഞ്ഞ താഴ്വരയിലൂടെ നടക്കേണ്ടിവന്നാലും; ഞാന്‍ ഭയപ്പെടുകയില്ല; അവിടുന്ന് എന്‍റെ കൂടെയുണ്ടല്ലോ; അവിടുത്തെ വടിയും കോലും എനിക്കു ധൈര്യം നല്‌കുന്നു. എന്‍റെ ശത്രുക്കള്‍ ലജ്ജിക്കുംവിധം അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു; എന്‍റെ തല എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്‍റെ പാനപാത്രം നിറഞ്ഞു കവിയുന്നു. അവിടുത്തെ നന്മയും കരുണയും ആയുഷ്കാലം മുഴുവന്‍ എന്നെ പിന്തുടരും; സര്‍വേശ്വരന്‍റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും. ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] ഭൂമിയും അതിലുള്ള സമസ്തവും; ഭൂതലവും അതിലെ സര്‍വനിവാസികളും സര്‍വേശ്വരന്‍റേതത്രെ. സമുദ്രങ്ങളുടെമേല്‍ അവിടുന്ന് അതിനെ സ്ഥാപിച്ചു; പ്രവാഹങ്ങളുടെമേല്‍ അവിടുന്ന് അതിനെ ഉറപ്പിച്ചു. സര്‍വേശ്വരന്‍റെ പര്‍വതത്തില്‍ ആര്‍ കയറും? അവിടുത്തെ വിശുദ്ധസ്ഥലത്ത് ആര്‍ നില്‌ക്കും? ചിന്തയിലും പ്രവൃത്തിയിലും നിര്‍മ്മലനായവന്‍. മിഥ്യാമൂര്‍ത്തികളെ ആരാധിക്കാത്തവനും കള്ളസ്സത്യം ചെയ്യാത്തവനുംതന്നെ. സര്‍വേശ്വരന്‍ അവനെ അനുഗ്രഹിക്കും, രക്ഷകനായ ദൈവം അവന്‍ നിര്‍ദോഷി എന്നു പ്രഖ്യാപിക്കും. ഇങ്ങനെയുള്ളവരാണു ദൈവത്തെ ആരാധിക്കുന്ന ജനം. യാക്കോബിന്‍റെ ദൈവമേ, അവിടുത്തെ ദര്‍ശനം ആഗ്രഹിക്കുന്നവര്‍ ഇവര്‍തന്നെ. പടിവാതിലുകളേ, നിങ്ങള്‍ തലകള്‍ ഉയര്‍ത്തുവിന്‍; പുരാതന കവാടങ്ങളേ, ഉയര്‍ന്നു നില്‌ക്കുവിന്‍. മഹത്ത്വപൂര്‍ണനായ രാജാവ് പ്രവേശിക്കട്ടെ. ആരാണ് മഹത്ത്വപൂര്‍ണനായ രാജാവ്? ശക്തനും വീരനുമായ സര്‍വേശ്വരന്‍, യുദ്ധവീരനായ അവിടുന്നുതന്നെ. പടിവാതിലുകളേ, നിങ്ങള്‍ തലകള്‍ ഉയര്‍ത്തുവിന്‍, പുരാതനകവാടങ്ങളേ, ഉയര്‍ന്നു നില്‌ക്കുവിന്‍; മഹത്ത്വപൂര്‍ണനായ രാജാവ് പ്രവേശിക്കട്ടെ. ആരാണു മഹത്ത്വപൂര്‍ണനായ രാജാവ്? സര്‍വശക്തനായ സര്‍വേശ്വരന്‍തന്നെ. അവിടുന്നാണു മഹത്ത്വപൂര്‍ണനായ രാജാവ്. ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] സര്‍വേശ്വരാ, ഞാന്‍ അങ്ങയെ ആരാധിക്കുന്നു; ഞാന്‍ അങ്ങയോടു പ്രാര്‍ഥിക്കുന്നു. എന്‍റെ ദൈവമേ, അങ്ങയില്‍ ഞാന്‍ ശരണപ്പെടുന്നു. ലജ്ജിതനാകാന്‍ എനിക്ക് ഇടവരരുതേ; എന്‍റെമേല്‍ ജയഘോഷംകൊള്ളാന്‍ ശത്രുക്കള്‍ക്ക് ഇട കൊടുക്കരുതേ. അങ്ങയില്‍ പ്രത്യാശവയ്‍ക്കുന്നവര്‍ നിരാശരാകാതിരിക്കട്ടെ. അകാരണമായി ദ്രോഹിക്കുന്നവര്‍ അപമാനിതരാകും. അവിടുത്തെ വഴികള്‍ എന്നെ പഠിപ്പിക്കണമേ. അവിടുത്തെ മാര്‍ഗങ്ങള്‍ എനിക്കു മനസ്സിലാക്കിത്തരണമേ. അവിടുത്തെ സത്യത്തില്‍ വഴിനടക്കാന്‍ എന്നെ പഠിപ്പിച്ചാലും; അവിടുന്ന് എന്‍റെ രക്ഷകനായ ദൈവമാണല്ലോ; ഞാന്‍ എപ്പോഴും അങ്ങയില്‍ ശരണപ്പെടുന്നു. സര്‍വേശ്വരാ, പണ്ടുമുതലേ അവിടുന്നു ഞങ്ങളോടു കാണിച്ച കരുണയും സുസ്ഥിരസ്നേഹവും ഓര്‍ക്കണമേ. എന്‍റെ യൗവനകാലപാപങ്ങളും അതിക്രമങ്ങളും അവിടുന്ന് ഓര്‍ക്കരുതേ; അവിടുത്തെ അചഞ്ചലസ്നേഹത്തിനും കരുണയ്‍ക്കും ഒത്തവിധം സര്‍വേശ്വരാ, എന്നെ അനുസ്മരിച്ചാലും. സര്‍വേശ്വരന്‍ നല്ലവനും നീതിമാനും ആണ്. അവിടുന്നു പാപികള്‍ക്കു നേര്‍വഴി കാട്ടുന്നു. എളിയവരെ അവിടുന്നു നീതിമാര്‍ഗത്തില്‍ നയിക്കുന്നു; അവിടുത്തെ വഴി അവരെ പഠിപ്പിക്കുന്നു. സര്‍വേശ്വരന്‍റെ ഉടമ്പടിയും കല്പനകളും പാലിക്കുന്നവരെ സുസ്ഥിരസ്നേഹത്തിലും സത്യത്തിലും അവിടുന്നു വഴിനടത്തും. സര്‍വേശ്വരാ, അവിടുത്തെ സ്വഭാവത്തിനു ചേര്‍ന്നവിധം എന്‍റെ ബഹുലമായ പാപങ്ങള്‍ ക്ഷമിക്കണമേ. സര്‍വേശ്വരനോടു ഭയഭക്തിയുള്ളവന്‍ ചരിക്കേണ്ട പാത അവിടുന്ന് അവനു കാണിച്ചുകൊടുക്കും. അവന്‍ ഐശ്വര്യത്തോടെ വസിക്കും; അവന്‍റെ സന്തതി ദേശം സ്വന്തമാക്കും. സര്‍വേശ്വരന്‍ തന്‍റെ ഭക്തന്മാരോടു സൗഹൃദം കാണിക്കുന്നു. അവിടുത്തെ ഉടമ്പടി അവര്‍ക്കു വെളിപ്പെടുത്തുന്നു. സര്‍വേശ്വരനെ ഞാന്‍ എപ്പോഴും നോക്കിക്കൊണ്ടിരിക്കുന്നു; അവിടുന്നെന്‍റെ കാലുകളെ കെണിയില്‍ നിന്നു വിടുവിക്കുന്നു. നാഥാ, തൃക്കണ്‍പാര്‍ത്താലും എന്നോടു കരുണയുണ്ടാകണമേ; ഞാന്‍ ഏകാകിയും പീഡിതനുമാണല്ലോ. മനഃക്ലേശങ്ങളില്‍നിന്ന് എന്നെ മോചിപ്പിക്കണമേ; എന്‍റെ സങ്കടങ്ങളില്‍നിന്ന് എന്നെ വിടുവിക്കണമേ. എന്‍റെ കഷ്ടതയും വേദനയും ഓര്‍ത്ത് എന്‍റെ സകല പാപങ്ങളും ക്ഷമിക്കണമേ. എന്‍റെ ശത്രുക്കള്‍ എത്ര വളരെയാണെന്നു കാണണമേ; അവര്‍ എന്നെ എത്ര കഠിനമായി ദ്വേഷിക്കുന്നു; അവിടുന്ന് എന്‍റെ ജീവനെ സംരക്ഷിക്കണമേ; ലജ്ജിക്കാന്‍ എനിക്ക് ഇടവരുത്തരുതേ; ഞാന്‍ അങ്ങയെ അഭയം പ്രാപിച്ചിരിക്കുന്നുവല്ലോ. എന്‍റെ നിഷ്കളങ്കതയും സത്യസന്ധതയും എന്നെ സംരക്ഷിക്കട്ടെ; ഞാനങ്ങയില്‍ പ്രത്യാശയര്‍പ്പിച്ചിരിക്കുന്നുവല്ലോ. ദൈവമേ, ഇസ്രായേല്‍ജനതയെ സകല കഷ്ടതകളില്‍നിന്നും വിടുവിക്കണമേ. ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] സര്‍വേശ്വരാ, എനിക്കു നീതി നടത്തിത്തരണമേ, ഞാന്‍ നിഷ്കളങ്കനായി ജീവിച്ചുവല്ലോ, ഞാന്‍ പതറാതെ സര്‍വേശ്വരനില്‍ ആശ്രയിച്ചു. പരമനാഥാ, എന്നെ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്താലും. എന്‍റെ ഹൃദയവും മനസ്സും ഉരച്ചു നോക്കിയാലും. അവിടുത്തെ അചഞ്ചലസ്നേഹത്തില്‍, ഞാനെപ്പോഴും ദൃഷ്‍ടിയര്‍പ്പിച്ചിരിക്കുന്നു. അവിടുത്തെ വിശ്വസ്തത എന്നെ എപ്പോഴും നയിക്കുന്നു. വഞ്ചകരോടൊത്തു ഞാന്‍ കൂട്ടുകൂടിയിട്ടില്ല, കപടഹൃദയരോടൊത്തു ഞാന്‍ ചേര്‍ന്നിട്ടുമില്ല. ദുഷ്ടസംസര്‍ഗം ഞാന്‍ വെറുക്കുന്നു; നീചന്മാരോടൊത്ത് എനിക്കു സഖിത്വമില്ല. ഞാന്‍ എന്‍റെ നിഷ്കളങ്കതയില്‍ കൈകള്‍ കഴുകി; അങ്ങയുടെ യാഗപീഠത്തെ ഞാന്‍ പ്രദക്ഷിണം ചെയ്യുന്നു. ഞാന്‍ ഉച്ചത്തില്‍ സ്തോത്രഗീതം ആലപിക്കുന്നു. അവിടുത്തെ അദ്ഭുതപ്രവൃത്തികളെ പ്രകീര്‍ത്തിക്കുന്നു. സര്‍വേശ്വരാ, അങ്ങു നിവസിക്കുന്ന ആലയത്തെ അവിടുത്തെ മഹത്ത്വം കുടികൊള്ളുന്ന സ്ഥലത്തെ ഞാന്‍ സ്നേഹിക്കുന്നു. പാപികളോടും രക്തദാഹികളോടുമൊപ്പം എന്നെ തൂത്തെറിയരുതേ. അവരുടെ കൈകള്‍ ദുഷ്കര്‍മം ചെയ്യാന്‍ എപ്പോഴും ഒരുക്കമാണ്; അവരുടെ വലങ്കൈ കോഴകൊണ്ടു നിറഞ്ഞിരിക്കുന്നു. എന്നാല്‍ ഞാന്‍ നിഷ്കളങ്കനായി ജീവിക്കും. എന്നോടു കൃപയുണ്ടായി എന്നെ രക്ഷിക്കണമേ. സുരക്ഷിതമായ സ്ഥലത്തു ഞാന്‍ നില്‌ക്കുന്നു; മഹാസഭയില്‍ ഞാന്‍ സര്‍വേശ്വരനെ വാഴ്ത്തും. ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] സര്‍വേശ്വരന്‍ എന്‍റെ പ്രകാശവും എന്‍റെ രക്ഷയും ആകുന്നു. ഞാന്‍ ആരെ ഭയപ്പെടണം? അവിടുന്ന് എന്‍റെ ആധാരം; ഞാന്‍ ആരെ പേടിക്കണം? ദുഷ്കര്‍മികളായ ശത്രുക്കള്‍ എന്നെ വിഴുങ്ങാന്‍ ഭാവിക്കുമ്പോള്‍ ഇടറിവീഴും. ഒരു സൈന്യം എനിക്കെതിരെ പാളയമടിച്ചാലും ഞാന്‍ ഭയപ്പെടുകയില്ല; എനിക്കെതിരെ യുദ്ധം പൊട്ടിപ്പുറപ്പെട്ടാലും ഞാന്‍ നിര്‍ഭയനായിരിക്കും. സര്‍വേശ്വരനോടു ഞാന്‍ ഒരു കാര്യം അപേക്ഷിച്ചു; അതു മാത്രമാണ് എന്‍റെ ഹൃദയാഭിലാഷം. അങ്ങയുടെ മനോഹരത്വം ദര്‍ശിച്ചും അവിടുത്തെ ഹിതം അറിഞ്ഞും തിരുമന്ദിരത്തില്‍ നിത്യം പാര്‍ക്കാന്‍, അടിയനെ അനുവദിച്ചാലും. അനര്‍ഥകാലത്ത് അവിടുന്നെന്നെ കൂടാരത്തില്‍ ഒളിപ്പിക്കും; തിരുമന്ദിരത്തില്‍ എന്നെ സൂക്ഷിക്കും; എന്നെ ഉയര്‍ന്ന പാറയില്‍ നിര്‍ഭയനായി നിര്‍ത്തും. എന്നെ വലയംചെയ്തിരിക്കുന്ന ശത്രുക്കളുടെമേല്‍ ഞാന്‍ വിജയം നേടും; ജയഘോഷത്തോടെ ഞാന്‍ അവിടുത്തെ ആലയത്തില്‍ യാഗങ്ങള്‍ അര്‍പ്പിക്കും; ഞാന്‍ സര്‍വേശ്വരനു കീര്‍ത്തനം ആലപിക്കും. സര്‍വേശ്വരാ, ഞാന്‍ വിളിക്കുമ്പോള്‍ കേള്‍ക്കണമേ; എന്നോടു കനിവുണ്ടായി ഉത്തരമരുളണമേ. ‘എങ്കലേക്കു തിരിയുക’ എന്ന അവിടുത്തെ കല്പന, എന്നോടുള്ളതെന്ന് എന്‍റെ ഹൃദയം പറഞ്ഞു; പരമനാഥാ, ഞാന്‍ അവിടുത്തെ തിരുമുഖം അന്വേഷിക്കുന്നു. അവിടുത്തെ മുഖം എന്നില്‍നിന്നു മറയ്‍ക്കരുതേ; രോഷം പൂണ്ട് ഈ ദാസനെ തള്ളിക്കളയരുതേ; അവിടുന്നാണല്ലോ എനിക്കു തുണ; എന്‍റെ രക്ഷകനായ ദൈവമേ, എന്നെ ഉപേക്ഷിക്കരുതേ; എന്നെ തള്ളിക്കളയരുതേ. അപ്പനും അമ്മയും എന്നെ കൈവിട്ടാലും അവിടുന്ന് എന്നെ കൈവിടുകയില്ല. പരമനാഥാ, അവിടുത്തെ വഴി എനിക്കുപദേശിച്ചു തരണമേ; നേര്‍വഴിയിലൂടെ എന്നെ നയിക്കണമേ. എനിക്കു ശത്രുക്കള്‍ വളരെയാണല്ലോ. എന്‍റെ വൈരികളുടെ അഭീഷ്ടത്തിന് എന്നെ വിട്ടുകൊടുക്കരുതേ, കള്ളസ്സാക്ഷികള്‍ എനിക്കെതിരെ ഉയര്‍ന്നിരിക്കുന്നു, അവര്‍ ഭീഷണി വമിക്കുന്നു. സര്‍വേശ്വരന്‍ എത്ര നല്ലവനെന്ന് എന്‍റെ ആയുസ്സില്‍തന്നെ ഞാന്‍ അനുഭവിച്ചറിയും. സര്‍വേശ്വരനില്‍ പ്രത്യാശവച്ച് ധൈര്യമായിരിക്കുക; അതേ, സര്‍വേശ്വരനില്‍തന്നെ പ്രത്യാശവയ്‍ക്കുക. ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] സര്‍വേശ്വരാ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്‍റെ അഭയശിലയായ അങ്ങ് എന്‍റെ നിലവിളി കേള്‍ക്കണമേ; അങ്ങ് ഉത്തരമരുളാതിരുന്നാല്‍ ഞാന്‍ പാതാളത്തില്‍ പതിച്ചവരെപ്പോലെയാകും. ഞാന്‍ അവിടുത്തെ അതിവിശുദ്ധമന്ദിരത്തിലേക്ക്, കൈ നീട്ടി സഹായത്തിനായി പ്രാര്‍ഥിക്കുമ്പോള്‍, എന്‍റെ യാചന കേള്‍ക്കണമേ. ദുഷ്കര്‍മികളോടൊപ്പം എന്നെ വലിച്ചിഴയ്‍ക്കരുതേ, അയല്‍ക്കാരോട് അവര്‍ സ്നേഹഭാവത്തില്‍ കുശലം അന്വേഷിക്കുന്നു. എന്നാല്‍ അവരുടെ ഹൃദയത്തില്‍ വിദ്വേഷം കുടികൊള്ളുന്നു. അവരുടെ പ്രവൃത്തികള്‍ക്കും അവര്‍ ചെയ്ത ദുഷ്ടതയ്‍ക്കും തക്കവിധം അവരെ ശിക്ഷിക്കണമേ; അവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‌കിയാലും. സര്‍വേശ്വരന്‍റെ പ്രവൃത്തികളെയും അവിടുത്തെ കരങ്ങള്‍ സൃഷ്‍ടിച്ചവയെയും അവര്‍ വിലപ്പെട്ടതായി കാണുന്നില്ല. അതുകൊണ്ട് അവിടുന്ന് അവരെ തകര്‍ക്കും. അവരെ വീണ്ടും ഉദ്ധരിക്കുകയില്ല. സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ; അവിടുന്ന് എന്‍റെ നിലവിളി കേട്ടുവല്ലോ. സര്‍വേശ്വരന്‍ എന്‍റെ ബലവും പരിചയുമാണ്; ഞാന്‍ അവിടുത്തെ ആശ്രയിച്ചു; അവിടുന്നെന്നെ സഹായിച്ചു; അതുകൊണ്ട് എന്‍റെ ഹൃദയം ആനന്ദിക്കുന്നു. ഞാന്‍ കീര്‍ത്തനം പാടി അവിടുത്തേക്കു സ്തോത്രം അര്‍പ്പിക്കുന്നു. സര്‍വേശ്വരന്‍ തന്‍റെ ജനത്തിന്‍റെ ബലം; അവിടുന്നു തന്‍റെ അഭിഷിക്തന്‍റെ അഭയസ്ഥാനം. നാഥാ, അവിടുത്തെ ജനത്തെ രക്ഷിക്കണമേ; അവിടുത്തെ സ്വന്തം ജനത്തെ അനുഗ്രഹിച്ചാലും; അവിടുന്ന് അവരുടെ ഇടയനായിരിക്കണമേ; എന്നും അവിടുത്തെ കരങ്ങളില്‍ അവരെ വഹിക്കണമേ. ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] സ്വര്‍ഗശക്തികളേ, സര്‍വേശ്വരനെ മഹത്ത്വപ്പെടുത്തുവിന്‍, അവിടുത്തെ മഹത്ത്വവും ശക്തിയും പ്രഘോഷിക്കുവിന്‍; സര്‍വേശ്വരന്‍റെ നാമം മഹിമയേറിയത് എന്ന് ഉദ്ഘോഷിക്കുവിന്‍; വിശുദ്ധവസ്ത്രാലങ്കാരത്തോടെ അവിടുത്തെ ആരാധിക്കുവിന്‍. സര്‍വേശ്വരന്‍റെ ശബ്ദം സമുദ്രങ്ങളുടെ മീതെ മുഴങ്ങുന്നു; മഹത്ത്വത്തിന്‍റെ ദൈവമായ സര്‍വേശ്വരന്‍ പെരുവെള്ളത്തിന്‍ മീതെ ഇടി മുഴക്കുന്നു. അവിടുത്തെ ശബ്ദം ശക്തിയോടും ഗാംഭീര്യത്തോടും മുഴങ്ങുന്നു. അതു ദേവദാരുക്കളെ തകര്‍ക്കുന്നു; ലെബാനോനിലെ കരുത്തുറ്റ ദേവദാരുക്കളെപ്പോലും തകര്‍ക്കുന്നു. അവിടുന്നു ലെബാനോന്‍ പര്‍വതത്തെ വിറപ്പിക്കുന്നു, അതു കാളക്കുട്ടിയെപ്പോലെയും ഹെര്‍മ്മോന്‍മല കാട്ടുപോത്തിന്‍ കുട്ടിയെപ്പോലെയും ഇളകിച്ചാടുന്നു. സര്‍വേശ്വരന്‍റെ ശബ്ദം മിന്നല്‍പ്പിണരുകള്‍ ഉളവാക്കുന്നു. അവിടുത്തെ ശബ്ദം മരുഭൂമിയെ വിറപ്പിക്കുന്നു; അവിടുന്നു കാദേശ് മരുഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്നു. സര്‍വേശ്വരന്‍റെ ശബ്ദം മാന്‍പേടകളെ പ്രസവിക്കുമാറാക്കുന്നു; വനവൃക്ഷങ്ങളുടെ ഇലകള്‍ പൊഴിക്കുന്നു. അവിടുത്തെ ആലയത്തില്‍ എല്ലാവരും ദൈവത്തിനു മഹത്ത്വം എന്നു ഘോഷിക്കുന്നു. സര്‍വേശ്വരന്‍ ജലവിതാനത്തില്‍ സിംഹാസനസ്ഥനായിരിക്കുന്നു; അവിടുന്നു രാജാവായി എന്നേക്കും വാഴുന്നു. സര്‍വേശ്വരന്‍ തന്‍റെ ജനത്തെ ബലപ്പെടുത്തുന്നു; അവിടുന്ന് അവരെ സമാധാനം നല്‌കി അനുഗ്രഹിക്കുന്നു. ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം; ദേവാലയ പ്രതിഷ്ഠയ്‍ക്കുള്ള ഗീതം [1] സര്‍വേശ്വരാ, ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കും; അവിടുന്ന് എന്നെ രക്ഷിച്ചുവല്ലോ; ശത്രു എന്നെ നിന്ദിക്കാന്‍ അവിടുന്ന് ഇടയാക്കിയില്ല. എന്‍റെ ദൈവമായ സര്‍വേശ്വരാ, ഞാന്‍ സഹായത്തിനായി നിലവിളിച്ചു; അവിടുന്ന് എനിക്കു സൗഖ്യം നല്‌കി. അവിടുന്നെന്‍റെ പ്രാണനെ മരണത്തില്‍നിന്ന് രക്ഷിച്ചിരിക്കുന്നു. മരണഗര്‍ത്തത്തില്‍ പതിക്കുന്നവരുടെ ഇടയില്‍നിന്ന് അവിടുന്നെന്നെ രക്ഷിച്ചു. ഭക്തജനങ്ങളേ, സര്‍വേശ്വരനു സ്തുതിഗീതം പാടുക; അവിടുത്തെ പരിശുദ്ധനാമത്തിനു സ്തോത്രം അര്‍പ്പിക്കുക. അവിടുത്തെ കോപം ക്ഷണനേരത്തേക്കു മാത്രം; അവിടുത്തെ പ്രസാദമോ ആജീവനാന്തമുള്ളത്; രാത്രി മുഴുവന്‍ കരയേണ്ടിവന്നേക്കാം; എന്നാല്‍ പ്രഭാതത്തോടെ സന്തോഷം വന്നുചേരുന്നു. ‘ഞാന്‍ ഒരിക്കലും കുലുങ്ങുകയില്ല’ എന്ന് എന്‍റെ ഐശ്വര്യകാലത്തു ഞാന്‍ പറഞ്ഞു. നാഥാ, അവിടുത്തെ പ്രസാദത്താല്‍ അവിടുന്നെന്നെ, സുശക്തമായ പര്‍വതത്തെപ്പോലെ ഉറപ്പിച്ചുനിര്‍ത്തി. അവിടുന്നു മുഖം മറച്ചപ്പോള്‍ ഞാന്‍ പരിഭ്രമിച്ചുപോയി. സര്‍വേശ്വരാ, ഞാന്‍ അങ്ങയോടു നിലവിളിച്ചു; അവിടുത്തെ കരുണയ്‍ക്കായി യാചിച്ചു. ഞാന്‍ മരണഗര്‍ത്തത്തില്‍ പതിക്കുന്നതു കൊണ്ട് അങ്ങേക്കെന്തു നേട്ടം? മണ്ണില്‍ മറഞ്ഞ മൃതന്മാര്‍ അങ്ങയെ സ്തുതിക്കുമോ? അവിടുത്തെ വിശ്വസ്തതയെ അവര്‍ പ്രഘോഷിക്കുമോ? സര്‍വേശ്വരാ, എന്‍റെ യാചന കേള്‍ക്കണമേ; എന്നോടു കരുണയുണ്ടാകണമേ; അവിടുന്ന് എനിക്ക് തുണയായിരിക്കണമേ. എന്‍റെ വിലാപത്തെ അങ്ങ് ആനന്ദനൃത്തമാക്കിത്തീര്‍ത്തു; എന്‍റെ വിലാപവസ്ത്രം മാറ്റി എന്നെ ആമോദം അണിയിച്ചു. അതുകൊണ്ടു ഞാന്‍ മൗനമായിരിക്കാതെ അങ്ങയെ സ്തുതിക്കും. എന്‍റെ ദൈവമായ സര്‍വേശ്വരാ, ഞാന്‍ എന്നും അങ്ങേക്കു സ്തോത്രം അര്‍പ്പിക്കും. ഗായകസംഘനേതാവിന്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] സര്‍വേശ്വരാ, ഞാന്‍ അങ്ങയെ അഭയം പ്രാപിക്കുന്നു; ലജ്ജിതനാകാന്‍ എനിക്ക് ഒരിക്കലും ഇടയാകരുതേ, അവിടുന്നു നീതിപൂര്‍വം വിധിക്കുന്ന ദൈവമാണല്ലോ, എന്നെ രക്ഷിച്ചാലും. അവിടുന്ന് എന്‍റെ പ്രാര്‍ഥന കേട്ട് എന്നെ വേഗം വിടുവിക്കണമേ. അവിടുന്ന് എന്‍റെ അഭയശിലയും എന്നെ രക്ഷിക്കുന്ന കോട്ടയും ആയിരിക്കണമേ. അവിടുന്ന് എന്‍റെ അഭയശിലയും കോട്ടയും ആകുന്നു, അവിടുത്തെ സ്വഭാവത്തിനു ചേര്‍ന്നവിധം എന്നെ നേര്‍വഴി കാട്ടി പാലിക്കണമേ. ശത്രുക്കള്‍ എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന കെണിയില്‍നിന്ന്, എന്നെ വിടുവിക്കണമേ. എന്‍റെ രക്ഷാസങ്കേതം അവിടുന്നാണല്ലോ. തൃക്കരങ്ങളില്‍ ഞാന്‍ എന്നെത്തന്നെ ഭരമേല്പിക്കുന്നു, വിശ്വസ്തനായ ദൈവമേ, അവിടുന്നെന്നെ രക്ഷിച്ചിരിക്കുന്നു. വ്യര്‍ഥവിഗ്രഹങ്ങളെ ആരാധിക്കുന്നവരെ അവിടുന്നു വെറുക്കുന്നു. ഞാന്‍ സര്‍വേശ്വരനില്‍ ആശ്രയിക്കുന്നു. അവിടുത്തെ അചഞ്ചലസ്നേഹത്തില്‍ ഞാന്‍ ആനന്ദിക്കും. എന്‍റെ ദുരിതം അവിടുന്നു കാണുന്നു, എന്‍റെ വ്യഥ അവിടുന്നു ശ്രദ്ധിക്കുന്നു. ശത്രുക്കളുടെ കൈയില്‍ അകപ്പെടാതെ അവിടുന്നെന്നെ സംരക്ഷിച്ചു; അവിടുന്നെന്‍റെ എല്ലാ ബന്ധനങ്ങളും തകര്‍ത്തു. സര്‍വേശ്വരാ, എന്നോടു കനിവുണ്ടാകണമേ; ഞാന്‍ കഷ്ടതയില്‍ ആയിരിക്കുന്നുവല്ലോ; ദുഃഖംകൊണ്ട് എന്‍റെ കണ്ണു മങ്ങിയിരിക്കുന്നു. എന്‍റെ ശരീരവും മനസ്സും തളര്‍ന്നിരിക്കുന്നു. എന്‍റെ ആയുസ്സ് ദുഃഖത്തിലും നെടുവീര്‍പ്പിലും കഴിഞ്ഞുപോകുന്നു. കഷ്ടതകൊണ്ട് എന്‍റെ ബലം ക്ഷയിച്ചു; ഞാന്‍ ആകെ തളര്‍ന്നിരിക്കുന്നു. ഞാന്‍ ശത്രുക്കള്‍ക്കു നിന്ദാപാത്രവും അയല്‍ക്കാര്‍ക്കു പരിഹാസവിഷയവും ആയിരിക്കുന്നു; തെരുവീഥികളില്‍ പരിചയക്കാര്‍ എന്നെക്കണ്ട് ഭയപ്പെടുന്നു. എന്നെ കാണുന്നവര്‍ ഓടി അകലുന്നു. മൃതനെപ്പോലെ ഞാന്‍ വിസ്മൃതനായിരിക്കുന്നു; ഞാന്‍ ഉടഞ്ഞ പാത്രംപോലെ ആയിരിക്കുന്നു. പലരും എനിക്കെതിരെ മന്ത്രിക്കുന്നതു ഞാന്‍ കേള്‍ക്കുന്നു. എനിക്കു ചുറ്റും സര്‍വത്രഭീഷണി. അവര്‍ ഒരുമിച്ചുകൂടി എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു. എന്നെ അപായപ്പെടുത്താന്‍ അവര്‍ ആലോചിക്കുന്നു. എന്നാല്‍ സര്‍വേശ്വരാ ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു; അവിടുന്നാണല്ലോ എന്‍റെ ദൈവം. എന്‍റെ ആയുസ്സ് അവിടുത്തെ കരങ്ങളിലാണ്; ശത്രുക്കളുടെയും മര്‍ദ്ദകരുടെയും കൈയില്‍ നിന്ന് എന്നെ വിടുവിക്കണമേ, അങ്ങയുടെ ദാസനെ കരുണയോടെ കടാക്ഷിച്ചാലും; അവിടുത്തെ അചഞ്ചലസ്നേഹത്താല്‍ എന്നെ രക്ഷിക്കണമേ. പരമനാഥാ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു. ലജ്ജിക്കാന്‍ എനിക്ക് ഇടവരുത്തരുതേ, ദുഷ്ടര്‍ അപമാനിതരാകട്ടെ. അവര്‍ പാതാളത്തില്‍ മൂകരായി പതിക്കട്ടെ. വ്യാജം പറയുന്നവര്‍ മൂകരായിത്തീരട്ടെ; അവര്‍ നീതിമാന്മാര്‍ക്കെതിരെ അഹങ്കാരത്തോടും അവജ്ഞയോടും സംസാരിക്കുന്നു. അവിടുത്തെ ഭക്തന്മാര്‍ക്കുവേണ്ടി അവിടുന്ന് ഒരുക്കിവച്ചിട്ടുള്ള അനുഗ്രഹങ്ങള്‍ എത്ര വളരെയാണ്. അങ്ങയില്‍ ശരണപ്പെടുന്നവര്‍ക്ക് അവിടുന്ന് എല്ലാവരും കാണ്‍കെ അവ നല്‌കുന്നു. തിരുസാന്നിധ്യത്തിന്‍റെ മറവില്‍ അവിടുന്ന് അവരെ മറയ്‍ക്കും; മനുഷ്യരുടെ ഗൂഢോപായങ്ങളില്‍നിന്ന് അവരെ രക്ഷിക്കാന്‍, അധിക്ഷേപം ഏല്‌ക്കാതെ അവിടുത്തെ കൂടാരത്തില്‍ അവിടുന്ന് അവരെ സൂക്ഷിക്കുന്നു. സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ; ഉപരോധിക്കപ്പെട്ട നഗരത്തില്‍ അകപ്പെട്ടവനെപ്പോലെയായിരുന്നു ഞാന്‍. അപ്പോള്‍ അവിടുന്ന് എന്നോട് തന്‍റെ അചഞ്ചലസ്നേഹം അദ്ഭുതകരമാംവിധം കാണിച്ചു. തിരുസന്നിധിയില്‍നിന്നു ഞാന്‍ പുറന്തള്ളപ്പെട്ടല്ലോ എന്നു ഞാന്‍ എന്‍റെ പരിഭ്രമത്തില്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ സഹായത്തിനായി അപേക്ഷിച്ചപ്പോള്‍, അവിടുന്ന് എന്‍റെ നിലവിളി കേട്ടു. ഭക്തന്മാരേ, സര്‍വേശ്വരനെ സ്നേഹിക്കുവിന്‍. സര്‍വേശ്വരന്‍ വിശ്വസ്തരെ കാത്തുസൂക്ഷിക്കുന്നു. അഹങ്കാരികളെ അവിടുന്നു കഠിനമായി ശിക്ഷിക്കുന്നു. സര്‍വേശ്വരനെ പ്രത്യാശയോടെ കാത്തിരിക്കുന്നവരേ, ദുര്‍ബലരാകരുത്; ധൈര്യമായിരിക്കുവിന്‍. ദാവീദിന്‍റെ ധ്യാനസങ്കീര്‍ത്തനം [1] അതിക്രമങ്ങള്‍ ക്ഷമിച്ചും പാപം പൊറുത്തും കിട്ടിയവന്‍ അനുഗൃഹീതന്‍. സര്‍വേശ്വരന്‍റെ ദൃഷ്‍ടിയില്‍ നിര്‍ദോഷിയായവന്‍ എത്ര ധന്യന്‍. ഹൃദയത്തില്‍ കാപട്യമില്ലാത്തവന്‍ എത്ര ഭാഗ്യവാന്‍. പാപം ഏറ്റുപറയാതിരുന്നപ്പോള്‍, ഞാന്‍ ദിവസം മുഴുവന്‍ കരഞ്ഞു കരഞ്ഞു തളര്‍ന്നു. രാവും പകലും അവിടുന്നെന്നെ ശിക്ഷിച്ചു; വേനല്‍ച്ചൂടിലെന്നപോലെ എന്‍റെ ശക്തി വറ്റിപ്പോയി. ഞാന്‍ എന്‍റെ അപരാധം അങ്ങയോട് ഏറ്റുപറഞ്ഞു. എന്‍റെ അതിക്രമങ്ങള്‍ ഞാന്‍ മറച്ചുവച്ചില്ല. എന്‍റെ അതിക്രമങ്ങള്‍ ഞാന്‍ സര്‍വേശ്വരനോട് ഏറ്റുപറയുമെന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ അവിടുന്ന് എന്‍റെ പാപം ക്ഷമിച്ചു. അതുകൊണ്ടു ഭക്തന്മാര്‍ അവിടുത്തോടു പ്രാര്‍ഥിക്കട്ടെ. കഷ്ടതകള്‍ പെരുവെള്ളംപോലെ ഇരച്ചുവന്നാലും അവ അവനെ ഗ്രസിച്ചുകളയുകയില്ല. അവിടുന്നാണ് എന്‍റെ ഒളിസങ്കേതം; കഷ്ടതയില്‍നിന്ന് അവിടുന്നെന്നെ കാത്തുസൂക്ഷിക്കുന്നു; രക്ഷകൊണ്ട് എന്നെ പൊതിയുന്നു. നിന്‍റെ വഴി ഞാന്‍ നിനക്ക് ഉപദേശിച്ചുതരും; ഞാന്‍ ദൃഷ്‍ടി അയച്ച് നിനക്ക് ഉപദേശം തരും. നിങ്ങള്‍ വകതിരിവില്ലാത്ത കുതിരയെയും കോവര്‍കഴുതയെയും പോലെയാകരുത്. മുഖപ്പട്ടയും കടിഞ്ഞാണും കൊണ്ടാണല്ലോ അവയെ നിയന്ത്രിക്കുന്നത്. അവ നിങ്ങള്‍ക്കു കീഴ്പെടുന്നതും അതുകൊണ്ടാണല്ലോ. ദുര്‍ജനം നിരവധി വേദനകള്‍ അനുഭവിക്കേണ്ടതുണ്ട്; സര്‍വേശ്വരനില്‍ ശരണപ്പെടുന്നവരെ അവിടുത്തെ സ്നേഹം വലയംചെയ്യുന്നു. നീതിമാന്മാര്‍ സര്‍വേശ്വരനില്‍ ആനന്ദിക്കട്ടെ; പരമാര്‍ഥഹൃദയമുള്ളവര്‍ ഉല്ലസിച്ചു ഘോഷിക്കട്ടെ. നീതിനിഷ്ഠരേ, സര്‍വേശ്വരനില്‍ ആനന്ദിക്കുവിന്‍; അവിടുത്തെ സ്തുതിക്കുന്നതു നീതിമാന്മാര്‍ക്കു യുക്തമാണല്ലോ. കിന്നരം മീട്ടി സര്‍വേശ്വരനെ സ്തുതിക്കുവിന്‍; പത്തു കമ്പിയുള്ള വീണ മീട്ടി സ്തോത്രഗാനം ആലപിക്കുവിന്‍. സര്‍വേശ്വരന് ഒരു പുതിയ പാട്ടുപാടുവിന്‍; ആര്‍പ്പുവിളിയോടെ വിദഗ്ദ്ധമായി തന്ത്രി മീട്ടുവിന്‍. സര്‍വേശ്വരന്‍റെ വചനം സത്യവും അവിടുത്തെ പ്രവൃത്തി വിശ്വസനീയവുമാണ്. നീതിയും ന്യായവും അവിടുന്ന് ഇഷ്ടപ്പെടുന്നു; ഭൂമി അവിടുത്തെ അചഞ്ചലസ്നേഹം കൊണ്ടു നിറഞ്ഞിരിക്കുന്നു. തന്‍റെ വചനത്താല്‍ സര്‍വേശ്വരന്‍ ആകാശത്തെ സൃഷ്‍ടിച്ചു; അവിടുത്തെ കല്പനയാല്‍ വാനഗോളങ്ങള്‍ ഉണ്ടായി. അവിടുന്നു സമുദ്രജലത്തെ ഒരുമിച്ചുകൂട്ടി; ആഴികള്‍ക്ക് അവിടുന്നു കലവറ തീര്‍ത്തു. ഭൂമി മുഴുവന്‍ സര്‍വേശ്വരനെ ഭയപ്പെടട്ടെ; ഭൂവാസികള്‍ മുഴുവനും അവിടുത്തെ മുമ്പില്‍ ഭയഭക്തിയോടെ നില്‌ക്കട്ടെ. അവിടുന്നു കല്പിച്ചു; പ്രപഞ്ചം ഉണ്ടായി. അവിടുന്ന് ആജ്ഞാപിച്ചു; അതു സ്ഥാപിതമായി. സര്‍വേശ്വരന്‍ അന്യജനതകളുടെ ആലോചനകള്‍ വിഫലമാക്കുന്നു; അവരുടെ പദ്ധതികള്‍ അവിടുന്നു നിഷ്ഫലമാക്കുന്നു. സര്‍വേശ്വരന്‍റെ പദ്ധതികള്‍ ശാശ്വതമായിരിക്കും; അവിടുത്തെ നിരൂപണങ്ങള്‍ എന്നേക്കും നിലനില്‌ക്കും. സര്‍വേശ്വരന്‍ ദൈവമായിരിക്കുന്ന ജനത അനുഗ്രഹിക്കപ്പെട്ടത്; അവിടുന്നു സ്വന്തജനമായി തിരഞ്ഞെടുത്ത ജനം ധന്യര്‍. സര്‍വേശ്വരന്‍ സ്വര്‍ഗത്തില്‍നിന്നു താഴേക്കു നോക്കുന്നു; അവിടുന്ന് എല്ലാ മനുഷ്യരെയും കാണുന്നു. സ്വര്‍ഗസിംഹാസനത്തിലിരുന്ന് അവിടുന്നു സര്‍വഭൂവാസികളെയും നോക്കുന്നു; അവരുടെ ഹൃദയങ്ങള്‍ രൂപപ്പെടുത്തിയവന്‍; അവരുടെ എല്ലാ പ്രവൃത്തികളും നിരീക്ഷിക്കുന്നു. സൈന്യബാഹുല്യംകൊണ്ടു രാജാവ് വിജയം നേടുന്നില്ല; സ്വശക്തികൊണ്ട് യോദ്ധാവ് രക്ഷപെടുന്നുമില്ല. പടക്കുതിരയെക്കൊണ്ടു ജയിക്കാമെന്ന മോഹം വ്യര്‍ഥം. അതിന്‍റെ ശക്തികൊണ്ട് ആരും വിജയം വരിക്കുന്നില്ല. സര്‍വേശ്വരന്‍ തന്‍റെ ഭക്തന്മാരെയും തന്‍റെ സുസ്ഥിരസ്നേഹത്തില്‍ പ്രത്യാശയര്‍പ്പിച്ചിരിക്കുന്നവരെയും കരുണയോടെ കടാക്ഷിക്കുന്നു. അവിടുന്ന് അവരെ മരണത്തില്‍നിന്നു രക്ഷിക്കുന്നു; ക്ഷാമകാലത്ത് അവരെ പോറ്റുന്നു. സര്‍വേശ്വരനില്‍ നാം പ്രത്യാശയര്‍പ്പിച്ചിരിക്കുന്നു; അവിടുന്നാണ് നമ്മുടെ സഹായവും പരിചയും. നമ്മുടെ ഹൃദയം സര്‍വേശ്വരനില്‍ ആനന്ദിക്കുന്നു; നമ്മള്‍ അവിടുത്തെ വിശുദ്ധനാമത്തില്‍ ആശ്രയിക്കുന്നുവല്ലോ. സര്‍വേശ്വരാ, ഞങ്ങള്‍ അങ്ങയില്‍ പ്രത്യാശവച്ചിരിക്കുന്നതുപോലെ; അവിടുത്തെ അചഞ്ചലസ്നേഹം ഞങ്ങളുടെമേല്‍ ചൊരിയണമേ. ദാവീദിന്‍റെ സങ്കീര്‍ത്തനം; അബീമേലെക്കിന്‍റെ മുമ്പില്‍ ബുദ്ധിഭ്രമം നടിക്കുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തപ്പോള്‍ പാടിയത്. [1] സര്‍വേശ്വരനെ ഞാന്‍ എപ്പോഴും വാഴ്ത്തും; അവിടുത്തെ ഞാന്‍ നിരന്തരം സ്തുതിക്കും. ഞാന്‍ സര്‍വേശ്വരനില്‍ അഭിമാനം കൊള്ളുന്നു; പീഡിതര്‍ അതു കേട്ട് ആനന്ദിക്കട്ടെ. എന്നോടൊത്ത് സര്‍വേശ്വരനെ പ്രകീര്‍ത്തിക്കുക; നമുക്കൊരുമിച്ചു തിരുനാമത്തെ പുകഴ്ത്താം. ഞാന്‍ സര്‍വേശ്വരനോട് അപേക്ഷിച്ചു; അവിടുന്ന് എനിക്ക് ഉത്തരമരുളി. സര്‍വഭയങ്ങളില്‍നിന്നും അവിടുന്ന് എന്നെ വിടുവിച്ചു. സര്‍വേശ്വരനെ നോക്കിയവര്‍ പ്രകാശിതരായി; അവര്‍ ലജ്ജിതരാകയില്ല. ഈ എളിയവന്‍ നിലവിളിച്ചു; അവിടുന്ന് ഉത്തരമരുളി. സകല ദുരിതങ്ങളില്‍നിന്നും അവിടുന്നെന്നെ രക്ഷിച്ചു. സര്‍വേശ്വരന്‍റെ ദൂതന്‍ അവിടുത്തെ ഭക്തന്മാര്‍ക്കു ചുറ്റും പാളയമടിച്ച് അവരെ വിടുവിക്കുന്നു. അവിടുന്ന് എത്ര നല്ലവനെന്നു രുചിച്ചറിയുക; അവിടുത്തെ അഭയം പ്രാപിക്കുന്നവന്‍ സന്തുഷ്ടനായിരിക്കും. വിശുദ്ധജനമേ, സര്‍വേശ്വരനെ ഭയപ്പെടുക. അവിടുത്തെ ഭക്തന്മാര്‍ക്ക് ഒന്നിനും കുറവില്ലല്ലോ. സിംഹംപോലും വിശന്നു വലഞ്ഞേക്കാം; സര്‍വേശ്വരനെ അന്വേഷിക്കുന്നവര്‍ക്ക് ഒരു നന്മയ്‍ക്കും കുറവില്ല. മക്കളേ, എന്‍റെ വാക്കു കേള്‍ക്കുക; ദൈവഭക്തിയെന്തെന്നു ഞാന്‍ നിങ്ങളെ പഠിപ്പിക്കാം. സന്തുഷ്ടജീവിതം നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? ദീര്‍ഘായുസ്സും സന്തോഷവും കാംക്ഷിക്കുന്നുവോ? എങ്കില്‍ തിന്മ നിങ്ങളുടെ നാവിന്മേല്‍ ഉണ്ടാകാതിരിക്കട്ടെ. നിങ്ങളുടെ അധരങ്ങള്‍ വ്യാജം പറയാതിരിക്കട്ടെ. തിന്മ വിട്ടകന്നു നന്മ പ്രവര്‍ത്തിക്കുക; സമാധാനം കാംക്ഷിക്കുക; അതിനുവേണ്ടി നിരന്തരം പ്രയത്നിക്കുക. സര്‍വേശ്വരന്‍ നീതിമാന്മാരെ കരുണയോടെ കടാക്ഷിക്കുന്നു; അവിടുന്ന് അവരുടെ നിലവിളി എപ്പോഴും കേള്‍ക്കുന്നു; അവിടുന്നു ദുഷ്കര്‍മികള്‍ക്കെതിരെ മുഖം തിരിക്കുന്നു. അവിടുന്ന് അവരെ നശിപ്പിച്ച് അവരുടെ ഓര്‍മപോലും ഭൂമിയില്‍ അവശേഷിക്കാതാക്കുന്നു. നീതിമാന്മാര്‍ നിലവിളിച്ചു; സര്‍വേശ്വരന്‍ ഉത്തരമരുളി. എല്ലാ കഷ്ടതകളില്‍നിന്നും അവിടുന്ന് അവരെ വിടുവിച്ചു. ഹൃദയം തകര്‍ന്നവര്‍ക്ക് അവിടുന്നു സമീപസ്ഥന്‍; മനസ്സു നുറുങ്ങിയവരെ അവിടുന്നു രക്ഷിക്കുന്നു. നീതിമാന് നിരവധി അനര്‍ഥങ്ങള്‍ ഉണ്ടാകാം; എന്നാല്‍ സര്‍വേശ്വരന്‍ അവയില്‍ നിന്നെല്ലാം അവനെ വിടുവിക്കുന്നു. അവന്‍റെ അസ്ഥികളൊന്നും ഒടിഞ്ഞുപോകാതെ; അവിടുന്ന് അവനെ സംരക്ഷിക്കുന്നു. തിന്മ ദുഷ്ടനെ സംഹരിക്കും; നീതിമാനെ ദ്വേഷിക്കുന്നവര്‍ ശിക്ഷിക്കപ്പെടും. സര്‍വേശ്വരന്‍ തന്‍റെ ദാസന്മാരെ രക്ഷിക്കുന്നു; അവിടുത്തെ അഭയം പ്രാപിക്കുന്നവര്‍ ശിക്ഷയ്‍ക്ക് ഇരയാവുകയില്ല. ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] സര്‍വേശ്വരാ, എന്നെ എതിര്‍ക്കുന്നവരെ അവിടുന്ന് എതിര്‍ക്കണമേ; എന്നോടു പൊരുതുന്നവരോടു പൊരുതണമേ. കവചവും പരിചയും ധരിച്ച് എന്നെ സഹായിക്കാന്‍ വരണമേ. എന്നെ പിന്തുടരുന്നവരെ കുന്തംകൊണ്ടു തടയണമേ; ‘ഞാന്‍ നിന്‍റെ രക്ഷ’ എന്ന് എനിക്ക് ഉറപ്പു തരണമേ. എന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍; പരാജിതരും ലജ്ജിതരുമായിരിക്കട്ടെ. എനിക്കെതിരെ ദ്രോഹപദ്ധതി ആവിഷ്കരിക്കുന്നവര്‍; പരിഭ്രാന്തരായി പിന്തിരിയട്ടെ. അവര്‍ കാറ്റില്‍ പാറുന്ന പതിരുപോലെയാകട്ടെ; സര്‍വേശ്വരന്‍റെ ദൂതന്‍ അവരെ ഓടിക്കട്ടെ. അവരുടെ വഴി ഇരുളടഞ്ഞതും വഴുവഴുപ്പുള്ളതുമാകട്ടെ. സര്‍വേശ്വരന്‍റെ ദൂതന്‍ അവരെ പിന്തുടര്‍ന്നു ചെല്ലട്ടെ. അകാരണമായി അവര്‍ എനിക്കുവേണ്ടി കെണി ഒരുക്കി; കാരണം കൂടാതെ അവര്‍ എന്നെ പിടിക്കാന്‍ കുഴി കുഴിച്ചു. നിനച്ചിരിക്കാത്ത സമയത്ത് അവര്‍ക്കു വിനാശം ഭവിക്കട്ടെ. അവര്‍ ഒളിച്ചുവച്ച കെണിയില്‍ അവര്‍തന്നെ കുടുങ്ങട്ടെ. അവര്‍ അതില്‍ വീണു നശിക്കട്ടെ. ഞാന്‍ സര്‍വേശ്വരനില്‍ ആനന്ദിക്കും; അവിടുന്നരുളിയ രക്ഷയില്‍ ഉല്ലസിക്കും; ബലഹീനനെ ശക്തനില്‍നിന്നും എളിയവനും ദരിദ്രനുമായവനെ മര്‍ദകനില്‍നിന്നും രക്ഷിക്കുന്ന അവിടുന്ന് അതുല്യന്‍ എന്നു ഞാന്‍ സര്‍വാത്മനാ പറയും. നീചന്മാര്‍ എനിക്കെതിരെ സാക്ഷ്യം പറയുന്നു. ഞാന്‍ അറിയാത്ത കാര്യങ്ങള്‍ അവര്‍ എന്നോടു ചോദിക്കുന്നു. അവര്‍ നന്മയ്‍ക്കു പകരം തിന്മയാണ് എന്നോടു പ്രവര്‍ത്തിക്കുന്നത്. ഞാന്‍ നിസ്സഹായനായിരിക്കുന്നു. എന്നാല്‍ ഞാനാകട്ടെ അവര്‍ രോഗികളായിരുന്നപ്പോള്‍ വിലാപവസ്ത്രം ധരിച്ചു. ഞാന്‍ ഉപവസിച്ച് ആത്മതപനം ചെയ്തു. ഞാന്‍ കുമ്പിട്ടു പ്രാര്‍ഥിച്ചു. സ്വന്തം സഹോദരനെയോ സ്നേഹിതനെയോ ഓര്‍ത്തു ദുഃഖിക്കുന്നവനെപ്പോലെ ഞാന്‍ പ്രാര്‍ഥിച്ചു. അമ്മയെ ഓര്‍ത്തു വിലപിക്കുന്നവനെപ്പോലെ; ഞാന്‍ തല കുനിച്ചു കരഞ്ഞുകൊണ്ടു നടന്നു. എന്നാല്‍ എന്‍റെ അനര്‍ഥത്തില്‍ അവര്‍ ഒരുമിച്ചുകൂടി സന്തോഷിച്ചു. അവര്‍ എനിക്കെതിരെ ഒത്തുചേര്‍ന്നു. എനിക്ക് അപരിചിതരായ അധമന്മാര്‍ ഇടവിടാതെ എന്നെ ദുഷിച്ചു. അവര്‍ എന്നെ അതിനിന്ദ്യമായി പരിഹസിച്ച് എന്‍റെ നേരേ പല്ലു കടിക്കുന്നു. സര്‍വേശ്വരാ, അങ്ങ് എത്രകാലം ഇതു നോക്കിനില്‌ക്കും? അവരുടെ ആക്രമണങ്ങളില്‍നിന്ന് എന്നെ രക്ഷിക്കണമേ. ഈ സിംഹങ്ങളില്‍നിന്ന് എന്നെ വിടുവിക്കണമേ. അപ്പോള്‍ അങ്ങയെ ആരാധിക്കുന്നവരുടെ മഹാസഭയില്‍; ഞാന്‍ അങ്ങേക്കു സ്തോത്രം അര്‍പ്പിക്കും. സമൂഹമധ്യേ ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കും. അകാരണമായി എന്നെ ദ്വേഷിച്ചവര്‍; എന്നെക്കുറിച്ചു സന്തോഷിക്കാന്‍ ഇടയാക്കരുതേ. കാരണം കൂടാതെ എന്നെ വെറുക്കുന്നവര്‍ എന്നെ പരിഹസിക്കരുതേ. അവര്‍ക്കു സമാധാനം ആവശ്യമില്ല; ശാന്തരായി കഴിയുന്നവര്‍ക്കെതിരെ അവര്‍ വഞ്ചന നിരൂപിക്കും. ‘ആഹാ, നീ ചെയ്തതു ഞങ്ങള്‍ കണ്ടല്ലോ,’ എന്നവര്‍ പരിഹാസത്തോടെ വിളിച്ചുകൂകും. എന്നാല്‍ സര്‍വേശ്വരാ, അവിടുന്നെല്ലാം കാണുന്നുവല്ലോ. അങ്ങു മൗനമായിരിക്കരുതേ; നാഥാ, എന്നില്‍നിന്ന് അകന്നിരിക്കരുതേ! എന്‍റെ ദൈവമായ സര്‍വേശ്വരാ, ഉണര്‍ന്നെഴുന്നേല്‌ക്കണമേ; എനിക്കു നീതിയും ന്യായവും നടത്തിത്തരണമേ, അവിടുന്നു നീതിമാനാണല്ലോ, എനിക്കു നീതി നടത്തിത്തന്നാലും; അവര്‍ എന്നെക്കുറിച്ചു സന്തോഷിക്കാന്‍ ഇടയാക്കരുതേ. ‘ഞങ്ങള്‍ ആഗ്രഹിച്ചതു നടന്നല്ലോ; ഞങ്ങള്‍ അവന്‍റെ ഉന്മൂലനാശം വരുത്തിയല്ലോ’ എന്ന് അവര്‍ പറയാതിരിക്കട്ടെ. എന്‍റെ അനര്‍ഥത്തില്‍ സന്തോഷിക്കുന്നവര്‍ ലജ്ജിച്ചു ഭ്രമിക്കട്ടെ. എനിക്കെതിരെ വീമ്പിളക്കിയവര്‍, ലജ്ജിതരും അപമാനിതരും ആകട്ടെ. എനിക്കു നീതി ലഭിക്കാന്‍ ആഗ്രഹിച്ചവര്‍ ആര്‍പ്പുവിളിച്ച് ആഹ്ലാദിക്കട്ടെ. ‘അവിടുത്തെ ദാസന്‍റെ ശ്രേയസ്സില്‍ സന്തോഷിക്കുന്ന സര്‍വേശ്വരന്‍ എത്ര വലിയവന്‍’ എന്ന് അവര്‍ എപ്പോഴും പറയട്ടെ. അവിടുത്തെ നീതിയും സ്തുതിയും ഞാന്‍ രാപ്പകല്‍ ഘോഷിക്കും. ഗായകസംഘനേതാവിന്; സര്‍വേശ്വരന്‍റെ ദാസനായ ദാവീദിന്‍റെ സങ്കീര്‍ത്തനം [1] ദുഷ്ടന്‍റെ ഹൃദയാന്തര്‍ഭാഗത്തു പാപം നിറഞ്ഞിരിക്കുന്നു; ദൈവഭക്തിയെക്കുറിച്ച് അവന്‍ ആലോചിക്കുന്നതേയില്ല. തന്‍റെ പാപം കണ്ടുപിടിക്കപ്പെടുകയോ; അങ്ങനെ താന്‍ വെറുക്കപ്പെടുകയോ ഇല്ലെന്നാണ് അവന്‍റെ മേനിപറച്ചില്‍. വഞ്ചനയും കാപട്യവും നിറഞ്ഞതാണ് അവന്‍റെ വാക്കുകള്‍; നന്മയും വിവേകവും അവന്‍റെ പ്രവൃത്തികളിലില്ല. ഉറങ്ങാന്‍ കിടക്കുമ്പോഴും അവന്‍ ദ്രോഹാലോചനകളിലാണ്; അവന്‍ എപ്പോഴും ചരിക്കുന്നതു ദുര്‍മാര്‍ഗത്തിലാണ്. അവന്‍ ദോഷത്തെ വെറുക്കുന്നുമില്ല. സര്‍വേശ്വരാ, അവിടുത്തെ അചഞ്ചലസ്നേഹം, ആകാശത്തോളവും; അവിടുത്തെ വിശ്വസ്തത മേഘങ്ങള്‍ വരെയും എത്തുന്നു. അവിടുത്തെ നീതി ഉന്നതപര്‍വതങ്ങള്‍ പോലെയും; അവിടുത്തെ വിധികള്‍ അഗാധമായ ആഴി പോലെയുമാണ്. പരമനാഥാ, മനുഷ്യരെയും മൃഗങ്ങളെയും സംരക്ഷിക്കുന്നത് അവിടുന്നാണ്. ദൈവമേ, അവിടുത്തെ അചഞ്ചലസ്നേഹം എത്ര അമൂല്യം. മനുഷ്യരെല്ലാം അവിടുത്തെ ചിറകിന്‍കീഴില്‍ അഭയംതേടുന്നു. അവിടുത്തെ ആലയത്തിലെ സമൃദ്ധികൊണ്ട് അവര്‍ തൃപ്തിയടയുന്നു. അവിടുത്തെ ആനന്ദനദിയില്‍നിന്ന് അവര്‍ പാനംചെയ്യുന്നു. അവിടുന്നാകുന്നു ജീവന്‍റെ ഉറവിടം; അവിടുത്തെ പ്രകാശത്താല്‍ ഞങ്ങള്‍ വെളിച്ചം കാണുന്നു. അങ്ങയെ അറിയുന്നവര്‍ക്ക് അവിടുത്തെ കാരുണ്യവും പരമാര്‍ഥഹൃദയമുള്ളവര്‍ക്ക് അവിടുത്തെ രക്ഷയും നിരന്തരം നല്‌കണമേ. അഹങ്കാരികള്‍ എന്നെ ആക്രമിക്കരുതേ, ദുഷ്ടര്‍ എന്നെ ആട്ടി ഓടിക്കരുതേ. അതാ, ദുഷ്ടന്മാര്‍ വീണുകിടക്കുന്നു; എഴുന്നേല്‌ക്കാനാവാത്തവിധം അവര്‍ നിലംപരിചായിരിക്കുന്നു. ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] ദുഷ്കര്‍മികള്‍ നിമിത്തം നീ അസ്വസ്ഥനാകേണ്ടാ; അധര്‍മികളോട് അസൂയപ്പെടുകയും വേണ്ടാ. പുല്ലുപോലെ അവര്‍ പെട്ടെന്ന് ഉണങ്ങിക്കരിയും; ഇളംചെടിപോലെ അവര്‍ വാടിപ്പോകും. സര്‍വേശ്വരനില്‍ വിശ്വാസമര്‍പ്പിക്കുക നന്മ പ്രവര്‍ത്തിക്കുക. അപ്പോള്‍ നിനക്കു ദേശത്തു സുരക്ഷിതനായി വസിക്കാം. സര്‍വേശ്വരനില്‍ ആനന്ദിക്കുക. അവിടുന്നു നിന്‍റെ ആഗ്രഹങ്ങള്‍ നിറവേറ്റും. നിന്നെത്തന്നെ സര്‍വേശ്വരനെ ഭരമേല്പിക്കുക; അവിടുന്നു നിനക്കുവേണ്ടി പ്രവര്‍ത്തിക്കും. അവിടുന്നു നിന്‍റെ നീതിയെ പകല്‍വെളിച്ചം പോലെയും നിന്‍റെ പരമാര്‍ഥതയെ മധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും. സര്‍വേശ്വരന്‍റെ മുമ്പില്‍ സ്വസ്ഥനായിരിക്കുക. അവിടുന്നു പ്രവര്‍ത്തിക്കാന്‍വേണ്ടി ക്ഷമയോടെ കാത്തിരിക്കുക. ധനം നേടുന്നവനെക്കുറിച്ചോ ചതി കാട്ടുന്നവനെക്കുറിച്ചോ നീ അസ്വസ്ഥനാകേണ്ടാ. കോപശീലം അരുത്; ക്രോധം ഉപേക്ഷിക്കുക; മനസ്സിളകരുത്. തിന്മയിലേക്കേ അതു നയിക്കൂ. ദുര്‍ജനം ഉന്മൂലനം ചെയ്യപ്പെടും; സര്‍വേശ്വരനില്‍ ശരണപ്പെടുന്നവര്‍ക്കു ദേശം അവകാശമായി ലഭിക്കും. ദുഷ്ടന്‍ നശിക്കാന്‍ ഏറെക്കാലം വേണ്ട; അവനെ അവന്‍റെ സങ്കേതത്തില്‍ തിരഞ്ഞാലും കണ്ടെത്തുകയില്ല. എന്നാല്‍ സൗമ്യശീലനു ദേശം അവകാശമായി ലഭിക്കും ഐശ്വര്യപൂര്‍ണതയില്‍ അവന്‍ ആനന്ദിക്കും. ദുഷ്ടന്‍ നീതിമാനെതിരെ ദ്രോഹാലോചന നടത്തുകയും; അവന്‍റെ നേരേ പല്ലുകടിക്കുകയും ചെയ്യുന്നു. സര്‍വേശ്വരന്‍ ദുഷ്ടനെ പരിഹസിക്കുന്നു; അവന്‍റെ വിനാശം അടുത്തിരിക്കുന്നു എന്ന് അവിടുന്ന് അറിയുന്നു. എളിയവനെയും ദരിദ്രനെയും നശിപ്പിക്കാനും ധര്‍മനിഷ്ഠരെ വധിക്കാനും; ദുഷ്ടര്‍ വാളൂരുകയും വില്ലു കുലയ്‍ക്കുകയും ചെയ്യുന്നു. അവരുടെ വാളുകള്‍ അവരുടെ ഹൃദയംതന്നെ ഭേദിക്കും, അവരുടെ വില്ലുകള്‍ ഒടിഞ്ഞുപോകും. അനേകം ദുഷ്ടരുടെ സമൃദ്ധിയെക്കാള്‍, നീതിമാന്‍റെ അല്പമാണ് അഭികാമ്യം. ദുഷ്ടരുടെ ഭുജങ്ങള്‍ ഒടിഞ്ഞുപോകും; സര്‍വേശ്വരന്‍ നീതിനിഷ്ഠരെ സംരക്ഷിക്കും. നിഷ്കളങ്കരെ സര്‍വേശ്വരന്‍ പരിപാലിക്കുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും. അനര്‍ഥകാലത്ത് അവര്‍ ലജ്ജിതരാകയില്ല; ക്ഷാമകാലത്ത് അവര്‍ക്കു സമൃദ്ധി ഉണ്ടായിരിക്കും. എന്നാല്‍ ദുഷ്ടര്‍ നശിച്ചുപോകും; സര്‍വേശ്വരന്‍റെ ശത്രുക്കള്‍ കാട്ടുപൂക്കള്‍ പോലെ അപ്രത്യക്ഷരാകും. അവര്‍ പുകപോലെ മാഞ്ഞുപോകും. ദുഷ്ടനു കടംവാങ്ങിയതു വീട്ടാന്‍ കഴിയുകയില്ല. എന്നാല്‍, നീതിമാന്‍ ഉദാരമായി ദാനം ചെയ്യുന്നു. സര്‍വേശ്വരനാല്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ദേശം കൈവശമാക്കും; ശപിക്കപ്പെട്ടവരാകട്ടെ ഉന്മൂലനം ചെയ്യപ്പെടും. മനുഷ്യന്‍റെ പാദം സര്‍വേശ്വരനാണ് നയിക്കുന്നത്. അവിടുത്തേക്ക് പ്രസാദകരമായി നടക്കുന്നവന്‍റെ ഗമനം അവിടുന്നു സുസ്ഥിരമാക്കുന്നു. അവന്‍റെ കാലിടറിയാലും വീണുപോകയില്ല; സര്‍വേശ്വരന്‍ അവന്‍റെ കൈക്കു പിടിച്ചിട്ടുണ്ടല്ലോ. ഞാന്‍ ബാലനായിരുന്നു, ഇപ്പോള്‍ വൃദ്ധനായി; നീതിമാന്‍ പരിത്യജിക്കപ്പെടുന്നതോ അവന്‍റെ സന്തതി ആഹാരത്തിനായി ഇരക്കുന്നതോ ഞാന്‍ ഇന്നോളം കണ്ടിട്ടില്ല. അവന്‍ എന്നും ഉദാരമായി ദാനം ചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുന്നു. അവന്‍റെ സന്തതി അനുഗ്രഹപാത്രമാകും. തിന്മ വിട്ടകന്നു നന്മ ചെയ്ക, എന്നാല്‍ നിന്‍റെ സന്തതികള്‍ ദേശത്ത് എന്നേക്കും പാര്‍ക്കും. സര്‍വേശ്വരന്‍ ന്യായത്തെ സ്നേഹിക്കുന്നു; അവിടുന്നു തന്‍റെ ഭക്തരെ ഉപേക്ഷിക്കുകയില്ല. അവിടുന്ന് അവരെ എന്നും പരിപാലിക്കും; എന്നാല്‍ ദുഷ്ടരുടെ സന്തതി നശിപ്പിക്കപ്പെടും. നീതിമാന്മാര്‍ ദേശം കൈവശമാക്കും; അതില്‍ അവര്‍ എന്നേക്കും വസിക്കും. നീതിമാന്‍ ജ്ഞാനം സംസാരിക്കുന്നു; അവന്‍റെ നാവില്‍നിന്ന് നീതി പുറപ്പെടുന്നു. ദൈവത്തിന്‍റെ ധര്‍മശാസ്ത്രം അവന്‍റെ ഹൃദയത്തിലുണ്ട്; അവന്‍റെ കാലടികള്‍ വഴുതുകയില്ല. ദുഷ്ടന്‍ നീതിമാനുവേണ്ടി പതിയിരിക്കുന്നു; അവനെ കൊല്ലാന്‍ തക്കംനോക്കുന്നു. സര്‍വേശ്വരന്‍ അവനെ ദുഷ്ടനു വിട്ടുകൊടുക്കുകയുമില്ല. ന്യായവിസ്താരത്തില്‍ കുറ്റവാളിയെന്നു വിധിക്കപ്പെടാന്‍ സമ്മതിക്കുകയില്ല. സര്‍വേശ്വരനായി കാത്തിരിക്ക; അവിടുത്തെ വഴികളില്‍ നടക്ക. നിന്‍റെ ദേശം നിനക്കു നല്‌കി അവിടുന്നു നിന്നെ ആദരിക്കും. ദുഷ്ടര്‍ നിഗ്രഹിക്കപ്പെടുന്നതു നീ കാണും. ദുഷ്ടന്‍ പ്രബലനാകുന്നതും ലെബാനോനിലെ ദേവദാരുപോലെ തഴച്ചുനില്‌ക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. പിന്നീടു ഞാന്‍ അതുവഴി പോയപ്പോള്‍ അവന്‍ അവിടെ ഇല്ല. അവനെ അന്വേഷിച്ചെങ്കിലും കണ്ടില്ല. നിഷ്കളങ്കനെ ശ്രദ്ധിക്കുക നീതിനിഷ്ഠനെ നിരീക്ഷിക്കുക. സമാധാനമുള്ള മനുഷ്യനു സന്തതികള്‍ ഉണ്ടാകും. എന്നാല്‍ അതിക്രമികള്‍ നിര്‍മ്മാര്‍ജനം ചെയ്യപ്പെടും; ദുഷ്ടരുടെ സന്തതി അറ്റുപോകും. നീതിമാന്മാരെ സര്‍വേശ്വരന്‍ വിടുവിക്കുന്നു; അനര്‍ഥകാലത്ത് അവിടുന്ന് അവരുടെ രക്ഷാസങ്കേതം. സര്‍വേശ്വരന്‍ അവരെ സഹായിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു. അവിടുന്ന് അവരെ ദുഷ്ടരുടെ പിടിയില്‍നിന്നു വിടുവിച്ചു രക്ഷിക്കുന്നു. സര്‍വേശ്വരനെ ആണല്ലോ അവര്‍ ശരണമാക്കിയിരിക്കുന്നത്. ദാവീദിന്‍റെ സങ്കീര്‍ത്തനം; അനുസ്മരണ യാഗത്തിന് [1] സര്‍വേശ്വരാ, കോപത്തോടെ എന്നെ ശാസിക്കരുതേ; രോഷത്തോടെ എന്നെ ശിക്ഷിക്കരുതേ. അവിടുത്തെ അസ്ത്രങ്ങള്‍ എന്നില്‍ തറച്ചിരിക്കുന്നു; അവിടുത്തെ കരം എന്‍റെമേല്‍ പതിച്ചിരിക്കുന്നു. അവിടുത്തെ രോഷം നിമിത്തം എനിക്കു സൗഖ്യമില്ല; എന്‍റെ പാപംമൂലം എനിക്കു സ്വസ്ഥതയുമില്ല. എന്‍റെ അകൃത്യങ്ങള്‍ എന്‍റെ തലയ്‍ക്കു മുകളില്‍ കൂമ്പാരം കൂടുന്നു; അവ താങ്ങാനാവാത്ത ഭാരമായിരിക്കുന്നു. എന്‍റെ ഭോഷത്തംമൂലം എന്‍റെ വ്രണങ്ങള്‍ ചീഞ്ഞുനാറുന്നു. ഞാന്‍ കൂനി നിലംതൊടുമാറായി ഞാന്‍ എപ്പോഴും വിലപിക്കുന്നു. എന്‍റെ ശരീരം ജ്വരംകൊണ്ടു പൊള്ളുന്നു എനിക്കൊട്ടും സൗഖ്യമില്ല. ഞാന്‍ ആകെ ക്ഷീണിച്ചു തളര്‍ന്നിരിക്കുന്നു. ഹൃദയവ്യഥ നിമിത്തം ഞാന്‍ ഞരങ്ങുന്നു. സര്‍വേശ്വരാ, എന്‍റെ ആഗ്രഹങ്ങള്‍ അവിടുന്നറിയുന്നു. എന്‍റെ നെടുവീര്‍പ്പ് അവിടുന്നു കേള്‍ക്കുന്നു. എന്‍റെ നെഞ്ചിടിക്കുന്നു, എന്‍റെ ശക്തി ക്ഷയിച്ചിരിക്കുന്നു. എന്‍റെ കണ്ണുകളുടെ ശോഭ നഷ്ടപ്പെട്ടിരിക്കുന്നു. എന്‍റെ സുഹൃത്തുക്കളും അയല്‍ക്കാരും; എന്‍റെ മഹാരോഗം നിമിത്തം എന്നില്‍നിന്ന് അകന്നു നില്‌ക്കുന്നു. ഉറ്റവര്‍പോലും അകന്നുമാറുന്നു. എന്നെ അപായപ്പെടുത്താന്‍ നോക്കുന്നവര്‍ എനിക്കായി കെണി വയ്‍ക്കുന്നു. എന്നെ ഉപദ്രവിക്കാന്‍ ആഗ്രഹിക്കുന്നവര്‍; എന്‍റെ നാശത്തെപ്പറ്റി സംസാരിക്കുന്നു. അവര്‍ നിരന്തരം എനിക്കെതിരെ വഞ്ചന നിരൂപിക്കുന്നു. ഞാന്‍ ബധിരനെപ്പോലെ ഒന്നും കേള്‍ക്കാതിരുന്നു; ഊമനെപ്പോലെ സംസാരിക്കാതിരുന്നു. അതേ, ബധിരനെപ്പോലെ മറുപടി പറയാതിരുന്നു. സര്‍വേശ്വരാ, ഞാന്‍ അങ്ങയില്‍ പ്രത്യാശവച്ചിരിക്കുന്നു; എന്‍റെ ദൈവമായ സര്‍വേശ്വരാ, അവിടുന്ന് എനിക്ക് ഉത്തരമരുളുമല്ലോ. എന്‍റെ കാല്‍ വഴുതുമ്പോള്‍ എനിക്കെതിരെ വീമ്പിളക്കുന്നവര്‍ എന്നെച്ചൊല്ലി സന്തോഷിക്കാന്‍ ഇടയാക്കരുതേ. ഞാന്‍ വീഴാറായിരിക്കുന്നു, വേദന എന്നെ വിട്ടുമാറുന്നില്ല. എന്‍റെ അകൃത്യങ്ങള്‍ ഞാന്‍ ഏറ്റുപറയുന്നു; എന്‍റെ പാപത്തെക്കുറിച്ചു ഞാന്‍ ദുഃഖിക്കുന്നു. അകാരണമായി എന്നെ ദ്വേഷിക്കുന്നവര്‍ ശക്തരും കാരണം കൂടാതെ എന്നോടു ശത്രുത കാട്ടുന്നവര്‍ അനവധിയുമാണ്. നന്മയ്‍ക്കു പകരം അവര്‍ എന്നോടു തിന്മ പ്രവര്‍ത്തിക്കുന്നു. ഞാന്‍ നന്മ ചെയ്യുന്നതുകൊണ്ടാണ് അവര്‍ എന്‍റെ വിരോധികളായത്. സര്‍വേശ്വരാ, എന്നെ കൈവിടരുതേ, എന്‍റെ ദൈവമേ, എന്നെ വിട്ട് അകന്നുപോകരുതേ. എന്‍റെ രക്ഷകനായ സര്‍വേശ്വരാ, എന്നെ സഹായിക്കാന്‍ വേഗം വരണമേ. യെദൂഥൂന്‍ എന്ന ഗായകസംഘനേതാവിന്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] നാവുകൊണ്ടു പാപം ചെയ്യാതിരിക്കാന്‍ ഞാന്‍ എന്‍റെ ജീവിതചര്യകളെ സൂക്ഷിക്കുമെന്നും; ദുഷ്ടര്‍ അടുത്തുള്ളപ്പോള്‍ നാവിനു കടിഞ്ഞാണിടുമെന്നും ഞാന്‍ പറഞ്ഞു. ഞാന്‍ മിണ്ടാതെ മൗനംപാലിച്ചു, എന്‍റെ മൗനം നിഷ്ഫലമായിരുന്നു. എന്‍റെ വേദന വര്‍ധിച്ചുകൊണ്ടിരുന്നു. ആകുലചിന്തയാല്‍ എന്‍റെ ഹൃദയം തപിച്ചു. ചിന്തിച്ചപ്പോള്‍ എന്‍റെ ഉള്ളില്‍ തീയാളി; ഞാന്‍ മൗനം വെടിഞ്ഞു പറഞ്ഞു: “സര്‍വേശ്വരാ, എന്‍റെ ജീവിതം എന്ന് അവസാനിക്കുമെന്നും; എന്‍റെ ആയുസ്സ് എത്രയെന്നും അറിയിക്കണമേ. എന്‍റെ ആയുസ്സ് എത്ര ക്ഷണികമെന്ന് ഞാന്‍ അറിയട്ടെ.” അവിടുന്ന് എന്‍റെ ജീവിതകാലം അത്യന്തം ഹ്രസ്വമാക്കിയിരിക്കുന്നു. അവിടുന്ന് എന്‍റെ ആയുസ്സിനു വില കല്പിക്കുന്നില്ല. ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം. അവന്‍റെ ജീവിതം വെറും നിഴല്‍പോലെ, അവന്‍ ബദ്ധപ്പെടുന്നതു വെറുതെ. അവന്‍ ധനം സമ്പാദിക്കുന്നു, ആര് അനുഭവിക്കുമെന്ന് അറിയുന്നില്ല. സര്‍വേശ്വരാ, ഞാന്‍ എന്തിനായി കാത്തിരിക്കുന്നു? അവിടുന്നാണല്ലോ എന്‍റെ പ്രത്യാശ. എല്ലാ അകൃത്യങ്ങളില്‍നിന്നും എന്നെ വിടുവിക്കണമേ; എന്നെ ഭോഷന്‍റെ നിന്ദാപാത്രമാക്കരുതേ. ഞാന്‍ ഒന്നും മിണ്ടാതെ മൂകനായിരുന്നു; അങ്ങാണല്ലോ എനിക്കിങ്ങനെ വരുത്തിയത്. ഇനിയും എന്നെ ശിക്ഷിക്കരുതേ; അവിടുത്തെ ദണ്ഡനത്താല്‍ ഞാന്‍ ക്ഷയിച്ചുപോയിരിക്കുന്നു. മനുഷ്യനെ അവന്‍റെ പാപത്തിന് അവിടുന്നു ശാസിച്ചു ശിക്ഷിക്കുമ്പോള്‍ അവനു പ്രിയങ്കരമായതിനെയെല്ലാം പുഴു കരളുന്നതുപോലെ നശിപ്പിക്കുന്നു. ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം. സര്‍വേശ്വരാ, എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ; എന്‍റെ നിലവിളി ശ്രദ്ധിക്കണമേ; എന്‍റെ കണ്ണുനീര്‍ കണ്ട് ഉത്തരമരുളണമേ; എന്‍റെ പൂര്‍വപിതാക്കന്മാരെപ്പോലെ ഞാന്‍ അല്പകാലത്തേക്കു മാത്രമുള്ള അങ്ങയുടെ അതിഥിയും പരദേശിയും ആണല്ലോ. ഞാന്‍ ഇഹലോകം വിട്ടു ഇല്ലാതാകുന്നതിനു മുമ്പ് സന്തോഷം ആസ്വദിക്കാന്‍, അവിടുത്തെ തീക്ഷ്ണദൃഷ്‍ടി പിന്‍വലിക്കണമേ. ഗായകസംഘനേതാവിന്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] സര്‍വേശ്വരന്‍റെ സഹായത്തിനായി ഞാന്‍ ക്ഷമയോടെ കാത്തിരുന്നു; അവിടുന്നു ചെവി ചായിച്ച് എന്‍റെ നിലവിളി കേട്ടു. ഭയാനകമായ കുഴിയില്‍നിന്നും കുഴഞ്ഞ ചേറ്റില്‍നിന്നും അവിടുന്ന് എന്നെ പിടിച്ചുകയറ്റി. അവിടുന്ന് എന്നെ പാറമേല്‍ നിര്‍ത്തി; എന്‍റെ കാലടികള്‍ സുരക്ഷിതമാക്കി. അവിടുന്ന് എന്‍റെ അധരങ്ങളില്‍ ഒരു പുതിയ പാട്ടു നല്‌കി. നമ്മുടെ ദൈവത്തിന് ഒരു സ്തോത്രഗീതം തന്നെ. പലരും ഇതുകണ്ട് ഭയഭക്തിയോടെ സര്‍വേശ്വരനെ ആശ്രയിക്കും. സര്‍വേശ്വരനെ ശരണമാക്കുന്നവര്‍ അനുഗൃഹീതര്‍; വ്യാജദേവന്മാരെ ആരാധിക്കുന്ന ഗര്‍വിഷ്ഠരെ അവര്‍ക്ക് ആശ്രയിക്കേണ്ടിവരില്ല. എന്‍റെ ദൈവമായ സര്‍വേശ്വരാ, അവിടുന്നു ഞങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച അദ്ഭുതങ്ങളും ഞങ്ങള്‍ക്കുവേണ്ടിയുള്ള അവിടുത്തെ കരുതലും എത്ര വലുതാകുന്നു. എങ്ങനെയാണ് അവ ഞാന്‍ വര്‍ണിക്കുക; അവ അസംഖ്യമാണല്ലോ. അങ്ങേക്കു സമനായി ആരുമില്ല. യാഗവും വഴിപാടും അവിടുന്ന് ആഗ്രഹിച്ചില്ല; ഹോമയാഗവും പാപപരിഹാരയാഗവും അവിടുന്ന് ആവശ്യപ്പെട്ടില്ല. എന്നാല്‍ അവിടുന്ന് എന്‍റെ കാതുകള്‍ തുറന്നുതന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘ഇതാ ഞാന്‍ വരുന്നു, പുസ്തകച്ചുരുളില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു.’ എന്‍റെ ദൈവമേ, തിരുഹിതം നിറവേറുന്നതില്‍ ഞാന്‍ സന്തോഷിക്കും. അവിടുത്തെ കല്പനകള്‍ എനിക്കു ഹൃദിസ്ഥമാണ്. അങ്ങയെ ആരാധിക്കുന്നവരുടെ മഹാസഭയില്‍ ഞാന്‍ വിമോചനത്തിന്‍റെ സുവാര്‍ത്ത അറിയിച്ചു. അതു പറയുന്നതില്‍നിന്നു ഞാന്‍ എന്‍റെ നാവിനെ വിലക്കിയില്ല. പരമനാഥാ, അവിടുന്ന് അത് അറിയുന്നുവല്ലോ. അവിടുന്നു നല്‌കിയ വീണ്ടെടുപ്പ് ഞാന്‍ ഒളിച്ചുവച്ചില്ല. അവിടുത്തെ വിശ്വസ്തതയെയും രക്ഷയെയും ഞാന്‍ പ്രഘോഷിച്ചു. അവിടുത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും അങ്ങയെ ആരാധിക്കുന്നവരുടെ മഹാസഭയില്‍നിന്നു ഞാന്‍ മറച്ചുവച്ചില്ല. പരമനാഥാ, അവിടുത്തെ കാരുണ്യം എന്നും എന്‍റെമേല്‍ ചൊരിയണമേ. അവിടുത്തെ സുസ്ഥിരസ്നേഹവും വിശ്വസ്തതയും എന്നെ നിത്യവും സംരക്ഷിക്കട്ടെ. എണ്ണമറ്റ അനര്‍ഥങ്ങള്‍ എന്നെ ചുറ്റിയിരിക്കുന്നു; ഒന്നും കാണാന്‍ കഴിയാത്തവിധം എന്‍റെ അകൃത്യങ്ങള്‍ എന്നെ മൂടിയിരിക്കുന്നു. അവ എന്‍റെ മുടിനാരുകളെക്കാള്‍ അസംഖ്യമാണ്. എന്‍റെ ധൈര്യം ചോര്‍ന്നുപോകുന്നു. സര്‍വേശ്വരാ, എന്നെ രക്ഷിക്കാന്‍ കനിവുണ്ടാകണമേ; എന്നെ സഹായിക്കാന്‍ വേഗം വരണമേ. എന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ലജ്ജിച്ചു പരിഭ്രാന്തരാകട്ടെ; എന്‍റെ അനര്‍ഥത്തില്‍ സന്തോഷിക്കുന്നവര്‍ അപമാനത്തോടെ പിന്തിരിയട്ടെ. ‘നന്നായി, നന്നായി’ എന്നു പറഞ്ഞ് എന്നെ പരിഹസിക്കുന്നവര്‍ നാണിച്ചു സ്തബ്ധരാകട്ടെ. അങ്ങയെ അന്വേഷിക്കുന്നവരെല്ലാം അങ്ങയില്‍ ആനന്ദിക്കട്ടെ. അവിടുന്നു നല്‌കുന്ന വിമോചനത്തിനായി കാംക്ഷിക്കുന്നവര്‍ സര്‍വേശ്വരന്‍ വലിയവനെന്ന് എപ്പോഴും ഘോഷിക്കട്ടെ. ഞാന്‍ എളിയവനും ദരിദ്രനുമാണ്; എങ്കിലും സര്‍വേശ്വരനുണ്ട് എനിക്കുവേണ്ടി കരുതാന്‍; അവിടുന്നാണ് എന്‍റെ സഹായകനും വിമോചകനും എന്‍റെ ദൈവമേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ. ഗായകസംഘനേതാവിന്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] ദരിദ്രരെക്കുറിച്ച് കരുതലുള്ളവന്‍ ധന്യന്‍; അനര്‍ഥവേളകളില്‍ സര്‍വേശ്വരന്‍ അവനെ രക്ഷിക്കും. അവിടുന്ന് അവനെ പരിപാലിക്കും; അവന്‍റെ ജീവന്‍ സംരക്ഷിക്കും. അനുഗൃഹീതന്‍ എന്ന് അവന്‍ ദേശത്ത് അറിയപ്പെടും. അവിടുന്ന് അവനെ ശത്രുക്കള്‍ക്ക് വിട്ടുകൊടുക്കുകയില്ല. രോഗശയ്യയില്‍ സര്‍വേശ്വരന്‍ അവന് ആശ്വാസം നല്‌കും. അവിടുന്ന് അവനെ സുഖപ്പെടുത്തും. സര്‍വേശ്വരാ, എന്നോടു കരുണയുണ്ടാകണമേ, എനിക്കു സൗഖ്യം നല്‌കണമേ. അങ്ങേക്കെതിരെ ഞാന്‍ പാപം ചെയ്തിരിക്കുന്നുവല്ലോ. ശത്രുക്കള്‍ എന്നെക്കുറിച്ച് ‘അവന്‍ എപ്പോള്‍ മരിക്കും; എപ്പോള്‍ നാമാവശേഷനാകും’ എന്നിങ്ങനെ ഹീനമായി സംസാരിക്കുന്നു. എന്നെ കാണാന്‍ വരുന്നവര്‍ ഉള്ളില്‍ ദുഷ്ടതയോടെ പൊള്ളവാക്കുകള്‍ പറയുന്നു. അവര്‍ പുറത്തിറങ്ങി തിന്മ പറഞ്ഞു പരത്തുന്നു. എന്നെ വെറുക്കുന്നവര്‍ എന്നെക്കുറിച്ച് അടക്കംപറയുന്നു. അവര്‍ എനിക്കെതിരെ ഏറ്റവും ദോഷമായത് നിരൂപിക്കുന്നു. ‘മാരകരോഗം അവനു പിടിപെട്ടിരിക്കുന്നു. അവന്‍ ഇനി എഴുന്നേല്‌ക്കുകയില്ല’ എന്നവര്‍ പറയുന്നു. ഞാന്‍ വിശ്വാസമര്‍പ്പിച്ച് എന്‍റെ ഭക്ഷണത്തില്‍ പങ്കു നല്‌കിയ എന്‍റെ പ്രാണസ്നേഹിതന്‍ പോലും എന്നെ ചവിട്ടാന്‍ ഓങ്ങിയിരിക്കുന്നു. പരമനാഥാ, എന്നോടു കൃപ തോന്നണമേ എനിക്ക് സൗഖ്യം നല്‌കണമേ. ഞാന്‍ അവരോടു പകരം ചോദിക്കട്ടെ. ശത്രു എന്‍റെമേല്‍ വിജയം നേടാതിരുന്നതിനാല്‍; അവിടുന്ന് എന്നില്‍ പ്രസാദിച്ചിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു. എന്‍റെ നിഷ്കളങ്കത്വംമൂലം അവിടുന്നെന്നെ താങ്ങുന്നു. അവിടുത്തെ സന്നിധാനത്തില്‍ എന്നെ എന്നും നിര്‍ത്തുന്നു. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍; ഇന്നും എന്നേക്കും വാഴ്ത്തപ്പെടട്ടെ. ആമേന്‍. ഗായകസംഘനേതാവിന്; കോരഹ് പുത്രന്മാരുടെ ഗീതം [1] നീര്‍ച്ചാലുകളിലേക്കു പോകാന്‍ കാംക്ഷിക്കുന്ന മാന്‍പേടയെപ്പോലെ, ദൈവമേ, എന്‍റെ ഹൃദയം അങ്ങേക്കായി കാംക്ഷിക്കുന്നു. എന്‍റെ ഹൃദയം ദൈവത്തിനായി, ജീവിക്കുന്ന ദൈവത്തിനായിതന്നെ, ദാഹിക്കുന്നു. എപ്പോഴാണ് എനിക്ക് തിരുസന്നിധാനത്തിലെത്തി, തിരുമുഖം ദര്‍ശിക്കാന്‍ കഴിയുക? കണ്ണുനീരാണ് എനിക്കു രാപ്പകല്‍ ആഹാരം, ‘നിന്‍റെ ദൈവം എവിടെ’ എന്നു പറഞ്ഞ്, അവര്‍ നിരന്തരം എന്നെ പരിഹസിക്കുന്നു. ജനക്കൂട്ടത്തോടൊത്ത് ദേവാലയത്തിലേക്കു പോയതും സ്തോത്രഗീതങ്ങളും ആനന്ദഘോഷങ്ങളും ഉയര്‍ത്തിക്കൊണ്ട് നീങ്ങിയ തീര്‍ഥാടകരോടൊത്ത് ഞാന്‍ ദേവാലയത്തിലേക്കു നയിക്കപ്പെട്ടതും ഓര്‍ക്കുമ്പോള്‍ എന്‍റെ ഹൃദയം തകരുന്നു. എന്‍റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? എന്തിന് അസ്വസ്ഥനാകുന്നു? ദൈവത്തില്‍ പ്രത്യാശ വയ്‍ക്കുക. എന്‍റെ രക്ഷകനും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പ്രകീര്‍ത്തിക്കും. എന്‍റെ ആത്മാവ് വിഷാദിച്ചിരിക്കുന്നു. അതുകൊണ്ട് യോര്‍ദ്ദാന്‍ പ്രദേശത്തും ഹെര്‍മ്മോനിലും മിസാര്‍മലയിലും നിന്നുകൊണ്ട് ഞാന്‍ അങ്ങയെ അനുസ്മരിക്കുന്നു. അവിടുന്നു വെള്ളച്ചാട്ടങ്ങളെ ഗര്‍ജിക്കുമാറാക്കി, ആഴം ആഴത്തെ വിളിക്കുന്നു. ഓളങ്ങളും തിരമാലകളും എന്‍റെ മീതെ കടന്നുപോയി. സര്‍വേശ്വരന്‍ പകല്‍സമയത്ത് അചഞ്ചല സ്നേഹം വര്‍ഷിക്കുന്നു. രാത്രിയില്‍ ഞാന്‍ അവിടുത്തേക്ക് ഗാനം ആലപിക്കും. ദൈവത്തോടുള്ള എന്‍റെ ജീവന്‍റെ പ്രാര്‍ഥന തന്നെ. ‘അവിടുന്ന് എന്നെ മറന്നത് എന്ത്? ശത്രുക്കളുടെ പീഡനംമൂലം എനിക്കു ദുഃഖിക്കേണ്ടി വന്നതും എന്തുകൊണ്ട്’ എന്നു ഞാന്‍ എന്‍റെ അഭയശിലയായ ദൈവത്തോടു ചോദിക്കും. ‘നിന്‍റെ ദൈവം എവിടെ’ എന്ന് എന്‍റെ ശത്രുക്കള്‍ ഇടവിടാതെ ചോദിക്കുന്നു. കുത്തുവാക്കുകള്‍കൊണ്ട് അവര്‍ എന്നെ വേദനിപ്പിക്കുന്നു. എന്‍റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? എന്തിന് അസ്വസ്ഥനാകുന്നു? ദൈവത്തില്‍ പ്രത്യാശ വയ്‍ക്കുക, എന്‍റെ രക്ഷകനും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പ്രകീര്‍ത്തിക്കും. ദൈവമേ, എനിക്കു നീതി നടത്തി തരണമേ; ദൈവഭക്തിയില്ലാത്തവര്‍ക്കെതിരെ, എനിക്കുവേണ്ടി വാദിക്കണമേ. വഞ്ചകരില്‍നിന്നും നീതിരഹിതരില്‍നിന്നും എന്നെ വിടുവിക്കണമേ. എന്‍റെ അഭയസങ്കേതമായ ദൈവം അവിടുന്നാണല്ലോ. അവിടുന്നെന്നെ തള്ളിക്കളഞ്ഞിരിക്കുന്നത് എന്ത്? ശത്രുക്കളുടെ പീഡനംമൂലം എനിക്കു ദുഃഖിക്കേണ്ടിവന്നതും എന്തുകൊണ്ട്? അവിടുത്തെ പ്രകാശവും സത്യവും അയച്ചുതരണമേ. അവ എന്നെ നയിക്കട്ടെ. അവിടുത്തെ വിശുദ്ധ പര്‍വതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ തിരികെ കൊണ്ടുവരട്ടെ. അപ്പോള്‍ ഞാന്‍ ദൈവത്തിന്‍റെ യാഗപീഠത്തിലേക്ക്, എന്‍റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു ചെല്ലും. ദൈവമേ, എന്‍റെ ദൈവമേ, കിന്നരം മീട്ടി ഞാന്‍ അങ്ങയെ സ്തുതിക്കും. എന്‍റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? എന്തിന് അസ്വസ്ഥനാകുന്നു? ദൈവത്തില്‍ പ്രത്യാശ വയ്‍ക്കുക. എന്‍റെ രക്ഷകനും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പ്രകീര്‍ത്തിക്കും. ഗായകസംഘനേതാവിന്; കോരഹ് പുത്രന്മാരുടെ ഗീതം [1] ദൈവമേ, പൂര്‍വകാലത്ത് ഞങ്ങളുടെ പിതാക്കന്മാര്‍ക്കുവേണ്ടി, അവിടുന്നു ചെയ്ത പ്രവൃത്തികള്‍ അവര്‍ ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ അവ ശ്രദ്ധിച്ചു കേട്ടിട്ടുമുണ്ട്. അവിടുന്നു സ്വശക്തിയാല്‍ അന്യജനതകളെ, നിഷ്കാസനം ചെയ്തു സ്വജനത്തെ ഈ മണ്ണില്‍ നട്ടു. അന്യജനതകളെ അവിടുന്ന് പീഡിപ്പിച്ചു, എന്നാല്‍ സ്വജനത്തിന് ഐശ്വര്യം നല്‌കി. വാളുകൊണ്ടല്ല അവര്‍ ദേശം പിടിച്ചടക്കിയത്, കരബലംകൊണ്ടല്ല അവര്‍ വിജയം നേടിയത്. അങ്ങയുടെ ഭുജബലവും മുഖപ്രകാശവും ആണ് അതു സാധ്യമാക്കിയത്. അങ്ങാണ് ഞങ്ങളുടെ രാജാവും ഞങ്ങളുടെ ദൈവവും. ഇസ്രായേല്‍ജനത്തിനു വിജയം നല്‌കുന്നത് അവിടുന്നാണ്. അവിടുത്തെ ശക്തിയാല്‍ ഞങ്ങള്‍ ശത്രുക്കളെ തള്ളിയിടുന്നു. ഞങ്ങളെ എതിര്‍ക്കുന്നവരെ അവിടുത്തെ സഹായത്താല്‍ ഞങ്ങള്‍ ചവിട്ടി മെതിക്കുന്നു. വില്ലിലല്ല ഞങ്ങള്‍ ആശ്രയിക്കുന്നത്; വാളിനു ഞങ്ങളെ രക്ഷിക്കാനാവുകയില്ല. ശത്രുക്കളുടെ കൈയില്‍നിന്ന് അവിടുന്നു ഞങ്ങളെ രക്ഷിച്ചു; ഞങ്ങളെ വെറുക്കുന്നവരെ അവിടുന്നു ലജ്ജിതരാക്കി. ഞങ്ങള്‍ ദൈവത്തില്‍ എന്നും അഭിമാനം കൊള്ളുന്നു; ഞങ്ങള്‍ അങ്ങേക്കു നിരന്തരം സ്തോത്രം അര്‍പ്പിക്കുന്നു. എന്നാല്‍, ഇപ്പോള്‍ അവിടുന്നു ഞങ്ങളെ തള്ളിക്കളഞ്ഞു, ഞങ്ങളുടെമേല്‍ അപമാനം വരുത്തി. ഞങ്ങളുടെ സൈന്യങ്ങളുടെ കൂടെ വരുന്നതുമില്ല. ശത്രുക്കളുടെ മുമ്പില്‍ പലായനം ചെയ്യാന്‍ അവിടുന്നു ഞങ്ങള്‍ക്ക് ഇടയാക്കി. അവര്‍ ഞങ്ങളെ കൊള്ളയടിച്ചു. അവിടുന്നു ഞങ്ങളെ കൊല്ലാനുള്ള ആടുകളെപ്പോലെ ആക്കിയിരിക്കുന്നു. ഞങ്ങളെ ജനതകളുടെ ഇടയില്‍ ചിതറിച്ചിരിക്കുന്നു. സ്വജനത്തെ അവിടുന്നു നിസ്സാരവിലയ്‍ക്കു വിറ്റുകളഞ്ഞു; അവര്‍ക്കു വില കല്പിച്ചില്ല. അവിടുന്നു ഞങ്ങളെ അയല്‍ക്കാരുടെ അധിക്ഷേപത്തിനും ചുറ്റുമുള്ളവരുടെ അവജ്ഞയ്‍ക്കും പരിഹാസത്തിനും പാത്രമാക്കുന്നു. ജനതകളുടെ ഇടയില്‍ പഴഞ്ചൊല്ലായും അന്യജനതകളുടെ ഇടയില്‍ പരിഹാസവിഷയമായും ഞങ്ങള്‍ തീര്‍ന്നിരിക്കുന്നു. നിന്ദകരുടെയും ദൂഷകരുടെയും വാക്കുകളാലും ശത്രുക്കളുടെയും പ്രതികാരം ചെയ്യുന്നവരുടെയും നോട്ടംകൊണ്ടും ഞങ്ങള്‍ എപ്പോഴും അപമാനിക്കപ്പെടുന്നു; ലജ്ജ ഞങ്ങളെ പൊതിയുന്നു. ഞങ്ങള്‍ അങ്ങയെ മറന്നില്ല; അവിടുത്തെ ഉടമ്പടിയോട് അവിശ്വസ്തത കാട്ടിയുമില്ല. എന്നിട്ടും ഇവയെല്ലാം ഞങ്ങള്‍ക്കു സംഭവിച്ചു. ഞങ്ങള്‍ അവിടുത്തോട് അവിശ്വസ്തരാവുകയോ, അവിടുത്തെ മാര്‍ഗത്തില്‍നിന്നു വ്യതിചലിക്കുകയോ ചെയ്തില്ല. എന്നിട്ടും അവിടുന്നു ഞങ്ങളെ വന്യമൃഗങ്ങളുടെ സങ്കേതത്തില്‍വച്ചു തകര്‍ക്കപ്പെടാനും കുരിരുള്‍ ഞങ്ങളെ മൂടാനും ഇടയാക്കി. ഞങ്ങളുടെ ദൈവത്തെ ഞങ്ങള്‍ വിസ്മരിക്കുകയോ; അന്യദേവന്മാരോടു ഞങ്ങള്‍ പ്രാര്‍ഥിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, ദൈവം അത് അറിയാതിരിക്കുമോ? ഹൃദയരഹസ്യങ്ങള്‍ അവിടുന്ന് അറിയുന്നുവല്ലോ. അങ്ങയെപ്രതി ഞങ്ങള്‍ നിത്യവും വധിക്കപ്പെടുന്നു. കൊല്ലാനുള്ള ആടുകളെപ്പോലെ ഞങ്ങള്‍ എണ്ണപ്പെടുന്നു. സര്‍വേശ്വരാ, എഴുന്നേല്‌ക്കണമേ, അവിടുന്ന് ഉറങ്ങുന്നതെന്ത്? നാഥാ, ഉണരണമേ, ഞങ്ങളെ എന്നേക്കുമായി തള്ളിക്കളയരുതേ. അവിടുന്ന് ഞങ്ങളില്‍നിന്നു മറഞ്ഞിരിക്കുന്നതെന്ത്? ഞങ്ങളുടെ കഷ്ടതയും ഞങ്ങളേല്‌ക്കുന്ന പീഡനവും അവിടുന്നു മറക്കുന്നതെന്ത്? ഞങ്ങള്‍ പൂഴിയോളം താണിരിക്കുന്നു; ഞങ്ങള്‍ എഴുന്നേല്‌ക്കാനാവാത്തവിധം നിലംപതിച്ചിരിക്കുന്നു. പരമനാഥാ, ഞങ്ങളെ സഹായിക്കാന്‍ വരണമേ, അവിടുത്തെ അചഞ്ചലസ്നേഹം നിമിത്തം ഞങ്ങളെ രക്ഷിക്കണമേ. ഗായകസംഘനേതാവിന്; ലില്ലികള്‍ എന്ന രാഗത്തില്‍ കോരഹ്പുത്രന്മാരുടെ ഒരു ഗീതം. ഒരു പ്രേമഗീതം. [1] എന്‍റെ ഹൃദയം ശുഭവചനങ്ങള്‍കൊണ്ടു നിറയുന്നു. ഈ ഗാനം ഞാന്‍ രാജാവിനു സമര്‍പ്പിക്കുന്നു. എഴുതാന്‍ ഒരുങ്ങിയിരിക്കുന്ന എഴുത്തുകാരന്‍റെ തൂലികപോലെയാണ് എന്‍റെ നാവ്. മനുഷ്യരില്‍ അത്യന്തം സുന്ദരനാണ് അങ്ങ്. ഹൃദ്യവചസ്സുകള്‍ അങ്ങയുടെ അധരത്തില്‍നിന്ന് ഉതിരുന്നു; ദൈവം അങ്ങയെ എന്നേക്കുമായി അനുഗ്രഹിച്ചിരിക്കുന്നു. വീരനായ രാജാവേ, മഹത്ത്വത്തിന്‍റെയും പ്രതാപത്തിന്‍റെയും ഉടവാള്‍ ധരിക്കുക. സത്യത്തിനും നീതിയുടെ സംരക്ഷണത്തിനുമായി, പ്രതാപത്തോടെ വിജയത്തിലേക്കു മുന്നേറുക. അങ്ങയുടെ വലങ്കൈ ഭീതി പടര്‍ത്തട്ടെ. അങ്ങയുടെ കൂരമ്പുകള്‍ ശത്രുഹൃദയങ്ങള്‍ പിളര്‍ക്കട്ടെ. ജനതകള്‍ അങ്ങയുടെ കാല്‌ക്കല്‍ വീഴുന്നു. അങ്ങയുടെ ദിവ്യസിംഹാസനം ശാശ്വതമായിരിക്കും അവിടുത്തെ ചെങ്കോല്‍ നീതിയുടെ ചെങ്കോലാകുന്നു. അങ്ങ് നീതിയെ ഇഷ്ടപ്പെടുന്നു, ദുഷ്ടതയെ വെറുക്കുന്നു. അതുകൊണ്ട്-ദൈവം അങ്ങയുടെ ദൈവം- മറ്റുള്ളവരില്‍ നിന്നുയര്‍ത്തി. ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകം ചെയ്തിരിക്കുന്നു. അങ്ങയുടെ വസ്ത്രങ്ങള്‍ മൂറും ചന്ദനവും ലവംഗവുംകൊണ്ടു സുരഭിലമായിരിക്കുന്നു. ദന്തസൗധങ്ങളില്‍നിന്ന് ഒഴുകുന്ന തന്ത്രീനാദം, അങ്ങയെ ആനന്ദിപ്പിക്കുന്നു. അങ്ങയുടെ അന്തഃപുരവനിതകളില്‍ രാജകുമാരികളുണ്ട്. അങ്ങയുടെ വലത്തുവശത്ത് ഓഫീര്‍തങ്കമണിഞ്ഞ് രാജ്ഞി നില്‌ക്കുന്നു. അല്ലയോ രാജകുമാരീ, കേള്‍ക്കുക; ശ്രദ്ധിച്ചുകേള്‍ക്കുക; സ്വജനത്തെയും പിതൃഗൃഹത്തെയും മറക്കുക. അപ്പോള്‍ രാജാവ് നിന്‍റെ സൗന്ദര്യത്തില്‍ ആകൃഷ്ടനാകും; അദ്ദേഹം നിന്‍റെ നാഥനല്ലോ; അദ്ദേഹത്തെ വണങ്ങുക. സോര്‍നിവാസികള്‍ നിന്നെ പ്രീതിപ്പെടുത്താന്‍ കാഴ്ചകള്‍ അര്‍പ്പിക്കും. ധനികര്‍ എല്ലാവിധ സമ്പത്തും കാഴ്ചവയ്‍ക്കും. തങ്കക്കസവുടയാട ചാര്‍ത്തി രാജകുമാരി അന്തഃപുരത്തില്‍ ഇരിക്കുന്നു. വര്‍ണശബളമായ അങ്കി അണിയിച്ച് അവളെ രാജസന്നിധിയിലേക്ക് ആനയിക്കുന്നു. കന്യകമാരായ തോഴിമാര്‍ അവള്‍ക്ക് അകമ്പടി സേവിക്കുന്നു. ആനന്ദത്തോടും ഉല്ലാസത്തോടും അവര്‍ രാജമന്ദിരത്തില്‍ പ്രവേശിക്കുന്നു. അങ്ങയുടെ പുത്രന്മാര്‍ പിതാക്കന്മാരുടെ സ്ഥാനത്ത് അവരോധിക്കപ്പെടും; ഭൂമിയിലെങ്ങും അങ്ങ് അവരെ ഭരണാധിപതികളാക്കും. അങ്ങയുടെ പ്രവൃത്തികള്‍ എല്ലാ തലമുറകളിലും പ്രകീര്‍ത്തിക്കപ്പെടാന്‍ ഞാന്‍ ഇടയാക്കും. ജനതകള്‍ എന്നും അങ്ങയെ പുകഴ്ത്തും. ഗായകസംഘനേതാവിന്; കന്യകമാര്‍ എന്ന രാഗത്തില്‍, കോരഹ്പുത്രന്മാരുടെ ഒരു ഗീതം [1] ദൈവമാണ് നമ്മുടെ അഭയവും ബലവും; കഷ്ടതകളില്‍ അവിടുന്ന് ഏറ്റവും അടുത്ത തുണ. അതുകൊണ്ട് ഭൂമി കുലുങ്ങിയാലും പര്‍വതങ്ങള്‍ ഇളകി സമുദ്രമധ്യത്തില്‍ വീണാലും നാം ഭയപ്പെടുകയില്ല. സമുദ്രം പതഞ്ഞിരമ്പട്ടെ, അതിന്‍റെ പ്രകമ്പനംകൊണ്ടു പര്‍വതങ്ങള്‍ കുലുങ്ങട്ടെ. നാം ഭയപ്പെടുകയില്ല. ദൈവത്തിന്‍റെ നഗരത്തെ, അത്യുന്നതന്‍റെ വിശുദ്ധനിവാസത്തെതന്നെ, സന്തുഷ്ടമാക്കുന്ന ഒരു നദിയുണ്ട്. ദൈവം ആ നഗരത്തില്‍ വസിക്കുന്നു, അതു നശിക്കുകയില്ല. അതിരാവിലെതന്നെ അവിടുന്ന് അതിനെ സഹായിക്കും. ജനതകള്‍ രോഷംകൊള്ളുന്നു, രാജ്യങ്ങള്‍ പ്രകമ്പനംകൊണ്ടു. അവിടുന്ന് ശബ്ദിക്കുമ്പോള്‍ ഭൂമി ഉരുകിപ്പോകുന്നു. സര്‍വശക്തനായ സര്‍വേശ്വരന്‍ നമ്മുടെ കൂടെയുണ്ട്. യാക്കോബിന്‍റെ ദൈവം നമ്മുടെ രക്ഷാസങ്കേതം. സര്‍വേശ്വരന്‍റെ പ്രവൃത്തികള്‍ വന്നു കാണുവിന്‍, അവിടുന്നു ഭൂമിയില്‍ എത്ര വിസ്മയജനകമായ കാര്യങ്ങള്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. അവിടുന്നു ഭൂമിയില്‍ എല്ലായിടത്തും യുദ്ധങ്ങള്‍ ഇല്ലാതാക്കുന്നു. അവിടുന്ന് വില്ലൊടിക്കുന്നു, കുന്തം തകര്‍ക്കുന്നു. രഥങ്ങളെ അഗ്നിക്കിരയാക്കുന്നു. “ശാന്തരാകുവിന്‍, ഞാന്‍ ദൈവമാണെന്ന് അറിയുക, ഞാന്‍ ജനതകളുടെ ഇടയില്‍ പ്രകീര്‍ത്തിക്കപ്പെടുന്നു, ലോകമെങ്ങും പുകഴ്ത്തപ്പെടുന്നു.” സര്‍വശക്തനായ സര്‍വേശ്വരന്‍ നമ്മുടെ കൂടെയുണ്ട്. യാക്കോബിന്‍റെ ദൈവം നമ്മുടെ രക്ഷാസങ്കേതം. ഗായകസംഘ നേതാവിന്; കോരഹ് പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം. [1] ജനതകളേ, കരഘോഷം ഉയര്‍ത്തുവിന്‍, ദൈവസന്നിധിയില്‍ ആഹ്ലാദാരവം മുഴക്കുവിന്‍. അത്യുന്നതനായ സര്‍വേശ്വരന്‍ ഭീതിദനാകുന്നു. അവിടുന്നു സര്‍വലോകത്തിന്‍റെയും രാജാവാകുന്നു. അവിടുന്നു ജനതകളുടെമേല്‍ നമുക്കു വിജയം നല്‌കി. രാജ്യങ്ങളെ നമ്മുടെ കാല്‍ക്കീഴിലാക്കി. അവിടുന്നു നമ്മുടെ അവകാശഭൂമി തിരഞ്ഞെടുത്തു തന്നു. അവിടുന്നു സ്നേഹിക്കുന്ന യാക്കോബിന്‍റെ അഭിമാനകരമായ അവകാശംതന്നെ. ദൈവം ജയഘോഷത്തോടും സര്‍വേശ്വരന്‍ കാഹളനാദത്തോടും ആരോഹണം ചെയ്തിരിക്കുന്നു. ദൈവത്തിനു സ്തുതി പാടുക, സ്തുതി പാടുക. നമ്മുടെ രാജാവിന് സ്തുതി പാടുക സ്തുതി പാടുക. ദൈവം സര്‍വഭൂമിയുടെയും രാജാവാകുന്നു. സങ്കീര്‍ത്തനം പാടി അവിടുത്തെ സ്തുതിക്കുവിന്‍. ദൈവം വിശുദ്ധ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്നു. അവിടുന്നു ജനതകളെ ഭരിക്കുന്നു. അബ്രഹാമിന്‍റെ ദൈവത്തിന്‍റെ ജനത്തോടൊത്തു ജനതകളുടെ അധിപതികള്‍ ഒരുമിച്ചുകൂടുന്നു. ഭൂമിയിലെ സര്‍വഭരണാധികാരികളും ദൈവത്തിന് അധീനരാണ്. അവിടുന്നു പരമോന്നതനാണ്. ഒരു ഗാനം; കോരഹ്പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം. [1] സര്‍വേശ്വരന്‍ വലിയവനാണ്, നമ്മുടെ ദൈവത്തിന്‍റെ നഗരത്തില്‍ അവിടുന്ന് അത്യന്തം സ്തുത്യനുമാണ്. ഉയര്‍ന്ന മനോഹരമായ അവിടുത്തെ വിശുദ്ധഗിരി, സര്‍വലോകത്തിനും സന്തോഷം പകരുന്നു. അത്യുത്തരഗിരിയായ സീയോന്‍ മഹാരാജാവിന്‍റെ നഗരമാണ്. അതിന്‍റെ കോട്ടകള്‍ക്കുള്ളില്‍, ദൈവം ഇളകാത്ത രക്ഷാസങ്കേതമായി വെളിപ്പെട്ടിരിക്കുന്നു. ഇതാ, രാജാക്കന്മാര്‍ ഒരുമിച്ചുകൂടി, നഗരത്തെ ആക്രമിക്കാന്‍ വന്നു. അവര്‍ സീയോനെ കണ്ട് അമ്പരന്നു. അവര്‍ പരിഭ്രാന്തരായി ഓടിപ്പോയി. അവര്‍ ഭയവിഹ്വലരായി, ഈറ്റുനോവിനൊത്ത വേദന അവര്‍ക്കുണ്ടായി. കിഴക്കന്‍കാറ്റില്‍പ്പെട്ട് ആടിയുലയുന്ന തര്‍ശീശ് കപ്പലുകളിലെ നാവികരെപ്പോലെ അവര്‍ ഭയന്നുവിറച്ചു. സര്‍വശക്തനായ ദൈവത്തിന്‍റെ നഗരത്തില്‍, നമ്മുടെ ദൈവം എന്നെന്നേക്കുമായി സ്ഥാപിച്ച സ്വന്ത നഗരത്തില്‍തന്നെ, സംഭവിച്ചതായി കേട്ട കാര്യങ്ങളെല്ലാം ഇപ്പോള്‍ നാം നേരില്‍ കണ്ടിരിക്കുന്നു. ദൈവമേ, അവിടുത്തെ ആലയത്തില്‍വച്ച്, അങ്ങയുടെ ശാശ്വതസ്നേഹത്തെ ഞങ്ങള്‍ ധ്യാനിച്ചു. ദൈവമേ, അവിടുത്തെ കീര്‍ത്തിക്കൊത്ത്, അവിടുത്തെ സ്തുതികളും ഭൂമിയുടെ അതിര്‍ത്തിയോളം എത്തുന്നു. അവിടുത്തെ വലങ്കൈ വിജയം നിറഞ്ഞതാണ്. അവിടുത്തെ ന്യായവിധികള്‍ മൂലം സീയോനിലെ ജനം സന്തോഷിക്കട്ടെ. അങ്ങയുടെ വിധികള്‍ നിമിത്തം യെഹൂദാ നിവാസികള്‍ ആനന്ദിക്കട്ടെ. ദൈവജനമേ, സീയോനു ചുറ്റും നടന്ന് അതിന്‍റെ ഗോപുരങ്ങളെ എണ്ണുക. [13,14] അതിന്‍റെ കോട്ടകളും കൊത്തളങ്ങളും പരിശോധിക്കുക. “ഈ ദൈവം എന്നേക്കും നമ്മുടെ ദൈവം, അവിടുന്നു നമ്മെ എന്നും വഴിനടത്തും” എന്നു വരുംതലമുറയോടു പറയാന്‍ വേണ്ടിയാണിത്. ഗായകസംഘനേതാവിന്; കോരഹ്പുത്രന്മാരുടെ സങ്കീര്‍ത്തനം [1] ജനതകളേ കേള്‍ക്കുവിന്‍, ഭൂവാസികളേ ശ്രദ്ധിക്കുവിന്‍. താണവരും ഉയര്‍ന്നവരും ധനികരും ദരിദ്രരും ഒരുപോലെ ചെവികൊടുക്കുവിന്‍. ഞാന്‍ ജ്ഞാനം പ്രഘോഷിക്കും. എന്‍റെ ഹൃദയവിചാരങ്ങള്‍ വിവേകം നിറഞ്ഞതായിരിക്കും. സുഭാഷിതം ഞാന്‍ ശ്രദ്ധിക്കും; കിന്നരം മീട്ടിക്കൊണ്ട് എന്‍റെ കടങ്കഥയുടെ പൊരുള്‍ ഞാന്‍ വിവരിക്കും. വഞ്ചകരായ ശത്രുക്കള്‍ എന്നെ വലയം ചെയ്യുന്ന അനര്‍ഥകാലത്തു ഞാന്‍ ഭയപ്പെടുകയില്ല. അവര്‍ തങ്ങളുടെ ധനത്തില്‍ ആശ്രയിക്കുന്നു. ധനസമൃദ്ധിയില്‍ അവര്‍ അഹങ്കരിക്കുന്നു. തന്നെത്തന്നെ വീണ്ടെടുക്കാനോ, സ്വജീവന്‍റെ വില ദൈവത്തിനു കൊടുക്കാനോ, ആര്‍ക്കും കഴിയുകയില്ല. [8,9] എന്നേക്കും ജീവിക്കാനോ, പാതാളം കാണാതിരിക്കാനോ ആര്‍ക്കും കഴിയുകയില്ല. മനുഷ്യന്‍റെ വീണ്ടെടുപ്പുവില അത്ര വലുതാണ്. എത്ര കൊടുത്താലും അതു മതിയാകയില്ല. *** മടയനും മൂഢനും മാത്രമല്ല ജ്ഞാനിയും മരിക്കുമെന്നും; തങ്ങളുടെ സമ്പത്ത് അവര്‍ മറ്റുള്ളവര്‍ക്കായി ഉപേക്ഷിച്ചുപോകുന്നു എന്നും അവര്‍ കാണും. ദേശങ്ങള്‍ സ്വന്തപേരിലാക്കിയാലും ശവക്കുഴിയാണ് അവരുടെ നിത്യവസതി. തലമുറകളോളം അവരുടെ വാസസ്ഥലം മനുഷ്യനു പ്രതാപൈശ്വര്യത്തില്‍ നിലനില്‌ക്കാന്‍ കഴിയുകയില്ല. മൃഗങ്ങളെപ്പോലെ അവനും നശിച്ചുപോകും. വിവേകശൂന്യമായ ആത്മവിശ്വാസം പുലര്‍ത്തുന്നവരുടെ ഗതി ഇതാണ്; ധനത്തിലാശ്രയിക്കുന്നവരുടെ അവസാനം ഇതുതന്നെ. കൊല്ലാനുള്ള ആടുകളെപ്പോലെ അവര്‍ മരണത്തിനു വിധിക്കപ്പെട്ടവരാണ്. മൃത്യുവാണ് അവരുടെ ഇടയന്‍. നീതിമാന്മാര്‍ അവരുടെമേല്‍ വിജയം നേടും, അവരുടെ രൂപസൗന്ദര്യം ജീര്‍ണതയടയും. പാതാളമായിരിക്കും അവരുടെ പാര്‍പ്പിടം. എന്നാല്‍ ദൈവം എന്നെ പാതാളത്തില്‍ നിന്നു വീണ്ടെടുക്കും; അവിടുന്നെന്നെ സ്വീകരിക്കും. ഒരുവന്‍ സമ്പന്നനായാലും അവന്‍റെ ഭവനത്തിന്‍റെ മഹത്ത്വം വര്‍ധിച്ചാലും നീ അസ്വസ്ഥനാകരുത്. അവന്‍ മരിക്കുമ്പോള്‍ യാതൊന്നും കൊണ്ടുപോകയില്ല. അവന്‍റെ മഹത്ത്വം അവനെ പിന്തുടരുകയില്ല. ഐഹിക ജീവിതകാലത്തു താന്‍ ഭാഗ്യവാനാണെന്നു ഒരുവന്‍ കരുതിയാലും അവന്‍റെ ഐശ്വര്യത്തില്‍ അന്യര്‍ പ്രശംസിച്ചാലും; അവന്‍ മരിച്ചു തന്‍റെ പിതാക്കന്മാരോടു ചേരും. അവന്‍ എന്നും അന്ധകാരത്തില്‍ വസിക്കും. മനുഷ്യനു തന്‍റെ പ്രതാപത്തിലും ധനത്തിലും നിലനില്‌ക്കാന്‍ കഴിയുകയില്ല. മൃഗങ്ങളെപ്പോലെ അവന്‍ നശിച്ചുപോകും. ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം [1] സര്‍വശക്തന്‍, സര്‍വേശ്വരനായ ദൈവം അരുളിച്ചെയ്യുന്നു, കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുള്ള ഭൂമി മുഴുവനെയും അവിടുന്നു വിളിക്കുന്നു. സൗന്ദര്യത്തിന്‍റെ സമ്പൂര്‍ണതയായ സീയോനില്‍നിന്നു ദൈവം പ്രകാശിക്കുന്നു. നമ്മുടെ ദൈവം വരുന്നു, അവിടുന്നു നിശ്ശബ്ദനായിട്ടല്ല വരുന്നത്. അവിടുത്തെ മുമ്പില്‍ സംഹാരാഗ്നിയുണ്ട്. അവിടുത്തെ ചുറ്റും ശക്തമായ കൊടുങ്കാറ്റ് വീശുന്നു. സ്വജനത്തെ ന്യായം വിധിക്കുന്നതു കാണാന്‍, അവിടുന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു. “യാഗാര്‍പ്പണത്തിലൂടെ എന്നോട് ഉടമ്പടി ചെയ്ത, എന്‍റെ ഭക്തന്മാരെ എന്‍റെ അടുക്കല്‍ വിളിച്ചു കൂട്ടുവിന്‍.” ആകാശം ദൈവത്തിന്‍റെ നീതി വിളംബരം ചെയ്യുന്നു, അവിടുന്നു തന്നെയാണ് ന്യായാധിപതി. എന്‍റെ ജനമേ, ശ്രദ്ധിക്കുക, ഞാന്‍ ഇതാ സംസാരിക്കുന്നു. ഇസ്രായേലേ, ഞാന്‍ നിനക്കെതിരെ സാക്ഷ്യം നല്‌കും. ഞാന്‍ ദൈവമാണ്; നിന്‍റെ ദൈവം. നിന്‍റെ യാഗങ്ങളെച്ചൊല്ലി ഞാന്‍ നിന്നെ ശകാരിച്ചില്ല. നിന്‍റെ ഹോമയാഗങ്ങള്‍ എപ്പോഴും എന്‍റെ മുമ്പിലുണ്ട്. നിന്‍റെ കാളയെയോ നിന്‍റെ ആട്ടിന്‍പറ്റത്തില്‍ നിന്നു കോലാട്ടുകൊറ്റനെയോ എനിക്കാവശ്യമില്ല. കാട്ടിലെ സകല മൃഗങ്ങളും കുന്നുകളില്‍ മേയുന്ന ആയിരമായിരം ആടുമാടുകളും എന്‍റേതാണ്. ആകാശത്തിലെ പക്ഷികള്‍ എനിക്കുള്ളവയാണ്; വയലില്‍ സഞ്ചരിക്കുന്നവയെല്ലാം എന്‍റേതാണ്. എനിക്കു വിശന്നാല്‍ ഞാന്‍ നിന്നോടു പറയുകയില്ല. ലോകവും അതിലുള്ള സമസ്തവും എന്‍റേതാണല്ലോ. ഞാന്‍ കാളയുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്‍റെ രക്തം കുടിക്കുമോ? സ്തോത്രം ആയിരിക്കട്ടെ നീ ദൈവത്തിന് അര്‍പ്പിക്കുന്ന യാഗം. അത്യുന്നതനു നിന്‍റെ നേര്‍ച്ചകള്‍ അര്‍പ്പിക്കുക. കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാന്‍ നിന്നെ രക്ഷിക്കും, നീ എന്നെ പ്രകീര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍ ദുഷ്ടനോടു ദൈവം പറയുന്നു: എന്‍റെ കല്പനകള്‍ ഉരുവിടുന്നതെന്ത്? എന്‍റെ ഉടമ്പടിയെക്കുറിച്ചു സംസാരിക്കുന്നതെന്ത്? നീ എന്‍റെ ശിക്ഷണം വെറുക്കുന്നു, എന്‍റെ വചനം നീ പരിത്യജിക്കുന്നു. കള്ളനെ കണ്ടാല്‍ നീ അവനോടു കൂട്ടുകൂടുന്നു. വ്യഭിചാരികളോടു നീ പങ്കുചേരുന്നു. നിന്‍റെ അധരത്തില്‍ തിന്മ വിളയാടുന്നു, നിന്‍റെ നാവു വഞ്ചനയ്‍ക്കു രൂപം നല്‌കുന്നു. സഹോദരനെതിരെ നീ സംസാരിച്ചു കൊണ്ടിരിക്കുന്നു. സ്വന്തം സഹോദരനെതിരെ നീ അപവാദം പറയുന്നു. നീ ഇതെല്ലാം ചെയ്യുമ്പോള്‍ ഞാന്‍ മൗനമായിരിക്കണമോ? നിന്നെപ്പോലെയാണ് ഞാനും എന്നു നീ കരുതുന്നുവോ? ഇപ്പോള്‍ ഞാന്‍ നിന്നെ ശാസിക്കുന്നു, നിന്‍റെ കുറ്റങ്ങള്‍ നിന്‍റെ മുമ്പില്‍ നിരത്തിവയ്‍ക്കുന്നു. ദൈവത്തെ മറക്കുന്നവരേ, ഇതു ശ്രദ്ധിക്കുക, അല്ലെങ്കില്‍ ഞാന്‍ നിങ്ങളെ നശിപ്പിക്കും. രക്ഷിക്കാന്‍ ആരും ഉണ്ടായിരിക്കുകയില്ല. സ്തോത്രയാഗം അര്‍പ്പിക്കുന്നവന്‍ എന്നെ ആദരിക്കുന്നു. നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവന് ഞാന്‍ എന്‍റെ രക്ഷ കാണിച്ചുകൊടുക്കും. ഗായകസംഘനേതാവിന്; ദാവീദിന്‍റെ സങ്കീര്‍ത്തനം; ദാവീദ് ബത്ത്-ശേബയെ പ്രാപിച്ചശേഷം നാഥാന്‍പ്രവാചകന്‍ അദ്ദേഹത്തിന്‍റെ അടുത്തു ചെന്നപ്പോള്‍ പാടിയത്. [1] ദൈവമേ, അവിടുത്തെ അചഞ്ചല സ്നേഹത്തിനൊത്തവിധം എന്നോടു കനിവുണ്ടാകണമേ. അവിടുത്തെ മഹാകരുണയ്‍ക്കൊത്തവിധം എന്‍റെ പാപങ്ങള്‍ മായിച്ചുകളയണമേ. എന്‍റെ അകൃത്യങ്ങള്‍ നിശ്ശേഷം കഴുകിക്കളയണമേ, എന്‍റെ പാപം നീക്കി എന്നെ ശുദ്ധീകരിക്കണമേ. എന്‍റെ അപരാധങ്ങള്‍ ഞാനറിയുന്നു, എന്‍റെ പാപങ്ങളെക്കുറിച്ച് ഞാന്‍ എപ്പോഴും ബോധവാനാണ്. അങ്ങേക്കെതിരെ, അതേ അങ്ങേക്ക് എതിരായി തന്നെ, ഞാന്‍ പാപം ചെയ്തു. അവിടുത്തെ മുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു. നീതിയുക്തമായാണ് അവിടുന്ന് എന്നെ കുറ്റം വിധിച്ചത്. അവിടുത്തെ ന്യായവിധി കുറ്റമറ്റതുതന്നെ. ജനിച്ചനാള്‍ തൊട്ട് ഞാന്‍ പാപിയാണ്, അമ്മയുടെ ഉദരത്തില്‍ ഉളവായപ്പോള്‍ മുതല്‍തന്നെ. ഹൃദയപരമാര്‍ഥതയാണല്ലോ അവിടുന്ന് ആഗ്രഹിക്കുന്നത്. എന്‍റെ അന്തരംഗത്തില്‍ അവിടുന്ന് ജ്ഞാനം ഉപദേശിക്കണമേ. ഞാന്‍ നിര്‍മ്മലനാകാന്‍, ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കണമേ. ഞാന്‍ ഹിമത്തെക്കാള്‍ വെണ്മയുള്ളവനാകാന്‍ എന്നെ കഴുകണമേ. ആഹ്ലാദവും സന്തോഷവും എനിക്കുണ്ടാകട്ടെ. അവിടുന്നു തകര്‍ത്ത എന്‍റെ അസ്ഥികള്‍ ആനന്ദിക്കട്ടെ. എന്‍റെ സര്‍വപാപങ്ങളും ക്ഷമിക്കണമേ. എന്‍റെ അകൃത്യങ്ങള്‍ മായിച്ചുകളയണമേ. ദൈവമേ, നിര്‍മ്മലമായ ഹൃദയം എന്നില്‍ സൃഷ്‍ടിക്കണമേ, അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്ഷേപിക്കണമേ. തിരുസന്നിധിയില്‍നിന്ന് എന്നെ തള്ളിക്കളയരുതേ, അവിടുത്തെ പരിശുദ്ധാത്മാവിനെ എന്നില്‍നിന്ന് എടുത്തുകളയരുതേ. അവിടുത്തെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും നല്‌കണമേ. അങ്ങയെ അനുസരിക്കുന്ന ആത്മാവിനെ എനിക്കു നല്‌കണമേ. അവിടുത്തെ വഴികള്‍ ഞാന്‍ അധര്‍മികളെ പഠിപ്പിക്കും, അവര്‍ അങ്ങയിലേക്കു മടങ്ങിവരും. എന്‍റെ രക്ഷകനായ ദൈവമേ, രക്തപാതകത്തില്‍നിന്ന് എന്‍റെ ജീവനെ രക്ഷിക്കണമേ. അവിടുത്തെ രക്ഷയെ ഞാന്‍ ഘോഷിക്കും. സര്‍വേശ്വരാ, എന്‍റെ അധരങ്ങളെ തുറക്കണമേ. ഞാന്‍ അങ്ങയെ സ്തുതിക്കും. യാഗങ്ങളില്‍ അങ്ങു സംപ്രീതനല്ല; അല്ലെങ്കില്‍ അവ ഞാന്‍ അര്‍പ്പിക്കുമായിരുന്നു. ഹോമയാഗത്തിലും അങ്ങു പ്രസാദിക്കുന്നില്ല. അനുതാപംകൊണ്ട് ഉരുകുന്ന ഹൃദയമാണ് ദൈവത്തിനു സ്വീകാര്യമായ യാഗം. ദൈവമേ, തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ അങ്ങു നിരസിക്കുകയില്ലല്ലോ. സീയോനോടു പ്രസാദം തോന്നി നന്മ ചെയ്യണമേ. യെരൂശലേമിന്‍റെ മതിലുകളെ വീണ്ടും പണിയണമേ. അപ്പോള്‍ അവിടുന്ന് ഉചിതമായ യാഗങ്ങളിലും ഹോമയാഗങ്ങളിലും സമ്പൂര്‍ണയാഗങ്ങളിലും പ്രസാദിക്കും. അവിടുത്തെ യാഗപീഠത്തില്‍ കാളകള്‍ അര്‍പ്പിക്കപ്പെടും. ഗായകസംഘനേതാവിന്; ദാവീദിന്‍റെ ഒരു ഗീതം. ദാവീദ് അഹീമേലെക്കിന്‍റെ വീട്ടില്‍ ചെന്നെന്ന് എദോമ്യനായ ദോവേഗ് ശൗലിനോടു പറഞ്ഞപ്പോള്‍ പാടിയത്. [1] ബലവാനായ മനുഷ്യാ, ദൈവഭക്തര്‍ക്കെതിരെ ചെയ്ത ദുഷ്ടതയില്‍ നീ അഭിമാനം കൊള്ളുന്നുവോ? നീ നിരന്തരം വിനാശം നിരൂപിക്കുന്നു, വഞ്ചകാ, നിന്‍റെ നാവ് മൂര്‍ച്ചയുള്ള ക്ഷൗരക്കത്തിയാണ്. നിനക്കു നന്മയെക്കാള്‍ തിന്മയും സത്യത്തെക്കാള്‍ വ്യാജവുമാണ് ഇഷ്ടം. വഞ്ചന നിറഞ്ഞ മനുഷ്യാ, വിനാശകരമായ വാക്കുകളാണ് നിനക്കു പ്രിയം. ദൈവം നിന്നെ എന്നേക്കുമായി നശിപ്പിക്കും, നിന്‍റെ കൂടാരത്തില്‍നിന്ന് അവിടുന്നു നിന്നെ പറിച്ചെറിയും. ജീവിക്കുന്നവരുടെ ദേശത്തുനിന്നു നിന്നെ വേരോടെ പിഴുതുകളയും. നീതിമാന്മാര്‍ അതു കണ്ടു ഭയപ്പെടും; അവര്‍ അവനെ പരിഹസിച്ച് ഇങ്ങനെ പറയും: “ഇതാ, ദൈവത്തില്‍ ശരണം വയ്‍ക്കാതെ ധനസമൃദ്ധിയില്‍ മദിച്ച്, സമ്പത്തില്‍ അഭയം തേടിയവന്‍.” ദൈവത്തിന്‍റെ മന്ദിരത്തില്‍ തഴച്ചു വളരുന്ന ഒലിവുവൃക്ഷം പോലെയാണ് ഞാന്‍. അവിടുത്തെ അചഞ്ചലസ്നേഹത്തില്‍ ഞാന്‍ എന്നും ആശ്രയിക്കുന്നു. അവിടുത്തെ പ്രവൃത്തികളെ ഓര്‍ത്ത് ഞാന്‍ എപ്പോഴും സ്തോത്രം അര്‍പ്പിക്കും. അങ്ങയില്‍ ഞാന്‍ പ്രത്യാശ വയ്‍ക്കും; അവിടുത്തെ ഭക്തന്മാരുടെ മുമ്പില്‍ തിരുനാമം ഘോഷിക്കും; അത് ഉചിതമല്ലോ. ഗായകസംഘനേതാവിന്; മഹലത്‍രാഗത്തില്‍ ദാവീദിന്‍റെ ഒരു ഗീതം [1] ‘ദൈവം ഇല്ല’ എന്നു മൂഢന്‍ തന്‍റെ ഹൃദയത്തില്‍ പറയുന്നു. മ്ലേച്ഛകൃത്യങ്ങള്‍ ചെയ്ത് അവര്‍ വഷളന്മാരായിത്തീര്‍ന്നിരിക്കുന്നു. നന്മ ചെയ്യുന്നവന്‍ ആരുമില്ല. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോയെന്ന് അറിയാന്‍, ദൈവം സ്വര്‍ഗത്തില്‍നിന്നു മനുഷ്യരെ നോക്കുന്നു. എല്ലാവരും വഴിതെറ്റി, ഒരുപോലെ വഷളന്മാരായിരിക്കുന്നു; നന്മ ചെയ്യുന്നവന്‍ ഇല്ല, ഒരുവന്‍ പോലുമില്ല. എന്താണ് ചെയ്യുന്നതെന്ന് ഈ ദുര്‍വൃത്തര്‍ക്ക് അറിഞ്ഞുകൂടേ? അപ്പം തിന്നുന്നതുപോലെ അവര്‍ എന്‍റെ ജനത്തെ തിന്നൊടുക്കുന്നു. അവര്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നില്ല. എന്നാല്‍ അവര്‍ ഭയന്നു വിറകൊള്ളും. ഇന്നോളം അറിഞ്ഞിട്ടില്ലാത്ത സംഭ്രാന്തി അവര്‍ക്കുണ്ടാകും. ദൈവം, നിങ്ങള്‍ക്കെതിരെ പാളയമടിച്ചവരുടെ അസ്ഥികള്‍ ചിതറിക്കും. അവര്‍ ലജ്ജിതരാകും, ദൈവം അവരെ തള്ളിക്കളഞ്ഞിരിക്കുന്നു. ഇസ്രായേലിന്‍റെ മോചനം സീയോനില്‍നിന്നു വന്നെങ്കില്‍! ദൈവം തന്‍റെ ജനത്തിന്‍റെ ഐശ്വര്യം പുനഃസ്ഥാപിക്കുമ്പോള്‍, യാക്കോബിന്‍റെ സന്തതികള്‍ സന്തോഷിക്കും. ഇസ്രായേല്‍ജനം ആനന്ദിക്കും. ഗായകസംഘനേതാവിന്; തന്ത്രിനാദത്തോടെ ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. ദാവീദ് തങ്ങളുടെ അടുക്കല്‍ ഒളിച്ചിരിക്കുന്നുവെന്ന് സീഫ്യര്‍ ചെന്നു ശൗലിനോടു പറഞ്ഞപ്പോള്‍ പാടിയത്. [1] ദൈവമേ, തിരുനാമത്താല്‍ എന്നെ രക്ഷിക്കണമേ; അവിടുത്തെ ശക്തിയാല്‍ എനിക്കു നീതി നടത്തിത്തരണമേ. ദൈവമേ, എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ, എന്‍റെ യാചന ശ്രദ്ധിക്കണമേ. അഹങ്കാരികള്‍ എനിക്കെതിരെ വരുന്നു, നിഷ്ഠുരന്മാര്‍ എന്നെ അപായപ്പെടുത്താന്‍ നോക്കുന്നു. അവര്‍ക്കു ദൈവബോധമില്ല. എന്നാല്‍, ദൈവമാണെന്‍റെ സഹായകന്‍. സര്‍വേശ്വരന്‍ എന്‍റെ ജീവന്‍ സംരക്ഷിക്കുന്നു. അവിടുന്ന് എന്‍റെ ശത്രുക്കളെ, അവരുടെ തിന്മകൊണ്ടുതന്നെ ശിക്ഷിക്കും. അവിടുന്ന് അവരെ നശിപ്പിക്കും, അവിടുന്നു വിശ്വസ്തനാണല്ലോ. സന്തോഷത്തോടെ ഞാന്‍ അങ്ങേക്കു യാഗമര്‍പ്പിക്കും, സര്‍വേശ്വരാ, ഞാന്‍ അങ്ങേക്കു സ്തോത്രം അര്‍പ്പിക്കും. അവിടുന്നു നല്ലവനാണല്ലോ. അവിടുന്ന് എന്നെ എല്ലാ കഷ്ടതകളില്‍നിന്നും വിടുവിച്ചു. എന്‍റെ ശത്രുക്കളുടെ പരാജയം ഞാന്‍ നേരില്‍ കണ്ടുവല്ലോ. ഗായകസംഘനേതാവിന്; തന്ത്രിനാദത്തോടെ ദാവീദിന്‍റെ ഒരു ഗീതം. [1] ദൈവമേ, എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ; ഞാന്‍ അപേക്ഷിക്കുമ്പോള്‍ മുഖം മറയ്‍ക്കരുതേ. എന്‍റെ പ്രാര്‍ഥന കേട്ട് ഉത്തരമരുളിയാലും, കഷ്ടതകള്‍ മൂലം ഞാന്‍ അസ്വസ്ഥനായിരിക്കുന്നു. ശത്രുവിന്‍റെ അട്ടഹാസവും ദുഷ്ടരുടെ പീഡനവും എന്നെ പരിഭ്രാന്തനാക്കുന്നു. അവര്‍ എന്നെ ദ്രോഹിക്കുന്നു, കോപത്തോടെ എന്നെ ആക്രമിക്കുന്നു. എന്‍റെ ഹൃദയം വേദനകൊണ്ടു പിടയുന്നു; മരണഭീതി എന്നെ പിടികൂടിയിരിക്കുന്നു. ഭീതിയും വിറയലും എന്നെ പിടിച്ചിരിക്കുന്നു പരിഭ്രാന്തി എന്നെ മൂടുന്നു. പ്രാവിനെപ്പോലെ ചിറകുകള്‍ ഉണ്ടായിരുന്നെങ്കില്‍, എന്നു ഞാനാശിച്ചു. എങ്കില്‍ ഞാന്‍ പറന്നുപോയി വിശ്രമിക്കുമായിരുന്നു. ഞാന്‍ വിദൂരത്തേക്കു പറന്നുപോയി മരുഭൂമിയില്‍ പാര്‍ക്കുമായിരുന്നു. കൊടുങ്കാറ്റില്‍നിന്നും ചുഴലിക്കാറ്റില്‍നിന്നും അകന്ന്; ഒരു അഭയസ്ഥാനം കണ്ടെത്തുമായിരുന്നു. സര്‍വേശ്വരാ, അവരുടെ ആലോചനകളെ വ്യര്‍ഥമാക്കണമേ. അവരുടെ ഭാഷകളെ ഭിന്നിപ്പിക്കണമേ; നഗരത്തില്‍ ഞാന്‍ അക്രമവും കലാപവും കാണുന്നു. രാവും പകലും അവര്‍ അതിന്‍റെ മതിലുകളുടെ മുകളില്‍ ചുറ്റിനടക്കുന്നു. അതിനുള്ളില്‍ ദുഷ്കൃത്യങ്ങളും കുഴപ്പങ്ങളുമാണ്. അതിനുള്ളില്‍ വിനാശം വിതയ്‍ക്കുന്ന അക്രമികളുമുണ്ട്. പീഡനവും വഞ്ചനയും അതിന്‍റെ വീഥികളില്‍ നിറഞ്ഞിരിക്കുന്നു. ശത്രുവാണ് എന്നെ നിന്ദിച്ചതെങ്കില്‍ ഞാന്‍ സഹിക്കുമായിരുന്നു. എതിരാളിയാണ് എന്നോടു ധിക്കാരം കാണിച്ചതെങ്കില്‍, ഞാന്‍ അവരില്‍നിന്നു മാറി നില്‌ക്കുമായിരുന്നു. എന്നാല്‍ നീയാണ്, എനിക്കു സമനും എന്‍റെ ഉറ്റസ്നേഹിതനുമായിരുന്ന നീയാണ്, എന്നോട് അങ്ങനെ പ്രവര്‍ത്തിച്ചത്. നമ്മള്‍ സ്വൈരഭാഷണത്തില്‍ മുഴുകിയിട്ടില്ലേ? നമ്മള്‍ ഒരുമിച്ചല്ലേ ദേവാലയത്തിലേക്കു പോയിരുന്നത്? മരണം അവരെ പിടികൂടട്ടെ; അവര്‍ ജീവനോടെ പാതാളത്തില്‍ പതിക്കട്ടെ. അവരുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും ദുഷ്ടത കുടികൊള്ളുന്നു. ഞാന്‍ സര്‍വേശ്വരനായ ദൈവത്തെ വിളിച്ചപേക്ഷിക്കും. അവിടുന്ന് എന്നെ വിടുവിക്കും. ഞാന്‍ രാവിലെയും ഉച്ചയ്‍ക്കും വൈകുന്നേരവും എന്‍റെ സങ്കടം ബോധിപ്പിച്ചുകരയും. അവിടുന്ന് എന്‍റെ സ്വരം കേള്‍ക്കും. അനേകര്‍ എനിക്കെതിരെ അണിനിരന്നിരിക്കുന്നു; ഈ യുദ്ധത്തില്‍ അവിടുന്നെന്നെ കാത്തുകൊള്ളും. ആദിമുതലേ സിംഹാസനസ്ഥനായ ദൈവം എന്‍റെ പ്രാര്‍ഥന കേട്ട്, അവരെ പരാജയപ്പെടുത്തും. അവര്‍ ദുഷ്ടതയെ കൈവിടുന്നില്ലല്ലോ, അവര്‍ക്കു ദൈവഭയവുമില്ല. എന്‍റെ സ്നേഹിതന്‍ തന്‍റെ സുഹൃത്തുക്കളുടെ നേരേ കൈ ഉയര്‍ത്തി. അവന്‍ ഉടമ്പടി ലംഘിച്ചു. അവന്‍റെ സംസാരം വെണ്ണയെക്കാള്‍ മൃദുവായിരുന്നു. എന്നാല്‍ അവന്‍റെ ഹൃദയത്തില്‍ വിദ്വേഷം നിറഞ്ഞു നിന്നിരുന്നു. അവന്‍റെ വാക്കുകള്‍ എണ്ണയെക്കാള്‍ മയമുള്ളതായിരുന്നു. എന്നാല്‍ അത് ഊരിയ വാളായിരുന്നു. നിന്‍റെ ഭാരം സര്‍വേശ്വരനെ ഏല്പിക്കുക, അവിടുന്നു നിന്നെ പോറ്റിപ്പുലര്‍ത്തും. നീതിമാന്‍ കുലുങ്ങാന്‍ അവിടുന്ന് ഒരിക്കലും അനുവദിക്കുകയില്ല. ദൈവമേ, അവിടുന്നു കൊലപാതകികളെയും വഞ്ചകരെയും പാതാളത്തിലേക്കു തള്ളിയിട്ടു. അവര്‍ ആയുസ്സിന്‍റെ പകുതിപോലും തികയ്‍ക്കുകയില്ല. എന്നാല്‍ ഞാന്‍ അങ്ങയില്‍ ആശ്രയിക്കും. ഗായകസംഘനേതാവിന്; വിദൂരതയിലെ മിണ്ടാപ്രാവ് എന്ന രാഗത്തില്‍; ദാവീദിന്‍റെ ഗീതം. ഗത്തില്‍വച്ചു ഫെലിസ്ത്യര്‍ പിടികൂടിയപ്പോള്‍ പാടിയത്. [1] ദൈവമേ, എന്നോടു കരുണയുണ്ടാകണമേ; മനുഷ്യര്‍ എന്നെ ചവിട്ടിമെതിക്കുന്നു. എന്‍റെ ശത്രുക്കള്‍ എന്നെ നിരന്തരം പീഡിപ്പിക്കുന്നു. ശത്രുക്കള്‍ എപ്പോഴും എന്നെ ചവിട്ടി മെതിക്കുന്നു. എന്നോടു ഗര്‍വോടെ പോരാടുന്നവര്‍ അസംഖ്യമാണല്ലോ. ഭയം ബാധിക്കുമ്പോള്‍ ഞാന്‍ അങ്ങയില്‍ ആശ്രയിക്കുന്നു. ഞാന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു; ഞാന്‍ ഭയപ്പെടുകയില്ല. ഞാന്‍ അവിടുത്തെ വചനത്തെ പ്രകീര്‍ത്തിക്കും. മര്‍ത്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും? ശത്രുക്കള്‍ എപ്പോഴും എന്നെ ദ്രോഹിക്കുന്നു. എന്നെ എങ്ങനെ ഉപദ്രവിക്കാമെന്നാണ് എപ്പോഴും അവരുടെ ചിന്ത. അവര്‍ കൂട്ടം കൂടി പതിയിരിക്കുന്നു. എന്‍റെ എല്ലാ നീക്കങ്ങളും അവര്‍ നിരീക്ഷിക്കുന്നു. എന്നെ അപായപ്പെടുത്താന്‍ അവര്‍ തക്കംനോക്കുന്നു. ഇത്ര വളരെ അനീതി ചെയ്തിട്ടും അവര്‍ രക്ഷപെടുമോ? ദൈവമേ, രോഷത്തോടെ അവരെ തകര്‍ക്കണമേ. എന്‍റെ ദുരിതങ്ങള്‍ അവിടുന്ന് എണ്ണിയിട്ടുണ്ട്. എന്‍റെ കണ്ണുനീര്‍ അവിടുത്തെ തുരുത്തിയില്‍ സംഭരിച്ചിട്ടുണ്ട്. അവയുടെ കണക്ക് അങ്ങയുടെ പുസ്തകത്തില്‍ ഉണ്ടല്ലോ? ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോള്‍, എന്‍റെ ശത്രുക്കള്‍ പിന്തിരിയും, ദൈവം എന്‍റെ പക്ഷത്താണെന്ന് എനിക്കറിയാം. ഞാന്‍ ദൈവത്തിന്‍റെ വചനം പ്രകീര്‍ത്തിക്കുന്നു, അതേ, ഞാന്‍ സര്‍വേശ്വരന്‍റെ വചസ്സുകളെ പ്രകീര്‍ത്തിക്കുന്നു. ഞാന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു; ഞാന്‍ ഭയപ്പെടുകയില്ല. മര്‍ത്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും? ദൈവമേ, ഞാന്‍ അങ്ങേക്കുള്ള നേര്‍ച്ചകള്‍ നിറവേറ്റും, ഞാന്‍ അവിടുത്തേക്കു സ്തോത്രയാഗം അര്‍പ്പിക്കും. അവിടുന്ന് എന്‍റെ ജീവനെ മരണത്തില്‍നിന്നും എന്‍റെ കാലുകളെ വീഴ്ചയില്‍നിന്നും രക്ഷിച്ചല്ലോ. അതുകൊണ്ടു ഞാന്‍ തിരുസന്നിധിയില്‍ ജീവന്‍റെ പ്രകാശത്തില്‍തന്നെ നടക്കും. ഗായകസംഘ നേതാവിന്; നശിപ്പിക്കരുതേ എന്ന രാഗത്തില്‍ ദാവീദിന്‍റെ ഗീതം. ശൗലിന്‍റെ മുമ്പില്‍നിന്ന് ഓടിപ്പോയപ്പോള്‍ ഗുഹയില്‍ വച്ചു പാടിയത്. [1] എന്നോടു കരുണയുണ്ടാകണമേ, ദൈവമേ, എന്നോടു കരുണയുണ്ടാകണമേ. അങ്ങയില്‍ ഞാന്‍ അഭയംതേടുന്നു. വിനാശത്തിന്‍റെ കൊടുങ്കാറ്റു ശമിക്കുവോളം ഞാന്‍ അവിടുത്തെ ചിറകിന്‍കീഴില്‍ അഭയം പ്രാപിക്കുന്നു. അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു. എന്‍റെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ദൈവത്തെതന്നെ; അവിടുന്ന് സ്വര്‍ഗത്തില്‍നിന്ന് ഉത്തരമരുളി എന്നെ രക്ഷിക്കും. എന്നെ ചവിട്ടി മെതിക്കുന്നവരെ അവിടുന്നു ലജ്ജിപ്പിക്കും. ദൈവം അവിടുത്തെ സുസ്ഥിരസ്നേഹവും വിശ്വസ്തതയും എന്നോടു കാട്ടും. മനുഷ്യരെ ആര്‍ത്തിയോടെ വിഴുങ്ങുന്ന സിംഹങ്ങളുടെ നടുവിലാണു ഞാന്‍. അവരുടെ പല്ലുകള്‍ കുന്തങ്ങളും അസ്ത്രങ്ങളുമാണ്. അവരുടെ നാവുകള്‍ മൂര്‍ച്ചയുള്ള വാളുകളാണ്. ദൈവമേ, അവിടുത്തെ മഹത്ത്വം ആകാശത്തിലെങ്ങും വെളിപ്പെടുത്തണമേ. അവിടുത്തെ തേജസ്സ് ഭൂമിയിലെങ്ങും വ്യാപിക്കട്ടെ. എന്‍റെ ശത്രുക്കള്‍ എന്നെ പിടിക്കാന്‍ വലവിരിച്ചു. എന്‍റെ മനസ്സ് ഇടിഞ്ഞിരിക്കുന്നു. അവര്‍ എന്‍റെ വഴിയില്‍ കുഴി കുഴിച്ചു. എന്നാല്‍ അവര്‍തന്നെ അതില്‍ വീണു. എന്‍റെ മനസ്സ് ഉറച്ചിരിക്കുന്നു. ദൈവമേ, എന്‍റെ മനസ്സ് ഉറച്ചിരിക്കുന്നു. ഞാന്‍ അങ്ങയെ പാടി സ്തുതിക്കും. എന്‍റെ ആത്മാവേ, ഉണരുക. വീണാനാദവും കിന്നരധ്വനിയും ഉയരട്ടെ. ഞാന്‍ അതിരാവിലെ ഉണരും. സര്‍വേശ്വരാ, ജനതകളുടെ മധ്യേ ഞാന്‍ അങ്ങയെ വാഴ്ത്തും. ജാതികളുടെ മധ്യേ ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കും. അവിടുത്തെ അചഞ്ചലസ്നേഹം ആകാശത്തോളവും അവിടുത്തെ വിശ്വസ്തത മേഘങ്ങളോളവും ഉന്നതമാണ്. ദൈവമേ, അവിടുത്തെ മഹത്ത്വം ആകാശത്തിലെങ്ങും വെളിപ്പെടുത്തണമേ. അവിടുത്തെ തേജസ്സ് ഭൂമിയിലെങ്ങും വ്യാപിക്കട്ടെ. ഗായകസംഘനേതാവിന്, നശിപ്പിക്കരുതേ എന്ന രാഗത്തില്‍; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] ശക്തരായ പ്രഭുക്കന്മാരേ, നിങ്ങളുടെ വിധി നീതിനിഷ്ഠമോ? നിങ്ങള്‍ നീതിപൂര്‍വമാണോ മനുഷ്യരെ വിധിക്കുന്നത്? നിങ്ങള്‍ ഹൃദയത്തില്‍ ദുഷ്ടത നിരൂപിക്കുന്നു, നിങ്ങള്‍ ദേശത്ത് അക്രമങ്ങള്‍ അഴിച്ചുവിടുന്നു. ദുഷ്ടര്‍ ജനനം മുതലേ വ്യാജം പറയുന്നു. ഉരുവാകുമ്പോള്‍ മുതല്‍ അവര്‍ വഴിപിഴയ്‍ക്കുന്നു. അവര്‍ക്ക് സര്‍പ്പത്തിന്‍റേതുപോലെ വിഷമുണ്ട്. അണലിയെപ്പോലെ ബധിരരാണവര്‍. പാമ്പാട്ടിയുടെ സ്വരമോ മന്ത്രവാദിയുടെ മന്ത്രമോ അതു കേള്‍ക്കുന്നില്ല. ദൈവമേ, അവരുടെ പല്ലു പിഴുതു കളയണമേ, സര്‍വേശ്വരാ, ഈ ക്രൂരസിംഹങ്ങളുടെ പല്ലു തകര്‍ത്തുകളയണമേ. ഒഴുകിപ്പോകുന്ന വെള്ളംപോലെ അവര്‍ അപ്രത്യക്ഷരാകട്ടെ. ചവിട്ടിമെതിക്കപ്പെട്ട പുല്ലുപോലെ അവര്‍ വാടിപ്പോകട്ടെ. അലിഞ്ഞില്ലാതാകുന്ന ഒച്ചുപോലെയാകട്ടെ അവര്‍. അവര്‍ സൂര്യപ്രകാശം കാണാന്‍ ഇടവരാത്ത, ചാപിള്ളപോലെ ആയിത്തീരട്ടെ. നിങ്ങളുടെ കലം ചൂടാകുന്നതിനു മുമ്പേ ചുള്ളിവിറകുകള്‍, പച്ചയും എരിയുന്നതും ഒരുപോലെ അവിടുന്നു വാരിക്കളയും. ദുഷ്ടനു ലഭിക്കുന്ന ശിക്ഷ കണ്ട് നീതിമാന്‍ സന്തോഷിക്കും. അവന്‍ ദുഷ്ടന്മാരുടെ രക്തത്തില്‍ കാല്‍ മുക്കും. “നീതിമാനു പ്രതിഫലം ലഭിക്കും നിശ്ചയം. ഭൂമിയില്‍ ന്യായം വിധിക്കുന്ന ഒരു ദൈവം ഉണ്ട് സംശയമില്ല” എന്ന് എല്ലാവരും പറയും. ഗായകസംഘനേതാവിന്; നശിപ്പിക്കരുതേ എന്ന രാഗത്തില്‍, ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. തന്നെ വധിക്കാന്‍ ശൗല്‍ ആളുകളെ അയച്ചപ്പോള്‍ ദാവീദ് പാടിയത്. [1] എന്‍റെ ദൈവമേ, ശത്രുക്കളില്‍നിന്ന് എന്നെ രക്ഷിക്കണമേ, എന്നെ ആക്രമിക്കുന്നവരില്‍നിന്ന് എന്നെ സംരക്ഷിക്കണമേ. ദുഷ്കര്‍മികളില്‍നിന്ന് എന്നെ വിടുവിക്കണമേ. കൊലപാതകികളില്‍നിന്ന് എന്നെ കാത്തുകൊള്ളണമേ. ഇതാ, എന്നെ കൊല്ലുവാനായി അവര്‍ പതിയിരിക്കുന്നു, കരുത്തരായ ശത്രുക്കള്‍ എനിക്കെതിരെ ഒരുമിച്ചു കൂടിയിരിക്കുന്നു, സര്‍വേശ്വരാ, എന്‍റെ അകൃത്യമോ പാപമോ കൊണ്ടല്ല, എന്‍റെ തെറ്റുകള്‍ കൊണ്ടുമല്ല, അവര്‍ പാഞ്ഞുവന്ന് എനിക്കെതിരെ നിലയുറപ്പിക്കുന്നത്, ദൈവമേ, എഴുന്നേല്‌ക്കണമേ, എന്നെ സഹായിക്കാന്‍ വരണമേ, എന്നെ തൃക്കണ്‍പാര്‍ക്കണമേ. സൈന്യങ്ങളുടെ ദൈവമായ സര്‍വേശ്വരാ, അവിടുന്ന് ഇസ്രായേലിന്‍റെ ദൈവം അല്ലേ? അന്യജനതകളെ ശിക്ഷിക്കാന്‍ എഴുന്നേല്‌ക്കണമേ. ദുഷ്ടരായ ആ വഞ്ചകരോട് ഒട്ടും ദയ കാട്ടരുതേ. സന്ധ്യാസമയത്ത് അവര്‍ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുകൊണ്ട് അവര്‍ നഗരത്തില്‍ ചുറ്റിനടക്കുന്നു. അവര്‍ അസഭ്യം ചൊരിയുന്നു; വാളുകള്‍ പോലെയാണ് അവരുടെ വാക്കുകള്‍. തങ്ങള്‍ ചെയ്യുന്നത് ആരും അറിയുകയില്ലെന്ന് അവര്‍ കരുതുന്നു. സര്‍വേശ്വരാ, അവിടുന്ന് അവരെ നോക്കി ചിരിക്കുന്നു. അവിടുന്ന് അന്യജനതകളെയെല്ലാം പരിഹസിക്കുന്നു. എന്‍റെ ബലമായ ദൈവമേ, ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു. അവിടുന്നാണെന്‍റെ അഭയസങ്കേതം. എന്‍റെ ദൈവം സ്നേഹത്തോടെ എന്നെ സന്ദര്‍ശിക്കും, എന്‍റെ ശത്രുക്കളുടെ പരാജയം കാണാന്‍ അവിടുന്ന് എനിക്ക് ഇടയാക്കും. അവരെ കൊന്നുകളയരുതേ, അല്ലെങ്കില്‍ എന്‍റെ ജനം അങ്ങയെ മറന്നുകളയും. ഞങ്ങളുടെ പരിചയായ സര്‍വേശ്വരാ, അവിടുത്തെ ശക്തിയാല്‍ അവരെ ചിതറിച്ചു തോല്പിക്കണമേ. അഹങ്കാരികളായ അവര്‍ തങ്ങളുടെ അധരങ്ങളിലെ പാപം നിമിത്തം, വായിലെ വാക്കുകള്‍ നിമിത്തം കെണിയില്‍ കുടുങ്ങട്ടെ. അവര്‍ ചൊരിയുന്ന ശാപവും ഭോഷ്ക്കും മൂലം, ഉഗ്രരോഷത്തോടെ അവരെ സംഹരിക്കണമേ. അവിടുന്ന് അവരെ ഉന്മൂലനം ചെയ്യണമേ. അങ്ങനെ ദൈവം ഇസ്രായേലിനെ ഭരിക്കുന്നു എന്ന്; ഭൂമിയുടെ അതിരുകളോളം എല്ലാവരും അറിയട്ടെ. സന്ധ്യാസമയത്ത് അവര്‍ മടങ്ങിവരുന്നു, നായെപ്പോലെ കുരച്ചുകൊണ്ട് അവര്‍ നഗരത്തില്‍ ചുറ്റി നടക്കുന്നു. അവര്‍ ആഹാരത്തിനുവേണ്ടി ചുറ്റിത്തിരിയുന്നു. വയറു നിറയാതെ വരുമ്പോള്‍ അവര്‍ മുറുമുറുക്കുന്നു. എന്നാല്‍ ഞാന്‍ അങ്ങയുടെ ബലത്തെ പ്രകീര്‍ത്തിക്കും, പുലര്‍കാലത്ത് അവിടുത്തെ അചഞ്ചല സ്നേഹത്തെ ഞാന്‍ പ്രഘോഷിക്കും. എന്‍റെ കഷ്ടകാലത്ത് അവിടുന്ന് എന്‍റെ കോട്ടയും അഭയസങ്കേതവും ആയിരുന്നു. എന്‍റെ ബലമായ ദൈവമേ, ഞാന്‍ അങ്ങേക്കു സ്തുതി പാടും, അവിടുന്ന് എന്നോട് അചഞ്ചലസ്നേഹം കാട്ടുന്നു. ദൈവമേ, അവിടുന്നാണ് എന്‍റെ അഭയസങ്കേതം. ഗായകസംഘനേതാവിന്; സാക്ഷ്യസാരസം എന്ന രാഗത്തില്‍, ദാവീദിന്‍റെ ഒരു പ്രബോധനഗീതം. യോവാബ് മെസൊപ്പൊത്താമ്യയിലെയും സോബയിലെയും സിറിയാക്കാരോടു യുദ്ധം ചെയ്യുകയും മടക്കയാത്രയില്‍ പന്തീരായിരം എദോമ്യരെ ഉപ്പുതാഴ്വരയില്‍വച്ച് വധിക്കുകയും ചെയ്തപ്പോള്‍ പാടിയത്. [1] ദൈവമേ, അവിടുന്നു ഞങ്ങളെ പരിത്യജിച്ചിരിക്കുന്നു. ഞങ്ങളുടെ പ്രതിരോധനിര തകര്‍ത്തിരിക്കുന്നു. അവിടുന്ന് ഞങ്ങളോടു കോപിച്ചിരിക്കുന്നു. നാഥാ, ഞങ്ങളെ പുനഃസ്ഥാപിക്കണമേ. അവിടുന്നു ദേശത്തെ വിറപ്പിച്ചു; അവിടുന്ന് അതിനെ പിളര്‍ന്നിരിക്കുന്നു. അതു തകര്‍ന്നുവീഴാറായിരിക്കുന്നു. അതിന്‍റെ വിള്ളലുകള്‍ അടയ്‍ക്കണമേ. അവിടുന്നു സ്വജനത്തെ കഠിനദുരിതത്തിന് ഇരയാക്കി, അവിടുന്നു ഞങ്ങള്‍ക്കു പരിഭ്രാന്തിയുടെ വീഞ്ഞു പകര്‍ന്നുതന്നു. ശത്രുവിന്‍റെ വില്ലില്‍നിന്നു രക്ഷപെടാന്‍ തന്‍റെ ഭക്തര്‍ക്ക് അടയാളമായി, അവിടുന്ന് ഒരു കൊടി ഉയര്‍ത്തിയിരിക്കുന്നു. അവിടുത്തെ വലങ്കൈയാല്‍ ഞങ്ങളെ രക്ഷിക്കണമേ; ഞങ്ങളുടെ പ്രാര്‍ഥനയ്‍ക്ക് ഉത്തരം അരുളിയാലും; അങ്ങനെ അവിടുന്നു സ്നേഹിക്കുന്ന ജനം വിടുവിക്കപ്പെടട്ടെ. ദൈവം അവിടുത്തെ വിശുദ്ധമന്ദിരത്തില്‍നിന്ന് അരുളിച്ചെയ്തിരിക്കുന്നു. വിജയാഹ്ലാദത്തോടെ ഞാന്‍ ശെഖേം പട്ടണം വിഭജിക്കും. സുക്കോത്ത് താഴ്വര എന്‍റെ ജനത്തിനു ഞാന്‍ അളന്നുകൊടുക്കും. ഗിലെയാദുദേശം എന്‍റേതാണ്. മനശ്ശെയും എനിക്കുള്ളത്. എഫ്രയീം എന്‍റെ പടത്തൊപ്പിയും യെഹൂദാ എന്‍റെ ചെങ്കോലുമാണ്. മോവാബ് എന്‍റെ ക്ഷാളനപാത്രം, എദോമിന്മേല്‍ ഞാന്‍ എന്‍റെ ചെരുപ്പെറിയും. ഫെലിസ്ത്യദേശത്തിന്‍റെമേല്‍ ഞാന്‍ ജയഘോഷംകൊള്ളും. ദൈവമേ, കോട്ട കെട്ടി ഉറപ്പിച്ച നഗരത്തിലേക്ക് എന്നെ ആര്‍ കൊണ്ടുപോകും? എദോമിലേക്ക് ആരെന്നെ നയിക്കും? ദൈവമേ, അവിടുന്നു ഞങ്ങളെ കൈവെടിഞ്ഞിരിക്കുന്നുവോ? അവിടുന്നു ഞങ്ങളുടെ സൈന്യങ്ങളോടുകൂടി വരുന്നില്ലല്ലോ. ശത്രുവിനെ നേരിടുന്നതിനു ഞങ്ങളെ സഹായിക്കണമേ, മനുഷ്യന്‍റെ സഹായം വ്യര്‍ഥമാണല്ലോ. ദൈവത്തോടൊത്തു ഞങ്ങള്‍ സുധീരം പോരാടും, അവിടുന്നു ഞങ്ങളുടെ വൈരികളെ ചവിട്ടിമെതിക്കും. ഗായകസംഘനേതാവിന്, തന്ത്രിനാദത്തോടെ ദാവീദിന്‍റെ സങ്കീര്‍ത്തനം. [1] ദൈവമേ, എന്‍റെ നിലവിളി കേള്‍ക്കണമേ; എന്‍റെ പ്രാര്‍ഥന ശ്രദ്ധിക്കണമേ, ആശയറ്റ ഞാന്‍ ഭൂമിയുടെ അറ്റത്തുനിന്ന്, അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; സുരക്ഷിതമായ പാറയില്‍ എന്നെ നിര്‍ത്തണമേ. അവിടുന്നാണ് എന്‍റെ അഭയം, ശത്രുക്കള്‍ക്കെതിരെയുള്ള സുശക്ത ഗോപുരവും അവിടുന്നുതന്നെ. അങ്ങയുടെ കൂടാരത്തില്‍ ഞാന്‍ എന്നും വസിക്കട്ടെ. അങ്ങയുടെ ചിറകിന്‍കീഴില്‍ ഞാന്‍ സുരക്ഷിതനായിരിക്കട്ടെ. ദൈവമേ, അവിടുന്ന് എന്‍റെ നേര്‍ച്ചകള്‍ കൈക്കൊണ്ട്, അവിടുത്തെ ഭയഭക്തിയോടെ ആരാധിക്കുന്നവര്‍ക്കുള്ള അവകാശം എനിക്കു നല്‌കിയിരിക്കുന്നു. രാജാവിനു ദീര്‍ഘായുസ്സ് നല്‌കണമേ, അദ്ദേഹത്തിന്‍റെ ഭരണം തലമുറകളോളം നിലനില്‌ക്കട്ടെ. അവിടുത്തെ സന്നിധിയില്‍ അദ്ദേഹം എന്നും ഭരണം നടത്തട്ടെ. അവിടുത്തെ സുസ്ഥിരസ്നേഹവും വിശ്വസ്തതയും അദ്ദേഹത്തെ സംരക്ഷിക്കട്ടെ. അങ്ങനെ ഞാന്‍ അവിടുത്തെ എന്നും പ്രകീര്‍ത്തിക്കും. എന്‍റെ നേര്‍ച്ചകള്‍ ദിനംതോറും നിറവേറ്റും. ഗായകസംഘനേതാവിന്; യെദൂഥൂന്‍ രാഗത്തില്‍: ദാവീദിന്‍റെ സങ്കീര്‍ത്തനം. [1] ദൈവത്തില്‍നിന്നു മാത്രമാണ് എനിക്ക് ആശ്വാസം ലഭിക്കുന്നത്; അവിടുന്നാണ് എനിക്കു രക്ഷ നല്‌കുന്നത്. എന്‍റെ അഭയശിലയും എന്‍റെ രക്ഷയും എന്‍റെ കോട്ടയും അവിടുന്നു മാത്രമാണ്. ഞാന്‍ വളരെ കുലുങ്ങുകയില്ല. ചാഞ്ഞുനില്‌ക്കുന്ന മതിലും ആടുന്ന വേലിയും പോലെയുള്ള ഒരുവനെ നശിപ്പിക്കാന്‍ എത്ര നാള്‍ നിങ്ങള്‍ അവനെ ആക്രമിക്കും? ഔന്നത്യത്തില്‍നിന്ന് അവനെ തള്ളിയിടാന്‍ മാത്രമാണു നിങ്ങള്‍ ആലോചിക്കുന്നത്. നിങ്ങള്‍ വ്യാജത്തില്‍ സന്തോഷിക്കുന്നു. നിങ്ങള്‍ അധരംകൊണ്ട് അവനെ അനുഗ്രഹിക്കുന്നു. ഹൃദയംകൊണ്ടു ശപിക്കുന്നു. എനിക്ക് ആശ്വാസം നല്‌കാന്‍ ദൈവത്തിനു മാത്രമേ കഴിയൂ, ഞാന്‍ ദൈവത്തില്‍ പ്രത്യാശ വച്ചിരിക്കുന്നു. എന്‍റെ അഭയശിലയും എന്‍റെ രക്ഷയും എന്‍റെ കോട്ടയും അവിടുന്നു മാത്രമാണ്; ഞാന്‍ കുലുങ്ങുകയില്ല. എനിക്കു രക്ഷയും ആയുസ്സും നല്‌കുന്നതു ദൈവമാണ്. അവിടുന്നാണ് എന്‍റെ ഉറപ്പുള്ള രക്ഷാശിലയും അഭയവും. എന്‍റെ ജനമേ, എന്നും ദൈവത്തില്‍ ശരണപ്പെടുവിന്‍, നിങ്ങളുടെ ഹൃദയം അവിടുത്തെ സന്നിധിയില്‍ പകരുവിന്‍. അവിടുന്നാണ് നമ്മുടെ അഭയസങ്കേതം. മനുഷ്യന്‍ ഒരു ശ്വാസംമാത്രം. വലിയവനും ചെറിയവനും ഒരുപോലെ നിസ്സാരന്മാരാണ്. തുലാസ്സിന്‍റെ തട്ടില്‍ അവര്‍ പൊങ്ങിപ്പോകും; അവര്‍ എല്ലാവരും ചേര്‍ന്നാലും ഒരു ശ്വാസത്തെക്കാള്‍ ലഘുവത്രേ. അക്രമത്തിലും ഭീഷണിയിലും ആശ്രയിക്കരുത്. കവര്‍ച്ചയില്‍ ആശവയ്‍ക്കുന്നതു വ്യര്‍ഥമാണ്. സമ്പത്തു വര്‍ധിച്ചാല്‍ നിങ്ങള്‍ അതില്‍ ആശ്രയിക്കരുത്. “ശക്തി എനിക്കുള്ളതാണ്” എന്നു ദൈവം പറഞ്ഞു. “സുസ്ഥിര സ്നേഹവും എന്‍റേതുതന്നെ” എന്ന് അവിടുന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. നാഥാ, അവിടുന്നു മനുഷ്യന് അവന്‍റെ പ്രവൃത്തിക്കു തക്ക പ്രതിഫലം നല്‌കുന്നു. ദാവീദിന്‍റെ സങ്കീര്‍ത്തനം; യെഹൂദാ മരുഭൂമിയില്‍വച്ചു പാടിയത് [1] ദൈവമേ, അവിടുന്നാണ് എന്‍റെ ദൈവം; ഞാന്‍ അങ്ങയെ അന്വേഷിക്കുന്നു. ഉണങ്ങിവരണ്ട ദേശത്തെന്നപോലെ ഞാന്‍ സര്‍വാത്മനാ അങ്ങേക്കായി ദാഹിക്കുന്നു. അങ്ങയെ കാണാതെ ഞാന്‍ തളരുന്നു. അങ്ങയുടെ ശക്തിയും മഹത്ത്വവും ദര്‍ശിക്കാന്‍, വിശുദ്ധമന്ദിരത്തില്‍ ഞാന്‍ അങ്ങയെ നോക്കുന്നു. അങ്ങയുടെ അചഞ്ചലസ്നേഹം ജീവനെക്കാള്‍ അഭികാമ്യം. ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കും. എന്‍റെ ജീവിതകാലം മുഴുവന്‍ ഞാനങ്ങയെ വാഴ്ത്തും. ഞാന്‍ കൈകളുയര്‍ത്തി അങ്ങയോടു പ്രാര്‍ഥിക്കും. കിടക്കയില്‍വച്ച് ഞാന്‍ അങ്ങയെ ഓര്‍ക്കുകയും രാത്രിയാമങ്ങളില്‍ അങ്ങയെ ധ്യാനിക്കുകയും ചെയ്യുമ്പോള്‍, മൃഷ്ടാന്നഭോജനം കഴിച്ചവനെപ്പോലെ ഞാന്‍ തൃപ്തനാകുന്നു. ഞാന്‍ അങ്ങയെ ആനന്ദപൂര്‍വം സ്തുതിക്കും. അവിടുന്ന് എന്‍റെ സഹായകനാണല്ലോ; അവിടുത്തെ ചിറകിന്‍കീഴില്‍ ഞാന്‍ ആനന്ദഗീതം പാടും. ഞാന്‍ അങ്ങയെ മുറുകെ പിടിച്ചിരിക്കുന്നു; അങ്ങയുടെ വലങ്കൈ എന്നെ സംരക്ഷിക്കുന്നു. എന്നെ അപായപ്പെടുത്താന്‍ നോക്കുന്നവര്‍, മരണഗര്‍ത്തത്തില്‍ പതിക്കും. അവര്‍ വാളിന് ഇരയാകും, അവരുടെ മൃതശരീരങ്ങള്‍ കുറുനരികള്‍ ഭക്ഷിക്കും. എന്നാല്‍ രാജാവ് ദൈവത്തില്‍ ആനന്ദിക്കും; ദൈവനാമത്തില്‍ സത്യം ചെയ്യുന്നവര്‍ അവിടുത്തെ പുകഴ്ത്തും. വ്യാജം പറയുന്നവരുടെ വായ് അടഞ്ഞുപോകും. ഗായകസംഘനേതാവിന്; ദാവീദിന്‍റെ സങ്കീര്‍ത്തനം. [1] ദൈവമേ, എന്‍റെ സങ്കടം കേള്‍ക്കണമേ; ശത്രുക്കളുടെ ഭീഷണികളില്‍നിന്ന് എന്‍റെ ജീവനെ സംരക്ഷിക്കണമേ. ദുഷ്ടമനുഷ്യരുടെ ഗൂഢാലോചനയില്‍നിന്നും ദുഷ്കര്‍മികളുടെ ദുരുപായങ്ങളില്‍നിന്നും എന്നെ മറച്ചുകൊള്ളണമേ. അവര്‍ തങ്ങളുടെ നാവുകള്‍ വാളുകള്‍പോലെ മൂര്‍ച്ചയുള്ളതാക്കുന്നു. അവര്‍ വിഷമുള്ള വാക്കുകള്‍ അസ്ത്രം പോലെ തൊടുക്കുന്നു. അവര്‍ നിഷ്കളങ്കരെ പതിയിരുന്ന് എയ്യുന്നു, കൂസലെന്യേ പെട്ടെന്ന് എയ്യുന്നു. അവര്‍ തങ്ങളുടെ ദുഷ്ടലക്ഷ്യത്തില്‍ ഉറച്ചുനില്‌ക്കുന്നു; എവിടെ കെണി വയ്‍ക്കണമെന്ന് അവര്‍ ആലോചിക്കുന്നു. തങ്ങള്‍ ചെയ്യുന്നത് ആരും കാണുന്നില്ല എന്നാണ് അവരുടെ വിചാരം. ‘നമ്മുടെ ഗൂഢപദ്ധതികള്‍ ആര്‍ കണ്ടുപിടിക്കും? കൗശലത്തോടെ നാം കെണിവച്ചു’ എന്ന് അവര്‍ പറയുന്നു. മനുഷ്യന്‍റെ അന്തരംഗവും ഹൃദയവും എത്ര അഗാധം! എന്നാല്‍ ദൈവം അവരുടെമേല്‍ അസ്ത്രം എയ്യും; ഓര്‍ക്കാപ്പുറത്ത് അവര്‍ക്കു മുറിവേല്‌ക്കും. അവരുടെ വാക്കുകള്‍ നിമിത്തം ദൈവം അവരെ നശിപ്പിക്കും. അവരെ കാണുന്നവര്‍ പരിഹസിച്ചു തല കുലുക്കും. അപ്പോള്‍ എല്ലാവരും ഭയപ്പെടും, അവര്‍ ദൈവത്തിന്‍റെ പ്രവൃത്തികളെക്കുറിച്ചു ചിന്തിക്കും. അവിടുത്തെ പ്രവൃത്തികള്‍ അവര്‍ പ്രഘോഷിക്കും; നീതിമാന്‍ സര്‍വേശ്വരനില്‍ ആനന്ദിക്കും, അവന്‍ സര്‍വേശ്വരനില്‍ അഭയംതേടും. പരമാര്‍ഥഹൃദയമുള്ളവര്‍ ദൈവത്തെ പ്രകീര്‍ത്തിക്കും. ഗായകസംഘനേതാവിന്; ദാവീദിന്‍റെ സങ്കീര്‍ത്തനം [1] ദൈവമേ, സീയോനില്‍ വസിക്കുന്ന അങ്ങയെ സ്തുതിക്കുന്നത് ഉചിതമല്ലോ. അങ്ങേക്കുള്ള നേര്‍ച്ചകള്‍ ഞങ്ങള്‍ നിറവേറ്റും. പ്രാര്‍ഥന കേള്‍ക്കുന്ന ദൈവമേ, സര്‍വമനുഷ്യരും തങ്ങളുടെ പാപഭാരവുമായി തിരുസന്നിധിയില്‍ വരുന്നു. ഞങ്ങളുടെ അതിക്രമങ്ങള്‍ ഞങ്ങളെ കീഴടക്കുമ്പോള്‍, അവിടുന്ന് അവ തുടച്ചുനീക്കുന്നു. അവിടുത്തെ ആലയത്തിന്‍റെ അങ്കണത്തില്‍ പാര്‍ക്കാന്‍, അവിടുന്നു തിരഞ്ഞെടുത്തു കൊണ്ടുവന്ന ജനം അനുഗൃഹീതര്‍. ഞങ്ങള്‍ അവിടുത്തെ ആലയത്തില്‍നിന്ന്, വിശുദ്ധമന്ദിരത്തില്‍നിന്നു തന്നെ, ലഭിക്കുന്ന അനുഗ്രഹങ്ങള്‍കൊണ്ടു തൃപ്തരാകും. ഞങ്ങളെ രക്ഷിക്കുന്ന ദൈവമേ, അവിടുന്നു ഞങ്ങള്‍ക്കുവേണ്ടി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. ഞങ്ങളുടെ അപേക്ഷ കേട്ട് ഞങ്ങളെ വിടുവിച്ചു. അവിടുന്നാണ് സര്‍വഭൂമിയുടെയും വിദൂരത്തുള്ള സമുദ്രങ്ങളുടെയും പ്രത്യാശ. അവിടുന്നു സ്വശക്തിയാല്‍ പര്‍വതങ്ങളെ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നു. അവിടുന്നു ശക്തി ധരിച്ചിരിക്കുന്നു. ആഴിയുടെ മുഴക്കവും തിരമാലകളുടെ ഗര്‍ജനവും അവിടുന്നു ശമിപ്പിക്കുന്നു. വിജാതീയരുടെ കലഹം അവിടുന്ന് ഇല്ലാതാക്കുന്നു. ഭൂമിയുടെ വിദൂരസീമകളില്‍ വസിക്കുന്നവരും അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ കണ്ടു ഭയപ്പെടുന്നു. ഭൂമിയുടെ കിഴക്കുമുതല്‍ പടിഞ്ഞാറേ അറ്റം വരെയുള്ളവര്‍, അവിടുത്തെ പ്രവൃത്തികള്‍ കണ്ടു ഘോഷിച്ചുല്ലസിക്കുന്നു. അവിടുന്നു മഴ പെയ്യിച്ച് ഭൂമിയെ പരിരക്ഷിക്കുന്നു. അങ്ങ് അതിനെ അത്യധികം ഫലപുഷ്ടമാക്കുന്നു. ദൈവത്തിന്‍റെ നദി നിറഞ്ഞൊഴുകുന്നു. അവിടുന്നു ഭൂമിയെ ഒരുക്കി അവര്‍ക്കു ധാന്യം നല്‌കുന്നു. അവിടുന്നു സമൃദ്ധമായ മഴ നല്‌കി അതിന്‍റെ ഉഴവുചാലുകളെ നനയ്‍ക്കുന്നു. അവിടുന്നു കട്ട ഉടച്ചു നിരത്തുകയും മഴ പെയ്യിച്ച് അതിനെ കുതിര്‍ക്കുകയും ചെയ്യുന്നു. അവിടുന്നു ചെടികള്‍ മുളപ്പിച്ച് അതിനെ അനുഗ്രഹിക്കുന്നു. സമൃദ്ധമായ വിളവുകൊണ്ട് അവിടുന്നു സംവത്സരത്തെ കിരീടം അണിയിക്കുന്നു. അവിടുന്നു കടന്നുപോകുന്ന പാതകളിലെല്ലാം സമൃദ്ധി വര്‍ഷിക്കുന്നു. മരുഭൂമിയിലെ പുല്‍പ്പുറങ്ങള്‍ സമൃദ്ധിയായി വളരുന്നു. കുന്നുകള്‍ ആനന്ദമണിയുന്നു. മേച്ചില്‍പ്പുറങ്ങള്‍ ആട്ടിന്‍പറ്റങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. താഴ്വരകള്‍ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു. അവ സന്തോഷംകൊണ്ടു ഘോഷിച്ചുല്ലസിക്കുന്നു. ഗായകസംഘനേതാവിന്; ഒരു സങ്കീര്‍ത്തനം [1] ഭൂവാസികളേ, ആഹ്ലാദംകൊണ്ട് ആര്‍പ്പിട്ട് ദൈവത്തെ സ്തുതിക്കുവിന്‍. അവിടുത്തെ നാമത്തിന്‍റെ മഹത്ത്വം പ്രകീര്‍ത്തിക്കുവിന്‍. സ്തുതികളര്‍പ്പിച്ച് അവിടുത്തെ മഹത്ത്വപ്പെടുത്തുവിന്‍. അവിടുത്തെ പ്രവൃത്തികള്‍ എത്ര അദ്ഭുതകരം, അവിടുത്തെ ശക്തിപ്രഭാവത്താല്‍ ശത്രുക്കള്‍ തിരുമുമ്പില്‍ കീഴടങ്ങുന്നു. സര്‍വഭൂവാസികളും അവിടുത്തെ ആരാധിക്കുന്നു. അവര്‍ അങ്ങേക്കു സ്തോത്രം പറയുന്നു. തിരുനാമത്തിനു കീര്‍ത്തനം ആലപിക്കുന്നു. ദൈവത്തിന്‍റെ പ്രവൃത്തികള്‍ വന്നുകാണുവിന്‍. മനുഷ്യരുടെ ഇടയില്‍ അവിടുത്തെ പ്രവൃത്തികള്‍ എത്ര അദ്ഭുതകരം. അവിടുന്നു സമുദ്രത്തെ ഉണങ്ങിയ നിലമാക്കി. അവര്‍ കാല്‍നടയായി നദി കടന്നു. അവിടെ ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നാം സന്തോഷിച്ചു. അവിടുന്നു തന്‍റെ ശക്തിപ്രഭാവത്താല്‍ എന്നേക്കും വാഴുന്നു. അവിടുന്നു അന്യജനതകളെ സൂക്ഷിച്ചുനോക്കുന്നു. അവിടുത്തേക്ക് എതിരെ മത്സരിക്കുന്നവര്‍ അഹങ്കരിക്കാതിരിക്കട്ടെ. ജനതകളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിന്‍. അവിടുത്തെ സ്തുതിക്കുന്ന ശബ്ദം ഉയരട്ടെ. അവിടുന്നു നമ്മെ ജീവനോടെ കാക്കുന്നു. നമ്മുടെ കാല്‍ വഴുതുവാന്‍ അവിടുന്നു സമ്മതിക്കുകയില്ല. ദൈവമേ, അവിടുന്നു ഞങ്ങളെ പരീക്ഷിച്ചു, വെള്ളി ഉലയില്‍ ഉരുക്കി ശുദ്ധീകരിക്കുന്നതുപോലെ അവിടുന്നു ഞങ്ങളെ പരിശോധിച്ചു. അവിടുന്നു ഞങ്ങളെ കെണിയില്‍ കുരുക്കി, ദുര്‍വഹമായ ഭാരം ഞങ്ങളുടെ ചുമലില്‍ വച്ചു. ശത്രുക്കള്‍ ഞങ്ങളെ ചവിട്ടിമെതിക്കാന്‍ അവിടുന്ന് ഇടയാക്കി. തീയിലും വെള്ളത്തിലും കൂടി ഞങ്ങള്‍ കടക്കേണ്ടിവന്നു. എങ്കിലും ഇപ്പോള്‍ അവിടുന്നു ഞങ്ങള്‍ക്ക് ഐശ്വര്യം നല്‌കിയിരിക്കുന്നു. ഹോമയാഗങ്ങളുമായി ഞാന്‍ അങ്ങയുടെ ആലയത്തില്‍ വരും; എന്‍റെ നേര്‍ച്ചകള്‍ ഞാന്‍ നിറവേറ്റും. എന്‍റെ കഷ്ടകാലത്ത് ഞാന്‍ നേര്‍ന്ന നേര്‍ച്ചകള്‍തന്നെ. കൊഴുത്ത മൃഗങ്ങളെ ഞാന്‍ ഹോമയാഗമായി അര്‍പ്പിക്കും; ഞാന്‍ കാളകളെയും കോലാട്ടുകൊറ്റന്മാരെയും യാഗം അര്‍പ്പിക്കും. അവയുടെ ധൂമം ആകാശത്തിലേക്കുയരും. ദൈവഭക്തരേ, വന്നു കേള്‍ക്കുവിന്‍, അവിടുന്ന് എനിക്കുവേണ്ടി ചെയ്തത് ഞാന്‍ വിവരിക്കാം. ഞാന്‍ അവിടുത്തോടു നിലവിളിച്ചു, എന്‍റെ നാവുകൊണ്ട് ഞാന്‍ അവിടുത്തെ സ്തുതിച്ചു. എന്‍റെ ഹൃദയത്തില്‍ ദുഷ്ടത കുടികൊണ്ടിരുന്നെങ്കില്‍, സര്‍വേശ്വരന്‍ എന്‍റെ പ്രാര്‍ഥന കേള്‍ക്കുമായിരുന്നില്ല. എന്നാല്‍ അവിടുന്ന് തീര്‍ച്ചയായും എന്‍റെ അപേക്ഷ കേട്ടിരിക്കുന്നു. എന്‍റെ പ്രാര്‍ഥന അവിടുന്നു ശ്രദ്ധിച്ചിരിക്കുന്നു. ദൈവം വാഴ്ത്തപ്പെടട്ടെ. എന്‍റെ പ്രാര്‍ഥന അവിടുന്നു തള്ളിക്കളഞ്ഞില്ല. അവിടുത്തെ സുസ്ഥിരസ്നേഹം എന്നും എന്നോടു കാട്ടുകയും ചെയ്തു. ഗായകസംഘനേതാവിന്; ദാവീദിന്‍റെ സങ്കീര്‍ത്തനം [1] ദൈവം നമ്മോടു കരുണ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ. തിരുഹിതം സര്‍വഭൂവാസികളും അറിയട്ടെ. അവിടുന്നു രക്ഷിക്കാന്‍ ശക്തനെന്ന് സകല ജനതകളും ഗ്രഹിക്കട്ടെ. ദൈവമേ, ജനതകള്‍ അവിടുത്തെ പ്രകീര്‍ത്തിക്കട്ടെ. സര്‍വജനങ്ങളും അങ്ങയെ സ്തുതിക്കട്ടെ. ജനതകള്‍ സന്തോഷിക്കുകയും ആനന്ദഗീതം ആലപിക്കുകയും ചെയ്യട്ടെ. അവിടുന്നു ജനതകളെ നീതിപൂര്‍വം വിധിക്കുന്നു. ഭൂമിയിലെ സകല ജനപദങ്ങളെയും നയിക്കുന്നു. ദൈവമേ, ജനതകള്‍ അവിടുത്തെ പ്രകീര്‍ത്തിക്കട്ടെ. സര്‍വജനങ്ങളും അങ്ങയെ സ്തുതിക്കട്ടെ. ഭൂമി നല്ല വിളവു നല്‌കിയിരിക്കുന്നു. ദൈവം, നമ്മുടെ ദൈവം, നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. സര്‍വഭൂവാസികളും അവിടുത്തോടു ഭക്തിയുള്ളവരാകട്ടെ. ഗായകസംഘനേതാവിന്; ദാവീദിന്‍റെ സങ്കീര്‍ത്തനം [1] ദൈവമേ, എഴുന്നേല്‌ക്കണമേ, അവിടുത്തെ ശത്രുക്കള്‍ ചിതറിപ്പോകട്ടെ, ദൈവത്തെ ദ്വേഷിക്കുന്നവര്‍ തിരുമുമ്പില്‍നിന്ന് ഓടിപ്പോകട്ടെ. കാറ്റില്‍പ്പെട്ട പുകപോലെ അവര്‍ പാറിപ്പോകട്ടെ. തീയുടെ മുമ്പില്‍ മെഴുകെന്നപോലെ ദുഷ്ടര്‍ തിരുമുമ്പില്‍ നശിക്കട്ടെ. എന്നാല്‍ നീതിമാന്മാര്‍ സന്തോഷിക്കട്ടെ, അവിടുത്തെ സന്നിധിയില്‍ അവര്‍ ആഹ്ലാദിക്കട്ടെ. അവര്‍ ആനന്ദഭരിതരാകട്ടെ. ദൈവത്തിനു സ്തുതി പാടുവിന്‍, തിരുനാമത്തിനു സ്തുതിഗീതം ആലപിക്കുവിന്‍. മേഘങ്ങളില്‍ സഞ്ചരിക്കുന്നവന്, സ്തോത്രഗീതം ആലപിക്കുവിന്‍. സര്‍വേശ്വരന്‍ എന്നാണ് അവിടുത്തെ നാമം, അവിടുത്തെ സന്നിധിയില്‍ ആനന്ദിക്കുവിന്‍. വിശുദ്ധമന്ദിരത്തില്‍ വസിക്കുന്ന ദൈവം, അനാഥര്‍ക്കു പിതാവും വിധവകള്‍ക്കു സംരക്ഷകനും ആകുന്നു. ഏകാകിക്ക് അവിടുന്നു കുടുംബം നല്‌കുന്നു. അവിടുന്നു ബന്ദികളെ സ്വതന്ത്രരാക്കി ഐശ്വര്യത്തിലേക്കു നയിക്കുന്നു. എന്നാല്‍, ദൈവത്തോടു മത്സരിക്കുന്നവര്‍ വരണ്ട ഭൂമിയില്‍ പാര്‍ക്കും. ദൈവമേ, അവിടുത്തെ ജനത്തെ അങ്ങു നയിച്ചപ്പോള്‍, മരുഭൂമിയിലൂടെ അങ്ങ് അവരുടെ മുമ്പില്‍ നടന്നപ്പോള്‍, ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ സന്നിധിയില്‍, സീനായിയിലെ ദൈവത്തിന്‍റെ സാന്നിധ്യത്തില്‍തന്നെ, ഭൂമി കുലുങ്ങി, ആകാശം മഴ ചൊരിഞ്ഞു. ദൈവമേ, അങ്ങു സമൃദ്ധമായി മഴ പെയ്യിച്ചു, അങ്ങയുടെ വാടിക്കരിഞ്ഞ ദേശത്തെ അവിടുന്നു പൂര്‍വസ്ഥിതിയിലാക്കി. അങ്ങയുടെ അജഗണം അവിടെ പാര്‍ത്തു. അവിടുത്തെ നന്മയാല്‍ എളിയവര്‍ക്കു വേണ്ടതെല്ലാം അവിടുന്നു നല്‌കി. സര്‍വേശ്വരന്‍ കല്പന നല്‌കുന്നു. വലിയൊരു ഗണം സ്‍ത്രീകള്‍ സുവാര്‍ത്ത അറിയിക്കുന്നു. [12,13] രാജാക്കന്മാര്‍ സൈന്യങ്ങളോടൊപ്പം പലായനം ചെയ്യുന്നു. നിങ്ങള്‍ ആടുകളുടെ ആലയില്‍ ഒളിച്ചിരിക്കുന്നുവോ? വീടുകളിലുള്ള സ്‍ത്രീകള്‍ കവര്‍ച്ചമുതല്‍ പങ്കിടുന്നു. ഇതാ, വെള്ളിച്ചിറകുകളും പൊന്‍തൂവലുകളുമുള്ള പ്രാവുകളുടെ രൂപങ്ങള്‍. *** സര്‍വശക്തനായ ദൈവം രാജാക്കന്മാരെ ചിതറിച്ചപ്പോള്‍ സല്മോന്‍മലയില്‍ ഹിമം പെയ്തു. ഉത്തുംഗമായ ബാശാന്‍പര്‍വതമേ, നിരവധി കൊടുമുടികളുള്ള പര്‍വതമേ; ദൈവം വസിക്കാന്‍ തിരഞ്ഞെടുത്ത പര്‍വതത്തെ; നീ എന്തിന് അസൂയയോടെ നോക്കുന്നു? സര്‍വേശ്വരന്‍ അവിടെ എന്നേക്കും വസിക്കും. ശക്തിയേറിയ ബഹുസഹസ്രം രഥങ്ങളോടുകൂടെ; സര്‍വേശ്വരന്‍ സീനായിയില്‍നിന്ന് വിശുദ്ധസ്ഥലത്തേക്കു വന്നു. അവിടുന്ന് ഉന്നതമായ ഗിരിയിലേക്കു കയറി ബന്ദികളെ അവിടുന്നു കൂടെ കൊണ്ടുപോയി. അവിടുന്നു മനുഷ്യരില്‍നിന്ന്, അങ്ങയോടു മത്സരിച്ചവരില്‍ നിന്നുപോലും കാഴ്ചകള്‍ സ്വീകരിച്ചു. ദൈവമായ സര്‍വേശ്വരന്‍ അവിടെ വസിക്കും, ദിനംതോറും നമ്മുടെ ഭാരങ്ങളെ വഹിക്കുന്ന സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ. നമ്മെ രക്ഷിക്കുന്നത് അവിടുന്നാണ്. നമ്മുടെ ദൈവം രക്ഷിക്കുന്ന ദൈവമാകുന്നു. സര്‍വശക്തനായ സര്‍വേശ്വരനാണ് മരണത്തില്‍നിന്നുള്ള മോചനം നല്‌കുന്നത്. ദൈവം തന്‍റെ ശത്രുക്കളുടെ ശിരസ്സു തകര്‍ക്കും. ദുര്‍മാര്‍ഗത്തില്‍ ചരിക്കുന്നവരുടെ കേശാലംകൃതമായ ശിരസ്സുകള്‍ തന്നെ. സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “ഞാന്‍ നിന്‍റെ ശത്രുക്കളെ ബാശാനില്‍നിന്നു തിരിച്ചുകൊണ്ടുവരും. ആഴിയുടെ അടിത്തട്ടില്‍നിന്നു ഞാന്‍ അവരെ മടക്കിവരുത്തും. നിങ്ങളുടെ കാലുകള്‍ അവരുടെ രക്തത്തില്‍ മുക്കുന്നതിനും നിങ്ങളുടെ നായ്‍ക്കള്‍ അതു നക്കിക്കുടിക്കുന്നതിനും തന്നെ.” ദൈവമേ, അങ്ങയുടെ എഴുന്നള്ളത്ത് അവര്‍ കണ്ടു, എന്‍റെ രാജാവും എന്‍റെ ദൈവവുമായ അങ്ങ് വിശുദ്ധമന്ദിരത്തിലേക്ക് എഴുന്നള്ളുന്നതു തന്നെ. മുമ്പില്‍ ഗായകരും പിമ്പില്‍ വാദ്യക്കാരും നടുവില്‍ തപ്പു കൊട്ടുന്ന കന്യകമാരും നടന്നു. ആരാധകരുടെ മഹാസഭയില്‍ ദൈവമായ സര്‍വേശ്വരനെ വാഴ്ത്തുവിന്‍. ഇസ്രായേലിന്‍റെ സന്തതികളേ, സര്‍വേശ്വരനെ വാഴ്ത്തുവിന്‍! അവരില്‍ ഏറ്റവും ചെറിയ ബെന്യാമീന്‍ ഗോത്രക്കാര്‍ മുമ്പിലും, അവരുടെ പിമ്പില്‍ യെഹൂദാപ്രഭുക്കന്മാരുടെ സംഘവും സെബൂലൂന്‍, നഫ്താലി ഗോത്രപ്രഭുക്കന്മാര്‍ അവരുടെ പിന്നിലുമായി നടന്നു. ദൈവമേ, അവിടുത്തെ ശക്തി പ്രകടിപ്പിച്ചാലും; ഞങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള ദൈവമേ, അവിടുത്തെ ശക്തി വെളിപ്പെടുത്തിയാലും. യെരൂശലേമിലുള്ള അവിടുത്തെ ആലയത്തിലേക്ക്, അങ്ങേക്കുള്ള കാഴ്ചകളുമായി രാജാക്കന്മാര്‍ വരുന്നു. ഈജിപ്തിനെ ശാസിക്കണമേ, ഞാങ്ങണയുടെ ഇടയില്‍ വസിക്കുന്ന ഹിംസ്രജന്തുവിനെതന്നെ. ജനതകളെ ശാസിക്കണമേ. പശുക്കിടാങ്ങളോടുകൂടിയ കാളക്കൂറ്റന്മാരെ തന്നെ. കപ്പം മോഹിക്കുന്ന ജനതകളെ ചവിട്ടി മെതിക്കണമേ യുദ്ധപ്രിയരായ ജനതകളെ ചിതറിക്കണമേ. ഈജിപ്തില്‍നിന്ന് ഓടു കൊണ്ടുവരട്ടെ; എത്യോപ്യക്കാര്‍ ദൈവത്തിങ്കലേക്കു വേഗം കൈ നീട്ടട്ടെ. ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു കീര്‍ത്തനം പാടുവിന്‍. ആകാശത്തില്‍, പുരാതനമായ സ്വര്‍ഗങ്ങളില്‍, സഞ്ചരിക്കുന്ന സര്‍വേശ്വരനു സ്തുതി പാടുവിന്‍. അവിടുത്തെ ഗംഭീരനാദം ശ്രദ്ധിക്കുക. ദൈവം സര്‍വശക്തനെന്നു പ്രഘോഷിക്കുവിന്‍; അവിടുന്ന് ഇസ്രായേലിനെ ഭരിക്കുന്ന രാജാവാകുന്നു. അവിടുത്തെ ശക്തി ആകാശം വെളിപ്പെടുത്തുന്നു. ഇസ്രായേലിന്‍റെ ദൈവം തന്‍റെ വിശുദ്ധമന്ദിരത്തില്‍ ഭീതിദനാണ്. അവിടുന്നു തന്‍റെ ജനത്തിനു ശക്തിയും ബലവും നല്‌കുന്നു. ദൈവം വാഴ്ത്തപ്പെടട്ടെ. ഗായകസംഘനേതാവിന്; സാരസരാഗത്തില്‍ ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ദൈവമേ, എന്നെ രക്ഷിക്കണമേ, വെള്ളം എന്‍റെ കഴുത്തോളം എത്തിയിരിക്കുന്നു. ആഴമുള്ള ചേറ്റില്‍ ഞാന്‍ താഴുന്നു; ചുവടുറപ്പിക്കാന്‍ എനിക്കു കഴിയുന്നില്ല. കൊടുംകയത്തില്‍ ഞാന്‍ പെട്ടിരിക്കുന്നു, വെള്ളം എന്‍റെ മീതെ കവിഞ്ഞൊഴുകുന്നു; കരഞ്ഞുകരഞ്ഞു ഞാന്‍ തളരുന്നു. എന്‍റെ തൊണ്ട വരളുന്നു. ദൈവത്തെ കാത്തിരുന്ന് എന്‍റെ കണ്ണു മങ്ങുന്നു. കാരണം കൂടാതെ എന്നെ ദ്വേഷിക്കുന്നവര്‍, എന്‍റെ തലയിലെ രോമങ്ങളെക്കാള്‍ അധികം. എന്നെ നശിപ്പിക്കാന്‍ ഒരുങ്ങുന്നവര്‍ പ്രബലരാണ്. അവര്‍ എനിക്കെതിരെ വ്യാജം പറയുന്നു. ഞാന്‍ മോഷ്‍ടിക്കാത്തതു തിരികെ കൊടുക്കേണ്ടിവരുന്നു. ദൈവമേ, എന്‍റെ അപരാധങ്ങള്‍ അങ്ങയില്‍ നിന്നു മറഞ്ഞിരിക്കുന്നില്ല. എന്‍റെ ഭോഷത്തം അവിടുന്ന് അറിയുന്നു. സര്‍വശക്തനായ ദൈവമേ, സര്‍വേശ്വരാ, അങ്ങയില്‍ പ്രത്യാശ വയ്‍ക്കുന്നവര്‍, എനിക്കുണ്ടാകുന്ന അപമാനം നിമിത്തം ലജ്ജിച്ചുപോകരുതേ. ഇസ്രായേലിന്‍റെ ദൈവമേ, അങ്ങയെ ആരാധിക്കുന്നവര്‍, ഞാന്‍ നിന്ദിക്കപ്പെടുന്നതുമൂലം അപമാനിതരാകരുതേ. അങ്ങേക്കുവേണ്ടിയാണല്ലോ ഞാന്‍ നിന്ദ സഹിച്ചത്. ലജ്ജ എന്നെ പൊതിയുന്നു. എന്‍റെ സഹോദരന്മാര്‍ക്കു ഞാന്‍ അപരിചിതനും എന്‍റെ കൂടെപ്പിറപ്പുകള്‍ക്കു ഞാന്‍ അന്യനുമായി തീര്‍ന്നിരിക്കുന്നു. അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു. അങ്ങയെ നിന്ദിക്കുന്നവരുടെ വാക്കുകള്‍ എന്‍റെമേല്‍ പതിക്കുന്നു. ഉപവാസത്താല്‍ ഞാന്‍ എന്നെത്തന്നെ വിനയപ്പെടുത്തി. അതും എനിക്കു നിന്ദയ്‍ക്കു കാരണമായി. ഞാന്‍ വിലാപവസ്ത്രം ധരിച്ചു, ഞാന്‍ അവര്‍ക്ക് പഴഞ്ചൊല്ലായിത്തീര്‍ന്നു. ഞാന്‍ പട്ടണവാതില്‌ക്കലിരിക്കുന്നവരുടെ സംസാരവിഷയമാണ്. മദ്യപന്മാര്‍ എന്നെക്കുറിച്ചു പാട്ടു ചമയ്‍ക്കുന്നു. എങ്കിലും സര്‍വേശ്വരാ, ഞാന്‍ അങ്ങയോടു പ്രാര്‍ഥിക്കുന്നു. തിരുവുള്ളമുണ്ടാകുമ്പോള്‍ ഉത്തരമരുളണമേ. അവിടുത്തെ അളവറ്റ സ്നേഹത്താല്‍ എന്നെ രക്ഷിക്കണമേ. ചേറില്‍ താണുപോകാതെ എന്നെ രക്ഷിക്കണമേ. ശത്രുക്കളില്‍നിന്ന് എന്നെ വിടുവിക്കണമേ. ആഴമുള്ള വെള്ളത്തില്‍നിന്നും എന്നെ രക്ഷിക്കണമേ വെള്ളം എന്‍റെ മീതെ കവിഞ്ഞൊഴുകരുതേ! ആഴം എന്നെ മൂടരുതേ, പാതാളം എന്നെ വിഴുങ്ങരുതേ. സര്‍വേശ്വരാ, എനിക്കുത്തരമരുളണമേ. അവിടുത്തെ അചഞ്ചലസ്നേഹം ശ്രേഷ്ഠമാണല്ലോ. അവിടുന്നെന്നെ കടാക്ഷിക്കണമേ. അവിടുന്നു കരുണാസമ്പന്നനാണല്ലോ. അവിടുന്ന് ഈ ദാസരില്‍നിന്നും മറഞ്ഞിരിക്കരുതേ. ഞാന്‍ കഷ്ടതയിലായിരിക്കുന്നു. വൈകാതെ എനിക്ക് ഉത്തരമരുളണമേ. അവിടുന്ന് എന്‍റെ അടുത്തുവന്ന് എന്നെ രക്ഷിക്കണമേ, എന്‍റെ ശത്രുക്കളില്‍നിന്ന് എന്നെ വിടുവിക്കണമേ. ഞാന്‍ സഹിച്ച നിന്ദയും ലജ്ജയും അപമാനവും അവിടുന്നു അറിയുന്നു. എന്‍റെ ശത്രുക്കളെ അവിടുന്ന് കാണുന്നുവല്ലോ. ശത്രുക്കളുടെ അധിക്ഷേപം എന്നെ തകര്‍ത്തിരിക്കുന്നു; ഞാന്‍ നിരാശനായിരിക്കുന്നു. സഹതപിക്കുന്നവരുണ്ടോ എന്നു ഞാന്‍ നോക്കി, ആരെയും കണ്ടില്ല. ആശ്വസിപ്പിക്കാന്‍ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചു. ആരെയും കണ്ടെത്തിയില്ല. എനിക്കു വിശന്നപ്പോള്‍ അവര്‍ ഭക്ഷണത്തിനു പകരം വിഷം തന്നു; ദാഹിച്ചപ്പോള്‍ അവര്‍ എനിക്കു പുളിച്ച വീഞ്ഞു നല്‌കി. അവരുടെ വിരുന്നുകള്‍ അവര്‍ക്ക് കെണിയായിത്തീരട്ടെ! അവരുടെ യാഗോത്സവങ്ങള്‍ അവര്‍ക്കു കുരുക്കായിത്തീരട്ടെ! അവരുടെ കണ്ണുകള്‍ ഇരുണ്ട് അന്ധമാകട്ടെ, അവരുടെ അരക്കെട്ട് ദുര്‍ബലമായി എപ്പോഴും വിറയ്‍ക്കട്ടെ. അങ്ങയുടെ രോഷം അവരുടെമേല്‍ ചൊരിയണമേ; അങ്ങയുടെ ക്രോധം അവരെ ഗ്രസിക്കട്ടെ. അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങള്‍ നിര്‍ജനമാകട്ടെ. അവിടുന്നു പ്രഹരിച്ചവനെ അവര്‍ പീഡിപ്പിക്കുന്നു. അവിടുന്നു മുറിവേല്പിച്ചവനെ അവര്‍ വീണ്ടും ദണ്ഡിപ്പിക്കുന്നു. അവര്‍ക്കു മേല്‌ക്കുമേല്‍ ശിക്ഷ നല്‌കണമേ, അവരോടു ക്ഷമിക്കരുതേ. ജീവിക്കുന്നവരുടെ പുസ്തകത്തില്‍നിന്ന് അവരുടെ പേരുകള്‍ മായിച്ചുകളയണമേ. നീതിമാന്മാരുടെ പട്ടികയില്‍ അവരെ ചേര്‍ക്കരുതേ. ഞാന്‍ പീഡിതനും ദുഃഖിതനുമാണ്. ദൈവമേ, എന്നെ രക്ഷിച്ചു സുരക്ഷിതസ്ഥാനത്താക്കണമേ. ഞാന്‍ ദൈവത്തെ പാടിപ്പുകഴ്ത്തും, ഞാന്‍ കൃതജ്ഞതയോടെ അവിടുത്തെ മഹത്ത്വം പ്രഘോഷിക്കും. അതു കാളയെയോ കൊമ്പും കുളമ്പുമുള്ള കാളക്കൂറ്റനെയോ, യാഗമര്‍പ്പിക്കുന്നതിനെക്കാള്‍ സര്‍വേശ്വരനു പ്രസാദകരമത്രേ. പീഡിതര്‍ അതു കണ്ട് സന്തോഷിക്കട്ടെ. ദൈവത്തെ ആരാധിക്കുന്നവരേ, നിങ്ങള്‍ ഉന്മേഷഭരിതരാകുവിന്‍. സര്‍വേശ്വരന്‍ ദരിദ്രരുടെ പ്രാര്‍ഥന കേള്‍ക്കുന്നു. ബന്ധനസ്ഥരായ സ്വജനത്തെ അവിടുന്നു മറന്നുകളയുകയില്ല. ആകാശവും ഭൂമിയും സമുദ്രങ്ങളും, അവയില്‍ ചരിക്കുന്ന സര്‍വജീവജാലങ്ങളും ദൈവത്തെ പ്രകീര്‍ത്തിക്കട്ടെ. ദൈവം സീയോനെ രക്ഷിക്കും; യെഹൂദാനഗരങ്ങള്‍ അവിടുന്നു വീണ്ടും പണിയും. അവിടുത്തെ ദാസര്‍ അവിടെ പാര്‍ത്ത് അതു കൈവശമാക്കും. അവിടുത്തെ ദാസന്മാരുടെ സന്തതികള്‍ അത് അവകാശമാക്കും. അവിടുത്തെ സ്നേഹിക്കുന്നവര്‍ അവിടെ വസിക്കുകയും ചെയ്യും. ഗായകസംഘനേതാവിന്; ദാവീദിന്‍റെ സങ്കീര്‍ത്തനം [1] ദൈവമേ, എന്നെ രക്ഷിക്കണമേ, സര്‍വേശ്വരാ, എന്നെ സഹായിക്കാന്‍ വേഗം വരണമേ. എന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ലജ്ജിതരും പരിഭ്രാന്തരും ആകട്ടെ; എന്‍റെ അനര്‍ഥം കാംക്ഷിക്കുന്നവര്‍, പിന്തിരിഞ്ഞ് അപമാനിതരായിത്തീരട്ടെ. ‘നന്നായി, നന്നായി’ എന്നു പറഞ്ഞ് എന്നെ പരിഹസിക്കുന്നവര്‍ പരാജയംമൂലം പരിഭ്രാന്തരാകട്ടെ. അങ്ങയെ അന്വേഷിക്കുന്ന ഏവരും അങ്ങയില്‍ ആനന്ദിക്കട്ടെ. അവിടുന്നു നല്‌കുന്ന വിമോചനത്തിനായി കാംക്ഷിക്കുന്നവര്‍, “ദൈവം എത്ര വലിയവന്‍” എന്ന് എപ്പോഴും ഘോഷിക്കട്ടെ. ഞാന്‍ എളിയവനും ദരിദ്രനുമാണ്. ദൈവമേ, എന്‍റെ അടുക്കലേക്കു വേഗം വരണമേ. അവിടുന്ന് എന്‍റെ സഹായകനും വിമോചകനുമാണ്. സര്‍വേശ്വരാ, വൈകരുതേ. സര്‍വേശ്വരാ, ഞാന്‍ അങ്ങയെ അഭയം പ്രാപിക്കുന്നു; ലജ്ജിതനാകാന്‍ എനിക്ക് ഇടയാകരുതേ. അവിടുന്നു നീതിപൂര്‍വം വിധിക്കുന്ന ദൈവമാണല്ലോ, എന്നെ വിടുവിച്ചു രക്ഷിക്കണമേ. എന്‍റെ അപേക്ഷ കേട്ട് എന്നെ രക്ഷിക്കണമേ. അവിടുന്ന് എന്‍റെ അഭയശിലയും എന്നെ രക്ഷിക്കുന്ന ബലമുള്ള കോട്ടയും ആയിരിക്കണമേ. അവിടുന്നാണ് എന്‍റെ അഭയശിലയും രക്ഷാദുര്‍ഗവും. ദൈവമേ, ദുഷ്ടന്‍റെ കൈയില്‍നിന്നും നീതികെട്ട ക്രൂരന്‍റെ പിടിയില്‍നിന്നും എന്നെ വിടുവിക്കണമേ! സര്‍വേശ്വരാ, അങ്ങാണ് എന്‍റെ പ്രത്യാശ. ബാല്യംമുതല്‍ അങ്ങാണ് എന്‍റെ ആശ്രയം. ജനനംമുതല്‍ ഞാന്‍ അങ്ങയെ ആശ്രയിച്ചു. അമ്മയുടെ ഉദരത്തില്‍നിന്ന് എന്നെ പുറത്തെടുത്തത് അവിടുന്നാണ്. ഞാന്‍ എപ്പോഴും അങ്ങയെ സ്തുതിക്കുന്നു. ഞാന്‍ പലര്‍ക്കും ഒരു ദുശ്ശകുനമായിരിക്കുന്നു. എന്നാല്‍, എന്‍റെ സുശക്തമായ സങ്കേതം അവിടുന്നാണല്ലോ. ഞാന്‍ എപ്പോഴും അവിടുത്തെ സ്തുതിക്കുന്നു. അവിടുത്തെ മഹത്ത്വം ഞാന്‍ നിരന്തരം പ്രഘോഷിക്കുന്നു. വാര്‍ധക്യകാലത്ത് എന്നെ തള്ളിക്കളയരുതേ! ബലം ക്ഷയിക്കുമ്പോള്‍ എന്നെ ഉപേക്ഷിക്കയുമരുതേ. എന്‍റെ ശത്രുക്കള്‍ എന്നെക്കുറിച്ചു സംസാരിക്കുന്നു. എന്നെ അപായപ്പെടുത്താന്‍ നോക്കുന്നവര്‍ കൂടിയാലോചിക്കുന്നു. “അവനെ പിന്തുടര്‍ന്നു പിടികൂടുവിന്‍; ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; അവനെ രക്ഷിക്കാനാരുമില്ല” എന്ന് അവര്‍ പറയുന്നു. ദൈവമേ, എന്നില്‍നിന്ന് അകന്നിരിക്കരുതേ! എന്‍റെ ദൈവമേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ! എന്നില്‍ കുറ്റം ചുമത്തുന്നവര്‍ ലജ്ജിക്കുകയും നശിക്കുകയും ചെയ്യട്ടെ. എന്നെ ദ്രോഹിക്കാന്‍ ശ്രമിക്കുന്നവര്‍, നിന്ദിതരും അപമാനിതരും ആകട്ടെ. ഞാന്‍ എന്നും അങ്ങയില്‍ പ്രത്യാശ അര്‍പ്പിക്കും. ഞാനങ്ങയെ അനവരതം സ്തുതിക്കും. അങ്ങയുടെ നീതിപൂര്‍വകവും രക്ഷാകരവുമായ പ്രവൃത്തികളെ ഞാന്‍ എപ്പോഴും വിവരിക്കും. അവ എന്‍റെ അറിവിന് അപ്രാപ്യംതന്നെ. ദൈവമായ സര്‍വേശ്വരന്‍റെ ശക്തമായ പ്രവൃത്തികളുടെ സാക്ഷ്യമായി ഞാന്‍ വരും. അവിടുത്തെ നീതിയെ മാത്രം ഞാന്‍ പ്രകീര്‍ത്തിക്കും. ദൈവമേ, ബാല്യംമുതല്‍ അവിടുന്നെന്നെ പഠിപ്പിച്ചു. അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ ഞാനിപ്പോഴും പ്രഘോഷിക്കുന്നു. ദൈവമേ, വാര്‍ധക്യവും നരയും ബാധിച്ച എന്നെ ഉപേക്ഷിക്കരുതേ. അവിടുത്തെ പ്രഭാവവും ശക്തിയും വരുംതലമുറകളെ അറിയിക്കാന്‍ എനിക്കിടയാക്കണമേ! ദൈവമേ, അവിടുത്തെ നീതി അത്യുന്നതമായിരിക്കുന്നു. അവിടുന്നു വന്‍കാര്യങ്ങള്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. ദൈവമേ, അങ്ങേക്കു തുല്യനായി ആരുമില്ലല്ലോ. കഠിനമായ കഷ്ടതകള്‍ അവിടുന്ന് എനിക്കു തന്നു, എങ്കിലും അവിടുന്ന് എനിക്കു വീണ്ടും നവജീവന്‍ നല്‌കും. പാതാളത്തില്‍നിന്ന് അവിടുന്ന് എന്നെ കരകയറ്റും. അവിടുന്ന് എന്‍റെ മഹത്ത്വം വര്‍ധിപ്പിക്കുകയും എന്നെ വീണ്ടും ആശ്വസിപ്പിക്കുകയും ചെയ്യും. ഞാന്‍ വീണ മീട്ടി അവിടുത്തെ വിശ്വസ്തതയെ പ്രകീര്‍ത്തിക്കും. ഇസ്രായേലിന്‍റെ പരിശുദ്ധനായ ദൈവമേ, കിന്നരം മീട്ടി ഞാന്‍ അങ്ങേക്കു കീര്‍ത്തനം പാടും. ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കുമ്പോള്‍, ഞാന്‍ സര്‍വാത്മനാ ആനന്ദംകൊണ്ട് ആര്‍ത്തുവിളിക്കും. അവിടുന്ന് എന്നെ രക്ഷിച്ചുവല്ലോ! അവിടുത്തെ നീതിപൂര്‍വകമായ പ്രവൃത്തികള്‍ ഞാന്‍ നിരന്തരം ഘോഷിക്കും. എന്നെ ദ്രോഹിക്കാന്‍ നോക്കിയവര്‍ ലജ്ജിതരും അപമാനിതരും ആയിത്തീര്‍ന്നിരിക്കുന്നു. ശലോമോന്‍റെ ഒരു സങ്കീര്‍ത്തനം [1] ദൈവമേ, രാജാവിന് അങ്ങയുടെ നീതിബോധവും അദ്ദേഹത്തിന് അങ്ങയുടെ ധര്‍മനിഷ്ഠയും നല്‌കണമേ. അങ്ങയുടെ ജനത്തെ അദ്ദേഹം ധര്‍മനിഷ്ഠയോടെ ഭരിക്കട്ടെ. എളിയവരെ നീതിയോടെ പരിപാലിക്കട്ടെ. നീതിനിഷ്ഠയാല്‍, കുന്നുകളിലും മലകളിലും ഐശ്വര്യം പൊലിക്കട്ടെ. എളിയവര്‍ക്കു രാജാവ് ന്യായം പാലിച്ചു കൊടുക്കട്ടെ. ദരിദ്രരെ അദ്ദേഹം രക്ഷിക്കട്ടെ; മര്‍ദകരെ തകര്‍ക്കുകയും ചെയ്യട്ടെ; സൂര്യനും ചന്ദ്രനും ഉള്ള കാലത്തോളം രാജാവിന്‍റെ ഭരണം നിലനില്‌ക്കട്ടെ. അദ്ദേഹത്തിന്‍റെ ഭരണം ജനങ്ങള്‍ക്ക് വെട്ടിയൊരുക്കിയ പുല്‍പ്പുറങ്ങളില്‍ പെയ്യുന്ന മഴപോലെയും, ഭൂമിയെ നനയ്‍ക്കുന്ന വന്മഴ പോലെയും ആകട്ടെ. അദ്ദേഹത്തിന്‍റെ ഭരണകാലത്ത് നീതി തഴച്ചുവളരട്ടെ. ചന്ദ്രനുള്ളിടത്തോളം കാലം ഐശ്വര്യം വിളയട്ടെ. സമുദ്രംമുതല്‍ സമുദ്രംവരെയും നദിമുതല്‍ ഭൂമിയുടെ അറ്റംവരെയും അദ്ദേഹം ഭരിക്കട്ടെ. ശത്രുക്കള്‍ അദ്ദേഹത്തിന്‍റെ മുമ്പില്‍ തല കുനിക്കട്ടെ. അവര്‍ അദ്ദേഹത്തിന്‍റെ പാദധൂളി രുചിക്കട്ടെ. തര്‍ശ്ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാര്‍ അദ്ദേഹത്തിനു കപ്പം കൊടുക്കട്ടെ. ശെബയിലെയും സെബയിലെയും ഭരണാധികാരികള്‍ കാഴ്ചകള്‍ കൊണ്ടുവരട്ടെ. എല്ലാ രാജാക്കന്മാരും അദ്ദേഹത്തെ നമിക്കട്ടെ. എല്ലാ ജനതകളും അദ്ദേഹത്തെ സേവിക്കട്ടെ. അദ്ദേഹം നിലവിളിക്കുന്ന ദരിദ്രനെയും നിസ്സഹായനായ എളിയവനെയും വിടുവിക്കുന്നു. ദരിദ്രനോടും ദുര്‍ബലനോടും അദ്ദേഹം കരുണ കാണിക്കും. ദരിദ്രരെ അദ്ദേഹം രക്ഷിക്കും. പീഡനത്തില്‍നിന്നും അക്രമത്തില്‍നിന്നും അദ്ദേഹം അവരെ വിടുവിക്കും. അവരുടെ ജീവന്‍ അദ്ദേഹത്തിനു വിലയേറിയതായിരിക്കും. അദ്ദേഹം നീണാള്‍ വാഴട്ടെ. ശെബയിലെ സ്വര്‍ണം അദ്ദേഹത്തിനു കാഴ്ചയായി ലഭിക്കട്ടെ. ജനങ്ങള്‍ അദ്ദേഹത്തിനുവേണ്ടി ഇടവിടാതെ പ്രാര്‍ഥിക്കട്ടെ. അദ്ദേഹത്തിന്‍റെ അനുഗ്രഹത്തിനായി എപ്പോഴും അവര്‍ പ്രാര്‍ഥിക്കട്ടെ. ദേശത്ത് ധാന്യസമൃദ്ധി ഉണ്ടാകട്ടെ, മലകളില്‍ കതിര്‍ക്കുലകള്‍ വിളഞ്ഞുലയട്ടെ. അവയുടെ വിളവ് ലെബാനോന്‍ മലകളിലെപ്പോലെ സമൃദ്ധമാകട്ടെ! വയലില്‍ പുല്ലു നിറഞ്ഞു നില്‌ക്കുന്നതുപോലെ നഗരങ്ങള്‍ ജനങ്ങളെക്കൊണ്ടു നിറയട്ടെ. രാജാവിന്‍റെ നാമം എന്നും ജനങ്ങള്‍ സ്മരിക്കട്ടെ. സൂര്യനുള്ളിടത്തോളം കാലം അദ്ദേഹത്തിന്‍റെ കീര്‍ത്തി നിലനില്‌ക്കട്ടെ. ജനതകള്‍ അദ്ദേഹം നിമിത്തം അനുഗ്രഹിക്കപ്പെടും. സര്‍വജനതകളും അദ്ദേഹത്തെ ഭാഗ്യവാന്‍ എന്നു വിളിക്കും. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ. അവിടുന്നു മാത്രമാണ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അവിടുത്തെ മഹത്ത്വമുള്ള നാമം എന്നും വാഴ്ത്തപ്പെടട്ടെ. ഭൂമി മുഴുവന്‍ അവിടുത്തെ മഹത്ത്വംകൊണ്ടു നിറയട്ടെ. ആമേന്‍. ആമേന്‍. ഇശ്ശായിയുടെ പുത്രനായ ദാവീദിന്‍റെ പ്രാര്‍ഥനകള്‍ ഇവിടെ അവസാനിക്കുന്നു. ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം [1] ദൈവം ഇസ്രായേല്‍ജനത്തിനു നല്ലവനാണു നിശ്ചയം. ഹൃദയനൈര്‍മ്മല്യമുള്ളവര്‍ക്കുതന്നെ. എന്‍റെ കാലുകള്‍ ഇടറാന്‍ ഭാവിച്ചു; കാലടികള്‍ വഴുതാന്‍ തുടങ്ങി. ദുഷ്ടരുടെ ഐശ്വര്യം കണ്ടിട്ട് എനിക്ക് ആ അഹങ്കാരികളോട് അസൂയ തോന്നി. അവര്‍ക്കു വേദനകളില്ല; അവര്‍ അരോഗദൃഢഗാത്രരായിരിക്കുന്നു. മറ്റുള്ളവരെപ്പോലെ അവര്‍ക്കു കഷ്ടതകളും പീഡനങ്ങളുമില്ല. അതുകൊണ്ട് അവര്‍ അഹങ്കാരം മാലയായി അണിയുന്നു. അക്രമം വസ്ത്രമായി ധരിക്കുന്നു. മേദസ്സു മുറ്റിയ കണ്ണുകള്‍കൊണ്ട് അവര്‍ അഹന്തയോടെ വീക്ഷിക്കുന്നു. അവരുടെ മനസ്സിലെ ദുഷ്ടവിചാരങ്ങള്‍ക്ക് അന്തമില്ല. അവര്‍ പരിഹാസത്തോടും ദുഷ്ടതയോടുംകൂടി സംസാരിക്കുന്നു. അഹങ്കാരത്തോടെ അവര്‍ ഭീഷണി മുഴക്കുന്നു. അവര്‍ ദൈവത്തിനെതിരെ സംസാരിക്കുന്നു. മനുഷ്യരുടെ ഇടയില്‍ ദൂഷണം പറഞ്ഞു നടക്കുന്നു. അതുകൊണ്ട് ജനം അവരിലേക്കു തിരിയുന്നു. അവരില്‍ ഒരു കുറ്റവും കാണുന്നില്ല. ദൈവം എങ്ങനെ അറിയും? അത്യുന്നതന് ഇത് എങ്ങനെ അറിയാന്‍ കഴിയും എന്ന് അവര്‍ പറയുന്നു. ഇങ്ങനെയുള്ളവരാണ് ദുഷ്ടന്മാര്‍; അവര്‍ എന്നും സുഖലോലുപരായി കഴിയുന്നു. അവര്‍ മേല്‌ക്കുമേല്‍ ധനം നേടുന്നു. അങ്ങനെയെങ്കില്‍ ഞാന്‍ നിര്‍മ്മലനായി ജീവിച്ചതും നിഷ്കളങ്കതയില്‍ കൈ കഴുകിയതും വെറുതെയായി. ഞാന്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നു, പ്രഭാതംതോറും ദണ്ഡനമേല്‌ക്കുന്നു. ഞാനും അവരെപ്പോലെ സംസാരിച്ചിരുന്നെങ്കില്‍, അവിടുത്തെ ജനത്തോട് അവിശ്വസ്തത കാട്ടുമായിരുന്നു. ഇത് എങ്ങനെ ഗ്രഹിക്കുമെന്നു ചിന്തിച്ചിട്ടും, അത് എനിക്കു ദുസ്സാധ്യമായി. എന്നാല്‍, ഞാന്‍ ദൈവത്തിന്‍റെ മന്ദിരത്തില്‍ ചെന്നപ്പോള്‍, അവരുടെ അന്ത്യം എന്തെന്നു ഞാന്‍ ഗ്രഹിച്ചു. അവിടുന്ന് അവരെ വഴുവഴുപ്പുള്ളിടത്തു നിര്‍ത്തുന്നു. വിനാശത്തിലേക്ക് അവരെ തള്ളിയിടുന്നു. എത്ര പെട്ടെന്ന് അവര്‍ നശിച്ചു. ഭീകരതകളാല്‍ അവര്‍ നാമാവശേഷമായി. ഉണരുമ്പോള്‍ മറന്നുപോകുന്ന സ്വപ്നം പോലെയാണവര്‍ അവിടുന്ന് എഴുന്നേല്‌ക്കുമ്പോള്‍ അവര്‍ വിസ്മരിക്കപ്പെടും. എന്‍റെ ഹൃദയം വേദനിക്കയും എന്‍റെ മനസ്സ് വ്രണപ്പെടുകയും ചെയ്തപ്പോള്‍, ഞാന്‍ ഭോഷനും അജ്ഞനുമായിരുന്നു. അവിടുത്തെ മുമ്പില്‍ ഞാന്‍ മൃഗത്തെപ്പോലെ ആയിരുന്നു. എന്നിട്ടും ഞാന്‍ എപ്പോഴും അങ്ങയുടെ കൂടെ ആയിരുന്നു. അവിടുന്ന് എന്‍റെ വലങ്കൈയില്‍ പിടിച്ചിരിക്കുന്നു. അവിടുന്ന് ഉപദേശം നല്‌കി എന്നെ വഴി നടത്തുന്നു. പിന്നീട് അവിടുന്ന് എന്നെ മഹത്ത്വം നല്‌കി സ്വീകരിക്കും. സ്വര്‍ഗത്തില്‍ അങ്ങല്ലാതെ എനിക്ക് ആരുള്ളൂ. ഭൂമിയിലും അങ്ങയെ അല്ലാതെ മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്‍റെ ശരീരവും മനസ്സും തളര്‍ന്നാലും ദൈവമാണെന്‍റെ ബലം. എന്നേക്കുമുള്ള എന്‍റെ ഓഹരിയും അവിടുന്നു തന്നെ. അങ്ങയില്‍നിന്ന് അകന്നു നില്‌ക്കുന്നവര്‍ നശിച്ചുപോകും. അങ്ങയോട് അവിശ്വസ്തരായി വര്‍ത്തിക്കുന്നവരെ അവിടുന്നു സംഹരിക്കും. ദൈവത്തോടു ചേര്‍ന്നു നില്‌ക്കുന്നത് എനിക്ക് എത്ര നല്ലത്. ദൈവമായ സര്‍വേശ്വരനെ ഞാന്‍ അഭയം പ്രാപിച്ചിരിക്കുന്നു. അവിടുത്തെ സകല പ്രവൃത്തികളെയും ഞാന്‍ പ്രഘോഷിക്കും. ആസാഫിന്‍റെ ധ്യാനം. [1] ദൈവമേ, അവിടുന്ന് ഞങ്ങളെ എന്നേക്കുമായി തള്ളിക്കളഞ്ഞതെന്ത്? അങ്ങയുടെ മേച്ചില്‍പ്പുറത്തെ ആടുകളായ ഞങ്ങളുടെ നേരേ അവിടുത്തെ കോപം ജ്വലിക്കുന്നതെന്ത്? അങ്ങു പണ്ടേ തിരഞ്ഞെടുത്ത അവിടുത്തെ ജനത്തെ, അങ്ങു വീണ്ടെടുത്ത അവിടുത്തെ അവകാശമായ ഗോത്രത്തെത്തന്നെ ഓര്‍ക്കണമേ. അങ്ങു വസിച്ചിരുന്ന സീയോന്‍പര്‍വതത്തെ വിസ്മരിക്കരുതേ. പൂര്‍ണമായി തകര്‍ന്നടിഞ്ഞ നാശാവശിഷ്ടങ്ങള്‍ നടന്നു കാണണമേ. വിശുദ്ധമന്ദിരത്തിലുള്ളതെല്ലാം ശത്രുക്കള്‍ നശിപ്പിച്ചിരിക്കുന്നു. അങ്ങയുടെ ശത്രുക്കള്‍ വിശുദ്ധമന്ദിരത്തിന്‍റെ നടുവില്‍ നിന്നുകൊണ്ട് ഗര്‍ജിക്കുന്നു. അവിടെ അവര്‍ വിജയക്കൊടി നാട്ടിയിരിക്കുന്നു. മരംവെട്ടുകാരെപ്പോലെ അവര്‍ ദേവാലയകവാടത്തിലെ ചിത്രപ്പണികള്‍ മഴുകൊണ്ടും ചുറ്റികകൊണ്ടും തകര്‍ത്തുകളഞ്ഞിരിക്കുന്നു. അവിടുത്തെ വിശുദ്ധമന്ദിരം അവര്‍ അഗ്നിക്കിരയാക്കി, അവിടുത്തെ തിരുനിവാസം അവര്‍ ഇടിച്ചുനിരത്തി അശുദ്ധമാക്കിയിരിക്കുന്നു. ഞങ്ങളെ പൂര്‍ണമായി തകര്‍ത്തുകളയുമെന്ന് അവര്‍ പറഞ്ഞു. ദേശത്തുള്ള എല്ലാ ആരാധനാസ്ഥലങ്ങളും അവര്‍ ചുട്ടുകളഞ്ഞു. ഞങ്ങള്‍ ഒരു അടയാളവും കാണുന്നില്ല, ഒരു പ്രവാചകനും ശേഷിച്ചിട്ടില്ല. ഈ ദുരിതങ്ങള്‍ എത്ര കാലത്തേക്കെന്ന് ആര്‍ക്കും നിശ്ചയവുമില്ല. ദൈവമേ, ശത്രുക്കള്‍ എത്ര കാലം അങ്ങയെ നിന്ദിക്കും? അവര്‍ എന്നും അങ്ങയുടെ നാമം ദുഷിക്കുമോ? അവിടുന്നു തൃക്കരം പിന്‍വലിച്ചിരിക്കുന്നതെന്ത്? അവിടുന്നു ഞങ്ങളെ സഹായിക്കാതെ കൈ കെട്ടിയിരിക്കുന്നതെന്ത്? ദൈവമേ, ആദിമുതലേ അവിടുന്നു ഞങ്ങളുടെ രാജാവല്ലോ, ഭൂമിയില്‍ രക്ഷ പ്രദാനം ചെയ്യുന്നത് അവിടുന്നാണ്. സ്വന്തം ശക്തിയാല്‍ അവിടുന്ന് സമുദ്രത്തെ വിഭജിച്ചു, കടലിലെ ഭീകരജന്തുക്കളുടെ തലകള്‍ അവിടുന്നു തകര്‍ത്തു. ലിവ്യാഥാന്‍റെ തലകള്‍ അവിടുന്നു തകര്‍ത്തു. അതിനെ മരുഭൂമിയിലെ ജന്തുക്കള്‍ക്ക് ആഹാരമായി നല്‌കി. അവിടുന്നു നീരുറവുകളും നീര്‍ച്ചാലുകളും തുറന്നുവിട്ടു. ഒരിക്കലും വറ്റാത്ത നദികള്‍ അവിടുന്നു വറ്റിച്ചു. അവിടുന്നു രാവും പകലും സൃഷ്‍ടിച്ചു, അവിടുന്നു ചന്ദ്രനെയും നക്ഷത്രങ്ങളെയും സൂര്യനെയും സ്ഥാപിച്ചു. അവിടുന്നാണ് ഭൂമിക്ക് അതിരുകള്‍ നിശ്ചയിച്ചത്. വേനല്‍ക്കാലവും ശീതകാലവും സൃഷ്‍ടിച്ചതും അവിടുന്നാണ്. സര്‍വേശ്വരാ, ശത്രുക്കള്‍ അങ്ങയെ നിന്ദിക്കുന്നതും മൂഢജനം അങ്ങയെ അധിക്ഷേപിക്കുന്നതും ഓര്‍ക്കണമേ. അങ്ങയുടെ പ്രാവിനെ ദുഷ്ടമൃഗങ്ങള്‍ക്കു വിട്ടുകൊടുക്കരുതേ, ഈ എളിയവരെ എന്നേക്കും മറന്നുകളയരുതേ. അവിടുന്നു ഞങ്ങളോടു ചെയ്ത ഉടമ്പടി ഓര്‍ക്കണമേ; ദേശത്തെ ഇരുണ്ടയിടങ്ങളില്‍ അക്രമം കുടിപാര്‍ക്കുന്നു. പീഡിതര്‍ ലജ്ജിതരാകാന്‍ ഇടയാകരുതേ. ദരിദ്രരും എളിയവരും അവിടുത്തെ സ്തുതിക്കട്ടെ. ദൈവമേ, എഴുന്നേറ്റ് അങ്ങേക്കുവേണ്ടി വാദിക്കണമേ, മൂഢജനം എപ്പോഴും അങ്ങയെ നിന്ദിക്കുന്നത് ഓര്‍ക്കണമേ. അങ്ങയുടെ ശത്രുക്കളുടെ ആരവം ശ്രദ്ധിക്കണമേ, അങ്ങയുടെ വൈരികളുടെ ഇടവിടാതെയുള്ള അട്ടഹാസം ഓര്‍ക്കണമേ. ഗായകസംഘനേതാവിന്; നശിപ്പിക്കരുതേ എന്ന രാഗത്തില്‍, ആസാഫിന്‍റെ സങ്കീര്‍ത്തനം. [1] ദൈവമേ, ഞങ്ങള്‍ അങ്ങേക്കു സ്തോത്രം ചെയ്യുന്നു; അതേ, ഞങ്ങള്‍ അങ്ങേക്കു സ്തോത്രം ചെയ്യുന്നു; അങ്ങയുടെ നാമം ഞങ്ങള്‍ വിളിച്ചപേക്ഷിക്കുന്നു. അവിടുത്തെ അദ്ഭുതകരമായ പ്രവൃത്തികള്‍ ഞങ്ങള്‍ പ്രഘോഷിക്കുന്നു. ദൈവം അരുളിച്ചെയ്യുന്നു: ഞാന്‍ നിശ്ചയിക്കുന്ന സമയത്ത് ഞാന്‍ നീതിപൂര്‍വം വിധിക്കും. ഭൂമിയും അതിലെ സകല നിവാസികളും പ്രകമ്പനം കൊള്ളുമ്പോള്‍ ഞാന്‍ അതിന്‍റെ തൂണുകള്‍ ഉറപ്പിച്ചു നിര്‍ത്തുന്നു. ഗര്‍വു കാണിക്കരുതെന്ന് അഹങ്കാരികളോടും ശക്തി കാട്ടരുതെന്ന് ദുഷ്ടരോടും ഞാന്‍ പറയുന്നു. നിങ്ങള്‍ ശക്തിയില്‍ ഊറ്റംകൊള്ളരുത്; ഗര്‍വോടെ സംസാരിക്കയുമരുത്. ന്യായവിധി വരുന്നത് കിഴക്കുനിന്നോ, പടിഞ്ഞാറുനിന്നോ, വടക്കുനിന്നോ തെക്കുനിന്നോ അല്ല. വിധികര്‍ത്താവു ദൈവമാണ്. അവിടുന്നാണ് ഒരുവനെ താഴ്ത്തുകയും മറ്റൊരുവനെ ഉയര്‍ത്തുകയും ചെയ്യുന്നത്. സര്‍വേശ്വരന്‍റെ കൈയില്‍ ഒരു പാനപാത്രമുണ്ട്. അതില്‍ വീര്യമുള്ള വീഞ്ഞ് നുരഞ്ഞുപൊങ്ങുന്നു. അവിടുന്ന് അതു പകര്‍ന്നു കൊടുക്കുന്നു. ഭൂമിയിലെ സകല ദുഷ്ടന്മാരും അതു മട്ടുവരെ ഊറ്റിക്കുടിക്കും. എന്നാല്‍ ഞാന്‍ എന്നേക്കും ആനന്ദിക്കും, യാക്കോബിന്‍റെ ദൈവത്തിനു ഞാന്‍ സ്തുതിഗീതം ആലപിക്കും. ദുഷ്ടന്മാരുടെ ശക്തി അവിടുന്നു തകര്‍ക്കും; നീതിമാന്മാരുടെ ശക്തിയോ വര്‍ധിപ്പിക്കും. ഗായകസംഘനേതാവിന്; തന്ത്രിനാദത്തോടെ, ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ദൈവം യെഹൂദായില്‍ പ്രസിദ്ധനാണ്; ഇസ്രായേലില്‍ അവിടുത്തെ നാമം മഹത്ത്വപൂര്‍ണമാണ്. അവിടുത്തെ കൂടാരം യെരൂശലേമിലും തിരുനിവാസം സീയോനിലും ആകുന്നു. അവിടെവച്ച് അവിടുന്നു ശത്രുക്കളുടെ തീയമ്പുകളും വാളും പരിചയും മറ്റെല്ലാ ആയുധങ്ങളും തകര്‍ത്തുകളഞ്ഞു. ശാശ്വതശൈലങ്ങളെക്കാള്‍ അവിടുന്നു, മഹോന്നതനും മഹിമയുള്ളവനും ആകുന്നു. ധീരന്മാരുടെ സമ്പത്ത് കൊള്ളയടിച്ചു, അവര്‍ എല്ലാവരും മരണമടഞ്ഞു. അവര്‍ക്ക് കൈ ഉയര്‍ത്താന്‍പോലും കഴിഞ്ഞില്ല. യാക്കോബിന്‍റെ ദൈവമേ, അങ്ങ് ശാസിച്ചപ്പോള്‍ കുതിരകളും തേരാളികളും പ്രജ്ഞയറ്റു വീണു. എല്ലാവരും അങ്ങയെ ഭയപ്പെടുന്നു, അവിടുത്തെ കോപം ജ്വലിച്ചാല്‍ തിരുമുമ്പില്‍ നില്‌ക്കാന്‍ ആര്‍ക്കു കഴിയും? [8,9] സ്വര്‍ഗത്തില്‍നിന്ന് അവിടുന്നു വിധി പ്രസ്താവിച്ചു, ഭൂമി നടുങ്ങി വിറച്ചു. ദൈവം വിധി നടപ്പിലാക്കാന്‍ എഴുന്നേറ്റു, ഭൂമിയിലെ സകല പീഡിതരെയും രക്ഷിക്കാന്‍ തന്നെ. *** ദൈവമേ, മനുഷ്യന്‍റെ കോപവും അവിടുത്തേക്കു സ്തുതിയായി ഭവിക്കും. അവിടുത്തെ കോപത്തില്‍നിന്നു രക്ഷപെടുന്നവര്‍ അങ്ങയോടു ചേര്‍ന്നു നില്‌ക്കും. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു നേര്‍ച്ചകള്‍ നേരുകയും നിറവേറ്റുകയും ചെയ്യുവിന്‍. എല്ലാവരും ഭയപ്പെടുന്ന അങ്ങേക്ക്, ചുറ്റുമുള്ള രാജ്യങ്ങള്‍ കാഴ്ചകള്‍ കൊണ്ടുവരട്ടെ. അവിടുന്നു പ്രഭുക്കന്മാരുടെ ഗര്‍വ് അടക്കും. ഭൂമിയിലെ രാജാക്കന്മാര്‍ക്ക് അവിടുന്നു ഭീതിദനാണ്. ഗായകസംഘനേതാവിന്, യെദൂഥൂന്യ രാഗത്തില്‍, ആസാഫിന്‍റെ സങ്കീര്‍ത്തനം [1] ഞാന്‍ ദൈവത്തോടു നിലവിളിക്കുന്നു, ഞാന്‍ അവിടുത്തോട് ഉച്ചത്തില്‍ നിലവിളിക്കുന്നു. എന്‍റെ കഷ്ടകാലത്ത് ഞാന്‍ സര്‍വേശ്വരനെ വിളിച്ചപേക്ഷിച്ചു. രാത്രി മുഴുവന്‍ തളരാതെ ഞാന്‍ കൈ ഉയര്‍ത്തി പ്രാര്‍ഥിച്ചു, എങ്കിലും എനിക്ക്, ആശ്വാസം ലഭിച്ചില്ല. ദൈവത്തെ ഓര്‍ക്കുന്നു എങ്കിലും ഞാന്‍ വിലപിക്കുന്നു. ദൈവത്തെ ധ്യാനിച്ചിട്ടും ഞാന്‍ നിരാശനായിത്തീരുന്നു. അവിടുന്ന് എനിക്ക് ഉറക്കം നല്‌കുന്നില്ല. ഞാന്‍ വ്യാകുലനായിരിക്കുന്നു; എന്താണു പറയേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാ. ഞാന്‍ കഴിഞ്ഞ കാലത്തെക്കുറിച്ച് ഓര്‍ക്കുന്നു. പണ്ടത്തെ വര്‍ഷങ്ങളെ ഞാന്‍ അനുസ്മരിക്കുന്നു. രാത്രിയില്‍ ഞാന്‍ ഗാഢചിന്തയില്‍ കഴിയുന്നു. ഞാന്‍ ധ്യാനിക്കുകയും ആത്മപരിശോധന നടത്തുകയും ചെയ്യുന്നു. സര്‍വേശ്വരന്‍ എന്നേക്കുമായി തള്ളിക്കളയുമോ? ഇനി ഒരിക്കലും അവിടുന്ന് എന്നില്‍ പ്രസാദിക്കയില്ലേ? അവിടുത്തെ അചഞ്ചലസ്നേഹം എന്നേക്കുമായി അറ്റുപോയോ? അവിടുന്നു നമ്മോടു ചെയ്ത വാഗ്ദാനങ്ങള്‍ നിറവേറ്റുകയില്ലേ? കരുണ കാട്ടാന്‍ ദൈവം മറന്നുപോയോ? അവിടുന്നു നമ്മോടുള്ള കോപത്താല്‍ കരുണയുടെ വാതില്‍ അടച്ചുകളഞ്ഞുവോ? അത്യുന്നതനായ ദൈവം നമുക്കുവേണ്ടി, പ്രവര്‍ത്തിക്കാത്തതാണ് എന്‍റെ ദുഃഖകാരണം എന്നു ഞാന്‍ പറഞ്ഞു. സര്‍വേശ്വരന്‍റെ പ്രവൃത്തികള്‍ ഞാന്‍ അനുസ്മരിക്കും, അവിടുന്നു പണ്ടു പ്രവര്‍ത്തിച്ച അദ്ഭുതങ്ങള്‍ തന്നെ. അവിടുത്തെ സകല പ്രവൃത്തികളെയും ഞാന്‍ ധ്യാനിക്കും. അവിടുത്തെ മഹത്തായ പ്രവൃത്തികള്‍തന്നെ. ദൈവമേ, അവിടുത്തെ മാര്‍ഗം വിശുദ്ധമാകുന്നു. നമ്മുടെ ദൈവത്തെപ്പോലെ ഉന്നതനായി ആരുണ്ട്? അവിടുന്നാണ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവം, അവിടുന്നു ജനതകളുടെ ഇടയില്‍ ശക്തി വെളിപ്പെടുത്തി. തൃക്കൈകൊണ്ടു സ്വജനത്തെ അവിടുന്നു രക്ഷിച്ചു. യാക്കോബിന്‍റെയും യോസേഫിന്‍റെയും സന്തതികളെത്തന്നെ. ദൈവമേ, വെള്ളം അങ്ങയെ കണ്ടു ഭ്രമിച്ചു, അഗാധത അങ്ങയെ കണ്ടു വിറച്ചു. മേഘങ്ങള്‍ വെള്ളം ചൊരിഞ്ഞു, ആകാശം ഇടി മുഴക്കി; അവിടുത്തെ മിന്നലുകള്‍ അസ്ത്രങ്ങള്‍ പോലെ എല്ലാ ദിക്കുകളിലേക്കും പാഞ്ഞു. അങ്ങയുടെ ഇടിമുഴക്കം ചുഴലിക്കാറ്റില്‍ മാറ്റൊലികൊണ്ടു. മിന്നലുകള്‍ ഭൂതലത്തെ പ്രകാശിപ്പിച്ചു; ഭൂമി നടുങ്ങിവിറച്ചു. അങ്ങയുടെ മാര്‍ഗം സമുദ്രത്തിലൂടെയും അങ്ങയുടെ വഴി ആഴിയുടെ അടിത്തട്ടിലൂടെയും ആയിരുന്നു. എന്നാല്‍ അങ്ങയുടെ കാല്‍പ്പാടുകള്‍ അദൃശ്യമായിരുന്നു. മോശയുടെയും അഹരോന്‍റെയും നേതൃത്വത്തില്‍, അവിടുത്തെ ജനത്തെ ഒരു ആട്ടിന്‍പറ്റത്തെ പോലെ, അവിടുന്നു നയിച്ചു. ആസാഫിന്‍റെ ഗീതം [1] എന്‍റെ ജനമേ, എന്‍റെ പ്രബോധനം ശ്രദ്ധിക്കുക; ഞാന്‍ പറയുന്നതു കേള്‍ക്കുക. ഞാന്‍ ഉപമകളിലൂടെ പഠിപ്പിക്കും, പുരാതനകടങ്കഥകള്‍ ഞാന്‍ വിശദീകരിക്കും. നാം അതു കേള്‍ക്കുകയും അറിയുകയും ചെയ്തിട്ടുണ്ട്. നമ്മുടെ പിതാക്കന്മാര്‍ അതു നമ്മോടു പറഞ്ഞിട്ടുമുണ്ട്. നാം അതു നമ്മുടെ മക്കളെ അറിയിക്കണം, വരുംതലമുറയോടു നാം അതു വിവരിക്കണം. സര്‍വേശ്വരന്‍റെ മഹത്തായ പ്രവൃത്തികളെയും അവിടുത്തെ ശക്തിയെയും അവിടുന്നു ചെയ്ത അദ്ഭുതങ്ങളെയും തന്നെ. അവിടുന്നു യാക്കോബിന്‍റെ സന്തതികള്‍ക്കു നിയമം നല്‌കി. ഇസ്രായേല്‍ജനത്തിനുള്ള ധര്‍മശാസ്ത്രം തന്നെ. അതു തങ്ങളുടെ മക്കളെ പഠിപ്പിക്കാന്‍ അവിടുന്നു നമ്മുടെ പിതാക്കന്മാരോടു കല്പിച്ചു. അങ്ങനെ ഭാവിതലമുറ, ഇനിയും ജനിച്ചിട്ടില്ലാത്ത മക്കള്‍തന്നെ, അവ ഗ്രഹിച്ച് തങ്ങളുടെ മക്കള്‍ക്ക് അതു പറഞ്ഞുകൊടുക്കും. അവര്‍ അങ്ങനെ ദൈവത്തില്‍ ആശ്രയിക്കുകയും, അവിടുത്തെ പ്രവൃത്തികള്‍ അവഗണിക്കാതെ, അവിടുത്തെ കല്പനകള്‍ പാലിക്കുകയും ചെയ്യും. അവര്‍ തങ്ങളുടെ പിതാക്കന്മാരെപ്പോലെ, ദുശ്ശാഠ്യക്കാരും മത്സരബുദ്ധികളും ദൈവത്തില്‍ ആശ്രയിക്കാത്തവരും ദൈവത്തോട് അവിശ്വസ്തരും ആകരുത്. അമ്പും വില്ലും ഏന്തിയ എഫ്രയീമ്യര്‍, യുദ്ധദിവസം പിന്തിരിഞ്ഞോടി. ദൈവവുമായി ചെയ്ത ഉടമ്പടി അവര്‍ പാലിച്ചില്ല. അവിടുത്തെ ധര്‍മശാസ്ത്രപ്രകാരം ജീവിക്കാന്‍ കൂട്ടാക്കിയുമില്ല. അവര്‍ അവിടുത്തെ പ്രവൃത്തികളും തങ്ങള്‍ കണ്ട അദ്ഭുതങ്ങളും മറന്നുകളഞ്ഞു. അവിടുന്ന് ഈജിപ്തിലെ സോവാന്‍ വയലില്‍, അവരുടെ പൂര്‍വപിതാക്കള്‍ കാണ്‍കെ അദ്ഭുതം പ്രവര്‍ത്തിച്ചു. അവിടുന്നു കടലിനെ വിഭജിച്ചു, അവരെ അതിലൂടെ കടത്തിക്കൊണ്ടുപോയി. അവിടുന്നു വെള്ളത്തെ ചിറപോലെ നിര്‍ത്തി. പകല്‍ മേഘംകൊണ്ടും രാത്രിയില്‍ അഗ്നിയുടെ പ്രകാശംകൊണ്ടും അവിടുന്ന് അവരെ വഴിനടത്തി. അവിടുന്നു മരുഭൂമിയില്‍ പാറകള്‍ പിളര്‍ന്ന്, ആഴത്തില്‍നിന്ന് അവര്‍ക്കു ജലം നല്‌കി. അവിടുന്നു പാറയില്‍നിന്നു നീര്‍ച്ചാലുകള്‍ പുറപ്പെടുവിച്ചു, വെള്ളം നദിപോലെ ഒഴുകാന്‍ ഇടയാക്കി. എന്നിട്ടും അവര്‍ നിരവധി പാപങ്ങള്‍ ചെയ്തു. അത്യുന്നതനായ ദൈവത്തോടു മരുഭൂമിയില്‍ വച്ചു മത്സരിച്ചു. ഇഷ്ടഭോജ്യം ചോദിച്ച്, അവര്‍ ദൈവത്തെ മനഃപൂര്‍വം പരീക്ഷിച്ചു. അവര്‍ ദൈവത്തെ പഴിച്ചുകൊണ്ട് പറഞ്ഞു: “മരുഭൂമിയില്‍ വിരുന്നൊരുക്കാന്‍ ദൈവത്തിനു കഴിയുമോ? അവിടുന്നു പാറയില്‍ അടിച്ചു; വെള്ളം കുതിച്ചു ചാടി. നീര്‍ച്ചാലുകള്‍ കവിഞ്ഞൊഴുകി. എന്നാല്‍ നമുക്ക് അപ്പവും മാംസവും നല്‌കാന്‍ അവിടുത്തേക്കു കഴിയുമോ?” ഇതു കേട്ടപ്പോള്‍ സര്‍വേശ്വരന്‍ കോപിച്ചു. യാക്കോബിന്‍റെ സന്തതികളുടെമേല്‍ അവിടുത്തെ അഗ്നി ജ്വലിച്ചു. ഇസ്രായേല്‍ജനത്തിനു നേരേ അവിടുത്തെ കോപം ഉയര്‍ന്നു. അവര്‍ ദൈവത്തില്‍ ശരണപ്പെടുകയോ, അവിടുന്നു രക്ഷിക്കാന്‍ ശക്തന്‍ എന്നു വിശ്വസിക്കുകയോ ചെയ്തില്ലല്ലോ. എന്നാല്‍ അവിടുന്ന് ആകാശത്തോട് ആജ്ഞാപിച്ചു, ആകാശത്തിന്‍റെ വാതിലുകള്‍ തുറന്നു. അവിടുന്ന് അവര്‍ക്കു ഭക്ഷിക്കാന്‍ മന്ന വര്‍ഷിച്ചു. സ്വര്‍ഗത്തിലെ ധാന്യംതന്നെ. അങ്ങനെ അവര്‍ മാലാഖമാരുടെ അപ്പം ഭക്ഷിച്ചു. അവിടുന്ന് അവര്‍ക്കു സമൃദ്ധമായി ഭക്ഷണം നല്‌കി. അവിടുന്ന് ആകാശത്ത് കിഴക്കന്‍ കാറ്റടിപ്പിച്ചു, തന്‍റെ ശക്തിയാല്‍ അവിടുന്നു തെക്കന്‍ കാറ്റിനെ ഇളക്കിവിട്ടു. അവിടുന്നു പൂഴിപോലെ കണക്കില്ലാതെ മാംസവും കടല്‍പ്പുറത്തെ മണല്‍ത്തരിപോലെ പക്ഷികളെയും വര്‍ഷിച്ചു. അവിടുന്ന് അവയെ അവരുടെ പാളയത്തിന്‍റെ നടുവിലും പാര്‍പ്പിടങ്ങളുടെ ചുറ്റും വര്‍ഷിച്ചു. അങ്ങനെ മാംസം ഭക്ഷിച്ച് അവരുടെ വയര്‍ നിറഞ്ഞു. അവര്‍ കൊതിച്ചത് അവിടുന്ന് അവര്‍ക്കു നല്‌കി. എങ്കിലും അവരുടെ കൊതിക്കു മതിവരും മുമ്പേ, ഭക്ഷണം വായിലിരിക്കുമ്പോള്‍തന്നെ, ദൈവം അവരോടു കോപിച്ചു. അവിടുന്ന് അവരിലെ കരുത്തന്മാരെ സംഹരിച്ചു. ഇസ്രായേലിലെ ഏറ്റവും മികച്ച യുവാക്കളെ തന്നെ. ഇവയെല്ലാമായിട്ടും അവര്‍ പിന്നെയും പാപം ചെയ്തു. ദൈവം പ്രവര്‍ത്തിച്ച അദ്ഭുതങ്ങള്‍ കണ്ടിട്ടും അവര്‍ അവിടുത്തെ വിശ്വസിച്ചില്ല. അതുകൊണ്ട് അവിടുന്ന് അവരുടെ ആയുസ്സിന്‍റെ നാളുകള്‍, ഒരു ശ്വാസംപോലെ അവസാനിപ്പിച്ചു. അവരുടെ വര്‍ഷങ്ങള്‍ ഭീതികൊണ്ടു നിറച്ചു. അവിടുന്നു സംഹാരം തുടങ്ങിയപ്പോള്‍, അവര്‍ അവിടുത്തെ അടുക്കലേക്കു തിരിഞ്ഞു. ദൈവം തങ്ങളുടെ അഭയശിലയെന്നും അത്യുന്നതനായ ദൈവമാണു തങ്ങളുടെ രക്ഷകനെന്നും അവര്‍ അനുസ്മരിച്ചു. എങ്കിലും അവരുടെ വാക്കുകള്‍ കപടമായിരുന്നു. അവര്‍ ദൈവത്തോടു വ്യാജം സംസാരിച്ചു. അവര്‍ അവിടുത്തോട് അവിശ്വസ്തരായിരുന്നു. അവിടുത്തെ ഉടമ്പടിയോട് വിശ്വസ്തത പുലര്‍ത്തിയില്ല. എങ്കിലും കരുണാസമ്പന്നനായ അവിടുന്ന്, അവരുടെ അകൃത്യങ്ങള്‍ ക്ഷമിച്ചു; അവരെ നശിപ്പിച്ചതുമില്ല. അവിടുന്നു പലപ്പോഴും കോപം അടക്കി അവിടുത്തെ ക്രോധം ആളിക്കത്താന്‍ അനുവദിച്ചില്ല. അവര്‍ വെറും മര്‍ത്യരെന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റാണെന്നും അവിടുന്ന് ഓര്‍ത്തു. അവര്‍ എത്രയോ വട്ടം മരുഭൂമിയില്‍വച്ച് അവിടുത്തോടു മത്സരിച്ചു. അവിടെവച്ച് അവര്‍ എത്രയോ പ്രാവശ്യം അവിടുത്തെ ദുഃഖിപ്പിച്ചു. അവര്‍ വീണ്ടും വീണ്ടും ദൈവത്തെ പരീക്ഷിച്ചു. ഇസ്രായേലിന്‍റെ പരിശുദ്ധനായ ദൈവത്തെ പ്രകോപിപ്പിച്ചു. അവിടുത്തെ ശക്തിയെയും ശത്രുവില്‍നിന്ന് അവിടുന്ന് അവരെ വിടുവിച്ച ദിവസത്തെയും അവര്‍ മറന്നു. ഈജിപ്തില്‍വച്ച് അവിടുന്നു കാണിച്ച അടയാളങ്ങള്‍, ഈജിപ്തിലെ സോവാന്‍ വയലില്‍ വച്ചു ചെയ്ത അദ്ഭുതങ്ങള്‍തന്നെ, അവര്‍ മറന്നുകളഞ്ഞു. അവിടുന്ന് അവരുടെ നദികളെയും അരുവികളെയും രക്തമായി മാറ്റി. അതുകൊണ്ട് ഈജിപ്തിലെ ജനങ്ങള്‍ക്കു വെള്ളം കുടിക്കാന്‍ കഴിഞ്ഞില്ല. അവിടുന്ന് അവരുടെ ഇടയിലേക്ക് ഈച്ചകളെ അയച്ചു. അത് അവരെ അത്യധികം കഷ്ടപ്പെടുത്തി. അവിടുന്നു തവളകളെ അയച്ചു, അവ അവര്‍ക്കു നാശം ചെയ്തു. അവിടുന്ന് അവരുടെ വിളകള്‍, അവരുടെ അധ്വാനഫലങ്ങള്‍ തന്നെ, വെട്ടുക്കിളിക്ക് ഇരയാക്കി. അവിടുന്ന് അവരുടെ മുന്തിരിച്ചെടികളെ കന്മഴകൊണ്ടും അത്തിമരങ്ങളെ ഹിമവര്‍ഷംകൊണ്ടും നശിപ്പിച്ചു. അവിടുന്ന് അവരുടെ കന്നുകാലികളെ കന്മഴയ്‍ക്കും അവരുടെ ആട്ടിന്‍പറ്റത്തെ ഇടിത്തീക്കും ഇരയാക്കി. അവിടുന്ന് അവരുടെ ഇടയിലേക്ക് അവിടുത്തെ ഉഗ്രകോപവും ക്രോധവും അമര്‍ഷവും കൊടിയ വേദനയും അയച്ചു; സംഹാരദൂതന്മാരുടെ ഒരു ഗണത്തെത്തന്നെ. അവിടുന്നു തന്‍റെ കോപത്തെ തുറന്നുവിട്ടു. അവരില്‍ ആരെയും മരണത്തില്‍നിന്ന് ഒഴിവാക്കിയില്ല. മഹാമാരികൊണ്ട് അവരെ നശിപ്പിച്ചു. ഈജിപ്തിലെ ആദ്യജാതന്മാരെ, ഹാമിന്‍റെ കൂടാരത്തിലെ കടിഞ്ഞൂലുകളെ തന്നെ അവിടുന്നു സംഹരിച്ചു. എന്നാല്‍ അവിടുന്നു സ്വജനത്തെ ആടുകളെപ്പോലെ ഈജിപ്തില്‍നിന്നു പുറപ്പെടുവിച്ചു. ആട്ടിന്‍പറ്റത്തെയെന്നപോലെ അവരെ മരുഭൂമിയിലൂടെ നയിച്ചു. അവിടുന്ന് അവരെ സുരക്ഷിതമായി നയിച്ചതിനാല്‍ അവര്‍ ഭയപ്പെട്ടില്ല; അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു. അവിടുന്ന് അവരെ വിശുദ്ധദേശത്തേക്ക്, അവിടുത്തെ വലങ്കൈ നേടിയെടുത്ത പര്‍വതത്തിലേക്കു കൊണ്ടുവന്നു. അവിടുന്ന് അന്യജനതകളെ അവരുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു. അവരുടെ ദേശം അവിടുന്ന് ഇസ്രായേല്‍ ഗോത്രങ്ങള്‍ക്കു വിഭജിച്ചുകൊടുത്തു. അവരുടെ വീടുകളില്‍ ഇസ്രായേല്‍ ഗോത്രങ്ങളെ പാര്‍പ്പിച്ചു. എന്നിട്ടും അവര്‍ അത്യുന്നതനായ ദൈവത്തെ പരീക്ഷിക്കുകയും അവിടുത്തോടു മത്സരിക്കുകയും ചെയ്തു. അവര്‍ അവിടുത്തെ കല്പനകള്‍ അനുസരിച്ചതുമില്ല. അവര്‍ അവരുടെ പിതാക്കന്മാരെപ്പോലെ ദൈവത്തില്‍നിന്ന് പിന്തിരിഞ്ഞ് അവിശ്വസ്തരായി വര്‍ത്തിച്ചു. ചതിവില്ലുപോലെ അവര്‍ തിരിഞ്ഞു. തങ്ങളുടെ പൂജാഗിരികളാല്‍ അവര്‍ അവിടുത്തെ പ്രകോപിപ്പിച്ചു. തങ്ങളുടെ വിഗ്രഹങ്ങള്‍കൊണ്ട് അവര്‍ അവിടുത്തെ രോഷാകുലനാക്കി. ദൈവം ഇതറിഞ്ഞു ക്രുദ്ധനായി. ഇസ്രായേല്‍ജനത്തെ ഏറ്റവും വെറുത്തു. അതുകൊണ്ടു മനുഷ്യരുടെ ഇടയിലെ, തിരുനിവാസമായ ശീലോവിലെ കൂടാരം അവിടുന്ന് ഉപേക്ഷിച്ചു. അവിടുന്നു തന്‍റെ ശക്തിയുടെയും മഹത്ത്വത്തിന്‍റെയും പ്രതീകമായ ഉടമ്പടിപ്പെട്ടകത്തെ, ശത്രുവിനും പ്രവാസത്തിനും ഏല്പിച്ചുകൊടുത്തു. അവിടുന്നു സ്വജനത്തെ വാളിനു വിട്ടുകൊടുത്തു, അവിടുത്തെ അവകാശമായ ജനത്തോടു കോപിച്ചു. അവരുടെ യുവാക്കള്‍ അഗ്നിക്കിരയായി, അവരുടെ കന്യകമാരെ വിവാഹം കഴിക്കാന്‍ ആരുമുണ്ടായില്ല. അവരുടെ പുരോഹിതന്മാര്‍ വധിക്കപ്പെട്ടു, അവരുടെ വിധവകള്‍ വിലാപം ആചരിച്ചില്ല. വീഞ്ഞു കുടിച്ച് അട്ടഹസിക്കുന്ന ശക്തനെപ്പോലെ, ഉറക്കത്തില്‍നിന്ന് ഉണര്‍ന്നവനെപ്പോലെ തന്നെ സര്‍വേശ്വരന്‍ എഴുന്നേറ്റു. അവിടുന്നു ശത്രുക്കളെ പലായനം ചെയ്യിച്ചു. ഇനി ഒരിക്കലും തല പൊക്കാനാവാത്ത വിധം അവരെ ലജ്ജിതരാക്കി. അവിടുന്നു യോസേഫിന്‍റെ സന്തതികളെ ഉപേക്ഷിച്ചു. എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തില്ല, എന്നാല്‍ അവിടുന്നു യെഹൂദാഗോത്രത്തെയും അവിടുന്നു സ്നേഹിക്കുന്ന സീയോന്‍ പര്‍വതത്തെയും തിരഞ്ഞെടുത്തു. ഉന്നതമായ ആകാശത്തെപ്പോലെയും ശാശ്വതമായി സ്ഥാപിച്ചിരിക്കുന്ന ഭൂമി പോലെയും; അവിടുന്നു തന്‍റെ മന്ദിരം നിര്‍മ്മിച്ചു. അവിടുന്നു തന്‍റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു. ആടുകളുടെ ഇടയില്‍നിന്ന് അദ്ദേഹത്തെ വിളിച്ചു. അവിടുത്തെ സ്വന്തം ജനമായ യാക്കോബിന്‍റെ സന്തതികളെ; അവിടുത്തെ അവകാശമായ ഇസ്രായേലിനെ മേയിക്കാന്‍വേണ്ടി ആട്ടിന്‍പറ്റത്തെ മേയിച്ചുകൊണ്ടിരുന്ന ദാവീദിനെ അവിടുന്നു കൊണ്ടുവന്നു. ആത്മാര്‍ഥതയോടെ അദ്ദേഹം അവരെ മേയിച്ചു, സമര്‍ഥമായി അവരെ നയിച്ചു. ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം [1] ദൈവമേ, അന്യജനതകള്‍ അവിടുത്തെ അവകാശഭൂമി കൈക്കലാക്കി; അവര്‍ അങ്ങയുടെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും യെരൂശലേമിനെ പാഴ്കൂമ്പാരമാക്കുകയും ചെയ്തിരിക്കുന്നു. അവര്‍ അവിടുത്തെ ദാസന്മാരുടെ മൃതശരീരം പക്ഷികള്‍ക്കും, അവിടുത്തെ ഭക്തന്മാരുടെ മാംസം വന്യമൃഗങ്ങള്‍ക്കും ഇരയായി കൊടുത്തു. അവര്‍ അവിടുത്തെ ജനത്തിന്‍റെ രക്തം യെരൂശലേമിലെങ്ങും വെള്ളംപോലെ ഒഴുക്കി. അവരുടെ മൃതശരീരങ്ങള്‍ സംസ്കരിക്കാന്‍ ആരും ഉണ്ടായില്ല. ഞങ്ങള്‍ അയല്‍രാജ്യങ്ങളുടെ അധിക്ഷേപത്തിനും ചുറ്റുമുള്ളവരുടെ അവജ്ഞയ്‍ക്കും പരിഹാസത്തിനും പാത്രമായി തീര്‍ന്നിരിക്കുന്നു. സര്‍വേശ്വരാ, ഇത് എത്ര കാലത്തേക്ക്? അവിടുന്നു ഞങ്ങളോട് എന്നേക്കും കോപിച്ചിരിക്കുമോ? അവിടുത്തെ കോപം എന്നും അഗ്നിപോലെ ജ്വലിച്ചുകൊണ്ടിരിക്കുമോ? അങ്ങയെ ആരാധിക്കാത്ത അന്യജനതകളുടെമേലും അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കാത്ത ജനതകളുടെമേലും അവിടുത്തെ ക്രോധം ചൊരിയണമേ. അവര്‍ യാക്കോബിന്‍റെ സന്തതികളെ സംഹരിക്കുകയും അവരുടെ വാസസ്ഥലം ശൂന്യമാക്കുകയും ചെയ്തു. ഞങ്ങളുടെ പൂര്‍വികരുടെ അകൃത്യങ്ങള്‍ക്ക് ഞങ്ങളെ ശിക്ഷിക്കരുതേ. അവിടുത്തെ കാരുണ്യം ഇപ്പോള്‍ ഞങ്ങളുടെമേല്‍ ചൊരിയണമേ. ഞങ്ങള്‍ ആകെ തകര്‍ന്നിരിക്കുന്നു. ഞങ്ങളുടെ രക്ഷകനായ ദൈവമേ, സഹായിച്ചാലും; അവിടുത്തെ നാമമഹത്ത്വത്തിനു വേണ്ടി ഞങ്ങളെ വിടുവിക്കണമേ, തിരുനാമത്തെപ്രതി ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ. ‘നിങ്ങളുടെ ദൈവം എവിടെ?’ എന്നു ജനതകള്‍, ഞങ്ങളോടു ചോദിക്കാന്‍ ഇടയാക്കരുതേ. അവിടുത്തെ ദാസന്മാരുടെ രക്തം ചിന്തിയതിന്‍റെ ശിക്ഷ, അന്യജനതകള്‍ അനുഭവിക്കുന്നതു കാണാന്‍ ഞങ്ങള്‍ക്ക് ഇടയാക്കണമേ. ബന്ദികളുടെ ഞരക്കം കേള്‍ക്കണമേ. ശത്രുക്കള്‍ മരണത്തിനു വിധിച്ചിട്ടുള്ളവരെ അവിടുത്തെ മഹാശക്തിയാല്‍ വിടുവിക്കണമേ. സര്‍വേശ്വരാ, ഞങ്ങളുടെ അയല്‍രാജ്യങ്ങള്‍, അങ്ങയെ അധിക്ഷേപിച്ചതിന് ഏഴിരട്ടി അവര്‍ക്കു പകരം നല്‌കണമേ. അപ്പോള്‍ അങ്ങയുടെ ജനവും അങ്ങയുടെ മേച്ചില്‍പ്പുറത്തെ ആടുകളുമായ ഞങ്ങള്‍, എന്നും സ്തോത്രം അര്‍പ്പിക്കും. ഞങ്ങള്‍ എന്നും അങ്ങയെ സ്തുതിക്കും. ഗായകസംഘനേതാവിന്; സാരസരാഗത്തില്‍, ആസാഫിന്‍റെ സങ്കീര്‍ത്തനം [1] ഇസ്രായേലിന്‍റെ ഇടയനായ നാഥാ, ആട്ടിന്‍പറ്റത്തെ എന്നപോലെ യോസേഫിന്‍റെ സന്തതികളെ നയിക്കുന്ന അവിടുന്നു ഞങ്ങളെ ശ്രദ്ധിച്ചാലും; കെരൂബുകളുടെമേല്‍ സിംഹാസനസ്ഥനായവനേ, എഫ്രയീം, മനശ്ശെ, ബെന്യാമീന്‍ഗോത്രങ്ങള്‍ക്ക് അങ്ങയെ വെളിപ്പെടുത്തിയാലും, അവിടുത്തെ ശക്തി ഉണര്‍ത്തി, ഞങ്ങളെ രക്ഷിക്കാന്‍ വരണമേ. ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ, കരുണയോടെ കടാക്ഷിച്ച് ഞങ്ങളെ രക്ഷിക്കണമേ. സര്‍വേശ്വരാ, സര്‍വശക്തനായ ദൈവമേ, അവിടുന്ന് എത്രകാലം ഞങ്ങളോടു കോപിക്കുകയും അവിടുത്തെ ജനത്തിന്‍റെ പ്രാര്‍ഥനകള്‍ കേള്‍ക്കാതിരിക്കുകയും ചെയ്യും? അവിടുന്നു ഞങ്ങള്‍ക്കു ഭക്ഷിക്കാന്‍ ദുഃഖവും കുടിക്കാന്‍ അളവില്ലാതെ കണ്ണുനീരും നല്‌കിയിരിക്കുന്നു. അയല്‍രാജ്യങ്ങള്‍ ഞങ്ങളുടെ ദേശത്തിനു വേണ്ടി ശണ്ഠ കൂടുന്നു. ഞങ്ങളുടെ ശത്രുക്കള്‍ ഞങ്ങളെ നോക്കി പരിഹസിക്കുന്നു. സര്‍വശക്തനായ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ. കരുണയോടെ കടാക്ഷിച്ച് ഞങ്ങളെ രക്ഷിക്കണമേ. അവിടുന്ന് ഈജിപ്തില്‍നിന്ന് ഒരു മുന്തിരിവള്ളി കൊണ്ടുവന്ന് അന്യജനതകളെ പുറത്താക്കി അത് അവിടെ നട്ടു. അവിടുന്ന് അതിനു തടമെടുത്തു, അത് ആഴത്തില്‍ വേരൂന്നി, ദേശം മുഴുവന്‍ പടര്‍ന്നു. അതു പര്‍വതങ്ങള്‍ക്കു തണല്‍ വിരിച്ചു. അതിന്‍റെ ശാഖകള്‍ കൂറ്റന്‍ ദേവദാരുക്കളെ ആവരണം ചെയ്തു. അത് തന്‍റെ ശാഖകള്‍ സമുദ്രംവരെയും ചില്ലകള്‍ നദിവരെയും നീട്ടി. അങ്ങ് ആ മുന്തിരിച്ചെടിയുടെ വേലിക്കെട്ട് തകര്‍ത്തതെന്ത്? വഴിപോക്കരെല്ലാം അതിന്‍റെ ഫലം പറിക്കുന്നു. കാട്ടുപന്നി അതിനെ നശിപ്പിക്കുന്നു. വന്യമൃഗങ്ങള്‍ അതിനെ തിന്നുകളയുന്നു. സര്‍വശക്തനായ ദൈവമേ, ഞങ്ങളിലേക്കു തിരിയണമേ, സ്വര്‍ഗത്തില്‍നിന്നു തൃക്കണ്‍പാര്‍ക്കണമേ. ഈ മുന്തിരിവള്ളിയെ പരിഗണിച്ചാലും. അവിടുത്തെ വലങ്കൈ നട്ട ഈ മുന്തിരിവള്ളിയെ, അങ്ങേക്കായി വളര്‍ത്തി വലുതാക്കിയ ഈ മുന്തിരിച്ചെടിയെ രക്ഷിക്കണമേ. ശത്രുക്കള്‍ അതിനെ വെട്ടി വീഴ്ത്തുകയും തീവച്ചു ചുടുകയും ചെയ്തിരിക്കുന്നു. അവിടുത്തെ ഭര്‍ത്സനത്താല്‍ അവര്‍ നശിച്ചുപോകട്ടെ. അവിടുത്തെ വലത്തുഭാഗത്തിരിക്കുന്ന പുരുഷനെ, അവിടുത്തെ ശുശ്രൂഷയ്‍ക്കായി അവിടുന്നു ശക്തനാക്കിയ, മനുഷ്യപുത്രനെതന്നെ സംരക്ഷിക്കണമേ. ഞങ്ങള്‍ ഇനി ഒരിക്കലും അങ്ങയെ വിട്ടുപിരിയുകയില്ല ഞങ്ങളെ പുനരുജ്ജീവിപ്പിക്കണമേ. ഞങ്ങള്‍ അങ്ങയെ എന്നും ആരാധിക്കും. സര്‍വേശ്വരാ, സര്‍വശക്തനായ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ. കരുണയോടെ കടാക്ഷിച്ച് ഞങ്ങളെ രക്ഷിക്കണമേ. ഗായകസംഘനേതാവിന്; ഗഥ്യരാഗത്തില്‍ ആസാഫിന്‍റെ സങ്കീര്‍ത്തനം [1] നമ്മുടെ സംരക്ഷകനായ ദൈവത്തിനു സ്തുതിഗീതം പാടുവിന്‍. യാക്കോബിന്‍റെ ദൈവത്തിന് ആനന്ദത്തോടെ ആര്‍പ്പിടുവിന്‍. തപ്പു കൊട്ടുവിന്‍, വീണയും കിന്നരവും മീട്ടി മധുരനാദമുതിര്‍ക്കുവിന്‍. അമാവാസിയിലും പൗര്‍ണമിയിലും ഉത്സവവേളയിലും കാഹളമൂതുവിന്‍. ഇത് ഇസ്രായേലിനു ലഭിച്ച നിയമമല്ലോ; യാക്കോബിന്‍റെ ദൈവം നല്‌കിയ പ്രമാണം. അവിടുന്ന് ഈജിപ്തിനെതിരെ പുറപ്പെട്ടപ്പോള്‍, യോസേഫിന്‍റെ സന്തതികള്‍ക്ക് ഈ കല്പന നല്‌കി. ഞാന്‍ ഒരു അപരിചിത ശബ്ദം കേട്ടു. ഞാന്‍ നിങ്ങളുടെ ചുമലില്‍നിന്നു ചുമടു നീക്കി; അടിമവേലയില്‍നിന്നു നിങ്ങളുടെ കൈകളെ സ്വതന്ത്രമാക്കി. കഷ്ടകാലത്ത് നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിച്ചു. ഞാന്‍ നിങ്ങളെ വിടുവിച്ചു. ഇടിമുഴക്കത്തിന്‍റെ മറവില്‍നിന്ന്, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരമരുളി. മെരീബാ നീര്‍ച്ചാലിനരികില്‍വച്ച് ഞാന്‍ നിങ്ങളെ പരീക്ഷിച്ചു. എന്‍റെ ജനമേ, ഈ മുന്നറിയിപ്പു കേള്‍ക്കുക, ഇസ്രായേല്‍ജനമേ, നിങ്ങള്‍ എന്‍റെ വാക്ക് ശ്രദ്ധിച്ചിരുന്നെങ്കില്‍! നിങ്ങള്‍ക്ക് അന്യദേവന്മാര്‍ ഉണ്ടാകരുത്, അന്യദേവന്മാരില്‍ ഒന്നിനെയും നിങ്ങള്‍ നമസ്കരിക്കരുത്. ഈജിപ്തില്‍നിന്നു നിങ്ങളെ മോചിപ്പിച്ചു കൊണ്ടുവന്ന സര്‍വേശ്വരനായ ഞാനാണു നിങ്ങളുടെ ദൈവം. നിങ്ങള്‍ വായ് മലര്‍ക്കെ തുറക്കുക. ഞാന്‍ അതു നിറയ്‍ക്കാം. എന്നാല്‍, എന്‍റെ ജനം എന്‍റെ വാക്ക് ശ്രദ്ധിച്ചില്ല. ഇസ്രായേല്‍ജനം എന്നെ ഗണിച്ചില്ല. അതുകൊണ്ട് തന്നിഷ്ടത്തിനു നടക്കുമെന്നുള്ള അവരുടെ ദുശ്ശാഠ്യം ഞാന്‍ അനുവദിച്ചുകൊടുത്തു. എന്‍റെ ജനം എന്നെ അനുസരിച്ചിരുന്നെങ്കില്‍, ഇസ്രായേല്‍ജനം എന്‍റെ വഴിയില്‍ നടന്നിരുന്നെങ്കില്‍. എങ്കില്‍, ഞാന്‍ അവരുടെ ശത്രുക്കളെ വേഗത്തില്‍ കീഴടക്കി ശിക്ഷിക്കുമായിരുന്നു. എന്നെ വെറുക്കുന്നവര്‍ എന്‍റെ കാല്‌ക്കല്‍ വീഴുമായിരുന്നു. ഞാന്‍ അവരെ എന്നേക്കുമായി ശിക്ഷിക്കുമായിരുന്നു. ഞാന്‍ നിങ്ങളെ മേല്‍ത്തരം കോതമ്പുകൊണ്ട് പോഷിപ്പിക്കുമായിരുന്നു. പാറയില്‍നിന്നുള്ള തേന്‍കൊണ്ട് സംതൃപ്തരാക്കുമായിരുന്നു. ആസാഫിന്‍റെ സങ്കീര്‍ത്തനം [1] ദൈവം സ്വര്‍ഗീയസഭയില്‍ ഉപവിഷ്ടനായിരിക്കുന്നു; അവിടുന്ന് അവരുടെ ഇടയില്‍ ന്യായം വിധിക്കുന്നു. നിങ്ങള്‍ എത്ര കാലം അന്യായമായി വിധിക്കും? എത്ര കാലം ദുഷ്ടരുടെ പക്ഷം പിടിക്കും? എളിയവനും അനാഥനും നീതി പാലിച്ചു കൊടുക്കുവിന്‍, പീഡിതന്‍റെയും അഗതിയുടെയും അവകാശം സംരക്ഷിക്കുവിന്‍; ദുര്‍ബലനെയും എളിയവനെയും രക്ഷിക്കുവിന്‍. ദുഷ്ടരില്‍നിന്ന് അവരെ വിടുവിക്കുവിന്‍. നിങ്ങള്‍ക്ക് അറിവോ വിവേകമോ ഇല്ല. നിങ്ങള്‍ അനീതിയുടെ അന്ധകാരത്തില്‍ നടക്കുന്നു. ധാര്‍മികതയുടെ അടിത്തറ നിങ്ങള്‍ തകര്‍ത്തിരിക്കുന്നു. നിങ്ങള്‍ ദേവന്മാര്‍ എന്നും നിങ്ങള്‍ അത്യുന്നതന്‍റെ പുത്രന്മാര്‍ എന്നും ഞാന്‍ പറഞ്ഞു. എങ്കിലും നിങ്ങള്‍ മര്‍ത്യരെപ്പോലെ മരിക്കും; ഏതൊരു പ്രഭുവിനെയുംപോലെ വീണുപോകും. ദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കണമേ; സര്‍വജനതകളും അങ്ങയുടേതാണല്ലോ. ആസാഫിന്‍റെ സങ്കീര്‍ത്തനം [1] ദൈവമേ, മൗനമായിരിക്കരുതേ! അവിടുന്നു മിണ്ടാതെ നിശ്ചലനായിരിക്കരുതേ. ഇതാ, അവിടുത്തെ ശത്രുക്കള്‍ കലാപമുണ്ടാക്കുന്നു; അങ്ങയെ വെറുക്കുന്നവര്‍, അങ്ങേക്കെതിരെ തല ഉയര്‍ത്തിയിരിക്കുന്നു. അവിടുത്തെ ജനത്തിനെതിരെ അവര്‍ ഗൂഢപദ്ധതികള്‍ തയ്യാറാക്കുന്നു. അവിടുന്നു സംരക്ഷിക്കുന്ന ജനത്തിനെതിരെ അവര്‍ ഗൂഢാലോചന നടത്തുന്നു. വരുവിന്‍, ഇസ്രായേല്‍ ഒരു ജനതയായിരിക്കാത്തവിധം നമുക്ക് അവരെ തുടച്ചു നീക്കാം ഇനിമേല്‍ അവരുടെ നാമം പോലും ആരും ഓര്‍ക്കാനിടവരരുത് എന്ന് അവര്‍ പറയുന്നു. അവര്‍ ഒരുമയോടെ ഗൂഢാലോചന നടത്തി; അങ്ങേക്കെതിരെ സഖ്യമുണ്ടാക്കി. എദോമ്യരും ഇശ്മായേല്യരും മോവാബ്യരും ഹഗര്യരും ഗെബാല്‍, അമ്മോന്‍, അമാലേക്ക്, സോര്‍, ഫെലിസ്ത്യനിവാസികളും ഒത്തുചേര്‍ന്നു. അസ്സീറിയാക്കാരും അവരോടു ചേര്‍ന്നു; ലോത്തിന്‍റെ മക്കളുടെ സുശക്തകരമാണ് അവര്‍. മിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യണമേ. കീശോന്‍നദീതീരത്തു വച്ച് സീസരയോടും യാബീനോടും ചെയ്തതുപോലെതന്നെ. എന്‍ദോരില്‍വച്ച് അവിടുന്ന് അവരെ നശിപ്പിച്ചു, അവര്‍ മണ്ണിനു വളമായിത്തീര്‍ന്നു. അവരുടെ പ്രമാണികളോട് ഓരേബ്, സേബ് എന്നിവരോടും, അവരുടെ പ്രഭുക്കന്മാരോട് സേബഹ്, സല്മുന്നാ എന്നിവരോടും ചെയ്തതുപോലെ ചെയ്യണമേ. ദൈവത്തിന്‍റെ വകയായ ഈ മേച്ചില്‍സ്ഥലം നമുക്കു പിടിച്ചെടുക്കാം എന്ന് അവര്‍ പറഞ്ഞല്ലോ. എന്‍റെ ദൈവമേ, അവരെ ചുഴലിക്കാറ്റില്‍ പറക്കുന്ന പൊടിപോലെയും കാറ്റില്‍ പാറുന്ന പതിരുപോലെയും ആക്കണമേ. വനത്തെ ദഹിപ്പിക്കുന്ന അഗ്നിപോലെയും മലകളെ വിഴുങ്ങുന്ന തീനാമ്പുകള്‍പോലെയും അവിടുത്തെ കൊടുങ്കാറ്റ് അവരെ പിന്തുടരണമേ. അവിടുത്തെ ചുഴലിക്കാറ്റുകൊണ്ട് അവരെ പരിഭ്രാന്തരാക്കണമേ. സര്‍വേശ്വരാ, അവര്‍ അങ്ങയുടെ മഹത്ത്വം അംഗീകരിക്കാന്‍, അവരെ ലജ്ജിപ്പിക്കണമേ. അവര്‍ എന്നേക്കും അപമാനിതരും പരിഭ്രാന്തരുമാകട്ടെ. അവര്‍ ലജ്ജിതരായി നശിക്കട്ടെ. സര്‍വേശ്വരന്‍ എന്നു നാമമുള്ള അവിടുന്നു മാത്രമാണ് ഭൂമിക്കെല്ലാം അധിപതിയായ അത്യുന്നതന്‍ എന്ന് അവര്‍ അറിയട്ടെ. ഗായകസംഘനേതാവിന്; ഗഥ്യരാഗത്തില്‍, കോരഹ്പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം. [1] സര്‍വശക്തനായ സര്‍വേശ്വരാ, തിരുനിവാസം എത്ര മനോഹരം! അവിടുത്തെ ആലയത്തിലേക്കു വരാന്‍ ഞാന്‍ എത്രമാത്രം അഭിവാഞ്ഛിക്കുന്നു. ജീവിക്കുന്ന ദൈവത്തെ ഞാന്‍ സന്തോഷത്തോടെ, സര്‍വാത്മനാ പാടിപ്പുകഴ്ത്തുന്നു. എന്‍റെ രാജാവും ദൈവവുമായ സര്‍വശക്തനായ സര്‍വേശ്വരാ, കുരുവി ഒരു കൂടും മീവല്‍പ്പക്ഷി കുഞ്ഞുങ്ങള്‍ക്ക് ഒരു വീടും അവിടുത്തെ യാഗപീഠത്തിനരികില്‍ കണ്ടെത്തുന്നുവല്ലോ. ഇടവിടാതെ അങ്ങയെ സ്തുതിച്ചുകൊണ്ട്, അവിടുത്തെ ആലയത്തില്‍ വസിക്കുന്നവര്‍ എത്ര ധന്യര്‍! ശക്തി അങ്ങയില്‍ ആയിരിക്കുന്നവര്‍ അനുഗൃഹീതര്‍! സീയോനിലേക്കുള്ള രാജവീഥികള്‍ അവരുടെ ഹൃദയത്തിലുണ്ട്. ഉണങ്ങിവരണ്ട ബാക്കാതാഴ്വരയിലൂടെ കടന്നുപോകുമ്പോള്‍, അവര്‍ അതിനെ നീരുറവുകളുടെ താഴ്വരയാക്കുന്നു. മുന്മഴയാല്‍ അത് അനുഗ്രഹിക്കപ്പെടുന്നു. അവര്‍ മേല്‌ക്കുമേല്‍ ശക്തി പ്രാപിക്കുന്നു. അവര്‍ സീയോനില്‍ ദേവാധിദേവനെ ദര്‍ശിക്കുന്നു. സര്‍വശക്തനായ ദൈവമേ, സര്‍വേശ്വരാ, എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ. യാക്കോബിന്‍റെ ദൈവമേ, ചെവിക്കൊള്ളണമേ. ഞങ്ങളുടെ പരിചയായ ദൈവമേ, അവിടുത്തെ അഭിഷിക്തനെ കടാക്ഷിക്കണമേ. അന്യസ്ഥലത്ത് ആയിരം ദിവസം ജീവിക്കുന്നതിനെക്കാള്‍, അവിടുത്തെ ആലയത്തില്‍ ഒരു ദിവസം ജീവിക്കുന്നത് അഭികാമ്യം. ദുഷ്ടന്മാരുടെ കൂടാരത്തില്‍ പാര്‍ക്കുന്നതിനെക്കാള്‍, എന്‍റെ ദൈവത്തിന്‍റെ ആലയത്തിലെ വാതില്‍കാവല്‌ക്കാരന്‍ ആകുന്നതാണ് എനിക്ക് ഇഷ്ടം. സര്‍വേശ്വരനായ ദൈവം നമ്മുടെ പരിചയും സൂര്യനും ആകുന്നു. അവിടുന്നു നമുക്കു കൃപയും മഹത്ത്വവും നല്‌കുന്നു. പരമാര്‍ഥതയോടെ ജീവിക്കുന്നവര്‍ക്ക് അവിടുന്ന് ഒരു നന്മയും നിഷേധിക്കുകയില്ല. സര്‍വശക്തനായ സര്‍വേശ്വരാ, അങ്ങയില്‍ ശരണം വയ്‍ക്കുന്നവര്‍ എത്ര അനുഗൃഹീതര്‍. ഗായകസംഘനേതാവിന്; കോരഹ്പുത്രന്മാരുടെ സങ്കീര്‍ത്തനം [1] സര്‍വേശ്വരാ, അവിടുത്തെ ദേശത്തോട് അവിടുന്നു കരുണകാട്ടി. അവിടുന്ന് ഇസ്രായേലിന്‍റെ ഐശ്വര്യം പുനഃസ്ഥാപിച്ചു. അവിടുത്തെ ജനത്തിന്‍റെ അകൃത്യം അവിടുന്നു ക്ഷമിച്ചു. അവരുടെ സര്‍വപാപങ്ങളും പൊറുത്ത് അവരോടുള്ള കോപം അവിടുന്നു അടക്കി, അവിടുത്തെ ക്രോധം അവരോട് കാട്ടിയില്ല. ഞങ്ങളുടെ രക്ഷകനായ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ. ഞങ്ങളോടുള്ള രോഷത്തിന് അറുതി വരുത്തിയാലും. അവിടുന്ന് എന്നേക്കും ഞങ്ങളോടു കോപിക്കുമോ? തലമുറകളോളം അവിടുത്തെ രോഷം നീണ്ടുനില്‌ക്കുമോ? അവിടുത്തെ ജനം അങ്ങയില്‍ ആനന്ദിക്കാന്‍ അവിടുന്ന് ഞങ്ങള്‍ക്കു നവജീവന്‍ നല്‌കുകയില്ലേ? പരമനാഥാ, അവിടുത്തെ അചഞ്ചലസ്നേഹം ഞങ്ങളോടു കാട്ടണമേ. ഞങ്ങളെ രക്ഷിക്കണമേ. സര്‍വേശ്വരനായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും, ആത്മാര്‍ഥതയോടെ തന്‍റെ സന്നിധിയിലേക്കു തിരിയുന്ന ജനത്തിന്, അവിടുത്തെ ഭക്തന്മാര്‍ക്കു തന്നെ, അവിടുന്നു സമാധാനമരുളും. അങ്ങയെ ഭയപ്പെടുന്നവരെ രക്ഷിക്കാന്‍, അവിടുന്ന് എപ്പോഴും ഒരുങ്ങിയിരിക്കുന്നു. അവിടുത്തെ തേജസ്സ് നമ്മുടെ ദേശത്തു കുടികൊള്ളും. കാരുണ്യവും വിശ്വസ്തതയും ആശ്ലേഷിക്കും. നീതിയും സമാധാനവും പരസ്പരം ചുംബിക്കും ഭൂമിയില്‍ വിശ്വസ്തത മുളയ്‍ക്കും; നീതി സ്വര്‍ഗത്തില്‍നിന്നു ഭൂമിയെ നോക്കും. സര്‍വേശ്വരന്‍ നന്മ വര്‍ഷിക്കും; നമ്മുടെ ദേശം സമൃദ്ധമായ വിളവു നല്‌കും. നീതി അവിടുത്തെ മുമ്പില്‍ നടന്ന്, അവിടുത്തേക്കു വഴി ഒരുക്കും. ദാവീദിന്‍റെ സങ്കീര്‍ത്തനം [1] സര്‍വേശ്വരാ, എങ്കലേക്കു തിരിഞ്ഞ് എനിക്ക് ഉത്തരമരുളണമേ; ഞാന്‍ ദരിദ്രനും എളിയവനുമാണല്ലോ. എന്‍റെ പ്രാണനെ കാത്തുകൊള്ളണമേ; ഞാന്‍ അവിടുത്തെ ഭക്തനല്ലോ. അങ്ങയില്‍ ശരണപ്പെടുന്ന ഈ ദാസനെ രക്ഷിക്കണമേ. അങ്ങാണെന്‍റെ ദൈവം. സര്‍വേശ്വരാ, എന്നോടു കരുണ കാട്ടണമേ; ഞാന്‍ അങ്ങയെ ഇടവിടാതെ വിളിച്ചപേക്ഷിക്കുന്നു. അങ്ങയുടെ ദാസനെ സന്തോഷിപ്പിക്കണമേ. സര്‍വേശ്വരാ, ഞാന്‍ അങ്ങയോടാണല്ലോ പ്രാര്‍ഥിക്കുന്നത്. നാഥാ, അവിടുന്നു നല്ലവനും ക്ഷമിക്കുന്നവനുമാണ്. അവിടുത്തെ വിളിച്ചപേക്ഷിക്കുന്നവരില്‍ അവിടുന്ന് അളവറ്റ സ്നേഹം ചൊരിയുന്നു. സര്‍വേശ്വരാ, എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്‍റെ യാചനയ്‍ക്കു ചെവി തരണമേ. കഷ്ടകാലത്ത് ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കും. അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു. സര്‍വേശ്വരാ, ദേവന്മാരില്‍ അങ്ങേക്കു തുല്യനായി ആരുമില്ല. അങ്ങയുടെ പ്രവൃത്തികള്‍ നിസ്തുലമാണ്. സര്‍വേശ്വരാ, അവിടുന്നു സൃഷ്‍ടിച്ച സര്‍വജനതകളും വന്ന് അങ്ങയെ നമിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യും. അവിടുന്ന് വലിയവനും അദ്ഭുതം പ്രവര്‍ത്തിക്കുന്നവനുമല്ലോ. അവിടുന്നു മാത്രമാണ് ദൈവം. സര്‍വേശ്വരാ, അവിടുത്തെ വഴി എനിക്ക് ഉപദേശിച്ചുതരണമേ. അവിടുത്തോടുള്ള വിശ്വസ്തതയില്‍ ഞാന്‍ നടക്കട്ടെ. ഭയഭക്തിയോടെ അങ്ങയെ ആരാധിക്കാന്‍ എന്‍റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ. എന്‍റെ ദൈവമായ സര്‍വേശ്വരാ, പൂര്‍ണഹൃദയത്തോടെ ഞാന്‍ അങ്ങേക്കു സ്തോത്രം ചെയ്യും. തിരുനാമത്തെ ഞാന്‍ എന്നും പ്രകീര്‍ത്തിക്കും. എന്നോടുള്ള അവിടുത്തെ അചഞ്ചലസ്നേഹം എത്ര വലുതാണ്. അവിടുന്ന് എന്നെ മരണത്തിന്‍റെ പിടിയില്‍ നിന്നു മോചിപ്പിച്ചിരിക്കുന്നു. ദൈവമേ, അഹങ്കാരികള്‍ എന്നെ എതിര്‍ക്കുന്നു. നിഷ്ഠുരന്മാര്‍ എന്നെ അപായപ്പെടുത്താന്‍ നോക്കുന്നു. അവര്‍ക്കു ദൈവവിചാരമില്ല. എന്നാല്‍ സര്‍വേശ്വരാ, അവിടുന്നു കരുണാമയനും കൃപാലുവുമല്ലോ. അവിടുന്നു ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തനുമാണ്. നാഥാ, തൃക്കണ്‍പാര്‍ത്താലും! എന്നോടു കരുണയുണ്ടാകണമേ. ഈ ദാസന് അവിടുത്തെ ശക്തി നല്‌കണമേ! അങ്ങയുടെ ദാസിയുടെ മകനെ രക്ഷിക്കണമേ. അവിടുത്തെ കൃപാകടാക്ഷത്തിന് ഒരു അടയാളം കാണിക്കണമേ. എന്നെ വെറുക്കുന്നവര്‍ അതു കണ്ട് ലജ്ജിതരാകട്ടെ. സര്‍വേശ്വരാ, അവിടുന്ന് എന്നെ സഹായിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്തുവല്ലോ. കോരഹ്പുത്രന്മാരുടെ സങ്കീര്‍ത്തനം; ഒരു ഗീതം [1] സര്‍വേശ്വരന്‍ തന്‍റെ നഗരം വിശുദ്ധ പര്‍വതത്തില്‍ സ്ഥാപിച്ചു. ഇസ്രായേലിലെ എല്ലാ സ്ഥലങ്ങളെക്കാളും അവിടുന്നു സീയോനെ സ്നേഹിക്കുന്നു. ദൈവത്തിന്‍റെ നഗരമേ, നിന്നെക്കുറിച്ചു മഹത്തായ കാര്യങ്ങള്‍ ദൈവം അരുളിച്ചെയ്തിരിക്കുന്നു. എന്നെ അംഗീകരിക്കുന്നവരുടെ കൂട്ടത്തില്‍, ഈജിപ്തും ബാബിലോണും ഉള്‍പ്പെടുന്നു. ഫെലിസ്ത്യരും സോര്‍ നിവാസികളും എത്യോപ്യരും ‘ഇവന്‍ അവിടെ ജനിച്ചവന്‍’ എന്ന് അഭിമാനിക്കും. സകല ജനതകളും തങ്ങള്‍ സീയോനില്‍ ജനിച്ചവരാണെന്നു പറയും. അത്യുന്നതനായ ദൈവമാണ് ആ നഗരം സ്ഥാപിച്ചത്. സര്‍വേശ്വരന്‍ ജനതകളുടെ കണക്കെടുക്കുമ്പോള്‍, എല്ലാവരും സീയോനില്‍ ജനിച്ചവരെന്നു രേഖപ്പെടുത്തും. ‘സീയോനാണ് ഞങ്ങളുടെ അനുഗ്രഹങ്ങളുടെ ഉറവിടം’ എന്ന് എല്ലാവരും പാടി നൃത്തം ചെയ്യും. കോരഹ്പുത്രന്മാരുടെ സങ്കീര്‍ത്തനം; ഗായകസംഘനേതാവിന്, മഹലത്ത് രാഗത്തില്‍ എസ്രാഹ്യനായ ഹേമാന്‍റെ ഒരു ധ്യാനം. [1] എന്‍റെ രക്ഷകനായ ദൈവമേ, സര്‍വേശ്വരാ; രാവും പകലും ഞാന്‍ തിരുസന്നിധിയില്‍ നിലവിളിക്കുന്നു; എന്‍റെ പ്രാര്‍ഥന ശ്രദ്ധിക്കണമേ; എന്‍റെ നിലവിളി കേള്‍ക്കണമേ. ഞാന്‍ ദുരിതത്തില്‍ അകപ്പെട്ടിരിക്കുന്നു; ഞാന്‍ പാതാളത്തോടു സമീപിച്ചിരിക്കുന്നു. മൃത്യുഗര്‍ത്തത്തില്‍ പതിക്കാന്‍ പോകുന്നവരുടെ കൂട്ടത്തില്‍ ഞാന്‍ എണ്ണപ്പെട്ടിരിക്കുന്നു. എന്‍റെ ശക്തി ചോര്‍ന്നുപോയിരിക്കുന്നു. മരിച്ചവരില്‍ ഒരുവനെപ്പോലെ, ഞാന്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. വധിക്കപ്പെട്ട് ശവക്കുഴിയില്‍ തള്ളപ്പെട്ടവനെപ്പോലെയായി ഞാന്‍. അവിടുത്തെ സ്മരണയില്‍നിന്നു മറഞ്ഞവന്‍റെ സ്ഥിതിയിലാണു ഞാനിപ്പോള്‍. അവര്‍ അങ്ങയുടെ പരിപാലനത്തില്‍നിന്നു ഛേദിക്കപ്പെട്ടിരിക്കുന്നുവല്ലോ. പാതാളത്തിന്‍റെ അടിത്തട്ടില്‍, അന്ധകാരനിബിഡമായ അഗാധഗര്‍ത്തത്തില്‍, അവിടുന്ന് എന്നെ തള്ളിയിട്ടിരിക്കുന്നു. അവിടുത്തെ ക്രോധം എന്നെ ഞെരുക്കുന്നു. അവിടുത്തെ രോഷത്തിന്‍റെ തിരമാലകള്‍ എന്നെ മൂടുന്നു. സ്നേഹിതര്‍ എന്നെ കണ്ട് ഒഴിഞ്ഞുമാറാന്‍, അവിടുന്നിടയാക്കി. അവര്‍ക്കു ഞാനൊരു ഭീകരദൃശ്യമാണ്. രക്ഷപെടാനാവാത്തവിധം ഞാന്‍ തടവറയിലായിരിക്കുന്നു. ദുഃഖംകൊണ്ട് എന്‍റെ കാഴ്ച മങ്ങിയിരിക്കുന്നു; സര്‍വേശ്വരാ, ഞാന്‍ ഇടവിടാതെ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. ഞാന്‍ കൈ ഉയര്‍ത്തി അവിടുത്തോടു പ്രാര്‍ഥിക്കുന്നു. മരിച്ചവര്‍ക്കുവേണ്ടി അവിടുന്നു അദ്ഭുതം പ്രവര്‍ത്തിക്കുമോ? മൃതന്മാര്‍ എഴുന്നേറ്റ് അങ്ങയെ സ്തുതിക്കുമോ? ശവക്കുഴിയില്‍ അവിടുത്തെ അചഞ്ചല സ്നേഹം പ്രഘോഷിക്കപ്പെടുമോ? മൃതരുടെ ലോകത്ത് അവിടുത്തെ വിശ്വസ്തത പ്രസ്താവിക്കപ്പെടുമോ? ആ അന്ധലോകത്ത് അവിടുത്തെ അദ്ഭുതങ്ങളോ, വിസ്മൃതിയുടെ ലോകത്ത് അവിടുത്തെ നീതിയോ അറിയപ്പെടുമോ? എന്നാല്‍, സര്‍വേശ്വരാ, ഞാന്‍ അങ്ങയോടു നിലവിളിക്കുന്നു. പ്രഭാതംതോറും ഞാന്‍ അങ്ങയോടു പ്രാര്‍ഥിക്കുന്നു. സര്‍വേശ്വരാ, അവിടുന്ന് എന്നെ തള്ളിക്കളഞ്ഞിരിക്കുന്നതെന്ത്? അവിടുന്ന് എന്നില്‍നിന്നു മുഖം മറയ്‍ക്കുന്നതെന്ത്? ചെറുപ്പംമുതലേ ഞാന്‍ പീഡിതനും മരണാസന്നനും ആണ്. അവിടുന്ന് ഏല്പിച്ച ക്രൂരകഷ്ടതകളാല്‍ ഞാന്‍ നിസ്സഹായനായിത്തീര്‍ന്നിരിക്കുന്നു. അവിടുത്തെ ക്രോധം എന്‍റെ മീതെ കവിഞ്ഞൊഴുകി. അവിടുത്തെ ഭയങ്കര പീഡനങ്ങള്‍ എന്നെ നശിപ്പിക്കുന്നു. പെരുവെള്ളംപോലെ അവ എപ്പോഴും എന്നെ വലയം ചെയ്യുന്നു. അവ കൂട്ടമായി വന്ന് എന്നെ പൊതിയുന്നു. ഉറ്റവരും സ്നേഹിതരും എന്നില്‍നിന്ന്, അകന്നു മാറാന്‍ അവിടുന്ന് ഇടയാക്കി. എനിക്കു കൂട്ടുവരാന്‍ ഇരുള്‍ മാത്രം! എസ്രാഹ്യനായ ഏഥാന്‍റെ ഒരു ധ്യാനം [1] സര്‍വേശ്വരാ, ഞാന്‍ എന്നും അവിടുത്തെ അചഞ്ചലസ്നേഹത്തെ പ്രകീര്‍ത്തിക്കും. ഞാന്‍ എന്നും അവിടുത്തെ വിശ്വസ്തതയെ പ്രഘോഷിക്കും. അവിടുത്തെ സ്നേഹം എന്നേക്കും നിലനില്‌ക്കുന്നു. അവിടുത്തെ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാണ്. അവിടുന്ന് ഇങ്ങനെ അരുളിച്ചെയ്തു: “എന്‍റെ തിരഞ്ഞെടുക്കപ്പെട്ട ദാസനോടു ഞാന്‍ ഉടമ്പടിയുണ്ടാക്കി. എന്‍റെ ദാസനായ ദാവീദിനോടു സത്യം ചെയ്തു. നിന്‍റെ സന്തതികളെ ഞാന്‍ സുസ്ഥിരമാക്കും; അവര്‍ നിന്‍റെ സിംഹാസനത്തില്‍ എന്നേക്കും വാഴും. സര്‍വേശ്വരാ, സ്വര്‍ഗം അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ സ്തുതിക്കട്ടെ; അങ്ങയുടെ വിശ്വസ്തത ദിവ്യസഭയില്‍ പ്രകീര്‍ത്തിക്കപ്പെടട്ടെ. സര്‍വേശ്വരനു സമനായി സ്വര്‍ഗത്തില്‍ ആരുണ്ട്? ദേവഗണത്തില്‍ സര്‍വേശ്വരനു തുല്യനായി ആരുണ്ട്? ദേവസഭയില്‍ എല്ലാവരും അങ്ങയെ ഭയപ്പെടുന്നു, അവര്‍ അങ്ങയുടെ ചുറ്റും ഭയഭക്തിയോടെ നില്‌ക്കുന്നു. സര്‍വശക്തനായ ദൈവമേ, സര്‍വേശ്വരാ, അങ്ങയെപ്പോലെ ബലവാന്‍ ആരുണ്ട്? വിശ്വസ്തത അങ്ങയെ വലയം ചെയ്തിരിക്കുന്നു. ഇളകിമറിയുന്ന സമുദ്രത്തെ അവിടുന്നു ശാസിച്ചൊതുക്കുന്നു. തിരമാലകള്‍ ഉയരുമ്പോള്‍ അവിടുന്ന് അവയെ ശാന്തമാക്കുന്നു. അവിടുന്നു രഹബിനെ പിണമെന്നപോലെ തകര്‍ത്തു. അവിടുത്തെ ബലിഷ്ഠഭുജം ശത്രുക്കളെ ചിതറിച്ചു. ആകാശവും ഭൂമിയും അങ്ങയുടേതാണ്, ലോകവും അതിലുള്ള സകലവും അവിടുന്നാണ് സൃഷ്‍ടിച്ചത്. തെക്കുമുതല്‍ വടക്കുവരെയുള്ള എല്ലാ ദേശങ്ങളെയും അവിടുന്നു സൃഷ്‍ടിച്ചു. താബോറും ഹെര്‍മ്മോനും ആഹ്ലാദപൂര്‍വം അങ്ങയെ പുകഴ്ത്തുന്നു, അവിടുത്തെ ഭുജം എത്ര ശക്തിയുള്ളത്. അവിടുത്തെ കരം എത്ര കരുത്തുറ്റത്. അവിടുന്നു വലങ്കൈ ഉയര്‍ത്തിയിരിക്കുന്നു. അവിടുന്നു തന്‍റെ രാജ്യം നീതിയിലും ന്യായത്തിലും സ്ഥാപിച്ചിരിക്കുന്നു. അങ്ങയുടെ സുസ്ഥിരസ്നേഹവും വിശ്വസ്തതയും തിരുമുമ്പില്‍ നടക്കുന്നു. സ്തുതിഘോഷത്താല്‍ അങ്ങയെ ആരാധിക്കുന്നവര്‍, അവിടുത്തെ വരപ്രസാദത്തില്‍ ജീവിക്കുന്നവര്‍ തന്നെ, എത്ര അനുഗൃഹീതര്‍. അവര്‍ അങ്ങയില്‍ എപ്പോഴും ആനന്ദിക്കുന്നു. അങ്ങയുടെ നീതിയെ അവര്‍ പ്രകീര്‍ത്തിക്കുന്നു. അവിടുന്നാണ് അവരുടെ ശക്തിയും മഹത്ത്വവും. അങ്ങയുടെ അനുഗ്രഹമാണ് അവര്‍ക്കു വിജയമരുളുന്നത്. സര്‍വേശ്വരനാണ് ഞങ്ങളുടെ സംരക്ഷകന്‍, ഇസ്രായേലിന്‍റെ പരിശുദ്ധനാണ് ഞങ്ങളുടെ രാജാവ്. പണ്ട് ഒരു ദര്‍ശനത്തില്‍ ദൈവം തന്‍റെ ഭക്തനോട് അരുളിച്ചെയ്തു: “വീരനായ യോദ്ധാവിനെ ഞാന്‍ കിരീടം അണിയിച്ചു, ജനത്തില്‍നിന്ന് ഒരാളെ തിരഞ്ഞെടുത്ത് രാജാവാക്കി. എന്‍റെ ദാസനായ ദാവീദിനെ ഞാന്‍ കണ്ടെത്തി, വിശുദ്ധതൈലംകൊണ്ടു ഞാന്‍ അവനെ അഭിഷേകം ചെയ്തു. എന്‍റെ കരം എപ്പോഴും അവനോടൊത്ത് ഉണ്ടായിരിക്കും, എന്‍റെ ഭുജം അവനെ ശക്തനാക്കും. ശത്രു അവനെ തോല്പിക്കുകയില്ല; ദുഷ്ടന്‍ അവന്‍റെമേല്‍ വിജയം നേടുകയില്ല. ഞാന്‍ അവന്‍റെ ശത്രുക്കളെ അവന്‍റെ മുമ്പില്‍ വച്ചു തകര്‍ക്കും. അവനെ ദ്വേഷിക്കുന്നവരെ ഞാന്‍ സംഹരിക്കും. എന്‍റെ വിശ്വസ്തതയും അചഞ്ചലസ്നേഹവും അവന്‍റെ കൂടെ ഉണ്ടായിരിക്കും. ഞാന്‍ കൂടെയുള്ളതുകൊണ്ട് അവന്‍റെ ശക്തി വര്‍ധിക്കും. ഞാന്‍ അവന്‍റെ അധികാരം സമുദ്രത്തിന്മേലും നദികളിന്മേലും ഉറപ്പിക്കും.” അവിടുന്നാണ് എന്‍റെ പിതാവ്, എന്‍റെ ദൈവം, എന്‍റെ രക്ഷാശൈലം, എന്ന് അവന്‍ എന്നോട് ഉച്ചത്തില്‍ പറയും. ഞാന്‍ അവനെ എന്‍റെ ആദ്യജാതനും ഭൂമിയിലെ രാജാക്കന്മാരില്‍ അത്യുന്നതനുമാക്കും. എന്‍റെ അചഞ്ചലസ്നേഹം ഞാനെന്നും അവനോടു കാണിക്കും. അവനോടുള്ള എന്‍റെ ഉടമ്പടി സുസ്ഥിരമായിരിക്കും. ഞാന്‍ അവന്‍റെ രാജവംശത്തെ ശാശ്വതമായി നിലനിര്‍ത്തും. അവന്‍റെ സന്തതികള്‍ ആകാശമുള്ളിടത്തോളം കാലം രാജാക്കന്മാരായിരിക്കും. അവന്‍റെ സന്തതി എന്‍റെ ധര്‍മശാസ്ത്രം ഉപേക്ഷിക്കുകയും എന്‍റെ അനുശാസനം അനുസരിക്കാതിരിക്കുകയും എന്‍റെ ചട്ടങ്ങള്‍ ലംഘിക്കുകയും എന്‍റെ കല്പനകള്‍ പാലിക്കാതിരിക്കുകയും ചെയ്താല്‍ ഞാന്‍ അവരുടെ അതിക്രമങ്ങള്‍ക്ക് അവരെ വടികൊണ്ട് അടിക്കും. അവരുടെ അധര്‍മങ്ങള്‍ക്ക് അവരെ ചാട്ടവാറുകൊണ്ടു പ്രഹരിക്കും. എങ്കിലും എന്‍റെ അചഞ്ചലസ്നേഹം ഞാന്‍ അവരില്‍നിന്നു പിന്‍വലിക്കുകയില്ല. ഞാന്‍ എന്നും അവനോടു വിശ്വസ്തത പുലര്‍ത്തും. ഞാന്‍ എന്‍റെ ഉടമ്പടി ലംഘിക്കുകയില്ല. എന്‍റെ വാഗ്ദാനത്തില്‍നിന്നു പിന്‍മാറുകയില്ല. എന്‍റെ വിശുദ്ധനാമത്തെപ്രതി ഞാന്‍ എന്നേക്കുമായി ശപഥം ചെയ്തിരിക്കുന്നു. ദാവീദിനോടുള്ള എന്‍റെ വാഗ്ദാനം ഞാന്‍ ഒരിക്കലും ലംഘിക്കുകയില്ല. അവന്‍റെ വംശം ശാശ്വതമായിരിക്കും അവന്‍റെ സിംഹാസനം സൂര്യനുള്ളിടത്തോളം കാലം നിലനില്‌ക്കും. ദാവീദിന്‍റെ രാജത്വം ചന്ദ്രനെപ്പോലെ നിലനില്‌ക്കും. ആകാശമുള്ളിടത്തോളം കാലം അതു സുസ്ഥിരമായിരിക്കും. എങ്കിലും ഇപ്പോള്‍ അവിടുന്ന് അങ്ങയുടെ അഭിഷിക്തനോട് ഉഗ്രമായി കോപിച്ചിരിക്കുന്നു. അവനെ അങ്ങ് പരിത്യജിച്ചു. അവിടുത്തെ ദാസനോടുള്ള ഉടമ്പടി ലംഘിച്ചു. അവന്‍റെ കിരീടം നിലത്തെറിഞ്ഞ് അശുദ്ധമാക്കി. അവിടുന്ന് അവന്‍റെ പട്ടണത്തിന്‍റെ മതിലുകള്‍ പൊളിച്ചു; കോട്ടകള്‍ ഇടിച്ചുനിരത്തി. വഴിപോക്കര്‍ അവനെ കൊള്ളയടിക്കുന്നു. അയല്‍ക്കാര്‍ അവനെ പരിഹസിക്കുന്നു. അവിടുന്ന് അവന്‍റെ ശത്രുക്കള്‍ക്ക് വിജയം നല്‌കി; അവന്‍റെ സകല ശത്രുക്കളെയും ആഹ്ലാദഭരിതരാക്കി. അവിടുന്ന് അവന്‍റെ വാളിന്‍റെ വായ്ത്തല മടക്കി. യുദ്ധത്തില്‍ ചെറുത്തുനില്‌ക്കാന്‍ അവനെ അശക്തനാക്കി. അവിടുന്ന് അവന്‍റെ കൈയില്‍നിന്നു ചെങ്കോല്‍ എടുത്തുമാറ്റി. അവന്‍റെ സിംഹാസനത്തെ നിലത്തു മറിച്ചിട്ടു. അവിടുന്ന് അവന്‍റെ യൗവനകാലം ചുരുക്കി, അപമാനംകൊണ്ട് അവനെ മൂടി. സര്‍വേശ്വരാ, ഇത് എത്ര കാലത്തേക്ക്? അങ്ങ് എന്നേക്കും മറഞ്ഞിരിക്കുമോ? അങ്ങയുടെ ക്രോധം എത്ര കാലം അഗ്നിപോലെ ജ്വലിക്കും? പരമനാഥാ, മനുഷ്യായുസ്സ് എത്ര ഹ്രസ്വമെന്ന് ഓര്‍ത്താലും! അവിടുന്നു സൃഷ്‍ടിച്ച മര്‍ത്യരുടെ ജീവിതം എത്ര വ്യര്‍ഥമെന്ന് ഓര്‍ക്കണമേ. അമര്‍ത്യത മനുഷ്യനു ലഭിക്കുമോ? പാതാളത്തിന്‍റെ പിടിയില്‍നിന്നു ജീവനെ രക്ഷിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? നാഥാ, അങ്ങയുടെ അചഞ്ചലസ്നേഹം വെളിപ്പെടുത്തിയ പണ്ടത്തെ പ്രവൃത്തികള്‍ എവിടെ? വിശ്വസ്തനായ അവിടുന്നു ദാവീദിനു നല്‌കിയ വാഗ്ദാനങ്ങള്‍ എവിടെ? നാഥാ, അവിടുത്തെ ദാസന്‍ നിന്ദാപാത്രമായിരിക്കുന്നത് ഓര്‍ക്കണമേ, സര്‍വവിജാതീയരുടെയും നിന്ദയും ശാപവും ഞാന്‍ ഏല്‌ക്കുന്നതു മറക്കരുതേ. സര്‍വേശ്വരാ, അങ്ങയുടെ ശത്രുക്കള്‍ അവിടുത്തെ അഭിഷിക്തനെ അധിക്ഷേപിക്കുന്നു. എങ്ങോട്ടു തിരിഞ്ഞാലും അവര്‍ അവനെ പരിഹസിക്കുന്നു. സര്‍വേശ്വരന്‍ എന്നേക്കും വാഴ്ത്തപ്പെടട്ടെ. ആമേന്‍, ആമേന്‍. ദൈവപുരുഷനായ മോശയുടെ പ്രാര്‍ഥന [1] സര്‍വേശ്വരാ, അവിടുന്നാണ് തലമുറതലമുറയായി ഞങ്ങളുടെ അഭയസ്ഥാനം. അവിടുന്നു നിത്യനായ ദൈവം, പര്‍വതങ്ങള്‍ ഉണ്ടാകുന്നതിനുമുമ്പ്, പ്രപഞ്ചത്തെ അവിടുന്നു നിര്‍മ്മിക്കുന്നതിനു മുമ്പുതന്നെ. അവിടുന്ന് എന്നേക്കും ദൈവം ആകുന്നു. അവിടുന്നു മര്‍ത്യനെ മണ്ണിലേക്കു തിരികെ ചേര്‍ക്കുന്നു; മനുഷ്യമക്കളേ, മണ്ണിലേക്കു മടങ്ങുവിന്‍ എന്നു കല്പിക്കുന്നു. ആയിരം വര്‍ഷം അങ്ങേക്ക് ഒരു ദിവസം പോലെയും, രാത്രിയിലെ ഒരു യാമംപോലെയും ആകുന്നു. അവിടുന്നു മനുഷ്യനെ തുടച്ചുനീക്കുന്നു, ഉണരുമ്പോള്‍ മറന്നുപോകുന്ന സ്വപ്നം പോലെയാണവര്‍; പ്രഭാതത്തില്‍ നാമ്പു നീട്ടുന്ന പുല്ലു പോലെയാണവര്‍. രാവിലെ അതു മുളച്ചുവളരുന്നു, വൈകുന്നേരം വാടിക്കരിയുന്നു. അവിടുത്തെ ക്രോധം ഞങ്ങളെ പരിഭ്രാന്തരാക്കുന്നു. അവിടുത്തെ രോഷത്താല്‍ ഞങ്ങള്‍ നശിക്കുന്നു. ഞങ്ങളുടെ അപരാധങ്ങള്‍ തിരുമുമ്പില്‍ വച്ചിരിക്കുന്നു. ഞങ്ങളുടെ രഹസ്യപാപങ്ങള്‍ തിരുസന്നിധിയില്‍ വെളിപ്പെട്ടിരിക്കുന്നു. അവിടുത്തെ ക്രോധത്താല്‍ ഞങ്ങളുടെ ആയുസ്സ് ചുരുങ്ങുന്നു. ഞങ്ങളുടെ ജീവിതം ഒരു നെടുവീര്‍പ്പുപോലെ പെട്ടെന്ന് അവസാനിക്കുന്നു. ഞങ്ങളുടെ ആയുഷ്കാലം എഴുപതു വര്‍ഷം, ഏറിയാല്‍ എണ്‍പത്. എന്നിട്ടും അക്കാലമത്രയും ഞങ്ങള്‍ക്കു കഷ്ടതയും ദുരിതവുമത്രേ. ആയുസ്സ് പെട്ടെന്നു തീര്‍ന്നു ഞങ്ങള്‍ കടന്നു പോകുന്നു. അങ്ങയുടെ കോപത്തിന്‍റെ ഉഗ്രത ആരറിയുന്നു? അങ്ങയുടെ ക്രോധം എത്ര ഭീകരമെന്നറിഞ്ഞ് അങ്ങയെ ഭയപ്പെടുന്നവര്‍ ആര്? ഞങ്ങളുടെ ആയുസ്സിന്‍റെ നാളുകള്‍ എണ്ണാന്‍ ഞങ്ങളെ പഠിപ്പിക്കണമേ, അങ്ങനെ ഞങ്ങള്‍ വിവേകികള്‍ ആകട്ടെ. സര്‍വേശ്വരാ, ഈ ദാസരോട് അവിടുന്നു എത്രനാള്‍ കോപിക്കും? കനിവുണ്ടാകണമേ, അവിടുത്തെ ദാസരോടു കരുണ തോന്നണമേ. അവിടുത്തെ അചഞ്ചലസ്നേഹത്താല്‍, ഞങ്ങളെ പ്രഭാതംതോറും സംതൃപ്തരാക്കണമേ. ഞങ്ങള്‍ ആയുഷ്കാലം മുഴുവന്‍ ആനന്ദിച്ചുല്ലസിക്കട്ടെ. അവിടുന്നു ഞങ്ങളെ പീഡിപ്പിച്ചിടത്തോളം നാളുകളും ഞങ്ങള്‍ ദുരിതമനുഭവിച്ചിടത്തോളം വര്‍ഷങ്ങളും സന്തോഷിക്കാന്‍ ഞങ്ങളെ അനുവദിക്കണമേ. അവിടുത്തെ ദാസന്മാര്‍ക്ക് അങ്ങയുടെ പ്രവൃത്തിയും അവരുടെ മക്കള്‍ക്ക് അങ്ങയുടെ മഹാപ്രഭാവവും കാണിച്ചുകൊടുക്കണമേ. ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ പ്രസാദം ഞങ്ങളുടെമേല്‍ ഉണ്ടായിരിക്കട്ടെ. ഞങ്ങളുടെ പ്രവൃത്തികളെ സഫലമാക്കണമേ. അതേ, ഞങ്ങളുടെ പ്രവൃത്തികളെ എന്നും സഫലമാക്കണമേ. അത്യുന്നതന്‍റെ സംരക്ഷണത്തില്‍ വസിക്കുന്നവന്‍, സര്‍വശക്തന്‍റെ തണലില്‍ പാര്‍ക്കുന്നവന്‍ സര്‍വേശ്വരനോടു പറയും: “അവിടുന്നാണ് എന്‍റെ സങ്കേതവും കോട്ടയും ഞാനാശ്രയിക്കുന്ന എന്‍റെ ദൈവവും.” അവിടുന്നു നിന്നെ വേട്ടക്കാരന്‍റെ കെണിയില്‍ നിന്നും, മാരകമായ മഹാമാരിയില്‍നിന്നും വിടുവിക്കും. അവിടുത്തെ തൂവലുകള്‍കൊണ്ടു നിന്നെ മറയ്‍ക്കും. അവിടുത്തെ ചിറകുകളുടെ കീഴില്‍ നീ സുരക്ഷിതനായിരിക്കും. അവിടുത്തെ വിശ്വസ്തത നിനക്കു പരിചയും കവചവും ആയിരിക്കും. രാത്രിയിലെ ഭീകരതയെയും പകല്‍ പെട്ടെന്നുണ്ടാകുന്ന വിപത്തിനെയും ഇരുളില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചയ്‍ക്കു വരുന്ന വിനാശത്തെയും നീ ഭയപ്പെടേണ്ടാ. നിന്‍റെ ഇടത്തുവശത്ത് ആയിരങ്ങളും നിന്‍റെ വലത്തുവശത്ത് പതിനായിരങ്ങളും നിപതിക്കും. എന്നാല്‍ ഒരു അനര്‍ഥവും നിനക്കു ഭവിക്കയില്ല. ദുഷ്ടന്മാര്‍ക്കു ലഭിക്കുന്ന ശിക്ഷ നീ കാണും. നീ സര്‍വേശ്വരനെ നിന്‍റെ സങ്കേതവും അത്യുന്നതനെ അഭയസ്ഥാനവും ആക്കിയിരിക്കുന്നുവല്ലോ. ഒരു അനര്‍ഥവും നിനക്കു ഭവിക്കയില്ല. ഒരു ബാധയും നിന്‍റെ കൂടാരത്തെ സമീപിക്കയില്ല. നിന്‍റെ എല്ലാ വഴികളിലും നിന്നെ സംരക്ഷിക്കാന്‍ തന്‍റെ ദൂതന്മാരോട് അവിടുന്നു കല്പിക്കും. നിന്‍റെ കാല്‍ കല്ലില്‍ തട്ടാതിരിക്കാന്‍, അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും. സിംഹത്തിന്‍റെയും അണലിയുടെയുംമേല്‍ നീ ചവിട്ടും. സിംഹക്കുട്ടിയെയും സര്‍പ്പത്തെയും നീ ചവിട്ടിമെതിക്കും. ദൈവം അരുളിച്ചെയ്യുന്നു: “അവന്‍ സ്നേഹപൂര്‍വം എന്നോടു പറ്റിച്ചേര്‍ന്നിരിക്കയാല്‍, ഞാന്‍ അവനെ രക്ഷിക്കും. അവന്‍ എന്നെ അറിയുന്നതുകൊണ്ടു ഞാന്‍ അവനെ സംരക്ഷിക്കും. എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ അവന് ഉത്തരമരുളും, കഷ്ടകാലത്ത് ഞാന്‍ അവനോടുകൂടെ ഇരിക്കും. ഞാന്‍ അവനെ വിടുവിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യും. ദീര്‍ഘായുസ്സു നല്‌കി ഞാന്‍ അവനെ സംതൃപ്തനാക്കും. അവന്‍റെ രക്ഷകന്‍ ഞാനാണെന്ന് അവനെ ബോധ്യപ്പെടുത്തും.” ശബത്തുനാള്‍ക്കുള്ള ഗീതം [1] സര്‍വേശ്വരാ, അങ്ങേക്കു സ്തോത്രം അര്‍പ്പിക്കുന്നതും അത്യുന്നതനായ ദൈവമേ, അങ്ങേക്കു കീര്‍ത്തനം ആലപിക്കുന്നതും എത്ര ശ്രേഷ്ഠം! പത്തു കമ്പികളുള്ള വീണയും കിന്നരവും മീട്ടി പ്രഭാതംതോറും അവിടുത്തെ അചഞ്ചല സ്നേഹവും രാത്രിതോറും അവിടുത്തെ വിശ്വസ്തതയും പ്രഘോഷിക്കുന്നത് എത്ര ഉചിതം. സര്‍വേശ്വരാ, അങ്ങയുടെ പ്രവൃത്തികള്‍ എന്നെ സന്തോഷിപ്പിക്കുന്നു. അങ്ങയുടെ കൈകളുടെ പ്രവൃത്തികള്‍ കണ്ട് ഞാന്‍ ആനന്ദഗീതം ആലപിക്കുന്നു. സര്‍വേശ്വരാ, അങ്ങയുടെ പ്രവൃത്തികള്‍ എത്ര മഹനീയം! അങ്ങയുടെ ചിന്തകള്‍ എത്ര അഗാധം! മൂഢന്‍ അതു ഗ്രഹിക്കുന്നില്ല; ഭോഷന് അതു മനസ്സിലാക്കാന്‍ കഴിയുന്നുമില്ല. ദുഷ്ടന്മാര്‍ പുല്ലുപോലെ മുളയ്‍ക്കുന്നു; അധര്‍മം പ്രവര്‍ത്തിക്കുന്നവര്‍ തഴച്ചുവളരുന്നു. എങ്കിലും അവര്‍ ഉന്മൂലനം ചെയ്യപ്പെടും. എന്നാല്‍ സര്‍വേശ്വരാ, അവിടുന്ന് എന്നും പരമോന്നതനാണ്. പരമനാഥാ, നിശ്ചയമായും അവിടുത്തെ ശത്രുക്കള്‍ നശിക്കും. സകല ദുഷ്കര്‍മികളും ചിതറിക്കപ്പെടും. എന്നാല്‍ അവിടുന്ന് എനിക്കു കാട്ടുപോത്തിന്‍റെ ശക്തി തന്നു, അവിടുന്ന് എന്‍റെമേല്‍ പുതുതൈലം ഒഴിച്ചു. എന്‍റെ ശത്രുക്കളുടെ പതനം ഞാന്‍ കണ്ടു. എന്നെ എതിര്‍ക്കുന്ന ദുഷ്കര്‍മികളുടെ നിലവിളി ഞാന്‍ കേട്ടു. നീതിമാന്‍ പനപോലെ തഴയ്‍ക്കും. ലെബാനോനിലെ ദേവദാരുപോലെ വളരും. സര്‍വേശ്വരന്‍റെ ആലയത്തില്‍ അവരെ നട്ടിരിക്കുന്നു. നമ്മുടെ ദൈവത്തിന്‍റെ ആലയത്തിലെ അങ്കണത്തില്‍ അവര്‍ തഴച്ചുവളരും. വാര്‍ധക്യത്തിലും അവര്‍ ഫലം നല്‌കും. പച്ചിലച്ചാര്‍ത്ത് ചൂടി എന്നും പുഷ്‍ടിയോടിരിക്കും. സര്‍വേശ്വരന്‍ നീതിമാനാണെന്ന് അവര്‍ പ്രഘോഷിക്കുന്നു. അവിടുന്നാണ് എന്‍റെ അഭയശില. അനീതി അങ്ങയില്‍ ഒട്ടും ഇല്ലല്ലോ. സര്‍വേശ്വരന്‍ വാഴുന്നു; അവിടുന്നു മഹിമ ധരിച്ചിരിക്കുന്നു. അവിടുന്നു ശക്തികൊണ്ട് അര മുറുക്കിയിരിക്കുന്നു, അവിടുന്നു ഭൂമിയെ യഥാസ്ഥാനത്തു സ്ഥാപിച്ചിരിക്കുന്നു, അതിന് ഇളക്കം തട്ടുകയില്ല. അങ്ങയുടെ സിംഹാസനം പണ്ടുതന്നേ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അങ്ങ് അനാദിമുതലേ ഉള്ളവനാണ്. സര്‍വേശ്വരാ, പ്രവാഹങ്ങള്‍ ഉയരുന്നു; പ്രവാഹങ്ങള്‍ ഇരമ്പുന്നു. പ്രവാഹങ്ങള്‍ ഗര്‍ജനം മുഴക്കുന്നു. പ്രവാഹങ്ങളുടെ മുഴക്കത്തെക്കാളും സമുദ്രത്തിലെ തിരമാലകളെക്കാളും സര്‍വേശ്വരന്‍ ശക്തിയുള്ളവന്‍. അവിടുത്തെ കല്പനകള്‍ അലംഘനീയം. സര്‍വേശ്വരാ, വിശുദ്ധി അവിടുത്തെ ആലയത്തെ എന്നേക്കും അലങ്കരിക്കുന്നു. സര്‍വേശ്വരാ, ദുഷ്ടരെ ശിക്ഷിക്കുന്ന ദൈവമേ, പ്രത്യക്ഷനായാലും, ലോകത്തിന്‍റെ ന്യായാധിപതിയേ, എഴുന്നേല്‌ക്കണമേ. അഹങ്കാരികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‌കണമേ. സര്‍വേശ്വരാ, ദുഷ്ടന്മാര്‍ എത്രനാള്‍ തങ്ങളുടെ ദുഷ്ടതയില്‍ ആഹ്ലാദിക്കും? അവര്‍ ഗര്‍വോടെ വാക്കുകള്‍ ചൊരിയുന്നു. ദുഷ്കര്‍മികളായ അവര്‍ വമ്പു പറയുന്നു, സര്‍വേശ്വരാ, അവര്‍ അങ്ങയുടെ ജനത്തെ നശിപ്പിക്കുന്നു. അങ്ങയുടെ അവകാശമായ ജനത്തെ പീഡിപ്പിക്കുന്നു. അവര്‍ വിധവയെയും പരദേശിയെയും വധിക്കുന്നു; അനാഥരെ കൊല്ലുന്നു. സര്‍വേശ്വരന്‍ കാണുന്നില്ല; യാക്കോബിന്‍റെ ദൈവം ശ്രദ്ധിക്കുന്നില്ല എന്ന് അവര്‍ പറയുന്നു. മൂഢരേ, അറിഞ്ഞുകൊള്‍വിന്‍; ഭോഷന്മാരേ എപ്പോഴാണ് നിങ്ങള്‍ക്കു വിവേകമുദിക്കുക? ചെവി നല്‌കിയ ദൈവം കേള്‍ക്കുന്നില്ലെന്നോ? കണ്ണു സൃഷ്‍ടിച്ചവന്‍ കാണുകയില്ലെന്നോ? ജനതകളെ ശിക്ഷിക്കുന്നവന്‍ നിങ്ങളെ ശിക്ഷിക്കുകയില്ലെന്നോ? മനുഷ്യര്‍ക്കു ജ്ഞാനം നല്‌കുന്നവന് അറിവില്ലെന്നോ? മനുഷ്യരുടെ വിചാരങ്ങള്‍ ശ്വാസംപോലെ മാത്രമെന്നു സര്‍വേശ്വരന്‍ അറിയുന്നു. സര്‍വേശ്വരാ, അങ്ങ് ധര്‍മശാസ്ത്രം പഠിപ്പിക്കുകയും ശിക്ഷണം നല്‌കുകയും ചെയ്യുന്നവന്‍ അനുഗൃഹീതന്‍. അങ്ങനെയുള്ളവര്‍ക്കു കഷ്ടകാലത്ത് അവിടുന്നു വിശ്രമം നല്‌കുന്നു. ദുഷ്ടനെ ശിക്ഷിക്കുന്നതുവരെ തന്നെ. സര്‍വേശ്വരന്‍ സ്വജനത്തെ ഉപേക്ഷിക്കുകയില്ല. അതേ, അവിടുത്തെ അവകാശമായ ജനത്തെ തള്ളിക്കളയുകയില്ല. ന്യായാധിപന്മാര്‍ വീണ്ടും നീതിപൂര്‍വം വിധിക്കും; പരമാര്‍ഥഹൃദയമുള്ളവര്‍ അതു മാനിക്കും. ആര്‍ എനിക്കുവേണ്ടി ദുഷ്ടന്മാര്‍ക്കെതിരെ എഴുന്നേല്‌ക്കും? ആര്‍ എനിക്കുവേണ്ടി ദുഷ്കര്‍മികളോടു പോരാടും? സര്‍വേശ്വരന്‍ എനിക്കു തുണയായിരുന്നില്ലെങ്കില്‍, ഞാന്‍ മൃതലോകത്ത് എത്തുമായിരുന്നു. എന്‍റെ കാല്‍ വഴുതാന്‍ പോയപ്പോള്‍, സര്‍വേശ്വരാ, അവിടുത്തെ സുസ്ഥിരസ്നേഹം എന്നെ താങ്ങി. ഞാന്‍ ആകുലചിത്തനാകുമ്പോള്‍, അവിടുന്ന് എന്നെ ആശ്വസിപ്പിക്കുന്നു. അത് എന്നെ ഉന്മേഷവാനാക്കുന്നു. ദുഷ്ടനിയമംകൊണ്ട് ദുരിതം വിതയ്‍ക്കുന്ന ഹീനഭരണാധികാരികള്‍ക്ക് അങ്ങയോടു സഖിത്വം സാധ്യമോ? നീതിമാന്മാരെ അപായപ്പെടുത്താന്‍ അവര്‍ ഒത്തുചേരുന്നു. നിരപരാധിയെ അവര്‍ കൊലയ്‍ക്കു വിധിക്കുന്നു. എന്നാല്‍ സര്‍വേശ്വരന്‍ എന്‍റെ കോട്ടയും എന്‍റെ ദൈവവും എന്‍റെ അഭയശിലയും ആകുന്നു. അവരുടെ തിന്മകൊണ്ടുതന്നെ അവിടുന്ന് അവരെ ശിക്ഷിക്കും. അവരുടെ ദുഷ്ടത നിമിത്തം അവരെ നിര്‍മ്മാര്‍ജനം ചെയ്യും. നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ അവരെ തുടച്ചുനീക്കും. വരുവിന്‍, നമുക്കു സര്‍വേശ്വരനെ പ്രകീര്‍ത്തിക്കാം, നമ്മുടെ രക്ഷാശിലയെ ഉല്ലാസത്തോടെ പാടിപ്പുകഴ്ത്താം. സ്തോത്രത്തോടെ നമുക്കു തിരുസന്നിധിയില്‍ ചെല്ലാം, ആനന്ദത്തോടെ സ്തോത്രഗാനം ആലപിക്കാം. സര്‍വേശ്വരന്‍ മഹാദൈവമല്ലോ! അവിടുന്നു ദേവാധിദേവനായ മഹാരാജാവു തന്നെ. അവിടുന്നു ഭൂമി മുഴുവന്‍റെയും രാജാവാണ്. ഭൂമിയുടെ അഗാധതലങ്ങള്‍ മുതല്‍ പര്‍വതശൃംഗങ്ങള്‍വരെ സകലത്തിന്‍റെയും അധിപന്‍ അവിടുന്നാകുന്നു. സമുദ്രത്തെ ഭരിക്കുന്നത് അവിടുന്നാണ്, അവിടുന്നാണ് അതിനെ നിര്‍മ്മിച്ചത്. കരയ്‍ക്കു രൂപം നല്‌കിയത് അവിടുത്തെ കരങ്ങളാണ്. വരുവിന്‍, നമുക്ക് കുമ്പിട്ട് ആരാധിക്കാം. നമ്മെ സൃഷ്‍ടിച്ച സര്‍വേശ്വരന്‍റെ മുമ്പില്‍ മുട്ടുകുത്താം. അവിടുന്നാണു നമ്മുടെ ദൈവം; നാം അവിടുന്നു മേയ്‍ക്കുന്ന ജനം അവിടുന്നു പരിപാലിക്കുന്ന അജഗണം തന്നെ. ഇന്നു നിങ്ങള്‍ അവിടുത്തെ സ്വരം ശ്രദ്ധിച്ചിരുന്നെങ്കില്‍! “മെരീബയില്‍, മരുഭൂമിയിലെ മസ്സായില്‍, നിങ്ങളുടെ പിതാക്കന്മാര്‍ ചെയ്തതുപോലെ, നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. അവിടെ അവര്‍ എന്നെ പരീക്ഷിച്ചു; എന്‍റെ പ്രവൃത്തി കണ്ടിട്ടും എന്നെ പരിശോധിച്ചു. നാല്പതു വര്‍ഷം എനിക്കവരോടു വെറുപ്പു തോന്നി; അവര്‍ എത്ര അവിശ്വസ്തര്‍; അവര്‍ എന്‍റെ കല്പനകള്‍ അനുസരിക്കുന്നില്ല എന്നു ഞാന്‍ പറഞ്ഞു. ഞാന്‍ സ്വസ്ഥത നല്‌കുമായിരുന്ന ദേശത്ത് അവര്‍ പ്രവേശിക്കുകയില്ലെന്ന് ഞാന്‍ കോപത്തോടെ ശപഥം ചെയ്തു. സര്‍വേശ്വരന് ഒരു പുതിയ പാട്ടു പാടുവിന്‍, സകല ഭൂവാസികളും അവിടുത്തെ പാടി സ്തുതിക്കട്ടെ. സര്‍വേശ്വരനെ പ്രകീര്‍ത്തിച്ചു പാടുവിന്‍, അവിടുത്തെ നാമത്തെ വാഴ്ത്തുവിന്‍. അവിടുത്തെ രക്ഷയെ പ്രതിദിനം പ്രഘോഷിക്കുവിന്‍! അവിടുത്തെ മഹത്ത്വം ജനതകളുടെ ഇടയില്‍ വിളംബരം ചെയ്യുവിന്‍! അന്യജനതകളുടെ ഇടയില്‍ അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ പ്രഘോഷിക്കുവിന്‍. സര്‍വേശ്വരന്‍ വലിയവന്‍, അവിടുന്ന് ഏറ്റവും സ്തുത്യനും സകല ദേവന്മാരെയുംകാള്‍ ഭയഭക്തിക്കര്‍ഹനുമാണ്. ജനതകളുടെ ദേവന്മാര്‍ മിഥ്യാവിഗ്രഹങ്ങള്‍; ആകാശത്തെ സൃഷ്‍ടിച്ചത് സര്‍വേശ്വരനത്രേ. തേജസ്സും മഹത്ത്വവും തിരുമുമ്പിലുണ്ട്! അവിടുത്തെ വിശുദ്ധമന്ദിരത്തില്‍ ശക്തിയും സൗന്ദര്യവും നിറഞ്ഞു നില്‌ക്കുന്നു. ജനപദങ്ങളേ, സര്‍വേശ്വരനെ മഹത്ത്വപ്പെടുത്തുവിന്‍! അവിടുത്തെ മഹത്ത്വവും ശക്തിയും പ്രഘോഷിക്കുവിന്‍! സര്‍വേശ്വരന്‍റെ നാമം എത്ര മഹിമയേറിയതെന്ന് ഉദ്ഘോഷിക്കുവിന്‍. തിരുമുല്‍ക്കാഴ്ചകളുമായി അവിടുത്തെ ആലയത്തിലേക്കു വരുവിന്‍. വിശുദ്ധവസ്ത്രാലങ്കാരത്തോടെ അവിടുത്തെ ആരാധിക്കുവിന്‍! സര്‍വഭൂവാസികളും അവിടുത്തെ മുമ്പില്‍ ഭയന്നു വിറയ്‍ക്കട്ടെ. ജനതകളുടെ ഇടയില്‍ ഇങ്ങനെ പ്രഘോഷിക്കുവിന്‍. “സര്‍വേശ്വരന്‍ വാഴുന്നു, അവിടുന്നു ഭൂമിയെ യഥാസ്ഥാനത്ത് ഉറപ്പിച്ചിരിക്കുന്നു. അതിന് ഇളക്കം തട്ടുകയില്ല. അവിടുന്നു ജനതകളെ നീതിപൂര്‍വം വിധിക്കും.” ആകാശം ആഹ്ലാദിക്കട്ടെ! ഭൂമി ആനന്ദിക്കട്ടെ. സമുദ്രവും അതിലുള്ളവയും ആര്‍ത്തുഘോഷിക്കട്ടെ! വയലും അതിലുള്ള സകലവും സന്തോഷിക്കട്ടെ. അപ്പോള്‍ വനവൃക്ഷങ്ങള്‍ സര്‍വേശ്വരന്‍റെ സന്നിധിയില്‍ ഉല്ലസിച്ചു ഘോഷിക്കും. സര്‍വേശ്വരന്‍ ഭൂമിയെ ഭരിക്കാന്‍ വരുന്നുവല്ലോ അവിടുന്നു ലോകത്തെ നീതിയോടും ജനതകളെ വിശ്വസ്തതയോടും കൂടി ഭരിക്കും. സര്‍വേശ്വരന്‍ വാഴുന്നു, ഭൂമി സന്തോഷിക്കട്ടെ, ദ്വീപുകള്‍ ആഹ്ലാദിക്കട്ടെ. മേഘങ്ങളും കൂരിരുട്ടും അവിടുത്തെ ചുറ്റുമുണ്ട്. നീതിയിലും ന്യായത്തിലും അവിടുന്നു തന്‍റെ സിംഹാസനം സ്ഥാപിച്ചിരിക്കുന്നു. അഗ്നി അവിടുത്തെ മുമ്പേ പോകുന്നു. ചുറ്റുമുള്ള വൈരികളെ അതു ദഹിപ്പിക്കുന്നു. അവിടുത്തെ മിന്നല്‍പ്പിണരുകള്‍ ലോകത്തെ പ്രകാശിപ്പിക്കുന്നു. ഭൂമി അതു കണ്ടു വിറയ്‍ക്കുന്നു. സര്‍വേശ്വരന്‍റെ മുമ്പില്‍ സര്‍വലോകത്തിന്‍റെയും അധിപനായ സര്‍വേശ്വരന്‍റെ മുമ്പില്‍തന്നെ. പര്‍വതങ്ങള്‍ മെഴുകുപോലെ ഉരുകുന്നു. ആകാശം ദൈവത്തിന്‍റെ നീതി വിളംബരം ചെയ്യുന്നു. എല്ലാ ജനതകളും അവിടുത്തെ മഹത്ത്വം ദര്‍ശിക്കുന്നു. മിഥ്യാമൂര്‍ത്തികളെ ആരാധിക്കുന്നവര്‍, വ്യര്‍ഥവിഗ്രഹങ്ങളില്‍ അഭിമാനം കൊള്ളുന്നവര്‍, ലജ്ജിതരാകും. എല്ലാ ദേവന്മാരും അവിടുത്തെ മുമ്പില്‍ കുമ്പിടുന്നു. സീയോന്‍ ഇതു കേട്ടു സന്തോഷിക്കുന്നു, സര്‍വേശ്വരാ, അവിടുത്തെ ന്യായവിധികള്‍ നിമിത്തം യെഹൂദാനഗരങ്ങള്‍ ആഹ്ലാദിക്കുന്നു. സര്‍വേശ്വരാ, അങ്ങ് സര്‍വലോകത്തിന്‍റെയും അധിപനാണ്. സകല ദേവന്മാരെയുംകാള്‍ ഉന്നതനാണ്. സര്‍വേശ്വരനെ സ്നേഹിക്കുന്നവര്‍, തിന്മയെ വെറുക്കുന്നു. അവിടുന്നു തന്‍റെ ഭക്തരെ സംരക്ഷിക്കുന്നു. ദുഷ്ടന്മാരുടെ കൈയില്‍നിന്ന് അവരെ വിടുവിക്കുന്നു. നീതിമാന്മാരുടെമേല്‍ പ്രകാശവും പരമാര്‍ഥഹൃദയമുള്ളവരുടെമേല്‍ ആനന്ദവും ഉദിക്കുന്നു. നീതിമാന്മാരേ, സര്‍വേശ്വരനില്‍ സന്തോഷിക്കുവിന്‍. അവിടുത്തെ പരിശുദ്ധനാമത്തിനു സ്തോത്രം അര്‍പ്പിക്കുവിന്‍. ഒരു സങ്കീര്‍ത്തനം [1] സര്‍വേശ്വരന് ഒരു പുതിയ പാട്ടു പാടുവിന്‍; അവിടുന്ന് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. അവിടുത്തെ വലങ്കൈയും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു. സര്‍വേശ്വരന്‍ തന്‍റെ വിജയം വിളംബരം ചെയ്തു. ജനതകളുടെ മുമ്പില്‍ അവിടുന്നു തന്‍റെ നീതി വെളിപ്പെടുത്തിയിരിക്കുന്നു. ഇസ്രായേല്‍ജനത്തോടുള്ള അവിടുത്തെ സുസ്ഥിരസ്നേഹവും വിശ്വസ്തതയും അവിടുന്ന് ഓര്‍ത്തു; സര്‍വഭൂവാസികളും നമ്മുടെ ദൈവത്തിന്‍റെ വിജയം ദര്‍ശിച്ചിരിക്കുന്നു. ഭൂവാസികളേ, സര്‍വേശ്വരന് ആഹ്ലാദാരവം മുഴക്കുവിന്‍. ആനന്ദഘോഷത്തോടെ സ്തോത്രഗീതം ആലപിക്കുവിന്‍. കിന്നരം മീട്ടി സര്‍വേശ്വരനു സ്തോത്രം പാടുവിന്‍. കിന്നരത്തോടും ശ്രുതിമധുരമായ സംഗീതത്തോടുംകൂടി പാടുവിന്‍. കൊമ്പും കാഹളവും ഊതി, രാജാവായ സര്‍വേശ്വരന്‍റെ മുമ്പില്‍ ആനന്ദഘോഷം ഉയര്‍ത്തുവിന്‍. സമുദ്രവും അതിലുള്ളവയും, ഭൂമിയും അതിലെ നിവാസികളും ആര്‍ത്തുഘോഷിക്കട്ടെ. ജലപ്രവാഹങ്ങള്‍ സര്‍വേശ്വരന്‍റെ മുമ്പില്‍ കരഘോഷം മുഴക്കട്ടെ. കുന്നുകള്‍ ഒത്തുചേര്‍ന്ന് അവിടുത്തെ മുമ്പില്‍ ആനന്ദഗീതം ആലപിക്കട്ടെ. അവിടുന്നു ലോകത്തെ നീതിയോടും ജനതകളെ ന്യായത്തോടും ഭരിക്കും. സര്‍വേശ്വരന്‍ വാഴുന്നു, ജനതകള്‍ വിറയ്‍ക്കട്ടെ. അവിടുന്നു കെരൂബുകളിന്മേല്‍ സിംഹാസനസ്ഥനായിരിക്കുന്നു; ഭൂമി കുലുങ്ങട്ടെ. സര്‍വേശ്വരന്‍ സീയോനില്‍ വലിയവനാണ്, അവിടുന്നു സകല ജനതകളെയും ഭരിക്കുന്ന പരമോന്നതന്‍. അവിടുത്തെ മഹത്തും ഭീതിദവുമായ നാമത്തെ അവര്‍ പ്രകീര്‍ത്തിക്കട്ടെ, അവിടുന്നു പരിശുദ്ധനാണല്ലോ. കരുത്തുറ്റ രാജാവേ, നീതിയെ സ്നേഹിക്കുന്നവനേ, അവിടുന്നു ന്യായത്തെ സുസ്ഥിരമാക്കിയിരിക്കുന്നു. അവിടുന്ന് ഇസ്രായേലില്‍ നീതിയും ന്യായവും നടത്തിയിരിക്കുന്നു. നമ്മുടെ ദൈവമായ സര്‍വേശ്വരനെ വാഴ്ത്തുവിന്‍. അവിടുത്തെ പാദപീഠത്തില്‍ നമസ്കരിക്കുവിന്‍. അവിടുന്നു പരിശുദ്ധനാകുന്നു. മോശയും അഹരോനും അവിടുത്തെ പുരോഹിതഗണത്തില്‍പ്പെട്ടവരാണ്. ശമൂവേല്‍ അങ്ങയുടെ നാമം വിളിച്ചപേക്ഷിച്ചവരില്‍ ഉള്‍പ്പെടുന്നു. അവര്‍ സര്‍വേശ്വരനോട് അപേക്ഷിച്ചു, അവിടുന്ന് അവര്‍ക്ക് ഉത്തരമരുളി. മേഘസ്തംഭത്തില്‍നിന്ന് അവിടുന്ന് അവരോടു സംസാരിച്ചു; അവര്‍ അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിച്ചു; ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, അവിടുന്ന് അവര്‍ക്ക് ഉത്തരമരുളി. അവിടുന്ന് അവര്‍ക്കു ക്ഷമിക്കുന്ന ദൈവവും, അവരുടെ ദുഷ്പ്രവൃത്തികള്‍ക്ക് ശിക്ഷ നല്‌കുന്നവനും ആയിരുന്നു. നമ്മുടെ ദൈവമായ സര്‍വേശ്വരനെ പ്രകീര്‍ത്തിക്കുവിന്‍. വിശുദ്ധപര്‍വതത്തില്‍ അവിടുത്തെ ആരാധിക്കുവിന്‍. നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ പരിശുദ്ധനല്ലോ. സമസ്തലോകവും സര്‍വേശ്വരന് ആര്‍പ്പിടട്ടെ. സന്തോഷത്തോടെ സര്‍വേശ്വരനെ ആരാധിക്കട്ടെ. ആനന്ദഗീതത്തോടെ തിരുസന്നിധിയില്‍ വരട്ടെ. സര്‍വേശ്വരനാണ് ദൈവമെന്നറിയുവിന്‍, അവിടുന്നു നമ്മെ സൃഷ്‍ടിച്ചു. നാം അവിടുത്തേക്കുള്ളവര്‍. നാം അവിടുത്തെ ജനവും അവിടുന്നു മേയ്‍ക്കുന്ന ആടുകളുംതന്നെ. സ്തോത്രത്തോടെ അവിടുത്തെ ആലയത്തിന്‍റെ കവാടത്തിലും സ്തുതികളോടെ അവിടുത്തെ അങ്കണത്തിലും പ്രവേശിക്കുവിന്‍. അവിടുത്തേക്കു സ്തോത്രം അര്‍പ്പിക്കുവിന്‍. അവിടുത്തെ നാമത്തെ പ്രകീര്‍ത്തിക്കുവിന്‍. സര്‍വേശ്വരന്‍ നല്ലവനാണ്. അവിടുത്തെ അചഞ്ചലസ്നേഹം എന്നും നിലനില്‌ക്കുന്നു. അവിടുത്തെ വിശ്വസ്തത ശാശ്വതമത്രേ. ദാവീദിന്‍റെ സങ്കീര്‍ത്തനം [1] ഞാന്‍ കരുണയെയും നീതിയെയും കുറിച്ചു പാടും, സര്‍വേശ്വരാ, ഞാന്‍ അങ്ങേക്കു കീര്‍ത്തനം പാടും. ഞാന്‍ നിഷ്കളങ്കമാര്‍ഗത്തില്‍ നടക്കും; എപ്പോഴാണ് അവിടുന്ന് എന്‍റെ അടുക്കല്‍ വരിക? ഞാന്‍ എന്‍റെ ഭവനത്തില്‍ പരമാര്‍ഥഹൃദയത്തോടെ ജീവിക്കും. നിന്ദ്യമായതൊന്നും, ഹീനമായ യാതൊന്നും തന്നെ, എന്നെ വശീകരിക്കുകയില്ല. വഴിപിഴച്ചവരുടെ പ്രവൃത്തികളെ ഞാന്‍ വെറുക്കുന്നു. ഞാനതില്‍ പങ്കു ചേരുകയില്ല. വക്രതയെ ഞാന്‍ അകറ്റിനിര്‍ത്തും, തിന്മയോട് എനിക്കു ബന്ധമില്ല. അയല്‍ക്കാരനെതിരെ ഏഷണി പറയുന്നവനെ ഞാന്‍ നശിപ്പിക്കും. ഗര്‍വും അഹംഭാവവും ഉള്ളവനെ ഞാന്‍ പൊറുപ്പിക്കുകയില്ല. ദേശത്തെ വിശ്വസ്തരെ ഞാന്‍ ആദരിക്കും; അവര്‍ എന്നോടൊത്തു വസിക്കും. നിഷ്കളങ്കര്‍ എന്‍റെ സേവകരായിരിക്കും. ഒരു വഞ്ചകനും എന്‍റെ ഭവനത്തില്‍ പാര്‍ക്കുകയില്ല. വ്യാജം പറയുന്നവനെ ഞാന്‍ എന്‍റെ മുമ്പില്‍ നിന്ന് ഓടിക്കും. ദേശത്തുള്ള ദുഷ്ടരെ ഞാന്‍ ദിനംപ്രതി നശിപ്പിക്കും. സര്‍വേശ്വരന്‍റെ നഗരത്തില്‍നിന്നു ഞാന്‍ ദുഷ്കര്‍മികളെ നിര്‍മ്മാര്‍ജനം ചെയ്യും. സര്‍വേശ്വരന്‍റെ മുമ്പില്‍ ആവലാതി ചൊരിയുന്ന പീഡിതന്‍റെ പ്രാര്‍ഥന [1] സര്‍വേശ്വരാ, എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ, എന്‍റെ നിലവിളി ശ്രദ്ധിക്കണമേ. അവിടുന്ന് എന്നില്‍നിന്നു മറഞ്ഞിരിക്കരുതേ, ഞാന്‍ കഷ്ടതയിലായിരിക്കുന്നു. എന്‍റെ അപേക്ഷ കേള്‍ക്കണമേ. ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ വേഗം എനിക്കുത്തരമരുളണമേ. എന്‍റെ ആയുസ്സു പുകപോലെ മാഞ്ഞുപോകുന്നു. എന്‍റെ ശരീരം കനലുപോലെ കത്തുന്നു. ഞാന്‍ അരിഞ്ഞ പുല്ലുപോലെ ഉണങ്ങിക്കരിഞ്ഞിരിക്കുന്നു. ഭക്ഷണം കഴിക്കാന്‍ ഞാന്‍ മറന്നുപോകുന്നു. കരഞ്ഞു കരഞ്ഞു ഞാന്‍ എല്ലും തോലുമായിരിക്കുന്നു. മരുഭൂമിയിലെ വേഴാമ്പല്‍പോലെയും വിജനസ്ഥലത്തെ മൂങ്ങാപോലെയും ഞാന്‍ ആയിരിക്കുന്നു. ഞാന്‍ ഉറക്കമില്ലാത്തവനായി; പുരമുകളിലെ ഇണയറ്റ പക്ഷിയെപ്പോലെയായി ഞാന്‍. ശത്രുക്കള്‍ എന്നെ ഇടവിടാതെ നിന്ദിക്കുന്നു. നിന്ദകന്മാര്‍ക്ക് എന്‍റെ പേര് ശാപവാക്കായി. [9,10] ദൈവമേ, അങ്ങയുടെ കോപവും രോഷവും നിമിത്തം, എനിക്കു ചാരം ആഹാരമായി തീര്‍ന്നിരിക്കുന്നു. എന്‍റെ കുടിനീരില്‍ കണ്ണുനീര്‍ കലരുന്നു. അങ്ങ് എന്നെ വലിച്ചെറിഞ്ഞു കളഞ്ഞിരിക്കുന്നുവല്ലോ. *** സായാഹ്നത്തിലെ നിഴല്‍പോലെ എന്‍റെ ആയുസ്സു തീരാറായിരിക്കുന്നു. പുല്ലുപോലെ ഞാന്‍ ഉണങ്ങിക്കരിയുന്നു. സര്‍വേശ്വരാ, അങ്ങ് എന്നേക്കും സിംഹാസനത്തില്‍ വാഴുന്നു. എല്ലാ തലമുറകളും അങ്ങയുടെ നാമം ഓര്‍ക്കും. അങ്ങു സീയോനോടു കരുണ കാണിക്കും; അവളോടു കരുണ കാണിക്കാനുള്ള സമയം വന്നിരിക്കുന്നു. ഇപ്പോഴാണ് അതിനുള്ള സമയം. അങ്ങയുടെ ദാസന്മാര്‍ക്ക് അവളുടെ കല്ലുകളോടു പ്രിയവും അവളുടെ പൂഴിയോട് അനുകമ്പയും തോന്നുന്നു. [15,16] സര്‍വേശ്വരന്‍ സീയോനെ വീണ്ടും പണിയുകയും അവിടുന്നു മഹത്ത്വത്തോടെ പ്രത്യക്ഷനാകുകയും ചെയ്യുമ്പോള്‍ ജനതകള്‍ സര്‍വേശ്വരനെയും, ഭൂമിയിലെ എല്ലാ രാജാക്കന്മാരും അവിടുത്തെ മഹത്ത്വത്തെയും ഭയപ്പെടും. *** അവിടുന്നു അഗതികളുടെ പ്രാര്‍ഥന ശ്രദ്ധിക്കുന്നു. അവിടുന്ന് അവരുടെ യാചന നിരസിക്കുകയില്ല. ഭാവി തലമുറകള്‍ക്കുവേണ്ടി ഇത് എഴുതപ്പെടട്ടെ! അങ്ങനെ ഇനിയും ജനിക്കാനുള്ള ജനം അവിടുത്തെ സ്തുതിക്കട്ടെ. സര്‍വേശ്വരന്‍ അവിടുത്തെ വിശുദ്ധനിവാസത്തില്‍നിന്നു താഴേക്കു നോക്കി; അവിടുന്നു സ്വര്‍ഗത്തില്‍നിന്നു ഭൂമിയെ വീക്ഷിച്ചു. അവിടുന്നു ബദ്ധരുടെ ഞരക്കം കേട്ടു, മരണത്തിനു വിധിക്കപ്പെട്ടവരെ അവിടുന്ന് വിടുവിച്ചു. [21,22] രാജ്യങ്ങളും അന്യജനതകളും ഒരുമിച്ചുകൂടി സര്‍വേശ്വരനെ ആരാധിക്കുമ്പോള്‍ സീയോനില്‍ സര്‍വേശ്വരന്‍റെ നാമവും യെരൂശലേമില്‍ അവിടുത്തെ സ്തുതിയും പ്രഘോഷിക്കപ്പെടും. *** യൗവനത്തില്‍ എന്‍റെ ശക്തി അവിടുന്നു ക്ഷയിപ്പിച്ചു. എന്‍റെ ആയുസ്സ് അവിടുന്നു ചുരുക്കി. വത്സരങ്ങള്‍ക്ക് അറുതിയില്ലാത്തവനായ എന്‍റെ ദൈവമേ, ആയുസ്സിന്‍റെ മധ്യത്തില്‍ എന്നെ എടുത്തുകളയരുതേ! പണ്ടു തന്നെ അവിടുന്നു ഭൂമിക്ക് അടിസ്ഥാനമിട്ടു; അങ്ങയുടെ കരങ്ങളാണ് ആകാശത്തെ സൃഷ്‍ടിച്ചത്. അവ നശിക്കും; എന്നാല്‍ അവിടുന്നു നിലനില്‌ക്കും; അവയെല്ലാം വസ്ത്രംപോലെ ജീര്‍ണിക്കും; വസ്ത്രം മാറുന്നതുപോലെ അവിടുന്നു അവയെ മാറ്റും; അവ മാറിപ്പോകുകയും ചെയ്യും. എന്നാല്‍ അങ്ങേക്ക് മാറ്റമില്ല; അവിടുന്ന് എന്നേക്കും ജീവിക്കുന്നു. അവിടുത്തെ ദാസന്മാരുടെ മക്കള്‍ സുരക്ഷിതരായി പാര്‍ക്കും; അവരുടെ സന്തതികള്‍ അങ്ങയുടെ സന്നിധിയില്‍ നിലനില്‌ക്കും. ദാവീദിന്‍റെ സങ്കീര്‍ത്തനം [1] എന്‍റെ ആത്മാവേ, സര്‍വേശ്വരനെ വാഴ്ത്തുക! എന്‍റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധ നാമത്തെ വാഴ്ത്തുക. എന്‍റെ ആത്മാവേ, സര്‍വേശ്വരനെ വാഴ്ത്തുക! അവിടുന്നു ചെയ്ത നന്മകളൊന്നും മറക്കരുത്. അവിടുന്ന് എന്‍റെ എല്ലാ അകൃത്യങ്ങളും ക്ഷമിക്കുന്നു. എല്ലാ രോഗങ്ങളും സുഖപ്പെടുത്തുന്നു. അവിടുന്നു എന്‍റെ ജീവനെ മരണത്തില്‍ നിന്നു വിടുവിക്കുന്നു. ശാശ്വതമായ സ്നേഹവും കരുണയുംകൊണ്ട് എന്നെ കിരീടമണിയിക്കുന്നു. എന്‍റെ യൗവനം കഴുകന്‍റേതുപോലെ പുതുക്കപ്പെടാന്‍ വേണ്ടി, ആയുഷ്കാലം മുഴുവന്‍ അവിടുന്നെന്നെ നന്മ കൊണ്ടു സംതൃപ്തനാക്കുന്നു. സര്‍വേശ്വരന്‍ സകല പീഡിതര്‍ക്കും നീതിയും ന്യായവും നടത്തിക്കൊടുക്കുന്നു. അവിടുന്നു തന്‍റെ വഴികള്‍ മോശയ്‍ക്കും തന്‍റെ പ്രവൃത്തികള്‍ ഇസ്രായേല്‍ജനത്തിനും വെളിപ്പെടുത്തി. സര്‍വേശ്വരന്‍ കാരുണ്യവാനും കൃപാലുവും ആകുന്നു. അവിടുന്നു ക്ഷമിക്കുന്നവനും സ്നേഹസമ്പന്നനുമാണ്. അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല. കോപം മനസ്സില്‍ വച്ചുകൊണ്ടിരിക്കുകയുമില്ല. നമ്മുടെ പാപങ്ങള്‍ക്കൊത്തവിധം അവിടുന്നു നമ്മെ ശിക്ഷിക്കുന്നില്ല. നമ്മുടെ അകൃത്യങ്ങള്‍ക്ക് അനുസൃതമായി പകരം ചെയ്യുന്നുമില്ല. ആകാശം ഭൂമിക്കുമീതെ ഉയര്‍ന്നിരിക്കുന്നതു പോലെ, തന്‍റെ ഭക്തന്മാരോടുള്ള അവിടുത്തെ അചഞ്ചലസ്നേഹം ഉന്നതമായിരിക്കുന്നു. ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതു പോലെ, അവിടുന്നു നമ്മുടെ അപരാധങ്ങള്‍ അകറ്റിയിരിക്കുന്നു. പിതാവിനു മക്കളോടെന്നപോലെ, സര്‍വേശ്വരനു തന്‍റെ ഭക്തന്മാരോടു കനിവു തോന്നുന്നു. നമ്മെ മെനഞ്ഞ വസ്തു എന്തെന്ന് അവിടുന്നറിയുന്നു. നാം പൂഴിയാണെന്ന് അവിടുന്ന് ഓര്‍ക്കുന്നു. മനുഷ്യന്‍റെ ആയുസ്സു പുല്ലുപോലെയാകുന്നു. വയലിലെ പൂപോലെ അതു വിടരുന്നു. കാറ്റടിക്കുമ്പോള്‍ അതു കൊഴിഞ്ഞുപോകുന്നു. അതു നിന്നിരുന്ന സ്ഥാനംപോലും ആരും അറിയുകയില്ല. എന്നാല്‍ സര്‍വേശ്വരനു തന്‍റെ ഭക്തന്മാരോടുള്ള സ്നേഹം ശാശ്വതമാണ്. അവിടുത്തെ വിശ്വസ്തത തലമുറകളോളം നിലനില്‌ക്കുന്നു. അവിടുത്തെ ഉടമ്പടി പാലിക്കുന്നവര്‍ക്കും കല്പനകള്‍ ശ്രദ്ധാപൂര്‍വം അനുസരിക്കുന്നവര്‍ക്കും തന്നെ. സര്‍വേശ്വരന്‍ തന്‍റെ സിംഹാസനം സ്വര്‍ഗത്തില്‍ സ്ഥാപിച്ചിരിക്കുന്നു. സമസ്തവും അവിടുത്തേക്കു കീഴ്പെട്ടിരിക്കുന്നു. അവിടുത്തെ ശബ്ദം കേള്‍ക്കുകയും അവിടുത്തെ ആജ്ഞ അനുസരിക്കുകയും ചെയ്യുന്ന ശക്തരായ ദൂതന്മാരേ, സര്‍വേശ്വരനെ വാഴ്ത്തുവിന്‍! തിരുഹിതം നിറവേറ്റുന്ന അവിടുത്തെ ശുശ്രൂഷകരുടെ സൈന്യമേ, സര്‍വേശ്വരനെ വാഴ്ത്തുവിന്‍. അവിടുത്തെ ആധിപത്യത്തിന്‍ കീഴിലുള്ള സമസ്ത സൃഷ്‍ടികളുമേ, സര്‍വേശ്വരനെ വാഴ്ത്തുവിന്‍! എന്‍റെ ആത്മാവേ, സര്‍വേശ്വരനെ വാഴ്ത്തുക! എന്‍റെ ആത്മാവേ, സര്‍വേശ്വരനെ വാഴ്ത്തുക. എന്‍റെ ദൈവമായ സര്‍വേശ്വരാ, അങ്ങ് എത്ര വലിയവന്‍! തേജസ്സും മഹത്ത്വവും അങ്ങു ധരിച്ചിരിക്കുന്നു. വസ്ത്രമെന്നപോലെ അങ്ങ് പ്രകാശം അണിഞ്ഞിരിക്കുന്നു, കൂടാരമെന്നപോലെ ആകാശത്തെ നിവര്‍ത്തിയിരിക്കുന്നു. അങ്ങയുടെ മന്ദിരത്തിന്‍റെ തുലാങ്ങള്‍ വെള്ളത്തിന്മേല്‍ സ്ഥാപിച്ചിരിക്കുന്നു. മേഘങ്ങളാണ് അവിടുത്തെ രഥം. കാറ്റിന്‍റെ ചിറകുകളില്‍ അവിടുന്നു സഞ്ചരിക്കുന്നു. അങ്ങു കാറ്റുകളെ ദൂതന്മാരും മിന്നല്‍പ്പിണരുകളെ സേവകരുമാക്കി. ഭൂമിയെ ഇളക്കം തട്ടാത്തവിധം അതിന്‍റെ അസ്തിവാരത്തില്‍, അവിടുന്ന് ഉറപ്പിച്ചിരിക്കുന്നു. ആഴി ഭൂമിയെ വസ്ത്രം എന്നപോലെ ആവരണം ചെയ്തിരുന്നു. വെള്ളം പര്‍വതങ്ങളെ മൂടിയിരുന്നു. അങ്ങ് ശാസിച്ചപ്പോള്‍ വെള്ളം ഓടിയകന്നു. അങ്ങയുടെ കല്പനയുടെ ഇടിമുഴക്കത്താല്‍, അവ പലായനം ചെയ്തു. മലകളിലൂടെയും താഴ്വരകളിലൂടെയും അവ ഒഴുകി. അങ്ങു നിശ്ചയിച്ച സ്ഥലത്തേക്ക് അവ പിന്മാറി. വെള്ളം വീണ്ടും ഭൂമിയെ മൂടാതിരിക്കാന്‍, അങ്ങ് അതിന് അലംഘനീയമായ അതിരിട്ടു. അങ്ങു നീര്‍ച്ചാലുകളെ താഴ്വരകളിലേക്ക് ഒഴുക്കുന്നു, അവ മലകള്‍ക്കിടയിലൂടെ ഒഴുകുന്നു. കാട്ടുമൃഗങ്ങളെല്ലാം അവയില്‍നിന്നു കുടിക്കുന്നു. കാട്ടുകഴുതകളും ദാഹം ശമിപ്പിക്കുന്നു. അവയുടെ തീരങ്ങളിലുള്ള വൃക്ഷങ്ങളില്‍ പക്ഷികള്‍ പാര്‍ക്കുന്നു. മരച്ചില്ലകള്‍ക്കിടയിലിരുന്നു അവ പാടുന്നു. അവിടുന്നു തന്‍റെ അത്യുന്നതമായ വാസസ്ഥലത്തുനിന്നു മഴ പെയ്യിച്ചു മലകളെ നനയ്‍ക്കുന്നു. അവിടുത്തെ പ്രവൃത്തികളുടെ ഫലമായി ഭൂമി തൃപ്തിയടയുന്നു. അവിടുന്നു കന്നുകാലികള്‍ക്കു പുല്ലും, മനുഷ്യന് ആഹാരത്തിനുവേണ്ടി, വിവിധ സസ്യങ്ങളും മുളപ്പിക്കുന്നു. മനുഷ്യന്‍റെ സന്തോഷത്തിനു വീഞ്ഞും മുഖം മിനുക്കാന്‍ എണ്ണയും കരുത്തേകാന്‍ ഭക്ഷണവും അവിടുന്നു നല്‌കുന്നു. താന്‍ നട്ടുവളര്‍ത്തുന്ന ലെബാനോനിലെ, ദേവദാരുക്കള്‍ക്ക് അവിടുന്ന് സമൃദ്ധമായ മഴ കൊടുക്കുന്നു. അവയില്‍ പക്ഷികള്‍ കൂടു കെട്ടുന്നു, കൊക്കുകള്‍ അവയില്‍ ചേക്കേറുന്നു. ഉയര്‍ന്ന മലകള്‍ കാട്ടാടുകളുടെ സങ്കേതം, പാറകളുടെ വിള്ളലുകള്‍ കുഴിമുയലുകളുടെ പാര്‍പ്പിടം. ഋതുക്കള്‍ നിര്‍ണയിക്കാന്‍ അവിടുന്നു ചന്ദ്രനെ സൃഷ്‍ടിച്ചു. സൂര്യന് അസ്തമയസമയം അറിയാം. അങ്ങു ഇരുട്ടു വരുത്തുന്നു; അപ്പോള്‍ രാത്രിയുണ്ടാകുന്നു, രാത്രിയാകുമ്പോള്‍ വന്യമൃഗങ്ങള്‍ പുറത്തിറങ്ങുന്നു. സിംഹക്കുട്ടികള്‍ ഇരയ്‍ക്കുവേണ്ടി അലറുന്നു, അവ ദൈവത്തോട് ആഹാരം ചോദിക്കുന്നു. സൂര്യനുദിക്കുമ്പോള്‍ അവ മടങ്ങിപ്പോയി മടയില്‍ പതുങ്ങുന്നു. അപ്പോള്‍ മനുഷ്യന്‍ വേലയ്‍ക്കു പുറപ്പെടുന്നു. അന്തിയാവോളം അവന്‍ അധ്വാനിക്കുന്നു. സര്‍വേശ്വരാ, അങ്ങയുടെ സൃഷ്‍ടികള്‍ എത്ര വൈവിധ്യമാര്‍ന്നത്! എത്ര ബുദ്ധിപൂര്‍വമാണ് അങ്ങ് അവയെ സൃഷ്‍ടിച്ചത്. ഭൂമി അവിടുത്തെ സൃഷ്‍ടികളാല്‍ നിറഞ്ഞിരിക്കുന്നു. അതാ വിശാലമായ മഹാസമുദ്രം! ചെറുതും വലുതുമായ അസംഖ്യം ജീവികള്‍ അതില്‍ ചരിക്കുന്നു. അതില്‍ കപ്പലുകള്‍ ഓടുന്നു; അവിടുന്നു സൃഷ്‍ടിച്ച ലിവ്യാഥാന്‍ അതില്‍ വിഹരിക്കുന്നു. യഥാസമയം ആഹാരത്തിനുവേണ്ടി അവ അങ്ങയെ നോക്കുന്നു. അങ്ങു നല്‌കുന്ന ആഹാരം അവ ഭക്ഷിക്കുന്നു, തൃക്കൈ തുറക്കുമ്പോള്‍ വിശിഷ്ട വിഭവങ്ങളാല്‍ അവയ്‍ക്കു തൃപ്തിവരുന്നു. അങ്ങ് ആഹാരം നല്‌കാതെ മുഖം തിരിക്കുമ്പോള്‍, അവ പരിഭ്രമിക്കുന്നു. അങ്ങ് അവയുടെ ശ്വാസം എടുക്കുമ്പോള്‍ അവ മണ്ണിലേക്കു തിരികെ ചേരുന്നു. അങ്ങ് ജീവശ്വാസം നല്‌കുമ്പോള്‍, അവ സൃഷ്‍ടിക്കപ്പെടുന്നു. അങ്ങു ഭൂമിയിലുള്ള സര്‍വവും നവീകരിക്കുന്നു. സര്‍വേശ്വരന്‍റെ മഹത്ത്വം എന്നേക്കും നിലനില്‌ക്കട്ടെ. അവിടുത്തെ സൃഷ്‍ടികളില്‍ അവിടുന്ന് ആനന്ദിക്കട്ടെ. അവിടുന്നു ഭൂമിയെ നോക്കുമ്പോള്‍ അതു പ്രകമ്പനം കൊള്ളുന്നു. അവിടുന്നു പര്‍വതങ്ങളെ സ്പര്‍ശിക്കുമ്പോള്‍ അവ പുകയുന്നു. എന്‍റെ ആയുഷ്കാലം മുഴുവന്‍ ഞാന്‍ സര്‍വേശ്വരനെ പ്രകീര്‍ത്തിക്കും. എന്‍റെ ജീവിതകാലം മുഴുവന്‍ ഞാന്‍ എന്‍റെ ദൈവത്തെ പാടിപ്പുകഴ്ത്തും; എന്‍റെ ധ്യാനം അവിടുത്തേക്കു പ്രസാദകരമായിരിക്കട്ടെ; ഞാന്‍ സര്‍വേശ്വരനില്‍ ആനന്ദം കൊള്ളുന്നു. അധര്‍മികള്‍ ഭൂമിയില്‍നിന്നു നിര്‍മ്മാര്‍ജനം ചെയ്യപ്പെടട്ടെ. ദുഷ്ടന്മാര്‍ ഇല്ലാതാകട്ടെ. എന്‍റെ ആത്മാവേ, സര്‍വേശ്വരനെ വാഴ്ത്തുക; സര്‍വേശ്വരനെ സ്തുതിക്കുവിന്‍. സര്‍വേശ്വരനു സ്തോത്രം അര്‍പ്പിക്കുവിന്‍; അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍; ജനതകളുടെ ഇടയില്‍ അവിടുത്തെ പ്രവൃത്തികള്‍ പ്രഘോഷിക്കുവിന്‍. അവിടുത്തേക്കു സ്തോത്രഗാനം ആലപിക്കുവിന്‍; അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ വര്‍ണിക്കുവിന്‍. അവിടുത്തെ വിശുദ്ധനാമത്തില്‍ അഭിമാനം കൊള്ളുവിന്‍. സര്‍വേശ്വരനെ ആരാധിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ. സര്‍വേശ്വരനെ ആരാധിക്കുവിന്‍; അവിടുത്തെ ബലത്തില്‍ ആശ്രയിക്കുവിന്‍. അവിടുത്തെ സാന്നിധ്യം നിരന്തരം തേടുവിന്‍. [5,6] അവിടുത്തെ ദാസനായ അബ്രഹാമിന്‍റെ സന്തതികളേ, അവിടുന്നു തിരഞ്ഞെടുത്ത യാക്കോബിന്‍റെ സന്തതികളേ, അവിടുന്നു ചെയ്ത അദ്ഭുതപ്രവൃത്തികളെ ഓര്‍ക്കുവിന്‍. അവിടുത്തെ അടയാളങ്ങളും അവിടുത്തെ ന്യായവിധികളും തന്നെ. *** സര്‍വേശ്വരനാണു നമ്മുടെ ദൈവം; അവിടുത്തെ ന്യായവിധികള്‍ ഭൂമി മുഴുവനും ബാധകമാണ്. അവിടുന്നു തന്‍റെ ഉടമ്പടി എന്നും പാലിക്കും, തന്‍റെ വാഗ്ദാനം ഒരിക്കലും മറക്കയില്ല. അബ്രഹാമിനോടു ചെയ്ത ഉടമ്പടിയും ഇസ്ഹാക്കിനോടു ചെയ്ത പ്രതിജ്ഞയും തന്നെ, യാക്കോബിന് ഒരു ചട്ടമായി സര്‍വേശ്വരന്‍ അതു സ്ഥാപിച്ചു. ഇസ്രായേലിനുള്ള ശാശ്വത ഉടമ്പടിയായിത്തന്നെ. ഞാന്‍ നിനക്കു കനാന്‍ദേശം നല്‌കും. അത് നിനക്കുള്ള അവകാശമായിരിക്കും. അന്ന് അവര്‍ എണ്ണത്തില്‍ കുറഞ്ഞ വളരെ ചെറിയ കൂട്ടമായിരുന്നു. അവര്‍ കനാന്‍ദേശത്തു പരദേശികളായിരുന്നു. അവര്‍ ജനതകളുടെയും രാജ്യങ്ങളുടെയും ഇടയില്‍ അലഞ്ഞുനടന്നു. അവരെ പീഡിപ്പിക്കാന്‍ ആരെയും അവിടുന്നു അനുവദിച്ചില്ല. അവരെ സംരക്ഷിക്കാന്‍വേണ്ടി അവിടുന്നു രാജാക്കന്മാരെ ശാസിച്ചു. “എന്‍റെ അഭിഷിക്തരെ തൊടരുത്. എന്‍റെ പ്രവാചകന്മാര്‍ക്ക് ഒരുപദ്രവവും ചെയ്യരുത്.” അവിടുന്നു കനാന്‍ദേശത്തു ക്ഷാമം വരുത്തി. അവരുടെ ആഹാരത്തെ നിശ്ശേഷം ഇല്ലാതാക്കി. അവരെ രക്ഷിക്കാന്‍ അവിടുന്ന് അവര്‍ക്കു മുമ്പായി ഒരാളെ ഈജിപ്തിലേക്കയച്ചു; അടിമയായി വില്‌ക്കപ്പെട്ട യോസേഫിനെ തന്നെ. കാരാഗൃഹത്തില്‍ അടയ്‍ക്കപ്പെട്ട അയാളുടെ കാലുകളില്‍ വിലങ്ങു വച്ചു. കഴുത്തില്‍ ഇരുമ്പു പട്ട ധരിപ്പിച്ചു. അയാള്‍ പ്രവചിച്ചതു നിറവേറുന്നതുവരെ, സര്‍വേശ്വരന്‍ യോസേഫിനോടറിയിച്ചതു സത്യമെന്നു തെളിയുന്നതുവരെ തന്നെ. ഈജിപ്തിലെ രാജാവ് ആളയച്ചു യോസേഫിനെ മോചിപ്പിച്ചു, അന്യജനതയുടെ അധിപതി അയാളെ സ്വതന്ത്രനാക്കി. രാജാവ് അയാളെ കൊട്ടാരത്തിന്‍റെ അധികാരിയും തന്‍റെ സര്‍വസമ്പത്തിന്‍റെയും മേല്‍വിചാരകനായും നിയമിച്ചു. പ്രഭുക്കന്മാര്‍ക്ക് ശിക്ഷണം നല്‌കാനും ഉപദേഷ്ടാക്കള്‍ക്ക് ജ്ഞാനം ഉപദേശിക്കാനും അയാള്‍ക്ക് അധികാരം നല്‌കി. അപ്പോള്‍ ഇസ്രായേല്‍ ഈജിപ്തിലേക്കു വന്നു അതെ, യാക്കോബ് ഹാമിന്‍റെ ദേശത്ത് ചെന്നു പാര്‍ത്തു. ദൈവം തന്‍റെ ജനത്തെ വളരെ വര്‍ധിപ്പിച്ചു. അവരുടെ വൈരികളെക്കാള്‍ അവരെ പ്രബലരാക്കി. തന്‍റെ ജനത്തെ വെറുക്കാനും, തന്‍റെ ദാസരായ ഇസ്രായേല്യരോടു വഞ്ചനാപൂര്‍വം വര്‍ത്തിക്കാനും, അവിടുന്ന് ഈജിപ്തുകാര്‍ക്ക് ഇടവരുത്തി. അവിടുന്നു തന്‍റെ ദാസനായ മോശയെയും താന്‍ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു. അവര്‍ ഈജിപ്തുകാരുടെ ഇടയില്‍ അടയാളങ്ങള്‍ കാണിച്ചു. അവര്‍ ഹാമിന്‍റെ ദേശത്ത് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. ദൈവം അന്ധകാരം അയച്ചു ദേശത്തെ ഇരുളിലാഴ്ത്തി. ഈജിപ്തുകാര്‍ അവിടുത്തെ വാക്കു കേട്ടില്ല. അവിടുന്ന് അവരുടെ വെള്ളം രക്തമാക്കി, അവരുടെ മത്സ്യങ്ങള്‍ ചത്തൊടുങ്ങി. തവളകള്‍ അവരുടെ ദേശത്തെ മൂടി. രാജാക്കന്മാരുടെ പള്ളിയറകളില്‍പോലും തവളകള്‍ നിറഞ്ഞു. അവിടുന്നു കല്പിച്ചപ്പോള്‍ അവരുടെ ദേശത്ത് ഈച്ചയും പേനും നിറഞ്ഞു. അവിടുന്ന് അവര്‍ക്കു മഴയ്‍ക്കു പകരം കന്മഴ പെയ്യിച്ചു. ദേശത്തെങ്ങും മിന്നല്‍പ്പിണരുകള്‍ അയച്ചു. അവിടുന്ന് അവരുടെ മുന്തിരിത്തോട്ടങ്ങളും അത്തിമരങ്ങളും തകര്‍ത്തു; അവരുടെ വൃക്ഷങ്ങള്‍ നശിപ്പിച്ചു. അവിടുന്നു കല്പിച്ചപ്പോള്‍ വെട്ടുക്കിളികള്‍ വന്നു. അവ സംഖ്യയില്ലാതെ വന്നു. അവരുടെ ദേശത്തിലെ സകല സസ്യങ്ങളും അവരുടെ വയലിലെ സകല വിളകളും അവ തിന്നൊടുക്കി. അവിടുന്ന് ഈജിപ്തിലെ സകല ആദ്യജാതന്മാരെയും സംഹരിച്ചു; അവരുടെ കടിഞ്ഞൂലുകളെ തന്നെ. പിന്നീട് അവിടുന്ന് ഇസ്രായേല്യരെ സ്വര്‍ണത്തോടും വെള്ളിയോടും കൂടി, ഈജിപ്തില്‍നിന്നു പുറപ്പെടുവിച്ചു. അവരില്‍ ഒരുവന്‍റെയും കാല്‍ ഇടറിയില്ല. അവര്‍ പോയപ്പോള്‍ ഈജിപ്തുകാര്‍ സന്തോഷിച്ചു. അവരെക്കുറിച്ച് ഈജിപ്തു ഭീതി പൂണ്ടിരുന്നല്ലോ. അവിടുന്ന് അവര്‍ക്കു തണലിനായി മേഘത്തെ മേല്‌ക്കട്ടിയാക്കി. രാത്രിയില്‍ അവര്‍ക്കു വെളിച്ചം നല്‌കാന്‍ അഗ്നി ജ്വലിപ്പിച്ചു. അവര്‍ ചോദിച്ചപ്പോള്‍ അവിടുന്നു കാടപ്പക്ഷികളെ നല്‌കി. അവര്‍ക്കുവേണ്ടി ആകാശത്തില്‍നിന്നു സമൃദ്ധമായി അപ്പം വര്‍ഷിച്ചു. അവിടുന്നു പാറയെ പിളര്‍ന്നു, വെള്ളം കുതിച്ചു ചാടി. മരുഭൂമിയില്‍ അതു നദിപോലെ ഒഴുകി. അവിടുന്നു തന്‍റെ വിശുദ്ധവാഗ്ദാനത്തെയും, തന്‍റെ ദാസനായ അബ്രഹാമിനെയും ഓര്‍ത്തു. അങ്ങനെ തന്‍റെ ജനത്തെ അവിടുന്നു നയിച്ചു. തിരഞ്ഞെടുക്കപ്പെട്ട ജനം ഗാനം ആലപിച്ചു. അവിടുന്ന് അന്യജനതകളുടെ ദേശം അവര്‍ക്കു നല്‌കി. ജനതകളുടെ അധ്വാനഫലം അവര്‍ കൈവശമാക്കി. അവര്‍ അവിടുത്തെ ചട്ടങ്ങള്‍ പാലിക്കാനും, അവിടുത്തെ നിയമങ്ങള്‍ അനുസരിക്കാനും വേണ്ടിത്തന്നെ. സര്‍വേശ്വരനെ സ്തുതിക്കുവിന്‍. സര്‍വേശ്വരനെ സ്തുതിക്കുവിന്‍. സര്‍വേശ്വരനു സ്തോത്രം അര്‍പ്പിക്കുവിന്‍. അവിടുന്നു നല്ലവനല്ലോ! അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. സര്‍വേശ്വരന്‍റെ വീരകൃത്യങ്ങള്‍ വര്‍ണിക്കാന്‍ ആര്‍ക്കു കഴിയും. അവിടുത്തെ മഹത്ത്വത്തെ പ്രകീര്‍ത്തിക്കാന്‍ ആര്‍ക്കു സാധിക്കും? ന്യായം പാലിക്കുകയും നീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ അനുഗൃഹീതന്‍. സര്‍വേശ്വരാ, സ്വജനത്തോടു കരുണ കാട്ടുമ്പോള്‍ എന്നെയും ഓര്‍ക്കണമേ. അവരെ വിടുവിക്കുമ്പോള്‍ എന്നെയും കടാക്ഷിക്കണമേ. അങ്ങു തിരഞ്ഞെടുത്തവരുടെ ഐശ്വര്യം ഞാന്‍ കാണട്ടെ. അവിടുത്തെ ജനതയുടെ സന്തോഷത്തില്‍ ഞാന്‍ ആനന്ദിക്കട്ടെ. അവിടുത്തെ അവകാശമായ ജനത്തോടൊപ്പം ഞാനും അഭിമാനംകൊള്ളട്ടെ. ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും പാപം ചെയ്തു; ഞങ്ങള്‍ അധര്‍മവും ദുഷ്ടതയും പ്രവര്‍ത്തിച്ചു. ഞങ്ങളുടെ പിതാക്കന്മാര്‍ ഈജിപ്തില്‍വച്ച് അങ്ങയുടെ അദ്ഭുതപ്രവൃത്തികള്‍ ഗ്രഹിച്ചില്ല. അവിടുത്തെ സ്നേഹത്തിന്‍റെ നിറവിനെ ഓര്‍ത്തതുമില്ല. അവര്‍ ചെങ്കടല്‍ തീരത്തുവച്ച് അത്യുന്നതനോടു മത്സരിച്ചു. എങ്കിലും അവിടുന്ന് അവരെ തന്‍റെ നാമത്തെപ്രതി രക്ഷിച്ചു. അവിടുത്തെ മഹാശക്തി വെളിപ്പെടുത്താന്‍ വേണ്ടിത്തന്നെ. അങ്ങു ചെങ്കടലിനെ ശാസിച്ചു, അതു വരണ്ട നിലമായി, മരുഭൂമിയിലൂടെ എന്നപോലെ ആഴിയിലൂടെ അവിടുന്ന് അവരെ നയിച്ചു. ശത്രുക്കളുടെ കൈയില്‍നിന്ന് അവരെ രക്ഷിച്ചു. വൈരികളുടെ പിടിയില്‍നിന്ന് അവരെ വിടുവിച്ചു. അവരുടെ ശത്രുക്കളെ വെള്ളം മൂടിക്കളഞ്ഞു. അവരില്‍ ആരും ശേഷിച്ചില്ല. അപ്പോള്‍ അവര്‍ അവിടുത്തെ വാക്കുകള്‍ വിശ്വസിച്ചു; അവര്‍ സ്തുതിഗീതം പാടി. എന്നാല്‍, അവര്‍ പെട്ടെന്ന് അവിടുത്തെ പ്രവൃത്തികള്‍ വിസ്മരിച്ചു. അവിടുത്തെ ഉപദേശത്തിനായി കാത്തിരുന്നില്ല. മരുഭൂമിയില്‍വച്ച് അവര്‍ക്കു ഭക്ഷണത്തോട് ആര്‍ത്തിയുണ്ടായി. അവര്‍ ദൈവത്തെ പരീക്ഷിച്ചു. അവര്‍ ചോദിച്ചത് അവിടുന്ന് അവര്‍ക്കു നല്‌കി. എന്നാല്‍ അവിടുന്ന് അവരുടെ ഇടയിലേക്ക് ഒരു മഹാരോഗം അയച്ചു. മരുഭൂമിയില്‍ പാളയമടിച്ചിരുന്നപ്പോള്‍, അവര്‍ മോശയോടും സര്‍വേശ്വരന്‍റെ വിശുദ്ധദാസനായ അഹരോനോടും അസൂയാലുക്കളായി. അപ്പോള്‍ ഭൂമി പിളര്‍ന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്‍റെ കൂട്ടത്തെ മൂടിക്കളഞ്ഞു. ദൈവം അവരുടെ അനുയായികളുടെ ഇടയിലേക്ക് അഗ്നി അയച്ചു. അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു. അവര്‍ ഹോരേബില്‍വച്ച് ഒരു കാളക്കുട്ടിയെ ഉണ്ടാക്കി. വാര്‍ത്തുണ്ടാക്കിയ ആ വിഗ്രഹത്തെ ആരാധിച്ചു. ഇങ്ങനെ അവര്‍ ദൈവത്തിനു നല്‌കേണ്ട മഹത്ത്വം പുല്ലു തിന്നുന്ന കാളയുടെ വിഗ്രഹത്തിനു നല്‌കി. അവര്‍ തങ്ങളുടെ രക്ഷകനായ ദൈവത്തെ മറന്നു. ഈജിപ്തില്‍ വന്‍കാര്യങ്ങള്‍ പ്രവര്‍ത്തിച്ച ദൈവത്തെതന്നെ. ഹാമിന്‍റെ ദേശത്ത്, അവിടുന്നു പ്രവര്‍ത്തിച്ച അദ്ഭുതങ്ങളും, ചെങ്കടലില്‍വച്ചു പ്രവര്‍ത്തിച്ച വിസ്മയജനകമായ പ്രവൃത്തികളും അവര്‍ വിസ്മരിച്ചു. അവരെ നശിപ്പിക്കുമെന്നു ദൈവം അരുളിച്ചെയ്തപ്പോള്‍, അവിടുന്നു തിരഞ്ഞെടുത്ത മോശ ജനത്തിനു മറയായി തിരുമുമ്പില്‍ നിന്നില്ലായിരുന്നെങ്കില്‍, അവിടുത്തെ ക്രോധം അവരെ നിശ്ശേഷം നശിപ്പിക്കുമായിരുന്നു. അവര്‍ മനോഹരമായ ദേശം നിരസിച്ചു. അവര്‍ ദൈവത്തിന്‍റെ വാഗ്ദാനം വിശ്വസിച്ചില്ലല്ലോ. അവര്‍ തങ്ങളുടെ കൂടാരങ്ങളിലിരുന്നു പിറുപിറുത്തു. സര്‍വേശ്വരന്‍റെ സ്വരം ശ്രദ്ധിച്ചില്ല. [26,27] അതുകൊണ്ടു മരുഭൂമിയില്‍വച്ച് അവരെ നശിപ്പിക്കുമെന്നും, അവരുടെ സന്തതികളെ അന്യജനതകളുടെയും രാജ്യങ്ങളുടെയും ഇടയില്‍ ചിതറിക്കുമെന്നും അവിടുന്നു കരമുയര്‍ത്തി സത്യം ചെയ്തു. *** അവര്‍ പെയോരില്‍ ബാല്‍ദേവനെ ആരാധിച്ചു, മരിച്ചവര്‍ക്ക് അര്‍പ്പിച്ച വസ്തുക്കള്‍ ഭക്ഷിച്ചു. ഇങ്ങനെ അവര്‍ തങ്ങളുടെ പ്രവൃത്തികളാല്‍ സര്‍വേശ്വരനെ പ്രകോപിപ്പിച്ചു. അവരുടെ ഇടയില്‍ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ചു. അപ്പോള്‍ ഫീനെഹാസ് ഇടപെട്ടു കുറ്റക്കാരെ ശിക്ഷിച്ചു. അതോടെ പകര്‍ച്ചവ്യാധി ശമിച്ചു. അദ്ദേഹത്തിന്‍റെ പ്രവൃത്തി നീതിയായി കണക്കാക്കപ്പെടുന്നു. അത് അങ്ങനെതന്നെ എന്നേക്കും കരുതപ്പെടുന്നു. മെരീബാജലാശയത്തിനടുത്തുവച്ചും അവര്‍ ദൈവത്തെ പ്രകോപിപ്പിച്ചു, അവരുടെ പ്രവൃത്തികള്‍മൂലം മോശയ്‍ക്കും ദോഷമുണ്ടായി. അവര്‍ മോശയെ വല്ലാതെ കോപിപ്പിച്ചതിനാല്‍, അദ്ദേഹം അവിവേകമായി സംസാരിച്ചു. സര്‍വേശ്വരന്‍ കല്പിച്ചതുപോലെ, അവര്‍ അന്യജനതകളെ നിഗ്രഹിച്ചില്ല. അവര്‍ അവരോട് ഇടകലര്‍ന്നു, അവരുടെ ആചാരങ്ങള്‍ ശീലിച്ചു. അവരുടെ വിഗ്രഹങ്ങളെ പൂജിച്ചു. അത് അവര്‍ക്കു കെണിയായിത്തീര്‍ന്നു. അവര്‍ തങ്ങളുടെ പുത്രീപുത്രന്മാരെ വ്യാജദേവന്മാര്‍ക്കു ബലി കഴിച്ചു. അവര്‍ നിഷ്കളങ്ക രക്തം ചൊരിഞ്ഞു, തങ്ങളുടെ പുത്രീപുത്രന്മാരുടെ രക്തംതന്നെ. കനാന്യവിഗ്രഹങ്ങള്‍ക്ക് അവരെ ബലി കഴിച്ചു. രക്തപാതകംകൊണ്ടു ദേശം അശുദ്ധമായി. സ്വന്തം പ്രവൃത്തികളാല്‍ അവര്‍ മലിനരായിത്തീര്‍ന്നു. അവര്‍ തങ്ങളുടെ പ്രവൃത്തികളാല്‍ ദൈവത്തോട് അവിശ്വസ്തത കാണിച്ചു. സര്‍വേശ്വരന്‍റെ കോപം സ്വജനത്തിനു നേരേ ജ്വലിച്ചു. അവിടുന്നു തന്‍റെ അവകാശമായ ജനത്തെ വെറുത്തു. അവിടുന്ന് അന്യജനതകളുടെ കൈയില്‍ അവരെ ഏല്പിച്ചു. അവരുടെ വൈരികള്‍ അവരെ ഭരിച്ചു. അവരുടെ ശത്രുക്കള്‍ അവരെ പീഡിപ്പിച്ചു. അവര്‍ അവര്‍ക്കു പൂര്‍ണമായി കീഴടങ്ങി. പല തവണ സര്‍വേശ്വരന്‍ അവരെ വിടുവിച്ചു. എന്നിട്ടും, അവര്‍ അവിടുത്തോടു മനഃപൂര്‍വം മത്സരിച്ചു. തങ്ങളുടെ അകൃത്യംനിമിത്തം അവര്‍ അധഃപതിച്ചു. എന്നിട്ടും അവരുടെ നിലവിളി കേട്ട് അവരുടെ കൊടിയ യാതന അവിടുന്നു ശ്രദ്ധിച്ചു. അവിടുത്തെ ഉടമ്പടി അവിടുന്ന് അനുസ്മരിച്ചു. അവിടുത്തെ മഹാസ്നേഹത്താല്‍ അവരോടു മനസ്സലിഞ്ഞു. അവരെ ബദ്ധരാക്കിയവര്‍ക്കെല്ലാം അവരോടു കനിവു തോന്നാന്‍ അവിടുന്നിടയാക്കി. ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, ഞങ്ങളെ രക്ഷിച്ചാലും, അങ്ങയുടെ വിശുദ്ധനാമത്തിനു സ്തോത്രം അര്‍പ്പിക്കാനും, അവിടുത്തെ പ്രകീര്‍ത്തിക്കുന്നതില്‍ അഭിമാനം കൊള്ളാനും, ജനതകളുടെ ഇടയില്‍നിന്നു ഞങ്ങളെ മടക്കി വരുത്തണമേ. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ; എന്നേക്കും അവിടുന്നു പ്രകീര്‍ത്തിക്കപ്പെടട്ടെ; സര്‍വജനങ്ങളും ആമേന്‍ എന്നു പറയട്ടെ. സര്‍വേശ്വരനെ സ്തുതിക്കുവിന്‍. സര്‍വേശ്വരനു സ്തോത്രം അര്‍പ്പിക്കുവിന്‍, അവിടുന്നു നല്ലവനല്ലോ. [2,3] അവിടുത്തെ സുസ്ഥിരസ്നേഹം ശാശ്വതമാണെന്ന് അവിടുന്നു വീണ്ടെടുത്തവര്‍ പറയട്ടെ. സര്‍വേശ്വരന്‍ ശത്രുക്കളില്‍നിന്നു വിടുവിച്ച്, കിഴക്കും പടിഞ്ഞാറും വടക്കും തെക്കുമുള്ള ദേശങ്ങളില്‍നിന്ന്, മടക്കിക്കൊണ്ടു വന്നവര്‍ തന്നെ ഇങ്ങനെ പറയട്ടെ. *** പാര്‍ക്കാന്‍ പട്ടണം കാണാതെ അവരില്‍ ചിലര്‍ മരുഭൂമിയില്‍ അലഞ്ഞു നടന്നു. വിശന്നും ദാഹിച്ചും അവര്‍ തളര്‍ന്നു. അവര്‍ ആശയറ്റവരായി. അവര്‍ തങ്ങളുടെ കഷ്ടതയില്‍ സര്‍വേശ്വരനോടു നിലവിളിച്ചു. അവരുടെ യാതനകളില്‍നിന്ന് അവിടുന്ന് അവരെ രക്ഷിച്ചു. വാസയോഗ്യമായ പട്ടണത്തിലെത്തുന്നതുവരെ അവിടുന്ന് അവര്‍ക്ക് നേര്‍വഴി കാട്ടി. സര്‍വേശ്വരന്‍റെ അചഞ്ചലസ്നേഹത്തിനായും അവിടുന്നു മനുഷ്യര്‍ക്കുവേണ്ടി ചെയ്ത അദ്ഭുതപ്രവൃത്തികള്‍ക്കായും അവിടുത്തേക്കു സ്തോത്രം അര്‍പ്പിക്കുവിന്‍; അവിടുന്നു ദാഹാര്‍ത്തനു തൃപ്തി വരുത്തുന്നു. വിശന്നിരിക്കുന്നവനു വിശിഷ്ടഭോജ്യങ്ങള്‍ നല്‌കി സംതൃപ്തനാക്കുന്നു. ചിലര്‍ ദൈവത്തിന്‍റെ വാക്കു ധിക്കരിക്കുകയും അത്യുന്നതന്‍റെ ആലോചന നിരസിക്കുകയും ചെയ്തു; അവര്‍ അന്ധകാരത്തിലും മരണത്തിന്‍റെ നിഴലിലും ഇരുന്നു. അവര്‍ പീഡിപ്പിക്കപ്പെടുകയും ചങ്ങലകളാല്‍ ബന്ധിക്കപ്പെടുകയും ചെയ്തു. കഠിനാധ്വാനംകൊണ്ട് അവരുടെ മനസ്സിടിഞ്ഞു, അവര്‍ വീണപ്പോള്‍ സഹായിക്കാന്‍ ആരുമുണ്ടായില്ല. അവര്‍ തങ്ങളുടെ കഷ്ടതയില്‍ സര്‍വേശ്വരനോടു നിലവിളിച്ചു. അവരുടെ യാതനകളില്‍നിന്ന് അവിടുന്ന് അവരെ രക്ഷിച്ചു. അന്ധകാരത്തില്‍നിന്നും മരണത്തിന്‍റെ നിഴലില്‍നിന്നും അവിടുന്ന് അവരെ വിടുവിച്ചു. അവരുടെ ചങ്ങലകള്‍ അവിടുന്നു പൊട്ടിച്ചെറിഞ്ഞു. സര്‍വേശ്വരന്‍റെ അചഞ്ചലസ്നേഹത്തിനായും അവിടുന്നു മനുഷ്യര്‍ക്കുവേണ്ടി ചെയ്ത അദ്ഭുതപ്രവൃത്തികള്‍ക്കായും അവര്‍ അവിടുത്തേക്കു സ്തോത്രം അര്‍പ്പിക്കട്ടെ. അവിടുന്നു ശത്രുക്കളുടെ താമ്രവാതിലുകള്‍ തകര്‍ത്തു. ഇരുമ്പ് ഓടാമ്പലുകള്‍ ഒടിച്ചു. ഭോഷന്മാര്‍ തങ്ങളുടെ പാപകരമായ വഴികളും അകൃത്യങ്ങളും നിമിത്തം കഷ്ടതയിലായി. അവര്‍ ഭക്ഷണത്തെ വെറുത്തു. മൃത്യുകവാടത്തോട് അവര്‍ അടുത്തു. അവര്‍ തങ്ങളുടെ കഷ്ടതയില്‍ സര്‍വേശ്വരനോടു നിലവിളിച്ചു. അവരുടെ യാതനകളില്‍നിന്ന് അവിടുന്നു അവരെ രക്ഷിച്ചു. അവിടുത്തെ കല്പനയാല്‍ അവര്‍ സൗഖ്യം പ്രാപിച്ചു. വിനാശത്തില്‍നിന്ന് അവിടുന്ന് അവരെ വിടുവിച്ചു. സര്‍വേശ്വരന്‍റെ അചഞ്ചലസ്നേഹത്തിനായും അവിടുന്നു തങ്ങള്‍ക്കുവേണ്ടി ചെയ്ത അദ്ഭുതപ്രവൃത്തികള്‍ക്കായും മനുഷ്യര്‍ സ്തോത്രം ചെയ്യട്ടെ. അവര്‍ സ്തോത്രയാഗങ്ങള്‍ അര്‍പ്പിക്കട്ടെ. ആനന്ദഗീതത്തോടെ അവിടുത്തെ പ്രവൃത്തികള്‍ പ്രഘോഷിക്കട്ടെ. ചിലര്‍ വ്യാപാരം ചെയ്യാന്‍ കപ്പലുകളില്‍ സമുദ്രയാത്ര ചെയ്തു. അവര്‍ സര്‍വേശ്വരന്‍റെ പ്രവൃത്തികള്‍ കണ്ടു. സമുദ്രത്തില്‍ അവിടുന്നു ചെയ്ത അദ്ഭുതപ്രവൃത്തികള്‍ തന്നെ. അവിടുന്നു കല്പിച്ചപ്പോള്‍ കൊടുങ്കാറ്റടിച്ചു. സമുദ്രത്തിലെ തിരമാലകള്‍ ഉയര്‍ന്നു. തിരമാലകള്‍ കപ്പലുകളെ ആകാശത്തോളം ഉയര്‍ത്തുകയും ആഴത്തിലേക്കു താഴ്ത്തുകയും ചെയ്തു. ഈ കഷ്ടസ്ഥിതിയില്‍ അവരുടെ ധൈര്യം ഉരുകിപ്പോയി. ഉന്മത്തരെപ്പോലെ അവര്‍ ആടിയുലഞ്ഞു, എന്തു ചെയ്യണമെന്ന് അവര്‍ക്ക് അറിഞ്ഞു കൂടായിരുന്നു. അപ്പോള്‍, അവര്‍ തങ്ങളുടെ കഷ്ടതയില്‍ സര്‍വേശ്വരനോടു നിലവിളിച്ചു. യാതനകളില്‍നിന്ന് അവിടുന്നു അവരെ വിടുവിച്ചു. അവിടുന്നു കൊടുങ്കാറ്റിനെ ശാന്തമാക്കി. തിരമാലകള്‍ അടങ്ങി. കാറ്റും കോളും അടങ്ങിയതുകൊണ്ട് അവര്‍ സന്തോഷിച്ചു. അവര്‍ ആഗ്രഹിച്ച തുറമുഖത്ത് അവിടുന്ന് അവരെ എത്തിച്ചു. സര്‍വേശ്വരന്‍റെ അചഞ്ചലസ്നേഹത്തിനായും അവിടുന്നു തങ്ങള്‍ക്കുവേണ്ടി ചെയ്ത അദ്ഭുതപ്രവൃത്തികള്‍ക്കായും അവര്‍ അവിടുത്തേക്കു സ്തോത്രം അര്‍പ്പിക്കട്ടെ. ജനങ്ങള്‍ ഒത്തുകൂടുന്നിടത്ത് അവര്‍ സര്‍വേശ്വരനെ വാഴ്ത്തട്ടെ; നേതാക്കളുടെ സഭയില്‍ അവിടുത്തെ പ്രകീര്‍ത്തിക്കട്ടെ. അവിടുന്നു നദികളെ മരുഭൂമിയും നീരുറവുകളെ വരണ്ട നിലവുമാക്കുന്നു. അവിടുന്നു ഫലഭൂയിഷ്ഠമായ പ്രദേശത്തെ ഓരുള്ള പാഴ്നിലമാക്കുന്നു. അവിടെ നിവസിച്ചിരുന്നവരുടെ ദുഷ്ടത കൊണ്ടുതന്നെ. അവിടുന്നു മരുഭൂമിയെ ജലാശയമാക്കി, വരണ്ടഭൂമിയെ നീരുറവുകളുള്ള പ്രദേശമാക്കി മാറ്റുന്നു. വിശന്നു വലഞ്ഞവരെ അവിടുന്ന് അവിടെ പാര്‍പ്പിച്ചു. തങ്ങള്‍ക്കു വസിക്കാന്‍ അവര്‍ അവിടെ ഒരു നഗരം നിര്‍മ്മിച്ചു. അവര്‍ വയലുകളില്‍ ധാന്യം വിതച്ചു. മുന്തിരിത്തോട്ടങ്ങള്‍ നട്ടു പിടിപ്പിച്ചു. സമൃദ്ധമായ വിളവെടുക്കുകയും ചെയ്തു. അവിടുന്ന് അവരെ അനുഗ്രഹിച്ചു. അവരുടെ സംഖ്യ വര്‍ധിച്ചു. അവരുടെ കന്നുകാലികള്‍ കുറഞ്ഞുപോകാന്‍ അവിടുന്ന് ഇടയാക്കിയില്ല. പീഡനവും കഷ്ടതയും സങ്കടവുംകൊണ്ടു, അവര്‍ എണ്ണത്തില്‍ കുറയുകയും ലജ്ജിതരാവുകയും ചെയ്തപ്പോള്‍, അവരെ മര്‍ദിച്ചവരുടെമേല്‍ അവിടുന്നു നിന്ദ ചൊരിഞ്ഞു. വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ അലഞ്ഞുതിരിയാന്‍ ഇടയാക്കി. എന്നാല്‍, അവിടുന്നു ദരിദ്രനെ കഷ്ടതയില്‍ നിന്നു വിടുവിച്ചു. ആട്ടിന്‍പറ്റത്തെപ്പോലെ അവരുടെ കുടുംബങ്ങളെ വര്‍ധിപ്പിച്ചു. നിഷ്കളങ്കര്‍ അതു കണ്ടു സന്തോഷിക്കും, ദുഷ്ടര്‍ മൗനമായിരിക്കും. വിവേകശാലികള്‍ ഇവ ശ്രദ്ധിക്കട്ടെ. സര്‍വേശ്വരന്‍റെ അചഞ്ചലസ്നേഹത്തെ അവര്‍ ധ്യാനിക്കട്ടെ. ഒരു ഗീതം; ദാവീദിന്‍റെ സങ്കീര്‍ത്തനം [1] ദൈവമേ, എന്‍റെ മനസ്സ് അചഞ്ചലമാണ്, എന്‍റെ മനസ്സ് അചഞ്ചലമാണ്. ഞാന്‍ പാടി അങ്ങയെ പ്രകീര്‍ത്തിക്കും. എന്‍റെ ആത്മാവേ, ഉണരുക. വീണയും കിന്നരവും ഉണരട്ടെ. ഞാന്‍ പ്രഭാതത്തെ പാടിയുണര്‍ത്തും. സര്‍വേശ്വരാ, ജനതകളുടെ മധ്യേ ഞാന്‍ അങ്ങയെ വാഴ്ത്തും. അന്യജനതകളുടെ മധ്യേ ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കും. അവിടുത്തെ അചഞ്ചലസ്നേഹം ആകാശത്തെക്കാള്‍ ഉന്നതമാണ്. അവിടുത്തെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു. ദൈവമേ, അവിടുത്തെ മഹത്ത്വം ആകാശത്തിലെങ്ങും വെളിപ്പെടുത്തണമേ. അവിടുത്തെ തേജസ്സ് ഭൂമിയിലെങ്ങും വ്യാപിക്കട്ടെ. അവിടുത്തെ വലങ്കൈയാല്‍ എന്നെ രക്ഷിക്കണമേ. എന്‍റെ പ്രാര്‍ഥനയ്‍ക്ക് ഉത്തരമരുളിയാലും; അവിടുന്നു സ്നേഹിക്കുന്ന ജനം വിടുവിക്കപ്പെടട്ടെ. ദൈവം തന്‍റെ വിശുദ്ധമന്ദിരത്തില്‍നിന്ന് അരുളിച്ചെയ്തിരിക്കുന്നു. വിജയാഘോഷത്തോടെ ഞാന്‍ ശെഖേം വിഭജിക്കും. സുക്കോത്ത് താഴ്വര എന്‍റെ ജനത്തിന് അളന്നുകൊടുക്കും. ഗിലെയാദ് ദേശം എനിക്കുള്ളത്; മനശ്ശെയും എന്‍റേതാണ്; എഫ്രയീം എന്‍റെ പടത്തൊപ്പിയും, യെഹൂദാ എന്‍റെ ചെങ്കോലുമത്രേ. മോവാബ് എന്‍റെ ക്ഷാളനപാത്രം; എദോമിന്മേല്‍ ഞാന്‍ എന്‍റെ ചെരുപ്പെറിയും. ഫെലിസ്ത്യദേശത്തിന്മേല്‍ ഞാന്‍ ജയഘോഷം കൊള്ളും. കോട്ട കെട്ടി ഉറപ്പിച്ച നഗരത്തിലേക്ക് എന്നെ ആര്‍ കൊണ്ടുപോകും? എദോമിലേക്ക് ആര്‍ എന്നെ നയിക്കും? ദൈവമേ, അവിടുന്നു ഞങ്ങളെ കൈവെടിഞ്ഞിരിക്കുന്നുവോ? അവിടുന്നു ഞങ്ങളുടെ സൈന്യങ്ങളോടൊത്തു പുറപ്പെടുന്നില്ലല്ലോ. ശത്രുവിനെ നേരിടാന്‍ ഞങ്ങളെ സഹായിക്കണമേ! മനുഷ്യന്‍റെ സഹായം വ്യര്‍ഥമാണല്ലോ. ദൈവത്തോടൊത്തു ഞങ്ങള്‍ സുധീരം പോരാടും. അവിടുന്നു ഞങ്ങളുടെ വൈരികളെ ചവിട്ടി മെതിക്കും. ഗായകസംഘനേതാവിന്; ദാവീദിന്‍റെ സങ്കീര്‍ത്തനം [1] ദൈവമേ, ഞാന്‍ അങ്ങയെ സ്തുതിക്കുന്നു; അവിടുന്നു മൗനമായിരിക്കരുതേ. ദുഷ്ടരും വഞ്ചകരും എനിക്കെതിരെ തിരിഞ്ഞിരിക്കുന്നു. അവര്‍ എനിക്കെതിരെ നുണ ചൊരിയുന്നു. വിദ്വേഷം നിറഞ്ഞ വാക്കുകള്‍കൊണ്ട് അവര്‍ എന്നെ വളയുന്നു. കാരണം കൂടാതെ എന്നെ ആക്രമിക്കുന്നു. ഞാന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു. ഞാന്‍ അവരെ സ്നേഹിക്കുന്നു. എന്നിട്ടും അവര്‍ എനിക്കെതിരെ ദോഷം ആരോപിക്കുന്നു. നന്മയ്‍ക്കു പകരം തിന്മയും സ്നേഹത്തിനു പകരം ദ്വേഷവും അവര്‍ എനിക്കു നല്‌കുന്നു. എന്‍റെ ശത്രുവിനെതിരെ ഒരു ദുഷ്ടനെ നിയോഗിക്കണമേ. അവന്‍റെ കുറ്റാരോപണം അവനെ വിചാരണയില്‍ നിര്‍ത്തട്ടെ. വിസ്തരിക്കപ്പെടുമ്പോള്‍ അവന്‍ കുറ്റക്കാരനെന്നു തെളിയട്ടെ. അവന്‍റെ പ്രാര്‍ഥന പാപമായി കണക്കാക്കപ്പെടട്ടെ. അവന്‍റെ ആയുസ്സ് ചുരുങ്ങിപ്പോകട്ടെ. അവന്‍റെ സമ്പത്ത് ആരെങ്കിലും കൈയടക്കട്ടെ. അവന്‍റെ മക്കള്‍ അനാഥരും അവന്‍റെ ഭാര്യ വിധവയും ആയിത്തീരട്ടെ. അവന്‍റെ സന്തതികള്‍ യാചകരായി അലഞ്ഞുതിരിയട്ടെ. അവര്‍ സങ്കേതമാക്കുന്ന ജീര്‍ണാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് അവര്‍ തുരത്തപ്പെടട്ടെ. അവനുള്ളതെല്ലാം കടക്കാര്‍ പിടിച്ചെടുക്കട്ടെ. അവന്‍റെ അധ്വാനഫലം അന്യര്‍ അപഹരിക്കട്ടെ. അവനോടു കരുണ കാട്ടാന്‍ ആരും ഉണ്ടാകാതിരിക്കട്ടെ. അവന്‍റെ അനാഥരായ മക്കളോട് ആര്‍ക്കും അലിവു തോന്നാതിരിക്കട്ടെ. അവന്‍റെ വംശം ഇല്ലാതാകട്ടെ. അടുത്ത തലമുറപോലും അവനെ ഓര്‍ക്കാതിരിക്കട്ടെ. അവന്‍റെ പിതാക്കന്മാരുടെ അകൃത്യങ്ങള്‍ സര്‍വേശ്വരന്‍ ഓര്‍ക്കട്ടെ. അവന്‍റെ മാതാവിന്‍റെ പാപം അവിടുന്നു ക്ഷമിക്കാതിരിക്കട്ടെ. അവരുടെ പാപം സര്‍വേശ്വരന്‍ എപ്പോഴും ഓര്‍ക്കട്ടെ. അവരുടെ സ്മരണ ഭൂമിയില്‍നിന്ന് ഇല്ലാതാക്കട്ടെ. അവന്‍ ദരിദ്രനോടും എളിയവനോടും മനം തകര്‍ന്നവനോടും കരുണ കാട്ടുന്നതിനു പകരം അവരെ മരണപര്യന്തം പീഡിപ്പിച്ചു. ശപിക്കുന്നത് അവന് പ്രിയമായിരുന്നു; ശാപം അവന്‍റെമേല്‍ പതിക്കട്ടെ. അനുഗ്രഹിക്കുന്നത് അവന് ഇഷ്ടമില്ലായിരുന്നു. അവനെ ആരും അനുഗ്രഹിക്കാതിരിക്കട്ടെ. ശാപോക്തികളായിരുന്നു അവന്‍റെ മേലങ്കി. അതു വെള്ളംപോലെ അവന്‍റെ ശരീരത്തിലേക്കും എണ്ണപോലെ അസ്ഥികളിലേക്കും ഇറങ്ങിച്ചെല്ലട്ടെ. അത് അവന്‍ ധരിക്കുന്ന അങ്കിപോലെയും എന്നും കെട്ടുന്ന അരക്കച്ചപോലെയും ആയിരിക്കട്ടെ. എന്‍റെമേല്‍ കുറ്റം ആരോപിക്കുന്നവര്‍ക്കും എനിക്കെതിരെ ദോഷം പറയുന്നവര്‍ക്കും സര്‍വേശ്വരന്‍ നല്‌കുന്ന ശിക്ഷ ഇതായിരിക്കട്ടെ. എന്‍റെ ദൈവമായ സര്‍വേശ്വരാ, അവിടുത്തെ നാമത്തിനൊത്തവിധം എന്നോട് ഇടപെടണമേ. അവിടുത്തെ അചഞ്ചലസ്നേഹത്തിനും നന്മയ്‍ക്കും ചേര്‍ന്നവിധം എന്നെ വിടുവിക്കണമേ. ഞാന്‍ എളിയവനും ദരിദ്രനുമാണ്. എന്‍റെ ഹൃദയം തകര്‍ന്നിരിക്കുന്നു. സായാഹ്നത്തിലെ നിഴല്‍പോലെ ഞാന്‍ കടന്നുപോകുന്നു. വെട്ടുക്കിളിയെപ്പോലെ ഞാന്‍ തൂത്തെറിയപ്പെടുന്നു. ഉപവാസംകൊണ്ട് എന്‍റെ കാല്‍മുട്ടുകള്‍ ദുര്‍ബലമായിരിക്കുന്നു. എന്‍റെ ശരീരം ശോഷിച്ചിരിക്കുന്നു. എന്‍റെമേല്‍ കുറ്റമാരോപിക്കുന്നവര്‍ക്ക് ഞാന്‍ നിന്ദാപാത്രമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ എന്നെ പരിഹസിച്ചു തല കുലുക്കുന്നു. എന്‍റെ ദൈവമായ സര്‍വേശ്വരാ, എന്നെ സഹായിക്കണമേ. അവിടുത്തെ അചഞ്ചലസ്നേഹത്തിനൊത്ത വിധം എന്നെ രക്ഷിക്കണമേ. പരമനാഥാ, അവിടുന്നാണു പ്രവര്‍ത്തിച്ചതെന്ന്, അതേ, അവിടുന്നാണ് എന്നെ രക്ഷിച്ചതെന്ന്, എന്‍റെ ശത്രുക്കള്‍ അറിയട്ടെ. അവര്‍ എന്നെ ശപിച്ചുകൊള്ളട്ടെ, എന്നാല്‍ അവിടുന്ന് എന്നെ അനുഗ്രഹിക്കണമേ. എന്‍റെ ശത്രുക്കള്‍ ലജ്ജിതരാകട്ടെ. അങ്ങയുടെ ഈ ദാസന്‍ സന്തോഷിക്കട്ടെ. എന്‍റെമേല്‍ കുറ്റമാരോപിക്കുന്നവര്‍ നിന്ദ ധരിക്കട്ടെ. പുതപ്പെന്നപോലെ ലജ്ജ അവരെ മൂടട്ടെ. ഞാന്‍ സര്‍വേശ്വരന് ഏറെ സ്തോത്രം അര്‍പ്പിക്കും. ജനമധ്യത്തില്‍ നിന്നുകൊണ്ടു ഞാന്‍ അവിടുത്തെ പ്രകീര്‍ത്തിക്കും. മരണത്തിനു വിധിക്കുന്നവരില്‍നിന്ന് എളിയവനെ രക്ഷിക്കാന്‍ അവിടുന്നു അവന്‍റെ വലത്തുവശത്തു നില്‌ക്കുന്നു. ദാവീദിന്‍റെ സങ്കീര്‍ത്തനം [1] സര്‍വേശ്വരന്‍ എന്‍റെ കര്‍ത്താവായ രാജാവിനോട് അരുളിച്ചെയ്തു: “നീ എന്‍റെ വലത്തുഭാഗത്തിരിക്ക; ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ കാല്‍ക്കീഴിലാക്കും.” സര്‍വേശ്വരന്‍ നിന്‍റെ ബലമുള്ള ചെങ്കോല്‍ സീയോനില്‍നിന്നു നീട്ടും. നിന്‍റെ ശത്രുക്കളുടെ മധ്യേ നീ വാഴുക. നീ ശത്രുക്കളോടു യുദ്ധം ചെയ്യുന്ന ദിവസം നിന്‍റെ ജനം മടികൂടാതെ ആത്മസമര്‍പ്പണം ചെയ്യും. ഉഷസ്സിന്‍റെ ഉദരത്തില്‍നിന്നു പുറപ്പെടുന്ന തൂമഞ്ഞുപോലെ നിന്‍റെ യുവാക്കള്‍ നിന്‍റെ അടുക്കല്‍ വരും. സര്‍വേശ്വരന്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നു. അവിടുന്നു വാക്കു മാറുകയില്ല. “നീ മല്‍ക്കീസേദെക്കിന്‍റെ പരമ്പരയില്‍, എന്നേക്കും പുരോഹിതനായിരിക്കും.” സര്‍വേശ്വരന്‍ അങ്ങയുടെ വലത്തുഭാഗത്തുണ്ട്. തന്‍റെ ക്രോധത്തിന്‍റെ ദിവസത്തില്‍ അവിടുന്നു രാജാക്കന്മാരെ തകര്‍ക്കും. ജനതകളെ അവിടുന്നു ന്യായം വിധിക്കും. അവരുടെ ദേശം മൃതശരീരങ്ങള്‍കൊണ്ടു നിറയ്‍ക്കും. അവിടുന്നു ഭൂമിയിലെ ഭരണാധികാരികളെ തകര്‍ക്കും. വഴിയരികിലുള്ള നീര്‍ച്ചാലില്‍നിന്നു രാജാവു പാനംചെയ്യും. അദ്ദേഹം ശിരസ്സുയര്‍ത്തി നില്‌ക്കും. സര്‍വേശ്വരനെ സ്തുതിക്കുവിന്‍! പൂര്‍ണഹൃദയത്തോടെ നീതിനിഷ്ഠരുടെ ആരാധനാസഭയില്‍ ഞാന്‍ സര്‍വേശ്വരനു സ്തോത്രം അര്‍പ്പിക്കും. സര്‍വേശ്വരന്‍റെ പ്രവൃത്തികള്‍ എത്ര മഹത്തരം! അതില്‍ ആനന്ദിക്കുന്നവര്‍ അവയെക്കുറിച്ചു ധ്യാനിക്കുന്നു. അവിടുത്തെ പ്രവൃത്തികള്‍ മഹത്തും തേജസ്സുറ്റതുമാണ്. അവിടുത്തെ നീതി ശാശ്വതമത്രേ. തന്‍റെ അദ്ഭുതപ്രവൃത്തികള്‍ അവിടുന്നു സ്മരണീയമാക്കിയിരിക്കുന്നു. അവിടുന്നു കൃപാലുവും കാരുണ്യവാനുമാകുന്നു. അവിടുന്നു തന്‍റെ ഭക്തന്മാര്‍ക്ക് ആഹാരം നല്‌കുന്നു. അവിടുന്നു തന്‍റെ ഉടമ്പടി എപ്പോഴും ഓര്‍ക്കുന്നു. അന്യജനതകളുടെ ദേശം അവിടുന്നു സ്വജനത്തിനു നല്‌കി. അവിടുന്നു തന്‍റെ ശക്തി അവര്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു. അവിടുത്തെ പ്രവൃത്തികള്‍ വിശ്വസ്തവും നീതിയുക്തവുമാകുന്നു. അവിടുത്തെ പ്രമാണങ്ങള്‍ വിശ്വാസയോഗ്യം തന്നെ. അവ എന്നേക്കും നിലനില്‌ക്കുന്നു. സത്യസന്ധമായും വിശ്വസ്തമായും അവ അനുഷ്ഠിക്കപ്പെടേണ്ടതിനു തന്നെ. അവിടുന്നു തന്‍റെ ജനത്തെ വീണ്ടെടുത്തു. അവിടുന്ന് അവരോടു ശാശ്വതമായ ഉടമ്പടി ചെയ്തു. വിശുദ്ധവും ഭീതിദവുമാണ് അവിടുത്തെ നാമം. സര്‍വേശ്വരനോടുള്ള ഭക്തിയാണ് ജ്ഞാനത്തിന്‍റെ ആരംഭം. അതു പരിശീലിക്കുന്നവര്‍ വിവേകികളാകും. അവിടുന്ന് എന്നേക്കും പ്രകീര്‍ത്തിക്കപ്പെടും. സര്‍വേശ്വരനെ സ്തുതിക്കുവിന്‍. സര്‍വേശ്വരനെ ഭയപ്പെടുകയും അവിടുത്തെ കല്പനകള്‍ സന്തോഷത്തോടെ അനുസരിക്കുകയും ചെയ്യുന്നവന്‍ അനുഗൃഹീതന്‍. അവന്‍റെ സന്തതി ഭൂമിയില്‍ പ്രബലരാകും. നീതിനിഷ്ഠരുടെ തലമുറ അനുഗ്രഹിക്കപ്പെടും. അവന്‍റെ ഭവനം സമ്പന്നവും ഐശ്വര്യസമ്പൂര്‍ണവും ആയിരിക്കും. അവന്‍റെ നീതിനിഷ്ഠ എന്നേക്കും നിലനില്‌ക്കും. പരമാര്‍ഥഹൃദയമുള്ളവന് അന്ധകാരത്തില്‍ പ്രകാശം ഉദിക്കും. സര്‍വേശ്വരന്‍ കൃപാലുവും കാരുണ്യവാനും നീതിനിഷ്ഠനുമാകുന്നു. ഔദാര്യപൂര്‍വം വായ്പ കൊടുക്കുകയും നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവന് നന്മ ഭവിക്കും. നീതിനിഷ്ഠന് ഒരിക്കലും ഇളക്കം തട്ടുകയില്ല. അവന്‍ വിസ്മരിക്കപ്പെടുകയില്ല. ദുര്‍വാര്‍ത്തകളെ അവന്‍ ഭയപ്പെടുകയില്ല; അവന്‍റെ ഹൃദയം സര്‍വേശ്വരനില്‍ ആശ്രയിച്ച് ഉറച്ചിരിക്കും. അവന്‍ അചഞ്ചലനായിരിക്കും; ഭയപ്പെടുകയില്ല. അവന്‍ തന്‍റെ ശത്രുക്കളുടെ പരാജയം കാണും. അവന്‍ ദരിദ്രര്‍ക്ക് ഉദാരമായി കൊടുക്കുന്നു. അവന്‍റെ നീതിനിഷ്ഠ എന്നേക്കും നിലനില്‌ക്കുന്നു. അവന്‍റെ ശക്തിയും ബഹുമാനവും വര്‍ധിക്കും. ദുഷ്ടന്‍ അതു കണ്ടു കോപിക്കുന്നു; അവന്‍ പല്ലു കടിക്കുന്നു; അവന്‍റെ ഉള്ളുരുകുന്നു. ദുഷ്ടന്‍റെ ആശകള്‍ നിഷ്ഫലമാകും. സര്‍വേശ്വരനെ സ്തുതിക്കുവിന്‍, അവിടുത്തെ ദാസന്മാരേ, സര്‍വേശ്വരനെ സ്തുതിക്കുവിന്‍. സര്‍വേശ്വരന്‍റെ നാമം എന്നേക്കും വാഴ്ത്തപ്പെടട്ടെ. കിഴക്കുമുതല്‍ പടിഞ്ഞാറുവരെ സര്‍വേശ്വരന്‍റെ നാമം വാഴ്ത്തപ്പെടട്ടെ. അവിടുന്നു സകല ജനതകളെയും ഭരിക്കുന്നു. അവിടുത്തെ മഹത്ത്വം ആകാശത്തിനുമീതേ ഉയര്‍ന്നിരിക്കുന്നു. നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ ഉന്നതത്തില്‍ വസിക്കുന്നു; അവിടുത്തേക്കു സമനായി ആരുണ്ട്? ആകാശത്തെയും ഭൂമിയെയും അവിടുന്നു കുനിഞ്ഞുനോക്കുന്നു. അവിടുന്ന് എളിയവനെ പൊടിയില്‍നിന്ന് എഴുന്നേല്പിക്കുന്നു. ദരിദ്രനെ കുപ്പയില്‍നിന്ന് ഉയര്‍ത്തുന്നു. പ്രഭുക്കന്മാരോടൊപ്പം, തന്‍റെ ജനത്തിന്‍റെ പ്രഭുക്കന്മാരോടൊപ്പം തന്നെ അവനു സ്ഥാനം നല്‌കുന്നു. അവിടുന്നു വന്ധ്യയെ മക്കളെ നല്‌കി സന്തോഷിപ്പിച്ചു; അവിടുന്ന് അവള്‍ക്കൊരു കുടുംബം നല്‌കി. സര്‍വേശ്വരനെ സ്തുതിക്കുവിന്‍! ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്ന്, അതേ, യാക്കോബിന്‍റെ സന്തതികള്‍ അന്യനാട്ടില്‍നിന്നു പുറപ്പെട്ടപ്പോള്‍, യെഹൂദാ അവിടുത്തെ വിശുദ്ധമന്ദിരവും ഇസ്രായേല്‍ അവിടുത്തെ രാജ്യവും ആയിത്തീര്‍ന്നു. സമുദ്രം അതു കണ്ട് ഓടി; യോര്‍ദ്ദാന്‍ പിന്‍വാങ്ങി. പര്‍വതങ്ങള്‍ മുട്ടാടുകളെപ്പോലെയും കുന്നുകള്‍ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടി. ഹേ, സമുദ്രമേ, നീ ഓടിയകലുന്നതെന്ത്? യോര്‍ദ്ദാനേ, നീ പിന്‍വാങ്ങുന്നതെന്ത്? മലകളേ, നിങ്ങള്‍ മുട്ടാടുകളെപ്പോലെയും, കുന്നുകളേ, നിങ്ങള്‍ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടുന്നതെന്ത്? ഭൂമിയേ, സര്‍വേശ്വരന്‍റെ സന്നിധിയില്‍, യാക്കോബിന്‍റെ ദൈവത്തിന്‍റെ സന്നിധിയില്‍ തന്നെ വിറകൊള്ളുക. അവിടുന്നു പാറയെ ജലാശയവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു. സര്‍വേശ്വരാ, അവിടുത്തെ വിശ്വസ്തതയും ശാശ്വതസ്നേഹവും നിമിത്തം അങ്ങേക്കു മാത്രമാണ് മഹത്ത്വം നല്‌കപ്പെടേണ്ടത്. ഞങ്ങള്‍ ഒരിക്കലും ഞങ്ങളെത്തന്നെ മഹത്ത്വപ്പെടുത്താന്‍ ഇടയാകരുതേ. “അവരുടെ ദൈവം എവിടെ?” എന്ന് അന്യജനതകള്‍ ചോദിക്കാന്‍ ഇടയാക്കുന്നതെന്തിന്? ഞങ്ങളുടെ ദൈവം സ്വര്‍ഗത്തിലാണ്, തന്‍റെ ഹിതത്തിനൊത്ത് അവിടുന്നു പ്രവര്‍ത്തിക്കുന്നു. അവരുടെ വിഗ്രഹങ്ങള്‍ പൊന്നും വെള്ളിയും കൊണ്ടു നിര്‍മ്മിച്ചവ. മനുഷ്യന്‍റെ കരവേല! അവയ്‍ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല, കണ്ണുണ്ടെങ്കിലും കാണുന്നില്ല. കാതുണ്ടെങ്കിലും കേള്‍ക്കുന്നില്ല. മൂക്കുണ്ടെങ്കിലും മണത്തറിയുന്നില്ല. അവയ്‍ക്കു കൈയുണ്ടെങ്കിലും സ്പര്‍ശിക്കുന്നില്ല, കാലുണ്ടെങ്കിലും നടക്കുന്നില്ല. അവയുടെ കണ്ഠത്തില്‍നിന്ന് ഒരു സ്വരവും പുറപ്പെടുന്നുമില്ല. അവയെ നിര്‍മ്മിക്കുന്നവന്‍ അവയെപ്പോലെ തന്നെ. അവയില്‍ ആശ്രയിക്കുന്നവരും അങ്ങനെ തന്നെ. ഇസ്രായേല്‍ജനമേ, സര്‍വേശ്വരനില്‍ ആശ്രയിക്കുവിന്‍, അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും. അഹരോന്‍വംശജരേ, സര്‍വേശ്വരനില്‍ ആശ്രയിക്കുവിന്‍. അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും. ദൈവഭക്തന്മാരേ, സര്‍വേശ്വരനില്‍ ആശ്രയിക്കുവിന്‍. അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും. സര്‍വേശ്വരന്‍ നമ്മെക്കുറിച്ചു ശ്രദ്ധാലുവാണ്. അവിടുന്നു നമ്മെ അനുഗ്രഹിക്കും. അവിടുന്നു ഇസ്രായേല്‍ജനത്തെ അനുഗ്രഹിക്കും. അവിടുന്ന് അഹരോന്‍വംശജരെ അനുഗ്രഹിക്കും. അവിടുത്തെ ഭക്തന്മാരായ ചെറിയവരെയും വലിയവരെയും അവിടുന്ന് അനുഗ്രഹിക്കും. സര്‍വേശ്വരന്‍ നിങ്ങളെ വര്‍ധിപ്പിക്കട്ടെ. നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ, ആകാശവും ഭൂമിയും സൃഷ്‍ടിച്ച സര്‍വേശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ. സ്വര്‍ഗം സര്‍വേശ്വരന്‍റേതാകുന്നു. ഭൂമിയെ അവിടുന്നു മനുഷ്യനു നല്‌കിയിരിക്കുന്നു. മരിച്ചവര്‍, നിശ്ശബ്ദതയില്‍ ആണ്ടുപോയവര്‍ തന്നെ, സര്‍വേശ്വരനെ സ്തുതിക്കുന്നില്ല. എന്നാല്‍ നാം ഇന്നുമുതല്‍ എന്നേക്കും സര്‍വേശ്വരനെ സ്തുതിക്കും. സര്‍വേശ്വരനെ സ്തുതിക്കുവിന്‍! ഞാന്‍ സര്‍വേശ്വരനെ സ്നേഹിക്കുന്നു, അവിടുന്ന് എന്‍റെ പ്രാര്‍ഥന കേട്ടിരിക്കുന്നുവല്ലോ. അവിടുന്ന് എന്‍റെ അപേക്ഷ ശ്രദ്ധിച്ചു. എന്‍റെ ആയുഷ്കാലം മുഴുവന്‍ ഞാനങ്ങയെ വിളിച്ചപേക്ഷിക്കും. മരണത്തിന്‍റെ കെണികള്‍ എന്നെ വളഞ്ഞു. പാതാളപാശങ്ങള്‍ എന്നെ ചുറ്റി. കൊടിയ ദുഃഖവും തീവ്രവേദനയും എന്നെ ഗ്രസിച്ചു. “സര്‍വേശ്വരാ, എന്നെ രക്ഷിച്ചാലും” എന്നു ഞാന്‍ നിലവിളിച്ചുപറഞ്ഞു. സര്‍വേശ്വരന്‍ കൃപാലുവും വിശ്വസ്തനും ആകുന്നു. നമ്മുടെ ദൈവം കരുണയുള്ളവനത്രേ. എളിയവരെ സര്‍വേശ്വരന്‍ സംരക്ഷിക്കുന്നു. ഞാന്‍ തകര്‍ന്നുപോയപ്പോള്‍ അവിടുന്ന് എന്നെ രക്ഷിച്ചു. എന്‍റെ ആത്മാവേ, ശാന്തമാകൂ, സര്‍വേശ്വരന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നുവല്ലോ. അവിടുന്ന് എന്നെ മരണത്തില്‍നിന്നും എന്‍റെ കണ്ണുകളെ കണ്ണീരില്‍നിന്നും കാലുകളെ വീഴ്ചയില്‍നിന്നും രക്ഷിച്ചു. ഞാന്‍ ജീവിക്കുന്നവരുടെ ദേശത്ത് സര്‍വേശ്വരന്‍റെ മുമ്പാകെ വ്യാപരിക്കും. വല്ലാത്ത കഷ്ടതയിലായി എന്നു കരുതിയപ്പോഴും ദൈവത്തിലുള്ള വിശ്വാസം ഞാന്‍ കൈവെടിഞ്ഞില്ല. മനുഷ്യരെല്ലാം അവിശ്വസ്തരാണെന്ന് എന്‍റെ പരിഭ്രമത്തില്‍ ഞാന്‍ പറഞ്ഞു. സര്‍വേശ്വരന്‍ എനിക്കു ചെയ്ത സകല നന്മകള്‍ക്കും ഞാന്‍ എന്തു പകരം കൊടുക്കും? ഞാന്‍ വീഞ്ഞു നിറഞ്ഞ പാനപാത്രമുയര്‍ത്തി, രക്ഷയുടെ സ്തോത്രയാഗമര്‍പ്പിക്കും. ഞാന്‍ സര്‍വേശ്വരന്‍റെ നാമം വിളിച്ചപേക്ഷിക്കും. അവിടുത്തെ ഭക്തജനം കാണ്‍കെ ഞാന്‍ സര്‍വേശ്വരനുള്ള എന്‍റെ നേര്‍ച്ചകള്‍ നിറവേറ്റും. തന്‍റെ ഭക്തന്മാരുടെ മരണം സര്‍വേശ്വരനു വിലയേറിയതത്രേ. പരമനാഥാ, ഞാനങ്ങയുടെ ദാസന്‍, അങ്ങയുടെ ദാസനും, അങ്ങയുടെ ദാസിയുടെ പുത്രനും തന്നെ. ഞാന്‍ അങ്ങേക്കു സ്തോത്രയാഗം അര്‍പ്പിക്കും, ഞാന്‍ സര്‍വേശ്വരന്‍റെ നാമം വിളിച്ചപേക്ഷിക്കും. അവിടുത്തെ ഭക്തജനം കാണ്‍കെ ഞാന്‍ സര്‍വേശ്വരനുള്ള എന്‍റെ നേര്‍ച്ചകള്‍ നിറവേറ്റും. അവിടുത്തെ ആലയത്തിന്‍റെ അങ്കണത്തില്‍, യെരൂശലേമേ, നിന്‍റെ മധ്യത്തില്‍ തന്നെ സര്‍വേശ്വരനെ സ്തുതിക്കുവിന്‍. ജനതകളേ, സര്‍വേശ്വരനെ സ്തുതിക്കുവിന്‍! ജനപദങ്ങളേ, അവിടുത്തെ പുകഴ്ത്തുവിന്‍. നമ്മോടുള്ള അവിടുത്തെ അചഞ്ചലസ്നേഹം എത്ര വലുത്. നമ്മോടുള്ള അവിടുത്തെ വിശ്വസ്തത എന്നേക്കും നിലനില്‌ക്കുന്നു. സര്‍വേശ്വരനെ സ്തുതിക്കുവിന്‍! സര്‍വേശ്വരനു സ്തോത്രം അര്‍പ്പിക്കുവിന്‍! അവിടുന്നു നല്ലവനല്ലോ! അവിടുത്തെ അചഞ്ചലസ്നേഹം എന്നേക്കും നിലനില്‌ക്കുന്നു. അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വതമാണെന്ന് ഇസ്രായേല്‍ജനം പറയട്ടെ. അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വതമെന്ന് അഹരോന്‍വംശജര്‍ പറയട്ടെ. അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വതമെന്ന് സര്‍വേശ്വരന്‍റെ ഭക്തന്മാര്‍ പറയട്ടെ. എന്‍റെ കഷ്ടതയില്‍ ഞാന്‍ സര്‍വേശ്വരനെ വിളിച്ചപേക്ഷിച്ചു, അവിടുന്ന് എനിക്കുത്തരമരുളി, എന്നെ വിടുവിച്ചു. സര്‍വേശ്വരന്‍ എന്‍റെ കൂടെയുണ്ട്, ഞാന്‍ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും? എന്നെ സഹായിക്കാന്‍ സര്‍വേശ്വരന്‍ എന്‍റെ കൂടെയുണ്ട്. എന്‍റെ ശത്രുക്കളുടെ പതനം ഞാന്‍ കാണും. മനുഷ്യരില്‍ ആശ്രയിക്കുന്നതിനെക്കാള്‍ സര്‍വേശ്വരനില്‍ ശരണപ്പെടുന്നതു നല്ലത്. പ്രഭുക്കന്മാരില്‍ ആശ്രയിക്കുന്നതിനെക്കാള്‍ സര്‍വേശ്വരനില്‍ ശരണപ്പെടുന്നതു നല്ലത്. ജനതകള്‍ എന്നെ വളഞ്ഞു, സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ അവരെ നശിപ്പിച്ചു. അവര്‍ എന്നെ വളഞ്ഞു. എല്ലാ വശത്തുനിന്നും അവര്‍ എന്നെ വലയം ചെയ്തു. സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ അവരെ നിഗ്രഹിച്ചു. തേനീച്ചപോലെ അവര്‍ എന്നെ പൊതിഞ്ഞെങ്കിലും, മുള്‍പ്പടര്‍പ്പു കത്തി വെണ്ണീറാകുന്നതുപോലെ അവര്‍ നശിച്ചു. സര്‍വേശ്വരന്‍റെ നാമത്തില്‍ ഞാന്‍ അവരെ നിഗ്രഹിച്ചു. വീണു പോകത്തക്കവിധം അവര്‍ എന്നെ ആഞ്ഞുതള്ളി; എങ്കിലും സര്‍വേശ്വരന്‍ എന്നെ സഹായിച്ചു. സര്‍വേശ്വരന്‍ എന്‍റെ ബലം, അവിടുന്നാണ് എന്‍റെ ആനന്ദകീര്‍ത്തനം; അവിടുന്നെന്നെ രക്ഷിച്ചിരിക്കുന്നു. ഇതാ, നീതിമാന്മാരുടെ കൂടാരങ്ങളില്‍ ജയഘോഷം ഉയരുന്നു; സര്‍വേശ്വരന്‍റെ വലങ്കൈ അവര്‍ക്കു വിജയം നേടിക്കൊടുത്തിരിക്കുന്നു. സര്‍വേശ്വരന്‍റെ വലങ്കൈ ഉയര്‍ന്നിരിക്കുന്നു; അവിടുത്തെ വലങ്കൈ അവര്‍ക്കു വിജയം നേടിക്കൊടുത്തിരിക്കുന്നു. ഞാന്‍ മരിക്കുകയില്ല; ഞാന്‍ ജീവിച്ചിരുന്ന് സര്‍വേശ്വരന്‍റെ പ്രവൃത്തികള്‍ വര്‍ണിക്കും. അവിടുന്ന് എന്നെ കഠിനമായി ശിക്ഷിച്ചു, എങ്കിലും അവിടുന്ന് എന്നെ മരിക്കാന്‍ ഇടയാക്കിയില്ല. നീതിയുടെ വാതിലുകള്‍ തുറന്നുതരിക, ഞാനവയിലൂടെ പ്രവേശിച്ചു സര്‍വേശ്വരനു സ്തോത്രം അര്‍പ്പിക്കട്ടെ. സര്‍വേശ്വരന്‍റെ കവാടം ഇതുതന്നെ, നീതിമാന്മാര്‍ ഇതിലൂടെ പ്രവേശിക്കും. ഞാന്‍ അങ്ങേക്കു സ്തോത്രം അര്‍പ്പിക്കും. അവിടുന്ന് എന്‍റെ അപേക്ഷ കേട്ട് എന്നെ വിടുവിച്ചുവല്ലോ. പണിക്കാര്‍ ഉപേക്ഷിച്ച കല്ല് മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു. ഇതു സര്‍വേശ്വരന്‍റെ പ്രവൃത്തിയാകുന്നു. ഇത് എത്ര വിസ്മയകരം! ഇതു സര്‍വേശ്വരന്‍ പ്രവര്‍ത്തിച്ച ദിവസമാണ്. നമുക്ക് ആനന്ദിച്ചുല്ലസിക്കാം. സര്‍വേശ്വരാ, ഞങ്ങളെ രക്ഷിച്ചാലും, അവിടുന്നു ഞങ്ങള്‍ക്കു വിജയം നല്‌കണമേ. സര്‍വേശ്വരന്‍റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍; ഞങ്ങള്‍ അവിടുത്തെ ആലയത്തില്‍നിന്നു നിങ്ങളെ ആശീര്‍വദിക്കുന്നു. സര്‍വേശ്വരനാണ് ദൈവം; അവിടുന്നു നമ്മുടെമേല്‍ പ്രകാശം ചൊരിഞ്ഞിരിക്കുന്നു. പ്രദക്ഷിണത്തിനായി ഇളംചില്ലകളേന്തി നില്‌ക്കുന്ന തീര്‍ഥാടകരെ യാഗപീഠത്തിന്‍റെ കൊമ്പുകളോളം അണിയണിയായി നിര്‍ത്തുവിന്‍. അവിടുന്നാണ് എന്‍റെ ദൈവം. ഞാന്‍ അങ്ങേക്കു സ്തോത്രം അര്‍പ്പിക്കും. അവിടുന്നാണ് എന്‍റെ ദൈവം, ഞാന്‍ അങ്ങയെ വാഴ്ത്തും. സര്‍വേശ്വരനു സ്തോത്രം അര്‍പ്പിക്കുവിന്‍. അവിടുന്നു നല്ലവനല്ലോ. അവിടുത്തെ അചഞ്ചലസ്നേഹം എന്നേക്കും നിലനില്‌ക്കുന്നു. എബ്രായ അക്ഷരമാലക്രമം അനുസരിച്ച് എട്ടു വാക്യങ്ങളുള്ള ഇരുപത്തിരണ്ട് ഭാഗങ്ങളായി ഈ സങ്കീര്‍ത്തനം മൂലഭാഷയില്‍ തിരിച്ചിരിക്കുന്നു. ഓരോ ഭാഗവും അക്ഷരമാലയിലെ ഓരോ അക്ഷരംകൊണ്ട് ആരംഭിക്കുന്നു. [1] സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്രം അനുസരിച്ച്, നിഷ്കളങ്കരായി ജീവിക്കുന്നവര്‍ അനുഗൃഹീതര്‍. അവിടുത്തെ കല്പനകള്‍ പാലിക്കുന്നവര്‍, പൂര്‍ണഹൃദയത്തോടെ അവിടുത്തെ അനുസരിക്കുന്നവര്‍ അനുഗൃഹീതര്‍. അവര്‍ തിന്മയൊന്നും ചെയ്യുന്നില്ല. അവിടുത്തെ വഴികളില്‍തന്നെ അവര്‍ ചരിക്കുന്നു. അവിടുത്തെ പ്രമാണങ്ങള്‍ ശുഷ്കാന്തിയോടെ പാലിക്കുന്നതിന്, അങ്ങ് ഞങ്ങള്‍ക്കു നല്‌കിയിരിക്കുന്നു. അങ്ങയുടെ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ നിന്നു ഞാന്‍ ഇളകാതിരുന്നെങ്കില്‍! എങ്കില്‍, അങ്ങയുടെ കല്പനകളില്‍ ദൃഷ്‍ടി പതിപ്പിച്ച എനിക്ക് ഒരിക്കലും ലജ്ജിതനാകേണ്ടിവരികയില്ല. അവിടുത്തെ നീതിനിഷ്ഠമായ ശാസനകള്‍ പഠിക്കുമ്പോള്‍, ഞാന്‍ നിഷ്കളങ്കഹൃദയത്തോടെ അവിടുത്തെ സ്തുതിക്കും. അവിടുത്തെ ചട്ടങ്ങള്‍ ഞാന്‍ അനുസരിക്കും. എന്നെ ഒരിക്കലും ഉപേക്ഷിക്കരുതേ! ഒരു യുവാവിന് എങ്ങനെ നിര്‍മ്മലനായി ജീവിക്കാന്‍ കഴിയും? അവിടുത്തെ വചനപ്രകാരം ജീവിക്കുന്നതിനാല്‍ തന്നെ. ഞാന്‍ സര്‍വാത്മനാ അങ്ങയെ അന്വേഷിക്കും. അവിടുത്തെ കല്പനകള്‍ വിട്ടുനടക്കാന്‍ എനിക്ക് ഇടയാകരുതേ. അങ്ങേക്കെതിരെ പാപം ചെയ്യാതിരിക്കാന്‍, അവിടുത്തെ വചനം ഞാന്‍ ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. സര്‍വേശ്വരാ, അങ്ങ് വാഴ്ത്തപ്പെടട്ടെ; അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ. അവിടുന്നു നല്‌കിയ കല്പനകള്‍, ഞാന്‍ പ്രഘോഷിക്കും. സമ്പല്‍സമൃദ്ധി ഉണ്ടായാലെന്നപോലെ, അവിടുത്തെ കല്പനകള്‍ അനുസരിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. അവിടുത്തെ പ്രമാണങ്ങള്‍ ഞാന്‍ ധ്യാനിക്കും. അവിടുത്തെ വഴികളില്‍ ഞാന്‍ ദൃഷ്‍ടിയൂന്നും. അവിടുത്തെ ചട്ടങ്ങളില്‍ ഞാന്‍ ആനന്ദിക്കുന്നു. അവിടുത്തെ വചനം ഞാന്‍ വിസ്മരിക്കുകയില്ല. സര്‍വേശ്വരാ, അവിടുത്തെ ദാസനോടു കൃപയുണ്ടാകണമേ. ഞാന്‍ ജീവിച്ചിരുന്നു അവിടുത്തെ വചനം അനുസരിക്കട്ടെ. അങ്ങയുടെ ധര്‍മശാസ്ത്രത്തിലെ അദ്ഭുതസത്യങ്ങള്‍ കാണാന്‍ എന്‍റെ കണ്ണുകള്‍ തുറക്കണമേ. ഞാന്‍ ഭൂമിയില്‍ പരദേശിയാണല്ലോ. അങ്ങയുടെ കല്പനകള്‍ എന്നില്‍നിന്നു മറച്ചുവയ്‍ക്കരുതേ. അങ്ങയുടെ കല്പനകള്‍ക്കുവേണ്ടിയുള്ള, അഭിവാഞ്ഛയാല്‍ എന്‍റെ മനസ്സു കത്തുന്നു. അങ്ങയുടെ കല്പനകള്‍ തെറ്റി നടക്കുന്ന ശപിക്കപ്പെട്ട അഹങ്കാരികളെ അങ്ങു ശാസിക്കുന്നു. അവര്‍ എന്നെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യാതിരിക്കട്ടെ. ഞാന്‍ അങ്ങയുടെ കല്പനകള്‍ അനുസരിക്കുന്നുവല്ലോ. പ്രഭുക്കന്മാര്‍ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു. എന്നാല്‍ അവിടുത്തെ ദാസന്‍ അങ്ങയുടെ ചട്ടങ്ങളെ ധ്യാനിക്കുന്നു. അവിടുത്തെ കല്പനകള്‍ എനിക്ക് ആനന്ദം നല്‌കുന്നു. അവയാണ് എന്‍റെ ഉപദേഷ്ടാക്കള്‍. ഞാന്‍ മണ്ണിനോടു ചേരാറായിരിക്കുന്നു. അവിടുത്തെ വാഗ്ദാനപ്രകാരം എനിക്കു നവജീവന്‍ നല്‌കണമേ. എന്‍റെ അവസ്ഥ ഞാന്‍ വിവരിച്ചപ്പോള്‍ അവിടുന്ന് എനിക്ക് ഉത്തരമരുളി. അവിടുത്തെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ. അവിടുത്തെ പ്രമാണങ്ങള്‍ നിര്‍ദ്ദേശിക്കുന്ന വഴി എനിക്കു കാണിച്ചുതരണമേ. ഞാന്‍ അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ ധ്യാനിക്കും. ദുഃഖത്താല്‍ എന്‍റെ മനം ഉരുകുന്നു. അവിടുത്തെ വാഗ്ദാനപ്രകാരം എന്നെ ശക്തീകരിക്കണമേ. ദുര്‍മാര്‍ഗത്തില്‍ നടക്കാന്‍ എനിക്ക് ഇടവരുത്തരുതേ; കാരുണ്യപൂര്‍വം അവിടുത്തെ ധര്‍മശാസ്ത്രം എന്നെ പഠിപ്പിക്കണമേ. സത്യത്തിന്‍റെ മാര്‍ഗം ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു. അവിടുത്തെ കല്പനകളെക്കുറിച്ചു ഞാന്‍ എപ്പോഴും ബോധവാനാണ്. പരമനാഥാ, അവിടുത്തെ കല്പനകളോടു ഞാന്‍ പറ്റിച്ചേര്‍ന്നിരിക്കുന്നു. ലജ്ജിതനാകാന്‍ എനിക്ക് ഇടവരുത്തരുതേ. അവിടുന്ന് എനിക്കു കൂടുതല്‍ വിവേകം നല്‌കുമ്പോള്‍, ഞാന്‍ ഉത്സാഹത്തോടെ അവിടുത്തെ കല്പനകളുടെ മാര്‍ഗത്തില്‍ ചരിക്കും. സര്‍വേശ്വരാ, അവിടുത്തെ ചട്ടങ്ങളുടെ വഴി എന്നെ പഠിപ്പിക്കണമേ. അന്ത്യത്തോളം ഞാന്‍ അവ പാലിക്കും. അങ്ങയുടെ ധര്‍മശാസ്ത്രം പാലിക്കാനും പൂര്‍ണഹൃദയത്തോടെ അനുസരിക്കാനും എനിക്ക് അറിവു നല്‌കണമേ. അവിടുത്തെ കല്പനകളുടെ പാതയിലൂടെ എന്നെ നയിച്ചാലും. ഞാന്‍ അതില്‍ ആനന്ദിക്കുന്നു. ധനലാഭത്തിലേക്കല്ല, അവിടുത്തെ കല്പനകളിലേക്ക്, എന്‍റെ ഹൃദയത്തെ തിരിക്കണമേ. വ്യര്‍ഥമായവയില്‍നിന്ന് എന്‍റെ ശ്രദ്ധ മാറ്റണമേ. അവിടുത്തെ വഴികളില്‍ നടക്കാന്‍ എനിക്കു നവജീവന്‍ നല്‌കിയാലും. അങ്ങയുടെ ഭക്തര്‍ക്കു നല്‌കിയ വാഗ്ദാനം, ഈ ദാസനു നിറവേറ്റിത്തരണമേ! ഞാന്‍ ഭയപ്പെടുന്ന അപമാനത്തില്‍നിന്ന് എന്നെ രക്ഷിക്കണമേ. അവിടുത്തെ കല്പനകള്‍ ഉത്തമമാണല്ലോ. അവിടുത്തെ പ്രമാണങ്ങള്‍ പാലിക്കാന്‍ ഞാന്‍ അഭിവാഞ്ഛിക്കുന്നു. അവിടുത്തെ നീതിയാല്‍ എനിക്കു നവജീവന്‍ നല്‌കണമേ. ദൈവമേ, അവിടുത്തെ സുസ്ഥിരസ്നേഹം എന്‍റെമേല്‍ ചൊരിയണമേ. അവിടുത്തെ വാഗ്ദാനപ്രകാരം എന്നെ രക്ഷിക്കണമേ. അപ്പോള്‍ എന്നെ നിന്ദിക്കുന്നവരോടു മറുപടി പറയാന്‍ ഞാന്‍ പ്രാപ്തനാകും. അങ്ങയുടെ വചനത്തിലാണല്ലോ ഞാന്‍ ശരണപ്പെടുന്നത്. എല്ലായ്പോഴും സത്യം സംസാരിക്കാന്‍ എന്നെ സഹായിക്കണമേ. അവിടുത്തെ കല്പനകളിലാണല്ലോ ഞാന്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നത്. അവിടുത്തെ ധര്‍മശാസ്ത്രം ഞാന്‍ ഇടവിടാതെ എന്നേക്കും പാലിക്കും. അവിടുത്തെ പ്രമാണങ്ങള്‍ അനുസരിക്കുന്നതുകൊണ്ടു ഞാന്‍ സ്വതന്ത്രനായി വ്യാപരിക്കും. ഞാന്‍ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും, അവിടുത്തെ കല്പനകള്‍ പ്രസ്താവിക്കും. ഞാന്‍ അവിടുത്തെ കല്പനകളില്‍ ആനന്ദിക്കുന്നു. ഞാന്‍ അവയെ സ്നേഹിക്കുന്നു. ഞാന്‍ അവിടുത്തെ കല്പനകളെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. അങ്ങയുടെ ചട്ടങ്ങളെ ഞാന്‍ ധ്യാനിക്കും. സര്‍വേശ്വരാ, അവിടുത്തെ ദാസനോടുള്ള വാഗ്ദാനം ഓര്‍ക്കണമേ, അവയാണല്ലോ എനിക്കു പ്രത്യാശ നല്‌കുന്നത്. അവിടുത്തെ വാഗ്ദാനം എനിക്കു നവജീവന്‍ നല്‌കുന്നു. അതാണ് എനിക്കു കഷ്ടതയില്‍ ആശ്വാസം നല്‌കുന്നത്. അഹങ്കാരികള്‍ എന്നെ കഠിനമായി പരിഹസിക്കുന്നു. എങ്കിലും അവിടുത്തെ ധര്‍മശാസ്ത്രത്തില്‍ നിന്നു ഞാന്‍ വ്യതിചലിക്കുന്നില്ല. പണ്ടേയുള്ള അവിടുത്തെ കല്പനകള്‍ ഞാന്‍ ഓര്‍ക്കുന്നു. പരമനാഥാ, ഞാന്‍ അവയില്‍ ആശ്വാസം കണ്ടെത്തുന്നു. ദുഷ്ടന്മാര്‍ അവിടുത്തെ ധര്‍മശാസ്ത്രം ഉപേക്ഷിക്കുന്നതു കാണുമ്പോള്‍ എന്നില്‍ കോപം ജ്വലിക്കുന്നു. പരദേശിയായി ഞാന്‍ പാര്‍ക്കുന്നിടത്ത് അവിടുത്തെ ചട്ടങ്ങള്‍ എന്‍റെ കീര്‍ത്തനങ്ങളായിരിക്കുന്നു. സര്‍വേശ്വരാ, രാത്രിയില്‍ ഞാന്‍ അങ്ങയെ ധ്യാനിക്കുന്നു. അവിടുത്തെ ധര്‍മശാസ്ത്രം ഞാന്‍ പാലിക്കുന്നു. അങ്ങയുടെ കല്പനകള്‍ അനുസരിക്കുക എന്ന അനുഗ്രഹം എനിക്ക് ലഭിച്ചു. സര്‍വേശ്വരനാണ് എന്‍റെ ഓഹരി; അവിടുത്തെ കല്പനകള്‍ പാലിക്കുമെന്നു ഞാന്‍ പ്രതിജ്ഞ ചെയ്തു. പൂര്‍ണഹൃദയത്തോടെ ഞാന്‍ അവിടുത്തെ കൃപയ്‍ക്കായി യാചിക്കുന്നു. അവിടുത്തെ വാഗ്ദാനപ്രകാരം എന്നോടു കരുണയുണ്ടാകണമേ. ഞാന്‍ എന്‍റെ ജീവിതവഴികളെക്കുറിച്ചു ചിന്തിച്ചു, അങ്ങയുടെ കല്പനകളിലേക്കു ഞാന്‍ തിരിഞ്ഞു. അങ്ങയുടെ ആജ്ഞകള്‍ ഞാന്‍ അനുസരിക്കുന്നു. അവ പാലിക്കാന്‍ ഞാന്‍ അത്യന്തം ഉത്സാഹിക്കുന്നു. ദുഷ്ടരുടെ കെണിയില്‍ ഞാന്‍ അകപ്പെട്ടുവെങ്കിലും, അങ്ങയുടെ ധര്‍മശാസ്ത്രം ഞാന്‍ മറക്കുന്നില്ല. അങ്ങയുടെ നീതിപൂര്‍വകമായ കല്പനകള്‍ക്കുവേണ്ടി അങ്ങയെ സ്തുതിക്കാന്‍ അര്‍ധരാത്രിയില്‍ ഞാന്‍ എഴുന്നേല്‌ക്കുന്നു. ഞാന്‍ അവിടുത്തെ സകല ഭക്തന്മാരുടെയും സ്നേഹിതനാകുന്നു. അവിടുത്തെ പ്രമാണങ്ങള്‍ അനുസരിക്കുന്നവരുടെ തന്നെ. പരമനാഥാ, ഭൂമി അവിടുത്തെ അചഞ്ചല സ്നേഹത്താല്‍ നിറഞ്ഞിരിക്കുന്നു. അവിടുത്തെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ. സര്‍വേശ്വരാ, അവിടുത്തെ വാഗ്ദാനപ്രകാരം അങ്ങ് ഈ ദാസനു നന്മ ചെയ്തിരിക്കുന്നു. എനിക്കുവേണ്ട വിവേകവും ജ്ഞാനവും നല്‌കണമേ. അവിടുത്തെ കല്പനകളില്‍ ഞാന്‍ വിശ്വസിക്കുന്നുവല്ലോ. കഷ്ടതയില്‍ അകപ്പെടുന്നതിനുമുമ്പ് ഞാന്‍ വഴിതെറ്റിപ്പോയിരുന്നു. ഇപ്പോള്‍ ഞാന്‍ അങ്ങയുടെ വചനം അനുസരിക്കുന്നു. അവിടുന്നു നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു. അവിടുത്തെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ. അഹങ്കാരികള്‍ നുണ പറഞ്ഞു എന്നെ ദുഷിക്കുന്നു. ഞാന്‍ പൂര്‍ണഹൃദയത്തോടെ അവിടുത്തെ പ്രമാണങ്ങള്‍ പാലിക്കുന്നു. അവരുടെ ഹൃദയം മരവിച്ചിരിക്കുന്നു. എന്നാല്‍ ഞാന്‍ അവിടുത്തെ ധര്‍മശാസ്ത്രത്തില്‍ ആനന്ദിക്കുന്നു. കഷ്ടതകള്‍ വന്നത് എനിക്കു നന്മയായിത്തീര്‍ന്നു. അവിടുത്തെ ചട്ടങ്ങള്‍ പഠിക്കാന്‍ അതു കാരണമായിത്തീര്‍ന്നു. ആയിരമായിരം പൊന്‍വെള്ളി നാണയങ്ങളെക്കാള്‍, അവിടുത്തെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന ധര്‍മശാസ്ത്രം എനിക്കു വിലപ്പെട്ടത്. പരമനാഥാ, തൃക്കരങ്ങള്‍ എന്നെ സൃഷ്‍ടിച്ച്, രൂപപ്പെടുത്തി; അവിടുത്തെ കല്പനകള്‍ പഠിക്കാന്‍ എനിക്കു വിവേകം നല്‌കണമേ. അങ്ങയുടെ വാഗ്ദാനത്തില്‍ ഞാന്‍ പ്രത്യാശ വച്ചിരിക്കുന്നതുകൊണ്ട്, അങ്ങയുടെ ഭക്തന്മാര്‍ എന്നെ കണ്ടു സന്തോഷിക്കും. പരമനാഥാ, അവിടുത്തെ വിധികള്‍ നീതിയുക്തമെന്നും, അങ്ങയുടെ വിശ്വസ്തതകൊണ്ടാണ് അവിടുന്നെന്നെ കഷ്ടപ്പെടുത്തിയതെന്നും ഞാനറിയുന്നു. അങ്ങയുടെ ദാസനോടുള്ള വാഗ്ദാനപ്രകാരം അവിടുത്തെ സുസ്ഥിരസ്നേഹത്താല്‍ എന്നെ ആശ്വസിപ്പിക്കണമേ. അവിടുത്തെ സുസ്ഥിരസ്നേഹം എന്‍റെമേല്‍ ചൊരിയണമേ. അങ്ങനെ ഞാന്‍ ജീവിക്കട്ടെ. അങ്ങയുടെ ധര്‍മശാസ്ത്രത്തില്‍ ഞാന്‍ ആനന്ദംകൊള്ളുന്നു. അഹങ്കാരികള്‍ ലജ്ജിതരാകട്ടെ. അവര്‍ വഞ്ചനകൊണ്ട് എന്നെ തകിടം മറിച്ചു. എന്നാല്‍ ഞാന്‍ അവിടുത്തെ പ്രമാണങ്ങള്‍ ധ്യാനിക്കും. അങ്ങയുടെ ഭക്തന്മാരും അങ്ങയുടെ കല്പനകള്‍ അറിയുന്നവരും എന്നോടൊത്തുചേരട്ടെ. ഞാന്‍ പൂര്‍ണഹൃദയത്തോടെ അവിടുത്തെ ചട്ടങ്ങള്‍ അനുസരിക്കും. ഞാന്‍ ലജ്ജിതനാകാതിരിക്കട്ടെ. ഞാന്‍ രക്ഷയ്‍ക്കായി കാത്തിരുന്നു തളരുന്നു. ഞാന്‍ അങ്ങയുടെ വാഗ്ദാനത്തില്‍ പ്രത്യാശ വയ്‍ക്കുന്നു. അവിടുന്നു വാഗ്ദാനം ചെയ്തതു ലഭിക്കാന്‍ കാത്തിരുന്ന് എന്‍റെ കണ്ണു കുഴയുന്നു. അങ്ങ് എപ്പോള്‍ എന്നെ ആശ്വസിപ്പിക്കും? പുകയേറ്റ തോല്‍ക്കുടം പോലെയായി ഞാന്‍. എങ്കിലും ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ മറന്നിട്ടില്ല. എത്രനാള്‍ അവിടുത്തെ ദാസന്‍ സഹിച്ചു നില്‌ക്കണം? എന്നെ പീഡിപ്പിക്കുന്നവരെ എന്നാണ് അവിടുന്നു ശിക്ഷിക്കുക? അവിടുത്തെ ധര്‍മശാസ്ത്രം അനുസരിക്കാത്ത അഹങ്കാരികള്‍ എന്നെ വീഴ്ത്താന്‍ കുഴി കുഴിച്ചിരിക്കുന്നു. അങ്ങയുടെ കല്പനകളെല്ലാം വിശ്വാസ്യമാകുന്നു. അവര്‍ എന്നെ വ്യാജം പറഞ്ഞു ദ്രോഹിക്കുന്നു. എന്നെ സഹായിക്കണമേ. അവര്‍ എന്‍റെ ഭൂലോകവാസം അവസാനിപ്പിക്കാറായി, എങ്കിലും അവിടുത്തെ പ്രമാണങ്ങള്‍ ഞാന്‍ പാലിക്കുന്നു. അങ്ങയുടെ സുസ്ഥിരസ്നേഹത്താല്‍ എന്‍റെ ജീവനെ രക്ഷിക്കണമേ. അങ്ങയുടെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന കല്പനകളെ ഞാന്‍ അനുസരിക്കട്ടെ. പരമനാഥാ, അങ്ങയുടെ വചനം സ്വര്‍ഗത്തില്‍ എന്നേക്കും സുസ്ഥിരമാകുന്നു. അവിടുത്തെ വിശ്വസ്തത എല്ലാ തലമുറകളിലും നിലനില്‌ക്കുന്നു. അവിടുന്നു ഭൂമിയെ യഥാസ്ഥാനത്തു സ്ഥാപിച്ചു; അതു നിലനില്‌ക്കുന്നു. സര്‍വസൃഷ്‍ടികളും അവിടുത്തെ നിയോഗമനുസരിച്ച് ഇന്നുവരെ നിലനില്‌ക്കുന്നു. അവ അവിടുത്തെ ദാസരാണല്ലോ. അങ്ങയുടെ ധര്‍മശാസ്ത്രം എന്‍റെ ആനന്ദമായിരുന്നില്ലെങ്കില്‍ എന്‍റെ കഷ്ടതയില്‍ ഞാന്‍ നശിച്ചുപോകുമായിരുന്നു. അവിടുത്തെ പ്രമാണങ്ങള്‍ ഞാന്‍ ഒരിക്കലും മറക്കുകയില്ല. അവയാല്‍ അവിടുന്നു എനിക്ക് നവജീവന്‍ നല്‌കിയിരിക്കുന്നു. ഞാന്‍ അങ്ങയുടേതാണ്, എന്നെ രക്ഷിക്കണമേ! ഞാന്‍ അങ്ങയുടെ പ്രമാണങ്ങളെ അനുസരിക്കുന്നുവല്ലോ. ദുഷ്ടന്മാര്‍ എന്നെ നശിപ്പിക്കാന്‍ പതിയിരിക്കുന്നു. എന്നാല്‍ ഞാന്‍ അവിടുത്തെ കല്പനകള്‍ ധ്യാനിക്കുന്നു. എല്ലാം ഒരു പരിധിവരെയേ പൂര്‍ണമാകൂ എന്ന് എനിക്കറിയാം. എന്നാല്‍ അവിടുത്തെ കല്പനകള്‍ നിസ്സീമമാണ്. പരമനാഥാ, അവിടുത്തെ ധര്‍മശാസ്ത്രത്തെ ഞാന്‍ എത്രയധികം സ്നേഹിക്കുന്നു; ഇടവിടാതെ ഞാന്‍ അതു ധ്യാനിക്കുന്നു. അവിടുത്തെ കല്പനകള്‍ എപ്പോഴും എന്നോടുകൂടെയുണ്ട്. അവ എന്നെ എന്‍റെ ശത്രുക്കളെക്കാള്‍ ജ്ഞാനിയാക്കുന്നു. അവിടുത്തെ കല്പനകള്‍ ധ്യാനിക്കുന്നതുകൊണ്ട്, എന്‍റെ ഗുരുക്കന്മാരെക്കാള്‍ ഞാന്‍ അറിവുള്ളവനായിരിക്കുന്നു. ഞാന്‍ അവിടുത്തെ പ്രമാണങ്ങള്‍ പാലിക്കുന്നതുകൊണ്ട്, വയോധികരിലും വിവേകമുള്ളവനായി തീര്‍ന്നിരിക്കുന്നു. അങ്ങയുടെ വചനം അനുസരിക്കാന്‍വേണ്ടി, എല്ലാ ദുര്‍മാര്‍ഗങ്ങളില്‍നിന്നും ഞാന്‍ പിന്തിരിയുന്നു. ഞാന്‍ അങ്ങയുടെ കല്പനകളില്‍നിന്നു വ്യതിചലിച്ചിട്ടില്ല. അങ്ങാണല്ലോ അവ എന്നെ പഠിപ്പിച്ചത്. അങ്ങയുടെ വചനം എനിക്ക് എത്ര മധുരം! അവ എന്‍റെ വായ്‍ക്ക് തേനിനെക്കാള്‍ മധുരമുള്ളത്. അങ്ങയുടെ പ്രമാണങ്ങളിലൂടെയാണു ഞാന്‍ വിവേകം നേടുന്നത്. അതുകൊണ്ടു ദുഷ്ടമാര്‍ഗങ്ങളോട് എനിക്കു വെറുപ്പാണ്. അങ്ങയുടെ വചനം എന്‍റെ കാലിനു ദീപവും എന്‍റെ പാതയ്‍ക്കു പ്രകാശവുമാകുന്നു. അങ്ങയുടെ നീതിയുക്തമായ കല്പനകള്‍ അനുസരിക്കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്തു; ഞാനതു പാലിക്കും. ഞാന്‍ അത്യധികം കഷ്ടതയിലായിരിക്കുന്നു. സര്‍വേശ്വരാ, അവിടുത്തെ വാഗ്ദാനപ്രകാരം എനിക്കു നവജീവന്‍ നല്‌കണമേ. പരമനാഥാ, ഞാനര്‍പ്പിക്കുന്ന സ്തോത്രങ്ങള്‍ സ്വീകരിക്കണമേ. അവിടുത്തെ കല്പനകള്‍ എന്നെ പഠിപ്പിക്കണമേ. എന്‍റെ പ്രാണന്‍ എപ്പോഴും അപകടത്തിലാണ്. എങ്കിലും ഞാന്‍ അവിടുത്തെ ധര്‍മശാസ്ത്രം മറക്കുന്നില്ല. ദുഷ്ടന്മാര്‍ എനിക്കു കെണി ഒരുക്കിയിരിക്കുന്നു; എങ്കിലും ഞാന്‍ അങ്ങയുടെ പ്രമാണങ്ങളില്‍ നിന്നു വ്യതിചലിക്കുന്നില്ല. അങ്ങയുടെ കല്പനകളാണ് എന്‍റെ ശാശ്വതാവകാശം; അവ എന്‍റെ ആനന്ദമാകുന്നു. അങ്ങയുടെ ചട്ടങ്ങള്‍ എന്നേക്കും പാലിക്കുമെന്നു ഞാന്‍ തീരുമാനിച്ചിരിക്കുന്നു. കപടഹൃദയമുള്ളവരെ ഞാന്‍ വെറുക്കുന്നു. എന്നാല്‍ ഞാന്‍ അങ്ങയുടെ ധര്‍മശാസ്ത്രത്തെ സ്നേഹിക്കുന്നു. എന്‍റെ സങ്കേതവും പരിചയും അവിടുന്നാകുന്നു. ഞാന്‍ അങ്ങയുടെ വാഗ്ദാനത്തില്‍ പ്രത്യാശ വയ്‍ക്കുന്നു. ദുഷ്കര്‍മികളേ, എന്നെ വിട്ടുപോകുവിന്‍, ഞാന്‍ എന്‍റെ ദൈവത്തിന്‍റെ കല്പനകള്‍ അനുസരിക്കട്ടെ. എന്നെ താങ്ങണമേ, അങ്ങയുടെ വാഗ്ദാന പ്രകാരം, ഞാന്‍ ജീവിച്ചിരിക്കട്ടെ; എന്‍റെ പ്രത്യാശ അപമാനകാരണമാകരുതേ. എന്നെ താങ്ങണമേ. ഞാന്‍ സുരക്ഷിതനായിരിക്കട്ടെ. അങ്ങനെ അവിടുത്തെ കല്പനകളെ ഞാന്‍ എപ്പോഴും ആദരിക്കട്ടെ. അങ്ങയുടെ ചട്ടങ്ങളില്‍നിന്നു വ്യതിചലിക്കുന്നവരെ അവിടുന്നു പരിത്യജിക്കുന്നു. അവരുടെ കൗശലം വ്യര്‍ഥമാണ്. ഭൂമിയിലെ സകല ദുഷ്ടന്മാരെയും വിലകെട്ടവരായി അവിടുന്ന് എറിഞ്ഞു കളയുന്നു. ഞാന്‍ അവിടുത്തെ കല്പനകളെ സ്നേഹിക്കുന്നു. അങ്ങയോടുള്ള ഭയത്താല്‍ എന്‍റെ ശരീരം വിറകൊള്ളുന്നു. അങ്ങയുടെ വിധികളെ ഞാന്‍ ഭയപ്പെടുന്നു. നീതിയും ന്യായവുമാണ് ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. മര്‍ദകന്മാര്‍ക്ക് എന്നെ ഏല്പിച്ചു കൊടുക്കരുതേ. അങ്ങയുടെ ദാസനു നന്മ ഉറപ്പുവരുത്തണമേ. അഹങ്കാരികള്‍ എന്നെ പീഡിപ്പിക്കരുതേ. അവിടുത്തെ രക്ഷയും നീതിപൂര്‍വമായ വാഗ്ദാനത്തിന്‍റെ പൂര്‍ത്തീകരണവും കാത്തിരുന്ന് എന്‍റെ കണ്ണു കുഴയുന്നു. അങ്ങയുടെ അചഞ്ചലസ്നേഹത്തിനൊത്ത വിധം എന്നോടു വര്‍ത്തിക്കണമേ. അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ. ഞാന്‍ അങ്ങയുടെ ദാസനാകുന്നു. അങ്ങയുടെ കല്പനകള്‍ ഗ്രഹിക്കാന്‍ എനിക്കു വിവേകം നല്‌കണമേ. സര്‍വേശ്വരാ, അങ്ങേക്കു പ്രവര്‍ത്തിക്കാനുള്ള സമയം ഇതാകുന്നു. അവിടുത്തെ ധര്‍മശാസ്ത്രം അവര്‍ ലംഘിച്ചിരിക്കുന്നുവല്ലോ. ഞാന്‍ അങ്ങയുടെ കല്പനകളെ പൊന്നിനെയും തങ്കത്തെയുംകാള്‍ സ്നേഹിക്കുന്നു. അതുകൊണ്ട് അവിടുത്തെ ചട്ടങ്ങളുടെ മാര്‍ഗത്തില്‍ നടക്കാന്‍ ഞാനിഷ്ടപ്പെടുന്നു. ഞാന്‍ എല്ലാ ദുര്‍മാര്‍ഗങ്ങളെയും വെറുക്കുന്നു. അങ്ങയുടെ കല്പനകള്‍ അദ്ഭുതകരമാകുന്നു; അതുകൊണ്ടു ഞാന്‍ അവ അനുസരിക്കുന്നു. അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോള്‍ പ്രകാശം ലഭിക്കുന്നു. അത് അറിവില്ലാത്തവരെ ജ്ഞാനികളാക്കുന്നു. അവിടുത്തെ കല്പനകള്‍ക്കുവേണ്ടിയുള്ള അഭിവാഞ്ഛയാല്‍, ഞാന്‍ ആര്‍ത്തിയോടെ വായ് തുറക്കുന്നു. അങ്ങയെ സ്നേഹിക്കുന്നവരോടു ചെയ്യുന്നതുപോലെ എന്നിലേക്കു തിരിഞ്ഞ് എന്നോടു കരുണ ചെയ്യണമേ. അങ്ങയുടെ വാഗ്ദാനപ്രകാരം എന്‍റെ കാലടികളെ പതറാതെ സൂക്ഷിക്കണമേ. അധര്‍മങ്ങള്‍ എന്നെ കീഴടക്കാതിരിക്കട്ടെ. പീഡകരില്‍നിന്ന് എന്നെ രക്ഷിക്കണമേ. അവിടുത്തെ പ്രമാണങ്ങള്‍ ഞാന്‍ അനുസരിക്കും. അങ്ങയുടെ ദാസനെ കരുണയോടെ കടാക്ഷിക്കണമേ. അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ. മനുഷ്യര്‍ അവിടുത്തെ ധര്‍മശാസ്ത്രം അനുസരിക്കാത്തതുകൊണ്ട്, എന്‍റെ കണ്ണില്‍നിന്നു കണ്ണുനീര്‍ നീര്‍ച്ചാലുപോലെ ഒഴുകുന്നു. സര്‍വേശ്വരാ, അവിടുന്നു നീതിമാനാകുന്നു. അവിടുത്തെ വിധികള്‍ നീതിനിഷ്ഠമാണ്. നീതിയോടും വിശ്വസ്തതയോടും അവിടുന്നു കല്പനകള്‍ നല്‌കിയിരിക്കുന്നു. എന്‍റെ ശത്രുക്കള്‍ അവിടുത്തെ വചനം അവഗണിക്കുന്നതിനാല്‍, അവരോടുള്ള കോപം എന്നില്‍ ജ്വലിക്കുന്നു. അവിടുത്തെ വാഗ്ദാനം വിശ്വസ്തമെന്നു തെളിഞ്ഞതാണ്. ഈ ദാസന്‍ അതിനെ സ്നേഹിക്കുന്നു. ഞാന്‍ നിസ്സാരനും നിന്ദിതനുമാണ്, എങ്കിലും അങ്ങയുടെ കല്പനകള്‍ ഞാന്‍ വിസ്മരിക്കുന്നില്ല. അങ്ങയുടെ നീതി ശാശ്വതവും അവിടുത്തെ ധര്‍മശാസ്ത്രം സത്യവുമാകുന്നു. കഷ്ടതയും വേദനയും എന്നെ ഗ്രസിച്ചിരിക്കുന്നു. എങ്കിലും അങ്ങയുടെ കല്പനകള്‍ എനിക്ക് ആനന്ദം പകരുന്നു. അവിടുത്തെ കല്പനകള്‍ എന്നും നീതിനിഷ്ഠമാകുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നതിന് എനിക്കു വിവേകം നല്‌കണമേ. ഞാന്‍ പൂര്‍ണഹൃദയത്തോടെ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; സര്‍വേശ്വരാ, എനിക്ക് ഉത്തരമരുളിയാലും, അങ്ങയുടെ ചട്ടങ്ങള്‍ ഞാന്‍ പാലിക്കും. ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. എന്നെ രക്ഷിക്കണമേ. ഞാന്‍ അങ്ങയുടെ കല്പനകള്‍ അനുസരിക്കും. ഞാന്‍ അതിരാവിലെ ഉണര്‍ന്നു സഹായത്തിനുവേണ്ടി വിളിച്ചപേക്ഷിക്കുന്നു. ഞാന്‍ അവിടുത്തെ വാഗ്ദാനങ്ങളില്‍ പ്രത്യാശ വയ്‍ക്കുന്നു. അങ്ങയുടെ വചനം ധ്യാനിക്കാന്‍ രാത്രിയുടെ യാമങ്ങളില്‍ ഞാന്‍ ഉണര്‍ന്നിരിക്കുന്നു. അവിടുത്തെ അചഞ്ചലസ്നേഹത്താല്‍ എന്‍റെ യാചന കേള്‍ക്കണമേ. സര്‍വേശ്വരാ, അവിടുത്തെ നീതിയാല്‍ എന്‍റെ ജീവനെ സംരക്ഷിക്കണമേ. ദുഷ്ടലാക്കോടെ പീഡിപ്പിക്കുന്നവര്‍ എന്നെ സമീപിക്കുന്നു. അവര്‍ അവിടുത്തെ ധര്‍മശാസ്ത്രത്തെ പൂര്‍ണമായി അവഗണിച്ചിരിക്കുന്നു. എന്നാല്‍ സര്‍വേശ്വരാ, അവിടുന്ന് എനിക്കു സമീപസ്ഥനാകുന്നു. അവിടുത്തെ കല്പനകളെല്ലാം സത്യംതന്നെ. അവിടുത്തെ കല്പനകള്‍ ശാശ്വതമായി സ്ഥാപിച്ചിരിക്കുന്നു. അതു ഞാന്‍ പണ്ടുതന്നെ അറിഞ്ഞിരിക്കുന്നു. നാഥാ, എന്‍റെ കഷ്ടത കണ്ട് എന്നെ വിടുവിക്കണമേ. അങ്ങയുടെ ധര്‍മശാസ്ത്രം ഞാന്‍ അവഗണിക്കുന്നില്ലല്ലോ. എനിക്കുവേണ്ടി വാദിച്ച് എന്നെ വീണ്ടെടുത്താലും, അങ്ങയുടെ വാഗ്ദാനപ്രകാരം എനിക്കു നവജീവന്‍ നല്‌കണമേ. ദുഷ്ടരെ ദൈവം രക്ഷിക്കയില്ല. അവിടുത്തെ ചട്ടങ്ങള്‍ അവര്‍ അനുസരിക്കുന്നില്ലല്ലോ. സര്‍വേശ്വരാ, അങ്ങയുടെ കാരുണ്യം വലുതാകുന്നു. അങ്ങയുടെ നീതിക്കൊത്തവിധം എനിക്കു നവജീവന്‍ നല്‌കണമേ. എന്നെ പീഡിപ്പിക്കുന്നവരും എന്‍റെ വൈരികളും വളരെയാകുന്നു. എങ്കിലും അങ്ങയുടെ കല്പനകളില്‍നിന്നു ഞാന്‍ വ്യതിചലിക്കുന്നില്ല. അവിശ്വസ്തരോട് എനിക്കു വെറുപ്പാണ്. അവര്‍ അങ്ങയുടെ ആജ്ഞകള്‍ പാലിക്കുന്നില്ലല്ലോ. സര്‍വേശ്വരാ, അവിടുത്തെ കല്പനകള്‍ എനിക്ക് എത്ര പ്രിയങ്കരം! അവിടുത്തെ അചഞ്ചലസ്നേഹത്താല്‍ എന്‍റെ ജീവന്‍ കാത്തുകൊള്ളണമേ. അങ്ങയുടെ വചനത്തിന്‍റെ സാരം സത്യമാകുന്നു. അങ്ങയുടെ കല്പനകള്‍ നീതിയുക്തവും ശാശ്വതവുമാണ്. പ്രഭുക്കന്മാര്‍ അകാരണമായി എന്നെ ഉപദ്രവിക്കുന്നു. എങ്കിലും അങ്ങയുടെ വചനത്തെ ഞാന്‍ ഭയഭക്തിയോടെ ആദരിക്കുന്നു. വലിയ കൊള്ളമുതല്‍ ലഭിച്ചവനെപ്പോലെ, ഞാന്‍ അങ്ങയുടെ വചനത്തില്‍ ആനന്ദിക്കുന്നു. അസത്യത്തെ ഞാന്‍ വെറുക്കുകയും നിന്ദിക്കുകയും ചെയ്യുന്നു. ഞാന്‍ അവിടുത്തെ ധര്‍മശാസ്ത്രത്തെ സ്നേഹിക്കുന്നു. അങ്ങയുടെ നീതിപൂര്‍വകമായ കല്പനകള്‍ക്കായി, ദിവസം ഏഴു പ്രാവശ്യം ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ ധര്‍മശാസ്ത്രത്തെ സ്നേഹിക്കുന്നവര്‍ക്ക് പൂര്‍ണസമാധാനമുണ്ട്. അവരെ പരാജയപ്പെടുത്താന്‍ യാതൊന്നിനും കഴിയുകയില്ല. സര്‍വേശ്വരാ, അവിടുത്തെ രക്ഷയ്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു. അവിടുത്തെ ആജ്ഞകള്‍ അനുസരിക്കുന്നു. ഞാന്‍ അങ്ങയുടെ കല്പനകള്‍ പാലിക്കുന്നു. ഞാന്‍ അവയെ വളരെയധികം സ്നേഹിക്കുന്നു. ഞാന്‍ അങ്ങയുടെ കല്പനകളും പ്രമാണങ്ങളും അനുസരിക്കുന്നു. എന്‍റെ എല്ലാ വഴികളും അവിടുന്നു കാണുന്നുവല്ലോ. സര്‍വേശ്വരാ, എന്‍റെ പ്രാര്‍ഥന തിരുസന്നിധിയില്‍ എത്തുമാറാകട്ടെ. അവിടുത്തെ വാഗ്ദാനപ്രകാരം എനിക്കു വിവേകം നല്‌കണമേ. എന്‍റെ അപേക്ഷ തിരുസന്നിധിയില്‍ എത്തുമാറാകട്ടെ. അവിടുത്തെ വാഗ്ദാനപ്രകാരം എന്നെ മോചിപ്പിക്കണമേ. അവിടുത്തെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കുന്നതുകൊണ്ട്, ഞാന്‍ ഇടവിടാതെ അങ്ങയെ സ്തുതിക്കും. ഞാന്‍ അവിടുത്തെ വചനത്തെ പ്രകീര്‍ത്തിക്കും. അവിടുത്തെ കല്പനകള്‍ നീതിനിഷ്ഠമല്ലോ. അവിടുന്ന് എന്നെ സഹായിക്കാന്‍ എപ്പോഴും ഒരുങ്ങിയിരിക്കണമേ. അവിടുത്തെ കല്പനകള്‍ അനുസരിക്കാന്‍ ഞാന്‍ ഉറച്ചിരിക്കുന്നുവല്ലോ. പരമനാഥാ, അവിടുന്നു നല്‌കുന്ന രക്ഷയ്‍ക്കായി ഞാന്‍ കാംക്ഷിക്കുന്നു. അവിടുത്തെ ധര്‍മശാസ്ത്രമാണ് എന്‍റെ ആനന്ദം. അങ്ങയെ സ്തുതിക്കാന്‍വേണ്ടി ഞാന്‍ ജീവിക്കട്ടെ. അവിടുത്തെ കല്പനകള്‍ എനിക്ക് ആശ്രയമായിരിക്കട്ടെ. കൂട്ടംവിട്ട ആടിനെപ്പോലെ ഞാന്‍ വഴിതെറ്റിയിരിക്കുന്നു. അവിടുത്തെ ദാസനെ തേടിവരണമേ. അവിടുത്തെ കല്പനകള്‍ ഞാന്‍ അവഗണിക്കുന്നില്ലല്ലോ. ആരോഹണഗീതം [1] എന്‍റെ കഷ്ടതയില്‍ ഞാന്‍ സര്‍വേശ്വരനോടു നിലവിളിച്ചു. അവിടുന്ന് എനിക്ക് ഉത്തരമരുളി. വ്യാജം പറയുന്നവരില്‍നിന്നും വഞ്ചന പൊഴിക്കുന്നവരില്‍നിന്നും സര്‍വേശ്വരാ, എന്നെ രക്ഷിക്കണമേ, വ്യാജം പറയുന്നവരേ, നിങ്ങള്‍ക്ക് എന്താണു കിട്ടാന്‍ പോകുന്നത്? ഇനി എന്തു ശിക്ഷയാണ് നിങ്ങള്‍ക്കു കിട്ടേണ്ടത്? പോരാളിയുടെ മൂര്‍ച്ചയുള്ള അസ്ത്രങ്ങളും ചുട്ടുപഴുത്ത തീക്കനലുമാണ് നിങ്ങള്‍ക്കു ലഭിക്കാന്‍ പോകുന്നത്. മേശെക്കിലെ പ്രവാസവും, കേദാര്‍ കൂടാരങ്ങളിലെ വാസവുംപോലെ എന്‍റെ ജീവിതം ദുരിതപൂര്‍ണമായിരിക്കുന്നു. സമാധാനദ്വേഷികളോടൊത്തുള്ള വാസം എനിക്കു മടുത്തു. ഞാന്‍ സമാധാനത്തിനുവേണ്ടി വാദിക്കുന്നു. എന്നാല്‍ അവര്‍ക്കു പോരാണു പഥ്യം. ആരോഹണഗീതം [1] ഞാന്‍ പര്‍വതങ്ങളിലേക്കു കണ്ണുകള്‍ ഉയര്‍ത്തുന്നു, എനിക്കു സഹായം എവിടെനിന്നു വരും? എന്‍റെ സഹായം സര്‍വേശ്വരനില്‍നിന്നു വരുന്നു. ആകാശവും ഭൂമിയും സൃഷ്‍ടിച്ച സര്‍വേശ്വരനില്‍നിന്നു തന്നെ. നിന്‍റെ കാല്‍ വഴുതുവാന്‍ അവിടുന്ന് അനുവദിക്കയില്ല. നിന്‍റെ സംരക്ഷകന്‍ സദാ ജാഗരൂകനാണ്. ഇസ്രായേലിന്‍റെ പരിപാലകന്‍ ഉറങ്ങാതെ ഉണര്‍ന്നിരിക്കുന്നു. സര്‍വേശ്വരനാണ് നിന്‍റെ പരിപാലകന്‍. നിനക്കു തണലേകാന്‍ അവിടുന്നു നിന്‍റെ വലത്തുഭാഗത്തുണ്ട്. പകല്‍ സൂര്യനോ രാത്രി ചന്ദ്രനോ നിന്നെ ബാധിക്കയില്ല. സര്‍വ തിന്മകളില്‍നിന്നും അവിടുന്നു നിന്നെ സംരക്ഷിക്കും. അവിടുന്നു നിന്‍റെ ജീവനെ കാത്തുകൊള്ളും. ഇനിമേല്‍ എന്നും സര്‍വേശ്വരന്‍ നിന്നെ എല്ലാ ജീവിതവ്യാപാരങ്ങളിലും പരിപാലിക്കും. ദാവീദിന്‍റെ ഒരു ആരോഹണഗീതം [1] സര്‍വേശ്വരന്‍റെ ആലയത്തിലേക്കു നമുക്കു പോകാമെന്നു അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു. യെരൂശലേമേ, ഞങ്ങള്‍ ഇതാ നിന്‍റെ കവാടങ്ങള്‍ക്കുള്ളില്‍ വന്നിരിക്കുന്നു. ഉറപ്പായി പണിതിണക്കിയ നഗരമാണു യെരൂശലേം, അവിടേക്കു ഗോത്രങ്ങള്‍ വരുന്നു; സര്‍വേശ്വരനെ ആരാധിക്കുന്ന ഗോത്രങ്ങള്‍ തന്നെ. ഇസ്രായേലിനോടു കല്പിച്ച പ്രകാരം സര്‍വേശ്വരനു സ്തോത്രം അര്‍പ്പിക്കാന്‍ അവര്‍ വരുന്നു. അവിടെ ന്യായാസനങ്ങള്‍-ദാവീദുവംശജരായ രാജാക്കന്മാരുടെ സിംഹാസനങ്ങള്‍- സ്ഥാപിക്കപ്പെട്ടിരിക്കുന്നു. യെരൂശലേമിന്‍റെ സമാധാനത്തിനുവേണ്ടി പ്രാര്‍ഥിക്കുവിന്‍. “നിന്നെ സ്നേഹിക്കുന്നവര്‍ക്ക് ഐശ്വര്യമുണ്ടാകട്ടെ. നിന്‍റെ കോട്ടകള്‍ക്കുള്ളില്‍ സമാധാനവും നിന്‍റെ ഗോപുരങ്ങളില്‍ സുരക്ഷിതത്വവും ഉണ്ടായിരിക്കട്ടെ.” എന്‍റെ സഹോദരന്മാരോടും സുഹൃത്തുക്കളോടുമുള്ള സ്നേഹംകൊണ്ട് ഞാന്‍ ആശംസിക്കുന്നു. “നിനക്കു സമാധാനം ഉണ്ടായിരിക്കട്ടെ!” നമ്മുടെ ദൈവമായ സര്‍വേശ്വരന്‍റെ ആലയത്തോടുള്ള സ്നേഹംകൊണ്ട്, ഞാന്‍ നിനക്കു നന്മ നേരും. ആരോഹണഗീതം [1] സ്വര്‍ഗത്തില്‍ വാഴുന്ന നാഥാ, തിരുസന്നിധിയിലേക്കു ഞങ്ങള്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു. ദാസന്‍ തന്‍റെ യജമാനനിലേക്കും ദാസി യജമാനത്തിയിലേക്കും സഹായത്തിനായി നോക്കുന്നതുപോലെ, സര്‍വേശ്വരന്‍ ഞങ്ങളോടു കരുണ കാട്ടുന്നതുവരെ, ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ അവിടുത്തെ നോക്കിക്കൊണ്ടിരിക്കുന്നു. സര്‍വേശ്വരാ, ഞങ്ങളോടു കരുണയുണ്ടാകണമേ. ഞങ്ങളോടു കരുണയുണ്ടാകണമേ. ഞങ്ങള്‍ സഹിക്കാവുന്നതിലേറെ നിന്ദയേറ്റു. സുഖലോലുപരുടെ പരിഹാസവും അഹങ്കാരികളുടെ നിന്ദയും സഹിച്ചു, ഞങ്ങള്‍ മടുത്തിരിക്കുന്നു. ദാവീദ് രചിച്ച ആരോഹണഗീതം [1] ഇസ്രായേല്‍ പറയട്ടെ, സര്‍വേശ്വരന്‍ നമ്മുടെ പക്ഷത്തില്ലായിരുന്നെങ്കില്‍, ശത്രുക്കള്‍ നമ്മെ എതിര്‍ത്തപ്പോള്‍, സര്‍വേശ്വരന്‍ നമ്മുടെ പക്ഷത്തില്ലായിരുന്നെങ്കില്‍, അവരുടെ കോപം നമ്മുടെ നേരെ ജ്വലിച്ചപ്പോള്‍, അവര്‍ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു. പെരുവെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു. ജലപ്രവാഹം നമ്മെ മൂടിക്കളയുമായിരുന്നു. ഇരച്ചുപൊങ്ങുന്ന ജലപ്രവാഹം നമ്മുടെ മീതെ കവിഞ്ഞൊഴുകുമായിരുന്നു. ശത്രുക്കളുടെ സംഹാരത്തില്‍നിന്നു നമ്മെ രക്ഷിച്ച സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ. വേട്ടക്കാരന്‍റെ കെണിയില്‍നിന്നു പക്ഷിയെന്നപോലെ നാം രക്ഷപെട്ടു. കെണി തകര്‍ന്നു നാം രക്ഷപെട്ടിരിക്കുന്നു. ആകാശവും ഭൂമിയും സൃഷ്‍ടിച്ച സര്‍വേശ്വരനില്‍ നിന്നാണു നമ്മുടെ സഹായം വരുന്നത്. ആരോഹണഗീതം [1] സര്‍വേശ്വരനില്‍ ആശ്രയിക്കുന്നവന്‍, അചഞ്ചലമായി എന്നേക്കും നില്‌ക്കുന്ന സീയോന്‍പര്‍വതം പോലെയാകുന്നു. പര്‍വതങ്ങള്‍ യെരൂശലേമിനെ വലയം ചെയ്തിരിക്കുന്നതുപോലെ, സര്‍വേശ്വരന്‍ തന്‍റെ ജനത്തെ ഇന്നുമെന്നേക്കും സംരക്ഷിക്കുന്നു. നീതിമാന്മാര്‍ തിന്മ പ്രവര്‍ത്തിക്കാതിരിക്കേണ്ടതിനു, ദൈവം അവര്‍ക്കു നല്‌കിയ ദേശത്തു, ദുഷ്ടന്മാരുടെ ആധിപത്യം എന്നേക്കും നിലനില്‌ക്കയില്ല. നല്ലവര്‍ക്കും ഹൃദയപരമാര്‍ഥികള്‍ക്കും സര്‍വേശ്വരാ, നന്മ ചെയ്യണമേ. ദുര്‍മാര്‍ഗങ്ങളിലേക്കു തിരിയുന്നവരെ, ദുഷ്കര്‍മികളോടുകൂടി അവിടുന്നു ശിക്ഷിക്കും. ഇസ്രായേലില്‍ സമാധാനം പുലരട്ടെ. ആരോഹണഗീതം [1] പ്രവാസികളായിരുന്ന ഞങ്ങളെ സര്‍വേശ്വരന്‍ സീയോനിലേക്കു തിരികെ കൊണ്ടുവന്നപ്പോള്‍ ഞങ്ങള്‍ക്ക് അതൊരു സ്വപ്നമായിത്തോന്നി. അപ്പോള്‍ ഞങ്ങള്‍ പൊട്ടിച്ചിരിച്ചു. ആഹ്ലാദംകൊണ്ട് ആര്‍പ്പുവിളിച്ചു. “സര്‍വേശ്വരന്‍ അവര്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു” എന്നു ജനതകള്‍ പറഞ്ഞു. സര്‍വേശ്വരന്‍ ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു; ഞങ്ങള്‍ സന്തോഷിക്കുന്നു. നെഗെബിലെ വരണ്ട തോടുകള്‍, മഴയാല്‍ വീണ്ടും നിറയുന്നതുപോലെ, അവിടുന്നു ഞങ്ങളുടെ ഐശ്വര്യം പുനഃസ്ഥാപിക്കണമേ. കണ്ണീരോടെ വിതയ്‍ക്കുന്നവര്‍, ആനന്ദഘോഷത്തോടെ കൊയ്യുന്നു. വിത്തുചുമന്നു കരഞ്ഞുകൊണ്ടു വിതയ്‍ക്കാന്‍ പോകുന്നവന്‍, കറ്റ ചുമന്ന് ആഹ്ലാദഘോഷത്തോടെ മടങ്ങുന്നു. ശലോമോന്‍ രചിച്ച ആരോഹണഗീതം [1] സര്‍വേശ്വരന്‍ വീടു പണിയുന്നില്ലെങ്കില്‍, പണിയുന്നവര്‍ വൃഥാ അധ്വാനിക്കുന്നു. സര്‍വേശ്വരന്‍ പട്ടണം കാക്കുന്നില്ലെങ്കില്‍, കാവല്‌ക്കാര്‍ വൃഥാ ജാഗരിക്കുന്നു. അതിരാവിലെ എഴുന്നേല്‌ക്കുന്നതും വളരെ വൈകി ഉറങ്ങാന്‍ പോകുന്നതും കഠിനാധ്വാനംചെയ്തു ജീവിക്കുന്നതും വ്യര്‍ഥം. അവിടുന്നു താന്‍ സ്നേഹിക്കുന്നവര്‍ക്ക് ഉറങ്ങുമ്പോള്‍ വേണ്ടതു നല്‌കുന്നു. മക്കള്‍ സര്‍വേശ്വരന്‍റെ ദാനമാണ്, ഉദരഫലം അവിടുന്നു നല്‌കുന്ന അനുഗ്രഹം ആകുന്നു. പോരാളിയുടെ കൈയിലെ അസ്ത്രങ്ങള്‍ പോലെയാണ്, യൗവനത്തില്‍ ജനിക്കുന്ന മക്കള്‍. അവകൊണ്ട് ആവനാഴി നിറച്ചിരിക്കുന്നവന്‍, അനുഗൃഹീതന്‍. നഗരവാതില്‌ക്കല്‍വച്ച് ശത്രുക്കളെ എതിരിടുമ്പോള്‍ അവന് ലജ്ജിക്കേണ്ടിവരികയില്ല. ആരോഹണഗീതം [1] സര്‍വേശ്വരനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ അനുഗൃഹീതന്‍. നിന്‍റെ അധ്വാനഫലം നീ അനുഭവിക്കും. നീ സന്തുഷ്ടനായിരിക്കും; നിനക്കു നന്മ ഭവിക്കും. നിന്‍റെ ഭാര്യ നിന്‍റെ ഭവനത്തില്‍ ഫലസമൃദ്ധമായ മുന്തിരിവള്ളിപോലെയും നിന്‍റെ മക്കള്‍ നിന്‍റെ മേശയ്‍ക്കു ചുറ്റും ഒലിവുതൈകള്‍പോലെയും ആയിരിക്കും. സര്‍വേശ്വരന്‍ തന്‍റെ ഭക്തനെ ഇപ്രകാരം അനുഗ്രഹിക്കും. സര്‍വേശ്വരന്‍ സീയോനില്‍നിന്നു നിന്നെ അനുഗ്രഹിക്കും. ആയുഷ്കാലം മുഴുവന്‍ നീ യെരൂശലേമിന്‍റെ ഐശ്വര്യം കാണും. മക്കളുടെ മക്കളെയും നീ കാണും. ഇസ്രായേലില്‍ സമാധാനം പുലരട്ടെ. ആരോഹണഗീതം [1] ഇസ്രായേല്‍ പറയട്ടെ: “ബാല്യം മുതല്‍ ശത്രുക്കള്‍ എന്നെ അത്യന്തം പീഡിപ്പിച്ചു.” “ബാല്യം മുതല്‍ അവര്‍ എന്നെ അത്യന്തം പീഡിപ്പിച്ചു;” എങ്കിലും അവര്‍ എന്നെ കീഴടക്കിയില്ല. ഉഴവുകാരെപ്പോലെ അവര്‍ എന്‍റെ മുതുകില്‍ ഉഴുതു. എന്‍റെ മുതുകില്‍ നീളത്തില്‍ ഉഴവുചാല്‍ കീറി, സര്‍വേശ്വരന്‍ നീതിമാനാകുന്നു. ദുഷ്ടന്മാരുടെ ബന്ധനത്തില്‍നിന്ന് അവിടുന്നു എന്നെ മോചിപ്പിച്ചു. സീയോനെ ദ്വേഷിക്കുന്നവര്‍ ലജ്ജിച്ചു പിന്തിരിയട്ടെ. വളരുന്നതിനു മുമ്പ് ഉണങ്ങിപ്പോകുന്ന പുരപ്പുറത്തെ പുല്ലുപോലെ അവര്‍ ആകട്ടെ. കൊയ്യുന്നവര്‍ അവയെ ശേഖരിക്കുകയോ. കറ്റ കെട്ടുന്നവര്‍ അവയെ ഒരുമിച്ചുകെട്ടുകയോ ചെയ്യുന്നില്ല. സര്‍വേശ്വരന്‍റെ അനുഗ്രഹം നിങ്ങള്‍ക്കുണ്ടാകട്ടെ. സര്‍വേശ്വരന്‍റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളെ അനുഗ്രഹിക്കുന്നു. എന്നിങ്ങനെ വഴിപോക്കര്‍ അവരോടു പറയുന്നതുമില്ല. ആരോഹണഗീതം [1] സര്‍വേശ്വരാ, കഷ്ടതയുടെ ആഴത്തില്‍നിന്നു ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. നാഥാ, എന്‍റെ നിലവിളി കേള്‍ക്കണമേ, കരുണയ്‍ക്കായുള്ള എന്‍റെ യാചന ശ്രദ്ധിക്കണമേ. സര്‍വേശ്വരാ, അവിടുന്ന് അകൃത്യങ്ങളുടെ കണക്കു സൂക്ഷിച്ചാല്‍, തിരുമുമ്പില്‍ നില്‌ക്കാന്‍ ആര്‍ക്കു കഴിയും? എന്നാല്‍ അങ്ങു പാപം ക്ഷമിക്കുന്നവനാണ്. അതുകൊണ്ടു ഞങ്ങള്‍ അവിടുത്തോടു ഭയഭക്തിയുള്ളവരായിരിക്കുന്നു. ഞാന്‍ സര്‍വേശ്വരനായി സര്‍വാത്മനാ കാത്തിരിക്കുന്നു. അവിടുത്തെ വാഗ്ദാനത്തില്‍ ഞാന്‍ പ്രത്യാശ വയ്‍ക്കുന്നു. പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്‌ക്കാരെക്കാള്‍, ആകാംക്ഷയോടെ ഞാന്‍ സര്‍വേശ്വരനുവേണ്ടി കാത്തിരിക്കുന്നു. ഇസ്രായേലേ, സര്‍വേശ്വരനില്‍ പ്രത്യാശയര്‍പ്പിക്കുക, അവിടുന്നു നിങ്ങളെ സുസ്ഥിരമായി സ്നേഹിക്കുന്നുവല്ലോ. അവിടുന്നു നിങ്ങളെ എപ്പോഴും രക്ഷിക്കുന്നവനും ആകുന്നു. അവിടുന്ന് ഇസ്രായേല്‍ജനത്തെ അവരുടെ എല്ലാ അകൃത്യങ്ങളില്‍നിന്നും മോചിപ്പിക്കുന്നു. ദാവീദ് രചിച്ച ആരോഹണഗീതം [1] സര്‍വേശ്വരാ, ഞാന്‍ അഹങ്കരിക്കുന്നില്ല. ഞാന്‍ ഞെളിഞ്ഞു നോക്കുന്നുമില്ല. എന്‍റെ കഴിവിനപ്പുറമായ കാര്യങ്ങളിലും വിസ്മയാവഹമായ പ്രവൃത്തികളിലും ഞാന്‍ വ്യാപരിക്കുന്നില്ല. അമ്മയുടെ മാറില്‍ സ്വസ്ഥമായി കിടക്കുന്ന ശിശുവിനെപ്പോലെ, ഞാന്‍ സംതൃപ്തിയും ശാന്തിയും അനുഭവിക്കുന്നു. എന്‍റെ കൈയില്‍ കിടക്കുന്ന ശിശുവിനെപ്പോലെ തന്നെ. ഇസ്രായേലേ, ഇന്നുമെന്നേക്കും സര്‍വേശ്വരനില്‍ പ്രത്യാശ വയ്‍ക്കുക. ആരോഹണഗീതം [1] സര്‍വേശ്വരാ, ദാവീദിനെയും അദ്ദേഹം സഹിച്ച കഷ്ടതകളെയും ഓര്‍ക്കണമേ. അദ്ദേഹം സര്‍വേശ്വരനോടു ശപഥം ചെയ്തതും യാക്കോബിന്‍റെ സര്‍വശക്തനായ ദൈവത്തോടു നേര്‍ച്ച നേര്‍ന്നതും സ്മരിക്കണമേ. സര്‍വേശ്വരന് ഒരു സങ്കേതം, യാക്കോബിന്‍റെ സര്‍വശക്തനായ ദൈവത്തിന് ഒരു വാസസ്ഥലം കണ്ടെത്തുന്നതുവരെ. ഞാന്‍ എന്‍റെ ഭവനത്തില്‍ പ്രവേശിക്കുകയോ, എന്‍റെ കിടക്കയില്‍ ശയിക്കുകയോ ഇല്ല. ഞാന്‍ ഉറങ്ങുകയോ എന്‍റെ കണ്‍പോളകള്‍ അടയ്‍ക്കുകയോ ഇല്ല. ഞങ്ങള്‍ എഫ്രാത്തില്‍ വച്ചു സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകത്തെക്കുറിച്ചു കേട്ടു; യആറീം വയലുകളില്‍ അതു കണ്ടെത്തി. അവിടുത്തെ വാസസ്ഥലത്തേക്കു നമുക്കു പോകാം. അവിടുത്തെ പാദപീഠത്തില്‍ നമുക്കു നമസ്കരിക്കാം. സര്‍വേശ്വരാ, അവിടുത്തെ ആലയത്തിലേക്കു വരണമേ. അവിടുത്തെ ശക്തിയുടെ പെട്ടകത്തോടൊപ്പം വരണമേ. അങ്ങയുടെ പുരോഹിതന്മാര്‍ നീതി ധരിക്കട്ടെ. അവിടുത്തെ ഭക്തന്മാര്‍ ആനന്ദത്തോടെ ആര്‍പ്പുവിളിക്കട്ടെ. അങ്ങയുടെ ദാസനായ ദാവീദിനെ ഓര്‍ത്ത് അങ്ങയുടെ അഭിഷിക്തനെ തിരസ്കരിക്കരുതേ. ദാവീദിനോടു സര്‍വശക്തന്‍ ഒരു പ്രതിജ്ഞ ചെയ്തു. അതില്‍നിന്ന് അവിടുന്നു പിന്‍മാറുകയില്ല. “നിന്‍റെ സന്തതികളില്‍ ഒരാളെ നിന്‍റെ സിംഹാസനത്തില്‍ ഞാന്‍ ഉപവിഷ്ടനാക്കും. നിന്‍റെ സന്തതികള്‍ എന്‍റെ ഉടമ്പടിയും എന്‍റെ കല്പനകളും അനുസരിച്ചാല്‍, അവരുടെ മക്കളും എന്നേക്കും നിന്‍റെ സിംഹാസനത്തില്‍ വാഴും.” സര്‍വേശ്വരന്‍ സീയോനെ തിരഞ്ഞെടുത്തിരിക്കുന്നു. അവിടുന്നു അതിനെ തന്‍റെ വാസസ്ഥലമാക്കാന്‍ ആഗ്രഹിക്കുന്നു. ഇത് എന്‍റെ ആലയമാകുന്നു. ഇവിടെ ഞാന്‍ വസിക്കും; അതാകുന്നു എന്‍റെ ആഗ്രഹം സീയോനു വേണ്ടതെല്ലാം ഞാന്‍ സമൃദ്ധമായി നല്‌കും. അവിടെയുള്ള ദരിദ്രരെ ആഹാരം നല്‌കി സംതൃപ്തരാക്കും. സീയോനിലെ പുരോഹിതന്മാരെ ഞാന്‍ രക്ഷ അണിയിക്കും, അവിടെയുള്ള ഭക്തന്മാര്‍ ആനന്ദത്തോടെ ആര്‍പ്പുവിളിക്കും. ദാവീദിന്‍റെ സന്തതികളില്‍നിന്നു ശക്തനായ ഒരു രാജാവിനെ സീയോനില്‍ ഞാന്‍ ഉദ്ഭവിപ്പിക്കും. എന്‍റെ അഭിഷിക്തനെ ഒരു ദീപംപോലെ എന്നും അവിടെ നിലനിര്‍ത്തും. അവന്‍റെ ശത്രുക്കളെ ഞാന്‍ ലജ്ജ ധരിപ്പിക്കും. എന്നാല്‍ രാജാവിന്‍റെ ശിരസ്സിലെ കിരീടം എന്നും ശോഭ ചൊരിയും. ആരോഹണഗീതം [1] സഹോദരന്മാര്‍ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര മനോഹരവും ആനന്ദദായകവുമാണ്. അത് അഹരോന്‍റെ ശിരസ്സില്‍നിന്നു താടിയിലേക്കും അവിടെനിന്ന് അദ്ദേഹത്തിന്‍റെ വസ്ത്രത്തിന്‍റെ പട്ടയിലേക്കും; ഒഴുകുന്ന വിശിഷ്ടമായ അഭിഷേകതൈലം പോലെയാണ്. അതു സീയോന്‍മലയില്‍ പെയ്യുന്ന ഹെര്‍മ്മോന്‍ മഞ്ഞുപോലെയത്രേ. അവിടെയാണല്ലോ സര്‍വേശ്വരന്‍ തന്‍റെ അനുഗ്രഹവും ശാശ്വതമായ ജീവനും വാഗ്ദാനം ചെയ്തിരിക്കുന്നത്. ആരോഹണഗീതം [1] സര്‍വേശ്വരന്‍റെ ദാസന്മാരേ, അവിടുത്തെ വാഴ്ത്തുവിന്‍. രാത്രിയില്‍ അവിടുത്തെ ആലയത്തില്‍ ശുശ്രൂഷ ചെയ്യുന്നവരേ, അവിടുത്തെ സ്തുതിക്കുവിന്‍. വിശുദ്ധസ്ഥലത്തേക്കു കൈകള്‍ ഉയര്‍ത്തി, സര്‍വേശ്വരനെ സ്തുതിക്കുവിന്‍. ആകാശവും ഭൂമിയും സൃഷ്‍ടിച്ച സര്‍വേശ്വരന്‍, സീയോനില്‍നിന്നു നിങ്ങളെ അനുഗ്രഹിക്കട്ടെ. [1,2] സര്‍വേശ്വരനെ സ്തുതിക്കുവിന്‍, അവിടുത്തെ ആലയത്തിലും നമ്മുടെ ദൈവത്തിന്‍റെ ആലയാങ്കണത്തിലും ശുശ്രൂഷ ചെയ്യുന്ന സര്‍വേശ്വരന്‍റെ ദാസന്മാരേ, അവിടുത്തെ സ്തുതിക്കുവിന്‍. *** സര്‍വേശ്വരനെ സ്തുതിക്കുവിന്‍; അവിടുന്നു നല്ലവനല്ലോ. അവിടുത്തെ നാമം പ്രകീര്‍ത്തിക്കുവിന്‍, അവിടുന്ന് കാരുണ്യവാനല്ലോ. അവിടുന്നു യാക്കോബിന്‍റെ സന്തതികളെ തനിക്കായും, ഇസ്രായേല്‍ജനത്തെ തന്‍റെ പ്രത്യേക അവകാശമായും തിരഞ്ഞെടുത്തിരിക്കുന്നു. അവിടുന്നു വലിയവനെന്നും നമ്മുടെ സര്‍വേശ്വരന്‍ സര്‍വ ദേവന്മാരിലും മഹോന്നതനെന്നും ഞാന്‍ അറിയുന്നു. ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും അഗാധങ്ങളിലും അവിടുന്നു തനിക്കിഷ്ടമുള്ളതു ചെയ്യുന്നു. ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് അവിടുന്നു മേഘങ്ങളെ ഉയര്‍ത്തുന്നു; മഴയ്‍ക്കായി അവിടുന്നു മിന്നല്‍പ്പിണരുകളെ അയയ്‍ക്കുന്നു അവിടുത്തെ ശ്രീഭണ്ഡാരത്തില്‍നിന്നു കാറ്റുകളെ പുറത്തുവിടുന്നു. ഈജിപ്തിലെ കടിഞ്ഞൂലുകളെ അവിടുന്നു സംഹരിച്ചു; മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ തന്നെ. അവിടുന്ന് ഈജിപ്തിന്‍റെ മധ്യത്തില്‍ ഫറവോയ്‍ക്കും അവന്‍റെ ഭൃത്യന്മാര്‍ക്കും എതിരെ, അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചു. അവിടുന്ന്, അനേകം ജനതകളെ തകര്‍ത്തു, പ്രബലരായ രാജാക്കന്മാരെ സംഹരിച്ചു. അമോര്യരുടെ രാജാവായ സീഹോനെയും ബാശാന്‍രാജാവായ ഓഗിനെയും കനാനിലെ സകല രാജാക്കന്മാരെയും തന്നെ. അവിടുന്നു അവരുടെ ദേശങ്ങള്‍ തന്‍റെ ജനമായ ഇസ്രായേലിന് അവകാശമായി നല്‌കി. സര്‍വേശ്വരാ, അവിടുത്തെ നാമം ശാശ്വതമാണ്. അവിടുത്തെ കീര്‍ത്തി എല്ലാ തലമുറകളിലും നിലനില്‌ക്കുന്നു. സര്‍വേശ്വരന്‍ സ്വജനത്തിനു നീതി നടത്തിക്കൊടുക്കും, അവിടുന്നു തന്‍റെ ദാസരോട് അനുകമ്പയുള്ളവനാകുന്നു. അന്യജനതകളുടെ വിഗ്രഹങ്ങള്‍ പൊന്നും വെള്ളിയുംകൊണ്ടു നിര്‍മ്മിച്ചവയാണ്. അവ മനുഷ്യരുടെ കരവേല മാത്രം. അവയ്‍ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല, കണ്ണുണ്ടെങ്കിലും കാണുന്നില്ല. ചെവിയുണ്ടെങ്കിലും കേള്‍ക്കുന്നില്ല, അവയുടെ വായില്‍ പ്രാണനുമില്ല. അവയെ നിര്‍മ്മിക്കുന്നവര്‍ അവയെപ്പോലെയാകുന്നു. അവയില്‍ ആശ്രയിക്കുന്നവരും അങ്ങനെതന്നെ. ഇസ്രായേല്‍ഗൃഹമേ, സര്‍വേശ്വരനെ വാഴ്ത്തുവിന്‍! അഹരോന്‍ഗൃഹമേ, സര്‍വേശ്വരനെ വാഴ്ത്തുവിന്‍. ലേവിഗൃഹമേ, സര്‍വേശ്വരനെ വാഴ്ത്തുക. അവിടുത്തെ ഭക്തന്മാരേ, സര്‍വേശ്വരനെ വാഴ്ത്തുവിന്‍. യെരൂശലേമില്‍ വസിക്കുന്ന സര്‍വേശ്വരന്‍, സീയോനില്‍ വാഴ്ത്തപ്പെടട്ടെ, സര്‍വേശ്വരനെ സ്തുതിക്കുവിന്‍. സര്‍വേശ്വരനു സ്തോത്രം അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനല്ലോ. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. ദേവാധിദേവനു സ്തോത്രം അര്‍പ്പിക്കുവിന്‍, അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. കര്‍ത്താധികര്‍ത്താവിനു സ്തോത്രം അര്‍പ്പിക്കുവിന്‍, അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്നു മാത്രമാണു മഹാദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവന്‍. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്നു ദിവ്യജ്ഞാനത്താല്‍ ആകാശത്തെ സൃഷ്‍ടിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്നു ജലത്തിന്മീതെ ഭൂമിയെ വിരിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്നു വലിയ പ്രകാശഗോളങ്ങളെ സൃഷ്‍ടിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. പകല്‍ വാഴുവാന്‍ സൂര്യനെ സൃഷ്‍ടിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. രാത്രി വാഴുവാന്‍ ചന്ദ്രനെയും നക്ഷത്രങ്ങളെയും, അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്ന് ഈജിപ്തിലെ ആദ്യജാതന്മാരെ സംഹരിച്ചു, അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്ന് അവരുടെ ഇടയില്‍നിന്ന് ഇസ്രായേല്യരെ മോചിപ്പിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. ബലമുള്ള കരംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും അവരെ വിടുവിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്നു ചെങ്കടലിനെ രണ്ടായി വിഭജിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. ഇസ്രായേല്യരെ അതിന്‍റെ നടുവിലൂടെ അവിടുന്നു നടത്തി. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. ഫറവോയെയും അയാളുടെ സൈന്യത്തെയും അവിടുന്നു ചെങ്കടലില്‍ താഴ്ത്തി. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്നു മരുഭൂമിയിലൂടെ സ്വജനത്തെ നയിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. മഹാരാജാക്കന്മാരെ അവിടുന്നു സംഹരിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. കീര്‍ത്തികേട്ട രാജാക്കന്മാരെ അവിടുന്നു നിഗ്രഹിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അമോര്യരുടെ രാജാവായ സീഹോനെയും, അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. ബാശാന്‍രാജാവായ ഓഗിനെയും അവിടുന്നു സംഹരിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവരുടെ ദേശം അവിടുന്നു സ്വജനത്തിന് അവകാശമായി കൊടുത്തു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുത്തെ ദാസരായ ഇസ്രായേല്യര്‍ക്കു തന്നെ. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. നമ്മുടെ ദുഃസ്ഥിതിയില്‍ അവിടുന്നു നമ്മെ ഓര്‍ത്തു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്നു നമ്മെ ശത്രുക്കളില്‍നിന്നു വിടുവിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്നു സകല ജീവജാലങ്ങള്‍ക്കും ആഹാരം നല്‌കുന്നു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. സ്വര്‍ഗസ്ഥനായ ദൈവത്തിനു സ്തോത്രം അര്‍പ്പിക്കുവിന്‍. അവിടുത്തെ സ്നേഹം ശാശ്വതമല്ലോ. ബാബിലോണ്‍ നദികളുടെ തീരത്തു ഞങ്ങള്‍ ഇരുന്നു, സീയോനെ ഓര്‍ത്തു ഞങ്ങള്‍ കരഞ്ഞു. അവിടെയുള്ള അലരി വൃക്ഷക്കൊമ്പുകളില്‍ ഞങ്ങള്‍ ഞങ്ങളുടെ കിന്നരങ്ങള്‍ തൂക്കിയിട്ടു. ഞങ്ങളെ ബന്ധിച്ചുകൊണ്ടുപോയവര്‍, സീയോന്‍ ഗീതങ്ങളാലപിക്കാന്‍ ഞങ്ങളോടാവശ്യപ്പെട്ടു. ഞങ്ങളെ പീഡിപ്പിച്ചവര്‍ ആ ഗീതങ്ങള്‍ ആലപിച്ച് അവരെ സന്തോഷിപ്പിക്കാന്‍ പറഞ്ഞു. അന്യദേശത്തു ഞങ്ങള്‍ എങ്ങനെ സര്‍വേശ്വരന്‍റെ ഗീതം പാടും? യെരൂശലേമേ, ഞാന്‍ നിന്നെ മറക്കുന്നെങ്കില്‍! എന്‍റെ വലങ്കൈ എന്നെ മറന്നുപോകട്ടെ. യെരൂശലേമേ, ഞാന്‍ നിന്നെ വിസ്മരിച്ചാല്‍, എന്‍റെ പരമാനന്ദമായി നിന്നെ കരുതുന്നില്ലെങ്കില്‍, എന്‍റെ നാവ് അണ്ണാക്കിനോട് ഒട്ടിപ്പോകട്ടെ. “തകര്‍ത്തുകളയുക, അടിസ്ഥാനംവരെ ഇടിച്ചുനിരത്തുക.” എന്നു യെരൂശലേമിന്‍റെ പതനനാളില്‍ എദോമ്യര്‍ പറഞ്ഞത് അങ്ങ് ഓര്‍ക്കണമേ. വിനാശം അടുത്തിരിക്കുന്ന ബാബിലോണേ, നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോടു ചെയ്യുന്നവന്‍ അനുഗൃഹീതന്‍. നിന്‍റെ കുഞ്ഞുങ്ങളെ പിടിച്ചു പാറമേല്‍ അടിക്കുന്നവന്‍ അനുഗൃഹീതന്‍. ദാവീദിന്‍റെ സങ്കീര്‍ത്തനം [1] സര്‍വേശ്വരാ, ഞാന്‍ പൂര്‍ണഹൃദയത്തോടെ അങ്ങേക്കു സ്തോത്രം അര്‍പ്പിക്കുന്നു. ദേവന്മാരുടെ മുമ്പില്‍ ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കുന്നു. ഞാന്‍ അവിടുത്തെ വിശുദ്ധമന്ദിരത്തിലേക്കു നോക്കി നമസ്കരിക്കുന്നു. അവിടുത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും നിമിത്തം, ഞാന്‍ അങ്ങേക്കു സ്തോത്രം അര്‍പ്പിക്കുന്നു. അങ്ങയുടെ നാമവും വാഗ്ദാനങ്ങളും സമുന്നതമാണ്. ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍ അവിടുന്ന് എനിക്കുത്തരമരുളി. ശക്തി പകര്‍ന്ന് അവിടുന്ന് എന്നെ ബലപ്പെടുത്തിയിരിക്കുന്നു. സര്‍വേശ്വരാ, ഭൂമിയിലെ സകല രാജാക്കന്മാരും അങ്ങയുടെ വാക്കുകള്‍ കേട്ട്, അങ്ങേക്കു സ്തോത്രം അര്‍പ്പിക്കും. സര്‍വേശ്വരന്‍റെ പ്രവൃത്തികളെക്കുറിച്ചു അവര്‍ പാടും, അവിടുത്തെ മഹത്ത്വം വലിയതാണല്ലോ. സര്‍വേശ്വരന്‍ അത്യുന്നതനെങ്കിലും എളിയവരെ കടാക്ഷിക്കുന്നു. അഹങ്കാരികളെ അവിടുന്ന് അകലെ നിന്നുതന്നെ അറിയുന്നു. കഷ്ടതകളിലൂടെ പോകേണ്ടിവന്നാലും അവിടുന്ന് എന്നെ സംരക്ഷിക്കുന്നു. എന്‍റെ ശത്രുക്കളുടെ ക്രോധത്തെ അവിടുന്നു പ്രതിരോധിക്കുന്നു. അവിടുന്നു വലങ്കൈ നീട്ടി എന്നെ രക്ഷിക്കുന്നു. എന്നെക്കുറിച്ചുള്ള തിരുഹിതം അവിടുന്നു നിറവേറ്റും. പരമനാഥാ, അവിടുത്തെ സ്നേഹം ശാശ്വതമാണ്. തൃക്കരങ്ങളുടെ സൃഷ്‍ടിയെ ഉപേക്ഷിക്കരുതേ. ഗായകസംഘനേതാവിന്; ദാവീദിന്‍റെ സങ്കീര്‍ത്തനം [1] സര്‍വേശ്വരാ, അങ്ങ് എന്നെ പരിശോധിച്ച് അറിഞ്ഞിരിക്കുന്നു, എന്‍റെ വ്യാപാരങ്ങളെല്ലാം അവിടുന്ന് അറിയുന്നു. എന്‍റെ നിരൂപണങ്ങള്‍ ദൂരത്തുനിന്ന് അവിടുന്നു ഗ്രഹിക്കുന്നു. എന്‍റെ നടപ്പും കിടപ്പും അവിടുന്നു പരിശോധിച്ചറിയുന്നു. എന്‍റെ സകല വഴിയും അവിടുന്നു നന്നായി അറിയുന്നു. ഒരു വാക്ക് എന്‍റെ നാവിലെത്തുന്നതിനു മുമ്പു തന്നെ, സര്‍വേശ്വരാ, അവിടുന്ന് അത് അറിയുന്നു. മുമ്പിലും പിമ്പിലും അവിടുന്ന് എനിക്കു കാവലായുണ്ട്. അവിടുത്തെ കരം എന്‍റെ മേലുണ്ട്. ഈ അറിവ് എനിക്ക് അത്യദ്ഭുതമാകുന്നു. എനിക്ക് അപ്രാപ്യമാംവിധം അത് ഉന്നതമായിരിക്കുന്നു. അങ്ങയെ ഒളിച്ചു ഞാന്‍ എവിടെ പോകും? തിരുസന്നിധിവിട്ടു ഞാന്‍ എവിടേക്ക് ഓടും? ഞാന്‍ സ്വര്‍ഗത്തില്‍ കയറിയാല്‍ അങ്ങ് അവിടെയുണ്ട്. പാതാളത്തില്‍ കിടക്ക വിരിച്ചാല്‍ അങ്ങ് അവിടെയുണ്ട്. ചിറകു ധരിച്ചു ഞാന്‍ കിഴക്കേ അതിര്‍ത്തിയോളം പറന്നാലും, പടിഞ്ഞാറു സമുദ്രത്തിന്‍റെ അതിര്‍ത്തിയില്‍ പോയി പാര്‍ത്താലും, അവിടെയും അങ്ങയുടെ കരങ്ങള്‍ എന്നെ നയിക്കും, അവിടുത്തെ വലങ്കൈ എന്നെ സംരക്ഷിക്കും. “അന്ധകാരം എന്നെ മൂടട്ടെ, എന്‍റെ ചുറ്റുമുള്ള പ്രകാശം ഇരുട്ടായിത്തീരട്ടെ” എന്നു ഞാന്‍ പറഞ്ഞാല്‍, കൂരിരുട്ടുപോലും അങ്ങേക്ക് ഇരുണ്ടതായിരിക്കുകയില്ല. രാത്രി പകല്‍പോലെ പ്രകാശിക്കും. ഇരുളും വെളിച്ചവും അങ്ങേക്ക് ഒരുപോലെയാണല്ലോ. അവിടുന്നാണ് എന്‍റെ അന്തരേന്ദ്രിയങ്ങള്‍ സൃഷ്‍ടിച്ചത്, അമ്മയുടെ ഉദരത്തില്‍ എന്നെ മെനഞ്ഞത് അവിടുന്നാണ്. ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കുന്നു. അവിടുന്ന് എന്നെ അദ്ഭുതകരമായി സൃഷ്‍ടിച്ചു. അവിടുത്തെ സൃഷ്‍ടികള്‍ എത്ര വിസ്മയനീയം! അവിടുന്ന് എന്നെ നന്നായി അറിയുന്നു. ഞാന്‍ നിഗൂഢതയില്‍ ഉരുവാക്കപ്പെടുകയും, ഭൂമിയുടെ അധോഭാഗങ്ങളില്‍വച്ചു സൂക്ഷ്മതയോടെ സൃഷ്‍ടിക്കപ്പെടുകയും ചെയ്തപ്പോള്‍, എന്‍റെ രൂപം അങ്ങേക്കു മറഞ്ഞിരുന്നില്ല. ഞാന്‍ പിണ്ഡാകാരമായിരുന്നപ്പോള്‍ അവിടുന്ന് എന്നെ ദര്‍ശിച്ചു. എന്‍റെ ആയുസ്സിന്‍റെ നാളുകള്‍ ഞാന്‍ ഉരുവാകുന്നതിനു മുമ്പുതന്നെ, അങ്ങ് അവിടുത്തെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നു. ദൈവമേ, അങ്ങയുടെ വിചാരങ്ങള്‍ എത്ര അഗാധം. അവ എത്രയോ വിശാലം! അവ മണല്‍ത്തരികളെക്കാള്‍ എത്രയോ അധികം? എനിക്കവ എണ്ണിത്തീര്‍ക്കാന്‍ കഴിയുകയില്ല. ഞാന്‍ ഉണരുമ്പോഴും അങ്ങയുടെകൂടെ ആയിരിക്കും. ദൈവമേ, അങ്ങു ദുഷ്ടരെ നിഗ്രഹിച്ചിരുന്നെങ്കില്‍! കൊലപാതകികള്‍ എന്നെ വിട്ടുപോയിരുന്നെങ്കില്‍! അവര്‍ അങ്ങേക്കെതിരെ ദുഷ്ടതയോടെ സംസാരിക്കുന്നു. തിരുനാമത്തെ അവര്‍ ദുഷിക്കുന്നു. അങ്ങയെ ദ്വേഷിക്കുന്നവരെ ഞാന്‍ ദ്വേഷിക്കേണ്ടതല്ലയോ? അങ്ങയെ ധിക്കരിക്കുന്നവരെ ഞാന്‍ വെറുക്കേണ്ടതല്ലയോ? ഞാന്‍ അവരെ പൂര്‍ണമായി വെറുക്കുന്നു, ഞാന്‍ അവരെ എന്‍റെ ശത്രുക്കളായി ഗണിക്കുന്നു. ദൈവമേ, എന്നെ പരിശോധിച്ച് എന്‍റെ ഹൃദയത്തെ അറിയണമേ. എന്നെ പരീക്ഷിച്ച് എന്‍റെ വിചാരങ്ങള്‍ ഗ്രഹിക്കണമേ. ദുര്‍മാര്‍ഗത്തിലാണോ ഞാന്‍ ചരിക്കുന്നത് എന്നു നോക്കണമേ. ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ. ഗായകസംഘനേതാവിന്; ദാവീദിന്‍റെ സങ്കീര്‍ത്തനം [1] സര്‍വേശ്വരാ, ദുഷ്ടരില്‍നിന്ന് എന്നെ രക്ഷിക്കണമേ, അക്രമികളില്‍നിന്ന് എന്നെ സംരക്ഷിക്കണമേ. അവര്‍ ദുഷ്ടപദ്ധതികള്‍ നിരൂപിക്കുന്നു. നിരന്തരം അവര്‍ കലഹങ്ങള്‍ ഇളക്കിവിടുന്നു. അവരുടെ നാവ് വിഷസര്‍പ്പംപോലെ മാരകമാണ്. അവരുടെ അധരങ്ങള്‍ക്കു കീഴില്‍ അണലിവിഷമുണ്ട്; സര്‍വേശ്വരാ, ദുഷ്ടന്മാരില്‍നിന്ന് എന്നെ കാത്തുകൊള്ളണമേ. എന്നെ മറിച്ചിടാന്‍ ശ്രമിക്കുന്ന അക്രമികളില്‍ നിന്ന് എന്നെ സംരക്ഷിക്കണമേ. അഹങ്കാരികള്‍ എനിക്കുവേണ്ടി കെണി ഒരുക്കിയിരിക്കുന്നു. അവര്‍ എനിക്കായി വല വിരിച്ചിരിക്കുന്നു. വഴിയരികില്‍ അവര്‍ എനിക്കു കെണി വച്ചിരിക്കുന്നു. ‘അങ്ങാണെന്‍റെ ദൈവം’ എന്നു ഞാന്‍ സര്‍വേശ്വരനോടു പറയുന്നു. പരമനാഥാ, എന്‍റെ യാചനകള്‍ക്കു മറുപടി നല്‌കിയാലും. സര്‍വേശ്വരാ, എന്‍റെ സര്‍വേശ്വരാ, എന്‍റെ മഹാരക്ഷകാ, യുദ്ധദിവസം അങ്ങ് എന്നെ ശിരോകവചം അണിയിച്ചു. പരമനാഥാ, ദുഷ്ടന്‍റെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കരുതേ; അവരുടെ ദുരുപായങ്ങള്‍ സഫലമാക്കരുതേ. എന്നെ വളഞ്ഞിരിക്കുന്നവര്‍ തല ഉയര്‍ത്തുന്നു. അവരുടെ ഭീഷണികള്‍ അവരുടെമേല്‍ പതിക്കട്ടെ. തീക്കനല്‍ അവരുടെമേല്‍ വീഴട്ടെ. എഴുന്നേല്‌ക്കാനാവാത്തവിധം അവര്‍ കുഴിയില്‍ എറിയപ്പെടട്ടെ. ഏഷണിക്കാരന്‍ ദേശത്തു നിലനില്‌ക്കാതിരിക്കട്ടെ. അക്രമിയെ അനര്‍ഥം വേഗം വേട്ടയാടി നശിപ്പിക്കട്ടെ. സര്‍വേശ്വരന്‍ പീഡിതനു നീതിയും ദരിദ്രനു ന്യായവും നടത്തിക്കൊടുക്കുന്നു എന്നു ഞാനറിയുന്നു. നീതിമാന്മാര്‍ അവിടുത്തേക്കു സ്തോത്രം അര്‍പ്പിക്കും. പരമാര്‍ഥഹൃദയമുള്ളവര്‍ തിരുസന്നിധിയില്‍ വസിക്കും. ദാവീദിന്‍റെ സങ്കീര്‍ത്തനം [1] സര്‍വേശ്വരാ, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, എന്‍റെ സഹായത്തിനായി വേഗം വരണമേ. ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ. എന്‍റെ പ്രാര്‍ഥന തിരുസന്നിധിയില്‍ ധൂപാര്‍പ്പണമായും കൈകള്‍ ഉയര്‍ത്തുന്നതു സായാഹ്നയാഗമായും സ്വീകരിക്കണമേ. സര്‍വേശ്വരാ, എന്‍റെ വായ്‍ക്കു കാവല്‍ ഏര്‍പ്പെടുത്തണമേ, എന്‍റെ നാവിനു കടിഞ്ഞാണിടണമേ. എന്‍റെ ഹൃദയം തിന്മയിലേക്കു ചായുവാന്‍ അനുവദിക്കരുതേ. ദുഷ്കര്‍മികളോടുകൂടി ദുഷ്പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ എനിക്ക് ഇടയാക്കരുതേ. അവരുടെ ഇഷ്ടഭോജ്യങ്ങള്‍ ഭക്ഷിക്കാന്‍ എനിക്ക് ഇടവരുത്തരുതേ, എന്‍റെ നന്മയ്‍ക്കുവേണ്ടി നീതിമാന്‍ എന്നെ അടിക്കുകയോ ശാസിക്കുകയോ ചെയ്യട്ടെ. എന്നാല്‍ ദുഷ്ടന്‍ എന്‍റെ ശിരസ്സില്‍ തൈലം പൂശി എന്നെ ആദരിക്കാതിരിക്കട്ടെ. അവരുടെ ദുര്‍വൃത്തികള്‍ക്കെതിരെയാണല്ലോ എന്‍റെ നിരന്തരമായ പ്രാര്‍ഥന. അവരുടെ ന്യായാധിപന്മാരെ പാറയില്‍നിന്നു താഴേക്കു തള്ളിയിടുമ്പോള്‍, എന്‍റെ വാക്കുകള്‍ സത്യമെന്നു ജനം അറിയും. വിറകു കീറിയിട്ടിരിക്കുന്നതുപോലെ, അവരുടെ അസ്ഥികള്‍ പാതാളവാതില്‌ക്കല്‍ ചിതറിക്കിടക്കും. ദൈവമായ സര്‍വേശ്വരാ, ഞാന്‍ അങ്ങയെ നോക്കുന്നു. ഞാന്‍ അങ്ങയില്‍ അഭയം തേടുന്നു. അരക്ഷിതനായി എന്നെ ഉപേക്ഷിക്കരുതേ. അവര്‍ എനിക്കുവേണ്ടി ഒരുക്കിയ കെണിയില്‍ നിന്നു, ദുഷ്ടമനുഷ്യരുടെ കെണിയില്‍നിന്നു തന്നെ, എന്നെ രക്ഷിക്കണമേ. ദുഷ്ടര്‍ സ്വന്തം വലകളില്‍തന്നെ അകപ്പെടട്ടെ. ഞാനോ രക്ഷപെടട്ടെ. ദാവീദ് ഗുഹയിലായിരുന്നപ്പോള്‍ രചിച്ച ഗീതം; ഒരു പ്രാര്‍ഥന [1] ഞാന്‍ ഉച്ചത്തില്‍ സര്‍വേശ്വരനെ വിളിച്ചപേക്ഷിക്കുന്നു. ശബ്ദം ഉയര്‍ത്തി അവിടുത്തോടു യാചിക്കുന്നു. ഞാന്‍ എന്‍റെ സങ്കടം തിരുമുമ്പില്‍ പകരുന്നു. അവിടുത്തോട് എന്‍റെ ദുരിതങ്ങള്‍ വിവരിക്കുന്നു. മനം തളരുമ്പോള്‍, ഞാന്‍ പോകേണ്ട വഴി അവിടുന്ന് അറിയുന്നു. എന്‍റെ പാതയില്‍ അവര്‍ കെണി വച്ചിരിക്കുന്നു. ഞാന്‍ വലത്തോട്ടു നോക്കി കാത്തിരിക്കുന്നു. എന്നെ ആരും ശ്രദ്ധിക്കുന്നില്ല. ഒരു ആശ്രയസ്ഥാനവും എനിക്ക് അവശേഷിക്കുന്നില്ല. ആരും എന്നെ ഗൗനിക്കുന്നുമില്ല. സര്‍വേശ്വരാ, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. “അങ്ങാണെന്‍റെ അഭയം, ജീവിക്കുന്നവരുടെ ദേശത്തെ എന്‍റെ ഓഹരിയും അവിടുന്നാകുന്നു. എന്‍റെ നിലവിളി ശ്രദ്ധിക്കണമേ, ഞാന്‍ ഏറ്റവും തകര്‍ന്നിരിക്കുന്നു. പീഡകരില്‍നിന്ന് എന്നെ രക്ഷിക്കണമേ. അവര്‍ എന്നെക്കാള്‍ ശക്തരാണല്ലോ. കാരാഗൃഹത്തില്‍നിന്ന് എന്നെ മോചിപ്പിക്കണമേ, ഞാന്‍ അങ്ങയുടെ നാമത്തിനു സ്തോത്രം അര്‍പ്പിക്കട്ടെ. അവിടുന്ന് എന്നോടു കാരുണ്യം കാണിക്കുന്നതുകൊണ്ടു, നീതിമാന്മാര്‍ എന്‍റെ ചുറ്റും കൂടും.” ദാവീദിന്‍റെ സങ്കീര്‍ത്തനം [1] സര്‍വേശ്വരാ, എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ, എന്‍റെ യാചന ശ്രദ്ധിക്കണമേ. അവിടുന്ന് എനിക്ക് ഉത്തരമരുളണമേ. അവിടുന്നു വിശ്വസ്തനും നീതിമാനുമല്ലോ. ഈ ദാസനെ ന്യായവിധിക്ക് ഏല്പിക്കരുതേ. ഒരുവനും തിരുസന്നിധിയില്‍ നീതിമാനല്ലല്ലോ. ശത്രു എന്നെ പിന്തുടരുന്നു, അവന്‍ എന്നെ പൂര്‍ണമായി കീഴ്പെടുത്തിയിരിക്കുന്നു. പണ്ടേ മരിച്ചവനെപ്പോലെ അവന്‍ എന്നെ ഇരുട്ടില്‍ തള്ളിയിരിക്കുന്നു. ഞാന്‍ ആകെ തളര്‍ന്നിരിക്കുന്നു. ഞാന്‍ നിരാശനായിത്തീര്‍ന്നിരിക്കുന്നു. കഴിഞ്ഞ നാളുകള്‍ ഞാന്‍ ഓര്‍ക്കുന്നു. അവിടുന്നു ചെയ്ത എല്ലാ പ്രവൃത്തികളെയും ഞാന്‍ ധ്യാനിക്കുന്നു. അവിടുത്തെ പ്രവൃത്തികള്‍ ഞാന്‍ ചിന്തിക്കുന്നു. ഞാന്‍ അങ്ങയുടെ അടുക്കലേക്കു കൈകള്‍ നീട്ടുന്നു. ഉണങ്ങിവരണ്ട നിലംപോലെ ഞാന്‍ അങ്ങേക്കായി ദാഹിക്കുന്നു. സര്‍വേശ്വരാ, വേഗം എനിക്ക് ഉത്തരമരുളണമേ. ഞാന്‍ ആകെ തളര്‍ന്നിരിക്കുന്നു. അങ്ങയുടെ മുഖം എന്നില്‍നിന്നു മറയ്‍ക്കരുതേ. അല്ലെങ്കില്‍ ഞാന്‍ പാതാളത്തില്‍ പതിക്കുന്നവരെപ്പോലെ ആകുമല്ലോ. പ്രഭാതത്തില്‍ അങ്ങയുടെ അചഞ്ചലസ്നേഹത്തെക്കുറിച്ച് എന്നെ കേള്‍പ്പിക്കണമേ. ഞാന്‍ അങ്ങയില്‍ ആശ്രയിക്കുന്നുവല്ലോ. ഞാന്‍ പോകേണ്ട വഴി എനിക്കു കാണിച്ചു തരണമേ. അങ്ങയോടാണല്ലോ ഞാന്‍ പ്രാര്‍ഥിക്കുന്നത്. സര്‍വേശ്വരാ, ശത്രുക്കളില്‍നിന്ന് എന്നെ രക്ഷിക്കണമേ. അഭയം തേടി ഞാന്‍ അങ്ങയുടെ അടുക്കലേക്ക് ഓടിവരുന്നു. തിരുഹിതം നിറവേറ്റാന്‍ എന്നെ പഠിപ്പിക്കണമേ. അവിടുന്നാണല്ലോ എന്‍റെ ദൈവം. അങ്ങയുടെ നല്ല ആത്മാവ് എന്നെ സുരക്ഷിതമായ പാതയിലൂടെ നയിക്കട്ടെ. സര്‍വേശ്വരാ, തിരുനാമത്തെപ്രതി എന്നെ പരിപാലിക്കണമേ. അവിടുത്തെ നീതിയാല്‍ എന്നെ കഷ്ടതയില്‍ നിന്നു വിടുവിക്കണമേ. എന്നോടുള്ള അവിടുത്തെ അചഞ്ചലസ്നേഹത്താല്‍, എന്‍റെ ശത്രുക്കളെ സംഹരിക്കണമേ. എന്‍റെ സകല വൈരികളെയും നശിപ്പിക്കണമേ. ഞാന്‍ അങ്ങയുടെ ദാസനല്ലോ. ദാവീദിന്‍റെ സങ്കീര്‍ത്തനം [1] എന്‍റെ അഭയശിലയായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ. അവിടുന്ന് എന്നെ യുദ്ധമുറകള്‍ പരിശീലിപ്പിക്കുന്നു. പട പൊരുതാന്‍ എന്നെ അഭ്യസിപ്പിക്കുന്നു. അവിടുന്ന് എന്‍റെ അഭയശിലയും എന്‍റെ കോട്ടയുമാണ്. എന്‍റെ അഭയസങ്കേതവും രക്ഷകനും പരിചയും അവിടുന്നാണ്, അങ്ങയില്‍ ഞാന്‍ ശരണപ്പെടുന്നു. അവിടുന്നു ജനതകളെ കീഴടക്കുന്നു. സര്‍വേശ്വരാ, അവിടുന്നു മനുഷ്യനെ ഓര്‍ക്കുവാന്‍ അവന് എന്തു മേന്മ? അവിടുത്തെ പരിഗണന ലഭിക്കുവാന്‍ അവന് എന്ത് അര്‍ഹത? മനുഷ്യന്‍ ഒരു ശ്വാസത്തിനു തുല്യനാണ്; അവന്‍റെ ജീവിതം കടന്നുപോകുന്ന നിഴല്‍ പോലെയാകുന്നു. സര്‍വേശ്വരാ, അങ്ങ് ആകാശം ഭേദിച്ചു ഇറങ്ങിവരണമേ. അവിടുന്നു പര്‍വതങ്ങളെ സ്പര്‍ശിക്കണമേ; അവ പുകയട്ടെ. അവിടുന്നു മിന്നല്‍ അയച്ചു ശത്രുക്കളെ ചിതറിക്കണമേ, അസ്ത്രങ്ങള്‍ അയച്ച് അവരെ തുരത്തണമേ. അവിടുന്ന് ഉയരത്തില്‍നിന്നു കൈ നീട്ടി, പെരുവെള്ളത്തില്‍നിന്ന് എന്നെ വലിച്ചെടുക്കണമേ. അന്യജനതകളുടെ പിടിയില്‍നിന്ന് എന്നെ രക്ഷിക്കണമേ. അവര്‍ വ്യാജം സംസാരിക്കുന്നു. വലങ്കൈ ഉയര്‍ത്തി കള്ളസ്സത്യം ചെയ്യുന്നു. ദൈവമേ, ഞാന്‍ അങ്ങേക്കു പുതിയ പാട്ടു പാടും. പത്തു കമ്പിയുള്ള വീണ മീട്ടി ഞാന്‍ അങ്ങയെ സ്തുതിക്കും. അവിടുന്നാണ് രാജാക്കന്മാര്‍ക്കു വിജയം നല്‌കുന്നത്. അവിടുന്നാണ് അവിടുത്തെ ദാസനായ ദാവീദിനെ രക്ഷിക്കുന്നത്. ക്രൂരരായ ശത്രുക്കളില്‍നിന്ന് എന്നെ രക്ഷിക്കണമേ. വിജാതീയരുടെ കൈയില്‍നിന്ന് എന്നെ മോചിപ്പിക്കണമേ. അവര്‍ വ്യാജം സംസാരിക്കുന്നു. വലങ്കൈ ഉയര്‍ത്തി കള്ളസ്സത്യം ചെയ്യുന്നു. ഞങ്ങളുടെ പുത്രന്മാര്‍ മുളയിലേ തഴച്ചുവളരുന്ന ചെടികള്‍പോലെയും ഞങ്ങളുടെ പുത്രിമാര്‍ കൊട്ടാരത്തിലെ ശില്പസുന്ദരമായ തൂണുകള്‍പോലെയും ആയിരിക്കട്ടെ. എല്ലാവിധ ധാന്യങ്ങള്‍കൊണ്ടും ഞങ്ങളുടെ കളപ്പുരകള്‍ നിറഞ്ഞിരിക്കട്ടെ. ഞങ്ങളുടെ ആടുകള്‍ മേച്ചില്‍പ്പുറങ്ങളില്‍ ആയിരവും പതിനായിരവുമായി പെരുകട്ടെ. ഞങ്ങളുടെ കന്നുകാലികള്‍ വന്ധ്യതയോ അകാലപ്രസവമോ ഇല്ലാതെ സമൃദ്ധമായി വര്‍ധിക്കട്ടെ. ഞങ്ങളുടെ തെരുവീഥികളില്‍ ദീനരോദനം കേള്‍ക്കാതിരിക്കട്ടെ. ഇപ്രകാരം അനുഗ്രഹിക്കപ്പെട്ട ജനം ഭാഗ്യമുള്ളത്. സര്‍വേശ്വരന്‍ ദൈവമായുള്ള ജനത അനുഗ്രഹിക്കപ്പെട്ടത്. ദാവീദിന്‍റെ സങ്കീര്‍ത്തനം [1] “എന്‍റെ ദൈവവും രാജാവും ആയ അങ്ങയെ ഞാന്‍ പ്രകീര്‍ത്തിക്കും. തിരുനാമത്തെ ഞാന്‍ എന്നും വാഴ്ത്തും. ദിനംതോറും അങ്ങയെ ഞാന്‍ സ്തുതിക്കും; തിരുനാമത്തെ ഞാന്‍ എന്നേക്കും പ്രകീര്‍ത്തിക്കും. സര്‍വേശ്വരന്‍ വലിയവനും അത്യന്തം സ്തുത്യനുമാണ്. അവിടുത്തെ മഹത്ത്വം ബുദ്ധിക്ക് അഗോചരമത്രേ. തലമുറ അടുത്ത തലമുറയോട് അവിടുത്തെ പ്രവൃത്തികളെ പ്രഘോഷിക്കും. അങ്ങു പ്രവര്‍ത്തിച്ച മഹാകാര്യങ്ങള്‍ അവര്‍ പ്രസ്താവിക്കും. അവിടുത്തെ പ്രതാപത്തിന്‍റെ തേജസ്സുറ്റ മഹത്ത്വത്തെയും അദ്ഭുതപ്രവൃത്തികളെയും ഞാന്‍ ധ്യാനിക്കും. അങ്ങയുടെ വിസ്മയാവഹമായ പ്രവൃത്തികളുടെ ശക്തിയെപ്പറ്റി, മനുഷ്യര്‍ പ്രസ്താവിക്കും. അങ്ങയുടെ മഹത്ത്വം ഞാന്‍ പ്രഘോഷിക്കും. അവിടുത്തെ ബഹുലമായ നന്മയെ അവര്‍ പ്രകീര്‍ത്തിക്കും. അവര്‍ അങ്ങയുടെ നീതിയെക്കുറിച്ച് ഉച്ചത്തില്‍ പാടും. സര്‍വേശ്വരന്‍ കാരുണ്യവാനും കൃപാലുവുമാകുന്നു. അവിടുന്നു ക്ഷമിക്കുന്നവനും സ്നേഹസമ്പന്നനുമാണ്. സര്‍വേശ്വരന്‍ എല്ലാവര്‍ക്കും നല്ലവനാകുന്നു. തന്‍റെ സര്‍വസൃഷ്‍ടികളോടും അവിടുന്നു കരുണ കാണിക്കുന്നു. പരമനാഥാ, അങ്ങയുടെ സകല സൃഷ്‍ടികളും അങ്ങേക്കു സ്തോത്രം അര്‍പ്പിക്കും. അങ്ങയുടെ സകല ഭക്തന്മാരും അങ്ങയെ വാഴ്ത്തും. അങ്ങയുടെ രാജ്യത്തിന്‍റെ മഹത്ത്വത്തെക്കുറിച്ച് അവര്‍ സംസാരിക്കും. അങ്ങയുടെ ശക്തിയെ അവര്‍ വിവരിക്കും. അങ്ങനെ അവര്‍ അങ്ങയുടെ ശക്തമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, അങ്ങയുടെ രാജ്യത്തിന്‍റെ മഹത്ത്വപൂര്‍വമായ പ്രതാപത്തെക്കുറിച്ചും, എല്ലാ മനുഷ്യരെയും അറിയിക്കും. അങ്ങയുടെ രാജത്വം ശാശ്വതമാണ്. അങ്ങയുടെ ആധിപത്യം എന്നേക്കും നിലനില്‌ക്കുന്നു. വാഗ്ദാനങ്ങളില്‍ അവിടുന്നു വിശ്വസ്തനാകുന്നു. സകല പ്രവൃത്തികളിലും അവിടുന്നു കൃപാലുവുമാകുന്നു. നിരാശരായിരിക്കുന്നവരെ സര്‍വേശ്വരന്‍ സഹായിക്കുന്നു. വീണുപോകുന്നവരെ അവിടുന്നു എഴുന്നേല്പിക്കുന്നു. എല്ലാവരും അങ്ങയെ പ്രത്യാശയോടെ നോക്കുന്നു. യഥാസമയം അങ്ങ് അവര്‍ക്ക് ആഹാരം കൊടുക്കുന്നു. തൃക്കൈ തുറന്നു നല്‌കുമ്പോള്‍ അവര്‍ സംതൃപ്തരാകുന്നു. സകല വഴികളിലും അവിടുന്നു നീതിനിഷ്ഠനും, സകല പ്രവൃത്തികളിലും അവിടുന്നു കൃപാലുവുമാകുന്നു. സര്‍വേശ്വരന്‍ തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക് പരമാര്‍ഥഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്കു സമീപസ്ഥനാകുന്നു. അവിടുത്തെ ഭക്തന്മാരുടെ ആഗ്രഹം അവിടുന്നു നിറവേറ്റുന്നു. അവരുടെ നിലവിളി കേട്ട് അവരെ രക്ഷിക്കുന്നു. തന്നെ സ്നേഹിക്കുന്ന ഏവരെയും അവിടുന്നു പരിപാലിക്കുന്നു. എന്നാല്‍ സകല ദുഷ്ടന്മാരെയും അവിടുന്നു നശിപ്പിക്കും. ഞാന്‍ സര്‍വേശ്വരനെ പ്രകീര്‍ത്തിക്കും. സര്‍വജീവജാലങ്ങളും അവിടുത്തെ വിശുദ്ധനാമത്തെ വാഴ്ത്തട്ടെ! സര്‍വേശ്വരനെ സ്തുതിക്കുവിന്‍, എന്‍റെ ആത്മാവേ, സര്‍വേശ്വരനെ സ്തുതിക്കുക, എന്‍റെ ആയുഷ്കാലം മുഴുവന്‍ ഞാന്‍ സര്‍വേശ്വരനെ സ്തുതിക്കും. ജീവകാലം മുഴുവന്‍ ഞാന്‍ എന്‍റെ ദൈവത്തിനു സ്തുതിഗീതം പാടും. പ്രഭുക്കന്മാരില്‍ ആശ്രയം വയ്‍ക്കരുത്; മനുഷ്യരില്‍ ശരണപ്പെടരുത്; അവര്‍ക്ക് സഹായിക്കാന്‍ കഴിയുകയില്ല. ശ്വാസം പോകുമ്പോള്‍ അവര്‍ മണ്ണിലേക്കു മടങ്ങുന്നു. അതോടെ അവരുടെ പദ്ധതികളും ഇല്ലാതാകുന്നു. യാക്കോബിന്‍റെ ദൈവം തുണയായിട്ടുള്ളവന്‍, തന്‍റെ ദൈവമായ സര്‍വേശ്വരനില്‍ പ്രത്യാശ വയ്‍ക്കുന്നവന്‍, അനുഗൃഹീതന്‍. അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്‍ടിച്ചത്. അവിടുന്ന് എന്നേക്കും വിശ്വസ്തത പാലിക്കുന്നു. അവിടുന്നു പീഡിതര്‍ക്ക് നീതി നടത്തിക്കൊടുക്കുന്നു. വിശക്കുന്നവര്‍ക്ക് ആഹാരം നല്‌കുന്നു. സര്‍വേശ്വരന്‍ ബദ്ധരെ മോചിപ്പിക്കുന്നു. സര്‍വേശ്വരന്‍ അന്ധര്‍ക്കു കാഴ്ച നല്‌കുന്നു. അവിടുന്നു കൂനുള്ളവരെ നേരെ നില്‌ക്കുമാറാക്കുന്നു, നീതിമാന്മാരെ സ്നേഹിക്കുന്നു. സര്‍വേശ്വരന്‍ പരദേശികളെ പരിപാലിക്കുന്നു. അനാഥരെയും വിധവകളെയും അവിടുന്നു സംരക്ഷിക്കുന്നു. എന്നാല്‍ അവിടുന്നു ദുഷ്ടന്മാരുടെ വഴികളെ നാശത്തിലേക്കു നയിക്കുന്നു. സര്‍വേശ്വരന്‍ എന്നേക്കും രാജാവായി വാഴുന്നു. സീയോനേ, നിന്‍റെ ദൈവം എക്കാലവും വാഴും. സര്‍വേശ്വരനെ സ്തുതിക്കുവിന്‍. സര്‍വേശ്വരനെ സ്തുതിക്കുവിന്‍! നമ്മുടെ ദൈവത്തിനു സ്തുതിഗീതം ആലപിക്കുന്നത് എത്ര ഉചിതം! കാരുണ്യവാനായ അവിടുത്തെ പാടി സ്തുതിക്കുന്നത് ഉചിതംതന്നെ. സര്‍വേശ്വരന്‍ യെരൂശലേമിനെ പണിയുന്നു. അവിടുന്നു പ്രവാസികളായ ഇസ്രായേല്യരെ തിരികെ കൊണ്ടുവരുന്നു. മനം തകര്‍ന്നവര്‍ക്ക് അവിടുന്നു സൗഖ്യം നല്‌കുന്നു. അവരുടെ മുറിവുകള്‍ വച്ചുകെട്ടുന്നു. അവിടുന്നു നക്ഷത്രങ്ങളുടെ എണ്ണം നിശ്ചയിക്കുന്നു. അവയ്‍ക്കെല്ലാം അവിടുന്നു പേരു നല്‌കുന്നു. നമ്മുടെ സര്‍വേശ്വരന്‍ വലിയവനും സര്‍വശക്തനുമാകുന്നു. അവിടുത്തെ ജ്ഞാനത്തിന് അതിരില്ല. സര്‍വേശ്വരന്‍ എളിയവരെ ഉയര്‍ത്തുന്നു. അവിടുന്നു ദുഷ്ടരെ നിലംപരിചാക്കുന്നു. സര്‍വേശ്വരനു സ്തോത്രഗീതം ആലപിക്കുവിന്‍; കിന്നരം മീട്ടി നമ്മുടെ ദൈവത്തെ സ്തുതിക്കുവിന്‍; അവിടുന്നു ആകാശത്തെ മേഘംകൊണ്ടു മൂടുന്നു അവിടുന്നു ഭൂമിക്കു മഴ നല്‌കുന്നു. മലകളില്‍ പുല്ലു മുളപ്പിക്കുന്നു. അവിടുന്നു മൃഗങ്ങള്‍ക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങള്‍ക്കും ആഹാരം നല്‌കുന്നു. അശ്വബലത്തിലോ യോദ്ധാക്കളുടെ ഭുജബലത്തിലോ അവിടുന്നു സന്തോഷിക്കുന്നില്ല. അവിടുത്തെ ഭയപ്പെടുകയും അവിടുത്തെ അചഞ്ചലസ്നേഹത്തില്‍ ശരണപ്പെടുകയും ചെയ്യുന്നവരിലാണ് സര്‍വേശ്വരന്‍ പ്രസാദിക്കുന്നത്. യെരൂശലേമേ, സര്‍വേശ്വരനെ സ്തുതിക്കുക, സീയോനേ, നിന്‍റെ ദൈവത്തെ പ്രകീര്‍ത്തിക്കുക. അവിടുന്നു നിന്‍റെ കവാടങ്ങളുടെ ഓടാമ്പലുകളെ ഉറപ്പിക്കുന്നു. നിന്‍റെ കോട്ടയ്‍ക്കുള്ളിലെ ജനത്തെ അവിടുന്നു അനുഗ്രഹിക്കുന്നു. അവിടുന്നു നിന്‍റെ അതിര്‍ത്തികളില്‍ സമാധാനം കൈവരുത്തുന്നു. മേത്തരം കോതമ്പുകൊണ്ടു നിനക്കു തൃപ്തി വരുത്തുന്നു. സര്‍വേശ്വരന്‍ ഭൂമിയിലേക്ക് ആജ്ഞ അയയ്‍ക്കുന്നു. അവിടുത്തെ വചനം പാഞ്ഞെത്തുന്നു. അവിടുന്നു പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു. ചാരംപോലെ തൂമഞ്ഞ് വിതറുന്നു. അവിടുന്ന് മഞ്ഞുകട്ട അപ്പംപോലെ വീഴ്ത്തുന്നു. അവിടുന്ന് അയയ്‍ക്കുന്ന ശൈത്യം സഹിച്ചുനില്‌ക്കാന്‍ ആര്‍ക്കു കഴിയും? അവിടുത്തെ കല്പനയാല്‍ അവ ഉരുകുന്നു. അവിടുന്നു കാറ്റടിപ്പിച്ചു വെള്ളത്തെ ഒഴുക്കുന്നു. അവിടുന്നു യാക്കോബ്‍വംശജര്‍ക്കു തന്‍റെ കല്പനകളും ഇസ്രായേല്‍ജനത്തിനു തന്‍റെ ചട്ടങ്ങളും പ്രമാണങ്ങളും നല്‌കുന്നു. മറ്റൊരു ജനതയ്‍ക്കുവേണ്ടിയും അവിടുന്ന് ഇങ്ങനെ പ്രവര്‍ത്തിച്ചിട്ടില്ല. അവിടുത്തെ പ്രമാണങ്ങള്‍ അവര്‍ക്ക് അറിഞ്ഞുകൂടാ, സര്‍വേശ്വരനെ സ്തുതിക്കുവിന്‍! സര്‍വേശ്വരനെ സ്തുതിക്കുവിന്‍, സ്വര്‍ഗത്തില്‍നിന്നു സര്‍വേശ്വരനെ സ്തുതിക്കുവിന്‍. ഉന്നതങ്ങളില്‍നിന്ന് അവിടുത്തെ സ്തുതിക്കുവിന്‍. അവിടുത്തെ ദൂതന്മാരേ, സര്‍വേശ്വരനെ സ്തുതിക്കുവിന്‍. സ്വര്‍ഗീയ സേനകളേ, അവിടുത്തെ സ്തുതിക്കുവിന്‍. സൂര്യചന്ദ്രന്മാരേ, അവിടുത്തെ സ്തുതിക്കുവിന്‍ മിന്നുന്ന നക്ഷത്രങ്ങളേ, അവിടുത്തെ സ്തുതിക്കുവിന്‍ അത്യുന്നത സ്വര്‍ഗമേ, അവിടുത്തെ സ്തുതിക്കുവിന്‍. ആകാശത്തിനു മീതെയുള്ള ജലരാശിയേ, അവിടുത്തെ സ്തുതിക്കുവിന്‍. അവ സര്‍വേശ്വരന്‍റെ നാമത്തെ സ്തുതിക്കട്ടെ. അവിടുന്നു കല്പിച്ചു, അവ സൃഷ്‍ടിക്കപ്പെട്ടു. അവിടുന്ന് അവയെ ശാശ്വതമായി സ്ഥാപിച്ചിരിക്കുന്നു. അവയ്‍ക്ക് അലംഘനീയമായ അതിര്‍ത്തികള്‍ അവിടുന്നു നിശ്ചയിച്ചിരിക്കുന്നു. ഭൂമിയില്‍നിന്നു സര്‍വേശ്വരനെ സ്തുതിക്കുവിന്‍. കടലിലെ ഭീകരജന്തുക്കളും അഗാധങ്ങളും അവിടുത്തെ സ്തുതിക്കട്ടെ. അഗ്നിയും കന്മഴയും മഞ്ഞും പൊടിമഞ്ഞും അവിടുത്തെ ആജ്ഞ നിറവേറ്റുന്ന കൊടുങ്കാറ്റും അവിടുത്തെ സ്തുതിക്കട്ടെ. പര്‍വതങ്ങളും കുന്നുകളും ഫലവൃക്ഷങ്ങളും ദേവദാരുക്കളും മൃഗങ്ങളും കന്നുകാലികളും ഇഴജന്തുക്കളും പറവകളും സര്‍വേശ്വരനെ സ്തുതിക്കട്ടെ. ഭൂമിയിലെ രാജാക്കന്മാരും ജനതകളും പ്രഭുക്കന്മാരും അധിപതികളും അവിടുത്തെ സ്തുതിക്കട്ടെ. യുവാക്കളും യുവതികളും വൃദ്ധരും കുട്ടികളും സര്‍വേശ്വരന്‍റെ നാമത്തെ സ്തുതിക്കട്ടെ. അവിടുത്തെ നാമം മാത്രമാണ് അത്യുന്നതം. അവിടുത്തെ മഹത്ത്വം ഭൂമിയെയും ആകാശത്തെയുംകാള്‍ ഉയര്‍ന്നിരിക്കുന്നു. അവിടുന്നു തന്‍റെ ജനത്തിന് ഒരു കൊമ്പ് ഉയര്‍ത്തിയിരിക്കുന്നു. തന്നോടു ചേര്‍ന്നു നില്‌ക്കുന്ന ഇസ്രായേല്‍ജനത്തിന്‍റെ മഹത്ത്വത്തിനായി തന്നെ. സര്‍വേശ്വരനെ സ്തുതിക്കുവിന്‍! സര്‍വേശ്വരനെ സ്തുതിക്കുവിന്‍, സര്‍വേശ്വരന് ഒരു പുതിയ പാട്ടു പാടുവിന്‍. ഭക്തന്മാരുടെ സഭയില്‍ അവിടുത്തെ പ്രകീര്‍ത്തിക്കുവിന്‍. ഇസ്രായേല്‍ തങ്ങളുടെ സ്രഷ്ടാവില്‍ സന്തോഷിക്കട്ടെ. സീയോന്‍നിവാസികള്‍ തങ്ങളുടെ രാജാവില്‍ ആനന്ദിക്കട്ടെ. അവര്‍ നൃത്തം ചെയ്തുകൊണ്ടു തിരുനാമത്തെ സ്തുതിക്കട്ടെ. തപ്പു കൊട്ടിയും കിന്നരം മീട്ടിയും അവര്‍ അവിടുത്തെ പ്രകീര്‍ത്തിക്കട്ടെ. സര്‍വേശ്വരന്‍ തന്‍റെ ജനത്തില്‍ പ്രസാദിക്കുന്നു എളിയവരെ അവിടുന്നു വിജയം അണിയിക്കുന്നു. ഭക്തന്മാര്‍ തങ്ങളുടെ വിജയത്തില്‍ ആഹ്ലാദിക്കട്ടെ. അവര്‍ തങ്ങളുടെ ശയ്യകളില്‍ ആനന്ദംകൊണ്ടു പാടട്ടെ. അവര്‍ ഇരുവായ്ത്തലയുള്ള വാള്‍ കൈയിലേന്തി ഉച്ചത്തില്‍ ദൈവത്തെ സ്തുതിക്കട്ടെ. ജനതകളുടെമേല്‍ പ്രതികാരം നടത്താനും രാജ്യങ്ങള്‍ക്കു ശിക്ഷ നല്‌കാനും അവരുടെ രാജാക്കന്മാരെ ചങ്ങലകൊണ്ടും പ്രഭുക്കന്മാരെ ഇരുമ്പുവിലങ്ങുകൊണ്ടും ബന്ധിക്കേണ്ടതിനും തന്നെ. അങ്ങനെ എഴുതപ്പെട്ടിരിക്കുന്ന ന്യായവിധി അവരുടെമേല്‍ നടത്തട്ടെ. ഇത് അവിടുത്തെ സകല ഭക്തന്മാര്‍ക്കും മഹത്ത്വകരമാണ്. സര്‍വേശ്വരനെ സ്തുതിക്കുവിന്‍. സര്‍വേശ്വരനെ സ്തുതിക്കുവിന്‍. വിശുദ്ധമന്ദിരത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍; ബലിഷ്ഠമായ ആകാശവിതാനത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍. തന്‍റെ വീര്യപ്രവൃത്തികള്‍ നിമിത്തം അവിടുത്തെ സ്തുതിക്കുവിന്‍. തന്‍റെ അളവറ്റ മഹത്ത്വത്തിനു ചേര്‍ന്നവിധം അവിടുത്തെ സ്തുതിക്കുവിന്‍. കാഹളനാദത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍; വീണയും കിന്നരവും മീട്ടി അവിടുത്തെ സ്തുതിക്കുവിന്‍. തപ്പു കൊട്ടിയും നൃത്തം ചെയ്തും അവിടുത്തെ സ്തുതിക്കുവിന്‍. തന്ത്രികളും കുഴലുകളുംകൊണ്ട് അവിടുത്തെ സ്തുതിക്കുവിന്‍. ഇലത്താളം കൊട്ടി അവിടുത്തെ സ്തുതിക്കുവിന്‍; ഉച്ചനാദമുള്ള ഇലത്താളം കൊട്ടി അവിടുത്തെ സ്തുതിക്കുവിന്‍. സര്‍വജീവജാലങ്ങളും സര്‍വേശ്വരനെ സ്തുതിക്കട്ടെ; സര്‍വേശ്വരനെ സ്തുതിക്കുവിന്‍. ഇസ്രായേല്‍രാജാവും ദാവീദിന്‍റെ പുത്രനുമായ ശലോമോന്‍റെ സുഭാഷിതങ്ങള്‍: മനുഷ്യര്‍ക്ക് ജ്ഞാനവും പ്രബോധനവും ലഭിക്കാനും ഉള്‍ക്കാഴ്ച നല്‌കുന്ന വാക്കുകള്‍ ഗ്രഹിക്കാനും വിവേകപൂര്‍വമായ ജീവിതം, നീതി, ന്യായം, സത്യസന്ധത എന്നിവ പരിശീലിക്കാനും ഇവ ഉപകരിക്കും. ചഞ്ചലന്മാര്‍ക്കു വിവേകവും യുവാക്കള്‍ക്കു ജ്ഞാനവും ലഭിക്കാനും ഈ സുഭാഷിതങ്ങള്‍ പ്രയോജനപ്പെടും. ഇതു കേട്ട് ജ്ഞാനമുള്ളവന്‍റെ അറിവു വര്‍ധിക്കും. വിവേകശാലിക്ക് മാര്‍ഗദര്‍ശനം ലഭിക്കും. അങ്ങനെ അവര്‍ക്ക് സുഭാഷിതവും ആലങ്കാരിക പ്രയോഗങ്ങളും പ്രതിരൂപ വചനങ്ങളും വൈജ്ഞാനിക സൂക്തങ്ങളും ഗ്രഹിക്കാന്‍ കഴിയും. ദൈവഭക്തി ജ്ഞാനത്തിന്‍റെ ഉറവിടം ആകുന്നു. ജ്ഞാനവും പ്രബോധനവും വെറുക്കുന്നവര്‍ ഭോഷന്മാരാകുന്നു. മകനേ, നിന്‍റെ പിതാവിന്‍റെ പ്രബോധനം കേള്‍ക്കുക, മാതാവിന്‍റെ ഉപദേശം തള്ളിക്കളകയുമരുത്. അവ നിന്‍റെ ശിരസ്സിന് അലങ്കാരവും കഴുത്തിന് ആഭരണവും ആയിരിക്കും. മകനേ, പാപികളുടെ പ്രലോഭനത്തിനു നീ വശംവദനാകരുത്. അവര്‍ പറഞ്ഞേക്കാം: “ഞങ്ങളുടെ കൂടെ വരിക; നമുക്ക് പതിയിരുന്ന് കൊലപാതകം നടത്താം, ഒളിച്ചിരുന്ന് നിഷ്കളങ്കനെ തോന്നിയതുപോലെ കടന്നാക്രമിക്കാം. പാതാളം എന്നപോലെ നമുക്ക് അവരെ ജീവനോടെ വിഴുങ്ങാം. അവര്‍ അഗാധഗര്‍ത്തത്തില്‍ പതിക്കുന്നവരെപ്പോലെയാകും. നമുക്കു വിലയേറിയ സമ്പത്തു ലഭിക്കും. കൊള്ളമുതല്‍കൊണ്ടു നമ്മുടെ വീടുകള്‍ നിറയ്‍ക്കാം. നീ ഞങ്ങളുടെ പങ്കാളിയാകുക. നമുക്കു പണസ്സഞ്ചി ഒന്നേ ഉണ്ടായിരിക്കൂ.” മകനേ, നീ അവരുടെ വഴിയേ പോകരുത്. അവരുടെ പാതയില്‍നിന്ന് ഒഴിഞ്ഞു നില്‌ക്കുക. അവര്‍ തിന്മ ചെയ്യാന്‍ വെമ്പല്‍കൊള്ളുന്നു. രക്തം ചിന്താന്‍ തിടുക്കം കൂട്ടുന്നു. പക്ഷി കാണ്‍കെ വല വിരിക്കുന്നതു നിഷ്പ്രയോജനമാണല്ലോ; എന്നാല്‍ ഇവര്‍ സ്വന്തം ജീവനുവേണ്ടി കെണിവയ്‍ക്കുന്നു. അക്രമത്തിലൂടെ നേട്ടമുണ്ടാക്കുന്നവരുടെ ഗതി ഇതാണ്. അത് അവരുടെ ജീവന്‍ അപഹരിക്കും. ജ്ഞാനം തെരുവീഥിയില്‍നിന്ന് ഉച്ചത്തില്‍ ഘോഷിക്കുന്നു; ചന്തസ്ഥലങ്ങളില്‍ അവള്‍ തന്‍റെ ശബ്ദം കേള്‍പ്പിക്കുന്നു; മതിലുകളുടെ മുകളില്‍ നിന്നുകൊണ്ട് അവള്‍ ഉദ്ഘോഷിക്കുന്നു. നഗരകവാടങ്ങളില്‍നിന്ന് അവള്‍ പ്രസ്താവിക്കുന്നു. അവിവേകികളേ, എത്രകാലം നിങ്ങള്‍ അവിവേകം വച്ചു പുലര്‍ത്തും? പരിഹാസികള്‍ എത്രകാലം തങ്ങളുടെ പരിഹാസത്തില്‍ രസിക്കും? ഭോഷന്മാരേ, എത്രകാലം നിങ്ങള്‍ ജ്ഞാനത്തെ വെറുക്കും? എന്‍റെ ശാസനം ശ്രദ്ധിക്കുക; ഇതാ, ഞാന്‍ എന്‍റെ ചിന്തകള്‍ നിങ്ങള്‍ക്കു പകര്‍ന്നുതരുന്നു; എന്‍റെ വചനങ്ങള്‍ നിങ്ങള്‍ക്കു ഞാന്‍ വെളിവാക്കിത്തരുന്നു. ഞാന്‍ വിളിച്ചിട്ടു നിങ്ങള്‍ ശ്രദ്ധിച്ചില്ലല്ലോ? ഞാന്‍ കൈ നീട്ടിയെങ്കിലും ആരും കൂട്ടാക്കിയില്ലല്ലോ? എന്‍റെ സകല ആലോചനകളും നിങ്ങള്‍ അവഗണിച്ചു; എന്‍റെ ശാസനകളെ നിരാകരിച്ചു. അതുകൊണ്ട് നിങ്ങളുടെ അനര്‍ഥത്തില്‍ ഞാന്‍ ആഹ്ലാദിക്കും; നിങ്ങള്‍ സംഭീതരാകുമ്പോള്‍ ഞാന്‍ നിങ്ങളെ പരിഹസിക്കും; നിങ്ങളെ കൊടുംഭീതി കൊടുങ്കാറ്റുപോലെയും അനര്‍ഥം ചുഴലിക്കാറ്റുപോലെയും ആഞ്ഞടിച്ച് നിങ്ങള്‍ക്ക് കഷ്ടതയും കഠിനവേദനയും ഉണ്ടാകുമ്പോള്‍ ഞാന്‍ നിങ്ങളെ പരിഹസിക്കും. അപ്പോള്‍ നിങ്ങള്‍ എന്നെ വിളിക്കും; ഞാന്‍ ഉത്തരം നല്‌കുകയില്ല. നിങ്ങള്‍ ജാഗ്രതയോടെ എന്നെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല. നിങ്ങള്‍ ജ്ഞാനത്തെ വെറുത്തു; ദൈവഭക്തി തള്ളിക്കളഞ്ഞു. നിങ്ങള്‍ എന്‍റെ ഉപദേശം വകവച്ചില്ല എന്‍റെ ശാസന നിരസിച്ചു, സ്വന്തം പ്രവൃത്തികളുടെ ഫലം നിങ്ങള്‍ അനുഭവിക്കും. നിങ്ങളുടെ ഉപായങ്ങളില്‍ നിങ്ങള്‍ക്ക് മടുപ്പുതോന്നും. എന്നെ ഉപേക്ഷിച്ചതുമൂലം അവിവേകികള്‍ കൊല്ലപ്പെടും. ഭോഷന്മാരുടെ അലംഭാവം അവരെ നശിപ്പിക്കും. എന്നാല്‍ എന്‍റെ വാക്കു ശ്രദ്ധിക്കുന്നവന്‍ സുരക്ഷിതനായി വസിക്കും. അനര്‍ഥഭയം കൂടാതെ അവന്‍ സ്വൈരമായിരിക്കും. മകനേ, ജ്ഞാനം ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും അതു ഗ്രഹിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. മകനേ, എന്‍റെ വാക്കുകള്‍ കൈക്കൊള്ളുകയും എന്‍റെ കല്പനകള്‍ ഉള്ളില്‍ സംഗ്രഹിക്കുകയും ചെയ്യുക. അതേ, ജ്ഞാനത്തിനുവേണ്ടി കേണപേക്ഷിക്കുക. വിവേകത്തിനുവേണ്ടി വിളിച്ചപേക്ഷിക്കുക. ധനത്തെ എന്നപോലെ അതിനെ തേടുകയും മറഞ്ഞുകിടക്കുന്ന നിധി എന്നപോലെ അന്വേഷിക്കുകയും ചെയ്യുക. അപ്പോള്‍ ദൈവഭക്തി എന്തെന്നു നീ ഗ്രഹിക്കും. ദൈവജ്ഞാനം കണ്ടെത്തും. സര്‍വേശ്വരനാണല്ലോ ജ്ഞാനം നല്‌കുന്നത്. ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ഉറവിടം അവിടുന്നാണല്ലോ. നീതിനിഷ്ഠര്‍ക്കുവേണ്ടി ഉദാത്തമായ ജ്ഞാനം അവിടുന്നു സംഭരിച്ചുവയ്‍ക്കുന്നു. നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ക്ക് അവിടുന്നു പരിചയാണ്. അവിടുന്നു ന്യായത്തോടു വര്‍ത്തിക്കുന്നു; വിശുദ്ധന്മാരുടെ വഴികള്‍ അവിടുന്നു കാത്തുസൂക്ഷിക്കുന്നു. അങ്ങനെ നീതിയും ന്യായവും സത്യസന്ധതയും സന്മാര്‍ഗവും നീ അറിയും. നീ ജ്ഞാനം ഉള്‍ക്കൊള്ളും; വിവേകം നിന്നെ സന്തോഷിപ്പിക്കും. വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സംരക്ഷിക്കും. അതു ദുര്‍മാര്‍ഗത്തില്‍നിന്നും ദുര്‍ഭാഷണം നടത്തുന്നവരില്‍നിന്നും നിന്നെ വിടുവിക്കും. ഇരുളിന്‍റെ മാര്‍ഗത്തില്‍ ചരിക്കാന്‍ അവര്‍ നേരായ മാര്‍ഗം ഉപേക്ഷിക്കുന്നു. തിന്മ പ്രവര്‍ത്തിക്കുന്നതില്‍ അവര്‍ ആനന്ദംകൊള്ളുന്നു. അതിന്‍റെ വൈകൃതത്തില്‍ സന്തോഷിക്കുന്നു. അവരുടെ വഴികള്‍ കുടിലമാണ്, അവര്‍ നേര്‍വഴി വിട്ടു നടക്കുന്നവരാണ്. പരസ്‍ത്രീയുടെ പിടിയില്‍നിന്നും ചക്കരവാക്കു പറയുന്ന വ്യഭിചാരിണിയില്‍ നിന്നും അതു നിന്നെ രക്ഷിക്കും. അവള്‍ തന്‍റെ യൗവനകാലത്തെ ജീവിതപങ്കാളിയെ ഉപേക്ഷിച്ചു ദൈവമുമ്പാകെ ചെയ്ത ഉടമ്പടി വിസ്മരിച്ചു. അവളുടെ ഭവനം മരണത്തിലേക്കു താഴുന്നതും അവളുടെ പാത പാതാളത്തിലേക്കു നയിക്കുന്നതുമാകുന്നു. അവളെ സമീപിക്കുന്നവര്‍ ആരും തിരിച്ചുവരുന്നില്ല. അവര്‍ ജീവന്‍റെ മാര്‍ഗത്തെ കണ്ടെത്തുന്നുമില്ല. അതുകൊണ്ടു നീ നല്ലവരുടെ മാതൃക പിന്തുടരുക നീതിനിഷ്ഠരുടെ പാതയില്‍നിന്ന് വ്യതിചലിക്കയുമരുത്. നേരുള്ളവര്‍ ദേശത്തു വസിക്കും. നിഷ്കളങ്കര്‍ അവിടെ നിലനില്‌ക്കും. എന്നാല്‍ ദുഷ്ടര്‍ ദേശത്തുനിന്നു വിച്ഛേദിക്കപ്പെടും വഞ്ചകര്‍ ഉന്മൂലനം ചെയ്യപ്പെടും. മകനേ, എന്‍റെ പ്രബോധനം മറക്കരുത്; എന്‍റെ കല്പനകള്‍ പാലിക്കുക. അതു ദീര്‍ഘായുസ്സും ഐശ്വര്യസമൃദ്ധിയും നിനക്കു നല്‌കും. സുസ്ഥിരസ്നേഹവും വിശ്വസ്തതയും നിന്നെ പിരിയാതിരിക്കട്ടെ. അവ നീ കഴുത്തില്‍ അണിഞ്ഞുകൊള്ളുക; നിന്‍റെ ഹൃദയത്തില്‍ അവ രേഖപ്പെടുത്തുക. അങ്ങനെ ദൈവത്തിന്‍റെയും മനുഷ്യരുടെയും മുമ്പില്‍ നീ പ്രീതിയും സല്‍പ്പേരും നേടും. പൂര്‍ണഹൃദയത്തോടെ നീ സര്‍വേശ്വരനില്‍ ശരണപ്പെടുക, സ്വന്തംബുദ്ധിയില്‍ നീ ആശ്രയിക്കരുത്. നിന്‍റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെ ആകട്ടെ. അവിടുന്നു ശരിയായ പാത നിനക്കു കാണിച്ചുതരും. നീ ജ്ഞാനിയെന്നു ഭാവിക്കരുത്; സര്‍വേശ്വരനെ ഭയപ്പെട്ട് തിന്മ വിട്ടകലുക. അതു നിന്‍റെ ശരീരത്തിനു സൗഖ്യവും നിന്‍റെ അസ്ഥികള്‍ക്ക് ഉന്മേഷവും നല്‌കും. നിന്‍റെ സമ്പത്തുകൊണ്ടും സകല വിളവിന്‍റെയും ആദ്യഫലംകൊണ്ടും സര്‍വേശ്വരനെ ബഹുമാനിക്കുക. അപ്പോള്‍ നിന്‍റെ കളപ്പുരകള്‍ ധാന്യംകൊണ്ടു നിറയും; നിന്‍റെ ചക്കുകളില്‍ വീഞ്ഞു കവിഞ്ഞൊഴുകും. മകനേ, സര്‍വേശ്വരന്‍റെ ശിക്ഷണം നിരസിക്കരുത്, അവിടുത്തെ ശാസനയില്‍ മുഷിയുകയുമരുത്. പിതാവു പ്രിയപുത്രനെ എന്നപോലെ സര്‍വേശ്വരന്‍ താന്‍ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു. ജ്ഞാനം നേടുകയും വിവേകം പ്രാപിക്കുകയും ചെയ്യുന്നവന്‍ അനുഗൃഹീതന്‍. അതില്‍നിന്നുള്ള ലാഭം വെള്ളിയെക്കാളും അതില്‍നിന്നുള്ള നേട്ടം സ്വര്‍ണത്തെക്കാളും മികച്ചത്. അതു രത്നത്തെക്കാള്‍ മൂല്യമേറിയത്, നിനക്ക് അഭികാമ്യമായതൊന്നുംതന്നെ അതിനോടു തുല്യമല്ല. ജ്ഞാനത്തിന്‍റെ വലങ്കൈയില്‍ ദീര്‍ഘായുസ്സും ഇടങ്കൈയില്‍ ധനവും മാനവും ഇരിക്കുന്നു. അതിന്‍റെ വഴികള്‍ സന്തോഷവും സമാധാനവും നിറഞ്ഞതാകുന്നു. ജ്ഞാനത്തെ കൈവശമാക്കുന്നവര്‍ക്ക് അതു ജീവവൃക്ഷം; അതു മുറുകെ പിടിക്കുന്നവര്‍ അനുഗൃഹീതര്‍. ജ്ഞാനത്താല്‍ സര്‍വേശ്വരന്‍ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താല്‍ ആകാശത്തെ ഉറപ്പിച്ചു. അവിടുത്തെ പരിജ്ഞാനത്താല്‍ ആഴങ്ങള്‍ പൊട്ടിത്തുറന്നു; മേഘങ്ങള്‍ മഞ്ഞുപൊഴിച്ചു. മകനേ, അവികലമായ ജ്ഞാനവും, വകതിരിവും പുലര്‍ത്തുക; നീ അവയില്‍നിന്ന് വ്യതിചലിക്കരുത്. അവ നിനക്കു ജീവനും നിന്‍റെ കഴുത്തിന് ആഭരണവും ആയിരിക്കും. അങ്ങനെ നിന്‍റെ വഴിയില്‍ നീ സുരക്ഷിതനായി നടക്കും; നിന്‍റെ കാല്‍ ഇടറുകയുമില്ല. നീ നിര്‍ഭയനായിരിക്കും; നിനക്കു സുഖനിദ്ര ലഭിക്കുകയും ചെയ്യും. പെട്ടെന്നുണ്ടാകുന്ന കൊടുംഭീതിയാലോ, ദുഷ്ടന്മാര്‍ക്കുണ്ടാകുന്ന വിനാശത്താലോ, നീ ഭയപ്പെടേണ്ടാ. കാരണം, സര്‍വേശ്വരന്‍ നിന്നെ സുരക്ഷിതനായി സൂക്ഷിക്കും. അവിടുന്നു നിന്നെ കെണിയില്‍പ്പെടാതെ സംരക്ഷിക്കും. നന്മ ചെയ്യാന്‍ നിനക്കു കഴിവുള്ളപ്പോള്‍ അര്‍ഹിക്കുന്നവന് അതു നിഷേധിക്കരുത്. അയല്‍ക്കാരന്‍ ചോദിക്കുന്നത് നിന്‍റെ പക്കല്‍ ഉണ്ടായിരിക്കേ, ‘പോയി വരിക, നാളെത്തരാം’ എന്നു പറയരുത്. നിന്നെ വിശ്വസിച്ചു കഴിയുന്ന അയല്‍ക്കാരനെതിരെ ദോഷം നിരൂപിക്കരുത്. നിനക്കൊരു ദ്രോഹവും ചെയ്യാത്ത മനുഷ്യനോട് അകാരണമായി ശണ്ഠകൂടരുത്. അക്രമികളുടെ വളര്‍ച്ചയില്‍ അസൂയപൂണ്ട് അവരുടെ വഴികള്‍ നീ തിരഞ്ഞെടുക്കരുത്. ദുര്‍മാര്‍ഗിയെ സര്‍വേശ്വരന്‍ വെറുക്കുന്നു; നേര്‍വഴിയില്‍ ചരിക്കുന്നവനോട് അവിടുന്നു സൗഹൃദം പുലര്‍ത്തുന്നു. ദുഷ്ടന്‍റെ ഭവനത്തില്‍ സര്‍വേശ്വരന്‍റെ ശാപം പതിക്കുന്നു. എന്നാല്‍ നീതിനിഷ്ഠരുടെ വാസസ്ഥലത്തെ അവിടുന്ന് അനുഗ്രഹിക്കുന്നു. പരിഹാസികളെ അവിടുന്നു പരിഹസിക്കുന്നു; എന്നാല്‍ വിനയമുള്ളവരോട് അവിടുന്നു കരുണകാട്ടുന്നു. ജ്ഞാനികള്‍ ബഹുമതിയും ഭോഷന്മാര്‍ അവമതിയും നേടും. മക്കളേ, പിതാവിന്‍റെ പ്രബോധനം ശ്രദ്ധിക്കുവിന്‍, അതു ശ്രദ്ധിച്ചു കേട്ട് വിവേകം നേടുവിന്‍. സത്പ്രബോധനങ്ങളാണ് ഞാന്‍ നിങ്ങള്‍ക്കു നല്‌കുന്നത്; എന്‍റെ ഉപദേശം നിരസിക്കരുത്. ഇളംപ്രായത്തില്‍ മാതാപിതാക്കളുടെ ഏകമകനായിരിക്കെ, പിതാവെന്നെ ഇപ്രകാരം പഠിപ്പിച്ചു. എന്‍റെ വാക്കുകള്‍ എപ്പോഴും ഓര്‍ക്കുക, എന്‍റെ കല്പനകള്‍ പാലിച്ച് നീ ജീവിക്കുക. ജ്ഞാനവും വിവേകവും നേടുക; എന്‍റെ വാക്കുകള്‍ മറക്കരുത്; അവയില്‍നിന്ന് വ്യതിചലിക്കയുമരുത്. ജ്ഞാനം കൈവിടരുത്, അതു നിന്നെ കാത്തുസൂക്ഷിക്കും. അതിനെ സ്നേഹിക്കുക, അതു നിന്നെ സംരക്ഷിക്കും; ജ്ഞാനം നേടുകയാണ് സര്‍വപ്രധാനം; എന്തു വിലകൊടുത്തും വിവേകം ആര്‍ജിക്കുക. ജ്ഞാനത്തെ വിലമതിക്കുക, അതു നിന്നെ ഉയര്‍ത്തും; അതിനെ കെട്ടിപ്പുണര്‍ന്നാല്‍ അതു നിന്നെ ബഹുമാന്യനാക്കും. ജ്ഞാനം നിന്‍റെ ശിരസ്സിന് മനോഹരമായ അലങ്കാരവും കിരീടവും ആയിരിക്കും. മകനേ, എന്‍റെ വചനം കേട്ടു ഗ്രഹിക്കുക, എന്നാല്‍ നിനക്കു ദീര്‍ഘായുസ്സുണ്ടാകും. ജ്ഞാനത്തിന്‍റെ മാര്‍ഗം ഞാന്‍ നിന്നെ പഠിപ്പിച്ചു; നേര്‍വഴിയിലൂടെ ഞാന്‍ നിന്നെ നയിച്ചു. നിന്‍റെ കാലടികള്‍ക്ക് തടസ്സം നേരിടുകയില്ല, ഓടുമ്പോള്‍ നീ ഇടറിവീഴുകയുമില്ല. പ്രബോധനം മുറുകെപ്പിടിക്കുക, അതു കൈവിടരുത്; അതു കാത്തുസൂക്ഷിക്കുക; അതാണല്ലോ നിന്‍റെ ജീവന്‍. ദുഷ്ടന്മാരുടെ പാതയില്‍ പ്രവേശിക്കരുത്; ദുര്‍ജനത്തിന്‍റെ വഴിയില്‍ നടക്കുകയുമരുത്. ആ മാര്‍ഗം പരിത്യജിക്കുക, അതിലൂടെ സഞ്ചരിക്കരുത്; അതില്‍നിന്ന് അകന്നു മാറിപ്പോകുക. തിന്മ പ്രവര്‍ത്തിക്കാതെ ദുഷ്ടര്‍ക്ക് ഉറക്കം വരികയില്ല. ആരെയെങ്കിലും വീഴ്ത്താതെ നിദ്ര അവരെ സമീപിക്കുകയില്ല. കാരണം, ദുഷ്ടതയുടെ അപ്പം അവര്‍ തിന്നുകയും അക്രമത്തിന്‍റെ വീഞ്ഞു കുടിക്കുകയും ചെയ്യുന്നു. എന്നാല്‍ നീതിമാന്മാരുടെ പാത അരുണോദയത്തിലെ പ്രകാശംപോലെയാണ്. അത് അനുനിമിഷം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ദുഷ്ടന്മാരുടെ വഴി കൂരിരുട്ടിനു സമം, എവിടെ തട്ടി വീഴുമെന്ന് അവര്‍ അറിയുന്നില്ല. മകനേ, എന്‍റെ വചനങ്ങള്‍ ശ്രദ്ധിക്കുക, എന്‍റെ മൊഴികള്‍ക്കു ചെവിതരിക. അവയില്‍നിന്നു നീ വ്യതിചലിക്കരുത്; നിന്‍റെ ഹൃദയത്തില്‍ അവയെ സൂക്ഷിക്കുക. അവയെ കണ്ടെത്തുന്നവന് അവ ജീവനും, അവന്‍റെ ദേഹത്തിന് അതു സൗഖ്യദായകവുമാകുന്നു. ജാഗ്രതയോടെ നിന്‍റെ ഹൃദയത്തെ കാത്തുകൊള്ളുക; അവിടെനിന്നാണല്ലോ ജീവന്‍റെ ഉറവ പുറപ്പെടുന്നത്. കപടഭാഷണം ഉപേക്ഷിക്കുക, വ്യാജസംസാരം അകറ്റി നിര്‍ത്തുക. നിന്‍റെ വീക്ഷണം നേരെയുള്ളതായിരിക്കട്ടെ, നിന്‍റെ നോട്ടം മുന്നോട്ടായിരിക്കട്ടെ. നിന്‍റെ ചുവടുകള്‍ ശ്രദ്ധയോടെ വയ്‍ക്കുക. നിന്‍റെ വഴികള്‍ സുരക്ഷിതമായിരിക്കും. ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത് തിന്മയില്‍ കാല്‍ ഊന്നാതിരിക്കുക. മകനേ, ജ്ഞാനോപദേശം ശ്രദ്ധിക്കുക. എന്‍റെ വിജ്ഞാന വചസ്സുകള്‍ക്ക് ചെവികൊടുക്കുക. അപ്പോള്‍ നീ വകതിരിവു പുലര്‍ത്തും; നിന്‍റെ ഭാഷണം പരിജ്ഞാനപൂര്‍ണമായിത്തീരും. വ്യഭിചാരിണിയുടെ ചുണ്ടുകള്‍ തേന്‍ പൊഴിക്കുന്നു. അവളുടെ മൊഴികള്‍ എണ്ണയെക്കാള്‍ മയമുള്ളത്. ഒടുവില്‍ അവള്‍ കാഞ്ഞിരംപോലെ കയ്പും ഇരുവായ്ത്തലയുള്ള വാള്‍പോലെ മൂര്‍ച്ചയുള്ളവളും ആയിരിക്കും. അവളുടെ പാദങ്ങള്‍ മരണത്തിലേക്ക് ഇറങ്ങുന്നു അവളുടെ കാലടികള്‍ പാതാളത്തിലേക്കു ചരിക്കുന്നു. ജീവന്‍റെ മാര്‍ഗത്തെ അവള്‍ അനുഗമിക്കുന്നില്ല; അവളുടെ വഴികള്‍ പിഴച്ചു പോകുന്നു, അത് അവള്‍ അറിയുന്നില്ല. മക്കളേ, എന്‍റെ വാക്കു കേള്‍ക്കുക; എന്‍റെ വചനങ്ങളില്‍നിന്ന് വ്യതിചലിക്കയുമരുത്. ദുര്‍വൃത്തരില്‍നിന്ന് അകന്നു മാറുക; അവളുടെ വീട്ടുവാതില്‌ക്കല്‍ ചെല്ലരുത്. അങ്ങനെ ചെന്നാല്‍ നിങ്ങളുടെ മാനം നഷ്ടപ്പെടും; നിഷ്ഠുരന്മാര്‍ നിങ്ങളുടെ ജീവന്‍ അപഹരിക്കുകയും ചെയ്യും. അപരിചിതര്‍ നിങ്ങളുടെ സമ്പത്തുകൊണ്ടു പുഷ്‍ടിപ്പെടും; നിങ്ങളുടെ അധ്വാനഫലം അന്യന്മാരുടേതായിത്തീരും. അവസാനം നീ വിശന്നുപൊരിഞ്ഞ്, എല്ലും തോലുമായി നെടുവീര്‍പ്പിട്ടുകൊണ്ടു പറയും: “ഞാന്‍ ശിക്ഷണത്തെ അത്യധികം വെറുത്തുവല്ലോ; ശാസനയെ നിരസിച്ചല്ലോ. എന്‍റെ ഉപദേഷ്ടാക്കളുടെ വാക്കുകള്‍ ഞാന്‍ ശ്രദ്ധിച്ചില്ല; ഗുരുക്കന്മാരുടെ പ്രബോധനത്തിനു ചെവി കൊടുത്തതുമില്ല. സമൂഹമധ്യേ ഞാന്‍ തീര്‍ത്തും നിന്ദിതനായി തീര്‍ന്നിരിക്കുന്നു.” സ്വന്തം ഭാര്യയോടു നീ വിശ്വസ്തത പുലര്‍ത്തുക, നിന്‍റെ സ്നേഹം അവള്‍ക്കു മാത്രം നല്‌കുക. നിന്‍റെ ഭാര്യയിലല്ലാതെ നിനക്കു മക്കള്‍ ഉണ്ടാകണമോ? സ്വഭവനത്തിലല്ലാതെ വേറെയും സന്താനങ്ങള്‍ തെരുവീഥികളില്‍ നിനക്കു ജനിക്കണമോ? നിന്‍റെ മക്കള്‍ നിന്‍റേതു മാത്രം ആയിരിക്കട്ടെ, അന്യര്‍ക്കു കൂടി അവര്‍ അവകാശപ്പെടാതിരിക്കട്ടെ. നിന്‍റെ ഭാര്യ അനുഗൃഹീതയായിരിക്കട്ടെ; നിന്‍റെ യൗവനത്തിലെ ഭാര്യയില്‍ ആനന്ദംകൊള്ളുക. അവള്‍ മെയ്യഴകുള്ള പേടമാന്‍; ചാരുതയാര്‍ന്ന മാന്‍കിടാവ്. അവളുടെ പ്രേമം നിന്നെ രമിപ്പിക്കട്ടെ, അവളുടെ സ്നേഹത്താല്‍ നീ എപ്പോഴും മതിമറക്കട്ടെ. മകനേ, വ്യഭിചാരിണിയില്‍ നീ ഭ്രമിച്ചു വശാകുന്നതെന്ത്? അവളുടെ മാറിടത്തെ തഴുകുന്നതെന്ത്? മനുഷ്യന്‍റെ പ്രവൃത്തികളെല്ലാം സര്‍വേശ്വരന്‍ കാണുന്നു; അവന്‍റെ വഴികളെല്ലാം അവിടുന്നു പരിശോധിക്കുന്നു. സ്വന്തം അധര്‍മങ്ങള്‍ ദുഷ്ടനെ കെണിയില്‍ വീഴ്ത്തുന്നു, സ്വന്തം പാശങ്ങളില്‍തന്നെ അവന്‍ അകപ്പെടുന്നു. ശിക്ഷണരാഹിത്യത്താല്‍ അവന്‍ മരിക്കുന്നു. വന്‍ഭോഷത്തത്താല്‍ അവന്‍ നശിക്കുന്നു. മകനേ, നീ അയല്‍ക്കാരനുവേണ്ടി ജാമ്യം നില്‌ക്കുകയോ അന്യനുവേണ്ടി ഉറപ്പു കൊടുക്കുകയോ നിന്‍റെ വാക്കുകളാല്‍ത്തന്നെ കെണിയില്‍പ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍, നീ ഇപ്രകാരം പ്രവര്‍ത്തിച്ച് രക്ഷപെടുക. നീ അയല്‍ക്കാരന്‍റെ പിടിയില്‍ പെട്ടിരിക്കുന്നുവല്ലോ; നീ വേഗം പോയി അയല്‍ക്കാരനോടു നിര്‍ബന്ധപൂര്‍വം അപേക്ഷിക്കുക. അതുവരെ നിന്‍റെ കണ്ണിനു നിദ്രയും നിന്‍റെ കണ്‍പോളകള്‍ക്ക് മയക്കവും അനുവദിക്കരുത്. നായാട്ടുകാരന്‍റെ കെണിയില്‍നിന്ന് കലമാനെപ്പോലെയോ വേട്ടക്കാരന്‍റെ കുടുക്കില്‍നിന്ന് പക്ഷിയെപ്പോലെയോ നീ രക്ഷപെടുക. മടിയാ, നീ ഉറുമ്പിന്‍റെ പ്രവൃത്തികള്‍ നിരീക്ഷിച്ച് ബുദ്ധിമാനായിത്തീരുക. നായകനോ, മേലധികാരിയോ, ഭരണാധിപനോ ഇല്ലാതിരുന്നിട്ടും അതു വേനല്‍ക്കാലത്ത് ആഹാരം തേടുന്നു; കൊയ്ത്തുകാലത്ത് ജീവസന്ധാരണത്തിനുള്ള വക സംഭരിക്കുന്നു. മടിയാ, നീ എത്രനേരം ഇങ്ങനെ കിടക്കും? മയക്കത്തില്‍നിന്ന് നീ എപ്പോഴാണ് എഴുന്നേല്‌ക്കുക? അല്പനേരം കൂടി ഉറങ്ങാം; കുറച്ചു നേരം കൂടി മയങ്ങാം; കൈ കെട്ടിക്കിടന്ന് അല്പനേരം കൂടി വിശ്രമിക്കാം. അപ്പോള്‍ ദാരിദ്ര്യം യാചകനെപ്പോലെ വന്നുകയറും; ഇല്ലായ്മ ആയുധപാണിയെപ്പോലെ നിന്നെ പിടികൂടും. വിലകെട്ടവനും ദുഷ്കര്‍മിയുമായവന്‍ വക്രത സംസാരിച്ചുകൊണ്ടു നടക്കും. അവന്‍ കണ്ണുകൊണ്ടു സൂചന നല്‌കും, പാദംകൊണ്ടു നിലത്തു തോണ്ടും; വിരല്‍കൊണ്ട് ആംഗ്യം കാട്ടും. നിരന്തരം കലഹം വിതച്ചുകൊണ്ട് അവന്‍റെ കുടിലഹൃദയം ദുഷ്ടത ആസൂത്രണം ചെയ്യുന്നു. ഉടനേ അവന് ആപത്തുണ്ടാകും. വീണ്ടെടുക്കാന്‍ കഴിയാത്തവിധം നിമിഷങ്ങള്‍ക്കകം അവന്‍ തകര്‍ന്നുപോകും. ആറു കാര്യങ്ങള്‍ സര്‍വേശ്വരന്‍ വെറുക്കുന്നു. ഏഴാമതൊന്നുകൂടി അവിടുന്നു മ്ലേച്ഛമായി കരുതുന്നു. ഗര്‍വുപൂണ്ട കണ്ണുകളും വ്യാജം പറയുന്ന നാവും നിര്‍ദോഷിയെ വധിക്കുന്ന കരവും ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിലേക്കു പായുന്ന കാലുകളും വ്യാജം ഇടവിടാതെ പറയുന്ന കള്ളസ്സാക്ഷിയെയും സഹോദരന്മാരെ തമ്മില്‍ ഭിന്നിപ്പിക്കുന്നവനെയുംതന്നെ. മകനേ, നിന്‍റെ പിതാവിന്‍റെ കല്പന അനുസരിക്കുക; നിന്‍റെ മാതാവിന്‍റെ ഉപദേശങ്ങള്‍ നിരസിക്കരുത്. അവ എപ്പോഴും നിന്‍റെ ഹൃദയത്തില്‍ ഉറപ്പിച്ചുകൊള്ളുക; അവ നിന്‍റെ കഴുത്തില്‍ അണിയുക. നടക്കുമ്പോള്‍ അവ നിന്നെ നയിക്കും; ഉറങ്ങുമ്പോള്‍ നിന്നെ കാക്കും; ഉണരുമ്പോള്‍ നിന്നെ പ്രബോധിപ്പിക്കും. കല്പന വിളക്കും പ്രബോധനം വെളിച്ചവും ശിക്ഷണത്തിന്‍റെ ശാസനകള്‍ ജീവന്‍റെ മാര്‍ഗവുമാകുന്നു. അവ ദുര്‍വൃത്തരില്‍നിന്നും വ്യഭിചാരിണിയുടെ ചക്കരവാക്കുകളില്‍ നിന്നും നിന്നെ രക്ഷിക്കും. അവളുടെ സൗന്ദര്യത്തില്‍ നീ മതിമറക്കരുത്; കടക്കണ്ണുകൊണ്ടു നിന്നെ വശീകരിക്കാന്‍ അവളെ അനുവദിക്കയുമരുത്. വേശ്യക്ക് ഒരു അപ്പക്കഷണം മതിയായിരിക്കാം പ്രതിഫലം. എന്നാല്‍ അവള്‍ ഒരു മനുഷ്യന്‍റെ ജീവനെത്തന്നെ അപകടപ്പെടുത്തുന്നു. തന്‍റെ വസ്ത്രം കരിയാതെ ഒരുവനു മടിയില്‍ തീ കൊണ്ടുനടക്കാമോ? കാലു പൊള്ളാതെ തീക്കനലിന്മേല്‍ നടക്കാമോ? അതുപോലെയാണ് അയല്‍ക്കാരന്‍റെ ഭാര്യയെ പ്രാപിക്കുന്നവനും. പരസ്‍ത്രീയെ സ്പര്‍ശിക്കുന്ന ഒരുവനും ശിക്ഷ കിട്ടാതിരിക്കുകയില്ല. വിശന്നുവലഞ്ഞവന്‍ വിശപ്പ് അടക്കാനായി മോഷ്‍ടിച്ചാലും ആളുകള്‍ അവനെ നിന്ദിക്കുകയില്ലേ? പിടികൂടപ്പെട്ടാല്‍, ഏഴിരട്ടി മടക്കിക്കൊടുക്കണം വീട്ടിലുള്ള സമസ്തവസ്തുക്കളും അതിലേക്കായി അവന്‍ നല്‌കേണ്ടിവരുമല്ലോ. വ്യഭിചരിക്കുന്നവനു സുബോധമില്ല; അവന്‍ സ്വയം നശിക്കുന്നു. അവനു പ്രഹരവും അപമാനവും ലഭിക്കും; അവന്‍റെ അവമതി മാഞ്ഞുപോകുന്നുമില്ല. ജാരശങ്ക ഭര്‍ത്താവിനെ കോപാന്ധനാക്കുന്നു; അവന്‍ പ്രതികാരം ചെയ്യുന്നതില്‍ ഇളവുകാട്ടുകയില്ല. ഒരു നഷ്ടപരിഹാരവും അവന്‍ സ്വീകരിക്കുകയില്ല; എത്ര സമ്മാനം നല്‌കിയാലും അവന്‍ പ്രീണിതനാവുകയില്ല. മകനേ, എന്‍റെ വാക്കുകള്‍ അനുസരിക്കുക; എന്‍റെ കല്പനകള്‍ സംഗ്രഹിക്കുക. എന്‍റെ കല്പനകള്‍ പാലിച്ചാല്‍ നീ ജീവിക്കും കണ്ണിലെ കൃഷ്ണമണി എന്നപോലെ എന്‍റെ പ്രബോധനം കാത്തുസൂക്ഷിക്കുക. അതു നിന്‍റെ വിരലിന്മേല്‍ അണിയുക; ഹൃദയഫലകത്തില്‍ കൊത്തിവയ്‍ക്കുക. ജ്ഞാനത്തോടു ‘നീ എന്‍റെ സഹോദരി’ എന്നു പറയുക, വിവേകത്തെ ‘ആത്മസുഹൃത്ത്’ എന്നു വിളിക്കുക. ദുര്‍വൃത്തരില്‍നിന്നും മധുരഭാഷിണിയായ അഭിസാരികയില്‍നിന്നും അതു നിന്നെ കാക്കും. ഞാന്‍ എന്‍റെ വീടിന്‍റെ ജനലഴികളിലൂടെ താഴേക്ക് നോക്കിയപ്പോള്‍, യുവജനങ്ങളുടെ മധ്യേ അവിവേകികളുടെ ഇടയില്‍ ഭോഷനായ ഒരുവനെ ഞാന്‍ കണ്ടു [8,9] സന്ധ്യ മയങ്ങിയപ്പോള്‍ അവളുടെ വീടിന്‍റെ സമീപമുള്ള മൂല കടന്ന് അവളുടെ വീട്ടിലേക്കുള്ള വഴിയിലൂടെ അവന്‍ നടക്കുകയായിരുന്നു; ക്രമേണ അരണ്ടവെളിച്ചം മാറി അന്ധകാരം ഭൂമിയെ മൂടി. *** അപ്പോള്‍ അതാ, ഒരു സ്‍ത്രീ അവനെ എതിരേറ്റ് അവള്‍ വേശ്യയെപ്പോലെ അണിഞ്ഞൊരുങ്ങി മനസ്സില്‍ കുടിലചിന്തയുമായി നില്‌ക്കുകയായിരുന്നു. അവള്‍ മോഹപരവശയും തന്‍റേടിയും ആണ്. അവള്‍ വീട്ടില്‍ അടങ്ങിയിരിക്കാറില്ല. ഒരിക്കല്‍ തെരുവീഥിയില്‍ എങ്കില്‍ പിന്നീട് അവള്‍ ചന്തയില്‍ ആയിരിക്കും; ഓരോ കോണിലും അവള്‍ കാത്തുനില്‌ക്കുന്നു. അവള്‍ അവനെ പുണരുന്നു, ചുംബിക്കുന്നു; അവള്‍ നിര്‍ലജ്ജം അവനോടു പറയുന്നു: “എനിക്കു യാഗങ്ങള്‍ അര്‍പ്പിക്കാന്‍ ഉണ്ടായിരുന്നു ഇന്നു ഞാന്‍ എന്‍റെ നേര്‍ച്ചകള്‍ നിറവേറ്റി. അതുകൊണ്ട് ഇപ്പോള്‍ താങ്കളെ എതിരേല്‌ക്കാന്‍ ഞാന്‍ വന്നിരിക്കുന്നു. താങ്കളെ കാണാന്‍ ഞാന്‍ അതിയായി മോഹിച്ചു പുറപ്പെട്ടതാണ്. ഇപ്പോള്‍ ഇതാ, കണ്ടെത്തിയിരിക്കുന്നു. വര്‍ണശബളമായ വിരിപ്പുകള്‍ വിരിച്ച് ഞാന്‍ കിടക്ക ഒരുക്കിയിരിക്കുന്നു. മൂരും അകിലും ലവംഗവുംകൊണ്ട് ഞാന്‍ മെത്ത സുഗന്ധപൂര്‍ണമാക്കിയിരിക്കുന്നു. വരിക, നേരം പുലരുന്നതുവരെ നമുക്കു പ്രേമത്തോടെ രമിക്കാം; പ്രേമനിര്‍വൃതിയില്‍ മതിയാകുവോളം മുഴുകാം. ഭര്‍ത്താവു വീട്ടിലില്ല; ദൂരയാത്ര പോയിരിക്കുന്നു; പണസ്സഞ്ചിയും കൈയിലെടുത്തിട്ടുണ്ട്; പൗര്‍ണമി ദിവസമേ അദ്ദേഹം മടങ്ങിവരൂ.” ഇങ്ങനെ ചക്കരവാക്കുകള്‍കൊണ്ട് അവള്‍ അവനെ വശീകരിക്കുന്നു. മധുരോക്തികള്‍കൊണ്ട് അവനെ പ്രേരിപ്പിക്കുന്നു. [22,23] കശാപ്പുകാരന്‍റെ പിന്നാലെ ചെല്ലുന്ന കാളയെപ്പോലെ അമ്പു ചങ്കില്‍ തറയ്‍ക്കുമെന്നറിയാതെ കെണിയിലേക്കു പായുന്ന മാനിനെപ്പോലെ പെട്ടെന്നു ജീവഹാനി വരുമെന്നോര്‍ക്കാതെ വലയിലേക്കു പറന്നടുക്കുന്ന പക്ഷിയെപ്പോലെ അവന്‍ അവളെ അനുഗമിക്കുന്നു. *** അതുകൊണ്ട് മക്കളേ, എന്‍റെ വാക്കു ശ്രദ്ധിക്കുക; ഞാന്‍ പറയുന്ന വചനം കേള്‍ക്കുക. അവളുടെ സ്വാധീനത്തില്‍ നീ അകപ്പെടരുത്; അവളുടെ പാതയിലേക്കു വഴിതെറ്റി പോകയുമരുത്. അനേകം ആളുകളുടെ വിനാശത്തിനും അസംഖ്യം ആളുകളുടെ മരണത്തിനും അവള്‍ കാരണക്കാരിയായിട്ടുണ്ട്. പാതാളത്തിലേക്കുള്ള വഴിയാണ് അവളുടെ വീട്; അതു മരണത്തിന്‍റെ അറകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. ജ്ഞാനം ഉച്ചത്തില്‍ വിളിച്ചു പറയുന്നതു കേള്‍ക്കുന്നില്ലേ? വിവേകം ശബ്ദം ഉയര്‍ത്തുന്നതു നിങ്ങള്‍ ശ്രദ്ധിക്കുന്നില്ലേ? വഴിയരികിലുള്ള കുന്നുകളുടെ മുകളിലും വീഥികളിലും അവള്‍ നില ഉറപ്പിക്കുന്നു. നഗരകവാടത്തില്‍ വാതിലിനരികെ നിന്നുകൊണ്ട് അവള്‍ വിളിച്ചുപറയുന്നു: അല്ലയോ മനുഷ്യരേ, ഞാന്‍ നിങ്ങളോടു ഉദ്ഘോഷിക്കുന്നു; ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. അപക്വമതികളേ, വിവേകം തേടുവിന്‍, ഭോഷന്മാരേ, ജ്ഞാനം ഉള്‍ക്കൊള്ളുവിന്‍. ശ്രേഷ്ഠമായ കാര്യങ്ങള്‍ ഞാന്‍ പറയാന്‍ പോകുന്നു; നേരായുള്ളതേ എന്‍റെ അധരങ്ങളില്‍നിന്നു പുറപ്പെടൂ. ഞാന്‍ സത്യം സംസാരിക്കും; ദുര്‍ഭാഷണം ഞാന്‍ വെറുക്കുന്നു. എന്‍റെ എല്ലാ വചനങ്ങളും നീതിയുക്തമാണ്. അവയില്‍ വളവും വക്രതയും ഇല്ല, ഗ്രഹിക്കാന്‍ കെല്പുള്ളവന് അതു ഋജുവുമാണ്. അറിവു നേടുന്നവര്‍ക്ക് അതു നേരായത്. വെള്ളിക്കു പകരം പ്രബോധനവും വിശിഷ്ടമായ സ്വര്‍ണത്തിനു പകരം ജ്ഞാനവും സ്വീകരിക്കൂ. ജ്ഞാനം രത്നത്തെക്കാള്‍ മികച്ചത് നീ ആഗ്രഹിക്കുന്ന മറ്റെല്ലാത്തിനെക്കാളും അത് ശ്രേഷ്ഠവുമാണ്. ജ്ഞാനമാകുന്ന ഞാന്‍ വിവേകത്തില്‍ വസിക്കുന്നു; എന്നില്‍ പരിജ്ഞാനവും വിവേചനാശക്തിയും ഉണ്ട്. ദൈവഭക്തി തിന്മയോടുള്ള വെറുപ്പാണ്; അഹന്തയും ദുര്‍മാര്‍ഗവും ദുര്‍ഭാഷണവും ഞാന്‍ വെറുക്കുന്നു. നല്ല ആലോചനയും ജ്ഞാനവും എന്നിലുണ്ട്; എന്നില്‍ ഉള്‍ക്കാഴ്ചയും ശക്തിയുമുണ്ട്. ഞാന്‍ മുഖാന്തരം രാജാക്കന്മാര്‍ വാഴുന്നു; ഭരണാധിപന്മാര്‍ നീതി നടത്തുന്നു. ഞാന്‍ മുഖേന പ്രഭുക്കന്മാര്‍ ഭരിക്കുന്നു; നാടുവാഴികള്‍ ആധിപത്യം പുലര്‍ത്തുന്നു. എന്നെ സ്നേഹിക്കുന്നവരെ ഞാന്‍ സ്നേഹിക്കുന്നു; ശ്രദ്ധയോടെ അന്വേഷിക്കുന്നവന്‍ എന്നെ കണ്ടെത്തുന്നു. ധനവും മാനവും അനശ്വരസമ്പത്തും ഐശ്വര്യവും എന്‍റെ പക്കലുണ്ട്. എന്നില്‍നിന്നു ലഭിക്കുന്നത് പൊന്നിലും തങ്കത്തിലും മികച്ചത്. എന്നില്‍നിന്നുള്ള ആദായം മേല്‍ത്തരം വെള്ളിയെക്കാള്‍ മേന്മയുള്ളത്. ഞാന്‍ നീതിയുടെ വഴിയില്‍, ന്യായത്തിന്‍റെ പാതകളില്‍ നടക്കുന്നു. എന്നെ സ്നേഹിക്കുന്നവരുടെ ഭണ്ഡാരം ഞാന്‍ നിറയ്‍ക്കുകയും അവരെ സമ്പന്നരാക്കുകയും ചെയ്യുന്നു. സര്‍വേശ്വരന്‍ സര്‍വസൃഷ്‍ടികള്‍ക്കും മുമ്പായി സൃഷ്‍ടികളില്‍ ആദ്യത്തേതായി എന്നെ സൃഷ്‍ടിച്ചു. യുഗങ്ങള്‍ക്കു മുമ്പ്, ഭൂമിയുടെ ഉല്‍പത്തിക്കു മുമ്പുതന്നെ ഞാന്‍ സൃഷ്‍ടിക്കപ്പെട്ടു. ആഴികളോ ജലം നിറഞ്ഞ അരുവികളോ ഇല്ലാതിരിക്കേ എനിക്കു ജന്മം ലഭിച്ചു. ഗിരികളും കുന്നുകളും രൂപംകൊള്ളുന്നതിനു മുമ്പ് ഞാന്‍ സൃഷ്‍ടിക്കപ്പെട്ടു. അവിടുന്നു ഭൂമിയെയും ധൂമപടലങ്ങളെയും വയലുകളെയും സൃഷ്‍ടിക്കുന്നതിനു മുമ്പായിരുന്നു അത്. അവിടുന്ന് ആകാശത്തെ സ്ഥാപിച്ചപ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു. അവിടുന്ന് ആഴിയുടെ മീതെ ചക്രവാളം വരച്ചപ്പോഴും ഉയരത്തില്‍ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴിയില്‍ ഉറവകള്‍ തുറന്നപ്പോഴും ജലം തന്‍റെ ആജ്ഞ ലംഘിക്കാതിരിക്കാന്‍ അവിടുന്ന് സമുദ്രത്തിന് അതിര് നിശ്ചയിച്ചപ്പോഴും ഭൂമിക്ക് അടിസ്ഥാനം ഇട്ടപ്പോഴും ഒരു വിദഗ്ദ്ധശില്പിയെപ്പോലെ ഞാന്‍ അവിടുത്തെ സമീപത്തുണ്ടായിരുന്നു. ഞാന്‍ അവിടുത്തേക്ക് ദിനംതോറും പ്രമോദം നല്‌കി; ഞാന്‍ തിരുമുമ്പില്‍ എപ്പോഴും ആനന്ദിച്ചിരുന്നു. സൃഷ്‍ടികള്‍ അധിവസിക്കുന്ന അവിടുത്തെ ലോകത്തില്‍ ഞാന്‍ ആനന്ദിക്കുകയും മനുഷ്യജാതിയില്‍ സന്തോഷം കണ്ടെത്തുകയും ചെയ്തു. മക്കളേ, ഞാന്‍ പറയുന്നതു ശ്രദ്ധിക്കുക; എന്‍റെ വഴികള്‍ അനുസരിക്കുന്നവര്‍ ഭാഗ്യശാലികള്‍. പ്രബോധനം കേട്ടു വിജ്ഞാനികളാകുവിന്‍; അതിനെ അവഗണിക്കരുത്. ദിവസേന എന്‍റെ പടിവാതില്‌ക്കല്‍ കാത്തുനിന്ന് ശ്രദ്ധയോടെ എന്‍റെ വാക്കു കേള്‍ക്കുന്നവന്‍ ധന്യനാകുന്നു. എന്നെ കണ്ടെത്തുന്നവന്‍ ജീവന്‍ കണ്ടെത്തുന്നുവല്ലോ, അവനു സര്‍വേശ്വരന്‍റെ പ്രീതി ലഭിക്കുന്നു. എന്നാല്‍ എന്നെ ഉപേക്ഷിക്കുന്നവന്‍ തനിക്കുതന്നെ ദ്രോഹം വരുത്തുന്നു. എന്നെ ദ്വേഷിക്കുന്നവരെല്ലാം മരണത്തെ സ്നേഹിക്കുന്നു. ജ്ഞാനം എന്നവള്‍ തനിക്കു വീടു പണിതു; അതിന് ഏഴു തൂണുകള്‍ സ്ഥാപിച്ചിരിക്കുന്നു. അവള്‍ മൃഗങ്ങളെ അറുത്തും വീഞ്ഞില്‍ സുഗന്ധം കലര്‍ത്തിയും വിരുന്ന് ഒരുക്കിയിരിക്കുന്നു. [3,4] പട്ടണത്തിലെ ഉന്നതസ്ഥലങ്ങളില്‍ ചെന്ന് ‘ബുദ്ധിഹീനരേ, അടുത്തു വരുവിന്‍’ എന്നു വിളിച്ചുപറയാന്‍ തന്‍റെ ദാസിമാരെ അവള്‍ അയച്ചിരിക്കുന്നു. അവിവേകികളോട് അവള്‍ പറയുന്നു: *** “വരിക, എന്‍റെ അപ്പം തിന്നുകയും ഞാന്‍ ഒരുക്കിയ വീഞ്ഞു കുടിക്കുകയും ചെയ്യുക.” ഭോഷത്തം വെടിഞ്ഞ് ജീവിക്കുക, വിവേകത്തിന്‍റെ മാര്‍ഗത്തില്‍ ചരിക്കുക. പരിഹാസിയെ തിരുത്തുന്നവന് ശകാരം കിട്ടും; ദുഷ്ടനെ ശാസിക്കുന്നവന് ഉപദ്രവം ഉണ്ടാകും. പരിഹാസിയെ ശാസിച്ചാല്‍ അവന്‍ നിന്നെ വെറുക്കും; വിവേകിയെ ശാസിച്ചാല്‍ അവന്‍ നിന്നെ സ്നേഹിക്കും. ജ്ഞാനിയെ പ്രബോധിപ്പിക്കുക, അവന്‍ കൂടുതല്‍ ജ്ഞാനം നേടും; നീതിമാനെ പഠിപ്പിക്കുക, അവന്‍റെ വിജ്ഞാനം വര്‍ധിക്കും. ദൈവഭക്തി ജ്ഞാനത്തിന്‍റെ ഉറവിടമാകുന്നു; പരിശുദ്ധനായ ദൈവത്തെ അറിയുന്നതാണു വിവേകം. ജ്ഞാനത്താല്‍ നിന്‍റെ ദിനങ്ങള്‍ പെരുകും; നിന്‍റെ ആയുഷ്കാലം ദീര്‍ഘിക്കും. ജ്ഞാനമുണ്ടെങ്കില്‍ അതിന്‍റെ മേന്മ നിനക്കുതന്നെ; അതിനെ നിന്ദിച്ചാല്‍ നീ അതിന് ഉത്തരവാദിയാകും. ഭോഷത്തം വായാടിയും അറിവില്ലാത്തവളും നിര്‍ലജ്ജയും ആകുന്നു. അവള്‍ തന്‍റെ വീട്ടുവാതില്‌ക്കലോ പട്ടണത്തിലെ ഉയര്‍ന്ന സ്ഥാനങ്ങളിലോ ഇരിക്കുന്നു. തങ്ങളുടെ കാര്യങ്ങള്‍ക്കായി കടന്നുപോകുന്നവരോട് അവള്‍ വിളിച്ചു പറയും: ‘ബുദ്ധിഹീനരേ ഇതുവഴി വരിക,’ ബുദ്ധിശൂന്യരോട് അവള്‍ പറയും: ‘മോഷ്‍ടിച്ച ജലം മാധുര്യമുള്ളതും ഒളിച്ചു തിന്നുന്ന അപ്പം സ്വാദേറിയതും ആകുന്നു.’ എന്നാല്‍ മരണം അവിടെ പതിയിരിക്കുകയാണെന്നും അവളുടെ അതിഥികള്‍ പാതാളത്തിലാണെന്നും അവന്‍ അറിയുന്നില്ല. ഇവ ശലോമോന്‍റെ സുഭാഷിതങ്ങളാകുന്നു: ജ്ഞാനിയായ പുത്രന്‍ പിതാവിനെ സന്തോഷിപ്പിക്കുന്നു; എന്നാല്‍ ഭോഷനായ മകന്‍ അമ്മയ്‍ക്കു ദുഃഖം വരുത്തുന്നു. ദുഷ്ടതകൊണ്ടു നേടിയ ധനം പ്രയോജനപ്പെടുകയില്ല; നീതിയാകട്ടെ മരണത്തില്‍നിന്നു രക്ഷിക്കുന്നു. നീതിമാന്‍ വിശന്നു വലയാന്‍ സര്‍വേശ്വരന്‍ അനുവദിക്കുകയില്ല; എന്നാല്‍ ദുഷ്ടന്‍റെ മോഹം അവിടുന്നു നിഷ്ഫലമാക്കും. അലസന്‍ ദാരിദ്ര്യം വരുത്തും, സ്ഥിരോത്സാഹിയോ സമ്പത്തുണ്ടാക്കുന്നു. കൊയ്ത്തുകാലത്തു ശേഖരിക്കുന്നവന്‍ വിവേകം ഉള്ളവനാകുന്നു; അപ്പോള്‍ ഉറങ്ങുന്നവനോ അപമാനം വരും. നീതിമാന്‍റെമേല്‍ അനുഗ്രഹം വര്‍ഷിക്കപ്പെടും; ദുഷ്ടന്‍റെ വാക്കുകള്‍ അക്രമം മൂടിവയ്‍ക്കുന്നു. നീതിമാനെ സ്മരിക്കുക അനുഗ്രഹമാണ്; ദുഷ്ടനെക്കുറിച്ചുള്ള സ്മരണ കെട്ടുപോകും. വിവേകികള്‍ കല്പനകള്‍ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷന്‍ നാശം അടയും. സത്യത്തില്‍ ചരിക്കുന്നവന്‍ സുരക്ഷിതനായിരിക്കും; അപഥസഞ്ചാരി പിടികൂടപ്പെടും. സത്യത്തിനു നേരേ കണ്ണടയ്‍ക്കുന്നവന്‍ അനര്‍ഥം വരുത്തുന്നു; ധൈര്യത്തോടെ ശാസിക്കുന്നവന്‍ സമാധാനം ഉണ്ടാക്കുന്നു. നീതിമാന്‍റെ വാക്കുകള്‍ ജീവന്‍റെ ഉറവയാകുന്നു; ദുഷ്ടന്‍റെ വാക്കുകളോ അക്രമം മൂടിവയ്‍ക്കുന്നു. വിദ്വേഷം കലഹം ഇളക്കിവിടുന്നു; സ്നേഹം സകല അപരാധങ്ങളും പൊറുക്കുന്നു. വിവേകി ജ്ഞാനത്തോടെ സംസാരിക്കുന്നു. ഭോഷന്‍റെ മുതുകിന് അടിയാണ് ലഭിക്കുന്നത്. ജ്ഞാനികള്‍ വിജ്ഞാനം സംഭരിക്കുന്നു. ഭോഷന്‍റെ ജല്പനം നാശം വരുത്തി വയ്‍ക്കുന്നു. സമ്പന്നനു ധനം ബലവത്തായ നഗരമാണ്; ദാരിദ്ര്യം എളിയവരെ നശിപ്പിക്കുന്നു. നീതിമാന്‍റെ പ്രവൃത്തികള്‍ ജീവനിലേക്കും ദുഷ്ടന്‍റെ ലാഭം അവനെ പാപത്തിലേക്കും നയിക്കുന്നു. പ്രബോധനം ശ്രദ്ധിക്കുന്നവന്‍ ജീവന്‍റെ പാതയില്‍ ചരിക്കുന്നു. ശാസനം പരിത്യജിക്കുന്നവനു വഴിതെറ്റുന്നു. വിദ്വേഷം മറച്ചുവയ്‍ക്കുന്നവന്‍ വഞ്ചകന്‍, അപവാദം പറയുന്നവന്‍ ഭോഷന്‍. അതിഭാഷണം തെറ്റു വര്‍ധിപ്പിക്കുന്നു; വാക്കുകള്‍ നിയന്ത്രിക്കുന്നവന്‍ വിവേകിയാകുന്നു. നീതിമാന്‍റെ വാക്കുകള്‍ മേല്‍ത്തരമായ വെള്ളി; ദുഷ്ടന്മാരുടെ വിചാരങ്ങള്‍ വിലകെട്ടത്. നീതിമാന്‍റെ വാക്കുകള്‍ പലര്‍ക്ക് ഗുണം ചെയ്യും; ഭോഷന്മാരോ ബുദ്ധിശൂന്യതയാല്‍ മരിക്കും. സര്‍വേശ്വരന്‍റെ അനുഗ്രഹം സമ്പത്തു വരുത്തുന്നു, കഠിനാധ്വാനം അതിനോട് കൂടുതല്‍ ഒന്നും ചേര്‍ക്കുന്നില്ല. തെറ്റു ചെയ്യുന്നതു ഭോഷന് വിനോദം ആണ്; വിവേകി ജ്ഞാനത്തില്‍ സന്തോഷിക്കുന്നു. ഏതൊന്നിനെ ഭയപ്പെടുന്നുവോ, അതുതന്നെ ദുഷ്ടനു സംഭവിക്കും. നീതിമാന്‍റെ ആഗ്രഹം സഫലമാകും. കൊടുങ്കാറ്റ് അടിക്കുമ്പോള്‍ ദുഷ്ടന്‍ ഇല്ലാതാകും, എന്നാല്‍ നീതിമാന്‍ എന്നേക്കും നിലനില്‌ക്കും. അലസന്‍ തന്നെ നിയോഗിക്കുന്നവന് പല്ലിന് വിനാഗിരിയും കണ്ണിനു പുകയും പോലെ അസ്വസ്ഥത ഉണ്ടാക്കും. ദൈവഭക്തി ആയുസ്സ് വര്‍ധിപ്പിക്കുന്നു. ദുഷ്ടന്മാരുടെ ആയുസ്സ് ചുരുങ്ങിപ്പോകും. നീതിമാന്‍റെ പ്രത്യാശ സന്തോഷത്തില്‍ കലാശിക്കുന്നു; എന്നാല്‍ ദുഷ്ടന്മാരുടെ പ്രതീക്ഷ നിഷ്ഫലമാകും. നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ക്ക് സര്‍വേശ്വരന്‍ കോട്ട ആകുന്നു. അധര്‍മികള്‍ക്കോ അവിടുന്നു വിനാശം വരുത്തുന്നു. നീതിമാന്‍ എന്നും അചഞ്ചലനായിരിക്കും; ദുഷ്ടനോ ദേശത്തു നിലനില്‌ക്കുകയില്ല. നീതിമാന്‍ ജ്ഞാനം സംസാരിക്കുന്നു. ദുര്‍ഭാഷിയോ ഛേദിക്കപ്പെടും. നീതിമാന്‍ ഹൃദ്യമായതു സംസാരിക്കുന്നു; എന്നാല്‍ ദുഷ്ടനോ വക്രത പറയുന്നു. കള്ളത്തുലാസ് സര്‍വേശ്വരന്‍ വെറുക്കുന്നു; ശരിയായ തൂക്കം അവിടുത്തേക്കു പ്രസാദകരം. അഹങ്കാരത്തോടൊപ്പം അപകീര്‍ത്തിയും വിനീതരോടൊപ്പം ജ്ഞാനവുമുണ്ട്. സത്യസന്ധരുടെ പരമാര്‍ഥത അവരെ നേര്‍വഴി നടത്തുന്നു; എന്നാല്‍ വക്രത വഞ്ചകരെ നശിപ്പിക്കുന്നു. ക്രോധദിവസം സമ്പത്ത് ഉപകരിക്കുന്നില്ല; എന്നാല്‍ നീതി നിന്നെ മരണത്തില്‍നിന്നു മോചിപ്പിക്കും. നീതി നിരപരാധിയുടെ വഴി നേരേയാക്കും; ദുഷ്ടതയാല്‍ ദുഷ്ടന്‍ വീണുപോകും. നീതി സത്യസന്ധരെ മോചിപ്പിക്കുന്നു; തങ്ങളുടെ ദുരാശയാല്‍ വഞ്ചകര്‍ പിടിക്കപ്പെടും. ദുഷ്ടന്‍റെ പ്രത്യാശ മരണത്തോടെ ഇല്ലാതാകുന്നു; അധര്‍മിയുടെ പ്രതീക്ഷയ്‍ക്ക് ഭംഗം നേരിടുന്നു. നീതിമാന്‍ കഷ്ടതയില്‍നിന്നു വിടുവിക്കപ്പെടുന്നു; ദുഷ്ടന്‍ അതില്‍ അകപ്പെടുന്നു. അധര്‍മി തന്‍റെ വാക്കുകള്‍കൊണ്ട് അയല്‍ക്കാരനെ നശിപ്പിക്കുന്നു, നീതിമാനാകട്ടെ ജ്ഞാനത്താല്‍ വിടുവിക്കപ്പെടുന്നു. നീതിമാന്‍ ഐശ്വര്യത്തോടെ കഴിയുമ്പോള്‍ നഗരം ആനന്ദിക്കുന്നു; ദുഷ്ടന്‍ നശിക്കുമ്പോള്‍ സന്തോഷത്തിന്‍റെ ആര്‍പ്പുവിളി മുഴങ്ങുന്നു. സത്യസന്ധരുടെ അനുഗ്രഹത്താല്‍ നഗരം ഉന്നതി പ്രാപിക്കുന്നു, എന്നാല്‍ ദുര്‍ജനത്തിന്‍റെ വാക്കുകളാല്‍ അതു നശിപ്പിക്കപ്പെടുന്നു. അയല്‍ക്കാരനെ നിന്ദിക്കുന്നവന്‍ ബുദ്ധിഹീനന്‍; വിവേകമുള്ളവന്‍ മൗനം അവലംബിക്കുന്നു. ഏഷണിക്കാരന്‍ രഹസ്യം വെളിപ്പെടുത്തുന്നു വിശ്വസ്തനാകട്ടെ രഹസ്യം സൂക്ഷിക്കുന്നു. മാര്‍ഗദര്‍ശനം ഇല്ലാത്തിടത്ത് ജനത അധഃപതിക്കുന്നു; ഉപദേഷ്ടാക്കള്‍ ധാരാളമുള്ളിടത്ത് സുരക്ഷിതത്വമുണ്ട്. അന്യനുവേണ്ടി ജാമ്യം നില്‌ക്കുന്നവന്‍ ദുഃഖിക്കേണ്ടിവരും, ജാമ്യത്തിനു വിസമ്മതിക്കുന്നവന്‍ സുരക്ഷിതനായിരിക്കും. ശാലീനയായ വനിത ബഹുമതി നേടുന്നു, ബലവാനായ മനുഷ്യന്‍ സമ്പത്തുണ്ടാക്കുന്നു. ദയാലു തനിക്കുതന്നെ ഗുണം വരുത്തുന്നു, ക്രൂരനാകട്ടെ സ്വയം ഉപദ്രവം വരുത്തുന്നു. ദുഷ്ടനു ലഭിക്കുന്ന പ്രതിഫലം അവന് ഒന്നിനും ഉപകരിക്കുന്നില്ല, എന്നാല്‍ നീതി വിതയ്‍ക്കുന്നവന് നല്ല പ്രതിഫലം ലഭിക്കും. നീതിയില്‍ ഉറച്ചുനില്‌ക്കുന്നവന്‍ ജീവിക്കും, തിന്മയെ പിന്തുടരുന്നവന്‍ മരിക്കും. വക്രബുദ്ധികളെ സര്‍വേശ്വരന്‍ വെറുക്കുന്നു; നിഷ്കളങ്കരില്‍ അവിടുന്നു പ്രസാദിക്കുന്നു. ദുഷ്ടനു തീര്‍ച്ചയായും ശിക്ഷ ലഭിക്കും, നീതിമാനു മോചനവും ലഭിക്കും. വിവേകരഹിതയായ സുന്ദരി പന്നിയുടെ മൂക്കില്‍ പൊന്‍മൂക്കുത്തിപോലെയാണ്. നീതിമാന്‍റെ ആഗ്രഹം നന്മയിലും ദുര്‍ജനങ്ങളുടെ പ്രതീക്ഷകളാകട്ടെ ക്രോധത്തിലും കലാശിക്കുന്നു. ഒരുവന്‍ ഉദാരമായി നല്‌കിയിട്ടും കൂടുതല്‍ സമ്പന്നന്‍ ആയിക്കൊണ്ടിരിക്കുന്നു; മറ്റൊരുവന്‍ കൊടുക്കുന്നതുകൂടി പിടിച്ചുവച്ചിട്ടും അവനു ദാരിദ്ര്യം ഭവിക്കുന്നു. ഉദാരമായി ദാനം ചെയ്യുന്നവന്‍ സമ്പന്നനായിത്തീരുന്നു. അന്യരെ ആശ്വസിപ്പിക്കുന്നവന് ആശ്വാസം ലഭിക്കും. ധാന്യം പൂഴ്ത്തിവയ്‍ക്കുന്നവനെ ജനം ശപിക്കും; അതു വില്‌ക്കുന്നവനെ അവര്‍ അനുഗ്രഹിക്കും. ഉത്സാഹത്തോടെ നന്മ നേടുന്നവന്‍ സംപ്രീതി നേടുന്നു. തിന്മ തേടുന്നവന് അതുതന്നെ ഭവിക്കുന്നു. സമ്പത്തില്‍ ആശ്രയിക്കുന്നവന്‍ കുഴഞ്ഞുവീഴുന്നു; നീതിമാനാകട്ടെ പച്ചിലപോലെ തഴയ്‍ക്കും. സ്വന്തം ഭവനത്തെ ദ്രോഹിക്കുന്നവന് ഒന്നും അവശേഷിക്കുകയില്ല; ഭോഷന്‍ ജ്ഞാനിയുടെ ദാസനായിത്തീരും. നീതിമാന്‍റെ പ്രതിഫലം ജീവവൃക്ഷമാകുന്നു; എന്നാല്‍ അക്രമം ജീവനൊടുക്കുന്നു. നീതിമാന് ഭൂമിയില്‍ പ്രതിഫലം കിട്ടുന്നുവെങ്കില്‍ പാപിക്കും ദുഷ്ടനും ലഭിക്കുന്ന ശിക്ഷ എത്രയധികമായിരിക്കും. ശിക്ഷണം ഇഷ്ടപ്പെടുന്നവന്‍ വിജ്ഞാനം ഇഷ്ടപ്പെടുന്നു, ശാസന വെറുക്കുന്നവന്‍ മൂഢന്‍. ഉത്തമനായ മനുഷ്യനു സര്‍വേശ്വരന്‍റെ അനുഗ്രഹം ലഭിക്കുന്നു; ദുരുപായം നിരൂപിക്കുന്നവനെ അവിടുന്നു ശിക്ഷിക്കുന്നു. ദുഷ്ടതകൊണ്ട് ആരും നിലനില്‌ക്കുകയില്ല; നീതിമാന്മാരുടെ വേര് ഇളകുകയില്ല. ഉത്തമഭാര്യ ഭര്‍ത്താവിനു കിരീടം. എന്നാല്‍ അപമാനം വരുത്തുന്നവള്‍ അവന്‍റെ അസ്ഥികളില്‍ അര്‍ബുദം. നീതിമാന്‍റെ ചിന്തകള്‍ നീതിയുക്തം, ദുഷ്ടന്‍റെ ആലോചനകള്‍ വഞ്ചന നിറഞ്ഞതാകുന്നു. ദുഷ്ടന്മാരുടെ വാക്കുകള്‍ രക്തം ചൊരിയാന്‍ പതിയിരിക്കുന്നു. എന്നാല്‍ നീതിമാന്മാരുടെ വാക്കുകള്‍ പീഡിതരെ മോചിപ്പിക്കുന്നു. ദുഷ്ടന്മാര്‍ നിപതിച്ച് നിശ്ശേഷം നശിക്കും, നീതിമാന്‍റെ ഭവനമോ നിലനില്‌ക്കും. സല്‍ബുദ്ധിയാല്‍ ഒരുവന്‍ ശ്ലാഘിക്കപ്പെടുന്നു, വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു. ആഹാരത്തിനു വകയില്ലാതിരിക്കെ, വമ്പു നടിക്കുന്നവനെക്കാള്‍, അധ്വാനിച്ചു വക നേടുന്ന എളിയവനാണ് ശ്രേഷ്ഠന്‍. നീതിമാന് തന്‍റെ വളര്‍ത്തുമൃഗങ്ങളെക്കുറിച്ച് കരുതലുണ്ട്, എന്നാല്‍ ദുഷ്ടന്മാര്‍ അവയോടു ക്രൂരത കാണിക്കുന്നു. സ്വന്തം ഭൂമി കൃഷി ചെയ്യുന്നവനു സമൃദ്ധിയായി ആഹാരം ലഭിക്കുന്നു; പാഴ്‍വേല ചെയ്തലയുന്നവന്‍ ഭോഷനാകുന്നു. ദുഷ്ടന്‍റെ ബലിഷ്ഠമായ ഗോപുരം നശിക്കുന്നു; നീതിമാന്‍റെ വേരുകള്‍ ഇളകാതെ ഉറച്ചുനില്‌ക്കുന്നു. ദുഷ്ടന്‍ തന്‍റെ വാക്കുകളാല്‍ത്തന്നെ കെണിയില്‍ അകപ്പെടുന്നു, നീതിമാന്‍ കഷ്ടതയില്‍നിന്നു രക്ഷപെടുന്നു. ഒരുവന് തന്‍റെ വാക്കുകള്‍ക്ക് അര്‍ഹമായ നന്മ ലഭിക്കുന്നു, തന്‍റെ അധ്വാനത്തിനു തക്ക ഫലം അവനു കിട്ടുന്നു. ഭോഷന്‍റെ ദൃഷ്‍ടിയില്‍ തന്‍റെ വഴി നേരെയുള്ളതാണ്, എന്നാല്‍ ജ്ഞാനി ഉപദേശം ശ്രദ്ധിക്കുന്നു. ഭോഷന്‍ നീരസം തല്‍ക്ഷണം പ്രകടിപ്പിക്കുന്നു; എന്നാല്‍ വിവേകി അന്യരുടെ നിന്ദ അവഗണിക്കുന്നു. സത്യം പറയുന്നവന്‍ നീതി വെളിപ്പെടുത്തുന്നു, എന്നാല്‍ കള്ളസ്സാക്ഷി വ്യാജം പ്രസ്താവിക്കുന്നു. ഒരുവന്‍റെ അവിവേകവാക്കുകള്‍ വാളെന്നപോലെ തുളച്ചു കയറാം, ജ്ഞാനിയുടെ വാക്കുകള്‍ മുറിവുണക്കുന്നു. സത്യസന്ധമായ വചസ്സുകള്‍ എന്നേക്കും നിലനില്‌ക്കും, വ്യാജവാക്കുകളോ ക്ഷണികമത്രേ. ദുരുപായം നടത്തുന്നവരുടെ ഹൃദയത്തില്‍ വഞ്ചനയുണ്ട്; നന്മ നിരൂപിക്കുന്നവര്‍ സന്തോഷിക്കുന്നു. നീതിമാന് അനര്‍ഥം ഒന്നും ഉണ്ടാകയില്ല; അനര്‍ഥം ദുഷ്ടന്മാരെ വിട്ടുമാറുന്നില്ല. വ്യാജം പറയുന്നവരെ സര്‍വേശ്വരന്‍ വെറുക്കുന്നു; സത്യം പ്രവര്‍ത്തിക്കുന്നവരില്‍ അവിടുന്നു പ്രസാദിക്കുന്നു. വിവേകി അറിവ് അടക്കിവയ്‍ക്കുന്നു; ഭോഷന്മാര്‍ വിഡ്ഢിത്തം വിളിച്ചുപറയുന്നു. അധ്വാനശീലന്‍ അധികാരം നടത്തും; അലസന്‍ അടിമവേലയ്‍ക്ക് നിര്‍ബന്ധിതനാകും. ഉത്കണ്ഠയാല്‍ മനസ്സ് ഇടിയുന്നു; നല്ലവാക്ക് മനസ്സിനെ സന്തോഷിപ്പിക്കുന്നു. നീതിമാന്‍ തിന്മയില്‍നിന്ന് ഒഴിഞ്ഞുമാറുന്നു; ദുഷ്ടന്മാര്‍ നേര്‍വഴി വിട്ടുനടക്കുന്നു. അലസന്‍ ഇര തേടിപ്പിടിക്കുന്നില്ല; ഉത്സാഹശീലന്‍ വിലയേറിയ സമ്പാദ്യം ഉണ്ടാക്കുന്നു. നീതിയുടെ മാര്‍ഗത്തില്‍ ജീവനുണ്ട്, എന്നാല്‍ തെറ്റായ വഴി മരണത്തിലേക്കു നയിക്കുന്നു. വിവേകിയായ മകന്‍ പിതാവിന്‍റെ പ്രബോധനം കേള്‍ക്കുന്നു; പരിഹാസി ശാസന അവഗണിക്കുന്നു. സജ്ജനം തങ്ങളുടെ വാക്കുകളുടെ സല്‍ഫലം അനുഭവിക്കുന്നു, വഞ്ചകര്‍ ആഗ്രഹിക്കുന്നത് അക്രമമാണ്. സൂക്ഷ്മതയോടെ സംസാരിക്കുന്നവന്‍ സ്വന്തജീവന്‍ രക്ഷിക്കുന്നു; വിടുവായനു നാശം നേരിടുന്നു. അലസന്‍ എത്ര കൊതിച്ചാലും ഒന്നും ലഭിക്കുന്നില്ല; ഉത്സാഹിക്ക് ഐശ്വര്യസമൃദ്ധിയുണ്ടാകുന്നു. സത്യസന്ധന്‍ വ്യാജം വെറുക്കുന്നു; ദുഷ്ടന്‍ ലജ്ജാകരവും നിന്ദ്യവും ആയതു പ്രവര്‍ത്തിക്കുന്നു. സന്മാര്‍ഗിയെ നീതി കാക്കുന്നു; പാപം ദുഷ്ടനെ മറിച്ചുകളയുന്നു. ഒന്നുമില്ലാത്തവരെങ്കിലും ചിലര്‍ ധനികരെന്നു നടിക്കുന്നു; വളരെ ധനമുണ്ടായിട്ടും ചിലര്‍ ദരിദ്രരെന്നു ഭാവിക്കുന്നു. ധനികന് ജീവന്‍ വീണ്ടെടുക്കാന്‍ പണം ഉണ്ട്, ദരിദ്രനു മോചനത്തിനു മാര്‍ഗമില്ല; നീതിമാന്മാരുടെ ദീപം ജ്വലിച്ചു പ്രകാശിക്കുന്നു; ദുഷ്ടന്മാരുടെ വിളക്ക് അണഞ്ഞുപോകും. അനുസരണംകെട്ടവന്‍ ഗര്‍വുകൊണ്ടു കലഹം ഉണ്ടാക്കുന്നു. ഉപദേശം സ്വീകരിക്കുന്നവനു വിവേകം ലഭിക്കുന്നു. അന്യായമായി സമ്പാദിക്കുന്ന ധനം ക്ഷയിച്ചുപോകും, കഠിനാധ്വാനം ചെയ്തു സമ്പാദിക്കുന്നതു വര്‍ധിച്ചുവരും. പ്രതീക്ഷയ്‍ക്കു നേരിടുന്ന കാലവിളംബം ഹൃദയത്തെ വേദനിപ്പിക്കുന്നു; ആഗ്രഹനിവൃത്തിയാകട്ടെ ജീവവൃക്ഷമാകുന്നു. സദുപദേശം നിരസിക്കുന്നവര്‍ നാശം വരുത്തിവയ്‍ക്കുന്നു; കല്പനകള്‍ ആദരിക്കുന്നവനു പ്രതിഫലം ലഭിക്കുന്നു. ജ്ഞാനിയുടെ ഉപദേശം ജീവന്‍റെ ഉറവയാകുന്നു. അതു മരണത്തിന്‍റെ കെണിയില്‍നിന്നു രക്ഷിക്കുന്നു; സല്‍ബുദ്ധിയുള്ളവന്‍ ബഹുമാനം നേടുന്നു; വഞ്ചകന്‍റെ വഴി അവനെ നാശത്തിലേക്കു നയിക്കുന്നു. വിവേകി എല്ലാ കാര്യങ്ങളും ആലോചനയോടെ ചെയ്യുന്നു; ഭോഷന്‍ തന്‍റെ ഭോഷത്തം വെളിപ്പെടുത്തുന്നു. ദുഷ്ടനായ ദൂതന്‍ മനുഷ്യരെ കുഴപ്പത്തില്‍ ചാടിക്കുന്നു; വിശ്വസ്തദൂതനോ ആശ്വാസം കൈവരുത്തുന്നു. ശിക്ഷണം അവഗണിക്കുന്നവനു ദാരിദ്ര്യവും അപകീര്‍ത്തിയും ഉണ്ടാകും; ശാസനയെ ആദരിക്കുന്നവന്‍ ബഹുമാനിതനാകും. അഭീഷ്ടസിദ്ധി മനസ്സിന് മധുരാനുഭൂതിയാണ്. ദോഷം വിട്ടകലുന്നതു ഭോഷന്മാര്‍ക്കു വെറുപ്പാണ്. ജ്ഞാനികളുടെ കൂടെ നടക്കുന്നവന്‍ ജ്ഞാനിയാകും; ഭോഷന്മാരുമായി കൂട്ടു കൂടുന്നവര്‍ക്ക് ഉപദ്രവം നേരിടും. അനര്‍ഥം പാപികളെ പിന്തുടരുന്നു; എന്നാല്‍ നീതിനിഷ്ഠര്‍ക്ക് ഐശ്വര്യം പ്രതിഫലമായി ലഭിക്കും. ഉത്തമനായ മനുഷ്യന്‍ തന്‍റെ അവകാശം തലമുറകള്‍ക്കായി ശേഷിപ്പിക്കുന്നു. പാപിയുടെ സമ്പത്താകട്ടെ നീതിമാനായി സംഭരിക്കപ്പെടുന്നു. തരിശുഭൂമി ദരിദ്രര്‍ക്ക് ധാരാളം വിള നല്‌കുന്നു; അധര്‍മി അതും കൈവശപ്പെടുത്തി തരിശിടുന്നു. ശിക്ഷിക്കാതെ മകനെ വളര്‍ത്തുന്നവന്‍ അവനെ സ്നേഹിക്കുന്നില്ല, മകനെ സ്നേഹിക്കുന്നവന്‍ അവനു ശിക്ഷണം നല്‌കുന്നു. നീതിമാനു ഭക്ഷിക്കാന്‍ വേണ്ടുവോളമുണ്ട്; ദുഷ്ടനോ വിശന്നു പൊരിയുന്നു. ജ്ഞാനം തന്‍റെ ഭവനം പണിയുന്നു, ഭോഷത്തം സ്വന്തകൈകൊണ്ട് അതു പൊളിച്ചുകളയുന്നു. നേര്‍വഴിയില്‍ നടക്കുന്നവന്‍ ദൈവഭക്തനാകുന്നു; വക്രമാര്‍ഗത്തില്‍ ചരിക്കുന്നവന്‍ അവിടുത്തെ നിന്ദിക്കുന്നു. മൂഢന്‍റെ ഭാഷണം അവന്‍റെ മുതുകിന് അടി ഏല്പിക്കുന്നു. എന്നാല്‍ ജ്ഞാനിയുടെ വാക്കുകള്‍ അവനെ സംരക്ഷിക്കുന്നു. ഉഴവുകാളകള്‍ ഇല്ലാത്തിടത്ത് കളപ്പുര ശൂന്യമായിരിക്കുന്നു, എന്നാല്‍ കാളകളുടെ ശക്തിയാല്‍ ധാന്യസമൃദ്ധി ഉണ്ടാകുന്നു. വിശ്വസ്തനായ സാക്ഷി വ്യാജം പറയുകയില്ല; കള്ളസ്സാക്ഷി വ്യാജം ഉതിര്‍ക്കുന്നു. നിന്ദകന്‍ ജ്ഞാനം തേടിയാലും കണ്ടെത്തുകയില്ല; വിവേകി അറിവ് എളുപ്പം നേടും. മൂഢന്‍റെ സമീപത്തുനിന്നു മാറിപ്പോകുക; അറിവിന്‍റെ വചനങ്ങള്‍ അവനില്‍നിന്നു ലഭിക്കുകയില്ലല്ലോ. വിവേകിയുടെ ജ്ഞാനം അവനു നേര്‍വഴി കാട്ടുന്നു, ഭോഷത്തം ഭോഷന്മാരെ കബളിപ്പിക്കുന്നു. ഭോഷന്മാര്‍ പാപത്തെ നിസ്സാരമായി എണ്ണുന്നു. നീതിനിഷ്ഠര്‍ ദൈവകൃപ അനുഭവിക്കുന്നു. നിന്‍റെ ദുഃഖം നീ മാത്രം അറിയുന്നു നിന്‍റെ സന്തോഷത്തിലും അന്യര്‍ക്കു പങ്കില്ല. ദുഷ്ടന്മാരുടെ ഭവനം നശിപ്പിക്കപ്പെടും, നീതിമാന്‍റെ കൂടാരം ഐശ്വര്യപൂര്‍ണമാകും. ശരിയെന്നു തോന്നുന്ന മാര്‍ഗം മരണത്തിലേക്കു നയിച്ചെന്നു വരാം. ഒരുവന്‍ ചിരിക്കുമ്പോഴും അവന്‍റെ ഹൃദയം ദുഃഖപൂര്‍ണമായിരിക്കും. സന്തോഷത്തിന്‍റെ അന്ത്യമോ ദുഃഖം ആകുന്നു. വഴിപിഴച്ചവന്‍ സ്വന്തം ദുഷ്പ്രവൃത്തിയുടെ ഫലം കൊയ്തെടുക്കും, നല്ല മനുഷ്യനു തന്‍റെ സല്‍പ്രവൃത്തിയുടെ ഫലം ലഭിക്കും. ബുദ്ധിശൂന്യന്‍ കേള്‍ക്കുന്നതെല്ലാം വിശ്വസിക്കുന്നു, ബുദ്ധിമാനാകട്ടെ തന്‍റെ മാര്‍ഗം സൂക്ഷിക്കുന്നു. ജ്ഞാനി ജാഗരൂകനായി തിന്മയില്‍നിന്ന് അകന്നുമാറുന്നു; ഭോഷനാകട്ടെ അശ്രദ്ധനായി എടുത്തു ചാടുന്നു. ക്ഷിപ്രകോപി അവിവേകം പ്രവര്‍ത്തിക്കുന്നു; എന്നാല്‍ ബുദ്ധിമാന്‍ ക്ഷമയോടെ വര്‍ത്തിക്കും. ബുദ്ധിഹീനന്‍ ഭോഷത്തം വരുത്തിവയ്‍ക്കുന്നു; വിവേകി പരിജ്ഞാനത്തിന്‍റെ കിരീടം അണിയുന്നു. ദുര്‍ജനം സജ്ജനത്തിന്‍റെ മുമ്പിലും ദുഷ്ടന്മാര്‍ ശിഷ്ടന്മാരുടെ വാതില്‌ക്കലും വണങ്ങുന്നു. ദരിദ്രനെ അവന്‍റെ അയല്‍ക്കാര്‍പോലും വെറുക്കുന്നു, എന്നാല്‍ ധനവാനെ അനേകര്‍ സ്നേഹിക്കുന്നു. അയല്‍ക്കാരനെ നിന്ദിക്കുന്നവന്‍ പാപിയാകുന്നു, ദരിദ്രനോടു ദയ കാട്ടുന്നവനോ ധന്യന്‍. ദുരാലോചന നടത്തുന്നവന്‍ വഴി തെറ്റിപ്പോകുന്നില്ലേ? നന്മ ചിന്തിക്കുന്നവനു കൂറും വിശ്വസ്തതയും ലഭിക്കുന്നു. അധ്വാനമെല്ലാം ലാഭകരമാണ്, എന്നാല്‍ വായാടിത്തംകൊണ്ട് ദാരിദ്ര്യമേ ഉണ്ടാകൂ. ജ്ഞാനികള്‍ക്ക് ജ്ഞാനം കിരീടം; ഭോഷന്മാര്‍ക്ക് ഭോഷത്തം പൂമാല. സത്യസന്ധനായ സാക്ഷി പലരെയും രക്ഷിക്കുന്നു; കള്ളസ്സാക്ഷി വഞ്ചകനാകുന്നു. ദൈവഭക്തനു ദൃഢമായ ആത്മവിശ്വാസമുണ്ട്. അത് അയാളുടെ മക്കള്‍ക്ക് അഭയസ്ഥാനമായിരിക്കും. ദൈവഭക്തി ജീവന്‍റെ ഉറവയാകുന്നു, അതു മരണത്തിന്‍റെ കെണികളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സഹായിക്കുന്നു. പ്രജാബാഹുല്യം രാജാവിനു പ്രതാപകരം, പ്രജകളുടെ അഭാവം രാജാവിനു വിനാശം. ക്ഷമാശീലന്‍ മഹാബുദ്ധിമാന്‍; ക്ഷിപ്രകോപി ഭോഷത്തം തുറന്നുകാട്ടുന്നു. പ്രശാന്തമനസ്സ് ദേഹത്തിനു ചൈതന്യം നല്‌കുന്നു, അസൂയ അസ്ഥികളെ ജീര്‍ണിപ്പിക്കുന്നു. എളിയവനെ പീഡിപ്പിക്കുന്നവന്‍ സ്രഷ്ടാവിനെ നിന്ദിക്കുന്നു; എന്നാല്‍ ദരിദ്രനോടു ദയ കാട്ടുന്നവന്‍ അവിടുത്തെ ആദരിക്കുന്നു. ദുഷ്പ്രവൃത്തിയാല്‍ ദുഷ്ടന്‍ വീഴുന്നു; നീതിമാനാകട്ടെ തന്‍റെ സ്വഭാവശുദ്ധിയില്‍ അഭയം കണ്ടെത്തുന്നു. വിവേകിയുടെ ഹൃദയത്തില്‍ ജ്ഞാനം കുടികൊള്ളുന്നു, ഭോഷന്മാരുടെ ഹൃദയം അതിനെ അറിയുന്നതേയില്ല. നീതി ജനതയെ ഉയര്‍ത്തുന്നു; എന്നാല്‍ പാപം ഏതു ജനതയ്‍ക്കും അപമാനകരമത്രേ; ബുദ്ധിമാനായ ദാസനു രാജാവിന്‍റെ പ്രീതി ലഭിക്കുന്നു; എന്നാല്‍ ലജ്ജാകരമായി പ്രവര്‍ത്തിക്കുന്നവന്‍റെമേല്‍ രാജകോപം നിപതിക്കും. സൗമ്യമായ മറുപടി രോഷത്തെ ശമിപ്പിക്കും; പരുഷവാക്കോ കോപത്തെ ജ്വലിപ്പിക്കും; ജ്ഞാനിയുടെ വാക്കുകള്‍ വിജ്ഞാനം വിതറുന്നു; മൂഢന്മാരോ ഭോഷത്തം വിളമ്പുന്നു. സര്‍വേശ്വരന്‍ എല്ലാം കാണുന്നു; ദുഷ്ടരെയും ശിഷ്ടരെയും അവിടുന്നു നോക്കിക്കൊണ്ടിരിക്കുന്നു. സൗമ്യതയുള്ള വാക്ക് ജീവവൃക്ഷം, വക്രതയുള്ള വാക്ക് ഹൃദയം തകര്‍ക്കുന്നു. മൂഢന്‍ പിതാവിന്‍റെ പ്രബോധനം നിരസിക്കുന്നു; ശാസനം ആദരിക്കുന്നവന്‍ വിവേകിയായിത്തീരും. നീതിമാന്‍റെ ഗൃഹത്തില്‍ ധാരാളം നിക്ഷേപമുണ്ട്; ദുഷ്ടന്‍റെ സമ്പാദ്യത്തിന്മേല്‍ അനര്‍ഥം നിപതിക്കും. ജ്ഞാനിയുടെ വചസ്സുകള്‍ വിജ്ഞാനം വിതറുന്നു; ദുഷ്ടന്മാരുടെ മനസ്സോ നേരുള്ളതല്ല. ദുഷ്ടന്മാരുടെ യാഗം സര്‍വേശ്വരന്‍ വെറുക്കുന്നു; സത്യസന്ധരുടെ പ്രാര്‍ഥനയില്‍ അവിടുന്നു പ്രസാദിക്കുന്നു. ദുഷ്ടന്മാരുടെ മാര്‍ഗം സര്‍വേശ്വരന്‍ ദ്വേഷിക്കുന്നു; എന്നാല്‍ നീതിനിഷ്ഠനെ അവിടുന്നു സ്നേഹിക്കുന്നു. നേര്‍വഴി വിട്ടു നടക്കുന്നവനു കഠിനശിക്ഷ ലഭിക്കും; ശാസന വെറുക്കുന്നവന്‍ മരിക്കും. പാതാളവും നരകഗര്‍ത്തവും സര്‍വേശ്വരന്‍റെ മുമ്പില്‍ തുറന്നുകിടക്കുന്നു; എങ്കില്‍ മനുഷ്യഹൃദയം അവിടുന്ന് എത്ര വ്യക്തമായി കാണും. പരിഹാസി ശാസനം ഇഷ്ടപ്പെടുന്നില്ല; അവന്‍ ജ്ഞാനിയെ സമീപിക്കുന്നതുമില്ല. സന്തുഷ്ടഹൃദയം മുഖം പ്രസന്നമാക്കുന്നു; ഹൃദയവ്യഥ ഉന്മേഷം കെടുത്തുന്നു. വിവേകി വിജ്ഞാനം തേടുന്നു. മൂഢന്‍ ഭോഷത്തംകൊണ്ടു തൃപ്തിയടയുന്നു. പീഡിതന് ജീവിതം ക്ലേശപൂര്‍ണമാണ്; എന്നാല്‍ സന്തുഷ്ടഹൃദയനു നിത്യവും ഉത്സവമാണ്. അനര്‍ഥങ്ങളോടുകൂടിയ ഏറിയ സമ്പത്തിനെക്കാള്‍ മെച്ചം ദൈവഭക്തിയോടുകൂടിയ അല്പംകൊണ്ടു കഴിയുന്നതാണ്. വിദ്വേഷത്തോടുകൂടിയ മാംസഭോജ്യത്തെക്കാള്‍ സ്നേഹത്തോടുകൂടിയ സസ്യഭോജനമത്രേ ശ്രേഷ്ഠം. കോപശീലന്‍ കലഹം ഇളക്കിവിടുന്നു; ക്ഷമാശീലന്‍ അതു ശമിപ്പിക്കുന്നു. അലസന്‍റെ മാര്‍ഗം മുള്‍ച്ചെടികള്‍കൊണ്ടു നിറഞ്ഞത്; നീതിമാന്‍റെ മാര്‍ഗമോ നിരപ്പുള്ള രാജപാത; ജ്ഞാനമുള്ള മകന്‍ പിതാവിനെ സന്തോഷിപ്പിക്കും; മൂഢനാകട്ടെ മാതാവിനെ നിന്ദിക്കുന്നു. ഭോഷത്തം ബുദ്ധിഹീനന് ആഹ്ലാദമാകുന്നു; വിവേകി നേര്‍വഴിയില്‍ നടക്കുന്നു. സദുപദേശം ഇല്ലെങ്കില്‍ പദ്ധതികള്‍ പാളിപ്പോകും; ഉപദേഷ്ടാക്കളുടെ ബഹുത്വത്താല്‍ അവ വിജയിക്കും. ഉചിതമായ മറുപടി നല്‌കുക സന്തോഷകരമത്രേ, അവസരോചിതമായ വാക്ക് എത്ര നല്ലത്. ജ്ഞാനിയുടെ പാത ഉയര്‍ന്ന് ജീവനിലേക്കു നയിക്കുന്നു; അവന്‍ താഴെയുള്ള പാതാളത്തെ ഒഴിഞ്ഞുപോകുന്നു. അഹങ്കാരിയുടെ ഭവനം സര്‍വേശ്വരന്‍ പൊളിച്ചുകളയും, വിധവയുടെ അതിരുകള്‍ അവിടുന്നു സംരക്ഷിക്കുന്നു. ദുര്‍ജനങ്ങളുടെ വിചാരങ്ങള്‍ സര്‍വേശ്വരന്‍ വെറുക്കുന്നു; സജ്ജനത്തിന്‍റെ വാക്കുകള്‍ അവിടുത്തേക്കു പ്രസാദകരം. അന്യായലാഭം ഇച്ഛിക്കുന്നവന്‍ സ്വന്തഭവനത്തിനു ദ്രോഹം വരുത്തും; കൈക്കൂലി വെറുക്കുന്നവന്‍ ജീവിച്ചിരിക്കും. നീതിമാന്‍ ആലോചിച്ച് ഉചിതമായ ഉത്തരം നല്‌കുന്നു ദുഷ്ടന്മാരോ ദുഷ്ടത പ്രവര്‍ത്തിക്കുന്നു. സര്‍വേശ്വരന്‍ ദുര്‍ജനത്തില്‍നിന്ന് അകന്നിരിക്കുന്നു; നീതിമാന്‍റെ പ്രാര്‍ഥന അവിടുന്നു കേള്‍ക്കുന്നു. കണ്ണിന്‍റെ പ്രകാശം ഹൃദയത്തെ ആനന്ദിപ്പിക്കുന്നു; സദ്‍വാര്‍ത്ത അസ്ഥികള്‍ക്ക് ഉന്മേഷം പകരുന്നു; ജീവദായകമായ ശാസന കേള്‍ക്കുന്നവന്‍ ജ്ഞാനികളുടെ ഇടയില്‍ വസിക്കും. പ്രബോധനം അവഗണിക്കുന്നവന്‍ തന്നെത്തന്നെ അവഗണിക്കുന്നു. ശാസന കേള്‍ക്കുന്നവനോ വിവേകം നേടുന്നു. ദൈവഭക്തി ജ്ഞാനലബ്ധിക്കുള്ള ശിക്ഷണമാകുന്നു. വിനയം ബഹുമതിയുടെ മുന്നോടിയാകുന്നു. മനുഷ്യന്‍ പദ്ധതികള്‍ നിരൂപിക്കുന്നു, അന്തിമതീരുമാനം സര്‍വേശ്വരന്‍റേതത്രേ. തന്‍റെ മാര്‍ഗങ്ങള്‍ ശരിയാണെന്ന് ഒരുവനു തോന്നുന്നു, സര്‍വേശ്വരനോ ഹൃദയവിചാരങ്ങള്‍ പരിശോധിക്കുന്നു. നിന്‍റെ പ്രവൃത്തികള്‍ സര്‍വേശ്വരനില്‍ സമര്‍പ്പിക്കുക, എന്നാല്‍ നിന്‍റെ ആഗ്രഹങ്ങള്‍ സഫലമാകും. ഓരോന്നിനെയും പ്രത്യേക ലക്ഷ്യത്തോടെ സര്‍വേശ്വരന്‍ സൃഷ്‍ടിച്ചിരിക്കുന്നു, അനര്‍ഥദിവസത്തിനുവേണ്ടി ദുഷ്ടനെയും. അഹങ്കാരികളെ സര്‍വേശ്വരന്‍ വെറുക്കുന്നു, അവര്‍ക്ക് തീര്‍ച്ചയായും ശിക്ഷ ലഭിക്കും. വിശ്വസ്തതയും കൂറും ആണ് അകൃത്യത്തിനു പരിഹാരം. ദൈവഭക്തി മനുഷ്യനെ തിന്മയില്‍ നിന്ന് അകറ്റും. ഒരുവന്‍റെ വഴികള്‍ സര്‍വേശ്വരനു പ്രസാദകരമാകുമ്പോള്‍ അവന്‍റെ ശത്രുക്കളെപ്പോലും അവിടുന്ന് അവനോട് രഞ്ജിപ്പിക്കുന്നു. നീതികൊണ്ടു നേടിയ അല്പ ധനമാണ്, അനീതികൊണ്ടു നേടിയ വലിയ ധനത്തെക്കാള്‍ മെച്ചം. ഒരു മനുഷ്യന്‍ തന്‍റെ മാര്‍ഗങ്ങള്‍ ആലോചിച്ചുവയ്‍ക്കുന്നു, എന്നാല്‍ സര്‍വേശ്വരനാണ് അവന്‍റെ കാലടികളെ നിയന്ത്രിക്കുന്നത്. ദൈവപ്രചോദിതമായ വാക്കുകള്‍ രാജാവിന്‍റെ അധരങ്ങളിലുണ്ട്; വിധിക്കുമ്പോള്‍ അദ്ദേഹത്തിനു തെറ്റുപറ്റുകയില്ല. ഒത്തതുലാസും അളവുകോലും സര്‍വേശ്വരന്‍ ആഗ്രഹിക്കുന്നു. സഞ്ചിയിലെ തൂക്കുകട്ടികളെല്ലാം അവിടുന്നു നിശ്ചയിച്ചത്. രാജാക്കന്മാര്‍ക്ക് അധാര്‍മികത മ്ലേച്ഛമാണ്. ധാര്‍മികതയിലാണ് സിംഹാസനം ഉറപ്പിക്കപ്പെട്ടിരിക്കുന്നത്. സത്യസന്ധമായ ഭാഷണം രാജാവിനെ സന്തോഷിപ്പിക്കുന്നു. സത്യം പറയുന്നവനെ അദ്ദേഹം സ്നേഹിക്കുന്നു. രാജാവിന്‍റെ രോഷം മരണദൂതനാകുന്നു; അതു ശമിപ്പിക്കാന്‍ ജ്ഞാനിക്കു കഴിയും. രാജാവിന്‍റെ പ്രസാദത്തില്‍ ജീവനുണ്ട്, അദ്ദേഹത്തിന്‍റെ പ്രസാദം വസന്തത്തില്‍ മഴ പെയ്യിക്കുന്ന മേഘംപോലെ ആകുന്നു. ജ്ഞാനം നേടുന്നതു സ്വര്‍ണസമ്പാദനത്തിലും മെച്ചം! വിവേകം വെള്ളിയെക്കാള്‍ എത്ര അഭികാമ്യം! നേരുള്ളവരുടെ വഴി ദോഷം വിട്ട് അകന്നുപോകുന്നു; തന്‍റെ വഴി സൂക്ഷിക്കുന്നവന്‍ സ്വന്തജീവന്‍ സുരക്ഷിതമാക്കുന്നു. അഹങ്കാരം നാശത്തിന്‍റെയും ധാര്‍ഷ്ട്യം പതനത്തിന്‍റെയും മുന്നോടിയാണ്. ഗര്‍വിഷ്ഠരോടുകൂടി കൊള്ള പങ്കിടുന്നതിലും നല്ലത് എളിയവരോടൊപ്പം എളിമയില്‍ കഴിയുന്നതാണ്. ദൈവവചനം അനുസരിക്കുന്നവന്‍ ഐശ്വര്യം പ്രാപിക്കും; സര്‍വേശ്വരനില്‍ ശരണപ്പെടുന്നവന്‍ ഭാഗ്യവാന്‍. വിവേകി ജ്ഞാനമുള്ളവന്‍ എന്ന് അറിയപ്പെടും; ഹൃദ്യമായി സംസാരിക്കുന്നവന്‍ അനുനയമുള്ളവനാകുന്നു. ജ്ഞാനിക്ക് വിജ്ഞാനം ജീവന്‍റെ ഉറവയാകുന്നു, ഭോഷത്തമോ ഭോഷനുള്ള ശിക്ഷയത്രേ. ജ്ഞാനിയുടെ മനസ്സ് വിവേകപൂര്‍ണമാകുന്നു; അതുകൊണ്ട് അവന്‍റെ വാക്കുകള്‍ക്ക് കൂടുതല്‍ അനുനയശക്തിയുണ്ട്. ഹൃദ്യമായ വാക്കു തേന്‍കട്ടയാണ്, അതു മനസ്സിനു മാധുര്യവും ശരീരത്തിന് ആരോഗ്യവും പകരുന്നു. നേരായി തോന്നുന്ന മാര്‍ഗം അവസാനം മരണത്തിലേക്കു നയിക്കുന്നതാവാം. വിശപ്പു തൊഴിലാളിയെക്കൊണ്ടു കഠിനാധ്വാനം ചെയ്യിക്കുന്നു. അവന്‍റെ വിശപ്പ് അവനെ അതിനു പ്രേരിപ്പിക്കുന്നു. വിലകെട്ട മനുഷ്യന്‍ ദോഷം നിരൂപിക്കുന്നു; അവന്‍റെ വാക്കുകള്‍ എരിതീയാണ്. വികടബുദ്ധി കലഹം പരത്തുന്നു, ഏഷണിക്കാരന്‍ മിത്രങ്ങളെ ഭിന്നിപ്പിക്കുന്നു. അക്രമി അയല്‍ക്കാരനെ വശീകരിച്ചു ഹീനമായ മാര്‍ഗത്തിലേക്കു നയിക്കുന്നു. കണ്ണിറുക്കി കാട്ടുന്നവന്‍ വക്രത ആലോചിക്കുന്നു, തന്‍റെ അധരങ്ങള്‍ കടിച്ചമര്‍ത്തുന്നവന്‍ തിന്മയ്‍ക്കു വഴിഒരുക്കുന്നു. നരച്ച തല മഹത്ത്വത്തിന്‍റെ കിരീടം, നീതിനിഷ്ഠമായ ജീവിതംകൊണ്ട് അതു കൈവരും. ക്ഷമാശീലന്‍ അതിശക്തനെക്കാളും ആത്മനിയന്ത്രണമുള്ളവന്‍ നഗരം പിടിച്ചടക്കുന്നവനെക്കാളും ശ്രേഷ്ഠന്‍. കാര്യങ്ങള്‍ തീരുമാനിക്കാന്‍ കുറിയിടുന്നു, അന്തിമതീര്‍പ്പു കല്പിക്കുന്നതു സര്‍വേശ്വരനാണ്. കലഹമുള്ള ഭവനത്തിലെ വലിയ വിരുന്നിലും മെച്ചം സ്വസ്ഥതയുള്ളിടത്തെ ഉണങ്ങിയ അപ്പക്കഷണമാണ്. നിന്ദ്യമായി വര്‍ത്തിക്കുന്ന യജമാനപുത്രനെ ബുദ്ധിമാനായ ദാസന്‍ ഭരിക്കും. പുത്രന്മാരില്‍ ഒരാളെപ്പോലെ കുടുംബസ്വത്തിന്‍റെ ഓഹരി അയാള്‍ നേടും. വെള്ളി മൂശയിലും സ്വര്‍ണം ഉലയിലും പുടം ചെയ്യുംപോലെ സര്‍വേശ്വരന്‍ ഹൃദയങ്ങളെ ശോധന ചെയ്യുന്നു. ദുഷ്കര്‍മി ദുര്‍ജനത്തിന്‍റെ വാക്കു കേള്‍ക്കുന്നു, നുണയന്‍ അപവാദത്തിനു ചെവി കൊടുക്കുന്നു. ദരിദ്രനെ പരിഹസിക്കുന്നവന്‍ അവന്‍റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു. അന്യന്‍റെ വിപത്തില്‍ സന്തോഷിക്കുന്നവന്‍ ശിക്ഷിക്കപ്പെടാതിരിക്കയില്ല. പേരക്കിടാങ്ങള്‍ വൃദ്ധന്മാര്‍ക്കു കിരീടം; മക്കളുടെ അഭിമാനം പിതാക്കന്മാര്‍തന്നെ. സുഭാഷിതം ഭോഷനു ചേര്‍ന്നതല്ല; വ്യാജഭാഷണം പ്രഭുവിന് ഉചിതമല്ല. കൈക്കൂലി കൊടുക്കുന്നവന്‍ അതൊരു മാന്ത്രികക്കല്ലെന്നു കരുതുന്നു; അതുകൊണ്ട് എങ്ങോട്ടു തിരിഞ്ഞാലും അഭിവൃദ്ധിപ്പെടാമെന്നാണ് അവന്‍റെ വിചാരം. അപരാധം ക്ഷമിക്കുന്നവന്‍ സ്നേഹം നേടുന്നു; എന്നാല്‍ അതു പറഞ്ഞു പരത്തുന്നവന്‍ മിത്രങ്ങളെ അകറ്റുന്നു. ഭോഷനു നൂറ് അടി കൊടുക്കുന്നതിലും ഫലപ്രദം വിവേകമുള്ളവനെ ഒന്നു ശാസിക്കുന്നതാണ്. നിഷേധി കലഹം അന്വേഷിക്കുന്നു; അവനെതിരെ നിഷ്ഠുരനായ ദൂതന്‍ അയയ്‍ക്കപ്പെടും. ഭോഷനെ അവന്‍റെ ഭോഷത്തത്തില്‍ എതിരിടുന്നതിലും ഭേദം കുഞ്ഞുങ്ങള്‍ അപഹരിക്കപ്പെട്ട പെണ്‍കരടിയെ നേരിടുകയാണ്. നന്മയ്‍ക്കു പകരം തിന്മ പ്രവര്‍ത്തിക്കുന്നവന്‍റെ ഭവനത്തില്‍നിന്ന് അനര്‍ഥം വിട്ടകലുകയില്ല. അണപൊട്ടി ഒഴുകുന്നതുപോലെയാണ് കലഹത്തിന്‍റെ ആരംഭം; അതുകൊണ്ടു തുടക്കത്തില്‍ത്തന്നെ കലഹം ഒഴിവാക്കുക. ദുഷ്ടനെ ന്യായീകരിക്കുന്നവനെയും നീതിമാനെ കുറ്റപ്പെടുത്തുന്നവനെയും സര്‍വേശ്വരന്‍ ഒരുപോലെ വെറുക്കുന്നു. വിജ്ഞാനം നേടാന്‍ മനസ്സില്ലാതിരിക്കെ, ജ്ഞാനസമ്പാദനത്തിനു മൂഢനു ദ്രവ്യം എന്തിന്? സ്നേഹിതന്‍ എല്ലായ്പോഴും സ്നേഹിക്കുന്നു, അനര്‍ഥകാലത്ത് അവന്‍ നിനക്കു സഹോദരനായിരിക്കും. ബുദ്ധിഹീനന്‍ അയല്‍ക്കാരനുവേണ്ടി ജാമ്യം നില്‌ക്കുന്നു. അതിക്രമം ഇഷ്ടപ്പെടുന്നവന്‍ കലഹപ്രിയനാകുന്നു. സമ്പത്തിന്‍റെ പ്രൗഢി കാട്ടുന്നവന്‍ വിനാശം വിളിച്ചുവരുത്തുന്നു. വക്രമനസ്കന് ഐശ്വര്യം ഉണ്ടാവുകയില്ല; വികടം പറയുന്നവന്‍ അനര്‍ഥത്തില്‍ നിപതിക്കും. മൂഢനായ പുത്രന്‍ പിതാവിനു ദുഃഖകാരണം; ഭോഷന്‍റെ പിതാവിനു സന്തോഷം ഉണ്ടാവുകയില്ല. സന്തുഷ്ടഹൃദയം ആരോഗ്യദായകം; എന്നാല്‍ തളര്‍ന്ന മനസ്സ് ആരോഗ്യം കെടുത്തുന്നു. ന്യായത്തിന്‍റെ പാത മറിച്ചുകളയാന്‍ ദുഷ്ടന്‍ രഹസ്യമായി കൈക്കൂലി വാങ്ങുന്നു. വിവേകി ജ്ഞാനമുള്ളവനായിരിക്കുന്നു; മൂഢന്‍റെ ദൃഷ്‍ടി ഭൂമിയിലെങ്ങും അലഞ്ഞുതിരിയുന്നു. മൂഢനായ മകന്‍ പിതാവിനു ദുഃഖം; അവനെ പ്രസവിച്ചവള്‍ക്ക് കയ്പ്. നീതിമാനു പിഴയിടുന്നതു ശരിയല്ല; ശ്രേഷ്ഠന്മാരെ നീതിനിമിത്തം പ്രഹരിക്കുന്നതും ഉചിതമല്ല. വാക്കുകള്‍ നിയന്ത്രിക്കുന്നവന്‍ ജ്ഞാനി, പ്രശാന്ത മനസ്സുള്ളവന്‍ വിവേകി. മൗനം പാലിച്ചാല്‍ ഭോഷനും ജ്ഞാനിയായി കരുതപ്പെടും. വായടച്ചിരുന്നാല്‍ അവന്‍ ബുദ്ധിമാനായി ഗണിക്കപ്പെടും. വേറിട്ടു നില്‌ക്കുന്നവന്‍ ശരിയായ തീരുമാനങ്ങളെയെല്ലാം എതിര്‍ക്കാന്‍ പഴുതുനോക്കുന്നു. മൂഢനു സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിലല്ലാതെ കാര്യം ഗ്രഹിക്കുന്നതില്‍ താല്‍പര്യം ഇല്ല. ദുഷ്ടതയോടൊപ്പം അപമാനവും ദുഷ്കീര്‍ത്തിയോടൊപ്പം മാനഹാനിയും വന്നുചേരുന്നു. മനുഷ്യന്‍റെ വാക്കുകള്‍ ആഴമുള്ള ജലാശയമാകുന്നു, ജ്ഞാനത്തിന്‍റെ ഉറവ പാഞ്ഞൊഴുകുന്ന അരുവി. ദുഷ്ടന്‍റെ പക്ഷം പിടിക്കുന്നതോ നീതിമാനു നീതി നിഷേധിക്കുന്നതോ ശരിയല്ല. മൂഢന്‍റെ വാക്കുകള്‍ കലഹകാരണമാകുന്നു. അവന്‍റെ വാക്കുകള്‍ ചുട്ടയടി ക്ഷണിച്ചു വരുത്തുന്നു. മൂഢന്‍റെ വാക്കുകള്‍ അവനെ നശിപ്പിക്കുന്നു; അവന്‍റെതന്നെ വാക്കുകള്‍ അവനു കെണിയായിത്തീരുന്നു. ഏഷണിക്കാരന്‍റെ വാക്കുകള്‍ സ്വാദുള്ള അപ്പംപോലെയാണ്. അത് ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. മടിയന്‍ മുടിയന്‍റെ സഹോദരന്‍. സര്‍വേശ്വരന്‍ ഉറപ്പുള്ള ഗോപുരം; നീതിമാന്‍ ഓടിച്ചെന്ന് അതില്‍ അഭയം പ്രാപിക്കുന്നു. ധനമാണു സമ്പന്നന്‍റെ ബലിഷ്ഠമായ നഗരം; ഉയര്‍ന്ന കോട്ടപോലെ അത് അയാളെ സംരക്ഷിക്കുന്നു. ഗര്‍വം വിനാശത്തിന്‍റെ മുന്നോടിയാണ്, വിനയം ബഹുമാനത്തിന്‍റെയും. കേള്‍ക്കുന്നതിനു മുമ്പ് ഉത്തരം പറഞ്ഞാല്‍ അതു ഭോഷത്തവും ലജ്ജാകരവുമാണ്. ആത്മധൈര്യം രോഗത്തെ സഹിക്കുമാറാക്കുന്നു; തകര്‍ന്ന മനസ്സിനെ ആര്‍ക്കു താങ്ങാന്‍ കഴിയും? ബുദ്ധിമാന്‍ അറിവു നേടുന്നു; വിവേകി ജ്ഞാനത്തിനു ചെവി കൊടുക്കുന്നു. സമ്മാനം കൊടുക്കുന്നവന് ഉന്നതരുടെ മുമ്പില്‍ പ്രവേശനവും സ്ഥാനവും ലഭിക്കുന്നു. പ്രതിയോഗി ചോദ്യം ചെയ്യുന്നതുവരെ പരിശോധിക്കും. വാദം ഉന്നയിച്ചവന്‍റെ പക്കലാണ് ന്യായമെന്നു തോന്നും. നറുക്കെടുക്കുന്നത് തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നു, അത് പ്രബലരായ കക്ഷികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കു തീരുമാനമുണ്ടാക്കുന്നു. സഹോദരനെ സഹായിച്ചാല്‍ അവന്‍ നിനക്ക് സുശക്തമായ പട്ടണം ആയിരിക്കും. ശണ്ഠകൂടിയാല്‍ അവന്‍ ദുര്‍ഗമന്ദിരത്തിന്‍റെ അടയ്‍ക്കപ്പെട്ട വാതില്‍പോലെയാണ്. വാക്കുകളുടെ ഫലത്താല്‍ ഒരുവന്‍ സംതൃപ്തനാകും; അധരങ്ങളുടെ ഫലത്താല്‍ അവനു തൃപ്തിവരും. വാക്കുകള്‍ക്ക് മരണവും ജീവനും വരുത്താന്‍ കഴിയും. അതിനെ സ്നേഹിക്കുന്നവന്‍ അതിന്‍റെ ഫലങ്ങള്‍ ഭുജിക്കും. ഉത്തമഭാര്യയെ കണ്ടെത്തുന്നവന്‍ നന്മ കണ്ടെത്തുന്നു, അതു സര്‍വേശ്വരന്‍റെ അനുഗ്രഹമാണ്. ദരിദ്രന്‍ യാചനാസ്വരത്തില്‍ സംസാരിക്കുന്നു; എന്നാല്‍ ധനവാന്‍ പരുഷമായി ഉത്തരം പറയുന്നു. മിത്രങ്ങളെന്നു നടിക്കുന്ന ചിലരുണ്ട്; എന്നാല്‍ സഹോദരനെക്കാള്‍ ഉറ്റബന്ധം പുലര്‍ത്തുന്ന സ്നേഹിതന്മാരുമുണ്ട്. ദുര്‍ഭാഷണം നടത്തുന്ന ഭോഷനിലും മെച്ചം സത്യസന്ധമായി ജീവിക്കുന്ന ദരിദ്രനാണ്. പരിജ്ഞാനമില്ലാതെ കഴിയുന്നതു നന്നല്ല; തിടുക്കം കൂട്ടുന്നവനു ചുവടു പിഴയ്‍ക്കും. ഭോഷത്തംകൊണ്ടു ചിലര്‍ വിനാശം വരുത്തുന്നു, പിന്നീട് അവര്‍ സര്‍വേശ്വരനെതിരെ രോഷം കൊള്ളുന്നു. സമ്പത്ത് അനേകം സ്നേഹിതരെ ഉണ്ടാക്കുന്നു; എന്നാല്‍ ദരിദ്രനെ സ്നേഹിതര്‍പോലും കൈവെടിയുന്നു. കള്ളസ്സാക്ഷിക്കു ശിക്ഷ ലഭിക്കാതിരിക്കയില്ല, വ്യാജം പറയുന്നവന്‍ രക്ഷപെടുകയും ഇല്ല. ഉദാരമനസ്കന്‍റെ പ്രീതി സമ്പാദിക്കാന്‍ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന് എല്ലാവരും സ്നേഹിതന്മാരാണ്. ദരിദ്രന്‍റെ സഹോദരന്മാര്‍പോലും അവനെ വെറുക്കുന്നു. അങ്ങനെയെങ്കില്‍ സ്നേഹിതന്മാര്‍ അവനോട് എത്രയധികം അകന്നു നില്‌ക്കും? നല്ല വാക്കുമായി പുറകേ ചെന്നാലും ആരും അവനോടു കൂടുകയില്ല. ജ്ഞാനം സമ്പാദിക്കുന്നവന്‍ തന്നെത്തന്നെ സ്നേഹിക്കുന്നു; വിവേകം പാലിക്കുന്നവന് ഐശ്വര്യം ഉണ്ടാകും. കള്ളസ്സാക്ഷിക്കു ശിക്ഷ ലഭിക്കാതിരിക്കുകയില്ല; വ്യാജം പറയുന്നവന്‍ നശിക്കും. ആഢംബരജീവിതം ഭോഷന്‍ അര്‍ഹിക്കുന്നില്ല. പ്രഭുക്കന്മാരെ ഭരിക്കാന്‍ അടിമയ്‍ക്ക് അത്രപോലും അര്‍ഹതയില്ല. വകതിരിവു ക്ഷിപ്രകോപം നിയന്ത്രിക്കും; അപരാധം പൊറുക്കുന്നതു ശ്രേയസ്കരം. രാജാവിന്‍റെ ഉഗ്രകോപം സിംഹഗര്‍ജനം പോലെയാണ്; എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രസാദം പുല്‍ക്കൊടിയിലെ മഞ്ഞുതുള്ളിപോലെ ആകുന്നു. മൂഢനായ മകന്‍ പിതാവിനു നാശം വരുത്തുന്നു; ഭാര്യയുടെ കലഹം നിലയ്‍ക്കാത്ത ചോര്‍ച്ചപോലെയാണ്; വീടും സമ്പത്തും പൈതൃകമായി ലഭിക്കുന്നു; വിവേകമുള്ള ഭാര്യയോ സര്‍വേശ്വരന്‍റെ ദാനം. അലസത ഗാഢനിദ്രയില്‍ ആഴ്ത്തുന്നു; മടിയന്‍ പട്ടിണി കിടക്കും. കല്പന പാലിക്കുന്നവന്‍ സ്വന്തജീവനെ കാക്കുന്നു; അവയെ അവഗണിക്കുന്നവന്‍ അതിനെ നശിപ്പിക്കുന്നു. എളിയവനോടു ദയ കാട്ടുന്നവന്‍ സര്‍വേശ്വരനു കടം കൊടുക്കുന്നു. അവന്‍റെ പ്രവൃത്തിക്ക് അവിടുന്നു പ്രതിഫലം നല്‌കും. നന്നാകുമെന്ന പ്രതീക്ഷയുള്ളിടത്തോളം മകനു ശിക്ഷണം നല്‌കുക. അവന്‍റെ നാശത്തിനു നീ കാരണമാകരുത്. ഉഗ്രകോപി അതിനുള്ള പിഴ ഒടുക്കേണ്ടിവരും; നീ അവനെ വിടുവിച്ചാല്‍ അത് ആവര്‍ത്തിക്കേണ്ടിവരും. നീ ജ്ഞാനിയായിത്തീരേണ്ടതിന് ഉപദേശം ശ്രദ്ധിക്കുകയും പ്രബോധനം സ്വീകരിക്കുകയും ചെയ്യുക. മനുഷ്യന്‍ പല കാര്യങ്ങള്‍ ആലോചിച്ചു വയ്‍ക്കുന്നു; എന്നാല്‍ സര്‍വേശ്വരന്‍റെ ഉദ്ദേശ്യങ്ങളാണ് നിറവേറ്റപ്പെടുക. ആരിലും നാം ആഗ്രഹിക്കുന്നതു വിശ്വസ്തതയാണ്. ദരിദ്രനാണു വ്യാജം പറയുന്നവനെക്കാള്‍ ഉത്തമന്‍. ദൈവഭക്തി ജീവനിലേക്കു നയിക്കുന്നു; അതുള്ളവന്‍ സംതൃപ്തനായിരിക്കും; അനര്‍ഥം അവനെ സമീപിക്കുകയില്ല. മടിയന്‍ ഭക്ഷണപാത്രത്തില്‍ കൈ താഴ്ത്തുന്നെങ്കിലും വായിലേക്ക് അതു കൊണ്ടുപോകുന്നില്ല. പരിഹാസി അടി ഏല്‌ക്കുന്നതു കണ്ടാല്‍ ബുദ്ധിഹീനന്‍ വിവേകം പഠിക്കും; ബുദ്ധിയുള്ളവനെ ശാസിച്ചാല്‍ അവന്‍ പരിജ്ഞാനം പ്രാപിക്കും. പിതാവിനോട് അതിക്രമം കാട്ടുകയും അമ്മയെ ആട്ടി ഓടിക്കുകയും ചെയ്യുന്നവന്‍ ലജ്ജയും അപമാനവും വരുത്തുന്നു. മകനേ, ജ്ഞാനവചസ്സുകളെ വിട്ടുമാറണമെന്ന ഉപദേശം കേള്‍ക്കാതിരിക്കുക. വിലകെട്ട സാക്ഷി നീതിയെ പുച്ഛിക്കുന്നു; ദുഷ്ടന്‍ അധര്‍മം വിഴുങ്ങുന്നു. പരിഹാസികള്‍ക്കു ശിക്ഷാവിധിയും മൂഢന്മാരുടെ മുതുകിന് അടിയും ഒരുക്കിയിട്ടുണ്ട്. വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതുമൂലം വഴി പിഴയ്‍ക്കുന്നവന്‍ ഭോഷന്‍. രാജാവിന്‍റെ ഉഗ്രരോഷം സിംഹഗര്‍ജനം പോലെയാണ്; അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നവന്‍ ജീവഹാനി വരുത്തുന്നു. കലഹത്തില്‍നിന്ന് അകന്നിരിക്കുന്നതാണു മാനം; എന്നാല്‍ ഭോഷന്മാര്‍ ശണ്ഠകൂടിക്കൊണ്ടിരിക്കും. മടിയന്‍ വേണ്ടസമയത്ത് നിലം ഉഴുന്നില്ല; കൊയ്ത്തുകാലത്ത് അവന്‍ ഇരക്കും; എങ്കിലും ഒന്നും കിട്ടുകയില്ല. മനുഷ്യന്‍റെ മനസ്സിലെ ആലോചന ആഴമേറിയ ജലാശയം പോലെയത്രേ. വിവേകമുള്ളവന്‍ അതു കോരിയെടുക്കും. പലരും തങ്ങള്‍ വിശ്വസ്തരെന്നു പ്രഖ്യാപിക്കാറുണ്ട്, എന്നാല്‍ വിശ്വസ്തനായ ഒരുവനെ ആര്‍ക്ക് കണ്ടെത്താന്‍ കഴിയും? സത്യസന്ധതയോടെ ജീവിക്കുന്നവന്‍ നീതിമാന്‍; അയാളുടെ പിന്‍തലമുറകളും അനുഗ്രഹിക്കപ്പെട്ടവര്‍. ന്യായാസനത്തില്‍ ഇരിക്കുന്ന രാജാവ് സകല ദോഷങ്ങളും കണ്ണുകൊണ്ടു പാറ്റിക്കളയുന്നു. “എന്‍റെ ഹൃദയം ഞാന്‍ വെടിപ്പാക്കിയിരിക്കുന്നു; പാപം വിട്ട് ഞാന്‍ നിര്‍മ്മലനായിരിക്കുന്നു.” എന്ന് ആര്‍ക്കു പറയാന്‍ കഴിയും? രണ്ടുതരം അളവും തൂക്കവും സര്‍വേശ്വരന്‍ വെറുക്കുന്നു. നിഷ്കളങ്കനും നീതിയുക്തനും ആണോ താന്‍ എന്ന് ഒരു ശിശുപോലും തന്‍റെ പ്രവര്‍ത്തനങ്ങളാല്‍ വെളിപ്പെടുത്തുന്നു. കേള്‍ക്കാന്‍ ചെവിയും കാണാന്‍ കണ്ണും; ഇവ സൃഷ്‍ടിച്ചതു സര്‍വേശ്വരനാണ്. ദരിദ്രനാകാതിരിക്കാന്‍ ഉറക്കപ്രിയനാകരുത്, നീ ജാഗരൂകനായിരിക്കുക; നിനക്കു വേണ്ടുവോളം ആഹാരം ലഭിക്കും. “ഇതു മോശം ഇതു മോശം” എന്നു വാങ്ങുമ്പോള്‍ പറയും; വാങ്ങിക്കൊണ്ടു പോകുമ്പോള്‍ അവന്‍ സ്വയം പ്രശംസിക്കും. സ്വര്‍ണവും വിലയേറിയ നിരവധി രത്നങ്ങളുമുണ്ട്; എന്നാല്‍ ജ്ഞാനവചസ്സ് അമൂല്യമായ രത്നം. അപരിചിതനുവേണ്ടി ജാമ്യം നില്‌ക്കുന്നവന്‍റെ വസ്ത്രം കൈവശപ്പെടുത്തുക. പരദേശിക്കു ജാമ്യം നില്‌ക്കുന്നവനോടു പണയം വാങ്ങിക്കൊള്ളുക. വഞ്ചനകൊണ്ടു നേടിയ ആഹാരം മനുഷ്യനു രുചികരം, പിന്നീടാകട്ടെ, അയാളുടെ വായ്‍ക്ക് അതു ചരല്‍പോലെയാകുന്നു. നല്ല ആലോചനയോടെ പദ്ധതികള്‍ തയ്യാറാക്കുന്നു; ബുദ്ധിപൂര്‍വമായ മാര്‍ഗദര്‍ശനത്തോടെ യുദ്ധം ചെയ്യുക. ഏഷണിക്കാരന്‍ രഹസ്യം വെളിപ്പെടുത്തുന്നു. വിടുവായനോടു കൂട്ടുകൂടരുത്. മാതാപിതാക്കന്മാരെ ശപിക്കുന്നവന്‍റെ വിളക്ക് കൂരിരുട്ടില്‍ കെട്ടുപോകും. തിടുക്കത്തില്‍ കൈക്കലാക്കുന്ന സ്വത്ത് അവസാനം അനുഗ്രഹമായിരിക്കുകയില്ല. “തിന്മയ്‍ക്കു പ്രതികാരം ചെയ്യും” എന്നു നീ പറയരുത്. സര്‍വേശ്വരനായി കാത്തിരിക്കുക അവിടുന്നു നിന്നെ രക്ഷിക്കും. രണ്ടുതരം തൂക്കം സര്‍വേശ്വരന്‍ വെറുക്കുന്നു, കള്ളത്തുലാസു നല്ലതല്ല. മനുഷ്യന്‍റെ ചുവടുകള്‍ സര്‍വേശ്വരന്‍ നിയന്ത്രിക്കുന്നു; തന്‍റെ വഴി ഗ്രഹിക്കാന്‍ മനുഷ്യന് എങ്ങനെ കഴിയും? “ഇതു വിശുദ്ധം” എന്നു പറഞ്ഞു തിടുക്കത്തില്‍ നേരുന്നതും നേര്‍ന്നശേഷം അതിനെക്കുറിച്ചു പുനരാലോചിക്കുന്നതും കെണിയാണ്. ജ്ഞാനിയായ രാജാവു ദുഷ്ടന്മാരെ പാറ്റിക്കളയുന്നു; അവരുടെമേല്‍ മെതിവണ്ടി ഉരുട്ടുകയും ചെയ്യുന്നു. മനുഷ്യചേതനയാണു സര്‍വേശ്വരന്‍ കൊളുത്തിയ വിളക്ക്; അത് അവന്‍റെ മനസ്സിന്‍റെ ഉള്ളറകള്‍ പരിശോധിക്കുന്നു. കൂറും വിശ്വസ്തതയും രാജാവിനെ സംരക്ഷിക്കുന്നു, നീതിയാല്‍ അദ്ദേഹത്തിന്‍റെ സിംഹാസനം നിലനില്‌ക്കുന്നു. ശക്തിയാണു യുവജനങ്ങളുടെ മഹത്ത്വം; നരച്ച മുടിയാണു വൃദ്ധജനങ്ങളുടെ അലങ്കാരം. മുറിപ്പെടുത്തുന്ന അടികള്‍ തിന്മ നീക്കിക്കളയുന്നു, അതു മനസ്സിന്‍റെ ഉള്ളറകള്‍ വെടിപ്പാക്കുന്നു. സര്‍വേശ്വരന്‍ നിയന്ത്രിക്കുന്ന നീര്‍ച്ചാലാണ് രാജാവിന്‍റെ ഹൃദയം; അവിടുന്ന് അതു തനിക്ക് ഇഷ്ടമുള്ള ഇടത്തേക്കു തിരിച്ചുവിടുന്നു. തന്‍റെ എല്ലാ വഴികളും ശരിയാണെന്നു മനുഷ്യനു തോന്നുന്നു. എന്നാല്‍ സര്‍വേശ്വരന്‍ ഹൃദയം തൂക്കി നോക്കുന്നു. നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നതാണു സര്‍വേശ്വരനു യാഗത്തെക്കാള്‍ സ്വീകാര്യം. ഗര്‍വിഷ്ഠ നയനങ്ങളും അഹങ്കാരഹൃദയവുമാണ് ദുഷ്ടരെ നയിക്കുന്നത്. അവ പാപകരമത്രേ. ഉത്സാഹശീലന്‍റെ പദ്ധതികള്‍ നിശ്ചയമായും സമൃദ്ധിയിലേക്കു നയിക്കും, എന്നാല്‍ തിടുക്കക്കാരന്‍ ദാരിദ്ര്യത്തില്‍ അകപ്പെടും. വ്യാജംകൊണ്ടു നേടുന്ന ധനം നീരാവിയും മരണക്കെണിയുംതന്നെ. ദുഷ്ടരുടെ അക്രമം അവരെ പിഴുതെറിയും ന്യായം പ്രവര്‍ത്തിക്കാന്‍ അവര്‍ വിസമ്മതിക്കുന്നുവല്ലോ. അപരാധം ചെയ്യുന്നവന്‍റെ വഴി വക്രമാണ്; എന്നാല്‍ നിര്‍മ്മലന്‍റെ പെരുമാറ്റം നേരുള്ളതത്രേ. കലഹപ്രിയയായ സ്‍ത്രീയുമൊത്ത് വീട്ടില്‍ ഒരുമിച്ചു കഴിയുന്നതിലും ഭേദം, മട്ടുപ്പാവിന്‍റെ കോണില്‍ കഴിഞ്ഞുകൂടുകയാണ്. ദുഷ്ടന്‍ തിന്മ അഭിലഷിക്കുന്നു; അവന്‍ അയല്‍ക്കാരോടു കാരുണ്യം കാണിക്കുന്നില്ല. പരിഹാസി ശിക്ഷിക്കപ്പെടുന്നതു കണ്ട്, അറിവില്ലാത്തവന്‍ ജ്ഞാനിയായിത്തീരുന്നു. പ്രബോധനംകൊണ്ടു ജ്ഞാനി അറിവു നേടുന്നു. നീതിമാന്‍ ദുഷ്ടന്‍റെ ഭവനത്തെ നിരീക്ഷിക്കുന്നു, ദുഷ്ടന്‍ നാശത്തിലേക്കു തള്ളപ്പെടുന്നു. എളിയവന്‍ നിലവിളിക്കുമ്പോള്‍ ശ്രദ്ധിക്കാത്തവന്‍റെ കരച്ചില്‍ ആരും കേള്‍ക്കുകയില്ല. രഹസ്യസമ്മാനം കോപം ശമിപ്പിക്കുന്നു, മടിയില്‍ തിരുകി കൊടുക്കുന്ന കൈക്കൂലി കടുത്ത രോഷം ഒഴിവാക്കുന്നു. നീതി പ്രവര്‍ത്തിക്കുന്നതു നീതിമാന്മാര്‍ക്ക് സന്തോഷവും ദുര്‍ജനത്തിനു പരിഭ്രാന്തിയും ഉളവാക്കുന്നു. വിവേകമാര്‍ഗം വെടിഞ്ഞ് അലയുന്നവന്‍ മൃതരുടെ ഇടയില്‍ കഴിയും. സുഖലോലുപന്‍ ദരിദ്രനായിത്തീരും; വീഞ്ഞിലും സുഗന്ധതൈലത്തിലും ആസക്തിയുള്ളവന്‍ സമ്പന്നനാകുകയില്ല. ദുഷ്ടന്‍ നീതിമാന്‍റെയും അവിശ്വസ്തന്‍ സത്യസന്ധന്‍റെയും മോചനദ്രവ്യം. കലഹപ്രിയയും ശുണ്ഠിക്കാരിയുമായ സ്‍ത്രീയുമൊത്തു കഴിയുന്നതില്‍ ഭേദം വിജനപ്രദേശത്തു പാര്‍ക്കുകയാണ്. ജ്ഞാനിയുടെ പാര്‍പ്പിടത്തില്‍ അമൂല്യ നിക്ഷേപമുണ്ട്; മൂഢനാകട്ടെ അതു ധൂര്‍ത്തടിച്ചുകളയുന്നു. നീതിയുടെയും വിശ്വസ്തതയുടെയും മാര്‍ഗം സ്വീകരിക്കുന്നവന്‍ ജീവനും ബഹുമതിയും നേടും. ജ്ഞാനി കരുത്തന്മാരുടെ നഗരം ഭേദിച്ച് അവര്‍ സുരക്ഷിതമെന്നു കരുതിയിരുന്ന കോട്ട ഇടിച്ചു നിരത്തും. തന്‍റെ വാക്കുകള്‍ നിയന്ത്രിക്കുന്നവന്‍ അനര്‍ഥങ്ങളില്‍നിന്നു സ്വയം രക്ഷിക്കുന്നു. അഹങ്കാരവും ധിക്കാരവും ഉള്ളവന്‍റെ പേര് പരിഹാസി എന്നാണ്. അവന്‍ ആരെയും കൂസാതെ അഹങ്കാരത്തോടെ വര്‍ത്തിക്കുന്നു. മടിയന്‍റെ ആഗ്രഹങ്ങള്‍ അവനെ കൊല്ലുന്നു. അവന്‍ അധ്വാനിക്കാന്‍ വിസമ്മതിക്കുന്നുവല്ലോ. ദുഷ്ടന്‍ എന്നും ദുരാഗ്രഹത്തോടെ കഴിയുന്നു, നീതിനിഷ്ഠനാകട്ടെ, നിര്‍ലോഭം കൊടുക്കുന്നു. ദുഷ്ടന്മാരുടെ യാഗം സര്‍വേശ്വരനു വെറുപ്പാണ്; അതു ദുരുദ്ദേശ്യത്തോടെ അര്‍പ്പിക്കുമ്പോള്‍ വെറുപ്പ് എത്ര അധികമായിരിക്കും. കള്ളസ്സാക്ഷി നശിച്ചുപോകും; എന്നാല്‍ പ്രബോധനം ശ്രദ്ധയോടെ അനുസരിക്കുന്നവന്‍റെ വാക്കുകള്‍ നിലനില്‌ക്കും. ദുഷ്ടന്‍ ധീരഭാവം കാട്ടുന്നു; നേരുള്ളവന്‍ തന്‍റെ വഴി ഭദ്രമാക്കുന്നു. ജ്ഞാനമോ, ബുദ്ധിയോ, ആലോചനയോ സര്‍വേശ്വരനെതിരെ വിലപ്പോവുകയില്ല. യുദ്ധത്തിനു കുതിരയെ സജ്ജമാക്കുന്നു; എന്നാല്‍ വിജയം സര്‍വേശ്വരന്‍റേതത്രേ. സല്‍പ്പേര് അമൂല്യസമ്പത്തിലും ആഗ്രഹിക്കത്തക്കത്. സത്കീര്‍ത്തി വെള്ളിയെയും പൊന്നിനെയുംകാള്‍ മെച്ചം. ധനവാനും ദരിദ്രനും ഒരു കാര്യത്തില്‍ തുല്യരാണ്. അവരുടെ എല്ലാം സ്രഷ്ടാവ് സര്‍വേശ്വരനാകുന്നു. വിവേകശാലി അനര്‍ഥം കണ്ട് ഒഴിഞ്ഞുമാറുന്നു, അവിവേകി നേരെ ചെന്ന് അപകടത്തില്‍പ്പെടുന്നു. വിനയത്തിനും ദൈവഭക്തിക്കും ലഭിക്കുന്ന പ്രതിഫലം, ധനവും മാനവും ജീവനും ആകുന്നു. കുബുദ്ധിയുടെ മാര്‍ഗത്തില്‍ മുള്ളും കെണിയും ഉണ്ട്; സ്വയം കാക്കുന്നവന്‍ അവയില്‍നിന്ന് അകന്നിരിക്കും. ബാല്യത്തില്‍തന്നെ നടക്കേണ്ട വഴി അഭ്യസിപ്പിക്കുക, അവന്‍ വൃദ്ധനായാലും അതില്‍നിന്നു വ്യതിചലിക്കുകയില്ല. സമ്പന്നന്‍ ദരിദ്രനെ ഭരിക്കുന്നു; കടം വാങ്ങുന്നവന്‍ കടം കൊടുക്കുന്നവന്‍റെ അടിമയാണ്. അനീതി വിതയ്‍ക്കുന്നവന്‍ അനര്‍ഥം കൊയ്യുന്നു. അവന്‍റെ കോപത്തിന്‍റെ ശക്തി ക്ഷയിച്ചുപോകും. ഉദാരമനസ്കന്‍ അനുഗ്രഹിക്കപ്പെടും, അവന്‍ തന്‍റെ ആഹാരം അഗതിയുമായി പങ്കിടുന്നുവല്ലോ. പരിഹാസിയെ പുറന്തള്ളുക; അപ്പോള്‍ കലഹം അവസാനിക്കും; ശണ്ഠയും നിന്ദയും നിലയ്‍ക്കും. ഹൃദയശുദ്ധി ആഗ്രഹിക്കുകയും ഹൃദ്യമായി സംസാരിക്കുകയും ചെയ്യുന്നവന്‍ രാജാവിന്‍റെ സ്നേഹിതന്‍ ആകും. സര്‍വേശ്വരന്‍ പരിജ്ഞാനം കാത്തു സൂക്ഷിക്കുന്നു, അവിശ്വസ്തരുടെ വാക്കുകളെ അവിടുന്നു തകിടം മറിക്കുന്നു. വെളിയില്‍ സിംഹമുണ്ട്; വീഥിയില്‍വച്ചു ഞാന്‍ കൊല്ലപ്പെടും എന്നു മടിയന്‍ പറയുന്നു. അഭിസാരികയുടെ വായ് അഗാധഗര്‍ത്തം; സര്‍വേശ്വരന്‍റെ കോപത്തിന് ഇരയായവര്‍ അതില്‍ വീഴും. ഭോഷത്തം ബാലമനസ്സിനെ മുറുകെപ്പിടിച്ചിരിക്കുന്നു; ശിക്ഷണത്തിന്‍റെ വടി അതിനെ അവനില്‍ നിന്ന് അകറ്റുന്നു. സമ്പത്തു വര്‍ധിപ്പിക്കാന്‍ എളിയവനെ പീഡിപ്പിക്കുന്നവനും സമ്പന്നനു പാരിതോഷികം കൊടുക്കുന്നവനും ദരിദ്രനായിത്തീരും. ജ്ഞാനിയുടെ വാക്കു ശ്രദ്ധിച്ചു കേള്‍ക്കുക, ഞാന്‍ നല്‌കുന്ന വിജ്ഞാനത്തില്‍ മനസ്സ് പതിപ്പിക്കുക. അത് ഉള്ളില്‍ സംഗ്രഹിക്കുകയും യഥാവസരം പ്രയോഗിക്കുകയും ചെയ്യുന്നതു സന്തോഷകരമായിരിക്കും. നീ സര്‍വേശ്വരനില്‍ വിശ്വാസം അര്‍പ്പിക്കാനാണ് ഇതെല്ലാം ഞാന്‍ നിന്നെ അറിയിക്കുന്നത്. ഇതാ, ഞാന്‍ നിനക്കു വിജ്ഞാനവും പ്രബോധനവും അടങ്ങിയ മുപ്പത് സൂക്തങ്ങള്‍ എഴുതി വച്ചിരിക്കുന്നു. സത്യവും ശരിയുമായവ ഏതെന്ന് അവ നിന്നെ പഠിപ്പിക്കും. അങ്ങനെ നിന്നെ അയച്ചവര്‍ക്ക് ശരിയായ ഉത്തരം നല്‌കാന്‍ നിനക്കു കഴിയും. നിസ്സഹായനായതുകൊണ്ടു ദരിദ്രനെ കവര്‍ച്ച ചെയ്യുകയോ, വീട്ടുപടിക്കല്‍ വരുന്ന പാവപ്പെട്ടവനെ മര്‍ദിക്കുകയോ അരുത്. സര്‍വേശ്വരന്‍ അവര്‍ക്കുവേണ്ടി വാദിക്കും; അവരെ കൊള്ളയടിക്കുന്നവരുടെ ജീവന്‍ അപഹരിക്കും. കോപിഷ്ഠനോട് കൂട്ടുകൂടരുത്; ഉഗ്രകോപിയോട് ഇടപെടരുത്. അങ്ങനെ നീ അവന്‍റെ വഴികള്‍ അനുകരിക്കാനും കെണിയില്‍ കുടുങ്ങാനും ഇടവരരുത്. നീ അന്യനുവേണ്ടി ഉറപ്പുകൊടുക്കുകയോ കടത്തിനു ജാമ്യം നില്‌ക്കുകയോ അരുത്. കടം വീട്ടാന്‍ വകയില്ലാതായി കടക്കാര്‍ നിന്‍റെ കിടക്കപോലും എടുത്തുകൊണ്ടു പോകാന്‍ ഇടയാക്കുന്നതെന്തിന്? നിന്‍റെ പിതാക്കന്മാര്‍ പണ്ടേ ഇട്ട അതിരു നീ മാറ്റരുത്; ജോലിയില്‍ വിദഗ്ദ്ധനായവനെ നീ കാണുന്നുവോ? അവനു രാജാക്കന്മാരുടെ മുമ്പില്‍ സ്ഥാനം ലഭിക്കും. സാധാരണക്കാരുടെ കൂടെ അവനു നില്‌ക്കേണ്ടിവരികയില്ല. ഭരണാധിപനോടുകൂടെ ഭക്ഷണത്തിനിരിക്കുമ്പോള്‍ നിന്‍റെ മുമ്പില്‍ ഇരിക്കുന്നത് എന്തെന്നു ശ്രദ്ധിക്കണം. ഭോജനപ്രിയനെങ്കില്‍ നിയന്ത്രണം പാലിക്കുക, അവന്‍റെ സ്വാദിഷ്ട വിഭവങ്ങള്‍ നീ മോഹിക്കരുത്. അതു നിന്നെ വഞ്ചിക്കാന്‍ അവന്‍ ഉപയോഗിക്കുന്നതായിരിക്കുമല്ലോ. ധനം നേടുവാന്‍ കഠിനപ്രയത്നം അരുത്, അതില്‍നിന്ന് ഒഴിഞ്ഞു നില്‌ക്കാന്‍ വിവേകം കാട്ടുക. ധനത്തിന്മേല്‍ ദൃഷ്‍ടി പതിക്കുമ്പോഴേക്ക് അത് അപ്രത്യക്ഷമാകും. കഴുകനെപ്പോലെ ചിറകുവച്ച് അത് ഉയരത്തിലേക്കു പറന്നുപോകും. ലുബ്ധന്‍റെ അപ്പം ഭക്ഷിക്കരുത്. അവന്‍റെ വിശിഷ്ടഭോജ്യം മോഹിക്കയുമരുത്. കാരണം, അയാള്‍ ഉള്ളില്‍ കണക്കു കൂട്ടിക്കൊണ്ടിരിക്കും; തിന്നാനും കുടിക്കാനും അവന്‍ പറയുമെങ്കിലും അവനില്‍ ആത്മാര്‍ഥത കാണുകയില്ല. നീ ഭക്ഷിച്ചത് നീ ഛര്‍ദിക്കും, നിന്‍റെ ഹൃദ്യമായ വാക്കുകള്‍ നിഷ്ഫലമായിത്തീരും. ഭോഷനോടു സാരമുള്ള വാക്കുകള്‍ നീ സംസാരിക്കരുത്; നിന്‍റെ വാക്കുകളിലെ ജ്ഞാനത്തെ അവന്‍ നിന്ദിക്കുമല്ലോ. പണ്ടേയുള്ള അതിരു നീ നീക്കരുത്; അനാഥരുടെ ഭൂമി കൈയേറരുത്, അവരുടെ വീണ്ടെടുപ്പുകാരന്‍ കരുത്തനാണ്; നിനക്കെതിരെ അവിടുന്ന് അവര്‍ക്കുവേണ്ടി വാദിക്കും. നിന്‍റെ ഹൃദയം പ്രബോധനത്തിനും നിന്‍റെ ചെവി വിജ്ഞാനവചസ്സുകള്‍ക്കും സമര്‍പ്പിക്കുക. ബാലനെ ശിക്ഷിക്കാന്‍ മടിക്കരുത്; വടികൊണ്ട് അടിച്ചാല്‍ അവന്‍ മരിച്ചു പോകയില്ല. അങ്ങനെ ചെയ്താല്‍ നീ അവനെ പാതാളത്തില്‍നിന്നു രക്ഷിക്കുകയാണു ചെയ്യുന്നത്. മകനേ, നീ ജ്ഞാനിയായിത്തീര്‍ന്നാല്‍ എന്‍റെ ഹൃദയം സന്തോഷിക്കും. നീ സത്യം സംസാരിക്കുമ്പോള്‍ എന്‍റെ ഉള്ളം ആനന്ദിക്കും. നിനക്കു പാപികളോട് അസൂയ തോന്നരുത്. നീ എപ്പോഴും ദൈവഭക്തിയുള്ളവന്‍ ആയിരിക്കുക. അങ്ങനെയെങ്കില്‍ നിനക്കു ശോഭനമായ ഭാവിയുണ്ട്; നിന്‍റെ പ്രത്യാശയ്‍ക്കു ഭംഗം വരികയില്ല. മകനേ, എന്‍റെ വാക്കുകള്‍ ശ്രദ്ധിച്ച് ജ്ഞാനിയായിത്തീരുക, മനസ്സിനെ നേര്‍വഴിയെ നയിക്കുക. നീ മദ്യപിക്കുന്നവരുടെയും മാംസഭോജനപ്രിയരുടെയും ഇടയില്‍ കഴിയരുത്. മദ്യപനും ഭോജനപ്രിയനും ദരിദ്രനായിത്തീരും; അലസത മനുഷ്യനെ കീറത്തുണി ധരിപ്പിക്കും. നിന്‍റെ പിതാവിന്‍റെ വാക്കു കേള്‍ക്കുക; വൃദ്ധയായ മാതാവിനെ നിന്ദിക്കരുത്. എന്തു വിലകൊടുത്തും സത്യം നേടുക; ജ്ഞാനവും പ്രബോധനവും വിവേകവും ആര്‍ജിക്കുക. നീതിമാന്‍റെ പിതാവ് അത്യധികം ആനന്ദിക്കും; ജ്ഞാനിയായ പുത്രനുള്ളവന്‍ അവന്‍മൂലം സന്തോഷിക്കും. നിന്‍റെ മാതാപിതാക്കള്‍ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവള്‍ ആനന്ദിക്കട്ടെ. മകനേ, ഞാന്‍ പറയുന്നതു സശ്രദ്ധം ശ്രവിക്കുക, എന്‍റെ വഴികള്‍ നീ അനുവര്‍ത്തിക്കുക. അഭിസാരിക ആഴമേറിയ ഗര്‍ത്തമാണ്; പരസ്‍ത്രീ ഇടുങ്ങിയ കിണറും. കൊള്ളക്കാരനെപ്പോലെ അവള്‍ പതിയിരിക്കുന്നു; അവിശ്വസ്തരുടെ സംഖ്യ അവള്‍ വര്‍ധിപ്പിക്കുന്നു. ആര്‍ക്കാണു ദുരിതവും സങ്കടവും കലഹവും ആവലാതിയും? അകാരണമായ മുറിവുകള്‍ ആര്‍ക്കാണ്? ആരുടെ കണ്ണുകളാണു ചുവന്നിരിക്കുക? വീര്യമുള്ള വീഞ്ഞു കുടിക്കുന്നവര്‍ക്കും ദീര്‍ഘനേരം മദ്യപിച്ചു കഴിയുന്നവര്‍ക്കും തന്നെ. ചുവന്ന വീഞ്ഞ് പാനപാത്രത്തിലിരുന്നു നുരഞ്ഞുപൊങ്ങുന്നതും തിളങ്ങുന്നതും രുചിയോടെ അത് അകത്താക്കുന്നതും നീ നോക്കി നില്‌ക്കരുത്. അവസാനം അതു സര്‍പ്പത്തെപ്പോലെ കടിക്കും; അണലിയെപ്പോലെ കൊത്തും. അപ്പോള്‍ നീ അസാധാരണ കാഴ്ചകള്‍ കാണും; നീ വേണ്ടാത്ത കാര്യങ്ങള്‍ പറയും. നീ നടുക്കടലില്‍ അകപ്പെട്ടവനെപ്പോലെയും പാമരത്തിന്‍റെ മുകളില്‍ തൂങ്ങിക്കിടക്കുന്നവനെപ്പോലെയും ആകും. “അവര്‍ എന്നെ അടിച്ചു; എന്നാല്‍ എനിക്കു വേദനിച്ചില്ല; അവര്‍ എന്നെ പ്രഹരിച്ചു; എനിക്ക് ഒന്നും പറ്റിയില്ല; എപ്പോള്‍ ഞാന്‍ ഉണരും? ഞാന്‍ ഇനിയും കുടിക്കും” എന്നു നീ പറയും. ദുര്‍ജനത്തോട് അസൂയപ്പെടരുത്; അവരുടെകൂടെ കഴിയാന്‍ ആഗ്രഹിക്കുകയും അരുത്. അവര്‍ അക്രമം ആലോചിക്കുന്നു; അരുതാത്തതു സംസാരിക്കുന്നു. ജ്ഞാനംകൊണ്ടു ഭവനം നിര്‍മ്മിക്കപ്പെടുന്നു; വിവേകത്താല്‍ അത് ഉറപ്പിക്കപ്പെടുന്നു. പരിജ്ഞാനത്താല്‍, അമൂല്യവും ഹൃദ്യവുമായ വസ്തുക്കള്‍കൊണ്ട്, അതിന്‍റെ മുറികള്‍ നിറയ്‍ക്കപ്പെടുന്നു. ജ്ഞാനി ബലവാനെക്കാള്‍ കരുത്തനാകുന്നു. പരിജ്ഞാനമുള്ളവന്‍ ബലശാലിയെക്കാളും. ജ്ഞാനപൂര്‍വകമായ മാര്‍ഗദര്‍ശനം ഉണ്ടെങ്കില്‍ യുദ്ധം നടത്താം, ഉപദേഷ്ടാക്കള്‍ വളരെയുള്ളിടത്തു വിജയമുണ്ട്. ജ്ഞാനം ഭോഷന് അപ്രാപ്യമാണ്; നഗരകവാടങ്ങളില്‍ വച്ച് അവന്‍ വായ് തുറക്കുന്നില്ല. തിന്മ ആലോചിക്കുന്നവന്‍ ദ്രോഹി എന്നു വിളിക്കപ്പെടും. ഭോഷന്‍ ആലോചിക്കുന്നതെന്തും പാപമാകുന്നു. പരിഹാസിയെ മനുഷ്യന്‍ വെറുക്കുന്നു. കഷ്ടകാലത്തു കുഴഞ്ഞു പോകുന്നവന്‍ ദുര്‍ബലനത്രെ. കൊലയ്‍ക്കു കൊണ്ടുപോകുന്നവരെ രക്ഷിക്കുക; കാലിടറി വീഴുന്നവരെ കൊലയാളിയുടെ കൈയില്‍നിന്നു മോചിപ്പിക്കുക; “ഞാനിത് അറിഞ്ഞില്ല” എന്നു നീ പറഞ്ഞാല്‍ ഹൃദയം തൂക്കി നോക്കുന്നവന്‍ സത്യം അറിയാതിരിക്കുമോ? നിന്നെ നിരീക്ഷിക്കുന്നവന്‍ അതു ഗ്രഹിക്കാതിരിക്കുമോ? അവിടുന്നു പ്രവൃത്തിക്കു തക്ക പ്രതിഫലം അല്ലേ നല്‌കുക? മകനേ, തേന്‍ കഴിക്കുക; അതു നല്ലതാണല്ലോ; തേന്‍കട്ട ആസ്വാദ്യകരമാണല്ലോ. ജ്ഞാനവും നിനക്കതുപോലെയാണെന്ന് അറിഞ്ഞുകൊള്‍ക. അതു നേടിയാല്‍ നിനക്കു നല്ല ഭാവി ഉണ്ടാകും; നിന്‍റെ പ്രതീക്ഷ തകരുകയില്ല. നീതിനിഷ്ഠന്‍റെ പാര്‍പ്പിടത്തിന് എതിരെ ദുഷ്ടനെപ്പോലെ നീ പതിയിരിക്കരുത്. അവന്‍റെ ഭവനം കൈയേറുകയും അരുത്. നീതിമാന്‍ ഏഴു തവണ വീണാലും വീണ്ടും എഴുന്നേല്‌ക്കും; ദുഷ്ടന്മാരെ അനര്‍ഥം നശിപ്പിക്കുന്നു. ശത്രുവിന്‍റെ പതനത്തില്‍ സന്തോഷിക്കരുത്; അവന്‍ ഇടറുമ്പോള്‍ നീ ആഹ്ലാദിക്കുകയും അരുത്. അങ്ങനെ ചെയ്താല്‍ സര്‍വേശ്വരനു നിന്നോട് അപ്രീതി തോന്നുകയും അവനില്‍നിന്നു കോപം നീക്കിക്കളയുകയും ചെയ്യും. ദുഷ്കര്‍മികള്‍ നിമിത്തം നീ അസ്വസ്ഥനാകരുത്; ദുര്‍ജനത്തോട് അസൂയപ്പെടുകയുമരുത്. ദുഷ്കര്‍മിക്ക് ഭാവി ഇല്ല. ദുഷ്ടന്‍റെ ദീപം അണയ്‍ക്കപ്പെടും. മകനേ, സര്‍വേശ്വരനോടും രാജാവിനോടും ഭയഭക്തിയുള്ളവനായിരിക്കുക; അവരെ ധിക്കരിക്കരുത്. അവരില്‍നിന്നുള്ള ശിക്ഷ പെട്ടെന്നു വന്നുചേരും; അവരില്‍ നിന്നുണ്ടാകുന്ന വിനാശം ആര്‍ക്കറിയാം. ഇവയും ജ്ഞാനിയുടെ സൂക്തങ്ങളാകുന്നു; ന്യായം വിധിക്കുമ്പോള്‍ പക്ഷപാതം നന്നല്ല; ദുഷ്ടനോടു നീ നിര്‍ദോഷിയെന്നു പറയുന്നവനെ ജനം ശപിക്കും, ജനതകള്‍ വെറുക്കും. എന്നാല്‍ ദുഷ്ടനെ ശാസിക്കുന്നവര്‍ക്ക് ഉല്‍ക്കൃഷ്ടമായ അനുഗ്രഹം ഉണ്ടാകും. സത്യസന്ധമായ ഉത്തരം നല്‌കുന്നതു ചുംബനം നല്‌കുന്നതിനു തുല്യം. പുറത്തെ ജോലികള്‍ ക്രമപ്പെടുത്തുക; വയലില്‍ ചെയ്തുതീര്‍ക്കേണ്ടതെല്ലാം പൂര്‍ത്തിയാക്കുക; പിന്നീടു വീടു പണിയുക. അയല്‍ക്കാരനെതിരെ അകാരണമായി സാക്ഷി നില്‌ക്കരുത്; നിന്‍റെ വാക്കുകൊണ്ട് അവനെ ചതിക്കരുത്. എന്നോടു ചെയ്തതുപോലെ ഞാന്‍ അവനോടു ചെയ്യുമെന്നും അവന്‍റെ പ്രവൃത്തിക്കു ഞാന്‍ പകരം വീട്ടുമെന്നും പറയരുത്. ഞാന്‍ മടിയന്‍റെ കൃഷിസ്ഥലത്തിനരികിലൂടെ, ബുദ്ധിഹീനന്‍റെ മുന്തിരിത്തോട്ടത്തിനു സമീപേ കൂടിത്തന്നെ കടന്നുപോയി. അവിടം മുഴുവന്‍ മുള്‍പ്പടര്‍പ്പു നിറഞ്ഞിരുന്നു; നിലം കൊടിത്തൂവകൊണ്ടു മൂടിയിരുന്നു. അതിന്‍റെ കന്മതില്‍ ഇടിഞ്ഞു പൊളിഞ്ഞു കിടന്നിരുന്നു. അതുകൊണ്ട് ഞാന്‍ ആലോചിച്ചു; അതില്‍നിന്നു ലഭിച്ച പാഠം ഉള്‍ക്കൊണ്ടു. അല്പനേരം കൂടി ഉറങ്ങാം; കുറച്ചു നേരം കൂടി മയങ്ങാം; കൈ കെട്ടിക്കിടന്ന് അല്പനേരം വിശ്രമിക്കാം. അപ്പോള്‍ ദാരിദ്ര്യം കൊള്ളക്കാരനെപ്പോലെയും ഇല്ലായ്മ ആയുധപാണിയെപ്പോലെയും നിന്നെ പിടികൂടും. ഇവയും യെഹൂദാരാജാവായ ഹിസ്കീയായുടെ ആളുകള്‍ പകര്‍ത്തിയ ശലോമോന്‍റെ സുഭാഷിതങ്ങളാണ്. നിഗൂഢത ദൈവത്തിന്‍റെ മഹത്ത്വമാണ്; എന്നാല്‍ അത് ആരാഞ്ഞറിയുന്നതാണു രാജാക്കന്മാരുടെ മഹത്ത്വം. ആകാശത്തിന്‍റെ ഉയരവും ഭൂമിയുടെ ആഴവും അളക്കാന്‍ ആവാത്തതുപോലെയാണു രാജാക്കന്മാരുടെ മനസ്സ്. വെള്ളിയില്‍നിന്നു കീടം നീക്കുക, അപ്പോള്‍ ശുദ്ധമായ വെള്ളി കിട്ടും. രാജസന്നിധിയില്‍നിന്നു ദുരുപദേഷ്ടാക്കളെ നീക്കുക; അപ്പോള്‍ രാജത്വം നീതിയില്‍ അധിഷ്ഠിതമായിരിക്കും. രാജസന്നിധിയില്‍ മുന്‍നിരക്കാരനായി കയറിനില്‌ക്കുകയോ മഹാന്മാരുടെ സ്ഥാനം പിടിക്കുകയോ അരുത്. രാജസന്നിധിയില്‍ നീ താഴ്ത്തപ്പെടുന്നതിലും നല്ലത് “ഇങ്ങോട്ടു കയറിവരൂ” എന്നു നിന്നോടു പറയാനിടയാകുന്നതാണ്. നീ കണ്ടത് എന്തോ അതു കോടതിയില്‍ വെളിപ്പെടുത്താന്‍ തിടുക്കം കൂട്ടരുത്. നീ പറഞ്ഞതു തെറ്റാണെന്ന് അയല്‍ക്കാരന്‍ തെളിയിച്ചാല്‍ നീ എന്തു ചെയ്യും? അയല്‍ക്കാരനുമായുള്ള തര്‍ക്കം പരസ്പരം പറഞ്ഞു തീര്‍ക്കുക, മറ്റൊരുവന്‍റെ രഹസ്യം പുറത്തു പറയരുത്. അപ്പോള്‍ കേള്‍ക്കുന്നവന്‍ നിന്നെ നിന്ദിക്കും; നിന്‍റെ ദുഷ്കീര്‍ത്തിക്ക് അറുതി വരികയില്ല. സന്ദര്‍ഭോചിതമായ വാക്ക് വെള്ളിത്താലത്തിലെ പൊന്‍നാരങ്ങാപോലെയാണ്. ജ്ഞാനിയുടെ ശാസന കേള്‍ക്കുന്നതു സ്വര്‍ണവളയമോ, കനകാഭരണമോ പോലെയാണ്. വിശ്വസ്തനായ ദൂതന്‍ അയാളെ അയയ്‍ക്കുന്നവര്‍ക്ക് കൊയ്ത്തുകാലത്തെ മഞ്ഞിന്‍റെ തണുപ്പുപോലെയാകുന്നു. അവന്‍ അവര്‍ക്ക് ഉന്മേഷം പകരുന്നു. കൊടുക്കാത്ത ദാനത്തെ ചൊല്ലി പൊങ്ങച്ചം പറയുന്നവന്‍ മാരി പൊഴിക്കാത്ത മേഘവും കാറ്റും പോലെയാണ്. ക്ഷമകൊണ്ട് ഭരണാധികാരിയെ അനുനയിപ്പിക്കാം; മൃദുഭാഷണംകൊണ്ട് അസ്ഥിയെപ്പോലും വഴക്കാം. തേന്‍ കിട്ടിയാലും ആവശ്യത്തിനുള്ളതേ ഭുജിക്കാവൂ; അല്ലെങ്കില്‍ തിന്നു ചെടിച്ചു നീ ഛര്‍ദിക്കും. അയല്‍വീട്ടില്‍ അപൂര്‍വമായേ പോകാവൂ, അല്ലാഞ്ഞാല്‍ അതിസാന്നിധ്യം കൊണ്ട് അവര്‍ നിന്നെ വെറുക്കും. അയല്‍ക്കാരനെതിരെ കള്ളസ്സാക്ഷ്യം പറയുന്നവന്‍ ഗദയും വാളും മൂര്‍ച്ചയുള്ള അസ്ത്രവും പോലെയാണ്. കഷ്ടകാലത്ത് വഞ്ചകനെ ആശ്രയിക്കുന്നത്, ആടുന്ന പല്ലിനും മുടന്തുന്ന കാലിനും തുല്യമാണ്. വേദന നിറഞ്ഞവന്‍റെ മുന്നില്‍ ആഹ്ലാദത്തോടെ പാടുന്നത് കൊടുംതണുപ്പത്ത് ഒരുവന്‍റെ വസ്ത്രം ഉരിഞ്ഞുകളയുന്നതുപോലെയും മുറിവില്‍ വിനാഗിരി ഒഴിക്കുന്നതുപോലെയും ആകുന്നു. നിന്‍റെ ശത്രുവിനു വിശക്കുന്നെങ്കില്‍ അപ്പം കൊടുക്കുക, ദാഹിക്കുന്നെങ്കില്‍ കുടിക്കാന്‍ കൊടുക്കുക. അങ്ങനെ ചെയ്താല്‍ നീ അവനെ അപമാനാഗ്നിക്ക് ഇരയാക്കുന്നു. സര്‍വേശ്വരന്‍ നിനക്കു പ്രതിഫലം നല്‌കും. വടക്കന്‍കാറ്റ് മഴ കൊണ്ടുവരുന്നു, അതുപോലെ ഏഷണി രോഷം ഉളവാക്കുന്നു. കലഹപ്രിയയായ സ്‍ത്രീയുമൊത്ത് വീട്ടില്‍ കഴിയുന്നതിലും മെച്ചം മട്ടുപ്പാവിന്‍റെ കോണില്‍ ഒതുങ്ങിക്കൂടുകയാണ്. ദാഹത്തിനു കുളിര്‍ജലംപോലെയാണ് വിദൂരദേശത്തുനിന്നു ലഭിക്കുന്ന സദ്‍വാര്‍ത്ത. ദുഷ്ടന്‍റെ മുമ്പില്‍ വഴങ്ങുന്ന നീതിമാന്‍ കലങ്ങിയ അരുവിപോലെയും മലിനമാക്കപ്പെട്ട നീരുറവപോലെയുമാകുന്നു. തേന്‍ അമിതമായി കുടിക്കുന്നതു നന്നല്ല; അതുപോലെയാണ് അമിതമായ പ്രശംസയും. ആത്മനിയന്ത്രണം ഇല്ലാത്ത മനുഷ്യന്‍, ഇടിഞ്ഞു തകര്‍ന്നു കിടക്കുന്ന നഗരം പോലെയാകുന്നു. വേനല്‍ക്കാലത്തു മഞ്ഞും കൊയ്ത്തുകാലത്തു മഴയുംപോലെ ഭോഷനു ബഹുമതി ചേരുകയില്ല. പാറിപ്പറക്കുന്ന കുരുവിയും തെന്നിപ്പറക്കുന്ന മീവല്‍പക്ഷിയും എങ്ങും തങ്ങാത്തതുപോലെ, അകാരണമായ ശാപവര്‍ഷം ആരിലും ഏശുകയില്ല. കുതിരയെ നിയന്ത്രിക്കാന്‍ ചാട്ട, കഴുതയ്‍ക്കു കടിഞ്ഞാണ്‍, ഭോഷന്‍റെ മുതുകിനു വടി. നീ മൂഢനെപ്പോലെ ആകാതിരിക്കാന്‍ അവന്‍റെ ഭോഷത്തത്തിനു മറുപടി കൊടുക്കാതിരിക്കുക. ഭോഷന്‍റെ ഭോഷത്തത്തിന് അര്‍ഹിക്കുന്ന മറുപടി പറയുക. അല്ലെങ്കില്‍ താന്‍ ജ്ഞാനിയെന്ന് അവന്‍ കരുതും. മൂഢന്‍റെ കൈയില്‍ സന്ദേശം കൊടുത്തയയ്‍ക്കുന്നവന്‍ സ്വന്തം കാലു മുറിച്ചുകളകയും, വിപത്തു ക്ഷണിച്ചു വരുത്തുകയുമാണു ചെയ്യുന്നത്. ഭോഷന്മാരുടെ നാവിലെ സുഭാഷിതങ്ങള്‍, മുടന്തന്‍റെ നിരുപയോഗമായ കാലുകള്‍ പോലെയാണ്. മൂഢനു ബഹുമതി നല്‌കുന്നവന്‍, കവിണയില്‍ കല്ലു ബന്ധിക്കുന്നവനെപ്പോലെ ആണ്. ഭോഷന്മാര്‍ ഉപയോഗിക്കുന്ന സുഭാഷിതം മദ്യപന്‍റെ കൈയില്‍ തറച്ച മുള്ളുപോലെയാകുന്നു. വഴിയേ പോകുന്ന വിഡ്ഢിയെയോ മദ്യപനെയോ കൂലിക്കു നിര്‍ത്തുന്നവന്‍, കാണുന്നവരെയൊക്കെ മുറിവേല്പിക്കുന്ന വില്ലാളിക്കു തുല്യനാണ്. ഛര്‍ദിക്കുന്നതു സ്വയം ഭക്ഷിക്കുന്ന നായെപ്പോലെ ഭോഷന്‍ വിഡ്ഢിത്തം ആവര്‍ത്തിക്കുന്നു. ജ്ഞാനിയെന്നു സ്വയം ഭാവിക്കുന്നവനിലും അധികം ഒരു മൂഢനെക്കുറിച്ചു പ്രത്യാശിക്കാന്‍ വകയുണ്ട്. “വഴിയില്‍ സിംഹമുണ്ട്, തെരുവീഥിയില്‍ സിംഹമുണ്ട്” എന്നിങ്ങനെ മടിയന്‍ പറയും. കതകു വിജാഗിരിയില്‍ തിരിയുന്നതുപോലെ മടിയന്‍ കിടക്കയില്‍ കിടന്നു തിരിയുന്നു. മടിയന്‍ തളികയില്‍ കൈ പൂഴ്ത്തുന്നു. അതു വായിലേക്കു കൊണ്ടുപോകാന്‍ അവനു മടിയാണ്. ബുദ്ധിപൂര്‍വം ഉത്തരം പറയാന്‍ കഴിയുന്ന ഏഴു പേരെക്കാള്‍ താന്‍ ബുദ്ധിമാനെന്നു മടിയന്‍ സ്വയം ഭാവിക്കുന്നു. അന്യരുടെ കലഹത്തില്‍ ഇടപെടുന്നവന്‍ വഴിയേ പോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനു തുല്യന്‍. അയല്‍ക്കാരനെ വഞ്ചിച്ചശേഷം ‘ഇതൊരു തമാശ’ എന്നു പറയുന്നവന്‍ അസ്ത്രവും കൊലയും തീക്കൊള്ളിയും വിതറുന്ന ഭ്രാന്തനു സമന്‍. വിറകില്ലാഞ്ഞാല്‍ തീ കെട്ടുപോകും; ഏഷണിക്കാരന്‍ ഇല്ലെങ്കില്‍ വഴക്കും ഇല്ലാതെയാകും. കല്‍ക്കരി തീക്കനലിനും വിറകു തീക്കും എന്നപോലെ കലഹപ്രിയന്‍ ശണ്ഠ ജ്വലിപ്പിക്കുന്നു. ഏഷണിക്കാരന്‍റെ വാക്കുകള്‍ സ്വാദിഷ്ഠമായ ഭോജ്യംപോലെയാണ്. അവ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. ദുഷ്ടഹൃദയന്‍റെ മൃദുലഭാഷണം വിലകുറഞ്ഞ മണ്‍പാത്രത്തിന്‍റെ പുറമെയുള്ള മിനുസംപോലെയാണ്. വിദ്വേഷമുള്ളവന്‍ പുറമേ വാക്കുകൊണ്ടു സ്നേഹം നടിക്കുന്നു; ഉള്ളിലാകട്ടെ വഞ്ചന വച്ചുപുലര്‍ത്തുന്നു. ഇമ്പമായി സംസാരിക്കുമ്പോഴും അവനെ വിശ്വസിക്കരുത്. അവന്‍റെ ഹൃദയത്തില്‍ വിദ്വേഷം നിറഞ്ഞിരിക്കുന്നു. കാപട്യംകൊണ്ട് ഉള്ളിലെ വിദ്വേഷം മറച്ചുവച്ചാലും ജനമധ്യത്തില്‍ വച്ച് അവന്‍റെ ദുഷ്ടത വെളിപ്പെടും. താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ വീഴും. താന്‍ ഉരുട്ടി വീഴ്ത്തുന്ന കല്ല് തന്‍റെമേല്‍ തന്നെ പതിക്കും. അസത്യം പറയുന്നവന്‍ അതിനിരയാകുന്നവരെ ദ്വേഷിക്കും; മുഖസ്തുതി നാശം വരുത്തിവയ്‍ക്കുന്നു. നാളയെ ചൊല്ലി നീ അഹങ്കരിക്കരുത്; ഇന്ന് എന്തു സംഭവിക്കുമെന്നു പോലും നീ അറിയുന്നില്ലല്ലോ. നീ സ്വയം ശ്ലാഘിക്കരുത്, മറ്റുള്ളവര്‍ നിന്നെ പ്രശംസിക്കട്ടെ. കല്ലിനു ഘനമുണ്ട്; മണലിനു ഭാരമുണ്ട്; എന്നാല്‍ ഭോഷന്‍റെ പ്രകോപനം ഇവ രണ്ടിനേയുംകാള്‍ ഭാരമേറിയതത്രേ. ക്രോധം ക്രൂരവും കോപം അനിയന്ത്രിതവുമാണ്; എന്നാല്‍ അസൂയയെ നേരിടാന്‍ ആര്‍ക്കു കഴിയും? നിഗൂഢമായ സ്നേഹത്തെക്കാള്‍ നല്ലത് തുറന്ന ശാസനമാണ്. സ്നേഹിതന്‍ ഏല്പിക്കുന്ന ക്ഷതം ആത്മാര്‍ഥതയോടു കൂടിയത്. ശത്രുവാകട്ടെ കണക്കറ്റു ചുംബിക്കുക മാത്രം ചെയ്യുന്നു. തിന്നു മതിയായവനു തേന്‍പോലും മടുപ്പ് ഉളവാക്കുന്നു; വിശപ്പുള്ളവനു കയ്പുള്ളതും മധുരമായി തോന്നും. കൂടു വിട്ടുഴലുന്ന പക്ഷിയെപ്പോലെയാണ് വീടു വിട്ടുഴലുന്ന മനുഷ്യന്‍. സുരഭിലതൈലവും സുഗന്ധദ്രവ്യവും ഹൃദയത്തെ സന്തോഷിപ്പിക്കും. എന്നാല്‍ ജീവിതക്ലേശങ്ങള്‍ അന്തരംഗത്തെ തകര്‍ക്കുന്നു. നിന്‍റെ സ്നേഹിതരെയോ, നിന്‍റെ പിതാവിന്‍റെ സ്നേഹിതരെയോ കൈവിടരുത്; വിഷമകാലത്ത് നീ സഹോദരന്‍റെ ഭവനത്തില്‍ പോകയും അരുത്. അകലെയുള്ള സഹോദരനെക്കാള്‍ അടുത്തുള്ള അയല്‍ക്കാരനാണു നല്ലത്. മകനേ, നീ ജ്ഞാനിയായിത്തീര്‍ന്ന് എന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്കുക, അങ്ങനെ എന്നെ നിന്ദിക്കുന്നവര്‍ക്ക് മറുപടി നല്‌കാന്‍ എനിക്കു കഴിയും. വിവേകമുള്ളവന്‍ അപകടം കണ്ടു പിന്മാറുന്നു; ബുദ്ധിശൂന്യനോ നേരെ ചെന്ന് അതില്‍ അകപ്പെടുന്നു. അപരിചിതനു ജാമ്യം നില്‌ക്കുന്നവന്‍റെ വസ്ത്രം എടുത്തുകൊള്‍ക; പരദേശിക്കു ജാമ്യം നില്‌ക്കുന്നവനോടു പണയം വാങ്ങിക്കൊള്‍ക. അതിരാവിലെ എഴുന്നേറ്റ് അയല്‍ക്കാരനെ ഉച്ചത്തില്‍ അഭിവാദനം ചെയ്യുന്നത് ശാപമായി കണക്കാക്കപ്പെടും. ഇടമുറിയാതെ പെയ്യുന്ന ചാറ്റല്‍മഴയും കലഹശീലയായ ഭാര്യയും ഒരുപോലെയാണ്. അവളെ അടക്കിനിറുത്താന്‍ ശ്രമിക്കുന്നത് കാറ്റിനെ നിയന്ത്രിക്കുന്നതുപോലെയും വലങ്കൈയില്‍ എണ്ണ മുറുകെപ്പിടിക്കാന്‍ ശ്രമിക്കുന്നതുപോലെയുമാണ്. ഇരുമ്പ് ഇരുമ്പിനു മൂര്‍ച്ചകൂട്ടുന്നു; മനുഷ്യന്‍ മനുഷ്യന്‍റെ ജ്ഞാനം വര്‍ധിപ്പിക്കുന്നു. അത്തിമരം വളര്‍ത്തുന്നവന്‍ അത്തിപ്പഴം തിന്നും, യജമാനനെ ശുശ്രൂഷിക്കുന്നവന്‍ ബഹുമാനിതനാകും. വെള്ളത്തില്‍ മുഖം പ്രതിബിംബിക്കുംപോലെ മനുഷ്യന്‍റെ മനസ്സ് അവനെത്തന്നെ പ്രതിഫലിപ്പിക്കുന്നു. പാതാളത്തിനും നരകത്തിനും ഒരിക്കലും സംതൃപ്തി വരികയില്ല; മനുഷ്യന്‍റെ കണ്ണിനും ഒരിക്കലും തൃപ്തി വരികയില്ല. വെള്ളിയുടെ മാറ്റ് പുടത്തിലൂടെയും സ്വര്‍ണത്തിനു മൂശയിലൂടെയും എന്നപോലെ മനുഷ്യന്‍റെ മൂല്യം അവനു ലഭിക്കുന്ന പ്രശംസയിലൂടെ നിര്‍ണയിക്കപ്പെടുന്നു. ഭോഷനെ ധാന്യത്തോടൊപ്പം ഉരലില്‍ ഇട്ട് ഇടിച്ചാലും അവന്‍റെ ഭോഷത്തം വിട്ടുമാറുകയില്ല. നിന്‍റെ ആട്ടിന്‍പറ്റങ്ങളെ പരിപാലിക്കുക; നിന്‍റെ കാലിക്കൂട്ടങ്ങളെ ശ്രദ്ധിക്കുക. ധനം എന്നും നിലനില്‌ക്കുകയില്ലല്ലോ; കിരീടം എല്ലാ തലമുറകളിലേക്കും നിലനില്‌ക്കുമോ? പുല്ല് പോയി ഇളമ്പുല്ലു പ്രത്യക്ഷമാകുകയും മലകളിലുള്ള സസ്യാദികള്‍ ശേഖരിക്കപ്പെടുകയും ചെയ്യുമ്പോള്‍, കുഞ്ഞാടുകള്‍ നിനക്കു വസ്ത്രം നല്‌കും, കോലാടുകള്‍ വയലിനുള്ള വില നേടിത്തരും; നിനക്കും നിന്‍റെ കുടുംബത്തിനും വേണ്ട പാലും നിന്‍റെ ദാസീദാസന്മാരുടെ ജീവസന്ധാരണത്തിനുവേണ്ട വകയും ലഭിക്കും. ആരും പിന്‍തുടരാതിരിക്കുമ്പോഴും ദുഷ്ടന്‍ പേടിച്ചോടുന്നു; നീതിനിഷ്ഠന്‍ സിംഹത്തെപ്പോലെ ധീരനായിരിക്കും. ഒരു രാജ്യത്ത് അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ഭരണകര്‍ത്താക്കളുടെ എണ്ണം വര്‍ധിക്കുന്നു. വിവേകവും പരിജ്ഞാനവും ഉള്ള ആളുകള്‍ ഉണ്ടാകുമ്പോള്‍ അതിന്‍റെ സുസ്ഥിരത നീണ്ടുനില്‌ക്കും. ദരിദ്രരെ പീഡിപ്പിക്കുന്ന അധികാരി വിളവു നിശ്ശേഷം നശിപ്പിക്കുന്ന പേമാരിയാകുന്നു. ധര്‍മശാസ്ത്രം പരിത്യജിക്കുന്നവന്‍ ദുഷ്ടന്മാരെ പ്രശംസിക്കുന്നു; എന്നാല്‍ അവ അനുസരിക്കുന്നവന്‍ അവരെ എതിര്‍ക്കുന്നു. ദുര്‍ജനം നീതി തിരിച്ചറിയുന്നില്ല; സര്‍വേശ്വരനെ ആരാധിക്കുന്നവര്‍ അതു പൂര്‍ണമായും തിരിച്ചറിയുന്നു. വക്രമാര്‍ഗത്തില്‍ ചരിക്കുന്നവനിലും മെച്ചം നേര്‍വഴിയില്‍ നടക്കുന്ന ദരിദ്രനാണ്. ധര്‍മശാസ്ത്രം പാലിക്കുന്നവന്‍ ബുദ്ധിയുള്ള മകനാണ്; തീറ്റപ്രിയന്മാരുടെ സ്നേഹിതനോ പിതാവിന് അപമാനം വരുത്തുന്നു. പലിശയും കൊള്ളലാഭവുംകൊണ്ടു നേടിയ സമ്പത്ത് അഗതികളോടു ദയ കാട്ടുന്നവനില്‍ ചെന്നു ചേരുന്നു. ധര്‍മശാസ്ത്രം കേള്‍ക്കാതെ ചെവി തിരിച്ചുകളയുന്നവന്‍റെ പ്രാര്‍ഥനപോലും അറപ്പുളവാക്കുന്നു. സത്യസന്ധരെ ദുര്‍മാര്‍ഗത്തിലേക്കു നയിക്കുന്നവന്‍ താന്‍ കുഴിച്ച കുഴിയില്‍തന്നെ വീഴും; പരമാര്‍ഥഹൃദയരോ നന്മ അനുഭവിക്കും. ധനവാന്‍ ജ്ഞാനിയെന്നു സ്വയം കരുതുന്നു; എന്നാല്‍ വിവേകമുള്ള ദരിദ്രന്‍ അവനെ വിവേചിച്ചറിയുന്നു. നീതിനിഷ്ഠന്‍ വിജയിക്കുമ്പോള്‍ എങ്ങും ആഹ്ലാദം ഉണ്ടാകും; എന്നാല്‍ ദുഷ്ടന്‍റെ ഉയര്‍ച്ചയില്‍ മനുഷ്യന്‍ ഓടി ഒളിക്കുന്നു. തന്‍റെ തെറ്റുകള്‍ മറച്ചുവയ്‍ക്കുന്നവന് ഐശ്വര്യം ഉണ്ടാവുകയില്ല; ഏറ്റുപറഞ്ഞ് അവയെ ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും. എപ്പോഴും ദൈവഭക്തിയോടെ ജീവിക്കുന്നവന്‍ അനുഗൃഹീതന്‍, എന്നാല്‍ ഹൃദയം കഠിനമാക്കുന്നവന്‍ അനര്‍ഥത്തില്‍ അകപ്പെടും. ഗര്‍ജിക്കുന്ന സിംഹത്തെയും ഇരയെ ആക്രമിക്കുന്ന കരടിയെയും പോലെയാണ് ദുഷ്ടന്‍ പാവപ്പെട്ടവരുടെമേല്‍ ഭരണം നടത്തുന്നത്. വിവേകശൂന്യനായ ഭരണാധിപന്‍ നിഷ്ഠുരനായ ജനമര്‍ദകനാകുന്നു; അന്യായലാഭം വെറുക്കുന്നവനു ദീര്‍ഘായുസ്സുണ്ടാകും. കൊലപാതകി മരണംവരെ അലയട്ടെ, ആരും അവനെ സഹായിക്കരുത്. നേര്‍വഴിയില്‍ ചരിക്കുന്നവന്‍ രക്ഷിക്കപ്പെടും, വക്രമാര്‍ഗം സ്വീകരിക്കുന്നവന്‍ കുഴിയില്‍ വീഴും. അധ്വാനിച്ചു കൃഷി ചെയ്യുന്നവനു സമൃദ്ധമായി ആഹാരം ലഭിക്കും; എന്നാല്‍ സമയം പാഴാക്കുന്നവന്‍ ദാരിദ്ര്യം അനുഭവിക്കും. വിശ്വസ്തനായ മനുഷ്യന്‍ അനുഗ്രഹസമ്പന്നനാകും; എന്നാല്‍ ധനവാനാകാന്‍ തിടുക്കം കൂട്ടുന്നവന്‍ ശിക്ഷിക്കപ്പെടാതിരിക്കയില്ല. പക്ഷപാതം കാട്ടുന്നതു നന്നല്ല; ഒരു കഷണം അപ്പത്തിനുവേണ്ടിപോലും മനുഷ്യന്‍ തെറ്റു ചെയ്യുന്നു. ലുബ്ധന്‍ സമ്പത്തിന്‍റെ പിന്നാലെ ഓടുന്നു; എന്നാല്‍ തനിക്കു ദാരിദ്ര്യം വരുമെന്ന് അവന്‍ അറിയുന്നില്ല. മുഖസ്തുതി പറയുന്നവനിലും അധികം പ്രീതി ശാസിക്കുന്നവനോടു പിന്നീടുണ്ടാകും. മാതാവിനെയോ പിതാവിനെയോ കൊള്ളയടിച്ച് അത് അതിക്രമമല്ലെന്നു പറയുന്നവന്‍ വിനാശകന്‍റെ കൂട്ടുകാരന്‍ ആകുന്നു. അത്യാഗ്രഹി കലഹം ഇളക്കിവിടുന്നു; സര്‍വേശ്വരനില്‍ ആശ്രയിക്കുന്നവനാകട്ടെ ഐശ്വര്യസമൃദ്ധിയുണ്ടാകും. സ്വന്തം ബുദ്ധിയില്‍ വിശ്വാസം അര്‍പ്പിക്കുന്നവന്‍ ഭോഷന്‍; വിജ്ഞാനത്തില്‍ വ്യാപരിക്കുന്നവനോ വിമോചിതനാകും. ദരിദ്രനു ദാനം ചെയ്യുന്നവന്‍ ദാരിദ്ര്യം അനുഭവിക്കുകയില്ല; ദരിദ്രന്‍റെ നേരെ കണ്ണടയ്‍ക്കുന്നവനാകട്ടെ ശാപവര്‍ഷം ഏല്‌ക്കേണ്ടിവരും. ദുഷ്ടര്‍ക്ക് ഉയര്‍ച്ച വരുമ്പോള്‍ ആളുകള്‍ ഓടി ഒളിക്കുന്നു. അവര്‍ നശിക്കുമ്പോള്‍ നീതിമാന്മാര്‍ പ്രബലരാകുന്നു. നിരന്തരം ശാസന ലഭിച്ചിട്ടും ദുശ്ശാഠ്യം കാട്ടുന്നവന്‍ രക്ഷപെടാതെ പെട്ടെന്നു തകര്‍ന്നുപോകും. നീതിമാന്‍ അധികാരത്തിലിരിക്കുമ്പോള്‍ ജനം ആനന്ദിക്കുന്നു; ദുഷ്ടന്മാര്‍ ഭരിക്കുമ്പോഴാകട്ടെ ജനം നെടുവീര്‍പ്പിടുന്നു. ജ്ഞാനത്തെ സ്നേഹിക്കുന്നവന്‍ തന്‍റെ പിതാവിനെ സന്തോഷിപ്പിക്കുന്നു; അഭിസാരികകളോടു ഒത്തു വസിക്കുന്നവന്‍ തന്‍റെ സമ്പത്ത് ധൂര്‍ത്തടിക്കുന്നു. നീതിപാലനത്താല്‍ രാജാവ് രാജ്യത്തിനു സുസ്ഥിരത വരുത്തുന്നു, എന്നാല്‍ ജനങ്ങളെ ഞെക്കി പിഴിയുന്നവന്‍ അതു നശിപ്പിക്കുന്നു. കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവന്‍ അവനു കെണി ഒരുക്കുന്നു. ദുഷ്ടമനുഷ്യന്‍ തന്‍റെ അതിക്രമങ്ങളില്‍ കുടുങ്ങുന്നു; നീതിമാനാകട്ടെ പാടി ആനന്ദിക്കുന്നു. നീതിമാന്‍ അഗതികളുടെ അവകാശങ്ങള്‍ അറിയുന്നു; ദുഷ്ടനോ അതു തിരിച്ചറിയുന്നില്ല. പരിഹാസി നഗരത്തില്‍ അഗ്നി വര്‍ഷിക്കുന്നു; ജ്ഞാനിയാകട്ടെ ക്രോധം അകറ്റുന്നു. ജ്ഞാനി ഭോഷനുമായി വാഗ്വാദം നടത്തിയാല്‍ ഭോഷന്‍ കുപിതനാകുകയും അട്ടഹസിക്കുകയും ചെയ്യും, പക്ഷേ സമാധാനം ഉണ്ടാവുകയില്ല. രക്തദാഹികള്‍ നിഷ്കളങ്കനെ വെറുക്കുന്നു. നിര്‍ദ്ദോഷി അവരുടെ ജീവന്‍ രക്ഷിക്കുന്നു. മൂഢന്‍ തന്‍റെ കോപം മുഴുവന്‍ വെളിപ്പെടുത്തുന്നു; ജ്ഞാനിയോ ക്ഷമയോടെ അതിനെ അടക്കിവയ്‍ക്കുന്നു. ഭരണാധികാരി വ്യാജത്തിനു ചെവി കൊടുത്താല്‍ അയാളുടെ സേവകന്മാരെല്ലാം ദുഷ്ടന്മാരായിത്തീരും. ദരിദ്രനും മര്‍ദകനും ഒരു കാര്യത്തില്‍ യോജിപ്പുണ്ട്; ഇരുവര്‍ക്കും കണ്ണിന് കാഴ്ച നല്‌കുന്നതു സര്‍വേശ്വരനാണ്. ദരിദ്രര്‍ക്കു സത്യസന്ധതയോടെ നീതി നടത്തിക്കൊടുക്കുന്ന രാജാവിന്‍റെ സിംഹാസനം സുസ്ഥിരമായിരിക്കും. അടിയും ശാസനയും ജ്ഞാനം പകര്‍ത്തുന്നു; തന്നിഷ്ടത്തിന് വിട്ടിരിക്കുന്ന ബാലന്‍ മാതാവിനു അപമാനം വരുത്തും. ദുഷ്ടന്മാര്‍ അധികാരത്തില്‍ വരുമ്പോള്‍ അതിക്രമം വര്‍ധിക്കും; അവരുടെ പതനം നീതിമാന്മാര്‍ കാണും. നിന്‍റെ മകനു ശിക്ഷണം നല്‌കുക; അവന്‍ നിനക്ക് ആശ്വാസവും സന്തോഷവും നല്‌കും. ദര്‍ശനമില്ലാത്ത ജനം നിയന്ത്രണം വെടിയുന്നു; ധര്‍മശാസനം അനുസരിക്കുന്നവര്‍ അനുഗൃഹീതരാകും. വാക്കുകള്‍കൊണ്ടു മാത്രം ഭൃത്യന്‍ നിയന്ത്രിതനാകുകയില്ല; അവന്‍ അതു ഗ്രഹിച്ചാലും നിന്നെ കൂട്ടാക്കുകയില്ല. ആലോചനയില്ലാതെ സംസാരിക്കുന്നവനിലും അധികം മൂഢനില്‍നിന്നു പ്രതീക്ഷിക്കാം. ബാല്യംമുതല്‍ അമിതമായി ലാളിക്കപ്പെടുന്ന ഭൃത്യന്‍ അവസാനം നിന്‍റേതെല്ലാം കൈവശമാക്കും. കോപിഷ്ഠന്‍ കലഹം ഇളക്കിവിടുന്നു; ക്രോധമുള്ളവന്‍ നിരവധി അതിക്രമങ്ങള്‍ കാട്ടുന്നു. അഹങ്കാരം ഒരുവനെ അധഃപതിപ്പിക്കുന്നു; എന്നാല്‍ വിനീതഹൃദയനു ബഹുമതി ലഭിക്കും. കള്ളന്‍റെ കൂട്ടാളി തന്‍റെ ജീവനെ വെറുക്കുന്നു; അവന്‍ ശാപവാക്കു കേള്‍ക്കുന്നു; ഒന്നും വെളിപ്പെടുത്തുന്നില്ലതാനും. മനുഷ്യനെ ഭയപ്പെടുന്നതു കെണി ആകുന്നു; സര്‍വേശ്വരനില്‍ ആശ്രയിക്കുന്നവന്‍ സുരക്ഷിതനായിരിക്കും. പലരും ഭരണാധിപന്‍റെ പ്രീതി തേടുന്നു; എന്നാല്‍ സര്‍വേശ്വരനില്‍ നിന്നത്രേ മനുഷ്യനു നീതി ലഭിക്കുക. നീതിനിഷ്ഠന്‍ ദുര്‍മാര്‍ഗിയെ വെറുക്കുന്നു; ദുര്‍ജനം സന്മാര്‍ഗിയെയും. മസ്സായിലെ യാക്കേയുടെ പുത്രനായ ആഗൂറിന്‍റെ വചനങ്ങള്‍: അദ്ദേഹം ഇഥിയേലിനോടും യുകാളിനോടും പറയുന്നു: മനുഷ്യനായിരിക്കാന്‍ യോഗ്യത എനിക്കില്ല; ഞാന്‍ അത്രയ്‍ക്കു മൂഢനാണ്. ഞാന്‍ ജ്ഞാനം നേടിയിട്ടില്ല; പരിശുദ്ധനായ ദൈവത്തെക്കുറിച്ചുള്ള അറിവും എനിക്കില്ല. സ്വര്‍ഗത്തിലേക്കു കയറുകയും ഇറങ്ങി വരികയും ചെയ്തിട്ടുള്ളതാരാണ്? കാറ്റിനെ തന്‍റെ മുഷ്‍ടിയില്‍ ഒതുക്കിയതാരാണ്? സമുദ്രത്തെ വസ്ത്രത്തിനുള്ളില്‍ പൊതിഞ്ഞതാരാണ്? ഭൂമിയുടെ അതിരുകള്‍ ഉറപ്പിച്ചതാരാണ്? അയാളുടെ പേരെന്ത്? അയാളുടെ പുത്രന്‍റെ പേരെന്ത്? നിശ്ചയമായും അത് അങ്ങേക്കറിയാം. ദൈവത്തിന്‍റെ ഓരോ വചനവും സത്യമെന്നു തെളിഞ്ഞിരിക്കുന്നു. തന്നെ അഭയം പ്രാപിക്കുന്നവര്‍ക്ക് അവിടുന്നു പരിചയാണ്. അവിടുന്നു നിന്നെ ശാസിക്കാതെയും നീ അസത്യവാദിയെന്ന് അറിയപ്പെടാതെയും ഇരിക്കണമെങ്കില്‍, അവിടുത്തെ വചനത്തോട് ഒന്നും കൂട്ടിച്ചേര്‍ക്കരുത്. രണ്ടു കാര്യങ്ങള്‍ ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു; മരണംവരെ അവ എനിക്കു നിഷേധിക്കരുതേ. അസത്യവും കാപട്യവും എന്നില്‍നിന്ന് അകറ്റണമേ; ദാരിദ്ര്യമോ സമ്പത്തോ എനിക്കു തരരുതേ; എനിക്ക് ആവശ്യമുള്ള ആഹാരം നല്‌കി എന്നെ പോറ്റണമേ. അല്ലെങ്കില്‍ സമൃദ്ധിയില്‍ ഞാന്‍ ദൈവത്തെ അവഗണിക്കാനും സര്‍വേശ്വരന്‍ ആര് എന്നു ചോദിക്കാനും ഇടയാകാം. എന്‍റെ ദാരിദ്ര്യം നിമിത്തം മോഷണം നടത്തി ദൈവനാമത്തെ അശുദ്ധമാക്കുകയും ചെയ്തെന്നു വരാം. ദാസനെപ്പറ്റി യജമാനനോട് ഏഷണി പറയരുത്; അവന്‍ നിന്നെ ശപിക്കാനും നീ അപരാധിയായിത്തീരാനും ഇടവരരുത്. പിതാക്കന്മാരെ ശപിക്കുകയും മാതാക്കള്‍ക്കു നന്മ നേരാതിരിക്കുകയും ചെയ്യുന്നവരുണ്ട്. തങ്ങളുടെ മാലിന്യം നീക്കി ശുദ്ധരാകാതെ നിര്‍മ്മലരെന്നു ഭാവിക്കുന്നവരുണ്ട്. മറ്റു ചിലര്‍ ഗര്‍വുള്ളവരാണ്; അവരുടെ നോട്ടംപോലും അഹങ്കാരം നിറഞ്ഞതാണ്. വേറൊരു കൂട്ടര്‍ എളിയവരെയും മനുഷ്യരുടെ ഇടയില്‍നിന്നു ദരിദ്രരെയും വാളും കത്തിയും പോലുള്ള തങ്ങളുടെ പല്ലുകള്‍കൊണ്ടു കടിച്ചു തിന്നുന്നു. കന്നട്ടയ്‍ക്കു രണ്ടു പുത്രിമാരുണ്ട്; തരിക, തരിക എന്നവര്‍ മുറവിളി കൂട്ടുന്നു. ഒരിക്കലും തൃപ്തിവരാത്ത മൂന്നു കാര്യങ്ങളുണ്ട്; ഒരിക്കലും മതിവരാത്ത നാലാമതൊന്നു കൂടിയുണ്ട്. പാതാളവും വന്ധ്യയുടെ ഗര്‍ഭാശയവും ജലത്തിനായി ദാഹിക്കുന്ന ഭൂമിയും ഒരിക്കലും മതിവരാത്ത അഗ്നിയും ആണ് അവ. പിതാവിനെ അപഹസിക്കുകയും മാതാവിനെ അനുസരിക്കാതെ നിന്ദിക്കുകയും ചെയ്യുന്നവന്‍റെ കണ്ണ് കാക്കകള്‍ കൊത്തിപ്പറിക്കുകയോ കഴുകന്മാര്‍ കൊത്തിത്തിന്നുകയോ ചെയ്യും. മൂന്നു കാര്യങ്ങള്‍ എനിക്ക് വളരെ അദ്ഭുതകരമായി തോന്നുന്നു, എനിക്ക് അറിഞ്ഞുകൂടാത്ത നാലാമതൊന്നു കൂടിയുണ്ട്, ആകാശത്തു കഴുകന്‍റെ പാത, പാറയിലൂടെയുള്ള പാമ്പിന്‍റെ വഴി, സമുദ്രത്തില്‍ കപ്പലിന്‍റെ ചാല്‍, കന്യകയോടുള്ള പുരുഷന്‍റെ പെരുമാറ്റം. വ്യഭിചാരിണിയുടെ രീതിയും അങ്ങനെതന്നെ. അവള്‍ വിശപ്പടക്കി മുഖം തുടച്ചുകൊണ്ടു പറയുന്നു. ഞാന്‍ ഒരു ദോഷവും ചെയ്തിട്ടില്ല. മൂന്നു കാര്യങ്ങള്‍കൊണ്ടു ഭൂമി വിറയ്‍ക്കുന്നു; നാലാമതൊന്നു കൂടി അതിനു ദുസ്സഹമാണ്. രാജാവായി തീരുന്ന അടിമ; വയറു നിറയെ ഭക്ഷിച്ച ഭോഷന്‍; യജമാനത്തിയുടെ സ്ഥാനം നേടിയ ദാസി; വിദ്വേഷമുള്ളവള്‍ക്ക് ഭര്‍ത്താവിനെ ലഭിക്കുക. നാലു ജീവികള്‍ ഏറ്റവും ചെറുതെങ്കിലും അസാധാരണ ബുദ്ധി പ്രകടിപ്പിക്കുന്നു. ഉറുമ്പ് ദുര്‍ബല ജീവിയാണെങ്കിലും വേനല്‍ക്കാലത്ത് ആഹാരം കരുതി വയ്‍ക്കുന്നു. കുഴിമുയലുകള്‍ കെല്പില്ലാത്ത ജീവികളെങ്കിലും പാറയില്‍ പാര്‍പ്പിടം ഉണ്ടാക്കുന്നു. വെട്ടുക്കിളിക്കു രാജാവില്ലെങ്കിലും അവ അണിയണിയായി നീങ്ങുന്നു. പല്ലിയെ നിങ്ങള്‍ക്കു കൈയിലൊതുക്കാം എങ്കിലും രാജകൊട്ടാരങ്ങളിലും അവയെ കാണാന്‍ കഴിയുന്നു. പ്രൗഢിയോടെ നീങ്ങുന്ന മൂന്നെണ്ണം ഉണ്ട്; നടത്തത്തില്‍ പ്രൗഢിയുള്ള നാലാമതൊന്നു കൂടിയുണ്ട്; മൃഗങ്ങളില്‍ വച്ച് അതിശക്തനും യാതൊന്നിനെയും കൂസാത്തവനുമായ സിംഹം, നിവര്‍ന്നു തല ഉയര്‍ത്തി നടക്കുന്ന പൂവന്‍കോഴി, ആണ്‍കോലാട്, പ്രജകളോടൊത്ത് എഴുന്നള്ളുന്ന രാജാവ്. നീ ആത്മപ്രശംസ ചെയ്തുകൊണ്ടു ഭോഷനായി വര്‍ത്തിക്കുകയോ, ദുരാലോചനയില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നെങ്കില്‍ നിശബ്ദനായിരിക്കുക. പാല്‍ കടഞ്ഞാല്‍ വെണ്ണ കിട്ടും; മൂക്കിനിടിച്ചാല്‍ ചോര വരും; കോപം ഇളക്കിവിട്ടാല്‍ കലഹം ഉണ്ടാകും. മസ്സായിലെ ലെമൂവേല്‍ രാജാവിന്‍റെ വചനങ്ങള്‍: ഇവ മാതാവ് അദ്ദേഹത്തിനുപദേശിച്ചു കൊടുത്തതാണ്. എന്‍റെ പ്രാര്‍ഥനയ്‍ക്കു മറുപടിയായി എനിക്ക് ആറ്റുനോറ്റു ലഭിച്ച മകനേ, എന്താണു ഞാന്‍ നിന്നോടു പറയേണ്ടത്? സ്‍ത്രീകള്‍ക്ക് നിന്‍റെ പൗരുഷവും രാജാക്കന്മാരെ പാട്ടിലാക്കി നശിപ്പിക്കുന്ന സ്‍ത്രീകള്‍ക്കു നിന്‍റെ കഴിവുകളും നല്‌കരുത്. വീഞ്ഞ് കുടിക്കുന്നതു രാജാക്കന്മാര്‍ക്കു ചേര്‍ന്നതല്ല. ലെമൂവേലേ, രാജാക്കന്മാര്‍ക്ക് അതു ചേര്‍ന്നതല്ല; മദ്യാസക്തി ഭരണാധിപന്മാര്‍ക്ക് ഉചിതമല്ല. അവര്‍ മദ്യപിച്ചു കല്പനകള്‍ വിസ്മരിക്കുകയും പീഡിതന്‍റെ ന്യായമായ അവകാശങ്ങള്‍ അവഗണിക്കുകയും ചെയ്യും. നശിക്കാന്‍ പോകുന്നവനു മദ്യവും കഠിനദുഃഖത്തിലിരിക്കുന്നവനു വീഞ്ഞും കൊടുക്കുക. അവര്‍ കുടിച്ചു തങ്ങളുടെ ദാരിദ്ര്യവും കഷ്ടതയും മറക്കട്ടെ. മൂകനുവേണ്ടിയും അഗതിയുടെ അവകാശങ്ങള്‍ക്കുവേണ്ടിയും നീ സംസാരിക്കുക. നീ നീതിപൂര്‍വം വിധി കല്പിക്കുക; എളിയവന്‍റെയും ദരിദ്രന്‍റെയും അവകാശം സംരക്ഷിക്കുക. ഉത്തമയായ ഭാര്യയെ ആര്‍ക്കു ലഭിക്കും? അവള്‍ രത്നങ്ങളിലും വിലപ്പെട്ടവള്‍. ഭര്‍ത്താവ് അവളെ പൂര്‍ണമായി വിശ്വസിക്കുന്നു. അയാളുടെ നേട്ടങ്ങള്‍ വര്‍ധിക്കും. അവള്‍ ആജീവനാന്തം തന്‍റെ ഭര്‍ത്താവിനു നന്മയല്ലാതെ ഒരു തിന്മയും ചെയ്യുന്നില്ല. അവള്‍ ആട്ടിന്‍രോമവും ചണവും ശേഖരിച്ച് ഉത്സാഹത്തോടെ പണിയെടുക്കുന്നു. അവള്‍ വ്യാപാരിയുടെ കപ്പല്‍പോലെ വിദൂരത്തുനിന്ന് ആഹാരസാധനങ്ങള്‍ കൊണ്ടുവരുന്നു. പുലരും മുമ്പേ ഉണര്‍ന്നു കുടുംബാംഗങ്ങള്‍ക്ക് അവള്‍ ആഹാരം ഒരുക്കുന്നു. പരിചാരികകള്‍ക്കു ജോലി നിര്‍ദ്ദേശിക്കുന്നു. അവള്‍ നല്ല നിലം നോക്കി വാങ്ങുന്നു, താന്‍ നേടിയ വകകൊണ്ട് അവള്‍ മുന്തിരിത്തോട്ടം നട്ടു പിടിപ്പിക്കുന്നു. അവള്‍ അര മുറുക്കി ഉത്സാഹപൂര്‍വം കഠിനാധ്വാനം ചെയ്യുന്നു. തന്‍റെ വ്യാപാരം ആദായകരമാണോ എന്ന് അവള്‍ പരിശോധിക്കുന്നു. രാത്രിയിലും അധ്വാനിക്കുന്നതുകൊണ്ട് അവളുടെ വിളക്ക് അണയുന്നില്ല. അവള്‍ തക്ലിയും ചര്‍ക്കയും ഉപയോഗിച്ചു നൂല്‍ നൂല്‌ക്കുന്നു. ദരിദ്രരെയും അഗതികളെയും ഉദാരമായി സഹായിക്കുന്നു. മഞ്ഞു പെയ്യുന്ന കാലത്ത് അവള്‍ സ്വഭവനത്തിലുള്ളവരെ ഓര്‍ത്ത് ആകുലപ്പെടുന്നില്ല. വീട്ടിലുള്ള എല്ലാവര്‍ക്കും കമ്പിളി വസ്ത്രമുണ്ടല്ലോ. അവള്‍ സ്വന്ത കൈകൊണ്ടു വിരിപ്പുകള്‍ നിര്‍മ്മിക്കുന്നു; സ്വയം നെയ്തുണ്ടാക്കിയ നേര്‍ത്ത ലിനന്‍ കൊണ്ടുള്ള കടുംചുവപ്പു വസ്ത്രങ്ങള്‍ അവള്‍ ധരിക്കുന്നു. അവളുടെ ഭര്‍ത്താവു ജനപ്രമാണികളോടൊത്തു പട്ടണവാതില്‌ക്കല്‍ ഇരിക്കുമ്പോള്‍ ശ്രദ്ധേയനായിത്തീരുന്നു. അവള്‍ ലിനന്‍വസ്ത്രം ഉണ്ടാക്കി വില്‌ക്കുന്നു; അരക്കച്ച നിര്‍മ്മിച്ച് കച്ചവടക്കാരെ ഏല്പിക്കുന്നു. ബലവും അന്തസ്സും അവള്‍ അണിയുന്നു; ഭാവിയെ ഓര്‍ത്ത് അവള്‍ പുഞ്ചിരി തൂകുന്നു. അവള്‍ ജ്ഞാനവചസ്സുകള്‍ മൊഴിയുന്നു; ദയാപൂര്‍ണമായ ഉപദേശങ്ങള്‍ നല്‌കുന്നു. കുടുംബാംഗങ്ങളുടെ പെരുമാറ്റം അവള്‍ നല്ലവിധം നിരീക്ഷിക്കുന്നു. അലസമായി ഇരുന്ന് അവള്‍ അഹോവൃത്തി കഴിക്കുന്നില്ല. അവളുടെ മക്കള്‍ അവളെ ആദരിക്കുന്നു; ഭര്‍ത്താവും അവളെ പുകഴ്ത്തുന്നു. അനേകം ഉത്തമകുടുംബിനികള്‍ ഉണ്ട്; നീയാകട്ടെ അവരെയെല്ലാം അതിശയിക്കുന്നു. വശ്യത വഞ്ചനാത്മകം, സൗന്ദര്യം വ്യര്‍ഥവും ദൈവഭക്തിയുള്ള വനിതയാകട്ടെ പ്രശംസ അര്‍ഹിക്കുന്നു. അവളുടെ പ്രയത്നഫലം അവള്‍ക്കു നല്‌കുവിന്‍, അവളുടെ പ്രവൃത്തികള്‍ പട്ടണവാതില്‌ക്കല്‍ പ്രകീര്‍ത്തിക്കപ്പെടട്ടെ. യെരൂശലേമിലെ രാജാവും ദാവീദിന്‍റെ പുത്രനുമായ സഭാപ്രഭാഷകന്‍റെ വാക്കുകള്‍: മിഥ്യകളില്‍ മിഥ്യ എന്നു സഭാപ്രഭാഷകന്‍ പറയുന്നു; ഹാ, മിഥ്യ, മിഥ്യകളില്‍ മിഥ്യ, സകലവും മിഥ്യതന്നെ. സൂര്യനു കീഴില്‍ ചെയ്യുന്ന കഠിനാധ്വാനം കൊണ്ട് മനുഷ്യന് എന്തു നേട്ടം? തലമുറകള്‍ വരുന്നു; പോകുന്നു; ഭൂമിയാകട്ടെ എന്നേക്കും നിലനില്‌ക്കുന്നു. സൂര്യന്‍ ഉദിക്കുന്നു; അസ്തമിക്കുന്നു; ഉദിച്ച ദിക്കിലേക്ക് തന്നെ അതു തിടുക്കത്തില്‍ മടങ്ങിച്ചെല്ലുന്നു. കാറ്റു തെക്കോട്ടു വീശുന്നു; അതു ചുറ്റിത്തിരിഞ്ഞു വടക്കോട്ടുതന്നെ വരുന്നു; കറങ്ങിക്കറങ്ങി അതു തിരിച്ചെത്തുന്നു. എല്ലാ നദികളും സമുദ്രത്തിലേക്ക് ഒഴുകുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികള്‍ ഉദ്ഭവിച്ചിടത്തേക്കുതന്നെ, വെള്ളം തിരികെ ചെല്ലുന്നു. എല്ലാ കാര്യങ്ങളും ക്ലേശപൂര്‍ണമാണ്; മനുഷ്യന് അതു പറഞ്ഞറിയിക്കാന്‍ വയ്യ; കണ്ടിട്ടു കണ്ണിനോ, കേട്ടിട്ടു ചെവിക്കോ മതിവരുന്നില്ല; ഉണ്ടായിരുന്നതുതന്നെ വീണ്ടും ഉണ്ടാകുന്നു; ചെയ്തതുതന്നെ ആവര്‍ത്തിക്കപ്പെടുന്നു; സൂര്യനു കീഴില്‍ പുതുതായി ഒന്നുമില്ല. “ഇതാ, ഇതു പുതിയതാണ്” എന്നു പറയാന്‍ എന്തുണ്ട്? യുഗങ്ങള്‍ക്കു മുമ്പേ അതുണ്ടായിരുന്നു. ഭൂതകാലം ആരുടെ ഓര്‍മയിലുണ്ട്? ഭാവിയെക്കുറിച്ചു അതിനുശേഷം ജനിക്കുന്നവര്‍ക്കും ഓര്‍മയില്ല. സഭാപ്രഭാഷകനായ ഞാന്‍ യെരൂശലേമില്‍ ഇസ്രായേലിന്‍റെ രാജാവായിരുന്നു. ആകാശത്തിന്‍കീഴില്‍ നടക്കുന്നതെല്ലാം ബുദ്ധിപൂര്‍വം ആരാഞ്ഞറിയാന്‍ ഞാന്‍ തീരുമാനിച്ചു. മനുഷ്യനു വ്യഗ്രതകൊള്ളാന്‍ ദൈവം നല്‌കിയിരിക്കുന്ന പ്രവൃത്തി എത്ര ക്ലേശഭൂയിഷ്ഠം! സൂര്യനു കീഴില്‍ നടക്കുന്നതെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്; അവയെല്ലാം മിഥ്യയും വ്യര്‍ഥവുമാണ്. വളഞ്ഞതു നേരെയാക്കാന്‍ കഴിയുകയില്ല. ഇല്ലാത്തത് എണ്ണാനും സാധ്യമല്ല. യെരൂശലേം ഭരിച്ച എന്‍റെ മുന്‍ഗാമികളെക്കാള്‍ മഹത്തായ ജ്ഞാനം ഞാന്‍ ആര്‍ജിച്ചിരിക്കുന്നു; എനിക്കു വലിയ അനുഭവജ്ഞാനവും അറിവും ഉണ്ട് എന്നു ഞാന്‍ വിചാരിച്ചു. ജ്ഞാനവും ഉന്മത്തതയും ഭോഷത്തവും വിവേചിച്ചറിയാന്‍ ഞാന്‍ മനസ്സുവച്ചു. ഇതും പാഴ്‍വേലയാണെന്നു ഞാന്‍ കണ്ടു. ജ്ഞാനമേറുമ്പോള്‍ വ്യസനവും ഏറുന്നു. അറിവു വര്‍ധിപ്പിക്കുന്നവന്‍ ദുഃഖവും വര്‍ധിപ്പിക്കുന്നു. ഞാന്‍ എന്നോടുതന്നെ പറഞ്ഞു: “സുഖഭോഗങ്ങളില്‍ ഞാന്‍ മുഴുകട്ടെ; അതിന്‍റെ ആനന്ദം അനുഭവിക്കട്ടെ.” എന്നാല്‍ അതും മിഥ്യതന്നെ; ചിരിയെ ഞാന്‍ ഭ്രാന്തെന്നു വിളിക്കുന്നു; സുഖഭോഗങ്ങളെ വ്യര്‍ഥതയെന്നും. വീഞ്ഞുകൊണ്ടു ശരീരത്തെ സുഖിപ്പിക്കുന്നതെങ്ങനെയെന്നു ഞാന്‍ നോക്കി; ഭോഷത്തത്തെ ഞാന്‍ പുണര്‍ന്നു. അപ്പോഴും ജ്ഞാനത്തെ ഞാന്‍ കൈവിട്ടുകളഞ്ഞില്ല. മനുഷ്യന്‍റെ ക്ഷണികജീവിതത്തില്‍ ആകാശത്തിന്‍കീഴില്‍ കരണീയമായെന്തുള്ളൂ എന്ന് അറിയാനാണു ഞാന്‍ പരിശ്രമിച്ചത്. ഞാന്‍ മഹാകാര്യങ്ങള്‍ ചെയ്തു; എനിക്കുവേണ്ടി മന്ദിരങ്ങള്‍ നിര്‍മ്മിച്ചു; മുന്തിരിത്തോട്ടങ്ങള്‍ നട്ടുണ്ടാക്കി. എനിക്കുവേണ്ടി പൂന്തോപ്പുകളും ഉപവനങ്ങളും ഉണ്ടാക്കി. അവയില്‍ എല്ലായിനം ഫലവൃക്ഷങ്ങളും നട്ടു. തൈമരങ്ങള്‍ നനയ്‍ക്കാന്‍ കുളങ്ങള്‍ കുഴിച്ചു. എന്‍റെ വീട്ടില്‍ ജനിച്ചുവളര്‍ന്ന അടിമകള്‍ക്കു പുറമേ, ദാസീദാസന്മാരെ ഞാന്‍ വിലയ്‍ക്കു വാങ്ങി; യെരൂശലേമിലെ എന്‍റെ മുന്‍ഗാമികളെക്കാള്‍ അധികം ആടുമാടുകളും എനിക്കുണ്ടായിരുന്നു. പൊന്നും വെള്ളിയും രാജാക്കന്മാരുടെയും സംസ്ഥാനങ്ങളിലെയും ഭണ്ഡാരങ്ങളിലെ സമ്പത്തും ഞാന്‍ സ്വന്തമാക്കി; ഗായികമാരും ഗായകന്മാരും എനിക്കുണ്ടായിരുന്നു. പുരുഷന്മാരുടെ ആനന്ദമായ അനേകം ഉപനാരിമാരെയും ഞാന്‍ സ്വായത്തമാക്കി. അങ്ങനെ ഞാന്‍ യെരൂശലേമിലെ എല്ലാ പൂര്‍വഗാമികളെക്കാളും മഹാനായിത്തീര്‍ന്നു; എല്ലാവരെയും ഞാന്‍ അതിശയിപ്പിച്ചു. അപ്പോഴും ഞാന്‍ ജ്ഞാനത്തില്‍നിന്ന് അകന്നുപോയില്ല. അഭിരാമമായി തോന്നിയവയിലെല്ലാം രമിക്കാന്‍ ഞാന്‍ എന്‍റെ നയനങ്ങളെ അനുവദിച്ചു; ഞാന്‍ അനുഭവിക്കാത്ത സുഖങ്ങളില്ല. എന്‍റെ പ്രയത്നങ്ങളിലെല്ലാം എന്‍റെ ഹൃദയം സന്തോഷിച്ചു. അതായിരുന്നു എന്‍റെ സര്‍വപ്രയത്നങ്ങളുടെയും പ്രതിഫലം. എന്‍റെ സകല പ്രവൃത്തികളെയും അതിനുവേണ്ടി വന്ന അധ്വാനത്തെയുംകുറിച്ചു ഞാന്‍ പിന്നീട് ആലോചിച്ചു; എല്ലാം മിഥ്യ; എല്ലാം വ്യര്‍ഥം. സൂര്യനു കീഴെ യാതൊന്നും നേടാനില്ലെന്ന് എനിക്കുറപ്പായി. അങ്ങനെ ജ്ഞാനത്തെയും ഉന്മാദത്തെയും ഭോഷത്തത്തെയും ഞാന്‍ വിവേചിച്ചു; രാജാവിന്‍റെ പിന്‍ഗാമിക്ക് എന്തു ചെയ്യാന്‍ കഴിയും? പണ്ടു ചെയ്തതു തന്നെ. പ്രകാശം അന്ധകാരത്തെ എന്നതുപോലെ ജ്ഞാനം ഭോഷത്തത്തെ അതിശയിക്കുന്നു എന്ന് എനിക്കു മനസ്സിലായി. ജ്ഞാനിക്കു വഴി കാണാന്‍ കണ്ണ് ഉണ്ട്; ഭോഷന്‍ ഇരുളില്‍ നടക്കുന്നു; എന്നാല്‍ ഇരുവര്‍ക്കും ഒരേ ഗതി തന്നെ എന്നു ഞാന്‍ ഗ്രഹിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു: “ഭോഷനും എനിക്കും ഗതി ഒന്നുതന്നെ; എങ്കില്‍ ഞാന്‍ എന്തിനു ജ്ഞാനിയാകണം. ഇതും മിഥ്യ എന്നു ഞാന്‍ സ്വയം പറഞ്ഞു. ജ്ഞാനിയായാലും ഭോഷനായാലും ആരുടെയും സ്മരണ ശാശ്വതമായി നിലനില്‌ക്കുകയില്ല. കാലാന്തരത്തില്‍ എല്ലാവരും വിസ്മൃതരാകും. ഹാ, ഭോഷനും ജ്ഞാനിയും മരിക്കുന്നത് ഒരുപോലെ! സൂര്യനു കീഴില്‍ നടക്കുന്നതെല്ലാം എനിക്കു വേദനാജനകം ആയതുകൊണ്ടു ഞാന്‍ ജീവിതം വെറുത്തു. എല്ലാം മിഥ്യയും വ്യര്‍ഥവുമാണ്. സൂര്യനു കീഴിലെ എന്‍റെ സകല പ്രയത്നങ്ങളെയും ഞാന്‍ വെറുത്തു; എന്‍റെ പിന്‍ഗാമിക്ക് അവ വിട്ടേച്ച് എനിക്കു പോകണമല്ലോ. അവന്‍ ജ്ഞാനിയോ, ഭോഷനോ എന്ന് ആരറിഞ്ഞു? രണ്ടായാലും സൂര്യനു കീഴില്‍ എന്തിനുവേണ്ടി ഞാന്‍ എന്‍റെ ജ്ഞാനവും പ്രയത്നവും വിനിയോഗിച്ചുവോ, അവയുടെയെല്ലാം അവകാശിയും ഉടമസ്ഥനും അവനായിരിക്കുമല്ലോ. ഇതും മിഥ്യതന്നെ. അതുകൊണ്ടു ഭൂമിയിലെ എന്‍റെ എല്ലാ അധ്വാനങ്ങളെക്കുറിച്ചും ഞാന്‍ നിരാശ പൂണ്ടു. കാരണം ജ്ഞാനവും വിവേകവും നൈപുണ്യവുംകൊണ്ട് അധ്വാനിച്ച് ഉണ്ടാക്കിയതെല്ലാം അതിനുവേണ്ടി ഒന്നും ചെയ്യാത്തവന് ആസ്വദിക്കാന്‍ വിട്ടുകൊടുക്കേണ്ടിവരും. അതും മിഥ്യയും വലിയ തിന്മയും ആണ്. സൂര്യനു കീഴില്‍ മനുഷ്യന്‍ ചെയ്യുന്ന കഠിനാധ്വാനങ്ങള്‍കൊണ്ട് അവന് എന്തു നേട്ടം? അവന്‍റെ ദിനങ്ങള്‍ വേദനാ ഭരിതം; അവന്‍റെ പ്രയത്നം ക്ലേശഭൂയിഷ്ഠം! രാത്രിയില്‍പോലും അവന്‍റെ മനസ്സിനു സ്വസ്ഥതയില്ല; ഇതും മിഥ്യതന്നെ. അതുകൊണ്ടു തിന്നും കുടിച്ചും പ്രയത്നഫലം ആസ്വദിച്ചും കഴിയുന്നതിലപ്പുറം ഒന്നുമില്ല. ഇതും ദൈവത്തിന്‍റെ ദാനമാണെന്നു ഞാന്‍ ഗ്രഹിച്ചു. കാരണം ദൈവം നല്‌കാതെ ആര്‍ക്ക് ഭക്ഷിക്കാനോ സുഖിക്കാനോ കഴിയും? ദൈവത്തെ പ്രസാദിപ്പിക്കുന്നവര്‍ക്ക് അവിടുന്നു ജ്ഞാനവും വിവേകവും ആനന്ദവും നല്‌കുന്നു. എന്നാല്‍ പാപിക്കാകട്ടെ, ദൈവത്തെ പ്രസാദിപ്പിക്കുന്നവനു കൈമാറാന്‍വേണ്ടി സമ്പത്തു സ്വരൂപിച്ചു കൂട്ടിവയ്‍ക്കുന്ന ജോലി മാത്രം നല്‌കുന്നു. ഇതും മിഥ്യയും വ്യര്‍ഥവുമാണ്. ഓരോന്നിനും ഓരോ കാലമുണ്ട്, ആകാശത്തിന്‍ കീഴിലുള്ള എല്ലാറ്റിനും അതതിന്‍റെ സമയമുണ്ട്. ജനിക്കാന്‍ ഒരു സമയം, മരിക്കാന്‍ ഒരു സമയം; നടാന്‍ ഒരു സമയം, നട്ടതു പറിച്ചെടുക്കാന്‍ ഒരു സമയം; കൊല്ലുവാന്‍ ഒരു സമയം, സുഖപ്പെടുത്താന്‍ ഒരു സമയം; പൊളിച്ചുകളയാന്‍ ഒരു സമയം, പണിയാന്‍ ഒരു സമയം; കരയാന്‍ ഒരു സമയം, ചിരിക്കാന്‍ ഒരു സമയം; വിലപിക്കാന്‍ ഒരു സമയം, നൃത്തംചെയ്യാന്‍ ഒരു സമയം; കല്ലു പെറുക്കിക്കളയാന്‍ ഒരു സമയം, കല്ലു പെറുക്കിക്കൂട്ടാന്‍ ഒരു സമയം; ആലിംഗനം ചെയ്യാന്‍ ഒരു സമയം, ആലിംഗനം ചെയ്യാതിരിക്കാന്‍ ഒരു സമയം; നേടാന്‍ ഒരു സമയം, നഷ്ടപ്പെടുത്താന്‍ ഒരു സമയം; സൂക്ഷിച്ചുവയ്‍ക്കാന്‍ ഒരു സമയം, എറിഞ്ഞുകളയാന്‍ ഒരു സമയം; കീറാന്‍ ഒരു സമയം, തുന്നാന്‍ ഒരു സമയം; നിശബ്ദമായിരിക്കാന്‍ ഒരു സമയം, സംസാരിക്കാന്‍ ഒരു സമയം; സ്നേഹിക്കാന്‍ ഒരു സമയം, ദ്വേഷിക്കാന്‍ ഒരു സമയം; യുദ്ധത്തിന് ഒരു സമയം, സമാധാനത്തിന് ഒരു സമയം; പ്രയത്നിക്കുന്നവനു തന്‍റെ പ്രയത്നംകൊണ്ട് എന്തു ലാഭം? ദൈവം മനുഷ്യനു നല്‌കിയ ക്ലേശകരമായ ജോലി ഞാന്‍ കണ്ടു. ദൈവം ഓരോന്നിനെയും അതതിന്‍റെ സമയത്തു മനോഹരമായി സൃഷ്‍ടിച്ചിരിക്കുന്നു; മനുഷ്യമനസ്സില്‍ നിത്യതയെക്കുറിച്ചുള്ള ബോധവും പ്രതിഷ്ഠിച്ചു. എന്നിട്ടും ദൈവത്തിന്‍റെ പ്രവൃത്തികള്‍ ആദ്യന്തം ഗ്രഹിക്കാന്‍ അവനു കഴിയുന്നില്ല. ജീവിക്കുന്നിടത്തോളം സന്തോഷിക്കുകയും സുഖിക്കുകയും ചെയ്യുന്നതിലധികം അഭികാമ്യമായി മനുഷ്യര്‍ക്കു വേറൊന്നുമില്ലെന്നു ഞാന്‍ അറിയുന്നു. ദൈവം മനുഷ്യനു നല്‌കിയ ദാനമാണു ഭക്ഷിക്കാനും പാനം ചെയ്യാനും തന്‍റെ പ്രയത്നങ്ങളില്‍ ആനന്ദിക്കാനുമുള്ള അവന്‍റെ കഴിവ്. ദൈവം ചെയ്യുന്നതെല്ലാം ശാശ്വതമെന്നു ഞാനറിയുന്നു. അവയോട് എന്തെങ്കിലും കൂട്ടാനോ കുറയ്‍ക്കാനോ സാധ്യമല്ല; മനുഷ്യനു ദൈവത്തോടു ഭയഭക്തി ഉണ്ടാകാനാണ് അവിടുന്ന് ഇങ്ങനെ ചെയ്തിരിക്കുന്നത്. ഇപ്പോഴുള്ളതു പണ്ടേ ഉണ്ടായിരുന്നതാണ്; ഉണ്ടാകാനിരിക്കുന്നതും ഉണ്ടായിരുന്നതുതന്നെ; പൊയ്പോയതിനെയെല്ലാം ദൈവം യഥാസമയം തിരിച്ചുകൊണ്ടുവരും. ഇതിനെല്ലാം ഉപരി സൂര്യനു കീഴില്‍ ന്യായവും നീതിയും പുലരേണ്ടിടത്ത് അധര്‍മം തഴയ്‍ക്കുന്നതു ഞാന്‍ കണ്ടു. എല്ലാ കാര്യങ്ങള്‍ക്കും എല്ലാ പ്രവൃത്തികള്‍ക്കും അവിടുന്നു സമയം നിശ്ചയിച്ചിട്ടുണ്ടല്ലോ; അതുകൊണ്ടു ദൈവം നീതിമാനെയും ദുഷ്ടനെയും വിധിക്കുമെന്നു ഞാന്‍ നിരൂപിച്ചു. മനുഷ്യന്‍ മൃഗത്തില്‍ കവിഞ്ഞൊന്നുമല്ലെന്ന് അവനെ ബോധ്യപ്പെടുത്താന്‍ ദൈവം അവനെ പരീക്ഷിക്കുകയാണെന്നു ഞാന്‍ ചിന്തിച്ചു. കാരണം മനുഷ്യരുടെയും മൃഗങ്ങളുടെയും ഗതി ഒന്നു തന്നെ; മൃഗങ്ങള്‍ ചാകുന്നു; മനുഷ്യനും ചാകുന്നു. ഇരുകൂട്ടര്‍ക്കും ശ്വാസം ഒന്നുതന്നെ. മനുഷ്യനു മൃഗത്തെക്കാള്‍ മേന്മ ഒന്നുമില്ല; എല്ലാം മിഥ്യ തന്നെ. എല്ലാവരുടെയും പോക്ക് ഒരേ സ്ഥലത്തേക്കാണ്. എല്ലാവരും പൂഴിയില്‍നിന്നു ജനിച്ചു; പൂഴിയിലേക്കുതന്നെ മടങ്ങുന്നു. മനുഷ്യന്‍റെ പ്രാണന്‍ മേലോട്ടും മൃഗത്തിന്‍റെ പ്രാണന്‍ താഴെ ഭൂമിയിലേക്കും ആണോ പോകുന്നത്? ആര്‍ക്കറിയാം? അതുകൊണ്ടു തന്‍റെ പ്രവൃത്തികളില്‍ സന്തോഷിക്കുന്നതില്‍ കവിഞ്ഞു മനുഷ്യനു മെച്ചമായി ഒന്നുമില്ലെന്നു ഞാന്‍ കണ്ടു. അതാണ് അവന്‍റെ ഗതി. അവന്‍റെ കാലശേഷം എന്തു സംഭവിക്കുമെന്നു കാണാന്‍ ആരെങ്കിലും അവനെ തിരിച്ചു കൊണ്ടുവരുമോ? പിന്നെ ഞാന്‍ കണ്ടതു സൂര്യനു കീഴെ നടക്കുന്ന പീഡനങ്ങളാണ്. മര്‍ദിതര്‍ കണ്ണീരൊഴുക്കുന്നു; ആരുമില്ല അവരെ ആശ്വസിപ്പിക്കാന്‍. മര്‍ദകരുടെ ഭാഗത്തായിരുന്നു ശക്തി. അതുകൊണ്ട് ആരും മര്‍ദിതരെ ആശ്വസിപ്പിച്ചില്ല. മരിച്ചവര്‍ ജീവിതം തുടങ്ങുന്നവരെക്കാള്‍ ഭാഗ്യവാന്മാരാണെന്നു ഞാന്‍ വിചാരിച്ചു. സൂര്യനു കീഴില്‍ നടക്കുന്ന ദുഷ്കര്‍മങ്ങള്‍ കാണാനിടയാകാതെ ജനിക്കാതെ പോയവര്‍ ഇവരെക്കാളെല്ലാം ഭാഗ്യവാന്മാരാണ്. മനുഷ്യന്‍റെ എല്ലാ പ്രയത്നങ്ങള്‍ക്കും കര്‍മകുശലതയ്‍ക്കും പ്രേരണ ലഭിക്കുന്നത് അപരനോടുള്ള അസൂയയില്‍നിന്നാണ് എന്നു ഞാന്‍ അറിഞ്ഞു. അതും മിഥ്യയും വ്യര്‍ഥവുമാകുന്നു. മൂഢന്‍ കൈയും കെട്ടിയിരുന്നു സ്വയം ക്ഷയിക്കുന്നു. ഇരുകൈകളും നിറയെ കഠിനാധ്വാനവും വ്യഥാപ്രയത്നവും ലഭിക്കുന്നതിനെക്കാള്‍ ഒരു പിടി സ്വസ്ഥത ലഭിക്കുന്നത് ഉത്തമം. സൂര്യനു കീഴെ വീണ്ടും ഞാന്‍ മിഥ്യ കണ്ടു; ഉറ്റവര്‍ ആരുമില്ലാത്ത ഒരുവന്‍; പുത്രനോ സഹോദരനോ അയാള്‍ക്കില്ല; എങ്കിലും അയാളുടെ കഠിനാധ്വാനത്തിന് അന്തമില്ല. എത്ര സമ്പത്തു കണ്ടിട്ടും അയാളുടെ കണ്ണുകള്‍ക്കു തൃപ്തി വരുന്നില്ല. “എല്ലാ സുഖങ്ങളും സ്വയം നിഷേധിച്ചു ഞാന്‍ പാടുപെടുന്നത് ആര്‍ക്കുവേണ്ടിയാണ്” എന്ന് അയാള്‍ ഒരിക്കലും ചിന്തിക്കുന്നില്ല. ഇതും മിഥ്യയും നിര്‍ഭാഗ്യകരമായ അവസ്ഥയുമാകുന്നു. ഒറ്റയ്‍ക്കാകുന്നതിനെക്കാള്‍ രണ്ടുപേര്‍ ഒരുമിച്ചായിരിക്കുന്നതാണു നല്ലത്. അവരുടെ പ്രതിഫലം മെച്ചപ്പെട്ടതായിരിക്കും. ഒരുവന്‍ വീണാല്‍ അപരന്‍ പിടിച്ചെഴുന്നേല്പിക്കും; ഒറ്റയ്‍ക്കു കഴിയുന്നവനു ദുരിതം തന്നെ. അവന്‍ വീണാല്‍ പിടിച്ചെഴുന്നേല്പിക്കാന്‍ ആരുമില്ലല്ലോ. രണ്ടുപേര്‍ ഒരുമിച്ചു കിടന്നാല്‍ അവര്‍ക്കു തണുക്കുകയില്ല; തനിച്ചു കിടക്കുന്നവന് എങ്ങനെ കുളിര്‍ മാറും? ഏകനെ കീഴടക്കാന്‍ എളുപ്പമാണ്; രണ്ടു പേരുണ്ടെങ്കില്‍ അവര്‍ ചെറുത്തുനില്‌ക്കും. മുപ്പിരിച്ചരട് പൊട്ടിക്കാന്‍ എളുപ്പമല്ല. ഉപദേശത്തിനു വഴങ്ങാത്ത വൃദ്ധനും മൂഢനുമായ രാജാവിനെക്കാള്‍ ശ്രേഷ്ഠന്‍, ദരിദ്രനെങ്കിലും ജ്ഞാനിയായ യുവാവാണ്. ഒരുവന് കാരാഗൃഹത്തില്‍നിന്നു സിംഹാസനത്തില്‍ എത്താന്‍ കഴിയും; അവന്‍ സ്വദേശത്തും ദരിദ്രനായി ജനിച്ചവനായിരിക്കാം. സൂര്യനു കീഴെ ചരിക്കുന്ന എല്ലാവരെയും ഞാന്‍ കണ്ടു; വൃദ്ധരാജാവിനു പകരം വരേണ്ട യുവാവിനെയും കണ്ടു. ജനം അസംഖ്യമാണ്; അവനാണ് എല്ലാവരുടെയും അധിപന്‍. എന്നാല്‍ പില്‍ക്കാലത്തു വരുന്നവര്‍ക്ക് അവനില്‍ പ്രീതിയില്ല. ഇതും മിഥ്യയും വ്യര്‍ഥവുമാണ്, തീര്‍ച്ച. ദേവാലയത്തില്‍ പോകുമ്പോള്‍ സൂക്ഷ്മതയോടെ വര്‍ത്തിക്കുക; അടുത്തുചെന്നു ശ്രദ്ധിച്ചു കേള്‍ക്കുന്നതാണു വിഡ്ഢിയുടെ യാഗാര്‍പ്പണത്തെക്കാള്‍ നല്ലത്. തങ്ങള്‍ ചെയ്യുന്നതു തിന്മയാണെന്നു മൂഢന്മാര്‍ അറിയുന്നില്ലല്ലോ. അവിവേകമായി സംസാരിക്കരുത്; ദൈവസന്നിധിയില്‍ ഒരു വാക്കും തിടുക്കത്തില്‍ പറയരുത്; ദൈവം സ്വര്‍ഗത്തിലും നീ ഭൂമിയിലും ആകുന്നുവല്ലോ. അതുകൊണ്ടു നീ മിതഭാഷിയായിരിക്കുക. ആകുലതയേറുമ്പോള്‍ ദുസ്സ്വപ്നം കാണുന്നു; അതിവാക്ക് മൂഢജല്പനമാകും. ദൈവത്തിനുള്ള നേര്‍ച്ച നിറവേറ്റാന്‍ വൈകരുത്; മൂഢന്മാരില്‍ ദൈവം പ്രസാദിക്കുന്നില്ല. നേര്‍ന്നത് അനുഷ്ഠിക്കുക. നേര്‍ന്നിട്ട് അര്‍പ്പിക്കാതിരിക്കുന്നതിനെക്കാള്‍ ഭേദം നേരാതിരിക്കുകയാണ്. നിന്‍റെ വാക്കുകള്‍ നിന്നെ പാപത്തിലേക്കു നയിക്കാതിരിക്കട്ടെ; അബദ്ധം പറ്റിപ്പോയി എന്നു ദൂതനോടു പറയാന്‍ ഇടവരരുത്. നിന്‍റെ വാക്കുകള്‍കൊണ്ടു ദൈവം കോപിച്ച് നിന്‍റെ അധ്വാനഫലം നശിപ്പിക്കാന്‍ ഇടയാക്കണമോ? സ്വപ്നങ്ങള്‍ പെരുകുമ്പോള്‍ വ്യര്‍ഥവാക്കുകളും പെരുകുന്നു; അതിനാല്‍ നീ ദൈവത്തെ ഭയപ്പെടുക. ഒരു ദേശത്തു ദരിദ്രന്‍ പീഡിപ്പിക്കപ്പെടുകയും നീതിയും ന്യായവും നിര്‍ദയം ലംഘിക്കപ്പെടുകയും ചെയ്യുന്നതു കണ്ടാല്‍ വിസ്മയിക്കേണ്ട; ഉന്നതോദ്യോഗസ്ഥനെ അവന്‍റെ അധികാരിയും അയാളെ അയാളുടെ മേലധികാരിയും നിരീക്ഷിക്കുന്നുണ്ട്. ഭൂമിയുടെ വിളവ് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. കാര്‍ഷികരാജ്യത്തിന് ഒരു രാജാവു വേണം. പണക്കൊതിയന് എത്ര കിട്ടിയാലും തൃപ്തി വരികയില്ല; ധനമോഹിക്ക് എത്ര സമ്പാദിച്ചാലും മതിവരികയില്ല. ഇതും മിഥ്യതന്നെ. വിഭവങ്ങള്‍ ഏറുമ്പോള്‍ അവകൊണ്ടു പോറ്റേണ്ടവരുടെ എണ്ണവും പെരുകുന്നു; കണ്ണുകൊണ്ടു കാണാമെന്നല്ലാതെ ഉടമസ്ഥന് അവകൊണ്ട് എന്തു പ്രയോജനം? അല്പമോ, അധികമോ ഭക്ഷിച്ചാലും അധ്വാനിക്കുന്നവനു സുഖനിദ്ര ലഭിക്കുന്നു; എന്നാല്‍ അമിതസമ്പത്തു സമ്പന്നന്‍റെ ഉറക്കം കെടുത്തുന്നു. ആകാശത്തിനു കീഴെ ശോചനീയമായ ഒരു വസ്തുത ഞാന്‍ കണ്ടിരിക്കുന്നു; സമ്പന്നന്‍ തന്‍റെ അനര്‍ഥത്തിനായി ധനം കാത്തുസൂക്ഷിക്കുന്നു. താന്‍ ഏര്‍പ്പെട്ട സാഹസയത്നത്തില്‍ അതു നഷ്ടപ്പെടുന്നു; തന്‍റെ പുത്രനു നല്‌കാന്‍ അയാളുടെ കൈയില്‍ ഒന്നും അവശേഷിക്കുന്നില്ല. അമ്മയുടെ ഉദരത്തില്‍നിന്നു പുറത്തുവന്നതുപോലെ അവന്‍ നഗ്നനായി മടങ്ങിപ്പോകും. അവന്‍റെ അധ്വാനഫലത്തില്‍നിന്ന് ഒന്നും കൊണ്ടുപോകാന്‍ അവനു സാധ്യമല്ല. ഇതും വല്ലാത്ത കഷ്ടംതന്നെ; വന്നത് എങ്ങനെയോ അതേപടി തിരിച്ചു പോകുന്നു. അധ്വാനം വ്യര്‍ഥമെങ്കില്‍ എന്തു നേട്ടം? അതു മാത്രമോ, അവന്‍റെ ആയുഷ്കാലം മുഴുവന്‍ അന്ധകാരത്തിലും ദുഃഖത്തിലും രോഗത്തിലും മനശ്ശല്യത്തിലും അസംതൃപ്തിയിലും കഴിയേണ്ടി വരുന്നു. ദൈവം നല്‌കിയ ഹ്രസ്വജീവിതം തിന്നുകുടിച്ചും അധ്വാനഫലം ആസ്വദിച്ചും കഴിയുന്നതാണു മനുഷ്യന് ഉചിതവും ഉത്തമവുമായി ഞാന്‍ കാണുന്നത്. അതാണല്ലോ അവന്‍റെ ഗതി. ധനവും ഐശ്വര്യവും അവ അനുഭവിക്കാനുള്ള കഴിവും ദൈവമാണു നല്‌കുന്നത്; അവ ലഭിച്ചവന്‍ ദൈവത്തിന്‍റെ അനുഗ്രഹം സ്വീകരിച്ചു തന്‍റെ പ്രയത്നങ്ങളില്‍ ആനന്ദിക്കട്ടെ. അത് ദൈവത്തിന്‍റെ ദാനമാണ്. ദൈവം അവന്‍റെ ദിനങ്ങളെ ആനന്ദനിര്‍ഭരമാക്കിയിരിക്കുന്നതിനാല്‍ തന്‍റെ ആയുസ്സിന്‍റെ ദിനങ്ങള്‍ കൊഴിഞ്ഞുപോകുന്നത് അവന്‍ അറിയുകയേയില്ല. സൂര്യനു കീഴെ മനുഷ്യനു ദുര്‍വഹമായ ഒരു തിന്മ ഞാന്‍ കണ്ടു. ദൈവം ഒരുവനു ധനവും സമ്പത്തും പദവിയും നല്‌കുന്നു; അവന്‍റെ അഭിലാഷങ്ങളെല്ലാം കുറവില്ലാതെ നിറവേറ്റപ്പെടുന്നു. പക്ഷേ, അവ അനുഭവിക്കാനുള്ള അവകാശം അവനു നല്‌കുന്നില്ല; അന്യന്‍ അവ അനുഭവിക്കുന്നു. അതു മിഥ്യയാണ്; ദുസ്സഹമായ ദുഃഖവുമാണ്. ഒരുവന്‍ നൂറു മക്കളോടുകൂടി ദീര്‍ഘായുസ്സായി ജീവിച്ചിട്ടും അയാള്‍ ജീവിതസുഖങ്ങളൊന്നും അനുഭവിക്കാതെ ഒടുവില്‍ ശവസംസ്കാരം കൂടി ലഭിക്കാതെ കടന്നുപോയെന്നു വരാം. ഇതിനേക്കാള്‍ നല്ലത് ചാപിള്ളയായി പിറക്കുന്നതാണെന്നു ഞാന്‍ പറയും. കാരണം അതിന്‍റെ ജനനംതന്നെ മിഥ്യയിലേക്കാണ്; പോകുന്നതോ അന്ധകാരത്തിലേക്കും. അന്ധകാരത്തില്‍ അതു വിസ്മൃതമാകും. അതു സൂര്യപ്രകാശം കണ്ടിട്ടില്ല; ഒന്നും അനുഭവിച്ചിട്ടില്ല. എങ്കിലും അതിന് ആ മനുഷ്യനെക്കാള്‍ സ്വസ്ഥതയുണ്ട്. അയാള്‍ രണ്ടായിരം വര്‍ഷം ജീവിച്ചാലും ഒരു ഭാഗ്യവും അനുഭവിക്കുന്നില്ലെങ്കിലോ? ഇരുവരും ഒരേ സ്ഥലത്തു തന്നെയല്ലേ ചെന്നുചേരുക! വയറു നിറയ്‍ക്കാനാണു മനുഷ്യന്‍ അധ്വാനിക്കുന്നത്; എന്നാല്‍, അവനു വിശപ്പടങ്ങുന്നില്ല. മൂഢനെക്കാള്‍ ജ്ഞാനിക്ക് എന്തു ശ്രേഷ്ഠത? മറ്റുള്ളവരുടെ മുമ്പില്‍ നന്നായി പെരുമാറാന്‍ അറിഞ്ഞതുകൊണ്ടു ദരിദ്രന് എന്താണു ഗുണം? മോഹങ്ങളുടെ പിന്നാലെ അലയുന്നതിനെക്കാള്‍ നല്ലതു കണ്‍മുമ്പിലുളളതില്‍ തൃപ്തിപ്പെടുന്നതാണ്. അതും മിഥ്യയും വ്യര്‍ഥവുമാണ്. നടന്നതെല്ലാം പണ്ടേ നിര്‍ണയിക്കപ്പെട്ടതാണ്. മനുഷ്യനാരെന്നും തന്നെക്കാള്‍ ബലവാനോട് എതിരിടാന്‍ അവനു കഴിയുകയില്ലെന്നും നമുക്ക് അറിയാമല്ലോ. കൂടുതല്‍ വാക്കുകള്‍ കൂടുതല്‍ മിഥ്യ; അതുകൊണ്ടു മനുഷ്യന് എന്തു നേട്ടം? നിഴല്‍പോലെ കടന്നുപോകുന്നതും വ്യര്‍ഥവുമായ ഹ്രസ്വജീവിതത്തില്‍ മനുഷ്യനു നല്ലത് ഏതെന്ന് ആരറിയുന്നു? തന്‍റെ കാലശേഷം സൂര്യനു കീഴെ എന്തു സംഭവിക്കുമെന്ന് ആര്‍ക്കു പറയാന്‍ കഴിയും? സല്‍പ്പേര് അമൂല്യമായ പരിമളതൈലത്തെക്കാളും മരണദിനം ജനനദിവസത്തെക്കാളും നല്ലത്. വിരുന്നുവീട്ടിലേക്കു പോകുന്നതിലും ഉത്തമം വിലാപഗൃഹത്തിലേക്കു പോകുന്നതാണ്. മരണമാണ് എല്ലാ മനുഷ്യരുടെയും അന്ത്യമെന്നു ജീവിച്ചിരിക്കുന്നവന്‍ ഗ്രഹിച്ചുകൊള്ളും. ചിരിക്കുന്നതിനെക്കാള്‍ നല്ലതു കരയുന്നതാണ്. മുഖം മ്ലാനമാക്കുമെങ്കിലും അതു ഹൃദയത്തിന് ആശ്വാസം നല്‌കും. ജ്ഞാനിയുടെ ഹൃദയം വിലാപഭവനത്തിലായിരിക്കും; മൂഢന്മാരുടെ ഹൃദയം ഉല്ലാസഭവനത്തിലും. മൂഢന്മാരുടെ ഗാനം കേള്‍ക്കുന്നതിലും ഭേദം ജ്ഞാനിയുടെ ശാസന കേള്‍ക്കുന്നതാണ്. അടുപ്പില്‍ കത്തുന്ന ചുള്ളിവിറകിന്‍റെ കിരുകിരുപ്പു പോലെയാണു മൂഢന്‍റെ ചിരി. അതും മിഥ്യ തന്നെ. കോഴ ജ്ഞാനിയെ ഭോഷനാക്കും തീര്‍ച്ച; കൈക്കൂലി മനസ്സു ദുഷിപ്പിക്കുന്നു. ഒടുക്കമാണു തുടക്കത്തെക്കാള്‍ നല്ലത്; ഗര്‍വിഷ്ഠനെക്കാള്‍ ശ്രേഷ്ഠനാണു ക്ഷമാശീലന്‍. ക്ഷിപ്രകോപം അരുത്; മൂഢന്‍റെ മടിയിലാണല്ലോ കോപം വിശ്രമിക്കുന്നത്. “പഴയകാലം ഇന്നത്തേക്കാള്‍ മെച്ചമായിരുന്നത് എന്തുകൊണ്ട്” എന്നു ചോദിക്കരുത്; ജ്ഞാനത്തില്‍ നിന്നല്ല ഈ ചോദ്യം വരുന്നത്. പിതൃസ്വത്തുപോലെ ജ്ഞാനവും ശ്രേഷ്ഠമാണ്; സൂര്യപ്രകാശം കണ്ടിട്ടുള്ളവര്‍ക്കെല്ലാം അതു പ്രയോജനപ്രദമാണ്. ധനം നല്‌കുന്ന അഭയംപോലെയാണു ജ്ഞാനം നല്‌കുന്ന അഭയവും. ജ്ഞാനിയുടെ ജീവന്‍ സംരക്ഷിക്കുന്നു എന്നതാണു ജ്ഞാനത്തിന്‍റെ ഗുണം. ദൈവത്തിന്‍റെ പ്രവൃത്തികള്‍ ഓര്‍ത്തുനോക്കുക; അവിടുന്നു വക്രമായി നിര്‍മ്മിച്ചതിനെ നേരെയാക്കാന്‍ ആര്‍ക്കു കഴിയും? ഐശ്വര്യകാലത്തു സന്തോഷിക്കുക; കഷ്ടകാലം വരുമ്പോള്‍ ചിന്തിക്കുക. ഇവ രണ്ടും ഒരുക്കിയിരിക്കുന്നതു ദൈവമാണ്. സംഭവിക്കാന്‍ പോകുന്നത് എന്തെന്നു മനുഷ്യന്‍ അറിയാത്തവിധമാണ് ഇവ രണ്ടും ദൈവം ഒരുക്കിയിരിക്കുന്നത്. എന്‍റെ വ്യര്‍ഥജീവിതത്തില്‍ ഞാന്‍ എല്ലാം കണ്ടിരിക്കുന്നു; നീതിനിഷ്ഠനായിരിക്കെ ഒരുവന്‍ നശിച്ചുപോകുന്നു. അതേ സമയം ദുഷ്കര്‍മി തന്‍റെ ദുഷ്ടതയില്‍ ദീര്‍ഘകാലം ജീവിക്കുകയും ചെയ്യുന്നു. വേണ്ടതിലേറെ നീതിമാനോ ജ്ഞാനിയോ ആകേണ്ടതില്ല. എന്തിനാണു സ്വയം നശിപ്പിക്കുന്നത്? പരമനീചനോ മൂഢനോ ആകരുത്. കാലമെത്താതെ മരിക്കേണ്ടതുണ്ടോ? ഒന്നില്‍ പിടിമുറുക്കുമ്പോള്‍ മറ്റേത് പിടിവിട്ടു പോകാതെ സൂക്ഷിക്കുക. ദൈവഭക്തന്‍ ഇവയെല്ലാം അതിജീവിക്കും. പത്തു ഭരണാധിപന്മാര്‍ക്കുള്ളതിനെക്കാള്‍ അധികം ശക്തി ജ്ഞാനം ജ്ഞാനിക്കു നല്‌കുന്നു. ഒരിക്കലും പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ല; തീര്‍ച്ച. മനുഷ്യര്‍ പറയുന്നതിനെല്ലാം ചെവികൊടുക്കരുത്; അങ്ങനെ ചെയ്താല്‍ ദാസന്‍റെ ശാപവാക്കു നിനക്കു കേള്‍ക്കേണ്ടിവരും. നീതന്നെ എത്രവട്ടം മറ്റുള്ളവരെ ശപിച്ചിട്ടുള്ളതു നിനക്ക് അറിയാം. ഇവയെല്ലാം ജ്ഞാനംകൊണ്ടു ഞാന്‍ പരിശോധിച്ചുനോക്കി. ഞാന്‍ ജ്ഞാനിയായിരിക്കുമെന്നു സ്വയം പറഞ്ഞു. എന്നാല്‍ ജ്ഞാനം എന്നില്‍നിന്ന് അകലെയായിരുന്നു. അതു വിദൂരസ്ഥം, അഗാധം, അത്യഗാധം; എല്ലാവര്‍ക്കും അപ്രാപ്യം. ജ്ഞാനത്തെ അറിയാനും തേടിപ്പിടിക്കാനും കാര്യങ്ങളുടെ പൊരുള്‍ ഗ്രഹിക്കാനും ഭോഷത്തത്തിലെ ദുഷ്ടതയും മൂഢത എന്ന ഭ്രാന്തും തിരിച്ചറിയാനും ഞാന്‍ പരിശ്രമിച്ചു. മരണത്തെക്കാള്‍ ഭയാനകയായ സ്‍ത്രീയെ ഞാന്‍ കണ്ടു; അവളുടെ ഹൃദയം കെണികളും വലകളും ഒരുക്കിവയ്‍ക്കുന്നു. അവളുടെ കൈകള്‍ ചങ്ങലയാണ്. ദൈവത്തെ പ്രസാദിപ്പിക്കുന്നവന്‍ അവളില്‍നിന്നു രക്ഷപെടും. പാപിയാകട്ടെ അവളുടെ പിടിയില്‍ അമരും. പ്രബോധകന്‍ പറയുന്നു: “ഞാന്‍ കണ്ടെത്തിയത് ഇതാണ്-ഒന്നോടൊന്നുകൂട്ടി ആകെത്തുക കാണാന്‍ ഞാന്‍ പരിശ്രമിച്ചു. ഞാന്‍ വീണ്ടും വീണ്ടും പരിശ്രമിച്ചു-പക്ഷേ, ഒന്നും കണ്ടുകിട്ടിയില്ല. ആയിരം പേരില്‍ ഒരുവനെ ഞാന്‍ പുരുഷനായി കണ്ടു; എന്നാല്‍ ഒരുവളെയും സ്‍ത്രീയായി കണ്ടില്ല. ഞാന്‍ കണ്ടെത്തിയത് ഇതുമാത്രം: ദൈവം മനുഷ്യനെ പരമാര്‍ഥഹൃദയത്തോടെ സൃഷ്‍ടിച്ചു. അവനാകട്ടെ ദുരുപായങ്ങള്‍ മെനയുന്നു. ജ്ഞാനിക്കു സമനായി ആരുണ്ട്? കാര്യങ്ങളുടെ പൊരുള്‍ ഗ്രഹിച്ചവന്‍ ആര്‍? ജ്ഞാനം മുഖം ശോഭിപ്പിക്കുന്നു; പാരുഷ്യം അകറ്റുന്നു. ദൈവസന്നിധിയില്‍ ചെയ്ത പ്രതിജ്ഞ ഓര്‍ത്തു രാജകല്പന പാലിക്കുക. ഇഷ്ടമില്ലാത്തതെങ്കിലും ഉടനെ പോയി അതു ചെയ്യുക. രാജാവിനു തനിക്കു തോന്നിയതെന്തും ചെയ്യാമല്ലോ. രാജകല്പനയ്‍ക്കുമേല്‍ ഒന്നുമില്ല. തിരുവായ്‍ക്ക് എതിര്‍വായില്ലല്ലോ; കല്പന അനുസരിക്കുന്നവന് ഉപദ്രവം ഒന്നും ഉണ്ടാകയില്ല; ജ്ഞാനിയുടെ ഹൃദയം തക്കസമയവും വഴിയും അറിയുന്നു. കഷ്ടത മനുഷ്യനു ദുര്‍വഹമെങ്കിലും ഓരോന്നിനും അതതിന്‍റെ സമയവും വഴിയും ഉണ്ടല്ലോ. ഭാവി എന്തെന്ന് അവന്‍ അറിയുന്നില്ല; അത് എങ്ങനെയിരിക്കുമെന്ന് അവനോടു പറയാന്‍ ആരുണ്ട്? പ്രാണനെ പിടിച്ചു നിര്‍ത്താനോ മരണദിനം മാറ്റാനോ ആര്‍ക്കും ശക്തിയോ അധികാരമോ ഇല്ല. അവനു യുദ്ധസേവനത്തില്‍നിന്ന് ഒഴിയാനാവുകയില്ല. ദുരുപായത്തിന് അടിമപ്പെട്ടാല്‍ അതില്‍നിന്നു മോചനം കിട്ടുകയില്ല. മനുഷ്യന്‍ മനുഷ്യന്‍റെമേല്‍ ആധിപത്യം ഉറപ്പിച്ച് അവനെ ദ്രോഹിച്ചുകൊണ്ടിരിക്കെ, സൂര്യനു കീഴെയുള്ളതെല്ലാം വിവേചിച്ചറിയാന്‍ മനസ്സുവച്ചപ്പോള്‍ ഞാന്‍ ഇതെല്ലാം കണ്ടു. ദുഷ്ടന്മാരെ സംസ്കരിക്കുന്നതു ഞാന്‍ കണ്ടു. വിശുദ്ധസ്ഥലത്തു കയറിയിറങ്ങി നടന്നവരാണവര്‍. ഇതൊക്കെ ചെയ്ത നഗരത്തില്‍തന്നെ അവര്‍ പ്രശംസിക്കപ്പെടുന്നു. ഇതും മിഥ്യതന്നെ. ദുഷ്കര്‍മത്തിനുള്ള ശിക്ഷ നടപ്പാക്കാന്‍ വൈകുന്നതുകൊണ്ട് മനുഷ്യരുടെ മനസ്സ് തിന്മയില്‍ മുഴുകിയിരിക്കുന്നു. നൂറു വട്ടം ദുഷ്കര്‍മം ചെയ്തിട്ടും പാപിക്ക് ദീര്‍ഘായുസ്സുണ്ടായേക്കാം. എങ്കിലും ദൈവഭക്തനു നന്മയുണ്ടാകുമെന്നതു നിശ്ചയം; അവന്‍ ദൈവസന്നിധിയില്‍ ഭക്തിയോടെ ജീവിച്ചല്ലോ. ദുഷ്കര്‍മിക്കു നന്മ വരികയില്ല; അവന്‍ ദൈവത്തെ ഭയപ്പെടാത്തതിനാല്‍ അല്പായുസ്സായിരിക്കും; അവന്‍റെ ജീവിതം നിഴല്‍പോലെ നീളുകയുമില്ല. ഭൂമിയില്‍ മറ്റൊരു മിഥ്യയുണ്ട്; നീതിമാന്മാര്‍ക്കു ദുര്‍ജനങ്ങളുടെ പ്രവൃത്തിക്കു യോജിച്ച അനുഭവവും ദുര്‍ജനങ്ങള്‍ക്കു നീതിമാന്മാരുടെ പ്രവൃത്തിക്കു യോജിച്ച അനുഭവവും ഉണ്ടാകുന്നു. അതും മിഥ്യതന്നെ എന്നു ഞാന്‍ പറയുന്നു. അതുകൊണ്ട് ഉല്ലസിച്ചുകൊള്ളുക എന്നാണ് എന്‍റെ ഉപദേശം. തിന്നുകുടിച്ച് ഉല്ലസിക്കുന്നതിനെക്കാള്‍ ഉത്തമമായി മറ്റൊന്നും സൂര്യനു കീഴെ ഇല്ല. ഭൂമിയില്‍ ദൈവം നല്‌കുന്ന ആയുസ്സില്‍ മനുഷ്യനു തന്‍റെ പ്രയത്നത്തിനു പ്രതിഫലമായി വേറൊന്നും കിട്ടാനില്ല. ജ്ഞാനം നേടാനും ഭൂമിയില്‍ നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കാനും ഞാന്‍ രാപ്പകല്‍ ഉറങ്ങാതെ പരിശ്രമിച്ചു. അപ്പോള്‍ ഞാന്‍ ദൈവത്തിന്‍റെ സകല പ്രവൃത്തികളും നോക്കിക്കണ്ടു. സൂര്യനു കീഴെ നടക്കുന്നതൊന്നും ഗ്രഹിക്കാന്‍ മനുഷ്യനു കഴിയുകയില്ല. എത്ര തേടിയലഞ്ഞാലും അതു കാണുകയില്ല. ജ്ഞാനി എന്ന് അവകാശപ്പെടുന്നവനും അത് അഗോചരമാണ്. ഇവയെക്കുറിച്ചെല്ലാം ഞാന്‍ മനസ്സിരുത്തി ആലോചിച്ചു. നീതിമാന്മാരും ജ്ഞാനികളും അവരുടെ പ്രവൃത്തികളും ദൈവത്തിന്‍റെ നിയന്ത്രണത്തിലാണെന്നു ഞാന്‍ മനസ്സിലാക്കി; സ്നേഹമോ ദ്വേഷമോ തനിക്കു ലഭിക്കുക എന്ന് മനുഷ്യന്‍ അറിയുന്നില്ല. അവരുടെ മുമ്പിലുള്ളതെല്ലാം മിഥ്യ. എല്ലാവരുടെയും ഗതി ഒന്നുതന്നെ; നീതിമാനും ദുഷ്ടനും നല്ലവനും പാപിയും ശുദ്ധനും അശുദ്ധനും യാഗം അര്‍പ്പിക്കുന്നവനും യാഗം അര്‍പ്പിക്കാത്തവനും ഒരേ ഗതി വരുന്നു. നല്ലവനും പാപിക്കും ഒന്നു തന്നെ സംഭവിക്കുന്നു. ആണയിടുന്നവനും ആണയിടാന്‍ ഭയപ്പെടുന്നവനും ഒരേ ഗതി. എല്ലാവര്‍ക്കും ഒരേ ഗതി വന്നുചേരുന്നു എന്നതു സൂര്യനു കീഴെയുള്ള തിന്മകളില്‍ ഒന്നാണ്. മനുഷ്യരുടെ ഹൃദയം തിന്മകൊണ്ടു നിറഞ്ഞിരിക്കുന്നു. ജീവിതകാലമെല്ലാം അവര്‍ ഉന്മത്തരാണ്. പിന്നെ അവര്‍ മൃതരോടു ചേരുന്നു. ജീവിക്കുന്നവരുടെ ഗണത്തില്‍പ്പെട്ടവര്‍ക്ക് എന്നിട്ടും പ്രത്യാശയ്‍ക്കു വകയുണ്ട്; ജീവനുള്ള നായ് ചത്ത സിംഹത്തെക്കാള്‍ ഭേദമാണല്ലോ. ജീവിച്ചിരിക്കുന്നവര്‍ക്കു തങ്ങള്‍ മരിക്കുമെന്ന് അറിയാം. എന്നാല്‍ മരിച്ചവര്‍ ഒന്നും അറിയുന്നില്ല. അവര്‍ക്ക് ഇനി കിട്ടാന്‍ ഒന്നുമില്ല. അവര്‍ വിസ്മൃതരായിക്കഴിഞ്ഞു. അവരുടെ സ്നേഹവും ദ്വേഷവും അസൂയയും എന്നേ തിരോഭവിച്ചു; സൂര്യനു കീഴെ ഒന്നിലും അവര്‍ക്ക് ഇനിമേല്‍ ഓഹരിയില്ല. ദൈവം നിന്‍റെ പ്രവൃത്തികളില്‍ പ്രസാദിച്ചുകഴിഞ്ഞിരിക്കുന്നതിനാല്‍, ആഹ്ലാദത്തോടെ അപ്പം ഭക്ഷിക്കുക; ഉല്ലാസത്തോടെ വീഞ്ഞു കുടിക്കുക. നിന്‍റെ വസ്ത്രങ്ങള്‍ എപ്പോഴും ശുഭ്രമായിരിക്കട്ടെ; നിന്‍റെ തല എണ്ണമയമില്ലാതെ വരണ്ടിരിക്കരുത്. സൂര്യനു കീഴെ ദൈവം നിനക്കു നല്‌കിയിരിക്കുന്ന മിഥ്യയായ ജീവിതം മുഴുവന്‍ നിന്‍റെ പ്രിയപ്പെട്ട ഭാര്യയോടൊത്തു രമിച്ചുകൊള്‍ക; അതു നിന്‍റെ ജീവിതത്തിന്‍റെയും സൂര്യനു കീഴെ നീ ചെയ്ത പ്രയത്നത്തിന്‍റെയും ഓഹരിയാണല്ലോ. കര്‍ത്തവ്യങ്ങളെല്ലാം മുഴുവന്‍ കഴിവും ഉപയോഗിച്ചു ചെയ്യുക; നീ ചെന്നു ചേരേണ്ട മൃതലോകത്തില്‍ ഏതെങ്കിലും പ്രവൃത്തിയോ, ചിന്തയോ, അറിവോ, ജ്ഞാനമോ ഇല്ലല്ലോ. സൂര്യനു കീഴെ ഇതും ഞാന്‍ കണ്ടു. ഓട്ടത്തില്‍ ജയം വേഗമേറിയവനല്ല; യുദ്ധത്തില്‍ ശക്തിമാനുമല്ല. ജ്ഞാനിക്ക് ആഹാരവും പ്രതിഭാശാലിക്കു സമ്പത്തും വിദഗ്ദ്ധനു പ്രീതിയും ലഭിക്കുന്നില്ല. ഇതെല്ലാം യാദൃച്ഛികമാണ്. മനുഷ്യനു തന്‍റെ കാലം നിശ്ചയമില്ലല്ലോ. വലയില്‍പ്പെടുന്ന മത്സ്യത്തെപ്പോലെയും കെണിയില്‍ കുടുങ്ങുന്ന പക്ഷിയെപ്പോലെയും ദുഷ്കാലം മനുഷ്യനെ നിനച്ചിരിക്കാത്ത നേരത്ത് പിടികൂടുന്നു. സൂര്യനു കീഴെ ജ്ഞാനത്തിന്‍റെ ഈ മഹത്തായ ദൃഷ്ടാന്തവും ഞാന്‍ കണ്ടു; ജനസംഖ്യ അധികമില്ലാത്ത ഒരു ചെറിയ പട്ടണം. പ്രബലനായ ഒരു രാജാവ് അതിനെതിരെ വന്ന് ഉപരോധം ഉറപ്പിച്ചു. അവിടെ നിര്‍ധനനായ ഒരു ജ്ഞാനിയുണ്ടായിരുന്നു. അയാള്‍ തന്‍റെ ജ്ഞാനത്താല്‍ ആ പട്ടണത്തെ രക്ഷിച്ചു. എന്നാല്‍ ആരും ആ പാവത്തെ ഓര്‍ത്തില്ല. ദരിദ്രന്‍റെ ജ്ഞാനം അവമതിക്കപ്പെടുകയും അയാളുടെ വാക്കുകള്‍ അവഗണിക്കപ്പെടുകയും ചെയ്തെങ്കിലും, ജ്ഞാനം ശക്തിയെക്കാള്‍ ശ്രേഷ്ഠമെന്നു ഞാന്‍ പറയും. മൂഢന്മാരെ ഭരിക്കുന്ന രാജാവിന്‍റെ അട്ടഹാസത്തെക്കാള്‍ ജ്ഞാനിയുടെ മൃദുഭാഷണം ശ്രേഷ്ഠം. ആയുധങ്ങളെക്കാള്‍ ജ്ഞാനിയുടെ വചസ്സുകള്‍ നല്ലത്. എന്നാല്‍ ഒരു പാപി മതി വളരെ നന്മ നശിപ്പിക്കാന്‍. ചത്ത ഈച്ച പരിമളതൈലത്തിനു ദുര്‍ഗന്ധം വരുത്തുന്നു. അതുപോലെ ജ്ഞാനവും പ്രശസ്തിയും കെടുത്താന്‍ അല്പം ഭോഷത്തം മതി. ജ്ഞാനിയുടെ മനസ്സ് അയാളെ നന്മയിലേക്കും മൂഢന്‍റെ മനസ്സ് അയാളെ തിന്മയിലേക്കും നയിക്കുന്നു. മൂഢന്‍ വെറുതെ നടന്നാല്‍ മതി അവന്‍റെ ഭോഷത്തം വിളംബരം ചെയ്യപ്പെടും. രാജാവു കോപിച്ചാല്‍ സ്വസ്ഥാനം വിടരുത്. വിധേയത്വം കാണിക്കുന്നത് അപരാധത്തിനു പരിഹാരമാകും. സൂര്യനു കീഴെ ഒരു തിന്മ ഞാന്‍ കണ്ടു; രാജാക്കന്മാര്‍ക്കു സംഭവിക്കുന്ന ഒരു തെറ്റ്. മൂഢനു പലപ്പോഴും ഉന്നതസ്ഥാനം നല്‌കപ്പെടുന്നു; സമ്പന്നനു കിട്ടുന്നതു താണസ്ഥാനവും. അടിമകള്‍ കുതിരപ്പുറത്തും പ്രഭുക്കന്മാര്‍ അടിമകളെപ്പോലെ കാല്‍നടയായും പോകുന്നത് ഞാന്‍ കണ്ടു. താന്‍ കുഴിക്കുന്ന കുഴിയില്‍ താന്‍തന്നെ വീഴും; മതില്‍ പൊളിച്ചുകടക്കുന്നവനെ പാമ്പു കടിക്കും. കല്ലു വെട്ടുന്നവന് അതുമൂലം ക്ഷതമേല്‌ക്കും; വിറകു വെട്ടുകാരന് അതുമൂലം അപകടമുണ്ടാകും. വായ്ത്തല തേഞ്ഞ ഇരുമ്പായുധത്തിനു മൂര്‍ച്ച വരുത്തിയില്ലെങ്കില്‍ കൂടുതല്‍ ശക്തി പ്രയോഗിക്കേണ്ടിവരും. ജ്ഞാനമാകട്ടെ, വിജയം എളുപ്പമാക്കും. മെരുക്കുംമുമ്പു പാമ്പു കടിച്ചാല്‍ പാമ്പാട്ടിയെക്കൊണ്ടു പ്രയോജനമില്ല. ജ്ഞാനിയുടെ വാക്കുകള്‍ പ്രീതി ഉളവാക്കുന്നു. മൂഢന്‍റെ വാക്കാകട്ടെ, അവനെ നശിപ്പിക്കുന്നു. ഭോഷത്തം പറഞ്ഞുകൊണ്ട് അവന്‍ സംഭാഷണം ആരംഭിക്കുന്നു; അവസാനം ഭ്രാന്തു പുലമ്പുന്നു. വരാന്‍ പോകുന്നതെന്തെന്ന് ആര്‍ക്കും അറിവില്ല; തന്‍റെ കാലം കഴിഞ്ഞാല്‍ എന്തുണ്ടാകുമെന്ന് ആര്‍ക്കറിയാം; എന്നിട്ടും ഭോഷന്‍ അതിഭാഷണം തുടരുന്നു. നഗരത്തിലേക്കുള്ള വഴി അറിയാതെ കഷ്ടപ്പെട്ടു ഭോഷന്‍ തളരുന്നു. ബാലനായ രാജാവു ഭരിക്കുകയും പ്രഭുക്കന്മാര്‍ പ്രഭാതത്തില്‍തന്നെ വിരുന്നില്‍ മുഴുകുകയും ചെയ്യുന്ന ദേശമേ, നിനക്കു, ഹാ ദുരിതം! കുലീനനായ രാജാവു ഭരിക്കുന്ന രാജ്യം അനുഗൃഹീതം; പ്രഭുക്കന്മാര്‍ ശാരീരികാരോഗ്യത്തിനുവേണ്ടി, മദോന്മത്തരാകാന്‍ വേണ്ടിയല്ല, യഥാസമയം ഭക്ഷിക്കുന്ന ദേശം അനുഗൃഹീതം. അലസത നിമിത്തം മേല്‍പ്പുര ഇടിയുന്നു; കുഴിമടിയന്‍റെ വീടു ചോരുന്നു. സദ്യ ഒരുക്കുന്നതു സന്തോഷിക്കാനാണ്. വീഞ്ഞ് ജീവിതത്തിന് ഉല്ലാസം വരുത്തുന്നു. എന്നാല്‍ ഇവയ്‍ക്കെല്ലാം പണം വേണം. മനസ്സുകൊണ്ടുപോലും രാജാവിനെ ശപിക്കരുത് ഉറക്കറയില്‍വച്ചുപോലും ധനവാനെ ദുഷിക്കരുത്; ആകാശത്തിലെ പക്ഷി നിന്‍റെ വാക്കുകള്‍ വഹിച്ചുകൊണ്ടുപോകും; പറവകള്‍ അതു വിളംബരം ചെയ്യും. ഫലഭൂയിഷ്ഠമായ മണ്ണില്‍ നിന്‍റെ വിത്ത് വിതയ്‍ക്കുക; ഏറിയനാള്‍ കഴിഞ്ഞ് നിനക്ക് അതു തിരിച്ചു കിട്ടും. ഏഴോ എട്ടോ കാര്യങ്ങളില്‍ ധനം മുടക്കുക; എന്ത് അനര്‍ഥമാണ് ഭൂമിയില്‍ സംഭവിക്കാന്‍ പോകുന്നതെന്നു നിനക്കറിഞ്ഞുകൂടല്ലോ? ജലസമൃദ്ധമാണു മേഘങ്ങളെങ്കില്‍ അവ ഭൂമിയില്‍ വര്‍ഷിക്കും. നിലംപതിക്കുന്ന വൃക്ഷം തെക്കോട്ടോ വടക്കോട്ടോ വീഴട്ടെ, അതു വീണിടത്തുതന്നെ കിടക്കും. കാറ്റിന്‍റെ ഗതി നോക്കിയിരിക്കുന്നവന്‍ വിതയ്‍ക്കുകയില്ല; മേഘം നോക്കിയിരിക്കുന്നവന്‍ കൊയ്യുകയുമില്ല. ഗര്‍ഭിണിയുടെ ഉദരത്തില്‍ ചൈതന്യം പ്രവേശിക്കുന്നത് എങ്ങനെയെന്നു നിനക്ക് അറിഞ്ഞുകൂടാത്തതുപോലെ എല്ലാറ്റിന്‍റെയും സ്രഷ്ടാവായ ദൈവത്തിന്‍റെ പ്രവൃത്തികള്‍ നീ അറിയുന്നില്ല. പ്രഭാതത്തില്‍ വിത്തു വിതയ്‍ക്കുക, പ്രദോഷത്തിലും വിതയ്‍ക്കുക; ഇതോ, അതോ, രണ്ടുമോ ഏതാണു ഫലവത്താവുക എന്നു നിനക്ക് നിശ്ചയമില്ലല്ലോ. പ്രകാശം ആഹ്ലാദദായകമാണ്; സൂര്യദര്‍ശനം നയനാനന്ദകരമാണ്. ദീര്‍ഘായുസ്സു ലഭിച്ചവന്‍ ഇവയെല്ലാം ആസ്വദിച്ചുകൊള്ളട്ടെ. പക്ഷേ, അന്ധകാരത്തിന്‍റെ ദിനങ്ങള്‍ ഏറെയാണെന്ന് ഓര്‍മയുണ്ടാകണം. വരുന്നതെല്ലാം മിഥ്യ. യുവാവേ, യുവത്വത്തില്‍ നീ ആഹ്ലാദിച്ചുകൊള്ളുക. നിന്‍റെ ഹൃദയം യൗവനത്തില്‍ ആനന്ദിക്കട്ടെ; കണ്ണും കരളും കൊതിച്ച വഴിയെ നീ നടന്നുകൊള്ളുക; എന്നാല്‍ ഇവയെല്ലാം നിമിത്തം ദൈവം നിന്നെ ന്യായം വിധിക്കുമെന്ന് അറിഞ്ഞുകൊള്‍ക. മനസ്സ് വ്യാകുലപ്പെടരുത്; നിന്‍റെ ശരീരം വേദനിക്കുകയും അരുത്. യൗവനവും ജീവിതത്തിന്‍റെ പ്രഭാതകാന്തിയും മിഥ്യയാകുന്നു. യൗവനകാലത്തു തന്നെ നിന്‍റെ സ്രഷ്ടാവിനെ ഓര്‍ത്തുകൊള്ളുക. ഒന്നിലും നിനക്കു സന്തോഷിക്കാന്‍ കഴിയാത്ത ദുര്‍ദിനങ്ങളും വര്‍ഷങ്ങളും വരും. അന്ന് സൂര്യന്‍റെയും ചന്ദ്രനക്ഷത്രാദികളുടെയും പ്രകാശം മങ്ങിയതായി തോന്നും. മഴക്കാറു നീങ്ങുന്നില്ലെന്നു നീ പരാതിപ്പെടും. നിന്‍റെ കൈകള്‍ വിറയ്‍ക്കുകയാല്‍ അവയുടെ സഹായം നിനക്കു കുറയും. കാലുകളുടെ ബലം ക്ഷയിക്കും; പല്ലുകള്‍ കൊഴിയും; കാഴ്ച മങ്ങും; കേഴ്വി നശിക്കും; തെരുവിലെ ബഹളമോ ധാന്യം പൊടിക്കുന്ന ശബ്ദമോ നീ കേള്‍ക്കാതെയാകും. കിളിനാദംപോലും നിന്നെ ഉണര്‍ത്തും. ഉയരത്തില്‍ കയറാന്‍ നീ ഭയപ്പെടും; നടക്കാനിറങ്ങുന്നത് അപകടകരമായി തോന്നും. നര ബാധിച്ചു നിന്‍റെ ആഗ്രഹമെല്ലാം ഒതുങ്ങും; എല്ലാ മനുഷ്യരും തങ്ങളുടെ നിത്യവിശ്രാമത്തിലേക്കു മടങ്ങിയേ തീരൂ. പിന്നീടു ശേഷിക്കുന്നതു വിലാപം മാത്രം. വെള്ളിച്ചങ്ങല പൊട്ടുമ്പോള്‍ തൂക്കിയ പൊന്‍വിളക്കു വീണുടയും. കിണറ്റുകയര്‍ അറ്റുപോയാല്‍ കുടം തകരും. മണ്ണായ ശരീരം മണ്ണിനോടു തിരികെ ചേരും. ജീവന്‍ അതിന്‍റെ ദാതാവായ ദൈവത്തിന്‍റെ അടുക്കലേക്കു മടങ്ങിച്ചെല്ലും. ഹാ, മിഥ്യ, മിഥ്യ, സകലവും മിഥ്യ തന്നെ എന്നു പ്രബോധകന്‍ പറയുന്നു. പ്രബോധകന്‍ ജ്ഞാനിയായിരുന്നു. കൂടാതെ ജനത്തിനു പരിജ്ഞാനം ഉപദേശിക്കുകയും ചെയ്തു. അദ്ദേഹം അനേകം സുഭാഷിതങ്ങള്‍ ശ്രദ്ധാപൂര്‍വം പഠിച്ചു പരിശോധിച്ചു ക്രോഡീകരിച്ചു. പ്രബോധകന്‍ മധുമൊഴികള്‍ തേടിപ്പിടിച്ചു; സത്യവചസ്സുകള്‍ സത്യസന്ധമായി രേഖപ്പെടുത്തി. ജ്ഞാനിയുടെ സൂക്തം ഇടയന്‍റെ വടിപോലെയാണ്; ജ്ഞാനി സമാഹരിച്ച ചൊല്ലുകള്‍ അടിച്ചുറപ്പിച്ച ആണിപോലെയാണ്. അവയെല്ലാം ഒരൊറ്റ ഇടയന്‍റെ ദാനമാണ്. എന്‍റെ മകനേ, ഇതിലപ്പുറമുള്ള എന്തിലും നീ കരുതലോടെ ഇരിക്കുക. ഗ്രന്ഥരചനയ്‍ക്ക് അവസാനമില്ല. ഏറെ പഠിക്കുന്നതു ശരീരത്തെ ക്ഷീണിപ്പിക്കും. എല്ലാറ്റിന്‍റെയും സാരം ഇതാണ്: ദൈവത്തെ ഭയപ്പെടുക; അവിടുത്തെ കല്പനകള്‍ പാലിക്കുക. ഇതേ മനുഷ്യനു ചെയ്യാനുള്ളൂ. എല്ലാ പ്രവൃത്തികളും എല്ലാ രഹസ്യങ്ങളും നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ, ദൈവം അവിടുത്തെ ന്യായവിധിക്കു വിധേയമാക്കും. ശലോമോന്‍റെ ഉത്തമഗീതം അങ്ങയുടെ അധരങ്ങള്‍ എന്നെ ചുംബനംകൊണ്ട് പൊതിയട്ടെ; അങ്ങയുടെ പ്രേമം വീഞ്ഞിനെക്കാള്‍ ശ്രേഷ്ഠം. അങ്ങയുടെ അഭിഷേകതൈലം സുഗന്ധപൂരിതം; അങ്ങയുടെ നാമംതന്നെ തൈലധാരപോലെ സുരഭിലമാണ്; അതിനാല്‍ കന്യകമാര്‍ അങ്ങയില്‍ പ്രേമം പകരുന്നു. നാഥാ, എന്നെയും കൊണ്ടുപോകുക; നമുക്കു വേഗം പോകാം; രാജാവ് തന്‍റെ മണവറയിലേക്ക് എന്നെ ആനയിച്ചിരിക്കുന്നു; ഞങ്ങള്‍ അങ്ങയില്‍ ആഹ്ലാദിച്ചുല്ലസിക്കും; അങ്ങയുടെ പ്രേമം വീഞ്ഞിനെക്കാള്‍ മധുരമെന്നു ഞങ്ങള്‍ വാഴ്ത്തും. അവര്‍ അങ്ങയെ പ്രേമിക്കുന്നത് ഉചിതംതന്നെ. യെരൂശലേംപുത്രിമാരേ, ഞാന്‍ കറുത്തവളെങ്കിലും കേദാരിലെ കൂടാരങ്ങള്‍പോലെയും ശലോമോന്‍റെ യവനികപോലെയും അഴകുറ്റവളാണ്. ഞാന്‍ നിറം മങ്ങിയവളും വെയിലേറ്റ് ഇരുണ്ടുപോയവളും ആണെന്നോര്‍ത്ത് എന്നെ തുറിച്ചുനോക്കരുതേ. എന്‍റെ അമ്മയുടെ പുത്രന്മാര്‍ക്ക് എന്നോട് അനിഷ്ടമുണ്ടായി; അവര്‍ എന്നെ മുന്തിരിത്തോപ്പിനു കാവല്‍ക്കാരിയാക്കി; എന്നാല്‍, എന്‍റെ സ്വന്തം മുന്തിരിത്തോട്ടം ഞാന്‍ കാത്തുസൂക്ഷിച്ചുമില്ല. പ്രാണപ്രിയാ, പറയൂ; എവിടെയാണ് അങ്ങ് ആടു മേയ്‍ക്കുന്നത്? എവിടെയാണ് അവ ഉച്ചയ്‍ക്കു വിശ്രമം കൊള്ളുന്നത്? അങ്ങയുടെ കൂട്ടുകാരുടെ ആട്ടിന്‍പറ്റങ്ങള്‍ക്കു സമീപം ഞാനെന്തിന് അലഞ്ഞുതിരിയണം? പെണ്‍കൊടികളില്‍ അതിസുന്ദരീ, നിനക്ക് അതറിഞ്ഞുകൂടെങ്കില്‍ ആടുകളുടെ കാല്‍പ്പാടുകളെ പിന്തുടര്‍ന്നു ചെല്ലുക; ഇടയരുടെ കൂടാരങ്ങള്‍ക്കരികില്‍ നിന്‍റെ കുഞ്ഞാടുകളെ മേയ്‍ക്കുക. എന്‍റെ പ്രിയേ, ഫറവോന്‍റെ രഥം വലിക്കുന്ന പെണ്‍കുതിരയോടു ഞാന്‍ നിന്നെ ഉപമിക്കുന്നു. നിന്‍റെ കവിള്‍ത്തടങ്ങള്‍ ആഭരണങ്ങള്‍കൊണ്ടും നിന്‍റെ കണ്ഠം രത്നഹാരങ്ങള്‍കൊണ്ടും അഴകാര്‍ന്നിരിക്കുന്നു. വെള്ളി പതിച്ച കനകാഭരണങ്ങള്‍ ഞങ്ങള്‍ നിനക്ക് നിര്‍മ്മിച്ചു സമ്മാനിക്കാം. രാജാവു മഞ്ചത്തില്‍ ശയിക്കേ എന്‍റെ നര്‍ദീന്‍ തൈലം പരിമളം പരത്തി. സ്തനങ്ങള്‍ക്കിടയില്‍ അണിഞ്ഞ മൂറിന്‍കെട്ടാണ് എന്‍റെ പ്രിയതമന്‍. എന്‍റെ പ്രിയന്‍ എനിക്ക് എന്‍ഗെദി മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂങ്കുലയാകുന്നു. പ്രിയേ, ഹാ നീ എത്ര സുന്ദരി, നിന്‍റെ കണ്ണുകള്‍ ഇണപ്രാവുകളാണ്. എന്‍റെ പ്രിയതമാ, അങ്ങ് എത്ര സുന്ദരന്‍, എത്ര മനോഹരന്‍; നമ്മുടെ ശയനമഞ്ചം ഹരിത സുന്ദരം; ദേവദാരുകൊണ്ടു തുലാങ്ങളും സരളവൃക്ഷംകൊണ്ടു കഴുക്കോലും തീര്‍ത്തതാണ് നമ്മുടെ വീട്. ശാരോനിലെ പനിനീര്‍മലരാണ് ഞാന്‍; താഴ്വരയില്‍ വിരിഞ്ഞ ലില്ലി. കന്യകമാരുടെ ഇടയില്‍ എന്‍റെ പ്രിയ മുള്‍ച്ചെടികള്‍ക്കിടയിലെ ലില്ലിപ്പൂവാണ്. യുവാക്കള്‍ക്കിടയില്‍ എന്‍റെ പ്രിയന്‍ കാട്ടുമരങ്ങള്‍ക്കിടയിലെ മാതളനാരകം ആകുന്നു. അതിന്‍റെ തണലില്‍ ഞാന്‍ ആനന്ദത്തോടെ ഇരുന്നു. അതിന്‍റെ പഴം എനിക്കു മധുരക്കനിയായി. പ്രിയന്‍ എന്നെ വിരുന്നുശാലയില്‍ കൊണ്ടുവന്നു; എനിക്കു മീതെ, പ്രിയന്‍റെ പ്രേമപതാക പാറി; ഞാനോ പ്രേമവിവശ. മുന്തിരിയട തന്ന് എന്നില്‍ ശക്തി പകര്‍ന്നാലും; മാതളപ്പഴം തന്ന് എന്നില്‍ ഉന്മേഷം പകര്‍ന്നാലും. പ്രിയന്‍റെ ഇടങ്കൈ എനിക്കു തലയണ ആയെങ്കില്‍; വലങ്കൈ എന്നെ പുണര്‍ന്നെങ്കില്‍. യെരൂശലേംപുത്രിമാരേ, വെളിമ്പ്രദേശത്തെ ചെറുകലമാനുകളുടെയും പേടമാനുകളുടെയും പേരില്‍ ഞാന്‍ നിങ്ങളോടു കെഞ്ചുന്നു; പ്രേമനിര്‍വൃതിയില്‍ മയങ്ങിയ എന്‍റെ പ്രിയയെ, മതിതീരും മുമ്പേ വിളിച്ചുണര്‍ത്തരുതേ. ഇതാ, എന്‍റെ പ്രിയതമന്‍റെ സ്വരം! മലകള്‍ താണ്ടിയും കുന്നുകള്‍ ചാടിയും അവന്‍ വരുന്നു. എന്‍റെ പ്രിയതമന്‍ ചെറുമാനിനും ഇളംകലമാനിനും സമന്‍; അവിടുന്നു കിളിവാതിലുകളിലൂടെ ദൃഷ്‍ടി അയയ്‍ക്കുന്നു; അഴികള്‍ക്കിടയിലൂടെ ഒളിഞ്ഞുനോക്കിക്കൊണ്ടു ഞങ്ങളുടെ ചുവരിനു പിന്നില്‍ മറഞ്ഞു നില്‌ക്കുന്നു. എന്‍റെ പ്രിയതമന്‍ എന്നോടു പറയുന്നു: “എന്‍റെ പ്രിയേ, എഴുന്നേല്‌ക്കൂ; എന്‍റെ സുന്ദരീ, വരിക. ഇതാ, ശീതകാലം കഴിഞ്ഞു; മഴ പെയ്തൊഴിഞ്ഞു. ഭൂമിയിലെങ്ങും പൂക്കാലത്തിന്‍റെ പുറപ്പാടായി; കളഗാനം കേള്‍ക്കുന്ന കാലം വന്നു. അരിപ്രാവുകള്‍ കുറുകുന്ന ശബ്ദം നാട്ടിലെങ്ങും കേട്ടുതുടങ്ങി. അത്തിമരം കായ്ച്ചുതുടങ്ങി; മുന്തിരി പൂത്ത് സുഗന്ധം പരത്തുന്നു; പ്രിയേ, എഴുന്നേല്‌ക്കൂ; എന്‍റെ സുന്ദരീ, വരിക. പാറയുടെ വിള്ളലുകളിലും തൂക്കുപാറക്കെട്ടുകളിലെ മറവിടങ്ങളിലും ഇരിക്കുന്ന എന്‍റെ മാടപ്രാവേ, നിന്‍റെ മുഖം ഞാന്‍ ഒന്നു കാണട്ടെ; നിന്‍റെ സ്വരം ഒന്നു കേള്‍ക്കട്ടെ; നിന്‍റെ സ്വരം എത്ര മധുരം! നിന്‍റെ മുഖം എത്ര സുന്ദരം! മുന്തിരിത്തോട്ടം നശിപ്പിക്കുന്ന കുറുക്കന്മാരെ, അതെ, ചെറുകുറുനരികളെ ഞങ്ങള്‍ക്കു വേണ്ടി പിടികൂടുക. നമ്മുടെ മുന്തിരിത്തോട്ടം പൂത്തിരിക്കുന്നു.” എന്‍റെ പ്രിയതമന്‍ എനിക്കുള്ളവന്‍; ഞാന്‍ അവനുള്ളവള്‍; പ്രിയന്‍ ലില്ലികള്‍ക്കിടയില്‍ ആടു മേയ്‍ക്കുന്നു. വെയിലാറി, നിഴല്‍ നീളും മുമ്പേ എന്‍റെ പ്രിയാ, ദുര്‍ഗമഗിരികളിലെ ചെറുമാനിനെപ്പോലെ, കലമാന്‍ കിടാവിനെപ്പോലെ മടങ്ങിവരിക. എന്‍റെ പ്രാണപ്രിയനെ രാത്രിയില്‍ ഞാന്‍ എന്‍റെ കിടക്കയില്‍ തിരഞ്ഞു; എന്നാല്‍ കണ്ടില്ല. ഞാന്‍ വിളിച്ചു, പക്ഷേ വിളികേട്ടില്ല. “ഞാന്‍ ഇപ്പോള്‍ത്തന്നെ എഴുന്നേറ്റു നഗരത്തില്‍ തേടിനടക്കും; തെരുവീഥികളിലും കവലകളിലും എന്‍റെ പ്രാണപ്രിയനെ തിരയും.” ഞാന്‍ അന്വേഷിച്ചു; പക്ഷേ കണ്ടെത്തിയില്ല. നഗരത്തില്‍ റോന്തുചുറ്റുന്ന കാവല്‍ക്കാര്‍ എന്നെ കണ്ടു; “എന്‍റെ പ്രാണപ്രിയനെ നിങ്ങള്‍ കണ്ടോ?” ഞാന്‍ അവരോടു ചോദിച്ചു. ഞാന്‍ അവരെ കടന്നുപോയതേയുള്ളൂ. അപ്പോഴതാ എന്‍റെ പ്രാണനാഥന്‍ കണ്‍മുമ്പില്‍; ഞാന്‍ അവനെ പിടികൂടി. എന്‍റെ അമ്മയുടെ ഗൃഹത്തില്‍ എന്നെ ഉദരത്തില്‍ വളര്‍ത്തിയവളുടെ മുറിയില്‍ എത്തുംവരെ ഞാന്‍ പിടിവിട്ടില്ല. യെരൂശലേംപുത്രിമാരേ, വെളിമ്പ്രദേശത്തെ ചെറുമാനുകളുടെയും പേടമാനുകളുടെയും പേരില്‍ ഞാന്‍ നിങ്ങളോടു കെഞ്ചുന്നു. പ്രേമനിര്‍വൃതിയില്‍ മയങ്ങിയ എന്‍റെ പ്രിയനെ മതിതീരും മുമ്പേ വിളിച്ചുണര്‍ത്തരുതേ. മൂറും കുന്തുരുക്കവുംകൊണ്ട് വ്യാപാരിയുടെ സകല സുഗന്ധചൂര്‍ണങ്ങളും കൊണ്ട്, സുരഭിലമായ ധൂമസ്തംഭംപോലെ മരുഭൂമിയില്‍നിന്നു വരുന്നതെന്ത്? ശലോമോന്‍റെ പല്ലക്കുതന്നെ; ഇസ്രായേലിലെ ബലിഷ്ഠയുവാക്കള്‍ അറുപതു പേര്‍ അതിന് അകമ്പടിയായുണ്ട്. എല്ലാവരും ഖഡ്ഗധാരികള്‍; എല്ലാവരും യുദ്ധവീരന്മാര്‍. രാത്രിയില്‍ ആപത്തു വരാതിരിക്കാന്‍ അവര്‍ അരയില്‍ വാള്‍ ധരിച്ചിരിക്കുന്നു. ലെബാനോനിലെ മരംകൊണ്ടു ശലോമോന്‍രാജാവ് തനിക്കൊരു പല്ലക്കുണ്ടാക്കി. വെള്ളികൊണ്ടു കാലുകളും പൊന്നുകൊണ്ടു ചാരും അതിന് അദ്ദേഹം ഉണ്ടാക്കി. യെരൂശലേംപുത്രിമാര്‍ മനോഹരമായി നെയ്തെടുത്ത ചെമ്പട്ടുകൊണ്ട് ഇരിപ്പിടം പൊതിഞ്ഞു. സീയോന്‍പുത്രിമാരേ, വന്നു കാണുക, അതാ, ശലോമോന്‍രാജാവ് തന്‍റെ വിവാഹദിനത്തില്‍, ഹൃദയത്തില്‍ ആഹ്ലാദം അലതല്ലിയ ദിവസം, മാതാവ് അണിയിച്ച കിരീടം ചാര്‍ത്തി നില്‌ക്കുന്നു. പ്രിയേ, നീ സുന്ദരി; നീ അതിസുന്ദരി; മൂടുപടത്തിനുള്ളില്‍ നിന്‍റെ കണ്ണുകള്‍ മാടപ്രാവുകള്‍ പോലെയാണ്; ഗിലെയാദു മലഞ്ചെരിവിലൂടെ തുള്ളിച്ചാടി വരുന്ന കോലാട്ടിന്‍പറ്റം പോലെയാണു നിന്‍റെ കേശഭാരം. നിന്‍റെ പല്ലുകള്‍, രോമം കത്രിച്ചു കുളിപ്പിച്ചു കൊണ്ടുവരുന്ന ചെമ്മരിയാടുകളെപ്പോലെ വെണ്‍മയുറ്റതാണ്; അവ ഒന്നൊഴിയാതെ എല്ലാം നിരയൊത്തിരിക്കുന്നു. നിന്‍റെ അധരം ചെമ്പട്ടുനൂല്‍പോലെ ചുവന്നത്. നിന്‍റെ വായ് എത്ര മനോഹരം! നിന്‍റെ കവിള്‍ത്തടം, മാതളപ്പഴപ്പാതിപോലെ മൂടുപടത്തിനുള്ളില്‍ ശോഭിക്കുന്നു. നിന്‍റെ കണ്ഠം, ദാവീദ് ആയുധശാലയ്‍ക്കായി നിര്‍മ്മിച്ച ഗോപുരംപോലെയാണ്. യുദ്ധവീരന്മാരുടെ ആയിരം പരിച തൂക്കിയിരിക്കുന്നതുപോലെ; നിന്‍റെ കണ്ഠാഭരണങ്ങള്‍ ശോഭിക്കുന്നു. നിന്‍റെ സ്തനങ്ങള്‍ ലില്ലികള്‍ക്കിടയില്‍ മേയുന്ന ഇരട്ട മാന്‍കുട്ടികളെപ്പോലെയാണ്. വെയിലാറി നിഴല്‍ നീളുമ്പോള്‍ ഞാന്‍ മൂറിന്‍മലയിലും കുന്തുരുക്കക്കുന്നിലും ചെന്നിരിക്കും. എന്‍റെ പ്രിയേ, നീ സര്‍വാംഗസുന്ദരി; നീ അവികലമോഹിനി. എന്‍റെ മണവാട്ടീ, ലെബാനോനില്‍നിന്നു നീ എന്‍റെകൂടെ പോരുക, ലെബാനോനില്‍നിന്ന് എന്‍റെകൂടെ പോരുക. അമാനാ പര്‍വതശിഖരത്തില്‍നിന്ന്, ശെനീര്‍, ഹെര്‍മ്മോന്‍ കൊടുമുടികളില്‍നിന്ന്, സിംഹഗുഹകളും പുള്ളിപ്പുലികളും നിറഞ്ഞ മലകളില്‍നിന്ന് ഇറങ്ങിപ്പോരുക, എന്‍റെ സഹോദരീ, എന്‍റെ മണവാട്ടീ, നീ എന്‍റെ ഹൃദയം കവര്‍ന്നിരിക്കുന്നു. നിന്‍റെ ഒറ്റ കടാക്ഷംകൊണ്ട്, നിന്‍റെ കണ്ഠാഭരണത്തിലെ ഒരു രത്നംകൊണ്ട്, നീ എന്‍റെ ഹൃദയം കവര്‍ന്നിരിക്കുന്നു. എന്‍റെ സഹോദരീ, എന്‍റെ മണവാട്ടീ, നിന്‍റെ പ്രേമം എത്ര മധുരം! നിന്‍റെ പ്രേമം വീഞ്ഞിനെക്കാള്‍ ശ്രേഷ്ഠം. നിന്‍റെ തൈലങ്ങളുടെ പരിമളം സകല സുരഭിലവസ്തുക്കളിലും ഉത്തമം. എന്‍റെ പ്രിയതമേ, നിന്‍റെ അധരങ്ങള്‍ അമൃതം പൊഴിക്കുന്നു. നിന്‍റെ നാവില്‍ തേനും പാലും ഊറുന്നു; നിന്‍റെ വസ്ത്രത്തിന്‍റെ സുഗന്ധം ലെബാനോനിലെ സുഗന്ധം പോലെയാകുന്നു. എന്‍റെ സഹോദരീ, എന്‍റെ മണവാട്ടീ, കെട്ടിയടച്ചിരിക്കുന്ന ഉദ്യാനമാണു നീ, അടച്ചുപൂട്ടിയ ഉദ്യാനം, മുദ്രവച്ച നീരുറവ. നീ ഒരു മാതളത്തോട്ടമാണ്; അതില്‍ വിശിഷ്ടഫലങ്ങള്‍ വിളയുന്നു. മയിലാഞ്ചിയും നര്‍ദീനും അതേ, നര്‍ദീനും കുങ്കുമവും വയമ്പും ലവംഗവും കുന്തുരുക്കം തരുന്ന എല്ലാവിധ വൃക്ഷങ്ങളും മൂറും അകിലും സകല മുഖ്യസുഗന്ധവര്‍ഗങ്ങളും അതില്‍ ധാരാളമായി വളരുന്നു. തോട്ടങ്ങള്‍ക്കു നീ ഒരു ഉറവ, വറ്റിപ്പോകാത്ത കിണറാണു നീ. നീ ലെബാനോനില്‍ നിന്നൊഴുകുന്ന നീര്‍ച്ചാലാണ്. വടക്കന്‍ കാറ്റേ ഉണരൂ; തെക്കന്‍ കാറ്റേ വരൂ; എന്‍റെ തോട്ടത്തില്‍ വീശൂ; അതിന്‍റെ സൗരഭ്യം ദൂരെ ദിക്കുകളിലും പരക്കട്ടെ. എന്‍റെ പ്രിയന്‍ വന്ന് തന്‍റെ തോട്ടത്തില്‍നിന്ന് അതിന്‍റെ വിശിഷ്ടഫലം ആസ്വദിക്കട്ടെ. എന്‍റെ സഹോദരീ, എന്‍റെ പ്രിയതമേ, ഞാന്‍ എന്‍റെ ഉദ്യാനത്തില്‍ വന്നിരിക്കുന്നു; എന്‍റെ മൂറും സുഗന്ധവര്‍ഗവും ഞാന്‍ ശേഖരിക്കുന്നു; എന്‍റെ തേനും തേനടയും ഞാന്‍ ആസ്വദിക്കുന്നു. വീഞ്ഞും പാലും ഞാന്‍ കുടിക്കുന്നു; തോഴരേ, തിന്നുക; കുടിക്കുക; കാമുകന്മാരേ, കുടിച്ചു മദിക്കുക. ഞാന്‍ ഉറങ്ങി, എങ്കിലും എന്‍റെ ഹൃദയം ഉണര്‍ന്നിരുന്നു; അതാ, എന്‍റെ പ്രിയന്‍ വാതില്‌ക്കല്‍ മുട്ടുന്നു. “എന്‍റെ സഹോദരീ, എന്‍റെ പ്രിയേ, എന്‍റെ പ്രാവേ, അവികലസൗന്ദര്യധാമമേ, വാതില്‍ തുറക്കൂ; എന്‍റെ തല മഞ്ഞുതുള്ളികള്‍കൊണ്ടും; എന്‍റെ മുടിച്ചുരുള്‍ നീഹാരബിന്ദുക്കള്‍കൊണ്ടും നനഞ്ഞിരിക്കുന്നു.” ഞാന്‍ എന്‍റെ അങ്കി ഊരിവച്ചു; അതു വീണ്ടും ധരിക്കുന്നത് എങ്ങനെ? എന്‍റെ കാലുകള്‍ കഴുകിക്കഴിഞ്ഞു; ഇനിയെങ്ങനെ അവയില്‍ പൊടി പറ്റിക്കും? എന്‍റെ പ്രിയന്‍ വാതില്‍ക്കൊളുത്തില്‍ കൈ വച്ചു; എന്‍റെ ഹൃദയം വികാരപരവശമായി. “എന്‍റെ പ്രിയനു വാതില്‍ തുറന്നുകൊടുക്കാന്‍ ഞാന്‍ എഴുന്നേറ്റു; എന്‍റെ കൈകളില്‍നിന്നു മൂറും കൈവിരലുകളില്‍നിന്നു മൂറിന്‍തൈലവും വാതില്‍പ്പടിയില്‍ ഇറ്റുവീണു. എന്‍റെ പ്രിയനുവേണ്ടി ഞാന്‍ വാതില്‍ തുറന്നു; പക്ഷേ, അപ്പോഴേക്കും അവന്‍ തിരിച്ചുപോയിക്കഴിഞ്ഞിരുന്നു. അവന്‍റെ ഭാഷണത്തില്‍ എന്‍റെ ഹൃദയം തരളമായി; ഞാന്‍ അവനെ തിരഞ്ഞു, പക്ഷേ കണ്ടില്ല; ഞാന്‍ അവനെ വിളിച്ചു, അവന്‍ വിളികേട്ടില്ല. നഗരത്തില്‍ റോന്തുചുറ്റുന്ന കാവല്‍ക്കാര്‍ എന്നെ കണ്ടു; അവര്‍ എന്നെ അടിച്ചു, എന്നെ പരുക്കേല്പിച്ചു; കാവല്‍ക്കാര്‍ എന്‍റെ മൂടുപടം മാറ്റി. യെരൂശലേംപുത്രിമാരേ, ഞാന്‍ നിങ്ങളോടു കെഞ്ചുന്നു: എന്‍റെ പ്രിയതമനെ കണ്ടാല്‍ ഞാന്‍ പ്രേമവിവശയായിരിക്കുന്നു എന്ന് അറിയിക്കണേ. പെണ്‍കൊടികളില്‍ അതിസുന്ദരീ, നിന്‍റെ പ്രിയതമനു മറ്റുള്ളവരെക്കാള്‍ എന്തു മേന്മയുണ്ട്? ഞങ്ങളോടിങ്ങനെ കെഞ്ചാന്‍ മാത്രം, മറ്റുള്ളവരെക്കാള്‍ എന്തു മേന്മയാണു നിന്‍റെ പ്രിയതമനുള്ളത്. എന്‍റെ പ്രിയന്‍ അരുണനെപ്പോലെ തേജസ്സാര്‍ന്നവന്‍, പതിനായിരങ്ങളില്‍ അതിശ്രേഷ്ഠന്‍. അവന്‍റെ ശിരസ്സ് തനിത്തങ്കം, അവന്‍റെ അളകാവലി തരംഗനിരപോലെ, അതിന്‍റെ നിറമോ കാക്കക്കറുപ്പ്. അവന്‍റെ കണ്ണുകള്‍ അരുവിക്കരയിലെ ഇണപ്രാവുകള്‍പോലെ, പാലില്‍ കുളിച്ചു തൂവല്‍ ഒതുക്കിയ അരിപ്രാവുകളെപ്പോലെ, അവന്‍റെ കവിള്‍ത്തടങ്ങള്‍ സുഗന്ധവസ്തുക്കള്‍ കൂട്ടിയിട്ടതുപോലെ സൗരഭ്യം വിതറുന്നു. അധരങ്ങള്‍ ചെന്താമരമലരുകള്‍പോലെ, അവ മൂറിന്‍തൈലം ഒഴുക്കുന്നു. അവന്‍റെ ഭുജങ്ങള്‍ രത്നഖചിതമായ സ്വര്‍ണദണ്ഡുകള്‍. ശരീരം ഇന്ദ്രനീലം പതിച്ച ദന്തശില്പം. അവന്‍റെ കാലുകള്‍ തങ്കപ്പാദുകങ്ങളിലുറപ്പിച്ച വെണ്‍കല്‍ത്തൂണുകള്‍. അവന്‍റെ ആകാരം ലെബാനോന്‍ ദേവദാരുപോലെ. അവന്‍റെ ഭാഷണം മധുരോദാരം, അവന്‍ സര്‍വാംഗസുന്ദരന്‍. യെരൂശലേംപുത്രിമാരേ, ഇവനാണ് എന്‍റെ പ്രിയതമന്‍; ഇവനാണ് എന്‍റെ ഇഷ്ടതോഴന്‍. പെണ്‍കൊടികളില്‍ അതിസുന്ദരീ, നിന്‍റെ പ്രിയന്‍ എവിടെപ്പോയി? ഏതു വഴിക്കാണ് അവന്‍ പോയത്? ഞങ്ങളും നിന്നോടൊത്ത് അവനെ തിരയാം. എന്‍റെ പ്രിയന്‍ ആടുകളെ മേയ്‍ക്കാനും ലില്ലിപ്പൂക്കള്‍ പറിക്കാനും തന്‍റെ ഉദ്യാനത്തിലേക്കു പോയി, സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയി. ഞാന്‍ എന്‍റെ പ്രിയതമന്‍റേതാണ്; അവന്‍ എന്‍റേതും. അവന്‍ ലില്ലിപ്പൂക്കളുടെ ഇടയില്‍ ആടു മേയ്‍ക്കുന്നു. എന്‍റെ പ്രിയേ, നീ തിര്‍സാ നഗരിപോലെ സുന്ദരി; യെരൂശലേംപോലെ മനോഹരി, പതാകകള്‍ വഹിച്ചുകൊണ്ടു വരുന്ന സൈന്യംപോലെ നീ ഭയദായിനി. നിന്‍റെ നോട്ടം എങ്കല്‍നിന്നു പിന്‍വലിക്കുക; അത് എന്നെ അസ്വസ്ഥനാക്കുന്നു. നിന്‍റെ കാര്‍കൂന്തല്‍, ഗിലെയാദു മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്ന കോലാട്ടിന്‍നിര പോലെയാണ്. നിന്‍റെ ദന്തനിര കുളിച്ചു കയറി വരുന്ന ചെമ്മരിയാട്ടിന്‍പറ്റംപോലെ വെണ്‍മയുള്ളതാണ്; അവ ഒന്നൊഴിയാതെ എല്ലാം നിരയൊത്തിരിക്കുന്നു. നിന്‍റെ കവിള്‍ത്തടങ്ങള്‍ മാതളപ്പഴപ്പാതികള്‍ പോലെ മൂടുപടത്തിനുള്ളില്‍ ശോഭിക്കുന്നു. അറുപതു രാജ്ഞിമാരും എണ്‍പതു ഉപനാരിമാരും എണ്ണമറ്റ തരുണികളും രാജാവിനുണ്ട്. എന്നാല്‍ എന്‍റെ പ്രാവ് ഒരുവള്‍ മാത്രം; അവള്‍ കുറ്റമറ്റവള്‍, അമ്മയുടെ ഓമനമകള്‍, ഉദരത്തില്‍ വഹിച്ചവളുടെ അഭിമാനം; പെണ്‍കൊടികള്‍ അവളെ ഭാഗ്യവതി എന്നു വിളിച്ചു; രാജ്ഞിമാരും ഉപനാരിമാരും അവളെ പുകഴ്ത്തി. ഉഷശ്ശോഭ ചൊരിയുന്ന ഇവള്‍ ആര്‍? ചന്ദ്രനെപ്പോലെ സൗന്ദര്യം തികഞ്ഞ ഇവള്‍ ആര്‍? സൂര്യതേജസ്സു വിതറുന്ന ഇവള്‍ ആര്‍? പതാകയേന്തിയ സൈന്യനിരപോലെ ഭയദായിനിയായ ഇവള്‍ ആര്‍? പൂത്തുലയുന്ന താഴ്വര കാണാന്‍, മുന്തിരിവള്ളി മൊട്ടിട്ടോ എന്നും, മാതളം പൂത്തോ എന്നും നോക്കാന്‍, ഞാന്‍ ബദാംതോട്ടത്തിലേക്ക് ഇറങ്ങിച്ചെന്നു. ഞാനറിയാതെതന്നെ മനോരഥം എന്നെ നാഥന്‍റെ സന്നിധിയില്‍ എത്തിച്ചു. ഹേ, ശൂലേംകുമാരീ, മടങ്ങിവരൂ, മടങ്ങിവരൂ; ഞങ്ങള്‍ നിന്നെ ഒന്നു കാണട്ടെ, മടങ്ങിവരൂ, മടങ്ങിവരൂ; രണ്ടു സൈന്യങ്ങള്‍ക്കിടയില്‍, നൃത്തം ചെയ്യുന്നവളെ എന്നപോലെ നിങ്ങളെന്തിനു ശൂലേംകാരിയെ നോക്കുന്നു? ഹേ, രാജകുമാരീ, പാദുകമണിഞ്ഞ നിന്‍റെ ഈ പാദങ്ങള്‍ എത്ര മനോഹരം! നിന്‍റെ തുടകള്‍ വിദഗ്ദ്ധശില്പി കടഞ്ഞെടുത്ത രത്നശില്പംപോലെ വടിവൊത്തത്. നിന്‍റെ നാഭി, എപ്പോഴും സുഗന്ധവീഞ്ഞു നിറഞ്ഞ വൃത്താകാരമായ പാനപാത്രംപോലെ; നിന്‍റെ ഉദരം ചുറ്റും ലില്ലിപ്പൂക്കളാല്‍ അലങ്കരിച്ച കോതമ്പുകൂനപോലെ. നിന്‍റെ സ്തനങ്ങള്‍ ഇരട്ടപിറന്ന മാന്‍കിടാങ്ങള്‍ക്കു സമം. നിന്‍റെ കണ്ഠം ദന്തഗോപുരംപോലെ, ഹെശ്ബോനില്‍ ബാത്ത്റബ്ബീം കവാടത്തിലെ, കളിക്കുളങ്ങള്‍പോലെയാണു നിന്‍റെ കണ്ണുകള്‍. ദമാസ്കസിന് അഭിമുഖമായ, ലെബാനോന്‍ ഗോപുരംപോലെയാണു നിന്‍റെ നാസിക. നിന്‍റെ ശിരസ്സ് കര്‍മ്മേല്‍മലപോലെ നിനക്ക് മകുടം ചാര്‍ത്തുന്നു. നിന്‍റെ വാര്‍കൂന്തല്‍ രക്താംബരംപോലെ തിളങ്ങുന്നു. നിന്‍റെ കുറുനിരകള്‍ രാജാവിനെ ബദ്ധനാക്കുന്നു. പ്രിയേ, ആഹ്ലാദം പകരുന്ന കുമാരീ, നീ എത്ര സുന്ദരി! നീ എത്ര മനോഹരി! നിന്‍റെ ആകാരം പനപോലെ പ്രൗഢം; നിന്‍റെ സ്തനങ്ങള്‍ ഈന്തപ്പനക്കുലകള്‍പോലെ. ഞാന്‍ പനയില്‍ കയറും; അതിന്‍റെ കൈകളില്‍ പിടിക്കും എന്നു ഞാന്‍ പറയുന്നു. ഹാ, നിന്‍റെ സ്തനങ്ങള്‍ എനിക്കു മുന്തിരിക്കുലകള്‍പോലെയും നിന്‍റെ ശ്വാസഗന്ധം മാതളപ്പഴത്തിന്‍റേതു പോലെയും ആയിരിക്കട്ടെ. ചുണ്ടിലും പല്ലിലും തടയാതെ മെല്ലെ ഒഴുകിയിറങ്ങുന്ന മേത്തരം വീഞ്ഞുപോലെയാകട്ടെ നിന്‍റെ ചുംബനങ്ങള്‍. ഞാന്‍ എന്‍റെ പ്രിയനുള്ളവള്‍; പ്രിയന്‍റെ അഭിനിവേശം എന്നിലാകുന്നു. എന്‍റെ പ്രാണപ്രിയാ, വരൂ, നമുക്കു വെളിമ്പ്രദേശത്തു പോകാം; ഗ്രാമങ്ങളില്‍ പോയി രാപാര്‍ക്കാം. പുലരും മുമ്പ് മുന്തിരിത്തോപ്പില്‍ പോയി, മുന്തിരിവള്ളി മൊട്ടിട്ടു പൂവിരിഞ്ഞോ എന്നും മാതളനാരകം പൂവിട്ടോ എന്നും നോക്കാം. അവിടെവച്ച് അങ്ങേക്ക് ഞാന്‍ എന്‍റെ പ്രേമം പകരാം. ദൂദായ്പഴം സുഗന്ധം ചൊരിയുന്നു. രമ്യഫലങ്ങളെല്ലാം നമ്മുടെ വാതില്‌ക്കലുണ്ട്; എന്‍റെ പ്രിയതമാ, പഴുത്തതും ഉണങ്ങിയതുമായ ഫലങ്ങള്‍ ഞാന്‍ അങ്ങേക്കായി ഒരുക്കിവച്ചിട്ടുണ്ട്. അങ്ങ്, എന്‍റെ അമ്മയുടെ മുലപ്പാല്‍ കുടിച്ച സ്വന്തം സഹോദരന്‍ ആയിരുന്നെങ്കില്‍! വെളിയില്‍ വച്ചു കണ്ടുമുട്ടുമ്പോഴും ഞാന്‍ അങ്ങയെ ചുംബിക്കുമായിരുന്നു; ആരും എന്നെ പഴിക്കുകയില്ല. എന്‍റെ അമ്മയുടെ വീട്ടിലേക്ക്, എന്നെ ഉദരത്തില്‍ പോറ്റിയവളുടെ ഉറക്കറയിലേക്ക് അങ്ങയെ ഞാന്‍ കൂട്ടിക്കൊണ്ടു പോകുമായിരുന്നു; അങ്ങേക്കു കുടിക്കാന്‍ സുഗന്ധ മുന്തിരിച്ചാറും എന്‍റെ മാതളപ്പഴങ്ങളുടെ ചാറും ഞാന്‍ തരുമായിരുന്നു. അവിടുത്തെ ഇടങ്കൈ എനിക്കു തലയണയായിരുന്നെങ്കില്‍! അങ്ങയുടെ വലങ്കൈ എന്നെ പുണര്‍ന്നിരുന്നെങ്കില്‍! യെരൂശലേംപുത്രിമാരേ, ഞാന്‍ നിങ്ങളോടു കെഞ്ചുന്നു; പ്രേമനിര്‍വൃതിയില്‍ മുഴുകിയ എന്‍റെ പ്രേമഭാജനത്തെ മതിവരുംമുമ്പേ വിളിച്ചുണര്‍ത്തരുതേ. ആത്മപ്രിയന്‍റെ തോളില്‍ ചാരി വിജനതയില്‍നിന്നു വരുന്ന ഇവള്‍ ആരാണ്? മാതളനാരകത്തിന്‍റെ ചുവട്ടില്‍ വച്ച് ഞാന്‍ നിന്നെ ഉണര്‍ത്തി; അവിടെവച്ചാണല്ലോ, നിന്നെ പെറ്റവള്‍ക്ക് ഈറ്റുനോവ് ആരംഭിച്ചത്; അവിടെവച്ചാണല്ലോ നിന്‍റെ അമ്മ നിന്നെ പ്രസവിച്ചത്; ഹൃദയത്തില്‍ ഒരു മുദ്രയായും ഭുജത്തില്‍ ഒരു അടയാളമായും നീ എന്നെ ധരിച്ചാലും; പ്രേമം മൃത്യുപോലെ ശക്തം; ജാരശങ്ക ശവക്കുഴിപോലെ ക്രൂരം; ജ്വലിക്കുന്ന അഗ്നിപോലെ അതും ആളിക്കത്തുന്നു. സാഗരങ്ങള്‍ ഒത്തുചേര്‍ന്നാലും പ്രേമാഗ്നി കെടുത്താന്‍ സാധ്യമല്ല. പ്രളയത്തിനും അതു മുക്കിക്കെടുത്താന്‍ കഴിയുകയില്ല. പ്രേമത്തിനുവേണ്ടി കുടുംബസ്വത്തു മുഴുവന്‍ കൊടുത്താലും അതു തുച്ഛമായിരിക്കും. നമുക്ക് ഒരു കുഞ്ഞുപെങ്ങളുണ്ട്; അവളുടെ മാറിടം വളര്‍ന്നിട്ടില്ല; അവള്‍ക്കു വിവാഹാലോചന വരുമ്പോള്‍ നാം എന്തു ചെയ്യും? അവള്‍ ഒരു മതില്‍ ആയിരുന്നെങ്കില്‍, മീതെ വെള്ളികൊണ്ട് ഒരു ഗോപുരം പണിയാമായിരുന്നു; വാതില്‍ ആയിരുന്നെങ്കില്‍, ദേവദാരുപ്പലകകൊണ്ട് കതകു പണിയാമായിരുന്നു. അന്നു ഞാന്‍ ഒരു മതില്‍ ആയിരുന്നു; എന്‍റെ സ്തനങ്ങള്‍ അതിന്‍റെ ഗോപുരങ്ങളും ആയിരുന്നു. അപ്പോള്‍ പ്രിയന്‍റെ ദൃഷ്‍ടിയില്‍ ഞാന്‍ സംതൃപ്തി നല്‌കുന്നവളായിരുന്നു. ശലോമോന് ബാല്‍ഹാമോനില്‍ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു; അദ്ദേഹം ആ തോട്ടം കാവല്‍ക്കാരെ ഏല്പിച്ചു. ഓരോരുത്തനും ആയിരം വെള്ളിനാണയം വീതം പാട്ടം കൊടുക്കേണ്ടിയിരുന്നു. എന്‍റെ മുന്തിരിത്തോപ്പ്, എന്‍റെ സ്വന്തം തോട്ടം എനിക്കുവേണ്ടിയുള്ളതാണ്. അല്ലയോ ശലോമോനേ, അങ്ങേക്ക് ആയിരവും കാവല്‌ക്കാര്‍ക്കു ഇരുനൂറും വേണമെങ്കില്‍ തരാം. ഉദ്യാനത്തില്‍ വസിക്കുന്നവളേ, എന്‍റെ തോഴന്മാര്‍ നിന്‍റെ സ്വരത്തിനു കാതോര്‍ക്കുന്നു; നിന്‍റെ ശബ്ദം ഞാന്‍ കേള്‍ക്കട്ടെ. പ്രിയതമാ, സുഗന്ധസസ്യങ്ങള്‍ വളരുന്ന മലയിലെ മാന്‍കുട്ടിയെപ്പോലെയും കലമാന്‍കിടാവിനെപ്പോലെയും എന്‍റെ അടുക്കലേക്കു കുതിച്ചുവരിക. യെഹൂദാരാജാക്കന്മാരായ ഉസ്സിയാ, യോഥാം, ആഹാസ്, ഹിസ്കീയാ എന്നിവരുടെ കാലത്ത് യെഹൂദായെയും യെരൂശലേമിനെയുംകുറിച്ച് ആമോസിന്‍റെ മകനായ യെശയ്യായ്‍ക്കുണ്ടായ ദര്‍ശനം. ആകാശമേ കേള്‍ക്കുക; ഭൂതലമേ ശ്രദ്ധിക്കുക; സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഞാന്‍ പോറ്റി വളര്‍ത്തിയ എന്‍റെ മക്കള്‍ എന്നോടു മത്സരിക്കുന്നു. കാളയ്‍ക്കു തന്‍റെ ഉടമയെയും കഴുതയ്‍ക്കു യജമാനന്‍റെ പുല്‍ത്തൊട്ടിയെയും അറിയാം; എന്നാല്‍ ഇസ്രായേല്‍ ഒന്നും അറിയുന്നില്ല; എന്‍റെ ജനം ഒന്നും മനസ്സിലാക്കുന്നില്ല. ഹാ! പാപികളായ ജനത! അകൃത്യഭാരംകൊണ്ട് അമര്‍ന്ന ജനം! ദുഷ്കര്‍മികളുടെ സന്തതികള്‍! ദുര്‍വൃത്തരായ മക്കള്‍! അവര്‍ സര്‍വേശ്വരനെ പരിത്യജിച്ചിരിക്കുന്നു; ഇസ്രായേലിന്‍റെ പരിശുദ്ധനെ വെറുത്തിരിക്കുന്നു. അവര്‍ തീര്‍ത്തും അകന്നു പോയിരിക്കുന്നു. ഇനി നിങ്ങളെ അടിച്ചിട്ട് എന്തു കാര്യം? നിങ്ങള്‍ നിരന്തരം അനുസരണക്കേടു കാട്ടുന്നു. നിങ്ങളുടെ ശിരസ്സു മുഴുവന്‍ രോഗഗ്രസ്തം; ഹൃദയം ആകെ തളര്‍ച്ചയും. നിങ്ങളുടെ ഉള്ളങ്കാല്‍മുതല്‍ ഉച്ചിവരെ വ്രണമാണ്; ക്ഷതങ്ങളും വ്രണങ്ങളും ചോരയൊലിക്കുന്ന മുറിവുകളും മാത്രം. അവ നന്നായി കഴുകുകയോ, വച്ചുകെട്ടുകയോ എണ്ണ പുരട്ടുകയോ ചെയ്തിട്ടില്ല. നിങ്ങളുടെ ദേശം ശൂന്യമായിത്തീര്‍ന്നിരിക്കുന്നു. നിങ്ങളുടെ നഗരങ്ങള്‍ അഗ്നിക്കിരയായി. നിങ്ങളുടെ കണ്‍മുമ്പില്‍വച്ചു തന്നെ പരദേശികള്‍ നിങ്ങളുടെ ദേശം നശിപ്പിച്ചിരിക്കുന്നു; അതു ശൂന്യമായി കിടക്കുന്നു. മുന്തിരിത്തോട്ടത്തിലെ കുടില്‍പോലെയും വെള്ളരിത്തോട്ടത്തിലെ കാവല്‍മാടംപോലെയും ഉപരോധിക്കപ്പെട്ട നഗരംപോലെയും യെരൂശലേം പരിത്യജിക്കപ്പെട്ടിരിക്കുന്നു. സര്‍വശക്തനായ സര്‍വേശ്വരന്‍ നമുക്കുവേണ്ടി ഏതാനുംപേരെ ശേഷിപ്പിച്ചില്ലായിരുന്നെങ്കില്‍, സൊദോമും ഗൊമോറായുംപോലെ നാമും ആകുമായിരുന്നു. സൊദോമിന്‍റെ അധിപതികളേ, സര്‍വേശ്വരന്‍റെ അരുളപ്പാട് കേള്‍ക്കുവിന്‍. ഗൊമോറാ നിവാസികളേ, നമ്മുടെ ദൈവത്തിന്‍റെ പ്രബോധനം ശ്രദ്ധിക്കുവിന്‍. “നിങ്ങള്‍ അര്‍പ്പിക്കുന്ന അസംഖ്യമായ യാഗങ്ങള്‍ എനിക്ക് എന്തിന്?” എന്ന് അവിടുന്നു ചോദിക്കുന്നു. മുട്ടാടുകളെ അര്‍പ്പിച്ചുകൊണ്ടുള്ള ഹോമയാഗങ്ങളും കൊഴുപ്പിച്ച മൃഗങ്ങളുടെ മേദസ്സും എനിക്കു മതിയായി. കാളകളുടെയോ കുഞ്ഞാടുകളുടെയോ ആണ്‍കോലാടുകളുടെയോ രക്തത്തില്‍ ഞാന്‍ പ്രസാദിക്കുകയില്ല. എന്‍റെ സാന്നിധ്യത്തില്‍ ഇവയുമായി വന്ന് എന്‍റെ അങ്കണം ചവുട്ടിമെതിക്കാന്‍ ആരു നിങ്ങളോടാവശ്യപ്പെട്ടു? വ്യര്‍ഥമായ വഴിപാടുകള്‍ ഇനി കൊണ്ടുവരരുത്; ധൂപം ഞാന്‍ വെറുക്കുന്നു; നിങ്ങളുടെ അമാവാസിയും ശബത്തും സമ്മേളനങ്ങളും നിങ്ങളുടെ അധാര്‍മികത നിറഞ്ഞ ഉത്സവങ്ങളും എനിക്ക് അസഹ്യമാണ്. നിങ്ങളുടെ അമാവാസി ആഘോഷങ്ങളും ഉത്സവങ്ങളും ഞാന്‍ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. അവ എനിക്ക് അസഹ്യം. നിങ്ങള്‍ കൈ ഉയര്‍ത്തി പ്രാര്‍ഥിക്കുമ്പോള്‍ ഞാന്‍ മുഖം തിരിച്ചുകളയും. നിങ്ങള്‍ എത്രതന്നെ പ്രാര്‍ഥിച്ചാലും ഞാന്‍ ശ്രദ്ധിക്കുകയില്ല; നിങ്ങളുടെ കരങ്ങള്‍ രക്തപങ്കിലമാണ്. നിങ്ങളെത്തന്നെ കഴുകി വെടിപ്പാക്കുവിന്‍; നിങ്ങളുടെ ദുഷ്കര്‍മങ്ങള്‍ എന്‍റെ കണ്‍മുമ്പില്‍നിന്നു നീക്കിക്കളയുവിന്‍; ദുര്‍വൃത്തിയില്‍നിന്നു വിരമിക്കുവിന്‍. നന്മ ചെയ്യാന്‍ പരിശീലിക്കുവിന്‍; നീതി ഉറപ്പു വരുത്തുവിന്‍; മര്‍ദിതനു സഹായം ചെയ്യുവിന്‍; അനാഥനു സംരക്ഷണം നല്‌കുവിന്‍; വിധവയ്‍ക്കുവേണ്ടി വാദിക്കുവിന്‍. “വരൂ, നമുക്കു രമ്യതപ്പെടാം” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. നിങ്ങളുടെ പാപങ്ങള്‍ കടുംചുവപ്പാണെങ്കിലും ഹിമംപോലെ വെണ്‍മയുള്ളവയായിത്തീരും. അവ രക്താംബരംപോലെ കടുംചുവപ്പാണെങ്കിലും പഞ്ഞിപോലെ വെണ്‍മയുള്ളതാകും. നിങ്ങള്‍ സ്വന്തമനസ്സാലെ അനുസരിക്കുമെങ്കില്‍ ദേശത്തിന്‍റെ നന്മ അനുഭവിക്കും. എന്നാല്‍ മത്സരിച്ചാല്‍ വാളിനിരയായിത്തീരും. ഇതു സര്‍വേശ്വരന്‍റെ വചനം. നീതിനിഷ്ഠയും വിശ്വസ്തയുമായ നഗരം വേശ്യയായിത്തീര്‍ന്നതെങ്ങനെ? നീതിയും ധര്‍മവും കുടികൊണ്ടിരുന്ന നഗരത്തില്‍ ഇന്നു കൊലപാതകികള്‍ വസിക്കുന്നു. നിന്‍റെ വെള്ളി കീടമായിത്തീര്‍ന്നിരിക്കുന്നു. നിന്‍റെ വീഞ്ഞില്‍ വെള്ളം കലര്‍ന്നിരിക്കുന്നു. നിങ്ങളുടെ രാജാക്കന്മാര്‍ കലഹപ്രിയരും കള്ളന്മാരുടെ കൂട്ടാളികളുമാണ്. എല്ലാവരും കോഴ കൊതിക്കുന്നു. സമ്മാനങ്ങളുടെ പിമ്പേ പായുന്നു. അവര്‍ അനാഥരെ സംരക്ഷിക്കുന്നില്ല; വിധവകളുടെ കാര്യം പരിഗണിക്കുന്നില്ല. അതുകൊണ്ട് സര്‍വശക്തനായ ദൈവം, ഇസ്രായേലിന്‍റെ സര്‍വശക്തന്‍ അരുളിച്ചെയ്യുന്നു: “അതേ, എന്‍റെ ക്രോധം എന്‍റെ ശത്രുക്കളുടെമേല്‍ ചൊരിയും; എന്‍റെ വൈരികളോടു ഞാന്‍ പ്രതികാരം ചെയ്യും. നിനക്കെതിരെ എന്‍റെ കൈ തിരിക്കും; ഞാന്‍ നിന്നെ ഉരുക്കി ശുദ്ധി ചെയ്യും; നിന്നിലുള്ള സകല കലര്‍പ്പും നീക്കിക്കളയും. നിന്‍റെ ന്യായാധിപന്മാരെയും ഉപദേഷ്ടാക്കളെയും പുനഃസ്ഥാപിക്കും. നീ നീതിയുടെ നഗരമെന്നും വിശ്വസ്തനഗരമെന്നും വിളിക്കപ്പെടും. യെരൂശലേം ന്യായംകൊണ്ടു മനംതിരിയും. അതിലെ പശ്ചാത്തപിക്കുന്ന ജനം നീതികൊണ്ട് വീണ്ടെടുക്കപ്പെടും. എന്നാല്‍ മത്സരികളും പാപികളും സമൂലം നശിക്കും. സര്‍വേശ്വരനെ ഉപേക്ഷിക്കുന്നവര്‍ സംഹരിക്കപ്പെടും. നിങ്ങള്‍ പൂജയ്‍ക്കായി തിരഞ്ഞെടുത്ത കരുവേലകമരങ്ങളും കാവുകളും നിമിത്തം നിങ്ങള്‍ ലജ്ജിക്കും. ഇല കൊഴിഞ്ഞ കരുവേലകംപോലെയും വെള്ളം ലഭിക്കാത്ത തോട്ടംപോലെയും നിങ്ങള്‍ ആയിത്തീരും. ബലവാന്‍ ചണനാരുപോലെ ആകും; അവന്‍റെ പ്രവൃത്തി തീപ്പൊരിപോലെയും. രണ്ടും ഒരുമിച്ചു കത്തിനശിക്കും; കെടുത്താന്‍ ആരും ഉണ്ടായിരിക്കുകയില്ല.” ആമോസിന്‍റെ മകനായ യെശയ്യായ്‍ക്കു യെഹൂദായെയും യെരൂശലേമിനെയും കുറിച്ചുണ്ടായ അരുളപ്പാട്. അവസാന നാളുകളില്‍ സര്‍വേശ്വരമന്ദിരം സ്ഥാപിതമായിരിക്കുന്ന പര്‍വതം തലയെടുപ്പോടെ മറ്റ് എല്ലാ പര്‍വതങ്ങളെയുംകാള്‍ ഉയര്‍ന്നുനില്‌ക്കും. സര്‍വജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും. അനേകം ജനതകള്‍ പറയും: “വരൂ, നമുക്കു സര്‍വേശ്വരന്‍റെ പര്‍വതത്തിലേക്കു ചെല്ലാം; യാക്കോബിന്‍റെ ദൈവത്തിന്‍റെ ഭവനത്തിലേക്കു പോകാം. അവിടുത്തെ പാതകളില്‍ നടക്കാന്‍ തക്കവിധം, അവിടുന്നു തന്‍റെ വഴികള്‍ നമുക്ക് ഉപദേശിക്കട്ടെ.” പ്രബോധനം സീയോനില്‍നിന്നും സര്‍വേശ്വരന്‍റെ വചനം യെരൂശലേമില്‍ നിന്നുമാണല്ലോ വരുന്നത്. ജനതകളുടെ ഇടയില്‍ അവിടുന്നു ന്യായം വിധിക്കും; ജനപദങ്ങളുടെ തര്‍ക്കങ്ങള്‍ക്കു തീര്‍പ്പുകല്പിക്കുകയും ചെയ്യും. അവര്‍ തങ്ങളുടെ വാളുകള്‍ കൊഴുക്കളായും കുന്തങ്ങള്‍ അരിവാളായും രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനു നേരേ വാള്‍ ഉയര്‍ത്തുകയില്ല; അവര്‍ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല. യാക്കോബിന്‍റെ വംശജരേ, വരൂ; നമുക്കു സര്‍വേശ്വരന്‍റെ പ്രകാശത്തില്‍ നടക്കാം. അവിടുന്നു സ്വന്തജനമായ യാക്കോബിന്‍റെ വംശജരെ തള്ളിക്കളഞ്ഞിരിക്കുന്നുവല്ലോ. കാരണം പൂര്‍വദിക്കില്‍ നിന്നുള്ള ആഭിചാരകര്‍ അവരുടെ ഇടയില്‍ നിറഞ്ഞിരിക്കുന്നു; ഫെലിസ്ത്യരെപ്പോലെ ഭാവിഫലം പറയുന്നവരും ധാരാളം ഉണ്ട്. പരദേശികളുമായി അവര്‍ ചങ്ങാത്തം കൂടുന്നു. അവരുടെ ദേശം സ്വര്‍ണവും വെള്ളിയുംകൊണ്ടു നിറഞ്ഞതാണ്; അവരുടെ നിക്ഷേപങ്ങള്‍ക്ക് അറുതിയില്ല. അവരുടെ ദേശം കുതിരകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. രഥങ്ങള്‍ക്ക് എണ്ണമില്ല. അവരുടെ ദേശം വിഗ്രഹങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുന്നു. അവ അവരുടെ കരവേലയാണ്. അവരുടെ കൈവിരലുകള്‍ അവയ്‍ക്കു രൂപം കൊടുത്തു. ആ ശില്പങ്ങളെ അവര്‍ വന്ദിക്കുന്നു. അങ്ങനെ മനുഷ്യന്‍ സ്വയം അപമാനിതനാകുന്നു; മനുഷ്യര്‍ തരം താഴ്ത്തപ്പെടുന്നു. അവരോടു ക്ഷമിക്കരുതേ. സര്‍വേശ്വരന്‍റെ ഭയങ്കരത്വത്തില്‍നിന്നും ഉജ്ജ്വലതേജസ്സില്‍നിന്നും ഒഴിഞ്ഞ്, പാറയുടെ വിള്ളലില്‍ പ്രവേശിക്കുകയോ, മണ്ണില്‍ ഒളിക്കുകയോ ചെയ്‍വിന്‍. മനുഷ്യന്‍റെ ഗര്‍വഭാവം താഴും; മനുഷ്യരുടെ അഹങ്കാരം തല കുനിക്കും. സര്‍വേശ്വരന്‍മാത്രം അന്ന് ഉയര്‍ന്നുനില്‌ക്കും. ഗര്‍വും ഔന്നത്യവുമുള്ള എല്ലാറ്റിനും എതിരായി, ഉയര്‍ത്തപ്പെട്ടതും ഉന്നതവുമായ സകലത്തിനും എതിരെ സര്‍വശക്തനായ സര്‍വേശ്വരന് ഒരു ദിനമുണ്ട്. ലെബാനോനിലെ ഉന്നതവും തല ഉയര്‍ത്തി നില്‌ക്കുന്നതുമായ ദേവദാരുക്കള്‍ക്കും ബാശാനിലെ കരുവേലകങ്ങള്‍ക്കും എതിരായും ഉത്തുംഗപര്‍വതങ്ങള്‍ക്കും ഉന്നതഗിരികള്‍ക്കും അത്യുന്നത ഗോപുരങ്ങള്‍ക്കും ബലവത്തായ സകല കോട്ടകള്‍ക്കുമെതിരെയും തര്‍ശ്ശീശ്കപ്പലുകള്‍ക്കും മനോഹരശില്പങ്ങള്‍ക്കും എതിരായുമുള്ള ഒരു ദിനംതന്നെ. മനുഷ്യന്‍റെ ഗര്‍വം താഴ്ത്തപ്പെടും; അവരുടെ അഹന്ത കീഴമര്‍ത്തപ്പെടും; അന്നു സര്‍വേശ്വരന്‍ മാത്രം ഉയര്‍ന്നുനില്‌ക്കും. വിഗ്രഹങ്ങള്‍ നിശ്ശേഷം ഇല്ലാതാകും. ഭൂമിയെ പ്രകമ്പനം കൊള്ളിക്കാന്‍ സര്‍വേശ്വരന്‍ എഴുന്നേല്‌ക്കുമ്പോള്‍ അവിടുത്തെ ഭയങ്കരത്വത്തില്‍നിന്നും ഉജ്ജ്വലതേജസ്സില്‍നിന്നും ഒഴിഞ്ഞു മാറാന്‍ മനുഷ്യര്‍ പാറകളിലെ ഗുഹകളിലും മാളങ്ങളിലും ഒളിക്കും. തങ്ങള്‍ക്ക് ആരാധിക്കാന്‍വേണ്ടി അവര്‍ സ്വയം നിര്‍മിച്ച വെള്ളിവിഗ്രഹങ്ങളും സ്വര്‍ണവിഗ്രഹങ്ങളും അന്ന് തുരപ്പനെലികള്‍ക്കും നരിച്ചീറുകള്‍ക്കുമായി അവര്‍ എറിഞ്ഞുകൊടുക്കും. അങ്ങനെ സര്‍വേശ്വരന്‍ ഭൂമിയെ കിടിലംകൊള്ളിക്കാന്‍ എഴുന്നേല്‌ക്കുന്ന നാളില്‍ മനുഷ്യര്‍ അവിടുത്തെ ഭയങ്കരത്വത്തില്‍നിന്നും ഉജ്ജ്വലതേജസ്സില്‍നിന്നും ഒഴിഞ്ഞുമാറി പാറക്കെട്ടുകളുടെ വിള്ളലുകളിലും ശിലാഗുഹകളിലും കടന്നുചെല്ലും. മനുഷ്യനില്‍ ഇനി വിശ്വാസം അര്‍പ്പിക്കരുത്. അവന്‍ ഒരു ശ്വാസം മാത്രം. അവന് എന്തു വിലയാണുള്ളത്? ഇതാ സര്‍വേശ്വരന്‍, സര്‍വശക്തനായ സര്‍വേശ്വരന്‍, മനുഷ്യന്‍റെ എല്ലാ താങ്ങും തുണയും; അപ്പവും ജലവും യെരൂശലേമില്‍നിന്നും യെഹൂദായില്‍നിന്നും എടുത്തുകളയും. മാത്രമല്ല ബലിഷ്ഠനെയും യോദ്ധാവിനെയും ന്യായാധിപനെയും പ്രവാചകനെയും പ്രശ്നം വയ്‍ക്കുന്നവനെയും പ്രമാണിയെയും സേനാപതിയെയും ഉന്നതസ്ഥാനിയെയും ഉപദേഷ്ടാവിനെയും നിപുണമാന്ത്രികനെയും മഹേന്ദ്രജാലക്കാരനെയും നീക്കംചെയ്യും. ബാലന്മാരെ ഞാന്‍ അവരുടെ അധിപതികളാക്കും; ശിശുക്കള്‍ അവരെ ഭരിക്കും. ജനം അന്യോന്യം മര്‍ദിക്കും; ഓരോ മനുഷ്യനും തന്‍റെ കൂട്ടുകാരനെയും അയല്‍ക്കാരനെയും പീഡിപ്പിക്കും. യുവാവ് മുതിര്‍ന്നവനെയും നീചന്‍ മാന്യനെയും അപമാനിക്കും. പിതൃഗൃഹത്തില്‍വച്ച് ഒരുവന്‍ തന്‍റെ സഹോദരനെ പിടിച്ചുനിര്‍ത്തിപ്പറയും: “നിനക്ക് ഒരു മേലങ്കിയുണ്ടല്ലോ; നീ ഞങ്ങളുടെ നേതാവായിരിക്കുക. ശൂന്യാവശിഷ്ടങ്ങളുടെ ഈ ചവറ്റുകൂന നിന്‍റെ അധികാരത്തിന്‍ കീഴിലായിരിക്കും.” അപ്പോള്‍ അയാള്‍ പറയും: “നായകനാകാന്‍ എനിക്കാവില്ല. എന്‍റെ ഭവനത്തില്‍ അപ്പമോ മേലങ്കിയോ ഒന്നുമില്ല. അതുകൊണ്ട് എന്നെ നിങ്ങളുടെ നേതാവാക്കരുത്.” യെരൂശലേം ഇടറിവീണിരിക്കുന്നു; യെഹൂദാ നിലംപരിചായിരിക്കുന്നു. അവരുടെ വാക്കുകളും പ്രവൃത്തികളും സര്‍വേശ്വരന് എതിരാണല്ലോ. അവ ദൈവത്തിന്‍റെ മഹത്ത്വപൂര്‍ണമായ സാന്നിധ്യത്തെ ധിക്കരിക്കുന്നു. അവരുടെ അപരാധം മുഖത്തു ദൃശ്യമാണ്; അത് അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കുന്നു. സൊദോമിനെപ്പോലെ അവര്‍ തങ്ങളുടെ പാപം വിളംബരം ചെയ്യുന്നു. അത് അവര്‍ മറച്ചുവയ്‍ക്കുന്നില്ല. അവര്‍ക്കു ദുരിതം. അവര്‍ സ്വയം നാശം വിളിച്ചുവരുത്തുന്നു. നീതിനിഷ്ഠര്‍ സന്തുഷ്ടരായിരിക്കും. അവരുടെ പ്രവൃത്തികളുടെ നന്മ അവര്‍ അനുഭവിക്കും. ദുഷ്ടന് ദുരിതം! അവനു തിന്മ ഭവിക്കും. അവന്‍റെ പ്രവൃത്തികളുടെ ദോഷഫലം അവന്‍ അനുഭവിക്കും. എന്‍റെ ജനത്തെ കുട്ടികള്‍ പീഡിപ്പിക്കുന്നു; സ്‍ത്രീകള്‍ അവരെ ഭരിക്കുന്നു. എന്‍റെ ജനമേ, നിങ്ങളുടെ നേതാക്കള്‍ നിങ്ങളെ വഴിതെറ്റിക്കുന്നു; എങ്ങോട്ടു പോകണമെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ. സര്‍വേശ്വരന്‍ വ്യവഹരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. സ്വന്തം ജനത്തെ ന്യായം വിധിക്കാന്‍ അവിടുന്ന് എഴുന്നേറ്റിരിക്കുന്നു. അവിടുന്നു തന്‍റെ ജനത്തിന്‍റെ പ്രഭുക്കന്മാരെയും ജനപ്രമാണിമാരെയും വിധിക്കാന്‍ തുടങ്ങുന്നു. മുന്തിരിത്തോട്ടം നിങ്ങള്‍ കൊള്ള ചെയ്തു; ദരിദ്രനില്‍നിന്നു കവര്‍ന്നെടുത്ത മുതല്‍ നിങ്ങളുടെ വീടുകളില്‍ ഉണ്ട്. സര്‍വശക്തനും സര്‍വേശ്വരനുമായ ദൈവം ചോദിക്കുന്നു: “എന്‍റെ ജനത്തെ ഞെക്കിപ്പിഴിയാനും പാവങ്ങളെ മര്‍ദിക്കാനും നിങ്ങള്‍ക്ക് എന്തു കാര്യം?” സര്‍വേശ്വരന്‍ വീണ്ടും അരുളിച്ചെയ്യുന്നു: “യെരൂശലേമിലെ സ്‍ത്രീകള്‍ അഹങ്കരിച്ച് കടക്കണ്ണെറിഞ്ഞും കഴുത്തുനീട്ടിയും കുഴഞ്ഞാടിയും പാദസരം കിലുക്കിയും നടക്കുന്നതുകൊണ്ട് ഞാന്‍ അവരുടെ തലയില്‍ ചിരങ്ങു പിടിപ്പിക്കും. അവരുടെ നഗ്നത ഞാന്‍ വെളിപ്പെടുത്തും. അന്നു സര്‍വേശ്വരന്‍ അവരുടെ പകിട്ടേറിയ കാല്‍ച്ചിലമ്പുകളും നെറ്റിപ്പട്ടങ്ങളും ചന്ദ്രക്കലകളും പതക്കങ്ങളും കൈവളകളും ഉത്തരീയങ്ങളും ശിരോവസ്ത്രങ്ങളും തോള്‍വളകളും [20-22] അരക്കച്ചയും പരിമളപ്പെട്ടിയും ഏലസ്സുകളും മുദ്രമോതിരങ്ങളും മൂക്കുത്തികളും ഉത്സവവസ്ത്രങ്ങളും മേലങ്കികളും കുപ്പായങ്ങളും കൈസഞ്ചികളും *** *** നേരിയ വസ്ത്രങ്ങളും ലിനന്‍വസ്ത്രങ്ങളും തലപ്പാവുകളും മൂടുപടങ്ങളും അവരില്‍നിന്നു നീക്കിക്കളയും. അപ്പോള്‍ പരിമളത്തിനു പകരം ദുര്‍ഗന്ധവും അരക്കച്ചയ്‍ക്കു പകരം കയറും അലങ്കരിച്ച മുടിക്കെട്ടിനു പകരം മൊട്ടത്തലയും വിലപ്പെട്ട മേലാടയ്‍ക്കു പകരം ചാക്കുതുണിയും സൗന്ദര്യത്തിനു പകരം വൈരൂപ്യവും ആയിരിക്കും ഫലം. നിന്‍റെ പുരുഷന്മാര്‍ വാളിനിരയാകും; വീരയോദ്ധാക്കള്‍ യുദ്ധത്തില്‍ നശിക്കും. പട്ടണവാതില്‌ക്കല്‍ കരച്ചിലും വിലാപവും ഉണ്ടാകും. നഗരം നഗ്നയായി നിലത്തു കുത്തിയിരിക്കുന്നവളെപ്പോലെ ആയിത്തീരും. അന്ന് ഏഴു സ്‍ത്രീകള്‍ ഒരുവനെ പിടിച്ചു നിര്‍ത്തി പറയും: “ഞങ്ങള്‍ സ്വന്തം പ്രയത്നംകൊണ്ടു ജീവിക്കുകയും വസ്ത്രം ധരിക്കുകയും ചെയ്തുകൊള്ളാം. താങ്കള്‍ ഞങ്ങളുടെ ഭര്‍ത്താവാണെന്നു പറഞ്ഞാല്‍ മാത്രം മതി. അങ്ങനെ ഞങ്ങളുടെ അപമാനം അകറ്റിയാലും.” അന്നു സര്‍വേശ്വരന്‍ വളര്‍ത്തിയ ശാഖ മനോഹരവും മഹിമയുറ്റതും ആയിരിക്കും. ദേശം നല്‌കുന്ന ഫലം ഇസ്രായേലില്‍ ശേഷിക്കുന്നവരുടെ അഭിമാനവും മഹത്ത്വവും ആയിരിക്കും. സര്‍വേശ്വരന്‍ ന്യായവിധിയുടെയും ദഹനത്തിന്‍റെയും തീക്കാറ്റയച്ച് യെരൂശലേമിലെ സ്‍ത്രീകളുടെ മാലിന്യം കഴുകിക്കളയുകയും യെരൂശലേമിന്‍റെ രക്തക്കറ തുടച്ചുനീക്കുകയും ചെയ്യുമ്പോള്‍, ജീവനോടെ ശേഷിക്കുന്ന എല്ലാവരും വിശുദ്ധര്‍ എന്നു വിളിക്കപ്പെടും. അപ്പോള്‍ അവിടുന്നു സീയോന്‍പര്‍വതത്തിന്മേലും അവിടെ സമ്മേളിക്കുന്നവരുടെമേലും പകല്‍ മേഘവും രാത്രി പുകയും ജ്വലിക്കുന്ന അഗ്നിയുടെ പ്രകാശവും സ്ഥാപിക്കും. അവിടുത്തെ മഹത്ത്വം എല്ലാറ്റിനും മുകളില്‍ ഒരു വിതാനവും കൂടാരവുമായി നിലകൊള്ളും. അതു പകല്‍ തണലേകും. കൊടുങ്കാറ്റിലും മഴയിലും രക്ഷാസങ്കേതവും ആയിരിക്കും. ഫലഭൂയിഷ്ഠമായ ഒരു കുന്നില്‍ എന്‍റെ പ്രിയന് ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു; എന്‍റെ പ്രിയനെയും അദ്ദേഹത്തിന്‍റെ മുന്തിരിത്തോട്ടത്തെയും കുറിച്ച് ഒരു പ്രേമഗാനം ഞാന്‍ ആലപിക്കട്ടെ. അവന്‍ നിലം കിളച്ചൊരുക്കി; കല്ലുകള്‍ നീക്കി, നല്ലയിനം മുന്തിരിവള്ളി നട്ടു. അതിന്‍റെ നടുവില്‍ ഒരു കാവല്‍മാടം പണിതു. അതിലൊരു മുന്തിരിച്ചക്കും സ്ഥാപിച്ചു. മുന്തിരിക്കനിയും കാത്ത് അവനിരുന്നു, കായ്ച്ചതോ കാട്ടുമുന്തിരിങ്ങാ! യെരൂശലേംനിവാസികളേ, യെഹൂദാജനങ്ങളേ, എന്നെയും എന്‍റെ മുന്തിരിത്തോട്ടത്തെയും നിങ്ങള്‍ത്തന്നെ വിധിക്കൂ. എന്‍റെ മുന്തിരിത്തോട്ടത്തില്‍ ഇതിലധികം എന്താണു ഞാന്‍ ചെയ്യേണ്ടിയിരുന്നത്? ഇനി ഞാന്‍ ഈ മുന്തിരിത്തോട്ടത്തോട് എന്തു ചെയ്യും? അതിന്‍റെ വേലി ഞാന്‍ പൊളിച്ചുകളയും. അതങ്ങനെ നശിച്ചുപോകും; അതിന്‍റെ മതില്‍ ഇടിച്ചു നിരത്തും; തോട്ടം ചവുട്ടിമെതിക്കപ്പെടും. ഞാന്‍ അതിനെ ശൂന്യമാക്കും. തോട്ടത്തിലെ വള്ളിത്തലപ്പുകള്‍ മുറിക്കുകയോ, മുന്തിരിത്തോട്ടം കിളയ്‍ക്കുകയോ ചെയ്യുകയില്ല. അതില്‍ മുള്‍ച്ചെടികളും മുള്ളും വളരും. അവിടെ മഴ ചൊരിയരുതെന്നു ഞാന്‍ മേഘങ്ങളോടു കല്പിക്കും. സര്‍വശക്തനായ സര്‍വേശ്വരന്‍റെ മുന്തിരിത്തോട്ടം ഇസ്രായേല്‍ ജനത! യെഹൂദാജനം അവിടുത്തെ പ്രിയപ്പെട്ട മുന്തിരിച്ചെടികള്‍! അവിടുന്നു നീതിക്കായി കാത്തിരുന്നു; ഉണ്ടായതോ രക്തച്ചൊരിച്ചില്‍! ധര്‍മനിഷ്ഠയ്‍ക്കു പകരം ഇതാ നിലവിളി! മറ്റാര്‍ക്കും പാര്‍ക്കാന്‍ ഇടം നല്‌കാതെ വീടിനോടു വീടും വയലിനോടു വയലും ചേര്‍ത്ത് ദേശത്തു തനിച്ചു പാര്‍ക്കുന്നവര്‍ക്ക് ദുരിതം. സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നത് ഞാന്‍ കേട്ടു. നിരവധി ഗൃഹങ്ങള്‍ ശൂന്യമാകും. മനോഹരമായ വന്‍മന്ദിരങ്ങള്‍ നിര്‍ജനമാകും. പത്തേക്കര്‍ മുന്തിരിത്തോട്ടത്തില്‍നിന്ന് ഒരു ബത്ത് വീഞ്ഞും ഒരു ഹോമര്‍ വിത്തില്‍നിന്ന് ഒരു ഏഫാ ധാന്യവും മാത്രം വിളവു ലഭിക്കും. ലഹരി പിടിപ്പിക്കുന്ന മദ്യത്തിന്‍റെ പിന്നാലെ ഓടാന്‍ അതിരാവിലെ എഴുന്നേല്‌ക്കുകയും കുടിച്ചു മത്തരാകാന്‍ വളരെ വൈകുന്നതുവരെ കാത്തിരിക്കുകയും ചെയ്യുന്നവര്‍ക്കു ഹാ ദുരിതം! അവരുടെ വിരുന്നുകളില്‍ വീണയും കിന്നരവും തപ്പും കുഴലും മാത്രമല്ല വീഞ്ഞും ഉണ്ട്. എന്നാല്‍ അവര്‍ സര്‍വേശ്വരന്‍റെ പ്രവൃത്തികളെ ഗൗനിക്കുന്നില്ല; അവിടുത്തെ കരങ്ങളുടെ പ്രവൃത്തി കാണുന്നുമില്ല. അങ്ങനെ എന്‍റെ ജനം അജ്ഞതയാല്‍ പ്രവാസത്തിലേക്കു നീങ്ങുന്നു. അവരുടെ നേതാക്കള്‍ പട്ടിണികൊണ്ടു മരിക്കുന്നു; അവരുടെ ജനങ്ങള്‍ ദാഹിച്ചു പൊരിയുന്നു. അതുകൊണ്ട് പാതാളം ആര്‍ത്തിയോടെ വിസ്താരത്തില്‍ വായ് തുറന്നിരിക്കുന്നു. യെരൂശലേമിലെ പ്രഭുക്കന്മാരും സാമാന്യജനവും അവളില്‍ ആഹ്ലാദിക്കുകയും അഭിമാനംകൊള്ളുകയും ചെയ്യുന്നവരും അതില്‍ താണുപോകും. എല്ലാവരും അപമാനിതരാകും. അഹങ്കാരികള്‍ ലജ്ജിതരാകും. നീതിനിര്‍വഹണത്തില്‍ സര്‍വശക്തനായ സര്‍വേശ്വരന്‍ സമുന്നതനാണ്. പരിശുദ്ധനായ ദൈവം നീതിനിര്‍വഹണത്തിലൂടെ അവിടുത്തെ വിശുദ്ധി വെളിപ്പെടുത്തുന്നു. അപ്പോള്‍ തടിച്ചുകൊഴുത്ത മൃഗങ്ങളും ആട്ടിന്‍കുട്ടികളും നാശാവശിഷ്ടങ്ങള്‍ക്കിടയില്‍ മേയും. കുഞ്ഞാടുകള്‍ മേച്ചില്‍സ്ഥലങ്ങളിലെന്നപോലെ അവിടെ മേഞ്ഞുനടക്കും. വ്യാജത്തിന്‍റെ കയറുകൊണ്ട് അധര്‍മവും വണ്ടിക്കയറുകൊണ്ടു പാപവും കെട്ടി വലിക്കുന്നവര്‍ക്ക് ഹാ ദുരിതം! അവര്‍ പറയുന്നു: “തനിക്കു ചെയ്യാനുള്ളത് അവിടുന്നു ചെയ്യട്ടെ; അതു തിടുക്കത്തിലായിക്കൊള്ളട്ടെ. നമുക്കു കാണാമല്ലോ; ഇസ്രായേലിന്‍റെ പരിശുദ്ധന്‍റെ ഉദ്ദേശ്യം വെളിപ്പെടട്ടെ. നമുക്ക് അറിയാമല്ലോ. തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുകയും ഇരുളിനെ വെളിച്ചവും വെളിച്ചത്തെ ഇരുളും ആക്കുകയും കയ്പിനെ മധുരവും മധുരത്തെ കയ്പും ആക്കുകയും ചെയ്യുന്നവര്‍ക്കു ഹാ ദുരിതം! സ്വന്തം തോട്ടത്തില്‍ ജ്ഞാനികളും സ്വന്തം ദൃഷ്‍ടികളില്‍ വിവേകികളുമായി തോന്നുന്നവര്‍ക്ക് ഹാ ദുരിതം! വീഞ്ഞു കുടിക്കുന്നതില്‍ വീരന്മാരും മദ്യം തയ്യാറാക്കുന്നതില്‍ വിരുതന്മാരും ആയവര്‍ക്കു ഹാ ദുരിതം! അവര്‍ കോഴ വാങ്ങി കുറ്റക്കാരനെ വെറുതെ വിടുന്നു. നിര്‍ദോഷിക്ക് നീതി നിഷേധിക്കുന്നു. അതുകൊണ്ട് തീനാമ്പില്‍ വയ്‍ക്കോലും എരിതീയില്‍ ഉണക്കപ്പുല്ലുംപോലെ അവര്‍ സമൂലം നശിക്കും. അവരുടെ പൂമൊട്ടുകള്‍ വാടിക്കരിഞ്ഞ് പൊടിപോലെ പാറിപ്പോകും. അവര്‍ സര്‍വശക്തനായ സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്രം നിരാകരിക്കുകയും ഇസ്രായേലിന്‍റെ പരിശുദ്ധന്‍റെ വചനത്തെ നിന്ദിക്കുകയും ചെയ്തുവല്ലോ. തന്നിമിത്തം സര്‍വേശ്വരന്‍റെ കോപം തന്‍റെ ജനത്തിന്‍റെ നേരെ ജ്വലിച്ചു. അവിടുന്ന് അവരുടെ നേരെ കൈ ഉയര്‍ത്തി അവരെ ദണ്ഡിപ്പിച്ചു. പര്‍വതങ്ങള്‍ പ്രകമ്പനം കൊണ്ടു. അവരുടെ ജഡങ്ങള്‍ വീഥികളില്‍ ചവറുപോലെ നിരന്നു കിടന്നു. ഇതുകൊണ്ടൊന്നും അവിടുത്തെ കോപം ശമിച്ചില്ല; അവിടുന്നു പിന്നെയും അവരുടെനേരേ കരം ഉയര്‍ത്തിയിരിക്കുന്നു. വിദൂരസ്ഥരായ ഒരു ജനതയ്‍ക്ക് അവിടുന്ന് ഒരു അടയാളം കാട്ടി. ഭൂമിയുടെ അറ്റത്തുനിന്ന് അവരെ ചൂളം വിളിച്ച് അറിയിച്ചു. അതാ, അവര്‍ അതിശീഘ്രം ബദ്ധപ്പെട്ടു വരുന്നു. അവരില്‍ തളര്‍ന്നുപോകുന്നവര്‍ ആരുമില്ല. ഇടറി വീഴുന്നവരും ഉറങ്ങുകയോ ഉറക്കം തൂങ്ങുകയോ ചെയ്യുന്നവരുമില്ല. അവരുടെ അരക്കച്ച അഴിയുന്നുമില്ല; ചെരുപ്പിന്‍റെ വാറു പൊട്ടുന്നുമില്ല. അവരുടെ അമ്പ് മൂര്‍ച്ചയേറിയത്. അവരുടെ വില്ല് കുലച്ചത്. അവരുടെ കുതിരയുടെ കുളമ്പുകള്‍ തീക്കല്ലുപോലെയും അവരുടെ രഥചക്രങ്ങള്‍ ചുഴലിക്കാറ്റുപോലെയും ആകുന്നു. അവരുടെ ഗര്‍ജനം സിംഹത്തിന്‍റേതുപോലെ; യുവസിംഹം കണക്കെ അവര്‍ ഗര്‍ജിക്കുന്നു. അവര്‍ മുരളുകയും ഇരയെ പിടിച്ചു വലിച്ചുകൊണ്ടു പോകുകയും ചെയ്യുന്നു. ആര്‍ക്കും അതിനെ രക്ഷിക്കാന്‍ സാധ്യമല്ല. സമുദ്രം ഗര്‍ജിക്കുന്നതുപോലെ അവര്‍ അന്ന് അതിനെ നോക്കി ഗര്‍ജിക്കും. ദേശമാസകലം ഇതാ, ഇരുളും കഷ്ടതയും മാത്രം. അതിലെ മേഘങ്ങള്‍ വെളിച്ചത്തെ ഇരുട്ടിലാഴ്ത്തുന്നു. ഉസ്സിയാരാജാവ് മരിച്ച വര്‍ഷം സര്‍വേശ്വരന്‍ ഉന്നതവും മഹനീയവുമായ സിംഹാസനത്തില്‍ ഇരുന്നരുളുന്നതു ഞാന്‍ കണ്ടു. അവിടുത്തെ വസ്ത്രത്തിന്‍റെ തൊങ്ങലുകള്‍കൊണ്ടു ദേവാലയം നിറഞ്ഞുനിന്നു. ആറു ചിറകുകള്‍ വീതമുള്ള സെറാഫുകള്‍ അവിടുത്തെ ചുറ്റും നിന്നു; അവ രണ്ടു ചിറകുകൊണ്ടു മുഖവും രണ്ടു ചിറകുകൊണ്ടു പാദങ്ങളും മൂടുകയും രണ്ടു ചിറകുകൊണ്ടു പറക്കുകയും ചെയ്തു. അവ പരസ്പരം വിളിച്ചു പറഞ്ഞു: “സര്‍വശക്തനായ സര്‍വേശ്വരന്‍ പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍; അവിടുത്തെ മഹത്ത്വം ഭൂമിയിലെങ്ങും നിറഞ്ഞിരിക്കുന്നു.” ആ ശബ്ദഘോഷത്താല്‍ പൂമുഖത്തിന്‍റെ അടിസ്ഥാനങ്ങള്‍ കുലുങ്ങി; ദേവാലയം പുകകൊണ്ടു നിറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു: “എനിക്ക് ദുരിതം! ഞാന്‍ നശിച്ചു. ഞാന്‍ അശുദ്ധമായ അധരങ്ങളുള്ളവന്‍; അശുദ്ധമായ അധരങ്ങളോടുകൂടിയ മനുഷ്യരുടെ മധ്യത്തില്‍ വസിക്കുന്നു. സര്‍വശക്തിയുള്ള സര്‍വേശ്വരനായ രാജാവിനെ ഞാന്‍ കണ്ടുവല്ലോ!” അപ്പോള്‍ യാഗപീഠത്തില്‍നിന്ന് ഒരു തീക്കട്ട കൊടില്‍കൊണ്ട് എടുത്ത് സെറാഫുകളില്‍ ഒന്ന് എന്‍റെ അടുക്കലേക്കു പറന്നുവന്നു. തീക്കട്ട എന്‍റെ വായില്‍ തൊടുവിച്ചുകൊണ്ടു സെറാഫു പറഞ്ഞു: “ഇതാ, ഇതു നിന്‍റെ അധരങ്ങളെ സ്പര്‍ശിച്ചിരിക്കുന്നതിനാല്‍ നിന്‍റെ അകൃത്യങ്ങള്‍ നീങ്ങി, നിന്‍റെ പാപങ്ങള്‍ മോചിക്കപ്പെട്ടിരിക്കുന്നു.” പിന്നീടു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നതു ഞാന്‍ കേട്ടു: “ഞാന്‍ ആരെ അയയ്‍ക്കും? ആര്‍ നമുക്കുവേണ്ടി പോകും?” അപ്പോള്‍ ഞാന്‍ പറഞ്ഞു: “ഇതാ ഞാന്‍, എന്നെ അയച്ചാലും.” അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “നീ ചെന്ന് ഈ ജനത്തോടു പറയുക; നിങ്ങള്‍ എത്ര കേട്ടിട്ടും ഗ്രഹിക്കുന്നില്ല; എത്ര കണ്ടിട്ടും മനസ്സിലാക്കുന്നുമില്ല. ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേള്‍ക്കുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കുകയോ മനം തിരിഞ്ഞു സൗഖ്യം പ്രാപിക്കുകയോ ചെയ്യാതിരിക്കത്തക്കവിധം അവരുടെ ഹൃദയം കഠിനമാക്കുകയും ചെവി മരവിപ്പിക്കുകയും കണ്ണു മൂടുകയും ചെയ്യുക.” “സര്‍വേശ്വരാ, ഇത് എത്ര കാലത്തേക്ക്?” എന്നു ഞാന്‍ ചോദിച്ചു. അപ്പോള്‍ അവിടുന്ന് അരുളിച്ചെയ്തു: “നഗരങ്ങള്‍ ജനശൂന്യമാകയും വീടുകള്‍ ആള്‍പ്പാര്‍പ്പില്ലാതെയും ദേശമാകെ ശൂന്യമായിത്തീരുകയും ചെയ്യുന്നതുവരെ, സര്‍വേശ്വരന്‍ ജനത്തെ വിദൂരസ്ഥലങ്ങളിലേക്കു മാറ്റുകയും ദേശത്തു നിര്‍ജന പ്രദേശങ്ങള്‍ വളരെയധികമാവുകയും ചെയ്യുന്നതുവരെത്തന്നെ. പത്തിലൊന്നെങ്കിലും ശേഷിച്ചാല്‍ അതു വീണ്ടും അഗ്നിക്കിരയാകും. എങ്കിലും കത്തിക്കരിഞ്ഞ മരത്തിന്‍റെയോ വെട്ടിയിട്ട കരുവേലകത്തിന്‍റെയോ കുറ്റിപോലെ അത് അവശേഷിക്കും. ആ കുറ്റി വിശുദ്ധമായ ഒരു വിത്തായിരിക്കും.” ഉസ്സിയായുടെ പുത്രനായ യോഥാമിന്‍റെ മകന്‍ ആഹാസ് യെഹൂദാരാജാവായിരിക്കുമ്പോള്‍ രെമല്യായുടെ പുത്രനും ഇസ്രായേല്‍രാജാവുമായ പേക്കഹും സിറിയാരാജാവായ രെസീനും ചേര്‍ന്ന് യെരൂശലേമിനെ ആക്രമിച്ചു. എന്നാല്‍ അവര്‍ക്ക് അതു പിടിച്ചടക്കാന്‍ കഴിഞ്ഞില്ല. സിറിയായും എഫ്രയീമും സഖ്യത്തിലാണെന്നറിഞ്ഞപ്പോള്‍ യെഹൂദാരാജാവും ജനങ്ങളും ഭയന്ന് കാറ്റില്‍ ആടിയുലയുന്ന വൃക്ഷംപോലെ വിറച്ചു. അപ്പോള്‍ സര്‍വേശ്വരന്‍ യെശയ്യായോട് അരുളിച്ചെയ്തു: “നീയും നിന്‍റെ പുത്രന്‍ ശെയാര്‍ - യാശൂബും കൂടി അലക്കുകാരന്‍റെ വയലിലേക്കുള്ള പൊതുനിരത്തിലൂടെ ചെന്നു മേലെക്കുളത്തില്‍ നിന്നുള്ള നീര്‍ച്ചാലിന്‍റെ അറ്റത്തുവച്ച് ആഹാസിനെ ചെന്നു കണ്ട് ഇപ്രകാരം പറയുക: ‘ഞാന്‍ പറയുന്നതു ശ്രദ്ധിക്കുക; സമാധാനമായിരിക്കുക, ഭയപ്പെടേണ്ടാ. സിറിയായുടെയും അവരുടെ രാജാവായ രെസീന്‍റെയും ഇസ്രായേലിന്‍റെ രാജാവായ പേക്കഹിന്‍റെയും ഉഗ്രകോപം നിമിത്തം നീ അധൈര്യപ്പെടരുത്. അവര്‍ പുകയുന്ന തീക്കൊള്ളികള്‍ മാത്രമാണ്. നമുക്ക് യെഹൂദായുടെ നേരെ ചെന്നു ഭയപ്പെടുത്തി, അതു പിടിച്ചടക്കി താബെയിലിന്‍റെ പുത്രനെ അവിടെ രാജാവായി വാഴിക്കാം” എന്നു പറഞ്ഞൊത്തുകൊണ്ടു സിറിയായും എഫ്രയീമും രെമല്യായുടെ പുത്രനും നിനക്കെതിരെ ഗൂഢാലോചന നടത്തി. അതിനാല്‍ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അതു സംഭവിക്കുകയില്ല. കാരണം സിറിയായുടെ തലസ്ഥാനം ദമാസ്കസും ദമാസ്കസിന്‍റെ രാജാവ് രെസീനുമാണ്. എഫ്രയീം ഒരു ജനതയായി ശേഷിക്കാത്തവിധം അറുപത്തഞ്ചു വര്‍ഷത്തിനുള്ളില്‍ അതു തകര്‍ന്നുപോകും. എഫ്രയീമിന്‍റെ തലസ്ഥാനം ശമര്യയും ശമര്യയുടെ തലവന്‍ രെമല്യായുടെ പുത്രനുമാണ്. വിശ്വസിച്ചില്ലെങ്കില്‍ നിങ്ങള്‍ നിലനില്‌ക്കുകയില്ല.” സര്‍വേശ്വരന്‍ വീണ്ടും ആഹാസിനോട് അരുളിച്ചെയ്തു: “നിന്‍റെ ദൈവമായ സര്‍വേശ്വരനോട് ഒരടയാളം ചോദിച്ചുകൊള്ളുക. താഴെ പാതാളത്തിലോ മുകളില്‍ സ്വര്‍ഗത്തിലോ ഉള്ള ഏതും ആയിക്കൊള്ളട്ടെ.” ആഹാസ് പറഞ്ഞു: “ഞാന്‍ ചോദിക്കുകയില്ല; ദൈവത്തെ പരീക്ഷിക്കുകയുമില്ല.” അപ്പോള്‍ യെശയ്യാ പറഞ്ഞു: “ദാവീദിന്‍റെ ഭവനമേ, ശ്രദ്ധിക്കുക, നിങ്ങള്‍ മനുഷ്യന്‍റെ ക്ഷമ പരീക്ഷിക്കുന്നതു പോരാഞ്ഞിട്ടാണോ സര്‍വേശ്വരന്‍റെ ക്ഷമ പരീക്ഷിക്കുന്നത്? അതുകൊണ്ട് അവിടുന്ന് ഒരടയാളം കാണിച്ചുതരും. കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും, ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള ഇമ്മാനുവേല്‍ എന്ന പേരില്‍ അവന്‍ അറിയപ്പെടും. തിന്മ കൈവെടിയാനും നന്മ കൈക്കൊള്ളാനും കഴിയുന്ന പ്രായത്തില്‍ അവന്‍ തൈരും തേനും ഭക്ഷിക്കും. നന്മതിന്മകള്‍ തിരിച്ചറിയാന്‍ ആ ബാലനു പ്രായമാകുന്നതിനു മുമ്പുതന്നെ നീ ഭയപ്പെടുന്ന രണ്ടു രാജാക്കന്മാരുടെയും രാജ്യങ്ങള്‍ വിജനമായിത്തീരും. യെഹൂദ്യയില്‍നിന്നു എഫ്രയീം വേര്‍പെട്ടശേഷം ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള നാളുകള്‍ നിന്‍റെയും നിന്‍റെ ജനത്തിന്‍റെയും നിന്‍റെ പിതൃഭവനത്തിന്‍റെയുംമേല്‍ സര്‍വേശ്വരന്‍ വരുത്തും. അത് അസ്സീറിയാരാജാവിന്‍റെ ഭരണംതന്നെ. ഈജിപ്തിലെ നദികളുടെ ഉദ്ഭവസ്ഥാനങ്ങളിലുള്ള ഈച്ചകളെയും അസ്സീറിയായില്‍നിന്നു തേനീച്ചകളെയും സര്‍വേശ്വരന്‍ ചൂളം വിളിച്ചു വരുത്തും. അവ കുത്തനെയുള്ള മലയിടുക്കുകളിലും പാറയുടെ വിടവുകളിലും മുള്‍പ്പടര്‍പ്പുകളിലും സര്‍വ മേച്ചില്‍സ്ഥലങ്ങളിലും വന്നു നിറയും. അന്നു സര്‍വേശ്വരന്‍ നദിക്ക് അക്കരെനിന്നു കൂലികൊടുത്തു ക്ഷൗരക്കത്തികൊണ്ട്, അസ്സീറിയാരാജാവിനെക്കൊണ്ടു തന്നെ, തലമുടിയും താടിയും കാലിലെ രോമങ്ങളും ക്ഷൗരം ചെയ്യിക്കും. അന്ന് ഒരുവന്‍ ഒരു പശുക്കിടാവിനെയും രണ്ടാടിനെയും വളര്‍ത്തും. അവ സമൃദ്ധമായി പാല്‍ നല്‌കും. അയാള്‍ അതുകൊണ്ടു തൈരുണ്ടാക്കി കഴിക്കും. അന്നു ദേശത്തു ശേഷിക്കുന്ന എല്ലാവരും തൈരും തേനും ഭക്ഷണമാക്കും. അന്ന് ആയിരം വെള്ളിക്കാശു വിലയുള്ള ആയിരം മുന്തിരിച്ചെടികള്‍ ഉണ്ടായിരുന്ന സ്ഥാനത്തു മുള്ളും മുള്‍ച്ചെടികളും വളരും. അതുകൊണ്ട് ആളുകള്‍ അമ്പും വില്ലും എടുത്തുകൊണ്ടു മാത്രമേ അവിടെ ചെല്ലുകയുള്ളൂ. കിളച്ചു കൃഷി ചെയ്തിരുന്ന മലകളെല്ലാം മുള്‍പ്പടര്‍പ്പുകൊണ്ടു നിറയും. അതുകൊണ്ട് ആരും അവിടെ കടന്നു ചെല്ലുകയില്ല. അത് ആടുമാടുകള്‍ക്കു മേയാനും വിഹരിക്കാനും ഉള്ള സ്ഥലമായിത്തീരും.” സര്‍വേശ്വരന്‍ എന്നോടു കല്പിച്ചു: “നീ വലിയ ഒരു എഴുത്തുപലക എടുത്ത് സാധാരണ അക്ഷരത്തില്‍ മഹേര്‍-ശാലാല്‍-ഹാശ്-ബസ് എന്നെഴുതുക.” ഇതിനു സാക്ഷ്യം വഹിക്കാന്‍ പുരോഹിതനായ ഊരിയായെയും യെബരെഖ്യായുടെ പുത്രനായ സെഖര്യായെയും വിളിക്കുക. ഞാന്‍ പ്രവാചകിയെ പ്രാപിച്ചു. അവള്‍ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. സര്‍വേശ്വരന്‍ എന്നോടരുളിച്ചെയ്തു: “ആ കുട്ടിക്ക് മഹേര്‍-ശാലാല്‍-ഹാശ്-ബസ് എന്നു പേരിടുക. എന്തെന്നാല്‍ അവന്‍ അപ്പാ, അമ്മേ എന്നു വിളിക്കാന്‍ പ്രായമാകുന്നതിനുമുമ്പ് ദമാസ്കസിലെ സമ്പത്തും ശമര്യയിലെ കൊള്ളമുതലും അസ്സീറിയാരാജാവു കൊണ്ടുപോകും.” സര്‍വേശ്വരന്‍ എന്നോടു വീണ്ടും അരുളിച്ചെയ്തു: “ഈ ജനം ശാന്തമായി ഒഴുകുന്ന ശീലോഹാം അരുവിയെ ഉപേക്ഷിച്ചു. രെസീന്‍റെയും പേക്കഹിന്‍റെയും മുമ്പില്‍ അവര്‍ ഭയന്നു വിറയ്‍ക്കുന്നു. അതുകൊണ്ട് മഹാനദിയിലെ പെരുവെള്ളത്തെ, സിറിയാരാജാവിനെത്തന്നെ, അദ്ദേഹത്തിന്‍റെ സര്‍വപ്രതാപത്തോടുംകൂടി സര്‍വേശ്വരന്‍ അവരുടെ നേരെ കൊണ്ടുവരും. കൈത്തോടുകള്‍ നിറഞ്ഞ് അതു കരകവിഞ്ഞൊഴുകും. അതു യെഹൂദ്യയിലേക്കു കടന്നു കഴുത്തറ്റം പൊങ്ങി ദേശമാകമാനം മൂടിക്കളയും. ഇമ്മാനുവേലേ, അതു കവിഞ്ഞൊഴുകി നിന്‍റെ ദേശത്തെ മൂടിക്കളയും. ജനതകളേ, സംഭ്രമത്തോടെ ഒരുമിച്ചു കൂടുവിന്‍! വിദൂരരാജ്യങ്ങളേ, ശ്രദ്ധിക്കുവിന്‍! നിങ്ങള്‍ അമ്പരന്ന് ഒരുങ്ങുവിന്‍; സംഭ്രമിച്ച് ഒരുങ്ങുവിന്‍; നിങ്ങള്‍ കൂടിയാലോചിക്കുവിന്‍; പക്ഷേ, അതു ഫലപ്പെടുകയില്ല. നിങ്ങള്‍ എന്തുതന്നെ ആലോചിച്ചു തീരുമാനിച്ചാലും പ്രയോജനമില്ല. കാരണം ദൈവം ഞങ്ങളുടെ കൂടെയാണ്. ആ ജനത്തിന്‍റെ മാര്‍ഗത്തില്‍ ചരിക്കരുതെന്നു മുന്നറിയിപ്പു നല്‌കുകയും തന്‍റെ കരുത്തുറ്റ കരങ്ങള്‍ എന്‍റെമേല്‍ വയ്‍ക്കുകയും ചെയ്തുകൊണ്ടു ദൈവം അരുളിച്ചെയ്തു: “ഈ ജനത്തിന്‍റെ ഗൂഢാലോചനയില്‍ നിങ്ങള്‍ ഉള്‍പ്പെടരുത്. അവര്‍ ഭയപ്പെടുന്നതിനെ നിങ്ങള്‍ ഭയപ്പെടുകയും അരുത്. സര്‍വശക്തനായ സര്‍വേശ്വരനെ നിങ്ങള്‍ പരിശുദ്ധനായി കരുതുക; അവിടുത്തെ മാത്രം നിങ്ങള്‍ ഭയപ്പെടുക. അവിടുന്നു വിശുദ്ധമന്ദിരവും തടങ്കല്‍ പാറയും ആയിരിക്കും. ഇസ്രായേലും യെഹൂദായും അതില്‍ തട്ടിവീഴും. അവിടുന്നുതന്നെ യെരൂശലേംനിവാസികള്‍ക്ക് കുടുക്കും കെണിയും ആയിരിക്കും. അനേകം പേര്‍ അതിന്മേല്‍ തട്ടിവീണു തകരും, കെണിയില്‍ കുടുങ്ങി പിടിക്കപ്പെടും. ഈ സാക്ഷ്യം ഭദ്രമായി സൂക്ഷിക്കുക. ഈ ഉപദേശം എന്‍റെ ശിഷ്യന്മാരുടെ ഇടയില്‍ മുദ്ര ചെയ്തു വയ്‍ക്കുക. യാക്കോബിന്‍റെ ഭവനത്തില്‍നിന്നു തന്‍റെ മുഖം മറച്ചുപിടിച്ചിരിക്കുന്ന സര്‍വേശ്വരനുവേണ്ടി ഞാന്‍ കാത്തിരിക്കും. അവിടുന്നാണ് എന്‍റെ പ്രത്യാശ. ഇതാ ഞാനും സര്‍വേശ്വരന്‍ എനിക്കു നല്‌കിയ സന്തതികളും. ഞങ്ങള്‍ സീയോന്‍പര്‍വതത്തില്‍ വസിക്കുന്ന സര്‍വശക്തനായ സര്‍വേശ്വരന്‍ നല്‌കിയ ഇസ്രായേലിന്‍റെ അദ്ഭുതങ്ങളും അടയാളങ്ങളുമാകുന്നു. വെളിച്ചപ്പാടുകളോടും ചിലയ്‍ക്കുകയും പിറുപിറുക്കുകയും ചെയ്യുന്ന മന്ത്രവാദികളോടും അരുളപ്പാടു ചോദിക്കാന്‍ ആളുകള്‍ നിങ്ങളോട് ആവശ്യപ്പെടും. ജനം അരുളപ്പാടു ചോദിക്കേണ്ടതു തങ്ങളുടെ ദൈവത്തോടല്ലേ? ജീവിച്ചിരിക്കുന്നവര്‍ക്കുവേണ്ടി മരിച്ചവരോടാണോ അരുളപ്പാടു ചോദിക്കേണ്ടത്?” അതിനു നീ ഇപ്രകാരം മറുപടി പറയുക: “സര്‍വേശ്വരന്‍റെ പ്രബോധനം ശ്രദ്ധിക്കുക! ആഭിചാരകര്‍ക്ക് ചെവി കൊടുക്കരുത്. അവരുടെ വാക്കുകള്‍ നിനക്ക് ഒരു നന്മയും കൈവരുത്തുകയില്ല.” അവര്‍ കഠിനമായി വിശന്നുവലഞ്ഞു ദേശത്തെല്ലാം അലഞ്ഞുതിരിയും. അവര്‍ വിശന്നു വലയുമ്പോള്‍ കോപാകുലരായി മുകളിലേക്കു നോക്കി തങ്ങളുടെ രാജാവിനെയും ദൈവത്തെയും ശപിക്കും. എവിടെ നോക്കിയാലും കഷ്ടതയും അന്ധകാരവും കൊടുംവേദനയും മാത്രം. അവര്‍ കനത്ത കൂരിരുട്ടില്‍ ആണ്ടുപോകും. കൊടുംവേദനയില്‍ ആയിരുന്നവള്‍ക്ക് ഇനി മ്ലാനത ഉണ്ടാകയില്ല. ദൈവം പണ്ടു സെബൂലൂന്‍ ദേശത്തെയും നഫ്താലി ദേശത്തെയും അപമാനത്തിന് ഇരയാക്കി. എന്നാല്‍ വരുംകാലത്തു സമുദ്രത്തിലേക്കുള്ള പാതയ്‍ക്കും യോര്‍ദ്ദാനക്കരെയുള്ള ദേശത്തിനും വിജാതീയരുടെ ഗലീലയ്‍ക്കും മഹത്ത്വം വരുത്തും. അന്ധകാരത്തില്‍ കഴിഞ്ഞ ജനം ഒരു വലിയ പ്രകാശം കണ്ടു. കൂരിരുട്ടു നിറഞ്ഞ ദേശത്ത് പാര്‍ത്തിരുന്നവരുടെമേല്‍ പ്രകാശം ഉദയം ചെയ്തു. അവിടുന്ന് അവരുടെ എണ്ണം പെരുകുമാറാക്കി. അവരുടെ ആനന്ദം വര്‍ധിപ്പിച്ചു. കൊയ്ത്തുകാലത്തും കൊള്ളമുതല്‍ പങ്കിടുമ്പോഴും ജനം ആഹ്ലാദിക്കുംപോലെ അവര്‍ തിരുമുമ്പില്‍ ആനന്ദിച്ചു. അവരുടെ ചുമലിലെ നുകവും തോളിലെ ദണ്ഡും മര്‍ദകന്‍റെ കൈയിലെ വടിയും മിദ്യാന്യരെ പരാജയപ്പെടുത്തിയ നാളിലെന്നപോലെ അവിടുന്ന് തകര്‍ത്തിരിക്കുന്നു. ചവുട്ടിമെതിച്ചു മുന്നേറുന്ന യോദ്ധാവിന്‍റെ ചെരുപ്പുകളും രക്തം പുരണ്ട വസ്ത്രങ്ങളും വിറകുപോലെ കത്തിയെരിയും. നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‌കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്‍റെ ചുമലില്‍ ഇരിക്കും. വിസ്മയനീയനായ ഉപദേഷ്ടാവ്, ജയവീരനായ ദൈവം, നിത്യനായ പിതാവ്, സമാധാന പ്രഭു എന്നെല്ലാം അവന്‍ വിളിക്കപ്പെടും. അവന്‍റെ ആധിപത്യവും സമാധാനവും നിസ്സീമമായിരിക്കും. ദാവീദിന്‍റെ സിംഹാസനത്തിലിരുന്നു നീതിയോടും ന്യായത്തോടും അവന്‍ എന്നേക്കും ഭരിക്കും. സര്‍വശക്തനായ സര്‍വേശ്വരന്‍ ഇതു നിറവേറ്റാന്‍ നിശ്ചയിച്ചിരിക്കുന്നു. സര്‍വേശ്വരന്‍ ഇസ്രായേലിനു വിനാശം അയയ്‍ക്കുന്നു. അത് അവര്‍ക്കു ഭവിക്കും. എഫ്രയീമിലെയും ശമര്യയിലെയും ജനം അതറിയും. അവര്‍ ഡംഭും ഗര്‍വും പൂണ്ടു പറയും: “ഇഷ്‍ടിക വീണുപോയെങ്കിലും ചെത്തി ഒരുക്കിയ കല്ലുകൊണ്ട് ഞങ്ങള്‍ അതു പണിയും. കാട്ടത്തികള്‍ വെട്ടിക്കളഞ്ഞെങ്കിലും തല്‍സ്ഥാനത്തു ഞങ്ങള്‍ ദേവദാരുക്കള്‍ നടും.” [10,11] അതുകൊണ്ട് സര്‍വേശ്വരന്‍ അവര്‍ക്കെതിരെ ശത്രുക്കളെ ഉയര്‍ത്തുകയും അവരെ ഇളക്കിവിടുകയും ചെയ്യുന്നു. *** കിഴക്ക് സിറിയാക്കാരും പടിഞ്ഞാറ് ഫെലിസ്ത്യരും ഇസ്രായേലിനെ വിഴുങ്ങാന്‍ വായ് തുറന്നിരിക്കുന്നു. എന്നിട്ടും സര്‍വേശ്വരന്‍റെ കോപം ശമിച്ചിട്ടില്ല; അവരെ ശിക്ഷിക്കാന്‍ അവിടുത്തെ കരം ഇപ്പോഴും ഉയര്‍ന്നിരിക്കുന്നു. ജനം തങ്ങളെ പ്രഹരിച്ചവന്‍റെ അടുത്തേക്ക് തിരിയുന്നില്ല. സര്‍വശക്തനായ സര്‍വേശ്വരനെ അന്വേഷിക്കുന്നതുമില്ല. അതിനാല്‍ അവിടുന്ന് ഇസ്രായേലിനെ ശിക്ഷിക്കും. ഒരൊറ്റ ദിവസംകൊണ്ടു വാലും തലയും ഛേദിക്കും. ഈന്തപ്പനക്കൊമ്പും ഞാങ്ങണയും അരിഞ്ഞു വീഴ്ത്തും. മുഖ്യനും ബഹുമാനിതനുമായവനാണ് തല, അസത്യം പഠിപ്പിക്കുന്ന പ്രവാചകനാണു വാല്. ജനത്തെ നയിക്കുന്നവര്‍ അവരെ വഴിതെറ്റിക്കുന്നു. ഈ നേതാക്കള്‍ നയിക്കുന്നവര്‍ നശിച്ചുപോകുന്നു. തന്നിമിത്തം അവരുടെ യുവാക്കളില്‍ അവിടുന്നു പ്രസാദിക്കുന്നില്ല. അവരുടെ അനാഥരോടും വിധവകളോടും കരുണ കാട്ടുന്നതുമില്ല. എല്ലാവരും അധാര്‍മികരും ദുര്‍വൃത്തരുമാകുന്നു. എല്ലാ നാവും വ്യാജം സംസാരിക്കുന്നു. അതിനാല്‍ അവിടുത്തെ കോപം ശമിക്കുന്നില്ല. അവിടുന്ന് ഇപ്പോഴും അവരെ ശിക്ഷിക്കാന്‍ കൈ നീട്ടിയിരിക്കുന്നു. ദുഷ്ടത തീപോലെ കത്തുന്നു. അതു മുള്ളും മുള്‍പ്പടര്‍പ്പും നശിപ്പിക്കുന്നു. വനത്തിലെ കുറ്റിക്കാടുകള്‍ക്കു തീ പിടിച്ച് അതിന്‍റെ പുകച്ചുരുളുകള്‍ വാനോളം ഉയരുന്നു. സര്‍വശക്തനായ സര്‍വേശ്വരന്‍റെ ഉഗ്രകോപം മൂലം ദേശം അഗ്നിക്കിരയായിരിക്കുന്നു. ജനം അഗ്നിക്കു വിറകുപോലെ ആയിത്തീരും. ഒരുവനും സഹോദരനെ വെറുതെ വിടുന്നില്ല. അവര്‍ വലത്തോട്ടു തിരിഞ്ഞു കാണുന്നതെല്ലാം കടിച്ചു തിന്നും. പക്ഷേ വിശപ്പു ശമിക്കുകയില്ല. അതുകൊണ്ട് ഇടതുവശത്തു കാണുന്നതും വിഴുങ്ങും. എന്നാലും തൃപ്തിവരികയില്ല. ഒരുവന്‍ മറ്റൊരുവന്‍റെ മാംസം ഭക്ഷിക്കും. മനശ്ശെ എഫ്രയീമിനോടും എഫ്രയീം മനശ്ശെയോടും ഏറ്റുമുട്ടും. അവര്‍ ഇരുവരും ചേര്‍ന്നു യെഹൂദായെ ആക്രമിക്കും. എന്നാലും അവിടുത്തെ കോപം അടങ്ങുകയില്ല. അവിടുത്തെ കരം അവരെ ശിക്ഷിക്കാന്‍ ഉയര്‍ന്നിരിക്കുന്നു. എന്‍റെ ജനത്തെ പീഡിപ്പിക്കുന്നതിനായി നീതികെട്ട നിയമങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കു ഹാ ദുരിതം! നിങ്ങള്‍ എളിയവരുടെ അവകാശം അപഹരിക്കുന്നു. അനാഥരെ ചൂഷണം ചെയ്യുന്നു. ന്യായവിധി ദിവസത്തില്‍ വിദൂരത്തുനിന്നു വിനാശകരമായ കൊടുങ്കാറ്റടിക്കുമ്പോള്‍ നിങ്ങള്‍ എന്തു ചെയ്യും? സഹായത്തിനുവേണ്ടി ആരുടെ അടുക്കലേക്ക് ഓടും? നിങ്ങളുടെ സമ്പത്ത് നിങ്ങള്‍ എവിടെ സൂക്ഷിക്കും? യുദ്ധത്തില്‍ നിങ്ങള്‍ കൊല്ലപ്പെടുകയോ തടവുകാരനെപ്പോലെ വലിച്ചിഴയ്‍ക്കപ്പെടുകയോ ചെയ്യും. ഇതെല്ലാമായിട്ടും സര്‍വേശ്വരന്‍റെ കോപം ശമിക്കുന്നില്ല. അവിടുത്തെ കരം ഇപ്പോഴും നിങ്ങളെ ശിക്ഷിക്കാന്‍ ഉയര്‍ന്നിരിക്കുന്നു. എന്‍റെ ക്രോധത്തിന്‍റെ ഗദയും രോഷത്തിന്‍റെ വടിയുമായ അസ്സീറിയായെ, ദൈവനിഷേധികളായ ജനതയ്‍ക്കും എന്‍റെ ക്രോധത്തിനിരയായ ജനത്തിനും എതിരെ, അവരെ കൊള്ളയടിക്കാനും തെരുവീഥിയിലെ ചെളി പോലെ ചവുട്ടിമെതിക്കാനുമായി ഞാന്‍ നിയോഗിക്കും. എന്നാല്‍ അസ്സീറിയായുടെ ഉദ്ദേശ്യവും വിചാരവും അതല്ലായിരുന്നു. ജനതകളുടെ നാശം ആയിരുന്നു അവരുടെ ലക്ഷ്യം. അസ്സീറിയന്‍ ചക്രവര്‍ത്തി പറയുന്നു: “എന്‍റെ സേനാനായകന്മാരെല്ലാം രാജാക്കന്മാരല്ലേ? കല്നോ കാര്‍ക്കെമീശിനെപ്പോലെയല്ലേ? ഹമാത്ത് അര്‍പ്പാദിനെപ്പോലെയും ശമര്യ ദമാസ്കസിനെപ്പോലെയുമല്ലേ? യെരൂശലേമിലും ശമര്യയിലുമുള്ളവയെക്കാള്‍ വിശേഷപ്പെട്ട വിഗ്രഹങ്ങളുള്ള രാജ്യങ്ങളെ എന്‍റെ കരങ്ങള്‍ എത്തിപ്പിടിച്ചിരിക്കെ ശമര്യയോടും അവിടത്തെ വിഗ്രഹങ്ങളോടും ഞാന്‍ ചെയ്തതുപോലെ യെരൂശലേമിനോടും അവിടത്തെ വിഗ്രഹങ്ങളോടും ഞാന്‍ ചെയ്കയില്ലേ? യെരൂശലേമിലും സീയോന്‍ പര്‍വതത്തിലും തന്‍റെ പ്രവൃത്തി പൂര്‍ത്തിയാക്കിയശേഷം സര്‍വേശ്വരന്‍ അസ്സീറിയന്‍ ചക്രവര്‍ത്തിയെ വമ്പു പറച്ചിലിനും അഹങ്കാരത്തിനും ശിക്ഷിക്കും. കരബലവും ജ്ഞാനവുംകൊണ്ടു ഞാന്‍ ഇവയൊക്കെ ചെയ്തു. ബുദ്ധിയും വിവേകവുംകൊണ്ടു ഞാന്‍ ദേശങ്ങളുടെ അതിരുകള്‍ മാറ്റി. ജനതകളുടെ നിക്ഷേപം കൊള്ളയടിച്ചു. സിംഹാസനത്തിലിരുന്നവരെ കാളക്കൂറ്റന്‍റെ കരുത്തോടെ ഞാന്‍ താഴെ ഇറക്കി. എന്‍റെ കരങ്ങള്‍ ജനതകളുടെ സമ്പത്ത് കിളിക്കൂട് എന്നപോലെ പിടിച്ചെടുത്തു. ഉപേക്ഷിക്കപ്പെട്ട കിളിക്കൂട്ടില്‍നിന്നും മുട്ടകള്‍ ശേഖരിക്കുംപോലെ ഭൂമിയിലെ സമ്പത്തു മുഴുവന്‍ ഞാന്‍ കൈവശമാക്കി. ചിറകടിക്കുകയോ ചുണ്ടനക്കുകയോ ചിലയ്‍ക്കുകയോ ചെയ്യാന്‍ ആരും ഉണ്ടായിരുന്നില്ല. മരംവെട്ടുകാരനോടു കോടാലി വമ്പു പറയുമോ? അറക്കുന്നവനോട് അറക്കവാള്‍ വീമ്പടിക്കുമോ? മനുഷ്യന്‍ ഗദയുടെ ഉപകരണമല്ല. ഗദയെ മനുഷ്യന്‍ ഉപകരണമാക്കുന്നു. ഒരു വടി മനുഷ്യനെ ചുഴറ്റുമോ? അതുകൊണ്ടു സര്‍വശക്തനായ സര്‍വേശ്വരന്‍ മാരകമായ രോഗം അസ്സീറിയാരാജാവിന്‍റെ ശക്തരായ യോദ്ധാക്കളുടെമേല്‍ അയയ്‍ക്കും. അവരുടെ ശരീരത്തില്‍ അഗ്നി കത്തി ജ്വലിക്കും. ഇസ്രായേലിന്‍റെ വെളിച്ചമായ ദൈവം ഒരു ജ്വാലയായിത്തീര്‍ന്ന് ഒരു ദിവസംകൊണ്ടു സകല മുള്ളും മുള്‍പ്പടര്‍പ്പും ദഹിപ്പിക്കും. വനത്തിന്‍റെയും ഫലപുഷ്ടമായ വിളനിലത്തിന്‍റെയും പ്രതാപം സര്‍വേശ്വരന്‍ നശിപ്പിക്കും. രോഗിയായ മനുഷ്യന്‍ ക്ഷയിച്ചുപോകുന്നതുപോലെ അവ നിശ്ശേഷം നശിക്കും. അയാളുടെ വനത്തില്‍ അവശേഷിക്കുന്ന വൃക്ഷങ്ങള്‍ ഒരു കൊച്ചുകുട്ടിക്ക് എണ്ണിക്കുറിക്കാവുന്നവിധം പരിമിതമായിരിക്കും.” അന്ന് ഇസ്രായേലില്‍ ശേഷിച്ചവര്‍, യാക്കോബിന്‍റെ വംശത്തില്‍ അവശേഷിച്ചവര്‍, തങ്ങളെ പ്രഹരിച്ചവനെ ആശ്രയിക്കാതെ ഇസ്രായേലിന്‍റെ പരിശുദ്ധനായ ദൈവത്തെ ആത്മാര്‍ഥമായി ആശ്രയിക്കും. അവശേഷിക്കുന്നവര്‍, യാക്കോബിന്‍റെ ശിഷ്ടഭാഗംതന്നെ ജയവീരനായ ദൈവത്തിങ്കലേക്കു മടങ്ങിവരും. ഇസ്രായേല്‍ജനം കടല്‍ക്കരയിലെ മണല്‍ത്തരിപോലെ അസംഖ്യമാണെങ്കിലും അവരില്‍ ഒരംശം മാത്രമേ തിരിച്ചുവരികയുള്ളൂ. നീതി കവിഞ്ഞൊഴുകുന്നതായ ഒരു വിനാശം നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. സര്‍വശക്തനായ സര്‍വേശ്വരന്‍ നിശ്ചയിക്കപ്പെട്ട വിനാശം രാജ്യത്താകമാനം വരുത്തും. സീയോനില്‍ നിവസിക്കുന്നവരോടു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്‍റെ ജനമേ, ഈജിപ്തുകാര്‍ നിങ്ങളെ ദണ്ഡിപ്പിച്ചതുപോലെ അസ്സീറിയാക്കാര്‍ നിങ്ങളെ പീഡിപ്പിക്കുമ്പോള്‍ ഭയപ്പെടരുത്. കാരണം അല്പസമയംകൊണ്ടു നിങ്ങളുടെ നേരെയുള്ള എന്‍റെ രോഷം ശമിക്കും; അവരുടെ നാശത്തിനായി അതു തിരിച്ചുവിടും. ഓറേബിലെ പാറയ്‍ക്കടുത്തുവച്ചു സര്‍വശക്തനായ സര്‍വേശ്വരന്‍ മിദ്യാന്യരെ പ്രഹരിച്ചതുപോലെ അവരുടെമേല്‍ ചമ്മട്ടി പ്രയോഗിക്കും. ഈജിപ്തില്‍ വച്ചെന്നപോലെ അവിടുന്നു സമുദ്രത്തിന്മേല്‍ വടി ഉയര്‍ത്തിപ്പിടിക്കും. അന്ന് അസ്സീറിയാ നിങ്ങളുടെ തോളില്‍ വച്ചിരിക്കുന്ന ഭാരം നീക്കപ്പെടും. നിങ്ങളുടെ ചുമലില്‍ വച്ചിരിക്കുന്ന നുകം തകര്‍ക്കപ്പെടും. ശത്രുസൈന്യം രിമ്മോനില്‍നിന്ന് അയ്യാത്തിലെത്തി, മിഗ്രോനിലൂടെ മിക്മാശില്‍ ചെന്ന് അവിടെ പടക്കോപ്പുകള്‍ സൂക്ഷിക്കുന്നു. അവര്‍ ചുരം കടന്ന് ഗേബയിലെത്തി രാപാര്‍ക്കുന്നു. റാമാ നടുങ്ങുന്നു. ശൗലിന്‍റെ പട്ടണമായ ഗിബെയായിലെ ജനം പലായനം ചെയ്യുന്നു. ഗല്ലീംനിവാസികളേ, ഉറക്കെ നിലവിളിക്കുവിന്‍; ലയേശേ, ശ്രദ്ധിക്കുക; അനാഥോത്തേ, മറുപടി പറയുക. മദ്മേനാ പലായനം ചെയ്യുന്നു. ഗബീംനിവാസികള്‍ രക്ഷ തേടി ഓടുന്നു. ഇന്നുതന്നെ ശത്രു നോബില്‍ നിലയുറപ്പിച്ചുകൊണ്ടു സീയോന്‍പുത്രിയുടെ നേരെ, യെരൂശലേംകുന്നിന്‍റെ നേരെ, മുഷ്‍ടി ചുരുട്ടും. ഇതാ, സര്‍വശക്തനായ സര്‍വേശ്വരന്‍ ഉഗ്രശക്തിയോടെ വൃക്ഷശാഖകള്‍ മുറിച്ചുതള്ളും. ഉയര്‍ന്ന വൃക്ഷങ്ങള്‍ വെട്ടിവീഴ്ത്തും. ഉയര്‍ന്നവയെ നിലം പതിപ്പിക്കും. നിബിഡവനം അവിടുന്നു കോടാലികൊണ്ടു വെട്ടിത്തെളിക്കും. ലെബാനോന്‍ വന്‍മരങ്ങളോടുകൂടി നിലംപതിക്കും. വൃക്ഷത്തിന്‍റെ കുറ്റിയില്‍നിന്നു പൊട്ടി കിളിര്‍ക്കുന്ന നാമ്പുപോലെയും അതിന്‍റെ വേരില്‍നിന്നു മുളയ്‍ക്കുന്ന ശാഖപോലെയും ദാവീദിന്‍റെ വംശത്തില്‍നിന്ന് ഒരു രാജാവ് ഉയര്‍ന്നുവരും. സര്‍വേശ്വരന്‍റെ ആത്മാവ് അവന്‍റെമേല്‍ ആവസിക്കും; ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ആത്മാവ്; ആലോചനയുടെയും ശക്തിയുടെയും ആത്മാവ്; അറിവിന്‍റെയും ദൈവഭക്തിയുടെയും ആത്മാവ്; ദൈവഭക്തിയില്‍ അവന്‍ ആനന്ദംകൊള്ളും. അവന്‍ കണ്ണുകൊണ്ടു കാണുന്നതനുസരിച്ചു വിധിക്കുകയോ ചെവികൊണ്ടു കേള്‍ക്കുന്നതനുസരിച്ചു തീരുമാനിക്കുകയോ ചെയ്യുകയില്ല. അവന്‍ ദരിദ്രര്‍ക്കു ധര്‍മനിഷ്ഠയോടും എളിയവര്‍ക്കു നീതിബോധത്തോടുംകൂടി വിധി കല്പിക്കുന്നു. അവന്‍ തന്‍റെ ആജ്ഞകൊണ്ടു മനുഷ്യരെ ശിക്ഷിക്കും. അധരചലനംകൊണ്ടു ദുഷ്ടരെ നിഗ്രഹിക്കും. നീതികൊണ്ടും വിശ്വസ്തതകൊണ്ടും അവന്‍ അര മുറുക്കും. അന്നു ചെന്നായ് ആട്ടിന്‍കുട്ടിയുടെ കൂടെ വസിക്കും. പുള്ളിപ്പുലി കോലാട്ടിന്‍കുട്ടിയുടെകൂടെ കിടക്കും. സിംഹക്കുട്ടിയും പശുക്കിടാവും കൊഴുത്ത മൃഗവും ഒരുമിച്ചു പാര്‍ക്കും. ഒരു കൊച്ചുകുട്ടി അവയെ നയിക്കും. പശു കരടിയോടൊത്തു മേയും. അവയുടെ കുട്ടികള്‍ ഒരുമിച്ചു കിടക്കും. സിംഹം കാളയെപ്പോലെ വയ്‍ക്കോല്‍ തിന്നും. പിഞ്ചുപൈതല്‍ സര്‍പ്പപ്പൊത്തിനു മുകളില്‍ കളിക്കും. മുലകുടി മാറിയ ശിശു അണലിയുടെ മാളത്തില്‍ കൈ ഇടും. ദൈവത്തിന്‍റെ വിശുദ്ധപര്‍വതമായ സീയോനില്‍ ആരും നാശമോ ദ്രോഹമോ വരുത്തുകയില്ല. സമുദ്രം വെള്ളം കൊണ്ടെന്നപോലെ ഭൂമി സര്‍വേശ്വരനെക്കുറിച്ചുള്ള ജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കുന്നു. അന്നു ദാവീദിന്‍റെ വംശത്തിലെ രാജാവ് ജനങ്ങള്‍ക്ക് ഒരടയാളമായിരിക്കും. വിജാതീയര്‍ അദ്ദേഹത്തെ അന്വേഷിച്ചുവരും. അദ്ദേഹത്തിന്‍റെ പാര്‍പ്പിടം തേജസ്സുറ്റതായിരിക്കും. സര്‍വേശ്വരന്‍ തന്‍റെ ജനത്തില്‍ ശേഷിച്ചവരെ അന്ന് അസ്സീറിയ, ഈജിപ്ത്, പത്രോസ്, എത്യോപ്യ, ഏലാം, ശീനാര്‍, ഹാമാത്ത്, കടല്‍ത്തീരദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു തിരിച്ചു കൊണ്ടുവരാന്‍ തന്‍റെ ശക്തി വീണ്ടും പ്രയോഗിക്കും. അവിടുന്നു വിജാതീയരെ ഒരുമിച്ചു കൂട്ടാന്‍ ഒരു കൊടിയടയാളം ഉയര്‍ത്തും. ഇസ്രായേലില്‍നിന്നു ഭ്രഷ്ടരായവരെയും യെഹൂദ്യയില്‍നിന്നു ചിതറിപ്പോയവരെയും ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നു കൂട്ടിവരുത്തും. എഫ്രയീമിന്‍റെ അസൂയ നീങ്ങിപ്പോകും. യെഹൂദായെ ശല്യപ്പെടുത്തുന്നവര്‍ നിശ്ശേഷം നശിപ്പിക്കപ്പെടും. യെഹൂദാ ഇനിയും എഫ്രയീമിന്‍റെ ശത്രുവായിരിക്കുകയില്ല. അവര്‍ പടിഞ്ഞാറുള്ള ഫെലിസ്ത്യരുടെമേല്‍ ചാടിവീഴുകയും ഒരുമിച്ച് കിഴക്കുള്ള ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യും. എദോമും മോവാബും അവരുടെ ആക്രമണത്തിനിരയാകും. അമ്മോന്യര്‍ അവര്‍ക്കു കീഴടങ്ങും. ഈജിപ്തിന്‍റെ കടലിടുക്ക് സര്‍വേശ്വരന്‍ നിശ്ശേഷം നശിപ്പിക്കും. അവിടുന്ന് ഉഷ്ണക്കാറ്റ് നദിയുടെമേല്‍ വീശുമാറാക്കും. അപ്പോള്‍ ചെരുപ്പു നനയാതെ കടക്കത്തക്കവിധം നദി ഏഴു കൈത്തോടുകളായി പിരിയും. ഇസ്രായേല്യര്‍ക്ക് ഈജിപ്തില്‍നിന്നു പുറപ്പെട്ടപ്പോള്‍ ഉണ്ടായതുപോലെയുള്ള ഒരു രാജപാത അസ്സീറിയയില്‍ അവശേഷിക്കുന്ന സര്‍വേശ്വരന്‍റെ ജനത്തിന് അപ്പോഴുണ്ടാകും. അന്നു നീ പറയും: “സര്‍വേശ്വരാ, ഞാന്‍ അങ്ങേക്കു നന്ദി പറയുന്നു; അവിടുന്ന് എന്നോടു കോപിച്ചെങ്കിലും ഇപ്പോള്‍ അവിടുത്തെ കോപം ശമിക്കുകയും അവിടുന്ന് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തുവല്ലോ. ഇതാ, ദൈവമാണ് എന്‍റെ രക്ഷ! അവിടുത്തെ ഞാന്‍ ആശ്രയിക്കും. ഞാന്‍ ഭയപ്പെടുകയില്ല; കാരണം, ദൈവമായ സര്‍വേശ്വരന്‍ എന്‍റെ ബലവും എന്‍റെ ഗാനവുമാണ്. അവിടുന്ന് എന്‍റെ രക്ഷയായിരിക്കുന്നു. നീ ആനന്ദത്തോടെ രക്ഷയുടെ കിണറ്റില്‍നിന്ന് വെള്ളം കോരി എടുക്കും.” അന്നു നീ പറയും: “സര്‍വേശ്വരനു നന്ദി പറയുവിന്‍, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍, അവിടുത്തെ പ്രവൃത്തികള്‍ വിജാതീയരുടെ ഇടയില്‍ ഘോഷിക്കുവിന്‍. അവിടുത്തെ നാമം മഹത്ത്വമേറിയത് എന്നു പ്രഖ്യാപിക്കുവിന്‍.” സര്‍വേശ്വരനു സ്തോത്രഗാനം പാടുവിന്‍, അവിടുത്തെ മഹത്ത്വമേറിയ പ്രവൃത്തികള്‍ ഭൂമിയിലെല്ലാടവും പ്രസിദ്ധമായിത്തീരട്ടെ. സീയോന്‍നിവാസികളേ, നിങ്ങള്‍ ഉച്ചത്തില്‍ ആര്‍ത്തുഘോഷിക്കുവിന്‍, ഇസ്രായേലിന്‍റെ പരിശുദ്ധന്‍ മഹത്ത്വമുള്ളവന്‍, അവിടുന്നു നിങ്ങളുടെ മധ്യേ വാഴുന്നു. ആമോസിന്‍റെ മകനായ യെശയ്യായ്‍ക്കു ബാബിലോണിനെക്കുറിച്ചു ലഭിച്ച അരുളപ്പാട്: മൊട്ടക്കുന്നിന്‍റെ മുകളില്‍ യുദ്ധത്തിന്‍റെ കൊടി ഉയര്‍ത്തുവിന്‍, അവരെ ഉറക്കെ വിളിക്കുവിന്‍, പ്രഭുക്കന്മാരുടെ ഗോപുരങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കാന്‍ കൈവീശി അവര്‍ക്കു അടയാളം കാണിക്കുവിന്‍. എന്‍റെ വിശുദ്ധഭടന്മാര്‍ക്കു ഞാന്‍ ആജ്ഞ നല്‌കിക്കഴിഞ്ഞു. എന്‍റെ കോപം പ്രവൃത്തിയില്‍ വരുത്താന്‍ എന്‍റെ വിശ്വസ്തരായ വീരപോരാളികളെ ഞാന്‍ നിയോഗിച്ചിരിക്കുന്നു. അതാ, പര്‍വതങ്ങള്‍ക്കു മുകളില്‍ വലിയ പുരുഷാരത്തിന്‍റെ ആരവം! രാജ്യങ്ങളും ജനതകളും ഒരുമിച്ചു ചേരുന്ന ശബ്ദകോലാഹലം! സര്‍വശക്തനായ സര്‍വേശ്വരന്‍ യുദ്ധത്തിനുവേണ്ടി സൈന്യത്തെ അണിനിരത്തുന്നു. അവിടുന്നു അവിടുത്തെ കോപത്തിന്‍റെ ആയുധങ്ങളും വിദൂരസ്ഥലത്തുനിന്നു ചക്രവാളസീമയില്‍ നിന്നു ഭൂമി ആകമാനം നശിപ്പിക്കാന്‍ എത്തിച്ചേരുന്നു. വിലപിക്കുവിന്‍, സര്‍വേശ്വരന്‍റെ ദിവസം സമീപിച്ചിരിക്കുന്നു. സര്‍വശക്തനില്‍ നിന്നുള്ള വിനാശംപോലെ അതു വരും. അതിനാല്‍ എല്ലാ കരങ്ങളും തളരും. എല്ലാവരുടെയും ഹൃദയം ഉരുകും. അവര്‍ പരിഭ്രമിക്കും. അവര്‍ക്കു യാതന ഉണ്ടാകും, പ്രസവവേദന പോലെയുള്ള തീവ്രവേദന. അവര്‍ അമ്പരന്ന് അന്യോന്യം നോക്കും. അവരുടെ മുഖങ്ങള്‍ ജ്വലിക്കും. ദേശത്തെ ശൂന്യമാക്കാനും പാപികളെ സമൂലം നശിപ്പിക്കാനും സര്‍വേശ്വരന്‍റെ ദിവസം വരുന്നു. ഉഗ്രകോപം കൊണ്ടു ക്രൂരവും അമര്‍ഷംകൊണ്ടു ഭീകരവുമായ ദിവസം! അന്ന് ആകാശമണ്ഡലത്തിലെ നക്ഷത്രങ്ങളും നക്ഷത്രസമൂഹങ്ങളും പ്രകാശിക്കുകയില്ല. ഉദിക്കുമ്പോള്‍ത്തന്നെ സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം ചൊരിയുകയില്ല. ദുഷ്ടത നിമിത്തം ലോകത്തെയും അകൃത്യംനിമിത്തം ദുര്‍ജനത്തെയും ഞാന്‍ ശിക്ഷിക്കും. അഹങ്കാരികളുടെ ഗര്‍വം ഞാന്‍ അവസാനിപ്പിക്കും. നിര്‍ദയരുടെ അഹന്ത ഞാനമര്‍ത്തും. മനുഷ്യര്‍ സ്വര്‍ണത്തെക്കാളും മനുഷ്യവര്‍ഗം ഓഫീര്‍തങ്കത്തെക്കാളും അപൂര്‍വമായിത്തീരും. സര്‍വശക്തനായ സര്‍വേശ്വരന്‍റെ ക്രോധത്തിന്‍റെ നാളില്‍ അവിടുത്തെ രോഷത്താല്‍ ആകാശം നടുങ്ങും; ഭൂമി സ്വസ്ഥാനത്തുനിന്ന് ഇളകും. നായാട്ടുകാരന്‍റെ പിടിവിട്ട് ഓടി രക്ഷപെടുന്ന മാന്‍കിടാവിനെപ്പോലെയും ഇടയനില്ലാത്ത ആടുകളെപ്പോലെയും ഓരോ മനുഷ്യനും സ്വന്ത ജനത്തിന്‍റെ അടുക്കലേക്കു തിരിഞ്ഞു സ്വന്തം ദേശത്തേക്ക് ഓടിപ്പോകും. കണ്ണില്‍ കാണുന്നവരെയെല്ലാം കുത്തിക്കൊല്ലും; പിടിക്കപ്പെടുന്നവരെല്ലാം വാളിനിരയാകും. അവരുടെ കണ്‍മുമ്പില്‍വച്ച് അവരുടെ ശിശുക്കളെ നിലത്തടിച്ചു ചിതറിക്കും. അവരുടെ വീടുകള്‍ കൊള്ളയടിക്കപ്പെടും. അവരുടെ ഭാര്യമാര്‍ അപമാനിതരാകും. മേദ്യരെ ഞാന്‍ അവര്‍ക്കെതിരെ ഇളക്കിവിടും. പൊന്നും വെള്ളിയുംകൊണ്ട് അവര്‍ വശീകരിക്കപ്പെടുകയില്ല. അവരുടെ അമ്പും വില്ലും യുവാക്കളെ തകര്‍ത്തുകളയും. ഗര്‍ഭസ്ഥശിശുക്കളോട് അവര്‍ കരുണ കാണിക്കുകയില്ല. കുട്ടികളോട് അവര്‍ക്കു കനിവു തോന്നുകയുമില്ല. രാജ്യങ്ങളുടെ മഹത്ത്വവും ബാബിലോണ്യരുടെ പ്രതാപത്തിനും അഭിമാനത്തിനും പാത്രവുമായ ബാബിലോണിനെ, സൊദോമിനെയും ഗൊമോറായെയുംപോലെ ദൈവം നശിപ്പിക്കും. അവിടെ പിന്നീട് ഒരിക്കലും ജനവാസം ഉണ്ടാകുകയില്ല. തലമുറകളോളം അതു ശൂന്യമായി കിടക്കും. ഒരു അറബിയും അവിടെ കൂടാരം അടിക്കുകയില്ല. ഒരു ഇടയനും തന്‍റെ ആട്ടിന്‍കൂട്ടത്തെ അവിടെ കിടത്തുകയില്ല. വന്യമൃഗങ്ങള്‍ അവിടെ കുടിപാര്‍ക്കും. വീടുകളില്‍ മൂങ്ങകള്‍ നിറയും. അത് ഒട്ടകപ്പക്ഷികളുടെ താവളമാകും. ഭൂതങ്ങള്‍ അവിടെ കൂത്താടും. ഗോപുരങ്ങളില്‍ കഴുതപ്പുലികള്‍ കരഞ്ഞു നടക്കും. രമ്യഹര്‍മ്യങ്ങളില്‍ കുറുനരികള്‍ ഓലിയിടും. അതിനുള്ള സമയം ആസന്നമായിരിക്കുന്നു. ആ ദിനങ്ങള്‍ നീണ്ടു പോകുകയുമില്ല. സര്‍വേശ്വരന് ഇസ്രായേലിനോടു കരുണയുണ്ടാകും, അവിടുന്ന് അവരെ വീണ്ടും തിരഞ്ഞെടുത്ത് സ്വദേശത്തു പാര്‍പ്പിക്കും. പരദേശികള്‍ അവരോടു ചേരും. അവര്‍ ഇസ്രായേല്‍ഭവനത്തില്‍ ലയിക്കും. ജനതകള്‍ ഇസ്രായേലിനെ സ്വീകരിച്ച് അവരുടെ ദേശത്തേക്ക് ആനയിക്കും. വിജാതീയര്‍ സര്‍വേശ്വരന്‍റെ ദേശത്ത് ഇസ്രായേലിന്‍റെ ദാസീദാസന്മാരായിത്തീരും. തങ്ങളെ അടിമകളാക്കിയവരെ അവര്‍ അടിമകളാക്കും. തങ്ങളെ പീഡിപ്പിച്ചവരെ അവര്‍ ഭരിക്കും. കഷ്ടതകളില്‍നിന്നും വേദനകളില്‍നിന്നും നിര്‍ബന്ധപൂര്‍വം ചെയ്യേണ്ടിവന്ന കഠിനാധ്വാനങ്ങളില്‍നിന്നും സര്‍വേശ്വരന്‍ നിങ്ങള്‍ക്കു സ്വസ്ഥത നല്‌കുമ്പോള്‍ ബാബിലോണ്‍രാജാവിനെക്കുറിച്ച് ഈ പരിഹാസഗാനം പാടുക: മര്‍ദകന്‍ എങ്ങനെ ഇല്ലാതായി! ഗര്‍വം എങ്ങനെ നിലച്ചു. സര്‍വേശ്വരന്‍ ദുര്‍ജനത്തിന്‍റെ ദണ്ഡും ഭരണാധികാരികളുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു. അവന്‍ ജനങ്ങളെ നിരന്തരം പ്രഹരിക്കുകയും നിര്‍ദയം പീഡിപ്പിച്ചു ഭരിക്കുകയും ചെയ്തിരുന്നല്ലോ. സര്‍വലോകവും സ്വസ്ഥവും ശാന്തവുമായിരിക്കുന്നു. എല്ലാവരും ആനന്ദഗീതം പാടുന്നു. ലെബാനോനിലെ ദേവദാരുമരങ്ങളും സരളവൃക്ഷങ്ങളും നിന്നെക്കുറിച്ച് ആഹ്ലാദിച്ചു പറയുന്നു: “നീ വീണു കിടക്കുന്നതിനാല്‍ ഒരു മരംവെട്ടുകാരനും ഞങ്ങള്‍ക്കെതിരെ വരുന്നില്ല. നിന്നെ എതിരേല്‌ക്കാന്‍ അധോലോകം ഇളകിയിരിക്കുന്നു. ഭൂപാലകരായിരുന്ന എല്ലാവരുടെയും പ്രേതങ്ങളെ അത് ഉണര്‍ത്തും. ജനതകളുടെ രാജാക്കന്മാരെ അവരുടെ സിംഹാസനങ്ങളില്‍നിന്ന് അത് എഴുന്നേല്പിക്കും. അവരൊക്കെയും ഞങ്ങളെപ്പോലെ ദുര്‍ബലരായിത്തീര്‍ന്നല്ലോ, നീയും ഞങ്ങള്‍ക്കു തുല്യരായിത്തീര്‍ന്നുവോ എന്നു പറയും. നിന്‍റെ പ്രതാപവും വീണയുടെ നാദവും അധോലോകത്തിലേക്കു താഴ്ത്തപ്പെട്ടിരിക്കുന്നു. പുഴുക്കളാണ് നിന്‍റെ കിടക്ക. കൃമികളാണ് നിന്‍റെ പുതപ്പ്. ഉഷസ്സിന്‍റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ താഴെ വീണു! ജനതകളെ കീഴടക്കിയ നീ എങ്ങനെ വെട്ടേറ്റു നിലംപതിച്ചു?” “ഞാന്‍ ആകാശമണ്ഡലത്തിലേക്കു കയറും, അത്യുന്നത നക്ഷത്രങ്ങള്‍ക്കു മീതെ എന്‍റെ സിംഹാസനം സ്ഥാപിക്കും. അന്നു വടക്കേ അറ്റത്തുള്ള സമ്മേളനപര്‍വതത്തില്‍ ഞാന്‍ ഉപവിഷ്ടനാകും. ഞാന്‍ മേഘങ്ങള്‍ക്കു മീതെ കയറും. ഞാന്‍ അത്യുന്നതനെപ്പോലെ ആയിത്തീരും.” എന്നാല്‍ നീ അധോലോകത്തിന്‍റെ അഗാധഗര്‍ത്തത്തിലേക്കു താഴ്ത്തപ്പെട്ടിരിക്കുന്നു. നിന്നെ കാണുന്നവര്‍ തുറിച്ചുനോക്കും. അവര്‍ ഇങ്ങനെ ആത്മഗതം ചെയ്യും: “ഭൂമിയെ പ്രകമ്പനം കൊള്ളിച്ചത് ഇവനല്ലേ? രാജ്യങ്ങളെ കിടുകിടെ വിറപ്പിച്ചതും ഭൂതലത്തെ മരുഭൂമിയാക്കിയതും നഗരങ്ങളെ കീഴ്മേല്‍ മറിച്ചതും തടവുകാരെ വിട്ടയയ്‍ക്കാതിരുന്നതും ഇയാള്‍ തന്നെയല്ലേ? ജനതകളുടെ രാജാക്കന്മാര്‍ അവരുടെ മനോഹരങ്ങളായ ശവകുടീരങ്ങളില്‍ വിശ്രമിക്കുന്നു. നീയാകട്ടെ നിന്‍റെ ശവകുടീരത്തില്‍നിന്നു ചവുട്ടിമെതിക്കപ്പെട്ട മുള എന്നപോലെ പറിച്ചെറിയപ്പെടും. വാളിനാല്‍ വധിക്കപ്പെട്ട് അധോലോകത്തിലെ അഗാധതയിലുള്ള ശിലകള്‍ക്കിടയിലേക്കു താഴ്ത്തപ്പെട്ടവരാല്‍ ആവൃതനായ നീ ചവുട്ടിമെതിക്കപ്പെട്ട മൃതദേഹംപോലെ ആയിരിക്കുന്നു. നിന്‍റെ ദേശത്തെ നശിപ്പിക്കുകയും സ്വജനത്തെ കൊന്നൊടുക്കുകയും ചെയ്തതിനാല്‍ നീ മറ്റുള്ളവരെപ്പോലെ സംസ്കരിക്കപ്പെടുകയില്ല. ദുര്‍വൃത്തരുടെ സന്താനപരമ്പരകളുടെ പേരു നിലനില്‌ക്കാതിരിക്കട്ടെ. അയാളുടെ പുത്രന്മാരെ അവരുടെ പിതാക്കന്മാരുടെ അധര്‍മം നിമിത്തം വധിക്കാനൊരുങ്ങുക. അല്ലെങ്കില്‍ അവര്‍ ഭൂതലം കൈയടക്കി അതിനെ നഗരങ്ങള്‍കൊണ്ടു നിറയ്‍ക്കും. “ഞാന്‍ അവര്‍ക്ക് എതിരെ എഴുന്നേല്‌ക്കും” എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ബാബിലോണില്‍നിന്ന് അതിന്‍റെ നാമത്തെയും അവിടെ അവശേഷിക്കുന്നവരെയും അവരുടെ സന്താനപരമ്പരകളെയും സമൂലം തുടച്ചുനീക്കും. ആരും അവശേഷിക്കുകയില്ല! എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. “ഞാന്‍ അതിനെ മുള്ളന്‍പന്നിയുടെ വാസസ്ഥലവും നീര്‍പ്പൊയ്കകളും ആക്കും. വിനാശത്തിന്‍റെ ചൂലുകൊണ്ട് ഞാനതിനെ അടിച്ചുവാരും” എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ഞാന്‍ തീരുമാനിച്ചതുപോലെ സംഭവിക്കും; ഞാനുദ്ദേശിച്ചതുപോലെ അതു നിറവേറും എന്നിങ്ങനെ സര്‍വശക്തനായ സര്‍വേശ്വരന്‍ ശപഥം ചെയ്തിരിക്കുന്നു. എന്‍റെ ദേശത്തുവച്ച് അസ്സീറിയായെ ഞാന്‍ തകര്‍ക്കും. എന്‍റെ പര്‍വതങ്ങളുടെ മുകളില്‍വച്ച് അവരെ ചവുട്ടിമെതിക്കും. അങ്ങനെ അവരുടെ നുകത്തില്‍നിന്ന് എന്‍റെ ജനത്തെ സ്വതന്ത്രമാക്കും. അവര്‍ ചുമട് തലയില്‍നിന്നു നീക്കുകയും ചെയ്യും. സര്‍വലോകത്തെയും സംബന്ധിച്ചുള്ള എന്‍റെ നിശ്ചയമാണിത്. സര്‍വജനതകളെയും ശിക്ഷിക്കാന്‍ എന്‍റെ കൈ നീട്ടിയിരിക്കുന്നു. സര്‍വശക്തനായ സര്‍വേശ്വരന്‍ തീരുമാനിച്ചിരിക്കുന്നു, ആരാണ് അതിനെ അസാധുവാക്കുക? അവിടുത്തെ കൈ നീട്ടിയിരിക്കുന്നു. ആരാണതിനെ പിന്തിരിപ്പിക്കുക. ആഹാസ് രാജാവ് മരിച്ച ആണ്ടില്‍ ഈ ദര്‍ശനം ഉണ്ടായി. ഫെലിസ്ത്യദേശമേ, നിന്നെ അടിച്ച വടി ഒടിഞ്ഞുപോയതിനാല്‍ നീ ആഹ്ലാദിക്കേണ്ടാ. പാമ്പില്‍നിന്നു വിഷസര്‍പ്പവും അതില്‍നിന്നു പറക്കുന്ന അഗ്നിസര്‍പ്പവും പുറത്തുവരും. അവിടുന്നു തന്‍റെ ജനത്തില്‍ ദരിദ്രരായവരുടെ ആദ്യജാതന്മാരെ പോറ്റിപ്പുലര്‍ത്തും. എളിയവര്‍ സുരക്ഷിതരായി പാര്‍ക്കും. എന്നാല്‍ ഫെലിസ്ത്യദേശമേ, ക്ഷാമംകൊണ്ട് ഞാന്‍ നിന്നെ നിര്‍മൂലമാക്കും. നിന്നില്‍ അവശേഷിക്കുന്നവരെ ഞാന്‍ വധിക്കും. ഗോപുരങ്ങളേ, വിലപിക്കൂ! നഗരങ്ങളേ, നിലവിളിക്കൂ, ഫെലിസ്ത്യരേ, നിങ്ങള്‍ ഭയംകൊണ്ട് ഉരുകുവിന്‍; വടക്കുനിന്ന് ഒരു പുക പടലം വരുന്നു. അണിമുറിയാത്ത ഒരു സൈന്യം! ആ ജനതയുടെ സന്ദേശവാഹകര്‍ക്ക് ലഭിക്കുന്ന മറുപടി എന്താണ്? സര്‍വേശ്വരന്‍ സീയോന്‍റെ അടിത്തറ ഉറപ്പിച്ചിരിക്കുന്നു. ദുരിതമനുഭവിക്കുന്ന ജനം അവിടെ അഭയം കണ്ടെത്തും. മോവാബിനെക്കുറിച്ചുള്ള അരുളപ്പാട്; മോവാബിലെ ‘ആര്‍’ പട്ടണവും ‘കീര്‍’ പട്ടണവും ഒരൊറ്റ രാത്രികൊണ്ടു നശിച്ചു നിര്‍ജനമായിത്തീര്‍ന്നിരിക്കുന്നു. അതിനാല്‍ മോവാബ് ഇല്ലാതായിരിക്കുന്നു. ദീബോനിലെ ജനം ദുഃഖാചരണത്തിനു പൂജാഗിരികളിലേക്കു കയറിപ്പോയിരിക്കുന്നു. നെബോവിനെയും മെദേബായെയുംകുറിച്ചു മോവാബ് വിലപിക്കുന്നു. എല്ലാവരും തല മുണ്ഡനം ചെയ്തു താടി കത്രിച്ചു. അവര്‍ വീഥികളില്‍ ചാക്കുതുണി ധരിച്ചുനടക്കുന്നു. എല്ലാവരും കണ്ണീരും കൈയുമായി മട്ടുപ്പാവുകളിലും പൊതുസ്ഥലങ്ങളിലും കഴിയുന്നു. ഹെശ്ബോനിലെയും എലെയായിലെയും ജനങ്ങള്‍ നിലവിളിക്കുന്നു. അവരുടെ രോദനം യഹസ്‍വരെ എത്തിയിരിക്കുന്നു. സായുധരായ മോവാബ്യര്‍പോലും ഉറക്കെ നിലവിളിക്കുന്നു. മോവാബിന്‍റെ ഹൃദയം നടുങ്ങുന്നു. എന്‍റെ ഹൃദയം മോവാബിനെച്ചൊല്ലി വിലപിക്കുന്നു. അവിടത്തെ ജനം അഭയാര്‍ഥികളായി സോവാരിലേക്കും എഗ്ലത്ത്-സെലീഷ്യായിലേക്കും ഓടിപ്പോകുന്നു. അവര്‍ കരഞ്ഞുകൊണ്ടു ലുഹീത്തു കയറ്റത്തില്‍ കയറുന്നു. ഹൊരാനയീമിലേക്കുള്ള വഴിയില്‍ അവര്‍ വിനാശത്തിന്‍റെ മുറവിളി ഉയര്‍ത്തുന്നു. നിമ്രീമിലെ ജലാശയങ്ങള്‍ വരണ്ടുപോയിരിക്കുന്നു. പുല്ലുണങ്ങി ഇളനാമ്പുകള്‍ പൊടിക്കുന്നില്ല. പച്ചനിറം കാണാനേയില്ല. സര്‍വസമ്പത്തും നിക്ഷേപങ്ങളും എടുത്തുകൊണ്ട് അവര്‍ അലരിച്ചെടികള്‍ വളരുന്ന അരുവിക്കരകള്‍ കടന്നുപോകും. മോവാബിലുടനീളം രോദനശബ്ദം വ്യാപരിച്ചിരിക്കുന്നു. ആ വിലാപശബ്ദം എഗ്ലയീമും ബേര്‍-എലീമുംവരെ എത്തിയിരിക്കുന്നു. ദീബോനിലെ ജലാശയങ്ങള്‍ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു. എങ്കിലും ദീബോന്‍റെമേല്‍ ഇതിലധികം ഞാന്‍ വരുത്തും. മോവാബില്‍നിന്ന് ഓടിപ്പോയവരുടെയും അവിടെ ശേഷിക്കുന്നവരുടെയുംമേല്‍ ഒരു സിംഹത്തെ ഞാന്‍ അയയ്‍ക്കും. മോവാബിലെ ജനങ്ങള്‍ സേലായില്‍നിന്നു യെരൂശലേമിന്‍റെ ദേശാധിപതിക്കു സമ്മാനമായി ആട്ടിന്‍കുട്ടികളെ മരുഭൂമി വഴി സീയോന്‍പുത്രിയുടെ മലയിലേക്കു കൊടുത്തയയ്‍ക്കട്ടെ. മോവാബിലെ ജനം അര്‍ന്നോന്‍നദിയുടെ പടവുകളില്‍ കൂടുവിട്ടലയുന്ന കിളിക്കുഞ്ഞുങ്ങളെപ്പോലെയും ചിറകടിക്കുന്ന പക്ഷികളെപ്പോലെയും ആയിരിക്കും. ഞങ്ങളെ ഉപദേശിക്കുക; ഞങ്ങള്‍ക്ക് നീതി നടത്തിത്തരിക; നട്ടുച്ചയ്‍ക്കു ഞങ്ങള്‍ക്കു രാത്രിപോലെയുള്ള തണലേകുക. മോവാബിലെ ഭൃഷ്ടര്‍ നിങ്ങളുടെകൂടെ വസിക്കട്ടെ. അഭയാര്‍ഥികള്‍ക്കു നിങ്ങള്‍ രക്ഷാസങ്കേതം നല്‌കുക. അവര്‍ക്കു നാശം നേരിടാതെ നിങ്ങള്‍ അഭയം നല്‌കുക. മര്‍ദകന്‍ ഇല്ലാതാകുകയും സംഹാരം അവസാനിക്കുകയും അക്രമികള്‍ ദേശത്തുനിന്ന് അപ്രത്യക്ഷമാകുകയും ചെയ്യുമ്പോള്‍, സുസ്ഥിരമായ സ്നേഹത്തിന്മേല്‍ ഒരു സിംഹാസനം സ്ഥാപിതമാകും. അതില്‍ ദാവീദ്‍വംശജനായ ഒരു രാജാവ് ഇരുന്നു ന്യായംപാലിക്കുകയും ചുറുചുറുക്കോടെ നീതിനടത്തുകയും ചെയ്യും. ഞങ്ങള്‍ മോവാബിന്‍റെ ഗര്‍വത്തെപ്പറ്റി കേട്ടിട്ടുണ്ട്. അവരുടെ അഹങ്കാരത്തെയും ധാര്‍ഷ്ഠ്യത്തെയും ധിക്കാരത്തെയും കുറിച്ചു ഞങ്ങള്‍ക്കറിയാം. അവരുടെ ആത്മപ്രശംസ അര്‍ഥശൂന്യം. അതുകൊണ്ടു മോവാബു വിലപിക്കട്ടെ. എല്ലാവരും മോവാബിനുവേണ്ടി നിലവിളിക്കട്ടെ. കീര്‍ഹരേശേത്തിലെ മുന്തിരിയടകളെക്കുറിച്ചോര്‍ത്ത് അവര്‍ കരയട്ടെ. ഹെശ്ബോനിലെ വയലുകളും ശിബ്മായിലെ മുന്തിരിത്തോട്ടങ്ങളും വാടിക്കരിയുന്നു. യാസേര്‍വരെ നീണ്ടു മരുഭൂമിവരെ വ്യാപിച്ചിരുന്ന അവിടത്തെ മുന്തിരിവള്ളികളുടെ ശാഖകളും തലപ്പുകളും വിജാതീയരാജാക്കന്മാര്‍ ഒടിച്ചുകളഞ്ഞു. അതിന്‍റെ ശാഖകള്‍ കടലിനക്കരെവരെയും എത്തിയിരുന്നു. അതുകൊണ്ട് ഞാന്‍ യാസേറിനോടൊത്ത് ശിബ്മായിലെ മുന്തിരിയെച്ചൊല്ലി കരയും. ഹെശ്ബോനേ, എലയാലേ, നിങ്ങള്‍ എന്‍റെ കണ്ണുനീരില്‍ കുതിരും, നിങ്ങളുടെ കനികള്‍ക്കും വിളവെടുപ്പിനും നേരെ പോര്‍വിളി മുഴങ്ങുന്നു. ഫലസമൃദ്ധമായ തോട്ടത്തില്‍ ആര്‍പ്പുവിളിയും ആഹ്ലാദവും ഇല്ലാതായിരിക്കുന്നു. മുന്തിരിത്തോട്ടത്തില്‍ പാട്ടുകേള്‍ക്കുന്നില്ല. മുന്തിരിച്ചക്കു ചവുട്ടുന്നവര്‍ വീഞ്ഞ് ഉത്പാദിപ്പിക്കുന്നില്ല. മുന്തിരി വിളവെടുപ്പിന്‍റെ ആര്‍പ്പുവിളി കേള്‍ക്കുന്നില്ല. അതുകൊണ്ട്, മോവാബിനെക്കുറിച്ച് എന്‍റെ അന്തരംഗവും കീര്‍ഹശിനെക്കുറിച്ച് എന്‍റെ ഹൃദയവും കിന്നരംപോലെ വിലാപനാദം ഉയര്‍ത്തും. മോവാബ്യര്‍ പാടുപെട്ട് പൂജാഗിരിയില്‍ ചെന്നു പ്രാര്‍ഥിച്ചാലും ഫലം ഉണ്ടാകുകയില്ല. ഇതാകുന്നു മോവാബിനെക്കുറിച്ചു സര്‍വേശ്വരന്‍ പണ്ടുതന്നെ അരുളിച്ചെയ്ത വചനം. എന്നാല്‍ ഇപ്പോള്‍ അവിടുന്ന് അരുളിച്ചെയ്യുന്നു: കൂലിക്കാരന്‍ കണക്കാക്കുന്നതുപോലെ മൂന്നുവര്‍ഷത്തിനകം സംഖ്യാബലമുണ്ടെങ്കിലും മോവാബിന്‍റെ പ്രതാപം നിശ്ചയമായും അസ്തമിക്കും. ദുര്‍ബലരായ ഒരു ചെറിയ കൂട്ടം മാത്രമേ അവശേഷിക്കൂ. ദമാസ്കസിനെക്കുറിച്ചുള്ള ദൈവത്തിന്‍റെ അരുളപ്പാട്: ദമാസ്കസ് ഇനിമേല്‍ ഒരു പട്ടണമായിരിക്കുകയില്ല. അതു ശൂന്യാവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമായിരിക്കും. അതിലെ നഗരങ്ങള്‍ വിജനമായിത്തീരും. അവ ആട്ടിന്‍പറ്റങ്ങളുടെ താവളമാകും. ആരും അവയെ ഭയപ്പെടുത്തുകയില്ല. എഫ്രയീമിന്‍റെ കോട്ട അപ്രത്യക്ഷമാകും. ദമാസ്കസില്‍ രാജവാഴ്ച ഇല്ലാതെയാകും. സിറിയയില്‍ അവശേഷിക്കുന്നവരുടെ മഹത്ത്വം ഇസ്രായേല്‍ജനത്തിന്‍റേതുപോലെയാകും എന്നിങ്ങനെ സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. അന്ന് ഇസ്രായേലിന്‍റെ മഹത്ത്വം ക്ഷയിക്കും. മേദസ്സ് കുറഞ്ഞ് ശരീരം മെലിയും. അതു കൊയ്ത്തുകാലത്ത് കതിര്‍ക്കുലകള്‍ കൊയ്തെടുത്തു കഴിഞ്ഞ വയല്‍പോലെയോ, കാലാ പെറുക്കിക്കഴിഞ്ഞ രെഫായീം താഴ്വരപോലെയോ ആയിരിക്കും. ഒലിവുവൃക്ഷത്തിന്‍റെ വിളവെടുക്കുമ്പോള്‍ തലപ്പത്തുള്ള കൊമ്പില്‍ രണ്ടോ മൂന്നോ കായ് ശേഷിക്കുന്നതുപോലെയോ, മറ്റേതെങ്കിലും ഫലവൃക്ഷത്തിന്‍റെ കൊമ്പുകളില്‍ നാലോ അഞ്ചോ കനികള്‍ ശേഷിക്കുന്നതുപോലെയോ മാത്രം ആളുകള്‍ ഇസ്രായേലില്‍ ശേഷിക്കും എന്ന് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. അന്നു മനുഷ്യര്‍ തങ്ങളുടെ സ്രഷ്ടാവിങ്കലേക്ക് ആദരപൂര്‍വം കണ്ണുയര്‍ത്തും; ഇസ്രായേലിന്‍റെ പരിശുദ്ധനായവങ്കലേക്കു നോക്കും. തങ്ങളുടെ കൈകള്‍കൊണ്ടു നിര്‍മിച്ച ബലിപീഠങ്ങളെ വിലമതിക്കുകയോ, തങ്ങളുടെ കൈവിരലുകള്‍ രൂപം നല്‌കിയ അശേരാ വിഗ്രഹങ്ങളിലും ധൂപപീഠങ്ങളിലും ദൃഷ്‍ടി ഊന്നുകയോ ചെയ്യുകയില്ല. അവരുടെ സുശക്തമായ നഗരങ്ങള്‍ ഇസ്രായേല്യര്‍ നിമിത്തം ഹിവ്യരും അമോര്യരും ഉപേക്ഷിച്ച സ്ഥലങ്ങള്‍പോലെ അന്നു വിജനമായിത്തീരും. കാരണം നിന്നെ രക്ഷിക്കുന്ന ദൈവത്തെ നീ മറന്നു. നിനക്ക് അഭയം നല്‌കുന്ന പാറയെ നീ ഓര്‍ക്കുന്നില്ല. നിങ്ങള്‍ മനോഹരമായ ചെടികള്‍ നട്ടു തോട്ടമുണ്ടാക്കുകയും വിതയ്‍ക്കുന്ന ദിവസംതന്നെ പ്രഭാതത്തില്‍ അവ പൂവണിയുകയും ചെയ്താലും മഹാസങ്കടത്തിന്‍റെയും പൊറുക്കാത്ത വേദനയുടെയും നാളില്‍ ആ വിള നഷ്ടപ്പെടും. ഹാ! ജനപദങ്ങളുടെ ഗര്‍ജനം; അതു കടല്‍ ഇരമ്പുന്നതുപോലെയാണ്. അതാ! അലറുന്ന ജനതകള്‍! പെരുവെള്ളം ഗര്‍ജിക്കുന്നതുപോലെ അവര്‍ ഗര്‍ജിക്കുന്നു. ജലരാശികളുടെ ഇരമ്പല്‍പോലെ ജനതകള്‍ ആരവം മുഴക്കുന്നു. എന്നാല്‍ ദൈവം അവരെ ശാസിക്കും. അവര്‍ മലകളില്‍ കാറ്റില്‍ പറന്നകലുന്ന പതിരുപോലെയും ചുഴലിക്കാറ്റില്‍ അകപ്പെട്ട വയ്‍ക്കോല്‍പോലെയും ഓടി അകലും. സന്ധ്യാവേളയില്‍ കൊടുംഭീതി! എന്നാല്‍ പ്രഭാതമാകുംമുമ്പ് അവര്‍ അപ്രത്യക്ഷരാകുന്നു. ഇതാണു നമ്മെ കൊള്ളയടിക്കുന്നവര്‍ക്കുള്ള ഓഹരി. നമ്മെ കവര്‍ച്ച ചെയ്യുന്നവരുടെ ഗതി. ഹാ! എത്യോപ്യയിലെ നദികള്‍ക്കപ്പുറമുള്ള ദേശം; ചിറകടി ശബ്ദം മുഴങ്ങുന്ന ദേശം. നൈല്‍നദി വഴി ഞാങ്ങണത്തോണികളില്‍ ദൂതന്മാരെ അയയ്‍ക്കുന്ന ദേശം! അവിടത്തെ ജനങ്ങള്‍ ദീര്‍ഘകായരും മൃദുചര്‍മികളുമാണ്. ദൂരെയുള്ളവര്‍പോലും ഭയപ്പെടുന്ന ബലശാലികളും പരാക്രമികളുമായ ജനം നിവസിക്കുന്നതും നദികളാല്‍ വിഭജിക്കപ്പെട്ടിരിക്കുന്നതുമായ ആ ദേശത്തേക്ക്, ശീഘ്രഗാമികളായ ദൂതന്മാരേ, നിങ്ങള്‍ പോകുവിന്‍. ഭൂമിയില്‍ നിവസിക്കുന്ന സമസ്ത ജനങ്ങളേ, പര്‍വതങ്ങളില്‍ കൊടിയുയര്‍ത്തുമ്പോള്‍ നോക്കുവിന്‍; കാഹളം ധ്വനിക്കുമ്പോള്‍ ശ്രദ്ധിക്കുവിന്‍. സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തിരിക്കുന്നു: “സൂര്യപ്രകാശത്തിന്‍റെ ചൂടുകിരണങ്ങള്‍പോലെ, കൊയ്ത്തു കാലത്തെ ചൂടില്‍ തുഷാരമേഘംപോലെ, എന്‍റെ നിവാസത്തില്‍നിന്നു ഞാന്‍ പ്രശാന്തനായി നോക്കും. വിളവെടുപ്പിനു മുമ്പ്, പൂക്കള്‍ പൊഴിഞ്ഞു മുന്തിരി വിളയുന്നതിനു മുമ്പ് അവിടുന്ന് അരിവാള്‍കൊണ്ടു ചില്ലകളും വള്ളികളും മുറിച്ചുകളയും. പടര്‍ന്നു കിടക്കുന്ന ശാഖകള്‍ ചെത്തിക്കളയും. അവ പര്‍വതത്തിലെ കഴുകനും വന്യമൃഗങ്ങള്‍ക്കും ഇരയാകും. വേനല്‍ക്കാലത്ത് കഴുകനും മഞ്ഞുകാലത്ത് വന്യമൃഗങ്ങളും അവകൊണ്ട് ഉപജീവിക്കും. അന്നു നദികളാല്‍ വിഭജിക്കപ്പെട്ടിരിക്കുന്ന ദേശത്തുനിന്ന്, ദീര്‍ഘകായന്മാരും മൃദുചര്‍മികളും ദൂരെയുള്ളവര്‍പോലും ഭയപ്പെടുന്ന ബലശാലികളും പരാക്രമികളുമായ ജനം നിവസിക്കുന്ന ദേശത്തുനിന്നു സീയോന്‍ പര്‍വതത്തിലേക്കു സര്‍വശക്തനായ സര്‍വേശ്വരനു തിരുമുല്‍ക്കാഴ്ചകള്‍ കൊണ്ടുവരും.” ഈജിപ്തിനെക്കുറിച്ചുള്ള അരുളപ്പാട്; അതിശീഘ്രം ഗമിക്കുന്ന മേഘത്തെ വാഹനമാക്കി സര്‍വേശ്വരന്‍ ഈജിപ്തിലേക്കു വരുന്നു. ഈജിപ്തിലെ വിഗ്രഹങ്ങള്‍ അവിടുത്തെ സന്നിധിയില്‍ ഇളകും; ഈജിപ്തുകാരുടെ ഹൃദയം നടുങ്ങും. അവരെ തമ്മില്‍ ഞാന്‍ കലഹിപ്പിക്കും, സഹോദരന്‍ സഹോദരനോടും അയല്‍ക്കാരന്‍ അയല്‍ക്കാരനോടും നഗരം നഗരത്തോടും രാജ്യം രാജ്യത്തോടും പടവെട്ടും. ഈജിപ്തുകാരുടെ മനോവീര്യം ക്ഷയിക്കും. അവരുടെ പദ്ധതികള്‍ ഞാന്‍ താറുമാറാക്കും. അവര്‍ വിഗ്രഹങ്ങളോടും മന്ത്രവാദികളോടും വെളിച്ചപ്പാടുകളോടും പ്രശ്നക്കാരോടും ഉപദേശം ചോദിക്കും. ഈജിപ്തുകാരെ ഞാന്‍ ക്രൂരനായ ഒരു യജമാനന്‍റെ കൈയില്‍ ഏല്പിക്കും. ഉഗ്രനായ ഒരു രാജാവ് അവരെ ഭരിക്കും എന്നിങ്ങനെ സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. നൈല്‍നദിയിലെ വെള്ളം വറ്റും; അതിന്‍റെ അടിത്തട്ട് ഉണങ്ങി വിണ്ടുകീറും. കൈത്തോടുകളില്‍നിന്നു ദുര്‍ഗന്ധം വമിക്കും. പോഷകനദികള്‍ വറ്റി വരളും. പുല്ലും ഞാങ്ങണയും ഉണങ്ങിപ്പോകും. നൈല്‍ നദീതടം ശൂന്യമാകും. അവിടെ വിതച്ചതെല്ലാം ഉണങ്ങിക്കരിയും. കാറ്റ് അവയെ പറത്തിക്കളയും. അവിടെ ഒന്നും അവശേഷിക്കയില്ല. മീന്‍പിടിത്തക്കാര്‍ വിലപിക്കും. നൈല്‍നദിയില്‍ ചൂണ്ടയിടുന്നവര്‍ വിഷാദിക്കും. ചീകിയെടുത്ത ചണംകൊണ്ടു പണിയെടുക്കുന്നവരും പരുത്തികൊണ്ടു ശുഭ്രവസ്ത്രം നെയ്യുന്നവരും നിരാശരാകും. ദേശത്തിലെ നെയ്ത്തുകാര്‍ തകര്‍ന്നുപോകും. കൂലിപ്പണിക്കാര്‍ ദുഃഖിക്കും. സോവാനിലെ രാജാക്കന്മാര്‍ വെറും ഭോഷന്മാര്‍! ഫറവോയുടെ ജ്ഞാനികളായ മന്ത്രിമാര്‍ മൂഢമായ ഉപദേശങ്ങള്‍ നല്‌കുന്നു. “ഞങ്ങള്‍ ജ്ഞാനികളുടെയും പുരാതനരാജാക്കന്മാരുടെയും പിന്‍ഗാമികള്‍ എന്ന് അവര്‍ക്ക് എങ്ങനെ ഫറവോയോടു പറയാന്‍ കഴിയും? ഇപ്പോള്‍ നിന്‍റെ ജ്ഞാനികള്‍ എവിടെ? സര്‍വശക്തനായ സര്‍വേശ്വരന്‍ ഈജിപ്തിനെതിരെ എന്താണു തീരുമാനിച്ചിരിക്കുന്നതെന്ന് അവര്‍ക്കറിയാമെങ്കില്‍ നിനക്കു പറഞ്ഞുതരട്ടെ. സോവാനിലെ രാജാക്കന്മാര്‍ ഭോഷന്മാരായിത്തീര്‍ന്നിരിക്കുന്നു. മെംഫീസിലെ രാജാക്കന്മാര്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. ഈജിപ്തിലെ ഗോത്രങ്ങളുടെ മൂലക്കല്ലുകള്‍ ആയിരിക്കുന്നവര്‍ ഈജിപ്തിനെ വഴിതെറ്റിച്ചു. സര്‍വേശ്വരന്‍ ഈജിപ്തിനു ചിന്താക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നു. മദ്യപന്‍ ഛര്‍ദിയില്‍ കാലിടറി നടക്കുന്നതുപോലെ ഈജിപ്തിനെ അതിന്‍റെ സകല പ്രവൃത്തികളിലും ഇടറുമാറാക്കിയിരിക്കുന്നു. പ്രധാനനോ അപ്രധാനനോ എളിയവനോ നിസ്സാരനോ ഈജിപ്തിനുവേണ്ടി ഒന്നും ചെയ്യാന്‍ ആവുകയില്ല. ഈജിപ്തുകാരെ ശിക്ഷിക്കാനായി സര്‍വേശ്വരന്‍ കൈ നീട്ടുമ്പോള്‍ അവര്‍ സ്‍ത്രീകളെപ്പോലെ ഭയപ്പെട്ടു വിറയ്‍ക്കും. യെഹൂദ്യ ഈജിപ്തുകാര്‍ക്കു കൊടുംഭീതി ഉളവാക്കും. സര്‍വശക്തനായ സര്‍വേശ്വരന്‍ ഈജിപ്തിനെ ശിക്ഷിക്കാന്‍ പോകുന്നതോര്‍ത്ത് യെഹൂദ്യയെപ്പറ്റി കേള്‍ക്കുന്നവരെല്ലാം സംഭീതരാകും. അന്ന് എബ്രായഭാഷ സംസാരിക്കുന്ന അഞ്ചുപട്ടണങ്ങള്‍ ഈജിപ്തിലുണ്ടായിരിക്കും. അവ സര്‍വേശ്വരനോടു ശപഥം ചെയ്തു കൂറു പ്രഖ്യാപിക്കും. അവയില്‍ ഒന്ന് സൂര്യനഗരം എന്നു വിളിക്കപ്പെടും. അന്ന് ഈജിപ്തിന്‍റെ മധ്യഭാഗത്തു സര്‍വേശ്വരന് ഒരു യാഗപീഠവും അതിന്‍റെ അതിര്‍ത്തിയില്‍ അവിടുത്തേക്ക് ഒരു സ്തംഭവും ഉണ്ടായിരിക്കും. ഈജിപ്തുദേശത്ത് അതു സര്‍വശക്തനായ സര്‍വേശ്വരന്‍റെ അടയാളവും സാക്ഷ്യവുമായിരിക്കും. മര്‍ദകന്‍റെ പീഡനംനിമിത്തം അവര്‍ സര്‍വേശ്വരനോടു നിലവിളിക്കുമ്പോള്‍ അവിടുന്ന് ഒരു രക്ഷകനെ അയയ്‍ക്കും. അവിടുന്ന് അവര്‍ക്കുവേണ്ടി പോരാടി അവരെ മോചിപ്പിക്കും. അങ്ങനെ അവിടുന്നു തന്നെത്തന്നെ ഈജിപ്തിനു വെളിപ്പെടുത്തുകയും ഈജിപ്തുകാര്‍ സര്‍വേശ്വരനെ അറിഞ്ഞു ഹോമയാഗവും വഴിപാടും കഴിക്കുകയും നേര്‍ച്ച നേരുകയും അതു നിറവേറ്റുകയും ചെയ്യും. സര്‍വേശ്വരന്‍ ഈജിപ്തിനെ പ്രഹരിക്കും. പിന്നീട് അവരെ സുഖപ്പെടുത്തും. അവര്‍ സര്‍വേശ്വരനിലേക്കു തിരിയുകയും അവിടുന്ന് അവരുടെ പ്രാര്‍ഥന കേട്ട് അവര്‍ക്കു സൗഖ്യം നല്‌കുകയും ചെയ്യും. അക്കാലത്ത് ഈജിപ്തില്‍നിന്ന് അസ്സീറിയയിലേക്ക് ഒരു രാജപാത ഉണ്ടായിരിക്കും. ഈജിപ്തുകാര്‍ അസ്സീറിയയിലേക്കും അസ്സീറിയക്കാര്‍ ഈജിപ്തിലേക്കും പോകും. ഈജിപ്തുകാര്‍ അസ്സീറിയക്കാരോടൊന്നിച്ച് ആരാധന നടത്തും. അന്ന് ഈജിപ്തിനോടും അസ്സീറിയയോടും ഒപ്പം ഇസ്രായേല്‍ ഭൂമിക്കൊരു അനുഗ്രഹം ആയിത്തീരും. സര്‍വശക്തനായ സര്‍വേശ്വരന്‍ അവരെ അനുഗ്രഹിച്ചുകൊണ്ടു പറയും: “എന്‍റെ ജനമായ ഈജിപ്തും ഞാന്‍ സൃഷ്‍ടിച്ച അസ്സീറിയയും എന്‍റെ സ്വന്തജനമായ ഇസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ.” അസ്സീറിയയിലെ രാജാവായ സര്‍ഗോന്‍ അയച്ച സര്‍വസൈന്യാധിപന്‍ അശ്ദോദില്‍ ചെല്ലുകയും യുദ്ധം ചെയ്ത് അതിനെ കീഴടക്കുകയും ചെയ്ത വര്‍ഷം ആമോസിന്‍റെ മകനായ യെശയ്യായോടു സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “നിന്‍റെ അരയില്‍നിന്നു ചാക്കുതുണി അഴിക്കുക. കാലില്‍ നിന്നു ചെരുപ്പൂരുക.” യെശയ്യാ അങ്ങനെ ചെയ്തു. അദ്ദേഹം വസ്ത്രം ധരിക്കാതെയും നഗ്നപാദനായും നടന്നു. അവിടുന്ന് അരുളിച്ചെയ്തു: “ഈജിപ്തിനും എത്യോപ്യക്കും എതിരെയുള്ള അടയാളവും മുന്നറിയിപ്പുമായി എന്‍റെ ദാസനായ യെശയ്യാ നഗ്നനായി ചെരുപ്പിടാതെ മൂന്നു വര്‍ഷം സഞ്ചരിച്ചു. അതുപോലെ അസ്സീറിയാരാജാവ് ഈജിപ്തുകാരെ അടിമകളും എത്യോപ്യക്കാരെ പ്രവാസികളും ആക്കുകയും അവരെ ആബാലവൃദ്ധം നൂല്‍ബന്ധമില്ലാത്തവരും നഗ്നപാദരും പൃഷ്ഠഭാഗം മറയ്‍ക്കാത്തവരുമാക്കി പിടിച്ചുകൊണ്ടുപോയി ഈജിപ്തിനെ ലജ്ജിപ്പിക്കും. അപ്പോള്‍ ഈജിപ്തിനെപ്പറ്റി അഭിമാനം കൊണ്ടവരും എത്യോപ്യയില്‍ പ്രത്യാശ വച്ചിരുന്നവരും അമ്പരന്നു പരിഭ്രമിക്കും. അന്ന് തീരദേശവാസികള്‍ പറയും: “അസ്സീറിയാരാജാവില്‍നിന്നു രക്ഷപെടാന്‍വേണ്ടി നാം അഭയം പ്രാപിച്ചിരുന്നവര്‍ക്ക് ഇതാണല്ലോ ഗതി. പിന്നെ നാം എങ്ങനെ രക്ഷപെടും?” ബാബിലോണിനെക്കുറിച്ചുള്ള അരുളപ്പാട്: നെഗബില്‍ ചുഴലിക്കാറ്റു വീശുന്നതുപോലെ ആ വിനാശം മരുഭൂമിയില്‍ നിന്നു, ഭയങ്കരമായ ദേശത്തുനിന്നു വരുന്നു. ഭീകരമായ ഒരു ദര്‍ശനം എനിക്കുണ്ടായി, കവര്‍ച്ചക്കാരന്‍ കുത്തിക്കവരുന്നു. വിനാശകന്‍ നശിപ്പിക്കുന്നു. ഏലാമേ, ആക്രമിക്കുക. മേദ്യയേ, നിരോധിക്കുക. ബാബിലോണ്‍ വരുത്തിയ കഷ്ടതകള്‍ക്കു ഞാന്‍ അറുതി വരുത്തും. എന്‍റെ അരക്കെട്ടിന് അതികഠിനമായ വേദനയാണ്; ഈറ്റുനോവുപോലെയുള്ള വേദന ബാധിച്ചിരിക്കുന്നു. കേള്‍ക്കാന്‍ കഴിയാത്തവിധം ഞാന്‍ സംഭ്രാന്തനായിരിക്കുന്നു. പരിഭ്രമംകൊണ്ട് എനിക്കു കാണാനും വയ്യ. എന്‍റെ മനസ്സു പതറുന്നു. കൊടുംഭീതി എന്നെ ഞെട്ടിക്കുന്നു. അന്തിവെളിച്ചത്തിന് ഞാന്‍ കാത്തിരുന്നു. അതിപ്പോള്‍ എനിക്കു ഭയം ജനിപ്പിക്കുന്നു. അവര്‍ വിരുന്നൊരുക്കുന്നു. പരവതാനി വിരിക്കുന്നു. അവര്‍ തിന്നുകയും കുടിക്കുകയും ചെയ്യുന്നു. സേനാപതിമാരേ, എഴുന്നേല്‌ക്കുവിന്‍! സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: പരിച എണ്ണയിട്ടു മിനുക്കുവിന്‍. കാണുന്നത് അറിയിക്കാനായി ഒരു കാവല്‌ക്കാരനെ നിര്‍ത്തുക. ജോഡികളായി വരുന്ന അശ്വാരൂഢരെയും കഴുതപ്പുറത്തും ഒട്ടകപ്പുറത്തും സഞ്ചരിക്കുന്നവരെയും കാണുമ്പോള്‍ അവന്‍ ജാഗ്രതയോടെ, വളരെ ജാഗ്രതയോടെ ശ്രദ്ധിക്കട്ടെ. കാവല്‌ക്കാരന്‍ വിളിച്ചുപറഞ്ഞു: സര്‍വേശ്വരാ, ഞാന്‍ പകല്‍ മുഴുവന്‍ നിരീക്ഷണ ഗോപുരത്തില്‍ നില്‌ക്കുന്നു. രാത്രി മുഴുവനും അവിടെത്തന്നെ നിലയുറപ്പിച്ചിരിക്കുന്നു. ഇതാ, കുതിരപ്പട ജോഡികളായി അടുത്തുവരുന്നു. തറപറ്റിയിരിക്കുന്നു! ബാബിലോണ്‍ തറപറ്റിയിരിക്കുന്നു! അവളുടെ ദേവവിഗ്രഹങ്ങളെല്ലാം ചിതറിക്കിടക്കുന്നു. മെതിച്ചുപാറ്റിയെടുത്ത എന്‍റെ ജനമേ, സര്‍വശക്തനായ സര്‍വേശ്വരന്‍ എന്നോടരുളിച്ചെയ്തത് ഞാന്‍ നിങ്ങളെ അറിയിക്കുന്നു. എദോമിനെക്കുറിച്ചുള്ള അരുളപ്പാട്: സെയീരില്‍നിന്ന് ഒരാള്‍ എന്നോടു വിളിച്ചു ചോദിക്കുന്നു: “കാവല്‌ക്കാരാ, രാത്രി എത്രത്തോളം ആയി? കാവല്‌ക്കാരാ, രാത്രി കഴിയാറായോ”? കാവല്‌ക്കാരന്‍ മറുപടി പറഞ്ഞു: “പ്രഭാതം വരുന്നു, രാത്രിയും വരുന്നു. ഇനി എന്തെങ്കിലും അറിയണമെങ്കില്‍ മടങ്ങിവന്നു ചോദിച്ചുകൊള്‍ക.” ദേദാന്യയിലെ സാര്‍ഥവാഹകസംഘമേ, നിങ്ങള്‍ അറേബ്യന്‍ മരുഭൂമിയിലെ കുറ്റിക്കാടുകളില്‍ പാര്‍ക്കുവിന്‍. തേമാനിവാസികളേ, ദാഹിക്കുന്നവര്‍ക്കു ജലം നല്‌കുവിന്‍. അപ്പവുമായിച്ചെന്ന് അഭയാര്‍ഥികളെ എതിരേല്‌ക്കുവിന്‍. അവര്‍ ഊരിയ വാളില്‍നിന്നും കുലച്ച വില്ലില്‍നിന്നും പൊരിഞ്ഞ യുദ്ധത്തില്‍നിന്നും ഓടിപ്പോന്നവരാണല്ലോ. സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “കൂലിക്കാരന്‍ കണക്കാക്കുന്നതുപോലെ ഒരു വര്‍ഷത്തിനുള്ളില്‍ കേദാറിന്‍റെ പ്രതാപം അവസാനിക്കും. കേദാറിന്‍റെ വില്ലാളിവീരന്മാരില്‍ അവശേഷിക്കുന്നവര്‍ ചുരുങ്ങും. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്.” ദര്‍ശനത്താഴ്വരയെക്കുറിച്ചുള്ള അരുളപ്പാട്: “നിങ്ങള്‍ എല്ലാവരും മട്ടുപ്പാവുകളില്‍ കയറത്തക്കവിധം എന്തുണ്ടായി? ആര്‍പ്പുവിളിയും ആഹ്ലാദത്തിമിര്‍പ്പുംകൊണ്ട് ഇളകി മറിയുന്ന നഗരമേ, നിങ്ങളില്‍ കൊല്ലപ്പെട്ടവര്‍ വാളിനിരയായവരല്ല. യുദ്ധത്തില്‍ മരിച്ചവരുമല്ല. നിങ്ങളുടെ ഭരണാധിപന്മാരെല്ലാം ഒരുമിച്ച് പലായനം ചെയ്തു. അമ്പും വില്ലും കൂടാതെതന്നെ അവര്‍ പിടിക്കപ്പെട്ടു. അവര്‍ വിദൂരത്തേക്ക് ഓടിപ്പോയെങ്കിലും കണ്ണില്‍ പെട്ടവരെല്ലാം പിടിക്കപ്പെട്ടു. അതുകൊണ്ട് എന്നില്‍നിന്നു കണ്ണു തിരിക്കുക. ഞാന്‍ വിങ്ങിവിങ്ങി കരയട്ടെ. എന്‍റെ ജനത്തിന്‍റെ നാശത്തെച്ചൊല്ലി എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കേണ്ടാ. ദര്‍ശനത്താഴ്വരയില്‍ പരിഭ്രാന്തിയുടെയും പരാജയത്തിന്‍റെയും അമ്പരപ്പിന്‍റെയും ഒരു ദിവസം. ഇതു സര്‍വശക്തനായ സര്‍വേശ്വരന്‍റെ ദിവസം. കോട്ടകള്‍ തകര്‍ക്കപ്പെടുന്നു. പര്‍വതങ്ങളില്‍ അവരുടെ നിലവിളി ഉയരുന്നു. രഥങ്ങളും കുതിരപ്പടയുമുള്ള ഏലാം ആവനാഴി അണിഞ്ഞു. കീര്‍ദേശം പരിച പുറത്തെടുത്തു. നിന്‍റെ മനോഹരമായ താഴ്വരകളില്‍ രഥങ്ങള്‍ നിറയും. വാതില്‌ക്കല്‍ കുതിരപ്പട അണിനിരക്കും. യെഹൂദായുടെ രക്ഷാകവചം മാറ്റപ്പെട്ടു. വനമധ്യത്തിലുള്ള ആയുധപ്പുരയിലേക്ക് അന്നു നിങ്ങള്‍ നോക്കി. ദാവീദിന്‍റെ കോട്ടയില്‍ നിരവധി വിള്ളലുകള്‍ നിങ്ങള്‍ കണ്ടു. താഴത്തെ കുളത്തിലെ വെള്ളം നിങ്ങള്‍ കെട്ടിനിര്‍ത്തി. നിങ്ങള്‍ യെരൂശലേമിലെ വീടുകള്‍ എണ്ണി. മതിലുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ അവയില്‍ ചിലതു പൊളിച്ചു. പഴയ കുളത്തിലെ ജലം സംഭരിക്കാന്‍ രണ്ടു മതിലുകള്‍ക്കിടയില്‍ ഒരു ജലസംഭരണി നിര്‍മിച്ചു. എന്നാല്‍ ഇതു നിര്‍മിച്ചവന്‍റെ അടുക്കലേക്കു നിങ്ങള്‍ തിരിയുകയോ, പണ്ടുതന്നെ ഇത് ആസൂത്രണം ചെയ്തവനെ നിങ്ങള്‍ ഓര്‍ക്കുകയോ ചെയ്തില്ല. അന്നു തല മുണ്ഡനം ചെയ്തു ചാക്കുതുണി ഉടുത്തു കരയാനും വിലപിക്കാനും സര്‍വശക്തനായ സര്‍വേശ്വരന്‍ നിങ്ങളെ വിളിച്ചു. എന്നാല്‍ നിങ്ങള്‍ ഇതാ, സന്തോഷിച്ചുല്ലസിക്കുന്നു, കാളയെ അറുക്കുന്നു, ആടിനെ വെട്ടുന്നു, മാംസം ഭക്ഷിക്കുന്നു. വീഞ്ഞു കുടിക്കുന്നു! “നമുക്കു തിന്നു കുടിച്ചുല്ലസിക്കാം, നാളെ മരിക്കുമല്ലോ” എന്നു നിങ്ങള്‍ പറയുന്നു. സര്‍വശക്തനായ സര്‍വേശ്വരന്‍ എന്‍റെ ചെവിയില്‍ പറഞ്ഞു: “ഈ അധര്‍മം നിങ്ങള്‍ മരിക്കുന്നതുവരെ ക്ഷമിക്കപ്പെടുകയില്ല.” സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: നീ ചെന്നു കൊട്ടാരം വിചാരിപ്പുകാരനായ ശെബ്നയോടു പറയുക: “നിനക്കിവിടെ എന്തു കാര്യം? ഇവിടെ ആരാണ് നിനക്കുള്ളത്? ഉയര്‍ന്ന സ്ഥലത്തു കല്ലറ നിര്‍മിക്കുകയും പാറ തുരന്നു പാര്‍പ്പിടമുണ്ടാക്കുകയും ചെയ്യാന്‍ നിനക്കെന്തവകാശം? കരുത്തനായ മനുഷ്യാ, സര്‍വേശ്വരന്‍ നിന്നെ ചുഴറ്റി എറിഞ്ഞുകളയും. വിശാലമായ ദേശത്തേക്ക് പന്തുപോലെ നിന്നെ ചുഴറ്റിയെറിയും. യജമാനന്‍റെ ഗൃഹത്തിന് അപമാനമായ നീ അവിടെക്കിടന്നു മരിക്കും. നിന്‍റെ പകിട്ടേറിയ രഥങ്ങള്‍ അവിടെ കിടക്കും. നിന്‍റെ പദവിയില്‍നിന്നു ഞാന്‍ നിന്നെ നീക്കും. നിന്‍റെ സ്ഥാനത്തുനിന്നു നിന്നെ വലിച്ചു താഴെയിടും. അന്നു ഞാന്‍ ഹില്‌ക്കീയായുടെ പുത്രനും എന്‍റെ ദാസനുമായ എല്യാക്കീമിനെ വിളിക്കും. നിന്‍റെ അങ്കിയും അരക്കച്ചയും ഞാനവനെ ധരിപ്പിക്കും, നിന്‍റെ അധികാരം അവനെ ഏല്പിക്കും. യെരൂശലേംനിവാസികള്‍ക്കും യെഹൂദാഗൃഹത്തിനും അവന്‍ പിതാവായിരിക്കും. ദാവീദിന്‍റെ ഗൃഹത്തിന്‍റെ താക്കോല്‍ ഞാന്‍ അവന്‍റെ ചുമലില്‍ വയ്‍ക്കും. അവന്‍ തുറക്കുന്നത് ആരെങ്കിലും അടയ്‍ക്കുകയോ, അടയ്‍ക്കുന്നതു തുറക്കുകയോ ഇല്ല. ഉറപ്പുള്ള സ്ഥലത്ത് ഒരു കുറ്റി എന്നപോലെ ഞാനവനെ ഉറപ്പിക്കും. അവന്‍ തന്‍റെ പിതൃഭവനത്തിനു മഹത്തായ സിംഹാസനം ആയിരിക്കും. തന്‍റെ പിതൃഭവനത്തിലെ ബന്ധുക്കളും ആശ്രിതരും അവനു ഭാരമായിരിക്കും; കോപ്പകള്‍മുതല്‍ ഭരണികള്‍വരെ കുറ്റിയില്‍ തൂക്കിയിടുന്നതുപോലെ അവന്‍ അവനില്‍ തൂങ്ങിനില്‌ക്കും. “അന്ന് ഉറച്ചസ്ഥലത്ത് ഉറപ്പിച്ചിരുന്ന കുറ്റി ഇളകിവീഴും. അതില്‍ തൂക്കിയിട്ടിരുന്ന ഭാരവും അറ്റുവീഴും” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. സോരിനെക്കുറിച്ചുള്ള അരുളപ്പാട്: തര്‍ശ്ശീശു കപ്പലുകളേ, വിലപിക്കുവിന്‍! തുറമുഖങ്ങളും ഭവനങ്ങളും ശേഷിക്കാതെ ‘സോര്’ ശൂന്യമാക്കപ്പെട്ടിരിക്കുന്നു. സൈപ്രസില്‍നിന്ന് ഈ വാര്‍ത്ത അവര്‍ക്കു ലഭിച്ചിരിക്കുന്നു. തീരദേശവാസികളേ, സീദോനിലെ കച്ചവടക്കാരേ, നിങ്ങള്‍ മിണ്ടാതിരിക്കുവിന്‍. നിങ്ങളുടെ വ്യാപാരികള്‍ കടല്‍താണ്ടി അനേകം രാജ്യങ്ങളുമായി കച്ചവടം നടത്തി. അവര്‍ സീഹോരിലെ ധാന്യങ്ങളും നൈല്‍തടത്തിലെ വിളവുകളും വാങ്ങുകയും വില്‍ക്കുകയും ചെയ്ത് ആദായമുണ്ടാക്കി. സീദോനേ, നീ ലജ്ജിക്കുക! കടലും സമുദ്രദുര്‍ഗവും നിന്നോടു പറയുന്നു: “എനിക്ക് ഈറ്റുനോവുണ്ടാകുകയോ ഞാന്‍ പ്രസവിക്കുകയോ ചെയ്തിട്ടില്ല. ഞാന്‍ യുവാക്കളെയോ കന്യകമാരെയോ പുലര്‍ത്തിയിട്ടില്ല.” സോരിനെക്കുറിച്ചുള്ള ഈ വാര്‍ത്ത ലഭിക്കുമ്പോള്‍ ഈജിപ്തുകാര്‍ കൊടിയ വ്യസനത്തിലാകും. തീരദേശവാസികളേ, തര്‍ശ്ശീശില്‍ ചെന്നു വിലപിക്കുവിന്‍. ഇതാണോ മതിമറന്നാഹ്ലാദിച്ചിരുന്ന നിങ്ങളുടെ പുരാതന നഗരം? ഇതാണോ വിദൂരദേശങ്ങളില്‍ താവളമുറപ്പിക്കാന്‍ ആളുകളെ അയച്ച നഗരം? രാജാക്കന്മാരെ വാഴിച്ചിരുന്നതും പ്രഭുക്കന്മാരായ വര്‍ത്തകര്‍ ഉണ്ടായിരുന്നതും ലോകമെങ്ങും ബഹുമാനിതരായ വര്‍ത്തകരോടുകൂടിയതുമായ സോര്‍ നഗരത്തിന് ആരാണീ അനര്‍ഥം വരുത്തിവച്ചത്? സര്‍വപ്രതാപത്തിന്‍റെയും ഗര്‍വം അടക്കാനും ഭൂമിയില്‍ ബഹുമാനിതരായ സകലരുടെയും മാനം കെടുത്താനും സര്‍വശക്തനായ സര്‍വേശ്വരന്‍ നിശ്ചയിച്ചിരിക്കുന്നു. തര്‍ശ്ശീശ് ജനതയേ, നിങ്ങള്‍ക്കിനി നിയന്ത്രണം ഇല്ലായ്കയാല്‍ നൈല്‍നദിപോലെ സ്വന്തം ദേശത്തെ കവിഞ്ഞൊഴുകുക. സര്‍വേശ്വരന്‍ സമുദ്രത്തിന്‍റെ നേരെ കൈ നീട്ടി; അവിടുന്നു രാജ്യങ്ങളെ വിറപ്പിച്ചു കനാനിലെ ശക്തിദുര്‍ഗങ്ങളെ നശിപ്പിക്കാന്‍ അവിടുന്നു കല്പിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “മര്‍ദിതയും കന്യകയുമായ സീദോന്‍പുത്രീ, നിനക്കിനി ആഹ്ലാദം ഉണ്ടാകയില്ല. സൈപ്രസിലേക്കു പോയി നോക്കുക; അവിടെയും നിനക്ക് സ്വസ്ഥത ഉണ്ടായിരിക്കുകയില്ല. അസ്സീറിയാ അല്ല, ബാബിലോണാണ് സോരിനെ വന്യമൃഗങ്ങള്‍ക്കിരയാക്കിയത്. അവര്‍ ഉപരോധഗോപുരങ്ങള്‍ ഉയര്‍ത്തി, കൊട്ടാരങ്ങള്‍ ഇടിച്ചു നിരത്തി. അങ്ങനെ അവളെ ശൂന്യയാക്കി. തര്‍ശ്ശീശ് കപ്പലുകളേ, വിലപിക്കുവിന്‍! നിങ്ങളുടെ ശക്തിദുര്‍ഗം തകര്‍ക്കപ്പെട്ടിരിക്കുന്നു. ഒരു രാജാവിന്‍റെ ജീവിതകാലമായ എഴുപതു വര്‍ഷത്തേക്ക് സോര്‍ വിസ്തരിക്കപ്പെടും. എഴുപതു വര്‍ഷം കഴിയുമ്പോള്‍ വേശ്യാഗാനത്തില്‍ പറയുന്നതുപോലെ സോരിനു സംഭവിക്കും.” “വിസ്മൃതയായ വേശ്യാസ്‍ത്രീയേ, നീ വീണമീട്ടി നഗരം ചുറ്റുക. മധുരഗാനം പാടുക. നിന്‍റെ സ്മരണ ഉണരട്ടെ.” എഴുപതു വര്‍ഷം സര്‍വേശ്വരന്‍ സോരിനെ സന്ദര്‍ശിക്കും. അവള്‍ പഴയ തൊഴില്‍ വീണ്ടും ചെയ്യും. ഭൂമുഖത്തുള്ള എല്ലാ രാജ്യങ്ങളുമായും അവള്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടും. എങ്കിലും സ്വന്തം സമ്പാദ്യങ്ങള്‍ മുഴുവന്‍ അവള്‍ സര്‍വേശ്വരനു സമര്‍പ്പിക്കും. അതു കൂട്ടിവയ്‍ക്കുകയോ പൂഴ്ത്തിവയ്‍ക്കുകയോ ഇല്ല. അവിടുത്തെ സന്നിധിയില്‍ വസിക്കുന്നവര്‍ക്ക് സമൃദ്ധമായ ആഹാരത്തിനും മോടിയുള്ള വസ്ത്രത്തിനും അത് ഉപകരിക്കും. സര്‍വേശ്വരന്‍ ഭൂമിയെ ശൂന്യവും വിജനവും ആക്കിത്തീര്‍ക്കും. ഭൂമുഖത്തെ കീഴ്മേല്‍ മറിച്ച് അതിലെ നിവാസികളെ ചിതറിക്കും. ജനത്തിനും പുരോഹിതനും ദാസനും യജമാനനും ദാസിക്കും യജമാനത്തിക്കും വാങ്ങുന്നവനും വില്‍ക്കുന്നവനും വായ്പ വാങ്ങുന്നവനും കൊടുക്കുന്നവനും പലിശയ്‍ക്കു പണം വാങ്ങുന്നവനും കൊടുക്കുന്നവനും ഒരേ അനുഭവം ഉണ്ടാകും. ഭൂമി നിശ്ശേഷം ശൂന്യമാകും; പൂര്‍ണമായി കൊള്ളയടിക്കപ്പെടും. ഇതു സര്‍വേശ്വരന്‍റെ വചനം. ഭൂമി വിലപിക്കും. അത് ഉണങ്ങിക്കരിയും. ലോകം തളരും, അത് ഉണങ്ങി വരളും. ലോകത്തിലെ ഉന്നതന്മാര്‍ തളര്‍ന്നുപോകും. ഭൂവാസികള്‍ നിമിത്തം ഭൂമി മലിനയായിത്തീര്‍ന്നിരിക്കുന്നു. അവര്‍ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുകയും ശാശ്വതമായ ഉടമ്പടി തകര്‍ക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടു ഭൂമി ശാപഗ്രസ്തമായിരിക്കുന്നു. ഭൂവാസികള്‍ തങ്ങളുടെ അപരാധം നിമിത്തം ദുരിതം അനുഭവിക്കുന്നു. അവര്‍ വെന്തു കരിയുന്നു. ചുരുക്കം ചിലര്‍ അവശേഷിക്കുന്നു. മുന്തിരിവള്ളി വാടുന്നു. പുതുവീഞ്ഞ് ദുര്‍ലഭമായിത്തീരുന്നു. ആഹ്ലാദചിത്തര്‍ നെടുവീര്‍പ്പിടുന്നു. തപ്പുകളുടെ താളമേളവും ആര്‍പ്പുവിളിയുടെ ഘോഷവും കിന്നരത്തിന്‍റെ ആഹ്ലാദസ്വരവും നിലച്ചു. അവര്‍ പാടിക്കൊണ്ട് ഇനി വീഞ്ഞു കുടിക്കുകയില്ല. മദ്യം അവര്‍ക്കു കയ്പായിത്തീരും. താറുമാറായ നഗരം വീണടിഞ്ഞിരിക്കുന്നു. ആര്‍ക്കും പ്രവേശിച്ചുകൂടാത്തവിധം വീടുകളെല്ലാം അടയ്‍ക്കപ്പെട്ടിരിക്കുന്നു. വീഞ്ഞില്ലാത്തതിനാല്‍ വീഥികളില്‍ നിലവിളി ഉയരുന്നു. സന്തോഷം അസ്തമിച്ചിരിക്കുന്നു. ഭൂമിയില്‍ ആഹ്ലാദം അപ്രത്യക്ഷമായിരിക്കുന്നു. നഗരവാതിലുകള്‍ തല്ലിത്തകര്‍ക്കപ്പെട്ടിരിക്കുന്നു. നഗരത്തില്‍ ശൂന്യത അവശേഷിച്ചിരിക്കുന്നു. ഒലിവു തല്ലുന്നതുപോലെയും മുന്തിരി വിള എടുത്തശേഷം കാലാപെറുക്കുന്നതുപോലെയും ആയിരിക്കും ഭൂമിയില്‍ ജനതകളുടെ ഇടയില്‍ ഇതു സംഭവിക്കുക. അവര്‍ ആഹ്ലാദത്തോടെ പാടും. പടിഞ്ഞാറുനിന്ന് അവര്‍ ആര്‍ത്തുഘോഷിച്ച് സര്‍വേശ്വരന്‍റെ മഹത്ത്വത്തെ പ്രകീര്‍ത്തിക്കും. അതിനാല്‍ കിഴക്കുള്ളവര്‍ സര്‍വേശ്വരനെ വാഴ്ത്തിപ്പുകഴ്ത്തട്ടെ. തീരദേശവാസികള്‍ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ മഹത്ത്വത്തെ പ്രകീര്‍ത്തിക്കട്ടെ. നീതിമാനായ ദൈവത്തെ പ്രകീര്‍ത്തിക്കുന്ന ഗാനം ഭൂമിയുടെ അറുതിയില്‍നിന്നു നാം കേള്‍ക്കുന്നു. എന്നാല്‍ ഞാന്‍ പറയുന്നു: ഞാന്‍ ക്ഷയിച്ചുപോകുന്നു. ക്ഷയിച്ചു പോകുന്നു. ഹാ! എനിക്കു ദുരിതം! വഞ്ചകര്‍ വഞ്ചിക്കുന്നു. അവര്‍ കൊടിയ വഞ്ചന കാട്ടുന്നു. ഭൂവാസികളേ, ഭീകരതയും ചതിക്കുന്ന ഗര്‍ത്തവും കെണിയും നിങ്ങളെ കാത്തിരിക്കുന്നു. ഭീകരശബ്ദം കേട്ട് ഓടുന്നവര്‍ കുഴിയില്‍ വീഴും. കുഴിയില്‍നിന്നും കയറുന്നവര്‍ കെണിയില്‍ പെടും. ആകാശജാലകങ്ങള്‍ തുറന്നിരിക്കുന്നു. ഭൂമിയുടെ അടിസ്ഥാനങ്ങള്‍ കുലുങ്ങുന്നു. ഭൂമി തീര്‍ത്തും തകര്‍ന്നുകഴിഞ്ഞു. അതു വിണ്ടുകീറിയിരിക്കുന്നു. അതു പ്രകമ്പനം കൊള്ളുന്നു. ഭൂമി ഉന്മത്തനെപ്പോലെ ചാഞ്ചാടുന്നു. കാറ്റില്‍ കാവല്‍മാടം എന്നപോലെ ആടി ഉലയുന്നു. അതിന്‍റെ അകൃത്യഭാരം അത്യധികമാകയാല്‍ അതു വീഴുന്നു. ഇനി എഴുന്നേല്‌ക്കുകയില്ല. അന്നു സര്‍വേശ്വരന്‍ ആകാശശക്തികളെ ആകാശത്തു വച്ചും, ഭൂപതികളെ ഭൂമിയില്‍വച്ചും ശിക്ഷിക്കും. ഇരുട്ടറയില്‍ തടവുകാരെ എന്നപോലെ അവരെ ഒരുമിച്ച് ഒരു കുഴിയില്‍ ഇടും. അനേകനാളുകള്‍ക്കു ശേഷം അവരെ ശിക്ഷിക്കും. അന്ന് ചന്ദ്രന്‍ മുഖം മറയ്‍ക്കും. സൂര്യന്‍ നാണിക്കും. സര്‍വശക്തനായ സര്‍വേശ്വരന്‍ സീയോന്‍പര്‍വതത്തിലും യെരൂശലേമിലും വാണരുളുമല്ലോ. അവിടുന്നു ശ്രേഷ്ഠപുരുഷന്മാരുടെ മുമ്പില്‍ തന്‍റെ മഹത്ത്വം വെളിപ്പെടുത്തും. സര്‍വേശ്വരാ, അവിടുന്നാണ് എന്‍റെ ദൈവം. അങ്ങയെ ഞാന്‍ പുകഴ്ത്തും. അവിടുത്തെ നാമം ഞാന്‍ പ്രകീര്‍ത്തിക്കും. അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു. പണ്ടേ ആവിഷ്കരിച്ച പദ്ധതികള്‍ അവിടുന്നു വിശ്വസ്തതയോടും സത്യത്തോടും നിറവേറ്റി. അവിടുന്നു നഗരം കല്‌ക്കൂമ്പാരമാക്കി. സുരക്ഷിതനഗരം ശൂന്യമാക്കി. വിദേശികളുടെ കൊട്ടാരങ്ങള്‍ എന്നേക്കുമായി തകര്‍ന്നു. അതിനു പുനര്‍നിര്‍മാണം ഉണ്ടാകയില്ല. അതിനാല്‍ കരുത്തുള്ള ജനത അങ്ങയുടെ മഹത്ത്വം പ്രകീര്‍ത്തിക്കും. നിര്‍ദയരായ ജനതകളുടെ നഗരങ്ങള്‍ അങ്ങയെ ഭയപ്പെടും. അവിടുന്നു ദരിദ്രരുടെ രക്ഷാസങ്കേതവും ആശ്രയമറ്റവര്‍ക്കു കഷ്ടതകളില്‍ അഭയസ്ഥാനവുമാണ്. കൊടുങ്കാറ്റില്‍ അഭയവും കൊടുംവെയിലില്‍ തണലും. ക്രൂരജനതയുടെ ആക്രമണം മതിലിനെതിരെ വീശുന്ന കൊടുങ്കാറ്റുപോലെയാണ്. വരണ്ട ഭൂമിയിലെ ഉഷ്ണം എന്നപോലെ, അവിടുന്നു വിദേശികളുടെ ആരവം അടക്കുന്നു. മേഘത്തിന്‍റെ മറവില്‍ വെയില്‍ എന്നപോലെ, ക്രൂരന്മാരുടെ ഗാനം നിലയ്‍ക്കുന്നു. സര്‍വശക്തനായ സര്‍വേശ്വരന്‍ ഈ പര്‍വതത്തില്‍ സര്‍വജനതകള്‍ക്കുംവേണ്ടി ഒരു വിരുന്ന് ഒരുക്കും. മേല്‍ത്തരം വീഞ്ഞും കൊഴുപ്പേറിയ സ്വാദിഷ്ഠഭോജ്യങ്ങളും വിളമ്പുന്ന വിരുന്ന്. സര്‍വജനതകളെയും മൂടിയിരിക്കുന്ന വിലാപത്തിന്‍റെ ആവരണവും സകല ജനതകളുടെയും മേലുള്ള ദുഃഖത്തിന്‍റെ വിരിയും ഈ പര്‍വതത്തില്‍ വച്ചു സര്‍വേശ്വരന്‍ നശിപ്പിക്കും. അവിടുന്നു മരണത്തെ എന്നേക്കുമായി ഇല്ലാതാക്കും. എല്ലാവരുടെയും കണ്ണീര്‍ തുടച്ചുകളയും. തന്‍റെ ജനത്തിന്‍റെ അപമാനം നീക്കുകയും ചെയ്യും. സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു. അന്ന് എല്ലാവരും ഇങ്ങനെ പറയും: “ഇതാ, നമ്മുടെ ദൈവം! അവിടുത്തെയാണു നാം കാത്തിരുന്നത്. അവിടുന്ന് നമ്മെ രക്ഷിക്കും. അവിടുന്നുതന്നെ നമ്മുടെ സര്‍വേശ്വരന്‍. അവിടുത്തേക്കു വേണ്ടിയാണു നാം കാത്തിരുന്നത്. അവിടുത്തെ രക്ഷയില്‍ നമുക്ക് ആനന്ദിച്ചുല്ലസിക്കാം.” സര്‍വേശ്വരന്‍റെ കരം ഈ പര്‍വതത്തില്‍ വിശ്രമിക്കും. ചാണകക്കുഴിയിലെ വയ്‍ക്കോല്‍ പോലെ മോവാബ് ചവുട്ടിമെതിക്കപ്പെടും. നീന്തല്‍ക്കാരന്‍ നീന്താന്‍ കൈനീട്ടുന്നതുപോലെ മോവാബ് നീന്താന്‍ കൈ നീട്ടും. എന്നാല്‍ സര്‍വേശ്വരന്‍ അവരുടെ അഹങ്കാരവും കരവിരുതും നശിപ്പിക്കും. അവരുടെ ഉയര്‍ന്ന കോട്ടകളെ അവിടുന്ന് ഇടിച്ചു തവിടുപൊടിയാക്കും. അന്ന് യെഹൂദാദേശത്ത് ഈ ഗാനം ആലപിക്കപ്പെടും. നമുക്ക് ഉറപ്പുള്ള ഒരു നഗരം ഉണ്ട്. നമ്മെ രക്ഷിക്കാന്‍ കോട്ടകളും കൊത്തളങ്ങളും നിര്‍മിച്ചിട്ടുണ്ട്. നഗരവാതില്‍ തുറക്കുവിന്‍, വിശ്വസ്തത പാലിക്കുന്ന നീതിമാന്മാര്‍ പ്രവേശിക്കട്ടെ. അങ്ങയില്‍ മനസ്സ് ഉറപ്പിച്ചവനെ, പൂര്‍ണസമാധാനം നല്‌കി അങ്ങ് കാക്കും. അവന്‍ അങ്ങയില്‍ ആശ്രയിച്ചിരിക്കുന്നുവല്ലോ. സര്‍വേശ്വരനായ ദൈവം ശാശ്വതമായ അഭയമാകയാല്‍ സര്‍വേശ്വരനില്‍ എന്നും ആശ്രയിക്കുവിന്‍. അവിടുന്ന് ഉന്നതനഗരിയില്‍ നിവസിക്കുന്ന ഗര്‍വിഷ്ഠരെ നിലംപരിചാക്കി, പൊടിയില്‍ തള്ളിയിരിക്കുന്നു. ദരിദ്രരുടെയും എളിയവരുടെയും കാല്‍ക്കീഴില്‍ അവരുടെ നഗരം ചവുട്ടിമെതിക്കപ്പെടുന്നു. നീതിമാന്മാരുടെ വഴി നിരപ്പുള്ളതാണ്. അവിടുന്ന് അതു സുഗമമാക്കുന്നു. സര്‍വേശ്വരാ, അവിടുത്തെ നിയമം അനുസരിച്ചു ജീവിക്കുന്ന ഞങ്ങള്‍ അങ്ങയെ കാത്തിരിക്കുന്നു. അങ്ങും അങ്ങയെക്കുറിച്ചുള്ള സ്മരണയുമാണ് ഞങ്ങളുടെ ഹൃദയത്തിന്‍റെ വാഞ്ഛ. രാത്രിയില്‍ എന്‍റെ ഹൃദയം അങ്ങേക്കുവേണ്ടി ദാഹിക്കുന്നു. എന്‍റെ അന്തരാത്മാവ് ആകാംക്ഷയോടെ അങ്ങയെ തേടുന്നു. അവിടുത്തെ ന്യായവിധികള്‍ ഭൂമിയില്‍ നടപ്പാക്കുന്നതിനാല്‍ ഭൂവാസികള്‍ നീതി പഠിക്കുന്നു. ദുഷ്ടനോടു കരുണ കാട്ടിയാലും അവന്‍ നീതി പഠിക്കുകയില്ല. നീതിമാന്മാരുടെ ദേശത്തും അവന്‍ വക്രത കാട്ടും; സര്‍വേശ്വരന്‍റെ മഹത്ത്വം കാണുകയുമില്ല. സര്‍വേശ്വരാ, അവിടുന്നു കരങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നെങ്കിലും ദുഷ്ടന്മാര്‍ അതു കാണുന്നില്ല. സ്വന്തം ജനത്തോട് അവിടുത്തേക്കുള്ള സ്നേഹാധിക്യം കണ്ട് അവര്‍ ലജ്ജിക്കട്ടെ. ശത്രുക്കള്‍ക്കുവേണ്ടി അവിടുന്ന് ഒരുക്കിയിരിക്കുന്ന അഗ്നി അവരെ ദഹിപ്പിക്കട്ടെ. സര്‍വേശ്വരാ, അവിടുന്നു ഞങ്ങള്‍ക്കു സമാധാനം കല്പിച്ചരുളുന്നു. ഞങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെല്ലാം ഞങ്ങള്‍ക്കുവേണ്ടി അവിടുന്നു നിര്‍വഹിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, മറ്റു പലരും ഞങ്ങളെ ഭരിച്ചിട്ടുണ്ട്. എങ്കിലും അവിടുന്നു മാത്രമാണ് ഞങ്ങളുടെ സര്‍വേശ്വരന്‍. അവര്‍ മരിച്ചു; ഇനി ജീവിക്കുകയില്ല. അവര്‍ നിഴലുകളാണ്; ഇനി എഴുന്നേല്‌ക്കുകയില്ല. അത്രത്തോളം അവിടുന്ന് അവരെ ശിക്ഷിച്ച് നശിപ്പിച്ചിരിക്കുന്നു. അവരുടെ ഓര്‍മപോലും അവിടുന്നു തുടച്ചുനീക്കിയിരിക്കുന്നു. അവിടുന്ന് ഈ ജനതയെ വര്‍ധിപ്പിച്ചു. ദേശത്തിന്‍റെ അതിര്‍ത്തികള്‍ എല്ലാം വിപുലമാക്കി. അങ്ങനെ അവിടുത്തെ നാമം മഹത്ത്വപ്പെട്ടിരിക്കുന്നു. സര്‍വേശ്വരാ, കഷ്ടതയില്‍ അവര്‍ അങ്ങയെ അന്വേഷിച്ചു. അവിടുത്തെ ശിക്ഷ അവരുടെമേല്‍ പതിച്ചപ്പോള്‍ അവര്‍ പ്രാര്‍ഥിച്ചു. പ്രസവം അടുക്കുമ്പോള്‍ വേദനകൊണ്ടു പുളഞ്ഞുകരയുന്ന ഗര്‍ഭിണിയെപ്പോലെ ഞങ്ങള്‍ അവിടുത്തെ സന്നിധിയില്‍ കരഞ്ഞു. ഞങ്ങള്‍ ഗര്‍ഭംധരിച്ച് നൊന്തുപ്രസവിച്ചു. എന്നാല്‍ കാറ്റിനെ പ്രസവിച്ചതുപോലെ ആയിരുന്നു അത്. ദേശത്തെ നയിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല. ഭൂമിയില്‍ വസിക്കാന്‍ ആരും പിറന്നില്ല. എന്നാല്‍ അങ്ങയുടെ മൃതന്മാര്‍ ജീവിക്കും. അവരുടെ ശരീരം ഉയിര്‍ത്തെഴുന്നേല്‌ക്കും. പൊടിയില്‍ കിടക്കുന്നവരേ, എഴുന്നേറ്റ് ആനന്ദഗീതം ആലപിക്കുവിന്‍. അവിടുത്തെ മഞ്ഞുതുള്ളി പ്രകാശം ചൊരിയുന്നതാകുന്നു. മൃതന്മാര്‍ നിഴലുകളായി കഴിയുന്ന ദേശത്ത് അതു വീഴുവാനിടയാകും. എന്‍റെ ജനമേ, വരുവിന്‍. നിങ്ങളുടെ മുറിയില്‍ പ്രവേശിച്ച് വാതില്‍ അടയ്‍ക്കുവിന്‍. ദൈവത്തിന്‍റെ കോപം അടങ്ങുന്നതുവരെ നിങ്ങള്‍ മറഞ്ഞിരിക്കുവിന്‍. അധര്‍മം നിമിത്തം ഭൂവാസികളെ ശിക്ഷിക്കാന്‍ ദൈവം തന്‍റെ വാസസ്ഥലത്തുനിന്ന് ഇറങ്ങിവരുന്നു. ഭൂമിയില്‍ നടത്തപ്പെട്ട കൊലപാതകങ്ങള്‍ വെളിപ്പെടുത്തപ്പെടും. കൊല്ലപ്പെട്ടവരെ ഇനി ഭൂമി മറച്ചുവയ്‍ക്കുകയില്ല. അന്നു സര്‍വേശ്വരന്‍ ബലമേറിയ വലിയ വാളുകൊണ്ട് കുതിച്ചു പുളഞ്ഞു പായുന്ന ലിവ്യാഥാനെ ശിക്ഷിക്കും. സമുദ്രത്തിലെ വ്യാളത്തെ നിഗ്രഹിക്കും. അന്നാളില്‍ മനോഹരമായ മുന്തിരിത്തോട്ടത്തെക്കുറിച്ചു പാടുവിന്‍. സര്‍വേശ്വരനായ ഞാനാണ് അതിന്‍റെ സൂക്ഷിപ്പുകാരന്‍. ഞാന്‍ നിരന്തരം അതിനെ നനയ്‍ക്കുന്നു. രാവും പകലും ഞാനതിനെ കാത്തുസൂക്ഷിക്കും. ആരും അതിനെ നശിപ്പിക്കുകയില്ല. അതിനോട് എനിക്കു ക്രോധം ഇല്ല. മുള്ളും മുള്‍ച്ചെടിയും വളര്‍ന്നുവന്നാല്‍ ഞാന്‍ അതിനെ സമൂലം നശിപ്പിക്കും. എന്‍റെ ജനത്തിന്‍റെ ശത്രുക്കള്‍ക്ക് എന്‍റെ സംരക്ഷണം വേണമെങ്കില്‍ എന്നോടു സമാധാനഉടമ്പടി ചെയ്യട്ടെ. അതേ, എന്നോടു രമ്യതപ്പെടട്ടെ. ഭാവിയില്‍ ഇസ്രായേല്‍ വലിയ വൃക്ഷംപോലെ വേരൂന്നി വളരും. അതു പുഷ്പിക്കുകയും ഭൂമി മുഴുവന്‍ അതിന്‍റെ ഫലംകൊണ്ടു നിറയുകയും ചെയ്യും. ഇസ്രായേലിനെ പ്രഹരിച്ചവരെ പ്രഹരിച്ചതുപോലെ അവിടുന്ന് ഇസ്രായേലിനെ പ്രഹരിച്ചിട്ടുണ്ടോ? ഇസ്രായേലിനെ സംഹരിച്ചവരെ സംഹരിച്ചതുപോലെ അവിടുന്ന് ഇസ്രായേലിനെ സംഹരിച്ചിട്ടുണ്ടോ? സര്‍വേശ്വരന്‍ തന്‍റെ ജനത്തെ പ്രവാസികളാക്കി ശിക്ഷിച്ചു. ഉഗ്രമായ കിഴക്കന്‍കാറ്റില്‍ അവരെ ഊതിപ്പറപ്പിച്ചു. ഇങ്ങനെ ഇസ്രായേലിന്‍റെ അകൃത്യത്തിനു പരിഹാരമുണ്ടാകും. ഇതായിരിക്കും പാപപരിഹാരത്തിന്‍റെ പരിണാമം; യാഗപീഠങ്ങളുടെ കല്ലുകള്‍ ചുണ്ണാമ്പുകല്ലുപോലെ തകര്‍ത്തുപൊടിക്കും; അശേരാപ്രതിഷ്ഠകളോ ധൂപപീഠങ്ങളോ അവശേഷിക്കുകയില്ല. സുരക്ഷിതമായ പട്ടണം ആളൊഴിഞ്ഞിരിക്കും. ജനനിബിഡമായ സ്ഥലം മരുഭൂമിപോലെ വിജനവും ശൂന്യവും ആയിത്തീരും. അവിടെ കന്നുകാലി മേഞ്ഞു നടക്കും; അവ ചില്ലകള്‍ കാര്‍ന്നുതിന്ന് അവിടെ വിശ്രമിക്കും. അവിടത്തെ മരക്കൊമ്പുകള്‍ ഉണങ്ങി ഒടിഞ്ഞുവീഴും. സ്‍ത്രീകള്‍ അവ പെറുക്കി തീ കത്തിക്കും. ഇവര്‍ വിവേകമില്ലാത്ത ജനമാകയാല്‍ സ്രഷ്ടാവായ ദൈവം അവരോടു കരുണ കാട്ടുകയില്ല. അവര്‍ക്കു രൂപം നല്‌കിയവന്‍ അവരില്‍ പ്രസാദിക്കുകയില്ല. അന്നു യൂഫ്രട്ടീസ് നദിമുതല്‍ ഈജിപ്തിന്‍റെ അതിര്‍ത്തിയിലുള്ള തോടുവരെ സര്‍വേശ്വരന്‍ കറ്റ മെതിച്ചു ധാന്യം ശേഖരിക്കും. ഇസ്രായേലേ, നിങ്ങളെ ഓരോരുത്തരായി അവിടുന്ന് ഒരുമിച്ചുകൂട്ടും. അന്നു വലിയ കാഹളധ്വനി മുഴങ്ങും; അസ്സീറിയായില്‍ വച്ചു കാണാതായവരും ഈജിപ്തിലേക്ക് ഓടിക്കപ്പെട്ടവരുമായ ജനം യെരൂശലേമിലെ വിശുദ്ധപര്‍വതത്തില്‍ വന്നു സര്‍വേശ്വരനെ ആരാധിക്കും. ഇസ്രായേല്‍രാജ്യത്തിനു നാശം! മദ്യപരുടെ ഗര്‍വിഷ്ട കിരീടത്തിനു സമ്പന്നമായ താഴ്വരയിലെ മദ്യമത്തരുടെ ശിരോലങ്കാരമായ മഹാസൗന്ദര്യത്തിന്‍റെ വാടുന്ന പുഷ്പത്തിനു ഹാ ദുരിതം! ഇതാ, സര്‍വേശ്വരന്‍റെ കരുത്തുറ്റവന്‍! കന്മഴ ചൊരിയുന്ന വിനാശകമായ കാറ്റുപോലെയും പേമാരിപോലെയും കര കവിഞ്ഞൊഴുകുന്ന പെരുവെള്ളപ്രവാഹംപോലെയും അവന്‍ അവരെ നിലത്ത് ആഞ്ഞെറിഞ്ഞുകളയും. മദ്യപരുടെ ഗര്‍വകിരീടം നിലത്തിട്ടു ചവുട്ടും. സമൃദ്ധമായ താഴ്വരയുടെ ശിരസ്സിലെ മഹാസൗന്ദര്യത്തിന്‍റെ വാടുന്ന പുഷ്പം, വിളവെടുപ്പിനു മുമ്പേ പഴുക്കുന്ന ആദ്യഫലമായ അത്തിപ്പഴംപോലെയാണ്. അതു കാണുന്നവര്‍ ഉടന്‍ പറിച്ചുതിന്നും. അന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ മഹത്ത്വത്തിന്‍റെ മകുടമായിരിക്കും. തന്‍റെ ജനത്തില്‍ അവശേഷിക്കുന്നവര്‍ക്കു സൗന്ദര്യത്തിന്‍റെ കിരീടവുമായിരിക്കും. അവന്‍ ന്യായാധിപനു നീതിബോധവും ശത്രുസൈന്യത്തെ പായിച്ച് നഗരഗോപുരം സംരക്ഷിക്കുന്നവനു ശക്തിയുമായിരിക്കും. പ്രവാചകന്മാരും പുരോഹിതന്മാരും കുടിച്ചു കൂത്താടുന്നു. ലഹരിപിടിച്ചു കറങ്ങുന്നു. മദ്യം നിമിത്തം അവരുടെ ബുദ്ധി കുഴഞ്ഞുമറിയുന്നു. അവരുടെ ദര്‍ശനത്തില്‍ പിഴപറ്റുന്നു. തീര്‍പ്പു കല്പിക്കുന്നതില്‍ അവര്‍ക്കു തെറ്റുപറ്റുന്നു. ഛര്‍ദികൊണ്ടു മേശകളെല്ലാം നിറഞ്ഞിരിക്കുന്നു. മലിനമാകാത്ത ഒരിടവുമില്ല. അവര്‍ പറയുന്നു: “ആരെയാണിവന്‍ പഠിപ്പിക്കുന്നത്? ആര്‍ക്കുവേണ്ടിയാണു തന്‍റെ സന്ദേശം വിശദീകരിക്കുന്നത്? മുലകുടി മാറിയ ശിശുക്കള്‍ക്കുവേണ്ടിയോ? ചട്ടത്തിന്മേല്‍ ചട്ടം, ചട്ടത്തിന്മേല്‍ ചട്ടം, ആജ്ഞയ്‍ക്കു മീതെ ആജ്ഞ, ഇവിടെ അല്പം, അവിടെ അല്പം.” അപരിചിതമായ ശബ്ദത്തിലും അന്യഭാഷയിലും സര്‍വേശ്വരന്‍ തന്‍റെ ജനത്തോടു സംസാരിക്കും. അവര്‍ക്കു വിശ്രമവും സ്വസ്ഥതയും അവിടുന്നു വാഗ്ദാനം ചെയ്തു. എന്നാല്‍ അവര്‍ അതു നിരസിച്ചു. അതുകൊണ്ടു സര്‍വേശ്വരന്‍റെ വചനം അവര്‍ക്കു ചട്ടത്തിന്മേല്‍ ചട്ടം, ചട്ടത്തിന്മേല്‍ ചട്ടം, ആജ്ഞയ്‍ക്കു മീതെ ആജ്ഞ. ഇവിടെ അല്പം, അവിടെ അല്പം എന്നിങ്ങനെ ആയിരിക്കും. അതുകൊണ്ട് അവര്‍ തകര്‍ന്നു പിറകോട്ടു മറിഞ്ഞു കെണിയില്‍പ്പെട്ടു പിടിക്കപ്പെടും. യെരൂശലേമിലെ ജനത്തെ ഭരിക്കുന്ന മതനിന്ദകരേ, സര്‍വേശ്വരന്‍റെ വചനം ശ്രദ്ധിക്കുവിന്‍. നിങ്ങള്‍ വമ്പു പറയുന്നു. മരണവുമായി ഞങ്ങള്‍ ഉടമ്പടിയിലാണ്. അധോലോകവുമായി ഞങ്ങള്‍ക്കൊരു കരാറുണ്ട്. വിനാശകരമായ മഹാമാരി കടന്നുപോകുമ്പോള്‍ അതു ഞങ്ങളെ സ്പര്‍ശിക്കുകയില്ല. കാരണം ഭോഷ്കു ഞങ്ങളുടെ അഭയസ്ഥാനവും നുണ ഞങ്ങളുടെ രക്ഷാകേന്ദ്രവുമായിരിക്കും. അതുകൊണ്ടു ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇതാ, സീയോനില്‍ എന്‍റെ അടിസ്ഥാനശിലയായി പരിശോധിക്കപ്പെട്ട ഒരു ഉറപ്പുള്ള കല്ല്, അമൂല്യമായ ഒരു മൂലക്കല്ലു ഞാന്‍ സ്ഥാപിച്ചിരിക്കുന്നു. വിശ്വസിക്കുന്നവന്‍ ചഞ്ചലപ്പെടുകയില്ല. ഞാന്‍ നീതിയെ അളവുനൂലും ധര്‍മനിഷ്ഠയെ തൂക്കുകട്ടയും ആക്കും. കന്മഴ നിന്‍റെ അഭയസ്ഥാനമായ വ്യാജത്തെ നീക്കിക്കളയും. പെരുവെള്ളം നിന്‍റെ രക്ഷാസങ്കേതത്തെ നിര്‍മാര്‍ജനം ചെയ്യും. അപ്പോള്‍ മരണവുമായുള്ള നിങ്ങളുടെ ഉടമ്പടി അസാധുവാകും. അധോലോകവുമായുള്ള കരാര്‍ നിലനില്‌ക്കുകയുമില്ല. പ്രതിരോധിക്കാനാവാത്ത മഹാമാരി കടന്നു പോകുമ്പോള്‍ നിങ്ങള്‍ അതിന്‍റെ അടിയേറ്റു വീഴും. അതു നിരന്തരം പ്രഹരിക്കും; പ്രഭാതം തോറും ആഞ്ഞടിക്കും. രാത്രിയിലും അതു തുടരും. ആ വാര്‍ത്ത കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഞെട്ടിവിറയ്‍ക്കും. നിവര്‍ന്നു കിടക്കാന്‍ നീളമില്ലാത്ത കട്ടിലും ദേഹം ആകെ മൂടാന്‍ തക്ക വീതിയില്ലാത്ത പുതപ്പുമുള്ളവന്‍റെ അവസ്ഥയായിരിക്കും നിങ്ങളുടേത്. പെരാസീംപര്‍വതത്തിലെന്നപോലെ തന്‍റെ പ്രവൃത്തി നിറവേറ്റാന്‍ സര്‍വേശ്വരന്‍ എഴുന്നേല്‌ക്കും. അവിടുത്തെ പ്രവൃത്തി അദ്ഭുതകരവും അപ്രതീക്ഷിതവും ആയിരിക്കും. ഗിബെയോന്‍താഴ്വരയില്‍ വച്ചെന്നപോലെ അവിടുന്നു കോപാകുലനാകുകയും ചെയ്യും. നിങ്ങള്‍ നിന്ദിക്കരുത്. നിങ്ങള്‍ പരിഹസിച്ചാല്‍ നിങ്ങളുടെ ബന്ധനം മുറുകും. ദേശത്തിനുണ്ടാകാന്‍ പോകുന്ന നാശത്തെക്കുറിച്ചു സര്‍വശക്തനായ ദൈവമായ സര്‍വേശ്വരന്‍റെ വിധി ഞാന്‍ കേട്ടിരിക്കുന്നു. ചെവിതരുവിന്‍, എന്‍റെ സ്വരം ശ്രദ്ധിക്കുവിന്‍. ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍. വിതയ്‍ക്കാന്‍ നിലം ഉഴുന്ന കര്‍ഷകന്‍ എപ്പോഴും ഉഴുതു കൊണ്ടിരിക്കുമോ? അവന്‍ എപ്പോഴും ഉഴുതുമറിച്ചു കട്ട ഉടച്ചുകൊണ്ടിരിക്കുമോ? നിലം സമനിരപ്പാക്കിയശേഷം അവന്‍ ചതകുപ്പയും ജീരകവും വിതയ്‍ക്കുകയില്ലേ? വരിവരിയായി കോതമ്പു നടുകയും യഥാസ്ഥാനങ്ങളില്‍ ബാര്‍ളി വിതയ്‍ക്കുകയും ചെറുകോതമ്പ് അതിനുള്ളില്‍ ഇടുകയും ചെയ്യുന്നില്ലേ? എന്തെന്നാല്‍ അവനു ശരിയായ അറിവ് ലഭിച്ചിരിക്കുന്നു. അവന്‍റെ ദൈവം അവനെ അഭ്യസിപ്പിക്കുന്നു. ചതകുപ്പ മെതിയന്ത്രംകൊണ്ടു മെതിക്കുന്നില്ല. ജീരകത്തിന്മേല്‍ വണ്ടിച്ചക്രം ഉരുട്ടുന്നുമില്ല. ചതകുപ്പ വടികൊണ്ടും ജീരകം കോലുകൊണ്ടും തല്ലി വേര്‍തിരിക്കുന്നു. മെതിക്കുമ്പോള്‍ കോതമ്പ് ആരും ചതച്ചുകളയുകയില്ല. കുതിരവണ്ടിച്ചക്രം അതിന്മേല്‍ ഉരുട്ടാറുമില്ല. ഈ അറിവും സര്‍വശക്തനായ സര്‍വേശ്വരനില്‍ നിന്നാണു ലഭിക്കുന്നത്. ദൈവത്തിന്‍റെ ഉപദേശം അദ്ഭുതകരവും വിവേകം അതിശ്രേഷ്ഠവും ആകുന്നു. ദാവീദ് പാളയമടിച്ച നഗരമായ യെരൂശലേമേ, നിനക്കു ഹാ ദുരിതം! വര്‍ഷങ്ങള്‍ കടന്നുപോകട്ടെ. ഉത്സവങ്ങള്‍ മുറയ്‍ക്കു നടക്കട്ടെ, എന്നാലും യെരൂശലേമിനു ഞാന്‍ കഷ്ടത വരുത്തും. അവള്‍ക്കു ദുഃഖവും വിലാപവും ഉണ്ടാകും. അവള്‍ എനിക്കു നീറിക്കത്തുന്ന യാഗപീഠം ആയിരിക്കും. ഞാന്‍ നിനക്കെതിരെ ചുറ്റും പാളയമടിക്കും. നിനക്കു ചുറ്റും കൊത്തളങ്ങള്‍ നിര്‍മിച്ച് ഉപരോധം ഏര്‍പ്പെടുത്തും. അപ്പോള്‍ നീ താഴ്ത്തപ്പെടും. നിലത്തുനിന്നു നീ സംസാരിക്കും. പൊടിയില്‍നിന്നു നിന്‍റെ വാക്കുകള്‍ ഉയരും. ഭൂതത്തിന്‍റെ സ്വരംപോലെ നിന്‍റെ സ്വരം കേള്‍ക്കും. നിലത്തെ പൊടിയില്‍നിന്നു നിന്‍റെ ശബ്ദം ഉയരും. ശത്രുസമൂഹം നേരിയ ധൂളിപടലംപോലെയും ഭീതി ജനിപ്പിക്കുന്ന ആ സൈന്യം കാറ്റില്‍ പറക്കുന്ന പതിരുപോലെയും നിനക്ക് ആയിരിക്കും. ഞൊടിയിടയില്‍ എല്ലാം സംഭവിക്കും. ഭൂകമ്പം, ഇടിമുഴക്കം, ഘോരശബ്ദം, കൊടുങ്കാറ്റ്, ദഹിപ്പിക്കുന്ന തീജ്വാല എന്നിവയോടൊത്തു സര്‍വശക്തനായ സര്‍വേശ്വരന്‍ വരും. യെരൂശലേമിനും അതിന്‍റെ കോട്ടകള്‍ക്കും നേരെ യുദ്ധം ചെയ്യുന്ന എല്ലാ ജനതകളും അവളെ വിഷമിപ്പിക്കുന്ന എല്ലാവരും സ്വപ്നംപോലെയും രാത്രിയിലെ ദര്‍ശനം പോലെയും ആയിത്തീരും. യെരൂശലേമിനെതിരെ യുദ്ധം ചെയ്യുന്ന ശത്രുക്കള്‍ ഭക്ഷിക്കുന്നതായി സ്വപ്നം കണ്ടിട്ട് ഉണരുമ്പോള്‍ വിശപ്പു മാറാത്തവരെപ്പോലെയും പാനം ചെയ്യുന്നതായി സ്വപ്നം കണ്ടിട്ട് ഉണരുമ്പോള്‍ ദാഹമുള്ളവരെപ്പോലെയും ആയിരിക്കും. വിസ്മയസ്തബ്ധരാകുവിന്‍. നിങ്ങളെത്തന്നെ അന്ധരാക്കുവിന്‍. വീഞ്ഞു കുടിക്കാതെ മത്തരാകുവിന്‍. മദ്യപിക്കാതെ ആടി നടക്കുവിന്‍. സര്‍വേശ്വരന്‍ നിങ്ങളുടെമേല്‍ ഗാഢനിദ്ര വരുത്തുകയും നിങ്ങളുടെ പ്രവാചകരാകുന്ന കണ്ണുകളെ അന്ധമാക്കുകയും ദര്‍ശകരാകുന്ന ശിരസ്സുകളെ മൂടിക്കെട്ടുകയും ചെയ്തിരിക്കുന്നു. അങ്ങനെ നിങ്ങളുടെ സകല ദര്‍ശനങ്ങളും മുദ്രവയ്‍ക്കപ്പെട്ട ഗ്രന്ഥത്തിലെ വചനങ്ങള്‍പോലെ ആയിരിക്കുന്നു. അക്ഷരജ്ഞാനമുള്ളവന്‍റെ കൈയില്‍ അതു കൊടുത്താല്‍ മുദ്ര വയ്‍ക്കപ്പെട്ടിരിക്കുന്നതുകൊണ്ട് വായിക്കാന്‍ അസാധ്യമെന്നു പറയും. നിരക്ഷരനായവന്‍റെ കൈയില്‍ കൊടുത്താല്‍ വായിക്കാന്‍ അറിഞ്ഞുകൂടാ എന്നു പറയും. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഈ ജനം വാക്കുകള്‍കൊണ്ട് എന്നെ സമീപിക്കുന്നു. അധരംകൊണ്ട് എന്നെ ആദരിക്കുന്നു. അവരുടെ ഹൃദയമാകട്ടെ എന്നില്‍നിന്നും അകന്നിരിക്കുന്നു. മനഃപാഠമാക്കിയ മനുഷ്യനിയമങ്ങളാണ് അവരുടെ മതം. അതുകൊണ്ട് ഞാനിതാ ഈ ജനത്തിന്‍റെ മധ്യേ ഒരു അദ്ഭുതം പ്രവര്‍ത്തിക്കും. അദ്ഭുതകരവും വിസ്മയനീയവുമായ പ്രവൃത്തി; ജ്ഞാനികളുടെ ജ്ഞാനം നശിക്കും, വിവേകികളുടെ വിവേചനാശക്തി നഷ്ടപ്പെടും. സര്‍വേശ്വരനില്‍നിന്നു തങ്ങളുടെ പദ്ധതികള്‍ ആഴത്തില്‍ മറച്ചു വയ്‍ക്കുകയും ഇരുട്ടില്‍ തങ്ങളുടെ പ്രവൃത്തികള്‍ നടത്തുകയും, തങ്ങളെ ആരു കാണും, ആരറിയും എന്നു ചോദിക്കുകയും ചെയ്യുന്നവര്‍ക്കു ഹാ ദുരിതം! അവര്‍ എല്ലാം കീഴ്മേല്‍ മറിക്കുന്നു. കുശവനും കളിമണ്ണും ഒരുപോലെയെന്ന് കരുതാമോ? സൃഷ്‍ടി സൃഷ്‍ടിച്ചവനോടു ‘നീയല്ല എന്നെ സൃഷ്‍ടിച്ചതെന്നും’ രൂപം നല്‌കിയവനോട് നിനക്കൊന്നും അറിഞ്ഞുകൂടെന്നും പറയുമോ? ലെബാനോന്‍ ഫലസമൃദ്ധമായ വിളഭൂമിയായിത്തീരാനും വിളഭൂമി വനമായി എണ്ണപ്പെടാനും അല്പകാലമേ വേണ്ടൂ. അന്നു ബധിരന്‍ ഗ്രന്ഥത്തിലെ വചനങ്ങള്‍ വായിച്ചു കേള്‍ക്കുകയും അന്ധന്‍റെ ഇരുള്‍ നീങ്ങി പ്രകാശം ലഭിക്കുകയും ചെയ്യും. സൗമ്യശീലര്‍ക്കു സര്‍വേശ്വരനില്‍ നവ്യമായ ആനന്ദം ഉണ്ടാകും. എളിയവര്‍ ഇസ്രായേലിന്‍റെ പരിശുദ്ധനായ സര്‍വേശ്വരനില്‍ ആനന്ദിക്കും. നിര്‍ദയര്‍ ഇല്ലാതാവും നിന്ദകരുടെ കഥ അവസാനിക്കും തിന്മ ചെയ്യാനൊരുങ്ങിയിരിക്കുന്നവര്‍ വിച്ഛേദിക്കപ്പെടും. അവര്‍ ഒരു വാക്കുകൊണ്ട് ഒരുവനെ അപരാധിയാക്കിത്തീര്‍ക്കുകയും പട്ടണവാതില്‍ക്കലിരുന്നു നീതി നടത്തുന്നവര്‍ക്കു കെണി വയ്‍ക്കുകയും അടിസ്ഥാനരഹിതമായ വാദംകൊണ്ട് നീതിമാനെ തകിടം മറിക്കുകയും ചെയ്യുന്നു. അതിനാല്‍ അബ്രഹാമിനെ വീണ്ടെടുത്ത സര്‍വേശ്വരന്‍ യാക്കോബിന്‍റെ ഭവനത്തെക്കുറിച്ച് അരുളിച്ചെയ്യുന്നു: “നിങ്ങള്‍ ഇനി ലജ്ജിതരാവുകയില്ല. നിങ്ങളുടെ മുഖം ഇനി വിളറുകയുമില്ല. ഞാന്‍ ജനമധ്യേ ചെയ്ത പ്രവൃത്തികള്‍ കാണുമ്പോള്‍ നിങ്ങളുടെ സന്തതികള്‍ എന്നെ പരിശുദ്ധനെന്നു വാഴ്ത്തും. യാക്കോബിന്‍റെ പരിശുദ്ധനായ സര്‍വേശ്വരനെ പ്രകീര്‍ത്തിക്കും. ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ മുമ്പാകെ ഭക്തിയോടെ നിലകൊള്ളും. അസ്ഥിരമാനസര്‍ക്കു വിവേകമുണ്ടാവുകയും പിറുപിറുത്തിരുന്നവര്‍ ഉപദേശം കൈക്കൊള്ളുകയും ചെയ്യും. “എന്‍റേതല്ലാത്ത പദ്ധതികള്‍ നടപ്പാക്കുകയും എനിക്കു ഹിതമല്ലാത്ത സഖ്യമുണ്ടാക്കുകയും ചെയ്ത് പാപത്തിന്മേല്‍ പാപം കൂട്ടിവയ്‍ക്കുന്ന കലഹപ്രിയരേ, നിങ്ങള്‍ക്കു ദുരിതം!” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. അവര്‍ എന്‍റെ ഉപദേശം തേടാതെ ഈജിപ്തിലേക്കു പോയി ഫറവോയുടെ ചിറകിന്‍കീഴില്‍ അഭയം പ്രാപിക്കുകയും ഈജിപ്തിന്‍റെ തണലില്‍ സങ്കേതം തേടുകയും ചെയ്യുന്നു. എന്നാല്‍ ഫറവോയുടെ സംരക്ഷണം നിങ്ങള്‍ക്കു ലജ്ജാകരവും ഈജിപ്തിന്‍റെ തണല്‍ അപമാനകരവുമായി ഭവിക്കും. നിങ്ങളുടെ ഉദ്യോഗസ്ഥന്മാര്‍ സോവാനിലും നിങ്ങളുടെ പ്രതിനിധികള്‍ ഹാനേസിലും എത്തിയിട്ടും സഹായിക്കാന്‍ കഴിവില്ലാത്ത ഈജിപ്തുജനത നിമിത്തം ലജ്ജിതരും അപമാനിതരുമായിത്തീര്‍ന്നിരിക്കുന്നു. അവരെക്കൊണ്ട് സഹായമോ നേട്ടമോ ഉണ്ടാകുന്നില്ല. നെഗബിലെ വന്യമൃഗങ്ങളെക്കുറിച്ചുള്ള അരുളപ്പാട്: സിംഹവും സിംഹിയും അണലിയും പറക്കുന്ന സര്‍പ്പവും നിറഞ്ഞ ക്ലേശകരവും ദുര്‍ഘടവുമായ ദേശത്തിലൂടെ കഴുതപ്പുറത്തു തങ്ങളുടെ സമ്പത്തും ഒട്ടകപ്പുറത്തു തങ്ങളുടെ നിക്ഷേപങ്ങളും പ്രയോജനരഹിതരായ ഒരു ജനതയുടെ അടുക്കലേക്ക് അവര്‍ കൊണ്ടുപോകുന്നു. ഈജിപ്തിന്‍റെ സഹായം വ്യര്‍ഥവും നിഷ്ഫലവും ആണ്. അതുകൊണ്ട് ഞാനതിനെ ‘അനങ്ങാത്ത രാഹാബ്’ എന്നു വിളിക്കുന്നു. ഭാവികാലത്ത് അവര്‍ക്കു നിത്യസാക്ഷ്യം ആയിരിക്കാന്‍ ഇത് അവരുടെ മുമ്പില്‍ ഒരു ഫലകത്തില്‍ രേഖപ്പെടുത്തുകയും പുസ്തകത്തില്‍ എഴുതി വയ്‍ക്കുകയും ചെയ്യുക. കാരണം, അവര്‍ കലഹപ്രിയരാണ്, വ്യാജം പറയുന്ന ജനത, സര്‍വേശ്വരന്‍റെ ഉപദേശം ചെവിക്കൊള്ളാത്ത പുത്രന്മാര്‍! ദര്‍ശകരോടു ദര്‍ശിക്കരുതെന്നും പ്രവാചകരോടു ശരിയായതു പ്രവചിക്കരുതെന്നും അവര്‍ പറയുന്നു. കേള്‍ക്കാന്‍ ഇമ്പമുള്ള അസത്യം മാത്രം പറയുക. വഴിയില്‍നിന്നു മാറുക, ഞങ്ങള്‍ക്ക് മാര്‍ഗതടസ്സം സൃഷ്‍ടിക്കരുത്. ഇസ്രായേലിന്‍റെ പരിശുദ്ധനായ സര്‍വേശ്വരനെപ്പറ്റി ഞങ്ങള്‍ക്ക് ഇനി കേള്‍ക്കണ്ടാ എന്ന് അവര്‍ പറയുന്നു. അതിനാല്‍ ഇസ്രായേലിന്‍റെ പരിശുദ്ധനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നിങ്ങള്‍ ഈ വചനത്തെ നിരസിക്കുകയും മര്‍ദനത്തിലും വക്രതയിലും വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നതുകൊണ്ട്, ചാഞ്ഞുവീഴാറായി നില്‌ക്കുന്ന ഉയര്‍ന്ന മതിലിലെ വിള്ളല്‍ പോലെ ആയിരിക്കും നിങ്ങളുടെ അപരാധം. അത് ഏതു നിമിഷത്തിലും വീണുപോയേക്കാം. നിങ്ങള്‍ തകരുന്നതു മനഃപൂര്‍വം അടിച്ചുടച്ച മണ്‍കലംപോലെ ആയിരിക്കും. അതിന്‍റെ ഒരു കഷണംപോലും അടുപ്പില്‍നിന്നു തീ കോരാനോ തൊട്ടിയില്‍നിന്നു വെള്ളം എടുക്കാനോ ഉപകരിക്കുകയില്ലല്ലോ. അതുകൊണ്ട്, ഇസ്രായേലിന്‍റെ പരിശുദ്ധനായ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ശാന്തതയും ദൈവാശ്രയവുമാണ് നിങ്ങളുടെ ബലം. നിങ്ങള്‍ എന്‍റെ അടുക്കലേക്കു തിരിച്ചു വന്ന് സ്വസ്ഥമായിരുന്നാല്‍ രക്ഷിക്കപ്പെടും. എന്നാല്‍ നിങ്ങള്‍ അതിന് ഒരുങ്ങുകയില്ല. “ഇല്ല, ഞങ്ങള്‍ കുതിരപ്പുറത്തു കയറി പാഞ്ഞുപോകും” എന്നു നിങ്ങള്‍ പറഞ്ഞു. അതിനാല്‍ നിങ്ങള്‍ പാഞ്ഞുപോകും. “അതിശീഘ്രം പാഞ്ഞുപോകുന്ന കുതിരയുടെ പുറത്ത് ഞങ്ങള്‍ പോകും” എന്നു നിങ്ങള്‍ പറഞ്ഞു. അതിനാല്‍ നിങ്ങളെ പിന്തുടരുന്നവരും അതിശീഘ്രം വരും. ഒരുവനെ ഭയപ്പെട്ട് ആയിരംപേരും അഞ്ചു പേരുടെ ഭീഷണികൊണ്ട് നിങ്ങള്‍ എല്ലാവരും ഓടിപ്പോകും. കുന്നിന്‍മുകളില്‍ നാട്ടിയിരിക്കുന്ന കൊടിമരമോ, കൊടി അടയാളമോപോലെ നിങ്ങള്‍ ആയിത്തീരും. അതിനാല്‍ സര്‍വേശ്വരന്‍ നിങ്ങളില്‍ പ്രസാദിക്കാന്‍ കാത്തിരിക്കുന്നു. നിങ്ങളോടു കരുണ കാട്ടാന്‍ ഒരുങ്ങിയിരിക്കുന്നു. എന്തെന്നാല്‍ അവിടുന്നു നീതിയുള്ള ദൈവമാകുന്നു. സര്‍വേശ്വരനെ കാത്തിരിക്കുന്നവര്‍ അനുഗൃഹീതര്‍. യെരൂശലേമില്‍ നിവസിക്കുന്ന സീയോനിലെ ജനമേ, നിങ്ങള്‍ ഇനി കരയുകയില്ല. സര്‍വേശ്വരന്‍ നിശ്ചയമായും നിങ്ങളോടു കരുണ കാട്ടും. നിങ്ങളുടെ നിലവിളി കേട്ട് അവിടുന്നു നിങ്ങള്‍ക്കുത്തരമരുളും. അവിടുന്നു നിങ്ങള്‍ക്കു കഷ്ടതയാകുന്ന അപ്പവും പീഡനമാകുന്ന ജലവും നല്‌കുന്നെങ്കിലും, ദൈവമായിരിക്കും നിങ്ങളുടെ ഗുരു. അവിടുന്ന് ഇനി മറഞ്ഞിരിക്കുകയില്ല. നിങ്ങളുടെ കണ്ണുകള്‍ നിങ്ങളുടെ ഗുരുവിനെ ദര്‍ശിക്കും. നിങ്ങള്‍ ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോള്‍ ‘ഇതാണു വഴി’ ഇതിലൂടെ നടക്കുക എന്നൊരു ശബ്ദം നിങ്ങള്‍ പിമ്പില്‍നിന്നു കേള്‍ക്കും. അപ്പോള്‍ നിങ്ങള്‍ വെള്ളി പൊതിഞ്ഞ കൊത്തുവിഗ്രഹങ്ങളെയും സ്വര്‍ണം പൂശിയ വാര്‍പ്പുപ്രതിമകളെയും വെറുക്കും; മലിനവസ്തുക്കള്‍ എന്നപോലെ ദൂരെയെറിയും. അവയോടു ‘ദൂരെ പോകുവിന്‍’ എന്നു പറയുകയും ചെയ്യും. നീ വിതയ്‍ക്കുന്ന വിത്തിന് അവിടുന്നു മഴ നല്‌കും. ധാന്യം സമൃദ്ധിയായി വിളയും. അന്നു വിശാലമായ മേച്ചില്‍സ്ഥലത്തു നിങ്ങളുടെ കാലികള്‍ മേഞ്ഞു നടക്കും. കോരികയും മുപ്പല്ലിയുംകൊണ്ട് ഒരുക്കിയതും ഉപ്പു ചേര്‍ത്തതുമായ വയ്‍ക്കോല്‍, നിലം ഉഴുന്ന കാളയും കഴുതയും തിന്നും. മഹാസംഹാരദിവസം ഗോപുരങ്ങള്‍ നിലംപതിക്കും; ഉന്നതഗിരികളില്‍നിന്നും കുന്നുകളില്‍നിന്നും അരുവികളും നീര്‍ച്ചാലുകളും പൊട്ടിപ്പുറപ്പെടും; സര്‍വേശ്വരന്‍ തന്‍റെ ജനത്തിന്‍റെ മുറിവു കെട്ടുകയും തന്‍റെ പ്രഹരം കൊണ്ടുണ്ടായ വ്രണം ഉണക്കുകയും ചെയ്യുന്ന നാളില്‍ ചന്ദ്രന്‍ സൂര്യനെപ്പോലെ പ്രകാശിക്കും. സൂര്യന് ഏഴു പകലിന്‍റെ വെളിച്ചം ഒന്നു ചേര്‍ന്നാലെന്നപോലെ ഏഴിരട്ടി പ്രകാശം ഉണ്ടായിരിക്കും. കോപത്താല്‍ ജ്വലിച്ചും കനത്തപുക വമിച്ചുംകൊണ്ട് ഇതാ, സര്‍വേശ്വരന്‍റെ മഹത്ത്വം വിദൂരത്തില്‍ ദൃശ്യമാകുന്നു. അവിടുത്തെ കോപം കത്തി ജ്വലിക്കുന്നു. അവിടുത്തെ അധരങ്ങള്‍ രോഷനിര്‍ഭരമാണ്. അവിടുത്തെ നാവ് സംഹാരാഗ്നിയാണ്. കവിഞ്ഞൊഴുകുന്ന അരുവിപോലെയാകുന്നു അവിടുത്തെ നിശ്വാസം. അതു കഴുത്തറ്റംവരെ എത്തുന്നു. അവര്‍ നാശത്തിന്‍റെ അരിപ്പയില്‍ ജനതകളെ അരിക്കുകയും വഴിതെറ്റിക്കുന്ന കടിഞ്ഞാണ്‍ അവര്‍ക്കിടുകയും ചെയ്യുന്നു. ഉത്സവരാത്രിയിലെന്നപോലെ നിങ്ങള്‍ക്കു പാടാം. ഇസ്രായേലിന്‍റെ രക്ഷാകേന്ദ്രമായ സര്‍വേശ്വരന്‍റെ പര്‍വതത്തിലേക്കു പുല്ലാങ്കുഴല്‍ ഊതിപ്പോകുന്നവനെപ്പോലെ നിങ്ങള്‍ക്ക് ആഹ്ലാദിക്കാം. ഉഗ്രകോപത്താല്‍ സംഹാരകമായ അഗ്നിജ്വാലയിലും ഇടിമുഴക്കത്തിലും കന്മഴയിലും സര്‍വേശ്വരന്‍ അവിടുത്തെ ഗംഭീരശബ്ദം കേള്‍പ്പിക്കുകയും പ്രഹരിക്കാന്‍ കൈ ഓങ്ങുകയും ചെയ്യും. അവിടുത്തെ ശബ്ദം കേള്‍ക്കുമ്പോള്‍, അവിടുത്തെ വടികൊണ്ടു പ്രഹരിക്കുമ്പോള്‍ അസ്സീറിയാക്കാര്‍ ഭയന്നുവിറയ്‍ക്കും. ശിക്ഷാദണ്ഡുകൊണ്ടുള്ള സര്‍വേശ്വരന്‍റെ ഓരോ അടിയോടും ഒപ്പം തപ്പിന്‍റെയും കിന്നരത്തിന്‍റെയും നാദം ഉയരും. സര്‍വേശ്വരന്‍ കൈ ചുഴറ്റി അവരോടു പടവെട്ടും. അസ്സീറിയന്‍ രാജാവിനെ ദഹിപ്പിക്കാന്‍ പണ്ടേ ഒരു സ്ഥലം ഒരുക്കിയിട്ടുണ്ട്. അവിടെയുള്ള ചിത ആഴമേറിയതും വിസ്തൃതവുമാകുന്നു. അഗ്നിയും വിറകും ധാരാളം ഉണ്ട്. സര്‍വേശ്വരന്‍റെ നിശ്വാസം ഗന്ധകനദിപോലെ വന്ന് അതിനെ ജ്വലിപ്പിക്കും. ഇസ്രായേലിന്‍റെ പരിശുദ്ധനായ സര്‍വേശ്വരനിലേക്കു ദൃഷ്‍ടി ഉയര്‍ത്തുകയോ അവിടുത്തെ ഹിതം ആരായുകയോ ചെയ്യാതെ സഹായം തേടി ഈജിപ്തിലേക്കു പോവുകയും അവരുടെ കുതിരകളിലും രഥങ്ങളുടെ സംഖ്യാബലത്തിലും ബലിഷ്ഠരായ കുതിരപ്പടയാളികളിലും വിശ്വാസം അര്‍പ്പിക്കുകയും ചെയ്യുന്നവര്‍ക്കു ഹാ ദുരിതം! എന്നാല്‍ സര്‍വജ്ഞനായ അവിടുന്ന് അവര്‍ക്ക് അനര്‍ഥം വരുത്തും. അവിടുത്തെ വാക്ക് ഒരിക്കലും മാറുകയില്ല. തിന്മ പ്രവര്‍ത്തിക്കുന്നവരുടെ ഭവനത്തിനും അനീതിക്കു കൂട്ടു നില്‌ക്കുന്നവര്‍ക്കും എതിരായി അവിടുന്നു നീങ്ങും. ഈജിപ്തുകാര്‍ മനുഷ്യരാണ്, ദൈവമല്ല. അവരുടെ കുതിരകള്‍ മാംസമാണ്, ആത്മാവല്ല. സര്‍വേശ്വരന്‍ കൈ നീട്ടുമ്പോള്‍ സഹായകന്‍ നിലംപതിക്കും; സഹായിക്കപ്പെടുന്നവന്‍ വീഴും. അവര്‍ ഒരുമിച്ചു നശിക്കും. സര്‍വേശ്വരന്‍ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: സിംഹമോ, സിംഹക്കുട്ടിയോ ഇരകണ്ടു മുരളുമ്പോള്‍ ഇടയന്മാരുടെ സംഘത്തെ അതിനെതിരെ വിളിച്ചുകൂട്ടിയാല്‍ അവരുടെ കൂക്കു വിളികേട്ട് അതു പേടിക്കുകയില്ല. ഒച്ചപ്പാടു കേട്ടു വിരളുകയുമില്ല. അതുപോലെ സര്‍വശക്തനായ സര്‍വേശ്വരന്‍ യുദ്ധം ചെയ്യാന്‍ സീയോന്‍ഗിരിയിലിറങ്ങിവരും. പക്ഷികള്‍ കൂടിനു മീതെ വട്ടമിട്ടു പറന്നു കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതുപോലെ സര്‍വേശ്വരന്‍ യെരൂശലേമിനെ കാത്തുസൂക്ഷിക്കും. അവിടുന്ന് അതിന് അഭയം നല്‌കും. ഇസ്രായേല്‍ജനമേ, നിങ്ങള്‍ കഠിനമായി എതിര്‍ത്തവങ്കലേക്കു തന്നെ തിരിയുവിന്‍; നിങ്ങളുടെ പാപത്തിന്‍റെ ഫലമായി നിര്‍മിച്ച സ്വര്‍ണവിഗ്രഹങ്ങളും വെള്ളിവിഗ്രഹങ്ങളും അന്നു നിങ്ങള്‍ ദൂരെ വലിച്ചെറിയും. അസ്സീറിയാക്കാര്‍ മനുഷ്യന്‍റേതല്ലാത്ത വാളിനാല്‍ സംഹരിക്കപ്പെടും. മനുഷ്യന്‍റേതല്ലാത്ത വാളിന് അവര്‍ ഇരയാകും. അവരുടെ യുവാക്കന്മാര്‍ അടിമവേല ചെയ്യാനിടയാകും. കൊടുംഭീതികൊണ്ട് അവരുടെ അഭയസ്ഥാനം പൊയ്പ്പോകും. സൈന്യാധിപന്മാര്‍ ഭയപ്പെട്ടു യുദ്ധപതാക കൈവെടിഞ്ഞു പലായനം ചെയ്യും. സീയോനില്‍ അഗ്നിയും യെരൂശലേമില്‍ തീച്ചൂളയുമുള്ള സര്‍വേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്. ഒരു രാജാവ് ധര്‍മനിഷ്ഠയോടെ വാഴും; പ്രഭുക്കന്മാര്‍ നീതിബോധത്തോടെ ഭരിക്കും. അവര്‍ ഓരോരുത്തരും കാറ്റില്‍ നിന്നു രക്ഷ നല്‌കുന്ന ഒളിപ്പിടവും കൊടുങ്കാറ്റില്‍നിന്നുള്ള രക്ഷാസങ്കേതവും ആയിരിക്കും. അവര്‍ മരുഭൂമിയില്‍ നീരുറവകള്‍പോലെയും ഊഷരഭൂമിയില്‍ പാറക്കെട്ടിന്‍റെ തണല്‍പോലെയും ആയിരിക്കും. കാണുന്നവന്‍ കണ്ണുകളടച്ചു കളയുകയില്ല. കേള്‍ക്കുന്നവന്‍ ശ്രദ്ധിക്കും. അവിവേകികളുടെ മനസ്സില്‍ വിവേകമുണ്ടാകും. വിക്കന്മാര്‍ തടസ്സം കൂടാതെ വ്യക്തമായി സംസാരിക്കും. ഭോഷനെ ഉത്തമന്‍ എന്നോ ആഭാസനെ മാന്യന്‍ എന്നോ മേലില്‍ ആരും വിളിക്കുകയില്ല. ഭോഷന്‍ ഭോഷത്തം സംസാരിക്കുന്നു. അവന്‍ അധര്‍മം പ്രവര്‍ത്തിക്കാനും ദൈവത്തെ ദുഷിക്കാനും വിശക്കുന്നവര്‍ക്ക് ആഹാരം നല്‌കാതിരിക്കാനും ദാഹിക്കുന്നവന് ജലം നല്‌കാതിരിക്കാനുമുള്ള പദ്ധതി തയ്യാറാക്കുന്നു. വഞ്ചകന്‍റെ വഞ്ചനകള്‍ തിന്മ നിറഞ്ഞത്. എളിയവന്‍റെ അപേക്ഷ ന്യായമാണെങ്കിലും അവനെ നശിപ്പിക്കാന്‍ അയാള്‍ വ്യാജമായി ദുരുപായങ്ങള്‍ കണ്ടുപിടിക്കുന്നു. എന്നാല്‍ ഉത്തമന്‍ ഉത്തമകാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയും അവയില്‍ ഉറച്ചു നില്‌ക്കുകയും ചെയ്യുന്നു. അലസരായ സ്‍ത്രീകളേ, എഴുന്നേല്‌ക്കുവിന്‍; എന്‍റെ ശബ്ദം ശ്രദ്ധിക്കുവിന്‍. നിരുത്സാഹികളേ, എന്‍റെ വാക്കു ചെവിക്കൊള്ളുവിന്‍. അലസതനിറഞ്ഞ സ്‍ത്രീകളേ, അടുത്തവര്‍ഷം ഈ സമയം നിങ്ങള്‍ നടുങ്ങിപ്പോകും. അപ്പോള്‍ മുന്തിരിയുടെ വിള നശിക്കും. വിളവെടുപ്പു നടക്കുകയില്ല. അലസതയോടെ കഴിയുന്ന സ്‍ത്രീകളേ, വിറകൊള്ളുവിന്‍, മടിയന്മാരായി കഴിയുന്നവരേ, നടുങ്ങുവിന്‍. വസ്ത്രം ഉരിഞ്ഞു ചാക്കുതുണിയുടുക്കുവിന്‍. ആകര്‍ഷകമായിരുന്ന വയലുകളെയും ഫലസമൃദ്ധമായിരുന്ന മുന്തിരിത്തോട്ടങ്ങളെയും ഓര്‍ത്തു വിലപിക്കുവിന്‍. മുള്ളുകളും മുള്‍ച്ചെടികളും വളരുന്ന എന്‍റെ ജനത്തിന്‍റെ മണ്ണിനെ ഓര്‍ത്തു മാറത്തടിക്കുവിന്‍. സന്തുഷ്ടമായിരുന്ന നഗരങ്ങളിലെ സംതൃപ്ത ഭവനങ്ങളെയും ഓര്‍ത്തു വിലപിക്കുവിന്‍. ഉയരത്തില്‍നിന്നു നമ്മുടെമേല്‍ ആത്മാവ് വന്ന് ഊഷരഭൂമി ഫലപുഷ്ടമായ വിളഭൂമിയായും കൃഷിഭൂമി മരുഭൂമിയായും രൂപാന്തരപ്പെടുന്നതുവരെ കൊട്ടാരം ഉപേക്ഷിക്കപ്പെടും; ജനസാന്ദ്രമായ പട്ടണം വിജനമാകും. കുന്നും കാവല്‍ഗോപുരവും എന്നേക്കും ഗുഹകളായിത്തീരും. അവ കാട്ടുകഴുതകളുടെ വിഹാരരംഗമാകും. ആട്ടിന്‍പറ്റം അവിടെ മേഞ്ഞുനടക്കും. അപ്പോള്‍ മരുഭൂമിയില്‍ നീതി നിവസിക്കും. ഫലസമൃദ്ധമായ വയലില്‍ ധാര്‍മികത ആവസിക്കും; നീതിയുടെ ഫലം സമാധാനമായിരിക്കും. അതിന്‍റെ പരിണതഫലം ശാശ്വതമായ ശാന്തിയും ദൈവാശ്രയവും ആയിരിക്കും. എന്‍റെ ജനം സമാധാനമുള്ള വസതികളിലും സുരക്ഷിതമായ പാര്‍പ്പിടങ്ങളിലും പ്രശാന്തമായ വിശ്രമസങ്കേതങ്ങളിലും പാര്‍ക്കും. കന്മഴ പെയ്തു വനം നിശ്ശേഷം നശിക്കും. നഗരം തീര്‍ത്തും നിലംപരിചാകും. ജലാശയങ്ങള്‍ക്കരികിലെങ്ങും വിതയ്‍ക്കുകയും കാളയെയും കഴുതയെയും സ്വതന്ത്രമായി മേയാന്‍ അഴിച്ചു വിടുകയും ചെയ്യുന്ന നിങ്ങള്‍ സന്തുഷ്ടര്‍! നശിപ്പിക്കപ്പെടാതിരിക്കെ, മറ്റുള്ളവരെ നശിപ്പിക്കുന്നവരേ, വഞ്ചിക്കപ്പെടാതിരിക്കെ മറ്റുള്ളവരെ വഞ്ചിക്കുന്നവരേ, നിങ്ങള്‍ക്കു ഹാ ദുരിതം! നശീകരണ പ്രവൃത്തികള്‍ നിങ്ങള്‍ അവസാനിപ്പിക്കുമ്പോള്‍ നിങ്ങള്‍ നശിപ്പിക്കപ്പെടും. വഞ്ചന നിങ്ങള്‍ അവസാനിപ്പിക്കുമ്പോള്‍ മറ്റുള്ളവര്‍ നിങ്ങളെ വഞ്ചിക്കും. സര്‍വേശ്വരാ, ഞങ്ങളില്‍ കനിവുണ്ടാകണമേ, അങ്ങേക്കുവേണ്ടി ഞങ്ങള്‍ കാത്തിരിക്കുന്നു. അവിടുന്നു പ്രഭാതംതോറും ഞങ്ങളുടെ സംരക്ഷണഭുജവും കഷ്ടകാലത്തു ഞങ്ങളുടെ രക്ഷയും ആയിരിക്കണമേ. ഇടിമുഴക്കംപോലുള്ള അവിടുത്തെ ശബ്ദം കേട്ടു ജനം ഓടിപ്പോകുന്നു. അവിടുന്ന് എഴുന്നേല്‌ക്കുമ്പോള്‍ ജനതകള്‍ ചിതറിപ്പോകുന്നു. പട്ടുനൂല്‍ പുഴു തിന്നൊടുക്കുന്നതുപോലെ നിങ്ങള്‍ കൊള്ളമുതല്‍ കവര്‍ന്നെടുക്കുന്നു. വെട്ടുക്കിളി ചാടിവീഴുന്നതുപോലെ നിങ്ങള്‍ അതിന്മേല്‍ ചാടി വീഴുന്നു. സര്‍വേശ്വരന്‍ സമുന്നതന്‍, അവിടുന്ന് ഉന്നതങ്ങളില്‍ വസിക്കുന്നു. അവിടുന്നു നീതിയും ന്യായവുംകൊണ്ട് സീയോനെ നിറയ്‍ക്കും. നിന്‍റെ ആയുസ്സിന്‍റെ ഉറപ്പായ അടിസ്ഥാനവും രക്ഷയുടെയും വിവേകത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും സമൃദ്ധിയും അവിടുന്ന് ആയിരിക്കും. സര്‍വേശ്വരനോടുള്ള ഭക്തി ആയിരിക്കും അവരുടെ നിക്ഷേപം. വീരന്മാര്‍ കേഴുന്നു, സമാധാനദൂതന്മാര്‍ പൊട്ടിക്കരയുന്നു. പെരുവഴികള്‍ ശൂന്യമായിക്കിടക്കുന്നു. വഴിയാത്രക്കാര്‍ ഇല്ലാതെയിരിക്കുന്നു. ഉടമ്പടികള്‍ ലംഘിക്കപ്പെടുന്നു. സാക്ഷികള്‍ വെറുക്കപ്പെടുന്നു. മനുഷ്യന്‍ മാനിക്കപ്പെടുന്നില്ല. ദേശം മനമുരുകി കേഴുന്നു. ലെബാനോന്‍ ലജ്ജിച്ചു വാടിക്കൊഴിയുന്നു. ശാരോന്‍ മരുഭൂമിപോലെ ആയിരിക്കുന്നു. ബാശാനും, കര്‍മ്മേലും ഇല പൊഴിക്കുന്നു. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇപ്പോള്‍ ഞാന്‍ എഴുന്നേല്‌ക്കും, എന്‍റെ ശക്തി വെളിപ്പെടുത്തും. ഇപ്പോള്‍ ഞാന്‍ പുകഴ്ത്തപ്പെടും.” നീ നിഷ്ഫലമായതു നിരൂപിച്ചു പ്രയോജനരഹിതമായതു പ്രവര്‍ത്തിക്ക. നിന്‍റെ നിശ്വാസം നിന്നെത്തന്നെ ദഹിപ്പിക്കുന്ന അഗ്നിയായിത്തീരും. ജനപദങ്ങള്‍, നീറ്റിയെടുത്ത കുമ്മായം പോലെയായിത്തീരും. വെട്ടി തീയിലിടുന്ന മുള്‍ച്ചെടിപോലെ അവര്‍ ആയിത്തീരും. വിദൂരസ്ഥരേ, ഞാന്‍ ചെയ്തതെന്തെന്നു കേള്‍ക്കുവിന്‍, സമീപസ്ഥരേ, എന്‍റെ ശക്തി അംഗീകരിക്കുവിന്‍. സീയോനിലെ പാപികള്‍ ഭയപ്പെടുന്നു; അവിശ്വാസികള്‍ വിറയ്‍ക്കുന്നു. സംഹാരാഗ്നിയോടൊത്തു നമ്മില്‍ ആരു വസിക്കും? സദാ ജ്വലിക്കുന്ന അഗ്നിയോടൊത്ത് ആര്‍ക്കു പാര്‍ക്കാന്‍ കഴിയും? നീതിനിഷ്ഠരായി ജീവിക്കുകയും സത്യം സംസാരിക്കുകയും ചെയ്യുന്നവര്‍ മാത്രം അവിടെ വസിക്കും. അവര്‍ മര്‍ദനം കൊണ്ടുള്ള നേട്ടം നിരാകരിക്കുന്നു; കൈക്കൂലി വാങ്ങാതെ കൈ കുടഞ്ഞു കളയുന്നു; രക്തചൊരിച്ചിലിനെപ്പറ്റി കേള്‍ക്കാതിരിക്കാന്‍ ചെവി പൊത്തുന്നു. തിന്മ കാണാതിരിക്കാന്‍ കണ്ണടയ്‍ക്കുന്നു. ഇപ്രകാരമുള്ളവര്‍ ഉന്നതത്തില്‍ വസിക്കും. സുശക്തമായ ശിലാദുര്‍ഗത്തില്‍ അവര്‍ സുരക്ഷിതമായിരിക്കും. അവര്‍ക്ക് ആവശ്യമുള്ള അപ്പവും വെള്ളവും നല്‌കപ്പെടും. രാജാവിനെ അവന്‍റെ ഗാംഭീര്യത്തോടെ നിങ്ങള്‍ കാണും. വിദൂരത്തിലേക്കു വ്യാപിച്ചു കിടക്കുന്ന ഒരു രാജ്യത്തെയും നിങ്ങള്‍ കാണും. ഭീതിജനകമായ പഴയ കാര്യങ്ങളെക്കുറിച്ചു നിങ്ങള്‍ ഓര്‍ക്കും. നികുതിപ്പണം എണ്ണിയവന്‍ എവിടെ? കപ്പം തൂക്കി നോക്കിയവന്‍ എവിടെ? ഗോപുരങ്ങള്‍ എണ്ണി നോക്കിയവന്‍ എവിടെ? നിങ്ങള്‍ മനസ്സിലാകാത്ത ഭാഷ സംസാരിക്കുകയും ദുര്‍ഗ്രഹമായവിധം വിക്കിവിക്കി പറയുകയും ചെയ്യുന്ന ഗര്‍വിഷ്ഠരെ ഇനി കാണുകയില്ല. നിര്‍ദിഷ്ട ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുവിന്‍. നിന്‍റെ കണ്ണുകള്‍ യെരൂശലേമിനെ ദര്‍ശിക്കും. പ്രശാന്തമായ ഒരു പാര്‍പ്പിടം, മാറ്റമില്ലാത്ത ഒരു കൂടാരം, അതിന്‍റെ കുറ്റി പിഴുതു പോവുകയോ കയറു പൊട്ടുകയോ ഇല്ല. അവിടെ നമുക്കുവേണ്ടി മഹിമയോടെ വാഴുന്ന സര്‍വേശ്വരനുണ്ടായിരിക്കും. വിശാലമായ നദികളും തോടുകളും അവിടെക്കാണും. എന്നാല്‍ അവയിലൂടെ വലിയ കപ്പലുകളോ തണ്ടുവച്ച വഞ്ചികളോ കടന്നു പോകുകയില്ല. കാരണം, സര്‍വേശ്വരന്‍ നമ്മുടെ ന്യായാധിപന്‍, അവിടുന്നു നമ്മുടെ ഭരണാധിപനും രാജാവും ആകുന്നു. അവിടുന്നു നമ്മെ രക്ഷിക്കും. നിങ്ങളുടെ കപ്പല്‍ക്കയറ് അയഞ്ഞിരിക്കുന്നു. അതിനു പാമരം യഥാസ്ഥാനം ഉറപ്പിച്ചു നിര്‍ത്താനും കപ്പല്‍പ്പായ് വിരിച്ചു നിര്‍ത്താനും കഴിയുകയില്ല. അന്നു കൊള്ള ചെയ്ത വമ്പിച്ച മുതല്‍ പങ്കിടും; അന്നു മുടന്തന്‍പോലും കൊള്ള മുതല്‍ പിടിച്ചെടുക്കും. അവിടെ നിവസിക്കുന്ന ഒരുവന്‍ പോലും താന്‍ രോഗിയെന്നു പറയുകയില്ല. എല്ലാവരുടെയും അകൃത്യങ്ങള്‍ ക്ഷമിക്കപ്പെടും. ജനതകളേ, അടുത്തുവന്നു കേള്‍ക്കുവിന്‍; ജനപദങ്ങളേ, ശ്രദ്ധിക്കുവിന്‍. ഭൂമിയും അതില്‍ നിറഞ്ഞിരിക്കുന്ന സകലവുമേ, ചെവി തരുവിന്‍! ലോകവും അതില്‍നിന്ന് ഉദ്ഭവിക്കുന്ന സമസ്തവുമേ, കേള്‍ക്കുവിന്‍. സര്‍വേശ്വരന്‍ സകലജനതകളോടും രോഷം പൂണ്ടിരിക്കുന്നുവല്ലോ. അവരുടെ സര്‍വസൈന്യങ്ങളോടും അവിടുന്നു കോപാകുലനായിരിക്കുന്നു. അവിടുന്ന് അവരെ വിധിച്ചു കൊലയ്‍ക്ക് ഏല്പിച്ചു കൊടുത്തിരിക്കുന്നു. വധിക്കപ്പെട്ടവരെ വലിച്ചെറിയും; അവരുടെ മൃതശരീരങ്ങളില്‍നിന്നു ദുര്‍ഗന്ധം വമിക്കും; പര്‍വതങ്ങള്‍ അവരുടെ രക്തത്തില്‍ കുതിരും. സൂര്യചന്ദ്രന്മാരും നക്ഷത്രസമൂഹവും കെട്ടടങ്ങും. ആകാശം ഗ്രന്ഥച്ചുരുള്‍പോലെ ചുരുണ്ടുപോകും. മുന്തിരിയില്‍നിന്നും അത്തിയില്‍നിന്നും ഇല പൊഴിയുംപോലെ ആകാശസേനകള്‍ നിലംപതിക്കും. സര്‍വേശ്വരന്‍റെ വാള്‍ സ്വര്‍ഗത്തില്‍ സുസജ്ജമായിരിക്കുന്നു. ഇതാ, എദോമിന്മേല്‍ വിധി നടത്താന്‍, ജനത്തിനു ന്യായം വിധിക്കാന്‍ അത് ആകാശത്തുനിന്ന് ഇറങ്ങിവരുന്നു. സര്‍വേശ്വരന് ഒരു വാള്‍ ഉണ്ട്. അതു മതിയാവോളം രക്തം കുടിച്ചിരിക്കുന്നു. മേദസ്സു ഭക്ഷിച്ചു ചെടിച്ചിരിക്കുന്നു. ചെമ്മരിയാടിന്‍റെയും കോലാടിന്‍റെയും രക്തവും ആണാടുകളുടെ വൃക്കകളും മേദസ്സുംകൊണ്ടു തന്നെ. സര്‍വേശ്വരനു ബൊസ്രായില്‍ ഒരു യാഗം ഉണ്ട്. എദോമില്‍ ഒരു മഹാസംഹാരം ഉണ്ട്. അന്നു കാട്ടുകാളകളെയും കാളക്കുട്ടികളെയും കൂറ്റന്മാരെയുംപോലെ ജനപദങ്ങള്‍ വീഴും. ദേശം രക്തത്തില്‍ കുതിരും. അവരുടെ മണ്ണ് കൊഴുപ്പുകൊണ്ട് വളക്കൂറുള്ളതാകും. കാരണം സര്‍വേശ്വരന് ഒരു പ്രതികാരസമയമുണ്ട്. സീയോനെ വീണ്ടെടുക്കാന്‍ ശത്രുക്കളോടു പകരം വീട്ടുന്ന വര്‍ഷംതന്നെ. എദോമിലെ തോടുകള്‍ കീലായും അവിടുത്തെ മണ്ണ് ഗന്ധകമായും ദേശം കത്തുന്ന കീലായും മാറും. രാവും പകലും അതു കെടാതെ കത്തിക്കൊണ്ടിരിക്കും. അതില്‍നിന്ന് എന്നേക്കും പുക ഉയര്‍ന്നുകൊണ്ടിരിക്കും. തലമുറകളോളം അതു ശൂന്യമായി കിടക്കും. ഒരിക്കലും ആരും അതുവഴി കടന്നുപോകയില്ല. കഴുകനും മുള്ളന്‍പന്നിയും ദേശം അധീനമാക്കും. മൂങ്ങയും മലങ്കാക്കയും അവിടെ കുടിപാര്‍ക്കും. സര്‍വേശ്വരന്‍ സംഭ്രാന്തിയുടെ അളവുനൂല്‍ അതിന്‍റെമേല്‍ വലിച്ചുപിടിക്കും. ശൂന്യതയുടെ തൂക്കുകട്ട അവിടത്തെ പ്രമുഖന്മാരുടെമേല്‍ പിടിക്കും. അത് ഒരു രാജ്യം അല്ലാതാകും. പ്രഭുക്കന്മാര്‍ അപ്രത്യക്ഷമാകും. അതിന്‍റെ കോട്ടകളില്‍ മുള്‍ച്ചെടികളും സുരക്ഷിതസങ്കേതങ്ങളില്‍ തൂവ, ഞെരിഞ്ഞില്‍ എന്നിവയും വളരും. അതു കുറുനരികളുടെ വിഹാരരംഗമാകും; ഒട്ടകപ്പക്ഷികള്‍ അവിടെ താവളമാക്കും. അവിടെ കാട്ടുമൃഗങ്ങള്‍ കഴുതപ്പുലിയെ കണ്ടുമുട്ടും. മരുഭൂതങ്ങള്‍ അന്യോന്യം കരഞ്ഞുവിളിക്കും; വേതാളം വിശ്രമസങ്കേതം തേടി അവിടെയെത്തും. അവിടെ മൂങ്ങാ കൂടുകെട്ടി മുട്ടയിട്ടു വിരിയിച്ചു കുഞ്ഞുങ്ങളെ സ്വന്തം ചിറകിന്‍കീഴില്‍ വളര്‍ത്തും. അവിടെ പരുന്തുകള്‍ കൂട്ടം കൂടും; അവ ഇണയോടൊത്തു വിഹരിക്കും. സര്‍വേശ്വരന്‍റെ ഗ്രന്ഥം പരിശോധിച്ചു നോക്കൂ! ഇവയില്‍ ഒന്നും അതില്‍ കാണാതിരിക്കയില്ല. ഒന്നിനും ഇണയില്ലാതെ വരികയുമില്ല. സര്‍വേശ്വരനാണിതു കല്പിച്ചിരിക്കുന്നത്. അവിടുത്തെ ആത്മാവ് ഇവയെ ഒരുമിച്ചുകൂട്ടുന്നു. അവിടുന്നു ചീട്ടിടുകയും ചരടുപിടിച്ചളന്ന് ദേശം അവയ്‍ക്കു ഭാഗിച്ചു കൊടുക്കുകയും ചെയ്തു. അവ അതു കൈവശമാക്കും; തലമുറതലമുറകളായി അവിടെ പാര്‍ക്കും. വിജനപ്രദേശവും വരണ്ട നിലവും സന്തോഷിക്കും. മരുഭൂമി ആനന്ദിച്ചു പുഷ്പിക്കും. കുങ്കുമച്ചെടിപോലെ സമൃദ്ധമായി പൂക്കള്‍ വിരിയും. ആനന്ദഗീതം ആലപിച്ച് ആഹ്ലാദിക്കും. ലെബാനോനെപ്പോലെ അതു മനോഹരമായിരിക്കും. ശാരോനിന്‍റെയും കര്‍മ്മേലിന്‍റെയും പ്രൗഢി അതിനു ലഭിക്കും. അവര്‍ സര്‍വേശ്വരന്‍റെ മഹത്ത്വം, നമ്മുടെ ദൈവത്തിന്‍റെ മഹിമ ദര്‍ശിക്കും. ദുര്‍ബലമായ കരങ്ങളെ ശക്തിപ്പെടുത്തുവിന്‍. തളര്‍ന്ന കാല്‍മുട്ടുകളെ ഉറപ്പിക്കുവിന്‍. ഭീതിയില്‍ കഴിയുന്നവനോട്, “ഭയപ്പെടേണ്ടാ, ധൈര്യമായിരിക്കൂ” എന്നു പറയുക. ഇതാ സര്‍വേശ്വരന്‍ പ്രതികാരവുമായി വരുന്നു! അവിടുന്നു നിങ്ങളുടെ ശത്രുക്കളോടു പകരം വീട്ടുകയും നിങ്ങളെ രക്ഷിക്കുകയും ചെയ്യും. അന്ന് അന്ധന്മാരുടെ കണ്ണു തുറക്കും; ബധിരരുടെ ചെവി അടഞ്ഞിരിക്കുകയില്ല. അന്നു മുടന്തന്‍ മാനിനെപ്പോലെ ചാടും. മൂകന്‍ ആനന്ദിച്ചുപാടും. മരുഭൂമിയില്‍ നീരുറവകള്‍ ഉണ്ടാകും. വരണ്ട പ്രദേശത്ത് അരുവികള്‍ പൊട്ടിപ്പുറപ്പെടും. ചുട്ടുപഴുത്ത മണല്‍പ്പരപ്പ് ജലാശയമായി മാറും. വരണ്ട ഭൂമി നീരുറവകളായിത്തീരും. കുറുനരികള്‍ വിഹരിച്ചിരുന്ന വരണ്ട ഭൂമി ചതുപ്പുനിലമായി മാറും. അവിടെ പുല്ലും ഞാങ്ങണയും കോരപ്പുല്ലും വളരും. അവിടെ ഒരു പെരുവഴി ഉണ്ടാകും. അതിനു വിശുദ്ധവീഥി എന്ന പേരു വരും. അശുദ്ധര്‍ അതിലൂടെ സഞ്ചരിക്കയില്ല. അവിടെ ബുദ്ധികെട്ടവര്‍ക്കുപോലും വഴി തെറ്റുകയില്ല. സിംഹം അവിടെ ഉണ്ടായിരിക്കുകയില്ല. ഒരു ക്രൂരമൃഗവും അവിടെ പ്രവേശിക്കുകയില്ല, കാണപ്പെടുകയുമില്ല. വിമോചിതര്‍ മാത്രം ആ വഴിയിലൂടെ സഞ്ചരിക്കും. സര്‍വേശ്വരനാല്‍ വീണ്ടെടുക്കപ്പെട്ടവന്‍ പാട്ടു പാടിക്കൊണ്ടു സീയോനിലേക്കു മടങ്ങിവരും. ശാശ്വതമായ ആനന്ദം അവരുടെ മുഖങ്ങളില്‍ പരിലസിക്കും. അവര്‍ക്ക് ആനന്ദവും ഉല്ലാസവും ലഭിക്കും. സങ്കടവും നെടുവീര്‍പ്പും അവരില്‍ നിന്ന് ഓടിയകലും. ഹിസ്കിയാരാജാവിന്‍റെ വാഴ്ചയുടെ പതിനാലാം വര്‍ഷം അസ്സീറിയാരാജാവായ സെന്‍ഹേരീബ് യെഹൂദായിലെ കോട്ട കെട്ടി സുരക്ഷിതമാക്കിയ എല്ലാ നഗരങ്ങളും ആക്രമിച്ചു കീഴടക്കി. അസ്സീറിയാരാജാവ് ലാഖീശില്‍നിന്ന് ഒരു വലിയ സൈന്യത്തോടു കൂടി രബ്-ശാക്കേയെ യെരൂശലേമില്‍ ഹിസ്കിയാരാജാവിന്‍റെ നേര്‍ക്കയച്ചു. അയാള്‍ അലക്കുകാരന്‍റെ നിലത്തിലേക്കുള്ള പെരുവഴിയില്‍ മുകള്‍ഭാഗത്തെ കുളത്തിലേക്കുള്ള ചാലിനരികെ നിലയുറപ്പിച്ചു. അപ്പോള്‍ ഹില്‌കിയായുടെ പുത്രനും കൊട്ടാരം കാര്യവിചാരകനുമായ എല്യാക്കീം, കാര്യദര്‍ശിയായ ശെബ്നാ, ആസാഫിന്‍റെ പുത്രനും വൃത്താന്തലേഖകനുമായ യോവാഹ് എന്നിവര്‍ അയാളുടെ അടുക്കല്‍ ചെന്നു. രബ്-ശാക്കേ അവരോടു പറഞ്ഞു: “അസ്സീറിയായിലെ മഹാരാജാവ് ഇപ്രകാരം പറയുന്നതായി ഹിസ്കിയാരാജാവിനെ അറിയിക്കുക: “നിന്‍റെ ആത്മവിശ്വാസത്തിന് എന്താണ് അടിസ്ഥാനം? യുദ്ധതന്ത്രവും ശക്തിയും വെറും വാക്കുകളാണെന്നാണോ നീ കരുതുന്നത്? ആരില്‍ ആശ്രയിച്ചാണു നീ എന്നെ എതിര്‍ക്കുന്നത്? ഈജിപ്താണല്ലോ നിന്‍റെ ആശ്രയം. അതു ചതഞ്ഞ ഓടത്തണ്ടാണ്. ഊന്നി നടക്കുന്നവന്‍റെ കൈയില്‍ അതു കുത്തിക്കയറും. തന്നില്‍ ആശ്രയിക്കുന്നവര്‍ക്ക് ഈജിപ്തിലെ രാജാവായ ഫറവോ അങ്ങനെയാണ്. ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ആശ്രയിക്കുന്നു എന്നു നിങ്ങള്‍ പറയുന്നെങ്കില്‍ നിങ്ങള്‍ യാഗപീഠത്തിന്‍റെ മുമ്പില്‍ മാത്രം ആരാധിക്കുവിന്‍ എന്നു യെരൂശലേമിനോടും യെഹൂദായോടും പറഞ്ഞുകൊണ്ട് ദൈവമായ സര്‍വേശ്വരന്‍റെ മറ്റു പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കിയാ നശിപ്പിച്ചില്ലേ? എന്‍റെ യജമാനനായ അസ്സീറിയാ രാജാവിനോടു വാതുകെട്ടുക. രണ്ടായിരം കുതിരപ്പടയാളികളെങ്കിലും നിങ്ങള്‍ക്കുണ്ടെങ്കില്‍ ഞാന്‍ രണ്ടായിരം കുതിരകളെ തരാം. രഥങ്ങള്‍ക്കും കുതിരപ്പടയാളികള്‍ക്കും വേണ്ടി ഈജിപ്തിനെ ആശ്രയിക്കുന്ന നിങ്ങള്‍ക്ക് എന്‍റെ ദാസന്മാരില്‍ ഏറ്റവും ചെറിയ ഒരു സേനാനായകനെ എങ്കിലും തുരത്താന്‍ കഴിയുമോ? സര്‍വേശ്വരന്‍റെ സഹായം ഇല്ലാതെയാണോ ഞാനീ രാജ്യത്തെ നശിപ്പിക്കാന്‍ വന്നിരിക്കുന്നത്? ഈ ദേശം ആക്രമിച്ചു നശിപ്പിക്കുക എന്ന് അവിടുന്ന് എന്നോട് അരുളിച്ചെയ്തു.” അപ്പോള്‍ എല്യാക്കീമും ശെബ്നയും യോവാഹും രബ്-ശാക്കേയോടു പറഞ്ഞു: “ഞങ്ങളോടു അരാമ്യഭാഷയില്‍ സദയം സംസാരിച്ചാലും; ഞങ്ങള്‍ക്കതു മനസ്സിലാകും. കോട്ടയുടെ മുകളിലുള്ള ജനം കേള്‍ക്കെ അവര്‍ക്ക് അറിയാവുന്ന എബ്രായഭാഷയില്‍ സംസാരിക്കരുതേ.” അയാള്‍ മറുപടി നല്‌കി: “സ്വന്തം വിസര്‍ജനവസ്തുക്കള്‍ തിന്നാനും കുടിക്കാനും നിന്നോടൊപ്പം വിധിക്കപ്പെട്ടിരിക്കുന്നവരല്ലേ ആ കോട്ടയുടെ മുകളില്‍ കഴിയുന്നത്? അവരോടു സംസാരിക്കാതെ നിങ്ങളോടും നിങ്ങളുടെ യജമാനനോടും മാത്രമായി സംസാരിക്കാനാണോ എന്നെ അയച്ചിരിക്കുന്നത്? പിന്നീടു രബ്-ശാക്കേ എഴുന്നേറ്റുനിന്ന് എബ്രായഭാഷയില്‍ വിളിച്ചു പറഞ്ഞു: “അസ്സീറിയായിലെ മഹാരാജാവിന്‍റെ വാക്കു കേള്‍ക്കുവിന്‍; ഹിസ്ക്കിയാ നിങ്ങളെ വഞ്ചിക്കാനിടയാകരുത്. അയാള്‍ക്കു നിങ്ങളെ രക്ഷിക്കാന്‍ കഴിവില്ല. സര്‍വേശ്വരന്‍ നമ്മെ നിശ്ചയമായും രക്ഷിക്കും. അവിടുന്ന് ഈ നഗരം അസ്സീറിയായിലെ രാജാവിന്‍റെ കൈയില്‍ ഏല്പിച്ചുകൊടുക്കയില്ല എന്നു പറഞ്ഞു ഹിസ്ക്കിയാ നിങ്ങളെ സര്‍വേശ്വരനില്‍ ആശ്രയിക്കുമാറാക്കരുത്.” ഹിസ്കിയാ പറയുന്നതു നിങ്ങള്‍ ശ്രദ്ധിക്കരുത്. അസ്സീറിയായിലെ രാജാവ് പറയുന്നു: “എന്നോടു സമാധാന ഉടമ്പടി ചെയ്ത് എന്‍റെ അടുത്തു വരുവിന്‍. അപ്പോള്‍ നിങ്ങള്‍ക്കു സ്വന്തം മുന്തിരിവള്ളിയുടെയും അത്തിയുടെയും ഫലങ്ങള്‍ ഭക്ഷിക്കാനിടവരും. സ്വന്തം കിണറ്റിലെ വെള്ളം കുടിക്കുകയും ആകാം. പിന്നീട് ഞാന്‍ വന്നു നിങ്ങളെ നിങ്ങളുടെ നാടിനു സദൃശമായ നാട്ടിലേക്കു കൊണ്ടുപോകും. ധാന്യവും വീഞ്ഞുമുള്ള നാട്, അപ്പവും മുന്തിരിത്തോട്ടങ്ങളുമുള്ള നാട്. സര്‍വേശ്വരന്‍ നമ്മെ രക്ഷിക്കുമെന്നു പറഞ്ഞു ഹിസ്ക്കിയാ നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. ഏതെങ്കിലും ജനതയുടെ ദേവന്‍ അസ്സീറിയാരാജാവിന്‍റെ കൈയില്‍നിന്നു തന്‍റെ ദേശത്തെ രക്ഷിച്ചിട്ടുണ്ടോ? ഹമാത്തിലെയും അര്‍പ്പാദിലെയും ദേവന്മാര്‍ എവിടെ? സെഫര്‍വയീമിലെ ദേവന്മാര്‍ എവിടെ? അവര്‍ എന്‍റെ കൈയില്‍നിന്നും ശമര്യായെ മോചിപ്പിച്ചുവോ? ഈ രാജ്യങ്ങളിലെ ദേവന്മാരില്‍ ആരാണു തങ്ങളുടെ രാജ്യങ്ങളെ എന്‍റെ കൈയില്‍നിന്നു മോചിപ്പിച്ചിട്ടുള്ളത്. പിന്നെ എങ്ങനെ യെരൂശലേമിനെ എന്‍റെ കൈയില്‍നിന്നു സര്‍വേശ്വരന്‍ മോചിപ്പിക്കും.” എന്നാല്‍ അവര്‍ നിശ്ശബ്ദരായിരുന്നു. അയാളോട് ഒന്നും മറുപടി പറഞ്ഞില്ല. കാരണം, മറുപടി പറയരുതെന്നായിരുന്നു രാജകല്പന. ഹില്‌കിയായുടെ പുത്രനും കൊട്ടാരം കാര്യവിചാരകനുമായ എല്യാക്കീം, കാര്യദര്‍ശിയായ ശെബ്നാ, കാര്യദര്‍ശിയും ആസാഫിന്‍റെ പുത്രനും വൃത്താന്തലേഖകനുമായ യോവാഹ് എന്നിവര്‍ വസ്ത്രം കീറി ഹിസ്കിയാരാജാവിന്‍റെ അടുക്കല്‍ ചെന്ന് രബ്-ശാക്കേയുടെ വാക്കുകള്‍ അറിയിച്ചു. ഹിസ്കിയാരാജാവ് അതുകേട്ടപ്പോള്‍ വസ്ത്രം കീറി ചാക്കുതുണിയുടുത്തുകൊണ്ട് സര്‍വേശ്വരന്‍റെ ആലയത്തിലേക്കു പോയി. കൊട്ടാരം കാര്യവിചാരകനായ എല്യാക്കീമിനെയും കാര്യദര്‍ശിയായ ശെബ്നയെയും മുതിര്‍ന്ന പുരോഹിതന്മാരെയും ആമോസിന്‍റെ പുത്രനായ യെശയ്യായുടെ അടുത്തേക്കയച്ചു. അവരും ചാക്കുതുണി ഉടുത്തിരുന്നു. അവര്‍ അദ്ദേഹത്തോടു പറഞ്ഞു: “ഹിസ്കിയാരാജാവു പറയുന്നു, കഷ്ടതയുടെയും ശകാരത്തിന്‍റെയും അപമാനത്തിന്‍റെയും ദിവസമാണിന്ന്. കുഞ്ഞു പിറക്കേണ്ട സമയമായി. പക്ഷേ പ്രസവിക്കാന്‍ ശക്തിയില്ല. ജീവിക്കുന്ന ദൈവത്തെ പരിഹസിക്കാന്‍ അസ്സീറിയായിലെ രാജാവ് അയച്ച രബ്-ശാക്കേയുടെ വാക്കുകള്‍ അങ്ങയുടെ ദൈവം കേട്ടിരിക്കും. അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍ ആ വാക്കുകള്‍ക്കു പ്രതികാരം ചെയ്യുകയില്ലേ? അതുകൊണ്ട് അവശേഷിക്കുന്ന നമ്മുടെ ജനത്തിനുവേണ്ടി പ്രാര്‍ഥിച്ചാലും. ഹിസ്കിയാരാജാവിന്‍റെ ദാസന്മാര്‍ പറഞ്ഞതുകേട്ട് യെശയ്യാ അവരോടു പറഞ്ഞു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. “നിങ്ങളുടെ യജമാനനോടു പറയുക: “എന്നെ നിന്ദിച്ചുകൊണ്ട് അസ്സീറിയായിലെ രാജാവിന്‍റെ ദാസന്മാര്‍ പറഞ്ഞ വാക്കുകള്‍ നീ കേട്ടല്ലോ. നീ ഭയപ്പെടേണ്ടാ. ഞാന്‍ അവന്‍റെ മനസ്സിനു വിഭ്രാന്തി ഉളവാക്കും. ഒരു കിംവദന്തി കേട്ട് സ്വന്തം രാജ്യത്തേക്ക് അവന്‍ മടങ്ങും. അവിടെവച്ചു ഞാനവനെ വാളിനിരയാക്കാന്‍ ഇടയാക്കും. രബ്-ശാക്കേ തിരിച്ചുപോയി അസ്സീറിയാ രാജാവിനെ കണ്ടു. രാജാവ് ലാഖീശ് വിട്ടുപോയെന്നും ലിബ്നയ്‍ക്കെതിരെ യുദ്ധം ചെയ്യുന്നു എന്നും അയാള്‍ കേട്ടിരുന്നു. എത്യോപ്യരാജാവായ തിര്‍ഹാക്ക തനിക്കെതിരെ യുദ്ധം ചെയ്യാന്‍ വരുന്നു എന്നു കേട്ടിട്ട് അസ്സീറിയാരാജാവ് ഹിസ്ക്കിയായുടെ അടുക്കല്‍ ദൂതന്മാരെ അയച്ച് അറിയിച്ചു: “നിങ്ങള്‍ യെഹൂദാരാജാവായ ഹിസ്ക്കിയായോട് പറയുക: യെരൂശലേം അസ്സീറിയാരാജാവിന്‍റെ കൈയില്‍ ഏല്പിക്കുകയില്ല എന്നും പറഞ്ഞ് താങ്കള്‍ ആശ്രയിക്കുന്ന ദൈവം താങ്കളെ കബളിപ്പിക്കാന്‍ ഇടവരരുത്. അസ്സീറിയാരാജാക്കന്മാര്‍ എല്ലാ രാജ്യങ്ങളോടും പ്രവര്‍ത്തിച്ചതും അവയ്‍ക്ക് ഉന്മൂലനാശം വരുത്തിയതും താങ്കള്‍ കേട്ടിട്ടില്ലേ? പിന്നെ താങ്കള്‍ വിടുവിക്കപ്പെടുമെന്നോ? എന്‍റെ പൂര്‍വികര്‍ ഗോസാന്‍, ഹാരാന്‍, രേസെഫ് എന്നീ നഗരങ്ങളെയും തെലസ്സാരിലെ എദേന്യരെയും നശിപ്പിച്ചല്ലോ? അവരുടെ ദേവന്മാര്‍ അവരെ വിടുവിച്ചുവോ? ഹാമാത്ത്, അര്‍പ്പാദ്, സെഫര്‍വ്വയീം, ഹേന, ഇവ്വ എന്നിവിടങ്ങളിലെ രാജാക്കന്മാര്‍ ഇപ്പോള്‍ എവിടെ? ഹിസ്കിയാ ദൂതന്മാരുടെ കൈയില്‍നിന്നും കത്തു വാങ്ങി വായിച്ചു. അയാള്‍ സര്‍വേശ്വരന്‍റെ ആലയത്തില്‍ പ്രവേശിച്ച് സര്‍വേശ്വരസന്നിധിയില്‍ അതു നിവര്‍ത്തി ഇപ്രകാരം പ്രാര്‍ഥിച്ചു: സര്‍വശക്തനായ സര്‍വേശ്വരാ, കെരൂബുകളുടെമേല്‍ ആരൂഢനായിരിക്കുന്ന ഇസ്രായേലിന്‍റെ ദൈവമേ, ഭൂമിയിലെ സകല രാജ്യങ്ങളുടെയും ദൈവം അവിടുന്നാകുന്നു; അവിടുന്നു മാത്രം. അവിടുന്ന് ആകാശത്തെയും ഭൂമിയെയും സൃഷ്‍ടിച്ചു. സര്‍വേശ്വരാ, ശ്രദ്ധിച്ചാലും, തൃക്കണ്ണുകള്‍ തുറന്നു കടാക്ഷിക്കേണമേ. ജീവിക്കുന്ന ദൈവത്തെ അധിക്ഷേപിച്ചുകൊണ്ടുള്ള സെന്‍ഹേരീബിന്‍റെ കത്തിലെ വാക്കുകള്‍ കേള്‍ക്കണമേ. അസ്സീറിയാരാജാക്കന്മാര്‍ എല്ലാ ജനതകളെയും അവരുടെ ദേശങ്ങളെയും ശൂന്യമാക്കി, അവരുടെ ദേവന്മാരെ തീയില്‍ എരിച്ചുകളഞ്ഞു. ഇതു വാസ്തവംതന്നെ. കാരണം, അവര്‍ ദൈവങ്ങളായിരുന്നില്ല. മനുഷ്യകരങ്ങള്‍ നിര്‍മിച്ച കല്ലും മരവും കൊണ്ടുള്ള വിഗ്രഹങ്ങള്‍ മാത്രം. അതുകൊണ്ട് ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, അവരുടെ കൈയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ. അങ്ങനെ ഭൂമിയിലെ സര്‍വരാജ്യങ്ങളും അവിടുന്നു മാത്രമാണ് ദൈവം എന്നറിയട്ടെ. അപ്പോള്‍ ആമോസിന്‍റെ പുത്രനായ യെശയ്യാ ഒരു ദൂതന്‍ വശം ഹിസ്കിയാരാജാവിനൊരു സന്ദേശം അയച്ചു; “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. അസ്സീറിയായിലെ സെന്‍ഹേരീബ് രാജാവിനെ സംബന്ധിച്ചു നീ എന്നോടു പ്രാര്‍ഥിച്ചല്ലോ. അയാളെപ്പറ്റി സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. “നിന്നെ കന്യകയായ സീയോന്‍പുത്രി വെറുക്കുകയും പരിഹസിക്കുകയും ചെയ്യുന്നു; നിന്‍റെ പിറകില്‍നിന്നു യെരൂശലേംപുത്രി പരിഹാസത്തോടെ തല ആട്ടുന്നു. ആരെയാണു നീ നിന്ദിക്കുകയും ദുഷിക്കുകയും ചെയ്തത്? ആരുടെ നേരെയാണു നീ സ്വരം ഉയര്‍ത്തിയത്? ആരുടെ നേര്‍ക്കാണു നീ ധിക്കാരപൂര്‍വം ദൃഷ്‍ടി ഉയര്‍ത്തിയത്? ഇസ്രായേലിന്‍റെ പരിശുദ്ധനായ സര്‍വേശ്വരന് എതിരെയല്ലേ? നിന്‍റെ ഭൃത്യന്മാര്‍ മുഖാന്തരം നീ സര്‍വേശ്വരനെ പരിഹസിച്ചു: അനേകം രഥങ്ങളോടുകൂടി ഞാന്‍ പര്‍വതശിഖരങ്ങളില്‍ ലെബാനോന്‍റെ വിദൂരസങ്കേതങ്ങളില്‍ കയറി; അവിടെയുള്ള ഏറ്റവും ഉയര്‍ന്ന ദേവദാരുക്കളും വിശിഷ്ടമായ സരളവൃക്ഷങ്ങളും ഞാന്‍ വെട്ടിവീഴ്ത്തി. ഞാന്‍ അതിന്‍റെ ഏറ്റവും ഉയരമുള്ള ഇടതൂര്‍ന്ന വനത്തിലേക്കു ചെന്നു. ഞാന്‍ കിണറുകള്‍ കുഴിച്ച് വെള്ളം കുടിച്ചു. എന്‍റെ കാലടികള്‍കൊണ്ട് ഈജിപ്തിലെ സകല നദികളെയും വറ്റിച്ചു” എന്നു നീ പറഞ്ഞു. ഞാന്‍ പണ്ടു പണ്ടേ ഇതൊക്കെ നിശ്ചയിച്ചതാണെന്നു നീ കേട്ടിട്ടില്ലേ? പണ്ടേ നിശ്ചയിച്ചിട്ടുള്ളതാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. കോട്ടകള്‍ കെട്ടി സുരക്ഷിതമാക്കിയ നഗരങ്ങളെ നീ തകര്‍ത്തു പാഴ്കൂമ്പാരമാക്കണം. അപ്പോള്‍ തദ്ദേശവാസികള്‍ മനഃശക്തി ക്ഷയിച്ചു പരിഭ്രാന്തരായും ആകുലചിത്തരായും തീരും. അവര്‍ വയലിലെ സസ്യംപോലെയും ഇളംപുല്ലുപോലെയും നാമ്പു നീട്ടും മുമ്പു കരിഞ്ഞുപോകുന്ന മട്ടുപ്പാവിലെ പുല്ലുപോലെയും ആകും. നിന്‍റെ നില്പും ഇരിപ്പും നിന്‍റെ പ്രവൃത്തികളും എന്‍റെ നേരെ നിനക്കുള്ള ഉഗ്രകോപവും എനിക്കറിയാം. നീ എന്നോടു കുപിതനാകയാലും നിന്‍റെ അഹങ്കാരത്തെക്കുറിച്ചു ഞാന്‍ കേട്ടിരിക്കുന്നതിനാലും നിന്‍റെ മൂക്കില്‍ കൊളുത്തും വായില്‍ കടിഞ്ഞാണും ഇട്ടു നിന്നെ വന്നവഴിയെ ഞാന്‍ തിരിച്ചയയ്‍ക്കും.” പിന്നീട് യെശയ്യാ ഹിസ്കിയാരാജാവിനോടു പറഞ്ഞു: “ഇതായിരിക്കും നിനക്കുള്ള അടയാളം. ഈ വര്‍ഷവും അടുത്ത വര്‍ഷവും നിങ്ങള്‍ തനിയെ മുളച്ചുണ്ടാകുന്ന ധാന്യങ്ങള്‍ ഭക്ഷിക്കും. മൂന്നാം കൊല്ലം വിത്തു വിതയ്‍ക്കുകയും കൊയ്യുകയും മുന്തിരിത്തോട്ടം നട്ടുവളര്‍ത്തി ഫലമെടുക്കുകയും ചെയ്യും. യെഹൂദാഭവനത്തില്‍ അവശേഷിക്കുന്നവര്‍ ആഴത്തില്‍ വേരുന്നുകയും ഫലം കായ്‍ക്കുകയും ചെയ്യും. യെരൂശലേമില്‍നിന്ന്, സീയോന്‍പര്‍വതത്തില്‍നിന്ന് അവശേഷിക്കുന്നവരുടെ ഒരു ഗണം പുറപ്പെടും. സര്‍വശക്തനായ സര്‍വേശ്വരന്‍ ഇതു നിറവേറ്റാന്‍ നിശ്ചയിച്ചിരിക്കുന്നു.” അസ്സീറിയാ രാജാവിനെക്കുറിച്ച് സര്‍വേശ്വരന്‍ അരുളിച്ചെയ്തതിപ്രകാരമാണ്: അയാള്‍ ഈ നഗരത്തില്‍ പ്രവേശിക്കുകയോ അമ്പ് എയ്യുകയോ പരിചയുമായി മുന്നേറുകയോ ഉപരോധത്തിനുള്ള മണ്‍കൂന നിര്‍മിക്കുകയോ ചെയ്യുകയില്ല. വന്നവഴിതന്നെ അയാള്‍ മടങ്ങിപ്പൊയ്‍ക്കൊള്ളും. അയാള്‍ ഈ നഗരത്തിലേക്കു കടക്കുകയില്ല എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. കാരണം എനിക്കുവേണ്ടിയും എന്‍റെ ദാസനായ ദാവീദിനുവേണ്ടിയും ഈ നഗരത്തെ ഞാന്‍ കാത്തുസൂക്ഷിക്കും. സര്‍വേശ്വരന്‍റെ ദൂതന്‍ അസ്സീറിയന്‍ പാളയത്തിലേക്കു ചെന്ന് ഒരുലക്ഷത്തിയെപത്തയ്യായിരം ഭടന്മാരെ വധിച്ചു. രാവിലെ ജനം ഉണര്‍ന്നു നോക്കുമ്പോള്‍ അവരെല്ലാവരും മരിച്ചു കിടക്കുന്നതു കണ്ടു. അപ്പോള്‍ അസ്സീറിയാരാജാവായ സെന്‍ഹേരീബ് പിന്‍വാങ്ങി നീനെവേയില്‍ പാര്‍ത്തു. അയാള്‍ തന്‍റെ ദേവനായ നിസ്രോക്കിന്‍റെ ക്ഷേത്രത്തില്‍ ആരാധിച്ചുകൊണ്ടിരിക്കെ തന്‍റെ പുത്രന്മാരായ അദ്രമേലെക്കും ശരേസെറും ചേര്‍ന്ന് അദ്ദേഹത്തെ വാളിനിരയാക്കി. അവര്‍ അരാരാത്തു ദേശത്തേക്ക് ഓടി രക്ഷപെട്ടു. പിന്നീട് സെന്‍ഹേരീബിന്‍റെ മറ്റൊരു പുത്രന്‍ ഏസര്‍ ഹദ്ദോന്‍ അസ്സീറിയായില്‍ രാജ്യഭാരം കൈയേറ്റു. ഹിസ്കിയാരാജാവ് രോഗബാധിതനായി മരണത്തോടടുത്തു; അപ്പോള്‍ ആമോസിന്‍റെ പുത്രനായ യെശയ്യാ അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞു: “അങ്ങയുടെ ഭവനകാര്യങ്ങള്‍ ക്രമീകരിച്ചുകൊള്ളുക. അങ്ങു മരിച്ചുപോകും. സുഖം പ്രാപിക്കുകയില്ല എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.” ഹിസ്കിയാ ചുമരിലേക്കു മുഖം തിരിച്ചു സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, ഞാനെത്രമാത്രം വിശ്വസ്തതയോടും പൂര്‍ണഹൃദയത്തോടും കൂടി അവിടുത്തെ സേവിച്ചു എന്നും അവിടുത്തെ ദൃഷ്‍ടിയില്‍ നന്മയായുള്ളതേ ഞാന്‍ ചെയ്തിട്ടുള്ളൂ എന്നും അവിടുന്ന് ഓര്‍മിക്കണമേ. തുടര്‍ന്ന് അദ്ദേഹം അതിദുഃഖത്തോടെ കരഞ്ഞു. അപ്പോള്‍ യെശയ്യായ്‍ക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി. നീ ചെന്ന് ഹിസ്കിയായോടു പറയുക: “നിന്‍റെ പിതാവായ ദാവീദിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ഞാന്‍ നിന്‍റെ പ്രാര്‍ഥന കേട്ടു. നിന്‍റെ കണ്ണുനീര്‍ ഞാന്‍ കണ്ടിരിക്കുന്നു. ഇതാ, നിന്‍റെ ആയുസ്സ് പതിനഞ്ചു വര്‍ഷം കൂടി നീട്ടിത്തരുന്നു. അസ്സീറിയാരാജാവില്‍നിന്നു നിന്‍റെ നഗരത്തെയും ഞാന്‍ രക്ഷിക്കും. ഈ നഗരം ഞാന്‍ സംരക്ഷിക്കും. ഈ വാഗ്ദാനം സര്‍വേശ്വരന്‍ നിറവേറ്റും എന്നതിനു സര്‍വേശ്വരനില്‍ നിന്നുള്ള അടയാളം ഇതായിരിക്കും. “ആഹാസിന്‍റെ സൂര്യഘടികാരത്തിലെ ഇറങ്ങിപ്പോയ നിഴല്‍ പത്തു ചുവടു പിറകോട്ടു ഞാന്‍ തിരിക്കും.” അങ്ങനെ താഴേക്കിറങ്ങിയ സൂര്യന്‍ പത്തു ചുവട്ടടി പിറകോട്ടു മാറി. യെഹൂദാരാജാവായ ഹിസ്കിയാ രോഗവിമുക്തനായ ശേഷം എഴുതിയ സ്തോത്രഗാനം: ഞാന്‍ പറഞ്ഞു: “ജീവിതത്തിന്‍റെ മധ്യാഹ്നത്തില്‍ ഞാന്‍ കടന്നുപോകണം ശിഷ്ടായുസ്സ് പാതാളകവാടത്തിങ്കല്‍ ചെലവഴിക്കാന്‍ ഞാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ജീവിക്കുന്നവരുടെ ദേശത്തുവച്ച് ഇനി സര്‍വേശ്വരനെ കാണുകയില്ല എന്നു ഞാന്‍ പറഞ്ഞു. ഇനിമേല്‍ മനുഷ്യനെ ഞാന്‍ കാണുകയില്ല. ആട്ടിടയന്‍റെ കൂടാരം എന്നപോലെ എന്‍റെ വസതി പിഴുതെടുത്തു മാറ്റിയിരിക്കുന്നു. നെയ്ത്തുകാരന്‍ വസ്ത്രം ചുരുട്ടുന്നതുപോലെ, ഞാനും എന്‍റെ ജീവിതം ചുരുട്ടി മാറ്റിയിരിക്കുന്നു. അവിടുന്ന് എന്നെ തറയില്‍ നിന്നു മുറിച്ചു നീക്കിയിരിക്കുന്നു. രാപകല്‍ അവിടുന്ന് എന്നെ അന്ത്യത്തിലേക്കു നയിക്കുന്നു. പുലര്‍ച്ചവരെ സഹായത്തിനായി ഞാന്‍ കേണു; എന്നാല്‍ സിംഹത്തെപ്പോലെ അവിടുന്ന് എന്‍റെ അസ്ഥികള്‍ എല്ലാം തകര്‍ക്കുന്നു. എന്‍റെ ജീവിതം അന്ത്യത്തോടടുക്കുകയാണെന്ന് എനിക്കു തോന്നി. മീവല്‍പ്പക്ഷിയെപ്പോലെയോ, കൊക്കിനെപ്പോലെയോ ഞാന്‍ ചിലയ്‍ക്കുന്നു. പ്രാവിനെപ്പോലെ ഞാന്‍ കുറുകുന്നു. മുകളിലേക്കു നോക്കി എന്‍റെ കണ്ണുകള്‍ കുഴയുന്നു. സര്‍വേശ്വരാ, ഞാന്‍ പീഡിതനായിരിക്കുന്നു. അവിടുന്ന് എന്‍റെ രക്ഷാസങ്കേതമായിരിക്കണമേ. എനിക്ക് എന്തു പറയാന്‍ കഴിയും? അവിടുന്നുതന്നെ ഇതു ചെയ്തിരിക്കുന്നു. അവിടുന്നുതന്നെ ഇത് എന്നോടു പറയുകയും ചെയ്തിരിക്കുന്നു. മനോവേദന മൂലം നിദ്ര എന്നെ വിട്ടൊഴിഞ്ഞിരിക്കുന്നു. സര്‍വേശ്വരാ, ഞാന്‍ അങ്ങേക്കുവേണ്ടി ജീവിക്കും. അങ്ങേക്കുവേണ്ടി മാത്രം! സൗഖ്യം നല്‌കി എന്നെ ജീവിക്കാനനുവദിച്ചാലും. എനിക്ക് ഈ കൊടിയവേദന ഉണ്ടായത് എന്‍റെ നന്മയ്‍ക്കുവേണ്ടിയാണ്. എന്‍റെ സര്‍വപാപങ്ങളും പിമ്പിലേക്കു തള്ളി നീക്കിയതിനാല്‍ നാശത്തിന്‍റെ കുഴിയില്‍ വീഴാതെ അവിടുന്ന് എന്നെ തടഞ്ഞു നിര്‍ത്തി. പാതാളം അങ്ങയോടു നന്ദി പറയുന്നില്ല. മരണം അങ്ങയെ സ്തുതിക്കുന്നില്ല. മരണമടയുന്നവര്‍ അങ്ങയുടെ വിശ്വസ്തതയില്‍ ശരണപ്പെടുകയില്ല. ജീവിച്ചിരിക്കുന്നവര്‍, എന്നെപ്പോലെ ജീവിച്ചിരിക്കുന്നവര്‍ തന്നെയാണ് അങ്ങേക്കു സ്തോത്രം അര്‍പ്പിക്കുന്നത്. അവിടുത്തെ വിശ്വസ്തതയെക്കുറിച്ച് പിതാവു മക്കളെ അറിയിക്കുന്നു. സര്‍വേശ്വരന്‍ എന്നെ രക്ഷിക്കും. ഞങ്ങള്‍ ജീവിതകാലം മുഴുവന്‍ അവിടുത്തെ ആലയത്തിലിരുന്നു വീണമീട്ടി പാടും. എന്നാല്‍ ഹിസ്കിയാ സുഖം പ്രാപിക്കാന്‍വേണ്ടി ഒരു അത്തിയട എടുത്ത് അദ്ദേഹത്തിന്‍റെ വ്രണത്തില്‍ വച്ചു കെട്ടുക എന്നു യെശയ്യാ പറഞ്ഞിരുന്നു. ഞാന്‍ ദേവാലയത്തിലേക്കു പോകും എന്നതിനു അടയാളം എന്തെന്ന് രാജാവു ചോദിച്ചിരുന്നു. അക്കാലത്ത് ബലദാന്‍റെ പുത്രനായ മെരോദക്ക്-ബലദാന്‍ എന്ന ബാബിലോണ്‍രാജാവ് ഹിസ്കിയാരാജാവിന്‍റെ രോഗവും അതില്‍നിന്നുള്ള വിടുതലും അറിഞ്ഞ് അദ്ദേഹത്തിന്‍റെ അടുക്കല്‍ എഴുത്തും സമ്മാനവുമായി ദൂതന്മാരെ അയച്ചു. ഹിസ്കിയാരാജാവ് അവരെ സ്വീകരിച്ചു. തന്‍റെ ഭണ്ഡാരവും സ്വര്‍ണം, വെള്ളി, സുഗന്ധദ്രവ്യങ്ങള്‍, അമൂല്യതൈലങ്ങള്‍, ആയുധശേഖരം എന്നിങ്ങനെ തന്‍റെ സംഭരണശാലകളിലുള്ള സര്‍വവും അവര്‍ക്കു കാണിച്ചുകൊടുത്തു. അദ്ദേഹത്തിന്‍റെ കൊട്ടാരത്തിലോ രാജ്യത്തിലോ അവരെ കാണിക്കാത്ത യാതൊന്നും ഉണ്ടായിരുന്നില്ല. യെശയ്യാപ്രവാചകന്‍ ഹിസ്കിയാ രാജാവിന്‍റെ അടുക്കല്‍ ചെന്നു: “ഈ മനുഷ്യര്‍ പറയുന്നത് എന്ത്? ഇവര്‍ അങ്ങയുടെ അടുക്കല്‍ എവിടെനിന്നു വരുന്നു?” എന്നു ചോദിച്ചു. “ഇവര്‍ വിദൂരസ്ഥലമായ ബാബിലോണില്‍നിന്നു വന്നവരാണെന്നു” ഹിസ്കിയ മറുപടി പറഞ്ഞു. “അവര്‍ അങ്ങയുടെ കൊട്ടാരത്തില്‍ എന്തെല്ലാം കണ്ടു?” എന്നു പ്രവാചകന്‍ ചോദിച്ചു. “എന്‍റെ കൊട്ടാരത്തിലുള്ളതെല്ലാം അവര്‍ കണ്ടു. ഞാന്‍ കാണിച്ചു കൊടുക്കാത്തതായി എന്‍റെ ഭണ്ഡാരത്തില്‍ ഇനി ഒന്നും ഇല്ല” എന്നു ഹിസ്കിയാ പറഞ്ഞു. അപ്പോള്‍ യെശയ്യാ ഹിസ്കിയായോടു പറഞ്ഞു: “സര്‍വശക്തനായ സര്‍വേശ്വരന്‍റെ അരുളപ്പാടു കേള്‍ക്കുക. “ഇതാ അങ്ങയുടെ പിതാക്കന്മാര്‍ ഇന്നുവരെ സംഭരിച്ചിട്ടുള്ളതും അങ്ങയുടെ ഭണ്ഡാരത്തില്‍ സ്വരൂപിച്ചിട്ടുള്ളതുമായ സര്‍വസ്വവും ബാബിലോണിലേക്കു കൊണ്ടുപോകുന്ന നാള്‍ വരുന്നു. ഒന്നും തന്നെ ശേഷിക്കുകയില്ല; അങ്ങയുടെ സ്വന്തം പുത്രന്മാരില്‍ ചിലരെ ബാബിലോണിലേക്കു കൊണ്ടുപോകും. അവര്‍ ബാബിലോണ്‍രാജാവിന്‍റെ കൊട്ടാരത്തിലെ ഷണ്ഡന്മാരായിരിക്കും.” തന്‍റെ ഭരണകാലത്തു സമാധാനവും സുരക്ഷിതത്വവും ഉണ്ടായിരിക്കും എന്നു കരുതി ഹിസ്കിയാ യെശയ്യായോടു പറഞ്ഞു. “അങ്ങ് അറിയിച്ച സര്‍വേശ്വരന്‍റെ അരുളപ്പാടു നല്ലതു തന്നെ.” “ആശ്വസിപ്പിക്കുവിന്‍, എന്‍റെ ജനത്തെ ആശ്വസിപ്പിക്കുവിന്‍” എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു. യെരൂശലേമിനോടു ദയാപൂര്‍വം സംസാരിക്കുവിന്‍. അവളുടെ അടിമത്തം അവസാനിച്ചു; അവളുടെ അകൃത്യം ക്ഷമിക്കപ്പെട്ടിരിക്കുന്നു. അവളുടെ പാപങ്ങള്‍ക്കിരട്ടി ശിക്ഷ സര്‍വേശ്വരനില്‍നിന്നു ലഭിച്ചു കഴിഞ്ഞുവെന്ന് അവളോടു വിളിച്ചു പറയുക. ഇതാ ഒരു ശബ്ദം ഉയരുന്നു: മരുഭൂമിയില്‍ സര്‍വേശ്വരനു വഴിയൊരുക്കുവിന്‍, വിജനസ്ഥലത്തു നമ്മുടെ ദൈവത്തിനു പെരുവഴി ഒരുക്കുവിന്‍. എല്ലാ താഴ്വരകളും നികത്തണം, എല്ലാ കുന്നുകളും മലകളും നിരത്തണം, നിരപ്പില്ലാത്ത നിലം സമതലവും ദുര്‍ഘടതലങ്ങള്‍ സുഗമവും ആക്കണം. സര്‍വേശ്വരന്‍റെ മഹത്ത്വം വെളിവാകും, എല്ലാ മനുഷ്യരും ഒരുമിച്ച് അതു ദര്‍ശിക്കും.” ഇതു സര്‍വേശ്വരന്‍റെ വചനം. “വിളിച്ചു പറയുക” എന്നൊരു ശബ്ദം എന്നോടാജ്ഞാപിച്ചു. “എന്താണു വിളിച്ചു പറയേണ്ടത്? എന്നു ഞാന്‍ ചോദിച്ചു. സര്‍വമനുഷ്യരും പുല്ലിനു സമം. അവരുടെ സൗന്ദര്യം കാട്ടുപൂവിനു തുല്യം. സര്‍വേശ്വരന്‍റെ നിശ്വാസം ഏല്‌ക്കുമ്പോള്‍ പുല്ലുണങ്ങുന്നു. പൂ വാടുന്നു. എന്നാല്‍ നമ്മുടെ ദൈവത്തിന്‍റെ വചനം എന്നേക്കും നിലനില്‌ക്കും. സീയോനിലേക്കു സദ്‍വാര്‍ത്ത കൊണ്ടുവരുന്നവരേ, ഒരുയര്‍ന്ന പര്‍വതത്തിന്മേല്‍ കയറി നില്‌ക്കുവിന്‍; യെരൂശലേമിലേക്കു സദ്‍വാര്‍ത്ത കൊണ്ടുവരുന്നവരേ, ഘോഷത്തോടെ ശബ്ദം ഉയര്‍ത്തുവിന്‍! ഭയപ്പെടാതെ ശബ്ദം ഉയര്‍ത്തുവിന്‍. യെഹൂദാ നഗരങ്ങളോട് “ഇതാ നിങ്ങളുടെ ദൈവം” എന്നു വിളിച്ചുപറയുവിന്‍. ഇതാ ദൈവമായ സര്‍വേശ്വരന്‍ ശക്തിയോടെ വരുന്നു. അവിടുന്നു തന്‍റെ കരബലത്താല്‍ ഭരണം നടത്തും. ഇതാ പ്രതിഫലം അവിടുത്തെ പക്കലുണ്ട്. തന്‍റെ ജനത്തിനുള്ള സമ്മാനം അവിടുത്തെ മുമ്പിലുണ്ട്. ഇടയനെപ്പോലെ അവിടുന്ന് തന്‍റെ ജനത്തെ മേയ്‍ക്കും. അവിടുന്ന് ആട്ടിന്‍കുട്ടികളെ കൈയിലെടുത്തു മാറോടണയ്‍ക്കും; തള്ളയാടുകളെ സൗമ്യതയോടെ നയിക്കും. മഹാസമുദ്രത്തെ കൈക്കുമ്പിളില്‍ അളക്കുകയും ആകാശത്തെ കൈകൊണ്ട് അളന്നു തിട്ടപ്പെടുത്തുകയും ഭൂമിയിലെ പൂഴി മുഴുവന്‍ നാഴിയില്‍ ഒതുക്കുകയും പര്‍വതങ്ങളെ തുലാസിലും കുന്നുകളെ വെള്ളിക്കോലിലും തൂക്കി നോക്കുകയും ചെയ്യുന്നതാര്? സര്‍വേശ്വരനു മാര്‍ഗനിര്‍ദേശം നല്‌കാന്‍ ആര്‍ക്കു കഴിയും? ആര് ഉപദേഷ്ടാവായി സര്‍വേശ്വരനു ശിക്ഷണം നല്‌കും? ജ്ഞാനോദയത്തിനുവേണ്ടി അവിടുന്ന് ആരുടെയെങ്കിലും ഉപദേശം തേടിയിട്ടുണ്ടോ? സര്‍വേശ്വരനു നീതിയുടെ മാര്‍ഗം പഠിപ്പിച്ചു കൊടുക്കുകയും ജ്ഞാനം ഉപദേശിക്കുകയും വിവേകത്തിന്‍റെ പാത ചൂണ്ടിക്കാണിക്കുകയും ചെയ്യാന്‍ ആരുണ്ട്? ജനതകള്‍ സര്‍വേശ്വരനു തൊട്ടിയിലെ ഒരു തുള്ളി വെള്ളംപോലെ മാത്രം. അവര്‍ തുലാസില്‍ ധൂളിപോലെ മാത്രമേ ഗണിക്കപ്പെടുകയുള്ളൂ. ഇതാ ദ്വീപുകളെ അവിടുന്നു നേര്‍ത്ത പൊടിപോലെ എടുക്കുന്നു. ലെബാനോനിലെ വൃക്ഷങ്ങള്‍ വിറകിനും അതിലെ മൃഗങ്ങള്‍ ഒരു ഹോമയാഗത്തിനും അവിടുത്തേക്കു മതിയാകയില്ല. എല്ലാ ജനതകളും കൂടിയാലും തിരുമുമ്പില്‍ ഏതുമില്ല. ഒന്നുമില്ലായ്മയ്‍ക്കും ശൂന്യതയ്‍ക്കും താഴെയായി മാത്രം അവിടുന്ന് അവരെ കണക്കാക്കുന്നു. ഏതൊന്നിനോടു നിങ്ങള്‍ ദൈവത്തെ തുലനം ചെയ്യും? അല്ലെങ്കില്‍ ഏതൊരു വിഗ്രഹം അവിടുത്തെ ഛായ വെളിപ്പെടുത്തും? അതൊരു ശില്പി വാര്‍ക്കുന്നു. തട്ടാന്‍ അതിന്മേല്‍ സ്വര്‍ണം പൊതിയുന്നു. അതിനുവേണ്ടി വെള്ളിച്ചങ്ങല നിര്‍മിക്കുന്നു. അതിനു വകയില്ലാത്തവന്‍ ദ്രവിച്ചുപോകാത്ത ഒരു മരക്കഷണം അര്‍ച്ചനയ്‍ക്കായി കണ്ടെത്തുന്നു. ഇളകാത്ത ഒരു വിഗ്രഹം നിര്‍മിച്ചു സ്ഥാപിക്കാന്‍ വിദഗ്ധശില്പിയെ അന്വേഷിക്കുന്നു. നിങ്ങള്‍ അറിഞ്ഞിട്ടില്ലേ, കേട്ടിട്ടില്ലേ? ആദിമുതല്‍ തന്നെ നിങ്ങളോടു പറഞ്ഞിട്ടുള്ളതല്ലേ? സര്‍വേശ്വരനാണു ഭൂമണ്ഡലത്തിനു മീതെ ഇരുന്നരുളുന്നത്. ഭൂവാസികള്‍ വെട്ടുക്കിളികളെപ്പോലെ മാത്രമാകുന്നു. ദൈവം ആകാശത്തെ തിരശ്ശീലപോലെ വിരിക്കുകയും കൂടാരംപോലെ നിവര്‍ത്തുകയും ചെയ്യുന്നു. അവിടുന്നു ഭൂമിയിലെ പ്രഭുക്കന്മാരെ ഇല്ലാതാക്കുകയും ഭരണാധിപന്മാരെ ശൂന്യതയിലേക്കു നയിക്കുകയും ചെയ്യുന്നു. വിതയോ നടീലോ കഴിഞ്ഞു വേരു പിടിക്കുന്നതിനു മുമ്പ് അവിടുത്തെ നിശ്വാസത്താല്‍ അവ വാടിക്കരിയുന്നു. കൊടുങ്കാറ്റ് അവയെ വയ്‍ക്കോല്‍പോലെ പറത്തിക്കളയുന്നു. എങ്കില്‍ നിങ്ങള്‍ എന്നെ ആരോടു താരതമ്യപ്പെടുത്തുന്നു? ഞാന്‍ ആര്‍ക്കു സദൃശനാണ്, എന്നു പരിശുദ്ധനായവന്‍ ചോദിക്കുന്നു. നിങ്ങള്‍ ഉയരത്തിലേക്കു നോക്കുവിന്‍; ആരാണ് ഇവയെല്ലാം സൃഷ്‍ടിച്ചത്? ഒരു സൈന്യത്തെപ്പോലെ നയിക്കത്തക്കവിധം അവ എത്രയുണ്ടെന്ന് അറിഞ്ഞു സംഖ്യാക്രമമനുസരിച്ച് അവയെ പേരുവിളിച്ചു പുറത്തു കൊണ്ടുവരുന്നവന്‍ തന്നെ. അവിടുത്തെ ശക്തിപ്രഭാവവും അധികാരസ്ഥിരതയുംകൊണ്ട് അവയിലൊന്നുപോലും നഷ്ടപ്പെടുന്നില്ല. എന്‍റെ വഴി സര്‍വേശ്വരനില്‍നിന്നു മറഞ്ഞിരിക്കുന്നു എന്നും എന്‍റെ അവകാശം അവിടുന്നു അവഗണിച്ചിരിക്കുന്നുവെന്നും യാക്കോബേ, നീ പറയുന്നതെന്ത്? ഇസ്രായേലേ നീ ആവലാതിപ്പെടുന്നതെന്ത്? ഭൂമിയുടെ അറുതികളെ നിര്‍മിച്ച സര്‍വേശ്വരന്‍ നിത്യനായ ദൈവമാകുന്നു എന്നു നീ കേട്ടിട്ടില്ലേ? നിനക്കറിഞ്ഞുകൂടേ? അവിടുന്നു ക്ഷീണിക്കയോ തളരുകയോ ചെയ്യുന്നില്ല. അവിടുത്തെ മനോഗതം ആര്‍ക്കാണറിയാവുന്നത്? ബലഹീനനു കരുത്തു നല്‌കുന്നത് അവിടുന്നത്രേ. ശക്തിഹീനന്‍റെ കരുത്തു വര്‍ധിപ്പിക്കുന്നതും അവിടുന്നു തന്നെ. യുവാക്കള്‍പോലും ക്ഷീണിച്ചു തളരും, യൗവനക്കാര്‍ പരിക്ഷീണരായി വീഴും. എന്നാല്‍ സര്‍വേശ്വരനെ കാത്തിരിക്കുന്നവര്‍ ശക്തി വീണ്ടെടുക്കും. അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടും, തളരുകയില്ല. അവര്‍ നടക്കും, ക്ഷീണിക്കുകയില്ല. തീരദേശങ്ങളേ, എന്‍റെ മുമ്പില്‍ നിശ്ശബ്ദരായിരുന്ന് ശ്രദ്ധിക്കുവിന്‍. ജനതകള്‍ ശക്തി വീണ്ടെടുക്കട്ടെ. അവര്‍ അടുത്തു വന്നു സംസാരിക്കട്ടെ. ന്യായവാദം നടത്താനായി നമുക്ക് ഒത്തുചേരാം. ഓരോ കാല്‍വയ്പിലും വിജയിച്ചു മുന്നേറുന്ന ഒരുവനെ കിഴക്കുനിന്ന് ഇളക്കിവിട്ടതാരാണ്? അവിടുന്ന് ജനതകളെ അയാള്‍ക്ക് ഏല്പിച്ചു കൊടുക്കുന്നു. അങ്ങനെ രാജാക്കന്മാര്‍ ചവുട്ടി മെതിക്കപ്പെടുന്നു. അയാള്‍ വാള്‍കൊണ്ട് അവരെ വെട്ടിവീഴ്ത്തുന്നു. വില്ലുകൊണ്ട് അവരെ വയ്‍ക്കോല്‍പോലെ പറപ്പിക്കുന്നു. അയാള്‍ അവരെ പിന്തുടര്‍ന്നു നടന്നിട്ടില്ലാത്ത പാതകളിലൂടെ സുരക്ഷിതനായി കടന്നുപോകുന്നു. ലോകാരംഭംമുതല്‍ തലമുറകളെ വിളിച്ചുവരുത്തി ഇവയെല്ലാം പ്രവര്‍ത്തിച്ചത് ആരാണ്? സര്‍വേശ്വരനായ ഞാന്‍തന്നെ, ആദിയിലുണ്ടായിരുന്നവനും അന്ത്യത്തില്‍ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നവനുമായ ഞാന്‍ തന്നെ. എന്‍റെ പ്രവൃത്തിയില്‍ വിദൂരദേശങ്ങള്‍ ഭയപ്പെടുന്നു. ഭൂമിയുടെ അറുതികള്‍ വിറയ്‍ക്കുന്നു. അവര്‍ ഒരുമിച്ചുകൂടി അടുത്തുവരുന്നു. അവര്‍ പരസ്പരം സഹായിക്കുന്നു. സഹോദരനോടു ധൈര്യമായിരിക്കുക എന്നു പറയുന്നു. ശില്പി തട്ടാനെയും കൊല്ലന്‍ കൂടം അടിക്കുന്നവനെയും അന്യോന്യം അഭിനന്ദിക്കുന്നു; കൂട്ടിവിളക്കിയതു നന്നായിരിക്കുന്നു എന്നു പറഞ്ഞ് അവര്‍ അത് ഇളകാത്തവിധം ആണിയടിച്ചുറപ്പിക്കുന്നു. എന്നാല്‍ എന്‍റെ ദാസനായ ഇസ്രായേലേ, ഞാന്‍ തിരഞ്ഞെടുത്ത യാക്കോബേ, എന്‍റെ സ്നേഹിതനായ അബ്രഹാമിന്‍റെ സന്താനമേ, നീ എന്‍റെ ദാസന്‍, ഞാന്‍ നിന്നെ ഉപേക്ഷിക്കുകയില്ല എന്നു പറഞ്ഞുകൊണ്ട് ഭൂമിയുടെ അറുതികളില്‍നിന്നും നിന്നെ കൊണ്ടുവന്നു. അതിന്‍റെ വിദൂരമായ കോണുകളില്‍നിന്നു നിന്നെ വിളിച്ചു. ഞാന്‍ നിന്നോടുകൂടെയുള്ളതുകൊണ്ട് നീ ഭയപ്പെടേണ്ടാ, ഞാന്‍ നിന്‍റെ ദൈവമാകയാല്‍ നീ പരിഭ്രമിക്കുകയും വേണ്ടാ. ഞാന്‍ നിന്നെ ബലപ്പെടുത്തും. ഞാന്‍ നിന്നെ സഹായിക്കും. വിജയം വരിച്ച എന്‍റെ വലങ്കൈകൊണ്ടു ഞാന്‍ നിന്നെ ഉയര്‍ത്തിപ്പിടിക്കും. നിന്നോടു കോപിക്കുന്നവര്‍ ലജ്ജിച്ച് അമ്പരക്കും. നിന്നോടെതിര്‍ക്കുന്നവര്‍ ഏതുമില്ലാതായി നശിക്കും. നിന്നോടു മത്സരിക്കുന്നവരെ നീ അന്വേഷിക്കും. പക്ഷേ കണ്ടുകിട്ടുകയില്ല. നിന്നോടു പോരാടുന്നവര്‍ ഇല്ലാതെയാകും. ഞാന്‍ നിന്‍റെ ദൈവമായ സര്‍വേശ്വരനാണല്ലോ. നിന്‍റെ വലതുകൈ ഞാന്‍ പിടിച്ചിരിക്കുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും. “കൃമിയായ യാക്കോബേ, നിസ്സാരനായ ഇസ്രായേലേ, ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും.” സര്‍വേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്. നിന്‍റെ വിമോചകന്‍, ഇസ്രായേലിന്‍റെ പരിശുദ്ധന്‍ തന്നെ. ഇതാ, ഞാന്‍ നിന്നെ മൂര്‍ച്ചയേറിയ പല്‍ചക്രങ്ങളോടു കൂടിയ പുതിയ മെതിവണ്ടിയാക്കിത്തീര്‍ക്കുന്നു; നീ പര്‍വതങ്ങളെ മെതിച്ചു തകര്‍ക്കും. കുന്നുകളെ പൊടിയാക്കും. നീ അവയെ പാറ്റിക്കളയും. അവയെ കാറ്റു പറപ്പിക്കുകയും കൊടുങ്കാറ്റു ചിതറിച്ചുകളയുകയും ചെയ്യും. അപ്പോള്‍ സര്‍വേശ്വരനില്‍ നീ ആനന്ദിക്കും. ഇസ്രായേലിന്‍റെ പരിശുദ്ധനായ സര്‍വേശ്വരനെ പ്രകീര്‍ത്തിക്കും. ദരിദ്രരും എളിയവരും വെള്ളം തേടിയലഞ്ഞ്, കണ്ടുകിട്ടാതെ ദാഹിച്ചു നാവു വരളുമ്പോള്‍ സര്‍വേശ്വരനായ ഞാന്‍ അവര്‍ക്കുത്തരമരുളും; ഇസ്രായേലിന്‍റെ സര്‍വേശ്വരനായ ഞാന്‍ അവരെ ഉപേക്ഷിക്കുകയില്ല. ഞാന്‍ മൊട്ടക്കുന്നുകളില്‍നിന്നു നദികളും താഴ്വരകളുടെ നടുവില്‍നിന്നു നീരുറവുകളും പുറപ്പെടുവിക്കും. ഞാന്‍ മരുഭൂമിയെ ജലാശയമാക്കും. വരണ്ടനിലത്തെ നീരുറവയാക്കും. ഞാന്‍ മരുഭൂമിയില്‍ ദേവദാരുവും ഖദിരവും കൊഴുന്തും ഒലിവും നട്ടുവളര്‍ത്തും. ഞാന്‍ വിജനഭൂമിയില്‍ സരളവും പയിനും പുന്നയും വച്ചു പിടിപ്പിക്കും. സര്‍വേശ്വരന്‍റെ കരങ്ങളാണ് ഇതു ചെയ്തത്. ഇസ്രായേലിന്‍റെ പരിശുദ്ധനായ സര്‍വേശ്വരനാണ് ഇവയെല്ലാം സൃഷ്‍ടിച്ചത് എന്ന് എല്ലാവരും അറിയാനും ഗ്രഹിക്കാനും ഇടയാകും. “നിങ്ങളുടെ പരാതി കൊണ്ടുവരുവിന്‍” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. “നിങ്ങളുടെ തെളിവുകള്‍ ഹാജരാക്കുവിന്‍” എന്നു യാക്കോബിന്‍റെ രാജാവ് കല്പിക്കുന്നു. അവര്‍ അവ കൊണ്ടുവന്ന് എന്തു സംഭവിക്കാന്‍ പോകുന്നു എന്നു പറയട്ടെ. പഴയ കാര്യങ്ങളും അറിയിക്കട്ടെ. അവയെക്കുറിച്ച് ചിന്തിച്ച് അതിന്‍റെ പരിണതഫലമെന്തെന്ന് അറിയാമല്ലോ. അല്ലെങ്കില്‍ വരാനിരിക്കുന്ന കാര്യങ്ങള്‍ നമ്മോടു പ്രസ്താവിക്കുക. അഥവാ വരുംകാലത്ത് എന്തു സംഭവിക്കുമെന്നു ഞങ്ങളോടു പറയുക. അങ്ങനെ നിങ്ങള്‍ ദേവന്മാരാണെന്നു ഞങ്ങള്‍ അറിയട്ടെ. നന്മയോ തിന്മയോ ചെയ്യുക. ഞങ്ങള്‍ വിസ്മയിക്കുകയും പരിഭ്രമിക്കുകയും ചെയ്യട്ടെ. നിങ്ങള്‍ ഏതുമില്ല. നിങ്ങളുടെ പ്രവൃത്തികളും ശൂന്യം, നിങ്ങളെ തിരഞ്ഞെടുക്കുന്നവന്‍ മ്ലേച്ഛന്‍! വടക്കുനിന്ന് ഒരുവനെ ഞാന്‍ ഇളക്കിവിട്ടിരിക്കുന്നു. അവന്‍ വന്നു കിഴക്കുനിന്ന് അവനെ പേരുചൊല്ലി വിളിച്ചു. കുമ്മായകൂട്ടിന്മേല്‍ എന്നപോലെയും കുശവന്‍ കളിമണ്ണു ചവുട്ടിക്കുഴയ്‍ക്കുന്നതുപോലെയും അവന്‍ വന്നു രാജാക്കന്മാരെ ചവുട്ടി മെതിക്കും. സംഭവിക്കാന്‍ പോകുന്നത് ഞങ്ങള്‍ അറിയാനായി നിങ്ങളില്‍ ആരാണ് ആദ്യമേ അതു പറഞ്ഞിട്ടുള്ളത്? അവന്‍ പറഞ്ഞതു ശരിയെന്നു ഞങ്ങള്‍ പറയത്തക്കവിധം നിങ്ങളില്‍ ആരാണ് അതു മുന്‍കൂട്ടി പ്രസ്താവിച്ചിട്ടുള്ളത്? ആരും അതു പ്രസ്താവിച്ചില്ല. ആരെങ്കിലും അത് ഉദ്ഘോഷിക്കുകയോ ആരെങ്കിലും നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കുകയോ ചെയ്തിട്ടില്ല. ഞാനാണു സീയോനോട് ഈ വാര്‍ത്ത ആദ്യമായി പ്രഖ്യാപിച്ചത്. ഈ സദ്‍വാര്‍ത്ത അറിയിക്കാന്‍ ഞാന്‍ ഒരു ദൂതനെ യെരൂശലേമിലേക്കയച്ചു. ഞാന്‍ നോക്കിയപ്പോള്‍ ആരും അവിടെ ഇല്ലായിരുന്നു. ഞാന്‍ ചോദിച്ചതിനു മറുപടി പറയാന്‍ ഒരു ഉപദേഷ്ടാവും അവരുടെ ഇടയില്‍ ഉണ്ടായിരുന്നില്ല. അവരെല്ലാം കേവലം മിഥ്യയാണ്. അവരുടെ പ്രവൃത്തികള്‍ ഏതുമില്ല. അവര്‍ വാര്‍ത്തുണ്ടാക്കിയ വിഗ്രഹങ്ങള്‍ കാറ്റുപോലെ ശൂന്യം. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇതാ, ഞാന്‍ ബലപ്പെടുത്തുന്ന എന്‍റെ ദാസന്‍, ഞാന്‍ തിരഞ്ഞെടുത്തവന്‍. അവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു, എന്‍റെ ആത്മാവിനെ അവനില്‍ നിവേശിച്ചിരിക്കുന്നു. അവന്‍ ജനതകള്‍ക്കു നീതി കൈവരുത്തും. അവന്‍ നിലവിളിക്കുകയോ, സ്വരം ഉയര്‍ത്തുകയോ ചെയ്യുകയില്ല. അവന്‍ തന്‍റെ ശബ്ദം തെരുവീഥികളില്‍ കേള്‍പ്പിക്കുകയില്ല. ചതഞ്ഞ ഞാങ്ങണ അവന്‍ ഒടിച്ചുകളയുകയില്ല. പുകയുന്ന തിരി കെടുത്തുകയുമില്ല. അവന്‍ വിശ്വസ്തതയോടെ നീതി പുലര്‍ത്തും. ഭൂമിയില്‍ നീതി സ്ഥാപിക്കുന്നതുവരെ അവന്‍ പരാജിതനോ നിരാശനോ ആവുകയില്ല. വിദൂരദേശങ്ങള്‍പോലും അവന്‍റെ ഉപദേശങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുന്നു. ആകാശം സൃഷ്‍ടിച്ച് നിവര്‍ത്തുകയും ഭൂമിക്കും അതിലുള്ളവയ്‍ക്കും രൂപം നല്‌കുകയും അതില്‍ നിവസിക്കുന്നവര്‍ക്കു ശ്വാസവും അതില്‍ ചരിക്കുന്നവര്‍ക്കു ചൈതന്യവും കൊടുക്കുകയും ചെയ്ത സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ സര്‍വേശ്വരനാകുന്നു. നീതിപൂര്‍വം ഞാന്‍ നിന്നെ വിളിച്ചു, ഞാന്‍ കൈക്കു പിടിച്ചു നടത്തി നിന്നെ സംരക്ഷിച്ചു. അന്ധന്മാരുടെ കണ്ണു തുറക്കാനും തടവുകാരെ തടവറയില്‍നിന്നും ഇരുട്ടിലിരിക്കുന്നവരെ ഇരുട്ടറയില്‍നിന്നും മോചിപ്പിക്കാനുംവേണ്ടി ഞാന്‍ നിന്നെ ജനങ്ങള്‍ക്ക് ഒരുടമ്പടിയും ജനതകള്‍ക്കു പ്രകാശവുമായി നല്‌കിയിരിക്കുന്നു. ഞാനാകുന്നു സര്‍വേശ്വരന്‍, അതെന്‍റെ നാമം. എന്‍റെ മഹത്ത്വം മറ്റാര്‍ക്കും നല്‌കുകയില്ല. എനിക്കുള്ള സ്തുതി കൊത്തുവിഗ്രഹങ്ങള്‍ക്കു പങ്കുവയ്‍ക്കുകയില്ല. ഞാന്‍ മുമ്പു പ്രവചിച്ചത് ഇതാ സംഭവിച്ചിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ പുതിയ കാര്യങ്ങള്‍ പ്രസ്താവിക്കുന്നു. അതു സംഭവിക്കാന്‍ തുടങ്ങുന്നതിനു മുമ്പേ നിങ്ങളെ അറിയിക്കുന്നു. സര്‍വേശ്വരന് ഒരു പുതിയ ഗീതം ആലപിക്കുവിന്‍, ഭൂമിയുടെ അറുതികളില്‍നിന്ന് അവിടുത്തെ മഹത്ത്വം പ്രകീര്‍ത്തിക്കുവിന്‍. സമുദ്രവും അതിലുള്ളതൊക്കെയും തീരദേശങ്ങളും അവയിലെ നിവാസികളും ആര്‍ത്തുഘോഷിക്കട്ടെ. മരുഭൂമിയും അതിലെ നഗരങ്ങളും കേദാര്‍ ഗോത്രക്കാര്‍ നിവസിക്കുന്ന ഗ്രാമങ്ങളും സ്വരം ഉയര്‍ത്തട്ടെ. സേലാനിവാസികള്‍ ആനന്ദഗീതം പാടട്ടെ. പര്‍വതങ്ങളില്‍നിന്നും ആര്‍പ്പുവിളി ഉയരട്ടെ. വിദൂരദേശങ്ങളില്‍ സര്‍വേശ്വരന്‍റെ മഹത്ത്വം പ്രകീര്‍ത്തിക്കുകയും അവിടുത്തെ സ്തുതി ഘോഷിക്കുകയും ചെയ്യട്ടെ. സര്‍വേശ്വരന്‍ വീരയോദ്ധാവിനെപ്പോലെ മുന്നേറുന്നു. പോരാളിയെപ്പോലെ തന്‍റെ രോഷം ജ്വലിപ്പിക്കുന്നു. അവിടുന്നു പോരിനു വിളിച്ച് അട്ടഹസിക്കുന്നു. ശത്രുക്കളുടെ നേരെ തന്‍റെ ശക്തി പ്രകടിപ്പിക്കുന്നു. അവിടുന്ന് അരുളിച്ചെയ്യുന്നു: “വളരെക്കാലം ഞാന്‍ മിണ്ടാതിരുന്നു. സ്വയം നിയന്ത്രിച്ചു, ശാന്തനായി കഴിഞ്ഞിരുന്നു. ഇപ്പോഴാകട്ടെ ഈറ്റുനോവുകൊണ്ട സ്‍ത്രീയെപ്പോലെ ഞാന്‍ നിലവിളിക്കും നെടുവീര്‍പ്പിടും കിതയ്‍ക്കും. മലകളും പര്‍വതങ്ങളും ഞാന്‍ തരിശാക്കും; അവയിലെ സര്‍വസസ്യജാലങ്ങളെയും ഉണക്കിക്കളയും. നദികളെ കരകളാക്കും. കുളങ്ങള്‍ വറ്റിച്ചുകളയും. അന്ധന്മാരെ അവരറിയാത്ത വഴികളിലൂടെ നയിക്കും. അജ്ഞാതമായ പാതയിലൂടെ അവരെ വഴി നടത്തും. അവരുടെ മാര്‍ഗത്തിലെ ഇരുട്ട് ഞാന്‍ പ്രകാശമാക്കുകയും ദുര്‍ഘടസ്ഥാനങ്ങളെ സമഭൂമിയാക്കുകയും ചെയ്യും. ഇവയെല്ലാം ഞാന്‍ ചെയ്യും. ഞാനവരെ ഉപേക്ഷിക്കുകയില്ല. കൊത്തുവിഗ്രഹങ്ങളില്‍ ആശ്രയം അര്‍പ്പിക്കുകയും വാര്‍പ്പുവിഗ്രഹങ്ങളോടു “നിങ്ങളാണ് ഞങ്ങളുടെ ദേവന്മാര്‍” എന്നു പറയുകയും ചെയ്യുന്നവര്‍ ലജ്ജിതരായി പിന്തിരിയും. “ബധിരരേ, കേട്ടറിയുവിന്‍, അന്ധരേ, നോക്കിക്കാണുവിന്‍, എന്‍റെ ദാസനല്ലാതെ മറ്റാരാണ് അന്ധന്‍? ഞാനയച്ച ദൂതനല്ലാതെ മറ്റാരാണ് ബധിരന്‍? എന്‍റെ സമര്‍പ്പിതനെപ്പോലെ, സര്‍വേശ്വരന്‍റെ ദാസനെപ്പോലെ അന്ധനായി ആരുണ്ട്? കാഴ്ചയില്‍പ്പെടുന്നത് അവന്‍ കണ്ടു ഗ്രഹിക്കുന്നില്ല, ചെവി തുറന്നിരുന്നിട്ടും അവന്‍ കേള്‍ക്കുന്നില്ല. അവിടുത്തെ നീതി നിമിത്തം സര്‍വേശ്വരന്‍ തന്‍റെ നിയമം ഉല്‍കൃഷ്ടവും വാഴ്ത്തപ്പെടുന്നതും ആക്കാന്‍ കനിഞ്ഞിരിക്കുന്നു. കൊള്ളയ്‍ക്കും കവര്‍ച്ചയ്‍ക്കും വിധേയമായ ഒരു ജനതയാണിത്. അവരെല്ലാം ഗുഹകളില്‍ കുടുങ്ങിയിരിക്കുന്നു; കാരാഗൃഹങ്ങളില്‍ അടയ്‍ക്കപ്പെട്ടിരിക്കുന്നു. രക്ഷിക്കാനാരുമില്ലാത്ത വേട്ടമൃഗമായും, “മടക്കിക്കൊടുക്കുക” എന്നു പറയാനാളില്ലാത്ത കൊള്ള വസ്തുവായും അവര്‍ തീര്‍ന്നിരിക്കുന്നു. നിങ്ങളില്‍ ആരിതിനു ചെവി കൊടുക്കും? ഇനിയെങ്കിലും ശ്രദ്ധയോടു കേള്‍ക്കാന്‍ നിങ്ങളില്‍ ആരുണ്ട്? ആരാണു യാക്കോബിനെ കൊള്ളക്കാര്‍ക്കും ഇസ്രായേലിനെ കവര്‍ച്ചക്കാര്‍ക്കും വിട്ടുകൊടുത്തത്? സര്‍വേശ്വരന്‍ തന്നെയല്ലേ? അവിടുത്തോട് അവര്‍ പാപം ചെയ്തു. അവിടുത്തെ വഴികളില്‍ അവര്‍ നടന്നില്ല; അവിടുത്തെ നിയമം അവര്‍ അനുസരിച്ചില്ല. അതുകൊണ്ട് അവിടുന്നു തന്‍റെ കോപാഗ്നിയും യുദ്ധത്തിന്‍റെ കാഠിന്യവും ഇസ്രായേലിന്‍റെ മേല്‍ പകര്‍ന്നു. അതു ചുറ്റും ആളിക്കത്തിയിട്ടും അവര്‍ ഗ്രഹിച്ചില്ല. പൊള്ളലേറ്റിട്ടും അവര്‍ക്കുള്ളില്‍ തട്ടിയില്ല. യാക്കോബേ, നിനക്കു ജന്മം നല്‌കിയവനും ഇസ്രായേലേ, നിനക്കു രൂപം നല്‌കിയവനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നീ ഭയപ്പെടേണ്ടാ, നിന്നെ ഞാന്‍ വീണ്ടെടുത്തിരിക്കുന്നു. നീ എന്‍റേതാണ്. ഞാന്‍ നിന്നെ പേരു ചൊല്ലി വിളിച്ചിരിക്കുന്നു. സമുദ്രത്തിലൂടെ കടക്കുമ്പോള്‍ ഞാന്‍ നിന്‍റെകൂടെ ഉണ്ടായിരിക്കും. നദികള്‍ കടക്കുമ്പോള്‍ അവ നിന്നെ മൂടിക്കളയുകയില്ല. അഗ്നിയില്‍കൂടി കടക്കുമ്പോള്‍ നിനക്കു പൊള്ളലേല്‍ക്കുകയില്ല. അഗ്നിജ്വാലകള്‍ നിന്നെ ദഹിപ്പിക്കുകയും ഇല്ല. ഞാനാണ് നിന്‍റെ സര്‍വേശ്വരന്‍. ഇസ്രായേലിന്‍റെ പരിശുദ്ധനും നിന്‍റെ രക്ഷകനും ഞാന്‍ തന്നെ. നിന്‍റെ മോചനമൂല്യമായി ഈജിപ്തിനെ നല്‌കും; നിനക്കു പകരമായി എത്യോപ്യയെയും ശേബയെയും കൊടുക്കും. നീ എനിക്കു വിലപ്പെട്ടവന്‍, ബഹുമാന്യന്‍, എന്‍റെ സ്നേഹഭാജനം; അതിനാല്‍ നിനക്കു പകരം മനുഷ്യരെയും നിന്‍റെ ജീവനു പകരം ജനതകളെയും ഞാന്‍ നല്‌കുന്നു. ഭയപ്പെടേണ്ടാ; ഞാന്‍ നിന്‍റെ കൂടെയുണ്ട്. നിന്‍റെ സന്തതിയെ കിഴക്കുനിന്നു ഞാന്‍ കൊണ്ടുവരും. പടിഞ്ഞാറുനിന്ന് അവരെ വരുത്തി ഒരുമിച്ചുകൂട്ടും. ഞാന്‍ വടക്കിനോട് അവരെ വിട്ടയ്‍ക്കുക എന്നും തെക്കിനോട് അവരെ തടഞ്ഞു വയ്‍ക്കരുത് എന്നും ആജ്ഞാപിക്കും. ദൂരത്തുനിന്ന് എന്‍റെ പുത്രന്മാരെയും ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് പുത്രിമാരെയും കൊണ്ടുവരിക. എന്‍റെ മഹത്ത്വത്തിനായി ഞാന്‍ സൃഷ്‍ടിച്ചു രൂപം നല്‌കിയവരും എന്‍റെ നാമത്തില്‍ വിളിക്കപ്പെടുന്നവരുമായ എല്ലാവരെയും കൊണ്ടുവരിക.” സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “കണ്ണുണ്ടായിട്ടും കാണാത്തവരും ചെവിയുണ്ടായിട്ടും കേള്‍ക്കാത്തവരുമായ ജനത്തെ കൊണ്ടുവരിക; എല്ലാ രാജ്യക്കാരും ഒത്തുചേരട്ടെ! എല്ലാ ജനതകളും സമ്മേളിക്കട്ടെ! അവരില്‍ ആര് ഇതു പ്രവചിക്കും? കഴിഞ്ഞ കാര്യങ്ങളെപ്പറ്റി ആരാണു മുന്‍കൂട്ടി പ്രഖ്യാപിക്കുക? അവര്‍ തങ്ങള്‍ പറയുന്നതു ശരിയെന്നു സമര്‍ഥിക്കാന്‍ സാക്ഷികളെ കൊണ്ടുവരട്ടെ. കേട്ടിട്ട് ഇതു സത്യംതന്നെ എന്നു സാക്ഷികള്‍ പറയട്ടെ.” സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നിങ്ങളാണ് എന്‍റെ സാക്ഷികള്‍. എന്നെ അറിയുകയും വിശ്വസിക്കുകയും മനസ്സിലാക്കുകയും ചെയ്യാന്‍ ഞാന്‍ തിരഞ്ഞെടുത്ത എന്‍റെ ദാസന്‍; എനിക്കു മുമ്പ് ഒരു ദൈവവും ഉണ്ടായിട്ടില്ല. എനിക്കു ശേഷം ഉണ്ടാകുകയുമില്ല.” “ഞാന്‍, ഞാനാകുന്നു സര്‍വേശ്വരന്‍. ഞാനല്ലാതെ വേറൊരു രക്ഷകനില്ല. നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരല്ല ഞാനാണു പ്രസ്താവിക്കുകയും രക്ഷിക്കുകയും അറിയിക്കുകയും ചെയ്തത്. അതിനു നിങ്ങളാണെന്‍റെ സാക്ഷികള്‍. ഞാന്‍ ദൈവമാകുന്നു. ഇനിയും അങ്ങനെ ആയിരിക്കുകയും ചെയ്യും. എന്‍റെ പിടിയില്‍നിന്നു വിടുവിക്കാന്‍ ആര്‍ക്കും സാധ്യമല്ല. എന്‍റെ പ്രവൃത്തിയെ തടയാന്‍ ആര്‍ക്കും കഴിയുകയില്ല. ഇസ്രായേലിന്‍റെ പരിശുദ്ധനും രക്ഷകനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ബാബിലോണിലേക്ക് ഒരു സൈന്യത്തെ അയച്ച് അവിടത്തെ നഗരഗോപുരങ്ങള്‍ തകര്‍ക്കും. അവരുടെ ജയഘോഷം വിലാപമായി മാറും. ഞാന്‍ നിങ്ങളുടെ സര്‍വേശ്വരനാകുന്നു; നിങ്ങളുടെ പരിശുദ്ധനായ ദൈവം. ഇസ്രായേലേ, ഞാന്‍ നിന്നെ സൃഷ്‍ടിച്ചു. ഞാനാണ് നിന്‍റെ രാജാവ്. കടലില്‍ പെരുവഴിയും പെരുവെള്ളത്തില്‍ പാതയും ഒരുക്കി രഥങ്ങളെയും കുതിരകളെയും യോദ്ധാക്കളെയും വിനാശത്തിലേക്കു നയിച്ച സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എഴുന്നേല്‌ക്കാനാവാതെ അവര്‍ വീണുപോയി; പടുതിരിപോലെ അവര്‍ കെട്ടുപോയി. കഴിഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ടാ. ഇതാ, ഞാന്‍ ഒരു പുതിയ കാര്യം ചെയ്യുന്നു; അതു നാമ്പിടുന്നതു നിങ്ങള്‍ കാണുന്നില്ലേ? ഞാന്‍ വിജനപ്രദേശത്ത് ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും. [20,21] എന്നെ പ്രകീര്‍ത്തിക്കാന്‍ ഞാന്‍ ജന്മം നല്‌കിയ എന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങള്‍ക്കു കുടിക്കാന്‍ വിജനപ്രദേശത്തു നീരുറവയും മരുഭൂമിയില്‍ നദികളും ഒരുക്കിയതുകൊണ്ടു വന്യമൃഗങ്ങളും കുറുനരികളും ഒട്ടകപ്പക്ഷിയും എന്നെ ബഹുമാനിക്കും.” *** “എങ്കിലും യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചില്ല. ഇസ്രായേലേ, നീ എന്നോടു വിരക്തി കാട്ടി. ഹോമയാഗത്തിന് ആടുകളെ നീ എന്‍റെ അടുക്കല്‍ കൊണ്ടുവന്നിട്ടില്ല. നിന്‍റെ യാഗങ്ങള്‍കൊണ്ടു നീ എന്നെ ആരാധിച്ചിട്ടുമില്ല. യാഗാര്‍പ്പണത്തിനു വേണ്ടിയോ ധൂപാര്‍ച്ചനയ്‍ക്കു വേണ്ടിയോ ഞാന്‍ നിന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. നീ എനിക്കുവേണ്ടി പണം മുടക്കി സുഗന്ധദ്രവ്യങ്ങള്‍ വാങ്ങിയിട്ടില്ല. യാഗമൃഗങ്ങളുടെ മേദസ്സുകൊണ്ടു നീ എന്നെ തൃപ്തിപ്പെടുത്തിയിട്ടുമില്ല. എന്നാല്‍ നിന്‍റെ പാപം കൊണ്ടും നിന്‍റെ അകൃത്യങ്ങള്‍ കൊണ്ടും നീ എന്നെ ബുദ്ധിമുട്ടിച്ചിരിക്കുന്നു. ഞാന്‍, ഞാനാകുന്നു. എനിക്കുവേണ്ടി നിന്‍റെ അതിക്രമങ്ങളെ ഞാന്‍ തുടച്ചുനീക്കുന്നു. നിന്‍റെ പാപങ്ങള്‍ ഞാന്‍ ഓര്‍ക്കുകയില്ല. നീ കഴിഞ്ഞതെല്ലാം എന്നെ ഓര്‍മിപ്പിക്കുക. കാര്യങ്ങള്‍ നമുക്ക് ഒരുമിച്ചു പരിശോധിക്കാം. നിന്നെ നീതീകരിക്കുന്ന ന്യായങ്ങള്‍ ഉന്നയിക്കുക. നിന്‍റെ ആദ്യപിതാവ് പാപം ചെയ്തു. നിന്‍റെ മധ്യസ്ഥന്മാര്‍ എന്നോട് അതിക്രമം കാട്ടി. നിന്‍റെ അധികാരികള്‍ എന്‍റെ വിശുദ്ധമന്ദിരം മലിനമാക്കി. അതുകൊണ്ടു യാക്കോബിനെ ഉന്മൂലനാശത്തിനും ഇസ്രായേലിനെ നിന്ദയ്‍ക്കും ഞാന്‍ ഏല്പിച്ചുകൊടുത്തു. എന്‍റെ ദാസനായ യാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലേ, കേള്‍ക്കുക; നിന്നെ സൃഷ്‍ടിക്കുകയും അമ്മയുടെ ഗര്‍ഭപാത്രത്തില്‍വച്ചു നിനക്കു രൂപം നല്‌കുകയും നിനക്കു തുണയരുളുകയും ചെയ്ത സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്‍റെ ദാസനായ യാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത യശൂരൂനേ, ഭയപ്പെടേണ്ടാ. ഞാന്‍ വരണ്ട ഭൂമിയില്‍ ജലവും ഉണങ്ങിയ നിലത്ത് അരുവികളും ഒഴുക്കും. നിന്‍റെ സന്തതികളുടെമേല്‍ എന്‍റെ ആത്മാവിനെയും നിന്‍റെ മക്കളുടെമേല്‍ എന്‍റെ അനുഗ്രഹങ്ങളും ചൊരിയും. ഈര്‍പ്പമുള്ള നിലങ്ങളില്‍ പുല്ലുപോലെയും അരുവിക്കരയില്‍ ഞാങ്ങണപോലെയും അവര്‍ വളരും. താന്‍ സര്‍വേശ്വരനുള്ളവന്‍ എന്ന് ഒരുവന്‍ പറയും. മറ്റൊരുവന്‍ യാക്കോബ് എന്ന പേരു സ്വീകരിക്കും. വേറൊരുവന്‍ ‘സര്‍വേശ്വരനുള്ളവന്‍’ എന്നു തന്‍റെ കൈയില്‍ മുദ്രണം ചെയ്യും; ഇസ്രായേല്‍ എന്ന അപരനാമം സ്വീകരിക്കും. ഇസ്രായേലിന്‍റെ രാജാവും രക്ഷകനും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ ആദ്യനും അന്ത്യനും ആകുന്നു. ഞാനല്ലാതെ വേറൊരു ദൈവമില്ല. എനിക്കു സമനായി ആരുണ്ട്? ഇനി സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്ന് അവര്‍ എന്‍റെ മുമ്പാകെ പ്രഖ്യാപിക്കട്ടെ. പരിഭ്രമിക്കേണ്ടാ; ഭയപ്പെടേണ്ടാ. പണ്ടുതന്നെ ഞാന്‍ ഇതെല്ലാം മുന്‍കൂട്ടി അറിയിച്ചിട്ടില്ലേ? അതിനു നിങ്ങള്‍ സാക്ഷികള്‍. ഞാനല്ലാതെ വേറൊരു ദൈവമുണ്ടോ? ഇല്ല! മറ്റൊരു അഭയസ്ഥാനമുള്ളതായി ഞാനറിയുന്നുമില്ല.” വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നവര്‍ അന്തസ്സാരശൂന്യര്‍. അവര്‍ ഏതില്‍ സന്തോഷം കണ്ടെത്തുന്നുവോ അതു നിഷ്പ്രയോജനം. അവയെ ആരാധിക്കുന്നവര്‍ അന്ധരും അജ്ഞരും ആണ്. അവര്‍ ലജ്ജിതരാകും. പ്രയോജനരഹിതനായ ഒരു ദേവനെ മെനയുകയോ വിഗ്രഹം വാര്‍ക്കുകയോ ചെയ്യുന്നതാരാണ്? അവര്‍ ലജ്ജിതരാകും. വിഗ്രഹം നിര്‍മിക്കുന്ന ശില്പികള്‍ വെറും മനുഷ്യര്‍മാത്രം. അവര്‍ ഒരുമിച്ചു വരട്ടെ. അവര്‍ ഭയവിഹ്വലരും ലജ്ജിതരും ആകും. ഇരുമ്പുപണിക്കാരന്‍ തീക്കനലിന്മേല്‍ വച്ചു പഴുപ്പിച്ച് അടിച്ച് അതിനു രൂപം നല്‌കുന്നു. കരുത്തുറ്റ കരംകൊണ്ട് അതു നിര്‍മിക്കുന്നു. എന്നാല്‍ അയാള്‍ വിശന്നു വിവശനാകുന്നു. വെള്ളം കുടിക്കാതെ തളര്‍ന്നുപോകുന്നു. മരപ്പണിക്കാരന്‍ തടി തോതു പിടിച്ചളന്നു മട്ടംവച്ചു വരച്ച് ഉളികൊണ്ടു മനോഹരമായ ഒരാള്‍രൂപമുണ്ടാക്കി, ആലയത്തില്‍ പ്രതിഷ്ഠിക്കത്തക്കവിധം സൗന്ദര്യത്തികവോടെ തയ്യാറാക്കുന്നു. അവന്‍ ദേവദാരു വെട്ടിയിടുന്നു. അല്ലെങ്കില്‍ കരുവേലകമോ സരളമരമോ മുന്‍കൂട്ടി കണ്ടുപിടിച്ചു കാട്ടില്‍ വളരാന്‍ അനുവദിക്കുകയോ ദേവദാരു നട്ടുപിടിപ്പിച്ചു വളരാന്‍ കാത്തിരിക്കുകയോ ചെയ്യുന്നു. മരത്തിന്‍റെ ഒരു ഭാഗം വിറകിനായും മറ്റൊരു ഭാഗം വിഗ്രഹനിര്‍മിതിക്കായും ഉപയോഗിക്കുന്നു. വിറകു കത്തിച്ചു കുളിരകറ്റും; ആഹാരം പാകപ്പെടുത്തും. ആ തടികൊണ്ടുതന്നെ നിര്‍മിക്കുന്ന വിഗ്രഹത്തിന്‍റെ മുമ്പില്‍ മുട്ടുകുത്തി വന്ദിക്കുകയും ചെയ്യുന്നു. തടിയുടെ പകുതി ഭാഗം കത്തിച്ച് അതിന്മേല്‍ മാംസം വേവിച്ചെടുത്തു തിന്നു തൃപ്തനാകുന്നു. തീകാഞ്ഞുകൊണ്ട് അവന്‍ പറയും: “ഹാ, നല്ല ചൂട്, തീക്ക് എന്തൊരു ഭംഗി.” ശേഷിച്ച തടികൊണ്ട് ദേവവിഗ്രഹം നിര്‍മിച്ച് മുമ്പില്‍ വീണ് അതിനെ ആരാധിക്കുന്നു. “എന്നെ രക്ഷിക്കണമേ, അവിടുന്ന് എന്‍റെ ദൈവം” എന്നു പറഞ്ഞ് ആ വിഗ്രഹത്തോടു പ്രാര്‍ഥിക്കുന്നു. അവര്‍ ഒന്നും അറിയുന്നില്ല. കാണാന്‍ കഴിയാത്തവിധം അവരുടെ കണ്ണും, ഗ്രഹിക്കാന്‍ കഴിയാത്തവിധം അവരുടെ മനസ്സും അവിടുന്ന് അടച്ചിരിക്കുന്നു. “തടിയുടെ കുറെഭാഗം കത്തിച്ചു കനലിന്മേല്‍ അപ്പം ചുട്ടും മാംസം പൊരിച്ചും ഞാന്‍ തിന്നു. ശേഷിച്ച ഭാഗംകൊണ്ടു മ്ലേച്ഛമായ വിഗ്രഹം നിര്‍മിക്കുകയോ? ഒരു തടിക്കഷണത്തിനു മുമ്പില്‍ ഞാന്‍ വീണു വണങ്ങുകയോ? ഇങ്ങനെ ചിന്തിക്കാനോ വിവേചിക്കാനോ ആരും തുനിയുന്നില്ല. അയാള്‍ ചാരം ഭക്ഷിക്കുന്നു. വഞ്ചിതമായ മനസ്സ് അയാളെ വഴിതെറ്റിക്കുന്നു. അയാള്‍ക്കു സ്വയം വിമോചിതനാകാനോ, വലത്തുകൈയില്‍ ഇരിക്കുന്നതു വ്യാജമാണെന്നു പറയാനോ കഴിയുന്നില്ല. യാക്കോബേ, നീ ഇത് ഓര്‍മിക്കുക; ഇസ്രായേലേ, നീ ഇതു മറക്കാതിരിക്കുക. നീ എന്‍റെ ദാസനാണല്ലോ. നിനക്കു ഞാന്‍ ജന്മം നല്‌കി. ഇസ്രായേലേ, ഞാന്‍ നിന്നെ മറക്കുകയില്ല. നിന്‍റെ അതിക്രമങ്ങളെ ഞാന്‍ കാര്‍മേഘത്തെ എന്നപോലെയും നിന്‍റെ പാപങ്ങളെ മൂടല്‍മഞ്ഞെന്നപോലെയും ഞാന്‍ തുടച്ചു നീക്കി. എന്‍റെ അടുക്കലേക്കു തിരിച്ചുവരിക. ഞാന്‍ നിന്നെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. ആകാശമേ, സ്തുതിഗീതം പൊഴിക്കുക. സര്‍വേശ്വരന്‍ ഇതു ചെയ്തിരിക്കുന്നുവല്ലോ. ഭൂമിയുടെ ആഴങ്ങളേ, ആര്‍പ്പുവിളിക്കുക. പര്‍വതങ്ങളേ, വനങ്ങളേ, വന്യവൃക്ഷങ്ങളേ, ആര്‍ത്തുപാടുവിന്‍! സര്‍വേശ്വരന്‍ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. ഇസ്രായേലില്‍ അവിടുത്തെ മഹത്ത്വം പ്രകീര്‍ത്തിക്കപ്പെടും. അമ്മയുടെ ഗര്‍ഭത്തില്‍ നിനക്കു രൂപം നല്‌കിയ അവിടുന്ന് അരുളിച്ചെയ്യുന്നു: “എല്ലാറ്റിനെയും സൃഷ്‍ടിച്ച സര്‍വേശ്വരനാണു ഞാന്‍. ഞാന്‍ തനിയെയാണ് ആകാശത്തെ നിവര്‍ത്തിയത്. ഭൂമിക്കു രൂപം നല്‌കിയതും ഞാന്‍ തന്നെ. അപ്പോള്‍ എന്‍റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ? വ്യാജലക്ഷണം പറയുന്നവരുടെ ശകുനങ്ങളെ ഞാന്‍ വ്യര്‍ഥമാക്കി. പ്രശ്നം വയ്‍ക്കുന്നവരെ വിഡ്ഢികളാക്കുകയും ചെയ്തു. ഞാന്‍ ജ്ഞാനികളെ പിന്തിരിപ്പിക്കുന്നു. അവരുടെ ജ്ഞാനത്തെ വിഡ്ഢിത്തമാക്കിത്തീര്‍ക്കുന്നു. ഞാന്‍ എന്‍റെ ദാസന്‍റെ വാക്കുകള്‍ സ്ഥിരീകരിക്കുന്നു. എന്‍റെ ദൂതന്മാരുടെ ഉപദേശങ്ങള്‍ നടപ്പാക്കുന്നു. യെരൂശലേമില്‍ കുടിപാര്‍പ്പുണ്ടാകുമെന്നും യെഹൂദ്യയിലെ നഗരങ്ങള്‍ വീണ്ടും നിര്‍മിക്കപ്പെടുമെന്നും അവയുടെ അവശിഷ്ടങ്ങള്‍ പുനരുദ്ധരിക്കപ്പെടുമെന്നും പറയുന്നതു ഞാനാണ്. കടലിനോടു വറ്റിപ്പോകുക; നിന്‍റെ നദികളെ ഞാന്‍ ഉണക്കിക്കളയും എന്നു പറയുന്നതും ഞാന്‍തന്നെ. സൈറസിനെക്കുറിച്ച് അവിടുന്നു പറഞ്ഞു: “ഞാന്‍ നിയോഗിച്ച ഇടയനാണവന്‍; എന്‍റെ ഉദ്ദേശ്യം അവന്‍ നിവര്‍ത്തിക്കും.” യെരൂശലേമിനെക്കുറിച്ച്, “നീ വീണ്ടും നിര്‍മിക്കപ്പെടുമെന്നും” ദേവാലയത്തെക്കുറിച്ച്, “നിന്‍റെ അടിസ്ഥാനം വീണ്ടും ഉറപ്പിക്കപ്പെടുമെന്നും” അവിടുന്ന് അരുളിച്ചെയ്യുന്നു. സര്‍വേശ്വരന്‍ തന്‍റെ അഭിഷിക്തനായ സൈറസിനോട് അരുളിച്ചെയ്യുന്നു: “ജനതകളെ കീഴടക്കാനും രാജാക്കന്മാരുടെ അരപ്പട്ട അഴിപ്പിക്കാനും ഞാന്‍ നിന്‍റെ വലങ്കൈക്കു പിടിച്ചിരിക്കുന്നു. നിന്‍റെ മുമ്പില്‍ വാതില്‍ തുറന്നിടും. കവാടങ്ങള്‍ അടയ്‍ക്കപ്പെടുകയില്ല. ഞാന്‍ നിന്‍റെ മുമ്പില്‍ നടക്കുകയും മലകളെ തട്ടി നിരപ്പാക്കുകയും ചെയ്യും. ഓട്ടുവാതിലുകള്‍ ഞാന്‍ തകര്‍ക്കും. ഇരുമ്പു സാക്ഷകള്‍ മുറിച്ചുമാറ്റും. ഇരുളിലെ നിധികള്‍, രഹസ്യനിക്ഷേപങ്ങള്‍ ഞാന്‍ നിനക്കു തരും. അങ്ങനെ നിന്നെ പേരു ചൊല്ലി വിളിച്ചവനും ഇസ്രായേലിന്‍റെ സര്‍വേശ്വരനുമാണു ഞാന്‍ എന്നു നീ അറിയും. എന്‍റെ ദാസനായ യാക്കോബിനുവേണ്ടി, ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുവേണ്ടി നിന്നെ പേരു ചൊല്ലി ഞാന്‍ വിളിക്കുന്നു. നിനക്ക് എന്നെ അറിഞ്ഞുകൂടെങ്കിലും ഓമനപ്പേരു ചൊല്ലി ഞാന്‍ നിന്നെ വിളിക്കുന്നു. ഞാനാകുന്നു സര്‍വേശ്വരന്‍; ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല. നിനക്ക് എന്നെ അറിഞ്ഞുകൂടെങ്കിലും ഞാന്‍ നിന്നെ കരുത്തനാക്കും. അങ്ങനെ ഭൂമിയുടെ കിഴക്കേ അറ്റംമുതല്‍ പടിഞ്ഞാറേ അറ്റംവരെയുള്ളവര്‍ ഞാനാണു സര്‍വേശ്വരന്‍ എന്നും ഞാനല്ലാതെ മറ്റൊരു ദൈവമില്ലെന്നും അറിയട്ടെ. വെളിച്ചവും ഇരുളും സൃഷ്‍ടിച്ചതു ഞാനാണ്. സുഖവും ദുഃഖവും ഏര്‍പ്പെടുത്തിയതും ഞാന്‍തന്നെ. ഇവയ്‍ക്കെല്ലാം കാരണഭൂതനായ സര്‍വേശ്വരന്‍ ഞാനാകുന്നു. ആകാശമേ, ഉയരത്തില്‍നിന്നു വര്‍ഷിക്കുക. മേഘങ്ങള്‍ നീതി ചൊരിയട്ടെ. ഭൂതലം പൊട്ടിത്തുറക്കട്ടെ. രക്ഷ മുളച്ചുയരട്ടെ, നീതി മുളച്ചു പൊങ്ങാന്‍ ഇടയാകട്ടെ. സര്‍വേശ്വരനായ ഞാനാണ് ഇതെല്ലാം സൃഷ്‍ടിച്ചത്. തന്‍റെ ഉടയവനോട് ഏറ്റുമുട്ടുന്നവനു ഹാ ദുരിതം! ഒരു മണ്‍പാത്രം അതിന്‍റെ നിര്‍മിതാവിനോട് ഏറ്റുമുട്ടുന്നതുപോലെയാണത്! “നീ ഉണ്ടാക്കുന്നത് എന്ത്? നീ നിര്‍മിക്കുന്നതിനു കൈപ്പിടിയില്ലല്ലോ” എന്ന് അതിനു രൂപം നല്‌കിയവനോടു കളിമണ്ണു ചോദിക്കുമോ? “എന്തിനെനിക്കു ജന്മം നല്‌കി?” എന്നു പിതാവിനോടോ “എന്തിനെന്നെ പ്രസവിച്ചു?” എന്നു മാതാവിനോടോ ചോദിക്കാന്‍ തുനിയുന്നവനു ഹാ ദുരിതം! ഇസ്രായേലിന്‍റെ പരിശുദ്ധനും സ്രഷ്ടാവുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്‍റെ മക്കളെക്കുറിച്ച് എന്നോടു ചോദ്യം ചെയ്യാന്‍ നീ തുനിയുന്നുവോ? ഞാന്‍ എന്തു ചെയ്യണം എന്നതിനെ സംബന്ധിച്ചു നീ എനിക്ക് ആജ്ഞ നല്‌കുന്നുവോ? ഞാന്‍ ഭൂമിയെയും അതിലുള്ള മനുഷ്യരെയും സൃഷ്‍ടിച്ചു. ആകാശമേലാപ്പു നിവര്‍ത്തിയതു ഞാനാണ്. അതിലെ സകല നക്ഷത്രജാലങ്ങള്‍ക്കും ഞാന്‍ ആജ്ഞ നല്‌കുന്നു. എന്‍റെ ലക്ഷ്യം നിറവേറ്റുന്നതിനും നീതി നടപ്പാക്കുന്നതിനുംവേണ്ടി സൈറസിനെ ഉയര്‍ത്തിയിരിക്കുന്നു. അവന്‍റെ പാതകളെല്ലാം ഞാന്‍ നേരെയാക്കും. അവന്‍ എന്‍റെ നഗരം പണിയുകയും പ്രതിഫലമോ വിലയോ കൂടാതെ എന്‍റെ പ്രവാസികളെ അടിമത്തത്തില്‍നിന്നു മോചിപ്പിക്കുകയും ചെയ്യും. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഈജിപ്തിന്‍റെ ധനവും എത്യോപ്യയുടെ കച്ചവടച്ചരക്കുകളും നിന്‍റെയടുക്കല്‍ എത്തും. അവ നിന്‍റേതായിത്തീരും. ശെബയിലെ ദീര്‍ഘകായന്മാര്‍ നിന്‍റെ അടിമകളായിത്തീരും. അവര്‍ ചങ്ങലയാല്‍ ബന്ധിതരായി വന്നു നിന്‍റെ മുമ്പില്‍ തലകുനിച്ചു നില്‌ക്കും. പ്രാര്‍ഥനാപൂര്‍വം അവര്‍ പറയും: ദൈവം അങ്ങയുടെകൂടെ മാത്രമേ ഉള്ളൂ. അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ല. ഇസ്രായേലിന്‍റെ ദൈവമേ, രക്ഷകാ, സത്യമായും അവിടുന്നു മറഞ്ഞിരിക്കുന്ന ദൈവമാകുന്നു. വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവര്‍ ലജ്ജിതരായിത്തീരും. അവര്‍ എല്ലാവരും പരിഭ്രാന്തരായിത്തീരും. സര്‍വേശ്വരന്‍ ഇസ്രായേലിന് എന്നേക്കും രക്ഷ നല്‌കിയിരിക്കുന്നു. നിങ്ങള്‍ ഒരുനാളും ലജ്ജിതരോ പരിഭ്രാന്തരോ ആവുകയില്ല.” ആകാശത്തെ സൃഷ്‍ടിച്ചവനും ഭൂമിക്കു രൂപം നല്‌കി യഥാസ്ഥാനം ഉറപ്പിച്ചവനും, ഭൂമി ശൂന്യമാകാതെ ആവാസയോഗ്യമാക്കിയവനും ദൈവം ആകുന്നു; അവിടുന്ന് അരുളിച്ചെയ്യുന്നു: “ഞാനാകുന്നു സര്‍വേശ്വരന്‍, ഞാനല്ലാതെ മറ്റൊരു ദൈവവും ഇല്ല.” ഇരുളടഞ്ഞ സ്ഥലത്തുവച്ച് രഹസ്യമായിട്ടല്ല ഞാന്‍ സംസാരിച്ചത്. അവ്യക്തതയില്‍ എന്നെ അന്വേഷിക്കാന്‍ യാക്കോബിന്‍റെ സന്തതിയോടു ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. സര്‍വേശ്വരനായ ഞാന്‍ പറയുന്നതു സത്യം. യഥാര്‍ഥമായതു ഞാന്‍ പ്രസ്താവിക്കുന്നു.” “ജനതകളില്‍ ശേഷിച്ചവരേ, നിങ്ങള്‍ ഒരുമിച്ചുകൂടി അടുത്തുവരുവിന്‍. മരവിഗ്രഹം ചുമന്നു നടക്കുകയും രക്ഷിക്കാന്‍ കഴിയാത്ത ദൈവത്തോടു പ്രാര്‍ഥിക്കുകയും ചെയ്യുന്നവര്‍ അജ്ഞരാണ്. നിങ്ങളുടെ ന്യായവാദം ഉന്നയിക്കുവിന്‍. അവര്‍ ഒത്തുചേര്‍ന്ന് ആലോചിക്കട്ടെ. സംഭവിക്കാന്‍ പോകുന്നതു മുന്‍കൂട്ടി പറഞ്ഞത് ആര്? സര്‍വേശ്വരനായ ഞാനല്ലേ? ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല. നീതിമാനും രക്ഷകനുമായ ദൈവം ഞാനല്ലാതെ മറ്റാരും അല്ല. ഞാന്‍ യഥാര്‍ഥ ദൈവമായതിനാലും ഞാനല്ലാതെ മറ്റൊരു ദൈവമില്ലാത്തതിനാലും ലോകത്തെങ്ങുമുള്ള ജനസമൂഹമേ, നിങ്ങള്‍ എല്ലാവരും എങ്കലേക്കു തിരിഞ്ഞു രക്ഷപെടുവിന്‍. ഞാന്‍ ശപഥം ചെയ്യുന്നു: “ഒരിക്കലും തിരിച്ചെടുക്കപ്പെടാത്ത നീതിപൂര്‍വമായ വാക്കുകള്‍ എന്നില്‍നിന്നു പുറപ്പെടുന്നു. എന്‍റെ മുമ്പില്‍ എല്ലാ മുട്ടുകളും മടങ്ങും, എല്ലാ നാവുകളും എന്‍റെ നാമത്തില്‍ സത്യം ചെയ്യും. നീതിയും ബലവും സര്‍വേശ്വരനില്‍ മാത്രമെന്ന് എന്നെക്കുറിച്ചു പറയും. എന്നെ വെറുത്തവര്‍ എല്ലാവരും എന്‍റെ മുമ്പില്‍ ലജ്ജിതരാകും. ഇസ്രായേലിന്‍റെ സന്തതികള്‍ എല്ലാവരും എന്നില്‍ വിജയവും മഹത്ത്വവും നേടും.” ബേല്‍ കുമ്പിടുന്നു; നെബോ കുനിയുന്നു; അവരുടെ വിഗ്രഹങ്ങള്‍ മൃഗങ്ങളുടെയും കന്നുകാലികളുടെയുംമേല്‍ ഇരിക്കുന്നു; നിങ്ങള്‍ വഹിക്കുന്നവ ക്ഷീണിതരായ മൃഗങ്ങള്‍ ചുമക്കുന്ന ഭാരം പോലെയാണ്. അവ കുനിയുന്നു; ഒരുപോലെ വണങ്ങുന്നു; അവയെ ഭാരത്തില്‍നിന്നു രക്ഷിക്കാനാവാതെ അവര്‍ തന്നെ അടിമത്തത്തിലേക്കു പോയിരിക്കുന്നു. ഗര്‍ഭത്തിലും ജനിച്ചതിനുശേഷവും ഞാന്‍ വഹിച്ച യാക്കോബുഗൃഹമേ, ഇസ്രായേല്‍ഗൃഹത്തില്‍ അവശേഷിച്ചിരിക്കുന്ന എല്ലാവരുമേ, എന്‍റെ വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുവിന്‍. നിങ്ങളുടെ വാര്‍ധക്യംവരെയും ഞാന്‍ തന്നെ ദൈവം; നരയ്‍ക്കുവോളം ഞാന്‍ നിങ്ങളെ ചുമക്കും; ഞാന്‍ നിങ്ങളെ സൃഷ്‍ടിച്ചു; ഞാന്‍ വഹിക്കുകയും ചുമലിലേറ്റി രക്ഷിക്കുകയും ചെയ്യും. നീ എന്നെ ആരോട് ഉപമിച്ചു തുല്യനാക്കും? ഒരുപോലെ വരത്തക്കവിധം എന്നെ ആരോട് താരതമ്യപ്പെടുത്തും? ചിലര്‍ പണസഞ്ചിയില്‍നിന്നു സ്വര്‍ണം ധാരാളമായി ചെലവഴിക്കുകയും തുലാസ്സില്‍ വെള്ളി തൂക്കിക്കൊടുക്കുകയും ചെയ്യുന്നു. ഒരു ദേവനെ നിര്‍മിക്കാനായി തട്ടാന് അവര്‍ കൂലികൊടുക്കുന്നു. പിന്നീട് അവര്‍ അതിന്‍റെ മുമ്പില്‍ വീണ് ആരാധിക്കുന്നു! അവര്‍ അതിനെ തോളിലെടുത്തുകൊണ്ടുപോയി യഥാസ്ഥാനത്ത് ഉറപ്പിക്കുന്നു; അത് അവിടെ നില്‌ക്കുന്നു; അത് അതിന്‍റെ സ്ഥാനത്തുനിന്നു മാറുന്നില്ല; ആരെങ്കിലും അതിനോടു നിലവിളിച്ചാല്‍ ഉത്തരമരുളുകയോ ക്ലേശങ്ങളില്‍നിന്ന് അവരെ രക്ഷിക്കുകയോ ചെയ്യുന്നില്ല. നിയമലംഘികളേ, നിങ്ങള്‍ ഇത് അനുസ്മരിച്ചു സ്ഥിരത കാണിപ്പിന്‍. പഴയകാര്യങ്ങള്‍ ഓര്‍ക്കുവിന്‍; കാരണം ഞാനാണു ദൈവം; മറ്റൊരു ദൈവവുമില്ല. ഞാനാണു ദൈവം; എന്നെപ്പോലെ മറ്റാരുമില്ല. ആദിമുതല്‍ ഞാന്‍ അന്ത്യം വെളിപ്പെടുത്തി; പുരാതനകാലം മുതല്‍ സംഭവിക്കാനിരിക്കുന്നവ വെളിപ്പെടുത്തി. ഞാന്‍ അരുളിച്ചെയ്തു: “എന്‍റെ ഉപദേശങ്ങള്‍ നിലനില്‌ക്കും; എന്‍റെ ലക്ഷ്യങ്ങളെല്ലാം ഞാന്‍ പൂര്‍ത്തീകരിക്കും.” കിഴക്കുനിന്ന് ഞാന്‍ ഒരു റാഞ്ചന്‍പക്ഷിയെ, ദൂരദേശത്തുനിന്ന് എന്‍റെ ഉപദേശങ്ങള്‍ നിറവേറ്റുന്ന ഒരുവനെ വിളിക്കുന്നു. ഞാന്‍ അരുളിച്ചെയ്തു: “ഞാനതു നിറവേറ്റും; ഞാന്‍ നിരൂപിച്ചിരിക്കുന്നു, ഞാനതു ചെയ്യും. രക്ഷയില്‍നിന്ന് അകന്നിരിക്കുന്ന കഠിനഹൃദയരേ, എന്‍റെ വാക്കു ശ്രദ്ധിച്ചു കേള്‍ക്കുവിന്‍. എന്‍റെ രക്ഷ ഞാന്‍ അടുത്തുകൊണ്ടുവന്നിരിക്കുന്നു; അതു ദൂരത്തല്ല. എന്‍റെ രക്ഷ ഇനി താമസിക്കുകയില്ല; ഞാന്‍ സീയോന് എന്‍റെ രക്ഷയും ഇസ്രായേലിന് എന്‍റെ മഹത്ത്വവും നല്‌കും.” കന്യകയായ ബാബിലോണ്‍ പുത്രീ, ഇറങ്ങിവന്നു പൊടിയില്‍ ഇരിക്കുക; കല്‍ദായരുടെ പുത്രീ, സിംഹാസനം ഇല്ലാതെ നിലത്തിരിക്കുക. കാരണം ഇനിമേല്‍ നീ മൃദുല എന്നും കോമള എന്നും വിളിക്കപ്പെടുകയില്ല. തിരികല്ല് എടുത്തു ധാന്യം പൊടിക്കുക, നിന്‍റെ മൂടുപടം മാറ്റുക, നിന്‍റെ മേലങ്കി ഉരിഞ്ഞ്, നഗ്നപാദയായി നദികളിലൂടെ കടന്നുപോകുക. നിന്‍റെ നഗ്നത അനാവൃതമാകും; നിന്‍റെ ലജ്ജ വെളിപ്പെടും; ഞാന്‍ പ്രതികാരം ചെയ്യും; ഞാന്‍ ആരെയും ഒഴിവാക്കുകയില്ല. നമ്മുടെ വീണ്ടെടുപ്പുകാരന്‍-സൈന്യങ്ങളുടെ സര്‍വേശ്വരന്‍ എന്നാണ് അവിടുത്തെ നാമം- ഇസ്രായേലിന്‍റെ പരിശുദ്ധനാണ്. കല്‍ദായപുത്രീ, നിശ്ശബ്ദയായിരിക്കുക, അന്ധകാരത്തിലേക്കു പോകുക, കാരണം ജനതകളുടെ യജമാനത്തി എന്ന് ഇനിമേല്‍ നീ വിളിക്കപ്പെടുകയില്ല. ഞാന്‍ എന്‍റെ ജനത്തോടു കോപിച്ചു എന്‍റെ അവകാശത്തെ ഞാന്‍ അശുദ്ധമാക്കി; ഞാന്‍ അവരെ നിന്‍റെ കൈയില്‍ ഏല്പിച്ചു. നീ അവരോടു കരുണ കാട്ടിയില്ല; വൃദ്ധരുടെ മേല്‍പോലും നിന്‍റെ ഭാരമേറിയ നുകം നീ വച്ചു. നീ പറഞ്ഞു: “ഞാന്‍ എന്നേക്കും യജമാനത്തി ആയിരിക്കും” തന്മൂലം നീ ഇക്കാര്യങ്ങള്‍ ഹൃദയത്തില്‍ സംഗ്രഹിക്കുകയോ അതിന്‍റെ അവസാനം ഓര്‍ക്കുകയോ ചെയ്തില്ല. അതുകൊണ്ട് ഞാന്‍ മാത്രം, ഞാനല്ലാതെ മറ്റാരുമില്ല; ഞാന്‍ വിധവയായിരിക്കുകയോ, പുത്രനഷ്ടം അറിയുകയോ ഇല്ല എന്നു ഹൃദയത്തില്‍ പറയുന്നവളേ, സുഖഭോഗിനിയും സുരക്ഷിതയും ആയവളേ, ഇതു കേള്‍ക്കുക. ഒരു ദിവസം ഒരു നിമിഷത്തില്‍ത്തന്നെ ഈ രണ്ടു കാര്യങ്ങളും നിനക്കു സംഭവിക്കും; നിന്‍റെ മന്ത്രവാദങ്ങള്‍ എത്ര അധികമായിരുന്നാലും നിന്‍റെ ആഭിചാരകശക്തി എത്ര വലുതായിരുന്നാലും പുത്രനഷ്ടവും വൈധവ്യവും പൂര്‍ണ അളവില്‍ നിനക്കു ഭവിക്കും. നിനക്കു നിന്‍റെ ദുഷ്ടതയില്‍ സുരക്ഷിതത്വം തോന്നി; നീ പറഞ്ഞു: “ആരുമെന്നെ കാണുന്നില്ല.” നിന്‍റെ ജ്ഞാനവും നിന്‍റെ അറിവും നിന്നെ വഴിതെറ്റിച്ചു. “ഞാന്‍ മാത്രം ഞാനല്ലാതെ മറ്റാരുമില്ല” എന്നു നീ നിന്‍റെ ഹൃദയത്തില്‍ പറഞ്ഞു. എന്നാല്‍ നിനക്കു പ്രായശ്ചിത്തം ചെയ്യാന്‍ കഴിയാത്ത ദുഷ്ടത നിനക്കു വരും; നിനക്കു പരിഹാരം ചെയ്യാന്‍ കഴിയാത്ത ആപത്ത് നിന്‍റെമേല്‍ വരും; നിനക്ക് അറിയാത്ത നാശം പെട്ടെന്നു നിനക്കു ഭവിക്കും. നിന്‍റെ യൗവനംമുതല്‍ നീ അധ്വാനിച്ചു ചെയ്തുവരുന്ന നിന്‍റെ ആഭിചാരകത്തിലും നിരവധി മന്ത്രവാദങ്ങളിലും ഉറച്ചുനില്‌ക്കുക. ഒരുപക്ഷേ നിനക്കു വിജയം കൈവന്നേക്കാം; ഒരുപക്ഷേ ഉഗ്രഭീതി ഉളവാക്കാന്‍ നിനക്കു കഴിഞ്ഞേക്കാം. നിന്‍റെ നിരവധി ഉപദേശകരെകൊണ്ടു നീ ക്ഷീണിച്ചിരിക്കുന്നു; ആകാശങ്ങളെ വിഭജിക്കുകയും നക്ഷത്രങ്ങളെ നിരീക്ഷിക്കുകയും നിനക്കെന്തു സംഭവിക്കുമെന്ന് അമാവാസികളില്‍ പ്രവചിക്കുകയും ചെയ്യുന്ന അവര്‍ എഴുന്നേറ്റു നിന്നെ രക്ഷിക്കട്ടെ. കണ്ടാലും, അവര്‍ വയ്‍ക്കോല്‍ പോലെയാണ്; അഗ്നി അവരെ നശിപ്പിക്കുന്നു; തീജ്വാലയുടെ ശക്തിയില്‍നിന്ന് അവര്‍ക്ക് തങ്ങളെത്തന്നെ മോചിപ്പിക്കാന്‍ കഴിയുന്നില്ല. ഇത് ഒരുവനു തണുപ്പുമാറ്റാനുള്ള കനലോ, ഇരുന്നു കായാനുള്ള തീയോ അല്ല! ഇങ്ങനെയാകുന്നു നീ അധ്വാനിച്ചിരിക്കുന്നത്. നിന്‍റെ യൗവനംമുതല്‍ നിന്‍റെകൂടെ വ്യാപാരം ചെയ്തവര്‍, അവര്‍ അവരുടെതന്നെ ദിക്കുകളില്‍ അലയുന്നു; അവിടെ ആരും നിന്നെ രക്ഷിക്കുകയില്ല. ഇസ്രായേല്‍ എന്നു പേരു വിളിക്കപ്പെട്ടവരും യെഹൂദായുടെ കടിപ്രദേശത്തു നിന്ന് ഉദ്ഭവിച്ചവരും സര്‍വേശ്വരന്‍റെ നാമത്തില്‍ സത്യം ചെയ്യുന്നവരും സത്യത്തോടും നീതിയോടും കൂടിയല്ലെങ്കിലും ഇസ്രായേലിന്‍റെ ദൈവത്തെ ഏറ്റുപറയുന്നവരുമായ യാക്കോബുഗൃഹമേ, ഇതു കേള്‍ക്കുക. കാരണം, അവര്‍ തങ്ങളെത്തന്നെ വിശുദ്ധനഗരം എന്നു വിളിക്കുകയും ഇസ്രായേലിന്‍റെ ദൈവത്തില്‍ ആശ്രയിക്കുകയും ചെയ്യുന്നു; സൈന്യങ്ങളുടെ സര്‍വേശ്വരന്‍ എന്നാകുന്നു അവിടുത്തെ നാമം. കഴിഞ്ഞ കാര്യങ്ങള്‍ ഞാന്‍ പണ്ടുതന്നെ പ്രഖ്യാപിച്ചു. അവ എന്‍റെ വായില്‍നിന്നു പുറപ്പെട്ടു; ഞാന്‍ അവയെ വെളിപ്പെടുത്തി. പിന്നീട് പെട്ടെന്ന് ഞാന്‍ അവ ചെയ്തു. അവ സംഭവിക്കുകയും ചെയ്തു. നീ നിര്‍ബന്ധബുദ്ധിയുള്ളവനെന്നും നിന്‍റെ കഴുത്ത് ഇരുമ്പ് കണ്ഡരയാണെന്നും നിന്‍റെ നെറ്റി പിച്ചളയാണെന്നും എനിക്കറിയാം. ഞാന്‍ അവ പണ്ടുതന്നെ പ്രഖ്യാപിച്ചു; “എന്‍റെ വിഗ്രഹം അതു ചെയ്തു എന്നും എന്‍റെ കൊത്തുവിഗ്രഹവും വാര്‍പ്പുവിഗ്രഹവുമാണ് അവ കല്പിച്ചത് എന്നും നീ പറയാതിരിക്കാന്‍ അവ സംഭവിക്കും മുമ്പേ ഞാന്‍ അവ നിന്നോട് അറിയിച്ചു. നീ കേട്ടു കഴിഞ്ഞു; ഇപ്പോള്‍ ഇതെല്ലാം കാണുക; നീ അതു പ്രഖ്യാപിക്കുകയില്ലേ? ഇപ്പോള്‍ മുതല്‍ ഞാന്‍ നിന്നെ പുതിയ കാര്യങ്ങള്‍ കേള്‍പ്പിക്കും; നിനക്ക് അറിയാന്‍ പാടില്ലാത്ത മറഞ്ഞിരിക്കുന്ന കാര്യങ്ങള്‍. അവ പണ്ടല്ല ഇപ്പോള്‍തന്നെ സൃഷ്‍ടിക്കപ്പെട്ടിരിക്കുന്നു; എനിക്ക് അറിയാമെന്ന് പറയാതിരിക്കാന്‍ ഇന്നുവരെ നീ അവയെക്കുറിച്ച് ഒന്നും കേട്ടിട്ടില്ല. നീ ഒരിക്കലും കേള്‍ക്കുകയോ അറിയുകയോ ചെയ്തിട്ടില്ല. നിന്‍റെ ചെവി പണ്ടുമുതല്‍ തുറക്കപ്പെട്ടിട്ടുമില്ല. കാരണം നീ ദ്രോഹപരമായി പെരുമാറുമെന്നും ജനനംമുതല്‍ നീ നിഷേധിയെന്നു വിളിക്കപ്പെടുമെന്നും ഞാന്‍ അറിഞ്ഞു. എന്‍റെ നാമത്തെ പ്രതി ഞാന്‍ എന്‍റെ കോപത്തെ കീഴ്പെടുത്തി; എന്‍റെ പുകഴ്ചയെ പ്രതി ഞാനതു നിനക്കുവേണ്ടി അടക്കുന്നു. അങ്ങനെ ഞാന്‍ നിന്നെ ഛേദിക്കാതിരുന്നു. ഇതാ, ഞാന്‍ നിന്നെ ശുദ്ധീകരിച്ചിരിക്കുന്നു; വെള്ളിപോലെ അല്ല ഞാന്‍ നിന്നെ കഷ്ടതയാകുന്ന ചൂളയില്‍ ശോധന ചെയ്തിരിക്കുന്നു. എനിക്കുവേണ്ടി, എനിക്കുവേണ്ടിത്തന്നെ ഞാനതു ചെയ്യുന്നു, കാരണം എന്‍റെ നാമം എങ്ങനെ അശുദ്ധമാകും? എന്‍റെ മഹത്ത്വം ഞാന്‍ മറ്റാര്‍ക്കും കൊടുക്കുകയില്ല. യാക്കോബേ, ഞാന്‍ വിളിച്ചിരിക്കുന്ന ഇസ്രായേലേ, എന്‍റെ വാക്കു ശ്രദ്ധിച്ചുകേള്‍ക്കുവിന്‍! ഞാനാണു ദൈവം, ഞാന്‍ ആദിയും അന്തവുമാകുന്നു. ഭൂമിക്ക് അടിസ്ഥാനമിട്ടത് എന്‍റെ കൈയാണ്, ആകാശത്തെ വിരിച്ചത് എന്‍റെ വലതുകരമാണ്; ഞാന്‍ അവയെ വിളിക്കുമ്പോള്‍ അവ ഒരുമിച്ചു മുമ്പോട്ടുവന്നു നില്‌ക്കുന്നു. നിങ്ങള്‍ എല്ലാവരും ഒന്നിച്ചുകൂടി കേള്‍ക്കുവിന്‍! അവരില്‍ ആരാണ് ഈ കാര്യങ്ങള്‍ പ്രഖ്യാപിച്ചത്? സര്‍വേശ്വരന്‍ അവനെ സ്നേഹിക്കുന്നു; ബാബിലോണില്‍ അവിടുത്തെ ലക്ഷ്യം നിറവേറ്റും; കല്‍ദായര്‍ക്ക് എതിരായിരിക്കും അവന്‍റെ കരം. ഞാന്‍, ഞാനാണ് അവനെ വിളിച്ച് അവനോട് സംസാരിച്ചത്; ഞാനാണ് അവനെ കൊണ്ടുവന്നത് അവന്‍ അവന്‍റെ മാര്‍ഗം വിജയകരമാക്കും. എന്‍റെ അടുക്കല്‍വന്നു നിങ്ങള്‍ ഇതു കേള്‍ക്കൂ: “ആദിമുതല്‍ ഞാന്‍ രഹസ്യത്തിലല്ല സംസാരിച്ചത്; അത് ഉണ്ടായതു മുതല്‍ ഞാനവിടെ ഉണ്ടായിരുന്നു. ഇപ്പോള്‍ സര്‍വേശ്വരനായ ദൈവം എന്നെയും അവിടുത്തെ ആത്മാവിനെയും അയച്ചിരിക്കുന്നു.” ഇസ്രായേലിന്‍റെ പരിശുദ്ധനും നിന്‍റെ വീണ്ടെടുപ്പുകാരനുമായ സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിനക്ക് നന്മയുണ്ടാകാന്‍ അഭ്യസിപ്പിക്കുകയും നീ പോകേണ്ട വഴിയില്‍ നിന്നെ നയിക്കുകയും ചെയ്യുന്ന ഞാനാണ് നിന്‍റെ ദൈവമായ സര്‍വേശ്വരന്‍.” ഹാ, നീ എന്‍റെ കല്പനകള്‍ ശ്രദ്ധിച്ചു കേട്ടിരുന്നെങ്കില്‍! നിന്‍റെ സമാധാനം ഒരു നദിപോലെയും നിന്‍റെ നീതി കടലിലെ തിരമാലകള്‍പോലെയും ആകുമായിരുന്നു. നിന്‍റെ സന്തതികള്‍ മണല്‍പോലെയും നിന്‍റെ പിന്‍ഗാമികള്‍ മണല്‍ത്തരിപോലെയും ആകുമായിരുന്നു; അവരുടെ നാമം എന്നില്‍നിന്ന് ഒരിക്കലും വിച്ഛേദിക്കപ്പെടുകയോ നശിപ്പിക്കുകയോ ഇല്ലായിരുന്നു. ബാബിലോണില്‍നിന്നു പുറപ്പെടുക; കല്‍ദായരെ വിട്ട് ഓടിപ്പോകുക, സന്തോഷത്തോടെ ഇതു പ്രഖ്യാപിക്കുക, ഇതു പ്രസ്താവിക്കുക, സര്‍വേശ്വരന്‍ തന്‍റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു എന്നു ഭൂമിയുടെ അതിര്‍ത്തികളോളം പറയുവിന്‍. അവിടുന്ന് അവരെ മരുഭൂമികളില്‍കൂടി നയിച്ചപ്പോള്‍ അവര്‍ക്കു ദാഹിച്ചില്ല; അവിടുന്ന് അവര്‍ക്കുവേണ്ടി പാറയില്‍നിന്നും വെള്ളം ഒഴുക്കി; അവിടുന്നു പാറ പിളര്‍ന്നു, വെള്ളം കുതിച്ചു ചാടി. “ദുഷ്ടന്മാര്‍ക്ക് സമാധാനമില്ല” എന്ന് സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. “തീരദേശങ്ങളേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍. വിദൂരസ്ഥരായ ജനതകളേ, ശ്രദ്ധിക്കുവിന്‍. അമ്മയുടെ ഉദരത്തില്‍ വച്ചു സര്‍വേശ്വരന്‍ എന്നെ വിളിച്ചു. ഗര്‍ഭത്തില്‍വച്ചു തന്നെ എനിക്കു പേരിട്ടു. അവിടുന്ന് എന്‍റെ നാവു മൂര്‍ച്ചയുള്ള വാളുപോലെ ആക്കി. തന്‍റെ കൈനിഴലില്‍ അവിടുന്ന് എന്നെ മറച്ചു. അവിടുന്ന് എന്നെ മിനുക്കിയ അസ്ത്രമാക്കി തന്‍റെ ആവനാഴിയില്‍ ഒളിപ്പിച്ചു. “ഇസ്രായേലേ, നീ എന്‍റെ ദാസന്‍! നീ നിമിത്തം ഞാന്‍ പ്രകീര്‍ത്തിക്കപ്പെടും” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്തു. “ഞാന്‍ അധ്വാനിക്കുകയായിരുന്നു; എന്‍റെ ശക്തി വ്യര്‍ഥമായും നിഷ്ഫലമായും വിനിയോഗിച്ചു, എങ്കിലും നിശ്ചയമായും എന്‍റെ അവകാശവും എന്‍റെ പ്രയത്നത്തിനുള്ള പ്രതിഫലവും സര്‍വേശ്വരന്‍റെ പക്കലുണ്ട്” എന്നു ഞാന്‍ പറഞ്ഞു. യാക്കോബിനെ തന്‍റെ അടുക്കലേക്കു തിരിച്ചുകൊണ്ടുവരാനും ഇസ്രായേലിനെ ഒരുമിച്ചു കൂട്ടാനും അമ്മയുടെ ഗര്‍ഭത്തില്‍ എന്നെ തന്‍റെ ദാസനായി രൂപപ്പെടുത്തിയ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. എന്തെന്നാല്‍ അവിടുത്തെ ദൃഷ്‍ടിയില്‍ ഞാന്‍ ബഹുമാനിതനായി. എന്‍റെ ദൈവം എന്‍റെ ബലം ആയിത്തീര്‍ന്നിരിക്കുന്നു. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “യാക്കോബിന്‍റെ ഗോത്രങ്ങളെ ഉദ്ധരിക്കാനും ഇസ്രായേലില്‍ അവശേഷിക്കുന്നവരെ മടക്കിക്കൊണ്ടുവരാനും നീ എന്‍റെ ദാസനായിരിക്കുക എന്നതു നിസ്സാരകാര്യമാണ്. എന്‍റെ രക്ഷ ഭൂമിയുടെ അതിരുകള്‍വരെ എത്താന്‍ ഞാന്‍ നിന്നെ ജനതകള്‍ക്കു പ്രകാശമാക്കിത്തീര്‍ക്കും. സര്‍വജനതകളാലും നിന്ദിതനും വെറുക്കപ്പെട്ടവനും ഭരണാധികാരികളുടെ ദാസനുമായവനോട് ഇസ്രായേലിന്‍റെ പരിശുദ്ധനും വീണ്ടെടുപ്പുകാരനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നിന്നെ തിരഞ്ഞെടുത്തവനും ഇസ്രായേലിന്‍റെ പരിശുദ്ധനും വിശ്വസ്തനുമായ സര്‍വേശ്വരന്‍ നിമിത്തം രാജാക്കന്മാര്‍ നിന്നെ കാണുമ്പോള്‍ എഴുന്നേല്‌ക്കും. പ്രഭുക്കന്മാര്‍ നിന്‍റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിക്കും.” സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ നിന്നില്‍ പ്രസാദിച്ച കാലത്തു നിനക്കുത്തരമരുളി. രക്ഷയുടെ ദിവസം ഞാന്‍ നിന്നെ സഹായിച്ചു. ദേശം പുനഃസ്ഥാപിക്കാനും ശൂന്യമായി കിടക്കുന്ന അവകാശഭൂമി വിഭജിച്ചു കൊടുക്കാനും ഞാന്‍ നിന്നെ സംരക്ഷിക്കുകയും ജനത്തിന് ഒരു ഉടമ്പടിയായി നല്‌കുകയും ചെയ്തിരിക്കുന്നു. ബന്ധിതരോടു പുറത്തു വരിക എന്നും അന്ധകാരത്തിലിരിക്കുന്നവരോടു വെളിച്ചത്തു വരിക എന്നും ഞാന്‍ പറഞ്ഞു. യാത്രയില്‍ അവര്‍ ആടുകളെപ്പോലെ മേയും; വിജനമായ കുന്നുകളെല്ലാം അവരുടെ മേച്ചില്‍പ്പുറങ്ങളായി മാറും. അവര്‍ക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ല. ഉഷ്ണക്കാറ്റോ വെയിലോ അവരെ പീഡിപ്പിക്കുകയില്ല. കരുണയുള്ളവര്‍ അവരെ വഴി നടത്തുകയും നീരുറവകള്‍ക്കരികിലൂടെ നയിക്കുകയും ചെയ്യും. പര്‍വതങ്ങളെ ഞാന്‍ വഴിയാക്കി മാറ്റും. എന്‍റെ ജനത്തിനു പോകാനുള്ള രാജവീഥികള്‍ ഉയര്‍ന്നു വരും. കണ്ടുകൊള്‍ക, എന്‍റെ ജനം വിദൂരത്തുനിന്നു വരും. വടക്കുനിന്നും പടിഞ്ഞാറുനിന്നും സീനീംദേശത്തുനിന്നും വരും. ആകാശമേ, ആനന്ദഗാനം പാടുക! ഭൂതലമേ, ആഹ്ലാദിക്കുക! പര്‍വതങ്ങളേ, ആര്‍ത്തു പാടുക! സര്‍വേശ്വരന്‍ തന്‍റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു. തന്‍റെ പീഡിതരോട് അവിടുന്നു കരുണ കാണിക്കും. എന്നാല്‍ സീയോന്‍ പറഞ്ഞു: “സര്‍വേശ്വരനെന്നെ ഉപേക്ഷിച്ചു; എന്‍റെ സര്‍വേശ്വരനെന്നെ മറന്നു.” മുല കുടിക്കുന്ന കുഞ്ഞിനെ അമ്മയ്‍ക്കു മറക്കാന്‍ കഴിയുമോ? പെറ്റമ്മ തന്‍റെ കുഞ്ഞിനോടു കരുണ കാട്ടാതിരിക്കുമോ? അവര്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല. നോക്കുക, നിന്നെ എന്‍റെ ഉള്ളങ്കൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നിന്‍റെ മതിലുകള്‍ എപ്പോഴും എന്‍റെ കണ്‍മുമ്പിലുണ്ട്. നിന്നെ പുനഃസ്ഥാപിക്കുന്നവര്‍ നിന്നെ നശിപ്പിച്ചവരെ മറികടക്കുന്നു. നിന്നെ ശൂന്യമാക്കിയവര്‍ നിന്നെ വിട്ടകലുന്നു. ചുറ്റും നോക്കുവിന്‍. അവര്‍ ഒരുമിച്ചുകൂടി നിന്‍റെ അടുക്കലേക്കു വരുന്നു. സര്‍വേശ്വരനായ ഞാന്‍ ശപഥം ചെയ്യുന്നു. മണവാട്ടി ആഭരണം അണിയുംപോലെ നീ അവരെ സ്വീകരിക്കും. നിന്‍റെ പാഴ്നിലങ്ങളും വിജനപ്രദേശങ്ങളും നിന്നില്‍ നിവസിക്കാന്‍ വരുന്നവര്‍ക്കു മതിയാവുകയില്ല. നിന്നെ നശിപ്പിച്ചവര്‍ നിന്നില്‍നിന്നു വളരെ അകലെയായിരിക്കും. “ഞങ്ങള്‍ക്കു നിവസിക്കാന്‍ കൂടുതല്‍ സ്ഥലം വേണം. ഇതു മതിയാവുകയില്ല” എന്നു പ്രവാസകാലത്തു ജാതരായ നിന്‍റെ ജനം പറയും. അപ്പോള്‍ നീ പറയും: ഞാന്‍ പുത്രദുഃഖമനുഭവിക്കുന്നവളും വന്ധ്യയും പരിത്യക്തയും പ്രവാസിനിയും ആയിരുന്നല്ലോ. പിന്നെ എനിക്കുവേണ്ടി ആരിവരെ പ്രസവിച്ചു വളര്‍ത്തി? ഞാന്‍ ഏകാകിനിയായിരിക്കെ ഇവര്‍ എവിടെ നിന്നു വന്നു? ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ജനതകളുടെ നേരെ എന്‍റെ കൈ ഉയര്‍ത്തും. ജനപദങ്ങള്‍ക്കു ഞാന്‍ കൊടി കാട്ടും. അവര്‍ നിന്‍റെ പുത്രന്മാരെ മാറോടണച്ചും പുത്രിമാരെ തോളിലേറ്റിയും കൊണ്ടുവരും. രാജാക്കന്മാര്‍ നിങ്ങളുടെ വളര്‍ത്തച്ഛന്മാരും രാജ്ഞിമാര്‍ നിങ്ങളുടെ വളര്‍ത്തമ്മമാരും ആയിത്തീരും. അവര്‍ നിലംപറ്റെ തല കുനിച്ചു നിന്നെ വണങ്ങും, നിന്‍റെ കാലിലെ പൊടിനക്കും. അപ്പോള്‍ ഞാന്‍ സര്‍വേശ്വരനാകുന്നു എന്നു നീ അറിയും. എനിക്കുവേണ്ടി കാത്തിരിക്കുന്നവര്‍ ലജ്ജിതരാകയില്ല. കരുത്തന്‍റെ കൈയില്‍നിന്നു കൊള്ളമുതല്‍ പിടിച്ചെടുക്കാമോ? നിഷ്ഠുരനായ സ്വേച്ഛാധിപതിയുടെ ബന്ധനത്തില്‍നിന്നു തടവുകാരെ മോചിപ്പിക്കാമോ? തീര്‍ച്ചയായും കഴിയും. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: കരുത്തന്‍റെ കൈയില്‍നിന്നു കൊള്ളമുതല്‍ പിടിച്ചെടുക്കുകയും നിഷ്ഠുരനായ സ്വേച്ഛാധിപതിയുടെ പിടിയില്‍നിന്നു തടവുകാരെ മോചിപ്പിക്കുകയും ചെയ്യും. എന്തെന്നാല്‍ നിന്നോടു പോരാടുന്നവരോടു ഞാന്‍ പോരാടും. നിന്‍റെ മക്കളെ ഞാന്‍ രക്ഷിക്കയും ചെയ്യും. നിന്നെ മര്‍ദിക്കുന്നവര്‍ അന്യോന്യം കടിച്ചുതിന്നാന്‍ ഞാനിടയാക്കും. വീഞ്ഞു കുടിച്ചെന്നപോലെ അവര്‍ രക്തം കുടിച്ചു മത്തരാകും. അപ്പോള്‍ ഞാനാകുന്നു നിന്‍റെ രക്ഷകനും വിമോചകനും യാക്കോബിന്‍റെ ബലവാനായ ദൈവവും എന്നു സര്‍വമനുഷ്യരും അറിയും. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഭാര്യയെ ഉപേക്ഷിക്കുന്ന ഒരുവനെപ്പോലെ ഞാന്‍ സ്വന്തജനത്തെ ഉപേക്ഷിച്ചു എന്നു നിങ്ങള്‍ കരുതുന്നുവോ? അങ്ങനെയെങ്കില്‍ വിവാഹമോചന പത്രിക എവിടെ? തന്‍റെ മക്കളെ അടിമക്കച്ചവടക്കാര്‍ക്കു വില്‍ക്കുന്നതുപോലെ നിങ്ങളെ ഞാന്‍ വിറ്റുവെന്നാണോ കരുതുന്നത്? നിങ്ങളുടെ അപരാധം നിമിത്തമായിരുന്നു നിങ്ങള്‍ വില്‍ക്കപ്പെട്ടത്. നിങ്ങളുടെ അതിക്രമം നിമിത്തം നിങ്ങളുടെ മാതാവ് ഉപേക്ഷിക്കപ്പെട്ടു. ഞാന്‍ വന്നപ്പോള്‍ ആരും ഇല്ലാതിരുന്നത് എന്ത്? ഞാന്‍ വിളിച്ചപ്പോള്‍ ആരും കേള്‍ക്കാതിരുന്നതെന്തുകൊണ്ട്? രക്ഷിക്കാന്‍ കഴിയാത്തവിധം എന്‍റെ കരം കുറുകിപ്പോയെന്നോ? മോചിപ്പിക്കാന്‍ എനിക്കു കഴിവില്ലെന്നോ? ശാസനകൊണ്ടു ഞാന്‍ കടല്‍ വറ്റിക്കുന്നു! നദികളെ മരുഭൂമിയാക്കുന്നു! അവയിലെ മത്സ്യങ്ങള്‍ വെള്ളം കിട്ടാതെ ദാഹിച്ചു ചത്തൊടുങ്ങുന്നു! അവ ചീഞ്ഞു നാറുന്നു! ഞാന്‍ ആകാശത്തെ കറുപ്പുവസ്ത്രം ഉടുപ്പിക്കുന്നു. ചാക്കുതുണികൊണ്ടു പുതപ്പിക്കുന്നു. ക്ഷീണിച്ചവനെ ആശ്വസിപ്പിക്കാനുള്ള വാക്കുകള്‍ ദൈവമായ സര്‍വേശ്വരന്‍ എന്നെ അഭ്യസിപ്പിച്ചിരിക്കുന്നു. പ്രഭാതംതോറും അവിടുന്നു പഠിപ്പിക്കുന്നതു കേള്‍ക്കാന്‍ എന്‍റെ കാതുകളെ അവിടുന്ന് ഉണര്‍ത്തുന്നു. ദൈവമായ സര്‍വേശ്വരന്‍ എന്‍റെ കാതുകള്‍ തുറന്നു; ഞാന്‍ എതിര്‍ത്തില്ല, പിന്തിരിഞ്ഞുമില്ല. അടിക്കുന്നവര്‍ക്ക് എന്‍റെ പുറവും മീശ പറിക്കുന്നവര്‍ക്ക് എന്‍റെ മുഖവും ഞാന്‍ കാണിച്ചുകൊടുത്തു. നിന്ദിക്കുകയും തുപ്പുകയും ചെയ്തപ്പോള്‍ ഞാന്‍ മുഖം മറച്ചില്ല. ദൈവമായ സര്‍വേശ്വരന്‍ എന്നെ സഹായിക്കുന്നതുകൊണ്ട് ഞാന്‍ അപമാനിതനായിട്ടില്ല. അതുകൊണ്ട് ഞാനെന്‍റെ മുഖം തീക്കല്ലിനു തുല്യമാക്കി. ഞാന്‍ ലജ്ജിതനാകയില്ലെന്ന് എനിക്കറിയാം. എന്‍റെ നിരപരാധിത്വം തെളിയിക്കുന്നവന്‍ എന്‍റെ സമീപത്തുണ്ട്. ആര് എന്നെ എതിര്‍ക്കും? നമുക്കു നേരിടാം. എന്‍റെ പ്രതിയോഗി ആര്? അയാള്‍ എന്‍റെ നേരെ വരട്ടെ. ദൈവമായ സര്‍വേശ്വരന്‍ എന്നെ സഹായിക്കുന്നുണ്ട്. ആരാണ് എന്നെ കുറ്റം വിധിക്കുക? ഇരട്ടവാലന്‍ കരളുന്ന വസ്ത്രംപോലെ അവര്‍ ദ്രവിച്ച് ഇല്ലാതെയാകും. സര്‍വേശ്വരനെ ഭയപ്പെട്ട് അവിടുത്തെ ദാസന്‍റെ വാക്ക് അനുസരിക്കുകയും വെളിച്ചമില്ലാതെ ഇരുളില്‍ നടന്നിട്ടും സര്‍വേശ്വരന്‍റെ നാമത്തില്‍ ആശ്രയിച്ചും ദൈവത്തില്‍ അഭയം തേടുകയും ചെയ്യുന്നവന്‍ നിങ്ങളില്‍ ആരാണ്? മറ്റുള്ളവരെ നശിപ്പിക്കാന്‍ തീ കത്തിക്കുകയും തീക്കൊള്ളി മിന്നിക്കുകയും ചെയ്യുന്നവരേ, നിങ്ങള്‍ കത്തിച്ച തീയുടെയും മിന്നിച്ച കൊള്ളിയുടെയും അടുത്തേക്കു പോകുവിന്‍. എന്‍റെ കൈയില്‍നിന്ന് ഇതായിരിക്കും നിങ്ങള്‍ക്കു ലഭിക്കുക. നിങ്ങള്‍ പീഡനം സഹിച്ചു കിടക്കും. സര്‍വേശ്വരനെ അന്വേഷിക്കുന്നവരേ, വിമോചനം തേടുന്നവരേ, എന്‍റെ വചനം ശ്രദ്ധിക്കുവിന്‍! നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്ക്, നിങ്ങളെ കുഴിച്ചെടുത്ത ഖനിയിലേക്ക് നോക്കുവിന്‍. നിങ്ങളുടെ പിതാവായ അബ്രഹാമിനെയും നിങ്ങളെ പ്രസവിച്ച സാറായെയും നോക്കുവിന്‍. അബ്രഹാം ഏകനായിരുന്നപ്പോള്‍ ഞാന്‍ അവനെ വിളിച്ച് അനുഗ്രഹിച്ചു സന്താനപുഷ്‍ടിയുള്ളവനാക്കിയല്ലോ. സര്‍വേശ്വരന്‍ സീയോനെ ആശ്വസിപ്പിക്കും. അവളുടെ സകല ശൂന്യപ്രദേശങ്ങള്‍ക്കും ആശ്വാസം നല്‌കും. അവളുടെ വിജനപ്രദേശത്തെ ഏദന്‍തോട്ടംപോലെയും മരുഭൂമിയെ സര്‍വേശ്വരന്‍റെ പൂന്തോട്ടംപോലെയും ആക്കിത്തീര്‍ക്കും. സീയോനില്‍ ആനന്ദവും ഉല്ലാസവും സ്തോത്രവും ഗാനാലാപവും ഉണ്ടാകും. എന്‍റെ ജനമേ കേള്‍ക്കുവിന്‍. എന്‍റെ ജനപദമേ, ഞാന്‍ പറയുന്നതു ശ്രദ്ധിക്കുവിന്‍. എന്നില്‍നിന്ന് ഒരു നിയമം പുറപ്പെടും. എന്‍റെ നീതി ജനതകള്‍ക്കു പ്രകാശമായിത്തീരും. ഞാന്‍ വേഗം വന്ന് അവരെ രക്ഷിക്കും. എന്‍റെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. എന്‍റെ കരം ജനതകളെ ഭരിക്കും. വിദൂരദേശങ്ങള്‍ എനിക്കുവേണ്ടി കാത്തിരിക്കുന്നു. എന്‍റെ കരങ്ങളില്‍ അവര്‍ പ്രത്യാശ അര്‍പ്പിക്കുന്നു. നിങ്ങളുടെ കണ്ണുകള്‍ ആകാശത്തേക്കുയര്‍ത്തുകയും താഴെ ഭൂമിയിലേക്കു നോക്കുകയും ചെയ്യുവിന്‍. ആകാശം പുകപോലെ മറഞ്ഞുപോകും, ഭൂമി വസ്ത്രംപോലെ ജീര്‍ണിച്ചുപോകും. അതില്‍ നിവസിക്കുന്നവര്‍ കൊതുകുപോലെ ചത്തൊടുങ്ങും. എന്നാല്‍ എന്‍റെ രക്ഷ എന്നേക്കും നിലനില്‌ക്കും. എന്‍റെ വിടുതല്‍ നിത്യമാണ്. നീതിയെ അറിയുന്നവരേ, എന്‍റെ ധര്‍മശാസ്ത്രം ഹൃദയത്തില്‍ സൂക്ഷിക്കുന്നവരേ, എന്‍റെ വാക്കു ശ്രദ്ധിക്കുവിന്‍. മനുഷ്യരുടെ നിന്ദയെ ഭയപ്പെടരുത്. അവരുടെ ദൂഷണങ്ങളില്‍ പരിഭ്രമിക്കുകയും അരുത്. വസ്ത്രം എന്നപോലെ കീടങ്ങളും കമ്പിളി എന്നപോലെ പുഴുവും അവരെ തിന്നൊടുക്കും. എന്നാല്‍ എന്‍റെ വിടുതല്‍ എന്നേക്കും ഉള്ളത്. എന്‍റെ രക്ഷ എല്ലാ തലമുറകള്‍ക്കും വേണ്ടിയുള്ളതായിരിക്കും. സര്‍വേശ്വരാ, ഉണര്‍ന്നാലും, ഉണര്‍ന്നാലും! അവിടുത്തെ ശക്തി പ്രയോഗിച്ചു ഞങ്ങളെ രക്ഷിച്ചാലും! പൂര്‍വകാലത്തെപ്പോലെ മുന്‍തലമുറകളുടെ കാലത്തെന്നതുപോലെ ഉണര്‍ന്നാലും. രഹബിനെ വെട്ടി നുറുക്കിയതും മഹാസര്‍പ്പത്തെ കുത്തിപ്പിളര്‍ന്നതും അവിടുന്നാണല്ലോ. വിമോചിതര്‍ക്കുവേണ്ടി സമുദ്രം വറ്റിക്കുകയും സമുദ്രത്തിന്‍റെ അടിത്തട്ടിലൂടെ കടന്നുപോകാന്‍ വഴിയൊരുക്കുകയും ചെയ്തത് അവിടുന്നല്ലേ? സര്‍വേശ്വരന്‍റെ വിമോചിതര്‍ ഉല്ലാസഗാനത്തോടെ സീയോനിലേക്കു മടങ്ങിവരും. നിത്യാനന്ദം അവര്‍ ശിരസ്സില്‍ അണിയും. ആനന്ദവും ആഹ്ലാദവും അവര്‍ക്കുണ്ടായിരിക്കും. ദുഃഖവും നെടുവീര്‍പ്പും അവരില്‍നിന്ന് ഓടി അകലും. ഞാന്‍, ഞാന്‍ തന്നെയാണു നിന്നെ ആശ്വസിപ്പിക്കുന്നവന്‍. പുല്ലിനു സമനായുള്ള മര്‍ത്യനെ നീ എന്തിനു ഭയപ്പെടണം? ഭൂമിക്ക് അടിസ്ഥാനമിടുകയും ആകാശത്തെ നിവര്‍ത്തുകയും ചെയ്തവനും നിന്നെ സൃഷ്‍ടിച്ചവനുമായ സര്‍വേശ്വരനെ നീ വിസ്മരിച്ചോ? മര്‍ദകന്‍റെ ക്രോധം നിമിത്തം നീ എന്തിനു നിരന്തരം ഭയപ്പെടുന്നു? അതു നിന്നെ സ്പര്‍ശിക്കുകയില്ല. തടവിലാക്കപ്പെട്ടവര്‍ അതിവേഗം മോചിതരാകും. അവര്‍ മരിക്കുകയോ, പാതാളത്തിലേക്കു പോകുകയോ ഇല്ല. അവര്‍ക്ക് ആഹാരത്തിനു ബുദ്ധിമുട്ടുണ്ടാവുകയില്ല. തിരമാലകള്‍ ഗര്‍ജിക്കുംവിധം സമുദ്രത്തെ ക്ഷോഭിപ്പിക്കുന്ന നിന്‍റെ ദൈവമായ സര്‍വേശ്വരനാണു ഞാന്‍. സര്‍വശക്തനായ സര്‍വേശ്വരന്‍ എന്നാണ് എന്‍റെ നാമം. ആകാശത്തെ നിവര്‍ത്തുകയും ഭൂമിക്ക് അടിസ്ഥാനമിടുകയും ചെയ്ത ഞാന്‍, നീ എന്‍റെ ജനമാകുന്നു എന്നു സീയോനോടു പറഞ്ഞുകൊണ്ടു നിന്‍റെ നാവില്‍ എന്‍റെ ഉപദേശം നിക്ഷേപിച്ചു. നിന്നെ എന്‍റെ കരത്തിന്‍റെ നിഴലില്‍ മറച്ചു. സര്‍വേശ്വരന്‍റെ കൈയില്‍നിന്നു ക്രോധത്തിന്‍റെ പാനപാത്രം വാങ്ങി കുടിക്കുകയും പരിഭ്രാന്തിയുടെ പാനപാത്രം മട്ടുവരെ ഊറ്റി കുടിക്കുകയും ചെയ്ത യെരൂശലേമേ, ഉണരുക, ഉണര്‍ന്നെഴുന്നേല്‌ക്കുക. നീ പ്രസവിച്ച മക്കളില്‍ ആരും നിന്നെ നയിക്കാനില്ല. നീ പോറ്റി വളര്‍ത്തിയവരില്‍ ആരും നിന്നെ കൈക്കു പിടിച്ചു നടത്താനില്ല. രണ്ടു കാര്യങ്ങള്‍ നിനക്കു സംഭവിച്ചിരിക്കുന്നു; വാളുകൊണ്ട് ഉന്മൂലനാശവും ക്ഷാമംമൂലമുള്ള കെടുതിയും. ആരു നിന്നോടൊത്തു സഹതപിക്കും? ആരു നിന്നെ ആശ്വസിപ്പിക്കും? വലയില്‍പ്പെട്ട മാനിനെപ്പോലെ നിന്‍റെ പുത്രന്മാര്‍ എല്ലാ വഴിക്കവലകളിലും ബോധംകെട്ടു കിടക്കുന്നു. അവര്‍ സര്‍വേശ്വരന്‍റെ ക്രോധത്തില്‍ നിന്‍റെ ദൈവത്തിന്‍റെ ശാസനത്തില്‍ അമര്‍ന്നിരിക്കുന്നു. പീഡിതയും വീഞ്ഞു കുടിക്കാതെ തന്നെ ലഹരിപിടിച്ചവളുമായ യെരൂശലേമേ, ഇതു കേള്‍ക്കുക. നിന്‍റെ ദൈവമായ സര്‍വേശ്വരന്‍ നിനക്കുവേണ്ടി വാദിക്കുന്ന ദൈവം അരുളിച്ചെയ്യുന്നു: “ഇതാ, പരിഭ്രാന്തിയുടെ പാനപാത്രം ഞാന്‍ നിങ്കല്‍നിന്നു നീക്കിയിരിക്കുന്നു. എന്‍റെ ക്രോധത്തിന്‍റെ പാനപാത്രത്തില്‍നിന്ന് ഇനിമേല്‍ നീ കുടിക്കുകയില്ല. തങ്ങള്‍ക്കു കടന്നുപോകത്തക്കവിധം കുനിഞ്ഞു നില്‌ക്കാന്‍ പറയുകയും അങ്ങനെ നിങ്ങളുടെ മുതുകത്തു ചവുട്ടി തെരുവീഥിയിലൂടെയും നിലത്തുകൂടെയും എന്നപോലെ നടന്നുപോകുകയും ചെയ്തവരുടെ കൈയില്‍, അതേ നിന്നെ പീഡിപ്പിച്ചവരുടെ കൈയില്‍ തന്നെ എന്‍റെ ക്രോധത്തിന്‍റെ പാനപാത്രം ഞാന്‍ വച്ചുകൊടുക്കും. സീയോനേ, ഉണരുക, ഉണരുക; ശക്തി സംഭരിക്കുക. വിശുദ്ധനഗരമായ യെരൂശലേമേ, നിന്‍റെ മനോഹരവസ്ത്രം ധരിച്ചുകൊള്ളുക. പരിച്ഛേദനം നടത്താത്തവരും അശുദ്ധരും ഇനി നിന്നില്‍ പ്രവേശിക്കുകയില്ലല്ലോ. ബദ്ധനസ്ഥയായ യെരൂശലേമേ, പൊടി കുടഞ്ഞുകളഞ്ഞ് എഴുന്നേല്‌ക്കുക. ബദ്ധയായ സീയോന്‍പുത്രീ, നിന്‍റെ കഴുത്തിലെ ബന്ധനം അഴിച്ചുമാറ്റുക. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “വില വാങ്ങാതെയാണു നിങ്ങള്‍ വില്‍ക്കപ്പെട്ടത്. ഇപ്പോള്‍ വില കൂടാതെതന്നെ നിങ്ങളെ വീണ്ടെടുക്കും.” ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: എന്‍റെ ജനം മുമ്പ് ഈജിപ്തിലേക്കു പ്രവാസത്തിനു പോയി. പിന്നീട് അസ്സീറിയാക്കാര്‍ അകാരണമായി അവരെ പീഡിപ്പിച്ചു; അവിടുന്നു ചോദിക്കുന്നു: “എന്‍റെ ജനത്തെ അകാരണമായി പിടിച്ചുകൊണ്ടു പോകുന്നതു കാണുമ്പോള്‍ ഞാന്‍ എന്തു ചെയ്യണം? അധിപതിമാര്‍ അവരെ പരിഹസിക്കുന്നു. എന്‍റെ നാമം നിരന്തരം ദുഷിക്കപ്പെടുന്നു. എന്‍റെ ജനം എന്‍റെ നാമം അറിയും. ഞാനാണ് ഇതു പറയുന്നതെന്ന് അവര്‍ അന്ന് അറിയും. ഇതാ, ഞാനിവിടെയുണ്ട്.” സമാധാനത്തിന്‍റെ സദ്‍വാര്‍ത്തയുമായി വരുന്ന സന്ദേശവാഹകന്‍റെ പാദങ്ങള്‍ പര്‍വതമുകളില്‍ എത്ര മനോഹരം! അയാള്‍ നന്മയും ശാന്തിയും രക്ഷയും വിളംബരം ചെയ്യുന്നു. “നിന്‍റെ ദൈവം വാഴുന്നു” എന്നു സീയോനോടു പറയുന്നു. നിന്‍റെ കാവല്‌ക്കാര്‍ ഒത്തുചേര്‍ന്ന് ഉറക്കെ ആനന്ദഗീതം ആലപിക്കുന്നു. സര്‍വേശ്വരന്‍ സീയോനിലേക്കു മടങ്ങി വരുന്നത് അവര്‍ നേരിട്ടു കാണുന്നു. യെരൂശലേമിന്‍റെ ശൂന്യസ്ഥലങ്ങളേ, ആര്‍ത്തുഘോഷിക്കുവിന്‍. സര്‍വേശ്വരന്‍ തന്‍റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു. യെരൂശലേമിനെ അവിടുന്നു മോചിപ്പിച്ചിരിക്കുന്നു. അവിടുന്നു തന്‍റെ വിശുദ്ധകരം എല്ലാ ജനതകള്‍ക്കും പ്രത്യക്ഷമാക്കിയിരിക്കുന്നു. നമ്മുടെ ദൈവത്തില്‍ നിന്നുള്ള രക്ഷ സര്‍വലോകവും ദര്‍ശിക്കും. പോകുവിന്‍, പോകുവിന്‍, ബാബിലോണില്‍നിന്നു പോകുവിന്‍. അശുദ്ധമായതൊന്നും സ്പര്‍ശിക്കരുത്. സര്‍വേശ്വരന്‍റെ ആലയത്തിലെ പാത്രങ്ങള്‍ വഹിക്കുന്നവരേ, നിങ്ങള്‍ ബാബിലോണില്‍നിന്നു പുറത്തു പോകുവിന്‍. നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നിങ്ങള്‍ തിടുക്കം കാട്ടേണ്ടാ, വേഗം ഓടുകയും വേണ്ടാ. സര്‍വേശ്വരന്‍ നിങ്ങളുടെ മുമ്പില്‍ നടക്കും. ഇസ്രായേലിന്‍റെ ദൈവം നിങ്ങളുടെ പിമ്പില്‍ നിങ്ങള്‍ക്കു കാവല്‌ക്കാരനായിരിക്കും. എന്‍റെ ദാസന്‍ വിജയലാളിതനാകും. അവന്‍ ഉല്‍ക്കര്‍ഷം പ്രാപിക്കും, പുകഴ്ത്തപ്പെടും, ഉന്നതനാകും. മുമ്പ് അവനെ കണ്ടിട്ടുള്ളവര്‍ അമ്പരന്നുപോയി. അവന്‍ വിരൂപനും മനുഷ്യരൂപം ഇല്ലാത്തവനും ആയി കാണപ്പെട്ടു. എന്നാലിപ്പോള്‍ അവനെ കാണുന്ന ജനതകള്‍ അദ്ഭുതസ്തബ്ധരാകും. രാജാക്കന്മാര്‍ അവനെ കണ്ടു നിശ്ശബ്ദരാകും; കാരണം, അവരോടു പറഞ്ഞിട്ടില്ലാത്തത് അവര്‍ കാണുകയും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കുകയും ചെയ്യും. നാം കേട്ടത് ആരു വിശ്വസിച്ചിട്ടുണ്ട്? സര്‍വേശ്വരന്‍റെ കരം ആര്‍ക്കു വെളിപ്പെട്ടിട്ടുണ്ട്? അവന്‍ അവിടുത്തെ മുമ്പില്‍ ഒരു ഇളംചെടിപോലെ വരണ്ട ഭൂമിയില്‍ നിന്നുള്ള മുളപോലെ വളര്‍ന്നു. ആകര്‍ഷകമായ രൂപമോ, ഗാംഭീര്യമോ അവനുണ്ടായിരുന്നില്ല. നമ്മെ മോഹിപ്പിക്കത്തക്ക സൗന്ദര്യവും ഇല്ലായിരുന്നു. അവന്‍ മനുഷ്യരാല്‍ നിന്ദിതനായി പുറന്തള്ളപ്പെട്ടു. അവന്‍ ദുഃഖിതനും നിരന്തരം കഷ്ടത അനുഭവിക്കുന്നവനും ആയിരുന്നു. കാണുന്നവര്‍ മുഖം തിരിക്കത്തക്കവിധം അവന്‍ നിന്ദിതനായിരുന്നു. നാം അവനെ ആദരിച്ചുമില്ല. നിശ്ചയമായും നമ്മുടെ വ്യഥകളാണ് അവന്‍ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണു ചുമന്നത്. എന്നിട്ടും ദൈവം അവനെ ശിക്ഷിക്കുകയും പ്രഹരിക്കുകയും പീഡിപ്പിക്കുകയും ചെയ്തു എന്നു നാം കരുതി. നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേറ്റു. നമ്മുടെ അപരാധങ്ങള്‍ക്കുവേണ്ടി ദണ്ഡനമേറ്റു. അവന്‍ അനുഭവിച്ച ശിക്ഷ നമുക്കു രക്ഷ നല്‌കി. അവന്‍ ഏറ്റ അടിയുടെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു. നാമെല്ലാവരും ആടുകളെപ്പോലെ വഴിതെറ്റിപ്പോയി. ഓരോരുത്തരും അവരവരുടെ വഴിക്കു പോയി. നമ്മുടെ അകൃത്യങ്ങളും സര്‍വേശ്വരന്‍ അവന്‍റെമേല്‍ ചുമത്തി. മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിട്ടും അവന്‍ നിശ്ശബ്ദനായിരുന്നു. കൊല്ലുവാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവന്‍റെ മുമ്പില്‍ നില്‌ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം അവലംബിച്ചു. മര്‍ദനത്താലും ശിക്ഷാവിധിയാലും അവന്‍ കൊല്ലപ്പെട്ടു. എന്‍റെ ജനത്തിന്‍റെ അതിക്രമം നിമിത്തമാണ് അവന്‍ പീഡനം സഹിക്കുകയും ജീവിക്കുന്നവരുടെ ദേശത്തുനിന്നു വിച്ഛേദിക്കപ്പെടുകയും ചെയ്തതെന്ന് അവന്‍റെ തലമുറയില്‍ ആരോര്‍ത്തു? അവന്‍ ഒരതിക്രമവും പ്രവര്‍ത്തിച്ചില്ല; അവന്‍റെ നാവില്‍ വഞ്ചനയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും അവന്‍ ദുഷ്ടരുടെയും ധനികരുടെയും ഇടയില്‍ സംസ്കരിക്കപ്പെട്ടു. അവന്‍ ദണ്ഡിപ്പിക്കപ്പെട്ടത് ദൈവേച്ഛപ്രകാരമായിരുന്നു. അവിടുന്നാണ് അവനെ സങ്കടത്തിലാക്കിയത്. പാപപരിഹാരയാഗമായി സ്വയം അര്‍പ്പിച്ചശേഷം അവന്‍ ദീര്‍ഘായുസ്സോടെയിരുന്നു തന്‍റെ സന്താനപരമ്പരയെ കാണും. അവനില്‍കൂടി സര്‍വേശ്വരന്‍റെ ഹിതം നിറവേറും. തന്‍റെ കഠിനവേദനയുടെ ഫലം കണ്ട് അവന്‍ സംതൃപ്തനാകും. നീതിമാനായ എന്‍റെ ദാസന്‍ തന്‍റെ ജ്ഞാനംകൊണ്ട് അനേകരെ നീതീകരിക്കും. അവരുടെ അകൃത്യങ്ങള്‍ വഹിക്കും. അതുകൊണ്ട് ഞാന്‍ മഹാന്മാരുടെ കൂടെ അവന് ഓഹരി നല്‌കും. ബലവാന്മാരോടുകൂടി അവന്‍ കൊള്ള പങ്കിടും. അവന്‍ തന്‍റെ പ്രാണനെ മരണത്തിന് ഏല്പിച്ചുകൊടുക്കുകയും സ്വയം പാപികളുടെ കൂടെ എണ്ണപ്പെടുകയും ചെയ്തുവല്ലോ. അങ്ങനെ അനേകരുടെ പാപഭാരം അവന്‍ ചുമന്നു. അതിക്രമക്കാര്‍ക്കുവേണ്ടി മധ്യസ്ഥത വഹിച്ചു. പ്രസവിക്കാത്ത വന്ധ്യേ, പാടുക. പ്രസവവേദന അനുഭവിക്കാത്തവളേ, ആര്‍ത്തുല്ലസിച്ചു പാടുക. ഭര്‍ത്താവ് ഉപേക്ഷിച്ചവളുടെ മക്കള്‍ ഭര്‍ത്തൃമതിയുടെ മക്കളെക്കാള്‍ അധികമായിരിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. നിന്‍റെ കൂടാരം വിസ്തൃതമാക്കുക. പാര്‍പ്പിടങ്ങളുടെ തിരശ്ശീലകള്‍ നിവര്‍ത്തി നീട്ടുക. കൂടാരത്തിന്‍റെ കയറുകള്‍ എത്രയും നീട്ടി കുറ്റികള്‍ ബലപ്പെടുത്തുക. നീ ഇടത്തോട്ടും വലത്തോട്ടും അതിദൂരം വ്യാപിക്കും. നിന്‍റെ സന്താനപരമ്പര ജനതകളെ കീഴടക്കി, ശൂന്യനഗരങ്ങള്‍ ജനനിബിഡമാക്കും. ഭയപ്പെടേണ്ടാ, നീ ലജ്ജിതയാവുകയില്ല. പരിഭ്രമിക്കേണ്ടാ, നീ അപമാനിതയാവുകയില്ല. നിന്‍റെ യൗവനത്തിലെ അപമാനം നീ വിസ്മരിക്കും. വൈധവ്യത്തിന്‍റെ അപകീര്‍ത്തി നീ ഓര്‍ക്കുകയില്ല. കാരണം, നിന്‍റെ സ്രഷ്ടാവാണു നിന്‍റെ ഭര്‍ത്താവ്. സര്‍വശക്തനായ സര്‍വേശ്വരന്‍ എന്നാണ് അവിടുത്തെ നാമം. നിന്‍റെ വിമോചകനായ അവിടുന്ന് ഇസ്രായേലിന്‍റെ പരിശുദ്ധനാണ്. സര്‍വഭൂമിയുടെയും ദൈവം എന്ന് അവിടുന്ന് അറിയപ്പെടുന്നു. യൗവനത്തില്‍തന്നെ ഉപേക്ഷിക്കപ്പെട്ട ഭാര്യയെപ്പോലെ ദുഃഖിതയും പരിത്യക്തയുമായ നിന്നെ സര്‍വേശ്വരന്‍ തിരിച്ചുവിളിക്കുന്നു എന്നു നിന്‍റെ ദൈവം അരുളിച്ചെയ്യുന്നു. അല്പസമയത്തേക്കു ഞാന്‍ നിന്നെ ഉപേക്ഷിച്ചു; എന്നാല്‍ അനുകമ്പാതിരേകത്തോടെ ഞാന്‍ നിന്നെ തിരിച്ചെടുക്കും. കോപാധിക്യംകൊണ്ട് അല്പസമയത്തേക്ക് എന്‍റെ മുഖം നിന്നില്‍നിന്നു മറച്ചു. എന്നാല്‍ ശാശ്വതമായ സ്നേഹത്തോടെ ഞാന്‍ നിന്നില്‍ കരുണകാട്ടും. നിന്‍റെ വിമോചകനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. എനിക്കീ നാളുകള്‍ നോഹയുടെ കാലം പോലെയാണ്. ഇനിമേല്‍ വെള്ളം ഭൂമിയെ മൂടുകയില്ലെന്ന് അന്നു ഞാന്‍ ശപഥം ചെയ്തിരുന്നു. അതുപോലെ, “ഞാന്‍ ഇനിമേല്‍ നിന്നോടു കോപിക്കുകയോ നിന്നെ ശകാരിക്കുകയോ ചെയ്യുകയില്ലെന്നു ശപഥം ചെയ്യുന്നു.” മലകള്‍ മാറിപ്പോയേക്കാം, കുന്നുകള്‍ നീക്കപ്പെട്ടേക്കാം. എങ്കിലും എന്‍റെ സുസ്ഥിരമായ സ്നേഹം നിന്നെ വിട്ടുമാറുകയില്ല. എന്‍റെ സമാധാന ഉടമ്പടി മാറ്റപ്പെടുകയില്ല. നിന്നോടനുകമ്പയുള്ള സര്‍വേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്. പീഡിതയും കൊടുങ്കാറ്റില്‍ ആടിയുലയുന്നവളും ആശ്വാസം ലഭിക്കാതെ കഴിയുന്നവളുമേ, ഇന്ദ്രനീലരത്നംകൊണ്ടു നിന്‍റെ അടിസ്ഥാനം ഉറപ്പിക്കും. അഞ്ജനക്കല്ലുകൊണ്ട് നിന്നെ നിര്‍മിക്കും. നിന്‍റെ താഴികക്കുടങ്ങള്‍ പത്മരാഗംകൊണ്ടും ഗോപുരങ്ങള്‍ പുഷ്യരാഗംകൊണ്ടും ഭിത്തികള്‍ അനര്‍ഘരത്നംകൊണ്ടും ഞാന്‍ നിര്‍മിക്കും. സര്‍വേശ്വരന്‍ നിന്‍റെ പുത്രന്മാരെ പഠിപ്പിക്കും. അവര്‍ക്കു സമൃദ്ധിയും സമാധാനവും ലഭിക്കും. നീ നീതിയില്‍ ഉറച്ചുനില്‌ക്കും. പീഡനം നിനക്ക് ഉണ്ടാവുകയില്ല. ഭീതിയും ഭീകരതയും നിന്നെ സമീപിക്കയില്ല. ആരെങ്കിലും കലാപം ഇളക്കിവിട്ടാല്‍ അതു ഞാന്‍ നിമിത്തമായിരിക്കില്ല. നീ നിമിത്തം അവര്‍ നിലംപതിക്കും. തീക്കനല്‍കൊണ്ട് ഇരുമ്പു പഴുപ്പിച്ച് ആയുധങ്ങള്‍ നിര്‍മിക്കുന്ന ഇരുമ്പുപണിക്കാരനെ സൃഷ്‍ടിച്ചതു ഞാനാണ്. ഈ ആയുധങ്ങള്‍കൊണ്ടു മനുഷ്യരെ കൊല്ലുന്നവനെ സൃഷ്‍ടിച്ചതും ഞാന്‍ തന്നെ. നിന്നെ നശിപ്പിക്കാന്‍ ഉണ്ടാക്കിയ ഒരായുധവും പ്രയോജനപ്പെടുകയില്ല. ന്യായവിധിയില്‍ നിനക്കെതിരെ ഉയരുന്ന ഓരോ വാദവും നീ ഖണ്ഡിക്കും. ഇതു സര്‍വേശ്വരന്‍റെ ദാസന്മാരുടെ അവകാശവും എന്‍റെ നീതി നടത്തലുമാണെന്ന് സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ദാഹിക്കുന്നവരേ വരുവിന്‍, ഇതാ നിങ്ങള്‍ക്കു വെള്ളം. നിര്‍ധനരേ, ധാന്യം വാങ്ങി ഭക്ഷിക്കുവിന്‍. വില കൂടാതെ വീഞ്ഞും പാലും വാങ്ങുവിന്‍. അപ്പമല്ലാത്തതിനുവേണ്ടി നിങ്ങള്‍ എന്തിനു പണം ചെലവിടുന്നു? സംതൃപ്തി നല്‌കാത്തതിനുവേണ്ടി എന്തിനധ്വാനിക്കുന്നു? എന്‍റെ വാക്കു ശ്രദ്ധിച്ചു കേള്‍ക്കുവിന്‍. നല്ലതായുള്ളതു ഭക്ഷിച്ച് ഉല്ലസിച്ചുകൊള്ളുവിന്‍. ഞാന്‍ പറയുന്നതു ശ്രദ്ധയോടെ കേള്‍ക്കാന്‍ എന്‍റെ അടുത്തു വരുവിന്‍. നിങ്ങളുടെ ആത്മാവു ജീവിക്കേണ്ടതിന് ഇതു കേള്‍ക്കുവിന്‍. ഞാന്‍ നിങ്ങളുമായി ഒരു ശാശ്വതഉടമ്പടി ഉണ്ടാക്കും. ദാവീദിനോടുള്ള അചഞ്ചലവും സുനിശ്ചിതവുമായ സ്നേഹത്തിന്‍റെ ഉടമ്പടിതന്നെ. ഇതാ, ഞാനവനെ ജനതകള്‍ക്കു സാക്ഷിയും നേതാവും അധിപനും ആക്കിയിരിക്കുന്നു. നിനക്കറിഞ്ഞുകൂടാത്ത ജനപദങ്ങളെ നീ വിളിക്കും, നിന്നെ അറിയാത്ത ജനത നിന്‍റെ അടുക്കലേക്ക് ഓടിവരും. ഇസ്രായേലിന്‍റെ പരിശുദ്ധനും നിങ്ങളുടെ ദൈവവുമായ സര്‍വേശ്വരന്‍ നിങ്ങളെ മഹത്ത്വപ്പെടുത്തിയിരിക്കുന്നുവല്ലോ. കണ്ടെത്താവുന്ന സമയത്തു സര്‍വേശ്വരനെ അന്വേഷിക്കുവിന്‍. സമീപത്തുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍. ദുഷ്ടന്‍ തന്‍റെ വഴിയും നീതികെട്ടവന്‍ തന്‍റെ ആലോചനകളും ഉപേക്ഷിക്കട്ടെ. കരുണ ലഭിക്കാന്‍ അവിടുത്തെ അടുക്കലേക്ക് അവന്‍ മടങ്ങിവരട്ടെ. അവിടുന്ന് ഉദാരമായി ക്ഷമിക്കുമല്ലോ. എന്‍റെ വിചാരങ്ങള്‍ നിങ്ങളുടേതുപോലെയല്ല. നിങ്ങളുടെ വഴികള്‍ എന്‍റേതുപോലെയുമല്ല എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നിരിക്കുന്നതുപോലെ എന്‍റെ ചിന്തകളും വഴികളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമായിരിക്കുന്നു. ആകാശത്തുനിന്ന് മഴയും മഞ്ഞും പെയ്യുന്നു. അവ തിരിച്ചുപോകാതെ ഭൂമിയെ നനയ്‍ക്കുകയും സസ്യജാലങ്ങളെ മുളപ്പിക്കുകയും ചെയ്യുന്നു. അവ വിതയ്‍ക്കാന്‍ വിത്തും ഭക്ഷിക്കാന്‍ ആഹാരവും നല്‌കുന്നു. എന്‍റെ നാവില്‍നിന്നു പുറപ്പെടുന്ന വചനവും അതുപോലെയാണ്. അതു നിഷ്ഫലമായി മടങ്ങി വരികയില്ല. അത് എന്‍റെ ലക്ഷ്യം നിറവേറ്റും. ഞാന്‍ ഏല്പിക്കുന്ന കാര്യം വിജയകരമായി നിവര്‍ത്തിക്കും. ആനന്ദത്തോടെ നിങ്ങള്‍ പുറപ്പെടും. സമാധാനത്തോടെ നയിക്കപ്പെടും. നിങ്ങളുടെ മുമ്പില്‍ കുന്നുകളും മലകളും ആര്‍ത്തുപാടും. വൃക്ഷങ്ങള്‍ താളമടിക്കും. മുള്‍ച്ചെടിക്കു പകരം സരളമരവും പറക്കാരയ്‍ക്കു പകരം സുഗന്ധിയും മുളച്ചുവരും. അതു സര്‍വേശ്വരന് ഒരു സ്മാരകമായിരിക്കും; ഒരിക്കലും നശിപ്പിക്കപ്പെടാത്ത ശാശ്വതമായ അടയാളം. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ന്യായം പാലിക്കൂ, നീതി പ്രവര്‍ത്തിക്കൂ, എന്‍റെ രക്ഷ താമസിയാതെ വന്നെത്തും. എന്‍റെ മോചനം വെളിപ്പെടും. ശബത്തിനെ അശുദ്ധമാക്കാതെ പാലിക്കുന്നവന്‍ തിന്മയില്‍നിന്നു തന്‍റെ കൈകള്‍ അകറ്റി നിര്‍ത്തുന്നതുകൊണ്ട് ഇതു ചെയ്യുന്ന മനുഷ്യനും ഇതില്‍ മുറുകെപ്പിടിക്കുന്ന മനുഷ്യപുത്രനും അനുഗൃഹീതന്‍. “സര്‍വേശ്വരന്‍ തീര്‍ച്ചയായും അവിടുത്തെ ജനത്തില്‍നിന്ന് എന്നെ വേര്‍തിരിക്കും” എന്ന് സര്‍വേശ്വരനോടു ചേര്‍ന്നിട്ടുള്ള പരദേശിയും “കാണുക, ഞാന്‍ ഒരു ഉണക്കമരമാണെന്ന്” ഷണ്ഡനും പറയാതിരിക്കട്ടെ. കാരണം, സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്‍റെ ശബത്തുകള്‍ പാലിക്കുകയും എനിക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുകയും എന്‍റെ ഉടമ്പടി പ്രമാണിക്കുകയും ചെയ്യുന്ന ഷണ്ഡന്മാര്‍ക്ക് ഞാന്‍ എന്‍റെ ആലയത്തിലും എന്‍റെ മതിലുകള്‍ക്കുള്ളിലും എന്‍റെ പുത്രീപുത്രന്മാരെക്കാള്‍ ശ്രേഷ്ഠമായൊരു സ്മാരകവും നാമവും നല്‌കും. വിച്ഛേദിക്കപ്പെടാത്തതും എന്നും നിലനില്‌ക്കുന്നതുമായ ഒരു നാമവും ഞാന്‍ അവര്‍ക്കു നല്‌കും. സര്‍വേശ്വരനെ സേവിച്ച്, അവിടുത്തെ നാമത്തെ സ്നേഹിച്ച്, അവിടുത്തെ ദാസരായിരിക്കാന്‍ അവിടുത്തോടു ചേര്‍ന്നുനില്‌ക്കുന്ന പരദേശികളേ, ശബത്തിനെ അശുദ്ധമാക്കാതെ ആചരിക്കുകയും എന്‍റെ ഉടമ്പടി പ്രമാണിക്കുകയും ചെയ്യുന്നവരെ ഞാന്‍ എന്‍റെ വിശുദ്ധപര്‍വതത്തിലേക്കു കൊണ്ടുവന്ന് എന്‍റെ പ്രാര്‍ഥനാലയത്തില്‍ അവര്‍ക്കും സന്തോഷം നല്‌കും. എന്‍റെ യാഗപീഠത്തില്‍ അവരുടെ ദഹനയാഗങ്ങളും യാഗങ്ങളും സ്വീകരിക്കും. എന്‍റെ ആലയം എല്ലാ ജനതകള്‍ക്കുമുള്ള പ്രാര്‍ഥനാലയം എന്നു വിളിക്കപ്പെടും. ഇസ്രായേലിന്‍റെ ഭ്രഷ്ടന്മാരെ കൂട്ടിവരുത്തുന്ന സര്‍വേശ്വരനായ ദൈവം അരുളിച്ചെയ്യുന്നു: “ഇപ്പോള്‍ കൂടിവന്നിരിക്കുന്നവരെ കൂടാതെ മറ്റുള്ളവരെയും ഞാന്‍ കൂട്ടിവരുത്തും.” വയലിലെയും കാട്ടിലെയും സകല മൃഗങ്ങളുമേ, വന്നു ഭക്ഷിക്കുവിന്‍. അവന്‍റെ കാവല്‌ക്കാര്‍ അന്ധരാണ്; അവര്‍ എല്ലാവരും അറിവില്ലാത്തവരാണ്; അവര്‍ എല്ലാം കുരയ്‍ക്കാന്‍ കഴിയാത്ത ഊമനായ്‍ക്കളാണ്; അവര്‍ ഉറക്കപ്രിയരായി സ്വപ്നം കണ്ടു കിടക്കുന്നു. ഈ നായ്‍ക്കള്‍ക്കു വല്ലാത്ത വിശപ്പാണ്; ഇവയ്‍ക്ക് ഒരിക്കലും തൃപ്തിവരുന്നില്ല. ഇടയന്മാര്‍ക്ക് ഒന്നും മനസ്സിലാകുന്നില്ല; അവര്‍ എല്ലാവരും അവനവന്‍റെ നേട്ടത്തിനുവേണ്ടി അവനവന്‍റെ വഴിക്കുപോകുന്നു. അവര്‍ പറയുന്നു: “വരൂ പോയി വീഞ്ഞുകൊണ്ടുവരാം; നമുക്കു ലഹരിപാനീയം നിറയെ കുടിക്കാം. ഇന്നത്തെപ്പോലെ നാളെയും അളവില്ലാതെ കുടിക്കാം. നീതിമാന്‍ മരിക്കുന്നു. ആരും അതു ഗൗനിക്കുന്നില്ല. ഭക്തന്മാര്‍ നീക്കപ്പെടുന്നു. ആരും അതു മനസ്സിലാക്കുന്നില്ല. എന്നാല്‍ നീതിമാന്‍ അനര്‍ഥത്തില്‍നിന്ന് ഒഴിവാക്കപ്പെടുന്നു. നീതിനിഷ്ഠര്‍ തങ്ങളുടെ കിടക്കയില്‍ വിശ്രമംകൊള്ളും. അവര്‍ സമാധാനത്തില്‍ പ്രവേശിക്കും. മന്ത്രവാദിനിയുടെ പുത്രന്മാരേ, വേശ്യയുടെയും വ്യഭിചാരിണിയുടെയും സന്തതികളേ, അടുത്തു വരുവിന്‍. ആരെയാണു നിങ്ങള്‍ കളിയാക്കുന്നത്? ആരുടെ നേരെയാണു നിങ്ങള്‍ വായ് തുറന്നു നാക്കു നീട്ടുന്നത്? നിങ്ങള്‍ അതിക്രമികളുടെയും വഞ്ചകരുടെയും സന്തതികളല്ലേ? വിജാതീയദേവന്മാര്‍ക്കുവേണ്ടി കരുവേലകമരങ്ങള്‍ക്കിടയിലും ഓരോ പച്ചമരത്തിന്‍റെ ചുവട്ടിലും നിങ്ങളുടെ വിഷയാസക്തി ജ്വലിക്കുന്നു. താഴ്വരയിലെ പാറയുടെ വിള്ളലുകളില്‍ നിങ്ങള്‍ സ്വന്തം ശിശുക്കളെ കുരുതികഴിക്കുന്നു. താഴ്വരയിലെ മിനുസമുള്ള കല്ലുകളെ നിങ്ങള്‍ ആരാധിക്കുന്നു. അവ തന്നെയാണു നിങ്ങളുടെ അവകാശവും ഓഹരിയും. അവയ്‍ക്കു നിങ്ങള്‍ പാനീയബലിയും ധാന്യബലിയും അര്‍പ്പിക്കുന്നു. ഇവയില്‍ ഞാന്‍ പ്രസാദിക്കുമെന്നു കരുതുന്നുവോ? ഉന്നതമായ ഗിരിശൃംഗത്തില്‍ നീ കിടക്ക വിരിച്ചിരിക്കുന്നു. നീ യാഗം കഴിക്കാന്‍ അവിടേക്കു കയറിപ്പോകുന്നു. വാതിലുകള്‍ക്കും വാതില്‍പ്പടികള്‍ക്കും പിറകില്‍ നീ നിന്‍റെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. നീ എന്നെ ഉപേക്ഷിച്ച് സ്വയം നഗ്നയാക്കി നീ നിന്‍റെ കിടക്ക വിസ്തൃതമായി വിരിച്ചു. നിനക്കിഷ്ടപ്പെട്ട കിടക്കയില്‍ പ്രവേശിച്ച് അവരുമായി വിലപേശി, നഗ്നതയില്‍ ദൃഷ്‍ടി ഊന്നിക്കൊണ്ടു വ്യഭിചരിച്ചു. നീ തൈലവുമായി മോലേക്ക് ദേവനെ ആരാധിക്കാന്‍ പോയി. ധാരാളം പരിമളതൈലവും നീ കൊണ്ടുപോയി. നീ പ്രതിപുരുഷന്മാരെ വിദേശങ്ങളിലേക്കു മാത്രമല്ല, പാതാളത്തിലേക്കുകൂടി അയച്ചു. മാര്‍ഗമധ്യേ നീ തളര്‍ന്നെങ്കിലും, ആശ കൈവെടിഞ്ഞില്ല. ശക്തി വീണ്ടെടുത്തതിനാല്‍ നീ തളര്‍ന്നു വീണില്ല. ആരെ ഭയപ്പെട്ടിട്ടാണ് നീ എന്നോടു കളവുകാട്ടിയത്? എന്നെ ഓര്‍ക്കുകയോ എന്നെപ്പറ്റി ചിന്തിക്കുകയോ ചെയ്യാഞ്ഞത്? ഞാന്‍ ദീര്‍ഘകാലം നിശ്ശബ്ദനായിരുന്നതു കൊണ്ടാണോ നീ എന്നെ ഭയപ്പെടാഞ്ഞത്? ശരിയാണെന്നു നീ കരുതുന്നവയും നിന്‍റെ ചെയ്തികളും ഞാന്‍ വെളിപ്പെടുത്തും. പക്ഷേ അവ നിന്നെ സഹായിക്കുകയില്ല. നീ സംഭരിച്ച വിഗ്രഹങ്ങള്‍ നിന്‍റെ നിലവിളി കേട്ട് നിന്നെ രക്ഷിക്കട്ടെ. കാറ്റ് നിന്‍റെ വിഗ്രഹങ്ങളെ പറത്തിക്കളയും. ഒരു നിശ്വാസംകൊണ്ട് അവ തെറിച്ചുപോകും. എന്നാല്‍ എന്നെ അഭയം പ്രാപിക്കുന്നവന്‍ ദേശം കൈവശമാക്കും; അവന് എന്‍റെ വിശുദ്ധപര്‍വതം അവകാശമായി ലഭിക്കും. നിര്‍മിക്കുവിന്‍, നിര്‍മിക്കുവിന്‍, പാത നിര്‍മിക്കുവിന്‍; എന്‍റെ ജനത്തിന്‍റെ എല്ലാ മാര്‍ഗതടസ്സങ്ങളും നീക്കുവിന്‍ എന്ന ആഹ്വാനം ഉയരും. ഉന്നതനും അത്യുന്നതനും അനന്തതയില്‍ വസിക്കുന്നവനും പരിശുദ്ധനുമായ ദൈവം അരുളിച്ചെയ്യുന്നു. ഉന്നതവും വിശുദ്ധവുമായ സ്ഥലത്തു ഞാന്‍ വസിക്കുന്നെങ്കിലും അനുതപിക്കുന്നവന്‍റെ ഹൃദയത്തിനും വിനീതന്‍റെ ആത്മാവിനും നവചൈതന്യം പകരാന്‍ ഞാന്‍ അവരോടൊത്തു പാര്‍ക്കുന്നു. ഞാന്‍ എന്നേക്കുമായി കുറ്റം ആരോപിക്കുകയോ കോപിക്കുകയോ ഇല്ല. എന്നില്‍നിന്നാണല്ലോ ആത്മചൈതന്യം പുറപ്പെടുന്നത്. ജീവശ്വാസം നല്‌കിയതും ഞാന്‍തന്നെ. അവന്‍റെ ദുഷ്ടമായ ദുരാഗ്രഹം നിമിത്തം ഞാനവനോടു കോപിച്ചു. ഞാനവനെ ശിക്ഷിച്ചു. കോപംകൊണ്ട് അവനില്‍നിന്ന് എന്‍റെ മുഖം മറച്ചു. എന്നിട്ടും അവന്‍ തന്നിഷ്ടപ്രകാരം പിഴച്ചവഴി തുടര്‍ന്നു. ഞാന്‍ അവന്‍റെ ദുര്‍മാര്‍ഗങ്ങള്‍ കണ്ടിരിക്കുന്നു. എങ്കിലും ഞാനവനെ സുഖപ്പെടുത്തും. അവനെ വേണ്ടവിധം നയിച്ച് ആശ്വാസം നല്‌കും. അവനെക്കുറിച്ച് വിലപിച്ചവരുടെ അധരങ്ങളില്‍നിന്നു സ്തുതിസ്വരം ഉയരാന്‍ ഇടയാക്കും. “ദൂരസ്ഥര്‍ക്കും സമീപസ്ഥര്‍ക്കും സമാധാനം, സമാധാനം! ഞാനവരെ സുഖപ്പെടുത്തും” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ദുഷ്ടന്മാര്‍ ഇളകിമറിയുന്ന കടല്‍പോലെയാകുന്നു. അതിനു ശാന്തത കൈവരികയില്ല. അതു ചേറും ചെളിയും മുകളിലേക്കു കൊണ്ടുവരുന്നു. ‘ദുഷ്ടനു സമാധാനം ഇല്ല’ എന്ന് അവിടുന്നരുളിച്ചെയ്യുന്നു.” ഉറക്കെവിളിക്കൂ, അടങ്ങിയിരിക്കരുത്. കാഹളധ്വനിപോലെ നിന്‍റെ സ്വരം ഉയര്‍ത്തുക. എന്‍റെ ജനത്തോട് അവരുടെ അതിക്രമങ്ങള്‍, യാക്കോബിന്‍റെ ഗൃഹത്തോട്, അവരുടെ പാപങ്ങള്‍ പ്രഖ്യാപിക്കുക. നീതി പാലിക്കുകയും തങ്ങളുടെ ദൈവത്തിന്‍റെ അനുശാസനങ്ങള്‍ നിരസിക്കാതിരിക്കുകയും ചെയ്യുന്ന ജനതയെപ്പോലെ അവര്‍ നിത്യേന എന്നെ അന്വേഷിക്കുകയും എന്‍റെ മാര്‍ഗം തേടുന്നതില്‍ സന്തോഷിക്കുകയും ചെയ്യുന്നു. അവര്‍ എന്നോടു നീതിപൂര്‍വമായ വിധികള്‍ ആവശ്യപ്പെടുന്നു. അവര്‍ ദൈവത്തെ സമീപിക്കാന്‍ ഔത്സുക്യം കാട്ടുന്നു. അങ്ങു ശ്രദ്ധിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ എന്തിനുപവസിക്കണം? അങ്ങ് അറിയുന്നില്ലെങ്കില്‍ എന്തിനു ഞങ്ങളെത്തന്നെ എളിമപ്പെടുത്തണം. ഉപവാസനാളുകളില്‍ നിങ്ങള്‍ സ്വന്തം ഉല്ലാസങ്ങള്‍ തേടുന്നു. വേലക്കാരെ പീഡിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ കലഹിക്കുന്നതിനും ബലപ്രയോഗം നടത്തുന്നതിനും മുഷ്‍ടി ചുരുട്ടി ഇടിക്കുന്നതിനും ഉപവസിക്കുന്നു. ഈ രീതിയിലുള്ള ഉപവാസം നിങ്ങളുടെ സ്വരം ദൈവസന്നിധിയിലെത്തിക്കുകയില്ല. ഇത്തരം ഉപവാസമാണോ എനിക്കു വേണ്ടത്? ഒരു ദിവസത്തേക്കു മാത്രം ഒരാള്‍ സ്വയം എളിമപ്പെടുത്തുന്ന ഉപവാസം! ഞാങ്ങണപോലെ തല കുനിക്കുന്നതും ചാക്കു വിരിച്ചു ചാരം വിതറി കിടക്കുന്നതുമാണോ അത്? ഇതിനെയാണോ ഉപവാസമെന്നും ദൈവത്തിനു പ്രസാദകരമായ ദിവസമെന്നും വിളിക്കുക? അനീതിയുടെ ബന്ധനങ്ങള്‍ അഴിക്കുക, ദുഷ്ടതയുടെ നുകത്തിന്‍റെ അടിമക്കയറുകള്‍ പൊട്ടിക്കുക, മര്‍ദിതരെ സ്വതന്ത്രരാക്കി വിടുക, എല്ലാ നുകങ്ങളും തകര്‍ക്കുക. ഇവയല്ലേ എനിക്കു സ്വീകാര്യമായ ഉപവാസം? വിശക്കുന്നവനു ഭക്ഷണം പങ്കുവയ്‍ക്കുകയും, കിടപ്പാടമില്ലാത്ത ദരിദ്രനെ വീട്ടിലേക്കു കൊണ്ടുവരികയും നഗ്നരെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍ നിന്നൊഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്? അപ്പോള്‍ നിന്‍റെ വെളിച്ചം പ്രഭാതംപോലെ പൊട്ടിവിടരും. നീ വേഗം സുഖം പ്രാപിക്കും. നീതി നിന്‍റെ മുമ്പില്‍ നടക്കും, സര്‍വേശ്വരന്‍റെ തേജസ്സ് നിന്‍റെ പിമ്പില്‍ കാവലുമായിരിക്കും. അപ്പോള്‍ നീ സര്‍വേശ്വരനോടു പ്രാര്‍ഥിക്കും. അവിടുന്നു നിനക്ക് ഉത്തരമരുളും. നീ നിലവിളിക്കുമ്പോള്‍ ഞാന്‍ ഇതാ എന്ന് അവിടുന്ന് മറുപടി നല്‌കും. നിങ്ങളുടെ ഇടയില്‍നിന്നു മര്‍ദനവും അവഹേളനവും ദുര്‍ഭാഷണവും നീക്കിക്കളയുക. വിശക്കുന്നവര്‍ക്ക് ആഹാരം നല്‌കുകയും പീഡിതനെ ആശ്വസിപ്പിക്കുകയും ചെയ്യുക. അപ്പോള്‍ നിന്‍റെ വെളിച്ചം അന്ധകാരത്തില്‍ ഉദിക്കും. നിന്‍റെ ചുറ്റുമുള്ള അന്ധകാരം മധ്യാഹ്നം പോലെയാകും. സര്‍വേശ്വരന്‍ നിന്നെ സദാ വഴിനടത്തും. കൊടിയ മരുഭൂമിയിലും നിനക്കു സംതൃപ്തി കൈവരുത്തും. നിന്‍റെ അസ്ഥികളെ ബലപ്പെടുത്തും. നനച്ചു വളര്‍ത്തിയ പൂന്തോട്ടംപോലെയും വറ്റാത്ത നീരുറവുകള്‍പോലെയും നീ ആയിത്തീരും. നിന്‍റെ പുരാതനഅവശിഷ്ടങ്ങള്‍ വീണ്ടും പണിയപ്പെടും. അനേകം തലമുറകളുടെ അടിസ്ഥാനം നീ പടുത്തുയര്‍ത്തും. ഇടിഞ്ഞ മതിലുകളുടെ പുനരുദ്ധാരകനെന്നും പാര്‍പ്പിടങ്ങള്‍ പുതുക്കി പണിയുന്നവനെന്നും നീ വിളിക്കപ്പെടും. ശബത്തിനെ വിശുദ്ധമായി കാത്തു സൂക്ഷിക്കുക, സ്വന്ത വ്യാപാരങ്ങളിലേര്‍പ്പെടാതെ നീ അന്നു സ്വസ്ഥനായിരിക്കുക; ശബത്ത് ആനന്ദകരമെന്നും സര്‍വേശ്വരന്‍റെ വിശുദ്ധ ദിവസം ബഹുമാന്യമെന്നും കരുതുക. അന്നു സ്വന്തം താല്‍പര്യം അനുസരിച്ചു ജീവിക്കുകയോ സ്വന്തം ഉല്ലാസങ്ങള്‍ തേടുകയോ, വ്യര്‍ഥസംഭാഷണത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാതെ ആ ദിവസത്തെ മാനിക്കുക. അങ്ങനെ ചെയ്താല്‍ നീ സര്‍വേശ്വരനില്‍ ആനന്ദിക്കും. ഭൂമിയിലെല്ലായിടത്തും നീ ബഹുമാനിക്കപ്പെടും. നിന്‍റെ പൂര്‍വപിതാവായ യാക്കോബിനു നല്‌കപ്പെട്ട ദേശത്തിന്‍റെ ഗുണഭോക്താവ് നീയായിത്തീരും. സര്‍വേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്. രക്ഷിക്കാന്‍ കഴിയാത്തവിധം സര്‍വേശ്വരന്‍റെ കരങ്ങള്‍ കുറുകിപ്പോയിട്ടില്ല. കേള്‍ക്കാന്‍ കഴിയാത്തവിധം അവിടുത്തെ കാത് മരവിച്ചിട്ടുമില്ല. നിന്‍റെ അകൃത്യം നിന്നെ ദൈവത്തിങ്കല്‍നിന്ന് അകറ്റിയിരിക്കുന്നു. നിന്‍റെ പാപം നിമിത്തം അവിടുന്നു നിന്നില്‍നിന്നു മുഖം മറച്ചിരിക്കുന്നു. അതിനാല്‍ നിന്‍റെ പ്രാര്‍ഥന അവിടുന്നു കേള്‍ക്കുന്നില്ല. നിങ്ങളുടെ കൈകള്‍ രക്തപങ്കിലമാണ്. വിരലുകള്‍ അകൃത്യങ്ങളാല്‍ മലിനമായിരിക്കുന്നു. നിന്‍റെ അധരം വ്യാജം സംസാരിക്കുന്നു. നിന്‍റെ നാവ് ദുഷ്ടത മന്ത്രിക്കുന്നു. ആരും നീതിയോടെ വ്യവഹരിക്കുന്നില്ല. സത്യസന്ധമായി ന്യായാസനത്തെ സമീപിക്കുന്നില്ല. പൊള്ളയായ വാദങ്ങളെ അവര്‍ ആശ്രയിക്കുന്നു. വ്യാജം സംസാരിക്കുന്നു. അവര്‍ തിന്മയെ ഗര്‍ഭംധരിച്ച് അനീതിയെ പ്രസവിക്കുന്നു. അവര്‍ അണലിമുട്ടകളുടെമേല്‍ അടയിരിക്കുന്നു. ചിലന്തിവല നെയ്യുന്നു. അണലിമുട്ട തിന്നവര്‍ മരിക്കും. മുട്ട പൊട്ടിച്ചാല്‍ അണലി പുറത്തുവരും. അവര്‍ നെയ്ത വല വസ്ത്രത്തിനുപകരിക്കുന്നില്ല. അവരുടെ പ്രവൃത്തികള്‍ അധര്‍മങ്ങളാണ്. അവരുടെ കൈകള്‍ അക്രമം പ്രവര്‍ത്തിക്കുന്നു. അവരുടെ പാദങ്ങള്‍ തിന്മയിലേക്കു പായുന്നു. നിരപരാധികളുടെ രക്തം ചൊരിയാന്‍ അവര്‍ വെമ്പല്‍കൊള്ളുന്നു. അവരുടെ ചിന്തകള്‍ അധര്‍മചിന്തകളാണ്. അവരുടെ മാര്‍ഗങ്ങളില്‍ ശൂന്യതയും നാശവുമാണ്. സമാധാനത്തിന്‍റെ മാര്‍ഗം അവര്‍ക്കറിഞ്ഞുകൂടാ. അവരുടെ വഴികളില്‍ നീതിയില്ല. അവര്‍ തങ്ങളുടെ പാതകള്‍ വക്രമാക്കിയിരിക്കുന്നു. അവയിലൂടെ സഞ്ചരിക്കുന്നവര്‍ക്കു സമാധാനമുണ്ടാവുകയില്ല! “നീതി ഞങ്ങളില്‍നിന്ന് അകലെ ആയിരിക്കുന്നു. ന്യായം ഞങ്ങളോടൊപ്പം എത്തുന്നില്ല. ഞങ്ങള്‍ പ്രകാശം അന്വേഷിക്കുന്നു. പക്ഷേ ഇതാ എങ്ങും അന്ധകാരം! ഞങ്ങള്‍ വെളിച്ചത്തിനുവേണ്ടി നോക്കുന്നു. എന്നാല്‍ ഞങ്ങളുടെ മാര്‍ഗത്തെ കനത്ത ഇരുള്‍ മൂടിയിരിക്കുന്നു. അന്ധന്മാരെപ്പോലെ ഞങ്ങള്‍ ചുവരു തപ്പി നടക്കുന്നു. കണ്ണില്ലാത്തവനെപ്പോലെ ഞങ്ങള്‍ തപ്പിത്തടയുന്നു. മൂവന്തിക്കെന്നപോലെ മധ്യാഹ്നത്തില്‍ ഞങ്ങള്‍ കാലു തെറ്റി വീഴുന്നു. ഉന്മേഷവാന്മാരുടെ ഇടയില്‍ ഞങ്ങള്‍ മൃതപ്രായരായിരിക്കുന്നു. കരടികളെപ്പോലെ ഞങ്ങള്‍ മുരളുന്നു. പ്രാക്കളെപ്പോലെ കുറുകുന്നു. നീതിക്കുവേണ്ടി ഞങ്ങള്‍ കാത്തിരിക്കുന്നു. എന്നാല്‍ എങ്ങും അതില്ല. രക്ഷയ്‍ക്കുവേണ്ടി നോക്കിയിരിക്കുന്നു, എങ്കിലും അതു വിദൂരത്തിലാണ്. അവിടുത്തെ ദൃഷ്‍ടിയില്‍ ഞങ്ങളുടെ അതിക്രമം വളരെയാണ്. ഞങ്ങളുടെ പാപം ഞങ്ങള്‍ക്കെതിരെ സാക്ഷ്യം പറയുന്നു. ഞങ്ങളുടെ അതിക്രമം ഞങ്ങളുടെ കൂടെയുണ്ട്. ഞങ്ങളുടെ അകൃത്യം ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ തിന്മ പ്രവര്‍ത്തിച്ച് സര്‍വേശ്വരനെ നിഷേധിക്കുന്നു. നമ്മുടെ ദൈവത്തെ പിന്തുടരുന്നതില്‍നിന്നു വ്യതിചലിക്കുന്നു. മര്‍ദനവും എതിര്‍പ്പും പ്രസംഗിക്കുന്നു. ഹൃദയത്തില്‍ രൂപംകൊള്ളുന്ന വ്യാജവചനങ്ങള്‍ ഉച്ചരിക്കുന്നു. നീതി പുറന്തള്ളപ്പെടുന്നു. ന്യായം അകറ്റപ്പെട്ടിരിക്കുന്നു. സത്യത്തിന് ഇവിടെ പ്രവേശനമില്ല. സത്യം എങ്ങും ഇല്ലാതെയായിരിക്കുന്നു. തിന്മ വിട്ടകലുന്നവന്‍ വേട്ടയാടപ്പെടുന്നു. അവിടുന്ന് അതു കണ്ടിരിക്കുന്നു. നീതിയുടെ അഭാവത്തില്‍ അവിടുന്ന് അസുന്തഷ്ടനായിരിക്കുന്നു. മര്‍ദിതരെ സഹായിക്കാന്‍ ആരും അവിടെ ഇല്ലെന്നു കണ്ടപ്പോള്‍ സര്‍വേശ്വരന്‍ അദ്ഭുതപ്പെട്ടു. അവിടുത്തെ കരം അവര്‍ക്കു വിജയം ഏകി. അവിടുത്തെ നീതി അവരെ താങ്ങിനിര്‍ത്തി. അവിടുന്നു നീതിയെന്ന കവചം മാറിലും രക്ഷ എന്ന പടത്തൊപ്പി തലയിലും അണിഞ്ഞു, പ്രതികാരം വസ്ത്രമായും ക്രോധം മേലങ്കിയായും ധരിച്ചു. അവരുടെ പ്രവൃത്തികള്‍ക്കൊത്തവിധം അവിടുന്നു പ്രതിഫലം നല്‌കും. എതിരാളികള്‍ക്കു ക്രോധവും ശത്രുക്കള്‍ക്കു പ്രതികാരവും ലഭിക്കും. വിദൂരസ്ഥരോടും അവിടുന്നു പ്രതികാരം ചെയ്യും. കിഴക്കു മുതല്‍ പടിഞ്ഞാറുവരെയുള്ളവര്‍ സര്‍വേശ്വരന്‍റെ നാമത്തെയും അവിടുത്തെ മഹത്ത്വത്തെയും ഭയപ്പെടും. അവിടുത്തെ നിശ്വാസത്താല്‍ ചിറമുറിഞ്ഞു പാഞ്ഞുവരുന്ന അരുവിപോലെ അവിടുന്നു വരും. സര്‍വേശ്വരന്‍ ഇസ്രായേല്‍ജനത്തോടരുളിച്ചെയ്യുന്നു: “അകൃത്യത്തില്‍നിന്നു പിന്തിരിഞ്ഞ നിങ്ങളെ രക്ഷിക്കാനായി ഞാന്‍ യെരൂശലേമിലേക്കു വരും. നിങ്ങളിലുള്ള എന്‍റെ ആത്മാവും നിങ്ങളുടെ അധരങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന എന്‍റെ വചനങ്ങളും നിങ്ങളുടെയോ നിങ്ങളുടെ മക്കളുടെയോ അവരുടെ സന്താനങ്ങളുടെയോ നാവില്‍നിന്നു വിട്ടുപോകയില്ലെന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ഇതാണ് നിങ്ങളുമായുള്ള എന്‍റെ ഉടമ്പടി.” എഴുന്നേറ്റു പ്രകാശിക്കുക! നിന്‍റെ പ്രകാശം വന്നിരിക്കുന്നു. സര്‍വേശ്വരന്‍റെ തേജസ്സ് നിന്‍റെമേല്‍ ഉദിച്ചിരിക്കുന്നു. ഇതാ, അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടുന്നു. എന്നാല്‍ സര്‍വേശ്വരന്‍ നിന്‍റെമേല്‍ ഉദിക്കും. അവിടുത്തെ തേജസ്സ് നിന്‍റെമേല്‍ ദൃശ്യമാകും. ജനതകള്‍ നിന്‍റെ വെളിച്ചത്തിലേക്കും രാജാക്കന്മാര്‍ നിന്‍റെ ഉദയശോഭയിലേക്കും വരും. ചുറ്റും നോക്കുക, സ്വന്തം ഭവനത്തിലേക്കു വരാനവര്‍ ഒരുമിച്ചു കൂടുന്നു. നിന്‍റെ പുത്രന്മാര്‍ വിദേശത്തുനിന്നു വരുന്നു. നിന്‍റെ പുത്രിമാരെ കൈകളില്‍ എടുത്തു കൊണ്ടുവരും. ഇതു കണ്ട് നീ തേജസ്വിനിയാകും. നിന്‍റെ ഹൃദയം ആഹ്ലാദംകൊണ്ടു തുള്ളിച്ചാടും. കാരണം, സമുദ്രത്തില്‍ നിന്നുള്ള സമൃദ്ധമായ സമ്പത്തും ജനതകളുടെ ധനവും നിന്‍റെ അടുത്തു വന്നുചേരും. ഒട്ടകങ്ങളുടെ വലിയഗണം; മിദ്യാനിലെയും ഏഫയിലെയും യുവപ്രായമായ ഒട്ടകങ്ങള്‍ നിന്നെ പൊതിയും. ശെബയില്‍നിന്നും വരുന്നവര്‍ പൊന്നും കുന്തുരുക്കവും കൊണ്ടുവരും. വരുന്നവരെല്ലാം സര്‍വേശ്വരനു സ്തുതിഘോഷം ഉയര്‍ത്തും. കേദാരിലെ ആട്ടിന്‍പറ്റങ്ങളെ നിന്‍റെ അടുത്തുകൊണ്ടുവരും; നെബായോത്തിലെ ആണാടുകള്‍ യാഗമൃഗങ്ങളായി നിനക്കുപകരിക്കപ്പെടും. അവ എനിക്കു സ്വീകാര്യമായവിധം എന്‍റെ യാഗപീഠത്തില്‍ എത്തും. എന്‍റെ തേജസ്സുറ്റ ആലയത്തെ ഞാന്‍ മഹത്ത്വപ്പെടുത്തും. മേഘങ്ങളെപ്പോലെയും കൂടണയാന്‍ വെമ്പുന്ന പ്രാക്കളെപ്പോലെയും പറന്നു വരുന്ന ഇവരാരാണ്? ഇവര്‍ വിദൂരസ്ഥലങ്ങളില്‍നിന്ന് എന്നെ ലക്ഷ്യമാക്കി വരുന്നവരാണ്. തര്‍ശ്ശീശുകപ്പലുകളാണു മുമ്പില്‍. നിന്‍റെ പുത്രന്മാര്‍ തങ്ങളുടെ പൊന്നും വെള്ളിയുമായി വിദൂരത്തുനിന്നു വരുന്നു. ഇസ്രായേലിന്‍റെ ദൈവവും പരിശുദ്ധനുമായ സര്‍വേശ്വരനുവേണ്ടിയാണ് അവര്‍ ഇവയെല്ലാം കൊണ്ടുവരുന്നത്. അവിടുന്നു തന്‍റെ ജനത്തിനു മഹത്ത്വം കൈവരുത്തിയല്ലോ. പരദേശികള്‍ നിന്‍റെ മതിലുകള്‍ വീണ്ടും പണിയും. അവരുടെ രാജാക്കന്മാര്‍ നിന്നെ സേവിക്കും. എന്‍റെ കോപത്തില്‍ ഞാന്‍ നിന്നെ ശിക്ഷിച്ചു. എന്നാല്‍ എന്‍റെ പ്രസാദത്തില്‍ ഞാന്‍ നിന്നോടു കരുണ കാട്ടി. ദേശങ്ങളുടെ സമ്പത്ത് രാജാക്കന്മാരുടെ നേതൃത്വത്തില്‍ ജനങ്ങള്‍ കൊണ്ടുവരാന്‍ തക്കവിധം നിന്‍റെ വാതിലുകള്‍ സദാ തുറന്നുകിടക്കട്ടെ. രാവും പകലും അത് അടയ്‍ക്കരുത്. നിന്നെ സേവിക്കാത്ത ജനപദങ്ങളും ജനതകളും നശിക്കും. അങ്ങനെയുള്ള ജനപദങ്ങള്‍ നിശ്ശേഷം നശിപ്പിക്കപ്പെടും. എന്‍റെ വിശുദ്ധമന്ദിരം മനോഹരമാക്കിത്തീര്‍ക്കാന്‍, എന്‍റെ പാദപീഠം മഹത്ത്വപ്പെടുത്താന്‍, ലെബാനോന്‍റെ വിശിഷ്ടമായ സരളവൃക്ഷവും പുന്നയും പയിനും കൊണ്ടുവരും. നിന്നെ പീഡിപ്പിച്ചവരുടെ പുത്രന്മാര്‍ നിന്‍റെ മുമ്പില്‍ വിനീതരായിവരും. നിന്നെ നിന്ദിച്ചവരെല്ലാം നിന്‍റെ പാദത്തില്‍ വീണു നമസ്കരിക്കും. സര്‍വേശ്വരന്‍റെ നഗരം എന്നും ഇസ്രായേലിന്‍റെ പരിശുദ്ധനായവന്‍റെ സീയോന്‍ എന്നും അവര്‍ നിന്നെ വിളിക്കും. ആരും നിന്നെ തിരിഞ്ഞുനോക്കാത്തവിധം നീ പരിത്യക്തയും നിന്ദിതയും ആയിരുന്നു. എങ്കിലും ഞാന്‍ നിന്നെ എല്ലാ തലമുറകള്‍ക്കും എന്നേക്കുമുള്ള അഭിമാനവും ആനന്ദവുമാക്കിത്തീര്‍ക്കും. നീ ജനതകളുടെയും രാജാക്കന്മാരുടെയും ഐശ്വര്യം നുകരും. സര്‍വേശ്വരനായ ഞാനാണു നിന്‍റെ രക്ഷകന്‍ എന്നും യാക്കോബിന്‍റെ ശക്തനായവനാണു നിന്‍റെ വിമോചകനെന്നും നീ ഗ്രഹിക്കും. ഓടിനു പകരം സ്വര്‍ണവും ഇരുമ്പിനു പകരം വെള്ളിയും മരത്തിനു പകരം ഓടും കല്ലിനു പകരം ഇരുമ്പും ഞാന്‍ കൊണ്ടുവരും. ഞാന്‍ സമാധാനത്തെ നിന്‍റെ മേല്‍നോട്ടക്കാരും, നീതിയെ നിന്‍റെ അധിപതികളും ആക്കും. നിന്‍റെ ദേശത്ത് ഇനി അക്രമമോ, നിന്‍റെ അതിര്‍ത്തിക്കുള്ളില്‍ ശൂന്യതയോ, നാശമോ കേള്‍ക്കുക പോലുമില്ല. നിന്‍റെ മതിലുകളെ രക്ഷയെന്നും നിന്‍റെ കവാടങ്ങളെ സ്തുതിയെന്നും നീ വിളിക്കും. ഇനി പകല്‍ നിന്‍റെ പ്രകാശം സൂര്യനായിരിക്കുകയില്ല; രാത്രിയില്‍ നിന്‍റെ പ്രകാശം ചന്ദ്രനുമായിരിക്കുകയില്ല. എന്നാല്‍, സര്‍വേശ്വരനായിരിക്കും നിന്‍റെ നിത്യപ്രകാശം, നിന്‍റെ ദൈവമായിരിക്കും നിന്‍റെ മഹത്ത്വം. നിന്‍റെ സൂര്യന്‍ ഇനിമേല്‍ അസ്തമിക്കുകയില്ല, നിന്‍റെ ചന്ദ്രന്‍ മറയുകയുമില്ല; കാരണം സര്‍വേശ്വരനായിരിക്കും നിന്‍റെ നിത്യപ്രകാശം; നിന്‍റെ വിലാപദിനങ്ങള്‍ അവസാനിക്കും. നിന്‍റെ ജനമെല്ലാം നീതിമാന്മാരാകും; ഞാന്‍ മഹത്ത്വപ്പെടേണ്ടതിനു ഞാന്‍ നട്ടതിന്‍റെ മുളയും എന്‍റെ കരവേലയുമായ ദേശത്തെ അവര്‍ എന്നേക്കുമായി കൈവശപ്പെടുത്തും. ഏറ്റവും കുറഞ്ഞവന്‍ ഒരു വംശവും ഏറ്റവും ചെറിയവന്‍ ശക്തിയുള്ള ജനതയുമാകും. ഞാനാണു സര്‍വേശ്വരന്‍; തക്കസമയത്തു ഞാന്‍ അത് വേഗം നിവര്‍ത്തിക്കും. സര്‍വേശ്വരനായ ദൈവത്തിന്‍റെ ആത്മാവ് എന്‍റെമേല്‍ ഉണ്ട്, കാരണം പീഡിതനെ സദ്‍വാര്‍ത്ത അറിയിക്കാന്‍ സര്‍വേശ്വരന്‍ എന്നെ അഭിഷേകം ചെയ്തിരിക്കുന്നു; ഹൃദയം തകര്‍ന്നവരുടെ മുറിവു കെട്ടാനും തടവുകാര്‍ക്കു സ്വാതന്ത്ര്യവും ബന്ധികള്‍ക്കു കാരാഗൃഹമോചനവും പ്രഖ്യാപിക്കാനും; സര്‍വേശ്വരന്‍റെ പ്രസാദവര്‍ഷവും ദൈവത്തിന്‍റെ പ്രതികാരദിനവും പ്രഖ്യാപിക്കാനും ദുഃഖിക്കുന്നവരെയെല്ലാം ആശ്വസിപ്പിക്കാനും സീയോനിലെ സങ്കടപ്പെടുന്നവര്‍ക്ക് ചാരത്തിനു പകരം പൂമാല നല്‌കാനും, സങ്കടത്തിനു പകരം ആനന്ദതൈലവും തളര്‍ന്നമനസ്സിനു പകരം സ്തുതിയുടെ മേലങ്കിയും നല്‌കാനും അവിടുന്ന് എന്നെ അയച്ചിരിക്കുന്നു; അവിടുന്ന് മഹത്ത്വപ്പെടേണ്ടതിന് സര്‍വേശ്വരന്‍ നട്ടുവളര്‍ത്തിയ നീതിയുടെ ഓക്കുമരങ്ങള്‍ എന്നും അവര്‍ വിളിക്കപ്പെടുന്നു. പുരാതന അവശിഷ്ടങ്ങള്‍ അവര്‍ പുതുക്കിപ്പണിയും; പണ്ടു നശിച്ചുപോയവ അവര്‍ പണിതുയര്‍ത്തും; തലമുറകളായി നശിപ്പിക്കപ്പെട്ട പട്ടണങ്ങളുടെ കേടുപാടുകള്‍ അവര്‍ തീര്‍ക്കും. അന്യര്‍ നിങ്ങളുടെ ആട്ടിന്‍പറ്റത്തെ മേയിക്കാന്‍ നില്‌ക്കും, പരദേശികള്‍ നിങ്ങളുടെ ഉഴവുകാരും മുന്തിരിത്തോട്ടക്കാരും ആകും; എന്നാല്‍ നിങ്ങള്‍ സര്‍വേശ്വരന്‍റെ പുരോഹിതര്‍ എന്നു വിളിക്കപ്പെടും, ദൈവത്തിന്‍റെ ശുശ്രൂഷകരെന്നു നിങ്ങളെക്കുറിച്ചു മനുഷ്യര്‍ പറയും; ജനതകളുടെ സമ്പത്ത് നിങ്ങള്‍ ഭക്ഷിച്ച് അവരുടെ മഹത്ത്വത്തിന് അവകാശികളായിത്തീരും. നിങ്ങളുടെ നാണക്കേടിനു പകരം നിങ്ങള്‍ക്ക് ഇരട്ടി പങ്കു ലഭിക്കും; നിങ്ങളുടെ അപമാനത്തിനു പകരം നിങ്ങള്‍ നിങ്ങളുടെ ഓഹരിയില്‍ സന്തോഷിക്കും; അതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ ദേശത്ത് ഇരട്ടി പങ്ക് കൈവശമാക്കും; നിങ്ങളുടെ ആനന്ദം എന്നും നിലനില്‌ക്കുന്നതായിരിക്കും. കാരണം സര്‍വേശ്വരനായ ഞാന്‍ നീതി ഇഷ്ടപ്പെടുന്നു; കവര്‍ച്ചയും തിന്മയും ഞാന്‍ വെറുക്കുന്നു; വിശ്വസ്തതയോടെ ഞാന്‍ അവര്‍ക്കു പ്രതിഫലം നല്‌കി അവരുമായി എന്നും നിലനില്‌ക്കുന്ന ഉടമ്പടി ഉണ്ടാക്കും. അവരുടെ പിന്‍ഗാമികള്‍ ജനതകള്‍ക്കിടയിലും, അവരുടെ സന്തതികള്‍ ജനങ്ങള്‍ക്കിടയിലും അറിയപ്പെടും; അവരെ കാണുന്നവരെല്ലാം സര്‍വേശ്വരനാല്‍ അനുഗ്രഹിക്കപ്പെട്ട ഒരു ജനമാണ് അവര്‍ എന്ന് അംഗീകരിക്കും. ഞാന്‍ സര്‍വേശ്വരനില്‍ അത്യധികം സന്തോഷിക്കും, എന്‍റെ ആത്മാവ് എന്‍റെ ദൈവത്തില്‍ ജയാഹ്ലാദം കൊള്ളും; മണവാളന്‍ പൂമാല അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങള്‍ ചാര്‍ത്തുന്നതുപോലെയും അവിടുന്ന് എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചിരിക്കുന്നു; എന്നെ നീതിയുടെ മേലങ്കിയാല്‍ മറച്ചിരിക്കുന്നു. ഭൂമി മുളകള്‍ പുറപ്പെടുവിക്കുന്നതുപോലെയും തോട്ടം അതില്‍ വിതച്ച വിത്ത് കിളിര്‍പ്പിക്കുന്നതുപോലെയും സര്‍വേശ്വരനായ ദൈവം എല്ലാ ജനതകളുടെയും മുമ്പാകെ നീതിയും സ്തുതിയും മുളപ്പിക്കും. സീയോനെപ്രതി ഞാന്‍ മൗനമവലംബിക്കുകയില്ല. അതേ യെരൂശലേമിന്‍റെ കാര്യത്തില്‍ ഞാന്‍ അടങ്ങിയിരിക്കുകയില്ല. അവളുടെ നിരപരാധിത്വം പകല്‍ വെളിച്ചംപോലെയും അവളുടെ രക്ഷ തീപ്പന്തംപോലെയും പ്രകാശിക്കുന്നതുവരെ ഞാന്‍ അടങ്ങിയിരിക്കയില്ല. ജനതകള്‍ നിന്‍റെ നീതിയും രാജാക്കന്മാര്‍ നിന്‍റെ മഹത്ത്വവും ദര്‍ശിക്കും. സര്‍വേശ്വരന്‍ നല്‌കുന്ന പുതിയ പേരില്‍ നീ അറിയപ്പെടും. നീ അവിടുത്തെ കരത്തില്‍ സുന്ദരമായ കിരീടവും അവിടുത്തെ കൈയില്‍ രാജകീയ മകുടവും ആയിരിക്കും. ഇനിമേല്‍ പരിത്യക്ത എന്നു നീ വിളിക്കപ്പെടുകയില്ല. ശൂന്യപ്രദേശം എന്നു നിന്നെ ഇനി വിശേഷിപ്പിക്കുകയില്ല. ദൈവത്തിനു പ്രിയപ്പെട്ടവള്‍ എന്നായിരിക്കും ഇനി നിന്‍റെ നാമം. നിന്‍റെ ദേശം ഭര്‍ത്തൃമതി എന്നു വിളിക്കപ്പെടും. സര്‍വേശ്വരന്‍ നിന്നില്‍ ആനന്ദംകൊള്ളുന്നതിനാല്‍ നിന്‍റെ ദേശം വിവാഹിതയാകും. യുവാവ് കന്യകയെ എന്നപോലെ നിന്‍റെ പുനരുദ്ധാരകന്‍ നിന്നെ പരിണയിക്കും. മണവാളന്‍ മണവാട്ടിയിലെന്നപോലെ നിന്‍റെ ദൈവം നിന്നില്‍ ആനന്ദിക്കും. യെരൂശലേമേ, നിന്‍റെ മതിലുകള്‍ക്കു ഞാന്‍ കാവല്‌ക്കാരെ നിയോഗിച്ചിരിക്കുന്നു. രാവും പകലും അവര്‍ നിശ്ശബ്ദരായിരുന്നുകൂടാ. അവിടുത്തെ വാഗ്ദാനങ്ങള്‍ അനുസ്മരിപ്പിക്കുന്നവരേ, നിങ്ങള്‍ വിശ്രമിക്കരുത്. യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുകയും ലോകമെങ്ങും അവള്‍ പ്രശംസിക്കപ്പെടുകയും ചെയ്യുന്നതുവരെ അവര്‍ വിശ്രമിച്ചുകൂടാ. ദൈവത്തിനു വിശ്രമം നല്‌കാതെ അക്കാര്യം അവിടുത്തെ അനുസ്മരിപ്പിച്ചുകൊണ്ടിരിക്കണം. സര്‍വേശ്വരന്‍ തന്‍റെ ബലിഷ്ഠമായ വലങ്കൈ ഉയര്‍ത്തി സത്യം ചെയ്തിരിക്കുന്നു. നിന്‍റെ ശത്രുക്കള്‍ ഇനിമേല്‍ നിങ്ങളുടെ ധാന്യം ഭക്ഷിക്കുകയില്ല. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ വീഞ്ഞ് വിദേശികള്‍ കുടിക്കുകയില്ല. വിതയ്‍ക്കുകയും കൊയ്യുകയും ചെയ്ത നിങ്ങള്‍തന്നെ അതു ഭക്ഷിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യും. നിങ്ങള്‍ നട്ടുവളര്‍ത്തിയ മുന്തിരിയില്‍നിന്നു സംഭരിച്ച വീഞ്ഞ്, എന്‍റെ വിശുദ്ധമന്ദിരത്തിന്‍റെ തിരുമുറ്റത്തുവച്ചു നിങ്ങള്‍ പാനം ചെയ്യും. യെരൂശലേംനിവാസികളേ, പ്രവേശിക്കുവിന്‍, വാതിലുകളിലൂടെ പ്രവേശിക്കുവിന്‍! എന്‍റെ ജനത്തിനുവേണ്ടി പാത ഒരുക്കുവിന്‍. വഴിയിലെ കല്ലുകള്‍ നീക്കി ജനപദങ്ങള്‍ക്കുവേണ്ടി രാജപാത പണിയുവിന്‍. കൊടി ഉയര്‍ത്തുവിന്‍. ഇതാ, ഭൂമിയുടെ അറുതിവരെ സര്‍വേശ്വരന്‍ വിളംബരം ചെയ്യുന്നു; സീയോന്‍പുത്രിയോടു പറയുക: നിന്‍റെ രക്ഷകന്‍ ഇതാ വരുന്നു. പ്രതിഫലവുമായി അവിടുന്നു വരുന്നു. സമ്മാനം അവിടുത്തെ കൈയിലുണ്ട്. സര്‍വേശ്വരന്‍ വീണ്ടെടുക്കുന്ന വിശുദ്ധജനം എന്ന് അവര്‍ വിളിക്കപ്പെടും. അന്വേഷിക്കപ്പെട്ടവള്‍ എന്നും പരിത്യജിക്കപ്പെടാത്ത നഗരം എന്നും നീ അറിയപ്പെടും. എദോമില്‍നിന്നു വരുന്നതാരാണ്? രക്താംബരധാരിയായി എദോമിലെ ബൊസ്രായില്‍നിന്നു വരുന്നതാരാണ്? വേഷപ്രൗഢിയോടും ശക്തിപ്രഭാവത്തോടും കൂടി അടിവച്ചടിവച്ചു മുന്നോടു വരുന്നത് ആരാണ്? ഇതു ഞാന്‍തന്നെ. നീതി വിളംബരം ചെയ്തുകൊണ്ടു നിന്നെ രക്ഷിക്കാന്‍ ശക്തിയുള്ളവന്‍. അങ്ങയുടെ വേഷം എന്താണ് ചുവന്നിരിക്കുന്നത്? അങ്ങയുടെ വസ്ത്രം മുന്തിരിച്ചക്കു ചവുട്ടുന്നവന്‍റേതുപോലെ ആയിരിക്കുന്നുവല്ലോ! ഞാന്‍ ഏകനായി മുന്തിരിച്ചക്കു ചവുട്ടി. ജനപദങ്ങളില്‍നിന്ന് ആരും എന്‍റെ കൂടെ ഇല്ലായിരുന്നു. ഞാന്‍ കോപിച്ച് അവരെ ചവുട്ടി. രോഷത്താല്‍ ഞാനവരെ മെതിച്ചു. അവരുടെ രക്തം തെറിച്ചുവീണ് എന്‍റെ വസ്ത്രമെല്ലാം മലിനമായി. പ്രതികാരത്തിനു ഞാനൊരു ദിവസം നിശ്ചയിച്ചിരുന്നു; എന്‍റെ വിമോചനവര്‍ഷം വന്നിരിക്കുന്നു. ഞാന്‍ ചുറ്റും നോക്കി, സഹായത്തിന് ആരെയും കണ്ടില്ല. ഞാന്‍ അമ്പരന്നുപോയി. താങ്ങാന്‍ ആരും ഉണ്ടായിരുന്നില്ലല്ലോ. എന്‍റെ കരം തന്നെ എനിക്കു വിജയം നേടിത്തന്നു. എന്‍റെ ക്രോധം എന്നെ ശക്തനാക്കി. എന്‍റെ കോപത്തില്‍ ജനതകളെ ചവുട്ടിമെതിച്ചു. എന്‍റെ കോപത്തില്‍ ഞാനവരെ തകര്‍ത്തു. അവരുടെ ജീവരക്തം ഞാന്‍ നിലത്തൊഴുക്കി. സര്‍വേശ്വരന്‍റെ അചഞ്ചലസ്നേഹത്തെക്കുറിച്ചു ഞാന്‍ നിരന്തരം പറയും. അവിടുന്ന് നമുക്കുവേണ്ടി ചെയ്ത എല്ലാറ്റിനുമായി ഞാന്‍ സ്തോത്രം ചെയ്യും. സുസ്ഥിരസ്നേഹവും കാരുണ്യവുംകൊണ്ട് അവിടുന്ന് തന്‍റെ ജനമായ ഇസ്രായേല്‍ജനത്തെ അനുഗ്രഹിച്ചിരിക്കുന്നുവല്ലോ. “അവര്‍ നിശ്ചയമായും എന്‍റെ ജനം, അവര്‍ എന്നെ വഞ്ചിക്കുകയില്ല” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്തു. അതുകൊണ്ട് അവിടുന്ന് അവരുടെ രക്ഷകനായി. അവരുടെ സര്‍വദുരിതങ്ങളിലും അവരോടൊത്തു അവിടുന്നു ദുരിതമനുഭവിച്ചു. അവിടുത്തെ സാന്നിധ്യമാകുന്ന ദൂതന്‍ അവരെ രക്ഷിച്ചു. സ്നേഹവും കാരുണ്യവുംകൊണ്ട് അവിടുന്ന് അവരെ ഉദ്ധരിച്ചു; കഴിഞ്ഞ കാലങ്ങളിലെല്ലാം സ്വന്തം കരങ്ങളില്‍ സംവഹിച്ചു. എന്നിട്ടും അവര്‍ മത്സരിച്ചു. അവിടുത്തെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു. അങ്ങനെ അവിടുന്ന് അവരുടെ ശത്രുവായിത്തീര്‍ന്ന് അവരോടു പോരാടി. അവര്‍ കഴിഞ്ഞ കാലങ്ങളെ, സര്‍വേശ്വരന്‍റെ ദാസനായ മോശയുടെ നാളുകളെത്തന്നെ അനുസ്മരിച്ചു. ആട്ടിന്‍പറ്റത്തോടൊപ്പം ഇടയനെ കടലിലൂടെ നയിച്ചവന്‍ എവിടെ? തന്‍റെ പരിശുദ്ധാത്മാവിനെ അവരുടെ ഇടയില്‍ അയച്ചവന്‍ എവിടെ? അവരുടെ മുമ്പിലുള്ള കടലിനെ രണ്ടായി ഭാഗിച്ച് ആഴത്തിലൂടെ അവരെ നയിക്കുകയും തന്‍റെ ഭുജബലം മോശയുടെ വലതുകരത്തിന്മേല്‍ പകര്‍ന്ന് അവിടുത്തെ നാമം അനശ്വരമാക്കുകയും ചെയ്ത സര്‍വേശ്വരന്‍ എവിടെ? മരുഭൂമിയിലെ കുതിരകളെപ്പോലെ അവര്‍ കാലിടറാതെ നടന്നു. താഴ്വരയിലേക്കിറങ്ങിപ്പോകുന്ന കന്നുകാലികള്‍ക്കെന്നപോലെ അവര്‍ക്കു സര്‍വേശ്വരന്‍റെ ആത്മാവ് വിശ്രമം നല്‌കി. അങ്ങനെ അവിടുന്നു തന്‍റെ ജനത്തെ നയിക്കുകയും തിരുനാമത്തിനു മഹിമ വരുത്തുകയും ചെയ്തു. സ്വര്‍ഗത്തില്‍നിന്നു താഴേക്കു നോക്കിയാലും! വിശുദ്ധവും മഹിമയേറിയതുമായ തിരുനിവാസത്തില്‍നിന്നു നോക്കിക്കണ്ടാലും! അവിടുത്തെ തീക്ഷ്ണതയും ശക്തിയും എവിടെ? ഞങ്ങളോടുള്ള കരുണയും വാത്സല്യവും അവിടുന്നു പിന്‍വലിച്ചിരിക്കുന്നുവല്ലോ. എങ്കിലും അവിടുന്ന് ഞങ്ങളുടെ പിതാവാകുന്നു. അബ്രഹാം ഞങ്ങളെ അറിയുന്നില്ലെങ്കിലും യാക്കോബു ഞങ്ങളെ അംഗീകരിക്കുന്നില്ലെങ്കിലും സര്‍വേശ്വരാ, അവിടുന്നു ഞങ്ങളുടെ പിതാവാകുന്നു. ഞങ്ങളുടെ രക്ഷകന്‍ എന്നാണു പണ്ടുമുതലേ അവിടുത്തെ നാമം. സര്‍വേശ്വരാ, ഞങ്ങള്‍ അവിടുത്തെ വഴി വിട്ടുപോകാനും അങ്ങയെ ഭയപ്പെടാതിരിക്കത്തക്കവിധം ഞങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കാനും ഇടയാക്കിയതെന്ത്? അവിടുത്തെ ദാസന്മാര്‍ക്കുവേണ്ടി, അവിടുത്തെ അവകാശമായ ഗോത്രങ്ങള്‍ക്കുവേണ്ടി, മടങ്ങിവന്നാലും. അല്പകാലത്തേക്ക് അവിടുത്തെ മന്ദിരം, അവിടുത്തെ വിശുദ്ധജനത്തിന്‍റെ കൈവശമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങളുടെ ശത്രുക്കള്‍ അതു ചവുട്ടിമെതിച്ചു കളഞ്ഞിരിക്കുന്നു. അങ്ങയുടെ ഭരണം അറിഞ്ഞിട്ടില്ലാത്തവരെപ്പോലെയും അവിടുത്തെ നാമത്തില്‍ വിളിക്കപ്പെടാത്തവരെപ്പോലെയും ഞങ്ങള്‍ ആയിത്തീര്‍ന്നിരിക്കുന്നു. സര്‍വേശ്വരാ, ആകാശം പിളര്‍ന്ന് അവിടുന്ന് ഇറങ്ങി വന്നിരുന്നെങ്കില്‍, തിരുസാന്നിധ്യത്തില്‍ പര്‍വതങ്ങള്‍ വിറയ്‍ക്കുമായിരുന്നു; തീയില്‍ വിറക് എരിയുകയും വെള്ളം തിളയ്‍ക്കുകയും ചെയ്യുന്നതുപോലെ അവിടുത്തെ സാന്നിധ്യത്തില്‍ ജനതകള്‍ ഞെട്ടിവിറയ്‍ക്കുമായിരുന്നു. അങ്ങനെയെങ്കില്‍ അവിടുത്തെ ശത്രുക്കള്‍ തിരുനാമത്തെ അറിയുമായിരുന്നു. അവിടുന്ന് ഇറങ്ങിവന്നു ഞങ്ങള്‍ പ്രതീക്ഷിക്കാത്ത ഭയാനകകൃത്യങ്ങള്‍ ചെയ്തപ്പോള്‍ അവിടുത്തെ സാന്നിധ്യത്തില്‍ പര്‍വതങ്ങള്‍ വിറകൊണ്ടു. തന്നെ കാത്തിരുന്നവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ദൈവം അവിടുന്നല്ലാതെ മറ്റാരെങ്കിലുമുള്ളതായി ആരും കേള്‍ക്കുകയോ കാണുകയോ ഗ്രഹിക്കുകയോ ചെയ്തിട്ടില്ല. സന്തോഷപൂര്‍വം നീതി പ്രവര്‍ത്തിക്കുകയും അങ്ങയെ സ്മരിച്ചുകൊണ്ട് അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുകയും ചെയ്യുന്നവരെ അങ്ങ് സ്വീകരിക്കുന്നു. ഞങ്ങള്‍ പാപം ചെയ്തതുകൊണ്ട് അവിടുന്നു ഞങ്ങളോടു കോപിച്ചു. ഞങ്ങള്‍ ദീര്‍ഘകാലം പാപത്തില്‍ ജീവിച്ചു. ഞങ്ങള്‍ക്കു രക്ഷ ഉണ്ടാവുമോ? ഞങ്ങള്‍ എല്ലാവരും അശുദ്ധരായിത്തീര്‍ന്നിരിക്കുന്നു. ഞങ്ങളുടെ സല്‍പ്രവൃത്തികള്‍ കറപുരണ്ട വസ്ത്രംപോലെയായിരിക്കുന്നു. ഞങ്ങളെല്ലാം ഇലപോലെ വാടിപ്പോകുന്നു. അകൃത്യം നിമിത്തം ഞങ്ങള്‍ കാറ്റു പറത്തിക്കൊണ്ടു പോകുന്ന കരിയില പോലെയായിത്തീര്‍ന്നിരിക്കുന്നു. അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ ആരുമില്ല. അങ്ങയെ മുറുകെപ്പിടിക്കാന്‍ ഉദ്യമിക്കുന്നവരുമില്ല. എന്തെന്നാല്‍ അവിടുന്ന് ഞങ്ങളില്‍നിന്നു മുഖം മറച്ചു ഞങ്ങളെ ഞങ്ങളുടെ അകൃത്യങ്ങള്‍ക്കു വിട്ടുകൊടുത്തിരിക്കുന്നു. എങ്കിലും, സര്‍വേശ്വരാ അവിടുന്നു ഞങ്ങളുടെ പിതാവാകുന്നുവല്ലോ. ഞങ്ങള്‍ കളി മണ്ണ്, അവിടുന്ന് മെനയുന്നവന്‍; ഞങ്ങള്‍ അങ്ങയുടെ കരനിര്‍മിതി. സര്‍വേശ്വരാ, അവിടുന്നു ഞങ്ങളോട് അളവറ്റു കോപിക്കരുതേ. ഞങ്ങളുടെ അകൃത്യം ഓര്‍ക്കരുതേ. ഞങ്ങള്‍ അങ്ങയുടെ ജനമാണെന്നു കരുതിയാലും. അങ്ങയുടെ വിശുദ്ധനഗരങ്ങള്‍ വിജനമായും സീയോന്‍ മരുഭൂമിയായും യെരൂശലേം ശൂന്യമായും തീര്‍ന്നിരിക്കുന്നു. ഞങ്ങളുടെ പിതാക്കന്മാര്‍ അങ്ങയെ ആരാധിച്ചുവന്ന മനോഹരമായ വിശുദ്ധമന്ദിരം അഗ്നിക്കിരയായിരിക്കുന്നു. ഞങ്ങളുടെ രമ്യസ്ഥലങ്ങള്‍ തകര്‍ന്നു നശിച്ചിരിക്കുന്നു. ഇതെല്ലാം കണ്ടിട്ടും അങ്ങ് അടങ്ങിയിരിക്കുന്നുവോ? മൗനമവലംബിച്ചു ഞങ്ങളെ കഠിനമായി പീഡിപ്പിക്കുന്നുവോ? എന്‍റെ ജനത്തിന്‍റെ പ്രാര്‍ഥന കേള്‍ക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷേ അവര്‍ പ്രാര്‍ഥിച്ചില്ല. അവര്‍ക്കു ദര്‍ശനം നല്‌കാന്‍ ഞാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ അവര്‍ എന്നെ അന്വേഷിച്ചില്ല. എന്നെ വിളിച്ചപേക്ഷിക്കാത്ത ജനതയോട് “ഞാനിവിടെയുണ്ട്, ഞാനിവിടെയുണ്ട്” എന്നു ഞാന്‍ പറഞ്ഞു. തന്നിഷ്ടപ്രകാരം അപഥസഞ്ചാരം ചെയ്തിരുന്ന മത്സരികളായ ജനതയെ സ്വീകരിക്കാന്‍ ഞാന്‍ എപ്പോഴും എന്‍റെ കൈകള്‍ നീട്ടിയിരുന്നു. അവര്‍ കാവുകളില്‍ ബലിയര്‍പ്പിക്കുകയും ഇഷ്‍ടികത്തറമേല്‍ ധൂപാര്‍ച്ചന നടത്തുകയും ചെയ്തുകൊണ്ട് എന്‍റെ മുഖത്തുനോക്കി നിരന്തരം എന്നെ പ്രകോപിപ്പിക്കുന്നു. അവര്‍ ശവകുടീരങ്ങളിലിരിക്കുകയും ഗൂഢസങ്കേതങ്ങളില്‍ രാത്രി കഴിച്ചുകൂട്ടുകയും പന്നിയിറച്ചി ഭക്ഷിക്കുകയും ചെയ്യുന്നു. അവരുടെ പാത്രങ്ങളില്‍ അവര്‍ അര്‍പ്പിക്കുന്ന നിന്ദ്യവസ്തുക്കളുടെ ചാറുണ്ട്. അവര്‍ മറ്റുള്ളവരോടു “മാറി നില്‌ക്കുക, അടുത്തു വരരുത്, ഞാന്‍ വിശുദ്ധനാണ്” എന്നു പറയുന്നു. അവരോടുള്ള കോപം പകല്‍ മുഴുവന്‍ എരിയുന്ന തീ പോലെയാണ്. ഇതാ, അവരുടെ ശിക്ഷാവിധി എന്‍റെ മുമ്പാകെ എഴുതപ്പെട്ടിരിക്കുന്നു. അവര്‍ ചെയ്തതൊന്നും ഞാന്‍ മറക്കുകയില്ല. അവരുടെ പാപങ്ങള്‍ക്കും അവരുടെ പൂര്‍വികരുടെ പാപങ്ങള്‍ക്കും ഞാന്‍ അവരോടു പകരം വീട്ടും. സര്‍വേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്. അവര്‍ പര്‍വതങ്ങളില്‍ ധൂപാര്‍ച്ചന നടത്തുകയും, മലകളില്‍ എന്നെ നിന്ദിക്കുകയും ചെയ്തുവല്ലോ. അവരുടെ മുന്‍കാല പ്രവൃത്തികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ അവരുടെ മടിയില്‍ അളന്നിട്ടുകൊടുക്കും. മുന്തിരിക്കുലയില്‍ പുതുവീഞ്ഞുകണ്ട്, “അതു നശിപ്പിക്കരുത്; അതില്‍ അനുഗ്രഹം കുടികൊള്ളുന്നു” എന്നു പറയുന്നതുപോലെ “എന്‍റെ ദാസര്‍ക്കുവേണ്ടി ഞാന്‍ അവരെ കൂട്ടത്തോടെ നശിപ്പിക്കയില്ല” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. യാക്കോബില്‍നിന്നു സന്താനങ്ങളെയും യെഹൂദായില്‍നിന്ന് എന്‍റെ പര്‍വതങ്ങള്‍ അവകാശമാക്കാനുള്ളവരെയും ഞാന്‍ ഉളവാക്കും. ഞാന്‍ തിരഞ്ഞെടുത്തവര്‍ അത് അവകാശമാക്കും. എന്‍റെ ദാസന്മാര്‍ അവിടെ പാര്‍ക്കും. എന്നെ അന്വേഷിച്ച ജനത്തിന്‍റെ ആട്ടിന്‍പറ്റങ്ങള്‍ക്കു ശാരോന്‍ മേച്ചില്‍സ്ഥലവും കന്നുകാലികള്‍ക്ക് ആഖോര്‍താഴ്വര വിശ്രമസ്ഥലവും ആകും. എന്നാല്‍ എന്നെ ഉപേക്ഷിക്കുകയും എന്‍റെ വിശുദ്ധപര്‍വതത്തെ വിസ്മരിക്കുകയും ഭാഗ്യദേവനു മേശ ഒരുക്കുകയും വിധിയുടെ ദേവതയ്‍ക്കു സുഗന്ധദ്രവ്യങ്ങള്‍ കലക്കിയ വീഞ്ഞ് പാനപാത്രങ്ങളില്‍ നിറയ്‍ക്കുകയും ചെയ്ത നിങ്ങളെ ഞാന്‍ വാളിനിരയാക്കും. നിങ്ങള്‍ എല്ലാവരും കൊലയ്‍ക്കു തല കുനിച്ചുകൊടുക്കും. കാരണം ഞാന്‍ വിളിച്ചപ്പോള്‍ നിങ്ങള്‍ കേട്ടില്ല. സംസാരിച്ചപ്പോള്‍ ശ്രദ്ധിച്ചില്ല. എന്‍റെ ദൃഷ്‍ടിയില്‍ തിന്മയായതു നിങ്ങള്‍ ചെയ്തു. എനിക്ക് അനിഷ്ടമായതു നിങ്ങള്‍ തിരഞ്ഞെടുത്തു. അതുകൊണ്ടു ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്നെ അനുസരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന എന്‍റെ ദാസര്‍ തിന്നു തൃപ്തരാകും. നിങ്ങളോ വിശന്നു പൊരിയും. എന്‍റെ ദാസര്‍ പാനം ചെയ്യും. നിങ്ങളോ ദാഹിച്ചു വലയും. അവര്‍ ആനന്ദിക്കും. നിങ്ങളോ നിന്ദിതരാകും.” ഇതാ, എന്‍റെ ദാസര്‍ ആനന്ദത്താല്‍ ആര്‍ത്തുപാടും. എന്നാല്‍ നിങ്ങള്‍ ഹൃദയംനൊന്തു നിലവിളിക്കും. മനോവ്യഥയാല്‍ വിലപിക്കും. ഞാന്‍ തിരഞ്ഞെടുത്തവര്‍ക്കു ശാപവചനമായി നിങ്ങള്‍ നിങ്ങളുടെ പേര് അവശേഷിപ്പിക്കും. ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ വധിക്കും. എന്നെ അനുസരിക്കുന്നവര്‍ക്കു ഞാന്‍ മറ്റൊരു പേരു നല്‌കും. അനുഗ്രഹിക്കപ്പെടാന്‍ കാംക്ഷിക്കുന്നവര്‍ അതിവിശ്വസ്തനായ ദൈവത്തോടു പ്രാര്‍ഥിക്കും. ശപഥം ചെയ്യുന്നവരെല്ലാം സത്യദൈവത്തിന്‍റെ നാമത്തില്‍ ശപഥം ചെയ്യും. മുന്‍കാലത്തെ ക്ലേശങ്ങളെ ഞാന്‍ മറന്നിരിക്കുന്നു. അവയെല്ലാം എന്‍റെ ദൃഷ്‍ടിയില്‍നിന്നു മറഞ്ഞിരിക്കുന്നു. ഇതാ, ഞാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്‍ടിക്കുന്നു. കഴിഞ്ഞ കാര്യങ്ങള്‍ ഒന്നും ഓര്‍ക്കുകയില്ല. അവ ഒന്നും ഇനി മനസ്സിലേക്കു കടന്നു വരികയില്ല. ഞാന്‍ സൃഷ്‍ടിക്കുന്നവയില്‍ നിങ്ങള്‍ എന്നേക്കും ആനന്ദിച്ചുല്ലസിക്കുക. ഇതാ, ഞാന്‍ ആനന്ദം നിറഞ്ഞു തുളുമ്പുന്ന പുതിയ യെരൂശലേം സൃഷ്‍ടിക്കുന്നു. അവിടത്തെ ജനം സന്തുഷ്ടരായിരിക്കുന്നു. യെരൂശലേമും എന്‍റെ ജനവും നിമിത്തം ഞാനാനന്ദിക്കും. കരച്ചിലോ നിലവിളിയോ ഇനി കേള്‍ക്കുകയില്ല. ശിശുക്കളുടെയോ ആയുഷ്കാലം പൂര്‍ത്തിയാക്കാത്ത വൃദ്ധരുടെയോ മരണം അവിടെ ഉണ്ടാകയില്ല. നൂറാം വയസ്സിലെ മരണം അകാലചരമമായി ഗണിക്കപ്പെടും. നൂറു വയസ്സുവരെ ജീവിക്കാത്തതു ശാപത്തിന്‍റെ അടയാളമായിരിക്കും. അവര്‍ വീടുകള്‍ നിര്‍മിച്ച് അവയില്‍ പാര്‍ക്കും. മുന്തിരിത്തോട്ടങ്ങള്‍ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കും. അവര്‍ നിര്‍മിക്കുന്ന ഭവനങ്ങളില്‍ അന്യര്‍ വസിക്കാനിടവരികയില്ല. അവര്‍ നട്ടുണ്ടാക്കുന്നവ അവര്‍തന്നെ അനുഭവിക്കും. എന്‍റെ ജനം വൃക്ഷങ്ങള്‍പോലെ ദീര്‍ഘകാലം ജീവിക്കും. എന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനം തങ്ങളുടെ അധ്വാനഫലം ദീര്‍ഘകാലം ആസ്വദിക്കും. അവരുടെ അധ്വാനം വെറുതെ ആവുകയില്ല. അവരുടെ മക്കള്‍ ആപത്തില്‍പ്പെടുകയില്ല. അവര്‍ സര്‍വേശ്വരനാല്‍ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതികളായിരിക്കും. അവരുടെ മക്കളും അനുഗൃഹീതരാകും. അവര്‍ വിളിക്കുന്നതിനു മുമ്പുതന്നെ ഞാനവര്‍ക്ക് ഉത്തരമരുളും. അവര്‍ സംസാരിക്കുമ്പോള്‍ തന്നെ ഞാന്‍ കേട്ടുകഴിയും. ചെന്നായും ആട്ടിന്‍കുട്ടിയും ഒരുമിച്ചു മേയും. സിംഹം കാളയെപ്പോലെ വയ്‍ക്കോല്‍ തിന്നും. സര്‍പ്പത്തിന്‍റെ ആഹാരം പൊടി ആയിരിക്കും. എന്‍റെ വിശുദ്ധപര്‍വതത്തില്‍ തിന്മയോ നാശമോ ആരും ചെയ്യുകയില്ല. സര്‍വേശ്വരനാണ് ഇതരുളിച്ചെയ്യുന്നത്. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ആകാശം എന്‍റെ സിംഹാസനം, ഭൂമി എന്‍റെ പാദപീഠം. എനിക്കുവേണ്ടി എന്തു മന്ദിരമാണു നിങ്ങള്‍ നിര്‍മിക്കുക; ഏതു വിശ്രമസ്ഥലമാണ് ഒരുക്കുക? പ്രപഞ്ചം മുഴുവനും ഞാനാണ് സൃഷ്‍ടിച്ചത്. അതിനാല്‍ ഇവയെല്ലാം എന്‍റേതാണ്. വിനയവും അനുതാപവും ഉള്ളവനും എന്‍റെ വചനം കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്നവനുമായ മനുഷ്യനെയാണു ഞാന്‍ കടാക്ഷിക്കുന്നത്.” മനുഷ്യര്‍ തങ്ങള്‍ക്കു ബോധിച്ചതുപോലെ പ്രവര്‍ത്തിക്കുന്നു. യാഗത്തിനായി കാളയെ കൊല്ലുകയോ മനുഷ്യനെ കുരുതി കഴിക്കുകയോ ചെയ്യുന്നതും, ആട്ടിന്‍കുട്ടിയെ യാഗം കഴിക്കുകയോ പട്ടിയെ കഴുത്തു ഞെരിച്ചു കൊല്ലുകയോ ചെയ്യുന്നതും ധാന്യബലി അര്‍പ്പിക്കുകയോ പന്നിയുടെ രക്തം അര്‍പ്പിക്കുകയോ ചെയ്യുന്നതും അനുസ്മരണാര്‍ച്ചനയായി ധൂപം അര്‍പ്പിക്കുകയോ വിഗ്രഹത്തോടു പ്രാര്‍ഥിക്കുകയോ ചെയ്യുന്നതും എല്ലാം അവന് ഒരുപോലെയാണ്. അവരുടെ ഹൃദയം തങ്ങളുടെ മ്ലേച്ഛതയില്‍ സന്തോഷിക്കുന്നു. അതുകൊണ്ട് ഞാന്‍ അവര്‍ക്കായി കഷ്ടതകള്‍ തിരഞ്ഞെടുത്ത് അവരുടെമേല്‍ വരുത്തും. കാരണം ഞാന്‍ വിളിച്ചപ്പോള്‍ ആരും വിളികേട്ടില്ല. ഞാന്‍ സംസാരിച്ചപ്പോള്‍ അവര്‍ ശ്രദ്ധിച്ചുമില്ല. എന്നാല്‍ എന്‍റെ ദൃഷ്‍ടിയില്‍ തിന്മയായത് അവര്‍ ചെയ്തു. എനിക്ക് അനിഷ്ടമായത് അവര്‍ തിരഞ്ഞെടുത്തു. സര്‍വേശ്വരന്‍റെ ഭക്തന്മാരേ, അവിടുത്തെ വചനം ശ്രദ്ധിക്കുക. നിങ്ങള്‍ എന്നോടു വിശ്വസ്തരായിരിക്കുന്നതിനാല്‍ സ്വജനങ്ങള്‍തന്നെ നിങ്ങളെ വെറുക്കുകയും പുറന്തള്ളുകയും ചെയ്യുന്നു. “ദൈവത്തിന്‍റെ മഹത്ത്വം വെളിപ്പെടട്ടെ. തന്മൂലം നിങ്ങള്‍ ആനന്ദിക്കുന്നതു ഞങ്ങള്‍ കാണട്ടെ’ എന്ന് അവര്‍ പരിഹാസപൂര്‍വം പറയുന്നു. എന്നാല്‍ അവരായിരിക്കും ലജ്ജിതരായിത്തീരുക. ഇതാ, നഗരത്തില്‍ ഒരു ശബ്ദകോലാഹലം കേള്‍ക്കുന്നു. ദേവാലയത്തില്‍ നിന്നൊരു ശബ്ദം, ശത്രുക്കളോടു പ്രതികാരം ചെയ്യുന്ന സര്‍വേശ്വരന്‍റെ ശബ്ദം. “നോവെടുക്കും മുമ്പ് അവള്‍ പ്രസവിച്ചു. പ്രസവവേദന കൂടാതെ പുത്രന്‍ പിറന്നു.” ഇങ്ങനെ ഒരു സംഭവം ആരെങ്കിലും കേട്ടിട്ടുണ്ടോ, കണ്ടിട്ടുണ്ടോ? ഒരു ദിവസംകൊണ്ട് ഒരു ദേശമുണ്ടാകുമോ? ഒരു നിമിഷംകൊണ്ട് ഒരു ജനത ആവിര്‍ഭവിക്കുമോ? ഈറ്റുനോവിന്‍റെ ആരംഭത്തില്‍തന്നെ സീയോന്‍ അവളുടെ പുത്രന്മാരെ പ്രസവിച്ചു. പ്രസവംവരെ എത്തിച്ചശേഷം ഞാന്‍ പ്രസവിപ്പിക്കാതിരിക്കുമോ? ജന്മം നല്‌കുന്ന ഞാന്‍ ഗര്‍ഭപാത്രം അടച്ചുകളയുമോ? സര്‍വേശ്വരനാണ് ഇതരുളിച്ചെയ്യുന്നത്. യെരൂശലേമിനെ സ്നേഹിക്കുന്ന നിങ്ങള്‍ അവളോടൊത്ത് ആനന്ദിക്കുക. അവളെക്കുറിച്ചു വിലപിച്ചിരുന്ന നിങ്ങള്‍ അവളോടൊത്ത് അത്യന്തം ആനന്ദിക്കുവിന്‍. ആശ്വാസം നല്‌കുന്ന അവളുടെ മുലപ്പാല്‍ കുടിച്ചു നിങ്ങള്‍ സംതൃപ്തരാകുവിന്‍. അവളുടെ സമൃദ്ധി നുകര്‍ന്നു തൃപ്തിയടയുവിന്‍. സര്‍വേശ്വരന്‍ ഇതരുളിച്ചെയ്യുന്നു: നദിപോലെ ഐശ്വര്യവും കരകവിഞ്ഞൊഴുകുന്ന അരുവിപോലെ ജനതകളുടെ സമ്പത്തും ഞാനവളിലേക്കൊഴുക്കും. അവള്‍ നിങ്ങളെ പാലൂട്ടും. എളിയിലെടുത്തു നടക്കുകയും മടിയില്‍വച്ചു ലാളിക്കുകയും ചെയ്യും. അമ്മ കുഞ്ഞിനെയെന്നപോലെ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും. യെരൂശലേമില്‍ നിങ്ങള്‍ക്കു സാന്ത്വനം ലഭിക്കും. ഇതു കാണുമ്പോള്‍ നിങ്ങളുടെ ഹൃദയം ആനന്ദിക്കും. തഴച്ചു വളരുന്ന പുല്ലുപോലെ നിങ്ങളുടെ അസ്ഥികള്‍ പുഷ്‍ടിപ്പെടും. സര്‍വേശ്വരന്‍റെ കരം തന്‍റെ ദാസരോടുകൂടെയും അവിടുത്തെ രോഷം ശത്രുക്കള്‍ക്കു നേരെയും ആണെന്നു വെളിപ്പെടും. അവിടുന്ന് അഗ്നിയില്‍ എഴുന്നള്ളും. കൊടുങ്കാറ്റായിരിക്കും അവിടുത്തെ രഥം. അവിടുത്തെ ഉഗ്രരോഷം ആളിക്കത്തും. തീനാളംകൊണ്ട് അവിടുന്ന് അവരെ ഭര്‍ത്സിക്കും. സര്‍വേശ്വരന്‍ അഗ്നികൊണ്ടും വാളുകൊണ്ടും എല്ലാവരുടെയുംമേല്‍ ന്യായവിധി നടത്തും. അസംഖ്യം പേര്‍ വധിക്കപ്പെടും. വിഗ്രഹപൂജയ്‍ക്കായി സ്വയം ശുദ്ധീകരിക്കുന്നവരും കൂട്ടംചേര്‍ന്നു കാവുകളില്‍ ആരാധനയ്‍ക്കായി പ്രവേശിക്കുന്നവരും പന്നി, ചുണ്ടെലി, ഇഴജന്തുക്കള്‍ മുതലായവയുടെ മ്ലേച്ഛമാംസം തിന്നുന്നവരും ഒന്നടങ്കം നശിക്കും. സര്‍വേശ്വരനായ ഞാനാണ് ഇതരുളിച്ചെയ്യുന്നത്. കാരണം അവരുടെ പ്രവൃത്തികളും ചിന്തകളും ഞാനറിയുന്നു. എല്ലാ രാജ്യക്കാരെയും ഭാഷക്കാരെയും ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ വരുന്നു. അവര്‍ എന്‍റെ മഹത്ത്വം ദര്‍ശിക്കും. അവരുടെ ഇടയില്‍ ഞാന്‍ ഒരു അടയാളം വയ്‍ക്കും. അവരില്‍ അതിജീവിക്കുന്നവരെ തര്‍ശ്ശീശ്, വില്ലാളികളായ പൂല്‍, ലൂദ്, തൂബാല്‍, യാവാന്‍, വിദൂരത്തുള്ള തീരദേശങ്ങള്‍ എന്നിങ്ങനെ, എന്‍റെ കീര്‍ത്തി കേള്‍ക്കുകയോ എന്‍റെ മഹത്ത്വം ദര്‍ശിക്കുകയോ ചെയ്തിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് ഞാന്‍ അയയ്‍ക്കും. അവര്‍ എന്‍റെ മഹത്ത്വം ജനതകളുടെ ഇടയില്‍ പ്രഖ്യാപിക്കും. ഇസ്രായേല്യര്‍ സര്‍വേശ്വരന്‍റെ ആലയത്തിലേക്ക് ശുചിയായ പാത്രത്തില്‍ ധാന്യവഴിപാടുകൊണ്ടുവരുന്നതുപോലെ അവര്‍ സര്‍വേശ്വരന് വഴിപാടായി സര്‍വ ജനതകളുടെ ഇടയില്‍നിന്നു നിങ്ങളുടെ എല്ലാ സഹോദരന്മാരെയും, കുതിരകള്‍, രഥങ്ങള്‍, പല്ലക്കുകള്‍, കോവര്‍കഴുതകള്‍, ഒട്ടകങ്ങള്‍ എന്നിവയുടെ പുറത്തു കയറ്റി, എന്‍റെ വിശുദ്ധപര്‍വതമായ യെരൂശലേമിലേക്കു കൊണ്ടുവരും എന്നു സര്‍വേശ്വരന്‍ അരുളിചെയ്യുന്നു. അവരില്‍ നിന്നും ചിലരെ ഞാന്‍ പുരോഹിതന്മാരായും ലേവ്യരായും എടുക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ഞാന്‍ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്‍റെ മുമ്പില്‍ നിലനില്‌ക്കുന്നതുപോലെ നിങ്ങളുടെ പിന്‍തലമുറക്കാരും നിങ്ങളുടെ നാമവും നിലനില്‌ക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. അമാവാസിതോറും ശബത്തുതോറും സകല ജഡവും എന്നെ ആരാധിക്കാന്‍ എന്‍റെ സന്നിധിയില്‍ വരും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. അവര്‍ പുറപ്പെട്ടു ചെന്നു എന്നോട് എതിര്‍ത്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാകുന്നില്ല, അവരുടെ തീ കെടുന്നില്ല; അവര്‍ സകല ജഡത്തിനും അറപ്പായിരിക്കും. ബെന്യാമീന്‍ദേശത്ത് അനാഥോത്തിലെ പുരോഹിതരില്‍ ഒരാളായ ഹില്‌ക്കിയായുടെ മകന്‍ യിരെമ്യായുടെ വാക്കുകള്‍: ആമോന്‍റെ പുത്രനും യെഹൂദാരാജാവുമായ യോശീയായുടെ വാഴ്ചയുടെ പതിമൂന്നാമാണ്ടില്‍ സര്‍വേശ്വരന്‍റെ അരുളപ്പാട് യിരെമ്യാക്കു ലഭിച്ചു. യെഹൂദാരാജാവായ യോശീയായുടെ പുത്രന്‍ യെഹോയാക്കീമിന്‍റെ ഭരണകാലത്തും യോശീയായുടെ പുത്രന്‍ സെദെക്കിയായുടെ ഭരണത്തിന്‍റെ പതിനൊന്നാം വര്‍ഷം അവസാനംവരെയും അതായത് അഞ്ചാംമാസത്തില്‍ യെരൂശലേമ്യരെ പ്രവാസത്തിലേക്കു കൊണ്ടുപോകുംവരെ സര്‍വേശ്വരന്‍റെ അരുളപ്പാട് യിരെമ്യാക്കു ലഭിച്ചുകൊണ്ടിരുന്നു. സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “ഗര്‍ഭപാത്രത്തില്‍ നിനക്കു രൂപം നല്‌കുന്നതിനു മുമ്പു ഞാന്‍ നിന്നെ അറിഞ്ഞു; ഉദരത്തില്‍നിന്നു പുറത്തുവരുന്നതിനു മുമ്പുതന്നെ നിന്നെ ഞാന്‍ വേര്‍തിരിച്ച് ജനതകള്‍ക്കു പ്രവാചകനായി നിയമിച്ചു.” അപ്പോള്‍ ഞാന്‍ പറഞ്ഞു: “ദൈവമായ സര്‍വേശ്വരാ, എനിക്കു സംസാരിക്കുവാന്‍ വശമില്ല, ഞാന്‍ ബാലനാണല്ലോ.” അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “വെറും ബാലനെന്നു നീ പറയരുത്; ഞാന്‍ അയയ്‍ക്കുന്ന എല്ലാവരുടെയും അടുത്തേക്കു നീ പോകണം; ഞാന്‍ കല്പിക്കുന്നതെല്ലാം നീ സംസാരിക്കണം. അവരെ നീ ഭയപ്പെടേണ്ടാ; നിന്നെ രക്ഷിക്കാന്‍ ഞാന്‍ നിന്നോടു കൂടെയുണ്ട്; സര്‍വേശ്വരനാണ് ഇതരുളിച്ചെയ്യുന്നത്.” പിന്നീട് അവിടുന്നു കൈ നീട്ടി എന്‍റെ അധരത്തില്‍ തൊട്ടുകൊണ്ടു പറഞ്ഞു: “എന്‍റെ വചനം നിന്‍റെ നാവില്‍ നിക്ഷേപിച്ചിരിക്കുന്നു. പിഴുതെറിയാനും ഇടിച്ചുകളയാനും നശിപ്പിക്കാനും മറിച്ചുകളയാനും പണിതുയര്‍ത്താനും നടാനും ജനതകളുടെയും രാജ്യങ്ങളുടെയുംമേല്‍ ഞാന്‍ നിനക്ക് അധികാരം നല്‌കിയിരിക്കുന്നു.” സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: “യിരെമ്യായേ, നീ എന്തു കാണുന്നു” എന്ന് എന്നോടു ചോദിച്ചു. “ജാഗ്രത് വൃക്ഷത്തിന്‍റെ ഒരു കൊമ്പു കാണുന്നു” എന്നു ഞാന്‍ പ്രതിവചിച്ചു; അപ്പോള്‍ അവിടുന്ന് എന്നോടരുളിച്ചെയ്തു: “നീ കണ്ടതു ശരി, എന്‍റെ വചനം നിറവേറ്റാന്‍ ഞാന്‍ ജാഗ്രതയോടിരിക്കുന്നു.” സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കു വീണ്ടും ഉണ്ടായി: “നീ എന്തു കാണുന്നു” എന്ന് എന്നോടു ചോദിച്ചു; ഞാന്‍ പറഞ്ഞു: “തിളയ്‍ക്കുന്ന ഒരു പാത്രം തെക്കോട്ടു ചരിയുന്നതു ഞാന്‍ കാണുന്നു.” അപ്പോള്‍ അവിടുന്ന് എന്നോടരുളിച്ചെയ്തു: “വടക്കുനിന്നു സകല ദേശവാസികളുടെയുംമേല്‍ അനര്‍ഥം തിളച്ചൊഴുകും.” സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഉത്തരദിക്കിലെ രാജവംശങ്ങളെയെല്ലാം ഞാന്‍ വിളിക്കും; അവര്‍ വന്നു യെരൂശലേമിന്‍റെ പ്രവേശനകവാടങ്ങളിലും ചുറ്റുമുള്ള മതിലുകള്‍ക്കും യെഹൂദ്യയിലെ എല്ലാ നഗരങ്ങള്‍ക്കു മുമ്പിലും സിംഹാസനങ്ങള്‍ സ്ഥാപിക്കും. തങ്ങളുടെ ദുഷ്ടത നിമിത്തം എന്‍റെ ജനം എന്നെ നിരസിച്ചു; ഞാന്‍ അവരുടെമേല്‍ ശിക്ഷാവിധി പ്രസ്താവിക്കും; അവര്‍ അന്യദേവന്മാര്‍ക്കു ധൂപം അര്‍പ്പിക്കുകയും സ്വന്തം കൈകളുടെ സൃഷ്‍ടികളെ ആരാധിക്കുകയും ചെയ്തുവല്ലോ. എന്നാല്‍ നീ അരമുറുക്കി ഞാന്‍ കല്പിക്കുന്നതെല്ലാം അവരോടു പറയുക; അവരെ നീ ഭയപ്പെടേണ്ടാ, ഭയപ്പെട്ടാല്‍ അവരുടെ മുമ്പില്‍വച്ചു ഞാന്‍ നിന്നെ പരിഭ്രാന്തനാക്കും. യെഹൂദാരാജാക്കന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും അതിലെ ജനങ്ങള്‍ക്കും എന്നല്ല ഈ ദേശത്തുള്ള എല്ലാവര്‍ക്കും എതിരെ നില്‌ക്കാന്‍വേണ്ടി ഇന്നു ഞാന്‍ നിന്നെ കോട്ട കെട്ടി ഉറപ്പിച്ച നഗരവും ഇരുമ്പുതൂണും പിച്ചളമതിലും ആയി ഉറപ്പിച്ചിരിക്കുന്നു. അവര്‍ നിന്നോടു യുദ്ധം ചെയ്യും; പക്ഷേ ജയിക്കയില്ല. നിന്‍റെ രക്ഷയ്‍ക്കു ഞാന്‍ കൂടെയുണ്ടല്ലോ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.” സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: “നീ യെരൂശലേമില്‍ ചെന്ന് എല്ലാവരും കേള്‍ക്കെ വിളിച്ചു പറയുക; സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നിന്‍റെ യൗവനത്തിലെ വിശ്വസ്തതയും മണവാട്ടി എന്ന നിലയിലുള്ള നിന്‍റെ സ്നേഹവും ഞാന്‍ ഓര്‍ക്കുന്നു; കൃഷിക്ക് ഉപയുക്തമല്ലാത്ത മരുഭൂമിയില്‍ കൂടി നീ എന്നെ അനുഗമിച്ചു. ഇസ്രായേല്‍ സര്‍വേശ്വരന്‍റെ വിശുദ്ധജനവും അവിടുത്തെ ആദ്യഫലവും ആയിരുന്നു. അവരെ ആക്രമിച്ചവരെല്ലാം കുറ്റക്കാരായി; വിനാശം അവരുടെമേല്‍ നിപതിച്ചു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.” യാക്കോബ്ഗൃഹമേ, ഇസ്രായേല്‍ഗൃഹത്തിലെ സര്‍വകുടുംബങ്ങളേ, സര്‍വേശ്വരന്‍റെ അരുളപ്പാടു കേള്‍ക്കുവിന്‍. അവിടുന്നു ചോദിക്കുന്നു: “നിങ്ങളുടെ പിതാക്കന്മാര്‍ എന്നില്‍ എന്തുകുറ്റം കണ്ടിട്ടാണ് എന്നെ ഉപേക്ഷിച്ചത്? വ്യര്‍ഥമായതിന്‍റെ പിന്നാലെ പോയി അവരും വ്യര്‍ഥരായിത്തീര്‍ന്നില്ലേ? ഈജിപ്തില്‍നിന്നു നമ്മെ മോചിപ്പിച്ച്, മരുപ്രദേശങ്ങളും കുഴികളും നിറഞ്ഞ വിജനപ്രദേശത്ത് അന്ധകാരാവൃതവും ആരും കടന്നു പോകാത്തതും ജനവാസമില്ലാത്തതുമായ ദേശത്ത് നമ്മെ നയിച്ച സര്‍വേശ്വരന്‍ എവിടെ” എന്നവര്‍ ചോദിച്ചില്ല. ഫലപുഷ്‍ടിയുള്ള ഒരു ദേശത്തേക്ക് അതിന്‍റെ ഫലങ്ങളും നന്മകളും ആസ്വദിക്കാന്‍ ഞാന്‍ നിങ്ങളെ കൊണ്ടുവന്നു; അവിടെ വന്നു കഴിഞ്ഞപ്പോള്‍ നിങ്ങള്‍ എന്‍റെ ദേശത്തെ മലിനമാക്കുകയും എന്‍റെ അവകാശത്തെ മ്ലേച്ഛമാക്കുകയും ചെയ്തു. ‘സര്‍വേശ്വരന്‍ എവിടെ’ എന്നു പുരോഹിതന്മാര്‍ ചോദിച്ചില്ല; വേദപണ്ഡിതര്‍ എന്നെ അറിഞ്ഞില്ല; ഭരണാധികാരികള്‍ എന്നോട് അതിക്രമം കാട്ടി; പ്രവാചകര്‍ ബാല്‍ദേവന്‍റെ നാമത്തില്‍ പ്രവചിച്ചു; അവര്‍ പ്രയോജനരഹിതരായ ദേവന്മാരുടെ പിന്നാലെ പോയി.” “അതുകൊണ്ടു ഞാന്‍ നിങ്ങള്‍ക്ക് എതിരെ വ്യവഹാരം നടത്തും; നിങ്ങളുടെ മക്കളുടെ മക്കളോടും ഞാന്‍ വാദിക്കും” എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. സൈപ്രസ് ദ്വീപുകളിലേക്കു പോയി നോക്കുവിന്‍; അല്ലെങ്കില്‍ കേദാറിലേക്ക് ആളയച്ചു ശ്രദ്ധാപൂര്‍വം അന്വേഷിക്കുവിന്‍, ഇതുപോലെ എന്തെങ്കിലും അവിടെ സംഭവിച്ചിട്ടുണ്ടോ? ഏതെങ്കിലും ഒരു ജനത അവരുടെ ദേവന്മാരെ, അവര്‍ ദേവന്മാര്‍ അല്ലാതിരുന്നിട്ടുപോലും മാറ്റിയിട്ടുണ്ടോ? എന്‍റെ ജനം വ്യര്‍ഥമായതിനുവേണ്ടി തങ്ങളുടെ മഹത്ത്വത്തെ കൈമാറ്റം ചെയ്തിരിക്കുന്നു. ആകാശമേ, ഭയപ്പെട്ടു നടുങ്ങുക, സംഭ്രമിച്ചു ഞെട്ടി വിറയ്‍ക്കുക; സര്‍വേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്. എന്‍റെ ജനം രണ്ടു പാപം ചെയ്തിരിക്കുന്നു; ജീവജലത്തിന്‍റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; വെള്ളം ഇല്ലാത്ത പൊട്ടക്കിണറുകള്‍ അവര്‍ കുഴിച്ചു.” “ഇസ്രായേല്‍ അടിമയാണോ? അടിമയായി ജനിച്ചതാണോ? അല്ലെങ്കില്‍ പിന്നെന്തിന് ഇസ്രായേല്‍ ശത്രുക്കള്‍ക്ക് ഇരയായിത്തീര്‍ന്നിരിക്കുന്നു? സിംഹങ്ങള്‍ അവന്‍റെ നേരേ ഗര്‍ജിച്ചു; അവ അത്യുച്ചത്തില്‍ അലറി; അവ അവന്‍റെ ദേശം ശൂന്യമാക്കി; അവന്‍റെ പട്ടണങ്ങള്‍ ജനവാസമില്ലാതെ നശിച്ചുകിടക്കുന്നു. മാത്രമല്ല, മെംഫിസിലെയും തഹ്പനേസിലെയും ജനങ്ങള്‍ നിന്‍റെ ശിരസ്സിലെ കിരീടം തകര്‍ത്തുകളഞ്ഞു. നിനക്കു മാര്‍ഗദര്‍ശനം നല്‌കിയ നിന്‍റെ ദൈവമായ സര്‍വേശ്വരനെ ഉപേക്ഷിച്ചു സ്വയം വരുത്തിവച്ച വിനയല്ലേ ഇത്? എന്തു നേടാനാണ് ഈജിപ്തിലേക്കു നീ പോകുന്നത്? നൈല്‍നദിയിലെ വെള്ളം കുടിക്കാനോ? എന്തു നേടാനാണ് അസ്സീറിയായിലേക്കു പോകുന്നത്? യൂഫ്രട്ടീസ് നദിയിലെ വെള്ളം കുടിക്കാനാണോ? നിന്‍റെ ദുഷ്ടത നിന്നെ ശിക്ഷിക്കും; നിന്‍റെ അവിശ്വസ്തത നിന്നെ കുറ്റം വിധിക്കും; നിന്‍റെ ദൈവമായ സര്‍വേശ്വരനെ ഉപേക്ഷിക്കുന്നതും അവിടുത്തെ ഭയപ്പെടാതിരിക്കുന്നതും തിന്മയും കയ്പും നിറഞ്ഞതാണെന്നു നീ അനുഭവിച്ചറിയും” എന്നു സര്‍വശക്തിയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു. ദൈവം നിന്‍റെ കഴുത്തില്‍വച്ച നുകം വളരെ മുമ്പുതന്നെ നീ തകര്‍ത്തു; നിന്‍റെ കയറു പൊട്ടിച്ചുകളഞ്ഞു; ‘ഞാന്‍ അടിമവേല ചെയ്യുകയില്ല’ എന്നു നീ പറഞ്ഞു; എന്നിട്ട് ഓരോ കുന്നിന്‍റെ മുകളിലും, ഓരോ പച്ചമരത്തിന്‍റെ ചുവട്ടിലും നീ വേശ്യാവൃത്തി നടത്തി. തിരഞ്ഞെടുക്കപ്പെട്ട മുന്തിരിവള്ളിയായി ഞാന്‍ നിന്നെ നട്ടു; പിന്നെ എങ്ങനെ നീ ദുഷിച്ച് കാട്ടുമുന്തിരിവള്ളി ആയിത്തീര്‍ന്നു. എത്ര വളരെ കാരവും സോപ്പുംകൊണ്ടു കഴുകിയാലും നിന്‍റെ പാപക്കറ എന്‍റെ മുമ്പില്‍നിന്നു മായുകയില്ല എന്നു ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ഞാന്‍ മലിനയായിട്ടില്ല, ബാല്‍ദേവന്‍റെ പുറകേ പോയിട്ടില്ല എന്നു നിനക്ക് എങ്ങനെ പറയാന്‍ കഴിയും? താഴ്വരയിലെ നിന്‍റെ മാര്‍ഗത്തിലേക്കു നോക്കി നീ ചെയ്തത് എന്തെന്നു മനസ്സിലാക്കുക; വഴിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്ന പെണ്ണൊട്ടകം പോലെ ആയിരുന്നില്ലേ നീ? കാമാസക്തി പൂണ്ടു, മരുഭൂമിയില്‍ കാറ്റിന്‍റെ മണം പിടിച്ച് ഓടിനടന്ന കാട്ടുകഴുതയായിരുന്നു അവള്‍; അവളുടെ കാമാവേശത്തെ നിയന്ത്രിക്കാന്‍ ആര്‍ക്കു കഴിയും? അവളെ അന്വേഷിച്ച് ആരും ക്ഷീണിക്കേണ്ടിവരികയില്ല; മൈഥുനമാസത്തില്‍ അവള്‍ അവരുടെ മുമ്പില്‍ ഉണ്ടായിരിക്കും. നിന്‍റെ ചെരുപ്പു തേഞ്ഞു പോകാതെയും നിന്‍റെ തൊണ്ട വരണ്ടു പോകാതെയും സൂക്ഷിക്കുക; എന്നാല്‍ നീ പറഞ്ഞു: “അതു സാധ്യമല്ല; ഞാന്‍ അന്യദേവന്മാരെ സ്നേഹിച്ചുപോയി; അവരുടെ പിന്നാലെ ഞാന്‍ പോകും.” കണ്ടുപിടിക്കപ്പെടുമ്പോള്‍ കള്ളന്‍ ലജ്ജിക്കുന്നതുപോലെ, ഇസ്രായേല്‍ഗൃഹം ലജ്ജിക്കും; അവരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും ലജ്ജിതരാകും. മരത്തോടു ‘നീ എന്‍റെ പിതാവാകുന്നു’ എന്നും, കല്ലിനോട് ‘മാതാവാകുന്നു’ എന്നും അവര്‍ പറയുന്നു; അവര്‍ മുഖമല്ല പുറമാണ് എന്‍റെ നേരേ തിരിക്കുന്നത്; എന്നാല്‍ കഷ്ടകാലം വരുമ്പോള്‍ എഴുന്നേറ്റു ഞങ്ങളെ രക്ഷിക്കണമേ എന്ന് അവര്‍ എന്നോടു പറയുന്നു. നിങ്ങള്‍ നിര്‍മിച്ച ദേവന്മാരെവിടെ? കഷ്ടകാലത്തു നിങ്ങളെ രക്ഷിക്കാന്‍ അവര്‍ക്കു കഴിയുമെങ്കില്‍ എഴുന്നേറ്റു വരട്ടെ, യെഹൂദ്യയേ, നിങ്ങളുടെ പട്ടണത്തിന്‍റെ എണ്ണത്തിനൊപ്പം ദേവന്മാര്‍ നിങ്ങള്‍ക്കുണ്ടല്ലോ. എനിക്കെതിരെ നിങ്ങള്‍ എന്തിനു പരാതിപ്പെടുന്നു. നിങ്ങള്‍ എല്ലാവരും എന്നോടു മത്സരിച്ചിരുന്നവരല്ലേ എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ഞാന്‍ നിങ്ങളുടെ മക്കളെ ശിക്ഷിച്ചതുകൊണ്ടു ഫലമുണ്ടായില്ല; അവര്‍ തെറ്റു തിരുത്തിയില്ല; ആര്‍ത്തിപൂണ്ട സിംഹത്തെപ്പോലെ, നിങ്ങളുടെ വാള്‍ നിങ്ങളുടെ പ്രവാചകരെ സംഹരിച്ചു. ഇസ്രായേല്‍ജനമേ, നിങ്ങള്‍ സര്‍വേശ്വരന്‍റെ വാക്കു ശ്രദ്ധിക്കുവിന്‍; ഞാന്‍ ഇസ്രായേലിനു മരുഭൂമിയോ അന്ധകാരപ്രദേശമോ ആയിരുന്നോ? പിന്നെ എന്തുകൊണ്ടാണു ഞങ്ങള്‍ സ്വതന്ത്രരാണെന്നും നിന്‍റെ അടുക്കല്‍ ഞങ്ങള്‍ വരികയില്ല എന്നും എന്‍റെ ജനം പറയുന്നത്? കന്യകയ്‍ക്കു തന്‍റെ ആഭരണങ്ങളോ, മണവാട്ടിക്കു തന്‍റെ വസ്ത്രാലങ്കാരങ്ങളോ വിസ്മരിക്കാന്‍ കഴിയുമോ? എന്നാലും എന്‍റെ ജനം ഏറെനാളുകളായി എന്നെ മറന്നിരിക്കുന്നു. കാമുകരെ തേടാന്‍ നീ നിന്‍റെ വഴി എത്ര നന്നായി ഒരുക്കുന്നു. ദുര്‍വൃത്തരായ സ്‍ത്രീകള്‍ പോലും നിന്നില്‍നിന്നു പാഠങ്ങള്‍ പഠിക്കും. നിന്‍റെ വസ്ത്രങ്ങളുടെ വിളുമ്പുകളില്‍ നിരപരാധികളായ സാധുക്കളുടെ ജീവരക്തമുണ്ട്; അവരാരും ഭവനഭേദനം നടത്തുന്നതായി നീ കണ്ടില്ല. ഇതെല്ലാമായിട്ടും നീ പറയുന്നു: “ഞാന്‍ കുറ്റമൊന്നും ചെയ്തിട്ടില്ല; അവിടുത്തെ കോപം എന്നെ വിട്ടുമാറിയിരിക്കുന്നു”. ഞാന്‍ പാപം ചെയ്തിട്ടില്ല എന്നു നീ പറയുന്നതുകൊണ്ട് ഞാന്‍ നിന്നെ കുറ്റം വിധിക്കും. എത്ര ലാഘവത്തോടെ നിന്‍റെ വഴിവിട്ടു നീ അലഞ്ഞു നടക്കുന്നു; അസ്സീറിയാ നിന്നെ അപമാനിച്ചതുപോലെ ഈജിപ്തും നിന്നെ അപമാനിക്കും. തലയില്‍ കൈവച്ചുകൊണ്ട് നീ ഈജിപ്തില്‍നിന്നു മടങ്ങിവരും; നീ ആശ്രയിക്കുന്നവരെ സര്‍വേശ്വരന്‍ തിരസ്കരിച്ചിരിക്കുന്നു; അവരിലൂടെ നിനക്ക് ഒരു നന്മയും ഉണ്ടാകുകയില്ല. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഒരാള്‍ ഭാര്യയെ ഉപേക്ഷിക്കുകയും അവള്‍ മറ്റൊരാളിന്‍റെ ഭാര്യയായിത്തീരുകയും ചെയ്താല്‍ അയാള്‍ പിന്നീട് അവളുടെ അടുക്കലേക്കു മടങ്ങിപ്പോകുമോ? അങ്ങനെയുള്ളവര്‍ പാര്‍ക്കുന്ന ദേശം പൂര്‍ണമായി മലിനമാകയില്ലേ? അനേകം കാമുകന്മാരുമായി വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട നീ വീണ്ടും എന്‍റെ അടുക്കല്‍ മടങ്ങിവരുന്നുവോ? മൊട്ടക്കുന്നുകളിലേക്കു നോക്കുക; അവയില്‍ നീ പരസംഗം ചെയ്യാത്ത ഏതെങ്കിലും സ്ഥലമുണ്ടോ? യാത്രക്കാരെ കവര്‍ച്ച ചെയ്യാന്‍ വിജനപ്രദേശത്തു കാത്തിരിക്കുന്ന അറബിയെപ്പോലെ വഴിയരികില്‍ കാമുകന്മാര്‍ക്കായി നീ കാത്തിരുന്നു. നിന്‍റെ നിന്ദ്യമായ വേശ്യാവൃത്തി നിമിത്തം നീ ദേശം മലിനമാക്കി. അതുകൊണ്ടു മഴ നിന്നുപോയി; വസന്തകാലത്തെ മഴ വന്നെത്തിയുമില്ല; നീ വേശ്യയെപ്പോലിരിക്കുന്നു; നിനക്കു നിശ്ശേഷം ലജ്ജയില്ല. ‘എന്‍റെ പിതാവേ, അങ്ങ് എന്‍റെ യൗവനത്തിലെ സുഹൃത്താണ്’ എന്നു നീ ഇപ്പോള്‍ പറയുന്നു. അവിടുന്ന് എന്നും കോപിച്ചിരിക്കുമോ? എന്നേക്കും ക്രോധം വച്ചുകൊണ്ടിരിക്കുമോ? ഇങ്ങനെ നീ സംസാരിക്കുന്നു എങ്കിലും നിനക്കു ചെയ്യാവുന്ന തിന്മകളെല്ലാം നീ ചെയ്തു. യോശീയാരാജാവിന്‍റെ കാലത്തു സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “അവിശ്വസ്തയായ ഇസ്രായേല്‍ ചെയ്തതെന്താണെന്നു നീ കണ്ടോ? ഉയര്‍ന്ന ഓരോ മലമുകളിലും എല്ലാ പച്ചമരത്തിന്‍റെയും ചുവട്ടിലും പോയി അവള്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ടു. ഇതെല്ലാം ചെയ്തശേഷവും അവള്‍ എങ്കലേക്കു മടങ്ങിവരും എന്നു ഞാന്‍ വിചാരിച്ചു; എന്നാല്‍ അവള്‍ വന്നില്ല; അവളുടെ വഞ്ചകിയായ സഹോദരി യെഹൂദായും അതു കണ്ടു. അവിശ്വസ്തയായ ഇസ്രായേലിന്‍റെ സകല വേശ്യാവൃത്തികളും നിമിത്തം മോചനപത്രം നല്‌കി ഞാന്‍ അവളെ പറഞ്ഞയച്ചതു യെഹൂദാ കണ്ടതാണ്; എങ്കിലും അവള്‍ ഭയപ്പെട്ടില്ല. അവളും വേശ്യാവൃത്തിയിലേര്‍പ്പെട്ടു. വേശ്യാവൃത്തി അവള്‍ക്ക് അത്ര നിസ്സാരമായിരുന്നതുകൊണ്ട് കല്ലിനെയും മരത്തെയും ആരാധിച്ചു. അങ്ങനെ വ്യഭിചാരം ചെയ്ത് അവള്‍ ദേശം മലിനമാക്കി. ഇതെല്ലാമായിട്ടും അവളുടെ വഞ്ചകിയായ സഹോദരി യെഹൂദാ പൂര്‍ണഹൃദയത്തോടെയല്ല, കപടവേഷമണിഞ്ഞാണ് എന്‍റെ അടുക്കലേക്കു വന്നത് എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. സര്‍വേശ്വരന്‍ വീണ്ടും എന്നോട് അരുളിച്ചെയ്തു: “അവിശ്വസ്തയായ ഇസ്രായേല്‍, വഞ്ചകിയായ യെഹൂദായോളം കുറ്റക്കാരിയല്ലെന്നു തെളിയിച്ചിരിക്കുന്നു. നീ ഇവ വടക്കേദേശത്തോടു പ്രഖ്യാപിക്കുക; അവിശ്വസ്തയായ ഇസ്രായേലേ, മടങ്ങിവരിക; ഞാന്‍ നിന്നോടു കോപിക്കയില്ല; ഞാന്‍ കരുണാസമ്പന്നനാണ്. ഞാന്‍ എന്നേക്കും കോപിച്ചുകൊണ്ടിരിക്കുകയില്ല” എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. നിന്‍റെ ദൈവമായ സര്‍വേശ്വരനോടു നീ മത്സരിച്ചു; ഓരോ പച്ചമരത്തിന്‍റെയും ചുവട്ടില്‍ നീ അന്യദേവന്മാര്‍ക്കു കാഴ്ചകളര്‍പ്പിച്ചു; എന്‍റെ വാക്കുകള്‍ നീ അനുസരിച്ചില്ല. നിന്‍റെ അകൃത്യങ്ങള്‍ ഏറ്റുപറയുക എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. അവിശ്വസ്തരായ മക്കളേ, മടങ്ങിവരുവിന്‍; ഞാനാണല്ലോ നിങ്ങളുടെ നാഥന്‍; ഒരു നഗരത്തില്‍നിന്ന് ഒരാളെയും ഒരു കുടുംബത്തില്‍നിന്നു രണ്ടുപേരെയും വീതം ഞാന്‍ തിരഞ്ഞെടുത്തു സീയോനിലേക്കു മടക്കിക്കൊണ്ടുവരും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. എന്‍റെ ഹിതാനുവര്‍ത്തികളായ ഇടയന്മാരെ ഞാന്‍ നിങ്ങള്‍ക്കു നല്‌കും; അവര്‍ ജ്ഞാനത്തോടും വിവേകത്തോടും കൂടി നിങ്ങളെ പാലിക്കും. നിങ്ങള്‍ ദേശത്തു വര്‍ധിച്ചു പെരുകുമ്പോള്‍ സര്‍വേശ്വരന്‍റെ ഉടമ്പടിപെട്ടകത്തെപ്പറ്റി ആരും ഒന്നും പറയുകയില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; അതിനെപ്പറ്റി ആരെങ്കിലും ചിന്തിക്കുകയോ ഓര്‍ക്കുകയോ ഇല്ല; അതിന്‍റെ അഭാവം ആര്‍ക്കും അനുഭവപ്പെടുകയില്ല; ആരും മറ്റൊന്നു നിര്‍മിക്കയുമില്ല. അന്നു യെരൂശലേം സര്‍വേശ്വരന്‍റെ സിംഹാസനം എന്നു വിളിക്കപ്പെട്ടും; സകല ജനതകളും അവിടെ സര്‍വേശ്വരന്‍റെ സന്നിധിയില്‍ വന്നുകൂടും; ഇനി ഒരിക്കലും അവര്‍ തങ്ങളുടെ ദുഷ്ടവിചാരങ്ങള്‍ക്കു കീഴ്പെട്ടു ജീവിക്കുകയുമില്ല. അന്നു യെഹൂദാഗൃഹം ഇസ്രായേല്‍ഗൃഹത്തോടു ചേരും. അവര്‍ വടക്കുനിന്ന് ഒരുമിച്ചു പുറപ്പെട്ട് ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്ക് അവകാശമായി കൊടുത്ത ദേശത്തു വരും. “എന്‍റെ മക്കളുടെകൂടെ നിന്നെ ഉള്‍പ്പെടുത്തി സര്‍വജനത്തിനുമുള്ളതിലും അതിമനോഹരമായ ദേശം, ചേതോഹരമായ അവകാശഭൂമി നിനക്കു നല്‌കണമെന്നു ഞാന്‍ ആഗ്രഹിച്ചു. നീ എന്നെ ‘എന്‍റെ പിതാവേ’ എന്നു വിളിക്കുമെന്നും എന്നില്‍നിന്നു പിന്തിരിഞ്ഞുപോകയില്ലെന്നും ഞാന്‍ വിചാരിച്ചു. അല്ലയോ ഇസ്രായേല്‍ഗൃഹമേ, അവിശ്വസ്തയായ ഭാര്യ തന്‍റെ ഭര്‍ത്താവിനെ ഉപേക്ഷിക്കുന്നതുപോലെ നീ എന്നോടു വിശ്വാസവഞ്ചന കാട്ടിയിരിക്കുന്നു. ഇസ്രായേല്‍ജനം അവരുടെ മാര്‍ഗം വിട്ടു തങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ഉപേക്ഷിച്ചതുകൊണ്ടു മൊട്ടക്കുന്നുകളില്‍നിന്ന് അവരുടെ വിലാപത്തിന്‍റെയും അഭയയാചനയുടെയും സ്വരം കേള്‍ക്കുന്നു. അവിശ്വസ്തരായ മക്കളേ മടങ്ങിവരുവിന്‍, നിങ്ങളുടെ അവിശ്വസ്തത ഞാന്‍ നീക്കിക്കളയാം.” “ഇതാ, ഞങ്ങള്‍ അങ്ങയുടെ അടുത്തേക്കുവരുന്നു; അവിടുന്നാണു ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍. കുന്നുകളും അവിടെ നടന്ന മദിരോത്സവങ്ങളും തീര്‍ച്ചയായും വ്യര്‍ഥമാണ്; ഇസ്രായേലിന്‍റെ രക്ഷ ഞങ്ങളുടെ ദൈവമായ സര്‍വേശ്വരനില്‍ മാത്രമാകുന്നു. ഞങ്ങളുടെ പിതാക്കന്മാര്‍ അധ്വാനിച്ചു നേടിയ ആട്ടിന്‍പറ്റങ്ങള്‍, കന്നുകാലികള്‍, പുത്രീപുത്രന്മാര്‍ എന്നിവയെല്ലാം ഞങ്ങള്‍ക്കു യൗവനംമുതല്‍ ലജ്ജാകരമായ വിഗ്രഹാരാധനമൂലം നഷ്ടമായിരിക്കുന്നു. ലജ്ജിതരായി ഞങ്ങള്‍ കിടക്കട്ടെ; ഞങ്ങളുടെ അപമാനം ഞങ്ങളെ മൂടട്ടെ; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും യൗവനംമുതല്‍ ഇന്നുവരെ ഞങ്ങളുടെ ദൈവമായ സര്‍വേശ്വരനെതിരെ പാപം ചെയ്തിരിക്കുന്നുവല്ലോ. ഞങ്ങള്‍ അവിടുത്തെ അനുസരിച്ചില്ല.” സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇസ്രായേലേ, മടങ്ങിവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നീ എന്‍റെ അടുക്കലേക്കു വരിക; എന്‍റെ സന്നിധിയില്‍നിന്നു മ്ലേച്ഛവിഗ്രഹങ്ങളെ നീക്കിക്കളയുകയും എന്നില്‍നിന്നു വഴിതെറ്റിപോകാതിരിക്കുകയും ചെയ്ക. ജീവിക്കുന്ന സര്‍വേശ്വരന്‍റെ നാമത്തില്‍ സത്യസന്ധമായും നീതിയായും പരമാര്‍ഥമായും പ്രതിജ്ഞ ചെയ്യുക; എന്നാല്‍ അവിടുത്തെ നാമത്തില്‍ ജനതകള്‍ അന്യോന്യം അനുഗ്രഹിക്കുകയും അവര്‍ അവിടുത്തെ പുകഴ്ത്തുകയും ചെയ്യും.” യെഹൂദ്യയിലെയും യെരൂശലേമിലെയും ജനങ്ങളോട് അവിടുന്ന് അരുളിച്ചെയ്യുന്നു: “നിങ്ങളുടെ തരിശുഭൂമി ഉഴുതു മറിക്കുക; മുള്ളുകളുടെ ഇടയില്‍ വിതയ്‍ക്കരുത്. യെഹൂദ്യയിലെയും യെരൂശലേമിലെയും ജനങ്ങളേ, സര്‍വേശ്വരനായി നിങ്ങളെത്തന്നെ പരിച്ഛേദനം ചെയ്യുവിന്‍; നിങ്ങളുടെ ഹൃദയമാണു പരിച്ഛേദനം ചെയ്യേണ്ടത്; അല്ലാത്തപക്ഷം നിങ്ങളുടെ ദുഷ്കൃത്യങ്ങള്‍ നിമിത്തം എന്‍റെ ക്രോധം അഗ്നിപോലെ ജ്വലിക്കും; അതു കെടുത്താന്‍ ആര്‍ക്കും കഴിയുകയില്ല.” “യെഹൂദ്യയില്‍ വിളംബരം ചെയ്യുവിന്‍, യെരൂശലേമില്‍ പ്രഖ്യാപിക്കുവിന്‍; കാഹളം മുഴക്കി ദേശത്തെങ്ങും വിളിച്ചറിയിക്കുവിന്‍; ഒരുമിച്ചുകൂടി സുരക്ഷിതനഗരങ്ങളിലേക്ക് ഓടിപ്പോകാം” എന്ന് ഉച്ചത്തില്‍ വിളിച്ചു പറയുവിന്‍. സീയോന്‍ ലക്ഷ്യമാക്കി കൊടി ഉയര്‍ത്തുവിന്‍; സുരക്ഷിതത്വത്തിനു വേണ്ടി ഓടുവിന്‍. തങ്ങി നില്‌ക്കരുത്; കാരണം വടക്കുനിന്നു തിന്മയും ഭയങ്കരമായ നാശവും ഞാന്‍ വരുത്തും. സിംഹം കുറ്റിക്കാട്ടില്‍നിന്നു പുറത്തുവന്നിരിക്കുന്നു. ജനതകളുടെ സംഹാരകന്‍ സങ്കേതത്തില്‍നിന്നു പുറപ്പെട്ടിരിക്കുന്നു; അവന്‍ നിന്‍റെ ദേശം ശൂന്യമാക്കും; നിന്‍റെ പട്ടണങ്ങള്‍ ആള്‍പ്പാര്‍പ്പില്ലാത്ത നാശകൂമ്പാരങ്ങളാകും. അതുകൊണ്ടു നിങ്ങള്‍ ചാക്കുതുണി ഉടുത്തു വിലപിക്കുവിന്‍; പൊട്ടിക്കരയുവിന്‍. സര്‍വേശ്വരന്‍റെ ഉഗ്രകോപം നമ്മില്‍നിന്നു മാറിയിട്ടില്ലല്ലോ.” സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ധൈര്യം അന്ന് അസ്തമിക്കും; പുരോഹിതന്മാര്‍ ഭ്രമിക്കും; പ്രവാചകന്മാര്‍ അമ്പരന്നുപോകും.” അപ്പോള്‍ ഞാന്‍ പറഞ്ഞു: “ദൈവമായ സര്‍വേശ്വരാ, വാള്‍ അവരുടെ കഴുത്തില്‍ വീണിരിക്കുമ്പോള്‍തന്നെ നിങ്ങള്‍ക്കെല്ലാം ശുഭം എന്നു പറഞ്ഞ് അവിടുന്ന് ഈ ജനത്തെയും യെരൂശലേമിനെയും വഞ്ചിച്ചുവല്ലോ.” അന്നു ജനത്തോടും യെരൂശലേമിനോടും ഇപ്രകാരം പറയും: “മരുഭൂമിയിലെ മൊട്ടക്കുന്നുകളില്‍നിന്നു പുറപ്പെടുന്ന ഉഷ്ണക്കാറ്റ് എന്‍റെ ജനത്തിന്‍റെ പുത്രിയുടെ നേര്‍ക്ക് അടിക്കും; അതു പതിരു നീക്കാനോ, വെടിപ്പാക്കാനോ ആയിരിക്കുകയില്ല. ഞാന്‍ അയയ്‍ക്കുന്ന കാറ്റ് അതിശക്തമായിരിക്കും; ഞാന്‍തന്നെ അവരുടെമേല്‍ ന്യായവിധി പ്രസ്താവിക്കും.” ഇതാ, മേഘങ്ങളെപ്പോലെ അയാള്‍ വരുന്നു; അയാളുടെ രഥങ്ങള്‍ ചുഴലിക്കാറ്റുപോലെയാണ്; കുതിരകള്‍ കഴുകനെക്കാള്‍ വേഗമേറിയവ; അയ്യോ ഞങ്ങള്‍ക്കു ദുരിതം; ഞങ്ങള്‍ നശിച്ചുകഴിഞ്ഞു. യെരൂശലേമേ, നിന്‍റെ ഹൃദയത്തില്‍നിന്നു ദുഷ്ടത കഴുകിക്കളയുവിന്‍. എന്നാല്‍ നീ രക്ഷപെടും; ദുശ്ചിന്തകള്‍ എത്രകാലം നിന്നില്‍ കുടിയിരിക്കും. ദാനില്‍നിന്ന് ഒരു ശബ്ദവും എഫ്രയീംപര്‍വതങ്ങളില്‍നിന്ന് അനര്‍ഥത്തെപ്പറ്റിയുള്ള പ്രഖ്യാപനവും കേള്‍ക്കുന്നു. ജനതകളോടു പ്രഖ്യാപിക്കുവിന്‍; വിദൂരത്തുനിന്നു ശത്രുക്കള്‍ വരുന്നു എന്നും യെഹൂദ്യയിലെ നഗരങ്ങള്‍ക്ക് എതിരെ യുദ്ധഭീഷണി മുഴങ്ങുന്നു എന്നും യെരൂശലേമിനോടു പറയുവിന്‍. വയലിലെ കാവല്‌ക്കാരെപ്പോലെ അവര്‍ അവളെ വളഞ്ഞിരിക്കുന്നു; കാരണം, അവള്‍ എന്നോടു മത്സരിച്ചിരിക്കുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. നീ സ്വീകരിച്ച വഴികളും നിന്‍റെ പ്രവൃത്തികളുമാണ് ഇതെല്ലാം നിനക്കു വരുത്തിവച്ചത്. ഇതു നിനക്കുള്ള ശിക്ഷയാണ്; ഇതു കയ്പേറിയതുതന്നെ; അതു നിന്‍റെ ഹൃദയത്തില്‍ തുളച്ചുകയറിയിരിക്കുന്നു. വേദന, അസഹ്യമായ വേദന! വേദന നിമിത്തം ഞാന്‍ പുളയുന്നു; എന്‍റെ ഹൃദയഭിത്തികള്‍ തകരുന്നു; എന്‍റെ ഹൃദയം വല്ലാതെ മിടിക്കുന്നു; നിശ്ശബ്ദനായിരിക്കാന്‍ എനിക്കു കഴിയുന്നില്ല; കാഹളശബ്ദവും യുദ്ധഭേരിയുമാണല്ലോ ഞാന്‍ കേള്‍ക്കുന്നത്. നാശത്തിനു പിറകേ മറ്റൊരു നാശം; ദേശം മുഴുവന്‍ വിജനമായിത്തീര്‍ന്നിരിക്കുന്നു. എന്‍റെ കൂടാരങ്ങള്‍ ക്ഷണനേരംകൊണ്ടു തകര്‍ന്നുവീഴുന്നു; കൂടാരവിരിപ്പുകള്‍ നിമിഷനേരംകൊണ്ടു നശിച്ചുപോകുന്നു. എത്രകാലം ഞാന്‍ യുദ്ധത്തിന്‍റെ കൊടി കാണുകയും കാഹളശബ്ദം കേള്‍ക്കുകയും വേണം? “എന്‍റെ ജനം ഭോഷന്മാരാണ്; അവര്‍ എന്നെ അറിയുന്നില്ല; അവര്‍ ബുദ്ധിയില്ലാത്ത കുട്ടികള്‍; അവര്‍ക്കു വിവേകം ഒട്ടുമില്ല. തിന്മ ചെയ്യാന്‍ അവര്‍ സമര്‍ഥരാണ്; എന്നാല്‍ നന്മ ചെയ്യേണ്ടത് എങ്ങനെയെന്ന് അവര്‍ക്ക് അറിഞ്ഞുകൂടാ.” ഞാന്‍ ഭൂമിയിലേക്കു നോക്കി, അതു രൂപമില്ലാത്തതും ശൂന്യവുമായിരുന്നു; ആകാശത്തേക്കു നോക്കി, അവിടെ പ്രകാശം ഉണ്ടായിരുന്നില്ല. ഞാന്‍ പര്‍വതങ്ങളിലേക്കു നോക്കി, അവ വിറയ്‍ക്കുന്നു; കുന്നുകള്‍ ആടിക്കൊണ്ടിരിക്കുന്നു. ഒരു മനുഷ്യനെയും ഞാന്‍ അവിടെ കണ്ടില്ല; പക്ഷികള്‍ എല്ലാം പറന്നു പോയിരിക്കുന്നു. ഫലപുഷ്ടമായ ദേശം മരുഭൂമിയായി മാറിയിരിക്കുന്നതു ഞാന്‍ കണ്ടു; സര്‍വേശ്വരന്‍റെ ഉഗ്രകോപത്തില്‍ നഗരങ്ങളെല്ലാം നിലംപരിചായിരിക്കുന്നു. അവിടുന്ന് അരുളിച്ചെയ്യുന്നു: “ദേശമെല്ലാം ശൂന്യമായിത്തീരും; എങ്കിലും ഞാന്‍ അതു പൂര്‍ണമായി നശിപ്പിച്ചുകളയുകയില്ല. ഇതുനിമിത്തം ദേശം വിലപിക്കും; ആകാശം ഇരുണ്ടുപോകും; ഞാന്‍ നിശ്ചയിച്ചിരിക്കുന്നു; അതിനു മാറ്റമില്ല; ഞാന്‍ പിന്മാറുകയുമില്ല.” കുതിരപ്പടയാളികളുടെയും വില്ലാളികളുടെയും ശബ്ദം കേള്‍ക്കുമ്പോള്‍ നഗരവാസികള്‍ ഓടിത്തുടങ്ങുന്നു; അവര്‍ കുറ്റിക്കാടുകളില്‍ ഒളിക്കുകയും പാറക്കെട്ടുകളില്‍ വലിഞ്ഞു കയറുകയും ചെയ്യുന്നു; നഗരങ്ങളെല്ലാം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു; ആരും അതില്‍ പാര്‍ക്കുന്നില്ല. ഉപേക്ഷിക്കപ്പെട്ടവളേ, നീ എന്തിനു രക്താംബരം ധരിക്കുന്നു? സ്വര്‍ണാഭരണം അണിയുന്നു? കണ്ണില്‍ മഷി എഴുതുന്നതും എന്തിന്? സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള നിന്‍റെ ശ്രമം വ്യര്‍ഥമാണ്; നിന്‍റെ കാമുകന്മാര്‍ നിന്നെ നിന്ദിക്കുന്നു; അവര്‍ നിനക്കു ജീവഹാനി വരുത്താന്‍ ശ്രമിക്കുന്നു. ഈറ്റുനോവുകൊണ്ട് നിലവിളിക്കുന്ന സ്‍ത്രീയുടേതുപോലെയുള്ള കരച്ചില്‍ ഞാന്‍ കേട്ടു; കടിഞ്ഞൂലിനെ പ്രസവിക്കുമ്പോള്‍ കേള്‍ക്കുന്നതുപോലെയുള്ള ആര്‍ത്തനാദം; ശ്വാസത്തിനുവേണ്ടി കൈകള്‍ നീട്ടി കിതയ്‍ക്കുന്ന സീയോന്‍പുത്രി നിലവിളിക്കുന്നു; ‘ഹാ! എനിക്കു ദുരിതം; കൊലപാതകികളുടെ മുമ്പില്‍ ഞാന്‍ തളര്‍ന്നുവീഴുന്നു.’ നോക്കൂ, നീതി പ്രവര്‍ത്തിക്കുകയും സത്യം അന്വേഷിക്കുകയും ചെയ്യുന്ന ഒരാളെയെങ്കിലും കാണാന്‍ കഴിയുമോ എന്നു യെരൂശലേമിന്‍റെ വീഥികളിലൂടെ ചുറ്റിനടന്ന് അവരുടെ പൊതുസ്ഥലങ്ങളില്‍ അന്വേഷിക്കുവിന്‍; ആരെയെങ്കിലും കണ്ടാല്‍ ഞാന്‍ അവളോടു ക്ഷമിക്കും. ജീവനുള്ള സര്‍വേശ്വരന്‍റെ നാമത്തില്‍ അവര്‍ ആണയിടുന്നെങ്കിലും കള്ളസത്യമാണ് അവര്‍ ചെയ്യുന്നത്. സര്‍വേശ്വരാ, അവിടുന്നു വിശ്വസ്തതയല്ലയോ അന്വേഷിക്കുന്നത്? അവിടുന്ന് അവരെ പ്രഹരിച്ചെങ്കിലും അവര്‍ക്കു വേദന തോന്നിയില്ല; അവിടുന്ന് അവരെ തകര്‍ത്തെങ്കിലും തെറ്റു തിരുത്താന്‍ അവര്‍ക്കു മനസ്സായില്ല; അവര്‍ അവരുടെ ഹൃദയം കഠിനമാക്കി. അനുതപിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു: “അവര്‍ അറിവില്ലാത്ത പാവങ്ങള്‍, സര്‍വേശ്വരന്‍റെ വഴിയും അവരുടെ ദൈവത്തിന്‍റെ കല്പനയും അവര്‍ അറിയുന്നില്ല. ഞാന്‍ വലിയ ആളുകളുടെ അടുക്കല്‍ ചെന്ന് അവരോടു സംസാരിക്കും; സര്‍വേശ്വരന്‍റെ വഴിയും അവരുടെ ദൈവത്തിന്‍റെ നിയമവും അവര്‍ക്ക് അറിയാം.” എങ്കിലും അവര്‍ എല്ലാവരും ഒരുപോലെ അവിടുത്തെ അധികാരം നിഷേധിക്കുകയും അവിടുത്തെ അനുസരിക്കാതിരിക്കുകയും ചെയ്തു. അതുകൊണ്ട് കാട്ടില്‍നിന്നു സിംഹം വന്ന് അവരെ കൊല്ലും; മരുഭൂമിയില്‍നിന്നു വന്ന ചെന്നായ് അവരെ കടിച്ചുകീറും; പുള്ളിപ്പുലി അവരുടെ നഗരങ്ങള്‍ക്കെതിരെ പതിയിരിക്കുന്നു; അവിടെനിന്നു പുറത്തുവരുന്നവരെയെല്ലാം അതു ചീന്തിക്കളയും; അവരുടെ കുറ്റങ്ങള്‍ നിരവധിയും അവിശ്വസ്തത അപാരവുമാണല്ലോ. ഞാന്‍ എങ്ങനെ നിന്നോടു ക്ഷമിക്കും? നിന്‍റെ മക്കള്‍ എന്നെ ഉപേക്ഷിച്ചിരിക്കുന്നു; ദൈവമല്ലാത്തവയുടെ പേരു പറഞ്ഞ് അവര്‍ ആണയിടുന്നു; ഞാന്‍ അവര്‍ക്കു നിറയെ ആഹാരം നല്‌കിയെങ്കിലും അവര്‍ വ്യഭിചരിച്ചു; വേശ്യാഗൃഹങ്ങളിലേക്ക് അവര്‍ കൂട്ടംകൂട്ടമായി നീങ്ങി. തിന്നു മദിച്ച കുതിരകളാണവര്‍; അയല്‍ക്കാരന്‍റെ ഭാര്യയെ അവര്‍ മോഹിക്കുന്നു. ഇവ നിമിത്തം ഞാന്‍ അവരെ ശിക്ഷിക്കേണ്ടതല്ലേ? സര്‍വേശ്വരന്‍ ചോദിക്കുന്നു: ഈ ജനതയോടു ഞാന്‍ പ്രതികാരം ചെയ്യേണ്ടതല്ലേ? അവളുടെ മുന്തിരിത്തോട്ടങ്ങളിലൂടെ നടന്ന് അവ നശിപ്പിക്കുവിന്‍; എന്നാല്‍ അവ പൂര്‍ണമായി നശിപ്പിക്കരുത്; അവയുടെ ശാഖകള്‍ മുറിച്ചുകളവിന്‍; അവ സര്‍വേശ്വരന്‍റേതല്ലല്ലോ. ഇസ്രായേല്‍ഗൃഹവും യെഹൂദാഗൃഹവും എന്നോടു തീര്‍ത്തും അവിശ്വസ്തരായിരിക്കുന്നു” എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. അവര്‍ സര്‍വേശ്വരനെക്കുറിച്ചു വ്യാജമായി സംസാരിച്ചിരിക്കുന്നു; അവര്‍ പറഞ്ഞു: “അവിടുന്ന് ഒന്നും ചെയ്യുകയില്ല; ഒരു ദോഷവും നമുക്കു ഭവിക്കുകയില്ല; യുദ്ധമോ ക്ഷാമമോ നമുക്കു കാണാന്‍ ഇടയാകുകയുമില്ല. പ്രവാചകന്മാര്‍ വെറും കാറ്റായിത്തീരും; ദൈവവചനം അവരിലില്ല; അവര്‍ പറഞ്ഞത് അവര്‍ക്കു തന്നെ ഭവിക്കും.” അതുകൊണ്ടു സര്‍വശക്തനായ സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവര്‍ ഇങ്ങനെ സംസാരിച്ചതുകൊണ്ട് നിന്‍റെ വായിലുള്ള എന്‍റെ വചനം ഞാന്‍ ഒരു അഗ്നിയാക്കും; ഈ ജനത വിറകായിത്തീരും. അവര്‍ അഗ്നിക്കിരയാകും.” ഇസ്രായേല്‍ഗൃഹമേ, നിങ്ങള്‍ക്കെതിരെ ഒരു ജനതയെ വിദൂരത്തുനിന്നു ഞാന്‍ കൊണ്ടുവരുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; ശക്തവും പുരാതനവുമായ ജനത; അവരുടെ ഭാഷ നിങ്ങള്‍ക്കറിഞ്ഞുകൂടാ; സംസാരം നിങ്ങള്‍ക്കു മനസ്സിലാകുകയുമില്ല. അവരുടെ ആവനാഴി തുറന്ന കല്ലറപോലെയാണ്. അവരെല്ലാവരും യുദ്ധവീരന്മാരാണ്. അവര്‍ നിങ്ങളുടെ വിളയും ഭക്ഷണസാധനങ്ങളും തിന്നു തീര്‍ക്കും; നിന്‍റെ പുത്രന്മാരെയും പുത്രിമാരെയും സംഹരിക്കും; നിന്‍റെ ആടുമാടുകളെ അവര്‍ തിന്നൊടുക്കും; നിന്‍റെ മുന്തിരിവള്ളികളും അത്തിമരങ്ങളും നശിപ്പിക്കും; നീ ആശ്രയിക്കുന്ന സുരക്ഷിതനഗരങ്ങള്‍ അവര്‍ വാളിനിരയാക്കും. ആ നാളുകളില്‍പോലും ഞാന്‍ അവരെ പൂര്‍ണമായി നശിപ്പിക്കുകയില്ല എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ നമ്മോട് എന്തുകൊണ്ടാണ് ഇപ്രകാരമെല്ലാം ചെയ്തത് എന്ന് അവര്‍ ചോദിച്ചാല്‍, അവരോടു പറയുക: “നിങ്ങളുടെ ദേശത്തു നിങ്ങള്‍ എന്നെ ഉപേക്ഷിക്കുകയും അന്യദേവന്മാരെ സേവിക്കുകയും ചെയ്തതുകൊണ്ട് നിങ്ങളുടേതല്ലാത്ത ദേശത്ത് അപരിചിതരായ ആളുകളെ നിങ്ങള്‍ സേവിക്കും.” യാക്കോബിന്‍റെ ഗൃഹത്തില്‍ ഇതു പ്രഖ്യാപിക്കുവിന്‍, യെഹൂദായില്‍ ഇതു ഘോഷിക്കുവിന്‍. കണ്ണുണ്ടായിട്ടും കാണാതെയും ചെവിയുണ്ടായിട്ടും കേള്‍ക്കാതെയും മൂഢരും അവിവേകികളുമായിരിക്കുന്ന ജനമേ, ഇതു കേള്‍ക്കുവിന്‍. സര്‍വേശ്വരന്‍ ചോദിക്കുന്നു: “നിങ്ങള്‍ എന്നെ ഭയപ്പെടുന്നില്ലേ? എന്‍റെ മുമ്പാകെ നിങ്ങള്‍ വിറയ്‍ക്കുന്നില്ലേ? ഞാന്‍ സമുദ്രത്തിനു മണല്‍കൊണ്ട് അതിരിട്ടു; മറികടക്കാന്‍ ആവാത്ത സ്ഥിരമായ അതിരുതന്നെ. തിരകള്‍ ആഞ്ഞടിച്ചാലും വിജയിക്കയില്ല; അവ ആര്‍ത്തിരമ്പിയാലും മറികടക്കയില്ല. ഈ ജനം ദുശ്ശാഠ്യവും ധിക്കാരവും നിറഞ്ഞ ഹൃദയമുള്ളവരാണ്; അവര്‍ പുറംതിരിഞ്ഞു പൊയ്‍ക്കളഞ്ഞു. അവിടുന്നു തക്കസമയത്തു മഴ പെയ്യിക്കുന്നു; ശരത്കാല വര്‍ഷവും വസന്തകാല വര്‍ഷവും അവിടുന്നു നല്‌കുന്നു; വിളവെടുപ്പുകാലം നിശ്ചിത സമയത്തുതന്നെ നടത്താന്‍ ഇടയാക്കുന്നു. ഇങ്ങനെയുള്ള നമ്മുടെ ദൈവമായ സര്‍വേശ്വരനെ ഭയപ്പെടേണ്ടതാണെന്ന് അവര്‍ ചിന്തിച്ചില്ല. നിങ്ങളുടെ അകൃത്യം മൂലം ഇവയെല്ലാം നിങ്ങള്‍ നഷ്ടമാക്കി; നിങ്ങളുടെ പാപം നന്മകള്‍ക്കു മുടക്കം വരുത്തിയിരിക്കുന്നു. ദുഷ്ടമനുഷ്യര്‍ എന്‍റെ ജനത്തിനിടയില്‍ പാര്‍ക്കുന്നു; പക്ഷിവേട്ടക്കാരെപ്പോലെ അവര്‍ പതിയിരിക്കുന്നു; അവര്‍ കെണി വച്ചു മനുഷ്യരെ പിടിക്കുന്നു. പക്ഷികളെക്കൊണ്ടു നിറഞ്ഞിരിക്കുന്ന കൂടുപോലെ വഞ്ചനകൊണ്ട് അവരുടെ ഭവനങ്ങള്‍ നിറഞ്ഞിരിക്കുന്നു; അങ്ങനെ അവര്‍ വലിയവരും ധനികരുമായി; അവര്‍ കൊഴുത്തു മിനുങ്ങിയിരിക്കുന്നു. അവരുടെ തിന്മപ്രവൃത്തികള്‍ക്ക് അതിരില്ല; അനാഥര്‍ക്ക് അഭിവൃദ്ധിയുണ്ടാകുംവിധം അവര്‍ നീതിപൂര്‍വം വിധിക്കുന്നില്ല; ദരിദ്രരുടെ അവകാശം അവര്‍ സംരക്ഷിക്കുന്നില്ല. ഇവരെ ഞാന്‍ ശിക്ഷിക്കേണ്ടതല്ലേ? ഇതുപോലൊരു ജനതയോടു പ്രതികാരം ചെയ്യേണ്ടതല്ലേ എന്നു സര്‍വേശ്വരന്‍ ചോദിക്കുന്നു. സംഭ്രമജനകമായ കാര്യം ദേശത്തു സംഭവിച്ചിരിക്കുന്നു. പ്രവാചകന്മാര്‍ വ്യാജമായി പ്രവചിക്കുന്നു; അവര്‍ നിര്‍ദേശിക്കുന്നതുപോലെ പുരോഹിതന്മാര്‍ ഭരണം നടത്തുന്നു; എന്‍റെ ജനത്തിന് അത് ഇഷ്ടമാണ്; എന്നാല്‍ അവസാനം വരുമ്പോള്‍ നിങ്ങള്‍ എന്തു ചെയ്യും? ബെന്യാമീന്‍ ഗോത്രക്കാരേ, സുരക്ഷിതരായിരിക്കാന്‍ യെരൂശലേമില്‍നിന്ന് ഓടിപ്പോകുവിന്‍; തെക്കോവയില്‍ കാഹളമൂതുവിന്‍; ബേത്ത്-ഹക്കേരെമില്‍ കൊടി ഉയര്‍ത്തുവിന്‍, വടക്കുനിന്ന് അനര്‍ഥം വരുന്നു; വലിയ ദുരന്തംതന്നെ. ഓമനിച്ചു വളര്‍ത്തിയ സുന്ദരിയായ സീയോന്‍പുത്രിയെ ഞാന്‍ നശിപ്പിക്കും. ഇടയന്മാര്‍ തങ്ങളുടെ ആട്ടിന്‍പറ്റങ്ങളുമായി അവളുടെ അടുക്കല്‍ വരും; അവര്‍ അവള്‍ക്കു ചുറ്റും കൂടാരമടിക്കും; ഓരോരുത്തന്‍ ഇഷ്ടമുള്ളിടത്ത് ആടുകളെ മേയിക്കും. “അവള്‍ക്കെതിരെ പടയ്‍ക്കൊരുങ്ങുക; ആയുധമെടുക്കുക; നട്ടുച്ചയ്‍ക്ക് നമുക്കവളെ ആക്രമിക്കാം.” “ഹാ ദുരിതം! നേരം വൈകിപ്പോയല്ലോ; നിഴലുകള്‍ നീളുന്നു. നമുക്കു രാത്രിയില്‍ ആക്രമിച്ച് അവളുടെ കൊട്ടാരങ്ങള്‍ നശിപ്പിക്കാം”. സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അവളുടെ മരങ്ങള്‍ മുറിക്കുവിന്‍; യെരൂശലേമിനെ ഉപരോധിക്കാന്‍ മണ്‍കൂന ഉയര്‍ത്തുവിന്‍; ഈ നഗരം ശിക്ഷിക്കപ്പെടണം; അതിനുള്ളില്‍ മര്‍ദനമല്ലാതെ മറ്റൊന്നുമില്ല. കിണര്‍ അതിലെ വെള്ളം പുതുമയോടെ സൂക്ഷിക്കുന്നതുപോലെ, അവള്‍ തന്‍റെ ദുഷ്ടത സൂക്ഷിക്കുന്നു. അക്രമത്തിന്‍റെയും നാശത്തിന്‍റെയും സ്വരം അവളില്‍ മുഴങ്ങുന്നു; രോഗവും മുറിവുകളും മാത്രം ഞാന്‍ എപ്പോഴും കാണുന്നു. യെരൂശലേമേ, ഈ മുന്നറിയിപ്പു ശ്രദ്ധിക്കുക. അല്ലെങ്കില്‍ ഞാന്‍ നിന്നെ വിട്ടകലും; നീ അന്യപ്പെട്ടു പോകുകയും ഞാന്‍ നിന്നെ ശൂന്യവും നിര്‍ജനവുമായ ദേശമാക്കുകയും ചെയ്യും.” സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “മുന്തിരിയുടെ കാലാ പെറുക്കുന്നതുപോലെ ഇസ്രായേലില്‍ ശേഷിച്ചവരെ അരിച്ചുപെറുക്കുക; മുന്തിരിപ്പഴം ശേഖരിക്കുന്നവന്‍ അതിന്‍റെ ശാഖകളിലേക്കു വീണ്ടും വീണ്ടും കൈ നീട്ടുന്നതുപോലെ നിന്‍റെ കൈ നീട്ടി തിരയുക.” അവര്‍ കേള്‍ക്കാന്‍ തക്കവിധം ഞാന്‍ ആരോടാണു സംസാരിക്കേണ്ടത്? ആര്‍ക്കാണു മുന്നറിയിപ്പു നല്‌കേണ്ടത്? അവരുടെ ചെവികള്‍ അടഞ്ഞിരിക്കുന്നു; അവര്‍ക്കു ശ്രദ്ധിക്കാന്‍ സാധ്യമല്ല; സര്‍വേശ്വരന്‍റെ വചനം അവര്‍ക്കു പരിഹാസവിഷയമാണ്; അവര്‍ക്കതില്‍ താല്‍പര്യമില്ല. അതുകൊണ്ട് അവിടുത്തെ ക്രോധം എന്നില്‍ നിറഞ്ഞിരിക്കുന്നു; അത് അടക്കിവച്ചു ഞാന്‍ തളര്‍ന്നിരിക്കുന്നു. “തെരുവിലെ കുട്ടികളുടെമേലും യുവാക്കളുടെ കൂട്ടങ്ങളിന്മേലും അതു ചൊരിയുവിന്‍. ഭര്‍ത്താവും ഭാര്യയും വയോധികരും പടുവൃദ്ധരും പിടിക്കപ്പെടും. നിലങ്ങളും ഭാര്യമാരുമടക്കം അവരുടെ ഭവനങ്ങള്‍ അന്യര്‍ക്കു നല്‌കപ്പെടും; ഈ ദേശവാസികള്‍ക്കെതിരെ ഞാന്‍ എന്‍റെ കരമുയര്‍ത്തും” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. അവരില്‍ ഏറ്റവും ചെറിയവര്‍മുതല്‍ ഏറ്റവും വലിയവര്‍വരെ എല്ലാവരും അന്യായലാഭം ആഗ്രഹിക്കുന്നു; പ്രവാചകന്മാര്‍മുതല്‍ പുരോഹിതന്മാര്‍വരെ എല്ലാവരും കപടമായി പെരുമാറുന്നു. എന്‍റെ ജനത്തിന്‍റെ മുറിവ് അവര്‍ നിസ്സാരമായി കരുതി ചികിത്സിക്കുന്നു. സമാധാനമില്ലാതിരിക്കെ, സമാധാനം, സമാധാനം എന്നവര്‍ പറയുന്നു. ഹീനകൃത്യങ്ങള്‍ പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്കു ലജ്ജ തോന്നിയോ? ഇല്ല, അല്പം പോലും ലജ്ജ തോന്നിയില്ല; അവര്‍ക്കു ലജ്ജിക്കാന്‍ അറിഞ്ഞുകൂടാ; അതുകൊണ്ട് വീഴുന്നവരുടെ കൂടെ അവര്‍ വീണുപോകും; ഞാന്‍ അവരെ ശിക്ഷിക്കുമ്പോള്‍ അവര്‍ നശിച്ചുപോകുമെന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “വീഥികളില്‍നിന്നു നോക്കുവിന്‍; പഴയ പാതകള്‍ അന്വേഷിക്കുവിന്‍; നല്ല മാര്‍ഗം എവിടെയുണ്ടോ അതിലൂടെ നടക്കുവിന്‍; അപ്പോള്‍ നിങ്ങള്‍ക്കു ശാന്തി ലഭിക്കും. എന്നാല്‍, ‘ഞങ്ങള്‍ അതിലൂടെ നടക്കയില്ല’ എന്നവര്‍ പറഞ്ഞു. ‘കാഹളധ്വനി ശ്രദ്ധിക്കുവിന്‍’ എന്നു പറഞ്ഞു നിങ്ങള്‍ക്കുവേണ്ടി ഞാന്‍ കാവല്‌ക്കാരെ നിയോഗിച്ചു; എന്നാല്‍ ‘ഞങ്ങള്‍ ശ്രദ്ധിക്കുകയില്ല’ എന്നവര്‍ പറഞ്ഞു. അതുകൊണ്ട് ജനതകളേ, കേള്‍ക്കുവിന്‍; ജനസമൂഹമേ, അവര്‍ക്കെന്തു ഭവിക്കുമെന്നു ഗ്രഹിക്കുവിന്‍. ഭൂമിയേ, കേള്‍ക്കുക; അവരുടെ ഉപായങ്ങള്‍മൂലം ഞാന്‍ അവരുടെമേല്‍ അനര്‍ഥം വരുത്തും; അവര്‍ എന്‍റെ വാക്കു ശ്രദ്ധിച്ചില്ല; എന്‍റെ നിയമം അവര്‍ നിരസിച്ചു. ശെബയില്‍നിന്നു കുന്തുരുക്കവും വിദൂരദേശത്തുനിന്നു സുഗന്ധദ്രവ്യവും എനിക്കുവേണ്ടി എന്തിനു കൊണ്ടുവരുന്നു? നിങ്ങളുടെ ഹോമയാഗങ്ങള്‍ എനിക്കു സ്വീകാര്യമല്ല; നിങ്ങളുടെ യാഗങ്ങളില്‍ ഞാന്‍ സന്തോഷിക്കുന്നുമില്ല.” അതുകൊണ്ടു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഈ ജനത്തിന്‍റെ മുമ്പില്‍ ഞാന്‍ ഇടര്‍ച്ചകള്‍ വയ്‍ക്കും, അവര്‍ അതില്‍ തട്ടി വീഴും; പിതാക്കന്മാരും പുത്രന്മാരും അയല്‍ക്കാരും സ്നേഹിതരും നശിക്കും.” സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇതാ, വടക്കുനിന്ന് ഒരു ജനത വരുന്നു; ഭൂമിയുടെ വിദൂരദേശത്തുനിന്ന് ഒരു വലിയ ജനത ഇളകി വരുന്നു. അവര്‍ വില്ലും കുന്തവും കൈയില്‍ ഏന്തിയിരിക്കുന്നു; നിര്‍ഭയരായ ക്രൂരന്മാരാണവര്‍; അവരുടെ ആരവം ഇരമ്പുന്ന സമുദ്രത്തിനു തുല്യം; അല്ലയോ സീയോന്‍പുത്രീ, നിനക്കെതിരെ യുദ്ധം ചെയ്യാന്‍ അവര്‍ അണിനിരന്നു കുതിരപ്പുറത്തു കയറിവരുന്നു.” ആ വാര്‍ത്ത ഞങ്ങള്‍ കേട്ടു; ഞങ്ങളുടെ കൈകള്‍ തളര്‍ന്നിരിക്കുന്നു; സ്‍ത്രീയുടെ ഈറ്റുനോവുപോലെ കൊടിയവേദന ഞങ്ങളെ പിടിച്ചിരിക്കുന്നു. വയലിലേക്കു പോകരുത്; വഴിയിലൂടെ നടക്കരുത്. കാരണം ആയുധധാരികളായ ശത്രുക്കള്‍ പതിയിരിപ്പുണ്ട്; എല്ലാ വശത്തും ഭീകരാവസ്ഥ! എന്‍റെ ജനത്തിന്‍റെ പുത്രീ, നീ ചാക്കുതുണി ധരിച്ചും വെണ്ണീറില്‍ കിടന്നുരുളുക; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ പൊട്ടിക്കരയുക; സംഹാരകന്‍ പെട്ടെന്നു നമ്മുടെ നേരേ വരും. എന്‍റെ ജനത്തിന്‍റെ വഴികള്‍ പരീക്ഷിച്ചറിയുന്നതിന്, ഞാന്‍ നിന്നെ മാറ്റു നോക്കുന്നവനും പരീക്ഷകനുമായി ജനത്തിന്‍റെ നടുവില്‍ നിയമിച്ചിരിക്കുന്നു. അവര്‍ ശാഠ്യക്കാരായ മത്സരികള്‍; അവര്‍ അപവാദം പറഞ്ഞു പരത്തുന്നു. അവര്‍ ഓടും ഇരുമ്പും പോലെ കഠിനഹൃദയരാണ്. അവരെല്ലാം തിന്മ ചെയ്യുന്നു. ഉല ശക്തിയായി ഊതുന്നു; ഈയം തീയില്‍ ഉരുകുന്നെങ്കിലും ശുദ്ധീകരിക്കപ്പെടുന്നില്ല; ദുഷ്ടര്‍ നീക്കപ്പെടുന്നില്ലല്ലോ. സര്‍വേശ്വരന്‍ അവരെ തള്ളിക്കളഞ്ഞിരിക്കുന്നതുകൊണ്ടു വെള്ളിക്കിട്ടം എന്നാണ് അവര്‍ അറിയപ്പെടുന്നത്.” യിരെമ്യാക്കു സര്‍വേശ്വരനില്‍ നിന്നുണ്ടായ അരുളപ്പാട്: “ദേവാലയവാതില്‌ക്കല്‍ നിന്നുകൊണ്ട് നീ ഇപ്രകാരം വിളംബരം ചെയ്യണം. സര്‍വേശ്വരനെ ആരാധിക്കാന്‍ ഈ കവാടത്തിലൂടെ പ്രവേശിക്കുന്ന സകല യെഹൂദ്യരുമേ, അവിടുത്തെ വചനം കേള്‍ക്കുവിന്‍.” ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ജീവിതരീതികളും പ്രവൃത്തികളും നേരെയാക്കുവിന്‍; എന്നാല്‍ ഈ ദേശത്തു പാര്‍ക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കും.” ഇതു സര്‍വേശ്വരന്‍റെ ആലയം, സര്‍വേശ്വരന്‍റെ ആലയം, സര്‍വേശ്വരന്‍റെ ആലയം എന്നുള്ള കപടവാക്കുകളില്‍ ആശ്രയിക്കരുത്. നിങ്ങളുടെ ജീവിതരീതികളും പ്രവൃത്തികളും വാസ്തവമായി തിരുത്തുകയും അയല്‍ക്കാരോടു നീതി പുലര്‍ത്തുകയും പരദേശിയെയും അനാഥരെയും വിധവയെയും ചൂഷണം ചെയ്യാതിരിക്കുകയും ഈ സ്ഥലത്തു കുറ്റമില്ലാത്തവന്‍റെ രക്തം ചിന്താതെയും സ്വന്തം നാശത്തിനായി അന്യദേവന്മാരുടെ പിന്നാലെ പോകാതെയും ഇരുന്നാല്‍, നിങ്ങളുടെ പിതാക്കന്മാര്‍ക്കു ഞാന്‍ നല്‌കിയ ഈ ദേശത്ത് എന്നേക്കും പാര്‍ക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കും. നിങ്ങള്‍ വ്യര്‍ഥമായി കപടവാക്കുകളില്‍ ആശ്രയിക്കുന്നു. നിങ്ങള്‍ മോഷ്‍ടിക്കുകയും കൊല്ലുകയും വ്യഭിചരിക്കുകയും കള്ളസ്സത്യം ചെയ്യുകയും ബാലിനു ധൂപമര്‍പ്പിക്കുകയും നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാരുടെ പിന്നാലെ പോകുകയും ചെയ്യുന്നു. പിന്നീട് എന്‍റെ നാമത്തിലുള്ള ഈ ആലയത്തില്‍ വന്ന് എന്‍റെ സന്നിധിയില്‍ നിന്നുകൊണ്ടു ഞങ്ങള്‍ സുരക്ഷിതരാണെന്നു പറയുന്നു; ഈ മ്ലേച്ഛതകളെല്ലാം തുടരുന്നതിനു വേണ്ടിയുള്ള സുരക്ഷിതത്വമാണോ ഇത്? എന്‍റെ നാമത്തിലുള്ള ഈ ആലയം കള്ളന്മാരുടെ ഗുഹയായിട്ടാണോ നിങ്ങള്‍ കാണുന്നത്? അതേ, അങ്ങനെ തന്നെ ഞാന്‍ കാണുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു”. “എന്‍റെ നാമത്തില്‍ ഞാന്‍ ആദ്യം സ്ഥാപിച്ച ശീലോവില്‍ ചെന്നു നോക്കുവിന്‍. എന്‍റെ ജനമായ ഇസ്രായേലിന്‍റെ ദുഷ്ടത നിമിത്തം ഞാന്‍ അതിനോടു ചെയ്തത് എന്തെന്നു കാണുവിന്‍.” അവിടുന്ന് അരുളിച്ചെയ്യുന്നു: “ഞാന്‍ നിരന്തരം നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങള്‍ ശ്രദ്ധിച്ചില്ല; ഞാന്‍ വിളിച്ചിട്ടും നിങ്ങള്‍ ഉത്തരം പറഞ്ഞില്ല. ഇവയെല്ലാം നിങ്ങള്‍ ചെയ്തു. അതുകൊണ്ട് എന്‍റെ നാമത്തില്‍ സ്ഥാപിതവും നിങ്ങള്‍ ആശ്രയിക്കുന്നതുമായ ഈ ആലയത്തോടും നിങ്ങളുടെ പിതാക്കന്മാര്‍ക്കും നിങ്ങള്‍ക്കുമായി തന്നിരിക്കുന്ന ഈ സ്ഥലത്തോടും ശീലോവിനോടു ചെയ്തതുപോലെ ഞാന്‍ ചെയ്യും. നിങ്ങളുടെ ചാര്‍ച്ചക്കാരായ എഫ്രയീം സന്തതികളെയെല്ലാം പുറത്താക്കിയതുപോലെ നിങ്ങളെയും എന്‍റെ മുമ്പില്‍നിന്നു ഞാന്‍ പുറന്തള്ളും. ഈ ജനത്തിനുവേണ്ടി യിരെമ്യായേ, നീ പ്രാര്‍ഥിക്കരുത്; അവര്‍ക്കുവേണ്ടി നിലവിളിക്കുകയോ അപേക്ഷിക്കുകയോ അരുത്; അവര്‍ക്കുവേണ്ടി മധ്യസ്ഥത വഹിക്കരുത്; ഞാന്‍ അതു കേള്‍ക്കുകയില്ല. യെഹൂദ്യനഗരങ്ങളിലും യെരൂശലേമിലെ വീഥികളിലും അവര്‍ ചെയ്യുന്നതു നീ കാണുന്നില്ലേ? ആകാശരാജ്ഞിക്കു നല്‌കാന്‍ അപ്പം ചുടാന്‍ കുട്ടികള്‍ വിറകു ശേഖരിക്കുന്നു; പിതാക്കന്മാര്‍ തീ കത്തിക്കുന്നു; സ്‍ത്രീകള്‍ മാവു കുഴയ്‍ക്കുന്നു; എന്നെ പ്രകോപിപ്പിക്കാന്‍ അന്യദേവന്മാര്‍ക്ക് അവര്‍ പാനീയബലി അര്‍പ്പിക്കുന്നു. അവര്‍ പ്രകോപിപ്പിക്കുന്നത് എന്നെയാണോ? തങ്ങളെത്തന്നെയല്ലേ എന്നു സര്‍വേശ്വരന്‍ ചോദിക്കുന്നു. അവര്‍ സ്വയം നാണം കെടുത്തുന്നു. അതുകൊണ്ട് ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്‍റെ കോപവും ക്രോധവും ഈ സ്ഥലത്തുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും വയലിലെ വൃക്ഷങ്ങളുടെയും നിലത്തിലെ വിളകളുടെയും മേലും ചൊരിയപ്പെടും; അതു കെടാതെ കത്തിയെരിയും.” ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നിങ്ങളുടെ മറ്റു യാഗങ്ങളോടുകൂടി ഹോമയാഗങ്ങളും ചേര്‍ത്ത് അവയുടെ മാംസം ഭക്ഷിക്കുവിന്‍. നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍ നിന്നു കൊണ്ടുവന്നപ്പോള്‍ ഹോമയാഗങ്ങളെക്കുറിച്ചോ മറ്റു യാഗങ്ങളെക്കുറിച്ചോ ഞാന്‍ പറഞ്ഞിരുന്നില്ല; യാതൊരു കല്പനയും കൊടുത്തിരുന്നതുമില്ല. എങ്കിലും ഞാന്‍ അവരോടു കല്പിച്ചിരുന്നു: ‘നിങ്ങള്‍ എന്‍റെ വാക്കുകള്‍ അനുസരിക്കുവിന്‍, എന്നാല്‍ ഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങള്‍ എന്‍റെ ജനവും ആയിരിക്കും; ഞാന്‍ നിങ്ങളോടു കല്പിച്ചിരുന്നതെല്ലാം അനുസരിച്ചാല്‍ നിങ്ങള്‍ക്കു ശുഭമായിരിക്കും.’ പക്ഷേ, അവര്‍ എന്നെ അനുസരിക്കുകയോ, ശ്രദ്ധിക്കുകയോ ചെയ്തില്ല; പിന്നെയോ, തങ്ങളുടെ ദുഷ്ടഹൃദയത്തിന്‍റെ പ്രേരണയനുസരിച്ചു തന്നിഷ്ടംപോലെ ജീവിച്ചു; മുന്നോട്ടല്ല, പിന്നോട്ടാണ് അവര്‍ പോയത്. നിങ്ങളുടെ പിതാക്കന്മാര്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടുപോന്ന നാള്‍മുതല്‍ ഇന്നുവരെ, ദിനംപ്രതി എന്നവിധം എന്‍റെ ദാസരായ പ്രവാചകരെ അവരുടെ അടുക്കലേക്കു തുടര്‍ച്ചയായി ഞാന്‍ അയച്ചു. എന്നിട്ടും അവര്‍ എന്നെ അനുസരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ ദുശ്ശാഠ്യത്തോടെ ജീവിച്ചു; തങ്ങളുടെ പിതാക്കന്മാരെക്കാള്‍ അധികം തിന്മ ചെയ്തു.” യിരെമ്യായേ, ഇവയെല്ലാം അവരോടു പറയുക; അവര്‍ നിന്നെ ശ്രദ്ധിക്കുകയില്ല; നീ അവരെ വിളിക്കണം; പക്ഷേ അവര്‍ വിളികേള്‍ക്കുകയില്ല. നീ അവരോടു പറയണം: “തങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ വാക്കു കേട്ടനുസരിക്കുകയോ ശിക്ഷണം സ്വീകരിക്കുകയോ ചെയ്യാത്ത ജനതയാണ് ഇത്. വിശ്വസ്തത നശിച്ചിരിക്കുന്നു; അത് അവരുടെ അധരങ്ങളെ വിട്ടുപോയിരിക്കുന്നു.” “നിന്‍റെ തലമുടി കത്രിച്ചു ദൂരെ എറിയുക; മൊട്ടക്കുന്നുകളില്‍ കയറി വിലപിക്കുക; തന്‍റെ ക്രോധത്തിനു പാത്രമായ ഈ തലമുറയെ സര്‍വേശ്വരന്‍ ഉപേക്ഷിച്ചു തള്ളിക്കളഞ്ഞിരിക്കുന്നു. യെഹൂദ്യയിലെ ജനം എന്‍റെ മുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. എന്‍റെ നാമത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ആലയത്തില്‍ അവര്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു. അങ്ങനെ അവര്‍ അതിനെ അശുദ്ധമാക്കി. തങ്ങളുടെ പുത്രീപുത്രന്മാരെ ഹോമിക്കാന്‍ തോഫെത്ത് പൂജാപീഠം ബെന്‍-ഹിന്നോം താഴ്വരയില്‍ അവര്‍ സ്ഥാപിച്ചിരിക്കുന്നു; അതു ഞാന്‍ കല്പിച്ചതല്ല; അങ്ങനെ എന്‍റെ മനസ്സില്‍ തോന്നിയിട്ടുമില്ല. അതുകൊണ്ട് സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “തോഫെത്ത് എന്നോ ബെന്‍-ഹിന്നോം താഴ്വര എന്നോ വിളിക്കാതെ ‘കശാപ്പു താഴ്വര’ എന്നു വിളിക്കപ്പെടുന്ന കാലം വരുന്നു; വേറെ സ്ഥലമില്ലാത്തതിനാല്‍ തോഫെത്ത് അവരുടെ ശ്മശാനമായിത്തീരും. ഈ ജനത്തിന്‍റെ ശവശരീരങ്ങള്‍ ആകാശത്തിലെ പറവകള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇരയായിത്തീരും; ആരും അവയെ ഓടിച്ചുകളയുകയില്ല. യെഹൂദ്യയിലെ പട്ടണങ്ങളില്‍നിന്നും യെരൂശലേമിലെ തെരുവീഥികളില്‍നിന്നും ആനന്ദഘോഷവും സന്തോഷധ്വനിയും ഞാന്‍ നീക്കിക്കളയും; മണവാളന്‍റെയും മണവാട്ടിയുടെയും ആഹ്ലാദസ്വരവും പിന്നീടു കേള്‍ക്കുകയില്ല; ദേശം ശൂന്യമായിത്തീരും. ആ കാലത്ത് യെഹൂദരാജാക്കന്മാരുടെയും അവിടെയുള്ള പ്രഭുക്കന്മാരുടെയും പുരോഹിതരുടെയും പ്രവാചകരുടെയും യെരൂശലേം നിവാസികളുടെയും അസ്ഥികള്‍ ശവക്കല്ലറകളില്‍നിന്നു പുറത്തെടുക്കും. അവര്‍ സ്നേഹിക്കുകയും സേവിക്കുകയും അനുഗമിക്കുകയും അന്വേഷിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന സൂര്യചന്ദ്രന്മാരുടെയും ആകാശത്തിലെ നക്ഷത്രങ്ങളുടെയും ശക്തികളുടെയും മുമ്പാകെ അവ നിരത്തിവയ്‍ക്കും; ആരും അവയെ ശേഖരിച്ചു സംസ്കരിക്കുകയില്ല; അവ ചാണകംപോലെ നിലത്തു കിടക്കും. ഈ ദുഷ്ടജനതയില്‍ ശേഷിച്ചിരുന്നവര്‍ക്കു ഞാന്‍ അവരെ ചിതറിച്ചിരിക്കുന്ന സ്ഥലങ്ങളില്‍, ജീവനെക്കാള്‍ മരണം അഭികാമ്യമായി തോന്നും; സര്‍വശക്തനായ സര്‍വേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്”. സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറയുക: “മനുഷ്യര്‍ വീണുപോയാല്‍ അവര്‍ വീണ്ടും എഴുന്നേല്‌ക്കുകയില്ലേ? വഴിതെറ്റിപ്പോകുന്നവന്‍ മടങ്ങിവരികയില്ലേ? പിന്നെന്തുകൊണ്ട് ഈ ജനം സ്ഥിരമായി പിന്മാറ്റത്തില്‍ കഴിയുന്നു? വഞ്ചനയിലാണ് അവര്‍ക്കു താല്‍പര്യം; മടങ്ങിവരാന്‍ അവര്‍ വിസമ്മതിക്കുന്നു. അവര്‍ പറയുന്നതു ഞാന്‍ ശ്രദ്ധിച്ചുകേട്ടു; അവര്‍ പറഞ്ഞത് അസത്യമായിരുന്നു. ഞാന്‍ ഇതു ചെയ്തുപോയല്ലോ എന്നു പറഞ്ഞ് ആരും തങ്ങളുടെ ദുഷ്പ്രവൃത്തിയെക്കുറിച്ച് അനുതപിച്ചില്ല; പടക്കളത്തിലേക്കു പായുന്ന കുതിരയെപ്പോലെ ഓരോരുത്തനും അവന്‍റെ വഴിക്കു പോകുന്നു. ഞാറപ്പക്ഷിപോലും അതിന്‍റെ കാലം അറിയുന്നു. ചെങ്ങാലിയും മീവല്‍പ്പക്ഷിയും കൊക്കും തിരിച്ചുവരവിനുള്ള സമയം പാലിക്കുന്നു. എന്‍റെ ജനമോ സര്‍വേശ്വരന്‍റെ കല്പന അറിയുന്നില്ല. ഞങ്ങള്‍ ജ്ഞാനികള്‍; അവിടുത്തെ നിയമം ഞങ്ങളുടെ പക്കലുണ്ട് എന്നു നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും? നിയമജ്ഞരുടെ വ്യാജതൂലിക നിയമത്തെ അസത്യമാക്കിയിരിക്കുന്നു. ജ്ഞാനികള്‍ ലജ്ജിതരാകും; അവര്‍ പരിഭ്രാന്തരായി പിടിക്കപ്പെടും; സര്‍വേശ്വരന്‍റെ വചനം അവര്‍ തിരസ്കരിച്ചിരിക്കുന്നു; പിന്നെ എന്തു ജ്ഞാനമാണ് അവര്‍ക്കുള്ളത്? അതുകൊണ്ട് അവരുടെ ഭാര്യമാരെ അന്യര്‍ക്കും നിലങ്ങള്‍ കവര്‍ച്ചക്കാര്‍ക്കും വിട്ടുകൊടുക്കും; വലിയവരും ചെറിയവരും ഒരുപോലെ അന്യായലാഭം കാംക്ഷിക്കുന്നു. പ്രവാചകന്‍ തുടങ്ങി പുരോഹിതന്‍വരെ എല്ലാവരും കപടമായി പെരുമാറുന്നു. സമാധാനം ഇല്ലാതിരിക്കെ, ‘സമാധാനം, സമാധാനം’ എന്നു പറഞ്ഞ് എന്‍റെ ജനത്തിന്‍റെ മുറിവ് അവര്‍ നിസ്സാരമായി കരുതി ചികിത്സിക്കുന്നു. ഹീനകൃത്യങ്ങള്‍ പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്കു ലജ്ജ തോന്നിയോ? ഇല്ല, അവര്‍ക്ക് അല്പം പോലും ലജ്ജ തോന്നിയില്ല. ലജ്ജിക്കാന്‍ അവര്‍ക്ക് അറിഞ്ഞുകൂടാ. അതുകൊണ്ട് വീഴുന്നവരുടെ കൂടെ അവരും വീഴും; ഞാന്‍ ശിക്ഷിക്കുമ്പോള്‍ അവര്‍ നശിച്ചുപോകും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. അവരുടെ വിളവ് ഞാന്‍ എടുക്കും; അവിടുന്ന് അരുളിച്ചെയ്യുന്നു. എന്നാല്‍ മുന്തിരിച്ചെടിയില്‍ പഴങ്ങളില്ല; അത്തിമരത്തില്‍ അത്തിപ്പഴങ്ങളുമില്ല; ഇലകള്‍പോലും കരിഞ്ഞിരിക്കുന്നു; അവയെ നശിപ്പിക്കുന്നവരെ ഞാന്‍ അയയ്‍ക്കും. നാം നിഷ്ക്രിയരായിരിക്കുന്നതെന്തുകൊണ്ട്? നമുക്ക് ഒരുമിച്ച് ഉറപ്പുള്ള പട്ടണങ്ങളിലേക്കു പോകാം; അവിടെ ചെന്നു നശിക്കാം; നാം നശിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു; വിഷം കലര്‍ത്തിയ വെള്ളം കുടിക്കാന്‍ തന്നിരിക്കുന്നു. നമ്മുടെ ദൈവമായ സര്‍വേശ്വരനെതിരെ നാം പാപം ചെയ്തിരിക്കുന്നുവല്ലോ. നാം സമാധാനം കാംക്ഷിച്ചു; ഫലമുണ്ടായില്ല. രോഗശാന്തി ആഗ്രഹിച്ചു; ലഭിച്ചതാകട്ടെ കൊടുംഭീതി. അവരുടെ കുതിരകളുടെ ഫൂല്‍ക്കാരം ദാനില്‍നിന്നു കേള്‍ക്കുന്നു; ആണ്‍കുതിരകളുടെ മദഗര്‍ജനംകൊണ്ടു ദേശമെല്ലാം കുലുങ്ങുന്നു. അവര്‍ ദേശത്തെയും അതിലുള്ള സകലതിനെയും നഗരങ്ങളെയും അവയിലെ നിവാസികളെയും നശിപ്പിക്കും. ഞാന്‍ നിങ്ങളുടെ ഇടയിലേക്കു സര്‍പ്പങ്ങളെയും അണലികളെയും അയയ്‍ക്കുന്നു. അവയുടെമേല്‍ നിങ്ങളുടെ മന്ത്രം ഫലിക്കയില്ല; അവ നിങ്ങളെ കടിക്കും; ഇതു സര്‍വേശ്വരന്‍റെ വചനം.” എന്‍റെ ദുഃഖം ശമിപ്പിക്കാവുന്നതല്ല; എന്‍റെ ഹൃദയം രോഗബാധിതമായിരിക്കുന്നു. സര്‍വേശ്വരന്‍ സീയോനില്‍ ഇല്ലേ? അവളുടെ രാജാവ് അവളുടെ മധ്യേ ഇല്ലേ എന്നു ചോദിച്ചുകൊണ്ട് എന്‍റെ ജനം ദേശത്തെങ്ങും നിലവിളിക്കുന്നതു നിങ്ങള്‍ കേള്‍ക്കുന്നില്ലേ? കൊത്തുരൂപങ്ങള്‍കൊണ്ടും അന്യദേവന്മാരുടെ വിഗ്രഹങ്ങള്‍കൊണ്ടും അവര്‍ എന്തിന് എന്നെ പ്രകോപിപ്പിക്കുന്നു? “കൊയ്ത്തു കഴിഞ്ഞു; വേനല്‍ക്കാലം അവസാനിച്ചു; എന്നിട്ടും നാം രക്ഷപെട്ടില്ല.” എന്‍റെ ജനത്തിന്‍റെ മുറിവ് എന്‍റെ ഹൃദയത്തിനേറ്റ മുറിവുതന്നെ. ഞാന്‍ ദുഃഖിതനാണ്; ഞാന്‍ സംഭീതനായിരിക്കുന്നു. ഗിലെയാദില്‍ ഔഷധമൊന്നും ഇല്ലേ? അവിടെ വൈദ്യന്മാര്‍ ആരുമില്ലേ? എന്‍റെ ജനത്തിനു സൗഖ്യം ലഭിക്കാത്തതെന്ത്? എന്‍റെ ജനത്തില്‍ നിഗ്രഹിക്കപ്പെട്ടവരെ ഓര്‍ത്തു രാത്രിയും പകലും വിലപിക്കുന്നതിന് എന്‍റെ ശിരസ്സ് കണ്ണീര്‍ തടാകവും എന്‍റെ കണ്ണുകള്‍ കണ്ണീരുറവയും ആയിരുന്നെങ്കില്‍! മരുഭൂമിയില്‍ എനിക്കൊരു വഴിയമ്പലം ലഭിച്ചിരുന്നെങ്കില്‍, എന്‍റെ ജനത്തെ വിട്ടു ഞാന്‍ പോകുമായിരുന്നു; അവരെല്ലാവരും വ്യഭിചാരികളാണ്; വഞ്ചകരുടെ ഒരു കൂട്ടം. വില്ലുപോലെ അവര്‍ നാവ് വളയ്‍ക്കുന്നു. സത്യമല്ല വ്യാജമാണു ദേശത്തു പ്രത്യക്ഷപ്പെടുന്നത്. അവര്‍ തിന്മയില്‍നിന്നു മറ്റൊരു തിന്മയിലേക്കു നീങ്ങുന്നു. അവര്‍ എന്നെ അറിയുന്നില്ല എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. എല്ലാവരും തങ്ങളുടെ അയല്‍ക്കാര്‍ക്കെതിരെ കരുതലോടെയിരിക്കട്ടെ; ഒരു സഹോദരനിലും നിങ്ങള്‍ ആശ്രയിക്കരുത്; ഏതൊരു സഹോദരനും ചതിയനാണ്; സ്നേഹിതരെല്ലാം ഏഷണി പരത്തുന്നു. എല്ലാവരും അയല്‍ക്കാരനെ വഞ്ചിക്കുന്നു; ആരും സത്യം പറയുന്നില്ല; വ്യാജം പറയാന്‍ നാവിനെ അവര്‍ അഭ്യസിപ്പിച്ചിരിക്കുന്നു. തിന്മയില്‍നിന്നു പിന്തിരിയാന്‍ അവര്‍ക്കു കഴിയുന്നില്ല. മര്‍ദനത്തിനുമേല്‍ മര്‍ദനവും ചതിക്കുമേല്‍ ചതിയും അവര്‍ കൂട്ടിവയ്‍ക്കുന്നു; എന്നെ അവര്‍ അറിയുന്നില്ല എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. അതുകൊണ്ടു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നോക്കൂ! ഞാന്‍ അവരെ ഉരുക്കി ശോധന ചെയ്യും; എന്‍റെ ജനത്തിനുവേണ്ടി മറ്റെന്തു ചെയ്യാന്‍ എനിക്കു കഴിയും? അവരുടെ നാവ് മാരകമായ അസ്ത്രമാണ്. അവര്‍ പറയുന്നതു വഞ്ചനയാണ്; അധരംകൊണ്ടു സൗഹാര്‍ദമായി അയല്‍ക്കാരനോടു സംസാരിക്കുമ്പോള്‍ തന്നെ ഹൃദയത്തില്‍ അയാള്‍ക്കുവേണ്ടി അവര്‍ കെണി ഒരുക്കുന്നു. ഇതു നിമിത്തം ഞാന്‍ അവരെ ശിക്ഷിക്കാതിരിക്കുമോ? ഇതുപോലെയുള്ള ജനതയോടു പ്രതികാരം ചെയ്യേണ്ടതല്ലേ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. മലകളെക്കുറിച്ചു വിലപിക്കുവിന്‍; വിജനപ്രദേശത്തുള്ള മേച്ചില്‍സ്ഥലങ്ങളെക്കുറിച്ചു കരയുവിന്‍; അവ ശൂന്യമായതിനാല്‍ ആരും അതിലൂടെ കടന്നുപോകുന്നില്ല; കന്നുകാലികളുടെ ശബ്ദം അതു കേള്‍ക്കുന്നില്ല; ആകാശത്തിലെ പറവകള്‍മുതല്‍ മൃഗങ്ങള്‍വരെ അവിടെനിന്നു പോയിരിക്കുന്നു. ഞാന്‍ യെരൂശലേമിനെ നാശകൂമ്പാരമാക്കും; അതു കുറുനരികളുടെ പാര്‍പ്പിടമായിത്തീരും; യെഹൂദാപട്ടണങ്ങള്‍ ഞാന്‍ വിജനഭൂമിയാക്കും. ഇതു ഗ്രഹിക്കാന്‍ തക്ക ജ്ഞാനം ആര്‍ക്കുണ്ട്? ഇതു വിളംബരം ചെയ്യാന്‍ ആരോടാണു സര്‍വേശ്വരന്‍ പറഞ്ഞിരുന്നത്? ആരും കടന്നുപോകാത്തവിധം ദേശം നശിച്ചു മരുഭൂമിപോലെ പാഴാകാന്‍ കാരണമെന്ത്? സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ അവര്‍ക്കു നല്‌കിയിരുന്ന ധര്‍മശാസ്ത്രം അവര്‍ അവഗണിച്ചു; അവര്‍ എന്‍റെ വാക്കു കേള്‍ക്കുകയോ, അനുസരിക്കുകയോ ചെയ്തില്ല. അതുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിച്ചത്. ദുശ്ശാഠ്യത്തോടെ തന്നിഷ്ടപ്രകാരം അവര്‍ ജീവിച്ചു; തങ്ങളുടെ പിതാക്കന്മാര്‍ പഠിപ്പിച്ചതുപോലെ അവര്‍ ബാല്‍വിഗ്രഹങ്ങളെ ആരാധിച്ചു. അതുകൊണ്ട് ഇസ്രായേലിന്‍റെ സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ ഇവരെ കാഞ്ഞിരം തീറ്റുകയും, വിഷം കലര്‍ത്തിയ വെള്ളം കുടിപ്പിക്കുകയും ചെയ്യും. അവരോ അവരുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത ജനതകളുടെ ഇടയിലേക്കു ഞാന്‍ അവരെ ചിതറിക്കും; അവര്‍ നിശ്ശേഷം നശിക്കുന്നതുവരെ വാള്‍ അവരെ പിന്തുടരും. സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “സംഭവിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുവിന്‍. വിലാപക്കാരികളെ വിളിക്കുവിന്‍; അതില്‍ സമര്‍ഥരായ സ്‍ത്രീകളെ ആളയച്ചു വരുത്തുവിന്‍. അവര്‍ വേഗമെത്തി നമുക്കുവേണ്ടി വിലപിക്കട്ടെ; നമ്മുടെ കണ്ണുകള്‍ കണ്ണുനീരുകൊണ്ടു നിറയട്ടെ; നമ്മുടെ കണ്‍പോളകള്‍ കവിഞ്ഞൊഴുകട്ടെ. സീയോനില്‍നിന്നു വിലാപശബ്ദം കേള്‍ക്കുന്നു; നാം എത്ര ശൂന്യമായിരിക്കുന്നു! നാം അത്യന്തം ലജ്ജിതരായിരിക്കുന്നു. നാം ദേശം ഉപേക്ഷിച്ചു; നമ്മുടെ വീടുകള്‍ അവര്‍ നശിപ്പിച്ചു. സ്‍ത്രീകളേ, സര്‍വേശ്വരന്‍റെ വാക്കു കേള്‍ക്കുവിന്‍; അവിടുന്ന് ഉച്ചരിക്കുന്നതു നിങ്ങളുടെ കാതു കേള്‍ക്കട്ടെ; നിങ്ങളുടെ പുത്രിമാരെ വിലാപഗാനം പഠിപ്പിക്കുവിന്‍; ഓരോരുത്തരും തന്‍റെ അയല്‍ക്കാരിയെ ശോകഗാനം പഠിപ്പിക്കട്ടെ. മൃത്യു കിളിവാതിലുകളിലൂടെ നമ്മുടെ കൊട്ടാരങ്ങളില്‍ പ്രവേശിച്ചുകഴിഞ്ഞു; തെരുവീഥികളില്‍ കുട്ടികളെയും പൊതുസ്ഥലങ്ങളില്‍ യുവാക്കളെയും അതു സംഹരിക്കുന്നു.” വിളിച്ചുപറയുവിന്‍; സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനുഷ്യരുടെ ശവശരീരങ്ങള്‍ വയലില്‍ വീഴുന്ന ചാണകം പോലെയും, കൊയ്ത്തുകാരുടെ കൈയില്‍നിന്നു വീണുപോകുന്ന കതിര്‍മണിപോലെയും വീഴും; ആരും അവ ശേഖരിക്കുകയില്ല.” സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജ്ഞാനി തന്‍റെ ജ്ഞാനത്തിലും ബലവാന്‍ തന്‍റെ ബലത്തിലും ധനവാന്‍ തന്‍റെ ധനത്തിലും അഹങ്കരിക്കരുത്. ആരെങ്കിലും പ്രശംസിക്കുന്നെങ്കില്‍ അത് എന്നെ ഗ്രഹിച്ചറിയുന്നതില്‍ ആയിരിക്കട്ടെ. കാരണം, ഭൂമിയില്‍ സുസ്ഥിരസ്നേഹവും നീതിയും ന്യായവും പുലര്‍ത്തുന്ന സര്‍വേശ്വരനാണല്ലോ ഞാന്‍; ഇവയിലാണു ഞാന്‍ സന്തോഷിക്കുന്നതെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. [25,26] ബാഹ്യമായി പരിച്ഛേദനം നടത്തിയവരെങ്കിലും ആന്തരികമായ പരിച്ഛേദനം ഏല്‌ക്കാത്ത എല്ലാവരെയും ശിക്ഷിക്കുന്ന ദിനങ്ങള്‍ ഇതാ ആഗതമാകുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ഈജിപ്ത്, യെഹൂദാ, എദോം, അമ്മോന്യര്‍, മോവാബ്യര്‍, തലയുടെ അരികുവടിക്കുന്ന മരുഭൂവാസികള്‍ എന്നീ ജനതകളും ഇസ്രായേല്‍ഭവനവും ഹൃദയത്തില്‍ പരിച്ഛേദനം ഏല്‌ക്കാത്തവരാണല്ലോ. ഇസ്രായേല്‍ഭവനമേ, സര്‍വേശ്വരന്‍റെ വാക്കു കേള്‍ക്കുക. അവിടുന്ന് അരുളിച്ചെയ്യുന്നു: “മറ്റു ജനതകളുടെ മാര്‍ഗം നീ അനുകരിക്കരുത്; ആകാശത്തിലെ അടയാളങ്ങള്‍ കണ്ടു സംഭ്രമിക്കരുത്. ജനതകളാണ് അതു കണ്ടു പരിഭ്രാന്തരാകുന്നത്. ജനതകളുടെ മതാചാരങ്ങള്‍ വ്യര്‍ഥമാണ്. ഒരാള്‍ വനത്തിലെ മരം മുറിച്ചെടുക്കുന്നു; അതില്‍ ശില്പി ഉളികൊണ്ടു പണിയുന്നു. സ്വര്‍ണവും വെള്ളിയുംകൊണ്ടു മനുഷ്യര്‍ അതു പൊതിയുന്നു; ഇളകി പോകാതിരിക്കാന്‍ ആണിയടിച്ച് ഉറപ്പിക്കുന്നു. വെള്ളരിത്തോട്ടത്തില്‍ വയ്‍ക്കുന്ന കോലങ്ങള്‍പോലെയാണ് അവരുടെ വിഗ്രഹങ്ങള്‍; അവ സംസാരിക്കുന്നില്ല; തനിയെ നടക്കാന്‍ കഴിവില്ലാത്തതിനാല്‍ ആരെങ്കിലും അവയെ ചുമക്കണം; നിങ്ങള്‍ അവയെ ഭയപ്പെടരുത്; നന്മയോ, തിന്മയോ ചെയ്യാന്‍ അവയ്‍ക്കു കഴിവില്ലല്ലോ.” സര്‍വേശ്വരാ, അങ്ങയെപ്പോലെ മറ്റാരുമില്ല; അങ്ങു വലിയവനാണ്; അവിടുത്തെ ശക്തി മഹത്ത്വമേറിയതാണ്. ജനതകളുടെ രാജാവേ, ആര് അങ്ങയെ ഭയപ്പെടാതിരിക്കും? അവിടുന്ന് അതിനു യോഗ്യനാണല്ലോ; ജനതകളുടെ ഇടയിലെ സകല ജ്ഞാനികളിലും അവരുടെ സകല രാജ്യങ്ങളിലും അങ്ങയെപ്പോലെ ആരുമില്ല. അവര്‍ ബുദ്ധിഹീനരും ഭോഷന്മാരുമാണ്; ഏതൊരു വിഗ്രഹത്തെക്കുറിച്ച് അവര്‍ പ്രഘോഷിക്കുന്നുവോ അതു വെറും മരക്കഷണമത്രേ. തര്‍ശ്ശീശില്‍നിന്നു കൊണ്ടുവന്ന വെള്ളിത്തകിടുകളും ഊഫാസില്‍നിന്നു കൊണ്ടുവന്ന സ്വര്‍ണവുംകൊണ്ട് ശില്പിയും സ്വര്‍ണപ്പണിക്കാരും അവ പണിയുന്നു. നീലയും ധൂമ്രവുമായ വസ്ത്രങ്ങള്‍ അവയെ അണിയിക്കുന്നു. അവയെല്ലാം വിദഗ്ധപണിക്കാരുടെ ജോലിയാണ്. എന്നാല്‍ സര്‍വേശ്വരനാണ് സത്യദൈവം; ജീവിക്കുന്ന ദൈവവും നിത്യനായ രാജാവും അവിടുന്നാണ്; അവിടുന്നു കോപിക്കുമ്പോള്‍ ഭൂമി വിറയ്‍ക്കുന്നു; അവിടുത്തെ ഉഗ്രകോപം സഹിക്കാന്‍ ജനതകള്‍ക്കു കഴിവില്ല. നിങ്ങള്‍ അവരോട് ഇങ്ങനെ പറയണം: “ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാക്കളല്ലാത്ത ദേവന്മാര്‍ ഭൂമിയില്‍നിന്നും ആകാശത്തിന്‍ കീഴില്‍നിന്നും നശിച്ചുപോകും.” സ്വന്തം ശക്തിയാല്‍ ഭൂമിയെ സൃഷ്‍ടിച്ചതും; സ്വന്തം ജ്ഞാനത്താല്‍ അതിനെ സ്ഥാപിച്ചതും സ്വന്തം വിവേകത്താല്‍ ആകാശത്തെ വിരിച്ചതും അവിടുന്നാണ്. അവിടുന്നു ശബ്ദിക്കുമ്പോള്‍, ആകാശത്തു വെള്ളത്തിന്‍റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് അവിടുന്നു മേഘങ്ങളെ ഉയര്‍ത്തുന്നു; മഴയ്‍ക്കായി മിന്നല്‍പ്പിണരുകളെ അവിടുന്നു സൃഷ്‍ടിക്കുന്നു; അവിടുത്തെ ഭണ്ഡാരങ്ങളില്‍നിന്നു കാറ്റു പുറപ്പെടുവിക്കുന്നു. മനുഷ്യരെല്ലാം ബുദ്ധിഹീനരും ഭോഷരുമാണ്; താന്‍ നിര്‍മിച്ച വിഗ്രഹങ്ങള്‍ നിമിത്തം സ്വര്‍ണപ്പണിക്കാരന്‍ ലജ്ജിതനാകും. അവര്‍ നിര്‍മിച്ച വിഗ്രഹങ്ങള്‍ വ്യാജമാണ്; അവയില്‍ ജീവശ്വാസമില്ല. അവ വിലയില്ലാത്തതും അര്‍ഥശൂന്യവുമാണ്; ശിക്ഷാസമയത്ത് അവയെല്ലാം നശിക്കും. യാക്കോബിന്‍റെ അവകാശമായ ദൈവം അങ്ങനെയല്ല, അവിടുന്നാണ് എല്ലാറ്റിനും രൂപം നല്‌കിയത്; ഇസ്രായേല്‍ഗോത്രം അവിടുത്തെ അവകാശമാണ്; സര്‍വശക്തനായ സര്‍വേശ്വരനെന്നാണ് അവിടുത്തെ നാമം. ഉപരോധിക്കപ്പെട്ടിരിക്കുന്നവരേ, ഭാണ്ഡം മുറുക്കി ഓടിപ്പോകുവിന്‍; സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: “കവിണയില്‍ വച്ച് എറിയുന്നതുപോലെ ദേശവാസികളെയെല്ലാം എറിഞ്ഞുകളയാന്‍ പോകുകയാണ്; അവരുടെമേല്‍ ഞാന്‍ ദുരിതം വരുത്തും; അത് അവര്‍ അനുഭവിക്കുകയും ചെയ്യും.” എന്‍റെ മുറിവു നിമിത്തം എനിക്കു ഹാ ദുരിതം! അതു വളരെ ദാരുണമാണ്; ഈ ദുരിതം ഞാന്‍ സഹിച്ചേ തീരൂ. എന്‍റെ കൂടാരം നശിച്ചുപോയി; അതിന്‍റെ ചരടുകളെല്ലാം പൊട്ടിയിരിക്കുന്നു; എന്‍റെ മക്കള്‍ എന്നെ വിട്ടുപോയി; അവരില്‍ ആരും ജീവിച്ചിരിക്കുന്നില്ല; എന്‍റെ കൂടാരം നിവര്‍ത്താനും അതിന്‍റെ ശീലകള്‍ വിരിക്കാനും ഇനി ആരുമില്ല. ഇടയന്മാര്‍ ബുദ്ധിഹീനരാണ്; അവര്‍ സര്‍വേശ്വരനെ അന്വേഷിക്കുന്നില്ല; അതുകൊണ്ട് അവര്‍ക്കു ഐശ്വര്യമുണ്ടാകുന്നില്ല; അവരുടെ ആട്ടിന്‍പറ്റം ചിതറിപ്പോയിരിക്കുന്നു. ഇതാ, ഒരു ആരവം അടുത്തു കേള്‍ക്കുന്നു; വടക്കുദേശത്തുനിന്നു വരുന്ന ഇരമ്പല്‍ യെഹൂദാനഗരങ്ങള്‍ നശിപ്പിച്ച് അവയെ കുറുനരികളുടെ താവളമാക്കും. സര്‍വേശ്വരാ, മനുഷ്യന്‍റെ വഴികള്‍ അവന്‍റെ നിയന്ത്രണത്തില്‍ അല്ലെന്നും അവന്‍റെ കാലടികള്‍ നിയന്ത്രിക്കുന്നത് അവനല്ലെന്നും ഞാന്‍ അറിയുന്നു. സര്‍വേശ്വരാ, നീതിപൂര്‍വം എന്നെ തിരുത്തണമേ. ഞാന്‍ നശിച്ചുപോകുംവിധം അതു കോപത്തോടെ ആയിരിക്കരുതേ. അങ്ങയെ അറിയാത്ത ജനതകളുടെ മേലും, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കാത്ത ജനപദങ്ങളുടെമേലും അവിടുത്തെ ക്രോധം പകരണമേ, അവര്‍ യാക്കോബുവംശജരെ വിഴുങ്ങിയിരിക്കുന്നു; അവര്‍ അവരെ നശിപ്പിച്ചു; അവരുടെ പാര്‍പ്പിടം നിര്‍ജനമാക്കിയിരിക്കുന്നു.” യിരെമ്യാക്കു സര്‍വേശ്വരനില്‍നിന്നു ലഭിച്ച അരുളപ്പാട്: “ഈ ഉടമ്പടിയിലെ വ്യവസ്ഥകള്‍ കേട്ട്, യെഹൂദ്യരോടും യെരൂശലേംനിവാസികളോടും പറയുക. നീ അവരോടു പ്രസ്താവിക്കണം: ‘ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; ഈ ഉടമ്പടിയിലെ വ്യവസ്ഥകള്‍ പാലിക്കാത്തവന്‍ ശപിക്കപ്പെട്ടവന്‍.’ ഇരുമ്പുചൂളയായ ഈജിപ്തില്‍നിന്നു നിങ്ങളുടെ പിതാക്കന്മാരെ കൂട്ടിക്കൊണ്ടു വന്നപ്പോള്‍ അവരോടു ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥകളാണിവ; എന്‍റെ ശബ്ദം നിങ്ങള്‍ കേള്‍ക്കണം; ഞാന്‍ നിങ്ങളോടു കല്പിക്കുന്നതെല്ലാം നിങ്ങള്‍ അനുസരിക്കണം. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ എന്‍റെ ജനമായിരിക്കും; ഞാന്‍ നിങ്ങളുടെ ദൈവവുമായിരിക്കും. ഇന്നു നിങ്ങള്‍ക്കുള്ളതുപോലെ, പാലും തേനും ഒഴുകുന്ന ദേശം നിങ്ങള്‍ക്കു നല്‌കുമെന്നു നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത വാഗ്ദാനം ഞാന്‍ നിറവേറ്റും. സര്‍വേശ്വരാ, അങ്ങനെ ആകട്ടെ എന്നു ഞാന്‍ മറുപടി പറഞ്ഞു.” പിന്നീട് സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “ഈ വാക്കുകളെല്ലാം യെഹൂദ്യയിലെ നഗരങ്ങളിലും യെരൂശലേമിലെ തെരുവീഥികളിലും വിളംബരം ചെയ്യുക; ഈ ഉടമ്പടിയുടെ വ്യവസ്ഥകള്‍ നിങ്ങള്‍ കേട്ട് അവ നടപ്പാക്കുവിന്‍. ഈജിപ്തില്‍നിന്നു നിങ്ങളുടെ പിതാക്കന്മാരെ കൂട്ടിക്കൊണ്ടു വന്നതുമുതല്‍ ഇന്നുവരെ, ‘എന്‍റെ വാക്ക് അനുസരിക്കുവിന്‍’ എന്നു ഞാന്‍ നിങ്ങളെ നിരന്തരം ഉദ്ബോധിപ്പിച്ചിരുന്നു. എന്നാല്‍ അവര്‍ അതു കേള്‍ക്കുകയോ അനുസരിക്കുകയോ ചെയ്തില്ല; എല്ലാവരും ദുഷ്ടഹൃദയരായി ദുശ്ശാഠ്യത്തോടെ നടന്നു; ഉടമ്പടിയിലെ വ്യവസ്ഥകള്‍ അവര്‍ പാലിച്ചില്ല. അതുകൊണ്ട്, അതിലെ വ്യവസ്ഥകളനുസരിച്ചു ഞാന്‍ അവരോടു പെരുമാറും.” അവിടുന്നു വീണ്ടും എന്നോട് അരുളിച്ചെയ്തു: “യെഹൂദ്യയിലെ ജനങ്ങളും യെരൂശലേം നിവാസികളും ഗൂഢാലോചന നടത്തുന്നു. എന്‍റെ വാക്കുകള്‍ നിരസിച്ച അവരുടെ പൂര്‍വപിതാക്കന്മാരുടെ അകൃത്യങ്ങളിലേക്ക് അവര്‍ പിന്തിരിയുന്നു; അവര്‍ അന്യദേവന്മാരുടെ പിന്നാലെ പോയി അവയെ ആരാധിക്കുന്നു. ഇസ്രായേല്‍ഗൃഹവും യെഹൂദാഗൃഹവും അവരുടെ പിതാക്കന്മാരോടു ഞാന്‍ ചെയ്ത ഉടമ്പടി ലംഘിച്ചു. അതുകൊണ്ട് അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാന്‍ അവരുടെമേല്‍ അനര്‍ഥം വരുത്തും; അവയില്‍നിന്നു രക്ഷപെടാന്‍ അവര്‍ക്കു കഴിയുകയില്ല; അവര്‍ എന്നോടു നിലവിളിച്ചാലും ഞാന്‍ ശ്രദ്ധിക്കുകയില്ല. യെഹൂദ്യയിലെ നഗരങ്ങളും യെരൂശലേംനിവാസികളും തങ്ങള്‍ ധൂപാര്‍പ്പണം നടത്തുന്ന ദേവന്മാരുടെ അടുക്കലേക്കു തിരിഞ്ഞ് അവരുടെ മുമ്പില്‍ നിലവിളിക്കും; എന്നാല്‍ അനര്‍ഥകാലത്ത് അവരെ രക്ഷിക്കാന്‍ അവര്‍ക്കു കഴിവില്ല. അല്ലയോ യെഹൂദ്യയേ, നിനക്ക് എത്ര നഗരങ്ങളുണ്ടോ അത്രയും ദേവന്മാരുമുണ്ട്; മ്ലേച്ഛമായ ബാല്‍ വിഗ്രഹങ്ങള്‍ക്കു ധൂപമര്‍പ്പിക്കാന്‍ യെരൂശലേം വീഥികള്‍ക്കൊപ്പം നീ ധൂപപീഠങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു. അതുകൊണ്ടു യിരെമ്യായേ, ഈ ജനതയ്‍ക്കുവേണ്ടി നീ പ്രാര്‍ഥിക്കരുത്; അവര്‍ക്കുവേണ്ടി വിലപിക്കുകയോ അപേക്ഷിക്കുകയോ അരുത്; അനര്‍ഥകാലത്ത് അവര്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കുകയില്ല. ദുഷ്കൃത്യങ്ങള്‍ ചെയ്ത എന്‍റെ പ്രിയയ്‍ക്ക് എന്‍റെ ആലയത്തില്‍ ഇനി എന്തവകാശമാണുള്ളത്? നേര്‍ച്ചകള്‍ക്കോ യാഗമാംസത്തിനോ നിങ്ങള്‍ക്കു സംഭവിക്കാന്‍ പോകുന്ന ദുരന്തത്തില്‍നിന്നു നിങ്ങളെ രക്ഷിക്കാന്‍ കഴിയുമോ? അപ്പോള്‍ നിങ്ങള്‍ക്ക് ആഹ്ലാദിക്കാനാവുമോ? ഫലസമൃദ്ധമായ തഴച്ച ഒലിവുമരമെന്ന് ഒരിക്കല്‍ സര്‍വേശ്വരന്‍ നിങ്ങളെ വിളിച്ചു; എന്നാല്‍ കൊടുങ്കാറ്റിന്‍റെ ഗര്‍ജനത്തോടുകൂടി അവിടുന്ന് അതിനെ ചുട്ടെരിക്കും; അതിന്‍റെ ശാഖകള്‍ ചാരമായിത്തീരും. നിന്നെ നട്ടുപിടിപ്പിച്ച സര്‍വശക്തനായ സര്‍വേശ്വരന്‍ നിന്‍റെ നാശം പ്രഖ്യാപിച്ചുകഴിഞ്ഞു; കാരണം, ഇസ്രായേല്‍ഗൃഹവും യെഹൂദാഗൃഹവും ചെയ്ത തിന്മപ്രവൃത്തികള്‍തന്നെ; അവര്‍ ബാലിനു ധൂപാര്‍പ്പണം നടത്തി എന്നെ പ്രകോപിപ്പിച്ചിരിക്കുന്നു. സര്‍വേശ്വരന്‍ അതെനിക്കു വെളിപ്പെടുത്തി; ഞാന്‍ അതു മനസ്സിലാക്കി; അവരുടെ ദുഷ്കൃത്യങ്ങള്‍ അവിടുന്ന് എനിക്കു കാണിച്ചുതന്നു. ഞാനാകട്ടെ കശാപ്പിനു കൊണ്ടുപോകുന്ന ശാന്തനായ കുഞ്ഞാടിനെപ്പോലെ ആയിരുന്നു. ‘ഫലത്തോടുകൂടി വൃക്ഷത്തെ നശിപ്പിക്കാം, ജീവിക്കുന്നവരുടെ ദേശത്തുനിന്ന് അവനെ നീക്കിക്കളയാം, അവന്‍റെ പേരു പോലും ഇനി ആരും ഓര്‍മിക്കരുത്’ എന്നു പറഞ്ഞ് ഗൂഢാലോചന നടത്തിയത് എനിക്കെതിരെ ആയിരുന്നു എന്നു ഞാന്‍ അറിഞ്ഞിരുന്നില്ല. നീതിപൂര്‍വം വിധിക്കുന്നവനും ഹൃദയത്തെയും മനസ്സിനെയും പരിശോധിക്കുന്നവനും സര്‍വശക്തനുമായ സര്‍വേശ്വരാ, അവിടുന്ന് അവരോടു പ്രതികാരം കാട്ടുന്നതു കാണാന്‍ എനിക്ക് ഇടയാക്കണമേ; എന്‍റെ സങ്കടം തിരുസന്നിധിയിലാണല്ലോ ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നത്. സര്‍വേശ്വരന്‍റെ നാമത്തില്‍ പ്രവചിക്കരുത്; പ്രവചിച്ചാല്‍ ഞങ്ങള്‍ നിന്നെ കൊന്നുകളയും എന്നു പറഞ്ഞ് എന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന അനാഥോത്തുകാരെപ്പറ്റി അവിടുന്ന് അരുളിച്ചെയ്യുന്നു: “ഞാന്‍ അവരെ ശിക്ഷിക്കും; അവരുടെ യുവാക്കള്‍ വാളിനിരയാകും, പുത്രന്മാരും പുത്രിമാരും ക്ഷാമംമൂലം മരിക്കും. അനാഥോത്തുകാരെ ശിക്ഷിക്കുന്ന കാലത്ത് ഞാന്‍ അവര്‍ക്ക് അനര്‍ഥം വരുത്തും. അവരില്‍ ആരും അവശേഷിക്കുകയില്ല എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.” സര്‍വേശ്വരാ, ഞാന്‍ അങ്ങയോടു പരാതിപ്പെടുമ്പോഴും അവിടുന്നു നീതിമാനാകുന്നു; എന്‍റെ ആവലാതി അങ്ങയുടെ മുമ്പില്‍ വയ്‍ക്കുന്നു; ദുഷ്ടന്‍ എന്തുകൊണ്ടാണ് അഭിവൃദ്ധിപ്പെടുന്നത്? വഞ്ചകര്‍ നിര്‍ഭയരായിരിക്കുന്നതും എന്ത്? അവിടുന്ന് അവരെ നട്ടു; അവര്‍ വേരൂന്നി വളര്‍ന്നു ഫലം കായ്‍ക്കുന്നു. അവരുടെ അധരങ്ങളില്‍ അങ്ങുണ്ട്. എന്നാല്‍ അവരുടെ ഹൃദയത്തില്‍നിന്നോ അവിടുന്ന് വിദൂരസ്ഥനായിരിക്കുന്നു. സര്‍വേശ്വരാ, അവിടുന്ന് എന്നെ അറിയുന്നു; എന്നെ കാണുന്നു; എന്‍റെ ഹൃദയം അങ്ങയിലാണോ എന്ന് അവിടുന്നു പരിശോധിക്കുന്നു; കൊല്ലാനുള്ള ആടുകളെപ്പോലെ വലിച്ചിഴച്ച് കൊലദിവസത്തേക്ക് അവരെ മാറ്റി നിര്‍ത്തണമേ. എത്രനാള്‍ ദേശം വിലപിക്കും? എല്ലാ വയലിലെയും പുല്ലു വാടും. മൃഗങ്ങളും പക്ഷികളും ഇല്ലാതാകും. ദേശവാസികളുടെ ദുഷ്ടതയാണ് അതിനു കാരണം. ‘നാം ചെയ്യുന്നത് അവിടുന്നു കാണുന്നില്ല’ എന്ന് അവര്‍ പറയുന്നു. ഓട്ടക്കാരോടുകൂടെ ഓടിയിട്ടു നീ തളര്‍ന്നുപോയെങ്കില്‍ കുതിരകളോടൊപ്പം നീ എങ്ങനെ മത്സരിച്ചോടും? സുരക്ഷിതമായ സ്ഥലത്തു നീ വീണുപോയാല്‍, യോര്‍ദ്ദാന്‍ വനപ്രദേശത്ത് നീ എന്തു ചെയ്യും? നിന്‍റെ സഹോദരന്മാരും പിതൃഭവനവും പോലും നിന്നോടു ചതിവായി പെരുമാറിയിരിക്കുന്നു; അവരും നിനക്കെതിരെ മുറവിളി കൂട്ടുകയാണ്; നിന്നോടു മധുരവാക്കുകള്‍ പറഞ്ഞാലും അവരെ വിശ്വസിക്കരുത്. എന്‍റെ ഭവനം ഞാന്‍ ഉപേക്ഷിച്ചു; എന്‍റെ അവകാശം ഞാന്‍ പരിത്യജിച്ചിരിക്കുന്നു; എന്‍റെ പ്രാണപ്രിയയെ അവളുടെ ശത്രുക്കളുടെ കൈയില്‍ ഏല്പിച്ചുകൊടുത്തു. എനിക്ക് അവകാശപ്പെട്ടവള്‍ കാട്ടിലെ സിംഹം പോലെ ആയിരിക്കുന്നു; അവള്‍ എനിക്കെതിരെ ഗര്‍ജിക്കുന്നു; അതുകൊണ്ട് ഞാന്‍ അവളെ വെറുക്കുന്നു. എന്‍റെ ജനം കഴുകന്മാര്‍ ചുറ്റിവളഞ്ഞാക്രമിക്കുന്ന പുള്ളിപ്പക്ഷിയെപ്പോലെ ആയിരിക്കുകയാണോ? അവരെ വിഴുങ്ങുന്നതിനു സകല വന്യമൃഗങ്ങളെയും ഒരുമിച്ചു കൂട്ടുവിന്‍. അനേകം ഇടയന്മാര്‍ ചേര്‍ന്ന് എന്‍റെ മുന്തിരിത്തോട്ടം നശിപ്പിച്ചിരിക്കുന്നു; എന്‍റെ അവകാശം അവര്‍ ചവുട്ടി മെതിച്ചിരിക്കുന്നു; മനോഹരമായ എന്‍റെ അവകാശത്തെ ശൂന്യമായ മരുഭൂമി ആക്കിയിരിക്കുന്നു. അവര്‍ അതു ശൂന്യമാക്കി; ശൂന്യാവസ്ഥയില്‍നിന്ന് അത് എന്നോടു നിലവിളിക്കുന്നു; ദേശം മുഴുവന്‍ ശൂന്യമായിരിക്കുകയാണ്; ആരും ഇക്കാര്യം ശ്രദ്ധിക്കുന്നില്ലല്ലോ. മരുഭൂമിയിലെ മൊട്ടക്കുന്നുകളിലെല്ലാം വിനാശകര്‍ എത്തിയിരിക്കുന്നു; ദേശത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ സര്‍വേശ്വരന്‍റെ വാള്‍ സംഹാരം നടത്തുന്നു; യാതൊരു ജീവിക്കും സമാധാനമില്ല. അവര്‍ കോതമ്പു വിതച്ചെങ്കിലും മുള്ളു കൊയ്തു; കഠിനാധ്വാനം ചെയ്തെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല; സര്‍വേശ്വരന്‍റെ ഉഗ്രകോപം നിമിത്തം തങ്ങളുടെ വിളവുകളെക്കുറിച്ച് അവര്‍ ലജ്ജിക്കും. എന്‍റെ ജനമായ ഇസ്രായേലിന് അവകാശമായി കൊടുത്ത ദേശത്തിന്മേല്‍ കൈവച്ച ദുഷ്ടരായ എല്ലാ അയല്‍ക്കാരോടും സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അവരെ തങ്ങളുടെ ദേശത്തുനിന്നു ഞാന്‍ പിഴുതെറിയും; യെഹൂദാഗൃഹത്തെ അവരുടെ ഇടയില്‍നിന്നു ഞാന്‍ പിഴുതെടുക്കും. അതിനുശേഷം ഞാന്‍ അവരോടു കരുണകാണിക്കും; ഓരോ ജനതയെയും അവരുടെ അവകാശത്തിലേക്കും സ്വന്തം സ്ഥലത്തേക്കും മടക്കിക്കൊണ്ടുവരും.” അവര്‍ ബാലിന്‍റെ നാമത്തില്‍ ആണയിടാന്‍ എന്‍റെ ജനത്തെ പഠിപ്പിച്ചതുപോലെ, “ജീവിക്കുന്ന സര്‍വേശ്വരനായ എന്‍റെ പേരില്‍ ആണയിട്ടുകൊണ്ട് എന്‍റെ ജനത്തിന്‍റെ വഴികളില്‍ നടക്കാന്‍ പഠിച്ചാല്‍ എന്‍റെ ജനത്തിന്‍റെ ഇടയില്‍ അവരും അഭിവൃദ്ധി പ്രാപിക്കും.” എന്നാല്‍ ഏതെങ്കിലും ജനത എന്നെ അനുസരിക്കാതിരുന്നാല്‍, ഞാന്‍ അവരെ വേരോടെ പിഴുതെടുത്തു നശിപ്പിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “നീ പോയി ഒരു ചണവസ്ത്രം വാങ്ങി അരയ്‍ക്കു കെട്ടുക; അതു വെള്ളത്തില്‍ മുക്കരുത്.” അവിടുന്നു കല്പിച്ചതുപോലെ ഞാന്‍ പോയി, അരക്കച്ച വാങ്ങി, അരയ്‍ക്കു കെട്ടി. അവിടുത്തെ അരുളപ്പാട് എനിക്കു വീണ്ടും ഉണ്ടായി: “നീ വാങ്ങി ധരിച്ചിരിക്കുന്ന അരക്കച്ചയുമായി യൂഫ്രട്ടീസ് നദീതീരത്തുപോയി, അവിടെയുള്ള പാറയിടുക്കില്‍ അത് ഒളിച്ചുവയ്‍ക്കുക.” സര്‍വേശ്വരന്‍ കല്പിച്ചതുപോലെ ഞാന്‍ യൂഫ്രട്ടീസ്തീരത്തു ചെന്ന് അത് അവിടെ ഒളിച്ചുവച്ചു. വളരെ ദിവസങ്ങള്‍ക്കുശേഷം അവിടുന്ന് എന്നോടരുളിച്ചെയ്തു: “നീ എഴുന്നേറ്റ് യൂഫ്രട്ടീസ്തീരത്തു ചെന്നു ഞാന്‍ കല്പിച്ചപ്രകാരം നീ ഒളിച്ചുവച്ച അരക്കച്ച എടുക്കുക.” അങ്ങനെ ഞാന്‍ അവിടെ ചെന്ന് അത് എടുത്തു. അതാകട്ടെ ഒന്നിനും കൊള്ളാത്തവിധം ജീര്‍ണിച്ചിരുന്നു. അപ്പോള്‍ സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി. യെഹൂദായുടെ ഗര്‍വും യെരൂശലേമിന്‍റെ ഔദ്ധത്യവും ഞാന്‍ ഇതുപോലെ നശിപ്പിക്കും. എന്‍റെ വാക്ക് അനുസരിക്കാതെ ദുശ്ശാഠ്യത്തോടെ നടക്കുകയും അന്യദേവന്മാരുടെ പിന്നാലെ പോയി അവരെ സേവിച്ച് ആരാധിക്കുകയും ചെയ്യുന്ന ദുഷ്ടജനത്തെ ഒന്നിനും കൊള്ളാത്ത ഈ അരക്കച്ചപോലെയാക്കും. അരക്കച്ച ഒരുവന്‍റെ അരയോടു പറ്റിയിരിക്കുന്നതുപോലെ സര്‍വ ഇസ്രായേല്‍ഗൃഹവും, സര്‍വ യെഹൂദാഗൃഹവും എന്നോടു പറ്റിച്ചേരുമാറാക്കി. അവര്‍ എന്‍റെ ജനവും എന്‍റെ കീര്‍ത്തിയും എന്‍റെ അഭിമാനവും എന്‍റെ മഹത്ത്വവും ആയിത്തീരുന്നതിനുവേണ്ടി ആയിരുന്നു അത്. അവരാകട്ടെ അതു ശ്രദ്ധിച്ചില്ല എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. നീ അവരോടു പറയുക; ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എല്ലാ തോല്‌ക്കുടങ്ങളിലും വീഞ്ഞു നിറയും; അപ്പോള്‍ അവര്‍ നിന്നോടു പറയും, എല്ലാ തോല്‌ക്കുടങ്ങളിലും വീഞ്ഞു നിറയും എന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടേ? അപ്പോള്‍ നീ അവരോടു പറയണം: “സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; ദാവീദിന്‍റെ സിംഹാസനത്തിലിരിക്കുന്ന രാജാക്കന്മാര്‍, പുരോഹിതന്മാര്‍, പ്രവാചകര്‍, സര്‍വ യെരൂശലേംനിവാസികള്‍ എന്നീ ദേശവാസികളെയെല്ലാം ഞാന്‍ ലഹരികൊണ്ട് ഉന്മത്തരാക്കും. ഞാന്‍ അവരെ തമ്മില്‍ തമ്മിലും പിതാക്കന്മാരെയും പുത്രന്മാരെയും തമ്മിലും കൂട്ടിയടിപ്പിച്ചു നശിപ്പിക്കുമാറാക്കും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; ഞാന്‍ ആരോടും ദയ കാണിക്കയില്ല; ആരെയും വെറുതേ വിടുകയില്ല, ആരോടും കരുണ കാണിക്കയുമില്ല. ഞാന്‍ അവരെയെല്ലാം നശിപ്പിക്കും.” നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുവിന്‍, അഹങ്കരിക്കരുത്; സര്‍വേശ്വരനാണ് അരുളിച്ചെയ്യുന്നത്. ഞാന്‍ അന്ധകാരം വരുത്തും മുമ്പേ, അന്ധകാരാവൃതമായ പര്‍വതങ്ങളില്‍ നിങ്ങളുടെ കാലിടറും മുമ്പേ, നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു മഹത്ത്വം നല്‌കുവിന്‍; അല്ലെങ്കില്‍ നിങ്ങള്‍ പ്രകാശത്തിനു കാത്തിരിക്കുമ്പോള്‍ തന്നെ അവിടുന്ന് അതിനെ മരണത്തിന്‍റെ കരിനിഴലും കൂരിരുട്ടുമാക്കും. നിങ്ങള്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ അഹങ്കാരത്തെക്കുറിച്ച് എന്‍റെ ആത്മാവ് രഹസ്യമായി കേഴും; സര്‍വേശ്വരന്‍ ആട്ടിന്‍കൂട്ടത്തെ അടിമത്തത്തിലേക്കു കൊണ്ടുപോയിരിക്കുന്നതിനാല്‍ ഞാന്‍ ഹൃദയം നൊന്തു കരയും; കണ്ണുനീര്‍ ധാരധാരയായി ഒഴുകും. രാജാവിനോടും രാജമാതാവിനോടും പറയുക: “നിന്‍റെ മനോഹരമായ കിരീടം ശിരസ്സില്‍നിന്നു വീണുപോയിരിക്കുന്നതുകൊണ്ടു സിംഹാസനത്തില്‍ നിന്നിറങ്ങി താഴെ ഇരിക്കുക.” നെഗബിലെ നഗരങ്ങള്‍ ഉപരോധിക്കപ്പെട്ടിരിക്കയാണ്; അവ ഭേദിക്കാന്‍ ആരുമില്ല. യെഹൂദായിലെ എല്ലാ ജനങ്ങളെയും പ്രവാസത്തിലേക്കു കൊണ്ടുപോയിരിക്കുന്നു. യെരൂശലേമേ, നിന്‍റെ കണ്ണുകളുയര്‍ത്തി വടക്കുനിന്നു വരുന്നവരെ കാണുക; നിന്നെ ഏല്പിച്ചിരുന്ന നിന്‍റെ മനോഹരമായ ആട്ടിന്‍കൂട്ടം എവിടെ? സുഹൃത്തുക്കളെന്നു കരുതിയിരുന്നവര്‍ നിന്നെ തോല്പിച്ചു നിന്നെ ഭരിക്കുമ്പോള്‍ നീ എന്തു പറയും? ഈറ്റുനോവുകൊണ്ടു വേദനപ്പെടുന്ന സ്‍ത്രീയെപ്പോലെ നീ വേദനപ്പെടുകയില്ലേ? “എനിക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നു നീ സ്വയം ചോദിച്ചേക്കാം; നിന്‍റെ തിന്മകളുടെ ആധിക്യം നിമിത്തമാണ് അവര്‍ നിന്‍റെ വസ്ത്രമുരിഞ്ഞു നിന്നെ അപമാനിച്ചത്. എത്യോപ്യനു തന്‍റെ തൊലിയോ പുള്ളിപ്പുലിക്ക് അതിന്‍റെ പുളളിയോ മാറ്റാന്‍ കഴിയുമോ? എങ്കില്‍ മാത്രമേ തിന്മചെയ്യാന്‍ മാത്രം ശീലിച്ച നിനക്കു നന്മ ചെയ്യാന്‍ കഴിയുകയുള്ളൂ. മരുഭൂമിയില്‍നിന്നു വീശുന്ന കാറ്റില്‍ പറക്കുന്ന പതിരുപോലെ ഞാന്‍ നിങ്ങളെ ചിതറിക്കും. നീ എന്നെ മറന്ന് വ്യര്‍ഥകാര്യങ്ങളില്‍ ആശ്രയിച്ചിരിക്കുന്നതുകൊണ്ടു നിനക്കു ലഭിച്ചിരിക്കുന്ന അവകാശവും ഞാന്‍ നിനക്ക് അളന്നു തന്നിരിക്കുന്ന ഓഹരിയും ഇതാണ്. ഞാന്‍ നിന്‍റെ ഉടുതുണി നിന്‍റെ മുഖം വരെ ഉയര്‍ത്തും. അങ്ങനെ നിന്‍റെ നഗ്നത വെളിവാകും. നിന്‍റെ മ്ലേച്ഛതകള്‍ ഞാന്‍ കണ്ടിരിക്കുന്നു, നിന്‍റെ വ്യഭിചാരവും മദഗര്‍ജനവും കാമാര്‍ത്തമായ വേശ്യാവൃത്തിയും കുന്നുകളിലും വയലുകളിലും ഞാന്‍ കണ്ടു; യെരൂശലേമേ, നിനക്കു ദുരിതം! നീ ശുദ്ധയാകാന്‍ എത്രകാലം വേണ്ടിവരും?” വരള്‍ച്ചയെക്കുറിച്ചു സര്‍വേശ്വരനില്‍നിന്നു യിരെമ്യാക്കുണ്ടായ അരുളപ്പാട്: “യെഹൂദാ വിലപിക്കുന്നു; അവളുടെ നഗരവാതിലുകള്‍ ദുര്‍ബലമായിരിക്കുന്നു; ജനം നിലത്തിരുന്നു കരയുന്നു; യെരൂശലേമിന്‍റെ രോദനം ഉയരുന്നു. അവളുടെ പ്രഭുക്കന്മാര്‍ ജലത്തിനുവേണ്ടി സേവകരെ അയയ്‍ക്കുന്നു; അവര്‍ കിണറ്റുകരയില്‍ എത്തുന്നുവെങ്കിലും ഒഴിഞ്ഞ പാത്രങ്ങളുമായി മടങ്ങുന്നു; അവര്‍ ലജ്ജിച്ചു വിഷണ്ണരായി തല മൂടുന്നു. മഴയില്ലാത്തതിനാല്‍ നിലം വരണ്ടിരിക്കുന്നു. കര്‍ഷകര്‍ ആകുലരായി തല മൂടുന്നു. പുല്ലില്ലായ്കയാല്‍ വയലിലെ മാന്‍പേടപോലും പെറ്റുവീണ കുട്ടിയെ വിട്ട് ഓടിപ്പോകുന്നു. കാട്ടുകഴുതകള്‍ മൊട്ടക്കുന്നുകളില്‍നിന്ന് കുറുനരികളെപോലെ കിതയ്‍ക്കുന്നു. തീറ്റ ഇല്ലായ്കയാല്‍ അവയുടെ കണ്ണു മങ്ങുന്നു. ഞങ്ങളുടെ ദുഷ്കൃത്യങ്ങള്‍ ഞങ്ങള്‍ക്കെതിരെ സാക്ഷ്യം വഹിക്കുന്നെങ്കിലും അവിടുത്തെ നാമം നിമിത്തം അവിടുന്നു പ്രവര്‍ത്തിക്കേണമേ; ഞങ്ങളുടെ പിന്മാറ്റങ്ങള്‍ അസംഖ്യമാണ്; അങ്ങേക്കെതിരെ ഞങ്ങള്‍ പാപം ചെയ്തിരിക്കുന്നു. ഇസ്രായേലിന്‍റെ പ്രത്യാശയും കഷ്ടകാലത്ത് അതിന്‍റെ രക്ഷകനുമായ സര്‍വേശ്വരാ, അവിടുന്ന് ഈ ദേശത്ത് പരദേശിയെപ്പോലെയും രാപാര്‍ക്കാന്‍ ഉദ്ദേശിക്കുന്ന വഴിപോക്കനെപ്പോലെയും ആയിരിക്കുന്നതെന്ത്? പരിഭ്രാന്തനായവനെപ്പോലെയും രക്ഷിക്കാന്‍ കഴിവില്ലാത്ത യോദ്ധാവിനെപ്പോലെയും അങ്ങ് ആയിരിക്കുന്നത് എന്തുകൊണ്ട്? എന്നാലും സര്‍വേശ്വരാ, അങ്ങു ഞങ്ങളുടെ മധ്യേ ഉണ്ട്; അവിടുത്തെ നാമത്താല്‍ ഞങ്ങള്‍ അറിയപ്പെടുന്നു; ഞങ്ങളെ കൈവിടരുതേ.” ഈ ജനത്തെക്കുറിച്ചു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അവര്‍ അലഞ്ഞു നടക്കാനാണ് ഇഷ്ടപ്പെടുന്നത്. അവരുടെ കാലുകളെ അവര്‍ നിയന്ത്രിക്കുന്നില്ല; അതുകൊണ്ട് അവിടുന്ന് അവരെ സ്വീകരിക്കുന്നില്ല; അവരുടെ അകൃത്യങ്ങള്‍ നിമിത്തം അവിടുന്ന് ഇപ്പോള്‍ അവരുടെ പാപങ്ങള്‍ക്കു ശിക്ഷ നല്‌കും.” സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “ഈ ജനത്തിന്‍റെ ക്ഷേമത്തിനുവേണ്ടി പ്രാര്‍ഥിക്കരുത്. അവര്‍ ഉപവസിച്ചാലും അവരുടെ നിലവിളി ഞാന്‍ കേള്‍ക്കുകയില്ല; അവര്‍ ഹോമയാഗവും ധാന്യയാഗവും അര്‍പ്പിച്ചാലും ഞാന്‍ സ്വീകരിക്കുകയില്ല; യുദ്ധവും ക്ഷാമവും പകര്‍ച്ചവ്യാധിയുംകൊണ്ടു ഞാന്‍ അവരെ നശിപ്പിക്കും.” അപ്പോള്‍ ഞാന്‍ പറഞ്ഞു: “നിങ്ങള്‍ യുദ്ധം കാണുകയില്ല; നിങ്ങള്‍ക്കു ക്ഷാമമുണ്ടാകുകയില്ല; നിങ്ങളുടെ ദേശത്തു സുസ്ഥിരമായ സമാധാനം ഞാന്‍ നല്‌കും എന്നാണല്ലോ സര്‍വേശ്വരനായ ദൈവമേ, പ്രവാചകന്മാര്‍ അവരോടു പറയുന്നത്.” അവിടുന്ന് അരുളിച്ചെയ്തു: “പ്രവാചകന്മാര്‍ എന്‍റെ നാമത്തില്‍ വ്യാജം പ്രവചിക്കുന്നു; ഞാന്‍ അവരെ അയയ്‍ക്കുകയോ കല്പിക്കുകയോ ചെയ്തിട്ടില്ല; ഞാന്‍ അവരോടു സംസാരിച്ചിട്ടുമില്ല. വ്യാജദര്‍ശനവും ഭാവിയെക്കുറിച്ചുള്ള വ്യര്‍ഥമായ പ്രവചനവും അവരുടെ ഹൃദയത്തിലെ വഞ്ചനയുമാണ് അവര്‍ നിങ്ങളോടു പറയുന്നത്. എന്‍റെ നാമത്തില്‍ പ്രവചിക്കുന്ന അവരെക്കുറിച്ചു ഞാന്‍ പറയുന്നു: അവരെ ഞാന്‍ അയച്ചിട്ടില്ലെങ്കിലും ‘ക്ഷാമവും യുദ്ധവും ഈ ദേശത്ത് ഉണ്ടാകുകയില്ല’ എന്നവര്‍ പറയുന്നു. അതുകൊണ്ട് ഞാന്‍ അവരെ വാളും ക്ഷാമവുംകൊണ്ടു നശിപ്പിക്കും. അവര്‍ ആരോടു പ്രവചിച്ചുവോ അവര്‍ വാളിനും ക്ഷാമത്തിനും ഇരയായി യെരൂശലേമിന്‍റെ വീഥികളില്‍ വീണുകിടക്കും; അവരെയും അവരുടെ ഭാര്യമാരെയും പുത്രീപുത്രന്മാരെയും സംസ്കരിക്കാന്‍ ആരും ഉണ്ടായിരിക്കയില്ല; അവരുടെ ദുഷ്കര്‍മങ്ങള്‍ അവരുടെ മേല്‍ത്തന്നെ ഞാന്‍ ചൊരിയും. ഈ വചനം നീ അവരോടു പറയണം: “എന്‍റെ കണ്ണുകളില്‍നിന്നു കണ്ണുനീര്‍ രാവും പകലും നിലയ്‍ക്കാതെ ഒഴുകട്ടെ; കാരണം എന്‍റെ ജനത്തിനു വലിയ അടിയേറ്റിരിക്കുന്നു. അവര്‍ക്കു കഠിനമായി ക്ഷതം പറ്റിയിരിക്കുന്നു. ഞാന്‍ വയലില്‍ ചെന്നാല്‍ വാളിനിരയായവരെയും പട്ടണത്തില്‍ കടന്നാല്‍ ക്ഷാമത്തിന്‍റെ ഫലമായി രോഗികളായവരെയും കാണുന്നു. പ്രവാചകനും പുരോഹിതനും നാടുനീളെ അലയുന്നു. അവര്‍ക്കു വിശ്രമമില്ല. യെഹൂദായെ അങ്ങു നിശ്ശേഷം പരിത്യജിച്ചു കളഞ്ഞുവോ? സീയോനോട് അങ്ങേക്കു വെറുപ്പു തോന്നുന്നുവോ? സൗഖ്യമാകാത്തവിധം, അവിടുന്ന് ഞങ്ങളെ എന്തിനു പ്രഹരിച്ചു? ഞങ്ങള്‍ സമാധാനം അന്വേഷിച്ചു; പക്ഷേ ഫലമുണ്ടായില്ല; രോഗശാന്തിക്കുവേണ്ടി കാത്തിരുന്നു; ലഭിച്ചതോ കൊടുംഭീതി. സര്‍വേശ്വരാ, ഞങ്ങളുടെ ദുഷ്കൃത്യങ്ങളും ഞങ്ങളുടെ പിതാക്കന്മാരുടെ അപരാധങ്ങളും ഞങ്ങള്‍ ഏറ്റുപറയുന്നു; ഞങ്ങള്‍ അങ്ങേക്കു വിരോധമായി പാപം ചെയ്തിരിക്കുന്നു. അങ്ങയുടെ നാമത്തെ ഓര്‍ത്തു ഞങ്ങളെ തള്ളിക്കളയരുതേ; അവിടുത്തെ മഹത്ത്വമുള്ള സിംഹാസനത്തെ അപമാനിക്കരുതേ; ഞങ്ങളോടുള്ള അവിടുത്തെ ഉടമ്പടി ഓര്‍ക്കണമേ; അതു ലംഘിക്കരുതേ. മറ്റു ജനതകളുടെ വ്യാജദേവന്മാര്‍ക്കിടയില്‍ മഴ പെയ്യിക്കാന്‍ കഴിവുള്ള ആരെങ്കിലുമുണ്ടോ? മഴ ചൊരിയാന്‍ ആകാശത്തിനു സ്വയം കഴിയുമോ? ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, മഴ നല്‌കുന്നത് അവിടുന്നാണല്ലോ. അതുകൊണ്ടു ഞങ്ങള്‍ അങ്ങയില്‍ പ്രത്യാശവയ്‍ക്കുന്നു. അവിടുന്നാണല്ലോ ഇവയെല്ലാം ചെയ്യുന്നത്. സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “മോശയും ഏലിയായും എന്നോടു യാചിച്ചാലും ഈ ജനത്തോട് എനിക്കു കരുണ തോന്നുകയില്ല. എന്‍റെ മുമ്പില്‍നിന്ന് അവരെ പറഞ്ഞയയ്‍ക്കുക; അവര്‍ പോകട്ടെ.” “ഞങ്ങള്‍ എങ്ങോട്ടു പോകും” എന്നവര്‍ ചോദിച്ചാല്‍ നീ അവരോടു പറയണം; സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “മഹാമാരിക്കുള്ളവര്‍ മഹാമാരിയിലേക്കും വാളിനുള്ളവര്‍ വാളിങ്കലേക്കും ക്ഷാമത്തിനുള്ളവര്‍ ക്ഷാമത്തിലേക്കും അടിമത്തത്തിനുള്ളവര്‍ അടിമത്തത്തിലേക്കും പോകട്ടെ. നാലു തരത്തിലുള്ള വിനാശകരെ ഞാന്‍ അവരുടെ നേരെ അയയ്‍ക്കും. വാള്‍ അവരെ സംഹരിക്കും; നായ്‍ക്കള്‍ അവരെ കടിച്ചുകീറും; ആകാശത്തിലെ പറവകളും വന്യമൃഗങ്ങളും അവരെ തിന്നൊടുക്കും. യെഹൂദാരാജാവായ ഹിസ്കീയായുടെ മകന്‍ മനശ്ശെ യെരൂശലേമില്‍ ചെയ്ത പാതകങ്ങള്‍ നിമിത്തം ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും മുമ്പില്‍ ഞാന്‍ അവരെ ഭീതിദവിഷയമാക്കിത്തീര്‍ക്കും. യെരൂശലേമേ, ആര്‍ക്കു നിന്നോടു കനിവു തോന്നും? ആരു നിന്നെ സമാശ്വസിപ്പിക്കും? നിന്‍റെ ക്ഷേമം അന്വേഷിക്കാന്‍ ആരുതിരിഞ്ഞുനില്‌ക്കും? സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നീ എന്നെ ഉപേക്ഷിച്ചിരിക്കുന്നു; നീ പിന്തിരിഞ്ഞല്ലോ; അതുകൊണ്ടു ഞാന്‍ നിനക്കെതിരെ കൈ നീട്ടി നിന്നെ നശിപ്പിച്ചു; കരുണ കാണിച്ചു ഞാന്‍ മടുത്തിരിക്കുന്നു.” ദേശത്തിലെ എല്ലാ പട്ടണവാതില്‌ക്കല്‍ വച്ചും ഞാന്‍ അവരെ വീശുമുറംകൊണ്ടു വീശിക്കളഞ്ഞു; ഉറ്റവരുടെ വേര്‍പാടിലുള്ള ദുഃഖം ഞാനവര്‍ക്കുണ്ടാക്കി; എന്‍റെ ജനത്തെ ഞാന്‍ നശിപ്പിച്ചു. എന്നിട്ടും അവര്‍ തങ്ങളുടെ വഴികളില്‍നിന്നു പിന്തിരിഞ്ഞില്ല. കടല്‍ത്തീരത്തെ മണലിനെക്കാള്‍ അധികമായി ഞാന്‍ അവരുടെ വിധവകളുടെ എണ്ണം വര്‍ധിപ്പിച്ചു; യുവയോദ്ധാക്കളുടെ അമ്മമാരുടെ നേര്‍ക്ക് നട്ടുച്ചയ്‍ക്കു ഞാന്‍ വിനാശകനെ അയച്ചു; മനോവേദനയും ഭീതിയും പെട്ടെന്ന് അവര്‍ക്ക് ഉളവാക്കി. ഏഴുമക്കളുടെ അമ്മയായിരുന്നവള്‍ ബോധശൂന്യയായി അന്ത്യശ്വാസം വലിച്ചു; പകല്‍ തീരുന്നതിനുമുമ്പ് അവളുടെ സൂര്യന്‍ അസ്തമിച്ചു; അവള്‍ ലജ്ജിതയും അപമാനിതയും ആയിരിക്കുന്നു; അവരില്‍ ശേഷിച്ചിരിക്കുന്നവരെ ശത്രുക്കളുടെ വാളിന് ഞാന്‍ ഇരയാക്കും” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. എന്‍റെ അമ്മേ, ഞാന്‍ എത്ര നിര്‍ഭാഗ്യവാനാണ്; നാട്ടിലെങ്ങും കലഹക്കാരനും വിവാദക്കാരനുമാകാന്‍ എനിക്ക് എന്തിനു ജന്മം നല്‌കി; ഞാന്‍ കടം കൊടുക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല. എങ്കിലും എല്ലാവരും എന്നെ ശപിക്കുന്നു. സര്‍വേശ്വരാ, ഞാന്‍ എന്‍റെ ശത്രുക്കളുടെ നന്മയ്‍ക്കുവേണ്ടി അപേക്ഷിക്കുകയോ അവര്‍ക്കു പ്രയാസവും കഷ്ടതയുമുണ്ടായപ്പോള്‍ അവര്‍ക്കുവേണ്ടി മധ്യസ്ഥത വഹിക്കുകയോ ചെയ്യാതിരുന്നെങ്കില്‍ അവര്‍ ശപിച്ചതുപോലെ എനിക്കു ഭവിക്കട്ടെ. വടക്കുനിന്നുള്ള ഇരുമ്പും താമ്രവും ആര്‍ക്കെങ്കിലും ഒടിക്കാമോ? നിന്‍റെ പാപം നിമിത്തം, നിന്‍റെ ധനവും നിക്ഷേപങ്ങളും കൊള്ള വസ്തുക്കള്‍പോലെ വില കൂടാതെ ദേശത്തെല്ലാം വിതരണം ചെയ്യും. നിങ്ങള്‍ അറിയാത്ത ഒരു ദേശത്തു നിങ്ങളെക്കൊണ്ടു ശത്രുക്കള്‍ക്കു ഞാന്‍ അടിമവേല ചെയ്യിക്കും; എന്‍റെ കോപത്തില്‍ ഒരിക്കലും കെടാത്ത തീ ഞാന്‍ കത്തിച്ചിരിക്കുന്നു. സര്‍വേശ്വരാ, അവിടുത്തേക്ക് എല്ലാം അറിയാമല്ലോ. എന്നെ ഓര്‍ത്ത് എന്നെ സന്ദര്‍ശിക്കണമേ; എന്നെ പീഡിപ്പിക്കുന്നവരോടു എനിക്കുവേണ്ടി പ്രതികാരം ചെയ്യണമേ; അവിടുത്തെ ക്ഷമയാല്‍ അവര്‍ എന്നെ നശിപ്പിച്ചു കളയാന്‍ ഇടയാക്കരുതേ; അങ്ങേക്കുവേണ്ടിയാണല്ലോ ഞാന്‍ നിന്ദ സഹിക്കുന്നത്. അവിടുത്തെ വചനം കണ്ടെത്തിയപ്പോള്‍ അവ ഞാന്‍ പ്രത്യക്ഷരം ഗ്രഹിച്ചു. അവിടുത്തെ വചനം എന്നെ സന്തോഷിപ്പിച്ചു; എന്‍റെ ഹൃദയത്തിന് അത് ആനന്ദമായിത്തീര്‍ന്നു; സര്‍വശക്തനായ സര്‍വേശ്വരാ, അവിടുത്തെ നാമമാണല്ലോ ഞാന്‍ വഹിക്കുന്നത്. ഉല്ലസിക്കുന്നവരുടെ കൂടെ ഇരുന്ന് ഞാന്‍ ആഹ്ലാദിച്ചിട്ടില്ല; അവിടുത്തെ അപ്രതിരോധ്യമായ പ്രേരണ എന്‍റെമേല്‍ ഉണ്ടായിരുന്നതുകൊണ്ടു ഞാന്‍ തനിച്ചിരുന്നു; ധര്‍മരോഷം കൊണ്ട് അവിടുന്ന് എന്നെ നിറച്ചിരുന്നു. “എന്‍റെ വേദന മാറാത്തത് എന്തുകൊണ്ട്? എന്‍റെ മുറിവു കരിയാതെ വ്രണപ്പെട്ടിരിക്കുന്നതും എന്ത്? വറ്റിപ്പോകുന്ന അരുവിപോലെ അങ്ങ് എന്നെ വഞ്ചിക്കുകയാണോ? അതുകൊണ്ട് സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ മടങ്ങി വന്നാല്‍ ഞാന്‍ നിന്നെ പുനഃസ്ഥാപിക്കും; നീ എന്‍റെ സന്നിധിയില്‍ നില്‌ക്കും; വിലകെട്ട കാര്യങ്ങള്‍ പറയാതെ ഉത്തമകാര്യങ്ങള്‍ മാത്രം സംസാരിച്ചാല്‍ നീ എന്‍റെ പ്രവാചകനാകും. അവര്‍ നിങ്കലേക്കു വരും; നീ അവരുടെ അടുക്കല്‍ പോകരുത്. ഈ ജനത്തിനു മുമ്പില്‍ ഞാന്‍ നിന്നെ താമ്രമതില്‍ പോലെയാക്കും; അവര്‍ നിനക്കെതിരെ യുദ്ധം ചെയ്യും; എന്നാല്‍ അവര്‍ ജയിക്കയില്ല; കാരണം, നിന്നെ സംരക്ഷിക്കുന്നതിനും മോചിപ്പിക്കുന്നതിനുമായി ഞാന്‍ നിന്നോടുകൂടെയുണ്ട്; ഇതു സര്‍വേശ്വരനാണ് അരുളിച്ചെയ്യുന്നത്. ദുഷ്ടന്മാരുടെ കൈയില്‍ നിന്നു ഞാന്‍ നിന്നെ രക്ഷിക്കും; നിര്‍ദയരുടെ പിടിയില്‍നിന്നു ഞാന്‍ നിന്നെ വീണ്ടെടുക്കും. സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: ഇവിടെനിന്നു നീ ഒരു ഭാര്യയെ സ്വീകരിക്കുകയോ, നിനക്കിവിടെ പുത്രന്മാരോ പുത്രിമാരോ ഉണ്ടാകുകയോ അരുത്. ഇവിടെ ജനിക്കുന്ന പുത്രീപുത്രന്മാരെ സംബന്ധിച്ചും അവരുടെ മാതാപിതാക്കന്മാരെ സംബന്ധിച്ചും അവിടുന്ന് അരുളിച്ചെയ്യുന്നു: “മാരകരോഗംകൊണ്ട് അവര്‍ മരിക്കും; അവരെക്കുറിച്ച് ആരും വിലപിക്കുകയില്ല; ആരും അവരെ സംസ്കരിക്കുകയുമില്ല; നിലത്തു വീണു കിടക്കുന്ന ചാണകംപോലെ അവര്‍ ആകും; യുദ്ധവും ക്ഷാമവുംകൊണ്ട് അവര്‍ നശിക്കും; അവരുടെ മൃതദേഹങ്ങള്‍ ആകാശത്തിലെ പറവകള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇരയായിത്തീരും. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: വിലപിക്കുന്നവര്‍ കൂടിയിരിക്കുന്ന ഭവനത്തില്‍ പ്രവേശിക്കരുത്; അവരോടൊപ്പം വിലപിക്കുകയോ അവരോടു സഹതപിക്കുകയോ അരുത്; കാരണം ഈ ജനത്തില്‍നിന്ന് എന്‍റെ സമാധാനം പിന്‍വലിച്ചിരിക്കുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; എന്‍റെ അചഞ്ചലസ്നേഹവും കരുണയും ഇവിടെ ഉണ്ടായിരിക്കുകയില്ല. ഈ സ്ഥലത്തു വലിയവരും ചെറിയവരും ഒരുപോലെ മരിച്ചുവീഴും; ആരും അവരെ സംസ്കരിക്കുകയില്ല; ആരും അവര്‍ക്കുവേണ്ടി വിലപിക്കുകയോ സ്വയം മുറിപ്പെടുത്തുകയോ തലമുണ്ഡനം ചെയ്യുകയോ ഇല്ല. മരിച്ചവരെക്കുറിച്ചു വിലപിക്കുന്നവന് ആശ്വാസമരുളാന്‍ ആരും അപ്പം മുറിച്ചു കൊടുക്കയില്ല; പിതാവിന്‍റെയോ മാതാവിന്‍റെയോ വേര്‍പാടില്‍ ദുഃഖിച്ചിരിക്കുന്നവന് ആശ്വാസത്തിന്‍റെ പാനപാത്രം ആരും കൊടുക്കുകയുമില്ല. വിരുന്നു നടത്തുന്ന ഭവനങ്ങളില്‍ പോയി അവരോടൊപ്പമിരുന്നു ഭക്ഷിക്കുകയോ പാനം ചെയ്യുകയോ അരുത്. ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ജീവിതകാലത്ത് ഇവിടെനിന്നു, നിങ്ങളുടെ കണ്‍മുമ്പില്‍നിന്നു തന്നെ ആഹ്ലാദത്തിന്‍റെയും ഉല്ലാസത്തിന്‍റെയും ആരവം നീക്കപ്പെടും; മണവാളന്‍റെയും മണവാട്ടിയുടെയും ശബ്ദം ഇല്ലാതെയാകും.” ഈ ജനത്തോടു ഞാന്‍ പറഞ്ഞ കാര്യങ്ങളെല്ലാം നീ അറിയിക്കുമ്പോള്‍ അവര്‍ നിന്നോടു ചോദിക്കും. “ഞങ്ങള്‍ക്കെതിരെ ഇത്ര വലിയ ശിക്ഷ എന്തിനാണ് സര്‍വേശ്വരന്‍ പ്രഖ്യാപനം ചെയ്തിരിക്കുന്നത്? ഞങ്ങള്‍ ചെയ്ത അതിക്രമം എന്താണ്? ഞങ്ങളുടെ ദൈവമായ സര്‍വേശ്വരനെതിരെ ഞങ്ങള്‍ എന്തു പാപം ചെയ്തു?” അപ്പോള്‍ നീ അവരോടു പറയണം. അവിടുന്ന് അരുളിച്ചെയ്യുന്നു: ‘നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ ഉപേക്ഷിച്ച് അന്യദേവന്മാരുടെ പുറകെ പോകുകയും അവരെ സേവിക്കുകയും ആരാധിക്കുകയും ചെയ്തില്ലേ? അവര്‍ എന്നെ ഉപേക്ഷിച്ചു. എന്‍റെ ധര്‍മശാസ്ത്രം പാലിച്ചുമില്ല. നിങ്ങളുടെ പിതാക്കന്മാരെക്കാള്‍ കൂടുതല്‍ തിന്മ നിങ്ങള്‍ പ്രവര്‍ത്തിക്കുകയും എന്നെ അനുസരിക്കാതെ തിന്മപ്രവൃത്തികളില്‍ നിങ്ങള്‍ ഉറച്ചു നില്‌ക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഈ ദേശത്തുനിന്ന് നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ കേട്ടിട്ടില്ലാത്ത ഒരു ദേശത്തേക്കു നിങ്ങളെ പറിച്ചെറിയും; അവിടെ രാവും പകലും അന്യദേവന്മാരെ നിങ്ങള്‍ സേവിക്കും; ഞാന്‍ നിങ്ങളോടു കരുണ കാണിക്കുകയില്ല.” സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഈജിപ്തില്‍നിന്ന് ഇസ്രായേല്‍ജനത്തെ മോചിപ്പിച്ചുകൊണ്ടു വന്ന സര്‍വേശ്വരനാണ എന്നു പറഞ്ഞു ശപഥം ചെയ്യാതെ, ഉത്തരദേശത്തുനിന്നും തങ്ങളെ ഓടിച്ചുവിട്ട സകല ദേശങ്ങളില്‍നിന്നും ഇസ്രായേല്‍ജനത്തെ വിമോചിപ്പിച്ചുകൊണ്ടുവന്ന സര്‍വേശ്വരനാണ എന്നു പറഞ്ഞു ശപഥം ചെയ്യുന്ന കാലം വരുന്നു; അവരുടെ പിതാക്കന്മാര്‍ക്കു കൊടുത്തിരുന്ന അവരുടെ സ്വന്തം ദേശത്തേക്കു ഞാന്‍ അവരെ തിരിച്ചു കൊണ്ടുവരും.” അവരെ പിടികൂടുന്നതിനുവേണ്ടി അനേകം മീന്‍പിടുത്തക്കാരെ ഞാന്‍ വരുത്തും; അവര്‍ അവരെ പിടിക്കും; പിന്നീട് അനേകം നായാട്ടുകാരെ വരുത്തും; സകല പര്‍വതങ്ങളില്‍നിന്നും കുന്നുകളില്‍നിന്നും പാറയിടുക്കുകളില്‍നിന്നും അവര്‍ അവരെ വേട്ടയാടും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. അവരുടെ എല്ലാ വഴികളും ഞാന്‍ കാണുന്നുണ്ട്; അവ എനിക്കു മറഞ്ഞിരിക്കുന്നില്ല, അവരുടെ അപരാധങ്ങള്‍ ഒന്നും എന്‍റെ കണ്ണുകളില്‍നിന്ന് അപ്രത്യക്ഷമായിരിക്കുന്നുമില്ല. അവരുടെ അകൃത്യത്തിനും പാപത്തിനും ഞാന്‍ ഇരട്ടി പ്രതികാരം ചെയ്യും; നിര്‍ജീവവിഗ്രഹങ്ങള്‍കൊണ്ട് അവര്‍ ദേശം മലിനമാക്കി; തങ്ങളുടെ മ്ലേച്ഛതകള്‍കൊണ്ട് എന്‍റെ അവകാശഭൂമി നിറച്ചിരിക്കുന്നു. എന്‍റെ ബലവും എന്‍റെ കോട്ടയും കഷ്ടകാലത്ത് എന്‍റെ അഭയസ്ഥാനവുമായ സര്‍ വേശ്വരാ, ഭൂമിയുടെ അറുതികളില്‍നിന്നു ജനതകള്‍ അങ്ങയുടെ അടുക്കല്‍ വന്നു പറയും: വ്യാജദേവന്മാരെയാണു ഞങ്ങളുടെ പിതാക്കന്മാര്‍ക്കു പൈതൃകമായി ലഭിച്ചത്; തീര്‍ത്തും പ്രയോജനരഹിതമായ വിഗ്രഹങ്ങള്‍. തനിക്കുവേണ്ടി ദേവന്മാരെ നിര്‍മിക്കാന്‍ മനുഷ്യനു കഴിയുമോ? അങ്ങനെയുള്ളവ ദേവന്മാരല്ല. അതുകൊണ്ടു ഞാന്‍ അവരെ ഒരു പാഠം പഠിപ്പിക്കും; എന്‍റെ ശക്തിയും എന്‍റെ കരുത്തും ഞാന്‍ അവര്‍ക്കു കാണിച്ചുകൊടുക്കും; ഞാന്‍ സര്‍വേശ്വരനെന്ന് അവര്‍ അറിയും. യെഹൂദായുടെ പാപം നാരായംകൊണ്ട് എഴുതിയിരിക്കുന്നു; വജ്രമുനകൊണ്ട് അവരുടെ ഹൃദയത്തിന്‍റെ ഭിത്തികളിലും അവരുടെ ബലിപീഠങ്ങളുടെ കൊമ്പുകളിലും അവ കൊത്തിവച്ചിരിക്കുന്നു. ഉയര്‍ന്ന കുന്നുകളില്‍, പച്ചമരങ്ങള്‍ക്കരികെയുള്ള ബലിപീഠങ്ങളെയും അശേരാപ്രതിഷ്ഠകളെയും അവരുടെ മക്കള്‍ ഓര്‍ക്കുന്നുവല്ലോ. നാട്ടിലെല്ലാം നിങ്ങള്‍ ചെയ്ത പാപത്തിനു പകരമായി നിങ്ങളുടെ സമ്പത്തും സകല നിക്ഷേപങ്ങളും കൊള്ളമുതല്‍ പോലെ ഞാന്‍ പങ്കിടും. ഞാന്‍ തന്ന അവകാശഭൂമി നിങ്ങള്‍ക്കു നഷ്ടപ്പെടും. നിങ്ങള്‍ അറിയാത്ത ഒരു ദേശത്തു നിങ്ങളെക്കൊണ്ടു ശത്രുക്കള്‍ക്കു ഞാന്‍ അടിമവേല ചെയ്യിക്കും. എന്‍റെ കോപത്താല്‍ ഒരിക്കലും കെടാത്ത അഗ്നി ഞാന്‍ കത്തിച്ചിരിക്കുന്നു. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “മനുഷ്യനില്‍ വിശ്വാസമര്‍പ്പിക്കയും കായബലത്തില്‍ ആശ്രയിക്കയും ചെയ്തു സര്‍വേശ്വരനില്‍ നിന്ന് അകന്നുപോകുന്നവന്‍ ശപിക്കപ്പെട്ടവന്‍. അവന്‍ മരുഭൂമിയിലെ കുറ്റിച്ചെടിപോലെയാണ്; നന്മ വരുമ്പോള്‍ അവനതു കാണാന്‍ കഴിയുന്നില്ല; മരുഭൂമിയിലെ വരണ്ട നിലത്തു, നിര്‍ജനമായ ഓരുനിലത്ത് അവന്‍ പാര്‍ക്കും. സര്‍വേശ്വരനെ ആശ്രയിക്കയും അവിടുന്നു തന്നെ പൂര്‍ണ ആശ്രയമായിരിക്കുകയും ചെയ്യുന്നവന്‍ അനുഗൃഹീതന്‍. അവന്‍ ആറ്റുതീരത്തു നട്ടിരിക്കുന്നതും വെള്ളത്തിലേക്കു വേരോടിയിരിക്കുന്നതുമായ വൃക്ഷംപോലെയാണ്; വേനല്‍ക്കാലമാകുമ്പോള്‍ അതു ഭയപ്പെടുകയില്ല; അതിന്‍റെ ഇലകള്‍ എപ്പോഴും പച്ച ആയിരിക്കും; വരള്‍ച്ചയുള്ള കാലത്ത് അതിന് ഉല്‍ക്കണ്ഠയില്ല; അതു ഫലം പുറപ്പെടുവിച്ചുകൊണ്ടേയിരിക്കും. ഹൃദയം മറ്റേതൊന്നിനെക്കാളും കാപട്യം നിറഞ്ഞതും അത്യന്തം ദൂഷിതവുമാണ്; ആര്‍ക്കാണതു ഗ്രഹിക്കാന്‍ കഴിയുക? സര്‍വേശ്വരനായ ഞാന്‍ ഹൃദയത്തെ പരിശോധിക്കുകയും മനസ്സിനെ പരീക്ഷിക്കുകയും ചെയ്യുന്നു; ഓരോ മനുഷ്യനും അവന്‍റെ വഴികള്‍ക്കും പ്രവൃത്തികള്‍ക്കും അനുസൃതമായി പ്രതിഫലം കൊടുക്കേണ്ടതിനുതന്നെ. അന്യായമായി സ്വത്തു സമ്പാദിക്കുന്നവന്‍ താനിടാത്ത മുട്ടയ്‍ക്ക് അടയിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാണ്; ജീവിതത്തിന്‍റെ മധ്യത്തില്‍ അത് അവനെ പിരിയും; അവസാനം അവന്‍ ഭോഷനായിത്തീരുകയും ചെയ്യും. ആദിമുതല്‍ ഉന്നതത്തില്‍ സ്ഥാപിതമായിരിക്കുന്ന, മഹത്ത്വമേറിയ സിംഹാസനമാണ് ഞങ്ങളുടെ വിശുദ്ധമന്ദിരം. ഇസ്രായേലിന്‍റെ പ്രത്യാശയായ സര്‍വേശ്വരാ, അങ്ങയെ ഉപേക്ഷിക്കുന്നവരെല്ലാം ലജ്ജിതരാകും; അങ്ങയില്‍നിന്നു പിന്തിരിഞ്ഞു പോകുന്നവര്‍, പൂഴിമണ്ണില്‍ എഴുതുന്ന പേരുകള്‍ പോലെ അപ്രത്യക്ഷരാകും; ജീവജലത്തിന്‍റെ ഉറവിടമായ സര്‍വേശ്വരനെ അവര്‍ ഉപേക്ഷിച്ചുവല്ലോ. സര്‍വേശ്വരാ, എന്നെ സുഖപ്പെടുത്തണമേ, എന്നാല്‍ ഞാന്‍ സൗഖ്യമുള്ളവനായിത്തീരും; എന്നെ രക്ഷിക്കണമേ, അപ്പോള്‍ ഞാന്‍ രക്ഷിക്കപ്പെടും; അങ്ങു മാത്രമാണ് എന്‍റെ പ്രത്യാശ. “സര്‍വേശ്വരന്‍റെ വചനം എവിടെ, അത് ഇപ്പോള്‍ നിവൃത്തിയാകട്ടെ” എന്നവര്‍ എന്നോടു പറയുന്നു. അവര്‍ക്കു തിന്മ വരുത്താന്‍ ഞാന്‍ യാതൊന്നും അങ്ങയോട് അപേക്ഷിച്ചില്ല; അവര്‍ക്ക് ദുര്‍ദിനം വരാന്‍ ഞാന്‍ ആഗ്രഹിച്ചുമില്ല; ഞാന്‍ പറഞ്ഞതെല്ലാം അങ്ങ് അറിയുന്നു. അങ്ങ് എനിക്കു ഭീതിദനാകരുതേ! കഷ്ടകാലത്ത് അങ്ങാണ് എന്‍റെ അഭയസ്ഥാനം. എന്നെ പീഡിപ്പിക്കുന്നവര്‍ ലജ്ജിതരാകട്ടെ; ഞാന്‍ ലജ്ജിതനാകരുതേ; അവര്‍ ഭ്രമിച്ചുപോകട്ടെ; ഞാന്‍ ഭ്രമിച്ചുപോകരുതേ; അവര്‍ക്ക് ദുര്‍ദിനം വരുത്തണമേ; അവരെ നിശ്ശേഷം തകര്‍ത്തു കളഞ്ഞാലും. സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “യെഹൂദാരാജാക്കന്മാര്‍ വരികയും പോകുകയും ചെയ്യുന്ന ജനകവാടത്തിലും യെരൂശലേമിന്‍റെ എല്ലാ കവാടങ്ങളിലുംനിന്ന് ഇങ്ങനെ പറയുക: ‘ഈ കവാടങ്ങളിലൂടെ അകത്തു കടക്കുന്ന യെഹൂദാരാജാക്കന്മാരും യെഹൂദാജനങ്ങളും യെരൂശലേംനിവാസികളുമായുള്ളോരേ, സര്‍വേശ്വരന്‍റെ വാക്കു കേള്‍ക്കുവിന്‍. അവിടുന്ന് അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ജീവനെ ഓര്‍ത്ത് ശ്രദ്ധിക്കുവിന്‍. ശബത്തുദിവസം നിങ്ങള്‍ ചുമടെടുക്കയോ അവ യെരൂശലേമിലെ കവാടങ്ങളിലൂടെ അകത്തു കൊണ്ടുവരികയോ അരുത്. ശബത്തുദിവസം നിങ്ങളുടെ വീടുകളില്‍നിന്നു ചുമടു പുറത്തേക്കു കൊണ്ടുപോകരുത്. ജോലി ഒന്നും ചെയ്യുകയുമരുത്. നിങ്ങളുടെ പിതാക്കന്മാരോടു ഞാന്‍ കല്പിച്ചതുപോലെ ശബത്തു ദിവസം വിശുദ്ധമായി ആചരിക്കുവിന്‍.’ എന്നിട്ടും അവര്‍ എന്‍റെ വാക്ക് ശ്രദ്ധിക്കുകയോ, അനുസരിക്കുകയോ ചെയ്തില്ല; അവ കേള്‍ക്കുകയോ സ്വീകരിക്കുകയോ ചെയ്യാതെ ദുശ്ശാഠ്യത്തോടെ ജീവിച്ചു.” സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ പറയുന്നതു സശ്രദ്ധം കേട്ട് ഈ നഗരത്തിന്‍റെ വാതിലുകളിലൂടെ ശബത്തുദിവസം യാതൊരു ചുമടും കൊണ്ടുവരാതിരിക്കുകയും അന്നു വേലയൊന്നും ചെയ്യാതെ ശബത്ത് വിശുദ്ധമായി ആചരിക്കുകയും ചെയ്താല്‍, ദാവീദിന്‍റെ സിംഹാസനത്തില്‍ വാണരുളുന്ന രാജാക്കന്മാര്‍ രഥങ്ങളിലും കുതിരപ്പുറത്തും യാത്രചെയ്ത് ഈ നഗരകവാടങ്ങളിലൂടെ അകത്തു പ്രവേശിക്കും; അവരുടെ പ്രഭുക്കന്മാരും യെഹൂദ്യയിലെ ജനങ്ങളും യെരൂശലേംനിവാസികളും അവരോടൊപ്പം ഉണ്ടായിരിക്കും; നഗരം എന്നും ജനവാസമുള്ളതായിരിക്കും. യെഹൂദാനഗരങ്ങളില്‍നിന്നും യെരൂശലേമിന്‍റെ ചുറ്റുമുള്ള പ്രദേശങ്ങളില്‍നിന്നും ബെന്യാമീന്‍ദേശത്തുനിന്നും സമതലങ്ങള്‍, മലമ്പ്രദേശങ്ങള്‍, നെഗബ് എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ വരും. അവര്‍ സര്‍വേശ്വരന്‍റെ ആലയത്തിലേക്കു ഹോമയാഗങ്ങളും മറ്റു യാഗങ്ങളും ധാന്യയാഗങ്ങളും സുഗന്ധദ്രവ്യങ്ങളും സ്തോത്രയാഗങ്ങളും കൊണ്ടുവരും. എന്നാല്‍ ശബത്ത് വിശുദ്ധമായി ആചരിക്കണമെന്നും ശബത്തുദിവസം യെരൂശലേമിലെ കവാടങ്ങളിലൂടെ ചുമടു കൊണ്ടുപോകരുതെന്നുമുള്ള എന്‍റെ കല്പന ശ്രദ്ധിക്കാതെയിരുന്നാല്‍ ആ കവാടങ്ങളില്‍ ഞാന്‍ തീ കൊളുത്തും; യെരൂശലേമിലെ കൊട്ടാരങ്ങളെ അതു ദഹിപ്പിക്കും; ആരും അത് അണയ്‍ക്കുകയില്ല. സര്‍വേശ്വരനില്‍നിന്നു യിരെമ്യാക്കുണ്ടായ അരുളപ്പാട്: “കുശവന്‍റെ വീട്ടിലേക്കു പോകുക; എന്‍റെ വചനം ഞാന്‍ അവിടെവച്ച് നിന്നെ കേള്‍പ്പിക്കും.” അങ്ങനെ ഞാന്‍ കുശവന്‍റെ വീട്ടിലേക്കു ചെന്നു; അപ്പോള്‍ അയാള്‍ ചക്രത്തിന്മേല്‍ കളിമണ്ണുകൊണ്ട് പാത്രം നിര്‍മിക്കുകയായിരുന്നു. ആ പാത്രം കുശവന്‍റെ കൈയില്‍ വച്ചുതന്നെ വികലമായിപ്പോയി; അയാള്‍ കളിമണ്ണുകൊണ്ടുതന്നെ തനിക്ക് ഇഷ്ടമായ രൂപത്തില്‍ മറ്റൊരു പാത്രമുണ്ടാക്കി. അപ്പോള്‍ സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: “അല്ലയോ ഇസ്രായേല്‍ഗൃഹമേ, കുശവന്‍ ചെയ്തതുപോലെ എനിക്കു നിന്നോടു ചെയ്യാന്‍ കഴികയില്ലേ എന്നു സര്‍വേശ്വരന്‍ ചോദിക്കുന്നു; കുശവന്‍റെ കൈയിലെ കളിമണ്ണുപോലെയല്ലേ ഇസ്രായേല്‍ഗൃഹമേ, നിങ്ങള്‍ എന്‍റെ കൈയില്‍?” ഏതെങ്കിലും ഒരു ജനതയെയോ രാജ്യത്തെയോ ഞാന്‍ ഉന്മൂലനം ചെയ്യുമെന്ന് ഒരിക്കല്‍ പ്രഖ്യാപിക്കുകയും ആ ജനത അവരുടെ ദുര്‍മാര്‍ഗം വിട്ടുതിരിഞ്ഞാല്‍ ഞാന്‍ അവര്‍ക്കു വരുത്തുമെന്നു പറഞ്ഞ അനര്‍ഥത്തെക്കുറിച്ചുള്ള തീരുമാനം മാറ്റുകയില്ലേ? ഒരു ജനതയെയോ, രാജ്യത്തെയോ സംബന്ധിച്ച്, അതിനെ പണിയുമെന്നും നട്ടു പിടിപ്പിക്കുമെന്നും പ്രഖ്യാപിച്ചശേഷം, അവര്‍ എന്‍റെ വാക്കു ശ്രദ്ധിക്കാതെ എന്‍റെ മുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചാല്‍, അവര്‍ക്കു നല്‌കുമെന്നു പറഞ്ഞ നന്മയെക്കുറിച്ചുള്ള തീരുമാനവും ഞാന്‍ മാറ്റുകയില്ലേ? അതുകൊണ്ട് യെഹൂദ്യയിലെ ജനങ്ങളോടും യെരൂശലേംനിവാസികളോടും പറയുക, സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാന്‍ നിങ്ങള്‍ക്കെതിരെ അനര്‍ഥം ചിന്തിച്ച് ഒരു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നു; എല്ലാവരും തങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്നു പിന്തിരിയുവിന്‍; നിങ്ങളുടെ വഴികളും പ്രവൃത്തികളും തിരുത്തുവിന്‍.” എന്നാല്‍ അവര്‍ പറയുന്നു: അവയെല്ലാം വ്യര്‍ഥമാണ്; ഞങ്ങള്‍ ഞങ്ങളുടെ പദ്ധതികള്‍ തന്നെ തുടരും; ഓരോരുത്തനും അവനവന്‍റെ ദുഷ്ടഹൃദയത്തിന്‍റെ ദുശ്ശാഠ്യമനുസരിച്ചു പ്രവര്‍ത്തിക്കും. അതുകൊണ്ടു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇതുപോലൊന്ന് ആരെങ്കിലും കേട്ടിട്ടുണ്ടോ എന്നു ജനതകളുടെ ഇടയില്‍ അന്വേഷിക്കുവിന്‍. ഇസ്രായേല്‍കന്യക അത്യന്തം ഹീനമായ കൃത്യം ചെയ്തിരിക്കുന്നു. ലെബാനോനിലെ പാറയിടുക്കുകളില്‍നിന്നു മഞ്ഞ് മാറിപ്പോകുമോ? പര്‍വതത്തില്‍നിന്നുള്ള ശീതജല അരുവികള്‍ വറ്റിപ്പോകുമോ? എങ്കിലും എന്‍റെ ജനം എന്നെ മറന്നു വ്യാജദേവന്മാര്‍ക്കു ധൂപം അര്‍പ്പിക്കുന്നു; അവര്‍ അവരുടെ വഴികളില്‍, പുരാതനമായ പാതകളില്‍ത്തന്നെ ഇടറിവീഴുന്നു; രാജവീഥി വിട്ട് ഇടവഴികളിലൂടെ അവര്‍ നടക്കുന്നു. അവര്‍ തങ്ങളുടെ ദേശത്തെ ഭീതിവിഷയവും എന്നേക്കും പരിഹാസപാത്രവും ആക്കിയിരിക്കുന്നു; അതിലെ കടന്നു പോകുന്നവരെല്ലാം ഭയപ്പെട്ടു തലകുലുക്കുന്നു. കിഴക്കന്‍ കാറ്റുകൊണ്ടെന്നപോലെ ഞാന്‍ അവരെ ശത്രുക്കളുടെ മുമ്പില്‍ ചിതറിക്കും; അവരുടെ അനര്‍ഥദിവസത്തില്‍ അവരുടെ നേരേ എന്‍റെ മുഖമല്ല, പുറമാണു തിരിക്കുക. അപ്പോള്‍ അവര്‍ പറഞ്ഞു: “വരിക, യിരെമ്യാക്കെതിരായി നമുക്ക് ആലോചന നടത്താം; പുരോഹിതനില്‍നിന്നു നിയമമോ, ജ്ഞാനിയില്‍നിന്ന് ഉപദേശമോ, പ്രവാചകനില്‍നിന്നു ദൈവത്തിന്‍റെ സന്ദേശമോ ഇല്ലാതെ പോകയില്ല; വരിക, വാക്കുകള്‍കൊണ്ടുതന്നെ നമുക്കയാളെ സംഹരിക്കാം; അയാള്‍ പറയുന്നതൊന്നും നാം ശ്രദ്ധിക്കേണ്ടാ. സര്‍വേശ്വരാ, ഞാന്‍ പറയുന്നതു കേള്‍ക്കണമേ; എന്‍റെ അപേക്ഷ ചെവിക്കൊള്ളണമേ. നന്മയ്‍ക്കു പ്രതിഫലം തിന്മയോ? എങ്കിലും എന്‍റെ ജീവനുവേണ്ടി അവര്‍ കുഴി കുഴിച്ചിരിക്കുന്നു; അവരെപ്പറ്റി നല്ലതു പറയാനും അവിടുത്തെ കോപം അവരില്‍നിന്നും നീക്കാനുമായി അങ്ങയുടെ മുമ്പില്‍ ഞാന്‍ എങ്ങനെ നിന്നു എന്നത് ഓര്‍ക്കണമേ. അതുകൊണ്ട് അവരുടെ മക്കളെ പട്ടിണിക്ക് ഏല്പിച്ചുകൊടുക്കണമേ; വാളിന് അവരെ ഇരയാക്കണമേ; അവരുടെ ഭാര്യമാര്‍ മക്കളില്ലാത്തവരും വിധവകളുമായിത്തീരട്ടെ; അവരുടെ പുരുഷന്മാര്‍ മരണത്തിന് ഇരയാകട്ടെ; യുവാക്കള്‍ യുദ്ധത്തില്‍ വാളുകൊണ്ടു സംഹരിക്കപ്പെടട്ടെ. മുന്നറിയിപ്പുകൂടാതെ, കവര്‍ച്ചക്കാരെ അവരുടെ നേരേ അയയ്‍ക്കുമ്പോള്‍ അവരുടെ ഭവനങ്ങളില്‍നിന്നു നിലവിളിയുടെ ശബ്ദം ഉയരട്ടെ; എന്നെ പിടിക്കാന്‍ അവര്‍ കുഴി കുഴിച്ചല്ലോ; എന്‍റെ കാലുകള്‍ക്കു കെണി വച്ചല്ലോ. സര്‍വേശ്വരാ, എന്നെ കൊല്ലാനുള്ള ഗൂഢാലോചന അവിടുന്ന് അറിയുന്നു; അവരുടെ അകൃത്യം അവരോടു ക്ഷമിക്കരുതേ; അവരുടെ പാപം അങ്ങയുടെ മുമ്പില്‍നിന്നു മായിച്ചു കളയരുതേ; അങ്ങയുടെ മുമ്പില്‍ അവര്‍ മറിഞ്ഞു വീഴട്ടെ; അവിടുത്തെ കോപത്തില്‍ അവരോട് ഇടപെടണമേ.” സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “നീ കുശവന്‍റെ അടുക്കല്‍ ചെന്ന് ഒരു മണ്‍കുടം വാങ്ങുക; ജനപ്രമാണികളിലും പുരോഹിതശ്രേഷ്ഠരിലും ചിലരെ കൂട്ടിക്കൊണ്ട് ഹര്‍സീത്ത് കവാടത്തിന്‍റെ പുറത്തുള്ള ബെന്‍-ഹിന്നോം താഴ്വരയില്‍ ചെന്ന് ഞാന്‍ നിന്നോട് അരുളിച്ചെയ്യുന്ന വചനം പ്രഖ്യാപിക്കുക. നീ ഇപ്രകാരം പറയണം, യെഹൂദാ രാജാക്കന്മാരേ, യെരൂശലേംനിവാസികളേ, സര്‍വേശ്വരന്‍റെ അരുളപ്പാടു കേള്‍ക്കുവിന്‍, ഇസ്രായേലിന്‍റെ ദൈവമായ സര്‍വശക്തിയുള്ള സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: കേള്‍ക്കുന്ന എല്ലാവരുടെയും ചെവി തരിപ്പിക്കുന്ന തരത്തിലുള്ള അനര്‍ഥം ഈ സ്ഥലത്തു ഞാന്‍ വരുത്താന്‍ പോകുന്നു. കാരണം, ജനം എന്നെ ഉപേക്ഷിച്ചു; അവരോ അവരുടെ പിതാക്കന്മാരോ യെഹൂദാരാജാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാര്‍ക്കു ധൂപമര്‍പ്പിച്ച് ഈ സ്ഥലം അവര്‍ അശുദ്ധമാക്കി; നിഷ്കളങ്കരുടെ രക്തംകൊണ്ട് അവര്‍ ദേശം നിറച്ചു. ബാലിനു ഹോമബലികളായി തങ്ങളുടെ പുത്രന്മാരെ അഗ്നിയില്‍ ദഹിപ്പിക്കുന്നതിനു പൂജാഗിരികള്‍ അവര്‍ പണിതു; അങ്ങനെയൊന്നു ഞാന്‍ ആജ്ഞാപിക്കുകയോ സംസാരിക്കുകയോ ചിന്തിക്കുക പോലുമോ ചെയ്തിരുന്നില്ല. അതുകൊണ്ട് ഇവിടം, തോഫെത്ത് എന്നോ, ബെന്‍-ഹിന്നോം താഴ്വര എന്നോ വിളിക്കപ്പെടാതെ കൊലയുടെ താഴ്വര എന്നു വിളിക്കപ്പെടുന്ന കാലംവരും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. യെഹൂദ്യയുടെയും യെരൂശലേമിന്‍റെയും ആലോചനകള്‍ ഈ സ്ഥലത്തുവച്ചു ഞാന്‍ നിഷ്ഫലമാക്കും; അവിടെ വസിക്കുന്നവര്‍ ശത്രുക്കളുടെ വാളുകൊണ്ടും അവരെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ കരങ്ങള്‍കൊണ്ടും മരിച്ചു വീഴും; അവരുടെ മൃതശരീരങ്ങള്‍ ആകാശത്തിലെ പറവകള്‍ക്കും വന്യമൃഗങ്ങള്‍ക്കും ഞാന്‍ ആഹാരമായി നല്‌കും. ഈ നഗരത്തെ ഞാന്‍ ഭീതിക്കും പരിഹാസത്തിനും പാത്രമാക്കും. അതിലൂടെ കടന്നുപോകുന്നവര്‍ ഭയപ്പെടുകയും അതിലെ കെടുതികള്‍ കണ്ടു വിസ്മയിച്ചു ചൂളം വിളിക്കുകയും ചെയ്യും. അവരുടെ ശത്രുക്കളും അവര്‍ക്കു പ്രാണഹാനി വരുത്താന്‍ നോക്കുന്നവരും അവരെ വളയുകയും ഞെരുക്കുകയും ചെയ്യുമ്പോള്‍ അവര്‍ തങ്ങളുടെ പുത്രീപുത്രന്മാരുടെയും തങ്ങളുടെ സ്നേഹിതരുടെയും മാംസം ഭക്ഷിക്കാന്‍ ഞാന്‍ ഇടവരുത്തും. പിന്നീട്, നിന്‍റെ കൂടെ വന്നിരിക്കുന്നവരുടെ മുമ്പില്‍ ആ മണ്‍കുടം ഉടച്ചിട്ട് അവരോടു പറയണം: സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഒരിക്കലും നന്നാക്കാനാകാത്തവിധം ആ കുടം തകര്‍ന്നതുപോലെ ഈ ജനത്തെയും നഗരത്തെയും ഞാന്‍ തകര്‍ക്കും;” സംസ്കരിക്കുന്നതിനു മറ്റിടമില്ലാത്തതിനാല്‍ തോഫെത്തില്‍ അവരെ സംസ്കരിക്കും. ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ഞാന്‍ ഇപ്രകാരം ചെയ്യും. ഈ നഗരത്തെ ഞാന്‍ തോഫെത്തിനു തുല്യമാക്കും. യെരൂശലേമിലെ ഗൃഹങ്ങളും യെഹൂദാരാജാക്കന്മാരുടെ കൊട്ടാരങ്ങളും മട്ടുപ്പാവുകളില്‍ വച്ച് ആകാശശക്തികള്‍ക്കു ധൂപാര്‍പ്പണം നടത്തുകയും അന്യദേവന്മാര്‍ക്കു പാനീയബലി അര്‍പ്പിക്കുകയും ചെയ്ത സകല ഭവനങ്ങളും തോഫെത്തുപോലെ മലിനമായിത്തീരും. പ്രവചിക്കുന്നതിനുവേണ്ടി സര്‍വേശ്വരന്‍ തോഫെത്തിലേക്കയച്ച യിരെമ്യാ മടങ്ങിവന്നു; സര്‍വേശ്വരന്‍റെ ആലയത്തിന്‍റെ അങ്കണത്തില്‍ നിന്നുകൊണ്ട് സകലജനങ്ങളോടുമായി പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഈ നഗരത്തിന്മേലും അടുത്തുള്ള പട്ടണങ്ങളിന്മേലും വരുത്തുമെന്നു ഞാന്‍ പ്രഖ്യാപിച്ചിരുന്ന സകല അനര്‍ഥങ്ങളും ഞാന്‍ വരുത്തുകയാണ്; എന്‍റെ വാക്ക് അനുസരിക്കാതെ അവര്‍ ദുശ്ശാഠ്യത്തോടെ ജീവിക്കുകയാണല്ലോ.” ഇമ്മേരിന്‍റെ പുത്രനും സര്‍വേശ്വരന്‍റെ ആലയത്തിലെ മുഖ്യകാര്യവിചാരകനുമായ പശ്ഹൂര്‍ പുരോഹിതന്‍ യിരെമ്യാ ഇപ്രകാരം പ്രവചിക്കുന്നതു കേട്ടു. അദ്ദേഹം യിരെമ്യാ പ്രവാചകനെ അടിക്കുകയും ദേവാലയത്തിലേക്കുള്ള മുകളിലത്തെ ബെന്യാമീന്‍ കവാടത്തില്‍ ആമത്തിലിടുകയും ചെയ്തു. അടുത്തദിവസം പശ്ഹൂര്‍ യിരെമ്യായെ ആമത്തില്‍നിന്നു മോചിപ്പിച്ചപ്പോള്‍ അദ്ദേഹത്തോടു യിരെമ്യാ പറഞ്ഞു: “സര്‍വേശ്വരന്‍ ഇനിയും നിന്നെ വിളിക്കുന്നതു പശ്ഹൂര്‍ എന്നല്ല സര്‍വത്രഭീതി എന്നായിരിക്കും. അവിടുന്ന് അരുളിച്ചെയ്യുന്നു: “നിനക്കും നിന്‍റെ സ്നേഹിതര്‍ക്കും നിന്നെ ഞാന്‍ കൊടുംഭീതിയാക്കിത്തീര്‍ക്കും; നിന്‍റെ കണ്‍മുമ്പില്‍ വച്ചുതന്നെ അവര്‍ ശത്രുക്കളുടെ വാളിന് ഇരയായിത്തീരും; യെഹൂദാ മുഴുവനെയും ഞാന്‍ ബാബിലോണ്‍ രാജാവിന്‍റെ കൈയില്‍ ഏല്പിക്കും; അയാള്‍ അവരെ തടവുകാരാക്കി ബാബിലോണിലേക്കു കൊണ്ടുപോയി സംഹരിക്കും. മാത്രമല്ല നഗരത്തിലെ സര്‍വസമ്പത്തും സകല നേട്ടങ്ങളും വിലപിടിപ്പുള്ള സകല വസ്തുക്കളും യെഹൂദാരാജാക്കന്മാരുടെ സകല നിക്ഷേപങ്ങളും ഞാന്‍ അവരുടെ ശത്രുക്കള്‍ക്കു കൊടുക്കും. അവര്‍ അവ കൊള്ളയടിച്ചു ബാബിലോണിലേക്കു കൊണ്ടുപോകും. പശ്ഹൂരേ, നീയും നിന്‍റെ ഭവനത്തിലുള്ള എല്ലാവരും ബാബിലോണിലേക്കു പ്രവാസികളായി പോകും. അവിടെ നീയും നിന്‍റെ വ്യാജപ്രവചനം കേട്ട സ്നേഹിതരും മരിച്ചു സംസ്കരിക്കപ്പെടും. സര്‍വേശ്വരാ, അവിടുന്ന് എന്നെ വഞ്ചിച്ചു; ഞാന്‍ വഞ്ചിതനായിരിക്കുന്നു; അവിടുന്നു എന്നെക്കാള്‍ ശക്തനാണ്; അങ്ങ് വിജയിച്ചിരിക്കുന്നു; ദിവസം മുഴുവനും ഞാന്‍ പരിഹാസപാത്രമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു. സംസാരിക്കുമ്പോഴെല്ലാം ഞാന്‍ നിലവിളിക്കുന്നു; അക്രമം, നാശം എന്നു ഞാന്‍ അട്ടഹസിക്കുന്നു; അവിടുത്തെ വചനം എനിക്കു നിരന്തരം നിന്ദനത്തിനും പരിഹാസത്തിനും ഹേതുവായിരിക്കുന്നു. അങ്ങയെപ്പറ്റി ഞാന്‍ ചിന്തിക്കുകയോ അവിടുത്തെ നാമത്തില്‍ സംസാരിക്കുകയോ ഇല്ല എന്നു ഞാന്‍ പറഞ്ഞാല്‍ കത്തുന്ന അഗ്നി അസ്ഥികള്‍ക്കുള്ളില്‍ അടയ്‍ക്കപ്പെട്ടിരിക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്; അതിനെ ഉള്ളില്‍ അടക്കാന്‍ ശ്രമിച്ച് ഞാന്‍ തളര്‍ന്നിരിക്കുന്നു. എനിക്കിത് അസഹ്യമാണ്. അനേകം പേര്‍ അടക്കം പറയുന്നതു ഞാന്‍ കേള്‍ക്കുന്നു; എല്ലായിടത്തും ഭീതി; കുറ്റം ആരോപിക്കാം; നമുക്കയാളുടെമേല്‍ കുറ്റം ആരോപിക്കാം എന്ന് എന്‍റെ വീഴ്ചയ്‍ക്കു കാത്തിരിക്കുന്ന ഉറ്റസ്നേഹിതന്മാരായിരുന്നവര്‍ പോലും പറയുന്നു; ഒരുവേള അയാളെ വഞ്ചിക്കാന്‍ കഴിഞ്ഞേക്കാം. അപ്പോള്‍ നമുക്കയാളെ തോല്പിച്ചു പകരം വീട്ടാം. വീരയോദ്ധാവിനെപ്പോലെ സര്‍വേശ്വരന്‍ എന്‍റെ കൂടെയുണ്ട്; അതുകൊണ്ട് എന്നെ പീഡിപ്പിക്കുന്നവര്‍ ഇടറിവീഴും; അവര്‍ വിജയിക്കുകയില്ല. അങ്ങനെ അവര്‍ ലജ്ജിതരാകും; അവരുടെ അപമാനം ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല. സര്‍വശക്തനായ സര്‍വേശ്വരാ, അവിടുന്നു മനുഷ്യനെ നീതിപൂര്‍വം പരിശോധിച്ച് അവന്‍റെ ഹൃദയവും മനസ്സും കാണുന്നു; അവിടുന്ന് അവരോടു പ്രതികാരം ചെയ്യുന്നതു കാണാന്‍ എനിക്ക് ഇടവരുത്തണമേ; എന്‍റെ സങ്കടം തിരുസന്നിധിയിലാണല്ലോ ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നത്. സര്‍വേശ്വരനു പാട്ടു പാടുവിന്‍; സര്‍വേശ്വരനെ സ്തുതിക്കുവിന്‍; ദുഷ്ടരുടെ കൈയില്‍നിന്ന് ദരിദ്രരുടെ ജീവന്‍ അവിടുന്നു രക്ഷിച്ചിരിക്കുന്നു. ഞാന്‍ ജനിച്ച ദിവസം ശപിക്കപ്പെടട്ടെ; എന്‍റെ അമ്മ എനിക്കു ജന്മം നല്‌കിയ ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ. നിനക്ക് ഒരു പുത്രന്‍ ജനിച്ചിരിക്കുന്നു എന്ന വാര്‍ത്ത അറിയിച്ച് എന്‍റെ പിതാവിനെ ഏറ്റവും സന്തോഷിപ്പിച്ചവനും ശപിക്കപ്പെടട്ടെ. [16,17] സര്‍വേശ്വരന്‍ നിര്‍ദാക്ഷിണ്യം നശിപ്പിച്ച പട്ടണങ്ങള്‍പോലെ അവന്‍ ആയിത്തീരട്ടെ; പ്രഭാതത്തില്‍ നിലവിളിയും മധ്യാഹ്നത്തില്‍ പോര്‍വിളിയും അവന്‍ കേള്‍ക്കട്ടെ. കാരണം, ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ അവന്‍ എന്നെ കൊന്നുകളഞ്ഞില്ല; അങ്ങനെ ചെയ്തിരുന്നെങ്കില്‍ എന്‍റെ അമ്മ എന്‍റെ ശവക്കുഴിയും അവരുടെ ഗര്‍ഭപാത്രം എന്നേക്കും നിറഞ്ഞതും ആകുമായിരുന്നല്ലോ. *** കഷ്ടതയും സങ്കടവും കാണാനും ലജ്ജിതനായി ആയുസ്സു കഴിക്കാനുമായി മാത്രം ഗര്‍ഭപാത്രത്തില്‍നിന്നു ഞാന്‍ എന്തിനു പുറത്തുവന്നു? സിദെക്കീയാരാജാവ് മല്‌ക്കീയായുടെ പുത്രനായ പശ്ഹൂരിനെയും മയസെയായുടെ പുത്രനായ സെഫന്യാപുരോഹിതനെയും യിരെമ്യായുടെ അടുക്കല്‍ അയച്ചു പറയിച്ചു: “ബാബിലോണിലെ രാജാവായ നെബുഖദ്നേസര്‍ ഞങ്ങളോടു യുദ്ധം ചെയ്യുന്നു; അതേപ്പറ്റി സര്‍വേശ്വരന്‍റെ ഹിതം ആരായണമേ; ഒരുപക്ഷേ അവിടുന്നു ഞങ്ങള്‍ക്കുവേണ്ടി അദ്ഭുതം പ്രവര്‍ത്തിച്ച് അയാളെ മടക്കി അയച്ചേക്കാം.” അപ്പോള്‍ സര്‍വേശ്വരന്‍റെ അരുളപ്പാട് യിരെമ്യാ പ്രവാചകനുണ്ടായി. യിരെമ്യാ അവരോടു പറഞ്ഞു: “സിദെക്കീയാ രാജാവിനോട് ഇപ്രകാരം പറയണം. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നഗരമതിലുകള്‍ക്കു പുറത്തു നിങ്ങളെ ഉപരോധിക്കുന്ന ബാബിലോണ്‍ രാജാവിനോടും അദ്ദേഹത്തിന്‍റെ സൈന്യത്തോടും യുദ്ധം ചെയ്യാന്‍ നിങ്ങള്‍ കൈയില്‍ പിടിച്ചിരിക്കുന്ന ആയുധങ്ങള്‍ ഞാന്‍ നഗരമധ്യത്തില്‍ കൂട്ടിയിടും. നീട്ടിപ്പിടിച്ച കരംകൊണ്ടും ബലമുള്ള ഭുജംകൊണ്ടും കോപത്തോടും രോഷത്തോടും ഉഗ്രക്രോധത്തോടും ഞാന്‍ നിങ്ങളോടു യുദ്ധം ചെയ്യും. ഈ നഗരവാസികളെയെല്ലാം ഞാന്‍ സംഹരിക്കും; വലിയ മഹാമാരികൊണ്ടു മനുഷ്യരും മൃഗങ്ങളും നശിക്കും. യെഹൂദാരാജാവായ സിദെക്കീയായെയും അയാളുടെ സേവകരെയും മഹാമാരി, വാള്‍, ക്ഷാമം എന്നിവയെ അതിജീവിക്കുന്ന നഗരവാസികളെയും ബാബിലോണ്‍രാജാവായ നെബുഖദ്നേസരിന്‍റെയും അവരുടെ ജീവനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ശത്രുക്കളുടെയും കൈയില്‍ ഏല്പിക്കും; അയാള്‍ അവരെ സംഹരിക്കും; അവരോടു കരുണയോ വിട്ടുവീഴ്ചയോ അനുകമ്പയോ കാണിക്കയില്ല എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.” നീ ഈ ജനത്തോടു പറയണം, സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇതാ ഞാന്‍ ജീവന്‍റെയും മരണത്തിന്‍റെയും മാര്‍ഗങ്ങള്‍ നിങ്ങളുടെ മുമ്പില്‍ വയ്‍ക്കുന്നു. ഈ നഗരത്തില്‍ വസിക്കുന്നവര്‍ വാളും ക്ഷാമവും മഹാമാരിയുംകൊണ്ടു മരിക്കും; എന്നാല്‍ പുറത്തുചെന്നു നിങ്ങളെ വളഞ്ഞിരിക്കുന്ന ബാബിലോണ്‍സൈന്യത്തിനു കീഴടങ്ങുന്നവന്‍ ജീവിക്കും; അവനു സ്വജീവനെങ്കിലും രക്ഷിക്കാന്‍ കഴിയും. നന്മയ്‍ക്കായിട്ടല്ല, പ്രത്യുത തിന്മയ്‍ക്കായിട്ടാണ് എന്‍റെ മുഖം ഈ നഗരത്തിന്‍റെ നേരേ തിരിച്ചിരിക്കുന്നതെന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; അതു ബാബിലോണ്‍ രാജാവിന്‍റെ കൈയില്‍ ഏല്‍പിക്കപ്പെടും; അയാള്‍ അത് അഗ്നിക്കിരയാക്കും. സര്‍വേശ്വരന്‍റെ വാക്കു കേള്‍ക്കുക എന്നു യെഹൂദാരാജാവിന്‍റെ ഭവനത്തോടു നീ പറയണം. ദാവീദുഗൃഹമേ, അവിടുന്ന് അരുളിച്ചെയ്യുന്നു: “ദിനംതോറും നീതി നടത്തുവിന്‍; കൊള്ളയടിക്കപ്പെട്ടവനെ മര്‍ദകരുടെ കൈയില്‍നിന്നു രക്ഷിക്കുവിന്‍; അല്ലെങ്കില്‍, നിങ്ങളുടെ ദുഷ്പ്രവൃത്തികള്‍ നിമിത്തം എന്‍റെ ക്രോധം അഗ്നിപോലെ ആളിക്കത്തും; ആര്‍ക്കും അതു ശമിപ്പിക്കാന്‍ കഴിയുകയില്ല. സമതലപ്രദേശത്ത് ഉയര്‍ന്നു നില്‌ക്കുന്ന പാറയില്‍ പാര്‍ക്കുന്ന യെരൂശലേംനിവാസികളേ, ഞാന്‍ നിങ്ങള്‍ക്ക് എതിരായിരിക്കുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ആരു ഞങ്ങള്‍ക്കെതിരെ വരും? ഞങ്ങളുടെ പാര്‍പ്പിടങ്ങളില്‍ ആരു പ്രവേശിക്കും എന്നു നിങ്ങള്‍ പറയുന്നു. നിങ്ങളുടെ പ്രവൃത്തികള്‍ക്കു അനുസൃതമായി ഞാന്‍ നിങ്ങളെ ശിക്ഷിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. അവളുടെ വനത്തിനു ഞാന്‍ തീവയ്‍ക്കും; ചുറ്റുമുള്ള സകലത്തെയും അതു ദഹിപ്പിക്കും”. ഇതു സര്‍വേശ്വരന്‍റെ വചനം. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “യെഹൂദാരാജാവിന്‍റെ കൊട്ടാരത്തില്‍ ചെന്ന് അവിടെ ഈ വചനം പ്രസ്താവിക്കുക. ദാവീദിന്‍റെ സിംഹാസനത്തിലിരിക്കുന്ന യെഹൂദാ രാജാവേ, അങ്ങും അങ്ങയുടെ സേവകരും ഈ വാതിലുകളില്‍കൂടി പ്രവേശിക്കുന്ന അങ്ങയുടെ ജനവും സര്‍വേശ്വരന്‍റെ അരുളപ്പാടു ശ്രദ്ധിക്കട്ടെ. അവിടുന്ന് അരുളിച്ചെയ്യുന്നു: നീതിയും ന്യായവും നടത്തുവിന്‍; കൊള്ളയടിക്കപ്പെട്ടവനെ മര്‍ദകന്‍റെ കൈയില്‍നിന്നു രക്ഷിക്കുവിന്‍; പരദേശിയോടും അനാഥനോടും വിധവയോടും അന്യായമായി പെരുമാറരുത്; അക്രമം കാട്ടരുത്; നിഷ്കളങ്കരുടെ രക്തം ചൊരിയുകയുമരുത്. ഇവ നിങ്ങള്‍ യഥാര്‍ഥമായി അനുസരിച്ചാല്‍ ദാവീദിന്‍റെ സിംഹാസനത്തിലിരിക്കുന്ന രാജാക്കന്മാരും അവരുടെ സേവകരും ജനങ്ങളും കൊട്ടാരവാതിലുകളിലൂടെ രഥങ്ങളിലും കുതിരപ്പുറത്തും കയറിവരും. എന്നാല്‍ ഈ വാക്കുകള്‍ ശ്രദ്ധിക്കാതെയിരുന്നാല്‍, ഈ കൊട്ടാരം നാശത്തിന്‍റെ കൂമ്പാരം ആയിത്തീരും. എന്‍റെ നാമത്തില്‍ ഞാന്‍ സത്യം ചെയ്യുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു”. യെഹൂദാരാജാവിന്‍റെ കൊട്ടാരത്തെക്കുറിച്ച് അവിടുന്ന് അരുളിച്ചെയ്യുന്നു: “നീ എനിക്കു മനോഹരമായ ഗിലെയാദുപോലെയും ലെബാനോന്‍റെ കൊടുമുടിപോലെയുമാകുന്നു; എങ്കിലും ഞാന്‍ നിന്നെ മരുഭൂമിയാക്കും; ജനവാസമില്ലാത്ത നഗരങ്ങള്‍പോലെ, ആയുധധാരികളായ സംഹാരകരെ നിനക്കെതിരെ ഞാന്‍ ഒരുക്കും. അവര്‍ നിന്‍റെ വിശിഷ്ടദേവദാരുക്കള്‍ വെട്ടി തീയിലിടും. അനേകം ജനതകള്‍ ഈ നഗരത്തിനടുത്തുകൂടെ കടന്നുപോകും; ഓരോരുവനും അയല്‍ക്കാരനോടു ചോദിക്കും: “ദൈവം എന്തുകൊണ്ട് ഈ മഹാനഗരത്തോട് ഇങ്ങനെ പ്രവര്‍ത്തിച്ചു? തങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ ഉടമ്പടി വിസ്മരിച്ച് അന്യദേവന്മാരെ ആരാധിക്കുകയും സേവിക്കുകയും ചെയ്തതുകൊണ്ടാണെന്ന് അവര്‍ ഉത്തരം പറയും.” മരിച്ചവനെ ഓര്‍ത്തു കരയരുത്; വിലപിക്കയുമരുത്; നാടുവിട്ടുപോകുന്നവനെയോര്‍ത്തു പൊട്ടിക്കരയുക; ജന്മദേശം കാണാന്‍ അവന്‍ തിരിച്ചു വരികയില്ലല്ലോ. യോശീയായുടെ പുത്രനും യെഹൂദാരാജാവും പിതാവായ യോശീയായ്‍ക്കു പകരം രാജ്യം ഭരിച്ചവനും ഈ ദേശം വിട്ടുപോയവനുമായ ശല്ലൂമിനെക്കുറിച്ചു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ‘അവന്‍ ഇനി ഒരിക്കലും മടങ്ങിവരികയില്ല; അവനെ തടവുകാരനായി പിടിച്ചുകൊണ്ടുപോയിരിക്കുന്ന ദേശത്തുവച്ച് അവന്‍ മരിക്കും; ഇനി ഒരിക്കലും ഈ ദേശം അവന്‍ കാണുകയില്ല.” അധര്‍മംകൊണ്ടു ഭവനവും അനീതികൊണ്ടു മാളികമുറികളും പണിയുന്നവനു ഹാ ദുരിതം! അവന്‍ കൂലി കൊടുക്കാതെ അയല്‍ക്കാരനെക്കൊണ്ടു പണി ചെയ്യിക്കുന്നു. വിശാലമായ മാളികമുറികളുള്ള വലിയ ഭവനം ഞാന്‍ പണിയും എന്നയാള്‍ പറയുന്നു; അതിനു ജനാലകള്‍ അയാള്‍ വെട്ടിയുണ്ടാക്കുന്നു; ദേവദാരുകൊണ്ടു തട്ടമിടുകയും ചായില്യംകൊണ്ടു ചായമിടുകയും ചെയ്യുന്നു. ദേവദാരുവിന്‍റെ കാര്യത്തില്‍ മികച്ചവനായതുകൊണ്ടു നീ ശ്രേഷ്ഠനായ രാജാവാണെന്നു കരുതുന്നുവോ? നിന്‍റെ പിതാവ് രാജോചിതമായ ജീവിതമല്ലേ നയിച്ചത്? അയാള്‍ നീതിമാനും ധര്‍മിഷ്ഠനുമായിരുന്നു; അന്ന് അയാള്‍ക്കെല്ലാം ശുഭമായിരുന്നു. അയാള്‍ ദരിദ്രര്‍ക്കും എളിയവര്‍ക്കും നീതി നടത്തിക്കൊടുത്തു; അപ്പോള്‍ എല്ലാം നന്നായിരുന്നു; ‘എന്നെ അറിയുകയെന്നത് ഇതു തന്നെയല്ലേ’ എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. സത്യവിരുദ്ധമായ നേട്ടങ്ങളിലും നിഷ്കളങ്കരുടെ രക്തം ചൊരിയുന്നതിലും അക്രമവും മര്‍ദനവും അഴിച്ചു വിടുന്നതിലും മാത്രം നിന്‍റെ കണ്ണും മനസ്സും വ്യാപൃതമായിരിക്കുന്നു. അതുകൊണ്ട് യോശീയായുടെ പുത്രനും യെഹൂദാരാജാവുമായ യെഹോയാക്കീമിനെ സംബന്ധിച്ചു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഹാ! എന്‍റെ സഹോദരാ എന്നോ, ഹാ! എന്‍റെ സഹോദരീ എന്നോ പറഞ്ഞ് അവര്‍ അയാളെ ചൊല്ലി വിലപിക്കുകയില്ല; ഹാ! എന്‍റെ നാഥന്‍ എന്നോ, ഹാ! എന്‍റെ പ്രഭോ എന്നോ പറഞ്ഞു കരയുകയുമില്ല. കഴുതയെപ്പോലെ അയാള്‍ സംസ്കരിക്കപ്പെടും; യെരൂശലേംകവാടത്തിനു പുറത്തേക്ക് അയാളെ വലിച്ചെറിയും.’ ലെബാനോനില്‍ കയറിച്ചെന്നു നിലവിളിക്കുക; ബാശാനില്‍ നിന്‍റെ ശബ്ദം ഉയര്‍ത്തുക; അബാരീമില്‍നിന്നു നിലവിളിക്കുക. നിന്‍റെ കൂട്ടുകാര്‍ തകര്‍ന്നിരിക്കുന്നു. നിന്‍റെ ഐശ്വര്യകാലത്തു ഞാന്‍ നിന്നോടു സംസാരിച്ചു; എന്നാല്‍, ഞാന്‍ കേള്‍ക്കുകയില്ല എന്നു നീ പറഞ്ഞു; നിന്‍റെ യൗവനം മുതല്‍ ഇതായിരുന്നു നിന്‍റെ ശീലം; എന്‍റെ വാക്ക് നീ കേട്ടില്ല. നിന്‍റെ ഇടയന്മാരെയെല്ലാം കാറ്റു പറപ്പിച്ചുകളയും; നിന്‍റെ സ്നേഹിതരെല്ലാം പ്രവാസത്തിലേക്കു പോകും; അപ്പോള്‍ നീ നിന്‍റെ ദുഷ്ടതയോര്‍ത്തു ലജ്ജിക്കുകയും പരിഭ്രമിക്കുകയും ചെയ്യും. ദേവദാരുക്കളുടെ ഇടയില്‍ കൂടുകെട്ടി ലെബാനോനില്‍ വസിക്കുന്നവളേ, ഈറ്റുനോവിലായിരിക്കുന്നവളെപ്പോലെ നീ വേദനപ്പെടുമ്പോള്‍ നീ എങ്ങനെ ആയിരിക്കും ഞരങ്ങുക? സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “യെഹോയാക്കീമിന്‍റെ പുത്രനും യെഹൂദാ രാജാവുമായ യെഹോയാഖീന്‍ എന്‍റെ വലത്തു കൈയിലെ മുദ്രമോതിരം ആയിരുന്നെങ്കിലും ഞാന്‍ അവനെ ദൂരെ എറിഞ്ഞുകളയുമെന്നു ശപഥം ചെയ്യുന്നു. നിനക്കു ജീവഹാനി വരുത്താന്‍ നോക്കുന്നവരുടെ കൈയില്‍, നീ ഭയപ്പെടുന്ന നെബുഖദ്നേസരിന്‍റെയും അവന്‍റെ സൈന്യത്തിന്‍റെയും കൈയില്‍തന്നെ ഞാന്‍ നിന്നെ ഏല്പിക്കും. നിന്നെയും നിനക്കു ജന്മം നല്‌കിയ നിന്‍റെ മാതാവിനെയും മറ്റൊരു ദേശത്തേക്കു ഞാന്‍ ചുഴറ്റിയെറിയും; നിന്‍റെ ജന്മദേശമല്ലാത്ത ആ സ്ഥലത്തു വച്ചു നീ മരിക്കും. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന ദേശത്തേക്ക് അവര്‍ മടങ്ങിവരികയില്ല. ഈ യെഹോയാഖീന്‍ ആര്‍ക്കും വേണ്ടാതെ തള്ളിക്കളഞ്ഞ പൊട്ടക്കലമാണോ? അയാളും അയാളുടെ സന്തതികളും അവര്‍ക്കജ്ഞാതമായ നാട്ടിലേക്കു ചുഴറ്റിയെറിയപ്പെട്ടത് എന്തുകൊണ്ട്? ദേശമേ, ദേശമേ, ദേശമേ, സര്‍വേശ്വരന്‍റെ വാക്കു കേള്‍ക്കുക. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈ മനുഷ്യന്‍ സന്തതി ഇല്ലാത്തവനെന്നും അവന്‍റെ ജീവിതകാലത്ത് ഒരിക്കലും വിജയം കൈവരിക്കാത്തവനെന്നും എഴുതിവയ്‍ക്കുക. ദാവീദിന്‍റെ സിംഹാസനത്തിലിരുന്ന് യെഹൂദ്യയില്‍ ഭരണം നടത്താന്‍ അയാളുടെ സന്തതികളിലാര്‍ക്കും ഇനി സാധ്യമാകയില്ല.” സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്‍റെ മേച്ചില്‍പ്പുറത്തെ ആടുകളെ നശിപ്പിക്കയും ചിതറിക്കയും ചെയ്യുന്ന ഇടയന്മാര്‍ക്കു ഹാ ദുരിതം! അതുകൊണ്ട് തന്‍റെ ജനത്തെ പരിപാലിക്കേണ്ട ഇടയന്മാരെക്കുറിച്ച് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: എന്‍റെ ആട്ടിന്‍പറ്റത്തെ നിങ്ങള്‍ ചിതറിച്ചോടിച്ചു; അവയെ നിങ്ങള്‍ പരിപാലിച്ചില്ല; അതുകൊണ്ട് നിങ്ങളുടെ ദുഷ്കൃത്യങ്ങള്‍ക്കു ഞാന്‍ പകരം ചോദിക്കും. എന്‍റെ ആട്ടിന്‍പറ്റത്തില്‍ ശേഷിച്ചവയെ ഞാന്‍ അവയെ ചിതറിച്ച എല്ലാ സ്ഥലങ്ങളില്‍നിന്നും ഒന്നിച്ചുകൂട്ടി അവയുടെ ആലയിലേക്കു മടക്കിക്കൊണ്ടുവരും; അവ വര്‍ധിച്ചു പെരുകും. അവയെ മേയ്‍ക്കുവാന്‍ ഞാന്‍ ഇടയന്മാരെ നിയമിക്കും; അവ ഇനിമേല്‍ ഭയപ്പെടുകയില്ല, സംഭ്രമിക്കുകയില്ല; അവയില്‍ ഒന്നും കാണാതെ പോകയുമില്ല എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ഞാന്‍ ദാവീദിന്‍റെ വംശത്തില്‍ നീതിയുള്ള ഒരു ശാഖ മുളപ്പിക്കുന്ന ദിവസം വരുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. അവന്‍ രാജാവായി വിവേകപൂര്‍വം ഭരിച്ച് ദേശത്തെല്ലാം നീതിയും ന്യായവും നടത്തും. അവന്‍റെ കാലത്ത് യെഹൂദാ വിമോചിക്കപ്പെടും. ഇസ്രായേല്‍ സുരക്ഷിതമായിരിക്കുകയും ചെയ്യും; “സര്‍വേശ്വരന്‍ ഞങ്ങളുടെ നീതി” എന്ന പേരില്‍ അവന്‍ അറിയപ്പെടും. “ഈജിപ്തില്‍നിന്നു ഇസ്രായേല്‍ജനത്തെ കൂട്ടിക്കൊണ്ടുവന്ന സര്‍വേശ്വരനാണ എന്ന ശപഥം ചെയ്യാത്ത കാലം വരുന്നു” എന്ന് അവിടുന്നു അരുളിച്ചെയ്യുന്നു. “ഇസ്രായേല്‍ജനത്തെ വടക്കു ദേശത്തുനിന്നും അവരെ ഓടിച്ചുവിട്ട സകല ദേശങ്ങളില്‍നിന്നും കൂട്ടിക്കൊണ്ടുവന്ന സര്‍വേശ്വരനാണ” എന്നായിരിക്കും ഇനിയും അവര്‍ ശപഥം ചെയ്യുക; അവര്‍ സ്വന്തം ദേശത്തു പാര്‍ക്കുകയും ചെയ്യും. പ്രവാചകരെക്കുറിച്ചുള്ള അരുളപ്പാട്: “എന്‍റെ ഹൃദയം തകര്‍ന്നിരിക്കുന്നു; എന്‍റെ അസ്ഥികള്‍ എല്ലാം വിറയ്‍ക്കുന്നു; സര്‍വേശ്വരന്‍ നിമിത്തവും അവിടുത്തെ വിശുദ്ധ വചനങ്ങള്‍ നിമിത്തവും ഞാന്‍ വീഞ്ഞുകുടിച്ചു ലഹരിപിടിച്ചവനെപ്പോലെ ആയിരിക്കുന്നു. ദേശം വ്യഭിചാരികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; ശാപം നിമിത്തം ദേശം കേഴുന്നു; മരുഭൂമിയിലെ മേച്ചില്‍പ്പുറങ്ങള്‍ കരിയുന്നു; അവരുടെ മാര്‍ഗം ദുഷ്ടവും അവരുടെ ബലം നീതിരഹിതവുമാണ്. “പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ അധര്‍മികളാണ്. എന്‍റെ ആലയത്തില്‍പോലും അവരുടെ ദുഷ്ടത ഞാന്‍ കണ്ടിരിക്കുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. അതുകൊണ്ട് അവരുടെ വഴികള്‍ ഇരുളടഞ്ഞതും വഴുവഴുപ്പുള്ളതുമായിരിക്കും; അതിലൂടെ അവരെ ഓടിക്കും. അവര്‍ വീഴുകയും ചെയ്യും. അവരുടെ ശിക്ഷാകാലത്തു ഞാന്‍ അവര്‍ക്ക് അനര്‍ഥം വരുത്തുമെന്നു” സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ശമര്യയിലെ പ്രവാചകരില്‍ അരോചകമായ ഒരു കാര്യം ഞാന്‍ കണ്ടു; അവര്‍ ബാലിന്‍റെ നാമത്തില്‍ പ്രവചിച്ച് എന്‍റെ ജനമായ ഇസ്രായേലിനെ വഴിതെറ്റിച്ചിരിക്കുന്നു. യെരൂശലേമിലെ പ്രവാചകരുടെ ഇടയിലും ഭയങ്കരമായ കാര്യം കണ്ടിരിക്കുന്നു: അവര്‍ വ്യഭിചാരം ചെയ്യുന്നു; കാപട്യത്തില്‍ നടക്കുന്നു; ദുഷ്കൃത്യം ചെയ്യുന്നവരുടെ കരങ്ങളെ ശക്തിപ്പെടുത്തുന്നു; അതുകൊണ്ട് ദുഷ്പ്രവൃത്തികളില്‍നിന്ന് ആരും പിന്തിരിയുന്നില്ല; അവരെല്ലാവരും എനിക്കു സൊദോംപോലെയും അവിടത്തെ നിവാസികള്‍പോലെയും ഗൊമോറാപോലെയും ആയിരിക്കുന്നു. അതുകൊണ്ട് സര്‍വശക്തനായ സര്‍വേശ്വരന്‍ പ്രവാചകരെക്കുറിച്ച് അരുളിച്ചെയ്യുന്നു: ഞാന്‍ അവരെ കാഞ്ഞിരം തീറ്റുകയും വിഷം കുടിപ്പിക്കുകയും ചെയ്യും; കാരണം യെരൂശലേമിലെ പ്രവാചകരില്‍നിന്നു ദേശം മുഴുവന്‍ അധര്‍മം വ്യാപിച്ചിരിക്കുന്നു.” സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “വ്യര്‍ഥമായ പ്രതീക്ഷകള്‍ തന്നു നിങ്ങളെ വ്യാമോഹിപ്പിക്കുന്ന പ്രവാചകന്മാരുടെ വാക്കുകള്‍ ശ്രദ്ധിക്കരുത്; അവ സര്‍വേശ്വരനില്‍നിന്നുള്ളതല്ല പ്രത്യുത സ്വന്തം മനസ്സിന്‍റെ ദര്‍ശനങ്ങളാണ്. സര്‍വേശ്വരന്‍റെ വചനം നിരസിക്കുന്നവരോടു “നിങ്ങള്‍ക്ക് എല്ലാം ശുഭമായിരിക്കും എന്നവന്‍ നിരന്തരം പറയുന്നു; ദുശ്ശാഠ്യത്തില്‍ നടക്കുന്നവരോട് നിങ്ങള്‍ക്ക് ഒരു ദോഷവും വരികയില്ല എന്നും പറയുന്നു. സര്‍വേശ്വരന്‍റെ വചനംകേട്ടു ഗ്രഹിക്കുവാന്‍ അവരില്‍ ആര് അവിടുത്തെ ആലോചനാസഭയില്‍ നിന്നിട്ടുണ്ട്? ആര് അവിടുത്തെ വചനം ശ്രദ്ധിച്ചു കേട്ടിട്ടുണ്ട്? ഇതാ സര്‍വേശ്വരന്‍റെ കൊടുങ്കാറ്റ്; അവിടുത്തെ ക്രോധം ഉഗ്രമായ ചുഴലിക്കാറ്റായി പുറപ്പെട്ടിരിക്കുന്നു; അതു ദുഷ്ടന്മാരുടെ ശിരസ്സില്‍ ആഞ്ഞടിക്കും. തന്‍റെ ലക്ഷ്യങ്ങള്‍ പൂര്‍ണമായി നിറവേറ്റുന്നതുവരെ സര്‍വേശ്വരന്‍റെ കോപം ശമിക്കുകയില്ല; ഭാവിയില്‍ നിങ്ങള്‍ അതു പൂര്‍ണമായി മനസ്സിലാക്കും. ഈ പ്രവാചകന്മാരെ ഞാന്‍ അയച്ചതല്ല; എങ്കിലും അവര്‍ ഓടി നടന്നു; ഞാന്‍ അവരോടു സംസാരിച്ചില്ല; എന്നിട്ടും അവര്‍ പ്രവചിച്ചു. എന്‍റെ ആലോചനാസഭയില്‍ അവര്‍ നിന്നിരുന്നെങ്കില്‍ എന്‍റെ വാക്കുകള്‍ എന്‍റെ ജനത്തോടു പറഞ്ഞ് അവരെ ദുര്‍മാര്‍ഗത്തില്‍നിന്നും തിന്മയില്‍നിന്നും പിന്തിരിക്കുമായിരുന്നു. സമീപസ്ഥനായിരിക്കുമ്പോള്‍ മാത്രമാണോ ഞാന്‍ ദൈവം? വിദൂരസ്ഥനായിരിക്കുമ്പോഴും ഞാന്‍ ദൈവമല്ലേ എന്നു സര്‍വേശ്വരന്‍ ചോദിക്കുന്നു. എന്‍റെ ദൃഷ്‍ടിയില്‍ പെടാതെ രഹസ്യസങ്കേതങ്ങളില്‍ ആര്‍ക്കെങ്കിലും ഒളിച്ചിരിക്കാന്‍ കഴിയുമോ? ആകാശവും ഭൂമിയും നിറഞ്ഞുനില്‌ക്കുന്നവനല്ലേ ഞാന്‍ എന്ന് അവിടുന്നു ചോദിക്കുന്നു. ‘ഞാന്‍ ഒരു സ്വപ്നം കണ്ടു, ഞാനൊരു സ്വപ്നം കണ്ടു’ എന്നു പറഞ്ഞ് എന്‍റെ നാമത്തില്‍ വ്യാജമായി പ്രവചിക്കുന്ന പ്രവാചകര്‍ പറയുന്നതു ഞാന്‍ കേട്ടിരിക്കുന്നു. വ്യാജപ്രവചനം നടത്തുകയും സ്വന്തമനസ്സിലെ വിചാരങ്ങള്‍ പ്രവചിക്കുകയും ചെയ്യുന്ന പ്രവാചകന്മാര്‍ തങ്ങളുടെ ഹൃദയത്തില്‍ എത്രകാലം വ്യാജം വച്ചുകൊണ്ടിരിക്കും? അവരുടെ പിതാക്കന്മാര്‍ ബാല്‍ നിമിത്തം എന്‍റെ നാമം വിസ്മരിച്ചതുപോലെ അന്യോന്യം വിവരിക്കുന്ന തങ്ങളുടെ സ്വപ്നങ്ങള്‍ നിമിത്തം എന്‍റെ ജനം എന്‍റെ നാമം മറന്നുകളയാന്‍ അവര്‍ ഇടയാക്കുന്നു. സ്വപ്നം കണ്ട പ്രവാചകന്‍ ആ സ്വപ്നം പറയട്ടെ; എന്നാല്‍ എന്‍റെ വചനം ലഭിച്ചിട്ടുള്ളവര്‍ അതു വിശ്വസ്തതയോടെ പ്രസ്താവിക്കണം; വയ്‍ക്കോലും ഗോതമ്പും തമ്മില്‍ എന്തു പൊരുത്തം? എന്‍റെ വചനം അഗ്നിപോലെയും പാറപൊട്ടിക്കുന്ന കൂടംപോലെയുമല്ലേ എന്നു സര്‍വേശ്വരന്‍ ചോദിക്കുന്നു. അതുകൊണ്ട് അന്യോന്യം മോഷ്‍ടിച്ച വചനം എന്‍റെ വചനമായി അറിയിക്കുന്ന പ്രവാചകന്മാര്‍ക്ക് ഞാന്‍ എതിരാണ് എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. സ്വന്തം വാക്കുകള്‍ സര്‍വേശ്വരന്‍റെ വാക്കുകളാണെന്ന് പറയുന്ന പ്രവാചകന്മാര്‍ക്കു ഞാന്‍ എതിരാണെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. വ്യാജസ്വപ്നങ്ങള്‍ പ്രവചിക്കുന്നവര്‍ക്കു ഞാന്‍ എതിരാണ് എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; വ്യാജംകൊണ്ടും ആത്മപ്രശംസകൊണ്ടും അവര്‍ എന്‍റെ ജനത്തെ വഴി തെറ്റിക്കുന്നു; ഞാന്‍ അവരെ അയയ്‍ക്കുകയോ അധികാരപ്പെടുത്തുകയോ ചെയ്തിട്ടില്ല. അവര്‍ ഈ ജനത്തിന് ഒരു ഗുണവും ചെയ്യുകയില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. സര്‍വേശ്വരന്‍റെ ഭാരം എന്തെന്ന് ഈ ജനത്തില്‍ ഒരാളോ പ്രവാചകനോ പുരോഹിതനോ ചോദിച്ചാല്‍ ‘നിങ്ങളാണ് ഭാരം’ എന്ന് അവരോടു പറയണം; നിങ്ങളെ ഞാന്‍ വലിച്ചെറിയും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. സര്‍വേശ്വരന്‍റെ ഭാരം എന്ന് പ്രവാചകനോ പുരോഹിതനോ ജനത്തില്‍ ആരെങ്കിലുമോ പറഞ്ഞാല്‍ അവനെയും അവന്‍റെ കുടുംബത്തെയും ഞാന്‍ ശിക്ഷിക്കും. അവിടുന്ന് എന്തുത്തരം നല്‌കി? അവിടുന്ന് എന്തരുളിച്ചെയ്യുന്നു എന്നാണ് നിങ്ങളില്‍ ഓരോരുത്തനും സ്വന്തസഹോദരനോടും അയല്‍ക്കാരനോടും ചോദിക്കേണ്ടത്. സര്‍വേശ്വരന്‍റെ ഭാരം എന്ന് ഇനി മേലാല്‍ ആരും പറയരുത്; ആരെങ്കിലും പറഞ്ഞാല്‍ അവന്‍റെ വാക്കുകള്‍ തന്നെ ആയിരിക്കും അവനു ഭാരമായിത്തീരുക; സര്‍വശക്തനും ജീവിക്കുന്നവനുമായ നമ്മുടെ ദൈവത്തിന്‍റെ വാക്കുകളാണല്ലോ നിങ്ങള്‍ വികലമാക്കുന്നത്. സര്‍വേശ്വരന്‍ എന്തുത്തരം നല്‌കി? അവിടുന്ന് എന്ത് അരുളിച്ചെയ്തു എന്നാണ് നിങ്ങള്‍ പ്രവാചകനോടു ചോദിക്കേണ്ടത്? സര്‍വേശ്വരന്‍റെ ഭാരമെന്നു പറയരുതെന്നു വിലക്കിയിരിക്കെ സര്‍വേശ്വരന്‍റെ ഭാരം എന്നു നിങ്ങള്‍ പറഞ്ഞതുകൊണ്ട് ഞാന്‍ നിശ്ചയമായും നിങ്ങളെയും പിതാക്കന്മാര്‍ക്കു നല്‌കിയിരുന്ന നഗരത്തെയും എന്‍റെ സന്നിധിയില്‍നിന്നു ദൂരെ എറിഞ്ഞുകളയും. ഞാന്‍ നിങ്ങളുടെമേല്‍ ശാശ്വതമായ നിന്ദയും മറന്നു പോകാത്ത ലജ്ജയും വരുത്തിവയ്‍ക്കും. ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ യെഹോയാക്കീമിന്‍റെ പുത്രനും യെഹൂദാരാജാവുമായ യെഹോയാഖീനെയും അയാളോടൊപ്പം യെഹൂദായിലെ പ്രഭുക്കന്മാര്‍, കരകൗശലപ്പണിക്കാര്‍, ലോഹപ്പണിക്കാര്‍ എന്നിവരെയും യെരൂശലേമില്‍നിന്ന് ബാബിലോണിലേക്കു പിടിച്ചുകൊണ്ടുവന്നശേഷം സര്‍വേശ്വരന്‍ എനിക്കൊരു ദര്‍ശനം കാണിച്ചുതന്നു. ഇതാ, രണ്ടു കുട്ട അത്തിപ്പഴം ദേവാലയത്തിനു മുമ്പില്‍ ഇരിക്കുന്നു. ഒരു കുട്ടയില്‍ ആദ്യഫലങ്ങള്‍ പോലെയുള്ള നല്ല പഴങ്ങള്‍; എന്നാല്‍ മറ്റേ കുട്ടയില്‍ തിന്നാന്‍ പാടില്ലാത്തവിധം ചീത്തയായ അത്തിപ്പഴങ്ങളും. “യിരെമ്യായേ, നീ എന്തു കാണുന്നു” എന്നു സര്‍വേശ്വരന്‍ എന്നോടു ചോദിച്ചു; “അത്തിപ്പഴങ്ങള്‍” എന്നു ഞാന്‍ മറുപടി പറഞ്ഞു; നല്ല പഴങ്ങള്‍ വളരെ നല്ലവയും ചീഞ്ഞ പഴങ്ങളാകട്ടെ, തിന്നാന്‍ കൊള്ളാത്തവിധം അത്ര മോശവും ആകുന്നു. അപ്പോള്‍ സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി. “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: യെഹൂദാ ദേശത്തുനിന്നു ബാബിലോണിലേക്കു ഞാന്‍ അയച്ച പ്രവാസികളെ ഈ നല്ല അത്തിപ്പഴംപോലെ നന്നായി കരുതും. ഞാന്‍ അവരെ കടാക്ഷിച്ച് അവര്‍ക്കു നന്മ വരുത്തും. ഈ ദേശത്തേക്കു ഞാന്‍ അവരെ മടക്കികൊണ്ടുവരും; ഞാന്‍ അവരെ പണിതുയര്‍ത്തും; അവരെ നശിപ്പിക്കയില്ല; ഞാന്‍ അവരെ നട്ടുപിടിപ്പിക്കും; പിഴുതുകളകയില്ല. ഞാനാണു സര്‍വേശ്വരന്‍ എന്നു ഗ്രഹിക്കുന്നതിനുള്ള ഹൃദയം ഞാനവര്‍ക്കു കൊടുക്കും; അവര്‍ എന്‍റെ ജനവും ഞാന്‍ അവരുടെ ദൈവവുമായിരിക്കും; പൂര്‍ണഹൃദയത്തോടു കൂടിയാണല്ലോ അവര്‍ എങ്കലേക്കു മടങ്ങിവരുന്നത്. എന്നാല്‍ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: തിന്നാന്‍ കൊള്ളാത്തവിധം ചീത്തയായ അത്തിപ്പഴംപോലെ, യെഹൂദാരാജാവായ സിദെക്കീയായെയും അവന്‍റെ പ്രഭുക്കന്മാരെയും ഈ ദേശത്ത് അവശേഷിച്ച് ഇവിടെ പാര്‍ക്കുന്ന യെരൂശലേംകാരെയും ഇവിടെനിന്ന് ഈജിപ്തില്‍ പോയി പാര്‍ക്കുന്നവരെയും ഞാന്‍ കണക്കാക്കും. ഭൂമിയിലെ സകല രാജ്യങ്ങള്‍ക്കും അവര്‍ ഒരു ഭീതിദവിഷയമാകും; ഞാന്‍ അവരെ ചിതറിക്കുന്ന ദേശങ്ങളിലെല്ലാം അവര്‍ പരിഹാസത്തിനും പഴമൊഴിക്കും അവഹേളനത്തിനും ശാപത്തിനും പാത്രമായിത്തീരും. അവര്‍ക്കും അവരുടെ പിതാക്കന്മാര്‍ക്കും ഞാന്‍ നല്‌കിയ ദേശത്തുനിന്ന് അവര്‍ നശിപ്പിക്കപ്പെടുന്നതുവരെ വാളും ക്ഷാമവും മഹാമാരിയും ഞാന്‍ അയയ്‍ക്കും. യോശീയായുടെ പുത്രനും യെഹൂദാരാജാവുമായ യെഹോയാക്കീമിന്‍റെ വാഴ്ചയുടെ നാലാം വര്‍ഷം; അതായത് നെബുഖദ്നേസര്‍ ബാബിലോണില്‍ ഭരണം ആരംഭിച്ചതിന്‍റെ ഒന്നാം വര്‍ഷം യെഹൂദ്യനിവാസികളെക്കുറിച്ചു യിരെമ്യാക്ക് അരുളപ്പാടു ലഭിച്ചു. യിരെമ്യാപ്രവാചകന്‍ അതു യെഹൂദ്യയിലെ സര്‍വജനത്തോടും യെരൂശലേമിലെ സകല നിവാസികളോടും അറിയിച്ചു; ആമോന്‍റെ പുത്രനും യെഹൂദാരാജാവുമായ യോശീയായുടെ വാഴ്ചയുടെ പതിമൂന്നാം വര്‍ഷം മുതല്‍ ഇന്നുവരെ ഇരുപത്തിമൂന്നു വര്‍ഷക്കാലം സര്‍വേശ്വരനില്‍നിന്ന് എനിക്ക് അരുളപ്പാടു ലഭിച്ചു; അവ ഞാന്‍ നിങ്ങളോടു തുടര്‍ച്ചയായി അറിയിച്ചുകൊണ്ടിരുന്നു; എന്നാല്‍ നിങ്ങള്‍ അവ ശ്രദ്ധിച്ചില്ല. അവിടുന്നു തന്‍റെ ദാസരായ പ്രവാചകരെ തുടര്‍ച്ചയായി നിങ്ങളുടെ അടുക്കല്‍ അയച്ചിട്ടും നിങ്ങള്‍ അവരെ ശ്രദ്ധിക്കുകയോ ചെവികൊടുക്കുകയോ ചെയ്തില്ല. പ്രവാചകര്‍ പറഞ്ഞു: “സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; നിങ്ങള്‍ ഓരോരുത്തനും തന്‍റെ ദുര്‍മാര്‍ഗത്തില്‍നിന്നും ദുഷ്പ്രവൃത്തികളില്‍നിന്നും പിന്തിരിയുക. എന്നാല്‍ നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും പണ്ടുതന്നെ ശാശ്വതാവകാശമായി തന്ന ദേശത്തു നിങ്ങള്‍ക്കു പാര്‍ക്കാം. നിങ്ങള്‍ അന്യദേവന്മാരുടെ പുറകേ പോയി അവയെ സേവിക്കുകയോ ആരാധിക്കുകയോ ചെയ്യരുത്; നിങ്ങളുടെ കരങ്ങള്‍ സൃഷ്‍ടിച്ച വസ്തുക്കള്‍കൊണ്ട് എന്നെ പ്രകോപിപ്പിക്കുകയും അരുത്; അങ്ങനെയെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് ഒരു അനര്‍ഥവും വരുത്തുകയില്ല. എന്നിട്ടും നിങ്ങള്‍ എന്‍റെ വാക്കു ശ്രദ്ധിച്ചില്ല; നിങ്ങളുടെ നാശത്തിനായി നിങ്ങളുടെ കരങ്ങള്‍ സൃഷ്‍ടിച്ചവയെക്കൊണ്ട് എന്നെ പ്രകോപിപ്പിച്ചു.” അതുകൊണ്ട് സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്‍റെ വാക്കു നിങ്ങള്‍ അനുസരിക്കാതിരുന്നതുകൊണ്ട്, ഉത്തരദേശത്തുള്ള ഗോത്രങ്ങളെയും എന്‍റെ ദാസനായ ബാബിലോണിലെ നെബുഖദ്നേസര്‍രാജാവിനെയും ഞാന്‍ വിളിച്ചു വരുത്തും; അവര്‍ ഈ ദേശത്തെയും അതിലെ നിവാസികളെയും ചുറ്റുമുള്ള സകല ജനതകളെയും നിശ്ശേഷം നശിപ്പിക്കും; ഞാന്‍ അവരെ ഭീതിദവിഷയവും പരിഹാസപാത്രവും ശാശ്വതമായ നാശകൂമ്പാരവും ആക്കും. ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്‍റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്‍റെ ഒച്ചയും വിളക്കിന്‍റെ വെളിച്ചവും അവരുടെ ഇടയില്‍നിന്നു ഞാന്‍ നീക്കിക്കളയും. ഈ ദേശം മുഴുവന്‍ ശൂന്യമായിത്തീരും; ഈ ജനത ബാബിലോണ്‍രാജാവിനെ എഴുപതു വര്‍ഷം സേവിക്കും. എഴുപതു വര്‍ഷത്തിനുശേഷം ബാബിലോണ്‍രാജാവിനെയും ആ ജനതയെയും അവരുടെ അകൃത്യങ്ങള്‍ നിമിത്തം ശിക്ഷിക്കും; കല്ദയരുടെ ആ ബാബിലോണ്‍ എന്നും ശൂന്യമായിരിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ആ ദേശത്തിനെതിരെ ഞാന്‍ പറഞ്ഞിട്ടുള്ള എല്ലാ വാക്കുകളും സകല ജനതകള്‍ക്കുമെതിരെ യിരെമ്യാ പ്രവചിച്ചതായി ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതും ഞാന്‍ അതിന്മേല്‍ വരുത്തും. അനേകം ജനതകളും മഹാരാജാക്കന്മാരും അവരെ അടിമകളാക്കും; അവരുടെ പ്രവൃത്തികള്‍ക്കും അവരുടെ കരങ്ങളുടെ സൃഷ്‍ടികള്‍ക്കും അനുസൃതമായി ഞാന്‍ അവര്‍ക്കു പ്രതിഫലം നല്‌കും.” ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ എന്നോടരുളിച്ചെയ്തു: “ക്രോധമദ്യം നിറഞ്ഞ ഈ പാനപാത്രം എന്‍റെ കൈയില്‍നിന്നു വാങ്ങി, ആരുടെ അടുക്കലേക്കു ഞാന്‍ നിന്നെ അയയ്‍ക്കുന്നുവോ ആ ജനതകളെയെല്ലാം കുടിപ്പിക്കുക. അവര്‍ അതു കുടിക്കും; ഞാന്‍ അവരുടെ ഇടയില്‍ അയയ്‍ക്കുന്ന വാള്‍ നിമിത്തം അവര്‍ ഭ്രാന്തരായി ആടി നടക്കും. ഞാന്‍ സര്‍വേശ്വരനില്‍നിന്നു പാനപാത്രം വാങ്ങി, അവിടുന്ന് എന്നെ ആരുടെ അടുക്കലേക്ക് അയച്ചുവോ, ആ ജനതകളെയെല്ലാം കുടിപ്പിച്ചു. ഇന്നത്തേതുപോലെ യെരൂശലേമിനെയും യെഹൂദ്യയിലെ നഗരങ്ങളെയും ശൂന്യവും പാഴുമാക്കുവാനും പരിഹാസവിഷയവും ശാപവുമാക്കുവാനും അവയെയും അവരുടെ രാജാക്കന്മാര്‍ പ്രഭുക്കന്മാര്‍ എന്നിവരെയും ഈജിപ്തുരാജാവായ ഫറവോ, അയാളുടെ ദാസന്മാര്‍, പ്രഭുക്കന്മാര്‍, ജനങ്ങള്‍, അവരുടെ ഇടയില്‍ പാര്‍ക്കുന്ന വിദേശികള്‍ എന്നിവരെയും ഊസ്ദേശത്തിലെ രാജാക്കന്മാരെയും ഫെലിസ്ത്യയിലെ അസ്കലോന്‍, ഗസ്സാ, എക്രോന്‍, അസ്ദോദിലെ ശേഷിപ്പ് എന്നിവിടങ്ങളിലെ രാജാക്കന്മാര്‍, എദോം, മോവാബ്, അമ്മോന്യര്‍ എന്നിവരുടെ രാജാക്കന്മാര്‍, സോരിലും സീദോനിലും കടലിനക്കരെയുള്ള ദ്വീപുകളിലും ഉള്ള രാജാക്കന്മാര്‍, ദേദാന്‍, തേമ, ബൂസ്, തലയുടെ അരികു വടിക്കുന്നവര്‍ എന്നിവരുടെ രാജാക്കന്മാര്‍, അറേബ്യയിലെ രാജാക്കന്മാര്‍, മരുഭൂമിയിലെ സങ്കരവര്‍ഗങ്ങളുടെ രാജാക്കന്മാര്‍, സിമ്രി, ഏലാം, മേദ്യ എന്നിവിടങ്ങളിലെ രാജാക്കന്മാര്‍, ഉത്തരദേശത്ത് ഒന്നിനു പുറകേ ഒന്നായി അടുത്തും അകലെയുമുള്ള രാജാക്കന്മാര്‍ എന്നിവരെയും ഭൂമുഖത്തുള്ള സകല ജനതകളെയും ഞാന്‍ അതു കുടിപ്പിക്കും; അവസാനം ബാബിലോണ്‍ രാജാവും അതു കുടിക്കും. നീ അവരോടു പറയണം: “സര്‍വശക്തനും ഇസ്രായേലിന്‍റെ ദൈവവുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; നിങ്ങള്‍ കുടിച്ചു ലഹരി പിടിച്ചു ഛര്‍ദിക്കുവിന്‍; നിങ്ങളുടെ ഇടയിലേക്കു ഞാന്‍ അയയ്‍ക്കുന്ന വാളുകൊണ്ട് ഇനി എഴുന്നേല്‌ക്കാത്തവിധം വീഴുവിന്‍. നിന്‍റെ കൈയില്‍നിന്നു പാനപാത്രം വാങ്ങി കുടിക്കാന്‍ അവര്‍ വിസമ്മതിച്ചാല്‍ നീ അവരോടു പറയണം: “നീ കുടിച്ചേ തീരൂ” എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. എന്‍റെ നാമത്തില്‍ അറിയപ്പെടുന്ന ഈ നഗരത്തിനു ഞാന്‍ അനര്‍ഥം വരുത്താന്‍ പോകുകയാണ്; അപ്പോള്‍ നിങ്ങള്‍ ശിക്ഷിക്കപ്പെടാതെ പോകുമോ? നിങ്ങള്‍ ശിക്ഷിക്കപ്പെടാതിരിക്കയില്ല; സകല ഭൂവാസികളുടെയുംമേല്‍ ഞാന്‍ വാള്‍ അയയ്‍ക്കും എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. അതുകൊണ്ട് നീ ഈ വചനം അവര്‍ക്കെതിരായി പ്രവചിക്കണം; ഉന്നതങ്ങളില്‍നിന്നു സര്‍വേശ്വരന്‍ ഗര്‍ജിക്കുന്നു; തന്‍റെ വിശുദ്ധനിവാസത്തില്‍നിന്നു ശബ്ദം ഉയര്‍ത്തുന്നു; തന്‍റെ ആട്ടിന്‍പറ്റത്തിന്‍റെ നേരേ ഉച്ചത്തില്‍ ഗര്‍ജിക്കുന്നു; മുന്തിരിച്ചക്കു ചവിട്ടുന്നവരെപ്പോലെ സകല ഭൂവാസികള്‍ക്കുമെതിരേ അവിടുന്നു ശബ്ദമുയര്‍ത്തുന്നു. ആ ശബ്ദം ഭൂമിയുടെ അറുതികള്‍ വരെ മുഴങ്ങുന്നു; ജനതകള്‍ക്കെതിരെ സര്‍വേശ്വരന്‍ കുറ്റം ചുമത്തുന്നു. അവിടുന്നു സകല മനുഷ്യരാശിയെയും ന്യായംവിധിച്ചു ദുഷ്ടരെ വാളിനിരയാക്കും. ഇതു സര്‍വേശ്വരന്‍റെ വചനം. സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അനര്‍ഥം ഒരു ജനതയില്‍നിന്നു മറ്റൊരു ജനതയിലേക്കു വ്യാപിക്കുന്നു; ഭൂമിയുടെ അറുതികളില്‍നിന്നു കൊടുങ്കാറ്റ് ഇളകി വരുന്നു. അന്നാളില്‍ സര്‍വേശ്വരനാല്‍ വധിക്കപ്പെടുന്നവര്‍ ഭൂമിയുടെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ വീണു കിടക്കും; അവര്‍ക്കുവേണ്ടി ആരെങ്കിലും വിലപിക്കുകയോ ആരെങ്കിലും അവരെ സംസ്കരിക്കുകയോ ചെയ്യുകയില്ല; അവര്‍ നിലത്തിനു വളമായിത്തീരും. ഇടയന്മാരേ, അലമുറയിട്ടു നിലവിളിക്കുവിന്‍; ആട്ടിന്‍പറ്റത്തിന്‍റെ ഇടയശ്രേഷ്ഠന്മാരേ, വെണ്ണീരില്‍ കിടന്നുരുളുവിന്‍; നിങ്ങളെ കശാപ്പുചെയ്യുന്ന സമയം ആഗതമായിരിക്കുന്നു; കൊഴുത്ത ആടുകളെപ്പോലെ നിങ്ങള്‍ വധിക്കപ്പെടും. ഇടയന്മാര്‍ക്ക് ഒളിക്കാനോ, ആട്ടിന്‍പറ്റത്തിന്‍റെ ഇടയശ്രേഷ്ഠന്മാര്‍ക്ക് ഓടി രക്ഷപെടാനോ സാധിക്കയില്ല. ഇടയന്മാരുടെ നിലവിളിയും ആട്ടിന്‍പറ്റത്തിന്‍റെ ഇടയശ്രേഷ്ഠന്മാരുടെ വിലാപവും ശ്രദ്ധിക്കുക; സര്‍വേശ്വരന്‍ അവരുടെ മേച്ചില്‍പ്പുറം നശിപ്പിക്കുന്നുവല്ലോ. അവിടുത്തെ ഉഗ്രകോപം നിമിത്തം പ്രശാന്തമായ ആലകള്‍ നശിച്ചിരിക്കുന്നു. സിംഹം അതിന്‍റെ ഒളിയിടം വിട്ടു പുറത്തുവന്നിരിക്കുന്നു; മര്‍ദകന്‍റെ വാളും അവന്‍റെ ഉഗ്രകോപവും നിമിത്തം അവരുടെ ദേശം ശൂന്യമായിരിക്കുന്നു. യോശീയായുടെ പുത്രനും യെഹൂദാരാജാവുമായ യെഹോയാക്കീമിന്‍റെ വാഴ്ചയുടെ ആരംഭത്തില്‍ സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്തു: “സര്‍വേശ്വരന്‍റെ ആലയത്തിന്‍റെ അങ്കണത്തില്‍ നിന്നുകൊണ്ടു ദേവാലയത്തില്‍ ആരാധിക്കാന്‍ വരുന്ന യെഹൂദാനഗരങ്ങളിലെ നിവാസികളോടു ഞാന്‍ ആജ്ഞാപിക്കുന്ന കാര്യങ്ങള്‍ പറയുക; ഒരു വാക്കുപോലും വിട്ടുകളയരുത്. ഒരുവേള അവര്‍ ശ്രദ്ധിച്ചു തങ്ങളുടെ ദുര്‍മാര്‍ഗം വിട്ടുകളഞ്ഞെന്നു വരാം; അതുമൂലം അവരുടെ ദുഷ്പ്രവൃത്തികള്‍ക്കു പകരമായി അവര്‍ക്കു വരുത്താന്‍ ഉദ്ദേശിച്ചിരുന്ന അനര്‍ഥത്തെക്കുറിച്ചുള്ള തീരുമാനം ഞാന്‍ മാറ്റും. [4,5] നീ അവരോടു പറയുക, സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: നിങ്ങളുടെ മുമ്പില്‍ ഞാന്‍ വച്ചിട്ടുള്ള എന്‍റെ ധര്‍മശാസ്ത്രം നിങ്ങള്‍ അനുസരിക്കാതിരിക്കുകയും നിങ്ങള്‍ അങ്ങനെ ചെയ്തിട്ടും നിങ്ങളുടെ അടുക്കല്‍ തുടര്‍ച്ചയായി ഞാന്‍ അയച്ച എന്‍റെ ദാസരായ പ്രവാചകന്മാരെ നിങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയും ചെയ്താല്‍, *** ഈ ആലയത്തെ ഞാന്‍ ശീലോയെപ്പോലെയാക്കും; ഈ നഗരം ഭൂമിയിലെ സകല ജനതകള്‍ക്കും ശാപമാക്കിത്തീര്‍ക്കും. സര്‍വേശ്വരന്‍റെ ആലയത്തില്‍വച്ചു യിരെമ്യാ സംസാരിച്ച വാക്കുകള്‍ പുരോഹിതന്മാരും പ്രവാചകരും സര്‍വജനവും കേട്ടു. സര്‍വജനത്തോടും പറയാന്‍ അവിടുന്നു കല്പിച്ചിരുന്നവയെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ പുരോഹിതന്മാരും പ്രവാചകന്മാരും ജനങ്ങളും ചേര്‍ന്ന് അദ്ദേഹത്തെ പിടികൂടി; അവര്‍ പറഞ്ഞു: നീ മരിക്കണം. ഈ ആലയം ശീലോയെപ്പോലെ ആകുമെന്നും ഈ നഗരം ജനവാസമില്ലാതെ ശൂന്യമായിത്തീരുമെന്നും നീ എന്തിനു സര്‍വേശ്വരന്‍റെ നാമത്തില്‍ പ്രവചിച്ചു? ‘ജനമെല്ലാം സര്‍വേശ്വരന്‍റെ ആലയത്തില്‍ യിരെമ്യാക്ക് എതിരെ ചുറ്റും കൂടി. യെഹൂദാപ്രഭുക്കന്മാര്‍ ഈ കാര്യങ്ങള്‍ കേട്ടപ്പോള്‍ രാജകൊട്ടാരത്തില്‍നിന്നു സര്‍വേശ്വരന്‍റെ ആലയത്തില്‍ വന്ന് പുതിയ കവാടത്തിനു സമീപം ഇരുന്നു. അപ്പോള്‍ പുരോഹിതന്മാരും പ്രവാചകന്മാരും പ്രഭുക്കന്മാരോടും സര്‍വജനത്തോടും പറഞ്ഞു: ‘ഈ മനുഷ്യന്‍ വധശിക്ഷയ്‍ക്ക് അര്‍ഹനാണ്, ഇയാള്‍ നഗരത്തിനെതിരെ പ്രവചിക്കുന്നതു നിങ്ങള്‍ സ്വന്തം ചെവികൊണ്ടു കേട്ടതാണല്ലോ.’ അപ്പോള്‍ യിരെമ്യാ സകല പ്രഭുക്കന്മാരോടും സര്‍വജനത്തോടുമായി പറഞ്ഞു: “ഈ ആലയത്തിനും നഗരത്തിനും എതിരെ നിങ്ങള്‍ കേട്ട വചനം പ്രവചിക്കാനാണ് സര്‍വേശ്വരന്‍ എന്നെ അയച്ചത്. അതുകൊണ്ട് നിങ്ങളുടെ മാര്‍ഗങ്ങളും പ്രവൃത്തികളും തിരുത്തുവിന്‍; നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ വാക്കുകള്‍ അനുസരിക്കുവിന്‍, നിങ്ങള്‍ക്കെതിരെ അവിടുന്നു പ്രഖ്യാപിച്ചിട്ടുള്ള അനര്‍ഥത്തെക്കുറിച്ചുള്ള തീരുമാനം അവിടുന്ന് അപ്പോള്‍ മാറ്റും. ഞാനിതാ നിങ്ങളുടെ കൈകളില്‍ ആയിരിക്കുന്നു; നിങ്ങള്‍ക്കു ശരിയെന്നും യോഗ്യമെന്നും തോന്നുന്നത് എന്നോടു പ്രവര്‍ത്തിച്ചുകൊള്ളുവിന്‍. നിങ്ങള്‍ എന്നെ കൊന്നാല്‍ നിങ്ങളുടെമേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെമേലും നിഷ്കളങ്കരക്തമാണു നിങ്ങള്‍ വീഴ്ത്തുന്നത് എന്നറിഞ്ഞുകൊള്ളുവിന്‍; ഇതു നിങ്ങളോടു പറയാന്‍ സര്‍വേശ്വരനാണ് എന്നെ അയച്ചിരിക്കുന്നത്; ഇതു സത്യം.” അപ്പോള്‍ പ്രഭുക്കന്മാരും സര്‍വജനവും പുരോഹിതന്മാരോടും പ്രവാചകന്മാരോടും പറഞ്ഞു: “ഈ മനുഷ്യന്‍ വധശിക്ഷയ്‍ക്ക് അര്‍ഹമായതൊന്നും ചെയ്തിട്ടില്ല; നമ്മുടെ ദൈവമായ സര്‍വേശ്വരന്‍റെ നാമത്തിലാണല്ലോ അയാള്‍ സംസാരിച്ചത്. ദേശത്തിലെ ശ്രേഷ്ഠന്മാരില്‍ ചിലര്‍ എഴുന്നേറ്റ് അവിടെ കൂടിയിരുന്ന ജനസമൂഹത്തോടു പറഞ്ഞു: “യെഹൂദാരാജാവായ ഹിസ്കീയായുടെ കാലത്ത് മോരെശെത്തിലെ മീഖായാപ്രവാചകന്‍ സകല യെഹൂദാജനത്തോടും പറഞ്ഞു: സീയോനെ നിലംപോലെ ഉഴുതുകളയും; യെരൂശലേം കല്‍ക്കൂമ്പാരമാകും; ആലയമിരിക്കുന്ന പര്‍വതം വനാന്തരമാവുകയും ചെയ്യും എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. യെഹൂദാരാജാവായ ഹിസ്കീയായോ യെഹൂദ്യയിലെ ജനമോ അയാളെ വധിച്ചുവോ? അവര്‍ സര്‍വേശ്വരനെ ഭയപ്പെട്ട് അവിടുത്തെ കാരുണ്യം യാചിക്കുകയും അവിടുന്ന് അവരുടെമേല്‍ വരുത്തുമെന്നു പറഞ്ഞിരുന്ന അനര്‍ഥത്തെക്കുറിച്ചുള്ള തീരുമാനം മാറ്റുകയും ചെയ്തില്ലേ? നാമാകട്ടെ വലിയ അനര്‍ഥം നമ്മുടെമേല്‍ വരുത്തിവയ്‍ക്കാന്‍ പോകുന്നു. കിര്യത്ത്-യെയാരീമിലെ ശെമയ്യായുടെ പുത്രന്‍ ഊരിയാ സര്‍വേശ്വരന്‍റെ നാമത്തില്‍ പ്രവചിച്ച മറ്റൊരാള്‍ ആയിരുന്നു; അയാളും ഈ നഗരത്തിനും ദേശത്തിനും എതിരെ യിരെമ്യാ പറഞ്ഞതുപോലെതന്നെ പ്രവചിച്ചു. യെഹോയാക്കീംരാജാവും പടയാളികളും പ്രഭുക്കന്മാരും അയാളുടെ വാക്കുകള്‍ കേട്ട് അയാളെ വധിക്കാന്‍ ശ്രമിച്ചു; ഊരിയാ വിവരമറിഞ്ഞപ്പോള്‍ ഭയന്ന് ഈജിപ്തിലേക്ക് ഓടിപ്പോയി. എന്നാല്‍ യെഹോയാക്കീംരാജാവ് അക്ബോറിന്‍റെ മകന്‍ എല്‍നാഥാനെയും മറ്റു ചിലരെയും ഈജിപ്തിലേക്കയച്ചു. അവര്‍ ഊരിയായെ ഈജിപ്തില്‍നിന്ന് യെഹോയാക്കീം രാജാവിന്‍റെ അടുക്കല്‍ പിടിച്ചുകൊണ്ടുവന്നു; രാജാവ് അയാളെ വാളുകൊണ്ടു വധിച്ചു പൊതുശ്മശാനത്തിലേക്ക് എറിഞ്ഞുകളഞ്ഞു. ശാഫാന്‍റെ പുത്രനായ അഹീകാമിന്‍റെ സഹായം യിരെമ്യാക്ക് ഉണ്ടായിരുന്നതുകൊണ്ട്, അയാളെ വധിക്കാന്‍ ജനത്തെ ഏല്പിച്ചില്ല. യോശിയായുടെ പുത്രനും യെഹൂദാരാജാവുമായ സിദെക്കിയായുടെ ഭരണാരംഭത്തില്‍ യിരെമ്യാക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി. അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “നീ അടിമക്കയറും നുകവുമുണ്ടാക്കി കഴുത്തില്‍ വയ്‍ക്കുക. എദോം, മോവാബ്, അമ്മോന്‍, സോര്‍, സീദോന്‍ എന്നിവിടങ്ങളിലെ രാജാക്കന്മാര്‍ക്ക് യെഹൂദാരാജാവായ സിദെക്കീയായെ കാണാന്‍ യെരൂശലേമില്‍ വന്ന അവരുടെ ദൂതന്മാര്‍ വഴി സന്ദേശം അറിയിക്കുക. തങ്ങളുടെ യജമാനന്മാര്‍ക്കായി ഈ സന്ദേശം നീ അവരെ അറിയിക്കണം; ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; നിങ്ങളുടെ യജമാനന്മാരോട് ഇങ്ങനെ പറയുവിന്‍. “മഹാശക്തിയാലും ബലമുള്ള കരത്താലും ഭൂമിയെയും അതിലുള്ള മനുഷ്യരെയും മൃഗങ്ങളെയും സൃഷ്‍ടിച്ചതു ഞാനാണ്; എനിക്ക് ഉചിതമെന്നു തോന്നുന്നവനു ഞാന്‍ അതു നല്‌കും. ഇപ്പോള്‍ ഈ ദേശങ്ങളെയെല്ലാം എന്‍റെ ദാസനും ബാബിലോണിലെ രാജാവുമായ നെബുഖദ്നേസര്‍രാജാവിന്‍റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു; കാട്ടുമൃഗങ്ങള്‍ പോലും അവനെ സേവിക്കാന്‍ ഞാന്‍ ഇടയാക്കും. സകല ജനതകളും അവനെയും അവന്‍റെ പുത്രനെയും പൗത്രനെയും അവന്‍റെ രാജ്യത്തിന്‍റെ പതനംവരെ സേവിക്കും; പിന്നീട് അനേകം ജനതകളും മഹാരാജാക്കന്മാരും ചേര്‍ന്ന് അവനെ അടിമയാക്കും. ഏതെങ്കിലും ജനതയോ രാജ്യമോ ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍രാജാവിനെ സേവിക്കാതെയോ, ബാബിലോണ്‍ രാജാവിന്‍റെ നുകത്തിനു കീഴില്‍ തന്‍റെ കഴുത്തു വച്ചുകൊടുക്കാതെയോ ഇരുന്നാല്‍, ഞാന്‍ അവരെ വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും ശിക്ഷിക്കും. അവന്‍റെ കൈകളാല്‍ അവര്‍ ഉന്മൂലനം ചെയ്യപ്പെടുന്നതുവരെ അവ തുടരും. അതുകൊണ്ട്, ബാബിലോണ്‍ രാജാവിനെ നിങ്ങള്‍ സേവിക്കയില്ല എന്നു പറയുന്ന പ്രവാചകന്മാര്‍ക്കും പ്രശ്നക്കാര്‍ക്കും സ്വപ്നക്കാര്‍ക്കും ശകുനക്കാര്‍ക്കും ക്ഷുദ്രക്കാര്‍ക്കും നിങ്ങള്‍ ചെവി കൊടുക്കരുത്. അവര്‍ നിങ്ങളോടു പ്രവചിക്കുന്നതു നുണയാണ്; തത്ഫലമായി സ്വദേശത്തുനിന്നു നിങ്ങള്‍ വിദൂരദേശത്തേക്കു നീക്കപ്പെടും; ഞാന്‍ നിങ്ങളെ പുറത്താക്കും; നിങ്ങള്‍ നശിക്കും. എന്നാല്‍ ഏതെങ്കിലും ജനത ബാബിലോണ്‍രാജാവിന്‍റെ നുകത്തിനു കീഴില്‍ തലവച്ചു രാജാവിനെ സേവിച്ചാല്‍ ഞാന്‍ അവരെ അവരുടെ ദേശത്തുതന്നെ വസിക്കുമാറാക്കും; അവര്‍ കൃഷി ചെയ്ത് അവിടെ പാര്‍ക്കും. യെഹൂദാരാജാവായ സിദെക്കീയായോടു ഞാന്‍ ഇതേ രീതിയില്‍ സംസാരിച്ചു: “നിങ്ങളുടെ കഴുത്തുകള്‍ ബാബിലോണ്‍രാജാവിന്‍റെ നുകത്തിനു കീഴില്‍വച്ച് അയാളെയും അയാളുടെ ജനത്തെയും സേവിക്കുവിന്‍; എന്നാല്‍ നിങ്ങള്‍ ജീവിക്കും. ബാബിലോണ്‍രാജാവിനെ സേവിക്കാത്ത ഏതൊരു ജനതയെ സംബന്ധിച്ചും സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നതുപോലെ വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും നിങ്ങള്‍ എന്തിനു മരിക്കണം? ബാബിലോണ്‍രാജാവിനെ നിങ്ങള്‍ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന പ്രവാചകന്മാരുടെ വാക്കുകള്‍ നിങ്ങള്‍ ശ്രദ്ധിക്കരുത്; അവര്‍ നിങ്ങളോടു പ്രവചിക്കുന്നതു വ്യാജമാണല്ലോ. ഞാന്‍ അവരെ അയച്ചിട്ടില്ല എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; എന്‍റെ നാമത്തില്‍ അവര്‍ വ്യാജമായി സംസാരിക്കുകയാണ്; തത്ഫലമായി ഞാന്‍ നിങ്ങളെ ഓടിക്കും; നിങ്ങള്‍ നശിക്കും; നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരും നശിച്ചു പോകും. പിന്നീട് പുരോഹിതന്മാരോടും സര്‍വജനത്തോടും ഞാന്‍ പറഞ്ഞു; സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ദേവാലയത്തിലെ പാത്രങ്ങള്‍ ബാബിലോണില്‍നിന്ന് ഉടനെ മടക്കിക്കൊണ്ടുവരും എന്നു നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കുകള്‍ നിങ്ങള്‍ ശ്രദ്ധിക്കരുത്; അവര്‍ പ്രവചിക്കുന്നതു വ്യാജമാണ്. അവരെ ശ്രദ്ധിക്കരുത്; ബാബിലോണ്‍രാജാവിനെ സേവിച്ചുകൊണ്ടു ജീവിക്കുവിന്‍. ഈ നഗരം എന്തിനു ശൂന്യമാകണം. അവര്‍ പ്രവാചകന്മാരാണെങ്കില്‍, സര്‍വേശ്വരന്‍റെ വചനം അവരോടുകൂടെയുണ്ടെങ്കില്‍ അവര്‍ സര്‍വശക്തനായ സര്‍വേശ്വരനോട് അപേക്ഷിക്കട്ടെ; അങ്ങനെ അവിടുത്തെ ആലയത്തിലും യെഹൂദാരാജാവിന്‍റെ കൊട്ടാരത്തിലും യെരൂശലേമിലും ശേഷിച്ചിരിക്കുന്ന പാത്രങ്ങള്‍ ബാബിലോണിലേക്ക് ഇനിയും കൊണ്ടുപോകാതിരിക്കട്ടെ. യെഹോയാക്കീമിന്‍റെ പുത്രനും യെഹൂദാരാജാവുമായ യെഹോയാഖീനെയും യെഹൂദ്യയിലെയും യെരൂശലേമിലെയും സകല ശ്രേഷ്ഠന്മാരെയും പ്രവാസികളായി ബാബിലോണിലേക്കു കൊണ്ടുപോയപ്പോള്‍ ബാബിലോണ്‍രാജാവ് എടുക്കാതെയിരുന്ന സ്തംഭങ്ങള്‍, ജലസംഭരണികള്‍, പീഠങ്ങള്‍, ഈ നഗരത്തില്‍ ശേഷിച്ചിരിക്കുന്ന മറ്റു പാത്രങ്ങള്‍ എന്നിവയെക്കുറിച്ചു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ഇസ്രായേലിന്‍റെ ദൈവമായ സര്‍വശക്തനായ സര്‍വേശ്വരന്‍ അവിടുത്തെ ആലയത്തിലും യെഹൂദാ രാജാവിന്‍റെ ഗൃഹത്തിലും യെരൂശലേമിലും ശേഷിച്ചിട്ടുള്ള പാത്രങ്ങളെക്കുറിച്ചുതന്നെ അരുളിച്ചെയ്യുന്നു: അവയെ ബാബിലോണിലേക്കു കൊണ്ടുപോകും; ഞാന്‍ ബാബിലോണ്യരെ ശിക്ഷിക്കുന്ന നാള്‍ വരെ അവ അവിടെയായിരിക്കും; പിന്നീട് ഞാന്‍ അവ മടക്കിക്കൊണ്ടുവന്ന് ഈ സ്ഥലത്തു പുനഃസ്ഥാപിക്കും. ആ വര്‍ഷംതന്നെ, അതായത് യെഹൂദാരാജാവായ സിദെക്കീയായുടെ ഭരണത്തിന്‍റെ നാലാം വര്‍ഷം അഞ്ചാം മാസം, അസ്സൂറിന്‍റെ പുത്രനും ഗിബെയോനില്‍ നിന്നുള്ള പ്രവാചകനുമായ ഹനന്യാ സര്‍വേശ്വരന്‍റെ ആലയത്തില്‍വച്ച്, പുരോഹിതന്മാരുടെയും സര്‍വജനത്തിന്‍റെയും സാന്നിധ്യത്തില്‍ എന്നോടു പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ബാബിലോണ്‍രാജാവിന്‍റെ നുകം ഞാന്‍ തകര്‍ത്തിരിക്കുന്നു. ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ ഇവിടെനിന്നു ബാബിലോണിലേക്കു കൊണ്ടുപോയ ദേവാലയത്തിലെ പാത്രങ്ങളെല്ലാം ഞാന്‍ രണ്ടുവര്‍ഷത്തിനകം ഈ സ്ഥലത്തേക്കു മടക്കിക്കൊണ്ടുവരും. യെഹോയാക്കീമിന്‍റെ പുത്രനും യെഹൂദാരാജാവുമായ യെഹോയാഖീനെയും യെഹൂദയില്‍നിന്നു പിടിച്ചുകൊണ്ടുപോയ എല്ലാ പ്രവാസികളെയും ഞാന്‍ ഈ സ്ഥലത്തു മടക്കിവരുത്തും; സര്‍വേശ്വരനാണ് അരുളിച്ചെയ്യുന്നത്; ബാബിലോണ്‍രാജാവിന്‍റെ നുകം ഞാന്‍ ഒടിക്കും.” അപ്പോള്‍ യിരെമ്യാപ്രവാചകന്‍, സര്‍വേശ്വരന്‍റെ ആലയത്തില്‍ നില്‌ക്കുന്ന പുരോഹിതന്മാരുടെയും സര്‍വജനത്തിന്‍റെയും സാന്നിധ്യത്തില്‍ ഹനന്യാ പ്രവാചകനോടു പറഞ്ഞു: “ആമേന്‍! സര്‍വേശ്വരന്‍ അങ്ങനെ ചെയ്യുമാറാകട്ടെ; താങ്കള്‍ പ്രവചിച്ച വചനം യഥാര്‍ഥമാകാന്‍ അവിടുന്ന് ഇടയാക്കട്ടെ; അവിടുത്തെ ആലയത്തില്‍ ബാബിലോണിലേക്കു കൊണ്ടുപോയ പാത്രങ്ങളോടൊപ്പം സകല പ്രവാസികളെയും ഈ സ്ഥലത്തേക്കു തിരിച്ചുകൊണ്ടുവരുമാറാകട്ടെ. എങ്കിലും ഞാന്‍ താങ്കളോടും സര്‍വജനത്തോടും പറയുന്നതു ശ്രദ്ധിക്കുക. പുരാതനകാലംമുതല്‍ എനിക്കും താങ്കള്‍ക്കും മുമ്പേ ഉണ്ടായിരുന്ന പ്രവാചകര്‍ അനേകം ദേശങ്ങള്‍ക്കും പ്രബല രാജ്യങ്ങള്‍ക്കും എതിരെ യുദ്ധവും ക്ഷാമവും മഹാമാരിയും പ്രവചിച്ചു. സമാധാനം പ്രവചിക്കുന്ന പ്രവാചകന്‍റെ കാര്യത്തിലാകട്ടെ പ്രവചിച്ച കാര്യങ്ങള്‍ സംഭവിച്ചു കഴിയുമ്പോള്‍ അയാള്‍ യഥാര്‍ഥത്തില്‍ സര്‍വേശ്വരനാല്‍ അയയ്‍ക്കപ്പെട്ടവനാണെന്നു തെളിയും.” അപ്പോള്‍ ഹനന്യാപ്രവാചകന്‍ യിരെമ്യാപ്രവാചകന്‍റെ കഴുത്തില്‍നിന്നു നുകം എടുത്ത് ഒടിച്ചുകളഞ്ഞു. സര്‍വജനത്തിന്‍റെയും സാന്നിധ്യത്തില്‍ ഹനന്യാ പറഞ്ഞു; “സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഇതുപോലെ സര്‍വജനതകളുടെയും കഴുത്തില്‍ നിന്നു ബാബിലോണ്‍ രാജാവായ നെബുഖദ്നേസര്‍രാജാവിന്‍റെ നുകം രണ്ടു വര്‍ഷത്തിനുള്ളില്‍ ഞാന്‍ ഒടിച്ചുകളയും.” പിന്നീട് യിരെമ്യാ പ്രവാചകന്‍ തന്‍റെ വഴിക്കുപോയി. യിരെമ്യാപ്രവാചകന്‍റെ കഴുത്തില്‍ ഇരുന്ന നുകം ഹനന്യാ ഒടിച്ചുകളഞ്ഞതിനുശേഷം യിരെമ്യാക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി: “ഹനന്യായോടു പോയി പറയുക: സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; മരംകൊണ്ടുള്ള നുകം നീ ഒടിച്ചുകളഞ്ഞു; അതിനു പകരം ഇരുമ്പുകൊണ്ടുള്ള നുകം ഞാനുണ്ടാക്കും. ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ബാബിലോണ്‍രാജാവായ നെബുഖദ്നേസറിനെ സേവിക്കുന്നതിനുവേണ്ടി അടിമത്തത്തിന്‍റെ ഇരുമ്പുനുകം ഞാന്‍ സകല ജനതകളുടെയും കഴുത്തില്‍ വച്ചിരിക്കുന്നു; അവര്‍ അയാളെ സേവിക്കും; കാട്ടിലെ മൃഗങ്ങളെപ്പോലും ഞാന്‍ അയാള്‍ക്കു കൊടുത്തിരിക്കുന്നു.” പിന്നീട് യിരെമ്യാപ്രവാചകന്‍ ഹനന്യാ പ്രവാചകനോടു പറഞ്ഞു: “ഹനന്യായേ ശ്രദ്ധിക്കുക; സര്‍വേശ്വരന്‍ താങ്കളെ അയച്ചിട്ടില്ല; നീ ഈ ജനത്തെ അസത്യത്തില്‍ ആശ്രയിക്കുമാറാക്കി. അതുകൊണ്ട് അവിടുന്ന് അരുളിച്ചെയ്യുന്നു: ഭൂമുഖത്തുനിന്നു ഞാന്‍ നിന്നെ നീക്കിക്കളയും; ഈ വര്‍ഷം തന്നെ നീ മരിക്കും; സര്‍വേശ്വരനോടു മത്സരിക്കാന്‍ നീ ഈ ജനത്തെ പ്രേരിപ്പിച്ചു.” അതേ വര്‍ഷം ഏഴാം മാസം ഹനന്യാ പ്രവാചകന്‍ മരിച്ചു. നെബുഖദ്നേസര്‍ യെരൂശലേമില്‍നിന്നു ബാബിലോണിലേക്കു പ്രവാസികളായി പിടിച്ചുകൊണ്ടുപോയ ജനപ്രമുഖന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും ജനങ്ങള്‍ക്കും യെരൂശലേമില്‍നിന്നു യിരെമ്യാപ്രവാചകന്‍ അയച്ചു കൊടുത്ത കത്ത്: യെഹോയാഖീന്‍ രാജാവ്, രാജമാതാവ്, കൊട്ടാര ഉദ്യോഗസ്ഥന്മാര്‍, യെഹൂദ്യയിലെയും യെരൂശലേമിലെയും പ്രഭുക്കന്മാര്‍, കരകൗശലോഹപ്പണിക്കാര്‍ എന്നിവര്‍ യെരൂശലേം വിട്ടു പോയതിനു ശേഷമാണ് ഈ കത്ത് എഴുതിയത്. യെഹൂദാരാജാവായ സിദെക്കീയ ബാബിലോണ്‍രാജാവായ നെബുഖദ്നേസറിന്‍റെ അടുക്കലേക്ക് അയച്ച ശാഫാന്‍റെ പുത്രന്‍ എലാസാ, ഹില്‌ക്കീയായുടെ പുത്രന്‍ ഗെമര്യാ എന്നിവര്‍ വഴി കത്ത് ബാബിലോണിലേക്കു കൊടുത്തയച്ചു. കത്തില്‍ ഇപ്രകാരം എഴുതിയിരുന്നു: “ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ യെരൂശലേമില്‍നിന്നു ബാബിലോണിലേക്ക് അയച്ച പ്രവാസികളോട് അരുളിച്ചെയ്യുന്നു. നിങ്ങള്‍ വീടുകള്‍ നിര്‍മിച്ച് അവയില്‍ പാര്‍ക്കുവിന്‍, തോട്ടങ്ങളുണ്ടാക്കി അവയുടെ ഫലം അനുഭവിക്കുവിന്‍. വിവാഹം കഴിച്ചു പുത്രീപുത്രന്മാര്‍ക്കു ജന്മം നല്‌കുവിന്‍; പുത്രന്മാര്‍ക്കു ഭാര്യമാരെ സ്വീകരിക്കയും പുത്രിമാരെ വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്യുവിന്‍, അവര്‍ക്കും പുത്രീപുത്രന്മാരുണ്ടായി നിങ്ങള്‍ പെരുകട്ടെ; നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത്. പ്രവാസികളായി ഞാന്‍ നിങ്ങളെ അയച്ചിരിക്കുന്ന ദേശത്തിന്‍റെ ക്ഷേമം അന്വേഷിക്കുവിന്‍; അതിനുവേണ്ടി സര്‍വേശ്വരനോടു പ്രാര്‍ഥിക്കുവിന്‍; നിങ്ങളുടെ ക്ഷേമം അതിനെ ആശ്രയിച്ചാണല്ലോ ഇരിക്കുന്നത്. ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ വഞ്ചിക്കാന്‍ ഇടയാകരുത്; അവരുടെ സ്വപ്നങ്ങളെ നിങ്ങള്‍ ശ്രദ്ധിക്കരുത്; എന്‍റെ നാമത്തില്‍ അവര്‍ നിങ്ങളോടു പ്രവചിക്കുന്നതു വ്യാജമാണ്; ഞാന്‍ അവരെ അയച്ചിട്ടില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.” സര്‍വേശ്വരന്‍ ഇങ്ങനെ അരുളിച്ചെയ്യുന്നു: ബാബിലോണ്‍ രാജ്യത്തിന് എഴുപതു വര്‍ഷം തികയുമ്പോള്‍ ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കും. ഈ സ്ഥലത്തേക്ക് നിങ്ങളെ മടക്കിക്കൊണ്ടു വരികയും അങ്ങനെ നിങ്ങളോടു ചെയ്തിരുന്ന വാഗ്ദാനം നിറവേറ്റുകയും ചെയ്യും. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്; തിന്മയ്‍ക്കല്ല ക്ഷേമത്തിനു വേണ്ടി, നിങ്ങള്‍ക്കൊരു ശുഭഭാവിയും പ്രത്യാശയും ഉണ്ടാകുന്നതിനുവേണ്ടിതന്നെ എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. അപ്പോള്‍ നിങ്ങള്‍ എന്നെ വിളിച്ചു പ്രാര്‍ഥിക്കും; ഞാന്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കും. നിങ്ങള്‍ എന്നെ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യും; നിങ്ങള്‍ എന്നെ പൂര്‍ണഹൃദയത്തോടുകൂടി അന്വേഷിക്കുമ്പോള്‍ നിങ്ങള്‍ എന്നെ കാണും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; നിങ്ങള്‍ക്കു ഞാന്‍ വീണ്ടും ഐശ്വര്യസമൃദ്ധി നല്‌കും; നിങ്ങളെ ഓടിച്ച എല്ലാ സ്ഥലങ്ങളില്‍നിന്നും എല്ലാ ജനതകളില്‍നിന്നും ഞാന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും എന്നും സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; ഏതു സ്ഥലത്തുനിന്നു നിങ്ങളെ പ്രവാസികളായി അയച്ചുവോ അവിടേക്കു ഞാന്‍ നിങ്ങളെ മടക്കിവരുത്തും. “സര്‍വേശ്വരന്‍ ഞങ്ങള്‍ക്കുവേണ്ടി ബാബിലോണില്‍ പ്രവാചകന്മാരെ ഉയര്‍ത്തിയിരിക്കുന്നു” എന്നു നിങ്ങള്‍ പറയുന്നുവല്ലോ. ദാവീദിന്‍റെ സിംഹാസനത്തില്‍ ഇരിക്കുന്ന രാജാവിനെക്കുറിച്ചും നിങ്ങളോടുകൂടി പ്രവാസത്തിലേക്കു പോകാത്ത നിങ്ങളുടെ സ്വജനത്തെക്കുറിച്ചും സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ഇതാ, ഞാന്‍ വാളും ക്ഷാമവും മഹാമാരിയും അയയ്‍ക്കുന്നു; ഞാന്‍ അവരെ തിന്നാന്‍ കൊളളാത്തവിധം ചീത്തയായിരിക്കുന്ന അത്തിപ്പഴത്തിനു തുല്യമാക്കും- സര്‍വേശ്വരനാണ് ഇതരുളിച്ചെയ്യുന്നത്. വാളും ക്ഷാമവും മഹാമാരിയുംകൊണ്ടു ഞാന്‍ അവരെ വേട്ടയാടും. ഭൂമിയിലെ സകല രാജ്യങ്ങള്‍ക്കും അവര്‍ ഭയഹേതു ആയിത്തീരും; ഞാന്‍ ചിതറിച്ച സ്ഥലങ്ങളിലെല്ലാം അവര്‍ ശാപവും ഭീതിയും പരിഹാസവിഷയവും അവജ്ഞാപാത്രവുമായിത്തീരും. കാരണം എന്‍റെ ദാസന്മാരായ പ്രവാചകരിലൂടെ തുടര്‍ച്ചയായി ഞാന്‍ അയച്ചുകൊടുത്ത എന്‍റെ വചനം അവര്‍ ശ്രദ്ധിച്ചില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. യെരൂശലേമില്‍നിന്നു ബാബിലോണിലേക്കു ഞാന്‍ അയച്ച പ്രവാസികളായ നിങ്ങള്‍ എല്ലാവരും സര്‍വേശ്വരന്‍റെ വാക്കു കേള്‍ക്കുവിന്‍. കോലായായുടെ പുത്രന്‍ ആഹാബും മയസെയായുടെ പുത്രന്‍ സിദെക്കീയായും എന്‍റെ നാമത്തില്‍ വ്യാജം പ്രവചിക്കുന്നു. അവരെക്കുറിച്ച് ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ബാബിലോണ്‍രാജാവായ നെബുഖദ്നേസറിന്‍റെ കൈയില്‍ ഞാന്‍ അവരെ ഏല്പിക്കും; നിങ്ങളുടെ കണ്‍മുമ്പില്‍ വച്ച് അയാള്‍ അവരെ വധിക്കും. ‘ബാബിലോണ്‍രാജാവ് തീയില്‍ ഇട്ടു ചുട്ട സിദെക്കീയായെയും ആഹാബിനെയും പോലെ സര്‍വേശ്വരന്‍ നിങ്ങളെ ആക്കട്ടെ’ എന്നൊരു ശാപവാക്യം യെഹൂദായില്‍നിന്നു ബാബിലോണിലേക്കു പ്രവാസികളായി പോയവരുടെ ഇടയില്‍ പ്രചാരത്തില്‍ വരും. അയല്‍ക്കാരുടെ ഭാര്യമാരുമായി വ്യഭിചാരത്തില്‍ ഏര്‍പ്പെടുകയും ഞാന്‍ കല്പിക്കാതെ എന്‍റെ നാമത്തില്‍ പ്രവചിക്കുകയും ചെയ്ത് അവര്‍ ഇസ്രായേലില്‍ തിന്മ പ്രവര്‍ത്തിച്ചുവല്ലോ; ഞാന്‍ അത് അറിയുന്നു; ഞാന്‍ തന്നെയാണ് അതിനു സാക്ഷി എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. നെഹലാമ്യനായ ശെമയ്യായോടു പറയണം: ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നിന്‍റെ പേരില്‍ യെരൂശലേമിലുള്ള സകല ജനത്തിനും മയസ്യായുടെ പുത്രന്‍ സെഫന്യാക്കും എല്ലാ പുരോഹിതര്‍ക്കും നീ ഇപ്രകാരം കത്തുകള്‍ എഴുതി. പ്രവചിക്കുന്ന ഏതു ഭ്രാന്തനെയും ആമത്തിലിടാനും വിലങ്ങുവയ്‍ക്കാനുമായി യെഹോയാദാ പുരോഹിതനു പകരം സര്‍വേശ്വരന്‍ നിന്നെ പുരോഹിതനാക്കി. അങ്ങനെയിരിക്കെ, നിങ്ങളോടു പ്രവചിക്കുന്ന അനാഥോത്തിലെ യിരെമ്യായെ നീ എന്തുകൊണ്ടാണ് ശാസിക്കാത്തത്? അയാള്‍ ബാബിലോണില്‍ ഞങ്ങളുടെ അടുക്കല്‍ ആളയച്ചു പറയുന്നു: നിങ്ങളുടെ പ്രവാസം ദീര്‍ഘമായിരിക്കും; വീടു പണിയിച്ച് അവയില്‍ പാര്‍ക്കുക; തോട്ടങ്ങള്‍ നട്ടുണ്ടാക്കി ഫലം അനുഭവിക്കുക. യിരെമ്യാപ്രവാചകന്‍ കേള്‍ക്കെ സെഫന്യാപുരോഹിതന്‍ ഈ കത്തു വായിച്ചു. അപ്പോള്‍ യിരെമ്യാക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി. “പ്രവാസികളുടെയെല്ലാം അടുക്കല്‍ ആളയച്ചു പറയുക: നെഹലാമ്യനായ ശെമയ്യായെക്കുറിച്ചു സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാന്‍ അയയ്‍ക്കാതെ ശെമയ്യാ പ്രവചിക്കുകയും നിങ്ങളെ അസത്യത്തില്‍ ആശ്രയിക്കുമാറാക്കുകയും ചെയ്തതുകൊണ്ട് അവിടുന്ന് അരുളിച്ചെയ്യുന്നു: നെഹെലാമ്യനായ ശെമയ്യായെയും അവന്‍റെ സന്തതികളെയും ഞാന്‍ ശിക്ഷിക്കും; എന്‍റെ ജനത്തിന് ഞാന്‍ വരുത്താന്‍ പോകുന്ന നന്മ കാണാന്‍ അവന്‍റെ കൂട്ടത്തില്‍ ആരും ശേഷിക്കയില്ല; അവന്‍ സര്‍വേശ്വരനെതിരായി സംസാരിച്ചിരിക്കുന്നുവല്ലോ. യിരെമ്യാക്കു സര്‍വേശ്വരനില്‍നിന്ന് ഈ അരുളപ്പാടുണ്ടായി. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നോടു സംസാരിച്ച വചനങ്ങളെല്ലാം ഒരു പുസ്തകത്തില്‍ എഴുതുക. കാരണം, എന്‍റെ ജനമായ ഇസ്രായേലിന്‍റെയും യെഹൂദായുടെയും നല്ലകാലം പുനഃസ്ഥാപിക്കപ്പെടുന്ന ദിനങ്ങള്‍ വരുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; അവരുടെ പിതാക്കന്മാര്‍ക്കു കൊടുത്ത ദേശത്തേക്കു ഞാന്‍ അവരെ മടക്കിവരുത്തും; അവര്‍ അതു കൈവശമാക്കുകയും ചെയ്യും. ഇസ്രായേലിനെയും യെഹൂദായെയും കുറിച്ച് അവിടുന്ന് അരുളിച്ചെയ്യുന്ന വചനം: “സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഭീതിദമായ ഒരു കരച്ചില്‍ നാം കേട്ടിരിക്കുന്നു; അതു സമാധാനത്തിന്‍റേതല്ല, ഭീതിയുടെ ശബ്ദമാണ്. പുരുഷനു പ്രസവിക്കാന്‍ കഴിയുമോ എന്ന് അന്വേഷിച്ചറിയുക; ഈറ്റുനോവ് അനുഭവിക്കുന്ന സ്‍ത്രീയെപ്പോലെ പുരുഷന്മാരെല്ലാം നടുവിനു കൈകൊടുത്തിരിക്കുന്നതെന്ത്? എല്ലാ മുഖവും വിളറിയിരിക്കുന്നതും എന്തുകൊണ്ട്? ഭയങ്കരമായ ഒരു ദിനം വരുന്നു. അതുപോലെ മറ്റൊരു നാള്‍ ഉണ്ടാകയില്ല. അത് ഇസ്രായേല്‍ജനത്തിനു കഷ്ടകാലംതന്നെ; എങ്കിലും അവര്‍ അതില്‍നിന്നു രക്ഷപെടും. സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: അന്നു ഞാന്‍ അവരുടെ കഴുത്തിലെ നുകം ഒടിച്ചുകളയും; ബന്ധനങ്ങള്‍ പൊട്ടിക്കും; വിദേശികള്‍ അവരെ ഇനിയും അടിമകളാക്കുകയില്ല. അവര്‍ തങ്ങളുടെ ദൈവമായ സര്‍വേശ്വരനെയും അവര്‍ക്കുവേണ്ടി ഞാന്‍ ഉയര്‍ത്തുന്ന ദാവീദുവംശജനായ രാജാവിനെയും സേവിക്കും. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്‍റെ ദാസരായ യാക്കോബ് വംശജരേ, നിങ്ങള്‍ ഭയപ്പെടേണ്ടാ, ഇസ്രായേല്‍ജനമേ, പരിഭ്രമിക്കയും വേണ്ടാ; നിങ്ങളെ വിദൂരങ്ങളില്‍നിന്നും നിങ്ങളുടെ സന്തതികളെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബുവംശജര്‍ മടങ്ങിവരും, ശാന്തിയും സ്വസ്ഥതയും അവര്‍ക്കുണ്ടാകും, അവരെ ആരും ഭയപ്പെടുത്തുകയില്ല. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നിങ്ങളെ രക്ഷിക്കാന്‍ ഞാന്‍ കൂടെയുണ്ട്; ആരുടെ ഇടയില്‍ നിങ്ങള്‍ ചെന്നു പാര്‍ത്തുവോ, ആ ജനതകളെയെല്ലാം ഞാന്‍ സമൂലം നശിപ്പിക്കും, നിങ്ങളെ ഞാന്‍ നിശ്ശേഷം നശിപ്പിക്കയില്ല; നീതിപൂര്‍വം ഞാന്‍ നിങ്ങളെ ശിക്ഷിക്കും, ശിക്ഷിക്കാതെ വിടുകയില്ല.” അവിടുന്ന് അരുളിച്ചെയ്യുന്നു: “നിങ്ങളുടെ പരുക്ക് ഭേദമാവുകയില്ല, നിങ്ങളുടെ മുറിവ് ഗുരുതരമാണ്. നിങ്ങള്‍ക്കുവേണ്ടി വാദിക്കാന്‍ ആരുമില്ല, നിങ്ങളുടെ മുറിവിനു മരുന്നില്ല, നിങ്ങള്‍ക്കു സൗഖ്യം ലഭിക്കുകയില്ല. നിങ്ങളുടെ സ്നേഹിതരെല്ലാം നിങ്ങളെ മറന്നു, അവര്‍ നിങ്ങളെ അന്വേഷിക്കുന്നില്ല, ശത്രുവിനെപ്പോലെ ഞാന്‍ നിങ്ങളെ പ്രഹരിച്ചു, നിഷ്കരുണം ശിക്ഷിച്ചു, നിങ്ങളുടെ അപരാധം അത്ര വലുതാണ്, നിങ്ങളുടെ പാപം അസംഖ്യവുമാണല്ലോ. നിങ്ങളുടെ മുറിവിനെ ചൊല്ലി എന്തിനു കരയുന്നു? നിങ്ങളുടെ വേദനയ്‍ക്കു ശമനമുണ്ടാകയില്ല; നിങ്ങളുടെ അപരാധം വലുതാണ്, നിങ്ങളുടെ പാപം അസംഖ്യമാണ്. അതുകൊണ്ട് ഞാനിതെല്ലാം നിങ്ങളോടു ചെയ്തു. നിങ്ങളെ വിഴുങ്ങുന്നവര്‍ വിഴുങ്ങപ്പെടും, നിങ്ങളുടെ ശത്രുക്കളെല്ലാവരും പ്രവാസത്തിലേക്കു പോകും, നിങ്ങളെ കൊള്ളയടിക്കുന്നവര്‍ കൊള്ളയടിക്കപ്പെടും, നിങ്ങളെ കവര്‍ച്ച ചെയ്യുന്നവര്‍ കവര്‍ച്ച ചെയ്യപ്പെടും. ഞാന്‍ നിങ്ങള്‍ക്കു വീണ്ടും ആരോഗ്യം നല്‌കും, നിങ്ങളുടെ മുറിവുകള്‍ ഞാന്‍ സുഖപ്പെടുത്തും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; അവര്‍ നിന്നെ ‘ഭ്രഷ്ട’ എന്നും, ‘ആരും തിരിഞ്ഞുനോക്കാത്ത സീയോന്‍’ എന്നും വിളിച്ചില്ലേ? സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇസ്രായേല്‍ജനത്തിന്‍റെ കൂടാരങ്ങളുടെ ഐശ്വര്യം ഞാന്‍ പുനഃസ്ഥാപിക്കും; അവരുടെ പാര്‍പ്പിടങ്ങളോട് എനിക്കു കരുണ തോന്നും, നഗരം കല്‍ക്കൂമ്പാരത്തില്‍ നിന്നു വീണ്ടും പണിയപ്പെടും; കൊട്ടാരം പൂര്‍വസ്ഥാനത്ത് ഉയര്‍ന്നു നില്‌ക്കും. അവയില്‍നിന്നു സ്തോത്രഗാനങ്ങളും, ആഹ്ലാദിക്കുന്നവരുടെ സന്തോഷശബ്ദവും ഉയരും; ഞാന്‍ അവരെ വര്‍ധിപ്പിക്കും, അവര്‍ കുറഞ്ഞുപോകയില്ല; ഞാന്‍ അവരെ മഹത്ത്വം അണിയിക്കും, അവര്‍ നിസ്സാരരായി പോകയുമില്ല. അവരുടെ മക്കള്‍ മുമ്പുണ്ടായിരുന്നതുപോലെയാകും, അവരുടെ സമൂഹം എന്‍റെ മുമ്പില്‍ സുസ്ഥാപിതമാകും, അവരെ പീഡിപ്പിക്കുന്നവരെ ഞാന്‍ ശിക്ഷിക്കും, അവരുടെ പ്രഭു അവരില്‍ ഒരാളായിരിക്കും, അവരുടെ ഭരണാധികാരി അവരുടെ ഇടയില്‍നിന്നു വരും; ഞാന്‍ അവനെ എങ്കലേക്ക് അടുപ്പിക്കും; അവന്‍ എന്‍റെ അടുത്തേക്കു വരും, അവന്‍ അല്ലാതെ ആര് എന്‍റെ അടുക്കല്‍ വരാന്‍ ധൈര്യപ്പെടും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. നിങ്ങള്‍ എന്‍റെ ജനമായിരിക്കും, ഞാന്‍ നിങ്ങളുടെ ദൈവവുമായിരിക്കും. സര്‍വേശ്വരന്‍റെ ക്രോധം എന്ന കൊടുങ്കാറ്റ് ഉഗ്രമായ ചുഴലിക്കാറ്റായി പുറപ്പെട്ടിരിക്കുന്നു; ദുഷ്ടന്‍റെ തലയില്‍ അത് ആഞ്ഞടിക്കും. സര്‍വേശ്വരന്‍റെ ഹിതം പൂര്‍ണമായി നടപ്പാക്കുന്നതുവരെ അവിടുത്തെ ഉഗ്രകോപം ശമിക്കുകയില്ല; വരും കാലത്തു നിങ്ങള്‍ അതു മനസ്സിലാക്കും. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: അക്കാലത്ത് ഇസ്രായേലിലെ എല്ലാ കുടുംബങ്ങളുടെയും ദൈവം ഞാനായിരിക്കും; അവര്‍ എന്‍റെ ജനമായിരിക്കും. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “വാളിനെ അതിജീവിച്ച ജനം മരുഭൂമിയില്‍ കാരുണ്യം കണ്ടെത്തി, ഇസ്രായേല്‍ജനം വിശ്രമം ആഗ്രഹിച്ചപ്പോള്‍, ഞാന്‍ വിദൂരത്തുനിന്ന് അവര്‍ക്കു പ്രത്യക്ഷനായി, ശാശ്വതസ്നേഹത്താല്‍ ഞാന്‍ നിങ്ങളെ സ്നേഹിച്ചു, അതുകൊണ്ട് നിങ്ങളോടുള്ള എന്‍റെ വിശ്വസ്തത അചഞ്ചലമായി തുടരുന്നു. കന്യകയായ ഇസ്രായേലേ, ഞാന്‍ നിന്നെ വീണ്ടും പണിയും, നീ പണിയപ്പെടുകയും ചെയ്യും; തപ്പുകളെടുത്ത് അലംകൃതയായി ആനന്ദഘോഷക്കാരോടൊത്തു നീ നൃത്തം ചെയ്യും. ശമര്യയില്‍ നിങ്ങള്‍ വീണ്ടും മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; കൃഷിക്കാര്‍ കൃഷിചെയ്തു ഫലമനുഭവിക്കും; എഴുന്നേല്‌ക്കൂ, നമുക്കു സീയോനില്‍, നമ്മുടെ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയിലേക്കു പോകാം എന്നു കാവല്‌ക്കാര്‍ എഫ്രയീംമലനാട്ടില്‍ വിളിച്ചു പറയുന്ന ദിനം വരുന്നു.” സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “യാക്കോബിനുവേണ്ടി സന്തോഷഗാനം ഉറക്കെ പാടുവിന്‍, ജനതകളുടെ തലവനായ ഇസ്രായേലിന് ആര്‍പ്പുവിളിക്കുവിന്‍; സര്‍വേശ്വരന്‍ തന്‍റെ ജനത്തെ രക്ഷിച്ചിരിക്കുന്നു, ഇസ്രായേലിലെ ശേഷിപ്പിനെത്തന്നെ എന്നു പ്രഘോഷിച്ചു സ്തുതി പാടുവിന്‍. ഉത്തരദേശത്തുനിന്നു ഞാന്‍ അവരെ കൂട്ടിക്കൊണ്ടു വരും, ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് അവരെ ഒരുമിച്ചുകൂട്ടും. അവരോടൊപ്പം മുടന്തരും ഗര്‍ഭിണികളും ഈറ്റുനോവിലായിരിക്കുന്നവരും ഉണ്ടായിരിക്കും; ഒരു വലിയ കൂട്ടമായി അവര്‍ മടങ്ങിവരും. കരഞ്ഞുകൊണ്ട് അവര്‍ വരും; ആശ്വസിപ്പിച്ചുകൊണ്ടു ഞാന്‍ അവരെ നയിക്കും, നീര്‍ത്തോടുകള്‍ക്കരികെ, നേര്‍പാതകളിലൂടെ ഞാന്‍ അവരെ വഴി നടത്തും; അവര്‍ ഇടറിവീഴുകയില്ല. ഇസ്രായേലിനു ഞാന്‍ പിതാവാണ്; എഫ്രയീം എന്‍റെ ആദ്യജാതനും. “ജനതകളേ, സര്‍വേശ്വരന്‍റെ വാക്കു കേള്‍ക്കുവിന്‍, വിദൂരത്തുള്ള ദ്വീപുകളില്‍ അവ പ്രഘോഷിക്കുവിന്‍, ഇസ്രായേലിനെ ചിതറിച്ചവന്‍ അതിനെ ഒരുമിച്ചുകൂട്ടുകയും അതിനെ ഇടയന്‍ ആട്ടിന്‍പറ്റത്തെ എന്നപോലെ സൂക്ഷിക്കുകയും ചെയ്യും. സര്‍വേശ്വരന്‍ ഇസ്രായേലിനെ വീണ്ടെടുത്തിരിക്കുന്നു. അവനെക്കാള്‍ ബലമേറിയവരുടെ കരങ്ങളില്‍നിന്നു വിമോചിപ്പിച്ചിരിക്കുന്നു. സീയോന്‍മലയില്‍ വന്ന് അവര്‍ ഉച്ചത്തില്‍ പാടും; സര്‍വേശ്വരന്‍റെ വിശിഷ്ടദാനങ്ങളാകുന്ന ധാന്യം, വീഞ്ഞ്, എണ്ണ, കുഞ്ഞാടുകള്‍, കാളക്കുട്ടികള്‍ എന്നിവയാല്‍ അവര്‍ സന്തുഷ്ടരാകും; അവരുടെ പ്രാണന്‍ ജലസമൃദ്ധമായ തോട്ടംപോലെ ആയിരിക്കും; ഇനി അവര്‍ ക്ഷീണിച്ചു പോകയില്ല. അന്ന് കന്യകമാര്‍ നൃത്തം ചെയ്ത് ആനന്ദിക്കും, യുവാക്കന്മാരും വൃദ്ധരും ഒരുപോലെ സന്തോഷിക്കും; അവരുടെ വിലാപം ഞാന്‍ സന്തോഷമായി മാറ്റും; അവരെ ഞാന്‍ ആശ്വസിപ്പിക്കും; ദുഃഖത്തിനു പകരം സന്തോഷം നല്‌കും. ഞാന്‍ പുരോഹിതന്മാരെ സമൃദ്ധികൊണ്ടു സംതൃപ്തരാക്കും; എന്‍റെ നന്മകളാല്‍ എന്‍റെ ജനത്തിനു തൃപ്തിവരും” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: രാമയില്‍ ഒരു ശബ്ദം കേള്‍ക്കുന്നു; വിലാപത്തിന്‍റെയും അതിവേദനയുടെയും കരച്ചില്‍. റാഹേല്‍ തന്‍റെ മക്കളെ ചൊല്ലി വിലപിക്കുന്നു; അവര്‍ ആരും അവശേഷിക്കായ്കയാല്‍ അവള്‍ ആശ്വാസംകൊള്ളാന്‍ വിസമ്മതിക്കുന്നു. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “കരച്ചില്‍ നിര്‍ത്തി നിന്‍റെ ശബ്ദവും കണ്ണുനീരൊഴുക്കാതെ നിന്‍റെ കണ്ണുകളും സൂക്ഷിക്കുക; നിന്‍റെ പ്രവൃത്തിക്കു പ്രതിഫലം ലഭിക്കും; ശത്രുവിന്‍റെ ദേശത്തുനിന്ന് അവര്‍ മടങ്ങിവരും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. നിന്‍റെ ഭാവിയെക്കുറിച്ചു പ്രത്യാശിക്കാന്‍ വകയുണ്ടെന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; നിന്‍റെ മക്കള്‍ സ്വദേശത്തേക്കു മടങ്ങിവരും. “എഫ്രയീമിന്‍റെ വിലാപം ഞാന്‍ കേട്ടിരിക്കുന്നു; അങ്ങു ഞങ്ങളെ ശിക്ഷിച്ചു. നുകം വയ്‍ക്കാത്ത കാളക്കുട്ടിക്കു നല്‌കുന്നതുപോലെയുള്ള ശിക്ഷണം അങ്ങ് ഞങ്ങള്‍ക്കു നല്‌കി; പുനഃസ്ഥാപിക്കപ്പെടേണ്ടതിന് ഞങ്ങളെ മടക്കിക്കൊണ്ടു വരണമേ. ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അവിടുന്നാണല്ലോ. ഞങ്ങള്‍ വഴിതെറ്റിപ്പോയിരുന്നു എങ്കിലും പിന്നീടു ഞങ്ങള്‍ പശ്ചാത്തപിച്ചു; തെറ്റു മനസ്സിലാക്കിക്കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ മാറത്തടിച്ചു കരഞ്ഞു; യൗവനത്തിലെ അപമാനം ഇപ്പോഴും ചുമക്കുന്നതുകൊണ്ടു ഞങ്ങള്‍ നാണിച്ചും ലജ്ജിച്ചുമിരിക്കുന്നു. എഫ്രയീം എന്‍റെ വാത്സല്യപുത്രനല്ലേ? അവന്‍ എന്‍റെ ഓമനക്കുട്ടനല്ലേ? അവനെതിരെ സംസാരിക്കുമ്പോഴെല്ലാം ഞാന്‍ അവനെ ഓര്‍ക്കുന്നു; എന്‍റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു; ഞാന്‍ തീര്‍ച്ചയായും അവനോടു കരുണ കാണിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. വഴിയില്‍ നിനക്കുവേണ്ടി അടയാളം വയ്‍ക്കുക; കൈചൂണ്ടികള്‍ നാട്ടുക; നീ കടന്നുപോയ രാജവീഥി നന്നായി മനസ്സില്‍ ഉറപ്പിക്കുക; ഇസ്രായേല്‍കന്യകയേ, മടങ്ങിവരിക. നിന്‍റെ പട്ടണങ്ങളിലേക്കു കടന്നു വരിക. അവിശ്വസ്തയായ മകളേ, നീ എത്രകാലം അലഞ്ഞു നടക്കും? സര്‍വേശ്വരന്‍ ഭൂമിയില്‍ ഒരു പുതിയ സൃഷ്‍ടി നടത്തിയിരിക്കുന്നു; സ്‍ത്രീ പുരുഷനെ സംരക്ഷിക്കുന്നു. ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “യെഹൂദ്യയിലും അതിലെ നഗരങ്ങളിലുമുള്ളവര്‍ക്ക് ഞാന്‍ വീണ്ടും ഐശ്വര്യസമൃദ്ധി നല്‌കുമ്പോള്‍ ഈ വാക്കുകള്‍ അവര്‍ ഒരിക്കല്‍കൂടി ഉച്ചരിക്കും. ‘വിശുദ്ധപര്‍വതമേ, നീതിനിവാസമേ, സര്‍വേശ്വരന്‍ നിന്നെ അനുഗ്രഹിക്കട്ടെ.’ യെഹൂദ്യയിലും അതിലെ നഗരങ്ങളിലുമുള്ള കര്‍ഷകരും ഇടയന്മാരും ഒരുമിച്ചു പാര്‍ക്കും. തളര്‍ന്നിരിക്കുന്നവര്‍ക്കു ഞാന്‍ ഉന്മേഷം നല്‌കും; വിശന്നു ക്ഷീണിച്ചിരിക്കുന്നവര്‍ക്കു ഞാന്‍ സംതൃപ്തി നല്‌കും. അപ്പോള്‍ ഞാന്‍ ഉന്മേഷത്തോടെ ഉണര്‍ന്നു; എന്‍റെ നിദ്ര എനിക്കു സുഖകരമായിരുന്നു. ഇസ്രായേല്‍ഗൃഹത്തിലും യെഹൂദാഗൃഹത്തിലും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സന്താനപുഷ്‍ടി നല്‌കുന്ന കാലം വരുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. പിഴുതുകളയാനും ഇടിച്ചുതകര്‍ക്കാനും മറിച്ചുകളയാനും നശിപ്പിക്കാനും അനര്‍ഥം വരുത്താനും ഞാന്‍ ശ്രദ്ധിച്ചതുപോലെ പണിയാനും നടുവാനും കൂടെ ശ്രദ്ധിക്കും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. “പിതാക്കന്മാര്‍ പച്ച മുന്തിരിങ്ങാ തിന്നതുകൊണ്ട് മക്കളുടെ പല്ലു പുളിച്ചു” എന്നവര്‍ ആ നാളുകളില്‍ പറയുകയില്ല. ഓരോരുത്തനും അവനവന്‍റെ അകൃത്യത്താല്‍ മരിക്കും, പച്ചമുന്തിരിങ്ങാ തിന്നവന്‍റെ പല്ലേ പുളിക്കുകയുള്ളൂ. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇസ്രായേല്‍ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയ ഉടമ്പടി ചെയ്യുന്ന കാലം വരുന്നു. ഈജിപ്തില്‍നിന്നു ഞാന്‍ അവരെ കൈ പിടിച്ചു നടത്തിക്കൊണ്ടു വന്നപ്പോള്‍ അവരുടെ പിതാക്കന്മാരോടു ചെയ്ത ഉടമ്പടിപോലെയല്ല; ഞാന്‍ അവരുടെ ഭര്‍ത്താവായിരുന്നിട്ടും എന്‍റെ ഉടമ്പടി അവര്‍ ലംഘിച്ചു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ഇസ്രായേല്‍ഗൃഹത്തോടു ഞാന്‍ ചെയ്യുന്ന പുതിയ ഉടമ്പടി ഇതാകുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; ഞാന്‍ എന്‍റെ നിയമം അവരുടെ ഉള്ളില്‍ നിക്ഷേപിക്കും; ഞാന്‍ അത് അവരുടെ ഹൃദയങ്ങളില്‍ എഴുതും; ഞാന്‍ അവരുടെ ദൈവവും അവര്‍ എന്‍റെ ജനവുമായിരിക്കും. മേലില്‍ ആരും ‘ദൈവത്തെ അറിയുക’ എന്നു തന്‍റെ അയല്‍ക്കാരനെയും സഹോദരനെയും പഠിപ്പിക്കേണ്ടി വരികയില്ല; ഏറ്റവും ചെറിയവര്‍ മുതല്‍ വലിയവര്‍വരെ എല്ലാവരും എന്നെ അറിയും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; ഞാന്‍ അവരുടെ അകൃത്യം ക്ഷമിക്കും; അവരുടെ പാപം ഞാന്‍ ഓര്‍ക്കുകയുമില്ല. പകല്‍ പ്രകാശിക്കാന്‍ സൂര്യനെയും രാത്രിയില്‍ പ്രകാശിക്കാന്‍ ചന്ദ്രനക്ഷത്രാദികളുടെ നിശ്ചിത ക്രമത്തെയും നല്‌കുന്നവനും തിരമാലകള്‍ അലറുംവിധം സമുദ്രത്തെ ഇളക്കുന്നവനും സര്‍വശക്തനായ സര്‍വേശ്വരന്‍ എന്നു നാമമുള്ളവനുമായ അവിടുന്ന് അരുളിച്ചെയ്യുന്നു: ഈ നിശ്ചിതക്രമം എന്‍റെ മുമ്പില്‍നിന്നു മാറിപ്പോയാല്‍ മാത്രമേ, ഇസ്രായേലിന്‍റെ സന്തതികള്‍ ഒരു ജനത എന്ന നിലയില്‍ നിത്യമായി എന്‍റെ മുമ്പില്‍ ഇല്ലാതെയായിപ്പോകയുള്ളൂ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. മുകളില്‍ ആകാശത്തെ അളക്കാനും താഴെ ഭൂമിയുടെ അടിസ്ഥാനം കണ്ടെത്താനും കഴിയുമോ? എങ്കില്‍ മാത്രമേ, ഇസ്രായേലിന്‍റെ സന്തതികളെ അവരുടെ പ്രവൃത്തികള്‍ നിമിത്തം തള്ളിക്കളയുകയുള്ളൂ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. ഹനനേല്‍ ഗോപുരംമുതല്‍ മൂലക്കവാടം വരെ സര്‍വേശ്വരനുവേണ്ടി നഗരം പുനര്‍നിര്‍മിക്കപ്പെടുന്ന കാലം വരുന്നു എന്ന് അവിടുന്നു അരുളിച്ചെയ്യുന്നു. നഗരാതിര്‍ത്തി ഗാരേബ് കുന്നുവരെ എത്തിയശേഷം ഗോവഹിലേക്കു തിരിയും. ശവങ്ങളുടെയും ചാരത്തിന്‍റെയും താഴ്വര മുഴുവനും കിദ്രോന്‍ അതിരുവരെയുള്ള വയലുകളും കിഴക്ക് അശ്വകവാടത്തിന്‍റെ മൂലവരെയുള്ള സ്ഥലവും സര്‍വേശ്വരനു വേര്‍തിരിക്കപ്പെടും; നഗരത്തെ ഇനി ആരും ഒരിക്കലും ഇടിച്ചു കളയുകയോ നശിപ്പിക്കയോ ഇല്ല. യെഹൂദാരാജാവായ സിദെക്കീയായുടെ ഭരണത്തിന്‍റെ പത്താം വര്‍ഷം, അതായത് നെബുഖദ്നേസര്‍രാജാവിന്‍റെ ഭരണത്തിന്‍റെ പതിനെട്ടാം വര്‍ഷം യിരെമ്യാക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി. അന്നു ബാബിലോണ്‍രാജാവിന്‍റെ സൈന്യം യെരൂശലേമിനെ ഉപരോധിച്ചിരുന്നു; യിരെമ്യാപ്രവാചകന്‍ യെഹൂദാരാജാവിന്‍റെ കൊട്ടാരത്തിലെ കാരാഗൃഹത്തിലുമായിരുന്നു. യെഹൂദാരാജാവായ സിദെക്കീയാ “യിരെമ്യായേ, നീ ഇങ്ങനെ എന്തിനു പ്രവചിച്ചു” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തെ തടവിലാക്കി. സര്‍വേശ്വരന്‍ ഇങ്ങനെ അരുളിച്ചെയ്യുന്നു: “ഈ നഗരത്തെ ബാബിലോണ്‍രാജാവിന്‍റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു. അയാള്‍ അതു കീഴടക്കും. ബാബിലോണ്യരുടെ പിടിയില്‍നിന്നു സിദെക്കീയാ രക്ഷപെടുകയില്ല; ബാബിലോണ്‍ രാജാവിന്‍റെ കൈയില്‍ തീര്‍ച്ചയായും ഏല്പിക്കപ്പെടും; അവനെ അഭിമുഖമായി കാണുകയും സംസാരിക്കുകയും ചെയ്യും; അവന്‍ സിദെക്കീയായെ ബാബിലോണിലേക്കു കൊണ്ടുപോകും. ഞാന്‍ അവനെ സന്ദര്‍ശിക്കുന്നതുവരെ അവന്‍ അവിടെ ആയിരിക്കും. ബാബിലോണ്യര്‍ക്ക് എതിരെ യുദ്ധം ചെയ്താലും നിങ്ങള്‍ ജയിക്കുകയില്ല എന്നു നീ എന്തിനു പ്രവചിച്ചു എന്നു പറഞ്ഞുകൊണ്ടാണ് യെഹൂദാരാജാവായ സിദെക്കീയാ യിരെമ്യായെ തടവിലാക്കിയത്.” യിരെമ്യാ പറഞ്ഞു: സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു. “നിന്‍റെ പിതൃസഹോദരനായ ശല്ലൂമിന്‍റെ പുത്രന്‍ ഹനമേല്‍ നിന്‍റെ അടുക്കല്‍ വന്ന് അനാഥോത്തിലുള്ള എന്‍റെ നിലം വാങ്ങുക; അതു വിലകൊടുത്തു വീണ്ടെടുക്കാനുള്ള അവകാശം നിന്‍റേതാണ്” എന്നു പറയും. അപ്പോള്‍ സര്‍വേശ്വരന്‍ അരുളിച്ചെയ്തതുപോലെ എന്‍റെ പിതൃസഹോദരനായ ശല്ലൂമിന്‍റെ പുത്രന്‍ ഹനമേല്‍, കാവല്‌ക്കാരുടെ അങ്കണത്തില്‍ എന്‍റെ അടുക്കല്‍ വന്ന് എന്നോടു പറഞ്ഞു: “ബെന്യാമീന്‍ ദേശത്ത് അനാഥോത്തിലുള്ള എന്‍റെ നിലം വാങ്ങുക; അതു വീണ്ടെടുത്തു കൈവശം വയ്‍ക്കാനുള്ള അവകാശം നിനക്കുള്ളതാണല്ലോ; നീ അതു വാങ്ങണം.” ഇതു സര്‍വേശ്വരന്‍റെ അരുളപ്പാടാണെന്ന് എനിക്കു മനസ്സിലായി. അങ്ങനെ എന്‍റെ പിതൃസഹോദരപുത്രന് പതിനേഴു ശേക്കെല്‍ വെള്ളി തൂക്കിക്കൊടുത്ത് അനാഥോത്തിലെ ആ നിലം ഞാന്‍ വാങ്ങി. ആധാരം എഴുതി മുദ്രവച്ച് സാക്ഷികള്‍ ഒപ്പു വച്ചശേഷം അതിന്‍റെ വിലയായ വെള്ളി തുലാസില്‍വച്ചു തൂക്കിക്കൊടുത്തു. വ്യവസ്ഥകള്‍ അടങ്ങുന്ന മുദ്രവച്ച ആധാരവും അതിന്‍റെ പകര്‍പ്പും ഞാന്‍ സ്വീകരിച്ചു. ആധാരം ഞാന്‍ നേരിയായുടെ പുത്രനും മയസയായുടെ പൗത്രനുമായ ബാരൂക്കിനെ എന്‍റെ പിതൃസഹോദരപുത്രന്‍ ഹനമേലിന്‍റെയും ആധാരത്തില്‍ ഒപ്പുവച്ച സാക്ഷികളുടെയും കാവല്‌ക്കാരുടെ അങ്കണത്തിലുണ്ടായിരുന്ന സകല യെഹൂദന്മാരുടെയും സാന്നിധ്യത്തില്‍ വച്ച് ഏല്പിച്ചു. അവരുടെ സാന്നിധ്യത്തില്‍ ബാരൂക്കിനോടു പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: മുദ്രവച്ചതും മുദ്രവയ്‍ക്കാത്തതുമായ പ്രമാണങ്ങള്‍ എടുത്ത് ഏറെക്കാലം സുരക്ഷിതമായിരിക്കാന്‍ ഒരു മണ്‍പാത്രത്തില്‍ വയ്‍ക്കുക.” ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഈ ദേശത്ത് ഇനിയും വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ക്രയവിക്രയം ചെയ്യും.” നേരിയായുടെ പുത്രന്‍ ബാരൂക്കിന്‍റെ കൈയില്‍ ആധാരം ഏല്പിച്ചതിനുശേഷം സര്‍വേശ്വരനോടു ഞാന്‍ ഇപ്രകാരം പ്രാര്‍ഥിച്ചു: “ദൈവമായ സര്‍വേശ്വരാ, മഹാശക്തിയാലും ബലമുള്ള കരത്താലും ആകാശവും ഭൂമിയും സൃഷ്‍ടിച്ചത് അവിടുന്നാകുന്നു; അവിടുത്തേക്ക് ഒന്നും അസാധ്യമല്ല. ആയിരം തലമുറകളോട് അവിടുന്ന് അചഞ്ചലസ്നേഹം കാണിക്കുന്നു; എങ്കിലും പിതാക്കന്മാരുടെ അകൃത്യത്തിനു മക്കളോടു പകരം വീട്ടുന്നു. വലിയവനും ബലവാനുമായ ദൈവമേ, അവിടുത്തെ നാമം സര്‍വശക്തനായ സര്‍വേശ്വരന്‍ എന്നാണല്ലോ. അവിടുന്ന് ആലോചനയില്‍ വലിയവനും പ്രവൃത്തിയില്‍ ശക്തനുമാണ്; മനുഷ്യരുടെ എല്ലാ പ്രവൃത്തികളും അങ്ങു കാണുന്നു; ഓരോരുത്തരും അവനവന്‍റെ നടപ്പിനും പ്രവൃത്തികള്‍ക്കും അനുസൃതമായി പ്രതിഫലം നല്‌കുകയും ചെയ്യുന്നു. ഈജിപ്തിലും ഇസ്രായേലിലും സര്‍വ മനുഷ്യരാശിയുടെ ഇടയിലും ഇന്നോളം അടയാളങ്ങളും അദ്ഭുതങ്ങളും കാണിച്ച് അവിടുന്നു പ്രസിദ്ധനായി. സ്വന്തം ജനമായ ഇസ്രായേലിനെ അടയാളങ്ങളാലും അദ്ഭുതങ്ങളാലും ബലമുള്ള കരത്താലും നീട്ടിയ ഭുജത്താലും ഭീതിദമായ പ്രവൃത്തികളാലും ഈജിപ്തില്‍നിന്ന് അങ്ങു വിമോചിപ്പിച്ചു. അവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതും പാലും തേനും ഒഴുകുന്നതുമായ ഈ ദേശം അങ്ങ് അവര്‍ക്കു കൊടുത്തു. അവര്‍ പ്രവേശിച്ച് ഈ സ്ഥലം കൈവശപ്പെടുത്തി; എങ്കിലും അവര്‍ അങ്ങയുടെ വാക്കു കേട്ടനുസരിക്കുകയോ അവിടുത്തെ നിയമം പാലിക്കുകയോ ചെയ്തില്ല; അങ്ങു കല്പിച്ചതൊന്നും അവര്‍ അനുസരിച്ചതുമില്ല. അതുകൊണ്ടായിരുന്നു ഈ അനര്‍ഥമെല്ലാം അങ്ങ് അവരുടെമേല്‍ വരുത്തിയത്. നഗരം പിടിച്ചടക്കുന്നതിനുള്ള ഉപരോധത്തിനുവേണ്ടി ഇതാ മണ്‍കൂനകള്‍ ഉയര്‍ന്നുവരുന്നു; വാളും ക്ഷാമവും മഹാമാരിയും നിമിത്തം നഗരം അതിനെതിരെ യുദ്ധം ചെയ്യുന്ന ബാബിലോണ്യരുടെ കൈയില്‍ ഏല്പിക്കപ്പെട്ടിരിക്കുന്നു; അവിടുന്ന് അരുളിച്ചെയ്ത കാര്യങ്ങള്‍ എല്ലാം നിറവേറിയിരിക്കുന്നു; അവിടുന്ന് ഇതെല്ലാം കാണുന്നുണ്ടല്ലോ. നഗരം ബാബിലോണിന്‍റെ കൈയില്‍ ഏല്പിക്കപ്പെട്ടിട്ടും സാക്ഷികളുടെ സാന്നിധ്യത്തില്‍ നിലം വിലയ്‍ക്കു വാങ്ങാന്‍ സര്‍വേശ്വരാ, അങ്ങു കല്പിച്ചിരിക്കുന്നുവല്ലോ.” അവിടുത്തെ അരുളപ്പാട് യിരെമ്യാക്കുണ്ടായി: “ഞാന്‍ സകല മനുഷ്യരുടെയും ദൈവമായ സര്‍വേശ്വരനാകുന്നു; എനിക്ക് അസാധ്യമായി വല്ലതുമുണ്ടോ? ഞാന്‍ ഈ നഗരത്തെ ബാബിലോണ്യരുടെ കൈയില്‍, ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍രാജാവിന്‍റെ കൈയില്‍തന്നെ ഏല്പിക്കും; അവന്‍ അതു കൈവശമാക്കും. ഈ നഗരത്തിനെതിരെ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന ബാബിലോണ്യര്‍ വന്നു നഗരത്തിനു തീ വയ്‍ക്കും; എന്നെ പ്രകോപിപ്പിക്കുന്നതിനുവേണ്ടി മട്ടുപ്പാവുകളുടെ മുകളില്‍വച്ചു ബാലിനു ധൂപമര്‍പ്പിക്കുകയും അന്യദേവന്മാര്‍ക്കു പാനീയബലി അര്‍പ്പിക്കുകയും ചെയ്യുന്ന എല്ലാ ഭവനങ്ങളോടും കൂടി അതിനെ ചുട്ടെരിക്കും. ഇസ്രായേല്യരും യെഹൂദ്യരും ബാല്യംമുതല്‍ എനിക്ക് അനിഷ്ടമായതു ചെയ്തു; ഇസ്രായേല്‍ജനം അവരുടെ പ്രവൃത്തികള്‍കൊണ്ട് എന്നെ പ്രകോപിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. ഈ നഗരം പണിത ദിനംമുതല്‍ ഇന്നുവരെ അത് എന്നില്‍ കോപവും ക്രോധവും ജ്വലിപ്പിച്ചു; എന്‍റെ കണ്‍മുമ്പില്‍നിന്നു ഞാന്‍ അതിനെ നീക്കിക്കളയും. ഇസ്രായേല്യരും യെഹൂദ്യരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും യെഹൂദ്യയിലെയും യെരൂശലേമിലെയും നിവാസികളും തിന്മ പ്രവര്‍ത്തിച്ച് എന്നെ പ്രകോപിപ്പിച്ചിരിക്കുന്നതു കൊണ്ടുതന്നെ. അവര്‍ തങ്ങളുടെ മുഖം എങ്കലേക്കു തിരിക്കാതെ പുറംതിരിഞ്ഞിരിക്കുന്നു; നിരന്തരം ഞാന്‍ അവരെ പഠിപ്പിച്ചെങ്കിലും എന്‍റെ പ്രബോധനം സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല. എന്‍റെ നാമത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ആലയത്തെ അശുദ്ധമാക്കുന്നതിനുവേണ്ടി അവര്‍ അതില്‍ മ്ലേച്ഛ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു. തങ്ങളുടെ പുത്രീപുത്രന്മാരെ മോലെക്ക് ദേവനു ഹോമിക്കാന്‍ അവര്‍ ബെന്‍-ഹിന്നോം താഴ്വരയില്‍ ബാലിനു പൂജാഗിരികള്‍ പണിതു; അതു ഞാന്‍ കല്പിച്ചതല്ല. അങ്ങനെ എന്‍റെ മനസ്സില്‍ തോന്നിയിട്ടുമില്ല; ഈ മ്ലേച്ഛത പ്രവര്‍ത്തിച്ചതുമൂലം യെഹൂദായെക്കൊണ്ടു പാപം ചെയ്യിച്ചു. യുദ്ധവും ക്ഷാമവും മഹാമാരിയും മൂലം ബാബിലോണ്‍രാജാവിന്‍റെ കൈയില്‍ ഏല്പിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്ന ഈ നഗരത്തെക്കുറിച്ചു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ എന്‍റെ കോപത്തിലും ക്രോധത്തിലും ഉഗ്രരോഷത്തിലും ചിതറിച്ചിരിക്കുന്ന ദേശങ്ങളില്‍ നിന്നെല്ലാം അവരെ ഈ സ്ഥലത്തു കൂട്ടിവരുത്തും; അവര്‍ സുരക്ഷിതരായി ഇവിടെ പാര്‍ക്കാന്‍ ഇടയാകും. അവര്‍ എന്‍റെ ജനവും ഞാന്‍ അവരുടെ ദൈവവുമായിരിക്കും. അവര്‍ക്കും അവര്‍ക്കുശേഷം അവരുടെ മക്കള്‍ക്കും നന്മ ഉണ്ടാകാന്‍വേണ്ടി നിത്യമായി എന്നോടു ഭയഭക്തി കാട്ടുവാന്‍ ഏകമനസ്സും ഏകമാര്‍ഗവും ഞാന്‍ അവര്‍ക്കു നല്‌കും. ഞാന്‍ അവരോട് ഒരു ശാശ്വത ഉടമ്പടി ചെയ്യും; അവര്‍ക്കു നന്മ ചെയ്യുന്നതില്‍നിന്നു ഞാന്‍ പിന്തിരിയുകയില്ല. അവര്‍ എന്നില്‍നിന്നു മാറിപ്പോകാതിരിക്കാന്‍ എന്നോടുള്ള ഭക്തി അവരുടെ ഉള്ളില്‍ നിക്ഷേപിക്കും. അവര്‍ക്കു നന്മ ചെയ്യുന്നതില്‍ ഞാന്‍ സന്തോഷിക്കും; പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടി വിശ്വസ്തമായി ഞാന്‍ അവരെ ഈ ദേശത്തു നട്ടു വളര്‍ത്തും.” സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഈ ജനത്തിന്‍റെമേല്‍ ഇത്ര വലിയ അനര്‍ഥം വരുത്തിവച്ചതുപോലെ ഞാന്‍ വാഗ്ദാനം ചെയ്യുന്ന സകല നന്മകളും അവരുടെമേല്‍ വര്‍ഷിക്കും. മനുഷ്യരും മൃഗങ്ങളും ഇല്ലാത്ത ശൂന്യദേശമെന്നും അതു ബാബിലോണ്യരുടെ കൈയില്‍ ഏല്പിക്കപ്പെട്ടിരിക്കുന്നു എന്നും നിങ്ങള്‍ പറയുന്ന ഈ സ്ഥലത്തു നിങ്ങള്‍ വയലുകള്‍ വാങ്ങും. അവര്‍ ബെന്യാമീന്‍ദേശത്തും യെരൂശലേമിനു ചുറ്റുമുള്ള സ്ഥലങ്ങളിലും യെഹൂദാനഗരങ്ങളിലും മലനാട്ടിലെ പട്ടണങ്ങളിലും താഴ്വരയിലെയും നെഗബിലെയും പട്ടണങ്ങളിലും നിലങ്ങള്‍ വിലയ്‍ക്കു വാങ്ങി, ആധാരമെഴുതി, സാക്ഷികളുടെ സാന്നിധ്യത്തില്‍ ഒപ്പിട്ടു മുദ്രവയ്‍ക്കും; അവര്‍ക്ക് ഐശ്വര്യം വീണ്ടും നല്‌കുമെന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. യിരെമ്യാ കാവല്‌ക്കാരുടെ അങ്കണത്തില്‍ തടവുകാരനായിരിക്കുമ്പോള്‍ സര്‍വേശ്വരന്‍റെ അരുളപ്പാട് വീണ്ടും ഉണ്ടായി. “ഭൂമിയെ സൃഷ്‍ടിച്ചവനും അതിനു രൂപം നല്‌കി ഉറപ്പിക്കുകയും ചെയ്ത സര്‍വേശ്വരന്‍, സര്‍വേശ്വരന്‍ എന്നു നാമമുള്ളവന്‍ തന്നെ അരുളിച്ചെയ്യുന്നു: “എന്നെ വിളിച്ചപേക്ഷിക്കുക, ഞാന്‍ ഉത്തരമരുളും; നീ അറിഞ്ഞിട്ടില്ലാത്ത ശ്രേഷ്ഠവും രഹസ്യവുമായ കാര്യങ്ങള്‍ നിന്നോടു പറയും. ഉപരോധത്തിനുവേണ്ടി ശത്രുക്കള്‍ നിര്‍മിച്ച മണ്‍കൂനകളെയും വാളിനെയും ചെറുക്കാന്‍ വേണ്ടി പൊളിച്ചെടുത്ത ഈ നഗരത്തിലെ വീടുകളെയും യെഹൂദാരാജാവിന്‍റെ കൊട്ടാരങ്ങളെയും കുറിച്ച് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. എന്‍റെ കോപത്തിലും ക്രോധത്തിലും ഞാന്‍ നശിപ്പിക്കാന്‍ പോകുന്ന മനുഷ്യരുടെ മൃതശരീരങ്ങള്‍ക്കൊണ്ടു തങ്ങളെ എതിര്‍ക്കുന്നവരുടെ ഭവനങ്ങള്‍ നിറയ്‍ക്കാന്‍ ബാബിലോണ്യര്‍ വരുന്നു; അവര്‍ ചെയ്ത സകല തിന്മപ്രവൃത്തികളും നിമിത്തം ഈ നഗരത്തില്‍നിന്ന് എന്‍റെ മുഖം ഞാന്‍ തിരിച്ചിരിക്കുന്നു. എങ്കിലും ഈ നഗരത്തിനു ഞാന്‍ ആരോഗ്യവും സൗഖ്യവും നല്‌കും; ഞാന്‍ അവരെ സുഖപ്പെടുത്തും. അവര്‍ക്കു സമൃദ്ധമായ ഐശ്വര്യവും സുരക്ഷിതത്വവും ഞാന്‍ നല്‌കും. യെഹൂദായ്‍ക്കും ഇസ്രായേലിനും മുമ്പുണ്ടായിരുന്ന ഐശ്വര്യം ഞാന്‍ വീണ്ടും നല്‌കും. പൂര്‍വസ്ഥിതിയില്‍ അവരെ ഞാന്‍ ആക്കും. എനിക്കെതിരെ ചെയ്ത അവരുടെ എല്ലാ പാപങ്ങളില്‍നിന്നും ഞാന്‍ അവരെ ശുദ്ധീകരിക്കും; എനിക്കെതിരെയുള്ള പാപത്തിന്‍റെയും മത്സരത്തിന്‍റെയും സകല അപരാധവും ഞാന്‍ അവരോടു ക്ഷമിക്കും. ഞാന്‍ അവര്‍ക്കു ചെയ്യാന്‍ പോകുന്ന സകല നന്മകളെക്കുറിച്ചും കേള്‍ക്കുന്ന സകല ജനതകളുടെയും ഇടയില്‍ ഈ നഗരം എനിക്കു സന്തോഷകരമായ നാമവും പ്രശംസയും മഹത്ത്വവും ആയിരിക്കും; ഞാന്‍ അതിനു ചെയ്യുന്ന നന്മയും നല്‌കുന്ന സമൃദ്ധിയും നിമിത്തം അവര്‍ ഭയന്നു വിറയ്‍ക്കും. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “മനുഷ്യനോ മൃഗമോ ഇല്ലാതെ ശൂന്യമായിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്ന ഈ സ്ഥലത്ത്, മനുഷ്യനോ മൃഗമോ വസിക്കാത്ത യെഹൂദാനഗരങ്ങളിലും യെരൂശലേമിന്‍റെ വീഥികളിലും വീണ്ടും ആനന്ദഘോഷവും സന്തോഷശബ്ദവും മണവാളന്‍റെയും മണവാട്ടിയുടെയും സ്വരവും കേള്‍ക്കും; ‘സര്‍വശക്തനായ സര്‍വേശ്വരനു സ്തോത്രം ചെയ്യുവിന്‍, അവിടുന്നു നല്ലവനല്ലോ; അവിടുത്തെ സുസ്ഥിരസ്നേഹം ശാശ്വതമാകുന്നു’ എന്ന് അവിടുത്തെ ആലയത്തിലേക്കു സ്തോത്രവഴിപാടുകള്‍ കൊണ്ടുവരുന്നവര്‍ പാടുന്ന പാട്ടിന്‍റെ ശബ്ദവും അവിടെ മുഴങ്ങും; ദേശത്തിന് ആദ്യകാലത്തേതുപോലെ ഐശ്വര്യം ഞാന്‍ പുനഃസ്ഥാപിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.” സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “മനുഷ്യനോ മൃഗമോ ഇല്ലാതെ ശൂന്യമായി കിടക്കുന്ന ഈ സ്ഥലത്തും അതിന്‍റെ എല്ലാ നഗരങ്ങളിലും ആട്ടിന്‍പറ്റങ്ങള്‍ക്കു വിശ്രമം കൊടുക്കുന്ന ഇടയന്മാരുടെ പാര്‍പ്പിടങ്ങള്‍ ഉണ്ടാകും. മലനാട്ടിലെയും താഴ്വരയിലെയും നെഗബിലെയും നഗരങ്ങളിലും ബെന്യാമീന്‍ദേശത്തും യെരൂശലേമിനു ചുറ്റുമുള്ള സ്ഥലങ്ങളിലും യെഹൂദാനഗരങ്ങളിലും ഇടയന്മാര്‍ തങ്ങളുടെ ആടുകളെ എണ്ണുന്ന കാലം വീണ്ടും വരും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. ഇസ്രായേല്‍ഗൃഹത്തോടും യെഹൂദാഗൃഹത്തോടും ചെയ്തിരുന്ന വാഗ്ദാനങ്ങള്‍ നിറവേറ്റുന്ന കാലം വരുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ആ നാളുകളില്‍ ദാവീദിന്‍റെ വംശത്തില്‍നിന്നു നീതിയുള്ള ഒരു ശാഖ മുളപ്പിക്കും; അവന്‍ ദേശത്തു നീതിയും ധര്‍മവും നടപ്പാക്കും. അന്നു യെഹൂദാ രക്ഷിക്കപ്പെടുകയും യെരൂശലേംനിവാസികള്‍ സുരക്ഷിതരായി പാര്‍ക്കുകയും ചെയ്യും. ‘സര്‍വേശ്വരന്‍ നമ്മുടെ നീതി’ എന്ന പേരിലായിരിക്കും ഈ നഗരം ഇനി വിളിക്കപ്പെടുക. ഇസ്രായേലിന്‍റെ സിംഹാസനത്തില്‍ വാണരുളുന്നതിന് ദാവീദിന്‍റെ വംശത്തില്‍ ഒരാള്‍ ഇല്ലാതെ പോകുകയില്ല എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. എന്‍റെ സന്നിധിയില്‍ ഹോമയാഗവും ധാന്യയാഗവും മറ്റു യാഗങ്ങളും ദിനംതോറും അര്‍പ്പിക്കാന്‍ ലേവ്യരുടെ ഇടയില്‍ ഒരു പുരോഹിതന്‍ ഇല്ലാതെ പോകുകയുമില്ല. യിരെമ്യാക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി. അവിടുന്ന് അരുളിച്ചെയ്യുന്നു: “നിര്‍ദിഷ്ട സമയങ്ങളില്‍ രാവും പകലും ഉണ്ടാകാത്തവിധം രാത്രിയോടും പകലിനോടുമുള്ള എന്‍റെ ഉടമ്പടി ലംഘിക്കാന്‍ കഴിയുമോ? എങ്കില്‍ മാത്രമേ, ദാവീദിന്‍റെ സിംഹാസനത്തില്‍ വാണരുളാന്‍ ഒരു പുത്രന്‍ ഇല്ലാതാകുംവിധം എന്‍റെ ദാസനായ ദാവീദിനോടുള്ള എന്‍റെ ഉടമ്പടി ലംഘിക്കപ്പെടുകയുള്ളൂ; എന്‍റെ ശുശ്രൂഷകരായ ലേവ്യപുരോഹിതന്മാരുമായുള്ള ഉടമ്പടിയും അങ്ങനെതന്നെ. ആകാശത്തിലെ നക്ഷത്രജാലങ്ങളെ എണ്ണാനും കടല്‍ത്തീരത്തെ മണല്‍ അളന്നു തീര്‍ക്കാനും കഴിയാത്തതുപോലെ എന്‍റെ ദാസനായ ദാവീദിന്‍റെ സന്തതികളെ ഞാന്‍ വര്‍ധിപ്പിക്കും; എന്നെ ശുശ്രൂഷിക്കുന്ന ലേവ്യ പുരോഹിതന്മാരെയും അങ്ങനെതന്നെ.” സര്‍വേശ്വരന്‍ യിരെമ്യായോട് അരുളിച്ചെയ്തു: സര്‍വേശ്വരന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനെയും യെഹൂദായെയും അവിടുന്നു തിരസ്കരിച്ചിരിക്കുന്നു എന്ന് ഈ ജനം പറയുന്നതു നീ ശ്രദ്ധിച്ചില്ലേ? അവര്‍ എന്‍റെ ജനത്തെ നിന്ദിച്ചിരിക്കുന്നു; അവരെ ഒരു ജനതയായിപ്പോലും അംഗീകരിക്കുന്നുമില്ല. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “രാത്രിയോടും പകലിനോടും ഞാന്‍ ഉടമ്പടി ചെയ്തിട്ടില്ലെങ്കില്‍, ആകാശത്തിനും ഭൂമിക്കുമുള്ള ചട്ടങ്ങള്‍ ഞാന്‍ നല്‌കിയിട്ടില്ലെങ്കില്‍ മാത്രമേ യാക്കോബിന്‍റെയും എന്‍റെ ദാസനായ ദാവീദിന്‍റെയും സന്തതികളെ ഞാന്‍ ഉപേക്ഷിക്കുമായിരുന്നുള്ളൂ. അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും സന്തതികളെ ഭരിക്കാന്‍ യാക്കോബിന്‍റെയും എന്‍റെ ദാസനായ ദാവീദിന്‍റെയും ഒരു സന്തതിയെ തിരഞ്ഞെടുക്കാതെ ഇരിക്കുമായിരുന്നുള്ളൂ; ഞാന്‍ അവരുടെ ഐശ്വര്യം പുനഃസ്ഥാപിക്കും; അവരോടു കരുണ കാണിക്കും. ബാബിലോണ്‍രാജാവായ നെബുഖദ്നേസറും അയാളുടെ സര്‍വസൈന്യവും അയാളുടെ ആധിപത്യത്തിലുള്ള സകല രാജ്യങ്ങളും ജനതകളും യെരൂശലേമിനോടും അതിന്‍റെ സകല നഗരങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ യിരെമ്യാക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “യെഹൂദാരാജാവായ സിദെക്കീയായുടെ അടുക്കല്‍ ചെന്നു പറയുക, സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഞാന്‍ ഈ നഗരത്തെ ബാബിലോണ്‍രാജാവിന്‍റെ കൈയില്‍ ഏല്പിക്കും. അവന്‍ അത് അഗ്നിക്കിരയാക്കും. അവന്‍റെ കൈയില്‍നിന്നു നീ രക്ഷപെടുകയില്ല; നീ ബന്ദിയായി അവന്‍റെ കൈയില്‍ ഏല്പിക്കപ്പെടും; നീ ബാബിലോണ്‍രാജാവിനെ നേരിട്ടു കാണും; അവനോട് അഭിമുഖമായി സംസാരിക്കും; നിന്നെ ബാബിലോണിലേക്കു കൊണ്ടുപോകുകയും ചെയ്യും. യെഹൂദാരാജാവായ സിദെക്കീയായേ, സര്‍വേശ്വരന്‍റെ വചനം കേള്‍ക്കുക; നിന്നെക്കുറിച്ചു അവിടുന്ന് അരുളിച്ചെയ്യുന്നു: “നീ വാളാല്‍ മരിക്കുകയില്ല; നീ സമാധാനത്തോടെ മരിക്കും; നിനക്കു മുമ്പു രാജാക്കന്മാരായിരുന്ന നിന്‍റെ പിതാക്കന്മാരുടെ ശവസംസ്കാരത്തിനു ചെയ്തതുപോലെ സുഗന്ധദ്രവ്യങ്ങള്‍ നിനക്കുവേണ്ടിയും കത്തിക്കും; അയ്യോ, ഞങ്ങളുടെ രാജാവ് എന്നു പറഞ്ഞ് ജനം വിലപിക്കും; ഞാനാണ് ഇതു പറയുന്നത് എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.” യിരെമ്യാപ്രവാചകന്‍ ഇവയെല്ലാം യെരൂശലേമില്‍ വച്ചു യെഹൂദാരാജാവായ സിദെക്കീയായോടു പറഞ്ഞു. അന്നു ബാബിലോണ്‍രാജാവിന്‍റെ സൈന്യം യെരൂശലേമിനും യെഹൂദാനഗരങ്ങളില്‍ ശേഷിച്ചിരുന്ന ലാഖീശ്, അസേക്കാ എന്നീ നഗരങ്ങള്‍ക്കുമെതിരെ യുദ്ധം ചെയ്യുകയായിരുന്നു; കോട്ടകെട്ടി ഉറപ്പിച്ച യെഹൂദാനഗരങ്ങളില്‍ ശേഷിച്ചത് ഇവ മാത്രമായിരുന്നു. എബ്രായ അടിമകളെയെല്ലാം സ്വതന്ത്രരായി പ്രഖ്യാപിക്കാന്‍ സിദെക്കീയാരാജാവ് യെരൂശലേമിലെ ജനങ്ങളുമായി ഒരു ഉടമ്പടി ചെയ്തു. അതിനുശേഷം യിരെമ്യാക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി, ഉടമ്പടി അനുസരിച്ച് ആരും തങ്ങളുടെ സഹോദരങ്ങളായ യെഹൂദരെ അടിമകളാക്കാന്‍ പാടില്ലായിരുന്നു. സ്‍ത്രീപുരുഷന്മാരായ സകല അടിമകളെയും സ്വതന്ത്രരാക്കാമെന്നും, അവരെ വീണ്ടും അടിമകളാക്കുകയില്ലെന്നും ഉടമ്പടി ചെയ്ത സകല പ്രഭുക്കന്മാരും ജനങ്ങളും സമ്മതിച്ചു; അങ്ങനെ അവര്‍ അടിമകളെ സ്വതന്ത്രരാക്കി. പിന്നീട് അവരുടെ മനസ്സ് മാറി; അവര്‍ സ്വതന്ത്രരാക്കിയ ദാസീദാസന്മാരെ വീണ്ടും അടിമകളാക്കി. അപ്പോള്‍ യിരെമ്യാക്കു സര്‍വേശ്വരനില്‍നിന്ന് അരുളപ്പാടുണ്ടായി. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അടിമഗൃഹമായ ഈജിപ്തില്‍നിന്നു നിങ്ങളുടെ പിതാക്കന്മാരെ മോചിപ്പിച്ചു കൊണ്ടുവന്നപ്പോള്‍ ഞാന്‍ അവരുമായി ഉടമ്പടി ചെയ്തിരുന്നു. അതനുസരിച്ച് എബ്രായ സഹോദരന്‍ തന്നെത്തന്നെ നിനക്കു വില്‍ക്കുകയും അവന്‍ ആറുവര്‍ഷം നിന്നെ സേവിക്കുകയും ചെയ്താല്‍, ഏഴാം വര്‍ഷം അവനെ മോചിപ്പിക്കണം; നിനക്ക് അടിമവേല ചെയ്യുന്നതില്‍ നിന്ന് അവനെ സ്വതന്ത്രനാക്കണം; എങ്കിലും നിങ്ങളുടെ പിതാക്കന്മാര്‍ എന്‍റെ വാക്കു കേള്‍ക്കുകയോ അനുസരിക്കുകയോ ചെയ്തില്ല. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് നിങ്ങള്‍ അനുതപിക്കുകയും അയല്‍ക്കാരുടെ സ്വാതന്ത്ര്യം പ്രഖാപിച്ചുകൊണ്ട് എനിക്കു ഹിതകരമായി പ്രവര്‍ത്തിക്കുകയും ചെയ്തു; എന്‍റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഈ ആലയത്തില്‍ വച്ച് എന്‍റെ സാന്നിധ്യത്തില്‍ നിങ്ങള്‍ ഒരു ഉടമ്പടിയുമുണ്ടാക്കി. എന്നാല്‍ നിങ്ങള്‍ പിന്തിരിയുകയും അവരുടെ ആഗ്രഹമനുസരിച്ചു നിങ്ങള്‍ സ്വതന്ത്രരാക്കിയ ദാസീദാസന്മാരെ തിരിച്ചെടുത്തു നിങ്ങള്‍ അവരെ വീണ്ടും അടിമകളാക്കുകയും എന്‍റെ നാമം അശുദ്ധമാക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടു സര്‍വേശ്വരന്‍ കല്പിക്കുന്നു: നിങ്ങള്‍ എന്നെ അനുസരിച്ചില്ല, നിങ്ങളുടെ സഹോദരനും അയല്‍ക്കാരനും സ്വാതന്ത്ര്യം നല്‌കിയില്ല; ഇതാ, ഞാന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു; വാളിനും മഹാമാരിക്കും ക്ഷാമത്തിനും ഇരയാകാനുള്ള സ്വാതന്ത്ര്യംതന്നെ; ലോകത്തിലുള്ള സകല ജനതകള്‍ക്കും നിങ്ങള്‍ ഭീതിദവിഷയമായിത്തീരും. [18,19] കാളക്കുട്ടിയെ രണ്ടായി പിളര്‍ന്ന് അവയ്‍ക്കിടയിലൂടെ കടന്നുപോയി ചെയ്ത ഉടമ്പടിയിലെ വ്യവസ്ഥകള്‍ പാലിക്കാതെ അതു ലംഘിച്ച സകല പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥന്മാരെയും പുരോഹിതരെയും ദേശത്തിലെ സകല ജനങ്ങളെയും ഞാന്‍ അവരുടെ ശത്രുക്കളുടെ കൈയില്‍ ഏല്പിക്കും; *** അവര്‍ക്കു പ്രാണഹാനി വരുത്താന്‍ ശ്രമിക്കുന്നവരുടെ കൈയില്‍തന്നെ; അവരുടെ ശവശരീരങ്ങള്‍ ആകാശത്തിലെ പക്ഷികള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇരയായിത്തീരും. യെഹൂദാരാജാവായ സിദെക്കീയായെയും അയാളുടെ പ്രഭുക്കന്മാരെയും ശത്രുക്കളുടെ കൈയില്‍ ഏല്പിക്കും. അവരെ നിഗ്രഹിക്കാന്‍ നോക്കുന്നവരുടെയും നിങ്ങളില്‍നിന്നു പിന്‍വാങ്ങിയ ബാബിലോണ്‍രാജാവിന്‍റെ സൈന്യത്തിന്‍റെയും കൈയില്‍തന്നെ. എന്‍റെ കല്പനയാല്‍ ഈ നഗരത്തിലേക്കു ഞാന്‍ ബാബിലോണ്യരെ മടക്കിവരുത്തും. അവര്‍ അതിനെതിരെ യുദ്ധം ചെയ്ത് അതിനെ പിടിച്ചടക്കി തീ വച്ചു ചുട്ടുകളയും; യെഹൂദാ നഗരങ്ങള്‍ ജനവാസമില്ലാതെ ശൂന്യമാകും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.” യെഹൂദാരാജാവായ യോശീയായുടെ പുത്രന്‍ യെഹോയാക്കീമിന്‍റെ കാലത്തു യിരെമ്യാക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി: നീ രേഖാബ്യരുടെ അടുക്കല്‍ ചെന്ന് അവരോടു സംസാരിച്ച് അവരെ സര്‍വേശ്വരന്‍റെ ആലയത്തിലെ ഒരു മുറിയില്‍ കൂട്ടിക്കൊണ്ടുവന്ന് അവര്‍ക്കു കുടിക്കാന്‍ വീഞ്ഞു കൊടുക്കുക. അതനുസരിച്ചു യിരെമ്യായുടെ പുത്രനും ഹബസിന്യായുടെ പൗത്രനുമായ യയസന്യായെയും അയാളുടെ സഹോദരന്മാരെയും അയാളുടെ എല്ലാ പുത്രന്മാരെയും അങ്ങനെ രേഖാബ്യഗൃഹക്കാര്‍ എല്ലാവരെയും കൂട്ടിക്കൊണ്ടുവന്നു. ഞാന്‍ അവരെ ദേവാലയത്തില്‍ ഹാനാന്‍റെ പുത്രന്മാരുടെ മുറിയില്‍ കൊണ്ടുവന്നു; ഹാനാന്‍ ദൈവപുരുഷനായ ഇഗ്ദല്യായുടെ പുത്രനായിരുന്നു; ആ മുറി പ്രഭുക്കന്മാരുടെ മുറിക്കടുത്തും ശല്ലൂമിന്‍റെ പുത്രനും വാതില്‍കാവല്‌ക്കാരനുമായ മയസേയായുടെ മുറിക്കു മുകളിലും ആയിരുന്നു. വീഞ്ഞു നിറച്ച കുടങ്ങളും പാനപാത്രങ്ങളും ഞാന്‍ അവരുടെ മുമ്പില്‍ വച്ചിട്ടു കുടിക്കുവിന്‍ എന്നു പറഞ്ഞു. ഞങ്ങള്‍ വീഞ്ഞു കുടിക്കയില്ല; കാരണം രേഖാബിന്‍റെ പുത്രനും ഞങ്ങളുടെ പിതാവുമായ യോനാദാബ് ഞങ്ങളോട് ഇങ്ങനെ കല്പിച്ചിട്ടുണ്ട്; നിങ്ങളും നിങ്ങളുടെ മക്കളും ഒരിക്കലും വീഞ്ഞു കുടിക്കരുത്; നിങ്ങള്‍ വീടു പണിയരുത്; വിത്തു വിതയ്‍ക്കരുത്; മുന്തിരിത്തോട്ടം നട്ടുണ്ടാക്കരുത്; അതു കൈവശം വയ്‍ക്കയുമരുത്. [8,9] നിങ്ങള്‍ പരദേശികളായി പാര്‍ക്കുന്ന സ്ഥലത്തു ദീര്‍ഘകാലം വസിക്കാന്‍ ഇടയാകുംവിധം ആയുഷ്ക്കാലം മുഴുവന്‍ കൂടാരങ്ങളില്‍ തന്നെ പാര്‍ക്കണം. രേഖാബിന്‍റെ പുത്രനും ഞങ്ങളുടെ പിതാവുമായ യോനാദാബ് നല്‌കിയ കല്പനകളെല്ലാം ഞങ്ങള്‍ അനുസരിച്ചുവരുന്നു. ഞങ്ങളും ഞങ്ങളുടെ ഭാര്യമാരും പുത്രീപുത്രന്മാരും ജീവിതത്തില്‍ ഒരിക്കലും വീഞ്ഞു കുടിച്ചിട്ടില്ല. പാര്‍ക്കാന്‍ വീടു പണിതിട്ടില്ല; ഞങ്ങള്‍ക്കു മുന്തിരിത്തോട്ടമോ നിലമോ ധാന്യവിത്തുകളോ ഇല്ല. *** കൂടാരങ്ങളിലാണ് ഞങ്ങള്‍ പാര്‍ത്തത്; അങ്ങനെ ഞങ്ങളുടെ പിതാവായ യോനാദാബ് കല്പിച്ചതെല്ലാം ഞങ്ങള്‍ അനുസരിച്ചു. ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ ഈ ദേശം ആക്രമിച്ചപ്പോള്‍ ബാബിലോണ്യരുടെയും സിറിയാക്കാരുടെയും സൈന്യങ്ങളുടെ മുമ്പില്‍നിന്നു യെരൂശലേമിലേക്കു പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു; അങ്ങനെയാണ് ഞങ്ങള്‍ ഇപ്പോള്‍ യെരൂശലേമില്‍ പാര്‍ക്കുന്നത്.” അപ്പോള്‍ യിരെമ്യാക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി. ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നീ പോയി യെഹൂദ്യയിലെ ജനങ്ങളോടും യെരൂശലേംനിവാസികളോടും പറയുക; നിങ്ങള്‍ എന്‍റെ പ്രബോധനം സ്വീകരിച്ച് എന്‍റെ വാക്ക് അനുസരിക്കുകയില്ലേ എന്ന് അവിടുന്നു ചോദിക്കുന്നു. വീഞ്ഞു കുടിക്കരുതെന്നു രേഖാബിന്‍റെ പുത്രനായ യോനാദാബ് തന്‍റെ പുത്രന്മാര്‍ക്കുകൊടുത്തിരുന്ന കല്പന അവര്‍ അനുസരിച്ചു; ഇന്നുവരെ അവര്‍ വീഞ്ഞു കുടിച്ചിട്ടില്ല; അങ്ങനെ അവര്‍ പിതാവിന്‍റെ കല്പന അനുസരിച്ചു; എന്നാല്‍ ഞാന്‍ നിങ്ങളോടു നിരന്തരം സംസാരിച്ചെങ്കിലും നിങ്ങള്‍ എന്നെ ശ്രദ്ധിച്ചില്ല. ദുര്‍മാര്‍ഗങ്ങളില്‍നിന്നു നിങ്ങള്‍ പിന്തിരിഞ്ഞു തെറ്റായ പ്രവൃത്തികളെ തിരുത്തുകയും അന്യദേവന്മാരെ അനുഗമിച്ച് അവരെ സേവിക്കാതിരിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും ഞാന്‍ നല്‌കിയിരിക്കുന്ന ദേശത്തു നിങ്ങള്‍ പാര്‍ക്കും എന്ന സന്ദേശവുമായി എന്‍റെ ദാസരായ പ്രവാചകന്മാരെ ഞാന്‍ തുടര്‍ച്ചയായി നിങ്ങളുടെ അടുക്കല്‍ അയച്ചു; അതു നിങ്ങള്‍ കേള്‍ക്കുകയോ എന്നെ ശ്രദ്ധിക്കുകയോ ചെയ്തില്ല. രേഖാബിന്‍റെ പുത്രനായ യോനാദാബ് തന്‍റെ പുത്രന്മാര്‍ക്കു നല്‌കിയിരുന്ന കല്പന അവര്‍ അനുസരിച്ചു; എന്നാല്‍ ഈ ജനം എന്നെ അനുസരിച്ചില്ല. അതുകൊണ്ട്, ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: യെഹൂദ്യക്കും യെരൂശലേംനിവാസികള്‍ക്കുമെതിരെ ഞാന്‍ പറഞ്ഞ അനര്‍ഥങ്ങളെല്ലാം അവരുടെമേല്‍ വരുത്തും. ഞാന്‍ സംസാരിച്ചു, അവര്‍ ശ്രദ്ധിച്ചില്ല; ഞാന്‍ വിളിച്ചു, അവര്‍ വിളികേട്ടില്ല.” രേഖാബ്യരോടു യിരെമ്യാ പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവവും, സര്‍വശക്തനുമായ സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാവായ യോനാദാബിന്‍റെ കല്പനകളെല്ലാം നിങ്ങള്‍ അനുസരിച്ചു; അയാളുടെ ആജ്ഞകളെല്ലാം പാലിക്കുകയും കല്പനകളനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തു. അതുകൊണ്ട്, ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: എന്‍റെ സന്നിധിയില്‍ നില്‌ക്കാന്‍ രേഖാബിന്‍റെ മകനായ യോനാദാബിനു എന്നും ഒരു പുരുഷസന്തതി ഉണ്ടായിരിക്കും.” യെഹൂദാരാജാവായ യോശീയായുടെ പുത്രന്‍ യെഹോയാക്കീമിന്‍റെ നാലാം വര്‍ഷം സര്‍വേശ്വരന്‍റെ അരുളപ്പാട് യിരെമ്യാക്കുണ്ടായി: “നീ ഒരു പുസ്തകച്ചുരുള്‍ എടുത്തു യോശീയായുടെ കാലത്തു ഞാന്‍ നിന്നോടു സംസാരിക്കാന്‍ തുടങ്ങിയതുമുതല്‍ ഇന്നുവരെ ഇസ്രായേലിനെയും യെഹൂദായെയും സകല ജനതകളെയും സംബന്ധിച്ചു ഞാന്‍ പറഞ്ഞതെല്ലാം അതില്‍ രേഖപ്പെടുത്തുക. ഞാന്‍ അവര്‍ക്കു വരുത്താനിരിക്കുന്ന അനര്‍ഥത്തെക്കുറിച്ചു യെഹൂദാഗൃഹം കേള്‍ക്കുമ്പോള്‍ അവര്‍ തങ്ങളുടെ ദുര്‍മാര്‍ഗത്തില്‍ നിന്നു പിന്തിരിഞ്ഞേക്കാം. അപ്പോള്‍ അവരുടെ അകൃത്യങ്ങളും പാപങ്ങളും ഞാന്‍ ക്ഷമിക്കും.” യിരെമ്യാ നേരിയായുടെ പുത്രന്‍ ബാരൂക്കിനെ വിളിച്ചു സര്‍വേശ്വരന്‍ തന്നോട് അരുളിച്ചെയ്തതെല്ലാം പറഞ്ഞുകൊടുത്തു. ബാരൂക്ക് അവയെല്ലാം ഒരു പുസ്തകച്ചുരുളില്‍ എഴുതി. പിന്നീട് യിരെമ്യാ ബാരൂക്കിനോടു പറഞ്ഞു: “ദേവാലയത്തില്‍ പോകുന്നതില്‍നിന്ന് എന്നെ വിലക്കിയിരിക്കയാണ്. അതുകൊണ്ട് ഉപവാസദിവസം നീ സര്‍വേശ്വരന്‍റെ ആലയത്തില്‍ ചെന്നു ഞാന്‍ പറഞ്ഞുതന്നു നീ പുസ്തകച്ചുരുളില്‍ രേഖപ്പെടുത്തിയ അവിടുത്തെ വചനങ്ങള്‍ സകല ജനവും കേള്‍ക്കെ വായിക്കണം; സ്വന്തം പട്ടണങ്ങളില്‍നിന്നു വന്നിട്ടുള്ള സകല യെഹൂദന്മാരും കേള്‍ക്കെത്തന്നെ നീ അതു വായിക്കണം. ഒരുപക്ഷേ അവരുടെ അപേക്ഷ സര്‍വേശ്വരന്‍റെ അടുക്കല്‍ എത്തുകയും ഓരോരുത്തനും തന്‍റെ ദുര്‍മാര്‍ഗത്തില്‍നിന്നു പിന്തിരിയുകയും ചെയ്തേക്കാം; ഈ ജനത്തിനെതിരെ അവിടുന്ന് വലിയ കോപവും ക്രോധവുമാണല്ലോ പ്രഖ്യാപിച്ചിട്ടുള്ളത്. യിരെമ്യാപ്രവാചകന്‍ പറഞ്ഞതുപോലെ നേരിയായുടെ പുത്രന്‍ ബാരൂക്ക് ദേവാലയത്തില്‍ ചെന്നു സര്‍വേശ്വരന്‍റെ അരുളപ്പാട് രേഖപ്പെടുത്തിയ ചുരുള്‍ വായിച്ചു. യെഹൂദാരാജാവായ യോശീയായുടെ പുത്രന്‍ യെഹോയാക്കീമിന്‍റെ ഭരണത്തിന്‍റെ അഞ്ചാം വര്‍ഷം ഒമ്പതാംമാസം സര്‍വ യെരൂശലേംനിവാസികളും യെഹൂദാനഗരങ്ങളില്‍ നിന്നു യെരൂശലേമില്‍ വന്ന എല്ലാവരും സര്‍വേശ്വരന്‍റെ സന്നിധിയില്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു. അപ്പോള്‍ പുസ്തകച്ചുരുളില്‍നിന്നു യിരെമ്യാ പറഞ്ഞുകൊടുത്ത വചനങ്ങളെല്ലാം ശാഫാന്‍റെ പുത്രനും ദേവാലയത്തിലെ കാര്യവിചാരകനുമായ ഗെമര്യായുടെ മുറിയില്‍ വച്ചു സകല ജനവും കേള്‍ക്കെ ബാരൂക്ക് വായിച്ചു; ആ മുറി ദേവാലയത്തിലെ പുതിയ വാതിലിനു സമീപം, മുകളിലത്തെ അങ്കണത്തില്‍ ആയിരുന്നു. ഗെമര്യായുടെ പുത്രനും ശാഫാന്‍റെ പൗത്രനുമായ മീഖായാ ചുരുളില്‍നിന്നു, ബാരൂക്ക് സര്‍വേശ്വരന്‍റെ വചനങ്ങള്‍ വായിച്ചതു കേട്ടു. അപ്പോള്‍ അയാള്‍ കൊട്ടാരത്തില്‍ കാര്യദര്‍ശിയുടെ മുറിയിലേക്കു കയറിച്ചെന്നു; പ്രഭുക്കന്മാരെല്ലാം അവിടെ ഇരിപ്പുണ്ടായിരുന്നു; കാര്യദര്‍ശിയായ എലീശാമാ, ശെമയ്യായുടെ പുത്രന്‍ ദലായാ, അഖ്ബോരിന്‍റെ പുത്രന്‍ എല്‍നാഥാന്‍, ശാഫാന്‍റെ പുത്രന്‍ ഗെമര്യാ ഹനന്യായുടെ പുത്രന്‍ സിദെക്കീയാ തുടങ്ങിയ എല്ലാ പ്രഭുക്കന്മാരും ഉണ്ടായിരുന്നു. ചുരുളില്‍നിന്നു സകല ജനവും കേള്‍ക്കെ ബാരൂക്ക് വായിച്ചപ്പോള്‍ കേട്ട കാര്യങ്ങള്‍ മീഖായാ അവരോടു പറഞ്ഞു. പ്രഭുക്കന്മാര്‍ എല്ലാവരും കൂടി നഥന്യായുടെ പുത്രനായ യെഹൂദിയെ ബാരൂക്കിന്‍റെ അടുക്കല്‍ അയച്ചു; നഥന്യാ ശെമല്യായുടെ പുത്രനും ശെമല്യാ കുശിയുടെ പുത്രനുമായിരുന്നു. യെഹൂദി ബാരൂക്കിനോടു ജനം കേള്‍ക്കെ ദേവാലയത്തില്‍ വച്ചു വായിച്ച ചുരുളുമെടുത്തു വരിക എന്നു പറഞ്ഞു; നേരിയായുടെ പുത്രന്‍ ബാരൂക്ക് ചുരുളുമെടുത്ത് അവരുടെ അടുക്കലേക്കു ചെന്നു. ഇവിടെ ഇരുന്നു വായിക്കാന്‍ അവര്‍ അയാളോടാവശ്യപ്പെട്ടു; ബാരൂക്ക് അപ്രകാരം ചെയ്തു. ആ വചനങ്ങളെല്ലാം കേട്ടപ്പോള്‍ അവര്‍ ഭയത്തോടെ പരസ്പരം നോക്കി; ഈ കാര്യങ്ങളെല്ലാം ഞങ്ങള്‍ രാജാവിനെ അറിയിക്കും എന്നവര്‍ ബാരൂക്കിനോടു പറഞ്ഞു. അവര്‍ ചോദിച്ചു: “ഇതെല്ലാം നീ എങ്ങനെ എഴുതി എന്നു പറയുക; യിരെമ്യാ പറഞ്ഞു തന്നതാണോ?” ബാരൂക്ക് അവരോടു പറഞ്ഞു: “ഈ വചനങ്ങളെല്ലാം അദ്ദേഹം എനിക്കു പറഞ്ഞു തന്നതാണ്; അവയെല്ലാം മഷികൊണ്ട് ഞാന്‍ ചുരുളില്‍ രേഖപ്പെടുത്തി.” പ്രഭുക്കന്മാര്‍ ബാരൂക്കിനോടു പറഞ്ഞു: “നീയും യിരെമ്യായും പോയി ഒളിക്കുക; നിങ്ങള്‍ എവിടെയാണെന്ന് ആരും അറിയരുത്.” ചുരുള്‍ കാര്യദര്‍ശിയായ എലീശാമായുടെ മുറിയില്‍ വച്ചിട്ട് അവര്‍ കൊട്ടാരത്തില്‍ രാജാവിന്‍റെ അടുക്കല്‍ ചെന്ന് ഈ വിവരം അറിയിച്ചു. ചുരുള്‍ എടുത്തുകൊണ്ടു വരാന്‍ രാജാവ് യെഹൂദിയോടു കല്പിച്ചു; കാര്യദര്‍ശിയായ എലീശാമായുടെ മുറിയില്‍നിന്ന് അയാള്‍ അത് എടുത്തുകൊണ്ടു വന്നു രാജാവിനെയും കൂടെ ഉണ്ടായിരുന്ന പ്രഭുക്കന്മാരെയും വായിച്ചു കേള്‍പ്പിച്ചു. അത് ഒമ്പതാം മാസമായിരുന്നു; ശീതകാലവസതിയില്‍ ആയിരുന്ന രാജാവിന്‍റെ മുമ്പില്‍ തീ കത്തിക്കൊണ്ടിരുന്ന നെരിപ്പോടുണ്ടായിരുന്നു. ചുരുളില്‍നിന്ന് ഏതാനും ഭാഗങ്ങള്‍ യെഹൂദി വായിച്ചു കഴിയുമ്പോള്‍ അത്രയും ഭാഗം രാജാവ് കത്തികൊണ്ട് മുറിച്ചെടുത്ത് നെരിപ്പോടില്‍ കത്തിക്കൊണ്ടിരുന്ന തീയില്‍ ഇടും; അങ്ങനെ നെരിപ്പോടിലെ തീയില്‍ ചുരുള്‍ മുഴുവന്‍ കത്തിത്തീര്‍ന്നു. രാജാവോ തന്‍റെ സേവകരോ ഇതെല്ലാം കേട്ടിട്ടും ഭയപ്പെടുകയോ, അനുതപിച്ചു തങ്ങളുടെ വസ്ത്രം കീറുകയോ ചെയ്തില്ല. “ചുരുള്‍ ചുട്ടുകളയരുതേ” എന്നു എല്‍നാഥാനും ദെലായാവും ഗെമര്യായും അപേക്ഷിച്ചുവെങ്കിലും രാജാവ് അതു കേട്ടില്ല. എഴുത്തുകാരനായ ബാരൂക്കിനെയും യിരെമ്യാപ്രവാചകനെയും പിടിച്ചുകൊണ്ടുവരാന്‍ രാജാവ് തന്‍റെ പുത്രനായ യെരഹ്മെയേല്‍, അസ്രിയേലിന്‍റെ പുത്രന്‍ സെരായാ, അബ്‍ദേലിന്‍റെ പുത്രന്‍ ശെലെമ്യാ എന്നിവരോടു കല്പിച്ചു; എന്നാല്‍ സര്‍വേശ്വരന്‍ യിരെമ്യായെയും ബാരൂക്കിനെയും ഒളിപ്പിച്ചു. യിരെമ്യാ പറഞ്ഞുകൊടുത്ത് ബാരൂക്ക് എഴുതിയ ചുരുള്‍ രാജാവ് കത്തിച്ചു കളഞ്ഞതിനുശേഷം സര്‍വേശ്വരന്‍റെ അരുളപ്പാട് യിരെമ്യാക്കുണ്ടായി. “മറ്റൊരു ചുരുളെടുത്ത് യെഹൂദാരാജാവായ യെഹോയാക്കീം കത്തിച്ചുകളഞ്ഞ ആദ്യത്തെ ചുരുളിലുണ്ടായിരുന്ന കാര്യങ്ങളെല്ലാം എഴുതുക. യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ച് ഇങ്ങനെ പറയണം: സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ബാബിലോണ്‍രാജാവ് തീര്‍ച്ചയായും വന്ന് ഈ ദേശത്തെയും അതിലെ മനുഷ്യരെയും മൃഗങ്ങളെയും നശിപ്പിക്കുമെന്ന് എന്തിനെഴുതി എന്നു ചോദിച്ചുകൊണ്ട് നീ ചുരുള്‍ കത്തിച്ചു കളഞ്ഞുവല്ലോ. അതുകൊണ്ട് യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ചു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ദാവീദിന്‍റെ സിംഹാസനത്തില്‍ ഇരിക്കുന്നതിന് അവന് ഒരു സന്തതിയും ഉണ്ടായിരിക്കയില്ല; അവന്‍റെ മൃതശരീരം പകല്‍ വെയിലും രാത്രിയില്‍ മഞ്ഞും ഏല്‌ക്കുംവിധം വെളിയിലേക്ക് എറിയപ്പെടും. ഞാന്‍ അവനെയും അവന്‍റെ സന്തതികളെയും ദാസന്മാരെയും അവരുടെ അകൃത്യത്തിനു ശിക്ഷിക്കും; ഞാന്‍ അവര്‍ക്കെതിരെ പ്രഖ്യാപിച്ചതും അവര്‍ അവഗണിച്ചതുമായ സകല അനര്‍ഥങ്ങളും അവരുടെമേലും യെരൂശലേംനിവാസികളുടെമേലും യെഹൂദ്യയിലെ ജനങ്ങളുടെമേലും വരുത്തും.” പിന്നീട് യിരെമ്യാ നേരിയായുടെ പുത്രനും എഴുത്തുകാരനുമായ ബാരൂക്കിന്‍റെ കൈയില്‍ മറ്റൊരു ചുരുള്‍ കൊടുത്തു; യെഹൂദാരാജാവായ യെഹോയാക്കീം കത്തിച്ചു നശിപ്പിച്ച ചുരുളിലുണ്ടായിരുന്നതെല്ലാം യിരെമ്യാ പറഞ്ഞു കൊടുത്തു. അവ ബാരൂക്ക് അതില്‍ എഴുതി; ആദ്യത്തേതിനു സദൃശമായ മറ്റു കാര്യങ്ങളും അതില്‍ ചേര്‍ത്തു. യെഹോയാക്കീമിന്‍റെ പുത്രനായ യെഹോയാഖിനു പകരം യോശീയായുടെ പുത്രനായ സിദെക്കീയാ രാജാവായി; ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ ആയിരുന്നു അയാളെ യെഹൂദാദേശത്തു രാജാവാക്കിയത്. എന്നാല്‍ അയാളോ അയാളുടെ ദാസന്മാരോ ദേശത്തെ ജനങ്ങളോ യിരെമ്യാപ്രവാചകനിലൂടെ സര്‍വേശ്വരന്‍ അരുളിച്ചെയ്ത വാക്കുകള്‍ ചെവിക്കൊണ്ടില്ല. ശെലെമ്യായുടെ പുത്രനായ യെഹൂഖലിനെയും മയസേയായുടെ പുത്രന്‍ സെഫന്യാപുരോഹിതനെയും സിദെക്കീയാരാജാവ് യിരെമ്യാപ്രവാചകന്‍റെ അടുക്കല്‍ അയച്ചു നമ്മുടെ ദൈവമായ സര്‍വേശ്വരനോടു ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്നു പറയിച്ചു. അന്നു യിരെമ്യാ ജനങ്ങളുടെ ഇടയില്‍ വരികയും പോകുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തെ തടവില്‍ ആക്കിയിരുന്നില്ല. ഫറവോയുടെ സൈന്യം ഈജിപ്തില്‍ നിന്നു പുറപ്പെട്ടു എന്ന വാര്‍ത്ത യെരൂശലേമിനെ ഉപരോധിച്ചിരുന്ന ബാബിലോണ്യര്‍ കേട്ടപ്പോള്‍ അവര്‍ യെരൂശലേമില്‍ നിന്നു പിന്‍വാങ്ങി. അപ്പോള്‍ യിരെമ്യാപ്രവാചകനു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്‍റെ അരുളപ്പാടു ചോദിക്കാന്‍ ആളയച്ച യെഹൂദാരാജാവിനോടു പറയുക; നിന്‍റെ സഹായത്തിനു വന്ന ഫറവോയുടെ സൈന്യം സ്വന്തം ദേശമായ ഈജിപ്തിലേക്കു മടങ്ങും. ബാബിലോണ്യര്‍ തിരിച്ചുവന്ന് ഈ നഗരത്തെ ആക്രമിക്കും; അവര്‍ അതു കൈവശപ്പെടുത്തി അഗ്നിക്ക് ഇരയാക്കും. ബാബിലോണ്യര്‍ തീര്‍ച്ചയായും നമ്മെ വിട്ടുപോകും എന്നു പറഞ്ഞു നിങ്ങള്‍ സ്വയം വഞ്ചിതരാകരുത്; അവര്‍ ഇവിടം വിട്ടുപോകയില്ല. നിങ്ങളോടു യുദ്ധം ചെയ്യുന്ന ബാബിലോണ്‍ സൈന്യത്തെ മുഴുവന്‍ നിങ്ങള്‍ തോല്പിച്ചിട്ട് അവരില്‍ മുറിവേറ്റവര്‍ മാത്രം അവശേഷിച്ചാലും അവര്‍ ഓരോരുത്തനും പാളയത്തില്‍ നിന്നെഴുന്നേറ്റ് ഈ നഗരം ചുട്ടു ചാമ്പലാക്കും. ഫറവോയുടെ സൈന്യത്തെ ഭയന്നു ബാബിലോണ്‍ സൈന്യം യെരൂശലേമില്‍ നിന്നു പിന്‍വാങ്ങിയപ്പോള്‍, യിരെമ്യാ സ്വജനങ്ങളുടെ ഇടയിലുള്ള തന്‍റെ ഓഹരി കൈവശപ്പെടുത്താന്‍ യെരൂശലേമില്‍നിന്നു ബെന്യാമീന്‍ദേശത്തേക്കു പുറപ്പെട്ടു. അദ്ദേഹം ബെന്യാമീന്‍ കവാടത്തിലെത്തിയപ്പോള്‍ ശെലെമ്യായുടെ പുത്രനും ഹനന്യായുടെ പൗത്രനുമായ യിരീയാ എന്ന കാവല്‍സേനാനായകന്‍ അദ്ദേഹത്തെ പിടിച്ച്, ‘നീ ബാബിലോണ്യരുടെ പക്ഷത്തു ചേരാന്‍ പോകുക’ യാണെന്നു പറഞ്ഞു. ‘അതു ശരിയല്ല; ഞാന്‍ ബാബിലോണ്യരുടെ പക്ഷത്തു ചേരാന്‍ പോകുകയല്ല’ എന്നു യിരെമ്യാ പറഞ്ഞെങ്കിലും, യിരീയാ അതു വിശ്വസിച്ചില്ല; അയാള്‍ യിരെമ്യാപ്രവാചകനെ പിടിച്ചു പ്രഭുക്കന്മാരുടെ മുമ്പില്‍ ഹാജരാക്കി. പ്രഭുക്കന്മാര്‍ യിരെമ്യായെ കണ്ടപ്പോള്‍ രോഷം പൂണ്ട് അദ്ദേഹത്തെ മര്‍ദിച്ചു തടവിലാക്കി. കാര്യദര്‍ശിയായ യോനാഥാന്‍റെ വീടാണ് തടവറയായി ഉപയോഗിച്ചിരുന്നത്. ആ കാരാഗൃഹത്തിലെ ഇരുട്ടറയില്‍ യിരെമ്യാക്കു ദീര്‍ഘകാലം കഴിയേണ്ടിവന്നു. സിദെക്കീയാരാജാവ് യിരെമ്യായെ കൊട്ടാരത്തിലേക്ക് ആളയച്ചു വരുത്തി: “സര്‍വേശ്വരനില്‍നിന്ന് എന്തെങ്കിലും അരുളപ്പാടുണ്ടോ’ എന്നു രഹസ്യമായി ചോദിച്ചു; ‘ഉണ്ട്’ എന്നു യിരെമ്യാ പറഞ്ഞു; അങ്ങ് ബാബിലോണ്‍രാജാവിന്‍റെ കൈയില്‍ ഏല്പിക്കപ്പെടും. യിരെമ്യാ സിദെക്കീയാരാജാവിനോടു ചോദിച്ചു: “എന്നെ കാരാഗൃഹത്തില്‍ ഇടാന്‍ തക്കവിധം അങ്ങേക്കോ അങ്ങയുടെ ദാസന്മാര്‍ക്കോ ഈ ജനത്തിനോ എതിരായി ഞാന്‍ എന്തു കുറ്റമാണു ചെയ്തത്? അങ്ങേക്കോ ദേശത്തിനോ എതിരെ ബാബിലോണ്‍രാജാവു വരികയില്ല എന്നു പ്രവചിച്ച അങ്ങയുടെ പ്രവാചകര്‍ എവിടെ? ഇപ്പോള്‍ എന്‍റെ യജമാനനായ രാജാവേ, ഞാന്‍ പറയുന്നതു കേട്ടാലും; എന്‍റെ അഭ്യര്‍ഥന സ്വീകരിച്ചാലും; കാര്യദര്‍ശിയായ യോനാഥാന്‍റെ വീട്ടിലേക്ക് എന്നെ തിരിച്ച് അയയ്‍ക്കരുതേ; ഞാന്‍ അവിടെ കിടന്നു മരിക്കുമല്ലോ.” ഇതുകേട്ട് സിദെക്കീയാ രാജാവ് യിരെമ്യായെ കാവല്‌ക്കാരുടെ അങ്കണത്തില്‍ സൂക്ഷിക്കാനും നഗരത്തിലെ അപ്പം മുഴുവന്‍ തീരുന്നതുവരെ അപ്പക്കാരുടെ തെരുവില്‍ നിന്നു ദിവസേന ഒരപ്പം കൊടുക്കാനും കല്പിച്ചു. അങ്ങനെ യിരെമ്യാ കാവല്‌ക്കാരുടെ അങ്കണത്തില്‍ താമസിച്ചു. [1-3] യിരെമ്യാ ഇപ്രകാരം സര്‍വജനത്തോടും പറയുന്നതു മത്ഥാന്‍റെ പുത്രന്‍ ശെഫത്യായും പശ്ഹൂരിന്‍റെ പുത്രന്‍ ഗെദല്യായും ശെലെമ്യായുടെ പുത്രന്‍ യൂഖലും മല്‌ക്കീയായുടെ പുത്രന്‍ പശ്ഹൂരും കേട്ടു. “സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഈ നഗരത്തില്‍ പാര്‍ക്കുന്നവര്‍ യുദ്ധവും ക്ഷാമവും മഹാമാരിയുംകൊണ്ടു മരിക്കും; എന്നാല്‍ ബാബിലോണ്യരുടെ അടുത്തേക്ക് ഇറങ്ങിച്ചെല്ലുന്നവര്‍ ജീവിക്കും; അവര്‍ക്കു സ്വന്തജീവനെങ്കിലും രക്ഷിക്കാന്‍ കഴിയും.” അവിടുന്ന് അരുളിച്ചെയ്യുന്നു: “ഈ നഗരം ബാബിലോണ്‍ രാജാവിന്‍റെ സൈന്യത്തിന്‍റെ അധീനതയില്‍ തീര്‍ച്ചയായും ഏല്പിക്കപ്പെടും; അവര്‍ അതു പിടിച്ചെടുക്കും.” *** *** അപ്പോള്‍ പ്രഭുക്കന്മാര്‍ രാജാവിനോടു പറഞ്ഞു: “ഈ മനുഷ്യനെ വധിക്കണം; ഇയാള്‍ ഇങ്ങനെ സംസാരിച്ചു നഗരത്തില്‍ ശേഷിച്ചിരിക്കുന്ന സൈന്യങ്ങളുടെയും ജനത്തിന്‍റെയും കരങ്ങള്‍ ദുര്‍ബലമാക്കുന്നു. ഇയാള്‍ ജനങ്ങളുടെ ക്ഷേമമല്ല നാശമാണ് ആഗ്രഹിക്കുന്നത്.” “ഇയാള്‍ നിങ്ങളുടെ കൈയിലാണ്, നിങ്ങള്‍ക്കെതിരെ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ലല്ലോ” എന്നു സിദെക്കീയാരാജാവു പറഞ്ഞു. അവര്‍ യിരെമ്യായെ പിടിച്ച്, രാജാവിന്‍റെ പുത്രനായ മല്‌ക്കീയായുടെ കിണറ്റിലിട്ടു; കാവല്‌ക്കാരുടെ അങ്കണത്തിലുള്ള ആ കിണറ്റില്‍ അദ്ദേഹത്തെ കെട്ടിയിറക്കുകയാണുണ്ടായത്; കിണറ്റില്‍ ചെളിയല്ലാതെ വെള്ളം ഉണ്ടായിരുന്നില്ല. യിരെമ്യാ ചെളിയില്‍ താണു. യിരെമ്യായെ കിണറ്റിലിട്ട വിവരം കൊട്ടാരത്തിലെ ഷണ്ഡനായ എത്യോപ്യക്കാരന്‍ ഏബദ്-മേലെക് കേട്ടു; രാജാവ് അപ്പോള്‍ ബെന്യാമീന്‍ കവാടത്തില്‍ ഇരിക്കുകയായിരുന്നു. ഏബെദ്-മേലെക് കൊട്ടാരത്തില്‍നിന്നു രാജസന്നിധിയില്‍ ചെന്നു പറഞ്ഞു. “എന്‍റെ യജമാനനായ രാജാവേ, അവര്‍ യിരെമ്യാപ്രവാചകനോടു കാണിച്ചത് അന്യായമായിപ്പോയി. അവര്‍ അദ്ദേഹത്തെ പിടിച്ചു കിണറ്റിലിട്ടു. നഗരത്തില്‍ അപ്പം ശേഷിച്ചിട്ടില്ലാത്തതുകൊണ്ട് അയാള്‍ പട്ടിണി കിടന്നു മരിക്കയേ ഉള്ളൂ.” ഇവിടെനിന്നു മൂന്നു പേരെ കൂട്ടിക്കൊണ്ടുപോയി, യിരെമ്യാപ്രവാചകന്‍ മരിക്കുന്നതിനുമുമ്പ്, കിണറ്റില്‍നിന്നു രക്ഷപെടുത്താന്‍ രാജാവ് എത്യോപ്യക്കാരനായ ഏബെദ്-മേലെക്കിനോടു കല്പിച്ചു. അതനുസരിച്ച് അയാള്‍ ആളുകളെ കൂട്ടിക്കൊണ്ടു പോയി. കൊട്ടാരത്തില്‍ വസ്ത്രം സൂക്ഷിക്കുന്ന സ്ഥലത്തുനിന്നു പഴന്തുണികളെടുത്തു കയറില്‍ കെട്ടി യിരെമ്യാക്കു കിണറ്റിലേക്ക് ഇറക്കിക്കൊടുത്തു. എത്യോപ്യനായ ഏബെദ്-മേലെക് യിരെമ്യായോടു, കീറിയ പഴന്തുണികള്‍ കക്ഷത്തില്‍വച്ച് അതിന്മേല്‍ കയറിടാന്‍ പറഞ്ഞു; അദ്ദേഹം അങ്ങനെ ചെയ്തു. അവര്‍ യിരെമ്യായെ കിണറ്റില്‍നിന്നു വലിച്ചു കയറ്റി പുറത്തെടുത്തു; പിന്നീട് യിരെമ്യാ കാവല്‌ക്കാരുടെ അങ്കണത്തില്‍ തന്നെ പാര്‍ത്തു. സിദെക്കീയാരാജാവ് ആളയച്ച് യിരെമ്യാ പ്രവാചകനെ ദേവാലയത്തിന്‍റെ മൂന്നാം കവാടത്തിലേക്കു വരുത്തി; രാജാവ് യിരെമ്യായോട് പറഞ്ഞു: “ഞാന്‍ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ, ഒന്നും എന്നില്‍നിന്നു മറച്ചു വയ്‍ക്കരുത്.” യിരെമ്യാ സിദെക്കീയായോടു പറഞ്ഞു: “ഞാന്‍ സത്യം പറഞ്ഞാല്‍ അങ്ങ് എന്നെ നിശ്ചയമായും വധിക്കുകയില്ലേ? എന്‍റെ ഉപദേശം അങ്ങ് സ്വീകരിക്കുകയില്ലല്ലോ.” സിദെക്കീയാ യിരെമ്യായോടു രഹസ്യമായി സത്യം ചെയ്തു പറഞ്ഞു: “നമുക്കു ജീവന്‍ നല്‌കിയ സര്‍വേശ്വരന്‍റെ നാമത്തില്‍ ശപഥം ചെയ്തു പറയുന്നു; ഞാന്‍ നിന്നെ വധിക്കുകയോ നിന്നെ കൊല്ലാന്‍ ശ്രമിക്കുന്നവരുടെ കൈയില്‍ ഏല്പിച്ചു കൊടുക്കുകയോ ഇല്ല.” അപ്പോള്‍ യിരെമ്യാ സിദെക്കീയായോടു പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; ബാബിലോണ്‍ രാജാവിന്‍റെ പ്രഭുക്കന്മാര്‍ക്കു കീഴടങ്ങിയാല്‍ അങ്ങയുടെ ജീവന്‍ രക്ഷപെടും; ഈ നഗരം അഗ്നിക്ക് ഇരയാവുകയില്ല; അങ്ങയും അങ്ങയുടെ ഭവനവും ജീവിച്ചിരിക്കും. ബാബിലോണ്‍രാജാവിന്‍റെ പ്രഭുക്കന്മാര്‍ക്ക് അങ്ങ് കീഴടങ്ങുന്നില്ലെങ്കില്‍ നഗരം ബാബിലോണ്യരുടെ കൈയില്‍ ഏല്പിക്കപ്പെടുകയും അവര്‍ അതിനെ അഗ്നിക്ക് ഇരയാക്കുകയും ചെയ്യും; അവരുടെ കൈയില്‍നിന്ന് അങ്ങു രക്ഷപെടുകയുമില്ല.” സിദെക്കീയാരാജാവ് യിരെമ്യായോടു പറഞ്ഞു: “ബാബിലോണ്യരുടെ പക്ഷം ചേര്‍ന്ന യെഹൂദന്മാരെ എനിക്കു ഭയമാണ്; എന്നെ അവരുടെ കൈയില്‍ ഏല്പിക്കുകയും അവര്‍ എന്നെ ഉപദ്രവിക്കുകയും ചെയ്തേക്കാം.” യിരെമ്യാ പറഞ്ഞു: “അങ്ങയെ അവരുടെ കൈയില്‍ ഏല്പിക്കയില്ല; സര്‍വേശ്വരന്‍റെ വാക്കു കേള്‍ക്കുക; എന്നാല്‍ അങ്ങേക്കു ശുഭമായിരിക്കും. അങ്ങു രക്ഷപെടുകയും ചെയ്യും. അവിടുന്ന് എനിക്ക് ഈ ദര്‍ശനം കാണിച്ചു തന്നിരിക്കുന്നു. അങ്ങു കീഴടങ്ങുന്നില്ലെങ്കില്‍, യെഹൂദാരാജാവിന്‍റെ കൊട്ടാരത്തില്‍ അവശേഷിച്ച സ്‍ത്രീകളെയെല്ലാം ബാബിലോണ്‍രാജാവിന്‍റെ പ്രഭുക്കന്മാരുടെ അടുക്കലേക്കു കൊണ്ടുപോകും; അപ്പോള്‍ അവര്‍ ഇങ്ങനെ പറയും. “അങ്ങയുടെ ആപ്തമിത്രങ്ങള്‍ അങ്ങയെ വഞ്ചിച്ചു; അവര്‍ അങ്ങയെ തോല്പിച്ചു; അങ്ങയുടെ കാല്‍ ചെളിയില്‍ താണപ്പോള്‍, അവര്‍ അങ്ങയെ വിട്ടുപോയി. അങ്ങയുടെ എല്ലാ ഭാര്യമാരെയും പുത്രന്മാരെയും ബാബിലോണ്യരുടെ അടുക്കലേക്കു കൊണ്ടുപോകും; അങ്ങയും അവരുടെ കൈകളില്‍നിന്നു രക്ഷപെടുകയില്ല; ബാബിലോണ്‍രാജാവ് അങ്ങയെ പിടിക്കും; ഈ നഗരം അഗ്നിക്ക് ഇരയാക്കുകയും ചെയ്യും.” അപ്പോള്‍ സിദെക്കീയാ യിരെമ്യായോടു പറഞ്ഞു: “മറ്റാരും ഇക്കാര്യം അറിയരുത്; എന്നാല്‍ നീ മരിക്കുകയില്ല. ഞാന്‍ നിന്നോടു സംസാരിച്ച വിവരം പ്രഭുക്കന്മാര്‍ അറിഞ്ഞ്, രാജാവ് നിന്നോട് എന്തു പറഞ്ഞു? നീ എന്താണു രാജാവിനോടു പറഞ്ഞത്? നീ ഒന്നും മറച്ചുവയ്‍ക്കരുത്; എന്നാല്‍ ഞങ്ങള്‍ നിന്നെ വധിക്കുകയില്ല എന്നു പറഞ്ഞാല്‍, ‘ഞാന്‍ മരിച്ചുപോകാതെയിരിക്കേണ്ടതിനു, യോനാഥാന്‍റെ ഗൃഹത്തിലേക്ക് എന്നെ അയക്കരുതേ എന്നു രാജാവിനോടു ഞാന്‍ അപേക്ഷിക്കുകയായിരുന്നു’ എന്നു നീ അവരോടു പറയണം.” പ്രഭുക്കന്മാര്‍ യിരെമ്യായെ ചോദ്യം ചെയ്തു; രാജാവ് കല്പിച്ചിരുന്നതുപോലെ യിരെമ്യാ അവരോടു പറഞ്ഞു; അപ്പോള്‍ അവര്‍ അദ്ദേഹത്തെ വിട്ടുപോയി. കാരണം രാജാവും യിരെമ്യായും സംസാരിച്ചതു മറ്റാരും കേട്ടിരുന്നില്ല. ബാബിലോണ്‍രാജാവ് യെരൂശലേം പിടിച്ചടക്കുന്നതുവരെ യിരെമ്യാ കാവല്‌ക്കാരുടെ അങ്കണത്തില്‍തന്നെ പാര്‍ത്തു. യെഹൂദാരാജാവായ സിദെക്കീയായുടെ ഭരണത്തിന്‍റെ ഒമ്പതാം വര്‍ഷം പത്താം മാസം ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ സര്‍വസൈന്യങ്ങളുമായി വന്നു യെരൂശലേം വളഞ്ഞു. സിദെക്കീയായുടെ ഭരണത്തിന്‍റെ പതിനൊന്നാം വര്‍ഷം, നാലാം മാസം, ഒമ്പതാം ദിവസം നഗരത്തിന്‍റെ മതില്‍ ഭേദിക്കപ്പെട്ടു. യെരൂശലേം പിടിച്ചടക്കിയപ്പോള്‍ ബാബിലോണ്‍രാജാവിന്‍റെ പ്രഭുക്കന്മാരായ നേര്‍ഗല്‍-ശരേസ്സര്‍, ശംഗര്‍-നെബോസര്‍-സെഖീം, രബ്-സാരീസ്, നേര്‍ഗല്‍-ശരേസര്‍ എന്ന രബ്-മാഗ് എന്നിവരും ബാബിലോണ്‍ രാജാവിന്‍റെ മറ്റ് ഉദ്യോഗസ്ഥന്മാരും വന്നു മധ്യവാതില്‌ക്കല്‍ സമ്മേളിച്ചു. യെഹൂദാരാജാവായ സിദെക്കീയായും സൈനികരും അവരെ കണ്ടപ്പോള്‍ ഓടിപ്പോയി; രാത്രിയില്‍ രാജാവിന്‍റെ ഉദ്യാനത്തിലൂടെ രണ്ടു മതിലുകള്‍ക്ക് ഇടയിലുള്ള വാതിലില്‍ കൂടി അരാബായിലേക്കുള്ള വഴിയിലൂടെയാണ് അവര്‍ ഓടിപ്പോയത്. എന്നാല്‍ ബാബിലോണ്യ സൈന്യം അവരെ പിന്തുടര്‍ന്ന് യെരീഹോസമതലത്തില്‍ വച്ചു സിദെക്കീയായെ പിടികൂടി; അവര്‍ അയാളെ ഹാമാത്ത് ദേശത്ത് രിബ്ലയില്‍ ബാബിലോണ്‍രാജാവായ നെബുഖദ്നേസരിന്‍റെ അടുക്കല്‍ കൊണ്ടുവന്നു; നെബുഖദ്നേസര്‍ സിദെക്കിയായ്‍ക്കു ശിക്ഷവിധിച്ചു. രിബ്ലയില്‍ ബാബിലോണ്‍രാജാവ് സിദെക്കീയായുടെ പുത്രന്മാരെ അയാള്‍ കാണ്‍കെ വധിച്ചു; യെഹൂദായിലെ എല്ലാ ശ്രേഷ്ഠന്മാരെയും ബാബിലോണ്‍രാജാവ് കൊന്നു. സിദെക്കീയായുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്തശേഷം ബാബിലോണിലേക്കു കൊണ്ടുപോകാന്‍ അയാളെ ചങ്ങലകൊണ്ടു ബന്ധിച്ചു. ബാബിലോണ്യര്‍ രാജകൊട്ടാരവും ജനങ്ങളുടെ വീടുകളും അഗ്നിക്കിരയാക്കി; യെരൂശലേമിന്‍റെ മതിലുകള്‍ ഇടിച്ചുനിരത്തി. നഗരത്തില്‍ ശേഷിച്ചവരെയും തന്‍റെ പക്ഷത്തേക്കു കൂറുമാറിയവരെയും മറ്റെല്ലാവരെയും അകമ്പടി സേനാനായകനായ നെബൂസര്‍-അദാന്‍, പ്രവാസികളായി ബാബിലോണിലേക്കു പിടിച്ചു കൊണ്ടുപോയി. നെബൂസര്‍-അദാന്‍ ഏറ്റവും ദരിദ്രരായ ജനങ്ങളില്‍ ചിലരെ യെഹൂദ്യയില്‍ പാര്‍പ്പിച്ചു; അവര്‍ക്കു മുന്തിരിത്തോട്ടങ്ങളും നിലങ്ങളും നല്‌കി. ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍, അകമ്പടിസേനാനായകനായ നെബൂസര്‍-അദാനോട് യിരെമ്യായെക്കുറിച്ച് ഇപ്രകാരം കല്പിച്ചു: “നീ യിരെമ്യായെ കൊണ്ടുവന്നു സംരക്ഷിക്കുക. ഒരു ഉപദ്രവവും ചെയ്യരുത്. അയാളുടെ ഇഷ്ടാനുസരണം അയാളോടു പെരുമാറുക.” അതനുസരിച്ച് അകമ്പടിനായകനായ നെബൂസര്‍-അദാനും നെബൂശസ്ബാന്‍ എന്ന രബ്-സാരീസ്സും നേര്‍ഗല്‍-ശരേസര്‍ എന്ന രബ്-മാഗും ബാബിലോണ്‍ രാജാവിന്‍റെ പ്രധാന ഉദ്യോഗസ്ഥന്മാരും കൂടി ആളയച്ചു കാവല്‌ക്കാരുടെ അങ്കണത്തില്‍ നിന്നു യിരെമ്യായെ കൂട്ടിക്കൊണ്ടുവന്നു; അഹീക്കാമിന്‍റെ പുത്രനും ശാഫാന്‍റെ പൗത്രനുമായ ഗെദല്യായുടെകൂടെ അവര്‍ യിരെമ്യായെ പറഞ്ഞയച്ചു; അങ്ങനെ യിരെമ്യാ ജനത്തിന്‍റെ ഇടയില്‍ പാര്‍ത്തു. കാവല്‌ക്കാരുടെ അങ്കണത്തില്‍ യിരെമ്യാ തടവുകാരനായിരുന്നപ്പോള്‍ അദ്ദേഹത്തിനു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി: “എത്യോപ്യനായ ഏബെദ്-മേലെക്കിനോടു നീ പോയി പറയണം; ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; ഈ നഗരത്തിനെതിരെ ഞാന്‍ പറഞ്ഞിരുന്ന വാക്കുകളെല്ലാം സംഭവിക്കും; നന്മയ്‍ക്കല്ല തിന്മയ്‍ക്കുതന്നെ; നിന്‍റെ കണ്‍മുമ്പില്‍ വച്ച് അവയെല്ലാം ആ ദിവസം സംഭവിക്കും. എന്നാല്‍ അന്നു ഞാന്‍ നിന്നെ രക്ഷിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; നീ ഭയപ്പെടുന്നവരുടെ കൈയില്‍ നിന്നെ ഏല്പിക്കുകയില്ല. ഞാന്‍ നിന്നെ നിശ്ചയമായും രക്ഷിക്കും; നീ വാളിന് ഇരയാകയില്ല; യുദ്ധത്തിലെ കൊള്ളമുതല്‍ പോലെ നിന്‍റെ ജീവന്‍ നിനക്കു ലഭിക്കും; നീ എന്നില്‍ ആശ്രയിച്ചുവല്ലോ” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. അകമ്പടി സേനാനായകനായ നെബൂസര്‍-അദാന്‍ രാമായില്‍നിന്നു യിരെമ്യായെ വിട്ടയച്ചശേഷം യിരെമ്യാക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി; യെഹൂദ്യയില്‍നിന്നും യെരൂശലേമില്‍നിന്നും ബാബിലോണിലേക്കു പ്രവാസികളായി കൊണ്ടുപോയ ബന്ദികളോടൊപ്പം യിരെമ്യായും ചങ്ങലയാല്‍ ബന്ധിതനായിരുന്നു. അകമ്പടിസേനാനായകന്‍ യിരെമ്യായെ വിളിച്ച് അയാളോടു പറഞ്ഞു: “നിന്‍റെ ദൈവമായ സര്‍വേശ്വരന്‍ ഈ അനര്‍ഥങ്ങള്‍ ഈ സ്ഥലത്തിനെതിരെ പ്രഖ്യാപിച്ചിരുന്നു. അവിടുന്ന് അരുളിച്ചെയ്തതുപോലെ എല്ലാം നിവര്‍ത്തിച്ചു; സര്‍വേശ്വരനെതിരെ നിങ്ങള്‍ പാപം ചെയ്യുകയും അവിടുത്തെ ശബ്ദം അവഗണിക്കുകയും ചെയ്തതിനാലാണ് ഇതെല്ലാം നിങ്ങള്‍ക്കു സംഭവിച്ചത്. ഇന്നു ഞാന്‍ നിന്‍റെ കൈകളിലെ ചങ്ങലകള്‍ അഴിച്ചു നിന്നെ മോചിപ്പിക്കുന്നു; എന്നോടുകൂടെ ബാബിലോണിലേക്കു പോരുന്നതു നന്നെന്നു തോന്നുന്നു എങ്കില്‍ എന്‍റെകൂടെ വരിക; ഞാന്‍ നിന്നെ സംരക്ഷിച്ചുകൊള്ളാം. അതിനിഷ്ടമില്ലെങ്കില്‍ വരേണ്ടാ. ദേശം മുഴുവന്‍ നിന്‍റെ മുമ്പിലുണ്ട്. നല്ലതെന്നും ഉചിതമെന്നും നിനക്കു തോന്നുന്നിടത്തു പൊയ്‍ക്കൊള്ളുക. ഇവിടെത്തന്നെയാണു പാര്‍ക്കുന്നതെങ്കില്‍ യെഹൂദാനഗരങ്ങളുടെ അധിപനായി ബാബിലോണ്‍രാജാവ് നിയമിച്ചിട്ടുള്ള അഹീക്കാമിന്‍റെ പുത്രനും ശാഫാന്‍റെ പൗത്രനുമായ ഗെദല്യായുടെ അടുക്കലേക്കു പോയി അയാളോടുകൂടെ ജനത്തിന്‍റെ ഇടയില്‍ പാര്‍ക്കുക; മറ്റെവിടെയെങ്കിലും പോകാനാണു നിനക്ക് ഇഷ്ടമെങ്കില്‍ അങ്ങനെ ചെയ്യുക.” ഇങ്ങനെ പറഞ്ഞിട്ട് അകമ്പടിസേനാനായകന്‍ ഭക്ഷണച്ചെലവും സമ്മാനവും നല്‌കി അദ്ദേഹത്തെ യാത്ര അയച്ചു. യിരെമ്യാ മിസ്പായില്‍ അഹീക്കാമിന്‍റെ പുത്രന്‍ ഗെദല്യായുടെ അടുക്കല്‍ചെന്ന് അയാളുടെ കൂടെ ദേശത്തു ശേഷിച്ച ജനത്തിന്‍റെ ഇടയില്‍ വസിച്ചു. അഹീക്കാമിന്‍റെ പുത്രനായ ഗെദല്യായെ ബാബിലോണ്‍രാജാവ് ദേശത്തിന്‍റെ ഭരണാധികാരിയായി നിയമിച്ചു എന്നും ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോകാത്ത ദേശത്തിലെ ഏറ്റവും ദരിദ്രരായ പുരുഷന്മാരെയും സ്‍ത്രീകളെയും കുട്ടികളെയും അയാളുടെ ചുമതലയിലാക്കി എന്നും നാട്ടിന്‍പുറത്തുണ്ടായിരുന്ന സൈന്യാധിപന്മാര്‍ കേട്ടു. അപ്പോള്‍ നെഥന്യായുടെ പുത്രന്‍ ഇശ്മായേല്‍, കാരേഹിന്‍റെ പുത്രന്മാരായ യോഹാനാന്‍, യോനാഥാന്‍, തന്‍ഹൂമെത്തിന്‍റെ പുത്രന്‍ സെരായാ, നെതോഫാത്യനായ എഫായിയുടെ പുത്രന്മാര്‍, മയഖാത്യന്‍റെ മകനായ യെസന്യ എന്നിവര്‍ തങ്ങളുടെ ആളുകളുമായി മിസ്പായില്‍ ഗെദല്യായുടെ അടുക്കല്‍ ചെന്നു. അഹീക്കാമിന്‍റെ പുത്രനും ശാഫാന്‍റെ പൗത്രനുമായ ഗെദല്യാ പ്രതിജ്ഞചെയ്ത് അവരോടു പറഞ്ഞു: “ബാബിലോണ്യരെ സേവിക്കാന്‍ നിങ്ങള്‍ ഭയപ്പെടേണ്ടാ; ദേശത്തു പാര്‍ത്തു ബാബിലോണ്‍രാജാവിനെ സേവിക്കുവിന്‍; എന്നാല്‍ നിങ്ങള്‍ക്കു ശുഭമായിരിക്കും. നമ്മുടെ അടുത്തേക്കു വരുന്ന ബാബിലോണ്യരുടെ മുമ്പില്‍ നിങ്ങളുടെ പ്രതിനിധിയായി ഞാന്‍ മിസ്പായില്‍ പാര്‍ക്കും; എന്നാല്‍ നിങ്ങള്‍ വീഞ്ഞും വേനല്‍ക്കാലഫലങ്ങളും എണ്ണയും പാത്രങ്ങളില്‍ ശേഖരിച്ചു നിങ്ങള്‍ കൈവശമാക്കിയ നഗരങ്ങളില്‍തന്നെ പാര്‍ക്കുവിന്‍.” മോവാബിലും അമ്മോനിലും എദോമിലും മറ്റു സ്ഥലങ്ങളിലും പാര്‍ത്തിരുന്ന യെഹൂദന്മാര്‍ ബാബിലോണിലെ രാജാവ് കുറെപ്പേരെ യെഹൂദ്യയില്‍ അവശേഷിപ്പിച്ചിട്ടുണ്ടെന്നും അഹീക്കാമിന്‍റെ പുത്രനും ശാഫാന്‍റെ പൗത്രനുമായ ഗെദല്യായെ അവിടുത്തെ അധിപതിയായി നിയമിച്ചിട്ടുണ്ടെന്നും കേട്ടു. ചിതറിക്കപ്പെട്ടിരുന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം യെഹൂദന്മാര്‍ യെഹൂദ്യദേശത്തെ മിസ്പായില്‍ ഗെദല്യായുടെ അടുക്കല്‍ മടങ്ങി എത്തി; അവര്‍ ധാരാളം വീഞ്ഞും വേനല്‍ക്കാലഫലങ്ങളും ശേഖരിച്ചു. കാരേഹിന്‍റെ പുത്രനായ യോഹാനാനും നാട്ടിന്‍പുറത്ത് പാര്‍ത്തിരുന്ന സൈന്യാധിപന്മാരും മിസ്പായില്‍ ഗെദല്യായുടെ അടുക്കല്‍ വന്നു. അമ്മോന്യരുടെ രാജാവായ ബാലീസ് അങ്ങയെ വധിക്കാന്‍ നെഥന്യായുടെ പുത്രന്‍ ഇശ്മായേലിനെ നിയോഗിച്ചിരിക്കുന്ന വിവരം അറിഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചു; എന്നാല്‍ ഗെദല്യാ അവര്‍ പറഞ്ഞതു വിശ്വസിച്ചില്ല. കാരേഹിന്‍റെ പുത്രനായ യോഹാനാന്‍ മിസ്പായില്‍ വച്ചു രഹസ്യമായി ഗെദല്യായോടു സംസാരിച്ചു: “ഞാന്‍ പോയി നെഥന്യായുടെ പുത്രന്‍ ഇശ്മായേലിനെ കൊന്നുകളയാം; അവന്‍ എന്തിന് അങ്ങയുടെ ജീവന്‍ അപഹരിക്കണം; അങ്ങനെ സംഭവിച്ചാല്‍ അങ്ങയുടെ ചുറ്റും കൂടിയിരിക്കുന്ന യെഹൂദന്മാരെല്ലാം ചിതറപ്പെടും; യെഹൂദ്യയില്‍ അവശേഷിക്കുന്നവര്‍ നശിക്കുകയും ചെയ്യും.” എന്നാല്‍ ഗെദല്യാ പറഞ്ഞു: “ഇതു നീ ചെയ്യരുത്; നീ ഇശ്മായേലിനെക്കുറിച്ചു പറയുന്നതു സത്യമല്ല.” ആ വര്‍ഷം ഏഴാം മാസത്തില്‍, രാജവംശത്തില്‍പ്പെട്ടവനും രാജാവിന്‍റെ പ്രധാന ഉദ്യോഗസ്ഥനും നെഥന്യായുടെ പുത്രനും എലിശാമായുടെ പൗത്രനുമായ ഇശ്മായേല്‍, പത്ത് ആളുകളുമായി മിസ്പായില്‍ അഹീക്കാമിന്‍റെ പുത്രനായ ഗെദല്യായുടെ അടുക്കലെത്തി; മിസ്പായില്‍ അവര്‍ ഒന്നിച്ചു ഭക്ഷണം കഴിക്കുക ആയിരുന്നു. അപ്പോള്‍ നെഥന്യായുടെ പുത്രന്‍ ഇശ്മായേലും പത്ത് ആളുകളും എഴുന്നേറ്റ്, ബാബിലോണ്‍രാജാവ് ദേശത്തിന്‍റെ അധിപതിയായി നിയമിച്ചിരുന്നവനും അഹീക്കാമിന്‍റെ പുത്രനും ശാഫാന്‍റെ പൗത്രനുമായ ഗെദല്യായെ വാളുകൊണ്ട് വധിച്ചു. മിസ്പായില്‍ ഗെദല്യായുടെ അടുക്കല്‍ ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരെയും ബാബിലോണ്‍ സൈനികരെയും ഇശ്മായേല്‍ വധിച്ചു. [4,5] ഗെദല്യായെ കൊന്നതിന്‍റെ അടുത്ത ദിവസം, മറ്റാരും അത് അറിയുന്നതിനുമുമ്പ്, ശെഖേം, ശിലോ, ശമര്യ എന്നിവിടങ്ങളില്‍നിന്ന് എണ്‍പതു പുരുഷന്മാര്‍ അവിടെയെത്തി; അവര്‍ താടി വടിച്ചും വസ്ത്രം കീറിയും ശരീരത്തില്‍ മുറിവേല്പിച്ചും സര്‍വേശ്വരന്‍റെ ആലയത്തില്‍ അര്‍പ്പിക്കാനുള്ള ധാന്യവഴിപാടുകളും സുഗന്ധദ്രവ്യങ്ങളുമായി പോകുന്ന വഴിക്കാണ് അവിടെ എത്തിയത്. *** മിസ്പായില്‍നിന്നു നെഥന്യായുടെ പുത്രന്‍ ഇശ്മായേല്‍ കരഞ്ഞുകൊണ്ട് അവരെ സ്വീകരിക്കാനെത്തി; അവരെ കണ്ടപ്പോള്‍ അഹീക്കാമിന്‍റെ പുത്രനായ ഗെദല്യായുടെ അടുക്കലേക്കു വരുവിന്‍ എന്നു ഇശ്മായേല്‍ അവരോടു പറഞ്ഞു. അവര്‍ നഗരത്തില്‍ വന്നപ്പോള്‍ ഇശ്മായേലും കൂടെയുള്ളവരും ചേര്‍ന്ന് അവരെ വധിച്ച് ഒരു കിണറ്റിലിട്ടു. അവരില്‍ പത്തു പേര്‍ ഇശ്മായേലിനോടു പറഞ്ഞു: “ഞങ്ങളെ വധിക്കരുതേ, കോതമ്പ്, ബാര്‍ലി, എണ്ണ, തേന്‍ എന്നിവ ശേഖരിച്ചു ഞങ്ങള്‍ വയലില്‍ ഒളിച്ചുവച്ചിട്ടുണ്ട്.” അതുകൊണ്ടു മറ്റുള്ളവരോടൊപ്പം അവരെ അയാള്‍ വധിച്ചില്ല. ഇശ്മായേല്‍ മൃതശരീരങ്ങള്‍ വലിച്ചെറിഞ്ഞത് ഇസ്രായേല്‍രാജാവായ ബെയശായെ ഭയന്ന് ആസാരാജാവു നിര്‍മിച്ച വലിയ കിണറ്റിലായിരുന്നു; നെഥന്യായുടെ പുത്രനായ ഇശ്മായേല്‍ അതു ശവശരീരങ്ങള്‍ കൊണ്ടു നിറച്ചു. മിസ്പായില്‍ ശേഷിച്ച സകല ജനങ്ങളെയും ഇശ്മായേല്‍ തടവുകാരാക്കി; അകമ്പടി സേനാനായകനായ നെബൂസര്‍- അദാന്‍ അഹീക്കാമിന്‍റെ പുത്രനായ ഗെദല്യായെ ഏല്പിച്ച ജനങ്ങള്‍, രാജപുത്രിമാര്‍ എന്നിവരും അവരില്‍ ഉള്‍പ്പെട്ടിരുന്നു. അവരെ തടവുകാരാക്കിക്കൊണ്ട് ഇശ്മായേല്‍ അമ്മോന്യരുടെ അടുക്കലേക്കു പുറപ്പെട്ടു. നെഥന്യായുടെ പുത്രന്‍ ഇശ്മായേല്‍ ചെയ്ത അതിക്രമങ്ങളെപ്പറ്റി കാരേഹിന്‍റെ പുത്രനായ യോഹാനാനും കൂടെ ഉണ്ടായിരുന്ന സൈന്യാധിപന്മാരും കേട്ടപ്പോള്‍, തങ്ങളുടെ കൂടെയുള്ള ആളുകളെ കൂട്ടിക്കൊണ്ട് നെഥന്യായുടെ പുത്രനായ ഇശ്മായേലിനോടു യുദ്ധം ചെയ്യാന്‍ പുറപ്പെട്ടു; ഗിബെയോനിലെ വലിയ കുളത്തിനടുത്തുവച്ച് അവര്‍ അയാളോടേറ്റുമുട്ടി. ഇശ്മായേലിന്‍റെകൂടെ ഉണ്ടായിരുന്ന ബന്ദികള്‍ കാരേഹിന്‍റെ പുത്രനായ യോഹാനാനെയും അദ്ദേഹത്തോടൊപ്പമുള്ള സൈന്യാധിപന്മാരെയും കണ്ടപ്പോള്‍ സന്തോഷിച്ചു. ഇശ്മായേല്‍ മിസ്പായില്‍നിന്നു ബന്ദികളായി പിടിച്ചുകൊണ്ടുപോയ ജനങ്ങള്‍ തിരിഞ്ഞു കാരേഹിന്‍റെ പുത്രനായ യോഹാനാന്‍റെ പക്ഷം ചേര്‍ന്നു. ഇശ്മായേലും മറ്റു എട്ടുപേരും യോഹാനാനില്‍നിന്നു രക്ഷപെട്ട് അമ്മോന്യരുടെ അടുക്കലേക്ക് ഓടിപ്പോയി. ഇശ്മായേല്‍, ഗെദല്യായെ വധിച്ചശേഷം മിസ്പായില്‍നിന്നു ബന്ദികളായി പിടിച്ചുകൊണ്ടുപോയ പടയാളികള്‍, സ്‍ത്രീകള്‍, കുട്ടികള്‍, ഷണ്ഡന്മാര്‍ എന്നിവരടങ്ങുന്ന ജനങ്ങളെയെല്ലാം കാരേഹിന്‍റെ പുത്രനായ യോഹാനാനും കൂടെയുള്ള സൈന്യാധിപന്മാരും കൂടി മോചിപ്പിച്ചു ഗിബെയോനില്‍നിന്നു മടക്കിക്കൊണ്ടുവന്നു. ഈജിപ്തിലേക്കു പോകാനുള്ള ഉദ്ദേശ്യത്തോടെ അവര്‍ ബേത്‍ലഹേമിനടുത്തുള്ള ഗേരൂത്ത്-കിംഹാമില്‍ ചെന്നു താമസിച്ചു. ബാബിലോണ്‍രാജാവ് ദേശത്തിന്‍റെ അധിപതിയായി നിയമിച്ചിരുന്ന അഹീക്കാമിന്‍റെ പുത്രന്‍ ഗെദല്യായെ നെഥന്യായുടെ പുത്രന്‍ ഇശ്മായേല്‍ വധിച്ചതുകൊണ്ട് അവര്‍ ബാബിലോണ്യരെ ഭയപ്പെട്ടിരുന്നു. സകല സൈന്യാധിപന്മാരും കാരേഹിന്‍റെ പുത്രനായ യോഹാനാനും ഹോശയ്യായുടെ പുത്രന്‍ യെസന്യായും ചെറിയവരും വലിയവരും എന്ന ഭേദം കൂടാതെ സര്‍വജനവും അപ്പോള്‍ ഒന്നിച്ചുകൂടി. [2,3] അവര്‍ യിരെമ്യാ പ്രവാചകനോടു പറഞ്ഞു: “ഞങ്ങളുടെ അപേക്ഷ കേട്ടാലും; ഒരു വലിയ ജനത ആയിരുന്ന ഞങ്ങളില്‍ ഒരു ചെറിയ ഭാഗം മാത്രമേ ശേഷിച്ചിട്ടുള്ളൂ എന്ന് അങ്ങു കാണുന്നുവല്ലോ; ഈ ശേഷിപ്പിനുവേണ്ടി അങ്ങയുടെ ദൈവമായ സര്‍വേശ്വരനോടു പ്രാര്‍ഥിച്ചാലും. ഞങ്ങള്‍ പോകേണ്ട മാര്‍ഗവും ഞങ്ങള്‍ ചെയ്യേണ്ട പ്രവൃത്തികളും ദൈവമായ സര്‍വേശ്വരന്‍ ഞങ്ങള്‍ക്കു കാണിച്ചുതരുമാറാകട്ടെ.” *** യിരെമ്യാപ്രവാചകന്‍ അവരോടു പറഞ്ഞു: “നിങ്ങളുടെ അപേക്ഷ ഞാന്‍ കേട്ടു; നിങ്ങള്‍ അപേക്ഷിച്ചതുപോലെ നമ്മുടെ ദൈവമായ സര്‍വേശ്വരനോടു ഞാന്‍ പ്രാര്‍ഥിക്കാം; അവിടുന്ന് അരുളിച്ചെയ്യുന്നതു ഞാന്‍ പറയാം; നിങ്ങളില്‍നിന്നു യാതൊന്നും ഞാന്‍ മറച്ചു വയ്‍ക്കുകയില്ല.” അവര്‍ യിരെമ്യായോടു പറഞ്ഞു: “അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍ ഏതു കാര്യവുമായി അങ്ങയെ ഞങ്ങളുടെ അടുക്കല്‍ അയച്ചാലും ഞങ്ങള്‍ അതനുസരിച്ചു പ്രവര്‍ത്തിച്ചുകൊള്ളാം; അങ്ങനെ ഞങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ സര്‍വേശ്വരന്‍ തന്നെ ഞങ്ങള്‍ക്കെതിരെ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ. നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ കല്പിക്കുന്നതു നന്മയോ തിന്മയോ ആകട്ടെ ഞങ്ങള്‍ അതനുസരിച്ചുകൊള്ളാം; ആ ദൈവത്തിന്‍റെ അടുക്കലേക്കാണല്ലോ ഞങ്ങള്‍ അങ്ങയെ അയയ്‍ക്കുന്നത്; നമ്മുടെ ദൈവമായ സര്‍വേശ്വരന്‍റെ വാക്കു കേട്ടനുസരിക്കുമ്പോള്‍ ഞങ്ങള്‍ക്കു ശുഭംവരും.” പത്തുദിവസം കഴിഞ്ഞു യിരെമ്യാക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി. അപ്പോള്‍ കാരേഹിന്‍റെ പുത്രനായ യോഹാനാനെയും സൈന്യാധിപന്മാരെയും ചെറിയവര്‍മുതല്‍ വലിയവര്‍വരെ സര്‍വജനത്തെയും യിരെമ്യാ വിളിച്ചുവരുത്തി അവരോടു പറഞ്ഞു: “നിങ്ങളുടെ അപേക്ഷ സമര്‍പ്പിക്കാന്‍ നിങ്ങള്‍ എന്നെ ആരുടെ അടുക്കല്‍ അയച്ചുവോ ആ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നിങ്ങള്‍ ഈ ദേശത്തുതന്നെ പാര്‍ത്താല്‍, ഞാന്‍ നിങ്ങളെ പടുത്തുയര്‍ത്തും; പൊളിച്ചുകളയുകയില്ല. ഞാന്‍ നിങ്ങളെ നട്ടുപിടിപ്പിക്കും; പിഴുതുകളയുകയില്ല. നിങ്ങള്‍ക്കു വരുത്തിയ അനര്‍ഥത്തെക്കുറിച്ചു ഞാന്‍ ദുഃഖിക്കുന്നു. നിങ്ങള്‍ ബാബിലോണ്‍ രാജാവിനെ ഭയപ്പെടേണ്ടാ; അവന്‍റെ കരങ്ങളില്‍നിന്ന് നിങ്ങളെ രക്ഷിക്കാനും മോചിപ്പിക്കാനും ഞാന്‍ നിങ്ങളോടുകൂടെയുണ്ട്. അവനെ ഭയപ്പെടേണ്ടാ എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; ഞാന്‍ നിങ്ങളോടു കരുണ കാണിക്കും. അങ്ങനെ അവനു നിങ്ങളോടു ദയ തോന്നി നിങ്ങളെ ദേശത്തു വസിക്കാന്‍ അനുവദിക്കും. ‘ഞങ്ങള്‍ ഈ ദേശത്ത് പാര്‍ക്കുകയില്ല, ഞങ്ങള്‍ അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍റെ കല്പന അനുസരിക്കയുമില്ല. ഈജിപ്തിലേക്കു ഞങ്ങള്‍ പോകും; അവിടെ ഞങ്ങള്‍ക്കു യുദ്ധം കാണുകയോ, യുദ്ധത്തിന്‍റെ കാഹളധ്വനി കേള്‍ക്കയോ, അപ്പത്തിനുവേണ്ടി വിശക്കുകയോ ചെയ്യേണ്ടിവരികയില്ല, ഞങ്ങള്‍ അവിടെ പാര്‍ക്കും’ എന്നു പറയുകയും ചെയ്താല്‍ യെഹൂദായില്‍ ശേഷിച്ചിരിക്കുന്നവരേ നിങ്ങള്‍ സര്‍വേശ്വരന്‍റെ വാക്കു കേള്‍ക്കുവിന്‍. ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ അവിടുന്ന് അരുളിച്ചെയ്യുന്നു: “നിങ്ങള്‍ ഈജിപ്തില്‍ പോയി അവിടെ പാര്‍ക്കാനാണു നിശ്ചയിച്ചിരിക്കുന്നതെങ്കില്‍, നിങ്ങള്‍ ഭയപ്പെടുന്ന വാള്‍ ഈജിപ്തില്‍ വച്ചു നിങ്ങളുടെമേല്‍ പതിക്കും. നിങ്ങള്‍ ഭയപ്പെടുന്ന ക്ഷാമം അവിടെ നിങ്ങളെ പിന്തുടരും; അവിടെവച്ചു നിങ്ങള്‍ മരിക്കും. ഈജിപ്തിലേക്കു പോയി അവിടെ പാര്‍ക്കാന്‍ നിശ്ചയിച്ചിരിക്കുന്നവര്‍ വാളും ക്ഷാമവും മഹാമാരിയും കൊണ്ടു മരിക്കും; ഞാന്‍ അവരുടെമേല്‍ വരുത്തുന്ന അനര്‍ഥത്തില്‍നിന്ന് ആരും രക്ഷപെടുകയില്ല, അവശേഷിക്കുകയുമില്ല. ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: യെരൂശലേം നിവാസികളുടെമേല്‍ എന്‍റെ കോപവും ക്രോധവും ചൊരിഞ്ഞതുപോലെ, നിങ്ങള്‍ ഈജിപ്തില്‍ പ്രവേശിച്ചു കഴിയുമ്പോള്‍ നിങ്ങളുടെമേലും എന്‍റെ ക്രോധം ചൊരിയും; നിങ്ങള്‍ ശാപത്തിനും പരിഭ്രാന്തിക്കും പരിഹാസത്തിനും നിന്ദയ്‍ക്കും വിധേയരാകും; ഈ സ്ഥലം നിങ്ങള്‍ ഇനി കാണുകയുമില്ല. യെഹൂദ്യയില്‍ അവശേഷിച്ചിരിക്കുന്നവരേ, നിങ്ങള്‍ ഈജിപ്തിലേക്കു പോകരുത് എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ അതിനെപ്പറ്റി ഇന്നു വ്യക്തമായ മുന്നറിയിപ്പു നല്‌കിയിരിക്കുന്നു എന്നും അറിഞ്ഞുകൊള്‍വിന്‍. ‘ഞങ്ങളുടെ സര്‍വേശ്വരനോടു ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ, അവിടുന്നു കല്പിക്കുന്നതെന്തും ഞങ്ങള്‍ അനുസരിച്ചുകൊള്ളാം’ എന്നു പറഞ്ഞു നിങ്ങള്‍ എന്നെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ അടുക്കലേക്ക് അയച്ചപ്പോള്‍ നിങ്ങള്‍ നിങ്ങളെത്തന്നെ വഞ്ചിക്കയായിരുന്നു. ഇന്നു ഞാന്‍ എല്ലാകാര്യങ്ങളും നിങ്ങളെ അറിയിച്ചു. നിങ്ങളോടു പറയാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ എന്നോട് ആവശ്യപ്പെട്ടതൊന്നും നിങ്ങള്‍ അനുസരിച്ചിട്ടില്ല. അതുകൊണ്ടു നിങ്ങള്‍ പോയി പാര്‍ക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തുവച്ചു തന്നെ നിങ്ങള്‍ വാളും ക്ഷാമവും മഹാമാരിയുംകൊണ്ടു മരിക്കും എന്നു നിശ്ചയമായും അറിഞ്ഞുകൊള്ളുവിന്‍.” ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യാന്‍ കല്പിച്ച വചനങ്ങളെല്ലാം യിരെമ്യാ ജനത്തോടു പറഞ്ഞു. പിന്നീട് ഹോശയ്യായുടെ പുത്രന്‍ അസര്യായും കാരേഹിന്‍റെ പുത്രന്‍ യോഹാനാനും അഹങ്കാരികളായ മറ്റുള്ളവരും ചേര്‍ന്നു യിരെമ്യായോടു പറഞ്ഞു: “നീ കള്ളം പറയുന്നു. ഈജിപ്തില്‍പോയി അവിടെ പാര്‍ക്കരുത് എന്നു പറയാന്‍ ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിന്നെ അയച്ചിട്ടില്ല. ബാബിലോണ്യര്‍ ഞങ്ങളെ കൊല്ലുന്നതിനോ ബാബിലോണിലേക്കു പ്രവാസികളായി കൊണ്ടുപോകുന്നതിനോവേണ്ടി അവരുടെ കൈയില്‍ ഞങ്ങളെ ഏല്പിച്ചുകൊടുക്കാന്‍ നേര്യായുടെ പുത്രന്‍ ബാരൂക്ക് നിന്നെ പ്രേരിപ്പിക്കുന്നു.” അങ്ങനെ കാരേഹിന്‍റെ പുത്രനായ യോഹാനാനും സൈന്യാധിപന്മാരും സര്‍വജനങ്ങളും യെഹൂദ്യയില്‍ തന്നെ പാര്‍ക്കണമെന്നുള്ള സര്‍വേശ്വരന്‍റെ കല്പന അനുസരിച്ചില്ല. യോഹാനാനും സൈന്യാധിപന്മാരുംകൂടി ചിതറിപ്പോയ സ്ഥലങ്ങളില്‍നിന്നു യെഹൂദ്യയില്‍ പാര്‍ക്കാന്‍ മടങ്ങിവന്ന യെഹൂദന്മാരെയും സകല പുരുഷന്മാരെയും സ്‍ത്രീകളെയും കുട്ടികളെയും രാജകുമാരിമാരെയും അഹീക്കാമിന്‍റെ പുത്രനും ശാഫാന്‍റെ പൗത്രനുമായ, ഗെദല്യായുടെ അടുക്കല്‍ അകമ്പടി സേനാനായകനായ നെബൂസര്‍-അദാന്‍ ഏല്പിച്ചിരുന്ന സര്‍വജനങ്ങളെയും യിരെമ്യാപ്രവാചകനെയും നേര്യായുടെ പുത്രന്‍ ബാരൂക്കിനെയും ഈജിപ്തിലേക്കു കൊണ്ടുപോയി. സര്‍വേശ്വരന്‍റെ കല്പന അനുസരിക്കാതെ അവര്‍ ഈജിപ്തുദേശത്തു തഹ്പനേസില്‍ എത്തി. തഹ്പനേസില്‍വച്ചു സര്‍വേശ്വരന്‍റെ അരുളപ്പാട് യിരെമ്യാക്കുണ്ടായി. “നീ വലിയ കല്ലുകള്‍ എടുത്തു യെഹൂദന്മാര്‍ കാണ്‍കെ തഹ്പനേസില്‍ ഫറവോയുടെ കൊട്ടാരത്തിന്‍റെ പടിവാതില്‌ക്കലുള്ള കല്‍ത്തളത്തിലെ കുമ്മായക്കൂട്ടില്‍ കുഴിച്ചിടുക. പിന്നീട് അവരോടു പറയണം, ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്‍റെ ദാസനായ നെബുഖദ്നേസറിനെ ഞാന്‍ ഇവിടേക്ക് അയയ്‍ക്കും; ഞാന്‍ കുഴിച്ചിട്ട കല്ലുകളുടെ മുകളില്‍ അദ്ദേഹത്തിന്‍റെ സിംഹാസനം ഉറപ്പിക്കും; തന്‍റെ രാജകീയ വിരിപ്പന്തല്‍ അവയുടെമേല്‍ ഉയര്‍ത്തും. അവന്‍ വന്ന് ഈജിപ്തുദേശത്തെ തകര്‍ക്കും; പകര്‍ച്ചവ്യാധിക്കു വിധിക്കപ്പെട്ടവരെ പകര്‍ച്ചവ്യാധിക്കും പ്രവാസത്തിനു വിധിക്കപ്പെട്ടവരെ പ്രവാസത്തിനും വാളിനു വിധിക്കപ്പെട്ടവരെ വാളിനും ഇരയാക്കും. ഈജിപ്തില്‍ ദേവന്മാരുടെ ക്ഷേത്രങ്ങള്‍ക്ക് തീ വയ്‍ക്കും; ദേവന്മാരെ അഗ്നിക്കിരയാക്കുകയോ ബന്ദികളായി കൊണ്ടുപോകുകയോ ചെയ്യും; ആട്ടിടയന്‍ തന്‍റെ പുതപ്പില്‍നിന്നു പ്രാണികളെ കുടഞ്ഞുകളഞ്ഞ് അതു ശുദ്ധമാക്കുന്നതുപോലെ ഈജിപ്ത് ദേശം ഞാന്‍ ശുദ്ധമാക്കും; സമാധാനത്തോടെ ബാബിലോണ്‍രാജാവ് മടങ്ങിപ്പോകുകയും ചെയ്യും. ഈജിപ്തിലുള്ള സൂര്യക്ഷേത്രത്തിലെ സ്തംഭങ്ങള്‍ അവന്‍ തകര്‍ക്കും; ഈജിപ്തിലെ ദേവന്മാരുടെ ക്ഷേത്രങ്ങള്‍ അവന്‍ അഗ്നിക്കിരയാക്കും.” ഈജിപ്തിലെ മിഗ്ദോലിലും തഹ്പനേസിലും മെംഫിസിലും പത്രോസിലും പാര്‍ക്കുന്ന യെഹൂദന്മാരെ സംബന്ധിച്ചു സര്‍വേശ്വരന്‍റെ അരുളപ്പാട് യിരെമ്യാക്കുണ്ടായി. ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “യെരൂശലേമിലും യെഹൂദ്യാനഗരങ്ങളിലും ഞാന്‍ വരുത്തിയ എല്ലാ അനര്‍ഥങ്ങളും നിങ്ങള്‍ കണ്ടല്ലോ; ഇന്ന് അവയെല്ലാം ശൂന്യമായി കിടക്കുന്നു; ആരും അവിടെ പാര്‍ക്കുന്നില്ല. [3,4] കാരണം, അവിടത്തെ നിവാസികള്‍, അവരോ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത ദേവന്മാര്‍ക്കു ധൂപാര്‍ച്ചന നടത്തുകയും അവയെ സേവിക്കുകയും ചെയ്തു; അങ്ങനെ അവര്‍ ചെയ്ത തിന്മപ്രവൃത്തികള്‍ നിമിത്തം അവര്‍ എന്നെ പ്രകോപിപ്പിച്ചു. ‘ഞാന്‍ വെറുക്കുന്ന മ്ലേച്ഛതകള്‍ ചെയ്യരുത്’ എന്ന സന്ദേശവുമായി എന്‍റെ ദാസന്മാരായ പ്രവാചകരെ ഞാന്‍ തുടരെ നിങ്ങളുടെ അടുക്കല്‍ അയച്ചു. *** എന്നാല്‍ നിങ്ങള്‍ അതു ചെവിക്കൊണ്ടില്ല. അന്യദേവന്മാര്‍ക്കു ധൂപാര്‍ച്ചന നടത്തുന്ന തിന്മപ്രവൃത്തിയില്‍നിന്നു പിന്തിരിഞ്ഞുമില്ല. അതുകൊണ്ട് എന്‍റെ ക്രോധവും കോപവും യെഹൂദാനഗരങ്ങളിലും യെരൂശലേംവീഥികളിലും ഞാന്‍ ചൊരിഞ്ഞു; അവ കത്തിയെരിഞ്ഞ് ഇന്നത്തേതുപോലെ ശൂന്യവും പാഴുമായി കിടക്കുന്നു. ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; യെഹൂദ്യയില്‍ ആരും ശേഷിക്കാത്തവിധം നിങ്ങളുടെ പുരുഷന്മാരെയും സ്‍ത്രീകളെയും കുട്ടികളെയും പിഞ്ചുകുഞ്ഞുങ്ങളെയും ഒന്നടങ്കം നശിപ്പിക്കാനാണോ നിങ്ങള്‍ ഇത്ര വലിയ തിന്മ ചെയ്തത്? നിങ്ങള്‍ പാര്‍ക്കാന്‍ വന്നിരിക്കുന്ന ഈജിപ്തില്‍ അന്യദേവന്മാര്‍ക്കു ധൂപാര്‍ച്ചന നടത്തുകയും നിങ്ങളുടെ കൈകളുടെ പ്രവൃത്തികള്‍കൊണ്ട് എന്നെ പ്രകോപിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ നിങ്ങള്‍ നിങ്ങളെത്തന്നെ നശിപ്പിക്കാനും ഭൂതലത്തിലുള്ള സകല ജനതകളുടെയും ഇടയില്‍ ശാപത്തിനും പരിഹാസത്തിനും ഇടയാകാനുമാണോ ആഗ്രഹിക്കുന്നത്? യെഹൂദ്യയിലും യെരൂശലേം വീഥികളിലുംവച്ചു നിങ്ങളുടെ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരും അവരുടെ ഭാര്യമാരും നിങ്ങളും നിങ്ങളുടെ ഭാര്യമാരും ചെയ്ത ദുഷ്പ്രവൃത്തികള്‍ നിങ്ങള്‍ മറന്നുപോയോ? അവര്‍ ഇന്നുവരെ വിനയപ്പെട്ടിട്ടില്ല; അവര്‍ ഭയപ്പെടുകയോ, നിങ്ങളുടെയും നിങ്ങളുടെ പിതാക്കന്മാരുടെയും മുമ്പില്‍ ഞാന്‍ വച്ചിരുന്ന ധര്‍മശാസ്ത്രവും ചട്ടങ്ങളും അനുസരിക്കുകയോ ചെയ്തില്ല. അതുകൊണ്ട് ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “യെഹൂദയെ മുഴുവന്‍ ഛേദിച്ചുകളയാനും നിങ്ങളുടെമേല്‍ അനര്‍ഥം വരുത്താനും തക്കവിധം നിങ്ങള്‍ക്കെതിരെ ഞാന്‍ തിരിയുകയാണ്; ഈജിപ്തില്‍ വന്നു പാര്‍ക്കുന്നതിനു നിശ്ചയിച്ചിരിക്കുന്ന യെഹൂദ്യയില്‍ ശേഷിച്ചിരിക്കുന്നവരെ ഞാന്‍ പിടികൂടും; അവരെല്ലാവരും ഈജിപ്തില്‍വച്ചു നശിക്കും; വാള്‍കൊണ്ട് വീഴും; ക്ഷാമംകൊണ്ടു നശിക്കും; വലിയവര്‍മുതല്‍ ചെറിയവര്‍വരെ എല്ലാവരും യുദ്ധവും ക്ഷാമവുംകൊണ്ടു മരിക്കും. അവര്‍ ശാപത്തിനും ഭീതിക്കും പരിഹാസത്തിനും നിന്ദയ്‍ക്കും പാത്രമാകും. വാളും ക്ഷാമവും മഹാമാരിയുംകൊണ്ടു യെരൂശലേമിനെ ഞാന്‍ ശിക്ഷിച്ചതുപോലെ ഈജിപ്തില്‍ വന്നു പാര്‍ക്കുന്നവരെയും ഞാന്‍ ശിക്ഷിക്കും. ഈജിപ്തുദേശത്തു പാര്‍ക്കാന്‍ വന്ന യെഹൂദ്യരില്‍ ശേഷിച്ചവരാരും രക്ഷപെടുകയോ അവശേഷിക്കുകയോ ഇല്ല; യെഹൂദ്യദേശത്തു തിരിച്ചുപോയി പാര്‍ക്കാന്‍ ആഗ്രഹിക്കുന്നവരില്‍ ആരും മടങ്ങിപ്പോകയുമില്ല; പലായനം ചെയ്യുന്ന ചിലരല്ലാതെ ആരും അവിടെ എത്തുകയുമില്ല.” തങ്ങളുടെ ഭാര്യമാര്‍ അന്യദേവന്മാര്‍ക്കു ധൂപാര്‍ച്ചന ചെയ്തിരുന്നു എന്നറിഞ്ഞ പുരുഷന്മാരും അവിടെ നിന്നിരുന്ന വലിയ സംഘം സ്‍ത്രീകളും ഈജിപ്തിലെ പത്രോസ് ദേശത്തു പാര്‍ത്തിരുന്ന ജനങ്ങളും യിരെമ്യായോടു പറഞ്ഞു: “സര്‍വേശ്വരന്‍റെ നാമത്തില്‍ അങ്ങു സംസാരിച്ച കാര്യങ്ങള്‍ ഞങ്ങള്‍ അനുസരിക്കുകയില്ല. ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും യെഹൂദാനഗരങ്ങളിലും യെരൂശലേം വീഥികളിലും ആയിരുന്നപ്പോള്‍ ചെയ്തതുപോലെ ആകാശരാജ്ഞിക്കു ധൂപാര്‍ച്ചന നടത്തുക, പാനീയ ബലി അര്‍പ്പിക്കുക തുടങ്ങി ഞങ്ങള്‍ ചെയ്തിട്ടുള്ള എല്ലാ പ്രതിജ്ഞകളും നിറവേറ്റും. അന്നു ഞങ്ങള്‍ക്കു ധാരാളം ഭക്ഷണവും ഐശ്വര്യവും ഉണ്ടായിരുന്നു; അനര്‍ഥമൊന്നും ഞങ്ങള്‍ക്ക് നേരിട്ടിരുന്നുമില്ല; എന്നാല്‍ ആകാശരാജ്ഞിക്കു ധൂപാര്‍ച്ചന നടത്തുന്നതും പാനീയബലി അര്‍പ്പിക്കുന്നതും അവസാനിപ്പിച്ചപ്പോള്‍ മുതല്‍ എല്ലാത്തിനും ക്ഷാമമാണ്; യുദ്ധത്തിനും ക്ഷാമത്തിനും ഞങ്ങള്‍ ഇരയാവുകയും ചെയ്യുന്നു.” സ്‍ത്രീകള്‍ ചോദിച്ചു: “ഞങ്ങള്‍ ആകാശരാജ്ഞിക്ക് ധൂപാര്‍ച്ചന നടത്തിയതും പാനീയബലി അര്‍പ്പിച്ചതും ആ ദേവിയുടെ രൂപത്തില്‍ അടകള്‍ ഉണ്ടാക്കിയതും പാനീയം അര്‍പ്പിച്ചതും ഭര്‍ത്താക്കന്മാരുടെ അനുവാദം കൂടാതെ ആയിരുന്നുവോ?” അപ്പോള്‍ ഇങ്ങനെ സംസാരിച്ച സ്‍ത്രീപുരുഷന്മാരടക്കം സര്‍വജനത്തോടും യിരെമ്യാ പറഞ്ഞു: “യെഹൂദ്യയിലെ നഗരങ്ങളിലും യെരൂശലേംവീഥികളിലും വച്ചു നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും ദേശത്തുള്ള ജനങ്ങളും നടത്തിയ ധൂപാര്‍ച്ചനയെപ്പറ്റി സര്‍വേശ്വരന്‍ സ്മരിച്ചില്ലേ? അതിനെപ്പറ്റി അവിടുന്നു ചിന്തിച്ചില്ലേ? നിങ്ങള്‍ ചെയ്ത തിന്മപ്രവൃത്തികളും മ്ലേച്ഛതകളും സര്‍വേശ്വരനു ദുസ്സഹമായിരിക്കയാണ്. അതുകൊണ്ടു നിങ്ങളുടെ ദേശം ഇന്നു കിടക്കുന്നതുപോലെ ആള്‍പാര്‍പ്പില്ലാതെ ശൂന്യവും ഭീതിദവും ശാപഗ്രസ്തവുമായി കിടക്കുന്നു; നിങ്ങള്‍ ധൂപാര്‍ച്ചന നടത്തുകയും സര്‍വേശ്വരനെതിരെ പാപം ചെയ്യുകയും അവിടുത്തെ കല്പന ശ്രദ്ധിക്കാതെ അവിടുത്തെ നിയമങ്ങളും ചട്ടങ്ങളും അനുശാസനങ്ങളും ലംഘിക്കയും ചെയ്തതുകൊണ്ടാണ് ഇന്നത്തേതുപോലെയുള്ള അനര്‍ഥങ്ങള്‍ നിങ്ങളുടെമേല്‍ നിപതിച്ചിരിക്കുന്നത്.” യിരെമ്യാ സര്‍വജനത്തോടും പ്രത്യേകിച്ച് സ്‍ത്രീകളോടുമായി പറഞ്ഞു: “യെഹൂദാദേശക്കാരും ഇപ്പോള്‍ ഈജിപ്തില്‍ വന്നു പാര്‍ക്കുന്നവരുമായ നിങ്ങള്‍ സര്‍വേശ്വരന്‍റെ അരുളപ്പാടു കേള്‍ക്കുവിന്‍; ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; ആകാശരാജ്ഞിക്കു ധൂപാര്‍ച്ചന നടത്തുമെന്നും പാനീയബലി അര്‍പ്പിക്കുമെന്നും നിങ്ങളും നിങ്ങളുടെ ഭാര്യമാരും ചെയ്ത പ്രതിജ്ഞ നിറവേറ്റുമെന്നു നാവുകൊണ്ടു പറഞ്ഞിരുന്നത് നിങ്ങളുടെ കരങ്ങള്‍കൊണ്ട് നിറവേറ്റി; ഇപ്പോള്‍ നിങ്ങളുടെ നേര്‍ച്ചകള്‍ ഉറപ്പാക്കുകയും നിറവേറ്റുകയും ചെയ്യുവിന്‍. ഈജിപ്തില്‍ പാര്‍ക്കുന്ന സര്‍വ യെഹൂദ്യരുമേ, സര്‍വേശ്വരന്‍റെ വാക്കു കേള്‍ക്കുവിന്‍. ജീവിക്കുന്ന ദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ സത്യം ചെയ്യാന്‍ ഈജിപ്തില്‍ വന്നു പാര്‍ക്കുന്ന യെഹൂദ്യരിലാരും തങ്ങളുടെ വായ് പൊളിച്ച് എന്‍റെ നാമം ഉപയോഗിക്കുകയില്ല എന്ന് എന്‍റെ മഹാനാമത്തില്‍ ഞാന്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. ഞാന്‍ അവരെ ശ്രദ്ധിക്കുന്നത് അവര്‍ക്കു നന്മ ചെയ്യാനല്ല, അനര്‍ഥങ്ങള്‍ വരുത്താനാണ്; ഈജിപ്തില്‍ പാര്‍ക്കുന്ന യെഹൂദന്മാരെല്ലാം പൂര്‍ണമായി നശിക്കുന്നതുവരെ വാളും ക്ഷാമവുംകൊണ്ട് അവര്‍ സംഹരിക്കപ്പെടും. വാളില്‍നിന്നു രക്ഷപെടുന്ന ഒരു ചെറിയകൂട്ടം ഈജിപ്തില്‍നിന്നു യെഹൂദ്യാദേശത്തു മടങ്ങിവരും; അപ്പോള്‍ ഈജിപ്തില്‍ പാര്‍ക്കുന്നതിനുവേണ്ടി, യെഹൂദ്യാദേശത്തുനിന്നു വന്ന ശിഷ്ടജനം ഞാന്‍ കല്പിച്ച വചനങ്ങളാണോ അതോ അവര്‍ പറഞ്ഞ കാര്യങ്ങളാണോ നിലനില്‌ക്കുന്നതെന്ന് അറിയും. ഇതായിരിക്കും നിങ്ങള്‍ക്കു ലഭിക്കുന്ന അടയാളം എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; എന്‍റെ വാക്കുകള്‍ നിങ്ങളുടെ അനര്‍ഥത്തിനുവേണ്ടിയുള്ളതാണെന്നു നിങ്ങള്‍ മനസ്സിലാക്കുന്നതിനുവേണ്ടി ഈ സ്ഥലത്തുവച്ചു തന്നെ ഞാന്‍ നിങ്ങളെ ശിക്ഷിക്കും. അവിടുന്ന് അരുളിച്ചെയ്യുന്നു: “യെഹൂദാരാജാവായ സിദെക്കീയായെ തന്‍റെ ശത്രുവും തന്നെ നശിപ്പിക്കാന്‍ നോക്കിയിരുന്നവനുമായ ബാബിലോണിലെ നെബുഖദ്നേസര്‍രാജാവിന്‍റെ കൈയില്‍ ഏല്പിച്ചതുപോലെ, ഈജിപ്തുരാജാവായ ഫറവോ ഹോഫ്രയെ അവന്‍റെ ശത്രുക്കളുടെയും അവനെ വധിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നവരുടെയും കൈയില്‍ ഏല്പിക്കും.” യോശീയായുടെ പുത്രനും യെഹൂദാരാജാവുമായ യെഹോയാക്കീമിന്‍റെ നാലാം ഭരണവര്‍ഷം, യിരെമ്യാ പറഞ്ഞുകൊടുത്തതുപോലെ നേര്യായുടെ പുത്രന്‍ ബാരൂക്ക് ഒരു പുസ്തകത്തില്‍ എഴുതി. യിരെമ്യാപ്രവാചകന്‍ ബാരൂക്കിനോട് ഇപ്രകാരം പറഞ്ഞു: “ബാരൂക്കേ, നിന്നോട് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ‘എനിക്കു ഹാ ദുരിതം! എന്‍റെ ദുഃഖത്തോട് അവിടുന്നു വേദന കൂട്ടിയിരിക്കുന്നു; എന്‍റെ ഞരക്കംകൊണ്ടു ഞാന്‍ ക്ഷീണിച്ചിരിക്കുന്നു; എനിക്ക് ഒരു ആശ്വാസവുമില്ല’ എന്നു നീ പറയുന്നു. അവനോടു നീ ഇപ്രകാരം പറയണം: ‘സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു, ഇതാ, ഞാന്‍ പണിതതു ഞാന്‍ തന്നെ പൊളിച്ചുകളയുന്നു; ഞാന്‍ നട്ടതു ഞാന്‍ തന്നെ പിഴുതുകളയുന്നു; ഇതാണ് ദേശത്തു മുഴുവന്‍ സംഭവിക്കുന്നത്.’ നിനക്കുവേണ്ടി തന്നെ നീ വലിയ കാര്യങ്ങള്‍ കാംക്ഷിക്കുന്നുവോ, കാംക്ഷിക്കരുത്; കാരണം സകല മനുഷ്യരുടെയുംമേല്‍ ഞാന്‍ അനര്‍ഥം വരുത്തുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; എങ്കിലും നീ പോകുന്നിടത്തെല്ലാം നിന്‍റെ ജീവന്‍ മാത്രം സുരക്ഷിതമായിരിക്കും.” ജനതകളെ സംബന്ധിച്ചു യിരെമ്യാപ്രവാചകനു സര്‍വേശ്വരനില്‍നിന്നു ലഭിച്ച അരുളപ്പാട്. ഈജിപ്തിനെ സംബന്ധിച്ചു യെഹൂദാരാജാവായ യോശീയായുടെ പുത്രന്‍ യെഹോയാക്കീമിന്‍റെ നാലാം ഭരണവര്‍ഷം ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ യൂഫ്രട്ടീസ്നദിയുടെ തീരത്തുള്ള കാര്‍ക്കെമീശില്‍ വച്ചു തോല്പിച്ച ഫറവോ നെക്കോ എന്ന ഈജിപ്തുരാജാവിന്‍റെ സൈന്യത്തെക്കുറിച്ചു തന്നെ. പരിചയും പടച്ചട്ടയുമൊരുക്കി യുദ്ധത്തിനു മുന്നേറുവിന്‍, കുതിരക്കാരേ, കുതിരകളെ ഒരുക്കി അവയുടെമേല്‍ കയറുവിന്‍, പടത്തൊപ്പി ധരിച്ച് അണിനിരക്കുവിന്‍. നിങ്ങളുടെ കുന്തങ്ങള്‍ മിനുക്കുകയും കവചങ്ങള്‍ ധരിക്കുകയും ചെയ്യുവിന്‍. എന്താണു ഞാന്‍ കാണുന്നത്? അവര്‍ പരിഭ്രമിച്ചു പിന്‍വാങ്ങുന്നു; പടയില്‍ തോറ്റ അവരുടെ യുദ്ധവീരന്മാര്‍ തിടുക്കത്തില്‍ ഓടുന്നു; അവര്‍ പിന്തിരിഞ്ഞു നോക്കുന്നില്ല. സര്‍വത്രഭീതി എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. വേഗമേറിയവന് ഓടിപ്പോകാനോ, യുദ്ധവീരനു രക്ഷപെടാനോ കഴിയുന്നില്ല; വടക്ക് യൂഫ്രട്ടീസ്നദിയുടെ തീരത്ത് അവര്‍ ഇടറിവീണു. നൈല്‍നദിപോലെ പൊങ്ങുകയും കരകവിഞ്ഞൊഴുകുന്ന നദിപോലെയും ഉള്ള ഇവനാര്? ഈജിപ്ത് നൈല്‍നദിപോലെ പൊങ്ങുന്നു; കരകവിഞ്ഞൊഴുകുന്ന നദിപോലെ തന്നെ; ഞാന്‍ ഉയരും; ഭൂതലത്തെ മൂടും; നഗരങ്ങളെയും അവയിലെ നിവാസികളെയും നശിപ്പിക്കും എന്നവന്‍ പറയുന്നു. കുതിരകളേ, മുമ്പോട്ടു പായുക, രഥങ്ങളേ, ഇരച്ചു കയറുക! യോദ്ധാക്കള്‍ മുമ്പോട്ടു നീങ്ങട്ടെ; പരിച പിടിച്ചിരിക്കുന്ന എത്യോപരും പൂത്യരും, വില്ലാളിവീരന്മാരായ ലൂദ്യരും മുന്നേറട്ടെ. അതു സര്‍വശക്തിയുള്ള ദൈവമായ സര്‍വേശ്വരന്‍റെ ദിനം. ശത്രുക്കളോടു പകരം വീട്ടുന്ന പ്രതികാരത്തിന്‍റെ ദിനംതന്നെ, സംഹാരം ചെയ്ത് വാളുകള്‍ക്കു മതിവരും. തൃപ്തിയാകുവോളം അവ അവരുടെ രക്തം കുടിക്കും; സര്‍വശക്തിയുള്ള ദൈവമായ സര്‍വേശ്വരന്‍, വടക്ക് യൂഫ്രട്ടീസ്നദീതീരത്ത് ഒരു യാഗം കഴിക്കുന്നു. ഈജിപ്തിന്‍റെ പുത്രിയായ കന്യകയേ, നീ ഗിലെയാദില്‍ പോയി തൈലം വാങ്ങുക; പല ഔഷധങ്ങള്‍ നീ വെറുതെ ഉപയോഗിച്ചു; നിനക്കു സൗഖ്യം ലഭിക്കുകയില്ല. നിന്‍റെ ലജ്ജാകരമായ അവസ്ഥയെപ്പറ്റി ജനതകള്‍ കേട്ടിരിക്കുന്നു; ദേശത്ത് ആകമാനം നിന്‍റെ നിലവിളി മുഴങ്ങുന്നു; യുദ്ധവീരന്മാര്‍ പരസ്പരം തട്ടി വീഴുന്നു.” ഈജിപ്തുദേശത്തെ ആക്രമിക്കാന്‍ ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ വരുന്നതിനെക്കുറിച്ചു സര്‍വേശ്വരന്‍ യിരെമ്യാ പ്രവാചകനോടരുളിച്ചെയ്തു: “ഈജിപ്തില്‍ പ്രഖ്യാപിക്കുക, മിഗ്ദോലില്‍ ഘോഷിക്കുക, മെംഫിസിലും തഹ്പനേസിലും വിളിച്ചറിയിക്കുക, നിങ്ങള്‍ക്കു ചുറ്റുമുള്ളവയെല്ലാം വാളിനിരയാകാന്‍ പോകുകയാണ്; അതുകൊണ്ട് അണിനിരക്കുവിന്‍. അപ്പീസ്ദേവന്‍ എന്തുകൊണ്ട് ഓടിപ്പോയി? ആ ദേവന്‍റെ പ്രതീകമായ കാള എന്തുകൊണ്ട് ഉറച്ചുനിന്നില്ല? സര്‍വേശ്വരന്‍ അതിനെ വീഴ്ത്തിയതുകൊണ്ടുതന്നെ. നിന്‍റെ ജനതതി ഇടറിവീണു; അവര്‍ പരസ്പരം പറഞ്ഞു: “എഴുന്നേല്‌ക്കൂ, മര്‍ദകന്‍റെ വാളില്‍നിന്നു രക്ഷപെടാന്‍ നമ്മുടെ ജന്മദേശത്തേക്കു സ്വന്തം ജനത്തിന്‍റെ ഇടയിലേക്കു തന്നെ പോകാം.” ഈജിപ്തുരാജാവായ ഫറവോയെ ‘ശബ്ദകോലാഹലമുണ്ടാക്കി അവസരം പാഴാക്കുന്നവന്‍’ എന്നു വിളിക്കൂ. സര്‍വശക്തനായ സര്‍വേശ്വരന്‍ എന്ന നാമമുള്ള രാജാവ് സ്വന്തം നാമത്തില്‍ ശപഥം ചെയ്തു പറയുന്നു; പര്‍വതങ്ങളില്‍ തലയെടുപ്പുള്ള താബോര്‍പോലെയും കടല്‍ത്തീരത്തുനിന്നു വളരെ ഉയര്‍ന്നു നില്‌ക്കുന്ന കര്‍മ്മേല്‍പര്‍വതംപോലെയും ബലമുള്ള ഒരാള്‍ വരും. ഈജിപ്തുനിവാസികളേ, പ്രവാസത്തിനായി ഭാണ്ഡമെല്ലാം ഒരുക്കുവിന്‍! മെംഫീസ് ശൂന്യമാകും; അതു വിജനമായിത്തീരും. ഈജിപ്ത് ഏറ്റവും അഴകുള്ള പശുക്കുട്ടിയാണ്; രക്തം വലിച്ചുകുടിക്കുന്ന ഈച്ച വടക്കുനിന്നു വന്ന് അതിനെ ആക്രമിക്കും. അതിന്‍റെ കൂലിപ്പട്ടാളക്കാര്‍ പോലും തടിച്ചുകൊഴുത്ത കാളക്കുട്ടികളെപ്പോലെയാണ്; എന്നാല്‍ അവരും പിന്തിരിഞ്ഞ് ഓടിപ്പോകും; അവരുടെ വിനാശദിനം ആഗതമായിരിക്കുന്നു; അവരുടെ ശിക്ഷാസമയം തന്നെ. ഇഴഞ്ഞുപോകുന്ന പാമ്പിനെപ്പോലെ ഈജിപ്ത് ശബ്ദമുണ്ടാക്കുന്നു; അവളുടെ ശത്രുസൈന്യം മുന്നേറുന്നു; മരംവെട്ടുകാരെപ്പോലെ കോടാലികളുമായിട്ടാണ് അവള്‍ക്കെതിരെ അവര്‍ വരുന്നത്. അവളുടെ വനം എത്ര നിബിഡമായിരുന്നാലും അവര്‍ അതു വെട്ടി നശിപ്പിക്കും; അവര്‍ വെട്ടിക്കിളികളെക്കാള്‍ അധികമാണല്ലോ; അവരെ എണ്ണിത്തീര്‍ക്കാന്‍ സാധ്യവുമല്ല എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ഈജിപ്തിലെ ജനം ലജ്ജിതരാകും; വടക്കുനിന്നുള്ള ജനങ്ങളുടെ കൈയില്‍ അവര്‍ ഏല്പിക്കപ്പെടും. ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “തേബെസിലെ അമ്മോനെയും ഈജിപ്തിനെയും അവളുടെ ദേവന്മാരെയും രാജാക്കന്മാരെയും ഫറവോയെയും അവനില്‍ വിശ്വാസമര്‍പ്പിക്കുന്നവരെയും ഞാന്‍ ശിക്ഷിക്കും. അവര്‍ക്കു പ്രാണഹാനി വരുത്താന്‍ നോക്കുന്ന ബാബിലോണ്‍രാജാവായ നെബുഖദ്നേസറിന്‍റെയും അവന്‍റെ ഭൃത്യന്മാരുടെയും കൈയില്‍ ഞാന്‍ അവരെ ഏല്പിക്കും; എന്നാല്‍ പിന്നീട് ഈജിപ്തില്‍ പണ്ടുണ്ടായിരുന്നതുപോലെ ജനവാസമുണ്ടാകും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.” “എന്‍റെ ദാസരായ യാക്കോബ് വംശജരേ, ഭയപ്പെടേണ്ടാ; ഇസ്രായേല്‍ജനമേ, പരിഭ്രമിക്കയും വേണ്ടാ; ദൂരദേശത്തു പ്രവാസത്തിലായിരിക്കുന്ന നിങ്ങളെയും നിങ്ങളുടെ സന്താനങ്ങളെയും ഞാന്‍ രക്ഷിക്കും; യാക്കോബു വംശജര്‍ മടങ്ങിവന്നു ശാന്തിയും സ്വസ്ഥതയും അനുഭവിക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല. എന്‍റെ ദാസരായ യാക്കോബു വംശജരേ, ഭയപ്പെടേണ്ടാ; ഞാന്‍ നിങ്ങളുടെ കൂടെയുണ്ട് എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; ഞാന്‍ നിങ്ങളെ ചിതറിച്ച ദേശങ്ങളിലെ ജനതകളെ ഞാന്‍ പൂര്‍ണമായി നശിപ്പിക്കും; എന്നാല്‍ നിങ്ങളെ ഞാന്‍ നിശ്ശേഷം നശിപ്പിക്കയില്ല; നിങ്ങള്‍ അര്‍ഹിക്കുന്ന ശിക്ഷ ഞാന്‍ നിങ്ങള്‍ക്കു നല്‌കും; ഞാന്‍ നിങ്ങളെ ശിക്ഷിക്കാതെ വിടുകയില്ല.” ഫറവോ ഗസ്സയെ ആക്രമിക്കുന്നതിനുമുമ്പ്, ഫെലിസ്ത്യരെക്കുറിച്ചു യിരെമ്യാപ്രവാചകനു സര്‍വേശ്വരനില്‍ നിന്നുണ്ടായ അരുളപ്പാട്. അവിടുന്ന് അരുളിച്ചെയ്യുന്നു: “ഇതാ, വടക്കുനിന്നു വെള്ളമുയര്‍ന്നു വരുന്നു; അതു വലിയ പ്രവാഹമായിത്തീരും; ആ പ്രവാഹത്തില്‍ ദേശവും അതിലുള്ളതൊക്കെയും നഗരവും അതിലെ നിവാസികളും മുങ്ങിപ്പോകും; ജനം നിലവിളിക്കും; ദേശവാസികളെല്ലാം വിലപിക്കും. അവന്‍റെ കുതിരകളുടെ കുളമ്പടിയും രഥങ്ങളുടെ ഇരമ്പലും അവയുടെ ചക്രങ്ങള്‍ ഉരുളുന്ന ശബ്ദവും കേട്ടു പിതാക്കന്മാര്‍ തങ്ങളുടെ കുഞ്ഞുങ്ങളെപ്പോലും തിരിഞ്ഞുനോക്കാതെ ഓടുന്നു; അത്ര ദുര്‍ബലമാണ് അവരുടെ കരങ്ങള്‍. സകല ഫെലിസ്ത്യരെയും സോരിലും സീദോനിലുമുള്ള അവരുടെ എല്ലാ സഹായികളെയും നശിപ്പിക്കുന്ന ദിവസം വരുന്നു; സര്‍വേശ്വരന്‍ തീരദേശമായ കഫ്തോറില്‍ അവശേഷിച്ച ഫെലിസ്ത്യരെ നശിപ്പിക്കും. ഗസ്സാനിവാസികള്‍ വിലാപസൂചകമായി തല മുണ്ഡനം ചെയ്തിരിക്കുന്നു; അസ്കലോന്‍ നശിച്ചുകഴിഞ്ഞു; അനാക്കീമില്‍ ശേഷിച്ചിരിക്കുന്നവരേ, നിങ്ങള്‍ എത്രകാലം സ്വയം മുറിവേല്പിക്കും? സര്‍വേശ്വരന്‍റെ വാളേ! എന്നു നീ വിശ്രമിക്കും? നിന്‍റെ ഉറയിലേക്കു മടങ്ങി ശാന്തമായിരിക്കുക. സര്‍വേശ്വരന്‍റെ കല്പന കൊടുത്തിരിക്കെ എങ്ങനെ അതു നിശ്ചലമായിരിക്കും; അസ്കലോനും കടല്‍ത്തീരത്തിനും എതിരെ അവിടുന്ന് അതിനെ നിയോഗിച്ചിരിക്കുന്നു.” ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ മോവാബിനെക്കുറിച്ച് അരുളിച്ചെയ്യുന്നു: “നെബോയ്‍ക്കു ഹാ ദുരിതം! അതു ശൂന്യമാക്കപ്പെട്ടിരിക്കുന്നു; കിര്യത്തയീം ലജ്ജിതയായി, അതിന്‍റെ ഉയര്‍ന്ന കോട്ടകള്‍ അപമാനിതയായി, അതു തകര്‍ക്കപ്പെട്ടിരിക്കുന്നു. മോവാബിന്‍റെ കീര്‍ത്തി അസ്തമിച്ചിരിക്കുന്നു; ഹെശ്ബോനില്‍ അതിനെതിരെ ശത്രുക്കള്‍ അനര്‍ഥം നിരൂപിച്ചു; വരിക, ഒരു ജനതയല്ലാതായിത്തീരുംവിധം അതിനെ നശിപ്പിക്കാം എന്നവര്‍ പറയുന്നു. മദ്മേനേ, നീയും നിശ്ശബ്ദമാകും; വാള്‍ നിന്നെ പിന്തുടരും. ‘ശൂന്യത! മഹാനാശം!’ എന്ന നിലവിളി ഹോരോനയീമില്‍നിന്നു കേള്‍ക്കുന്നു. മോവാബ് നശിച്ചു; സോവാര്‍ വരെ അതിന്‍റെ നിലവിളി കേള്‍ക്കുന്നു. അവര്‍ ലൂഹീതിലേക്കുള്ള കയറ്റത്തിലൂടെ വിലപിച്ചുകൊണ്ടു കയറിപ്പോകുന്നു; ഹോരോനയീമിലേക്കുള്ള ഇറക്കത്തില്‍ വിനാശത്തിന്‍റെ കരച്ചില്‍ കേള്‍ക്കും. ഓടിപ്പോക, നിന്നെത്തന്നെ രക്ഷിക്കുക; മരുഭൂമിയിലെ കാട്ടുകഴുതയെപ്പോലെ ഓടുക. ധനത്തിലും കോട്ടകളിലും നിങ്ങള്‍ ആശ്രയിച്ചു; അതുകൊണ്ട് നിങ്ങളും പിടിക്കപ്പെടും; കെമോശ് തന്‍റെ പുരോഹിതന്മാരും പ്രഭുക്കന്മാരുമൊന്നിച്ചു പ്രവാസത്തിലേക്കു പോകും. സംഹാരകന്‍ എല്ലാ നഗരങ്ങളിലും വരും; ഒരു നഗരവും രക്ഷപെടുകയില്ല; സര്‍വേശ്വരന്‍ അരുളിച്ചെയ്തതുപോലെ, താഴ്വര നശിക്കും; സമതലം ശൂന്യമായിത്തീരും. മോവാബിനു ചിറകു നല്‌കുവിന്‍; അവള്‍ പറന്നുപോകട്ടെ; അവളുടെ നഗരങ്ങള്‍ ജനവാസമില്ലാതെ ശൂന്യമായിത്തീരും. സര്‍വേശ്വരന്‍റെ വേലയില്‍ അലസത കാട്ടുന്നവന്‍ ശപിക്കപ്പെട്ടവന്‍; രക്തം ചൊരിയാതെ വാള്‍ സൂക്ഷിച്ചുവയ്‍ക്കുന്നവനും ശപിക്കപ്പെട്ടവന്‍. [11,12] മോവാബ് ബാല്യം മുതല്‍ സുരക്ഷിതമായിരുന്നു; അവന്‍ പ്രവാസത്തിലേക്കു പോയിട്ടില്ല, മട്ട് അടിയാന്‍ വച്ച വീഞ്ഞുപോലെ ആയിരുന്നു മോവാബ്. ഒരു പാത്രത്തില്‍ നിന്നു മറ്റൊരു പാത്രത്തിലേക്ക് അതു പകര്‍ന്നിട്ടില്ല. അതിന്‍റെ രുചിക്കോ മണത്തിനോ മാറ്റം വന്നിട്ടില്ല. വീഞ്ഞ് ഊറ്റി എടുക്കുന്നവരുടെ കൈയില്‍ ഞാന്‍ മോവാബിനെ ഏല്പിക്കും. അവര്‍ അവനെ ഊറ്റിക്കളയും. മോവാബിന്‍റെ ഭരണികള്‍ ശൂന്യമാക്കും. അവന്‍റെ പാത്രങ്ങള്‍ ഉടച്ചുകളയും. *** തങ്ങള്‍ വിശ്വാസമര്‍പ്പിച്ചിരുന്ന ബേഥേലിനെക്കുറിച്ച് ഇസ്രായേല്‍ ലജ്ജിച്ചതുപോലെ കെമോശിനെക്കുറിച്ചു മോവാബും ലജ്ജിക്കും. ‘ഞങ്ങള്‍ വീരന്മാരും ശക്തരുമായ യോദ്ധാക്കളാണ്’ എന്നു നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും? മോവാബിന്‍റെയും അതിലെ നഗരങ്ങളുടെയും സംഹാരകന്‍ എത്തിക്കഴിഞ്ഞു; അവരുടെ വീരയോദ്ധാക്കളായ യുവാക്കള്‍ വധിക്കപ്പെടാനുള്ള സ്ഥലത്തേക്കു നീങ്ങിക്കഴിഞ്ഞിരിക്കുന്നു എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ എന്നു നാമമുള്ള രാജാവ് അരുളിച്ചെയ്യുന്നു. മോവാബിന്‍റെ വിനാശം അടുത്തിരിക്കുന്നു; അതിന്‍റെ അനര്‍ഥം പാഞ്ഞടുക്കുകയാണ്. മോവാബിന് ചുറ്റുമുള്ളവരും അതിന്‍റെ നാമം അറിയുന്നവരും അതിനുവേണ്ടി വിലപിക്കട്ടെ; അവന്‍റെ ശക്തമായ ചെങ്കോലും മഹത്ത്വത്തിന്‍റെ വടിയും ഒടിഞ്ഞല്ലോ. ദീബോന്‍നിവാസികളേ, നിങ്ങളുടെ പ്രതാപമെല്ലാം ഉപേക്ഷിച്ച് ഉണങ്ങിയ നിലത്ത് ഇരിക്കുവിന്‍, മോവാബിന്‍റെ സംഹാരകന്‍ നിന്‍റെ നേരെ വരുന്നു; നിന്‍റെ ബലമുള്ള കോട്ടകള്‍ അവന്‍ തകര്‍ത്തുവല്ലോ. അരോവേര്‍നിവാസികളേ, വഴിയില്‍ നിന്നുകൊണ്ട് ചുറ്റുപാടും ശ്രദ്ധിക്കുവിന്‍, എന്താണു സംഭവിച്ചതെന്ന് ഓടിപ്പോകുന്നവനോടും രക്ഷപെടുന്നവളോടും ചോദിക്കുക. മോവാബു ലജ്ജിതയായിരിക്കുന്നു; അതു തകര്‍ന്നുപോയി; അതുകൊണ്ടു വിലപിച്ചുകരയുക. മോവാബ് ശൂന്യമായിപ്പോയി എന്നു അര്‍ന്നോനില്‍ പ്രസിദ്ധമാക്കുക. സമതലപ്രദേശങ്ങളിലെല്ലാം ന്യായവിധി എത്തിക്കഴിഞ്ഞു; ഹോലോന്‍, യഹ്സെ, മെഫാഥ്, ദീബോന്‍, നെബോ, ബേത്-ദിബ്ലാത്തയിം, കിര്യത്തയീം, ബേത്-ഗാമൂല്‍, ബേത്ത്- മെയോന്‍ കെരിയോത്ത്, ബൊസ്ര എന്നിവയിലും അടുത്തും അകലെയുമുള്ള സകല മോവാബ്യനഗരങ്ങളിലും തന്നെ. മോവാബിന്‍റെ കൊമ്പ് ഒടിഞ്ഞു. ഭുജം തകര്‍ന്നിരിക്കുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. മോവാബ് സര്‍വേശ്വരനെതിരെ തന്നെത്തന്നെ ഉയര്‍ത്തിയതുകൊണ്ട് അവനെ കുടിപ്പിച്ചു മത്തനാക്കുക; അവന്‍ തന്‍റെ ഛര്‍ദിയില്‍ കിടന്നുരുളട്ടെ; അങ്ങനെ അവന്‍ ലജ്ജിതനായിത്തീരട്ടെ. ഇസ്രായേല്‍ നിനക്കു ലജ്ജിതനായിരുന്നല്ലോ? അവനെക്കുറിച്ചു സംസാരിക്കുമ്പോഴെല്ലാം പരിഹസിച്ചു തലയാട്ടാന്‍ അവന്‍ കള്ളന്മാരുടെ കൂട്ടത്തില്‍ പിടിക്കപ്പെട്ടവനായിരുന്നുവോ? മോവാബു നിവാസികളേ, നഗരങ്ങള്‍ വിട്ടു പാറക്കെട്ടുകളില്‍ പോയി പാര്‍ക്കുവിന്‍. ഗുഹാമുഖത്തിന്‍റെ വശങ്ങളില്‍ കൂടു കെട്ടിക്കഴിയുന്ന പ്രാക്കളെപ്പോലെ ആകുവിന്‍. മോവാബിന്‍റെ അഹങ്കാരം! എന്തൊരു അഹന്ത! അവന്‍റെ ഗര്‍വിനെയും ഡംഭത്തെയും അഹങ്കാരത്തെയും ഉന്നതഭാവത്തെയും കുറിച്ചു ഞങ്ങള്‍ കേട്ടിട്ടുണ്ട്. അവന്‍റെ ഔദ്ധത്യം ഞാന്‍ അറിയുന്നു എന്നും സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. അവന്‍റെ വീരവാദവും പ്രവൃത്തികളും വ്യാജമാണ്. അതുകൊണ്ട് മോവാബിനെ ഓര്‍ത്തു ഞാന്‍ വിലപിക്കുന്നു; സകല മോവാബ്യരെയും ഓര്‍ത്തു ഞാന്‍ നിലവിളിക്കുന്നു; കീര്‍ഹോരെസിലെ ജനങ്ങളെക്കുറിച്ചു ഞാന്‍ അലമുറയിടുന്നു. സിബ്മാ മുന്തിരിവള്ളിയേ, യാസേരിനെക്കുറിച്ചു കരയുന്നതിലുമധികം ഞാന്‍ നിന്നെക്കുറിച്ചു കരയുന്നു; നിന്‍റെ വള്ളികള്‍ കടല്‍കടന്നു യാസേര്‍വരെ എത്തിയിരിക്കുന്നു. നിന്‍റെ വേനല്‍ക്കാലഫലങ്ങളുടെയും നിന്‍റെ മുന്തിരിഫലങ്ങളുടെയുംമേല്‍ സംഹാരകന്‍ ചാടി വീണിരിക്കുന്നു. ഫലപുഷ്‍ടിയുള്ള മോവാബില്‍നിന്ന് ഉല്ലാസവും സന്തോഷവും നീക്കപ്പെട്ടിരിക്കുന്നു; മുന്തിരിച്ചക്കില്‍നിന്നു വീഞ്ഞ് ഇനി ഒഴുകുകയില്ല; സന്തോഷാരവത്തോടുകൂടി ആരും അതു ചവിട്ടുകയില്ല; ആര്‍പ്പുവിളി സന്തോഷത്തിന്‍റേതായിരിക്കുകയില്ല. ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു; അവരുടെ നിലവിളി യഹ്സേവരെയും സോവാര്‍മുതല്‍ ഹോരോനയിമും എഗ്ലത്ത്-ശെലീശിയമും വരെയും കേള്‍ക്കുന്നു; നിമ്രീമിലെ ജലാശയങ്ങളും ശൂന്യമായിരിക്കുന്നു. മോവാബിലെ പൂജാഗിരികളില്‍ യാഗം കഴിക്കുന്നവരെയും ദേവന്മാര്‍ക്കു ധൂപം അര്‍പ്പിക്കുന്നവരെയും ഞാന്‍ ഇല്ലാതാക്കുമെന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ഓടക്കുഴലെന്നവിധം എന്‍റെ ഹൃദയം മോവാബിനുവേണ്ടിയും കീര്‍ഹോരെസിലെ ജനങ്ങള്‍ക്കുവേണ്ടിയും വിലാപസ്വരം ഉയര്‍ത്തുന്നു. അവര്‍ സമ്പാദിച്ച ധനമെല്ലാം നശിച്ചുപോയല്ലോ. ദുഃഖസൂചകമായി എല്ലാവരും തല മുണ്ഡനം ചെയ്തും താടി ക്ഷൗരം ചെയ്തും ഇരിക്കുന്നു; അവരുടെ കൈകളിലും മുറിവുകളുണ്ട്. അവര്‍ എല്ലാവരും അരയില്‍ ചാക്ക് ഉടുത്തിരിക്കുന്നു. ആര്‍ക്കും ആവശ്യമില്ലാത്ത പാത്രംപോലെ മോവാബിനെ ഞാന്‍ ഉടച്ചിരിക്കയാണ്; അതുകൊണ്ട് എല്ലാ പുരമുകളിലും തെരുവീഥികളിലും വിലാപം കേള്‍ക്കുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. മോവാബ് നിശ്ശേഷം തകര്‍ന്നിരിക്കുന്നു. അവര്‍ അത്യധികം വിലപിക്കുന്നു. മോവാബ് ലജ്ജിച്ചു പുറംതിരിഞ്ഞിരിക്കുന്നു? അതു ചുറ്റുമുള്ളവര്‍ക്കു നിന്ദയും കൊടുംഭീതിയും ഉളവാക്കുന്നു. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇതാ, ഒരുവന്‍ കഴുകനെപ്പോലെ അതിവേഗം പറന്നു ചിറകുകള്‍ മോവാബിനെതിരെ വിരിക്കുന്നു. അവന്‍ നഗരങ്ങള്‍ പിടിച്ചടക്കും, കോട്ടകള്‍ കൈവശപ്പെടുത്തും; അന്നാളില്‍ മോവാബിലെ യുദ്ധവീരന്മാരുടെ വേദന സ്‍ത്രീകളുടെ ഈറ്റുനോവുപോലെ ആയിരിക്കും. സര്‍വേശ്വരനെതിരെ സ്വയം പുകഴ്ത്തിയതുകൊണ്ട് ഒരു ജനതയല്ലാതാകുംവിധം മോവാബ് നശിപ്പിക്കപ്പെടും. മോവാബു നിവാസികളേ, ഭീതിയും കുഴിയും കെണിയുമാണ് നിങ്ങളുടെ മുമ്പിലുള്ളതെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. ഭീതിയില്‍നിന്ന് ഓടിപ്പോകുന്നവന്‍ കുഴിയില്‍ വീഴും; കുഴിയില്‍നിന്നു കയറുന്നവന്‍ കെണിയില്‍ അകപ്പെടും; മോവാബിന്‍റെ ശിക്ഷാകാലത്ത് ഇതെല്ലാം അതിനു സംഭവിക്കുമെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. ഓടിപ്പോയവര്‍ ശക്തി ക്ഷയിച്ച് ഹെശ്ബോന്‍റെ നിഴലില്‍ നില്‌ക്കുന്നു; ഹെശ്ബോനില്‍നിന്ന് അഗ്നിയും സീഹോന്‍റെ ഗൃഹത്തില്‍നിന്നു ജ്വാലയും പുറപ്പെട്ടു; അതു മോവാബിന്‍റെ നെറ്റിത്തടവും കലാപകാരികളുടെ ശിരസ്സും ദഹിപ്പിച്ചു. മോവാബേ, നിനക്കു ഹാ ദുരിതം! കെമോശിന്‍റെ ജനം നശിച്ചു, നിന്‍റെ പുത്രന്മാരെ ബദ്ധന്മാരാക്കുകയും നിന്‍റെ പുത്രിമാരെ പ്രവാസത്തിലേക്കു കൊണ്ടുപോകുകയും ചെയ്തിരിക്കുന്നു. എങ്കിലും ഒടുവില്‍ ഞാന്‍ മോവാബിന് ഐശ്വര്യസമൃദ്ധി നല്‌കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. മോവാബിന്‍റെ ശിക്ഷ അന്നുവരെയാണ്. അമ്മോന്യരെക്കുറിച്ചു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇസ്രായേലിനു പുത്രന്മാരും അവകാശികളും ഇല്ലാഞ്ഞിട്ടാണോ ഗാദിന്‍റെ ദേശം മില്‌ക്കോംദേവന്‍ കൈവശപ്പെടുത്തി അതിന്‍റെ നഗരങ്ങളില്‍ സ്വന്തം ജനത്തെ പാര്‍പ്പിച്ചത്? അതുകൊണ്ട്, അമ്മോന്യരുടെ മുഖ്യനഗരമായ രബ്ബയ്‍ക്കെതിരെ ഞാന്‍ പോര്‍വിളി മുഴക്കുന്ന കാലം ഇതാ വരുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; രബ്ബ പാഴ്കൂമ്പാരമാകും, അതിലെ ഗ്രാമങ്ങള്‍ അഗ്നിക്കിരയാകും; അന്നു തങ്ങളുടെ ദേശം കൈവശപ്പെടുത്തിയവരില്‍നിന്ന് ഇസ്രായേല്‍ അതു വീണ്ടെടുക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ഹെശ്ബോനേ, വിലപിക്കുക; ഹായി ശൂന്യമായിരിക്കുന്നു; രബ്ബാ പുത്രിമാരേ, കരയുവിന്‍; നിങ്ങള്‍ ചാക്കുതുണി ധരിക്കുവിന്‍; വിലപിച്ചുകൊണ്ടു പരിഭ്രാന്തരായി ഓടുവിന്‍; മില്‌കോം ദേവന്‍ തന്‍റെ പുരോഹിതന്മാരും പ്രഭുക്കന്മാരുമൊപ്പം പ്രവാസത്തിലേക്കു പോകുമല്ലോ. ആര് എനിക്കെതിരെ വരും എന്നു പറഞ്ഞു സ്വന്തം നിക്ഷേപങ്ങളില്‍ ആശ്രയിക്കുന്ന അവിശ്വസ്തയായ ജനതയേ, നിങ്ങളുടെ താഴ്വരകളെക്കുറിച്ച് എന്തിനു പ്രശംസിക്കുന്നു? സര്‍വശക്തനായ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എല്ലാ ദിക്കുകളില്‍നിന്നും നിങ്ങള്‍ക്കു കൊടുംഭീതി ഞാന്‍ വരുത്തും; നിങ്ങള്‍ ഓരോരുത്തനും പ്രാണരക്ഷാര്‍ഥം ഓടിപ്പോകും; ചിതറിപ്പോയവരെ ആരും ഒരുമിച്ചു കൂട്ടുകയുമില്ല. എന്നാല്‍ ഒടുവില്‍ അമ്മോന്യര്‍ക്കു ഞാന്‍ വീണ്ടും ഐശ്വര്യസമൃദ്ധി നല്‌കും എന്ന് അവിടുന്നു അരുളിച്ചെയ്യുന്നു. സര്‍വശക്തനായ സര്‍വേശ്വരന്‍ എദോമിനെക്കുറിച്ച് അരുളിച്ചെയ്യുന്നു: “എദോമില്‍ ജ്ഞാനം ഒട്ടുമില്ലേ? വിവേകികളുടെ ഉപദേശം ഇല്ലാതായോ? അവരുടെ ജ്ഞാനം നശിച്ചുപോയോ? ദേദാന്‍ നിവാസികളേ, പിന്തിരിഞ്ഞ് ഓടുവിന്‍; കുഴികളില്‍ ഒളിച്ചിരിക്കുവിന്‍; ശിക്ഷാകാലത്ത് ഏശാവിന്‍റെ പിന്‍തലമുറക്കാരുടെമേല്‍ ഞാന്‍ വിനാശം വരുത്തും. മുന്തിരിപ്പഴം ശേഖരിക്കുന്നവര്‍ നിന്‍റെ അടുക്കല്‍ വരുമ്പോള്‍ കാലാ പറിക്കാന്‍ കുറെ ശേഷിപ്പിക്കുകയില്ലേ? രാത്രിയില്‍ കള്ളന്മാര്‍ വരുമ്പോള്‍ തങ്ങള്‍ക്ക് ആവശ്യമുള്ളതു മാത്രമല്ലേ അവര്‍ എടുക്കുകയുള്ളൂ. ഏശാവിന്‍റെ പിന്‍തലമുറക്കാരെ ഞാന്‍ നഗ്നരാക്കുകയും അവരുടെ ഒളിയിടങ്ങള്‍ തുറന്ന സ്ഥലങ്ങളാക്കുകയും ചെയ്തു; ഇനിയും അവര്‍ക്ക് ഒളിച്ചിരിക്കാന്‍ സാധ്യമല്ല; അവരുടെ സന്തതികളും സഹോദരന്മാരും അയല്‍ക്കാരും നശിച്ചുപോയിരിക്കുന്നു. നിങ്ങളുടെ അനാഥരായ സന്തതികളെ വിട്ടേക്കുക; ഞാന്‍ അവരെ സംരക്ഷിക്കും; നിങ്ങളുടെ വിധവമാര്‍ എന്നില്‍ ആശ്രയിക്കട്ടെ. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ശിക്ഷാര്‍ഹരല്ലാത്തവര്‍പോലും ശിക്ഷയുടെ പാനപാത്രത്തില്‍ നിന്നു കുടിക്കേണ്ടിവന്നെങ്കില്‍, നീ കുടിച്ചേ മതിയാവൂ. എന്‍റെ സ്വന്തനാമത്തില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; ബൊസ്രാ ഭീകരവും പരിഹാസവിഷയവും ശൂന്യവും ശാപവുമായിത്തീരും; അവളുടെ നഗരങ്ങള്‍ എന്നേക്കും ശൂന്യമായിത്തീരും. സര്‍വേശ്വരനില്‍നിന്ന് എനിക്കൊരു വാര്‍ത്ത ലഭിച്ചിരിക്കുന്നു. ജനതകളുടെ ഇടയിലേക്ക് ഒരു ദൂതന്‍ അയയ്‍ക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ എദോമിനെതിരെ എഴുന്നേറ്റു യുദ്ധത്തിന് ഒന്നിച്ചുകൂടുവിന്‍. ജനതകളുടെ ഇടയില്‍ ഞാന്‍ നിന്നെ ചെറുതാക്കും; മനുഷ്യരുടെ ഇടയില്‍ നിന്ദാപാത്രമാക്കും. പാറക്കെട്ടുകളില്‍ പാര്‍ക്കുകയും പര്‍വതശൃംഗങ്ങള്‍ കീഴടക്കുകയും ചെയ്തവനേ, നീ ഉളവാക്കിയ ഭീതിയും നിന്‍റെ ഹൃദയത്തിലെ ഗര്‍വും നിന്നെ ചതിച്ചിരിക്കുന്നു; നീ കഴുകനെപ്പോലെ ഉയരത്തില്‍ നിന്‍റെ കൂടുകെട്ടിയാലും അവിടെനിന്നു ഞാന്‍ നിന്നെ താഴെയിറക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. എദോം ഭീതിക്കു പാത്രമാകും; അതിലൂടെ കടന്നുപോകുന്നവര്‍ ഭയപ്പെടും; അതിനു നേരിട്ട അനര്‍ഥങ്ങള്‍ നിമിത്തം അവളെ പരിഹസിക്കും. സൊദോമും ഗൊമോറായും അയല്‍നഗരങ്ങളും നശിപ്പിക്കപ്പെട്ടപ്പോള്‍ എന്നപോലെ എദോമിലും ആരും പാര്‍ക്കുകയില്ല; ആരും അതിലൂടെ കടന്നുപോകയുമില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. ഒരു വലിയ ആട്ടിന്‍പറ്റത്തിന്‍റെ നേരെ വരുന്ന സിംഹംപോലെ ഞാന്‍ യോര്‍ദ്ദാനിലെ വനത്തില്‍നിന്ന് ഇറങ്ങിവരും. അവരെ എദോമില്‍നിന്ന് ഓടിച്ചുകളയും; എനിക്ക് ഇഷ്ടപ്പെട്ടവനെ ഞാന്‍ എദോമിന്‍റെ ഭരണാധികാരിയാക്കും; എനിക്കു സമനായി ആരുണ്ട്? ആര് എന്നെ വെല്ലുവിളിക്കും? ഏതിടയന് എന്‍റെ നേരെ നില്‌ക്കാന്‍ കഴിയും? അതുകൊണ്ട് എദോമിനെതിരെ സര്‍വേശ്വരന്‍ തയ്യാറാക്കിയിട്ടുള്ള പദ്ധതിയും തേമാനിലെ നിവാസികള്‍ക്ക് എതിരെ എടുത്തിട്ടുള്ള തീരുമാനങ്ങളും കേട്ടുകൊള്‍വിന്‍: “ആട്ടിന്‍കൂട്ടത്തില്‍ ഏറ്റവും ചെറുതിനെപ്പോലും വലിച്ചിഴച്ചുകൊണ്ടു പോകും; അവയുടെ ദുര്‍വിധി കണ്ട് ആലകള്‍ പോലും സ്തംഭിച്ചുപോകും; അവരുടെ വീഴ്ചയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ ഭൂമി വിറയ്‍ക്കും; അവരുടെ കരച്ചിലിന്‍റെ ശബ്ദം ചെങ്കടലില്‍ മാറ്റൊലികൊള്ളും. ഇതാ, ഒരാള്‍ കഴുകനെപ്പോലെ പറന്നുവരുന്നു. അതിന്‍റെ ചിറകുകള്‍ ബൊസ്രായുടെമേല്‍ വിരിച്ചിരിക്കുന്നു; എദോമിലെ യോദ്ധാക്കളുടെ വേദന സ്‍ത്രീകളുടെ ഈറ്റുനോവ് പോലെയായിരിക്കും. ദമാസ്കസിനെ സംബന്ധിച്ച്: ഹാമാത്തും അര്‍പ്പാദും ദുര്‍വര്‍ത്തമാനങ്ങള്‍ കേട്ടു പരിഭ്രമിച്ചിരിക്കുന്നു; അവര്‍ ഭയന്ന് ഉരുളുന്നു; പ്രശാന്തമാകാത്ത കടല്‍പോലെ അവര്‍ ഇളകിമറിയുന്നു. ദമാസ്കസ് ധൈര്യഹീനയായി ഓടാന്‍ ഭാവിക്കുകയാണ്; എന്നാല്‍ ഭയം അവളെ പിടിച്ചു നിര്‍ത്തിയിരിക്കുന്നു; ഈറ്റുനോവനുഭവിക്കുന്നവളെപ്പോലെ കൊടിയ വേദനയും ദുഃഖവും അവള്‍ അനുഭവിക്കുന്നു. ആ പ്രശസ്ത നഗരം-ആഹ്ലാദത്തിന്‍റെ നഗരം തന്നെ-എങ്ങനെ ഉപേക്ഷിക്കപ്പെട്ടു? അവളുടെ യുവാക്കന്മാര്‍ തെരുവീഥികളില്‍ വീഴും; അവളുടെ യോദ്ധാക്കളെല്ലാം അന്നു സംഹരിക്കപ്പെടും എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ദമാസ്കസിന്‍റെ മതിലില്‍ ഞാന്‍ തീ കൊളുത്തും; അതു ബന്‍ഹദദിന്‍റെ കോട്ടയും കൊത്തളങ്ങളും ദഹിപ്പിക്കും. ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ നശിപ്പിച്ച ഹാസോറിനെയും കേദാര്‍ നഗരത്തെയുംകുറിച്ച് സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: എഴുന്നേറ്റ് കേദാറിനെതിരെ മുന്നേറുക; പൗരസ്ത്യജനതയെ നശിപ്പിക്കുക. അവരുടെ കൂടാരങ്ങളും ആട്ടിന്‍പറ്റങ്ങളും തിരശ്ശീലകളും അവരുടെ സകല വസ്തുക്കളും പിടിച്ചെടുക്കണം; അവരുടെ ഒട്ടകങ്ങളെ പിടിച്ചെടുത്തശേഷം എങ്ങും ഭീതി എന്നു വിളിച്ചുപറയുക. ഹാസോര്‍നിവാസികളേ, ഓടിപ്പോകുവിന്‍; വിദൂരസ്ഥലത്തേക്കു പോയി കുഴികളില്‍ ഒളിച്ചിരിക്കുവിന്‍ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ നിങ്ങള്‍ക്കെതിരെ പദ്ധതി തയ്യാറാക്കിയിരിക്കുന്നു. എഴുന്നേല്‌ക്കുക, വാതിലുകളും ഓടാമ്പലുകളും ഇല്ലാതെ സ്വൈരമായും സുരക്ഷിതമായും കഴിയുന്ന ഒരു ജനതയ്‍ക്കെതിരെ മുന്നേറുക എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. അവരുടെ ഒട്ടകങ്ങളെ കവര്‍ന്നെടുക്കും; അവരുടെ അസംഖ്യം ആടുമാടുകള്‍ കൊള്ളയടിക്കപ്പെടും; തലയുടെ അരികു വടിക്കുന്നവരെ ഓരോ കാറ്റിലും ഞാന്‍ ചിതറിക്കും; എല്ലാ വശത്തുനിന്നും ഞാന്‍ അവര്‍ക്ക് അനര്‍ഥം വരുത്തും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ഹാസോര്‍ കുറുനരികളുടെ സങ്കേതമാകും; അത് എന്നും ശൂന്യമായി കിടക്കും; അവിടെ ആരും പാര്‍ക്കുകയില്ല; ആരും യാത്രയ്‍ക്കിടയില്‍ അവിടെ തങ്ങുകയുമില്ല.” യെഹൂദാരാജാവായ സിദെക്കീയായുടെ ഭരണാരംഭത്തില്‍ യിരെമ്യാപ്രവാചകനു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി. സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഏലാമിന്‍റെ വില്ല് ഞാന്‍ ഒടിക്കും. അതാണല്ലോ അവരുടെ ബലം. നാലുദിക്കുകളില്‍നിന്നും അടിക്കുന്ന കാറ്റ് ഏലാമിന്‍റെമേല്‍ വരുത്തും; അതോടൊപ്പം ഞാന്‍ അവരെ ചിതറിക്കുകയും ചെയ്യും. ഏലാമില്‍നിന്നു ചിതറിക്കപ്പെട്ട ജനം ചെന്നുചേരാത്ത ഒരു സ്ഥലവും ഉണ്ടായിരിക്കുകയില്ല. ഏലാമിനെ അവരുടെ ശത്രുക്കളുടെ മുമ്പില്‍, അവര്‍ക്കു പ്രാണഹാനി വരുത്തുവാന്‍ ശ്രമിക്കുന്നവരുടെ മുമ്പില്‍വച്ചു തന്നെ ഞാന്‍ സംഭീതരാക്കും; എന്‍റെ ഉഗ്രകോപത്തില്‍ ഞാന്‍ അവര്‍ക്ക് അനര്‍ഥം വരുത്തും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; അവരെ സംഹരിച്ചുതീരുന്നതുവരെ എന്‍റെ വാള്‍ അവരെ പിന്തുടരും. എന്‍റെ സിംഹാസനം ഏലാമില്‍ സ്ഥാപിച്ച് അവരുടെ രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. എന്നാല്‍ ഒടുവില്‍ അവരുടെ ഐശ്വര്യം ഞാന്‍ അവര്‍ക്കു വീണ്ടെടുത്തു കൊടുക്കും എന്നും അവിടുന്നു അരുളിച്ചെയ്യുന്നു.” ബാബിലോണിനെക്കുറിച്ചും അവിടത്തെ ജനങ്ങളെക്കുറിച്ചും യിരെമ്യാപ്രവാചകനിലൂടെയുള്ള സര്‍വേശ്വരന്‍റെ അരുളപ്പാട്: “ജനതകളുടെ ഇടയില്‍ പ്രഖ്യാപിക്കുക, പതാക ഉയര്‍ത്തി പ്രഘോഷിക്കുക; ഒന്നും മറച്ചുവയ്‍ക്കാതെ ഉദ്ഘോഷിക്കുക; ബാബിലോണ്‍ പിടിക്കപ്പെട്ടു; ബേല്‍ദേവന്‍ ലജ്ജിക്കുന്നു; മെരോദാക്ദേവന്‍ സംഭ്രമിച്ചിരിക്കുന്നു; അതിലെ ബിംബങ്ങള്‍ അപമാനിതരായി, വിഗ്രഹങ്ങള്‍ പരിഭ്രാന്തരായിരിക്കുന്നു. വടക്കുദേശത്തുനിന്ന് ഒരു ജനത അതിനെതിരെ ഉയര്‍ന്നിരിക്കുന്നു; അതു ബാബിലോണിനെ ശൂന്യമാക്കും; ആരും അതില്‍ പാര്‍ക്കുകയില്ല; മനുഷ്യരും മൃഗങ്ങളും ഓടിപ്പോകും. അന്നാളില്‍ ഇസ്രായേല്‍ജനങ്ങളും യെഹൂദാജനങ്ങളും വിലപിച്ചുകൊണ്ട് ഒരുമിച്ച് സര്‍വേശ്വരന്‍റെ അടുക്കല്‍ വരും; അവര്‍ തങ്ങളുടെ ദൈവമായ സര്‍വേശ്വരനെ അന്വേഷിക്കും. അവര്‍ സീയോനിലേക്കു പോകാനുള്ള വഴി ചോദിക്കും; ആ വഴിയേ പോകും. ഒരിക്കലും വിസ്മരിക്കാത്ത ശാശ്വത ഉടമ്പടി ഉണ്ടാക്കുന്നതിന് അവിടുത്തെ അടുക്കല്‍ ഒന്നിച്ചുകൂടാം എന്നും അവര്‍ പറയും. എന്‍റെ ജനം കാണാതെപോയ ആടുകളാണ്; അവരുടെ ഇടയന്മാര്‍ അവരെ വഴിതെറ്റിച്ചു; മലകളില്‍ അലഞ്ഞു നടക്കാന്‍ അവരെ അനുവദിച്ചു; പര്‍വതങ്ങളിലും മലകളിലുമായി അവര്‍ അലഞ്ഞു നടക്കുന്നു; അവരുടെ ആല എവിടെ എന്ന് അവര്‍ മറന്നുപോയി. കണ്ടവരെല്ലാം അവരെ ആക്രമിച്ചു; അവരുടെ ശത്രുക്കള്‍ പറഞ്ഞു: ‘നാം കുറ്റക്കാരല്ല; അവര്‍ സര്‍വേശ്വരനോടു പാപം ചെയ്തു; അവരുടെ പിതാക്കന്മാരുടെ യഥാര്‍ഥമായ അഭയവും പ്രത്യാശയുമായ സര്‍വേശ്വരനോടു തന്നെ.’ ബാബിലോണിന്‍റെ നടുവില്‍നിന്ന് ഓടുവിന്‍; അവിടെനിന്നു പുറത്തുപോകുവിന്‍; ആട്ടിന്‍പറ്റത്തിന്‍റെ മുമ്പില്‍ ഓടുന്ന മുട്ടാടുകളെപ്പോലെ ഓടുവിന്‍. ഉത്തരദേശത്തെ ഒരു കൂട്ടം ജനതകളെ ബാബിലോണിനെതിരെ ഞാന്‍ ഇളക്കിവിടും; അവര്‍ അണിനിരന്ന് അവളെ പിടിച്ചടക്കും; അവരുടെ അസ്ത്രങ്ങള്‍ സമര്‍ഥനായ യോദ്ധാവിനെപ്പോലെയാണ്; അതു വെറും കൈയായി മടങ്ങിവരികയില്ല. ബാബിലോണ്‍ദേശം കൊള്ളയടിക്കപ്പെടും; അവളെ കൊള്ളയടിക്കുന്നവര്‍ സംതൃപ്തരാകും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. എന്‍റെ അവകാശമായ ജനത്തെ കൊള്ളയടിച്ചവരേ, നിങ്ങള്‍ സന്തോഷിച്ച് ഉല്ലസിച്ചാലും; പുല്‍ത്തകിടിയിലെ പശുക്കിടാവിനെപ്പോലെ തുള്ളിച്ചാടിയാലും; കുതിരകളെപ്പോലെ ഹര്‍ഷാരവം മുഴക്കിയാലും നിങ്ങളുടെ മാതൃരാജ്യം ഏറ്റവും ലജ്ജിക്കും; നിങ്ങളെ പ്രസവിച്ച ദേശം അപമാനിതയാകും; അവള്‍ ജനതകളില്‍ ഏറ്റവും ചെറുതാകും; അവള്‍ മരുഭൂമിയും വരണ്ടനിലവും ആയിത്തീരും. സര്‍വേശ്വരന്‍റെ ക്രോധംനിമിത്തം അവിടെ ജനവാസമുണ്ടാകയില്ല; അതു സമ്പൂര്‍ണമായി ശൂന്യമാകും; ബാബിലോണിലൂടെ കടന്നുപോകുന്നവരെല്ലാം സംഭ്രമിക്കും; അവള്‍ക്കു നേരിട്ട അനര്‍ഥങ്ങള്‍ നിമിത്തം അവളെ പരിഹസിക്കും. വില്ലു കുലയ്‍ക്കുന്നവരേ, നിങ്ങള്‍ ബാബിലോണിനു ചുറ്റും അണിനിരക്കുവിന്‍; ഒരമ്പുപോലും പാഴാക്കാതെ അവളുടെ നേര്‍ക്ക് അവ തൊടുത്തുവിടുവിന്‍. അവള്‍ സര്‍വേശ്വരനെതിരെ പാപം ചെയ്തിരിക്കുന്നുവല്ലോ. അവള്‍ക്കു ചുറ്റുംനിന്നു ജയഘോഷം മുഴക്കുവിന്‍; അവള്‍ കീഴടങ്ങിയിരിക്കുന്നു; അവളുടെ കോട്ടകള്‍ വീണു; മതിലുകള്‍ തകര്‍ന്നു വീണു; ഇതു സര്‍വേശ്വരന്‍റെ പ്രതികാരമാണ്, അവളോടു പകരം വീട്ടുവിന്‍; അവള്‍ ചെയ്തതുപോലെ അവളോടും ചെയ്യുവിന്‍. വിതയ്‍ക്കുന്നവനെയും കൊയ്ത്തുകാരനെയും ബാബിലോണില്‍നിന്നു ഛേദിച്ചുകളയുവിന്‍; മര്‍ദകന്‍റെ വാള്‍ നിമിത്തം ഓരോരുവനും സ്വജനങ്ങളുടെ അടുത്തേക്കു തിരിയും; സ്വന്തം ദേശത്തേക്ക് അവര്‍ ഓടിപ്പോകും. സിംഹങ്ങള്‍ പിന്തുടര്‍ന്നു ചിതറിച്ച ആട്ടിന്‍പറ്റത്തെപ്പോലെയാണ് ഇസ്രായേല്‍; ആദ്യം അസ്സീറിയാരാജാവ് അതിനെ ആക്രമിച്ചു; ഒടുവില്‍ ബാബിലോണിലെ നെബുഖദ്നേസര്‍രാജാവ് അതിന്‍റെ അസ്ഥികള്‍ കാര്‍ന്നു തിന്നുന്നു. അതുകൊണ്ട് ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: അസ്സീറിയായിലെ രാജാവിനെ ശിക്ഷിച്ചതുപോലെ ബാബിലോണിലെ രാജാവിനെയും അവന്‍റെ ദേശത്തെയും ഞാന്‍ ശിക്ഷിക്കും. ഞാന്‍ ഇസ്രായേലിന് അവന്‍റെ മേച്ചില്‍സ്ഥാനം വീണ്ടെടുത്തു കൊടുക്കും; അവന്‍ കര്‍മ്മേലിലും ബാശാനിലും മേയും; എഫ്രയീംകുന്നുകളിലും ഗിലെയാദിലും അവന്‍ മേഞ്ഞു തൃപ്തനാകും. അക്കാലത്ത് ഇസ്രായേലില്‍ അപരാധവും യെഹൂദായില്‍ പാപവും കാണുകയില്ല; കാരണം ഞാന്‍ അവശേഷിപ്പിച്ച ജനത്തോടു ക്ഷമിച്ചിരിക്കുന്നു. മെരാഥയിംദേശത്തിനെതിരെ ചെല്ലുവിന്‍; പെക്കോദ് നിവാസികള്‍ക്കെതിരെ നീങ്ങുവിന്‍; നിങ്ങള്‍ അവരെ സമ്പൂര്‍ണമായി നശിപ്പിക്കുകയും ഞാന്‍ കല്പിച്ചതുപോലെയെല്ലാം പ്രവര്‍ത്തിക്കുകയും വേണം എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. യുദ്ധാരവം ദേശത്തു കേള്‍ക്കുന്നു; വലിയ സംഹാരം നടക്കുകയാണ്. ഭൂമി മുഴുവന്‍ തകര്‍ത്ത ചുറ്റിക എങ്ങനെ തകര്‍ന്നു തരിപ്പണമായി. ജനതകളുടെ ഇടയില്‍ ബാബിലോണ്‍ എങ്ങനെ ബീഭത്സദൃശ്യമായിത്തീര്‍ന്നു. ഞാന്‍ കെണിവച്ചു, ബാബിലോണേ, നീ അതില്‍ വീണു, അതു നീ അറിഞ്ഞില്ല; സര്‍വേശ്വരനെതിരെ നീ മത്സരിച്ചതുകൊണ്ട് അവിടുന്നു നിന്നെ കണ്ടെത്തി പിടികൂടിയിരിക്കുന്നു. സര്‍വേശ്വരന്‍ ആയുധപ്പുര തുറന്നു തന്‍റെ ക്രോധത്തിന്‍റെ ആയുധങ്ങള്‍ പുറത്തെടുത്തിരിക്കുന്നു; കാരണം ബാബിലോണ്യരുടെ ദേശത്തു സര്‍വശക്തനായ സര്‍വേശ്വരന് ഒരു പ്രവൃത്തി ചെയ്തു തീര്‍ക്കാനുണ്ട്. എല്ലാവശത്തുനിന്നും അതിന്‍റെ നേരേ വരുവിന്‍; വന്ന് അവളുടെ ധാന്യപ്പുരകള്‍ തുറക്കുവിന്‍; അവളെ നിശ്ശേഷം നശിപ്പിച്ചു ധാന്യക്കൂമ്പാരം പോലെ കൂട്ടുവിന്‍; അവളില്‍ യാതൊന്നും ശേഷിക്കരുത്. അവളുടെ കാളകളെ കൊല്ലുവിന്‍; അവ അറവുശാലയിലേക്കു പോകട്ടെ. അവരുടെ ദിനം, ശിക്ഷയ്‍ക്കുള്ള ദിനംതന്നെ വന്നിരിക്കുന്നതുകൊണ്ട് അവര്‍ക്കു ഹാ ദുരിതം! കേള്‍ക്കുക! ബാബിലോണ്‍ദേശത്തുനിന്നു രക്ഷപെട്ട് ഓടുന്നവര്‍ നമ്മുടെ ദൈവമായ സര്‍വേശ്വരന്‍റെ പ്രതികാരം, അവിടുത്തെ ദേവാലയത്തിനു വേണ്ടിയുള്ള പ്രതികാരംതന്നെ സീയോനില്‍ പ്രസിദ്ധമാക്കുന്നു. ബാബിലോണിനെതിരെ വില്ലാളികളെ വിളിച്ചുകൂട്ടി അതിനു ചുറ്റും പാളയമടിക്കുവിന്‍; ആരും രക്ഷപെടരുത്. അവളുടെ പ്രവൃത്തിക്കു തക്കവിധം അവളോടു പകരം വീട്ടുവിന്‍; അവള്‍ ചെയ്തതുപോലെയെല്ലാം അവളോടും ചെയ്യണം; അവള്‍ സര്‍വേശ്വരനോട്, ഇസ്രായേലിന്‍റെ പരിശുദ്ധനോടുതന്നെ ധിക്കാരം കാട്ടിയിരിക്കുന്നു. അതുകൊണ്ട് അവളുടെ യുവാക്കള്‍ തെരുവീഥികളില്‍ വീഴും; അവളുടെ യോദ്ധാക്കളെല്ലാം അന്നു സംഹരിക്കപ്പെടും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. അഹങ്കാരിയായ ബാബിലോണേ, ഞാന്‍ നിനക്ക് എതിരാണെന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; നിന്‍റെ ശിക്ഷാദിവസം ആഗതമായിരിക്കുന്നു. അഹങ്കാരി കാലിടറി വീഴും; പിടിച്ചെഴുന്നേല്പിക്കാന്‍ ആരുമില്ല; അവന്‍റെ നഗരങ്ങളില്‍ ഞാന്‍ തീ കൊളുത്തും; അതു ചുറ്റുമുള്ളവയെ ദഹിപ്പിക്കും. സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇസ്രായേല്‍ജനം പീഡിതരായിരിക്കുന്നു; അവരോടൊപ്പം യെഹൂദാജനവും; തടവുകാരായി കൊണ്ടുപോയവര്‍ അവരെ മുറുകെ പിടിക്കുന്നു; അവരെ വിട്ടയയ്‍ക്കാന്‍ അവര്‍ വിസമ്മതിക്കുന്നു. അവരുടെ വീണ്ടെടുപ്പുകാരന്‍ ശക്തനാണ്; സര്‍വശക്തനായ സര്‍വേശ്വരന്‍ എന്നാണ് അവിടുത്തെ നാമം; അവിടുന്നു തീര്‍ച്ചയായും അവര്‍ക്കുവേണ്ടി വാദിക്കും; ഭൂമിക്ക് അവിടുന്നു സ്വസ്ഥത നല്‌കും; എന്നാല്‍ ബാബിലോണ്‍നിവാസികള്‍ക്ക് അസ്വസ്ഥതയും. അവിടുന്ന് അരുളിച്ചെയ്യുന്നു: “ബാബിലോണിനെതിരെ ഒരു വാള്‍ ഉയര്‍ന്നിരിക്കുന്നു; അതിലെ നിവാസികള്‍ക്കും അവളുടെ പ്രഭുക്കന്മാര്‍ക്കും ജ്ഞാനികള്‍ക്കും എതിരെ തന്നെ. വ്യാജപ്രവാചകന്മാരുടെ നേരെ വാള്‍ ഉയര്‍ന്നിരിക്കുന്നു; അവര്‍ വിഡ്ഢികളാകും. യോദ്ധാക്കളുടെമേല്‍ വാള്‍ ഉയര്‍ന്നിരിക്കുന്നു. അവര്‍ നശിച്ചുപോകും. അവരുടെ കുതിരകളുടെയും രഥങ്ങളുടെയുംമേല്‍ വാള്‍ ഉയര്‍ന്നിരിക്കുന്നു; അതു കൊള്ളയടിക്കപ്പെടും. അവരുടെ ജലാശയങ്ങളുടെമേലും വാള്‍ ഉയര്‍ന്നിരിക്കുന്നു. കാരണം, അതു വിഗ്രഹങ്ങളുടെ നാടാണ്; അവയെച്ചൊല്ലി അവര്‍ ഉന്മത്തരായിരിക്കുന്നു. അതുകൊണ്ടു ബാബിലോണില്‍ വന്യമൃഗങ്ങളും കുറുനരിയും ഒട്ടകപ്പക്ഷിയും ഒന്നിച്ചു പാര്‍ക്കും; അതില്‍ ഇനി ആരും ഒരിക്കലും വസിക്കയില്ല. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “സൊദോമും ഗൊമോറായും അയല്‍നഗരങ്ങളും നശിപ്പിക്കപ്പെട്ടപ്പോള്‍ എന്നപോലെ അവിടെ ആരും പാര്‍ക്കുകയില്ല; ഒരു മനുഷ്യനും അതിലൂടെ കടന്നു പോകുകയുമില്ല. ഇതാ വടക്കുനിന്ന് ഒരു ജനത വരുന്നു; ശക്തമായ ഒരു ജനത! ഭൂമിയുടെ വിദൂരസ്ഥലങ്ങളില്‍നിന്നു രാജാക്കന്മാര്‍ ഇളകിവരുന്നു. അവരുടെ കൈയില്‍ വില്ലും കുന്തവുമുണ്ട്; അവര്‍ കരുണയില്ലാത്ത ക്രൂരന്മാരാണ്; അവരുടെ ശബ്ദം കടലിന്‍റെ ഇരമ്പല്‍ പോലെയാണ്. ബാബിലോണേ, അവര്‍ യോദ്ധാക്കളെപ്പോലെ യുദ്ധസന്നദ്ധരായി കുതിരപ്പുറത്തു നിനക്കെതിരെ അണിനിരക്കുന്നു. അവരെക്കുറിച്ചുള്ള വാര്‍ത്ത കേട്ടപ്പോള്‍ ബാബിലോണ്‍ രാജാവിന്‍റെ കരങ്ങള്‍ തളര്‍ന്നു; ഈറ്റുനോവുകൊണ്ടു വേദനപ്പെടുന്ന സ്‍ത്രീയെപ്പോലെ അവന്‍ അതിവേദനയിലായിരിക്കുന്നു. വലിയ ആട്ടിന്‍പറ്റത്തിന്‍റെ നേരേ വരുന്ന സിംഹംപോലെ, യോര്‍ദ്ദാനിലെ വനത്തില്‍നിന്നു ഞാന്‍ ഇറങ്ങിവരും. ഞാന്‍ ബാബിലോണ്യരെ അവരുടെ നഗരങ്ങളില്‍നിന്ന് ഓടിച്ചുകളയും; എനിക്ക് ഇഷ്ടമുള്ളവനെ ഞാന്‍ ബാബിലോണിന്‍റെ ഭരണാധികാരിയാക്കും; എനിക്കു സമനായി ആരുണ്ട്? ആര് എന്നെ വെല്ലുവിളിക്കും? ഏത് ഇടയന് എന്‍റെ നേരെ നില്‌ക്കാന്‍ കഴിയും? അതുകൊണ്ട് ബാബിലോണിന് എതിരെ അവിടുന്നു തയ്യാറാക്കിയിട്ടുള്ള പദ്ധതിയും ബാബിലോണ്‍ ദേശത്തിനെതിരെ എടുത്തിട്ടുള്ള തീരുമാനങ്ങളും കേട്ടുകൊള്‍വിന്‍; ആട്ടിന്‍കൂട്ടത്തില്‍ ഏറ്റവും ചെറിയതിനെപ്പോലും വലിച്ചിഴച്ചുകൊണ്ടുപോകും; അവയുടെ ദുര്‍വിധികണ്ട് ആലകള്‍പോലും സ്തംഭിച്ചുപോകും. ബാബിലോണ്‍ പിടിക്കപ്പെട്ടു എന്ന ശബ്ദം കേട്ട് ഭൂമി നടുങ്ങും; അവളുടെ രോദനം ജനതകളുടെ ഇടയില്‍ മാറ്റൊലിക്കൊള്ളും.” സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ബാബിലോണിനും അതിലെ നിവാസികള്‍ക്കും എതിരെ വിനാശം വിതയ്‍ക്കുന്ന കാറ്റ് ഞാന്‍ ഇളക്കിവിടും. പാറ്റുന്നവരെ ഞാന്‍ ബാബിലോണിലേക്കയയ്‍ക്കും; അവര്‍ അവളെ പാറ്റി ദേശം ശൂന്യമാക്കും; അനര്‍ഥദിവസത്തില്‍ അവള്‍ക്കെതിരെ എല്ലാ ദേശത്തുനിന്നും അവര്‍ വരും. അവളുടെ വില്ലാളികള്‍ വില്ലുകുലയ്‍ക്കാനും പടയാളികള്‍ പടച്ചട്ട ധരിച്ചുകൊണ്ടു നേരെ നില്‌ക്കാനും അനുവദിക്കരുത്; അവളുടെ യൗവനക്കാരെ വെറുതെ വിടരുത്; അവളുടെ സര്‍വസൈന്യത്തെയും നിര്‍മൂലമാക്കിക്കളയുക. ബാബിലോണ്‍ദേശത്ത് അവര്‍ മരിച്ചുവീഴും; അവര്‍ മുറിവേറ്റു തെരുവീഥികളില്‍ കിടക്കും. അവരുടെ ദൈവമായ സര്‍വശക്തനായ സര്‍വേശ്വരന്‍ ഇസ്രായേലിനെയും യെഹൂദായെയും തള്ളിക്കളഞ്ഞിട്ടില്ല; എങ്കിലും ഇസ്രായേലിന്‍റെ പരിശുദ്ധനായ സര്‍വേശ്വരനു വിരോധമായി അവരുടെ ദേശം അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നു. ബാബിലോണിന്‍റെ മധ്യത്തില്‍നിന്ന് ഓടി ജീവന്‍ രക്ഷപെടുത്തുവിന്‍. അവളുടെ ന്യായവിധിയില്‍ നീ വിച്ഛേദിക്കപ്പെട്ടു പോകരുത്; ഇതു സര്‍വേശ്വരന്‍റെ പ്രതികാരസമയമാണ്; അവിടുന്ന് അവള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‌കും. ലോകത്തെ മുഴുവന്‍ മത്തു പിടിപ്പിച്ച സുവര്‍ണപാനപാത്രമായിരുന്നു സര്‍വേശ്വരന്‍റെ കൈകളില്‍ ബാബിലോണ്‍; ജനതകള്‍ അതില്‍നിന്നു വീഞ്ഞു കുടിച്ച് ഉന്മത്തരായി. പെട്ടെന്നു ബാബിലോണ്‍ വീണു തകര്‍ന്നുപോയി, അവള്‍ക്കുവേണ്ടി വിലപിക്കുവിന്‍. അവളുടെ മുറിവില്‍ പുരട്ടാന്‍ തൈലം കൊണ്ടുവരുവിന്‍; ഒരുവേള അവള്‍ക്കു സൗഖ്യം ലഭിച്ചേക്കാം. ബാബിലോണിനെ നമ്മള്‍ സുഖപ്പെടുത്തുമായിരുന്നു, എന്നാല്‍ അവള്‍ അതിനു വിസമ്മതിച്ചു; അവളെ വിട്ടേക്കുക; നമുക്കു നമ്മുടെ ദേശങ്ങളിലേക്കു പോകാം; അവളുടെ ന്യായവിധി സ്വര്‍ഗത്തോളം ഉയര്‍ന്നു; ആകാശംവരെ അത് ഉയര്‍ന്നിരിക്കുന്നു. സര്‍വേശ്വരന്‍ നമുക്കു നീതി കൈവരുത്തിയിരിക്കുന്നു; വരുവിന്‍, നമ്മുടെ ദൈവമായ സര്‍വേശ്വരന്‍റെ പ്രവൃത്തികള്‍ നമുക്കു സീയോനില്‍ പ്രഘോഷിക്കാം. അമ്പിനു മൂര്‍ച്ച വരുത്തുവിന്‍, പരിച ധരിക്കുവിന്‍; സര്‍വേശ്വരന്‍ മേദ്യരാജാക്കന്മാരെ ബാബിലോണിനെതിരെ ഇളക്കിവിട്ടിരിക്കുന്നു; ബാബിലോണിനെ നശിപ്പിക്കാന്‍ അവിടുന്നു തീരുമാനിച്ചിരിക്കുകയാണ്. ഇതു സര്‍വേശ്വരന്‍റെ പ്രതികാരമാണ്; അവിടുത്തെ ആലയം നശിപ്പിച്ചതിനുള്ള പ്രതികാരം. ബാബിലോണിന്‍റെ മതിലുകള്‍ക്കെതിരെ കൊടി ഉയര്‍ത്തുവിന്‍; കാവല്‍ ശക്തമാക്കുവിന്‍; കാവല്‍ഭടന്മാരെ നിര്‍ത്തുവിന്‍; പതിയിരുപ്പുകാരെ നിയോഗിക്കുവിന്‍; ബാബിലോണ്‍നിവാസികളെക്കുറിച്ചു സര്‍വേശ്വരന്‍ അരുളിച്ചെയ്തത് സര്‍വേശ്വരന്‍ നിറവേറ്റിയിരിക്കുന്നു. അനവധി ജലാശയങ്ങളും ധാരാളം നിക്ഷേപങ്ങളുമുള്ള ബാബിലോണേ, നിന്‍റെ അന്ത്യം അടുത്തിരിക്കുന്നു; നിന്‍റെ ജീവപാശം അറ്റുപോയിരിക്കുന്നു. സര്‍വശക്തനായ സര്‍വേശ്വരന്‍ സ്വന്തം നാമത്തില്‍ സത്യം ചെയ്യുന്നു; വെട്ടുക്കിളികളെപ്പോലെ എണ്ണമറ്റ മനുഷ്യരെക്കൊണ്ട് ഞാന്‍ നിന്നെ നിറയ്‍ക്കും; അവര്‍ നിനക്കെതിരെ ജയഭേരി മുഴക്കും.” സ്വന്തം ശക്തിയാല്‍ ഭൂമിയെ സൃഷ്‍ടിച്ചതും ജ്ഞാനത്താല്‍ അതിനെ സ്ഥാപിച്ചതും വിവേകത്താല്‍ ആകാശത്തെ വിരിച്ചതും അവിടുന്നാണ്. അവിടുന്നു ശബ്ദം പുറപ്പെടുവിക്കുമ്പോള്‍, ആകാശത്തു വെള്ളത്തിന്‍റെ മുഴക്കമുണ്ടാകുന്നു; ഭൂമിയുടെ അറുതികളില്‍ നിന്ന് അവിടുന്നു മേഘങ്ങളെ ഉയര്‍ത്തുന്നു; മഴയ്‍ക്കായി മിന്നല്‍പ്പിണരുകളെ അവിടുന്നു സൃഷ്‍ടിക്കുന്നു; തന്‍റെ ഭണ്ഡാരങ്ങളില്‍നിന്നു കാറ്റു പുറപ്പെടുവിക്കുന്നു. സകല മനുഷ്യരും ബുദ്ധിയില്ലാത്തവരും ഭോഷന്മാരുമാണ്; തങ്ങള്‍ നിര്‍മിച്ച വിഗ്രഹങ്ങള്‍ നിമിത്തം സ്വര്‍ണപ്പണിക്കാര്‍ ലജ്ജിതരാകുന്നു; അവര്‍ നിര്‍മിച്ച വിഗ്രഹങ്ങള്‍ വ്യാജമാണ്; അവയ്‍ക്കു ജീവശ്വാസമില്ല. അവയെല്ലാം വിലയില്ലാത്ത മിഥ്യാമൂര്‍ത്തികളാണ്; ശിക്ഷാസമയത്ത് അവയെല്ലാം നശിക്കും. യാക്കോബിന്‍റെ അവകാശമായ ദൈവം അങ്ങനെയല്ല; സകലത്തിനും രൂപം കൊടുത്തത് അവിടുന്നാണ്; ഇസ്രായേല്‍ തനിക്ക് അവകാശപ്പെട്ട ഗോത്രമാകുന്നു, സര്‍വശക്തനായ സര്‍വേശ്വരന്‍ എന്നാണ് അവിടുത്തെ നാമം. ബാബിലോണേ, നീ എന്‍റെ ചുറ്റിക; യുദ്ധത്തിനുള്ള എന്‍റെ ആയുധം, നിന്നെക്കൊണ്ടു ഞാന്‍ ജനതകളെയും രാജ്യങ്ങളെയും തകര്‍ക്കും. നിന്നെക്കൊണ്ടു കുതിരകളെയും കുതിരക്കാരെയും ഞാന്‍ ഇല്ലാതാക്കും. തേരിനെയും തേരാളിയെയും നശിപ്പിക്കും. നിന്നെക്കൊണ്ടു ഞാന്‍ പുരുഷനെയും സ്‍ത്രീയെയും തകര്‍ക്കും; നിന്നെക്കൊണ്ടു ഞാന്‍ വൃദ്ധനെയും യുവാവിനെയും ഇല്ലാതാക്കും; യുവാവിനെയും യുവതിയെയും തകര്‍ക്കും. നിന്നെക്കൊണ്ട് ഞാന്‍ ഇടയനെയും ആട്ടിന്‍പറ്റത്തെയും ഉന്മൂലമാക്കും; കര്‍ഷകരെയും അവരുടെ ഉഴവുകാളകളെയും ഛേദിച്ചുകളയും; നിന്നെക്കൊണ്ട് ഞാന്‍ ഭരണാധികാരികളെയും അധികാരികളെയും നശിപ്പിക്കും. ബാബിലോണിനെയും അതിലെ സര്‍വജനങ്ങളെയും അവര്‍ സീയോനില്‍ ചെയ്ത അതിക്രമങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ കാണ്‍കെ ഞാന്‍ പകരം ചോദിക്കും. ഭൂമിയെ മുഴുവന്‍ നശിപ്പിക്കുന്ന വിനാശപര്‍വതമേ, ഞാന്‍ നിനക്ക് എതിരായിരിക്കുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; നിനക്കെതിരെ ഞാന്‍ എന്‍റെ കൈ നീട്ടി കടുംതൂക്കായ പാറകളില്‍നിന്നു തള്ളിയിടും; നിന്നെ അഗ്നിക്കിരയായ പര്‍വതമാക്കും. നിന്നില്‍നിന്ന് ഒരു മൂലക്കല്ലോ അടിസ്ഥാനക്കല്ലോ എടുക്കുകയില്ല; നീ എന്നേക്കും ശൂന്യമായിരിക്കും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. ദേശത്ത് കൊടി ഉയര്‍ത്തുവിന്‍. ജനതകളുടെ ഇടയില്‍ കാഹളം മുഴക്കുവിന്‍; ബാബിലോണിനെതിരെ യുദ്ധം ചെയ്യാന്‍ ജനതകളെ ഒരുക്കുവിന്‍; അരാരാത്ത്, മിന്നി, അസ്കെനാസ് എന്നീ രാജ്യങ്ങളെ അവള്‍ക്കെതിരെ വിളിച്ചുകൂട്ടുവിന്‍; അവള്‍ക്കെതിരെ ഒരു സൈന്യാധിപനെ നിയമിക്കുവിന്‍; ഇരമ്പി വരുന്ന വെട്ടുക്കിളികളെപ്പോലെ കുതിരപ്പടയെ കൊണ്ടുവരുവിന്‍. ബാബിലോണിനോടു യുദ്ധം ചെയ്യാന്‍ ജനതകളെ സജ്ജമാക്കുക; മേദ്യരാജാക്കന്മാരും അവരുടെ ഭരണാധികാരികളും ദേശാധിപതികളും അവരുടെ അധീനതയിലുള്ള ദേശങ്ങളും അതിനൊരുങ്ങട്ടെ. ബാബിലോണ്‍ദേശം ജനവാസമില്ലാതെ ശൂന്യമാക്കുക എന്ന ദൈവനിശ്ചയം നടപ്പാക്കുന്നതുകൊണ്ടു ദേശം നടുങ്ങുന്നു. ബാബിലോണിലെ യോദ്ധാക്കള്‍ യുദ്ധം ചെയ്യുന്നതു മതിയാക്കി കോട്ടകളിലേക്കു മടങ്ങി; അവര്‍ ശക്തി ക്ഷയിച്ച് അബലകളായ സ്‍ത്രീകളെപ്പോലെ ആയിരിക്കുന്നു; അവരുടെ പാര്‍പ്പിടങ്ങള്‍ അഗ്നിക്കിരയാകുന്നു; ഓടാമ്പലുകള്‍ തകരുന്നു. നഗരം എല്ലാവശത്തുനിന്നും പിടിക്കപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത ബാബിലോണ്‍രാജാവിനെ അറിയിക്കാന്‍ ഓട്ടക്കാരന്‍റെ പിന്നാലെ ഓട്ടക്കാരനും, ദൂതന്‍റെ പിന്നാലെ ദൂതനും ഓടിയെത്തുന്നു. നദിക്കടവുകള്‍ പിടിക്കപ്പെട്ടിരിക്കുന്നു; കോട്ടകൊത്തളങ്ങള്‍ അഗ്നിക്കിരയായി, യോദ്ധാക്കള്‍ ഭയചകിതരായിരിക്കുന്നു. ഇസ്രായേലിന്‍റെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ബാബിലോണേ, നീ കൊയ്ത്തുകാലത്തെ മെതിക്കളം പോലെയാകും; അവളുടെ കൊയ്ത്തുകാലം സമീപിച്ചിരിക്കുന്നു. ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ എന്നെ വിഴുങ്ങി; അവന്‍ എന്നെ തകര്‍ത്തു; എന്നെ ഒഴിഞ്ഞ പാത്രമാക്കി; വ്യാളിയെന്നപോലെ എന്നെ വിഴുങ്ങിയിരിക്കുന്നു; എന്‍റെ വിശിഷ്ടഭോജ്യങ്ങള്‍ കൊണ്ടു വയറുനിറച്ചശേഷം എന്നെ തള്ളിക്കളഞ്ഞിരിക്കുന്നു. എന്നോടും എന്‍റെ ചാര്‍ച്ചക്കാരോടും ചെയ്ത അതിക്രമം ബാബിലോണിനും ഭവിക്കട്ടെ എന്നു സീയോന്‍നിവാസികള്‍ പറയട്ടെ; എന്‍റെ രക്തത്തിനു ബാബിലോണ്‍ നിവാസികള്‍ ഉത്തരവാദികളായിരിക്കുമെന്നു യെരൂശലേമും പറയട്ടെ. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ നിനക്കുവേണ്ടി വാദിക്കും, നിനക്കുവേണ്ടി പകരം വീട്ടും; അവളുടെ സമുദ്രം വറ്റിക്കും, ഉറവുകള്‍ ഉണക്കിക്കളയും. ബാബിലോണ്‍ കല്‍ക്കൂമ്പാരമായി മാറും; അതു കുറുനരികളുടെ വിഹാരകേന്ദ്രമാകും; അതു ഭീതിദവും പരിഹാസവിഷയവുമാകും; ആരും അവിടെ പാര്‍ക്കുകയില്ല. അവര്‍ സിംഹങ്ങളെപ്പോലെ ഗര്‍ജിക്കും; സിംഹക്കുട്ടികളെപ്പോലെ മുരളും. അവര്‍ ജയോന്മത്തരായിരിക്കുമ്പോള്‍ ഞാന്‍ അവര്‍ക്ക് വിരുന്നൊരുക്കും; ഇനി ഉണരാത്തവിധം നിത്യനിദ്രയില്‍ ആകുന്നതിനുവേണ്ടി അവരെ കുടിപ്പിച്ചു മത്തരാക്കും. ആട്ടിന്‍കുട്ടികളെയും ആണാടുകളെയും ആണ്‍കോലാടുകളെയുംപോലെ കൊലക്കളത്തിലേക്കു ഞാന്‍ അവരെ നയിക്കും. സമസ്തലോകത്തിന്‍റെയും പ്രശംസാപാത്രമായിരുന്ന ബാബിലോണ്‍ എങ്ങനെ പിടിക്കപ്പെട്ടു? ജനതകളുടെ മധ്യേ ബാബിലോണ്‍ എങ്ങനെ ബീഭത്സയായിത്തീര്‍ന്നു? കടല്‍ ബാബിലോണിനെ ആക്രമിച്ചിരിക്കുന്നു; ഇളകി മറിയുന്ന തിരമാലകള്‍ അതിനെ മൂടിയിരിക്കുന്നു. അവളുടെ നഗരങ്ങള്‍ ബീഭത്സമായിരിക്കുന്നു; ഉണങ്ങി വരണ്ട മരുപ്രദേശം, ആരും വസിക്കാത്ത സ്ഥലം; ഒരു മനുഷ്യനും അതിലൂടെ കടന്നു പോകുകയുമില്ല. ബാബിലോണിലെ ബേല്‍ദേവനെ ഞാന്‍ ശിക്ഷിക്കും; അവന്‍ വിഴുങ്ങിയതിനെ ഞാന്‍ പുറത്തെടുക്കും; ജനതകള്‍ അവനെ ആരാധിക്കാന്‍ ഇനി പോകയില്ല; ബാബിലോണിന്‍റെ മതിലുകള്‍ വീണിരിക്കുന്നു. എന്‍റെ ജനമേ, ബാബിലോണിന്‍റെ മധ്യത്തില്‍നിന്നു പുറത്തുപോകുവിന്‍; സര്‍വേശ്വരന്‍റെ ഉഗ്രകോപത്തില്‍നിന്നു രക്ഷപെടുവിന്‍. അക്രമം ദേശത്തു നടക്കുന്നു; ഒരു ഭരണാധികാരി മറ്റൊരു ഭരണാധികാരിക്ക് എതിരായിരിക്കുന്നു എന്നിങ്ങനെ ദേശത്തു വര്‍ഷം തോറും മാറിമാറി കേള്‍ക്കുന്ന വാര്‍ത്ത കേട്ടു നിങ്ങള്‍ അധീരരാകരുത്; ഭയപ്പെടുകയുമരുത്; ബാബിലോണിലെ വിഗ്രഹങ്ങളെ ഞാന്‍ നശിപ്പിക്കുന്ന കാലം വരുന്നു; അവളുടെ ദേശം ലജ്ജിക്കും; ബാബിലോണിന്‍റെ മധ്യേ അവളുടെ നിഹതന്മാര്‍ നിപതിക്കും. അപ്പോള്‍ ആകാശവും ഭൂമിയും അവയിലുള്ളതൊക്കെയും ബാബിലോണിനെച്ചൊല്ലി സന്തോഷിച്ചു പാടും; സംഹാരകര്‍ വടക്കുനിന്ന് അവര്‍ക്കെതിരെ വരുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ലോകത്തെമ്പാടുമുള്ള മനുഷ്യര്‍ മരിച്ചുവീഴുന്നതിനു ബാബിലോണ്‍ കാരണമായതുപോലെ, ഇസ്രായേലിലെ നിഹതന്മാരെപ്രതി ബാബിലോണും വീഴണം. വാളില്‍നിന്നു രക്ഷപെട്ടവരേ, നില്‌ക്കാതെ ഓടുവിന്‍; വിദൂരദേശത്തുനിന്നു സര്‍വേശ്വരനെ ഓര്‍ക്കുവിന്‍; യെരൂശലേം നിങ്ങളുടെ ഓര്‍മയില്‍ ഉണ്ടായിരിക്കട്ടെ. നിന്ദാവചനം കേട്ടു ഞങ്ങള്‍ ലജ്ജിതരായിരിക്കുന്നു; വിദേശീയര്‍, അവിടുത്തെ ആലയത്തിന്‍റെ വിശുദ്ധസ്ഥലങ്ങളില്‍ പ്രവേശിച്ചിരിക്കുകയാല്‍ അപമാനംകൊണ്ട് ഞങ്ങള്‍ മുഖം മൂടിയിരിക്കുന്നു. അതുകൊണ്ടു ബാബിലോണിലെ വിഗ്രഹങ്ങളെ നശിപ്പിക്കുന്ന ദിനം വരുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു; ദേശത്തെല്ലായിടത്തും മുറിവേറ്റവര്‍ ഞരങ്ങും. ബാബിലോണ്‍ ആകാശത്തോളമുയര്‍ന്ന് ഉന്നതങ്ങളില്‍ കോട്ടകള്‍ ഉറപ്പിച്ചാലും ഞാന്‍ സംഹാരകരെ അവളുടെമേല്‍ അയയ്‍ക്കും. സംഹാരകന്‍ അവളുടെമേല്‍ വരും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. ബാബിലോണില്‍നിന്നു നിലവിളി കേള്‍ക്കുന്നു; അവരുടെ ദേശത്തു നിന്നുള്ള മഹാനാശത്തിന്‍റെ ശബ്ദം തന്നെ. അവിടുന്ന് ബാബിലോണിനെ നശിപ്പിച്ച് അവളുടെ ഗംഭീരശബ്ദം ഇല്ലാതാക്കുന്നു; വന്‍സമുദ്രങ്ങളിലെ തിരമാലകള്‍ പോലെ ഇരമ്പിക്കൊണ്ടു ശത്രുസൈന്യങ്ങള്‍ മുന്നേറുന്നു. സംഹാരകന്‍ ബാബിലോണിനെതിരെ വന്നു കഴിഞ്ഞു; അവളുടെ യോദ്ധാക്കള്‍ പിടിക്കപ്പെട്ടു; അവരുടെ വില്ലുകള്‍ ഒടിഞ്ഞു; സര്‍വേശ്വരന്‍ പ്രതികാരത്തിന്‍റെ ദൈവമാണ്; അവിടുന്നു നിശ്ചയമായും പകരം വീട്ടും. അവളുടെ പ്രഭുക്കന്മാരെയും ജ്ഞാനികളെയും ദേശാധിപതികളെയും സൈന്യാധിപന്മാരെയും യോദ്ധാക്കളെയും ഞാന്‍ ഉന്മത്തരാക്കും; ഇനി ഉണരാത്തവിധം അവര്‍ നിത്യനിദ്രയിലാകും. സര്‍വശക്തനായ സര്‍വേശ്വരനെന്ന നാമമുള്ളവനാണ് ഇത് അരുളിച്ചെയ്യുന്നത്. സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ബാബിലോണിന്‍റെ കനത്തമതിലുകള്‍ നിലംപതിക്കും; അവളുടെ ഉയര്‍ന്ന കവാടങ്ങള്‍ അഗ്നിക്കിരയാകും. ജനങ്ങളുടെ അധ്വാനം വ്യര്‍ഥമാകും; അവരുടെ അധ്വാനഫലം അഗ്നിക്കിരയാകും. യെഹൂദാരാജാവായ സിദെക്കീയായുടെ നാലാം ഭരണവര്‍ഷം അയാളോടൊപ്പം ബാബിലോണിലേക്കു പോയ നേര്യായുടെ പുത്രനും മഹ്സേയായുടെ പൗത്രനുമായ സെരായായോടു യിരെമ്യാപ്രവാചകന്‍ ഇപ്രകാരം കല്പിച്ചു; സെരായാ ആയിരുന്നു ഈ യാത്രയില്‍ വിശ്രമസങ്കേതങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്നത്. ബാബിലോണിനു വരാനിരിക്കുന്ന അനര്‍ഥങ്ങളും അഥവാ ബാബിലോണിനെക്കുറിച്ചുള്ള സകല വചനങ്ങളും യിരെമ്യാ ഒരു പുസ്തകത്തിലെഴുതി. യിരെമ്യാ സെരായായോടു പറഞ്ഞു: “നീ ബാബിലോണിലെത്തുമ്പോള്‍ ഈ വാക്യങ്ങളെല്ലാം വായിക്കണം. അതിനുശേഷം, സര്‍വേശ്വരാ ഈ സ്ഥലത്തു മനുഷ്യനോ മൃഗമോ ശേഷിക്കാതെ എന്നെന്നേക്കും ശൂന്യമായിത്തീരുംവിധം അങ്ങ് ഇതിനെ നശിപ്പിക്കുമെന്നു കല്പിച്ചുവല്ലോ എന്നു പറയണം. പുസ്‍തകം വായിച്ചു തീര്‍ന്നശേഷം ഒരു കല്ല് അതിനോടു ചേര്‍ത്തുകെട്ടി യൂഫ്രട്ടീസ്നദിയുടെ മധ്യത്തിലേക്ക് എറിയണം. അപ്പോള്‍ നീ പറയണം: ഞാന്‍ വരുത്തുന്ന അനര്‍ഥങ്ങള്‍ നിമിത്തം ബാബിലോണ്‍ ഇതുപോലെ താണുപോകും. അവള്‍ തളര്‍ന്നുപോകും. ഇനി ഒരിക്കലും പൊങ്ങി വരികയുമില്ല.” യിരെമ്യായുടെ വചനങ്ങള്‍ ഇവിടെ അവസാനിക്കുന്നു. ഭരണം ആരംഭിച്ചപ്പോള്‍ സിദെക്കിയായ്‍ക്ക് ഇരുപത്തൊന്നു വയസ്സായിരുന്നു. അയാള്‍ പതിനൊന്നു വര്‍ഷം യെരൂശലേമില്‍ ഭരിച്ചു. ലിബ്നാക്കാരന്‍ യിരെമ്യായുടെ പുത്രി ഹമൂതല്‍ ആയിരുന്നു അയാളുടെ മാതാവ്. യെഹോയാക്കീമിനെപ്പോലെ അയാളും സര്‍വേശ്വരനു ഹിതകരമല്ലാത്തവിധം ജീവിച്ചു. അവിടുത്തെ കോപം യെരൂശലേം യെഹൂദാനിവാസികള്‍ക്കെതിരെ ജ്വലിക്കുകയും അവിടുന്ന് അവരെ തന്‍റെ മുമ്പില്‍നിന്നു നീക്കിക്കളയുകയും ചെയ്തു. സിദെക്കിയാ ബാബിലോണ്‍രാജാവിനെതിരെ മത്സരിച്ചു. സിദെക്കീയായുടെ ഭരണത്തിന്‍റെ ഒമ്പതാം വര്‍ഷം പത്താം മാസം പത്താം ദിവസം ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ തന്‍റെ സര്‍വസൈന്യവുമായി യെരൂശലേമിനു നേരെ വന്ന് അതിനെതിരെ പാളയമടിക്കുകയും ചുറ്റും മണ്‍കൂന ഉയര്‍ത്തി ഉപരോധിക്കുകയും ചെയ്തു. സിദെക്കീയാരാജാവിന്‍റെ വാഴ്ചയുടെ പതിനൊന്നാം വര്‍ഷംവരെ നഗരത്തെ അവര്‍ ഉപരോധിച്ചു. ആ വര്‍ഷം നാലാം മാസം ഒമ്പതാം ദിവസമായപ്പോള്‍ നഗരത്തില്‍ ക്ഷാമം അതിരൂക്ഷമായി. ജനത്തിനു ഭക്ഷിക്കാന്‍ യാതൊന്നുമില്ലാതെയായി. ബാബിലോണ്യര്‍ നഗരം വളഞ്ഞിരിക്കുമ്പോള്‍ തന്നെ സിദെക്കിയാ രാജാവും പടയാളികളും നഗരമതിലില്‍ വിള്ളലുണ്ടാക്കി. രാത്രിയില്‍ അവര്‍ രാജാവിന്‍റെ ഉദ്യാനത്തിനടുത്ത് രണ്ടു മതിലുകളുടെ ഇടയ്‍ക്കുള്ള പടിവാതിലിലൂടെ ഓടി രക്ഷപെട്ടു. അരാബായിലേക്കുള്ള വഴിയിലൂടെയാണ് അവര്‍ പലായനം ചെയ്തത്. എന്നാല്‍ ബാബിലോണ്യസൈന്യം സിദെക്കിയാരാജാവിനെ പിന്തുടര്‍ന്ന് യെരീഹോ സമഭൂമിയില്‍വച്ച് അയാള്‍ക്കൊപ്പമെത്തി. തത്സമയം സൈനികരെല്ലാം രാജാവിനെ വിട്ട് ഓടിപ്പോയി. ബാബിലോണ്യസൈന്യം രാജാവിനെ പിടിച്ചു ഹമാത്തിലെ രിബ്ലയില്‍ ബാബിലോണ്‍രാജാവിന്‍റെ അടുക്കല്‍ കൊണ്ടുചെന്നു. അയാള്‍ സിദെക്കീയായ്‍ക്കു ശിക്ഷ വിധിച്ചു. സിദെക്കീയായുടെ പുത്രന്മാരെ അയാള്‍ കാണ്‍കെ വധിച്ചു; യെഹൂദായിലെ എല്ലാ പ്രഭുക്കന്മാരെയും അയാള്‍ രിബ്ലയില്‍ വച്ചു കൊന്നുകളഞ്ഞു. അയാള്‍ സിദെക്കീയായുടെ കണ്ണു ചൂഴ്ന്നെടുത്തു. പിന്നീടയാളെ ചങ്ങലകൊണ്ടു ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി ജീവപര്യന്തം തടവിലാക്കി. നെബുഖദ്നേസര്‍ രാജാവിന്‍റെ വാഴ്ചയുടെ പത്തൊമ്പതാം വര്‍ഷം അഞ്ചാം മാസം പത്താം ദിവസം രാജാവിന്‍റെ അകമ്പടി സേനാനായകനായ നെബൂസര്‍-അദാന്‍ യെരൂശലേമിലെത്തി. അയാള്‍ സര്‍വേശ്വരന്‍റെ ആലയവും രാജകൊട്ടാരവും യെരൂശലേമിലെ എല്ലാ ഭവനങ്ങളും മാളികകളും അഗ്നിക്കിരയാക്കി. അകമ്പടിസേനാനായകനോടു കൂടെയുണ്ടായിരുന്ന ബാബിലോണ്‍സൈന്യം യെരൂശലേമിന്‍റെ മതിലുകള്‍ ഇടിച്ചു നിരത്തി. ജനത്തില്‍ ഏറ്റവും ദരിദ്രരായ ചിലരെയും നഗരത്തില്‍ ശേഷിച്ചിരുന്ന ജനത്തെയും ബാബിലോണ്‍ രാജാവിനെ അഭയം പ്രാപിച്ചവരെയും കരകൗശലപ്പണിക്കാരെയും അകമ്പടിസേനാനായകനായ നെബൂസര്‍-അദാന്‍ കൂട്ടിക്കൊണ്ടുപോയി. മുന്തിരിത്തോട്ടത്തിലും വയലുകളിലും ജോലി ചെയ്യാന്‍ നെബൂസര്‍-അദാന്‍ ദേശത്തുള്ള ഏറ്റവും ദരിദ്രരായ ചിലരെ മാത്രം അവിടെ അവശേഷിപ്പിച്ചു. സര്‍വേശ്വരന്‍റെ ആലയത്തിലെ ഓട്ടുസ്തംഭങ്ങളും പീഠങ്ങളും ഓടുകൊണ്ടുള്ള വലിയ ജലസംഭരണിയും ബാബിലോണ്യര്‍ ഇടിച്ചുതകര്‍ത്തു; ഓട്ടുകഷണങ്ങള്‍ ബാബിലോണിലേക്കു കൊണ്ടുപോയി. കലങ്ങളും ചട്ടുകങ്ങളും തിരിതെളിക്കാനുള്ള കത്രികകളും താലങ്ങളും തവികളും ദേവാലയത്തിലെ ശുശ്രൂഷയ്‍ക്ക് ഉപയോഗിച്ചിരുന്ന സകല താമ്രഉപകരണങ്ങളും അവര്‍ എടുത്തുകൊണ്ടുപോയി. പാനപാത്രങ്ങളും തീച്ചട്ടികളും കിണ്ണങ്ങളും കലങ്ങളും വിളക്കുകാലുകളും ചട്ടുകങ്ങളും കലശങ്ങളും പൊന്നും വെള്ളിയും കൊണ്ടുള്ള സകല ഉപകരണങ്ങളും അകമ്പടിസേനാനായകന്‍ കൊണ്ടുപോയവയില്‍ ഉള്‍പ്പെട്ടിരുന്നു. സര്‍വേശ്വരന്‍റെ ആലയത്തിനുവേണ്ടി ശലോമോന്‍രാജാവ് നിര്‍മിച്ച രണ്ടുസ്തംഭങ്ങള്‍, ജലസംഭരണി, അതിന്‍റെ കീഴില്‍ ഉണ്ടായിരുന്ന പന്ത്രണ്ട് ഓട്ടുകാളകള്‍, പീഠങ്ങള്‍ എന്നിവയുടെ താമ്രത്തിന്‍റെ തൂക്കം നിര്‍ണയിക്കാന്‍ കഴിയുമായിരുന്നില്ല. ഒരേ വലിപ്പമുള്ള രണ്ടു സ്തംഭങ്ങളില്‍ ഒന്നിന്‍റെ ഉയരം പതിനെട്ടു മുഴവും ചുറ്റളവ് പന്ത്രണ്ടു മുഴവും നാലുവിരല്‍ കനവും ആയിരുന്നു; അതു പൊള്ളയുമായിരുന്നു. അതിന്‍റെ മുകളിലുള്ള ഓട്ടുമകുടത്തിന്‍റെ ഉയരം അഞ്ചുമുഴം ആയിരുന്നു. ഓരോ മകുടത്തിന്‍റെയും ചുറ്റും ഓടുകൊണ്ടു നിര്‍മിച്ചവലയും മാതളപ്പഴരൂപങ്ങളും ഉണ്ടായിരുന്നു. ഇവയെല്ലാം രണ്ടു സ്തംഭത്തിനും ഒരുപോലെ ആയിരുന്നു. നാലുവശത്തുമായി തൊണ്ണൂറ്റാറു മാതളപ്പഴം ഉണ്ടായിരുന്നു; വലയ്‍ക്കു ചുറ്റുമുള്ള മാതളപ്പഴരൂപങ്ങള്‍ ആകെ നൂറ് ആയിരുന്നു. മഹാപുരോഹിതനായ സെരായായെയും പുരോഹിതന്മാരില്‍ രണ്ടാമനായ സെഫന്യായെയും വാതില്‍കാവല്‌ക്കാരായ മൂന്നു പേരെയും അകമ്പടിസേനാനായകന്‍ പിടിച്ചുകൊണ്ടുപോയി. നഗരത്തിലെ ഒരു സൈന്യാധിപനെയും രാജാവിന്‍റെ ഉപദേശകസമിതിയിലെ ഏഴുപേരെയും ജനങ്ങളെ വിളിച്ചുകൂട്ടിയിരുന്ന സൈന്യാധിപന്‍റെ കാര്യസ്ഥനെയും നഗരത്തില്‍നിന്നു വേറെ അറുപതു പേരെയും കൂടി അയാള്‍ കൊണ്ടുപോയി. നെബൂസര്‍ - അദാന്‍ ഇവരെ രിബ്ലയില്‍ ബാബിലോണ്‍ രാജാവിന്‍റെ അടുക്കല്‍ കൊണ്ടുചെന്നു. ബാബിലോണ്‍രാജാവ് ഹാമാത്തിലെ രിബ്ലയില്‍ വച്ച് അവരെ വധിച്ചു; അങ്ങനെ യെഹൂദാനിവാസികള്‍ പ്രവാസികളായി പോകേണ്ടിവന്നു. നെബുഖദ്നേസര്‍ പ്രവാസത്തിലേക്കു കൊണ്ടുപോയ ജനം; നെബുഖദ്നേസറിന്‍റെ ഭരണത്തിന്‍റെ ഏഴാമത്തെ വര്‍ഷം മൂവായിരത്തിയിരുപത്തിമൂന്നു യെഹൂദന്മാരെയും പതിനെട്ടാം വര്‍ഷം യെരൂശലേമില്‍നിന്ന് എണ്ണൂറ്റിമുപ്പത്തിരണ്ടുപേരെയും ഇരുപത്തിമൂന്നാമാണ്ടില്‍ സൈന്യാധിപനായ നെബൂസര്‍-അദാന്‍ എഴുനൂറ്റി നാല്പത്തിയഞ്ചു പേരെയും ബന്ദികളാക്കി കൊണ്ടുപോയി. അവര്‍ ആകെ നാലായിരത്തിയറുനൂറുപേര്‍ ആയിരുന്നു. യെഹൂദാരാജാവായ യെഹോയാഖീന്‍ പ്രവാസിയായതിന്‍റെ മുപ്പത്തിയേഴാം വര്‍ഷം പന്ത്രണ്ടാം മാസം ഇരുപത്തിയഞ്ചാം ദിവസം എവില്‍-മെരൊദക് ബാബിലോണ്‍രാജാവായി. അയാള്‍ക്ക് യെഹൂദാരാജാവായ യെഹോയാഖീനോടു കരുണ തോന്നുകയും അയാളെ കാരാഗൃഹത്തില്‍നിന്നു മോചിപ്പിക്കുകയും ചെയ്തു. രാജാവ് അയാളോടു ദയാപൂര്‍വം പെരുമാറുകയും തന്‍റെ രാജ്യത്തു പ്രവാസികളായി പാര്‍ത്തിരുന്ന മറ്റു രാജാക്കന്മാരെക്കാള്‍ ഉയര്‍ന്ന സ്ഥാനം നല്‌കുകയും ചെയ്തു. അയാള്‍ കാരാഗൃഹവസ്ത്രം ഉപേക്ഷിച്ചു ജീവപര്യന്തം രാജാവിന്‍റെ കൂടെ ഭക്ഷണം കഴിച്ചു. മരണംവരെ അയാളുടെ ദൈനംദിനാവശ്യത്തിനു വേണ്ടതെല്ലാം ബാബിലോണ്‍രാജാവ് അയാള്‍ക്കു നല്‌കിവന്നു. ജനനിബിഡമായിരുന്ന നഗരി ഇന്ന് എത്ര ഏകാന്തമായിരിക്കുന്നു! ജനതകളില്‍ മഹതിയായിരുന്നവള്‍ ഇന്നിതാ വിധവയെപ്പോലെ ആയിരിക്കുന്നു! നഗരികളുടെ രാജ്ഞിയായിരുന്നവള്‍ ഇന്നിതാ അടിമയായിത്തീര്‍ന്നിരിക്കുന്നു. രാത്രിയില്‍ അതിദുഃഖത്തോടെ അവള്‍ കരയുന്നു; അവളുടെ കവിള്‍ത്തടത്തിലൂടെ കണ്ണീര്‍ ഒഴുകുന്നു. അവളുടെ സ്നേഹഭാജനങ്ങളില്‍ ആരും അവളെ ആശ്വസിപ്പിക്കാനില്ല; അവളുടെ സ്നേഹിതന്മാരെല്ലാം വിശ്വാസവഞ്ചന കാട്ടിയിരിക്കുന്നു. അവര്‍ അവളുടെ ശത്രുക്കളായിത്തീര്‍ന്നിരിക്കുന്നു. യെഹൂദാ നിവാസികള്‍ ദുരിതത്തിനും ക്രൂരമായ അടിമത്തത്തിനും അധീനരായി പ്രവാസത്തിലേക്കു നയിക്കപ്പെട്ടു. വിജാതീയരുടെ ഇടയില്‍ വിശ്രമിക്കാന്‍ സ്വന്തമായി ഇടമില്ലാതെ അവള്‍ കഴിയുന്നു. അവളെ പിന്തുടരുന്നവര്‍ അവളുടെ കൊടിയ ദുഃഖത്തിന്‍റെ നടുവില്‍ അവളെ പീഡിപ്പിക്കുന്നു. ഉത്സവത്തിന് ആരും വരായ്കകൊണ്ടു സീയോനിലേക്കുള്ള വഴികള്‍ കേഴുന്നു; അവളുടെ കവാടങ്ങളെല്ലാം ശൂന്യമായിരിക്കുന്നു. പുരോഹിതന്മാര്‍ നെടുവീര്‍പ്പിടുന്നു; അവളുടെ കന്യകമാര്‍ പീഡിപ്പിക്കപ്പെടുന്നു; അവള്‍ മഹാദുരിതത്തിലായിരിക്കുന്നു. അവളുടെ എണ്ണമറ്റ അകൃത്യങ്ങള്‍ക്കു സര്‍വേശ്വരന്‍ അവളെ ശിക്ഷിച്ചിരിക്കുന്നു. അവളുടെ മക്കളെ ശത്രുക്കള്‍ അടിമകളായി കൊണ്ടുപോയിരിക്കുന്നു. ശത്രുക്കള്‍ അവളുടെ അധിപന്മാരും വൈരികള്‍ സമ്പന്നരുമായി തീര്‍ന്നിരിക്കുന്നു. യെരൂശലേമിന്‍റെ സകല പ്രൗഢിയും അസ്തമിച്ചു, മേച്ചില്‍സ്ഥലം കണ്ടെത്താതെ വലയുന്ന മാനുകളെപ്പോലെ ആയിരിക്കുന്നു അവളുടെ പ്രഭുക്കന്മാര്‍. തങ്ങളെ പിന്തുടരുന്നവരുടെ മുമ്പില്‍ അവര്‍ ശക്തി ക്ഷയിച്ചവരായി ഓടുന്നു. കഷ്ടതയുടെയും കൊടുംയാതനയുടെയും ദിനങ്ങളില്‍ യെരൂശലേം എല്ലാ പുരാതന മഹിമകളെയും ഓര്‍ക്കുന്നു. അവളുടെ ജനം ശത്രുക്കളുടെ കൈയില്‍ അകപ്പെട്ടപ്പോള്‍ സഹായിക്കാന്‍ ആരും ഉണ്ടായിരുന്നില്ല; അവളുടെ പതനം കണ്ടു ശത്രുക്കള്‍ പരിഹസിച്ചു. യെരൂശലേം ഗുരുതരമായ പാപം ചെയ്തു മലിനയായി തീര്‍ന്നിരിക്കുന്നു. അവളെ ബഹുമാനിച്ചിരുന്നവര്‍ അവളുടെ നഗ്നത കണ്ട് അവളെ നിന്ദിക്കുന്നു. അവള്‍ അതിദുഃഖത്തോടെ മുഖം തിരിക്കുന്നു. അവളുടെ അശുദ്ധി അവളുടെ വസ്ത്രത്തില്‍ തെളിഞ്ഞു കാണുന്നു. അവളുടെ വിനാശത്തെക്കുറിച്ച് അവള്‍ ഓര്‍ത്തതുമില്ല. അവളുടെ പതനം ഭയാനകമായി. അവളെ ആശ്വസിപ്പിക്കാന്‍ ആരുമില്ല. സര്‍വേശ്വരനോട് അവള്‍ കരുണയ്‍ക്കായി യാചിക്കുന്നു. ശത്രു വിജയിച്ചിരിക്കുന്നുവല്ലോ. അവളുടെ അമൂല്യസമ്പത്തെല്ലാം ശത്രു കൈവശപ്പെടുത്തിയിരിക്കുന്നു. വിശുദ്ധമന്ദിരത്തില്‍ പ്രവേശിക്കരുതെന്ന് അവിടുന്നു വിലക്കിയിരുന്ന ജനതകള്‍ അവിടെ പ്രവേശിക്കുന്നത് അവള്‍ കണ്ടിരിക്കുന്നു. അവളുടെ ജനങ്ങള്‍ നെടുവീര്‍പ്പോടെ ആഹാരത്തിനുവേണ്ടി അലയുന്നു. ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണത്തിനു വേണ്ടി അവര്‍ അമൂല്യവസ്തുക്കള്‍ വില്‍ക്കുന്നു; സര്‍വേശ്വരാ, തൃക്കണ്‍ പാര്‍ത്താലും ഞാന്‍ നിന്ദിതയായിരിക്കുന്നുവല്ലോ എന്ന് യെരൂശലേം നിലവിളിക്കുന്നു. കടന്നുപോകുന്നവരേ, ഇതു നിങ്ങള്‍ക്കു നിസ്സാരമെന്നോ? സര്‍വേശ്വരന്‍ അവിടുത്തെ ഉഗ്രരോഷത്താല്‍ എനിക്കു വരുത്തിയ വ്യഥപോലെ ഒന്നു വേറെ ഉണ്ടോ? അവിടുന്ന് ഉയരത്തില്‍നിന്ന് അഗ്നി വര്‍ഷിച്ചു; അത് എന്‍റെ അസ്ഥികളെ ഉരുക്കി. അവിടുന്ന് എന്‍റെ കാലിനു വലവച്ചു; അവിടുന്ന് എന്നെ നിലംപതിപ്പിച്ചു. അവിടുന്ന് എന്നെ പരിത്യജിച്ചു നിരന്തര വേദനയിലാക്കുകയും ചെയ്തിരിക്കുന്നു. അവിടുന്ന് എന്‍റെ അകൃത്യങ്ങള്‍ ചേര്‍ത്തുകെട്ടി, നുകമാക്കി എന്‍റെ ചുമലില്‍ വച്ചു. സര്‍വേശ്വരന്‍ എന്‍റെ ശക്തി ക്ഷയിപ്പിച്ചു. എനിക്ക് എതിര്‍ത്തു നില്‌ക്കാന്‍ കഴിയാത്തവരുടെ കൈയില്‍ എന്നെ ഏല്പിച്ചു. ബലശാലികളായ എന്‍റെ എല്ലാ യോദ്ധാക്കളെയും സര്‍വേശ്വരന്‍ നിന്ദിച്ചു പുറന്തള്ളി. എന്‍റെ യുവാക്കളെ തകര്‍ക്കാന്‍ ഒരു സൈന്യത്തെ വിളിച്ചു വരുത്തി. എന്‍റെ ജനത്തെ അവിടുന്നു മുന്തിരിച്ചക്കിലിട്ടു ഞെരിച്ചുകളഞ്ഞു. ഇതു നിമിത്തം ഞാന്‍ കരയുന്നു; എന്‍റെ കണ്ണുകളില്‍നിന്നു കണ്ണുനീര്‍ കവിഞ്ഞൊഴുകുന്നു; എന്നെ ആശ്വസിപ്പിക്കാനും ധൈര്യപ്പെടുത്താനും ആരുമില്ല. ശത്രു ജയിച്ചിരിക്കുകയാല്‍ എന്‍റെ മക്കള്‍ അഗതികളായിരിക്കുന്നു. സീയോന്‍ കൈ നീട്ടുന്നു; അവളെ സഹായിക്കാന്‍ ആരുമില്ല; അവളുടെ ചുറ്റും ശത്രുക്കളായ അയല്‍ക്കാരെ സര്‍വേശ്വരന്‍ നിയോഗിച്ചിരിക്കുന്നു. അവരുടെ മധ്യത്തില്‍ യെരൂശലേം മലിനയായിത്തീര്‍ന്നിരിക്കുന്നു. സര്‍വേശ്വരന്‍ നീതിമാനാകുന്നു. എന്നിട്ടും അവിടുത്തെ വചനം ഞാന്‍ ധിക്കരിച്ചു. ജനതകളേ, ശ്രദ്ധിക്കുക! എന്‍റെ കഷ്ടത കാണുക! എന്‍റെ യുവതീയുവാക്കള്‍ പ്രവാസികളായി തീര്‍ന്നിരിക്കുന്നു. ഞാന്‍ സ്നേഹിച്ചിരുന്നവരെ ഞാന്‍ വിളിച്ചു; എന്നാല്‍ അവര്‍ എന്നെ ചതിച്ചു; എന്‍റെ പുരോഹിതന്മാരും ജനപ്രമാണികളും ജീവന്‍ നിലനിര്‍ത്താന്‍ ആഹാരം തേടി നടക്കുമ്പോള്‍ നഗരത്തില്‍വച്ചു മരണമടഞ്ഞു. സര്‍വേശ്വരാ, എന്‍റെ ദുരിതം കാണണമേ! എന്‍റെ അന്തരംഗം കലങ്ങിമറിയുന്നു. എന്‍റെ ഹൃദയം വേദനകൊണ്ടു പുളയുന്നു. ഞാന്‍ വളരെ ധിക്കാരം കാട്ടിയല്ലോ. തെരുവീഥിയില്‍ കൊല നടക്കുന്നു; വീട്ടിനുള്ളിലും മരണം തന്നെ. എന്‍റെ നെടുവീര്‍പ്പു കേള്‍ക്കണമേ! എന്നെ ആശ്വസിപ്പിക്കാന്‍ ആരുമില്ല. അവിടുന്ന് എനിക്കു വരുത്തിയ അനര്‍ഥങ്ങള്‍ കണ്ട് എന്‍റെ ശത്രുക്കള്‍ സന്തോഷിക്കുന്നു. അങ്ങു പ്രഖ്യാപനം ചെയ്ത ദിവസം വരുത്തണമേ. അവരും എന്നെപ്പോലെയാകട്ടെ. അവരുടെ എല്ലാ ദുഷ്ടതയും തിരുമുമ്പില്‍ വ്യക്തമാകട്ടെ. എന്‍റെ അകൃത്യങ്ങള്‍ നിമിത്തം അങ്ങ് എന്നോടു ചെയ്തതുപോലെ അവരോടും ചെയ്യണമേ; ഞാന്‍ വളരെ നെടുവീര്‍പ്പിടുന്നു. എന്‍റെ ഹൃദയം തളര്‍ന്നിരിക്കുന്നു. സര്‍വേശ്വരന്‍ സീയോന്‍പുത്രിയെ അവിടുത്തെ കോപത്താല്‍ അന്ധകാരം കൊണ്ടു മൂടിയിരിക്കുന്നു! അവിടുന്ന് ഇസ്രായേലിന്‍റെ മഹത്ത്വം തകര്‍ത്തുകളഞ്ഞു. അവിടുന്നു കോപത്തിന്‍റെ ദിവസം തന്‍റെ ആലയത്തെ വിസ്മരിച്ചു. സര്‍വേശ്വരന്‍ യെഹൂദായിലെ വാസസ്ഥലങ്ങള്‍ നിഷ്കരുണം നശിപ്പിച്ചു. അവിടുത്തെ ഉഗ്രരോഷത്താല്‍ യെഹൂദാജനത്തിന്‍റെ കോട്ടകള്‍ ഇടിച്ചു നിരത്തി, അവരുടെ രാജ്യത്തിന്‍റെയും ഭരണാധികാരികളുടെയുംമേല്‍ അപമാനം ചൊരിഞ്ഞു. അവിടുത്തെ ഉഗ്രകോപത്തില്‍ ഇസ്രായേലിന്‍റെ അഹങ്കാരം തകര്‍ത്തു; ശത്രു സമീപിച്ചപ്പോള്‍ അവിടുത്തെ വലങ്കൈ അവരില്‍നിന്നു പിന്‍വലിച്ചു; അഗ്നിപോലെ അവിടുന്നു യെഹൂദാജനത്തെ ചുറ്റിവളഞ്ഞു നശിപ്പിച്ചു. ശത്രുവിനെപ്പോലെ അവിടുന്നു വില്ലു കുലച്ചു; വൈരിയെപ്പോലെ അവിടുന്നു വലങ്കൈ പ്രയോഗിച്ചു. ഞങ്ങളുടെ കണ്ണിന് അഭിമാനം ആയിരുന്ന എല്ലാവരെയും അവിടുന്നു കൊന്നുകളഞ്ഞു. യെരൂശലേമിന്‍റെമേല്‍ അവിടുന്നു രോഷാഗ്നി ചൊരിഞ്ഞു. സര്‍വേശ്വരന്‍ ഒരു ശത്രുവിനെപ്പോലെയായി, അവിടുന്ന് ഇസ്രായേലിനെ നശിപ്പിച്ചു. അവളുടെ സകല കൊട്ടാരങ്ങളും നാമാവശേഷമാക്കി; അവളുടെ ശക്തിദുര്‍ഗങ്ങളെ തകര്‍ത്തുകളഞ്ഞു. യെഹൂദാജനത്തില്‍ വിലാപവും ദുഃഖവും വര്‍ധിപ്പിച്ചു. തന്‍റെ ആലയം മുന്തിരിത്തോട്ടത്തിലെ മാടം എന്നപോലെ അവിടുന്നു തകര്‍ത്തുകളഞ്ഞു. ഉത്സവസ്ഥലം അവിടുന്നു ശൂന്യമാക്കി; സീയോനില്‍ ഉത്സവത്തിനും ശബത്താചരണത്തിനും സര്‍വേശ്വരന്‍ അറുതിവരുത്തിയിരിക്കുന്നു. അവിടുന്ന് ഉഗ്രകോപത്തില്‍ രാജാവിനെയും പുരോഹിതനെയും നിന്ദിച്ചു. സര്‍വേശ്വരന്‍ തന്‍റെ യാഗപീഠത്തെ ഉപേക്ഷിച്ചു. തന്‍റെ വിശുദ്ധമന്ദിരത്തെ നീക്കിക്കളയുകയും ചെയ്തു. അവളുടെ കൊട്ടാരമതിലുകള്‍ ശത്രുവിന് ഏല്പിച്ചുകൊടുത്തു. ഉത്സവത്തില്‍ എന്നപോലെ അവര്‍ സര്‍വേശ്വരന്‍റെ മന്ദിരത്തില്‍ വിജയാരവം മുഴക്കി. സീയോന്‍റെ ചുറ്റുമുള്ള മതില്‍ ഇടിച്ചുകളയാന്‍ അവിടുന്നു നിശ്ചയിച്ചു; അവിടുന്ന് അതിനെ അളവുനൂല്‍കൊണ്ട് അളന്നു തിരിച്ചു നശിപ്പിച്ചു. അതില്‍നിന്ന് അവിടുന്നു പിന്തിരിഞ്ഞില്ല. കോട്ടയെയും കൊത്തളത്തെയും വിലപിക്കുമാറാക്കി; അവ രണ്ടും ഒപ്പം ക്ഷയിച്ചുപോയി. അവളുടെ കവാടങ്ങള്‍ മണ്ണില്‍ താണു; അവളുടെ ഓടാമ്പലുകള്‍ അവിടുന്നു തകര്‍ത്തു; അവരുടെ രാജാക്കന്മാരും ഭരണകര്‍ത്താക്കളും വിജാതീയരുടെ ഇടയിലായി; നിയമങ്ങള്‍ പഠിപ്പിക്കാനാരുമില്ല; പ്രവാചകന്മാര്‍ക്ക് സര്‍വേശ്വരനില്‍നിന്നു ദര്‍ശനം ലഭിക്കുന്നതുമില്ല. യെരൂശലേമിന്‍റെ ജനപ്രമാണികള്‍ നിശ്ശബ്ദരായി നിലത്തിരിക്കുന്നു; അവര്‍ തലയില്‍ പൊടിവാരിയിട്ടു ചാക്കുതുണി ഉടുത്തിരിക്കുന്നു. യെരൂശലേംകന്യകമാര്‍ നിലംപറ്റെ തല താഴ്ത്തുന്നു. എന്‍റെ കണ്ണു കരഞ്ഞു കരഞ്ഞു താണിരിക്കുന്നു; എന്‍റെ അന്തരംഗം അസ്വസ്ഥമായിരിക്കുന്നു; എന്‍റെ ജനത്തിന്‍റെ നാശവും നഗരവീഥികളില്‍ കുഞ്ഞുകുട്ടികള്‍ വാടിത്തളര്‍ന്നു കിടക്കുന്നതും എന്‍റെ ഹൃദയത്തെ തളര്‍ത്തുന്നു. ക്ഷതമേറ്റവരെപ്പോലെ നഗരവീഥികളില്‍ തളര്‍ന്നു വീഴുമ്പോഴും മാതാക്കളുടെ മടിയില്‍ക്കിടന്ന് ഇഞ്ചിഞ്ചായി മരിക്കുമ്പോഴും അവര്‍ അമ്മമാരോട് അപ്പവും വീഞ്ഞും ചോദിക്കുന്നു. യെരൂശലേമേ, നിന്നോടു ഞാന്‍ എന്തു പറയും? എന്തിനോടു നിന്നെ തുലനം ചെയ്യും? നിന്നെ ആശ്വസിപ്പിക്കാന്‍ ഞാന്‍ ഏതൊന്നിനോടു നിന്നെ സാമ്യപ്പെടുത്തും? നിന്‍റെ മുറിവു സമുദ്രംപോലെ ആഴമേറിയത്. നിന്നെ സുഖപ്പെടുത്താന്‍ ആര്‍ക്കു കഴിയും? നിന്‍റെ പ്രവാചകന്മാരുടെ ദര്‍ശനം വ്യാജവും ഭോഷത്തവുമായിരുന്നു. നിന്‍റെ പ്രവാസം ഒഴിവാക്കത്തക്കവിധം അവര്‍ നിന്‍റെ അകൃത്യം വെളിപ്പെടുത്തിയില്ല. അവരുടെ അരുളപ്പാടുകള്‍ വ്യാജവും വഞ്ചനാപരവുമായിരുന്നു. കടന്നുപോകുന്നവരെല്ലാം നിന്നെ നോക്കി കൈ കൊട്ടുന്നു; അവര്‍ യെരൂശലേമിനെ നോക്കി നിന്ദിച്ചു തല കുലുക്കുന്നു. സൗന്ദര്യപരിപൂര്‍ത്തിയുടെ സാക്ഷാത്കാരമെന്നും സര്‍വലോകത്തിന്‍റെയും ആനന്ദമെന്നും വിളിക്കപ്പെട്ടിരുന്ന നഗരം ഇതു തന്നെയോ? നിന്‍റെ ശത്രുക്കളെല്ലാം നിന്നെ പരിഹസിച്ചു നിന്ദയോടെ നോക്കുന്നു; നാം അവളെ നശിപ്പിച്ചു; നാം കാത്തിരുന്ന ദിവസം ഇതുതന്നെ, ഇതു കാണാന്‍ നമുക്കു സാധിച്ചല്ലോ എന്നവര്‍ പറയുന്നു. സര്‍വേശ്വരന്‍ നിശ്ചയിച്ചതു നടപ്പാക്കിയിരിക്കുന്നു. പണ്ട് അവിടുന്ന് അരുളിച്ചെയ്തതു നിറവേറ്റിയിരിക്കുന്നു. അവിടുന്നു നിഷ്ക്കരുണം നിന്നെ നശിപ്പിച്ചു; ശത്രു നിന്നെ ചൊല്ലി രസിക്കാന്‍ ഇടയാക്കി. അവിടുന്നു ശത്രുവിന്‍റെ ശക്തി വര്‍ധിപ്പിച്ചു. യെരൂശലേമേ, സര്‍വേശ്വരനോട് ഉച്ചത്തില്‍ വിളിച്ചപേക്ഷിക്കുക; നിന്‍റെ അശ്രുധാര രാപകല്‍ നദിപോലെ ഒഴുകട്ടെ. നീ സ്വസ്ഥയായിരിക്കരുത്; കണ്ണുകള്‍ക്ക് വിശ്രമം നല്‌കുകയുമരുത്. രാത്രിയിലെ യാമങ്ങള്‍തോറും എഴുന്നേറ്റു നിലവിളിക്കുക; നിന്‍റെ ഹൃദയം ദൈവസന്നിധിയില്‍ വെള്ളംപോലെ പകരുക; തെരുവീഥികളുടെ തലയ്‍ക്കലെല്ലാം വിശന്നു തളര്‍ന്നു കിടക്കുന്ന നിന്‍റെ കുഞ്ഞുങ്ങളുടെ ജീവരക്ഷയ്‍ക്കായി സര്‍വേശ്വരനിലേക്ക് കൈകള്‍ ഉയര്‍ത്തുക. സര്‍വേശ്വരാ, ആരോടാണ് അവിടുന്ന് ഇപ്രകാരം ചെയ്തിരിക്കുന്നതെന്നു കണ്ടാലും! താലോലിച്ചു വളര്‍ത്തുന്ന സ്വന്തം മക്കളെത്തന്നെ അമ്മമാര്‍ ഭക്ഷിക്കണമോ? സര്‍വേശ്വരന്‍റെ വിശുദ്ധമന്ദിരത്തില്‍ പുരോഹിതനും പ്രവാചകനും കൊല്ലപ്പെടണമോ? ബാലനും വൃദ്ധനും തെരുവീഥിയിലെ പൊടിയില്‍ കിടക്കുന്നു; എന്‍റെ കന്യകമാരും യുവാക്കളും വാളിനിരയായി വീണിരിക്കുന്നു; അവിടുത്തെ കോപദിവസത്തില്‍ അവിടുന്ന് അവരെയെല്ലാം നിഷ്കരുണം സംഹരിച്ചു. ഉത്സവദിവസത്തില്‍ എന്നപോലെ എനിക്കു ചുറ്റും ശത്രുക്കളെ അങ്ങു വിളിച്ചു വരുത്തിയിരിക്കുന്നു. സര്‍വേശ്വരന്‍റെ കോപദിവസത്തില്‍ ആരും രക്ഷപെടുകയോ ശേഷിക്കുകയോ ചെയ്തില്ല. ഞാന്‍ താലോലിച്ചു വളര്‍ത്തിയവരെ എന്‍റെ ശത്രുക്കള്‍ നശിപ്പിച്ചിരിക്കുന്നു. അവിടുത്തെ ഉഗ്രകോപത്തിന്‍റെ ദണ്ഡനം സഹിച്ചവനാണു ഞാന്‍, അവിടുന്ന് എന്നെ പ്രകാശത്തിലേക്കല്ല കൂരിരുട്ടിലേക്കു തള്ളിയിട്ടിരിക്കുന്നു. അവിടുത്തെ കരം ഇടവിടാതെ എന്‍റെമേല്‍ പതിക്കുന്നു. അവിടുന്നെന്‍റെ മാംസവും ത്വക്കും ജീര്‍ണിപ്പിച്ച് അസ്ഥികളെ തകര്‍ക്കുകയും ചെയ്തിരിക്കുന്നു. അവിടുന്ന് അയച്ചിരിക്കുന്ന ഉഗ്രശോകവും വേദനയും എന്നെ പൊതിഞ്ഞിരിക്കുന്നു. പണ്ടേ മരിച്ചവനെപ്പോലെ അവിടുന്നെന്നെ ഇരുട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നു. പുറത്തുകടക്കാന്‍ കഴിയാത്തവിധം എന്‍റെ ചുറ്റും അവിടുന്നു മതില്‍കെട്ടി ഭാരമേറിയ ചങ്ങലകൊണ്ടെന്നെ ബന്ധിച്ചു. സഹായത്തിനുവേണ്ടി ഞാന്‍ കരഞ്ഞു വിളിക്കുന്നെങ്കിലും എന്‍റെ പ്രാര്‍ഥന അവിടുന്നു കേള്‍ക്കുന്നില്ല. അവിടുന്നു ചെത്തിയൊരുക്കിയ കല്ലുകൊണ്ട് എന്‍റെ വഴി കെട്ടിയടച്ചു. എന്‍റെ പാതകളെ ദുര്‍ഗമമാക്കി അവിടുന്നെനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും ഒളിച്ചിരിക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു. അവിടുന്നെന്നെ വഴിതെറ്റിച്ചു കൊണ്ടുപോയി കടിച്ചു കീറിയിരിക്കുന്നു; അവിടുന്നെന്നെ കൈവെടിഞ്ഞിരിക്കുന്നു. അവിടുന്നു വില്ലു കുലച്ചു തന്‍റെ അമ്പിന് എന്നെ ഉന്നമാക്കിയിരിക്കുന്നു. അവിടുത്തെ പൂണിയിലെ അമ്പുകള്‍കൊണ്ട് എന്‍റെ അന്തരംഗം കുത്തിത്തുളച്ചിരിക്കുന്നു. ഞാന്‍ എല്ലാവരുടെയും പരിഹാസപാത്രമായിരിക്കുന്നു; എപ്പോഴും അവരുടെ പാട്ടിനു വിഷയവുമായിരിക്കുന്നു. അവിടുന്നെന്നെ കയ്പുകൊണ്ടു നിറച്ചു കാഞ്ഞിരം കൊണ്ടെന്നെ മത്തുപിടിപ്പിച്ചിരിക്കുന്നു. കല്ലു കടിച്ചു പല്ലു തകരാനും ചാരം തിന്നാനും അവിടുന്നെനിക്ക് ഇടവരുത്തി. സമാധാനമെനിക്ക് നഷ്ടമായിരിക്കുന്നു; സന്തോഷമെന്തെന്ന് ഞാന്‍ മറന്നു. എന്‍റെ ശക്തിയും സര്‍വേശ്വരനിലുള്ള എന്‍റെ പ്രത്യാശയും പൊയ്പോയിരിക്കുന്നു. എന്‍റെ കഷ്ടതയും അലച്ചിലും കയ്പും ഉഗ്രയാതനയും ഓര്‍ക്കണമേ. ഞാന്‍ എപ്പോഴും അവയെ ഓര്‍ത്തു വിഷാദിച്ചിരിക്കുന്നു. ഒരു കാര്യം ഓര്‍ക്കുമ്പോള്‍ എനിക്കു പ്രത്യാശയുണ്ട്. സര്‍വേശ്വരന്‍റെ അചഞ്ചലസ്നേഹം ഒരിക്കലും നിലച്ചുപോകുന്നില്ല. അവിടുത്തെ കാരുണ്യത്തിന് അറുതിയുമില്ല. പ്രഭാതംതോറും അതു പുതുതായിരിക്കും; അവിടുത്തെ വിശ്വസ്തത ഉന്നതവുമായിരിക്കും. സര്‍വേശ്വരനാണെന്‍റെ സര്‍വസ്വവും; അവിടുന്നാണെന്‍റെ പ്രത്യാശ. സര്‍വേശ്വരനെ കാത്തിരിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നവര്‍ക്ക് അവിടുന്നു നല്ലവനാകുന്നു. സര്‍വേശ്വരന്‍ രക്ഷിക്കാന്‍വേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നത് ഉത്തമം. യൗവനത്തില്‍ നുകം ചുമക്കുന്നതു മനുഷ്യനു നല്ലതാണ്. അവിടുന്നവന്‍റെമേല്‍ അതു വച്ചിരിക്കകൊണ്ട് അവന്‍ ഏകനായി മൗനമായിരിക്കട്ടെ. അവന്‍ തന്‍റെ മുഖം പൂഴിയോളം താഴ്ത്തട്ടെ; എന്നാലും അവനു പ്രത്യാശയ്‍ക്കു വകയുണ്ട്. അടിക്കുന്നതിന് അവന്‍ ചെകിടു കാണിച്ചു കൊടുക്കട്ടെ; അവന്‍ നിന്ദനം കൊണ്ടു നിറയട്ടെ. സര്‍വേശ്വരന്‍ അവനെ എന്നേക്കും ഉപേക്ഷിക്കുകയില്ല. അവിടുന്നു ദുഃഖിക്കാന്‍ ഇടവരുത്തിയാലും അവിടുത്തെ അനന്തമായ കൃപയ്‍ക്കൊത്ത വിധം അവിടുന്നു കരുണ കാണിക്കും. മനസ്സോടെയല്ലല്ലോ അവിടുന്നു മനുഷ്യരെ ദുഃഖിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നത്. ബന്ധനസ്ഥരെ ചവിട്ടി മെതിക്കുന്നതും അത്യുന്നതനായ അവിടുത്തെ മുമ്പില്‍ മനുഷ്യന്‍റെ ന്യായം നിഷേധിക്കുന്നതും വ്യവഹാരത്തില്‍ ന്യായത്തെ തകിടം മറിക്കുന്നതും അവിടുന്നു കാണുന്നുണ്ട്. സര്‍വേശ്വരന്‍റെ നിയോഗപ്രകാരമല്ലാതെ ആരുടെ കല്പന മൂലമാണിതു സംഭവിക്കുന്നത്? അത്യുന്നതന്‍റെ കല്പന പ്രകാരമല്ലേ നന്മയും തിന്മയും ഉണ്ടാകുന്നത്? തന്‍റെ പാപത്തിനു മനുഷ്യന്‍ ശിക്ഷിക്കപ്പെടുമ്പോള്‍ അവന്‍ എന്തിനു പരാതിപ്പെടുന്നു? നമുക്കു നമ്മുടെ വഴികള്‍ സൂക്ഷ്മമായി പരിശോധിച്ചു സര്‍വേശ്വരന്‍റെ അടുക്കലേക്കു തിരിയാം. സ്വര്‍ഗസ്ഥനായ ദൈവത്തോടു ഹൃദയം തുറന്നു നമുക്കു പ്രാര്‍ഥിക്കാം. ഞങ്ങള്‍ പാപം ചെയ്തു; ധിക്കാരം കാട്ടി; അവിടുന്നു ക്ഷമിച്ചില്ല. അവിടുന്നു കോപാവേശത്തോടെ ഞങ്ങളെ പിന്തുടര്‍ന്നു ഞങ്ങളെ നിര്‍ദയം കൊന്നുകളഞ്ഞു. ഞങ്ങളുടെ പ്രാര്‍ഥന കടന്നുവരാത്തവിധം അവിടുന്നു മേഘംകൊണ്ടു സ്വയം മറച്ചു. വിജാതീയരുടെ ഇടയില്‍ ഞങ്ങളെ ചപ്പും കുപ്പയുമാക്കിയിരിക്കുന്നു. ശത്രുക്കള്‍ ഞങ്ങളെ ഭത്സിക്കുന്നു. ഞങ്ങള്‍ സംഭ്രാന്തിയിലും കെണിയിലും പെട്ടിരിക്കുന്നു. തകര്‍ച്ചയ്‍ക്കും വിനാശത്തിനും വിധേയരായിരിക്കുന്നു. എന്‍റെ ജനത്തിന്‍റെ നാശംമൂലം കണ്ണുനീര്‍ നദിപോലെ എന്നില്‍ നിന്നൊഴുകുന്നു. എന്‍റെ കണ്ണുകള്‍ ഇടമുറിയാതെ കവിഞ്ഞൊഴുകും. സ്വര്‍ഗാധി സര്‍വേശ്വരന്‍ കാണുവോളം അതു നിലയ്‍ക്കുകയില്ല. നഗരത്തിലെ കന്യകമാരുടെ ദുരന്തം കണ്ട് എന്‍റെ അന്തരംഗം വേദനിക്കുന്നു. അകാരണമായി ശത്രുക്കള്‍ പക്ഷിയെ എന്നപോലെ എന്നെ വേട്ടയാടുന്നു. അവര്‍ എന്നെ ജീവനോടെ കുഴിയിലിട്ടു; അതിന്‍റെ വായ് കല്ലു വച്ചടച്ചു. വെള്ളം എന്‍റെ തലയ്‍ക്കു മീതെ കവിഞ്ഞൊഴുകി; ഞാന്‍ നശിച്ചു എന്നു ഞാന്‍ പറഞ്ഞു. അഗാധഗര്‍ത്തത്തില്‍ കിടന്നു ഞാന്‍ സര്‍വേശ്വരനെ വിളിച്ചപേക്ഷിച്ചു. എന്‍റെ നിലവിളി കേള്‍ക്കാതെ ചെവിപൊത്തിക്കളയരുതേ എന്ന പ്രാര്‍ഥന അവിടുന്നു കേട്ടിരിക്കുന്നു. ഞാന്‍ വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്ന് അടുത്തു വന്നു ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. സര്‍വേശ്വരന്‍ എന്‍റെ വ്യവഹാരം നടത്തി എന്‍റെ ജീവന്‍ രക്ഷിച്ചിരിക്കുന്നു എന്നോടു ചെയ്ത ദ്രോഹം സര്‍വേശ്വരാ, അവിടുന്നു കണ്ടിരിക്കുന്നുവല്ലോ. എനിക്കുവേണ്ടി ന്യായം നടത്തിയാലും. അവരുടെ പ്രതികാരവും എനിക്കെതിരെയുള്ള ഗൂഢാലോചനകളും അവിടുന്നു കണ്ടിരിക്കുന്നു. സര്‍വേശ്വരാ, അവരുടെ കുത്തുവാക്കുകളും എനിക്കെതിരെയുള്ള കെണികളും ഇടവിടാതെയുള്ള കുശുകുശുപ്പും എനിക്കെതിരെയുള്ള അടക്കംപറച്ചിലും അവിടുന്നു കേട്ടിരിക്കുന്നു. അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കിയാലും; ഞാനാണ് അവരുടെ പരിഹാസവിഷയം. സര്‍വേശ്വരാ, അവരുടെ പ്രവൃത്തിക്കൊത്ത വിധം അവരെ ശിക്ഷിക്കണമേ. അവിടുന്നവര്‍ക്കു ഹൃദയകാഠിന്യം വരുത്തും; അവിടുത്തെ ശാപം അവരുടെമേല്‍ പതിക്കും. സര്‍വേശ്വരാ, അവിടുന്നു കോപത്തോടെ അവരെ പിന്തുടര്‍ന്ന് ആകാശത്തിന്‍ കീഴില്‍നിന്ന് അവരെ നശിപ്പിക്കണമേ. പൊന്ന് എങ്ങനെ നിഷ്പ്രഭമായി! തങ്കം എങ്ങനെ മങ്ങിപ്പോയി! വിശുദ്ധമന്ദിരത്തിലെ രത്നങ്ങള്‍ തെരുവീഥികളില്‍ ചിതറിക്കിടക്കുന്നു തങ്കത്തെപ്പോലെ അമൂല്യരായ സീയോന്‍റെ മക്കള്‍ കുശവന്‍റെ കൈപ്പണിയായ മണ്‍പാത്രം പോലെ ഗണിക്കപ്പെട്ടത് എങ്ങനെ? കുറുനരികള്‍ പോലും അവയുടെ കുട്ടികളെ മുലയൂട്ടി വളര്‍ത്തുന്നു. എന്‍റെ ജനമാകട്ടെ മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരമായി തങ്ങളുടെ മക്കളോടു വര്‍ത്തിക്കുന്നു. മുലകുടിക്കുന്ന കുഞ്ഞിന്‍റെ നാവു ദാഹംകൊണ്ട് അണ്ണാക്കിനോടു പറ്റിയിരിക്കുന്നു. കുട്ടികള്‍ അപ്പത്തിനുവേണ്ടി യാചിക്കുന്നു. പക്ഷേ, ആരും ഒരു നുറുക്കുപോലും കൊടുക്കുന്നില്ല. സ്വാദിഷ്ഠമായ വിഭവങ്ങള്‍ ഭക്ഷിച്ചിരുന്നവര്‍ തെരുവീഥികളില്‍ പട്ടിണികൊണ്ടു മരിക്കുന്നു; വിശിഷ്ടവസ്ത്രങ്ങള്‍ അണിഞ്ഞു നടന്നവര്‍ കുപ്പക്കൂനകളില്‍ കിടക്കുന്നു. ദൈവം ഒരു നിമിഷംകൊണ്ടു നശിപ്പിച്ച സൊദോമ്യര്‍ക്കുണ്ടായതിനെക്കാള്‍ വലുതായിരുന്നു എന്‍റെ ജനത്തിനുണ്ടായ ശിക്ഷ. അവളുടെ പ്രഭുക്കന്മാര്‍ ഹിമത്തെക്കാള്‍ നിര്‍മ്മലരും പാലിനെക്കാള്‍ വെണ്‍മയുള്ളവരും ആയിരുന്നു. അവരുടെ ദേഹം പവിഴത്തെക്കാള്‍ ചുവന്നു തുടുത്തിരുന്നു; അവരുടെ ആകാരഭംഗി നീലക്കല്ലിനു സദൃശം ആയിരുന്നു. ഇപ്പോള്‍ അവരുടെ മുഖം കരിക്കട്ടയെക്കാള്‍ കറുത്തിരിക്കുന്നു. തെരുവീഥികളില്‍ അവരെ കണ്ടിട്ട് ആരും തിരിച്ചറിയുന്നില്ല; അവരുടെ തൊലി ഉണങ്ങി അസ്ഥികളോട് ഒട്ടിപ്പിടിച്ചു മരംപോലെ ആയിരിക്കുന്നു. യുദ്ധത്തില്‍ മരിക്കുന്നവര്‍ പട്ടിണികൊണ്ടു മരിക്കുന്നവരെക്കാള്‍ ഭാഗ്യവാന്മാര്‍! വിളഭൂമിയില്‍നിന്ന് ഒന്നും ലഭിക്കാത്തതിനാല്‍ അവര്‍ വിശന്നു തളര്‍ന്നു നശിക്കുന്നു. കരുണാമയികളായ സ്‍ത്രീകള്‍പോലും സ്വന്തം മക്കളെ പാകം ചെയ്യുന്നു. എന്‍റെ ജനത്തിന്‍റെ വിനാശത്തില്‍ ആ കുഞ്ഞുങ്ങള്‍ അവര്‍ക്ക് ആഹാരമായിത്തീര്‍ന്നു. സര്‍വേശ്വരന്‍ അവിടുത്തെ ക്രോധം അഴിച്ചുവിട്ട്; അവിടുന്ന് ഉഗ്രരോഷം കോരിച്ചൊരിഞ്ഞു. അവിടുന്നു സീയോനില്‍ അഗ്നി ജ്വലിപ്പിച്ച്; അത് അതിന്‍റെ അടിസ്ഥാനങ്ങളെ ദഹിപ്പിച്ചു. യെരൂശലേമിന്‍റെ കവാടങ്ങള്‍ക്കുള്ളില്‍ ശത്രു കടക്കും എന്നു ഭൂമിയിലെ രാജാക്കന്മാരോ ഭൂവാസികളോ കരുതിയിരുന്നില്ല. യെരൂശലേമില്‍ നീതിമാന്മാരുടെ രക്തം ചൊരിയാന്‍ ഇടയാക്കിയ പുരോഹിതന്മാരുടെയും പ്രവാചകന്മാരുടെയും അകൃത്യങ്ങളും പാപങ്ങളും ഹേതുവായി ഇതു സംഭവിച്ചു. തെരുവീഥികളില്‍ അന്ധരെപ്പോലെ അവര്‍ അലഞ്ഞു നടന്നു; അവര്‍ രക്തം പുരണ്ടു മലിനരായിരുന്നതിനാല്‍ ആരും അവരുടെ വസ്ത്രത്തില്‍ സ്പര്‍ശിച്ചില്ല. ‘അകന്നു പോകുവിന്‍! അകന്നു പോകുവിന്‍! അശുദ്ധരേ അകന്നു പോകുവിന്‍ തൊടരുത്’ എന്നു ജനം അവരോടു വിളിച്ചു പറഞ്ഞു. അവര്‍ ഉഴറി ഓടുമ്പോള്‍ ഇനി ഇവിടെ വന്ന് ഇവര്‍ പാര്‍ക്കുകയില്ല എന്നു വിജാതീയര്‍ പറഞ്ഞു. സര്‍വേശ്വരന്‍ തന്നെയാണ് അവരെ ചിതറിച്ചത്; അവിടുന്ന് ഇനി അവരെ കടാക്ഷിക്കുകയില്ല. അവിടുന്നു പുരോഹിതന്മാരെയും ജനപ്രമാണികളെയും പരിഗണിച്ചില്ല. സഹായത്തിനുവേണ്ടി വ്യര്‍ഥമായി നോക്കിയിരുന്നു ഞങ്ങളുടെ കണ്ണുകള്‍ കുഴഞ്ഞു. ഞങ്ങളെ രക്ഷിക്കാന്‍ കഴിയാത്ത ഒരു ജനതയ്‍ക്കുവേണ്ടി ഞങ്ങള്‍ കാത്തിരുന്നു. വീഥികളില്‍ കൂടി നടക്കാന്‍ കഴിയാത്തവിധം അവര്‍ ഞങ്ങളെ വേട്ടയാടി. ഞങ്ങളുടെ അവസാനം അടുത്തു; ഞങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടു; ഞങ്ങളുടെ അന്ത്യം വന്നുചേര്‍ന്നിരിക്കുന്നു. ഞങ്ങളെ പിന്തുടര്‍ന്നവര്‍ ആകാശത്തിലെ കഴുകനെക്കാള്‍ വേഗത്തില്‍ ഞങ്ങളെ സമീപിച്ചു. അവര്‍ മലമുകളില്‍ ഞങ്ങളെ വേട്ടയാടി മരുഭൂമിയില്‍ ഞങ്ങള്‍ക്കുവേണ്ടി പതിയിരുന്നു. ഞങ്ങളുടെ ജീവശ്വാസമായ സര്‍വേശ്വരന്‍റെ അഭിഷിക്തന്‍ അവരുടെ കെണിയില്‍ അകപ്പെട്ടിരിക്കുന്നു; അദ്ദേഹത്തിന്‍റെ തണലില്‍ ഞങ്ങള്‍ വിജാതീയരുടെ മധ്യേ ജീവിക്കുമെന്നാണു വിചാരിച്ചിരുന്നത്. ഊസ് ദേശത്തു പാര്‍ക്കുന്ന എദോമ്യരേ, സന്തോഷിച്ച് ആഹ്ലാദിച്ചുകൊള്ളുക; എന്നാല്‍ നിങ്ങളുടെ ന്യായവിധി അടുത്തിരിക്കുന്നു. നിങ്ങള്‍ കുടിച്ചു മത്തരായി നിങ്ങളെത്തന്നെ നഗ്നരാക്കും. സീയോനേ, നിന്‍റെ അകൃത്യത്തിനുള്ള ശിക്ഷ തീര്‍ന്നു; അവിടുന്ന് ഇനി പ്രവാസം തുടരാന്‍ നിന്നെ അനുവദിക്കുകയില്ല. എന്നാല്‍ എദോമേ, നിന്‍റെ അകൃത്യത്തിന് അവിടുന്നു നിന്നെ ശിക്ഷിക്കും; നിന്‍റെ പാപം വെളിച്ചത്തു കൊണ്ടുവരും. സര്‍വേശ്വരാ, ഞങ്ങള്‍ക്ക് എന്താണു സംഭവിച്ചതെന്ന് ഓര്‍ക്കണമേ; ഞങ്ങള്‍ എത്രമാത്രം നിന്ദിതരായിരിക്കുന്നു എന്നു കണ്ടാലും. ഞങ്ങളുടെ അവകാശം അന്യര്‍ക്കും; ഞങ്ങളുടെ ഭവനങ്ങള്‍ വിദേശികള്‍ക്കും അധീനമായിരിക്കുന്നു. ഞങ്ങള്‍ പിതാവില്ലാതെ അനാഥരായിത്തീര്‍ന്നിരിക്കുന്നു. ഞങ്ങളുടെ മാതാക്കള്‍ വിധവകളും ആയി. കുടിനീരും വിറകും ഞങ്ങള്‍ വില കൊടുത്തു വാങ്ങണം. ഞങ്ങളുടെ കഴുത്തില്‍ നുകം വച്ചിരിക്കുന്നു; ഞങ്ങളെക്കൊണ്ട് കഠിനമായി പണിയെടുപ്പിക്കുന്നു; ഞങ്ങള്‍ ആകെ തളര്‍ന്നു ഞങ്ങള്‍ക്കു വിശ്രമവുമില്ല. ആഹാരത്തിനുവേണ്ടി ഞങ്ങള്‍ ഈജിപ്തിന്‍റെയും അസ്സീറിയായുടെയും മുമ്പില്‍ കൈ നീട്ടേണ്ടിവന്നു. ഞങ്ങളുടെ പിതാക്കന്മാര്‍ പാപം ചെയ്തു; അവരെല്ലാം മരിച്ചു. അവരുടെ അകൃത്യങ്ങള്‍ മൂലം ഞങ്ങള്‍ കഷ്ടത അനുഭവിക്കുന്നു. അടിമകളെപ്പോലെയുള്ളവര്‍ ഞങ്ങളെ ഭരിക്കുന്നു; അവരില്‍നിന്നു ഞങ്ങളെ മോചിപ്പിക്കാന്‍ ആരുമില്ല. മരുഭൂമിയിലെ പൊള്ളുന്ന ചൂടു നിമിത്തം ജീവന്‍ പണയം വച്ചാണ് ഞങ്ങള്‍ ആഹാരം സമ്പാദിക്കുന്നത്. ക്ഷാമത്തിന്‍റെ ഉഗ്രത നിമിത്തം ഞങ്ങളുടെ ത്വക്ക് ചുട്ടുപഴുത്ത അടുപ്പുപോലെ ആയിരിക്കുന്നു. അവര്‍ സീയോനില്‍ സ്‍ത്രീകളെയും യെഹൂദാപട്ടണങ്ങളില്‍ കന്യകമാരെയും അപമാനിച്ചിരിക്കുന്നു. പ്രഭുക്കന്മാരെ അവര്‍ തൂക്കിക്കൊന്നു; ജനപ്രമാണികളെ ആദരിച്ചതുമില്ല തിരികല്ലില്‍ ധാന്യം പൊടിക്കാന്‍ യുവാക്കളെ അവര്‍ നിര്‍ബന്ധിക്കുന്നു; ദുര്‍വഹമായ വിറകുചുമട് എടുത്തു ബാലന്മാര്‍ ഇടറിവീഴുന്നു. ജനപ്രമാണികള്‍ നഗരകവാടങ്ങള്‍ വിട്ടുപോയിരിക്കുന്നു; യുവാക്കന്മാര്‍ ഗാനാലാപം നടത്തുന്നില്ല. ഞങ്ങളുടെ സന്തോഷം നിലച്ചിരിക്കുന്നു; ഞങ്ങളുടെ നൃത്തം വിലാപമായി തീര്‍ന്നിരിക്കുന്നു. ഞങ്ങളുടെ ശിരസ്സില്‍നിന്നു കിരീടം വീണുപോയി; ഞങ്ങള്‍ക്ക് ഹാ ദുരിതം! ഞങ്ങള്‍ പാപം ചെയ്തുവല്ലോ! ഇതു നിമിത്തം ഞങ്ങളുടെ ഹൃദയം വിങ്ങുന്നു. ഞങ്ങളുടെ കണ്ണുകള്‍ മങ്ങുന്നു. സീയോന്‍ പര്‍വതം ശൂന്യമായി കുറുനരികള്‍ അവിടെ പതുങ്ങി നടക്കുന്നു. എന്നാല്‍ സര്‍വേശ്വരാ, അവിടുന്ന് എന്നേക്കുമായി വാഴുന്നു. അവിടുത്തെ സിംഹാസനം ശാശ്വതമാകുന്നു. അവിടുന്ന് ഞങ്ങളെ എന്നേക്കുമായി വിസ്മരിക്കുന്നത് എന്ത്? ഇത്രയേറെക്കാലമായി ഞങ്ങളെ കൈവെടിഞ്ഞിരിക്കുന്നതും എന്ത്? [21,22] ഞങ്ങളെ അവിടുന്നു തീര്‍ത്തും കൈവെടിഞ്ഞുവോ? ഞങ്ങളോട് അവിടുന്ന് അത്യധികം കോപിച്ചിരിക്കുന്നുവോ! സര്‍വേശ്വരാ, ഞങ്ങളെ അങ്ങയുടെ അടുക്കലേക്കു തിരിക്കണമേ; എന്നാല്‍ ഞങ്ങള്‍ തിരുസന്നിധിയിലേക്ക് മടങ്ങിവരും. ഞങ്ങള്‍ക്കു പണ്ടുണ്ടായിരുന്ന സൗഭാഗ്യം പുനഃസ്ഥാപിക്കണമേ! മുപ്പതാം വര്‍ഷം നാലാം മാസം അഞ്ചാം ദിവസം ഞാന്‍ കെബാര്‍ നദീതീരത്ത് യെഹൂദാപ്രവാസികളോടൊത്തു കഴിയുമ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. എനിക്കു ദൈവത്തിന്‍റെ ദര്‍ശനം ഉണ്ടായി. യെഹോയാഖീന്‍രാജാവിന്‍റെ പ്രവാസത്തിന്‍റെ അഞ്ചാം വര്‍ഷം നാലാം മാസം അഞ്ചാം ദിവസമാണ് ഈ ദര്‍ശനം ഉണ്ടായത്. ബാബിലോണ്‍ദേശത്തെ കെബാര്‍ നദീതീരത്തു വച്ചു ബുസിയുടെ പുത്രനായ യെഹെസ്കേല്‍ പുരോഹിതനായ എനിക്ക് അവിടുത്തെ അരുളപ്പാടുണ്ടായി. അവിടെവച്ചു സര്‍വേശ്വരന്‍റെ ശക്തി എന്‍റെമേല്‍ വന്നു. ഞാന്‍ നോക്കിയപ്പോള്‍ വടക്കുനിന്ന് ഒരു കൊടുങ്കാറ്റു വരുന്നു. വലിയ ഒരു മേഘവും അതിനു ചുറ്റും പ്രഭപരത്തിക്കൊണ്ട് ഇടമുറിയാതെ ജ്വലിക്കുന്ന അഗ്നിയും അതിന്‍റെ മധ്യത്തില്‍ മിന്നിത്തിളങ്ങുന്ന വെള്ളോടുപോലെ എന്തോ ഒന്നും ഞാന്‍ കണ്ടു. അതിന്‍റെ മധ്യത്തില്‍ മനുഷ്യാകൃതിയിലുള്ള നാലു ജീവികള്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ അവയ്‍ക്കോരോന്നിനും നാലു മുഖങ്ങളും നാലു ചിറകുകളും ഉണ്ടായിരുന്നു. നിവര്‍ന്ന കാലുകളും കാളക്കുട്ടിയുടേതു പോലെയുള്ള കുളമ്പുകളും അവയ്‍ക്കുണ്ടായിരുന്നു. തേച്ചു മിനുക്കിയ വെള്ളോടുപോലെ ആ കുളമ്പുകള്‍ തിളങ്ങി. നാലു മുഖങ്ങള്‍ക്കും നാലു ചിറകുകള്‍ക്കും പുറമേ ഓരോ ചിറകിന്‍റെയും കീഴില്‍ മനുഷ്യന്‍റേതുപോലെ ഓരോ കരവും ഉണ്ടായിരുന്നു. അവയുടെ ചിറകുകള്‍ അന്യോന്യം സ്പര്‍ശിച്ചിരുന്നു. ഇടംവലം തിരിയാതെ ഓരോ ജീവിയും നേരെ മുമ്പോട്ടു തന്നെ നീങ്ങിക്കൊണ്ടിരുന്നു. നാലു ജീവികള്‍ക്കും മുന്‍ഭാഗത്തു മനുഷ്യന്‍റെ മുഖവും വലത്തുഭാഗത്തു സിംഹത്തിന്‍റെ മുഖവും ഇടത്തുഭാഗത്തു കാളയുടെ മുഖവും പിന്‍ഭാഗത്തു കഴുകന്‍റെ മുഖവുമാണ് ഉണ്ടായിരുന്നത്. ഓരോ ജീവിയും അടുത്തുനില്‌ക്കുന്ന ജീവിയുടെ ചിറകില്‍ സ്പര്‍ശിക്കത്തക്കവിധം ഈരണ്ടു ചിറകുകള്‍ വിടര്‍ത്തിയിരുന്നു. മറ്റു രണ്ടു ചിറകുകള്‍കൊണ്ട് അവയുടെ ശരീരം മറയ്‍ക്കുകയും ചെയ്തിരുന്നു. ആത്മാവ് ഇച്ഛിച്ച ദിക്കിലേക്ക് ഈ ജീവികള്‍ പൊയ്‍ക്കൊണ്ടിരുന്നു. അവ ഇടംവലം തിരിഞ്ഞില്ല. അവയുടെ മധ്യത്തില്‍ തീക്കനല്‍പോലെ എന്തോ ഒന്നു കാണപ്പെട്ടു. അത് ഈ ജീവികള്‍ക്കിടയില്‍ തീപ്പന്തം പോലെ അങ്ങോട്ടുമിങ്ങോട്ടും നീങ്ങിക്കൊണ്ടിരുന്നു. അതു വളരെ ശോഭയുള്ളതായിരുന്നു. അതില്‍നിന്നു മിന്നല്‍പ്പിണര്‍ പുറപ്പെട്ടുകൊണ്ടിരുന്നു. ആ ജീവികള്‍ ഇടിമിന്നല്‍പോലെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞുകൊണ്ടിരുന്നു. ഞാന്‍ നോക്കിയപ്പോള്‍ അതാ ഓരോ ജീവിയുടെയും സമീപത്തു ഭൂമിയില്‍ ഓരോ ചക്രം. അവയുടെ രൂപമാതൃകയും പണിയും ഇപ്രകാരമായിരുന്നു. ഒരേ മാതൃകയിലാണ് അവ നിര്‍മിച്ചിരുന്നത്. ഗോമേദകംപോലെ അവ ശോഭിച്ചിരുന്നു. ഒരു ചക്രത്തിനുള്ളില്‍ മറ്റൊരു ചക്രം എന്നവിധം ആയിരുന്നു അവയുടെ ഘടന. സഞ്ചരിക്കുമ്പോള്‍ ഒരു വശത്തേക്കും തിരിയാതെതന്നെ നാലു ദിക്കിലേക്കും അവയ്‍ക്കു പോകാന്‍ കഴിയുമായിരുന്നു. നാലു ചക്രങ്ങള്‍ക്കു ചുറ്റും നിറയെ കണ്ണുകളുള്ള പട്ടകള്‍ ഉണ്ടായിരുന്നു. ജീവികള്‍ സഞ്ചരിക്കുന്നതിനൊപ്പം ചക്രങ്ങളും മുന്നോട്ടു നീങ്ങിയിരുന്നു. ജീവികള്‍ നിലത്തു നിന്നുയരുമ്പോള്‍ ചക്രങ്ങളും ഉയരും. എവിടെ പോകണമെന്നു ജീവികളുടെ ആത്മാവ് ഇച്ഛിക്കുമോ, അവിടെയെല്ലാം അവ പോകും. അവ പോകുന്നിടത്തെല്ലാം ചക്രങ്ങളും പോകും. ജീവികളുടെ ആത്മാവ് ആ ചക്രങ്ങളിലായിരുന്നു വസിച്ചിരുന്നത്. ജീവികള്‍ നില്‌ക്കുമ്പോള്‍ ചക്രങ്ങളും നില്‌ക്കും. അവ ഉയരുമ്പോള്‍ ചക്രങ്ങളും ഉയരും. എന്തെന്നാല്‍ അവയുടെ ആത്മാവ് ആ ചക്രങ്ങളിലാണ് കുടികൊണ്ടിരുന്നത്. ആ ജീവികളുടെ തലയ്‍ക്കുമീതെ സ്ഫടികംപോലെ തിളങ്ങുന്ന ഒരു വിതാനം ഉണ്ടായിരുന്നു. അതിന്‍റെ കീഴില്‍ ഓരോ ജീവിയുടെയും ചിറകുകള്‍ ഒന്നിന്‍റെ ചിറക് മറ്റൊന്നിന്‍റെ ചിറകിനെ സ്പര്‍ശിക്കത്തക്കവിധം നിവര്‍ത്തിപ്പിടിച്ചിരുന്നു. ഓരോ ജീവിയുടെയും ശരീരം മറയ്‍ക്കുന്ന ഈരണ്ടു ചിറകുകളും അവയ്‍ക്കുണ്ടായിരുന്നു. അവ പറന്നപ്പോള്‍ അവയുടെ ചിറകടി ഞാന്‍ കേട്ടു. അതു സമുദ്രത്തിന്‍റെ ഇരമ്പല്‍പോലെയും സര്‍വശക്തന്‍റെ ഗംഭീരനാദംപോലെയും സൈന്യത്തിന്‍റെ ആരവം പോലെയും ആയിരുന്നു. ജീവികള്‍ നിശ്ചലമായി നിന്നപ്പോള്‍ ചിറകുകള്‍ താഴ്ത്തിയിരുന്നു. അപ്പോള്‍ അവയുടെ തലയ്‍ക്കുമീതെയുള്ള വിതാനത്തിനു മുകളില്‍നിന്ന് ഒരു ശബ്ദമുണ്ടായി. ആ ജീവികളുടെ മീതെയുള്ള വിതാനത്തിനു മുകളില്‍ ഇന്ദ്രനീലക്കല്ലുപോലെയുള്ള ഒരു സിംഹാസനത്തിന്‍റെ രൂപം ഉണ്ടായിരുന്നു. അതില്‍ മനുഷ്യനെപ്പോലെയുള്ള ഒരു രൂപം ഇരിക്കുന്നു. അതിന്‍റെ അരക്കെട്ടിനു മുകള്‍ഭാഗം മിന്നിത്തിളങ്ങുന്ന വെള്ളോടുപോലെയും അഗ്നികൊണ്ടു പൊതിഞ്ഞിരിക്കുന്നതുപോലെയും കാണപ്പെട്ടു. അരക്കെട്ടിനു താഴെയുള്ള ഭാഗം അഗ്നിയെന്നപോലെ കാണപ്പെട്ടു. ആ രൂപത്തിനു ചുറ്റും പ്രകാശവും ഉണ്ടായിരുന്നു. ആ പ്രകാശം മഴവില്ലുപോലെ ആയിരുന്നു. ഇങ്ങനെയാണു ഞാന്‍ സര്‍വേശ്വരന്‍റെ മഹത്ത്വത്തിന്‍റെ രൂപം ദര്‍ശിച്ചത്. അതു കണ്ട മാത്രയില്‍ ഞാന്‍ കമിഴ്ന്നുവീണു. അപ്പോള്‍ ആരോ സംസാരിക്കുന്ന സ്വരം ഞാന്‍ കേട്ടു. “മനുഷ്യപുത്രാ, എഴുന്നേറ്റു നില്‌ക്കുക; എനിക്കു നിന്നോടു സംസാരിക്കാനുണ്ട്.” ഇങ്ങനെ എന്നോടു പറഞ്ഞപ്പോള്‍ ദൈവത്തിന്‍റെ ആത്മാവ് എന്നില്‍ പ്രവേശിച്ച് എന്നെ എഴുന്നേല്പിച്ചു നിര്‍ത്തി. അവിടുന്നു സംസാരിക്കുന്നതു ഞാന്‍ കേട്ടു. അവിടുന്ന് എന്നോടു കല്പിച്ചു: “മനുഷ്യപുത്രാ, ധിക്കാരികളായ ഇസ്രായേല്‍ജനതയുടെ അടുക്കലേക്കു ഞാന്‍ നിന്നെ അയയ്‍ക്കുന്നു. അവരും അവരുടെ പിതാക്കന്മാരും എന്നോടു ധിക്കാരം കാട്ടി, എന്‍റെ നേരെ അതിക്രമം പ്രവര്‍ത്തിച്ചു. അവര്‍ ദുശ്ശാഠ്യക്കാരും കഠിനഹൃദയമുള്ളവരുമാണ്. അവരുടെ അടുക്കലേക്കാണു ഞാന്‍ നിന്നെ അയയ്‍ക്കുന്നത്. സര്‍വേശ്വരനായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറയുക. ധിക്കാരികളായ അവര്‍ കേള്‍ക്കുകയോ കേള്‍ക്കാതിരിക്കുകയോ ചെയ്യട്ടെ. അങ്ങനെ അവരുടെ ഇടയില്‍ ഒരു പ്രവാചകന്‍ ഉണ്ടെന്ന് അവര്‍ അറിയട്ടെ. മനുഷ്യപുത്രാ, അവരെയോ, അവരുടെ വാക്കുകളെയോ നീ ഭയപ്പെടേണ്ടാ; മുള്‍ച്ചെടികളും മുള്ളും നിന്‍റെ ചുറ്റും ഉണ്ടായിരിക്കാം; നിനക്കു തേളുകളുടെമേല്‍ ഇരിക്കേണ്ടിവന്നേക്കാം; എന്നാലും അവരുടെ വാക്കുകളോ, നോട്ടമോ കണ്ടു ഭയപ്പെടരുത്; അവര്‍ ധിക്കാരികളാണല്ലോ. കേട്ടാലും ഇല്ലെങ്കിലും എന്‍റെ വചനം അവരോടു പ്രസ്താവിക്കുക. അവര്‍ നിഷേധികളായ ജനമാണല്ലോ. “മനുഷ്യപുത്രാ, ഞാന്‍ പറയുന്നതു ശ്രദ്ധിക്കുക; നിഷേധികളായ ആ ജനത്തെപ്പോലെ നീ നിഷേധിയാകരുത്. നീ വായ് തുറന്ന് ഞാന്‍ തരുന്നതു ഭക്ഷിക്കുക.” ഞാന്‍ നോക്കിയപ്പോള്‍ നീട്ടിയ ഒരു കരം കണ്ടു. അതില്‍ ഒരു പുസ്തകച്ചുരുള്‍ ഉണ്ടായിരുന്നു. അത് എന്‍റെ മുമ്പില്‍ നിവര്‍ത്തപ്പെട്ടു. അതിന്‍റെ ഇരുവശങ്ങളിലും വിലാപങ്ങളും പരിദേവനങ്ങളും ദുരിതങ്ങളും രേഖപ്പെടുത്തിയിരുന്നു. “മനുഷ്യപുത്രാ, ഈ ചുരുള്‍ നീ ഭക്ഷിക്കുക. പിന്നീടു പോയി ഇസ്രായേല്‍ജനത്തോടു സംസാരിക്കുക” എന്നു ദൈവം എന്നോട് അരുളിച്ചെയ്തു. ഞാന്‍ വായ് തുറന്നു. അവിടുന്ന് ആ ചുരുള്‍ എനിക്കു തിന്നാന്‍ തന്നു. “മനുഷ്യപുത്രാ, ഈ ചുരുള്‍ തിന്നു നിന്‍റെ ഉദരം നിറയ്‍ക്കുക” എന്ന് അവിടുന്നു കല്പിച്ചു. ഞാന്‍ തിന്നു; അത് എന്‍റെ നാവില്‍ തേന്‍പോലെ മധുരിച്ചു. “മനുഷ്യപുത്രാ, നീ പോയി ഇസ്രായേല്‍ ജനത്തോട് എന്‍റെ വചനം അറിയിക്കുക” എന്ന് അവിടുന്ന് എന്നോടു കല്പിച്ചു. “വിദേശഭാഷ സംസാരിക്കുകയും ദുര്‍ഗ്രഹമായ ശൈലി ഉപയോഗിക്കുകയും ചെയ്യുന്നവരുടെ അടുക്കലേക്കല്ല, ഇസ്രായേല്‍ജനത്തിന്‍റെ അടുക്കലേക്കാണ് ഞാന്‍ നിന്നെ അയയ്‍ക്കുന്നത്. നിനക്കു ഗ്രഹിക്കാന്‍ കഴിയാത്ത ഭാഷ സംസാരിക്കുന്നവരുടെ അടുക്കലേക്കു ഞാന്‍ നിന്നെ അയച്ചിരുന്നെങ്കില്‍ നിശ്ചയമായും നീ പറയുന്നത് അവര്‍ ശ്രദ്ധിക്കുമായിരുന്നു. ഇസ്രായേല്‍ജനത നിന്‍റെ വാക്കു ശ്രദ്ധിക്കുകയില്ല. എന്‍റെ വാക്കു ശ്രദ്ധിക്കാന്‍ അവര്‍ക്കു മനസ്സില്ലല്ലോ. അവര്‍ കഠിനഹൃദയരും മര്‍ക്കടമുഷ്‍ടികളും ആകുന്നു. ഞാന്‍ നിന്നെ അവരെപ്പോലെ വഴങ്ങാത്തവനും കഠിനഹൃദയനുമാക്കും. ഞാന്‍ നിന്നെ തീക്കല്ലിനെക്കാള്‍ കടുത്ത ശിലപോലെ കഠിനമാക്കിയിരിക്കുന്നു. നീ അവരെ പേടിക്കരുത്. അവരുടെ നോട്ടം കണ്ടു ഭയപ്പെടരുത്. അവര്‍ ധിക്കാരികളായ ജനമാണ്.” അവിടുന്നു തുടര്‍ന്നു കല്പിച്ചു: “മനുഷ്യപുത്രാ, ഞാന്‍ നിന്നോടു പറയുന്ന വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്യുക. നിന്‍റെ ജനമായ പ്രവാസികളുടെ അടുക്കല്‍ ചെന്ന് അവര്‍ കേട്ടാലും ഇല്ലെങ്കിലും ദൈവമായ സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു എന്ന് അവരോടു പറയുക.” പിന്നീട് ദൈവത്തിന്‍റെ ആത്മാവ് എന്നെ ഉയര്‍ത്തി; ദൈവത്തിന്‍റെ മഹത്ത്വം സ്വസ്ഥാനത്തുനിന്ന് ഉയര്‍ന്നപ്പോള്‍ വലിയ ഭൂകമ്പത്തിന്‍റെ ഇരമ്പല്‍പോലെയുള്ള ശബ്ദം എന്‍റെ പിറകില്‍ കേട്ടു. അതു ജീവികളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്നതിന്‍റെയും അവയുടെ സമീപത്തുള്ള ചക്രങ്ങളുടെയും ശബ്ദം ആയിരുന്നു. ആത്മാവ് എന്നെ ഉയര്‍ത്തിക്കൊണ്ടുപോയി. ഞാന്‍ ദുഃഖിതനും കുപിതനുമായി. എന്തെന്നാല്‍ സര്‍വേശ്വരന്‍റെ ശക്തി എന്‍റെമേല്‍ ശക്തമായി വ്യാപരിച്ചിരുന്നു. അങ്ങനെ ഞാന്‍ തേല്‍-അബീബില്‍ കെബാര്‍നദീതീരത്തു കഴിഞ്ഞിരുന്ന പ്രവാസികളുടെ അടുക്കല്‍ ചെന്ന് ഏഴു ദിവസം സ്തബ്ധനായി കഴിഞ്ഞു. ഏഴുദിവസം കഴിഞ്ഞപ്പോള്‍ എനിക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി. “മനുഷ്യപുത്രാ, ഞാന്‍ നിന്നെ ഇസ്രായേല്‍ജനത്തിന്‍റെ കാവല്‌ക്കാരനാക്കിയിരിക്കുന്നു. ഞാന്‍ പറയുന്ന വചനം കേട്ടു നീ അവര്‍ക്കു മുന്നറിയിപ്പു നല്‌കുക. ഒരു ദുഷ്ടമനുഷ്യന്‍ മരിച്ചുപോകും എന്നു ഞാന്‍ പ്രസ്താവിക്കുമ്പോള്‍ നീ അവനെ രക്ഷിക്കാന്‍വേണ്ടി അവനു മുന്നറിയിപ്പു നല്‌കുകയോ ദുര്‍മാര്‍ഗത്തില്‍നിന്നു പിന്തിരിയാന്‍ അവനെ ഉദ്ബോധിപ്പിക്കുകയോ ചെയ്യാതിരുന്നാല്‍ ആ ദുഷ്ടന്‍ തന്‍റെ അകൃത്യത്താല്‍ മരണമടയും; എന്നാല്‍ ഞാന്‍ നിന്നെ അവന്‍റെ മരണത്തിന് ഉത്തരവാദിയാക്കും. നീ അവനു മുന്നറിയിപ്പു നല്‌കിയിട്ടും ദുര്‍മാര്‍ഗത്തില്‍ അവന്‍ തുടരുകയും ദുഷ്ടത പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവന്‍ തന്‍റെ അകൃത്യത്താല്‍ മരിക്കും. എന്നാല്‍ നീ നിന്‍റെ ജീവന്‍ രക്ഷിക്കും. നീതിമാന്‍ തന്‍റെ നീതിമാര്‍ഗം വെടിഞ്ഞ് അകൃത്യത്തില്‍ ഏര്‍പ്പെടുകയും ഞാന്‍ അത് അവന്‍റെ തകര്‍ച്ചയ്‍ക്കു കാരണമാക്കുകയും ചെയ്താല്‍ അവന്‍ മരിക്കും. നീ അവനു മുന്നറിയിപ്പു നല്‌കാതിരുന്നതുകൊണ്ട് അവന്‍റെ പാപത്താല്‍ അവന്‍ മരിക്കും. അവന്‍റെ സല്‍കൃത്യങ്ങള്‍ ഞാന്‍ ഓര്‍ക്കുകയുമില്ല. അവന്‍റെ മരണത്തിനു നീ ഉത്തരവാദിയാകും. നിന്‍റെ മുന്നറിയിപ്പുകൊണ്ട് നീതിമാനായ ഒരുവന്‍ പാപം ചെയ്യാതിരുന്നാല്‍ അവന്‍ നിശ്ചയമായും ജീവിക്കും. അവന്‍ നിന്‍റെ മുന്നറിയിപ്പു സ്വീകരിച്ചുവല്ലോ. നീ നിന്‍റെ ജീവന്‍ രക്ഷിക്കും. സര്‍വേശ്വരന്‍റെ ശക്തി വീണ്ടും എന്‍റെമേല്‍ വന്നു. അവിടുന്ന് എന്നോടു പറഞ്ഞു: “നീ എഴുന്നേറ്റു സമതലത്തിലേക്കു പോവുക. അവിടെവച്ചു ഞാന്‍ നിന്നോടു സംസാരിക്കും.” അങ്ങനെ ഞാന്‍ സമതലത്തിലേക്കു പോയി. അവിടെ ഞാന്‍ സര്‍വേശ്വരന്‍റെ മഹത്ത്വം ദര്‍ശിച്ചു. കെബാര്‍നദീതീരത്തുവച്ചു ഞാന്‍ കണ്ട മഹത്ത്വംപോലെ തന്നെയായിരുന്നു അത്. ഞാന്‍ കമിഴ്ന്നുവീണു. അപ്പോള്‍ ആത്മാവ് എന്‍റെ ഉള്ളില്‍ പ്രവേശിച്ച്, എന്നെ എഴുന്നേല്പിച്ചു നിര്‍ത്തി എന്നോടു സംസാരിച്ചു: “നീ വീട്ടില്‍ ചെന്ന് കതകടച്ച് ഇരിക്കുക. മനുഷ്യപുത്രാ, ജനങ്ങളുടെ ഇടയിലേക്കു ചെല്ലാന്‍ കഴിയാത്തവിധം അവര്‍ നിന്നെ കയറുകൊണ്ടു ബന്ധിക്കും. അവരെ ശാസിക്കാന്‍ കഴിയാത്തവിധം നിന്‍റെ നാവിനെ അണ്ണാക്കിനോടു പറ്റിച്ചേര്‍ത്തു ഞാന്‍ നിന്നെ മൂകനാക്കും. കാരണം അവര്‍ ധിക്കാരികളായ ജനമാണല്ലോ. എന്നാല്‍ ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ നിന്‍റെ വായ് ഞാന്‍ തുറക്കും. ദൈവമായ സര്‍വേശ്വരന്‍ ഇങ്ങനെ അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറയണം. അവര്‍ കേള്‍ക്കുകയോ കേള്‍ക്കാതിരിക്കുകയോ ചെയ്യട്ടെ. അവര്‍ നിഷേധികളായ ജനമാണല്ലോ.” “മനുഷ്യപുത്രാ, ഒരു ഇഷ്‍ടിക എടുത്ത് അതില്‍ യെരൂശലേമിന്‍റെ ചിത്രം വരയ്‍ക്കുക. അതിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും മണ്‍കൂനകള്‍ ഉയര്‍ത്തുകയും കിടങ്ങുകള്‍ കുഴിക്കുകയും ചെയ്യണം. അതിനു ചുറ്റും പാളയങ്ങളും കോട്ടകളും മതിലുകളും തകര്‍ക്കാനുള്ള യന്ത്രമുട്ടികള്‍ സ്ഥാപിക്കുക. ഒരു ഇരുമ്പു തകിടെടുത്ത് നിനക്കും നഗരത്തിനും മധ്യേ ഇരുമ്പു മതിലെന്നവിധം വയ്‍ക്കുക. പിന്നീട് നീ അതിന് അഭിമുഖമായി നില്‌ക്കണം. അതു പിടിക്കപ്പെടാന്‍ പോകുകയാണ്. നീ അതിന്‍റെ ഉപരോധം ബലപ്പെടുത്തുക. ഇസ്രായേല്‍ജനത്തിന് ഇത് ഒരു അടയാളമായിരിക്കും. നീ ഇടത്തുവശം ചരിഞ്ഞുകിടക്കുക; ഇസ്രായേല്‍ജനത്തിന്‍റെ അകൃത്യം നിന്‍റെമേല്‍ ഞാന്‍ ചുമത്തും. അങ്ങനെ കിടക്കുന്ന നാളുകളോളം അവരുടെ അകൃത്യഭാരം നീ ചുമക്കണം. അങ്ങനെ മുന്നൂറ്റി തൊണ്ണൂറു ദിവസങ്ങള്‍ ഇസ്രായേല്‍ജനത്തിന്‍റെ പാപഭാരം നീ വഹിക്കേണ്ടിവരും. ഞാന്‍ നിനക്കു നിശ്ചയിച്ചിരിക്കുന്ന ഈ ദിവസങ്ങള്‍ ഓരോന്നും അവരുടെ ദുഷ്ടതയുടെ ഓരോ വര്‍ഷത്തിനു തുല്യമായിരിക്കും. ഇതു പൂര്‍ത്തിയാക്കിയശേഷം നീ വലത്തുവശം ചരിഞ്ഞു കിടന്നു യെഹൂദാജനത്തിന്‍റെ അകൃത്യഭാരം നാല്പതു ദിവസം വഹിക്കണം. ഒരു ദിവസത്തിന് ഒരു വര്‍ഷം എന്ന കണക്കില്‍ നാല്പതു ദിവസം. അതും ഞാന്‍ നിനക്കു നിശ്ചയിച്ചിരിക്കുന്നു. നീ മുഖം തിരിച്ചു യെരൂശലേമിന്‍റെ ഉപരോധത്തെ നോക്കണം. മുഷ്‍ടി കാട്ടി നഗരത്തിനെതിരെ പ്രവചിക്കണം. ഉപരോധകാലം പൂര്‍ത്തിയാകുന്നതുവരെ ഒരു വശത്തുനിന്നു മറുവശത്തേക്കു തിരിയാതിരിക്കത്തക്കവിധം കയറുകൊണ്ടു നിന്നെ ഞാന്‍ ബന്ധിക്കും. നീ ഒരു പാത്രത്തില്‍ കോതമ്പും യവവും അമരയും ചെറുപയറും തിനയും ചോളവും എടുത്ത് അവകൊണ്ട് അപ്പം ഉണ്ടാക്കുക. നീ വശം ചെരിഞ്ഞു കിടക്കുന്ന കാലം മുഴുവന്‍ അതായതു മുന്നൂറ്റി തൊണ്ണൂറു ദിവസവും അതു ഭക്ഷിക്കണം. നിനക്കൊരു ദിവസം ഇരുപതു ശേക്കെല്‍ ഭക്ഷണം മാത്രം കഴിക്കാം. വെള്ളവും അളവുപ്രകാരം ഒരു ദിവസം ഒരു ഹീനിന്‍റെ ആറിലൊന്നു മാത്രം കുടിക്കാം. ഉണങ്ങിയ മനുഷ്യമലം കത്തിച്ച് അതിന്മേല്‍ എല്ലാവരും കാണ്‍കെ അപ്പം ചുട്ടെടുത്ത് ബാര്‍ലി അപ്പം എന്നപോലെ നീ അതു ഭക്ഷിക്കണം. ജനതകളുടെ ഇടയിലേക്ക് ഞാന്‍ തുരത്തുന്ന ഇസ്രായേല്‍ജനം ഇതുപോലെ മലിനമായ ആഹാരം ഭക്ഷിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്തു.” അപ്പോള്‍ ഞാന്‍ പറഞ്ഞു: “സര്‍വേശ്വരനായ കര്‍ത്താവേ, ഞാന്‍ ഒരിക്കലും എന്നെ മലിനപ്പെടുത്തിയിട്ടില്ല. ചെറുപ്പംമുതല്‍ ഇന്നുവരെ ചത്തതോ, വന്യമൃഗങ്ങള്‍ കടിച്ചുകീറി കൊന്നതോ ആയ ഒരു ജീവിയെയും ഭക്ഷിച്ചിട്ടില്ല. അശുദ്ധമായതൊന്നും എന്‍റെ വായില്‍ വച്ചിട്ടുമില്ല.” ഉടനെ അവിടുന്ന് അരുളിച്ചെയ്തു: “അപ്പം ചുടുന്നതിനു മനുഷ്യമലത്തിനു പകരം പശുവിന്‍ ചാണകം ഉപയോഗിച്ചുകൊള്‍ക.” [16,17] അവിടുന്നു തുടര്‍ന്നു: “മനുഷ്യപുത്രാ, യെരൂശലേമില്‍ ഞാന്‍ ആഹാരത്തിന്‍റെ അളവു കുറയ്‍ക്കും. അവര്‍ ഉല്‍ക്കണ്ഠയോടും നിരാശയോടും കൂടെ അളന്നു തൂക്കി അപ്പം ഭക്ഷിക്കും. വെള്ളം കുടിക്കുന്നതും അങ്ങനെതന്നെ ആയിരിക്കും. ഇങ്ങനെ അവര്‍ക്ക് അപ്പവും വെള്ളവും ഇല്ലാതെയാകും. അവര്‍ നിരാശരായി അന്യോന്യം നോക്കും; തങ്ങളുടെ അകൃത്യം നിമിത്തം അവര്‍ നാശമടയും.” “മനുഷ്യപുത്രാ, നീ മൂര്‍ച്ചയുള്ള ഒരുവാള്‍ എടുത്തു നിന്‍റെ തലയും താടിയും വടിക്കുക. പിന്നീട് അത് ഒരു തുലാസ്സില്‍ തൂക്കി മൂന്നായി വിഭജിക്കുക. ഉപരോധം അവസാനിക്കുമ്പോള്‍ ആ രോമത്തിന്‍റെ മൂന്നിലൊന്ന് എടുത്ത് നഗരമധ്യത്തില്‍വച്ചു കത്തിക്കുക. മൂന്നിലൊന്നു നഗരത്തിനു ചുറ്റും നടന്നു, നിന്‍റെ വാളുകൊണ്ട് അരിഞ്ഞു കളയണം. ശേഷിച്ച മൂന്നിലൊന്നു കാറ്റില്‍ പറത്തുക. ഞാന്‍ വാളുമായി അവയെ പിന്തുടരും. അവയില്‍ ഏതാനും എടുത്തു നിന്‍റെ മേലങ്കിയുടെ വിളുമ്പില്‍ കെട്ടിവയ്‍ക്കണം. അതില്‍നിന്നു വീണ്ടും കുറെ എടുത്ത് തീയിലിട്ടു ദഹിപ്പിക്കുക. അപ്പോള്‍ അതില്‍നിന്ന് ഒരു അഗ്നി പുറപ്പെട്ട് ഇസ്രായേലിലെങ്ങും വ്യാപിക്കും.” സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “യെരൂശലേമിനെ നോക്കുക. ഞാന്‍ അതിനെ ലോകജനതകളുടെയും രാജ്യങ്ങളുടെയും മധ്യേ സ്ഥാപിച്ചിരിക്കുന്നു. യെരൂശലേം എന്‍റെ കല്പനകള്‍ ധിക്കരിച്ച് ഇതര ജനതകളെക്കാള്‍ അധികം ദുഷ്ടത പ്രവര്‍ത്തിച്ചു. ചുറ്റുമുള്ള രാജ്യങ്ങളെക്കാള്‍ കൂടുതലായി എന്‍റെ പ്രമാണങ്ങളും ചട്ടങ്ങളും നിരസിച്ചു. എന്‍റെ ചട്ടങ്ങളെ അനുസരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ ചുറ്റുമുള്ള ജനതകളെക്കാള്‍ അധികം എന്നെ ധിക്കരിച്ചു. എന്‍റെ കല്പനകളും പ്രമാണങ്ങളും അനുസരിച്ചു നിങ്ങള്‍ ജീവിച്ചില്ല. ചുറ്റുമുള്ള ജനതകളുടെ നിയമങ്ങള്‍ പോലും നിങ്ങള്‍ പാലിച്ചില്ല. അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിനക്ക് എതിരായിരിക്കുന്നു. ജനതകള്‍ കാണ്‍കെ നിന്‍റെമേലുള്ള ശിക്ഷാവിധി ഞാന്‍ നടത്തും. നിന്‍റെ മ്ലേച്ഛത നിമിത്തം ഇതുവരെ ഞാന്‍ ചെയ്തിട്ടില്ലാത്തതും ഇനി ഒരിക്കലും ചെയ്യാത്തതുമായ കാര്യം ഞാന്‍ നിന്നോടു ചെയ്യും. അതുകൊണ്ട് നിങ്ങളുടെ പിതാക്കന്മാര്‍ പുത്രന്മാരെയും പുത്രന്മാര്‍ പിതാക്കന്മാരെയും ഭക്ഷിക്കും. നിങ്ങളുടെമേല്‍ ഞാന്‍ ന്യായവിധി നടത്തും നിങ്ങളില്‍ ശേഷിക്കുന്നവരെ നാനാദിക്കിലേക്കും ഞാന്‍ ചിതറിക്കും. നിങ്ങളുടെ ദുഷ്പ്രവൃത്തികളാലും മ്ലേച്ഛതകളാലും എന്‍റെ വിശുദ്ധമന്ദിരത്തെ മലിനമാക്കിയിരിക്കുകയാല്‍ നിശ്ചയമായും ഞാന്‍ നിങ്ങളെ അരിഞ്ഞുവീഴ്ത്തും; നിങ്ങളെ ഞാന്‍ വെറുതെ വിടുകയില്ല; ഞാന്‍ നിങ്ങളോടു കരുണ കാണിക്കുകയുമില്ല എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. നിങ്ങളില്‍ മൂന്നിലൊരു ഭാഗം ജനം പകര്‍ച്ചവ്യാധികള്‍കൊണ്ടും പട്ടിണികൊണ്ടും മരണമടയും. മൂന്നിലൊരു ഭാഗം വാളിനാല്‍ കൊല്ലപ്പെടും. മൂന്നിലൊരു ഭാഗത്തെ നാനാദിക്കുകളിലേക്കും ഞാന്‍ തുരത്തും. ഊരിയ വാളുമായി ഞാന്‍ അവരെ പിന്തുടരും. അങ്ങനെ എന്‍റെ കോപം ശമിക്കും; നിങ്ങളോടുള്ള എന്‍റെ ക്രോധം ജ്വലിച്ചടങ്ങും. ഞാന്‍ തൃപ്തിയടയുകയും ചെയ്യും. നിങ്ങളുടെ അവിശ്വസ്തതയില്‍ അസഹിഷ്ണുവായിത്തീര്‍ന്നതുകൊണ്ടാണ് സര്‍വേശ്വരനായ ഞാന്‍ നിന്നോട് ഇങ്ങനെ പറഞ്ഞതെന്ന് ഇവയെല്ലാം സംഭവിച്ചു കഴിയുമ്പോള്‍ നിനക്കു ബോധ്യമാകും. ചുറ്റുമുള്ള ജനതകള്‍ക്കിടയിലും വഴിപോക്കരുടെ മുമ്പിലും ഞാന്‍ നിന്നെ ശൂന്യവും നിന്ദാപാത്രവും ആക്കും. ഞാന്‍ അമര്‍ഷത്തോടും ഉഗ്രകോപത്തോടും കഠിനശിക്ഷകളോടും കൂടി ന്യായവിധി നടത്തുമ്പോള്‍ നീ ചുറ്റുമുള്ള ജനതകളുടെ മുമ്പില്‍ നിന്ദാപാത്രവും പരിഹാസവിഷയവും ഭയഹേതുവും താക്കീതും ആയിത്തീരും. സര്‍വേശ്വരനായ ഞാന്‍ ഇതു പറഞ്ഞിരിക്കുന്നു. ക്ഷാമം എന്ന വിനാശഅസ്ത്രം നിങ്ങളുടെ നേരേ ഞാന്‍ അയയ്‍ക്കുന്നതു നിങ്ങളെ നശിപ്പിക്കാന്‍ തന്നെയാണ്. ഞാന്‍ ക്ഷാമം മേല്‌ക്കുമേല്‍ വര്‍ധിപ്പിക്കും; നിങ്ങളുടെ നിത്യാഹാരത്തിന്‍റെ അളവു കുറയ്‍ക്കുകയും ചെയ്യും. നിങ്ങളുടെ മക്കളെ കൊല്ലേണ്ടതിനു ക്ഷാമത്തെയും വന്യമൃഗങ്ങളെയും ഞാന്‍ അയയ്‍ക്കും. നിങ്ങളുടെ ഇടയില്‍ പകര്‍ച്ചവ്യാധിയും രക്തച്ചൊരിച്ചിലും ഉണ്ടാകും. ഞാന്‍ നിങ്ങളുടെമേല്‍ വാള്‍ അയയ്‍ക്കും; സര്‍വേശ്വരനായ ഞാന്‍ ഇത് അരുളിച്ചെയ്തിരിക്കുന്നു. എനിക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി: “മനുഷ്യപുത്രാ, ഇസ്രായേലിലെ പര്‍വതങ്ങള്‍ക്ക് അഭിമുഖമായി നിന്ന് അവയ്‍ക്കെതിരായി പ്രവചിക്കുക; നീ ഇങ്ങനെ പറയണം; ഇസ്രായേലിലെ പര്‍വതങ്ങളേ, സര്‍വേശ്വരനായ കര്‍ത്താവിന്‍റെ വചനം കേള്‍ക്കുക; മലകളോടും കുന്നുകളോടും അരുവികളോടും താഴ്വരകളോടും അവിടുന്ന് അരുളിച്ചെയ്യുന്നു: നോക്കൂ, ഞാന്‍ നിങ്ങളുടെമേല്‍ വാള്‍ അയയ്‍ക്കും. നിങ്ങളുടെ പൂജാഗിരികളെ ഞാന്‍ നശിപ്പിക്കും. നിങ്ങളുടെ ബലിപീഠങ്ങള്‍ ശൂന്യമാകും; നിങ്ങളുടെ ധൂപപീഠങ്ങള്‍ തകര്‍ക്കപ്പെടും. നിങ്ങളില്‍ വധിക്കപ്പെട്ടവരെ നിങ്ങള്‍ ആരാധിക്കുന്ന വിഗ്രഹങ്ങളുടെ മുമ്പിലേക്ക് എറിയും. ഞാന്‍ ഇസ്രായേല്‍ജനത്തിന്‍റെ മൃതദേഹങ്ങള്‍ അവര്‍ ആരാധിക്കുന്ന വിഗ്രഹങ്ങളുടെ മുമ്പില്‍ ഇടും. ഞാന്‍ നിങ്ങളുടെ അസ്ഥികള്‍ നിങ്ങളുടെ ബലിപീഠങ്ങള്‍ക്കു ചുറ്റും വിതറും. നിങ്ങളുടെ നഗരങ്ങളെ നശിപ്പിക്കും; നിങ്ങളുടെ പൂജാഗിരികളെ ശൂന്യമാക്കും. അങ്ങനെ നിങ്ങളുടെ യാഗപീഠങ്ങള്‍ നശിപ്പിച്ചു ശൂന്യമാക്കപ്പെടും. നിങ്ങളുടെ വിഗ്രഹങ്ങള്‍ തകര്‍ത്തു നശിപ്പിക്കപ്പെടും. ധൂപപീഠങ്ങള്‍ തകര്‍ക്കപ്പെടും. നിങ്ങളുടെ കരവേലകളെല്ലാം തുടച്ചു നീക്കപ്പെടും. നിങ്ങളില്‍ കൊല്ലപ്പെട്ടവര്‍ നിങ്ങളുടെ മധ്യത്തില്‍ വീഴും. അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്നു നിങ്ങള്‍ മനസ്സിലാക്കും. “എങ്കിലും ഞാന്‍ നിങ്ങളില്‍ ഏതാനും പേരെ വാളില്‍നിന്നു രക്ഷിച്ചു ശേഷിപ്പിക്കും. അവരെ ജനതകളുടെ ഇടയില്‍ ചിതറിക്കും. രക്ഷപെട്ടവരായ നിങ്ങള്‍ വിജാതീയരുടെ ഇടയില്‍ പ്രവാസികളായി കഴിയുമ്പോള്‍ നിങ്ങള്‍ അവിശ്വസ്തരായി എന്നെ വിട്ടകലുകയും വിഗ്രഹങ്ങളുടെ പിന്നാലെ പോവുകയും ചെയ്തപ്പോള്‍ ഞാന്‍ എത്രമാത്രം ദുഃഖിച്ചു എന്നു നിങ്ങള്‍ ഓര്‍ക്കും. അപ്പോള്‍ നിങ്ങളുടെ മ്ലേച്ഛതകളും തിന്മകളും ഓര്‍ത്തു നിങ്ങള്‍ സ്വയം വെറുക്കും. ഞാനാണ് സര്‍വേശ്വരനെന്നും ഈ അനര്‍ഥങ്ങള്‍ വരുത്തുമെന്നു ഞാന്‍ പറഞ്ഞതു വെറുതെയല്ലെന്നും അവര്‍ അപ്പോള്‍ ഗ്രഹിക്കും.” സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “കൈ കൊട്ടുകയും നിലത്തു ചവിട്ടുകയും ചെയ്തുകൊണ്ടു പറയുക; ഇസ്രായേല്‍ജനത്തിന്‍റെ തിന്മ നിറഞ്ഞ മ്ലേച്ഛതകള്‍ നിമിത്തം അവര്‍ക്കു ദുരിതം! അവര്‍ യുദ്ധവും ക്ഷാമവും പകര്‍ച്ചവ്യാധിയും നിമിത്തം നശിക്കും; അകലെയുള്ളവന്‍ പകര്‍ച്ചവ്യാധികൊണ്ടും അടുത്തുള്ളവന്‍ വാളുകൊണ്ടും അവശേഷിക്കുന്നവന്‍ ക്ഷാമംകൊണ്ടും മരിക്കും. ഇങ്ങനെ എന്‍റെ ക്രോധം അവരുടെമേല്‍ പൂര്‍ണമായി ചൊരിയും. എല്ലാ കുന്നുകളിലും മലമുകളിലും എല്ലാ പച്ചമരത്തിന്‍കീഴിലും ഇലപ്പടര്‍പ്പുള്ള കരുവേലകമരത്തിന്‍കീഴിലും വിഗ്രഹങ്ങള്‍ക്കു സുഗന്ധദ്രവ്യങ്ങള്‍ അര്‍പ്പിച്ച എല്ലാ സ്ഥലങ്ങളിലും ബലിപീഠങ്ങളുടെ ചുറ്റും വിഗ്രഹങ്ങളുടെ ഇടയിലും വധിക്കപ്പെട്ടവരുടെ ശരീരങ്ങള്‍ ചിതറിക്കിടക്കുമ്പോള്‍ ഞാനാണു സര്‍വേശ്വരന്‍ എന്നു നിങ്ങള്‍ അറിയും. ഞാന്‍ അവരുടെ നേരേ കൈ നീട്ടി മരുഭൂമിമുതല്‍ രിബ്ലാവരെയുള്ള അവരുടെ വാസസ്ഥലങ്ങളെല്ലാം ശൂന്യമാക്കും. അപ്പോള്‍ ഞാനാണ് സര്‍വേശ്വരനെന്ന് അവര്‍ ഗ്രഹിക്കും.” എനിക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി: “മനുഷ്യപുത്രാ, സര്‍വേശ്വരനായ കര്‍ത്താവ് ഇസ്രായേല്‍ദേശത്തോട് അരുളിച്ചെയ്യുന്നു: ഇതാ അവസാനം; ദേശത്തിന്‍റെ മുഴുവന്‍ നാശം അടുത്തിരിക്കുന്നു. ഇതാ, നിന്‍റെ അവസാനം അടുത്തിരിക്കുന്നു. നിന്‍റെമേല്‍ ഞാന്‍ എന്‍റെ ക്രോധം അഴിച്ചുവിടും. നിന്‍റെ പ്രവൃത്തികള്‍ക്ക് അനുസൃതമായി ഞാന്‍ നിന്നെ വിധിക്കും. നിന്‍റെ എല്ലാ മ്ലേച്ഛതകള്‍ക്കും തക്കവിധം ഞാന്‍ നിന്നെ ശിക്ഷിക്കും. ഞാന്‍ നിന്നെ വെറുതെ വിടുകയില്ല. നിന്നോടു കരുണ കാട്ടുകയുമില്ല. നിന്‍റെ ദുര്‍നടത്തയ്‍ക്കും നിന്‍റെ മ്ലേച്ഛതകള്‍ക്കും ഒത്തവിധം ഞാന്‍ നിന്നെ ശിക്ഷിക്കും. ഞാനാണു സര്‍വേശ്വരന്‍ എന്നു നീ അപ്പോള്‍ ഗ്രഹിക്കും” എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “നാശത്തിനുമേല്‍ നാശം വന്നു ഭവിക്കും. അവസാനം വന്നുചേര്‍ന്നിരിക്കുന്നു. ഇതാ, അത് അടുത്തെത്തിയിരിക്കുന്നു! അതു നിനക്കെതിരെ ഉണര്‍ന്ന് അടുത്തു വന്നിരിക്കുന്നു. ദേശവാസികളേ, ഇതാ വിനാശം വന്നിരിക്കുന്നു. സമയമായി, നാശത്തിന്‍റെ നാള്‍ ആസന്നമായി. അതാ മലമുകളില്‍ ആര്‍പ്പുവിളി കേള്‍ക്കുന്നു. പക്ഷേ, അതു സന്തോഷത്തിന്‍റെ ആരവമല്ല. ഇപ്പോള്‍ ഞാന്‍ എന്‍റെ ക്രോധം നിന്‍റെമേല്‍ പകരും. എന്‍റെ കോപം നിന്‍റെമേല്‍ ചൊരിഞ്ഞുതീര്‍ക്കും. നിന്‍റെ പ്രവൃത്തിക്കൊത്തവിധം വിധിക്കുകയും നിന്‍റെ എല്ലാ മ്ലേച്ഛതകള്‍ക്കും ഒത്തവിധം നിന്നെ ശിക്ഷിക്കുകയും ചെയ്യും. ഞാന്‍ നിന്നെ വെറുതെ വിടുകയില്ല. നിന്നോടു കരുണ കാണിക്കുകയുമില്ല. നിന്നിലുള്ള മ്ലേച്ഛതകള്‍ക്കും പ്രവൃത്തികള്‍ക്കും അനുസൃതമായി ഞാന്‍ നിന്നെ ശിക്ഷിക്കും. സര്‍വേശ്വരനായ ഞാനാണു നിന്നെ ശിക്ഷിക്കുന്നതെന്ന് അപ്പോള്‍ നീ അറിയും. ഇതാ, ആ ദിനം വന്നിരിക്കുന്നു! ഇതാ, അക്രമം പെരുകുന്നു. അഹങ്കാരം അതിന്‍റെ മൂര്‍ധന്യത്തിലെത്തിയിരിക്കുന്നു. അക്രമം ദുഷ്ടതയുടെ വടിയായി വളര്‍ന്നിരിക്കുന്നു. അവരില്‍ ആരും അവശേഷിക്കുകയില്ല. അവരുടെ സമൃദ്ധിയോ ധനമോ പ്രതാപമോ ഒന്നും അവശേഷിക്കുകയില്ല. സമയമായി; ദിവസം അടുത്തു. വാങ്ങുന്നവന്‍ സന്തോഷിക്കാതെയും വില്‍ക്കുന്നവന്‍ വിലപിക്കാതെയും ഇരിക്കട്ടെ. കാരണം, ദൈവകോപം എല്ലാവരുടെയുംമേല്‍ ഒരുപോലെ നിപതിക്കും. ഇരുവരും ജീവിച്ചിരുന്നാലും വില്‍ക്കുന്നവനു താന്‍ വിറ്റതു തിരിച്ചുകിട്ടുകയില്ല. ദൈവകോപം സര്‍വജനത്തിന്‍റെയുംമേല്‍ നിപതിച്ചിരിക്കുന്നുവല്ലോ. അതു പിന്‍വാങ്ങുകയില്ല. തന്‍റെ അധര്‍മം നിമിത്തം അവരില്‍ ആരും ജീവനോടെ ശേഷിക്കുകയില്ല. അവര്‍ കാഹളം മുഴക്കി. എന്നാല്‍ എല്ലാവരുടെയുംമേല്‍ എന്‍റെ ക്രോധം നിപതിച്ചിരിക്കുകയാല്‍ ആരും യുദ്ധത്തിനു പോകുന്നില്ല. [14,15] പുറത്തു വാള്‍ അകത്ത് പകര്‍ച്ചവ്യാധിയും ക്ഷാമവും; നഗരത്തിനു പുറത്തുള്ളവര്‍ വാളാല്‍ മരിക്കും. അകത്തുള്ളവര്‍ ക്ഷാമത്തിനും പകര്‍ച്ചവ്യാധിക്കും ഇരയാകും. *** ഇവയെ അതിജീവിച്ചു രക്ഷപെടുന്നവര്‍ തങ്ങളുടെ അകൃത്യങ്ങളെക്കുറിച്ച് ഓര്‍ത്തു വിലപിച്ചുകൊണ്ടു താഴ്വരകളില്‍നിന്നു പറന്നുയരുന്ന പ്രാവുകളെപ്പോലെ പര്‍വതങ്ങളില്‍ അഭയം തേടും. എല്ലാ കരങ്ങളും തളരും; എല്ലാ കാല്‍മുട്ടുകളും വിറയ്‍ക്കും. അവര്‍ ചാക്കുതുണി ഉടുക്കും; കൊടുംഭീതി അവരെ മൂടും. എല്ലാ ശിരസ്സുകളും മുണ്ഡനം ചെയ്യപ്പെടും. അവര്‍ എല്ലാവരും ലജ്ജിതരാകും. അവര്‍ വെള്ളി തെരുവീഥികളില്‍ വലിച്ചെറിയും, സ്വര്‍ണം അവര്‍ക്കു മലിനവസ്തുവായിത്തീരും. സര്‍വേശ്വരന്‍റെ കോപത്തിന്‍റെ ദിവസം പൊന്നിനും വെള്ളിക്കും അവരെ രക്ഷിക്കാന്‍ കഴിയുകയില്ല. അവയ്‍ക്ക് അവരുടെ വിശപ്പടക്കാനോ വയറു നിറയ്‍ക്കാനോ സാധ്യമല്ല. അവര്‍ക്കിടര്‍ച്ച വരുത്തിയത് അവയാണല്ലോ. അവര്‍ മനോഹരമായ ആഭരണങ്ങള്‍കൊണ്ട് ഡംഭം കാട്ടി. അവകൊണ്ട് അവര്‍ മ്ലേച്ഛവിഗ്രഹങ്ങളും നിന്ദ്യബിംബങ്ങളും നിര്‍മിച്ചു. അതിനാല്‍ ഞാന്‍ അവ അവര്‍ക്ക് അശുദ്ധവസ്തുക്കളാക്കും. അവ വിദേശികള്‍ കൊള്ളയടിക്കാനും അക്രമികള്‍ കവര്‍ച്ച ചെയ്യാനും ഞാന്‍ ഇടവരുത്തും. അവര്‍ അവ അശുദ്ധമാക്കും. ഞാന്‍ എന്‍റെ മുഖം അവരില്‍നിന്നു തിരിക്കും; വിശുദ്ധസ്ഥലം അവര്‍ അശുദ്ധമാക്കും. കവര്‍ച്ചക്കാര്‍ പ്രവേശിച്ച് അവിടം മലിനവും ശൂന്യവുമാക്കും. ദേശം കൊലപാതകംകൊണ്ടും നഗരം അക്രമംകൊണ്ടും നിറയും. അതിനാല്‍ അവരുടെ വാസസ്ഥലങ്ങള്‍ കൈവശമാക്കാന്‍ ഏറ്റവും നീചരായ ജനതകളെ ഞാന്‍ കൊണ്ടുവരും. അവര്‍ അവരുടെ വിശുദ്ധസ്ഥലങ്ങള്‍ മലിനമാക്കും. ഞാന്‍ ബലവാന്മാരുടെ അഹന്ത അവസാനിപ്പിക്കും. കഠിനവേദന ഉണ്ടാകുമ്പോള്‍ അവര്‍ ശാന്തിതേടും; എന്നാല്‍ അത് അവര്‍ക്കു ലഭിക്കുകയില്ല. നാശത്തിന്മേല്‍ നാശം വന്നുചേരും; [25,26] അശുഭവാര്‍ത്തകള്‍ക്കുമേല്‍ അശുഭവാര്‍ത്തകള്‍ പ്രചരിക്കും. പ്രവാചകന്മാരോട് അവര്‍ ദര്‍ശനം തേടും; എന്നാല്‍ പുരോഹിതന്മാര്‍ക്കു നിയമവും ജനപ്രമാണികള്‍ക്ക് ഉപദേശവും നല്‌കുവാനില്ല. *** രാജാവ് വിലപിക്കും; രാജകുമാരന്‍ നിരാശനാകും. ദേശത്തെങ്ങും ജനങ്ങളുടെ കൈകള്‍ ഭയംകൊണ്ടു വിറയ്‍ക്കും; അവരുടെ പ്രവൃത്തികള്‍ക്കൊത്തവിധം ഞാനവരോടു പെരുമാറും. അവര്‍ വിധിക്കുന്നതുപോലെ ഞാന്‍ അവരെയും വിധിക്കും. ഞാനാണ് സര്‍വേശ്വരന്‍ എന്ന് അവര്‍ അറിയും. ആറാം വര്‍ഷം ആറാം മാസം അഞ്ചാം ദിവസം യെഹൂദായിലെ ജനപ്രമാണികളോടുകൂടി ഞാന്‍ എന്‍റെ ഭവനത്തില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ സര്‍വേശ്വരനായ കര്‍ത്താവിന്‍റെ ശക്തി എന്‍റെമേല്‍ വന്നു. ഞാന്‍ നോക്കി. അതാ, മനുഷ്യസദൃശമായ ഒരു രൂപം; അതിന്‍റെ അരക്കെട്ടിനു താഴെയുള്ള ഭാഗം അഗ്നിപോലെയിരുന്നു. അരക്കെട്ടിന്‍റെ മുകള്‍ഭാഗം മിനുക്കിയ ഓടുപോലെ ശോഭയുള്ളതായി കാണപ്പെട്ടു. കൈപോലെ തോന്നിയ ഭാഗം നീട്ടി അയാള്‍ എന്‍റെ മുടിക്കു പിടിച്ചു; ദൈവാത്മാവ് എന്നെ ആകാശത്തിന്‍റെയും ഭൂമിയുടെയും മധ്യേ ഉയര്‍ത്തി ദിവ്യദര്‍ശനത്തില്‍ എന്നെ യെരൂശലേമിലേക്കു നയിച്ചു; അവിടെ അകത്തെ അങ്കണത്തിന്‍റെ വടക്കേ വാതില്‌ക്കല്‍ എന്നെ നിര്‍ത്തി. ദൈവത്തിന്‍റെ തീക്ഷ്ണത ജ്വലിപ്പിക്കുന്ന ബിംബത്തിന്‍റെ പീഠവും അവിടെ ഉണ്ടായിരുന്നു. അതാ, ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ തേജസ്സ്! അത് സമതലത്തില്‍വച്ചു ഞാന്‍ കണ്ട ദര്‍ശനത്തിലേതുപോലെ തന്നെ ആയിരുന്നു. അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, നീ വടക്കോട്ടു നോക്കുക” ഞാന്‍ അവിടേക്കു നോക്കി. അതാ യാഗപീഠത്തിന്‍റെ വാതില്‌ക്കല്‍ വടക്കു ഭാഗത്തു ദൈവത്തിന്‍റെ തീക്ഷ്ണത ജ്വലിക്കുന്ന വിഗ്രഹം നില്‌ക്കുന്നു. അവിടുന്ന് എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, അവര്‍ എന്താണ് ചെയ്യുന്നതെന്നു നീ കാണുന്നില്ലേ? ഞാന്‍ എന്‍റെ വിശുദ്ധമന്ദിരം വിട്ടുപോകാനായി ഇസ്രായേല്‍ജനം മഹാമ്ലേച്ഛതകള്‍ അവിടെ കാട്ടുന്നു. എന്നാല്‍ ഇതിലും വലിയ മ്ലേച്ഛതകള്‍ നീ കാണും.” പിന്നീട് അവിടുന്ന് എന്നെ അങ്കണത്തിന്‍റെ വാതില്‌ക്കല്‍ കൊണ്ടുവന്നു. ഞാന്‍ അവിടെ ചുവരില്‍ ഒരു ദ്വാരം കണ്ടു. “മനുഷ്യപുത്രാ, ചുവര്‍ കുത്തിത്തുറക്കുക” എന്ന് അവിടുന്ന് എന്നോടു കല്പിച്ചു; ഞാന്‍ ചുവര്‍ തുരന്നു. അതാ, ഒരു വാതില്‍! “അകത്തു കടന്ന് അവര്‍ അവിടെ ചെയ്യുന്ന നികൃഷ്ടവും മ്ലേച്ഛവുമായ കൃതൃങ്ങള്‍ കാണുക” എന്ന് അവിടുന്ന് എന്നോടു കല്പിച്ചു. അങ്ങനെ ഞാന്‍ അകത്തു ചെന്നു നോക്കി. അതാ, ഇസ്രായേല്‍ജനം ആരാധിക്കുന്ന വിഗ്രഹങ്ങളുടെയും എല്ലാവിധ ഇഴജന്തുക്കളുടെയും വെറുപ്പുളവാക്കുന്ന ജീവികളുടെയും ചിത്രങ്ങള്‍ ചുറ്റുമുള്ള ചുവരില്‍ ആലേഖനം ചെയ്തിരിക്കുന്നു. ഇസ്രായേല്‍ഗോത്രങ്ങളിലെ എഴുപതു ജനപ്രമാണികളും അവരുടെ കൂടെ ശാഫാന്‍റെ മകനായ യയസന്യായും അവയുടെ മുമ്പില്‍ നില്‌ക്കുന്നു. ഓരോരുത്തരുടെയും കൈയില്‍ ഉണ്ടായിരുന്ന ധൂപകലശത്തില്‍നിന്നു സുഗന്ധധൂമം ഉയര്‍ന്നുകൊണ്ടിരുന്നു. അവിടുന്ന് എന്നോടു ചോദിച്ചു: “ഇസ്രായേലിലെ ജനനേതാക്കള്‍ ഇരുട്ടത്തു വിഗ്രഹങ്ങള്‍ നിറഞ്ഞ മുറിയില്‍ ചെയ്യുന്നതെന്തെന്നു നീ കാണുന്നുണ്ടോ? സര്‍വേശ്വരന്‍ നമ്മെ കാണുന്നില്ല; അവിടുന്നു നമ്മുടെ ദേശം ഉപേക്ഷിച്ചിരിക്കുന്നു എന്നവര്‍ പറയുന്നു. ഇതിലും വലിയ മ്ലേച്ഛതകള്‍ അവര്‍ ചെയ്യുന്നതു നീ കാണും” എന്ന് അവിടുന്ന് എന്നോട് അരുളിച്ചെയ്തു. അവിടുന്ന് എന്നെ ദേവാലയത്തിന്‍റെ വടക്കേ കവാടത്തിന്‍റെ മുമ്പിലേക്കു കൊണ്ടുവന്നു. അവിടെ തമ്മൂസിനെ ചൊല്ലി സ്‍ത്രീകള്‍ വിലപിക്കുന്നുണ്ടായിരുന്നു. “മനുഷ്യപുത്രാ നീ ഇതു കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകള്‍ നീ കാണും” എന്ന് അവിടുന്നു പറഞ്ഞു. പിന്നീട് അവിടുന്നെന്നെ ദേവാലയത്തിന്‍റെ അകത്തെ അങ്കണത്തില്‍ കൊണ്ടുവന്നു. അവിടെ ദേവാലയത്തിന്‍റെ പൂമുഖത്തിനും യാഗപീഠത്തിനും മധ്യേ ഇരുപത്തഞ്ചു പുരുഷന്മാര്‍ ദേവാലയത്തിനു പുറം തിരിഞ്ഞു കിഴക്കോട്ടു നോക്കി നിന്നിരുന്നു. അവര്‍ സാഷ്ടാംഗം വീണു സൂര്യനെ ആരാധിക്കുകയായിരുന്നു. പിന്നീട് അവിടുന്ന് എന്നോടരുളിച്ചെയ്തു: “മനുഷ്യപുത്രാ, നീ ഇതു കാണുന്നുവോ? യെഹൂദായിലെ ജനം ഇവിടെ കാട്ടിക്കൂട്ടുന്ന മ്ലേച്ഛതകള്‍ അത്ര നിസ്സാരമാണോ? അവര്‍ ദേശം അക്രമങ്ങള്‍കൊണ്ടു നിറച്ചു; എന്‍റെ രോഷം വീണ്ടും ഉണര്‍ത്തി. കണ്ടില്ലേ അവര്‍ എന്നെ എത്ര അധികം അധിക്ഷേപിക്കുന്നു? അതുകൊണ്ട് ഞാന്‍ അവരെ ക്രോധത്തോടെ നേരിടും; അവരെ വെറുതെ വിടുകയില്ല. അവരോടു കരുണ കാണിക്കയുമില്ല. അവര്‍ എത്ര ഉറക്കെ എന്നോടു നിലവിളിച്ചാലും ഞാന്‍ കേള്‍ക്കയില്ല.” അവിടുന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്നതു ഞാന്‍ കേട്ടു. “നഗരത്തെ ശിക്ഷിക്കുന്നവരേ, സംഹാരായുധങ്ങളുമായി എന്‍റെ അടുത്തു വരുവിന്‍.” അപ്പോള്‍ ആറു പേര്‍ മാരകായുധങ്ങളുമായി ഉത്തരദിക്കിലേക്കുള്ള മുകളിലത്തെ കവാടം വഴിയായി വന്നു. അവരുടെകൂടെ ചണവസ്ത്രം ധരിച്ച ഒരാള്‍ ഉണ്ടായിരുന്നു. എഴുത്തുസാമഗ്രികള്‍ സൂക്ഷിച്ചിരുന്ന ഒരു സഞ്ചിയും അയാള്‍ പാര്‍ശ്വത്തില്‍ വഹിച്ചിരുന്നു. അവര്‍ ഓടുകൊണ്ടു നിര്‍മിച്ച യാഗപീഠത്തിന്‍റെ മുമ്പില്‍ച്ചെന്നു നിന്നു. ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ തേജസ്സ് കെരൂബുകളില്‍നിന്നു പുറപ്പെട്ട് ആലയത്തിന്‍റെ വാതില്‍പ്പടിക്കലെത്തി. എഴുത്തു സാമഗ്രികളുമായി നിന്ന ചണവസ്ത്രധാരിയെ അവിടുന്നു വിളിച്ചു. സര്‍വേശ്വരന്‍ അവനോടു കല്പിച്ചു: “നീ യെരൂശലേംനഗരത്തിലൂടെ നടന്ന് അവിടെ നടമാടുന്ന മ്ലേച്ഛതകളെക്കുറിച്ചു നെടുവീര്‍പ്പിടുകയും കരയുകയും ചെയ്യുന്നവരുടെ നെറ്റിയില്‍ ഒരു അടയാളമിടുക.” മറ്റുള്ളവരോടു ഞാന്‍ കേള്‍ക്കെ അവിടുന്ന് ആജ്ഞാപിച്ചു: “അവന്‍റെ പിന്നാലെ നിങ്ങള്‍ ചെന്നു സംഹാരം തുടങ്ങുവിന്‍. ആരെയും വെറുതെ വിടരുത്. ആരോടും കരുണ കാണിക്കയും അരുത്. വൃദ്ധജനങ്ങളെയും യുവാക്കളെയും യുവതികളെയും ശിശുക്കളെയും സ്‍ത്രീകളെയും വധിക്കുവിന്‍. എന്നാല്‍ നെറ്റിയില്‍ അടയാളമുള്ള ആരെയും തൊടരുത്. എന്‍റെ വിശുദ്ധമന്ദിരത്തില്‍ നിന്നുതന്നെ ഇത് ആരംഭിക്കുവിന്‍. “അങ്ങനെ അവര്‍ ദേവാലയത്തിനു മുമ്പിലുണ്ടായിരുന്ന ജനപ്രമാണികളുടെ ഇടയില്‍നിന്നു സംഹാരം ആരംഭിച്ചു. അവിടുന്ന് അവരോടു പറഞ്ഞു: “ഈ മന്ദിരത്തെ അശുദ്ധമാക്കുവിന്‍. ഇതിന്‍റെ അങ്കണത്തെ മൃതശരീരങ്ങള്‍കൊണ്ടു നിറയ്‍ക്കുവിന്‍. അങ്ങനെ മുമ്പോട്ടു നീങ്ങുവിന്‍.” അവര്‍ അങ്ങനെ നഗരത്തില്‍ സംഹാരം നടത്തി മുന്നേറി. അവര്‍ സംഹാരം തുടരുകയും ഞാന്‍ മാത്രം ശേഷിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ സാഷ്ടാംഗം വീണു നിലവിളിച്ചു. “സര്‍വേശ്വരനായ കര്‍ത്താവേ, അവിടുത്തെ ക്രോധം യെരൂശലേമിന്മേല്‍ ചൊരിയുമ്പോള്‍ ഇസ്രായേല്യരില്‍ അവശേഷിക്കുന്നവരെയെല്ലാം അവിടുന്ന് ഒന്നൊഴിയാതെ നശിപ്പിക്കുമോ?” അപ്പോള്‍ അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “ഇസ്രായേലിന്‍റെയും യെഹൂദായുടെയും അകൃത്യം അളവറ്റതാണ്. ദേശമാകമാനം രക്തപാതകവും അനീതിയുംകൊണ്ടു നിറഞ്ഞിരിക്കുന്നു. അവര്‍ പറയുന്നു: ‘സര്‍വേശ്വരന്‍ ഈ ദേശത്തെ ഉപേക്ഷിച്ചിരിക്കുന്നു; അവിടുന്ന് ഇതു കാണുന്നില്ല.’ എന്നാല്‍ ഞാന്‍ അവരെ വെറുതെ വിടുകയില്ല. അവരോടു കരുണ കാണിക്കുകയുമില്ല; അവരുടെ പ്രവൃത്തികള്‍ക്കു തക്ക ശിക്ഷ ഞാന്‍ നല്‌കും.” പാര്‍ശ്വത്തില്‍ എഴുത്തുസാമഗ്രികളുള്ള ചണവസ്ത്രധാരി തിരിച്ചുവന്നു. “അങ്ങയുടെ കല്പന ഞാന്‍ നിറവേറ്റി” എന്ന് അറിയിച്ചു. ഞാന്‍ നോക്കിയപ്പോള്‍, കെരൂബുകളുടെ മീതെയുള്ള വിതാനത്തില്‍ ഇന്ദ്രനീല നിര്‍മിതമായ സിംഹാസനംപോലെ ഏതോ ഒന്നു കാണപ്പെട്ടു. ചണവസ്ത്രധാരിയോട് അവിടുന്ന് കല്പിച്ചു: “നീ പോയി കെരൂബുകളുടെ കീഴില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ചക്രങ്ങളുടെ ഇടയില്‍നിന്നു ജ്വലിക്കുന്ന തീക്കനല്‍ കൈ നിറയെ വാരിയെടുത്തു നഗരത്തിനു മീതെ വിതറുക.” ഞാന്‍ നോക്കിനില്‌ക്കെ അയാള്‍ പോയി. അയാള്‍ ഉള്ളില്‍ കടന്നപ്പോള്‍ കെരൂബുകള്‍ ദേവാലയത്തിന്‍റെ തെക്കുവശത്തു നില്‌ക്കുകയായിരുന്നു. ഒരു മേഘം അകത്തെ അങ്കണത്തില്‍ നിറഞ്ഞുനിന്നു. സര്‍വേശ്വരന്‍റെ തേജസ്സ് കെരൂബുകളില്‍ നിന്നു പൊങ്ങി ആലയത്തിന്‍റെ പടിവാതില്‌ക്കലെത്തി. ആലയം മേഘത്താല്‍ നിറഞ്ഞു. സര്‍വേശ്വരന്‍റെ തേജസ്സിന്‍റെ ശോഭ അങ്കണത്തില്‍ നിറഞ്ഞുനിന്നു. കെരൂബുകളുടെ ചിറകടിശബ്ദം പുറത്തെ അങ്കണംവരെ കേള്‍ക്കാമായിരുന്നു. അതു സര്‍വശക്തനായ ദൈവം അരുളിച്ചെയ്യുമ്പോഴുള്ള സ്വരംപോലെയായിരുന്നു. അവിടുന്നു ചണവസ്ത്രധാരിയോടു കറങ്ങിക്കൊണ്ടിരിക്കുന്ന ചക്രങ്ങളുടെ ഇടയില്‍ നിന്നു, കെരൂബുകളുടെ മധ്യത്തില്‍ നിന്നു തന്നെ, തീക്കനല്‍ എടുക്കാന്‍ ആജ്ഞാപിച്ചപ്പോള്‍ അയാള്‍ അകത്തുകടന്നു ചക്രത്തിനു സമീപം നിന്നു. ഒരു കെരൂബ് കെരൂബുകള്‍ക്കിടയിലുള്ള അഗ്നിയിലേക്കു കൈ നീട്ടി, അതില്‍ കുറെ എടുത്തു ചണവസ്ത്രധാരിയുടെ കൈയില്‍ കൊടുത്തു. അയാള്‍ അതു വാങ്ങി വെളിയിലേക്കു പോയി. കെരൂബുകളുടെ ചിറകിന്‍കീഴില്‍ മനുഷ്യകരം പോലെ ഏതോ ഒന്നു പ്രത്യക്ഷമായി. കെരൂബുകള്‍ക്കു സമീപം നാലു ചക്രങ്ങള്‍ ഞാന്‍ കണ്ടു. ഓരോ കെരൂബിന്‍റെയും അടുത്ത് ഓരോ ചക്രം. മിന്നിത്തിളങ്ങുന്ന ഗോമേദകംപോലെ അവ ശോഭിച്ചിരുന്നു. അവ നാലിനും ഒരേ ആകൃതി ആയിരുന്നു. ഒരു ചക്രം മറ്റൊന്നിന്‍റെ ഉള്ളിലെന്നപോലെ കാണപ്പെട്ടു. ഇടംവലം തിരിയാതെ അവയ്‍ക്ക് ഏതൊരു ദിക്കിലേക്കും പോകാന്‍ കഴിയുമായിരുന്നു. മുന്‍ചക്രം ഏതു ദിക്കിലേക്കു തിരിയുന്നുവോ, അവിടേക്കു മറ്റുള്ള ചക്രങ്ങള്‍ ഇടംവലം തിരിയാതെ അനുഗമിക്കുമായിരുന്നു. കെരൂബുകളുടെ ദേഹമാകെ പുറത്തും കൈകളിലും ചിറകുകളിലും ചക്രങ്ങളിലും കണ്ണുകള്‍ ഉണ്ടായിരുന്നു. ആ ചക്രങ്ങളെ ചുഴലിച്ചക്രങ്ങള്‍ എന്നു വിളിക്കുന്നതു ഞാന്‍ കേട്ടു. കെരൂബുകള്‍ക്കോരോന്നിനും നാലു മുഖങ്ങള്‍ ഉണ്ടായിരുന്നു; ഒന്നാമത്തേതു കാളയുടെ മുഖവും രണ്ടാമത്തേതു മനുഷ്യമുഖവും മൂന്നാമത്തേതു സിംഹത്തിന്‍റെ മുഖവും നാലാമത്തേതു കഴുകന്‍റെ മുഖവുംപോലെ ആയിരുന്നു. കെരൂബുകള്‍ മുകളിലേക്ക് ഉയര്‍ന്നു. കെബാര്‍നദീതീരത്തുവച്ചു ഞാന്‍ കണ്ട ജീവികള്‍തന്നെ ആയിരുന്നു അവ. കെരൂബുകള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ ചക്രങ്ങള്‍ അവയുടെ പിന്നാലെ ചെന്നു; ഭൂമിയില്‍നിന്നു മുകളിലേക്കുയരാന്‍ കെരൂബുകള്‍ ചിറകുകള്‍ വിടര്‍ത്തിയപ്പോള്‍ അവയുടെ വശങ്ങളില്‍നിന്നു ചക്രങ്ങള്‍ വേര്‍പെട്ടില്ല. ജീവികള്‍ നിശ്ചലമായപ്പോള്‍ ചക്രങ്ങളും നിശ്ചലമായി. ഭൂമിയില്‍നിന്ന് ഉയര്‍ന്നപ്പോള്‍ അവയും ഉയര്‍ന്നു. കാരണം ജീവികളുടെ ആത്മാവ് ആ ചക്രങ്ങളിലാണു കുടികൊണ്ടിരുന്നത്. സര്‍വേശ്വരന്‍റെ തേജസ്സ് ദേവാലയത്തിന്‍റെ പടിവാതിലില്‍നിന്നു പുറപ്പെട്ടു കെരൂബുകളുടെമീതെ ചെന്നു നിന്നു. കെരൂബുകള്‍ ചിറകു വിടര്‍ത്തി ഭൂമിയില്‍നിന്നു മുകളിലേക്ക് ഉയരുന്നതു ഞാന്‍ കണ്ടു. ചക്രങ്ങളും അവയുടെ കൂടെയുണ്ടായിരുന്നു. ദേവാലയത്തിന്‍റെ കിഴക്കേ കവാടത്തില്‍ ചെന്ന് അവ നിന്നു. ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ തേജസ്സ് അവയുടെ മുകളില്‍ നിലകൊണ്ടിരുന്നു. കെബാര്‍ നദീതീരത്ത് ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ കീഴില്‍ ഞാന്‍ കണ്ട അതേ ജീവികളായിരുന്നു ഇവ. ഈ ജീവികള്‍ കെരൂബുകള്‍ ആയിരുന്നു എന്നു ഞാന്‍ മനസ്സിലാക്കി. ഓരോന്നിനും നാലു മുഖങ്ങളും നാലു ചിറകുകളും ചിറകുകളുടെ കീഴ്ഭാഗത്തിനു മനുഷ്യകരങ്ങള്‍ പോലെയുള്ള രൂപവും ഉണ്ടായിരുന്നു. കെബാര്‍നദീതീരത്തുവച്ചു ഞാന്‍ കണ്ട ജീവികളുടെ മുഖംപോലെ തന്നെ ആയിരുന്നു അവയുടെ മുഖങ്ങള്‍. അവ ഓരോന്നും നേരെ മുമ്പോട്ടു പോയി. ദൈവാത്മാവ് എന്നെ എടുത്തു ദേവാലയത്തിന്‍റെ കിഴക്കേ പടിവാതില്‌ക്കല്‍ കൊണ്ടുവന്നു. അവിടെ ഇരുപത്തഞ്ചുപേര്‍ നില്‌ക്കുന്നതു ഞാന്‍ കണ്ടു. അവരുടെ ഇടയില്‍ ജനപ്രഭുക്കളായ അസ്സൂരിന്‍റെ മകന്‍ യയസന്യായെയും ബെനായായുടെ മകന്‍ പെലത്യായെയും ഞാന്‍ കണ്ടു. അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഇവരാണു നഗരത്തില്‍ ദുഷ്കൃത്യങ്ങള്‍ ആസൂത്രണം ചെയ്യുകയും ജനത്തിനു ദുരുപദേശം നല്‌കുകയും ചെയ്യുന്നത്. വീടുകള്‍ പണിയാന്‍ കാലമായിട്ടില്ല; ഈ നഗരം പാചകപാത്രവും നാം മാംസവും ആകുന്നു എന്ന് അവര്‍ പറയുന്നു. അതുകൊണ്ട് മനുഷ്യപുത്രാ, അവര്‍ക്കെതിരെ പ്രവചിക്കുക.” അപ്പോള്‍ സര്‍വേശ്വരന്‍റെ ആത്മാവ് എന്‍റെമേല്‍ വന്നു; എന്നോട് കല്പിച്ചു; സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു എന്നു പറയുക: “ഇസ്രായേല്‍ജനമേ, നിങ്ങള്‍ പറയുന്നതും നിങ്ങളുടെ വിചാരങ്ങളും ഞാന്‍ നന്നായി അറിയുന്നു. നിങ്ങള്‍ അസംഖ്യം ആളുകളെ ഈ നഗരത്തില്‍വച്ചു വധിച്ചു. മൃതശരീരങ്ങള്‍കൊണ്ട് നഗരവീഥികള്‍ നിറച്ചു. അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “നിങ്ങള്‍ നഗരമധ്യത്തില്‍ വധിച്ചവരുടെ മൃതശരീരങ്ങളാണു മാംസം; ഈ നഗരം പാചകപാത്രവും; എന്നാല്‍ ഞാന്‍ നിങ്ങളെ നഗരത്തിനു പുറത്തുകൊണ്ടുവരും. നിങ്ങള്‍ വാളിനെ ഭയന്നു; നിങ്ങളുടെമേല്‍ ഞാന്‍ വാള്‍ വരുത്തും. ഇതു സര്‍വേശ്വരനായ കര്‍ത്താവിന്‍റെ വചനം. നഗരമധ്യത്തില്‍നിന്നു നിങ്ങളെ ഞാന്‍ പുറത്തുകൊണ്ടുവന്നു വിദേശികളുടെ കൈയില്‍ ഏല്പിക്കും. അങ്ങനെ ഞാന്‍ നിങ്ങളുടെമേല്‍ ന്യായവിധി നടത്തും. ഇസ്രായേലിന്‍റെ അതിര്‍ത്തിയില്‍ വച്ചു തന്നെ നിങ്ങള്‍ വിധിക്കപ്പെടും. അങ്ങനെ ഞാനാണ് സര്‍വേശ്വരന്‍ എന്ന് എല്ലാവരും അറിയും. ഈ നഗരം നിങ്ങള്‍ക്കു പാചകപാത്രമോ നിങ്ങള്‍ അതിനകത്തു മാംസമോ ആയിരിക്കുകയില്ല. ഇസ്രായേലിന്‍റെ അതിര്‍ത്തിയില്‍ വച്ചുതന്നെ ഞാന്‍ നിങ്ങളെ ന്യായം വിധിക്കും. അങ്ങനെ ഞാനാണു സര്‍വേശ്വരനെന്നു നിങ്ങള്‍ അറിയും. എന്‍റെ കല്പനകള്‍ അനുസരിച്ചു നിങ്ങള്‍ നടന്നില്ല; എന്‍റെ പ്രമാണങ്ങള്‍ നിങ്ങള്‍ പാലിച്ചതുമില്ല. എന്നാല്‍ ചുറ്റുമുള്ള ജനതകളുടെ പ്രമാണങ്ങള്‍ അനുസരിച്ചു നിങ്ങള്‍ ജീവിച്ചു.” ഞാന്‍ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ബെനായായുടെ മകനായ പെലത്യാ മരിച്ചു. അപ്പോള്‍ ഞാന്‍ സാഷ്ടാംഗം വീണ് ഉറക്കെ നിലവിളിച്ചു. “സര്‍വേശ്വരനായ കര്‍ത്താവേ, അവിടുന്ന് ഇസ്രായേലില്‍ അവശേഷിച്ചിരിക്കുന്നവരെ നിശ്ശേഷം നശിപ്പിക്കുമോ?” സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, സര്‍വേശ്വരനോട് അകന്നു നില്‌ക്കുക. യെരൂശലേംനിവാസികള്‍ നിന്‍റെ സഹോദരരോടും സഹപ്രവാസികളോടും സര്‍വ ഇസ്രായേല്‍ജനത്തോടും ഞങ്ങള്‍ക്കാണ് ഈ ദേശം അവകാശപ്പെട്ടിരിക്കുന്നത് എന്ന് പറഞ്ഞല്ലോ. അതുകൊണ്ടു നീ അവരോടു പറയുക: സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ അവരെ ദൂരെയുള്ള ജനതകളുടെ ഇടയിലേക്ക് അകറ്റിക്കളയുകയും രാജ്യങ്ങളുടെ ഇടയില്‍ ചിതറിച്ചുകളയുകയും ചെയ്തു. എങ്കിലും കുറെക്കാലത്തേക്ക് അവര്‍ പോയിരിക്കുന്ന രാജ്യങ്ങളില്‍ ഞാന്‍ അവരോടൊത്തു വസിക്കും. അതുകൊണ്ടു നീ പറയുക: “സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. വിജാതീയരുടെ ഇടയില്‍നിന്നു നിങ്ങളെ ഞാന്‍ ഒന്നിച്ചുകൂട്ടും. ചിതറിപ്പാര്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നു നിങ്ങളെ കൂട്ടിച്ചേര്‍ക്കും. ഇസ്രായേല്‍ദേശം ഞാന്‍ നിങ്ങള്‍ക്കു തിരിച്ചു നല്‌കും. അവര്‍ അവിടെ തിരിച്ചുവരുമ്പോള്‍ അവിടെ കാണുന്ന എല്ലാ നിന്ദ്യവസ്തുക്കളും മ്ലേച്ഛതകളും അവിടെ നിന്നു നീക്കിക്കളയും. അവര്‍ക്ക് ഞാനൊരു പുതിയ ഹൃദയം നല്‌കും. ഒരു പുതിയ ചൈതന്യം ഞാന്‍ അവരില്‍ നിക്ഷേപിക്കും. ഞാന്‍ അവരുടെ ശിലാഹൃദയം നീക്കി മാംസഹൃദയം നല്‌കും. അങ്ങനെ അവര്‍ എന്‍റെ കല്പന അനുസരിച്ചു ജീവിക്കുകയും എന്‍റെ നിയമം പാലിക്കുകയും ചെയ്യും. അവര്‍ എന്‍റെ ജനവും ഞാന്‍ അവരുടെ ദൈവവും ആയിരിക്കും. എന്നാല്‍ നിന്ദ്യവസ്തുക്കളിലും മ്ലേച്ഛതകളിലും ഹൃദയം അര്‍പ്പിച്ചിരിക്കുന്നവരെ അവരുടെ പ്രവൃത്തികള്‍ക്കൊത്തവിധം ഞാന്‍ ശിക്ഷിക്കും എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. പിന്നീട് കെരൂബുകള്‍ ചിറകുകള്‍ ഉയര്‍ത്തി, പാര്‍ശ്വങ്ങളിലുള്ള ചക്രങ്ങളും ഉയര്‍ന്നു. ഇസ്രായേലിലെ ദൈവത്തിന്‍റെ തേജസ്സ് അവയ്‍ക്കുമീതെ ഉണ്ടായിരുന്നു. സര്‍വേശ്വരന്‍റെ തേജസ്സ് നഗരമധ്യത്തില്‍ നിന്നുയര്‍ന്നു നഗരത്തിനു കിഴക്കുള്ള മലമുകളില്‍ ചെന്നുനിന്നു. ദൈവാത്മാവ് എന്നെ ഉയര്‍ത്തി ബാബിലോണിലുള്ള പ്രവാസികളുടെ അടുത്തേക്കു മടക്കിക്കൊണ്ടുപോയതായി ഞാന്‍ ദര്‍ശനത്തില്‍ കണ്ടു. ഞാന്‍ കണ്ട ദര്‍ശനം അപ്രത്യക്ഷമായി. സര്‍വേശ്വരന്‍ എനിക്കു കാണിച്ചുതന്നതെല്ലാം ഞാന്‍ പ്രവാസികളോടു പറഞ്ഞു. സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, നീ ധിക്കാരികളായ ജനത്തിന്‍റെ നടുവില്‍ പാര്‍ക്കുന്നു; അവര്‍ കണ്ണുണ്ടെങ്കിലും കാണുന്നില്ല; കാതുണ്ടെങ്കിലും കേള്‍ക്കുന്നില്ല; അവര്‍ മത്സരബുദ്ധികളാണല്ലോ. അതുകൊണ്ടു, മനുഷ്യപുത്രാ, പ്രവാസത്തിനുവേണ്ട കെട്ടും ഭാണ്ഡവും ഒരുക്കി അവര്‍ കാണ്‍കെ പകല്‍ സമയത്തുതന്നെ പുറപ്പെടുക. അവര്‍ കാണ്‍കെ, നീ സ്വന്തം സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു പ്രവാസിയെപ്പോലെ പോകണം. അവര്‍ ധിക്കാരികളായ ജനമാണെങ്കിലും ഒരുവേള ഇതിന്‍റെ പൊരുള്‍ മനസ്സിലാക്കിയേക്കാം. പ്രവാസത്തിനുവേണ്ടി എന്നതുപോലെ നിന്‍റെ കെട്ടും ഭാണ്ഡവും പകല്‍സമയത്ത് അവര്‍ കാണ്‍കെ പുറത്തുകൊണ്ടുവരിക. വൈകുന്നേരം അവര്‍ കാണ്‍കെ പ്രവാസത്തിനു പുറപ്പെടുന്നവരെപ്പോലെ നീ പുറപ്പെടണം. അവര്‍ കാണ്‍കെ ചുവരില്‍ ഒരു ദ്വാരമുണ്ടാക്കി അതിലൂടെ പുറത്തു കടക്കണം. അവര്‍ നോക്കിനില്‌ക്കെ ഭാണ്ഡം തോളിലേറ്റി ഇരുട്ടത്തു പുറത്തു കടക്കുക; ദേശം കാണാതിരിക്കത്തക്കവിധം നിന്‍റെ മുഖം മൂടണം. എന്തെന്നാല്‍ നീ ചെയ്യുന്നത് ഇസ്രായേല്‍ജനത്തിന് ഒരു മുന്നറിയിപ്പായിരിക്കും. എന്നോടു കല്പിച്ചതുപോലെയെല്ലാം ഞാന്‍ ചെയ്തു; പ്രവാസത്തിനുള്ള ഭാണ്ഡം എന്നപോലെ ഞാന്‍ പകല്‍സമയത്ത് എന്‍റെ കെട്ടും ഭാണ്ഡവും കൊണ്ടുപോന്നു. വൈകുന്നേരം എന്‍റെ കൈകൊണ്ടു തന്നെ ചുവരുതുരന്നു തോളിലേറ്റിയ ഭാണ്ഡവുമായി അവര്‍ കാണ്‍കെ ഞാന്‍ ഇരുട്ടത്തു പുറപ്പെട്ടു. പ്രഭാതത്തില്‍ സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, നീ എന്താണു ചെയ്യുന്നതെന്നു ധിക്കാരികളായ ഇസ്രായേല്‍ജനം ചോദിച്ചില്ലേ? ഈ അരുളപ്പാട് യെരൂശലേമിലെ രാജാവിനെയും അവിടെയുള്ള എല്ലാ ഇസ്രായേല്‍ജനത്തെയും സംബന്ധിച്ചുള്ളതാണെന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്ന് അവരോടു പറയുക. നീ ചെയ്തത് അവര്‍ക്ക് ഒരു അടയാളമാകുന്നു എന്ന് അവരോടു പറയുക; നീ ചെയ്തതുപോലെ അവര്‍ക്കു ഭവിക്കും; അവര്‍ ബന്ദികളായി പ്രവാസത്തിലേക്കു പോകേണ്ടിവരും. അവരുടെ രാജാവ് ഭാണ്ഡം തോളിലേറ്റി ഇരുട്ടത്തു പുറപ്പെടും; അവര്‍ ചുവരു തുരന്നു പുറത്തു കടക്കും; ദേശം കാണാതിരിക്കാന്‍ അവര്‍ മുഖം മൂടും. ഞാന്‍ വല വീശി അവനെ കെണിയില്‍ കുടുക്കും; ഞാന്‍ അവനെ ബാബിലോണിലേക്കു കൊണ്ടുപോകും; പക്ഷേ ആ ദേശം കാണാതെ അവന്‍ മരണമടയും. അവന്‍റെ ചുറ്റുമുള്ള എല്ലാവരെയും അവന്‍റെ സഹായികളെയും സൈന്യത്തെയും ഞാന്‍ എല്ലാ ദിക്കിലേക്കും ചിതറിക്കും. ഊരിയ വാളുമായി ഞാന്‍ അവരെ പിന്തുടരും. ഞാന്‍ അവരെ ജനതകളുടെ ഇടയിലേക്കും വിവിധ രാജ്യങ്ങളിലേക്കും ചിതറിക്കുമ്പോള്‍ ഞാനാണു സര്‍വേശ്വരനെന്ന് അവര്‍ അറിയും. അവര്‍ പോകുന്ന ജനതകളുടെ ഇടയില്‍ തങ്ങളുടെ മ്ലേച്ഛതകള്‍ ഏറ്റുപറയാന്‍വേണ്ടി അവരില്‍ ഏതാനും പേരെ വാളില്‍നിന്നും ക്ഷാമത്തില്‍നിന്നും പകര്‍ച്ചവ്യാധിയില്‍നിന്നും ഞാന്‍ രക്ഷിക്കും. ഞാനാണ് സര്‍വേശ്വരന്‍ എന്ന് അപ്പോള്‍ അവര്‍ അറിയും. സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, വിറയലോടെ അപ്പം ഭക്ഷിക്കുക; സംഭ്രമത്തോടെ വെള്ളം കുടിക്കുക.” ആ ദേശത്തെ ജനത്തോടു പറയുക: ഇസ്രായേല്‍ ദേശത്തുള്ള യെരൂശലേംനിവാസികളെപ്പറ്റി സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “അവര്‍ ഭയത്തോടെ അപ്പം ഭക്ഷിക്കുകയും സംഭ്രമത്തോടെ വെള്ളം കുടിക്കുകയും ചെയ്യും. എന്തെന്നാല്‍ അതിലെ നിവാസികളുടെ അക്രമം നിമിത്തം അവരുടെ ദേശത്തുനിന്നു സര്‍വസ്വവും അപഹരിക്കപ്പെടും. ജനനിബിഡമായ നഗരങ്ങള്‍ ശൂന്യമാകും; ദേശം നിര്‍ജനമാകുകയും ചെയ്യും. അങ്ങനെ ഞാനാണു സര്‍വേശ്വരനെന്നു നിങ്ങള്‍ ഗ്രഹിക്കും.” സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, നാളുകള്‍ നീണ്ടുപോകുന്നു, ഒരു ദര്‍ശനവും സഫലമാകുന്നില്ല എന്ന് ഇസ്രായേല്‍ദേശത്തെ സംബന്ധിച്ചുള്ള പഴമൊഴിയുടെ അര്‍ഥം എന്ത്? അവരോടു പറയുക; സര്‍വേശ്വരനായ കര്‍ത്താവ് പറയുന്നു: ഞാന്‍ ഈ പഴഞ്ചൊല്ല് അവസാനിപ്പിക്കും; ഇസ്രായേലില്‍ ഇനിമേല്‍ ഇതാരും ആവര്‍ത്തിക്കുകയില്ല; എന്തെന്നാല്‍ കാലം സമീപിച്ചിരിക്കുന്നു. എല്ലാ ദര്‍ശനങ്ങളും നിവൃത്തിയാകാന്‍ പോകുന്നു. കാരണം ഇസ്രായേലില്‍ ഇനിമേല്‍ മിഥ്യാദര്‍ശനമോ, വ്യാജപ്രവചനമോ ഉണ്ടാവുകയില്ല. സര്‍വേശ്വരനായ ഞാന്‍ ഇച്ഛിക്കുന്നതു പറയും. ഞാന്‍ പറയുന്നതു നിറവേറ്റും. അതിന് ഇനി കാലതാമസം ഉണ്ടാവുകയില്ല. ധിക്കാരികളേ, നിങ്ങളുടെ കാലത്തുതന്നെ അതു നിറവേറ്റും എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.” വീണ്ടും അവിടുത്തെ അരുളപ്പാട് എനിക്കുണ്ടായി: മനുഷ്യപുത്രാ, ഇതാ, ഇസ്രായേല്‍ജനം; നീ കാണുന്ന ദര്‍ശനവും പ്രവചനവും വിദൂരഭാവിയെക്കുറിച്ചുള്ളതാണെന്നു പറയുന്നു. അതുകൊണ്ട് അവരോടു പറയുക; എന്‍റെ ഒരു പ്രവചനവും നിറവേറാന്‍ ഇനി വൈകുകയില്ല; ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ നിറവേറുക തന്നെ ചെയ്യും” എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, ഇസ്രായേലിലെ പ്രവാചകന്മാര്‍ക്കെതിരെ നീ പ്രവചിക്കുക. തങ്ങളുടെ മനോഗതം അനുസരിച്ചു പ്രവചിക്കുന്നവരോടു പറയുക. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ദര്‍ശനം ലഭിക്കാതെ സ്വന്തം മനസ്സിന്‍റെ പ്രേരണകളെ പിന്തുടരുന്ന ഭോഷന്മാരായ പ്രവാചകന്മാര്‍ക്കു ഹാ ദുരിതം! ഇസ്രായേല്‍ജനമേ, നിങ്ങളുടെ പ്രവാചകന്മാര്‍ ജീര്‍ണാവശിഷ്ടങ്ങള്‍ക്കിടയില്‍ കഴിയുന്ന കുറുനരികളെപ്പോലെയാണ്. സര്‍വേശ്വരന്‍റെ ദിനത്തില്‍ യുദ്ധത്തെ ചെറുത്തു നില്‌ക്കാന്‍വേണ്ടി ഇസ്രായേല്‍ജനമേ നിങ്ങള്‍ മതിലുകളുടെ വിള്ളലുകള്‍ കാണുകയോ അവയുടെ കേടുപാടുകള്‍ പോക്കുകയോ ചെയ്തില്ല. അവര്‍ വ്യാജം പറയുകയും വ്യാജപ്രവചനം നടത്തുകയും ചെയ്തിട്ട്, അതു സര്‍വേശ്വരന്‍റെ അരുളപ്പാടാണെന്നു പറയുന്നു. സര്‍വേശ്വരന്‍ അവരെ അയച്ചതല്ലെങ്കിലും, തങ്ങള്‍ പറയുന്നത് അവിടുന്നു നിറവേറ്റുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ പറയാതിരിക്കെ ‘സര്‍വേശ്വരന്‍റെ അരുളപ്പാട്’ എന്നു നിങ്ങള്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ മിഥ്യാദര്‍ശനം കാണുകയും വ്യാജപ്രവചനം നടത്തുകയും അല്ലേ ചെയ്തത്? നിങ്ങള്‍ വ്യാജം പറഞ്ഞതുകൊണ്ടും നിങ്ങള്‍ മിഥ്യാദര്‍ശനം കണ്ടതുകൊണ്ടും ഇതാ ഞാന്‍ നിങ്ങള്‍ക്കെതിരായിരിക്കുന്നു എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ഇങ്ങനെയുള്ള പ്രവാചകന്മാര്‍ക്കെതിരെ ഞാന്‍ എന്‍റെ കരം ഉയര്‍ത്തും. എന്‍റെ ജനത്തിന്‍റെ ആലോചനാസഭയില്‍ അവര്‍ ഉണ്ടായിരിക്കുകയില്ല. ഇസ്രായേലിന്‍റെ വംശാവലിയില്‍ അവരുടെ പേര് ഉള്‍പ്പെടുത്തുകയില്ല. അവര്‍ ഇസ്രായേല്‍ ദേശത്തു പ്രവേശിക്കുകയുമില്ല. അപ്പോള്‍ ഞാനാണു സര്‍വേശ്വരനായ കര്‍ത്താവെന്നു നിങ്ങള്‍ അറിയും. സമാധാനമില്ലാതിരിക്കെ സമാധാനം എന്നു പറഞ്ഞ് അവര്‍ എന്‍റെ ജനത്തെ വഴിതെറ്റിച്ചു. എന്‍റെ ജനം ഇളകുന്ന കല്ലുകളുള്ള മതില്‍ നിര്‍മിച്ചപ്പോള്‍ അവര്‍ അതിന്മീതേ വെള്ള പൂശി. വെള്ള പൂശുന്നവരോടു പറയുക; പെരുമഴ ചൊരിയും, കന്മഴ വര്‍ഷിക്കും; കൊടുങ്കാറ്റ് അടിക്കും. അതു നിലംപതിക്കും. അതു വീഴുമ്പോള്‍ നിങ്ങള്‍ പൂശിയ കുമ്മായം എവിടെ എന്നു നിങ്ങളോടു ചോദിക്കുകയില്ലേ? സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “ഉഗ്രരോഷത്താല്‍ ഞാനൊരു കൊടുങ്കാറ്റടിപ്പിക്കും. എന്‍റെ കോപത്താല്‍ പെരുമഴ വര്‍ഷിക്കും. എന്‍റെ ക്രോധത്താല്‍ അതു നശിപ്പിക്കാന്‍ കന്മഴ പെയ്യിക്കും. നിങ്ങള്‍ വെള്ളപൂശിയ കോട്ട ഞാന്‍ ഇടിച്ചു തകര്‍ക്കും; അസ്തിവാരം കാണത്തക്കവിധം ഞാനതിനെ നിലംപതിപ്പിക്കും. അതിനിടയില്‍പ്പെട്ടു നിങ്ങളും നശിക്കും. അപ്പോള്‍ ഞാനാണ് സര്‍വേശ്വരനെന്നു നിങ്ങള്‍ അറിയും. ഇങ്ങനെ കോട്ടയുടെമേലും അതില്‍ വെള്ളപൂശിയവരുടെമേലും എന്‍റെ ക്രോധം ചൊരിയും. കോട്ടയും അതിന്മേല്‍ വെള്ളപൂശിയവരും നാമാവശേഷമായിരിക്കുന്നു എന്നു ഞാന്‍ നിങ്ങളോടു പറയും. യെരൂശലേമിനെപ്പറ്റി പ്രവചിച്ച ഇസ്രായേലിലെ പ്രവാചകന്മാരും സമാധാനമില്ലാതിരിക്കെ സമാധാനത്തിന്‍റെ ദര്‍ശനങ്ങള്‍ കണ്ടവരും അവശേഷിക്കയില്ല എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.” മനുഷ്യപുത്രാ, നിന്‍റെ ജനത്തിന്‍റെ ഇടയില്‍ സ്വന്തം ഹൃദയവിചാരങ്ങള്‍ പ്രവചിക്കുന്ന സ്‍ത്രീകള്‍ക്കെതിരെ അവരുടെ മുഖത്തുനോക്കി പ്രവചിക്കുക. സര്‍വശക്തനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: മറ്റുള്ളവരെ സ്വാധീനിക്കാന്‍ കൈകളില്‍ കെട്ടാന്‍ മന്ത്രച്ചരടുകളും ഏതു വലിപ്പത്തിലുള്ളവര്‍ക്കും ചേരുന്ന മൂടുപടങ്ങളും നിര്‍മിക്കുന്ന സ്‍ത്രീകള്‍ക്കു ദുരിതം! സ്വാര്‍ഥലാഭത്തിനുവേണ്ടി നിങ്ങള്‍ എന്‍റെ ജനത്തിന്‍റെ ജീവനെ വേട്ടയാടുകയും നിങ്ങളുടെ ജീവനെ രക്ഷിക്കുകയും അല്ലേ ചെയ്യുന്നത്? ഒരു പിടി ബാര്‍ലിക്കുവേണ്ടിയും ഏതാനും അപ്പക്കഷണങ്ങള്‍ക്കു വേണ്ടിയും എന്‍റെ ജനത്തിന്‍റെ മധ്യത്തില്‍വച്ചു നിങ്ങള്‍ എനിക്കു കളങ്കം ചേര്‍ത്തു. ഭോഷ്കിനു ചെവി കൊടുക്കുന്ന എന്‍റെ ജനത്തോടു വ്യാജം പറഞ്ഞു ജീവിച്ചിരിക്കേണ്ടവരെ കൊല്ലുകയും ജീവിക്കാന്‍ പാടില്ലാത്തവരെ സംരക്ഷിക്കുകയും ചെയ്തു. അതുകൊണ്ട്, സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: പക്ഷികളെ എന്നപോലെ മനുഷ്യരുടെ ജീവന്‍ കുരുക്കിലാക്കുന്ന നിങ്ങളുടെ മന്ത്രച്ചരടുകള്‍ ഞാന്‍ വെറുക്കുന്നു. നിങ്ങളുടെ കൈകളില്‍നിന്ന് ആ മന്ത്രച്ചരടുകള്‍ പൊട്ടിച്ചുകളഞ്ഞു നിങ്ങള്‍ കുരുക്കിലാക്കുന്ന മനുഷ്യരെ പക്ഷികളെ എന്നപോലെ ഞാന്‍ സ്വതന്ത്രരാക്കും. നിങ്ങളുടെ മൂടുപടം ഞാന്‍ കീറിക്കളയും. നിങ്ങളുടെ കൈയില്‍നിന്ന് എന്‍റെ ജനത്തെ ഞാന്‍ വിടുവിക്കും. അവര്‍ ഇനിമേല്‍ നിങ്ങള്‍ക്ക് ഇരയാവുകയില്ല. ഞാനാണ് സര്‍വേശ്വരനെന്ന് അപ്പോള്‍ നിങ്ങള്‍ അറിയും. ഞാന്‍ ഒരിക്കലും നിരാശപ്പെടുത്താത്ത നീതിനിഷ്ഠരെ നിങ്ങള്‍ വ്യാജം പറഞ്ഞു നിരാശരാക്കി. ദുര്‍മാര്‍ഗത്തില്‍നിന്നു പിന്തിരിഞ്ഞു തങ്ങളുടെ ജീവനെ രക്ഷിക്കാന്‍ ഇടനല്‌കാതെ ദുഷ്ടരെ നിങ്ങള്‍ പ്രോത്സാഹിപ്പിച്ചു. അതുകൊണ്ട് നിങ്ങള്‍ക്ക് ഇനി മിഥ്യാദര്‍ശനം ഉണ്ടാകുകയോ നിങ്ങള്‍ വ്യാജപ്രവചനം നടത്തുകയോ ചെയ്കയില്ല. എന്‍റെ ജനത്തെ നിങ്ങളുടെ കൈയില്‍നിന്നു ഞാന്‍ വിടുവിക്കും. അപ്പോള്‍ ഞാനാണ് സര്‍വേശ്വരന്‍ എന്നു നിങ്ങള്‍ അറിയും. ഇസ്രായേലിലെ ചില ജനപ്രമാണികള്‍വന്ന് എന്‍റെ മുമ്പിലിരുന്നു. അപ്പോള്‍ സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: മനുഷ്യപുത്രാ, തങ്ങള്‍ ആരാധിക്കുന്ന വിഗ്രഹങ്ങളെ ഇവര്‍ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുകയും വീഴ്ചയ്‍ക്കു ഹേതുവായ അകൃത്യങ്ങള്‍ തങ്ങളുടെ മുമ്പില്‍ വയ്‍ക്കുകയും ചെയ്തിരിക്കുന്നു. അവരുടെ ചോദ്യങ്ങള്‍ക്കു ഞാന്‍ മറുപടി പറയണമോ? അതുകൊണ്ട്, നീ അവരോടു പറയുക: “സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: വിഗ്രഹങ്ങളെ തങ്ങളുടെ ഹൃദയങ്ങളില്‍ പ്രതിഷ്ഠിക്കുകയും വീഴ്ചയ്‍ക്കു കാരണമായ അകൃത്യങ്ങളെ കണ്‍മുമ്പില്‍ വയ്‍ക്കുകയും ചെയ്തുകൊണ്ട് പ്രവാചകനെ സമീപിക്കുന്ന ഇസ്രായേലിലെ ഏതൊരു പുരുഷനോടും അവന്‍ ആരാധിക്കുന്ന വിഗ്രഹങ്ങളുടെ ബാഹുല്യത്തിനൊത്തവിധം സര്‍വേശ്വരനായ ഞാന്‍ മറുപടി നല്‌കും. വിഗ്രഹാരാധന നിമിത്തം എന്നില്‍നിന്ന് അകന്നുപോയ ഇസ്രായേല്‍ജനത്തിന്‍റെ ഹൃദയങ്ങളെ പിടിച്ചെടുക്കുന്നതിനുവേണ്ടിയാണ് ഞാന്‍ അപ്രകാരം ചെയ്യുന്നത്. അതുകൊണ്ട് ഇസ്രായേല്‍ജനത്തോടു പറയുക: സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ പശ്ചാത്തപിച്ചു വിഗ്രഹാരാധനയില്‍നിന്നും സര്‍വമ്ലേച്ഛതകളില്‍നിന്നും പിന്തിരിയുക. ഇസ്രായേല്യരോ, അവരോടൊത്തു പാര്‍ക്കുന്ന പരദേശിയോ എന്നില്‍നിന്ന് അകന്നു വിഗ്രഹങ്ങളെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുകയും തന്‍റെ വീഴ്ചയ്‍ക്കു ഹേതുവായ അകൃത്യങ്ങള്‍ കണ്‍മുമ്പില്‍ വയ്‍ക്കുകയും ചെയ്തുകൊണ്ടു പ്രവാചകന്‍റെ അടുക്കല്‍ വന്ന് എന്‍റെ ഹിതം അന്വേഷിച്ചാല്‍ സര്‍വേശ്വരനായ ഞാന്‍ തന്നെ അവനു തക്ക മറുപടി നല്‌കും. ഞാന്‍ അവന് എതിരായി തിരിഞ്ഞ് അവനെ ഒരു അടയാളവും പരിഹാസപാത്രവും ആക്കിത്തീര്‍ക്കും. എന്‍റെ ജനത്തിന്‍റെ ഇടയില്‍നിന്നു ഞാന്‍ അവനെ നീക്കിക്കളയും; ഞാനാണു സര്‍വേശ്വരന്‍ എന്നു നിങ്ങള്‍ അപ്പോള്‍ അറിയും. എന്നാല്‍ ആ പ്രവാചകന്‍ വഞ്ചിതനായി അവന് ഉത്തരം നല്‌കിയാല്‍ സര്‍വേശ്വരനായ ഞാന്‍ തന്നെയാണ് അപ്രകാരം മറുപടി പറയാന്‍ ഇടയാക്കിയത്. ഞാന്‍ അയാളെ ഇസ്രായേല്‍ജനത്തില്‍നിന്നു സംഹരിച്ചുകളയും. അവര്‍ ഇരുവരും ശിക്ഷിക്കപ്പെടും. [10,11] പ്രവചനം ആരായുന്നവനും പ്രവാചകനും ഒരേ ശിക്ഷതന്നെ ലഭിക്കും. ഞാന്‍ ഇപ്രകാരം പ്രവര്‍ത്തിക്കുന്നത് ഇസ്രായേല്‍ജനം എന്നില്‍നിന്ന് അകന്നുപോകാതിരിക്കാനും അകൃത്യങ്ങള്‍കൊണ്ടു വീണ്ടും തങ്ങളെത്തന്നെ അശുദ്ധീകരിക്കാതിരിക്കാനുംവേണ്ടിയാണ്. അപ്പോള്‍ അവര്‍ എന്‍റെ ജനവും ഞാന്‍ അവരുടെ ദൈവവും ആയിരിക്കും എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.” *** സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി. മനുഷ്യപുത്രാ, ഒരു ദേശം അവിശ്വസ്തമായി എനിക്കെതിരെ പാപം ചെയ്താല്‍ ഞാന്‍ ആ ദേശത്തിനെതിരെ കൈ നീട്ടി അതിന്‍റെ ആഹാരം മുടക്കുകയും അവിടെ ക്ഷാമം വരുത്തുകയും ചെയ്യും. അങ്ങനെ അവിടെയുള്ള മനുഷ്യരെയും മൃഗങ്ങളെയും ഞാന്‍ നശിപ്പിക്കും. നോഹ, ദാനിയേല്‍, ഇയ്യോബ് എന്നിവര്‍ അവിടെ ഉണ്ടായിരുന്നാല്‍ പോലും തങ്ങളുടെ നീതിയാല്‍ അവര്‍ക്ക് മാത്രമേ രക്ഷപെടാന്‍ കഴിയൂ എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ വന്യമൃഗങ്ങളെ ആ ദേശത്തു കടത്തിവിടുകയും അവ അതു നശിപ്പിച്ചു ശൂന്യമാക്കുകയും അവമൂലം ആര്‍ക്കും വഴിനടക്കാന്‍ കഴിയാതെ വരികയും ചെയ്താല്‍, ഈ മൂന്നുപേരും അവിടെ ഉണ്ടെങ്കില്‍ത്തന്നെ സ്വന്തജീവനെ അല്ലാതെ അവരുടെ പുത്രന്മാരുടെയോ പുത്രിമാരുടെയോ പോലും ജീവന്‍ രക്ഷിക്കാന്‍ അവര്‍ക്കു കഴിയുകയില്ല; ആ ദേശം ശൂന്യമായിത്തീരും; ഇതു സര്‍വേശ്വരനായ കര്‍ത്താവിന്‍റെ വചനം. ഞാന്‍ ആ ദേശത്തിനെതിരെ ഒരു വാളയച്ച് അതിലൂടെ കടന്നുപോകുക എന്നു കല്പിക്കുകയും അതു മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കുകയും ചെയ്തു എന്നിരിക്കട്ടെ, ഞാന്‍ സത്യം ചെയ്തു പറയുന്നു: അപ്പോള്‍ ആ മൂന്നു പേരും അവിടെ ഉണ്ടായിരുന്നാലും സ്വന്തം ജീവനെയല്ലാതെ അവരുടെ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാന്‍ കഴിയുകയില്ല എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ ആ ദേശത്തേക്കു മഹാമാരി അയയ്‍ക്കുകയും രക്തച്ചൊരിച്ചിലോടെ എന്‍റെ ക്രോധം അവരുടെമേല്‍ വര്‍ഷിക്കുകയും ചെയ്ത് അവിടെയുള്ള മനുഷ്യരെയും മൃഗങ്ങളെയും നശിപ്പിക്കുന്നു എന്നിരിക്കട്ടെ. അപ്പോള്‍ നോഹയും ദാനിയേലും ഇയ്യോബും അവിടെ ഉണ്ടായിരുന്നാലും ഞാന്‍ ആണയിട്ടു പറയുന്നു, അവര്‍ക്കു തങ്ങളുടെ നീതിയാല്‍ സ്വന്തജീവനെയല്ലാതെ പുത്രന്മാരെയോ പുത്രിമാരെയോപോലും രക്ഷിക്കാന്‍ കഴിയുകയില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ യെരൂശലേമിലെ മനുഷ്യരെയും മൃഗങ്ങളെയും ഉന്മൂലനം ചെയ്യാന്‍ വാള്‍, ക്ഷാമം, വന്യമൃഗങ്ങള്‍, മഹാമാരി എന്നീ നാലു കഠിന ശിക്ഷകള്‍ അയച്ചാല്‍ ഉണ്ടാകുന്ന അനര്‍ഥം എത്ര അധികമായിരിക്കും! എങ്കിലും ഏതാനും പേര്‍ അവശേഷിക്കും. അവര്‍ തങ്ങളുടെ പുത്രീപുത്രന്മാരോടു കൂടി നിങ്ങളുടെ അടുത്തു വരും. അവരുടെ പ്രവൃത്തിയും പെരുമാറ്റവും കാണുമ്പോള്‍ ഞാന്‍ യെരൂശലേമില്‍ വരുത്തിയ നാശത്തിന്‍റെയും അനര്‍ഥങ്ങളുടെയും കാരണം അറിഞ്ഞു നിങ്ങള്‍ ആശ്വസിക്കും. അവരുടെ നടപ്പും പ്രവൃത്തിയും കാണുമ്പോള്‍ ഞാന്‍ അവിടെ ചെയ്തത് ഒന്നും വെറുതയല്ല എന്നു ബോധ്യപ്പെട്ടു നിങ്ങള്‍ ആശ്വസിക്കും എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, മുന്തിരിച്ചെടിക്ക് ഇതരവൃക്ഷങ്ങളെക്കാള്‍ എന്താണു മേന്മ? കാട്ടിലെ മരങ്ങളുടെ ചില്ലയെക്കാള്‍ അതിന്‍റെ ചില്ലകള്‍ക്ക് എന്തു സവിശേഷത? എന്തെങ്കിലും നിര്‍മിക്കാന്‍ അതിന്‍റെ തടി ഉപകരിക്കുമോ? പാത്രം തൂക്കിയിടാനുള്ള കൊളുത്ത് അതുകൊണ്ട് നിര്‍മിക്കാമോ? അതു വിറകായി അടുപ്പില്‍ വയ്‍ക്കുന്നു. അതിന്‍റെ ഇരുവശവും കത്തിയശേഷം മധ്യഭാഗം കരിക്കട്ട ആയിത്തീര്‍ന്നാല്‍ അതെന്തിനെങ്കിലും കൊള്ളാമോ? അതു തീയില്‍ ഇടുന്നതിനുമുമ്പ് ഒന്നിനും ഉപകരിച്ചില്ല. പിന്നെ കത്തി കരിക്കട്ട ആയശേഷം എന്തിനെങ്കിലും ഉപകരിക്കുമോ? അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: കാട്ടിലെ വൃക്ഷങ്ങളുടെ ഇടയിലുള്ള മുന്തിരിച്ചെടിയെ തീയിലിടുന്നതുപോലെ യെരൂശലേം നിവാസികളെ ഞാന്‍ തീയിലിടും. അവര്‍ക്കെതിരെ ഞാന്‍ മുഖം തിരിക്കും. അവര്‍ തീയില്‍നിന്നു പുറത്തു കടന്നാലും തീ അവരെ ദഹിപ്പിച്ചുകളയും; ഞാന്‍ അവരെ ശിക്ഷിക്കുമ്പോള്‍ ഞാനാണു സര്‍വേശ്വരന്‍ എന്നു നിങ്ങള്‍ അറിയും. അവര്‍ എന്നോട് അവിശ്വസ്തരായി വര്‍ത്തിച്ചതിനാല്‍ ഞാന്‍ അവരുടെ ദേശത്തെ ശൂന്യമാക്കും. ഇതു സര്‍വേശ്വരനായ കര്‍ത്താവിന്‍റെ വചനം. സര്‍വേശ്വരന്‍റെ അരുളപ്പാട് വീണ്ടും എനിക്കുണ്ടായി: മനുഷ്യപുത്രാ, യെരൂശലേമിനെ അതിന്‍റെ മ്ലേച്ഛതകള്‍ ബോധ്യപ്പെടുത്തുക. സര്‍വേശ്വരനായ കര്‍ത്താവ് യെരൂശലേമിനോട് അരുളിച്ചെയ്യുന്നു: നിന്‍റെ ഉദ്ഭവവും ജനനവും കനാന്‍ദേശത്തായിരുന്നു. നിന്‍റെ പിതാവ് അമോര്യനും മാതാവ് ഹിത്യയും ആയിരുന്നു. നിന്‍റെ ജനനത്തെപ്പറ്റി പറയുകയാണെങ്കില്‍, നീ ജനിച്ച ദിവസം നിന്‍റെ പൊക്കിള്‍ക്കൊടി മുറിച്ചിരുന്നില്ല; നിന്നെ കുളിപ്പിച്ച് ശുദ്ധിവരുത്തിയിരുന്നില്ല; ഉപ്പു തേക്കുകയോ, തുണിയില്‍ പൊതിയുകയോ ചെയ്തിരുന്നില്ല. ഇവയില്‍ ഒന്നുപോലും നിനക്കു ചെയ്തു തരാന്‍ ആര്‍ക്കും കനിവുണ്ടായില്ല. ജനിച്ചദിവസംതന്നെ അവര്‍ക്കു നിന്നോടു വെറുപ്പു തോന്നിയതിനാല്‍ അവര്‍ നിന്നെ വെളിമ്പ്രദേശത്ത് ഉപേക്ഷിച്ചു. നിന്‍റെ സമീപത്തുകൂടി ഞാന്‍ പോയപ്പോള്‍ നീ ചോരയില്‍ കുളിച്ചുകിടക്കുന്നതു കണ്ടു. ഞാന്‍ നിന്നെ മരിക്കാന്‍ അനുവദിച്ചില്ല. വയലിലെ പുല്‍ക്കൊടിയെപ്പോലെ ഞാന്‍ നിന്നെ വളര്‍ത്തി. അങ്ങനെ നീ വളര്‍ന്ന് പൂര്‍ണയൗവനത്തില്‍ എത്തി, നിന്‍റെ മാറിടം വികസിച്ചു; മുടി വളര്‍ന്നു. എന്നിട്ടും നീ അനാവൃതയും നഗ്നയും ആയിരുന്നു. ഞാന്‍ വീണ്ടും നിന്‍റെ സമീപത്തുകൂടി പോയപ്പോള്‍ നിന്നെ നോക്കി; വിവാഹപ്രായത്തില്‍ നീ എത്തിയിരുന്നു. എന്‍റെ അങ്കികൊണ്ടു നിന്‍റെ നഗ്നത ഞാന്‍ മറച്ചു. സ്നേഹവാഗ്ദാനത്തോടുകൂടി ഞാന്‍ നിന്നോടു വിവാഹഉടമ്പടി ചെയ്തു. അങ്ങനെ നീ എന്‍റേതായിത്തീര്‍ന്നു എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ നിന്നെ കുളിപ്പിച്ചു രക്തം കഴുകിക്കളഞ്ഞു നിന്‍റെമേല്‍ തൈലം പൂശി. ചിത്രത്തയ്യലുള്ള വസ്ത്രം ഞാന്‍ നിന്നെ ധരിപ്പിച്ചു. തുകല്‍ചെരുപ്പ് അണിയിച്ചു. നേര്‍ത്ത ചണനാടകൊണ്ടു നിന്‍റെ തല കെട്ടി; പട്ടു പുതപ്പിച്ചു; ഞാന്‍ നിന്നെ ആഭരണങ്ങള്‍ അണിയിച്ചു. കൈകളില്‍ വളയും കഴുത്തില്‍ മാലയും ഇട്ടു. മൂക്കുത്തിയും കമ്മലും ധരിപ്പിച്ചു. തലയില്‍ അഴകുള്ള കിരീടം അണിയിച്ചു. ഇങ്ങനെ നീ പൊന്നും വെള്ളിയുംകൊണ്ട് അലംകൃതയായി. നേര്‍മയുള്ള ചണവും പട്ടും ചിത്രത്തയ്യലുള്ള തുണിയും നീ ധരിച്ചു. നേര്‍ത്തമാവും തേനും എണ്ണയും നീ ഭക്ഷിച്ചു. നീ വളര്‍ന്ന് അതിസുന്ദരിയായി; രാജകീയ പ്രൗഢി ആര്‍ജിച്ചു. സൗന്ദര്യം നിമിത്തം ജനതകളുടെ ഇടയില്‍ നിന്‍റെ കീര്‍ത്തി പരന്നു. കാരണം ഞാന്‍ നിന്നെ അണിയിച്ച ഭൂഷണങ്ങള്‍ നിന്നെ പൂര്‍ണസുന്ദരിയാക്കി എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. എന്നാല്‍ നീ നിന്‍റെ സൗന്ദര്യത്തെ ആശ്രയിച്ചു; നിന്‍റെ കീര്‍ത്തി നിന്നെ അഭിസാരികയാക്കിത്തീര്‍ത്തു. ഏതു വഴിപോക്കനുമായും നീ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടു. നിന്‍റെ വസ്ത്രങ്ങളില്‍ ചിലതെടുത്തു പൂജാമണ്ഡപങ്ങള്‍ അലങ്കരിച്ച് അവിടെ വ്യഭിചാരം ചെയ്തു. ഇങ്ങനെ ഒരിക്കലും ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല. ഞാന്‍ നല്‌കിയ സ്വര്‍ണാഭരണങ്ങളും വെള്ളിആഭരണങ്ങളുംകൊണ്ടു നീ പുരുഷവിഗ്രഹങ്ങള്‍ നിര്‍മിച്ച് അവയുമായി വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടു. നീ ആ വിഗ്രഹങ്ങളെ നിന്‍റെ ചിത്രത്തയ്യലുള്ള വസ്ത്രങ്ങള്‍ ധരിപ്പിച്ചു. എന്‍റെ തൈലവും സുഗന്ധധൂപവും അവയുടെ മുമ്പില്‍ അര്‍പ്പിച്ചു. ഞാന്‍ നിനക്കു ഭക്ഷിക്കാന്‍ തന്ന നേര്‍ത്തമാവും തേനും എണ്ണയും നീ അവയുടെ മുമ്പില്‍ സൗരഭ്യദ്രവ്യങ്ങളായി നിവേദിച്ചു എന്ന് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. എനിക്കു നിന്നില്‍ ജനിച്ച നിന്‍റെ പുത്രന്മാരെയും പുത്രിമാരെയും നീ അവയുടെ മുമ്പില്‍ ബലി അര്‍പ്പിച്ചു. നിന്‍റെ വേശ്യാവൃത്തി പോരാഞ്ഞിട്ടാണോ എന്‍റെ മക്കളെ നീ ദഹനബലിയായി അവയ്‍ക്ക് അര്‍പ്പിച്ചത്? ചെറുപ്പത്തില്‍ നഗ്നയും അനാവൃതയുമായി ചോരയില്‍ കിടന്നുരുണ്ട കാര്യം നിന്‍റെ മ്ലേച്ഛതകളുടെയും വ്യഭിചാരത്തിന്‍റെയും ഇടയ്‍ക്കു നീ മറന്നുകളഞ്ഞു. നിനക്കു ദുരിതം, ദുരിതം! എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. എല്ലാ ദുഷ്കൃത്യങ്ങളും ചെയ്തശേഷം പൊതുസ്ഥലങ്ങളിലെല്ലാം നീ വ്യഭിചാരത്തിനും വിഗ്രഹാരാധനയ്‍ക്കുംവേണ്ടി മണ്ഡപങ്ങള്‍ സ്ഥാപിച്ചു. എല്ലാ തെരുവുകളിലും നീ പൂജാമണ്ഡപം നിര്‍മിച്ചു. നിന്‍റെ സൗന്ദര്യത്തെ നീ ദുരുപയോഗപ്പെടുത്തി. വഴിപോക്കര്‍ക്കെല്ലാം വഴങ്ങിക്കൊടുത്തുകൊണ്ടു നീ വേശ്യാവൃത്തി വളര്‍ത്തി. നിന്‍റെ അയല്‍ക്കാരും ഭോഗാസക്തരുമായ ഈജിപ്തുകാരുമൊത്തു നീ രമിച്ചു. നീ വേശ്യാവൃത്തിയില്‍ മുഴുകി എന്നെ പ്രകോപിപ്പിച്ചു. അതുകൊണ്ട് ഞാന്‍ നിന്‍റെ അനുഗ്രഹങ്ങളുടെ ഓഹരി വെട്ടിക്കുറച്ചു. നിന്നെ വെറുക്കുന്നവരും നിന്‍റെ ദുര്‍മാര്‍ഗത്തെക്കുറിച്ചു ലജ്ജിക്കുന്നവരുമായ ഫെലിസ്ത്യരുടെ കൈയില്‍ നിന്നെ ഞാന്‍ ഏല്പിച്ചു. വേശ്യാവൃത്തിയില്‍ മതിവരാത്തവളായ നീ അസ്സീറിയാക്കാരോടു വ്യഭിചാരത്തില്‍ ഏര്‍പ്പെട്ടു. എന്നിട്ടും നിനക്കു തൃപ്തി വന്നില്ല. വ്യാപാരികളായ ബാബിലോണ്യരുമായും നീ വ്യഭിചാരത്തില്‍ മുഴുകി; എന്നിട്ടും നീ സംതൃപ്തയായില്ല. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നാണംകെട്ട വേശ്യയെപ്പോലെ പ്രവര്‍ത്തിക്കുന്ന നീ എത്രമാത്രം കാമാസക്തയാണ്. വഴിക്കവലകളിലെല്ലാം വ്യഭിചാരത്തിനും വിഗ്രഹാരാധനയ്‍ക്കുംവേണ്ടി മണ്ഡപങ്ങള്‍ നീ സ്ഥാപിച്ചു. എങ്കിലും അഭിസാരികയെപ്പോലെ നീ പ്രതിഫലം ഇച്ഛിച്ചില്ല. ഭര്‍ത്താവിനു പകരം പരപുരുഷന്മാരെ സ്വീകരിക്കുന്ന വ്യഭിചാരിണിയായ ഭാര്യയെപ്പോലെയാണു നീ. വേശ്യകള്‍ പ്രതിഫലം വാങ്ങുന്നു; എന്നാല്‍ നീ നിന്‍റെ കാമുകന്മാര്‍ക്കു പ്രതിഫലം നല്‌കുന്നു. നിന്നോടൊത്തു രമിക്കാനായി എല്ലാ ദിക്കുകളില്‍നിന്നും അവര്‍ വരുന്നതിനുവേണ്ടി നീ അവര്‍ക്കു പണം നല്‌കുന്നു. വേശ്യാവൃത്തിയില്‍ മറ്റു സ്‍ത്രീകളില്‍നിന്നു നീ വിഭിന്നയാണ്; വ്യഭിചാരത്തിനുവേണ്ടി നിന്നെ ആരും ക്ഷണിക്കുന്നില്ല; നിനക്കു പ്രതിഫലം ലഭിക്കുന്നുമില്ല; മറിച്ച് നിന്‍റെ കാമുകന്മാര്‍ക്കു നീ പ്രതിഫലം നല്‌കുന്നു. അതാണ് നിനക്കുള്ള വ്യത്യാസം. അതിനാല്‍ അഭിസാരികയായ സ്‍ത്രീയേ, സര്‍വേശ്വരന്‍റെ അരുളപ്പാടു കേള്‍ക്കുക! സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: കാമുകരോടൊത്തു വ്യഭിചരിച്ചു നിര്‍ലജ്ജം നീ നിന്‍റെ നഗ്നത തുറന്നു കാട്ടി; മ്ലേച്ഛവിഗ്രഹങ്ങളെ നീ ആരാധിച്ചു. നിന്‍റെ മക്കളുടെ രക്തം അവയ്‍ക്ക് അര്‍പ്പിക്കുകയും ചെയ്തു. അതിനാല്‍ നിന്നോടൊപ്പം രമിച്ച എല്ലാ കാമുകരെയും നീ പ്രേമിക്കുകയും വെറുക്കുകയും ചെയ്ത എല്ലാവരെയും തന്നെ ഞാന്‍ എല്ലാ ദിക്കില്‍നിന്നും നിനക്കെതിരെ ഒരുമിച്ചുകൂട്ടും. അവരുടെ മുമ്പില്‍ ഞാന്‍ നിന്‍റെ നഗ്നത അനാവൃതമാക്കും. വ്യഭിചാരവും കൊലപാതകവും നടത്തുന്ന സ്‍ത്രീയെ എന്നപോലെ ഞാന്‍ നിന്നെ വിധിക്കും. ക്രോധവും അധര്‍മത്തിലുള്ള അസഹ്യതയും നിമിത്തം ഞാന്‍ നിന്‍റെ രക്തം ചിന്തും. നിന്‍റെ കാമുകന്മാരുടെ കൈയില്‍ ഞാന്‍ നിന്നെ ഏല്പിക്കും. വ്യഭിചാരത്തിനും വിഗ്രഹാരാധനയ്‍ക്കുംവേണ്ടി നീ നിര്‍മിച്ച മണ്ഡപങ്ങള്‍ അവര്‍ പൊളിച്ചു കളയുകയും ഇടിച്ചു നിരത്തുകയും ചെയ്യും. അവര്‍ നിന്‍റെ വസ്ത്രങ്ങള്‍ ഉരിയുകയും ആഭരണങ്ങള്‍ അപഹരിക്കുകയും ചെയ്ത് നിന്നെ നഗ്നയാക്കി ഉപേക്ഷിക്കും. അവര്‍ നിനക്കെതിരെ ഒരു ജനസമൂഹത്തെ വിളിച്ചുകൂട്ടും; അവര്‍ നിന്നെ കല്ലെറിയുകയും വാളുകൊണ്ട് വെട്ടി നുറുക്കുകയും ചെയ്യും. അവര്‍ നിന്‍റെ വീടുകള്‍ക്കു തീ വയ്‍ക്കും. അനേകം സ്‍ത്രീകള്‍ കാണ്‍കെ നിന്‍റെമേലുള്ള ശിക്ഷാവിധി നടത്തും. നിന്‍റെ വേശ്യാവൃത്തിക്കു ഞാന്‍ വിരാമം ഇടും. നീ ഇനി കാമുകന്മാര്‍ക്കു പ്രതിഫലം നല്‌കുകയില്ല. നിന്‍റെമേല്‍ ക്രോധം ചൊരിഞ്ഞു ഞാന്‍ തൃപ്തനാകും. എന്‍റെ വെറുപ്പു നിന്നില്‍നിന്നു വിട്ടുമാറും. ഞാന്‍ പ്രശാന്തനാകും; ഇനി ഞാന്‍ കോപിക്കുകയില്ല. നീ നിന്‍റെ ചെറുപ്പകാലത്തെക്കുറിച്ചു വിസ്മരിച്ചു നിന്‍റെ പ്രവൃത്തികളാല്‍ എന്നെ പ്രകോപിപ്പിച്ചതുകൊണ്ടു ഞാന്‍ നിന്നെ ശിക്ഷിക്കും. നിന്‍റെ എല്ലാ മ്ലേച്ഛതകള്‍ക്കും പുറമേ നീ വേശ്യാവൃത്തിയിലും ഏര്‍പ്പെട്ടല്ലോ. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ‘അമ്മയെപ്പോലെ മകളും’ എന്ന പഴമൊഴി നിന്നെക്കുറിച്ചു പറയും. ഭര്‍ത്താവിനെയും കുട്ടികളെയും വെറുത്ത അമ്മയുടെ മകളാണു നീ. തങ്ങളുടെ ഭര്‍ത്താക്കന്മാരെയും കുട്ടികളെയും വെറുത്തവരുടെ സഹോദരിയാണു നീ. നിന്‍റെ മാതാവ് ഹിത്യയും പിതാവ് അമ്മോര്യനും ആകുന്നു. നിന്‍റെ ജ്യേഷ്ഠസഹോദരി ശമര്യ തന്‍റെ പുത്രികളോടൊത്തു നിന്‍റെ വടക്കുവശത്തും ഇളയ സഹോദരി സൊദോം തന്‍റെ പുത്രികളോടൊത്തു തെക്കുവശത്തും പാര്‍ത്തു. നീ അവരെപ്പോലെ ജീവിക്കുകയും അവരുടെ മ്ലേച്ഛതകളെ അനുകരിക്കുകയും ചെയ്തു. എന്നിട്ടും നിനക്കു തൃപ്തിവന്നില്ല. വളരെ ചുരുങ്ങിയ സമയംകൊണ്ട് നീ അവരെക്കാള്‍ കൂടുതല്‍ വഷളായി ജീവിച്ചു. നീയും നിന്‍റെ പുത്രിമാരും ചെയ്തതുപോലെ നിന്‍റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും ചെയ്തിട്ടില്ല എന്നു സര്‍വേശ്വരനായ കര്‍ത്താവ് സത്യം ചെയ്തു പറയുന്നു. നിന്‍റെ സഹോദരിയായ സൊദോമിന്‍റെ അകൃത്യം ഇതായിരുന്നു; പ്രതാപവും ഭക്ഷ്യസമൃദ്ധിയും സമാധാനവും സ്വസ്ഥതയും ഉണ്ടായിരുന്നിട്ടും അവളും അവളുടെ പുത്രിമാരും നിര്‍ധനരെയും അഗതികളെയും സഹായിച്ചില്ല. അവര്‍ ഗര്‍വിഷ്ടരായിരുന്നു; എന്‍റെ മുമ്പില്‍ അവര്‍ മ്ലേച്ഛകൃത്യങ്ങള്‍ ചെയ്തു. അതു കണ്ടപ്പോള്‍ ഞാന്‍ അവരെ തുടച്ചുനീക്കി. നീ ചെയ്ത പാപങ്ങളുടെ പകുതിപോലും ശമര്യ ചെയ്തില്ല. അവര്‍ ചെയ്തതിനെക്കാള്‍ വളരെയധികം മ്ലേച്ഛകൃത്യങ്ങള്‍ നീ ചെയ്തു. നിന്‍റെ മ്ലേച്ഛതകള്‍ കണക്കിലെടുത്താല്‍ നിന്‍റെ സഹോദരിമാര്‍ നീതിയുള്ളവരാണ്. നിന്‍റെ സഹോദരിമാരെ നീതിയുള്ളവരാണെന്നു വിധിക്കപ്പെടാന്‍ ഇടയാക്കിയതുകൊണ്ടു നീ അപമാനം സഹിക്കുക; നിന്‍റെ സഹോദരിമാര്‍ ചെയ്തതിനെക്കാള്‍ അധികം മ്ലേച്ഛകൃത്യങ്ങള്‍ നീ ചെയ്തതിനാല്‍ അവര്‍ നിന്നെക്കാള്‍ നീതിയുള്ളവരാണല്ലോ. [53,54] സൊദോമിന്‍റെയും അവളുടെ പുത്രിമാരുടെയും ശമര്യയുടെയും അവളുടെ പുത്രിമാരുടെയും ഐശ്വര്യം ഞാന്‍ പുനഃസ്ഥാപിക്കും. അവരുടെ മധ്യത്തില്‍ നിന്‍റെ ഐശ്വര്യവും ഞാന്‍ പുനഃസ്ഥാപിക്കും. നീ സ്വന്തം പ്രവൃത്തികളെക്കുറിച്ചു ലജ്ജിക്കുകയും അപമാനം ഏല്‌ക്കുകയും ചെയ്യും. അത് അവര്‍ക്ക് ആശ്വാസമായിത്തീരും. *** നിന്‍റെ സഹോദരിമാരായ സൊദോമും ശമര്യയും അവരുടെ പുത്രിമാരും തങ്ങളുടെ പൂര്‍വസ്ഥിതിയിലേക്കു മടങ്ങിവരും. അതുപോലെതന്നെ നീയും നിന്‍റെ പുത്രിമാരും പൂര്‍വസ്ഥിതിയെ പ്രാപിക്കും. [56,57] നിന്‍റെ ദുഷ്ടത തുറന്നു കാട്ടപ്പെടുന്നതിനു മുമ്പ് നിന്‍റെ പ്രതാപത്തിന്‍റെ നാളുകളില്‍ നിന്‍റെ സഹോദരിയായ സൊദോമിന്‍റെ പേരുച്ചരിക്കാന്‍പോലും നിനക്കു ലജ്ജയായിരുന്നില്ലേ? ഇപ്പോള്‍ നിന്നെ നിന്ദിക്കുന്ന നിന്‍റെ ചുറ്റുമുള്ള എദോംപുത്രിമാര്‍ക്കും അവരുടെ അയല്‍ക്കാര്‍ക്കും ഫെലിസ്ത്യദേശത്തിന്‍റെ പുത്രിമാര്‍ക്കും നീയും അവളെപ്പോലെ പരിഹാസപാത്രമായിരിക്കുന്നു. *** നിന്‍റെ ദുഷ്കര്‍മത്തിന്‍റെയും മ്ലേച്ഛതയുടെയും ശിക്ഷ നീ അനുഭവിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.” സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “നീ ചെയ്തതുപോലെ ഞാന്‍ നിന്നോടും ചെയ്യും. നീ ഉടമ്പടി ലംഘിക്കുകയും പ്രതിജ്ഞയെ നിന്ദിക്കുകയും ചെയ്തു. എങ്കിലും നിന്‍റെ ബാല്യത്തില്‍ നിന്നോടു ചെയ്ത ഉടമ്പടി ഞാന്‍ ഓര്‍ക്കും. നീയുമായി ശാശ്വതമായ ഒരു ഉടമ്പടി ഞാന്‍ സ്ഥാപിക്കും. നിന്‍റെ ജ്യേഷ്ഠത്തിയെയും ഇളയസഹോദരിയെയും നീ സ്വീകരിക്കുമ്പോള്‍ നിന്‍റെ പൂര്‍വകാലത്തെ ഓര്‍ത്തു നീ ലജ്ജിക്കും. ഞാന്‍ അവരെ നിനക്ക് ഉടമ്പടിപ്രകാരമല്ലാതെ തന്നെ പുത്രിമാരായി നല്‌കും. [62,63] നീയുമായി ഞാന്‍ ഒരു ഉടമ്പടി ഉണ്ടാക്കും. അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്നു നീ അറിയും. ഞാന്‍ നിന്‍റെ പ്രവൃത്തികള്‍ ക്ഷമിക്കുമ്പോള്‍ നീ അവയെ ഓര്‍ത്തു ലജ്ജിച്ചു മൗനം അവലംബിക്കും എന്ന് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.” സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, ഇസ്രായേല്‍ജനത്തോട് ഒരു കടങ്കഥ പറയുക. ഒരു ദൃഷ്ടാന്തകഥ അറിയിക്കുക. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്നു പറയുക. വലിയ ചിറകും നിറപ്പകിട്ടുള്ള ധാരാളം നീണ്ട തൂവലുകളുമുള്ള ഒരു വലിയ കഴുകന്‍ ലെബാനോനില്‍ വന്ന് ഒരു ദേവദാരുവിന്‍റെ തലപ്പു കൊത്തിയെടുത്തു. അവന്‍ ഇളംചില്ലകളുടെ അഗ്രം നുള്ളിക്കളഞ്ഞശേഷം, അതു വ്യാപാരികളുടെ നഗരത്തില്‍ കൊണ്ടുവന്നു നട്ടു. പിന്നീട് ആ ദേശത്തുള്ള ഒരു ഇളംതൈയെടുത്ത് അവിടത്തെ വളക്കൂറുള്ള മണ്ണില്‍ ധാരാളം വെള്ളമുള്ള ജലാശയത്തിനരികില്‍ അലരിത്തൈ നടുന്നതുപോലെ നട്ടു. അതു മുളച്ച് പൊക്കമില്ലാത്ത ഒരു മുന്തിരിച്ചെടിയായി പടര്‍ന്നു. അതിന്‍റെ ചില്ലകള്‍ ആ കഴുകന്‍റെ നേര്‍ക്കു നീണ്ടുവന്നു. അതിന്‍റെ വേര് താണിറങ്ങി. ആ മുന്തിരിവള്ളി വളര്‍ന്നു ശാഖകളും ചില്ലകളും നീട്ടി. വലിയ ചിറകുകളും ധാരാളം തൂവലുകളും ഉള്ള മറ്റൊരു വലിയ കഴുകന്‍ ഉണ്ടായിരുന്നു. അവന്‍ തന്നെ നനയ്‍ക്കുമെന്നു കരുതി മുന്തിരിച്ചെടി അതിന്‍റെ ശാഖകള്‍ കഴുകന്‍റെ നേരേ നീട്ടുകയും അതിന്‍റെ തടത്തില്‍ നിന്നു വേരുകള്‍ അവന്‍റെ നേര്‍ക്കു തിരിച്ചുവിടുകയും ചെയ്തു. ചില്ലകള്‍ നീട്ടി സമൃദ്ധമായി ഫലം നല്‌കുന്ന ഒരു നല്ല മുന്തിരിച്ചെടിയായിത്തീരാന്‍വേണ്ടിയാണ് അതിനെ ധാരാളം വെള്ളമുള്ള ജലാശയത്തിനരികെ ഫലപുഷ്‍ടിയുള്ള മണ്ണില്‍ നട്ടത്. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നതായി പറയുക! അതു പച്ചപിടിക്കുമോ? ആദ്യത്തെ കഴുകന്‍ അതിന്‍റെ വേരുകള്‍ പറിച്ചെടുക്കുകയും കായ്കള്‍ പറിച്ചുകളയുകയും ചെയ്യുകയില്ലേ? അതിന്‍റെ തളിരിലകള്‍ കരിഞ്ഞു പോവുകയില്ലേ? അതിനെ വേരോടെ പിഴുതുകളയാന്‍ വലിയ ശക്തിയോ വളരെ ആളുകളോ ആവശ്യമില്ലല്ലോ. അതു പറിച്ചുനട്ടാല്‍ തഴച്ചുവളരുമോ? കിഴക്കന്‍ കാറ്റ് അടിക്കുമ്പോള്‍ അതു നിശ്ശേഷം കരിഞ്ഞു പോവുകയില്ലേ? അതു വളരുന്ന തടത്തില്‍ത്തന്നെ നിന്നു വാടിപ്പോവുകയില്ലേ? പിന്നീട് സര്‍വേശ്വരനായ കര്‍ത്താവിന്‍റെ അരുളപ്പാട് എനിക്കുണ്ടായി. “നിങ്ങള്‍ ഇതിന്‍റെ പൊരുള്‍ മനസ്സിലാക്കുന്നില്ലേ” എന്ന് ആ ധിക്കാരികളായ ജനത്തോടു ചോദിക്കുക. അവരോടു പറയുക: ബാബിലോണ്‍രാജാവ് യെരൂശലേമില്‍ വന്ന് അവിടത്തെ രാജാവിനെയും പ്രഭുക്കന്മാരെയും പിടിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി. രാജകുമാരന്മാരില്‍ ഒരുവനെ അവന്‍ തെരഞ്ഞെടുത്ത് അവനുമായി ഒരുടമ്പടി ഉണ്ടാക്കി, അവനെക്കൊണ്ടു പ്രതിജ്ഞ ചെയ്യിച്ചു. രാജ്യം വീണ്ടും ശക്തി പ്രാപിക്കാതിരിക്കാനും തന്നോടുള്ള ഉടമ്പടി നിലനിര്‍ത്താനും വേണ്ടി ബാബിലോണ്‍രാജാവ് അവിടെയുണ്ടായിരുന്ന ബലശാലികളെ പിടിച്ചുകൊണ്ടുപോയി. യെഹൂദാരാജാവാകട്ടെ, ഒരു വലിയ സൈന്യത്തെയും പടക്കുതിരകളെയും ആവശ്യപ്പെട്ടുകൊണ്ട് ഈജിപ്തിലേക്കു ദൂതന്മാരെ അയച്ചു. അങ്ങനെ അയാള്‍ ബാബിലോണ്‍രാജാവിനോടു മത്സരിച്ചു. അയാള്‍ വിജയിക്കുമോ? ഉടമ്പടി ലംഘിച്ചിട്ട് അയാള്‍ക്കു രക്ഷപെടാന്‍ കഴിയുമോ? ആര് അയാളെ രാജാവാക്കിയോ, ആരോടുള്ള പ്രതിജ്ഞ അയാള്‍ നിന്ദിച്ചുവോ, ആരുടെ ഉടമ്പടി അയാള്‍ ലംഘിച്ചുവോ, ആ രാജാവ് വാഴുന്ന ബാബിലോണില്‍വച്ചു തന്നെ അയാള്‍ മരിക്കും എന്ന് സര്‍വേശ്വരനായ കര്‍ത്താവു സത്യം ചെയ്തു പറയുന്നു. ഫറവോരാജാവിനും അദ്ദേഹത്തിന്‍റെ സുശക്തമായ സൈന്യത്തിനും അയാളെ സഹായിക്കാന്‍ കഴിയുകയില്ല. കാരണം ബാബിലോണ്യര്‍ കിടങ്ങുകള്‍ കുഴിച്ചും കൊത്തളങ്ങള്‍ നിര്‍മിച്ചും നിരവധി ജനങ്ങളെ വധിക്കാന്‍ ഉപരോധം ഏര്‍പ്പെടുത്തും. യെഹൂദാരാജാവ് പ്രതിജ്ഞ ധിക്കരിച്ച് ഉടമ്പടി ലംഘിച്ചു. കൈയടിച്ചു പ്രതിജ്ഞ ചെയ്തിരുന്നിട്ടും ഇതെല്ലാം പ്രവര്‍ത്തിച്ചുകൊണ്ട് അയാള്‍ രക്ഷപെടുകയില്ല. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു; അവന്‍ പ്രതിജ്ഞ ധിക്കരിക്കുകയും ഉടമ്പടി ലംഘിക്കുകയും ചെയ്തതിന്‍റെ ശിക്ഷ ഞാന്‍ അവനു നല്‌കും എന്നു ഞാന്‍ ആണയിട്ടു പറയുന്നു. ഞാന്‍ അവന്‍റെമേല്‍ വല വീശും. അവന്‍ എന്‍റെ കെണിയില്‍ അകപ്പെടും; അവനെ ഞാന്‍ ബാബിലോണിലേക്കു കൊണ്ടുപോകും; എന്നോട് അവിശ്വസ്തമായി പെരുമാറിയതിനു ഞാന്‍ അവനെ അവിടെവച്ചു കുറ്റം വിധിക്കും. അവന്‍റെ സൈന്യത്തിലെ വീരയോദ്ധാക്കള്‍ കൊല്ലപ്പെടും. ശേഷിക്കുന്നവര്‍ നാനാദിക്കിലേക്കും പലായനം ചെയ്യും. സര്‍വേശ്വരനായ കര്‍ത്താവാണിത് അരുളിച്ചെയ്യുന്നതെന്നു നിങ്ങള്‍ അപ്പോള്‍ അറിയും.” സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “ഞാന്‍ ഉയരമുള്ള ഒരു ദേവദാരുവിന്‍റെ തലപ്പത്തുനിന്ന് ഒരു കൊമ്പു മുറിച്ച് അതിന്‍റെ ഇളംചില്ലകളില്‍ ഏറ്റവും മുകളിലുള്ളതെടുത്ത് ഉന്നതമായ ഒരു പര്‍വതത്തിന്‍റെ ഉച്ചിയില്‍ നടും. ഇസ്രായേലിലെ പര്‍വതശൃംഗത്തില്‍തന്നെ ഞാനതു നടും. അതു ശാഖകള്‍ നീട്ടി ഫലം കായ്‍ക്കുകയും ഒരു വലിയ ദേവദാരുവായിത്തീരുകയും ചെയ്യും. അതിന്‍റെ തണലില്‍ എല്ലാവിധ മൃഗങ്ങളും പാര്‍ക്കും. എല്ലായിനം പക്ഷികളും അതിന്‍റെ ശിഖരങ്ങളില്‍ കൂടുകെട്ടും. സര്‍വേശ്വരനായ ഞാന്‍ ഉയര്‍ന്ന മരങ്ങളെ താഴ്ത്തുകയും താഴ്ന്നവയെ ഉയര്‍ത്തുകയും ചെയ്യും. പച്ചമരത്തെ ഉണക്കുകയും ഉണങ്ങിയവയെ തളിരണിയിക്കുകയും ചെയ്യും. സര്‍വേശ്വരനായ കര്‍ത്താവാണ് ഇതെല്ലാം ചെയ്യുന്നതെന്ന് വയലിലെ വൃക്ഷങ്ങള്‍ അപ്പോളറിയും. സര്‍വേശ്വരനായ ഞാനാണ് ഇതു പറയുന്നത്. ഞാന്‍ അതു നിറവേറ്റും.” സര്‍വേശ്വരന്‍റെ അരുളപ്പാട് വീണ്ടും എനിക്കുണ്ടായി. പിതാക്കന്മാര്‍ പച്ച മുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്ന് ഇസ്രായേല്‍ദേശത്തു നിങ്ങള്‍ പഴഞ്ചൊല്ലു പറയുന്നതെന്തിന്? സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈ പഴഞ്ചൊല്ല് ഇനിമേല്‍ ഇസ്രായേലില്‍ നിങ്ങള്‍ ആവര്‍ത്തിക്കുകയില്ല എന്ന് ഞാന്‍ സത്യം ചെയ്തു പറയുന്നു. എല്ലാവരുടെയും ജീവന്‍ എന്‍റേതാണ്. പിതാവിന്‍റെയും പുത്രന്‍റെയും ജീവന്‍ എനിക്കുള്ളതാകുന്നു. പാപം ചെയ്യുന്നവന്‍ മരിക്കും. [5,6] നീതിയും ന്യായവും അനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന ഒരു നീതിനിഷ്ഠന്‍ പൂജാഗിരികളില്‍ വച്ചു ഭക്ഷണം കഴിക്കുകയോ, ഇസ്രായേലിലെ വിഗ്രഹങ്ങളുടെ മുമ്പില്‍ നമസ്കരിക്കുകയോ അയല്‍ക്കാരന്‍റെ ഭാര്യയെ വഴിപിഴപ്പിക്കുകയോ ഒരു സ്‍ത്രീ അശുദ്ധയായിരിക്കുമ്പോള്‍ അവളെ പ്രാപിക്കുകയോ ചെയ്യുന്നില്ല. അവന്‍ ആരെയും പീഡിപ്പിക്കുകയില്ല; *** അവന്‍ കടം വാങ്ങിയവനു പണയം മടക്കിക്കൊടുക്കുന്നു. അവന്‍ കവര്‍ച്ച നടത്തുന്നില്ല; വിശക്കുന്നവന് ആഹാരം നല്‌കുകയും നഗ്നനെ വസ്ത്രം ധരിപ്പിക്കുകയും ചെയ്യുന്നു. അവന്‍ പലിശ വാങ്ങുകയോ ലാഭം എടുക്കുകയോ ചെയ്യുന്നില്ല. അയാളുടെ കരങ്ങള്‍ അകൃത്യം ചെയ്യുന്നില്ല. വ്യവഹാരങ്ങളില്‍ സത്യസന്ധതയോടെ തീര്‍പ്പു കല്പിക്കുന്നു. എന്‍റെ ചട്ടങ്ങള്‍ അനുസരിക്കുകയും കല്പനകള്‍ പാലിക്കുകയും ചെയ്യുന്നതില്‍ അവന്‍ ശ്രദ്ധിക്കുന്നു. അവന്‍ നീതിമാനാണ്. അവന്‍ നിശ്ചയമായും ജീവിക്കും എന്ന് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. എന്നാല്‍ അവന്‍റെ പുത്രന്‍ കൊള്ളക്കാരനും കൊലപാതകിയുമായിത്തീര്‍ന്നു എന്നിരിക്കട്ടെ. അവന്‍ തന്‍റെ പിതാവ് ചെയ്ത നന്മകള്‍ ഒന്നും ചെയ്യുന്നില്ല. പൂജാഗിരിയില്‍വച്ച് അവന്‍ ഭക്ഷണം കഴിക്കുന്നു. അയല്‍ക്കാരന്‍റെ ഭാര്യയെ വഴിപിഴപ്പിക്കുന്നു; ദരിദ്രരെയും അഗതികളെയും പീഡിപ്പിക്കുന്നു; കൊള്ള ചെയ്യുന്നു; അവന്‍ കടക്കാരനു പണയം തിരിച്ചു കൊടുക്കുന്നില്ല. അവന്‍ വിഗ്രഹങ്ങളിലേക്കു കണ്ണുകളുയര്‍ത്തുകയും മ്ലേച്ഛതകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അവന്‍ പണം പലിശയ്‍ക്കു കൊടുക്കുകയും അധികം തിരിച്ചു വാങ്ങുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നവന്‍ ജീവിക്കുമോ? അവന്‍ ജീവിക്കുകയില്ല. ഈ മ്ലേച്ഛകൃത്യങ്ങളെല്ലാം അവന്‍ ചെയ്യുന്നുവല്ലോ. നിശ്ചയമായും അവന്‍ മരിക്കും; അവന്‍റെ രക്തം അവന്‍റെമേല്‍തന്നെ പതിക്കും. എന്നാല്‍ ഈ മനുഷ്യന് ഒരു പുത്രന്‍ ജനിക്കയും തന്‍റെ പിതാവു ചെയ്ത എല്ലാ പാപകര്‍മങ്ങളും കണ്ടു ഭയപ്പെട്ട് അവന്‍ അപ്രകാരം പ്രവര്‍ത്തിക്കാതിരിക്കയും ചെയ്യുന്നു എന്നിരിക്കട്ടെ. അവന്‍ പൂജാഗിരികളില്‍ വച്ചു ഭക്ഷണം കഴിക്കയോ, ഇസ്രായേലിലെ വിഗ്രഹങ്ങളെ ആരാധിക്കയോ, അയല്‍ക്കാരന്‍റെ ഭാര്യയെ വഴിപിഴപ്പിക്കയോ ചെയ്യുന്നില്ല; ആരോടും അനീതി പ്രവര്‍ത്തിക്കുന്നില്ല. കടക്കാരനു പണയം തിരിച്ചുകൊടുക്കാതിരിക്കുന്നില്ല; കവര്‍ച്ച ചെയ്യുന്നതുമില്ല. അവന്‍ വിശക്കുന്നവന് ആഹാരം നല്‌കുകയും നഗ്നനെ വസ്ത്രം ധരിപ്പിക്കുകയും ചെയ്യുന്നു. അവന്‍ അകൃത്യം ചെയ്യുന്നില്ല; അവന്‍ പലിശ വാങ്ങുകയോ ലാഭം എടുക്കുകയോ ചെയ്യുന്നില്ല. അവന്‍ എന്‍റെ കല്പനകള്‍ പാലിക്കുകയും എന്‍റെ ചട്ടങ്ങള്‍ അനുസരിച്ചു നടക്കുകയും ചെയ്യുന്നു. സ്വപിതാവിന്‍റെ അകൃത്യം നിമിത്തം അവന്‍ മരിക്കുകയില്ല; നിശ്ചയമായും അവന്‍ ജീവിക്കും. അവന്‍റെ പിതാവാകട്ടെ അക്രമം പ്രവര്‍ത്തിക്കുകയും സഹോദരനെ കൊള്ളയടിക്കുകയും സ്വജനങ്ങളുടെ ഇടയില്‍ അയോഗ്യമായതു പ്രവര്‍ത്തിക്കുകയും ചെയ്തതുകൊണ്ടു തന്‍റെ അപരാധംമൂലം അയാള്‍ മരിക്കും. പിതാവിന്‍റെ ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷ പുത്രന്‍ അനുഭവിക്കാത്തതെന്തുകൊണ്ട് എന്നു നിങ്ങള്‍ ചോദിച്ചേക്കാം. മകന്‍ നീതിയും ന്യായവും പ്രവര്‍ത്തിക്കുകയും എന്‍റെ ചട്ടങ്ങള്‍ പാലിക്കുകയും ചെയ്തതിനാല്‍ നിശ്ചയമായും ജീവിക്കും. പാപം ചെയ്യുന്നവന്‍ മരിക്കും. പിതാവിന്‍റെ അപരാധത്തിനു പുത്രനോ, പുത്രന്‍റെ അപരാധത്തിനു പിതാവോ ശിക്ഷ അനുഭവിക്കുകയില്ല. നീതിമാന്‍ തന്‍റെ നീതിയുടെ ഫലവും ദുഷ്ടന്‍ തന്‍റെ ദുഷ്പ്രവൃത്തിയുടെ ഫലവും അനുഭവിക്കും. ദുഷ്ടന്‍ താന്‍ ചെയ്തിട്ടുള്ള പാപകര്‍മങ്ങളില്‍നിന്നു പിന്തിരിയുകയും എന്‍റെ ചട്ടങ്ങളെല്ലാം അനുസരിച്ചു നീതിയും ന്യായവും പ്രവര്‍ത്തിക്കുകയും ചെയ്യുന്നെങ്കില്‍ അവന്‍ നിശ്ചയമായും ജീവിക്കും. അവന്‍ മരിക്കയില്ല. അവന്‍ ചെയ്ത അതിക്രമങ്ങള്‍ ഒന്നും തന്നെ അവനെതിരെ കണക്കിലെടുക്കയില്ല. അവന്‍ നീതി പ്രവര്‍ത്തിച്ചതുകൊണ്ടു ജീവിക്കും. ദുഷ്ടന്‍റെ മരണത്തിലല്ല, അവന്‍ തന്‍റെ ദുര്‍മാര്‍ഗം വിട്ടു ജീവിക്കുന്നതിലാണ് ഞാന്‍ സന്തോഷിക്കുന്നത്. എന്നാല്‍ നീതിമാന്‍ അപഥസഞ്ചാരം ചെയ്യുകയും അധര്‍മം പ്രവര്‍ത്തിക്കുകയും ദുഷ്ടന്‍ ചെയ്യുന്ന അതേ മ്ലേച്ഛകൃത്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നെങ്കില്‍ അവന്‍ ജീവിക്കുമോ? അവന്‍ ചെയ്തിട്ടുള്ള സല്‍പ്രവൃത്തികള്‍ ഒന്നുംതന്നെ ഓര്‍മിക്കപ്പെടുകയില്ല; അവന്‍ ചെയ്ത ദ്രോഹവും പാപവും മൂലം അവന്‍ മരിക്കും. സര്‍വേശ്വരന്‍റെ വഴി നീതിപൂര്‍വമല്ല എന്നു നിങ്ങള്‍ പറയുന്നു. ഇസ്രായേല്‍ജനമേ, കേള്‍ക്കുക; എന്‍റെ വഴി നീതിപൂര്‍വകമല്ലേ? നിങ്ങളുടെ മാര്‍ഗമല്ലേ നീതികെട്ടത്? നീതിമാന്‍ നീതിയുടെ മാര്‍ഗം വെടിഞ്ഞ് അധര്‍മം പ്രവര്‍ത്തിച്ചാല്‍ അവന്‍ തന്മൂലം മരിക്കും. താന്‍ ചെയ്ത അകൃത്യം നിമിത്തം അവന്‍ മരിക്കുകതന്നെ ചെയ്യും. ദുഷ്ടന്‍ താന്‍ ചെയ്ത ദുഷ്പ്രവൃത്തികളില്‍നിന്നു പിന്തിരിയുകയും നീതിയും ന്യായവും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ അവന്‍ തന്‍റെ ജീവനെ രക്ഷിക്കും. താന്‍ ചെയ്തിട്ടുള്ള അതിക്രമങ്ങളെക്കുറിച്ചോര്‍ത്ത് അവയില്‍നിന്നു പിന്തിരിഞ്ഞതുകൊണ്ടു നിശ്ചയമായും അവന്‍ ജീവിക്കും; അവന്‍ മരിക്കയില്ല. എന്നിട്ടും സര്‍വേശ്വരന്‍റെ മാര്‍ഗം നീതിപൂര്‍വകമല്ലെന്ന് ഇസ്രായേല്‍ജനം പറയുന്നു. ഇസ്രായേല്‍ജനമേ, എന്‍റെ വഴികള്‍ നീതിപൂര്‍വകമല്ലേ? നിങ്ങളുടെ വഴികളല്ലേ നീതിരഹിതമായിട്ടുള്ളത്? അതുകൊണ്ട് ഇസ്രായേല്‍ജനമേ, നിങ്ങളെ ഓരോരുത്തരെയും നിങ്ങളുടെ പ്രവര്‍ത്തിക്കൊത്തവിധം ഞാന്‍ വിധിക്കും. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അനുതപിച്ചു നിങ്ങളുടെ എല്ലാ അതിക്രമങ്ങളില്‍നിന്നും പിന്തിരിയുവിന്‍. അല്ലെങ്കില്‍ നിങ്ങളുടെ അകൃത്യങ്ങള്‍ നിങ്ങള്‍ക്കു നാശഹേതുവായിത്തീരും. എല്ലാ അകൃത്യങ്ങളും നിങ്ങള്‍ ഉപേക്ഷിക്കുവിന്‍. ഒരു പുതിയ ഹൃദയവും ആത്മാവും നേടുവിന്‍. ഇസ്രായേല്‍ജനമേ, നിങ്ങള്‍ എന്തിനു മരിക്കണം? ആരുടെയും മരണത്തില്‍ ഞാന്‍ സന്തോഷിക്കുന്നില്ല. അതുകൊണ്ട് നിങ്ങള്‍ പശ്ചാത്തപിച്ചു ജീവിക്കുക എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഇസ്രായേലിലെ രാജകുമാരന്മാരെക്കുറിച്ചു നീ ഒരു വിലാപഗാനം ആലപിക്കുക. സിംഹങ്ങളുടെ ഇടയ്‍ക്ക് ഒരു സിംഹിയായിരുന്നു നിന്‍റെ അമ്മ! യുവസിംഹങ്ങളുടെ ഇടയില്‍ അവള്‍ തന്‍റെ കുട്ടികളെ വളര്‍ത്തി. അവയില്‍ ഒന്നിനെ ഒരു യുവസിംഹമായി അവള്‍ വളര്‍ത്തി. അത് ഇരപിടിക്കാന്‍ ശീലിച്ചു; മനുഷ്യരെ കടിച്ചുതിന്നു. ജനതകള്‍ അവനെപ്പറ്റി കേട്ടു; അവര്‍ അവനെ കുഴിയില്‍ അകപ്പെടുത്തി; തുടലില്‍ കൊളുത്തി വലിച്ച് ഈജിപ്തിലേക്കു കൊണ്ടുപോയി. അവനെ കാത്തിരുന്ന അവളുടെ ആശയറ്റു, പിന്നീട് അവള്‍ തന്‍റെ മറ്റൊരു കുട്ടിയെ യുവസിംഹമായി വളര്‍ത്തി. സിംഹക്കൂട്ടത്തില്‍ അവന്‍ ഒരു യുവസിംഹമായി നടന്നു. അവന്‍ ഇരപിടിക്കാന്‍ ശീലിച്ചു; മനുഷ്യരെ കടിച്ചു തിന്നു. അവന്‍ അവരുടെ കോട്ടകള്‍ നശിപ്പിച്ചു; നഗരങ്ങള്‍ ശൂന്യമാക്കി, അവന്‍റെ ഗര്‍ജനം കേട്ടു ദേശവും ദേശവാസികളും നടുങ്ങി. ചുറ്റുപാടുമുള്ള ജനതകള്‍ അവനെതിരെ വന്നു അവര്‍ അവന്‍റെമേല്‍ വല വീശി; അവന്‍ അവരുടെ കെണിയില്‍ അകപ്പെട്ടു. അവര്‍ അവനെ കൊളുത്തില്‍ കുടുക്കി കൂട്ടിലാക്കി ബാബിലോണ്‍രാജാവിന്‍റെ അടുക്കല്‍ കൊണ്ടുപോയി. ഇസ്രായേല്‍ഗിരികളില്‍ അവന്‍റെ ശബ്ദം ഇനി കേള്‍ക്കാതിരിക്കാന്‍ അവര്‍ അവനെ ബന്ധനസ്ഥനാക്കി. ജലാശയത്തിനരികില്‍ നട്ട മുന്തിരി വള്ളിപോലെയാണു നിന്‍റെ അമ്മ; ധാരാളം വെള്ളം ലഭിച്ചതിനാല്‍ അതു നിറയെ ശാഖകള്‍ നീട്ടി, ഏറെ ഫലം കായ്ച്ചു. ഭരണാധികാരികളുടെ ചെങ്കോലിന് ഉപയോഗിക്കാവുന്ന ബലമുള്ള ശാഖകള്‍ അതിനുണ്ടായി, ഇടതൂര്‍ന്നു വളര്‍ന്ന ചില്ലകള്‍ക്കിടയിലൂടെ അതു തല ഉയര്‍ത്തി നിന്നു. അനവധി ശാഖകളോടുകൂടി വളര്‍ന്ന് അതു വളരെ ഉയര്‍ന്നു കാണപ്പെട്ടു. എന്നാല്‍ ഉഗ്രരോഷത്തോടെ ആ മുന്തിരിവള്ളി പിഴുതെറിയപ്പെട്ടു. കിഴക്കന്‍കാറ്റ് അതിനെ ഉണക്കിക്കളഞ്ഞു. അതിന്‍റെ കായ്കള്‍ കൊഴിഞ്ഞു. അതിന്‍റെ കരുത്തുറ്റ തണ്ട് ഉണങ്ങിപ്പോയി അഗ്നി അതിനെ ദഹിപ്പിച്ചു. ഉണങ്ങി വരണ്ട മരുഭൂമിയില്‍ അതിനെ ഇപ്പോള്‍ നട്ടിരിക്കുന്നു. അതിന്‍റെ തണ്ടില്‍നിന്നു തീ പടര്‍ന്ന് ചില്ലകളും കായ്കളും ദഹിപ്പിച്ചു; അതില്‍ ഭരണാധിപനു ചെങ്കോല്‍ നിര്‍മിക്കാനുതകുന്ന കമ്പുകളൊന്നും ശേഷിച്ചില്ല. ഇത് ഒരു വിലാപമാണ്. ഇതൊരു വിലാപഗാനമായി തീര്‍ന്നിരിക്കുന്നു. പ്രവാസത്തിന്‍റെ ഏഴാം വര്‍ഷം അഞ്ചാം മാസം പത്താം ദിവസം ഇസ്രായേലിലെ ജനപ്രമാണികളില്‍ ചിലര്‍ സര്‍വേശ്വരന്‍റെ ഹിതം ആരായാന്‍ എന്‍റെ മുമ്പില്‍ വന്നു. അപ്പോള്‍ അവിടുത്തെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, നീ ഇസ്രായേലിലെ ജനപ്രമാണികളോടു പറയുക. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റെ ഹിതം ആരായാനാണോ നിങ്ങള്‍ വന്നിരിക്കുന്നത്? ഞാന്‍ സത്യം ചെയ്തു പറയുന്നു: “നിങ്ങള്‍ക്ക് എന്നില്‍നിന്നു മറുപടി ലഭിക്കുകയില്ല.” മനുഷ്യപുത്രാ, നീ അവരെ കുറ്റം വിധിക്കുകയില്ലേ? അവരുടെ പിതാക്കന്മാരുടെ മ്ലേച്ഛതകള്‍ നീ അവരെ അറിയിക്കുക. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്ന് അവരോടു പറയുക; ഇസ്രായേലിനെ ഞാന്‍ തിരഞ്ഞെടുത്ത ദിവസം ഞാന്‍ അവരോട് ഒരു ശപഥം ചെയ്തു. നിങ്ങളുടെ സര്‍വേശ്വരനായ കര്‍ത്താവ് ഞാനാകുന്നു എന്നു സത്യം ചെയ്തുകൊണ്ടു ഞാന്‍ എന്നെത്തന്നെ അവര്‍ക്കു വെളിപ്പെടുത്തി. ഞാന്‍ അവരെ അവിടെനിന്ന് അവര്‍ക്കായി നോക്കിവച്ചതും പാലും തേനും ഒഴുകുന്നതും എല്ലാ ദേശങ്ങളെക്കാളും ശ്രേഷ്ഠവുമായ ദേശത്തേക്കു കൊണ്ടുപോകുമെന്ന് അന്നു ഞാന്‍ ശപഥം ചെയ്തു. ഞാന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ദൃഷ്‍ടി പതിപ്പിച്ചിരിക്കുന്ന മ്ലേച്ഛവസ്തുക്കളെ വലിച്ചെറിയുവിന്‍; ഈജിപ്തിലെ വിഗ്രഹങ്ങളെ ആരാധിച്ചു നിങ്ങള്‍ മലിനരാകരുത്. ഞാന്‍ നിങ്ങളുടെ സര്‍വേശ്വരനായ കര്‍ത്താവാകുന്നു. എന്നാല്‍ അവര്‍ എന്നെ ധിക്കരിച്ചു; എന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചില്ല. തങ്ങള്‍ ദൃഷ്‍ടി പതിപ്പിച്ചിരുന്ന മ്ലേച്ഛവസ്തുക്കളെ അവര്‍ വലിച്ചെറിയുകയോ, ഈജിപ്തിലെ വിഗ്രഹങ്ങളെ ഉപേക്ഷിക്കുകയോ ചെയ്തില്ല. അപ്പോള്‍ ഈജിപ്തില്‍ വച്ചുതന്നെ എന്‍റെ ക്രോധം അവരുടെമേല്‍ ചൊരിയണമെന്നും അത് അവരുടെമേല്‍ പ്രയോഗിച്ചുതീര്‍ക്കണമെന്നും ഞാന്‍ ചിന്തിച്ചു. എങ്കിലും ആരുടെ മധ്യത്തില്‍ അവര്‍ പാര്‍ത്തിരുന്നുവോ, ആരുടെ കണ്‍മുമ്പില്‍വച്ചു ഞാന്‍ അവരെ ഈജിപ്തില്‍നിന്നു മോചിപ്പിക്കുമെന്നു പറഞ്ഞ് എന്നെത്തന്നെ വെളിപ്പെടുത്തിയോ ആ ജനതകളുടെ മുമ്പില്‍വച്ച് എന്‍റെ നാമം അശുദ്ധമാക്കാതിരിക്കാന്‍വേണ്ടി ഞാന്‍ അവരോടു കാരുണ്യപൂര്‍വം വര്‍ത്തിച്ചു. അങ്ങനെ ഞാന്‍ അവരെ ഈജിപ്തില്‍ നിന്നു മോചിപ്പിച്ചു മരുഭൂമിയില്‍ കൊണ്ടുവന്നു. എന്‍റെ ചട്ടങ്ങള്‍ അവര്‍ക്കു നല്‌കി; കല്പനകള്‍ അവരെ പഠിപ്പിച്ചു. അവ അനുഷ്ഠിക്കുന്ന മനുഷ്യന്‍ ജീവിക്കും. കൂടാതെ സര്‍വേശ്വരനായ ഞാനാണ് അവരെ വിശുദ്ധീകരിക്കുന്നതെന്ന് അവര്‍ അറിയാന്‍ അവര്‍ക്കും എനിക്കും മധ്യേ ഒരു അടയാളമായിരിക്കത്തക്കവിധം എന്‍റെ ശബത്തുകള്‍ അവര്‍ക്കു നല്‌കി. എങ്കിലും ഇസ്രായേല്‍ജനം മരുഭൂമിയില്‍വച്ച് എന്നോടു ധിക്കാരം കാട്ടി. അവര്‍ എന്‍റെ ചട്ടങ്ങള്‍ അനുസരിക്കാതെ എന്‍റെ കല്പനകള്‍ ലംഘിച്ചു. അവ അനുസരിച്ചു നടക്കുന്നതുകൊണ്ടാണല്ലോ മനുഷ്യന്‍ ജീവിക്കുന്നത്. എന്‍റെ ശബത്തുകള്‍ അവര്‍ അങ്ങേയറ്റം അശുദ്ധമാക്കി. അപ്പോള്‍ മരുഭൂമിയില്‍വച്ച് എന്‍റെ ക്രോധം അവരുടെമേല്‍ ചൊരിഞ്ഞ് അവരെ നിശ്ശേഷം നശിപ്പിക്കണമെന്നു ഞാന്‍ വീണ്ടും ചിന്തിച്ചു. എന്നാല്‍ ഞാന്‍ അവരെ മോചിപ്പിച്ചുകൊണ്ട് വന്നതിനു സാക്ഷ്യം വഹിച്ച ജനതകളുടെ മുമ്പില്‍വച്ച് എന്‍റെ നാമം അശുദ്ധമാക്കാതിരിക്കാന്‍ ഞാന്‍ കാരുണ്യപൂര്‍വം അവരോട് പ്രവര്‍ത്തിച്ചിരുന്നു. [15,16] ഞാന്‍ അവര്‍ക്ക് നല്‌കിയിരുന്നതും പാലും തേനും ഒഴുകുന്നതും എല്ലാ ദേശങ്ങളിലും ശ്രേഷ്ഠവുമായ ദേശത്തേക്ക് ഞാന്‍ അവരെ കൊണ്ടുപോകുകയില്ലെന്ന് മരുഭൂമിയില്‍വച്ച് ശപഥം ചെയ്തു. അവര്‍ വിഗ്രഹങ്ങളെ ആരാധിച്ച് എന്‍റെ കല്പനകളെ നിരാകരിക്കുകയും എന്‍റെ ചട്ടങ്ങള്‍ അനുസരിക്കാതെ ശബത്തിനെ അശുദ്ധമാക്കുകയും ചെയ്തുവല്ലോ. *** എന്നിട്ടും എനിക്ക് അവരോട് കനിവുതോന്നി. ഞാന്‍ അവരെ നശിപ്പിക്കുകയോ മരുഭൂമിയില്‍വച്ച് അവരെ സംഹരിക്കുകയോ ചെയ്തില്ല. മരുഭൂമിയില്‍വച്ച് അവരുടെ മക്കളോട് ഞാന്‍ പറഞ്ഞു: “നിങ്ങളുടെ പിതാക്കന്മാരുടെ ചട്ടങ്ങള്‍ പ്രമാണമാക്കുകയോ അവരുടെ അനുശാസനങ്ങള്‍ പാലിക്കുകയോ അവരുടെ വിഗ്രഹങ്ങളെ ആരാധിച്ച് നിങ്ങളെത്തന്നെ അശുദ്ധമാക്കുകയോ ചെയ്യരുത്. സര്‍വേശ്വരനായ ഞാന്‍ നിങ്ങളുടെ ദൈവമാകുന്നു; എന്‍റെ ചട്ടങ്ങള്‍ അനുസരിച്ചു നടക്കുക, എന്‍റെ കല്പനകള്‍ പാലിക്കുകയും ചെയ്യുക. എന്‍റെ ശബത്തുകള്‍ വിശുദ്ധമായി ആചരിക്കുക; ഞാനാണു നിങ്ങളുടെ സര്‍വേശ്വരനായ കര്‍ത്താവ് എന്നു നിങ്ങള്‍ അറിയാന്‍ എനിക്കും നിങ്ങള്‍ക്കും മധ്യേ ഇത് ഒരു അടയാളമായിരിക്കട്ടെ.” എന്നാല്‍ അവരും എന്നെ ധിക്കരിച്ചു. അവര്‍ എന്‍റെ ചട്ടങ്ങള്‍ അനുസരിക്കുകയോ, എന്‍റെ കല്പനകള്‍ പാലിക്കുകയോ ചെയ്തില്ല. അവ അനുസരിക്കുന്നതു മൂലമാണല്ലോ മനുഷ്യന്‍ ജീവിക്കുന്നത്. അവര്‍ എന്‍റെ ശബത്തിനെ അശുദ്ധമാക്കി. അപ്പോള്‍ മരുഭൂമിയില്‍വച്ച് എന്‍റെ ക്രോധം അവരുടെമേല്‍ ചൊരിയണമെന്നും അവരുടെ നേരേ അതു പ്രയോഗിച്ചുതീര്‍ക്കണമെന്നും ഞാന്‍ വീണ്ടും ചിന്തിച്ചു. എങ്കിലും ഞാന്‍ അതില്‍നിന്നു പിന്തിരിഞ്ഞു; അവരെ ഞാന്‍ മോചിപ്പിച്ചുകൊണ്ടുവന്നതിനു സാക്ഷ്യം വഹിച്ച ജനതകളുടെ മുമ്പില്‍ എന്‍റെ നാമത്തിനു കളങ്കം വരാതിരിക്കാന്‍ വേണ്ടി ഞാന്‍ അവരോടു കാരുണ്യപൂര്‍വം പ്രവര്‍ത്തിച്ചു. [23,24] അവരെ ജനതകളുടെയും രാജ്യങ്ങളുടെയും ഇടയില്‍ ചിതറിക്കുമെന്നു മരുഭൂമിയില്‍ വച്ചു ഞാന്‍ ശപഥം ചെയ്തു. കാരണം അവര്‍ എന്‍റെ കല്പനകള്‍ പാലിച്ചില്ല. എന്‍റെ ചട്ടങ്ങള്‍ നിരസിക്കുകയും ചെയ്തു. അവര്‍ എന്‍റെ ശബത്തിനെ അശുദ്ധമാക്കി അവരുടെ പിതാക്കന്മാര്‍ പൂജിച്ച വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തു. *** അതുകൊണ്ട് പ്രയോജനപ്രദമല്ലാത്ത ചട്ടങ്ങളും ജീവന്‍ പ്രാപിക്കാന്‍ ഉതകാത്ത കല്പനകളും ഞാന്‍ അവര്‍ക്കു നല്‌കി. അവരുടെ വഴിപാടുകളാല്‍ ഞാനവരെ അശുദ്ധരാക്കി. ആദ്യജാതരെ ദഹനയാഗമായി അര്‍പ്പിക്കാന്‍ ഇടയാക്കുകയും ചെയ്തു. ഇത് അവരെ ശൂന്യമാക്കാനും ഞാന്‍ തന്നെയാകുന്നു സര്‍വേശ്വരനെന്ന് അവര്‍ മനസ്സിലാക്കാനും വേണ്ടിയായിരുന്നു. മനുഷ്യപുത്രാ, ഇസ്രായേല്‍ജനത്തോടു പറയുക: സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു; നിങ്ങളുടെ പിതാക്കന്മാര്‍ എന്നോട് അവിശ്വസ്തമായി പെരുമാറി എന്നെ നിന്ദിച്ചു. ഞാന്‍ അവര്‍ക്കു നല്‌കുമെന്നു വാഗ്ദാനം ചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുവന്നപ്പോള്‍ അവര്‍ ഉയര്‍ന്ന കുന്നുകളും പച്ചമരങ്ങളും കണ്ടിടത്തെല്ലാം യാഗങ്ങള്‍ അര്‍പ്പിച്ചു. സൗരഭ്യം പരത്തുന്ന ധൂപം അര്‍പ്പിക്കുകയും പാനീയനിവേദ്യം പകരുകയും ചെയ്തുകൊണ്ടുള്ള അവരുടെ യാഗങ്ങള്‍ എന്നെ പ്രകോപിപ്പിച്ചു. നിങ്ങള്‍ പോകുന്ന പൂജാഗിരി ഏത് എന്നു ഞാന്‍ ചോദിച്ചു. അതുകൊണ്ട് ഇന്നും ആ സ്ഥലം ബാമാ എന്നറിയപ്പെടുന്നു. അതുകൊണ്ട് ഇസ്രായേല്‍ജനത്തോടു പറയുക; സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാര്‍ ചെയ്തതുപോലെ വഴിപിഴച്ചു മ്ലേച്ഛവിഗ്രഹങ്ങളുടെ പിന്നാലെ പോയി നിങ്ങള്‍ നിങ്ങളെത്തന്നെ അശുദ്ധമാക്കുമോ? നിങ്ങള്‍ അതേ വഴിപാടുകള്‍ അര്‍പ്പിക്കുമ്പോഴും നിങ്ങളുടെ പുത്രന്മാരെ ഹോമബലിയായി നല്‌കുമ്പോഴും വിഗ്രഹാരാധനമൂലം നിങ്ങളെത്തന്നെ ഇന്നും നിങ്ങള്‍ അശുദ്ധരാക്കുന്നു. ഇസ്രായേല്‍ജനമേ, എന്നില്‍ നിന്നു നിങ്ങള്‍ക്ക് ഉത്തരം ലഭിക്കുമോ? ഞാന്‍ സത്യം ചെയ്തു പറയുന്നു, എന്നില്‍നിന്നു നിങ്ങള്‍ക്ക് ഉത്തരം ലഭിക്കുകയില്ല. ജനതകളെയും വിദേശങ്ങളിലെ ഗോത്രങ്ങളെയുംപോലെ നമുക്കു കല്ലിനെയും മരത്തെയും ആരാധിക്കാം എന്ന നിങ്ങളുടെ മനോഗതം ഒരിക്കലും നടപ്പാകുകയില്ല. ഉഗ്രരോഷത്തോടും കരുത്തുറ്റ കരങ്ങളോടും നീട്ടിയ ഭുജത്തോടുംകൂടി ഞാന്‍ നിശ്ചയമായും നിങ്ങളെ ഭരിക്കും. ജനതകളുടെ ഇടയില്‍നിന്നു നിങ്ങളെ പുറത്തുകൊണ്ടു വരും; നിങ്ങള്‍ ചിതറിപ്പാര്‍ക്കുന്ന ദേശങ്ങളില്‍നിന്നു നിങ്ങളെ ഒന്നിച്ചുകൂട്ടും എന്നു സര്‍വേശ്വരനായ കര്‍ത്താവ് സത്യം ചെയ്തു പറയുന്നു. ജനതകളുടെ മരുഭൂമിയിലേക്ക് ഞാന്‍ നിങ്ങളെ കൊണ്ടുവരും; അവിടെവച്ചു ഞാന്‍ തന്നെ നിങ്ങളെ വിചാരണ ചെയ്യും. ഈജിപ്തിലെ മരുഭൂമിയില്‍വച്ച് നിങ്ങളുടെ പിതാക്കന്മാരെ വിചാരണചെയ്തതുപോലെ നിങ്ങളെയും ഞാന്‍ വിചാരണ ചെയ്യും എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ നിങ്ങളെ എന്‍റെ ചെങ്കോലിന്‍കീഴില്‍ കൊണ്ടുവരികയും ഉടമ്പടി നിങ്ങളെക്കൊണ്ട് അനുസരിപ്പിക്കുകയും ചെയ്യും. എന്നെ ധിക്കരിക്കുന്നവരെയും എനിക്കെതിരെ അതിക്രമം കാട്ടുന്നവരെയും നിങ്ങളുടെ ഇടയില്‍നിന്നു ഞാന്‍ നീക്കിക്കളയും. അവര്‍ ഇപ്പോള്‍ പാര്‍ക്കുന്ന ദേശങ്ങളില്‍നിന്നു ഞാന്‍ അവരെ പുറത്തുകൊണ്ടുവരും. അവര്‍ ഇസ്രായേല്‍ദേശത്തു പ്രവേശിക്കാന്‍ ഇടവരുത്തുകയില്ല. ഞാനാണ് സര്‍വേശ്വരനെന്ന് നിങ്ങള്‍ അപ്പോള്‍ അറിയും. ഇസ്രായേല്‍ജനമേ, സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റെ വാക്കു നിങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ പോയി നിങ്ങളുടെ വിഗ്രഹങ്ങളെ ആരാധിച്ചുകൊള്‍ക. എന്നാല്‍ ഇനിമേല്‍ നിങ്ങളുടെ വഴിപാടുകളും വിഗ്രഹങ്ങളുംകൊണ്ട് എന്‍റെ നാമം അശുദ്ധമാക്കരുത്. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “ഇസ്രായേല്‍ജനത മുഴുവനും ഒന്നൊഴിയാതെ എന്‍റെ വിശുദ്ധഗിരിയില്‍ ഇസ്രായേലിലെ ഗിരിമുകളില്‍ത്തന്നെ എന്നെ ആരാധിക്കും. അവിടെവച്ചു ഞാനവരെ സ്വീകരിക്കും. അവിടെ നിങ്ങളുടെ കാഴ്ചകളും ആദ്യഫലങ്ങളും നിവേദ്യങ്ങളും ഞാന്‍ ആവശ്യപ്പെടും. ജനതകളുടെ മധ്യത്തില്‍നിന്ന് ഞാന്‍ നിങ്ങളെ പുറത്തുകൊണ്ടുവരികയും നിങ്ങള്‍ ചിതറിപ്പാര്‍ത്തിരുന്ന ദേശങ്ങളില്‍ നിന്ന് നിങ്ങളെ ഒരുമിച്ചുകൂട്ടുകയും ചെയ്യുമ്പോള്‍ സുഗന്ധധൂപം പോലെ ഞാന്‍ നിങ്ങളെ കൈക്കൊള്ളും. ജനതകള്‍ കാണ്‍കെ എന്‍റെ വിശുദ്ധി നിങ്ങളുടെ ഇടയില്‍ ഞാന്‍ വെളിപ്പെടുത്തും. നിങ്ങളുടെ പിതാക്കന്മാര്‍ക്കു നല്‌കുമെന്നു വാഗ്ദാനം ചെയ്ത ഇസ്രായേല്‍ദേശത്തേക്കു ഞാന്‍ നിങ്ങളെ തിരിച്ചുകൊണ്ടുവരുമ്പോള്‍ ഞാനാണ് സര്‍വേശ്വരന്‍ എന്നു നിങ്ങള്‍ അറിയും. നിങ്ങളെത്തന്നെ അശുദ്ധമാക്കിയ നിങ്ങളുടെ ജീവിതരീതിയും പ്രവൃത്തികളും അപ്പോള്‍ നിങ്ങള്‍ അനുസ്മരിക്കും. നിങ്ങളുടെ തിന്മപ്രവൃത്തികള്‍ ഓര്‍ത്തു നിങ്ങള്‍ക്ക് നിങ്ങളോടുതന്നെ വെറുപ്പുതോന്നും. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ജനമേ, നിങ്ങളുടെ ദുഷിച്ച ജീവിതരീതിക്കും ദുര്‍വൃത്തികള്‍ക്കും തക്കവിധം പ്രവൃത്തിക്കാതെ എന്‍റെ നാമത്തെപ്രതിതന്നെ ഞാന്‍ നിങ്ങളോടു പെരുമാറുമ്പോള്‍ ഞാനാകുന്നു സര്‍വേശ്വരന്‍ എന്നു നിങ്ങള്‍ അറിയും. സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: മനുഷ്യപുത്രാ, നെഗബിലേക്കു തിരിഞ്ഞ് അതിനെതിരെ പ്രഘോഷിക്കുക; അവിടത്തെ വനങ്ങള്‍ക്കെതിരെ പ്രവചിക്കുക. നെഗബിലെ വനത്തോടു പറയുക: സര്‍വേശ്വരന്‍റെ വചനം കേള്‍ക്കുക; സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “ഇതാ ഞാന്‍ നിന്നെ അഗ്നിക്കിരയാക്കും. നിന്‍റെ സകല പച്ചമരങ്ങളും ഉണക്കമരങ്ങളും അതു ദഹിപ്പിക്കും. ആ അഗ്നിജ്വാല കെട്ടടങ്ങുകയില്ല. തെക്കു മുതല്‍ വടക്കുവരെ എല്ലാവരും അതില്‍ ദഹിച്ചുപോകും. സര്‍വേശ്വരനായ ഞാനാണ് അതു കൊളുത്തിയത് എന്ന് എല്ലാവരും അറിയും. അതു കെട്ടടങ്ങുകയില്ല.” അപ്പോള്‍ ഞാന്‍ പറഞ്ഞു: സര്‍വേശ്വരനായ കര്‍ത്താവേ, ഞാന്‍ കടങ്കഥയല്ലേ പറയുന്നത് എന്ന് അവര്‍ ചോദിക്കുന്നു. സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, യെരൂശലേമിലേക്കു മുഖം തിരിച്ചു വിശുദ്ധമന്ദിരത്തിനെതിരെ പ്രഘോഷിക്കുക. ഇസ്രായേല്‍ദേശത്തിനെതിരെ പ്രവചിക്കുക; സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു എന്ന് ഇസ്രായേല്‍ജനത്തോടു പറയുക; നോക്കുക, ഞാന്‍ നിനക്കെതിരാണ്; ഞാന്‍ ഉറയില്‍നിന്ന് വാളൂരി നീതിമാനെയും ദുഷ്ടനെയും ഛേദിച്ചുകളയും. അങ്ങനെ തെക്കുമുതല്‍ വടക്കുവരെയുള്ള സകല മനുഷ്യരെയും നിഗ്രഹിക്കാനാണ് എന്‍റെ വാള്‍ ഉറയില്‍നിന്ന് ഊരുന്നത്. സര്‍വേശ്വരനായ ഞാന്‍ ഉറയില്‍നിന്നു വാളൂരിയിരിക്കുന്നു എന്ന് എല്ലാവരും അറിയും. അതു പിന്നീട് ഉറയിലിടുകയില്ല. അതുകൊണ്ട് മനുഷ്യപുത്രാ, നീ നെടുവീര്‍പ്പിടുക; അവരുടെ കണ്‍മുമ്പില്‍ ഹൃദയം പൊട്ടുംവിധം കഠിനദുഃഖത്തോടെ നെടുവീര്‍പ്പിടുക. എന്തിനു നെടുവീര്‍പ്പിടുന്നു എന്ന് അവര്‍ നിന്നോടു ചോദിക്കുമ്പോള്‍ നീ പറയണം; കേള്‍ക്കാന്‍ പോകുന്ന വാര്‍ത്ത നിമിത്തം തന്നെ, അതു കേള്‍ക്കുമ്പോള്‍ എല്ലാ ഹൃദയങ്ങളും ഉരുകും; എല്ലാ കരങ്ങളും ദുര്‍ബലമാകും; എല്ലാ മനസ്സുകളും തളരും; എല്ലാ കാല്‍മുട്ടുകളും വിറയ്‍ക്കും. ഇതാ അതിനുള്ള സമയം സമാഗതമായിരിക്കുന്നു. അതു നിറവേറ്റുകതന്നെ ചെയ്യും. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.” സര്‍വേശ്വരന്‍റെ അരുളപ്പാട് വീണ്ടും എനിക്കുണ്ടായി: “മനുഷ്യപുത്രാ, പ്രവചിക്കുക, സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു എന്നു പറയുക. ഇതാ ഒരു വാള്‍, തേച്ചുമിനുക്കി മൂര്‍ച്ച വരുത്തിയ വാള്‍, സംഹാരം നടത്താന്‍ അതിനു മൂര്‍ച്ച കൂട്ടിയിരിക്കുന്നു. ഇടിമിന്നല്‍പോലെ തിളങ്ങുംവിധം അതു മിനുക്കിയിരിക്കുന്നു. അപ്പോള്‍ നാം ഉല്ലസിക്കുകയോ? എന്‍റെ ജനം എല്ലാ മുന്നറിയിപ്പുകളും ശിക്ഷയും അവഗണിക്കും. അതുകൊണ്ട് ഉടനെ ഉപയോഗിക്കാന്‍വേണ്ടി വാള്‍ തേച്ചു മിനുക്കാന്‍ കൊടുത്തിരിക്കുന്നു. സംഹാരകന്‍റെ കൈയില്‍ കൊടുക്കാന്‍ അതു തേച്ചുമിനുക്കി മൂര്‍ച്ച കൂട്ടിയിരിക്കുന്നു. മനുഷ്യപുത്രാ, നീ കരയുകയും മുറവിളികൂട്ടുകയും ചെയ്യുക. കാരണം അത് എന്‍റെ ജനത്തിനും ഇസ്രായേലിലെ എല്ലാ പ്രഭുക്കന്മാര്‍ക്കും നേരെ പ്രയോഗിക്കാനുള്ളതാണ്. എന്‍റെ ജനത്തോടൊപ്പം പ്രഭുക്കന്മാരും വാളിനിരയായിത്തീരും. അതുകൊണ്ട് നീ മാറത്തടിച്ചു കരയുക, ഇതൊരു പരീക്ഷണമാണ്. അവര്‍ മനംതിരിയുന്നില്ലെങ്കില്‍ ഞാന്‍ എന്തുചെയ്യും? സര്‍വശക്തനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.” “അതുകൊണ്ട്, മനുഷ്യപുത്രാ, നീ പ്രവചിക്കുക, കൈകൊട്ടുക. വാള്‍ തുടര്‍ച്ചയായി അവരുടെമേല്‍ പതിക്കട്ടെ. അവര്‍ക്കു ചുറ്റും ചുഴറ്റുന്ന സംഹാര ഖഡ്ഗമാണിത്. അവരുടെ ഹൃദയം ഉരുകാനും അനേകം ആളുകള്‍ നിപതിക്കുവാനും എല്ലാ കവാടങ്ങളിലും ഞാന്‍ ആ വാള്‍ സ്ഥാപിച്ചിരിക്കുന്നു. ഇടിമിന്നല്‍പോലെ അതു തിളങ്ങുന്നു. സംഹാരത്തിനുവേണ്ടി അതു തേച്ചുമിനുക്കിയിരിക്കുന്നു. വാളിന്‍റെ വായ്ത്തല തിരിയുന്നതനുസരിച്ചു ഇടംവലം ആഞ്ഞു വെട്ടുക. ഞാനും കൈ കൊട്ടും; എന്‍റെ രോഷത്തിനു ശമനം വരും. സര്‍വേശ്വരനായ ഞാന്‍ അരുളിച്ചെയ്തിരിക്കുന്നു.” സര്‍വേശ്വരന്‍റെ അരുളപ്പാട് വീണ്ടും എനിക്കുണ്ടായി: “മനുഷ്യപുത്രാ, ബാബിലോണ്‍ രാജാവിന്‍റെ വാള്‍ കടന്നുവരുന്നതിനു രണ്ടു വഴികള്‍ നീ അടയാളപ്പെടുത്തുക. ഒരേ ദേശത്തുനിന്നുതന്നെ അവ രണ്ടും പുറപ്പെടണം. നഗരത്തിലേക്കുള്ള വഴിത്തലയ്‍ക്കല്‍ കൈ ചൂണ്ടി സ്ഥാപിക്കുക. അങ്ങനെ അമ്മോന്യരുടെ പട്ടണമായ രബ്ബയിലും യെഹൂദായിലെ കോട്ടകെട്ടി സുരക്ഷിതമാക്കപ്പെട്ട യെരൂശലേമിലും വാള്‍ കടന്നുവരുന്നതിനുള്ള വഴി അടയാളപ്പെടുത്തുക. കാരണം ബാബിലോണ്‍രാജാവ് വഴിത്തലയ്‍ക്കല്‍ വഴി രണ്ടായി തിരിയുന്നിടത്ത് ശകുനം നോക്കി നില്‌ക്കുന്നു. ഏതു വഴിക്കു പോകണം എന്നറിയാന്‍ അയാള്‍ ശരങ്ങള്‍ ചലിപ്പിച്ചു നോക്കുകയും കുലദൈവങ്ങളോട് അരുളപ്പാടു ചോദിക്കുകയും ബലിമൃഗങ്ങളുടെ കരള്‍ നോക്കുകയും ചെയ്യുന്നു. യെരൂശലേമിനുള്ള നറുക്ക് അയാളുടെ വലങ്കൈയില്‍ വീണിരിക്കുന്നു. കൂട്ടക്കൊലയ്‍ക്ക് ആജ്ഞ നല്‌കാനും പോര്‍വിളി മുഴക്കാനും പ്രവേശനകവാടങ്ങളില്‍ ചുവരുകളും മറ്റും ഇടിച്ചു നിരത്താനുള്ള യന്ത്രമുട്ടി സ്ഥാപിക്കാനും മണ്‍തിട്ടകള്‍ ഉയര്‍ത്താനും ഉപരോധഗോപുരങ്ങള്‍ നിര്‍മിക്കാനും നിര്‍ദേശം നല്‌കുന്നതായിരുന്നു ആ നറുക്ക്. അവര്‍ ചെയ്ത സഖ്യംനിമിത്തം യെരൂശലേംനിവാസികള്‍ക്ക് അതു വ്യാജശകുനമായി തോന്നും. അവര്‍ പിടിച്ചടക്കപ്പെടാനിടവരുത്തിയ അകൃത്യങ്ങള്‍ അയാള്‍ അവരെ അനുസ്മരിപ്പിക്കുന്നു.” അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ അകൃത്യങ്ങള്‍ വെളിപ്പെടുത്തി നിങ്ങളുടെ അപരാധങ്ങള്‍ അനുസ്മരിപ്പിച്ചതുകൊണ്ടും നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും നിങ്ങളുടെ പാപം പ്രത്യക്ഷപ്പെടുന്നതുകൊണ്ടും നിങ്ങള്‍ എന്‍റെ ഓര്‍മയെ ഉണര്‍ത്തിയതുകൊണ്ടും നിങ്ങള്‍ പിടിക്കപ്പെടും. അശുദ്ധനും ദുഷ്ടനുമായ ഇസ്രായേല്‍രാജാവേ, നിന്‍റെ അന്ത്യശിക്ഷാവിധിയുടെ ദിവസം ഇതാ വന്നിരിക്കുന്നു. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്‍റെ തലപ്പാവും കിരീടവും എടുത്തുമാറ്റുക. കാര്യങ്ങള്‍ പഴയതുപോലെ തുടരുകയില്ല. താണവന്‍ ഉയര്‍ത്തപ്പെടും. ഉയര്‍ന്നവന്‍ താഴ്ത്തപ്പെടും. അതിനു നാശം നാശം! ഞാന്‍ നഗരത്തെ നാശകൂമ്പാരമാക്കും, നഗരത്തെ ന്യായം വിധിക്കാന്‍ ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നവന്‍ വരുമ്പോള്‍ ഞാന്‍ അത് അവനെ ഏല്പിക്കും. “മനുഷ്യപുത്രാ, പ്രവചിക്കുക! സര്‍വേശ്വരനായ കര്‍ത്താവ് അമ്മോന്യരെയും അവരുടെ അധിക്ഷേപത്തെയുംകുറിച്ച് ഇങ്ങനെ അരുളിച്ചെയ്യുന്നു. സംഹാരത്തിനായി ഒരു വാള്‍ ഊരിപ്പിടിച്ചിരിക്കുന്നു. ഇടിവാള്‍പോലെ വെട്ടിത്തിളങ്ങുംവിധം അതു തേച്ചുമിനുക്കിയിരിക്കുന്നു. നിങ്ങള്‍ക്കുവേണ്ടി വ്യാജദര്‍ശനം കാണുകയും കള്ളപ്രവചനം നടത്തുകയും ചെയ്യുന്ന അശുദ്ധരായ ദുഷ്ടജനത്തിന്‍റെ കഴുത്തില്‍ ആ വാള്‍ പതിക്കും. അവരുടെ ദിവസം വന്നിരിക്കുന്നു! അവരുടെ അന്ത്യശിക്ഷയുടെ ദിവസംതന്നെ. വാള്‍ ഉറയിലിടുക; നീ സൃഷ്‍ടിക്കപ്പെട്ട ദേശത്തു, നിന്‍റെ ജന്മദേശത്തുവച്ചുതന്നെ നിന്നെ ഞാന്‍ വിധിക്കും. എന്‍റെ രോഷം ഞാന്‍ നിന്‍റെമേല്‍ പകരും. എന്‍റെ ക്രോധാഗ്നി നിന്‍റെമേല്‍ ജ്വലിക്കും. ഞാന്‍ നിന്നെ സംഹാരവിരുതരായ നിഷ്ഠുരന്മാരുടെ കൈയില്‍ ഏല്പിക്കും. നീ അഗ്നിക്കിരയാകും. നിന്‍റെ രക്തം ദേശത്തിന്‍റെ നടുവിലൂടെ ഒഴുകും. നിന്നെ ആരും ഓര്‍മിക്കയില്ല.” സര്‍വേശ്വരനായ ഞാനാണ് ഇത് അരുളിച്ചെയ്യുന്നത്. സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കു വീണ്ടും ഉണ്ടായി: “മനുഷ്യപുത്രാ, നീ അവരെ കുറ്റം വിധിക്കുകയില്ലേ? രക്തപങ്കിലമായ ഈ നഗരത്തെ നീ വിധിക്കയില്ലേ? അവളുടെ മ്ലേച്ഛകൃത്യങ്ങള്‍ അവളെ അറിയിക്കുക. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്നു പറയുക”. രക്തപാതകം നടത്തി ന്യായവിധിദിവസം ആസന്നമാക്കയും വിഗ്രഹങ്ങള്‍ നിര്‍മിച്ച് സ്വയം മലിനയാകുകയും ചെയ്ത നഗരമേ! നീ ചൊരിഞ്ഞ രക്തത്താല്‍ നീ കുറ്റക്കാരിയും നീ നിര്‍മിച്ച വിഗ്രഹങ്ങളാല്‍ നീ മലിനയും ആയിത്തീര്‍ന്നിരിക്കുന്നു. നിന്‍റെ ദിനം, നിന്‍റെ ആയുസ്സിന്‍റെ അന്ത്യം ആസന്നമായിരിക്കുന്നു. അതിനാല്‍ ഞാന്‍ നിന്നെ ജനതകള്‍ക്കു നിന്ദാപാത്രവും രാജ്യങ്ങള്‍ക്കെല്ലാം പരിഹാസവിഷയവും ആക്കിയിരിക്കുന്നു. കുപ്രസിദ്ധയും ക്രമസമാധാനം നിശ്ശേഷം തകര്‍ന്നവളുമായ നിന്നെ അടുത്തും അകലെയുമുള്ളവര്‍ പരിഹസിക്കും. ഇസ്രായേലിലെ രാജാക്കന്മാരെല്ലാം തങ്ങളുടെ ശക്തി രക്തച്ചൊരിച്ചിലിനായി വിനിയോഗിച്ചു. നിന്നില്‍ നിവസിച്ചിരുന്ന മാതാപിതാക്കളെ അവര്‍ നിന്ദിക്കുകയും പരദേശികളെ പീഡിപ്പിക്കുകയും ചെയ്തു. അനാഥരെയും വിധവകളെയും അവര്‍ ദ്രോഹിച്ചു. എനിക്കു വിശുദ്ധമായതിനെ അവര്‍ മലിനമാക്കി; ശബത്തുകള്‍ അശുദ്ധമാക്കി. രക്തച്ചൊരിച്ചിലിന് ഇടവരുത്തുന്ന അപവാദം പറഞ്ഞു പരത്തുന്നവരും പൂജാഗിരികളില്‍വച്ചു ഭക്ഷണം കഴിക്കുന്നവരും ഭോഗാസക്തികൊണ്ട് അഴിഞ്ഞാടുന്നവരും നിന്നില്‍ നിവസിക്കുന്നു. പിതാവിന്‍റെ ഭാര്യയോടൊത്ത് ശയിക്കുന്നവരും ആര്‍ത്തവകാലത്ത് സ്‍ത്രീകളെ പ്രാപിക്കുന്നവരും നിന്നിലുണ്ട്. നിന്നില്‍ നിവസിക്കുന്ന ചിലര്‍ അയല്‍ക്കാരന്‍റെ ഭാര്യയോടു മ്ലേച്ഛമായി പെരുമാറുന്നു; മറ്റു ചിലര്‍ ഭോഗാസക്തരായി മരുമക്കളെ പ്രാപിച്ച് അവരെ അശുദ്ധരാക്കുന്നു; വേറേ ചിലര്‍ തന്‍റെ സ്വന്തം പിതാവില്‍ നിന്നു ജനിച്ച സഹോദരിയെ അപമാനിക്കുന്നു. രക്തം ചൊരിയാന്‍ കോഴ വാങ്ങുന്നവര്‍ നിന്നിലുണ്ട്; പലിശയും ലാഭവും വാങ്ങി അയല്‍ക്കാരനെ ഞെക്കിപ്പിഴിഞ്ഞു ചിലര്‍ പണം സമ്പാദിക്കുന്നു. അങ്ങനെ നീ എന്നെ മറന്നുകളഞ്ഞിരിക്കുന്നു എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. അന്യായമായി നീ ഉണ്ടാക്കിയ ലാഭവും നീ ചൊരിഞ്ഞ രക്തവുംനിമിത്തം ഞാന്‍ രോഷംപൂണ്ട് മുഷ്‍ടി ചുരുട്ടും. ഞാന്‍ നിന്നെ അഭിമുഖീകരിക്കുമ്പോള്‍ നീ സുധീരം ഉറച്ചു നില്‌ക്കുമോ? നിന്‍റെ കൈകള്‍ ബലവത്തായിരിക്കുമോ? സര്‍വേശ്വരനായ ഞാനാണ് ഇതു പറയുന്നത്. അതു ഞാന്‍ നിറവേറ്റുകതന്നെ ചെയ്യും. ഞാന്‍ നിന്നെ ജനതകളുടെ ഇടയിലേക്കും രാജ്യങ്ങളിലേക്കും ചിതറിക്കും; നിന്‍റെ മാലിന്യത്തിനു ഞാന്‍ അറുതി വരുത്തും. ജനതകളുടെ മുമ്പില്‍ നീ മലിനയായി കാണപ്പെടും; അപ്പോള്‍ ഞാനാകുന്നു സര്‍വേശ്വരനെന്നു നീ അറിയും. സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി “മനുഷ്യപുത്രാ, ഇസ്രായേല്‍ജനം എനിക്കു ലോഹക്കിട്ടമായിരിക്കുന്നു. അവരെല്ലാവരും വെള്ളിയും ഓടും വെളുത്തീയവും ഇരുമ്പും കറുത്തീയവും ഉരുക്കിയ ഉലയിലെ കിട്ടംപോലെ ആയിരിക്കുന്നു. അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെല്ലാവരും കിട്ടമായിത്തീര്‍ന്നിരിക്കുന്നതുകൊണ്ട് ഞാന്‍ നിങ്ങളെ യെരൂശലേമില്‍ ഒരുമിച്ചുകൂട്ടും. വെള്ളിയും ഓടും വെളുത്തീയവും ഇരുമ്പും കറുത്തീയവും ഉലയില്‍ ഒരുമിച്ച് ഊതി ഉരുക്കുന്നതുപോലെ നിങ്ങളെയും ഒരുമിച്ചു കൊണ്ടുവന്ന് എന്‍റെ കോപത്തിന്‍റെയും ക്രോധത്തിന്‍റെയും അഗ്നിയില്‍ ഉരുക്കും. നിങ്ങളെ ഞാന്‍ ഒരുമിച്ചുകൂട്ടി നിങ്ങളുടെമേല്‍ എന്‍റെ കോപാഗ്നി ചൊരിയും. നിങ്ങള്‍ അതില്‍ ഉരുകിപ്പോകും. വെള്ളി ഉലയില്‍ ഉരുകുന്നതുപോലെ നിങ്ങളും അതില്‍ ഉരുകും. സര്‍വേശ്വരനായ ഞാന്‍ എന്‍റെ ക്രോധം നിങ്ങളുടെമേല്‍ ചൊരിഞ്ഞിരിക്കുന്നു എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും. സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, ഇസ്രായേല്‍ദേശത്തോടു പറയുക, ക്രോധദിവസത്തില്‍ നീ ശുചിയാക്കപ്പെടാത്തതും മഴ പെയ്യാത്തതുമായ ദേശം ആയിരിക്കും. ഇരയെ കടിച്ചുകീറി ഗര്‍ജിക്കുന്ന സിംഹത്തെപ്പോലെയാണ് അതിലെ പ്രഭുക്കന്മാര്‍. അവര്‍ മനുഷ്യരെ വിഴുങ്ങുന്നു; സമ്പത്തും വിലപ്പെട്ട വസ്തുക്കളും അപഹരിക്കുന്നു; അവര്‍ അനവധി സ്‍ത്രീകളെ വിധവകളാക്കുന്നു. അതിലെ പുരോഹിതന്മാര്‍ എന്‍റെ നിയമം ലംഘിക്കുകയും എന്‍റെ വിശുദ്ധവസ്തുക്കള്‍ അശുദ്ധമാക്കുകയും ചെയ്തിരിക്കുന്നു. വിശുദ്ധവും അശുദ്ധവുമായ വസ്തുക്കളെ അവര്‍ വേര്‍തിരിച്ചു കാണുന്നില്ല. നിര്‍മലവും മലിനവും തമ്മിലുള്ള വ്യത്യാസം അവര്‍ പഠിപ്പിക്കുന്നില്ല. എന്‍റെ ശബത്തുകളെ അവര്‍ അനാദരിക്കുന്നു; അങ്ങനെ അവരുടെ ഇടയില്‍ ഞാന്‍ നിന്ദിതനായിരിക്കുന്നു. അവരുടെ പ്രഭുക്കന്മാര്‍ ഇരയെ കടിച്ചുകീറുന്ന ചെന്നായ്‍ക്കളാണ്. കൊള്ളലാഭത്തിനുവേണ്ടി അവര്‍ രക്തം ചൊരിയുകയും കൊലപാതകം നടത്തുകയും ചെയ്യുന്നു. അതിലെ പ്രവാചകന്മാര്‍ വ്യാജദര്‍ശനങ്ങള്‍ കാണുകയും സര്‍വേശ്വരന്‍ അരുളപ്പാടു നല്‌കാതിരിക്കെ സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്നു പ്രസ്താവിക്കുകയും ചെയ്തുകൊണ്ട് അതിനെ വെള്ളപൂശുന്നു. തദ്ദേശവാസികള്‍ പിടിച്ചുപറിക്കുകയും കൊള്ള നടത്തുകയും ചെയ്യുന്നു. ദരിദ്രരെയും അഗതികളെയും അവര്‍ മര്‍ദിക്കുകയും പരദേശികളെ അന്യായമായി പീഡിപ്പിക്കുകയും ചെയ്യുന്നു. ഞാന്‍ ആ ദേശത്തെ നശിപ്പിക്കാതിരിക്കാന്‍വേണ്ടി കോട്ട പണിയാനും അതിന്‍റെ വിള്ളലുകളില്‍ നിലയുറപ്പിക്കാനും ഒരുക്കമുള്ള ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു. പക്ഷേ, ആരെയും ഞാന്‍ കണ്ടില്ല. അതുകൊണ്ട് എന്‍റെ രോഷം അവരുടെമേല്‍ ചൊരിഞ്ഞു; എന്‍റെ ക്രോധാഗ്നിയില്‍ ഞാന്‍ അവരെ ദഹിപ്പിച്ചു. അവരുടെ പ്രവൃത്തികള്‍ക്കു തക്ക ശിക്ഷ അവര്‍ക്കു നല്‌കുകയും ചെയ്തിരിക്കുന്നു എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, ഒരമ്മയ്‍ക്കു രണ്ടു പുത്രിമാര്‍ ഉണ്ടായിരുന്നു. ഈജിപ്തില്‍ ആയിരുന്നപ്പോള്‍ ചെറുപ്രായത്തില്‍ തന്നെ അവര്‍ വ്യഭിചാരത്തില്‍ ഏര്‍പ്പെട്ടു. അവരുടെ മാറിടം പ്രേമപൂര്‍വം അമര്‍ത്തപ്പെട്ടു. അവരുടെ കന്യകാത്വം നഷ്ടപ്പെടുത്തുകയും ചെയ്തു. അവരില്‍ മൂത്തവള്‍ക്ക് ഒഹോലാ എന്നും ഇളയവള്‍ക്ക് ഒഹോലിബാ എന്നുമായിരുന്നു പേര്. ഇരുവരും എന്‍റെ സ്വന്തമായിത്തീര്‍ന്നു. അവര്‍ക്കു പുത്രന്മാരും പുത്രിമാരും ജനിച്ചു. അവരില്‍ ഒഹോലാ ശമര്യയെയും ഒഹോലിബാ യെരൂശലേമിനെയും സൂചിപ്പിക്കുന്നു. ഒഹോലാ എന്‍റേതായിരിക്കുമ്പോള്‍തന്നെ വ്യഭിചാരത്തില്‍ ഏര്‍പ്പെട്ടു. അയല്‍ക്കാരായ അസ്സീറിയക്കാരിലായിരുന്നു അവളുടെ മോഹം. അവര്‍ ധൂമ്രവസ്ത്രം അണിഞ്ഞ ദേശാധിപതികളും സേനാപതികളും യോദ്ധാക്കളും ആയിരുന്നു. അവര്‍ അശ്വാരൂഢരായ യുവകോമളന്മാരായിരുന്നു. അസ്സീറിയായിലെ ആ പ്രമുഖരോടൊത്ത് അവള്‍ വ്യഭിചരിച്ചു. അവള്‍ തന്‍റെ കാമുകന്മാരുടെ വിഗ്രഹങ്ങളെക്കൊണ്ട് സ്വയം മലിനയായിത്തീര്‍ന്നു. ഈജിപ്തില്‍വച്ചു ശീലിച്ച വ്യഭിചാരം അവള്‍ ഉപേക്ഷിച്ചില്ല. അവളുടെ യൗവനത്തില്‍ അവര്‍ അവളോടൊത്തു ശയിച്ചു. അവളുടെ കന്യകാത്വം നഷ്ടപ്പെടുത്തുകയും തങ്ങളുടെ ഭോഗാസക്തി അവളുടെമേല്‍ ചൊരിയുകയും ചെയ്തു. അതുകൊണ്ടു ഞാന്‍ അവളെ അവള്‍ മോഹിച്ചിരുന്ന അസ്സീറിയാക്കാരായ കാമുകന്മാരുടെ കൈയില്‍ ഏല്പിച്ചു. അവര്‍ അവളെ നഗ്നയാക്കി. അവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചുകൊണ്ടുപോയി; അവളെ വാളിന് ഇരയാക്കി. അവര്‍ അവളുടെമേല്‍ ന്യായവിധി നടത്തി. അങ്ങനെ അവള്‍ സ്‍ത്രീകളുടെ ഇടയില്‍ പരിഹാസപാത്രമായിത്തീര്‍ന്നു. അവളുടെ സഹോദരി ഒഹോലിബാ ഇതെല്ലാം കണ്ടിട്ടും കാമാസക്തിയിലും വ്യഭിചാരത്തിലും തന്‍റെ സഹോദരിയെ അതിശയിക്കുംവിധം ഹീനമായി വര്‍ത്തിച്ചു. അവളും അസ്സീറിയാക്കാരായ ദേശാധിപതികളെയും സൈന്യാധിപന്മാരെയും പടച്ചട്ടയണിഞ്ഞ യുദ്ധവീരന്മാരെയും മോഹിച്ചു. അവര്‍ എല്ലാവരും അശ്വാരൂഢരായ യുവകോമളന്മാരായിരുന്നു. അവളും മലിനയായിത്തീര്‍ന്നു. അവര്‍ ഇരുവരും ഒരേ മാര്‍ഗമാണ് അവലംബിച്ചത്. അവള്‍ തന്‍റെ വ്യഭിചാരത്തില്‍ പൂര്‍വാധികം മുഴുകി. അരക്കച്ചയും തൊങ്ങലുള്ള തലപ്പാവും അണിഞ്ഞ ബാബിലോണ്യപുരുഷന്മാരുടെ ചിത്രങ്ങള്‍ സിന്ദൂരവര്‍ണത്തില്‍ ചുവരില്‍ വരച്ചിരിക്കുന്നത് അവള്‍ കണ്ടു. കല്ദയദേശത്തു ജനിച്ച ബാബിലോണ്‍കാരായിരുന്നു അവര്‍. ആ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അവള്‍ കാമാസക്തയായിത്തീര്‍ന്നു. അവരുടെ അടുക്കലേക്കു അവള്‍ ദൂതന്മാരെ അയച്ചു. അവളോടൊത്തു രമിക്കാന്‍ ബാബിലോണ്യര്‍ വന്നു. വ്യഭിചാരം കൊണ്ട് അവര്‍ അവളെ മലിനയാക്കി. മലിനയായശേഷം അവള്‍ക്ക് അവരോടു വെറുപ്പു തോന്നി. പരസ്യമായി വ്യഭിചാരത്തില്‍ ഏര്‍പ്പെടുകയും തന്‍റെ നഗ്നത തുറന്നുകാട്ടുകയും ചെയ്ത അവളോട് അവളുടെ സഹോദരിയോടെന്നപോലെ എനിക്കു വെറുപ്പു തോന്നി. എന്നിട്ടും അവള്‍ ഈജിപ്തില്‍വച്ചു താന്‍ യൗവനകാലത്ത് സ്വീകരിച്ച വ്യഭിചാരത്തെ അനുസ്മരിച്ചുകൊണ്ട് തുടര്‍ന്നും വ്യഭിചരിച്ചു. കഴുതകളുടേതുപോലെയുള്ള വലിയ ലിംഗവും കുതിരകളുടേതുപോലെ ബീജസ്രവണവുമുള്ള ജാരന്മാരെയും അവള്‍ മോഹിച്ചു. അങ്ങനെ ഈജിപ്തുകാര്‍ പ്രേമപൂര്‍വം മാറിടം അമര്‍ത്തുകയും കന്യകാത്വം നഷ്ടപ്പെടുത്തുകയും ചെയ്ത യൗവനത്തിലെ ഭോഗാസക്തിയില്‍വീണ്ടും മുഴുകാന്‍ നീ ആഗ്രഹിച്ചു. അതുകൊണ്ട് അല്ലയോ ഒഹോലിബാ, നീ വെറുത്ത നിന്‍റെ കാമുകന്മാരെ ഞാന്‍ നിനക്കെതിരെ എഴുന്നേല്പിക്കും. അവര്‍ എല്ലാ ദിക്കുകളില്‍നിന്നും നിന്‍റെ നേരെ വരും. അശ്വാരൂഢരും യുവകോമളന്മാരുമായ ദേശാധിപതികളും സൈന്യാധിപന്മാരും യോദ്ധാക്കളുമായ ബാബിലോണ്യരെയും കല്ദയരെയും പെക്കോദ്, ശോവ, കോവ എന്നീ ദേശങ്ങളിലുള്ളവരെയും എല്ലാ അസ്സീറിയാക്കാരെയും ഞാന്‍ നിനക്കെതിരെ കൊണ്ടുവരും. നിരവധി രഥങ്ങളും വാഹനങ്ങളും വലിയ സൈന്യവ്യൂഹവുമായി അവര്‍ വടക്കുനിന്നു നിനക്കെതിരെ വരും. പടത്തൊപ്പിയും പരിചയും കവചവും അണിഞ്ഞ അവര്‍ നിന്നെ വളയും. ന്യായം വിധിക്കാന്‍ ഞാന്‍ അവരെ നിയോഗിക്കും. തങ്ങളുടെ ന്യായം അനുസരിച്ച് അവര്‍ നിന്നെ വിധിക്കും. അവര്‍ നിന്നോടു ക്രോധപൂര്‍വം വര്‍ത്തിക്കാന്‍ തക്കവിധം എന്‍റെ രോഷം നിന്‍റെ നേരെ അയയ്‍ക്കും. അവര്‍ നിന്‍റെ മൂക്കും ചെവികളും ഛേദിച്ചുകളയും. നിന്നില്‍ ശേഷിക്കുന്നവര്‍ വാളിനിരയാകും. നിന്‍റെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ പിടിച്ചുകൊണ്ടു പോകും. അവശേഷിക്കുന്നവര്‍ അഗ്നിക്കിരയാകും. അവര്‍ നിന്‍റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുകയും അമൂല്യരത്നങ്ങള്‍ അപഹരിക്കുകയും ചെയ്യും. അങ്ങനെ നിന്‍റെ ഭോഗാസക്തിക്കും ഈജിപ്തുദേശത്തു വച്ചു നീ ശീലിച്ച വ്യഭിചാരത്തിനും ഞാന്‍ അറുതി വരുത്തും. ഇനി ഒരിക്കലും ഈജിപ്തുകാരുടെ നേരെ നിന്‍റെ ദൃഷ്‍ടി തിരിക്കുകയോ നീ അവരെ അനുസ്മരിക്കുകയോ ചെയ്കയില്ല. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “ഇതാ, നീ വെറുത്തവരുടെ കൈയില്‍, നീ മനം മടുത്ത് ഉപേക്ഷിച്ചവരുടെ കൈയില്‍തന്നെ ഞാന്‍ നിന്നെ ഏല്പിക്കും. അവര്‍ നിന്നോടു വെറുപ്പോടെ വര്‍ത്തിക്കും. നിന്‍റെ അധ്വാനഫലം അവര്‍ അപഹരിക്കും. നഗ്നയും അനാവൃതയുമായി അവര്‍ നിന്നെ ഉപേക്ഷിക്കും. അങ്ങനെ നിന്‍റെ വ്യഭിചാരം വെളിപ്പെടും. നിന്‍റെ ഭോഗാസക്തിയും വ്യഭിചാരവുമാണ് അതിനിടയാക്കിയത്. വിജാതീയരായ ജനതകളോടൊത്തു നീ വ്യഭിചരിക്കുകയും അവരുടെ വിഗ്രഹങ്ങളാല്‍ നീ മലിനയാക്കപ്പെടുകയും ചെയ്തതുകൊണ്ട് ഇതെല്ലാം നിനക്കു ഭവിക്കും. നിന്‍റെ സഹോദരി പോയ വഴിയേതന്നെ നീയും പോയി. അതുകൊണ്ട് അവളുടെ ശിക്ഷയുടെ പാനപാത്രം ഞാന്‍ നിനക്കും നല്‌കും. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്‍റെ സഹോദരിയുടെ ആഴവും പരപ്പുമേറിയ പാനപാത്രത്തില്‍നിന്നു നീ കുടിക്കും. അതില്‍ ധാരാളം കുടിക്കാനുണ്ട്, നീ പരിഹാസത്തിനും നിന്ദയ്‍ക്കും പാത്രമാകും. ലഹരിയും ദുഃഖവും നിന്നില്‍ നിറയും; ഭീതിയുടെയും ശൂന്യതയുടെയും പാനപാത്രത്തില്‍നിന്ന്, നിന്‍റെ സഹോദരി ശമര്യയുടെ പാനപാത്രത്തില്‍ നിന്നുതന്നെ നീ പാനം ചെയ്യും. നീ അത് ഊറ്റിക്കുടിച്ചശേഷം പാത്രം ഉടച്ച് അതിന്‍റെ കഷണങ്ങള്‍ നക്കും. നിന്‍റെ മാറിടം നീ മാന്തിക്കീറും, ഞാനാണ് ഇതു പറഞ്ഞിരിക്കുന്നത് എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.” അവിടുന്നു വീണ്ടും അരുളിച്ചെയ്യുന്നു: “നീ എന്നെ വിസ്മരിക്കുകയും പുറംതള്ളിയിരിക്കുകയും ചെയ്തിരിക്കുന്നതിനാല്‍ നിന്‍റെ വ്യഭിചാരത്തിന്‍റെയും ഭോഗാസക്തിയുടെയും ഫലം നീ അനുഭവിക്കും.” സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, നീ ഒഹോലായെയും ഒഹോലിബായെയും കുറ്റം വിധിക്കുമോ? അവരുടെ മ്ലേച്ഛതകള്‍ അവരെ അറിയിക്കുക. അവര്‍ വ്യഭിചാരം ചെയ്തു; അവരുടെ കരങ്ങള്‍ രക്തം ചിന്തി. അവരുടെ വിഗ്രഹങ്ങള്‍കൊണ്ട് അവര്‍ വ്യഭിചരിച്ചു. അവരില്‍ എനിക്കുണ്ടായ മക്കളെപ്പോലും വിഗ്രഹങ്ങള്‍ക്ക് അവര്‍ ഹോമബലിയായി അര്‍പ്പിച്ചു. ഇതിനുപുറമേ അവര്‍ എന്‍റെ വിശുദ്ധമന്ദിരത്തെ മലിനമാക്കി; ശബത്ത് അശുദ്ധമാക്കി. സ്വന്തം മക്കളെ കൊന്നു തങ്ങളുടെ വിഗ്രഹങ്ങള്‍ക്കു ബലി അര്‍പ്പിച്ച ദിവസംതന്നെ അവര്‍ എന്‍റെ വിശുദ്ധസ്ഥലത്തു പ്രവേശിച്ച് അവിടം അശുദ്ധമാക്കി. ആ സഹോദരിമാര്‍ വിദൂരദേശത്തു നിന്നുപോലും ദൂതന്മാരെ അയച്ചു പുരുഷന്മാരെ വരുത്തി; അവര്‍ക്കുവേണ്ടി അവര്‍ കുളിച്ചു കണ്ണെഴുതി ആഭരണങ്ങള്‍ അണിഞ്ഞു. രാജകീയമായ മഞ്ചത്തില്‍ അവര്‍ ഇരുന്നു; അതിന്‍റെ മുമ്പില്‍ മേശയൊരുക്കി അതിന്മേല്‍ എന്‍റെ സുഗന്ധവസ്തുക്കളും തൈലവും വച്ചു. എല്ലാം നിസ്സാരമായി കരുതുന്ന ഒരു പുരുഷാരത്തിന്‍റെ ശബ്ദഘോഷം അവരെ വലയം ചെയ്തിരുന്നു. സാധാരണജനത്തെ കൂടാതെ മരുഭൂമിയില്‍നിന്ന് ആളയച്ചു വരുത്തിയ മദ്യപന്മാരും അവരോടൊപ്പം ഉണ്ടായിരുന്നു. അവര്‍ രണ്ടു സ്‍ത്രീകളുടെയും കൈകളില്‍ വളയും തലയില്‍ മനോഹരമായ കിരീടവും അണിയിച്ചു. വ്യഭിചാരവൃത്തിയിലേര്‍പ്പെട്ട് അകാലവാര്‍ധക്യം ബാധിച്ച ആ സഹോദരിമാരോടൊത്ത് അവരും അവരോടൊത്ത് ആ സ്‍ത്രീകളും വ്യഭിചാരത്തിലേര്‍പ്പെടുമോ എന്നു ഞാന്‍ ചോദിച്ചു. ഒരു വേശ്യയെ എന്നപോലെ അവര്‍ അവരെ സമീപിച്ചു; ഇങ്ങനെ അവര്‍ ഭോഗാസക്തരായ ഒഹോലായെയും ഒഹോലിബായെയും പ്രാപിച്ചു. വ്യഭിചാരിണികളെയും രക്തം ചിന്തുന്ന സ്‍ത്രീകളെയും വിധിക്കുന്നതുപോലെ നീതിമാന്മാര്‍ അവരെ വിധിക്കും. എന്തെന്നാല്‍ അവര്‍ വ്യഭിചാരിണികളാണ്. അവരുടെ കൈകള്‍ രക്തം പുരണ്ടതുമാണ്. അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “അവര്‍ക്കെതിരെ ഒരു സൈന്യത്തെ അണിനിരത്തുക; അവര്‍ ഭീതിക്കും കൊള്ളയ്‍ക്കും വിധേയരാകട്ടെ. സൈന്യം അവരെ കല്ലെറിയുകയും വാളുകൊണ്ട് അവരെ അരിഞ്ഞുവീഴ്ത്തുകയും ചെയ്യും. അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ കൊല്ലും. അവരുടെ ഭവനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്യും. അങ്ങനെ ഞാന്‍ ദേശത്തു ഭോഗാസക്തിക്ക് അറുതി വരുത്തും. സ്‍ത്രീകള്‍ നിങ്ങളെപ്പോലെ ഭോഗാസക്തരാകാതിരിക്കുവാന്‍ ഇത് അവര്‍ക്ക് ഒരു മുന്നറിയിപ്പായിരിക്കട്ടെ. നിങ്ങളുടെ ഭോഗാസക്തിക്കും വിഗ്രഹാരാധന നിമിത്തമുള്ള പാപത്തിനും നിങ്ങള്‍ ശിക്ഷ അനുഭവിക്കും. ഞാനാണ് സര്‍വേശ്വരനായ കര്‍ത്താവ് എന്നു നിങ്ങള്‍ അപ്പോള്‍ അറിയും. പ്രവാസത്തിന്‍റെ ഒമ്പതാം വര്‍ഷം പത്താം മാസം പത്താം ദിവസം സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി. മനുഷ്യപുത്രാ, ഈ ദിവസം അതേ ഈ ദിവസം, ഏതെന്നു കുറിച്ചിടുക. ഇതേ ദിവസം തന്നെയാണ് ബാബിലോണ്‍രാജാവ് യെരൂശലേമിനെ ആക്രമിച്ചത്. ധിക്കാരികളായ ജനത്തോട് ഈ ദൃഷ്ടാന്തം പറയുക; സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഒരു കലം അടുപ്പത്തുവച്ച് അതില്‍ വെള്ളം ഒഴിക്കുക. അതില്‍ ആട്ടിന്‍പറ്റത്തില്‍ മേന്മയേറിയ ആടിന്‍റെ തുടയിലെയും കൈക്കുറകിലെയും നല്ല കഷണങ്ങള്‍ ഇടണം. നല്ല എല്ലിന്‍കഷണങ്ങളും കൂടെ ഇട്ട് അതു നിറയ്‍ക്കുക. പാത്രത്തിനുകീഴെ വിറകടുക്കി തീ കത്തിച്ച് ഇറച്ചിക്കഷണങ്ങള്‍ വേവിക്കുക. എല്ലുകളും അതില്‍ കിടന്നു തിളയ്‍ക്കട്ടെ. അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ക്ലാവു പിടിച്ച പാത്രമേ, വിട്ടുമാറാത്ത ക്ലാവു പിടിച്ച കലമേ, രക്തപങ്കിലമായ നഗരമേ, നിനക്കു ഹാ ദുരിതം! ആ കലത്തില്‍നിന്നു കഷണങ്ങള്‍ ഓരോന്നും കോരി എടുക്കുക. ഒന്നും അവശേഷിക്കരുത്. നഗരം ചൊരിഞ്ഞ രക്തം ഇപ്പോഴും അവളുടെ മധ്യത്തിലുണ്ട്; അതു പാറപ്പുറത്താണ് അവള്‍ ഒഴുക്കിയത്. മണ്ണുകൊണ്ടു മൂടിപ്പോകത്തക്കവിധം അവള്‍ നിലത്തല്ല അതു ചൊരിഞ്ഞത്. എന്‍റെ ക്രോധം ഉണര്‍ത്തി പ്രതികാരം ചെയ്യാന്‍ വേണ്ടി അവള്‍ ചൊരിഞ്ഞ രക്തം ഞാന്‍ മറയ്‍ക്കാതെ ആ പാറപ്പുറത്തുതന്നെ നിറുത്തിയിരിക്കുന്നു. അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: രക്തപങ്കിലമായ നഗരമേ, നിനക്കു ദുരിതം! ഞാന്‍ തന്നെ വിറകു കൂമ്പാരം വലുതാക്കും. വിറകുകൂട്ടി തീ കൊളുത്തി മാംസം നന്നായി വേവിക്കുക. ചാറു വറ്റിക്കുക; എല്ലിന്‍കഷണങ്ങള്‍ കരിഞ്ഞുപോകട്ടെ. ആ പാത്രത്തിലുള്ളതെല്ലാം നീക്കിയശേഷം വീണ്ടും അതു തീക്കനലിന്മേല്‍ വയ്‍ക്കുക. അങ്ങനെ ചെമ്പു ചുട്ടുപഴുത്ത് അതിലെ കറ ഉരുകുകയും ക്ലാവു നശിച്ചു പോകുകയും ചെയ്യട്ടെ. എന്‍റെ അധ്വാനം നിഷ്ഫലമാണ്. അതിലെ കട്ടപിടിച്ച ക്ലാവ് അഗ്നിയില്‍ ഉരുകുന്നതല്ല. നിന്‍റെ മ്ലേച്ഛമായ ഭോഗാസക്തിയാണ് നിന്നിലെ കട്ടപിടിച്ച ക്ലാവ്. ഞാന്‍ നിന്നെ ശുദ്ധമാക്കാന്‍ ശ്രമിച്ചിട്ടും നീ ശുദ്ധമായില്ല. എന്‍റെ ക്രോധം നിന്‍റെമേല്‍ ചൊരിഞ്ഞ് അതു തീരുന്നതുവരെ നീ ശുദ്ധയാകുകയില്ല. അതു സംഭവിക്കും; ഞാനതു നിറവേറ്റും. ഞാന്‍ പിന്മാറുകയില്ല. അതിന് ഒരു വിട്ടുവീഴ്ചയും കാണിക്കുകയോ മനസ്സു മാറ്റുകയോ ഇല്ല. നിന്‍റെ പ്രവൃത്തികള്‍ക്കൊത്തവിധം ഞാന്‍ നിന്നെ വിധിക്കും. ഇതു ദൈവമായ സര്‍വേശ്വരന്‍റെ വചനം. സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കു വീണ്ടും ഉണ്ടായി: “മനുഷ്യപുത്രാ, നിന്‍റെ നയനത്തിനാനന്ദം നല്‌കുന്നവളെ ഒറ്റയടിക്കു ഞാന്‍ നിന്നില്‍നിന്നു നീക്കിക്കളയും; നീ കരയുകയോ വിലപിക്കുകയോ അരുത്; നീ കണ്ണീര്‍ പൊഴിക്കയുമരുത്. നെടുവീര്‍പ്പിട്ടുകൊള്‍ക; എന്നാല്‍ അത് ഉച്ചത്തിലാകരുത്. മരിച്ചുപോയവരെ ഓര്‍ത്തു വിലാപം ആചരിക്കരുത്. നീ തലപ്പാവു ധരിക്കുകയും കാലില്‍ ചെരുപ്പിടുകയും വേണം. നിന്‍റെ അധരം മറയ്‍ക്കുകയോ വിലാപഭോജ്യം കഴിക്കുകയോ അരുത്. പ്രഭാതത്തില്‍ ഞാന്‍ അങ്ങനെ ജനത്തോടു സംസാരിച്ചു; വൈകുന്നേരം എന്‍റെ ഭാര്യ മരണമടഞ്ഞു. എന്നോടു കല്പിച്ചിരുന്നതുപോലെ അടുത്ത പ്രഭാതത്തില്‍ ഞാന്‍ പ്രവര്‍ത്തിച്ചു. നീ ഈ ചെയ്യുന്ന പ്രവൃത്തികളുടെ എല്ലാം അര്‍ഥം എന്ത് എന്നു ഞങ്ങളോടു പറയുകയില്ലേ എന്നു ജനം എന്നോടു ചോദിച്ചു. അപ്പോള്‍ സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്ന് ഇസ്രായേല്‍ജനത്തോടു പറയുക. നിങ്ങളുടെ ഗര്‍വിന്‍റെ ആധാരവും നിങ്ങളുടെ നേത്രങ്ങളുടെ ആനന്ദവും നിങ്ങളുടെ ആത്മാവിന്‍റെ അഭിവാഞ്ഛയുമായ എന്‍റെ വിശുദ്ധമന്ദിരം ഞാന്‍ അശുദ്ധമാക്കും. നിങ്ങള്‍ ഉപേക്ഷിച്ചുപോന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാളിനിരയാകും. ഞാന്‍ പ്രവര്‍ത്തിച്ചതുപോലെ നിങ്ങളും അന്നു പ്രവര്‍ത്തിക്കും. നിങ്ങള്‍ അധരം മറയ്‍ക്കുകയോ വിലാപഭോജ്യം കഴിക്കുകയോ ചെയ്യുകയില്ല. നിങ്ങളുടെ തലയില്‍ തലപ്പാവും കാലില്‍ ചെരുപ്പും ഉണ്ടായിരിക്കും. നിങ്ങള്‍ കരയുകയോ വിലപിക്കുകയോ ഇല്ല. എങ്കിലും നിങ്ങളുടെ അകൃത്യങ്ങളാല്‍ നിങ്ങള്‍ ക്ഷയിച്ചു പോകും. ഓരോരുത്തനും മറ്റുള്ളവനെ നോക്കി തേങ്ങിക്കരയും. ഇങ്ങനെ യെഹെസ്കേല്‍ ഒരു അടയാളമായിരിക്കും. അയാള്‍ ചെയ്തതുപോലെ എല്ലാം നിങ്ങളും ചെയ്യും. ഇതു സംഭവിക്കുമ്പോള്‍ ഞാനാണു സര്‍വേശ്വരനായ കര്‍ത്താവ് എന്നു നിങ്ങള്‍ അറിയും. മനുഷ്യപുത്രാ, അവരുടെ ശക്തിദുര്‍ഗവും അവരുടെ സന്തോഷവും മഹത്ത്വവും അവരുടെ നേത്രങ്ങളുടെ ആനന്ദവും അവരുടെ ഹൃദയത്തിന്‍റെ അഭിവാഞ്ഛയും ആയിരിക്കുന്ന എന്‍റെ മന്ദിരത്തെയും അവരുടെ പുത്രീപുത്രന്മാരെയും ഞാന്‍ അവരില്‍നിന്ന് എടുത്തുകളയുന്ന ദിവസം ഒരു അഭയാര്‍ഥി വന്ന് ആ വാര്‍ത്ത നിന്നെ അറിയിക്കും. അയാളോടു നീ വാ തുറന്നു സംസാരിക്കും. അന്നുമുതല്‍ നീ മൂകനായിരിക്കുകയില്ല. അങ്ങനെ നീ അവര്‍ക്ക് അടയാളമായിരിക്കും. ഞാനാണ് സര്‍വേശ്വരനെന്ന് അവര്‍ അറിയും.” സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, നീ അമ്മോന്യരുടെ നേരെ തിരിഞ്ഞ് അവര്‍ക്കെതിരെ പ്രവചിക്കുക. ‘സര്‍വേശ്വരനായ കര്‍ത്താവിന്‍റെ വചനം കേള്‍ക്കുക’ എന്ന് അവരോടു പറയുക. അവിടുന്ന് അരുളിച്ചെയ്യുന്നു: എന്‍റെ വിശുദ്ധമന്ദിരം അശുദ്ധമാക്കപ്പെടുകയും ഇസ്രായേല്‍ദേശം ശൂന്യമാക്കപ്പെടുകയും യെഹൂദ്യയിലെ ജനം പ്രവാസികളായി പോവുകയും ചെയ്ത അവസരങ്ങളില്‍ നീ അവയില്‍ ഓരോന്നിനെയുംകുറിച്ച് ‘ആഹാ’ എന്നു പറഞ്ഞു പരിഹസിച്ചു. അതുകൊണ്ട് പൂര്‍വദേശത്തെ ജനം നിന്നെ ആക്രമിച്ചു കീഴടക്കാന്‍ ഞാന്‍ അനുവദിക്കും. അവര്‍ നിന്‍റെ മധ്യേ താവളമടിക്കുകയും വാസമുറപ്പിക്കുകയും ചെയ്യും. അവര്‍ നിനക്കു ഭക്ഷിക്കാനുള്ള പഴങ്ങള്‍ ഭക്ഷിക്കുകയും പാല്‍ കുടിക്കുകയും ചെയ്യും. ഞാന്‍ രബ്ബാനഗരത്തെ ഒട്ടകങ്ങളുടെ മേച്ചില്‍സ്ഥലവും അമ്മോന്യരുടെ നഗരങ്ങളെ ആടുകളുടെ ആലയും ആക്കിത്തീര്‍ക്കും. അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്നു നിങ്ങള്‍ അറിയും.” അതുകൊണ്ടു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്‍റെ എല്ലാ മ്ലേച്ഛതകളും നിമിത്തം ഇസ്രായേല്‍ദേശത്തിനെതിരെ നീ കൈകൊട്ടി തുള്ളിച്ചാടി ആഹ്ലാദിച്ചതിനാല്‍, ഞാന്‍ നിനക്കെതിരെ എന്‍റെ കൈ നീട്ടി നിന്നെ അന്യജനതകള്‍ക്കു കൊള്ളമുതലായി ഏല്പിച്ചുകൊടുക്കും. ജനപദങ്ങളില്‍നിന്നു നിന്നെ വിച്ഛേദിക്കും; രാജ്യങ്ങളുടെ ഇടയില്‍നിന്നു നിന്നെ പിഴുതെറിയും. ഞാന്‍ നിന്നെ നശിപ്പിക്കും. ഞാനാണു സര്‍വേശ്വരനെന്ന് അപ്പോള്‍ നീ ഗ്രഹിക്കും.” സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “യെഹൂദാജനത മറ്റു ജനതകളെപ്പോലെയാണെന്നു മോവാബു പറഞ്ഞു. അതുകൊണ്ട് മോവാബിന്‍റെ പാര്‍ശ്വങ്ങളിലുള്ള അതിര്‍ത്തിനഗരങ്ങള്‍ ഞാന്‍ വെട്ടിത്തുറക്കും. രാജ്യത്തിന്‍റെ മഹത്ത്വമായ ബേത്ത്-യെശീമോത്ത്, ബാല്‍-മെയോന്‍, കിര്യത്തയീം എന്നീ നഗരങ്ങള്‍തന്നെ. അമ്മോന്യരോടൊപ്പം മോവാബിനെയും ഞാന്‍ പൂര്‍വദേശത്തെ ജനങ്ങളുടെ അധീനതയിലാക്കും. ജനതകളുടെ ഇടയില്‍ അത് അനുസ്മരിക്കപ്പെടുകയില്ല. മോവാബിന്‍റെമേല്‍ ഞാന്‍ ശിക്ഷാവിധി നടത്തും. അപ്പോള്‍ ഞാനാകുന്നു സര്‍വേശ്വരനെന്ന് അവര്‍ ഗ്രഹിക്കും.” സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: യെഹൂദാജനതയോടു പ്രതികാരം ചെയ്ത് എദോം ഗുരുതരമായ കുറ്റം ചെയ്തിരിക്കുന്നു. അതുകൊണ്ടു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എദോമിനു നേരെ, ഞാന്‍ കൈ നീട്ടും. അതിലെ മനുഷ്യരെയും മൃഗങ്ങളെയും നശിപ്പിച്ചു ദേശം ശൂന്യമാക്കും. തേമാന്‍മുതല്‍ ദേദാന്‍വരെയുള്ളവര്‍ വാളിനിരയാകും. എന്‍റെ ജനമായ ഇസ്രായേലിന്‍റെ കരങ്ങളാല്‍ എദോമിനോടു ഞാന്‍ പ്രതികാരം ചെയ്യും; എന്‍റെ ക്രോധത്തിനും രോഷത്തിനും അനുസൃതമായി അവര്‍ പ്രവര്‍ത്തിക്കും. അപ്പോള്‍ എന്‍റെ പ്രതികാരം എദോം മനസ്സിലാക്കുമെന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.” സര്‍വേശ്വരനായ കര്‍ത്താവ് വീണ്ടും അരുളിച്ചെയ്യുന്നു: “ഫെലിസ്ത്യര്‍ പ്രതികാരം ചെയ്തു. ഒരിക്കലും ഒടുങ്ങാത്ത ശത്രുതയാല്‍ നശിപ്പിക്കാന്‍വേണ്ടി ദുഷ്ടഹൃദയത്തോടെ അവര്‍ പ്രതികാരം ചെയ്തിരിക്കുന്നു. അതുകൊണ്ടു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഫെലിസ്ത്യരുടെ നേരെ ഞാന്‍ കൈ നീട്ടും. ക്രേത്യരെ ഞാന്‍ കൊന്നൊടുക്കും കടല്‍ത്തീരത്തു ശേഷിക്കുന്നവരെയും നശിപ്പിക്കും. ക്രോധപൂര്‍വമുള്ള ശിക്ഷകളാല്‍ ഞാന്‍ അവരോടു കഠിനമായി പ്രതികാരം ചെയ്യും. അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്ന് അവര്‍ അറിയും.” ഇതു സര്‍വേശ്വരനായ കര്‍ത്താവിന്‍റെ വചനം. പ്രവാസത്തിന്‍റെ പതിനൊന്നാം വര്‍ഷം മാസത്തിന്‍റെ ഒന്നാം ദിവസം സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ചു സോര്‍ ഇങ്ങനെ പറഞ്ഞു: ആഹാ, ജനപദങ്ങളുടെ വാതിലായിരുന്ന യെരൂശലേം തകര്‍ന്നല്ലോ; വാതില്‍ എനിക്കുവേണ്ടി തുറക്കപ്പെട്ടിരിക്കുന്നു, അവള്‍ ശൂന്യമായിത്തീര്‍ന്നിരിക്കയാല്‍ ഞാന്‍ അഭിവൃദ്ധിപ്പെടും.” അതുകൊണ്ടു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “അല്ലയോ, സോര്‍ദേശമേ, ഞാന്‍ നിനക്ക് എതിരാണ്. സമുദ്രം തിരമാലകളെ അണിയണിയായി കൊണ്ടുവരുന്നതുപോലെ ഞാന്‍ അനേകം ജനതകളെ നിനക്കെതിരെ കൊണ്ടുവരും. അവര്‍ സോരിന്‍റെ മതിലുകള്‍ ഇടിച്ചു നിരത്തും; ഗോപുരങ്ങള്‍ തകര്‍ക്കും; ഞാന്‍ അതിലെ മണ്ണു മുഴുവന്‍ വടിച്ചുകോരി അതിനെ വെറുംപാറയാക്കും. സമുദ്രമധ്യത്തില്‍ വലവിരിച്ച് ഉണക്കാനുള്ള ഒരു സ്ഥലമായി അവള്‍ തീരും. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണ് ഇതു പറയുന്നത്. അവള്‍ വിജാതീയര്‍ക്ക് ഒരു കൊള്ളമുതലായിത്തീരും. വന്‍കരയിലുള്ള അവളുടെ പുത്രിമാര്‍ വാളിനിരയാകും. അപ്പോള്‍ ഞാനാകുന്നു സര്‍വേശ്വരനെന്ന് അവര്‍ ഗ്രഹിക്കും. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ സോരിന് എതിരെ വടക്കുനിന്നു രാജാധിരാജനും ബാബിലോണ്‍രാജാവുമായ നെബുഖദ്നേസറിനെ കുതിരകളോടും രഥങ്ങളോടും കുതിരപ്പടയാളികളോടും അനേകം സൈന്യവ്യൂഹങ്ങളോടുംകൂടി കൊണ്ടുവരും. വന്‍കരയിലുള്ള നിന്‍റെ പുത്രിമാരെ അവന്‍ വാളുകൊണ്ട് അരിഞ്ഞുവീഴ്ത്തുകയും നിനക്കെതിരെ ഉപരോധമതില്‍ നിര്‍മിക്കുകയും ചെയ്യും; കിടങ്ങു കുഴിച്ചു മണ്‍കൂന ഉണ്ടാക്കും; പരിചകള്‍കൊണ്ടു മറ ഉയര്‍ത്തും. അവന്‍ നിന്‍റെ മതിലുകള്‍ യന്ത്രമുട്ടികള്‍ ഉപയോഗിച്ചു തകര്‍ക്കും. ഗോപുരങ്ങളെ കോടാലികൊണ്ടു വെട്ടി ഇടിക്കും. അവന്‍റെ അനേകം കുതിരകള്‍ ഉയര്‍ത്തുന്ന പൊടിപടലം നിന്നെ മൂടിക്കളയും. കോട്ട ഇടിഞ്ഞുപോയ പട്ടണത്തിലേക്കു പ്രവേശിക്കുന്നതുപോലെ അവന്‍ നിന്‍റെ കവാടങ്ങളില്‍കൂടി കടന്നുവരുമ്പോള്‍ കുതിരപ്പടയുടെയും രഥങ്ങളുടെയും വാഹനങ്ങളുടെയും ശബ്ദഘോഷംകൊണ്ടു നിന്‍റെ മതിലുകള്‍ കുലുങ്ങും. കുതിരകളുടെ കുളമ്പുകൊണ്ട് അവന്‍ നിന്‍റെ തെരുവീഥികളെല്ലാം ചവിട്ടിമെതിക്കും. നിന്‍റെ ജനത്തെ അവന്‍ വാളുകൊണ്ടു സംഹരിക്കും. നിന്‍റെ ഉറപ്പുള്ള തൂണുകള്‍ നിലംപതിക്കും. അവര്‍ നിന്‍റെ സമ്പത്തു കൊള്ളയടിക്കും. കച്ചവടച്ചരക്കുകള്‍ കവര്‍ച്ച ചെയ്യും. അവര്‍ നിന്‍റെ മതിലുകള്‍ ഇടിച്ചുനിരത്തുകയും നിന്‍റെ പ്രിയങ്കരമായ മണിമന്ദിരങ്ങള്‍ നശിപ്പിക്കുകയും ചെയ്യും. കല്ലും മണ്ണും തടിയും എല്ലാം അവര്‍ സമുദ്രത്തിലേക്കു വലിച്ചെറിയും. നിന്‍റെ പാട്ടുകളുടെ ഘോഷം ഞാന്‍ അവസാനിപ്പിക്കും; നിന്‍റെ വീണ ഇനി നാദം ഉയര്‍ത്തുകയില്ല. നിന്നെ ഞാന്‍ വെറുംപാറയാക്കും. വല വിരിച്ചുണക്കാനുള്ള സ്ഥലമായി നീ തീരും. നീ ഒരിക്കലും പുനരുദ്ധരിക്കപ്പെടുകയില്ല. സര്‍വേശ്വരനായ ഞാനാണ് ഇതു പറയുന്നത്.” സര്‍വേശ്വരനായ കര്‍ത്താവ് വീണ്ടും സോരിനോട് അരുളിച്ചെയ്തു: “നിന്‍റെ മധ്യേ സംഹാരം നടക്കുകയും മുറിവേറ്റവന്‍ ഞരങ്ങുകയും ചെയ്യുമ്പോള്‍ നിന്‍റെ പതനത്തിന്‍റെ ശബ്ദത്താല്‍ തീരപ്രദേശങ്ങള്‍ നടുങ്ങുകയില്ലേ? സമുദ്രതീരത്തെ സകല രാജാക്കന്മാരും തങ്ങളുടെ സിംഹാസനങ്ങള്‍ വിട്ടു താഴെയിറങ്ങും; അവര്‍ മേലങ്കികള്‍ മാറ്റി ചിത്രത്തയ്യലുള്ള വസ്ത്രങ്ങള്‍ അഴിച്ചുവയ്‍ക്കും. അവര്‍ വിറപൂണ്ടു നിലത്തിരിക്കുകയും ഓരോ നിമിഷവും നിന്നെയോര്‍ത്തു ഞെട്ടി വിറയ്‍ക്കുകയും ചെയ്യും. നിന്നെക്കുറിച്ച് ഈ വിലാപഗാനം അവര്‍ പാടും: പ്രസിദ്ധനഗരമേ, സമുദ്രത്തില്‍ പ്രബലയായിരുന്നവളേ! കീര്‍ത്തിയും ശക്തിയും സമുദ്രമധ്യത്തില്‍ പരത്തിയ നഗരമേ, വന്‍കരയിലുള്ളവര്‍ക്കു ഭീതിയുളവാക്കിയ നീയും നിന്നില്‍ നിവസിക്കുന്നവരും സമുദ്രത്തില്‍നിന്ന് എങ്ങനെ ഇല്ലാതെയായി? നിന്‍റെ പതനദിവസം ദ്വീപുകള്‍ വിറയ്‍ക്കും; അതേ, സമുദ്രത്തിലെ ദ്വീപുകള്‍ നിന്‍റെ തിരോധാനത്തില്‍ പരിഭ്രമിക്കും. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: കുടിപാര്‍പ്പില്ലാത്ത നഗരങ്ങളെപ്പോലെ ഞാന്‍ നിന്നെ ശൂന്യമാക്കിത്തീര്‍ക്കുമ്പോള്‍, ആഴിയെ നിന്‍റെമേല്‍ ഒഴുക്കി പെരുവെള്ളത്താല്‍ നിന്നെ മൂടുമ്പോള്‍, നിത്യവിനാശത്തില്‍ പതിച്ച പൂര്‍വികരുടെകൂടെ ഞാന്‍ നിന്നെ തള്ളും, നിന്നില്‍ ആരും നിവസിക്കാതിരിക്കാനും ജീവനുള്ളവരുടെ ദേശത്തു നിനക്കു സ്ഥലം ലഭിക്കാതിരിക്കാനുമായി പാതാളത്തില്‍ വസിക്കുന്നവരോടുകൂടി പുരാതനാവശിഷ്ടങ്ങള്‍ക്കിടയില്‍ അധോലോകത്തു ഞാന്‍ നിന്നെ പാര്‍പ്പിക്കും. നിനക്കു ഭീതിദമായ അവസാനം ഞാന്‍ വരുത്തും. നീ ഇനിമേല്‍ ഉണ്ടായിരിക്കുകയില്ല; അന്വേഷിച്ചാല്‍ ആരും നിന്നെ കണ്ടെത്തുകയുമില്ല; സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.” സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: മനുഷ്യപുത്രാ, സോരിനെക്കുറിച്ചു വിലാപഗാനം ആലപിക്കുക. സമുദ്രമുഖത്തു സ്ഥിതിചെയ്യുന്നതും നിരവധി തീരദേശങ്ങളിലെ ജനങ്ങളുടെ വാണിജ്യകേന്ദ്രവുമായ സോരിനോടു പറയുക; സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അല്ലയോ സോര്‍ദേശമേ, സൗന്ദര്യസമ്പൂര്‍ണയെന്നു നീ സ്വയം അഹങ്കരിച്ചു. നിന്‍റെ അതിര്‍ത്തികള്‍ സമുദ്രമധ്യത്തിലാണ്. നിന്നെ നിര്‍മിച്ചവര്‍ നിന്‍റെ സൗന്ദര്യം തികവുറ്റതാക്കി. സെനീരിലെ സരളമരങ്ങള്‍കൊണ്ട് അവര്‍ നിന്‍റെ പലകകള്‍ നിര്‍മിച്ചു. നിനക്കു പാമരം ഉണ്ടാക്കാന്‍വേണ്ടി ലെബാനോനില്‍നിന്നു ദേവദാരു കൊണ്ടു വന്നു. ബാശാനിലെ കരുവേലകംകൊണ്ട് അവര്‍ നിനക്കു തുഴയുണ്ടാക്കി; സൈപ്രസിന്‍റെ തീരത്തെ പൈന്‍മരത്തില്‍ ആനക്കൊമ്പുകൊണ്ടുള്ള ശില്പവേലകള്‍ ചെയ്ത് അവര്‍ നിന്‍റെ മേല്‍ത്തട്ടുണ്ടാക്കി. നിന്‍റെ കപ്പല്‍പ്പായ് ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ചിത്രത്തയ്യലോടുകൂടിയ ചണംകൊണ്ടു നിര്‍മിച്ചു. അതായിരുന്നു നിന്‍റെ കൊടിയടയാളം. ഏലീശാ ദ്വീപില്‍നിന്നു കൊണ്ടുവന്ന നീലയും കടുംചുവപ്പും നിറമുള്ള തുണിയായിരുന്നു നിന്‍റെ മേലാപ്പ്. സീദോനിലെയും അര്‍വാദിലെയും നിവാസികളായിരുന്നു നിന്‍റെ തണ്ടുവലിക്കാര്‍. സോര്‍ദേശമേ, നിനക്കു വിദഗ്ധന്മാരായ അമരക്കാര്‍ ഉണ്ടായിരുന്നു. ഗെബലിലെ ജനപ്രമാണികളും ജ്ഞാനികളും, നിനക്ക് ഓരായപ്പണി ചെയ്തിരുന്നു. സമുദ്രത്തിലെ എല്ലാ കപ്പലുകളും നാവികരും വ്യാപാരം നടത്തുന്നതിനു നിന്‍റെയടുത്തു വന്നിരുന്നു. പാര്‍സികളും ലൂദ്യരും പൂത്യരും നിന്‍റെ സൈന്യത്തിലുണ്ടായിരുന്നു. അവര്‍ അവരുടെ പരിചയും പടത്തൊപ്പിയും നിന്നില്‍ തൂക്കിയിട്ടു. അവര്‍ നിനക്കു പ്രതാപം നേടിത്തന്നു. അര്‍വാദിലെയും ഹെലെക്കിലെയും ജനങ്ങള്‍ നിനക്കു ചുറ്റുമുള്ള മതിലുകളിലും ഗമാദിലെ ജനങ്ങള്‍ ഗോപുരങ്ങളിലും കാവല്‍നിന്നു. അവര്‍ തങ്ങളുടെ പരിചകള്‍ ചുറ്റുമുള്ള മതിലുകളില്‍ തൂക്കിയിട്ടു നിന്‍റെ സൗന്ദര്യം തികവുറ്റതാക്കിത്തീര്‍ത്തു. നാനാതരത്തിലുള്ള നിന്‍റെ വിശിഷ്ട സമ്പത്തുകളില്‍ ആകൃഷ്ടരായ തര്‍ശ്ശീശുകാര്‍ നീയുമായി വ്യാപാരത്തിനു വന്നു; നിന്‍റെ ചരക്കുകള്‍ക്കു പകരം വെള്ളി, ഇരുമ്പ്, വെളുത്തീയം, കാരീയം മുതലായവ തന്നു. ഗ്രീസ്, തൂബാല്‍, മേശക്ക് എന്നീ രാജ്യങ്ങള്‍ നീയുമായി വ്യാപാരത്തിലേര്‍പ്പെട്ടു. നിന്‍റെ വാണിജ്യചരക്കുകള്‍ക്കു പകരം അടിമകളെയും അവരോടൊപ്പം ഓട്ടുപാത്രങ്ങളും നല്‌കി. ബെത്‍തോഗര്‍മ്മാക്കാര്‍ കുതിരകളെയും പടക്കുതിരകളെയും കോവര്‍കഴുതകളെയും നിന്‍റെ ചരക്കുകള്‍ക്കു പകരം തന്നു. ദാദാന്‍കാര്‍ നീയുമായി വാണിജ്യബന്ധത്തിലേര്‍പ്പെട്ടു. അനേകം തീരപ്രദേശങ്ങളും നിന്‍റെ പ്രത്യേക വാണിജ്യ കേന്ദ്രങ്ങളായിത്തീര്‍ന്നു. അവിടങ്ങളില്‍നിന്ന് ആനക്കൊമ്പും കരിമരവും നിന്‍റെ ചരക്കുകള്‍ക്കു പകരം ലഭിച്ചു. നിന്‍റെ വിഭവസമൃദ്ധിയാല്‍ നീയുമായി സിറിയായും വ്യാപാരത്തിലേര്‍പ്പെട്ടു. നിന്‍റെ ചരക്കുകള്‍ക്കു പകരം അവര്‍ മരതകവും ധൂമ്രവസ്ത്രവും ചിത്രത്തയ്യലുള്ള വസ്ത്രവും നേര്‍ത്ത ചണവും പവിഴവും പത്മരാഗവും കൈമാറി. യെഹൂദായും ഇസ്രായേലും നീയുമായി വാണിജ്യത്തിലേര്‍പ്പെട്ടു. നിന്‍റെ ചരക്കുകള്‍ക്കു പകരം മിന്നീത്തിലെ കോതമ്പും അത്തിപ്പഴവും തേനും എണ്ണയും സുഗന്ധതൈലവും നല്‌കി. നിന്‍റെ വിഭവസമൃദ്ധിയും നാനാതരത്തിലുള്ള സമ്പത്തും കണ്ട് ദമാസ്കസ് നീയുമായി വ്യാപാരത്തിലേര്‍പ്പെട്ടു; ഹെല്‍ബോനിലെ വീഞ്ഞും വെളുത്ത ആട്ടിന്‍രോമവും ഊസാലിലെ വീഞ്ഞും നിന്‍റെ ചരക്കുകള്‍ക്കു പകരം അവര്‍ കൈമാറി. അതുപോലെ വാര്‍പ്പിരുമ്പും കറുവാപ്പട്ടയും സുഗന്ധവ്യഞ്ജനങ്ങളും നിന്‍റെ ചരക്കുകള്‍ക്കു പകരം കൈമാറ്റം ചെയ്തു. കുതിരപ്പുറത്തിടുന്ന വസ്ത്രങ്ങള്‍ ദെദാന്യര്‍ നിനക്കു നല്‌കി. അറബികളുടെയും കേദാര്‍ പ്രഭുക്കന്മാരുടെയും വാണിജ്യച്ചരക്കുകള്‍ കുഞ്ഞാടുകളും ആട്ടുകൊറ്റന്മാരും കോലാടുകളും ആയിരുന്നു. ശെബയിലെയും രാമായിലെയും വ്യാപാരികള്‍ നീയുമായി കച്ചവടത്തിലേര്‍പ്പെട്ടു. എല്ലാവിധ സുഗന്ധവ്യഞ്ജനങ്ങളും അമൂല്യരത്നങ്ങളും സ്വര്‍ണവും അവര്‍ നിന്‍റെ ചരക്കുകള്‍ക്കു പകരം കൈമാറി. ശെബാ വ്യാപാരികളും ഹാരാന്‍, കല്നെ, ഏദെന്‍, അശ്ശൂര്‍, കില്മദ എന്നീ രാജ്യങ്ങളും നീയുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ടു. വിശിഷ്ടവസ്ത്രങ്ങളും ധൂമ്രവസ്ത്രങ്ങളും ചിത്രത്തയ്യലുള്ള തുണികളും വര്‍ണഭംഗിയുള്ള പരവതാനികളും പിരിച്ചു ബലപ്പെടുത്തിയ കയറുകളും ആയിരുന്നു അവരുടെ വാണിജ്യച്ചരക്കുകള്‍. തര്‍ശ്ശീശിലെ വലിയ കപ്പലുകള്‍ നിന്‍റെ ചരക്കുകള്‍ കയറ്റിക്കൊണ്ടു പോയി. ആഴക്കടലില്‍ നീ സമ്പൂര്‍ണയും സമ്പന്നയും ആയിരുന്നു. തണ്ടുവലിച്ചവര്‍ നിന്നെ പുറങ്കടലിലേക്കു കൊണ്ടുപോയി. കിഴക്കന്‍കാറ്റു സമുദ്രമധ്യത്തില്‍വച്ചു നിന്നെ തകര്‍ത്തുകളഞ്ഞു. നിന്‍റെ സര്‍വസമ്പത്തും ചരക്കുകളും നാവികരും അമരക്കാരും ഓരായപ്പണിക്കാരും വ്യാപാരികളും യോദ്ധാക്കളും നിന്നിലുണ്ടായിരുന്ന കപ്പല്‍ ജോലിക്കാരും എല്ലാവരും നിന്നോടൊത്തു വിനാശത്തിന്‍നാളില്‍ ആഴക്കടലില്‍ ആണ്ടുപോയി. നിന്‍റെ അമരക്കാരുടെ നിലവിളികേട്ടു തീരവാസികള്‍ നടുങ്ങി. തണ്ടുവലിക്കുന്നവരും നാവികരും അമരക്കാരും തങ്ങളുടെ കപ്പലുകള്‍ ഉപേക്ഷിച്ചു കരയില്‍ വന്നു നിന്നെക്കുറിച്ച് ഉച്ചത്തില്‍ വിലപിക്കുന്നു. അവര്‍ കഠിനവ്യഥയോടെ കരയുകയും തലയില്‍ പൂഴി വാരിയിടുകയും ചാരത്തില്‍ കിടന്നുരുളുകയും ചെയ്യുന്നു. അവര്‍ നിനക്കുവേണ്ടി തല മുണ്ഡനം ചെയ്തു ചാക്കുവസ്ത്രം ധരിക്കുന്നു. കഠിനമായ ഹൃദയവ്യഥയോടും കയ്പേറിയ ദുഃഖത്തോടും കൂടി അവര്‍ വിലപിക്കുന്നു. അവര്‍ നിന്നെക്കുറിച്ചു കരഞ്ഞുകൊണ്ട് വിലാപഗാനം പാടുന്നു. സമുദ്രമധ്യത്തില്‍ നശിപ്പിക്കപ്പെട്ട സോരിനെപ്പോലെ വേറേ ഏതൊരു നഗരമുണ്ട്? നീ സമുദ്രമാര്‍ഗ്ഗേന കയറ്റിയയച്ച ചരക്കുകള്‍ അനേകം ജനതകളെ സംതൃപ്തരാക്കി; നിന്‍റെ സമ്പല്‍സമൃദ്ധിയും വാണിജ്യച്ചരക്കുകളും കൊണ്ടു ഭൂമിയിലെ രാജാക്കന്മാര്‍ സമ്പന്നരായി. ഇപ്പോള്‍ ഇതാ, നീ തകര്‍ക്കപ്പെട്ട് ആഴിയുടെ അടിത്തട്ടില്‍ താണുപോയിരിക്കുന്നു. നിന്നോടൊപ്പം ഉണ്ടായിരുന്നവരും നിന്‍റെ വാണിജ്യച്ചരക്കുകളും സകലസമൂഹവും താണുപോയി. ഇതുകണ്ടു തീരദേശനിവാസികള്‍ സംഭ്രമിക്കുന്നു. അവരുടെ രാജാക്കന്മാര്‍ പരിഭ്രാന്തരായിത്തീരുകയും അവരുടെ മുഖത്തെ മാംസപേശികള്‍ വലിഞ്ഞുമുറുകുകയും ചെയ്യുന്നു. ജനതകളുടെ ഇടയിലെ വ്യാപാരികള്‍ നിന്നെ നോക്കി പരിഹസിക്കുന്നു. ഭീകരമായ ഒരു അന്ത്യം നിനക്കു വന്നിരിക്കുന്നു. നീ എന്നേക്കുമായി നശിച്ചിരിക്കുന്നു. സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, സോരിലെ രാജാവിനോട് സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു എന്നു പറയുക: നിന്‍റെ ഹൃദയം അഹങ്കാരത്തിമര്‍പ്പുകൊണ്ടു നിറഞ്ഞിരിക്കുന്നതിനാല്‍ ഞാന്‍ ദേവനാണ്, സമുദ്രത്തിന്‍റെ ഹൃദയഭാഗത്ത് ദേവന്മാരുടെ സിംഹാസനത്തില്‍ ഞാന്‍ ഇരിക്കുന്നു എന്നു നീ പറയുന്നു. ദൈവത്തെപ്പോലെ ജ്ഞാനിയാണെന്നു സ്വയം ഭാവിക്കുന്നെങ്കിലും നീ ദൈവമല്ല, വെറും ഒരു മനുഷ്യന്‍. ദാനിയേലിനെക്കാള്‍ നീ ബുദ്ധിമാനാണോ? ഒരു രഹസ്യവും നിന്നില്‍നിന്നു മറഞ്ഞിരിക്കുന്നില്ലെന്നോ? നിന്‍റെ ജ്ഞാനവും ബുദ്ധിയുംകൊണ്ടു നീ ധനം സമ്പാദിച്ചു; സ്വര്‍ണവും വെള്ളിയും നിന്‍റെ ഭണ്ഡാരത്തില്‍ നിറച്ചു. വാണിജ്യകാര്യത്തില്‍ നിനക്കുള്ള ജ്ഞാനംമൂലം നീ സമ്പത്തു വര്‍ധിപ്പിച്ചു. ധനസമൃദ്ധിയില്‍ നീ അഹങ്കരിച്ചു.” അതുകൊണ്ടു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “ദൈവത്തെപ്പോലെ ജ്ഞാനിയാണെന്നു നീ സ്വയം കരുതുക നിമിത്തം, നിഷ്ഠുരന്മാരായ ജനതകളെ ഇതാ, ഞാന്‍ നിനക്കെതിരെ കൊണ്ടുവരുന്നു. നിന്‍റെ ജ്ഞാനവും ബുദ്ധിസാമര്‍ഥ്യവുംകൊണ്ടു നേടിയ മനോഹരമായ എല്ലാറ്റിനെയും അവര്‍ നശിപ്പിക്കും. നിന്‍റെ പ്രതാപം കെടുത്തും. അവര്‍ നിന്നെ അധോലോകത്തില്‍ തള്ളിയിടും; നീ വധിക്കപ്പെട്ട് ആഴിയുടെ അടിത്തട്ടില്‍ നിപതിക്കും. നിന്നെ കൊല്ലുന്നവരുടെ മുമ്പില്‍വച്ച് ‘ഞാന്‍ ദേവനാകുന്നു’ എന്ന് ഇനിയും നീ പറയുമോ? നിന്നെ വധിക്കുന്നവരുടെ മുമ്പില്‍ നീ ദേവനല്ല വെറും ഒരു മനുഷ്യന്‍. വിദേശികളുടെ കരങ്ങളാല്‍ പരിച്ഛേദനം ഏല്‌ക്കാത്തവനെപ്പോലെ നീ മരിക്കും.” ഞാനാണ് ഇതു പറയുന്നത് എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.” വീണ്ടും സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: ‘മനുഷ്യപുത്രാ, സോരിലെ രാജാവിനെക്കുറിച്ച് ഒരു വിലാപഗാനം ആലപിക്കുക. സര്‍വേശ്വരനായ കര്‍ത്താവ് ഇങ്ങനെ അരുളിച്ചെയ്യുന്നുവെന്ന് അവനോടു പറയണം. നീ സമ്പൂര്‍ണതയ്‍ക്കൊരു ദൃഷ്ടാന്തം ആയിരുന്നു. തികവുറ്റ ജ്ഞാനവും സമ്പൂര്‍ണ സൗന്ദര്യവും നിനക്കുണ്ടായിരുന്നു. നീ ദൈവത്തിന്‍റെ തോട്ടമായ ഏദനില്‍ ആയിരുന്നു. മാണിക്യം, പുഷ്യരാഗം, സൂര്യകാന്തം, ചന്ദ്രകാന്തം, ഗോമേദകം, പത്മരാഗം, ഇന്ദ്രനീലം, വൈഡൂര്യം, മരതകം എന്നീ വിശിഷ്ട രത്നങ്ങള്‍ നിന്നെ പൊതിഞ്ഞിരുന്നു. സ്വര്‍ണംകൊണ്ടു നിര്‍മിച്ചവയായിരുന്നു നിന്‍റെ ആഭരണങ്ങളും അലങ്കാരവസ്തുക്കളും. നീ സൃഷ്‍ടിക്കപ്പെട്ട ദിവസംതന്നെ അവയും നിനക്കുവേണ്ടി ഒരുക്കിയിരുന്നു. നിന്‍റെ സംരക്ഷണത്തിനായി ഒരു കെരൂബിനെ ഞാന്‍ നിയോഗിച്ചു. നീ ദൈവത്തിന്‍റെ വിശുദ്ധപര്‍വതത്തിലായിരുന്നു. തീപോലെ ശോഭിക്കുന്ന രത്നങ്ങളുടെ നടുവിലൂടെ നീ നടന്നു. സൃഷ്‍ടിക്കപ്പെട്ട ദിവസംമുതല്‍ നീ അകൃത്യം ചെയ്ത നിമിഷംവരെ നീ കുറ്റമറ്റവനായിരുന്നു. നിന്‍റെ വാണിജ്യം വര്‍ധിച്ചപ്പോള്‍ നിന്നില്‍ അക്രമം പെരുകി; നീ പാപം ചെയ്തു. തന്മൂലം ദൈവത്തിന്‍റെ പര്‍വതത്തില്‍നിന്ന് ഒരു മലിനവസ്തു എന്നപോലെ നിന്നെ ഞാന്‍ എറിഞ്ഞുകളഞ്ഞു. തീപോലെ തിളങ്ങുന്ന രത്നങ്ങള്‍ക്കിടയില്‍നിന്ന് നിന്‍റെ സംരക്ഷകനായ കെരൂബ് നിന്നെ പുറത്താക്കി. നിന്‍റെ സൗന്ദര്യത്തില്‍ നീ അഹങ്കരിച്ചു. പ്രതാപത്തിനുവേണ്ടി നിന്‍റെ വിജ്ഞാനത്തെ നീ ദുര്‍വിനിയോഗം ചെയ്തു. ഞാന്‍ നിന്നെ നിലത്തെറിഞ്ഞുകളഞ്ഞു. ഞാന്‍ നിന്നെ രാജാക്കന്മാര്‍ക്ക് ഒരു മുന്നറിയിപ്പാക്കി. നിന്‍റെ അധര്‍മങ്ങളുടെ ബാഹുല്യത്താലും നിന്‍റെ വ്യാപാരത്തിലെ അനീതിയാലും നീ വിശുദ്ധസ്ഥലങ്ങളെ അശുദ്ധമാക്കി. നിന്‍റെ മധ്യത്തില്‍നിന്നുതന്നെ ഞാന്‍ അഗ്നി പുറപ്പെടുവിച്ചു. അതു നിന്നെ ദഹിപ്പിച്ചുകളഞ്ഞു. നിന്നെ കണ്ടിട്ടുള്ളവരുടെയെല്ലാം കണ്‍മുമ്പില്‍വച്ചു ഞാന്‍ നിന്നെ ഭസ്മമാക്കി. ജനതകളുടെ ഇടയില്‍ നിന്നെ അറിയുന്നവരെല്ലാം നിന്നെ കണ്ട് അമ്പരക്കും. ഭയാനകമായ ഒരവസാനത്തില്‍ നീ എത്തിയിരിയിരിക്കുന്നു; നീ എന്നേക്കുമായി നശിക്കും. സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, സീദോനിലേക്കു മുഖം തിരിച്ച് അവള്‍ക്കെതിരെ പ്രവചിക്കുക. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അല്ലയോ സീദോനേ, ഞാന്‍ നിനക്കെതിരാണ്; എന്‍റെ മഹത്ത്വം നിന്‍റെ മധ്യത്തില്‍ ഞാന്‍ പ്രകടമാക്കും. ഞാന്‍ നിന്നില്‍ നിവസിക്കുന്നവരെ ശിക്ഷിക്കും; എന്‍റെ വിശുദ്ധി ഞാന്‍ നിന്നില്‍ വെളിപ്പെടുത്തും. അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്നു നീ അറിയും. ഞാന്‍ നിന്‍റെ നേരേ മഹാമാരി അയയ്‍ക്കും; നിന്‍റെ തെരുവുകളില്‍ രക്തപ്പുഴയൊഴുക്കും. എല്ലാവശത്തുനിന്നും നീ ആക്രമിക്കപ്പെടും. വാളിനിരയാകുന്നവര്‍ നിന്‍റെ മധ്യത്തില്‍ വീഴും; അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്ന് നീ അറിയും. ഇസ്രായേല്‍ജനത്തെ നിന്ദിക്കുന്ന അയല്‍ക്കാരിലാരും ഇനിമേല്‍ ഇസ്രായേലിന് ക്ഷതമേല്പിക്കുന്ന മുള്‍ച്ചെടിയോ കുത്തിനോവിക്കുന്ന മുള്ളോ ആയിരിക്കുകയില്ല. അപ്പോള്‍ ഞാനാകുന്നു സര്‍വേശ്വരനായ കര്‍ത്താവ് എന്നവര്‍ ഗ്രഹിക്കും. ജനതകളുടെ ഇടയില്‍ ചിതറിക്കപ്പെട്ട ഇസ്രായേല്‍ജനത്തെ ഞാന്‍ കൂട്ടിവരുത്തുകയും എന്‍റെ വിശുദ്ധി ജനതകളുടെ മുമ്പില്‍ ഞാന്‍ പ്രകടമാക്കുകയും ചെയ്യുമ്പോള്‍ എന്‍റെ ദാസനായ യാക്കോബിനു ഞാന്‍ നല്‌കിയ അവരുടെ സ്വന്തനാട്ടില്‍ അവര്‍ പാര്‍ക്കും എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവര്‍ അവിടെ സുരക്ഷിതരായിരിക്കും; അവര്‍ വീടുകള്‍ പണിയും; മുന്തിരിത്തോട്ടങ്ങള്‍ നട്ടുപിടിപ്പിക്കും. അവരോടു നിന്ദ്യമായി പെരുമാറിയ എല്ലാ അയല്‍ക്കാരുടെയുംമേല്‍ ഞാന്‍ ശിക്ഷാവിധി നടത്തുമ്പോള്‍ ഇസ്രായേല്‍ജനം സുരക്ഷിതരായി അവിടെ വസിക്കും. അപ്പോള്‍ ഞാനാണു അവരുടെ സര്‍വേശ്വരനായ കര്‍ത്താവ് എന്നവര്‍ അറിയും.” പ്രവാസത്തിന്‍റെ പത്താം വര്‍ഷം പത്താംമാസം പന്ത്രണ്ടാം ദിവസം സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, നീ ഈജിപ്തുരാജാവായ ഫറവോയുടെ നേരെ തിരിഞ്ഞ് അയാള്‍ക്കും ഈജിപ്തിനും എതിരെ പ്രവചിക്കുക; സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്നു പറയുക. ഈജിപ്തുരാജാവായ ഫറവോയേ, ഞാന്‍ നിനക്ക് എതിരാണ്; നദികളുടെ നടുവില്‍ കിടക്കുന്ന മഹാസര്‍പ്പമേ, നൈല്‍നദി എന്‍റേതാണ്; ഞാനാണ് അതിനെ സൃഷ്‍ടിച്ചത് എന്നു നീ പറയുന്നുവല്ലോ. നിന്‍റെ താടിയെല്ലില്‍ ഞാന്‍ ചൂണ്ട കോര്‍ക്കും; നിന്‍റെ നദികളിലെ മത്സ്യങ്ങളെ നിന്‍റെ ചെതുമ്പലില്‍ ഒട്ടിക്കും. നിന്‍റെ ചെതുമ്പലില്‍ ഒട്ടിപ്പിടിച്ച സര്‍വ മത്സ്യങ്ങളോടുകൂടി നദികളുടെ മധ്യത്തില്‍നിന്നു ഞാന്‍ നിന്നെ വലിച്ചുകയറ്റി നിന്നെയും നിന്‍റെ നദികളിലെ മത്സ്യങ്ങളെയും ഞാന്‍ മരുഭൂമിയിലേക്കു വലിച്ചെറിയും; നീ തുറസ്സായ സ്ഥലത്തുചെന്നു വീഴും. ആരും നിന്നെ ഒന്നിച്ചു കൂട്ടുകയോ മറവു ചെയ്യുകയോ ഇല്ല. ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ പക്ഷികള്‍ക്കും നിന്നെ ഞാനിരയാക്കും. ഞാനാണു സര്‍വേശ്വരനെന്ന് ഈജിപ്തില്‍ നിവസിക്കുന്ന എല്ലാവരും അപ്പോള്‍ അറിയും. ഇസ്രായേല്‍ജനത്തിനു നീ ഒരു ഞാങ്ങണവടിയായിരുന്നുവല്ലോ. അവര്‍ നിന്നെ പിടിച്ചപ്പോള്‍ നീ ഒടിഞ്ഞ് അവരുടെ തോളില്‍ കുത്തിക്കയറി. അവര്‍ നിന്‍റെമേല്‍ ചാരി നിന്നപ്പോള്‍ നീ ഒടിഞ്ഞുപോകുകയും അവരുടെ നടുവ് ഉളുക്കുകയും ചെയ്തു. അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “ഞാന്‍ നിന്‍റെ നേര്‍ക്ക് ഒരു വാളയച്ചു മനുഷ്യരെയും മൃഗങ്ങളെയും നിന്നില്‍നിന്നു വിച്ഛേദിക്കും. അപ്പോള്‍ ഈജിപ്തു ശൂന്യവും പാഴുമായിത്തീരും. അങ്ങനെ ഞാനാണ് സര്‍വേശ്വരനെന്ന് അവര്‍ അറിയും. ‘നൈല്‍നദി എന്‍റേതാണ് ഞാന്‍ അതിനെ സൃഷ്‍ടിച്ചു’ എന്നു നീ പറഞ്ഞു. അതുകൊണ്ട് ഞാന്‍ നിനക്കും നിന്‍റെ നദികള്‍ക്കും എതിരാണ്. ഞാന്‍ ഈജിപ്തിനെ മിഗ്ദോന്‍ പട്ടണംമുതല്‍ സെവേനെ പട്ടണംവരെ എത്യോപ്യയുടെ അതിര്‍ത്തിയോളം പാഴും ശൂന്യവും ആക്കിത്തീര്‍ക്കും. നാല്പതു വര്‍ഷത്തോളം അവിടെ മനുഷ്യവാസം ഉണ്ടായിരിക്കുകയില്ല; മനുഷ്യനോ മൃഗമോ അതിലൂടെ സഞ്ചരിക്കുകയുമില്ല. വിജനമായ ദേശങ്ങളുടെ നടുവില്‍ ഞാന്‍ ഈജിപ്തിനെ വിജനമാക്കിയിടും. വിജനമാക്കപ്പെട്ട നഗരങ്ങളുടെ നടുവില്‍ ഈജിപ്തിലെ നഗരങ്ങള്‍ നാല്പതുവര്‍ഷം വിജനമായിക്കിടക്കും. ഞാന്‍ ഈജിപ്തിലെ ജനങ്ങളെ അന്യജനതകളുടെ ഇടയില്‍ ചിതറിക്കും. അവരെ രാജ്യാന്തരങ്ങളിലേക്കു ചിന്നിച്ചിതറിപോകുമാറാക്കും. അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നാല്പതുവര്‍ഷം കഴിയുമ്പോള്‍ ചിതറിപ്പോയ ദേശങ്ങളില്‍നിന്ന് ഈജിപ്തുകാരെ ഞാന്‍ കൂട്ടിവരുത്തും. അവരുടെ ഐശ്വര്യം ഞാന്‍ പുനഃസ്ഥാപിക്കും. അവരുടെ ജന്മദേശമായ പത്രോസിലേക്കു ഞാന്‍ അവരെ തിരിച്ചുകൊണ്ടുവരും. അവിടെ അവര്‍ ഒരു എളിയരാജ്യമായിരിക്കും. അത് രാജ്യങ്ങളില്‍വച്ച് ഏറ്റവും ചെറുതായിരിക്കും. അത് മറ്റു ജനതകളുടെമേല്‍ പിന്നീട് ഒരിക്കലും ആധിപത്യം ഉറപ്പിക്കുകയില്ല. രാജ്യങ്ങളെ അടക്കി ഭരിക്കാന്‍ കഴിയാത്തവിധം ഞാന്‍ അവരെ അത്ര ചെറുതാക്കും. പിന്നീട് ഇസ്രായേല്‍ അതിനെ ആശ്രയിക്കുകയില്ല. ഈജിപ്തിന്‍റെ നേരെ സഹായത്തിനുവേണ്ടി കൈ നീട്ടിയ അപരാധം അവരുടെ ഓര്‍മയില്‍ ഉണ്ടായിരിക്കും. ഞാനാണു സര്‍വേശ്വരനെന്ന് അവര്‍ അപ്പോള്‍ അറിയും.” പ്രവാസത്തിന്‍റെ ഇരുപത്തിയേഴാം വര്‍ഷം ഒന്നാം മാസം ഒന്നാം ദിവസം സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, ബാബിലോണ്‍ രാജാവായ നെബുഖദ്നേസര്‍ സോരിനു നേരേ ചെന്നു. നെബുഖദ്നേസര്‍ തന്‍റെ സൈന്യത്തെക്കൊണ്ടു സോരിനെതിരെ കഠിനാധ്വാനം ചെയ്യിച്ചു. അവരുടെ തലയിലെ മുടി മുഴുവന്‍ പോകുകയും തോളിലെ തൊലി ഉരിയുകയും ചെയ്തെങ്കിലും രാജാവിനോ അദ്ദേഹത്തിന്‍റെ സൈന്യത്തിനോ സോരില്‍നിന്നു പ്രയത്നത്തിനു തക്ക പ്രതിഫലം കിട്ടിയില്ല. അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ ബാബിലോണ്‍രാജാവായ നെബുഖദ്നേസറിന് ഞാന്‍ ഈജിപ്തുദേശം നല്‌കും; അയാള്‍ കൊള്ളയും കവര്‍ച്ചയും നടത്തി ഈജിപ്തിലെ സമ്പത്തു കൈവശമാക്കും. അത് അയാളുടെ സൈന്യത്തിനു പ്രതിഫലമായിരിക്കും. അയാളുടെ പ്രയത്നത്തിനു പ്രതിഫലമായി ഈജിപ്തുദേശം ഞാന്‍ അയാള്‍ക്കു നല്‌കിയിരിക്കുന്നു. അവര്‍ എനിക്കുവേണ്ടിയാണല്ലോ അധ്വാനിച്ചത് എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. അന്ന് ഇസ്രായേല്‍ജനത്തിന് ഞാന്‍ കൊമ്പു മുളപ്പിക്കും; യെഹെസ്കേലേ, അന്നു നീ പറയുന്നത് അവര്‍ എല്ലാവരും കേള്‍ക്കും; അപ്പോള്‍ ഞാനാണ് സര്‍വേശ്വരനെന്ന് അവര്‍ ഗ്രഹിക്കും.” സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, പ്രവചിക്കുക; സര്‍വേശ്വരനായ കര്‍ത്താവ് ഇങ്ങനെ അരുളിച്ചെയ്യുന്നു എന്നു പറയുക. ആ ദിവസം എത്ര ദുരിതപൂര്‍ണം എന്നു നിലവിളിക്കുക. അത് അടുത്തിരിക്കുന്നു; അതേ, സര്‍വേശ്വരന്‍റെ ദിവസം ആഗതമായിരിക്കുന്നു. അതു മേഘാവൃതമായ ദിവസമായിരിക്കും; ജനതകളുടെ വിനാശസമയം! ഈജിപ്തിന്‍റെമേല്‍ ഒരു വാള്‍ നിപതിക്കും; എത്യോപ്യ കൊടുംവേദനയില്‍ അകപ്പെടും. ഈജിപ്തില്‍ അനേകംപേര്‍ കൊല്ലപ്പെടും. അതിന്‍റെ സമ്പത്തു കൊള്ളയടിക്കപ്പെടുകയും അടിസ്ഥാനങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്യും. അവരോടൊപ്പം എത്യോപ്യ, പൂത്, ലൂദ്, അറേബ്യ, ലിബിയ എന്നിവയിലെയും സഖ്യ ദേശങ്ങളിലെയും ജനങ്ങള്‍ സംഹരിക്കപ്പെടും. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഈജിപ്തിനു പിന്തുണ നല്‌കുന്നവര്‍ വീഴും. ഈജിപ്തിന്‍റെ അഹങ്കാരത്തിമര്‍പ്പ് അടങ്ങും. മിഗ്ദോന്‍മുതല്‍ സെവേനെവരെയുള്ളവര്‍ വാളിനിരയാകുമെന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. വിജനമാക്കപ്പെട്ട ദേശങ്ങളുടെ മധ്യേ അവള്‍ വിജനമായി കിടക്കും. ശൂന്യമാക്കപ്പെട്ട നഗരങ്ങളുടെ നടുവില്‍ അവളുടെ നഗരങ്ങളും ശൂന്യമായി കിടക്കും. ഞാന്‍ ഈജിപ്തിനെ അഗ്നിക്കിരയാക്കുകയും അവളുടെ സഹായികളെ തകര്‍ക്കുകയും ചെയ്യുമ്പോള്‍ ഞാനാണു സര്‍വേശ്വരനെന്ന് അവര്‍ അറിയും. അന്ന് അപകടഭീതി കൂടാതെ കഴിയുന്ന എത്യോപ്യരെ പരിഭ്രാന്തരാക്കാന്‍വേണ്ടി എന്‍റെ അടുക്കല്‍നിന്നു ദൂതന്മാര്‍ കപ്പല്‍ കയറി പുറപ്പെടും. ഈജിപ്തിന്‍റെ വിനാശദിനത്തില്‍ എത്യോപ്യര്‍ക്കു കഠിനവേദനയുണ്ടാകും. ആ ദിവസം ഇതാ, ആഗതമായിരിക്കുന്നു. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “ബാബിലോണ്‍രാജാവായ നെബുഖദ്നേസരിന്‍റെ കൈകളാല്‍ ഈജിപ്തിന്‍റെ സമൃദ്ധിക്ക് ഞാന്‍ അറുതി വരുത്തും. ദേശത്തെ നശിപ്പിക്കാന്‍ അയാളെയും അയാളോടൊപ്പം ജനതകളില്‍ ഏറ്റവും ഭീകരന്മാരായ അയാളുടെ ജനങ്ങളെയും കൊണ്ടുവരും. അവര്‍ ഈജിപ്തിനുനേരെ വാള്‍ ഊരും; ദേശത്തെ മൃതശരീരങ്ങള്‍കൊണ്ടു നിറയ്‍ക്കും. നൈല്‍ നദി ഞാന്‍ വറ്റിക്കും; ദേശം ദുഷ്ടജനങ്ങള്‍ക്കു വിറ്റുകളയും. വിദേശീയരുടെ കരങ്ങളാല്‍ ദേശവും അതിലുള്ള സമസ്തവും ഞാന്‍ ശൂന്യമാക്കും;” സര്‍വേശ്വരനാണ് ഇതു പറയുന്നത്. സര്‍വേശ്വരനായ കര്‍ത്താവ് ഇങ്ങനെ അരുളിച്ചെയ്യുന്നു: ഞാന്‍ വിഗ്രഹങ്ങള്‍ നശിപ്പിക്കും. മെംഫീസിലെ പ്രതിമകള്‍ ഇല്ലാതാക്കും. ഈജിപ്തില്‍ ഇനിമേല്‍ ഒരു രാജാവും ഉണ്ടായിരിക്കുകയില്ല. ഈജിപ്തിലെങ്ങും ഞാന്‍ ഭീതി പരത്തും. ഞാന്‍ പത്രോസ് ശൂന്യമാക്കും; സോവാന്‍ അഗ്നിക്കിരയാക്കും. തേബസില്‍ ഞാന്‍ ന്യായവിധി നടത്തും. ഈജിപ്തിന്‍റെ ശക്തിദുര്‍ഗമായ സീന്‍പട്ടണത്തിന്മേല്‍ ഞാന്‍ എന്‍റെ ക്രോധം ചൊരിയും. തേബസിലെ ജനങ്ങളെ സംഹരിക്കും. ഈജിപ്തിനു ഞാന്‍ തീ വയ്‍ക്കും. സീന്‍ അതിവേദനയില്‍ അമരും. തേബസ് ഭേദിക്കപ്പെടും. അതിന്‍റെ മതിലുകള്‍ ഇടിഞ്ഞുവീഴും. ആവെനിലെയും പിബേസെത്തിലെയും യുവാക്കള്‍ വാളിനിരയാകും. മറ്റുള്ളവര്‍ തടവുകാരാക്കപ്പെടും. തഹഫ്നേഹെസില്‍ ഈജിപ്തിന്‍റെ ആധിപത്യം തകര്‍ക്കുമ്പോള്‍ അവിടെ പകല്‍ ഇരുണ്ടുപോകും. അവളുടെ അഹങ്കാരത്തിനു ഞാന്‍ അറുതി വരുത്തും. ഒരു മേഘം അവളെ മൂടും; അവളുടെ പുത്രിമാര്‍ തടവുകാരാക്കപ്പെടും. അങ്ങനെ ഈജിപ്തിന്‍റെമേല്‍ ഞാന്‍ ന്യായവിധിനടത്തും. അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്ന് അവര്‍ ഗ്രഹിക്കും.” പ്രവാസത്തിന്‍റെ പതിനൊന്നാം വര്‍ഷം ഒന്നാംമാസം ഏഴാം ദിവസം സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, ഈജിപ്തിലെ രാജാവായ ഫറവോന്‍റെ കൈ ഞാന്‍ ഒടിച്ചിരിക്കുന്നു. വാള്‍ പിടിക്കത്തക്കവിധം ആ ഭുജം ആരും വച്ചുകെട്ടുകയോ ചികിത്സിക്കുകയോ ചെയ്കയില്ല. അതുകൊണ്ടു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ ഈജിപ്തിലെ രാജാവായ ഫറവോയ്‍ക്ക് എതിരാണ്. അവന്‍റെ ഇരുകൈകളും ബലമുള്ളതും ഒടിഞ്ഞതും ഞാന്‍ തകര്‍ത്തുകളയും. അവന്‍റെ കൈയില്‍നിന്ന് ഞാന്‍ വാള്‍ താഴെ വീഴുമാറാക്കും. ഈജിപ്തുകാരെ ഞാന്‍ ജനതകളുടെ ഇടയില്‍ ചിതറിക്കും. രാജ്യാന്തരങ്ങളില്‍ ഞാന്‍ അവരെ നടും. ബാബിലോണ്‍രാജാവിന്‍റെ ഭുജങ്ങള്‍ ഞാന്‍ ബലിഷ്ഠമാക്കും. അവന്‍റെ കൈയില്‍ എന്‍റെ വാള്‍ കൊടുക്കും. ഫറവോയുടെ ഭുജങ്ങള്‍ ഞാന്‍ ഒടിക്കും. മാരകമായ ക്ഷതമേറ്റവനെപ്പോലെ അയാള്‍ ഞരങ്ങും. ബാബിലോണ്‍ രാജാവിന്‍റെ ഭുജങ്ങള്‍ ഞാന്‍ ബലപ്പെടുത്തും. എന്നാല്‍ ഫറവോയുടെ കൈകള്‍ നിര്‍ജീവമായിത്തീരും. അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്ന് അവര്‍ ഗ്രഹിക്കും. ബാബിലോണ്‍ രാജാവിന്‍റെ കൈയില്‍ എന്‍റെ വാള്‍ കൊടുക്കും. അയാള്‍ ഈജിപ്തിന്‍റെ നേരെ അതു വീശും. ഞാന്‍ ജനതകളുടെ ഇടയില്‍ ഈജിപ്തുകാരെ ചിതറിക്കും. രാജ്യാന്തരങ്ങളില്‍ അവരെ നടും. അപ്പോള്‍ ഞാനാകുന്നു സര്‍വേശ്വരനെന്ന് അവര്‍ അറിയും.” പ്രവാസത്തിന്‍റെ പതിനൊന്നാം വര്‍ഷം മൂന്നാം മാസം ഒന്നാം ദിവസം സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി. മനുഷ്യപുത്രാ, ഈജിപ്തിലെ രാജാവായ ഫറവോയോടും അയാളുടെ ജനത്തോടും പറയുക: പ്രതാപത്തില്‍ നിന്നോടു സമന്‍ ആര്? നീ ലെബാനോനിലെ ദേവദാരുവിനു തുല്യന്‍ അതു മനോഹരമായ ശാഖകളോടും തണല്‍ വിരിക്കുന്ന ഇലപ്പടര്‍പ്പോടും കൂടി മേഘങ്ങളെ തൊട്ടുരുമ്മി ഉയര്‍ന്നു നില്‌ക്കുന്നു. ജലം അതിനെ പോഷിപ്പിച്ചു; അടിയുറവകള്‍ അതിനെ അത്യുന്നതമായി വളര്‍ത്തി ഉറവകളില്‍നിന്നു പുറപ്പെട്ട നീര്‍ച്ചാലുകള്‍ അതു നിന്നിരുന്ന സ്ഥലം ചുറ്റി ഒഴുകി. അവ വനവൃക്ഷങ്ങള്‍ക്കെല്ലാം വേണ്ട ജലം നല്‌കി. അതുകൊണ്ടു വനത്തിലെ എല്ലാ വൃക്ഷങ്ങള്‍ക്കും ഉപരി ആ ദേവദാരു വളര്‍ന്നുപൊങ്ങി; വെള്ളം സമൃദ്ധമായി ലഭിച്ചതിനാല്‍ അതു ശാഖകള്‍ നീട്ടി വളര്‍ന്നു പന്തലിച്ചു. ആകാശത്തിലെ പറവകള്‍ അതിന്‍റെ കൊമ്പുകളില്‍ കൂടുവച്ചു; അതിന്‍റെ ശാഖകള്‍ക്കു കീഴില്‍ വന്യമൃഗങ്ങള്‍ പെറ്റുപെരുകി. അതിന്‍റെ തണലില്‍ ജനതകള്‍ പാര്‍ത്തു. അതിന്‍റെ വേരിന് സമൃദ്ധമായി ജലം ലഭിച്ചതിനാല്‍ വലിപ്പംകൊണ്ടും ശാഖകളുടെ നീളംകൊണ്ടും അതു മനോഹരമായി ശോഭിച്ചു. ദൈവത്തിന്‍റെ തോട്ടത്തിലെ ഒരു ദേവദാരുവും അതിനോടു കിടപിടിക്കുമായിരുന്നില്ല; സരളവൃക്ഷങ്ങള്‍ അതിന്‍റെ ശാഖകള്‍ക്കു പോലും സമമായിരുന്നില്ല. അരിഞ്ഞില്‍ മരവും അതിന്‍റെ ശാഖകള്‍ക്കു തുല്യമായിരുന്നില്ല. ദൈവത്തിന്‍റെ തോട്ടത്തിലെ ഒരു വൃക്ഷവും സൗന്ദര്യത്തില്‍ അതിനോടു തുല്യമായിരുന്നില്ല. ശാഖകളുടെ ബാഹുല്യംകൊണ്ടു ഞാന്‍ അതിനെ സുന്ദരമാക്കി; ദൈവത്തിന്‍റെ തോട്ടമായ ഏദനിലെ സകല വൃക്ഷങ്ങള്‍ക്കും അതിനോടസൂയതോന്നി. അതുകൊണ്ടു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്തു: അതു വളര്‍ന്നു പൊങ്ങി മേഘങ്ങളെ ചുംബിക്കയാല്‍ അതിന്‍റെ ഔന്നത്യത്തില്‍ അത് അഹങ്കരിച്ചു. അതിനാല്‍ ഞാന്‍ അതിനെ ജനതകളില്‍ പ്രബലനായ ഒരുവന്‍റെ കൈയില്‍ ഏല്പിക്കും. അതിന്‍റെ ദുഷ്ടതയ്‍ക്ക് അര്‍ഹമായവിധം അവന്‍ അതിനോടു പെരുമാറും. ഞാന്‍ അതിനെ പുറംതള്ളിയിരിക്കുന്നു. ജനതകളില്‍ ഏറ്റവും ക്രൂരന്മാരായ വിദേശികള്‍ അതിനെ വെട്ടിവീഴ്ത്തും; അതിന്‍റെ ശാഖകള്‍ എല്ലാ പര്‍വതങ്ങളിലും താഴ്വരകളിലും നിപതിക്കും. അതിന്‍റെ കൊമ്പുകള്‍ എല്ലാ നദിക്കരകളിലും ഒടിഞ്ഞുകിടക്കും. ഭൂമിയിലെ എല്ലാ ജനതകളും അതിന്‍റെ തണല്‍ വിട്ടുപോകും. അതിന്‍റെ അവശിഷ്ടങ്ങളില്‍ പക്ഷികള്‍ പാര്‍ക്കും; വന്യമൃഗങ്ങള്‍ അതിന്‍റെ കൊമ്പുകള്‍ക്കിടയില്‍ വസിക്കും. ജലത്തിനരികെ നില്‌ക്കുന്ന ഒരു വൃക്ഷവും അതിന്‍റെ ഔന്നത്യത്തില്‍ അഹങ്കരിക്കാതിരിക്കാനും മേഘപാളികളെ തൊട്ടുരുമ്മത്തക്കവിധം തല ഉയര്‍ത്താതിരിക്കാനും വെള്ളം വേണ്ടുവോളം വലിച്ചെടുത്തു വളരുന്ന എത്ര കരുത്തന്മാരായ വൃക്ഷങ്ങളായാലും അത്ര ഉയരത്തില്‍ എത്താതിരിക്കാനും വേണ്ടിയാണ് ഞാന്‍ ഇതു ചെയ്തിരിക്കുന്നത്. എന്തെന്നാല്‍ അധോലോകത്തിലേക്കു പോകുന്ന മര്‍ത്യരോടൊപ്പം അവയും മരണത്തിന് ഏല്പിക്കപ്പെട്ടിരിക്കുന്നു. അതു പാതാളത്തിലേക്കു പോകുമ്പോള്‍ അതിനെച്ചൊല്ലി ഭൂഗര്‍ഭജലം വിലപിക്കാന്‍ ഇടയാക്കും. നദികളെ ഞാന്‍ തടഞ്ഞുനിറുത്തും; ജലപ്രവാഹങ്ങള്‍ നിലയ്‍ക്കും. ലെബാനോനെ ഞാന്‍ വിലാപവസ്ത്രം അണിയിക്കും. തന്മൂലം വനത്തിലെ വൃക്ഷങ്ങളെല്ലാം വാടിപ്പോകും എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. പാതാളത്തിലേക്കു പോകുന്ന മര്‍ത്യരോടൊപ്പം അധോലോകത്തിലേക്ക് അതിനെ വലിച്ചെറിയുമ്പോള്‍ അതിന്‍റെ പതനം മൂലമുണ്ടാകുന്ന മുഴക്കത്താല്‍ ജനതകള്‍ നടുങ്ങും. ഏദനിലെ സകല വൃക്ഷങ്ങളും വേണ്ടുവോളം വെള്ളം കുടിച്ചു വളര്‍ന്ന വൃക്ഷങ്ങള്‍ തന്നെ, ലെബാനോനിലെ ശ്രേഷ്ഠമായ വൃക്ഷങ്ങളും അതിന്‍റെ പതനത്തില്‍ അധോലോകത്ത് ആശ്വസിക്കും. ജനതകള്‍ക്കിടയില്‍ അതിന്‍റെ തണലില്‍ വസിച്ചിരുന്നവരും വാളിനാല്‍ കൊല്ലപ്പെട്ടവരോടുകൂടി പാതാളത്തിലേക്കു പോകും. മഹത്ത്വത്തിലും ഔന്നത്യത്തിലും ഏദനിലെ ഏതു വൃക്ഷമാണു നിനക്കു തുല്യം? എങ്കിലും നീ ഏദനിലെ വൃക്ഷങ്ങളോടൊപ്പം മൃതരുടെ ലോകത്തിലേക്ക് എറിയപ്പെടും. വാളിനിരയായ പരിച്ഛേദനം ഏല്‌ക്കാത്തവരുടെ ഇടയില്‍ നീ കിടക്കും. ഈ വൃക്ഷം ഫറവോയും അയാളുടെ ജനങ്ങളും ആണെന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.” പ്രവാസത്തിന്‍റെ പന്ത്രണ്ടാം വര്‍ഷം പന്ത്രണ്ടാം മാസം ഒന്നാം ദിവസം സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി. “മനുഷ്യപുത്രാ, ഈജിപ്തിലെ രാജാവായ ഫറവോയെപ്പറ്റി ഈ വിലാപഗാനം ആലപിക്കൂ. “ജനതകളുടെ ഇടയില്‍ ഒരു സിംഹം ആണെന്നു നീ ഭാവിക്കുന്നു; എന്നാല്‍ നീ സമുദ്രത്തിലെ വ്യാളിയെപ്പോലെ ആകുന്നു. നീ നദികള്‍ ചവിട്ടിക്കലക്കി അവയിലെ വെള്ളം മലിനമാക്കുന്നു. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ അനേകം ജനതകളുമായി വന്നു നിന്‍റെമേല്‍ എന്‍റെ വലവീശും. അവര്‍ നിന്നെ കരയ്‍ക്ക് വലിച്ചു കയറ്റും. ഞാന്‍ എന്‍റെ വലയില്‍ നിന്നെ കരയ്‍ക്കു വലിച്ചിടും; തുറസ്സായ സ്ഥലത്ത് ഞാന്‍ നിന്നെ എറിഞ്ഞുകളയും. അങ്ങനെ ആകാശത്തിലെ പറവകള്‍ക്കും വന്യമൃഗങ്ങള്‍ക്കും നീ ഇരയായിത്തീരും. നിന്‍റെ മാംസം ഞാന്‍ പര്‍വതങ്ങളില്‍ വിതറും. താഴ്വരകള്‍ അതുകൊണ്ടു നിറയ്‍ക്കും. നിന്‍റെ രക്തം ഒഴുകി പര്‍വതങ്ങള്‍വരെയുള്ള ഭൂമി കുതിര്‍ക്കും. അതുകൊണ്ടു നീര്‍ച്ചാലുകള്‍ നിറയും. ഞാന്‍ നിന്നെ ഇല്ലായ്മ ചെയ്യുമ്പോള്‍ ആകാശത്തെ മൂടും; നക്ഷത്രങ്ങളെ ഇരുട്ടാക്കും. സൂര്യനെ മേഘംകൊണ്ടു മറയ്‍ക്കും. ചന്ദ്രന്‍ നിഷ്പ്രഭമാകും. നിന്‍റെ മുകളിലുള്ള എല്ലാ പ്രകാശഗോളങ്ങളെയും ഞാന്‍ അന്ധകാരമയമാക്കും. നിന്‍റെ ദേശത്തെ അന്ധകാരത്തിലാഴ്ത്തും. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. വിജാതീയ ജനതകളുടെ ഇടയില്‍ നിനക്ക് അജ്ഞാതമായ ദേശങ്ങളിലേക്കു നിന്നെ അടിമയാക്കിക്കൊണ്ടുപോകുമ്പോള്‍ പല ജനതകളും അസ്വസ്ഥരാകും. നിന്നെ നോക്കി അനേകം ജനതകള്‍ സ്തബ്ധരാകും; അവര്‍ കാണ്‍കെ ഞാന്‍ വാള്‍ വീശുമ്പോള്‍ അവരുടെ രാജാക്കന്മാര്‍ നിന്നെ പ്രതി പേടിച്ച് അരണ്ടുപോകും; നീ നിപതിക്കുന്ന ദിവസം ഓരോരുത്തരും താന്താങ്ങളുടെ ജീവനെ ഓര്‍ത്ത് അനുനിമിഷം വിറയ്‍ക്കും. സര്‍വേശ്വരനായ കര്‍ത്താവ് ഈജിപ്തിലെ രാജാവിനോട് അരുളിച്ചെയ്യുന്നു: ബാബിലോണ്‍രാജാവിന്‍റെ വാള്‍ നിന്‍റെമേല്‍ പതിക്കും. ജനതകളില്‍വച്ചു ബലിഷ്ഠരും ഭീകരരും ആയവരുടെ വാളിനു നിന്‍റെ ജനക്കൂട്ടത്തെ ഞാന്‍ ഇരയാക്കും. അങ്ങനെ നിന്‍റെ അഹങ്കാരം അവര്‍ അവസാനിപ്പിക്കും; നിന്‍റെ ജനസമൂഹം മുഴുവന്‍ നശിക്കും. ജലാശയങ്ങള്‍ക്ക് അടുത്തുള്ള മൃഗങ്ങളെയെല്ലാം ഞാന്‍ നശിപ്പിക്കും. ഇനിമേല്‍ യാതൊരു മനുഷ്യന്‍റെയും കാലുകള്‍ അവയെ കലക്കുകയില്ല; മൃഗങ്ങളുടെ കുളമ്പുകളും അവയെ കലക്കുകയില്ല. അവരുടെ ജലാശയങ്ങളിലെ ജലം ഞാന്‍ തെളിമയുള്ളതാക്കിത്തീര്‍ക്കും; അവരുടെ നദികളെ എണ്ണപോലെ ഞാന്‍ പ്രവഹിപ്പിക്കും. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈജിപ്തുദേശത്തെ ഞാന്‍ ശൂന്യമാക്കുകയും അതിലുള്ളതെല്ലാം അപഹരിക്കുകയും അതില്‍ നിവസിക്കുന്ന സമസ്ത ജനങ്ങളെയും ഞാന്‍ സംഹരിക്കുകയും ചെയ്യുമ്പോള്‍ ഞാനാണു സര്‍വേശ്വരന്‍ എന്ന് അവര്‍ അറിയും. ഇത് ഒരു വിലാപഗാനമാണ്. ജനതകളുടെ പുത്രിമാര്‍ ഈജിപ്തിനും അതിലെ സകല നിവാസികള്‍ക്കുംവേണ്ടി ഇതാലപിക്കും. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. പ്രവാസത്തിന്‍റെ പന്ത്രണ്ടാം വര്‍ഷം ഒന്നാംമാസം പതിനഞ്ചാം ദിവസം സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, ഈജിപ്തിലെ ജനതയെക്കുറിച്ചു നീ വിലപിക്കുക. അവരെയും വിജാതീയരില്‍ വിശ്രുതരായവരുടെ പുത്രിമാരെയും പാതാളത്തില്‍ പതിക്കുന്നവരുടെകൂടെ അധോലോകത്തേക്ക് അയയ്‍ക്കുക. നീ എല്ലാവരെക്കാളും സൗന്ദര്യവതി എന്നു നീ കരുതുന്നുവോ? നീ താഴെ ഇറങ്ങിപ്പോകും; പരിച്ഛേദനമേല്‌ക്കാത്തവരുടെ ഇടയില്‍ നീ കിടക്കും. വാളിന് ഇരയായവരുടെ ഇടയില്‍ ഈജിപ്തിലെ ജനം വീഴും. ഒരു വാള്‍ അവളുടെ ജനങ്ങളെ മുഴുവനും വീഴ്ത്തും. ബലശാലികളായ വീരന്മാര്‍ തങ്ങളുടെ സഹായികളോടൊത്തു പാതാളത്തില്‍നിന്ന് അവരെക്കുറിച്ച് ഇങ്ങനെ പറയും: വാളിനിരയായ അപരിച്ഛേദിതര്‍ താഴെയെത്തിയിരിക്കുന്നു. ഇതാ അവര്‍ നിശ്ചലരായി കിടക്കുന്നു. അസ്സീറിയായും അവളുടെ സമസ്തജനവും അവിടെയുണ്ട്. അവളുടെ വാള്‍കൊണ്ട് വധിക്കപ്പെട്ട ജനസമൂഹവും തങ്ങളുടെ ശവക്കുഴികളില്‍ അവളുടെ ചുറ്റും ഉണ്ട്. അവളുടെ ശവക്കുഴി പാതാളത്തിന്‍റെ അടിത്തട്ടിലാണ്. അവളുടെ ജനസമൂഹം അവളുടെ ശവക്കുഴിക്കു ചുറ്റുമുണ്ട്. അവരെല്ലാവരും വാളിനിരയായവരാണ്. ജീവനുള്ളവരുടെ ദേശത്ത് കൊടിയഭീതി പരത്തിയവരാണവര്‍. ഏലാം അവിടെയുണ്ട്; അവളുടെ സര്‍വജനവും അവളുടെ ശവക്കുഴിക്കു ചുറ്റുമുണ്ട്. അവരെല്ലാം വാളിനാല്‍ സംഹരിക്കപ്പെട്ടവര്‍. പരിച്ഛേദനമേല്‌ക്കാതെ അവര്‍ അധോലോകത്തേക്ക് ഇറങ്ങിപ്പോയി. അവര്‍ ജീവനുള്ളവരുടെ ദേശത്തു കൊടുംഭീതി പരത്തിയവരാണ്. എങ്കിലും പാതാളത്തില്‍ ഇറങ്ങിയവരോടൊപ്പം അവര്‍ അപമാനം പേറുന്നു. കൊല്ലപ്പെട്ടവരുടെ മധ്യേ അവളുടെ ജനസമൂഹത്തോടൊപ്പം അവര്‍ അവള്‍ക്ക് കിടക്ക വിരിച്ചിരിക്കുന്നു. വാളിന് ഇരയായ പരിച്ഛേദനമേല്‌ക്കാത്ത അവരുടെ ശവക്കുഴികള്‍ അവള്‍ക്കു ചുറ്റുമുണ്ട്. അവര്‍ ജീവനുള്ളവരുടെ ദേശത്തു കൊടുംഭീതി പരത്തിയവരാണ്. എങ്കിലും പാതാളത്തില്‍ ഇറങ്ങിയവരോടുകൂടി അവര്‍ അപമാനം വഹിക്കുന്നു. വധിക്കപ്പെട്ടവരോടുകൂടെ അവര്‍ കഴിയുന്നു. മേശക്കും തൂബലും അവിടെയുണ്ട്; അവരോടൊപ്പം അവരുടെ സമസ്ത ജനങ്ങളും; അവരുടെ കുഴിമാടങ്ങള്‍ അവര്‍ക്ക് ചുറ്റുമുണ്ട്. ജീവനുള്ളവരുടെ ദേശത്ത് കൊടുംഭീതി പരത്തിയതിനാല്‍ വാളിന് ഇരയായ അവരെല്ലാവരുംതന്നെ പരിച്ഛേദനമേല്‌ക്കാത്തവരാണ്. പട്ടുപോയ പുരാതന വീരന്മാരോടൊപ്പം അവര്‍ കിടക്കുകയില്ല. ആ സമരവീരന്മാര്‍ തങ്ങളുടെ പടക്കോപ്പുകളുമായാണ് അധോലോകത്തിലേക്ക് ഇറങ്ങിച്ചെന്നത്. അവരുടെ വാളുകള്‍ തലയ്‍ക്കു കീഴിലും പരിച ശരീരത്തിനു മുകളിലും വച്ചിരുന്നു. ജീവനുള്ളവരുടെ ദേശത്തു കൊടുംഭീതി പരത്തിയവരായിരുന്നല്ലോ ആ വീരപുരുഷന്മാര്‍. വാളിനാല്‍ വധിക്കപ്പെട്ടവരോടുകൂടി ഈജിപ്തുകാരും തകര്‍ക്കപ്പെട്ടു പരിച്ഛേദനം ഏല്‌ക്കാത്തവരോടൊപ്പം കിടക്കും. എദോം അവിടെയുണ്ട്; അവളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും ശക്തന്മാരായ വീരന്മാരായിരുന്നിട്ടും വാളിന് ഇരയായവരുടെ കൂടെ നിപതിച്ചു. അവര്‍ പാതാളത്തില്‍ പരിച്ഛേദനമേല്‌ക്കാത്തവരുടെ കൂടെ കിടക്കുന്നു. ഉത്തരദേശത്തെ സകല പ്രഭുക്കന്മാരും സീദോന്യരും അവിടെയുണ്ട്. തങ്ങളുടെ കൈയൂക്കിനാല്‍ ഭീതി പരത്തിയവരെങ്കിലും അവര്‍ വധിക്കപ്പെട്ട് അപമാനിതരായി താഴേക്കിറങ്ങിയിരിക്കുന്നു. വാളിനിരയായവരുടെ കൂട്ടത്തില്‍ അവരും പരിച്ഛേദനമേല്‌ക്കാത്തവരായി കിടക്കുന്നു. പാതാളത്തില്‍ ഇറങ്ങുന്നവരോടൊപ്പം അവരും അപമാനഭാരം വഹിക്കുന്നു. വാളിനിരയാക്കപ്പെട്ട ഫറവോരാജാവും സൈന്യവും അവരെ കാണുമ്പോള്‍ സ്വന്തം ജനത്തെക്കുറിച്ചു സമാശ്വസിക്കും എന്ന് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. അയാള്‍ ജീവനുള്ളവരുടെ ദേശത്തു കൊടുംഭീതി പരത്തി. അതുകൊണ്ട് ഫറവോയും അയാളുടെ സര്‍വജനവും പരിച്ഛേദനമേല്‌ക്കാത്തവരോടൊത്ത്, വാളിനിരയായവരോടുകൂടി കിടക്കും; സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, നീ നിന്‍റെ ജനത്തോടു പറയുക: ഞാന്‍ ഒരു ദേശത്തിന്‍റെമേല്‍ വാള്‍ അയയ്‍ക്കുകയും ആ ദേശത്തെ ജനം ഒരുവനെ തെരഞ്ഞെടുത്തു കാവല്‌ക്കാരനായി നിയമിക്കുകയും ചെയ്തു എന്നു കരുതുക. വാള്‍ വരുന്നത് കാവല്‌ക്കാരന്‍ കാണുകയാണെങ്കില്‍ അവന്‍ കാഹളമൂതി ദേശത്തിനു മുന്നറിയിപ്പു നല്‌കും. കാഹളശബ്ദം കേട്ടിട്ടും ആ മുന്നറിയിപ്പ് കണക്കിലെടുക്കാതെ ഒരുവന്‍ വാളിനിരയായാല്‍ അവന്‍റെ രക്തത്തിന് ഉത്തരവാദി അവന്‍തന്നെ ആയിരിക്കും. കാഹളധ്വനി കേട്ടു എങ്കിലും അവന്‍ ആ മുന്നറിയിപ്പ് കാര്യമാക്കിയില്ല. അവന്‍റെ രക്തത്തിന്‍റെ ഉത്തരവാദി അവന്‍ തന്നെ. അവന്‍ മുന്നറിയിപ്പു ഗൗനിച്ചിരുന്നെങ്കില്‍ തന്‍റെ ജീവന്‍ രക്ഷിക്കുമായിരുന്നു. കാവല്‌ക്കാരന്‍ വാള്‍ വരുന്നതു കാണുകയും കാഹളം മുഴക്കാതിരിക്കുകയും ചെയ്താല്‍ ജനത്തിനു മുന്നറിയിപ്പു ലഭിക്കുന്നില്ല. വാള്‍ വന്നു ജനത്തില്‍ ആരെയെങ്കിലും വധിച്ചാല്‍ അവന്‍ തന്‍റെ അപരാധം മൂലമാണു സംഹരിക്കപ്പെടുന്നതെങ്കിലും അയാളുടെ ജീവനു കാവല്‌ക്കാരനോട് ഞാന്‍ പകരം ചോദിക്കും. മനുഷ്യപുത്രാ, ഞാന്‍ നിന്നെ ഇസ്രായേലിന് ഒരു കാവല്‌ക്കാരനായി നിയോഗിച്ചിരിക്കുന്നു. എന്‍റെ അരുളപ്പാട് കേള്‍ക്കുമ്പോള്‍ എന്‍റെ മുന്നറിയിപ്പ് അവരെ അറിയിക്കുക. ഞാന്‍ ദുഷ്ടനോട്, ദുഷ്ടാ, നീ നിശ്ചയമായി മരിക്കും എന്നു പറയുകയും ആ മനുഷ്യന്‍ തന്‍റെ ദുര്‍മാര്‍ഗത്തില്‍ നിന്നു പിന്തിരിഞ്ഞുകൊള്ളണമെന്നു നീ മുന്നറിയിപ്പ് നല്‌കാതിരിക്കുകയും ചെയ്താല്‍ ആ മനുഷ്യന്‍ തന്‍റെ അകൃത്യം നിമിത്തം മരിക്കും; എന്നാല്‍ അവന്‍റെ ജീവന് ഞാന്‍ നിന്നോടു പകരം ചോദിക്കും. തന്‍റെ അകൃത്യത്തില്‍നിന്നു പിന്തിരിയാന്‍ ദുഷ്ടനു മുന്നറിയിപ്പു നല്‌കിയിട്ടും അവന്‍ തന്‍റെ വഴിയില്‍നിന്നു പിന്തിരിയാതിരുന്നാല്‍ അവന്‍ തന്‍റെ അപരാധം നിമിത്തം മരിക്കും. എന്നാല്‍ നീ നിന്‍റെ ജീവന്‍ രക്ഷിക്കും.” “മനുഷ്യപുത്രാ, “നീ ഇസ്രായേല്‍ജനത്തോടു പറയുക: ഞങ്ങളുടെ അതിക്രമങ്ങളും പാപങ്ങളും ഞങ്ങളുടെമേല്‍ ഇരിക്കുന്നു; തന്നിമിത്തം ഞങ്ങള്‍ ക്ഷയിച്ചു പോകുന്നു. പിന്നെ ഞങ്ങള്‍ക്ക് എങ്ങനെ ജീവിക്കാന്‍ കഴിയും” എന്ന് നിങ്ങള്‍ പറഞ്ഞു. അവരോടു പറയുക, “സര്‍വേശ്വരനായ കര്‍ത്താവ് സത്യം ചെയ്തു പറയുന്നു: ദുഷ്ടമനുഷ്യന്‍റെ മരണത്തിലല്ല അയാള്‍ തന്‍റെ ദുര്‍മാര്‍ഗം വിട്ടു ജീവിക്കുന്നതിലാണ് എന്‍റെ സന്തോഷം. പിന്തിരിയുവിന്‍ നിങ്ങളുടെ ദുര്‍മാര്‍ഗത്തില്‍നിന്നു പിന്തിരിയുവിന്‍ ഇസ്രായേല്‍ജനമേ, നിങ്ങള്‍ എന്തിനു മരിക്കണം?” മനുഷ്യപുത്രാ, സ്വന്തജനത്തോടു പറയുക: “നീതിമാന്‍ അതിക്രമം ചെയ്താല്‍ അവന്‍റെ നീതി അവനെ രക്ഷിക്കയില്ല; ദുഷ്ടന്‍ ദുര്‍മാര്‍ഗത്തില്‍നിന്നു പിന്തിരിഞ്ഞാല്‍ തന്‍റെ ദുഷ്ടത നിമിത്തം അവന്‍ വീണുപോകയില്ല; എന്നാല്‍ നീതിമാന്‍ പാപം ചെയ്യുന്നുവെങ്കില്‍ തന്‍റെ നീതി നിമിത്തം അവനു ജീവിക്കാന്‍ കഴിയുകയില്ല. നീതിമാനോട്, “നീ നിശ്ചയമായി ജീവിക്കും” എന്നു ഞാന്‍ പറഞ്ഞാലും തന്‍റെ നീതിയില്‍ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് അകൃത്യം ചെയ്യുകയാണെങ്കില്‍ നീതിപൂര്‍വകമായ തന്‍റെ ഒരു പ്രവൃത്തിയും അനുസ്മരിക്കപ്പെടുകയില്ല; താന്‍ ചെയ്ത അധര്‍മത്തില്‍തന്നെ അവന്‍ മരിക്കും. ഞാന്‍ ദുഷ്ടനോട്, നീ നിശ്ചയമായും മരിക്കും എന്നു പറഞ്ഞാല്‍ത്തന്നെയും അവന്‍ തന്‍റെ പാപത്തില്‍നിന്നു പിന്തിരിഞ്ഞു നീതിയും ന്യായവും പ്രവര്‍ത്തിക്കുകയും പണയം തിരികെ കൊടുക്കുകയും കൊള്ളയടിച്ച വസ്തുക്കള്‍ മടക്കികൊടുക്കുകയും അധര്‍മം പ്രവര്‍ത്തിക്കാതെ ജീവന്‍റെ പ്രമാണങ്ങള്‍ പാലിക്കുകയും ചെയ്താല്‍ അവന്‍ മരിക്കയില്ല; നിശ്ചയമായും ജീവിക്കും. അവന്‍ ചെയ്ത യാതൊരു പാപവും അവനെതിരെ ഗണിക്കപ്പെടുകയില്ല. അവന്‍ നീതിയും ന്യായവും പ്രവര്‍ത്തിച്ചിരിക്കുന്നു. അവന്‍ നിശ്ചയമായും ജീവിക്കും. എന്നിട്ടും സര്‍വേശ്വരന്‍റെ വഴി നീതി പൂര്‍വകമല്ലെന്നു നിന്‍റെ ജനം പറയുന്നു. അവരുടെ മാര്‍ഗമല്ലേ നീതികെട്ടത്? നീതിമാന്‍ തന്‍റെ നീതി മാര്‍ഗം വിട്ട് അകൃത്യം പ്രവര്‍ത്തിച്ചാല്‍ അവന്‍ തന്മൂലം മരിക്കും. എന്നാല്‍ ദുഷ്ടന്‍ തന്‍റെ ദുഷ്ടതവിട്ടു നീതിയും ന്യായവും പ്രവര്‍ത്തിച്ചാല്‍ തന്മൂലം അവന്‍ ജീവിക്കും. എന്നിട്ടും സര്‍വേശ്വരന്‍റെ വഴി നീതിപൂര്‍വകമല്ലെന്നു നിങ്ങള്‍ പറയുന്നു. ഇസ്രായേല്‍ജനമേ, നിങ്ങളില്‍ ഓരോരുവനെയും അവനവന്‍റെ പ്രവൃത്തിക്കനുസരണമായി ഞാന്‍ വിധിക്കും. ഞങ്ങളുടെ പ്രവാസത്തിന്‍റെ പന്ത്രണ്ടാംവര്‍ഷം പത്താം മാസം അഞ്ചാംദിവസം യെരൂശലേമില്‍നിന്ന് ഓടി രക്ഷപെട്ട ഒരാള്‍ എന്‍റെ അടുക്കല്‍ വന്നു പറഞ്ഞു: “നഗരം പിടിക്കപ്പെട്ടിരിക്കുന്നു. രക്ഷപെട്ടവര്‍ എന്‍റെ അടുക്കല്‍ വന്നതിന്‍റെ തലേദിവസം വൈകുന്നേരം സര്‍വേശ്വരന്‍റെ ശക്തി എന്‍റെമേല്‍ വന്നു. അടുത്തദിവസം ആ മനുഷ്യന്‍ എന്‍റെ അടുക്കല്‍ വന്നപ്പോഴേക്ക് എന്‍റെ വായ് തുറന്നിരുന്നു; എനിക്കു സംസാരിക്കാനുള്ള ശക്തി തിരിച്ചുകിട്ടി. പിന്നീട് ഞാന്‍ മൂകനായിരുന്നില്ല.” സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, ഇസ്രായേലിലെ ഈ ശൂന്യസ്ഥലങ്ങളില്‍ വസിക്കുന്നവര്‍ പറയുന്നു: അബ്രഹാം ഒരാള്‍ മാത്രമായിരുന്നപ്പോള്‍ ഈ ദേശം അദ്ദേഹത്തിന് അവകാശമായി ലഭിച്ചു; ഞങ്ങളാകട്ടെ പലരാകുന്നു; ഈ ദേശം നിശ്ചയമായും ഞങ്ങള്‍ക്കു ലഭിക്കും.” അതുകൊണ്ട് അവരോടു പറയുക: സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “നിങ്ങള്‍ രക്തത്തോടുകൂടിയ മാംസം ഭക്ഷിക്കുകയും നിങ്ങളുടെ വിഗ്രഹങ്ങളിലേക്കു കണ്ണുകളുയര്‍ത്തുകയും രക്തം ചൊരിയുകയും ചെയ്തു; നിങ്ങള്‍ക്കു ദേശം കൈവശമാക്കുവാന്‍ കഴിയുമോ? നിങ്ങള്‍ വാളിനെ ആശ്രയിക്കുന്നു. മ്ലേച്ഛതകള്‍ പ്രവര്‍ത്തിക്കുകയും ഓരോരുത്തരും അയല്‍ക്കാരന്‍റെ ഭാര്യയെ വഴിപിഴപ്പിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള നിങ്ങള്‍ക്കു ദേശം കൈവശമാക്കാന്‍ കഴിയുമോ? സര്‍വേശ്വരനായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നുവെന്ന് അവരോടു പറയുക: ഞാന്‍ സത്യം ചെയ്തു പറയുന്നു: ശൂന്യമാക്കപ്പെട്ട സ്ഥലങ്ങളിലുള്ളവര്‍ നിശ്ചയമായും വാളിനിരയാകും. വെളിമ്പ്രദേശത്തുള്ളവരെ ഞാന്‍ വന്യമൃഗങ്ങള്‍ക്ക് ഇരയാക്കും; ശക്തിദുര്‍ഗങ്ങളിലും ഗുഹകളിലും വസിക്കുന്നവരെ മഹാമാരികൊണ്ടു സംഹരിക്കും. ഞാന്‍ ദേശത്തെ ശൂന്യവും പാഴുമാക്കിത്തീര്‍ക്കും. അങ്ങനെ സ്വന്തശക്തിയെക്കുറിച്ചുള്ള അവളുടെ അഹന്തയ്‍ക്ക് അറുതിവരും. ആരും സഞ്ചരിക്കാത്തവിധം ഇസ്രായേലിലെ പര്‍വതങ്ങള്‍ ശൂന്യമാകും. അവര്‍ ചെയ്ത എല്ലാ മ്ലേച്ഛതകളും നിമിത്തം ഞാന്‍ ദേശത്തെ പാഴും ശൂന്യവും ആക്കുമ്പോള്‍ ഞാന്‍ സര്‍വേശ്വരനാണെന്ന് അവര്‍ അറിയും.” മതിലിനരികിലും വീട്ടുവാതില്‌ക്കലും നിന്‍റെ ജനം നിന്നെക്കുറിച്ച് സംസാരിക്കുന്നു. സര്‍വേശ്വരന്‍റെ അരുളപ്പാട് എന്താണെന്നു പോയി കേള്‍ക്കാം എന്നവര്‍ പരസ്പരം പറയുന്നു. അവര്‍ കൂട്ടമായി നിന്‍റെ അടുക്കല്‍ വരും; എന്‍റെ ജനമെന്നപോലെ നിന്‍റെ അടുക്കല്‍ വന്നിരുന്നു നീ പറയുന്നത് അവര്‍ കേള്‍ക്കുമെങ്കിലും അതുപോലെ പ്രവര്‍ത്തിക്കുകയില്ല. തങ്ങളുടെ അധരങ്ങള്‍കൊണ്ട് അവര്‍ അതിയായ സ്നേഹം പ്രകടിപ്പിക്കുന്നു; എന്നാല്‍ അവരുടെ ഹൃദയം സ്വാര്‍ഥലാഭത്തിലൂന്നിയിരിക്കുന്നു. നോക്കൂ, നീ അവര്‍ക്ക് വീണമീട്ടി ഹൃദ്യമായ സ്വരത്തില്‍ പ്രേമഗാനം പാടുന്ന ഒരു ഗായകനായിരിക്കും. എന്തെന്നാല്‍ നീ പറയുന്നത് അവര്‍ കേള്‍ക്കും; പക്ഷേ അതുപോലെ അവര്‍ പ്രവര്‍ത്തിക്കുകയില്ല. നിന്‍റെ വാക്കുകള്‍ നിവൃത്തിയാകുമ്പോള്‍ നിശ്ചയമായും ഇതു നിവൃത്തിയാകും. തങ്ങളുടെ ഇടയില്‍ ഒരു പ്രവാചകന്‍ ഉണ്ടായിരുന്നു എന്ന് അവര്‍ അപ്പോള്‍ അറിയും. സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, ഇസ്രായേലിലെ ഇടയന്മാര്‍ക്ക് എതിരെ പ്രവചിക്കുക: സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആടുകളെ പോറ്റാതെ തങ്ങളെത്തന്നെ പോറ്റുന്ന ഇടയന്മാരേ, നിങ്ങള്‍ക്ക് ഹാ ദുരിതം! ഇടയന്മാര്‍ ആടുകളെയല്ലേ പോറ്റേണ്ടത്? നിങ്ങള്‍ അവയുടെ പാല്‍ കുടിക്കുന്നു; അവയുടെ രോമംകൊണ്ടുള്ള വസ്ത്രം ധരിക്കുന്നു; കൊഴുത്തു തടിച്ചവയെ കശാപ്പു ചെയ്യുകയും ചെയ്യുന്നു; എന്നാല്‍ ആടുകളെ നിങ്ങള്‍ പോറ്റുന്നില്ല. ബലഹീനമായവയെ നിങ്ങള്‍ സംരക്ഷിച്ചില്ല. രോഗം ബാധിച്ചവയെ ചികിത്സിച്ചില്ല. മുറിവേറ്റവയെ വച്ചു കെട്ടിയില്ല; വഴി തെറ്റിപ്പോയവയെ തിരിച്ചുകൊണ്ടുവന്നില്ല, കാണാതെപോയവയെ അന്വേഷിച്ചുമില്ല. മറിച്ചു നിങ്ങള്‍ ക്രൂരമായി അവയോടു പെരുമാറി. ഇടയനില്ലായ്കയാല്‍ അവ ചിതറിപ്പോയി; അങ്ങനെ വന്യമൃഗങ്ങള്‍ക്ക് അവ ഇരയായിത്തീര്‍ന്നു. എന്‍റെ ആടുകള്‍ പര്‍വതങ്ങളിലും ഉയര്‍ന്ന മലകളിലും അലഞ്ഞു നടന്നു. ഭൂമിയില്‍ എല്ലായിടത്തേക്കും ചിതറിപ്പോയ അവയെ തെരയാനോ കണ്ടെത്താനോ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇടയന്മാരേ, സര്‍വേശ്വരന്‍റെ വാക്കു ശ്രദ്ധിക്കുവിന്‍; സര്‍വേശ്വരനായ കര്‍ത്താവ് സത്യം ചെയ്തു പറയുന്നു. ഇടയനില്ലായ്കയാല്‍ എന്‍റെ ആടുകള്‍ വന്യമൃഗങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നു. ഇടയന്മാര്‍ എന്‍റെ ആടുകളെ അന്വേഷിക്കയോ, തീറ്റിപ്പോറ്റുകയോ ചെയ്യാതെ തങ്ങളെത്തന്നെ പോറ്റി. അതുകൊണ്ട് ഇടയന്മാരേ, സര്‍വേശ്വരന്‍റെ അരുളപ്പാടു കേള്‍ക്കുവിന്‍. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നോക്കൂ, ഞാന്‍ ഈ ഇടയന്മാര്‍ക്ക് എതിരാണ്. എന്‍റെ ആടുകളെ ഞാന്‍ അവരോട് ആവശ്യപ്പെടും. അവരുടെ ആടുമേയ്‍ക്കല്‍ ഞാന്‍ അവസാനിപ്പിക്കും. ഇനിമേല്‍ ഇടന്മാര്‍ തങ്ങളെത്തന്നെ പോഷിപ്പിക്കുകയില്ല. എന്‍റെ ആടുകള്‍ അവരുടെ ഭക്ഷണമാകാന്‍ ഇടയാകാത്തവിധം അവരുടെ വായില്‍നിന്നു ഞാന്‍ അവയെ രക്ഷിക്കും.” സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “ഇതാ, ഞാന്‍ തന്നെ എന്‍റെ ആടുകളെ തെരഞ്ഞു കണ്ടെത്തും. ചിതറിപ്പോയ ആടിനെ ഒരു ഇടയന്‍ എന്നതുപോലെ ഞാന്‍ എന്‍റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും. കാര്‍മേഘവും കൂരിരുട്ടും നിറഞ്ഞദിവസം ചിതറിപ്പോയ ഇടങ്ങളില്‍നിന്നെല്ലാം അവയെ ഞാന്‍ രക്ഷിക്കും. വിവിധദേശങ്ങളില്‍നിന്നു ഞാന്‍ അവയെ കൊണ്ടുവരും. ജനതകളുടെ ഇടയില്‍നിന്ന് അവയെ കൂട്ടിവരുത്തി അവയുടെ സ്വന്തം നാട്ടിലേക്കു തിരിച്ചുകൊണ്ടുവരും. ഇസ്രായേല്‍പര്‍വതങ്ങളിലെ നീരുറവുകള്‍ക്കരികിലും നാട്ടില്‍ കുടിപാര്‍പ്പുള്ള എല്ലാ പ്രദേശങ്ങളിലും ഞാന്‍ അവയെ മേയിക്കും. നല്ല മേച്ചില്‍പ്പുറങ്ങളില്‍ത്തന്നെ ഞാന്‍ അവയെ മേയിക്കും. ഇസ്രായേലിലെ ഉയര്‍ന്ന മലകളായിരിക്കും അവയുടെ മേച്ചില്‍ സ്ഥലങ്ങള്‍. അവിടെ അവ വിശ്രമിക്കും. ഇസ്രായേല്‍മലകളിലെ നല്ല പച്ചപ്പുല്‍പ്പുറങ്ങളില്‍ അവ മേയും. ഞാന്‍ തന്നെ എന്‍റെ ആടുകളെ മേയിക്കും. ഞാന്‍ അവയ്‍ക്കു വിശ്രമം നല്‌കും എന്ന് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. കാണാതെ പോയതിനെ ഞാന്‍ അന്വേഷിക്കും; കൂട്ടം വിട്ടുപോയതിനെ ഞാന്‍ തിരിച്ചുകൊണ്ടുവരും. ക്ഷതം ഏറ്റതിനെ ഞാന്‍ വച്ചുകെട്ടും. ബലഹീനമായവയെ ഞാന്‍ ബലപ്പെടുത്തും. കൊഴുത്തു തടിച്ചവയെ ഞാന്‍ കാത്തുസൂക്ഷിക്കും. നീതിപൂര്‍വം ഞാന്‍ അവയെ മേയിക്കും. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റെ ആട്ടിന്‍പറ്റമേ ഇതാ, ആടുകള്‍ക്കും ആടുകള്‍ക്കും ഇടയിലും ആട്ടുകൊറ്റന്മാര്‍ക്കും കോലാട്ടുകൊറ്റന്മാര്‍ക്കും ഇടയിലും ഞാന്‍ ന്യായം വിധിക്കും. നല്ല മേച്ചില്‍പ്പുറങ്ങളില്‍ മേഞ്ഞതുകൊണ്ടു തൃപ്തിപ്പെടരുതോ? ശേഷിക്കുന്ന മേച്ചില്‍പ്പുറം എന്തിനു ചവുട്ടിത്തേക്കുന്നു? അതുപോലെ തെളിനീരു വേണ്ടുവോളം കുടിച്ചാല്‍ പോരേ? ശേഷിച്ച വെള്ളം എന്തിനു ചവുട്ടിക്കലക്കുന്നു? എന്‍റെ ആടുകള്‍ നിങ്ങള്‍ ചവുട്ടിത്തേച്ചതു തിന്നുകയും നിങ്ങള്‍ ചവുട്ടിക്കലക്കിയതു കുടിക്കുകയും ചെയ്യണമോ? അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അവരോട് അരുളിച്ചെയ്യുന്നു: ഇതാ മേദസ്സുള്ള ആടുകള്‍ക്കും മെലിഞ്ഞ ആടുകള്‍ക്കും ഇടയില്‍ ഞാന്‍തന്നെ ന്യായംവിധിക്കും. വിദൂരതയിലേക്കു ചിതറിപ്പോകുന്നതുവരെ ക്ഷീണിച്ച ആടുകളെ നിങ്ങള്‍ പാര്‍ശ്വംകൊണ്ടും തോളുകൊണ്ടും തള്ളുകയും കൊമ്പുകൊണ്ടു കുത്തുകയും ചെയ്യുന്നു. ഞാന്‍ എന്‍റെ ആട്ടിന്‍പറ്റത്തെ മേലില്‍ അവര്‍ക്കാര്‍ക്കും ഇരയാകാതെ സംരക്ഷിക്കും. ഞാന്‍ ഓരോ ആടിനെയും ന്യായം വിധിക്കും. അവയെ മേയിക്കാന്‍ ഒരു ഇടയനെ ഞാന്‍ നിയോഗിക്കും. എന്‍റെ ദാസനായ ദാവീദിനെതന്നെ. ഞാന്‍ അവരെ മേയ്‍ക്കും. അവന്‍ അവരുടെ ഇടയനായിരിക്കും. സര്‍വേശ്വരനായ ഞാന്‍ അവരുടെ ദൈവം ആയിരിക്കും. എന്‍റെ ദാസനായ ദാവീദ് അവരുടെ രാജാവുമായിരിക്കും. സര്‍വേശ്വരനായ ഞാനാണ് ഇതു പറയുന്നത്. ഞാന്‍ അവരുമായി ഒരു സമാധാനഉടമ്പടി ഉണ്ടാക്കും. വന്യമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും. അങ്ങനെ അവ വിജനസ്ഥലത്തു സുരക്ഷിതമായി പാര്‍ക്കും; വനങ്ങളില്‍ കിടന്നുറങ്ങും. ഞാന്‍ അവരെയും എന്‍റെ മലകള്‍ക്കു ചുറ്റുമുള്ള പ്രദേശങ്ങളെയും അനുഗ്രഹിക്കും. ഞാന്‍ യഥാകാലം അവര്‍ക്കു മഴ നല്‌കും. അത് അനുഗ്രഹമാരി ആയിരിക്കും. വയലിലെ വൃക്ഷങ്ങള്‍ ഫലം നല്‌കും; ഭൂമി സമൃദ്ധമായ വിളവു നല്‌കും. സ്വന്തം ദേശത്ത് അവര്‍ സുരക്ഷിതരായിരിക്കും. ഞാന്‍ അവരുടെ നുകം ഒടിച്ചു തങ്ങളെ അടിമകളാക്കിയവരുടെ കൈയില്‍നിന്ന് അവരെ മോചിപ്പിക്കുമ്പോള്‍ ഞാനാണു സര്‍വേശ്വരന്‍ എന്ന് അവര്‍ അറിയും. ഇനിമേല്‍ ജനതകളുടെ ആക്രമണത്തിന് അവര്‍ ഇരയാവുകയില്ല; വന്യമൃഗങ്ങള്‍ അവരെ വിഴുങ്ങുകയും ഇല്ല. അവര്‍ സുരക്ഷിതരായി പാര്‍ക്കും; ആരും അവരെ ഭയപ്പെടുത്തുകയും ഇല്ല. ദേശത്തു പട്ടിണി ഉണ്ടാകാതിരിക്കാനും ജനതകളുടെ നിന്ദയ്‍ക്കു പാത്രമാകാതിരിക്കാനുമായി സമൃദ്ധമായ ഫലം നല്‌കുന്ന തോട്ടങ്ങള്‍ ഞാന്‍ അവര്‍ക്കു നല്‌കും. അങ്ങനെ അവരുടെ ദൈവമായ സര്‍വേശ്വരന്‍ അവരുടെ കൂടെ ഉണ്ടെന്നും ഇസ്രായേല്‍ജനം എന്‍റെ ജനം ആണെന്നും അവര്‍ ഗ്രഹിക്കുമെന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. നിങ്ങള്‍ എന്‍റെ ആടുകള്‍ ആകുന്നു; എന്‍റെ മേച്ചില്‍പ്പുറത്തെ ആടുകള്‍തന്നെ. ഞാന്‍ ആകുന്നു നിങ്ങളുടെ ദൈവം എന്നും സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, നീ സെയീര്‍ പര്‍വതത്തിനു നേരെ തിരിഞ്ഞ് അതിനെതിരെ പ്രവചിക്കുക. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്നു പറയുക. ഇതാ സെയീര്‍പര്‍വതമേ, ഞാന്‍ നിനക്കെതിരാണ്; ഞാന്‍ നിന്‍റെ നേരെ കൈ നീട്ടി, നിന്നെ ശൂന്യവും പാഴും ആക്കും. നിന്‍റെ നഗരങ്ങള്‍ ഞാന്‍ പാഴാക്കും; നീ ശൂന്യമായിത്തീരുകയും ചെയ്യും; അങ്ങനെ ഞാനാണ് സര്‍വേശ്വരനെന്ന് നീ അറിയും. നീ ഇസ്രായേലിനോട് നിത്യശത്രുത പുലര്‍ത്തുകയും അവരുടെ അന്ത്യശിക്ഷാ സമയത്ത്, അവരുടെ ആപല്‍സന്ധിയില്‍തന്നെ അവരെ വാളിനിരയാക്കുകയും ചെയ്തതുകൊണ്ട്, സര്‍വേശ്വരനായ കര്‍ത്താവ് സത്യം ചെയ്തു പറയുന്നു: നിന്‍റെ രക്തം ചൊരിയാന്‍ ഞാന്‍ ഇടവരുത്തും. രക്തച്ചൊരിച്ചില്‍ നിന്നെ പിന്തുടരുകയും ചെയ്യും. നീ കൊലപാതകത്തെ ഇഷ്ടപ്പെടുന്നതുകൊണ്ടു രക്തച്ചൊരിച്ചില്‍ നിന്നെ പിന്തുടരും. സെയീര്‍പര്‍വതത്തെ ഞാന്‍ ശൂന്യവും പാഴുമാക്കും. അവിടെ വരികയും പോകുകയും ചെയ്യുന്നവരെ ഞാന്‍ സംഹരിക്കും. കൊല്ലപ്പെട്ടവരെക്കൊണ്ടു നിന്‍റെ മലകള്‍ ഞാന്‍ നിറയ്‍ക്കും. നിന്‍റെ കുന്നുകളിലും താഴ്വരകളിലും മലയിടുക്കുകളിലും വാളിനിരയായവര്‍ നിപതിക്കും. ഞാന്‍ നിന്നെ എന്നേക്കും ശൂന്യമാക്കും. നിന്‍റെ നഗരങ്ങളില്‍ മനുഷ്യവാസം ഉണ്ടാവുകയില്ല. അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്നു നീ അറിയും. സര്‍വേശ്വരനായ ഞാന്‍ അവിടെ ഉണ്ടായിരുന്നിട്ടും യെഹൂദായും ഇസ്രായേലും അവിടത്തെ ജനങ്ങളും എന്‍റേതാകുന്നു; ഞങ്ങള്‍ അവയെ കൈവശപ്പെടുത്തും എന്നു നീ പറഞ്ഞതുകൊണ്ടു സര്‍വേശ്വരനായ കര്‍ത്താവ് സത്യം ചെയ്തു പറയുന്നു, അവരോടുള്ള വിദ്വേഷത്താല്‍ നീ അവരോടു കാട്ടിയ രോഷത്തിനും അസൂയയ്‍ക്കും തക്കവിധം ഞാന്‍ നിന്നോടു പെരുമാറും. നിന്നെ ഞാന്‍ വിധിക്കുമ്പോള്‍ ഞാന്‍ എന്നെത്തന്നെ അവര്‍ക്കു വെളിപ്പെടുത്തും. ഇസ്രായേല്‍പര്‍വതങ്ങള്‍ക്കെതിരെ അവ ശൂന്യമാക്കപ്പെട്ടിരിക്കുന്നു; അവയെ ഞങ്ങള്‍ക്ക് ഇരയായി നല്‌കപ്പെട്ടിരിക്കുന്നു എന്നിങ്ങനെ നീ പറഞ്ഞ ദൂഷണങ്ങള്‍ സര്‍വേശ്വരനായ ഞാന്‍ കേട്ടിരിക്കുന്നു എന്നു നീ അറിയും. എനിക്കെതിരെയുള്ള നിങ്ങളുടെ വമ്പുപറച്ചിലും വാതോരാതെയുള്ള സംസാരവും ഞാന്‍ കേട്ടിരിക്കുന്നു. ഭൂമി മുഴുവന്‍ നിന്‍റെ പതനത്തില്‍ ആഹ്ലാദിക്കാന്‍വേണ്ടി ഞാന്‍ നിന്നെ ശൂന്യമാക്കുമെന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഇസ്രായേല്‍ജനത്തിന്‍റെ അവകാശം ശൂന്യമാക്കപ്പെട്ടപ്പോള്‍ നീ ആഹ്ലാദിച്ചു. അതുപോലെ ഞാന്‍ നിന്നോടു ചെയ്യും. സെയീര്‍ പര്‍വതമേ, നിന്നെയും സമസ്ത എദോമിനെയും ഞാന്‍ ശൂന്യമാക്കും. അപ്പോള്‍ ഞാനാണ് സര്‍വേശ്വരനെന്നു നീ അറിയും.” മനുഷ്യപുത്രാ, ഇസ്രായേലിലെ പര്‍വതങ്ങളോടു പ്രവചിക്കുക; ഹേ, പര്‍വതങ്ങളേ, സര്‍വേശ്വരന്‍റെ അരുളപ്പാടു ശ്രദ്ധിക്കുവിന്‍. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “പുരാതന ഗിരികള്‍ ഞങ്ങളുടെ കൈവശമായിത്തീര്‍ന്നിരിക്കുന്നു എന്നു ശത്രുക്കള്‍ നിങ്ങളെക്കുറിച്ചും പറഞ്ഞു. ‘അതുകൊണ്ട് നീ പ്രവചിക്കുക’ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. അതേ, അവര്‍ നിങ്ങളെ ശൂന്യമാക്കി എല്ലാവശങ്ങളില്‍നിന്നും ആക്രമിച്ചു നിങ്ങളെ തകര്‍ത്തുകളഞ്ഞു. അങ്ങനെ നിങ്ങള്‍ മറ്റു ജനതകളുടെ അധീനതയിലമര്‍ന്നു. നിങ്ങള്‍ അവരുടെ സംഭാഷണത്തിനും പരിഹാസത്തിനും പാത്രമായി. അതുകൊണ്ട് ഇസ്രായേലിലെ പര്‍വതങ്ങളേ, സര്‍വേശ്വരനായ കര്‍ത്താവിന്‍റെ അരുളപ്പാടു ശ്രദ്ധിക്കുവിന്‍; കുന്നുകളോടും മലകളോടും മലയിടുക്കുകളോടും താഴ്വരകളോടും ശൂന്യമാക്കപ്പെട്ട ദേശങ്ങളോടും ചുറ്റുമുള്ള ജനതകള്‍ക്കു കവര്‍ച്ചയും പരിഹാസവിഷയവും ആയിരിക്കുന്ന നിര്‍ജനമായ നഗരങ്ങളോടും സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. എന്‍റെ ദേശത്തെ ആക്രമിച്ചു കൊള്ള ചെയ്യേണ്ടതിനു അവജ്ഞയോടും പൂര്‍ണസന്തോഷത്തോടും കൂടെ എന്‍റെ ദേശം കൈവശമാക്കിയ എദോമിനു ചുറ്റുമുള്ള ജനതകള്‍ക്കുമെതിരെ ജ്വലിക്കുന്ന അസഹിഷ്ണുതയോടെ ഞാന്‍ പറയുന്നു. ഇസ്രായേല്‍ദേശത്തെക്കുറിച്ചു പ്രവചിക്കുക. മലകളോടും കുന്നുകളോടും മലയിടുക്കുകളോടും താഴ്വരകളോടും പറയുക. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ചുറ്റുമുള്ള ജനതകളുടെ നിന്ദയ്‍ക്കു നിങ്ങള്‍ പാത്രമായിത്തീര്‍ന്നതുകൊണ്ട് ഇതാ തീവ്രമായ അസഹിഷ്ണുതയോടെ സര്‍വേശ്വരനായ ഞാന്‍ ശപഥം ചെയ്തു പറയുന്നു: നിങ്ങള്‍ക്കു ചുറ്റുമുള്ള ജനതകള്‍ അധിക്ഷേപപാത്രങ്ങളാകും. എന്നാല്‍ ഇസ്രായേല്‍പര്‍വതങ്ങളേ, എന്‍റെ ജനത്തിന്‍റെ പ്രത്യാഗമനം ആസന്നമായിരിക്കയാല്‍ അവര്‍ക്കുവേണ്ടി നിങ്ങളും മരച്ചില്ലകള്‍ തളിര്‍പ്പിച്ചു ഫലം പുറപ്പെടുവിക്കുവിന്‍. ഇതാ, ഞാന്‍ നിങ്ങള്‍ക്ക് അനുകൂലമാണ്. ഞാന്‍ നിങ്ങളിലേക്കു തിരിയും. നിങ്ങളില്‍ ഉഴവും വിതയും ഉണ്ടാകും. നിങ്ങളുടെ ജനത്തെ, ഇസ്രായേലിനെ മുഴുവനെ തന്നെയും ഞാന്‍ വര്‍ധിപ്പിക്കും. നഗരത്തില്‍ ജനവാസം ഉണ്ടാകും. ശൂന്യമാക്കപ്പെട്ട സ്ഥലങ്ങള്‍ പുനഃസ്ഥാപിക്കപ്പെടും. മനുഷ്യരെയും മൃഗങ്ങളെയും ഞാന്‍ വര്‍ധിപ്പിക്കും. അവര്‍ സന്താനസമൃദ്ധിയുള്ളവരായി തീരും. മുന്‍കാലത്തെന്നപോലെ നിങ്ങള്‍ ജനനിബിഡമായി തീരും. ഞാന്‍ നിങ്ങള്‍ക്കു പണ്ടത്തെക്കാള്‍ കൂടുതല്‍ നന്മ ചെയ്യും. അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്നു നിങ്ങള്‍ അറിയും. എന്‍റെ ജനമായ ഇസ്രായേലിനെ ഞാന്‍ നിങ്ങളില്‍ പുനരധിവസിപ്പിക്കും. അവര്‍ നിന്നെ കൈവശമാക്കും. നീ അവരുടെ അവകാശമായിരിക്കും. ഇനിമേല്‍ നീ അവരെ സന്താനദുഃഖത്തിലാഴ്ത്തുകയില്ല. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ മനുഷ്യരെ വിഴുങ്ങുന്നു; നിന്‍റെ ജനത്തെ സന്താന ദുഃഖത്തിലാഴ്ത്തുകയും ചെയ്യുന്നു എന്ന് ആളുകള്‍ പറയുന്നതുകൊണ്ട് ഇനിമേല്‍ നീ അങ്ങനെ ചെയ്യുകയില്ല എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ നിന്നെ വിജാതീയരുടെ നിന്ദയ്‍ക്കു പാത്രമാക്കുകയില്ല, ജനതകളുടെ പരിഹാസം നീ പേറുകയോ നിന്‍റെ ജനത്തിന് ഇടര്‍ച്ച വരുത്തുകയോ ചെയ്യുകയില്ല. സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, ഇസ്രായേല്‍ജനം സ്വന്തം ദേശത്തു പാര്‍ത്തിരുന്നപ്പോള്‍ തങ്ങളുടെ ജീവിതരീതികൊണ്ടും പ്രവൃത്തികള്‍കൊണ്ടും അതിനെ മലിനമാക്കി. എന്‍റെ മുമ്പില്‍ അവരുടെ പെരുമാറ്റം സ്‍ത്രീകളുടെ ആര്‍ത്തവംപോലെ മലിനമായിരുന്നു. ദേശത്ത് അവര്‍ രക്തം ചൊരിയുകയും വിഗ്രഹാരാധനകൊണ്ട് അതിനെ മലിനമാക്കുകയും ചെയ്തതിനാല്‍ ഞാന്‍ എന്‍റെ ഉഗ്രകോപം അവരുടെമേല്‍ ചൊരിഞ്ഞു. ഞാന്‍ അവരെ ജനതകളുടെ ഇടയില്‍ ചിതറിച്ചു. അവര്‍ രാജ്യാന്തരങ്ങളില്‍ ചിന്നിച്ചിതറിപ്പോയി. അവരുടെ പെരുമാറ്റങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും തക്കവിധം ഞാന്‍ അവരെ വിധിച്ചു. അവര്‍ ചെന്നിടത്തെല്ലാം ജനതകള്‍ അവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: അവര്‍ സര്‍വേശ്വരന്‍റെ ജനമാണ്; എന്നിട്ടും അവിടുന്ന് അവര്‍ക്കു നല്‌കിയ ദേശം അവര്‍ക്കു വിട്ടുപോകേണ്ടിവന്നു. അങ്ങനെ അവര്‍ എന്‍റെ വിശുദ്ധനാമം അശുദ്ധമാക്കി. അവര്‍ പോയ ജനതകളുടെ ഇടയിലെല്ലാം അശുദ്ധമാക്കിയ എന്‍റെ വിശുദ്ധനാമത്തെക്കുറിച്ചു ഞാന്‍ അസ്വസ്ഥനായി. അതുകൊണ്ട് ഇസ്രായേല്‍ജനത്തോടു പറയുക: സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ജനമേ, നിങ്ങള്‍ നിമിത്തമല്ല നിങ്ങള്‍ ചെന്ന ജനതകളുടെ ഇടയില്‍ നിങ്ങള്‍ മലിനമാക്കിയ എന്‍റെ വിശുദ്ധനാമത്തെ പ്രതി അത്രേ ഞാന്‍ ഇതു ചെയ്യുന്നത്. വിജാതീയരുടെ ഇടയില്‍ നിങ്ങള്‍ അശുദ്ധമാക്കിയ എന്‍റെ ശ്രേഷ്ഠനാമത്തിന്‍റെ വിശുദ്ധി ഞാന്‍ തെളിയിക്കും. അവരുടെ കണ്‍മുമ്പില്‍ ഞാന്‍ എന്‍റെ നാമത്തിന്‍റെ വിശുദ്ധി നിങ്ങളിലൂടെ തെളിയിക്കുമ്പോള്‍ ഞാനാകുന്നു സര്‍വേശ്വരനെന്ന് അവര്‍ അറിയും. ജനതകളുടെ ഇടയില്‍നിന്നു ഞാന്‍ നിങ്ങളെ കൊണ്ടുവരും. രാജ്യാന്തരങ്ങളില്‍നിന്നു നിങ്ങളെ കൂട്ടിവരുത്തി സ്വന്തം ദേശത്തു എത്തിക്കും. ഞാന്‍ ശുദ്ധജലം തളിച്ചു നിങ്ങളുടെ സകല മലിനതകളില്‍നിന്നും നിങ്ങളുടെ സകല വിഗ്രഹങ്ങളില്‍നിന്നും നിങ്ങളെ ശുദ്ധീകരിക്കും. പുതിയ ഹൃദയവും പുതിയ ആത്മാവും ഞാന്‍ നിങ്ങള്‍ക്കു നല്‌കും. കല്ലുപോലെ കാഠിന്യമുള്ള നിങ്ങളുടെ ഹൃദയം മാറ്റി മാംസളമായ ഹൃദയം ഞാന്‍ നിങ്ങള്‍ക്കു നല്‌കും. എന്‍റെ ആത്മാവിനെ നിങ്ങളുടെ ഉള്ളില്‍ പകരും. നിങ്ങള്‍ എന്‍റെ ചട്ടങ്ങള്‍ അനുസരിച്ചു നടക്കാനും എന്‍റെ കല്പനകള്‍ പാലിക്കാനും ഞാന്‍ ഇടയാക്കും. നിങ്ങളുടെ പിതാക്കന്മാര്‍ക്കു ഞാന്‍ കൊടുത്ത ദേശത്ത് നിങ്ങള്‍ നിവസിക്കും. നിങ്ങള്‍ എന്‍റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവും ആയിരിക്കും. നിങ്ങളുടെ എല്ലാ മലിനതകളില്‍നിന്നും ഞാന്‍ നിങ്ങളെ മോചിപ്പിക്കും. എന്‍റെ കല്പനപ്രകാരം ധാന്യങ്ങള്‍ സമൃദ്ധമായ വിളവു നല്‌കും. ഞാന്‍ നിങ്ങള്‍ക്കു ക്ഷാമം വരുത്തുകയില്ല. ഇനിമേല്‍ ജനതകളുടെ മധ്യത്തില്‍ നിങ്ങള്‍ക്കു ക്ഷാമംമൂലം അപകീര്‍ത്തി ഉണ്ടാകാതിരിക്കാന്‍ വൃക്ഷങ്ങളില്‍ ഫലവും നിലത്തില്‍ വിളവും ഞാന്‍ സമൃദ്ധമാക്കും. അപ്പോള്‍ നിങ്ങളുടെ ദുര്‍മാര്‍ഗങ്ങളും ദുഷ്പ്രവൃത്തികളും നിങ്ങള്‍ ഓര്‍ക്കും. നിങ്ങള്‍ ചെയ്ത അകൃത്യങ്ങളും മ്ലേച്ഛജീവിതവും നിമിത്തം നിങ്ങള്‍ക്കു നിങ്ങളോടുതന്നെ വെറുപ്പു തോന്നും. ഇതു നിങ്ങളെ പ്രതിയല്ല ഞാന്‍ ചെയ്യുന്നതെന്ന് അറിഞ്ഞുകൊള്ളുക എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഇസ്രായേല്‍ജനമേ, നിങ്ങളുടെ പ്രവൃത്തികളെക്കുറിച്ചു ലജ്ജിച്ചു തല താഴ്ത്തുവിന്‍. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ എല്ലാ അകൃത്യങ്ങളില്‍ നിന്നും നിങ്ങളെ ശുദ്ധീകരിക്കുന്ന നാളില്‍ നിങ്ങളുടെ പട്ടണങ്ങളില്‍ ജനം വസിക്കാനും ശൂന്യമാക്കപ്പെട്ട സ്ഥലങ്ങള്‍ പുനഃസ്ഥാപിക്കപ്പെടാനും ഞാന്‍ ഇടയാക്കും. വഴിപോക്കര്‍ ശൂന്യമായി കണ്ട സ്ഥലങ്ങള്‍ കൃഷിഭൂമികളായി മാറും. ശൂന്യമായി കിടന്നിരുന്ന ഈ ദേശം ഏദന്‍തോട്ടംപോലെയും, നശിപ്പിക്കപ്പെട്ട് ശൂന്യവും പാഴും ആയിക്കിടന്ന നഗരങ്ങള്‍ സുരക്ഷിതവും ജനവാസമുള്ളതും ആയിത്തീര്‍ന്നിരിക്കുന്നു എന്നു വഴിപോക്കര്‍ പറയും. നശിപ്പിക്കപ്പെട്ടു ദേശത്തെ പുനഃസ്ഥാപിച്ചതും പാഴ്നിലങ്ങളില്‍ വീണ്ടും കൃഷിയിറക്കിയതും സര്‍വേശ്വരനായ ഞാനാണെന്നു ചുറ്റും ശേഷിച്ചിരിക്കുന്ന ജനതകള്‍ അന്ന് അറിയും. ഇതു സര്‍വേശ്വരനായ ഞാനാണ് അരുളിച്ചെയ്യുന്നത്. ഞാന്‍ അതു നിറവേറും. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഒരു ആട്ടിന്‍പറ്റത്തെപ്പോലെ തങ്ങളുടെ ജനത്തെ വര്‍ധിപ്പിക്കണമെന്ന ഇസ്രായേല്‍ജനത്തിന്‍റെ അപേക്ഷ ഞാന്‍ കേട്ട് അങ്ങനെ പ്രവര്‍ത്തിക്കും. പെരുന്നാളുകളില്‍ യെരൂശലേമിലുള്ള ആട്ടിന്‍പറ്റംപോലെ, യാഗത്തിനുള്ള ആട്ടിന്‍കൂട്ടം പോലെതന്നെ ശൂന്യനഗരങ്ങള്‍ മനുഷ്യരാകുന്ന അജഗണത്തെക്കൊണ്ടു നിറയും. അപ്പോള്‍ ഞാനാകുന്നു സര്‍വേശ്വരനെന്ന് അവര്‍ അറിയും.” സര്‍വേശ്വരന്‍റെ ശക്തി എന്‍റെമേല്‍ വന്നു; അവിടുന്നു തന്‍റെ ആത്മാവിനാല്‍ എന്നെ അസ്ഥികള്‍ നിറഞ്ഞ ഒരു താഴ്വരയിലേക്കു നയിച്ചു. അവിടുന്ന് അവയ്‍ക്കിടയിലൂടെ എന്നെ നടത്തി. ആ അസ്ഥികള്‍ ഉണങ്ങി വരണ്ടുമിരുന്നു. അവ വളരെയേറെ ഉണ്ടായിരുന്നു. അവിടുന്ന് ചോദിച്ചു: “മനുഷ്യപുത്രാ, ഈ അസ്ഥികള്‍ക്കു ജീവിക്കാനാവുമോ?” ഞാന്‍ പറഞ്ഞു: “സര്‍വേശ്വരനായ കര്‍ത്താവേ, അവിടുന്നു അറിയുന്നുവല്ലോ” എന്നു ഞാന്‍ മറുപടി പറഞ്ഞു. അവിടുന്ന് വീണ്ടും എന്നോട് അരുളിച്ചെയ്തു: “ഈ അസ്ഥികളോടു പ്രവചിക്കുക; ഉണങ്ങിയ അസ്ഥികളേ, സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നതു കേള്‍ക്കുവിന്‍. ഈ അസ്ഥികളോടു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഇതാ നിങ്ങളുടെ ഉള്ളില്‍ ഞാന്‍ പ്രാണനെ നിവേശിപ്പിക്കും; നിങ്ങള്‍ ജീവിക്കും. ഞാന്‍ നിങ്ങളുടെമേല്‍ ഞരമ്പുകളും മാംസവും വച്ചു പിടിപ്പിച്ചു ചര്‍മംകൊണ്ടു പൊതിയും. നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കും; നിങ്ങള്‍ ജീവന്‍ പ്രാപിക്കും, അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്നു നിങ്ങള്‍ അറിയും.” എന്നോടു കല്പിച്ചതുപോലെ ഞാന്‍ പ്രവചിച്ചു. ഞാന്‍ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ശബ്ദം ഉണ്ടായി. ഒരു കിരുകിര ശബ്ദം; വേര്‍പെട്ടുപോയ അസ്ഥികള്‍ കൂടിച്ചേര്‍ന്നു. ഞാന്‍ നോക്കിക്കൊണ്ടിരിക്കെ ആ അസ്ഥികളില്‍ ഞരമ്പും മാംസവും വന്നു. ചര്‍മം അതിനെ പൊതിഞ്ഞു. എന്നാല്‍ അവയില്‍ പ്രാണന്‍ ഇല്ലായിരുന്നു. അപ്പോള്‍ അവിടുന്ന് എന്നോടു കല്പിച്ചു: ‘മനുഷ്യപുത്രാ ജീവശ്വാസത്തോടു പ്രവചിക്കുക. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ജീവശ്വാസമേ, നീ നാലുദിക്കുകളില്‍നിന്നും വന്ന് ഈ നിഹതന്മാരുടെമേല്‍ ഊതുക; അവര്‍ ജീവന്‍ പ്രാപിക്കട്ടെ’ അവിടുന്ന് എന്നോടു കല്പിച്ചതുപോലെ ഞാന്‍ പ്രവചിച്ചപ്പോള്‍ ജീവശ്വാസം അവരില്‍ പ്രവേശിച്ചു. അവര്‍ ജീവന്‍ പ്രാപിച്ച് ഒരു മഹാസൈന്യമായി അണിനിരന്നു നിന്നു. പിന്നീട് അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഈ അസ്ഥികള്‍ ഇസ്രായേല്‍ജനം മുഴുവനുമാണ്. ഇതാ, അവര്‍ പറയുന്നു: ഞങ്ങളുടെ അസ്ഥികള്‍ ഉണങ്ങിപ്പോയിരിക്കുന്നു. ഞങ്ങളുടെ പ്രത്യാശ നശിച്ചു, ഞങ്ങളെ ഉന്മൂലനം ചെയ്തിരിക്കുന്നു. അതുകൊണ്ട് നീ പ്രവചിക്കുക; സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റെ ജനമേ, ഞാന്‍ കല്ലറകള്‍ തുറന്ന് ഇന്നുതന്നെ നിങ്ങളെ എഴുന്നേല്പിച്ച് ഇസ്രായേല്‍ദേശത്തേക്കു കൊണ്ടുപോകും. കല്ലറകള്‍ തുറന്ന് ഞാന്‍ നിങ്ങളെ എഴുന്നേല്പിക്കുമ്പോള്‍, എന്‍റെ ജനമേ, ഞാനാണു സര്‍വേശ്വരനെന്നു നിങ്ങള്‍ അറിയും. ഞാന്‍ എന്‍റെ ആത്മാവിനെ നിങ്ങളില്‍ പ്രവേശിപ്പിക്കും; നിങ്ങള്‍ ജീവിക്കും. നിങ്ങളുടെ സ്വന്തം ദേശത്ത് ഞാന്‍ നിങ്ങളെ നിവസിപ്പിക്കും. സര്‍വേശ്വരനായ ഞാനാണ് ഇതു പറഞ്ഞതെന്നും ഞാന്‍ ഇതു നിവര്‍ത്തിച്ചിരിക്കുന്നു എന്നും അപ്പോള്‍ നിങ്ങള്‍ അറിയും. ഇത് സര്‍വേശ്വരന്‍റെ വചനം.” സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, നീ ഒരു വടി എടുത്ത് അതിന്മേല്‍ യെഹൂദായ്‍ക്കും അവനോടു ബന്ധപ്പെട്ട ഇസ്രായേല്‍ജനത്തിനും എന്ന് എഴുതുക. പിന്നീടു വേറൊരു വടി എടുത്ത് അതിന്മേല്‍ എഫ്രയീമിന്‍റെ വടിയായ യോസേഫിനും അവനോടു ബന്ധപ്പെട്ട മുഴുവന്‍ ഇസ്രായേല്‍ജനത്തിനും എന്നും എഴുതുക. ഒരു വടിയായി തീരത്തക്കവിധം നിന്‍റെ കൈയില്‍ അവ ചേര്‍ത്തു പിടിക്കണം. ഇതുകൊണ്ട് അങ്ങ് ഉദ്ദേശിക്കുന്നത് എന്താണെന്നു ഞങ്ങള്‍ക്ക് പറഞ്ഞുതന്നാലും എന്ന് ജനം അപ്പോള്‍ പറയും. അവരോട് പറയുക: സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എഫ്രയീമിന്‍റെ കൈയിലിരിക്കുന്ന യോസേഫിന്‍റെ വടിയും അവനോടു ബന്ധപ്പെട്ട ഇസ്രായേല്‍ഗോത്രവും ഇതാ യെഹൂദായുടെ വടിയോടു ഞാന്‍ ചേര്‍ക്കും. അങ്ങനെ അവ എന്‍റെ കൈയില്‍ ഒന്നായിത്തീരും. നീ എഴുതിയ വടികള്‍ അവര്‍ കാണ്‍കെ പിടിച്ചുകൊണ്ടു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്ന് അവരോടു പറയുക. ഇസ്രായേല്‍ജനം ചിതറിച്ചെന്നെത്തിയ എല്ലാ ദിക്കുകളിലുമുള്ള ജനതകളുടെ ഇടയില്‍നിന്ന് ഞാന്‍ അവരെ ഒരുമിച്ചുകൂട്ടി സ്വന്തം ദേശത്ത് എത്തിക്കും. ഞാന്‍ അവരെ ആ ദേശത്ത് ഇസ്രായേല്‍പര്‍വതമുകളില്‍ ഒരു ജനതയാക്കിത്തീര്‍ക്കുകയും ഒരു രാജാവ് അവരെ ഭരിക്കുകയും ചെയ്യും. അവര്‍ ഇനി ഒരിക്കലും രണ്ടു ജനതകളായിരിക്കുകയില്ല. രണ്ടു രാജ്യങ്ങളായി ഭിന്നിച്ചു നില്‌ക്കുകയുമില്ല. ഇനിമേല്‍ വിഗ്രഹങ്ങള്‍കൊണ്ടോ മ്ലേച്ഛവസ്തുക്കള്‍കൊണ്ടോ അതിക്രമങ്ങള്‍കൊണ്ടോ അവര്‍ തങ്ങളെത്തന്നെ മലിനപ്പെടുത്തുകയില്ല. അവര്‍ പാപം ചെയ്ത എല്ലാ ഭവനങ്ങളില്‍നിന്നും ഞാന്‍ അവരെ രക്ഷിച്ചു ശുദ്ധീകരിക്കും. അവര്‍ എന്‍റെ ജനവും ഞാന്‍ അവരുടെ ദൈവവും ആയിരിക്കും. എന്‍റെ ദാസനായ ദാവീദ് അവരുടെ രാജാവായിരിക്കും. അവര്‍ക്ക് ഒരിടയന്‍ മാത്രമേ ഉണ്ടായിരിക്കൂ. അവര്‍ എന്‍റെ അനുശാസനങ്ങള്‍ അനുസരിക്കും. എന്‍റെ ചട്ടങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കുകയും ചെയ്യും. എന്‍റെ ദാസനായ യാക്കോബിനു ഞാന്‍ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാര്‍ പാര്‍ത്തിരുന്നതുമായ ദേശത്ത് അവര്‍ പാര്‍ക്കും. അവരുടെ സന്താനപരമ്പരകള്‍ എന്നേക്കും അവിടെ വസിക്കും. എന്‍റെ ദാസനായ ദാവീദ് അവര്‍ക്കെന്നും രാജാവായിരിക്കും. ഞാന്‍ അവരുമായി ശാശ്വതമായ ഒരു സമാധാനഉടമ്പടി ഉണ്ടാക്കും. ഞാന്‍ അവരെ വര്‍ധിപ്പിക്കും. അവരുടെ ഇടയില്‍ എന്‍റെ വിശുദ്ധമന്ദിരം എന്നേക്കും സ്ഥാപിക്കും. എന്‍റെ വാസസ്ഥലം അവരുടെ ഇടയില്‍ ആയിരിക്കും. ഞാന്‍ അവരുടെ ദൈവവും അവര്‍ എന്‍റെ ജനവും ആയിരിക്കും. എന്‍റെ വിശുദ്ധസ്ഥലം എന്നേക്കും അവരുടെ ഇടയില്‍ ആയിരിക്കുമ്പോള്‍ ഞാനാണ് ഇസ്രായേലിനെ വിശുദ്ധീകരിക്കുന്ന സര്‍വേശ്വരനെന്നു ജനതകള്‍ അറിയും. സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, മേശക്കിന്‍റെയും തൂബലിന്‍റെയും മുഖ്യപ്രഭുവായ മാഗോഗിലെ ഗോഗിനുനേരേ തിരിഞ്ഞു അയാള്‍ക്കെതിരെ പ്രവചിക്കുക. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: മേശക്കിന്‍റെയും തൂബലിന്‍റെയും മുഖ്യപ്രഭുവായ ഗോഗേ, ഞാന്‍ നിനക്ക് എതിരാണ്. ഞാന്‍ നിന്നെ പിറകോട്ടു തിരിച്ചു നിറുത്തി നിന്‍റെ താടിയെല്ലിനു കൊളുത്തിടും. നിന്നെയും നിന്‍റെ സര്‍വസൈന്യത്തെയും പടക്കുതിരകള്‍, സായുധരായ കുതിരപ്പടയാളികള്‍, പരിചയും കവചവും വാളും ഏന്തിയ വലിയ സൈന്യവ്യൂഹം എന്നിവയോടൊത്തു പുറത്തുകൊണ്ടുവരും. അവരോടൊപ്പം പരിചയും പടത്തൊപ്പിയും ധരിച്ച പേര്‍ഷ്യക്കാരും എത്യോപ്യരും ലിബിയാക്കാരും ഉണ്ടായിരിക്കും. കൂടാതെ ഗോമറിനെയും അതിന്‍റെ സര്‍വസൈന്യത്തെയും അങ്ങ് വടക്കേ അറ്റത്തുള്ള ബെത്-തോഗര്‍മയെയും അവരുടെ സകല സൈന്യങ്ങളെയും പുറത്തുകൊണ്ടുവരും. അനേകം ജനതകള്‍ നിന്‍റെ കൂടെ ഉണ്ടായിരിക്കും. നീയും നിന്‍റെ ചുറ്റും ചേര്‍ന്നിരിക്കുന്ന സര്‍വജനസമൂഹവും ജാഗരൂകരായിരിക്കണം. എന്‍റെ ആജ്ഞ അനുസരിക്കാന്‍ ഒരുങ്ങിയിരിക്കുക. ഏറെനാള്‍ കഴിഞ്ഞ് ഞാന്‍ നിന്നെ വിളിക്കും. യുദ്ധവിമുക്തമായതും അനേക ജനതകളില്‍നിന്നും കൂട്ടിച്ചേര്‍ക്കപ്പെട്ടതുമായ അസംഖ്യം ജനങ്ങള്‍ നിവസിക്കുന്ന ദേശത്തേക്ക്, ദീര്‍ഘകാലം ശൂന്യമായി കിടന്നിരുന്ന ഇസ്രായേല്‍പര്‍വത പ്രദേശത്തേക്കുതന്നെ നീ ഒടുവില്‍ മുന്നേറും. വിവിധ ജനതകളുടെ മധ്യത്തില്‍നിന്നും ഒരുമിച്ചുചേര്‍ക്കപ്പെട്ട ഇസ്രായേല്‍ജനമാണ് ഇന്ന് അവിടെ നിര്‍ഭയം നിവസിക്കുന്നത്. നീ ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കും. നീയും നിന്‍റെ സൈന്യവും നിന്നോടുകൂടെയുള്ള ബഹുജനങ്ങളും ഒരു കാര്‍മേഘംപോലെ ആ ദേശത്തെ മൂടും. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “അന്നു നിന്‍റെ മനസ്സില്‍ പല ചിന്തകള്‍ ഉയരും. ഒരു ദുഷ്ടമായ പരിപാടി നീ ആവിഷ്കരിക്കും. [11,12] നീ ചിന്തിക്കും: മതിലുകള്‍ ഇല്ലാത്ത ഗ്രാമങ്ങളോടുകൂടിയ ദേശത്തേക്കു ഞാന്‍ ചെല്ലും. മതിലുകളും വാതിലുകളും സാക്ഷകളും ഇല്ലാതെതന്നെ നിര്‍ഭയം നിവസിക്കുന്ന പ്രശാന്തമായ ജനത്തെ ഞാന്‍ ആക്രമിക്കും. ഒരിക്കല്‍ ശൂന്യമായി കിടന്നിരുന്നതും ഇപ്പോള്‍ ജനവാസം ഉള്ളതുമായ ദേശത്തെ കൊള്ളയടിക്കാനും ജനതകളുടെ ഇടയില്‍നിന്നു കൂട്ടിക്കൊണ്ടുവരപ്പെട്ടവരും കന്നു കാലികളെയും വസ്തുവകകളെയും സമ്പാദിച്ചു ഭൂമിയുടെ മധ്യസ്ഥാനത്തു നിവസിക്കുന്നവരുമായ ജനത്തെ കവര്‍ച്ചചെയ്യാനും തന്നെ.” *** പൊന്നും വെള്ളിയും വസ്തുവകകളും കവര്‍ച്ചചെയ്യാനും കന്നുകാലികളെ അപഹരിക്കാനും അങ്ങനെ ആ കൊള്ളമുതല്‍ പിടിച്ചെടുക്കാനുമാണോ നീ നിന്‍റെ സൈന്യത്തെ കൊണ്ടുവന്നത് എന്ന് ശേബയിലെയും ദെദാനിലെയും ജനങ്ങളും തര്‍ശ്ശീശിലെ വ്യാപാരികളും യുവയോദ്ധാക്കളും ചോദിക്കും. അതുകൊണ്ടു മനുഷ്യപുത്രാ, ഗോഗിനോടു പ്രവചിക്കുക: സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്ന് എന്‍റെ ജനമായ ഇസ്രായേല്‍ സുരക്ഷിതരായി വസിക്കുമ്പോള്‍, അങ്ങ് വടക്കേ അറ്റത്തുനിന്ന് നീയും നിന്നോടൊത്തുള്ള ജനതകളും അശ്വാരൂഢരായി കരുത്തുറ്റ മഹാസൈന്യമായി വരും. ദേശത്തെ മൂടുന്ന മേഘംപോലെ നീ എന്‍റെ ജനമായ ഇസ്രായേലിനെതിരെ വരും. ജനതകള്‍ എന്നെ അറിയാന്‍ വേണ്ടിയാണു വരുംകാലത്ത് എന്‍റെ ദേശത്തിനെതിരെ നിന്നെ ഞാന്‍ കൊണ്ടുവരുന്നത്. അല്ലയോ ഗോഗേ, എന്‍റെ വിശുദ്ധി അവരുടെ കണ്‍മുമ്പില്‍ നിന്നിലൂടെ ഞാന്‍ വെളിപ്പെടുത്തും. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്നെക്കുറിച്ചല്ലേ പണ്ട് എന്‍റെ ദാസരായ ഇസ്രായേലിലെ പ്രവാചകരിലൂടെ പ്രസ്താവിച്ചത്? നിന്നെ അവര്‍ക്കെതിരെ ഞാന്‍ കൊണ്ടുവരുമെന്ന് അവര്‍ സംവത്സരങ്ങളായി പ്രവചിച്ചു പോന്നിരുന്നു. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ജനത്തിനെതിരെ ഗോഗ് വരുന്ന ദിവസം എന്‍റെ ക്രോധം കത്തി ജ്വലിക്കും. അസഹിഷ്ണുതയോടും കത്തിക്കാളുന്ന എന്‍റെ കോപത്തോടുംകൂടി ഞാന്‍ പ്രഖ്യാപിക്കുന്നു, അന്ന് ഇസ്രായേല്‍ദേശത്ത് ഒരു ഭൂകമ്പം ഉണ്ടാകും. അന്ന് സമുദ്രത്തിലെ മത്സ്യവും ആകാശത്തിലെ പക്ഷികളും കാട്ടിലെ മൃഗങ്ങളും ഭൂമിയിലെ സകല ഇഴജന്തുക്കളും ഭൂമുഖത്തുള്ള സര്‍വമനുഷ്യരും എന്‍റെ സന്നിധിയില്‍ വിറകൊള്ളും. മലകള്‍ മറിഞ്ഞുവീഴും. കടുംതൂക്കായ മലകള്‍ തകര്‍ന്നു വീഴും, മതിലുകളെല്ലാം നിലംപതിക്കും. ഗോഗിനെതിരെ സകല വിപത്തുകളും ഞാന്‍ വിളിച്ചുവരുത്തും. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഓരോരുവന്‍റെയും വാള്‍ സ്വന്തം സഹോദരന്‍റെ നേരെ ഉയരും. മഹാമാരിയും രക്തച്ചൊരിച്ചിലുംകൊണ്ട് അവനെ ഞാന്‍ വിധിക്കും. ഞാന്‍ അവന്‍റെയും അവന്‍റെ കൂടെയുള്ള ജനതകളുടെയും സൈന്യവ്യൂഹങ്ങളുടെയുംമേല്‍ പേമാരിയും കന്മഴയും തീയും ഗന്ധകവും വര്‍ഷിക്കും. അങ്ങനെ എന്‍റെ മഹത്ത്വവും വിശുദ്ധിയും വിവിധ ജനതകള്‍ക്കു ഞാന്‍ കാണിച്ചുകൊടുക്കും. എന്നെത്തന്നെ അവര്‍ക്കു വെളിപ്പെടുത്തുകയും ചെയ്യും. അപ്പോള്‍ ഞാനാകുന്നു സര്‍വേശ്വരനെന്ന് അവര്‍ അറിയും.” മനുഷ്യപുത്രാ, ഗോഗിനെതിരെ പ്രവചിക്കുക. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ‘മേശക്കിന്‍റെയും തൂബലിന്‍റെയും അധിപതിയായ ഗോഗേ, ഞാന്‍ നിനക്ക് എതിരാണ്. ഞാന്‍ നിന്നെ വഴിതിരിച്ച് അങ്ങു വടക്കേ അറ്റത്തുനിന്നു കൊണ്ടുവരികയും ഇസ്രായേല്‍പര്‍വതത്തിനെതിരെ നിന്നെ നയിക്കുകയും ചെയ്യും. നിന്‍റെ ഇടങ്കൈയില്‍നിന്ന് ഞാന്‍ വില്ല് അടിച്ചു തെറിപ്പിക്കും. നിന്‍റെ വലങ്കൈയില്‍നിന്നു ശരങ്ങള്‍ താഴെ വീഴ്ത്തും. നീയും നിന്‍റെ സൈന്യവും നിന്‍റെകൂടെയുള്ള സകല ജനതകളും ഇസ്രായേല്‍മലകളില്‍ നിപതിക്കും. ഹിംസമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഞാന്‍ നിന്നെ ഇരയാക്കും. നീ തുറന്ന സ്ഥലത്തുവീഴും. സര്‍വേശ്വരനായ ഞാനാണു പറയുന്നത്. ഞാന്‍ മാഗോഗിന്‍റെയും തീരപ്രദേശങ്ങളില്‍ നിര്‍ഭയം വസിക്കുന്നവരുടെയുംമേല്‍ അഗ്നി വര്‍ഷിക്കും’ ഞാനാണു സര്‍വേശ്വരനെന്ന് അവര്‍ അറിയും. എന്‍റെ ജനമായ ഇസ്രായേലിന്‍റെ മധ്യത്തില്‍ എന്‍റെ പവിത്രനാമം ഞാന്‍ വെളിപ്പെടുത്തും. എന്‍റെ വിശുദ്ധനാമത്തെ അശുദ്ധമാക്കാന്‍ ഇനിമേല്‍ ഞാന്‍ അവരെ അനുവദിക്കുകയില്ല. അപ്പോള്‍ ഞാനാണ് ഇസ്രായേലിന്‍റെ പരിശുദ്ധനായ സര്‍വേശ്വരനെന്ന് ജനതകള്‍ അറിയും. ഇതാ, അതു സംഭവിക്കാന്‍ പോകുന്നു; അതു സംഭവിക്കുകതന്നെ ചെയ്യും എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ആ ദിവസത്തെക്കുറിച്ചാണ് ഞാന്‍ പ്രസ്താവിച്ചിരിക്കുന്നത്. അപ്പോള്‍ ഇസ്രായേല്‍നഗരങ്ങളില്‍ നിവസിക്കുന്നവര്‍ ഇറങ്ങിച്ചെന്ന് ആയുധങ്ങള്‍ അഗ്നിക്കിരയാക്കും; പരിചകളും കവചങ്ങളും കുന്തങ്ങളും കുറുവടികളും അമ്പുകളും വില്ലുകളുമെല്ലാം കൊണ്ട് ഏഴുവര്‍ഷത്തേക്ക് തീ കത്തിക്കും. അവര്‍ക്കിനി വയലില്‍നിന്നു വിറകു ശേഖരിക്കുകയോ കാട്ടില്‍നിന്നു വിറകുവെട്ടുകയോ വേണ്ട. എന്തെന്നാല്‍ ആയുധങ്ങള്‍ കൊണ്ട് അവര്‍ക്കു തീ കത്തിക്കാം. തങ്ങളെ കൊള്ളയടിച്ചവരെ അവര്‍ കൊള്ളയടിക്കും; കവര്‍ച്ച ചെയ്തവരെ കവര്‍ച്ച ചെയ്യും എന്ന് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. അന്ന് ഗോഗിനു ഞാന്‍ ഇസ്രായേലില്‍ ഒരു ശ്മശാനസ്ഥലം നല്‌കും. കടലിനു കിഴക്ക് സഞ്ചാരികളുടെ താഴ്വരതന്നെ. വഴിയാത്രക്കാര്‍ക്ക് അതു മാര്‍ഗതടസ്സം ഉണ്ടാക്കും. ഗോഗും അയാളുടെ സര്‍വസൈന്യങ്ങളും അവിടെ സംസ്കരിക്കപ്പെടും. ആ താഴ്വര ഹാമോന്‍-ഗോഗ് എന്നു വിളിക്കപ്പെടും. അവരെ അടക്കം ചെയ്ത് ദേശം വെടിപ്പാക്കാന്‍ ഇസ്രായേല്‍ജനത്തിന് ഏഴുമാസം വേണ്ടിവരും. ദേശത്തെ ജനമെല്ലാം ഒരുമിച്ചുകൂടി അവരെ സംസ്കരിക്കും. ഞാന്‍ എന്‍റെ മഹത്ത്വം വെളിപ്പെടുത്തുന്ന ദിവസം അത് അവരുടെ കീര്‍ത്തിക്കു കാരണമായി ഭവിക്കും എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. നിരന്തരം ചുറ്റിനടന്ന് അവശേഷിക്കുന്ന മൃതദേഹങ്ങള്‍കൂടി സംസ്കരിച്ച് ദേശത്തെ വെടിപ്പാക്കാന്‍ അവര്‍ ആളുകളെ നിയോഗിക്കും. ഏഴുമാസം കഴിയുമ്പോള്‍ അവര്‍ തെരച്ചില്‍ തുടങ്ങും. ചുറ്റിസഞ്ചരിക്കുന്നവരില്‍ ആരെങ്കിലും ഒരു മനുഷ്യാസ്ഥി എവിടെയെങ്കിലും കണ്ടാല്‍ അയാള്‍ അവിടെ ഒരു അടയാളം വയ്‍ക്കും. അടക്കം ചെയ്യുന്നവര്‍ അതെടുത്തു ഹാമോന്‍- ഗോഗ് താഴ്വരയില്‍ അടക്കം ചെയ്യും. ഇങ്ങനെ ആ ദേശം അവര്‍ ശുദ്ധമാക്കും. അവിടെയുള്ള പട്ടണത്തിനു ഹമോനാ എന്ന പേരു ലഭിക്കും. മനുഷ്യപുത്രാ, സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എല്ലാ പക്ഷികളോടും മൃഗങ്ങളോടും ഞാന്‍ ഒരുക്കുന്ന യാഗവിരുന്നില്‍ പങ്കെടുക്കുന്നതിനു നാനാദിക്കുകളില്‍നിന്നും ഒരുമിച്ചുകൂടി കൂട്ടമായി വരാന്‍ പറയുക. ഇസ്രായേല്‍പര്‍വതത്തില്‍ നടത്തുന്ന മഹായാഗവിരുന്നാണിത്. നിങ്ങള്‍ക്കു മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യാം. ശക്തന്മാരുടെ മാംസം നിങ്ങള്‍ക്കു തിന്നാം; പ്രഭുക്കന്മാരുടെ രക്തം നിങ്ങള്‍ക്കു കുടിക്കാം. ബാശാനിലെ കൊഴുത്തു തടിച്ച ആട്ടുകൊറ്റന്മാരുടെയും കുഞ്ഞാടുകളുടെയും കോലാട്ടുകൊറ്റന്മാരുടെയും കാളകളുടെയും എന്നപോലെതന്നെ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്ന യാഗത്തില്‍നിന്നു നിങ്ങള്‍ മേദസ് മതിയാവോളം ഭക്ഷിക്കുകയും ഉന്മത്തരാകുവോളം രക്തം കുടിക്കുകയും ചെയ്യും. അങ്ങനെ നിങ്ങള്‍ എന്‍റെ വിരുന്നില്‍നിന്നു കുതിരകളെയും കുതിരപ്പടയാളികളെയും ബലശാലികളെയും യുദ്ധവീരന്മാരെയും ഭക്ഷിച്ചു തൃപ്തിവരും. ഇതു സര്‍വേശ്വരനായ കര്‍ത്താവിന്‍റെ വചനം. വിജാതീയരുടെ മധ്യത്തില്‍ എന്‍റെ മഹത്ത്വം ഞാന്‍ സ്ഥാപിക്കും. എന്‍റെ ന്യായവിധിയും അവരുടെമേല്‍ പതിച്ച എന്‍റെ കരവും സകല ജനതകളും ദര്‍ശിക്കും. ഞാനാണ് അവരുടെ സര്‍വേശ്വരനായ കര്‍ത്താവെന്ന് ഇസ്രായേല്‍ജനം അന്നുമുതല്‍ അറിയും. ഇസ്രായേല്‍ജനം തങ്ങളുടെ അകൃത്യം നിമിത്തം ആണ് പ്രവാസത്തില്‍ കഴിയേണ്ടി വന്നത് എന്നും അവര്‍ എന്നോട് അവിശ്വസ്തമായി വര്‍ത്തിച്ചതിനാല്‍ ആണ് ഞാന്‍ അവരില്‍നിന്നു മുഖം മറച്ച് അവരെ ശത്രുക്കളുടെ വാളിന് ഇരയാകാന്‍ ഏല്പിച്ചുകൊടുത്തത് എന്നും ജനതകള്‍ അറിയും. അവരുടെ അശുദ്ധിക്കും അതിക്രമങ്ങള്‍ക്കും അനുസൃതമായി ഞാന്‍ പെരുമാറുകയും എന്‍റെ മുഖം അവരില്‍നിന്നു മറയ്‍ക്കുകയും ചെയ്തു. അതുകൊണ്ടു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: യാക്കോബിന്‍റെ ഐശ്വര്യം ഞാന്‍ പുനഃസ്ഥാപിക്കും; ഇസ്രായേല്‍ജനത്തോടു മുഴുവന്‍ കരുണ കാണിക്കും. എന്‍റെ വിശുദ്ധനാമത്തെ പ്രതി ഞാന്‍ അസഹിഷ്ണുവായിരിക്കും. [26,27] തങ്ങളെ ഭയപ്പെടുത്താന്‍ ആരുമില്ലാതെ സ്വദേശത്തു സുരക്ഷിതരായി പാര്‍ക്കുമ്പോള്‍ അവര്‍ തങ്ങള്‍ക്കുണ്ടായ അപമാനവും എന്നോടു കാട്ടിയ സര്‍വവഞ്ചനയും മറക്കും. ഞാന്‍ ഇസ്രായേല്‍ജനത്തെ അവരുടെ ശത്രുക്കളുടെ രാജ്യങ്ങളില്‍നിന്നും വിവിധ ജനതകളുടെ ഇടയില്‍നിന്നുമായി മടക്കിവരുത്തി ഒരുമിച്ചു ചേര്‍ക്കും. അങ്ങനെ എന്‍റെ വിശുദ്ധി ജനതകളുടെ മുമ്പില്‍ ഞാന്‍ വെളിപ്പെടുത്തും. *** ഞാന്‍ അവരെ ജനതകളുടെ അടുക്കലേക്കു പ്രവാസികളായി കൊണ്ടുപോകുകയും അവരില്‍ ആരെയും ഉപേക്ഷിക്കാതെ എല്ലാവരെയും തിരിച്ചു കൊണ്ടുവരികയും ചെയ്തിരിക്കുന്നതിനാല്‍ ഞാനാകുന്നു അവരുടെ ദൈവമായ സര്‍വേശ്വരന്‍ എന്നവര്‍ ഗ്രഹിക്കും. ഇസ്രായേല്‍ജനത്തിന്മേല്‍ എന്‍റെ ആത്മാവിനെ അയച്ചിരിക്കയാല്‍ ഇനിമേല്‍ ഞാന്‍ എന്‍റെ മുഖം അവരില്‍നിന്നു മറയ്‍ക്കുകയില്ല എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.” ഞങ്ങളുടെ പ്രവാസത്തിന്‍റെ ഇരുപത്തിയഞ്ചാം വര്‍ഷം ഒന്നാം മാസം പത്താം ദിവസം യെരൂശലേംനഗരം പിടിക്കപ്പെട്ടതിന്‍റെ പതിനാലാം വര്‍ഷം അതേ മാസം അതേ ദിവസംതന്നെ സര്‍വേശ്വരന്‍റെ ശക്തി എന്‍റെമേല്‍ വന്നു. എനിക്കുണ്ടായ ദിവ്യദര്‍ശനത്തില്‍ അവിടുന്ന് എന്നെ കൊണ്ടുപോയി ഇസ്രായേല്‍ദേശത്തുള്ള വളരെ ഉയര്‍ന്ന ഒരു പര്‍വതത്തില്‍ നിര്‍ത്തി. അവിടെ എന്‍റെ മുമ്പില്‍ ഒരു നഗരത്തിന്‍റെ രൂപത്തില്‍ ഏതോ ഒന്നു ഞാന്‍ കണ്ടു. അവിടുന്ന് എന്നെ അവിടേക്ക് കൊണ്ടുപോയി. അതാ, വെള്ളോടുപോലെ ശോഭിക്കുന്ന ഒരു മനുഷ്യന്‍ പടിവാതില്‌ക്കല്‍ നില്‌ക്കുന്നു. അയാളുടെ കൈയില്‍ ഒരു ചണച്ചരടും അളവുകോലും ഉണ്ടായിരുന്നു. ആ മനുഷ്യന്‍ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, നീ സൂക്ഷിച്ചു നോക്കുക; ശ്രദ്ധിച്ചു കേള്‍ക്കുക; ഞാന്‍ കാട്ടിത്തരുന്നതിലെല്ലാം മനസ്സുറപ്പിക്കുക. അവ കാണിച്ചു തരാനാണ് നിന്നെ ഞാനിവിടെ കൊണ്ടുവന്നത്. നീ കാണുന്നതെല്ലാം ഇസ്രായേല്‍ജനത്തോടു പറയുക. ദേവാലയത്തിനു ചുറ്റും മതിലുണ്ടായിരുന്നു. അയാളുടെ കൈയിലുണ്ടായിരുന്ന ദണ്ഡിന് ആറു മുഴം നീളം ഉണ്ടായിരുന്നു. അയാള്‍ മതിലിന്‍റെ കനവും ഉയരവും അളന്നു. കനവും ഉയരവും ഒരു ദണ്ഡ് വീതമായിരുന്നു. പിന്നീട് അയാള്‍ കിഴക്കോട്ടുള്ള പടിവാതില്‌ക്കല്‍ ചെന്ന് അതിന്‍റെ ചവിട്ടുപടികളില്‍ കൂടി കയറി ഉമ്മരപ്പടി അളന്നു. അതിനും ഒരു ദണ്ഡ് ഉയരമുണ്ടായിരുന്നു. അതിന്‍റെ ഇരുവശങ്ങളിലുള്ള മുറികള്‍ക്ക് ഓരോ ദണ്ഡുവീതം നീളവും വീതിയും ഉണ്ടായിരുന്നു. മുറികള്‍ തമ്മിലുള്ള അകലം അഞ്ചുമുഴം ആയിരുന്നു. പടിപ്പുരയുടെ പൂമുഖത്തിനടുത്തുള്ള വാതിലിന്‍റെ ഉമ്മരപ്പടിക്ക് അകമേയുള്ള നീളം ഒരു ദണ്ഡ്. പിന്നീട് അയാള്‍ പടിപ്പുരയുടെ പൂമുഖം അളന്നു; നീളം എട്ടുമുഴം; കട്ടിളപ്പടികള്‍ക്ക് നീളം രണ്ട് മുഴം. പടിപ്പുരയുടെ പൂമുഖം ഉള്ളിലായിരുന്നു. കിഴക്കേ കവാടത്തിന്‍റെ ഇരുവശങ്ങളിലും മുമ്മൂന്നു മുറികള്‍ ഉണ്ടായിരുന്നു. മൂന്നു മുറികള്‍ക്കും ഒരേ വലിപ്പം; അപ്പുറത്തും ഇപ്പുറത്തുമുള്ള കട്ടിളക്കാലുകള്‍ക്കും ഒരേ അളവ്. പിന്നീട് പടിപ്പുരയുടെ പ്രവേശനദ്വാരം അളന്നു. അതിന് പത്തുമുഴം വീതിയും പതിമൂന്നു മുഴം നീളവും ഉണ്ടായിരുന്നു. വശങ്ങളിലെ മുറികളുടെ മുമ്പില്‍ അപ്പുറത്തും ഇപ്പുറത്തും ഒരു മുഴം വീതിയില്‍ അഴികള്‍ ഇട്ട് അതിര് തിരിച്ചിരിക്കുന്നു. വശങ്ങളിലെ മുറികളുടെ നീളവും വീതിയും ആറു മുഴം വീതം ആയിരുന്നു. പിന്നീട് അയാള്‍ ഒരു വശത്തെ മുറിയുടെ മേല്‍ക്കൂര മുതല്‍ എതിര്‍വശത്തെ മുറിയുടെ മേല്‍ക്കൂരവരെ അളന്നു. വാതിലോടു വാതില്‍വരെ ഇരുപത്തഞ്ചുമുഴം. പൂമുഖവും അളന്നു. ഇരുപതു മുഴം; പൂമുഖത്തിനപ്പുറത്തു ചുറ്റും അങ്കണമുണ്ടായിരുന്നു. പടിപ്പുരവാതിലിന്‍റെ മുന്‍ഭാഗംമുതല്‍ അകത്തെ പൂമുഖത്തിന്‍റെ അങ്ങേയറ്റം വരെയുള്ള നീളം അന്‍പതു മുഴം ആയിരുന്നു. പടിപ്പുരയ്‍ക്കു ചുറ്റും വശങ്ങളിലെ മുറികള്‍ക്കും പൂമുഖത്തിനും അകത്തേക്ക് ഇടുങ്ങിയ കിളിവാതിലുകളുണ്ടായിരുന്നു. ഓരോ കട്ടിളപ്പടിമേലും ഈന്തപ്പനയുടെ രൂപം കൊത്തിയിരുന്നു. പിന്നീട് അയാള്‍ എന്നെ പുറത്തുള്ള അങ്കണത്തിലേക്കു കൊണ്ടുപോയി. അങ്കണത്തിനു ചുറ്റും മണ്ഡപങ്ങളും കല്‍ത്തളവും ഉണ്ടായിരുന്നു. കല്‍ത്തളത്തിനഭിമുഖമായി മുപ്പതു മണ്ഡപങ്ങളാണ് ഉണ്ടായിരുന്നത്. കല്‍ത്തളം പടിപ്പുരയുടെ നീളത്തിനൊത്തവിധം അവയോടു ചേര്‍ന്ന് ആയിരുന്നു. അതാണു താഴത്തെ കല്‍ത്തളം. പിന്നെ അയാള്‍ താഴത്തെ പടിപ്പുരയുടെ മുന്‍ഭാഗംമുതല്‍ അകത്തെ അങ്കണത്തിന്‍റെ പുറത്തെ അറ്റംവരെ അളന്നു-നൂറുമുഴം. പിന്നീട് അയാള്‍ പുറത്തെ അങ്കണത്തില്‍ വടക്കോട്ടു ദര്‍ശനമുള്ള പടിപ്പുരയുടെ നീളവും വീതിയും അളന്നു. അതിന്‍റെ ഇരുപാര്‍ശ്വങ്ങളിലും മൂന്നു മുറികള്‍ വീതം ഉണ്ടായിരുന്നു. ആദ്യത്തെ ഗോപുരത്തില്‍ ഉണ്ടായിരുന്ന പാര്‍ശ്വമുറികളുടെയും ഉമ്മരപ്പടികളുടെയും പൂമുഖത്തിന്‍റെയും അളവുകള്‍തന്നെ ആയിരുന്നു ഈ മുറികള്‍ക്കും ഉമ്മരപ്പടികള്‍ക്കും പൂമുഖത്തിനും ഉണ്ടായിരുന്നത്. ആ പടിപ്പുരയുടെ നീളം അന്‍പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു. ഇതിന്‍റെയും ജാലകം, പൂമുഖം, ഈന്തപ്പനയുടെ ചിത്രങ്ങള്‍ എന്നിവയുടെ അളവുകള്‍ കിഴക്കോട്ടു ദര്‍ശനമുള്ള പടിപ്പുരയുടേതുപോലെതന്നെ ആയിരുന്നു. ഇതിലേക്കു കയറാന്‍ ഏഴു നടകള്‍ ഉണ്ടായിരുന്നു. ഉള്ളിലായിരുന്നു പൂമുഖം. വടക്കേ പടിപ്പുരയുടെ എതിര്‍വശത്ത് കിഴക്കേ പടിപ്പുരയുടേതുപോലെ അകത്തെ അങ്കണത്തിലേക്കു പ്രവേശിക്കാന്‍ ഒരു പടിവാതില്‍ ഉണ്ടായിരുന്നു. ഈ പടിവാതിലുകള്‍ തമ്മിലുള്ള ദൂരം അയാള്‍ അളന്നു-നൂറുമുഴം. അയാള്‍ എന്നെ തെക്കു വശത്തേക്കു കൊണ്ടുപോയി. അവിടെയും ഒരു പടിപ്പുര ഉണ്ടായിരുന്നു. അതിന്‍റെ കട്ടിളകളും പൂമുഖവും അയാള്‍ അളന്നു. അവയ്‍ക്കും മറ്റുള്ളവയുടെ അളവുകള്‍തന്നെ ആയിരുന്നു. ഈ പടിപ്പുരയ്‍ക്കും പൂമുഖത്തിനു ചുറ്റും മറ്റുള്ളവയ്‍ക്കുണ്ടായിരുന്നതുപോലെ ജാലകങ്ങള്‍ ഉണ്ടായിരുന്നു. പടിപ്പുരയുടെ ഉയരം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു. അതിലേക്കു കയറാന്‍ ഏഴു നടകള്‍ ഉണ്ടായിരുന്നു. ഇതിന്‍റെ പൂമുഖം ഉള്‍വശത്തായിരുന്നു. ഇരുവശത്തുമുള്ള കട്ടിളക്കാലുകളില്‍ ഈന്തപ്പനയുടെ ഓരോ ചിത്രം കൊത്തിയിരുന്നു. അകത്തെ അങ്കണത്തില്‍ തെക്കോട്ട് ഒരു പടിപ്പുരയുണ്ടായിരുന്നു. പടിപ്പുരകള്‍ തമ്മിലുള്ള അകലം അയാള്‍ അളന്നു-നൂറുമുഴം. പിന്നീട് അയാള്‍ എന്നെ തെക്കേ പടിപ്പുരയിലൂടെ അകത്തെ അങ്കണത്തിലേക്കു കൊണ്ടുപോയി. അയാള്‍ ആ പടിപ്പുര അളന്നു. അതിനു മറ്റുള്ളവയുടെ അളവുകള്‍ തന്നെ ആയിരുന്നു. അതിന്‍റെ പാര്‍ശ്വമുറികളും കട്ടിളക്കാലുകളും പൂമുഖവും മറ്റുള്ളവയ്‍ക്കു തുല്യമായിരുന്നു. അതിന്‍റെ ഉള്ളിലും പൂമുഖത്തിനു ചുറ്റുമായി ജാലകങ്ങള്‍ ഉണ്ടായിരുന്നു. അവയുടെ ഉയരം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു. അതിനു ചുറ്റും ഇരുപത്തഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയുമുള്ള പൂമുഖങ്ങള്‍ ഉണ്ടായിരുന്നു. അവ പുറത്തെ അങ്കണത്തിന് അഭിമുഖമായിരുന്നു. അവയുടെ കട്ടിളക്കാലുകളിന്മേല്‍ ഈന്തപ്പനയുടെ രൂപങ്ങള്‍ ഉണ്ടായിരുന്നു. പൂമുഖത്തിലേക്കു കയറാന്‍ എട്ടു നടകള്‍ ഉണ്ടായിരുന്നു. പിന്നീട് അയാള്‍ എന്നെ കിഴക്കുവശത്തുള്ള അകത്തെ അങ്കണത്തിലേക്കു കൂട്ടിക്കൊണ്ടു പോയി. അയാള്‍ അതിന്‍റെ പടിവാതില്‍ അളന്നു. അതിനും മറ്റുള്ളവയുടെ അളവുകള്‍തന്നെ. അതിന്‍റെ പാര്‍ശ്വമുറികളും കട്ടിളക്കാലുകളും പൂമുഖവും മറ്റുള്ളവയ്‍ക്കു തുല്യമായിരുന്നു. അതിന്‍റെ ഉള്ളിലും പൂമുഖത്തു ചുറ്റും ജാലകങ്ങളുണ്ടായിരുന്നു. അവയുടെ ഉയരം അന്‍പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു. അതിന്‍റെ പൂമുഖം പുറത്തെ അങ്കണത്തിന് അഭിമുഖമായിരുന്നു. അതിന്‍റെ ഇരുവശങ്ങളിലും ഉള്ള കട്ടിളക്കാലുകളില്‍ ഈന്തപ്പനയുടെ രൂപങ്ങളും ഉണ്ടായിരുന്നു. അതിലേക്കു കയറാന്‍ എട്ടു പടികളും. പിന്നീട് അയാള്‍ എന്നെ വടക്കേ പടിപ്പുരയിലേക്കു കൊണ്ടുപോയി. അയാള്‍ അത് അളന്നു. അതിനും മറ്റുള്ളവയുടെ അളവുകള്‍ തന്നെ ആയിരുന്നു. അതിന്‍റെ പാര്‍ശ്വമുറികളും കട്ടിളക്കാലുകളും പൂമുഖവും മറ്റുള്ളവയ്‍ക്കു തുല്യമായിരുന്നു. അതിനു ചുറ്റും ജാലകങ്ങള്‍ ഉണ്ടായിരുന്നു. അതിന് അന്‍പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ആയിരുന്നു. പുറത്തെ അങ്കണത്തിന് അഭിമുഖമായിരുന്നു അതിന്‍റെ പൂമുഖം. അതിന്‍റെ ഇരുവശങ്ങളിലുമുള്ള കട്ടിളക്കാലുകളില്‍ ഈന്തപ്പനയുടെ രൂപങ്ങള്‍ കൊത്തിയിരുന്നു. അതിലേക്കു പ്രവേശിക്കാന്‍ എട്ടുപടികള്‍ ഉണ്ടായിരുന്നു. പൂമുഖത്തേക്കു വാതിലുള്ള ഒരു മുറി അവിടെയുണ്ടായിരുന്നു. അതായിരുന്നു ഹോമയാഗവസ്തുക്കള്‍ കഴുകാനുള്ള സ്ഥലം. പടിപ്പുരയുടെ പൂമുഖത്ത് ഇരുവശങ്ങളിലും ഈരണ്ടു മേശകള്‍ ഉണ്ടായിരുന്നു. ഹോമയാഗത്തിനും പാപപരിഹാരയാഗത്തിനും അകൃത്യയാഗത്തിനും ഉള്ള മൃഗങ്ങളെ അറുക്കേണ്ടത് ഈ മേശമേല്‍ വച്ചാണ്. പൂമുഖത്തിനു വെളിയില്‍ വടക്കേ പടിപ്പുരയുടെ വാതില്‌ക്കല്‍ രണ്ടു മേശകള്‍ ഉണ്ടായിരുന്നു. പൂമുഖത്തിന്‍റെ മറുവശത്തും രണ്ടുമേശകള്‍ ഉണ്ടായിരുന്നു. നാലു മേശകള്‍ അകത്തും, നാലുമേശകള്‍ പടിപ്പുരയ്‍ക്കു വെളിയില്‍ പാര്‍ശ്വങ്ങളിലും ആയി മൊത്തം എട്ടു മേശകളാണ് ഉണ്ടായിരുന്നത്. അവയ്‍ക്കുമേല്‍ വച്ചു ബലിമൃഗങ്ങളെ കൊന്നുവന്നു. ഹോമയാഗത്തിനുവേണ്ടി ഒന്നരമുഴം നീളവും ഒന്നരമുഴം വീതിയും ഒരു മുഴം ഉയരവുമായി വെട്ടിയെടുത്ത കല്ലുകൊണ്ടു നിര്‍മിച്ച നാലു മേശകള്‍ ഉണ്ടായിരുന്നു. ഹോമയാഗത്തിനും മറ്റുമുള്ള മൃഗങ്ങളെ അറുക്കുന്ന ആയുധങ്ങളും അവയ്‍ക്കുമേലാണു വച്ചിരുന്നത്. ചുറ്റും കൈപ്പത്തി വീതി നീളത്തിലുള്ള കൊളുത്തുകള്‍ പിടിപ്പിച്ചിരുന്നു. മേശകളിന്മേലാണ് ബലിക്കുള്ള മാംസം വച്ചിരുന്നത്. പിന്നീട് അയാള്‍ എന്നെ അകത്തെ അങ്കണത്തിലേക്കു കൊണ്ടുപോയി. അവിടെ രണ്ട് മണ്ഡപങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് വടക്കേ പടിപ്പുരയ്‍ക്കരികെ തെക്കോട്ടു ദര്‍ശനമുള്ളതും മറ്റേത് തെക്കേ പടിപ്പുരയ്‍ക്കരികെ വടക്കോട്ടു ദര്‍ശനമുള്ളതും ആയിരുന്നു. തെക്കോട്ടു ദര്‍ശനമുള്ള മണ്ഡപം ദേവാലയത്തിന്‍റെ ചുമതല വഹിക്കുന്ന പുരോഹിതന്മാര്‍ക്കും വടക്കോട്ടു ദര്‍ശനമുള്ള മണ്ഡപം യാഗപീഠത്തിന്‍റെ ചുമതല വഹിക്കുന്ന പുരോഹിതന്മാര്‍ക്കും ഉള്ളതാണെന്ന് അയാള്‍ എന്നോടു പറഞ്ഞു. ഈ പുരോഹിതന്മാര്‍ സാദോക്കിന്‍റെ പുത്രന്മാരാണ്. ലേവിയുടെ പുത്രന്മാരില്‍ ഇവര്‍ക്കു മാത്രമാണ് സര്‍വേശ്വരനെ ശുശ്രൂഷിക്കുന്നതിന് അടുത്തുചെല്ലാന്‍ അനുവാദമുള്ളത്. അങ്കണം അയാള്‍ അളന്നു, അത് നൂറുമുഴം നീളവും നൂറു മുഴം വീതിയും ഉള്ള സമചതുരമായിരുന്നു. യാഗപീഠം ദേവാലയത്തിന്‍റെ മുന്‍വശത്തായിരുന്നു. പിന്നീട് അയാള്‍ എന്നെ ദേവാലയത്തിന്‍റെ പൂമുഖത്തേക്കു കൊണ്ടുവന്നു. അയാള്‍ പൂമുഖത്തിന്‍റെ കട്ടിളക്കാലുകള്‍ അളന്നു. ഇരുവശങ്ങള്‍ക്കും അഞ്ചുമുഴം പൊക്കവും വാതിലിന് പതിനാലു മുഴം വീതിയും ഉണ്ടായിരുന്നു. പടിപ്പുരയുടെ പാര്‍ശ്വഭിത്തികള്‍ക്ക് മൂന്നു മുഴം വീതം വീതി ആയിരുന്നു. പൂമുഖത്തിന് ഇരുപതുമുഴം നീളവും പന്ത്രണ്ടു മുഴം വീതിയും ആയിരുന്നു. അതില്‍ പ്രവേശിക്കാന്‍ പത്തു പടവുകള്‍ കയറേണ്ടിയിരുന്നു. കട്ടിളക്കാലുകള്‍ക്കരികില്‍ ഇരുവശത്തും രണ്ടു തൂണുകള്‍ ഉണ്ടായിരുന്നു. പിന്നീട് അയാള്‍ എന്നെ ദേവാലയത്തിന്‍റെ അന്തര്‍മന്ദിരത്തിലേക്ക് നയിച്ചു. അതിന്‍റെ കട്ടിളകള്‍ അയാള്‍ അളന്നു. ഓരോ വശത്തുമുള്ള കട്ടിളയുടെ വീതി ആറു മുഴം ആയിരുന്നു. പ്രവേശനദ്വാരത്തിന്‍റെ വീതി പത്തുമുഴവും പാര്‍ശ്വഭിത്തികളുടെ കനം അഞ്ചു മുഴവും വീതം ആയിരുന്നു. പിന്നീട് അയാള്‍ അന്തര്‍മന്ദിരം അളന്നു; അതിനു നാല്പതുമുഴം നീളം, ഇരുപതു മുഴം വീതി. പിന്നീട് അയാള്‍ അന്തര്‍മന്ദിരത്തിന്‍റെ ഉള്ളില്‍ കടന്ന് അതിന്‍റെ കട്ടിളകള്‍ അളന്നു. അവയുടെ വീതി രണ്ടു മുഴം. പ്രവേശനദ്വാരത്തിന് വീതി ആറു മുഴവും പാര്‍ശ്വഭിത്തികള്‍ക്ക് ഏഴു മുഴവും. പിന്നീട് ആ മുറിയുടെ നീളവും വീതിയും അളന്നു. നീളവും വീതിയും ഇരുപതു മുഴം വീതമായിരുന്നു. ഇതാണ് അതിവിശുദ്ധസ്ഥലം എന്ന് അയാള്‍ പറഞ്ഞു. പിന്നീട് ദേവാലയഭിത്തികള്‍ അളന്നു. അതിന്‍റെ കനം ആറു മുഴം. ദേവാലയത്തിന്‍റെ പാര്‍ശ്വമുറികളുടെ വീതി നാലു മുഴം. പാര്‍ശ്വമുറികള്‍ മൂന്നു നിലകളിലായി നിലതോറും മുപ്പതു വീതം ഉണ്ടായിരുന്നു. ആ മുറികള്‍ താങ്ങു ചുവരുകളില്‍ ഉറപ്പിച്ചിരുന്നു. ദേവാലയഭിത്തികള്‍ അല്ലായിരുന്നു അവയെ താങ്ങി നിര്‍ത്തിയിരുന്നത്. മുകളിലേക്ക് ചെല്ലുന്തോറും താങ്ങുകളുടെ വലിപ്പം അനുസരിച്ചു പാര്‍ശ്വമുറികളുടെ വിസ്താരം കൂടിവന്നു. ദേവാലയത്തിന്‍റെ അരികില്‍ ഒരു ഗോവണി ഉണ്ടായിരുന്നു. അതില്‍കൂടി രണ്ടാം നിലയിലേക്കും അവിടെനിന്ന് മൂന്നാം നിലയിലേക്കും കയറാന്‍ കഴിയുമായിരുന്നു. ദേവാലയത്തിനു ചുറ്റും ഉയര്‍ന്ന ഒരു തറ ഞാന്‍ കണ്ടു. പാര്‍ശ്വമുറികളുടെ അടിസ്ഥാനത്തിന് ഒരു ദണ്ഡ് വീതി ഉണ്ടായിരുന്നു. പാര്‍ശ്വമുറികളുടെ പുറംഭിത്തിക്ക് കനം അഞ്ചു മുഴം, തറയുടെ ശേഷിച്ച ഭാഗം അഞ്ചു മുഴം. ആലയത്തിന്‍റെ പാര്‍ശ്വമുറികള്‍ക്കും മണ്ഡപങ്ങള്‍ക്കും ഇടയില്‍ ഇരുപതു മുഴം വീതിയുള്ള മുറ്റം ഉണ്ടായിരുന്നു. പാര്‍ശ്വമുറികളുടെ വാതിലുകള്‍ തറയുടെ ഒഴിഞ്ഞു കിടന്ന ഭാഗത്തേക്കാണു തുറന്നിരുന്നത്. ഒരു വാതില്‍ തെക്കോട്ടും മറ്റൊന്ന് വടക്കോട്ടും തുറക്കാവുന്നവിധം അതു സജ്ജീകരിച്ചിരുന്നു. ചുറ്റും ഒഴിഞ്ഞു കിടന്ന തറയ്‍ക്ക് വീതി അഞ്ചു മുഴം. ദേവാലയാങ്കണത്തിന് അഭിമുഖമായി പടിഞ്ഞാറു വശത്തുണ്ടായിരുന്ന കെട്ടിടത്തിന്‍റെ നീളം തൊണ്ണൂറു മുഴവും വീതി എഴുപതു മുഴവും ചുറ്റുമുള്ള ഭിത്തിയുടെ കനം അഞ്ച് മുഴവും ആയിരുന്നു. പിന്നീട് അയാള്‍ ദേവാലയം അളന്നു. നീളം നൂറു മുഴം; അങ്കണവും കെട്ടിടവും അതിന്‍റെ ചുവരുകളും ഉള്‍പ്പെടെ നീളം നൂറുമുഴം. ആലയത്തിന്‍റെ മുന്‍ഭാഗത്തിന്‍റെയും അങ്കണത്തിന്‍റെയും വീതി നൂറു മുഴം. പിന്നീട് അയാള്‍ പടിഞ്ഞാറുവശത്ത് അങ്കണത്തിന് അഭിമുഖമായി നിന്നിരുന്ന കെട്ടിടത്തിന്‍റെ ഇരുവശത്തുമുള്ള ഇടനാഴികള്‍ ഉള്‍പ്പെടെയുള്ള നീളം അളന്നു-നൂറു മുഴം. അന്തര്‍മന്ദിരത്തിന്‍റെ അകത്തും അതിവിശുദ്ധസ്ഥലത്തും പൂമുഖത്തും തറമുതല്‍ ജാലകങ്ങള്‍ വരെ ചുറ്റും പലകകള്‍ അടിച്ചിരുന്നു. ഇവയ്‍ക്കു മൂന്നിനും ചുറ്റുമായി അകത്തേക്ക് ഇടുങ്ങിയതും അഴിയിട്ടതുമായ ജാലകങ്ങള്‍ ഉണ്ടായിരുന്നു. ജാലകങ്ങള്‍ക്കു മറയും അന്തര്‍മന്ദിരത്തിന്‍റെ പുറത്ത് ഉമ്മരപ്പടിയുടെ മുകള്‍ഭാഗം വരെ പുറമേ ചുറ്റും പലക അടിച്ചിരുന്നു. അന്തര്‍മന്ദിരത്തിന്‍റെയും അതിവിശുദ്ധ സ്ഥലത്തിന്‍റെയും എല്ലാ ചുവരുകളിലും കെരൂബുകളുടെയും ഈന്തപ്പനയുടെയും രൂപങ്ങള്‍ കൊത്തിവച്ചിരുന്നു. രണ്ടു കെരൂബുകള്‍ക്കിടയില്‍ ഒരു ഈന്തപ്പന എന്ന കണക്കിനാണ് രൂപങ്ങള്‍ കൊത്തിവച്ചിരുന്നത്. ഓരോ കെരൂബിനും ഈരണ്ടു മുഖങ്ങള്‍ ഉണ്ടായിരുന്നു. ഒരു മുഖം മനുഷ്യന്‍റേതും മറ്റേമുഖം സിംഹത്തിന്‍റേതുമായിരുന്നു. ഓരോ മുഖവും ഇരുവശങ്ങളിലുള്ള ഈന്തപ്പനകള്‍ക്ക് അഭിമുഖമായിരുന്നു. ദേവാലയത്തിനു പുറമേയും ചുറ്റുമായി ഇതുപോലെയുള്ള കൊത്തുപണികള്‍ ഉണ്ടായിരുന്നു. ദേവാലയത്തിന്‍റെ തറമുതല്‍ വാതിലിന്‍റെ മേലറ്റംവരെ കെരൂബിന്‍റെയും ഈന്തപ്പനയുടെയും രൂപങ്ങള്‍ കൊത്തിവച്ചിരുന്നു. അന്തര്‍മന്ദിരത്തിന്‍റെ കട്ടിളകള്‍ സമചതുരാകൃതിയിലായിരുന്നു. തടികൊണ്ടു നിര്‍മിച്ച യാഗപീഠംപോലെ തോന്നിക്കുന്ന ഏതോ ഒന്ന് വിശുദ്ധമന്ദിരത്തിന്‍റെ മുമ്പിലുണ്ടായിരുന്നു. അതിന്‍റെ നീളം രണ്ടു മുഴം, വീതി രണ്ടു മുഴം, ഉയരം മൂന്നു മുഴം. അതിന്‍റെ കോണുകളും ചുവടും വശങ്ങളും തടികൊണ്ടാണു നിര്‍മിച്ചിരുന്നത്. അയാള്‍ എന്നോടു പറഞ്ഞു: “ഇത് സര്‍വേശ്വരന്‍റെ സന്നിധിയിലെ മേശയാണ്.” അന്തര്‍മന്ദിരത്തിനും വിശുദ്ധമന്ദിരത്തിനും ഇരട്ടക്കതകുകളോടുകൂടിയ ഓരോ വാതിലുണ്ടായിരുന്നു. ഓരോ കതകിനും മടക്കാവുന്ന രണ്ടു പാളികളുണ്ടായിരുന്നു. ചുവരുകളില്‍ ചെയ്തിരുന്ന കൊത്തുപണിപോലെ വിശുദ്ധമന്ദിരത്തിന്‍റെ കതകുകളിലും ഈന്തപ്പനയുടെയും കെരൂബുകളുടെയും രൂപം കൊത്തിയിരുന്നു. പൂമുഖത്തിന്‍റെ മുമ്പില്‍ തടികൊണ്ടു നിര്‍മിച്ച ഒരു മേല്‌ക്കട്ടി ഉണ്ടായിരുന്നു. പൂമുഖത്തിന്‍റെ പാര്‍ശ്വഭിത്തികളില്‍ ഉള്ളിലേക്ക് ഇടുങ്ങിയ ജാലകങ്ങളും അവയുടെ ഇരുവശങ്ങളിലുമായി ഈന്തപ്പനരൂപങ്ങളും ഉണ്ടായിരുന്നു. പിന്നീട് അയാള്‍ എന്നെ വടക്കോട്ടു നയിച്ച് പുറത്തെ അങ്കണത്തില്‍ കൊണ്ടുവന്നു. വടക്കേ കെട്ടിടത്തിനും അങ്കണത്തിനും അഭിമുഖമായുള്ള മണ്ഡപത്തിലേക്ക് അയാള്‍ എന്നെ നയിച്ചു. വടക്കുവശത്തെ കെട്ടിടത്തിന്‍റെ നീളം നൂറു മുഴം, വീതി അന്‍പതു മുഴം. അകത്തെ അങ്കണത്തിന്‍റെ ഇരുപതുമുഴം സ്ഥലത്തോടു ചേര്‍ന്നും പുറത്തെ അങ്കണത്തിന്‍റെ കല്‍ത്തളത്തിന് അഭിമുഖമായും ഒന്നിനുമീതെ മറ്റൊന്നായി മൂന്നു നിലകളുള്ള ഇരിപ്പിടത്തട്ടുകള്‍ ഉണ്ടായിരുന്നു. മണ്ഡപങ്ങള്‍ക്കു മുമ്പില്‍ ഉള്ളിലേക്ക് പത്തു മുഴം വീതിയും നൂറ് മുഴം നീളവും വടക്കോട്ടു വാതിലുകളുമുള്ള ഒരു ഇടനാഴി ഉണ്ടായിരുന്നു. മുകളിലത്തെ നിലയിലെ മണ്ഡപങ്ങള്‍ കൂടുതല്‍ ഇടുങ്ങിയതായിരുന്നു. കാരണം ആ നിലയിലെ ഇരിപ്പിടത്തട്ടുകള്‍ക്ക് കൂടുതല്‍ സ്ഥലം വേണ്ടിവന്നു. മണ്ഡപങ്ങള്‍ക്കു മൂന്നു നിലകള്‍ ഉണ്ടായിരുന്നു. പുറത്തെ അങ്കണത്തില്‍ ഉണ്ടായിരുന്നതുപോലെ തൂണുകള്‍ അവയ്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ടാണു മുകളിലത്തെ മണ്ഡപങ്ങള്‍ക്ക് താഴെയും നടുക്കുമുള്ള മണ്ഡപങ്ങളെക്കാള്‍ വിസ്താരം കുറഞ്ഞിരുന്നത്. മണ്ഡപങ്ങള്‍ക്ക് സമാന്തരമായും പുറമുറ്റത്തിന് അഭിമുഖമായും അന്‍പതു മുഴം നീളത്തില്‍ ഒരു മതില്‍ ഉണ്ടായിരുന്നു. പുറത്തെ അങ്കണത്തിലുള്ള മണ്ഡപങ്ങള്‍ക്ക് അന്‍പതു മുഴവും ദേവാലയത്തിന് എതിരേയുള്ള മണ്ഡപങ്ങള്‍ക്ക് നൂറു മുഴവും നീളം ഉണ്ടായിരുന്നു. പുറത്തെ അങ്കണത്തില്‍നിന്ന് ഒരാള്‍ക്ക് കയറിവരത്തക്കവിധം ഈ മണ്ഡപങ്ങളുടെ താഴെ കിഴക്കു വശത്ത് ഒരു പ്രവേശനദ്വാരം ഉണ്ടായിരുന്നു. അവിടെനിന്നാണു പുറത്തെ മതില്‍ ആരംഭിക്കുന്നത്. തെക്കുവശത്ത് കെട്ടിടത്തിന് അഭിമുഖമായി അങ്കണത്തിന് എതിരേ മുമ്പില്‍ വഴിയോടു കൂടിയ മണ്ഡപങ്ങള്‍ ഉണ്ടായിരുന്നു. വടക്കുവശത്തുള്ള മണ്ഡപങ്ങളെപ്പോലെ അതേ നീളവും വീതിയും പ്രവേശനദ്വാരങ്ങളും സംവിധാനങ്ങളും വാതിലുകളും ഇവയ്‍ക്കുമുണ്ടായിരുന്നു. തെക്കു ഭാഗത്തെ മണ്ഡപങ്ങളുടെ താഴെ കിഴക്കുവശത്ത് ഒരു പ്രവേശനദ്വാരം ഉണ്ടായിരുന്നു. അതുവഴി ഇടനാഴിയിലേക്കു കടക്കാം. അവയ്‍ക്കെതിരെ നടുഭിത്തിയും ഉണ്ടായിരുന്നു. അയാള്‍ എന്നോടു പറഞ്ഞു: അങ്കണത്തിനെതിരേ, തെക്കുവശത്തും വടക്കുവശത്തും ഉള്ള മണ്ഡപങ്ങള്‍ വിശുദ്ധങ്ങളാണ്. ഇവിടെ വച്ചാണ് സര്‍വേശ്വരന്‍റെ സന്നിധാനത്തില്‍ ചെല്ലുന്ന പുരോഹിതന്മാര്‍ വിശുദ്ധബലി വസ്തുക്കള്‍ ഭക്ഷിക്കുന്നത്. അവിടെയാണ് അവര്‍ ധാന്യബലിക്കും പാപപരിഹാരബലിക്കും അകൃത്യബലിക്കും ഉള്ള വിശുദ്ധദ്രവ്യങ്ങള്‍ സൂക്ഷിക്കുന്നത്. പുരോഹിതന്മാര്‍ വിശുദ്ധസ്ഥലത്തു പ്രവേശിച്ചശേഷം പുറത്തെ അങ്കണത്തിലേക്കു കടക്കുന്നതു ശുശ്രൂഷാവസ്ത്രങ്ങള്‍ ഇവിടെ ഊരിവച്ച ശേഷമേ ആകാവൂ. കാരണം അവ വിശുദ്ധമാണ്. മറ്റു വസ്ത്രം ധരിച്ചുകൊണ്ടുമാത്രമേ അവര്‍ ജനങ്ങള്‍ക്കായി വേര്‍തിരിച്ചിരിക്കുന്ന സ്ഥലത്തേക്കു പോകാവൂ. ദേവാലയത്തിന്‍റെ അകം അളന്നശേഷം കിഴക്കേ വാതിലിലൂടെ അയാള്‍ എന്നെ പുറത്തേക്കു കൊണ്ടുപോയി. പിന്നീട് ദേവാലയത്തിന്‍റെ ചുറ്റുമുള്ള സ്ഥലം അളന്നു. [16-19] അളവു ദണ്ഡുകൊണ്ട് അയാള്‍ കിഴക്കുവശവും വടക്കുവശവും തെക്കുവശവും പടിഞ്ഞാറു വശവും അളന്നു. ഓരോ വശത്തിനും അഞ്ഞൂറു മുഴം ആയിരുന്നു നീളം. *** *** *** ഈ സ്ഥലത്തിനു ചുറ്റും ഓരോ വശത്തും അഞ്ഞൂറു മുഴം വീതം നീളമുള്ള മതില്‍ ഉണ്ടായിരുന്നു. വിശുദ്ധസ്ഥലത്തെ സാധാരണ സ്ഥലത്തുനിന്നു വേര്‍തിരിച്ചിരുന്നത് ഈ മതിലാണ്. പിന്നീട് അയാള്‍ എന്നെ കിഴക്കോട്ടു ദര്‍ശനമുള്ള പടിപ്പുരയിലേക്കു കൊണ്ടുപോയി. അതാ, ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ തേജസ്സ് കിഴക്കുനിന്നും വരുന്നു. അവിടുത്തെ ആഗമനത്തിന്‍റെ ശബ്ദം പെരുവെള്ളത്തിന്‍റെ ഇരമ്പല്‍പോലെ ആയിരുന്നു. അവിടുത്തെ തേജസ്സുകൊണ്ടു ഭൂമി പ്രകാശിച്ചു. ഈ ദര്‍ശനം അവിടുന്നു നഗരം നശിപ്പിക്കാന്‍ വന്നപ്പോള്‍ എനിക്കുണ്ടായതുപോലെയും കെബാര്‍നദീതീരത്തുവച്ച് എനിക്കുണ്ടായ ദര്‍ശനംപോലെയും ആയിരുന്നു. അപ്പോള്‍ ഞാന്‍ സാഷ്ടാംഗം പ്രണമിച്ചു. സര്‍വേശ്വരന്‍റെ തേജസ്സ് കിഴക്കേ പടിപ്പുരയിലൂടെ കടന്നുവന്നപ്പോള്‍ ആത്മാവ് എന്നെ എടുത്ത് അകത്തെ അങ്കണത്തിലേക്കു കൊണ്ടുവന്നു. അതാ, സര്‍വേശ്വരന്‍റെ തേജസ്സ് ദേവാലയത്തില്‍ നിറഞ്ഞു നില്‌ക്കുന്നു. എന്നോടൊപ്പമുണ്ടായിരുന്ന മനുഷ്യന്‍ അപ്പോഴും എന്‍റെ സമീപത്തുണ്ടായിരുന്നു. അപ്പോള്‍ ദേവാലയത്തില്‍നിന്ന് സര്‍വേശ്വരന്‍ എന്നോട് ഇപ്രകാരം സംസാരിക്കുന്നതായി ഞാന്‍ കേട്ടു. മനുഷ്യപുത്രാ, ഇവിടെയാണ് എന്‍റെ സിംഹാസനം, ഞാന്‍ കാലൂന്നുന്ന സ്ഥലവും ഇതുതന്നെ. ഇസ്രായേല്‍ജനത്തിന്‍റെ മധ്യത്തില്‍ ഇവിടെ ഞാന്‍ എന്നേക്കും വസിക്കും. ഇസ്രായേല്‍ജനമോ, അവരുടെ രാജാക്കന്മാരോ ഇനിമേല്‍ അന്യദേവാരാധനകൊണ്ടോ തങ്ങളുടെ രാജാക്കന്മാരുടെ മൃതശരീരങ്ങള്‍ ഇവിടെ സംസ്കരിച്ചോ എന്‍റെ വിശുദ്ധനാമത്തെ മലിനമാക്കുകയില്ല. അവര്‍ തങ്ങളുടെ ഉമ്മരപ്പടികളും കട്ടിളകളും എന്‍റെ ഉമ്മരപ്പടികളോടും കട്ടിളകളോടും ചേര്‍ത്തു സ്ഥാപിച്ചു. എനിക്കും അവര്‍ക്കും മധ്യേ ഒരു മതില്‍ മാത്രം. തങ്ങള്‍ ചെയ്ത എല്ലാ മ്ലേച്ഛതകളാലും അവര്‍ എന്‍റെ വിശുദ്ധനാമത്തെ അശുദ്ധമാക്കി. അതുകൊണ്ട് എന്‍റെ ക്രോധത്തില്‍ ഞാന്‍ അവരെ സംഹരിച്ചു. ഇനി അവര്‍ തങ്ങളുടെ അവിശ്വസ്തത ഉപേക്ഷിക്കുകയും അവരുടെ രാജാക്കന്മാരുടെ മൃതശരീരങ്ങള്‍ എന്‍റെ അടുക്കല്‍നിന്നു ദൂരെ നീക്കുകയും ചെയ്യട്ടെ. അപ്പോള്‍ ഞാന്‍ അവരുടെ മധ്യേ എന്നേക്കും വസിക്കും. ‘മനുഷ്യപുത്രാ, ദേവാലയത്തെക്കുറിച്ചു നീ ഇസ്രായേല്‍ജനത്തിനു വിവരിച്ചുകൊടുക്കുക. അവര്‍ അതിന്‍റെ രൂപരേഖ മനസ്സിലാക്കട്ടെ. തങ്ങളുടെ അകൃത്യത്തെക്കുറിച്ച് അവര്‍ ലജ്ജിക്കട്ടെ. തങ്ങളുടെ പ്രവൃത്തികളെപ്പറ്റി അവര്‍ ലജ്ജിക്കുമെങ്കില്‍ ദേവാലയവും അതിലെ സംവിധാനങ്ങളും അതിന്‍റെ പ്രവേശനദ്വാരങ്ങളും പുറത്തേക്കുള്ള വഴികളും അതിന്‍റെ ആകമാനരൂപവും അവര്‍ക്കു വരച്ചുകാട്ടുക. ദേവാലയത്തിന്‍റെ നിയമങ്ങളും ചട്ടങ്ങളും അവരെ അറിയിക്കണം. അവ അവര്‍ അനുസരിക്കത്തക്കവിധം അവര്‍ കാണ്‍കെ എഴുതിവയ്‍ക്കുക. ഇതാകുന്നു ദേവാലയത്തെ സംബന്ധിച്ച നിയമം. മലമുകളില്‍ ദേവാലയത്തിനു ചുറ്റമുള്ള പ്രദേശം മുഴുവന്‍ അതിവിശുദ്ധമായിരിക്കും. അതേ, ഇതുതന്നെയാണു ദേവാലയത്തെ സംബന്ധിച്ച നിയമം. യാഗപീഠത്തിന്‍റെ അളവുകള്‍ മുഴം കണക്കിനാണ്. അതിന്‍റെ തറയുടെ ഉയരവും വീതിയും ഓരോ മുഴം വീതവും അതിനു ചുറ്റും ഒരു ചാണ്‍ തള്ളിനില്‌ക്കുന്ന വക്കും ഉണ്ടായിരിക്കണം. യാഗപീഠത്തിന്‍റെ ഉയരം അടിത്തറമുതല്‍ അടിത്തട്ടുവരെ രണ്ടു മുഴവും വീതി ഒരു മുഴവും അടിത്തട്ടുമുതല്‍ മേല്‍ത്തട്ടുവരെ ഉയരം നാലു മുഴവും വീതി ഒരു മുഴവും ആയിരിക്കണം. യാഗപീഠത്തിന്‍റെ അടുപ്പിന് ഉയരം നാലു മുഴം. അതിന്മേല്‍ മേലോട്ടു തള്ളിനില്‌ക്കുന്ന ഒരു മുഴം വീതം നീളമുള്ള നാലു കൊമ്പുകള്‍ ഉണ്ടായിരിക്കണം. അടുപ്പ് പന്ത്രണ്ടു മുഴം വീതിയും നീളവുമുള്ള സമചതുരം ആയിരിക്കണം. അതിന്‍റെ തട്ടിനു നീളവും വീതിയും പതിനാലുമുഴം വീതം ആയിരിക്കണം. ചുറ്റുമുള്ള വക്കിന് അരമുഴവും ചുവടിനു ചുറ്റും ഒരു മുഴവും ആയിരിക്കണം വീതി. യാഗപീഠത്തിന്‍റെ ചവിട്ടുപടികള്‍ കിഴക്കോട്ടായിരിക്കണം. പിന്നീട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്തു: മനുഷ്യപുത്രാ, യാഗപീഠത്തെ സംബന്ധിച്ച ചട്ടങ്ങള്‍ ഇവയാണ്. ഹോമയാഗത്തിനും രക്തംതളിക്കാനുംവേണ്ടി യാഗപീഠം സ്ഥാപിക്കുന്ന നാളില്‍ എനിക്കു ശുശ്രൂഷ ചെയ്യാന്‍ അടുത്തുവരുന്ന സാദോക്കിന്‍റെ വംശജരായ ലേവ്യാപുരോഹിതന്മാര്‍ക്കു പാപപരിഹാരയാഗത്തിനുവേണ്ടി ഒരു കാളയെ നല്‌കണം. ആ കാളയുടെ രക്തത്തില്‍ കുറെ എടുത്തു യാഗപീഠത്തിന്‍റെ നാലു കൊമ്പുകളിലും തട്ടിന്‍റെ നാലു കോണിലും ചുറ്റുമുള്ള വക്കിലും പുരട്ടി യാഗപീഠം പവിത്രീകരിക്കുകയും പ്രായശ്ചിത്തം ചെയ്യുകയും വേണം. പാപപരിഹാരയാഗത്തിനുള്ള കാളയെ വിശുദ്ധസ്ഥലത്തിനു പുറത്തു നിര്‍ദിഷ്ട സ്ഥലത്തുവച്ചു ദഹിപ്പിക്കണം. രണ്ടാം ദിവസം കുറ്റമറ്റ ഒരു കോലാട്ടുകൊറ്റനെ പാപപരിഹാരയാഗമായി അര്‍പ്പിക്കണം. അങ്ങനെ കാളയുടെ രക്തംകൊണ്ടെന്നപോലെ അതിന്‍റെ രക്തംകൊണ്ടും യാഗപീഠം ശുദ്ധീകരിക്കണം. യാഗപീഠം ശുദ്ധീകരിച്ചശേഷം കുറ്റമറ്റ ഒരു കാളക്കുട്ടിയെയും ആട്ടിന്‍കൂട്ടത്തില്‍നിന്ന് ഊനമറ്റ ഒരു മുട്ടാടിനെയും സര്‍വേശ്വരന്‍റെ സന്നിധിയില്‍ കൊണ്ടുവരണം. പുരോഹിതന്മാര്‍ അവയുടെമേല്‍ ഉപ്പുവിതറിയശേഷം സര്‍വേശ്വരന് ഹോമയാഗമായി അര്‍പ്പിക്കണം. ഏഴു ദിവസവും ഓരോ കോലാടിനെ പാപപരിഹാരബലിയായി അര്‍പ്പിക്കണം. അതുപോലെതന്നെ ഊനമറ്റ ഒരു കാളക്കുട്ടിയെയും ആട്ടിന്‍പറ്റത്തില്‍നിന്നു കുറ്റമറ്റ ഒരു മുട്ടാടിനെയും ഏഴു ദിവസത്തേക്ക് അര്‍പ്പിക്കണം. അങ്ങനെ യാഗപീഠത്തിനു പ്രായശ്ചിത്തം ചെയ്ത് അതിനെ ശുദ്ധീകരിക്കുകയും അത് പ്രതിഷ്ഠിക്കുകയും വേണം. ഏഴു ദിവസം പൂര്‍ത്തിയായശേഷം എട്ടാം ദിവസംമുതല്‍ നിത്യവും നിങ്ങളുടെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും പുരോഹിതന്മാര്‍ യാഗപീഠത്തിന്മേല്‍ അര്‍പ്പിക്കണം. അപ്പോള്‍ നിങ്ങളില്‍ ഞാന്‍ പ്രസാദിക്കും എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. പിന്നീട് അയാള്‍ എന്നെ വിശുദ്ധമന്ദിരത്തിന്‍റെ കിഴക്കോട്ടു ദര്‍ശനമുള്ള പുറത്തെ പടിപ്പുരയിലേക്കു തിരിയെ കൊണ്ടുവന്നു; അത് അടച്ചിരുന്നു. ഈ വാതില്‍ അടച്ചിടേണ്ടതാണ്; ഇതില്‍ കൂടി ഇസ്രായേലിന്‍റെ സര്‍വേശ്വരനായ കര്‍ത്താവ് പ്രവേശിച്ചിരിക്കുന്നു; അതിനാല്‍ ഇത് ഒരിക്കലും തുറന്നുകൂടാ. ആരും ഇതില്‍കൂടി പ്രവേശിക്കുകയും അരുത് എന്നു സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു. സര്‍വേശ്വരന്‍റെ സന്നിധിയില്‍ വിശുദ്ധഭോജനം കഴിക്കാന്‍ രാജാവിനു മാത്രം അവിടെ ഇരിക്കാം. രാജാവു പ്രവേശിക്കുന്നതും പുറത്തുപോകുന്നതും പടിപ്പുരയുടെ പൂമുഖത്തുകൂടി ആയിരിക്കണം. പിന്നീട് അയാള്‍ എന്നെ വടക്കുവശത്തെ ഗോപുരത്തിലൂടെ ദേവാലയത്തിന്‍റെ മുന്‍വശത്തേക്കു കൊണ്ടുവന്നു. ദേവാലയം സര്‍വേശ്വരന്‍റെ തേജസ്സുകൊണ്ടു നിറഞ്ഞിരിക്കുന്നതായി ഞാന്‍ കണ്ടു. അപ്പോള്‍ ഞാന്‍ സാഷ്ടാംഗം പ്രണാമം ചെയ്തു. സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ദേവാലയത്തെക്കുറിച്ചു ഞാന്‍ നിന്നോടു കല്പിക്കുന്ന എല്ലാ നിയമങ്ങളും ചട്ടങ്ങളും നീ ശ്രദ്ധാപൂര്‍വം കാണുകയും കേള്‍ക്കുകയും ചെയ്യുക. ദേവാലയത്തില്‍ ആര്‍ക്കെല്ലാം പ്രവേശിക്കാമെന്നും ആര്‍ക്കെല്ലാം പ്രവേശിക്കാന്‍ പാടില്ലെന്നും ശരിയായി മനസ്സിലാക്കുക. ധിക്കാരികളായ ഇസ്രായേല്‍ജനത്തോടു പറയുക: സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഇസ്രായേല്‍ജനമേ, നിങ്ങളുടെ സകല മ്ലേച്ഛതകളും അവസാനിപ്പിക്കുക. നിങ്ങള്‍ എനിക്ക് ആഹാരമായി രക്തവും മേദസ്സും അര്‍പ്പിക്കുമ്പോള്‍ ഹൃദയത്തിലും ശരീരത്തിലും പരിച്ഛേദനം ഏല്‌ക്കാത്ത വിജാതീയരെ പ്രവേശിപ്പിച്ച് എന്‍റെ ആലയത്തെ നിങ്ങള്‍ അശുദ്ധമാക്കിയിരിക്കുന്നുവല്ലോ. ഈ മ്ലേച്ഛതകളെല്ലാം പ്രവര്‍ത്തിച്ചു നിങ്ങള്‍ എന്‍റെ ഉടമ്പടി ലംഘിച്ചു. നിങ്ങള്‍ എന്‍റെ ആലയത്തിലെ വിശുദ്ധവസ്തുക്കള്‍ സൂക്ഷിക്കാതെ വിജാതീയരെ അവയുടെ സൂക്ഷിപ്പുകാരാക്കി. അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ജനത്തിന്‍റെ ഇടയിലുള്ളവരും ഹൃദയത്തിലും ശരീരത്തിലും പരിച്ഛേദനം ഏല്‌ക്കാത്തവരുമായ വിജാതീയര്‍ ആരുംതന്നെ എന്‍റെ മന്ദിരത്തില്‍ പ്രവേശിച്ചുകൂടാ.” ഇസ്രായേല്‍ജനം വഴിതെറ്റിപ്പോയകാലത്ത് എന്നില്‍നിന്നകന്നു വിഗ്രഹങ്ങളുടെ പിന്നാലെ പോയ ലേവ്യര്‍ അതിനുള്ള ശിക്ഷ അനുഭവിക്കണം. അവര്‍ എന്‍റെ ആലയത്തിലെ പരിചാരകരായും ഗോപുരവാതില്‍ കാവല്‌ക്കാരായും എന്‍റെ വിശുദ്ധമന്ദിരത്തില്‍ ശുശ്രൂഷകരായും ഇരിക്കണം. അവര്‍ ഹോമയാഗത്തിനും ഹനനയാഗത്തിനുമുള്ള മൃഗങ്ങളെ അറുത്ത് ജനങ്ങള്‍ക്കുവേണ്ടി ശുശ്രൂഷ ചെയ്യണം. അങ്ങനെ അവര്‍ ജനങ്ങളെ സേവിക്കണം. അവര്‍ വിഗ്രഹങ്ങളുടെ മുമ്പാകെ ശുശ്രൂഷ ചെയ്ത് ഇസ്രായേല്‍ജനത്തിന്‍റെ വീഴ്ചയ്‍ക്കു കാരണമായിത്തീര്‍ന്നതുകൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു: അവര്‍ തങ്ങള്‍ക്കുള്ള ശിക്ഷ അനുഭവിക്കണം എന്ന് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. പുരോഹിതശുശ്രൂഷ ചെയ്യാന്‍ എന്നെയോ, വിശുദ്ധവും അതിവിശുദ്ധവുമായ വസ്തുക്കളെയോ അവര്‍ സമീപിക്കരുത്. തങ്ങള്‍ ചെയ്ത മ്ലേച്ഛതകള്‍ക്കുള്ള അപമാനം അവര്‍ സഹിക്കണം. എങ്കിലും ദേവാലയത്തിന്‍റെ മേല്‍നോട്ടം വഹിക്കാനും അവിടെ നിര്‍വഹിക്കേണ്ട എല്ലാ ജോലികളും ചെയ്യാനും ഞാന്‍ അവരെ നിയോഗിക്കും. ഇസ്രായേല്‍ജനം വഴിതെറ്റിപ്പോയപ്പോള്‍ എന്‍റെ വിശുദ്ധമന്ദിരത്തിന്‍റെ മേല്‍നോട്ടം വഹിച്ചിരുന്നവരും സാദോക്കിന്‍റെ സന്തതികളുമായ ലേവ്യാപുരോഹിതന്മാര്‍ എന്‍റെ അടുക്കല്‍വന്ന് എനിക്കു ശുശ്രൂഷചെയ്യുകയും മേദസ്സും രക്തവും എനിക്കു സമര്‍പ്പിക്കാന്‍വേണ്ടി എന്‍റെ മുമ്പില്‍ നില്‌ക്കുകയും വേണം; സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ എന്‍റെ വിശുദ്ധമന്ദിരത്തില്‍ പ്രവേശിച്ച് എന്‍റെ ശുശ്രൂഷ നിര്‍വഹിക്കാന്‍വേണ്ടി വിശുദ്ധമേശയെ സമീപിക്കണം. അവര്‍ എന്‍റെ കാര്യവിചാരകന്മാരായിരിക്കുകയും വേണം. അകത്തെ അങ്കണത്തിന്‍റെ പടിപ്പുരവാതിലുകള്‍ക്കകത്തു കടക്കുമ്പോള്‍ അവര്‍ ചണവസ്ത്രം ധരിച്ചിരിക്കണം. അവിടെയും ദേവാലയത്തിനുള്ളിലും ശുശ്രൂഷചെയ്യുമ്പോള്‍ രോമവസ്ത്രങ്ങള്‍ ധരിച്ചുകൂടാ. അവര്‍ ചണംകൊണ്ടുള്ള തലപ്പാവും കാല്ചട്ടയും ധരിക്കേണ്ടതാണ്. ശരീരം വിയര്‍ക്കാന്‍ ഇടയാക്കുന്ന യാതൊന്നും അവര്‍ ധരിക്കരുത്. അവര്‍ പുറത്തെ അങ്കണത്തില്‍ ജനങ്ങളുടെ അടുക്കലേക്ക് ചെല്ലുമ്പോള്‍ ജനങ്ങളിലേക്ക് വിശുദ്ധി പകരാതിരിക്കാന്‍ വിശുദ്ധസ്ഥലത്ത് ശുശ്രൂഷയ്‍ക്കായി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വിശുദ്ധമുറികളില്‍ അഴിച്ചുവയ്‍ക്കുകയും മറ്റു വസ്ത്രങ്ങള്‍ ധരിക്കുകയും വേണം. അവര്‍ തല മുണ്ഡനം ചെയ്യുകയോ മുടി നീട്ടിവളര്‍ത്തുകയോ അരുത്, മുടി കത്രിക്കുക മാത്രമേ പാടുള്ളൂ. അകത്തെ അങ്കണത്തില്‍ പ്രവേശിക്കുമ്പോള്‍ പുരോഹിതന്മാര്‍ വീഞ്ഞു കുടിച്ചിരിക്കരുത്. വിധവയെയോ വിവാഹമോചിതയെയോ അവര്‍ വിവാഹം ചെയ്തുകൂടാ. ഇസ്രായേല്‍വംശജയായ കന്യകയെയോ പുരോഹിതന്‍റെ ഭാര്യയായിരുന്ന വിധവയെയോ മാത്രമേ അവര്‍ വിവാഹം ചെയ്യാവൂ. വിശുദ്ധവും അല്ലാത്തതും തമ്മിലുള്ള വ്യത്യാസം അവര്‍ ജനത്തെ പഠിപ്പിക്കണം. ശുദ്ധിയുള്ളതിനെ ശുദ്ധിയില്ലാത്തതില്‍നിന്നു വേര്‍തിരിച്ചറിയുന്നത് എങ്ങനെയെന്ന് അവര്‍ക്കു കാണിച്ചുകൊടുക്കുകയും വേണം. വ്യവഹാരത്തില്‍ അവര്‍ വിധികര്‍ത്താക്കളായിരിക്കണം. എന്‍റെ വിധികള്‍ അനുസരിച്ച് അവര്‍ വിധിക്കേണ്ടതാണ്. അവര്‍ എന്‍റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു നിശ്ചിതപെരുന്നാളുകളും ശബത്തും വിശുദ്ധമായി ആചരിക്കണം. മൃതശരീരങ്ങളെ സമീപിച്ച് അവര്‍ തങ്ങളെത്തന്നെ അശുദ്ധരാക്കരുത്. എന്നാല്‍ മാതാപിതാക്കള്‍, പുത്രീപുത്രന്മാര്‍, സഹോദരന്‍, അവിവാഹിതയായ സഹോദരി എന്നിവര്‍ക്കുവേണ്ടി അശുദ്ധരാകാം. ഒരുവന്‍ അശുദ്ധനായശേഷം ശുദ്ധീകരണത്തിനുവേണ്ടി ഏഴുദിവസം കാത്തിരിക്കണം. അതുകഴിയുമ്പോള്‍ അവന്‍ ശുദ്ധനാകും. അയാള്‍ വിശുദ്ധസ്ഥലത്ത് ശുശ്രൂഷ ചെയ്യാന്‍ പോകുന്ന ദിവസം തനിക്കുവേണ്ടിയുള്ള പാപപരിഹാരബലി അര്‍പ്പിക്കേണ്ടതാണ് എന്ന് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവര്‍ക്ക് പൈതൃകാവകാശം ഒന്നും ഉണ്ടായിരിക്കരുത്; ഞാന്‍തന്നെ അവരുടെ അവകാശം. നിങ്ങള്‍ ഇസ്രായേലില്‍ അവര്‍ക്ക് സ്വത്തവകാശം ഒന്നും നല്‌കരുത്. ഞാന്‍ തന്നെയാണ് അവരുടെ സ്വത്ത്. അവര്‍ ഭോജനയാഗം, പാപപരിഹാരയാഗം, അകൃത്യയാഗം ഇവകൊണ്ട് ഉപജീവനം കഴിക്കണം. ഇസ്രായേലിലെ അര്‍പ്പിതവസ്തുക്കളെല്ലാം അവര്‍ക്കുള്ളതായിരിക്കണം. സകലവിധ ആദ്യഫലങ്ങളിലുംവച്ച് ഉത്തമമായതും എല്ലാവിധ വഴിപാടുകളും പുരോഹിതനുള്ളതായിരിക്കണം. നിന്‍റെ ഭവനത്തിന് അനുഗ്രഹം ലഭിക്കാന്‍വേണ്ടി നിന്‍റെ തരിമാവപ്പങ്ങളില്‍ ആദ്യത്തേത് പുരോഹിതന്മാര്‍ക്കു നല്‌കണം. താനേ ചത്തതോ കടിച്ചുകീറപ്പെട്ടതോ ആയ പക്ഷികളെയോ മൃഗങ്ങളെയോ പുരോഹിതന്മാര്‍ തിന്നരുത്. നിങ്ങള്‍ ഓരോ ഗോത്രത്തിനും ദേശം ഭാഗിച്ചുകൊടുക്കുമ്പോള്‍ അതില്‍ ഒരു ഭാഗം സര്‍വേശ്വരന്‍റെ വിശുദ്ധസ്ഥലമായി വേര്‍തിരിക്കണം. അതിന് ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും ഉണ്ടായിരിക്കണം. ആ സ്ഥലം മുഴുവന്‍ വിശുദ്ധമായിരിക്കും. ഇതില്‍ അഞ്ഞൂറു മുഴം നീളവും വീതിയും ഉള്ള ഒരു സമചതുരസ്ഥലം വിശുദ്ധമന്ദിരത്തിനുവേണ്ടി വേര്‍തിരിക്കണം. അതിനു ചുറ്റും അമ്പതുമുഴം വീതിയില്‍ സ്ഥലം തുറസ്സായി കിടക്കണം. വിശുദ്ധസ്ഥലത്ത് ഇരുപത്തയ്യായിരം മുഴം നീളത്തിലും പതിനായിരം മുഴം വീതിയിലും സ്ഥലം അളന്നു വേര്‍തിരിക്കണം. അതില്‍ ആയിരിക്കണം ദേവാലയവും അതിവിശുദ്ധസ്ഥലവും. അതു ദേശത്തിന്‍റെ വിശുദ്ധമായ ഭാഗം ആയിരിക്കും. വിശുദ്ധമന്ദിരത്തില്‍ സര്‍വേശ്വരനെ ശുശ്രൂഷിക്കുന്നവരും കര്‍ത്തൃശുശ്രൂഷയ്‍ക്കായി അവിടുത്തെ സമീപിക്കുന്നവരുമായ പുരോഹിതന്മാര്‍ക്കുള്ള ഭാഗം ഇതാണ്. ഇവിടെ ആയിരിക്കും അവരുടെ ഭവനങ്ങളും ദേവാലയത്തിനുള്ള വിശുദ്ധസ്ഥലവും. ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയുമുള്ള ബാക്കിഭാഗം ദേവാലയത്തിലെ ശുശ്രൂഷകരായ ലേവ്യര്‍ക്കുള്ളതായിരിക്കണം. അത് അവര്‍ക്കു വസിക്കാനുള്ള നഗരങ്ങള്‍ക്കുവേണ്ടിയാണ്. വിശുദ്ധസ്ഥലമായി നിങ്ങള്‍ വേര്‍തിരിച്ച സ്ഥലത്തോട് ചേര്‍ന്നു കിടക്കുന്ന ഇരുപത്തയ്യായിരം മുഴം നീളവും അയ്യായിരം മുഴം വീതിയുമുള്ള പ്രദേശം നഗരത്തിനുവേണ്ടി വേര്‍തിരിക്കണം. ഇത് സമസ്ത ഇസ്രായേല്‍ജനങ്ങളുടെയും പൊതുസ്വത്തായിരിക്കും. വിശുദ്ധപ്രദേശത്തിന്‍റെയും നഗരഭൂമിയുടെയും ഇരുവശങ്ങളിലായി വിശുദ്ധപ്രദേശത്തോടും നഗരഭൂമിയോടും ചേര്‍ന്ന് കിഴക്കും പടിഞ്ഞാറും ഒരു ഗോത്രത്തിന്‍റെ ഓഹരിക്കു തുല്യമായ നീളത്തില്‍ പടിഞ്ഞാറേ അതിരുമുതല്‍ കിഴക്കേ അതിരുവരെ വ്യാപിച്ചുകിടക്കുന്ന പ്രദേശം രാജാവിന് ഉള്ളതായിരിക്കും. അത് അദ്ദേഹത്തിന് ഇസ്രായേലില്‍ ഉള്ള ഭൂസ്വത്തായിരിക്കും. രാജാക്കന്മാര്‍ എന്‍റെ ജനത്തെ ഇനി ഒരിക്കലും പീഡിപ്പിക്കരുത്. അവര്‍ ദേശം ഇസ്രായേലിലെ അതതു ഗോത്രങ്ങള്‍ക്കായി നല്‌കണം. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍രാജാക്കന്മാരേ, മതിയാക്കുക; അക്രമവും മര്‍ദനവും ഉപേക്ഷിച്ചു നീതിയും ന്യായവും പാലിക്കുക. എന്‍റെ ജനത്തെ കുടിയിറക്കുന്നതു നിര്‍ത്തുവിന്‍. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഒത്ത തുലാസും അളവുപാത്രങ്ങളും നിങ്ങള്‍ ഉപയോഗിക്കണം. ഏഫായും ബത്തും ഒരേ അളവിലായിരിക്കണം. ഹോമറിന്‍റെ പത്തിലൊന്നാണ് ഒരു ബത്ത്. ഏഫായും ഹോമറിന്‍റെ പത്തിലൊന്നുതന്നെ. ഹോമര്‍ ആണ് അടിസ്ഥാനഅളവ്. ഒരു ശേക്കെല്‍ ഇരുപതു ഗേരാ ആയിരിക്കണം. അഞ്ചു ശേക്കെല്‍ അഞ്ചു ശേക്കെല്‍ തന്നെയും പത്തു ശേക്കെല്‍ പത്തു ശേക്കെല്‍ തന്നെയും ആയിരിക്കണം. അമ്പതു ശേക്കെല്‍ ആയിരിക്കണം ഒരു മിനാ. നിങ്ങളുടെ വഴിപാട് ഇപ്രകാരം ആയിരിക്കണം: ഓരോ ഹോമര്‍ കോതമ്പിനും ഏഫായുടെ ആറിലൊന്നും ഓരോ ഹോമര്‍ ബാര്‍ലിക്കും ഏഫായുടെ ആറിലൊന്നും സമര്‍പ്പിക്കണം. എണ്ണയുടെ കാര്യത്തില്‍ ഓരോ കോറിനും ഒരു ബത്തിന്‍റെ പത്തിലൊന്നാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത് (ഒരു കോര്‍ പത്തു ബത്തു ചേര്‍ന്നത്). ഇസ്രായേലിലെ ഓരോ ഗോത്രവും ഇരുനൂറ് ആടിന് ഒരു ആട് എന്ന കണക്കില്‍ വഴിപാട് അര്‍പ്പിക്കണം. അവരുടെ പ്രായശ്ചിത്തത്തിനായി നടത്തുന്ന ധാന്യയാഗത്തിനും ഹോമയാഗത്തിനും സമാധാനയാഗത്തിനും വേണ്ടിയുള്ളതാണ് ഈ വഴിപാട് എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ജനമെല്ലാം ഈ വഴിപാടുകള്‍ രാജാവിനെ ഏല്പിക്കണം. ഇസ്രായേലിന്‍റെ ഉത്സവകാലങ്ങളിലും അമാവാസികളിലും ശബത്തുകളിലും എല്ലാ നിര്‍ദിഷ്ട പെരുന്നാളുകളിലും ഹോമയാഗങ്ങളും ധാന്യയാഗങ്ങളും പാനീയയാഗങ്ങളും നടത്താന്‍ രാജാവ് ബാധ്യസ്ഥനാണ്. ഇസ്രായേല്‍ജനത്തിന്‍റെ പ്രായശ്ചിത്തത്തിനായി പാപപരിഹാരയാഗങ്ങള്‍ക്കും ഹോമയാഗങ്ങള്‍ക്കും സമാധാനയാഗങ്ങള്‍ക്കും ആവശ്യമായത് അദ്ദേഹം നല്‌കണം. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഒന്നാം മാസം ഒന്നാം ദിവസം കുറ്റമറ്റ ഒരു കാളക്കുട്ടിയെ കൊണ്ടുവന്ന് വിശുദ്ധസ്ഥലത്തിനു പ്രായശ്ചിത്തം വരുത്തണം. പുരോഹിതന്‍ അതിന്‍റെ പാപപരിഹാരയാഗത്തില്‍നിന്ന് കുറെ രക്തം എടുത്ത് ദേവാലയത്തിന്‍റെ കട്ടിളകളിലും യാഗപീഠത്തിന്‍റെ നാലു കോണുകളിലും അകമുറ്റത്തെ പടിപ്പുരയുടെ തൂണുകളിലും പുരട്ടണം. അബദ്ധവശാലോ അജ്ഞതയാലോ പാപം ചെയ്തുപോയവര്‍ക്കുവേണ്ടി ഇതേ ബലിതന്നെ അതാതു മാസത്തിന്‍റെ ഏഴാം ദിവസം നടത്തേണ്ടതാണ്. ഇങ്ങനെ നിങ്ങള്‍ ദേവാലയത്തിനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം. ഒന്നാം മാസത്തിന്‍റെ പതിനാലാം ദിവസം നിങ്ങള്‍ പെസഹാപെരുന്നാള്‍ ആചരിക്കണം. ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കേണ്ടതാണ്. അന്ന് രാജാവ് തനിക്കും ദേശത്തെ എല്ലാ ജനങ്ങള്‍ക്കുംവേണ്ടി പാപപരിഹാരയാഗത്തിനായി ഒരു കാളക്കുട്ടിയെ നല്‌കണം. ഉത്സവത്തിന്‍റെ ഏഴു ദിവസവും കുറ്റമറ്റ ഏഴു കാളക്കുട്ടികളെയും ഏഴു മുട്ടാടുകളെയും സര്‍വേശ്വരന് ഹോമയാഗമായി അര്‍പ്പിക്കുകയും വേണം. പാപപരിഹാരബലിക്കായി ഓരോ ആണ്‍കോലാടിനെയും ഈ ഏഴു ദിവസവും അര്‍പ്പിക്കേണ്ടതാണ്. ഹോമയാഗമായി അര്‍പ്പിക്കുന്ന ഓരോ കാളയ്‍ക്കും ഓരോ ആണാടിനും ഓരോ ഏഫാ ധാന്യവും ഓരോ ഏഫാ ധാന്യത്തിനും ഓരോ ഹീന്‍ എണ്ണയും ധാന്യയാഗമായി അദ്ദേഹം നല്‌കണം. ഏഴാം മാസം പതിനഞ്ചാം ദിവസംമുതല്‍ ഏഴു ദിവസം നിത്യവും രാജാവ് പാപപരിഹാരബലിക്കും ഹോമയാഗത്തിനും ധാന്യയാഗത്തിനും എണ്ണയ്‍ക്കും ഇതേ ക്രമംതന്നെ പാലിക്കണം. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “ദേവാലയത്തിന്‍റെ അക മുറ്റത്തു കിഴക്കോട്ടു ദര്‍ശനമുള്ള പടിപ്പുര വാതില്‍ ആറു പ്രവൃത്തിദിവസങ്ങളിലും അടച്ചിടണം. ശബത്തിലും അമാവാസിയിലും ആ വാതില്‍ തുറന്നിടണം. രാജാവു പുറത്തുനിന്നു പടിപ്പുരയുടെ പൂമുഖം വഴി അകത്തു കടന്നു പടിപ്പുരയുടെ തൂണിനു സമീപം നില്‌ക്കണം. പുരോഹിതന്മാര്‍ രാജാവിനുവേണ്ടിയുള്ള ഹോമയാഗവും സമാധാനയാഗവും അര്‍പ്പിക്കണം. പടിപ്പുരവാതില്‌ക്കല്‍ നിന്നുകൊണ്ടു രാജാവ് ആരാധിക്കണം. പിന്നീട് അദ്ദേഹം പുറത്തുപോകണം. എന്നാല്‍ നേരം വൈകുന്നതുവരെ പടിപ്പുരവാതില്‍ അടച്ചുകൂടാ. ദേശത്തെ ജനം ശബത്തിലും അമാവാസിയിലും പടിപ്പുരയുടെ പ്രവേശനദ്വാരത്തില്‍നിന്നുകൊണ്ട് സര്‍വേശ്വരന്‍റെ സന്നിധാനത്തില്‍ ആരാധിക്കണം. ശബത്തുദിവസം രാജാവ് കുറ്റമറ്റ ആറു കുഞ്ഞാടുകളെയും ഒരു മുട്ടാടിനെയും ഹോമയാഗമായി അര്‍പ്പിക്കണം. ധാന്യയാഗമായി മുട്ടാടിനോടൊപ്പം ഒരു ഏഫാ ധാന്യവും കുഞ്ഞാടിനോടൊപ്പം തന്‍റെ പ്രാപ്തിക്കൊത്തവിധം ധാന്യവും ഓരോ ഏഫാ ധാന്യത്തിനും ഓരോ ഹീന്‍ എന്ന കണക്കിന് എണ്ണയും നല്‌കണം. അമാവാസിയില്‍ രാജാവ് ഒരു കാളക്കുട്ടിയെയും ആറു കുഞ്ഞാടുകളെയും ഒരു മുട്ടാടിനെയും അര്‍പ്പിക്കണം. അവയെല്ലാം കുറ്റമറ്റവ ആയിരിക്കണം. ധാന്യയാഗമായി കാളക്കുട്ടിയോടും മുട്ടാടിനോടും ഒപ്പം ഓരോ ഏഫാ ധാന്യവും കുഞ്ഞാടുകളോടൊപ്പം തന്‍റെ കഴിവനുസരിച്ചു ധാന്യവും ഓരോ ഏഫായ്‍ക്കും ഒരു ഹീന്‍ എന്ന കണക്കിന് എണ്ണയും നല്‌കണം. രാജാവ് പടിപ്പുരയുടെ പൂമുഖത്തിലൂടെ പ്രവേശിക്കുകയും ആ വഴിയിലൂടെത്തന്നെ പുറത്തുപോകുകയും വേണം. ജനം ഉത്സവദിവസങ്ങളില്‍ സര്‍വേശ്വരന്‍റെ സന്നിധിയില്‍ വരുമ്പോള്‍ വടക്കേ പടിപ്പുരവഴി പ്രവേശിക്കുന്നവര്‍ തെക്കേ പടിപ്പുര വഴിയും തെക്കേ പടിപ്പുരവഴി പ്രവേശിക്കുന്നവര്‍ വടക്കേ പടിപ്പുരവഴിയും പുറത്തുപോകണം. ഒരുവനും താന്‍ പ്രവേശിച്ച പടിപ്പുരവഴി പുറത്തു പൊയ്‍ക്കൂടാ. ജനം അകത്തു പ്രവേശിക്കുമ്പോള്‍ അവരോടൊപ്പം രാജാവും പ്രവേശിക്കണം. അവര്‍ പുറത്തു പോകുമ്പോള്‍ അവരോടൊപ്പം അദ്ദേഹം പുറത്തുപോകുകയും വേണം. വിശേഷദിവസങ്ങളിലും ഉത്സവദിവസങ്ങളിലും ധാന്യയാഗത്തിന് കാളക്കുട്ടിയോടും മുട്ടാടിനോടും ഒപ്പം ഓരോ ഏഫാ ധാന്യവും കുഞ്ഞാടുകളോടൊപ്പം അവരവരുടെ കഴിവനുസരിച്ചു ധാന്യവും അതോടൊപ്പം ഒരു ഏഫായ്‍ക്ക് ഒരു ഹീന്‍ എന്ന കണക്കിന് എണ്ണയും നല്‌കണം. രാജാവ് സ്വന്ത ഇഷ്ടപ്രകാരം യാഗം നടത്തുമ്പോള്‍ ഹോമയാഗം ആയാലും സമാധാനയാഗം ആയാലും കിഴക്കോട്ടു ദര്‍ശനമുള്ള പടിപ്പുര അദ്ദേഹത്തിനു തുറന്നു കൊടുക്കണം. ശബത്തു ദിവസത്തിലെന്നപോലെ അദ്ദേഹം ഹോമയാഗമോ സമാധാനയാഗമോ അര്‍പ്പിക്കണം. പിന്നീട് അദ്ദേഹം പുറത്തുപോകണം. അതിനുശേഷം പടിപ്പുരവാതില്‍ അടയ്‍ക്കണം. സര്‍വേശ്വരന് അര്‍പ്പിക്കുന്ന ഹോമയാഗത്തിനുവേണ്ടി രാജാവു പ്രതിദിനം ഒരു വയസ് പ്രായമുള്ള കുറ്റമറ്റ ഓരോ ആട്ടിന്‍കുട്ടിയെ നല്‌കണം. പ്രഭാതംതോറും അത് അര്‍പ്പിക്കുകയും വേണം. അതിന്‍റെ ധാന്യയാഗമായി പ്രഭാതംതോറും ഏഫായുടെ ആറിലൊന്ന് മാവും അതു കുഴയ്‍ക്കാന്‍ മൂന്നിലൊന്ന് ഹീന്‍ എണ്ണയും നല്‌കണം. ഇവയാണ് നിരന്തരഹോമയാഗത്തിനുള്ള വ്യവസ്ഥകള്‍. അങ്ങനെ നിരന്തരഹോമയാഗത്തിനുവേണ്ടി ആട്ടിന്‍ കുട്ടിയും ധാന്യവഴിപാടും എണ്ണയും പ്രഭാതം തോറും നല്‌കണം. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. രാജാവ് തന്‍റെ പുത്രന്മാരില്‍ ആര്‍ക്കെങ്കിലും തന്‍റെ അവകാശത്തില്‍നിന്നു ദാനം നല്‌കുന്നെങ്കില്‍ അത് അവന് അവകാശപ്പെട്ടതായിരിക്കും. എന്നാല്‍ രാജാവ് തന്‍റെ അവകാശത്തില്‍നിന്ന് തന്‍റെ ദാസന് ഒരു ദാനം നല്‌കുന്നെങ്കില്‍ വിമോചനവര്‍ഷംവരെ മാത്രമേ അത് അവന്‍റേതായിരിക്കുകയുള്ളൂ. അതിനുശേഷം ആ സ്വത്ത് വീണ്ടും രാജാവിന്‍റേതായിത്തീരും. രാജാവിന്‍റെ പിതൃസ്വത്തിന്‍റെ അവകാശം അദ്ദേഹത്തിന്‍റെ പുത്രന്മാര്‍ക്കു മാത്രമുള്ളതാണ്. രാജാവു ജനത്തെ പുറന്തള്ളിയശേഷം അവരുടെ സ്വത്ത് കൈയടക്കിക്കൂടാ. സ്വന്തം സ്വത്തില്‍നിന്നാണു രാജാവ് പുത്രന്മാര്‍ക്ക് അവകാശം നല്‌കേണ്ടത്. അങ്ങനെ ചെയ്താല്‍ എന്‍റെ ജനത്തിന് അവരുടെ അവകാശത്തില്‍നിന്നു ചിതറി പോകേണ്ടിവരികയില്ല. പിന്നീട് അയാള്‍ എന്നെ പടിപ്പുരയുടെ പാര്‍ശ്വത്തിലുള്ള പ്രവേശനദ്വാരത്തിലൂടെ പുരോഹിതര്‍ക്കുള്ള വിശുദ്ധമുറികളുടെ വടക്കേനിരയിലേക്കു കൊണ്ടുവന്നു. ആ മുറികളുടെ പടിഞ്ഞാറേ അറ്റത്ത് ഒരു സ്ഥലം എനിക്കു കാട്ടിത്തന്നു. പുരോഹിതന്മാര്‍ പ്രായശ്ചിത്തയാഗത്തിനും പാപപരിഹാരയാഗത്തിനും ഉള്ള നിവേദ്യങ്ങള്‍ പാകം ചെയ്യുന്നതും ധാന്യയാഗത്തിനുള്ള അപ്പം ചുടുന്നതും ഇവിടെയാണ്. അയാള്‍ എന്നോടു പറഞ്ഞു: വിശുദ്ധി പുറത്തെ അങ്കണത്തിലേക്കു വ്യാപിച്ച് ജനത്തെ ബാധിക്കാതിരിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. പിന്നീട് അയാള്‍ എന്നെ പുറത്തെ അങ്കണത്തിലേക്കു നയിച്ചു. അതിന്‍റെ നാലു കോണിലും ഓരോ ചെറിയ മുറ്റമുണ്ടായിരുന്നു. ആ നാലു മുറ്റങ്ങളും ഒരേ വലിപ്പമുള്ളവയായിരുന്നു; നാല്പതു മുഴം നീളവും മുപ്പതു മുഴം വീതിയും. ആ ചെറുമുറ്റങ്ങളുടെ ചുറ്റും കല്ഭിത്തികള്‍ കെട്ടിയിരുന്നു. അവയുടെ ചുവട്ടില്‍ അടുപ്പുകള്‍ ഉണ്ടായിരുന്നു. ദേവാലയത്തിലെ ശുശ്രൂഷകര്‍ ജനങ്ങള്‍ക്കുവേണ്ടിയുള്ള യാഗവസ്തുക്കള്‍ പാകപ്പെടുത്തുന്നത് ഇവിടെയാണ് എന്ന് അയാള്‍ എന്നോടു പറഞ്ഞു. പിന്നീട് അയാള്‍ എന്നെ ദേവാലയവാതില്‌ക്കലേക്കു മടക്കിക്കൊണ്ടുവന്നു. അതാ, ദേവാലയത്തിന്‍റെ ഉമ്മരപ്പടിയുടെ കീഴില്‍നിന്ന് വെള്ളം കിഴക്കോട്ട് ഒഴുകുന്നു (ദേവാലയത്തിന്‍റെ ദര്‍ശനം കിഴക്കോട്ടാണല്ലോ) ഉമ്മരപ്പടിയുടെ താഴെ ദേവാലയ പൂമുഖത്തിന്‍റെ വടക്കുഭാഗത്ത് യാഗപീഠത്തിന്‍റെ തെക്കു നിന്നായിരുന്നു നീരൊഴുക്ക്. പിന്നീട് എന്നെ അയാള്‍ വടക്കേ പടിപ്പുരവഴി വെളിയിലേക്കു കൊണ്ടുവന്നു. അതിനുശേഷം പുറത്തുകൂടി കിഴക്കോട്ടു ദര്‍ശനമുള്ള പടിപ്പുരയിലേക്കു നയിച്ചു. വെള്ളം പടിപ്പുരയുടെ തെക്കുവശത്തുകൂടി ഒഴുകുന്നുണ്ടായിരുന്നു. കൈയില്‍ ഒരളവുനൂലുമായി അയാള്‍ കിഴക്കോട്ടു നടന്ന് ആയിരം മുഴം അളന്നു. വെള്ളത്തില്‍ കൂടിയാണ് അയാള്‍ എന്നെ നയിച്ചത്. വെള്ളം എന്‍റെ കണങ്കാല്‍വരെ ഉണ്ടായിരുന്നു. വീണ്ടും അയാള്‍ ആയിരം മുഴം ദൂരം അളന്നപ്പോള്‍ വെള്ളം മുട്ടോളമായി. പിന്നെയും ആയിരം മുഴംകൂടി അളന്ന് അയാള്‍ എന്നെ വെള്ളത്തിലൂടെ നയിച്ചു. അപ്പോള്‍ വെള്ളം അരയറ്റമായി. ആയിരം മുഴം കൂടി അളന്നപ്പോള്‍ എനിക്കു കടന്നുപോകാന്‍ കഴിയാത്ത ഒരു ജലപ്രവാഹമായി അതുയര്‍ന്നു. നീന്താതെ കടക്കാന്‍ കഴിയാത്ത ഒരു നദി; “മനുഷ്യപുത്രാ, ഇതുകണ്ടോ?” എന്ന് അയാള്‍ എന്നോടു ചോദിച്ചു. പിന്നീട് അയാള്‍ എന്നെ നദീതീരത്തേക്ക് കൊണ്ടുവന്നു. ഞാന്‍ തിരിച്ചുവരുമ്പോള്‍ നദിയുടെ ഇരുകരകളിലും നിരവധി വൃക്ഷങ്ങള്‍ നില്‌ക്കുന്നതായി കണ്ടു. അയാള്‍ എന്നോടു പറഞ്ഞു: ഈ ജലം കിഴക്കോട്ടൊഴുകി അരാബായില്‍ ചെന്നു ചേരുന്നു. ഇതു ചെന്നു ചേരുമ്പോള്‍ കടലിലെ കെട്ടിക്കിടക്കുന്ന ജലം ശുദ്ധമായിത്തീരുന്നു. ഈ നദി ഒഴുകിച്ചെല്ലുന്നിടത്തെല്ലാം ധാരാളം ജീവജാലങ്ങളും മത്സ്യങ്ങളും ഉണ്ടായിരിക്കും. കാരണം ഈ നദിയിലെ വെള്ളം ചെന്നുചേരുമ്പോള്‍ സമുദ്രജലം ശുദ്ധമായിത്തീരുന്നു. ഇതിലെ ജലം ഒഴുകി ചെല്ലുന്നിടത്തെല്ലാം സര്‍വ ജീവജാലങ്ങള്‍ക്കും ജീവിക്കാന്‍ കഴിയും. കടല്‌ക്കരയില്‍ മീന്‍പിടിത്തക്കാര്‍ നിന്നു വലവീശും. ഏന്‍-ഗെദിമുതല്‍ ഏന്‍-എഗ്ലയീംവരെ വല വിരിച്ചിടുന്ന സ്ഥലമാണ്. അവിടെ മഹാസമുദ്രത്തിലെപ്പോലെ നാനാതരത്തിലുള്ള മത്സ്യങ്ങള്‍ ധാരാളം ഉണ്ടായിരിക്കും. എന്നാല്‍ ചേറും ചതുപ്പും നിറഞ്ഞ സ്ഥലങ്ങള്‍ ശുദ്ധമായിരിക്കുകയില്ല. അവ ഉപ്പു വിളയുന്ന സ്ഥലങ്ങളായിത്തീരും. നദിയുടെ ഇരുകരകളിലും നാനാതരം ഫലവൃക്ഷങ്ങള്‍ ഉണ്ടായിരിക്കും. അവയുടെ ഇല വാടുകയില്ല. അവ ഫലം നല്‌കാതിരിക്കുകയുമില്ല. വിശുദ്ധമന്ദിരത്തില്‍ നിന്ന് ഒഴുകിവരുന്ന ജലം ലഭിക്കുന്നതുകൊണ്ട് ആ വൃക്ഷങ്ങളില്‍ മാസംതോറും പുതിയ കനികള്‍ ഉണ്ടാകുന്നു. അവയുടെ ഫലങ്ങള്‍ ആഹാരത്തിനും ഇലകള്‍ രോഗസൗഖ്യത്തിനും ഉപകരിക്കുന്നു. സര്‍വേശ്വരനായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങള്‍ക്ക് അവകാശമായി ദേശത്തെ വിഭജിക്കുന്ന അതിരുകള്‍ ഇവയാണ്: യോസേഫിന്‍റെ ഗോത്രത്തിനു രണ്ടു പങ്കുണ്ടായിരിക്കണം. ഈ ദേശം നിങ്ങളുടെ പിതാക്കന്മാര്‍ക്കു നല്‌കുമെന്നു ഞാന്‍ വാഗ്ദാനം ചെയ്തിരുന്നു. അതു നിങ്ങള്‍ക്ക് അവകാശമായി ലഭിക്കും. നിങ്ങള്‍ അത് തുല്യമായി ഭാഗിക്കണം. ദേശത്തിന്‍റെ അതിരുകള്‍ ഇവയാണ്: വടക്കു മഹാസമുദ്രംമുതല്‍ ഹെത്‍ലോന്‍ വഴി ഹമാത്ത്കവാടംവരെയും അവിടെനിന്ന് സെദാദ് ബെരോത്താ ദമാസ്കസിനും ഹാമാത്തിനും ഇടയിലുള്ള സിബ്രയീം എന്നിവ വഴി ഹൗറാന്‍റെ അതിര്‍ത്തിയിലെ ഹാസര്‍ ഏനോന്‍ വരെയും വടക്കോട്ടും ആയിരിക്കും വടക്കേ അതിര്. കിഴക്കേ അതിര് ഹൗറാനിനും ദമാസ്കസിനും ഇടയ്‍ക്കുള്ള ഹാസര്‍ ഏനോന്‍മുതല്‍ ഗിലെയാദിനും ഇസ്രായേല്‍ദേശത്തിനും യോര്‍ദ്ദാന്‍നദി വഴി കിഴക്കേ സമുദ്രവും താമാറുംവരെ. തെക്കേ അതിരു താമാര്‍ തൊട്ട് മെരിബോത് കാദേശ് ജലാശയംവരെയും അവിടെനിന്ന് ഈജിപ്തുതോടു വഴി മഹാസമുദ്രം വരെയും ആയിരിക്കും. പടിഞ്ഞാറേ അതിര് ഹാമാത്തിലേക്കുള്ള തിരിവിന്‍റെ എതിര്‍വശം വരെ മഹാസമുദ്രം ആയിരിക്കും. ഇസ്രായേല്‍ഗോത്രങ്ങളുടെ എണ്ണമനുസരിച്ച് ഈ പ്രദേശം നിങ്ങള്‍ വിഭജിക്കണം. നിങ്ങള്‍ക്കും നിങ്ങളുടെ ഇടയില്‍ വന്നു പാര്‍ത്തശേഷം ജനിച്ച കുട്ടികളോടുകൂടി കഴിയുന്ന പരദേശികള്‍ക്കും പൈതൃകാവകാശമായി ദേശം പങ്കുവയ്‍ക്കണം. അവര്‍ സ്വദേശികളായി ജനിച്ച ഇസ്രായേല്‍പുത്രന്മാരെപ്പോലെതന്നെ ആയിരിക്കണം. ഇസ്രായേല്‍ഗോത്രങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്കെന്നപോലെ അവര്‍ക്കും നിങ്ങളുടെ ഇടയില്‍ അവകാശം ലഭിക്കണം. പരദേശി പാര്‍ക്കുന്നത് ഏതു ഗോത്രത്തോടൊത്തായാലും അവിടെ അവന് അവകാശം നല്‌കണം; സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഇസ്രായേല്‍ഗോത്രങ്ങള്‍ക്ക് അവകാശപ്പെട്ട ദേശങ്ങള്‍: വടക്കേ അറ്റംമുതല്‍ ഹെത്‍ലോന്‍ വഴി ഹാമാത്തിലേക്കുള്ള പ്രവേശനദ്വാരംവരെയും ഹാമാത്തിനെതിരെ ദമാസ്കസിന്‍റെ വടക്കേ അതിര്‍ത്തിയിലുള്ള ഹസര്‍-ഏനാന്‍വരെയും കിഴക്കു പടിഞ്ഞാറായി കിടക്കുന്ന ഭാഗം ദാന്‍ഗോത്രത്തിനാണ്. അതിനോടു ചേര്‍ന്ന് കിഴക്കുമുതല്‍ പടിഞ്ഞാറേ അറ്റംവരെ കിടക്കുന്ന ഭാഗം ആശേര്‍ ഗോത്രത്തിനുള്ളതാണ്. അതിനോടു ചേര്‍ന്ന് കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുള്ള ഭാഗം നഫ്താലിഗോത്രത്തിന്‍റേതും അതിനോട് തൊട്ടു കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുള്ള ഭാഗം മനശ്ശെഗോത്രത്തിന്‍റേതുമാണ്. അതിനോടു ചേര്‍ന്ന് കിഴക്കേ അറ്റംമുതല്‍ പടിഞ്ഞാറുവരെ എഫ്രയീംഗോത്രത്തിന്‍റേതും അതിനോടു ചേര്‍ന്നു കിഴക്കേ അറ്റംമുതല്‍ പടിഞ്ഞാറുവരെ രൂബേന്‍ഗോത്രത്തിന്‍റേതും അതിനോട് ചേര്‍ന്നു കിഴക്കേ അറ്റംമുതല്‍ പടിഞ്ഞാറുവരെയുള്ള ഭാഗം യെഹൂദാഗോത്രത്തിന്‍റേതുമാണ്. യെഹൂദാഗോത്രത്തിന്‍റെ ഓഹരിയോടു ചേര്‍ന്ന് കിഴക്കേ അറ്റംമുതല്‍ പടിഞ്ഞാറുവരെ ഒരു ഗോത്രത്തിന്‍റെ ഓഹരിയുടെ നീളത്തിലും ഇരുപത്തയ്യായിരം മുഴം വീതിയിലുമുള്ള പ്രദേശം കിഴക്കു പടിഞ്ഞാറായി പ്രത്യേകം വേര്‍തിരിക്കണം. അതിന്‍റെ മധ്യത്തിലായിരിക്കും വിശുദ്ധമന്ദിരം. സര്‍വേശ്വരനായി വേര്‍തിരിക്കുന്ന സ്ഥലത്തിന് ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉണ്ടായിരിക്കണം. വിശുദ്ധഓഹരി ഇങ്ങനെ ഭാഗിക്കണം: വടക്ക് ഇരുപത്തയ്യായിരം മുഴം നീളവും പടിഞ്ഞാറ് പതിനായിരം മുഴം വീതിയും കിഴക്ക് പതിനായിരം മുഴം വീതിയും തെക്ക് ഇരുപത്തയ്യായിരം മുഴം നീളവുമുള്ള ഭാഗം പുരോഹിതന്മാര്‍ക്കുള്ളതാണ്. ഇതിന്‍റെ മധ്യത്തിലാണ് സര്‍വേശ്വരന്‍റെ വിശുദ്ധമന്ദിരം. സാദോക്കിന്‍റെ പുത്രന്മാരായ അഭിഷിക്ത പുരോഹിതന്മാര്‍ക്കുവേണ്ടിയുള്ളതാണ് ഇത്. ഇസ്രായേല്‍ജനങ്ങളും ലേവ്യരുടെ വഴിതെറ്റിപോയപ്പോള്‍ അവരെപ്പോലെ അപഥസഞ്ചാരം ചെയ്യാതെ എന്‍റെ കാര്യവിചാരകനായിരുന്ന സാദോക്കിന്‍റെ പുത്രന്മാരാണ് അവര്‍. ലേവ്യരുടെ പ്രദേശത്തോടു ചേര്‍ന്നുള്ള ദേശത്തിന്‍റെ വിശുദ്ധ ഓഹരിയില്‍നിന്ന് അതിവിശുദ്ധമായി വേര്‍തിരിച്ചെടുത്ത ഓഹരിയാണ് അവരുടേത്. പുരോഹിതന്മാരുടെ സ്ഥലത്തോടു ചേര്‍ന്ന് ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയുമുള്ള പ്രദേശം ലേവ്യര്‍ക്കുള്ളതാണ്. അതിന്‍റെ മൊത്തം നീളം ഇരുപത്തയ്യായിരം മുഴം; വീതി പതിനായിരം മുഴവും അതില്‍ ഒരു ഭാഗം പോലും വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ അരുത്. ഇതു സര്‍വേശ്വരനുള്ളതും വിശുദ്ധവുമാകയാല്‍ അന്യാധീനപ്പെടുത്തുകയും അരുത്. ശേഷിക്കുന്ന അയ്യായിരം മുഴം വീതിയും ഇരുപത്തയ്യായിരം മുഴം നീളവുമുള്ള സ്ഥലം, പാര്‍പ്പിടങ്ങള്‍, തുറന്നസ്ഥലം എന്നിങ്ങനെ നഗരത്തിന്‍റെ സാധാരണ ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. അതിന്‍റെ മധ്യത്തിലായിരിക്കണം നഗരം. നഗരത്തിന്‍റെ നാലുവശങ്ങളില്‍ ഓരോന്നിനും നാലായിരത്തി അഞ്ഞൂറു മുഴം വീതം നീളമുണ്ടായിരിക്കണം. നഗരത്തിന് വടക്കും തെക്കും കിഴക്കും പടിഞ്ഞാറും ഇരുനൂറ്റമ്പതു മുഴം വീതമുള്ള തുറസ്സായ സ്ഥലം ഉണ്ടായിരിക്കണം. വിശുദ്ധഓഹരിയുടെ അരികില്‍ മിച്ചമുള്ളത് കിഴക്കും പടിഞ്ഞാറും പതിനായിരം മുഴം വീതം നീളമുള്ള സ്ഥലം കൃഷിഭൂമിയായി ഉപയോഗിക്കണം. അവിടെ ഉത്പാദിപ്പിക്കുന്ന വിളകള്‍ നഗരത്തിലെ പണിക്കാരുടെ ഭക്ഷണത്തിനുള്ളതായിരിക്കണം. നഗരത്തില്‍ പാര്‍ക്കുന്ന എല്ലാവരും ഇസ്രായേലിലെ ഏതു ഗോത്രക്കാരനായാലും അവിടെ കൃഷി ചെയ്യണം. നിങ്ങള്‍ വേര്‍തിരിക്കുന്ന വിശുദ്ധസ്ഥലവും നഗരവും മൊത്തം ഇരുപത്തയ്യായിരം മുഴം നീളവും വീതിയുള്ള സമചതുരമായിരിക്കണം. വിശുദ്ധഓഹരിയുടെയും നഗരത്തിന്‍റെയും ഇരുവശങ്ങളിലും ശേഷിക്കുന്ന സ്ഥലം രാജാവിനുള്ളതാണ്. അത് വിശുദ്ധഓഹരിയുടെ ഇരുപത്തയ്യായിരം മുഴം സ്ഥലത്തുനിന്നു കിഴക്കേ അതിര്‍ത്തിവരെയും ഇരുപത്തയ്യായിരം മുഴം പടിഞ്ഞാറോട്ട് പടിഞ്ഞാറെ അതിര്‍ത്തിവരെയും ഗോത്രങ്ങളുടെ ഓഹരിക്കു സമാന്തരമായി കിടക്കുന്ന പ്രദേശമാണ്. വിശുദ്ധസ്ഥലവും വിശുദ്ധമന്ദിരവും അതിന്‍റെ മധ്യത്തിലായിരിക്കും. ലേവ്യരുടെ സ്വത്തും നഗരസ്വത്തും രാജാവിന്‍റെ ഓഹരിയുടെ മധ്യത്തിലും; രാജാവിനുള്ള ഓഹരിയാകട്ടെ ബെന്യാമീന്‍ഗോത്രത്തിന്‍റെയും യെഹൂദാഗോത്രത്തിന്‍റെയും ഓഹരിയുടെ ഇടയ്‍ക്കും ആയിരിക്കും. മറ്റുഗോത്രങ്ങള്‍ക്കുള്ള ഓഹരികള്‍: കിഴക്കുമുതല്‍ പടിഞ്ഞാറുവരെ ബെന്യാമീന്‍ ഗോത്രത്തിനുള്ളതായിരിക്കണം. അതിനോടു ചേര്‍ന്ന് കിഴക്കു പടിഞ്ഞാറായി കിടക്കുന്നത് ശിമെയോന്‍ഗോത്രത്തിനുള്ള ഓഹരിയത്രേ. അതിനോടു തൊട്ട് കിഴക്കു പടിഞ്ഞാറായി കിടക്കുന്ന ഓഹരി ഇസ്സാഖാര്‍ഗോത്രത്തിനും അതിനോടു ചേര്‍ന്ന് കിഴക്കു പടിഞ്ഞാറുള്ളത് സെബൂലൂന്‍ ഗോത്രത്തിനുമുള്ളത്. സെബൂലൂന്‍ ഗോത്രത്തിന്‍റെ ഓഹരിയോട് ചേര്‍ന്ന് കിഴക്കു പടിഞ്ഞാറായി കിടക്കുന്നത് ഗാദ്ഗോത്രത്തിനുള്ളതാണ്. ഗാദിന്‍റെ തെക്കേ അതിരിനോടു ചേര്‍ന്ന് താമാര്‍മുതല്‍ മെരീബത്ത്-കാദേശ് ജലാശയംവരെയും ഈജിപ്തു തോടുമുതല്‍ മെഡിറ്ററേനിയന്‍ കടല്‍വരെയും ആണ് തെക്കേ അതിര്. ഇതാണ് ഇസ്രായേല്‍ഗോത്രങ്ങള്‍ക്ക് പൈതൃകമായി നല്‌കേണ്ട ദേശം; ഓരോ ഗോത്രത്തിനും ലഭിക്കേണ്ട ഓഹരികളും ഇവ തന്നെ. ഇതു സര്‍വേശ്വരനായ കര്‍ത്താവിന്‍റെ വചനം. നഗരത്തില്‍നിന്നു പുറത്തേക്കു കടക്കാനുള്ള മാര്‍ഗങ്ങള്‍ ഇനി പറയുന്നവയാണ്: നാലായിരത്തഞ്ഞൂറു മുഴം നീളമുള്ള വടക്കുവശത്തെ മതിലിന് മൂന്നു പടിപ്പുരകള്‍. ഇസ്രായേല്‍ഗോത്രങ്ങളുടെ പേരുകള്‍ തന്നെയാണ് പടിപ്പുരകളുടെയും പേരുകള്‍. അവയുടെ പേരുകള്‍ രൂബേന്‍, ലേവി, യെഹൂദാ. നാലായിരത്തഞ്ഞൂറു മുഴം നീളമുള്ള കിഴക്കെ മതിലില്‍ യോസേഫിന്‍റെയും ബെന്യാമീന്‍റെയും ദാനിന്‍റെയും പടിപ്പുരകള്‍. നാലായിരത്തഞ്ഞൂറു മുഴം നീളമുള്ള തെക്കേ മതിലിന് മൂന്നു പടിപ്പുരകള്‍: ശിമെയോന്‍, ഇസ്സാഖാര്‍, സെബൂലൂന്‍ പടിപ്പുരകള്‍. നാലായിരത്തഞ്ഞൂറു മുഴം നീളമുള്ള പടിഞ്ഞാറേ മതിലിന് മൂന്നു പടിപ്പുരകള്‍: ഗാദ്, ആശേര്‍, നഫ്താലി. നഗരചുറ്റളവ് പതിനെണ്ണായിരം മുഴം ആയിരിക്കും. ഇന്നു മുതല്‍ ഈ നഗരത്തിന്‍റെ പേര് യാഹ്ശമ്മാ എന്ന് ആയിരിക്കും. യെഹൂദാരാജാവായ യെഹോയാക്കീമിന്‍റെ വാഴ്ചയുടെ മൂന്നാംവര്‍ഷം ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ യെരൂശലേമിനെ ഉപരോധിച്ചു. യെഹോയാക്കീംരാജാവിനെ കീഴടക്കാനും ദൈവത്തിന്‍റെ ആലയത്തിലെ ചില പാത്രങ്ങള്‍ കൈവശപ്പെടുത്താനും സര്‍വേശ്വരന്‍ അദ്ദേഹത്തെ അനുവദിച്ചു. നെബുഖദ്നേസര്‍ യെഹോയാക്കീമിനെ ആ പാത്രങ്ങളോടൊപ്പം ശിനാര്‍ദേശത്തുള്ള തന്‍റെ ദേവന്‍റെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു. പാത്രങ്ങള്‍ ക്ഷേത്രഭണ്ഡാരത്തില്‍ വച്ചു. പിന്നീട് രാജാവ് തന്‍റെ രാജകൊട്ടാരത്തിലെ സേവകന്മാരില്‍ മുഖ്യനായ അശ്പെനാസിനെ വിളിച്ച് കല്പിച്ചു: കൊട്ടാരത്തില്‍ സേവനം അനുഷ്ഠിക്കാന്‍ യോഗ്യരായ ഏതാനും പേരെ ഇസ്രായേല്യരില്‍നിന്ന് കൊണ്ടുവരിക; അവര്‍ രാജകുടുംബാംഗങ്ങളും കുലീനത്വം ഉള്ളവരും അംഗവൈകല്യമില്ലാത്തവരും സുമുഖരും പ്രതിഭാശാലികളും അഭിഞ്ജരും വിവേകശാലികളും ആയിരിക്കണം. ബാബിലോണ്യരുടെ എഴുത്തും വായനയും അവരെ അഭ്യസിപ്പിക്കണം. രാജാവു ഭക്ഷിക്കുന്ന വിശിഷ്ടഭോജ്യങ്ങളും അദ്ദേഹം പാനംചെയ്യുന്ന വീഞ്ഞും അവര്‍ക്കു നല്‌കണമെന്നും മൂന്നുവര്‍ഷത്തെ പരിശീലനം കഴിഞ്ഞ് അവരെ രാജസമക്ഷം ഹാജരാക്കണമെന്നും കല്പിച്ചിരുന്നു. ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവരില്‍ യെഹൂദാഗോത്രക്കാരായ ദാനിയേല്‍, ഹനന്യാ, മീശായേല്‍, അസര്യാ എന്നിവര്‍ ഉണ്ടായിരുന്നു. രാജകൊട്ടാരത്തിലെ സേവകപ്രമാണി ദാനിയേലിനു ബേല്‍ത്ത്ശസ്സര്‍ എന്നും ഹനന്യാക്കു ശദ്രക് എന്നും മീശായേലിനു മേശക് എന്നും അസര്യാക്കു അബേദ്-നെഗോ എന്നും പേരിട്ടു. രാജാവിന്‍റെ വിശിഷ്ടഭോജ്യങ്ങളും അദ്ദേഹം പാനം ചെയ്യുന്ന വീഞ്ഞും കഴിച്ചു താന്‍ ആചാരപരമായി അശുദ്ധനാകുകയില്ലെന്നു ദാനിയേല്‍ നിശ്ചയിച്ചു. അതിനാല്‍ താന്‍ മലിനനാകാതിരിക്കാന്‍ അനുവദിക്കണമെന്ന് രാജസേവകപ്രമാണിയോടു ദാനിയേല്‍ അപേക്ഷിച്ചു. അശ്പെനാസിനു ദാനിയേലിനോടു ദയയും അനുകമ്പയും തോന്നാന്‍ ദൈവം ഇടയാക്കി. എങ്കിലും അയാള്‍ ദാനിയേലിനോടു പറഞ്ഞു: “എന്‍റെ യജമാനനായ രാജാവിനെ ഞാന്‍ ഭയപ്പെടുന്നു. നിങ്ങള്‍ എന്തു ഭക്ഷിക്കണമെന്നും എന്തു പാനം ചെയ്യണമെന്നും രാജാവ് നിശ്ചയിച്ചിട്ടുണ്ട്. സമപ്രായക്കാരായ മറ്റുള്ളവരെക്കാള്‍ നിങ്ങള്‍ ക്ഷീണിതരായി രാജാവ് കണ്ടാല്‍ എന്‍റെ ജീവന്‍ അപകടത്തിലാകും.” ദാനിയേല്‍, ഹനന്യാ, മീശായേല്‍, അസര്യാ എന്നിവരുടെ മേല്‍നോട്ടക്കാരനായി രാജസേവകപ്രമാണി നിയമിച്ചിരിക്കുന്നയാളിനോട് ദാനിയേല്‍ പറഞ്ഞു: “ഞങ്ങള്‍ക്കു പത്തു ദിവസത്തേക്കു സസ്യഭോജ്യങ്ങളും വെള്ളവും തന്നു പരീക്ഷിച്ചു നോക്കിയാലും; അതിനുശേഷം ഞങ്ങളെയും രാജകീയഭോജ്യങ്ങള്‍ കഴിക്കുന്ന യുവാക്കളെയും തമ്മില്‍ ഒത്തുനോക്കുക. അതിന്‍പ്രകാരം ഞങ്ങളോടു പെരുമാറുക.” ദാനിയേലിന്‍റെ അപേക്ഷ അയാള്‍ സ്വീകരിച്ചു. അങ്ങനെ പത്തുദിവസം പരീക്ഷിച്ചു. പത്തുദിവസം കഴിഞ്ഞപ്പോള്‍ അവര്‍ രാജകീയ ഭക്ഷണം കഴിക്കുന്ന എല്ലാവരെക്കാളും അഴകും പുഷ്‍ടിയും ഉള്ളവരായി കാണപ്പെട്ടു. അതിനാല്‍ അയാള്‍ ആ യെഹൂദായുവാക്കള്‍ക്ക് രാജകീയഭക്ഷണത്തിനും വീഞ്ഞിനും പകരം സസ്യാഹാരം കൊടുത്തു. ദൈവം ഈ നാലു ചെറുപ്പക്കാര്‍ക്ക് എല്ലാ വിദ്യകളിലും വിജ്ഞാനത്തിലും അവഗാഹവും നൈപുണ്യവും നല്‌കി. ദാനിയേലിന് ഏതു ദര്‍ശനവും സ്വപ്നവും വ്യാഖ്യാനിക്കാനുള്ള സിദ്ധിയും ലഭിച്ചു. രാജാവ് കല്പിച്ചിരുന്ന കാലം പൂര്‍ത്തിയായപ്പോള്‍ ആ യുവാക്കളെ രാജകല്പന പ്രകാരം രാജസേവകപ്രമാണി നെബുഖദ്നേസര്‍രാജാവിന്‍റെ സന്നിധിയില്‍ കൊണ്ടുചെന്നു. രാജാവ് അവരോടു സംസാരിച്ചു. ദാനിയേല്‍, ഹനന്യാ, മീശായേല്‍, അസര്യാ എന്നിവര്‍ക്കു തുല്യരായി മറ്റാരെയും കണ്ടില്ല. അങ്ങനെ അവര്‍ രാജസേവകരായിത്തീര്‍ന്നു. അവരോടുള്ള സംഭാഷണത്തില്‍നിന്ന് വിജ്ഞാനത്തിലും വിവേകത്തിലും രാജ്യത്തെങ്ങുമുള്ള ഏതു മന്ത്രവാദിയെയും ആഭിചാരകനെയുംകാള്‍ പത്തിരട്ടി മെച്ചപ്പെട്ടവരാണവര്‍ എന്നു രാജാവിനു ബോധ്യമായി. സൈറസ്‍രാജാവിന്‍റെ വാഴ്ചയുടെ ഒന്നാംവര്‍ഷംവരെ ദാനിയേല്‍ അവിടെ തുടര്‍ന്നു. രാജ്യഭാരം ഏറ്റതിന്‍റെ രണ്ടാംവര്‍ഷം നെബുഖദ്നേസര്‍ രാജാവ് ചില സ്വപ്നങ്ങള്‍ കണ്ടു. അദ്ദേഹത്തിന്‍റെ മനസ്സ് അസ്വസ്ഥമായി തീര്‍ന്നതുകൊണ്ട് ഉറങ്ങാന്‍ കഴിഞ്ഞില്ല. രാജ്യത്തെ മന്ത്രവാദികളെയും ക്ഷുദ്രപ്രയോഗം ചെയ്യുന്നവരെയും ആഭിചാരകരെയും ബാബിലോണ്യരായ വിദ്വാന്മാരെയുമെല്ലാം തന്‍റെ സ്വപ്നം വിവരിക്കാന്‍വേണ്ടി വിളിച്ചുകൂട്ടാന്‍ രാജാവു കല്പിച്ചു. അവര്‍ എല്ലാവരും രാജസന്നിധിയിലെത്തി. രാജാവ് അവരോടു പറഞ്ഞു: “ഞാന്‍ ഒരു സ്വപ്നം കണ്ടു; അതിന്‍റെ അര്‍ഥം അറിയാന്‍ എന്‍റെ മനസ്സു വെമ്പല്‍കൊള്ളുന്നു.” അപ്പോള്‍ ബാബിലോണ്യരായ വിദ്വാന്മാര്‍ പറഞ്ഞു: “മഹാരാജാവേ, അങ്ങു നീണാള്‍ വാഴട്ടെ! അവിടുന്നു കണ്ട സ്വപ്നം എന്താണെന്ന് അടിയങ്ങളോടു പറഞ്ഞാലും; ഞങ്ങള്‍ അതിന്‍റെ അര്‍ഥം പറയാം.” രാജാവു പ്രതിവചിച്ചു: “നമ്മുടെ വാക്കിനു മാറ്റമില്ല. ഞാന്‍ കണ്ട സ്വപ്നവും അതിന്‍റെ അര്‍ഥവും എന്തെന്നു പറഞ്ഞില്ലെങ്കില്‍ നിങ്ങളെ കഷണം കഷണമായി നുറുക്കുകയും നിങ്ങളുടെ ഭവനങ്ങള്‍ കുപ്പക്കുന്നാക്കുകയും ചെയ്യും. സ്വപ്നവും വ്യാഖ്യാനവും പറഞ്ഞാല്‍ നിങ്ങള്‍ക്ക് സമ്മാനങ്ങളും ബഹുമതികളും ലഭിക്കും. അതുകൊണ്ട് സ്വപ്നവും അതിന്‍റെ അര്‍ഥവും എന്താണെന്നു പറയുക.” അവര്‍ രാജാവിനോടു വീണ്ടും പറഞ്ഞു: “സ്വപ്നം എന്തെന്നു കല്പിച്ചരുളിയാലും. ഞങ്ങള്‍ അതിന്‍റെ അര്‍ഥം പറയാം.” രാജാവു മറുപടി പറഞ്ഞു: “ഞാന്‍ വിധി കല്പിച്ചു കഴിഞ്ഞു. എന്‍റെ വാക്കിനു മാറ്റമില്ലെന്നറിഞ്ഞുകൊണ്ടു കൂടുതല്‍ സമയം ലഭിക്കാന്‍വേണ്ടി നിങ്ങള്‍ ശ്രമിക്കയാണെന്ന് എനിക്കറിയാം. സ്വപ്നം എന്തെന്ന് പറയാതിരുന്നാല്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരേ ശിക്ഷയായിരിക്കും ലഭിക്കുക; സമയം കുറെ കഴിയുമ്പോള്‍ ഈ സ്ഥിതിക്ക് മാറ്റം വരും എന്നു കരുതി എന്‍റെ മുമ്പില്‍ പൊളിയും വ്യാജവചനങ്ങളും പറയാന്‍ നിങ്ങള്‍ ഒത്തുകൂടിയിരിക്കുന്നു. സ്വപ്നം എന്തെന്നു പറയുക. അപ്പോള്‍ അതിന്‍റെ അര്‍ഥവും പറയാന്‍ നിങ്ങള്‍ക്കു കഴിയും.” ബാബിലോണ്യരായ വിദ്വാന്മാര്‍ ഇങ്ങനെ ബോധിപ്പിച്ചു: “മഹാരാജാവേ, അങ്ങ് ആവശ്യപ്പെട്ടതു പറയാന്‍ കഴിവുള്ള ഒരു മനുഷ്യനും ഭൂമിയില്‍ കാണുകയില്ല. മഹാനും ബലവാനുമായ ഒരു രാജാവും ഇങ്ങനെ ഒരു കാര്യം ഒരു മാന്ത്രികനോടും ആഭിചാരകനോടും ബാബിലോണിലെ വിദ്വാന്മാരോടും ആവശ്യപ്പെട്ടിട്ടില്ല. അങ്ങ് പറയുന്ന കാര്യം പ്രയാസമുള്ളതാണ്. അതു വ്യക്തമാക്കിത്തരാന്‍ ദേവന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും സാധ്യമല്ല. അവര്‍ മനുഷ്യരുടെ ഇടയില്‍ അല്ലല്ലോ വസിക്കുന്നത്.” ഇതു കേട്ടപ്പോള്‍ രാജാവ് അത്യന്തം കുപിതനായി; ബാബിലോണിലെ സകല വിദ്വാന്മാരെയും സംഹരിക്കാന്‍ ഉത്തരവിട്ടു. അങ്ങനെ എല്ലാ വിദ്വാന്മാരെയും വധിക്കാനുള്ള കല്പന പുറപ്പെടുവിച്ചു. ദാനിയേലിനെയും കൂട്ടുകാരെയും കൊല്ലാന്‍ അവര്‍ അന്വേഷിച്ചു. എന്നാല്‍ ബാബിലോണിലെ വിദ്വാന്മാരെ വധിക്കാന്‍ പുറപ്പെട്ട രാജാവിന്‍റെ അകമ്പടിസേനാനായകനായ അര്യോക്കിനോടു ദാനിയേല്‍ ബുദ്ധിയോടും വിവേകത്തോടും സംസാരിച്ചു. ദാനിയേല്‍ അര്യോക്കിനോടു ചോദിച്ചു: “രാജാവ് ഇത്ര കഠിനമായ കല്പന പുറപ്പെടുവിക്കാന്‍ കാരണം എന്ത്?” സംഭവിച്ചതെല്ലാം അര്യോക്ക് ദാനിയേലിനെ അറിയിച്ചു. ദാനിയേല്‍ രാജസന്നിധിയിലെത്തി തനിക്ക് ഒരവസരം നല്‌കണമെന്നും സ്വപ്നത്തിന്‍റെ അര്‍ഥം താന്‍ പറയാമെന്നും രാജാവിനെ അറിയിച്ചു. പിന്നീട് ദാനിയേല്‍ തന്‍റെ ഭവനത്തില്‍ചെന്നു കൂട്ടുകാരായ ഹനന്യായെയും മീശായേലിനെയും അസര്യായെയും വിവരം അറിയിച്ചു. നമ്മളും ബാബിലോണിലെ സകല വിദ്വാന്മാരും സംഹരിക്കപ്പെടാതിരിക്കാന്‍ ഈ സ്വപ്നരഹസ്യം വെളിപ്പെടുത്തിത്തരാന്‍ സ്വര്‍ഗസ്ഥനായ ദൈവത്തിന്‍റെ കാരുണ്യത്തിനുവേണ്ടി പ്രാര്‍ഥിക്കണമെന്ന് ദാനിയേല്‍ അവരോടു പറഞ്ഞു. അന്നു രാത്രി ഒരു ദര്‍ശനത്തിലൂടെ സ്വപ്നത്തിന്‍റെ രഹസ്യം ദൈവം ദാനിയേലിന് വെളിപ്പെടുത്തിക്കൊടുത്തു. ദാനിയേല്‍ സ്വര്‍ഗസ്ഥനായ ദൈവത്തെ സ്തുതിച്ചു; “ദൈവത്തിന്‍റെ നാമം എന്നേക്കും വാഴ്ത്തപ്പെടട്ടെ; സകല ജ്ഞാനവും ശക്തിയും അവിടുത്തേക്കുള്ളതാണല്ലോ. കാലങ്ങളെയും സമയങ്ങളെയും അവിടുന്നു നിയന്ത്രിക്കുന്നു. രാജാക്കന്മാരെ വാഴിക്കുന്നതും നിഷ്കാസനം ചെയ്യുന്നതും അവിടുന്നാണല്ലോ. ജ്ഞാനികള്‍ക്കു ജ്ഞാനവും വിവേകശാലികള്‍ക്ക് വിവേകവും നല്‌കുന്നതും അവിടുന്നാണല്ലോ. അഗാധവും നിഗൂഢവുമായ കാര്യങ്ങള്‍ അവിടുന്നു വെളിപ്പെടുത്തുന്നു; അന്ധകാരത്തിലുള്ളത് അവിടുന്ന് അറിയുന്നു; വെളിച്ചം അവിടുത്തോടൊത്ത് വസിക്കുന്നു. എന്‍റെ പിതാക്കന്മാരുടെ ദൈവമേ, അവിടുത്തേക്കു ഞാന്‍ സ്തുതിയും സ്തോത്രവും അര്‍പ്പിക്കുന്നു; അവിടുന്ന് എനിക്ക് ജ്ഞാനവും ബലവും നല്‌കിയിരിക്കുന്നുവല്ലോ; ഞങ്ങള്‍ അപേക്ഷിച്ച കാര്യം അവിടുന്ന് എനിക്കു വെളിപ്പെടുത്തിയിരിക്കുന്നു. രാജാവിനോടു പറയേണ്ട കാര്യം ഞങ്ങള്‍ക്ക് വ്യക്തമാക്കിയിരിക്കുന്നുവല്ലോ.” ബാബിലോണിലെ വിദ്വാന്മാരെ സംഹരിക്കാന്‍ രാജാവു നിയോഗിച്ച അര്യോക്കിനെ സമീപിച്ചു ദാനിയേല്‍ പറഞ്ഞു: “ബാബിലോണിലെ വിദ്വാന്മാരെ നശിപ്പിക്കരുത്; എന്നെ രാജസന്നിധിയിലേക്കു കൊണ്ടുപോകുക; സ്വപ്നസാരം ഞാന്‍ രാജാവിനെ അറിയിക്കാം.” അര്യോക്ക് ഉടന്‍തന്നെ ദാനിയേലിനെ രാജാവിന്‍റെ അടുക്കല്‍ കൂട്ടിക്കൊണ്ടു ചെന്നു പറഞ്ഞു: “അവിടുത്തെ സ്വപ്നത്തിന്‍റെ പൊരുള്‍ അറിയിക്കാന്‍ കഴിവുള്ള ഒരാളെ യെഹൂദാപ്രവാസികളുടെ ഇടയില്‍ ഞാന്‍ കണ്ടെത്തിയിരിക്കുന്നു.” അപ്പോള്‍ രാജാവ് ബേല്‍ത്ത്ശസ്സര്‍ എന്നും പേരുള്ള ദാനിയേലിനോട് ചോദിച്ചു: “നാം കണ്ട സ്വപ്നവും അതിന്‍റെ അര്‍ഥവും നിനക്കു പറയാമോ?” ദാനിയേല്‍ പറഞ്ഞു: “അവിടുന്നു ചോദിച്ച നിഗൂഢകാര്യം വിദ്വാന്മാര്‍ക്കോ ആഭിചാരകന്മാര്‍ക്കോ ജ്യോതിശാസ്ത്രജ്ഞര്‍ക്കോ മന്ത്രവാദികള്‍ക്കോ അങ്ങയെ അറിയിക്കാന്‍ കഴിയുന്നതല്ല; എന്നാല്‍ നിഗൂഢരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വര്‍ഗത്തിലുണ്ട്; ഭാവികാലത്ത് എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന് ആ ദൈവം നെബുഖദ്നേസര്‍രാജാവിനെ അറിയിച്ചിരിക്കുന്നു. അവിടുന്നു കിടക്കയില്‍വച്ചു കണ്ട സ്വപ്നവും ദര്‍ശനങ്ങളും എന്തായിരുന്നെന്നു ഞാന്‍ പറയാം.” “മഹാരാജാവേ, ഇനി സംഭവിക്കാന്‍ പോകുന്നത് എന്താണെന്നുള്ള ചിന്ത കിടക്കയില്‍വച്ച് തിരുമനസ്സിലുണ്ടായി. നിഗൂഢരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ദൈവം സംഭവിക്കാന്‍ പോകുന്നത് എന്തെന്ന് അങ്ങയെ അറിയിച്ചിരിക്കുന്നു. മറ്റാരേക്കാളും അധികമായ ജ്ഞാനം എനിക്കുണ്ടായിട്ടല്ല, ഈ നിഗൂഢരഹസ്യം എനിക്കു വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. പിന്നെയോ ഇതിന്‍റെ പൊരുള്‍ അങ്ങ് അറിയാനും അങ്ങയുടെ ഹൃദയവിചാരം ഗ്രഹിക്കാനുമാണ്. രാജാവേ, അങ്ങു കണ്ട ദര്‍ശനം ഇതാണ്. ഒരു വലിയ പ്രതിമ, വലുതും ശോഭയേറിയതുമായ ആ പ്രതിമ അവിടുത്തെ മുമ്പില്‍ നിന്നു. ഭീതി ജനിപ്പിക്കുന്ന ഒരു ദൃശ്യമായിരുന്നു അത്. അതിന്‍റെ ശിരസ്സ് തനിത്തങ്കംകൊണ്ടും നെഞ്ചും കരങ്ങളും വെള്ളികൊണ്ടും വയറും തുടകളും ഓടുകൊണ്ടും കാലുകള്‍ ഇരുമ്പുകൊണ്ടും പാദങ്ങള്‍ ഇരുമ്പും കളിമണ്ണുംകൊണ്ടുമാണ് നിര്‍മിച്ചിരുന്നത്. അവിടുന്ന് ആ പ്രതിമയില്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ആരും തൊടാതെ ഒരു കല്ല് അടര്‍ന്നുവീണ് ബിംബത്തിന്‍റെ ഇരുമ്പും കളിമണ്ണും കൊണ്ടു നിര്‍മിച്ച പാദങ്ങള്‍ ഇടിച്ചു തകര്‍ത്തു. അപ്പോള്‍ ഇരുമ്പും കളിമണ്ണും ഓടും വെള്ളിയും പൊന്നുമെല്ലാം വേനല്‍ക്കാലത്ത് മെതിക്കളത്തിലെ പതിരുപോലെ തവിടുപൊടിയായി. അവയുടെ പൊടിപോലും എങ്ങും കാണാത്തവിധം കാറ്റ് അവയെ പറത്തിക്കൊണ്ടുപോയി. പ്രതിമയുടെമേല്‍ വന്നുവീണ കല്ല് ഒരു മഹാപര്‍വതമായി വളര്‍ന്നു ഭൂമിയില്‍ എല്ലായിടവും നിറഞ്ഞു. ഇതായിരുന്നു രാജാവിന്‍റെ സ്വപ്നം. ഇതിന്‍റെ സാരവും ഞാന്‍ അവിടുത്തോടു പറയാം: മഹാരാജാവേ, അങ്ങു രാജാധിരാജനാകുന്നു; സ്വര്‍ഗസ്ഥനായ ദൈവം അങ്ങേക്കു രാജ്യവും ശക്തിയും മഹത്ത്വവും ബഹുമാനവും നല്‌കിയിരിക്കുന്നു. സര്‍വമനുഷ്യരെയും മൃഗങ്ങളെയും പക്ഷികളെയും ദൈവം അങ്ങയെ ഏല്പിച്ചു; അങ്ങയെ എല്ലാറ്റിന്‍റെയും അധിപതിയാക്കിയിരിക്കുന്നു. അങ്ങാണ് തങ്കനിര്‍മിതമായ ശിരസ്സ്. അങ്ങേക്കു ശേഷം ഒരു രാജ്യവുംകൂടി ഉണ്ടാകും. അത് അങ്ങയുടേതിനൊപ്പം വലുതായിരിക്കുകയില്ല. മൂന്നാമത്തെ രാജ്യം ഓടുകൊണ്ടുള്ളതാണ്. അതു ഭൂമി മുഴുവന്‍ അടക്കി ഭരിക്കും; നാലാമത്തെ രാജ്യം ഇരുമ്പുപോലെ ബലമുള്ളതായിരിക്കും; ഇരുമ്പ്, സകലത്തെയും ഇടിച്ചു തകര്‍ത്തുകളയുന്നതുപോലെ അത് എല്ലാറ്റിനെയും ഇടിച്ചു തകര്‍ക്കും. അങ്ങു ദര്‍ശിച്ചതുപോലെ പാദങ്ങളും വിരലുകളും ഇരുമ്പും കളിമണ്ണും കൊണ്ടാണല്ലോ നിര്‍മിച്ചിരിക്കുന്നത്. അത് വിഭജിക്കപ്പെട്ട ഒരു രാജ്യമായിരിക്കും. അതിന് ഇരുമ്പിന്‍റേതുപോലെ ശക്തിയുണ്ടായിരിക്കും. അത് ഇരുമ്പും കളിമണ്ണും ചേര്‍ന്നതാണല്ലോ. കാലിന്‍റെ വിരലുകള്‍ ഭാഗികമായി ഇരുമ്പും കളിമണ്ണും കൊണ്ടുള്ളതായിരുന്നതുപോലെ ആ രാജ്യം ഭാഗികമായി ശക്തവും ഭാഗികമായി ദുര്‍ബലവുമായിരിക്കും. ഇരുമ്പും കളിമണ്ണും സമ്മിശ്രിതമായിരിക്കുന്നതായി അങ്ങു കണ്ടതുപോലെ ഈ രാജാക്കന്മാരുടെ കാലത്ത് അവരുടെ കുടുംബങ്ങള്‍ അന്യോന്യം വിവാഹബന്ധത്തില്‍ ഏര്‍പ്പെടും. എന്നാല്‍ ഇരുമ്പും കളിമണ്ണും തമ്മില്‍ ചേരാതിരിക്കുന്നതുപോലെ അവര്‍ തമ്മില്‍ ചേരുകയില്ല. ഈ രാജാക്കന്മാരുടെ കാലത്തു സ്വര്‍ഗസ്ഥനായ ദൈവം ഒരു രാജ്യം സ്ഥാപിക്കും. അത് അനശ്വരമായിരിക്കും. അതു വേറൊരു ജനതയ്‍ക്ക് ഏല്പിച്ചു കൊടുക്കുകയുമില്ല. ഈ രാജ്യങ്ങളെയെല്ലാം അതു പൂര്‍ണമായി നശിപ്പിക്കുകയും അത് എന്നേക്കും നിലനില്‌ക്കുകയും ചെയ്യും. ആരും തൊടാതെ ഒരു കല്ല് പര്‍വതത്തില്‍നിന്ന് അടര്‍ന്നു വീണ് ഇരുമ്പും കളിമണ്ണും ഓടും വെള്ളിയും സ്വര്‍ണവും തകര്‍ത്തുകളഞ്ഞതായി അവിടുന്നു കണ്ടല്ലോ. ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നത് ഉന്നതനായ ദൈവം അങ്ങയെ അറിയിക്കുകയാണു അതുമൂലം ചെയ്തിരിക്കുന്നത്. സ്വപ്നവും അതിന്‍റെ സാരവും ഇതുതന്നെ. അപ്പോള്‍ നെബുഖദ്നേസര്‍രാജാവു സാഷ്ടാംഗം വീണു ദാനിയേലിനെ നമസ്കരിച്ചു. അദ്ദേഹത്തിനുവേണ്ടി ഒരു വഴിപാടും ധൂപാര്‍ച്ചനയും നടത്തണമെന്നും രാജാവു കല്പിച്ചു. പിന്നീടു ദാനിയേലിനോടു പറഞ്ഞു: “താങ്കള്‍ ഈ രഹസ്യം വെളിപ്പെടുത്താന്‍ പ്രാപ്തനായതുകൊണ്ടു നിശ്ചയമായും നിങ്ങളുടെ ദൈവം ദൈവാധിദൈവവും രാജാധിരാജനും ആകുന്നു. അവിടുന്നു നിഗൂഢരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു. രാജാവു ദാനിയേലിന് ഉന്നതബഹുമതികളും വിലപ്പെട്ട സമ്മാനങ്ങളും നല്‌കി. മാത്രമല്ല അദ്ദേഹത്തെ ബാബിലോണ്‍ സംസ്ഥാനത്തിന്‍റെ ഭരണാധിപനാക്കുകയും ബാബിലോണിലെ വിദ്വാന്മാരുടെ തലവനായി നിയമിക്കുകയും ചെയ്തു. ദാനിയേലിന്‍റെ അപേക്ഷപ്രകാരം ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നിവരെ രാജാവ് സംസ്ഥാനത്തെ വിവിധ ഭരണവകുപ്പുകളുടെ ചുമതല ഏല്പിച്ചു; ദാനിയേല്‍രാജാവിന്‍റെ കൊട്ടാരത്തില്‍ത്തന്നെ പാര്‍ത്തു. നെബുഖദ്നേസര്‍ രാജാവ് അറുപതു മുഴം ഉയരവും ആറു മുഴം വീതിയുമുള്ള ഒരു സ്വര്‍ണവിഗ്രഹമുണ്ടാക്കി, ബാബിലോണിലെ ദൂരാസമതലത്തില്‍ സ്ഥാപിച്ചു. താന്‍ നിര്‍മിച്ച വിഗ്രഹത്തിന്‍റെ പ്രതിഷ്ഠാകര്‍മത്തിനു പ്രധാന ദേശാധിപതികളും ഭരണാധികാരികളും സ്ഥാനാപതികളും ഉപദേഷ്ടാക്കളും ഭണ്ഡാരംവിചാരിപ്പുകാരും ന്യായാധിപന്മാരും നിയമപാലകരും ദേശത്തുള്ള സകല ഉദ്യോഗസ്ഥന്മാരും വന്നുചേരാന്‍ നെബുഖദ്നേസര്‍ ആളയച്ചു. രാജകല്പനയനുസരിച്ച് അവര്‍ എല്ലാവരും വിഗ്രഹത്തിന്‍റെ പ്രതിഷ്ഠാകര്‍മത്തിനെത്തി. അവര്‍ വിഗ്രഹത്തിന്‍റെ മുമ്പില്‍ വന്നു നിന്നു. രാജവിളംബരം അറിയിക്കുന്നവന്‍ ഉറക്കെ വിളിച്ചു പറഞ്ഞു: “രാജാവു കല്പിക്കുന്നു; ജനങ്ങളേ, വിവിധ രാജ്യക്കാരേ, വിവിധ ഭാഷക്കാരേ, കാഹളം, കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ വാദ്യങ്ങളുടെ നാദം കേള്‍ക്കുമ്പോള്‍ നെബുഖദ്നേസര്‍ രാജാവു സ്ഥാപിച്ച സ്വര്‍ണവിഗ്രഹത്തെ നിങ്ങള്‍ വീണു നമസ്കരിക്കണം; ആരെങ്കിലും അങ്ങനെ ചെയ്യാതിരുന്നാല്‍ അപ്പോള്‍ത്തന്നെ അയാളെ എരിയുന്ന തീച്ചൂളയില്‍ എറിഞ്ഞുകളയും; അതുകൊണ്ട് കാഹളം, കുഴല്‍, തംബുരു, കിന്നരം, വീണ മുതലായവയുടെ നാദം കേട്ടപ്പോള്‍ സര്‍വജനങ്ങളും വിവിധ രാജ്യക്കാരും ഭാഷക്കാരും നെബുഖദ്നേസര്‍ സ്ഥാപിച്ച ആ സ്വര്‍ണവിഗ്രഹത്തെ സാഷ്ടാംഗംവീണു വന്ദിച്ചു. അപ്പോള്‍ ചില ബാബിലോണ്യര്‍ മുമ്പോട്ടു വന്ന് യെഹൂദന്മാരുടെമേല്‍ വിദ്വേഷത്തോടെ കുറ്റമാരോപിച്ചു. അവര്‍ നെബുഖദ്നേസര്‍ രാജാവിനോട് പറഞ്ഞു: “മഹാരാജാവേ, അങ്ങു നീണാള്‍ വാഴട്ടെ! കാഹളം, കുഴല്‍, കിന്നരം, തംബുരു, വീണ, നാഗസ്വരം മുതലായ വാദ്യങ്ങളുടെ നാദം കേള്‍ക്കുമ്പോള്‍ എല്ലാവരും സാഷ്ടാംഗം വീണു സ്വര്‍ണവിഗ്രഹത്തെ വന്ദിക്കണമെന്നും ആരെങ്കിലും അപ്രകാരം ചെയ്യാതിരുന്നാല്‍ അവരെ എരിയുന്ന തീച്ചൂളയില്‍ എറിഞ്ഞുകളയുമെന്നും അങ്ങു കല്പിച്ചിരുന്നല്ലോ. എന്നാല്‍ ബാബിലോണ്‍ സംസ്ഥാനത്തെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി അങ്ങു നിയമിച്ച ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നീ യെഹൂദന്മാര്‍ രാജകല്പനയെ നിരസിക്കുന്നു. അവര്‍ അങ്ങയുടെ ദേവന്മാരെ സേവിക്കുകയോ അവിടുന്നു പ്രതിഷ്ഠിച്ച സ്വര്‍ണവിഗ്രഹത്തെ ആരാധിക്കുകയോ ചെയ്യുന്നില്ല.” അപ്പോള്‍ രാജാവ് രോഷംപൂണ്ട്, ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോയെയും തന്‍റെ മുമ്പില്‍ ഹാജരാക്കാന്‍ കല്പിച്ചു; അവരെ രാജസന്നിധിയില്‍ കൊണ്ടുവന്നു. രാജാവ് അവരോടു ചോദിച്ചു: “ശദ്രക്കേ, മേശക്കേ, അബേദ്നെഗോയേ, നിങ്ങള്‍ എന്‍റെ ദേവന്മാരെ ആരാധിക്കുകയോ ഞാന്‍ പ്രതിഷ്ഠിച്ച സ്വര്‍ണവിഗ്രഹത്തെ വന്ദിക്കുകയോ ചെയ്യുന്നില്ലെന്നുള്ളതു ശരിയാണോ? അദ്ദേഹം തുടര്‍ന്നു: ഇപ്പോള്‍ കാഹളം, കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായവയുടെ നാദം മുഴങ്ങും. അപ്പോള്‍ ഞാന്‍ പ്രതിഷ്ഠിച്ച വിഗ്രഹത്തെ പ്രണമിച്ച് ആരാധിച്ചാല്‍ നിങ്ങള്‍ക്കു നന്ന്; അല്ലെങ്കില്‍ ആ നിമിഷംതന്നെ നിങ്ങളെ എരിയുന്ന തീച്ചൂളയില്‍ എറിഞ്ഞുകളയും; എന്‍റെ കൈയില്‍ നിന്ന് ഏതു ദേവനാണ് നിങ്ങളെ വിടുവിക്കുക?” ശദ്രക്കും മേശക്കും അബേദ്നെഗോയും രാജാവിനോടു പറഞ്ഞു: “മഹാരാജാവേ, ഇതിനു ഞങ്ങള്‍ മറുപടി പറയേണ്ട ആവശ്യമില്ല. ജ്വലിക്കുന്ന അഗ്നിയില്‍ ഞങ്ങളെ എറിയുകയാണെങ്കില്‍ ഞങ്ങള്‍ ആരാധിക്കുന്ന ദൈവം ഞങ്ങളെ രക്ഷിക്കും. അങ്ങയുടെ കൈയില്‍നിന്നു ഞങ്ങളെ വിടുവിക്കാന്‍ കഴിവുള്ളവനാണ് ഞങ്ങളുടെ ദൈവം. ഞങ്ങളുടെ ദൈവം ഞങ്ങളെ രക്ഷിച്ചില്ലെങ്കിലും അങ്ങയുടെ ദേവന്മാരെ ഞങ്ങള്‍ ആരാധിക്കുകയില്ല, അങ്ങു പ്രതിഷ്ഠിച്ച സ്വര്‍ണവിഗ്രഹത്തെ നമസ്കരിക്കുകയുമില്ല എന്ന് അങ്ങ് അറിഞ്ഞാലും.” നെബുഖദ്നേസരിന്‍റെ ഭാവം മാറി ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നിവര്‍ക്കെതിരെ രോഷാകുലനായി ചൂളയുടെ ചൂട് സാധാരണയുള്ളതിന്‍റെ ഏഴു മടങ്ങ് വര്‍ധിപ്പിക്കാന്‍ അദ്ദേഹം കല്പിച്ചു. സൈന്യത്തിലെ അതിബലിഷ്ഠരായ പടയാളികളോടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോയെയും ബന്ധിച്ച് എരിയുന്ന തീച്ചൂളയില്‍ എറിയാന്‍ രാജാവ് ആജ്ഞാപിച്ചു. അവര്‍ അവരെ കാല്‍ച്ചട്ട, കുപ്പായം, മേലാട, തൊപ്പി മുതലായ വസ്ത്രങ്ങളോടുകൂടി ബന്ധിച്ച് എരിയുന്ന തീച്ചൂളയിലേക്ക് എറിഞ്ഞു. രാജകല്പന അതികര്‍ശനമായിരുന്നതുകൊണ്ടു ചൂള അത്യുഗ്രമായി ജ്വലിപ്പിച്ചിരുന്നു. തന്മൂലം ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോയെയും എടുത്തുകൊണ്ടു പോയവരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു. ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നീ മൂന്നുപേരും ബന്ധിതരായി ജ്വലിക്കുന്ന തീച്ചൂളയില്‍ നിപതിച്ചു. നെബുഖദ്നേസര്‍രാജാവ് അത്യദ്ഭുതത്തോടെ തിടുക്കത്തില്‍ എഴുന്നേറ്റു: “നാം മൂന്നുപേരെയല്ലേ ബന്ധിച്ചു തീച്ചൂളയില്‍ ഇട്ടത്?” രാജാവ് മന്ത്രിമാരോടു ചോദിച്ചു. “അതേ, രാജാവേ” അവര്‍ പറഞ്ഞു. “ഇതാ ബന്ധിക്കപ്പെടാത്ത നാലുപേര്‍ അഗ്നിയുടെ മധ്യത്തിലൂടെ നടക്കുന്നതായി ഞാന്‍ കാണുന്നു. അവര്‍ക്ക് ഒരു ഉപദ്രവവും ഏറ്റിട്ടില്ല. നാലാമത്തെ ആളാകട്ടെ ദേവതുല്യന്‍” എന്നിങ്ങനെ രാജാവു പറഞ്ഞു. നെബുഖദ്നേസര്‍ ജ്വലിക്കുന്ന തീച്ചൂളയുടെ വാതില്‌ക്കല്‍ ചെന്ന് പറഞ്ഞു: “അത്യുന്നത ദൈവത്തിന്‍റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ്നെഗോയേ പുറത്തുവരിക.” അപ്പോള്‍ അവര്‍ മൂന്നു പേരും തീച്ചൂളയില്‍നിന്നു പുറത്തുവന്നു. പ്രധാനദേശാധിപതികളും ഭരണാധികാരികളും സ്ഥാനാപതികളും മറ്റ് ഉദ്യോഗസ്ഥപ്രമുഖരും ആ മൂന്നുപേരുടെ അടുത്തുചെന്നു. അവരുടെ ദേഹത്തു പൊള്ളലേല്പിക്കുന്നതിന് ആ അഗ്നിക്ക് ശക്തിയുണ്ടായിരുന്നില്ലെന്നവര്‍ കണ്ടു. അവരുടെ തലമുടി കരിയുകയോ മേലങ്കി എരിയുകയോ ചെയ്തില്ലെന്നു മാത്രമല്ല തീയുടെ മണംപോലും അവര്‍ക്ക് ഏറ്റിരുന്നില്ല. നെബുഖദ്നേസര്‍ പറഞ്ഞു: “ശദ്രക്കിന്‍റെയും മേശക്കിന്‍റെയും അബേദ്നെഗോയുടെയും ദൈവം വാഴ്ത്തപ്പെട്ടവന്‍! തന്നില്‍ ആശ്രയിക്കുകയും രാജകല്പനകൂടി നിഷേധിച്ച് സ്വന്തദൈവത്തെയല്ലാതെ മറ്റൊരു ദൈവത്തെ ഭജിക്കുകയോ വന്ദിക്കുകയോ ചെയ്യുകയില്ലെന്ന ദൃഢനിശ്ചയത്തോടെ സ്വന്തം ശരീരത്തെകൂടി പീഡനത്തിന് ഏല്പിച്ചുകൊടുക്കുകയും ചെയ്ത ആ മൂവരെ അവരുടെ ദൈവം തന്‍റെ ദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നു. ഇപ്രകാരം വിടുവിക്കാന്‍ കഴിവുള്ള മറ്റൊരു ദൈവവുമില്ല. അതുകൊണ്ട് ശദ്രക്കിന്‍റെയും മേശക്കിന്‍റെയും അബേദ്നെഗോയുടെയും ദൈവത്തിന് എതിരെ സംസാരിക്കുന്ന ജനത്തെയും ജനപദങ്ങളെയും ഭാഷക്കാരെയും കഷണം കഷണം ആക്കുകയും അവരുടെ ഭവനങ്ങള്‍ കുപ്പക്കുന്നാക്കുകയും ചെയ്യുമെന്നു നാം തീര്‍പ്പു കല്പിക്കുന്നു.” രാജാവ് ശദ്രക്കിനും മേശക്കിനും അബേദ്നെഗോയിക്കും ബാബിലോണ്‍സംസ്ഥാനത്ത് ഉന്നതമായ പദവികള്‍ നല്‌കി. നെബുഖദ്നേസര്‍ രാജാവ് ലോകത്തെമ്പാടുമുള്ള എല്ലാ ജനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ഭാഷക്കാര്‍ക്കും ഇപ്രകാരം എഴുതി: നിങ്ങള്‍ക്ക് മംഗളം ഭവിക്കട്ടെ! അത്യുന്നതനായ ദൈവം എനിക്കു കാണിച്ചുതന്ന അദ്ഭുതങ്ങളും അടയാളങ്ങളും പ്രസിദ്ധമാക്കുന്നതു നല്ലതെന്ന് എനിക്കു തോന്നുന്നു. അവിടുന്നു കാട്ടിയ അടയാളങ്ങള്‍ എത്ര മഹനീയം! അദ്ഭുതങ്ങള്‍ എത്ര ശക്തമായവ! അവിടുത്തെ ആധിപത്യം തലമുറകളോളം ഉള്ളത്. നെബുഖദ്നേസര്‍ എന്ന ഞാന്‍ എന്‍റെ കൊട്ടാരത്തില്‍ സ്വൈരമായും ആഢംബര സമൃദ്ധിയോടുകൂടിയും വസിക്കുമ്പോള്‍ ഒരു സ്വപ്നം കണ്ടു. അത് എന്നെ ഭയപ്പെടുത്തി. ഞാന്‍ ഉറങ്ങുമ്പോള്‍ കണ്ട ദര്‍ശനങ്ങള്‍ എന്നില്‍ ഭീതി ഉളവാക്കി. സ്വപ്നത്തിന്‍റെ പൊരുള്‍ വ്യാഖ്യാനിച്ചു തരാന്‍ ബാബിലോണിലെ സകല വിദ്വാന്മാരെയും എന്‍റെ മുമ്പില്‍ ഹാജരാക്കാന്‍ ഞാന്‍ കല്പിച്ചു. അങ്ങനെ മന്ത്രവാദികളും ആഭിചാരകന്മാരും ബാബിലോണിലെ വിദ്വാന്മാരും ജ്യോത്സ്യന്മാരും എന്‍റെ അടുക്കല്‍ വന്നു. ഞാന്‍ കണ്ട സ്വപ്നം അവരോടു വിവരിച്ചു. പക്ഷേ അതിന്‍റെ സാരം എന്തെന്നു പറയാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഒടുവില്‍ എന്‍റെ ദേവനായ ബേല്‍ത്ത്ശസ്സറിന്‍റെ പേരില്‍ വിളിക്കപ്പെടുന്നവനും വിശുദ്ധദേവന്മാരുടെ ആത്മാവുള്ളവനുമായ ദാനിയേല്‍ എന്‍റെ മുമ്പില്‍വന്നു. അയാളോട് സ്വപ്നത്തെപ്പറ്റി ഞാന്‍ ഇങ്ങനെ പറഞ്ഞു: “മാന്ത്രികരില്‍ മുഖ്യനായ ബേല്‍ത്ത്ശസ്സറേ, വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നിലുണ്ടെന്നും അതുകൊണ്ട് ഒരു രഹസ്യവും നിനക്ക് ദുര്‍ഗ്രഹമല്ലെന്നും ഞാന്‍ മനസ്സിലാക്കുന്നു. ഇതാണ് ഞാന്‍ കണ്ട സ്വപ്നം. അതിന്‍റെ പൊരുള്‍ എന്തെന്നു പറയുക. കിടക്കയില്‍ വച്ച് എനിക്കുണ്ടായ ദര്‍ശനത്തില്‍, ഭൂമിയുടെ മധ്യത്തില്‍ വളരെ ഉയരമുള്ള ഒരു വൃക്ഷം നില്‌ക്കുന്നതു ഞാന്‍ കണ്ടു. അതു വളര്‍ന്നു ബലപ്പെട്ടു. അത് ആകാശം തൊട്ടുരുമ്മി നിന്നു. ഭൂമിയുടെ ഏതറ്റത്തുനിന്നു നോക്കിയാലും അതു കാണാമായിരുന്നു. ഭംഗിയുള്ള ഇലകളോടുകൂടിയ ആ വൃക്ഷം ഫലസമൃദ്ധമായിരുന്നു. എല്ലാവര്‍ക്കും ആവശ്യമുള്ള ആഹാരം അതില്‍നിന്നു ലഭിച്ചിരുന്നു. വന്യമൃഗങ്ങള്‍ അതിന്‍റെ തണലില്‍ വസിച്ചു. ആകാശത്തിലെ പക്ഷികള്‍ അതിന്‍റെ കൊമ്പുകളില്‍ പാര്‍ത്തു. സര്‍വ ജീവജാലങ്ങള്‍ക്കും വേണ്ട ഭക്ഷണം അതില്‍നിന്നു ലഭിച്ചു. അതാ, ഒരു ദൂതന്‍, ഒരു പരിശുദ്ധന്‍ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങി വരുന്നതു ഞാന്‍ ദര്‍ശനത്തില്‍ കണ്ടു. ആ ദൂതന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ആ വൃക്ഷം വെട്ടി കൊമ്പുകള്‍ മുറിച്ച് ഇലകള്‍ തല്ലിക്കൊഴിച്ച് ഫലങ്ങള്‍ ചിതറിച്ചുകളയുക; മൃഗങ്ങള്‍ അതിന്‍റെ കീഴില്‍നിന്ന് ഓടിപ്പോകട്ടെ; പക്ഷികള്‍ അതിന്‍റെ കൊമ്പുകളില്‍നിന്ന് പറന്നകലട്ടെ. അതിന്‍റെ കുറ്റി ഇരുമ്പും ഓടുംകൊണ്ടു ബന്ധിക്കുക. വയലിലെ ഇളമ്പുല്ലിനിടയില്‍ അത് ഇരിക്കട്ടെ. ആകാശത്തിലെ മഞ്ഞുകൊണ്ട് അവന്‍ നനയട്ടെ; മൃഗങ്ങളെപ്പോലെ നിലത്തെ പുല്ലുതിന്ന് അവന്‍ ഉപജീവിക്കട്ടെ. അവന്‍റെ മനുഷ്യസ്വഭാവം മാറി മൃഗത്തിന്‍റെ സ്വഭാവം ഉണ്ടാകട്ടെ. അങ്ങനെ ഏഴുവര്‍ഷം കഴിയട്ടെ. ഈ വിധി ദൂതന്മാരുടെ തീരുമാനവും വിശുദ്ധന്മാരുടെ കല്പനയും ആകുന്നു. അത്യുന്നതദൈവം മനുഷ്യരുടെ രാജ്യങ്ങളെ വാഴുന്നു; താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അതു നല്‌കുന്നു. മനുഷ്യരില്‍ വച്ച് എളിയവനെ അതിന്‍റെ അധിപതിയാക്കുന്നു. ഇതു സകല മനുഷ്യരും അറിഞ്ഞിരിക്കണം. നെബുഖദ്നേസര്‍ രാജാവായ ഞാന്‍ ഈ സ്വപ്നം കണ്ടു: “ബേല്‍ത്ത്ശസ്സറേ, ഇതിന്‍റെ സാരം എന്തെന്നു പറയുക. ഇതിന്‍റെ അര്‍ഥം പറഞ്ഞുതരാന്‍ എന്‍റെ രാജ്യത്തുള്ള വിദ്വാന്മാര്‍ക്ക് ആര്‍ക്കുംതന്നെ കഴിഞ്ഞില്ല. എന്നാല്‍ വിശുദ്ധദേവന്മാരുടെ ആത്മാവ് നിന്നിലുള്ളതുകൊണ്ട് നിനക്കതു കഴിയും.” ബേല്‍ത്ത്ശസ്സര്‍ എന്നു പേരുള്ള ദാനിയേല്‍ അല്പനേരത്തേക്കു സ്തംഭിച്ചിരുന്നു പോയി. മനസ്സില്‍കൂടി കടന്നുപോയ ചിന്തകള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കി. “ബേല്‍ത്ത്ശസ്സറേ, സ്വപ്നവും അതിന്‍റെ അര്‍ഥവും ഓര്‍ത്തു പരവശനാകേണ്ട.” രാജാവു കല്പിച്ചു. ബേല്‍ത്ത്ശസ്സര്‍ പറഞ്ഞു: “മഹാരാജാവേ, സ്വപ്നം അവിടുത്തെ വെറുക്കുന്നവരെയും അതിന്‍റെ അര്‍ഥം അവിടുത്തെ വൈരികളെയും ഉദ്ദേശിച്ചായിരിക്കട്ടെ. ഭൂമിയുടെ ഏതറ്റത്തുനിന്നു നോക്കിയാലും കാണത്തക്കവിധം ആകാശംമുട്ടെ വളര്‍ന്നു ബലപ്പെട്ട് മനോഹരമായ ഇലപ്പടര്‍പ്പോടും എല്ലാവര്‍ക്കും ഭക്ഷിക്കത്തക്കവിധം ധാരാളം ഫലങ്ങളോടും കൂടി നില്‌ക്കുന്നതും കീഴില്‍ വന്യമൃഗങ്ങള്‍ വസിക്കുന്നതും ചില്ലകളില്‍ പക്ഷികള്‍ പാര്‍ക്കുന്നതുമായ അവിടുന്നു കണ്ട വൃക്ഷം വളര്‍ന്നു, ബലിഷ്ഠനായിത്തീര്‍ന്നിരിക്കുന്ന അങ്ങുതന്നെ. അങ്ങയുടെ മഹത്ത്വം വളര്‍ന്ന് ആകാശത്തോളം ഉയര്‍ന്നിരിക്കുന്നു. അവിടുത്തെ ആധിപത്യം ഭൂമിയുടെ അറുതിവരെ വ്യാപിച്ചിരിക്കുന്നു. ആ വൃക്ഷം വെട്ടി നശിപ്പിക്കുക; എന്നാല്‍ അതിന്‍റെ കുറ്റി വേരോടുകൂടി ഇരുമ്പും ഓടുംകൊണ്ടു ബന്ധിച്ച് വയലിലെ ഇളമ്പുല്ലില്‍ വിട്ടേക്കുക; ആകാശത്തിലെ മഞ്ഞുകൊണ്ട് അവന്‍ നനയട്ടെ; കാട്ടുമൃഗങ്ങളോടുകൂടി അവന്‍ അഷ്‍ടികഴിക്കട്ടെ; അങ്ങനെ ഏഴുവര്‍ഷക്കാലം കഴിയട്ടെ എന്നിപ്രകാരം സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന ഒരു ദൂതന്‍, ഒരു പരിശുദ്ധന്‍ വിളിച്ചു പറയുന്നതായി അങ്ങ് കണ്ടല്ലോ. രാജാവേ, അതിന്‍റെ സാരം എന്താണെന്നോ? അത് അത്യുന്നതനായ ദൈവത്തിന്‍റെ വിധിയാകുന്നു. എന്‍റെ യജമാനനായ അങ്ങയുടെ ജീവിതത്തില്‍ അതു സംഭവിക്കും. അങ്ങയെ മനുഷ്യരുടെ ഇടയില്‍നിന്ന് ഓടിച്ചുകളയും; വന്യമൃഗങ്ങളോടുകൂടി ആയിരിക്കും അങ്ങയുടെ വാസം; കാളയെപ്പോലെ അങ്ങു പുല്ലുതിന്നാന്‍ ഇടവരുത്തും; ആകാശത്തുനിന്നു പെയ്യുന്ന മഞ്ഞ് ഏറ്റ് അങ്ങു നനയും; അങ്ങനെ ഏഴു വര്‍ഷം കഴിയും. അത്യുന്നതനായ ദൈവമാണ് മനുഷ്യരുടെ രാജ്യം ഭരിക്കുന്നതെന്നും താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അവിടുന്ന് അതു നല്‌കുമെന്നും അങ്ങ് അപ്പോള്‍ മനസ്സിലാക്കും. വൃക്ഷത്തിന്‍റെ കുറ്റി വേരോടുകൂടി നശിപ്പിക്കാതെ വിടുക എന്നു കല്പിച്ചത്, ദൈവമാണ് സര്‍വവും ഭരിക്കുന്നതെന്ന് അങ്ങു മനസ്സിലാക്കുന്ന സമയം മുതല്‍ രാജ്യം അങ്ങയുടേതായിരിക്കും എന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ്. അതുകൊണ്ട് രാജാവേ, എന്‍റെ ഉപദേശം അങ്ങു സ്വീകരിച്ചാലും. ധര്‍മനിഷ്ഠകൊണ്ട് പാപവും മര്‍ദിതരോടു കാരുണ്യം കാട്ടി അകൃത്യവും പരിഹരിക്കുക. അങ്ങനെ ഒരുപക്ഷേ അവിടുത്തെ ക്ഷേമകാലം നീണ്ടുകിട്ടിയേക്കാം.” ഇവയെല്ലാം നെബുഖദ്നേസര്‍ രാജാവിനു വന്നു ഭവിച്ചു. പന്ത്രണ്ടു മാസം കഴിഞ്ഞ് രാജാവ് ബാബിലോണിലെ രാജമന്ദിരത്തിന്‍റെ മട്ടുപ്പാവില്‍ ഉലാത്തിക്കൊണ്ടിരിക്കെ അദ്ദേഹം സ്വയം പറഞ്ഞു: “നമ്മുടെ രാജകീയ പ്രൗഢിക്കുവേണ്ടി എന്‍റെ മഹാപ്രഭാവത്താല്‍ രാജധാനിയായി നാം നിര്‍മിച്ച മഹത്തായ ബാബിലോണല്ലേ ഇത്.” ഇതു പറഞ്ഞുതീരും മുമ്പ് സ്വര്‍ഗത്തില്‍നിന്ന് ഒരശരീരി ഉണ്ടായി: “നെബുഖദ്നേസര്‍രാജാവേ, നിന്നോടാണ് ഇതു പറയുന്നത്; രാജത്വം നിന്നില്‍നിന്ന് എടുത്തിരിക്കുന്നു; നിന്നെ മനുഷ്യരുടെ ഇടയില്‍നിന്ന് ഓടിച്ചുകളയും; കാട്ടുമൃഗങ്ങളോടുകൂടി നീ പാര്‍ക്കും; കാളയെപ്പോലെ നീ പുല്ലുതിന്നും; അങ്ങനെ ഏഴു വര്‍ഷം കഴിയും. അപ്പോള്‍ മനുഷ്യരുടെ രാജ്യം വാഴുന്നത് അത്യുന്നതനായ ദൈവം ആണെന്നും താന്‍ ഇച്ഛിക്കുന്നവന് അവിടുന്നു അത് നല്‌കുമെന്നും നീ അറിയും.” ഉടനെ അങ്ങനെ സംഭവിച്ചു. നെബുഖദ്നേസര്‍ മനുഷ്യരുടെ ഇടയില്‍നിന്ന് ഓടിക്കപ്പെട്ടു. കാളയെപ്പോലെ അവന്‍ പുല്ലുതിന്നു. അവന്‍റെ ശരീരം ആകാശത്തുനിന്നു വീണ മഞ്ഞുകൊണ്ടു നനഞ്ഞു. അവന്‍റെ രോമങ്ങള്‍ കഴുകന്‍റെ തൂവലുകള്‍പോലെയും നഖം പക്ഷികളുടെ നഖംപോലെയും വളര്‍ന്നു. ആ ഏഴുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ നെബുഖദ്നേസര്‍ എന്ന ഞാന്‍ സ്വര്‍ഗത്തിലേക്ക് കണ്ണുകളുയര്‍ത്തി. അപ്പോള്‍ വിവേകം എനിക്കു തിരിച്ചുകിട്ടി; ഞാന്‍ അത്യുന്നതനായ ദൈവത്തെ വാഴ്ത്തുകയും ജീവിക്കുന്ന ദൈവത്തെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്തു. അവിടുത്തെ ആധിപത്യം അനന്തമാണ്. അവിടുത്തെ രാജ്യം എന്നേക്കും നിലനില്‌ക്കുന്നു. സര്‍വഭൂവാസികളും അവിടുത്തെ മുമ്പില്‍ ഏതുമില്ല. സ്വര്‍ഗീയ സൈന്യത്തോടും ഭൂവാസികളോടും അവിടുന്നു യഥേഷ്ടം പ്രവര്‍ത്തിക്കുന്നു. അവിടുത്തെ കൈ തടയാനോ “അങ്ങ് എന്തുചെയ്യുന്നു” എന്നു ചോദിക്കാനോ ആര്‍ക്കും സാധ്യമല്ല. ആ സമയത്തുതന്നെ എനിക്കു വിവേകം തിരിച്ചുകിട്ടി. എന്‍റെ രാജ്യത്തിന്‍റെ മഹത്ത്വത്തിനുവേണ്ടി രാജകീയ അധികാരവും പ്രതാപവും എനിക്ക് വീണ്ടുകിട്ടി. എന്‍റെ ഉപദേഷ്ടാക്കളും പ്രഭുക്കന്മാരും എന്നെ അന്വേഷിച്ചെത്തി. എന്‍റെ രാജ്യത്തു ഞാന്‍ പുനഃസ്ഥാപിതനായി. എനിക്കു പൂര്‍വാധികം മഹത്ത്വം ഉണ്ടായി. നെബുഖദ്നേസരായ ഞാന്‍ സ്വര്‍ഗസ്ഥനായ രാജാവിനെ സ്തുതിക്കുകയും വാഴ്ത്തുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. അവിടുത്തെ പ്രവൃത്തികള്‍ എല്ലാം സത്യവും അവിടുത്തെ വഴികള്‍ നീതിയുക്തവും ആകുന്നു. അഹങ്കാരികളെ താഴ്ത്താന്‍ അവിടുത്തേക്കു കഴിയും. ബേല്‍ശസ്സര്‍രാജാവ് തന്‍റെ പ്രഭുക്കന്മാരില്‍ ആയിരംപേര്‍ക്ക് ഒരു വലിയ വിരുന്നു നല്‌കി. രാജാവ് അവരോടൊത്തു വീഞ്ഞു കുടിച്ചു. ബേല്‍ശസ്സര്‍ വീഞ്ഞിന്‍റെ ലഹരിയില്‍ തന്‍റെ പിതാവായ നെബുഖദ്നേസര്‍ യെരൂശലേം ദേവാലയത്തില്‍നിന്ന് എടുത്തുകൊണ്ടു വന്നിരുന്ന സ്വര്‍ണപ്പാത്രങ്ങളും വെള്ളിപ്പാത്രങ്ങളും തനിക്കും തന്‍റെ ഭാര്യമാര്‍ക്കും ഉപഭാര്യമാര്‍ക്കും പ്രഭുക്കന്മാര്‍ക്കും വീഞ്ഞുകുടിക്കാന്‍വേണ്ടി കൊണ്ടുവരാന്‍ കല്പിച്ചു. സര്‍വേശ്വരന്‍റെ ആലയത്തില്‍നിന്ന് എടുത്തുകൊണ്ടുവന്നിരുന്ന ആ പാത്രങ്ങള്‍ അവര്‍ അവിടെ കൊണ്ടുവന്നു. രാജാവും പ്രഭുക്കന്മാരും രാജാവിന്‍റെ ഭാര്യമാരും ഉപഭാര്യമാരും അവയില്‍ വീഞ്ഞു പകര്‍ന്നു കുടിച്ചു. അവര്‍ വീഞ്ഞു കുടിക്കുകയും സ്വര്‍ണം, വെള്ളി, ഓട്, ഇരുമ്പ്, തടി, കല്ല് എന്നിവയില്‍ നിര്‍മിച്ച ദേവന്മാരെ കീര്‍ത്തിക്കുകയും ചെയ്തു. തല്‍ക്ഷണം ഒരു മനുഷ്യന്‍റെ കൈവിരലുകള്‍ ദൃശ്യമായി. വിളക്കിനു നേരെയുള്ള രാജമന്ദിരത്തിന്‍റെ ചുവരില്‍ ആ വിരലുകള്‍ എന്തോ എഴുതി. അതു രാജാവു കണ്ടു. ഉടനെ രാജാവിന്‍റെ മുഖം വിവര്‍ണമായി; അദ്ദേഹം ചിന്താധീനനായി; സന്ധികള്‍ ദുര്‍ബലമായി; കാല്‍മുട്ടുകള്‍ കൂട്ടിയടിച്ചു. മന്ത്രവാദികളെയും ബാബിലോണിലെ വിദ്വാന്മാരെയും ജ്യോത്സ്യന്മാരെയും ഉടന്‍ കൂട്ടിക്കൊണ്ടു വരാന്‍ രാജാവു വിളിച്ചു പറഞ്ഞു. രാജസന്നിധിയിലെത്തിയ അവരോടു രാജാവു പറഞ്ഞു: “ഈ ചുവരെഴുത്തു വായിച്ച് അര്‍ഥം പറയാന്‍ കഴിയുന്ന ആളിനെ രാജകീയമായ ചെങ്കുപ്പായവും കഴുത്തില്‍ സ്വര്‍ണമാലയും അണിയിക്കും. അയാളെ രാജ്യത്തെ മൂന്നാമത്തെ ഭരണാധികാരിയാക്കും.” വിദ്വാന്മാരെല്ലാം മുന്നോട്ടുവന്നെങ്കിലും അവര്‍ക്കാര്‍ക്കും ആ ചുവരെഴുത്തു വായിക്കാനോ അതിന്‍റെ സാരം എന്തെന്നു പറയാനോ കഴിഞ്ഞില്ല. അപ്പോള്‍ ബേല്‍ശസ്സര്‍രാജാവ് അത്യന്തം വ്യാകുലനായി. അദ്ദേഹത്തിന്‍റെ മുഖം വിളറി. രാജാവിന്‍റെ പ്രഭുക്കന്മാര്‍ അമ്പരന്നു. രാജാവിന്‍റെയും പ്രഭുക്കന്മാരുടെയും സംസാരം കേട്ട് അമ്മറാണി വിരുന്നുശാലയിലെത്തി. “രാജാവേ, അങ്ങ് നീണാള്‍ വാഴട്ടെ; അങ്ങ് അസ്വസ്ഥനാകേണ്ട. ഭാവം മാറുകയും വേണ്ട. വിശുദ്ധദേവന്മാരുടെ ആത്മാവുള്ള ഒരു മനുഷ്യന്‍ അങ്ങയുടെ രാജ്യത്തുണ്ട്. അങ്ങയുടെ പിതാവിന്‍റെ കാലത്ത് അയാള്‍ക്ക് ദേവതുല്യമായ ജ്ഞാനവും അറിവും വെളിച്ചവും ഉള്ളതായി അറിയപ്പെട്ടിരുന്നു. അങ്ങയുടെ പിതാവായ നെബുഖദ്നേസര്‍രാജാവ് ദാനിയേല്‍ എന്ന ആ മനുഷ്യനെ ബേല്‍ത്ത്ശസ്സര്‍ എന്നാണു വിളിച്ചിരുന്നത്. അയാള്‍ അസാധാരണ ബുദ്ധിയും വിജ്ഞാനവും സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കാനും ഗൂഢാര്‍ഥമുള്ള വാക്യങ്ങള്‍ വിശദീകരിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും കഴിവുള്ളവനായിരുന്നതിനാല്‍ അയാളെ ബാബിലോണിലെ മന്ത്രവാദികളുടെയും ആഭിചാരകരുടെയും വിദ്വാന്മാരുടെയും ജ്യോത്സ്യന്മാരുടെയും അധിപതിയാക്കി. ഇപ്പോള്‍ അയാളെ വിളിച്ചാലും അയാള്‍ വ്യാഖ്യാനം അറിയിക്കും;” രാജ്ഞി പറഞ്ഞു. ഉടനെ ദാനിയേലിനെ രാജസന്നിധിയില്‍ വരുത്തി. രാജാവ് ദാനിയേലിനോടു പറഞ്ഞു: “എന്‍റെ പിതാവ് യെഹൂദ്യയില്‍നിന്നു കൊണ്ടുവന്ന പ്രവാസികളില്‍ ഒരുവനായ ദാനിയേല്‍ നീ തന്നെയല്ലേ? വിശുദ്ധദേവന്മാരുടെ ആത്മാവും അറിവും വെളിച്ചവും വിശിഷ്ടമായ ജ്ഞാനവും നിന്നിലുണ്ടെന്നു നാം കേട്ടിരിക്കുന്നു. ഈ എഴുത്തു വായിച്ച് അതിന്‍റെ അര്‍ഥം പറയാന്‍ ഇവിടത്തെ മന്ത്രവാദികളെയും വിദ്വാന്മാരെയും നമ്മുടെ മുമ്പില്‍ കൊണ്ടുവന്നു. പക്ഷേ ഇതിന്‍റെ സാരം എന്തെന്നു പറയാന്‍ അവര്‍ക്കു കഴിഞ്ഞില്ല. നിനക്കു വ്യാഖ്യാനങ്ങള്‍ നല്‌കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും കഴിയുമെന്നു നാം കേട്ടിരിക്കുന്നു. ഈ എഴുത്തുവായിച്ച് അതിന്‍റെ പൊരുള്‍ വ്യാഖ്യാനിച്ചു തന്നാല്‍, നിന്നെ രാജകീയമായ ചെങ്കുപ്പായവും സ്വര്‍ണമാലയും അണിയിച്ച് രാജ്യത്തെ മൂന്നാമത്തെ ഭരണാധികാരി ആക്കും.” ദാനിയേല്‍ ഇങ്ങനെ ബോധിപ്പിച്ചു: “സമ്മാനങ്ങള്‍ അങ്ങയുടെ പക്കല്‍ത്തന്നെ ഇരിക്കട്ടെ; അവ മറ്റാര്‍ക്കെങ്കിലും കൊടുത്തു കൊള്ളുക. ഈ ചുവരെഴുത്തു വായിച്ച് അതിന്‍റെ അര്‍ഥം ഞാന്‍ രാജാവിനെ അറിയിക്കാം. അല്ലയോ രാജാവേ, അങ്ങയുടെ പിതാവായ നെബുഖദ്നേസര്‍രാജാവിന് അത്യുന്നതനായ ദൈവം രാജത്വവും പ്രതാപവും മഹത്ത്വവും പ്രശസ്തിയും നല്‌കി. അവിടുന്ന് അദ്ദേഹത്തിനു നല്‌കിയ മഹത്ത്വംകൊണ്ട് എല്ലാ ജനങ്ങളും രാജ്യങ്ങളും ഭാഷക്കാരും അദ്ദേഹത്തിന്‍റെ മുമ്പില്‍ ഭയന്നു വിറച്ചു. തനിക്കു തോന്നിയവരെ അദ്ദേഹം വധിക്കുകയോ ജീവിക്കാന്‍ അനുവദിക്കുകയോ ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്തു. എന്നാല്‍ അദ്ദേഹം അഹങ്കരിക്കുകയും മനസ്സു കഠിനമാക്കി ഗര്‍വോടെ വര്‍ത്തിക്കുകയും ചെയ്തു. അപ്പോള്‍ രാജസിംഹാസനത്തില്‍നിന്ന് അദ്ദേഹം ബഹിഷ്കൃതനായി. അതോടെ അദ്ദേഹത്തിന്‍റെ മഹത്ത്വം നഷ്ടപ്പെട്ടു. മനുഷ്യരുടെ ഇടയില്‍നിന്ന് അദ്ദേഹം ഓടിക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ മനുഷ്യത്വം മാറി മൃഗസ്വഭാവം ഉള്ളവനായിത്തീര്‍ന്നു. അദ്ദേഹത്തിന്‍റെ വാസം കാട്ടുകഴുതകളുടെകൂടെ ആയിത്തീര്‍ന്നു. കാളയെപ്പോലെ അദ്ദേഹം പുല്ലുതിന്നു. ആകാശത്തുനിന്നു പെയ്യുന്ന മഞ്ഞുകൊണ്ടു നനഞ്ഞു. ഒടുവില്‍ അത്യുന്നതനായ ദൈവമാണു രാജ്യം ഭരിക്കുന്നതെന്നും താന്‍ ഇച്ഛിക്കുന്നവരെയാണ് അവിടുന്നു രാജാവാക്കുന്നതെന്നും അദ്ദേഹത്തിനു മനസ്സിലാകുന്നതുവരെ അങ്ങനെ തുടര്‍ന്നു. ബേല്‍ശസ്സര്‍രാജാവേ, അദ്ദേഹത്തിന്‍റെ പുത്രനായ അങ്ങ് ഇതെല്ലാം അറിഞ്ഞിട്ടും സ്വന്തം ഹൃദയം വിനയപ്പെടുത്താതെ സ്വര്‍ഗസ്ഥനായ സര്‍വേശ്വരനെതിരായി സ്വയം ഉയര്‍ത്തുകയും സര്‍വേശ്വരന്‍റെ ആലയത്തിലെ പാത്രങ്ങള്‍ കൊണ്ടുവന്ന് അങ്ങ് അങ്ങയുടെ പ്രഭുക്കന്മാരോടും രാജ്ഞിമാരോടും ഉപപത്നിമാരോടും ചേര്‍ന്ന് അവയില്‍ വീഞ്ഞു പകര്‍ന്നു കുടിക്കുകയും ചെയ്തു. പൊന്ന്, വെള്ളി, ഓട്, ഇരുമ്പ്, തടി, കല്ല് ഇവകൊണ്ടുണ്ടാക്കിയവയും കാണാനും കേള്‍ക്കാനും ഗ്രഹിക്കാനും കഴിയാത്ത ഈ ദൈവങ്ങളെ നിങ്ങള്‍ സ്തുതിക്കുകയും ചെയ്തു. എന്നാല്‍ അങ്ങയുടെ ജീവന്‍റെയും വഴികളുടെയും നിയന്താവായ ദൈവത്തെ അങ്ങ് ആദരിച്ചതുമില്ല. അതുകൊണ്ട് ദൈവമാണ് ആ കൈപ്പത്തി അയച്ച് ഇത് എഴുതിച്ചത്. ഇതാണ് ആ ലിഖിതം: ‘മെനേ, മെനേ, തെക്കേല്‍ ഊഫര്‍ സീന്‍.’ ഇതിന്‍റെ സാരം: മെനേ-ദൈവം അങ്ങയുടെ രാജ്യത്തിന്‍റെ നാളുകള്‍ എണ്ണുകയും അതിന്‍റെ അന്ത്യം കുറിക്കുകയും ചെയ്തിരിക്കുന്നു. തെക്കേല്‍-അങ്ങയെ തുലാസില്‍ തൂക്കി കുറവുള്ളവനായി കണ്ടിരിക്കുന്നു. പെറേസ്-അങ്ങയുടെ രാജ്യം വിഭജിച്ച് പേര്‍ഷ്യക്കാര്‍ക്കും മേദ്യര്‍ക്കുമായി കൊടുത്തിരിക്കുന്നു. ദാനിയേലിനെ ചെങ്കുപ്പായവും സ്വര്‍ണമാലയും അണിയിക്കാന്‍ ബേല്‍ശസ്സര്‍ രാജാവു കല്പിച്ചു. ‘ദാനിയേലിനെ മൂന്നാമത്തെ ഭരണാധികാരിയാക്കിയിരിക്കുന്നു’ എന്ന രാജവിളംബരം പ്രഖ്യാപനം ചെയ്തു. അന്നു രാത്രിതന്നെ ബാബിലോണ്യരാജാവായ ബേല്‍ശസ്സര്‍ കൊല്ലപ്പെട്ടു. മേദ്യനായ ദാര്യാവേശ് രാജ്യം കൈവശമാക്കി. അപ്പോള്‍ അദ്ദേഹത്തിന് അറുപത്തിരണ്ടു വയസ്സായിരുന്നു. ഭരണനിര്‍വഹണത്തിനു രാജ്യത്തുടനീളം നൂറ്റിരുപതു പ്രധാന ദേശാധിപതിമാരെ മൂന്നു മുഖ്യാധിപന്മാരുടെ കീഴിലായി നിയമിക്കാന്‍ ദാര്യാവേശ് രാജാവു തീരുമാനിച്ചു. ആ മൂന്നു പേരില്‍ ഒരുവനായിരുന്നു ദാനിയേല്‍. രാജ്യത്തെ മുതലെടുപ്പില്‍ രാജാവിനു നഷ്ടം നേരിടാതിരിക്കാന്‍ പ്രധാന ദേശാധിപതികള്‍ ഇവര്‍ക്കു കണക്കു ബോധിപ്പിക്കേണ്ടിയിരുന്നു. ദാനിയേല്‍ വിശിഷ്ട ചൈതന്യം ഉള്ളവനായിരുന്നതിനാല്‍ ഇതര ഭരണത്തലവന്മാരിലും സകല പ്രധാനദേശാധിപതികളിലും പ്രശസ്തനായി ശോഭിച്ചു. രാജാവു ദാനിയേലിനെ തന്‍റെ രാജ്യം മുഴുവന്‍റെയും അധികാരിയാക്കാന്‍ നിശ്ചയിച്ചു. അപ്പോള്‍ മറ്റു മുഖ്യാധിപന്മാരും പ്രധാന ദേശാധിപതികളും ദാനിയേലിനെതിരെ ആരോപിക്കാന്‍ രാജ്യഭരണകാര്യങ്ങളില്‍ എന്തെങ്കിലും കുറ്റം കണ്ടെത്തുന്നതിനു പരിശ്രമിച്ചു. എന്നാല്‍ അതിനവര്‍ക്കു കഴിഞ്ഞില്ല. അദ്ദേഹം അത്ര വിശ്വസ്തനായിരുന്നതുകൊണ്ട് യാതൊരു തെറ്റും കുറ്റവും അവര്‍ കണ്ടെത്തിയില്ല. അപ്പോള്‍ അവര്‍ തമ്മില്‍ പറഞ്ഞു: “ദാനിയേലിന്‍റെ ദൈവവിശ്വാസത്തോടു ബന്ധപ്പെട്ട കാര്യത്തിലല്ലാതെ മറ്റൊരു കുറ്റവും അയാളില്‍ നാം കണ്ടെത്തുകയില്ല.” ഒടുവില്‍ അവര്‍ പറഞ്ഞൊത്തുകൊണ്ടു രാജസന്നിധിയിലെത്തിപ്പറഞ്ഞു: “ദാര്യാവേശ് രാജാവ് നീണാള്‍ വാഴട്ടെ. എല്ലാ ഭരണാധിപന്മാരും പ്രധാന ദേശാധിപതികളും സ്ഥാനപതികളും മന്ത്രിമാരും കൂടി ഒരു കാര്യം തീരുമാനിച്ചിരിക്കുന്നു. രാജാവേ, മുപ്പതു ദിവസത്തേക്ക് ആരും അങ്ങയോടല്ലാതെ മറ്റൊരു ദേവനോടോ, മറ്റൊരു മനുഷ്യനോടോ പ്രാര്‍ഥിച്ചുകൂടാ. അങ്ങനെ ചെയ്താല്‍ അവനെ സിംഹക്കുഴിയില്‍ ഇട്ടുകളയും എന്നൊരു രാജകല്പന പുറപ്പെടുവിക്കുകയും ഖണ്ഡിതമായ നിരോധനം ഏര്‍പ്പെടുത്തുകയും വേണം. അതിനാല്‍ മഹാരാജാവേ, അങ്ങ് ഈ നിരോധനാജ്ഞയ്‍ക്ക് ഉറപ്പുവരുത്തിക്കൊണ്ടുള്ള തിരുവെഴുത്തിനു തുല്യം ചാര്‍ത്തിയാലും. അങ്ങനെ മേദ്യരുടെയും പേര്‍ഷ്യക്കാരുടെയും മാറ്റമില്ലാത്ത നിയമമനുസരിച്ച് അത് അലംഘ്യമായിരിക്കട്ടെ. അങ്ങനെ ദാര്യാവേശ് രാജാവ് നിരോധനാജ്ഞയും രാജകല്പനയും ഒപ്പുവച്ചു. രാജകല്പനയ്‍ക്കു തുല്യം ചാര്‍ത്തി എന്നറിഞ്ഞപ്പോള്‍ ദാനിയേല്‍ തന്‍റെ വസതിയിലേക്കു മടങ്ങി. അദ്ദേഹം മാളികമുറിയില്‍ പ്രവേശിച്ചു. യെരൂശലേമിന് അഭിമുഖമായുള്ള ജാലകങ്ങള്‍ തുറന്നിട്ടു. പതിവുപോലെ അന്നും ദാനിയേല്‍ മൂന്നു പ്രാവശ്യം ദൈവസന്നിധിയില്‍ മുട്ടുകുത്തി സ്തോത്രം അര്‍പ്പിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു. ദാനിയേലിനെതിരെ ആലോചന നടത്തിയവര്‍ അദ്ദേഹം തന്‍റെ ദൈവത്തോടു പ്രാര്‍ഥിക്കുന്നതും യാചിക്കുന്നതും കണ്ടു. അവര്‍ ഉടനെ രാജസന്നിധിയില്‍ എത്തി ഉണര്‍ത്തിച്ചു: “മുപ്പതു ദിവസത്തിനിടയ്‍ക്ക് അങ്ങയോടല്ലാതെ ഒരു ദേവനോടും മനുഷ്യനോടും പ്രാര്‍ഥിച്ചുകൂടാ എന്നും ആരെങ്കിലും ഈ കല്പന ലംഘിച്ചാല്‍ അവനെ സിംഹക്കുഴിയില്‍ എറിഞ്ഞുകളയുമെന്നുമുള്ള നിരോധനാജ്ഞ അവിടുന്നു ഒപ്പുവച്ചിരുന്നല്ലോ! ‘മേദ്യരുടെയും പേര്‍ഷ്യക്കാരുടെയും അലംഘനീയമായ നിയമപ്രകാരം അതിനു മാറ്റമില്ല’ എന്നു രാജാവ് പറഞ്ഞു. അപ്പോള്‍ അവര്‍ രാജസന്നിധിയില്‍ ഉണര്‍ത്തിച്ചു: “മഹാരാജാവേ, യെഹൂദാപ്രവാസികളില്‍ ഒരുവനായ ദാനിയേല്‍ അവിടുത്തെയോ അങ്ങു പുറപ്പെടുവിച്ച നിരോധനാജ്ഞയെയോ ഗണ്യമാക്കാതെ ദിവസം മൂന്നുപ്രാവശ്യം അയാളുടെ ദൈവത്തോടു പ്രാര്‍ഥിക്കുന്നു.” ഇതുകേട്ടപ്പോള്‍ രാജാവ് അത്യധികം വിഷമിച്ചു. ദാനിയേലിനെ വല്ല വിധവും രക്ഷിക്കണമെന്നു മനസ്സിലുറച്ചു. സൂര്യന്‍ അസ്തമിക്കുന്നതുവരെ അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്തു. ദാനിയേലിനെതിരെ ആലോചന നടത്തിയവര്‍ വീണ്ടും രാജാവിന്‍റെ അടുക്കല്‍ വന്നു പറഞ്ഞു: “രാജാവേ, മേദ്യരുടെയും പേര്‍ഷ്യക്കാരുടെയും നിയമമനുസരിച്ച് രാജാവ് പുറപ്പെടുവിച്ച നിരോധനാജ്ഞയും കല്പനയും അലംഘനീയമാണെന്ന് അങ്ങേക്കറിയാമല്ലോ.” അപ്പോള്‍ രാജകല്പനയനുസരിച്ച് ദാനിയേലിനെ കൊണ്ടുചെന്നു സിംഹക്കുഴിയില്‍ ഇട്ടു. “നീ നിരന്തരം സേവിക്കുന്ന നിന്‍റെ ദൈവം നിന്നെ രക്ഷിക്കട്ടെ” എന്നു രാജാവു ദാനിയേലിനോടു പറഞ്ഞു. ഒരു കല്ല് കൊണ്ടുവന്നു ഗുഹാമുഖം അടച്ചു. ദാനിയേലിനെ സംബന്ധിച്ച വിധിക്കു മാറ്റം വരാതിരിക്കാന്‍ രാജാവ് തന്‍റെയും പ്രഭുക്കന്മാരുടെയും മോതിരങ്ങള്‍കൊണ്ട് ആ കല്ലിനു മുദ്രവയ്‍ക്കുകയും ചെയ്തു. പിന്നീടു രാജാവു കൊട്ടാരത്തിലേക്കു മടങ്ങി രാത്രി മുഴുവന്‍ ഉപവസിച്ചു. എല്ലാവിധ വിനോദങ്ങളും ഉപേക്ഷിച്ചു; നിദ്ര അദ്ദേഹത്തില്‍നിന്നു വഴുതിമാറി. രാജാവ് അതിരാവിലെ എഴുന്നേറ്റു തിടുക്കത്തില്‍ സിംഹക്കുഴിക്കരികില്‍ ചെന്നു ദുഃഖപരവശമായ ശബ്ദത്തില്‍ വിളിച്ചു ചോദിച്ചു: “ജീവിക്കുന്ന ദൈവത്തിന്‍റെ ഭൃത്യനായ ദാനിയേലേ, നീ ഇടവിടാതെ സേവിക്കുന്ന നിന്‍റെ ദൈവത്തിനു സിംഹങ്ങളില്‍നിന്ന് നിന്നെ രക്ഷിക്കാന്‍ കഴിഞ്ഞോ?” അപ്പോള്‍ ദാനിയേല്‍: “അല്ലയോ രാജാവേ, അങ്ങു നീണാള്‍ വാഴട്ടെ. എന്‍റെ ദൈവം ഒരു ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചു. അവ എന്നെ തൊട്ടില്ല. ദൈവത്തിന്‍റെ മുമ്പില്‍ ഞാന്‍ നിരപരാധിയാണല്ലോ. രാജാവേ, അങ്ങയുടെ മുമ്പിലും ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.” അപ്പോള്‍ രാജാവ് അത്യധികം സന്തോഷിച്ചു. ദാനിയേലിനെ സിംഹക്കുഴിയില്‍നിന്നു പുറത്തുകൊണ്ടുവരാന്‍ കല്പിച്ചു. അങ്ങനെ ദാനിയേലിനെ കുഴിക്കു പുറത്തു കൊണ്ടുവന്നു. ദാനിയേല്‍ തന്‍റെ ദൈവത്തില്‍ ശരണപ്പെട്ടതുകൊണ്ട് അദ്ദേഹത്തിന് ഒരു പോറല്‍പോലും ഏറ്റതായി കണ്ടില്ല. ദാനിയേലിന്‍റെമേല്‍ കുറ്റം ആരോപിച്ചവരെയും അവരുടെ ഭാര്യമാരെയും കുട്ടികളെയും സിംഹക്കുഴിയിലിടാന്‍ രാജാവ് കല്പിച്ചു. രാജകല്പനപ്രകാരം അവരെ കൊണ്ടുവന്നു സിംഹക്കുഴിയില്‍ എറിഞ്ഞു. അവര്‍ അടിയില്‍ എത്തുന്നതിനു മുമ്പ് സിംഹങ്ങള്‍ അവരെ ആക്രമിച്ചു; അവരുടെ അസ്ഥികള്‍ തകര്‍ത്തു. ദാര്യാവേശ് രാജാവ് ഭൂമിയിലെങ്ങുമുള്ള സകല ജനതകള്‍ക്കും രാജ്യങ്ങള്‍ക്കും ഭാഷക്കാര്‍ക്കും ഇപ്രകാരം എഴുതി: “നിങ്ങള്‍ക്കു മംഗളം ഭവിക്കട്ടെ! എന്‍റെ ആധിപത്യത്തിലുള്‍പ്പെട്ട ഏവരും ദാനിയേലിന്‍റെ ദൈവത്തിന്‍റെ മുമ്പില്‍ ഭയഭക്തിയോടിരിക്കണമെന്നു നാം ഒരു തീര്‍പ്പു കല്പിക്കുന്നു. ആ ദൈവം ജീവിക്കുന്ന ദൈവവും നിത്യനും ആകുന്നു. അവിടുത്തെ രാജത്വം അനശ്വരവും അവിടുത്തെ ആധിപത്യം അനന്തവുമാണ്. അവിടുന്നു രക്ഷിക്കുകയും വിടുവിക്കുകയും ചെയ്യുന്നു; ആകാശത്തും ഭൂമിയിലും അവിടുന്ന് അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കുന്നു. അവിടുന്നു ദാനിയേലിനെ സിംഹങ്ങളുടെ പിടിയില്‍നിന്നു രക്ഷിച്ചിരിക്കുന്നു.” ദാര്യാവേശിന്‍റെയും പേര്‍ഷ്യന്‍രാജാവായ സൈറസിന്‍റെയും ഭരണകാലത്ത് ദാനിയേല്‍ ഐശ്വര്യസമ്പന്നനായി കഴിഞ്ഞു. ബാബിലോണ്‍രാജാവായ ബേല്‍ശസ്സറിന്‍റെ വാഴ്ചയുടെ ഒന്നാം വര്‍ഷം ദാനിയേലിന് ഉറക്കത്തില്‍ ഒരു സ്വപ്നവും ചില ദര്‍ശനങ്ങളും ഉണ്ടായി. അദ്ദേഹം ആ സ്വപ്നം രേഖപ്പെടുത്തി. അതിന്‍റെ സംഗ്രഹം ഇതായിരുന്നു. ദാനിയേല്‍ പറഞ്ഞു: “നിശാദര്‍ശനത്തില്‍ ആകാശത്തിലെ നാലു കാറ്റുകള്‍ മഹാസാഗരത്തെ ഇളക്കിമറിക്കുന്നതായി ഞാന്‍ കണ്ടു. സമുദ്രത്തില്‍നിന്നു നാലു വലിയ മൃഗങ്ങള്‍ കയറിവന്നു. അവ വ്യത്യസ്തങ്ങളായിരുന്നു. ഒന്നാമത്തെ മൃഗം സിംഹത്തെപ്പോലെയിരുന്നു. അതിനു കഴുകന്‍റെ ചിറകുകള്‍ ഉണ്ടായിരുന്നു. ഞാന്‍ നോക്കിക്കൊണ്ടിരിക്കെ അതിന്‍റെ ചിറകുകള്‍ പറിച്ചെടുക്കപ്പെട്ടു. അതിനെ പൊക്കി മനുഷ്യനെപ്പോലെ ഇരുകാലുകളില്‍ നിര്‍ത്തി. അതിനു മനുഷ്യഹൃദയം നല്‌കുകയും ചെയ്തു. രണ്ടാമത്തെ മൃഗം കരടിയെപ്പോലെ ആയിരുന്നു. അതു പിന്‍കാലുകളില്‍ നിവര്‍ന്നുനിന്നു. അതു വായില്‍ മൂന്നു വാരിയെല്ലുകള്‍ കടിച്ചു പിടിച്ചിരുന്നു. “എഴുന്നേറ്റ് മതിയാവോളം മാംസം തിന്നുകൊള്ളുക” എന്ന് അതിനോടു പറയുന്നതും ഞാന്‍ കേട്ടു. പിന്നീട് അതാ, പുള്ളിപ്പുലിയെപ്പോലുള്ള മറ്റൊരു മൃഗം. മുതുകില്‍ നാലു ചിറകുള്ള ആ മൃഗത്തിനു നാലു തലയും ഉണ്ടായിരുന്നു. അതിന് ആധിപത്യം നല്‌കപ്പെട്ടു. രാത്രിയില്‍ ഞാന്‍ കണ്ട ദര്‍ശനത്തില്‍ അതാ നാലാമത്തെ മൃഗം. അത്യുഗ്രവും ഭീകരവും കരുത്തുറ്റതുമായ ആ മൃഗം അതിന്‍റെ വലിയ ഇരുമ്പ് പല്ലുകൊണ്ട് ഇരയെ കടിച്ചുകീറിത്തിന്നുകയും അവശേഷിച്ചത് നിലത്തിട്ടു ചവിട്ടിക്കളയുകയും ചെയ്തു. നേരത്തെ കണ്ട മൃഗങ്ങളില്‍ നിന്നെല്ലാം വിഭിന്നമായ ഈ മൃഗത്തിനു പത്തുകൊമ്പുകള്‍ ഉണ്ടായിരുന്നു. ഞാന്‍ നോക്കിക്കൊണ്ടിരിക്കെ ആ കൊമ്പുകള്‍ക്കിടയില്‍ ഒരു ചെറിയ കൊമ്പു മുളച്ചുവരുന്നതു കണ്ടു. അതിന്‍റെ മുമ്പില്‍നിന്നു നേരത്തെ ഉണ്ടായിരുന്ന കൊമ്പുകളില്‍ മൂന്നെണ്ണം വേരോടെ പിഴുതു നീക്കപ്പെട്ടു. മുളച്ചുവന്ന കൊമ്പില്‍ മനുഷ്യനേത്രങ്ങളും വമ്പുപറയുന്ന വായും ഉണ്ടായിരുന്നു. ഞാന്‍ നോക്കിക്കൊണ്ടിരിക്കെ സിംഹാസനങ്ങള്‍ നിരന്നു. അതിലൊന്നില്‍ അതിപുരാതനനായവന്‍ ഉപവിഷ്ടനായി. അദ്ദേഹത്തിന്‍റെ വസ്ത്രം ഹിമംപോലെയും തലമുടി പഞ്ഞിപോലെയും വെണ്മയുള്ളതായിരുന്നു. അവിടുത്തെ സിംഹാസനം അഗ്നിജ്വാലയായിരുന്നു. ജ്വലിച്ചുകൊണ്ടിരുന്ന അഗ്നിയായിരുന്നു അതിന്‍റെ ചക്രങ്ങള്‍. അവിടുത്തെ മുമ്പില്‍നിന്ന് ഒരു അഗ്നിപ്രവാഹം പുറപ്പെട്ടു. ബഹുസഹസ്രം ആളുകള്‍ അദ്ദേഹത്തെ പരിചരിച്ചു. പതിനായിരങ്ങള്‍ അവിടുത്തെ മുമ്പില്‍ ഉപചാരപൂര്‍വം നിന്നു. ന്യായവിസ്താരത്തിനായി ന്യായാധിപസഭ കൂടി. പുസ്തകങ്ങള്‍ തുറക്കപ്പെട്ടു. ആ ചെറിയ കൊമ്പ് വമ്പു പറയുന്നതു കേട്ട് ഞാന്‍ അങ്ങോട്ടു നോക്കി. ഞാന്‍ നോക്കിക്കൊണ്ടിരിക്കെ ആ മൃഗം കൊല്ലപ്പെട്ടു. അതിന്‍റെ ഉടല്‍ നശിപ്പിക്കുകയും അതു തീയിലിട്ടു ദഹിപ്പിക്കാന്‍ വിട്ടുകൊടുക്കുകയും ചെയ്തു. മറ്റു മൃഗങ്ങളുടെ അധികാരം എടുത്തുകളഞ്ഞു. എങ്കിലും ഒരു നിശ്ചിതകാലംകൂടി ജീവിക്കാന്‍ അവയെ അനുവദിച്ചു. മനുഷ്യപുത്രനു സദൃശനായ ഒരുവനെ രാത്രിയിലെ ദര്‍ശനത്തില്‍ ആകാശമേഘങ്ങളില്‍ ഞാന്‍ കണ്ടു. അദ്ദേഹം പുരാതനനായവന്‍റെ മുമ്പിലേക്ക് ആനയിക്കപ്പെട്ടു. സകല ജനങ്ങളും ജനപദങ്ങളും ഭാഷക്കാരും അദ്ദേഹത്തെ സേവിക്കത്തക്കവിധം ആധിപത്യവും മഹത്ത്വവും രാജത്വവും അദ്ദേഹത്തിനു നല്‌കപ്പെട്ടു. അദ്ദേഹത്തിന്‍റെ ആധിപത്യം അസ്തമിക്കാതെ എന്നേക്കും നിലനില്‌ക്കും. അദ്ദേഹത്തിന്‍റെ രാജത്വം അനശ്വരമാണ്. ദാനിയേല്‍ എന്ന ഞാന്‍ എനിക്കുണ്ടായ ദര്‍ശനത്താല്‍ വ്യാകുലനായി. ഞാന്‍ അത്യന്തം അസ്വസ്ഥനായി. അവിടെ നിന്നിരുന്നവരില്‍ ഒരുവനോട് ഇതിന്‍റെ എല്ലാം സാരം എന്തെന്നു ഞാന്‍ ചോദിച്ചു. അയാള്‍ അതിന്‍റെ പൊരുള്‍ എനിക്കു പറഞ്ഞുതന്നു. ഭൂമിയില്‍ ഉയരാന്‍ പോകുന്ന നാലു സാമ്രാജ്യങ്ങളാണ് ദര്‍ശനത്തില്‍ കണ്ട നാലു മൃഗങ്ങള്‍. എന്നാല്‍ അത്യുന്നതനായ ദൈവത്തിന്‍റെ വിശുദ്ധന്മാര്‍ രാജത്വം പ്രാപിക്കുകയും അവര്‍ എന്നേക്കും അത് അവകാശമാക്കുകയും ചെയ്യും. മറ്റു മൃഗങ്ങളില്‍നിന്നു വ്യത്യസ്തനും ഇരുമ്പുപല്ലുകളും ഓട്ടുനഖങ്ങളുമുള്ള അതിഭയങ്കരനും തിന്നുകയും തകര്‍ക്കുകയും ശേഷിച്ചതു ചവുട്ടിത്തേക്കുകയും ചെയ്തതുമായ നാലാമത്തെ മൃഗത്തെക്കുറിച്ചും അതിന്‍റെ പത്തുകൊമ്പുകളെക്കുറിച്ചും അവയ്‍ക്കിടയില്‍നിന്ന് മുളച്ചുവന്നതും കണ്ണുകളും വമ്പുപറയുന്ന വായും ഗാംഭീര്യമുള്ളതുമായ കൊമ്പിനെക്കുറിച്ചും അതിന്‍റെ മുമ്പില്‍നിന്ന് മൂന്നു കൊമ്പുകള്‍ പിഴുതു നീക്കപ്പെട്ടതിനെക്കുറിച്ചും അറിയാന്‍ ഞാന്‍ ആഗ്രഹിച്ചു. പുരാതനനായവന്‍ വന്ന് അവിടുത്തെ വിശുദ്ധന്മാര്‍ക്ക് ന്യായമായ വിധി നടത്തുകയും വിശുദ്ധന്മാര്‍ രാജത്വം പ്രാപിക്കുകയും ചെയ്യുന്നതുവരെ ആ കൊമ്പ് വിശുദ്ധന്മാരോടു യുദ്ധം ചെയ്ത് അവരെ ജയിച്ചുകൊണ്ടിരുന്നതു ഞാന്‍ കണ്ടു. എന്നോടു സംസാരിച്ച വിശുദ്ധന്‍ പറഞ്ഞു: “ഭൂമിയില്‍ ഉണ്ടാകാനുള്ള നാലാമത്തെ സാമ്രാജ്യമാണ് നാലാമതായി കണ്ട ആ മൃഗം. അതു ലോകത്തെ വിഴുങ്ങുകയും ചവുട്ടിത്തേച്ചു തകര്‍ക്കുകയും ചെയ്യും. മറ്റ് എല്ലാ രാജ്യങ്ങളില്‍നിന്നും അത് വിഭിന്നവും ആയിരിക്കും. ഈ രാജ്യത്തുനിന്നുദ്ഭവിക്കുന്ന പത്തുകൊമ്പുകളാകട്ടെ പ്രബലരായിത്തീരാന്‍പോകുന്ന പത്തു രാജാക്കന്മാരാണ്. അവര്‍ക്കുശേഷം മറ്റൊരു രാജാവ് എഴുന്നേല്‌ക്കും. അദ്ദേഹം തന്‍റെ പൂര്‍വികന്മാരില്‍നിന്നു വ്യത്യസ്തനായിരിക്കും. അയാള്‍ അത്യുന്നതദൈവത്തിനെതിരെ വമ്പു പറയുകയും അവിടുത്തെ വിശുദ്ധന്മാരെ പീഡിപ്പിക്കുകയും ചെയ്യും. അയാള്‍ കാലങ്ങളും നിയമങ്ങളും മാറ്റാന്‍ ശ്രമിക്കും. വിശുദ്ധന്മാരെ ഒരു കാലത്തേക്കും രണ്ടു കാലത്തേക്കും അര്‍ധകാലത്തേക്കും അയാളുടെ കൈയില്‍ ഏല്പിക്കും. എന്നാല്‍ ന്യായാധിപസഭ കൂടി അയാളുടെ അധികാരം എടുത്തുകളയുകയും അതു സമൂലം നശിപ്പിച്ച് എന്നേക്കും ഇല്ലാതാക്കുകയും ചെയ്യും. ആകാശത്തിന്‍കീഴുള്ള സര്‍വരാജ്യങ്ങളുടെയുംമേല്‍ പരമാധികാരവും രാജപദവിയും അത്യുന്നതനായ ദൈവത്തിന്‍റെ വിശുദ്ധജനത്തിനു നല്‌കപ്പെടും. അവരുടെ രാജ്യം ശാശ്വതമായിരിക്കും. എല്ലാ ആധിപത്യങ്ങളും അവരെ അനുസരിക്കുകയും സേവിക്കുകയും ചെയ്യും. ദര്‍ശനത്തിന്‍റെ അവസാനം ഇതായിരുന്നു. എന്നാല്‍ ദാനിയേല്‍ എന്ന ഞാന്‍ എന്‍റെ വിചാരങ്ങള്‍ നിമിത്തം വളരെ സംഭ്രാന്തനായി. എന്‍റെ മുഖം വിളറി. ഇതെല്ലാം ഞാന്‍ എന്‍റെ മനസ്സില്‍ സൂക്ഷിച്ചു. ദാനിയേല്‍ എന്ന എനിക്ക് ബേല്‍ശസ്സര്‍രാജാവിന്‍റെ വാഴ്ചയുടെ മൂന്നാം വര്‍ഷം വീണ്ടുമൊരു ദര്‍ശനമുണ്ടായി. ആ സമയത്ത് ഞാന്‍ ഏലാംസംസ്ഥാനത്തിലെ ശൂശന്‍ രാജധാനിയില്‍ ആയിരുന്നു. ഞാന്‍ ഊലായി നദീതീരത്തു നില്‌ക്കുന്നതായി ദര്‍ശനത്തില്‍ കണ്ടു. ഞാന്‍ നോക്കിയപ്പോള്‍ ഒരു മുട്ടാട് നില്‌ക്കുന്നു. അതിന്‍റെ നീണ്ട രണ്ടു കൊമ്പുകളില്‍ ഒന്നു മറ്റേതിനെക്കാള്‍ ഉയര്‍ന്നുനിന്നിരുന്നു. ഒടുവില്‍ മുളച്ചുവന്നതിനായിരുന്നു കൂടുതല്‍ ഉയരം. ആ മുട്ടാട് പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കാന്‍ കുതിക്കുന്നതായി കാണപ്പെട്ടു. ഒരു മൃഗത്തിനും അതിനെ നേരിടാന്‍ കഴിഞ്ഞില്ല. അതിന്‍റെ ശക്തിയില്‍നിന്നു രക്ഷിക്കാന്‍ കഴിയുന്ന ആരും ഉണ്ടായിരുന്നില്ല. അതു തനിക്കു തോന്നിയപോലെ ഗര്‍വു കാട്ടി നിന്നു. ഞാന്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ പടിഞ്ഞാറുനിന്ന് ഒരു ആണ്‍കോലാട് നിലംതൊടാതെ സര്‍വഭൂതലവും കടന്നുവന്നു. അതിന്‍റെ നേത്രങ്ങള്‍ക്ക് ഇടയ്‍ക്ക് അസാധാരണമായ ഒരു കൊമ്പുണ്ടായിരുന്നു. നദീതീരത്തു നില്‌ക്കുന്നതായി കണ്ട രണ്ടു കൊമ്പുള്ള മുട്ടാടിന്‍റെ നേരെ അത് ഉഗ്രരോഷത്തോടെ പാഞ്ഞുചെന്നു. അത് മുട്ടാടിനെ കോപാവേശത്തോടെ ഇടിച്ച് അതിന്‍റെ കൊമ്പു രണ്ടും തകര്‍ത്തുകളയുന്നത് ഞാന്‍ കണ്ടു. അതിനെ ചെറുത്തു നില്‌ക്കാനുള്ള ശക്തി മുട്ടാടിനുണ്ടായിരുന്നില്ല. ആണ്‍കോലാട് അതിനെ നിലത്തു തള്ളിയിട്ടു ചവുട്ടിമെതിച്ചു. അതിന്‍റെ ആക്രമണത്തില്‍നിന്നു മുട്ടാടിനെ രക്ഷിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ആണ്‍കോലാട് വളര്‍ന്നു വളരെ വലുതായിത്തീര്‍ന്നു. അത് ഏറ്റവും ശക്തനായി തീര്‍ന്നപ്പോള്‍ അതിന്‍റെ കൊമ്പ് തകര്‍ന്നുപോയി. ആ കൊമ്പിന്‍റെ സ്ഥാനത്തു നാല് ദിക്കുകള്‍ക്കും അഭിമുഖമായി നാലു അസാധാരണമായ കൊമ്പുകള്‍ മുളച്ചുവന്നു. അവയില്‍ ഒന്നില്‍നിന്ന് ഒരു ചെറിയ കൊമ്പു മുളച്ചു. അതു തെക്കോട്ടും കിഴക്കോട്ടും വാഗ്ദത്തനാടിനു നേരെയും വളര്‍ന്നുവലുതായിത്തീര്‍ന്നു. അത് ആകാശ സൈന്യത്തോളം വലുതായിത്തീര്‍ന്നു. നക്ഷത്രവ്യൂഹത്തില്‍ ചിലതിനെ അത് നിലത്തു തള്ളിയിട്ടു ചവിട്ടി. അത് ആകാശസൈന്യത്തിന്‍റെ അധിപതിയോളം സ്വയം ഉയര്‍ത്തി ഗര്‍വുകാട്ടി. അവിടുത്തേക്കു ദിനംതോറും അര്‍പ്പിക്കുന്ന ഹോമയാഗങ്ങള്‍ മുടക്കി അവിടുത്തെ വിശുദ്ധമന്ദിരം ഇടിച്ചുകളഞ്ഞു. നിത്യേനയുള്ള ഹോമയാഗങ്ങള്‍ അര്‍പ്പിക്കാതെ ജനങ്ങള്‍ പാപംചെയ്തു സത്യത്തെ നിലത്തു വലിച്ചെറിഞ്ഞു. കൊമ്പ് അതിന്‍റെ പ്രവൃത്തികളിലെല്ലാം വിജയിച്ചു. പിന്നീട് ഒരു പരിശുദ്ധന്‍ സംസാരിക്കുന്നതു കേട്ടു. അദ്ദേഹത്തോട് മറ്റൊരു പരിശുദ്ധന്‍ ചോദിച്ചു: “ദിനംതോറുമുള്ള ഹോമയാഗങ്ങള്‍ മുടക്കുന്നതും വിശുദ്ധമന്ദിരവും ആകാശസൈന്യവും ചവുട്ടി മെതിക്കപ്പെടുന്നതും ശൂന്യമാക്കുന്ന അതിക്രമവും എത്രനാള്‍ നീണ്ടുനില്‌ക്കും?” ആ പരിശുദ്ധന്‍ പ്രതിവചിച്ചു: “രണ്ടായിരത്തി മുന്നൂറു സന്ധ്യയും ഉഷസ്സും തികയുന്നതുവരെ ഇത് നീണ്ടുനില്‌ക്കും. പിന്നീട് വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും.” ദാനിയേലെന്ന ഞാന്‍ ഈ ദര്‍ശനം കണ്ട് അതിന്‍റെ അര്‍ഥത്തെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുമ്പോള്‍ മനുഷ്യസദൃശമായ ഒരു രൂപം എന്‍റെ മുമ്പില്‍ നില്‌ക്കുന്നതു ഞാന്‍ കണ്ടു. ഗബ്രീയേലേ, ഈ ദര്‍ശനത്തിന്‍റെ അര്‍ഥം ഇവന് വ്യക്തമാക്കിക്കൊടുക്കുക എന്ന് ഊലായിതീരത്തുനിന്ന് ഒരാള്‍ വിളിച്ചുപറയുന്നതു ഞാന്‍ കേട്ടു. ഗബ്രീയേല്‍ എന്‍റെ സമീപത്തുവന്നു. അപ്പോള്‍ ഞാന്‍ ഭയപ്പെട്ടു ഗബ്രീയേലിന്‍റെ മുമ്പില്‍ സാഷ്ടാംഗം വീണു. “അല്ലയോ മനുഷ്യാ, ഇതു ഗ്രഹിച്ചുകൊള്ളുക; ഈ ദര്‍ശനം അന്ത്യകാലത്തെ സൂചിപ്പിക്കുന്നതാണ്” എന്നു ഗബ്രീയേല്‍ പറഞ്ഞു. ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ പ്രജ്ഞയറ്റ് കമിഴ്ന്നുവീണു. ഗബ്രീയേല്‍ എന്നെ തൊട്ട് എഴുന്നേല്പിച്ചു നിറുത്തിയശേഷം പറഞ്ഞു: “ദൈവത്തിന്‍റെ ഉഗ്രകോപത്തിന്‍റെ അന്ത്യത്തില്‍ എന്തു സംഭവിക്കും എന്നു ഞാന്‍ നിന്നോടു പറയാം. അത് അന്ത്യകാലത്തെക്കുറിച്ചുള്ളതാണ്. നീ ദര്‍ശനത്തില്‍ കണ്ട രണ്ടു കൊമ്പുള്ള മുട്ടാട് മേദ്യയിലെയും പേര്‍ഷ്യയിലെയും രാജാക്കന്മാരെ സൂചിപ്പിക്കുന്നു. ആണ്‍കോലാട് ഗ്രീസ് രാജ്യത്തെയും അതിന്‍റെ കണ്ണുകള്‍ക്കു മധ്യേയുള്ള വലിയ കൊമ്പ് ആദ്യത്തെ രാജാവിനെയും കുറിക്കുന്നു. ആ കൊമ്പു തകര്‍ന്നശേഷം മുളച്ചുവന്ന നാലു കൊമ്പുകളാകട്ടെ, ആ രാജ്യത്തില്‍നിന്ന് നാലു രാജ്യങ്ങള്‍ ഉദയം ചെയ്യുമെന്നും അവ ആദ്യത്തെ രാജ്യത്തിനൊപ്പം ശക്തമല്ലാത്തതും ആയിരിക്കുമെന്നും സൂചിപ്പിക്കുന്നു. ആ രാജ്യങ്ങളുടെ അന്ത്യകാലത്ത് മനുഷ്യരുടെ അതിക്രമങ്ങള്‍ ഉച്ചകോടിയിലെത്തുമ്പോള്‍ ക്രൂരനും കുശാഗ്രബുദ്ധിയുമുള്ള ഒരു രാജാവ് പ്രത്യക്ഷനാകും. അയാളുടെ പ്രതാപം അപാരമായിരിക്കും. അതു സ്വന്തം ശക്തികൊണ്ടായിരിക്കുകയില്ല. അയാള്‍ ഭീകരനാശം പ്രവര്‍ത്തിക്കും; തന്‍റെ എല്ലാ പ്രവൃത്തിയിലും അയാള്‍ വിജയിക്കും. ശക്തന്മാരെയും വിശുദ്ധജനത്തെയും അയാള്‍ നശിപ്പിക്കും. തന്‍റെ കൗശലത്താല്‍ ചതിപ്രയോഗത്തിലൂടെ അയാള്‍ വിജയം നേടുന്നു. അയാള്‍ ഗര്‍വുകാട്ടുന്നു. മുന്നറിയിപ്പു കൂടാതെ അയാള്‍ പലരെയും നശിപ്പിക്കുന്നു. രാജാധിരാജനെതിരെപോലും അയാള്‍ പൊരുതും. എന്നാല്‍ മനുഷ്യശക്തികൊണ്ടല്ലാതെ തന്നെ അയാള്‍ നശിപ്പിക്കപ്പെടും. സന്ധ്യകളെയും ഉഷസ്സുകളെയും സംബന്ധിച്ചുള്ള ദര്‍ശനം സത്യംതന്നെ. ഈ ദര്‍ശനം വിദൂരഭാവിയില്‍ സംഭവിക്കാനുള്ളതാകയാല്‍ മുദ്രവച്ചു സൂക്ഷിക്കുക. ദാനിയേലെന്ന ഞാന്‍ ഏതാനും നാളുകള്‍ തളര്‍ന്നു രോഗിയായി കിടന്നു. പിന്നീടു ഞാന്‍ എഴുന്നേറ്റു രാജാവ് എന്നെ ഏല്പിച്ച ജോലികളില്‍ ഏര്‍പ്പെട്ടു. എന്നാല്‍ ഞാന്‍ ഈ ദര്‍ശനത്തെ ഓര്‍ത്ത് ചിന്താകുലനായി. എനിക്കതിന്‍റെ അര്‍ഥം ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. അഹശ്വേരോശിന്‍റെ പുത്രനും മേദ്യനും ബാബിലോണ്‍ദേശത്തിന്‍റെ അധിപതിയും ആയിരുന്ന ദാര്യാവേശിന്‍റെ വാഴ്ചയുടെ ഒന്നാം വര്‍ഷം ദാനിയേല്‍ എന്ന ഞാന്‍ യിരെമ്യാപ്രവാചകനുണ്ടായ അരുളപ്പാട് അനുസരിച്ചു യെരൂശലേമിന്‍റെ ശൂന്യാവസ്ഥ എഴുപതുവര്‍ഷം നീണ്ടതായിരിക്കുമെന്നു വിശുദ്ധ ഗ്രന്ഥങ്ങളില്‍നിന്നു ഗ്രഹിച്ചു. അപ്പോള്‍ ഞാന്‍ ചാക്കുവസ്ത്രം ധരിച്ചും വെണ്ണീറില്‍ ഇരുന്നും ഉപവസിച്ച് ദൈവമായ സര്‍വേശ്വരനിലേക്ക് തിരിഞ്ഞ് അവിടുത്തോട് പ്രാര്‍ഥിക്കുകയും അവിടുത്തോട് അപേക്ഷിക്കുകയും ചെയ്തു. എന്‍റെ ദൈവമായ സര്‍വേശ്വരനോട് ഞാന്‍ ഇങ്ങനെ അനുതപിച്ചു പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, അങ്ങയെ സ്നേഹിക്കുകയും അവിടുത്തെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് അവിടുന്ന് ഉടമ്പടി പാലിക്കുകയും അചഞ്ചലസ്നേഹം കാട്ടുകയും ചെയ്യുന്നു. ഉന്നതനും ഉഗ്രപ്രതാപവാനുമായ ദൈവമേ, ഞങ്ങള്‍ പാപം ചെയ്തു; അകൃത്യവും ദുഷ്ടതയും പ്രവര്‍ത്തിച്ചു; ഞങ്ങള്‍ അങ്ങയോടു മത്സരിച്ച് അവിടുത്തെ കല്പനകളും അനുശാസനങ്ങളും വിട്ടകന്നു. ഞങ്ങളുടെ രാജാക്കന്മാരോടും പ്രഭുക്കന്മാരോടും ഞങ്ങളുടെ പിതാക്കന്മാരോടും ദേശത്തെ സര്‍വജനത്തോടുമായി അങ്ങയുടെ നാമത്തില്‍ സംസാരിച്ച അവിടുത്തെ ദാസന്മാരായ പ്രവാചകന്മാരുടെ വാക്കുകള്‍ ഞങ്ങള്‍ ശ്രദ്ധിച്ചില്ല. സര്‍വേശ്വരാ, നീതി അങ്ങയുടേതാണ്. എന്നാല്‍ അവിടുത്തേക്കെതിരെ ഞങ്ങള്‍ ചെയ്ത വഞ്ചന നിമിത്തം യെഹൂദാജനത്തിന്‍റെയും യെരൂശലേംനിവാസികളുടെയും അവിടുന്നു ചിതറിച്ചുകളഞ്ഞ സമീപസ്ഥരും ദൂരസ്ഥരുമായ എല്ലാ ഇസ്രായേല്‍ജനത്തിന്‍റെയും മുഖത്തു ലജ്ജയാണിന്നുള്ളത്. സര്‍വേശ്വരാ, അങ്ങേക്കെതിരെ പാപം ചെയ്തിരിക്കുന്നതിനാല്‍ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും ഞങ്ങളുടെ പിതാക്കന്മാരും ലജ്ജിതരാണ്. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങു കരുണയുള്ളവനും പാപവിമോചകനും ആണല്ലോ. എന്നാല്‍ ഞങ്ങള്‍ അങ്ങയോടു മത്സരിച്ചു. അവിടുത്തെ സ്വരം ശ്രദ്ധിച്ചില്ല. അവിടുത്തെ ദാസന്മാരായ പ്രവാചകരിലൂടെ അവിടുന്നു ഞങ്ങള്‍ക്കു നല്‌കിയ നിയമം ഞങ്ങള്‍ അനുസരിച്ചതുമില്ല. ഇസ്രായേല്‍ മുഴുവനും അവിടുത്തെ സ്വരം ചെവിക്കൊള്ളാതെ അവിടുത്തെ നിയമം ലംഘിച്ച് വഴിതെറ്റിപ്പോയിരിക്കുന്നു. ഞങ്ങള്‍ അങ്ങേക്കെതിരെ പാപം ചെയ്തിരിക്കുകയാല്‍ ദൈവത്തിന്‍റെ ദാസനായ മോശയുടെ നിയമസംഹിതയില്‍ എഴുതപ്പെട്ടിരിക്കുന്ന ശാപവും ശിക്ഷയും ഞങ്ങളുടെമേല്‍ ചൊരിയപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ക്കും ഞങ്ങളുടെ ഭരണാധികാരികള്‍ക്കും എതിരെ അങ്ങ് അരുളിച്ചെയ്ത വാക്കുകള്‍ അങ്ങു നിറവേറ്റിയിരിക്കുന്നു; ഞങ്ങള്‍ക്കു വിനാശം വന്നു ചേര്‍ന്നിരിക്കുന്നു. യെരൂശലേമില്‍ സംഭവിച്ചതുപോലെ ആകാശത്തിന്‍റെ കീഴിലൊരിടത്തും സംഭവിച്ചിട്ടില്ല. മോശയുടെ നിയമത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ ഈ നാശം ഞങ്ങളുടെമേല്‍ പതിച്ചിരിക്കുന്നു. എന്നിട്ടും ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ സത്യം ഗ്രഹിക്കുകയോ അകൃത്യങ്ങള്‍ വിട്ടകന്ന് അവിടുത്തെ കാരുണ്യത്തിനുവേണ്ടി ഞങ്ങള്‍ യാചിക്കുകയോ ചെയ്തില്ല. അതുകൊണ്ട് സര്‍വേശ്വരന്‍ ഞങ്ങളുടെമേല്‍ അനര്‍ഥം വരുത്തിയിരിക്കുന്നു. ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അവിടുത്തെ എല്ലാ പ്രവൃത്തികളിലും നീതിമാനാണല്ലോ. ഞങ്ങളാകട്ടെ അവിടുത്തെ സ്വരം ശ്രദ്ധിച്ചില്ല. ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, അവിടുത്തെ കരുത്തുറ്റ കരത്താല്‍ ഈജിപ്തില്‍നിന്നു ഞങ്ങളെ മോചിപ്പിച്ച് ഇന്നത്തെ നിലയില്‍ അവിടുത്തെ നാമം വിശ്രുതമാക്കിത്തീര്‍ത്തിരിക്കുന്നു. സര്‍വേശ്വരാ, അങ്ങയോടു ഞങ്ങള്‍ പാപം ചെയ്തു ദുഷ്ടത പ്രവര്‍ത്തിച്ചിരിക്കുന്നു. സര്‍വേശ്വരാ, അവിടുത്തെ സര്‍വനീതിക്കും ഒത്തവിധം അവിടുത്തെ കോപവും ക്രോധവും വിശുദ്ധഗിരിയായ യെരൂശലേമില്‍നിന്നു നീങ്ങിപ്പോകുമാറാകണമേ. ഞങ്ങളുടെ പാപങ്ങളും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളും നിമിത്തം യെരൂശലേമും അവിടത്തെ ജനവും ചുറ്റുമുള്ള എല്ലാവര്‍ക്കും നിന്ദാപാത്രമായി തീര്‍ന്നിരിക്കുന്നു. അതിനാല്‍ ഞങ്ങളുടെ ദൈവമേ, അവിടുത്തെ ദാസന്‍റെ പ്രാര്‍ഥനയും അപേക്ഷകളും കേട്ട് ശൂന്യമായിക്കിടക്കുന്ന അവിടുത്തെ ആലയത്തെ തിരുനാമത്തെപ്രതി തൃക്കണ്‍പാര്‍ക്കണമേ. എന്‍റെ ദൈവമേ, അവിടുന്നു ശ്രദ്ധിച്ചുകേള്‍ക്കണമേ; അവിടുത്തെ കണ്ണുകള്‍ തുറന്ന് ഞങ്ങളുടെ നാശങ്ങളും അവിടുത്തെ നാമം വഹിക്കുന്ന നഗരവും നോക്കിക്കാണണമേ. ഞങ്ങളുടെ നീതിയിലല്ല, അവിടുത്തെ മഹാകാരുണ്യത്തില്‍ ശരണപ്പെട്ടുകൊണ്ട് ഞങ്ങളുടെ അപേക്ഷകള്‍ തിരുമുമ്പില്‍ സമര്‍പ്പിക്കുന്നു. സര്‍വേശ്വരാ, കേള്‍ക്കണമേ; സര്‍വേശ്വരാ, ക്ഷമിക്കണമേ; സര്‍വേശ്വരാ, ഞങ്ങളുടെ അപേക്ഷകള്‍ ചെവിക്കൊണ്ട് പ്രവര്‍ത്തിക്കണമേ. എന്‍റെ ദൈവമേ, അങ്ങയുടെ നാമത്തെപ്രതി പ്രവര്‍ത്തിക്കാന്‍ വൈകരുതേ. അവിടുത്തെ നഗരവും ജനവും അവിടുത്തെ നാമമാണല്ലോ വഹിക്കുന്നത്.” ഇങ്ങനെ ഞാന്‍ പ്രാര്‍ഥിക്കുകയും എന്‍റെയും എന്‍റെ ജനമായ ഇസ്രായേലിന്‍റെയും പാപങ്ങള്‍ ഏറ്റുപറയുകയും എന്‍റെ ദൈവത്തിന്‍റെ വിശുദ്ധപര്‍വതത്തിനുവേണ്ടി എന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ സന്നിധിയില്‍ അപേക്ഷിക്കുകയും ചെയ്തു. അപ്പോള്‍ ആദ്യത്തെ ദര്‍ശനത്തില്‍ ഞാന്‍ അത്യന്തം ക്ഷീണിതനായിരുന്നപ്പോള്‍ എനിക്ക് പ്രത്യക്ഷനായ ഗബ്രീയേല്‍ സായാഹ്നബലിയുടെ സമയത്ത് എന്‍റെ അടുക്കലേക്കു പറന്നുവന്ന് പറഞ്ഞു: “ദാനിയേലേ, നിനക്കു ജ്ഞാനവും ബുദ്ധിയും നല്‌കാന്‍ ഞാന്‍ നിന്‍റെ അടുക്കല്‍ വന്നിരിക്കുന്നു. നീ ദൈവത്തോട് അപേക്ഷിച്ചു തുടങ്ങിയപ്പോള്‍ത്തന്നെ അതിന്‍റെ മറുപടി ഉണ്ടായി. അതു നിന്നെ അറിയിക്കാനാണു ഞാന്‍ വന്നിരിക്കുന്നത്; അവിടുത്തേക്ക് നീ അത്യധികം പ്രിയങ്കരനാണല്ലോ. അതുകൊണ്ട് ഈ വചനം കേട്ടു ദര്‍ശനം ഗ്രഹിച്ചുകൊള്ളുക.” അതിക്രമം അവസാനിപ്പിക്കാനും പാപത്തിന് അറുതിവരുത്താനും അനീതിക്കു പ്രായശ്ചിത്തം ചെയ്യാനും ശാശ്വതനീതി കൈവരുത്താനും ദര്‍ശനത്തിനും പ്രവചനത്തിനും മുദ്രയിടാനും അതിവിശുദ്ധസ്ഥലം അഭിഷേകം ചെയ്യാനും നിന്‍റെ ജനത്തിനും വിശുദ്ധനഗരത്തിനും ഏഴ് എഴുപതുവര്‍ഷങ്ങള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നീ ഗ്രഹിക്കുക. യെരൂശലേമിന്‍റെ പുനര്‍നിര്‍മാണത്തിനു കല്പന പുറപ്പെടുന്നതുമുതല്‍ അഭിഷിക്തനായ ഒരു പ്രഭു വരുന്നതുവരെ ഏഴിന്‍റെ ഏഴിരട്ടി വര്‍ഷങ്ങള്‍ ഉണ്ടാകും. കഷ്ടത നിറഞ്ഞ അറുപത്തിരണ്ടിന്‍റെ ഏഴിരട്ടി വര്‍ഷങ്ങള്‍കൊണ്ട് വീഥികളും കിടങ്ങുകളും നിര്‍മിക്കും. അതിനുശേഷം അഭിഷിക്തന്‍ സംഹരിക്കപ്പെടും; വരുവാനിരിക്കുന്ന ശക്തനായ പ്രഭുവിന്‍റെ പട നഗരവും വിശുദ്ധമന്ദിരവും നശിപ്പിക്കും. ഒരു പ്രളയത്തോടുകൂടി അത് അവസാനിക്കും. അതിന്‍റെ അന്ത്യത്തോളം യുദ്ധം ഉണ്ടായിരിക്കും. വിനാശം നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഏഴുവര്‍ഷം പലരുമായി അവന്‍ ഉടമ്പടി ഉണ്ടാക്കും. ഈ കാലഘട്ടത്തിന്‍റെ മധ്യത്തില്‍ യാഗവും വഴിപാടുകളും നിര്‍ത്തലാക്കും. മ്ലേച്ഛതകളുടെ ചിറകിന്മേല്‍ ശൂന്യമാക്കുന്നവന്‍ വരും. വിനാശകന് വിധിക്കപ്പെട്ടിരിക്കുന്ന അന്ത്യം വന്നു ചേരുന്നതുവരെ അവന്‍ നിലനില്‌ക്കും. പേര്‍ഷ്യന്‍രാജാവായ സൈറസിന്‍റെ വാഴ്ചയുടെ മൂന്നാം വത്സരം ബേല്‍ത്ത്ശസ്സര്‍ എന്നു വിളിച്ചുവന്ന ദാനിയേലിന് ഒരു വെളിപാടുണ്ടായി. അതു സത്യവും സംഭവിക്കാന്‍ പോകുന്ന ഒരു യുദ്ധത്തെക്കുറിച്ചുള്ളതും ആയിരുന്നു. ഒരു ദര്‍ശനത്തിലൂടെ അതിന്‍റെ പൊരുള്‍ അദ്ദേഹത്തിനു വ്യക്തമായി. ദാനിയേല്‍ എന്ന ഞാന്‍ മൂന്നാഴ്ചക്കാലം വിലാപം ആചരിച്ചു. ആ സമയത്തു ഞാന്‍ സ്വാദിഷ്ഠങ്ങളായ ഭോജ്യങ്ങള്‍ കഴിക്കുകയോ മാംസമോ വീഞ്ഞോ ആസ്വദിക്കുകയോ സുഗന്ധതൈലം പൂശുകയോ ചെയ്തില്ല. എന്നാല്‍ ഒന്നാം മാസം ഇരുപത്തിനാലാം ദിവസം ഞാന്‍ ടൈഗ്രീസ് മഹാനദിയുടെ തീരത്ത് നില്‌ക്കെ ലിനന്‍വസ്ത്രവും ഊഫാസ് തങ്കം കൊണ്ടുള്ള അരപ്പട്ടയും ധരിച്ചിരുന്ന ഒരു മനുഷ്യനെ കണ്ടു. അയാളുടെ ശരീരം ഗോമേദകം പോലെയും മുഖം മിന്നലൊളിപോലെയും കണ്ണുകള്‍ കത്തുന്ന പന്തങ്ങള്‍പോലെയും കൈകാലുകള്‍ മിനുക്കിയ ഓടുപോലെയും ശോഭിച്ചു. അയാളുടെ ‘ശബ്ദം’ ഒരു ജനക്കൂട്ടത്തിന്‍റെ ആരവംപോലെയും ആയിരുന്നു. ഞാന്‍ മാത്രമേ ഈ ദര്‍ശനം കണ്ടുള്ളൂ. എന്‍റെ കൂടെയുണ്ടായിരുന്നവര്‍ അതു കണ്ടില്ല. എന്നാല്‍ അവര്‍ സംഭീതരായി ഓടി ഒളിച്ചു. ഞാന്‍ ഏകനായി ആ മഹാദര്‍ശനം കണ്ടു. എന്‍റെ ശക്തിമുഴുവന്‍ ചോര്‍ന്നുപോയി; എന്‍റെ മുഖശോഭ മങ്ങി. എന്‍റെ ശക്തി അറ്റു. എങ്കിലും ഞാന്‍ അയാളുടെ ശബ്ദം കേട്ടു. അയാളുടെ സ്വരംകേട്ട് ഞാന്‍ പ്രജ്ഞയറ്റ് നിലത്തുവീണു. ഒരു കരം എന്നെ സ്പര്‍ശിക്കുകയും പിടിച്ച് എഴുന്നേല്പിക്കുകയും ചെയ്തു. വിറച്ചുകൊണ്ടെങ്കിലും മുട്ടും കൈയും ഊന്നി ഞാന്‍ നിന്നു. ആ ദിവ്യപുരുഷന്‍ എന്നോടു പറഞ്ഞു: “പ്രിയപ്പെട്ട ദാനിയേലേ, ഞാന്‍ പറയുന്ന വാക്കുകള്‍ ഗ്രഹിക്കുക. നീ നില്‌ക്കുന്നിടത്തു നിവര്‍ന്നു നില്‌ക്കുക; ഞാന്‍ നിന്‍റെ അടുക്കല്‍ അയയ്‍ക്കപ്പെട്ടിരിക്കുന്നു.” ഇതു പറഞ്ഞപ്പോള്‍ വിറച്ചുകൊണ്ട് ഞാന്‍ നിവര്‍ന്നു നിന്നു. ദാനിയേലേ ഭയപ്പെടേണ്ടാ, നീ വിവേകത്തിനായി നിന്‍റെ ദൈവത്തിന്‍റെ സന്നിധിയില്‍ സ്വയം എളിമപ്പെടുത്തിയ ദിവസംമുതല്‍ നിന്‍റെ പ്രാര്‍ഥന കേട്ടിരിക്കുന്നു. അതുകൊണ്ടാണ് ഞാനിപ്പോള്‍ നിന്‍റെ അടുക്കല്‍ വന്നിരിക്കുന്നത്. പേര്‍ഷ്യാരാജ്യത്തിന്‍റെ കാവല്‍ദൂതന്‍ ഇരുപത്തൊന്നു ദിവസം എന്നെ എതിര്‍ത്തു. ഞാന്‍ അവിടെ ഏകനാണെന്നറിഞ്ഞ് എന്നെ സഹായിക്കാനായി പ്രധാന ദൂതനായ മിഖായേല്‍ വന്നു. നിന്‍റെ ജനത്തിനു ഭാവി കാലത്തു സംഭവിക്കാന്‍ പോകുന്നത് എന്തെന്ന് നിന്നെ അറിയിക്കാന്‍ ഞാന്‍ വന്നിരിക്കുന്നു. ഈ ദര്‍ശനം ഭാവികാലത്തെക്കുറിച്ചുള്ളതാണല്ലോ.” ദൂതന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ തലകുനിച്ചു മൂകനായിനിന്നു. മനുഷ്യസദൃശനായ ഒരുവന്‍ എന്‍റെ അധരത്തില്‍ സ്പര്‍ശിച്ചു. ഉടനെ ഞാന്‍ വായ്തുറന്നു സംസാരിച്ചു: “പ്രഭോ, ഈ ദര്‍ശനം നിമിത്തം എനിക്ക് അതിവേദന പിടിപ്പെട്ട് എന്‍റെ ശക്തി ക്ഷയിച്ചു പോയിരിക്കുന്നു. അങ്ങയോടു സംസാരിക്കാന്‍ അടിയന് എങ്ങനെ കഴിയും? ശക്തിയോ ശ്വാസമോ എന്നില്‍ ശേഷിച്ചിട്ടില്ല.” അപ്പോള്‍ ആ ദിവ്യപുരുഷന്‍ എന്നെ വീണ്ടും സ്പര്‍ശിച്ചു. ഞാന്‍ വീണ്ടും ശക്തി പ്രാപിച്ചു. ദൂതന്‍ പറഞ്ഞു: “ഏറ്റവും പ്രിയപ്പെട്ടവനേ, ഭയപ്പെടേണ്ടാ, നിനക്ക് സമാധാനം; ധൈര്യമായിരിക്കുക, ധൈര്യമായിരിക്കുക.” ഇങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ ബലം പ്രാപിച്ച്: “പ്രഭോ, സംസാരിച്ചാലും; അങ്ങ് എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. “ഞാന്‍ എന്തിനു നിന്‍റെ അടുക്കല്‍ വന്നു എന്നറിയാമോ? സത്യഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നത് എന്താണെന്നു ഞാന്‍ നിന്നോടു പറയാം. എനിക്ക് ഇപ്പോള്‍ പേര്‍ഷ്യയുടെ കാവല്‍ദൂതനെതിരെ പൊരുതാന്‍ പോകേണ്ടിയിരിക്കുന്നു. അതിനുശേഷം ഗ്രീസിന്‍റെ കാവല്‍ദൂതന്‍ പ്രത്യക്ഷപ്പെടും. നിങ്ങളുടെ കാവല്‍ദൂതനായ മിഖായേല്‍ അല്ലാതെ എന്‍റെ പക്ഷത്തുനിന്നു പടവെട്ടുവാന്‍ മറ്റാരുമില്ല. മേദ്യനായ ദാര്യാവേശിന്‍റെ വാഴ്ചയുടെ ഒന്നാംവര്‍ഷം അദ്ദേഹത്തെ സഹായിക്കാനും ബലപ്പെടുത്താനും ഞാന്‍ ചെന്നു. ഇപ്പോള്‍ ഞാന്‍ നിന്നെ സത്യം അറിയിക്കാം. പേര്‍ഷ്യയില്‍ ഇനി മൂന്നു രാജാക്കന്മാര്‍കൂടി ഉയര്‍ന്നുവരും. നാലാമത്തെ രാജാവ് മറ്റുള്ളവരെക്കാള്‍ സമ്പന്നനായിരിക്കും. സമ്പത്തുകൊണ്ടു ശക്തനായിത്തീരുമ്പോള്‍ അയാള്‍ എല്ലാവരെയും ഗ്രീസ്‍സാമ്രാജ്യത്തിനു നേരെ ഇളക്കിവിടും. പിന്നീട് വീരപരാക്രമിയായ ഒരു രാജാവ് വരും. അയാള്‍ വലിയൊരു സാമ്രാജ്യത്തിന്‍റെ അധിപനാകും. അയാള്‍ യഥേഷ്ടം പ്രവര്‍ത്തിക്കും. അയാള്‍ അധികാരത്തിന്‍റെ ഉച്ചസ്ഥാനത്തെത്തുമ്പോള്‍ രാജ്യം തകര്‍ന്ന് ആകാശത്തിന്‍റെ നാലുദിക്കുകളിലേക്കും ചിതറും. രാജ്യം പിഴുതെടുത്ത് അന്യര്‍ക്കു നല്‌കപ്പെടും. എന്നാല്‍ അവര്‍ അദ്ദേഹത്തെപ്പോലെ പ്രതാപമുള്ളവരായിരിക്കുകയില്ല. ഈജിപ്തിലെ രാജാവ് പ്രബലനായിരിക്കും. എന്നാല്‍ അവിടത്തെ സൈന്യാധിപന്മാരിലൊരാള്‍ അദ്ദേഹത്തെക്കാള്‍ പ്രബലനായിത്തീരും; അയാളുടെ സാമ്രാജ്യം വളരെ വിസ്തൃതമായിരിക്കും. ഏതാനും വര്‍ഷംകഴിഞ്ഞ് അവര്‍ തമ്മില്‍ ഒരു സഖ്യം ഉണ്ടാക്കും. ഈജിപ്തിലെ രാജാവിന്‍റെ പുത്രി അനുരഞ്ജനം ഉണ്ടാക്കാന്‍ സിറിയായിലെ രാജാവിന്‍റെ അടുക്കലെത്തും. എങ്കിലും അവളുടെ പ്രാബല്യം നീണ്ടുനില്‌ക്കുകയില്ല. അവളുടെ സന്തതി അറ്റുപോകും. രാജാവും അയാളുടെ സന്താനങ്ങളും നിലനില്‌ക്കുകയില്ല. അവളും അവളുടെ സന്തതിയും സേവകരും അവളുടെ പിതാവും അവള്‍ക്കു പിന്തുണനല്‌കിയവരും കൊല്ലപ്പെടും. എന്നാല്‍ അവളുടെ വേരില്‍നിന്ന് ഒരു മുള ഉയര്‍ന്നുവന്ന് അവന്‍ സിറിയായിലെ രാജാവിന്‍റെ കോട്ടയില്‍ പ്രവേശിച്ച് അവിടത്തെ സൈന്യത്തെ എതിരിട്ടു ജയിക്കും. അവന്‍ അവരുടെ ദേവന്മാരുടെ വിഗ്രഹങ്ങളും വിലയേറിയ പൊന്‍വെള്ളി പാത്രങ്ങളും ഈജിപ്തിലേക്കു കൊണ്ടുപോകും. തുടര്‍ന്ന് ഏതാനും വര്‍ഷം സിറിയാദേശത്തെ ആക്രമിക്കുകയില്ല. പിന്നീട് സിറിയായിലെ രാജാവ് ഈജിപ്ത് ആക്രമിക്കാന്‍ വരും. എന്നാല്‍ സ്വന്ത ദേശത്തേക്ക് അയാള്‍ മടങ്ങിപ്പോകേണ്ടിവരും. അയാളുടെ പുത്രന്മാര്‍ യുദ്ധം ഇളക്കിവിടുകയും വമ്പിച്ച ഒരു സൈന്യത്തെ ശേഖരിക്കുകയും ചെയ്യും. അവര്‍ വെള്ളംപോലെ ഇരച്ചുകയറി ശത്രുക്കളുടെ കോട്ട ആക്രമിക്കും. അപ്പോള്‍ കോപാകുലനായ ഈജിത്‍രാജാവ് വലിയ സൈന്യബലമുള്ള സിറിയായോടു യുദ്ധംചെയ്യും. ഈജിപ്തിലെ രാജാവ് ആ വലിയ സൈന്യത്തെ അധീനമാക്കും. ആ സൈന്യവ്യൂഹത്തെ കീഴടക്കുമ്പോള്‍ അയാള്‍ അഹങ്കരിക്കും. അയാള്‍ പതിനായിരക്കണക്കിനു ജനത്തെ അരിഞ്ഞു വീഴ്ത്തും. പക്ഷേ അയാള്‍ പ്രബലനാകുകയില്ല. സിറിയാരാജാവ് പൂര്‍വാധികം സംഖ്യാബലമുള്ള ഒരു സൈന്യത്തെ വീണ്ടും സജ്ജമാക്കും. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം വിപുലമായ സൈന്യത്തോടും ആയുധസജ്ജീകരണങ്ങളോടുംകൂടി അയാള്‍ ആക്രമണത്തിനു വരും. അക്കാലത്ത് ഈജിപ്തിനെതിരെ പലരും തല ഉയര്‍ത്തും. ദാനിയേലേ, നിന്‍റെ ജനത്തില്‍പ്പെട്ട അക്രമികള്‍ ഈ ദര്‍ശനം നിറവേറത്തക്കവിധം അയാള്‍ക്കെതിരെ മത്സരിക്കും. എങ്കിലും അവര്‍ പരാജയപ്പെടും. സിറിയായിലെ രാജാവുവന്ന് ഉപരോധം ഏര്‍പ്പെടുത്തി ആ സുരക്ഷിതനഗരം പിടിച്ചടക്കും. ഈജിപ്തിലെ സൈന്യത്തിനും അവരുടെ വീരയോദ്ധാക്കള്‍ക്കും പിടിച്ചുനില്‌ക്കാനുള്ള കരുത്തുണ്ടാവുകയില്ല. ആക്രമണകാരി തന്നിഷ്ടംപോലെ പ്രവര്‍ത്തിക്കും. ആര്‍ക്കും അവനോടു എതിര്‍ത്തുനില്‌ക്കാന്‍ കഴികയില്ല. വാഗ്ദത്തദേശത്ത് അയാള്‍ നില്‌ക്കും. അത് അയാളുടെ കൈക്കരുത്തില്‍ അമരും. ഈജിപ്തുരാജാവിന്‍റെ ആധിപത്യത്തിലുള്ള രാജ്യം മുഴുവന്‍ കീഴടക്കാന്‍ അയാള്‍ തീരുമാനിക്കും. അയാള്‍ ഒരു സമാധാനഉടമ്പടി ഉണ്ടാക്കുകയും ശത്രുരാജ്യം നശിപ്പിക്കാന്‍വേണ്ടി തന്‍റെ പുത്രിയെ അവിടത്തെ രാജാവിനു വിവാഹം ചെയ്തുകൊടുക്കുകയും ചെയ്യും. പക്ഷേ ആ പദ്ധതി വിജയിക്കുകയില്ല. പിന്നീട് അവന്‍ തീരപ്രദേശത്തേക്കു തിരിയും. പല പ്രദേശങ്ങളും അയാള്‍ പിടിച്ചടക്കും. എന്നാല്‍ ഒരു വിദേശസൈന്യാധിപന്‍ അവന്‍റെ അഹങ്കാരത്തിനു കടിഞ്ഞാണിടും. അവന്‍റെ അഹങ്കാരം അവനെതിരെ തിരിയും. പിന്നീട് അവന്‍ സ്വന്തം ദേശത്തെ കോട്ടകളിലേക്കു മടങ്ങും. പക്ഷേ അവന്‍ കാലിടറി വീഴും. അതോടെ അവന്‍റെ കഥ അവസാനിക്കും. അവന്‍റെ പിന്‍ഗാമിയായി വരുന്ന രാജാവ് വാഗ്ദത്തദേശത്തുനിന്നു കപ്പം പിരിക്കാന്‍ ഒരുവനെ അയയ്‍ക്കും. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരസ്യമായോ യുദ്ധത്തിലോ അല്ലാതെ രാജാവ് കൊല്ലപ്പെടും. അവനു പകരം രാജപദവി നല്‌കപ്പെട്ടിട്ടില്ലാത്ത നിന്ദ്യനായ ഒരുവന്‍ ഉയരും. അവന്‍ അപ്രതീക്ഷിതമായി തന്ത്രപൂര്‍വം രാജ്യം കൈവശമാക്കും. അവന്‍ തന്‍റെ മുമ്പില്‍നിന്നു സൈന്യത്തെയും ഉടമ്പടിയുടെ പ്രഭുവിനെയും തുടച്ചുനീക്കും. സന്ധി ചെയ്യുന്ന സമയംമുതല്‍ അവന്‍ വക്രതയോടെ പെരുമാറും. ജനങ്ങള്‍ കുറവാണെങ്കിലും അവന്‍ പ്രബലനാകും. മുന്നറിയിപ്പു കൂടാതെ അവന്‍ ദേശത്തിലെ ഐശ്വര്യഭൂയിഷ്ഠമായ സ്ഥലം കൈവശമാക്കും. തന്‍റെ പിതാവോ പിതാമഹന്മാരോ ഒരിക്കലും ചെയ്തിട്ടില്ലാത്ത പ്രവൃത്തികള്‍ അവന്‍ ചെയ്യും. കൊള്ളമുതലുകള്‍ തന്‍റെ അനുചരന്മാര്‍ക്ക് പങ്കിടും. സുരക്ഷിതമായ കോട്ടകള്‍ക്കെതിരെ അവന്‍ ആക്രമണപദ്ധതികള്‍ ആസൂത്രണം ചെയ്യും. പക്ഷേ അതു ചുരുങ്ങിയ കാലത്തേക്കുമാത്രം ആയിരിക്കും. അവന്‍റെ ശക്തിയും ധൈര്യവും ഉണരും. ഒരു മഹാസൈന്യത്തോടുകൂടി ഈജിപ്തുരാജാവിനെ എതിര്‍ക്കാന്‍ അവന്‍ ചെല്ലും. എന്നാല്‍ ഏറ്റവും വലുതും ശക്തിയേറിയതുമായ സൈന്യവുമായി ഈജിപ്തുരാജാവ് അവരെ എതിരിടും. ശത്രുക്കളുടെ ചതിപ്രയോഗം മൂലം ഈജിപ്തുരാജാവിന് അവരെ ചെറുത്തു നില്‌ക്കാന്‍ കഴിയുകയില്ല. അവന്‍റെ മേശയില്‍നിന്നു ഭോജ്യങ്ങള്‍ കഴിക്കുന്നവര്‍തന്നെ അവനെ നശിപ്പിക്കും. അവന്‍റെ സൈന്യം തുടച്ചു നീക്കപ്പെടും. അനേകം ആളുകള്‍ മരിച്ചുവീഴും. പിന്നീട് ഈ രണ്ടു രാജാക്കന്മാരും ദുഷ്ടത പ്രവര്‍ത്തിക്കാന്‍ ഭാവിച്ചുകൊണ്ട് ഒരേ മേശയ്‍ക്ക് മുമ്പില്‍ ഇരുന്ന് അന്യോന്യം വ്യാജം പറയും. എങ്കിലും അത് ഫലവത്താകുകയില്ല. നിര്‍ണയിക്കപ്പെട്ട സമയത്തു മാത്രമേ അന്ത്യം വരികയുള്ളൂ. പിന്നീട് സിറിയാരാജാവ് നിരവധി സമ്പത്തോടുകൂടി സ്വദേശത്തേക്കു മടങ്ങിപ്പോകും. പക്ഷേ അവന്‍റെ ഹൃദയം വിശുദ്ധഉടമ്പടിക്ക് എതിരെ ഉറച്ചിരിക്കും. അയാള്‍ തന്നിഷ്ടംപോലെ പ്രവര്‍ത്തിക്കുകയും സ്വന്തം നാട്ടിലേക്കു മടങ്ങുകയും ചെയ്യും. നിശ്ചിതസമയത്ത് അവന്‍ വീണ്ടും ഈജിപ്തിനെ ആക്രമിക്കും. എങ്കിലും മുമ്പത്തെപ്പോലെ ജയിക്കുകയില്ല. റോമിലെ കപ്പലുകള്‍ അവനെതിരെ വരും. അവന്‍ ഭയന്നു പിന്മാറും. അവന്‍ ക്രുദ്ധനായി വിശുദ്ധഉടമ്പടിക്ക് എതിരെ പ്രവര്‍ത്തിക്കും. അതിനെ നിരസിക്കുന്നവരുടെ വാക്കുകള്‍ അവന്‍ കേള്‍ക്കും. അവന്‍റെ സൈന്യം വന്ന് ദേവാലയവും കോട്ടയും നശിപ്പിക്കും; നിത്യേനയുള്ള ഹോമയാഗങ്ങള്‍ നിര്‍ത്തലാക്കും. വിനാശകരമായ മ്ലേച്ഛവിഗ്രഹങ്ങള്‍ അവിടെ പ്രതിഷ്ഠിക്കും. ഉടമ്പടിക്കെതിരെ ദുഷ്ടത പ്രവര്‍ത്തിച്ചവരെ മുഖസ്തുതികൊണ്ട് അവന്‍ വഴിതെറ്റിക്കും. എന്നാല്‍ ദൈവത്തെ അറിയുന്നവര്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കും. വിവേകമതികള്‍ പലരെയും പ്രബുദ്ധരാക്കും. എന്നാല്‍ കുറെക്കാലത്തേക്ക് വാളിനും അഗ്നിക്കും കവര്‍ച്ചയ്‍ക്കും അടിമത്തത്തിനും അവര്‍ ഇരയാകും. ദൈവജനം ഇങ്ങനെ പരീക്ഷിക്കപ്പെടുമ്പോള്‍ അവര്‍ക്ക് അല്പം സഹായം ലഭിക്കും. പലരും അവരോടു ചേര്‍ന്നുനില്‌ക്കുന്നതായി ഭാവിക്കും. വിവേകമതികളില്‍ ചിലര്‍ നിപതിക്കും. ജനത്തെ അന്ത്യനാളിലേക്ക് ശുദ്ധീകരിക്കാനും നിര്‍മ്മലരായി വെണ്‍മയുള്ളവരാക്കാനും വേണ്ടിയാണിത്. അത് അന്ത്യനാള്‍വരെ തുടര്‍ന്നുകൊണ്ടിരിക്കും. സിറിയാദേശത്തെ രാജാവ് തന്‍റെ ഇഷ്ടംപോലെ പ്രവര്‍ത്തിക്കും. എല്ലാ ദേവന്മാരെയുംകാള്‍ താന്‍ ഉന്നതനെന്നു ഭാവിക്കും. ദേവാധിദേവനെതിരെ പോലും ദൂഷണം പറയുകയും ചെയ്യും. ദൈവശിക്ഷ ഉണ്ടാകുന്നതുവരെ അവന്‍ അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കും. ദൈവം നിശ്ചയിച്ചതു സംഭവിക്കേണ്ടിയിരിക്കുന്നു. അവന്‍ എല്ലാ ദേവന്മാരെക്കാളും ഉന്നതനായി സ്വയം ഉയര്‍ത്തുന്നതിനാല്‍ തന്‍റെ പിതാക്കന്മാരുടെ ദേവന്മാരെയോ സ്‍ത്രീകളുടെ ഇഷ്ടദേവനെയോ, മറ്റുദേവന്മാരെയോ വകവയ്‍ക്കുകയില്ല. എന്നാല്‍ അവന്‍ കോട്ടകളുടെ ദേവനെ പൂജിക്കും. തന്‍റെ പിതാക്കന്മാര്‍ ആരാധിച്ചിട്ടില്ലാത്ത ആ ദേവന് പൊന്നും വെള്ളിയും രത്നങ്ങളും മറ്റു വിലപിടിച്ച കാഴ്ചകളും അവന്‍ നിവേദിക്കും. ഒരു അന്യദേവന്‍റെ സഹായത്തോടെ അവന്‍ ബലമേറിയ കോട്ടകള്‍ ആക്രമിക്കും. തന്നെ അംഗീകരിക്കുന്നവര്‍ക്ക് അവന്‍ ബഹുമതികള്‍ നല്‌കുകയും അവരെ അധികാരികളാക്കുകയും പ്രതിഫലമായി ദേശം വിഭജിച്ചു കൊടുക്കുകയും ചെയ്യും. അവസാനം ഈജിപ്തിലെ രാജാവ് സിറിയാരാജാവിനെ ആക്രമിക്കും. സിറിയാ രാജാവ് രഥങ്ങളോടും അശ്വസേനയോടും വളരെ കപ്പലുകളോടുംകൂടെവന്ന് ചുഴലിക്കാറ്റുപോലെ പ്രത്യാക്രമണം നടത്തും. രാജ്യങ്ങളുമേല്‍ ഇരമ്പിക്കയറും. ജലപ്രളയംപോലെ അവന്‍ മറ്റു രാജ്യങ്ങളെ ആക്രമിച്ച് കടന്നുപോകും. അവന്‍ മനോഹരദേശമായ ഇസ്രായേലിനെയും ആക്രമിക്കും. അനവധി ആളുകള്‍ കൊല്ലപ്പെടും. എങ്കിലും എദോമും മോവാബും അവശേഷിച്ച അമ്മോന്യരും അവന്‍റെ കൈയില്‍നിന്നു രക്ഷപെടും. അവന്‍ മറ്റു രാജ്യങ്ങളെയും ആക്രമിക്കും. ഈജിപ്തും ഒഴിവാക്കപ്പെടുകയില്ല. ഈജിപ്തിലെ പൊന്നും വെള്ളിയും മറ്റ് അമൂല്യവസ്തുക്കളും അവന്‍ കൈവശപ്പെടുത്തും. ലിബിയായും എത്യോപ്യയും അവനു കീഴടങ്ങും. എന്നാല്‍ കിഴക്കുനിന്നും വടക്കുനിന്നും വരുന്ന വാര്‍ത്തകള്‍ അവനെ പരിഭ്രാന്തനാക്കും. അവന്‍ ഉഗ്രരോഷത്തോടെ പുറപ്പെട്ട് അനേകരെ നിശ്ശേഷം നശിപ്പിക്കും. അവന്‍ സമുദ്രത്തിനും മഹത്ത്വമേറിയ വിശുദ്ധഗിരിക്കും മധ്യേ രാജമന്ദിരസദൃശമായ കൂടാരങ്ങള്‍ സ്ഥാപിക്കും. എങ്കിലും സഹായിക്കാന്‍ ആരുമില്ലാതെ അവന്‍റെ ജീവിതം അവസാനിക്കും. അക്കാലത്ത് നിന്‍റെ ജനത്തെ സംരക്ഷിക്കുന്ന മഹാപ്രഭുവായ മിഖായേല്‍ പ്രത്യക്ഷനാകും. നിങ്ങള്‍ ഒരു ജനതയായിത്തീര്‍ന്ന നാള്‍മുതല്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത കഷ്ടതകള്‍ ഉണ്ടാകും. എന്നാല്‍ ജീവന്‍റെ പുസ്തകത്തില്‍ പേരെഴുതപ്പെട്ടിട്ടുള്ള തന്‍റെ ജനം മുഴുവനും രക്ഷിക്കപ്പെടും. നിലത്തെ പൊടിയില്‍ നിദ്രകൊള്ളുന്നവരില്‍ അനേകര്‍ ഉണരും. അവരില്‍ ചിലര്‍ നിത്യജീവനും മറ്റുചിലര്‍ നിത്യമായ ലജ്ജയ്‍ക്കും പരിഹാസത്തിനും പാത്രമാകും. ജ്ഞാനികള്‍ ആകാശമണ്ഡലത്തിന്‍റെ പ്രഭപോലെയും ജനത്തെ നീതിയുടെ പാതയില്‍ നയിക്കുന്നവര്‍ നക്ഷത്രങ്ങളെപ്പോലെയും എന്നെന്നും ശോഭിക്കും. ദാനിയേലേ, അന്ത്യകാലംവരെ നീ ഈ വചനം രഹസ്യമായി സൂക്ഷിച്ച് ഗ്രന്ഥത്തിനു മുദ്രവയ്‍ക്കുക. അനേകര്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കും. ദുഷ്ടത വര്‍ധിക്കും. ദാനിയേല്‍ എന്ന ഞാന്‍ നോക്കിയപ്പോള്‍ അതാ രണ്ടുപേര്‍! ഒരാള്‍ നദിയുടെ ഒരു കരയിലും മറ്റൊരാള്‍ മറുകരയിലും നില്‌ക്കുന്നു. നദിയുടെ കുറെ മുകളില്‍ നിന്നിരുന്ന ലിനന്‍വസ്ത്രധാരിയായവനോട് ഈ അദ്ഭുതസംഭവങ്ങള്‍ എല്ലാം എന്ന് അവസാനിക്കും എന്നു നദിക്കരയില്‍ നിന്നിരുന്നവരില്‍ ഒരാള്‍ ചോദിച്ചു. നദിയുടെ കുറെ മുകളില്‍ നിന്നിരുന്ന ലിനന്‍ വസ്ത്രധാരി ഇരുകരങ്ങളും സ്വര്‍ഗത്തേക്ക് ഉയര്‍ത്തിക്കൊണ്ട് നിത്യനായ ദൈവത്തിന്‍റെ നാമത്തില്‍ ആണയിട്ടു പറഞ്ഞു: “അതു കാലവും കാലദ്വയവും കാലാര്‍ധവും കഴിയുമ്പോള്‍ ആയിരിക്കും. അപ്പോള്‍ ദൈവജനത്തെ തകര്‍ക്കുന്നവരുടെ ശക്തി ഇല്ലാതാകും. അതോടെ ഇതെല്ലാം സംഭവിക്കും.” ആ ദിവ്യപുരുഷന്‍ പറഞ്ഞത് ഞാന്‍ കേട്ടെങ്കിലും അതിന്‍റെ പൊരുള്‍ എനിക്കു മനസ്സിലായില്ല. “പ്രഭോ, ഇതിന്‍റെ എല്ലാം അര്‍ഥം എന്താണ്?” എന്നു ഞാന്‍ ചോദിച്ചു. അപ്പോള്‍ അവിടുന്നു പറഞ്ഞു: ദാനിയേലേ, പൊയ്‍ക്കൊള്ളുക. ഈ വചനം അവസാനനാള്‍വരെയും മുദ്രവയ്‍ക്കപ്പെട്ടിരിക്കുന്നു. അനേകം ആളുകള്‍ തങ്ങളെത്തന്നെ ശുദ്ധീകരിച്ചു നിര്‍മ്മലരാക്കും. എങ്കിലും ദുര്‍ജനം ദുഷ്ടത പ്രവര്‍ത്തിക്കും. അവര്‍ ഒന്നും വിവേചിച്ചറിയുകയില്ല. ജ്ഞാനികളാകട്ടെ അതു ഗ്രഹിക്കും. നിത്യേനയുള്ള ഹോമയാഗങ്ങള്‍ നിര്‍ത്തലാക്കുകയും വിനാശകരമായ മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്നതുമുതല്‍ ആയിരത്തി ഇരുനൂറ്റിത്തൊണ്ണൂറു ദിവസങ്ങള്‍ ഉണ്ടായിരിക്കും. ആയിരത്തിമുന്നൂറ്റി മുപ്പത്തഞ്ചു ദിവസം ഉറച്ചുനില്‌ക്കുന്നവന്‍ അനുഗൃഹീതന്‍. “ദാനിയേലേ, നീ പോയി വിശ്രമിക്കുക. നിനക്കുള്ള പ്രതിഫലം പ്രാപിക്കുന്നതിനായി നീ അവസാനനാളില്‍ എഴുന്നേല്‌ക്കും.” യെഹൂദാരാജാക്കന്മാരായ ഉസ്സിയാ, യോഥാം, ആഹാസ്, ഹിസ്കിയാ എന്നിവരുടെയും ഇസ്രായേല്‍രാജാവായ യോവാശിന്‍റെ മകന്‍ യൊരോബെയാമിന്‍റെയും ഭരണകാലത്ത് ബെയേരിയുടെ മകന്‍ ഹോശേയായ്‍ക്കു സര്‍വേശ്വരനില്‍നിന്നു ലഭിച്ച അരുളപ്പാട്: ഹോശേയായിലൂടെ സര്‍വേശ്വരന്‍ നല്‌കിയ സന്ദേശത്തിന്‍റെ തുടക്കം: അവിടുന്ന് അരുളിച്ചെയ്തു: “നീ പോയി ഒരു വേശ്യയെ വിവാഹം കഴിക്കുക; അവളെപ്പോലെതന്നെ ആയിരിക്കും അവളിലുണ്ടാകുന്ന സന്താനങ്ങളും. അതുപോലെ എന്‍റെ ജനം എന്നെ വിട്ടു വേശ്യാവൃത്തിയില്‍ മുഴുകിയിരിക്കുന്നു.” അങ്ങനെ ഹോശേയ പോയി ദിബ്ലയീമിന്‍റെ പുത്രിയായ ഗോമെറിനെ ഭാര്യയായി സ്വീകരിച്ചു. അവള്‍ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. അപ്പോള്‍ സര്‍വേശ്വരന്‍ ഹോശേയായോട് അരുളിച്ചെയ്തു: “ആ കുട്ടിക്ക് ജെസ്രീല്‍ എന്നു പേരിടണം. കാരണം അല്പകാലം കഴിഞ്ഞു തന്‍റെ പൂര്‍വികനായ യേഹൂ, ജെസ്രീലില്‍വച്ചു ചെയ്ത കൊലപാതകങ്ങള്‍ നിമിത്തം ഇസ്രായേല്‍രാജാവിനെ ഞാന്‍ ശിക്ഷിക്കും. ഇസ്രായേലിന്‍റെ രാജത്വം ഞാന്‍ നാമാവശേഷം ആക്കും. ജെസ്രീല്‍താഴ്വരയില്‍വച്ച് അന്നു ഞാന്‍ ഇസ്രായേലിന്‍റെ വില്ലൊടിച്ചുകളയും. ഗോമെര്‍ വീണ്ടും ഗര്‍ഭിണിയായി ഒരു മകളെ പ്രസവിച്ചു. അപ്പോഴും സര്‍വേശ്വരന്‍ അരുളിച്ചെയ്തു: ‘അവള്‍ക്കു കരുണ ലഭിക്കാത്തവള്‍’ എന്നര്‍ഥമുള്ള ‘ലോരുഹാമ’ എന്നു പേരിടുക. കാരണം ഞാന്‍ ഇനി ഇസ്രായേല്‍ജനത്തോടു കരുണ കാണിക്കുകയോ ക്ഷമിക്കുകയോ ഇല്ല. എന്നാല്‍ യെഹൂദായിലെ ജനത്തോടു കാരുണ്യം കാണിക്കും. അവരുടെ ദൈവവും സര്‍വേശ്വരനും ആയ ഞാന്‍ അവരെ രക്ഷിക്കും. എന്നാല്‍ അതു യുദ്ധമോ, വാളോ, വില്ലോ, കുതിരകളോ, കുതിരപ്പടയാളികളോകൊണ്ട് ആയിരിക്കുകയില്ല. ആ കുട്ടിയുടെ മുലകുടി മാറിയപ്പോള്‍ ഗോമെര്‍ വീണ്ടും ഗര്‍ഭം ധരിച്ചു മറ്റൊരു മകനെ പ്രസവിച്ചു. സര്‍വേശ്വരന്‍ ഹോശേയായോടു കല്പിച്ചു: “ ലോ-അമ്മീ എന്ന് ആ കുട്ടിക്കു പേരിടുക; കാരണം നിങ്ങള്‍ എന്‍റെ ജനമല്ല, ഞാന്‍ നിങ്ങളുടെ ദൈവവുമല്ല.” എങ്കിലും എണ്ണാനോ അളക്കാനോ കഴിയാത്തവിധം കടല്‍പ്പുറത്തെ മണല്‍പോലെ ഇസ്രായേല്‍ പെരുകും. “നിങ്ങള്‍ എന്‍റെ ജനമല്ല എന്നു പറഞ്ഞെങ്കിലും നിങ്ങള്‍ ജീവിക്കുന്ന ദൈവത്തിന്‍റെ മക്കള്‍ എന്നു പറയുന്ന സമയം വരുന്നു.” യെഹൂദായിലെയും ഇസ്രായേലിലെയും ജനം ഒരുമിച്ചുകൂടും; അവര്‍ തങ്ങള്‍ക്ക് ഒരു നേതാവിനെ തെരഞ്ഞെടുക്കും. അവര്‍ ദേശത്തു തഴച്ചുവളരും. ജെസ്രീലിന്‍റെ നാള്‍ മഹത്ത്വപൂര്‍ണമായിരിക്കും. നിന്‍റെ സഹോദരനോട് അമ്മി എന്നും സഹോദരിയോട് രുഹാമ എന്നും പറയുക. വാദിക്കുക, നിങ്ങളുടെ അമ്മയോടു വാദിക്കുക, അവള്‍ എന്‍റെ ഭാര്യയല്ല, ഞാന്‍ അവളുടെ ഭര്‍ത്താവുമല്ല. അവള്‍ തന്‍റെ മുഖത്തു നിന്നു വേശ്യാവൃത്തിയുടെ അടയാളവും മാറിടത്തുനിന്നു വേശ്യയുടെ സ്തനാഭരണവും നീക്കിക്കളയട്ടെ. അല്ലെങ്കില്‍ ഞാന്‍ അവളെ വസ്ത്രം ഉരിഞ്ഞു പിറന്നനാളിലെപ്പോലെ നഗ്നയാക്കും. ഞാന്‍ അവളെ മരുഭൂമിപോലെയും വരണ്ടനിലംപോലെയും ആക്കും. അവള്‍ ദാഹിച്ചു മരിക്കാന്‍ ഇടവരുത്തും. അവളുടെ മക്കളോടും ഞാന്‍ കരുണ കാണിക്കുകയില്ല. അവര്‍ ജാരസന്തതികളാണല്ലോ. അവരുടെ അമ്മ വേശ്യാവൃത്തിയിലേര്‍പ്പെട്ടു; അവരെ ഗര്‍ഭംധരിച്ചവള്‍ ലജ്ജാകരമായി പ്രവര്‍ത്തിച്ചു. “എനിക്ക് ആഹാരവും ജലവും കമ്പിളിയും ചണവസ്ത്രവും എണ്ണയും പാനീയങ്ങളും തരുന്ന കാമുകന്മാരുടെ പിന്നാലെ ഞാന്‍ പോകും” എന്ന് അവള്‍ പറഞ്ഞുവല്ലോ. അതുകൊണ്ട് ഞാന്‍ അവളുടെ വഴി മുള്ളുവേലി കെട്ടി അടയ്‍ക്കും; മതില്‍ കെട്ടി അവളുടെ വഴി മുടക്കും. തന്‍റെ കാമുകന്മാരെ അവള്‍ പിന്തുടരും; എന്നാല്‍ അവര്‍ക്ക് ഒപ്പം എത്തുകയില്ല; അവള്‍ അവരെ അന്വേഷിക്കും; എന്നാല്‍ കണ്ടെത്തുകയില്ല. അപ്പോള്‍ അവള്‍ പറയും: “എന്‍റെ ആദ്യ ഭര്‍ത്താവിന്‍റെ അടുക്കലേക്കു ഞാന്‍ മടങ്ങും; ഇന്നത്തേതിനെക്കാള്‍ എത്രയോ മെച്ചമായിരുന്നു അദ്ദേഹത്തോടൊത്തുള്ള ജീവിതം!” അവള്‍ക്കു ധാന്യവും പുതുവീഞ്ഞും പുതിയ എണ്ണയും ബാലിനെ ആരാധിക്കാന്‍ ഉപയോഗിച്ച പൊന്നും വെള്ളിയും സമൃദ്ധമായി നല്‌കിയതു ഞാനായിരുന്നു എന്ന് അവള്‍ അറിഞ്ഞില്ല. അതുകൊണ്ട് എന്‍റെ ധാന്യവും വീഞ്ഞും ഞാന്‍ യഥാവസരം തിരിച്ചെടുക്കും. അതുപോലെതന്നെ അവളുടെ നഗ്നത മറയ്‍ക്കാനുള്ള കമ്പിളിയും ചണവസ്ത്രവും ഞാന്‍ എടുത്തുകളയും. അപ്പോള്‍ അവളുടെ കാമുകന്മാരുടെ മുമ്പില്‍വച്ച് അവളുടെ നഗ്നത ഞാന്‍ അനാവൃതമാക്കും. ആരും എന്‍റെ കൈയില്‍നിന്ന് അവളെ വിടുവിക്കുകയില്ല. അവളുടെ സകല സന്തോഷവും ഉത്സവങ്ങളും അമാവാസികളും ശബത്തുകളും നിര്‍ദിഷ്ട ഉത്സവങ്ങളും ഇല്ലാതാകും. എന്‍റെ കാമുകന്മാര്‍ തന്നതാണ് ഇവയെല്ലാം എന്നു നീ പറഞ്ഞ മുന്തിരിത്തോട്ടവും അത്തിമരങ്ങളും ഞാന്‍ ശൂന്യമാക്കും; അവയെ ഞാന്‍ കാടാക്കിത്തീര്‍ക്കും; കാട്ടുമൃഗങ്ങള്‍ അവയെ തിന്നൊടുക്കും. ബാല്‍വിഗ്രഹത്തിനു ധൂപാര്‍ച്ചന നടത്തിയും ആഭരണങ്ങള്‍ അണിഞ്ഞൊരുങ്ങി കാമുകന്മാരെ പിന്തുടര്‍ന്നും അവള്‍ എന്നെ മറന്നു. അതുകൊണ്ട് ഞാന്‍ അവളെ ശിക്ഷിക്കും. ഇതു സര്‍വേശ്വരന്‍റെ വചനം. “അതുകൊണ്ട് ഞാന്‍ അവളെ വശീകരിച്ചു വിജനസ്ഥലത്തേക്കു കൊണ്ടുവന്നു പ്രേമപൂര്‍വം അവളോടു സംസാരിക്കും. അവിടെവച്ച് അവളുടെ മുന്തിരിത്തോട്ടങ്ങള്‍ ഞാന്‍ തിരിച്ചുകൊടുക്കും; ആഖോര്‍ താഴ്വരയെ പ്രത്യാശയുടെ കവാടമാക്കിത്തീര്‍ക്കും; യൗവനത്തിലെന്നപോലെ, ഈജിപ്തില്‍നിന്നു പുറപ്പെട്ട നാളിലെന്നപോലെ, അവള്‍ എന്നോടു പ്രതികരിക്കും.” സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അന്നു നീ എന്നെ ‘എന്‍റെ പ്രിയതമന്‍’ എന്നു സംബോധന ചെയ്യും. ‘എന്‍റെ ബാല്‍’ എന്ന് ഇനിമേല്‍ നീ വിളിക്കുകയില്ല.” ബാല്‍ദേവന്മാരുടെ നാമങ്ങള്‍ അവളുടെ അധരങ്ങളില്‍നിന്നു ഞാന്‍ നീക്കിക്കളയും. അവരുടെ പേരുകള്‍ അവള്‍ ഇനി ഓര്‍ക്കുകയില്ല. ആ ദിവസം ഞാന്‍ നിനക്കുവേണ്ടി വന്യമൃഗങ്ങളോടും ആകാശത്തെ പറവകളോടും ഭൂമിയിലെ ഇഴജന്തുക്കളോടും ഒരു ഉടമ്പടി ഉണ്ടാക്കും. വില്ലും വാളും യുദ്ധവും ദേശത്തുനിന്നു നീക്കി ഞാന്‍ അവരെ നിര്‍ഭയം വസിക്കുമാറാക്കും. ഇസ്രായേലേ, നിന്നെ എന്നേക്കും എന്‍റെ ഭാര്യയായി സ്വീകരിക്കും. നീതിയിലും ന്യായത്തിലും സുസ്ഥിരമായ സ്നേഹത്തിലും കരുണയിലും നിന്നെ എന്‍റെ ഭാര്യയായി ഞാന്‍ സ്വീകരിക്കും. എന്‍റെ വിശ്വസ്തതയില്‍ നിന്നെ എന്‍റെ ഭാര്യയായി സ്വീകരിക്കും. നീ സര്‍വേശ്വരനെ അറിയുകയും ചെയ്യും. അവിടുന്ന് അരുളിച്ചെയ്യുന്നു: “അന്നു ഞാന്‍ ഉത്തരമരുളും. അന്നു ഞാന്‍ ആകാശത്തിന് ഉത്തരമരുളും, ആകാശം ഭൂമിക്ക് ഉത്തരമരുളും. ധാന്യവും വീഞ്ഞും എണ്ണയും നല്‌കി ഭൂമി ഉത്തരം നല്‌കും. അവ ജെസ്രീലിന് ഉത്തരം നല്‌കും. ഞാന്‍ അവരെ എനിക്കുവേണ്ടി ദേശത്തു നടും; കരുണ ലഭിക്കാത്തവളോടു ഞാന്‍ കരുണ കാണിക്കും; എന്‍റെ ജനമല്ലാത്തവരോടു നിങ്ങള്‍ എന്‍റെ ജനം എന്നു പറയും; അവിടുന്ന് എന്‍റെ ദൈവം എന്ന് അവര്‍ പറയും.” സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “അന്യദേവന്മാരിലേക്കു തിരിയുകയും വിഗ്രഹാര്‍പ്പിതമായ മുന്തിരിയട ഇഷ്ടപ്പെടുകയും ചെയ്തിട്ടും ഇസ്രായേല്‍ജനത്തെ സര്‍വേശ്വരനായ ഞാന്‍ സ്നേഹിക്കുന്നതുപോലെ നീ പോയി ജാരവേഴ്ചയുള്ളവളും വ്യഭിചാരിണിയുമായ ഒരു സ്‍ത്രീയെ സ്നേഹിക്കുക.” പതിനഞ്ചു ശേക്കെല്‍ വെള്ളിയും ഒന്നര ഹോമര്‍ ബാര്‍ലിയും കൊടുത്തു ഞാന്‍ അവളെ വാങ്ങി. ഞാന്‍ അവളോടു പറഞ്ഞു: “ദീര്‍ഘകാലം നീ എന്‍റെകൂടെ പാര്‍ക്കണം; നീ വ്യഭിചരിക്കരുത്; അന്യപുരുഷന്‍റേതായിത്തീരുകയും അരുത്. ഞാനും അങ്ങനെതന്നെ നിന്‍റേതായി വര്‍ത്തിക്കും.” ഇങ്ങനെ ഇസ്രായേല്‍ജനത ദീര്‍ഘകാലം രാജാവോ പ്രഭുവോ യാഗമോ ആരാധനാസ്തംഭമോ ഏഫോദോ കുലദൈവമോ ഇല്ലാതെ കഴിയും. പിന്നീട് ഇസ്രായേല്‍ജനത മടങ്ങിവന്നു തങ്ങളുടെ ദൈവമായ സര്‍വേശ്വരനെയും രാജാവായ ദാവീദിനെയും അന്വേഷിക്കും. അന്ന് അവര്‍ ഭയഭക്തിയോടെ സര്‍വേശ്വരനിലേക്കു തിരിയും; അവിടുത്തെ കൃപയ്‍ക്കു പാത്രമാകുകയും ചെയ്യും. ഇസ്രായേല്‍ജനമേ, സര്‍വേശ്വരന്‍റെ വാക്കു കേള്‍ക്കുക; ഇസ്രായേല്‍ദേശത്തു നിവസിക്കുന്നവര്‍ക്ക് എതിരെ സര്‍വേശ്വരന് ഒരു വ്യവഹാരം ഉണ്ട്; വിശ്വസ്തതയോ ദയയോ ദൈവത്തെപ്പറ്റിയുള്ള ജ്ഞാനമോ ഇവിടെ ഇല്ല. ജനം ആണയിടുന്നു, ഭോഷ്ക്കു സംസാരിക്കുന്നു; കൊലചെയ്യുന്നു; മോഷണം നടത്തുന്നു; വ്യഭിചരിക്കുന്നു; എല്ലാ അതിരുകളും ലംഘിക്കുന്നു. കൊലപാതകങ്ങള്‍ ഒന്നിനൊന്നു വര്‍ധിക്കുന്നു; അതുകൊണ്ടു ദേശം വിലപിക്കുന്നു; അതിലെ സകല നിവാസികളും വയലിലെ മൃഗങ്ങളും ആകാശത്തിലെ പക്ഷികളും നഷ്ടപ്രായമാകുന്നു; സമുദ്രത്തിലെ മത്സ്യങ്ങള്‍പോലും ഇല്ലാതെയാകുന്നു. എങ്കിലും ആരും വാദിക്കുകയും ആരുടെയുംമേല്‍ കുറ്റംചുമത്തുകയും വേണ്ട. അല്ലയോ പുരോഹിതാ, നിനക്കെതിരായിട്ടാണ് എന്‍റെ കുറ്റപത്രം. പട്ടാപ്പകല്‍ നീ കാലിടറി വീഴും; പ്രവാചകനും നിന്നോടൊപ്പം രാത്രിയില്‍ ഇടറിവീഴും. നിന്‍റെ അമ്മയെ ഞാന്‍ നശിപ്പിക്കും. അജ്ഞത നിമിത്തം എന്‍റെ ജനം നശിക്കുന്നു. കാരണം നീ ജ്ഞാനം ഉപേക്ഷിച്ചിരിക്കുന്നു. അതിനാല്‍ എന്‍റെ പുരോഹിതനായിരിക്കുന്നതില്‍നിന്നു നിന്നെ ഞാന്‍ തള്ളിക്കളയും. നിന്‍റെ ദൈവത്തിന്‍റെ കല്പന നീ വിസ്മരിച്ചിരിക്കുന്നതിനാല്‍ ഞാന്‍ നിന്‍റെ സന്തതികളെ വിസ്മരിക്കും. അവര്‍ പെരുകിയതോടൊപ്പം എനിക്കെതിരെയുള്ള അവരുടെ പാപവും വര്‍ധിച്ചു. അതിനാല്‍ അവരുടെ മഹത്ത്വത്തെ ഞാന്‍ അപമാനമായി മാറ്റും. എന്‍റെ ജനത്തിന്‍റെ പാപംകൊണ്ട് അവര്‍ ഉപജീവിക്കുന്നു. അവരുടെ അകൃത്യത്തിനായി അവര്‍ അത്യാര്‍ത്തിയോടെ കാത്തിരിക്കുന്നു. ജനത്തിനു ഭവിക്കുന്നതുതന്നെ പുരോഹിതനും ഭവിക്കും; അവരുടെ ദുര്‍മാര്‍ഗങ്ങള്‍ക്കു ഞാന്‍ അവരെ ശിക്ഷിക്കും; അവരുടെ പ്രവൃത്തികള്‍ക്കു തക്കവിധം ഞാന്‍ പ്രതികാരം ചെയ്യും. അവര്‍ ഭക്ഷിക്കുമെങ്കിലും തൃപ്തിവരികയില്ല. അവര്‍ വ്യഭിചരിച്ചാലും പെരുകുകയില്ല. കാരണം വ്യഭിചാരത്തില്‍ മുഴുകാനായി അവര്‍ സര്‍വേശ്വരനെ പരിത്യജിച്ചു. വീഞ്ഞും പുതുവീഞ്ഞും വിവേകം കെടുത്തിക്കളയുന്നു. എന്‍റെ ജനം മരമുട്ടിയോട് അരുളപ്പാടു ചോദിക്കുന്നു; അവരുടെ വടി പ്രവചിക്കുന്നു. വ്യഭിചാരമോഹം അവരെ വഴിതെറ്റിച്ചുകളഞ്ഞു. തങ്ങളുടെ ദൈവത്തെ വിട്ട് അവര്‍ വ്യഭിചരിക്കുന്നു. അവര്‍ പര്‍വതശിഖരങ്ങളില്‍ ബലി കഴിക്കുന്നു. കുന്നുകളിലുള്ള കരുവേലകം, പുന്ന, ആല്‍ മുതലായ വൃക്ഷങ്ങളുടെ തണലില്‍ വഴിപാടര്‍പ്പിക്കുന്നു. അതുകൊണ്ടു നിങ്ങളുടെ പുത്രിമാര്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നു; നിങ്ങളുടെ പുത്രഭാര്യമാര്‍ വ്യഭിചരിക്കുന്നു. നിങ്ങളുടെ പുത്രിമാര്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുമ്പോഴോ, പുത്രഭാര്യമാര്‍ വ്യഭിചരിക്കുമ്പോഴോ ഞാന്‍ അവരെ ശിക്ഷിക്കുകയില്ല; നിങ്ങളുടെ പുരുഷന്മാര്‍തന്നെ വേശ്യാവേഴ്ച നടത്തുകയും ദേവദാസികളോടൊത്തു ബലി അര്‍പ്പിക്കുകയും ചെയ്യുന്നുവല്ലോ. വിവേകം കെട്ട ജനം നശിച്ചുപോകും. ഇസ്രായേലേ, നീ വ്യഭിചരിച്ചാലും യെഹൂദാ അപരാധം ചെയ്യാതിരിക്കട്ടെ. നിങ്ങള്‍ ഗില്‍ഗാലില്‍ പ്രവേശിക്കരുത്. ബേത്ത്-ആവെനിലും കയറരുത്. സര്‍വേശ്വരനെ മുന്‍നിര്‍ത്തി ആണയിടുകയുമരുത്. ദുശ്ശാഠ്യം ഉള്ള പശുക്കുട്ടിയെപ്പോലെ ഇസ്രായേല്‍ ദുശ്ശാഠ്യം പിടിക്കുന്നു. കുഞ്ഞാടിനെ എന്നപോലെ വിശാലമായ മേച്ചില്‍സ്ഥലത്തു സര്‍വേശ്വരന് ഇപ്പോള്‍ അവരെ മേയ്‍ക്കാന്‍ കഴിയുമോ? എഫ്രയീം വിഗ്രഹങ്ങളോടു ചങ്ങാത്തം പിടിച്ചിരിക്കുന്നു. അവരെ അവരുടെ വഴിക്കു വിടുക. മദ്യപന്മാരോടൊത്ത് അമിതമായി മദ്യപിച്ചുകൊണ്ട് അവര്‍ വ്യഭിചാരത്തില്‍ രമിക്കുന്നു. അവര്‍ നിന്ദ്യമായതിനെ മഹത്തായതിനെക്കാള്‍ ഇഷ്ടപ്പെടുന്നു. കാറ്റ് അതിന്‍റെ ചിറകുകളില്‍ അവരെ പൊതിഞ്ഞിരിക്കുന്നു. തങ്ങളുടെ യാഗങ്ങളെക്കുറിച്ച് അവര്‍ ലജ്ജിക്കേണ്ടിവരും. പുരോഹിതന്മാരേ, ഇതു കേള്‍ക്കുവിന്‍. ഇസ്രായേല്‍ജനമേ, ഇതു ശ്രദ്ധിക്കുവിന്‍. രാജകുടുംബമേ, ഇതു ചെവിക്കൊള്ളുക. നിങ്ങളുടെമേല്‍ ന്യായവിധി ഉണ്ടാകും. നിങ്ങള്‍ മിസ്പായില്‍ ഒരു കെണിയും താബോറില്‍ വിരിച്ച വലയും ആണല്ലോ. അവര്‍ ശിത്തീമിലെ കുഴിയുടെ ആഴം കൂട്ടി. ഞാന്‍ അവരെ എല്ലാവരെയും ശിക്ഷണവിധേയരാക്കും. എഫ്രയീമിനെ എനിക്ക് അറിയാം; ഇസ്രായേല്‍ എന്നില്‍നിന്നു മറഞ്ഞിരിക്കുന്നില്ല. എഫ്രയീമേ, നീ ഇപ്പോള്‍ വ്യഭിചരിച്ചിരിക്കുന്നു. ഇസ്രായേല്‍ മലിനയാണ്. ദൈവത്തിങ്കലേക്കു മടങ്ങാന്‍ തങ്ങളുടെ പ്രവൃത്തികള്‍ അവരെ അനുവദിക്കുന്നില്ല; വ്യഭിചാരമോഹം അവരുടെ ഉള്ളിലുണ്ട്. സര്‍വേശ്വരനെ അവര്‍ അറിയുന്നില്ല. ഇസ്രായേലിന്‍റെ അഹംഭാവം അവനെതിരെ സാക്ഷ്യം വഹിക്കുന്നു. എഫ്രയീം തന്‍റെ അകൃത്യത്തില്‍ തട്ടിവീഴും. അവനോടൊപ്പം യെഹൂദായും ഇടറിവീഴും. തങ്ങളുടെ ആട്ടിന്‍പറ്റങ്ങളോടും കന്നുകാലികളോടുംകൂടി അവര്‍ സര്‍വേശ്വരനെ അന്വേഷിച്ചുപോകും. എന്നാല്‍ കണ്ടെത്തുകയില്ല. അവിടുന്ന് അവരെ വിട്ടകന്നിരിക്കുന്നു. അവര്‍ സര്‍വേശ്വരനോട് അവിശ്വസ്തമായി പെരുമാറി. കാരണം, അവര്‍ ജാരസന്തതികള്‍ക്കു ജന്മം നല്‌കി. ഇപ്പോള്‍ അമാവാസി അവരുടെ വയലുകളോടൊപ്പം അവരെ നശിപ്പിക്കും. ഗിബെയയില്‍ കൊമ്പും രാമായില്‍ കാഹളവും ഊതുക; ബേത്ത്-ആവെനില്‍ ആപല്‍ധ്വനി മുഴക്കുക. ബെന്യാമീനേ, യുദ്ധത്തിന് ഒരുങ്ങുക. ശിക്ഷാദിവസത്തില്‍ അന്ന് ഇസ്രായേല്‍ ശൂന്യമാക്കപ്പെടും. അതു നിശ്ചയമായും സംഭവിക്കുമെന്നു ഞാന്‍ ഇസ്രായേല്‍ഗോത്രങ്ങളെ അറിയിച്ചിരിക്കുന്നു. യെഹൂദാപ്രഭുക്കന്മാര്‍ അതിരുകല്ലു മാറ്റുന്നവരെപ്പോലെ ആയിത്തീര്‍ന്നു. അവരുടെമേല്‍ വെള്ളംപോലെ ഞാന്‍ ക്രോധം ചൊരിയും. മിഥ്യയുടെ പിന്നാലെ പോകാന്‍ നിശ്ചയിച്ചതുകൊണ്ട് ഇസ്രായേല്‍ ന്യായവിധിയില്‍ പീഡിപ്പിക്കപ്പെടുകയും മര്‍ദിക്കപ്പെടുകയും ചെയ്തു. ഞാന്‍ ഇസ്രായേലിനു വെണ്‍ചിതലും യെഹൂദാജനതയ്‍ക്കു വ്രണവും ആകുന്നു. ഇസ്രായേല്‍ തന്‍റെ വ്യാധിയും യെഹൂദാ തന്‍റെ മുറിവും കണ്ടപ്പോള്‍ ഇസ്രായേല്‍ അസ്സീറിയായിലേക്കു പോകുകയും സഹായാഭ്യര്‍ഥനയുമായി രാജാവിന്‍റെ അടുക്കല്‍ ആളയയ്‍ക്കുകയും ചെയ്തു. എന്നാല്‍ നിങ്ങള്‍ക്കു സൗഖ്യം നല്‌കാനോ, നിങ്ങളുടെ മുറിവു പൊറുപ്പിക്കാനോ അവനു കഴിവില്ല. ഞാന്‍ ഇസ്രായേലിന് ഒരു സിംഹവും യെഹൂദാഗൃഹത്തിനു യുവസിംഹവും ആയിരിക്കും. ഞാന്‍തന്നെ അവരെ കടിച്ചു കീറും; വലിച്ചിഴച്ചുകൊണ്ടുപോകും. ആര്‍ക്കും രക്ഷിക്കാന്‍ കഴിയുകയില്ല. തങ്ങളുടെ അകൃത്യം ഏറ്റുപറഞ്ഞ് എന്നെ അന്വേഷിക്കുന്നതുവരെ ഞാന്‍ അവരില്‍നിന്നു പിന്‍തിരിയും. കൊടിയ ദുഃഖത്തില്‍ അവര്‍ എന്നെ അന്വേഷിക്കും. അവര്‍ പറയും: വരുവിന്‍, നമുക്കു സര്‍വേശ്വരന്‍റെ അടുക്കലേക്കു മടങ്ങിച്ചെല്ലാം; അവിടുന്നു നമ്മെ ചീന്തിക്കളഞ്ഞു എങ്കിലും അവിടുന്നു നമ്മെ സുഖപ്പെടുത്തും. അവിടുന്നു നമ്മെ പ്രഹരിച്ചു. അവിടുന്നു തന്നെ മുറിവു വച്ചുകെട്ടും. രണ്ടു ദിവസം കഴിഞ്ഞ് അവിടുന്നു നമുക്കു നവജീവന്‍ നല്‌കും. മൂന്നാം ദിവസം അവിടുന്നു നമ്മെ എഴുന്നേല്പിക്കും. അങ്ങനെ നാം തിരുമുമ്പില്‍ ജീവിക്കും. സര്‍വേശ്വരനെ നാം അറിയണം; അവിടുത്തെ അറിയാന്‍ നമുക്കു തീവ്രമായി ശ്രമിക്കാം. അവിടുന്നു പ്രഭാതംപോലെ സുനിശ്ചിതമായി വരും. മഴപോലെ, ഭൂമിയെ കുതിര്‍ക്കുന്ന പുതുമഴപോലെ അവിടുന്നു വരും. ഇസ്രായേലേ, ഞാന്‍ നിങ്ങളോട് എന്തു ചെയ്യും? യെഹൂദായേ, ഞാന്‍ നിങ്ങളോട് എന്തുചെയ്യും? നിങ്ങളുടെ സ്നേഹം പ്രഭാതമേഘംപോലെയും പുലര്‍കാലമഞ്ഞുപോലെയും മാഞ്ഞുപോകുന്നു. അതിനാല്‍ പ്രവാചകന്മാര്‍ മുഖേന ഞാന്‍ അവരെ വെട്ടിവീഴ്ത്തി; എന്‍റെ വചനങ്ങളാല്‍ ഞാന്‍ അവരെ സംഹരിച്ചു. എന്‍റെ വിധി പ്രകാശംപോലെ പരക്കുന്നു. ബലിയല്ല, സുസ്ഥിരമായ സ്നേഹമാണു ഞാന്‍ ആഗ്രഹിക്കുന്നത്. ഹോമയാഗത്തെക്കാള്‍ എനിക്കു പ്രസാദകരം ദൈവജ്ഞാനമാണ്. എന്നാല്‍ ആദാമില്‍വച്ച് അവര്‍ ഉടമ്പടി ലംഘിച്ചു. അവിടെവച്ച് അവര്‍ എന്നോട് അവിശ്വസ്തത കാട്ടി. ഗിലെയാദ് ദുഷ്കര്‍മികളുടെ നഗരമാണ്. അവിടെ രക്തപ്പുഴ ഒഴുകുന്നു. പതിയിരിക്കുന്ന കൊള്ളക്കാരെപ്പോലെ പുരോഹിതന്മാര്‍ ഒരുമിച്ചുകൂടിയിരിക്കുന്നു. ശെഖേമിലേക്കുള്ള വഴിയില്‍ കൊലപാതകം നടത്തുന്നു. അതേ, അവര്‍ നീചകൃത്യം ചെയ്യുന്നു. ഇസ്രായേല്‍ഗൃഹത്തില്‍ ഞാന്‍ ഒരു ഭീകരകാര്യം കണ്ടിരിക്കുന്നു. എഫ്രയീമിന്‍റെ വേശ്യാവൃത്തിതന്നെ. ഇസ്രായേല്‍ മലിനയായിത്തീര്‍ന്നു. യെഹൂദായേ, നിനക്കും ഒരു ശിക്ഷാദിവസം നിശ്ചയിച്ചിട്ടുണ്ട്. എന്‍റെ ജനത്തിനു വീണ്ടും ഐശ്വര്യം നല്‌കുമ്പോള്‍, ഇസ്രായേലിനെ ഞാന്‍ സുഖപ്പെടുത്തുമ്പോള്‍, എഫ്രയീമിന്‍റെ അകൃത്യവും ശമര്യയുടെ ദുഷ്ടതയും വെളിപ്പെടും. അവര്‍ വ്യാജമായി വര്‍ത്തിക്കുന്നു. കള്ളന്‍ അകത്തു കടക്കുന്നു; പുറത്തു കവര്‍ച്ചസംഘം കൊള്ളയടിക്കുന്നു. അവരുടെ എല്ലാ അധര്‍മങ്ങളും ഞാന്‍ ഓര്‍ക്കുമെന്ന് അവര്‍ വിചാരിക്കുന്നില്ല. ഇപ്പോള്‍ അവരുടെ പ്രവൃത്തികള്‍ അവരെ വലയം ചെയ്യുന്നു. അവ എന്‍റെ കണ്‍മുമ്പില്‍ ആണ്. തങ്ങളുടെ ദുഷ്ടതയും വഞ്ചനയുംകൊണ്ടു രാജാവിനെയും പ്രഭുക്കന്മാരെയും അവര്‍ സന്തോഷിപ്പിക്കുന്നു. അവര്‍ എല്ലാവരും വ്യഭിചാരികളാണ്. അവര്‍ നീറിക്കത്തുന്ന അടുപ്പുപോലെ ആകുന്നു. കുഴച്ചമാവു പുളിച്ചുപൊങ്ങി പാകമാകുന്നതുവരെ അടുപ്പിലെ തീ ആളിക്കത്തിക്കുകയില്ലല്ലോ. നമ്മുടെ രാജാവിന്‍റെ ഉത്സവദിവസം അവര്‍ പ്രഭുക്കന്മാരെ വീഞ്ഞു കുടിപ്പിച്ചു മത്തരാക്കുന്നു. അവര്‍ പരിഹാസികളുമായി ഒത്തുചേരുന്നു. തങ്ങളുടെ ദ്രോഹപരിപാടികളെപ്പറ്റിയുള്ള ആലോചനകളാല്‍ അവരുടെ ഹൃദയം അടുപ്പുപോലെ നീറിക്കത്തുന്നു. രാത്രി മുഴുവന്‍ അവരുടെ രോഷം നീറി എരിഞ്ഞുകൊണ്ടിരിക്കും. പ്രഭാതമായാല്‍ അതു കത്തിജ്വലിക്കും. അവര്‍ എല്ലാവരും അടുപ്പുപോലെ ചുട്ടുപഴുത്തിരിക്കുന്നു. ഭരണാധികാരികളെ അവര്‍ ദഹിപ്പിച്ചുകളയുന്നു. അവരുടെ രാജാക്കന്മാരെല്ലാം നിലംപതിച്ചു. അവരാരും എന്നെ വിളിച്ചപേക്ഷിക്കുന്നില്ല. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഒരു വശം മാത്രം വെന്ത അപ്പംപോലെയാണ് ഇസ്രായേല്‍. ചുറ്റുമുള്ള ജനതകളുമായി അവര്‍ ഇടകലരുന്നു. വിജാതീയര്‍ അവരുടെ ബലം കെടുത്തുന്നു. അവര്‍ അതു മനസ്സിലാക്കുന്നില്ല. അവരുടെ തല നരച്ചുതുടങ്ങി. അത് അവര്‍ അറിയുന്നില്ല. ഇസ്രായേലിന്‍റെ അഹങ്കാരം അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കുന്നു. ഇതെല്ലാമായിട്ടും അവര്‍ തങ്ങളുടെ ദൈവമായ സര്‍വേശ്വരനിലേക്കു തിരിയുകയോ അവിടുത്തെ അന്വേഷിക്കുകയോ ചെയ്യുന്നില്ല. എഫ്രയീം വിവരമില്ലാത്ത പൊട്ടപ്രാവാണ്. അവര്‍ സഹായത്തിനുവേണ്ടി ഈജിപ്തിനെ വിളിക്കുന്നു; അസ്സീറിയായെ സമീപിക്കുന്നു. അവര്‍ പോകുമ്പോള്‍ അവരുടെമേല്‍ ഞാന്‍ വലവിരിക്കും. പക്ഷികളെ എന്നപോലെ ഞാന്‍ അവരെ പിടിക്കും. അവരുടെ ദുഷ്കൃത്യത്തിനു ഞാന്‍ അവരെ ശിക്ഷിക്കും. അവര്‍ എന്നെ വിട്ട് ഓടിപ്പോയല്ലോ; അവര്‍ക്കു ദുരിതം! അവര്‍ എന്നോടു മത്സരിച്ചു; അവര്‍ക്കു നാശം! ഞാന്‍ അവരെ രക്ഷിക്കുമായിരുന്നു; എന്നാല്‍ അവര്‍ എനിക്കെതിരെ സംസാരിക്കുന്നു. അവര്‍ ഹൃദയപൂര്‍വം എന്നോട് അപേക്ഷിക്കുന്നില്ല. അവര്‍ കിടക്കയില്‍ വീണ് അലമുറയിടുന്നു. ധാന്യത്തിനും വീഞ്ഞിനുംവേണ്ടി അവര്‍ സ്വയം മുറിവേല്പിക്കുന്നു. അവര്‍ എന്നോടു മത്സരിക്കുന്നു. ഞാന്‍ അവരെ പരിശീലിപ്പിച്ചു, അവരുടെ ഭുജങ്ങളെ ബലപ്പെടുത്തി; എന്നിട്ടും അവര്‍ എനിക്കെതിരെ തിന്മ നിരൂപിക്കുന്നു. അവര്‍ ബാലിന്‍റെ നേര്‍ക്കു തിരിയുന്നു. അവര്‍ സമയത്ത് ഉതകാത്ത വില്ലുപോലെയാകുന്നു. അവരുടെ പ്രഭുക്കന്മാര്‍ നാവിന്‍റെ ഔദ്ധത്യത്താല്‍ വാളിനിരയാകും. അവര്‍ ഇതിനാല്‍ ഈജിപ്തില്‍ പരിഹാസപാത്രമാകും. കാഹളം നിന്‍റെ ചുണ്ടുകളോട് അടുപ്പിക്കുക; ഒരു കഴുകന്‍ സര്‍വേശ്വരന്‍റെ ആലയത്തിനുമീതെ പറക്കുന്നു. കാരണം അവര്‍ എന്‍റെ ഉടമ്പടി ലംഘിച്ചു. എന്‍റെ ധര്‍മശാസ്ത്രം പാലിച്ചില്ല. ‘ദൈവമേ, ഇസ്രായേലാകുന്ന ഞങ്ങള്‍ അങ്ങയെ അറിയുന്നു’ എന്ന് അവര്‍ എന്നോടു നിലവിളിച്ചു പറയുന്നു. ഇസ്രായേല്‍ നന്മയെ വെറുത്തു തള്ളിയിരിക്കുന്നു; ശത്രു അവരെ പിന്തുടരും. എന്‍റെ ഹിതം അന്വേഷിക്കാതെ അവര്‍ രാജാക്കന്മാരെ വാഴിച്ചു; എന്‍റെ അറിവുകൂടാതെ അവര്‍ പ്രഭുക്കന്മാരെ നിയമിച്ചു. അവര്‍ പൊന്നും വെള്ളിയുംകൊണ്ടു വിഗ്രഹങ്ങള്‍ നിര്‍മിച്ചു; അത് അവരുടെ വിനാശത്തിനു കാരണമായി. ശമര്യേ, നീ ആരാധിക്കുന്ന കാളക്കുട്ടിയെ ഞാന്‍ വെറുക്കുന്നു. എന്‍റെ കോപം അവരുടെ നേരെ ജ്വലിക്കുന്നു. അവര്‍ ശുദ്ധരായിത്തീരാന്‍ ഇനി എത്രകാലം വേണ്ടിവരും? ഇസ്രായേലിലെ ഒരു ശില്പി നിര്‍മിച്ചതാണ് ആ വിഗ്രഹം. അതു ദൈവം അല്ല. ശമര്യയിലെ കാളക്കുട്ടിയെ ഞാന്‍ തകര്‍ത്തു തരിപ്പണമാക്കും. അവര്‍ കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യും. നിവര്‍ന്നു നില്‌ക്കുന്ന ചെടികളില്‍ കതിരില്ല; അവ ധാന്യമാവ് നല്‌കുകയില്ല, നല്‌കിയാല്‍ത്തന്നെ അന്യര്‍ അതു തിന്നുതീര്‍ക്കും. ഇസ്രായേല്‍ വിഴുങ്ങപ്പെട്ടു; അവര്‍ ജനതകളുടെ ഇടയില്‍ ഉപയോഗമില്ലാത്ത പാത്രംപോലെ ആയിരിക്കുന്നു. അവര്‍ കൂട്ടംവിട്ട് അലഞ്ഞുനടക്കുന്ന കാട്ടുകഴുതയെപ്പോലെ അസ്സീറിയായിലേക്കു പോയി. എഫ്രയീം ജാരന്മാരെ കൂലിക്കു വാങ്ങിയിരിക്കുന്നു. അവര്‍ കൂലി കൊടുത്തു ജനതകളുമായി സഖ്യം ഉണ്ടാക്കിയാലും ഇപ്പോള്‍ ഞാന്‍ അവരെ ഒന്നിച്ചുകൂട്ടും. രാജാക്കന്മാരെയും പ്രഭുക്കന്മാരെയും വാഴിക്കുന്നതില്‍നിന്ന് അവര്‍ കുറെക്കാലത്തേക്കു വിരമിക്കും. പാപപരിഹാരത്തിന് എഫ്രയീം ഉണ്ടാക്കിയ അനേകം യാഗപീഠങ്ങള്‍ പാപഹേതുവായിത്തീര്‍ന്നു. ഞാന്‍ നിരവധി നിയമങ്ങള്‍ അവര്‍ക്ക് എഴുതിക്കൊടുത്തിട്ടും അവ അപരിചിതമായി പരിഗണിക്കപ്പെട്ടു. യാഗങ്ങള്‍ അവര്‍ക്കു പ്രിയങ്കരമാണ്. അവര്‍ മാംസം യാഗമായി അര്‍പ്പിക്കുന്നു. അത് അവര്‍ ഭക്ഷിക്കുന്നു. എന്നാല്‍ ഇവയിലൊന്നും സര്‍വേശ്വരന്‍ പ്രസാദിക്കുന്നില്ല. ഇപ്പോള്‍ അവിടുന്ന് അവരുടെ അകൃത്യങ്ങള്‍ ഓര്‍ക്കും. അവരുടെ പാപങ്ങള്‍ക്ക് അവരെ ശിക്ഷിക്കും; അവര്‍ ഈജിപ്തിലേക്കു മടങ്ങിപ്പോകും! കാരണം ഇസ്രായേല്‍ തന്‍റെ സ്രഷ്ടാവിനെ മറന്ന് കൊട്ടാരങ്ങള്‍ നിര്‍മിച്ചിരിക്കുന്നു. യെഹൂദാ ഉറപ്പുള്ള പട്ടണങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുന്നു; എന്നാല്‍ ഞാന്‍ അവരുടെ നഗരങ്ങളിന്മേല്‍ അഗ്നിയെ അയയ്‍ക്കും; അത് അവരുടെ ശക്തിദുര്‍ഗങ്ങളെ ദഹിപ്പിച്ചുകളയും. ഇസ്രായേലേ, നീ ആഹ്ലാദിക്കേണ്ട; ജനതകളെപ്പോലെ സന്തോഷംകൊണ്ടു തുള്ളിച്ചാടുകയും വേണ്ട; നിന്‍റെ ദൈവത്തെ ഉപേക്ഷിച്ചു നീ പരസംഗം ചെയ്തിരിക്കുന്നുവല്ലോ. എല്ലാ മെതിക്കളങ്ങളിലും നിങ്ങള്‍ വേശ്യയുടെ കൂലിയാണല്ലോ അഭിലഷിച്ചത്. മെതിക്കളങ്ങളും മുന്തിരിച്ചക്കുകളും അവരെ പോറ്റുകയില്ല. പുതുവീഞ്ഞ് അവര്‍ക്ക് ഇല്ലാതെയാകും. സര്‍വേശ്വരന്‍റെ ദേശത്ത് അവര്‍ പാര്‍ക്കുകയില്ല. എഫ്രയീം ഈജിപ്തിലേക്കു മടങ്ങും; അസ്സീറിയായില്‍ മലിനമായ ഭക്ഷണം അവര്‍ കഴിക്കും. അവര്‍ സര്‍വേശ്വരനു വീഞ്ഞ് അര്‍പ്പിക്കുകയില്ല. അവരുടെ ബലി അവിടുത്തേക്കു പ്രസാദകരമാവുകയില്ല. വിലപിക്കുന്നവരുടെ അപ്പംപോലെ ആയിരിക്കും അവരുടെ അപ്പം. അതു ഭക്ഷിക്കുന്നവരെല്ലാം മലിനരായിത്തീരും; അവരുടെ ആഹാരം അവര്‍ക്കു വിശപ്പടക്കാന്‍ മാത്രമേ ഉപകരിക്കൂ. അതു സര്‍വേശ്വരന്‍റെ ആലയത്തില്‍ കൊണ്ടുവന്ന് അര്‍പ്പിക്കപ്പെടുകയില്ല. നിര്‍ദിഷ്ട ഉത്സവദിവസവും അവിടുത്തെ പെരുന്നാള്‍ ദിവസവും നിങ്ങള്‍ എന്തുചെയ്യും? ഇതാ, അവര്‍ വിനാശത്തില്‍നിന്ന് ഓടിയകലുന്നു. ഈജിപ്ത് അവരെ ഒരുമിച്ചു കൂട്ടും. മെംഫിസ് അവരുടെ ശവകുടീരമായിത്തീരും. അവരുടെ വെള്ളികൊണ്ടുള്ള വിലപ്പെട്ട ഉരുപ്പടികള്‍ കൊടിത്തൂവ കൈവശപ്പെടുത്തും. മുള്‍ച്ചെടികള്‍ അവരുടെ കൂടാരങ്ങളില്‍ വളരും. ശിക്ഷയുടെ ദിവസങ്ങള്‍ വന്നിരിക്കുന്നു. അതേ, പ്രതികാരത്തിന്‍റെ ദിനങ്ങള്‍ ആഗതമായിരിക്കുന്നു; ഇസ്രായേല്‍ അത് അറിയും. നിങ്ങളുടെ കടുത്ത അകൃത്യവും കൊടിയ വിദ്വേഷവുംമൂലം പ്രവാചകന്‍ നിങ്ങള്‍ക്കു ഭോഷനായി; ആത്മാവിനാല്‍ പ്രചോദിതനായവന്‍ ഭ്രാന്തനായി. പ്രവാചകന്‍ ദൈവജനമായ എഫ്രയീമിന്‍റെ കാവല്‌ക്കാരനാണ്; എങ്കിലും അവന്‍റെ വഴികളില്‍ കെണി ഒരുക്കിയിരിക്കുന്നു. അയാളുടെ ദൈവത്തിന്‍റെ ഭവനത്തില്‍ വിദ്വേഷം കുടികൊള്ളുന്നു. ഗിബെയയില്‍ പാര്‍ത്തിരുന്ന ദിവസങ്ങളിലെന്നതുപോലെ ജനം അത്യന്തം ദുഷിച്ചിരിക്കുന്നു; ദൈവം അവരുടെ അകൃത്യം ഓര്‍മിക്കും; അവരുടെ പാപങ്ങള്‍ക്കു ശിക്ഷ നല്‌കുകയും ചെയ്യും. മരുഭൂമിയില്‍ മുന്തിരിപ്പഴംപോലെ ഞാന്‍ ഇസ്രായേലിനെ കണ്ടെത്തി. അത്തിവൃക്ഷത്തില്‍ ആദ്യം ഉണ്ടായ തലക്കനിപോലെ ഞാന്‍ ഇസ്രായേലിന്‍റെ പിതാക്കന്മാരെ കണ്ടെത്തി. എന്നാല്‍ ബാല്‍-പെയോരിലെത്തിയപ്പോള്‍ അവര്‍ തങ്ങളെത്തന്നെ ബാലിനു സമര്‍പ്പിച്ചു. തങ്ങള്‍ സ്നേഹിച്ച ദേവന്മാരെപ്പോലെ അവരും നിന്ദ്യരായിത്തീര്‍ന്നു. എഫ്രയീമിന്‍റെ മഹിമ പക്ഷിയെപ്പോലെ പറന്നകലും; അവിടെ ജനനമോ ഗര്‍ഭമോ ഗര്‍ഭധാരണമോ നടക്കുകയില്ല. അവര്‍ മക്കളെ വളര്‍ത്തിയാല്‍ത്തന്നെ അവര്‍ ആരും അവശേഷിക്കാത്തവിധം ഞാന്‍ അവരെ സന്താനരഹിതരാക്കും. ഞാന്‍ അവരില്‍നിന്നു പിന്തിരിയുമ്പോള്‍ അവര്‍ക്കു ദുരിതം! എഫ്രയീമിന്‍റെ പുത്രന്മാര്‍ വേട്ടയാടപ്പെടുന്നതായി കണ്‍മുമ്പില്‍ എന്നപോലെ ഞാന്‍ കാണുന്നു. എഫ്രയീമിനു തന്‍റെ പുത്രന്മാരെ കൊലക്കളത്തിലേക്കു കൊണ്ടുപോകേണ്ടിവരും. സര്‍വേശ്വരാ, അങ്ങ് എന്താണ് അവര്‍ക്കു കൊടുക്കുക? അലസുന്ന ഗര്‍ഭാശയവും വരണ്ട സ്തനങ്ങളും അവര്‍ക്കു നല്‌കിയാലും. അവരുടെ ദുഷ്കൃത്യങ്ങള്‍ ഗില്‍ഗാലില്‍ ആരംഭിച്ചു; അവിടെവച്ചു ഞാന്‍ അവരെ വെറുക്കാന്‍ തുടങ്ങി. അവരുടെ ദുഷ്പ്രവൃത്തികള്‍ നിമിത്തം എന്‍റെ ഭവനത്തില്‍നിന്നു ഞാന്‍ അവരെ ആട്ടിപ്പുറത്താക്കി. ഞാന്‍ അവരെ ഇനി സ്നേഹിക്കുകയില്ല; അവരുടെ പ്രഭുക്കന്മാര്‍ എന്നോടു മത്സരിക്കുന്നവരാണ്. എഫ്രയീമിനു പുഴുക്കുത്തു വീണു; അവരുടെ വേര് ഉണങ്ങിപ്പോയി; അവര്‍ ഇനി ഫലം പുറപ്പെടുവിക്കുകയില്ല. അവര്‍ പ്രസവിച്ചാലും അവരുടെ ഇഷ്ടസന്തതികളെ ഞാന്‍ സംഹരിക്കും. എന്‍റെ ദൈവം അവരെ പുറന്തള്ളും; കാരണം, അവര്‍ അവിടുത്തെ വാക്കു കേട്ടില്ല. അവര്‍ ജനതകളുടെ ഇടയില്‍ അലഞ്ഞുതിരിയും. തഴച്ചുവളര്‍ന്നു കായ്‍ക്കുന്ന മുന്തിരിച്ചെടിയാണ് ഇസ്രായേല്‍. ഫലസമൃദ്ധി ഉണ്ടായതോടൊപ്പം അവര്‍ കൂടുതല്‍ യാഗപീഠങ്ങളും നിര്‍മിച്ചു. ദേശം ഐശ്വര്യസമൃദ്ധമായതോടൊപ്പം അവര്‍ ആരാധനാസ്തംഭങ്ങള്‍ അലങ്കരിച്ചു. ഇസ്രായേല്യരുടെ ഹൃദയം വഞ്ചന നിറഞ്ഞതാണ്; അതിനാല്‍ അവര്‍ ശിക്ഷ സഹിച്ചേ തീരൂ. സര്‍വേശ്വരന്‍ അവരുടെ യാഗപീഠങ്ങള്‍ തകര്‍ക്കും; സ്തംഭങ്ങള്‍ നശിപ്പിക്കുകയും ചെയ്യും. അപ്പോള്‍ അവര്‍ പറയും: “ഞങ്ങള്‍ സര്‍വേശ്വരനെ ഭയപ്പെടാത്തതുകൊണ്ട് ഞങ്ങള്‍ക്കു രാജാവില്ല. ഉണ്ടെങ്കില്‍ത്തന്നെ രാജാവിനു നമുക്കുവേണ്ടി എന്തുചെയ്യാന്‍ കഴിയും?” അവര്‍ വ്യര്‍ഥവാക്കുകള്‍ ഉച്ചരിക്കുന്നു; വെറും പൊള്ളസത്യം ചെയ്ത് അവര്‍ ഉടമ്പടി ഉണ്ടാക്കുന്നു. അതിനാല്‍ ഉഴവുചാലില്‍ വിഷക്കളകളെന്നപോലെ ശിക്ഷാവിധി മുളച്ചുവരുന്നു. ശമര്യാനിവാസികള്‍ ബേത്ത്-ആവെനിലെ കാളക്കുട്ടി നിമിത്തം ഭയപ്പെടുന്നു; അവിടത്തെ ജനം അതിനെച്ചൊല്ലി വിലപിക്കും. അതിന്‍റെ വിട്ടുപോയ മഹത്ത്വത്തിന്‍റെ പേരില്‍ വിഗ്രഹാരാധകരായ പുരോഹിതര്‍ ഉറക്കെ കരയും. മഹാരാജാവിനു കാഴ്ചവയ്‍ക്കുന്നതിന് അതിനെ അസ്സീറിയായിലേക്കു കൊണ്ടുപോകും. എഫ്രയീം നിന്ദാപാത്രമായിത്തീരും; ഇസ്രായേല്‍ തന്‍റെ വിഗ്രഹം നിമിത്തം ലജ്ജിക്കും. ശമര്യയിലെ രാജാവ്, വെള്ളത്തില്‍വീണ മരക്കഷണംപോലെ ഒലിച്ചുപോകും. ഇസ്രായേലിന്‍റെ പാപത്തിനു കാരണമായ ആവെനിലെ പൂജാഗിരികള്‍ നശിപ്പിക്കപ്പെടും. അവരുടെ യാഗപീഠങ്ങളില്‍ മുള്ളും ഞെരിഞ്ഞിലും വളരും; അവര്‍ പര്‍വതങ്ങളോടു തങ്ങളെ മൂടാനും മലകളോടു തങ്ങളുടെമേല്‍ നിപതിക്കാനും പറയും. ഇസ്രായേലേ, നീ ഗിബെയയില്‍വച്ചു പാപം ചെയ്യാന്‍ തുടങ്ങി; നീ അതു തുടരുന്നു. ഗിബെയയില്‍വച്ചു യുദ്ധം അവരെ പിടികൂടിയില്ലേ? അനുസരണം കെട്ട ജനത്തെ ശിക്ഷിക്കാന്‍ ഞാന്‍ വരും; അവരുടെ ഇരു തിന്മകള്‍ക്ക് അവര്‍ ശിക്ഷിക്കപ്പെടുമ്പോള്‍ അവര്‍ക്കെതിരെ ജനതകളെ ഞാന്‍ അണിനിരത്തും. മെതിക്കാനിഷ്ടമുള്ള പരിശീലനം ലഭിച്ച പശുക്കുട്ടിയായിരുന്നു എഫ്രയീം; അതിന്‍റെ അഴകുള്ള ചുമലില്‍ ഞാന്‍ നുകം വച്ചില്ല; എന്നാല്‍ ഞാന്‍ എഫ്രയീമിനു നുകം വയ്‍ക്കും; യെഹൂദാ നിലം ഉഴുകയും ഇസ്രായേല്‍ കട്ട ഉടയ്‍ക്കുകയും ചെയ്യേണ്ടിവരും. നീതി വിതയ്‍ക്കുക; സുസ്ഥിരമായ സ്നേഹത്തിന്‍റെ ഫലം കൊയ്യാം. നിങ്ങളുടെ തരിശുനിലം ഉഴുതൊരുക്കുക; സര്‍വേശ്വരന്‍ വന്നു നിങ്ങളുടെമേല്‍ രക്ഷ ചൊരിയാന്‍ അവിടുത്തെ അന്വേഷിക്കേണ്ട സമയമാണല്ലോ ഇത്. നിങ്ങള്‍ അധര്‍മം ഉഴുതൊരുക്കി അനീതി കൊയ്തെടുത്തു വ്യാജഫലം തിന്നിരിക്കുന്നു. കാരണം നിങ്ങള്‍ രഥങ്ങളിലും യോദ്ധാക്കളുടെ സംഖ്യാബലത്തിലും ആശ്രയിക്കുന്നു. അതുകൊണ്ടു ജനമധ്യത്തില്‍ യുദ്ധകോലാഹലം ഉയരും. യുദ്ധദിവസത്തില്‍ ബേത്ത്-അബ്ബേലിനെ ശല്‍മാന്‍ നശിപ്പിച്ചതുപോലെ നിന്‍റെ സകല കോട്ടകളും ഇടിച്ചുനിരത്തപ്പെടും. അവര്‍ മാതാക്കളെ കുഞ്ഞുങ്ങളോടൊപ്പം നിലത്തടിച്ചുകൊല്ലും. ഇസ്രായേല്‍ജനമേ, നിങ്ങളുടെ മഹാദുഷ്ടത നിമിത്തം നിങ്ങളോടും ഇപ്രകാരം ചെയ്യും. തുടക്കത്തില്‍തന്നെ ഇസ്രായേല്‍രാജാവ് വിച്ഛേദിക്കപ്പെടും. ഇസ്രായേല്‍ ബാലനായിരുന്നപ്പോള്‍ ഞാന്‍ അവനെ സ്നേഹിച്ചു; ഈജിപ്തില്‍നിന്നു ഞാന്‍ എന്‍റെ മകനെ വിളിച്ചു. ഞാന്‍ വിളിക്കുന്തോറും അവര്‍ അകന്നുപൊയ്‍ക്കൊണ്ടിരുന്നു. അകന്നുപോകുന്തോറും അവര്‍ ബാല്‍ദേവന്മാര്‍ക്കു ബലിയും വിഗ്രഹങ്ങള്‍ക്കു ധൂപവും അര്‍പ്പിച്ചുകൊണ്ടിരുന്നു. ഞാനാണ് എഫ്രയീമിനെ നടക്കാന്‍ ശീലിപ്പിച്ചത്; എന്‍റെ കൈകളില്‍ ഞാന്‍ അവരെ എടുത്തുകൊണ്ടു നടന്നു. എന്നിട്ടും ഞാന്‍ ആണ് അവര്‍ക്കു സൗഖ്യം നല്‌കിയതെന്ന് അവര്‍ അറിഞ്ഞില്ല. സ്നേഹത്തിന്‍റെ കയര്‍കൊണ്ടും കരുണയുടെ പാശംകൊണ്ടും ഞാന്‍ അവരെ നയിച്ചു. അവരുടെ താടിയെല്ലില്‍നിന്നു നുകം അയച്ചുകൊടുക്കുന്നവനെപ്പോലെ ഞാന്‍ വര്‍ത്തിച്ചു. ഞാന്‍ കുനിഞ്ഞ് അവര്‍ക്ക് ആഹാരം നല്‌കി. അവര്‍ എങ്കലേക്കു തിരിയാന്‍ വിസമ്മതിക്കുന്നതുകൊണ്ട് അവര്‍ ഈജിപ്തിലേക്കു മടങ്ങിപ്പോകും. അസ്സീറിയാ അവരെ ഭരിക്കും. അവരുടെ നഗരങ്ങള്‍ക്കു നേരെ വാള്‍ ആഞ്ഞുവീശും. നഗരകവാടങ്ങളുടെ ഓടാമ്പലുകള്‍ തകര്‍ക്കും. അവരുടെ ആലോചനയാല്‍ തന്നെ അവര്‍ നശിക്കും. എന്‍റെ ജനം എന്നെ വിട്ടു പിന്തിരിയാന്‍ ഒരുങ്ങിയിരിക്കുന്നതിനാല്‍ അവര്‍ക്കു നുകം വച്ചിരിക്കുന്നു. ആരും അത് എടുത്തുമാറ്റുകയില്ല. എഫ്രയീമേ, ഞാന്‍ എങ്ങനെ നിന്നെ ഉപേക്ഷിക്കും? ഇസ്രായേലേ, ഞാന്‍ എങ്ങനെ നിന്നെ കൈവിടും? നിന്നെ ഞാന്‍ എങ്ങനെ അദ്മായെപ്പോലെ ആക്കും? നിന്നോടു ഞാന്‍ എങ്ങനെ സെബോയീമിനോടെന്നപോലെ പെരുമാറും? എന്‍റെ ഹൃദയം അതിന് എന്നെ അനുവദിക്കുന്നില്ല. എന്‍റെ അനുകമ്പ ഊഷ്മളവും ആര്‍ദ്രവുമായിത്തീരുന്നു. ഞാന്‍ കോപം അഴിച്ചുവിടുകയില്ല. എഫ്രയീമിനെ വീണ്ടും ഞാന്‍ നശിപ്പിക്കുകയില്ല. കാരണം ഞാന്‍ ദൈവമാണ്, മനുഷ്യനല്ല. ഞാന്‍ നിങ്ങളുടെ മധ്യേ ഉള്ള പരിശുദ്ധന്‍ തന്നെ; ഞാന്‍ നിങ്ങളെ നശിപ്പിക്കാന്‍ വരികയില്ല. അവര്‍ സര്‍വേശ്വരനെ അനുഗമിക്കും. അവിടുന്നു സിംഹത്തെപ്പോലെ ഗര്‍ജിക്കും; അതേ, അവിടുന്നു ഗര്‍ജിക്കും; അപ്പോള്‍ അവിടുത്തെ പുത്രന്മാര്‍ ഭയഭക്തിയോടെ വിറപൂണ്ടു പടിഞ്ഞാറുനിന്ന് ഓടിവരും. പക്ഷികളെപ്പോലെ അവര്‍ ഈജിപ്തില്‍നിന്നു വേഗം വന്നെത്തും; പ്രാക്കളെപ്പോലെ അസ്സീറിയായില്‍നിന്നും പാഞ്ഞുവരും. ഞാന്‍ അവരെ സ്വഭവനങ്ങളില്‍ പാര്‍പ്പിക്കും. ഇതു സര്‍വേശ്വരന്‍റെ വചനം. എഫ്രയീം അസത്യംകൊണ്ടും ഇസ്രായേല്‍ഭവനം വഞ്ചനകൊണ്ടും എന്നെ വളഞ്ഞിരിക്കുന്നു. എന്നാല്‍ യെഹൂദായെ ദൈവം ഇന്നും അറിയുന്നു. അവന്‍ പരിശുദ്ധനായവനോടു വിശ്വസ്തത പുലര്‍ത്തുന്നു. എഫ്രയീം കാറ്റിനെ മേയ്‍ക്കുന്നു; പകല്‍ മുഴുവന്‍ കിഴക്കന്‍ കാറ്റിനെ പിന്തുടരുന്നു; അവര്‍ വ്യാജവും അക്രമവും വര്‍ധിപ്പിക്കുന്നു; അസ്സീറിയായുമായി അവര്‍ ഉടമ്പടി ചെയ്യുന്നു. ഈജിപ്തിലേക്ക് എണ്ണകൊണ്ടുപോകുന്നു. യെഹൂദായ്‍ക്കെതിരായി സര്‍വേശ്വരന് ഒരു കുറ്റപത്രമുണ്ട്. യാക്കോബിനെ അവന്‍റെ നടപ്പിനൊത്തവിധം ശിക്ഷിക്കും. അവന്‍റെ പ്രവൃത്തിക്ക് ഒത്തവിധം പകരം നല്‌കും; അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ അവന്‍ സഹോദരന്‍റെ കുതികാല്‍ പിടിച്ചു; പുരുഷപ്രാപ്തി ആയപ്പോള്‍ അവന്‍ ദൈവത്തോടു മല്ലിട്ടു. അവന്‍ ദൈവദൂതനോടു പോരാടി ജയിച്ചു. അവന്‍ കരഞ്ഞു; ദൈവകൃപയ്‍ക്കുവേണ്ടി അപേക്ഷിച്ചു; അവന്‍ ബെഥേലില്‍വച്ചു ദൈവത്തെ കണ്ടുമുട്ടി; ദൈവം അവിടെവച്ച് അവനോടു സംസാരിച്ചു. അവിടുന്നു സര്‍വശക്തനായ ദൈവം; സര്‍വേശ്വരന്‍ എന്നാണ് അവിടുത്തെ നാമം. അതുകൊണ്ട്, നിന്‍റെ ദൈവത്തിന്‍റെ സഹായത്തോടുകൂടി നീ തിരിച്ചുവരിക; സ്നേഹത്തെയും നീതിയെയും മുറുകെപ്പിടിക്കുക, നിന്‍റെ ദൈവത്തെ നിരന്തരം കാത്തിരിക്കുക. കള്ളത്തുലാസ് കൈയിലുള്ള വ്യാപാരിയാണ് ഇസ്രായേല്‍; അവന്‍ പരപീഡനം ആഗ്രഹിക്കുന്നു. എഫ്രയീം പറഞ്ഞു: “ഹാ, ഞാന്‍ ധനികനാണല്ലോ; എനിക്കുവേണ്ടി ഞാന്‍ ധനം സമ്പാദിച്ചു. എന്നാല്‍ അവന്‍റെ സര്‍വസമ്പാദ്യവും കൊടുത്താലും അവന്‍ ചെയ്തിട്ടുള്ള തിന്മകള്‍ക്കു പരിഹാരം ആകുകയില്ല. നീ ഈജിപ്തില്‍ ആയിരുന്നപ്പോള്‍ മുതല്‍ ഞാനായിരുന്നു നിന്‍റെ ദൈവമായ സര്‍വേശ്വരന്‍. പണ്ടത്തെപ്പോലെ ഞാന്‍ നിന്നെ വീണ്ടും കൂടാരങ്ങളില്‍ വസിപ്പിക്കും. പ്രവാചകന്മാരോടു ഞാന്‍ സംസാരിച്ചു; അവര്‍ക്കു നിരവധി ദര്‍ശനങ്ങള്‍ അരുളിയതും അവരില്‍കൂടി അനേകം ദൃഷ്ടാന്തകഥകള്‍ നല്‌കിയതും ഞാന്‍ തന്നെയാണ്. ഗിലെയാദില്‍ അകൃത്യങ്ങള്‍ ഉണ്ടെങ്കില്‍ നിശ്ചയമായും അവര്‍ നശിക്കും. ഗില്‍ഗാലില്‍ അവര്‍ കാളകളെ ബലികഴിക്കുന്നു; അവരുടെ ബലിപീഠങ്ങളും വയലിലെ ഉഴവുചാലുകളില്‍ ഉള്ള കല്‌ക്കൂനപോലെ ആയിത്തീരും. യാക്കോബ് അരാംദേശത്തേക്കു പലായനം ചെയ്തു. ഭാര്യയെ ലഭിക്കാന്‍വേണ്ടി ഇസ്രായേല്‍ അവിടെ ദാസ്യവൃത്തി ചെയ്തു; അതിനുവേണ്ടിത്തന്നെ അവന്‍ ആടിനെ മേയ്ച്ചു. ഒരു പ്രവാചകന്‍ മുഖാന്തരം സര്‍വേശ്വരന്‍ ഇസ്രായേലിനെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നു. ഒരു പ്രവാചകനാല്‍ അവന്‍ സംരക്ഷിക്കപ്പെട്ടു; എഫ്രയീം അത്യധികമായ പ്രകോപനം ഉളവാക്കി. അതിനാല്‍ അവിടുന്ന് അവന്‍റെമേല്‍ രക്തം ചൊരിഞ്ഞതിനുള്ള ശിക്ഷ വരുത്തും. അവന്‍റെ പരിഹാസങ്ങള്‍ അവനിലേക്കുതന്നെ തിരിച്ചുവരുത്തും. എഫ്രയീം സംസാരിച്ചപ്പോള്‍ ജനം വിറച്ചു; അവന്‍ ഇസ്രായേലില്‍ സമുന്നതനായിരുന്നു. എന്നാല്‍ ബാല്‍ദേവനെ ആരാധിച്ചതുമൂലം അവന്‍ പാപം ചെയ്തു; അവന്‍ മരിച്ചു. ഇപ്പോഴും അവര്‍ മേല്‍ക്കുമേല്‍ പാപം ചെയ്യുന്നു. അവര്‍ തങ്ങള്‍ക്കുവേണ്ടി വിഗ്രഹങ്ങള്‍ വാര്‍ത്തുണ്ടാക്കുന്നു; വെളളികൊണ്ടു വിദഗ്ധമായി ബിംബങ്ങള്‍ ഉണ്ടാക്കുന്നു. അവയെല്ലാംതന്നെ ശില്പികളുടെ കരവേലയാണ്. ഈ വിഗ്രഹങ്ങള്‍ക്കു ബലി അര്‍പ്പിക്കാന്‍ അവര്‍ പറയുന്നു. ബലി കഴിക്കുന്നവര്‍ കാളക്കുട്ടികളുടെ വിഗ്രഹങ്ങളെ ചുംബിക്കുന്നു. അതുകൊണ്ട് അവര്‍ പ്രഭാതമേഘംപോലെയോ പുലര്‍കാലമഞ്ഞുപോലെയോ കളത്തില്‍നിന്നു കാറ്റത്തു പറന്നുപോകുന്ന പതിരുപോലെയോ പുകക്കുഴലില്‍ നിന്നുയരുന്ന പുകപോലെയോ ആയിത്തീരും. ഈജിപ്തില്‍ ആയിരുന്നപ്പോള്‍മുതല്‍ ഞാന്‍ നിന്‍റെ ദൈവമായ സര്‍വേശ്വരനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവത്തെ നീ അറിയുന്നില്ല. ഞാനല്ലാതെ മറ്റൊരു രക്ഷകനുമില്ല. മരുഭൂമിയില്‍വച്ചു നിന്നെ പോറ്റിപ്പുലര്‍ത്തിയതു ഞാനാണ്. എന്നാല്‍ അവര്‍ തിന്നു തൃപ്തരായപ്പോള്‍ അവരുടെ ഹൃദയം അഹങ്കരിച്ചു; അങ്ങനെ അവര്‍ എന്നെ മറന്നു. അതുകൊണ്ട് ഞാന്‍ അവര്‍ക്കു സിംഹം എന്നപോലെ ആയിരിക്കും. പുള്ളിപ്പുലിയെപ്പോലെ വഴിയരികില്‍ ഞാന്‍ പതിയിരിക്കും. കുഞ്ഞുങ്ങള്‍ അപഹരിക്കപ്പെട്ട കരടിയെപ്പോലെ ഞാന്‍ അവരുടെമേല്‍ ചാടിവീഴും; അവരുടെ മാറിടം ഞാന്‍ കടിച്ചുകീറും; അവിടെവച്ചു സിംഹം എന്നപോലെ ഞാന്‍ അവരെ വിഴുങ്ങും. വന്യമൃഗംപോലെ അവരെ ചീന്തിക്കളയും. ഇസ്രായേലേ, ഞാന്‍ നിന്നെ നശിപ്പിക്കും; ആര്‍ക്കു നിന്നെ സഹായിക്കാന്‍ കഴിയും? നിന്നെ രക്ഷിക്കാന്‍ നിന്‍റെ രാജാവ് ഇപ്പോള്‍ എവിടെ? നിന്നെ സംരക്ഷിക്കാന്‍ നിന്‍റെ പ്രഭുക്കന്മാര്‍ എവിടെ? അവര്‍ക്കുവേണ്ടിയാണല്ലോ “എനിക്ക് ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരിക” എന്നു നീ പറഞ്ഞത്! അവരൊക്കെ എവിടെപ്പോയി? എന്‍റെ കോപത്തില്‍ ഞാന്‍ നിനക്കു രാജാക്കന്മാരെ തന്നു; എന്‍റെ ഉഗ്രകോപത്തില്‍ അവരെ നീക്കിക്കളഞ്ഞു. എഫ്രയീമിന്‍റെ അകൃത്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവയുടെ കണക്കു സൂക്ഷിച്ചിട്ടുമുണ്ട്. ഗര്‍ഭസ്ഥശിശുവിനെപ്പോലെ ഇസ്രായേലിനു യഥാവസരം പുറത്തുവരാമായിരുന്നു. അവനുവേണ്ടിയുള്ള ഈറ്റുനോവ് ആരംഭിച്ചിട്ടും ബുദ്ധിഹീനനായ ശിശു ഗര്‍ഭകവാടത്തിലെത്തിയില്ല. പാതാളത്തിന്‍റെ പിടിയില്‍നിന്നു ഞാന്‍ അവരെ മോചിപ്പിക്കണമോ? മൃത്യുവില്‍നിന്ന് അവരെ രക്ഷിക്കണമോ? മരണമേ, ഹേ! നിന്‍റെ മഹാമാരികള്‍ എവിടെ? പാതാളമേ, നിന്‍റെ സംഹാരം എവിടെ? അനുകമ്പ എന്‍റെ ദൃഷ്‍ടിയില്‍നിന്നു മറഞ്ഞിരിക്കുന്നു. ഞാങ്ങണപോലെ അവന്‍ തഴച്ചു വളര്‍ന്നേക്കാമെങ്കിലും കിഴക്കന്‍ കാറ്റ്, സര്‍വേശ്വരന്‍റെ കാറ്റു തന്നെ, മരുഭൂമിയില്‍നിന്ന് ഉയര്‍ന്നു വരും; അവന്‍റെ നീരുറവ വറ്റിപ്പോകും; അവന്‍റെ അരുവികള്‍ വരണ്ടുപോകും. അത് അവന്‍റെ ഭണ്ഡാരത്തില്‍നിന്നു വിലപ്പെട്ടതെല്ലാം ഇല്ലാതെയാക്കും. തന്‍റെ ദൈവത്തോടു മത്സരിച്ചതിനാല്‍ ശമര്യ തന്‍റെ അകൃത്യഭാരം ചുമക്കേണ്ടിവരും. അവര്‍ വാളിന് ഇരയാകും. അവരുടെ ശിശുക്കള്‍ നിലത്തടിച്ചു കൊല്ലപ്പെടും; അവരുടെ ഗര്‍ഭിണികള്‍ കുത്തിപ്പിളര്‍ക്കപ്പെടും. ഇസ്രായേലേ, നിന്‍റെ ദൈവമായ സര്‍വേശ്വരനിലേക്കു മടങ്ങുക; നിന്‍റെ അകൃത്യങ്ങളാല്‍ നീ ഇടറി വീണിരിക്കുന്നുവല്ലോ. അനുതാപവാക്കുകളോടെ സര്‍വേശ്വരനിലേക്കു മടങ്ങുക; “ഞങ്ങളുടെ എല്ലാ അകൃത്യങ്ങളും ക്ഷമിക്കണമേ. ഞങ്ങളില്‍ നന്മയായുള്ളതു സ്വീകരിച്ചാലും. സ്തുതിയും സ്തോത്രവും ആകുന്ന അധരഫലങ്ങള്‍ ഞങ്ങള്‍ അര്‍പ്പിക്കും. അസ്സീറിയായ്‍ക്കു ഞങ്ങളെ രക്ഷിക്കാന്‍ സാധ്യമല്ല. പടക്കുതിരകള്‍ ഞങ്ങളെ സംരക്ഷിക്കുകയുമില്ല. ഞങ്ങളുടെ കരനിര്‍മിതമായ വിഗ്രഹങ്ങളെ ‘ഞങ്ങളുടെ ദൈവമേ!’ എന്ന് ഇനി വിളിക്കുകയില്ല. അനാഥര്‍ അങ്ങയില്‍ കാരുണ്യം കണ്ടെത്തുന്നുവല്ലോ” എന്ന് അവിടുത്തോടു പറയുക. ഞാന്‍ അവരുടെ അവിശ്വസ്തതയുടെ വ്രണം സുഖപ്പെടുത്തും; എന്‍റെ കോപം അവരെ വിട്ടകന്നിരിക്കുന്നു. ഞാന്‍ അവരെ അതിരറ്റു സ്നേഹിക്കും. ഞാന്‍ ഇസ്രായേലിനു മഞ്ഞുതുള്ളിപോലെ ആയിരിക്കും. അവന്‍ ലില്ലിപ്പൂപോലെ വിടരും. ഇലവുപോലെ വേരൂന്നും. അവന്‍ പടര്‍ന്നു പന്തലിക്കും. ഒലിവുമരത്തിന്‍റെ സൗന്ദര്യവും ലെബാനോന്‍റെ പരിമളവും അവനുണ്ടായിരിക്കും. അവന്‍ തിരിച്ചുവന്ന് എന്‍റെ തണലില്‍ വസിക്കും. പൂന്തോട്ടംപോലെ അവന്‍ പൂത്തുലയും. മുന്തിരിപോലെ തളിര്‍ക്കും; ലെബാനോനിലെ വീഞ്ഞുപോലെ അവര്‍ സൗരഭ്യം പരത്തും. ഇസ്രായേല്‍ജനമേ, ഇനി നിങ്ങള്‍ക്കു വിഗ്രഹംകൊണ്ട് എന്തു കാര്യം? നിന്നെ സംരക്ഷിക്കുന്നതും നിനക്ക് ഉത്തരമരുളുന്നതും ഞാനാണ്. നിത്യഹരിതമായ സരളവൃക്ഷംപോലെയാണു ഞാന്‍, ഞാനാണു നിനക്കു ഫലം നല്‌കുന്നത്. ജ്ഞാനമുള്ളവന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊള്ളട്ടെ; വിവേകമുള്ളവന്‍ ഇവ മനസ്സിലാക്കട്ടെ. സര്‍വേശ്വരന്‍റെ വഴികള്‍ ശരിയായുള്ളവയാകുന്നു. നീതിമാന്മാര്‍ അവയിലൂടെ ചരിക്കുന്നു. പാപികള്‍ അവയില്‍ ഇടറിവീഴുന്നു. പെഥൂവേലിന്‍റെ പുത്രനായ യോവേലിനു സര്‍വേശ്വരനായ കര്‍ത്താവിന്‍റെ അരുളപ്പാട്: വൃദ്ധജനങ്ങളേ, ഇതു ശ്രദ്ധിക്കുവിന്‍. ദേശനിവാസികളായ സമസ്തജനങ്ങളേ, ചെവിക്കൊള്ളുവിന്‍. നിങ്ങളുടെയോ നിങ്ങളുടെ പൂര്‍വികരുടെയോ കാലത്ത് ഇതുപോലൊന്നു സംഭവിച്ചിട്ടുണ്ടോ? നിങ്ങള്‍ നിങ്ങളുടെ മക്കളോടും നിങ്ങളുടെ മക്കള്‍ അവരുടെ മക്കളോടും അവര്‍ അടുത്ത തലമുറയോടും ഇതേപ്പറ്റി പറയണം. വെട്ടുക്കിളികള്‍ പറ്റമായി വന്നു മൂടുന്നു. അവ ശേഷിപ്പിച്ചതു തുള്ളന്‍ തിന്നുന്നു. തുള്ളന്‍ തിന്നു ശേഷിപ്പിച്ചതു വിട്ടില്‍ തിന്നുന്നു; അവ ശേഷിപ്പിച്ചതു പച്ചപ്പുഴുവും തിന്നുന്നു. മദ്യപരേ, ഉണര്‍ന്നു കരയുവിന്‍, വീഞ്ഞു കുടിക്കുന്നവരേ, മധുരവീഞ്ഞിനെച്ചൊല്ലി വിലപിക്കുവിന്‍. അതു നിങ്ങള്‍ക്കു വിലക്കപ്പെട്ടിരിക്കുന്നുവല്ലോ. എണ്ണമറ്റ ഒരു ജനത നമ്മുടെ ദേശത്തെ ആക്രമിച്ചു; സുശക്തവും അസംഖ്യവുമായ ഒരു പട! സിംഹത്തിന്‍റെ പല്ലുകള്‍പോലെ മൂര്‍ച്ചയേറിയവയാണ് അവയുടെ പല്ലുകള്‍. പെണ്‍സിംഹത്തിന്‍റേതുപോലെ അണപ്പല്ലുകള്‍ അവയ്‍ക്കുണ്ട്. നമ്മുടെ മുന്തിരിവള്ളികള്‍ അവ നശിപ്പിച്ചു; അത്തിമരങ്ങള്‍ ഒടിച്ചുതകര്‍ത്തു. അവയുടെ തൊലി ഉരിഞ്ഞുകളഞ്ഞ് കൊമ്പുകളൊക്കെ വെളുപ്പിച്ചു. യൗവനത്തിലേ ഭര്‍ത്താവു മരിച്ച കന്യകയെപ്പോലെ വിലപിക്കുവിന്‍! ദേവാലയത്തില്‍ ധാന്യയാഗവും പാനീയയാഗവും തീര്‍ത്തും ഇല്ലാതായിരിക്കുന്നു. സര്‍വേശ്വരന്‍റെ ശുശ്രൂഷകരായ പുരോഹിതര്‍ വിലപിക്കുന്നു. വയല്‍ ശൂന്യമായിരിക്കുന്നു. ഭൂമി കേഴുന്നു. ധാന്യം നശിക്കുകയും വീഞ്ഞ് ഇല്ലാതാകുകയും എണ്ണ വറ്റുകയും ചെയ്തിരിക്കുന്നുവല്ലോ. കര്‍ഷകരേ, നടുങ്ങി വിറയ്‍ക്കുവിന്‍. മുന്തിരിത്തോട്ടക്കാരേ, അലമുറയിടുവിന്‍. കോതമ്പിനെയും ബാര്‍ലിയെയും ഓര്‍ത്തു കേഴുവിന്‍. വയലിലെ വിളകളെല്ലാം നശിച്ചുപോയല്ലോ. മുന്തിരിവള്ളി കരിഞ്ഞു. അത്തിമരം ഉണങ്ങി. മാതളം, ഈന്തപ്പന, നാരകം എന്നല്ല ഫലവൃക്ഷങ്ങളെല്ലാം ഉണങ്ങിപ്പോയി. മനുഷ്യരില്‍ നിന്നാകട്ടെ സന്തോഷം വിട്ടകന്നിരിക്കുന്നു. പുരോഹിതരേ, ചാക്കുതുണിയുടുത്തു വിലപിക്കുവിന്‍; യാഗപീഠശുശ്രൂഷകരേ, മുറയിടുവിന്‍. എന്‍റെ ദൈവത്തിന്‍റെ ശുശ്രൂഷകരേ, ചാക്കുടുത്ത് രാത്രി കഴിക്കുവിന്‍. നിങ്ങളുടെ ദൈവത്തിന്‍റെ ആലയത്തില്‍ ധാന്യയാഗവും പാനീയയാഗവും മുടങ്ങിപ്പോയല്ലോ. ഉപവാസം പ്രഖ്യാപിക്കുവിന്‍; സഭ വിളിച്ചുകൂട്ടുവിന്‍; ദേശവാസികളെയും ജനപ്രമാണികളെയും നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ ആലയത്തില്‍ വിളിച്ചുകൂട്ടുവിന്‍. സര്‍വേശ്വരനോടു നിലവിളിക്കുവിന്‍. സര്‍വേശ്വരന്‍റെ ദിവസം അടുത്തിരിക്കുന്നു. ആ ദിവസം എത്ര ദുരിതകരം! സര്‍വശക്തന്‍ സംഹാരം വരുത്തുന്ന ആ ദിനം വരുന്നു. നമ്മുടെ കണ്‍മുമ്പില്‍നിന്നു ഭക്ഷ്യസാധനങ്ങള്‍ മറഞ്ഞില്ലേ? നമ്മുടെ ദൈവത്തിന്‍റെ ആലയത്തില്‍നിന്ന് ആഹ്ലാദോല്ലാസങ്ങള്‍ പൊയ്പ്പോയില്ലേ? കട്ടകളുടെ അടിയില്‍ അമര്‍ന്നു വിത്തുകള്‍ നശിച്ചു. സംഭരണശാലകളും കളപ്പുരകളും ശൂന്യമായിരിക്കുന്നു. ധാന്യവിളകള്‍ നശിച്ചുപോയല്ലോ. മൃഗങ്ങള്‍ ഞരങ്ങുന്നു; മേച്ചില്‍സ്ഥലങ്ങള്‍ ഇല്ലാതെ കന്നുകാലികള്‍ വലയുന്നു. ആട്ടിന്‍പറ്റങ്ങള്‍ നശിക്കുന്നു. സര്‍വേശ്വരാ, ഞാന്‍ അവിടുത്തോടു നിലവിളിക്കുന്നു. വിജനസ്ഥലങ്ങളിലെ മേച്ചില്‍പ്പുറങ്ങള്‍ അഗ്നിക്കിരയായല്ലോ. വയലിലെ മരങ്ങളെല്ലാം എരിഞ്ഞുപോയിരിക്കുന്നു. കാട്ടരുവികള്‍ വറ്റുകയും പുല്‍പ്പുറങ്ങളെല്ലാം അഗ്നിക്കിരയാവുകയും ചെയ്തിരിക്കയാല്‍ വന്യമൃഗങ്ങളും അവിടുത്തെ നോക്കിക്കരയുന്നു. സീയോനില്‍ കാഹളം മുഴക്കുവിന്‍. എന്‍റെ വിശുദ്ധപര്‍വതത്തില്‍ ആപല്‍സൂചന നല്‌കുവിന്‍. സകല ദേശവാസികളും നടുങ്ങട്ടെ. സര്‍വേശ്വരന്‍റെ ദിവസം വരുന്നുവല്ലോ. അത് ആസന്നമായിരിക്കുന്നു. ഇരുളിന്‍റെയും മ്ലാനതയുടെയും ദിവസം! കാര്‍മേഘത്തിന്‍റെയും കൂരിരുട്ടിന്‍റെയും ദിവസംതന്നെ. മഹത്ത്വവും പ്രാബല്യവുമുള്ള ഒരു ജനത കൂരിരുട്ടുപോലെ പര്‍വതത്തെ മൂടിയിരിക്കുന്നു. ഇതിനു മുമ്പൊരിക്കലും ഇതുപോലൊന്നുണ്ടായിട്ടില്ല. ഇനി ഒരു തലമുറയിലും ഉണ്ടാവുകയുമില്ല. അവരുടെ മുമ്പില്‍ ദഹിപ്പിക്കുന്ന തീ! അവരുടെ പിമ്പിലും തീ ജ്വലിക്കുന്നു, അവര്‍ക്കു മുമ്പിലുള്ള ദേശം ഏദന്‍തോട്ടം പോലെ; പിന്നിലുള്ളതോ ശൂന്യമായ മരുഭൂമി. ഒന്നും അവരുടെ പിടിയില്‍നിന്നു രക്ഷപെടുകയില്ല. അവരുടെ ആകൃതി കുതിരകളുടേത്; പടക്കുതിരകളെപ്പോലെ അവര്‍ പായുന്നു. പര്‍വതശിഖരങ്ങളില്‍ രഥങ്ങളുടെ ഇരമ്പലെന്നു തോന്നുംവിധം അവര്‍ കുതിച്ചു ചാടുന്നു. കച്ചിക്കു തീ പിടിക്കുമ്പോള്‍ ഉണ്ടാകുന്ന കരുകര ശബ്ദംപോലെയുള്ള ശബ്ദം അവര്‍ ഉണ്ടാക്കുന്നു. അവര്‍ പടയ്‍ക്ക് ഒരുങ്ങിനില്‌ക്കുന്ന സുശക്തമായ സൈന്യംപോലെയാകുന്നു. അവരുടെ മുമ്പില്‍ ജനതകള്‍ നടുങ്ങുന്നു; എല്ലാ മുഖങ്ങളും വിളറുന്നു. യുദ്ധവീരന്മാരെപ്പോലെ അവര്‍ മുന്നേറുന്നു. യോദ്ധാക്കളെപ്പോലെ മതില്‍ കയറുന്നു. അവരില്‍ ഓരോരുത്തരും നിരതെറ്റാതെ അവരവരുടെ മാര്‍ഗങ്ങളില്‍ മുമ്പോട്ടു നീങ്ങുന്നു. അന്യോന്യം തള്ളിമാറ്റാതെ അവരവരുടെ പാതയിലൂടെ അവര്‍ നീങ്ങുന്നു. ശത്രുക്കളുടെ ആയുധങ്ങള്‍ തട്ടിനീക്കി അവര്‍ മുന്നേറുന്നു. ആര്‍ക്കും അവരെ തടയാനാകത്തില്ല. അവര്‍ നഗരത്തിന്മേല്‍ ചാടിവീഴുന്നു. മതിലിന്മേല്‍ ചാടിക്കയറുന്നു. കള്ളന്മാരെപ്പോലെ ജാലകങ്ങളിലൂടെ അവര്‍ വീടുകളില്‍ കടക്കുന്നു. അവര്‍ക്കു മുമ്പില്‍ ഭൂമി കുലുങ്ങുന്നു; ആകാശം നടുങ്ങുന്നു; സൂര്യചന്ദ്രന്മാര്‍ ഇരുളുന്നു; നക്ഷത്രങ്ങള്‍ പ്രഭയറ്റു പോകുന്നു. സര്‍വേശ്വരന്‍ തന്‍റെ സൈന്യത്തിനു മുമ്പില്‍ അവിടുത്തെ ശബ്ദം മുഴക്കുന്നു. അവിടുത്തെ സൈന്യം വളരെ വിപുലമാണ്. അവിടുത്തെ ആജ്ഞ നടപ്പാക്കുന്നവന്‍ കരുത്തുറ്റവന്‍. സര്‍വേശ്വരന്‍റെ ദിനം മഹത്തും ഭയാനകവുമായത്; അതിനെ നേരിടാന്‍ ആര്‍ക്കു കഴിയും? സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഉപവാസത്തോടും കണ്ണീരോടും വിലാപത്തോടും പൂര്‍ണഹൃദയത്തോടും കൂടി ഇപ്പോഴെങ്കിലും നിങ്ങള്‍ എങ്കലേക്കു തിരിയുവിന്‍. വസ്ത്രങ്ങളല്ല നിങ്ങളുടെ ഹൃദയങ്ങള്‍ തന്നേ കീറി ദൈവമായ സര്‍വേശ്വരനിലേക്കു തിരിയുവിന്‍. അവിടുന്നു കൃപാലുവും കരുണാമയനും ക്ഷമിക്കുന്നവനും സുസ്ഥിരസ്നേഹം ഉള്ളവനും ആണല്ലോ. ശിക്ഷ ഇളവുചെയ്യാന്‍ അവിടുന്നെപ്പോഴും സന്നദ്ധനാണ്. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തീരുമാനം മാറ്റി ധാന്യയാഗവും പാനീയയാഗവും അര്‍പ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയത്തക്കവിധം സമൃദ്ധമായ വിളവു നല്‌കി നിങ്ങളെ അനുഗ്രഹിക്കുകയില്ലെന്ന് ആരുകണ്ടു? സീയോനില്‍ കാഹളം മുഴക്കുവിന്‍. ഉപവാസം പ്രഖ്യാപിക്കുവിന്‍. സഭ വിളിച്ചുകൂട്ടുവിന്‍. ജനത്തെ കൂട്ടിവരുത്തുവിന്‍! അവരെ വിശുദ്ധീകരിക്കുവിന്‍! ജനപ്രമാണികളെ വിളിച്ചുകൂട്ടുവിന്‍; കുട്ടികളെയും പിഞ്ചുപൈതങ്ങളെയും ഒരുമിച്ചുകൂട്ടുവിന്‍. മണവാളന്‍ മണവറയും മണവാട്ടി ഉറക്കറയും വിട്ടു പുറത്തുവരട്ടെ. സര്‍വേശ്വരന്‍റെ ശുശ്രൂഷകരായ പുരോഹിതര്‍ ദേവാലയപൂമുഖത്തിനും യാഗപീഠത്തിനും മധ്യേനിന്ന് ഉള്ളുനൊന്തു കരയട്ടെ. സര്‍വേശ്വരാ, അവിടുത്തെ ജനത്തോടു ക്ഷമിക്കണമേ. അന്യജനത അവരുടെമേല്‍ വാഴത്തക്കവിധം അവിടുത്തെ മക്കളെ നിന്ദാപാത്രവും പഴമൊഴിയും ആക്കരുതേ. ഇവരുടെ ദൈവം എവിടെ എന്നു ജനതകള്‍ ചോദിക്കാന്‍ ഇടവരുത്തരുതേ! അപ്പോള്‍ സര്‍വേശ്വരനു തന്‍റെ ദേശത്തോടുള്ള സ്നേഹം ആളിക്കത്തി; തന്‍റെ ജനത്തോടു കരുണ തോന്നി. സര്‍വേശ്വരന്‍ തന്‍റെ ജനത്തോട് അരുളിച്ചെയ്തു: “ഇതാ, ഞാന്‍ നിങ്ങള്‍ക്കു ധാന്യവും വീഞ്ഞും എണ്ണയും നല്‌കുന്നു. നിങ്ങള്‍ സംതൃപ്തരായിത്തീരും. ജനതകളുടെ ഇടയില്‍ ഇനി ഞാന്‍ നിങ്ങളെ നിന്ദാപാത്രമാക്കുകയില്ല. വടക്കുനിന്നുള്ള ശത്രുവിനെ ഞാന്‍ നിങ്ങളുടെ അടുത്തുനിന്നു ദൂരെ പായിക്കും. ഉണങ്ങി വരണ്ട വിജനദേശത്തേക്ക് അവരെ ഓടിക്കും. അവരുടെ സൈന്യത്തിന്‍റെ മുന്‍നിരയെ കിഴക്കേ സമുദ്രത്തിലും പിന്‍നിരയെ പടിഞ്ഞാറന്‍ സമുദ്രത്തിലും വീഴ്ത്തും. ഗര്‍വം നിറഞ്ഞ അവരുടെ പ്രവൃത്തികള്‍ നിമിത്തം അവരില്‍നിന്നു ദുര്‍ഗന്ധം വമിക്കും. ദേശമേ ഭയപ്പെടേണ്ടാ, സര്‍വേശ്വരന്‍ മഹത്തായ കാര്യങ്ങള്‍ ചെയ്തിരിക്കയാല്‍ ആഹ്ലാദിക്കുക; ആനന്ദം കൊള്ളുക! വയലിലെ മൃഗങ്ങളേ, പേടിക്കേണ്ട; മേച്ചില്‍പ്പുറങ്ങള്‍ പച്ചപിടിച്ചിരിക്കുന്നു. വൃക്ഷം ഫലം നല്‌കുന്നു. അത്തിയും മുന്തിരിയും സമൃദ്ധമായി വിളവു നല്‌കുന്നു. സീയോന്‍മക്കളേ, സന്തോഷിക്കുവിന്‍. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനില്‍ ആനന്ദിക്കുവിന്‍. അവിടുന്ന് ആവശ്യാനുസരണം നിങ്ങള്‍ക്ക് ശരത്കാല മഴ നല്‌കിയിരിക്കുന്നു. പണ്ടത്തെപ്പോലെ അവിടുന്നു ശരത്കാലമഴയും വസന്തകാലമഴയും പെയ്യിക്കുന്നു. മെതിക്കളങ്ങള്‍ ധാന്യംകൊണ്ടു നിറയും. ചക്കുകളില്‍ എണ്ണയും വീഞ്ഞും നിറഞ്ഞുകവിയും. ഞാന്‍ അയച്ച മഹാസൈന്യമായ തുള്ളനും വിട്ടിലും പച്ചപ്പുഴുവും തിന്നു നശിപ്പിച്ച കാലത്തെ വിളവുകള്‍ നിങ്ങള്‍ക്കു ഞാന്‍ തിരിച്ചുതരും. നിങ്ങള്‍ മതിയാകുവോളം ഭക്ഷിച്ചു തൃപ്തരാകും; നിങ്ങള്‍ക്കുവേണ്ടി അദ്ഭുതകരമായി പ്രവര്‍ത്തിച്ച നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ നിങ്ങള്‍ സ്തുതിക്കും. എന്‍റെ ജനത്തിന് ഇനി ഒരിക്കലും ലജ്ജിക്കേണ്ടിവരികയില്ല. ഞാന്‍ ഇസ്രായേലിന്‍റെ മധ്യത്തിലുണ്ടെന്നും സര്‍വേശ്വരനായ ഞാനല്ലാതെ മറ്റാരുമല്ല നിങ്ങളുടെ ദൈവമെന്നും നിങ്ങള്‍ അറിയും. എന്‍റെ ജനത്തിന് ഇനി ഒരിക്കലും ലജ്ജിക്കേണ്ടിവരികയില്ല. പിന്നീട് ഇതു സംഭവിക്കും: എല്ലാവരുടെയുംമേല്‍ എന്‍റെ ആത്മാവിനെ ഞാന്‍ പകരും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും. നിങ്ങളുടെ യുവജനങ്ങള്‍ക്കു ദര്‍ശനങ്ങള്‍ ഉണ്ടാകും. ആ നാളുകളില്‍ ദാസന്മാരുടെയും ദാസിമാരുടെയുംമേല്‍ എന്‍റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും. ആകാശത്തും ഭൂമിയിലും ഞാന്‍ അദ്ഭുതകരമായ അടയാളങ്ങള്‍ കാണിക്കും. രക്തവും അഗ്നിയും ധൂമപടലങ്ങളും തന്നെ. സര്‍വേശ്വരന്‍റെ മഹത്തും ഭയാനകവുമായ ദിനം വന്നണയുന്നതിനു മുമ്പ് സൂര്യന്‍ ഇരുണ്ടുപോകും; ചന്ദ്രന്‍ രക്തവര്‍ണമാകും. എന്നാല്‍ സര്‍വേശ്വരന്‍റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവരും രക്ഷിക്കപ്പെടും, അവിടുന്നരുളിച്ചെയ്തതുപോലെ സീയോന്‍ പര്‍വതത്തിലും യെരൂശലേമിലും രക്ഷിക്കപ്പെട്ടവരുടെ ഗണം ഉണ്ടായിരിക്കും. അവശേഷിക്കുന്നവരുടെ കൂട്ടത്തില്‍ സര്‍വേശ്വരന്‍ വിളിക്കാനുള്ളവരും ഉണ്ടായിരിക്കും. ആ സമയം വരുമ്പോള്‍, യെഹൂദ്യയുടെയും യെരൂശലേമിന്‍റെയും ഐശ്വര്യം പുനഃസ്ഥാപിക്കുന്ന നാളുകള്‍ വരുമ്പോള്‍, ഞാന്‍ സകല ജനതകളെയും ഒരുമിച്ചുകൂട്ടി യെഹോശാഫാത്ത്താഴ്വരയിലേക്കു നയിക്കും. അവിടെവച്ച് എന്‍റെ സ്വന്തജനവും അവകാശവും ആയ ഇസ്രായേലിനുവേണ്ടി അവരുടെമേല്‍ ന്യായവിധി നടത്തും. അവര്‍ എന്‍റെ ജനത്തെ തങ്ങളുടെ ഇടയില്‍ ചിതറിക്കുകയും എന്‍റെ ദേശം അവര്‍ വിഭജിച്ചെടുക്കുകയും ചെയ്തുവല്ലോ. അവര്‍ നറുക്കിട്ട് എന്‍റെ ജനത്തെ പങ്കിട്ടു. അവര്‍ വേശ്യക്കുവേണ്ടി ബാലനെയും വീഞ്ഞുകുടിക്കാന്‍വേണ്ടി ബാലികയെയും വിറ്റു. സോരേ, സീദോനേ, സകല ഫെലിസ്ത്യപ്രദേശങ്ങളേ, നിങ്ങള്‍ക്കെന്നോടെന്തു കാര്യം? ഞാന്‍ ചെയ്തതിനു നിങ്ങള്‍ എന്നോടു പ്രതികാരം ചെയ്യുമോ? എങ്കില്‍ നിങ്ങളുടെ പ്രവൃത്തിയുടെ ഫലം നിങ്ങളുടെ ശിരസ്സില്‍ ഞാന്‍ നിപതിപ്പിക്കും. കാരണം എന്‍റെ സ്വര്‍ണവും വെള്ളിയും വിലപ്പെട്ട നിധികളും നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കു നിങ്ങള്‍ കൊണ്ടുപോയി. യെഹൂദ്യയിലെയും യെരൂശലേമിലെയും ജനങ്ങളെ നിങ്ങള്‍ ഗ്രീക്കുകാര്‍ക്കു വിറ്റുകളഞ്ഞു. അങ്ങനെ അവരുടെ സ്വന്തം ദേശത്തുനിന്ന് അവരെ അകറ്റി. എന്നാല്‍ നിങ്ങള്‍ അവരെ വിറ്റ സ്ഥലത്തുനിന്നു ഞാന്‍ അവരെ ഇളക്കിവിടും. നിങ്ങളുടെ പ്രവൃത്തിയുടെ ഫലം നിങ്ങളുടെ തലയില്‍ത്തന്നെ വരുത്തും. നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ഞാന്‍ യെഹൂദാജനതയ്‍ക്ക് വില്‍ക്കും. അവര്‍ അവരെ വിദൂരസ്ഥരായ ശെബായര്‍ക്കു വിറ്റുകളയും. ഇത് സര്‍വേശ്വരന്‍റെ വചനം. ഇതു ജനതകളുടെ ഇടയില്‍ വിളംബരം ചെയ്യുക. യുദ്ധത്തിന് ഒരുങ്ങുവിന്‍. വീരന്മാരെ ഉണര്‍ത്തുവിന്‍. സകല യോദ്ധാക്കളും ചേര്‍ന്നുവരട്ടെ; നിങ്ങളുടെ കൊഴു വാളായും വാക്കത്തി കുന്തമായും തീര്‍പ്പിക്കുക. “ഞാനൊരു വീരയോദ്ധാവെന്ന്” ദുര്‍ബലന്‍പോലും പറയട്ടെ. ചുറ്റുമുള്ള ജനതകളേ, വേഗം വരുവിന്‍; നിങ്ങള്‍ ഒരുമിച്ചു കൂടുവിന്‍. സര്‍വേശ്വരാ, അവിടുത്തെ യോദ്ധാക്കളെ അയച്ചാലും. ജനതകള്‍ ഉണര്‍ന്ന് യെഹോശാഫാത്ത്താഴ്വരയിലേക്കു വരട്ടെ. ചുറ്റുമുള്ള സകല ജനതകളെയും വിധിക്കാനായി ഞാന്‍ അവിടെ ഇരിക്കും. അരിവാള്‍ കൈയിലെടുക്കുക; വിളവു പാകമായിരിക്കുന്നു; പോയി ചവിട്ടുക; മുന്തിരിച്ചക്കു നിറഞ്ഞിരിക്കുന്നു; തൊട്ടികള്‍ നിറഞ്ഞു കവിയുന്നു; അവരുടെ ദുഷ്ടത അത്രയ്‍ക്കു വലുതാണല്ലോ. അതാ ജനസഞ്ചയങ്ങള്‍! വിധിയുടെ താഴ്വരയില്‍ ജനസഞ്ചയങ്ങള്‍! സര്‍വേശ്വരന്‍റെ ദിനം സമീപിച്ചിരിക്കുന്നു; സൂര്യചന്ദ്രന്മാര്‍ ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങളുടെ പ്രഭ നഷ്ടപ്പെട്ടിരിക്കുന്നു. സര്‍വേശ്വരന്‍ സീയോനില്‍നിന്നു ഗര്‍ജിക്കുന്നു; യെരൂശലേമില്‍നിന്ന് അവിടുന്നു ശബ്ദം പുറപ്പെടുവിക്കുന്നു. ആകാശവും ഭൂമിയും വിറയ്‍ക്കുന്നു; എന്നാല്‍ തന്‍റെ ജനത്തിനു സര്‍വേശ്വരന്‍ രക്ഷാസങ്കേതമത്രേ; ഇസ്രായേല്‍ജനത്തിന് അവിടുന്നു ശക്തിദുര്‍ഗമാകുന്നു. അതുകൊണ്ട് വിശുദ്ധപര്‍വതമായ സീയോനില്‍ വസിക്കുന്ന നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഞാനാകുന്നു എന്നു നിങ്ങള്‍ അറിയും. യെരൂശലേം വിശുദ്ധമായിരിക്കും; അന്യര്‍ ഇനി ഒരിക്കലും അതിലൂടെ കടന്നുപോവുകയില്ല. അന്നു മുന്തിരിത്തോട്ടങ്ങള്‍കൊണ്ടു നിറഞ്ഞ പര്‍വതങ്ങള്‍ പുതുവീഞ്ഞു പൊഴിക്കും; ആടുമാടുകള്‍ നിറഞ്ഞ കുന്നുകള്‍ പാല്‍ ഒഴുക്കും. യെഹൂദ്യയിലെ അരുവികളില്‍ ജലം നിറഞ്ഞൊഴുകും. സര്‍വേശ്വരന്‍റെ ആലയത്തില്‍നിന്ന് ഒരു നീരുറവു പുറപ്പെട്ട് ശിത്തീം താഴ്വരയെ നനയ്‍ക്കും. യെഹൂദാനിവാസികളോട് അക്രമം പ്രവര്‍ത്തിക്കുകയും അവരുടെ ദേശത്തുവച്ച് നിരപരാധികളുടെ രക്തം ചിന്തുകയും ചെയ്തതുകൊണ്ട് ഈജിപ്തു ശൂന്യമാകും; എദോം നിര്‍ജനമരുഭൂമിയായിത്തീരും; എന്നാല്‍ യെഹൂദ്യയില്‍ എന്നേക്കും മനുഷ്യവാസമുണ്ടായിരിക്കും; യെരൂശലേമിലും തലമുറതലമുറകളായി ജനം വസിക്കും. വധിക്കപ്പെട്ടവര്‍ക്കുവേണ്ടി ഞാന്‍ പ്രതികാരം ചെയ്യും; കുറ്റവാളികളെ ഞാന്‍ വെറുതെ വിടുകയില്ല; സര്‍വേശ്വരന്‍ സീയോനില്‍ വസിക്കുന്നു. തെക്കോവയിലെ ആട്ടിടയരില്‍ ഒരുവനായ ആമോസിന് ഇസ്രായേലിനെക്കുറിച്ചു ലഭിച്ച ദൈവത്തിന്‍റെ അരുളപ്പാട്: ഉസ്സീയാ യെഹൂദ്യയിലും യോവാശിന്‍റെ പുത്രനായ യെരോബയാം ഇസ്രായേലിലും വാണിരുന്ന കാലത്തുണ്ടായ ഭൂകമ്പത്തിനു രണ്ടു വര്‍ഷം മുമ്പായിരുന്നു ഈ അരുളപ്പാടു ലഭിച്ചത്. ആമോസ് പറഞ്ഞു: “സര്‍വേശ്വരന്‍ സീയോനില്‍നിന്നു ഗര്‍ജിക്കും; അവിടുത്തെ ശബ്ദം യെരൂശലേമില്‍നിന്നു മുഴങ്ങും; മേച്ചില്‍സ്ഥലങ്ങള്‍ ഉണങ്ങും. കര്‍മ്മേലിന്‍റെ കൊടുമുടി വാടിക്കരിയും.” സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ദമാസ്കസ്നിവാസികളുടെ നിരന്തരപാപങ്ങള്‍നിമിത്തം ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല. ഗിലെയാദ്നിവാസികളെ അവര്‍ ഇരുമ്പു മെതിയന്ത്രം കൊണ്ടെന്നപോലെ പീഡിപ്പിച്ചുവല്ലോ. ഹസായേല്‍വംശത്തെ ഞാന്‍ നശിപ്പിക്കും. അതുകൊണ്ട് ബെന്‍-ഹദദിന്‍റെ കോട്ടകളെ ഞാന്‍ ചുട്ടെരിക്കും.” “ദമാസ്കസിന്‍റെ നഗരവാതിലുകള്‍ ഞാന്‍ തകര്‍ക്കും; ആവെന്‍താഴ്വരയിലുള്ളവരെ നശിപ്പിക്കും. ഏദന്‍ഗൃഹത്തില്‍ ചെങ്കോലാണ്ടവനെ ഞാന്‍ ഛേദിച്ചുകളയും, സിറിയാക്കാര്‍ പ്രവാസികളായി കീറിലേക്കു പോകും. ഇതു സര്‍വേശ്വരന്‍റെ വചനം. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഗസ നിവാസികളുടെ നിരന്തരപാപങ്ങളുടെ പേരില്‍ ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല. അവര്‍ ഒരു ജനതയെ മുഴുവന്‍ എദോമിന് അടിമപ്പെടുത്തിയതുമൂലം ഗസയില്‍ ഞാന്‍ തീ വര്‍ഷിച്ച് അതിന്‍റെ കോട്ടകള്‍ ചുട്ടെരിക്കും. അസ്തോദ്നിവാസികളെ ഞാന്‍ നശിപ്പിക്കും. അസ്കലോന്‍രാജാവിനെ ഉന്മൂലനം ചെയ്യും. എക്രോനെതിരെ ഞാന്‍ കൈ ഉയര്‍ത്തും; ഫെലിസ്ത്യരില്‍ ശേഷിച്ചവര്‍ നശിച്ചുപോകും.” ഇതു സര്‍വേശ്വരന്‍റെ വചനം. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ സോര്‍ നിവാസികളുടെ നിരന്തരപാപങ്ങള്‍ നിമിത്തം ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല. സാഹോദര്യത്തിന്‍റെ ഉടമ്പടി വിസ്മരിച്ച് ഒരു ജനതയെ മുഴുവന്‍ എദോമിന് അടിമപ്പെടുത്തിയ സോരിന്‍റെ മതിലുകളെ ഞാന്‍ ഭസ്മീകരിക്കും. ഇതു സര്‍വേശ്വരന്‍റെ വചനം.” സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എദോമ്യരുടെ നിരവധി പാപങ്ങള്‍ നിമിത്തം ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല. അവര്‍ സഹോദരന്മാരെ നിഷ്കരുണം വാളോങ്ങി പിന്തുടര്‍ന്നു; അവരുടെ കോപം കെട്ടടങ്ങാതെ ജ്വലിച്ചുകൊണ്ടേയിരുന്നു. അതുകൊണ്ടു തേമാനിന്മേല്‍ ഞാന്‍ അഗ്നി വര്‍ഷിക്കും; ബൊസ്രയിലെ കോട്ടകള്‍ ഭസ്മീകരിക്കും.” സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അമ്മോന്യരുടെ നിരന്തരപാപങ്ങള്‍ നിമിത്തം ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല. രാജ്യം വിസ്തൃതമാക്കാന്‍ യുദ്ധം ചെയ്തപ്പോള്‍ അവര്‍ ഗിലെയാദിലെ ഗര്‍ഭിണികളെപ്പോലും പിളര്‍ന്നുകളഞ്ഞു. അതുകൊണ്ട് രബ്ബാനഗരത്തിന്‍റെ കോട്ടകള്‍ക്കു ഞാന്‍ തീ കൊളുത്തും; യുദ്ധകോലാഹലത്തിന്‍റെയും ചുഴലിക്കാറ്റിന്‍റെയും ഉഗ്രതയോടെ അവ കത്തിയെരിയും. അവരുടെ രാജാവ് തന്‍റെ പ്രഭുക്കന്മാരോടൊത്ത് പ്രവാസത്തിലേക്കു പോകുന്നു. ഇതു സര്‍വേശ്വരന്‍റെ വചനം.” സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: മോവാബ്യരുടെ നിരന്തരപാപം നിമിത്തം ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല. “എദോംരാജാവിന്‍റെ അസ്ഥികള്‍ അവര്‍ ചുട്ടെരിച്ചല്ലോ. അതുകൊണ്ട് മോവാബ്യരുടെമേല്‍ ഞാന്‍ തീ വര്‍ഷിച്ചു കെരിയോത്തിന്‍റെ കോട്ടകളെ ദഹിപ്പിക്കും. മോവാബ്യര്‍ യുദ്ധകോലാഹലത്തിനിടയില്‍ നശിക്കും; അവരുടെ രാജാവിനെയും പ്രഭുക്കന്മാരെയും ഞാന്‍ നശിപ്പിക്കും. ഇതു സര്‍വേശ്വരന്‍റെ വചനം.” സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “യെഹൂദാനിവാസികളുടെ നിരന്തരപാപം നിമിത്തം ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല. അവര്‍ സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്രം തിരസ്കരിച്ച്, അവരുടെ പൂര്‍വികരുടെ വ്യാജദേവന്മാരെ അനുസരിച്ചല്ലോ. അതുകൊണ്ട് യെഹൂദ്യരുടെമേല്‍ തീ വര്‍ഷിപ്പിച്ച് യെരൂശലേമിന്‍റെ കോട്ടകളെ ഞാന്‍ ദഹിപ്പിക്കും.” സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇസ്രായേലിന്‍റെ നിരന്തരപാപം നിമിത്തം ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല. അവര്‍ നിര്‍ദോഷികളെ പണത്തിനും ദരിദ്രരെ ഒരു ജോഡി ചെരുപ്പിനും വിറ്റുകളയുന്നു. അവര്‍ എളിയവരെ ചവുട്ടിമെതിക്കുന്നു; അവര്‍ പീഡിതര്‍ക്കു നീതി നിരസിക്കുന്നു. അപ്പനും മകനും ഒരേ യുവതിയെ പ്രാപിച്ച് എന്‍റെ വിശുദ്ധനാമം മലിനപ്പെടുത്തുന്നു. പണയം വാങ്ങിയ വസ്ത്രം വിരിച്ച് അവര്‍ യാഗപീഠത്തിനടുത്ത് അന്തിയുറങ്ങുന്നു; പിഴയായി ഈടാക്കിയ വീഞ്ഞ് ദേവാലയത്തില്‍വച്ച് കുടിക്കുന്നു. [9,10] ഞാന്‍ നിങ്ങളെ ഈജിപ്തില്‍നിന്നു പുറപ്പെടുവിച്ചു; നാല്പതു വര്‍ഷം മരുഭൂമിയിലൂടെ നയിച്ചു. അമോര്യരുടെ ദേശം നിങ്ങള്‍ക്കു സ്വന്തമാക്കി തന്നു. ആ മല്ലന്മാരെ ഞാന്‍ ഉന്മൂലനം ചെയ്തു; ദേവദാരുക്കളെപ്പോലെ ഉയരവും കരുവേലകംപോലെ ശക്തിയുള്ളവരുമായ അവരെ ഞാന്‍ നശിപ്പിച്ചു. *** ഇസ്രായേല്‍ജനമേ, പറയൂ, ഞാന്‍ നിങ്ങളില്‍നിന്നു പ്രവാചകരെയും നാസീര്‍വ്രതസ്ഥരെയും ഉയര്‍ത്തിയില്ലേ? എന്നിട്ടും നിങ്ങള്‍ അവരോട് എന്തു ചെയ്തു? നാസീര്‍വ്രതസ്ഥരെ നിങ്ങള്‍ മത്തരാക്കിയില്ലേ? പ്രവാചകന്മാരെ നിങ്ങള്‍ വിലക്കിയില്ലേ? കറ്റ നിറച്ച വണ്ടി മണ്ണിലമരുമ്പോലെ നിങ്ങളെ ഞാന്‍ അമര്‍ത്തിക്കളയും. നിങ്ങളുടെ യുദ്ധവീരന്മാര്‍ രക്ഷപെടുകയില്ല. അതിവേഗം ഓടുന്നവനും രക്ഷപെടാനാവില്ല, ബലവാന്മാരുടെ ശക്തി ക്ഷയിച്ചുപോകും. വില്ലാളിവീരന്‍ ഉറച്ചു നില്‌ക്കയില്ല. വേഗത്തില്‍ ഓടുന്നവന്‍ രക്ഷപെടുകയില്ല. കുതിരപ്പുറത്തു പായുന്ന യോദ്ധാവിനും തന്‍റെ ജീവന്‍ രക്ഷിക്കാനാവില്ല. ധീരനായ യോദ്ധാവുപോലും ആ ദിവസം ആയുധം ഉപേക്ഷിച്ചു പലായനം ചെയ്യും. ഇതു സര്‍വേശ്വരന്‍റെ വചനം. ഇസ്രായേല്യരേ, ഈജിപ്തില്‍നിന്നു മോചിപ്പിച്ചുകൊണ്ടുവന്ന സര്‍വേശ്വരന്‍ നിങ്ങള്‍ക്കെതിരെ അരുളിച്ചെയ്യുന്നതു ശ്രദ്ധിക്കുവിന്‍: “ഭൂമിയിലെ സകല വംശങ്ങളില്‍നിന്ന് നിങ്ങളെ മാത്രം ഞാന്‍ സ്വന്തമായി തിരഞ്ഞെടുത്തു. അതുകൊണ്ട് നിങ്ങളുടെ അപരാധങ്ങള്‍ക്കെല്ലാം ഞാന്‍ നിങ്ങളെ ശിക്ഷിക്കും. മുന്‍കൂട്ടി സമ്മതിക്കാതെ രണ്ടുപേര്‍ ഒന്നിച്ചു നടക്കുമോ? ഇരകിട്ടാതെ സിംഹം വനത്തില്‍ ഗര്‍ജിക്കുമോ? യുവസിംഹം വൃഥാ ഗുഹയില്‍നിന്നു ശബ്ദം പുറപ്പെടുവിക്കുമോ? വല വിരിക്കാതെ പക്ഷി അകപ്പെടുമോ? ഒന്നും അകപ്പെടാതെ കെണി നിലത്തുനിന്നു പൊങ്ങുമോ? കാഹളം മുഴങ്ങിയാല്‍ നഗരവാസികള്‍ ഭയപ്പെടാതിരിക്കുമോ? സര്‍വേശ്വരന്‍ അയയ്‍ക്കാതെ പട്ടണത്തിന് അനര്‍ഥം ഭവിക്കുമോ? തന്‍റെ സന്ദേശവാഹകരായ പ്രവാചകരെ അറിയിക്കാതെ, സര്‍വേശ്വരന്‍ എന്തെങ്കിലും പ്രവര്‍ത്തിക്കുമോ? സിംഹം ഗര്‍ജിച്ചാല്‍ ആര്‍ ഭയപ്പെടാതിരിക്കും? സര്‍വേശ്വരനായ ദൈവം അരുളിച്ചെയ്യുമ്പോള്‍ പ്രവാചകന്‍ മൗനം പാലിക്കുമോ? ഈജിപ്തിലെയും അസ്സീറിയായിലെയും നഗരവാസികളോട് ഇങ്ങനെ പ്രഖ്യാപിക്കുക. ശമര്യാമലകളില്‍ ഒരുമിച്ചുചെന്ന് അവിടെ നടക്കുന്ന അധര്‍മവും പീഡനങ്ങളും കാണുക. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അവരുടെ നഗരങ്ങളില്‍ പെരുത്ത അക്രമവും കവര്‍ച്ചയും നടക്കുന്നു. ധര്‍മം അനുഷ്ഠിക്കാന്‍ അവര്‍ക്ക് അറിഞ്ഞുകൂടാ. അതുകൊണ്ട് ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഒരു ശത്രു ദേശം വളയും. നിങ്ങളുടെ പ്രതിരോധം തകര്‍ത്ത് കോട്ട കൊള്ളയടിക്കും.” സിംഹത്തിന്‍റെ വായില്‍നിന്ന് ആടിന്‍റെ കാലുകളോ ചെവിയോ ഇടയന്‍ വലിച്ചെടുക്കുംപോലെ, ശമര്യയില്‍ സുഖജീവിതം നയിക്കുന്ന ഒരു ചെറുഗണം മാത്രം അവശേഷിക്കും. ദൈവമായ സര്‍വേശ്വരന്‍, സര്‍വശക്തനായ ദൈവംതന്നെ അരുളിച്ചെയ്യുന്നു: “ഈ മുന്നറിയിപ്പ് ശ്രദ്ധിച്ചു കേട്ട് ഇസ്രായേല്യരെ അറിയിക്കുക. അവരുടെ അധര്‍മങ്ങള്‍ക്കുള്ള ശിക്ഷയായി ബെഥേലിലെ ബലിപീഠങ്ങള്‍ ഞാന്‍ തകര്‍ക്കും. ശീതകാല വസതിയും ഉഷ്ണകാല വസതിയും ഞാന്‍ തരിപ്പണമാക്കും. അതിന്‍റെ കൊമ്പുകള്‍ ഒടിഞ്ഞു നിലത്തുവീഴും. ദന്തമന്ദിരങ്ങള്‍ നശിച്ചുപോകും. മഹാസൗധങ്ങള്‍ ഇല്ലാതെയാകും.” ഇതു സര്‍വേശ്വരന്‍റെ വചനം. ബാശാന്‍ പശുക്കളേ, ശമര്യയിലെ തടിച്ചുകൊഴുത്ത സ്‍ത്രീകളേ, ശ്രദ്ധിക്കുക: നിങ്ങള്‍ എളിയവരെ പീഡിപ്പിക്കുന്നു; ദരിദ്രരെ ഞെരുക്കുന്നു; നിങ്ങള്‍ക്കു മദ്യം കൊണ്ടുവരാന്‍ ഭര്‍ത്താക്കന്മാരോട് ആജ്ഞാപിക്കുന്നു. സര്‍വേശ്വരനായ ദൈവം തന്‍റെ വിശുദ്ധിയെ സാക്ഷിയാക്കി പറയുന്നു: “നിങ്ങളെ ഒന്നടങ്കം ചൂണ്ടയില്‍ കൊളുത്തി വലിച്ചു കൊണ്ടുപോകുന്ന ദിനം വരുന്നു; മതിലിലെ വിടവുകളിലൂടെ നിങ്ങളെ ഓരോരുത്തരെയായി പുറത്താക്കി ഹര്‍മ്മോനിലേക്ക് എറിഞ്ഞുകളയും.” ഇതു സര്‍വേശ്വരന്‍റെ വചനം. “ബെഥേലിലും ഗില്‍ഗാലിലും ചെന്നു നിങ്ങള്‍ പാപം പെരുപ്പിക്കുന്നു. പ്രഭാതം തോറും നിങ്ങള്‍ വഴിപാടുകള്‍ അര്‍പ്പിക്കുന്നു; മൂന്നുനാള്‍ കൂടുമ്പോള്‍ ദശാംശങ്ങള്‍ കൊണ്ടുവരുന്നു. പുളിച്ചമാവുകൊണ്ടുള്ള അപ്പം സ്തോത്രയാഗമായി അര്‍പ്പിക്കുന്നു; സ്വമേധാദാനങ്ങള്‍ നല്‌കി സ്വയം പ്രശംസിക്കുന്നു. ഇതിലൊക്കെ ഭ്രമം കാട്ടുന്ന ഇസ്രായേല്യരേ, നിങ്ങളുടെ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “രാജ്യമാകെ ഞാന്‍ ക്ഷാമം വരുത്തിയിട്ടും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല.” ഞാന്‍ മഴ മുടക്കി നിങ്ങള്‍ക്കു വിളവില്ലാതെയാക്കി; ഒരു പട്ടണത്തില്‍ ഞാന്‍ മഴ അയച്ചപ്പോള്‍ മറ്റൊന്നില്‍ അയച്ചില്ല; ഒരു നിലത്തിനു മഴ ലഭിച്ചിട്ടും മറ്റൊന്നു വരണ്ടുപോയി. ഒന്നിലേറെ പട്ടണങ്ങളിലെ ജനങ്ങള്‍ കുടിനീരിനായി മറ്റൊരു പട്ടണത്തില്‍ പോയി; പക്ഷേ, മതിയാവോളം കുടിക്കാന്‍ ലഭിച്ചില്ല. എന്നിട്ടും നിങ്ങള്‍ എങ്കലേക്കു മടങ്ങിവന്നില്ല. ഉഷ്ണക്കാറ്റും കീടബാധയും വരുത്തി നിങ്ങളുടെ വിളവുകള്‍ ഞാന്‍ നശിപ്പിച്ചു; നിങ്ങളുടെ കൃഷിയും മുന്തിരിത്തോട്ടവും ഞാന്‍ ഉണക്കിക്കളഞ്ഞു; അത്തിവൃക്ഷങ്ങളും ഒലിവുമരങ്ങളും വെട്ടുക്കിളി തിന്നു തീര്‍ത്തു. എങ്കിലും നിങ്ങള്‍ എങ്കലേക്കു മടങ്ങിവന്നില്ല.” “ഈജിപ്തിലെപ്പോലെ നിങ്ങളുടെ ഇടയിലും ഞാന്‍ ബാധ അയച്ചു; നിങ്ങളുടെ യുവാക്കളെ വാളിനിരയാക്കി; നിങ്ങളുടെ കുതിരകളെ ഞാന്‍ പിടിച്ചുകൊണ്ടുപോയി. സൊദോം-ഗൊമോറയെപ്പോലെ നിങ്ങളില്‍ ചിലരെ ഞാന്‍ നശിപ്പിച്ചു; തീയില്‍നിന്നു വലിച്ചെടുത്ത തീക്കൊള്ളിപോലെ ശേഷിച്ചവര്‍പോലും എങ്കലേക്കു തിരിഞ്ഞില്ല. അതുകൊണ്ട് ഇസ്രായേല്‍ജനമേ, ഞാന്‍ ഇങ്ങനെ നിങ്ങളോടു പ്രവര്‍ത്തിക്കും. നിങ്ങളുടെ ദൈവത്തെ നേരിടാന്‍ ഒരുങ്ങിക്കൊള്ളുക. അവിടുന്നു മലകളെ മെനയുന്നു; കാറ്റുകളെ സൃഷ്‍ടിക്കുന്നു. തിരുഹിതം മനുഷ്യര്‍ക്കു വെളിപ്പെടുത്തുന്നു. അവിടുന്നു പ്രഭാതത്തെ ഇരുട്ടാക്കുന്നു. ഭൂമിയുടെ ഉന്നതങ്ങളില്‍ ചരിക്കുന്നു. സര്‍വശക്തനായ ദൈവം, സര്‍വേശ്വരന്‍ എന്നാകുന്നു അവിടുത്തെ നാമം. ഇസ്രായേല്‍ജനമേ, കേള്‍ക്കുക, നിങ്ങളെ പ്രതിയുള്ള ഈ വിലാപഗാനം ശ്രവിക്കുക: “ഇസ്രായേല്‍കന്യക വീണുപോയി; അവള്‍ ഇനി എഴുന്നേല്‌ക്കുകയില്ല. നാട്ടുകാര്‍ അവളെ കൈവെടിഞ്ഞു; അവളെ എഴുന്നേല്പിക്കാന്‍ ആരുമില്ല.” സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ആയിരംപേരെ അണിനിരത്തിയ പട്ടണത്തില്‍ നൂറുപേരും; നൂറുപേരെ അണിനിരത്തിയ പട്ടണത്തില്‍ പത്തുപേര്‍ മാത്രവും ശേഷിക്കും.” സര്‍വേശ്വരന്‍ ഇസ്രായേല്യരോട് അരുളിച്ചെയ്യുന്നു: “എന്നെ അന്വേഷിക്കുക; എന്നാല്‍ നിങ്ങള്‍ ജീവിക്കും. എന്നെ ആരാധിക്കാന്‍ നിങ്ങള്‍ ബെഥേലിലോ, ഗില്‍ഗാലിലോ പോകരുത്; ബേര്‍-ശേബയിലേക്കും കടക്കരുത്. ഗില്‍ഗാല്‍ തീര്‍ച്ചയായും പ്രവാസത്തിലേക്കു പോകും; ബെഥേല്‍ പൂര്‍ണമായി നശിക്കും.” സര്‍വേശ്വരനെ അന്വേഷിക്കുക; എന്നാല്‍ നിങ്ങള്‍ ജീവിക്കും. അല്ലെങ്കില്‍ അവിടുന്ന് അഗ്നിപോലെ ആളിപ്പടര്‍ന്ന് യോസേഫ് ഗൃഹത്തെ നശിപ്പിക്കും, ബെഥേലിനെ ദഹിപ്പിക്കും. ആ അഗ്നി അണയ്‍ക്കാന്‍ ആര്‍ക്കും സാധ്യമാവില്ല. ന്യായത്തെ കയ്പുള്ളതായി മാറ്റുകയും നീതിയെ നിലത്തെറിയുകയും ചെയ്യുന്നവരേ, അവിടുന്നു കാര്‍ത്തിക മകയിര നക്ഷത്രങ്ങളെ സൃഷ്‍ടിച്ചു; കൂരിരുളിനെ പ്രഭാതവും പകലിനെ ഇരുളും ആക്കുന്നു. കടല്‍വെള്ളത്തെ വിളിച്ചുവരുത്തി ഭൂമിയില്‍ മഴ പെയ്യിക്കുന്നു. സര്‍വേശ്വരന്‍ എന്നാണ് അവിടുത്തെ നാമം. അവിടുന്നു ബലവാന്മാര്‍ക്കെതിരെ വിനാശമെന്ന ഇടിവാളയച്ച് അവരുടെ കോട്ടകള്‍ തകര്‍ക്കുന്നു. നഗരകവാടത്തില്‍വച്ചു ന്യായത്തിന്‍റെ പേരില്‍ ശാസിക്കുന്നവനെ നിങ്ങള്‍ ദ്വേഷിക്കുന്നു. പരമാര്‍ഥം പറയുന്നവനെ നിന്ദിക്കുന്നു. ദരിദ്രരെ നിങ്ങള്‍ പീഡിപ്പിക്കുന്നു; അവരുടെ ധാന്യം കവര്‍ച്ച ചെയ്യുന്നു. അതിനാല്‍ നിങ്ങളുടെ രമ്യഹര്‍മ്യങ്ങളില്‍ പാര്‍ക്കാന്‍ നിങ്ങള്‍ക്കിടവരികയില്ല. നിങ്ങള്‍ നട്ടുണ്ടാക്കിയ മനോഹരമായ മുന്തിരിത്തോട്ടങ്ങളിലെ വീഞ്ഞു കുടിക്കാന്‍ നിങ്ങള്‍ക്കിടയാവുകയില്ല. കാരണം, നിങ്ങളുടെ അകൃത്യങ്ങള്‍ എത്ര അധികമെന്നും നിങ്ങളുടെ പാപത്തിന്‍റെ വൈപുല്യം എന്തെന്നും എനിക്കറിയാം. നീതിനിഷ്ഠരെ നിങ്ങള്‍ പീഡിപ്പിക്കുന്നു; കൈക്കൂലി വാങ്ങി എളിയവര്‍ക്കു നീതി നിഷേധിക്കുന്നു. ബുദ്ധിമാനോ, കാലഗതിയോര്‍ത്തു വായടയ്‍ക്കുന്നു. നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിനു തിന്മവിട്ട് നന്മ തേടുക; അപ്പോള്‍ നിങ്ങള്‍ അവകാശപ്പെടുന്നതുപോലെ സര്‍വശക്തനായ ദൈവം നിങ്ങളോടൊത്തു വസിക്കും. തിന്മ വെറുക്കുക; നന്മ ഇഷ്ടപ്പെടുക; ന്യായകവാടത്തില്‍ നീതി നടപ്പാക്കുക. അപ്പോള്‍ സര്‍വേശ്വരന്‍, സര്‍വശക്തനായ ദൈവം ഇസ്രായേലില്‍ ശേഷിച്ചിരിക്കുന്നവരോടു കരുണ കാട്ടിയേക്കും. സര്‍വേശ്വരന്‍, സര്‍വശക്തനായ ദൈവം അരുളിച്ചെയ്യുന്നു: “വഴിക്കവലകളില്‍ വിലാപം ഉണ്ടാകും; തെരുവുകളില്‍ മുറവിളി ഉയരും. അവര്‍ വയലില്‍നിന്നു പണിക്കാരെ വിലപിക്കാന്‍ വിളിക്കും. വിലാപം തൊഴിലാക്കിയവരെ അതിനായി നിയോഗിക്കും. ഞാന്‍ നിങ്ങളെ ശിക്ഷിക്കാന്‍ വരുമ്പോള്‍ മുന്തിരിത്തോട്ടങ്ങളിലെല്ലാം കൂട്ടനിലവിളി ഉണ്ടാകും. സര്‍വേശ്വരന്‍റെ ദിവസത്തിനായി കാത്തിരിക്കുന്നവരേ, നിങ്ങള്‍ക്കു ഹാ! ദുരിതം. അന്നു നിങ്ങള്‍ക്കു പ്രകാശമല്ല, കൊടിയ അന്ധകാരമായിരിക്കും ലഭിക്കുക. സിംഹത്തെ ഭയന്നോടുന്നവന്‍ കരടിയുടെ മുമ്പില്‍ ചെന്നു പെടുമ്പോലെയോ വീട്ടിലെത്തുമ്പോള്‍ പതിയിരുന്ന പാമ്പു കടിക്കുംപോലെയോ അന്നു നിങ്ങള്‍ക്ക് അപായം നേരിടും. സര്‍വേശ്വരന്‍റെ ദിവസം വെളിച്ചമല്ല ഇരുളായിരിക്കും. കൊടിയ അന്ധകാരം തന്നെ. നിങ്ങളുടെ ഉത്സവങ്ങളെ ഞാന്‍ വെറുക്കുന്നു; നിങ്ങളുടെ മഹാസഭായോഗങ്ങളില്‍ എനിക്കു പ്രീതിയില്ല. നിങ്ങളുടെ ഹോമയാഗങ്ങളിലും ധാന്യയാഗങ്ങളിലും ഞാന്‍ പ്രസാദിക്കുകയില്ല. സമാധാനയാഗമായി നിങ്ങള്‍ അര്‍പ്പിക്കുന്ന കൊഴുത്ത മൃഗങ്ങളെ ഞാന്‍ തിരിഞ്ഞു നോക്കുകപോലുമില്ല. നിങ്ങളുടെ പാട്ടുകള്‍ നിര്‍ത്തൂ! നിങ്ങളുടെ വീണാനാദം എനിക്കു കേള്‍ക്കേണ്ടാ. ധര്‍മം വെള്ളംപോലെ ഒഴുകട്ടെ; നീതി വറ്റാത്ത അരുവിപോലെ പ്രവഹിക്കട്ടെ. ഇസ്രായേല്‍ജനമേ, മരുഭൂമിയില്‍വച്ച് ആ നാല്പതു വര്‍ഷം നിങ്ങളോടു ഞാന്‍ യാഗമോ വഴിപാടോ ആവശ്യപ്പെട്ടോ? ഇപ്പോളിതാ, നിങ്ങള്‍ സിക്കൂത്ത്‍രാജന്‍റെയും കീയൂന്‍ദേവന്‍റെയും രൂപങ്ങള്‍ നിര്‍മിച്ച് ആ മൂര്‍ത്തികളെ എഴുന്നള്ളിക്കുന്നു! അതിനാല്‍ ഞാന്‍ നിങ്ങളെ ദമാസ്കസിനപ്പുറത്തേക്കു നാടുകടത്തും. ഇതു സര്‍വേശ്വരന്‍റെ വചനം; സര്‍വശക്തനായ ദൈവം എന്നാണ് അവിടുത്തെ നാമം. “സീയോനില്‍ സ്വൈരമായും ശമര്യാമലയില്‍ നിര്‍ഭയരായും കഴിയുന്നവരേ, ജനതകളില്‍ പ്രധാനികളേ, ഇസ്രായേല്‍ജനം സഹായം തേടി സമീപിക്കുന്നവരേ, നിങ്ങള്‍ക്കു ഹാ! ദുരിതം.” കല്നെ, ഹമാത്ത്, ഗത്ത് തുടങ്ങിയ വിജാതീയനഗരങ്ങളുടെ ഇന്നത്തെ സ്ഥിതി ചെന്നു നോക്കുക. അവ യെഹൂദായെക്കാളും ഇസ്രായേലിനെക്കാളും മെച്ചമായിരുന്നോ? അവരുടെ ദേശങ്ങള്‍ നിങ്ങളുടെ ദേശത്തെക്കാള്‍ വിശാലമായിരുന്നോ? അവര്‍ക്കുണ്ടായ അനര്‍ഥമൊന്നും നിങ്ങള്‍ക്കുണ്ടാകാന്‍ പോകുന്നില്ല എന്ന ഭാവത്തില്‍ നിങ്ങള്‍ അക്രമം അഴിഞ്ഞാടാന്‍ അനുവദിച്ചിരിക്കയല്ലേ? ദന്തതല്പങ്ങളില്‍ വിശ്രമിക്കുകയും കുഞ്ഞാടുകളുടെയും കാളക്കിടാക്കളുടെയും മാംസം ഭക്ഷിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്ക് ഹാ! കഷ്ടം. നിങ്ങള്‍ ദാവീദിനെപ്പോലെ സംഗീതം രചിക്കുന്നു; എങ്കിലും നിങ്ങളുടെ സംഗീതം വൃഥാലാപങ്ങള്‍ മാത്രം. ചഷകങ്ങള്‍ നിറയെ നിങ്ങള്‍ വീഞ്ഞു കുടിക്കുകയും വിശിഷ്ടതൈലം പൂശുകയും ചെയ്യുമ്പോള്‍ ഇസ്രായേലിന്‍റെ നാശത്തില്‍ നിങ്ങള്‍ക്കു ദുഃഖമില്ല. ആകയാല്‍ നിങ്ങള്‍തന്നെ ആദ്യം പ്രവാസികളാകും; നിങ്ങളുടെ സുഖജീവിതം അതോടെ നിലയ്‍ക്കും.” സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: അവിടുന്നു സ്വന്തനാമത്തില്‍ ശപഥം ചെയ്യുന്നു: “ഇസ്രായേലിന്‍റെ അഹങ്കാരം ഞാന്‍ വെറുക്കുന്നു, അവരുടെ മണിമാളികകള്‍ എന്നില്‍ അറപ്പുണ്ടാക്കുന്നു. അവരുടെ നഗരങ്ങളെ ഞാന്‍ സമൂലം ശത്രുവിനിരയാക്കും. ഒരു ഭവനത്തില്‍ പത്തു പേര്‍ ശേഷിച്ചിരുന്നാലും അവരെല്ലാം മരിക്കും. അവരുടെ ബന്ധു ശരീരങ്ങള്‍ സംസ്കരിക്കാന്‍ കൊണ്ടുപോകുമ്പോള്‍ ‘ഇനിയും ആരെങ്കിലും ഉണ്ടോ’ എന്നു വിളിച്ചു ചോദിച്ചാല്‍ ‘ഇല്ല’ എന്നു മറുപടി ലഭിക്കും. അപ്പോള്‍ അയാള്‍ പറയും: ‘കഷ്ടം! സര്‍വേശ്വരന്‍റെ നാമം ഉച്ചരിക്കാന്‍പോലും ഇനി ആരുമില്ല.” സര്‍വേശ്വരന്‍ കല്പിക്കുമ്പോള്‍ മാളികകള്‍ പൊട്ടിത്തകരും; കുടിലുകള്‍ തകര്‍ന്നുപോകും. പാറപ്പുറത്ത് കുതിര ഓടുമോ? കടലില്‍ കാള പൂട്ടാനാവുമോ? നിങ്ങളോ, നീതിയെ വിഷമാക്കി മാറ്റി; ധര്‍മത്തെ കയ്പാക്കി. ലോദേബാറും കര്‍നേമും കീഴടക്കാന്‍ കരുത്തര്‍ എന്നു നിങ്ങള്‍ അഹങ്കരിക്കുന്നു. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഇസ്രായേല്യരേ, നിങ്ങളുടെ നാടു കീഴടക്കാന്‍ ഞാന്‍ ഒരു ജനതയെ അയയ്‍ക്കും. ഹാമാത്ത് മുതല്‍ അരാബായിലെ തോടുവരെ അവര്‍ നിങ്ങളെ പീഡിപ്പിക്കും. സര്‍വശക്തനായ സര്‍വേശ്വരന്‍ എനിക്ക് ഇപ്രകാരം ഒരു ദര്‍ശനം അരുളി: “കൊട്ടാരവളപ്പിലെ പുല്ല് അരിഞ്ഞെടുത്തശേഷം വീണ്ടും അതു മുളച്ചു പൊങ്ങിയപ്പോള്‍ സര്‍വേശ്വരന്‍ വെട്ടുക്കിളിപ്പറ്റത്തെ സൃഷ്‍ടിച്ചു.” വെട്ടുക്കിളികള്‍ ദേശത്തുള്ള പച്ചത്തലപ്പെല്ലാം തിന്നു തീര്‍ത്തു. അപ്പോള്‍ ഞാന്‍ ഉണര്‍ത്തിച്ചു: “സര്‍വേശ്വരനായ ദൈവമേ, ഞാനൊന്നു ചോദിക്കട്ടെ: കേവലം നിസ്സാരരായ ഇസ്രായേല്യര്‍ എങ്ങനെ നിലനില്‌ക്കും?” അവിടുന്നു കനിഞ്ഞ് ആ ദര്‍ശനം ഫലിക്കയില്ലെന്ന് അരുളിച്ചെയ്തു. സര്‍വശക്തനായ സര്‍വേശ്വരന്‍ വീണ്ടും എനിക്ക് ഒരു ദര്‍ശനം നല്‌കി. അവിടുന്നു തന്‍റെ ജനത്തെ അഗ്നിയാല്‍ ശിക്ഷിക്കാനൊരുങ്ങുന്നു! അഗ്നി ആഴിയെ വറ്റിച്ചശേഷം ഭൂമിയെ ദഹിപ്പിക്കാന്‍ തുടങ്ങി. അപ്പോള്‍ ഞാന്‍ ഉണര്‍ത്തിച്ചു: “സര്‍വേശ്വരനായ ദൈവമേ, അരുതേ! കേവലം നിസ്സാരരായ ഇസ്രായേല്യര്‍ എങ്ങനെ നിലനില്‌ക്കും?” ഇക്കാര്യത്തിലും അവിടുന്നു കനിഞ്ഞ് അങ്ങനെ സംഭവിക്കയില്ലെന്ന് അരുളിച്ചെയ്തു. അവിടുന്നു മൂന്നാമതും എനിക്ക് ഒരു ദര്‍ശനം നല്‌കി; പണിതുകൊണ്ടിരിക്കുന്ന ഒരു മതിലിനടുത്ത് ഒരു തൂക്കുകട്ടയുമായി സര്‍വേശ്വരന്‍ നില്‌ക്കുന്നു. “ആമോസേ, നീ എന്തു കാണുന്നു?” അവിടുന്നു ചോദിച്ചു. “ഒരു തൂക്കുകട്ട” ഞാന്‍ മറുപടി നല്‌കി. സര്‍വേശ്വരന്‍ വീണ്ടും അരുളിച്ചെയ്തു: “എന്‍റെ ജനമായ ഇസ്രായേലിനെ ഞാന്‍ തൂക്കുകട്ട പിടിച്ചു പരിശോധിച്ചു. അവര്‍ കോട്ടമുള്ള മതില്‍പോലെ കാണപ്പെടുന്നു. ഇനിയും ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല. യെരോബയാംരാജവംശത്തിനെതിരെ ഞാന്‍ വാളുയര്‍ത്തും. ഇസ്രായേല്യരുടെ പൂജാഗിരികള്‍ നശിച്ചുപോകും. അവരുടെ ആരാധനാമന്ദിരങ്ങള്‍ ശൂന്യമാകും. ബെഥേലിലെ പുരോഹിതനായ അമസ്യാ ഇസ്രായേല്‍രാജാവായ യെരോബയാമിന്‍റെ അടുക്കല്‍ ആളയച്ചു പറഞ്ഞു: “ആമോസ് അങ്ങേക്കെതിരെ ഗൂഢാലോചന നടത്തുന്നു. അയാളുടെ രാജദ്രോഹപരമായ വാക്കുകള്‍ ഇങ്ങനെയാണ്: “യെരോബയാം യുദ്ധത്തില്‍ മരിക്കും; ഇസ്രായേല്യര്‍ പ്രവാസികളായി പോകും.” ആമോസിനോട് അമസ്യാ പറഞ്ഞു: “ഹേ, ദര്‍ശകാ, യെഹൂദ്യയിലേക്കു മടങ്ങിച്ചെന്നു പ്രവചിച്ചുകൊള്ളുക, അതിനു കിട്ടുന്ന കൂലിവാങ്ങി ജീവിച്ചുകൊള്ളുക. ബെഥേലില്‍ ഇനിയും പ്രവചിക്കേണ്ടാ. മുഖ്യ ആരാധനാസ്ഥലമിരിക്കുന്ന ഈ രാജധാനിയില്‍ ഇനി കണ്ടുപോകരുത്!” ആമോസ് മറുപടി പറഞ്ഞു: “ഞാന്‍ പ്രവാചകനല്ല; പ്രവാചകഗണത്തില്‍ പെട്ടവനുമല്ല; അത്തിപ്പഴം പെറുക്കി നടന്ന വെറും ഒരു ആട്ടിടയന്‍. ആ ജോലിയില്‍നിന്നു സര്‍വേശ്വരന്‍ എന്നെ വിളിച്ചു വേര്‍തിരിച്ച്, തന്‍റെ ജനമായ ഇസ്രായേലിനോടു പ്രവചിക്കാന്‍ കല്പിച്ചു. സര്‍വേശ്വരന്‍റെ വാക്കുകള്‍ കേള്‍ക്കൂ, ഇസ്രായേലിനെതിരെ പ്രവചിക്കരുതെന്നല്ലേ നിങ്ങള്‍ പറയുന്നത്. എന്നാല്‍ അവിടുന്ന് ഇങ്ങനെ അരുളിച്ചെയ്യുന്നു: നിന്‍റെ ഭാര്യ നഗരത്തില്‍ വേശ്യയാകും. പുത്രീപുത്രന്മാര്‍ കൊല്ലപ്പെടും; നിന്‍റെ നിലം അന്യര്‍ പകുത്തെടുക്കും. നിന്‍റെ അന്ത്യം പരദേശത്തു വച്ചായിരിക്കും.” ഇസ്രായേല്‍ജനം തീര്‍ച്ചയായും പ്രവാസികളാകും. സര്‍വേശ്വരനായ ദൈവം എനിക്കു മറ്റൊരു ദര്‍ശനം നല്‌കി. ഇതാ, ഒരു കൂട പഴം. “നീ എന്തു കാണുന്നു?” സര്‍വേശ്വരന്‍ ചോദിച്ചു. “ഒരു കൂട പഴം” എന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ അവിടുന്ന് അരുളിച്ചെയ്തു. “എന്‍റെ ജനമായ ഇസ്രായേല്‍ പഴുത്തു നശിക്കാറായി; ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല.” അന്നു കൊട്ടാരത്തിലെ സംഗീതം മുറവിളിയായി മാറും. ശവശരീരങ്ങള്‍കൊണ്ടു രാജ്യം നിറയും. എങ്ങും ശ്മശാനമൂകത. [4-6] ഇതു സര്‍വേശ്വരന്‍റെ വചനം! സാധുക്കളെ ചവുട്ടിമെതിച്ചു നശിപ്പിക്കുന്നവരേ, കേള്‍ക്കൂ: അമാവാസി കഴിഞ്ഞിരുന്നെങ്കില്‍ ധാന്യവും ശബത്തു കഴിഞ്ഞിരുന്നെങ്കില്‍ കോതമ്പും വില്‍ക്കാമായിരുന്നു എന്നല്ലേ നിങ്ങള്‍ പറയാറുള്ളത്? അളവിലും തൂക്കത്തിലും മനുഷ്യരെ കബളിപ്പിക്കാനല്ലേ നിങ്ങള്‍ വെമ്പല്‍കൊള്ളുന്നത്? കടം വീട്ടാന്‍ നിവൃത്തിയില്ലാത്ത ദരിദ്രനെ ഒരു ജോഡി ചെരുപ്പിന്‍റെ വിലപോലും മതിക്കാതെ അടിമയായി വാങ്ങാനും കോതമ്പില്‍ പതിരു ചേര്‍ത്തു വില്‍ക്കാനുമല്ലേ നിങ്ങളുടെ മോഹം.” *** *** നിങ്ങളുടെ ഗര്‍വം നിമിത്തം ദൈവമായ സര്‍വേശ്വരന്‍ ശപഥം ചെയ്തിരിക്കുന്നു: “അവരുടെ പ്രവൃത്തികള്‍ നിമിത്തം ഞാന്‍ അവരെ തീര്‍ച്ചയായും ശിക്ഷിക്കും. അപ്പോള്‍ ഭൂമി പ്രകമ്പനംകൊള്ളും. ഭൂവാസികള്‍ വിലപിക്കും, നൈല്‍നദിപോലെ അവര്‍ പൊങ്ങുകയും താഴുകയും ചെയ്യും.” സര്‍വേശ്വരനായ ദൈവം അരുളിച്ചെയ്യുന്നു: “അന്നു സൂര്യന്‍ നട്ടുച്ചയ്‍ക്ക് അസ്തമിക്കും; പട്ടാപ്പകല്‍ ഞാന്‍ ഭൂമിയില്‍ ഇരുട്ടു വരുത്തും. നിങ്ങളുടെ ഉത്സവങ്ങള്‍ വിലാപമായിത്തീരും. തല മുണ്ഡനം ചെയ്തു ചാക്കു തുണിയുടുത്തു നിങ്ങള്‍ വിലപിക്കും. നിങ്ങള്‍ വിലാപഗാനങ്ങള്‍ മാത്രം ആലപിക്കും. ഏക പുത്രന്‍റെ മരണത്തില്‍ വിലപിക്കുന്നവനെപ്പോലെതന്നെ. നിങ്ങള്‍ക്കു ലഭിക്കുന്ന ശിക്ഷ അതികഠിനമായിരിക്കും. സര്‍വേശ്വരനായ ദൈവം അരുളിച്ചെയ്യുന്നു: “ദേശത്തു ഞാന്‍ ക്ഷാമം വരുത്തും, ഭക്ഷണപാനീയങ്ങളുടെ ക്ഷാമമല്ല, ദൈവവചനത്തിന്‍റെ ക്ഷാമംതന്നെ! ദൈവവചനം തേടി അങ്ങോളമിങ്ങോളം ജനം വൃഥാ അലയും. അന്നു സുന്ദരികളായ കന്യകമാരും യുവാക്കളും ദാഹംകൊണ്ടു ബോധംകെട്ടു വീഴും. ദാനിലും ബേര്‍-ശേബയിലുമുള്ള ദേവന്മാരെ ആരാധിക്കുന്നവര്‍ വീണൊടുങ്ങും. യാഗപീഠത്തിനരികെ സര്‍വേശ്വരന്‍ നില്‌ക്കുന്നതു ഞാന്‍ കണ്ടു. അവിടുന്നു കല്പിച്ചു: “സ്തംഭങ്ങളുടെ ഉച്ചിയില്‍ ആഞ്ഞടിക്കുക; അവ ആസകലം ഇളകട്ടെ. അവ തകര്‍ന്ന് ആരാധകരുടെമേല്‍ വീഴട്ടെ. അവരില്‍ ശേഷിക്കുന്നവരെ ഞാന്‍ വാളിനിരയാക്കും. ആരും ഓടി രക്ഷപെടുകയില്ല. അവര്‍ പാതാളത്തിലേക്കു തുരന്നിറങ്ങിയാലും ഞാന്‍ അവരെ തിരികെ കൊണ്ടുവരും; ആകാശത്തിലേക്കു കയറിയാലും ഞാന്‍ അവരെ താഴെ ഇറക്കും. കര്‍മ്മേല്‍ഗിരിയില്‍ ഒളിച്ചിരുന്നാലും ഞാന്‍ അവരെ തേടിപ്പിടിക്കും. ആഴിയുടെ അടിത്തട്ടില്‍ അവര്‍ ഒളിച്ചിരുന്നാലും സര്‍പ്പത്തെ അയച്ചു ഞാന്‍ അവരെ കടിപ്പിക്കും. പ്രവാസികളായി പരദേശത്തു പോയാലും ഞാന്‍ അവരെ ശത്രുക്കളുടെ വാളിനിരയാക്കും. നന്മയ്‍ക്കു പകരം അവര്‍ക്കു ഞാന്‍ നാശം വരുത്തും. സര്‍വേശ്വരന്‍, സര്‍വശക്തനായ ദൈവം ഭൂമിയെ ഉരുക്കും. അപ്പോള്‍ ഭൂവാസികള്‍ വിലപിക്കും. എന്‍റെ സ്പര്‍ശനത്താല്‍ നൈല്‍നദിപോലെ അവര്‍ പൊങ്ങുകയോ താഴുകയോ ചെയ്യും. അവിടുന്നു മേഘങ്ങളെക്കൊണ്ടു ഹര്‍മ്യങ്ങള്‍ നിര്‍മിക്കുകയും കടല്‍ജലത്തെ വിളിച്ചു വരുത്തി മഴ പെയ്യിക്കുകയും ചെയ്യുന്നു. സര്‍വേശ്വരന്‍ എന്നാണ് അവിടുത്തെ നാമം. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ജനമേ, നിങ്ങള്‍ എനിക്ക് എത്യോപ്യരെപ്പോലെ തന്നെ. നിങ്ങളെ ഈജിപ്തില്‍നിന്നും ഫെലിസ്ത്യരെ ക്രീറ്റില്‍നിന്നും സിറിയാക്കാരെ കീറില്‍നിന്നും കൊണ്ടുവന്നതു ഞാന്‍ തന്നെയല്ലേ? എന്‍റെ ദൃഷ്‍ടി പാപംകൊണ്ടു ദുഷിച്ച ഇസ്രായേല്യരുടെമേല്‍ പതിച്ചിരിക്കുന്നു. ഭൂതലത്തില്‍നിന്നു ഞാന്‍ അവരെ നീക്കിക്കളയും; പക്ഷേ, പൂര്‍ണനാശം വരുത്തുകയില്ല. ഇതു സര്‍വേശ്വരന്‍റെ വചനം. ഞാന്‍ കല്പന നല്‌കും; അരിപ്പയില്‍ അരിക്കുന്നതുപോലെ ഇസ്രായേല്യരെ മറ്റു ജനതകളെക്കൊണ്ട് അരിപ്പിക്കും. അവരില്‍ അധമരായവരൊക്കെ നീക്കപ്പെടും. തങ്ങള്‍ക്ക് അനര്‍ഥമുണ്ടാകയില്ലെന്നു വീമ്പടിക്കുന്ന എന്‍റെ ജനത്തിലെ അധര്‍മികള്‍ ആസകലം വാളിനിരയാകും. [11,12] “വീണുപോയ ദാവീദുഗൃഹത്തെ ഞാന്‍ പുനരുദ്ധരിക്കും; അതിന്‍റെ കേടുപാടുകള്‍ പോക്കി പൂര്‍വസ്ഥിതിയിലാക്കും. അപ്പോള്‍ അവര്‍ എദോമിലെയും ചുറ്റുമുള്ള ജനതകളെയും കീഴടക്കി എന്‍റെ ജനത്തിന്‍റെ അതിര്‍ത്തി വിസ്തീര്‍ണമാക്കും. ഇതെല്ലാം ഞാനാണു ചെയ്യുന്നതെന്നു സര്‍വേശ്വരന്‍റെ അരുളപ്പാട്. *** ആ നാളുകള്‍ ഇതാ, അടുത്തു വരുന്നു. കൊയ്തു തീര്‍ക്കാന്‍ കഴിയാത്തവിധം ധാന്യവും വീഞ്ഞാക്കാന്‍ കഴിയാത്തവിധം മുന്തിരിയും വിളയുന്ന കാലം വരുന്നു; അന്നു മലഞ്ചരിവുകളിലൂടെ വീഞ്ഞു ചാലുകളായി ഒഴുകും. അങ്ങനെ എന്‍റെ ജനമായ ഇസ്രായേലിന്‍റെ ഐശ്വര്യം ഞാന്‍ വീണ്ടെടുക്കും. അവര്‍ തകര്‍ന്ന പട്ടണങ്ങള്‍ പുതുക്കിപ്പണിത് അവിടെ പാര്‍ക്കും. മുന്തിരിത്തോട്ടങ്ങള്‍ നട്ടുണ്ടാക്കി വീഞ്ഞു കുടിക്കും. തോട്ടങ്ങള്‍ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. ഞാന്‍ അവര്‍ക്കു നല്‌കിയ ദേശത്തു വാസമുറപ്പിച്ചശേഷം ആരും അവരെ നിഷ്കാസനം ചെയ്യുകയില്ല. ഇതു നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ വചനം. ഓബദ്യായുടെ ദര്‍ശനം: എദോമിനെക്കുറിച്ച് കര്‍ത്താവായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ജനതകളുടെ ഇടയിലേക്കു സര്‍വേശ്വരന്‍ ഒരു ദൂതനെ അയച്ചിരിക്കുന്നു; അവിടുത്തെ സന്ദേശം ഞങ്ങള്‍ കേട്ടിരിക്കുന്നു. എഴുന്നേല്‌ക്കുവിന്‍, എദോമിനോടു യുദ്ധം ചെയ്യാന്‍ പുറപ്പെടുവിന്‍. സര്‍വേശ്വരന്‍ എദോമിനോട് അരുളിച്ചെയ്യുന്നു: നോക്കൂ, ജനതകളുടെ ഇടയില്‍ ഞാന്‍ നിന്നെ ദുര്‍ബലയാക്കും. നീ എല്ലാവരാലും വെറുക്കപ്പെടും. പാറയുടെ വിള്ളലുകളില്‍ വസിക്കുന്നവളും ഉന്നതസ്ഥലത്തു പാര്‍ക്കുന്നവളും എന്നെ ആരു നിലത്തു തള്ളിയിടുമെന്നു പറയുന്നവളുമായ നിന്നെ, നിന്‍റെ അഹങ്കാരം ചതിച്ചിരിക്കുന്നു. നീ കഴുകനെപ്പോലെ പറന്നുയര്‍ന്നാലും നക്ഷത്രങ്ങളുടെ ഇടയില്‍ കൂടുവച്ചാലും അവിടെനിന്നു ഞാന്‍ നിന്നെ താഴെയിറക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. തസ്കരന്മാരോ കൊള്ളക്കാരോ രാത്രിയില്‍ വന്നാല്‍ അവര്‍ക്കു വേണ്ടിടത്തോളമല്ലേ മോഷ്‍ടിക്കൂ? മുന്തിരിപ്പഴം പറിക്കുന്നവര്‍ കാലാ പെറുക്കുവാനുള്ളതു ശേഷിപ്പിക്കാതിരിക്കുമോ? എന്നാല്‍ നീ നിശ്ശേഷം നശിച്ചുപോയല്ലോ! ഏശാവിന്‍റെ വംശജരേ, നിങ്ങളുടെ നിക്ഷേപങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. നിന്‍റെ സകല മിത്രങ്ങളും നിന്നെ വഞ്ചിച്ചു. അതിര്‍ത്തിപ്രദേശംവരെ നിന്നെ ഓടിച്ചുകളഞ്ഞു. നിന്നോടു സഖ്യം ചെയ്തവര്‍ നിന്നെ തോല്പിച്ചിരിക്കുന്നു. നിന്‍റെ വിശ്വസ്തമിത്രങ്ങള്‍ നിനക്കു കെണിയൊരുക്കി; അവരുടെ സാമര്‍ഥ്യം എവിടെപ്പോയി എന്ന് അവര്‍ നിങ്ങളെപ്പറ്റി പറയുന്നു. അന്നു ഞാന്‍ എദോമില്‍നിന്നു ജ്ഞാനികളെയും ഏശാവിന്‍റെ മലയില്‍നിന്നു വിവേകികളെയും നശിപ്പിച്ചുകളയുമെന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. അതിനാല്‍ തേമാനേ, നിന്‍റെ വീരപുരുഷന്മാര്‍ സംഭ്രമിച്ചുപോകും. എദോമിലുള്ള സകല ആളുകളും കൂട്ടക്കൊല ചെയ്യപ്പെടും. നിന്‍റെ സഹോദരരായ യാക്കോബുവംശജരോടു നീ ചെയ്ത അക്രമം നിമിത്തം ലജ്ജ നിന്നെ മൂടും; നീ എന്നേക്കുമായി ഛേദിക്കപ്പെടും. അന്നു ശത്രുക്കള്‍ അവരുടെ ഗോപുരങ്ങള്‍ ഭേദിച്ച് അകത്തു കടന്നപ്പോള്‍ നീ മാറി നില്‌ക്കുകയായിരുന്നു. അന്ന് അന്യദേശക്കാര്‍ യെരൂശലേമിന്‍റെ സമ്പത്ത് അപഹരിച്ചപ്പോള്‍ നീയും അവരില്‍ ഒരാളെപ്പോലെ ആയിരുന്നു. യെഹൂദായിലെ നിന്‍റെ സഹോദരന്മാരുടെ ദൗര്‍ഭാഗ്യനാളില്‍ നീ ഗര്‍വുപൂണ്ട് ആഹ്ലാദിച്ചുകൂടായിരുന്നു. അവരുടെ അനര്‍ഥദിവസത്തെയോര്‍ത്തു നീ സന്തോഷിക്കരുതായിരുന്നു. അവരുടെ സങ്കടനാളില്‍ അവരെ പരിഹസിക്കരുതായിരുന്നു. എന്‍റെ ജനത്തിന്‍റെ അനര്‍ഥദിവസത്തില്‍ അവരുടെ കവാടത്തിനുള്ളില്‍ നീ പ്രവേശിക്കരുതായിരുന്നു. അവരുടെ കഷ്ടകാലത്ത് അവരുടെ വിപത്തുകണ്ട് നീ രസിക്കരുതായിരുന്നു. അവരുടെ ആപത്തുകാലത്ത് അവരുടെ വസ്തുവകകള്‍ കൊള്ള ചെയ്യരുതായിരുന്നു. ഓടിപ്പോകുന്നവരെ വധിക്കാന്‍ വഴിക്കവലയില്‍ നീ നില്‌ക്കരുതായിരുന്നു. ദുരിതദിവസത്തില്‍ അവരില്‍ ശേഷിച്ചവരെ നീ ശത്രുക്കള്‍ക്ക് ഏല്പിച്ചുകൊടുക്കരുതായിരുന്നു. എല്ലാ ജനതകളുടെയുംമേല്‍ സര്‍വേശ്വരന്‍റെ ദിവസം ഉടനെ വരും. എദോമേ, നീ പ്രവര്‍ത്തിച്ചതുപോലെ തന്നെ നിന്നോടും പ്രവര്‍ത്തിക്കും. നിന്‍റെ പ്രവൃത്തികള്‍ നിന്‍റെ തലയില്‍തന്നെ നിപതിക്കും. എന്‍റെ വിശുദ്ധപര്‍വതത്തില്‍വച്ച് എന്‍റെ ജനം കുടിച്ചതുപോലെ ചുറ്റുമുള്ള സകല ജനതകളും ശിക്ഷയുടെ പാനപാത്രം കുടിക്കും. അവര്‍ കുടിച്ചു വേച്ചുപോകും. ജനിച്ചിട്ടേ ഇല്ല എന്നു തോന്നുംവിധം അവര്‍ അപ്രത്യക്ഷരാകും. എന്നാല്‍ സീയോന്‍പര്‍വതത്തില്‍ രക്ഷപെട്ടവര്‍ ഉണ്ടായിരിക്കും. അവിടം വിശുദ്ധമായിരിക്കും. യാക്കോബിന്‍റെ വംശജര്‍ തങ്ങളുടെ അവകാശഭൂമി കൈവശമാക്കും. അന്ന് യാക്കോബിന്‍റെയും യോസേഫിന്‍റെയും ഭവനങ്ങള്‍ അഗ്നി ആയിരിക്കും. അവര്‍ ഏശാവിന്‍റെ ഭവനത്തെ അഗ്നി വയ്‍ക്കോലിനെ എന്നപോലെ ദഹിപ്പിക്കും. ഏശാവിന്‍റെ ഗൃഹത്തില്‍ ആരും ശേഷിക്കുകയില്ല. ഇത് സര്‍വേശ്വരന്‍റെ വചനം. നെഗബിലുള്ളവര്‍ ഏശാവിന്‍റെ മലയും താഴ്വരയിലുള്ളവര്‍ ഫെലിസ്ത്യദേശവും കൈവശപ്പെടുത്തും. ഇസ്രായേല്‍ജനം എഫ്രയീംപ്രദേശവും ശമര്യാപ്രദേശവും കൈവശമാക്കും. ബെന്യാമീന്‍ഗോത്രക്കാര്‍ ഗിലെയാദു സ്വന്തമാക്കും. ഉത്തര ഇസ്രായേലില്‍നിന്നു പ്രവാസികളായിപ്പോയ സൈന്യം തിരിച്ചുവന്നു ഫിനിഷ്യമുതല്‍ വടക്കോട്ട് സാരെഫാത്ത് വരെയുള്ള പ്രദേശങ്ങള്‍ പിടിച്ചടക്കും; സെഫാരെദിലുള്ള യെരൂശലേംപ്രവാസികള്‍ നെഗബിലെ പട്ടണങ്ങള്‍ കൈവശമാക്കും. ഏശാവിന്‍റെ പര്‍വതത്തെ ഭരിക്കാന്‍ യെരൂശലേമിലെ വീരന്മാര്‍ സീയോന്‍പര്‍വതത്തിലേക്കു കയറിച്ചെല്ലും. സര്‍വേശ്വരന്‍ എന്നും രാജാവായിരിക്കും. അമിത്ഥായുടെ പുത്രന്‍ യോനായ്‍ക്ക് ദൈവത്തിന്‍റെ അരുളപ്പാടുണ്ടായി: “നീ മഹാനഗരമായ നിനെവേയില്‍ ചെന്ന് അതിനെതിരെ പ്രസംഗിക്കുക. അവരുടെ ദുഷ്ടത എന്‍റെ സന്നിധിയില്‍ എത്തിയിരിക്കുന്നു.” എന്നാല്‍ യോനാ സര്‍വേശ്വരന്‍റെ സന്നിധിയില്‍നിന്ന് തര്‍ശ്ശീശിലേക്ക് ഓടിപ്പോകാന്‍ ഒരുങ്ങി. അയാള്‍ യോപ്പയില്‍ എത്തി; അവിടെ തര്‍ശ്ശീശിലേക്കു പോകുന്ന ഒരു കപ്പല്‍ കണ്ട് യാത്രക്കൂലി കൊടുത്ത് കയറി. അങ്ങനെ സര്‍വേശ്വരന്‍റെ സന്നിധിയില്‍നിന്നു സഹയാത്രികരോടൊത്ത് തര്‍ശ്ശീശിലേക്കു പുറപ്പെട്ടു. എന്നാല്‍ സര്‍വേശ്വരന്‍ കടലില്‍ ഒരു കൊടുങ്കാറ്റ് അടിപ്പിച്ചു. കടല്‍ ക്ഷോഭിച്ചു; കപ്പല്‍ തകര്‍ന്നുപോകുമെന്ന നിലയായി. കപ്പലില്‍ ഉള്ളവര്‍ പരിഭ്രാന്തരായി, ഓരോരുത്തരും താന്താങ്ങളുടെ ദൈവത്തെ വിളിച്ചു പ്രാര്‍ഥിച്ചു. കേവുഭാരം കുറയ്‍ക്കാന്‍ കപ്പല്‍ക്കാര്‍ ചരക്കുകള്‍ കടലിലെറിഞ്ഞു. എന്നാല്‍ യോനാ ഈ സമയത്ത് കപ്പലിന്‍റെ അടിത്തട്ടില്‍ സുഖമായി ഉറങ്ങുകയായിരുന്നു. കപ്പിത്താന്‍ അടുത്തുചെന്ന് യോനായെ ഉണര്‍ത്തി ചോദിച്ചു: “ഇതെന്ത്! ഈ സമയത്ത് കിടന്നുറങ്ങുകയോ? എഴുന്നേറ്റു നിങ്ങളുടെ ദൈവത്തെ വിളിച്ചു പ്രാര്‍ഥിക്കൂ. ഒരുവേള ദൈവം കനിവു തോന്നി നമ്മെ രക്ഷിച്ചാലോ.” പിന്നീട് കപ്പലിലുണ്ടായിരുന്നവര്‍ പരസ്പരം പറഞ്ഞു: “വരൂ, ആരു നിമിത്തമാണ് ഈ അനര്‍ഥം നമുക്ക് ഉണ്ടായിരിക്കുന്നതെന്ന് അറിയാന്‍ നറുക്കിട്ടു നോക്കാം.” അങ്ങനെ അവര്‍ നറുക്കിട്ടു. നറുക്കു യോനായ്‍ക്കാണു വീണത്. അവര്‍ യോനായോടു ചോദിച്ചു: “ആരു നിമിത്തമാണ് ഈ അനര്‍ഥം ഉണ്ടായതെന്നു താങ്കള്‍തന്നെ പറയുക; താങ്കളുടെ തൊഴിലെന്ത്? എവിടെനിന്നു വരുന്നു? ഏതു രാജ്യക്കാരന്‍? ഏതു ജനതയില്‍പ്പെടുന്നു?” യോനാ മറുപടി പറഞ്ഞു: “ഞാന്‍ ഒരു എബ്രായനാണ്. കടലും കരയും സൃഷ്‍ടിച്ച സ്വര്‍ഗസ്ഥനായ സര്‍വേശ്വരനെ ഞാന്‍ ആരാധിക്കുന്നു.” ദൈവകല്പന ധിക്കരിച്ച് തിരുസന്നിധിയില്‍നിന്നു താന്‍ ഓടിപ്പോകുകയാണെന്നു യോനാ അവരോടു പറഞ്ഞു. അതു കേട്ട് അവര്‍ അത്യന്തം ഭയപ്പെട്ടു. അവര്‍ ചോദിച്ചു: “താങ്കള്‍ ഇങ്ങനെ ചെയ്തതെന്തിന്? താങ്കളോട് എന്തു ചെയ്താല്‍ കടല്‍ ശാന്തമാകും? കടല്‍ക്ഷോഭം അടിക്കടി വര്‍ധിച്ചുകൊണ്ടിരുന്നു. യോനാ മറുപടി പറഞ്ഞു: “എന്നെ കടലില്‍ എറിഞ്ഞുകളഞ്ഞാല്‍ അതു ശാന്തമാകും. ഞാന്‍ നിമിത്തമാണ് ഈ കടല്‍ക്ഷോഭം നിങ്ങള്‍ നേരിടുന്നതെന്ന് എനിക്കറിയാം.” യോനാ ഇങ്ങനെ പറഞ്ഞെങ്കിലും കപ്പല്‍ കരയ്‍ക്കടുപ്പിക്കാന്‍ നാവികര്‍ ആഞ്ഞു തണ്ടുവലിച്ചു. പക്ഷേ കടല്‍ വല്ലാതെ ക്ഷോഭിച്ചിരുന്നതിനാല്‍ അവര്‍ക്ക് അതിനു കഴിഞ്ഞില്ല. എല്ലാവരും സര്‍വേശ്വരനോടു നിലവിളിച്ചു പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, ഈ മനുഷ്യന്‍റെ ജീവന്‍ നിമിത്തം ഞങ്ങള്‍ നശിച്ചുപോകാന്‍ ഇടയാകരുതേ; നിര്‍ദോഷരക്തത്തിന്‍റെ അപരാധം ഞങ്ങളുടെമേല്‍ വരരുതേ; അവിടുന്ന് ഇച്ഛിച്ചത് അങ്ങു ചെയ്തിരിക്കുന്നു.” പിന്നീട് അവര്‍ യോനായെ എടുത്ത് കടലില്‍ എറിഞ്ഞു. ഉടനെ കടല്‍ ശാന്തമായി, അതുകണ്ട് അവര്‍ സര്‍വേശ്വരനെ അത്യന്തം ഭയപ്പെട്ടു. അവിടുത്തേക്ക് ഒരു യാഗം കഴിക്കുകയും നേര്‍ച്ചകള്‍ നേരുകയും ചെയ്തു. യോനായെ വിഴുങ്ങാന്‍ ഒരു വലിയ മത്സ്യത്തെ സര്‍വേശ്വരന്‍ നിയോഗിച്ചിരുന്നു. യോനാ ആ മത്സ്യത്തിന്‍റെ വയറ്റില്‍ മൂന്നുരാവും മൂന്നുപകലും കഴിഞ്ഞു. മത്സ്യത്തിന്‍റെ വയറ്റില്‍ കിടന്നുകൊണ്ട് യോനാ തന്‍റെ ദൈവമായ സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു: “അതിദുഃഖത്തോടെ ഞാന്‍ സര്‍വേശ്വരനോടു നിലവിളിച്ചു; അവിടുന്ന് എനിക്ക് ഉത്തരമരുളി. പാതാളഗര്‍ത്തത്തില്‍നിന്നു ഞാന്‍ കരഞ്ഞപേക്ഷിച്ചു; അവിടുന്ന് എന്‍റെ ശബ്ദം കേട്ടു. അവിടുന്ന് എന്നെ കടലിന്‍റെ ആഴത്തിലേക്കെറിഞ്ഞു; സമുദ്രത്തിന്‍റെ അന്തര്‍ഭാഗത്തേക്കുതന്നെ; പ്രവാഹങ്ങള്‍ എന്നെ ചുറ്റി; ഓളങ്ങളും തിരമാലകളും അവിടുന്ന് എന്‍റെ മീതെ അയച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു: “സര്‍വേശ്വരന്‍ എന്നെ പുറന്തള്ളിയിരിക്കുന്നു. ഇനി ഞാന്‍ അവിടുത്തെ വിശുദ്ധമന്ദിരത്തിലേക്ക് എങ്ങനെ നോക്കും? വെള്ളം എന്നെ ഞെരുക്കി; ആഴി എന്നെ പൂര്‍ണമായി ഗ്രസിച്ചു; പര്‍വതങ്ങള്‍ വേരുറപ്പിച്ച ആഴത്തില്‍ ഞാന്‍ താണു; കടല്‍ക്കള എന്നെ പൊതിഞ്ഞു. അഗാധതയിലേക്ക് ഞാന്‍ ഇറങ്ങിച്ചെന്നു; ഭൂമി ഓടാമ്പലിട്ട് എന്നെ അടച്ചുപൂട്ടി. എന്‍റെ ദൈവമായ സര്‍വേശ്വരാ, അങ്ങെന്‍റെ ജീവനെ പാതാളത്തില്‍നിന്നു കരകയറ്റി, എന്‍റെ ആത്മാവ് തളര്‍ന്നപ്പോള്‍ ഞാന്‍ സര്‍വേശ്വരനെ ഓര്‍ത്തു. എന്‍റെ പ്രാര്‍ഥന തിരുസന്നിധിയില്‍ എത്തി. മിഥ്യാവിഗ്രഹങ്ങളെ ഭജിക്കുന്നവര്‍ ദൈവഭക്തി ത്യജിക്കുന്നു; ഞാനോ സ്തോത്രഗാനത്തോടെ അങ്ങേക്ക് യാഗം അര്‍പ്പിക്കും. ഞാന്‍ എന്‍റെ നേര്‍ച്ചകള്‍ നിറവേറ്റും; എന്നാല്‍ രക്ഷയുടെ ഉറവിടം അവിടുന്നു തന്നെ.” സര്‍വേശ്വരന്‍ മത്സ്യത്തോടു കല്പിച്ചു: അതു യോനായെ കരയിലേക്കു ഛര്‍ദിച്ചു. സര്‍വേശ്വരന്‍ വീണ്ടും യോനായോട് അരുളിച്ചെയ്തു: “നീ മഹാനഗരമായ നിനെവേയിലേക്കു ചെന്ന് ഞാന്‍ തരുന്ന സന്ദേശം വിളിച്ചറിയിക്കുക.” അങ്ങനെ ദൈവകല്പന അനുസരിച്ച് യോനാ നിനെവേയിലേക്കു പോയി. ഒരറ്റത്തു നിന്നു മറ്റേ അറ്റത്ത് എത്താന്‍ മൂന്നുദിവസം നടക്കേണ്ടത്ര വലിയ നഗരമാണ് നിനെവേ. യോനാ നഗരത്തിലെത്തി ഒരു ദിവസത്തെ വഴി നടന്നു, പിന്നീട് ഇങ്ങനെ വിളിച്ചുപറഞ്ഞു: “നാല്പതു ദിവസം കഴിയുമ്പോള്‍ നിനെവേയ്‍ക്ക് ഉന്മൂലനാശം സംഭവിക്കും.” നിനെവേക്കാര്‍ ദൈവത്തില്‍ വിശ്വസിച്ചു. അവര്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവര്‍തൊട്ടു ചെറിയവര്‍വരെ എല്ലാവരും അനുതാപസൂചകമായി ചാക്കുതുണി ഉടുത്തു. ഈ വാര്‍ത്ത നിനെവേയിലെ രാജാവു കേട്ടു. അദ്ദേഹവും വിനയപൂര്‍വം അനുതപിച്ച് ചാക്കുടുത്തു, ചാരത്തിലിരുന്നു. തുടര്‍ന്ന് നിനെവേയില്‍ ഈ വിളംബരം പ്രസിദ്ധപ്പെടുത്തി: “നിനെവേയിലെ രാജാവും പ്രഭുക്കന്മാരും കല്പിക്കുന്നു: മനുഷ്യനാകട്ടെ കന്നുകാലികളാകട്ടെ യാതൊന്നും ഭക്ഷിക്കരുത്. യാതൊരു ജീവിയും തിന്നുകയോ കുടിക്കുകയോ ചെയ്യരുത്. മനുഷ്യരും മൃഗങ്ങളും എല്ലാം ചാക്കുടുത്ത് ഉച്ചത്തില്‍ ദൈവത്തെ വിളിച്ചു പ്രാര്‍ഥിക്കണം; എല്ലാവരും ദുര്‍മാര്‍ഗങ്ങളില്‍നിന്നും അധര്‍മങ്ങളില്‍നിന്നും പിന്തിരിയട്ടെ.” ദൈവം തന്‍റെ മനസ്സുമാറ്റി ക്രോധമടക്കുകയും നാം നശിച്ചുപോകാതെ രക്ഷപെടുകയും ചെയ്യുകയില്ലെന്ന് ആരു കണ്ടു? ദൈവം അവരുടെ ഈ പ്രവൃത്തികളും ദുര്‍വൃത്തികളില്‍നിന്നുള്ള പിന്മാറ്റവും കണ്ടു. അതുകൊണ്ട് മനസ്സുമാറ്റി; അവരുടെമേല്‍ വരുത്താന്‍ നിശ്ചയിച്ച അനര്‍ഥങ്ങള്‍ അയച്ചില്ല. ഇത് യോനായ്‍ക്കു തീരെ രസിച്ചില്ല. അദ്ദേഹം രോഷാകുലനായി. യോനാ സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു: “എന്‍റെ ദേശത്തുവച്ചു ഞാന്‍ പറഞ്ഞത് ഇതുതന്നെയല്ലേ? അതുകൊണ്ടാണു ഞാന്‍ തര്‍ശ്ശീശിലേക്കു ബദ്ധപ്പെട്ട് ഓടിപ്പോയത്. അവിടുന്ന് അനുകമ്പയുള്ളവനും കാരുണ്യവാനും ക്ഷമിക്കുന്നവനും ശാശ്വതസ്നേഹനിധിയും ശിക്ഷിക്കാതെ മനസ്സലിവു കാട്ടുന്ന ദൈവവുമാണെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് സര്‍വേശ്വരാ, ഇപ്പോള്‍ എന്‍റെ ജീവനെ അങ്ങ് എടുത്തുകൊണ്ടാലും; എനിക്ക് ജീവിക്കേണ്ടാ, മരിക്കുന്നതാണ് എനിക്കു നല്ലത്.” അവിടുന്നു യോനായോടു ചോദിച്ചു: “നിന്‍റെ ഈ കോപം ഉചിതമോ?” അനന്തരം യോനാ നിനെവേ വിട്ടുപോയി. നഗരത്തിന്‍റെ കിഴക്കുവശത്ത് ഒരു കുടില്‍ കെട്ടി, നഗരത്തിന് എന്തു ഭവിക്കും എന്നു കാണാന്‍ അതില്‍ പാര്‍ത്തു. സര്‍വേശ്വരന്‍ അവിടെ ഒരു ചെടി മുളപ്പിച്ചു. അതു വളര്‍ന്ന് തണല്‍ നല്‌കിയപ്പോള്‍ യോനായ്‍ക്ക് ആശ്വാസമായി. യോനാ വളരെ സന്തോഷിച്ചു. എന്നാല്‍ പിറ്റേന്നു പുലര്‍ച്ചെ ദൈവം നിയോഗിച്ച ഒരു പുഴു ചെടിയെ നശിപ്പിച്ചു. അതു വാടിപ്പോയി. വെയിലായപ്പോള്‍ ദൈവം അത്യുഷ്ണമുള്ള ഒരു കിഴക്കന്‍ കാറ്റ് അടിപ്പിച്ചു. ഉച്ചവെയില്‍ യോനായുടെ തലയില്‍ തട്ടി; തന്നിമിത്തം അദ്ദേഹം വാടിത്തളര്‍ന്നു. മരിച്ചാല്‍മതിയെന്നു യോനാ ഇച്ഛിച്ചു. “എനിക്കു ജീവിക്കേണ്ടാ, മരിക്കുന്നത് എനിക്കു നന്ന്” എന്ന് അദ്ദേഹം പറഞ്ഞു. “ആ ചെടിയെച്ചൊല്ലി നീ കോപിക്കുന്നതു ശരിയോ?” ദൈവം യോനായോടു ചോദിച്ചു. “മരണംവരെ കോപിക്കുന്നതു ശരിതന്നെ” യോനാ മറുപടി പറഞ്ഞു. സര്‍വേശ്വരന്‍ വീണ്ടും അരുളിച്ചെയ്തു: “നീ നടുകയോ നനയ്‍ക്കുകയോ വളര്‍ത്തുകയോ ചെയ്യാതെ ഒരു രാത്രികൊണ്ടു വളര്‍ന്നു മറ്റൊരു രാത്രികൊണ്ടു നശിച്ച ആ ചെടിയോടു നിനക്ക് അനുകമ്പ തോന്നുന്നു അല്ലേ? വിവേകശൂന്യരായ ഒരുലക്ഷത്തി ഇരുപതിനായിരത്തില്‍പരം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നിനെവേയോട് എനിക്ക് അനുകമ്പ തോന്നരുതെന്നോ?” യോഥാം, ആഹാസ്, ഹിസ്കീയാ എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്ത് മോരസ്ത്യനായ മീഖായ്‍ക്ക് ശമര്യയെയും യെരൂശലേമിനെയും സംബന്ധിച്ച് സര്‍വേശ്വരനില്‍നിന്ന് അരുളപ്പാട് ലഭിച്ചു. ജനതകളേ, കേള്‍ക്കുവിന്‍, ഭൂമിയും അതിലുള്ള സമസ്തവുമേ, ശ്രദ്ധിക്കുവിന്‍; സര്‍വേശ്വരനായ കര്‍ത്താവ് അവിടുത്തെ വിശുദ്ധമന്ദിരത്തില്‍നിന്നു നിങ്ങള്‍ക്ക് എതിരെ സാക്ഷ്യം വഹിക്കട്ടെ. സര്‍വേശ്വരന്‍ അവിടുത്തെ വിശുദ്ധസ്ഥലത്തുനിന്നു വരുന്നു, അവിടുന്ന് ഇറങ്ങിവന്ന് ഭൂമിയുടെ ഉന്നതസ്ഥലങ്ങളില്‍ നടക്കുന്നു. അപ്പോള്‍ തീയുടെ മുമ്പില്‍ മെഴുകെന്നപോലെ അവിടുത്തെ കാല്‍ക്കീഴില്‍ പര്‍വതങ്ങള്‍ ഉരുകും. അവ മലഞ്ചരുവിലൂടെ ഒഴുകുന്ന വെള്ളംപോലെ താഴ്വരകളിലേക്ക് ഒഴുകും. യാക്കോബ്‍വംശജരുടെ അതിക്രമവും ഇസ്രായേല്‍ഗൃഹത്തിന്‍റെ പാപങ്ങളും നിമിത്തമാണ് ഇവയെല്ലാം സംഭവിക്കുന്നത്. യാക്കോബുവംശജരുടെ അതിക്രമം എന്താണ്? അത് ശമര്യ അല്ലേ? യെഹൂദ്യയുടെ പാപം എന്താണ്? അത് യെരൂശലേം അല്ലേ? അതുകൊണ്ട് സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ ശമര്യയെ വെളിമ്പ്രദേശത്തെ പാഴ്കൂനപോലെയും മുന്തിരി നടാനുള്ള സ്ഥലംപോലെയും ആക്കും. അതിലെ കല്ലുകള്‍ താഴ്വരയിലേക്ക് ഉരുട്ടിക്കളയും; ശമര്യയുടെ അടിത്തറ ഞാന്‍ പൊളിച്ചുകളയും. അവളുടെ അമൂല്യവിഗ്രഹങ്ങള്‍ തച്ചുടയ്‍ക്കും. അവള്‍ക്കു ലഭിച്ച വേതനമെല്ലാം ചുട്ടെരിക്കും. അവളുടെ സമസ്തവിഗ്രഹങ്ങളും നശിപ്പിക്കും. വേശ്യാവൃത്തിക്കുള്ള വേതനമായിട്ടാണല്ലോ ശമര്യ അവ നേടിയത്; അവ വീണ്ടും വേശ്യയുടെ കൂലിയായിത്തീരും.” മീഖാ പറഞ്ഞു: “ഇതു നിമിത്തം ഞാന്‍ വിലപിച്ചു കരയും. ഞാന്‍ ചെരുപ്പും വസ്ത്രവും കൂടാതെ നടക്കും. ഞാന്‍ കുറുനരികളെപ്പോലെ ഓലിയിടും. ഒട്ടകപ്പക്ഷിയെപ്പോലെ വിലപിക്കും. ശമര്യയുടെ മുറിവുകള്‍ ഒരിക്കലും കരിയാത്തതാണല്ലോ; അതു യെഹൂദ്യവരെ, യെരൂശലേമിന്‍റെ കവാടംവരെ എത്തിയിരിക്കുന്നു. അവിടെയാണല്ലോ എന്‍റെ ജനം പാര്‍ക്കുന്നത്.” നമ്മുടെ ശത്രുക്കളായ ഗത്ത്നിവാസികളോട് ഇക്കാര്യം പറയരുത്. നിങ്ങള്‍ അവരുടെ മുമ്പില്‍ വിലപിക്കുകയും അരുത്. നിങ്ങള്‍ ബേത്ത്-ലെ-ആഫ്രായിലെ പൂഴിയില്‍ വീണുരുളുക. ശാഫീര്‍നിവാസികളേ, നിങ്ങള്‍ നഗ്നരും ലജ്ജിതരുമായി കടന്നുപോകൂ. സായനാന്‍നിവാസികള്‍ പുറത്തുവരുന്നില്ല. ബേത്ത്-ഏസെലിലെ വിലാപം കേള്‍ക്കുമ്പോള്‍ അവര്‍ക്കു നിങ്ങളെ സഹായിക്കാന്‍ കഴിയുകയില്ലെന്നു നിങ്ങള്‍ അറിയും. മാരോത്ത് നിവാസികള്‍ സഹായത്തിനായി ഉല്‍ക്കണ്ഠയോടെ കാത്തിരിക്കുന്നു. കാരണം സര്‍വേശ്വരന്‍ അയച്ച അനര്‍ഥം യെരൂശലേമിന്‍റെ വാതില്‌ക്കല്‍ എത്തിക്കഴിഞ്ഞു. ലാക്കീശ്നിവാസികളേ, കുതിരകളെ രഥത്തില്‍ പൂട്ടുക. സീയോന്‍നിവാസികളുടെ പാപങ്ങള്‍ക്കു നിങ്ങളാണു തുടക്കം കുറിച്ചത്. ഇസ്രായേലിന്‍റെ അതിക്രമങ്ങള്‍ നീയും പ്രവര്‍ത്തിച്ചുവല്ലോ. അതുകൊണ്ട് യെഹൂദ്യയിലെ ജനമേ, മോരേശെത്ത്-ഗത്ത് നിവാസികള്‍ക്കു വിട നല്‌കുക. അക്സിബുനഗരത്തില്‍നിന്നു സഹായം ലഭിക്കാതെ ഇസ്രായേല്‍രാജാക്കന്മാര്‍ നിരാശരാകും. മാരേശാനിവാസികളേ, നിങ്ങളെ കീഴടക്കാന്‍ ഞാന്‍ ഒരുവനെ നിങ്ങളുടെ നേര്‍ക്ക് അയയ്‍ക്കും. ഇസ്രായേലിലെ പ്രമുഖരായ ജനനേതാക്കള്‍ അദുല്ലാംഗുഹയില്‍ ഒളിക്കും. നിങ്ങളുടെ ഓമനക്കുഞ്ഞുങ്ങളെ ഓര്‍ത്തു നിങ്ങളുടെ തല മുണ്ഡനം ചെയ്യുക. നിങ്ങളുടെ ശിരസ്സു കഴുകന്‍റേതുപോലെ കഷണ്ടി ആക്കുവിന്‍. നിങ്ങളുടെ മക്കള്‍ നിങ്ങളെ വിട്ടു പ്രവാസികളായിപ്പോകുമല്ലോ. ഉറങ്ങാതെ ദ്രോഹം ചിന്തിക്കുകയും പുലരുമ്പോള്‍ കൈക്കരുത്തുള്ളതിനാല്‍ അവസരം പാര്‍ത്ത് അതു നടപ്പാക്കുകയും ചെയ്യുന്നവര്‍ക്കു ഹാ ദുരിതം! അവര്‍ അന്യരുടെ ഭൂമി മോഹിച്ചു പിടിച്ചെടുക്കുന്നു. വീടുകള്‍ ആഗ്രഹിച്ചു കൈക്കലാക്കുന്നു. അവര്‍ വീട്ടുകാരനെയും അവന്‍റെ കുടുംബത്തെയും പീഡിപ്പിക്കുന്നു. അവനെയും അവന്‍റെ അവകാശത്തെയുംതന്നെ. അതുകൊണ്ട് സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: നിന്‍റെ വംശത്തിന്മേല്‍ അനര്‍ഥം വരുത്താന്‍ ഞാന്‍ ആലോചിക്കുകയാണ്. അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കു സാധ്യമല്ല. അത് അനര്‍ഥങ്ങളുടെ കാലമാകയാല്‍ നിങ്ങള്‍ക്ക് അഹങ്കരിച്ചു നടക്കാന്‍ ആവുകയില്ല. ആ സമയം വരുമ്പോള്‍ ജനം നിന്നെ പരിഹസിച്ചു പാടും; വിലപിച്ച് അലമുറയിടും. അവര്‍ ഇങ്ങനെ വിലപിക്കും. ഞങ്ങള്‍ നിശ്ശേഷം നശിച്ചിരിക്കുന്നു. അവിടുന്നു തങ്ങളുടെ ദേശം ഞങ്ങളില്‍നിന്ന് എടുത്തിരിക്കുന്നു. ഞങ്ങളെ തടവിലാക്കിയവര്‍ക്ക് അവ വീതിച്ചുകൊടുത്തിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ക്കുള്ള ഭൂമി അളന്നു വാങ്ങാന്‍ സര്‍വേശ്വരന്‍റെ സഭയില്‍ ആരും ഉണ്ടായിരിക്കുകയില്ല. “പ്രസംഗിക്കരുത്; ഇത്തരം കാര്യങ്ങളെക്കുറിച്ച് ആരും പ്രസംഗിച്ചുകൂടാ; അപമാനം നമ്മെ ബാധിക്കുകയില്ല” എന്നവര്‍ പ്രസംഗിക്കുന്നു. യാക്കോബിന്‍റെ ഗൃഹമേ, ഇങ്ങനെ പറയാമോ? സര്‍വേശ്വരന്‍റെ ക്ഷമ നശിച്ചെന്നോ? ഇവയെല്ലാം അവിടുത്തെ പ്രവൃത്തികളോ? നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവന് എന്‍റെ വാക്കുകള്‍ ഗുണകരമല്ലേ? എന്നാല്‍ ശത്രു എന്നപോലെ നീ എന്‍റെ ജനത്തിന് എതിരെ വരുന്നു. യുദ്ധഭീതി കൂടാതെ പോകുന്നവരുടെ പുറങ്കുപ്പായം വലിച്ചെടുക്കുന്നു. എന്‍റെ ജനത്തിലെ സ്‍ത്രീകളെ അവരുടെ സന്തുഷ്ടഭവനങ്ങളില്‍നിന്നു നിങ്ങള്‍ ഓടിക്കുന്നു. എന്‍റെ അനുഗ്രഹങ്ങള്‍ അവരുടെ പിഞ്ചോമനകളില്‍നിന്ന് എന്നേക്കുമായി നിങ്ങള്‍ അപഹരിച്ചിരിക്കുന്നു. നിങ്ങള്‍ ഇവിടെനിന്നു പോകുവിന്‍. ഇതു വിശ്രമിക്കാനുള്ള സ്ഥലമല്ല. നിങ്ങളുടെ അശുദ്ധി നിമിത്തം നാശത്തിന്, ദാരുണമായ വിപത്തിന് ഈ നഗരം വിധിക്കപ്പെട്ടിരിക്കുന്നു. വീഞ്ഞിനെയും വീര്യംകൂടിയ മദ്യത്തെയുംകുറിച്ച് ഞാന്‍ നിങ്ങളോടു പറയാം എന്നു വഞ്ചനയുടെയും അസത്യത്തിന്‍റെയും ആത്മാവില്‍ ഒരാള്‍ പ്രസ്താവിച്ചാല്‍, അയാളായിരിക്കും ഈ ജനത്തിനനുയോജ്യനായ പ്രഭാഷകന്‍. യാക്കോബുഗൃഹമേ, ഞാന്‍ നിങ്ങളെ എല്ലാവരെയും ഒരുമിച്ചു കൂട്ടും; ഇസ്രായേലില്‍ ശേഷിച്ചവരെയെല്ലാം ഞാന്‍ ഒന്നിച്ചുചേര്‍ക്കും; ആലയിലെ ആടുകളെപ്പോലെയും മേച്ചില്‍പ്പുറത്തെ ആട്ടിന്‍പ്പറ്റത്തെപോലെയും ഞാന്‍ അവരെ ഒരുമിച്ചുചേര്‍ക്കും. ശബ്ദമുഖരിതമായ ഒരു വലിയ ജനസമൂഹമായിരിക്കും അത്. പ്രതിബന്ധങ്ങള്‍ തകര്‍ക്കുന്ന ദൈവം അവര്‍ക്കുമുമ്പേ പോകും. അവര്‍ നഗരവാതില്‍ തകര്‍ത്ത് അതിലൂടെ കടന്നുപോകും. അവരുടെ രാജാവ്, സര്‍വേശ്വരന്‍തന്നെ അവരെ നയിക്കും. ഞാന്‍ പറഞ്ഞു: “യാക്കോബിന്‍റെ നേതാക്കളേ, ഇസ്രായേല്‍ഗൃഹത്തിന്‍റെ അധിപതികളേ, കേള്‍ക്കുവിന്‍! ന്യായം എന്തെന്നു നിങ്ങള്‍ അറിയേണ്ടതല്ലേ? നിങ്ങള്‍ നന്മ വെറുക്കുകയും തിന്മ ഇഷ്ടപ്പെടുകയും ചെയ്യുന്നു. നിങ്ങള്‍ എന്‍റെ ജനത്തിന്‍റെ തൊലി ഉരിക്കുന്നു. അവരുടെ അസ്ഥികളില്‍നിന്നു മാംസം പറിച്ചെടുക്കുന്നു. നിങ്ങള്‍ എന്‍റെ ജനത്തിന്‍റെ മാംസം തിന്നുന്നു; തൊലി ഉരിച്ചുകളയുന്നു. അവരുടെ അസ്ഥികള്‍ തകര്‍ക്കുന്നു; കലത്തില്‍ ഇടാനുള്ള മാംസംപോലെ നിങ്ങള്‍ അവരെ വെട്ടിനുറുക്കുന്നു. അന്ന് അവര്‍ സര്‍വേശ്വരനോടു നിലവിളിക്കും; എന്നാല്‍ അവിടുന്ന് അവര്‍ക്ക് ഉത്തരമരുളുകയില്ല. അവരുടെ ദുഷ്പ്രവൃത്തികള്‍ നിമിത്തം അവിടുന്ന് അവരില്‍നിന്നു മുഖം തിരിച്ചുകളയും. എന്‍റെ ജനത്തെ വഴിതെറ്റിക്കുകയും ഭക്ഷിക്കാന്‍ വല്ലതും കിട്ടുമ്പോള്‍ “സമാധാനം” എന്ന് ഉദ്ഘോഷിക്കുകയും ഭക്ഷണമൊന്നും കൊടുക്കാത്തവന്‍റെ നേരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ചു അവിടുന്ന് അരുളിച്ചെയ്യുന്നു: നിങ്ങള്‍ക്ക് ഇനി ദര്‍ശനം ലഭിക്കാത്ത രാത്രിയും ലക്ഷണം പറയാന്‍ കഴിയാത്ത ഇരുട്ടും ഉണ്ടാകും. പ്രവാചകന്മാര്‍ക്കു സൂര്യന്‍ അസ്തമിച്ചുപോകും; അവര്‍ക്കു പകല്‍ ഇരുട്ടായി മാറും. ദീര്‍ഘദര്‍ശികള്‍ അപമാനിതരാകും. ലക്ഷണം പറയുന്നവര്‍ ലജ്ജിതരാകും. ദൈവത്തില്‍നിന്ന് ഉത്തരം ലഭിക്കായ്കയാല്‍ അവര്‍ ലജ്ജിതരായി മുഖം മറയ്‍ക്കും. എന്നാല്‍ യാക്കോബുവംശജരോട് അവരുടെ അതിക്രമവും ഇസ്രായേല്‍ജനത്തോട് അവരുടെ പാപവും തുറന്നു പ്രസ്താവിക്കാന്‍ ഞാന്‍ ശക്തിയും സര്‍വേശ്വരന്‍റെ ചൈതന്യവും നീതിയും വീര്യവും നിറഞ്ഞവനായിരിക്കുന്നു. ന്യായത്തെ വെറുക്കുകയും ധാര്‍മിക നീതിയെ വളച്ചൊടിക്കുകയും ചെയ്യുന്ന യാക്കോബുഗൃഹത്തലവന്മാരേ, ഇസ്രായേല്‍ഗൃഹാധിപന്മാരേ, ഇതു കേള്‍ക്കുവിന്‍. നിങ്ങള്‍ സീയോനെ രക്തപാതകംകൊണ്ടു പണിയുന്നു. അതേ, യെരൂശലേമിനെ അനീതികൊണ്ടു നിര്‍മിക്കുന്നു. അതിന്‍റെ അധിപതികള്‍ കോഴ വാങ്ങി ഭരണം നടത്തുന്നു; പുരോഹിതന്മാര്‍ കൂലിക്കു ധര്‍മശാസ്ത്രം വ്യാഖ്യാനിക്കുന്നു; പ്രവാചകന്മാര്‍ പണത്തിനുവേണ്ടി ലക്ഷണം പറയുന്നു. എന്നിട്ടും അവര്‍ സര്‍വേശ്വരനില്‍ ആശ്രയിച്ചുകൊണ്ടു പറയുന്നു: “സര്‍വേശ്വരന്‍ നമ്മുടെ മധ്യത്തിലുണ്ട്, ഒരനര്‍ഥവും നമുക്കുണ്ടാവുകയില്ല.” അതുകൊണ്ട് നിങ്ങള്‍ നിമിത്തം സീയോന്‍ വയല്‍പോലെ ഉഴുതുമറിക്കപ്പെടും; അതേ! യെരൂശലേം കുപ്പക്കൂനയാകും. ദേവാലയഗിരി വനമായിത്തീരും. അവസാനനാളുകളില്‍ സര്‍വേശ്വരന്‍റെ മന്ദിരം സ്ഥാപിതമായിരിക്കുന്ന പര്‍വതം തലയെടുപ്പോടെ മറ്റ് എല്ലാ പര്‍വതങ്ങളെക്കാളും ഉയര്‍ന്നുനില്‌ക്കും. സര്‍വജനതകളും അവിടേക്ക് ഒഴുകിച്ചെല്ലും. അനേകം ജനതകള്‍ പറയും: വരിക, നമുക്കു സര്‍വേശ്വരന്‍റെ പര്‍വതത്തിലേക്കു ചെല്ലാം, യാക്കോബിന്‍റെ ദൈവത്തിന്‍റെ ആലയത്തിലേക്കു പോകാം. അവിടുത്തെ പാതകളില്‍ നടക്കാന്‍ തക്കവിധം അവിടുന്നു തന്‍റെ വഴികള്‍ നമുക്ക് ഉപദേശിക്കട്ടെ. പ്രബോധനം സീയോനില്‍നിന്നും സര്‍വേശ്വരന്‍റെ വചനം യെരൂശലേമില്‍നിന്നുമാണല്ലോ വരുന്നത്. അനേകം ജനതകളുടെ ഇടയില്‍ അവിടുന്നു ന്യായം വിധിക്കും. സുശക്തരായ വിദൂരസ്ഥജനതകള്‍ക്ക് അവിടുന്ന് വിധികര്‍ത്താവായിരിക്കും. അവര്‍ തങ്ങളുടെ വാള്‍ കൊഴുവായും കുന്തം അരിവാളായും അടിച്ചുപണിയും. ജനത ജനതയ്‍ക്കെതിരെ വാള്‍ ഉയര്‍ത്തുകയില്ല; അവര്‍ ഇനി യുദ്ധം അഭ്യസിക്കുകയും ഇല്ല. അവര്‍ തങ്ങളുടെ മുന്തിരിച്ചെടിയുടെ കീഴിലും; അത്തിവൃക്ഷത്തിന്‍റെ കീഴിലും നിര്‍ഭയം വസിക്കും. സര്‍വശക്തനായ സര്‍വേശ്വരന്‍ ആണല്ലോ ഇങ്ങനെ അരുളിച്ചെയ്തിരിക്കുന്നത്. സകല ജനതകളും അവരവരുടെ ദേവനെ ആരാധിക്കുന്നു. നാമോ നമ്മുടെ ദൈവമായ സര്‍വേശ്വരനെ എന്നെന്നും ഭക്തിയോടെ ആരാധിക്കും. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അന്നു മുടന്തരെയും പുറന്തള്ളപ്പെട്ടവരെയും ഞാന്‍ പീഡിപ്പിച്ചവരെയും ഒരുമിച്ചുകൂട്ടും. മുടന്തരെ ഞാന്‍ അവശേഷിപ്പിക്കുന്ന ജനതയാക്കും; ദൂരെ എറിഞ്ഞുകളയപ്പെട്ടവരെ പ്രബല ജനതയാക്കും; സര്‍വേശ്വരന്‍ സീയോന്‍ഗിരിയില്‍ അവരുടെ രാജാവായി ഇന്നുമുതല്‍ എന്നേക്കും വാഴും.” ദൈവജനത്തിന്‍റെ ഗോപുരമേ, സീയോന്‍നിവാസികളുടെ ശൈലമേ, പണ്ടുണ്ടായിരുന്ന ആധിപത്യം-യെരൂശലേമിന്‍റെ രാജത്വം-നിനക്കു കൈവരും. ഇപ്പോള്‍ നീ എന്തിന് ഉറക്കെ കരയുന്നു? നിനക്കു രാജാവില്ലേ? നിന്‍റെ ഉപദേഷ്ടാവു നശിച്ചുപോയോ? ഈറ്റുനോവുള്ളവളെപ്പോലെ നീ എന്തിനു വേദനിക്കുന്നു? സീയോന്‍ നിവാസികളേ, ഈറ്റുനോവുള്ളവളെപ്പോലെ നിങ്ങള്‍ വേദനകൊണ്ടു പുളയുക; നിങ്ങള്‍ക്കു നഗരം വിട്ടു വിജനപ്രദേശത്തു ചെന്നു പാര്‍ക്കേണ്ടിവരും. ബാബിലോണിലേക്കു പോകേണ്ടിവരും. അവിടെവച്ചു നിങ്ങള്‍ വിമോചിക്കപ്പെടും; അവിടെവച്ചു ശത്രുക്കളുടെ കൈയില്‍നിന്നു സര്‍വേശ്വരന്‍ നിങ്ങളെ വീണ്ടെടുക്കും. നിരവധി ജനതകള്‍ സീയോനെതിരെ ഇപ്പോള്‍ ഒരുമിച്ചുകൂടി പറയുന്നു: “അവള്‍ മലിനയായിത്തീരട്ടെ; അതുകണ്ട് നമുക്കു രസിക്കാം.” എന്നാല്‍ സര്‍വേശ്വരന്‍റെ ഉദ്ദേശ്യങ്ങള്‍ അവര്‍ അറിയുന്നില്ല; അവിടുത്തെ ആലോചനകള്‍ ഗ്രഹിക്കുന്നതുമില്ല; മെതിക്കളത്തില്‍ കറ്റകള്‍ ശേഖരിക്കുന്നതുപോലെ അവിടുന്ന് അവരെ ഒരുമിച്ചുകൂട്ടിയിരിക്കുന്നു. സീയോന്‍നിവാസികളേ, എഴുന്നേറ്റു ശത്രുക്കളെ നശിപ്പിക്കുക; അനേകം ജനതകളെ തകര്‍ത്തു കളയുക. ഞാന്‍ നിങ്ങള്‍ക്ക് ഇരുമ്പുകൊമ്പുകളും ഓടുകൊണ്ടുള്ള കുളമ്പുകളും നല്‌കും. ശത്രുക്കള്‍ അന്യായമായി സമ്പാദിച്ച മുതല്‍ നിങ്ങള്‍ സര്‍വേശ്വരനു സമര്‍പ്പിക്കും. അവരുടെ സമ്പത്ത് സര്‍വഭൂമിയുടെയും സര്‍വേശ്വരനു നിവേദിക്കുകയും ചെയ്യും. ഇതാ ശത്രു നമ്മെ കോട്ടപോലെ വളഞ്ഞിരിക്കുന്നു. ഇസ്രായേല്‍ഭരണാധിപനെ അവര്‍ വടികൊണ്ട് ചെകിട്ടത്ത് അടിക്കുന്നു. ബേത്‍ലഹേം എഫ്രാത്തേ, നീ യെഹൂദാവംശങ്ങളില്‍ ഏറ്റവും ചെറുതെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കുവേണ്ടി നിന്നില്‍നിന്നു പുറപ്പെടും. അവന്‍റെ ഉദ്ഭവം അതിപുരാതനമായതുതന്നെ. അതിനാല്‍ ഈറ്റുനോവു കൊള്ളുന്നവള്‍ പ്രസവിക്കുംവരെ അവിടുന്നു തന്‍റെ ജനത്തെ ശത്രുക്കള്‍ക്ക് ഏല്പിച്ചുകൊടുക്കും. അവന്‍റെ സഹോദരന്മാരില്‍ അവശേഷിച്ചവര്‍ തിരിച്ചുവന്ന് ഇസ്രായേല്‍ജനത്തോടു ചേരും. സര്‍വേശ്വരന്‍റെ ശക്തിയോടും തന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ നാമത്തിന്‍റെ മഹത്ത്വത്തോടും കൂടി അവന്‍ എഴുന്നേറ്റ് തന്‍റെ ആടുകളെ മേയിക്കും. അവര്‍ നിര്‍ഭയം വസിക്കും. അവന്‍റെ മാഹാത്മ്യം ഭൂമിയുടെ അറുതിവരെ വ്യാപിക്കും. അവന്‍ സമാധാനവും ഐശ്വര്യവും കൈവരുത്തും. അസ്സീറിയാക്കാര്‍ നമ്മെ ആക്രമിക്കുകയും നമ്മുടെ മണ്ണില്‍ കാലുകുത്തുകയും ചെയ്യുമ്പോള്‍ അവരെ നേരിടാന്‍ ശക്തരായ അനേകം ഇടയന്മാരെയും പ്രഭുക്കന്മാരെയും നമ്മള്‍ അണിനിരത്തും. അവര്‍ വാളുകൊണ്ട് അസ്സീറിയാദേശത്തെയും ഊരിപ്പിടിച്ച വാളുകൊണ്ട് നിമ്രോദ്‍ദേശത്തെയും ഭരിക്കും. അസ്സീറിയാക്കാര്‍ നമ്മുടെ ദേശത്തു പ്രവേശിച്ച് അതിര്‍ത്തിയില്‍ കാലു കുത്തുമ്പോള്‍ അവരുടെ കൈയില്‍നിന്ന് അവര്‍ നമ്മെ വിടുവിക്കും. ഇസ്രായേലില്‍ ശേഷിച്ചിരിക്കുന്നവര്‍ ജനതകള്‍ക്കിടയില്‍ സര്‍വേശ്വരന്‍ അയയ്‍ക്കുന്ന മഞ്ഞുപോലെയും മനുഷ്യനുവേണ്ടി കാത്തു നില്‌ക്കുകയോ തങ്ങി നില്‌ക്കുകയോ ചെയ്യാതെ പുല്‍പ്പുറത്തു വര്‍ഷിക്കുന്ന മഴപോലെയും ആയിരിക്കും. ഇസ്രായേലില്‍ അവശേഷിക്കുന്നവര്‍ വന്യമൃഗങ്ങള്‍ക്കിടയില്‍ സിംഹം എന്നപോലെയും ആട്ടിന്‍പറ്റങ്ങള്‍ക്കിടയില്‍ യുവസിംഹംപോലെയും ആകും. അതു ചവുട്ടിമെതിച്ചും കടിച്ചുകീറിയും കടന്നുപോകും. അതിന്‍റെ പിടിയില്‍നിന്നു വിടുവിക്കാന്‍ ആരും ഉണ്ടായിരിക്കുകയില്ല. നിന്‍റെ കൈ വൈരികള്‍ക്കു മീതെ ഉയര്‍ന്നിരിക്കും; നിന്‍റെ സര്‍വശത്രുക്കളും ഛേദിക്കപ്പെടും. അന്നു നിന്‍റെ കുതിരകളെ ഛേദിച്ചുകളയുമെന്നും നിന്‍റെ രഥങ്ങളെ നശിപ്പിച്ചുകളയുമെന്നും സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ഞാന്‍ നിന്‍റെ നഗരങ്ങള്‍ നശിപ്പിക്കുകയും നിന്‍റെ കോട്ടകള്‍ ഇടിച്ചുനിരത്തുകയും ചെയ്യും. നിന്‍റെ ക്ഷുദ്രപ്രയോഗങ്ങള്‍ക്കു ഞാന്‍ അറുതിവരുത്തും. ശകുനം നോക്കി പ്രവചിക്കാന്‍ ഇനിമേല്‍ നിനക്ക് ആരും ഉണ്ടായിരിക്കുകയില്ല. നിങ്ങളുടെ വിഗ്രഹങ്ങളും സ്തംഭങ്ങളും ഞാന്‍ തകര്‍ത്തുകളയും. നിങ്ങളുടെ കൈപ്പണിയായ വിഗ്രഹങ്ങളെ നിങ്ങള്‍ ഇനിമേല്‍ നമസ്കരിക്കുകയില്ല. അശേരാപ്രതിഷ്ഠകള്‍ നിങ്ങളുടെ ഇടയില്‍നിന്നു ഞാന്‍ പിഴുതുകളയും, നിങ്ങളുടെ നഗരങ്ങള്‍ നശിപ്പിച്ചു കളയുകയും ചെയ്യും. എന്നെ അനുസരിക്കാത്ത ജനതകളുടെമേല്‍ ഉഗ്രകോപം പൂണ്ട് അവര്‍ കേട്ടിട്ടില്ലാത്തവിധം ഞാന്‍ പ്രതികാരം ചെയ്യും. സര്‍വേശ്വരന്‍റെ വാക്കു ശ്രദ്ധിക്കുവിന്‍, സര്‍വേശ്വരാ, ഇസ്രായേലിനെതിരെയുള്ള അവിടുത്തെ പരാതികള്‍ അറിയിച്ചാലും. ഗിരികളും പര്‍വതങ്ങളും അവിടുത്തെ ശബ്ദം കേള്‍ക്കട്ടെ. ഗിരികളേ, ഭൂമിയുടെ ശാശ്വതാടിസ്ഥാനങ്ങളേ, സര്‍വേശ്വരന്‍റെ വാദം കേള്‍ക്കുവിന്‍; അവിടുത്തേക്കു തന്‍റെ ജനത്തിനെതിരെ ഒരു വ്യവഹാരം ഉണ്ട്. ഇസ്രായേലിനെതിരെ അവിടുന്നു കുറ്റം ഉന്നയിക്കാന്‍ പോകുന്നു. “എന്‍റെ ജനമേ, ഞാന്‍ നിങ്ങളോട് എന്തു ചെയ്തു? ഏതുവിധം ഞാന്‍ നിങ്ങളെ വിഷമിപ്പിച്ചു?” ഈജിപ്തില്‍നിന്നു ഞാന്‍ നിങ്ങളെ വിടുവിച്ചു കൊണ്ടുവന്നു; അടിമത്തത്തില്‍നിന്നു ഞാന്‍ നിങ്ങളെ വീണ്ടെടുത്തു; നിങ്ങളെ നയിക്കാന്‍ മോശയെയും അഹരോനെയും മിര്യാമിനെയും ഞാന്‍ അയച്ചു. എന്‍റെ ജനമേ, മോവാബുരാജാവായ ബാലാക്ക് ആലോചിച്ചതും ബെയോരിന്‍റെ പുത്രനായ ബിലെയാം അവനു നല്‌കിയ മറുപടിയും ഓര്‍മിക്കുക. ശിത്തീംമുതല്‍ ഗില്ഗാല്‍വരെ സംഭവിച്ചതും ഓര്‍ക്കുക. അങ്ങനെ സര്‍വേശ്വരന്‍റെ രക്ഷാകരമായ പ്രവൃത്തികള്‍ നിങ്ങള്‍ ഗ്രഹിക്കുവിന്‍. ഞാന്‍ സര്‍വേശ്വരന്‍റെ സന്നിധിയില്‍ എന്തു കാഴ്ചയുമായാണ് വരേണ്ടത്? അത്യുന്നതനായ ദൈവത്തിന്‍റെ മുമ്പില്‍ ഞാന്‍ എങ്ങനെയാണ് കുമ്പിടേണ്ടത്? ഹോമയാഗത്തിന് ഒരു വയസ്സു പ്രായമുള്ള കാളക്കിടാക്കളോടുകൂടി തിരുസന്നിധിയില്‍ ഞാന്‍ ചെല്ലണമോ? ആയിരക്കണക്കിനു മുട്ടാടുകളിലും പതിനായിരക്കണക്കിനു തൈലനദികളിലും അവിടുന്നു പ്രസാദിക്കുമോ? എന്‍റെ അതിക്രമങ്ങള്‍ക്കുവേണ്ടി എന്‍റെ ആദ്യജാതനെ, എന്‍റെ പാപങ്ങള്‍ക്കുവേണ്ടി എന്‍റെ ഉദരഫലത്തെ തന്നെ നല്‌കണമോ? മനുഷ്യാ, നല്ലത് എന്തെന്ന് അവിടുന്നു നിനക്കു കാണിച്ചു തന്നിരിക്കുന്നു; നീതി പ്രവര്‍ത്തിക്കുക, സുസ്ഥിരസ്നേഹം കാണിക്കുക, ദൈവത്തിന്‍റെ സന്നിധിയില്‍ വിനീതനായി നടക്കുക, ഇതല്ലാതെ മറ്റെന്താണ് അവിടുന്ന് ആവശ്യപ്പെടുന്നത്? സര്‍വേശ്വരന്‍ നഗരത്തോടു വിളിച്ചു പറയുന്നു: അവിടുത്തെ നാമത്തെ ഭയപ്പെടുകയാണു യഥാര്‍ഥ ജ്ഞാനം. ജനനേതാക്കളേ, നഗരസഭയേ, കേള്‍ക്കുവിന്‍. ദുഷ്ടരുടെ ഭവനങ്ങളിലെ അന്യായസമ്പാദ്യങ്ങളും ശപിക്കപ്പെട്ട കള്ളഅളവുകളും ഞാന്‍ എങ്ങനെ മറക്കും? കള്ളത്തുലാസും കള്ളക്കട്ടികളുള്ള സഞ്ചിയും കൈവശമുള്ളവനെ കുറ്റമറ്റവനായി ഞാന്‍ എണ്ണുമോ? നിന്‍റെ സമ്പന്നര്‍ അക്രമാസക്തരാണ്. നിന്നില്‍ നിവസിക്കുന്നവര്‍ വ്യാജം സംസാരിക്കുന്നു; അവരുടെ നാവു വഞ്ചന നിറഞ്ഞത്. അതിനാല്‍ ഞാന്‍ നിന്നെ കഠിനമായി ദണ്ഡിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. നിന്‍റെ പാപം നിമിത്തം ഞാന്‍ നിന്നെ ശൂന്യമാക്കും. നീ ഭക്ഷിക്കും; തൃപ്തി വരികയില്ല; നിന്‍റെ വിശപ്പ് അടങ്ങുകയുമില്ല. നീ നീക്കിവയ്‍ക്കും; എന്നാല്‍ ഒന്നും നേടുകയില്ല; നിന്‍റെ സമ്പാദ്യം ഞാന്‍ വാളിന് ഏല്പിച്ചുകൊടുക്കും. നീ വിതയ്‍ക്കും; കൊയ്യുകയില്ല. നീ ഒലിവുകായ് ആട്ടും; എണ്ണ തേക്കുകയില്ല; മുന്തിരിപ്പഴം ആട്ടും; പക്ഷേ വീഞ്ഞു കുടിക്കുകയില്ല. കാരണം നീ ഒമ്രിയുടെ ചട്ടങ്ങള്‍ പാലിച്ചു; ആഹാബുവംശത്തിന്‍റെ പ്രവര്‍ത്തികളെല്ലാം പ്രമാണമാക്കി, അവരുടെ ഉപദേശം അനുസരിച്ചു നടന്നു. അതുകൊണ്ടു ഞാന്‍ നിന്നെ ശൂന്യമാക്കും; നിന്നില്‍ നിവസിക്കുന്നവരെ പരിഹാസവിഷയമാക്കും. അങ്ങനെ നീ ജനതകളുടെ നിന്ദാപാത്രമാകും. എനിക്ക് ഹാ ദുരിതം! ഗ്രീഷ്മകാലത്തെ വിളവെടുപ്പ് കഴിഞ്ഞ്, മുന്തിരിപ്പഴം പറിച്ചശേഷം, കാലാപെറുക്കാന്‍ എത്തിയവനെപ്പോലെ ആയിരിക്കുന്നു ഞാന്‍. തിന്നാന്‍ ഒരു മുന്തിരിപ്പഴവും ഇല്ല; ഞാന്‍ കൊതിക്കുന്ന അത്തിയുടെ ആദ്യഫലവും ഇല്ല. ദൈവഭക്തര്‍ ഭൂമിയില്‍ ഇല്ലാതായി. മനുഷ്യരുടെ ഇടയില്‍ നേരുള്ളവര്‍ ആരും ഇല്ല. എല്ലാവരും രക്തം ചൊരിയാന്‍ പതിയിരിക്കുന്നു; സ്വന്തം സഹോദരനെ വേട്ടയാടാന്‍ അവര്‍ വല വിരിക്കുന്നു. തിന്മ ചെയ്യാന്‍ വിരുതുള്ളവയാണ് അവരുടെ കരങ്ങള്‍. ഭരണാധിപനും ന്യായപാലകനും കൈക്കൂലി ചോദിക്കുന്നു. ഉന്നതന്മാര്‍ തങ്ങളുടെ ദുരാഗ്രഹം വെളിപ്പെടുത്തുന്നു. അവര്‍ ഒത്തുചേര്‍ന്നു പരിപാടി തയ്യാറാക്കുന്നു. അവരില്‍ ഏറ്റവും നല്ലവന്‍ മുള്‍ച്ചെടിക്കു സമം. ഏറ്റവും നേരുള്ളവന്‍ മുള്ളുവേലിക്കു സദൃശം. നിങ്ങളുടെ കാവല്‌ക്കാര്‍ അറിയിച്ച ദിവസം, നിങ്ങളുടെ ശിക്ഷാദിവസം വന്നുകഴിഞ്ഞു. നിങ്ങളുടെ പരിഭ്രാന്തി ആസന്നമായിരിക്കുന്നു. അയല്‍ക്കാരനെ വിശ്വസിക്കരുത്. സ്നേഹിതനെ ആശ്രയിക്കരുത്. നിന്‍റെ മാറോടു ചേര്‍ന്നു ശയിക്കുന്നവളോടുപോലും ഹൃദയംതുറന്നു സംസാരിക്കരുത്. മകന്‍ അപ്പനെ നിന്ദിക്കുന്നു; മകള്‍ അമ്മയെയും മരുമകള്‍ ഭര്‍ത്തൃമാതാവിനെയും എതിര്‍ക്കുന്നു; സ്വന്തം ഭവനത്തിലെ അംഗങ്ങള്‍തന്നെ ഒരുവനു ശത്രുക്കളായിത്തീരുന്നു. എന്നാല്‍ ഞാന്‍ സര്‍വേശ്വരനിലേക്കു കണ്ണുയര്‍ത്തും; എന്‍റെ രക്ഷകനായ ദൈവത്തിനായി കാത്തിരിക്കും; എന്‍റെ ദൈവം എന്‍റെ പ്രാര്‍ഥന കേള്‍ക്കും. എന്‍റെ ശത്രുക്കളേ, നിങ്ങള്‍ എന്നെച്ചൊല്ലി സന്തോഷിക്കേണ്ടാ; ഞാന്‍ വീണാലും എഴുന്നേല്‌ക്കും; ഇരുട്ടില്‍ ഇരുന്നാലും സര്‍വേശ്വരന്‍ എനിക്കു വെളിച്ചമായിരിക്കും. ഞാന്‍ അവിടുത്തേക്കെതിരെ പാപം ചെയ്തു. അതുകൊണ്ട് അവിടുന്ന് എനിക്കുവേണ്ടി വാദിച്ച് ന്യായംപാലിച്ചു തരുന്നതുവരെ അവിടുത്തെ ക്രോധം ഞാന്‍ സഹിക്കും; അവിടുന്ന് എന്നെ പ്രകാശത്തിലേക്കു നയിക്കും. ഞാന്‍ അവിടുത്തെ രക്ഷ കാണും. എന്‍റെ ശത്രു അതുകാണും. “നിന്‍റെ ദൈവമായ സര്‍വേശ്വരന്‍ എവിടെ?” എന്നു ചോദിച്ചവള്‍ ലജ്ജിതയാകും. അപ്പോള്‍ അതുകണ്ട് ഞാന്‍ രസിക്കും. അന്ന് അവള്‍ തെരുവിലെ ചെളിപോലെ ചവുട്ടിത്തേക്കപ്പെടും. നിന്‍റെ മതിലുകള്‍ പണിയുന്ന ദിവസം വരുന്നു. അന്നു നിന്‍റെ അതിര്‍ത്തികള്‍ വിശാലമാകും. അസ്സീറിയാമുതല്‍ ഈജിപ്തുവരെയും ഈജിപ്തുമുതല്‍ നദിവരെയും സമുദ്രംമുതല്‍ സമുദ്രംവരെയും പര്‍വതംമുതല്‍ പര്‍വതംവരെയുമുള്ളവര്‍ അന്നു നിന്‍റെ അടുക്കല്‍ വരും. എന്നാല്‍ ഭൂമി അതിലെ നിവാസികള്‍ നിമിത്തവും അവരുടെ പ്രവൃത്തികളുടെ ഫലം നിമിത്തവും ശൂന്യമായിത്തീരും. ഫലഭൂയിഷ്ഠമായ ദേശത്തിന്‍റെ നടുവിലുള്ള കാട്ടില്‍ (മരുപ്രദേശത്ത്) തനിച്ചു കഴിയുന്ന അങ്ങയുടെ സ്വന്തജനമായ അജഗണത്തെ അവിടുന്നു മേയ്‍ക്കണമേ. പണ്ടെന്നപോലെ അവര്‍ ബാശാനിലും ഗിലെയാദിലും മേഞ്ഞുകൊള്ളട്ടെ. ഈജിപ്തില്‍നിന്നു ഞങ്ങളെ വിമോചിപ്പിച്ച ദിനങ്ങളില്‍ കാണിച്ചതു പോലെയുള്ള അദ്ഭുതങ്ങള്‍ അവിടുന്നു പ്രവര്‍ത്തിച്ചാലും. ജനം അതു കാണുമ്പോള്‍ തങ്ങളുടെ ശക്തിയെക്കുറിച്ച് ലജ്ജിക്കും; അവര്‍ വായ്പൊത്തും; അവരുടെ കാതുകള്‍ അടഞ്ഞുപോകും. അവര്‍ പാമ്പിനെപ്പോലെ, നിലത്തിഴയുന്ന ജീവികളെപ്പോലെ പൂഴി തിന്നും. സുരക്ഷിതമായ ഗുഹകളില്‍നിന്ന് അവര്‍ വിറച്ചുകൊണ്ടു പുറത്തുവരും; അവര്‍ പേടിച്ചു നമ്മുടെ ദൈവമായ സര്‍വേശ്വരന്‍റെ അടുക്കല്‍ വരികയും അവിടുത്തെ നിമിത്തം ഭയപ്പെടുകയും ചെയ്യും. അവശേഷിച്ചിരിക്കുന്നവരായ സ്വന്തജനത്തിന്‍റെ അകൃത്യവും അതിക്രമങ്ങളും അവിടുത്തെപ്പോലെ ക്ഷമിക്കുന്ന മറ്റൊരു ദൈവം ആരുണ്ട്? അവിടുന്ന് എന്നേക്കുമായി കോപം പുലര്‍ത്തുന്നില്ല; തന്‍റെ സുസ്ഥിരസ്നേഹം പ്രകടിപ്പിക്കുന്നതില്‍ അവിടുന്ന് ആനന്ദിക്കുന്നു. നമ്മോട് അവിടുന്നു വീണ്ടും കരുണ കാണിക്കും. നമ്മുടെ അകൃത്യങ്ങളെ അവിടുന്നു ചവുട്ടിത്താഴ്ത്തും. നമ്മുടെ പാപങ്ങളെല്ലാം സമുദ്രത്തിന്‍റെ ആഴത്തിലേക്ക് എറിഞ്ഞുകളയും. പുരാതനകാലം മുതല്‍ക്കേ നമ്മുടെ പിതാക്കന്മാരോടു പ്രതിജ്ഞ ചെയ്തിട്ടുള്ളതുപോലെ അവിടുത്തെ വിശ്വസ്തത യാക്കോബിന്‍റെ വംശത്തോടും അവിടുത്തെ ദയ അബ്രഹാമിന്‍റെ സന്തതികളോടും അവിടുന്നു കാണിക്കും. എല്‌ക്കോശിലെ നഹൂമിന്‍റെ ദര്‍ശനഗ്രന്ഥം - നിനെവേയെക്കുറിച്ചുള്ള അരുളപ്പാട്: സര്‍വേശ്വരന്‍ തീക്ഷ്ണതയുള്ളവനും പ്രതികാരം ചെയ്യുന്നവനുമായ ദൈവമാണ്. അവിടുന്ന് പ്രതികാരം ചെയ്യുന്നവനും ക്രോധം നിറഞ്ഞവനുമാണ്. സര്‍വേശ്വരന്‍ പ്രതിയോഗികളോടു പക വീട്ടുന്നു. ശത്രുവിനെതിരെ അമര്‍ഷംകൊള്ളുന്നു. സര്‍വേശ്വരന്‍ ക്ഷമാശീലനും മഹാശക്തനും ആകുന്നു. കുറ്റവാളികളെ അവിടുന്ന് ഒരിക്കലും വെറുതെ വിടുകയില്ല. കൊടുങ്കാറ്റിലും ചുഴലിക്കാറ്റിലുമാണ് അവിടുത്തെ വഴി. മേഘങ്ങള്‍ അവിടുത്തെ കാല്‌ക്കീഴിലെ പൊടിയാണ്. അവിടുന്നു സമുദ്രത്തെ ശാസിച്ച് വറ്റിക്കുന്നു. എല്ലാ നദികളെയും വരളുമാറാക്കുന്നു; ബാശാന്‍പുല്‍മേടുകളും കര്‍മ്മേല്‍മലയും ഉണങ്ങിക്കരിയുന്നു; ലെബാനോനിലെ പുഷ്പങ്ങള്‍ വാടുന്നു. തിരുമുമ്പില്‍ പര്‍വതങ്ങള്‍ കിടിലംകൊള്ളുന്നു. കുന്നുകള്‍ ഉരുകുന്നു. തിരുസന്നിധിയില്‍ ഭൂമി കുലുങ്ങുന്നു. ഭൂമിയും അതിലെ ജീവജാലങ്ങളും വിറയ്‍ക്കുന്നു. അവിടുത്തെ രോഷത്തിനു മുമ്പില്‍ ആര്‍ക്കു നില്‌ക്കാന്‍ കഴിയും? അവിടുത്തെ കോപത്തിന്‍റെ ചൂട് ആര്‍ക്കു സഹിക്കാനാവും? അവിടുന്നു ക്രോധം അഗ്നിപോലെ ചൊരിയുന്നു; അവിടുന്നു പാറകളെ തകര്‍ക്കുന്നു. സര്‍വേശ്വരന്‍ നല്ലവനും കഷ്ടതയുടെ നാളില്‍ രക്ഷാസങ്കേതവും ആകുന്നു. തന്നില്‍ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു. എന്നാല്‍ കവിഞ്ഞൊഴുകുന്ന ജലപ്രവാഹത്താല്‍ അവിടുന്ന് വൈരികളെ ഉന്മൂലനം ചെയ്യും; അവിടുന്ന് അവരെ അന്ധകാരത്തിലേക്കു നയിക്കുന്നു. സര്‍വേശ്വരനെതിരെ നിങ്ങള്‍ എന്തു ഗൂഢാലോചനയാണ് നടത്തുന്നത്? അവിടുന്ന് അത് നിശ്ശേഷം തകര്‍ക്കും. ശത്രുക്കള്‍ക്ക് എതിരെ രണ്ടാമതൊരു പ്രതികാരം അവിടുത്തേക്ക് വേണ്ടിവരികയില്ല. കെട്ടുപിണഞ്ഞു കിടക്കുന്ന മുള്‍പ്പടര്‍പ്പുപോലെയോ ഉണങ്ങിയ വയ്‍ക്കോല്‍പോലെയോ അവരെ അഗ്നിക്കിരയാക്കും. സര്‍വേശ്വരനെതിരെ ദുരാലോചന നടത്തുകയും വഞ്ചന ഉപദേശിക്കുകയും ചെയ്ത ഒരുവന്‍ നിന്നില്‍നിന്ന് ഉദ്ഭവിച്ചില്ലേ? സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: അവര്‍ ബലിഷ്ഠരും സംഖ്യാബലം ഉള്ളവരുമെങ്കിലും ഛേദിക്കപ്പെട്ട് ഇല്ലാതാകും. “ഞാന്‍ നിങ്ങളെ പീഡിപ്പിച്ചെങ്കിലും ഇനിമേല്‍ അങ്ങനെ ചെയ്കയില്ല. നിങ്ങളുടെമേല്‍ ഇരിക്കുന്ന അസ്സീറിയായുടെ നുകം ഞാന്‍ തകര്‍ത്തുകളയും. നിങ്ങളുടെ ബന്ധനങ്ങള്‍ ഞാന്‍ തകര്‍ക്കും.” അവിടുന്നു അസ്സീറിയായെക്കുറിച്ചു കല്പിച്ചിരിക്കുന്നു. നിന്‍റെ നാമം ഇനിമേല്‍ നിലനിര്‍ത്തുകയില്ല; നിന്‍റെ ദേവന്മാരുടെ ക്ഷേത്രത്തില്‍നിന്ന് ശില്പരൂപങ്ങളും വാര്‍പ്പുവിഗ്രഹങ്ങളും ഞാന്‍ തകര്‍ത്തുകളയും. നിന്‍റെ ദുഷ്ടത നിമിത്തം ഞാന്‍ നിനക്കു ശവക്കുഴി തോണ്ടും. ഇതാ സദ്‍വാര്‍ത്തകൊണ്ടുവരുന്നവന്‍റെ- സമാധാനം ആശംസിക്കുന്നവന്‍റെ പാദങ്ങള്‍ മലമുകളില്‍! യെഹൂദായേ, നിന്‍റെ ഉത്സവങ്ങള്‍ ആചരിക്കുക; നിന്‍റെ നേര്‍ച്ചകള്‍ കഴിക്കുക; ദുഷ്ടജനം ഇനി നിന്‍റെ ദേശം ആക്രമിക്കുകയില്ല; അവര്‍ നിശ്ശേഷം നശിപ്പിക്കപ്പെട്ടിരിക്കുന്നു. വിനാശകന്‍ നിനക്കെതിരെ വരുന്നു. കോട്ടകള്‍ക്കു കാവല്‍ ഏര്‍പ്പെടുത്തുക. വീഥികള്‍ കാത്തുസൂക്ഷിക്കുക. നിന്‍റെ അരമുറുക്കുക, സര്‍വശക്തിയും സംഭരിക്കുക. സര്‍വേശ്വരന്‍ യാക്കോബിന്‍റെ മഹത്ത്വം ഇസ്രായേലിന്‍റെ മഹത്ത്വംപോലെ പുനഃസ്ഥാപിക്കാന്‍ പോകുന്നു. കവര്‍ച്ചക്കാര്‍ അവരെ കൊള്ളയടിച്ചു; അവരുടെ ശിഖരങ്ങള്‍ എല്ലാം നശിപ്പിച്ചു. ശത്രുവിന്‍റെ വീരയോദ്ധാക്കള്‍ ചെമ്പരിച കൈയിലേന്തിയിരിക്കുന്നു. അവരുടെ പടയാളികള്‍ ചെങ്കുപ്പായം അണിഞ്ഞിരിക്കുന്നു. അവര്‍ ആക്രമിക്കാന്‍ ഒരുങ്ങുന്നു, അവരുടെ രഥങ്ങള്‍ തീജ്വാലപോലെ മിന്നിത്തിളങ്ങുന്നു. അവരുടെ പടക്കുതിരകള്‍ കുതിച്ചുചാടുന്നു. രഥങ്ങള്‍ വീഥികളിലൂടെ ഇരമ്പിപ്പായുന്നു; നഗരവീഥികളില്‍ അവ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. തീപ്പന്തങ്ങള്‍പോലെ അവ കാണപ്പെടുന്നു. മിന്നല്‍പ്പിണര്‍പോലെ അവ പായുന്നു. അവരുടെ പടനായകരെ വിളിച്ചുകൂട്ടുന്നു. അവര്‍ മുന്നോട്ട് അടുക്കുമ്പോള്‍ ഇടറിവീഴുന്നു. അവര്‍ തിടുക്കത്തില്‍ കോട്ടയോടടുക്കുന്നു. അവിടെ ലോഹമറ സജ്ജമാക്കിയിരിക്കുന്നു. നദികള്‍ തുറന്നുവിട്ടിരിക്കുന്നു; രാജകൊട്ടാരം കൊടുംഭീതിയിലമര്‍ന്നിരിക്കുന്നു. രാജ്ഞിയെ നഗ്നയാക്കി പിടിച്ചുകൊണ്ടു പോയിരിക്കുന്നു. ദാസിമാര്‍ പ്രാവു കുറുകുംപോലെ മാറിലടിച്ചു വിലപിക്കുന്നു. നിനെവേ വെള്ളം വാര്‍ന്നൊഴുകുന്ന കുളംപോലെയാണ്. “നില്‌ക്കൂ, നില്‌ക്കൂ എന്ന് അവര്‍ വിളിച്ചുപറയുന്നു. പക്ഷേ, ആരും തിരിഞ്ഞു നോക്കുന്നില്ല. സ്വര്‍ണം കൊള്ളയടിക്കുക, വെള്ളിയും പിടിച്ചെടുക്കുക, നിധികള്‍ക്കു അന്തമില്ല, എല്ലാത്തരം അമൂല്യവസ്തുക്കളും അവിടെയുണ്ട്. എങ്ങും ശൂന്യത! ശൂന്യത! വിനാശം! ഹൃദയം തളരുന്നു. കാല്‍മുട്ടുകള്‍ വിറയ്‍ക്കുന്നു; അരക്കെട്ടിലെങ്ങും കൊടിയവേദന; എല്ലാ മുഖങ്ങളും വിളറുന്നു! സിംഹങ്ങള്‍ ഇരയെ കൊണ്ടുവന്ന ഗുഹ എവിടെ? യുവസിംഹങ്ങളും സിംഹിയും കുട്ടികളും നിര്‍ബാധം വിഹരിച്ചിരുന്ന സ്ഥലങ്ങള്‍ എവിടെ? കുട്ടികള്‍ക്കുവേണ്ട മാംസം സിംഹം കടിച്ചു കീറി വച്ചിരിക്കുന്നു. സിംഹികള്‍ക്കായും ഇരയെ ഞെരിച്ചു കൊന്നുവച്ചിരിക്കുന്നു. ഇരയെക്കൊണ്ടു ഗുഹയും കടിച്ചുകീറിയ മാംസംകൊണ്ടു മാളവും നിറച്ചിരിക്കുന്നു. “ഇതാ, ഞാന്‍ നിനക്ക് എതിരായിരിക്കുന്നു” ഇത് സര്‍വശക്തനായ സര്‍വേശ്വരന്‍റെ വചനം. “നിന്‍റെ രഥങ്ങള്‍ ഞാന്‍ ചുട്ടുകളയും. നിന്‍റെ യുവസിംഹങ്ങളെ ഞാന്‍ വാളിന് ഇരയാക്കും; ഇനി ഞാന്‍ നിനക്ക് ഭൂമിയില്‍ ഇര ശേഷിപ്പിക്കുകയില്ല. നിന്‍റെ ദൂതന്മാരുടെ ശബ്ദം ഇനി കേള്‍ക്കുകയുമില്ല.” കൊല്ലും കൊലയും നിറഞ്ഞ നഗരമേ, നിനക്കു ദുരിതം! നിന്നില്‍ നിറയെ കള്ളവും കവര്‍ച്ചയും ആണ്. അവിടെ കൊള്ളയ്‍ക്ക് ഒരു അറുതിയുമില്ല! ചാട്ടവാറിന്‍റെ പടപടശബ്ദം! ചക്രങ്ങളുടെ കടകടാരവം! കുതിച്ചുപായുന്ന കുതിരകള്‍! ഓടുന്ന രഥങ്ങള്‍! ആക്രമിക്കുന്ന അശ്വസൈനികര്‍! മിന്നിജ്വലിക്കുന്ന വാളുകള്‍! വെട്ടിത്തിളങ്ങുന്ന കുന്തങ്ങള്‍! കണക്കറ്റു കൊല്ലപ്പെട്ടവര്‍! ശവശരീരങ്ങളുടെ കൂനകള്‍! അവയ്‍ക്കറുതിയില്ല. അവര്‍ ജഡങ്ങളില്‍ തട്ടിവീഴുന്നു. സൗന്ദര്യവും മാരകമായ വശീകരണശക്തിയുമുള്ള അഭിസാരികയുടെ എണ്ണമറ്റ വേശ്യാവൃത്തികൊണ്ട് ഇതെല്ലാം സംഭവിച്ചു. അവള്‍ ജനതകളെ വേശ്യാവൃത്തിയാലും രാജ്യങ്ങളെ വശീകരണതന്ത്രത്താലും വഞ്ചിച്ചു. ഇതാ, ഞാന്‍ നിനക്ക് എതിരാണ്! സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ഞാന്‍ നിന്‍റെ വസ്ത്രം മുഖംവരെ ഉയര്‍ത്തും; അങ്ങനെ നിന്‍റെ നഗ്നത ജനതകളും നിന്‍റെ അപമാനം രാജ്യങ്ങളും ദര്‍ശിക്കാന്‍ ഇടയാക്കും. ഞാന്‍ നിന്‍റെമേല്‍ ചെളി വാരിയെറിയും. ഞാന്‍ നിന്നെ നിന്ദ്യയാക്കും. നീ അവജ്ഞാപാത്രം ആകും. അങ്ങനെ നിന്നെ കാണുന്നവര്‍ എല്ലാം അറച്ചു പിറകോട്ടുമാറി പറയും: “നിനെവേ ശൂന്യമാക്കപ്പെട്ടു; ആര് അവള്‍ക്കുവേണ്ടി വിലപിക്കും. അവളെ സാന്ത്വനപ്പെടുത്തുന്നവരെ ഞാന്‍ എവിടെ കണ്ടെത്തും. നൈല്‍നദിക്കരികിലുള്ള തേബസ്നഗരത്തെക്കാള്‍ നീ മികച്ചവളോ? അവള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ജലം അവള്‍ക്ക് കോട്ടയും സമുദ്രം അവള്‍ക്ക് കൊത്തളവും ആണല്ലോ. എത്യോപ്യയും ഈജിപ്തും അവള്‍ക്ക് അതിരറ്റ ബലമായിരുന്നു. പൂത്യരും ലിബിയാക്കാരും അവള്‍ക്കു സഹായികളായിരുന്നു. എന്നിട്ടും അവള്‍ പ്രവാസത്തിലേക്കും അടിമത്തത്തിലേക്കും പോകേണ്ടിവന്നു. അവളുടെ കുഞ്ഞുങ്ങളെ തെരുവീഥികളില്‍ നിലത്തടിച്ചു കൊന്നു. അവളുടെ സമുന്നതന്മാര്‍ക്കുവേണ്ടി നറുക്കിട്ടു. അവളുടെ പ്രമാണികളെയെല്ലാം ചങ്ങലകളാല്‍ ബന്ധിച്ചു. നിനെവേ, നീയും ലഹരി പിടിച്ച് ഉന്മത്തയും പരിഭ്രാന്തയും ആകും; നീ ശത്രുവിന്‍റെ മുമ്പില്‍നിന്ന് അഭയം തേടിപ്പോകും. നിന്‍റെ സകല കോട്ടകളും ആദ്യഫലങ്ങള്‍ പേറുന്ന അത്തിമരം പോലെയാകും. പിടിച്ചൊന്നു കുലുക്കിയാല്‍ അവ തിന്നാനുള്ളവന്‍റെ വായില്‍ വീഴും. നിന്‍റെ പടയാളികള്‍ സ്‍ത്രീകളെപ്പോലെയാണ്. നിന്‍റെ ദേശകവാടം ശത്രുവിനു മുമ്പില്‍ മലര്‍ക്കെ തുറന്നുകിടക്കുന്നു. നിന്‍റെ ഓടാമ്പലുകള്‍ അഗ്നിക്ക് ഇരയായിരിക്കുന്നു. ഉപരോധത്തിനുവേണ്ടി വെള്ളം കോരുക; നിന്‍റെ കോട്ടകളെ ബലപ്പെടുത്തുക. കളിമണ്ണു ചവുട്ടിക്കുഴച്ച് ഇഷ്‍ടിക പിടിക്കുക. അവിടെ തീ നിന്നെ ചുട്ടുകളയും; വാള്‍ നിന്നെ ഛേദിക്കും. വെട്ടുക്കിളിയെപ്പോലെ അതു നിന്നെ തിന്നൊടുക്കും. വെട്ടുക്കിളിയെപ്പോലെ നീ പെരുകുക; വിട്ടിലിനെപ്പോലെ വര്‍ധിക്കുക. നിന്‍റെ വ്യാപാരികളെ ആകാശത്തിലെ നക്ഷത്രങ്ങളിലും അധികമായി നീ വര്‍ധിപ്പിച്ചുവല്ലോ. എന്നാല്‍ വെട്ടുക്കിളികള്‍പോലെ അവര്‍ ചിറകുവിരിച്ചു പറന്നുപോകുന്നു. നിന്‍റെ പ്രഭുക്കന്മാര്‍ വെട്ടുക്കിളിപോലെയും നിന്‍റെ ഉന്നതമേധാവികള്‍ ശീതകാലത്തു വേലിയില്‍ പറ്റിക്കൂടുന്ന വിട്ടില്‍പ്പറ്റങ്ങള്‍പോലെയും ആകുന്നു. സൂര്യോദയത്തില്‍ അവ പറന്നുപോകുന്നു. അവ എവിടെയെന്ന് ആരും അറിയുന്നില്ല. അസ്സീറിയാരാജാവേ, നിന്‍റെ ഇടയന്മാര്‍ ഉറങ്ങുന്നു. പ്രഭുക്കന്മാര്‍ മയങ്ങുന്നു. നിന്‍റെ ജനം മലകളില്‍ ചിതറിപ്പോയിരിക്കുന്നു. അവരെ ഒരുമിച്ചു കൂട്ടാന്‍ ആരുമില്ല. നിന്‍റെ പരുക്ക് കരിയുന്നില്ല. നിന്‍റെ മുറിവ് ഗുരുതരമാണ്; നിന്നെക്കുറിച്ചുള്ള വാര്‍ത്ത അറിയുന്നവരെല്ലാം നിന്‍റെ പതനത്തില്‍ കൈകൊട്ടും. കാരണം നിന്‍റെ ഒടുങ്ങാത്ത ദുഷ്ടതയ്‍ക്ക് ഇരയാകാത്തവര്‍ ആരുണ്ട്? ഹബക്കൂക് പ്രവാചകനു ലഭിച്ച അരുളപ്പാട്: സര്‍വേശ്വരാ, അങ്ങു കേള്‍ക്കാതിരിക്കെ ഞാന്‍ എത്രനാള്‍ സഹായത്തിനുവേണ്ടി നിലവിളിക്കണം? അങ്ങു രക്ഷിക്കാതിരിക്കെ അക്രമത്തിനെതിരെ ഞാന്‍ എത്രനാള്‍ നിലവിളിക്കണം? ഇതുപോലെയുള്ള നീതികേടു കാണാനും കഷ്ടതകള്‍ നോക്കിക്കൊണ്ടിരിക്കാനും എനിക്ക് ഇടവരുത്തുന്നത് എന്ത്? വിനാശവും അക്രമവും ആണ് എന്‍റെ മുമ്പില്‍. കലഹവും ശണ്ഠയും എല്ലായിടത്തും പൊട്ടിപ്പുറപ്പെടുന്നു. അങ്ങനെ ധര്‍മം ക്ഷയിക്കുന്നു; ന്യായം ഒരിക്കലും നിലനില്‌ക്കുന്നില്ല. ദുഷ്ടന്മാര്‍ നീതിമാന്മാരെ വലയം ചെയ്യുന്നു. അതുകൊണ്ട് ന്യായം തകിടം മറിക്കപ്പെടുന്നു. ജനതകളേ, നോക്കിക്കാണുക; നിങ്ങള്‍ അദ്ഭുതപ്പെട്ട് വിസ്മയഭരിതരാകുവിന്‍; കാരണം, കേട്ടാല്‍ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി നിങ്ങളുടെ കാലത്ത് ഞാന്‍ ചെയ്യാന്‍ പോകുന്നു. ഉഗ്രന്മാരും വിചാരശൂന്യരുമായ ബാബിലോണ്യരെ ഞാന്‍ ഉണര്‍ത്തും. അവര്‍ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങള്‍ കൈവശപ്പെടുത്താന്‍ ഭൂമിയില്‍ ഉടനീളം സഞ്ചരിക്കും. അവര്‍ ഉഗ്രന്മാരും ഭീകരരുമാണ്; അവരുടെ ന്യായവും യോഗ്യതയും അവര്‍ നിശ്ചയിക്കുന്നതുതന്നെ. അവരുടെ കുതിരകള്‍ക്കു പുള്ളിപ്പുലിയെക്കാള്‍ വേഗതയും ഇരതേടുന്ന ചെന്നായെക്കാള്‍ ക്രൂരതയുമുണ്ട്. അവരുടെ അശ്വാരൂഢര്‍ വിദൂരത്തുനിന്നു പാഞ്ഞുവരുന്നു; ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെ അതിശീഘ്രം അവര്‍ പറന്നുവരുന്നു. അവരെല്ലാം അക്രമത്തിനാണു വരുന്നത്. അവരുടെ വരവു കാണുമ്പോഴേക്ക് എല്ലാവരും സംഭീതരായിത്തീരുന്നു; മണല്‍ത്തരിപോലെ അസംഖ്യം പേരെ അവര്‍ ബന്ദികളാക്കുന്നു. അവര്‍ രാജാക്കന്മാരെ പരിഹസിക്കുന്നു; ഭരണാധികാരികളെ കളിയാക്കുന്നു. ഏതു കോട്ടയെയും അവര്‍ നിസ്സാരമായി കാണുന്നു. കാരണം മണ്‍തിട്ട ഉയര്‍ത്തി അവര്‍ കോട്ട പിടിക്കുന്നു. പിന്നെ അവര്‍ കാറ്റുപോലെ വീശിയടിച്ചു കടന്നുപോകുന്നു. കുറ്റക്കാരും അതിക്രമികളുമായ അവര്‍ക്കു സ്വന്തം ശക്തിയാണു ദൈവം! എന്‍റെ ദൈവമായ സര്‍വേശ്വരാ, അവിടുന്ന് അനാദികാലം മുതല്‍ക്കേ എന്‍റെ പരിശുദ്ധനായ ദൈവമല്ലേ? അവിടുന്ന് അമര്‍ത്യനാണല്ലോ; സര്‍വേശ്വരാ, അവിടുന്ന് അവരെ ന്യായവിധിക്കായി നിയോഗിച്ചിരിക്കുന്നു. എന്‍റെ അഭയശിലയായ അവിടുന്ന് ഞങ്ങള്‍ക്കു ശിക്ഷണം നല്‌കാനായി അവരെ നിയോഗിച്ചിരിക്കുന്നു. തിന്മകള്‍ കാണാനരുതാത്തവിധം നിര്‍മല ദൃഷ്‍ടിയുള്ളവനും അകൃത്യം നോക്കി നില്‌ക്കാത്തവനുമായ അവിടുന്നു ദ്രോഹം ചെയ്യുന്നവരെ നോക്കിക്കൊണ്ടിരിക്കുന്നത് എന്ത്? ദുഷ്ടന്‍ തന്നെക്കാള്‍ നീതിമാനായവനെ നശിപ്പിക്കുന്നതു കണ്ട് അങ്ങു മൗനം ദീക്ഷിക്കുന്നതും എന്ത്? അവിടുന്നു മനുഷ്യരെ സമുദ്രത്തിലെ മത്സ്യത്തെപ്പോലെ, നാഥനില്ലാത്ത ഇഴജന്തുക്കളെപ്പോലെ ആക്കുന്നതെന്തുകൊണ്ട്? ബാബിലോണ്യര്‍ മത്സ്യത്തെപ്പോലെ മനുഷ്യരെ ചൂണ്ടയിട്ടു പിടിക്കുന്നു. അവര്‍ അവരെ വലയില്‍ കുടുക്കി വലിച്ചുകയറ്റുന്നു. അവരെ കോരുവലയില്‍ ശേഖരിക്കുന്നു. അവര്‍ ആഹ്ലാദിച്ചു തിമിര്‍ക്കുന്നു. അവര്‍ തങ്ങളുടെ വലകള്‍ക്കു ബലിപൂജ നടത്തുന്നു; കോരുവലകള്‍ക്കു ധൂപം കാട്ടുന്നു. അവകൊണ്ടാണല്ലോ അവര്‍ സമൃദ്ധിയില്‍ കഴിയുന്നതും വിശിഷ്ടഭോജ്യങ്ങള്‍ ഭുജിക്കുന്നതും. അങ്ങനെ അവര്‍ വല കുടഞ്ഞ് ശൂന്യമാക്കി ജനതകളെ നിഷ്കരുണം നിത്യവും കൊന്നുകൊണ്ടിരിക്കുമോ? ഞാന്‍ കാവല്‍ഗോപുരത്തില്‍ നില്‌ക്കും; അവിടുന്ന് എന്നോട് എന്ത് അരുളിച്ചെയ്യുമെന്നും എന്‍റെ ആവലാതിയെക്കുറിച്ച് എന്തു മറുപടി നല്‌കുമെന്നും അറിയാന്‍ ഞാന്‍ നോക്കിക്കൊണ്ടിരിക്കും. സര്‍വേശ്വരന്‍ എനിക്ക് ഇപ്രകാരം മറുപടി തന്നു: “ഈ ദര്‍ശനം നീ എഴുതിയിടുക. ഒറ്റനോട്ടത്തില്‍തന്നെ വായിക്കാന്‍ കഴിയുംവിധം അതു ഫലകത്തില്‍ വ്യക്തമായി രേഖപ്പെടുത്തുക.” ദര്‍ശനം അതിന്‍റെ സമയത്തിനായി കാത്തിരിക്കുകയാണ്. ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവില്ല. വൈകുന്നു എന്നു തോന്നിയാലും കാത്തിരിക്കുക. ആ സമയം വരികതന്നെ ചെയ്യും; വൈകുകയില്ല. നിഷ്കളങ്കനല്ലാത്തവന്‍ പരാജയപ്പെടും; എന്നാല്‍ നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും. സമ്പത്ത് വഞ്ചനാപൂര്‍ണമാണ്. ഗര്‍വുള്ളവര്‍ക്കു നിലനില്പില്ല. അവരുടെ ദുരാഗ്രഹം പാതാളംപോലെ വിസ്താരമുള്ളതാണ്. മൃത്യുവിനെന്നപോലെ അവര്‍ക്ക് ഒരിക്കലും തൃപ്തി വരികയില്ല. അവര്‍ ജനതകളെ തങ്ങള്‍ക്കായി ശേഖരിക്കുന്നു; സര്‍വജനങ്ങളെയും തങ്ങള്‍ക്കായി ഒന്നിച്ചുകൂട്ടുന്നു. അങ്ങനെ ശേഖരിക്കപ്പെട്ടവരെല്ലാം അവരെ നിന്ദിക്കും. അവര്‍ നിന്ദിച്ചു പരിഹസിച്ചു പറയും: “തങ്ങളുടേതല്ലാത്ത മുതല്‍ നിങ്ങള്‍ എത്രത്തോളം കൂട്ടിവയ്‍ക്കും? പണയപ്പണ്ടങ്ങള്‍ വാരിക്കൂട്ടുന്നവര്‍ക്കു ദുരിതം!” നിങ്ങളുടെ കടക്കാര്‍ പെട്ടെന്നു നിങ്ങളെ നേരിടുകയില്ലേ? നിങ്ങളെ സംഭീതരാക്കാന്‍ അവര്‍ കരുത്തരാകുകയില്ലേ? അങ്ങനെ നിങ്ങള്‍ അവരുടെ കൊള്ളമുതലായിത്തീരുകയില്ലേ? നിരവധിരാജ്യങ്ങളെ നിങ്ങള്‍ കവര്‍ച്ച ചെയ്തതുകൊണ്ട് ജനതകളില്‍ ശേഷിച്ചവര്‍ നിങ്ങളെ കവര്‍ച്ചചെയ്യും. നിങ്ങള്‍ ചെയ്ത കൊലപാതകങ്ങള്‍കൊണ്ടും രാജ്യങ്ങളെയും നഗരങ്ങളെയും അതില്‍ നിവസിക്കുന്നവരെയും നിങ്ങള്‍ ആക്രമിക്കുകയും ചെയ്തതുകൊണ്ടും നിങ്ങള്‍ക്ക് ഇതു സംഭവിക്കും. അനര്‍ഥം നേരിടാത്തവിധം ഉയരത്തില്‍ തന്‍റെ വീടു നിര്‍മിക്കുകയും സ്വന്തം കുടുംബത്തിന് അന്യായസമ്പാദ്യം ഉണ്ടാക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം! നിങ്ങള്‍ അനേകം ജനതകളുടെ വംശം നശിപ്പിച്ചു നിങ്ങളുടെ ഭവനത്തിനുതന്നെ നാണക്കേടു വരുത്തിവച്ചു, നിങ്ങള്‍ക്കു തന്നെ നിങ്ങള്‍ അനര്‍ഥം വരുത്തി. ചുവരിലിരിക്കുന്ന കല്ലു നിങ്ങള്‍ക്കെതിരെ നിലവിളിക്കും. മേല്‍ക്കൂരയില്‍നിന്നു തുലാം പ്രതികരിക്കുകയും ചെയ്യും. രക്തപാതകംകൊണ്ട് നഗരം പടുത്തുയര്‍ത്തുന്നവര്‍ക്കും അധര്‍മത്തിന്മേല്‍ നഗരം സ്ഥാപിക്കുന്നവര്‍ക്കും ദുരിതം! അഗ്നിക്ക് ഇര നല്‌കാന്‍വേണ്ടി ജനങ്ങള്‍ അധ്വാനിക്കുന്നതും വ്യര്‍ഥമായി യത്നിച്ച് ജനതകള്‍ തളരുന്നതും സര്‍വശക്തനായ സര്‍വേശ്വരന്‍റെ തിരുഹിതത്താലല്ലോ? സമുദ്രം ജലംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി സര്‍വേശ്വരന്‍റെ മഹത്ത്വത്തിന്‍റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കുന്നു. അയല്‍ക്കാരോടുള്ള ദ്വേഷം നിമിത്തം അവരെ ക്രോധത്തിന്‍റെ പാനപാത്രം കുടിപ്പിക്കുന്നവര്‍ക്കും അവരുടെ നഗ്നത കാണാന്‍ അവരെ ലഹരിപിടിപ്പിക്കുന്നവര്‍ക്കും ദുരിതം! മഹത്ത്വംകൊണ്ടല്ല അപമാനംകൊണ്ടു നിങ്ങള്‍ക്കു മതിവരും; നിങ്ങള്‍ കുടിച്ചു കൂത്താടുക. സര്‍വേശ്വരന്‍റെ വലങ്കൈയിലുള്ള ശിക്ഷാവിധിയുടെ പാനപാത്രം നിങ്ങള്‍ കുടിക്കും; മഹത്ത്വത്തിനുപകരം അപമാനം നിങ്ങള്‍ക്കു വന്നുചേരും. ദേശത്തോടും നഗരങ്ങളോടും അവിടെ അധിവസിക്കുന്ന സകലരോടും ചെയ്ത ബലാല്‌ക്കാരവും രക്തച്ചൊരിച്ചിലും നിമിത്തം വന്യമൃഗങ്ങള്‍ വരുത്തുന്ന നാശം നിങ്ങളെ ഭയപ്പെടുത്തും; ലെബാനോനോടു നിങ്ങള്‍ ചെയ്ത അക്രമം നിങ്ങളെ പിടികൂടും. വിഗ്രഹം കൊത്തി നിര്‍മിച്ചവന് അതുകൊണ്ട് എന്തു പ്രയോജനം? അവന്‍ തന്‍റെ സ്വന്തം സൃഷ്‍ടിയിലാണല്ലോ ആശ്രയിക്കുന്നത്? അതു വ്യാജ അരുളപ്പാടാണല്ലോ നല്‌കുക? തടിയില്‍ പണിത ശില്പത്തോട് ഉണരുക എന്നും മൂകമായ കല്ലിനോട് എഴുന്നേല്‌ക്കുക എന്നും പറയുന്നവനു ദുരിതം! അതിനു പ്രബോധനം നല്‌കാന്‍ കഴിയുമോ? പൊന്നും വെള്ളിയും പൊതിഞ്ഞതാണെങ്കിലും അതിനു ജീവന്‍ ഇല്ലല്ലോ? എന്നാല്‍ സര്‍വേശ്വരന്‍ അവിടുത്തെ വിശുദ്ധമന്ദിരത്തിലുണ്ട്. സമസ്തലോകവും തിരുസന്നിധിയില്‍ മൗനമായിരിക്കട്ടെ. ഹബക്കൂക് പ്രവാചകന്‍ വിലാപരാഗത്തില്‍ രചിച്ച ഗീതം. സര്‍വേശ്വരാ, അങ്ങയെക്കുറിച്ചു കേട്ടറിഞ്ഞ് ഞാന്‍ ഭയന്നു; അങ്ങയുടെ പ്രവൃത്തികള്‍ ഇന്നും ആവര്‍ത്തിക്കണമേ. അവിടുന്നു കോപിച്ചിരിക്കുമ്പോഴും അങ്ങയുടെ കാരുണ്യം അനുസ്മരിക്കണമേ ദൈവം തേമാനില്‍നിന്നു വന്നു; പരിശുദ്ധനായ ദൈവം പാറാന്‍ ഗിരിയില്‍നിന്നു വന്നു. അവിടുത്തെ തേജസ്സ് ആകാശം മൂടി. അവിടുത്തെക്കുറിച്ചുള്ള സ്തുതിയാല്‍ ഭൂമി നിറഞ്ഞു. അവിടുത്തെ ശോഭ മിന്നലൊളിപോലെ ആയിരുന്നു; തൃക്കരങ്ങളില്‍നിന്നു പ്രകാശകിരണങ്ങള്‍ പ്രസരിച്ചു. അവിടെയാണ് അവിടുത്തെ ശക്തി മറഞ്ഞിരിക്കുന്നത്. മഹാമാരി തിരുമുമ്പില്‍ നീങ്ങുന്നു. മഹാവ്യാധി അവിടുത്തെ തൊട്ടുപിന്നിലും. അവിടുന്നു ഭൂമിയെ അളന്നു. അവിടുത്തെ നോട്ടത്തില്‍ ജനതകള്‍ കുലുങ്ങിവിറച്ചു. പണ്ടേയുള്ള പര്‍വതങ്ങള്‍ ചിതറിപ്പോയി. പുരാതനഗിരികള്‍ താണുപോയി. എന്നാല്‍ അവിടുത്തെ മാര്‍ഗങ്ങള്‍ പഴയതുതന്നെ. കൂശാന്‍റെ കൂടാരങ്ങള്‍ അനര്‍ഥത്തിലാണ്ടതു ഞാന്‍ കണ്ടു. മിദ്യാന്‍ദേശത്തിന്‍റെ തിരശ്ശീലകള്‍ വിറച്ചു. സര്‍വേശ്വരാ, നദികള്‍ക്കു നേരെയാണോ അവിടുത്തെ ക്രോധം? അവിടുന്നു പുഴകളോടു നീരസം പൂണ്ടിരിക്കുന്നു. അവിടുന്നു വിജയരഥമേറി കുതിരകളെ തെളിച്ചുവരുമ്പോള്‍ അങ്ങയുടെ ക്രോധം സമുദ്രത്തിനോടോ? അവിടുന്ന് അമ്പെടുത്തു വില്ലില്‍ തൊടുത്തു. നദികളാല്‍ അവിടുന്നു ഭൂതലം പിളര്‍ന്നു. പര്‍വതങ്ങള്‍ അങ്ങയെ കണ്ടു വിറച്ചു. ജലപ്രവാഹങ്ങള്‍ പ്രവഹിച്ചു. അഗാധജലം ഗര്‍ജിച്ചു. ഉയരത്തിലേക്ക് അതിന്‍റെ തിരമാലകളെ ഉയര്‍ത്തി. അവിടുത്തെ മിന്നിപ്പായുന്ന അസ്ത്രങ്ങളുടെ പ്രകാശവും; കുന്തങ്ങളുടെ മിന്നലൊളിയും കണ്ട് സൂര്യചന്ദ്രന്മാര്‍ സ്വസ്ഥാനങ്ങളില്‍ നിശ്ചലരായി നിന്നു. ക്രോധത്തോടെ അവിടുന്നു ഭൂമിയില്‍ നടന്നു. കോപത്തോടെ അവിടുന്നു ജനതകളെ മെതിച്ചു. അവിടുത്തെ ജനത്തിന്‍റെയും അവിടുത്തെ അഭിഷിക്തന്‍റെയും രക്ഷയ്‍ക്കായി അവിടുന്നു പുറപ്പെട്ടു. ദുഷ്ടഭവനത്തെ അവിടുന്നു തകര്‍ത്ത് അതിന്‍റെ അടിത്തറവരെ അവിടുന്ന് അനാവൃതമാക്കി. അയാളുടെ പടയാളികളുടെ തല അവിടുന്നു കുന്തംകൊണ്ടു കുത്തിത്തുളച്ചു. എന്നെ ചിതറിക്കാന്‍ അവര്‍ ചുഴലിക്കാറ്റുപോലെ വന്നു; എളിയവനെ ഒളിവില്‍ വിഴുങ്ങുന്നതിലെന്നപോലെ അവര്‍ സന്തോഷിച്ചു. അവിടുന്നു കുതിരകളുമായി വന്നു സമുദ്രത്തെ, ഇളകിമറിയുന്ന തിരമാലകളെ ചവുട്ടിമെതിച്ചു. ആ ആരവം കേട്ടു ഞാന്‍ നടുങ്ങി; ആ ശബ്ദം കേട്ട് എന്‍റെ അധരങ്ങള്‍ വിറച്ചു. എന്‍റെ അസ്ഥികള്‍ ദ്രവിച്ചു തുടങ്ങി. എന്‍റെ കാലടികള്‍ ഇടറുന്നു; ഞങ്ങളെ ആക്രമിക്കുന്ന ജനങ്ങള്‍ക്കു കഷ്ടദിവസം വരുവാനായി ഞാന്‍ ക്ഷമയോടെ കാത്തിരിക്കും. അത്തിവൃക്ഷം പൂവണിയുകയോ മുന്തിരിവള്ളി കായ്‍ക്കുകയോ ചെയ്തില്ലെന്നു വരാം. ഒലിവ് ഫലം നല്‌കാതെയും വയലില്‍ ധാന്യം വിളയാതെയും വന്നേക്കാം. ആട്ടിന്‍കൂട്ടം ആലകളില്‍ നിശ്ശേഷം നശിച്ചെന്നു വരാം; തൊഴുത്തുകളില്‍ കന്നുകാലികള്‍ ഇല്ലാതെ വന്നേക്കാം. എന്നാലും ഞാന്‍ സര്‍വേശ്വരനില്‍ ആനന്ദിക്കും. എന്‍റെ രക്ഷകനായ ദൈവത്തില്‍ സന്തോഷിക്കും. സര്‍വേശ്വരനായ കര്‍ത്താവാണ് എന്‍റെ ബലം; പേടമാന്‍റെ കാലുകള്‍ക്കുള്ള വേഗത എന്‍റെ കാലുകള്‍ക്ക് അവിടുന്നു നല്‌കി; അവിടുന്ന് എന്നെ ഉന്നതങ്ങളില്‍ നടത്തുന്നു. ആമോന്‍റെ പുത്രനായ യോശിയാരാജാവ് യെഹൂദാരാജ്യം ഭരിക്കുന്ന കാലത്ത് കൂശിയുടെ പുത്രനായ സെഫന്യാപ്രവാചകനു സര്‍വേശ്വരനില്‍നിന്നു ലഭിച്ച അരുളപ്പാട്. കൂശി ഗെദല്യായുടെ പുത്രനും ഗെദല്യാ അമര്യായുടെ പുത്രനും അമര്യാ ഹിസ്കിയായുടെ പുത്രനും ആയിരുന്നു. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ ഭൂമുഖത്തുനിന്ന് എല്ലാറ്റിനെയും സംഹരിച്ചു കളയും. മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കും. ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും നശിപ്പിക്കും. ദുര്‍ജനത്തെ ഉന്മൂലനം ചെയ്യും; മനുഷ്യരാശിയെ ഭൂമുഖത്തുനിന്നു ഞാന്‍ വിഛേദിക്കും.” ഇതു സര്‍വേശ്വരന്‍റെ വചനം. യെഹൂദായെയും യെരൂശലേംനിവാസികളെയും ഞാന്‍ ശിക്ഷിക്കും. ബാലിന്‍റെ ആരാധകരില്‍ ശേഷിച്ചവരെയും വിഗ്രഹാരാധകരായ പുരോഹിതന്മാരെയും ഞാന്‍ നാമാവശേഷമാക്കും. അവര്‍ മട്ടുപ്പാവില്‍നിന്ന് ആകാശഗോളങ്ങളെ നമസ്കരിക്കുന്നു. സര്‍വേശ്വരനെ ആരാധിക്കുന്നു. അവിടുത്തെ നാമത്തില്‍ സത്യം ചെയ്യുന്നു. എന്നാല്‍ അതോടൊപ്പം മല്‍ക്കാമിന്‍റെ നാമത്തിലും സത്യം ചെയ്യുന്നു. അവര്‍ സര്‍വേശ്വരനെ അനുഗമിക്കാതെ പിന്തിരിയുന്നു. അവര്‍ അവിടുത്തെ അന്വേഷിക്കുകയോ തിരുഹിതം ആരായുകയോ ചെയ്യുന്നില്ല. ദൈവമായ സര്‍വേശ്വരന്‍റെ മുമ്പില്‍ നിശ്ശബ്ദമായിരിക്കുവിന്‍; അവിടുത്തെ ദിവസം അടുത്തിരിക്കുന്നു. സര്‍വേശ്വരന്‍ ഒരു യാഗം ഒരുക്കിയിരിക്കുന്നു. അവിടുന്നു ക്ഷണിച്ചവരെ വിശുദ്ധീകരിച്ചിരിക്കുന്നു. എന്നാല്‍ സര്‍വേശ്വരന്‍റെ യാഗദിവസം രാജസേവകന്മാരെയും രാജകുമാരന്മാരെയും വിദേശവസ്ത്രധാരികളെയും ഞാന്‍ ശിക്ഷിക്കും. അന്നേദിവസം ഉമ്മരപ്പടി ചാടിക്കടക്കുന്നവരെയും വിജാതീയര്‍ ആരാധിക്കുന്നതുപോലെ ആരാധിക്കുകയും വഞ്ചനയും അതിക്രമവുംകൊണ്ട് തങ്ങളുടെ യജമാനന്മാരുടെ വീടുകളെ നിറയ്‍ക്കുകയും ചെയ്യുന്നവരെ ഞാന്‍ ശിക്ഷിക്കും.” സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അന്നു മത്സ്യഗോപുരത്തില്‍നിന്നു നിലവിളിയും നഗരത്തിന്‍റെ പുതിയ ഭാഗത്തുനിന്നു മുറവിളിയും കുന്നുകളില്‍നിന്നു വലിയ പൊട്ടിത്തെറിയും കേള്‍ക്കും. മക്‌ത്തേശ്നിവാസികളേ, വിലപിക്കുവിന്‍; വ്യാപാരികള്‍ ആരും അവശേഷിച്ചിട്ടില്ലല്ലോ. വെള്ളിവ്യാപാരികളും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. അന്നു ഞാന്‍ ഒരു വിളക്കുമായി വന്നു യെരൂശലേമില്‍ പരിശോധന നടത്തും; ദൈവം നന്മയോ തിന്മയോ ചെയ്യുകയില്ലെന്നു പറഞ്ഞുകൊണ്ടു വീഞ്ഞുമട്ടു കുടിച്ചു ചീര്‍ക്കുന്നവരെ ഞാന്‍ ശിക്ഷിക്കും. അവരുടെ ധനം കൊള്ളയടിക്കപ്പെടും; വീടുകള്‍ ശൂന്യമാക്കപ്പെടും; അവര്‍ വീടു പണിയും. പക്ഷേ അവര്‍ അതില്‍ പാര്‍ക്കുകയില്ല. മുന്തിരിത്തോട്ടം നട്ടുണ്ടാക്കുമെങ്കിലും അതില്‍നിന്നു വീഞ്ഞു കുടിക്കുകയില്ല.” സര്‍വേശ്വരന്‍റെ മഹാദിവസം അടുത്തിരിക്കുന്നു. അത് അതിവേഗം വരുന്നു. ഭയജനകമായ ശബ്ദത്തോടു കൂടെയായിരിക്കും ആ ദിവസം വരിക. അതിധീരനായ പടയാളിപോലും അന്ന് ഉറക്കെ കരയും. അത് ഉഗ്രക്രോധത്തിന്‍റെ ദിനമായിരിക്കും. കഷ്ടതയുടെയും കൊടിയ മനോവേദനയുടെയും ദിനം; ശൂന്യതയുടെയും വിനാശത്തിന്‍റെയും ദിനം; ഇരുട്ടിന്‍റെയും നൈരാശ്യത്തിന്‍റെയും ദിനം; മേഘങ്ങളുടെയും കൂരിരുട്ടിന്‍റെയും ദിനം. സുരക്ഷിതനഗരങ്ങള്‍ക്കും ഉന്നതകൊത്തളങ്ങള്‍ക്കുമെതിരെ സമരകാഹളവും പോര്‍വിളിയും കേള്‍ക്കുന്ന ദിവസമായിരിക്കും അത്. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ മനുഷ്യര്‍ക്കു ദുരിതം വരുത്തും; അവര്‍ അന്ധരെപ്പോലെ നടക്കും. അവര്‍ എനിക്കെതിരെ പാപം ചെയ്തുവല്ലോ. അവരുടെ രക്തം പൂഴിപോലെയും അവരുടെ മാംസം ചാണകം പോലെയും ചിതറിക്കും.” സര്‍വേശ്വരന്‍റെ ക്രോധദിവസത്തില്‍ സ്വര്‍ണത്തിനോ വെള്ളിക്കോ അവരെ രക്ഷിക്കാന്‍ ആവുകയില്ല. ഭൂമി മുഴുവന്‍ അവിടുത്തെ തീക്ഷ്ണമായ ക്രോധാഗ്നിക്ക് ഇരയാകും. ഭൂവാസികളെ എല്ലാം അവിടുന്ന് അതിശീഘ്രം നശിപ്പിക്കും. നാണംകെട്ട ജനതേ, പാറിപ്പോകുന്ന പതിരുപോലെ നിങ്ങളെ പറത്തിക്കളയുന്നതിനുമുമ്പ്, സര്‍വേശ്വരന്‍റെ ഉഗ്രകോപം നിങ്ങളില്‍ പതിക്കുന്നതിനു മുമ്പ്, ഉഗ്രരോഷദിവസം നിങ്ങളെ നേരിടുന്നതിനുമുമ്പ് നിങ്ങള്‍ ഒരുമിച്ചുകൂടുവിന്‍. വിനീതരായ ദേശവാസികളേ, കര്‍ത്തൃകല്പനകള്‍ അനുസരിക്കുന്നവരേ, നിങ്ങളെല്ലാവരും സര്‍വേശ്വരനിലേക്കു തിരിയുവിന്‍. നീതിയും വിനയവും തേടുവിന്‍. അവിടുത്തെ ക്രോധദിവസത്തില്‍ നിങ്ങള്‍ ശിക്ഷാവിധിയില്‍നിന്ന് ഒരുവേള ഒഴിവാക്കപ്പെട്ടേക്കാം. ഗസ്സാ നിര്‍ജനമാകും; അസ്കലോന്‍ ശൂന്യമായിത്തീരും. അസ്തോദിലെ ജനങ്ങളെ നട്ടുച്ചയ്‍ക്ക് ഓടിച്ചുകളയും; എക്രോന്‍ ഉന്മൂലനം ചെയ്യപ്പെടും. സമുദ്രതീരനിവാസികളായ ക്രേത്യജനതേ, നിങ്ങള്‍ക്കു ഹാ! ദുരിതം! ഫെലിസ്ത്യരുടേതായ കനാന്‍ദേശമേ, സര്‍വേശ്വരന്‍റെ വിധി നിങ്ങള്‍ക്ക് എതിരാണ്. സമുദ്രതീരപ്രദേശമേ, നീ മേച്ചില്‍പ്പുറമാകും. നീ ഇടയന്മാര്‍ക്കു പുല്‍പ്പുറങ്ങളും ആട്ടിന്‍പറ്റത്തിനുള്ള ആലകളും ആകും. സമുദ്രതീരം യെഹൂദാഗോത്രത്തില്‍ ശേഷിക്കുന്നവരുടെ കൈവശമാകും. അവിടെ അവര്‍ ആടുമേയ്‍ക്കും. അസ്കലോന്‍റെ ഭവനങ്ങളില്‍ അവര്‍ അന്തിയുറങ്ങും. അവരുടെ ദൈവമായ സര്‍വേശ്വരന്‍ അവരെ സ്മരിക്കുകയും അവരുടെ സുസ്ഥിതി വീണ്ടെടുക്കുകയും ചെയ്യും. മോവാബ്യരുടെ അധിക്ഷേപവും എന്‍റെ ജനത്തെ നിന്ദിക്കുകയും അവരുടെ ദേശത്തിനെതിരെ വമ്പു പറയുകയും ചെയ്തുകൊണ്ടുള്ള അമ്മോന്യരുടെ പരിഹാസവും ഞാന്‍ കേട്ടിരിക്കുന്നു. അതുകൊണ്ട് ഇസ്രായേലിന്‍റെ ദൈവമായ സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ സത്യം ചെയ്തു പറയുന്നു. മോവാബ് സൊദോമിനെപ്പോലെയും അമ്മോന്യദേശം ഗൊമോറായെപ്പോലെയും മുള്‍പ്പടര്‍പ്പുകളും ഉപ്പുകുഴികളും നിറഞ്ഞ് നിത്യശൂന്യങ്ങളായിത്തീരും. എന്‍റെ ജനത്തില്‍ അവശേഷിക്കുന്നവര്‍ അവരെ കവര്‍ച്ച ചെയ്യും. എന്‍റെ ജനതകളില്‍ ശേഷിക്കുന്നവര്‍ അവ കൈവശമാക്കും. ഇതാണ് അവരുടെ അഹങ്കാരത്തിനു ലഭിക്കുന്ന പ്രതിഫലം. അവര്‍ സര്‍വശക്തനായ സര്‍വേശ്വരന്‍റെ ജനത്തോടു നിന്ദയും ധിക്കാരവും കാട്ടിയിരിക്കുന്നുവല്ലോ. അവിടുന്ന് അവര്‍ക്കു ഭീതിജനകനായിരിക്കും. അവിടുന്നു ഭൂമിയിലെ സകലദേവന്മാരെയും മുട്ടു കുത്തിക്കും. സര്‍വജനതകളും താന്താങ്ങളുടെ ദേശത്ത് സര്‍വേശ്വരനെ നമിക്കും. എത്യോപ്യരേ, നിങ്ങളും എന്‍റെ വാളിന് ഇരയാകും. അവിടുന്ന് ഉത്തരദിക്കിലേക്കു കൈ നീട്ടി അസ്സീറിയായെ നശിപ്പിക്കും. നിനെവേയെ ശൂന്യവും മരുഭൂമിപോലെ വരണ്ടതും ആക്കും. അതിന്‍റെ മധ്യത്തില്‍ കാലിക്കൂട്ടങ്ങളും മറ്റു മൃഗങ്ങളും കിടക്കും. തകര്‍ന്ന തൂണുകളുടെ ഇടയില്‍ കഴുകനും മുള്ളന്‍പന്നിയും കുടിപാര്‍ക്കും. കിളിവാതില്‍ക്കല്‍ മൂങ്ങ മൂളും. ഉമ്മരപ്പടിയില്‍ ഇരുന്നു മലങ്കാക്ക കരയും. ദേവദാരുശില്പവേലകള്‍ ശൂന്യമാക്കപ്പെടും. “ഞാനേയുള്ളൂ; ഞാനല്ലാതെ മറ്റാരുമില്ല” എന്ന ഭാവത്തില്‍ തിമിര്‍പ്പോടെ സുരക്ഷിതമായി നിന്നിരുന്ന നഗരമാണിത്. അതു ശൂന്യമായി മൃഗങ്ങളുടെ കിടപ്പിടമായിത്തീര്‍ന്നത് എങ്ങനെ? അതിനരികില്‍കൂടി കടന്നുപോകുന്നവര്‍ പരിഹാസശബ്ദം പുറപ്പെടുവിക്കുകയും കൈ വീശുകയും ചെയ്യുന്നു. മത്സരിയും മലിനയും മര്‍ദകയുമായ യെരൂശലേംനഗരത്തിനു ദുരിതം! അവള്‍ ആരു പറയുന്നതും ചെവിക്കൊള്ളുകയില്ല. അവള്‍ ശിക്ഷണത്തിനു വഴങ്ങുകയില്ല. അവള്‍ സര്‍വേശ്വരനില്‍ വിശ്വാസം അര്‍പ്പിക്കുന്നില്ല. തന്‍റെ ദൈവത്തിങ്കലേക്കു തിരിയുന്നില്ല. അവളുടെ പ്രഭുക്കന്മാര്‍ ഗര്‍ജിക്കുന്ന സിംഹങ്ങളാകുന്നു. അവളുടെ ന്യായാധിപന്മാര്‍ അന്തിക്ക് ഇരപിടിക്കാന്‍ ഇറങ്ങുന്ന ചെന്നായ്‍ക്കള്‍. അവര്‍ പ്രഭാതത്തിലേക്ക് ഒന്നും ശേഷിപ്പിക്കുകയില്ല. അവളുടെ പ്രവാചകന്മാര്‍ താന്തോന്നികളും അവിശ്വസ്തരുമാണ്. അവളുടെ പുരോഹിതന്മാര്‍ വിശുദ്ധമായതിനെ അശുദ്ധമാക്കുന്നു. അവര്‍ ദൈവത്തിന്‍റെ നിയമം ലംഘിക്കുന്നു. എങ്കിലും നഗരത്തിനുള്ളില്‍ സര്‍വേശ്വരന്‍ ഉണ്ട്. അവിടുന്നു നീതി പ്രവര്‍ത്തിക്കുന്നു. നീതിവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല. പ്രഭാതംതോറും മുടങ്ങാതെ അവിടുന്നു തന്‍റെ ന്യായം വെളിപ്പെടുത്തുന്നു. എന്നാല്‍ നീതികെട്ടവനു ലജ്ജ എന്തെന്ന് അറിഞ്ഞുകൂടാ. “ഞാന്‍ ജനതകളെ സംഹരിച്ചിരിക്കുന്നു; അവരുടെ കോട്ടകളെ ഞാന്‍ ശൂന്യമാക്കി; തെരുവീഥികള്‍ വിജനമാക്കി; അവയിലൂടെ ആരും കടന്നുപോകുന്നില്ല. യാതൊരു മനുഷ്യനും ശേഷിക്കാത്തവിധം അവരുടെ പട്ടണങ്ങളെ ഞാന്‍ ശൂന്യമാക്കിയിരിക്കുന്നു. നിശ്ചയമായും അവള്‍ എന്നെ ഭയപ്പെടും. എന്‍റെ ശിക്ഷണം അവള്‍ സ്വീകരിക്കും. ഞാന്‍ അവള്‍ക്കു വരുത്തിയ ശിക്ഷകള്‍ അവള്‍ കാണാതെപോവുകയില്ല എന്നു ഞാന്‍ കരുതി. എങ്കിലും കൂടുതല്‍ ജാഗ്രതയോടെ അവള്‍ ദുഷ്ടത കാട്ടി. അതുകൊണ്ട് “ഞാന്‍ സാക്ഷ്യം വഹിക്കാന്‍ എഴുന്നേല്‌ക്കുന്നനാള്‍വരെ എനിക്കുവേണ്ടി കാത്തിരിക്കുക” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. എന്‍റെ ക്രോധവും ക്രോധാഗ്നിയും ചൊരിയാന്‍ ജനതകളെയും രാജ്യങ്ങളെയും ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. ഉഗ്രമായ എന്‍റെ കോപാഗ്നിക്കു ഭൂമി മുഴുവനും ഇരയായിത്തീരും. ഞാന്‍ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും. അങ്ങനെ സകല ജനതകളും സര്‍വേശ്വരന്‍റെ നാമം വിളിച്ചപേക്ഷിച്ച് ഏകമനസ്സോടെ അവിടുത്തെ സേവിക്കാന്‍ ഇടയാകും. എത്യോപ്യയിലെ നദികള്‍ക്ക് അക്കരെനിന്ന്, എന്‍റെ ആരാധകജനത്തില്‍നിന്നു ചിതറിപ്പോയവരുടെ പുത്രിമാര്‍തന്നെ എനിക്കു വഴിപാടു കൊണ്ടുവരും. നീ എന്നെ ധിക്കരിച്ചു ചെയ്ത പ്രവൃത്തികളുടെ പേരില്‍ ഞാന്‍ അന്നു നിന്നെ ലജ്ജിതനാക്കുകയില്ല. കാരണം അഹങ്കരിച്ചു തിമിര്‍ത്തവരെ നിങ്ങളുടെ മധ്യത്തില്‍നിന്നു ഞാന്‍ നീക്കിക്കളയും; എന്‍റെ വിശുദ്ധപര്‍വതത്തില്‍ നിങ്ങള്‍ പിന്നീടു ഗര്‍വു കാട്ടുകയില്ല. താഴ്മയും എളിമയുമുള്ള ഒരു ജനതയെ ഞാന്‍ നിങ്ങളുടെ മധ്യത്തില്‍ അവശേഷിപ്പിക്കും. ഇസ്രായേലില്‍ ശേഷിക്കുന്നവര്‍ അധര്‍മം പ്രവര്‍ത്തിക്കുകയില്ല; വ്യാജം സംസാരിക്കുകയുമില്ല; വഞ്ചന അവരുടെ നാവില്‍ ഉണ്ടായിരിക്കുകയില്ല. അവര്‍ മേഞ്ഞ് സ്വച്ഛന്ദം വിശ്രമിക്കും. അവരെ ആരും ഭയപ്പെടുത്തുകയില്ല. സീയോന്‍നിവാസികളേ, ഉറക്കെ പാടുവിന്‍; ഇസ്രായേല്യരേ, ആര്‍പ്പുവിളിക്കുവിന്‍. യെരൂശലേംനിവാസികളേ, പൂര്‍ണഹൃദയത്തോടെ ആനന്ദിച്ചുല്ലസിക്കുക. സര്‍വേശ്വരന്‍ നിങ്ങള്‍ക്കെതിരെയുള്ള വിധി മാറ്റി നിങ്ങളുടെ ശത്രുക്കളെ നീക്കിക്കളഞ്ഞു. ഇസ്രായേലിന്‍റെ രാജാവായ സര്‍വേശ്വരന്‍ നിങ്ങളുടെ മധ്യത്തിലുണ്ട്. നിങ്ങള്‍ ഇനിമേല്‍ ഒരനര്‍ഥവും ഭയപ്പെടേണ്ടതില്ല. അന്ന് യെരൂശലേമിനോടു ഭയപ്പെടരുതെന്നും സീയോനോടു നിന്‍റെ കൈകള്‍ തളര്‍ന്നു പോകരുതെന്നും പറയും. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ജയം നല്‌കുന്ന യോദ്ധാവായി നിങ്ങളുടെ മധ്യത്തിലുണ്ട്; അവിടുന്നു സന്തോഷാധിക്യത്താല്‍ നിങ്ങളെക്കുറിച്ച് ആനന്ദിക്കും; അവിടുന്ന് സ്നേഹത്താല്‍ നിങ്ങളെ നവീകരിക്കും. ഉത്സവദിവസത്തിലെന്നപോലെ അവിടുന്നു നിങ്ങളെപ്രതി ആനന്ദഗീതം ഉയര്‍ത്തും. നിങ്ങളില്‍നിന്ന് അനര്‍ഥം ഞാന്‍ നീക്കും; അങ്ങനെ അതുമൂലമുള്ള അപമാനം നിങ്ങള്‍ നേരിടുകയില്ല; കണ്ടുകൊള്‍ക, അന്നാളില്‍ നിങ്ങളുടെ മര്‍ദകരെ ഞാന്‍ നേരിടും. ഞാന്‍ മുടന്തനെ രക്ഷിക്കും. പുറന്തള്ളിയവരെ ഒരുമിച്ചുകൂട്ടും. അവരുടെ ലജ്ജാഭാരത്തെ ഭൂമി മുഴുവന്‍ വ്യാപിക്കുന്ന സ്തുതിയും കീര്‍ത്തിയുമായി മാറ്റും. അന്നു ഞാന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും; അന്നു ഞാന്‍ നിങ്ങളെ സ്വദേശത്തേക്കു തിരിച്ചുകൊണ്ടുവരും. നിങ്ങള്‍ കാണ്‍കെ നിങ്ങളുടെ സുസ്ഥിതി പുനഃസ്ഥാപിക്കുമ്പോള്‍ ഭൂമിയിലെ എല്ലാ ജനതകള്‍ക്കും ഇടയില്‍ നിങ്ങളെ ഞാന്‍ പേരും പെരുമയും ഉള്ളവരാക്കും.” ഇതു സര്‍വേശ്വരന്‍റെ വചനം. പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായി ദാര്യാവേശ് അധികാരം ഏറ്റതിന്‍റെ രണ്ടാം വര്‍ഷം ആറാം മാസം ഒന്നാം ദിവസം ശെയല്‍തീയേലിന്‍റെ പുത്രനും യെഹൂദ്യയിലെ ദേശാധിപതിയുമായ സെരുബ്ബാബേലിനും യെഹോസാദാക്കിന്‍റെ പുത്രനും മഹാപുരോഹിതനുമായ യോശുവയ്‍ക്കും ഹഗ്ഗായിപ്രവാചകനിലൂടെ ലഭിച്ച സര്‍വേശ്വരന്‍റെ അരുളപ്പാട്. സര്‍വശക്തനായ സര്‍വേശ്വരന്‍ ഹഗ്ഗായിയോട് അരുളിച്ചെയ്തു: “എന്‍റെ ആലയം പുനരുദ്ധരിക്കാനുള്ള സമയം ഇനിയും ആയിട്ടില്ല എന്ന് ഈ ജനം പറയുന്നു.” പിന്നീട് പ്രവാചകനായ ഹഗ്ഗായി മുഖേന ജനത്തോട് അവിടുന്ന് അരുളിച്ചെയ്തു: “എന്‍റെ ജനമേ, എന്‍റെ ഭവനം തകര്‍ന്നുകിടക്കുമ്പോള്‍ ആണോ നിങ്ങള്‍ക്കു മണിമേടകളില്‍ പാര്‍ക്കാന്‍ അവസരം? അതുകൊണ്ട് നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു ചിന്തിക്കുക” എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. നിങ്ങള്‍ ധാരാളം വിതച്ചു; അല്പം മാത്രം കൊയ്തു. നിങ്ങള്‍ ഭക്ഷിക്കുന്നെങ്കിലും വയറു നിറയുന്നില്ല; പാനം ചെയ്യുന്നെങ്കിലും തൃപ്തി ആകുന്നില്ല. വസ്ത്രം ധരിക്കുന്നെങ്കിലും കുളിരു മാറുന്നില്ല; കൂലി വാങ്ങുന്നവന്‍ അതു തുളയുള്ള സഞ്ചിയിലിടുന്നു. സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി ആലോചിച്ചു നോക്കൂ. നിങ്ങള്‍ മലകളില്‍നിന്നു മരം മുറിച്ച് മന്ദിരം പണിയുവിന്‍; അതില്‍ ഞാന്‍ പ്രസാദിക്കും. അവിടെ ഞാന്‍ മഹത്ത്വത്തോടെ പ്രത്യക്ഷപ്പെടും.” ഇത് സര്‍വേശ്വരന്‍റെ വചനം. സമൃദ്ധമായ ഒരു വിളവെടുപ്പു നിങ്ങള്‍ പ്രതീക്ഷിച്ചു; പക്ഷേ അത് അല്പമായിത്തീര്‍ന്നു; നിങ്ങള്‍ അതു വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ ഞാന്‍ അത് ഊതിപ്പറപ്പിച്ചു കളഞ്ഞു. അത് എന്തുകൊണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? എന്‍റെ ആലയം ശൂന്യമായി കിടക്കെ ഓരോരുത്തനും സ്വന്തം വീട്ടുകാര്യങ്ങളില്‍ മുഴുകിയിരിക്കുന്നതുകൊണ്ടു തന്നെ. അതുകൊണ്ട് മഴ പെയ്യാതിരിക്കുന്നു. ഭൂമി അനുഭവം നല്‌കാതെയുമിരിക്കുന്നു. ഞാന്‍ ദേശത്തെങ്ങും വരള്‍ച്ച വരുത്തി- മലകളിലും ധാന്യങ്ങളിലും വീഞ്ഞിലും മുന്തിരിത്തോട്ടത്തിലും ഒലിവുതോട്ടത്തിലും എന്നല്ല ഭൂമിയിലെ സകലവിളകളിലും മനുഷ്യരിലും മൃഗങ്ങളിലും മനുഷ്യന്‍റെ സര്‍വ പ്രയത്നങ്ങളിലും ഞാന്‍ വരള്‍ച്ച വരുത്തിയിരിക്കുന്നു. അപ്പോള്‍ ശെയല്‍തീയേലിന്‍റെ പുത്രനും യെഹൂദാദേശാധിപതിയുമായ സെരുബ്ബാബേലും യെഹോസാദാക്കിന്‍റെ പുത്രനും മഹാപുരോഹിതനുമായ യോശുവയും ശേഷിച്ച സകല ജനങ്ങളും തങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ അരുളപ്പാടുകളും അവിടുത്തെ നിയോഗപ്രകാരം വന്ന ഹഗ്ഗായിപ്രവാചകന്‍റെ വാക്കുകളും അനുസരിച്ചു. ജനം സര്‍വേശ്വരന്‍റെ സന്നിധിയില്‍ ഭയഭക്തിയുള്ളവരായിത്തീര്‍ന്നു. അപ്പോള്‍ സര്‍വേശ്വരന്‍റെ ദൂതനായ ഹഗ്ഗായി അവിടുത്തെ സന്ദേശം അറിയിച്ചു: “ഞാന്‍ നിങ്ങളുടെ കൂടെയുണ്ടെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.” ശെയല്‍തീയേലിന്‍റെ പുത്രനും യെഹൂദാദേശാധിപതിയുമായ സെരുബ്ബാബേലിന്‍റെയും യെഹോസാദാക്കിന്‍റെ പുത്രനും മഹാപുരോഹിതനുമായ യോശുവയുടെയും മറ്റുള്ള സര്‍വജനത്തിന്‍റെയും മനസ്സ് സര്‍വേശ്വരന്‍ ഉണര്‍ത്തി. അവര്‍ വന്നു സര്‍വശക്തനായ സര്‍വേശ്വരന്‍റെ ആലയം പണിയാന്‍ തുടങ്ങി. ദാര്യാവേശ്‍ചക്രവര്‍ത്തിയുടെ രണ്ടാം ഭരണവര്‍ഷം ആറാം മാസം ഇരുപത്തിനാലാം ദിവസം ആയിരുന്നു അത്. ദാര്യാവേശ് അധികാരമേറ്റതിന്‍റെ രണ്ടാം വര്‍ഷം ഏഴാം മാസം ഇരുപത്തൊന്നാം ദിവസം ഹഗ്ഗായി പ്രവാചകന് സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി: “നീ ശെയല്‍തീയേലിന്‍റെ പുത്രനും യെഹൂദാദേശാധിപതിയുമായ സെരുബ്ബാബേലിനോടും യെഹോസാദാക്കിന്‍റെ പുത്രനും മഹാപുരോഹിതനുമായ യോശുവായോടും ജനത്തില്‍ അവശേഷിച്ചവരോടും പറയുക: ഈ ദേവാലയത്തിന്‍റെ പൂര്‍വമഹത്ത്വം കണ്ടിട്ടുള്ളവര്‍ നിങ്ങളില്‍ ആരെങ്കിലും ഉണ്ടോ? ഇപ്പോള്‍ ഇത് കാഴ്ചയില്‍ എങ്ങനെ? നിസ്സാരമായി തോന്നുന്നില്ലേ? എങ്കിലും സെരുബ്ബാബേലേ, ധൈര്യമായിരിക്കുക. സര്‍വേശ്വരനാണ് അരുളിച്ചെയ്യുന്നത്. യെഹോസാദാക്കിന്‍റെ പുത്രനും മഹാപുരോഹിതനുമായ യോശുവേ, ദേശത്തുള്ള സമസ്തജനങ്ങളേ, ധൈര്യമായിരിക്കുവിന്‍. നിങ്ങള്‍ പണിയില്‍ ഏര്‍പ്പെടുക. ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്.” ഇത് സര്‍വശക്തനായ സര്‍വേശ്വരന്‍റെ വചനം. ഈജിപ്തില്‍നിന്നു നിങ്ങള്‍ പുറപ്പെട്ടപ്പോള്‍ ചെയ്ത വാഗ്ദാനം അനുസരിച്ച് ഞാന്‍ നിങ്ങളുടെകൂടെ ഉണ്ടല്ലോ? എന്‍റെ ആത്മാവ് നിങ്ങളുടെകൂടെ വസിക്കുന്നു; നിങ്ങള്‍ ഭയപ്പെടേണ്ടാ. സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഇനി ഏറെത്താമസിയാതെ ഞാന്‍ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഒന്നുകൂടി ഇളക്കും. സമസ്തജനതകളെയും ഞാന്‍ പ്രകമ്പനം കൊള്ളിക്കും. അങ്ങനെ അവര്‍ കൂട്ടിവച്ച ധനമെല്ലാം ഇവിടെ എത്തും. ഞാന്‍ ഈ ആലയം മഹത്ത്വപൂര്‍ണമാക്കും. ഇത് സര്‍വേശ്വരന്‍റെ വചനം. ‘വെള്ളി എനിക്കുള്ളതാണ്. സ്വര്‍ണവും എന്‍റേതുതന്നെ’ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. ഈ ആലയത്തിന്‍റെ ഇപ്പോഴത്തെ മഹത്ത്വം പണ്ടുണ്ടായിരുന്നതിനെ അതിശയിക്കത്തക്കതായിരിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ഈ സ്ഥലം ഐശ്വര്യസമൃദ്ധമാക്കുമെന്നാണു സര്‍വശക്തനായ സര്‍വേശ്വരന്‍റെ അരുളപ്പാട്. ദാര്യാവേശിന്‍റെ രണ്ടാം ഭരണവര്‍ഷം ഒന്‍പതാം മാസം ഇരുപത്തിനാലാം ദിവസം ഹഗ്ഗായിപ്രവാചകന്‍ മുഖേന സര്‍വേശ്വരന്‍ അരുളിച്ചെയ്തു: [11,12] “ഒരുവന്‍ വിശുദ്ധമാംസം വസ്ത്രത്തുമ്പില്‍ പൊതിഞ്ഞുകെട്ടി ആ വസ്ത്രാഞ്ചലംകൊണ്ട് അപ്പമോ, പായസമോ, വീഞ്ഞോ, എണ്ണയോ, മറ്റേതെങ്കിലും ഭക്ഷണസാധനമോ സ്പര്‍ശിച്ചാല്‍ അവ വിശുദ്ധമായിത്തീരുമോ എന്നു പുരോഹിതന്മാരോടു ചോദിക്കാന്‍ സര്‍വശക്തനായ സര്‍വേശ്വരന്‍ കല്പിക്കുന്നു. അതിന് “ഇല്ല” എന്നു പുരോഹിതന്മാര്‍ ഉത്തരം പറഞ്ഞു. *** എന്നാല്‍ ശവശരീരത്തില്‍ തൊട്ട് അശുദ്ധനായ ഒരുവന്‍ ഇതിലേതെങ്കിലും ഒന്നില്‍ സ്പര്‍ശിച്ചാല്‍ അത് അശുദ്ധമാകുമോ എന്നു ഹഗ്ഗായി ചോദിച്ചപ്പോള്‍ “അശുദ്ധമാകും” എന്നു പുരോഹിതന്മാര്‍ പറഞ്ഞു. അപ്പോള്‍ ഹഗ്ഗായി പറഞ്ഞു: “ഈ ജനവും ജനതയും എന്‍റെ സന്നിധിയില്‍ അങ്ങനെതന്നെ; അവരുടെ എല്ലാ പ്രവൃത്തികളും അങ്ങനെതന്നെയാകുന്നു. അവര്‍ അവിടെ അര്‍പ്പിക്കുന്നതും അശുദ്ധം തന്നെ. ഇത് സര്‍വശക്തനായ സര്‍വേശ്വരന്‍റെ വചനം. സര്‍വേശ്വരന്‍റെ ആലയം വീണ്ടും പണിയുന്നതിനു തൊട്ടുമുമ്പുള്ള കാലത്തെക്കുറിച്ച് ഓര്‍ത്തുനോക്കുക. അന്ന് ഇരുപതു പറയുണ്ടായിരുന്ന ധാന്യക്കൂമ്പാരത്തില്‍ ചെന്നുനോക്കുമ്പോള്‍ പത്തു മാത്രമേ ഉണ്ടായിരിക്കൂ. മരത്തൊട്ടിയില്‍നിന്ന് അമ്പതു കുടം വീഞ്ഞു കോരി എടുക്കാന്‍ ചെല്ലുമ്പോള്‍ ഇരുപതു കുടമേ കാണുകയുള്ളൂ. നിങ്ങള്‍ ഉല്‍പാദിപ്പിച്ച സകലവും ഞാന്‍ ഉഷ്ണക്കാറ്റും പൂപ്പലും കന്മഴയും അയച്ചു നശിപ്പിച്ചെങ്കിലും നിങ്ങള്‍ അനുതപിച്ചില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. ഇന്നുമുതല്‍ സംഭവിക്കുന്നതെല്ലാം നിങ്ങള്‍ ശ്രദ്ധിക്കുക. ഒന്‍പതാം മാസം ഇരുപത്തിനാലാം ദിവസമാണല്ലോ ഇന്ന്. ദേവാലയത്തിന്‍റെ അടിസ്ഥാനം ഇട്ട ദിവസമാണിത്. ധാന്യം കളപ്പുരയില്‍ അവശേഷിച്ചിട്ടില്ലെങ്കിലും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഒലിവുവൃക്ഷവും ഫലം നല്‌കുന്നില്ലെങ്കിലും ഇന്നുമുതല്‍ ഞാന്‍ നിങ്ങളെ അനുഗ്രഹിക്കും. ഒന്‍പതാം മാസം ഇരുപത്തിനാലാം ദിവസമായ അന്നേ ദിവസം ഹഗ്ഗായിപ്രവാചകനു വീണ്ടും സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി: നീ യെഹൂദാദേശാധിപതിയായ സെരുബ്ബാബേലിനോടു പറയുക: “ഞാന്‍ ആകാശത്തിനും ഭൂമിക്കും ഇളക്കമുണ്ടാക്കും. രാജസിംഹാസനങ്ങള്‍ ഇളക്കിമറിക്കും. അവയുടെ ശക്തി അവസാനിപ്പിക്കും. തേരുകളെയും തേരാളികളെയും നീക്കിക്കളയും. അശ്വങ്ങളും അശ്വാരൂഢരും സഹയോദ്ധാക്കളുടെ വാളിനാല്‍ നിലംപതിക്കും. ശെയല്‍തീയേലിന്‍റെ പുത്രനും എന്‍റെ ദാസനുമായ സെരുബ്ബാബേലേ, അന്ന് എന്‍റെ നാമത്തില്‍ ഭരണം നടത്താന്‍ ഞാന്‍ നിന്നെ എന്‍റെ മുദ്രമോതിരംപോലെയാക്കും. ഞാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. പേര്‍ഷ്യന്‍ചക്രവര്‍ത്തിയായ ദാര്യാവേശിന്‍റെ വാഴ്ചയുടെ രണ്ടാം വര്‍ഷം എട്ടാംമാസം ബെരെഖ്യായുടെ പുത്രനും ഇദ്ദോപ്രവാചകന്‍റെ പൗത്രനുമായ സെഖര്യാക്കു സര്‍വേശ്വരനില്‍നിന്ന് അരുളപ്പാടുണ്ടായി. സര്‍വശക്തനായ അവിടുന്നു സെഖര്യായോടു പറഞ്ഞു: “ജനത്തോടു പറയുക. സര്‍വേശ്വരനായ ഞാന്‍ നിങ്ങളുടെ പിതാക്കന്മാരോട് അത്യന്തം കോപിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ എങ്കലേക്കു തിരിയുക. അപ്പോള്‍ ഞാനും നിങ്ങളുടെ അടുക്കലേക്കു തിരിയും.” “നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആകരുത്. അവരോടു പ്രവാചകന്മാര്‍ നിങ്ങളുടെ ദുഷ്പ്രവൃത്തികളെയും ദുര്‍മാര്‍ഗങ്ങളെയും ഉപേക്ഷിക്കുക” എന്നു പ്രഘോഷിച്ചു. എന്നാല്‍ അവര്‍ അതു കേള്‍ക്കുകയോ എന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുകയോ ചെയ്തില്ല എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. നിങ്ങളുടെ പിതാക്കന്മാര്‍ എവിടെ? പ്രവാചകന്മാര്‍ എന്നും ജീവിച്ചിരിക്കുമോ? എന്നാല്‍ എന്‍റെ ദാസന്മാരായ പ്രവാചകന്മാരിലൂടെ ഞാന്‍ കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പൂര്‍വികരെ പിന്തുടര്‍ന്നു പിടികൂടിയില്ലേ? അപ്പോള്‍ അവര്‍ അനുതപിച്ചു പറഞ്ഞു: ഞങ്ങളുടെ വഴികള്‍ക്കും പ്രവൃത്തികള്‍ക്കും അനുസൃതമായി സര്‍വശക്തനായ സര്‍വേശ്വരന്‍ ഉദ്ദേശിച്ചതുപോലെതന്നെ ഞങ്ങളോടു ചെയ്തിരിക്കുന്നു. ദാര്യാവേശിന്‍റെ വാഴ്ചയുടെ രണ്ടാം വര്‍ഷം പതിനൊന്നാം മാസമായ ശെബാത്ത് മാസം ഇരുപത്തിനാലാം ദിവസം ബെരെഖ്യായുടെ പുത്രനും ഇദ്ദോയുടെ പൗത്രനുമായ സെഖര്യാപ്രവാചകനു സര്‍വശക്തനായ സര്‍വേശ്വരന്‍റെ അരുളപ്പാടു ദര്‍ശനത്തിലൂടെ ഉണ്ടായി. ചുവന്ന കുതിരപ്പുറത്തു കയറി വരുന്ന ഒരാളിനെ രാത്രി ദര്‍ശനത്തില്‍ ഞാന്‍ കണ്ടു. കുന്നുകളുടെ ഇടയ്‍ക്കുള്ള ഇടുങ്ങിയ താഴ്വരയില്‍ സുഗന്ധച്ചെടികളുടെ ഇടയില്‍ അയാള്‍ നില്‌ക്കുകയായിരുന്നു. അയാളുടെ പിന്നില്‍ ചുവപ്പും തവിട്ടും വെളുപ്പും നിറമുള്ള കുതിരകള്‍ നില്‌ക്കുന്നു. ഞാന്‍ ചോദിച്ചു: “പ്രഭോ, എന്താണിത്?” എന്നോടു സംസാരിച്ച ദൂതന്‍ പറഞ്ഞു: “അത് എന്താണെന്നു നിനക്കു കാണിച്ചു തരാം.” സുഗന്ധച്ചെടികളുടെ ഇടയില്‍ നില്‌ക്കുന്ന മനുഷ്യന്‍ എന്നോടു പറഞ്ഞു: “ഭൂമിയെ നിരീക്ഷിക്കാന്‍ സര്‍വേശ്വരന്‍ അയച്ചിട്ടുള്ളവരാണിവര്‍.” അവര്‍ സുഗന്ധച്ചെടികളുടെ ഇടയില്‍ നില്‌ക്കുന്ന സര്‍വേശ്വരന്‍റെ ദൂതനോടു പറഞ്ഞു: “ഞങ്ങള്‍ ഭൂമിയിലെങ്ങും ചുറ്റി സഞ്ചരിച്ചു. സര്‍വലോകവും ശാന്തമായിരിക്കുന്നു.” പിന്നീട് സര്‍വേശ്വരന്‍റെ ദൂതന്‍ ചോദിച്ചു: “സര്‍വശക്തനായ സര്‍വേശ്വരാ, യെരൂശലേമിനോടും യെഹൂദാനഗരങ്ങളോടും അങ്ങു കരുണ കാട്ടാതിരിക്കുമോ? ഈ എഴുപതു വര്‍ഷവും അവിടുന്ന് അവയോടു കോപിച്ചിരുന്നുവല്ലോ.” എന്നോടു സംസാരിച്ച ദൂതനോടു സ്നേഹപൂര്‍ണവും ആശ്വാസകരവുമായ വാക്കുകള്‍ സര്‍വേശ്വരന്‍ അരുളിച്ചെയ്തു. ദൂതന്‍ എന്നോടു പറഞ്ഞു: സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ യെരൂശലേമിനോടും സീയോനോടും അത്യന്തം സ്നേഹവും കരുതലും ഉള്ളവനായിരുന്നു. ഇപ്പോള്‍ സ്വസ്ഥതയനുഭവിക്കുന്ന ജനതകളോട് എനിക്ക് അത്യന്തം കോപമുണ്ട്. ഞാന്‍ എന്‍റെ ജനത്തോട് അല്പം മാത്രം കോപിച്ചിരുന്നപ്പോള്‍ അവര്‍ എന്‍റെ ജനത്തിന്‍റെ അനര്‍ഥം വര്‍ധിപ്പിച്ചു. അതുകൊണ്ട് സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഞാന്‍ കാരുണ്യപൂര്‍വം യെരൂശലേമിലേക്കു മടങ്ങിവന്നിരിക്കുന്നു. അവിടെ എന്‍റെ ആലയം നിര്‍മിക്കും. യെരൂശലേമിന്മേല്‍ അളവുനൂല്‍ പിടിച്ച് അതിനെ പുനരുദ്ധരിക്കും. വീണ്ടും ഉദ്ഘോഷിക്കുക എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്‍റെ നഗരങ്ങളില്‍ ഐശ്വര്യസമൃദ്ധി കവിഞ്ഞൊഴുകും. സര്‍വേശ്വരന്‍ വീണ്ടും സീയോനെ ആശ്വസിപ്പിക്കും. യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കും.” മറ്റൊരു ദര്‍ശനത്തില്‍ ഞാന്‍ നാലു കൊമ്പുകള്‍ കണ്ടു. എന്നോടു സംസാരിക്കുന്ന ദൂതനോട് ഇതെന്ത്? എന്നു ഞാന്‍ ചോദിച്ചു. യെഹൂദായെയും ഇസ്രായേലിനെയും യെരൂശലേമിനെയും ചിതറിച്ച കൊമ്പുകളാണിവ എന്നു ദൂതന്‍ പറഞ്ഞു. പിന്നീട് ലോഹപ്പണി ചെയ്യുന്ന നാലുപേരെ സര്‍വേശ്വരന്‍ എനിക്ക് കാണിച്ചുതന്നു. ഇവര്‍ എന്തു ചെയ്യാന്‍ വന്നിരിക്കുന്നു? എന്നു ഞാന്‍ ചോദിച്ചു. ദൂതന്‍ പറഞ്ഞു: “യെഹൂദാദേശത്തെ ചിതറിക്കാനായി കൊമ്പുയര്‍ത്തിയ വിജാതീയരെ സംഭീതരാക്കാനും ഒരിക്കലും തല ഉയര്‍ത്താത്തവിധം യെഹൂദായെയും യെരൂശലേമിനെയും ചിതറിച്ച ഈ കൊമ്പുകളെ തകര്‍ത്തുകളയാനും ഇവര്‍ വന്നിരിക്കുന്നു.” ഞാന്‍ പിന്നെയും മറ്റൊരു ദര്‍ശനത്തില്‍ അളവുനൂലുമായി നില്‌ക്കുന്ന ഒരുവനെ കണ്ടു. “അങ്ങ് എവിടെപ്പോകുന്നു” എന്നു ഞാന്‍ ചോദിച്ചു. അപ്പോള്‍ ആ ദൂതന്‍ പറഞ്ഞു: “ഞാന്‍ യെരൂശലേമിനെ അളന്ന് അതിന്‍റെ നീളവും വീതിയും തിട്ടപ്പെടുത്താന്‍ പോകുകയാണ്.” അപ്പോള്‍ എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൂതന്‍ മുന്നോട്ടു വന്നു. അദ്ദേഹത്തെ എതിരേല്‌ക്കാന്‍ മറ്റൊരു ദൂതനും വന്നു. അയാള്‍ പറഞ്ഞു: “മനുഷ്യരും മൃഗങ്ങളും പെരുകിയ മതിലുകളില്ലാത്ത ഗ്രാമങ്ങള്‍പോലെ യെരൂശലേമാകും എന്ന് ഓടിച്ചെന്ന് അളവുനൂല്‍ കൈയിലുള്ള യുവാവിനോടു പറയുക.” എന്നാല്‍ ഞാന്‍ അതിനു ചുറ്റും അഗ്നിമതിലായിരിക്കും; അവരുടെ മധ്യത്തില്‍ ഞാന്‍ അതിന്‍റെ മഹത്ത്വമായിരിക്കുകയും ചെയ്യും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. “വടക്കേദേശം വിട്ട് ഓടുവിന്‍! ആകാശത്തിലെ കാറ്റ് എന്നപോലെ ഞാന്‍ നിങ്ങളെ നാലു ദിക്കിലേക്കും ചിതറിച്ചിരിക്കുന്നുവല്ലോ” എന്നും സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ബാബിലോണില്‍ പാര്‍ക്കുന്ന നിങ്ങള്‍ സീയോനിലേക്കു പോയി രക്ഷപെടുക. സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: നിങ്ങളെ കൊള്ളചെയ്ത ജനതകളുടെ അടുക്കലേക്കു മഹത്തായ ഒരു ദൗത്യവുമായി എന്നെ അയച്ചിരിക്കുന്നു; നിങ്ങളെ തൊടുന്ന ഏതൊരുവനും അവിടുത്തെ കൃഷ്ണമണിയെയാണു സ്പര്‍ശിക്കുന്നത്. അവരുടെ നേരെ എന്‍റെ കൈ ചലിക്കും; അവര്‍ തങ്ങളുടെ ദാസന്മാരുടെ കവര്‍ച്ചയ്‍ക്ക് ഇരയാകും. സര്‍വശക്തനായ സര്‍വേശ്വരന്‍ എന്നെ അയച്ചിരിക്കുന്നു എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും. ‘സീയോന്‍ നിവാസികളേ, നിങ്ങള്‍ ആഹ്ലാദപൂര്‍വം ഉച്ചത്തില്‍ ഘോഷിക്കുവിന്‍. ഇതാ ഞാന്‍ വരുന്നു; നിങ്ങളുടെ മധ്യേ ഞാന്‍ വസിക്കും’ എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ആ നാളില്‍ പല ജനതകളും സര്‍വേശ്വരനോടു ചേരും. അവര്‍ എന്‍റെ ജനമായിത്തീരും. ഞാന്‍ നിങ്ങളുടെ മധ്യേ വസിക്കും. സര്‍വശക്തനായ സര്‍വേശ്വരന്‍ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു നിങ്ങള്‍ അപ്പോള്‍ അറിയും. സര്‍വേശ്വരന്‍ വിശുദ്ധനാട്ടിലുള്ള തന്‍റെ ഓഹരിയായി യെഹൂദായെ സ്വന്തമാക്കും. യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കും. മര്‍ത്യരേ, നിങ്ങളെല്ലാവരും സര്‍വേശ്വരന്‍റെ സന്നിധിയില്‍ നിശ്ശബ്ദരായിരിക്കുവിന്‍. അവിടുന്ന് തന്‍റെ വിശുദ്ധനിവാസത്തില്‍നിന്ന് എഴുന്നള്ളിയിരിക്കുന്നുവല്ലോ. പിന്നീട് സര്‍വേശ്വരന്‍റെ ദൂതന്‍ തന്‍റെ മുമ്പില്‍ നില്‌ക്കുന്ന മഹാപുരോഹിതനായ യോശുവയെ എനിക്കു കാണിച്ചു തന്നു. അദ്ദേഹത്തിന്‍റെമേല്‍ കുറ്റം ആരോപിക്കാനായി സാത്താന്‍ അദ്ദേഹത്തിന്‍റെ വലത്തുഭാഗത്തു നില്‌ക്കുന്നുണ്ടായിരുന്നു. സര്‍വേശ്വരന്‍റെ ദൂതന്‍ സാത്താനോടു പറഞ്ഞു: “സാത്താനേ, സര്‍വേശ്വരന്‍ നിന്നെ ശാസിക്കുന്നു. തീയില്‍നിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിയല്ലേ ഇവന്‍? യെരൂശലേമിനെ തിരഞ്ഞെടുത്ത സര്‍വേശ്വരന്‍ നിന്നെ ശാസിക്കുന്നു.” മുഷിഞ്ഞ വസ്ത്രം ധരിച്ചുകൊണ്ട് യോശുവ ദൂതന്‍റെ മുമ്പില്‍ നില്‌ക്കുകയായിരുന്നു. തന്‍റെ മുമ്പില്‍ നില്‌ക്കുന്നവരോടു ദൂതന്‍ “യോശുവയുടെ മുഷിഞ്ഞ വസ്ത്രം മാറ്റുവിന്‍” എന്നു കല്പിച്ചു. ദൂതന്‍ യോശുവയോടു പറഞ്ഞു: “നിന്‍റെ അകൃത്യം നിന്നില്‍നിന്നു നീക്കിയിരിക്കുന്നു; ഞാന്‍ നിന്നെ വിശിഷ്ടവസ്ത്രം ധരിപ്പിക്കും.” ദൂതന്‍ തുടര്‍ന്നു: “വെടിപ്പുള്ള ഒരു ശിരോവസ്ത്രം അവനെ ധരിപ്പിക്കുവിന്‍.” അങ്ങനെ യോശുവയെ വസ്ത്രം ധരിപ്പിക്കുകയും നിര്‍മ്മലമായ ശിരോവസ്ത്രം അണിയിക്കുകയും ചെയ്തു. അപ്പോള്‍ സര്‍വേശ്വരന്‍റെ ദൂതന്‍ അടുത്തു നില്‌ക്കുന്നുണ്ടായിരുന്നു. [6,7] ദൂതന്‍ യോശുവയോടു കല്പിച്ചു: “സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: നീ എന്‍റെ വഴികളില്‍ നടക്കുകയും; ഞാന്‍ നിന്നെ ഏല്പിച്ചിരിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്താല്‍ എന്‍റെ ആലയത്തെ നീ ഭരിക്കും; എന്‍റെ അങ്കണങ്ങളുടെ ചുമതല നീ വഹിക്കും; ഈ നില്‌ക്കുന്നവരുടെ ഇടയില്‍ കടന്നുവരാനുള്ള അവകാശവും ഞാന്‍ നിനക്കു നല്‌കും. *** മഹാപുരോഹിതനായ യോശുവയും അയാളുടെ മുമ്പിലിരിക്കുന്ന ശുഭലക്ഷണത്തിന്‍റെ അടയാളങ്ങളായ സഹപുരോഹിതന്മാരും കേള്‍ക്കട്ടെ. എന്‍റെ ദാസനായ ശാഖയെ ഞാന്‍ കൊണ്ടുവരും. ഇതാ, യോശുവയുടെ മുമ്പില്‍ വച്ചിരിക്കുന്ന കല്ല്; ഏഴു മുഖങ്ങളുള്ള ഈ കല്ലില്‍ രേഖപ്പെടുത്തേണ്ടതു ഞാന്‍ കൊത്തിവയ്‍ക്കും. ഒറ്റ ദിവസംകൊണ്ട് ഞാന്‍ ഈ ദേശത്തിന്‍റെ അകൃത്യം നീക്കും എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. അന്നു നിങ്ങള്‍ ഓരോരുത്തനും സമാധാനവും ഐശ്വര്യവും പങ്കുവയ്‍ക്കാന്‍ തന്‍റെ അയല്‍ക്കാരനെ സ്വന്തം മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്‍റെയും കീഴിലേക്കു ക്ഷണിക്കും എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍റെ അരുളപ്പാട്. എന്നോടു സംസാരിച്ച ദൈവദൂതന്‍ ഉറക്കത്തില്‍നിന്ന് ഒരുവനെ വിളിച്ചുണര്‍ത്തുന്നതുപോലെ എന്നെ ഉണര്‍ത്തി, “നീ എന്തു കാണുന്നു?” എന്നു ചോദിച്ചു. “അതാ, ഒരു സ്വര്‍ണ വിളക്കുതണ്ട്; ആ തണ്ടിന്‍റെ മുകളില്‍ ഒരു പാത്രം; അതിന്മേല്‍ ഏഴു വിളക്ക്; ഓരോ വിളക്കിന്‍റെയും മുകളില്‍ ഓരോ ദളം. വിളക്കുതണ്ടിന്‍റെ വലത്തും ഇടത്തും ഓരോ ഒലിവു മരം.” എന്നോടു സംസാരിച്ച ദൂതനോട് ഞാന്‍ ചോദിച്ചു: “പ്രഭോ, ഇവയെല്ലാം എന്താണ്?” അതിനു ദൂതന്‍ പറഞ്ഞു: “ഇവ എന്തെന്ന് അറിഞ്ഞുകൂടേ?” “ ഇല്ല പ്രഭോ” ഞാന്‍ പറഞ്ഞു. ദൂതന്‍ എന്നോടു പറഞ്ഞു: “സൈന്യബലത്താലോ കരബലത്താലോ അല്ല, എന്‍റെ ആത്മാവിനാലാണു വിജയം” എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ സെരുബ്ബാബേലിനോട് അരുളിച്ചെയ്യുന്നു. മഹാപര്‍വതമേ, നീ ആര്? സെരുബ്ബാബേലിന്‍റെ മുമ്പില്‍ നീ സമതലമായിത്തീരും. കൃപ, ദൈവകൃപ എന്ന ആര്‍പ്പുവിളിയോടുകൂടി അവിടെ നീ ദേവാലയത്തിന്‍റെ അവസാനത്തെ കല്ലുവയ്‍ക്കും. സര്‍വേശ്വരന്‍ വീണ്ടും എന്നോട് അരുളിച്ചെയ്തു: “സെരുബ്ബാബേലിന്‍റെ കരങ്ങള്‍ ഈ ആലയത്തിന് അടിസ്ഥാനം ഇട്ടിരിക്കുന്നു. അവന്‍ അതു പൂര്‍ത്തിയാക്കുകയും ചെയ്യും. സര്‍വശക്തനായ സര്‍വേശ്വരനാണ് എന്നെ നിന്‍റെ അടുക്കല്‍ അയച്ചിരിക്കുന്നത് എന്ന് അപ്പോള്‍ നീ അറിയും.” ദേവാലയനിര്‍മിതിയില്‍ കാര്യമായ പുരോഗതികാണാതെ നിരാശരായി കഴിയുന്നവര്‍ സെരുബ്ബാബേലിന്‍റെ നേതൃത്വത്തിലുള്ള നിര്‍മാണം കണ്ട് സന്തോഷിക്കും. ഈ ഏഴെണ്ണം സര്‍വേശ്വരന്‍റെ കണ്ണുകളാണ്. ഭൂമി മുഴുവന്‍ അവ നിരീക്ഷിക്കുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു: “വിളക്കുതണ്ടിന് ഇടത്തും വലത്തുമുള്ള ഒലിവുമരങ്ങള്‍ എന്താണ്? എണ്ണ ഒഴിക്കുന്ന രണ്ടു സ്വര്‍ണക്കുഴലുകള്‍ക്കു സമീപം കാണുന്ന ഒലിവുമരത്തിന്‍റെ രണ്ടു കൊമ്പുകള്‍ എന്ത്?” ദൂതന്‍ എന്നോട്, “ഇത് എന്തെന്നു നീ അറിയുന്നില്ലേ” എന്നു ചോദിച്ചതിന് “ഇല്ല പ്രഭോ” എന്നു ഞാന്‍ പറഞ്ഞു. “സര്‍വലോകത്തിന്‍റെയും സര്‍വേശ്വരന്‍റെ സന്നിധിയില്‍ നില്‌ക്കുന്ന രണ്ട് അഭിഷിക്തന്മാരാണ് അവര്‍” എന്നു ദൂതന്‍ മറുപടി പറഞ്ഞു. മറ്റൊരു ദര്‍ശനത്തില്‍ പറന്നു പോകുന്ന ഒരു ചുരുള്‍ ഞാന്‍ കണ്ടു. “നീ എന്തു കാണുന്നു” എന്നു ദൂതന്‍ എന്നോട് ചോദിച്ചു. “പറന്നുപോകുന്ന ഒരു ചുരുള്‍, അതിന് ഇരുപതുമുഴം നീളവും പത്തുമുഴം വീതിയുമുണ്ട്” എന്നു ഞാന്‍ പറഞ്ഞു. പിന്നീട് അദ്ദേഹം ഇങ്ങനെ തുടര്‍ന്നു: “അത് ദേശമാസകലം വ്യാപിക്കുന്ന ശാപമാകുന്നു. അതില്‍ എഴുതിയിരിക്കുന്ന പ്രകാരം കള്ളസ്സത്യം ചെയ്യുന്നവരും മോഷ്ടാക്കളും ആയ എല്ലാവരും ഇനിമേല്‍ നശിപ്പിക്കപ്പെടും.” സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ അത് അയയ്‍ക്കും; അതു മോഷ്ടാവിന്‍റെ വീട്ടിലും എന്‍റെ നാമത്തില്‍ കള്ളസത്യം ചെയ്യുന്നവന്‍റെ വീട്ടിലും പ്രവേശിക്കും. അത് അവന്‍റെ വീട്ടില്‍ കടന്ന് അതിലെ കല്ലും മരവും ഇടിച്ചു നശിപ്പിക്കുന്നതുവരെ അവിടെ വസിക്കും.” എന്നോടു സംസാരിച്ച ദൂതന്‍ പുറത്തുവന്ന് എന്നോടു പറഞ്ഞു: “ഈ പോകുന്നത് എന്തെന്നു നീ നോക്കുക.” “ഇത് എന്ത്” എന്നു ഞാന്‍ ചോദിച്ചു. ദൂതന്‍ പറഞ്ഞു: “ഇതു സഞ്ചരിക്കുന്ന അളവുകുട്ട ആകുന്നു. അത് ദേശത്തെങ്ങും ഉള്ളവരുടെ അകൃത്യം ആണ്.” പിന്നീട് ഈയംകൊണ്ടുള്ള അതിന്‍റെ അടപ്പ് ഉയര്‍ത്തപ്പെട്ടു. അതാ, അതിനുള്ളില്‍ ഒരു സ്‍ത്രീ ഇരിക്കുന്നു. “ഇതാണു ദുഷ്ടത” എന്നു ദൈവദൂതന്‍ പറഞ്ഞു. പിന്നീടു ദൂതന്‍ ആ സ്‍ത്രീയെ കുട്ടയുടെ ഉള്ളിലാക്കി ഈയപ്പലകകൊണ്ട് അതു മൂടി. വീണ്ടും ഞാന്‍ ദര്‍ശനത്തില്‍ രണ്ടു സ്‍ത്രീകള്‍ പറന്നു വരുന്നതു കണ്ടു. അവര്‍ക്കു കൊക്കിന്‍റേതുപോലെയുള്ള ചിറകുകള്‍ ഉണ്ടായിരുന്നു. അവര്‍ ആകാശത്തേക്ക് അളവുകുട്ട ഉയര്‍ത്തിക്കൊണ്ടുപോയി.” അവര്‍ അളവുകുട്ട എവിടേക്കു കൊണ്ടുപോകുന്നു” എന്നു ഞാന്‍ ചോദിച്ചു. അതിനു ദൂതന്‍ പറഞ്ഞു: “ശിനാര്‍ദേശത്ത് അതിനുവേണ്ടി ഒരു വീടു നിര്‍മിക്കാന്‍ പോകുന്നു. അത് പൂര്‍ത്തിയായാല്‍ അളവുകുട്ട അതിനുള്ളില്‍ സ്ഥാപിക്കും.” വീണ്ടും മറ്റൊരു ദര്‍ശനത്തില്‍ ഓടുകൊണ്ടുള്ള രണ്ടു പര്‍വതങ്ങളുടെ ഇടയില്‍നിന്ന് നാലു രഥങ്ങള്‍ ഉയര്‍ന്നു വരുന്നതു ഞാന്‍ കണ്ടു. ഒന്നാമത്തെ രഥത്തില്‍ ചുവന്ന കുതിരകളെയും രണ്ടാമത്തേതില്‍ കറുത്ത കുതിരകളെയും മൂന്നാമത്തേതില്‍ വെളുത്ത കുതിരകളെയും നാലാമത്തേതില്‍ തവിട്ടു നിറത്തില്‍ പുള്ളിയുള്ള കുതിരകളെയും പൂട്ടിയിരുന്നു. എന്നോടു സംസാരിച്ച ദൂതനോടു ഞാന്‍ ചോദിച്ചു: “പ്രഭോ, ഇതെന്താണ്?” “സമസ്തലോകത്തിന്‍റെയും സര്‍വേശ്വരനായ അവിടുത്തെ സന്നിധിയില്‍നിന്നു വരുന്ന ആകാശത്തിലെ നാലു കാറ്റുകളാകുന്നു അവര്‍” എന്നു ദൂതന്‍ പറഞ്ഞു. കറുത്ത കുതിരകളെ പൂട്ടിയ രഥം വടക്കേദേശത്തേക്കും വെളുത്തവയെ പൂട്ടിയതു പടിഞ്ഞാറേദേശത്തേക്കും പുള്ളിക്കുതിരകളെ പൂട്ടിയതു തെക്കേദേശത്തേക്കും പോകുന്നു. ഈ കുതിരകള്‍ ഭൂമിയില്‍ എല്ലായിടത്തും സഞ്ചരിക്കാന്‍ വെമ്പല്‍കൊണ്ടു. ദൂതന്‍ അവയോട്, “നിങ്ങള്‍ പോയി ഭൂമിയില്‍ ഉടനീളം സഞ്ചരിക്കുവിന്‍” എന്ന് ആജ്ഞാപിച്ചു. അങ്ങനെ അവ ഭൂമിയില്‍ സഞ്ചരിച്ചു. ദൂതന്‍ എന്നോടു വിളിച്ചു പറഞ്ഞു: “അതാ, വടക്കേദേശത്തേക്കു പോയവ അവിടെ എന്‍റെ കോപം ശമിപ്പിച്ചിരിക്കുന്നു.” വീണ്ടും സെഖര്യാക്കു സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി: “നീ ബാബിലോണില്‍നിന്നു മടങ്ങി എത്തിയ പ്രവാസികളായ ഹെല്‍ദായി, തോബീയാ, യെദായാ എന്നിവരില്‍നിന്ന് പൊന്നും വെള്ളിയും സ്വീകരിക്കുക. അതുമായി അന്നുതന്നെ സെഫന്യായുടെ മകനായ യോശിയായുടെ വീട്ടില്‍ പോകുക. അവരില്‍നിന്നു ലഭിച്ച സ്വര്‍ണവും വെള്ളിയുംകൊണ്ട് ഒരു കിരീടം ഉണ്ടാക്കി മഹാപുരോഹിതനായ യെഹോസാദാക്കിന്‍റെ പുത്രന്‍ യോശുവയുടെ ശിരസ്സില്‍ അണിയിക്കുക. പിന്നീട് ഇങ്ങനെ പറയണം. സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഇതാ ശാഖ എന്ന നാമമുള്ള മനുഷ്യന്‍, അയാള്‍ തന്‍റെ സ്ഥലത്തുനിന്നു വളരും. അയാള്‍ സര്‍വേശ്വരന്‍റെ മന്ദിരം പണിയും. അയാള്‍തന്നെ സര്‍വേശ്വരന്‍റെ മന്ദിരം പണിയുകയും രാജകീയപ്രതാപത്തോടെ തന്‍റെ സിംഹാസനത്തില്‍ വാണരുളുകയും ചെയ്യും. അയാളുടെ വലത്തുഭാഗത്ത് ഒരു പുരോഹിതന്‍ ഉണ്ടായിരിക്കും. അവര്‍ ഇരുവരും ഒരുമയോടും സമാധാനത്തോടും വര്‍ത്തിക്കും. ഹെല്‍ദായ്, തോബീയാ, യെദായി, സെഫന്യായുടെ പുത്രനായ യോശിയാ എന്നിവരുടെ സ്മരണയ്‍ക്കായി ആ കിരീടം സര്‍വേശ്വരന്‍റെ ആലയത്തില്‍ ഉണ്ടായിരിക്കും.” വിദൂരസ്ഥരായ ആളുകള്‍ വന്ന് സര്‍വേശ്വരന്‍റെ ആലയത്തിന്‍റെ പണിയില്‍ സഹായിക്കും; സര്‍വശക്തനായ സര്‍വേശ്വരനാണ് എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നത് എന്നു നിങ്ങള്‍ അറിയും. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേട്ട് അനുസരിക്കുമെങ്കില്‍ ഇതു സംഭവിക്കും. ദാര്യാവേശ്‍രാജാവിന്‍റെ വാഴ്ചയുടെ നാലാം വര്‍ഷം കിസ്ലേവ് എന്ന ഒമ്പതാം മാസം നാലാം ദിവസം സെഖര്യാപ്രവാചകന് സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി. ബെഥേലിലെ ജനം സര്‍വേശ്വരന്‍റെ അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ഥിക്കാന്‍ സരേസരിനെയും രേഗെം-മേലെക്കിനെയും തങ്ങളുടെ ആളുകളെയും അയച്ചു. “ദീര്‍ഘവര്‍ഷങ്ങളായി ചെയ്തുവന്നതുപോലെ അഞ്ചാം മാസത്തില്‍ തങ്ങള്‍ വിലാപവും ഉപവാസവും ആചരിക്കണമോ എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍റെ ആലയത്തിലെ പുരോഹിതന്മാരോടും പ്രവാചകന്മാരോടും അന്വേഷിക്കാനുംകൂടിയാണ് അവരെ അയച്ചത്. അപ്പോള്‍ സര്‍വശക്തനായ സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “നീ ദേശത്തെ സര്‍വജനത്തോടും പുരോഹിതന്മാരോടും പ്രസ്താവിക്കുക: ഈ എഴുപതു വര്‍ഷമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും നിങ്ങള്‍ ഉപവാസവും വിലാപവും ആചരിച്ചത് എനിക്കുവേണ്ടി ആയിരുന്നുവോ? നിങ്ങള്‍ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നത് എനിക്കുവേണ്ടിയാണോ? യെരൂശലേമിലും അതിന്‍റെ ചുറ്റുമുള്ള നഗരങ്ങളിലും കുടിപ്പാര്‍പ്പും ഐശ്വര്യസമൃദ്ധിയും ഉണ്ടായിരുന്നപ്പോഴും നെഗബുദേശവും താഴ്വരപ്രദേശവും ജനനിബിഡം ആയിരുന്നപ്പോഴും ഈ വചനങ്ങള്‍ തന്നെയല്ലേ പണ്ടത്തെ പ്രവാചകന്മാരിലൂടെ സര്‍വേശ്വരന്‍ അരുളിച്ചെയ്തത്?” സര്‍വേശ്വരന്‍ സെഖര്യാപ്രവാചകനോട് അരുളിച്ചെയ്തു: “സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: സത്യസന്ധമായി വിധിക്കുക. എല്ലാവരും തങ്ങളുടെ സഹോദരരോടു സ്നേഹവും ദയയും കാട്ടുക. അനാഥനെയും വിധവയെയും ദരിദ്രനെയും പരദേശിയെയും പീഡിപ്പിക്കരുത്. നിങ്ങളില്‍ ആരും തന്നെ സഹോദരനെതിരെ തിന്മ നിരൂപിക്കരുത്.” എന്നാല്‍ ഇതു ശ്രദ്ധിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല; കേള്‍ക്കാതിരിക്കാന്‍ അവര്‍ ദുശ്ശാഠ്യത്തോടെ ചെവി പൊത്തുകയും ചെയ്തു. ധര്‍മശാസ്ത്രവും പണ്ടത്തെ പ്രവാചകന്മാര്‍ മുഖാന്തരം സര്‍വശക്തനായ സര്‍വേശ്വരന്‍ അവിടുത്തെ ആത്മാവിലൂടെ അരുളിച്ചെയ്ത വചനങ്ങളും അനുസരിക്കാതെ അവര്‍ ഹൃദയം കഠിനമാക്കി. അതുകൊണ്ട് സര്‍വശക്തനായ സര്‍വേശ്വരനില്‍നിന്ന് ഉഗ്രരോഷം പുറപ്പെട്ടു. “ഞാന്‍ വിളിച്ചപ്പോള്‍ അവര്‍ കേട്ടില്ല. അതിനാല്‍ അവര്‍ വിളിച്ചപേക്ഷിച്ചപ്പോള്‍ ഞാന്‍ ഉത്തരം അരുളിയില്ല” എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ഞാന്‍ ഒരു ചുഴലിക്കാറ്റയച്ച് അവരെ അവരറിയാത്ത ജനങ്ങളുടെ ഇടയില്‍ ചിതറിച്ചുകളഞ്ഞു. അവരുടെ ദേശം ശൂന്യമായിത്തീര്‍ന്നു, ആരും അതിലൂടെ കടന്നുപോയില്ല. അങ്ങനെ മനോഹരമായ ദേശം ശൂന്യമാക്കപ്പെട്ടു. സര്‍വശക്തനായ സര്‍വേശ്വരന്‍റെ അരുളപ്പാട് എനിക്കുണ്ടായി: സീയോനെക്കുറിച്ചു ഞാന്‍ അതീവതല്പരനായിരിക്കുന്നു. അതിനോടുള്ള എന്‍റെ സ്നേഹം അതിരറ്റതാണ്. ഞാന്‍ സീയോനിലേക്കു മടങ്ങിവരും; യെരൂശലേമില്‍ വസിക്കും. യെരൂശലേമേ, വിശ്വസ്തനഗരമെന്നും സര്‍വശക്തനായ സര്‍വേശ്വരന്‍റെ പര്‍വതമെന്നും വിശുദ്ധഗിരി എന്നും നീ വിളിക്കപ്പെടും. സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: വടിയൂന്നി നടക്കുന്ന വൃദ്ധന്മാരും വൃദ്ധകളും യെരൂശലേമിന്‍റെ തെരുവീഥികളില്‍ ഉണ്ടാകും. കളിച്ചുല്ലസിക്കുന്ന ബാലികാബാലന്മാരെക്കൊണ്ട് നഗരവീഥികള്‍ നിറയും. അവശേഷിക്കുന്ന ജനത്തിന് ഈ കാഴ്ച അന്ന് അദ്ഭുതകരമായി തോന്നും. എന്നാല്‍ എനിക്കും അത് അദ്ഭുതമായി തോന്നണമോ” എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ ചോദിക്കുന്നു. അവിടുന്ന് അരുളിച്ചെയ്യുന്നു: “കിഴക്കേദേശത്തുനിന്നും പടിഞ്ഞാറേദേശത്തുനിന്നും ഞാന്‍ എന്‍റെ ജനത്തെ രക്ഷിക്കും. യെരൂശലേമില്‍ വസിക്കാന്‍ ഞാന്‍ അവരെ അവിടെനിന്നു കൊണ്ടുവരും. സത്യത്തിലും നീതിയിലും അവര്‍ എനിക്കു ജനവും ഞാന്‍ അവര്‍ക്ക് ദൈവവും ആയിരിക്കും.” സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “സര്‍വേശ്വരന്‍റെ ആലയം വീണ്ടും പണിയുന്നതിനുവേണ്ടി അടിസ്ഥാനമിട്ട നാള്‍ മുതല്‍ പ്രവാചകന്മാര്‍ പ്രസ്താവിച്ച ഈ വചനങ്ങള്‍ ഇപ്പോഴും കേള്‍ക്കുന്നവരേ, നിങ്ങള്‍ ധൈര്യമുള്ളവരായിരിക്കുവിന്‍. ആ നാളുകള്‍ക്കുമുമ്പ് മനുഷ്യനോ മൃഗത്തിനോ കൂലി കൊടുക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. പോകുകയോ വരികയോ ചെയ്യുന്നവന് ശത്രുവില്‍നിന്നു വിടുതലും ഉണ്ടായിരുന്നില്ല. കാരണം ഞാന്‍ സകല മനുഷ്യരെയും അന്യോന്യം ശത്രുക്കളാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അവശേഷിച്ചിരിക്കുന്ന ജനത്തോടു ഞാന്‍ മുമ്പത്തെപ്പോലെയല്ല പെരുമാറുക” എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. അവര്‍ സമാധാനത്തോടെ വിതയ്‍ക്കും; മുന്തിരി ഫലം നല്‌കും; ഭൂമിയും അതില്‍നിന്നു വിളവു നല്‌കും; ആകാശം മഞ്ഞുപൊഴിക്കും. ഈ ജനത്തില്‍ അവശേഷിക്കുന്നവരെ ഞാന്‍ ഇവയ്‍ക്കെല്ലാം അവകാശികളാക്കിത്തീര്‍ക്കും. യെഹൂദാജനങ്ങളേ, ഇസ്രായേല്‍ജനങ്ങളേ, ജനതകളുടെ ഇടയില്‍ നിങ്ങള്‍ ശപിക്കപ്പെട്ടവരായിരുന്നല്ലോ; ഞാന്‍ നിങ്ങളെ രക്ഷിച്ച് ജനതകളുടെ ഇടയില്‍ നിങ്ങളെ അനുഗൃഹീതരാക്കും. നിങ്ങള്‍ ഭയപ്പെടാതെ ധൈര്യമായിരിക്കുവിന്‍.” സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ പ്രകോപിപ്പിച്ചപ്പോള്‍ നിങ്ങളെ നശിപ്പിക്കണമെന്നു ഞാന്‍ തീരുമാനിച്ചു. എന്‍റെ തീരുമാനത്തില്‍നിന്നു ഞാന്‍ പിന്മാറിയില്ല. എന്നാല്‍ ഇപ്പോള്‍ യെരൂശലേമിനും യെഹൂദാജനത്തിനും നന്മവരുത്തണമെന്നു ഞാന്‍ ഉറച്ചിരിക്കുന്നു. നിങ്ങള്‍ ഭയപ്പെടേണ്ടാ എന്ന് സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. നിങ്ങള്‍ ചെയ്യേണ്ടത് ഇവയാണ്: സത്യം പറയുക; നഗരകവാടങ്ങളില്‍ സത്യസന്ധമായി ന്യായവിധി നടത്തുക. അങ്ങനെ സമാധാനം പാലിക്കുക. നിങ്ങള്‍ അപരനെതിരെ തിന്മ ആലോചിക്കരുത്. കള്ളസ്സത്യം ചെയ്യാന്‍ താല്‍പര്യപ്പെടരുത്. ഇവയെല്ലാം ഞാന്‍ വെറുക്കുന്നു എന്ന് അവിടുന്നു അരുളിച്ചെയ്യുന്നു.” എനിക്കു സര്‍വശക്തനായ സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി: “നാലും അഞ്ചും ഏഴും പത്തും മാസങ്ങളിലെ ഉപവാസങ്ങള്‍ യെഹൂദാജനത്തിന് സന്തോഷവും ഉല്ലാസപ്രദവുമായ ആനന്ദോത്സവങ്ങള്‍ ആയിരിക്കണം. അതുകൊണ്ട് സത്യത്തെയും സമാധാനത്തെയും സ്നേഹിക്കുവിന്‍. സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: അനേകം ജനതകള്‍, നിരവധി നഗരങ്ങളിലെ നിവാസികള്‍ ഇനിയും വരും. ഒരു നഗരത്തിലെ നിവാസികള്‍ മറ്റൊന്നിലേക്ക് ചെന്നു പറയും: വരിക, സര്‍വേശ്വരനെ പ്രസാദിപ്പിക്കാനും അവിടുത്തെ ആരാധിക്കാനും നമുക്ക് ഉടനെ പോകാം. നമുക്ക് ഒന്നിച്ചുപോകാം. അങ്ങനെ സര്‍വശക്തനായ സര്‍വേശ്വരനെ ആരാധിക്കാനും അവിടുത്തെ പ്രസാദം അര്‍ഥിക്കാനും അനേകം ജനങ്ങളും ശക്തരായ ജനതകളും യെരൂശലേമില്‍ വരും. സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജനതകളില്‍നിന്നുള്ള പത്തുപേര്‍ അന്ന് ഒരു യെഹൂദന്‍റെ വസ്ത്രത്തുമ്പില്‍ പിടിച്ചുകൊണ്ടു പറയും: ഞങ്ങളും നിങ്ങളുടെകൂടെ വരട്ടേ. ദൈവം നിങ്ങളുടെകൂടെ ഉണ്ടെന്ന് ഞങ്ങള്‍ കേട്ടിരിക്കുന്നു.” സര്‍വേശ്വരന്‍റെ അരുളപ്പാട് ഹദ്രാക്ദേശത്തിനും ദമാസ്കസ്നഗരത്തിനും എതിരെ വന്നിരിക്കുന്നു. കാരണം എല്ലാ ഇസ്രായേല്‍ഗോത്രങ്ങളെയുംപോലെ സിറിയന്‍നഗരങ്ങളും സര്‍വേശ്വരന്‍റേതാകുന്നു. ഹദ്രാക്കിനോടു തൊട്ടുകിടക്കുന്ന ഹമാത്തും വളരെ വൈദഗ്ധ്യമുള്ള ജനങ്ങള്‍ പാര്‍ക്കുന്ന സോരും സീദോനും അങ്ങനെതന്നെ. സോര്‍ കോട്ടകെട്ടി പൂഴിപോലെ വെള്ളിയും വീഥികളിലെ ചെളിപോലെ തങ്കവും കുന്നുകൂട്ടി. എന്നാല്‍ സര്‍വേശ്വരന്‍ അവള്‍ക്കുള്ളതെല്ലാം എടുത്തുകളയും. അവളുടെ സമ്പത്ത് കടലില്‍ എറിയും. അഗ്നി അവളെ വിഴുങ്ങും. അസ്കലോന്‍ അതു കണ്ടു ഭയപ്പെടും; ഗസ്സ അതിവേദനയാല്‍ പുളയും; പ്രത്യാശയ്‍ക്കു ഭംഗം വന്ന എക്രോനും അങ്ങനെതന്നെ ഭവിക്കും. ഗസ്സയില്‍ രാജാവ് ഇല്ലാതെയാകും. അസ്കലോന്‍ വിജനമാകും. അസ്തോദില്‍ ഒരു സങ്കരവര്‍ഗം പാര്‍പ്പുറപ്പിക്കും. ഫെലിസ്ത്യരുടെ ഗര്‍വിന് ഞാന്‍ അറുതിവരുത്തും. രക്തമുള്ള മാംസം അവര്‍ ഇനിമേല്‍ ഭക്ഷിക്കുകയില്ല. മ്ലേച്ഛഭക്ഷണം അവരുടെ വായില്‍നിന്നു നീക്കിക്കളയും; അവരില്‍ അവശേഷിക്കുന്നവര്‍ നമ്മുടെ ദൈവത്തിന്‍റെ സ്വന്തജനത്തിന്‍റെ ഭാഗമാകും. അവര്‍ യെഹൂദ്യയിലെ ഒരു വര്‍ഗത്തെപ്പോലെ ആകും; എക്രോന്‍ നിവാസികള്‍ യെബൂസ്യരെപ്പോലെ എന്‍റെ ജനത്തിന്‍റെ ഭാഗമായിത്തീരും. ആര്‍ക്കും കയറിയിറങ്ങി നടക്കാന്‍ അരുതാത്തവിധം എന്‍റെ ആലയത്തിനു ഞാന്‍ കാവല്‍നില്‌ക്കും. ഒരു മര്‍ദകനും ഇനി അവരെ കീഴടക്കുകയില്ല. ഞാന്‍ അവരുടെ പീഡനം കാണുന്നുവല്ലോ. സീയോന്‍നിവാസികളേ, അത്യന്തം ആനന്ദിക്കുവിന്‍! യെരൂശലേംനിവാസികളേ, ഉദ്‌ഘോഷിക്കുവിന്‍. ഇതാ, നിങ്ങളുടെ രാജാവ് വരുന്നു. അവിടുന്നു പ്രതാപത്തോടെ വിജയശ്രീലാളിതനായി വരുന്നു. വിനീതനായി ചെറിയ കഴുതക്കുട്ടിയുടെ പുറത്തു കയറി വരുന്നു. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഞാന്‍ എഫ്രയീമില്‍നിന്നു രഥങ്ങളെയും യെരൂശലേമില്‍നിന്നു പോര്‍ക്കുതിരകളെയും ഛേദിച്ചു കളയും. പടവില്ല് നശിപ്പിക്കപ്പെടും. അവന്‍ ജനതകള്‍ക്കിടയില്‍ സമാധാനം വരുത്തും. അവന്‍റെ ആധിപത്യം സമുദ്രംമുതല്‍ സമുദ്രംവരെയും നദിമുതല്‍ ഭൂമിയുടെ അറുതിവരെയും ആയിരിക്കും. സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: നിങ്ങളെ സംബന്ധിച്ചിടത്തോളം യാഗരക്തംകൊണ്ടു മുദ്രവച്ച നിങ്ങളുമായുള്ള എന്‍റെ ഉടമ്പടി നിമിത്തം നിങ്ങളുടെ പ്രവാസികളെ വെള്ളമില്ലാത്ത കുഴിയില്‍നിന്നു വിട്ടയയ്‍ക്കും. പ്രത്യാശയുള്ള ബന്ദികളേ, നിങ്ങളുടെ രക്ഷാദുര്‍ഗത്തിലേക്കു മടങ്ങിവരുവിന്‍! നിങ്ങള്‍ക്ക് ഇരട്ടി മടക്കിത്തരുമെന്നു ഞാന്‍ ഇന്നു പ്രഖ്യാപിക്കുന്നു. ഞാന്‍ യെഹൂദായെ എന്‍റെ വില്ലുപോലെ കുലച്ചു; എഫ്രയീമിനെ അതിന്‍റെ ശരമാക്കി. സീയോനേ, നിന്‍റെ നിവാസികളെ യവനദേശത്തിലെ നിവാസികള്‍ക്കെതിരെ ഒരു പടവാള്‍പോലെ ഞാന്‍ പ്രയോഗിക്കും. അപ്പോള്‍ സര്‍വേശ്വരന്‍ അവര്‍ക്കുമീതെ ദൃശ്യനാകും. അവിടുത്തെ ശരം മിന്നല്‍പ്പോലെ പായും. ദൈവമായ സര്‍വേശ്വരന്‍ കാഹളം ഊതും; തെക്കന്‍ ചുഴലിക്കാറ്റില്‍ അവിടുന്നു മുന്നേറും. സര്‍വശക്തനായ സര്‍വേശ്വരന്‍ സ്വന്തം ജനതയെ രക്ഷിക്കും. അവര്‍ കവണക്കാരെ നശിപ്പിക്കും. പടവെട്ടുമ്പോള്‍ കുടിച്ചു മദിച്ചവരെപ്പോലെ അവര്‍ യുദ്ധാങ്കണത്തില്‍ അലറും. അവര്‍ വൈരികളുടെ ചോര ചിന്തും; യാഗകലശം നിറയുന്നതുപോലെ അവിടം രക്തംകൊണ്ടു നിറയും. യാഗപീഠത്തിന്‍റെ കോണുകള്‍പോലെ അവിടം രക്തംകൊണ്ടു കുതിരും. തന്‍റെ അജഗണമായ ജനത്തെ ദൈവമായ സര്‍വേശ്വരന്‍ അന്നു രക്ഷിക്കും. കിരീടത്തില്‍ ശോഭിക്കുന്ന രത്നങ്ങള്‍പോലെ അവിടുത്തെ ദേശത്ത് അവര്‍ തിളങ്ങും. ആ കാഴ്ച എത്ര ശ്രേഷ്ഠവും രമ്യവും ആയിരിക്കും! ധാന്യവും വീഞ്ഞും യുവതീയുവാക്കള്‍ക്ക് ശക്തിപകരും. വസന്തകാലത്തെ മഴയ്‍ക്കുവേണ്ടി സര്‍വേശ്വരനോടു പ്രാര്‍ഥിക്കുക. മഴയും മഴക്കാറും അയച്ച് സര്‍വമനുഷ്യര്‍ക്കും വിളഭൂമിയിലെ സസ്യജാലങ്ങള്‍ക്കും ജലം നല്‌കുന്നത് സര്‍വേശ്വരനാണ്; കുലദേവവിഗ്രഹങ്ങള്‍ നിരര്‍ഥകവാക്കുകള്‍ പുലമ്പുന്നു; ലക്ഷണം നോക്കുന്നവര്‍ അസത്യം ദര്‍ശിക്കുന്നു; സ്വപ്നദര്‍ശകന്‍ വ്യാജസ്വപ്നം കണ്ട് പൊള്ളയായ ആശ്വാസം നല്‌കുന്നു. അതുകൊണ്ടു ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ വലയുന്നു. “എന്‍റെ കോപം ഇടയന്മാരുടെ നേരെ ജ്വലിക്കുന്നു. ഞാന്‍ ഇവരുടെ നേതാക്കന്മാരെ ശിക്ഷിക്കും.” സര്‍വശക്തനായ സര്‍വേശ്വരന്‍ തന്‍റെ ആട്ടിന്‍പറ്റമായ യെഹൂദാജനത്തെ പരിപാലിക്കും. യുദ്ധക്കളത്തില്‍ അവരെ തലയെടുപ്പുള്ള പടക്കുതിരകളാക്കും. അവരില്‍നിന്നു മൂലക്കല്ലും കൂടാരത്തിന്‍റെ കുറ്റിയും പുറപ്പെടും. പടവില്ലും ഭരണാധിപന്മാരും അവരില്‍നിന്നു വരും. വീഥികളിലെ ചേറില്‍ ശത്രുക്കളെ ചവുട്ടിത്താഴ്ത്തുന്ന യുദ്ധവീരന്മാരെപ്പോലെ അവര്‍ ആയിത്തീരും. സര്‍വേശ്വരന്‍ അവരുടെകൂടെ ഉള്ളതുകൊണ്ട് അവര്‍ പടപൊരുതും. അവര്‍ ശത്രുക്കളായ കുതിരപ്പടയാളികളെ സംഭീതരാക്കും. യെഹൂദാജനത്തെ ഞാന്‍ ബലപ്പെടുത്തും; യോസേഫിന്‍റെ സന്തതികളെ ഞാന്‍ രക്ഷിക്കും. എനിക്ക് അവരോടു കരുണയുള്ളതുകൊണ്ട് അവരെ മടക്കിവരുത്തും. ഞാന്‍ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലാത്തവരെപ്പോലെ അവര്‍ ആയിത്തീരും; ഞാന്‍ അവരുടെ ദൈവമായ സര്‍വേശ്വരനാണല്ലോ; ഞാന്‍ അവര്‍ക്ക് ഉത്തരമരുളും. അപ്പോള്‍ ഇസ്രായേല്‍ജനം ശക്തരായ യുദ്ധവീരന്മാരെപ്പോലെയാകും; വീഞ്ഞുകൊണ്ടെന്നപോലെ അവരുടെ ഹൃദയം ഉല്ലസിക്കും; അവരുടെ പുത്രന്മാര്‍ അതു കണ്ട് ആനന്ദിക്കും. അവരുടെ ഹൃദയം സര്‍വേശ്വരനില്‍ സന്തോഷിക്കും. അടയാളം നല്‌കി ഞാന്‍ അവരെ വിളിച്ചുകൂട്ടും. ഞാന്‍ അവരെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. അവര്‍ പണ്ടെന്നപോലെ അസംഖ്യമാകും. ഞാന്‍ അവരെ ജനതകളുടെ ഇടയില്‍ ചിതറിച്ചെങ്കിലും വിദൂരദേശങ്ങളില്‍വച്ച് അവര്‍ എന്നെ ഓര്‍ക്കും. അവര്‍ മക്കളോടുകൂടി ജീവിക്കുകയും തിരിച്ചുവരികയും ചെയ്യും. ഞാന്‍ അവരെ ഈജിപ്തില്‍നിന്നു തിരിച്ചുവരുത്തും. അസ്സീറിയായില്‍നിന്ന് ഒരുമിച്ചുകൂട്ടും. ഗിലെയാദുദേശത്തിലേക്കും ലെബാനോനിലേക്കും ഞാന്‍ അവരെ കൊണ്ടുവരും. അവിടെ അവര്‍ക്ക് ഇടംപോരാതെ വരും. അവര്‍ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നുപോകും. അപ്പോള്‍ ആ സമുദ്രത്തിലെ തിരമാലകള്‍ ഞാന്‍ അടിച്ചമര്‍ത്തും. നൈല്‍നദിയിലെ ആഴങ്ങളെല്ലാം വറ്റിപ്പോകും. അസ്സീറിയായുടെ ഗര്‍വം അടങ്ങും; ഈജിപ്തിന്‍റെ അധികാരം നഷ്ടപ്പെടും. സര്‍വേശ്വരനായ ഞാന്‍ അവരെ ശക്തിപ്പെടുത്തും; അവര്‍ എന്‍റെ നാമത്തില്‍ അഭിമാനംകൊള്ളും എന്ന് സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ലെബാനോനേ, നിന്‍റെ വാതിലുകള്‍ തുറന്നിടുക; നിന്‍റെ ദേവദാരുക്കള്‍ അഗ്നിക്കിരയാകട്ടെ. സരളവൃക്ഷമേ, വിലപിക്കുക; ദേവദാരുക്കള്‍ വീണുപോയല്ലോ. മഹത്തായ വൃക്ഷങ്ങള്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു. ബാശാനിലെ കരുവേലകവൃക്ഷങ്ങളേ, നിലവിളിക്കുക. നിബിഡവനങ്ങള്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇടയന്മാരുടെ രോദനം ശ്രദ്ധിക്കുക; അവരുടെ മഹത്ത്വം പൊയ്പോയല്ലോ. സിംഹങ്ങളുടെ ദീനരോദനം കേള്‍ക്കുക; യോര്‍ദ്ദാനിലെ വനങ്ങള്‍ നശിച്ചുപോയല്ലോ. എന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: കശാപ്പിനു വേര്‍തിരിക്കപ്പെട്ട ആടുകളുടെ ഇടയനാകുക. വാങ്ങുന്നവര്‍ അവയെ കൊല്ലുന്നു; അവര്‍ ശിക്ഷിക്കപ്പെടുന്നില്ല. അവയെ വില്‍ക്കുന്നവര്‍ പറയുന്നു: “ഞാന്‍ സമ്പന്നനായി തീര്‍ന്നിരിക്കകൊണ്ട് സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ. അവയുടെ ഇടയന്മാര്‍ക്കുപോലും അവയോടു കരുണയില്ലല്ലോ.” “ഈ ദേശനിവാസികളോട് ഇനിമേല്‍ എനിക്കു കനിവുതോന്നുകയില്ല” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. “അതേ, ഞാന്‍ മനുഷ്യരെ ഓരോരുത്തരെയും അവനവന്‍റെ ഇടയന്‍റെ കൈയിലും അവനവന്‍റെ രാജാവിന്‍റെ കൈയിലും ഏല്പിക്കും. അവര്‍ ഭൂമിയെ തകര്‍ക്കും. അവരുടെ കൈയില്‍നിന്ന് ആരെയും ഞാന്‍ രക്ഷിക്കുകയില്ല.” ആടുവ്യാപാരികള്‍ക്കുവേണ്ടി കശാപ്പു ചെയ്യാനുള്ള ആടുകള്‍ക്കു ഞാന്‍ ഇടയനായി. ഞാന്‍ രണ്ടു വടി എടുത്തു; ഒന്നിന് കൃപ എന്നും, മറ്റേതിന് ഐക്യം എന്നും പേരിട്ടു. അങ്ങനെ ഞാന്‍ ആ ആടുകളെ മേയിച്ചു; ഒരു മാസത്തില്‍ത്തന്നെ ഞാന്‍ മൂന്ന് ഇടയന്മാരെ ഓടിച്ചു; അവര്‍ എന്‍റെ ക്ഷമ കെടുത്തി. അവര്‍ക്ക് എന്നോടും വെറുപ്പുണ്ടായി. പിന്നീട് ഞാന്‍ ആട്ടിന്‍പറ്റത്തോടു പറഞ്ഞു: “ഞാന്‍ നിങ്ങളെ മേയ്‍ക്കുകയില്ല; ചാകുന്നതു ചാകട്ടെ; നശിക്കാനുള്ളത് നശിക്കട്ടെ; അവശേഷിക്കുന്നത് അന്യോന്യം കടിച്ചുകീറി ഒന്നു മറ്റൊന്നിന്‍റെ മാംസം തിന്നട്ടെ.” പിന്നീട് കൃപ എന്നവടി ഞാന്‍ എടുത്തു രണ്ടായി മുറിച്ചു. അങ്ങനെ സകല മനുഷ്യരോടും ചെയ്തിരുന്ന ഉടമ്പടി അന്നു ഞാന്‍ അസാധുവാക്കി. ഞാന്‍ ചെയ്തതു നോക്കിക്കൊണ്ടിരുന്ന ആടുവ്യാപാരികള്‍ ഇതു സര്‍വേശ്വരന്‍റെ അരുളപ്പാടാണെന്നു ഗ്രഹിച്ചു. “നിങ്ങള്‍ക്കു മനസ്സുണ്ടെങ്കില്‍ എന്‍റെ കൂലി തരിക, ഇല്ലെങ്കില്‍ വേണ്ടാ” എന്നു ഞാന്‍ അവരോടു പറഞ്ഞു. അപ്പോള്‍ എന്‍റെ കൂലിയായി മുപ്പതു ശേക്കെല്‍ വെള്ളി അവര്‍ തൂക്കിത്തന്നു. സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “ആ വെള്ളി, എനിക്ക് അവര്‍ മതിച്ചിരിക്കുന്ന മഹത്തായ വില, ദേവാലയത്തിലെ ഭണ്ഡാരത്തില്‍ ഇടുക. അങ്ങനെ ആ മുപ്പതു ശേക്കെല്‍ വെള്ളി വാങ്ങി ഞാന്‍ ദേവാലയഭണ്ഡാരത്തില്‍ ഇട്ടു. പിന്നീടു ഞാന്‍ ഐക്യം എന്ന രണ്ടാമത്തെ വടി എടുത്ത് ഒടിച്ചു. അതോടെ യെഹൂദായും ഇസ്രായേലും തമ്മിലുള്ള സാഹോദര്യം തകര്‍ന്നു. “നീ വീണ്ടും ഹീനനായ ഇടയന്‍റെ വേഷം എടുക്കുക” എന്നു സര്‍വേശ്വരന്‍ എന്നോടു കല്പിച്ചു. ഇതാ, ഞാന്‍ ദേശത്ത് ഒരിടയനെ ഉയര്‍ത്തുന്നു. അവന്‍ വിനാശം നേരിടുന്നവയെ സഹായിക്കുകയോ, വഴി തെറ്റിയവയെ അന്വേഷിക്കുകയോ പരുക്കു പറ്റിയവയെ സുഖപ്പെടുത്തുകയോ, ആരോഗ്യമുള്ളവയെ പോറ്റുകയോ ചെയ്യാതെ കൊഴുത്തു തടിച്ച ആടിന്‍റെ മാംസം തിന്നുകയും കുളമ്പുപോലും പിഴുതുകളയുകയും ചെയ്യുന്നു. ആട്ടിന്‍പറ്റത്തെ ഉപേക്ഷിച്ചു കളയുന്ന ഹീനനായ ഇടയന് ദുരിതം! അവന്‍റെ കൈയും വലങ്കണ്ണും വാളിനാല്‍ വിച്ഛേദിക്കപ്പെടട്ടെ. അവന്‍റെ കൈ നിശ്ശേഷം ശോഷിച്ചുപോകട്ടെ; അവന്‍റെ വലങ്കണ്ണ് തീര്‍ത്തും അന്ധമാകട്ടെ. ഇസ്രായേലിനെക്കുറിച്ചുള്ള സര്‍വേശ്വരന്‍റെ അരുളപ്പാട്: “ആകാശവിതാനം നിവര്‍ക്കുകയും ഭൂമിയുടെ അടിസ്ഥാനം ഉറപ്പിക്കുകയും മനുഷ്യന്‍റെ ഉള്ളില്‍ ആത്മാവിനെ രൂപപ്പെടുത്തുകയും ചെയ്ത സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “യെരൂശലേമിനെയും യെഹൂദായെയും ആക്രമിക്കാന്‍ വരുന്ന ചുറ്റുമുള്ള ജനതകള്‍ക്ക് ഞാന്‍ യെരൂശലേമിനെ പരിഭ്രാന്തി നല്‌കുന്ന ഒരു പാനപാത്രം ആക്കാന്‍ പോകുകയാണ്. അന്നു ഞാന്‍ യെരൂശലേമിനെ ഒരു ജനതയ്‍ക്കും എടുത്തുമാറ്റാന്‍ അരുതാത്ത ഭാരമേറിയ ഒരു പാറയാക്കിത്തീര്‍ക്കും. അതിനെ പൊക്കുന്നവര്‍ക്ക് ഗുരുതരമായ പരുക്കേല്‌ക്കും. ഭൂമിയിലെ സകല ജനതകളും അതിനെതിരെ ഒത്തുകൂടും. അന്നു സകല കുതിരകള്‍ക്കും പരിഭ്രാന്തിയും അവയുടെ പുറത്തിരിക്കുന്നവര്‍ക്കു ഭ്രാന്തും പിടിപ്പിക്കുമെന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. എന്നാല്‍ ജനതകളുടെ കുതിരകള്‍ക്കെല്ലാം അന്ധത വരുത്തുമ്പോള്‍ യെഹൂദാജനത്തെ ഞാന്‍ കടാക്ഷിക്കും. യെരൂശലേംനിവാസികള്‍ക്കു തങ്ങളുടെ ദൈവവും സര്‍വശക്തനുമായ സര്‍വേശ്വരന്‍ നിമിത്തം കരുത്തു ലഭിക്കുന്നു എന്നു യെഹൂദാവംശജര്‍ പറയും. “അന്നു ഞാന്‍ യെഹൂദാവംശങ്ങളെ വിറകിന്‍റെ നടുവില്‍ ഇരുന്നു ജ്വലിക്കുന്ന കനല്‍ നിറച്ച ചട്ടിപോലെയും കറ്റകളുടെ നടുവിലെ തീപ്പന്തംപോലെയും ആക്കും; അവര്‍ ഇടത്തും വലത്തും ചുറ്റും ഉള്ള എല്ലാ ജനതകളെയും നശിപ്പിക്കും. അപ്പോള്‍ യെരൂശലേം നിവാസികള്‍ സുരക്ഷിതരായി വസിക്കും. ദാവീദുവംശജര്‍ക്കും യെരൂശലേംനിവാസികള്‍ക്കും ലഭിക്കുന്ന കീര്‍ത്തി യെഹൂദായെക്കാള്‍ ഏറിപ്പോകാതിരിക്കാന്‍ സര്‍വേശ്വരന്‍ ആദ്യം യെഹൂദാവംശജര്‍ക്ക് വിജയം നല്‌കും. അന്നു ഞാന്‍ യെരൂശലേംനിവാസികളെ പരിചകൊണ്ടു മറയ്‍ക്കും. അവരില്‍ ഏറ്റവും ദുര്‍ബലന്‍പോലും ദാവീദിനെപ്പോലെ ശക്തിയുള്ളവനാകും. ദാവീദുവംശജര്‍ മാലാഖയെപ്പോലെയും ദൈവത്തെപ്പോലെയും അവരെ നയിക്കും. അന്ന് യെരൂശലേമിന്‍റെ നേര്‍ക്കു വരുന്ന സകല ജനതകളെയും ഞാന്‍ നശിപ്പിക്കും.” ഞാന്‍ ദാവീദുവംശജരുടെമേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും പ്രാര്‍ഥനയുടെയും ആത്മാവിനെ പകരും. തങ്ങള്‍ കുത്തിത്തുളച്ചവനെ നോക്കി, ഏക ശിശുവിനെക്കുറിച്ചു വിലപിക്കുന്ന ഒരുവനെപ്പോലെ അവര്‍ വിലപിക്കും; അതേ, ആദ്യജാതനെക്കുറിച്ചു ദുഃഖിക്കുന്നവനെപ്പോലെ അവര്‍ അവനെക്കുറിച്ച് അതിവേദനയോടെ ദുഃഖിക്കും. അന്ന് ഹദദ്-രിമ്മോനെക്കുറിച്ച് മെഗിദ്ദോതാഴ്വരയില്‍ ഉയര്‍ന്ന വിലാപം പോലെ യെരൂശലേമില്‍ ഒരു മഹാവിലാപം ഉണ്ടാകും. ദേശത്തിലെ ഓരോ ഭവനവും വെവ്വേറെ വിലപിക്കും. ദാവീദുവംശജരിലും നാഥാന്‍വംശജരിലും ലേവിവംശജരിലും ശിമെയിവംശജരിലും മറ്റുള്ള വംശജരിലും ഉള്ള സ്‍ത്രീകളും പുരുഷന്മാരും പ്രത്യേകം പ്രത്യേകമായി വിലപിക്കും. അന്ന് ദാവീദുവംശജരുടെയും യെരൂശലേംനിവാസികളുടെയും പാപവും മാലിന്യവും കഴുകി വെടിപ്പാക്കാന്‍ ഒരു നീരുറവ തുറക്കും. സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അന്നു വിഗ്രഹങ്ങളുടെ നാമങ്ങള്‍ ദേശത്തുനിന്നു ഞാന്‍ നീക്കം ചെയ്യും. പിന്നീട് അവയെ ആരും ഓര്‍ക്കുകയില്ല; പ്രവാചകന്മാരെയും അശുദ്ധാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും. “പിന്നീട് ആരെങ്കിലും പ്രവാചകനായി പ്രത്യക്ഷപ്പെട്ടാല്‍ സര്‍വേശ്വരന്‍റെ നാമത്തില്‍ നീ കളവു പറയുന്നതുകൊണ്ട് നീ ജീവനോടിരുന്നുകൂടാ എന്നു പറഞ്ഞുകൊണ്ട് അവന്‍റെ മാതാപിതാക്കള്‍ അവന്‍ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ അവനെ കുത്തിപ്പിളര്‍ക്കും. അന്നു പ്രവാചകന്മാര്‍ പ്രവചിക്കുമ്പോള്‍ തങ്ങളുടെ ദര്‍ശനത്തെക്കുറിച്ചു ലജ്ജിക്കും. കബളിപ്പിക്കാനായി രോമക്കുപ്പായം അവര്‍ ധരിക്കുകയില്ല. പിന്നെയോ, ഞാന്‍ പ്രവാചകനല്ല; വെറും ഒരു കൃഷിക്കാരന്‍; ഈ ഭൂമി ബാല്യംമുതല്‍ എന്‍റെ കൈവശമാണ് എന്ന് അയാള്‍ പറയും. ‘നിന്‍റെ പുറത്തു കാണുന്ന ഈ മുറിവുകള്‍ എന്ത്’ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ‘എന്‍റെ സ്നേഹിതന്മാരുടെ വീട്ടില്‍വച്ച് എനിക്ക് ഏറ്റ മുറിവുകളാണിവ’ എന്ന് അയാള്‍ പറയും.” സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്‍റെ ഇടയനെതിരെ, എന്‍റെ സമീപത്തു നില്‌ക്കുന്നവനെതിരെ; വാളേ, നീ ഉയരുക. ഇടയനെ വെട്ടുക, ആടുകള്‍ ചിതറിപ്പോകട്ടെ; ആ ചെറിയവര്‍ക്കെതിരെ ഞാന്‍ കരം ഉയര്‍ത്തും. ദേശത്ത് ആകെയുള്ളവരില്‍ മൂന്നില്‍ രണ്ടു ഭാഗം വിച്ഛേദിക്കപ്പെട്ട് നശിച്ചുപോകും; മൂന്നില്‍ ഒന്നു ജീവനോടെ അവശേഷിക്കും. ഈ മൂന്നിലൊരു ഭാഗത്തെ ഞാന്‍ തീയിലിട്ടു വെള്ളി ശുദ്ധീകരിക്കുന്നതുപോലെ ശുദ്ധീകരിക്കും. സ്വര്‍ണം ശോധന ചെയ്യുന്നതുപോലെ അവരെ ശോധന ചെയ്യും. അവര്‍ എന്‍റെ നാമം വിളിച്ചപേക്ഷിക്കും; ഞാന്‍ അവര്‍ക്ക് ഉത്തരം അരുളും. ‘അവര്‍ എന്‍റെ ജനം’ എന്നു ഞാന്‍ പറയും. ‘സര്‍വേശ്വരന്‍ ഞങ്ങളുടെ ദൈവം’ എന്ന് അവരും പറയും.” ഇതാ സര്‍വേശ്വരന്‍റെ ദിനം വരുന്നു. അന്ന് യെരൂശലേമില്‍നിന്ന് കൊള്ളയടിച്ച മുതല്‍ നിങ്ങളുടെ കണ്‍മുമ്പില്‍വച്ചുതന്നെ അവര്‍ പങ്കിടും. യെരൂശലേമിനോടു യുദ്ധംചെയ്യാന്‍ ഞാന്‍ സകല ജനതകളെയും ഒരുമിച്ചുകൂട്ടും. നഗരം പിടിച്ചെടുക്കപ്പെടും. വീടുകള്‍ കൊള്ളയടിക്കപ്പെടും. സ്‍ത്രീകള്‍ അപമാനിക്കപ്പെടും. നഗരവാസികളില്‍ പകുതിയും പ്രവാസികളായിത്തീരും. എന്നാല്‍ ശേഷിക്കുന്ന ജനത്തെ നഗരത്തില്‍നിന്നു വിച്ഛേദിക്കുകയില്ല. യുദ്ധദിനത്തില്‍ എന്നപോലെ സര്‍വേശ്വരന്‍ പടയ്‍ക്കു പുറപ്പെട്ട് ആ ജനതകളോടു പോരാടും. യെരൂശലേമിനു കിഴക്കുള്ള ഒലിവുമലയില്‍ അന്ന് അവിടുന്നു നില്‌ക്കും; ഒലിവുമല കിഴക്കുപടിഞ്ഞാറായി പിളരും; അവയ്‍ക്കു നടുവില്‍ വിശാലമായ ഒരു താഴ്വര ഉണ്ടാകും. മലയുടെ ഒരു പകുതി വടക്കോട്ടും മറ്റേ പകുതി തെക്കോട്ടും നീങ്ങും. മലയെ രണ്ടായി ഭാഗിക്കുന്ന താഴ്വര ആസല്‍വരെ എത്തും. യെഹൂദാരാജാവായ ഉസ്സിയായുടെ കാലത്ത് ഭൂകമ്പമുണ്ടായപ്പോള്‍ നിങ്ങളുടെ പൂര്‍വികര്‍ ഓടി രക്ഷപെട്ടതുപോലെ നിങ്ങള്‍ ഈ താഴ്വരയിലൂടെ ഓടി രക്ഷപെടും. അപ്പോള്‍ എന്‍റെ ദൈവമായ സര്‍വേശ്വരന്‍ അവിടുത്തെ സകല വിശുദ്ധരോടുമൊപ്പം എഴുന്നള്ളും. അന്നു ശൈത്യമോ മൂടല്‍മഞ്ഞോ ഉണ്ടാകുകയില്ല. ദിനരാത്രങ്ങള്‍ അന്നുണ്ടായിരിക്കുകയില്ല. എപ്പോഴും പകലായിരിക്കും. രാത്രിയിലും വെളിച്ചമുണ്ടായിരിക്കും. ഇത് എപ്പോഴെന്നു സര്‍വേശ്വരനു മാത്രമേ അറിയാവൂ.” അന്നു യെരൂശലേമില്‍നിന്നു ജീവജലം ഒഴുകും. പകുതി കിഴക്കേകടലിലേക്കും പകുതി പടിഞ്ഞാറേകടലിലേക്കും ഒഴുകും. ശീതകാലത്തും ഉഷ്ണകാലത്തും ഒരുപോലെ അത് ഒഴുകിക്കൊണ്ടിരിക്കും.” സര്‍വേശ്വരന്‍ സര്‍വഭൂമിയുടെയും രാജാവാകും. അന്നു സര്‍വേശ്വരനായി അവിടുന്നു മാത്രം; അവിടുത്തേക്ക് ഒരു നാമം മാത്രം. ഗേബമുതല്‍ യെരൂശലേമിനു തെക്ക് രിമ്മോന്‍വരെ ദേശം മുഴുവന്‍ സമതലമായിത്തീരും. യെരൂശലേംനഗരമാകട്ടെ ബെന്യാമീന്‍ഗോപുരംമുതല്‍ പണ്ടത്തെ ഗോപുരത്തിന്‍റെ സ്ഥാനത്തുള്ള കോണ്‍ഗോപുരംവരെയും ഹനനേല്‍ഗോപുരംമുതല്‍ രാജാവിന്‍റെ മുന്തിരിച്ചക്കുകള്‍വരെയും വ്യാപിച്ചു സമീപദേശങ്ങളെക്കാള്‍ ഉയര്‍ന്നുനില്‌ക്കും. ജനങ്ങള്‍ അവിടെ വസിക്കും. കാരണം അവിടം ഇനിമേല്‍ ശാപഗ്രസ്തമാവുകയില്ല. യെരൂശലേം സുരക്ഷിതമായിരിക്കും. യെരൂശലേമിനോടു യുദ്ധം ചെയ്ത സകല ജനതകള്‍ക്കും സര്‍വേശ്വരന്‍ വരുത്തുന്ന ഭയങ്കരമായ വ്യാധി ഇതാണ്: അവര്‍ ജീവനോടിരിക്കുമ്പോള്‍ത്തന്നെ അവരുടെ മാംസം ചീഞ്ഞഴുകും; അവരുടെ കണ്ണുകളും നാവുകളും അഴുകിപ്പോകും. അന്നു സര്‍വേശ്വരന്‍ അവര്‍ക്കു കൊടുംഭീതി ഉളവാക്കും. തത്ഫലമായി അവര്‍ പരസ്പരം കടന്നുപിടിക്കും; പരസ്പരം കൈ ഉയര്‍ത്തും. യെഹൂദാപോലും യെരൂശലേമിനോടു പടവെട്ടും; ചുറ്റുമുള്ള സകല ജനതകളുടെയും സമ്പത്ത് അവര്‍ പിടിച്ചെടുക്കും. ധാരാളം പൊന്നും വെള്ളിയും വസ്ത്രങ്ങളും തന്നെ. ശത്രുവിന്‍റെ പാളയത്തിലെ കുതിര, കോവര്‍കഴുത, ഒട്ടകം, കഴുത എന്നിങ്ങനെ സകല മൃഗങ്ങള്‍ക്കും മുന്‍പറഞ്ഞവിധം മഹാവ്യാധി ഉണ്ടാകും. യെരൂശലേമിനു നേരെ യുദ്ധത്തിനു വന്നവരില്‍ ശേഷിച്ച സകല ജനതകളും രാജാധിരാജനും സര്‍വശക്തനുമായ സര്‍വേശ്വരനെ ആരാധിക്കാനും കൂടാരപ്പെരുന്നാള്‍ ആചരിക്കാനും വര്‍ഷംതോറും യെരൂശലേമില്‍ വരും. ഏതെങ്കിലും ജനത രാജാധിരാജനായ സര്‍വശക്തനായ സര്‍വേശ്വരനെ ആരാധിക്കാന്‍ യെരൂശലേമിലേക്കു വരുന്നില്ലെങ്കില്‍ അവര്‍ക്കു മഴ കിട്ടുകയില്ല. ഈജിപ്തുകാര്‍ വരുന്നില്ലെങ്കില്‍ അവര്‍ക്കും മഴ ലഭിക്കുകയില്ല. കൂടാരപ്പെരുന്നാള്‍ ആചരിക്കാന്‍ വരാത്ത ഈജിപ്തുകാര്‍ക്ക് ഇതര ജനതകള്‍ക്കുണ്ടാകുന്ന ബാധകള്‍തന്നെ നേരിടും. ഇതായിരിക്കും ഈജിപ്തിനും കൂടാരപ്പെരുന്നാള്‍ ആചരിക്കാന്‍ വരാത്ത മറ്റു ജനതകള്‍ക്കും ലഭിക്കുന്ന ശിക്ഷ. അന്നു കുതിരകളുടെ മണികളില്‍ “സര്‍വേശ്വരനു വിശുദ്ധം” എന്ന് രേഖപ്പെടുത്തിയിരിക്കും. ദേവാലയത്തിലെ കലങ്ങള്‍ യാഗപീഠത്തിന്‍റെ മുമ്പിലെ കലശങ്ങള്‍പോലെ വിശുദ്ധമായിരിക്കും. യെരൂശലേമിലെയും യെഹൂദ്യയിലെയും കലങ്ങളൊക്കെയും സര്‍വശക്തനായ സര്‍വേശ്വരനു വിശുദ്ധമായിരിക്കും. യാഗം കഴിക്കാന്‍ വരുന്നവര്‍ യാഗമാംസം വേവിക്കാന്‍ ആ കലങ്ങള്‍ ഉപയോഗിക്കും; അന്നുമുതല്‍ സര്‍വശക്തനായ സര്‍വേശ്വരന്‍റെ ആലയത്തില്‍ ഒരു വ്യാപാരിയും ഉണ്ടായിരിക്കുകയില്ല. മലാഖിയിലൂടെ സര്‍വേശ്വരന്‍ ഇസ്രായേല്‍ജനത്തിനു നല്‌കിയ അരുളപ്പാട്: “ഞാന്‍ നിങ്ങളെ സ്നേഹിച്ചു” എന്നാല്‍ നിങ്ങള്‍ ചോദിക്കുന്നു: “എങ്ങനെയാണ് അവിടുന്നു ഞങ്ങളെ സ്നേഹിച്ചത്?” സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഏശാവ് യാക്കോബിന്‍റെ സഹോദരനല്ലേ? എന്നിട്ടും യാക്കോബിനെ ഞാന്‍ സ്നേഹിച്ചു; ഏശാവിനെ വെറുത്തു. അവന്‍റെ മലമ്പ്രദേശങ്ങള്‍ ഞാന്‍ ശൂന്യമാക്കി. അവന്‍റെ അവകാശം മരുഭൂമിയിലെ കുറുനരികള്‍ക്കു കൊടുക്കുകയും ചെയ്തു.” ഞങ്ങളെ തകര്‍ത്തുകളഞ്ഞെങ്കിലും അവശിഷ്ടങ്ങള്‍ ഞങ്ങള്‍ പുനരുദ്ധരിക്കുമെന്ന് എദോം പറയുന്നുവെങ്കില്‍ സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അവര്‍ പണിയട്ടെ, ഞാന്‍ ഇടിച്ചുനിരത്തും. അവര്‍ ദുഷ്ടജനമെന്നും സര്‍വേശ്വരന്‍റെ കോപത്തിന് എന്നും പാത്രമായ ജനമെന്നും വിളിക്കപ്പെടും. നിങ്ങള്‍ സ്വന്തം കണ്ണുകൊണ്ട് അതു കാണും. ഇസ്രായേലിന്‍റെ അതിര്‍ത്തിക്കപ്പുറത്തും സര്‍വേശ്വരന്‍ ഉന്നതനെന്നു നിങ്ങള്‍ പറയും.” പുത്രന്‍ പിതാവിനെയും ദാസന്‍ യജമാനനെയും ബഹുമാനിക്കുന്നു. എന്‍റെ നാമത്തെ നിന്ദിക്കുന്ന പുരോഹിതന്മാരേ, ഞാന്‍ നിങ്ങളോടു ചോദിക്കുന്നു: “ഞാന്‍ പിതാവെങ്കില്‍ എന്നോടുള്ള ബഹുമാനം എവിടെ? ഞാന്‍ യജമാനനെങ്കില്‍ എന്നോടുള്ള ഭക്തി എവിടെ? അങ്ങയുടെ നാമത്തെ എങ്ങനെയാണു ഞങ്ങള്‍ നിന്ദിക്കുന്നത്? എന്നു നിങ്ങള്‍ ചോദിക്കുന്നു. എന്‍റെ യാഗപീഠത്തിന്മേല്‍ മലിനഭോജനം അര്‍പ്പിക്കുന്നതുകൊണ്ടുതന്നെ. അതെങ്ങനെയാണു ഞങ്ങള്‍ മലിനമാക്കുന്നത്? എന്നു നിങ്ങള്‍ ചോദിക്കുന്നു. സര്‍വേശ്വരന്‍റെ യാഗപീഠം നിന്ദ്യമെന്നു നിങ്ങള്‍ കരുതുന്നതിനാല്‍ തന്നെ. കാഴ്ചയില്ലാത്ത മൃഗങ്ങളെ യാഗം അര്‍പ്പിക്കുന്നതു തെറ്റല്ലേ? മുടന്തും രോഗവും ഉള്ളവയെ അര്‍പ്പിക്കുന്നതും ശരിയാണോ? നിങ്ങളുടെ ദേശാധിപതിക്ക് അവയെ കാഴ്ചവച്ചാല്‍ അയാള്‍ നിങ്ങളില്‍ പ്രസാദിക്കുമോ? അയാളുടെ പ്രീതി നിങ്ങള്‍ക്കു കിട്ടുമോ? ഇത്തരം കാഴ്ചയര്‍പ്പിച്ചാല്‍ നിങ്ങളില്‍ ഞാന്‍ പ്രസാദിക്കുമോ? എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ ചോദിക്കുന്നു. ദൈവം നമ്മോടു കൃപാലുവായിത്തീരാന്‍ അവിടുത്തെ പ്രസാദത്തിനായി അപേക്ഷിക്കുക. നിങ്ങള്‍ എന്‍റെ യാഗപീഠത്തില്‍ വെറുതെ യാഗാഗ്നി കത്തിക്കാതിരിക്കാന്‍ നിങ്ങളില്‍ ആരെങ്കിലും ദേവാലയവാതിലുകള്‍ അടച്ചിരുന്നെങ്കില്‍ കൊള്ളാമായിരുന്നു. എനിക്കു നിങ്ങളില്‍ പ്രീതി ഇല്ല. നിങ്ങള്‍ അര്‍പ്പിക്കുന്ന വഴിപാട് ഞാന്‍ സ്വീകരിക്കയുമില്ല. കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുള്ള ജനതകള്‍ക്കിടയില്‍ എന്‍റെ നാമം ഉന്നതമായിരിക്കുന്നു. എല്ലായിടത്തും എന്‍റെ നാമത്തില്‍ സുഗന്ധധൂപവും നിര്‍മ്മലവഴിപാടും അര്‍പ്പിച്ചുവരുന്നു. കാരണം, എന്‍റെ നാമം ജനതകള്‍ക്കിടയില്‍ ഉന്നതമാണ്. ഇതു സര്‍വശക്തനായ സര്‍വേശ്വരന്‍റെ വചനം. നിങ്ങളാകട്ടെ സര്‍വേശ്വരന്‍റെ യാഗപീഠം മലിനമാക്കാമെന്നും അതില്‍ നിന്ദ്യമായ ഭോജനം അര്‍പ്പിക്കാമെന്നും കരുതുമ്പോള്‍ നിങ്ങള്‍ അതിനെ അശുദ്ധമാക്കുന്നു. ‘ഇത് എത്ര അസഹ്യം!’ എന്നു പറഞ്ഞ് അതൃപ്തിയും വെറുപ്പും നിങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അപഹരിക്കപ്പെട്ടതും രോഗംപിടിച്ചതും മുടന്തുള്ളതുമായ മൃഗങ്ങളെ യാഗാര്‍പ്പണത്തിനു നിങ്ങള്‍ കൊണ്ടുവന്നാല്‍ ഞാന്‍ അവയെ സ്വീകരിക്കണമോ?” ആട്ടിന്‍കൂട്ടത്തിലുള്ള ഒരാണാടിനെ നേര്‍ന്നശേഷം കുറ്റമുള്ള മറ്റൊന്നിനെ സര്‍വേശ്വരനര്‍പ്പിക്കുന്ന വഞ്ചകന്‍ ശപിക്കപ്പെട്ടവന്‍; കാരണം, ഞാന്‍ ഉന്നതനായ രാജാവാണ്. എന്‍റെ നാമത്തെ ജനതകള്‍ ഭയപ്പെടുന്നു. ഇതു സര്‍വശക്തനായ സര്‍വേശ്വരന്‍റെ വചനം. “പുരോഹിതന്മാരേ, ഇതാ! ഈ കല്പന നിങ്ങളോടാണ്. നിങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയും എന്‍റെ നാമത്തെ പ്രകീര്‍ത്തിക്കുന്നതില്‍ മനസ്സുവയ്‍ക്കാതിരിക്കുകയും ചെയ്താല്‍ ഞാന്‍ നിങ്ങളുടെമേല്‍ ശാപം അയയ്‍ക്കും. നിങ്ങളുടെ അനുഗ്രഹങ്ങളെ ശാപമാക്കും.” സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അതേ, നിങ്ങള്‍ എന്‍റെ നാമത്തെ പ്രകീര്‍ത്തിക്കുന്നതിനു മനസ്സുവയ്‍ക്കാഞ്ഞതിനാല്‍ ഞാന്‍ അവയെ ശാപമാക്കിയിരിക്കുന്നു. ഞാന്‍ നിങ്ങളുടെ സന്തതിയെ ശകാരിക്കും. യാഗമൃഗങ്ങളുടെ ചാണകം നിങ്ങളുടെ മുഖത്തു തേയ്‍ക്കും. എന്‍റെ സന്നിധിയില്‍ നിന്നു ഞാന്‍ നിങ്ങളെ പുറത്താക്കും. അങ്ങനെ ലേവിയോടുള്ള എന്‍റെ ഉടമ്പടി നിലനിര്‍ത്താനാണ് ഞാന്‍ ഈ കല്പന അയച്ചിരിക്കുന്നതെന്നു നിങ്ങള്‍ അറിയും.” ലേവിയോടുള്ള എന്‍റെ ഉടമ്പടി ജീവന്‍റെയും സമാധാനത്തിന്‍റെയും ഉടമ്പടിയായിരുന്നു. അവന്‍ ഭയഭക്തിയോടെ പെരുമാറാനാണ് ഞാനതു നല്‌കിയത്. അവന്‍ എന്നെ ഭയപ്പെടുകയും എന്‍റെ നാമത്തോടുള്ള ഭയഭക്തി അവനില്‍ നിറയുകയും ചെയ്തു. യഥാര്‍ഥമായ പ്രബോധനം അവന്‍റെ നാവില്‍ ഉണ്ടായിരുന്നു. ഒരു തെറ്റും അവന്‍റെ അധരങ്ങളില്‍ കണ്ടില്ല. സത്യസന്ധമായും സമാധാനമായും അവന്‍ എന്‍റെകൂടെ നടന്നു. പലരെയും അകൃത്യത്തില്‍നിന്നു പിന്തിരിപ്പിച്ചു. പുരോഹിതന്‍ സര്‍വശക്തനായ സര്‍വേശ്വരന്‍റെ ദൂതനാകയാല്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജനം അയാളില്‍നിന്നു പ്രബോധനം തേടണം. നിങ്ങളാകട്ടെ നേര്‍വഴി വിട്ടുമാറി; നിങ്ങളുടെ ഉപദേശത്താല്‍ പലരെയും ഇടറിവീഴുമാറാക്കി. നിങ്ങള്‍ ലേവിയുമായുള്ള എന്‍റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു എന്നു സര്‍വശക്തനായ ദൈവം അരുളിച്ചെയ്യുന്നു. അങ്ങനെ നിങ്ങള്‍ എന്‍റെ വഴികള്‍ അനുസരിക്കാതെ പ്രബോധനം നല്‌കിയതില്‍ എത്രമാത്രം പക്ഷഭേദം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ സര്‍വമനുഷ്യരുടെയും മുമ്പില്‍ നിന്ദിതരും നികൃഷ്ടരും ആക്കും. നമുക്കെല്ലാവര്‍ക്കും ഒരേ പിതാവല്ലേ ഉള്ളത്? ഒരേ ദൈവമല്ലേ നമ്മെയെല്ലാം സൃഷ്‍ടിച്ചത്? പിന്നെയെന്തിനു നാം അന്യോന്യം അവിശ്വസ്തത കാട്ടി നമ്മുടെ പിതാക്കന്മാരോടുള്ള ഉടമ്പടിയുടെ പവിത്രത നശിപ്പിക്കുന്നു? യെഹൂദാ അവിശ്വസ്തത കാട്ടിയിരിക്കുന്നു. മ്ലേച്ഛമായ പ്രവൃത്തികള്‍ ഇസ്രായേലിലും യെരൂശലേമിലും നടന്നിരിക്കുന്നു. സര്‍വേശ്വരനു പ്രിയപ്പെട്ട അവിടുത്തെ മന്ദിരത്തെ യെഹൂദാ അശുദ്ധമാക്കി; അന്യദേവന്‍റെ പുത്രിയെ അവന്‍ വിവാഹം ചെയ്തിരിക്കുന്നു. ഇങ്ങനെ ചെയ്യുന്ന മനുഷ്യന്‍ ആരായാലും, അവന്‍ സര്‍വശക്തനായ സര്‍വേശ്വരന്‍റെ മുമ്പില്‍ സാക്ഷ്യം പറയുന്നവനോ ഉത്തരം പറയുന്നവനോ വഴിപാടര്‍പ്പിക്കുന്നവനോ ആയാല്‍പോലും അവനെ യാക്കോബിന്‍റെ കൂടാരത്തില്‍നിന്ന് അവിടുന്നു ഛേദിച്ചുകളയട്ടെ. നിങ്ങള്‍ ചെയ്യുന്ന മറ്റൊരു കാര്യം ഇതാണ്. സര്‍വേശ്വരന്‍ നിങ്ങളുടെ വഴിപാടിലേക്കു തിരിഞ്ഞുനോക്കുകയോ, അവ സംപ്രീതിയോടെ കൈക്കൊള്ളുകയോ ചെയ്യാത്തതിനാല്‍ നിങ്ങള്‍ തേങ്ങിക്കരഞ്ഞു കണ്ണുനീരുകൊണ്ട് സര്‍വേശ്വരന്‍റെ യാഗപീഠം മൂടുന്നു. എന്തുകൊണ്ട് അവിടുന്ന് ഇതു കൈക്കൊള്ളുന്നില്ല എന്നു നിങ്ങള്‍ ചോദിക്കുന്നു. നീയും നിന്‍റെ യൗവനത്തിലെ ഭാര്യയും തമ്മിലുള്ള ഉടമ്പടിക്കു സര്‍വേശ്വരന്‍ സാക്ഷി ആയിരിക്കുന്നതുകൊണ്ടു തന്നെ; ഉടമ്പടിപ്രകാരം അവള്‍ നിന്‍റെ ജീവിതപങ്കാളിയും ധര്‍മപത്നിയുമാണല്ലോ. എന്നിട്ടും നീയവളോട് അവിശ്വസ്തത കാണിച്ചു. ഏകദൈവമല്ലേ ജീവചൈതന്യം സൃഷ്‍ടിച്ചു നമ്മെ നിലനിര്‍ത്തുന്നത്? അവിടുന്ന് എന്താണ് ആഗ്രഹിക്കുന്നത്? ദൈവഭക്തരായ സന്തതികളെത്തന്നെ. അതുകൊണ്ടു നിങ്ങള്‍ സ്വയം സൂക്ഷിക്കുക; നിങ്ങളുടെ യൗവനത്തിലെ ഭാര്യയോട് അവിശ്വസ്തത കാട്ടരുത്. വിവാഹമോചനം ഞാന്‍ വെറുക്കുന്നു; ഭാര്യയെ ഉപേക്ഷിക്കുന്നവന്‍ അവളോട് അക്രമം കാട്ടുന്നു എന്ന് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. അതുകൊണ്ട് നിങ്ങള്‍ സ്വയം സൂക്ഷിക്കുക; അവിശ്വസ്തത കാട്ടാതിരിക്കുക. നിങ്ങളുടെ വാക്കുകളാല്‍ സര്‍വേശ്വരനെ നിങ്ങള്‍ അസഹ്യപ്പെടുത്തിയിരിക്കുന്നു; എന്നിട്ടും എങ്ങനെയാണു ഞങ്ങള്‍ അവിടുത്തെ അസഹ്യപ്പെടുത്തിയത് എന്നു നിങ്ങള്‍ ചോദിക്കുന്നു. തിന്മ ചെയ്യുന്നവനാണ് അവിടുത്തെ ദൃഷ്‍ടിയില്‍ നല്ലവന്‍; അവിടുന്ന് അവനില്‍ പ്രസാദിക്കുന്നു എന്നു നിങ്ങള്‍ പറയുന്നു. അല്ലെങ്കില്‍ നീതിമാനായ ദൈവം എവിടെ എന്നു നിങ്ങള്‍ ചോദിക്കുന്നു. ഇതാ എനിക്കു മുമ്പായി വഴിയൊരുക്കുവാന്‍ ഞാന്‍ എന്‍റെ ദൂതനെ അയയ്‍ക്കുന്നു; നിങ്ങള്‍ അന്വേഷിക്കുന്ന സര്‍വേശ്വരന്‍ തന്‍റെ ആലയത്തിലേക്ക് ഉടന്‍ വരും; നിങ്ങള്‍ക്കു പ്രിയങ്കരനായ ഉടമ്പടിയുടെ ദൂതന്‍, ഇതാ വരുന്നു എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. എന്നാല്‍ അവിടുന്ന് ആഗതനാകുന്ന ദിനത്തെ അതിജീവിക്കാന്‍ ആര്‍ക്കു കഴിയും? അവിടുന്നു പ്രത്യക്ഷനാകുമ്പോള്‍ ആര്‍ക്കു നിലനില്‌ക്കാന്‍ കഴിയും. അവിടുന്ന് ഉലയിലെ ശുദ്ധീകരിക്കുന്ന തീപോലെയും അലക്കുകാരന്‍ ഉപയോഗിക്കുന്ന കാരംപോലെയും ആണ്. ഉലയില്‍ വെള്ളി ശുദ്ധീകരിക്കുന്നവനെപ്പോലെ അവിടുന്ന് ലേവിയുടെ പുത്രന്മാരെ ശുദ്ധീകരിക്കും. അവര്‍ കുറ്റമറ്റ വഴിപാടര്‍പ്പിക്കുംവരെ പൊന്നും വെള്ളിയുമെന്നപോലെ അവിടുന്ന് അവരെ ശുദ്ധിചെയ്തുകൊണ്ടിരിക്കും. അന്നു യെഹൂദായുടെയും യെരൂശലേമിന്‍റെയും വഴിപാട് മുന്‍കാലങ്ങളിലെന്നപോലെ സര്‍വേശ്വരനു പ്രസാദകരമായിരിക്കും. “അപ്പോള്‍ ന്യായവിധിക്കായി ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരും; മന്ത്രവാദികള്‍ക്കും വ്യഭിചാരികള്‍ക്കും കള്ളസ്സത്യം ചെയ്യുന്നവര്‍ക്കും വേലക്കാരനെ കൂലിയില്‍ വഞ്ചിക്കുന്നവര്‍ക്കും വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവര്‍ക്കും പരദേശികളോട് അന്യായം കാട്ടുന്നവര്‍ക്കും എന്നെ ഭയപ്പെടാത്തവര്‍ക്കും എതിരെ സാക്ഷ്യം വഹിക്കാന്‍ ഞാന്‍ ഉടനെ വരും.” ഇതു സര്‍വശക്തനായ സര്‍വേശ്വരന്‍റെ വചനം. സര്‍വേശ്വരനായ ഞാന്‍ മാറ്റമില്ലാത്തവനാണ്; യാക്കോബിന്‍റെ പുത്രന്മാരേ, അതുകൊണ്ടാണ് നിങ്ങള്‍ നശിച്ചുപോകാതിരിക്കുന്നത്. നിങ്ങളുടെ പിതാക്കന്മാരുടെ കാലംമുതല്‍ നിങ്ങള്‍ എന്‍റെ ചട്ടങ്ങള്‍ ലംഘിച്ചു വഴിതെറ്റി നടന്നു. നിങ്ങള്‍ എന്‍റെ അടുക്കലേക്കു മടങ്ങിവരുവിന്‍, ഞാന്‍ നിങ്ങളുടെ അടുക്കലേക്കും തിരിച്ചുവരും എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. എന്നാല്‍ “എങ്ങനെയാണു ഞങ്ങള്‍ മടങ്ങിവരേണ്ടത്?” എന്നു നിങ്ങള്‍ ചോദിക്കുന്നു. മനുഷ്യന്‍ ദൈവത്തെ കൊള്ള ചെയ്യുമോ? എന്നിട്ടും നിങ്ങള്‍ എന്നെ കൊള്ള ചെയ്യുന്നു. “എങ്ങനെയാണു ഞങ്ങള്‍ അങ്ങയെ കൊള്ള ചെയ്യുന്നത്” എന്നു നിങ്ങള്‍ ചോദിക്കുന്നു. ദശാംശം നല്‌കുന്നതിലും വഴിപാടുകള്‍ അര്‍പ്പിക്കുന്നതിലും തന്നെ. എന്നെ കൊള്ള ചെയ്യുന്നതിനാല്‍, നിങ്ങള്‍, അതേ ഈ ജനത മുഴുവന്‍ ശാപഗ്രസ്തരാകുന്നു. സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്‍റെ ആലയത്തില്‍ ആഹാരം ഉണ്ടായിരിക്കാന്‍ ദശാംശം മുഴുവന്‍ കലവറയിലേക്കു കൊണ്ടുവരുവിന്‍. അങ്ങനെ എന്നെയൊന്നു പരീക്ഷിച്ചു നോക്കുക. ഞാന്‍ ആകാശത്തിന്‍റെ കിളിവാതിലുകള്‍ തുറന്ന് അനുഗ്രഹവര്‍ഷം സമൃദ്ധമായി ചൊരിയുകയില്ലേ?” “ഞാന്‍ വെട്ടുക്കിളിയെ നിരോധിക്കും. അവ നിങ്ങളുടെ കൃഷി നശിപ്പിക്കുകയില്ല; നിങ്ങളുടെ മുന്തിരി ഫലം നല്‌കാതിരിക്കുകയില്ല.” നിങ്ങളുടെ ദേശം മനോഹരമാകയാല്‍ സകല ജനതകളും നിങ്ങളെ അനുഗൃഹീതര്‍ എന്നു വിളിക്കും. ഇതു സര്‍വശക്തനായ സര്‍വേശ്വരന്‍റെ വചനം. “എന്‍റെ നേരെയുള്ള നിങ്ങളുടെ വാക്കുകള്‍ പരുഷമായിരിക്കുന്നു” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. എന്നിട്ടും നിങ്ങള്‍ ചോദിക്കുന്നു: “അങ്ങേക്കെതിരെ ഞങ്ങള്‍ എന്താണു സംസാരിച്ചത്?” ദൈവത്തെ സേവിക്കുന്നതു വ്യര്‍ഥം. ഞങ്ങള്‍ അവിടുത്തെ കല്പന അനുസരിക്കുന്നതുകൊണ്ടും സര്‍വശക്തനായ അവിടുത്തെ മുമ്പില്‍ വിലാപം ആചരിക്കുന്നവരെപ്പോലെ നടക്കുന്നതുകൊണ്ടും എന്തു പ്രയോജനം? ഇനിമേല്‍ അഹങ്കാരികളാണ് അനുഗൃഹീതര്‍ എന്നു ഞങ്ങള്‍ കരുതും. ദുഷ്പ്രവൃത്തി ചെയ്യുന്നവര്‍ തഴച്ചു വളരുക മാത്രമല്ല ദൈവത്തെ പരീക്ഷിച്ചിട്ടും അവര്‍ ശിക്ഷയില്‍നിന്നു രക്ഷപെടുന്നു. സര്‍വേശ്വരനോടു ഭക്തിയുള്ളവര്‍ അന്യോന്യം സംസാരിച്ചു. അവിടുന്ന് അതു ശ്രദ്ധിച്ചു കേട്ടു. സര്‍വേശ്വരന്‍റെ ഭക്തന്മാരെയും അവിടുത്തെ നാമം ആദരിക്കുന്നവരെയും കുറിച്ച് എഴുതിയിട്ടുള്ള ഒരു അനുസ്മരണഗ്രന്ഥം തിരുസന്നിധാനത്തില്‍ വച്ചിട്ടുണ്ട്. ഞാന്‍ പ്രവര്‍ത്തിക്കുന്ന ദിവസം അവര്‍ എന്‍റെ പ്രത്യേകനിക്ഷേപം ആയിരിക്കുമെന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. പിതാവ് തന്നെ ശുശ്രൂഷിക്കുന്ന മകനോടു കാരുണ്യം കാട്ടുന്നതുപോലെ ഞാന്‍ അവരോടു കാരുണ്യപൂര്‍വം വര്‍ത്തിക്കും. അപ്പോള്‍ നീതിനിഷ്ഠനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുമുള്ള വ്യത്യാസം വീണ്ടും നിങ്ങള്‍ മനസ്സിലാക്കും. ചൂളപോലെ ജ്വലിക്കുന്ന ദിനം ഇതാ വരുന്നു; അപ്പോള്‍ എല്ലാ അഹങ്കാരികളും ദുര്‍വൃത്തരായ സമസ്തജനങ്ങളും വയ്‍ക്കോല്‍പോലെ എരിയും. അന്നു വേരും ശിഖരവും ശേഷിക്കാത്തവിധം അവരെ അതു ദഹിപ്പിച്ചുകളയും എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. “എന്നാല്‍ എന്നെ ഭയപ്പെടുന്ന നിങ്ങള്‍ക്കാകട്ടെ നീതിസൂര്യന്‍ ഉദിക്കും; അതിന്‍റെ ചിറകുകളില്‍ രോഗശാന്തിയുണ്ട്. തൊഴുത്തില്‍നിന്നു പുറത്തുവരുന്ന പശുക്കിടാക്കളെപ്പോലെ നിങ്ങള്‍ തുള്ളിച്ചാടും. നിങ്ങള്‍ ദുഷ്ടജനത്തെ ചവുട്ടിമെതിക്കും; കാരണം ഞാന്‍ പ്രവര്‍ത്തിക്കുന്ന ദിവസം അവര്‍ നിങ്ങളുടെ കാല്‍ക്കീഴില്‍ വെണ്ണീര്‍ ആയിരിക്കും.” ഇതു സര്‍വശക്തനായ സര്‍വേശ്വരന്‍റെ വചനം. എന്‍റെ ദാസനായ മോശയുടെ നിയമം-ഞാന്‍ ഹോരേബില്‍വച്ച് അവനു നല്‌കിയ ചട്ടങ്ങളും വിധികളുംതന്നെ ഓര്‍മിച്ചുകൊള്ളുവിന്‍. സര്‍വേശ്വരന്‍റെ ഭയജനകമായ മഹാദിനം വരുന്നതിനു മുമ്പ് ഞാന്‍ നിങ്ങളുടെ അടുക്കല്‍ ഏലിയാപ്രവാചകനെ അയയ്‍ക്കും. ഞാന്‍ വന്നു നിങ്ങളുടെ ദേശത്തെ ശാപംകൊണ്ടു നശിപ്പിക്കാതിരിക്കാന്‍ പ്രവാചകന്‍ പിതാക്കളുടെ ഹൃദയങ്ങള്‍ മക്കളുടെ ഹൃദയങ്ങളോടും മക്കളുടെ ഹൃദയങ്ങള്‍ പിതാക്കളുടെ ഹൃദയങ്ങളോടും രഞ്ജിപ്പിക്കും. അബ്രഹാമിന്‍റെ പുത്രനായ ദാവീദിന്‍റെ പുത്രന്‍ യേശുക്രിസ്തുവിന്‍റെ വംശാവലി: അബ്രഹാമിന്‍റെ പുത്രന്‍ ഇസ്ഹാക്ക്; ഇസ്ഹാക്കിന്‍റെ പുത്രന്‍ യാക്കോബ്; യാക്കോബിന്‍റെ പുത്രന്മാര്‍ യെഹൂദയും സഹോദരന്മാരും; യെഹൂദയ്‍ക്ക് പാരെസും സാരഹും ജനിച്ചു; അവരുടെ അമ്മ താമാര്‍; പാരെസിന്‍റെ പുത്രന്‍ ഹെസ്രോന്‍; ഹെസ്രോന്‍റെ പുത്രന്‍ അരാം; അരാമിന്‍റെ പുത്രന്‍ അമ്മീനാദാബ്; അമ്മീനാദാബിന്‍റെ പുത്രന്‍ നഹശോന്‍; നഹശോന്‍റെ പുത്രന്‍ സല്മോന്‍; സല്മോന്‍റെ പുത്രന്‍ ബോവസ്; ബോവസിന്‍റെ അമ്മ രാഹാബ്; ബോവസിന് രൂത്തില്‍ ജനിച്ച പുത്രന്‍ ഓബേദ്; ഓബേദിന്‍റെ പുത്രന്‍ യിശ്ശായി; യിശ്ശായിയുടെ പുത്രന്‍ ദാവീദുരാജാവ്. ഊരിയായുടെ ഭാര്യയായിരുന്ന ബത്ത്-ശേബയില്‍ ദാവീദിനു ജനിച്ച പുത്രന്‍ ശലോമോന്‍; ശലോമോന്‍റെ പുത്രന്‍ രഹബയാം; രഹബയാമിന്‍റെ പുത്രന്‍ അബീയാ; അബീയായുടെ പുത്രന്‍ ആസാ; ആസായുടെ പുത്രന്‍ യോശാഫാത്ത്; യോശാഫാത്തിന്‍റെ പുത്രന്‍ യോരാം; യോരാമിന്‍റെ പുത്രന്‍ ഉസ്സീയാ; ഉസ്സീയായുടെ പുത്രന്‍ യോഥാം; യോഥാമിന്‍റെ പുത്രന്‍ ആഹാസ്; ആഹാസിന്‍റെ പുത്രന്‍ ഹിസ്കീയ; ഹിസ്കീയായുടെ പുത്രന്‍ മനശ്ശെ; മനശ്ശെയുടെ പുത്രന്‍ ആമോസ്; ആമോസിന്‍റെ പുത്രന്‍ യോശിയാ; യോശിയായ്‍ക്കു ബാബേല്‍ പ്രവാസകാലത്ത് യഖ്യൊന്യായും സഹോദരന്മാരും ജനിച്ചു. ബാബേല്‍പ്രവാസത്തിനുശേഷം യഖൊന്യയായ്‍ക്കു ശെയല്തിയേല്‍ എന്ന പുത്രന്‍ ജനിച്ചു; ശെയല്തിയേലിന്‍റെ പുത്രന്‍ സെരൂബ്ബാബേല്‍; സെരൂബ്ബാബേലിന്‍റെ പുത്രന്‍ അബീഹൂദ്; അബീഹൂദിന്‍റെ പുത്രന്‍ എല്യാക്കീം; എല്യാക്കീമിന്‍റെ പുത്രന്‍ ആസോര്‍; ആസോരിന്‍റെ പുത്രന്‍ സാദോക്ക്; സാദോക്കിന്‍റെ പുത്രന്‍ ആഖീം; ആഖീമിന്‍റെ പുത്രന്‍ എലിഹൂദ്; എലിഹൂദിന്‍റെ പുത്രന്‍ എലിയാസര്‍; എലിയാസരുടെ പുത്രന്‍ മത്ഥാന്‍; മത്ഥാന്‍റെ പുത്രന്‍ യാക്കോബ്; യാക്കോബിന്‍റെ പുത്രന്‍ യോസേഫ്; യോസേഫ് മറിയമിന്‍റെ ഭര്‍ത്താവായിരുന്നു; മറിയമില്‍നിന്ന് ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു. ഇങ്ങനെ അബ്രഹാം മുതല്‍ ദാവീദുവരെ തലമുറകള്‍ ആകെ പതിനാലും ദാവീദു മുതല്‍ ബാബേല്‍ പ്രവാസംവരെ പതിനാലും ബാബേല്‍ പ്രവാസം മുതല്‍ ക്രിസ്തുവരെ പതിനാലും ആണ്. യേശുക്രിസ്തുവിന്‍റെ ജനനം ഇപ്രകാരമായിരുന്നു. യേശുവിന്‍റെ മാതാവായ മറിയവും യോസേഫും തമ്മില്‍ വിവാഹനിശ്ചയം ചെയ്തിരുന്നു. അവര്‍ ഒരുമിച്ചു ചേരുന്നതിനു മുമ്പ് മറിയം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ചിരിക്കുന്നതായി കാണപ്പെട്ടു. മറിയമിന്‍റെ ഭര്‍ത്താവായ യോസേഫ് ഒരു ഉത്തമ മനുഷ്യനായിരുന്നതുകൊണ്ട് മറിയം അപമാനിതയാകുന്നതില്‍ അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു. അതുകൊണ്ട് രഹസ്യമായി മറിയമിനെ ഉപേക്ഷിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു. എന്നാല്‍ ഇതേപ്പറ്റി അദ്ദേഹം ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ദൈവദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷനായി ഇപ്രകാരം പ്രസ്താവിച്ചു: “ദാവീദിന്‍റെ പുത്രനായ യോസേഫേ, നിന്‍റെ ഭാര്യയായ മറിയമിനെ സ്വീകരിക്കുന്നതിനു ശങ്കിക്കേണ്ടാ; അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്. അവള്‍ ഒരു പുത്രനെ പ്രസവിക്കും; ആ ശിശുവിന് യേശു എന്നു പേര് വിളിക്കണം. തന്‍റെ ജനങ്ങളെ അവരുടെ പാപങ്ങളില്‍നിന്ന് അവിടുന്നു രക്ഷിക്കും.” [22,23] “ഇതാ കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും; അവന്‍ ദൈവം നമ്മോടുകൂടി എന്നര്‍ഥമുള്ള ‘ഇമ്മാനുവേല്‍’ എന്നു വിളിക്കപ്പെടും” എന്നു പ്രവാചകന്‍ മുഖാന്തരം ദൈവം അരുളിച്ചെയ്തതു നിറവേറുന്നതിന് ഇവയെല്ലാം സംഭവിച്ചു. *** യോസേഫ് നിദ്രവിട്ടുണര്‍ന്ന് ദൈവദൂതന്‍ കല്പിച്ചതുപോലെ പ്രവര്‍ത്തിച്ചു; അദ്ദേഹം തന്‍റെ ഭാര്യയെ സ്വീകരിച്ചു. എന്നാല്‍ പുത്രനെ പ്രസവിക്കുന്നതുവരെ അദ്ദേഹം മറിയമിനോടു ശാരീരികബന്ധം പുലര്‍ത്തിയില്ല. ശിശുവിനെ അദ്ദേഹം യേശു എന്നു പേര് വിളിച്ചു. ഹേരോദാരാജാവിന്‍റെ കാലത്താണ് യേശു യെഹൂദ്യയിലെ ബേത്‍ലഹേമില്‍ ജനിച്ചത്. യേശുവിന്‍റെ ജനനശേഷം പൗരസ്ത്യദേശത്തുനിന്നു ജ്യോതിശാസ്ത്രജ്ഞന്മാര്‍ യെരൂശലേമിലെത്തി. “യെഹൂദന്മാരുടെ രാജാവു ജനിച്ചിരിക്കുന്നത് എവിടെ? അവിടുത്തെ നക്ഷത്രം ഞങ്ങള്‍ പൂര്‍വദിക്കില്‍ കണ്ടു; അവിടുത്തെ നമസ്കരിക്കുന്നതിനാണു ഞങ്ങള്‍ വന്നിരിക്കുന്നത്” എന്ന് അവര്‍ പറഞ്ഞു. ഇതു കേട്ടപ്പോള്‍ ഹേരോദാരാജാവും സകല യെരൂശലേംനിവാസികളും പരിഭ്രമിച്ചു. രാജാവ് എല്ലാ പുരോഹിത മുഖ്യന്മാരെയും വിളിച്ചുകൂട്ടി, ക്രിസ്തു ജനിക്കുന്നത് എവിടെയാണെന്നു ചോദിച്ചു. [5,6] അവര്‍ ഇങ്ങനെ മറുപടി പറഞ്ഞു: “യെഹൂദ്യയിലെ ബേത്‍ലഹേമില്‍ത്തന്നെ. അല്ലയോ യെഹൂദ്യയിലെ ബേത്‍ലഹേമേ, നീ ഒരു വിധത്തിലും യെഹൂദ്യയിലെ പ്രമുഖ നഗരങ്ങളില്‍ ഒട്ടും ചെറുതല്ല; എന്തെന്നാല്‍ എന്‍റെ ജനമായ ഇസ്രായേലിനെ മേയ്പാനുള്ളവന്‍ നിന്നില്‍നിന്നു വരുന്നു എന്നാണല്ലോ പ്രവാചകന്മാര്‍ മുഖാന്തരം എഴുതിയിരിക്കുന്നത്.” *** ഹേരോദാ ആ ജ്യോതിശാസ്ത്രജ്ഞന്മാരെ രഹസ്യമായി വിളിച്ച് നക്ഷത്രം പ്രത്യക്ഷപ്പെട്ട സമയം സൂക്ഷ്മമായി ചോദിച്ചു മനസ്സിലാക്കി. “നിങ്ങള്‍ പോയി ആ ശിശുവിനെക്കുറിച്ചു സുസൂക്ഷ്മം അന്വേഷിക്കുക; കണ്ടെത്തിയിട്ടു മടങ്ങിവന്ന് എന്നെ വിവരം അറിയിക്കണം; എനിക്കും പോയി ആ ശിശുവിനെ നമസ്കരിക്കണം” എന്നു പറഞ്ഞ് അദ്ദേഹം അവരെ ബേത്‍ലഹേമിലേക്ക് അയച്ചു. രാജാവു പറഞ്ഞതനുസരിച്ച് അവര്‍ യാത്ര തുടര്‍ന്നു. അവര്‍ പൂര്‍വദിക്കില്‍ കണ്ട നക്ഷത്രം അവര്‍ക്കു മുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അത് ശിശു കിടന്നിരുന്ന സ്ഥലത്തിനു മുകളില്‍ എത്തി നിന്നു. നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യന്തം ആനന്ദഭരിതരായി: “അവര്‍ ആ വീട്ടില്‍ പ്രവേശിച്ചപ്പോള്‍ അമ്മയായ മറിയമിനോടുകൂടി ശിശുവിനെ കണ്ടു. ഉടനെ അവര്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു. തങ്ങളുടെ നിക്ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവയ്‍ക്കുകയും ചെയ്തു. ഹേരോദായുടെ അടുക്കലേക്കു തിരിച്ചുപോകരുതെന്നു സ്വപ്നത്തില്‍ അരുളപ്പാടു ലഭിച്ചതിനാല്‍ അവര്‍ മറുവഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി. ജ്യോതിശാസ്ത്രജ്ഞന്മാര്‍ പോയശേഷം ഒരു ദൈവദൂതന്‍ സ്വപ്നത്തില്‍ യോസേഫിനു പ്രത്യക്ഷനായി ഇങ്ങനെ പറഞ്ഞു: “നീ എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് വേഗം ഈജിപ്തിലേക്കു പോയി രക്ഷപെടുക. ഞാന്‍ പറയുന്നതുവരെ അവിടെ പാര്‍ക്കണം. ഹേരോദാ ശിശുവിനെ കണ്ടുപിടിച്ചു കൊല്ലുവാന്‍ ശ്രമിക്കുന്നു.” അങ്ങനെ യോസേഫ് ഉണര്‍ന്ന് ശിശുവിനെയും മാതാവിനെയും കൂട്ടിക്കൊണ്ട് രാത്രിതന്നെ ഈജിപ്തിലേക്കു പുറപ്പെട്ടു. ഹേരോദാ അന്തരിക്കുന്നതുവരെ അവര്‍ അവിടെ പാര്‍ത്തു. “ഈജിപ്തില്‍നിന്ന് എന്‍റെ പുത്രനെ ഞാന്‍ വിളിച്ചു വരുത്തി” എന്നു പ്രവാചകന്‍ മുഖേന ദൈവം അരുളിച്ചെയ്തത് ഇങ്ങനെ സംഭവിച്ചു. ജ്യോതിശാസ്ത്രജ്ഞന്മാര്‍ തന്നെ കബളിപ്പിച്ചു എന്നു മനസ്സിലാക്കിയപ്പോള്‍ ഹേരോദാ അത്യധികം കുപിതനായി; അവരില്‍നിന്നു ചോദിച്ചറിഞ്ഞ സമയം ആസ്പദമാക്കി ബേത്‍ലഹേമിലും എല്ലാ പരിസരപ്രദേശങ്ങളിലും രണ്ടു വയസ്സോ അതിനു താഴെയോ പ്രായമുള്ള സകല ആണ്‍കുട്ടികളെയും ഹേരോദാ ആളയച്ചു കൊല്ലിച്ചു. [17,18] റാമയില്‍ ഒരു ശബ്ദം കേള്‍ക്കുന്നു; അലമുറയും വലിയ കരച്ചിലും തന്നെ. റാഹേല്‍ തന്‍റെ മക്കളെച്ചൊല്ലി കരയുന്നു; അവരില്‍ ആരും ജീവനോടെ ശേഷിക്കാത്തതിനാല്‍ സാന്ത്വനവാക്കുകള്‍ അവള്‍ നിരസിക്കുന്നു എന്നിങ്ങനെ യിരെമ്യാപ്രവാചകന്‍ മുഖേന അരുള്‍ചെയ്തത് അന്നു സംഭവിച്ചു. *** ഹേരോദായുടെ നിര്യാണശേഷം ഈജിപ്തില്‍വച്ച് ദൈവദൂതന്‍ യോസേഫിനു സ്വപ്നത്തില്‍ പ്രത്യക്ഷനായി ഇപ്രകാരം പറഞ്ഞു: “എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് ഇസ്രായേല്‍ദേശത്തേക്കു പോകുക; ശിശുവിനെ വധിക്കുവാന്‍ തുനിഞ്ഞവര്‍ അന്തരിച്ചു.” അങ്ങനെ യോസേഫ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് ഇസ്രായേല്‍ദേശത്തു വന്നു. എന്നാല്‍ അര്‍ക്കലയൊസ് തന്‍റെ പിതാവായ ഹേരോദായ്‍ക്കു പകരം യെഹൂദ്യയില്‍ ഭരണം നടത്തുന്നു എന്നു കേട്ടതുകൊണ്ട് അവിടേക്കു പോകുവാന്‍ യോസേഫ് ഭയപ്പെട്ടു; സ്വപ്നത്തില്‍ ലഭിച്ച അരുളപ്പാടനുസരിച്ചു ഗലീലാപ്രദേശത്തേക്കു മാറിപ്പോയി. അവിടെയെത്തി അദ്ദേഹം നസ്രെത്ത് എന്ന പട്ടണത്തില്‍ വാസമുറപ്പിച്ചു. “യേശു നസറായന്‍ എന്നു വിളിക്കപ്പെടും” എന്നു പ്രവാചകന്മാര്‍ മുഖാന്തരം അരുളിച്ചെയ്തത് അങ്ങനെ പൂര്‍ത്തിയായി. അക്കാലത്ത് സ്നാപകയോഹന്നാന്‍ യെഹൂദ്യയിലെ വിജനപ്രദേശത്തു വന്ന് “സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നതിനാല്‍ അനുതപിച്ചു ദൈവത്തിലേക്കു തിരിയുക” എന്നു പ്രസംഗിച്ചു. വിജനപ്രദേശത്ത് ഒരാള്‍ വിളിച്ചുപറയുന്നു: ‘ദൈവത്തിനുവേണ്ടി വഴിയൊരുക്കുക; അവിടുത്തെ പാതകള്‍ നേരേയാക്കുക’ എന്നിങ്ങനെ യെശയ്യാപ്രവാചകന്‍ മുഖേന അരുളിച്ചെയ്തത് ഇദ്ദേഹത്തെക്കുറിച്ചാണ്. യോഹന്നാന്‍ ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പു ധരിച്ചിരുന്നു. തുകല്‍കൊണ്ടുള്ള ബെല്‍റ്റ് ഉണ്ടായിരുന്നു. വെട്ടുക്കിളിയും കാട്ടുതേനുമായിരുന്നു അദ്ദേഹത്തിന്‍റെ ഭക്ഷണം. യെരൂശലേമിലും യെഹൂദ്യയിലെങ്ങും യോര്‍ദ്ദാന്‍നദിയുടെ പരിസരപ്രദേശങ്ങളിലുമുള്ളവര്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍ചെന്ന് തങ്ങളുടെ പാപം ഏറ്റുപറഞ്ഞ് അദ്ദേഹത്താല്‍ യോര്‍ദ്ദാന്‍നദിയില്‍ സ്നാപനം ചെയ്യപ്പെട്ടു. പരീശന്മാരും സദൂക്യരുമായ പലരും സ്നാപനം സ്വീകരിക്കുന്നതിനായി വരുന്നതു കണ്ടപ്പോള്‍ അദ്ദേഹം അവരോട്, “സര്‍പ്പസന്തതികളേ, വരുവാനുള്ള ന്യായവിധിയില്‍നിന്ന് ഓടിപ്പോകുവാന്‍ നിങ്ങള്‍ക്കു ബുദ്ധിയുപദേശിച്ചുതന്നത് ആരാണ്?” എന്നു ചോദിച്ചു. അദ്ദേഹം തുടര്‍ന്നു പറഞ്ഞു: “അനുതപിച്ചു ദൈവത്തിലേക്കു തിരിയുന്നതിന് അനുയോജ്യമായ ഫലം പുറപ്പെടുവിക്കുക; ‘അബ്രഹാം ഞങ്ങള്‍ക്കു പിതാവായിട്ടുണ്ടല്ലോ’ എന്നു നിങ്ങള്‍ സ്വയം പറയുന്നതുകൊണ്ടു ഫലമില്ല; ഈ കല്ലുകളില്‍നിന്ന് അബ്രഹാമിനുവേണ്ടി മക്കളെ ഉത്പാദിപ്പിക്കുവാന്‍ ദൈവത്തിനു കഴിയുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു; ഇപ്പോള്‍ത്തന്നെ വൃക്ഷങ്ങളുടെ ചുവട്ടില്‍ കോടാലി വച്ചിരിക്കുന്നു; നല്ലഫലം നല്‌കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിലിടും. ജലംകൊണ്ടു ഞാന്‍ നടത്തുന്ന സ്നാപനം നിങ്ങള്‍ അനുതപിച്ചു ദൈവത്തിലേക്കു തിരിയുന്നു എന്നു സൂചിപ്പിക്കുന്നു. എന്നാല്‍ എന്‍റെ പിന്നാലെ വരുന്നവന്‍ നിങ്ങളെ പരിശുദ്ധാത്മാവിലും അഗ്നിയിലും സ്നാപനം ചെയ്യും. അവിടുന്ന് എന്നെക്കാള്‍ ശക്തനാണ്. അവിടുത്തെ ചെരുപ്പു ചുമക്കുവാന്‍പോലും ഞാന്‍ യോഗ്യനല്ല. പതിര്‍ വീശിക്കളയാനുള്ള മുറം അവിടുത്തെ കൈയിലുണ്ട്. അവിടുന്നു മെതിക്കളം വൃത്തിയാക്കുകയും കോതമ്പു കളപ്പുരയില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. പതിരാകട്ടെ കെടാത്ത തീയിലിട്ടു ചുട്ടുകളയും. പിന്നീടു യോഹന്നാനില്‍നിന്നു സ്നാപനം ഏല്‌ക്കുന്നതിനായി യേശു ഗലീലയില്‍നിന്നു യോര്‍ദ്ദാനില്‍ അദ്ദേഹത്തിന്‍റെ അടുക്കലെത്തി. യോഹന്നാനാകട്ടെ “അങ്ങയില്‍നിന്നു ഞാനാണു സ്നാപനം സ്വീകരിക്കേണ്ടത്; എന്നിട്ടും അങ്ങ് എന്‍റെ അടുക്കല്‍ വരികയാണോ?” എന്നു പറഞ്ഞുകൊണ്ട് യേശുവിനെ വിലക്കി. അതിനു മറുപടിയായി, “ഇപ്പോള്‍ ഇതു നടക്കട്ടെ. ഇങ്ങനെ സകല ധര്‍മവും പൂര്‍ത്തീകരിക്കപ്പെടുന്നത് ഉചിതമാണല്ലോ” എന്നു യേശു പറഞ്ഞു. അപ്പോള്‍ യോഹന്നാന്‍ സമ്മതിച്ചു. സ്നാപനമേറ്റശേഷം യേശു വെള്ളത്തില്‍നിന്നു കയറിയപ്പോള്‍ സ്വര്‍ഗം തുറന്നു; ദൈവാത്മാവു തന്‍റെമേല്‍ ഒരു പ്രാവിനെപ്പോലെ ഇറങ്ങി വരുന്നതായി അദ്ദേഹം കണ്ടു. “ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്ന് ഒരശരീരിയും കേട്ടു. അനന്തരം പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് ആത്മാവ് യേശുവിനെ വിജനസ്ഥലത്തേക്കു നയിച്ചു. അവിടുന്നു നാല്പതു പകലും നാല്പതു രാത്രിയും ഉപവസിച്ചു. അതു കഴിഞ്ഞപ്പോള്‍ അവിടുത്തേക്കു വിശന്നു. അപ്പോള്‍ പരീക്ഷകന്‍ അടുത്തുചെന്ന് “അവിടുന്നു ദൈവത്തിന്‍റെ പുത്രനാണെങ്കില്‍ ഈ കല്ലുകളോട് അപ്പമായിത്തീരുവാന്‍ ആജ്ഞാപിക്കുക” എന്നു പറഞ്ഞു. യേശുവാകട്ടെ ഇങ്ങനെ പ്രതിവചിച്ചു: ‘അപ്പംകൊണ്ടു മാത്രമല്ല മനുഷ്യന്‍ ജീവിക്കുന്നത്, പ്രത്യുത, ദൈവത്തിന്‍റെ വായില്‍നിന്നു വരുന്ന എല്ലാ വചനങ്ങളുംകൊണ്ടു കൂടിയാണ്’ എന്നു വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.” പിന്നീട് പിശാച് യേശുവിനെ വിശുദ്ധനഗരത്തിലേക്കു കൊണ്ടുപോയി ദേവാലയ ഗോപുരത്തിന്‍റെ മുകളില്‍ നിറുത്തിയിട്ടു പറഞ്ഞു: “അങ്ങു ദൈവത്തിന്‍റെ പുത്രനാണെങ്കില്‍ ഇവിടെനിന്നു താഴത്തേക്കു ചാടുക; “അങ്ങയുടെ കാല് കല്ലില്‍ തട്ടാതെ തങ്ങളുടെ കൈകളില്‍ അങ്ങയെ താങ്ങിക്കൊള്ളുന്നതിനു ദൈവം തന്‍റെ മാലാഖമാരോട് ആജ്ഞാപിക്കും എന്ന് എഴുതിയിട്ടുണ്ടല്ലോ.” യേശു പിശാചിനോട് “നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത്’ എന്നും എഴുതിയിട്ടുണ്ട്” എന്നു പറഞ്ഞു. പിന്നീട് പിശാച് യേശുവിനെ ഉയരംകൂടിയ ഒരു മലയിലേക്കു കൂട്ടിക്കൊണ്ടുപോയി, ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹിമയെയും കാട്ടിക്കൊടുത്തു; “എന്നെ സാഷ്ടാംഗം വീണു വണങ്ങിയാല്‍ ഇവയെല്ലാം ഞാന്‍ അവിടുത്തേക്കു നല്‌കാം” എന്നു പറഞ്ഞു. അപ്പോള്‍ യേശു പിശാചിനോട് “സാത്താനേ, പോകൂ! ‘നിന്‍റെ ദൈവമായ കര്‍ത്താവിനെ വണങ്ങി അവിടുത്തെ മാത്രമേ ആരാധിക്കാവൂ’ എന്നും എഴുതിയിട്ടുണ്ട്” എന്നു പറഞ്ഞു. അപ്പോള്‍ പിശാച് യേശുവിനെ വിട്ടുപോയി; മാലാഖമാര്‍ വന്ന് അവിടുത്തെ പരിചരിച്ചു. യോഹന്നാന്‍ ബന്ധനസ്ഥനായി എന്നു കേട്ടിട്ട് യേശു ഗലീലയിലേക്കു മടങ്ങിപ്പോയി. അവിടുന്ന് നസറെത്തു വിട്ട് സെബുലൂന്‍റെയും നഫ്താലിയുടെയും അതിര്‍ത്തിയില്‍ തടാകതീരത്തുള്ള കഫര്‍ന്നഹൂമില്‍ പോയി പാര്‍ത്തു. [14-16] സെബുലൂന്‍ദേശവും നഫ്താലിദേശവും തടാകതീരത്തും യോര്‍ദ്ദാനക്കരെയുമുള്ള നാടും, വിജാതീയരുടെ ഗലീലയും, ഇങ്ങനെ ഇരുട്ടില്‍ ഇരിക്കുന്ന ജനം ഒരു വലിയ പ്രകാശം കണ്ടു; മരണത്തിന്‍റെ നിഴല്‍ വീശിയ ദേശത്തു പാര്‍ത്തിരുന്നവര്‍ക്കു പ്രകാശം ഉദിച്ചു എന്ന് യെശയ്യാപ്രവാചകന്‍ മുഖാന്തരം പറഞ്ഞിട്ടുള്ളത് ഇങ്ങനെ പ്രാപ്തമായി. *** *** “സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു; അതുകൊണ്ട് അനുതപിച്ചു ദൈവത്തിലേക്കു തിരിയുക” എന്ന് അന്നുമുതല്‍ യേശു ആഹ്വാനം ചെയ്തുതുടങ്ങി. യേശു ഗലീലത്തടാകത്തിന്‍റെ തീരത്തുകൂടി നടന്നുപോകുമ്പോള്‍ പത്രോസ് എന്നറിയപ്പെടുന്ന ശിമോനും, അയാളുടെ സഹോദരന്‍ അന്ത്രയാസും തടാകത്തില്‍ വലവീശുന്നതു കണ്ടു. അവര്‍ മീന്‍പിടിത്തക്കാരായിരുന്നു. യേശു അവരോട്, “നിങ്ങള്‍ എന്‍റെ കൂടെ വരിക; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു. അവര്‍ ഉടനെ വല ഉപേക്ഷിച്ചിട്ട് അവിടുത്തെ അനുഗമിച്ചു. അവിടെനിന്നു മുമ്പോട്ടു ചെന്നപ്പോള്‍ മറ്റു രണ്ടു സഹോദരന്മാരെ കണ്ടു. അവര്‍ സെബദിയുടെ പുത്രന്മാരായ യാക്കോബും യോഹന്നാനുമായിരുന്നു. അവര്‍ തങ്ങളുടെ പിതാവിനോടുകൂടി വഞ്ചിയില്‍ ഇരുന്നു വല നന്നാക്കുകയായിരുന്നു. യേശു അവരെയും വിളിച്ചു. അവരും തല്‍ക്ഷണം വഞ്ചിയെയും പിതാവിനെയും വിട്ടിട്ട് അവിടുത്തെ അനുഗമിച്ചു. യേശു സുനഗോഗുകളില്‍ പഠിപ്പിക്കുകയും രാജ്യത്തിന്‍റെ സദ്‍വാര്‍ത്ത പ്രസംഗിക്കുകയും ജനങ്ങളുടെ സകല രോഗങ്ങളും വൈകല്യങ്ങളും സുഖപ്പെടുത്തുകയും ചെയ്തുകൊണ്ട് ഗലീലയിലെങ്ങും ചുറ്റി സഞ്ചരിച്ചു. അവിടുത്തെ കീര്‍ത്തി സിറിയയിലെങ്ങും പരന്നു. പലതരത്തിലുള്ള രോഗപീഡിതരും വേദനപ്പെടുന്നവരും ഭൂതാവിഷ്ടരും അപസ്മാരരോഗികളും തളര്‍വാതം പിടിപെട്ടവരുമായ എല്ലാ രോഗികളെയും യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. അവിടുന്ന് അവരെ സുഖപ്പെടുത്തുകയും ചെയ്തു. ഗലീല, ദക്കപ്പൊലി, യെരൂശലേം, യെഹൂദ്യ എന്നീ സ്ഥലങ്ങളില്‍നിന്നും യോര്‍ദ്ദാന്‍റെ കിഴക്കേ കരയില്‍നിന്നും വന്ന ഒരു വലിയ ജനാവലി അവിടുത്തെ അനുഗമിച്ചു. യേശു ജനക്കൂട്ടത്തെ കണ്ടപ്പോള്‍ മലമുകളിലേക്കു കയറിപ്പോയി. അവിടുന്ന് അവിടെ ഇരുന്നു. അപ്പോള്‍ ശിഷ്യന്മാര്‍ അടുത്തുചെന്നു. അവിടുന്ന് ധര്‍മോപദേശരൂപേണ അവരോട് അരുള്‍ചെയ്തു: “ആത്മീയ ദാരിദ്ര്യത്തെക്കുറിച്ചു ബോധമു ള്ളവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍; സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാണ്! വിലപിക്കുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍; അവരെ ദൈവം ആശ്വസിപ്പിക്കും! സൗമ്യശീലര്‍ അനുഗ്രഹിക്കപ്പെട്ടവര്‍; അവര്‍ ഭൂമിയെ അവകാശമാക്കും! നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍; ദൈവം അവരെ സംതൃപ്തരാക്കും! കരുണയുള്ളവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍; അവര്‍ക്കു കരുണ ലഭിക്കും! നിര്‍മ്മലഹൃദയമുള്ളവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍; അവര്‍ ദൈവത്തെ ദര്‍ശിക്കും! സമാധാനമുണ്ടാക്കുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍; ദൈവം അവരെ തന്‍റെ പുത്രന്മാരെന്നു വിളിക്കും! നീതിക്കുവേണ്ടി പീഡനം സഹിക്കുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍; സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാകുന്നു! എന്നെപ്രതി മറ്റുള്ളവര്‍ നിങ്ങളെ നിന്ദിക്കുകയും പീഡിപ്പിക്കുകയും നിങ്ങള്‍ക്കെതിരെ എല്ലാ തിന്മകളും സത്യവിരുദ്ധമായി ആരോപിക്കുകയും ചെയ്യുന്നെങ്കില്‍ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവര്‍; സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കുള്ള പ്രതിഫലം വലുതായതുകൊണ്ട് നിങ്ങള്‍ ആനന്ദിച്ചുല്ലസിക്കുക; നിങ്ങള്‍ക്കു മുമ്പുള്ള പ്രവാചകന്മാരെയും അവര്‍ ഇങ്ങനെതന്നെ പീഡിപ്പിച്ചിട്ടുണ്ടല്ലോ. “നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു; എന്നാല്‍ ഉപ്പിന്‍റെ രസം നഷ്ടപ്പെട്ടുപോയാല്‍ വീണ്ടും അതിന് എങ്ങനെ ഉപ്പുരസം കൈവരുത്തും? അതു പുറത്തു കളഞ്ഞ് മനുഷ്യര്‍ക്കു ചവിട്ടുവാനല്ലാതെ ഒന്നിനും കൊള്ളുകയില്ല. “നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു. മലയുടെ മുകളില്‍ നിലകൊള്ളുന്ന പട്ടണത്തിനു മറഞ്ഞിരിക്കുവാന്‍ സാധ്യമല്ല. വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്‍ക്കുകയില്ല; പിന്നെയോ, വിളക്കുതണ്ടിന്മേലത്രേ വയ്‍ക്കുന്നത്. അപ്പോള്‍ അത് വീട്ടിലുള്ള എല്ലാവര്‍ക്കും പ്രകാശം നല്‌കുന്നു. അതുപോലെ നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ടു മറ്റുള്ളവര്‍ നിങ്ങളുടെ സ്വര്‍ഗസ്ഥപിതാവിനെ പ്രകീര്‍ത്തിക്കേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ. “ധര്‍മശാസ്ത്രത്തെയോ പ്രവാചകശാസനങ്ങളെയോ നീക്കിക്കളയുവാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു വിചാരിക്കരുത്; ഞാന്‍ വന്നിരിക്കുന്നത് അവയെ നീക്കുവാനല്ല, പൂര്‍ത്തിയാക്കുവാനാണ്. ആകാശവും ഭൂമിയും അപ്രത്യക്ഷമാകുന്നതുവരെ സകലവും പൂര്‍ത്തിയാകുവോളം ധര്‍മശാസ്ത്രത്തിലെ ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വരുകയില്ലെന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു. അതുകൊണ്ട് ഈ കല്പനകളില്‍ ഏറ്റവും ലഘുവായതുപോലും ലംഘിക്കുകയും അപ്രകാരം ചെയ്യുന്നതിനു മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ഏറ്റവും നിസ്സാരനായി ഗണിക്കപ്പെടും. എന്നാല്‍ അവ അനുസരിക്കുകയും അപ്രകാരം ചെയ്യുവാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ വലിയവന്‍ എന്നു വിളിക്കപ്പെടും. നിങ്ങളുടെ ധാര്‍മികത മതപണ്ഡിതന്മാരുടെയും പരീശന്മാരുടെയും ധാര്‍മികതയെ കവിയുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു. “കൊല ചെയ്യരുത്” എന്നും “ഏതൊരു കൊലപാതകിയും ന്യായവിധിക്കു വിധേയനാകുമെന്നും” പൂര്‍വികരോടു പറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: തന്‍റെ സഹോദരനോടു കോപിക്കുന്ന ഏതൊരുവനും ന്യായവിധിക്കു വിധേയനാകും. തന്‍റെ സഹോദരനെ ‘മടയാ!’ എന്നു വിളിച്ച് അപമാനിക്കുന്നവന്‍ സന്നദ്രിംസംഘത്തോട് ഉത്തരം പറയേണ്ടിവരും. സഹോദരനെ ‘ഭോഷാ!’ എന്നു വിളിക്കുന്നവന്‍ നരകാഗ്നിക്ക് ഇരയാകും. അതുകൊണ്ട്, നീ ബലിപീഠത്തില്‍ വഴിപാട് അര്‍പ്പിക്കുമ്പോള്‍ നിന്‍റെ സഹോദരനു നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് അവിടെവച്ച് ഓര്‍മ വന്നാല്‍ നിന്‍റെ വഴിപാട് ബലിപീഠത്തിന്‍റെ മുമ്പില്‍ വച്ചിട്ടു പോയി ഒന്നാമത് അയാളോടു രമ്യപ്പെടുക; അതിനുശേഷം വന്നു നിന്‍റെ വഴിപാട് അര്‍പ്പിക്കുക. “കോടതിയിലേക്കു പോകുന്ന വഴിയില്‍വച്ചുതന്നെ നിന്‍റെ പ്രതിയോഗിയോടു രാജിയാകുക. അല്ലെങ്കില്‍ ഒരുവേള എതിര്‍കക്ഷി നിന്നെ ന്യായാധിപനെയും ന്യായാധിപന്‍ നിന്നെ പോലീസിനെയും ഏല്പിക്കും; നീ ജയിലിലടയ്‍ക്കപ്പെടുകയും ചെയ്യും. അവസാനത്തെ പൈസവരെ കൊടുത്തുതീര്‍ക്കാതെ നിനക്കു നിശ്ചയമായും പുറത്തുവരാന്‍ സാധിക്കുകയില്ലെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു. ‘വ്യഭിചാരം ചെയ്യരുത്’ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു; ഭോഗേച്ഛയോടുകൂടി ഒരു സ്‍ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ ആ സ്‍ത്രീയുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞിരിക്കുന്നു. പാപം ചെയ്യുന്നതിനു നിന്‍റെ വലത്തുകണ്ണു കാരണമായിത്തീരുന്നു എങ്കില്‍ അതു ചുഴന്നെടുത്ത് എറിഞ്ഞുകളയുക; നിന്‍റെ ശരീരം മുഴുവന്‍ നരകത്തില്‍ തള്ളപ്പെടുന്നതിനെക്കാള്‍ നിന്‍റെ അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണ് നിനക്കു നല്ലത്. നിന്‍റെ വലത്തു കൈ പാപം ചെയ്യാന്‍ കാരണമായിത്തീരുന്നുവെങ്കില്‍ അതു വെട്ടി എറിഞ്ഞുകളയുക; നിന്‍റെ ശരീരം മുഴുവനായി നരകത്തില്‍ തള്ളപ്പെടുന്നതിനെക്കാള്‍ നിന്‍റെ അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണു നിനക്കു നല്ലത്. “ഭാര്യയെ ഉപേക്ഷിക്കുന്നവന്‍ അവള്‍ക്ക് ഉപേക്ഷണപത്രം കൊടുക്കണമെന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നത്: പാതിവ്രത്യം ലംഘിക്കുന്നതുകൊണ്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവന്‍ അവള്‍ വ്യഭിചാരം ചെയ്യാന്‍ ഇടവരുത്തുന്നു എന്നത്രേ. ഉപേക്ഷിക്കപ്പെട്ട സ്‍ത്രീയെ പരിണയിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. “ശപഥം ലംഘിക്കരുതെന്നും ഈശ്വരസമക്ഷം ചെയ്തിട്ടുള്ള ശപഥം നിറവേറ്റണമെന്നും പൂര്‍വികരോടു പറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: ശപഥം ചെയ്യുകയേ അരുത്. സ്വര്‍ഗത്തെക്കൊണ്ടു പാടില്ല; അതു ദൈവത്തിന്‍റെ സിംഹാസനം. ഭൂമിയെക്കൊണ്ടും പാടില്ല; അത് അവിടുത്തെ പാദപീഠം. യെരൂശലേമിനെക്കൊണ്ടും പാടില്ല; അതു മഹാനായ രാജാവിന്‍റെ നഗരം. നിന്‍റെ ശിരസ്സിനെക്കൊണ്ടും ശപഥം ചെയ്തുകൂടാ, എന്തെന്നാല്‍ നിന്‍റെ തലയിലെ ഒരു രോമംപോലും വെളുപ്പിക്കുവാനോ കറുപ്പിക്കുവാനോ നിനക്കു കഴിവില്ലല്ലോ. നിങ്ങള്‍ പറയുന്നത് ഉവ്വ് എന്നോ, ഇല്ല എന്നോ, മാത്രം ആയിരിക്കട്ടെ. ഇതില്‍ കവിഞ്ഞുള്ളതെല്ലാം ദുഷ്ടനില്‍നിന്നാണു വരുന്നത്. “കണ്ണിനു കണ്ണ്, പല്ലിനു പല്ല്” എന്നു പറഞ്ഞിട്ടുള്ളതും നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്ടമനുഷ്യനോട് എതിര്‍ക്കരുത്; ആരെങ്കിലും നിന്‍റെ വലത്തെ ചെകിട്ടത്തടിച്ചാല്‍ ഇടത്തേതുകൂടി തിരിച്ചുകാണിക്കുക. “ഒരുവന്‍ വ്യവഹാരപ്പെട്ടു നിന്‍റെ ഉടുപ്പു കരസ്ഥമാക്കാന്‍ ഇച്ഛിക്കുന്നുവെങ്കില്‍ മേലങ്കികൂടി അവനു വിട്ടുകൊടുക്കുക. അധികാരമുള്ളവന്‍ ഒരു കിലോമീറ്റര്‍ദൂരം ചെല്ലുവാന്‍ നിന്നെ നിര്‍ബന്ധിച്ചാല്‍ അയാളുടെകൂടെ രണ്ടു കിലോമീറ്റര്‍ ദൂരം പോകുക. നിന്നോടു സഹായം അഭ്യര്‍ഥിക്കുന്നവനു സഹായം നല്‌കുക; വായ്പവാങ്ങാന്‍ വരുന്നവനില്‍നിന്ന് ഒഴിഞ്ഞുമാറുകയുമരുത്. “അയല്‍ക്കാരനെ സ്നേഹിക്കുക എന്നും ശത്രുവിനെ വെറുക്കുക എന്നും പറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുക. നിങ്ങള്‍ അങ്ങനെ ചെയ്താല്‍ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മക്കളായിത്തീരും. അവിടുന്നു ദുര്‍ജനങ്ങളുടെയും സജ്ജനങ്ങളുടെയുംമേല്‍ തന്‍റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയുംമേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നുവല്ലോ. നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിച്ചാല്‍ നിങ്ങള്‍ക്ക് എന്തു പ്രതിഫലം ലഭിക്കും? ചുങ്കം പിരിക്കുന്നവര്‍പോലും അങ്ങനെ ചെയ്യുന്നുവല്ലോ. നിങ്ങളുടെ സഹോദരന്മാരെ മാത്രം അഭിവാദനം ചെയ്താല്‍ നിങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ എന്താണു ചെയ്യുന്നത്? വിജാതീയരും അങ്ങനെ ചെയ്യുന്നുണ്ടല്ലോ. അതുകൊണ്ടു നിങ്ങളുടെ സ്വര്‍ഗസ്ഥപിതാവു സദ്ഗുണപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും സദ്ഗുണപൂര്‍ണരായിത്തീരുക. “മനുഷ്യര്‍ കാണാന്‍വേണ്ടി നിങ്ങള്‍ അവരുടെ മുമ്പില്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കുക. അങ്ങനെ ചെയ്താല്‍ സ്വര്‍ഗസ്ഥനായ പിതാവില്‍നിന്നു നിങ്ങള്‍ക്കു പ്രതിഫലം ലഭിക്കുകയില്ല. “നിങ്ങള്‍ ദാനധര്‍മം ചെയ്യുമ്പോള്‍, മറ്റുള്ളവരുടെ പ്രശംസ ലഭിക്കുന്നതിനുവേണ്ടി സുനഗോഗുകളിലും തെരുവീഥികളിലും കപടഭക്തന്മാര്‍ ചെയ്യുന്നതുപോലെ പെരുമ്പറ അടിച്ചറിയിക്കരുത്. അവര്‍ക്കു പ്രതിഫലം കിട്ടിക്കഴിഞ്ഞു എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. നിങ്ങള്‍ ദാനധര്‍മം ചെയ്യുമ്പോള്‍ വലങ്കൈ ചെയ്യുന്നത് ഇടങ്കൈ അറിയരുത്. അത് അത്രയ്‍ക്കു രഹസ്യമായിരിക്കണം. രഹസ്യമായി നിങ്ങള്‍ ചെയ്യുന്നതു കാണുന്നവനായ നിങ്ങളുടെ പിതാവു നിങ്ങള്‍ക്കു പ്രതിഫലം തരും. “നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കപടഭക്തന്മാരെ അനുകരിക്കരുത്; മനുഷ്യര്‍ കാണുന്നതിനുവേണ്ടി സുനഗോഗുകളിലും വഴിക്കവലകളിലും നിന്നുകൊണ്ടു പ്രാര്‍ഥിക്കുവാന്‍ അവര്‍ ഇഷ്ടപ്പെടുന്നുവല്ലോ. അവര്‍ക്കു പ്രതിഫലം പൂര്‍ണമായി കിട്ടിക്കഴിഞ്ഞു എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു. എന്നാല്‍ നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങളുടെ രഹസ്യമുറിയില്‍ പ്രവേശിച്ചു വാതില്‍ അടച്ച് അദൃശ്യനായ നിങ്ങളുടെ പിതാവിനോടു പ്രാര്‍ഥിക്കുക; അപ്പോള്‍ രഹസ്യമായി ചെയ്യുന്നതെന്തും കാണുന്ന നിങ്ങളുടെ പിതാവു നിങ്ങള്‍ക്കു പ്രതിഫലം നല്‌കും. “അതിഭാഷണംകൊണ്ട് തങ്ങളുടെ പ്രാര്‍ഥന ദൈവം കേള്‍ക്കുമെന്നു വിജാതീയര്‍ വിചാരിക്കുന്നു. നിങ്ങളുടെ പ്രാര്‍ഥന അങ്ങനെയാകരുത്. അവരുടെ പ്രാര്‍ഥന നിരര്‍ഥകങ്ങളായ വാക്കുകളുടെ കൂമ്പാരമാണല്ലോ. നിങ്ങള്‍ക്ക് ആവശ്യമുള്ളത് ഇന്നതെന്ന് നിങ്ങള്‍ പ്രാര്‍ഥിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ പിതാവ് അറിയുന്നു. അതുകൊണ്ടു നിങ്ങള്‍ ഇപ്രകാരം പ്രാര്‍ഥിക്കുക: സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം സംപൂജിതമാകണമേ; അവിടുത്തെ രാജ്യം വരണമേ; തിരുഹിതം സ്വര്‍ഗത്തിലെപോലെ ഭൂമിയിലും നിറവേറണമേ; നിത്യവുമുള്ള ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‌കണമേ; ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങള്‍ അവിടുന്നു ഞങ്ങളോടും ക്ഷമിക്കണമേ; കഠിനപരീക്ഷണത്തില്‍ ഞങ്ങള്‍ അകപ്പെടുവാന്‍ ഇടയാക്കരുതേ, ദുഷ്ടനില്‍നിന്നു ഞങ്ങളെ കാത്തുരക്ഷിക്കണമേ; രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അങ്ങേക്കുള്ളതാണല്ലോ. ആമേന്‍. “അന്യരുടെ അപരാധങ്ങള്‍ അവരോടു നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും; എന്നാല്‍ മറ്റുള്ളവരുടെ പിഴകള്‍ നിങ്ങള്‍ ക്ഷമിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ പിഴകളും നിങ്ങളുടെ പിതാവു ക്ഷമിക്കുകയില്ല. “നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടഭക്തരെപ്പോലെ മ്ലാനമുഖരാകരുത്. തങ്ങള്‍ ഉപവസിക്കുന്നു എന്നുള്ളതു മനുഷ്യര്‍ കാണുന്നതിനുവേണ്ടി അവര്‍ തങ്ങളുടെ മുഖം വിരൂപമാക്കുന്നു. അവര്‍ക്കുള്ള പ്രതിഫലം കിട്ടിക്കഴിഞ്ഞു എന്നു ഞാന്‍ നിങ്ങളോട് ഊന്നിപ്പറയുന്നു. നിങ്ങള്‍ ഉപവസിക്കുമ്പോള്‍ തലയില്‍ എണ്ണതേക്കുകയും മുഖം കഴുകുകയും ചെയ്യുക. അങ്ങനെ ചെയ്താല്‍ അദൃശ്യനായ പിതാവല്ലാതെ, നിങ്ങള്‍ ഉപവസിക്കുകയാണെന്നുള്ളത് മറ്റാരും അറിയുകയില്ല; രഹസ്യകാര്യങ്ങള്‍ കാണുന്ന പിതാവു നിങ്ങള്‍ക്കു പ്രതിഫലം നല്‌കും. “നിങ്ങളുടെ നിക്ഷേപങ്ങള്‍ ഈ ഭൂമിയില്‍ സൂക്ഷിച്ചു വയ്‍ക്കരുത്; ഇവിടെ കീടവും തുരുമ്പും തിന്ന് അവയെ നശിപ്പിക്കുകയും കള്ളന്മാര്‍ കുത്തിക്കവരുകയും ചെയ്യും. നിങ്ങളുടെ നിക്ഷേപങ്ങള്‍ സ്വര്‍ഗത്തില്‍ സൂക്ഷിച്ചുവയ്‍ക്കുക. അവിടെ കീടങ്ങളും തുരുമ്പും തിന്ന് അവയെ നശിപ്പിക്കുകയോ, കള്ളന്മാര്‍ കുത്തിക്കവരുകയോ ചെയ്യുന്നില്ല; നിങ്ങളുടെ നിക്ഷേപം എവിടെ ആയിരിക്കുന്നുവോ അവിടെ ആയിരിക്കും നിങ്ങളുടെ സര്‍വ ശ്രദ്ധയും. “കണ്ണാണു ശരീരത്തിന്‍റെ വിളക്ക്; നിങ്ങളുടെ കണ്ണിനു പൂര്‍ണമായ കാഴ്ചയുള്ളപ്പോള്‍ ശരീരം മുഴുവന്‍ പ്രകാശിതമായിരിക്കും. എന്നാല്‍ നിങ്ങളുടെ കണ്ണിനു വൈകല്യമുണ്ടെങ്കില്‍ ശരീരം ആസകലം ഇരുട്ടായിരിക്കും. നിങ്ങളിലുള്ള വെളിച്ചം ഇരുളാകുന്നുവെങ്കില്‍ ആ ഇരുള്‍ എത്ര വലുത്! “രണ്ടു യജമാനന്മാരെ സേവിക്കുവാന്‍ ഒരു അടിമയ്‍ക്കും സാധ്യമല്ല. ഒന്നുകില്‍ അവന്‍ ഒരുവനെ അവഗണിച്ച് അപരനെ സ്നേഹിക്കും; അല്ലെങ്കില്‍ ഒരുവനോടു കൂറുള്ളവനായിരുന്ന് അപരനെ നിന്ദിക്കും. നിങ്ങള്‍ക്കു ദൈവത്തെയും ധനദേവതയെയും സേവിക്കുക സാധ്യമല്ല. “ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ആകുലചിത്തരാകരുത്; എന്തു തിന്നും, എന്തു കുടിക്കും എന്നോര്‍ത്തു ജീവനെക്കുറിച്ചും എന്തു ധരിക്കുമെന്നോര്‍ത്തു ശരീരത്തെക്കുറിച്ചും വിഷമിക്കരുത്. ജീവന്‍ ഭക്ഷണത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും വിലപ്പെട്ടവയല്ലേ? ആകാശത്തു പറന്നുനടക്കുന്ന പക്ഷികളെ നോക്കുക. അവ വിതയ്‍ക്കുന്നില്ല, കൊയ്യുന്നില്ല, അറപ്പുരയിലൊട്ടു കൂട്ടിവയ്‍ക്കുന്നതുമില്ല. എങ്കിലും നിങ്ങളുടെ സ്വര്‍ഗസ്ഥപിതാവ് അവയെ പോറ്റിപ്പുലര്‍ത്തുന്നു. അവയെക്കാള്‍ നിങ്ങള്‍ വിലയുള്ളവരല്ലേ? “ആകുലപ്പെടുന്നതുകൊണ്ട് തങ്ങളുടെ ആയുര്‍ദൈര്‍ഘ്യം അല്പമെങ്കിലും കൂട്ടുവാന്‍ നിങ്ങളിലാര്‍ക്കെങ്കിലും കഴിയുമോ? “വസ്ത്രത്തെ സംബന്ധിച്ചും നിങ്ങള്‍ ആകുലചിത്തരാകുന്നതെന്തിന്? കാട്ടുപൂക്കളെ നോക്കുക; അവ എങ്ങനെ വളരുന്നു! അവ അധ്വാനിക്കുകയോ നൂല് നൂല്‌ക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: ശലോമോന്‍ രാജാവ് തന്‍റെ മഹാപ്രതാപത്തില്‍പോലും ഇവയില്‍ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിട്ടില്ല. ഇന്നു കാണുന്നതും നാളെ അടുപ്പില്‍ ഇടുന്നതുമായ കാട്ടുപുല്ലുകളെ ദൈവം ഇങ്ങനെ അണിയിക്കുന്നെങ്കില്‍ അല്പവിശ്വാസികളേ നിങ്ങളെ എത്രയധികം അണിയിക്കും! അതുകൊണ്ട് എന്തു തിന്നും, എന്ത് ഉടുക്കും എന്നു വിചാരിച്ചു ആകുലപ്പെടരുത്. വിജാതീയരത്രേ ഇവയെല്ലാം അന്വേഷിക്കുന്നത്. ഇവയെല്ലാം നിങ്ങള്‍ക്ക് ആവശ്യമാണെന്നു നിങ്ങളുടെ സ്വര്‍ഗസ്ഥപിതാവിനറിയാം. ആദ്യം ദൈവത്തിന്‍റെ രാജ്യവും നീതിയും അന്വേഷിക്കുക; അതോടുകൂടി ഇവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും. അതുകൊണ്ട് നാളയെക്കുറിച്ച് ആകുലപ്പെടരുത്. നാളത്തെ ദിവസം അതിനുവേണ്ടി കരുതിക്കൊള്ളുമല്ലോ. ഓരോ ദിവസത്തിനും അതതു ദിവസത്തേക്കുള്ള ക്ലേശങ്ങള്‍ മതി. “നിങ്ങള്‍ മറ്റുള്ളവരെ വിധിക്കരുത്; എന്നാല്‍ നിങ്ങളെയും വിധിക്കുകയില്ല. നിങ്ങള്‍ മറ്റുള്ളവരെ എങ്ങനെ വിധിക്കുന്നുവോ അതുപോലെയായിരിക്കും ദൈവം നിങ്ങളെയും വിധിക്കുക. നിങ്ങള്‍ ഏത് അളവുകൊണ്ടു മറ്റുള്ളവരെ അളക്കുന്നുവോ അതേ അളവുകോല്‍കൊണ്ടു ദൈവം നിങ്ങളെയും അളക്കും. നിങ്ങളുടെ കണ്ണില്‍ കോല്‍ ഇരിക്കുന്നതോര്‍ക്കാതെ സഹോദരന്‍റെ കണ്ണിലെ കരടു കണ്ടുപിടിക്കുവാന്‍ ശ്രമിക്കുന്നതെന്തിന്? സ്വന്തം കണ്ണില്‍ കോലിരിക്കെ സഹോദരനോട് ‘നില്‌ക്കൂ, താങ്കളുടെ കണ്ണിലെ കരട് ഞാന്‍ എടുക്കാം’ എന്ന് എങ്ങനെ നീ പറയും? ഹേ, കപടഭക്താ, ആദ്യം നിന്‍റെ കണ്ണില്‍നിന്നു കോല് എടുത്തുകളയുക. അപ്പോള്‍ നിന്‍റെ സഹോദരന്‍റെ കണ്ണിലെ കരട് എടുത്തുകളയുവാന്‍ തക്കവിധം വ്യക്തമായി നിനക്കു കാണാന്‍ കഴിയും. “വിശുദ്ധമായതു നായ്‍ക്കള്‍ക്കു കൊടുക്കരുത്; നിങ്ങളുടെ മുത്തുകള്‍ പന്നികളുടെ മുമ്പില്‍ എറിയുകയുമരുത്. അവ മുത്തുകളെ ചവുട്ടിമെതിക്കുകയും നേരെ തിരിഞ്ഞ് നിങ്ങളെ ചീന്തിക്കളയുകയും ചെയ്യും. “അപേക്ഷിച്ചുകൊണ്ടിരിക്കുക; നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിച്ചുകൊണ്ടിരിക്കുക, നിങ്ങള്‍ കണ്ടെത്തും; മുട്ടിക്കൊണ്ടിരിക്കുക, നിങ്ങള്‍ക്കു തുറന്നുകിട്ടും. അപേക്ഷിക്കുന്ന ഏതൊരുവനും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നു കിട്ടുന്നു. മകന്‍ അപ്പം ചോദിച്ചാല്‍ അവനു കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളുടെ ഇടയിലുണ്ടോ? അല്ല മീന്‍ ചോദിച്ചാല്‍ പാമ്പിനെ കൊടുക്കുമോ? നിങ്ങളുടെ മക്കള്‍ക്കു നല്ല വസ്തുക്കള്‍ കൊടുക്കുവാന്‍ ദുഷ്ടരായ നിങ്ങള്‍ക്കറിയാമെങ്കില്‍ സ്വര്‍ഗസ്ഥനായ പിതാവു തന്നോടപേക്ഷിക്കുന്നവര്‍ക്ക് അവ എത്രയധികം നല്‌കും! “നിങ്ങളോടു മറ്റുള്ളവര്‍ എങ്ങനെ വര്‍ത്തിക്കണമെന്നു നിങ്ങള്‍ ഇച്ഛിക്കുന്നുവോ അങ്ങനെ അവരോടു നിങ്ങളും വര്‍ത്തിക്കുക. ധര്‍മശാസ്ത്രത്തിന്‍റെയും പ്രവചനങ്ങളുടെയും സാരാംശം ഇതാകുന്നു. “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക; വിസ്താരമുള്ള പടിവാതിലും വിശാലമായ വഴിയും നാശത്തിലേക്കു നയിക്കുന്നു. അവയില്‍ക്കൂടി പോകുന്നവര്‍ അനവധിയത്രേ. ഇടുങ്ങിയ വാതിലും ദുര്‍ഘടമായ വഴിയും ജീവനിലേക്കു നയിക്കുന്നു. എന്നാല്‍ അതു കണ്ടെത്തുന്നവര്‍ ചുരുക്കമാണ്. “വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുക. അവര്‍ ആടിന്‍റെ വേഷത്തില്‍ നിങ്ങളെ സമീപിക്കുന്നു. അകമെയോ അവര്‍ കടിച്ചുകീറിത്തിന്നുന്ന ചെന്നായ്‍ക്കളാണ്. അവരുടെ ഫലങ്ങള്‍കൊണ്ട് നിങ്ങള്‍ക്ക് അവരെ തിരിച്ചറിയാം. മുള്‍ച്ചെടിയില്‍നിന്നു മുന്തിരിപ്പഴമോ, ഞെരിഞ്ഞിലില്‍നിന്ന് അത്തിപ്പഴമോ ലഭിക്കുമോ? നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്ത ഫലവും നല്‌കുന്നു. നല്ല വൃക്ഷത്തിനു ചീത്ത ഫലവും ചീത്ത വൃക്ഷത്തിനു നല്ല ഫലവും നല്‌കാന്‍ സാധ്യമല്ല. നല്ല ഫലം നല്‌കാത്ത എല്ലാ വൃക്ഷങ്ങളും വെട്ടി തീയിലിടുന്നു. അങ്ങനെ വ്യാജപ്രവാചകന്മാരെ അവരുടെ പ്രവൃത്തികള്‍കൊണ്ടു നിങ്ങള്‍ക്കു തിരിച്ചറിയാം. “കര്‍ത്താവേ, കര്‍ത്താവേ എന്ന് എന്നെ വിളിക്കുന്നവരല്ല സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്; പ്രത്യുത, സ്വര്‍ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവരാണ് ‘കര്‍ത്താവേ, കര്‍ത്താവേ അങ്ങയുടെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും ധാരാളം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ?’ എന്ന് ആ ദിവസം പലരും എന്നോടു ചോദിക്കും. ‘ഞാന്‍ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല; അധര്‍മികളേ എന്നെ വിട്ടുപോകൂ!’ എന്നു ഞാന്‍ അവരോടു തീര്‍ത്തുപറയും. “ബുദ്ധിമാനായ ഒരു മനുഷ്യന്‍ വീടു പണിതപ്പോള്‍ പാറമേല്‍ അടിസ്ഥാനമുറപ്പിച്ചു. പേമാരി പെയ്തു, വെള്ളം പൊങ്ങി, കാറ്റ് ആഞ്ഞടിച്ചു; എന്നാല്‍ പാറയില്‍ അടിസ്ഥാനമുറപ്പിച്ചിരുന്നതുകൊണ്ട് ആ വീടു വീണുപോയില്ല. എന്‍റെ വാക്കുകള്‍ കേട്ട് അനുസരിക്കുന്നവന്‍ ഈ മനുഷ്യനെപ്പോലെയാണ്. എന്നാല്‍ ഭോഷനായ ഒരു മനുഷ്യന്‍ വീടു നിര്‍മിച്ചപ്പോള്‍ മണലില്‍ അടിസ്ഥാനമുറപ്പിച്ചു. [26,27] പേമാരി പെയ്തു, വെള്ളം പൊങ്ങി, കാറ്റ് ആഞ്ഞടിച്ചു. അപ്പോള്‍ ആ വീടു വീണുപോയി. അതിന്‍റെ പതനം എത്രയും വലുതായിരുന്നു! എന്‍റെ വാക്കുകള്‍ കേട്ട് അനുസരിക്കാത്തവന്‍ ഈ മനുഷ്യനെപ്പോലെയാണ്.” *** യേശു ഈ പ്രഭാഷണം ഉപസംഹരിച്ചപ്പോള്‍ ജനങ്ങള്‍ അവിടുത്തെ ഉപദേശത്തില്‍ ആശ്ചര്യഭരിതരായി. എന്തെന്നാല്‍ അവരുടെ മതപണ്ഡിതന്മാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവിടുന്ന് അവരെ ഉപദേശിച്ചത്. മലയില്‍ നിന്നിറങ്ങി വന്നപ്പോള്‍ ഒരു വലിയ ജനസഞ്ചയം യേശുവിനെ അനുഗമിച്ചു. അപ്പോള്‍ ഒരു കുഷ്ഠരോഗി വന്ന് അവിടുത്തെ മുമ്പില്‍ മുട്ടുകുത്തി ഇങ്ങനെ പറഞ്ഞു: “കര്‍ത്താവേ അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ സുഖപ്പെടുത്തി ശുദ്ധനാക്കുവാന്‍ കഴിയും.” യേശു കൈനീട്ടി ആ രോഗിയെ തൊട്ടുകൊണ്ട്: “എനിക്കു മനസ്സുണ്ട്, നീ ശുദ്ധനാകുക” എന്നു പറഞ്ഞു. തല്‍ക്ഷണം കുഷ്ഠരോഗം അയാളെ വിട്ടുമാറി. യേശു അയാളോട്, “നോക്കൂ, ഇക്കാര്യം ആരോടും പറയരുത്; എന്നാല്‍ നീ പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുത്തിട്ട് മോശ കല്പിച്ചിട്ടുള്ള വഴിപാട് അര്‍പ്പിക്കണം. അങ്ങനെ ഇക്കാര്യം അവരെ ബോധ്യപ്പെടുത്തുക” എന്നു പറഞ്ഞു. യേശു കഫര്‍ന്നഹൂമില്‍ പ്രവേശിച്ചപ്പോള്‍ റോമന്‍ സൈന്യത്തിലെ ഒരു ശതാധിപന്‍ വന്ന് അവിടുത്തെ സഹായം അഭ്യര്‍ഥിച്ചു. “പ്രഭോ, എന്‍റെ ഭൃത്യന്‍ തളര്‍വാതം പിടിപെട്ട് എന്‍റെ വീട്ടില്‍ കിടക്കുന്നു; അവന്‍ ദുസ്സഹമായ വേദന അനുഭവിക്കുന്നു” എന്ന് അയാള്‍ പറഞ്ഞു. യേശു അയാളോട്: “ഞാന്‍ വന്ന് അവനെ സുഖപ്പെടുത്താം” എന്നു പറഞ്ഞു. അപ്പോള്‍ ശതാധിപന്‍ പറഞ്ഞു “പ്രഭോ അങ്ങ് എന്‍റെ ഭവനത്തില്‍ വരാന്‍ തക്ക യോഗ്യത എനിക്കില്ല. അങ്ങ് ഒരു വാക്കു കല്പിച്ചാല്‍ മാത്രം മതി; എന്‍റെ ഭൃത്യന്‍ സുഖം പ്രാപിക്കും. ഞാന്‍ മേലധികാരികളുടെ കീഴിലുള്ള ഒരുവനാണ്; എന്‍റെ കീഴിലും ഭടന്മാരുണ്ട്; ഒരുവനോട് ‘പോകുക’ എന്നു ഞാന്‍ പറഞ്ഞാല്‍ അവന്‍ പോകുന്നു; മറ്റൊരുവനോട് ‘വരിക’ എന്നു പറഞ്ഞാല്‍ അവന്‍ വരുന്നു; എന്‍റെ ഭൃത്യനോട് ‘ഇതു ചെയ്യുക’ എന്നു പറഞ്ഞാല്‍ അവനതു ചെയ്യുന്നു.” യേശു ഇതു കേട്ടപ്പോള്‍ ആശ്ചര്യപ്പെട്ടു. തന്നെ അനുഗമിച്ചവരോട് അവിടുന്ന് അരുള്‍ചെയ്തു: “ഇസ്രായേലില്‍പോലും ഇതുപോലെയുള്ള വിശ്വാസം ഞാന്‍ കണ്ടിട്ടില്ല എന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകമാളുകള്‍ വന്ന് അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടുംകൂടി സ്വര്‍ഗരാജ്യത്തില്‍ വിരുന്നിനിരിക്കും. എന്നാല്‍ രാജ്യത്തിന്‍റെ അവകാശികളായിരിക്കേണ്ടവര്‍ പുറത്തുള്ള അന്ധകാരത്തിലേക്കു തള്ളപ്പെടും; അവിടെ അവര്‍ കരയുകയും പല്ലുകടിക്കുകയും ചെയ്യും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.” യേശു ആ ശതാധിപനോട്, “പൊയ്‍ക്കൊള്ളുക, താങ്കള്‍ വിശ്വസിച്ചിരിക്കുന്നതുപോലെ താങ്കള്‍ക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. ആ നിമിഷംതന്നെ അയാളുടെ ഭൃത്യന്‍ സുഖം പ്രാപിച്ചു. യേശു പത്രോസിന്‍റെ വീട്ടില്‍ ചെന്നപ്പോള്‍ അയാളുടെ ഭാര്യാമാതാവ് ജ്വരബാധിതയായി കിടക്കുന്നതു കണ്ടു. അവിടുന്ന് ആ സ്‍ത്രീയുടെ കൈയില്‍ തൊട്ടു; അപ്പോള്‍ പനി വിട്ടുമാറി. അവര്‍ എഴുന്നേറ്റ് അവിടുത്തെ പരിചരിച്ചു. സായാഹ്നമായപ്പോഴേക്ക് ഭൂതാവിഷ്ടരായ ഒട്ടേറെയാളുകളെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. തന്‍റെ വാക്കുകൊണ്ടു ദുഷ്ടാത്മാക്കളെ അവിടുന്നു പുറത്താക്കി; എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു. ‘നമ്മുടെ വേദനകളെ അവിടുന്ന് ഏറ്റെടുക്കുകയും നമ്മുടെ രോഗങ്ങളുടെ ഭാരം വഹിക്കുകയും ചെയ്തു’ എന്ന് യെശയ്യാപ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തത് ഇങ്ങനെ സംഭവിച്ചു. തന്‍റെ ചുറ്റും ഒരു ജനക്കൂട്ടത്തെ കണ്ടപ്പോള്‍ ഗലീലത്തടാകത്തിന്‍റെ മറുകരയ്‍ക്കു പോകുവാന്‍ യേശു ശിഷ്യന്മാരോട് ആജ്ഞാപിച്ചു. അപ്പോള്‍ ഒരു മതപണ്ഡിതന്‍ വന്ന് “ഗുരോ, അങ്ങ് എവിടെപോയാലും ഞാന്‍ അവിടുത്തെ അനുഗമിച്ചുകൊള്ളാം” എന്നു പറഞ്ഞു. അതിനു മറുപടിയായി, “കുറുനരികള്‍ക്കു മാളങ്ങളുണ്ട്; ആകാശത്തിലെ പക്ഷികള്‍ക്കു കൂടുകളും ഉണ്ട്; എന്നാല്‍ മനുഷ്യപുത്രനു തലചായ്‍ക്കാന്‍ ഇടമില്ല” എന്ന് യേശു പറഞ്ഞു. മറ്റൊരു ശിഷ്യന്‍ യേശുവിനോട്, “കര്‍ത്താവേ ഞാന്‍ ആദ്യം പോയി എന്‍റെ പിതാവിന്‍റെ ശവസംസ്കാരം നടത്തട്ടെ” എന്നു പറഞ്ഞു. എന്നാല്‍ യേശു അയാളോട്: “നീ എന്നെ അനുഗമിക്കുക; മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ;” എന്നു പ്രതിവചിച്ചു. പിന്നീട് യേശു വഞ്ചിയില്‍ കയറി. ശിഷ്യന്മാരും അവിടുത്തെ പിന്നാലെ കയറി. പെട്ടെന്ന് തടാകത്തില്‍ ഒരു വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകള്‍ വഞ്ചിക്കുമീതെ അടിച്ചുയര്‍ന്നു. യേശുവാകട്ടെ അപ്പോള്‍ ഉറങ്ങുകയായിരുന്നു. അവര്‍ ചെന്ന് അവിടുത്തെ ഉണര്‍ത്തി: “നാഥാ, ഞങ്ങളിതാ നശിക്കുവാന്‍ പോകുന്നു!; ഞങ്ങളെ രക്ഷിക്കണമേ!” എന്ന് അപേക്ഷിച്ചു. യേശു അവരോട്: “അല്പവിശ്വാസികളേ, നിങ്ങള്‍ എന്തിനു ഭയപ്പെടുന്നു?” എന്നു ചോദിച്ചു. അനന്തരം അവിടുന്ന് എഴുന്നേറ്റു കാറ്റിനെയും തിരമാലകളെയും ശാസിച്ചു. ഉടനെ തടാകം തികച്ചും പ്രശാന്തമായി. അപ്പോള്‍ അവര്‍ ആശ്ചര്യപ്പെട്ടു. “ഇദ്ദേഹം ആരാണ്? കാറ്റും തിരമാലകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നുവല്ലോ” എന്ന് അവര്‍പറഞ്ഞു. തടാകത്തിന്‍റെ അക്കരെ ഗദരേനരുടെ ദേശത്ത് യേശു എത്തിയപ്പോള്‍ ഭൂതാവിഷ്ടരായ രണ്ടുപേര്‍ കല്ലറകളില്‍നിന്നു പുറപ്പെട്ട് അവിടുത്തെ നേരെ വന്നു. ആര്‍ക്കും അതുവഴി കടന്നുപോകാന്‍ കഴിയാത്തവിധം അവര്‍ അത്യുഗ്രന്മാരായിരുന്നു. ‘ദൈവപുത്രാ, അങ്ങേക്കു ഞങ്ങളോട് എന്തുകാര്യം? സമയത്തിനു മുമ്പ് ഞങ്ങളെ ദണ്ഡിപ്പിക്കുവാനാണോ അങ്ങു വന്നിരിക്കുന്നത്?” എന്ന് അവര്‍ അത്യുച്ചത്തില്‍ ചോദിച്ചു. കുറെ അകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. “അങ്ങു ഞങ്ങളെ പുറത്താക്കുകയാണെങ്കില്‍ ആ പന്നിക്കൂട്ടത്തിലേക്ക് അയച്ചാലും” എന്ന് ഭൂതങ്ങള്‍ അപേക്ഷിച്ചു. “പൊയ്‍ക്കൊള്ളുക” എന്ന് അവിടുന്ന് പറഞ്ഞു. ഭൂതങ്ങള്‍ അവരെ വിട്ട് ആ പന്നികളില്‍ കടന്നുകൂടി. പെട്ടെന്ന് ആ പന്നികള്‍ കടുംതൂക്കായ ചരിവിലൂടെ വിരണ്ടോടി തടാകത്തില്‍ വീണു മുങ്ങിച്ചത്തു. അവയെ മേയിച്ചിരുന്നവര്‍ പട്ടണത്തിലേക്ക് ഓടിപ്പോയി, സംഭവിച്ച കാര്യങ്ങള്‍ സമസ്തവും ഭൂതാവിഷ്ടരുടെ കഥയും എല്ലാവരോടും പറഞ്ഞു. അപ്പോള്‍ പട്ടണവാസികള്‍ ആസകലം യേശുവിനെ കാണുവാന്‍ ചെന്നു. അവിടുത്തെ കണ്ടപ്പോള്‍ തങ്ങളുടെ ദേശം വിട്ടുപോകണമെന്ന് അവര്‍ അപേക്ഷിച്ചു. യേശു ഒരു വഞ്ചിയില്‍ കയറി തടാകത്തിന്‍റെ മറുകരയെത്തി സ്വന്തം പട്ടണത്തില്‍ ചെന്നു. അപ്പോള്‍ ശയ്യാവലംബിയായ ഒരു പക്ഷവാതരോഗിയെ ചിലര്‍ അവിടുത്തെ അടുക്കല്‍ കൊണ്ടുവന്നു. യേശു അവരുടെ വിശ്വാസം കണ്ടിട്ട്, “മകനേ, ധൈര്യപ്പെടുക! നിന്‍റെ പാപങ്ങള്‍ മോചിക്കപ്പെട്ടിരിക്കുന്നു” എന്ന് ആ രോഗിയോടു പറഞ്ഞു. “ഈ മനുഷ്യന്‍ പറയുന്നതു ദൈവദൂഷണമാണ്” എന്നു ചില മതപണ്ഡിതന്മാര്‍ അപ്പോള്‍ സ്വയം പറഞ്ഞു. അവരുടെ മനോഗതം മനസ്സിലാക്കിക്കൊണ്ട് യേശു ചോദിച്ചു: “നിങ്ങളുടെ ഹൃദയത്തില്‍ ദുഷ്ടവിചാരം ഉണ്ടാകുന്നത് എന്തുകൊണ്ട്? നിന്‍റെ പാപങ്ങള്‍ മോചിച്ചിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം? എന്നാല്‍ മനുഷ്യപുത്രനു ഭൂമിയില്‍ പാപങ്ങള്‍ മോചിക്കുവാന്‍ അധികാരമുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതാണ്.” പിന്നീട് അവിടുന്ന് പക്ഷവാതരോഗിയോട് “എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോകുക” എന്നു പറഞ്ഞു. [7,8] അയാള്‍ എഴുന്നേറ്റു വീട്ടിലേക്കു പോയി. ജനക്കൂട്ടം ഇതു കണ്ട് അമ്പരന്നു; മനുഷ്യര്‍ക്ക് ഇങ്ങനെയുള്ള അധികാരം നല്‌കിയിരിക്കുന്ന ദൈവത്തെ അവര്‍ വാഴ്ത്തി. *** യേശു അവിടെനിന്നു യാത്ര തുടര്‍ന്നപ്പോള്‍ മത്തായി എന്ന ചുങ്കംപിരിവുകാരന്‍ തന്‍റെ ജോലിസ്ഥലത്ത് ഇരിക്കുന്നതു കണ്ടു; യേശു അയാളോട്, “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു. അയാള്‍ എഴുന്നേറ്റ് അവിടുത്തെ പിന്നാലെ ചെന്നു. യേശു അയാളുടെ വീട്ടില്‍ ചെന്നു ഭക്ഷണം കഴിക്കാനിരുന്നു. അനേകം ചുങ്കക്കാരും മതകാര്യങ്ങളില്‍ നിഷ്ഠയില്ലാത്തവരും യേശുവിനോടും ശിഷ്യന്മാരോടുംകൂടി പന്തിയിലിരുന്നു. പരീശന്മാര്‍ ഇതു കണ്ടിട്ടു ശിഷ്യന്മാരോട്: “നിങ്ങളുടെ ഗുരു ഇങ്ങനെയുള്ളവരോടു കൂടിയിരുന്നു ഭക്ഷണം കഴിക്കുന്നത് എന്താണ്?” എന്നു ചോദിച്ചു. അതു കേട്ടപ്പോള്‍ യേശു പറഞ്ഞു: “ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെ ആവശ്യം. ‘ബലിയല്ല, സ്നേഹമാണു ഞാന്‍ ആഗ്രഹിക്കുന്നത്’ എന്നു പറയുന്നതിന്‍റെ അര്‍ഥം എന്താണെന്നു നിങ്ങള്‍ പോയി പഠിക്കുക; പുണ്യവാന്മാരെ വിളിക്കുവാനല്ല, പാപികളെ വിളിക്കുവാനാണു ഞാന്‍ വന്നിരിക്കുന്നത്.” അപ്പോള്‍ യോഹന്നാന്‍റെ ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചു ചോദിച്ചു: “ഞങ്ങളും പരീശന്മാരും ഉപവസിക്കുന്നുണ്ടല്ലോ. എന്നാല്‍ അങ്ങയുടെ ശിഷ്യന്മാര്‍ ഉപവസിക്കാത്തത് എന്തുകൊണ്ട്?” യേശു ഇങ്ങനെ മറുപടി പറഞ്ഞു: “മണവാളന്‍ കൂടെയുള്ളപ്പോള്‍ തോഴന്മാര്‍ക്ക് ഉപവസിക്കുവാന്‍ സാധിക്കുമോ? എന്നാല്‍ മണവാളന്‍ അവരില്‍നിന്നു മാറ്റപ്പെടുന്ന സമയംവരും. അപ്പോള്‍ അവര്‍ ഉപവസിക്കും. “പഴയ വസ്ത്രത്തില്‍ കോടിത്തുണിക്കഷണം ചേര്‍ത്ത് ആരും തുന്നുക പതിവില്ല. അങ്ങനെ ചെയ്താല്‍ പുതിയ തുണിക്കഷണം പഴയ വസ്ത്രത്തില്‍നിന്നു വലിഞ്ഞു, കീറല്‍ വലുതാകുകയേ ഉള്ളൂ. പുതിയ വീഞ്ഞു പഴയ തുകല്‍ക്കുടത്തില്‍ ആരെങ്കിലും പകര്‍ന്നു വയ്‍ക്കുമോ? അങ്ങനെ ചെയ്താല്‍ തുകല്‍ക്കുടം പൊട്ടി വീഞ്ഞ് ഒഴുകിപ്പോകും; തുകല്‍ക്കുടം നഷ്ടപ്പെടുകയും ചെയ്യും. പുതുവീഞ്ഞു പുതിയ തുകല്‍ക്കുടത്തിലാണു പകര്‍ന്നു വയ്‍ക്കുന്നത്; അപ്പോള്‍ രണ്ടും ഭദ്രമായിരിക്കും.” യേശു ഇങ്ങനെ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഒരു യെഹൂദപ്രമാണി വന്ന് അവിടുത്തെ നമസ്കരിച്ചുകൊണ്ടു പറഞ്ഞു: “എന്‍റെ മകള്‍ ഇതാ ഇപ്പോള്‍ മരിച്ചുപോയി. അങ്ങുവന്ന് അവളുടെമേല്‍ കൈകള്‍ വയ്‍ക്കുകയാണെങ്കില്‍ അവള്‍ വീണ്ടും ജീവന്‍ പ്രാപിക്കും.” ഉടനെ യേശു എഴുന്നേറ്റ് അയാളുടെ കൂടെ പോയി. ശിഷ്യന്മാരും അദ്ദേഹത്തെ അനുഗമിച്ചു. പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവരോഗം പിടിപെട്ടു കഷ്ടപ്പെട്ടിരുന്ന ഒരു സ്‍ത്രീ ആ സമയത്ത് യേശുവിന്‍റെ പിറകില്‍ചെന്ന് അവിടുത്തെ വസ്ത്രാഞ്ചലത്തില്‍തൊട്ടു. അവിടുത്തെ വസ്ത്രത്തില്‍ തൊടുകയെങ്കിലും ചെയ്താല്‍ തന്‍റെ രോഗം സുഖപ്പെടുമെന്ന് അവര്‍ വിചാരിച്ചു. യേശു തിരിഞ്ഞ് ആ സ്‍ത്രീയെ നോക്കിക്കൊണ്ട്, “മകളേ, ധൈര്യപ്പെടുക! നിന്‍റെ വിശ്വാസം നിനക്കു പൂര്‍ണസുഖം വരുത്തിയിരിക്കുന്നു” എന്നു പറഞ്ഞു. തല്‍ക്ഷണം ആ സ്‍ത്രീ സുഖം പ്രാപിക്കുകയും ചെയ്തു. യേശു ആ യെഹൂദപ്രമാണിയുടെ വീട്ടിലെത്തിയപ്പോള്‍ കുഴലൂതി വിലപിക്കുന്നവരെയും ബഹളംകൂട്ടുന്ന ജനത്തെയും കണ്ടു. അവിടുന്ന് അവരോട് “അവിടെനിന്നു മാറുക; ആ പെണ്‍കുട്ടി മരിച്ചിട്ടില്ല അവള്‍ ഉറങ്ങുകയാണ്” എന്നു പറഞ്ഞു. അവരാകട്ടെ അവിടുത്തെ പരിഹസിച്ചു. യേശു അവരെയെല്ലാം പുറത്താക്കിയ ശേഷം അകത്തു കടന്ന് ആ പെണ്‍കുട്ടിയുടെ കൈക്കു പിടിച്ചു. ഉടനെ അവള്‍ എഴുന്നേറ്റു. ഈ സംഭവത്തെക്കുറിച്ചുള്ള വാര്‍ത്ത ആ നാട്ടിലെല്ലാം പരന്നു. യേശു അവിടെനിന്നു പോകുമ്പോള്‍ അന്ധരായ രണ്ടുപേര്‍ യേശുവിന്‍റെ പിന്നാലെ ചെന്ന്, “ദാവീദിന്‍റെ പുത്രാ! ഞങ്ങളില്‍ കനിവുണ്ടാകണമേ!” എന്ന് ഉച്ചത്തില്‍ നിലവിളിച്ചു. യേശു വീട്ടില്‍ പ്രവേശിച്ചപ്പോള്‍ ആ അന്ധന്മാര്‍ അവിടുത്തെ അടുത്തുചെന്നു. യേശു അവരോട്, “നിങ്ങള്‍ക്കു സൗഖ്യം നല്‌കുവാന്‍ എനിക്കു കഴിയുമെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ?” എന്നു ചോദിച്ചു. “ഉവ്വ്, പ്രഭോ!” എന്ന് അവര്‍ പറഞ്ഞു. യേശു അവരുടെ കണ്ണുകളില്‍ തൊട്ടു; “നിങ്ങളുടെ വിശ്വാസംപോലെ ഭവിക്കട്ടെ” എന്ന് അവിടുന്ന് കല്പിച്ചു. അപ്പോള്‍ അവര്‍ കാഴ്ച പ്രാപിച്ചു. യേശു അവരോട് “നോക്കൂ, ഇക്കാര്യം ആരും അറിയരുത്” എന്ന് നിഷ്കര്‍ഷാപൂര്‍വം ആജ്ഞാപിച്ചു. അവരാകട്ടെ, ആ നാട്ടിലെല്ലാം യേശുവിന്‍റെ കീര്‍ത്തി പരത്തി. അവര്‍ അവിടെനിന്നു പോകുമ്പോള്‍ പിശാചുബാധമൂലം ഊമനായിത്തീര്‍ന്ന ഒരു മനുഷ്യനെ ചിലര്‍ യേശുവിന്‍റെ അടുത്തു കൊണ്ടുവന്നു. ഭൂതത്തെ ഇറക്കിയപ്പോള്‍ ആ മൂകന്‍ സംസാരിച്ചു തുടങ്ങി. എല്ലാവരും ആശ്ചര്യപരതന്ത്രരായി. “ഇസ്രായേലില്‍ ഇതുപോലെ ഒരിക്കലും കണ്ടിട്ടില്ലല്ലോ!” എന്നവര്‍ പറഞ്ഞു. പരീശന്മാരാകട്ടെ, “ഭൂതങ്ങളുടെ തലവനെക്കൊണ്ടാണ് യേശു അവയെ പുറത്താക്കുന്നത്” എന്നു പറഞ്ഞു. യേശു എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ച് സുനഗോഗുകളില്‍ ഉപദേശിക്കുകയും സ്വര്‍ഗരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുകയും എല്ലാ രോഗങ്ങളും അസ്വാസ്ഥ്യങ്ങളും സുഖപ്പെടുത്തുകയും ചെയ്തുപോന്നു. ഇടയനില്ലാത്ത ആടുകളെപ്പോലെ ആകുലചിത്തരും ആലംബഹീനരുമായി ജനങ്ങളെ കണ്ടപ്പോള്‍ അവിടുത്തെ മനസ്സലിഞ്ഞു. അവിടുന്നു ശിഷ്യന്മാരോട്, “വിളവു സമൃദ്ധം; പക്ഷേ, വേലക്കാര്‍ ചുരുക്കം; അതുകൊണ്ടു കൊയ്ത്തിന്‍റെ അധികാരിയോട് കൊയ്ത്തിന് ആളുകളെ അയയ്‍ക്കാന്‍ അപേക്ഷിക്കുക” എന്ന് കല്പിച്ചു. യേശു തന്‍റെ പന്ത്രണ്ടു ശിഷ്യന്മാരെ അടുക്കല്‍ വിളിച്ച് എല്ലാ അശുദ്ധാത്മാക്കളെയും പുറത്താക്കുന്നതിനും എല്ലാ രോഗങ്ങളും അസ്വാസ്ഥ്യങ്ങളും സുഖപ്പെടുത്തുന്നതിനും അവര്‍ക്ക് അധികാരം നല്‌കി. പന്ത്രണ്ട് അപ്പോസ്തോലന്മാരുടെ പേരുകള്‍ ഇവയാണ്: ഒന്നാമന്‍ പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമോന്‍, ശിമോന്‍റെ സഹോദരന്‍ അന്ത്രയാസ്, സെബദിയുടെ പുത്രന്‍ യാക്കോബ്, യാക്കോബിന്‍റെ സഹോദരന്‍ യോഹന്നാന്‍, ഫീലിപ്പോസ്, ബര്‍തൊലൊമായി, തോമസ്, ചുങ്കക്കാരന്‍ മത്തായി, അല്ഫായിയുടെ പുത്രന്‍ യാക്കോബ്, തദ്ദായി, തീവ്രവാദിയായ ശിമോന്‍, യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് ഈസ്കരിയോത്ത്. ഈ പന്ത്രണ്ടുപേരെയും താഴെപ്പറയുന്ന അനുശാസനങ്ങളോടുകൂടി യേശു അയച്ചു: “നിങ്ങള്‍ വിജാതീയരുടെ ഏതെങ്കിലും പ്രദേശത്തോ ശമര്യരുടെ പട്ടണങ്ങളിലോ പോകരുത്. പ്രത്യുത ഇസ്രായേല്‍ഗൃഹത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുക്കലേക്കു പോകുക. നിങ്ങള്‍ പോകുമ്പോള്‍ സ്വര്‍ഗരാജ്യം സമാഗതമായിരിക്കുന്നു എന്ന് അവരോടു പ്രസംഗിക്കുക. രോഗികളെ സുഖപ്പെടുത്തുക, മരിച്ചവരെ ഉയിര്‍പ്പിക്കുക, കുഷ്ഠരോഗികളെ ശുദ്ധരാക്കുക, ഭൂതങ്ങളെ പുറത്താക്കുക. സൗജന്യമായി നിങ്ങള്‍ക്കു ലഭിച്ചു; സൗജന്യമായി കൊടുക്കുക. നിങ്ങള്‍ സ്വര്‍ണനാണയമോ, വെള്ളിനാണയമോ, ചെമ്പുനാണയമോ കൊണ്ടുപോകരുത്. യാത്രയ്‍ക്കുള്ള ഭാണ്ഡമോ, രണ്ട് ഉടുപ്പോ, ചെരുപ്പോ, വടിയോ നിങ്ങള്‍ക്ക് ആവശ്യമില്ല; വേലക്കാരന്‍ തന്‍റെ ആഹാരത്തിന് അര്‍ഹനാണല്ലോ. “നിങ്ങള്‍ ഏതെങ്കിലും ഒരു പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോള്‍ നിങ്ങളെ സ്വീകരിക്കുവാന്‍ സന്മനസ്സുള്ളവരെ കണ്ടുപിടിച്ച് നിങ്ങള്‍ പോകുന്നതുവരെ അവരുടെകൂടെ പാര്‍ക്കുക. നിങ്ങള്‍ ഒരു ഭവനത്തില്‍ ചെല്ലുമ്പോള്‍ ആ ഭവനത്തിലുള്ളവര്‍ക്ക് സമാധാനം ആശംസിക്കുക. ആ ഭവനത്തിന് അര്‍ഹതയുണ്ടെങ്കില്‍ നിങ്ങള്‍ ആശംസിച്ച സമാധാനം അതിനുണ്ടാകട്ടെ. അതിന് അര്‍ഹതയില്ലെങ്കില്‍ ആ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ. ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ സന്ദേശം ശ്രദ്ധിക്കാതെയോ ഇരുന്നാല്‍ ആ ഭവനമോ നഗരമോ വിട്ടുപോകുമ്പോള്‍ നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുക. ന്യായവിധിദിവസം ആ പട്ടണത്തിന്‍റെ സ്ഥിതിയെക്കാള്‍ സോദോം ഗോമോരാ പ്രദേശത്തിന്‍റെ അവസ്ഥ സഹിക്കാവുന്നതായിരിക്കും എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. “ആടുകളെ ചെന്നായ്‍ക്കളുടെ ഇടയിലേക്ക് എന്നവിധം ഇതാ, ഞാന്‍ നിങ്ങളെ അയയ്‍ക്കുന്നു. അതുകൊണ്ട് സര്‍പ്പത്തെപ്പോലെ വിവേകമുള്ളവരും പ്രാവിനെപ്പോലെ നിഷ്കളങ്കരുമായിരിക്കണം. ജാഗ്രതയുള്ളവരായിരിക്കുക; മനുഷ്യര്‍ നിങ്ങളെ ന്യായാധിപസംഘത്തിന് ഏല്പിച്ചുകൊടുക്കും; സുനഗോഗുകളില്‍വച്ച് ചാട്ടവാറുകൊണ്ടു നിങ്ങളെ അടിക്കും; ഞാന്‍ നിമിത്തം ഗവര്‍ണര്‍മാരുടെയും രാജാക്കന്മാരുടെയും അടുക്കലേക്കു നിങ്ങളെ വലിച്ചിഴച്ചുകൊണ്ടു പോകുകയും ചെയ്യും. അങ്ങനെ നിങ്ങള്‍ അവരുടെയും വിജാതീയരുടെയും മുമ്പില്‍ സാക്ഷ്യം വഹിക്കും. അവര്‍ നിങ്ങളെ ഏല്പിച്ചുകൊടുക്കുമ്പോള്‍ എന്തു പറയണമെന്നോ എങ്ങനെ പറയണമെന്നോ ഓര്‍ത്തു വ്യാകുലപ്പെടേണ്ടാ. പറയാനുള്ളതു തത്സമയം നിങ്ങള്‍ക്കു ലഭിക്കും. എന്തെന്നാല്‍ സംസാരിക്കുന്നതു നിങ്ങളായിരിക്കുകയില്ല; നിങ്ങളില്‍കൂടി നിങ്ങളുടെ പിതാവിന്‍റെ ആത്മാവായിരിക്കും സംസാരിക്കുക. “സഹോദരന്‍ സഹോദരനെയും പിതാവ് പുത്രനെയും ഏല്പിച്ചു കൊടുക്കും; മക്കള്‍ മാതാപിതാക്കളോട് എതിര്‍ക്കുകയും അവരെ കൊല്ലിക്കുകയും ചെയ്യും. എന്‍റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ വെറുക്കും; അവസാനത്തോളം സഹിച്ചു നില്‌ക്കുന്നവന്‍ രക്ഷപെടും. ഒരു പട്ടണത്തില്‍ അവര്‍ നിങ്ങളെ പീഡിപ്പിക്കുമ്പോള്‍ മറ്റൊന്നിലേക്ക് ഓടിപ്പൊയ്‍ക്കൊള്ളുക. മനുഷ്യപുത്രന്‍ വരുന്നതിനുമുമ്പ് നിങ്ങളുടെ പ്രവര്‍ത്തനം ഇസ്രായേലിലെ എല്ലാ പട്ടണങ്ങളിലും പൂര്‍ത്തിയാവുകയില്ല എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു. “ശിഷ്യന്‍ ഗുരുവിനെക്കാള്‍ വലിയവനല്ല, ദാസന്‍ യജമാനനെക്കാള്‍ വലിയവനുമല്ല. ശിഷ്യന്‍ ഗുരുവിനെപ്പോലെയും ദാസന്‍ യജമാനനെപ്പോലെയും ആയാല്‍ മതി. ഗൃഹനാഥനെ അവര്‍ ബേല്‍സെബൂല്‍ എന്നു വിളിച്ചെങ്കില്‍ ഗൃഹത്തിലെ മറ്റംഗങ്ങളെ എന്തുതന്നെ വിളിക്കുകയില്ല! “അതുകൊണ്ടു നിങ്ങള്‍ മനുഷ്യരെ ഭയപ്പെടേണ്ടാ. വെളിച്ചത്തു കൊണ്ടുവരപ്പെടാതെ മൂടിവയ്‍ക്കുകയോ അറിയപ്പെടാതെ ഗൂഢമായിരിക്കുകയോ ചെയ്യുന്നതൊന്നുമില്ല. ഞാന്‍ നിങ്ങളോട് ഇരുട്ടില്‍ സംസാരിക്കുന്നത് നിങ്ങള്‍ വെളിച്ചത്തു പ്രസ്താവിക്കുക. നിങ്ങളുടെ ചെവിയില്‍ മന്ത്രിക്കുന്നതു നിങ്ങള്‍ പുരമുകളില്‍നിന്ന് ഉച്ചൈസ്തരം ഘോഷിക്കുക. ശരീരത്തെ നശിപ്പിക്കുന്നവരെ ഭയപ്പെടേണ്ടാ: ആത്മാവിനെ നശിപ്പിക്കുവാന്‍ അവര്‍ക്കു കഴിയുകയില്ലല്ലോ. എന്നാല്‍ ആത്മാവിനെയും ശരീരത്തെയും നരകത്തിലിട്ടു നശിപ്പിക്കുവാന്‍ കഴിയുന്നവനെയാണു ഭയപ്പെടേണ്ടത്. ഒരു പൈസയ്‍ക്കു രണ്ടു കുരുവികളെ വില്‌ക്കുന്നില്ലേ? അവയിലൊന്നുപോലും നിങ്ങളുടെ പിതാവ് അറിയാതെ നിലത്തു വീഴുന്നില്ല. “നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും ദൈവത്തിന്‍റെ കണക്കിലുള്‍പ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഭയപ്പെടേണ്ടാ. അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണല്ലോ നിങ്ങള്‍.” “മനുഷ്യരുടെ മുമ്പില്‍ എന്നെ അംഗീകരിച്ചു പ്രഖ്യാപനം ചെയ്യുന്ന ഏതൊരുവനെയും സ്വര്‍ഗസ്ഥനായ എന്‍റെ പിതാവിന്‍റെ മുമ്പില്‍ ഞാനും അംഗീകരിക്കും. എന്നാല്‍ മനുഷ്യരുടെ മുമ്പില്‍ എന്നെ നിഷേധിക്കുന്നവനെ സ്വര്‍ഗസ്ഥനായ എന്‍റെ പിതാവിന്‍റെ മുമ്പില്‍ ഞാനും നിഷേധിക്കും. “ഭൂമിയില്‍ സമാധാനം വരുത്തുവാന്‍ ഞാന്‍ വന്നു എന്നു നിങ്ങള്‍ കരുതേണ്ടാ; സമാധാനമല്ല, വാളത്രേ ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്. ഒരുവനെ അവന്‍റെ പിതാവിനെതിരെയും മകളെ അമ്മയ്‍ക്കെതിരെയും മരുമകളെ അമ്മായിയമ്മയ്‍ക്കെതിരെയും ഭിന്നിപ്പിക്കുവാനത്രേ ഞാന്‍ വന്നിരിക്കുന്നത്. അങ്ങനെ സ്വന്തം വീട്ടിലുള്ളവര്‍ തന്നെ ഒരുവനു ശത്രുക്കളായിത്തീരും. “എന്നെക്കാള്‍ അധികം തന്‍റെ മകനെയോ മകളെയോ സ്നേഹിക്കുന്നവനും എന്‍റെ ശിഷ്യനായിരിക്കുവാന്‍ യോഗ്യനല്ല. തന്‍റെ ക്രൂശെടുത്ത് എന്നെ അനുഗമിക്കാത്തവനും എന്‍റെ ശിഷ്യനാകാന്‍ യോഗ്യനല്ല. സ്വന്തം ജീവനെ സുരക്ഷിതമാക്കുവാന്‍ ശ്രമിക്കുന്നവന്‍ അതിനെ നഷ്ടപ്പെടുത്തും. എന്നാല്‍ എനിക്കുവേണ്ടി തന്‍റെ ജീവനെ നഷ്ടപ്പെടുത്തുന്നവന്‍ അതു നേടും. “നിങ്ങളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു. പ്രവാചകനെന്നു കരുതി ഒരു പ്രവാചകനെ സ്വീകരിക്കുന്നവനു പ്രവാചകന്‍റെ പ്രതിഫലം ലഭിക്കും. നീതിമാനെന്നു കരുതി ഒരു നീതിമാനെ സ്വീകരിക്കുന്നവനു നീതിമാന്‍റെ പ്രതിഫലം ലഭിക്കും. ഞാന്‍ നിങ്ങളോടു പറയുന്നു: ശിഷ്യനെന്നു കരുതി ഈ എളിയവരില്‍ ഒരുവന് ഒരു പാത്രം ശുദ്ധജലമെങ്കിലും കൊടുക്കുന്നവന്‍ ആരായാലും അയാള്‍ക്കു പ്രതിഫലം നിശ്ചയമായും ലഭിക്കും.” യേശു തന്‍റെ പന്ത്രണ്ടു ശിഷ്യന്മാര്‍ക്ക് ഈ പ്രബോധനങ്ങള്‍ നല്‌കിയശേഷം അടുത്തുള്ള പട്ടണങ്ങളില്‍ ഉപദേശിക്കുവാനും പ്രസംഗിക്കുവാനും അവിടെനിന്നു പോയി. [2,3] കാരാഗൃഹത്തില്‍ അടയ്‍ക്കപ്പെട്ടിരുന്ന യോഹന്നാന്‍ ക്രിസ്തുവിന്‍റെ പ്രവൃത്തികളെപ്പറ്റി കേട്ടു; അദ്ദേഹം തന്‍റെ ശിഷ്യന്മാരെ ക്രിസ്തുവിന്‍റെ അടുക്കല്‍ അയച്ച് “വരുവാനുള്ളവന്‍ അങ്ങുതന്നെയോ അതോ ഞങ്ങള്‍ മറ്റൊരുവനെ കാത്തിരിക്കണമോ?” എന്നു ചോദിപ്പിച്ചു. *** യേശു ഇങ്ങനെ മറുപടി പറഞ്ഞു: “നിങ്ങള്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന കാര്യങ്ങള്‍ യോഹന്നാനെ ചെന്ന് അറിയിക്കുക: അന്ധന്മാര്‍ കാഴ്ചപ്രാപിക്കുന്നു; മുടന്തന്മാര്‍ നടക്കുന്നു; കുഷ്ഠരോഗികള്‍ സൗഖ്യം പ്രാപിച്ചു ശുദ്ധരാകുന്നു; ബധിരര്‍ക്കു കേള്‍വി ലഭിക്കുന്നു; മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു; എളിയവരെ സദ്‍വാര്‍ത്ത അറിയിക്കുന്നു; എന്നിലുള്ള വിശ്വാസത്തില്‍നിന്ന് ഇടറി വീഴാത്തവന്‍ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.” അവര്‍ മടങ്ങിപ്പോകുമ്പോള്‍ യേശു യോഹന്നാനെക്കുറിച്ചു ജനങ്ങളോടു പറഞ്ഞു: “എന്തിനാണു നിങ്ങള്‍ മരുഭൂമിയിലേക്കു പോയത്? കാറ്റില്‍ ഉലയുന്ന ഞാങ്ങണ കാണാനോ? അല്ലെങ്കില്‍ പിന്നെ നിങ്ങള്‍ എന്തു കാണാന്‍ പോയി? മൃദുലവസ്ത്രം ധരിച്ച മനുഷ്യനെയോ? മൃദുലവസ്ത്രം ധരിക്കുന്നവര്‍ രാജകൊട്ടാരങ്ങളിലാണല്ലോ ഉള്ളത്. അല്ലെങ്കില്‍ പിന്നെ നിങ്ങളെന്തു കാണാന്‍ പോയി? ഒരു പ്രവാചകനെയോ? അതേ ഞാന്‍ നിങ്ങളോടു പറയുന്നു: പ്രവാചകനിലും ശ്രേഷ്ഠനായ ഒരുവനെത്തന്നെ. ‘ഇതാ നിനക്കു മുമ്പായി എന്‍റെ ദൂതനെ ഞാനയയ്‍ക്കുന്നു; അവന്‍ മുമ്പേ പോയി നിനക്കു വഴിയൊരുക്കും’ എന്ന് എഴുതപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തെക്കുറിച്ചാണ്. ഞാന്‍ നിങ്ങളോടു പറയുന്നു: സ്‍ത്രീകളില്‍നിന്നു ജനിച്ചവരില്‍ യോഹന്നാന്‍സ്നാപകനെക്കാള്‍ ശ്രേഷ്ഠനായി ആരും ഉണ്ടായിട്ടില്ല സത്യം. എങ്കിലും സ്വര്‍ഗരാജ്യത്തിലുള്ള ഏറ്റവും ചെറിയവന്‍പോലും അദ്ദേഹത്തെക്കാള്‍ വലിയവനാണ്. സ്നാപകയോഹന്നാന്‍റെ പ്രസംഗകാലം മുതല്‍ ഇന്നോളം സ്വര്‍ഗരാജ്യം ബലപ്രയോഗത്തിനു വിധേയമായിരുന്നു; അങ്ങനെ അക്രമികള്‍ അതിനെ കൈയടക്കുവാന്‍ ഉദ്യമിക്കുന്നു. എല്ലാ പ്രവാചകന്മാരും ധര്‍മശാസ്ത്രവും യോഹന്നാന്‍റെ കാലം വരെ സ്വര്‍ഗരാജ്യത്തെപ്പറ്റി പ്രവചിച്ചിരുന്നു. നിങ്ങള്‍ക്കു മനസ്സുണ്ടെങ്കില്‍ സ്വീകരിക്കുക; വരുവാനുള്ള ഏലിയാ അദ്ദേഹമാണ്. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. “ഈ തലമുറയെ ഞാന്‍ ഏതിനോടു തുലനം ചെയ്യും? ചന്തസ്ഥലങ്ങളിലിരുന്നുകൊണ്ടു തങ്ങളുടെ കളിത്തോഴരോട് ‘ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കുഴലൂതി, നിങ്ങളാകട്ടെ നൃത്തം ചെയ്തില്ല; ഞങ്ങള്‍ വിലാപഗാനം പാടി, നിങ്ങള്‍ മാറത്തടിച്ചു കരഞ്ഞില്ല’ എന്നു പറയുന്ന കുട്ടികളോട് അവര്‍ തുല്യരത്രേ. ഭക്ഷണപാനീയകാര്യങ്ങളില്‍ വ്രതനിഷ്ഠയുള്ളവനായി യോഹന്നാന്‍ വന്നു. ‘അദ്ദേഹത്തില്‍ ഒരു ഭൂതമുണ്ട്’ എന്ന് അവര്‍ പറയുന്നു. ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നവനായി മനുഷ്യപുത്രന്‍ വന്നു. ‘ഇതാ ഭോജനപ്രിയനും മദ്യപനും ചുങ്കക്കാരുടെയും അധര്‍മികളുടെയും സ്നേഹിതനും ആയ ഒരു മനുഷ്യന്‍! എന്ന് അവര്‍ പറയുന്നു. ജ്ഞാനമാകട്ടെ പ്രവൃത്തികളാല്‍ സാധൂകരിക്കപ്പെടുന്നു.” പിന്നീട്, തന്‍റെ മിക്ക അദ്ഭുതപ്രവൃത്തികള്‍ക്കും സാക്ഷ്യം വഹിച്ച നഗരങ്ങള്‍ അനുതപിച്ചു ദൈവത്തിങ്കലേക്ക് തിരിയാഞ്ഞതിനാല്‍ യേശു അവയെ ശാസിച്ചു: “കോരസീനേ, നിനക്ക് ഹാ കഷ്ടം! ബെത്‍സെയ്ദയേ, നിനക്കു ഹാ കഷ്ടം! നിങ്ങളില്‍ നടന്ന അദ്ഭുതപ്രവൃത്തികള്‍ സോരിലും സീദോനിലും നടന്നിരുന്നു എങ്കില്‍ അവ എത്രയോ മുമ്പ് അനുതാപസൂചകമായി ചാക്കുടുത്തും ചാരം പൂശിയും അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിയുമായിരുന്നു! എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: ന്യായവിധി ദിവസത്തില്‍ സോരിന്‍റെയും സീദോന്‍റെയും അവസ്ഥ നിങ്ങളുടേതിനെക്കാള്‍ സഹിക്കാവുന്നതായിരിക്കും. കഫര്‍ന്നഹൂമേ! നീ സ്വര്‍ഗത്തോളം ഉയര്‍ത്തപ്പെടുമെന്നോ? നീ അധോലോകത്തോളം താഴ്ത്തപ്പെടും. എന്തെന്നാല്‍ നിന്നില്‍ നടന്ന അദ്ഭുതപ്രവൃത്തികള്‍ സോദോമില്‍ നടന്നിരുന്നെങ്കില്‍ അത് ഇന്നും നിലനില്‌ക്കുമായിരുന്നു. എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: ന്യായവിധി ദിവസത്തില്‍ സോദോമിന്‍റെ സ്ഥിതി നിന്‍റേതിലും സഹിക്കാവുന്നതായിരിക്കും!” തുടര്‍ന്ന് യേശു ഇങ്ങനെ പ്രസ്താവിച്ചു. “സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും അധിനാഥനായ പിതാവേ, ഈ സംഗതികള്‍ വിജ്ഞന്മാരില്‍നിന്നും വിവേകമതികളില്‍നിന്നും മറച്ചുവയ്‍ക്കുകയും ശിശുക്കള്‍ക്കു വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരിക്കുന്നതുകൊണ്ടു ഞാന്‍ അങ്ങയെ വാഴ്ത്തുന്നു. അതേ പിതാവേ, അതുതന്നെയായിരുന്നല്ലോ തിരുവിഷ്ടം. “എന്‍റെ പിതാവു സമസ്തവും എന്നെ ഏല്പിച്ചിരിക്കുന്നു. പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കുവാന്‍ ഇച്ഛിക്കുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല. “അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ എല്ലാവരും എന്‍റെ അടുക്കല്‍ വരിക; ഞാന്‍ നിങ്ങളെ സമാശ്വസിപ്പിക്കും. ഞാന്‍ സൗമ്യനും വിനീതഹൃദയനുമാകയാല്‍ നിങ്ങള്‍ എന്‍റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ക്കു സ്വസ്ഥത ലഭിക്കും. ഞാന്‍ നല്‌കുന്ന നുകം ക്ലേശരഹിതവും ഞാന്‍ ഏല്പിക്കുന്ന ഭാരം ലഘുവും ആകുന്നു.” അക്കാലത്ത് ഒരു ശബത്തുദിവസം യേശു ഒരു വിളഭൂമിയിലൂടെ കടന്നുപോകുകയായിരുന്നു. അപ്പോള്‍ അവിടുത്തെ ശിഷ്യന്മാര്‍ക്കു വിശന്നു. അവര്‍ കതിര്‍ പറിച്ചെടുത്തു തിന്നുതുടങ്ങി. ഇതു കണ്ടിട്ടു പരീശന്മാര്‍ യേശുവിനോടു പറഞ്ഞു: “നോക്കൂ, അങ്ങയുടെ ശിഷ്യന്മാര്‍ ശബത്തില്‍ ചെയ്തുകൂടാത്തതു ചെയ്യുന്നു.” അവിടുന്ന് അവരോട് ഇങ്ങനെ പറഞ്ഞു: “ദാവീദും സഹചരന്മാരും വിശന്നപ്പോള്‍ ചെയ്തത് എന്താണെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ? ദാവീദ് ദേവാലയത്തില്‍ പ്രവേശിച്ചു കാഴ്ചയപ്പം എടുത്തു ഭക്ഷിച്ചത് എങ്ങനെ? നിയമപ്രകാരം പുരോഹിതന്മാര്‍ക്കല്ലാതെ അദ്ദേഹത്തിനോ കൂടെയുള്ളവര്‍ക്കോ ഭക്ഷിക്കുവാന്‍ പാടില്ലാത്തതായിരുന്നല്ലോ അത്. മാത്രമല്ല ശബത്തു ദിവസങ്ങളില്‍ ദേവാലയത്തില്‍വച്ചു പുരോഹിതന്മാര്‍ ശബത്തു ലംഘിക്കുന്നു എങ്കിലും അവര്‍ കുറ്റക്കാരല്ലെന്നു ധര്‍മശാസ്ത്രത്തില്‍ പറയുന്നത് നിങ്ങള്‍ വായിച്ചിട്ടില്ലേ? ഞാന്‍ നിങ്ങളോട് പറയുന്നു: ദേവാലയത്തെക്കാള്‍ വലിയവന്‍ ഇവിടെയുണ്ട്; യാഗമല്ല കാരുണ്യമാണു ഞാന്‍ ആഗ്രഹിക്കുന്നത് എന്ന തിരുവെഴുത്തിന്‍റെ അര്‍ഥം നിങ്ങള്‍ ഗ്രഹിച്ചിരുന്നെങ്കില്‍ നിര്‍ദോഷികളെ കുറ്റവാളികളെന്നു നിങ്ങള്‍ വിധിക്കുകയില്ലായിരുന്നു. എന്നാല്‍ മനുഷ്യപുത്രന്‍ ശബത്തിന്‍റെയും കര്‍ത്താവാണ്.” അനന്തരം യേശു അവിടെനിന്നു പുറപ്പെട്ട് അവരുടെ സുനഗോഗിലെത്തി. അവിടെ കൈ ശോഷിച്ച ഒരു മനുഷ്യനുണ്ടായിരുന്നു. യേശുവില്‍ കുറ്റമാരോപിക്കുന്നതിനുവേണ്ടി “ശബത്തില്‍ രോഗം സുഖപ്പെടുത്തുന്നതു നിയമാനുസൃതമാണോ?” എന്ന് അവര്‍ ചോദിച്ചു. യേശു പ്രതിവചിച്ചു: “ശബത്തുദിവസം നിങ്ങളില്‍ ആരുടെയെങ്കിലും ഒരു ആട് കുഴിയില്‍ വീണു എന്നിരിക്കട്ടെ; നിങ്ങള്‍ അതിനെ കരയ്‍ക്കു കയറ്റാതിരിക്കുമോ? മനുഷ്യന്‍ ആടിനെക്കാള്‍ എത്രയോ വിലയുള്ളവനാണ്! അതുകൊണ്ട് ശബത്തുദിവസം നന്മ ചെയ്യുന്നതു നിയമാനുസൃതമാണ്. പിന്നീട് യേശു ആ മനുഷ്യനോടു “കൈ നീട്ടുക” എന്നു പറഞ്ഞു. അയാള്‍ കൈ നീട്ടി. ഉടനെ അതു സുഖപ്പെട്ട് മറ്റേ കൈ പോലെ ആയി. പരീശന്മാരാകട്ടെ പുറത്തുപോയി എങ്ങനെ യേശുവിനെ നശിപ്പിക്കാമെന്നു ഗൂഢാലോചന നടത്തി. യേശു ഇതറിഞ്ഞ് അവിടം വിട്ടുപോയി. ധാരാളം ആളുകള്‍ അവിടുത്തെ അനുഗമിച്ചു. അവിടുന്ന് എല്ലാവരെയും സുഖപ്പെടുത്തി. തന്നെക്കുറിച്ച് ഒന്നും പരസ്യപ്പെടുത്തരുതെന്ന് അവിടുന്ന് അവരോട് ആജ്ഞാപിച്ചു. അങ്ങനെ യെശയ്യാ മുഖാന്തരം അരുളിച്ചെയ്തത് പൂര്‍ത്തിയായി. അദ്ദേഹം പ്രവചിച്ചത് ഇങ്ങനെയാണ്: “ഇതാ ഞാന്‍ തിരഞ്ഞെടുത്ത എന്‍റെ ദാസന്‍, എന്‍റെ അന്തരംഗം പ്രസാദിച്ച എന്‍റെ പ്രിയങ്കരന്‍. എന്‍റെ ആത്മാവിനെ ഞാന്‍ അവന്‍റെമേല്‍ ആവസിപ്പിക്കും; എന്‍റെ ന്യായവിധി അവന്‍ സര്‍വജനതകളോടും പ്രഖ്യാപനം ചെയ്യും. അവന്‍ വാദകോലാഹലത്തിലേര്‍പ്പെടുകയില്ല; തെരുവീഥികളില്‍ ആരും അവന്‍റെ ശബ്ദം കേള്‍ക്കുകയുമില്ല. നീതിനിര്‍വഹണം വിജയത്തിലെത്തിക്കുന്നതുവരെ ചതഞ്ഞ ഓടക്കമ്പ് അവന്‍ ഒടിക്കുകയില്ല; മങ്ങിക്കത്തുന്ന തിരി കെടുത്തുകയുമില്ല. അവന്‍റെ നാമത്തിലായിരിക്കും സകല ജനതകളുടെയും പ്രത്യാശ.” അനന്തരം അന്ധനും മൂകനുമായ ഒരു ഭൂതാവിഷ്ടനെ യേശുവിന്‍റെ അടുക്കല്‍ ചിലര്‍ കൊണ്ടുവന്നു. യേശു അയാളെ സുഖപ്പെടുത്തി; അയാള്‍ സംസാരിക്കുകയും കാണുകയും ചെയ്തു. ജനസമൂഹം വിസ്മയഭരിതരായി, “ഇദ്ദേഹമായിരിക്കുമോ ദാവീദിന്‍റെ പുത്രന്‍?” എന്നു പറഞ്ഞു. പരീശന്മാര്‍ ഇതു കേട്ടപ്പോള്‍ “ഭൂതങ്ങളുടെ തലവനായ ബേല്‍സെബൂലിനെക്കൊണ്ട് മാത്രമാണ് ഈ മനുഷ്യന്‍ ഭൂതങ്ങളെ പുറത്താക്കുന്നത്” എന്നു പറഞ്ഞു. യേശു അവരുടെ അന്തര്‍ഗതം മനസ്സിലാക്കിക്കൊണ്ട് അവരോട് ഇങ്ങനെ പറഞ്ഞു: അന്തഃഛിദ്രമുള്ള ഏതു രാജ്യവും ശൂന്യമാകും. അന്തഃഛിദ്രമുണ്ടായാല്‍ ഒരു നഗരമോ ഭവനമോ നിലനില്‌ക്കുകയില്ല. സാത്താന്‍ സാത്താനെ ഉച്ചാടനം ചെയ്യുകയാണെങ്കില്‍ അവന്‍ സ്വയം ഭിന്നിച്ചു നശിക്കും. അപ്പോള്‍ അവന്‍റെ രാജ്യം എങ്ങനെ നിലനില്‌ക്കും? ഞാന്‍ ബേല്‍സെബൂലിനെക്കൊണ്ടാണു ഭൂതങ്ങളെ ഒഴിച്ചുവിടുന്നതെങ്കില്‍ നിങ്ങളുടെ അനുയായികള്‍ ആരെക്കൊണ്ടാണ് അവയെ ഉച്ചാടനം ചെയ്യുന്നത്? അതുകൊണ്ടു നിങ്ങള്‍ പറയുന്നതു തെറ്റാണെന്നു നിങ്ങളുടെ അനുയായികള്‍ തന്നെ വിധിക്കുന്നു. എന്നാല്‍ ബേല്‍സെബൂലല്ല ദൈവത്തിന്‍റെ ആത്മാവാണു ഭൂതങ്ങളെ പുറത്താക്കുവാന്‍ എനിക്കു ശക്തി നല്‌കുന്നത്; ദൈവരാജ്യം നിങ്ങളുടെ മധ്യേ വന്നു കഴിഞ്ഞിരിക്കുന്നു എന്ന് അതു തെളിയിക്കുകയും ചെയ്യുന്നു. “ഒരു ബലശാലിയെ പിടിച്ചു കെട്ടിയിട്ടല്ലാതെ അയാളുടെ വീട്ടില്‍ പ്രവേശിച്ച് അതിലുള്ള വകകള്‍ കൊള്ള ചെയ്യുന്നത് എങ്ങനെയാണ്? “എന്‍റെ പക്ഷത്തു നില്‌ക്കാത്തവന്‍ എനിക്കെതിരാണ്. ശേഖരിക്കുന്നതില്‍ എന്നെ സഹായിക്കാത്തവന്‍ ചിതറിക്കുകയാണു ചെയ്യുന്നത്. അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യന്‍റെ ഏതു പാപവും ദൈവദൂഷണവും ക്ഷമിക്കപ്പെടും; എന്നാല്‍ പരിശുദ്ധാത്മാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കപ്പെടുകയില്ല. മനുഷ്യപുത്രനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ക്ഷമിക്കപ്പെടും. പക്ഷേ, പരിശുദ്ധാത്മാവിന് എതിരെ എന്തെങ്കിലും പറഞ്ഞാല്‍ ഈ യുഗത്തിലോ വരുവാനുള്ള യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല. “വൃക്ഷം നല്ലതെങ്കില്‍ നല്ല ഫലം ലഭിക്കുന്നു; വൃക്ഷം ചീത്തയാണെങ്കില്‍ ഫലവും ചീത്തയായിരിക്കും. ഫലം കൊണ്ടാണല്ലോ വൃക്ഷത്തെ അറിയുന്നത്. സര്‍പ്പസന്തതികളേ! നിങ്ങള്‍ ദുഷ്ടരായിരിക്കെ നല്ലതു സംസാരിക്കുവാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും? ഹൃദയത്തില്‍ നിറഞ്ഞു കവിയുന്നതാണല്ലോ വാക്കുകളായി പുറത്തുവരുന്നത്. സജ്ജനങ്ങള്‍ തങ്ങളുടെ നന്മയുടെ നിക്ഷേപത്തില്‍നിന്ന് ഉത്തമമായവ പുറപ്പെടുവിക്കുന്നു. ദുര്‍ജനങ്ങള്‍ തങ്ങളുടെ ദുഷ്ടതയുടെ നിക്ഷേപത്തില്‍നിന്ന് അധമമായവ പുറപ്പെടുവിക്കുന്നു. “മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും ന്യായവിധിനാളില്‍ സമാധാനം പറയേണ്ടതായി വരുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങളുടെ വാക്കുകള്‍ കൊണ്ടാണു നിങ്ങള്‍ക്കു കുറ്റമില്ലെന്നു സ്ഥാപിക്കുകയോ നിങ്ങള്‍ കുറ്റക്കാരെന്നു വിധിക്കപ്പെടുകയോ ചെയ്യുന്നത്.” അപ്പോള്‍ ചില മതപണ്ഡിതന്മാരും പരീശന്മാരും യേശുവിനോട്, “ഗുരോ, അങ്ങ് ഒരടയാളം കാണിച്ചാല്‍ കൊള്ളാം” എന്നു പറഞ്ഞു. യേശു പ്രതിവചിച്ചു: “ദുഷ്ടതയും അവിശ്വസ്തതയും നിറഞ്ഞ ഈ തലമുറയാണ് അടയാളം അന്വേഷിക്കുന്നത്. യോനാ പ്രവാചകന്‍റെ അടയാളമല്ലാതെ മറ്റൊന്നും നിങ്ങള്‍ക്കു ലഭിക്കുകയില്ല. യോനാ മൂന്നു പകലും മൂന്നു രാത്രിയും തിമിംഗലത്തിന്‍റെ വയറ്റിലായിരുന്നു. അതുപോലെ മനുഷ്യപുത്രനും മൂന്നു പകലും മൂന്നു രാവും ഭൂഗര്‍ഭത്തിലായിരിക്കും. നിനെവേയിലെ ജനങ്ങള്‍ ന്യായവിധിനാളില്‍ ഈ തലമുറയിലെ ജനങ്ങളോടൊപ്പം ഉയിര്‍ത്തെഴുന്നേറ്റ് അവരെ കുറ്റം വിധിക്കും. എന്തുകൊണ്ടെന്നാല്‍ നിനെവേക്കാര്‍ യോനായുടെ പ്രസംഗംകേട്ട് അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിഞ്ഞു. ഇതാ യോനായെക്കാള്‍ മഹത്തരമായ ഒന്ന് ഇവിടെയുണ്ട്. ന്യായവിധിദിവസം ദക്ഷിണദേശത്തിലെ രാജ്ഞി ഈ തലമുറയോടൊപ്പം ഉയിര്‍ത്തെഴുന്നേറ്റ് അതിനെ കുറ്റംവിധിക്കും. ശലോമോന്‍റെ ജ്ഞാനവചസ്സുകള്‍ കേള്‍ക്കാന്‍ അവര്‍ ഭൂമിയുടെ അങ്ങേ അറ്റത്തുനിന്നു വന്നുവല്ലോ. ഇതാ ശലോമോനെക്കാള്‍ വലിയവന്‍ ഇവിടെയുണ്ട്. ഒരു മനുഷ്യനെ വിട്ടുപോകുന്ന അശുദ്ധാത്മാവ് വെള്ളമില്ലാത്ത സ്ഥലങ്ങളില്‍ വിശ്രമം തേടി അലയുന്നു. എന്നാല്‍ അതു വിശ്രമം കണ്ടെത്തുന്നില്ല. അപ്പോള്‍ താന്‍ പുറപ്പെട്ടുപോന്ന വീട്ടിലേക്കുതന്നെ തിരിച്ചുപോകും എന്ന് അതു സ്വയം പറയുന്നു. അവിടെ ചെല്ലുമ്പോള്‍ വീടെല്ലാം അടിച്ചുവാരി അടുക്കിലും ചിട്ടയിലും ഇട്ടിരിക്കുന്നതു കാണുന്നു; അപ്പോള്‍ അതുപോയി തന്നെക്കാള്‍ ദുഷ്ടതയേറിയ മറ്റു ഏഴ് ആത്മാക്കളെക്കൂടി കൊണ്ടുവന്ന് അവിടെ വാസമുറപ്പിക്കുന്നു. ആ മനുഷ്യന്‍റെ അവസാനത്തെ അവസ്ഥ ആദ്യത്തേതിനെക്കാള്‍ കഷ്ടതരമായിത്തീരുന്നു. ഈ ദുഷ്ടതലമുറയ്‍ക്കും അതുപോലെയായിരിക്കും സംഭവിക്കുക.” യേശു ജനങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ അവിടുത്തെ അമ്മയും സഹോദരന്മാരും അവിടുത്തോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു പുറത്തുനിന്നിരുന്നു. “അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയെ കാണാന്‍ വെളിയില്‍ കാത്തുനില്‌ക്കുന്നു” എന്ന് ഒരാള്‍ അവിടുത്തോടു പറഞ്ഞു. എന്നാല്‍ യേശു അയാളോട്, “ആരാണ് എന്‍റെ സഹോദരന്മാര്‍?” എന്നു ചോദിച്ചു. തന്‍റെ ശിഷ്യന്മാരുടെ നേരെ കൈ ചൂണ്ടിക്കൊണ്ട് “ഇതാ എന്‍റെ അമ്മയും സഹോദരന്മാരും; സ്വര്‍ഗത്തിലുള്ള എന്‍റെ പിതാവിന്‍റെ തിരുവിഷ്ടം ചെയ്യുന്നവരാണ് എന്‍റെ സഹോദരനും, സഹോദരിയും, അമ്മയും” എന്ന് അരുള്‍ചെയ്തു. അന്നുതന്നെ യേശു ആ വീട്ടില്‍നിന്നു പുറപ്പെട്ട് തടാകതീരത്തു പോയി ഇരുന്നു. വമ്പിച്ച ജനസഞ്ചയം അവിടുത്തെ ചുറ്റും വന്നുകൂടി. അതുകൊണ്ട് അവിടുന്ന് ഒരു വഞ്ചിയില്‍ കയറിയിരുന്നു. ജനസഞ്ചയം കരയിലും നിന്നു. ദൃഷ്ടാന്തരൂപേണ അവിടുന്ന് അനേകം കാര്യങ്ങള്‍ അവരോടു പറഞ്ഞു: “ഒരു മനുഷ്യന്‍ വിതയ്‍ക്കുവാന്‍ പുറപ്പെട്ടു. അയാള്‍ വിതയ്‍ക്കുമ്പോള്‍ ഏതാനും വിത്തുകള്‍ വഴിയില്‍ വീണു. പക്ഷികള്‍ വന്ന് അവ കൊത്തിത്തിന്നുകളഞ്ഞു. മറ്റു ചിലത് അടിയില്‍ പാറയുള്ള മണ്ണിലാണു വീണത്. മണ്ണിനു താഴ്ചയില്ലാഞ്ഞതിനാല്‍ വിത്തു പെട്ടെന്നു മുളച്ചുപൊങ്ങിയെങ്കിലും സൂര്യന്‍ ഉദിച്ചപ്പോള്‍ വാടിപ്പോയി; അവയ്‍ക്കു വേരില്ലാഞ്ഞതിനാല്‍ ഉണങ്ങിക്കരിഞ്ഞു പോകുകയും ചെയ്തു. മറ്റു ചില വിത്തുകള്‍ മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. കിളിര്‍ത്തുവന്ന വിത്തിനെ അവ ഞെരുക്കിക്കളഞ്ഞു. ശേഷിച്ച വിത്തുകള്‍ നല്ല മണ്ണില്‍ വീഴുകയും ചിലതു നൂറും ചിലത് അറുപതും മറ്റുചിലത് മുപ്പതും മേനി വിളവു നല്‌കുകയും ചെയ്തു. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.” പിന്നീടു ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ച്, എന്തുകൊണ്ടാണ് അവിടുന്ന് ദൃഷ്ടാന്തരൂപേണ അവരോടു സംസാരിക്കുന്നത്? എന്നു ചോദിച്ചു. അവിടുത്തെ മറുപടി ഇപ്രകാരമായിരുന്നു: “സ്വര്‍രാജ്യത്തെ സംബന്ധിച്ചുള്ള രഹസ്യങ്ങള്‍ അറിയുന്നതിനുള്ള വരം നിങ്ങള്‍ക്കു നല്‌കപ്പെട്ടിരിക്കുന്നു; അവര്‍ക്കാകട്ടെ അതു ലഭിച്ചിട്ടില്ല. ഉള്ളവനു നല്‌കപ്പെടും; അവനു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനില്‍നിന്ന് അവനുള്ളതുപോലും എടുത്തു കളയും. അവര്‍ കണ്ടിട്ടും കാണുന്നില്ല; കേട്ടിട്ടും കേള്‍ക്കുകയോ ഗ്രഹിക്കുകയോ, ചെയ്യുന്നില്ല; അതുകൊണ്ടാണു ഞാന്‍ അവരോടു ദൃഷ്ടാന്തങ്ങളിലൂടെ സംസാരിക്കുന്നത്. നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കും. എന്നാല്‍ ഗ്രഹിക്കുകയില്ല; നിങ്ങള്‍ തീര്‍ച്ചയായും നോക്കും, എന്നാല്‍ കാണുകയില്ല; എന്തെന്നാല്‍ ഈ ജനത്തിന്‍റെ ഹൃദയം മരവിച്ചിരിക്കുന്നു, അവരുടെ കാത് അവര്‍ അടച്ചിരിക്കുന്നു; അവര്‍ തങ്ങളുടെ കാതുകള്‍ അടയ്‍ക്കുകയും കണ്ണുകള്‍ പൂട്ടുകയും ചെയ്തിരിക്കുന്നു. അല്ലെങ്കില്‍ അവര്‍ തങ്ങളുടെ കണ്ണുകൊണ്ടു കാണുകയും ചെവികൊണ്ടു കേള്‍ക്കുകയും ഹൃദയംകൊണ്ടു ഗ്രഹിക്കുകയും ഞാന്‍ അവരെ സുഖപ്പെടുത്തുന്നതിനു വേണ്ടി അവര്‍ എന്‍റെ അടുക്കലേക്കു തിരിയുകയും ചെയ്യുമായിരുന്നു. ഇങ്ങനെ യെശയ്യാപ്രവാചകന്‍ പ്രവചിച്ചിരിക്കുന്നത് ഇവരെ സംബന്ധിച്ചിടത്തോളം സത്യമായിരിക്കുന്നു. “എന്നാല്‍ നിങ്ങളുടെ കണ്ണുകള്‍ അനുഗ്രഹിക്കപ്പെട്ടവയാകുന്നു, അവ കാണുന്നു; നിങ്ങളുടെ കാതുകളും അങ്ങനെതന്നെ; അവ കേള്‍ക്കുന്നു. വാസ്തവത്തില്‍ ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ കാണുന്നതു കാണുവാനും നിങ്ങള്‍ കേള്‍ക്കുന്നത് കേള്‍ക്കുവാനും അനേകം പ്രവാചകന്മാരും നീതിമാന്മാരും അഭിവാഞ്ഛിച്ചു. എന്നാല്‍ അവര്‍ കാണുകയോ കേള്‍ക്കുകയോ ചെയ്തില്ല. “വിതയ്‍ക്കുന്നവന്‍റെ ദൃഷ്ടാന്തം സൂചിപ്പിക്കുന്നത് എന്താണെന്നു കേട്ടുകൊള്ളുക. സ്വര്‍ഗരാജ്യത്തെക്കുറിച്ചുള്ള വചനം ഒരുവന്‍ കേട്ടിട്ടു ഗ്രഹിക്കാതിരിക്കുമ്പോള്‍ അവന്‍റെ ഹൃദയത്തില്‍ വിതയ്‍ക്കപ്പെട്ടത് പിശാചു വന്നു തട്ടിക്കൊണ്ടുപോകുന്നു. ഇതാണു വഴിയില്‍വീണ വിത്തു സൂചിപ്പിക്കുന്നത്. പാറസ്ഥലത്തു വീണ വിത്താകട്ടെ, വചനം കേള്‍ക്കുകയും ഉടന്‍ സസന്തോഷം സ്വീകരിക്കുകയും ചെയ്യുന്നവരാണ്. എങ്കിലും അവരില്‍ അതു വേരുറയ്‍ക്കുന്നില്ല. അവര്‍ ക്ഷണനേരത്തേക്കു മാത്രമേ സഹിച്ചുനില്‌ക്കുകയുള്ളൂ. വചനം നിമിത്തം ക്ലേശങ്ങളോ പീഡനമോ ഉണ്ടാകുമ്പോള്‍ അവര്‍ പെട്ടെന്നു വീണുപോകുന്നു. മറ്റു ചിലര്‍ വചനം കേള്‍ക്കുന്നെങ്കിലും ലൗകികകാര്യങ്ങളിലുള്ള ഉല്‍ക്കണ്ഠയും ധനത്തിന്‍റെ കപടമായ വശ്യതയും വചനത്തെ ഞെരുക്കി ഫലശൂന്യമാക്കുന്നു. ഇവരെയാണു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണ വിത്തു സൂചിപ്പിക്കുന്നത്. നല്ല നിലത്തു വീണ വിത്താകട്ടെ, വചനം കേട്ടു ഗ്രഹിക്കുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നവരാണ്. ചിലര്‍ നൂറും അറുപതും വേറെ ചിലര്‍ മുപ്പതും മേനി വിളവു നല്‌കുന്നു.” വേറൊരു ദൃഷ്ടാന്തവും യേശു അവരോടു പറഞ്ഞു: “ഒരു മനുഷ്യന്‍ തന്‍റെ വയലില്‍ നല്ല വിത്തു വിതച്ചതിനോടു സ്വര്‍ഗരാജ്യത്തെ ഉപമിക്കാം. എല്ലാവരും ഉറങ്ങിയപ്പോള്‍ അയാളുടെ ശത്രു വന്ന് കോതമ്പിനിടയില്‍ കള വിതച്ചിട്ടു പൊയ്‍ക്കളഞ്ഞു. ഞാറു വളര്‍ന്നു കതിരു വന്നപ്പോള്‍ കളയും കാണാറായി. അപ്പോള്‍, ഭൃത്യന്മാര്‍ ചെന്നു ഗൃഹനാഥനോട്, ‘നല്ല വിത്തല്ലേ അങ്ങു വയലില്‍ വിതച്ചത്? ഇപ്പോള്‍ ഈ കള എങ്ങനെ ഉണ്ടായി?’ എന്നു ചോദിച്ചു. “ഒരു ശത്രുവാണ് ഇത് ചെയ്തത്’ എന്ന് അയാള്‍ മറുപടി പറഞ്ഞു. ‘എന്നാല്‍ ഞങ്ങള്‍ പോയി ആ കളകള്‍ പറിച്ചുകൂട്ടട്ടെ’ എന്നു ഭൃത്യന്മാര്‍ ചോദിച്ചു. അയാള്‍ ഇപ്രകാരം മറുപടി പറഞ്ഞു: ‘വേണ്ടാ, കള പറിച്ചു കളയുമ്പോള്‍ അതോടൊപ്പം കോതമ്പും പിഴുതുപോയേക്കും; കൊയ്ത്തുവരെ രണ്ടും വളരട്ടെ; കൊയ്ത്തുകാലത്തു കൊയ്യുന്നവരോട് ആദ്യം കള പറിച്ചു കൂട്ടി ചുട്ടുകളയേണ്ടതിന് അതു കെട്ടുകളായി കെട്ടി വയ്‍ക്കുവാനും കോതമ്പ് എന്‍റെ കളപ്പുരയില്‍ സംഭരിക്കുവാനും ഞാന്‍ പറയും.” മറ്റൊരു ദൃഷ്ടാന്തവും യേശു അവരോടു പറഞ്ഞു: “സ്വര്‍ഗരാജ്യം ഒരു മനുഷ്യന്‍ തന്‍റെ വയലില്‍ വിതച്ച കടുകുമണിയോടു സദൃശം. വിത്തുകളില്‍ വച്ച് ഏറ്റവും ചെറുതെങ്കിലും അതു വളര്‍ന്നപ്പോള്‍ ഏറ്റവും വലിയ സസ്യമായി വളരുകയും ആകാശത്തിലെ പറവകള്‍ക്ക് അതിന്‍റെ കൊമ്പുകളില്‍ കൂടുകെട്ടി പാര്‍ക്കത്തക്കവിധമുള്ള ഒരു ചെടിയായിത്തീരുകയും ചെയ്യുന്നു.” വേറൊരു ദൃഷ്ടാന്തവും അവിടുന്ന് പറഞ്ഞു: “സ്വര്‍ഗരാജ്യം പുളിപ്പുമാവിനോടു സദൃശം. ഒരു സ്‍ത്രീ മൂന്നുപറ മാവ് എടുത്ത്, അതു പുളിക്കുന്നതുവരെ പുളിപ്പുമാവ് അതില്‍ നിക്ഷേപിക്കുന്നു.” ഇവയെല്ലാം ദൃഷ്ടാന്തങ്ങളിലൂടെ യേശു ജനങ്ങളോടു പറഞ്ഞു. ദൃഷ്ടാന്തം കൂടാതെ അവിടുന്ന് ഒന്നും അവരോട് പറഞ്ഞിരുന്നില്ല. സദൃശോക്തികള്‍പറയുന്നതിനായി ഞാന്‍ വായ് തുറക്കും; ലോകാരംഭംമുതല്‍ നിഗൂഢമായിരിക്കുന്നതു ഞാന്‍ പ്രസ്താവിക്കും എന്നു പ്രവാചകന്‍ മുഖാന്തരം അരുള്‍ചെയ്യപ്പെട്ടിട്ടുള്ളത് ഇങ്ങനെ പൂര്‍ത്തിയായി. അനന്തരം ജനക്കൂട്ടത്തെ വിട്ടിട്ട് യേശു വീട്ടിലേക്കു പോയി. അപ്പോള്‍ ശിഷ്യന്മാര്‍ അവിടുത്തെ അടുത്തുചെന്നു. “വയലിലെ കളയുടെ ദൃഷ്ടാന്തം ഞങ്ങള്‍ക്കു വിശദീകരിച്ചു തന്നാലും” എന്ന് അപേക്ഷിച്ചു. യേശു അരുള്‍ചെയ്തു: “നല്ലവിത്തു വിതയ്‍ക്കുന്നതു മനുഷ്യപുത്രന്‍, വയല്‍ ലോകവും. നല്ല വിത്ത് സ്വര്‍ഗരാജ്യത്തിന്‍റെ മക്കളും കളകള്‍ ദുഷ്ടപ്പിശാചിന്‍റെ മക്കളുമാകുന്നു. കളകള്‍ വിതച്ച ശത്രു പിശാചത്രേ; കൊയ്ത്തുകാലം യുഗാന്ത്യവും കൊയ്ത്തുകാര്‍ ദൈവദൂതന്മാരുമാണ്. കളകള്‍ പറിച്ചുകൂട്ടി ചുട്ടുകളയുന്നതുപോലെ തന്നെ യുഗസമാപ്തിയില്‍ സംഭവിക്കും. [41,42] അന്നു മനുഷ്യപുത്രന്‍ തന്‍റെ ദൂതന്മാരെ അയയ്‍ക്കും. അവര്‍ ചെന്ന്, പാപകാരണമായ സകലത്തെയും എല്ലാ അധര്‍മികളെയും തന്‍റെ രാജ്യത്തില്‍നിന്ന് ഒരുമിച്ചുകൂട്ടി അഗ്നികുണ്ഡത്തിലെറിയും. അവിടെ അവര്‍ കരയുകയും പല്ലുകടിക്കുകയും ചെയ്യും. *** എന്നാല്‍ ധര്‍മനിഷ്ഠയുള്ളവര്‍, അവിടുത്തെ പിതാവിന്‍റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. “ഒരു നിലത്തു മറഞ്ഞു കിടക്കുന്ന നിധിക്കു സമാനമാണു സ്വര്‍ഗരാജ്യം. നിധി കണ്ടെത്തിയ ഒരു മനുഷ്യന്‍ അതു വീണ്ടും മറച്ചുവയ്‍ക്കുകയും സന്തോഷപൂര്‍വം ചെന്നു തനിക്കുള്ള സമസ്തവും വിറ്റ് ആ നിലം വാങ്ങുകയും ചെയ്യുന്നു. “സ്വര്‍ഗരാജ്യം വിശിഷ്ടമായ മുത്തുകള്‍ അന്വേഷിച്ചുപോകുന്ന വ്യാപാരിയോടു സദൃശം. അയാള്‍ വിലകൂടിയ ഒരു മുത്തു കണ്ടെത്തിയപ്പോള്‍ തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങി. “മാത്രമല്ല, സ്വര്‍ഗരാജ്യം കടലില്‍ ഇറക്കുന്ന വലയോടു സദൃശം. എല്ലായിനം മത്സ്യങ്ങളെയും ആ വലയില്‍ പിടിക്കുന്നു. വല നിറയുമ്പോള്‍ മീന്‍പിടിത്തക്കാര്‍ വല വലിച്ചു കരയ്‍ക്കു കയറ്റിയശേഷം അവിടെയിരുന്നുകൊണ്ട് നല്ലമീന്‍ പാത്രങ്ങളിലിടുന്നു; ഉപയോഗശൂന്യമായവ പുറത്ത് എറിഞ്ഞുകളയുകയും ചെയ്യുന്നു. ഇതുപോലെ യുഗാന്ത്യത്തിലും സംഭവിക്കും. മാലാഖമാര്‍ വന്ന് സജ്ജനങ്ങളില്‍നിന്നു ദുര്‍ജനങ്ങളെ വേര്‍തിരിച്ച് അഗ്നികുണ്ഡത്തില്‍ എറിഞ്ഞുകളയും. അവിടെ അവര്‍ കരയുകയും പല്ലുകടിക്കുകയും ചെയ്യും.” “ഇവയെല്ലാം നിങ്ങള്‍ക്കു മനസ്സിലായോ?” എന്ന് യേശു ചോദിച്ചു. “ഉവ്വ്” എന്ന് അവര്‍ പറഞ്ഞു. “അങ്ങനെയാണെങ്കില്‍ സ്വര്‍ഗരാജ്യത്തിനുവേണ്ടി ശിക്ഷണം ലഭിച്ചിട്ടുള്ള ഏതൊരു മതപണ്ഡിതനും തന്‍റെ നിക്ഷേപത്തില്‍നിന്നു പുതിയതും പഴയതും എടുത്തുകൊടുക്കുന്ന ഗൃഹനാഥനോടു സമനാകുന്നു” എന്നും യേശു പറഞ്ഞു. ഈ സദൃശോക്തികള്‍ പൂര്‍ത്തിയാക്കിയശേഷം യേശു അവിടെനിന്നു പുറപ്പെട്ടു സ്വന്തം ദേശത്തു ചെന്നു; അവരുടെ സുനഗോഗില്‍ പോയി അവരെ പഠിപ്പിച്ചു. അവര്‍ ആശ്ചര്യഭരിതരായി ഇങ്ങനെ പറഞ്ഞു: “ഈ അറിവും അദ്ഭുതസിദ്ധികളും ഈ മനുഷ്യന് എവിടെനിന്നു കിട്ടി? ആ മരപ്പണിക്കാരന്‍റെ മകനല്ലേ ഇയാള്‍? മറിയം ഇയാളുടെ അമ്മയും യാക്കോബും യോസേഫും ശിമോനും യൂദായും ഇയാളുടെ സഹോദരന്മാരുമല്ലേ? ഇയാളുടെ സഹോദരികള്‍ എല്ലാവരും ഇവിടെത്തെന്നെ ഉണ്ടല്ലോ! പിന്നെ ഇയാള്‍ക്ക് ഈ സിദ്ധികളെല്ലാം എവിടെനിന്ന്? ഇങ്ങനെ പറഞ്ഞുകൊണ്ട് അവര്‍ അവിടുത്തെ തിരസ്കരിച്ചു. യേശു അവരോടു പറഞ്ഞു: “ഒരു പ്രവാചകന്‍ സ്വദേശത്തും സ്വഭവനത്തിലും മാത്രമേ നിന്ദിക്കപ്പെടുന്നുള്ളൂ.” അവരുടെ അവിശ്വാസം നിമിത്തം യേശു അവിടെ അധികം അദ്ഭുതപ്രവൃത്തികള്‍ ചെയ്തില്ല. അക്കാലത്തു ഗലീല ഭരിച്ചിരുന്ന ഹേരോദാ യേശുവിന്‍റെ കീര്‍ത്തിയെപ്പറ്റി കേട്ടിട്ട്, തന്‍റെ സേവകന്മാരോടു പറഞ്ഞു: “ഇതു സ്നാപകയോഹന്നാന്‍ തന്നെയാണ്; അദ്ദേഹം മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടാണ് അദ്ദേഹത്തിന് ഈ അദ്ഭുതസിദ്ധികളെല്ലാം ഉള്ളത്.” തന്‍റെ സഹോദരന്‍ ഫീലിപ്പോസിന്‍റെ ഭാര്യ ഹേരോദ്യ നിമിത്തം ഹേരോദാ യോഹന്നാനെ ബന്ധനസ്ഥനാക്കി കാരാഗൃഹത്തിലടച്ചിരുന്നു. ഹേരോദ്യയെ ഭാര്യയായി വച്ചുകൊണ്ടിരുന്നതു ന്യായമല്ല എന്നു യോഹന്നാന്‍ പറഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്തത്. യോഹന്നാനെ വധിക്കണമെന്ന് ഉദ്ദേശിച്ചിരുന്നെങ്കിലും ഹേരോദാരാജാവ് ജനങ്ങളെ ഭയപ്പെട്ടു; യോഹന്നാന്‍ ഒരു പ്രവാചകനാണെന്ന് അവര്‍ കരുതിയിരുന്നു. ഹേരോദായുടെ ജന്മദിനം കൊണ്ടാടിയപ്പോള്‍ ഹേരോദ്യയുടെ പുത്രി രാജസദസ്സില്‍ ചെന്നു നൃത്തം ചെയ്തു ഹേരോദായെ സന്തോഷിപ്പിച്ചു. “നീ എന്തുതന്നെ ചോദിച്ചാലും നാം അതു തീര്‍ച്ചയായും നിനക്കു തരാം” എന്നു രാജാവ് അവളോടു ശപഥം ചെയ്തു. അവളാകട്ടെ അമ്മയുടെ പ്രേരണയനുസരിച്ച് “സ്നാപകയോഹന്നാന്‍റെ ശിരസ്സ് ഒരു താലത്തില്‍വച്ച് എനിക്കു തരണം” എന്ന് ആവശ്യപ്പെട്ടു. രാജാവു ദുഃഖിതനായി. എങ്കിലും തന്‍റെ ശപഥത്തെയും അതിഥികളെയും ഓര്‍ത്ത് അപ്രകാരം ചെയ്തുകൊടുക്കുവാന്‍ രാജാവു കല്പിച്ചു. അങ്ങനെ കാരാഗൃഹത്തില്‍വച്ച് യോഹന്നാനെ ശിരച്ഛേദം ചെയ്യിച്ചു. എന്നിട്ട്, തല ഒരു താലത്തില്‍വച്ച് ആ പെണ്‍കുട്ടിക്കു കൊടുത്തു. അവള്‍ അതു കൊണ്ടുപോയി അമ്മയ്‍ക്കു കൊടുക്കുകയും ചെയ്തു. യോഹന്നാന്‍റെ ശിഷ്യന്മാര്‍ ചെന്ന് മൃതദ്ദേഹം അടക്കം ചെയ്തശേഷം വിവരം യേശുവിനെ അറിയിച്ചു. യേശു അതു കേട്ടപ്പോള്‍ ഒരു വഞ്ചിയില്‍ കയറി അവിടംവിട്ട് തനിച്ച് ഒരു വിജനസ്ഥലത്തേക്കു പോയി. ജനങ്ങള്‍ ഇതറിഞ്ഞു പട്ടണങ്ങളില്‍നിന്നു കാല്‍നടയായി അവിടുത്തെ പിന്തുടര്‍ന്നു. യേശു അവിടെ ചെന്നിറങ്ങിയപ്പോള്‍ ഒരു വലിയ ജനസമൂഹത്തെ കണ്ടു. അവിടുത്തേക്ക് അവരില്‍ അനുകമ്പ തോന്നി. അവരുടെ കൂടെയുണ്ടായിരുന്ന രോഗികള്‍ക്ക് അവിടുന്ന് സൗഖ്യം നല്‌കി. സന്ധ്യ ആയപ്പോള്‍ ശിഷ്യന്മാര്‍ അവിടുത്തോടു പറഞ്ഞു: “ഇതൊരു വിജനസ്ഥലമാണല്ലോ; നേരവും വൈകി; ജനങ്ങളെ പറഞ്ഞയച്ചാലും; അവര്‍ ഗ്രാമങ്ങളില്‍ ചെന്നു വല്ല ഭക്ഷണസാധനങ്ങളും വാങ്ങട്ടെ.” യേശു അവരോടു പറഞ്ഞു: “അവര്‍ പോകേണ്ടതില്ല; നിങ്ങള്‍ തന്നെ അവര്‍ക്കു ഭക്ഷണം നല്‌കണം.” അവര്‍ യേശുവിനോട്: “ഞങ്ങളുടെ പക്കല്‍ അഞ്ചപ്പവും രണ്ടു മീനുമല്ലാതെ മറ്റൊന്നുമില്ല” എന്നു പറഞ്ഞു. [18,19] “അവ ഇങ്ങു കൊണ്ടുവരൂ” എന്നു പറഞ്ഞശേഷം ജനങ്ങളോടു പുല്‍പ്പുറത്തിരിക്കുവാന്‍ യേശു ആജ്ഞാപിച്ചു. അനന്തരം ആ അഞ്ചപ്പവും രണ്ടു മീനും എടുത്തു സ്വര്‍ഗത്തിലേക്കു നോക്കി സ്തോത്രം ചെയ്തു മുറിച്ച് ജനങ്ങള്‍ക്കു വിളമ്പിക്കൊടുക്കുവാന്‍ ശിഷ്യന്മാരെ ഏല്പിച്ചു. *** എല്ലാവരും ഭക്ഷിച്ചു സംതൃപ്തരായി. ശേഷിച്ച അപ്പക്കഷണങ്ങള്‍ പന്ത്രണ്ടു കുട്ട നിറച്ചെടുത്തു. ഭക്ഷണം കഴിച്ചവര്‍ സ്‍ത്രീകളെയും കുട്ടികളെയും കൂടാതെ അയ്യായിരത്തോളം പേര്‍ ഉണ്ടായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനിടയില്‍ ശിഷ്യന്മാരോട് തോണിയില്‍ കയറി തനിക്കു മുമ്പായി അക്കരയ്‍ക്കു പോകുവാന്‍ യേശു നിര്‍ബന്ധിച്ചു. അതിനുശേഷം യേശു പ്രാര്‍ഥിക്കുന്നതിനായി തനിച്ചു കുന്നിന്‍റെ മുകളിലേക്കു കയറിപ്പോയി. സന്ധ്യ ആയപ്പോള്‍ അവിടെ അവിടുന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ സമയത്ത് ശിഷ്യന്മാര്‍ കയറിയ വഞ്ചി കരവിട്ടു വളരെദൂരം മുമ്പോട്ടു പോയിരുന്നു. കാറ്റു പ്രതികൂലമായിരുന്നതിനാല്‍ തിരമാലകള്‍ അടിച്ചു തോണി ഉലഞ്ഞു. വെളുപ്പിനു മൂന്നുമണിക്കുശേഷം യേശു വെള്ളത്തിന്മീതെ നടന്ന് അവരുടെ അടുക്കലെത്തി. യേശു വെള്ളത്തിന്മീതെ നടക്കുന്നതു കണ്ടപ്പോള്‍ ശിഷ്യന്മാര്‍ ഭയപരവശരായി. “ഇതാ, ഒരു ഭൂതം” എന്നു പറഞ്ഞ് അവര്‍ പേടിച്ചു നിലവിളിച്ചു. ഉടനെ, “ധൈര്യപ്പെടുക ഞാനാണ്, ഭയപ്പെടേണ്ടാ” എന്ന് യേശു പറഞ്ഞു. അപ്പോള്‍ പത്രോസ്, “കര്‍ത്താവേ, അങ്ങുതന്നെ ആണെങ്കില്‍ വെള്ളത്തിന്മീതെ നടന്ന് അങ്ങയുടെ അടുക്കല്‍ വരുവാന്‍ എന്നോടു കല്പിച്ചാലും” എന്നു പറഞ്ഞു. “വരിക” എന്നു യേശു പറഞ്ഞു. പത്രോസ് വഞ്ചിയില്‍ നിന്നിറങ്ങി വെള്ളത്തിന്മീതെ നടന്ന് യേശുവിന്‍റെ അടുക്കലേക്കു നീങ്ങി. എന്നാല്‍ കാറ്റിന്‍റെ ഉഗ്രതകൊണ്ട് പത്രോസ് ഭയപ്പെട്ടു വെള്ളത്തില്‍ താഴുവാന്‍ തുടങ്ങിയപ്പോള്‍, “കര്‍ത്താവേ, രക്ഷിക്കണമേ” എന്നു നിലവിളിച്ചു. ഉടനെ യേശു കൈനീട്ടി പത്രോസിനെ പിടിച്ചുകൊണ്ട് “അല്പവിശ്വാസീ, നീ എന്തിനു സംശയിച്ചു?” എന്നു ചോദിച്ചു. അവര്‍ വഞ്ചിയില്‍ കയറിയപ്പോള്‍ കാറ്റു നിലച്ചു. “അങ്ങു സാക്ഷാല്‍ ദൈവപുത്രന്‍തന്നെ” എന്നു പറഞ്ഞുകൊണ്ട് ആ വഞ്ചിയിലുണ്ടായിരുന്നവര്‍ അവിടുത്തെ നമസ്കരിച്ചു. [34,35] യേശു അക്കരെയുള്ള ഗന്നേസരെത്തില്‍ എത്തി. അവിടെയുള്ളവര്‍ അവിടുത്തെ തിരിച്ചറിഞ്ഞപ്പോള്‍ ചുറ്റുമുള്ള സ്ഥലങ്ങളിലെല്ലാം ആളയച്ച് സകല രോഗികളെയും അവിടുത്തെ അടുക്കല്‍ വരുത്തി. *** തന്‍റെ വസ്ത്രത്തിന്‍റെ അഗ്രത്തില്‍ തൊടുവാനെങ്കിലും അനുവദിക്കണമെന്ന് അവര്‍ അവിടുത്തോടപേക്ഷിച്ചു; തൊട്ടവരെല്ലാം സുഖംപ്രാപിക്കുകയും ചെയ്തു. അനന്തരം യെരൂശലേമില്‍നിന്നു പരീശന്മാരും മതപണ്ഡിതന്മാരും യേശുവിന്‍റെ അടുക്കല്‍വന്ന് “അങ്ങയുടെ ശിഷ്യന്മാര്‍ പൂര്‍വികരുടെ പാരമ്പര്യങ്ങള്‍ ലംഘിക്കുന്നത് എന്തുകൊണ്ട്? അവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ കൈ കഴുകുന്നില്ലല്ലോ” എന്നു പറഞ്ഞു. യേശു അതിന് ഇങ്ങനെ മറുപടി നല്‌കി: “നിങ്ങളുടെ പാരമ്പര്യം പാലിക്കുന്നതിനുവേണ്ടി, ഈശ്വരകല്പനയെ നിങ്ങള്‍ ലംഘിക്കുന്നത് എന്തുകൊണ്ട്? പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക എന്നും പിതാവിനെയോ മാതാവിനെയോ ദുഷിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കണം എന്നും ദൈവം കല്പിച്ചിരിക്കുന്നു. എന്നാല്‍ ‘പിതാവിനോ മാതാവിനോ എന്നില്‍നിന്നു ലഭിക്കേണ്ടതു എന്തെങ്കിലും ഞാന്‍ ദൈവത്തിനു നല്‌കിയിരിക്കുന്നു’ എന്ന് ഒരുവന്‍ പറഞ്ഞാല്‍ പിന്നെ അച്ഛനെയും അമ്മയെയും സംരക്ഷിക്കേണ്ടതില്ല എന്നു നിങ്ങള്‍ പഠിപ്പിക്കുന്നു. അങ്ങനെ പാരമ്പര്യം പുലര്‍ത്താന്‍വേണ്ടി ദൈവവചനം നിങ്ങള്‍ നിരര്‍ഥകമാക്കുന്നു. കപടഭക്തരേ, നിങ്ങളെക്കുറിച്ച് യെശയ്യാ പ്രവചിച്ചിരിക്കുന്നത് എത്രയോ വാസ്തവം. ഈ ജനം അധരങ്ങള്‍കൊണ്ട് എന്നെ ബഹുമാനിക്കുന്നു. അവരുടെ ഹൃദയമാകട്ടെ എന്നില്‍നിന്നു വിദൂരസ്ഥമായിരിക്കുന്നു. അവര്‍ എന്നെ ആരാധിക്കുന്നതു വ്യര്‍ഥം; മനുഷ്യനിര്‍മിതങ്ങളായ അനുശാസനങ്ങളാണ് അവരുടെ ധര്‍മോപദേശം. പിന്നീട് യേശു ജനങ്ങളെ അടുക്കല്‍ വിളിച്ച് അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങള്‍ ഇതു കേട്ടു ഗ്രഹിച്ചുകൊള്ളുക: മനുഷ്യന്‍റെ വായിലേക്കു ചെല്ലുന്നത് അല്ല അവനെ അശുദ്ധനാക്കുന്നത്; പ്രത്യുത വായില്‍നിന്നു പുറത്തു വരുന്നതാണ്.” അനന്തരം ശിഷ്യന്മാര്‍ യേശുവിനോട്, “അങ്ങു പറഞ്ഞത് പരീശന്മാരെ പ്രകോപിപ്പിച്ചു എന്നുള്ളത് അങ്ങു മനസ്സിലാക്കിയോ?” എന്നു ചോദിച്ചു. അവിടുന്ന് ഇങ്ങനെ മറുപടി പറഞ്ഞു: “എന്‍റെ സ്വര്‍ഗീയ പിതാവു നടാത്ത ചെടികളെല്ലാം വേരോടെ പിഴുതുപോകും. അവരെ കണക്കിലെടുക്കേണ്ടാ; അവര്‍ അന്ധന്മാരായ വഴികാട്ടികളത്രേ. അന്ധന്‍ അന്ധനു വഴികാട്ടിയാല്‍ ഇരുവരും കുഴിയില്‍ വീഴുമല്ലോ.” പത്രോസ് അവിടുത്തോട്, “ഈ ദൃഷ്ടാന്തം ഞങ്ങള്‍ക്കു വിശദീകരിച്ചുതന്നാലും” എന്ന് അഭ്യര്‍ഥിച്ചു. യേശു മറുപടി പറഞ്ഞു: “നിങ്ങള്‍പോലും അത് ഇനിയും മനസ്സിലാക്കുന്നില്ലേ? ഒരുവന്‍റെ വായിലേക്കു പോകുന്നതെന്തും അവന്‍റെ വയറ്റില്‍ ചെന്നശേഷം വിസര്‍ജിക്കപ്പെടുന്നു. എന്നാല്‍ വായില്‍നിന്നു പുറത്തുവരുന്നത്, ഹൃദയത്തില്‍നിന്നത്രേ ഉദ്ഭവിക്കുന്നത്. അങ്ങനെയുള്ള കാര്യങ്ങളാണു മനുഷ്യനെ അശുദ്ധനാക്കുന്നത്. ഹൃദയത്തില്‍നിന്നു ദുര്‍വികാരങ്ങള്‍, കൊലപാതകം, വ്യഭിചാരം, മറ്റ് അസാന്മാര്‍ഗിക കര്‍മങ്ങള്‍, മോഷണം, കള്ളസ്സാക്ഷ്യം, പരദൂഷണം എന്നിവ പുറപ്പെടുന്നു. മനുഷ്യനെ അശുദ്ധനാക്കുന്നത് ഇവയാണ്; കഴുകാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതല്ല.” യേശു അവിടെനിന്ന് സോര്‍, സീദോന്‍ പ്രദേശങ്ങളിലേക്കു പോയി. അവിടെയുള്ള ഒരു കനാന്യസ്‍ത്രീ നിലവിളിച്ചുകൊണ്ട്, “കര്‍ത്താവേ, ദാവീദിന്‍റെ പുത്രാ, എന്നോടു കനിവുണ്ടാകണമേ; എന്‍റെ മകളെ ഒരു ഭൂതം കഠിനമായി ബാധിച്ചിരിക്കുന്നു” എന്നു പറഞ്ഞു. യേശു ഒരു മറുപടിയും പറഞ്ഞില്ല. ശിഷ്യന്മാര്‍ അടുത്തുചെന്ന് “ആ സ്‍ത്രീ കരഞ്ഞുകൊണ്ടു നമ്മുടെ പിന്നാലേ വരുന്നല്ലോ; അവളെ പറഞ്ഞയച്ചാലും” എന്ന് അഭ്യര്‍ഥിച്ചു. അതിനു മറുപടിയായി അവിടുന്ന് പറഞ്ഞു: “ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുക്കലേക്കു മാത്രമാണ് എന്നെ അയച്ചിരിക്കുന്നത്.” എന്നാല്‍ ആ സ്‍ത്രീ വന്ന് അവിടുത്തെ മുമ്പില്‍ മുട്ടുകുത്തിക്കൊണ്ട്, “പ്രഭോ, എന്നെ സഹായിക്കണമേ” എന്ന് അപേക്ഷിച്ചു. “കുഞ്ഞുങ്ങള്‍ക്കു കൊടുക്കാനുള്ള അപ്പമെടുത്തു നായ്‍ക്കുട്ടികള്‍ക്ക് ഇട്ടുകൊടുക്കുന്നതു നന്നല്ല” എന്ന് യേശു പ്രതിവചിച്ചു. അപ്പോള്‍ ആ സ്‍ത്രീ പറഞ്ഞു: “അതേ, കര്‍ത്താവേ, നായ്‍ക്കുട്ടികളും യജമാനന്‍റെ മേശയില്‍നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നാറുണ്ടല്ലോ.” യേശു ആ സ്‍ത്രീയോട് അരുള്‍ചെയ്തു: “അല്ലയോ സ്‍ത്രീയേ, നിന്‍റെ വിശ്വാസം വലുതുതന്നെ; നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ.” ആ നിമിഷത്തില്‍ത്തന്നെ അവളുടെ മകള്‍ രോഗവിമുക്തയായി. യേശു അവിടെനിന്ന് ഗലീലത്തടാകത്തിന്‍റെ തീരത്തുകൂടി കടന്ന് ഒരു കുന്നിന്‍മുകളില്‍ കയറിയിരുന്നു. ഒരു വലിയ ജനസമൂഹം അദ്ദേഹത്തിന്‍റെ അടുക്കല്‍വന്നു. മുടന്തന്മാര്‍, അന്ധന്മാര്‍, അംഗവൈകല്യമുള്ളവര്‍, ബധിരര്‍ മുതലായ പലവിധ രോഗികളെയും അവര്‍ കൂട്ടിക്കൊണ്ടുവന്ന് അവിടുത്തെ പാദസമക്ഷം ഇരുത്തി. അവിടുന്ന് അവരെ സുഖപ്പെടുത്തി. മൂകര്‍ സംസാരിക്കുന്നതും വികലാംഗര്‍ സൗഖ്യം പ്രാപിക്കുന്നതും മുടന്തര്‍ നടക്കുന്നതും അന്ധന്മാര്‍ക്കു കാഴ്ച ലഭിക്കുന്നതും കണ്ട് ജനങ്ങള്‍ വിസ്മയഭരിതരായി ഇസ്രായേലിന്‍റെ ദൈവത്തെ പ്രകീര്‍ത്തിച്ചു. യേശു ശിഷ്യന്മാരെ വിളിച്ചു പറഞ്ഞു: “ഈ ജനത്തെ കണ്ടിട്ട് എന്‍റെ മനസ്സ് അലിയുന്നു. മൂന്നു ദിവസമായിട്ട് അവര്‍ എന്‍റെകൂടെ ആയിരുന്നുവല്ലോ. അവര്‍ക്ക് ഭക്ഷിക്കുവാന്‍ ഒന്നുമില്ല. അവരെ പട്ടിണിക്കു പറഞ്ഞയയ്‍ക്കാന്‍ എനിക്കു മനസ്സുവരുന്നില്ല. അവര്‍ വഴിയില്‍ തളര്‍ന്നു വീണു പോയേക്കാം.” ശിഷ്യന്മാര്‍ അവിടുത്തോടു ചോദിച്ചു: “ഈ വിജനസ്ഥലത്ത് ഇത്ര വലിയ ജനസഞ്ചയത്തിനു വേണ്ടത്ര ഭക്ഷണം എങ്ങനെ കിട്ടും?” യേശു അവരോട്, “നിങ്ങളുടെ കൈവശം എത്ര അപ്പമുണ്ട്?” “ഏഴപ്പവും കുറെ ചെറിയ മീനുമുണ്ട്” എന്ന് അവര്‍ പറഞ്ഞു. യേശു ജനത്തോട് നിലത്തിരിക്കുവാന്‍ ആജ്ഞാപിച്ചിട്ട്, ആ ഏഴപ്പവും മീനും എടുത്തു സ്തോത്രംചെയ്തു മുറിച്ച് അവര്‍ക്കു വിളമ്പിക്കൊടുക്കുവാന്‍ ശിഷ്യന്മാരെ ഏല്പിച്ചു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച അപ്പക്കഷണങ്ങള്‍ അവര്‍ ഏഴുവട്ടി നിറച്ചെടുത്തു. ഭക്ഷിച്ചവര്‍ സ്‍ത്രീകളെയും കുട്ടികളെയും കൂടാതെ നാലായിരം പേരുണ്ടായിരുന്നു. യേശു ജനസമൂഹത്തെ പിരിച്ചുവിട്ടശേഷം ഒരു വഞ്ചിയില്‍ കയറി മഗദാ എന്ന പ്രദേശത്തേക്കു പോയി. പരീശന്മാരും സാദൂക്യരും യേശുവിനെ പരീക്ഷിക്കുന്നതിനായി അവിടുത്തെ അടുക്കലെത്തി ആകാശത്തുനിന്ന് ഒരടയാളം കാണിക്കുവാന്‍ ആവശ്യപ്പെട്ടു. അവിടുന്ന് അവരോടു മറുപടി പറഞ്ഞു: “ വൈകുന്നേരം ആകാശം ചെമന്നിരിക്കുന്നതായി കണ്ടാല്‍ കാലാവസ്ഥ നന്നായിരിക്കുമെന്നും പ്രഭാതത്തില്‍ ആകാശം ചെമന്ന് ഇരുണ്ടിരിക്കുന്നതായി കണ്ടാല്‍ മഴയുണ്ടാകുമെന്നും നിങ്ങള്‍ പറയുന്നു. അങ്ങനെ ആകാശത്തിന്‍റെ ഭാവഭേദങ്ങളെ വ്യാഖ്യാനിക്കുവാന്‍ നിങ്ങള്‍ക്കറിയാം. എന്നാല്‍ കാലത്തിന്‍റെ ലക്ഷണങ്ങളെ വ്യാഖ്യാനിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുന്നില്ലല്ലോ. ദുഷ്ടതയും അവിശ്വസ്തതയുമുള്ള തലമുറ അടയാളം അന്വേഷിക്കുന്നു. യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും അവര്‍ക്കു നല്‌കപ്പെടുകയില്ല.” അനന്തരം അവിടുന്ന് അവരെ വിട്ടുപോയി. യേശുവിന്‍റെ ശിഷ്യന്മാര്‍ ഗലീലത്തടാകം കടന്നു മറുകരയ്‍ക്കു പോകുമ്പോള്‍ അപ്പമെടുക്കുവാന്‍ മറന്നുപോയി. യേശു അവരോട്, “പരീശന്മാരുടെയും സാദൂക്യരുടെയും പുളിപ്പുമാവിനെ കരുതലോടെ സൂക്ഷിച്ചുകൊള്ളുക” എന്നു പറഞ്ഞു. “നാം അപ്പം കൊണ്ടുപോരാഞ്ഞതിനെക്കുറിച്ചാണ് അവിടുന്ന് പറയുന്നത്” എന്ന് അവര്‍ തമ്മില്‍ പറഞ്ഞു. യേശു അതറിഞ്ഞ് അവരോടു പറഞ്ഞു: “അല്പവിശ്വാസികളേ! അപ്പമില്ലാത്തതിനെച്ചൊല്ലി നിങ്ങള്‍ തമ്മില്‍ തര്‍ക്കിക്കുന്നതെന്തിന്? നിങ്ങള്‍ ഇത്രകാലമായിട്ടും മനസ്സിലാക്കുന്നില്ലേ? നിങ്ങള്‍ മറന്നുപോയോ? അഞ്ചപ്പം അയ്യായിരം പേര്‍ക്കു കൊടുത്തപ്പോള്‍ എത്ര കുട്ട അപ്പം മിച്ചം വന്നു? ഏഴപ്പം നാലായിരം പേര്‍ക്കു കൊടുത്തപ്പോള്‍ എത്ര വട്ടി അപ്പം മിച്ചം വന്നു? അപ്പത്തെക്കുറിച്ചല്ല ഞാന്‍ പറഞ്ഞതെന്ന് എന്തുകൊണ്ടു നിങ്ങള്‍ മനസ്സിലാക്കുന്നില്ല? പരീശന്മാരുടെയും സാദൂക്യരുടെയും പുളിപ്പുമാവിനെ സൂക്ഷിച്ചുകൊള്ളണമെന്നാണു ഞാന്‍ പറഞ്ഞത്.” അപ്പത്തിന്‍റെ പുളിപ്പിനെക്കുറിച്ചല്ല, പ്രത്യുത പരീശന്മാരുടെയും സാദൂക്യരുടെയും ഉപദേശത്തെക്കുറിച്ചാണ് അവിടുന്ന് പറഞ്ഞതെന്ന് ശിഷ്യന്മാര്‍ക്ക് അപ്പോള്‍ ബോധ്യമായി. കൈസര്യ ഫിലിപ്പിയുടെ പ്രാന്തപ്രദേശത്ത് എത്തിയപ്പോള്‍ “മനുഷ്യപുത്രന്‍ ആരാകുന്നു എന്നാണു ജനങ്ങള്‍ പറയുന്നത്?” എന്നു യേശു ശിഷ്യന്മാരോടു ചോദിച്ചു. “സ്നാപകയോഹന്നാന്‍ എന്നു ചിലരും ഏലിയാ എന്നു മറ്റു ചിലരും യിരെമ്യായോ അഥവാ പ്രവാചകന്മാരില്‍ ഒരുവനോ എന്നു വേറേ ചിലരും പറയുന്നു” എന്ന് അവര്‍ മറുപടി പറഞ്ഞു. “ആകട്ടെ ഞാന്‍ ആരാണെന്നാണു നിങ്ങള്‍ പറയുന്നത്?” എന്ന് അവിടുന്ന് അവരോടു ചോദിച്ചു. “അവിടുന്ന് ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു ആകുന്നു” എന്നു ശിമോന്‍ പത്രോസ് പറഞ്ഞു. അപ്പോള്‍ യേശു അരുള്‍ചെയ്തു: “യോനായുടെ പുത്രനായ ശിമോനേ, നീ അനുഗൃഹീതനാകുന്നു. മാംസരക്തങ്ങളോടുകൂടിയ മനുഷ്യര്‍ ആരുമല്ല ഈ സത്യം നിനക്കു വെളിപ്പെടുത്തിയത്, പിന്നെയോ സ്വര്‍ഗത്തിലുള്ള പിതാവത്രേ. ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും. അധോലോകത്തിന്‍റെ ശക്തികള്‍ അതിനെ ജയിക്കുകയില്ല. സ്വര്‍ഗരാജ്യത്തിന്‍റെ താക്കോലുകള്‍ ഞാന്‍ നിനക്കു തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെന്തും സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.” പിന്നീട്, താന്‍ ക്രിസ്തു ആകുന്നു എന്ന് ആരോടും പറയരുതെന്ന് അവിടുന്ന് ശിഷ്യന്മാരോടു കര്‍ശനമായി ആജ്ഞാപിച്ചു. താന്‍ യെരൂശലേമിലേക്കു പോകേണ്ടതാണെന്നും യെഹൂദപ്രമാണികളില്‍നിന്നും പുരോഹിതമുഖ്യന്മാരില്‍നിന്നും മതപണ്ഡിതന്മാരില്‍നിന്നും വളരെയധികം പീഡനങ്ങള്‍ സഹിക്കുകയും വധിക്കപ്പെടുകയും മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേല്‌ക്കുകയും ചെയ്യേണ്ടതാണെന്നും അന്നുമുതല്‍ യേശു വ്യക്തമാക്കുവാന്‍ തുടങ്ങി. പത്രോസ് അവിടുത്തെ മാറ്റി നിര്‍ത്തി ശാസിച്ചു. “അത് ഒരിക്കലും പാടില്ല, നാഥാ! അങ്ങേക്ക് അതു സംഭവിക്കരുതേ” എന്നു പത്രോസ് പറഞ്ഞു. യേശു തിരിഞ്ഞു പത്രോസിനോട്, “സാത്താനേ, പോകൂ എന്‍റെ മുമ്പില്‍നിന്ന്; നീ എനിക്കു മാര്‍ഗതടസ്സമായിരിക്കുന്നു; നിന്‍റെ ചിന്താഗതി ദൈവികമല്ല, മാനുഷികമാണ്.” പിന്നീടു യേശു ശിഷ്യന്മാരോടു പറഞ്ഞു: “ഒരുവന്‍ എന്നെ അനുഗമിക്കുവാന്‍ ഇച്ഛിക്കുന്നു എങ്കില്‍ സ്വയം ത്യജിച്ച് തന്‍റെ കുരിശെടുത്ത് എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്‍റെ ജീവനെ പരിരക്ഷിക്കുവാന്‍ ഇച്ഛിക്കുന്നുവെങ്കില്‍ അവന്‍ അതിനെ നഷ്ടപ്പെടുത്തും. എനിക്കുവേണ്ടി തന്‍റെ ജീവനെ നഷ്ടപ്പെടുത്തുന്നവന്‍ അതിനെ കണ്ടെത്തും. ഒരുവന്‍ സമസ്തലോകവും നേടിയാലും തന്‍റെ ജീവനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? അവന്‍റെ ജീവന്‍ വീണ്ടും ലഭിക്കുന്നതിന് അവനെക്കൊണ്ട് എന്തു ചെയ്യാന്‍ സാധിക്കും? മനുഷ്യപുത്രന്‍ മാലാഖമാരുടെ അകമ്പടിയോടുകൂടി തന്‍റെ പിതാവിന്‍റെ തേജസ്സില്‍ ഇതാ വരുന്നു. അപ്പോള്‍ ഓരോരുത്തര്‍ക്കും താന്താങ്ങള്‍ ചെയ്ത പ്രവൃത്തിക്കനുസൃതമായ പ്രതിഫലം നല്‌കും. മനുഷ്യപുത്രന്‍ രാജത്വം പ്രാപിച്ചുവരുന്നത് കാണുന്നതിനുമുമ്പ് ഇവിടെ നില്‌ക്കുന്നവരില്‍ ചിലര്‍ മരിക്കുകയില്ലെന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു.” ആറു ദിവസം കഴിഞ്ഞ് യേശു പത്രോസിനെയും യാക്കോബിനെയും യാക്കോബിന്‍റെ സഹോദരന്‍ യോഹന്നാനെയും കൂട്ടിക്കൊണ്ട് ഒരു ഉയര്‍ന്ന മലയിലേക്കു പോയി. അവിടെ അവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടുന്ന് അവരുടെ കണ്‍മുമ്പില്‍വച്ചു രൂപാന്തരം പ്രാപിച്ചു. അവിടുത്തെ മുഖം സൂര്യനെപ്പോലെ ശോഭയുള്ളതായിത്തീര്‍ന്നു; വസ്ത്രം പ്രകാശംപോലെ വെണ്‍മയുള്ളതായും മോശയും ഏലിയായും പ്രത്യക്ഷപ്പെട്ട് യേശുവിനോടു സംസാരിക്കുന്നതായും അവര്‍ കണ്ടു. അപ്പോള്‍ പത്രോസ് യേശുവിനോടു പറഞ്ഞു: “നാഥാ, നാം ഇവിടെ ആയിരിക്കുന്നത് എത്ര നന്ന്! അങ്ങ് ഇച്ഛിക്കുന്നെങ്കില്‍ ഞാന്‍ മൂന്നു കൂടാരങ്ങള്‍ ഇവിടെ നിര്‍മിക്കാം; ഒന്ന് അവിടുത്തേക്കും, ഒന്നു മോശയ്‍ക്കും ഒന്ന് ഏലിയായ്‍ക്കും.” പത്രോസ് ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ വെട്ടിത്തിളങ്ങുന്ന ഒരു മേഘം വന്ന് അവരെ മൂടി; “ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു; ഇവന്‍ പറയുന്നതു ശ്രദ്ധിക്കുക” എന്നു മേഘത്തില്‍നിന്ന് ഒരു അശരീരിയും കേട്ടു. ശിഷ്യന്മാര്‍ ഈ ശബ്ദം കേട്ടപ്പോള്‍ അത്യന്തം ഭയപരവശരായി കമിഴ്ന്നുവീണു. യേശു അവരുടെ അടുത്തുചെന്ന് അവരെ തൊട്ടുകൊണ്ട് “എഴുന്നേല്‌ക്കൂ ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു. അവര്‍ തല ഉയര്‍ത്തി നോക്കിയപ്പോള്‍ യേശുവിനെ അല്ലാതെ മറ്റാരെയും കണ്ടില്ല. മലയില്‍നിന്ന് ഇറങ്ങിവരുമ്പോള്‍ യേശു അവരോട് ആജ്ഞാപിച്ചു: “മനുഷ്യപുത്രന്‍ മരിച്ചവരുടെ ഇടയില്‍നിന്ന് ഉത്ഥാനം ചെയ്യുന്നതുവരെ നിങ്ങളുടെ ഈ ദര്‍ശനത്തെക്കുറിച്ച് ആരോടും പറയരുത്.” അപ്പോള്‍ ശിഷ്യന്മാര്‍ അവിടുത്തോടു ചോദിച്ചു: “ആദ്യം ഏലിയാ വരേണ്ടതാണെന്നു മതപണ്ഡിതന്മാര്‍ പറയുന്നത് എന്തുകൊണ്ട്?” അതിന് യേശു മറുപടി പറഞ്ഞു: “ഏലിയാ ആദ്യം വരികയും എല്ലാം പുനഃസ്ഥാപിക്കുകയും വേണം, എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: ഏലിയാ വന്നുകഴിഞ്ഞിരിക്കുന്നു; ആരും അദ്ദേഹത്തെ അറിഞ്ഞില്ല; തങ്ങള്‍ക്കു തോന്നിയതെല്ലാം അവര്‍ അദ്ദേഹത്തോടു ചെയ്തു. അതുപോലെതന്നെ മനുഷ്യപുത്രനെയും അവര്‍ പീഡിപ്പിക്കും.” സ്നാപകയോഹന്നാനെക്കുറിച്ചാണ് തങ്ങളോട് അരുള്‍ചെയ്തതെന്ന് ശിഷ്യന്മാര്‍ക്ക് അപ്പോള്‍ മനസ്സിലായി. അവര്‍ ജനക്കൂട്ടത്തിനടുത്തു തിരിച്ചുചെന്നപ്പോള്‍ ഒരു മനുഷ്യന്‍ യേശുവിന്‍റെ മുമ്പില്‍ മുട്ടുകുത്തി അവിടുത്തോടു പറഞ്ഞു: “കര്‍ത്താവേ, എന്‍റെ മകനോടു കരുണയുണ്ടാകണമേ! അപസ്മാരരോഗിയായ അവന്‍ വളരെയധികം കഷ്ടപ്പെടുന്നു. അവന്‍ പലപ്പോഴും തീയിലും വെള്ളത്തിലും വീഴുന്നു. ഞാന്‍ അവനെ അങ്ങയുടെ ശിഷ്യന്മാരുടെ അടുക്കല്‍ കൊണ്ടുവന്നു. അവര്‍ക്ക് അവനെ സുഖപ്പെടുത്തുവാന്‍ കഴിഞ്ഞില്ല.” യേശു ഇപ്രകാരം മറുപടി പറഞ്ഞു: “അവിശ്വാസവും വഴിപിഴച്ചതുമായ തലമുറ! എത്രകാലം ഞാന്‍ നിങ്ങളോടുകൂടിയിരിക്കും? എത്രത്തോളം ഞാന്‍ നിങ്ങളെ വഹിക്കും? ആ ബാലനെ ഇങ്ങു കൊണ്ടുവരൂ.” പിന്നീട് യേശു ഭൂതത്തെ ശാസിച്ചു; ഭൂതം ആ ബാലനില്‍നിന്ന് ഒഴിഞ്ഞുപോയി. തല്‍ക്ഷണം അവന്‍ സുഖംപ്രാപിച്ചു. ശിഷ്യന്മാര്‍ രഹസ്യമായി യേശുവിന്‍റെ അടുത്തുവന്ന്, “ഞങ്ങള്‍ക്ക് എന്തുകൊണ്ടാണ് ആ ഭൂതത്തെ പുറത്താക്കുവാന്‍ കഴിയാഞ്ഞത്?” എന്നു ചോദിച്ചു. യേശു പ്രതിവചിച്ചു: “നിങ്ങളുടെ വിശ്വാസത്തിന്‍റെ കുറവുകൊണ്ടുതന്നെ. ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു, ഒരു കടുകുമണിയോളം വിശ്വാസം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ മലയോട് ‘ഇവിടെനിന്ന് അങ്ങോട്ടു മാറുക’ എന്നു പറഞ്ഞാല്‍ അതു മാറും. നിങ്ങള്‍ക്ക് ഒന്നും അസാധ്യമായിരിക്കുകയില്ല. പ്രാര്‍ഥനയാലും ഉപവാസത്താലുമല്ലാതെ മറ്റൊന്നുകൊണ്ടും ഈ ജാതിയെ ഒഴിച്ചുവിടാന്‍ സാധ്യമല്ല.” ഗലീലയില്‍ അവര്‍ ഒരുമിച്ചു കൂടിയപ്പോള്‍ യേശു അവരോടു പറഞ്ഞു: “മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈയില്‍ ഏല്പിക്കപ്പെടുവാന്‍ പോകുകയാണ്. അവര്‍ അവനെ വധിക്കും; എന്നാല്‍ മൂന്നാം നാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‌ക്കും.” ഇതുകേട്ട് ശിഷ്യന്മാര്‍ അത്യധികം ദുഃഖിച്ചു. അവര്‍ കഫര്‍ന്നഹൂമില്‍ എത്തിയപ്പോള്‍ ദേവാലയനികുതി പിരിക്കുന്നവര്‍ പത്രോസിനോട്, “നിങ്ങളുടെ ഗുരു ദേവാലയനികുതി കൊടുക്കാറുണ്ടോ?” എന്നു ചോദിച്ചു. “ഉണ്ട്” എന്നു പത്രോസ് പറഞ്ഞു. വീട്ടില്‍ ചെന്നപ്പോള്‍ പത്രോസ് ഇതിനെപ്പറ്റി പറയുന്നതിനു മുമ്പ് യേശു ചോദിച്ചു: “ശിമോനേ, നിന്‍റെ അഭിപ്രായം എന്താണ്? ഈ ലോകത്തിലെ രാജാക്കന്മാര്‍ ആരില്‍നിന്നാണു ചുങ്കമോ തലപ്പണമോ പിരിക്കുന്നത്? സ്വന്തം രാജ്യത്തിലെ പൗരന്മാരില്‍നിന്നോ, വിദേശീയരില്‍നിന്നോ?” “വിദേശീയരില്‍നിന്ന് എന്നു പറഞ്ഞപ്പോള്‍ യേശു പത്രോസിനോട്, “അങ്ങനെയെങ്കില്‍ പൗരന്മാര്‍ അവ കൊടുക്കേണ്ടതില്ലല്ലോ. എന്നാല്‍ നാം അവരെ പിണക്കേണ്ട ആവശ്യമില്ല; നീ പോയി തടാകത്തില്‍ ചൂണ്ടയിടുക; ആദ്യം കിട്ടുന്ന മീനിന്‍റെ വായില്‍നിന്ന് ഒരു നാണയം കിട്ടും. എന്‍റെയും നിന്‍റെയും ദേവാലയനികുതി കൊടുക്കുവാന്‍ അതു മതിയാകും; അതെടുത്തു നമ്മുടെ നികുതി അടയ്‍ക്കുക.” ആ സമയത്ത് സ്വര്‍ഗരാജ്യത്തില്‍ ഏറ്റവും വലിയവന്‍ ആരാണെന്നു ചോദിച്ചുകൊണ്ട് ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചു. ഒരു ശിശുവിനെ വിളിച്ച് അവരുടെ മധ്യത്തില്‍ നിറുത്തിയിട്ട് യേശു പറഞ്ഞു: “നിങ്ങള്‍ക്കു പരിവര്‍ത്തനമുണ്ടായി ശിശുക്കളെപ്പോലെ ആയിത്തീരുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. സ്വയമേവ എളിമപ്പെട്ട് ഈ ശിശുവിനെപ്പോലെ ആയിത്തീരുന്നവനാണ് സ്വര്‍ഗരാജ്യത്തില്‍ ഏറ്റവും വലിയവന്‍. ഇതുപോലെയുള്ള ഒരു ശിശുവിനെ എന്‍റെ നാമത്തില്‍ ഏതൊരുവന്‍ സ്വീകരിക്കുന്നുവോ അവന്‍ എന്നെ സ്വീകരിക്കുന്നു.” “ഈ ചെറിയവരില്‍ ഒരുവനെ എന്നിലുള്ള വിശ്വാസത്തില്‍നിന്നു വഴിതെറ്റിക്കുന്നവനു കൂടുതല്‍ നല്ലത് തന്‍റെ കഴുത്തില്‍ വലിയൊരു തിരികല്ലു കെട്ടി ആഴക്കടലില്‍ താഴ്ത്തപ്പെടുന്നതാണ്. “പാപത്തിലേക്കുള്ള പ്രലോഭനം നിമിത്തം ലോകത്തിന്‍റെ അവസ്ഥ എത്ര ശോചനീയം! പ്രലോഭനങ്ങള്‍ ഉണ്ടായേ തീരൂ; എങ്കിലും യാതൊരുവനാല്‍ അത് ഉണ്ടാകുന്നുവോ, ആ മനുഷ്യന് ഹാ കഷ്ടം! “നിന്‍റെ കൈയോ, കാലോ നിന്നെ വഴിതെറ്റിക്കുന്നു എങ്കില്‍ അതു വെട്ടി എറിഞ്ഞുകളയുക; രണ്ടു കൈയോ രണ്ടു കാലോ ഉള്ളവനായി നിത്യാഗ്നിയില്‍ എറിയപ്പെടുന്നതിനെക്കാള്‍ അംഗഹീനനായോ, മുടന്തനായോ ജീവനില്‍ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്. നിന്‍റെ കണ്ണു നിന്നെ വഴിതെറ്റിക്കുന്നു എങ്കില്‍ അതു ചുഴന്നെടുത്ത് എറിഞ്ഞുകളയുക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തില്‍ എറിയപ്പെടുന്നതിനെക്കാള്‍ ഒരു കണ്ണുള്ളവനായി ജീവനില്‍ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്. “ഈ ചെറിയവരില്‍ ഒരുവനെ നിന്ദിക്കാതിരിക്കുവാന്‍ നോക്കിക്കൊള്ളുക; അവരുടെ മാലാഖമാര്‍ സ്വര്‍ഗത്തിലുള്ള എന്‍റെ പിതാവിന്‍റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. നഷ്ടപ്പെട്ടതിനെ രക്ഷിക്കുവാനാണല്ലോ മനുഷ്യപുത്രന്‍ വന്നത്. “നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ഒരാള്‍ക്ക് നൂറ് ആടുണ്ട് എന്നിരിക്കട്ടെ; അവയില്‍ ഒന്നു വഴിതെറ്റിപ്പോയാല്‍ അയാള്‍ തൊണ്ണൂറ്റിഒന്‍പതിനെയും മലയില്‍ വിട്ടിട്ട് വഴി തെറ്റിപ്പോയതിനെ അന്വേഷിച്ചുപോകുകയില്ലേ? കണ്ടുകിട്ടിയാല്‍ വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റിഒന്‍പതിനെപ്പറ്റിയുള്ളതിനെക്കാള്‍ അധികം സന്തോഷം നിശ്ചയമായും ആ കാണാതെപോയ ആടിനെക്കുറിച്ച് അയാള്‍ക്കുണ്ടാകുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു. അതുപോലെ ഈ ചെറിയവരില്‍ ഒരുവന്‍പോലും നശിച്ചു പോകുവാന്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് ഇച്ഛിക്കുന്നില്ല. “നിന്‍റെ സഹോദരന്‍ നിനക്കെതിരെ എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ അയാളുടെ അടുക്കല്‍ തനിച്ചുചെന്ന്, അയാളുടെ തെറ്റു ചൂണ്ടിക്കാണിക്കുക; അയാള്‍ നിന്‍റെ വാക്കുകള്‍ കേള്‍ക്കുന്ന പക്ഷം നിന്‍റെ സഹോദരനെ നീ നേടിക്കഴിഞ്ഞു. എന്നാല്‍ അയാള്‍ നിന്‍റെ വാക്കുകള്‍ കേള്‍ക്കുന്നില്ലെങ്കില്‍ ഒന്നോ രണ്ടോ ആളുകളെ കൂട്ടിക്കൊണ്ടു ചെല്ലുക. രണ്ടോ അതിലധികമോ സാക്ഷികള്‍ നല്‌കുന്ന തെളിവിനാല്‍ ഓരോ വാക്കും സ്ഥിരീകരിക്കപ്പെടുമല്ലോ. അവരെയും അയാള്‍ കൂട്ടാക്കാതെയിരുന്നാല്‍ സകല കാര്യങ്ങളും സഭയോടു പറയുക. സഭയ്‍ക്കും വഴങ്ങാതെ വന്നാല്‍ അയാള്‍ നിങ്ങള്‍ക്കു വിജാതീയനോ ചുങ്കക്കാരനോപോലെ ആയിരിക്കട്ടെ. “ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ ബന്ധിക്കുന്നതെല്ലാം സ്വര്‍ഗത്തിലും ബന്ധിക്കപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും. “ഞാന്‍ വീണ്ടും നിങ്ങളോടു പറയുന്നു: ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ ഒരുമയോടുകൂടി ഏതെങ്കിലും കാര്യത്തിനുവേണ്ടി പ്രാര്‍ഥിച്ചാല്‍, സ്വര്‍ഗസ്ഥനായ എന്‍റെ പിതാവ് അവര്‍ക്ക് അതു സാധിച്ചുകൊടുക്കും. എന്‍റെ നാമത്തില്‍ രണ്ടോ മൂന്നോ പേര്‍ എവിടെ കൂടുന്നുവോ അവിടെ അവരുടെ മധ്യത്തില്‍ ഞാനുണ്ടായിരിക്കും.” അനന്തരം പത്രോസ് യേശുവിനോട്, “കര്‍ത്താവേ, എന്‍റെ സഹോദരന്‍ എന്നോടു തെറ്റു ചെയ്താല്‍ എത്ര പ്രാവശ്യം ഞാന്‍ മാപ്പു കൊടുക്കണം? ഏഴുപ്രാവശ്യം മതിയോ എന്നു ചോദിച്ചു. യേശു ഉത്തരമരുളി: “ഏഴല്ല ഏഴ് എഴുപതു വട്ടമെന്നാണു” ഞാന്‍ പറയുന്നത്. “തന്‍റെ ഭൃത്യന്മാരുമായി കണക്കു തീര്‍ക്കാന്‍ നിശ്ചയിച്ച രാജാവിനോടു സ്വര്‍ഗരാജ്യത്തെ ഉപമിക്കാം. രാജാവു കണക്കുതീര്‍ത്തു തുടങ്ങിയപ്പോള്‍ പതിനായിരം താലന്തു കൊടുക്കുവാനുള്ള ഒരുവനെ അദ്ദേഹത്തിന്‍റെ മുമ്പില്‍ ഹാജരാക്കി. അയാള്‍ക്കു കടം വീട്ടാനുള്ള വകയില്ലായിരുന്നു. അതുകൊണ്ട് അയാളെയും ഭാര്യയെയും മക്കളെയും എന്നല്ല അയാള്‍ക്കുള്ള സര്‍വസ്വവും വിറ്റു കടം ഈടാക്കാന്‍ രാജാവ് ഉത്തരവിട്ടു. ആ ഭൃത്യന്‍ അദ്ദേഹത്തിന്‍റെ സന്നിധിയില്‍ താണുവീണ് ‘എനിക്ക് അല്പം സാവകാശം തരണമേ! അങ്ങേക്കു തരാനുള്ള സകലവും ഞാന്‍ തന്നു തീര്‍ത്തുകൊള്ളാം’ എന്നു പറഞ്ഞു. രാജാവു മനസ്സലിഞ്ഞ് അയാളെ വിട്ടയയ്‍ക്കുകയും അയാളുടെ കടം ഇളച്ചുകൊടുക്കുകയും ചെയ്തു. “എന്നാല്‍ ആ ഭൃത്യന്‍ പുറത്തേക്കു പോയപ്പോള്‍ നൂറു ദിനാറിനു തന്നോടു കടപ്പെട്ടിരുന്ന ഒരു സഹഭൃത്യനെ കണ്ടു. ഉടന്‍ തന്നെ തന്‍റെ ഇടപാടു തീര്‍ക്കണമെന്നു പറഞ്ഞ് ആ ഭൃത്യന്‍ അയാളുടെ കഴുത്തിനു കുത്തിപ്പിടിച്ചു ഞെരിച്ചു. ‘എനിക്ക് അല്പം സാവകാശം തരണേ! ഞാന്‍ തന്നുതീര്‍ത്തുകൊള്ളാം’ എന്ന് അയാള്‍ കേണപേക്ഷിച്ചു. എങ്കിലും, അയാളതു സമ്മതിക്കാതെ കടം വീട്ടുന്നതുവരെ ആ സഹഭൃത്യനെ കാരാഗൃഹത്തിലടപ്പിച്ചു. ഇതു കണ്ട് മറ്റു ഭൃത്യന്മാര്‍ അതീവ ദുഃഖിതരായി സംഭവിച്ചതെല്ലാം രാജാവിനെ അറിയിച്ചു. രാജാവ് ആ ഭൃത്യനെ വിളിപ്പിച്ചു പറഞ്ഞു: ദുഷ്ട ഭൃത്യാ! നീ കെഞ്ചിയപേക്ഷിച്ചതുകൊണ്ട് നിന്‍റെ കടമെല്ലാം ഞാന്‍ ഇളച്ചുതന്നു; നിന്നോട് എനിക്കു കനിവു തോന്നിയതുപോലെ നിന്‍റെ സഹഭൃത്യനോടും നിനക്കു കനിവുണ്ടാകേണ്ടതല്ലേ?’ രോഷാകുലനായ രാജാവ് കടം മുഴുവന്‍ വീട്ടുന്നതുവരെ ആ ഭൃത്യനെ കാരാഗൃഹത്തിലടയ്‍ക്കുവാന്‍ ജയിലധികാരികളെ ഏല്പിച്ചു. “നിങ്ങളുടെ സഹോദരനോടു നിങ്ങളോരോരുത്തരും ഹൃദയപൂര്‍വം ക്ഷമിക്കാതിരുന്നാല്‍ സ്വര്‍ഗസ്ഥനായ എന്‍റെ പിതാവു നിങ്ങളോടും ക്ഷമിക്കുകയില്ല.” ഈ കാര്യങ്ങളെല്ലാം അരുള്‍ചെയ്തശേഷം യേശു ഗലീല വിട്ട്, യെഹൂദ്യയില്‍ യോര്‍ദ്ദാന്‍റെ മറുകരെയുള്ള പ്രദേശത്ത് എത്തി. ഒരു വലിയ ജനസഞ്ചയം അവിടുത്തെ അനുഗമിച്ചു. അവിടുന്ന് അവരുടെ രോഗങ്ങള്‍ സുഖപ്പെടുത്തി. പരീശന്മാര്‍ വന്ന് അവിടുത്തെ പരീക്ഷിക്കുവാന്‍വേണ്ടി ചോദിച്ചു: “കാരണം എന്തുതന്നെ ആയാലും ഒരുവന്‍ തന്‍റെ ഭാര്യയെ ഉപേക്ഷിക്കുന്നതു ന്യായമാണോ?” യേശു മറുപടി പറഞ്ഞു: “ആദിയില്‍ സ്രഷ്ടാവ് അവരെ ആണും പെണ്ണുമായി സൃഷ്‍ടിച്ചു, ‘അതുകൊണ്ട് ഒരു മനുഷ്യന്‍ മാതാവിനെയും പിതാവിനെയും വിട്ട് തന്‍റെ ഭാര്യയോടു പറ്റിച്ചേരും; അവര്‍ ഇരുവരും ഒരു ദേഹമായിത്തീരുകയും ചെയ്യും’ എന്നു വേദഗ്രന്ഥത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? അതുകൊണ്ട് അതുമുതല്‍ അവര്‍ രണ്ടല്ല ഒരു ശരീരമത്രേ. അതിനാല്‍ ദൈവം കൂട്ടിച്ചേര്‍ത്തത് മനുഷ്യന്‍ ഒരിക്കലും വേര്‍പിരിച്ചുകൂടാ.” “അങ്ങനെയാണെങ്കില്‍ ഒരു മനുഷ്യന്‍ തന്‍റെ ഭാര്യക്ക് മോചനപത്രം കൊടുത്തിട്ട് അവളെ ഉപേക്ഷിക്കുവാന്‍ മോശ കല്പിച്ചിരിക്കുന്നത് എന്തുകൊണ്ട്?” എന്നു പരീശന്മാര്‍ അദ്ദേഹത്തോടു ചോദിച്ചു. അപ്പോള്‍ യേശു പറഞ്ഞു: “നിങ്ങള്‍ക്ക് ഇതിലുപരി ഗ്രഹിക്കുവാന്‍ കഴിയാത്തതുകൊണ്ടാണ് ഭാര്യയെ ഉപേക്ഷിക്കുവാന്‍ മോശ അനുവദിച്ചത്. എന്നാല്‍ സൃഷ്‍ടിയുടെ ആരംഭംമുതല്‍ അങ്ങനെ അല്ലായിരുന്നു. ഞാന്‍ നിങ്ങളോടു പറയുന്നു: ഭാര്യയുടെ അവിശ്വസ്തത നിമിത്തമല്ലാതെ അവളെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം കഴിക്കുന്നപക്ഷം അങ്ങനെയുള്ള ഏതൊരുവനും വ്യഭിചാരം ചെയ്യുന്നു. ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. അപ്പോള്‍ ശിഷ്യന്മാര്‍ പറഞ്ഞു: “ഭാര്യാഭര്‍ത്തൃബന്ധം ഇങ്ങനെയാണെങ്കില്‍ വിവാഹം കഴിക്കാതിരിക്കുകയാണു ഭേദം.” എന്നാല്‍ യേശു അവരോട് അരുള്‍ചെയ്തു: ഈ ഉപദേശം, വരം ലഭിച്ചവര്‍ക്കല്ലാതെ ആര്‍ക്കും ഗ്രഹിക്കുവാന്‍ കഴിയുകയില്ല. മനുഷ്യര്‍ക്ക്, വിവാഹം കഴിക്കാതിരിക്കുവാന്‍ പല കാരണങ്ങളുമുണ്ട്. ചിലര്‍ ജന്മനാ ഷണ്ഡന്മാരാകുന്നു; മറ്റു ചിലര്‍ ഷണ്ഡന്മാരാക്കപ്പെടുന്നു; സ്വര്‍ഗരാജ്യത്തിനുവേണ്ടി ബ്രഹ്മചര്യം സ്വീകരിക്കുന്നവരുമുണ്ട്. ഇതു ഗ്രഹിക്കുവാന്‍ കഴിയുന്നവര്‍ ഗ്രഹിക്കട്ടെ.” തങ്ങളുടെ ശിശുക്കളുടെമേല്‍ കൈവച്ചു പ്രാര്‍ഥിക്കേണ്ടതിന് അവരെ യേശുവിന്‍റെ അടുക്കല്‍ ചിലര്‍ കൊണ്ടുവന്നു. എന്നാല്‍ ശിഷ്യന്മാര്‍ അവരെ ശാസിച്ചു. അപ്പോള്‍ യേശു പറഞ്ഞു: “ആ ശിശുക്കളെ എന്‍റെ അടുക്കല്‍ വരുവാന്‍ അനുവദിക്കൂ; അവരെ വിലക്കരുത്; സ്വര്‍ഗരാജ്യം ഇവരെപ്പോലെയുള്ളവരുടേതാകുന്നു.” അതിനുശേഷം അവിടുന്ന് അവരുടെമേല്‍ കൈവച്ച് അനുഗ്രഹിച്ചു; അനന്തരം അവിടെനിന്നു യാത്രയായി. ഒരിക്കല്‍ ഒരാള്‍ യേശുവിന്‍റെ അടുത്തുവന്ന്, “ഗുരോ, അനശ്വരജീവന്‍ പ്രാപിക്കേണ്ടതിന് എന്തു സല്‍ക്കര്‍മം ഞാന്‍ ചെയ്യണം?” എന്നു ചോദിച്ചു. യേശു അയാളോടു പറഞ്ഞു: “സല്‍ക്കര്‍മത്തെക്കുറിച്ച് എന്തിനാണ് എന്നോട് ചോദിക്കുന്നത്? സുകൃതിയായി ഒരാള്‍ മാത്രമേയുള്ളൂ. നിനക്കു ജീവനില്‍ പ്രവേശിക്കണമെങ്കില്‍ കല്പനകള്‍ അനുസരിക്കുക.” “ഏതു കല്പനകള്‍?” എന്ന് അയാള്‍ ചോദിച്ചതിന്, “കൊലപാതകം ചെയ്യരുത്, വ്യഭിചരിക്കരുത്, മോഷ്‍ടിക്കരുത്, കള്ളസ്സാക്ഷ്യം പറയരുത്, മാതാപിതാക്കളെ ബഹുമാനിക്ക, അയല്‍ക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക” എന്നു യേശു ഉത്തരം പറഞ്ഞു. “ഇവയെല്ലാം ഞാന്‍ പാലിച്ചുപോരുന്നു; ഇനി എനിക്കുള്ള കുറവ് എന്താണ്?” എന്ന് ആ യുവാവ് വീണ്ടും ചോദിച്ചു. യേശു അയാളോട്, “നീ സദ്ഗുണപൂര്‍ണനാകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പോയി നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക; അപ്പോള്‍ നിനക്കു സ്വര്‍ഗത്തില്‍ നിക്ഷേപമുണ്ടാകും. പിന്നീടു വന്ന് എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു. ഇതു കേട്ടപ്പോള്‍ ആ യുവാവു ദുഃഖിതനായി അവിടെനിന്നു പോയി. എന്തുകൊണ്ടെന്നാല്‍ അയാള്‍ ഒരു വലിയ ധനികനായിരുന്നു. അനന്തരം യേശു ശിഷ്യന്മാരോടു പറഞ്ഞു: “ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് എളുപ്പമല്ല എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു; ധനികന്‍ സ്വര്‍ഗരാജ്യത്തു പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് എന്നു ഞാന്‍ വീണ്ടും നിങ്ങളോടു പറയുന്നു.” ഇതു കേട്ടപ്പോള്‍ ശിഷ്യന്മാര്‍ വിസ്മയഭരിതരായി. “അങ്ങനെയെങ്കില്‍ രക്ഷപെടുവാന്‍ ആര്‍ക്കു കഴിയും?” എന്ന് അവര്‍ ചോദിച്ചു. യേശു അവരെ സൂക്ഷിച്ചു നോക്കിക്കൊണ്ടു പ്രതിവചിച്ചു: “മനുഷ്യര്‍ക്ക് അത് അസാധ്യം; എന്നാല്‍ ദൈവത്തിനു സകലവും സാധ്യമാണ്.” അപ്പോള്‍ പത്രോസ് പറഞ്ഞു: “ഇതാ, ഞങ്ങള്‍ സമസ്തവും പരിത്യജിച്ച് അങ്ങയെ അനുഗമിച്ചിരിക്കുന്നു; ഞങ്ങള്‍ക്ക് എന്താണ് ലഭിക്കുക?” യേശു അവരോട് ഇപ്രകാരം അരുള്‍ചെയ്തു: “ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: നവയുഗത്തില്‍ മനുഷ്യപുത്രന്‍ മഹത്ത്വമേറിയ സിംഹാസനത്തില്‍ ഇരിക്കുമ്പോള്‍ എന്നെ അനുഗമിച്ചവരായ നിങ്ങള്‍ പന്ത്രണ്ടുപേരും ഇസ്രായേലിന്‍റെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിച്ചുകൊണ്ട് പന്ത്രണ്ടു സിംഹാസനങ്ങളിലിരിക്കും. എന്നെപ്രതി വീടിനെയോ, സഹോദരന്മാരെയോ, സഹോദരിമാരെയോ, പിതാവിനെയോ, മാതാവിനെയോ, മക്കളെയോ, നിലം പുരയിടങ്ങളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറു മടങ്ങു ലഭിക്കും. അവര്‍ അനശ്വരജീവന് അവകാശികളായിത്തീരുകയും ചെയ്യും. എന്നാല്‍ ഒന്നാമതിരിക്കുന്ന പലരും ഒടുവിലാകുകയും ഒടുവിലിരിക്കുന്നവര്‍ ഒന്നാമതാകുകയും ചെയ്യും. തന്‍റെ മുന്തിരിത്തോട്ടത്തില്‍ പണിയെടുക്കുന്നതിനു വേലക്കാരെ വിളിക്കാന്‍ അതിരാവിലെ പുറപ്പെട്ട തോട്ടമുടമസ്ഥനോടു തുല്യമത്രേ സ്വര്‍ഗരാജ്യം. ഒരാള്‍ക്ക് ഒരു ദിവസം പണി ചെയ്യുന്നതിനു പതിവുപോലെ ഒരു ദിനാര്‍ കൂലി സമ്മതിച്ച് തന്‍റെ തോട്ടത്തിലേക്ക് അയാള്‍ അവരെ പറഞ്ഞയച്ചു. ഒന്‍പതു മണിക്ക് അയാള്‍ പുറത്തേക്കു പോയപ്പോള്‍ ചന്തസ്ഥലത്തു മിനക്കെട്ടു നില്‌ക്കുന്ന ഏതാനും പേരെ കണ്ടു. ‘നിങ്ങളും പോയി എന്‍റെ മുന്തിരിത്തോട്ടത്തില്‍ പണിചെയ്യുക; ന്യായമായ കൂലി ഞാന്‍ തരാം’ എന്ന് അയാള്‍ പറഞ്ഞു. അങ്ങനെ അവര്‍ പോയി. തോട്ടത്തിന്‍റെ ഉടമസ്ഥന്‍ വീണ്ടും പന്ത്രണ്ടു മണിക്കും മൂന്നു മണിക്കും പോയി പണിക്കാരെ വിളിച്ചുവിട്ടു. അഞ്ചു മണിയോടുകൂടി അയാള്‍ ചന്തസ്ഥലത്തു ചെന്നപ്പോള്‍ വേറെ ചിലര്‍ അവിടെ നില്‌ക്കുന്നതു കണ്ടിട്ട് ‘നിങ്ങള്‍ എന്തുകൊണ്ടാണ് ഇന്നു മുഴുവന്‍ മിനക്കെട്ടത്?’ എന്നു ചോദിച്ചു. ‘ആരും ഞങ്ങളെ പണിക്കു വിളിച്ചില്ല’ എന്ന് അവര്‍ മറുപടി പറഞ്ഞു. ശരി, നിങ്ങളും പോയി എന്‍റെ മുന്തിരിത്തോട്ടത്തില്‍ പണിചെയ്യുക’ എന്നു തോട്ടത്തിന്‍റെ ഉടമസ്ഥന്‍ പറഞ്ഞു. “സന്ധ്യ ആയപ്പോള്‍ ഉടമസ്ഥന്‍ കാര്യസ്ഥനെ വിളിച്ച് ‘അവസാനം വന്നവര്‍തൊട്ട് ആദ്യം വന്നവര്‍വരെ എല്ലാവരെയും വിളിച്ചു കൂലികൊടുക്കുക’ എന്നു പറഞ്ഞു. അഞ്ചു മണിക്കു പണിയാന്‍ വന്ന ഓരോരുത്തര്‍ക്കും ഓരോ ദിനാര്‍ കൂലികൊടുത്തു. ആദ്യം പണിക്കു വന്നവര്‍ കൂലി വാങ്ങാന്‍ ചെന്നപ്പോള്‍ തങ്ങള്‍ക്കു കൂടുതല്‍ കിട്ടുമെന്ന് ഓര്‍ത്തു. എന്നാല്‍ അവര്‍ക്കും ഓരോ ദിനാര്‍മാത്രമാണു കൊടുത്തത്. അവര്‍ അതു വാങ്ങിക്കൊണ്ട് തോട്ടത്തിന്‍റെ ഉടമസ്ഥനോടു പിറുപിറുത്തു. ‘ഒടുവില്‍വന്നവര്‍ ഒരു മണിക്കൂര്‍ മാത്രമേ വേല ചെയ്തുള്ളൂ; ഞങ്ങളാകട്ടെ പകല്‍ മുഴുവന്‍ പൊരിയുന്ന വെയില്‍കൊണ്ട് അധ്വാനിച്ചു. എന്നിട്ടും അങ്ങ് ഞങ്ങള്‍ക്കു തന്ന കൂലി തന്നെ അവര്‍ക്കും നല്‌കി’ എന്ന് അവര്‍ പറഞ്ഞു. “അവരില്‍ ഒരാളോട് ഉടമസ്ഥന്‍ ഇങ്ങനെ മറുപടി പറഞ്ഞു: ‘സ്നേഹിതാ, ഞാന്‍ നിന്നെ വഞ്ചിച്ചില്ല; ഒരു ദിവസത്തേക്ക് ഒരു ദിനാര്‍ അല്ലേ നിങ്ങള്‍ സമ്മതിച്ച കൂലി? നിന്‍റെ കൂലി വാങ്ങിക്കൊണ്ടു പൊയ്‍ക്കൊള്ളുക; നിനക്കു തന്നിടത്തോളംതന്നെ അവസാനം വന്ന ഇവനും നല്‌കണമെന്നതാണ് എന്‍റെ ഇഷ്ടം. എന്‍റെ പണം എന്‍റെ ഇഷ്ടംപോലെ വിനിയോഗിക്കുവാനുള്ള അവകാശം എനിക്കില്ലേ? ഞാന്‍ ദയാലുവായിരിക്കുന്നതില്‍ നീ അമര്‍ഷം കൊള്ളുന്നത് എന്തിന്!” ഇങ്ങനെ ഒടുവിലായിരുന്നവര്‍ ഒന്നാമതാകുമെന്നും ഒന്നാമതായിരുന്നവര്‍ ഒടുവിലാകുമെന്നും യേശു കൂട്ടിച്ചേര്‍ത്തു. യെരൂശലേമിലേക്കുള്ള യാത്രയില്‍ യേശു പന്ത്രണ്ടു ശിഷ്യന്മാരെ മാറ്റി നിറുത്തി അവരോടു രഹസ്യമായി ഇങ്ങനെ പറഞ്ഞു: “നാം യെരൂശലേമിലേക്കു പോകുകയാണല്ലോ. അവിടെവച്ച് മനുഷ്യപുത്രന്‍ പുരോഹിതമുഖ്യന്മാരുടെയും മതപണ്ഡിതന്മാരുടെയും കൈയില്‍ ഏല്പിക്കപ്പെടും; അവര്‍ മനുഷ്യപുത്രനെ വധശിക്ഷയ്‍ക്കു വിധിക്കും; പിന്നീട് വിജാതീയരെ ഏല്പിക്കും. അവര്‍ അയാളെ അവഹേളിക്കുകയും ചാട്ടവാറുകൊണ്ടു പ്രഹരിക്കുകയും കുരിശില്‍ തറയ്‍ക്കുകയും ചെയ്യും; മൂന്നാം ദിവസം മനുഷ്യപുത്രന്‍ ഉയിര്‍ത്തെഴുന്നേല്‌ക്കും.” സെബദിയുടെ പത്നി തന്‍റെ രണ്ടു പുത്രന്മാരോടുകൂടി വന്ന് യേശുവിനെ നമിച്ചുകൊണ്ട് ഒരു വരത്തിനുവേണ്ടി അപേക്ഷിച്ചു. “നിങ്ങള്‍ക്ക് എന്താണു വേണ്ടത്?” എന്ന് യേശു അവരോടു ചോദിച്ചു. അവര്‍ പറഞ്ഞു: “അങ്ങു രാജാവാകുമ്പോള്‍ എന്‍റെ ഈ രണ്ടു പുത്രന്മാരില്‍ ഒരുവന്‍ അവിടുത്തെ വലത്തും അപരന്‍ ഇടത്തും ഇരിക്കുവാന്‍ കല്പിച്ചരുളണമേ.” യേശു സെബദിപുത്രന്മാരോടു ചോദിച്ചു: “നിങ്ങള്‍ അപേക്ഷിക്കുന്നത് എന്തെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ; ഞാന്‍ കുടിക്കുവാന്‍ പോകുന്ന പാനപാത്രത്തില്‍നിന്നു നിങ്ങള്‍ക്കു കുടിക്കുവാന്‍ കഴിയുമോ?” “ഞങ്ങള്‍ക്കു കഴിയും” എന്ന് അവര്‍ പറഞ്ഞു. “ഞാന്‍ കുടിക്കുന്ന പാനപാത്രത്തില്‍നിന്നു നിങ്ങള്‍ തീര്‍ച്ചയായും കുടിക്കും. എന്നാല്‍ എന്‍റെ ഇടത്തും വലത്തും ഇരിക്കുന്നവര്‍ ആരായിരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം എനിക്കില്ല. ഈ സ്ഥാനങ്ങള്‍ എന്‍റെ പിതാവ് ആര്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്നുവോ അവര്‍ക്കുള്ളതാണ്” എന്ന് യേശു പറഞ്ഞു. ഇത് അറിഞ്ഞപ്പോള്‍ ശേഷമുള്ള പത്തു ശിഷ്യന്മാര്‍ക്ക് ആ രണ്ടു സഹോദരന്മാരോട് കടുത്ത അമര്‍ഷമുണ്ടായി. യേശു അവരെ അടുക്കല്‍ വിളിച്ച് ഇപ്രകാരം പറഞ്ഞു: “വിജാതീയരില്‍ പ്രഭുത്വമുള്ളവര്‍ അധികാരം നടത്തുന്നുവെന്നും അവരില്‍ പ്രമുഖന്മാര്‍ അവരെ ഭരിക്കുന്നുവെന്നും നിങ്ങള്‍ക്ക് അറിയാമല്ലോ; എന്നാല്‍ നിങ്ങളുടെ ഇടയില്‍ അതു പാടില്ല; നിങ്ങളില്‍ ആരെങ്കിലും വലിയവനാകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അയാള്‍ മറ്റുള്ളവരുടെ സേവകനാകണം; നിങ്ങളില്‍ ഒന്നാമനാകുവാന്‍ കാംക്ഷിക്കുന്ന ഏതൊരുവനും മറ്റുള്ളവരുടെ ദാസനായിത്തീരണം. മനുഷ്യപുത്രന്‍ വന്നിരിക്കുന്നതു സേവിക്കപ്പെടുന്നതിനല്ല, പിന്നെയോ മറ്റുള്ളവരെ സേവിക്കുന്നതിനും അനേകംപേരുടെ മോചനത്തിനുള്ള മൂല്യമായി തന്‍റെ ജീവന്‍ നല്‌കുന്നതിനുമാണ്.” അവര്‍ യെരീഹോവില്‍നിന്നു പുറപ്പെട്ടപ്പോള്‍ ഒരു വലിയ ജനസഞ്ചയം യേശുവിനെ അനുഗമിച്ചു. കണ്ണുകാണുവാന്‍ പാടില്ലാത്ത രണ്ടുപേര്‍ വഴിയരികില്‍ ഇരിക്കുകയായിരുന്നു. യേശു അതുവഴി കടന്നുപോകുന്നു എന്നറിഞ്ഞ്, “ദാവീദിന്‍റെ പുത്രാ, ഞങ്ങളോടു കരുണയുണ്ടാകണമേ” എന്നു നിലവിളിച്ചു. മിണ്ടരുതെന്നു പറഞ്ഞുകൊണ്ട് ജനം അവരെ ശാസിച്ചു. ആ അന്ധന്മാരാകട്ടെ കുറേക്കൂടി ഉച്ചത്തില്‍: “കര്‍ത്താവേ, ദാവീദിന്‍റെ പുത്രാ! ഞങ്ങളോടു കരുണയുണ്ടാകണമേ” എന്നു നിലവിളിച്ചു. യേശു അവിടെനിന്ന് അവരെ വിളിച്ചു. “നിങ്ങള്‍ക്കു ഞാന്‍ എന്തുചെയ്തു തരണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?” എന്നു ചോദിച്ചു. “കര്‍ത്താവേ, ഞങ്ങളുടെ കണ്ണു തുറന്നുകിട്ടണം” എന്ന് അവര്‍ മറുപടി പറഞ്ഞു. യേശു ആര്‍ദ്രചിത്തനായി അവരുടെ കണ്ണുകളില്‍ തൊട്ടു. തല്‍ക്ഷണം അവര്‍ കാഴ്ചപ്രാപിച്ച് അവിടുത്തെ അനുഗമിച്ചു. യെരൂശലേമിനു സമീപം ഒലിവുമലയുടെ അരികിലുള്ള ബേത്ത്ഫാഗയിലെത്തിയപ്പോള്‍ യേശു ശിഷ്യന്മാരില്‍ രണ്ടുപേരെ വിളിച്ച് ഇപ്രകാരം പറഞ്ഞയച്ചു: “നിങ്ങള്‍ മുമ്പില്‍ കാണുന്ന ആ ഗ്രാമത്തിലേക്കു പോകുക. അവിടെ ചെല്ലുമ്പോള്‍ കെട്ടിയിരിക്കുന്ന ഒരു കഴുതയെയും അതിന്‍റെ കുട്ടിയെയും നിങ്ങള്‍ കാണും. അവയെ അഴിച്ചുകൊണ്ടുവരിക. നിങ്ങളോട് ആരെങ്കിലും വല്ലതും ചോദിച്ചാല്‍ ഗുരുവിന് ഇവയെ ആവശ്യമുണ്ടെന്നു പറഞ്ഞാല്‍ മതി. അവര്‍ ഉടനെ അവയെ വിട്ടയയ്‍ക്കും,” [4,5] ‘ഇതാ, നിന്‍റെ രാജാവു വിനീതനായി കഴുതപ്പുറത്തു കയറിവരുന്നു! കഴുതക്കുട്ടിയുടെ പുറത്ത് ഉപവിഷ്ടനായി നിന്‍റെ അടുക്കലേക്ക് എഴുന്നള്ളുന്നു’ എന്നു സീയോന്‍നഗരത്തോടു പറയുക എന്നിങ്ങനെ പ്രവാചകന്‍ മുഖാന്തരം അരുള്‍ചെയ്യപ്പെട്ടിട്ടുള്ളതു സംഭവിച്ചു. *** യേശു പറഞ്ഞതുപോലെ ശിഷ്യന്മാര്‍ ചെയ്തു. അവര്‍ കഴുതയെയും അതിന്‍റെ കുട്ടിയെയും കൊണ്ടുവന്നു. തങ്ങളുടെ വസ്ത്രം അവര്‍ അവയുടെമേല്‍ വിരിച്ചു. യേശു കയറിയിരുന്നു; ജനാവലി അവരുടെ മേലങ്കികള്‍ വഴിയില്‍ വിരിച്ചു. ചിലര്‍ മരച്ചില്ലകള്‍ വെട്ടിവിതറി. മുമ്പിലും പിമ്പിലും നടന്ന ജനക്കൂട്ടം “ദാവീദിന്‍റെ പുത്രനു ഹോശന്നാ!” കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍! അത്യുന്നതങ്ങളില്‍ ഹോശന്നാ!” എന്ന് ആര്‍ത്തുവിളിച്ചു. യെരൂശലേമില്‍ പ്രവേശിച്ചപ്പോള്‍ നഗരം ആകമാനം ഇളകിവശായി. “ഇതാര്?” എന്ന് അവര്‍ ചോദിച്ചു. “ഗലീലയിലെ നസറെത്തില്‍ നിന്നു വന്ന പ്രവാചകനായ യേശു” എന്നു ജനങ്ങള്‍ മറുപടി പറഞ്ഞു. യേശു ദേവാലയത്തില്‍ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെയെല്ലാം പുറത്തിറക്കി. നാണയം മാറുന്ന വ്യാപാരത്തിലേര്‍പ്പെട്ടിരുന്നവരുടെ മേശകളും പ്രാക്കളെ വില്‌ക്കുന്നവരുടെ ഇരിപ്പിടങ്ങളും മറിച്ചിട്ടു. “എന്‍റെ ഭവനം പ്രാര്‍ഥനാലയം എന്നു വിളിക്കപ്പെടും’ എന്നു ദൈവം അരുള്‍ചെയ്തതായി വേദഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നു; എന്നാല്‍ നിങ്ങള്‍ അതിനെ കൊള്ളക്കാരുടെ സങ്കേതമാക്കിത്തീര്‍ത്തിരിക്കുന്നു” എന്ന് അവിടുന്നു പറഞ്ഞു. അന്ധന്മാരും വികലാംഗരും ദേവാലയത്തില്‍ അവിടുത്തെ അടുക്കല്‍ വന്നു. അവിടുന്ന് അവരെ സുഖപ്പെടുത്തി. അവിടുത്തെ അദ്ഭുതപ്രവൃത്തികളെയും “ദാവീദിന്‍റെ പുത്രനു ഹോശന്നാ” എന്ന് ആര്‍ത്തുവിളിക്കുന്ന കുട്ടികളെയും കണ്ടപ്പോള്‍ മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും കോപാക്രാന്തരായി. “ഇവര്‍ പറയുന്നത് താങ്കള്‍ കേള്‍ക്കുന്നില്ലേ?” എന്ന് അവര്‍ യേശുവിനോടു ചോദിച്ചു. “തീര്‍ച്ചയായും ഞാന്‍ കേള്‍ക്കുന്നു. ‘തികച്ചും കുറ്റമറ്റ സ്തുതിഘോഷം ശിശുക്കളുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും അധരങ്ങളില്‍നിന്ന് അവിടുന്ന് ഉണര്‍ത്തുന്നു’ എന്ന വേദഭാഗം നിങ്ങള്‍ ഒരിക്കല്‍പോലും വായിച്ചിട്ടില്ലേ?” എന്ന് യേശു അവരോടു ചോദിച്ചു. അനന്തരം അവിടുന്ന് അവരെ വിട്ട് നഗരത്തിനു പുറത്തുള്ള ബേഥാന്യയില്‍ പോയി രാത്രി കഴിച്ചുകൂട്ടി. പിറ്റേദിവസം അതിരാവിലെ നഗരത്തിലേക്കു മടങ്ങിപ്പോകുമ്പോള്‍ യേശുവിനു വിശന്നു. വഴിയരികില്‍ ഒരത്തിവൃക്ഷം നില്‌ക്കുന്നതു കണ്ട് യേശു അതിന്‍റെ അടുത്തു ചെന്നു. അതില്‍ ഇലപ്പടര്‍പ്പല്ലാതെ ഒന്നും കണ്ടില്ല. യേശു അപ്പോള്‍ അതിനോട് “മേലില്‍ ഒരിക്കലും നിന്നില്‍ ഫലം കായ്‍ക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. തല്‍ക്ഷണം ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി. ഇതു കണ്ട് ശിഷ്യന്മാര്‍ ആശ്ചര്യപ്പെട്ടു. “ഇത്രവേഗം ഈ വൃക്ഷം ഉണങ്ങിയത് എങ്ങനെ?” എന്ന് അവര്‍ ചോദിച്ചു. യേശു അതിനു മറുപടിയായി പറഞ്ഞു: “ഇതു നിങ്ങള്‍ ഓര്‍മിച്ചുകൊള്ളണം; നിങ്ങള്‍ അശേഷം സംശയിക്കാതെ വിശ്വാസമുള്ളവരായിരുന്നാല്‍ ഞാന്‍ ഈ അത്തിമരത്തോടു ചെയ്തതു മാത്രമല്ല, നിങ്ങള്‍ക്കു ചെയ്യുവാന്‍ കഴിയുന്നത്; ഈ മലയോട് ഇളകി കടലില്‍വീഴുക എന്നു നിങ്ങള്‍ പറഞ്ഞാല്‍ അതും സംഭവിക്കും. നിങ്ങള്‍ വിശ്വസിക്കുന്നപക്ഷം പ്രാര്‍ഥനയില്‍ നിങ്ങള്‍ എന്തപേക്ഷിച്ചാലും അതു ലഭിക്കും.” അവിടുന്നു ദേവാലയത്തില്‍ ചെന്നു പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ മുഖ്യപുരോഹിതന്മാരും യെഹൂദപ്രമാണികളും വന്ന് “എന്ത് അധികാരം കൊണ്ടാണ് താങ്കള്‍ ഇതൊക്കെ ചെയ്യുന്നത്? ആരാണീ അധികാരം തന്നത്?” എന്നു ചോദിച്ചു. അതിനു മറുപടിയായി യേശു പറഞ്ഞു: “ആകട്ടെ, ഞാനും നിങ്ങളോട് ഒരു കാര്യം ചോദിക്കാം; അതിനു നിങ്ങള്‍ മറുപടി പറയുന്നപക്ഷം എന്തധികാരംകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാന്‍ പറയാം. സ്നാപനം നടത്തുവാനുള്ള അധികാരം യോഹന്നാന് എവിടെനിന്നാണു ലഭിച്ചത്? ദൈവത്തില്‍നിന്നോ? മനുഷ്യരില്‍നിന്നോ? അപ്പോള്‍ അവര്‍ അന്യോന്യം ആലോചിച്ചു: “നാം എന്തു സമാധാനം പറയും? ദൈവത്തില്‍നിന്ന് എന്നു പറഞ്ഞാല്‍ പിന്നെ നിങ്ങള്‍ എന്തുകൊണ്ടു വിശ്വസിച്ചില്ല എന്നു യേശു ചോദിക്കും; മനുഷ്യരില്‍നിന്ന് എന്നു പറഞ്ഞാലോ? നാം പൊതുജനങ്ങളെ ഭയപ്പെടുന്നു; എന്തെന്നാല്‍ എല്ലാവരും അദ്ദേഹത്തെ ഒരു പ്രവാചകനായിട്ടാണു കരുതുന്നത്.” അതുകൊണ്ട് “ഞങ്ങള്‍ക്കറിഞ്ഞുകൂടാ” എന്ന് അവര്‍ യേശുവിനോടു പറഞ്ഞു. “എങ്കില്‍ എന്തധികാരം കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാനും പറയുന്നില്ല” എന്നു യേശു പറഞ്ഞു. “ഒരു മനുഷ്യനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അയാള്‍ മൂത്തപുത്രന്‍റെ അടുത്തുചെന്ന് ‘മകനേ, നീ ഇന്നു മുന്തിരിത്തോട്ടത്തില്‍ പോയി വേല ചെയ്യുക’ എന്നു പറഞ്ഞു. ‘എനിക്കു മനസ്സില്ല’ എന്ന് അവന്‍ മറുപടി പറഞ്ഞെങ്കിലും പിന്നീട് അനുതപിച്ച് പണിക്കുപോയി. ഇളയപുത്രനോടും അയാള്‍ അങ്ങനെ പറഞ്ഞു. ‘ഞാന്‍ പോകാം’ എന്നു പറഞ്ഞെങ്കിലും അവന്‍ പോയില്ല. നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ഇവരില്‍ ആരാണ് പിതാവിന്‍റെ അഭീഷ്ടം അനുസരിച്ചു ചെയ്തത്?” “മൂത്തപുത്രന്‍” എന്ന് അവര്‍ ഉത്തരം പറഞ്ഞു. യേശു അവരോടു പറഞ്ഞു. “ചുങ്കം പിരിക്കുന്നവരും വ്യഭിചാരിണികളും ആയിരിക്കും നിങ്ങള്‍ക്കു മുമ്പായി ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത് എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. ധര്‍മമാര്‍ഗം ചൂണ്ടിക്കാണിച്ചുകൊണ്ട് സ്നാപകയോഹന്നാന്‍ വന്നു; നിങ്ങളാകട്ടെ അദ്ദേഹത്തെ വിശ്വസിച്ചില്ല; ചുങ്കം പിരിക്കുന്നവരും വ്യഭിചാരിണികളും അദ്ദേഹത്തെ വിശ്വസിച്ചു. അതു കണ്ടിട്ടുപോലും നിങ്ങള്‍ അനുതപിച്ച് അദ്ദേഹത്തെ വിശ്വസിച്ചില്ല. “വേറൊരു ദൃഷ്ടാന്തം ശ്രദ്ധിക്കുക: ഒരാള്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, ചുറ്റും വേലികെട്ടി; അതില്‍ ഒരു ചക്കു കുഴിച്ചിടുകയും ഒരു കാവല്‍മാടം നിര്‍മിക്കുകയും ചെയ്തു. പിന്നീട് ആ തോട്ടം പാട്ടത്തിനു കൊടുത്തിട്ട് അയാള്‍ വിദേശത്തേക്കു പുറപ്പെട്ടു. മുന്തിരിയുടെ വിളവെടുപ്പിനുള്ള കാലം സമീപിച്ചപ്പോള്‍ തനിക്കു കിട്ടാനുള്ള പാട്ടം വാങ്ങുന്നതിനായി സ്ഥലമുടമസ്ഥന്‍ തന്‍റെ ദാസന്മാരെ ആ പാട്ടക്കാരുടെ അടുക്കല്‍ അയച്ചു. എന്നാല്‍ അവര്‍ ആ ദാസന്മാരെ പിടിച്ച് ഒരുവനെ അടിക്കുകയും അപരനെ കൊല്ലുകയും മറ്റൊരുവനെ കല്ലെറിയുകയും ചെയ്തു. അയാള്‍ വീണ്ടും ആദ്യത്തേതിനെക്കാള്‍ അധികം ദാസന്മാരെ അയച്ചു. അവരോടും അവര്‍ അങ്ങനെതന്നെ ചെയ്തു. അവസാനം തന്‍റെ പുത്രനെത്തന്നെ അയാള്‍ അവരുടെ അടുക്കല്‍ അയച്ചു: ‘നിശ്ചയമായും എന്‍റെ മകനെ അവര്‍ ആദരിക്കും’ എന്ന് അയാള്‍ വിചാരിച്ചു. പാട്ടക്കാരാകട്ടെ പുത്രനെ കണ്ടപ്പോള്‍ ‘ഇവനാണു തോട്ടത്തിന്‍റെ അവകാശി; വരിക, നമുക്ക് ഇവനെ കൊല്ലാം; അങ്ങനെ അവന്‍റെ സ്വത്തു നമുക്കു കൈവശപ്പെടുത്താം’ എന്ന് അന്യോന്യം പറഞ്ഞു; പിന്നീട് അവനെ പിടിച്ച് തോട്ടത്തിനു പുറത്തു തള്ളി അവനെ കൊന്നുകളഞ്ഞു. “ഇനിയും തോട്ടത്തിന്‍റെ ഉടമസ്ഥന്‍ വരുമ്പോള്‍ ആ പാട്ടക്കാരോട് എന്തു ചെയ്യും?” എന്ന് യേശു ചോദിച്ചു. “അയാള്‍ നിശ്ചയമായും ആ നിഷ്ഠുരന്മാരെ നിഗ്രഹിക്കുകയും പാട്ടം യഥാവസരം നല്‌കുന്ന മറ്റു പാട്ടക്കാരെ തോട്ടം ഏല്പിക്കുകയും ചെയ്യും” എന്ന് അവര്‍ മറുപടി നല്‌കി. യേശു അവരോട് അരുള്‍ചെയ്തു: “പണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ല് മര്‍മപ്രധാനമായ മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു. ഇതു ചെയ്തത് കര്‍ത്താവാകുന്നു; ഇതെത്ര അദ്ഭുതകരം!” ഈ വേദഭാഗം നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ? അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു: ദൈവരാജ്യം നിങ്ങളില്‍ നിന്നെടുത്ത് തക്കഫലം നല്‌കുന്ന ജനതയ്‍ക്കു നല്‌കും. ഈ കല്ലിന്മേല്‍ വീഴുന്ന ഏതൊരുവനും തകര്‍ന്നു പോകും. ഈ കല്ല് ആരുടെയെങ്കിലുംമേല്‍ വീണാല്‍ അത് അവനെ തകര്‍ത്തുകളയും.” മുഖ്യപുരോഹിതന്മാരും പരീശന്മാരും യേശുവിന്‍റെ സദൃശോക്തികള്‍ കേട്ടപ്പോള്‍ തങ്ങളെക്കുറിച്ചാണു പറയുന്നതെന്നു മനസ്സിലാക്കി. അതുകൊണ്ട് അവിടുത്തെ പിടിക്കുവാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ ജനങ്ങളെ ഭയപ്പെട്ടു. ജനങ്ങള്‍ അവിടുത്തെ ഒരു പ്രവാചകനായിട്ടത്രേ എണ്ണിയിരുന്നത്. യേശു വീണ്ടും ജനങ്ങളോടു ദൃഷ്ടാന്തരൂപേണ സംസാരിച്ചു: “സ്വപുത്രന്‍റെ വിവാഹത്തിനു സദ്യ ഒരുക്കിയ ഒരു രാജാവിനെപ്പോലെയാണു സ്വര്‍ഗരാജ്യം. ക്ഷണിക്കപ്പെട്ടവരെ വിളിച്ചുകൊണ്ടു വരാന്‍ രാജാവു ഭൃത്യന്മാരെ അയച്ചു. എന്നാല്‍ അവര്‍ വരാന്‍ കൂട്ടാക്കിയില്ല. ‘ഇതാ വിരുന്ന് ഒരുക്കിക്കഴിഞ്ഞിരിക്കുന്നു; കാളകളെയും കൊഴുപ്പിച്ച മൃഗങ്ങളെയും അറുത്തിട്ടുണ്ട്; കല്യാണസദ്യക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി: വന്നാലും എന്നു ക്ഷണിക്കപ്പെട്ടവരോടു പറയുക’ എന്നു പറഞ്ഞ് രാജാവു വീണ്ടും ഭൃത്യന്മാരെ അയച്ചു. ക്ഷണിക്കപ്പെട്ടവരാകട്ടെ, അതു ഗണ്യമാക്കിയില്ല. ഒരുവന്‍ തന്‍റെ കൃഷിസ്ഥലത്തേക്കും മറ്റൊരുവന്‍ തന്‍റെ വ്യാപാരസ്ഥലത്തേക്കും പോയി. മറ്റുചിലര്‍ ആ ഭൃത്യന്മാരെ പിടിച്ച് അപമാനിച്ചു കൊന്നുകളഞ്ഞു. രോഷാകുലനായിത്തീര്‍ന്ന രാജാവ് പട്ടാളത്തെ അയച്ച് ആ കൊലപാതകികളെ കൊന്നൊടുക്കി; അവരുടെ പട്ടണം ചുട്ടുകരിക്കുകയും ചെയ്തു. അതിനുശേഷം രാജാവു തന്‍റെ ഭൃത്യന്മാരോടു പറഞ്ഞു: ‘കല്യാണവിരുന്ന് ഏതായാലും തയ്യാറായി; ക്ഷണിക്കപ്പെട്ടവര്‍ക്ക് അതിന് അര്‍ഹതയില്ലാതെപോയി. നിങ്ങള്‍ പ്രധാന തെരുവീഥികളില്‍ ചെന്ന് അവിടെ കാണുന്നവരെയെല്ലാം വിളിച്ചുകൊണ്ടുവരിക.’ അവര്‍ പോയി സജ്ജനങ്ങളും ദുര്‍ജനങ്ങളും എന്ന ഭേദം കൂടാതെ കണ്ണില്‍ കണ്ടവരെയെല്ലാം വിളിച്ചുകൊണ്ടുവന്നു. അങ്ങനെ കല്യാണശാല അതിഥികളെക്കൊണ്ടു നിറഞ്ഞു. “വിരുന്നിന് ഇരുന്നവരെ കാണാന്‍ രാജാവു ചെന്നപ്പോള്‍ കല്യാണവസ്ത്രം ധരിക്കാത്ത ഒരുവനെ കണ്ടു, ‘സ്നേഹിതാ കല്യാണവസ്ത്രം ധരിക്കാതെ നീ എങ്ങനെ അകത്തുകടന്നു?’ എന്നു രാജാവ് അയാളോടു ചോദിച്ചു. അയാള്‍ക്കു മറുപടി ഒന്നും പറയാനില്ലായിരുന്നു. അപ്പോള്‍ രാജാവു സേവകരോട് ആജ്ഞാപിച്ചു: ‘ഇവനെ കൈകാലുകള്‍ കെട്ടി പുറത്തുള്ള അന്ധകാരത്തില്‍ എറിഞ്ഞുകളയുക. അവിടെ കിടന്ന് അവന്‍ കരയുകയും പല്ലുകടിക്കുകയും ചെയ്യും.’ “അനേകമാളുകള്‍ ക്ഷണിക്കപ്പെടുന്നു; തിരഞ്ഞെടുക്കപ്പെടുന്നവരാകട്ടെ ചുരുക്കം.” അനന്തരം പരീശന്മാര്‍ പോയി യേശുവിനെ എങ്ങനെ വാക്കില്‍ കുടുക്കാമെന്നു കൂടിയാലോചിച്ചു. അവര്‍ തങ്ങളുടെ ശിഷ്യന്മാരെ ഹേരോദ്യരോടുകൂടി യേശുവിന്‍റെ അടുക്കല്‍ അയച്ച് ഇങ്ങനെ ചോദിപ്പിച്ചു: “ഗുരോ, അങ്ങു സത്യവാദിയാണെന്നു ഞങ്ങള്‍ക്കറിയാം. അവിടുന്ന് ആരുടെയും മുഖം നോക്കാതെയും ആരെയും ഭയപ്പെടാതെയുമാണ് ദൈവത്തിന്‍റെ മാര്‍ഗം പഠിപ്പിക്കുന്നത്. കൈസര്‍ക്കു തലക്കരം കൊടുക്കുന്നതു ശരിയോ തെറ്റോ? അങ്ങയുടെ അഭിപ്രായം എന്താണ്? ഞങ്ങളോടു പറഞ്ഞാലും.” അവരുടെ ദുരുദ്ദേശ്യം മനസ്സിലാക്കിക്കൊണ്ട് യേശു പറഞ്ഞു: “കപടനാട്യക്കാരേ, നിങ്ങള്‍ എന്നെ കെണിയില്‍ അകപ്പെടുത്തുവാന്‍ നോക്കുന്നത് എന്തിന്! തലക്കരം കൊടുക്കുന്നതിനുള്ള നാണയം ഒന്നു കാണിക്കൂ.” അവര്‍ ഒരു നാണയം കൊണ്ടുവന്നു. യേശു ചോദിച്ചു: “ഈ പ്രതിരൂപവും ലിഖിതവും ആരുടേതാണ്?” “കൈസറുടേത്” എന്ന് അവര്‍ പറഞ്ഞു. അപ്പോള്‍യേശു: “കൈസര്‍ക്കുള്ളതു കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക” എന്ന് അവരോടു പറഞ്ഞു. ഇതു കേട്ടപ്പോള്‍ അവര്‍ ആശ്ചര്യഭരിതരായി അവിടുത്തെ വിട്ടുപോയി. അന്നുതന്നെ ഏതാനും സാദൂക്യര്‍ വന്ന് - മരിച്ചവര്‍ക്ക് പുനരുത്ഥാനമില്ലെന്നു പറയുന്ന കൂട്ടരാണിവര്‍ യേശുവിനോടു ചോദിച്ചു: “ഗുരോ, ഒരുവന്‍ സന്താനരഹിതനായി മരണമടഞ്ഞാല്‍ അയാളുടെ സഹോദരന്‍ മരിച്ചയാളിന്‍റെ ഭാര്യയെ വിവാഹം ചെയ്യണമെന്നും അങ്ങനെ അയാള്‍ക്കുവേണ്ടി സന്താനങ്ങളെ ഉത്പാദിപ്പിക്കാമെന്നും മോശ വിധിച്ചിട്ടുണ്ടല്ലോ. ഒരിടത്ത് ഏഴു സഹോദരന്മാരുണ്ടായിരുന്നു. ഒന്നാമന്‍ വിവാഹം ചെയ്തശേഷം മരിച്ചു. അയാള്‍ക്കു സന്തതി ഇല്ലായ്കയാല്‍ അയാളുടെ സഹോദരന്‍ ആ വിധവയെ വിവാഹം ചെയ്തു. [26,27] രണ്ടാമനും മൂന്നാമനും ഏഴാമന്‍ വരെയും അങ്ങനെ എല്ലാവര്‍ക്കും അപ്രകാരം സംഭവിച്ചു. അവസാനം ആ സ്‍ത്രീയും അന്തരിച്ചു. *** പുനരുത്ഥാനത്തില്‍ അവള്‍ ഈ ഏഴുപേരില്‍ ആരുടെ ഭാര്യ ആയിരിക്കും? അവള്‍ എല്ലാവരുടെയും ഭാര്യ ആയിരുന്നല്ലോ.” യേശു അതിന് ഇങ്ങനെ മറുപടി നല്‌കി: “വേദലിഖിതങ്ങളും ദൈവത്തിന്‍റെ ശക്തിയും നിങ്ങള്‍ മനസ്സിലാക്കാത്തതുകൊണ്ട് നിങ്ങള്‍ക്കു തെറ്റുപറ്റിയിരിക്കുന്നു. പുനരുത്ഥാനത്തില്‍ വിവാഹം കഴിക്കുകയോ വിവാഹം കഴിപ്പിക്കുകയോ ചെയ്യുന്നില്ല. അവര്‍ സ്വര്‍ഗത്തിലെ ദൂതന്മാരെപ്പോലെ ആയിരിക്കും. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു ദൈവം അരുളിച്ചെയ്തിരിക്കുന്നത് നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ? ദൈവം അരുളിച്ചെയ്തത് ഇങ്ങനെയാണ്: ‘ഞാന്‍ അബ്രഹാമിന്‍റെ ദൈവവും ഇസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും ആകുന്നു. ദൈവം മരിച്ചവരുടെ ദൈവമല്ല. ജീവിക്കുന്നവരുടെ ദൈവമാകുന്നു.’ ഇതു കേട്ടപ്പോള്‍ അവിടുത്തെ പ്രബോധനത്തില്‍ ജനങ്ങള്‍ വിസ്മയിച്ചു. സാദൂക്യരെ യേശു മൊഴിമുട്ടിച്ച വിവരം കേട്ടപ്പോള്‍ പരീശന്മാര്‍ ഒത്തുകൂടി വന്നു. അവരില്‍ ഒരു മതപണ്ഡിതന്‍ ഒരു ചോദ്യത്തിലൂടെ അവിടുത്തെ കെണിയില്‍ വീഴ്ത്തുവാന്‍ ശ്രമിച്ചു. അയാള്‍ ചോദിച്ചു: “ഗുരോ, ധര്‍മശാസ്ത്രത്തിലെ ഏറ്റവും മുഖ്യമായ കല്പന ഏതാണ്?” യേശു പ്രതിവചിച്ചു: “നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണ ആത്മാവോടും പൂര്‍ണമനസ്സോടും കൂടി സ്നേഹിക്കുക; ഇതാണ് ഏറ്റവും ശ്രേഷ്ഠവും സുപ്രധാനവുമായ കല്പന. രണ്ടാമത്തേതും ഇതിനു സമമാണ്: നിന്‍റെ അയല്‍ക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കുക. സമസ്ത ധര്‍മശാസ്ത്രവും പ്രവാചകന്മാരുടെ പ്രബോധനങ്ങളും ഈ രണ്ടു കല്പനകളില്‍ അന്തര്‍ഭവിച്ചിരിക്കുന്നു.” പരീശന്മാര്‍ ഒരുമിച്ചുകൂടിയപ്പോള്‍ യേശു അവരോടു ചോദിച്ചു: “ക്രിസ്തുവിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്ത്? അവിടുന്ന് ആരുടെ പുത്രനാണ്?” “ദാവീദിന്‍റെ പുത്രനാണ്” എന്ന് അവര്‍ മറുപടി പറഞ്ഞു. അപ്പോള്‍ യേശു അവരോടു ചോദിച്ചു: “അങ്ങനെയാണെങ്കില്‍ ക്രിസ്തുവിനെ കര്‍ത്താവ് എന്നു വിളിക്കുവാന്‍ ദാവീദിനെ ആത്മാവു പ്രേരിപ്പിച്ചുവോ? എന്തെന്നാല്‍, ‘സര്‍വേശ്വരന്‍ എന്‍റെ കര്‍ത്താവിനോട് അരുള്‍ചെയ്തു: നിന്‍റെ ശത്രുക്കളെ നിന്‍റെ കാല്‌ക്കീഴിലാക്കുന്നതുവരെ നീ എന്‍റെ വലത്തുഭാഗത്തിരിക്കുക’ എന്നു ദാവീദു പറഞ്ഞുവല്ലോ. ദാവീദ് അവിടുത്തെ കര്‍ത്താവ് എന്നു വിളിച്ചെങ്കില്‍ ക്രിസ്തു എങ്ങനെയാണു ദാവീദിന്‍റെ പുത്രനാകുന്നത്?” ഒരു വാക്കുപോലും ഉത്തരം പറയുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അന്നുമുതല്‍ കൂടുതലായി ഒന്നുംതന്നെ അവിടുത്തോടു ചോദിക്കുവാന്‍ ആരും തുനിഞ്ഞില്ല. അനന്തരം യേശു ജനസമൂഹത്തോടും തന്‍റെ ശിഷ്യന്മാരോടും ഇങ്ങനെ പറഞ്ഞു: പരീശന്മാരും മതപണ്ഡിതന്മാരും മോശയുടെ പിന്‍ഗാമികളായി അദ്ദേഹത്തിന്‍റെ ധര്‍മപീഠത്തിലിരുന്നു പഠിപ്പിക്കുന്നവരാണല്ലോ. അതുകൊണ്ട് നിങ്ങള്‍ അവര്‍ പറയുന്നതെല്ലാം ശ്രദ്ധിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുക. എന്നാല്‍ അവരുടെ പ്രവൃത്തികളെ നിങ്ങള്‍ അനുകരിക്കരുത്. അവര്‍ പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലല്ലോ. അവര്‍ ഭാരമേറിയതും ദുര്‍വഹവുമായ ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍ കെട്ടിവയ്‍ക്കുന്നു. എന്നാല്‍ ഒരു ചെറുവിരല്‍കൊണ്ടുപോലും ഒന്നു താങ്ങിക്കൊടുക്കുവാന്‍ അവര്‍ക്കു മനസ്സില്ല. അവരുടെ പ്രവൃത്തികളെല്ലാം മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നതിനുവേണ്ടിയുള്ളതാണ്. നോക്കൂ, വേദമന്ത്രങ്ങള്‍ എഴുതിയ അവരുടെ നെറ്റിപ്പട്ടകള്‍ക്കു വീതിയും പുറങ്കുപ്പായത്തിന്‍റെ തൊങ്ങലുകള്‍ക്കു നീളവും കൂട്ടുന്നതു കണ്ടില്ലേ? അവര്‍ സദ്യക്കിരിക്കുമ്പോള്‍ മാന്യസ്ഥാനവും സുനഗോഗുകളില്‍ പ്രധാന ഇരിപ്പിടവും ചന്തസ്ഥലത്തുവച്ച് അഭിവാദനവും മറ്റുള്ളവരില്‍നിന്ന് റബ്ബീ എന്ന അഭിസംബോധനയും ഇഷ്ടപ്പെടുന്നു. എന്നാല്‍ നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടുവാന്‍ ആഗ്രഹിക്കരുത്; ഒരുവന്‍ മാത്രമാണല്ലോ നിങ്ങളുടെ ഗുരു; നിങ്ങളെല്ലാവരും സഹോദരന്മാരത്രേ. ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്; സ്വര്‍ഗസ്ഥനായ ഒരു പിതാവുമാത്രമേ നിങ്ങള്‍ക്കുള്ളൂ. നേതാവ് എന്ന പേരും നിങ്ങള്‍ സ്വീകരിക്കരുത്. ഒരുവന്‍ മാത്രമാണ് നിങ്ങളുടെ നേതാവ് - ‘ക്രിസ്തു’ തന്നെ. നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന്‍ നിങ്ങളുടെ സേവകന്‍ ആയിരിക്കണം. തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും. “കപടഭക്തരായ മതപണ്ഡിതന്മാരേ, പരീശന്മാരേ, നിങ്ങള്‍ക്ക് ഹാ കഷ്ടം! നിങ്ങള്‍ സ്വര്‍ഗരാജ്യത്തിന്‍റെ വാതില്‍ മനുഷ്യരുടെ നേരേ അടച്ചുകളയുന്നു. നിങ്ങളാകട്ടെ, അതില്‍ പ്രവേശിക്കുന്നുമില്ല, പ്രവേശിക്കുവാന്‍ വരുന്നവരെ ഒട്ടു കടത്തിവിടുകയുമില്ല. മതപണ്ഡിതന്മാരേ, പരീശന്മാരേ! കപടഭക്തരായ നിങ്ങള്‍ക്ക് ഹാ കഷ്ടം! നിങ്ങള്‍ നീണ്ട പ്രാര്‍ഥനകള്‍ ഉരുവിടുകയും വിധവകളെ ചൂഷണം ചെയ്ത് അവരുടെ വീടുകള്‍ അപഹരിക്കുകയും ചെയ്യുന്നു. അതുകൊണ്ടു നിങ്ങള്‍ക്കുള്ള ശിക്ഷാവിധി അതികഠിനമായിരിക്കും. “മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങള്‍ക്കു ഹാ കഷ്ടം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കുവാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. മതത്തില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ അയാളെ നിങ്ങളുടേതിന്‍റെ ഇരട്ടി നരകശിക്ഷയ്‍ക്കു പാത്രമാക്കുന്നു. അന്ധരായ വഴികാട്ടികളേ! നിങ്ങള്‍ക്കു ഹാ കഷ്ടം! ഒരുവന്‍ ദേവാലയത്തെ ചൊല്ലി സത്യംചെയ്താല്‍ അതു സാരമില്ലെന്നും പ്രത്യുത, അതിലുള്ള സ്വര്‍ണത്തെച്ചൊല്ലി സത്യംചെയ്താല്‍ അതു നിറവേറ്റുവാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണന്നുമല്ലേ നിങ്ങള്‍ പറയുന്നത്? അന്ധന്മാരേ! മൂഢന്മാരേ! ഏതാണ് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നത്? സ്വര്‍ണമോ, സ്വര്‍ണത്തെ വിശുദ്ധീകരിക്കുന്ന ദേവാലയമോ? ഒരുവന്‍ യാഗപീഠത്തെച്ചൊല്ലി സത്യംചെയ്താല്‍ സാരമില്ലെന്നും യാഗപീഠത്തില്‍ അര്‍പ്പിക്കുന്ന വഴിപാടിനെച്ചൊല്ലി സത്യംചെയ്താല്‍ അതു നിറവേറ്റുവാന്‍ അവനു ബാധ്യതയുണ്ടെന്നും നിങ്ങള്‍ പഠിപ്പിക്കുന്നു. നിങ്ങള്‍ എത്രകണ്ട് അന്ധന്മാരാകുന്നു! ഏതാണു കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നത്? വഴിപാടോ, വഴിപാടിനെ വിശുദ്ധീകരിക്കുന്ന യാഗപീഠമോ? യാഗപീഠത്തെച്ചൊല്ലി സത്യംചെയ്യുന്നവന്‍ അതിനെയും അതിന്മേലുള്ള സകലത്തെയുംചൊല്ലി സത്യംചെയ്യുന്നു. “ഒരുവന്‍ ദേവാലയത്തെച്ചൊല്ലി സത്യംചെയ്യുന്നെങ്കില്‍ അതിനെയും അതില്‍ വസിക്കുന്ന ദൈവത്തെയുംചൊല്ലി സത്യം ചെയ്യുന്നു. സ്വര്‍ഗത്തെച്ചൊല്ലി സത്യംചെയ്യുന്നവന്‍ ദൈവത്തിന്‍റെ സിംഹാസനത്തെയും അതില്‍ ഉപവിഷ്ടനായിരിക്കുന്ന ദൈവത്തെയും ചൊല്ലിയത്രേ സത്യംചെയ്യുന്നത്. “മതപണ്ഡിതന്മാരേ! പരീശന്മാരേ! കപടഭക്തരായ നിങ്ങള്‍ക്ക് ഹാ കഷ്ടം! നിങ്ങള്‍ കര്‍പ്പൂരം, തുളസി, ചതകുപ്പ, ജീരകം മുതലായവയുടെപോലും പത്തിലൊന്നു ദൈവത്തിന് അര്‍പ്പിക്കുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ധര്‍മശാസ്ത്രോപദേശങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന നീതി, കരുണ, വിശ്വസ്തത എന്നിവ അവഗണിക്കുന്നു. മറ്റുള്ളവ ത്യജിക്കാതെ ഇവയും നിങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്. അന്ധരായ വഴികാട്ടികളേ, നിങ്ങള്‍ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നു. “മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങള്‍ക്ക് ഹാ കഷ്ടം! നിങ്ങള്‍ പാത്രങ്ങളുടെ പുറം തേച്ചുവെടിപ്പാക്കുന്നു. അതേസമയം അകം അക്രമവും സ്വാര്‍ഥതയുംകൊണ്ട് ആര്‍ജിച്ച വസ്തുക്കള്‍ നിറഞ്ഞിരിക്കുന്നു. അന്ധനായ പരീശാ, ആദ്യം പാത്രത്തിന്‍റെ അകം വെടിപ്പാക്കുക. അപ്പോള്‍ പുറവും വെടിപ്പായിക്കൊള്ളും. “മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങള്‍ക്ക് ഹാ കഷ്ടം! വെള്ള പൂശിയ ശവക്കല്ലറയ്‍ക്കു തുല്യരാണു നിങ്ങള്‍. പുറമേ ഭംഗിയുള്ളതായി ആ കല്ലറകള്‍ കാണപ്പെടുന്നു. എന്നാല്‍ അകം മരിച്ചവരുടെ അസ്ഥികളും ജീര്‍ണിക്കുന്ന വസ്തുക്കളും നിറഞ്ഞിരിക്കുന്നു. അതുപോലെ നിങ്ങളും പുറമേ മറ്റുള്ളവരുടെ ദൃഷ്‍ടിയില്‍ നീതിമാന്മാരായി കാണപ്പെടുന്നു; എന്നാല്‍ അകത്ത് കാപട്യവും അധര്‍മങ്ങളും നിറഞ്ഞിരിക്കുന്നു. “മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങള്‍ക്ക് ഹാ കഷ്ടം! നിങ്ങള്‍ പ്രവാചകന്മാരുടെ ശവകുടീരങ്ങള്‍ നിര്‍മിക്കുന്നു; സജ്ജനങ്ങളുടെ സ്മാരകങ്ങള്‍ അലങ്കരിക്കുന്നു. ‘പൂര്‍വികരുടെ കാലത്ത് ഞങ്ങള്‍ ജീവിച്ചിരുന്നെങ്കില്‍ അവര്‍ ചെയ്തതുപോലെ ചെയ്യുകയോ പ്രവാചകന്മാരെ വധിക്കുന്നതില്‍ പങ്കാളികളാകുകയോ ചെയ്യുകയില്ലായിരുന്നു’ എന്നു നിങ്ങള്‍ പറയുന്നു. അതുകൊണ്ട് പ്രവാചകന്മാരെ വധിച്ചവരുടെ സന്താനങ്ങള്‍ ആണ് നിങ്ങള്‍ എന്ന് യഥാര്‍ഥത്തില്‍ സമ്മതിക്കുകയാണു ചെയ്യുന്നത്. നിങ്ങളുടെ പൂര്‍വികര്‍ തുടങ്ങിവച്ചതു പൂര്‍ത്തിയാക്കിക്കൊള്ളുക. സര്‍പ്പങ്ങളേ! സര്‍പ്പസന്തതികളേ! നരകശിക്ഷയില്‍നിന്ന് നിങ്ങള്‍ എങ്ങനെ ഓടി രക്ഷപെടും? അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു: പ്രവാചകന്മാരെയും ജ്ഞാനികളെയും മതഗുരുക്കന്മാരെയും നിങ്ങളുടെ അടുക്കലേക്ക് അയയ്‍ക്കും; ചിലരെ നിങ്ങള്‍ വധിക്കുകയും ക്രൂശിക്കുകയും ചെയ്യും; മറ്റുചിലരെ സുനഗോഗുകളില്‍വച്ചു ചാട്ടവാറുകൊണ്ട് അടിക്കുകയും പട്ടണംതോറും വേട്ടയാടുകയും ചെയ്യും. അതുകൊണ്ടു നീതിമാനായ ഹാബേല്‍തൊട്ട് സഖറിയാവരെയുള്ള എല്ലാ നിരപരാധികളുടെയും ശിക്ഷാവിധി നിങ്ങളുടെമേല്‍ നിപതിക്കും. ബെരഖ്യായുടെ പുത്രനായ ഈ സഖറിയായെ ആണല്ലോ വിശുദ്ധസ്ഥലത്തിനും യാഗപീഠത്തിനും മധ്യേവച്ചു നിങ്ങള്‍ വധിച്ചത്. ഞാന്‍ നിങ്ങളോടു പറയുന്നു: ഈ മഹാപാതകങ്ങളുടെയെല്ലാം ശിക്ഷ ഇന്നത്തെ തലമുറയുടെമേല്‍ നിശ്ചയമായും വരും. “യെരൂശലേമേ, യെരൂശലേമേ! പ്രവാചകന്മാരെ നീ വധിക്കുകയും നിന്‍റെ അടുക്കലേക്ക് അയയ്‍ക്കപ്പെട്ട സന്ദേശവാഹകരെ നീ കല്ലെറിയുകയും ചെയ്തു. കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിന്‍കീഴില്‍ ചേര്‍ക്കുന്നതുപോലെ നിന്‍റെ ജനത്തെ എന്‍റെ കരവലയത്തില്‍ ചേര്‍ക്കുവാന്‍ ഞാന്‍ എത്ര തവണ ആഗ്രഹിച്ചു! നിങ്ങള്‍ക്ക് അതിനു മനസ്സുവന്നില്ല. നിങ്ങളുടെ ആലയം ശൂന്യമായിത്തീരും! ‘കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍’ എന്നു നിങ്ങള്‍ പറയുന്നതുവരെ ഇനി നിങ്ങള്‍ എന്നെ കാണുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.” യേശു അവിടംവിട്ടു പോകുമ്പോള്‍ ദേവാലയവും അതോടനുബന്ധിച്ചുള്ള കെട്ടിടങ്ങളും അവിടുത്തെ കാണിച്ചുകൊടുക്കുവാന്‍ ശിഷ്യന്മാര്‍ അടുത്തുചെന്നു. യേശു അവരോടു പറഞ്ഞു: “നിങ്ങള്‍ ഇവയെല്ലാം കാണുന്നുണ്ടല്ലോ: ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു: ഒരു കല്ലും മറ്റൊന്നിന്മേല്‍ ശേഷിക്കാതെ ഇവയെല്ലാം സമൂലം നശിപ്പിക്കപ്പെടും.” യേശു ഒലിവുമലയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ ശിഷ്യന്മാര്‍ തനിച്ചുചെന്ന് അവിടുത്തോടു ചോദിച്ചു: “അത് എപ്പോഴാണ് സംഭവിക്കുന്നത്? അങ്ങയുടെ വരവിന്‍റെയും യുഗപര്യവസാനത്തിന്‍റെയും അടയാളം എന്താണ്? ഞങ്ങള്‍ക്കു പറഞ്ഞുതന്നാലും.” യേശു അവരോടു പറഞ്ഞു: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുക; ‘ഞാന്‍ ക്രിസ്തുവാണ്’ എന്നു പറഞ്ഞുകൊണ്ട് എന്‍റെ നാമത്തില്‍ അനേകമാളുകള്‍ വരും; അവര്‍ പലരെയും വഴിതെറ്റിക്കും. നിങ്ങള്‍ യുദ്ധത്തിന്‍റെ ശബ്ദവും യുദ്ധത്തെക്കുറിച്ചുള്ള കിംവദന്തികളും കേള്‍ക്കും; നിങ്ങള്‍ പരിഭ്രാന്തരാകരുത്; ഇവയെല്ലാം സംഭവിക്കേണ്ടതാകുന്നു; എങ്കിലും ഇത് അവസാനമല്ല. ജനത ജനതയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും. പല സ്ഥലങ്ങളിലും ക്ഷാമവും ഭൂകമ്പവുമുണ്ടാകും; ഇവയെല്ലാം ഈറ്റുനോവിന്‍റെ ആരംഭമാണ്. “അപ്പോള്‍ അവര്‍ നിങ്ങളെ പീഡനത്തിന് ഏല്പിച്ചുകൊടുക്കുകയും വധിക്കുകയും ചെയ്യും. എന്‍റെ നാമത്തെപ്രതി സകല ജനതകളും നിങ്ങളെ ദ്വേഷിക്കും. പലരും ആ സമയത്തു തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കും; അവര്‍ അന്യോന്യം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും. പല വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെട്ട് അനേകമാളുകളെ വഴിതെറ്റിക്കും. അധര്‍മം വര്‍ധിക്കുന്നതുകൊണ്ട് പലരുടെയും സ്നേഹം തണുത്തുപോകും. എന്നാല്‍ അന്ത്യംവരെ ഉറച്ചുനില്‌ക്കുന്നവര്‍ രക്ഷപെടും. രാജ്യത്തെക്കുറിച്ചുള്ള സുവിശേഷം സകല മനുഷ്യരാശിയുടെയും സാക്ഷ്യത്തിനായി ലോകമെങ്ങും ഘോഷിക്കപ്പെടും; അപ്പോഴായിരിക്കും അവസാനം. “ദാനിയേല്‍പ്രവാചകന്‍ പ്രസ്താവിച്ച പ്രകാരമുള്ള വിനാശകരമായ മ്ലേച്ഛത വിശുദ്ധസ്ഥലത്തു കാണുമ്പോള്‍ അനുവാചകര്‍ മനസ്സിലാക്കിക്കൊള്ളട്ടെ- അന്ന് യെഹൂദ്യയിലുള്ളവര്‍ മലകളിലേക്ക് ഓടിപ്പോകണം. മട്ടുപ്പാവിലിരിക്കുന്നവന്‍ തന്‍റെ സമ്പാദ്യങ്ങള്‍ എടുക്കുന്നതിനായി വീട്ടിനുള്ളിലേക്ക് ഇറങ്ങിപ്പോകരുത്. കൃഷിസ്ഥലത്തായിരിക്കുന്നവന്‍ തന്‍റെ വസ്ത്രം എടുക്കുന്നതിനായി തിരിച്ചുപോകുകയുമരുത്. ആ ദിവസങ്ങളില്‍ ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന മാതാക്കളുടെയും സ്ഥിതി എത്ര ദയനീയം! ഈ പലായനം ശീതകാലത്തോ ശബത്തിലോ സംഭവിക്കാതിരിക്കുവാന്‍ പ്രാര്‍ഥിക്കുക. ലോകാരംഭംമുതല്‍ ഇതുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി ഒരിക്കലും സംഭവിക്കാത്തതുമായ വലിയ കഷ്ടത അന്നുണ്ടാകും. എന്നാല്‍ ദൈവം നേരത്തേതന്നെ ആ നാളുകളുടെ സംഖ്യ കുറച്ചിരിക്കുന്നു. അങ്ങനെ ചെയ്യാതിരുന്നെങ്കില്‍ ആരും രക്ഷപെടുകയില്ലായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനം നിമിത്തം ആ നാളുകളുടെ സംഖ്യ പരിമിതമാക്കും. “അപ്പോള്‍ ക്രിസ്തു ‘ഇതാ ഇവിടെ’ എന്നോ ‘അതാ അവിടെ’ എന്നോ ആരെങ്കിലും പറഞ്ഞാല്‍ അശേഷം വിശ്വസിക്കരുത്. കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും പ്രത്യക്ഷപ്പെടും; കഴിയുമെങ്കില്‍ ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെപ്പോലും വഞ്ചിക്കുന്നതിനുവേണ്ടി അവര്‍ വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും. നോക്കൂ! ഞാന്‍ ഇതു നിങ്ങളോടു മുന്‍കൂട്ടി പറഞ്ഞിരിക്കുന്നു. ‘അവിടുന്ന് അതാ വിജനപ്രദേശത്ത്!’ എന്ന് ആളുകള്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങള്‍ പോകരുത്. ‘അതാ അവിടുന്ന് ആ രഹസ്യസങ്കേതത്തില്‍ ഉണ്ട്’ എന്നു പറഞ്ഞാലും വിശ്വസിക്കരുത്. ആകാശമണ്ഡലത്തില്‍ കിഴക്കുമുതല്‍ പടിഞ്ഞാറുവരെ മിന്നുന്ന മിന്നല്‍പ്പിണര്‍ പോലെയായിരിക്കും മനുഷ്യപുത്രന്‍ പ്രത്യക്ഷപ്പെടുന്നത്. “ശവം എവിടെയുണ്ടോ അവിടെ കഴുകന്മാര്‍കൂടും. “ആ നാളുകളിലെ കഷ്ടത കഴിഞ്ഞാലുടന്‍ സൂര്യന്‍ ഇരുണ്ടുപോകും; ചന്ദ്രന്‍ പ്രകാശം നല്‌കുകയുമില്ല. നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു വീഴും. ബഹിരാകാശശക്തികള്‍ അവയുടെ സഞ്ചാരപഥത്തില്‍നിന്നു മാറ്റപ്പെടും. അപ്പോള്‍ മനുഷ്യപുത്രന്‍റെ അടയാളം ആകാശത്തു പ്രത്യക്ഷപ്പെടും. ഭൂമിയിലെ സമസ്തജനങ്ങളും മാറത്തടിച്ചു കരയും. മനുഷ്യപുത്രന്‍ ശക്തിയോടും മഹാതേജസ്സോടുംകൂടി വാനമേഘങ്ങളിന്മേല്‍ വരുന്നത് അവര്‍ കാണും. വലിയ കാഹളനാദത്തോടുകൂടി തന്‍റെ ദൂതന്മാരെ അവിടുന്ന് അയയ്‍ക്കും. തിരഞ്ഞെടുക്കപ്പെട്ട ജനത്തെ അവര്‍ ഭൂമിയുടെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ നാലു ദിക്കുകളില്‍നിന്നും കൂട്ടിച്ചേര്‍ക്കും. “ഒരു അത്തിവൃക്ഷത്തെ ദൃഷ്ടാന്തമായി എടുക്കാം. അതിന്‍റെ ഇളംചില്ലകള്‍ പൊടിക്കുകയും അതു തളിര്‍ക്കുകയും ചെയ്യുമ്പോള്‍ വേനല്‍ക്കാലം സമീപിച്ചു എന്നു നിങ്ങള്‍ മനസ്സിലാക്കുന്നു. അതുപോലെ ഇവയൊക്കെയും നിങ്ങള്‍ കാണുമ്പോള്‍ മനുഷ്യപുത്രന്‍ അടുത്ത് പടിക്കലെത്തിയിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുക. ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു: ഇവയൊക്കെ സംഭവിക്കുന്നതുവരെ ഈ തലമുറ കഴിഞ്ഞുപോകുകയില്ല; ആകാശവും ഭൂമിയും അന്തര്‍ധാനം ചെയ്യും; എന്നാല്‍ എന്‍റെ വാക്കുകള്‍ എന്നേക്കും നിലനില്‌ക്കും. “ആ ദിവസത്തെയും സമയത്തെയുംകുറിച്ച് എന്‍റെ പിതാവിനല്ലാതെ മറ്റാര്‍ക്കും സ്വര്‍ഗത്തിലെ ദൂതന്മാര്‍ക്കോ *പുത്രനുപോലുമോ അറിഞ്ഞുകൂടാ. നോഹയുടെ കാലത്തു സംഭവിച്ചതുപോലെ ആയിരിക്കും മനുഷ്യപുത്രന്‍ പ്രത്യക്ഷപ്പെടുന്നത്. ജലപ്രളയത്തിനു മുമ്പു നോഹ പെട്ടകത്തില്‍ പ്രവേശിച്ച ദിവസംവരെ ജനം തിന്നുകയും കുടിക്കുകയും വിവാഹം കഴിക്കുകയും കഴിപ്പിക്കുകയും ചെയ്തുപോന്നു. ജലപ്രളയം വന്ന് എല്ലാവരെയും നിര്‍മാര്‍ജനം ചെയ്യുന്നതുവരെ അവര്‍ ഒന്നും അറിഞ്ഞില്ല; ഇതുപോലെ ആയിരിക്കും മനുഷ്യപുത്രന്‍റെ വരവും. അപ്പോള്‍ രണ്ടുപേര്‍ കൃഷിസ്ഥലത്തായിരിക്കും. ഒരുവനെ സ്വീകരിക്കുകയും അപരനെ തിരസ്കരിക്കുകയും ചെയ്യും; രണ്ടു സ്‍ത്രീകള്‍ ഒരു തിരികല്ലില്‍ പൊടിച്ചുകൊണ്ടിരിക്കും. ഒരുവളെ കൈക്കൊള്ളുകയും മറ്റവളെ കൈവെടിയുകയും ചെയ്യും. “അതുകൊണ്ട് നിങ്ങളുടെ കര്‍ത്താവ് വരുന്നത് ഏതു ദിവസം എന്ന് അറിയാത്തതിനാല്‍ ജാഗരൂകരായിരിക്കുക. രാത്രിയില്‍ കള്ളന്‍ വരുന്ന സമയം അറിഞ്ഞിരുന്നെങ്കില്‍ വീടിന്‍റെ ഉടമസ്ഥന്‍ ഉണര്‍ന്നിരിക്കുകയും ഭവനഭേദനം നടത്താന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുമായിരുന്നു. അതുപോലെ അപ്രതീക്ഷിതമായ സമയത്ത് മനുഷ്യപുത്രന്‍ വരുന്നതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിക്കുക. “വിശ്വസ്തനും വിവേകിയുമായ ദാസന്‍ ആരാണ്? വീട്ടുകാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിനും വീട്ടിലുള്ളവര്‍ക്ക് യഥാവസരം ഭക്ഷണം കൊടുക്കുന്നതിനും യജമാനന്‍ നിയമിച്ച വിശ്വസ്തനും വിവേകിയുമായ ദാസന്‍ ആരാണ്? യജമാനന്‍ വരുമ്പോള്‍ അവന്‍ കൃത്യനിഷ്ഠയുള്ളവനായി കാണുന്നുവെങ്കില്‍ അവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍. യജമാനന്‍ ആ ദാസനെ തന്‍റെ സര്‍വസ്വത്തിന്‍റെയും കാര്യസ്ഥനായി നിയമിക്കും എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു. എന്നാല്‍ ആ ദാസന്‍ ദുഷ്ടനാണെങ്കില്‍ യജമാനന്‍ വരാന്‍ വൈകും എന്നു വിചാരിച്ച് അവന്‍ സഹഭൃത്യന്മാരെ അടിക്കുകയും മദ്യപന്മാരോടുകൂടി തിന്നുകുടിച്ചു കൂത്താടുകയും ചെയ്യും. ആ ദാസന്‍ പ്രതീക്ഷിക്കാത്ത ദിവസത്തിലും ഉദ്ദേശിക്കാത്ത സമയത്തും യജമാനന്‍ മടങ്ങിയെത്തും. അവനെ യജമാനന്‍ ശിക്ഷിക്കുകയും ജോലിയില്‍ നിന്നു പിരിച്ചുവിട്ട് വഞ്ചകന്മാരുടെ കൂട്ടത്തിലേക്കു തള്ളുകയും ചെയ്യും; അവിടെ അവന്‍ കരയുകയും പല്ലുകടിക്കുകയും ചെയ്യും. “സ്വര്‍ഗരാജ്യം മണവാളനെ എതിരേല്‌ക്കാന്‍ വിളക്കുമായി പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം. അവരില്‍ അഞ്ചുപേര്‍ ബുദ്ധികെട്ടവരും അഞ്ചുപേര്‍ ബുദ്ധിമതികളുമായിരുന്നു. ബുദ്ധികെട്ടവര്‍ വിളക്കെടുത്തപ്പോള്‍ എണ്ണ എടുത്തില്ല. ബുദ്ധിമതികളാകട്ടെ, വിളക്കുകളോടൊപ്പം പാത്രത്തില്‍ എണ്ണയുമെടുത്തു. മണവാളന്‍ വരാന്‍ വൈകിയതിനാല്‍ എല്ലാവരും നിദ്രാധീനരായി. “അര്‍ധരാത്രിയില്‍ ‘അതാ, മണവാളന്‍ വരുന്നു; അദ്ദേഹത്തെ എതിരേല്‌ക്കുവാന്‍ പുറപ്പെടുക’ എന്നു പറഞ്ഞുകൊണ്ടുള്ള ആര്‍പ്പുവിളി ഉണ്ടായി. അപ്പോള്‍ ആ കന്യകമാര്‍ എല്ലാവരും എഴുന്നേറ്റു വിളക്കു തെളിച്ചു. ബുദ്ധികെട്ടവര്‍ ബുദ്ധിമതികളോട് ‘ഞങ്ങളുടെ വിളക്കുകള്‍ അണയാന്‍ പോകുന്നു; നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരിക’ എന്നു പറഞ്ഞു. ‘ഞങ്ങള്‍ക്കും നിങ്ങള്‍ക്കും തികയാതെ വന്നേക്കും; അതുകൊണ്ടു നിങ്ങള്‍ക്കു വേണ്ടതു കടയില്‍പോയി വാങ്ങുകയാണു നല്ലത്’ എന്നു ബുദ്ധിമതികള്‍ മറുപടി നല്‌കി. അങ്ങനെ അവര്‍ എണ്ണ വാങ്ങാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു. ഒരുങ്ങിനിന്നവര്‍ മണവാളനോടുകൂടി വിരുന്നുശാലയില്‍ പ്രവേശിച്ചു. വിരുന്നുശാലയുടെ വാതില്‍ അടയ്‍ക്കുകയും ചെയ്തു. “അനന്തരം മറ്റേ കന്യകമാര്‍ വന്നു ചേര്‍ന്നു. ‘പ്രഭോ, പ്രഭോ, ഞങ്ങള്‍ക്കു വാതില്‍ തുറന്നു തരണേ!’ എന്ന് അവര്‍ അപേക്ഷിച്ചു. ‘സത്യമായി നിങ്ങളെ എനിക്ക് അറിഞ്ഞുകൂടാ’ എന്നു മണവാളന്‍ മറുപടി നല്‌കി. “അതുകൊണ്ട് ആ നാളും നാഴികയും നിങ്ങള്‍ക്ക് അജ്ഞാതമായിരിക്കുകയാല്‍ ജാഗരൂകരായിരിക്കുക. “സ്വര്‍ഗരാജ്യം ഇതുപോലെയാണ്. ഒരാള്‍ ഒരു ദീര്‍ഘയാത്രയ്‍ക്കു പുറപ്പെട്ടപ്പോള്‍ ദാസന്മാരെ വിളിച്ച് തന്‍റെ സമ്പാദ്യം അവരെ ഏല്പിച്ചു. ഓരോരുത്തനും അവനവന്‍റെ പ്രാപ്തിക്കനുസരിച്ച് ഒരാള്‍ക്ക് അഞ്ചു താലന്തും മറ്റൊരാള്‍ക്കു രണ്ടും വേറൊരാള്‍ക്ക് ഒന്നും കൊടുത്തു. പിന്നീട് അയാള്‍ യാത്രപുറപ്പെട്ടു. അഞ്ചു താലന്തു കിട്ടിയവന്‍ ഉടനെ പോയി വ്യാപാരം ചെയ്ത് അഞ്ചുകൂടി നേടി. [17,18] അതുപോലെതന്നെ രണ്ടു കിട്ടിയവന്‍ രണ്ടുകൂടി സമ്പാദിച്ചു. ഒരു താലന്തു ലഭിച്ചയാള്‍ പോയി നിലത്ത് ഒരു കുഴി കുഴിച്ച് യജമാനന്‍ കൊടുത്ത പണം മറച്ചുവച്ചു. *** “ദീര്‍ഘകാലം കഴിഞ്ഞ് അവരുടെ യജമാനന്‍ തിരിച്ചുവന്ന് അവരെ ഏല്പിച്ച പണത്തിന്‍റെ കണക്കു ചോദിച്ചു. അഞ്ചു താലന്തു ലഭിച്ചവന്‍ അഞ്ചുകൂടി കൊണ്ടുവന്ന് തന്‍റെ യജമാനന്‍റെ മുമ്പില്‍ വച്ചിട്ടു പറഞ്ഞു: ‘പ്രഭോ, അഞ്ചു താലന്താണല്ലോ അങ്ങ് എന്നെ ഏല്പിച്ചിരുന്നത്; ഇതാ, ഞാന്‍ അഞ്ചുകൂടി സമ്പാദിച്ചിരിക്കുന്നു.’ യജമാനന്‍ അവനോട് ‘നന്നായി; ഉത്തമനും വിശ്വസ്തനുമായ ദാസനേ, അല്പകാര്യത്തില്‍ നീ വിശ്വസ്തനാണെന്നു തെളിഞ്ഞിരിക്കുന്നു. നിന്നെ വലിയ കാര്യങ്ങള്‍ ഏല്പിക്കും. വരിക, നിന്‍റെ യജമാനന്‍റെ ആനന്ദത്തില്‍ പങ്കുകൊള്ളുക’ എന്നു പറഞ്ഞു. “രണ്ടു താലന്തു ലഭിച്ചവനും വന്ന് ‘യജമാനനേ, അങ്ങു രണ്ടു താലന്താണല്ലോ എന്നെ ഏല്പിച്ചത്. ഇതാ ഞാന്‍ രണ്ടുകൂടി സമ്പാദിച്ചിരിക്കുന്നു’ എന്നു പറഞ്ഞു. യജമാനന്‍ അവനോട് ‘നന്നായി, ഉത്തമനും വിശ്വസ്തനുമായ ദാസനേ, അല്പകാര്യത്തില്‍ നീ വിശ്വസ്തനാണെന്നു തെളിഞ്ഞിരിക്കുന്നു. നിന്നെ ഞാന്‍ വലിയ കാര്യങ്ങള്‍ ഏല്പിക്കും. നിന്‍റെ യജമാനന്‍റെ ആനന്ദത്തില്‍ പങ്കുകൊള്ളുക’ എന്നു പറഞ്ഞു. “പിന്നീട് ഒരു താലന്തു കിട്ടിയവന്‍ വന്ന് ഇപ്രകാരം പറഞ്ഞു: ‘യജമാനനേ, അങ്ങ് ഒരു കഠിനഹൃദയന്‍ ആണെന്ന് എനിക്കറിയാം. അങ്ങു വിതയ്‍ക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഞാന്‍ ഭയപ്പെട്ട് അങ്ങയുടെ താലന്ത് മണ്ണില്‍ കുഴിച്ചുവച്ചിരുന്നു. ഇതാ അങ്ങയുടെ താലന്ത്.’ “യജമാനന്‍ അവനോടു പറഞ്ഞു: ‘ദുഷ്ടനും മടിയനുമായ ദാസനേ, ഞാന്‍ വിതയ്‍ക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്നവനാണെന്നു നീ അറിഞ്ഞിരുന്നു, അല്ലേ? നീ എന്‍റെ താലന്തു പണവ്യാപാരികളെ ഏല്പിക്കേണ്ടതായിരുന്നു; എങ്കില്‍ ഞാന്‍ മടങ്ങിവന്നപ്പോള്‍ എന്‍റെ മുതലും പലിശയുംകൂടി വാങ്ങാമായിരുന്നല്ലോ. അതുകൊണ്ട് അവന്‍റെ പക്കല്‍നിന്ന് ആ താലന്തെടുത്ത് പത്തു താലന്തുള്ളവനു കൊടുക്കുക. ഉള്ളവനു പിന്നെയും കൊടുക്കും; അവനു സമൃദ്ധിയുണ്ടാകുകയും ചെയ്യും; എന്നാല്‍ ഇല്ലാത്തവനില്‍നിന്ന് അവനുള്ളതുപോലും എടുത്തുകളയും. ഒന്നിനും കൊള്ളരുതാത്ത ആ ദാസനെ പുറത്തുള്ള അന്ധകാരത്തിലേക്ക് എറിഞ്ഞുകളയുക. അവിടെക്കിടന്ന് അവന്‍ കരയുകയും പല്ലുകടിക്കുകയും ചെയ്യും.’ “മനുഷ്യപുത്രന്‍ എല്ലാ മാലാഖമാരോടുംകൂടി തേജസ്സോടെ ആഗതനായി രാജകീയസിംഹാസനത്തില്‍ ഉപവിഷ്ഠനാകും. അപ്പോള്‍ സകല ജനതകളെയും മനുഷ്യപുത്രന്‍റെ മുമ്പില്‍ സന്നിഹിതരാക്കും. ഇടയന്‍ ചെമ്മരിയാടുകളെയും കോലാടുകളെയും വേര്‍തിരിക്കുന്നതുപോലെ മനുഷ്യപുത്രന്‍ അവരെ വേര്‍തിരിക്കും; ചെമ്മരിയാടുകളെ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും. പിന്നീടു രാജാവ് വലത്തുള്ളവരോട് അരുള്‍ചെയ്യും: ‘എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരിക; പ്രപഞ്ചത്തിന് അടിസ്ഥാനമിടുന്നതിനു മുമ്പുതന്നെ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്ളുക. എന്തുകൊണ്ടെന്നാല്‍ എനിക്കു വിശന്നു, നിങ്ങള്‍ എനിക്ക് ആഹാരം തന്നു; എനിക്കു ദാഹിച്ചു, നിങ്ങള്‍ എനിക്ക് കുടിക്കുവാന്‍ തന്നു; ഞാന്‍ അന്യനും പരദേശിയും ആയിരുന്നു, നിങ്ങള്‍ എനിക്ക് അഭയംതന്നു; എനിക്കു വസ്ത്രമില്ലായിരുന്നു, നിങ്ങള്‍ എനിക്കു വസ്ത്രം തന്നു; ഞാന്‍ രോഗിയായിരുന്നു, നിങ്ങള്‍ എന്നെ ശുശ്രൂഷിച്ചു; ഞാന്‍ കാരാഗൃഹത്തിലായിരുന്നു, നിങ്ങള്‍ എന്നെ വന്നു കണ്ടു.’ “അപ്പോള്‍ ധര്‍മനിഷ്ഠരായി ജീവിച്ചവര്‍ അദ്ദേഹത്തോടു ചോദിക്കും: ‘പ്രഭോ, ഞങ്ങള്‍ എപ്പോഴാണ് അങ്ങയെ വിശപ്പുള്ളവനായി കണ്ടിട്ട് ആഹാരം തന്നത്? അഥവാ എപ്പോഴാണു അങ്ങയെ ദാഹിക്കുന്നവനായി കണ്ടിട്ടു കുടിക്കുവാന്‍ തന്നത്? അല്ലെങ്കില്‍ എപ്പോഴാണ് അങ്ങയെ അന്യനും പരദേശിയുമായി കണ്ടിട്ടു ഞങ്ങള്‍ അഭയം നല്‌കുകയും വസ്ത്രമില്ലാത്തവനായി കണ്ടിട്ട് വസ്ത്രം നല്‌കുകയും ചെയ്തത്? എപ്പോഴാണ് രോഗപീഡിതനോ കാരാഗൃഹവാസിയോ ആയിരുന്നപ്പോള്‍ ഞങ്ങള്‍ വന്ന് അങ്ങയെ സന്ദര്‍ശിച്ചത്? അപ്പോള്‍ രാജാവ് അവരോട് തീര്‍ച്ചയായും ഇങ്ങനെ പറയും: ‘എന്‍റെ ഈ ഏറ്റവും എളിയ സഹോദരന്മാരില്‍ ഒരുവനു നിങ്ങള്‍ ചെയ്തതെല്ലാം എനിക്കുവേണ്ടിയത്രേ ചെയ്തത്.’ “അനന്തരം രാജാവ് ഇടത്തുവശത്തു നില്‌ക്കുന്നവരോട് ഇപ്രകാരം പറയും: ‘ശപിക്കപ്പെട്ടവരേ, എന്നെ വിട്ട് പിശാചിനും അവന്‍റെ ദൂതന്മാര്‍ക്കുമായി ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകൂ. എനിക്കു വിശന്നു, നിങ്ങള്‍ എനിക്ക് ആഹാരം തന്നില്ല; എനിക്കു ദാഹിച്ചു, നിങ്ങള്‍ എനിക്കു കുടിക്കുവാന്‍ തന്നില്ല; ഞാന്‍ അന്യനും പരദേശിയും ആയിരുന്നു, നിങ്ങള്‍ എനിക്ക് അഭയം നല്‌കിയില്ല; എനിക്കു വസ്ത്രമില്ലായിരുന്നു, നിങ്ങള്‍ എനിക്കു വസ്ത്രം നല്‌കിയില്ല; ഞാന്‍ രോഗിയും കാരാഗൃഹവാസിയുമായിരുന്നു, നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചില്ല.’ “അപ്പോള്‍ അവരും അദ്ദേഹത്തോടു ചോദിക്കും: ‘പ്രഭോ, ഞങ്ങള്‍ എപ്പോള്‍ അങ്ങയെ വിശക്കുന്നവനായോ ദാഹിക്കുന്നവനായോ, അന്യനും പരദേശിയുമായോ, വസ്ത്രരഹിതനായോ, രോഗിയായോ, ബന്ധനസ്ഥനായോ, അങ്ങയെ കണ്ടിട്ടു ശുശ്രൂഷിക്കാതിരുന്നു? ‘അപ്പോള്‍ രാജാവ് ഇങ്ങനെ മറുപടി പറയും: “ഈ ഏറ്റവും എളിയവരില്‍ ഒരുവനു ചെയ്യാതിരുന്നതെല്ലാം എനിക്കാകുന്നു നിങ്ങള്‍ ചെയ്യാതിരുന്നത്.’ ഞാന്‍ ഉറപ്പിച്ചു പറയുന്നു: അവര്‍ അനന്തമായ ശിക്ഷയിലേക്കു തള്ളപ്പെടും; നീതിമാന്മാര്‍ അനശ്വരജീവനിലേക്കു കടക്കുകയും ചെയ്യും.” ഈ പ്രബോധനങ്ങളെല്ലാം പൂര്‍ത്തീകരിച്ചശേഷം യേശു ശിഷ്യന്മാരോടു പറഞ്ഞു: ‘രണ്ടു ദിവസം കഴിഞ്ഞ് പെസഹാപെരുന്നാള്‍ ആണെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ; അന്നു മനുഷ്യപുത്രനെ ക്രൂശിക്കുന്നതിനായി ഏല്പിച്ചുകൊടുക്കും.” പുരോഹിതമുഖ്യന്മാരും ജനനേതാക്കളും മഹാപുരോഹിതനായ കയ്യഫാസിന്‍റെ അരമനയില്‍ കൂടി, യേശുവിനെ തന്ത്രപൂര്‍വം പിടികൂടി വധിക്കുന്നതിനെപ്പറ്റി ആലോചിച്ചു. എന്നാല്‍ ഉത്സവദിവസം ആയാല്‍ ജനക്ഷോഭമുണ്ടാകും; അതുകൊണ്ട് അന്നു പാടില്ല’ എന്ന് അവര്‍ പറഞ്ഞു. യേശു ബേഥാന്യയിലെ കുഷ്ഠരോഗിയായ ശിമോന്‍റെ വീട്ടില്‍ ഇരിക്കുകയായിരുന്നു. അവിടുന്നു ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു സ്‍ത്രീ ഒരു വെണ്‍കല്പാത്രം നിറയെ വിലയേറിയ സുഗന്ധതൈലവുമായി അവിടുത്തെ സമീപിച്ച് അത് അവിടുത്തെ ശിരസ്സില്‍ പകര്‍ന്നു. ഇതു കണ്ടപ്പോള്‍ ശിഷ്യന്മാര്‍ക്ക് അമര്‍ഷമുണ്ടായി. ഈ പാഴ്ചെലവ് എന്തിന്? ഈ തൈലം നല്ല വിലയ്‍ക്കു വിറ്റു ദരിദ്രന്മാര്‍ക്കു കൊടുക്കാമായിരുന്നല്ലോ” എന്ന് അവര്‍ പറഞ്ഞു. അവര്‍ ഇങ്ങനെ പറയുന്നു എന്ന് യേശു മനസ്സിലാക്കിക്കൊണ്ട് അവരോടു പറഞ്ഞു: “ഈ സ്‍ത്രീയെ അസഹ്യപ്പെടുത്തുന്നത് എന്തിന്? അവള്‍ എനിക്കുവേണ്ടി ഒരു നല്ല കാര്യം ചെയ്തിരിക്കുന്നു. ദരിദ്രന്മാര്‍ എപ്പോഴും നിങ്ങളുടെകൂടെ ഉണ്ടല്ലോ; എന്നാല്‍ ഞാന്‍ എപ്പോഴും നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല. ഈ തൈലം പൂശി ശവസംസ്കാരത്തിനുവേണ്ടി എന്‍റെ ശരീരം ഒരുക്കുകയാണ് അവള്‍ ചെയ്തത്. ഞാന്‍ നിങ്ങളോടു പറയുന്നു: ലോകത്തെവിടെയെല്ലാം ഈ സുവിശേഷം പ്രഘോഷിക്കപ്പെടുന്നുവോ, അവിടെയെല്ലാം അവളുടെ സ്മരണയ്‍ക്കായി ഇക്കാര്യം പ്രസ്താവിക്കപ്പെടും.” പിന്നീടു പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായ യൂദാസ് ഈസ്കരിയോത്ത് മുഖ്യപുരോഹിതന്മാരുടെ അടുക്കല്‍ ചെന്ന് “യേശുവിനെ കാണിച്ചുതന്നാല്‍ നിങ്ങള്‍ എനിക്ക് എന്തു തരും?” എന്നു ചോദിച്ചു. മുപ്പതു വെള്ളിനാണയം അവര്‍ യൂദാസിനു കൊടുത്തു. അപ്പോള്‍മുതല്‍ അയാള്‍ യേശുവിനെ ഒറ്റിക്കൊടുക്കുവാനുള്ള തക്കംനോക്കിക്കൊണ്ടിരുന്നു. പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഒന്നാം ഉത്സവദിവസം ശിഷ്യന്മാര്‍ വന്ന് യേശുവിനോട് “അങ്ങേക്കുവേണ്ടി എവിടെയാണു ഞങ്ങള്‍ പെസഹാഭക്ഷണം ഒരുക്കേണ്ടത്” എന്നു ചോദിച്ചു. യേശു പറഞ്ഞു: “നിങ്ങള്‍ നേരേ നഗരത്തില്‍ ചെന്ന് ‘എന്‍റെ സമയം അടുത്തിരിക്കുന്നു; നിങ്ങളുടെ വീട്ടിലാണു ഞാന്‍ ശിഷ്യന്മാരോടുകൂടി പെസഹ ആചരിക്കുന്നത്’ എന്നു ഗുരു പറയുന്നു എന്ന് ഇന്നയാളിനോട് പറയണം.” യേശു നിര്‍ദേശിച്ചതുപോലെ ശിഷ്യന്മാര്‍ ചെയ്തു. അവര്‍ പെസഹ ഒരുക്കി. സന്ധ്യ ആയപ്പോള്‍ അവിടുന്നു പന്ത്രണ്ടു ശിഷ്യന്മാരോടുകൂടി ഭക്ഷണം കഴിക്കാനിരുന്നു. അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു പറഞ്ഞു: “നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കുമെന്നു നിശ്ചയമായി ഞാന്‍ നിങ്ങളോടു പറയുന്നു.” അപ്പോള്‍ അവര്‍ അത്യന്തം വ്യാകുലചിത്തരായി; “ഗുരോ, അതു ഞാനല്ലല്ലോ” എന്ന് ഓരോരുത്തനും പറഞ്ഞു. “എന്നോടുകൂടി താലത്തില്‍ അപ്പം മുക്കുന്നവന്‍തന്നെ എന്നെ ഒറ്റിക്കൊടുക്കും” എന്ന് യേശുനാഥന്‍ പറഞ്ഞു. “വിശുദ്ധഗ്രന്ഥത്തില്‍ പറയുന്നതുപോലെ മനുഷ്യപുത്രന്‍ കടന്നുപോകുന്നു; എങ്കിലും മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന് ഹാ കഷ്ടം! ആ മനുഷ്യന്‍ ജനിക്കാതിരുന്നെങ്കില്‍ അവനു നല്ലതായിരുന്നു” എന്നും അവിടുന്നു പറഞ്ഞു. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ്, “ഗുരോ, തീര്‍ച്ചയായും അതു ഞാനല്ലല്ലോ” എന്നു പറഞ്ഞു. “നീ അങ്ങനെ പറയുന്നു” എന്ന് യേശു മറുപടി നല്‌കി. “അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു അപ്പം എടുത്തു വാഴ്ത്തി മുറിച്ചു ശിഷ്യന്മാര്‍ക്കു കൊടുത്തു. അവിടുന്ന് അരുള്‍ചെയ്തു: “വാങ്ങി ഭക്ഷിക്കുക; ഇത് എന്‍റെ ശരീരം.” അവിടുന്നു പാനപാത്രവും എടുത്തു സ്തോത്രം ചെയ്ത് അവര്‍ക്കു കൊടുത്തു. അവരോട് അവിടുന്ന് അരുള്‍ചെയ്തു: “നിങ്ങള്‍ എല്ലാവരും ഇതില്‍നിന്നു കുടിക്കുക; ഇതു ദൈവത്തിന്‍റെ ഉടമ്പടിയെ സ്ഥിരീകരിക്കുന്ന രക്തമാണ്; അസംഖ്യം ആളുകളുടെ പാപമോചനത്തിനായി ചൊരിയുന്ന എന്‍റെ രക്തംതന്നെ; ഞാന്‍ നിങ്ങളോടു പറയുന്നു: എന്‍റെ പിതാവിന്‍റെ രാജ്യത്തില്‍ നിങ്ങളോടുകൂടി പുതുതായി പാനം ചെയ്യുന്ന നാള്‍വരെ മുന്തിരിവള്ളിയുടെ ഫലത്തില്‍നിന്ന് ഞാന്‍ ഇനി കുടിക്കുകയില്ല.” ഒരു സ്തോത്രഗാനം പാടിയശേഷം അവര്‍ ഒലിവുമലയിലേക്കു പുറപ്പെട്ടു. യേശു അവരോടു പറഞ്ഞു: “ഈ രാത്രിയില്‍ നിങ്ങളെല്ലാവരും എന്നെവിട്ട് ഓടിപ്പോകും; ‘ഞാന്‍ ഇടയനെ വധിക്കും; പറ്റത്തില്‍നിന്ന് ആടുകള്‍ ചിതറിപ്പോകുകയും ചെയ്യും’ എന്നു വിശുദ്ധഗ്രന്ഥത്തില്‍ പറയുന്നുണ്ടല്ലോ. എന്നാല്‍ ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റ ശേഷം നിങ്ങള്‍ക്കു മുമ്പായി ഗലീലയിലേക്കു പോകും.” പത്രോസ് യേശുവിനോടു പറഞ്ഞു: “മറ്റുള്ളവരെല്ലാം അങ്ങയെ ഉപേക്ഷിച്ചുപോയാലും ഞാന്‍ ഒരിക്കലും അങ്ങയെ വിട്ടുപിരിയുകയില്ല.” അതിന് യേശു: “പത്രോസേ, ഞാന്‍ നിന്നോട് ഉറപ്പിച്ചു പറയുന്നു: എന്നെ അറിയുകയില്ല എന്ന് നീ ഈ രാത്രിയില്‍ കോഴി കൂകുന്നതിനുമുമ്പ് മൂന്നുവട്ടം തള്ളിപ്പറയും” എന്നു മറുപടി പറഞ്ഞു. പത്രോസ് യേശുവിനോട്, “അങ്ങയുടെകൂടെ മരിക്കേണ്ടിവന്നാലും ഞാന്‍ ഒരിക്കലും അങ്ങയെ തള്ളിപ്പറയുകയില്ല” എന്നു പറഞ്ഞു. അതുപോലെതന്നെ എല്ലാ ശിഷ്യന്മാരും പറഞ്ഞു. പിന്നീട് യേശു ശിഷ്യന്മാരോടുകൂടി ഗത്ശമേന എന്ന സ്ഥലത്തേക്കു പോയി. അവിടുന്ന് അവരോട്, “ഞാന്‍ അതാ അവിടെപ്പോയി പ്രാര്‍ഥിച്ചു കഴിയുന്നതുവരെ നിങ്ങള്‍ ഇവിടെ ഇരിക്കുക” എന്നു പറഞ്ഞു. അനന്തരം പത്രോസിനെയും സെബദിയുടെ രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ട് യേശു പോയി. അവിടുന്ന് ശോകപരവശനും അസ്വസ്ഥചിത്തനും ആയിത്തീര്‍ന്നു. “എന്‍റെ മനോവേദന മരണവേദനപോലെ കഠിനമാണ്; നിങ്ങള്‍ ഇവിടെ എന്നോടുകൂടി ജാഗരൂകരായിരിക്കുക” എന്ന് അവിടുന്നു പറഞ്ഞു. അനന്തരം അവിടുന്നു അല്പം മുമ്പോട്ടുചെന്നു കമിഴ്ന്നുവീണു പ്രാര്‍ഥിച്ചു: “എന്‍റെ പിതാവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്നു നീക്കണമേ. എങ്കിലും ഞാന്‍ ഇച്ഛിക്കുന്നതുപോലെയല്ല, അങ്ങ് ഇച്ഛിക്കുന്നതുപോലെ നടക്കട്ടെ.” അതിനുശേഷം അവിടുന്നു ശിഷ്യന്മാരുടെ അടുക്കല്‍ തിരിച്ചുചെന്നപ്പോള്‍ അവര്‍ ഉറങ്ങുന്നതായി കണ്ടു. യേശു പത്രോസിനോടു പറഞ്ഞു: “നിങ്ങള്‍ക്കു മൂന്നു പേര്‍ക്കുപോലും ഒരു മണിക്കൂര്‍ എന്നോടുകൂടി ഉണര്‍ന്നിരിക്കുവാന്‍ കഴിഞ്ഞില്ലല്ലോ; പരീക്ഷണത്തില്‍ അകപ്പെടാതിരിക്കുവാന്‍ ജാഗ്രതയോടെ പ്രാര്‍ഥിക്കുക; ആത്മാവു നിശ്ചയമായും സന്നദ്ധമാണ്; ശരീരമോ ദുര്‍ബലം.” യേശു വീണ്ടും പോയി പ്രാര്‍ഥിച്ചു: “എന്‍റെ പിതാവേ, ഞാന്‍ കുടിക്കാതെ ഈ പാനപാത്രം നീങ്ങിപ്പോകുവാന്‍ സാധ്യമല്ലെങ്കില്‍ അവിടുത്തെ ഇഷ്ടം നിറവേറട്ടെ.” വീണ്ടും അവിടുന്നു ശിഷ്യന്മാരുടെ അടുക്കല്‍ ചെന്നു. നിദ്രാഭാരംമൂലം അവര്‍ പിന്നെയും ഉറങ്ങുന്നതായിട്ടാണു കണ്ടത്. അവരെ വിട്ടിട്ട് അവിടുന്നു മൂന്നാമതും പോയി, അതേ പ്രാര്‍ഥനതന്നെ ആവര്‍ത്തിച്ചു; അതിനുശേഷം ശിഷ്യന്മാരുടെ അടുക്കല്‍ ചെന്നു ചോദിച്ചു: “നിങ്ങള്‍ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുകയാണോ? ഇതാ, മനുഷ്യപുത്രനെ പാപിഷ്ഠരുടെ കൈയില്‍ ഏല്പിച്ചുകൊടുക്കുവാനുള്ള സമയം ആസന്നമായിരിക്കുന്നു. എഴുന്നേല്‌ക്കുക, നമുക്കുപോകാം; എന്നെ ഒറ്റിക്കൊടുക്കുന്നവന്‍ ഇതാ എത്തിക്കഴിഞ്ഞു.” ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായ യൂദാസ് എത്തിച്ചേര്‍ന്നു. മുഖ്യപുരോഹിതന്മാരും യെഹൂദാപ്രമാണിമാരും അയച്ച ഒരു വലിയ ജനാവലി വാളും കുറുവടിയുമായി അയാളുടെ കൂടെയുണ്ടായിരുന്നു. “ഞാന്‍ ആരെ ചുംബിക്കുന്നുവോ അയാളെയാണു നിങ്ങള്‍ക്കു വേണ്ടത്. അയാളെ പിടിച്ചുകൊള്ളുക” എന്ന് ഒറ്റുകാരന്‍ അവര്‍ക്ക് സൂചന നല്‌കിയിരുന്നു. യൂദാസ് നേരെ യേശുവിന്‍റെ അടുക്കലേക്കു ചെന്ന്, “ഗുരോ വന്ദനം” എന്നു പറഞ്ഞുകൊണ്ട് അവിടുത്തെ ചുംബിച്ചു. “സ്നേഹിതാ! നീ വന്നതെന്തിനാണ്?” എന്നു യേശു ചോദിച്ചു. അപ്പോള്‍ അവര്‍ മുമ്പോട്ടുവന്ന് യേശുവിനെ പിടിച്ചു ബന്ധിച്ചു. യേശുവിന്‍റെ കൂടെയുണ്ടായിരുന്നവരില്‍ ഒരാള്‍ വാളൂരി മഹാപുരോഹിതന്‍റെ ഭൃത്യനെ വെട്ടി. വെട്ടേറ്റ് ആ ഭൃത്യന്‍റെ കാത് അറ്റുപോയി. അപ്പോള്‍ യേശു ആ ശിഷ്യനോട്, “വാള്‍ ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ത്തന്നെ നശിക്കും. എന്‍റെ പിതാവിനോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ അവിടുന്ന് ഉടനടി മാലാഖമാരുടെ പന്ത്രണ്ടിലധികം സൈന്യദളങ്ങളെ അയയ്‍ക്കുമായിരുന്നു എന്നുള്ളത് നിനക്കറിഞ്ഞുകൂടേ? പക്ഷേ അങ്ങനെ ആയാല്‍ ഇപ്രകാരമൊക്കെ സംഭവിക്കേണ്ടതാണെന്നുള്ള വേദലിഖിതം എങ്ങനെ നിറവേറും?” അപ്പോള്‍ ജനക്കൂട്ടത്തോട് അവിടുന്ന് ഇപ്രകാരം പറഞ്ഞു: “ഒരു കള്ളനെയെന്നവണ്ണമാണല്ലോ നിങ്ങള്‍ എന്നെ പിടിക്കുവാന്‍ വാളും വടിയുമായി വന്നിരിക്കുന്നത്. ദിവസേന ഞാന്‍ ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നല്ലോ. എന്നിട്ടും നിങ്ങള്‍ എന്നെ പിടിച്ചില്ല. എന്നാല്‍ പ്രവാചകന്മാര്‍ എഴുതിയിട്ടുള്ളതു നിറവേറുന്നതിനാണ് ഇവയെല്ലാം സംഭവിച്ചത്.” അപ്പോള്‍ ശിഷ്യന്മാരെല്ലാം യേശുവിനെ വിട്ട് ഓടിപ്പോയി. അവര്‍ യേശുവിനെ ബന്ധനസ്ഥനാക്കി മഹാപുരോഹിതനായ കയ്യഫാസിന്‍റെ അടുക്കലേക്കു കൊണ്ടുപോയി. അവിടെ യെഹൂദാമതപണ്ഡിതന്മാരും ജനപ്രമാണിമാരും കൂടിയിരുന്നു. പത്രോസ് അല്പം അകലെ മാറി മഹാപുരോഹിതന്‍റെ അരമനയുടെ അങ്കണംവരെ യേശുവിനെ പിന്തുടര്‍ന്നു. അദ്ദേഹം അകത്തുകടന്ന് അവസാനം എന്താണെന്നറിയുന്നതിനായി ചേവകരോടുകൂടി ഇരുന്നു. മുഖ്യപുരോഹിതന്മാരും യെഹൂദ ന്യായാധിപസംഘവും അവിടെ കൂടിയിരുന്നു. യേശുവിനെ വധിക്കുന്നതിന് അവിടുത്തേക്കെതിരെ വ്യാജസാക്ഷ്യങ്ങള്‍ കണ്ടെത്തുവാന്‍ അവര്‍ ശ്രമിച്ചു. ഒട്ടുവളരെ കള്ളസ്സാക്ഷികള്‍ ഹാജരായെങ്കിലും പറ്റിയ തെളിവു ലഭിച്ചില്ല. ഒടുവില്‍ രണ്ടുപേര്‍ മുമ്പോട്ടുവന്നു, “ദേവാലയം പൊളിച്ചു മൂന്നു ദിവസംകൊണ്ടു പണിയാമെന്ന് ഈ മനുഷ്യന്‍ പറഞ്ഞു” എന്നു മൊഴികൊടുത്തു. അപ്പോള്‍ മഹാപുരോഹിതന്‍ യേശുവിനോട് ചോദിച്ചു: “നിങ്ങള്‍ക്കെതിരെ ഈ മനുഷ്യര്‍ പറയുന്ന ആരോപണങ്ങള്‍ക്ക് ഒന്നും മറുപടി പറയുന്നില്ലേ? യേശു ആകട്ടെ, മൗനം അവലംബിച്ചു. മഹാപുരോഹിതന്‍ വീണ്ടും യേശുവിനോടു ചോദിച്ചു: “ഞാന്‍ ജീവനുള്ള ദൈവത്തിന്‍റെ നാമത്തില്‍ സത്യം ചെയ്തു ചോദിക്കുന്നു, താങ്കള്‍ ദൈവപുത്രനായ ക്രിസ്തുതന്നെ എങ്കില്‍ അതു ഞങ്ങളോടു പറയുക.” യേശു പ്രതിവചിച്ചു: “നിങ്ങള്‍ അങ്ങനെ പറയുന്നു. മനുഷ്യപുത്രന്‍ ഇനിമേല്‍ സര്‍വശക്തന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും വിണ്‍മേഘങ്ങളിന്മേല്‍ ആഗതനാകുന്നതും നിങ്ങള്‍ കാണും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.” ഉടനെ മഹാപുരോഹിതന്‍ തന്‍റെ വസ്ത്രം കീറി; അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഇയാള്‍ ദൈവദൂഷണം പറഞ്ഞിരിക്കുന്നു. ഇനി നമുക്കു സാക്ഷികളുടെ ആവശ്യം എന്ത്? ഇയാള്‍ പറഞ്ഞ ദൈവദൂഷണം ഇതാ, ഇപ്പോള്‍ നിങ്ങള്‍ തന്നെ കേട്ടല്ലോ. നിങ്ങള്‍ക്ക് എന്തു തോന്നുന്നു?” അപ്പോള്‍ അവര്‍ ഇങ്ങനെ മറുപടി പറഞ്ഞു: “ഇയാള്‍ കുറ്റവാളിയാണ്; ഇയാള്‍ക്കു വധശിക്ഷതന്നെ നല്‌കണം.” അവര്‍ യേശുവിന്‍റെ മുഖത്തു തുപ്പുകയും മുഷ്‍ടിചുരുട്ടി ഇടിക്കുകയും ചിലര്‍ ചെകിട്ടത്ത് അടിക്കുകയും ചെയ്തു. “ഹേ, ക്രിസ്തുവേ! താങ്കളെ അടിച്ചത് ആരാണെന്നു താങ്കളുടെ പ്രവചനശക്തികൊണ്ടു പറയുക” എന്നു ചിലര്‍ പറഞ്ഞു. ഈ സമയത്ത് പത്രോസ് അരമനയുടെ അങ്കണത്തിലിരിക്കുകയായിരുന്നു. ഒരു പരിചാരിക അടുത്തുചെന്ന് “താങ്കളും ഗലീലക്കാരനായ യേശുവിന്‍റെകൂടെ ഉണ്ടായിരുന്ന ആളാണല്ലോ?” എന്നു ചോദിച്ചു. പത്രോസാകട്ടെ “നീ പറയുന്നത് എന്താണെന്ന് എനിക്കു മനസ്സിലാകുന്നില്ല” എന്ന് എല്ലാവരുടെയും മുമ്പില്‍വച്ചു നിഷേധിച്ചു. അദ്ദേഹം പടിപ്പുരയിലേക്കു പോകുമ്പോള്‍ മറ്റൊരു പരിചാരിക അദ്ദേഹത്തെ കണ്ട്, “ഈ മനുഷ്യനും നസറായനായ യേശുവിന്‍റെകൂടെ ഉണ്ടായിരുന്ന ആളാണ്” എന്നു പറഞ്ഞു. “എനിക്ക് ആ മനുഷ്യനെ അറിഞ്ഞുകൂടാ” എന്നു വീണ്ടും പത്രോസ് ആണയിട്ടു തള്ളിപ്പറഞ്ഞു. അല്പം കഴിഞ്ഞ് അവിടെ നിന്നിരുന്നവര്‍ ചെന്നു പത്രോസിനോട് “നിശ്ചയമായും താങ്കള്‍ അവരിലൊരാളാണ്; താങ്കളുടെ സംസാരത്തിന്‍റെ രീതിപോലും അതു തെളിയിക്കുന്നു” എന്നു പറഞ്ഞു. അപ്പോള്‍ പത്രോസ് “ഞാന്‍ ആ മനുഷ്യനെ അറിയുന്നില്ല” എന്നു പറഞ്ഞുകൊണ്ട് സത്യം ചെയ്യുവാനും സ്വയം ശപിക്കുവാനും തുടങ്ങി. ഉടനെ കോഴി കൂകി. “കോഴി കൂകുന്നതിനു മുമ്പ് നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയും” എന്ന് യേശു പറഞ്ഞത് അപ്പോള്‍ പത്രോസ് ഓര്‍മിച്ചു. അദ്ദേഹം പുറത്തുപോയി തീവ്രദുഃഖത്താല്‍ പൊട്ടിക്കരഞ്ഞു. അതിരാവിലെ മുഖ്യപുരോഹിതന്മാരും യെഹൂദാപ്രമാണിമാരും യേശുവിനെ വധിക്കുവാന്‍ വട്ടംകൂട്ടി. അവര്‍ അവിടുത്തെ ബന്ധനസ്ഥനാക്കി റോമാഗവര്‍ണറായ പീലാത്തോസിന്‍റെ മുമ്പില്‍ ഹാജരാക്കി. [3,4] യേശുവിനെ വധശിക്ഷയ്‍ക്കു വിധിച്ചു എന്നറിഞ്ഞപ്പോള്‍ അവിടുത്തെ ഒറ്റിക്കൊടുത്ത യൂദാസ് പശ്ചാത്താപ പരവശനായിത്തീര്‍ന്നു. അയാള്‍ വാങ്ങിയ മുപ്പതു വെള്ളിനാണയങ്ങളുമായി മുഖ്യപുരോഹിതന്മാരുടെയും യെഹൂദപ്രമാണിമാരുടെയും അടുക്കല്‍ തിരിച്ചുചെന്നു നീട്ടിക്കൊണ്ട്, “ആ നിരപരാധനെ വധിക്കുന്നതിനുവേണ്ടി ഒറ്റിക്കൊടുത്തതുമൂലം ഞാന്‍ പാപം ചെയ്തിരിക്കുന്നു” എന്ന് പറഞ്ഞു. “അതിനു ഞങ്ങള്‍ക്കെന്ത്? അതു നിന്‍റെ കാര്യം” എന്ന് അവര്‍ മറുപടി പറഞ്ഞു. *** യൂദാസ് ആ പണം ദേവാലയത്തിലെ വിശുദ്ധസ്ഥലത്തേക്കു വലിച്ചെറിഞ്ഞശേഷം അവിടെനിന്നു പോയി തൂങ്ങി മരിച്ചു. പുരോഹിതമുഖ്യന്മാര്‍ ആ നാണയങ്ങള്‍ പെറുക്കിയെടുത്തിട്ട്, “ഇതു രക്തത്തിന്‍റെ വിലയാണ്, ശ്രീഭണ്ഡാരത്തില്‍ നിക്ഷേപിക്കുവാന്‍ പാടില്ല” എന്നു പറഞ്ഞു. അവര്‍ തമ്മില്‍ കൂടിയാലോചിച്ചശേഷം പരദേശികളുടെ ശ്മശാനത്തിനുവേണ്ടി ആ തുക കൊടുത്ത് കുശവന്‍റെ നിലം വാങ്ങി. അതുകൊണ്ട് ആ നിലം ഇന്നും ‘രക്തനിലം’ എന്ന് അറിയപ്പെടുന്നു. “ഒരുവനു വിലയായി കൊടുക്കാമെന്ന് ഇസ്രായേല്‍ജനം സമ്മതിച്ചിട്ടുള്ള മുപ്പതു വെള്ളിനാണയം അവര്‍ കൊടുത്ത് കര്‍ത്താവ് എന്നോടു കല്പിച്ച പ്രകാരം കുശവന്‍റെ നിലം വാങ്ങി” എന്ന് യിരെമ്യാപ്രവാചകന്‍ മുഖാന്തരം പ്രവചിച്ചിട്ടുള്ളത് ഇങ്ങനെ സംഭവിച്ചു. യേശുവിനെ പീലാത്തോസിന്‍റെ മുമ്പില്‍ ഹാജരാക്കി. പീലാത്തോസ് യേശുവിനോട് “താങ്കള്‍ യെഹൂദന്മാരുടെ രാജാവാണോ?” എന്നു ചോദിച്ചു. “താങ്കള്‍ അങ്ങനെ പറയുന്നുവല്ലോ” എന്ന് യേശു മറുപടി നല്‌കി. പുരോഹിതമുഖ്യന്മാരും യെഹൂദാപ്രമാണിമാരും ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും യേശു മറുപടി പറഞ്ഞില്ല. അപ്പോള്‍ പീലാത്തോസ് ചോദിച്ചു: “നിങ്ങള്‍ക്കെതിരെ ഇവര്‍ പറയുന്ന ആരോപണങ്ങളെല്ലാം കേള്‍ക്കുന്നില്ലേ?” യേശുവാകട്ടെ, ഒരു വാക്കുപോലും മറുപടി പറഞ്ഞില്ല. അതില്‍ ഗവര്‍ണര്‍ അത്യന്തം ആശ്ചര്യപ്പെട്ടു. ജനം ആവശ്യപ്പെടുന്ന ഏതെങ്കിലും ഒരു തടവുകാരനെ ഓരോ പെസഹാഉത്സവകാലത്തും വിട്ടയയ്‍ക്കുക പതിവായിരുന്നു. അക്കാലത്ത് ബറബ്ബാസ് എന്നു പേരുകേട്ട ഒരു തടവുകാരനുണ്ടായിരുന്നു. ജനം വന്നുകൂടിയപ്പോള്‍ പീലാത്തോസ് ചോദിച്ചു: ‘ഞാന്‍ നിങ്ങള്‍ക്ക് ആരെ വിട്ടുതരണം? ബറബ്ബാസിനെയോ ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിനെയോ?” അസൂയകൊണ്ടാണ് അവര്‍ യേശുവിനെ തന്‍റെ അടുക്കല്‍ ഏല്പിച്ചതെന്നു പീലാത്തോസിന് അറിയാമായിരുന്നു. പീലാത്തോസ് ന്യായാസനത്തില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ സഹധര്‍മിണി ഒരു സന്ദേശം കൊടുത്തയച്ചു. അതില്‍ ഇപ്രകാരം ആവശ്യപ്പെട്ടിരുന്നു: “ആ നീതിമാന്‍റെ കാര്യത്തില്‍ ഇടപെടരുത്; അദ്ദേഹത്തെ സംബന്ധിച്ചു കഴിഞ്ഞ രാത്രി കണ്ട സ്വപ്നം നിമിത്തം ഞാന്‍ വല്ലാതെ അസ്വസ്ഥയായിരിക്കുകയാണ്.” ബറബ്ബാസിനെ മോചിപ്പിക്കുവാനും യേശുവിനെ വധിക്കുവാനും പീലാത്തോസിനോട് ആവശ്യപ്പെടാന്‍ മുഖ്യപുരോഹിതന്മാരും യെഹൂദപ്രമാണിമാരും ജനത്തെ പ്രേരിപ്പിച്ചു. “ഈ രണ്ടുപേരില്‍ ആരെ വിട്ടയയ്‍ക്കണമെന്നാണു നിങ്ങള്‍ ആഗ്രഹിക്കുന്നത്?” എന്നു ഗവര്‍ണര്‍ ചോദിച്ചപ്പോള്‍: “ബറബ്ബാസിനെ” എന്ന് അവര്‍ പറഞ്ഞു. “അപ്പോള്‍ ക്രിസ്തു എന്നു പറയപ്പെടുന്ന യേശുവിനെ ഞാന്‍ എന്തു ചെയ്യണം?” എന്നു പീലാത്തോസ് അവരോടു ചോദിച്ചു. “അയാളെ ക്രൂശിക്കുക” എന്ന് അവര്‍ എല്ലാവരും ചേര്‍ന്നു വിളിച്ചുപറഞ്ഞു. “അയാള്‍ ചെയ്ത കുറ്റകൃത്യം എന്താണ്?” എന്നു പീലാത്തോസ് ചോദിച്ചു. എന്തുപറഞ്ഞാലും ഒരു ലഹള ഉണ്ടാകും എന്ന ഘട്ടമായപ്പോള്‍ പീലാത്തോസ് ജനസഞ്ചയത്തിന്‍റെ മുമ്പില്‍വച്ച് വെള്ളം എടുത്തു കൈ കഴുകിക്കൊണ്ട്: “ഈ മനുഷ്യന്‍റെ രക്തം ചൊരിയുന്നതില്‍ ഞാന്‍ നിരപരാധനാണ്; നിങ്ങള്‍ തന്നെ അതിനുത്തരവാദികള്‍” എന്നു പറഞ്ഞു. “ഇയാളുടെ രക്തം ചൊരിയുന്നതിനുള്ള ശിക്ഷ ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും വന്നുകൊള്ളട്ടെ” എന്നു ജനക്കൂട്ടം ഒന്നടങ്കം മറുപടി പറഞ്ഞു. അനന്തരം പീലാത്തോസ് ബറബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുത്തു; യേശുവിനെ ചാട്ടവാറുകൊണ്ട് അടിപ്പിച്ചശേഷം ക്രൂശിക്കുന്നതിനായി അവരെ ഏല്പിച്ചു. പിന്നീടു പടയാളികള്‍ യേശുവിനെ പീലാത്തോസിന്‍റെ കൊട്ടാരത്തിലേക്കു കൊണ്ടുപോയി. പട്ടാളം മുഴുവനും അവിടുത്തെ ചുറ്റും കൂടിയിരുന്നു. അവര്‍ അവിടുത്തെ മേലങ്കി ഊരി ഒരു കടുംചുമപ്പു വസ്ത്രം ധരിപ്പിച്ചു. മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് അവിടുത്തെ ശിരസ്സില്‍ വച്ചു, വലത്തു കൈയില്‍ ഒരു വടിയും കൊടുത്തു; അനന്തരം അവര്‍ അവിടുത്തെ മുമ്പില്‍ മുട്ടുകുത്തി. “യെഹൂദന്മാരുടെ രാജാവ് നീണാള്‍ വാഴട്ടെ!” എന്നു പറഞ്ഞു പരിഹസിച്ചു. അവര്‍ അവിടുത്തെമേല്‍ തുപ്പുകയും ആ വടികൊണ്ട് തലയ്‍ക്കടിക്കുകയും ചെയ്തു. ഇങ്ങനെ അവിടുത്തെ പരിഹസിച്ചശേഷം അവര്‍ ധരിപ്പിച്ച വസ്ത്രം ഊരി സ്വന്തം മേലങ്കി ധരിപ്പിച്ചുകൊണ്ട് ക്രൂശിക്കുവാന്‍ കൊണ്ടുപോയി. അവര്‍ പുറപ്പെട്ടപ്പോള്‍ കുറേന സ്വദേശിയായ ശിമോന്‍ എന്നയാളിനെ കണ്ടു. യേശുവിന്‍റെ കുരിശു ചുമക്കുവാന്‍ അവര്‍ ശിമോനെ നിര്‍ബന്ധിച്ചു. തലയോടിന്‍റെ സ്ഥലം എന്നര്‍ഥമുള്ള ഗോല്‍ഗോഥായില്‍ അവര്‍ എത്തി. അവിടെ ചെന്നപ്പോള്‍ കയ്പു കലര്‍ത്തിയ വീഞ്ഞ് യേശുവിനു കുടിക്കുവാന്‍ കൊടുത്തു. എന്നാല്‍ രുചിനോക്കിയിട്ട് അതു കുടിക്കുവാന്‍ യേശു വിസമ്മതിച്ചു. അവിടുത്തെ ക്രൂശിച്ചശേഷം അവര്‍ അവിടുത്തെ വസ്ത്രങ്ങള്‍ കുറിയിട്ടു പങ്കുവച്ചു. പിന്നീട് അവര്‍ അദ്ദേഹത്തിനു കാവലിരുന്നു. ‘ഇവന്‍ യെഹൂദന്മാരുടെ രാജാവായ യേശു’ എന്ന കുറ്റാരോപണം അദ്ദേഹത്തിന്‍റെ തലയ്‍ക്കു മുകളില്‍ എഴുതിവച്ചു. യേശുവിന്‍റെ കൂടെ രണ്ടു കൊള്ളക്കാരെ, ഒരുവനെ വലത്തും അപരനെ ഇടത്തുമായി ക്രൂശിച്ചു. [39,40] അതുവഴി കടന്നുപോയവര്‍ തലയാട്ടിക്കൊണ്ട് “നീയല്ലേ ദേവാലയം പൊളിച്ചു മൂന്നു ദിവസംകൊണ്ടു പണിയുന്നവന്‍? നീ ദൈവപുത്രനെങ്കില്‍ നിന്നെത്തന്നെ രക്ഷിക്കുക; കുരിശില്‍നിന്ന് ഇറങ്ങി വരിക” എന്നു പറഞ്ഞ് അദ്ദേഹത്തെ പരിഹസിച്ചു. *** മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും യെഹൂദപ്രമാണികളും അതുപോലെതന്നെ യേശുവിനു നേരെ പരിഹാസവാക്കുകള്‍ വര്‍ഷിച്ചു. അവര്‍ പറഞ്ഞു: “അയാള്‍ മറ്റുള്ളവരെ രക്ഷിച്ചു; പക്ഷേ സ്വയം രക്ഷിക്കുവാന്‍ കഴിയുന്നില്ല. ഇസ്രായേലിന്‍റെ രാജാവ് ഇപ്പോള്‍ കുരിശില്‍നിന്ന് ഇറങ്ങി വരട്ടെ. എന്നാല്‍ നമുക്ക് അയാളില്‍ വിശ്വസിക്കാം. അയാള്‍ ദൈവത്തില്‍ ആശ്രയിച്ചിരുന്നുപോലും! വേണമെങ്കില്‍ ദൈവം അയാളെ ഇപ്പോള്‍ രക്ഷിക്കട്ടെ; ‘ഞാന്‍ ദൈവപുത്രനാകുന്നു’ എന്നാണല്ലോ അയാള്‍ പറഞ്ഞത്!” യേശുവിനോടുകൂടി ക്രൂശിക്കപ്പെട്ട കൊള്ളക്കാരും അതുപോലെതന്നെ അവിടുത്തെ പരിഹസിച്ചു. [45,46] മധ്യാഹ്നമായപ്പോള്‍ ദേശമാസകലം അന്ധകാരത്തിലാണ്ടു. മൂന്നുമണിവരെയും ആ ഇരുള്‍ നീണ്ടുനിന്നു. ഏകദേശം മൂന്നുമണി ആയപ്പോള്‍ യേശു “ഏലീ, ഏലീ, ലമ്മ, ശബക്താനി?” എന്ന് അത്യുച്ചത്തില്‍ നിലവിളിച്ചു. ‘എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, അവിടുന്ന് എന്നെ കൈവിട്ടത് എന്ത്?’ എന്നാണതിന് അര്‍ഥം. *** അവിടെ നിന്നിരുന്നവരില്‍ ചിലര്‍ ഇതു കേട്ടപ്പോള്‍, “അയാള്‍ ഏലിയായെ വിളിക്കുന്നു” എന്നു പറഞ്ഞു. ഒരാള്‍ ഓടിപ്പോയി ഒരു സ്പഞ്ച് എടുത്തു പുളിച്ച വീഞ്ഞില്‍ മുക്കി ഒരു വടിയില്‍വച്ച് യേശുവിനു കുടിക്കുവാന്‍ നീട്ടിക്കൊടുത്തു. “ആകട്ടെ, ഏലിയാ അയാളെ രക്ഷിക്കുവാന്‍ വരുമോ എന്നു നമുക്കു കാണാമല്ലോ” എന്നു മറ്റുള്ളവര്‍ പറഞ്ഞു. യേശു വീണ്ടും ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു പ്രാണന്‍ വെടിഞ്ഞു. തല്‍ക്ഷണം ദേവാലയത്തിലെ തിരശ്ശീല മുകള്‍തൊട്ട് അടിവരെ രണ്ടായി ചീന്തിപ്പോയി. ഭൂതലം വിറച്ചു, പാറകള്‍ പിളര്‍ന്നു, കല്ലറകള്‍ തുറന്നു. മരണമടഞ്ഞ വിശുദ്ധന്മാരില്‍ പലരും ഉത്ഥാനം ചെയ്തു. അവര്‍ ശവകുടീരങ്ങള്‍ വിട്ടുപോകുകയും ചെയ്തു. യേശുവിന്‍റെ പുനരുത്ഥാനത്തിനുശേഷം അവര്‍ വിശുദ്ധനഗരത്തില്‍ചെന്ന് അനേകമാളുകള്‍ക്കു പ്രത്യക്ഷപ്പെട്ടു. പടത്തലവനും അയാളോടുകൂടി യേശുവിനെ കാവല്‍ചെയ്തുകൊണ്ടിരുന്ന പട്ടാളക്കാരും, ഭൂകമ്പവും മറ്റുസംഭവങ്ങളും കണ്ടതോടെ ഭയാക്രാന്തരായി. വാസ്തവത്തില്‍ ഇദ്ദേഹം ദൈവപുത്രനായിരുന്നു എന്ന് അവര്‍ പറഞ്ഞു. യേശുവിനെ പരിചരിച്ചുകൊണ്ട് ഗലീലയില്‍നിന്ന് അവിടുത്തെ അനുഗമിച്ചിരുന്ന പല സ്‍ത്രീകളും അല്പം അകലെനിന്ന് ഇവയെല്ലാം നോക്കിക്കൊണ്ടിരുന്നു. അവരുടെ കൂട്ടത്തില്‍ മഗ്ദലേന മറിയവും യാക്കോബിന്‍റെയും യോസേഫിന്‍റെയും അമ്മ മറിയവും സെബദിപുത്രന്മാരുടെ മാതാവും ഉള്‍പ്പെട്ടിരുന്നു. നേരം വൈകിയപ്പോള്‍ അരിമഥ്യയിലെ ഒരു ധനികനായ യോസേഫ് എന്നയാള്‍ അവിടെയെത്തി. അയാളും യേശുവിന്‍റെ ശിഷ്യത്വം സ്വീകരിച്ചവരില്‍ ഒരാളായിരുന്നു. അയാള്‍ പീലാത്തോസിനെ സമീപിച്ച് യേശുവിന്‍റെ ശരീരം വിട്ടുകൊടുക്കണമെന്നപേക്ഷിച്ചു. പീലാത്തോസ് അനുവാദം നല്‌കി. യോസേഫ് ശരീരം ഏറ്റുവാങ്ങി ഒരു ശുഭ്രവസ്ത്രത്തില്‍ പൊതിഞ്ഞ് പുതുതായി പാറയില്‍ വെട്ടിച്ച തന്‍റെ കല്ലറയില്‍ സംസ്കരിച്ചു. ഒരു വലിയ കല്ലുരുട്ടി കല്ലറയുടെ വാതില്‍ക്കല്‍ വച്ചശേഷം അയാള്‍ പോയി. ഈ സമയത്ത് കല്ലറയ്‍ക്കഭിമുഖമായി മഗ്ദലേനമറിയവും മറ്റേ മറിയവും ഇരിക്കുന്നുണ്ടായിരുന്നു. പിറ്റേ ദിവസം, അതായത് ഒരുക്കനാള്‍ കഴിഞ്ഞിട്ട്, മുഖ്യപുരോഹിതന്മാരും പരീശന്മാരും ചെന്ന് പീലാത്തോസിനോട് പറഞ്ഞു: “പ്രഭോ, ആ വഞ്ചകന്‍ ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ മൂന്നു ദിവസം കഴിഞ്ഞു ഉയിര്‍ത്തെഴുന്നേല്‌ക്കും’ എന്നു പറഞ്ഞിരുന്നതായി ഓര്‍ക്കുന്നു. അയാളുടെ ശിഷ്യന്മാര്‍ വന്ന് അയാളെ മോഷ്‍ടിച്ചുകൊണ്ടുപോയിട്ട് അയാള്‍ മരിച്ചവരില്‍നിന്ന് ഉത്ഥാനം ചെയ്തിരിക്കുന്നു എന്നു ജനത്തെ പറഞ്ഞു ധരിപ്പിക്കും. അങ്ങനെ ഒടുവിലത്തെ ഈ വഞ്ചന ആദ്യത്തേതിനെക്കാള്‍ വഷളായിത്തീരും. അതു സംഭവിക്കാതിരിക്കുവാന്‍ മൂന്നാം ദിവസംവരെ കല്ലറ ഭദ്രമായി സൂക്ഷിക്കുവാന്‍ കല്പിച്ചാലും.” “കാവല്ഭടന്മാരെ കൊണ്ടുപോയി നിങ്ങള്‍ക്ക് ആവുംവിധം കല്ലറ ഭദ്രമാക്കിക്കൊള്ളുക” എന്നു പീലാത്തോസ് അവരോടു പറഞ്ഞു. അങ്ങനെ അവര്‍ പോയി അടപ്പുകല്ലിനു മുദ്രവച്ച് കല്ലറ ഭദ്രമാക്കി; ഭടന്മാരെ കാവല്‍നിറുത്തുകയും ചെയ്തു. ശബത്തു കഴിഞ്ഞ് ഞായറാഴ്ച പ്രഭാതമായപ്പോള്‍ മഗ്ദലേനമറിയവും മറ്റേ മറിയവും കല്ലറ സന്ദര്‍ശിക്കുവാന്‍ പോയി. പെട്ടെന്ന് ഉഗ്രമായ ഒരു ഭൂകമ്പമുണ്ടായി. ദൈവത്തിന്‍റെ ഒരു മാലാഖ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്നു കല്ല് ഉരുട്ടിനീക്കി അതിന്മേല്‍ ഇരുന്നു. ആ മാലാഖയുടെ മുഖം മിന്നല്‍പ്പിണര്‍പോലെ ശോഭിച്ചു; ധരിച്ചിരുന്ന വസ്ത്രം ഹിമംപോലെ വെണ്മയുള്ളതുമായിരുന്നു. കാവല്‌ക്കാര്‍ ദൈവദൂതനെ കണ്ടു വിറച്ച് ചേതനയറ്റവരെപ്പോലെയായി. മാലാഖ സ്‍ത്രീകളോടു പറഞ്ഞു: “നിങ്ങള്‍ ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങള്‍ അന്വേഷിക്കുന്നത് എന്നെനിക്കറിയാം. അവിടുന്ന് ഇവിടെയില്ല; അവിടുന്നു പറഞ്ഞിരുന്നതുപോലെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. നിങ്ങള്‍ വന്ന് അവിടുത്തെ സംസ്കരിച്ച സ്ഥലം കാണുക. അവിടുന്നു മരിച്ചവരുടെ ഇടയില്‍നിന്ന് ഉത്ഥാനം ചെയ്തിരിക്കുന്നു എന്നു വേഗം പോയി അവിടുത്തെ ശിഷ്യന്മാരെ അറിയിക്കുക. അവിടുന്നു ഇതാ, നിങ്ങള്‍ക്കു മുമ്പായി ഗലീലയിലേക്കു പോകുന്നു; അവിടെവച്ച് നിങ്ങള്‍ക്ക് അവിടുത്തെ കാണാം. ഞാന്‍ പറഞ്ഞത് നിങ്ങള്‍ ഓര്‍ത്തുകൊള്ളണം.” ആ സ്‍ത്രീകള്‍ ഭയത്തോടും എന്നാല്‍ അത്യധികമായ ആനന്ദത്തോടുംകൂടി ശിഷ്യന്മാരെ വിവരം അറിയിക്കുന്നതിനായി കല്ലറയ്‍ക്കല്‍നിന്നു വേഗം പോയി. പെട്ടെന്ന് യേശുതന്നെ അവര്‍ക്ക് അഭിമുഖമായി ചെന്ന്, അവരെ അഭിവാദനം ചെയ്തു. അവര്‍ അടുത്തു ചെന്ന് അവിടുത്തെ പാദങ്ങള്‍ തൊട്ടു നമസ്കരിച്ചു. യേശു അവരോട്: “ഭയപ്പെടേണ്ടാ; നിങ്ങള്‍ പോയി എന്‍റെ സഹോദരന്മാരോട് ഗലീലയിലേക്കു പോകണമെന്നും അവിടെവച്ച് അവര്‍ എന്നെ കാണുമെന്നും അറിയിക്കുക” എന്നു പറഞ്ഞു. ആ സ്‍ത്രീകള്‍ പോയപ്പോള്‍ കാവല്ഭടന്മാരില്‍ ചിലര്‍ നഗരത്തില്‍ ചെന്നു സംഭവിച്ചതെല്ലാം മുഖ്യപുരോഹിതന്മാരെ അറിയിച്ചു. അവര്‍ യെഹൂദപ്രമാണിമാരുമായി കൂടിയാലോചിച്ചശേഷം പടയാളികള്‍ക്ക് ഒരു വന്‍തുക കൊടുത്തു; പിന്നീട് അവരോടു പറഞ്ഞു: ‘ഞങ്ങള്‍ രാത്രിയില്‍ ഉറങ്ങുമ്പോള്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ വന്ന് അയാളുടെ ശരീരം മോഷ്‍ടിച്ചുകൊണ്ടുപോയി’ എന്നു നിങ്ങള്‍ പറയണം. ഗവര്‍ണര്‍ ഇക്കാര്യം അറിയുന്നപക്ഷം നിങ്ങള്‍ക്ക് ഉപദ്രവം വരാതെ ഞങ്ങള്‍ അദ്ദേഹത്തോടു പറഞ്ഞു ബോധ്യപ്പെടുത്തിക്കൊള്ളാം.” അവര്‍ പണം വാങ്ങി അവരോടു നിര്‍ദേശിച്ചതുപോലെ ചെയ്തു. ഇന്നുവരെ യെഹൂദന്മാരുടെ ഇടയില്‍ പ്രചാരത്തിലിരിക്കുന്ന കഥ ഇതാണ്. ശിഷ്യന്മാര്‍ പതിനൊന്നു പേരും ഗലീലയില്‍ യേശു നിര്‍ദേശിച്ചിരുന്ന മലയിലേക്കു പോയി. അവിടുത്തെ കണ്ടപ്പോള്‍ അവര്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു; ചിലരാകട്ടെ സംശയിച്ചുനിന്നു. യേശു അടുത്തുചെന്ന് അവരോടു പറഞ്ഞു: “സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും എനിക്കു നല്‌കപ്പെട്ടിരിക്കുന്നു. [19,20] അതുകൊണ്ടു നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യന്മാരാക്കുക; പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവരെ സ്നാപനം ചെയ്യുകയും ഞാന്‍ നിങ്ങളോട് ആജ്ഞാപിച്ചതെല്ലാം അനുസരിക്കുവാന്‍ അവരെ പഠിപ്പിക്കുകയും വേണം. ഞാന്‍ യുഗാന്ത്യത്തോളം എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.” ഇതു ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ സുവിശേഷം. [2,3] യെശയ്യാപ്രവാചകന്‍റെ പുസ്തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ‘നിനക്കുവേണ്ടി വഴി ഒരുക്കുന്നതിന് എന്‍റെ ദൂതനെ നിനക്കു മുമ്പായി ഞാന്‍ അയയ്‍ക്കും. കര്‍ത്താവിന്‍റെ വഴി ഒരുക്കുക; അവിടുത്തെ പാത നേരേയാക്കുക.’ എന്നു മരുഭൂമിയില്‍ ഒരു അരുളപ്പാടുണ്ടായി. *** അങ്ങനെ യോഹന്നാന്‍ മരുഭൂമിയില്‍ പ്രത്യക്ഷപ്പെട്ട് സ്നാപനം നടത്തുകയും. പ്രസംഗിക്കുകയും ചെയ്തു. “നിങ്ങളുടെ പാപത്തില്‍നിന്നു പിന്തിരിഞ്ഞ് സ്നാപനം സ്വീകരിക്കുക; അപ്പോള്‍ ദൈവം നിങ്ങളുടെ പാപങ്ങള്‍ക്കു മോചനം നല്‌കും” എന്ന് അദ്ദേഹം ജനത്തോടു പറഞ്ഞു. യെഹൂദ്യയിലും യെരൂശലേമിലുമുള്ള സര്‍വജനങ്ങളും അദ്ദേഹത്തിന്‍റെ പ്രഭാഷണം കേള്‍ക്കുവാന്‍ വന്നുകൂടി. അവര്‍ തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞു; അദ്ദേഹം യോര്‍ദ്ദാന്‍ നദിയില്‍ അവരെ സ്നാപനം ചെയ്തു. ഒട്ടകരോമംകൊണ്ടുള്ള വസ്ത്രവും തുകല്‍ ബെല്‍റ്റും യോഹന്നാന്‍ ധരിച്ചിരുന്നു. വെട്ടുക്കിളിയും കാട്ടുതേനുമായിരുന്നു അദ്ദേഹത്തിന്‍റെ ആഹാരം. യോഹന്നാന്‍ ഇപ്രകാരം പ്രഖ്യാപനം ചെയ്തു: “എന്‍റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ബലമേറിയവനാണ്. കുനിഞ്ഞ് അവിടുത്തെ ചെരുപ്പ് അഴിക്കുവാന്‍പോലുമുള്ള യോഗ്യത എനിക്കില്ല. ഞാന്‍ ജലംകൊണ്ടു നിങ്ങളെ സ്നാപനം ചെയ്തിരിക്കുന്നു; അവിടുന്നാകട്ടെ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടു സ്നാപനം ചെയ്യും.” അക്കാലത്ത് യേശു ഗലീലപ്രദേശത്തെ നസറെത്തില്‍നിന്നു വന്ന് യോര്‍ദ്ദാന്‍നദിയില്‍ യോഹന്നാനില്‍നിന്നു സ്നാപനം സ്വീകരിച്ചു. വെള്ളത്തില്‍നിന്നു കയറിയ ഉടനെ സ്വര്‍ഗം തുറക്കുന്നതും ആത്മാവ് ഒരു പ്രാവിനെപ്പോലെ തന്‍റെമേല്‍ ഇറങ്ങിവരുന്നതും അദ്ദേഹം കണ്ടു. “നീ എന്‍റെ പ്രിയ പുത്രന്‍; നിന്നില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു” എന്നു സ്വര്‍ഗത്തില്‍നിന്ന് ഒരു അശരീരിയുമുണ്ടായി. ഉടനെതന്നെ ആത്മാവ് അവിടുത്തെ വിജനസ്ഥലത്തേക്കു നയിച്ചു. അവിടുന്ന് അവിടെ സാത്താനാല്‍ പരീക്ഷിക്കപ്പെട്ടുകൊണ്ട് നാല്പതു ദിവസം വന്യമൃഗങ്ങളോടുകൂടി കഴിച്ചുകൂട്ടി. മാലാഖമാര്‍ വന്ന് അവിടുത്തെ പരിചരിച്ചുകൊണ്ടിരുന്നു. യോഹന്നാന്‍ കാരാഗൃഹത്തിലടയ്‍ക്കപ്പെട്ടശേഷം യേശു ഗലീലയില്‍ ചെന്ന് ദൈവത്തിന്‍റെ സുവിശേഷം ഉദ്ഘോഷിച്ചു. “സമയം പൂര്‍ത്തിയായി; ദൈവരാജ്യം ഇതാ അടുത്തെത്തിക്കഴിഞ്ഞു! പാപത്തില്‍നിന്നു പിന്തിരിഞ്ഞ് സുവിശേഷത്തില്‍ വിശ്വസിക്കുക” എന്ന് അവിടുന്നു പറഞ്ഞു. ഗലീലത്തടാകത്തിന്‍റെ തീരത്തുകൂടി യേശു നടന്നു പോകുകയായിരുന്നു. ശിമോനും തന്‍റെ സഹോദരന്‍ അന്ത്രയാസും തടാകത്തില്‍ വല വീശുന്നത് അവിടുന്ന് കണ്ടു; അവര്‍ മീന്‍പിടിത്തക്കാരായിരുന്നു. യേശു അവരോട്: “എന്‍റെ കൂടെ വരിക; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു. ഉടനെതന്നെ അവര്‍ വലയും മറ്റും ഉപേക്ഷിച്ച് അവിടുത്തെ അനുഗമിച്ചു. അവിടെനിന്നു കുറെദൂരം മുന്നോട്ടു ചെന്നപ്പോള്‍ യാക്കോബും അയാളുടെ സഹോദരന്‍ യോഹന്നാനും വഞ്ചിയിലിരുന്നു വല നന്നാക്കുന്നതു കണ്ടു. സെബദിയുടെ പുത്രന്മാരായിരുന്നു അവര്‍. യേശു അവരെയും വിളിച്ചു. അവരുടെ പിതാവായ സെബദിയെ കൂലിക്കാരോടുകൂടി വഞ്ചിയില്‍ വിട്ടിട്ട് അവര്‍ യേശുവിനെ അനുഗമിച്ചു. പിന്നീട് അവര്‍ കഫര്‍ന്നഹൂമില്‍ പ്രവേശിച്ചു. ശബത്തില്‍ യേശു സുനഗോഗില്‍ ചെന്നു പഠിപ്പിച്ചുകൊണ്ടിരുന്നു. യേശുവിന്‍റെ ധര്‍മോപദേശം കേട്ടു ജനങ്ങള്‍ വിസ്മയിച്ചു. യെഹൂദമതപണ്ഡിതന്മാരെപ്പോലെയല്ല അധികാരത്തോടുകൂടിയത്രേ അവിടുന്ന് പ്രബോധിപ്പിച്ചത്. [23,24] ദുരാത്മാവ് ബാധിച്ച ഒരു മനുഷ്യന്‍ അവരുടെ സുനഗോഗിലുണ്ടായിരുന്നു. “നസറായനായ യേശുവേ, അങ്ങേക്കു ഞങ്ങളോട് എന്തു കാര്യം? ഞങ്ങളെ നശിപ്പിക്കുന്നതിനാണോ അങ്ങു വന്നിരിക്കുന്നത്? അങ്ങ് ആരാണെന്ന് എനിക്കറിയാം; അങ്ങു ദൈവത്തിന്‍റെ പരിശുദ്ധന്‍തന്നെ” എന്ന് അയാള്‍ ആക്രോശിച്ചു. *** “മിണ്ടരുത്, അവനെ വിട്ടു പോകൂ” എന്നു യേശു ദുരാത്മാവിനോട് ആജ്ഞാപിച്ചു. അപ്പോള്‍ അയാളെ കഠിനമായി ഉലച്ച് ഉച്ചത്തില്‍ അലറിക്കൊണ്ട് ആ ദുരാത്മാവ് വിട്ടുപോയി. എല്ലാവരും ആശ്ചര്യപരതന്ത്രരായി. “ഇതെന്ത്? ഇത് ഒരു പുതിയ ഉപദേശമാണല്ലോ! ദുരാത്മാക്കളോടുപോലും ഇദ്ദേഹം ആജ്ഞാപിക്കുന്നു! അവ അനുസരിക്കുകയും ചെയ്യുന്നുവല്ലോ” എന്ന് അവര്‍ അന്യോന്യം പറഞ്ഞു. അങ്ങനെ അവിടുത്തെക്കുറിച്ചുള്ള കീര്‍ത്തി ഗലീലനാട്ടിലെങ്ങും അതിവേഗം പരന്നു. സുനഗോഗില്‍നിന്നു പുറപ്പെട്ട്, യാക്കോബിനോടും യോഹന്നാനോടുംകൂടി യേശു ശിമോന്‍റെയും അന്ത്രയാസിന്‍റെയും വീട്ടില്‍ ചെന്നു. അപ്പോള്‍ ശിമോന്‍റെ ഭാര്യാമാതാവ് ജ്വരബാധിതയായി കിടപ്പിലായിരുന്നു. അവിടെ എത്തിയ ഉടനെ ആ രോഗിണിയെപ്പറ്റി അവര്‍ യേശുവിനോടു പറഞ്ഞു. അവിടുന്ന് അടുത്തുചെന്ന് ആ സ്‍ത്രീയുടെ കൈക്കു പിടിച്ച് എഴുന്നേല്പിച്ചു. ഉടനെ ജ്വരം വിട്ടുമാറി. ആ സ്‍ത്രീ അവരെ പരിചരിക്കുകയും ചെയ്തു. സൂര്യാസ്തമയത്തോടുകൂടി ശബത്ത് അവസാനിച്ചപ്പോള്‍, അവര്‍ എല്ലാവിധ രോഗികളെയും ഭൂതബാധിതരെയും അവിടുത്തെ അടുക്കല്‍ കൊണ്ടുവന്നു. പട്ടണവാസികളെല്ലാവരും വാതില്‌ക്കല്‍ വന്നുകൂടി. വിവിധ വ്യാധികള്‍ ബാധിച്ച അനേകമാളുകളെ അവിടുന്നു സുഖപ്പെടുത്തി. അനേകം ഭൂതാവിഷ്ടരില്‍നിന്ന് ഭൂതങ്ങളെ ബഹിഷ്കരിക്കുകയും ചെയ്തു. അവിടുന്ന് ആരാണെന്നു ഭൂതങ്ങള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ട്, അവിടുന്ന് അവരെ സംസാരിക്കുവാന്‍ അനുവദിച്ചില്ല. അതിരാവിലെ ഇരുട്ടുള്ളപ്പോള്‍ത്തന്നെ യേശു എഴുന്നേറ്റ് ഒരു വിജനസ്ഥലത്തുപോയി പ്രാര്‍ഥിച്ചു. ശിമോനും കൂടെയുണ്ടായിരുന്നവരും യേശുവിനെ അന്വേഷിച്ചു പുറപ്പെട്ടു. അവിടുത്തെ കണ്ടെത്തിയപ്പോള്‍ “എല്ലാവരും അങ്ങയെ അന്വേഷിക്കുന്നു” എന്ന് അവര്‍ പറഞ്ഞു. യേശു അവരോട്, “ചുറ്റുപാടുമുള്ള മറ്റു ഗ്രാമങ്ങളിലേക്കും നമുക്കു പോകണം. എനിക്ക് ആ പ്രദേശങ്ങളിലും പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടിയാണല്ലോ ഞാന്‍ വന്നിരിക്കുന്നത്” എന്നു മറുപടി പറഞ്ഞു. അവരുടെ സുനഗോഗുകളില്‍ പ്രസംഗിക്കുകയും ഭൂതങ്ങളെ ബഹിഷ്കരിക്കുകയും ചെയ്തുകൊണ്ട് ഗലീലയില്‍ ഉടനീളം അവിടുന്നു സഞ്ചരിച്ചു. ഒരു കുഷ്ഠരോഗി യേശുവിന്‍റെ അടുക്കല്‍ വന്നു മുട്ടുകുത്തി കേണപേക്ഷിച്ചു: “അങ്ങേക്കു മനസ്സുണ്ടെങ്കില്‍ രോഗം നീക്കി എന്നെ ശുദ്ധീകരിക്കുവാന്‍ കഴിയും.” യേശു മനസ്സലിഞ്ഞ് കൈനീട്ടി അയാളെ തൊട്ടു; “എനിക്കു മനസ്സുണ്ട്; ശുദ്ധനാകുക” എന്നു പറഞ്ഞു. തല്‍ക്ഷണം കുഷ്ഠരോഗം വിട്ടുമാറി അയാള്‍ ശുദ്ധനായിത്തീര്‍ന്നു. [43,44] “നോക്കൂ, ഇക്കാര്യം ആരോടും പറയരുത്; എന്നാല്‍ നീ നേരെ പുരോഹിതന്‍റെ അടുക്കല്‍ ചെന്നു നിന്നെത്തന്നെ കാണിച്ചുകൊടുക്കുക; രോഗവിമുക്തനായി എന്നുള്ളതിന്‍റെ സാക്ഷ്യത്തിനായി മോശ കല്പിച്ചിട്ടുള്ള വഴിപാട് അര്‍പ്പിക്കുകയും ചെയ്യുക” എന്നു യേശു കര്‍ശനമായി ആജ്ഞാപിച്ചശേഷം അയാളെ പറഞ്ഞയച്ചു. *** എന്നാല്‍ ആ മനുഷ്യന്‍ അവിടെനിന്നു പോയ ഉടനെ, ഈ വാര്‍ത്ത എല്ലായിടത്തും പറഞ്ഞു പരത്തുവാന്‍ തുടങ്ങി. പരസ്യമായി പട്ടണത്തില്‍ പ്രവേശിക്കുവാന്‍ യേശുവിനു നിവൃത്തിയില്ലാതെയായി; അതുകൊണ്ട് അവിടുന്നു വിജനസ്ഥലങ്ങളില്‍ കഴിഞ്ഞുകൂടി. എങ്കിലും എല്ലാ ദിക്കുകളില്‍നിന്നും ആളുകള്‍ അവിടുത്തെ അടുക്കല്‍ വന്നുകൊണ്ടിരുന്നു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് യേശു വീണ്ടും കഫര്‍ന്നഹൂമിലെത്തി. യേശു അവിടെ ഒരു ഭവനത്തിലുണ്ടെന്നറിഞ്ഞപ്പോള്‍ വാതില്‌ക്കല്‍പോലും നില്‌ക്കാന്‍ ഇടമില്ലാത്തവിധം അനേകമാളുകള്‍ അവിടെ വന്നുകൂടി. യേശു അവരോടു ദിവ്യസന്ദേശം പ്രസംഗിച്ചു. ഒരു പക്ഷവാതരോഗിയെ ചുമന്നുകൊണ്ട് നാലുപേര്‍ അവിടെ വന്നു. എന്നാല്‍ ജനബാഹുല്യം നിമിത്തം യേശുവിനെ സമീപിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല; അതുകൊണ്ട് ആ വീടിന്‍റെ മുകളില്‍ കയറി മട്ടുപ്പാവു പൊളിച്ച്, ആ രോഗിയെ കിടക്കയോടുകൂടി യേശുവിന്‍റെ മുമ്പില്‍ ഇറക്കിവച്ചു. അവരുടെ വിശ്വാസം കണ്ടിട്ട് യേശു ആ രോഗിയോട്: “മകനേ, നിന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അവിടെ ഉണ്ടായിരുന്ന ചില മതപണ്ഡിതന്മാര്‍ ആത്മഗതം ചെയ്തു: “ഈ മനുഷ്യന്‍ ഇങ്ങനെ പറയുന്നത് എന്തുകൊണ്ട്? ഇതു ദൈവദൂഷണമല്ലേ? ദൈവം ഒരുവനല്ലാതെ മറ്റാര്‍ക്കാണ് പാപം ക്ഷമിക്കുവാന്‍ കഴിയുക.” അവരുടെ അന്തര്‍ഗതം ആത്മാവില്‍ അറിഞ്ഞുകൊണ്ട് യേശു അവരോടു ചോദിച്ചു: “നിങ്ങള്‍ ഉള്ളില്‍ ഇങ്ങനെ ചിന്തിക്കുന്നത് എന്തിന്? പക്ഷവാതരോഗിയോടു നിന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു കിടക്ക എടുത്തുകൊണ്ടു നടക്കുക എന്നു പറയുന്നതോ ഏതാണ് എളുപ്പം? എന്നാല്‍ ഭൂമിയില്‍ മനുഷ്യപുത്രനു പാപങ്ങള്‍ പൊറുക്കുവാന്‍ അധികാരമുണ്ടെന്നു ഞാന്‍ തെളിയിച്ചുതരാം.” അനന്തരം യേശു ആ പക്ഷവാതരോഗിയോട്, “എഴുന്നേറ്റു കിടക്കയെടുത്തു നിന്‍റെ വീട്ടിലേക്കു പോകുക എന്നു ഞാന്‍ നിന്നോടു പറയുന്നു” എന്ന് അരുള്‍ചെയ്തു. അയാള്‍ തല്‍ക്ഷണം എല്ലാവരും കാൺകെ എഴുന്നേറ്റ് കിടക്കയെടുത്തു നടന്നുപോയി. ഇതു കണ്ട് അവിടെ കൂടിയിരുന്നവരെല്ലാം വിസ്മയിച്ച് അദ്ഭുതപ്പെട്ടു. “ഇതുപോലെയൊരു സംഭവം ഒരിക്കലും കണ്ടിട്ടില്ലല്ലോ” എന്നു പറഞ്ഞുകൊണ്ട് അവര്‍ ദൈവത്തെ പ്രകീര്‍ത്തിച്ചു. യേശു വീണ്ടും ഗലീലത്തടാകത്തിന്‍റെ തീരത്തേക്കു പോയി; ഒരു ജനസഞ്ചയം അവിടുത്തെ അടുക്കല്‍ വന്നുകൂടി. അവിടുന്ന് അവരെ ഉപദേശിച്ചു. അവിടുന്നു മുന്‍പോട്ട് ചെന്നപ്പോള്‍ അല്ഫായിയുടെ മകനായ ലേവി എന്ന ചുങ്കം പിരിവുകാരന്‍ തന്‍റെ ജോലിസ്ഥലത്തിരിക്കുന്നതു കണ്ടു. “എന്‍റെ കൂടെ വരിക” എന്ന് യേശു അയാളോടു പറഞ്ഞു. ലേവി എഴുന്നേറ്റ് അവിടുത്തെ അനുഗമിച്ചു. യേശു ലേവിയുടെ വീട്ടില്‍ ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ചുങ്കക്കാരും മതനിഷ്ഠയില്ലാത്തവരുമായ പലരും യേശുവിനോടും ശിഷ്യന്മാരോടുംകൂടി പന്തിയിലിരുന്നു. ഇങ്ങനെയുള്ള അനേകമാളുകള്‍ അവിടുത്തെ അനുഗമിച്ചിരുന്നു. ചുങ്കക്കാരോടും മതനിഷ്ഠയില്ലാത്തവരോടും കൂടിയിരുന്ന് യേശു ഭക്ഷണം കഴിക്കുന്നത് പരീശന്മാരായ മതപണ്ഡിതന്മാര്‍ കണ്ടപ്പോള്‍ അവിടുത്തെ ശിഷ്യന്മാരോട് അവര്‍ ചോദിച്ചു: “എന്തുകൊണ്ടാണ് അദ്ദേഹം ചുങ്കക്കാരോടും മതനിഷ്ഠയില്ലാത്തവരോടുംകൂടി ഇരുന്നു ഭക്ഷണം കഴിക്കുന്നത്?” ഇതു കേട്ടിട്ട് യേശു അവരോട്, “ആരോഗ്യമുള്ളവര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം; ഞാന്‍ പുണ്യവാന്മാരെയല്ല പാപികളെയാണു വിളിക്കുവാന്‍ വന്നത്” എന്നു പറഞ്ഞു. ഒരിക്കല്‍ സ്നാപകയോഹന്നാന്‍റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്കുകയായിരുന്നു. ചിലര്‍ വന്ന് യേശുവിനോടു ചോദിച്ചു: “യോഹന്നാന്‍റെയും പരീശന്മാരുടെയും ശിഷ്യന്മാര്‍ ഉപവസിക്കുന്നുണ്ടല്ലോ; അങ്ങയുടെ ശിഷ്യന്മാര്‍ ഉപവസിക്കാത്തത് എന്തുകൊണ്ടാണ്?” യേശു അവരോടു ചോദിച്ചു, “മണവാളന്‍ കൂടെയുള്ളപ്പോള്‍ വിരുന്നുകാര്‍ക്ക് ഉപവസിക്കാമോ? മണവാളന്‍ അവരെ വിട്ടുപിരിയുന്ന കാലം വരും; അന്ന് അവര്‍ ഉപവസിക്കും. “ആരും കോടിത്തുണിക്കഷണം പഴയ വസ്ത്രത്തില്‍ ചേര്‍ത്തു തുന്നുകയില്ല. അങ്ങനെ ചെയ്താല്‍ പുത്തന്‍തുണി ചുരുങ്ങി പഴയതില്‍നിന്നു വിട്ടുപോവുകയും തന്മൂലം കീറല്‍ ഏറെ വലുതാവുകയും ചെയ്യും. ആരും പുതുവീഞ്ഞ് പഴയ തോല്‌ക്കുടങ്ങളില്‍ ഒഴിച്ചുവയ്‍ക്കാറില്ല. അപ്രകാരം ചെയ്താല്‍ വീഞ്ഞ് തോല്‌ക്കുടത്തെ പിളര്‍ക്കും; വീഞ്ഞ് ഒഴുകിപ്പോകുകയും കുടം നശിക്കുകയും ചെയ്യും. പുതുവീഞ്ഞ് പുതിയ തോല്‌ക്കുടങ്ങളില്‍ത്തന്നെയാണ് ഒഴിച്ചുവയ്‍ക്കേണ്ടത്.” ഒരു ശബത്തുദിവസം യേശു ഒരു വിളഭൂമിയില്‍ക്കൂടി നടന്നുപോകുമ്പോള്‍ അവിടുത്തെ ശിഷ്യന്മാര്‍ കതിര്‍ പറിച്ചു തുടങ്ങി. പരീശന്മാര്‍ യേശുവിനോട്, “ഇവര്‍ ശബത്തുദിവസം ചെയ്തുകൂടാത്തതു ചെയ്യുന്നതു കണ്ടില്ലേ?” എന്നു ചോദിച്ചു. യേശു പ്രതിവചിച്ചു: “ദാവീദും അനുചരന്മാരും വിശന്നുവലഞ്ഞപ്പോള്‍ എന്താണു ചെയ്തതെന്നു നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ? അബ്യാഥാര്‍പുരോഹിതന്‍റെ കാലത്ത് ദാവീദ് ദേവാലയത്തില്‍ പ്രവേശിച്ച് പുരോഹിതന്മാരല്ലാതെ മറ്റാരും ഭക്ഷിച്ചുകൂടാത്ത കാഴ്ചയപ്പം എടുത്തു ഭക്ഷിക്കുകയും അനുചരന്മാര്‍ക്കു കൊടുക്കുകയും ചെയ്തില്ലേ?” പിന്നീടു യേശു അവരോടു പറഞ്ഞു: “ശബത്തു മനുഷ്യനുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്; മനുഷ്യന്‍ ശബത്തിനുവേണ്ടിയുള്ളവനല്ല. മനുഷ്യപുത്രനാകട്ടെ ശബത്തിന്‍റെയും കര്‍ത്താവാകുന്നു.” യേശു പിന്നീടൊരിക്കല്‍ സുനഗോഗില്‍ ചെന്നു; കൈ ശോഷിച്ചുപോയ ഒരു മനുഷ്യന്‍ അവിടെയുണ്ടായിരുന്നു. ശബത്തുദിവസം അവിടുന്ന് ആ മനുഷ്യനെ സുഖപ്പെടുത്തുമോ എന്ന് അവര്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നു. യേശുവില്‍ കുറ്റം ആരോപിക്കുന്നതിനുവേണ്ടിയാണ് അങ്ങനെ ചെയ്തത്. കൈ ശോഷിച്ച ആ മനുഷ്യനോട്, “എഴുന്നേറ്റ് മുന്‍പിലേക്ക് മാറിനില്‌ക്കുക” എന്ന് യേശു പറഞ്ഞു. പിന്നീട് അവിടുന്ന് ജനത്തോട്, “ശബത്തില്‍ നന്മ ചെയ്യുന്നതോ, തിന്മ ചെയ്യുന്നതോ, ജീവനെ രക്ഷിക്കുന്നതോ, നശിപ്പിക്കുന്നതോ ഏതാണു നിയമാനുസൃതം?” എന്നു ചോദിച്ചു. അവരാകട്ടെ മൗനം അവലംബിച്ചു. യേശു അവരുടെ ഹൃദയകാഠിന്യത്തില്‍ ദുഃഖിച്ച്, കോപത്തോടുകൂടി ചുറ്റും നോക്കിയശേഷം ആ മനുഷ്യനോട്, “നിന്‍റെ കൈ നീട്ടുക” എന്നു പറഞ്ഞു. അയാള്‍ കൈ നീട്ടി. ഉടനെ കൈ സുഖം പ്രാപിച്ചു. പരീശന്മാര്‍ ഉടന്‍തന്നെ പുറത്തുപോയി അവിടുത്തെ എങ്ങനെ അപായപ്പെടുത്താം എന്നതിനെക്കുറിച്ച് ഹേരോദ്യരോട് ആലോചിച്ചു. ശിഷ്യന്മാരോടുകൂടി യേശു ഗലീലത്തടാകത്തിന്‍റെ തീരത്തേക്കു പോയി. ഗലീലയില്‍നിന്ന് ഒരു വന്‍ ജനസഞ്ചയം അവിടുത്തെ അനുഗമിച്ചു. യെഹൂദ്യ, യെരൂശലേം, എദോം, യോര്‍ദ്ദാന്‍റെ മറുകര, സോരിന്‍റെയും സീദോന്‍റെയും ചുറ്റുമുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം വലിയൊരു ജനാവലി യേശു ചെയ്ത കാര്യങ്ങളെക്കുറിച്ചു കേട്ടിട്ട് അവിടുത്തെ അടുക്കല്‍ വന്നുകൂടി. [9,10] ഒട്ടേറെ ആളുകളെ അവിടുന്ന് സുഖപ്പെടുത്തിയതിനാല്‍ രോഗബാധിതരായ എല്ലാവരും അവിടുത്തെ സ്പര്‍ശിക്കുന്നതിനായി തള്ളിക്കയറി മുന്‍പോട്ടു വന്നുകൊണ്ടിരുന്നു. ആള്‍ക്കൂട്ടം തന്നെ ഞെരുക്കാതിരിക്കേണ്ടതിന് ഒരു ചെറുവഞ്ചി ഒരുക്കുവാന്‍ യേശു ശിഷ്യന്മാരോടു പറഞ്ഞു. *** അവിടുത്തെ കണ്ടമാത്രയില്‍ ദുഷ്ടാത്മാക്കള്‍ സാഷ്ടാംഗം വീണ് “അങ്ങു ദൈവപുത്രനാണ്” എന്നു വിളിച്ചു പറഞ്ഞു. താന്‍ ആരാണെന്നു വെളിപ്പെടുത്തരുതെന്ന് അവരോട് യേശു കര്‍ശനമായി ആജ്ഞാപിച്ചു. യേശു പിന്നീട് ഒരു കുന്നിന്‍റെ മുകളിലേക്ക് കയറിപ്പോയി. താന്‍ ഇച്ഛിച്ചവരെ അവിടുന്നു വിളിച്ചു. അവര്‍ അവിടുത്തെ അടുത്തെത്തി. അവിടുന്നു നിയമിച്ച പന്ത്രണ്ടുപേര്‍ക്ക് അപ്പോസ്തോലന്മാര്‍ എന്നു നാമകരണം ചെയ്തു. അവിടുന്ന് അവരോടു പറഞ്ഞു: “എന്‍റെകൂടെ ആയിരിക്കേണ്ടതിന് ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു; സുവിശേഷം ഘോഷിക്കുവാന്‍ ഞാന്‍ നിങ്ങളെ അയയ്‍ക്കും; ഭൂതങ്ങളെ പുറത്താക്കുവാനുള്ള അധികാരം നിങ്ങള്‍ക്കുണ്ടായിരിക്കും.” [16,17] ശിമോന് അവിടുന്നു പത്രോസ് എന്നു പേരിട്ടു. സെബദിയുടെ പുത്രന്മാരായ യാക്കോബിനും യോഹന്നാനും ഇടിമുഴക്കത്തിന്‍റെ മക്കള്‍ എന്ന് അര്‍ഥമുള്ള ബോവനേര്‍ഗ്ഗസ് എന്നും നാമകരണം ചെയ്തു. *** ശേഷമുള്ളവര്‍ അന്ത്രയാസ്, ഫീലിപ്പോസ്, ബര്‍തൊലൊമായി, മത്തായി, തോമസ്, അല്ഫായിയുടെ മകന്‍ യാക്കോബ്, തദ്ദായി, തീവ്രവാദിയായ ശിമോന്‍, യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് ഈസ്കരിയോത്ത് എന്നിവരായിരുന്നു. പിന്നീട് യേശു വീട്ടിലേക്കു പോയി. അവര്‍ക്കു ഭക്ഷണം കഴിക്കുവാന്‍പോലും സാധിക്കാത്തവിധം പിന്നെയും ജനം തിങ്ങിക്കൂടി. ഇതറിഞ്ഞ് യേശുവിന്‍റെ ബന്ധുജനങ്ങള്‍ അവിടുത്തെ പിടിച്ചുകൊണ്ടു പോകുവാന്‍ വന്നു. “അവിടുത്തേക്കു ബുദ്ധിഭ്രമമുണ്ട്” എന്ന് അവര്‍ പറഞ്ഞു. “ബേല്‍സബൂല്‍ ആണ് ഇയാളിലുള്ളത്; പിശാചുക്കളെ ഇറക്കാനുള്ള ശക്തി ഇയാള്‍ക്കു നല്‌കുന്നത് പിശാചുക്കളുടെ തലവനാണ്” എന്ന് യെരൂശലേമില്‍നിന്നു വന്ന മതപണ്ഡിതന്മാര്‍ പറഞ്ഞു. അപ്പോള്‍ യേശു അവരെ വിളിച്ച് ദൃഷ്ടാന്തരൂപേണ ഇങ്ങനെ പറഞ്ഞു: “സാത്താനു സാത്താനെ ബഹിഷ്കരിക്കുവാന്‍ കഴിയുന്നതെങ്ങനെ? അന്തഃഛിദ്രമുള്ള രാജ്യത്തിനു നിലനില്‌ക്കുവാന്‍ സാധിക്കുകയില്ല. അതുപോലെതന്നെ അന്തഃഛിദ്രമുള്ള കുടുംബത്തിനും നിലനില്‌ക്കുവാന്‍ സാധിക്കുകയില്ല. സാത്താന്‍ തന്നോടുതന്നെ എതിര്‍ക്കുകയും ഭിന്നിക്കുകയും ചെയ്താല്‍ നിലനില്‌ക്കുവാന്‍ കഴിയാതെ അവന്‍ നാശമടയുന്നു. “ബലശാലിയായ ഒരുവനെ പിടിച്ചുകെട്ടിയിട്ടല്ലാതെ അയാളുടെ വീട്ടില്‍ പ്രവേശിച്ച് മുതല്‍ അപഹരിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ലല്ലോ. ആദ്യം അയാളെ ബന്ധിക്കണം. അതിനുശേഷമേ, അയാളുടെ വീടു കൊള്ളചെയ്യുവാന്‍ സാധിക്കൂ. “ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു: മനുഷ്യരുടെ എല്ലാ പാപങ്ങളും ഈശ്വരനിന്ദകളും ക്ഷമിക്കപ്പെടും; എന്നാല്‍ പരിശുദ്ധാത്മാവിനെതിരെയുള്ള ദൂഷണങ്ങള്‍ ഒരിക്കലും ക്ഷമിക്കപ്പെടുകയില്ല; അവന്‍ എന്നാളും കുറ്റവാളിയായിരിക്കും.” “യേശുവില്‍ ഒരു ദുഷ്ടാത്മാവുണ്ട്” എന്ന് അവര്‍ പറഞ്ഞതുകൊണ്ടാണ് ഇങ്ങനെ പ്രസ്താവിച്ചത്. യേശുവിന്‍റെ അമ്മയും സഹോദരന്മാരും പുറത്തുനിന്നുകൊണ്ട് അവിടുത്തെ വിളിക്കുവാന്‍ ആളയച്ചു. ഒരു വലിയ ജനസഞ്ചയം അവിടുത്തെ ചുറ്റും ഇരിക്കുന്നുണ്ടായിരുന്നു. “അവിടുത്തെ അമ്മയും സഹോദരന്മാരും സഹോദരിമാരും അവിടുത്തെ അന്വേഷിച്ചു പുറത്തു നില്‌ക്കുന്നു” എന്ന് അവര്‍ പറഞ്ഞു. “ആരാണ് എന്‍റെ അമ്മ? ആരെല്ലാമാണ് എന്‍റെ സഹോദരര്‍?” എന്ന് അവിടുന്ന് അവരോടു ചോദിച്ചു. പിന്നീട് തന്‍റെ ചുറ്റും കൂടിയിരുന്നവരെ നോക്കിക്കൊണ്ട് അരുള്‍ചെയ്തു: “ഇതാ എന്‍റെ അമ്മയും സഹോദരരും! ദൈവത്തിന്‍റെ തിരുവിഷ്ടം ചെയ്യുന്നവരാണ് എന്‍റെ സഹോദരനും സഹോദരിയും അമ്മയും.” യേശു വീണ്ടും ഗലീലത്തടാകത്തിന്‍റെ തീരത്തുവച്ചു പ്രബോധിപ്പിക്കുവാന്‍ തുടങ്ങി. ഒരു വലിയ ജനാവലി അവിടുത്തെ ചുറ്റും കൂടിയിരുന്നതുകൊണ്ട് അവിടുന്ന് തടാകത്തില്‍ കിടന്ന ഒരു വഞ്ചിയില്‍ കയറി ഇരുന്നു. ജനങ്ങളെല്ലാവരും തടാകതീരത്തു നിലകൊണ്ടു. ദൃഷ്ടാന്തങ്ങളിലൂടെ അവിടുന്നു പല കാര്യങ്ങള്‍ അവരെ പഠിപ്പിച്ചു. ധര്‍മോപദേശമധ്യേ അവിടുന്ന് ഇപ്രകാരം പറഞ്ഞു: “ഇതാ കേള്‍ക്കൂ! ഒരു മനുഷ്യന്‍ വിതയ്‍ക്കാന്‍ പുറപ്പെട്ടു. അയാള്‍ വിതച്ചപ്പോള്‍ കുറെ വിത്തു വഴിയില്‍ വീണു. പക്ഷികള്‍ വന്ന് അവ തിന്നുകളഞ്ഞു. [5,6] ചില വിത്തു പാറയുള്ള സ്ഥലത്താണു വീണത്. അവിടെ മണ്ണിനു താഴ്ചയില്ലാതിരുന്നതിനാല്‍ വിത്തു പെട്ടെന്നു മുളച്ചെങ്കിലും അവയ്‍ക്കു വേരില്ലാഞ്ഞതുകൊണ്ട് സൂര്യന്‍ ഉദിച്ചുയര്‍ന്നപ്പോള്‍ വാടിക്കരിഞ്ഞുപോയി. *** മറ്റു ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ വളര്‍ന്ന് അവയെ ഞെരുക്കിക്കളഞ്ഞു. അവ ഫലം നല്‌കിയില്ല. മറ്റുള്ള വിത്തു നല്ല നിലത്താണു വീണത്. അവ മുളച്ചു വളര്‍ന്നു; മുപ്പതും അറുപതും നൂറും മേനി വിളവു നല്‌കി.” “കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ” എന്നും യേശു പറഞ്ഞു. യേശു തനിച്ചിരുന്നപ്പോള്‍, അവിടുത്തോട് കൂടെയുണ്ടായിരുന്നവരില്‍ ചിലര്‍ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടിവന്ന്, അവിടുന്നു പറഞ്ഞതിന്‍റെ പൊരുള്‍ എന്താണെന്നു ചോദിച്ചു. അപ്പോള്‍ യേശു അരുള്‍ചെയ്തു: “ദൈവരാജ്യത്തിന്‍റെ മര്‍മം നിങ്ങള്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ മറ്റുള്ളവരാകട്ടെ എല്ലാം ദൃഷ്ടാന്തങ്ങളിലൂടെ കേള്‍ക്കുന്നു. “അവര്‍ പിന്നെയും പിന്നെയും നോക്കും; പക്ഷേ കാണുകയില്ല; പിന്നെയും പിന്നെയും കേള്‍ക്കും; പക്ഷേ, ഗ്രഹിക്കുകയില്ല; അങ്ങനെ അല്ലായിരുന്നെങ്കില്‍ അവര്‍ ദൈവത്തിങ്കലേക്കു തിരിയുകയും അവരുടെ പാപം ക്ഷമിക്കപ്പെടുകയും ചെയ്യുമായിരുന്നു.” പിന്നീട് യേശു അവരോടു പറഞ്ഞു: “ഈ ദൃഷ്ടാന്തം നിങ്ങള്‍ക്കു മനസ്സിലായില്ലേ? എങ്കില്‍ മറ്റു ദൃഷ്ടാന്തങ്ങളൊക്കെയും നിങ്ങള്‍ എങ്ങനെ ഗ്രഹിക്കും? വിതയ്‍ക്കുന്നവന്‍ ദൈവവചനമാണു വിതയ്‍ക്കുന്നത്. ചിലരുടെ ഹൃദയത്തില്‍ വിതയ്‍ക്കപ്പെടുന്ന വചനം കേള്‍ക്കുന്ന ക്ഷണത്തില്‍ത്തന്നെ സാത്താന്‍ വന്ന് എടുത്തുകളയുന്നു. ഇതാണ് വഴിയരികില്‍ വീണ വിത്ത്. അതുപോലെതന്നെ പാറയുള്ള സ്ഥലത്തു വിതയ്‍ക്കപ്പെട്ട വിത്തിനെപ്പോലെയാണ് മറ്റു ചിലര്‍. കേള്‍ക്കുന്ന ഉടനെ അവര്‍ സന്തോഷപൂര്‍വം വചനം സ്വീകരിക്കുന്നു. എന്നാല്‍ അതിന്‍റെ വേര് ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാത്തതുകൊണ്ട് അല്പകാലം മാത്രമേ നിലനില്‌ക്കുകയുള്ളൂ; വചനംമൂലം കഷ്ടതകളും പീഡനങ്ങളും നേരിടുമ്പോള്‍ ആടിയുലഞ്ഞു വീണുപോകുന്നു. മുള്‍ച്ചെടികള്‍ക്കിടയില്‍ വിതയ്‍ക്കപ്പെട്ട വിത്തിനെപ്പോലെയാണു മറ്റു ചിലര്‍; വചനം കേള്‍ക്കുമെങ്കിലും ലൗകിക ജീവിതത്തിന്‍റെ ക്ലേശങ്ങളും ധനമോഹവും ഇതരകാര്യങ്ങളിലുള്ള വ്യഗ്രതയും വചനത്തെ ഞെക്കിഞെരുക്കുകയും ഫലശൂന്യമാക്കുകയും ചെയ്യുന്നവരാണ് ഇക്കൂട്ടര്‍. എന്നാല്‍ നല്ല നിലത്തു വിതയ്‍ക്കപ്പെട്ട വിത്തു സൂചിപ്പിക്കുന്നത്, വചനം കേട്ടു സ്വീകരിക്കുകയും മുപ്പതും അറുപതും നൂറും മേനി വിളവ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നവരെയത്രേ.” പിന്നീടു യേശു അവരോടു പറഞ്ഞു: “വിളക്കു കത്തിച്ചു പറയുടെയോ കട്ടിലിന്‍റെയോ കീഴില്‍ ആരെങ്കിലും വയ്‍ക്കുമോ? അതു വിളക്കുതണ്ടിന്മേലല്ലേ വയ്‍ക്കുന്നത്? നിഗൂഢമായി വച്ചിരിക്കുന്നത് എന്തുതന്നെ ആയാലും അതു വെളിച്ചത്തുവരും. മൂടി വച്ചിരിക്കുന്നതെന്തും അനാവരണം ചെയ്യപ്പെടും. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.” യേശു വീണ്ടും പറഞ്ഞു: “നിങ്ങള്‍ കേള്‍ക്കുന്നത് എന്താണെന്നു ശ്രദ്ധിക്കുക; നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങള്‍ക്ക് അളന്നു കിട്ടും; എന്നല്ല നിങ്ങള്‍ക്കു കൂടുതല്‍ കിട്ടുകയും ചെയ്യും. ഉള്ളവനു നല്‌കപ്പെടും; ഇല്ലാത്തവനില്‍നിന്ന് അവന് ഉള്ളതുകൂടി എടുത്തുകളയും.” യേശു തുടര്‍ന്നു പറഞ്ഞു: “ഒരു മനുഷ്യന്‍ തന്‍റെ കൃഷിഭൂമിയില്‍ വിത്തു വിതയ്‍ക്കുന്നു. അയാള്‍ രാവും പകലും ഉറങ്ങിയും ഉണര്‍ന്നും കഴിയുന്നു. അതിനിടയ്‍ക്ക്, എങ്ങനെയെന്ന് അയാള്‍ അറിയാതെ വിത്തു മുളച്ചു വളരുന്നു. ഈ വിത്തുപോലെയാണു ദൈവരാജ്യം. ഭൂമി സ്വയമേവ വിളവ് ഉത്പാദിപ്പിക്കുന്നു. ആദ്യം ഇളനാമ്പു തല നീട്ടുന്നു; പിന്നീട് കതിരും, അവസാനം കതിര്‍ക്കുല നിറയെ ധാന്യമണികളും ഉണ്ടാകുന്നു. ധാന്യം വിളഞ്ഞു കൊയ്ത്തിനു പാകമാകുമ്പോള്‍ കൊയ്യുന്നതിന് അയാള്‍ ആളിനെ അയയ്‍ക്കുന്നു.” അവിടുന്നു വീണ്ടും അവരോടു പറഞ്ഞു: “ദൈവരാജ്യത്തെ എന്തിനോട് ഉപമിക്കാം? ഏതൊരു ദൃഷ്ടാന്തംകൊണ്ട് അതിനെ വിശദീകരിക്കാം? അതൊരു കടുകുമണിയെപ്പോലെയാണ്. വിതയ്‍ക്കുമ്പോള്‍ അതു ഭൂമിയിലുള്ള മറ്റെല്ലാ വിത്തിനെയുംകാള്‍ ചെറുതാണ്. എന്നാല്‍ അതു മുളച്ചുവളര്‍ന്ന് എല്ലാ ചെടികളെയുംകാള്‍ വലുതായിത്തീരുന്നു. പക്ഷികള്‍ക്ക് അതിന്‍റെ തണലില്‍ കൂടുകെട്ടി പാര്‍ക്കാന്‍ തക്ക വലിയ ശാഖകള്‍ നീട്ടുകയും ചെയ്യുന്നു.” ഇതുപോലെയുള്ള അനേകം ദൃഷ്ടാന്തങ്ങള്‍ മുഖേന അവര്‍ക്കു ഗ്രഹിക്കാവുന്ന വിധത്തില്‍ യേശു ദിവ്യവചനം പ്രസംഗിച്ചു. ദൃഷ്ടാന്തരൂപേണയല്ലാതെ അവിടുന്ന് ഒന്നും അവരോടു പറഞ്ഞിരുന്നില്ല. ശിഷ്യന്മാരോടുകൂടി അവിടുന്ന് തനിച്ചിരിക്കുമ്പോള്‍ ഓരോ ദൃഷ്ടാന്തവും അവര്‍ക്കു വിശദീകരിച്ചു കൊടുത്തിരുന്നു. അന്നു വൈകുന്നേരം, “നമുക്ക് അക്കരയ്‍ക്കുപോകാം” എന്ന് യേശു ശിഷ്യന്മാരോടു പറഞ്ഞു. അതുകൊണ്ട് അവര്‍ ജനസഞ്ചയത്തെ വിട്ടിട്ട് യേശു നേരത്തെ കയറിയിരുന്ന വഞ്ചിയില്‍ കയറി പുറപ്പെട്ടു. വേറെ വഞ്ചികളും കൂടെയുണ്ടായിരുന്നു. അപ്പോള്‍ അത്യുഗ്രമായ ഒരു കൊടുങ്കാറ്റടിച്ചു. തിരമാലകള്‍ ഉയര്‍ന്നു, വഞ്ചിയില്‍ വെള്ളം അടിച്ചു കയറി, വഞ്ചി നിറയുമാറായി. യേശു അമരത്ത് ഒരു തലയിണവച്ചു കിടന്ന് ഉറങ്ങുകയായിരുന്നു. ശിഷ്യന്മാര്‍ അവിടുത്തെ വിളിച്ചുണര്‍ത്തി; “ഗുരോ, ഞങ്ങള്‍ മുങ്ങിമരിക്കാന്‍ പോകുന്നതിനെക്കുറിച്ച് അങ്ങേക്ക് ഒരു വിചാരവുമില്ലേ?” എന്നു ചോദിച്ചു. യേശു എഴുന്നേറ്റു കാറ്റിനോട് “അടങ്ങുക” എന്ന് ആജ്ഞാപിച്ചു. തിരമാലകളോട് “ശാന്തമാകുക” എന്നും കല്പിച്ചു. ഉടനെ കാറ്റടങ്ങി. പ്രക്ഷുബ്‍ധമായ തടാകം പ്രശാന്തമായി. പിന്നീട് അവിടുന്ന് അവരോട്, “എന്തിനാണു നിങ്ങള്‍ ഇങ്ങനെ ഭീരുക്കളാകുന്നത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ?” എന്നു ചോദിച്ചു. അവര്‍ അത്യന്തം ഭയപരവശരായി; ഇദ്ദേഹം ആരാണ്? കാറ്റും തിരമാലകളുംകൂടി അവിടുത്തെ അനുസരിക്കുന്നുവല്ലോ” എന്ന് അവര്‍ അന്യോന്യം പറഞ്ഞു. അവര്‍ ഗലീലത്തടാകത്തിന്‍റെ മറുകരയുള്ള ഗരസീന്യരുടെ ദേശത്തെത്തി. വഞ്ചിയില്‍നിന്നു കരയ്‍ക്കിറങ്ങിയ ഉടനെ, ശവകുടീരങ്ങളില്‍ പാര്‍ത്തുവന്നിരുന്ന ഒരു മനുഷ്യനെ കണ്ടു. ഒരു അശുദ്ധാത്മാവ് അയാളെ ബാധിച്ചിരുന്നു. ചങ്ങലകൊണ്ടു പോലും ആര്‍ക്കും അയാളെ ബന്ധിച്ചു കീഴ്പെടുത്തുവാന്‍ കഴിഞ്ഞിരുന്നില്ല. പലപ്പോഴും വിലങ്ങുകൊണ്ടും ചങ്ങലകൊണ്ടും അയാളുടെ കൈകാലുകള്‍ ബന്ധിച്ചിരുന്നെങ്കിലും അയാള്‍ വിലങ്ങുകള്‍ തകര്‍ക്കുകയും ചങ്ങലകള്‍ പൊട്ടിക്കുകയും ചെയ്തുവന്നു. ആര്‍ക്കും അയാളെ നിയന്ത്രിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. അയാള്‍ അത്യുച്ചത്തില്‍ അലറുകയും കല്ലുകൊണ്ട് സ്വയം പരുക്കേല്പിക്കുകയും ചെയ്തുവന്നു; രാവും പകലും ശവകുടീരങ്ങളിലും മലകളിലും കഴിച്ചുകൂട്ടി. കുറെ അകലെവച്ചുതന്നെ യേശുവിനെ കണ്ടിട്ട് അയാള്‍ ഓടിവന്ന് അവിടുത്തെ മുമ്പില്‍ സാഷ്ടാംഗം നമസ്കരിച്ചു. അയാള്‍ ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട്, “യേശുവേ, അത്യുന്നതനായ ദൈവത്തിന്‍റെ പുത്രാ, എന്‍റെ കാര്യത്തില്‍ അങ്ങ് എന്തിനിടപെടുന്നു? ദൈവത്തെ ഓര്‍ത്ത് എന്നെ ദണ്ഡിപ്പിക്കരുതേ” എന്ന് അപേക്ഷിച്ചു. “ദുഷ്ടാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറത്തുപോകുക” എന്നു യേശു പറഞ്ഞതുകൊണ്ടാണ് ഇങ്ങനെ അപേക്ഷിച്ചത്. യേശു അയാളോട് “നിന്‍റെ പേരെന്ത്?” എന്നു ചോദിച്ചു. “എന്‍റെ പേരു ലെഗ്യോന്‍ എന്നാണ്; ഞങ്ങള്‍ ഒട്ടുവളരെപ്പേര്‍ ഉണ്ട്” എന്ന് അയാള്‍ പ്രതിവചിച്ചു. “ഞങ്ങളെ ഈ നാട്ടില്‍നിന്ന് തുരത്തിക്കളയരുതേ” എന്ന് അയാള്‍ കെഞ്ചി. അവിടെ കുന്നിന്‍ചരുവില്‍ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. “ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്ക് അയച്ചാലും; അവയില്‍ ഞങ്ങള്‍ പ്രവേശിച്ചുകൊള്ളാം” എന്ന് ദുഷ്ടാത്മാക്കള്‍ കേണപേക്ഷിച്ചു. യേശു അതിനവരെ അനുവദിച്ചു. അവര്‍ ആ മനുഷ്യനില്‍നിന്നു പുറത്തുകടന്നു പന്നികളില്‍ പ്രവേശിച്ചു. രണ്ടായിരത്തോളം വരുന്ന ആ പന്നിക്കൂട്ടം കുത്തനെയുള്ള കുന്നിന്‍ചരുവിലൂടെ പാഞ്ഞുചെന്നു തടാകത്തില്‍ ചാടി മുങ്ങിച്ചത്തു. പന്നിയെ മേയിച്ചിരുന്നവര്‍ ഓടിപ്പോയി, പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലും ഈ വിവരം അറിയിച്ചു. സംഭവിച്ചത് എന്തെന്നറിയാന്‍ ആളുകള്‍ ഉടനെ ഓടിക്കൂടി. അവര്‍ യേശുവിന്‍റെ അടുക്കല്‍ വന്നപ്പോള്‍ പിശാചുബാധിതനായിരുന്ന ആ മനുഷ്യന്‍ വസ്ത്രം ധരിച്ചും സുബോധമുള്ളവനായും ഇരിക്കുന്നതു കണ്ടു. ലെഗ്യോന്‍ ബാധിച്ചിരുന്ന ആ മനുഷ്യനെ കണ്ടപ്പോള്‍ അവര്‍ ഭയപ്പെട്ടു. ആ ഭൂതബാധിതനും പന്നികള്‍ക്കും സംഭവിച്ചതെന്താണെന്നു ദൃക്സാക്ഷികളില്‍നിന്ന് അവര്‍ മനസ്സിലാക്കി. അവര്‍ യേശുവിനോടു തങ്ങളുടെ ദേശം വിട്ടുപോകണമെന്ന് അപേക്ഷിച്ചു. യേശു വഞ്ചിയില്‍ കയറിയപ്പോള്‍ “അങ്ങയുടെകൂടെ വരാന്‍ എന്നെക്കൂടി അനുവദിക്കണമേ” എന്നു ഭൂതാവിഷ്ടനായിരുന്ന ആ മനുഷ്യന്‍ അപേക്ഷിച്ചു. പക്ഷേ യേശു അനുവദിച്ചില്ല. അവിടുന്ന് അയാളോട്: “നീ നിന്‍റെ വീട്ടിലേക്കു തിരിച്ചുപോയി കര്‍ത്താവു തന്‍റെ കരുണയാല്‍ നിനക്കു ചെയ്തിരിക്കുന്നത് നിന്‍റെ ബന്ധുമിത്രാദികളോടു പറയുക” എന്നു പറഞ്ഞു. അങ്ങനെ ആ മനുഷ്യന്‍ മടങ്ങിപ്പോയി യേശു തനിക്കു ചെയ്തതെല്ലാം ദക്കപ്പൊലി ദേശത്ത് പ്രഖ്യാപനം ചെയ്തുതുടങ്ങി. അതുകേട്ടവരെല്ലാം വിസ്മയഭരിതരായി. യേശു വഞ്ചിയില്‍ കയറി വീണ്ടും മറുകരയെത്തി. ഒരു വലിയ ജനാവലി അവിടെ വന്നുകൂടി. യേശു തടാകത്തിന്‍റെ തീരത്ത് ഇരിക്കുമ്പോള്‍ അവിടത്തെ സുനഗോഗിന്‍റെ അധികാരികളിലൊരുവനായ യായിറോസ് അവിടുത്തെ അടുക്കല്‍ വന്നു. അവിടുത്തെ കണ്ടയുടനെ അയാള്‍ അവിടുത്തെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ട് കേണപേക്ഷിച്ചു. “എന്‍റെ കുഞ്ഞുമകള്‍ ആസന്നമരണയായി കിടക്കുന്നു; അങ്ങു വന്ന് അവളുടെമേല്‍ കൈകള്‍ വയ്‍ക്കണമേ. അവിടുന്ന് അങ്ങനെ ചെയ്താല്‍ അവള്‍ രോഗവിമുക്തയായി ജീവിക്കും. യേശു ഉടനെ യായിറോസിന്‍റെ കൂടെ പുറപ്പെട്ടു. ഒരു വലിയ ജനസഞ്ചയം തിക്കിഞെരുക്കിക്കൊണ്ട് അവിടുത്തെ പിന്നാലെ ചെന്നു. പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവരോഗം മൂലം കഷ്ടപ്പെട്ട ഒരു സ്‍ത്രീയും അക്കൂട്ടത്തിലുണ്ടായിരുന്നു. അനേകം വൈദ്യന്മാര്‍ ചികിത്സിക്കുകയും ഉണ്ടായിരുന്ന പണമെല്ലാം ചെലവിടുകയും ചെയ്തിട്ടും ആ സ്‍ത്രീയുടെ രോഗം ഭേദമാകാതെ ഒന്നിനൊന്നു കൂടുകയാണു ചെയ്തത്. [27,28] അവര്‍ യേശുവിനെപ്പറ്റി കേട്ടിരുന്നു. അവിടുത്തെ വസ്ത്രത്തിലെങ്കിലും ഒന്നു തൊടാന്‍ കഴിഞ്ഞാല്‍ തനിക്കു സൗഖ്യം ലഭിക്കുമെന്ന് ആ രോഗിണി ആത്മഗതം ചെയ്തു. *** അങ്ങനെ ആള്‍ത്തിരക്കിനിടയില്‍ ആ സ്‍ത്രീ യേശുവിന്‍റെ പിറകില്‍ചെന്ന് അവിടുത്തെ വസ്ത്രത്തില്‍ തൊട്ടു. തല്‍ക്ഷണം അവരുടെ രക്തസ്രാവം നിലച്ചു; തന്‍റെ രോഗം വിട്ടുമാറിയതായി ശരീരത്തില്‍ അവര്‍ക്ക് അനുഭവപ്പെടുകയും ചെയ്തു. തന്നില്‍നിന്നു ശക്തി പുറപ്പെട്ടുവെന്നു മനസ്സിലാക്കിക്കൊണ്ട്, ആ ആള്‍ത്തിരക്കിനിടയില്‍ യേശു പെട്ടെന്നു തിരിഞ്ഞുനിന്ന് “ആരാണ് എന്‍റെ വസ്ത്രത്തില്‍ തൊട്ടത്” എന്നു ചോദിച്ചു. അപ്പോള്‍ ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു: “ജനങ്ങള്‍ അങ്ങയെ തിക്കിഞെരുക്കുന്നതു കാണുന്നില്ലേ? എന്നിട്ടും ‘എന്നെ തൊട്ടത് ആര്‍?’ എന്ന് അങ്ങു ചോദിക്കുകയാണോ?” എങ്കിലും തന്നെ ആരാണു തൊട്ടതെന്നറിയാന്‍ യേശു ചുറ്റും നോക്കി. എന്നാല്‍ തന്‍റെ ശരീരത്തില്‍ സംഭവിച്ചതെന്തെന്നു മനസ്സിലാക്കിയ ആ സ്‍ത്രീ ഭയപ്പെട്ടു വിറച്ചുകൊണ്ട് അവിടുത്തെ മുമ്പില്‍ സാഷ്ടാംഗം വീണ്, സത്യം മുഴുവന്‍ തുറന്നുപറഞ്ഞു. യേശു അവരോട്: “മകളേ, നിന്‍റെ വിശ്വാസം നിനക്കു സൗഖ്യം നല്‌കിയിരിക്കുന്നു; സമാധാനത്തോടുകൂടി പോകുക; നീ ആരോഗ്യവതിയായി ജീവിക്കുക” എന്നു പറഞ്ഞു. യേശു ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ സുനഗോഗ് അധികാരിയുടെ വീട്ടില്‍നിന്ന് ഏതാനും ആളുകള്‍ വന്ന് “അങ്ങയുടെ മകള്‍ മരിച്ചുപോയി; ഇനിയും ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നതെന്തിന്?” എന്നു യായിറോസിനോടു പറഞ്ഞു. യേശു അതു ഗൗനിക്കാതെ അയാളോട്: “ഭയപ്പെടേണ്ടാ, വിശ്വസിക്കുക മാത്രം ചെയ്യുക” എന്നു പറഞ്ഞു. പത്രോസ്, യാക്കോബ്, യാക്കോബിന്‍റെ സഹോദരനായ യോഹന്നാന്‍ എന്നിവരൊഴികെ മറ്റാരെയും തന്‍റെകൂടെ ചെല്ലാന്‍ യേശു അനുവദിച്ചില്ല. അവര്‍ യായിറോസിന്‍റെ ഭവനത്തിലെത്തിയപ്പോള്‍ അവിടെ വലിയ ബഹളവും ഉച്ചത്തിലുള്ള കരച്ചിലും മുറവിളിയും ആയിരുന്നു. യേശു അകത്തു കടന്ന്, “ഈ ബഹളവും കരച്ചിലും എന്തിന്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്” എന്നു പറഞ്ഞു. ഇതുകേട്ടപ്പോള്‍ അവര്‍ യേശുവിനെ പരിഹസിച്ചു. എന്നാല്‍ അവിടുന്ന് അവരെയെല്ലാം പുറത്താക്കിയശേഷം കുട്ടിയുടെ മാതാപിതാക്കളെയും കൂടെയുണ്ടായിരുന്ന ശിഷ്യന്മാരെയും കൂട്ടിക്കൊണ്ട് അവള്‍ കിടന്നിരുന്ന സ്ഥലത്തു ചെന്ന് അവളുടെ കൈക്കു പിടിച്ചുകൊണ്ട് “തലീഥാ കും” എന്ന് അവളോടു പറഞ്ഞു. ‘കുട്ടീ, എഴുന്നേല്‌ക്കുക എന്നു ഞാന്‍ നിന്നോടു പറയുന്നു’ എന്നാണതിനര്‍ഥം. തല്‍ക്ഷണം അവള്‍ എഴുന്നേറ്റു നടന്നു. അവള്‍ക്കു പന്ത്രണ്ടുവയസ്സുണ്ടായിരുന്നു. അവര്‍ ആശ്ചര്യപരതന്ത്രരായി. ഈ സംഭവം ആരും അറിയരുതെന്ന് യേശു കര്‍ശനമായി അവരോട് ആജ്ഞാപിച്ചു. പിന്നീട് ‘അവള്‍ക്ക് എന്തെങ്കിലും ആഹാരം കൊടുക്കുക’ എന്നും പറഞ്ഞു. അനന്തരം യേശു അവിടംവിട്ട് സ്വദേശത്തേക്കു പോയി. ശിഷ്യന്മാര്‍ അവിടുത്തെ അനുഗമിച്ചു. ശബത്തുനാളായപ്പോള്‍ അവിടുന്നു സുനഗോഗില്‍ ചെന്നു പഠിപ്പിക്കുവാന്‍ തുടങ്ങി. അവിടുത്തെ ധര്‍മോപദേശം കേട്ട് പലരും വിസ്മയിച്ചു. അവര്‍ ഇങ്ങനെ ചോദിച്ചു: “ഈ മനുഷ്യന് ഈ ജ്ഞാനം എവിടെനിന്നു കിട്ടി? എന്തൊരു ജ്ഞാനമാണ് ഇയാള്‍ക്കു ലഭിച്ചിരിക്കുന്നത്! ഇയാള്‍ എങ്ങനെയാണീ അദ്ഭുതപ്രവൃത്തികള്‍ ചെയ്യുന്നത്? ആ മരപ്പണിക്കാരനല്ലേ ഇയാള്‍? മറിയമിന്‍റെ പുത്രനും യാക്കോബ്, യോസെ, യൂദാസ്, ശിമോന്‍ എന്നിവരുടെ സഹോദരനുമല്ലേ? ഈ മനുഷ്യന്‍റെ സഹോദരിമാരും നമ്മോടു കൂടിയുണ്ടല്ലോ” ഇങ്ങനെ പറഞ്ഞുകൊണ്ട് അവര്‍ യേശുവിനെ അവഗണിച്ചുകളഞ്ഞു. യേശു അവരോടു പറഞ്ഞു: “ഒരു പ്രവാചകന്‍ തന്‍റെ സ്വന്തം നാട്ടിലും സ്വഭവനത്തിലും സ്വജനങ്ങളുടെ ഇടയിലും മാത്രമാണ് ബഹുമാനിക്കപ്പെടാതിരിക്കുന്നത്.” ഏതാനും ചില രോഗികളുടെമേല്‍ കൈകള്‍വച്ചു സുഖപ്പെടുത്തിയതല്ലാതെ അവിടെ മറ്റ് അദ്ഭുതപ്രവൃത്തികളൊന്നും ചെയ്യാന്‍ അവിടുത്തേക്ക് കഴിഞ്ഞില്ല. അവര്‍ക്കു വിശ്വാസമില്ലാത്തതില്‍ അവിടുന്നു വിസ്മയിച്ചു. അതിനുശേഷം യേശു ചുറ്റുമുള്ള ഗ്രാമങ്ങളില്‍ സഞ്ചരിച്ചു ജനത്തെ പ്രബോധിപ്പിച്ചുകൊണ്ടിരുന്നു. പന്ത്രണ്ടു ശിഷ്യന്മാരെ അവിടുന്ന് അടുക്കല്‍ വിളിച്ച് ഈരണ്ടുപേരെ വീതം അയച്ചു. അവര്‍ക്കു ദുഷ്ടാത്മാക്കളുടെമേല്‍ അധികാരം നല്‌കി. “യാത്രയ്‍ക്ക് ഒരു വടിയല്ലാതെ ഭക്ഷണമോ, ഭാണ്ഡമോ, കീശയില്‍ പണമോ എടുക്കരുത്; ചെരുപ്പു ധരിക്കാം; എന്നാല്‍ രണ്ടു വസ്ത്രം ആവശ്യമില്ല. നിങ്ങള്‍ ഏതെങ്കിലും ഒരു സ്ഥലത്ത് ഒരു വീട്ടില്‍ ചെന്നാല്‍ ആ സ്ഥലം വിട്ടുപോകുന്നതുവരെ അവിടെത്തന്നെ പാര്‍ക്കുക; ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ, നിങ്ങള്‍ പറയുന്നതു ശ്രദ്ധിക്കാതിരിക്കുകയോ ചെയ്താല്‍ അവിടം വിട്ടു പൊയ്‍ക്കൊള്ളുക; നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുകയും ചെയ്യുക; അത് അവര്‍ക്കെതിരെയുള്ള സാക്ഷ്യമായിരിക്കും” എന്ന് അവരെ അനുശാസിക്കുകയും ചെയ്തു. അങ്ങനെ അവര്‍ പോയി, “അനുതപിച്ച് ദൈവത്തിങ്കലേക്കു തിരിയുക” എന്നു പ്രസംഗിച്ചു. അവര്‍ അനേകം ഭൂതങ്ങളെ പുറത്താക്കുകയും തൈലലേപനം ചെയ്ത് ഒട്ടുവളരെ രോഗികളെ സുഖപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ യേശുവിന്‍റെ പേര്‍ പ്രഖ്യാതമായി. ഹേരോദാരാജാവും അവിടുത്തെപ്പറ്റി കേട്ടു. “സ്നാപകയോഹന്നാന്‍ മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടാണ് ഈ അദ്ഭുതശക്തികള്‍ അദ്ദേഹത്തില്‍ വ്യാപരിക്കുന്നത്” എന്നു ചിലര്‍ പറഞ്ഞു. എന്നാല്‍ അവിടുന്ന് ഏലിയാ ആണെന്നു മറ്റുചിലരും പുരാതനപ്രവാചകന്മാരില്‍ ഒരുവനെപ്പോലെയുള്ള ഒരു പ്രവാചകനാണെന്നു വേറെ ചിലരും അഭിപ്രായപ്പെട്ടു. ഇതു കേട്ടപ്പോള്‍ “ഞാന്‍ ശിരച്ഛേദം ചെയ്ത യോഹന്നാന്‍ ഉത്ഥാനം ചെയ്യപ്പെട്ടിരിക്കുന്നു” എന്ന് ഹേരോദാ പറഞ്ഞു. [17,18] ഈ ഹേരോദാ തന്‍റെ സഹോദരന്‍ ഫീലിപ്പോസിന്‍റെ ഭാര്യയായ ഹേരോദ്യയെ സ്വഭാര്യയാക്കിയിരുന്നു. “അങ്ങയുടെ സഹോദരഭാര്യയെ പരിഗ്രഹിക്കുന്നത് നിയമവിരുദ്ധമാണ്” എന്ന് യോഹന്നാന്‍ ഹേരോദായോടു പറഞ്ഞു. അതിന്‍റെ പേരില്‍ ഹേരോദാ ഹേരോദ്യയുടെ ഇച്ഛാനുസരണം ആളയച്ചു യോഹന്നാനെ പിടിച്ചു ബന്ധിച്ച് കാരാഗൃഹത്തിലാക്കി. *** ഹേരോദ്യക്കു യോഹന്നാനോടുള്ള പകനിമിത്തം അദ്ദേഹത്തെ കൊല്ലുവാന്‍ അവള്‍ ഇച്ഛിച്ചു; പക്ഷേ സാധിച്ചില്ല. യോഹന്നാന്‍ നീതിനിഷ്ഠനും പരിശുദ്ധനുമാണെന്ന് അറിഞ്ഞിരുന്നതിനാല്‍ ഹേരോദാ അദ്ദേഹത്തെ ഭയപ്പെട്ടു. അതുകൊണ്ട് അദ്ദേഹത്തെ സുരക്ഷിതമായി സൂക്ഷിച്ചു. യോഹന്നാന്‍റെ വാക്കുകള്‍ കേട്ട് ഹേരോദാ സംഭ്രാന്തനായിത്തീര്‍ന്നെങ്കിലും അദ്ദേഹത്തിന്‍റെ പ്രഭാഷണം സന്തോഷപൂര്‍വം കേട്ടുപോന്നു. അങ്ങനെയിരിക്കെ തന്‍റെ ഇംഗിതം നിറവേറ്റുന്നതിനു പറ്റിയ ഒരു സന്ദര്‍ഭം ഹേരോദ്യക്കു ലഭിച്ചു. ഹേരോദായുടെ പിറന്നാള്‍ ദിവസമായിരുന്നു അത്. അന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ക്കും സേനാനായകന്മാര്‍ക്കും ഗലീലയിലെ പൗരമുഖ്യന്മാര്‍ക്കും ഒരു വിരുന്നു നല്‌കി. ഹേരോദ്യയുടെ പുത്രി രാജസദസ്സില്‍ ചെന്നു നൃത്തം ചെയ്ത് രാജാവിനെയും അതിഥികളെയും സന്തോഷിപ്പിച്ചു. “നീ ആഗ്രഹിക്കുന്നത് എന്തുതന്നെയും നമ്മോടു ചോദിച്ചുകൊള്ളുക; നാം അതു നിനക്കു നല്‌കുന്നതാണ്” എന്നു ഹേരോദാ രാജകുമാരിയോടു പറഞ്ഞു. “നീ ചോദിക്കുന്നതെന്തും രാജ്യത്തിന്‍റെ പകുതിതന്നെയും നാം തരും” എന്ന് അദ്ദേഹം പ്രതിജ്ഞചെയ്തു. രാജകുമാരി പോയി, താനെന്താണ് ആവശ്യപ്പെടേണ്ടതെന്ന് അമ്മയോടു ചോദിച്ചു. “സ്നാപകയോഹന്നാന്‍റെ ശിരസ്സു തരാന്‍ പറയൂ” എന്ന് ഹേരോദ്യ പറഞ്ഞു. രാജകുമാരി ഉടനെ ഓടി രാജസന്നിധിയിലെത്തി, “സ്നാപകയോഹന്നാന്‍റെ ശിരസ്സ് ഒരു താലത്തില്‍വച്ച് എനിക്കു തന്നാലും” എന്നു പറഞ്ഞു. ഇതു കേട്ടപ്പോള്‍ രാജാവ് അത്യന്തം ദുഃഖിതനായി. എങ്കിലും തന്‍റെ പ്രതിജ്ഞയെയും അവിടെ സന്നിഹിതരായിരുന്ന അതിഥികളെയും ഓര്‍ത്തപ്പോള്‍ രാജകുമാരിയുടെ ഇംഗിതം നിറവേറ്റാതിരിക്കാന്‍ അദ്ദേഹത്തിനു നിവൃത്തിയില്ലാതെയായി. ഉടനെ തന്നെ അകമ്പടി സേവിക്കുന്ന ഒരു പടയാളിയെ വിളിച്ച് സ്നാപകയോഹന്നാന്‍റെ ശിരസ്സു കൊണ്ടുവരുവാന്‍ രാജാവു കല്പിച്ചു. ആ പടയാളി ഉടനെപോയി കാരാഗൃഹത്തില്‍വച്ച് ശിരച്ഛേദം ചെയ്ത് യോഹന്നാന്‍റെ തല ഒരു താലത്തില്‍വച്ചു കൊണ്ടുവന്നു രാജകുമാരിക്കു കൊടുത്തു. രാജകുമാരി അതുകൊണ്ടുപോയി അവളുടെ അമ്മയെ ഏല്പിച്ചു. ഇതറിഞ്ഞ് യോഹന്നാന്‍റെ ശിഷ്യന്മാര്‍ അദ്ദേഹത്തിന്‍റെ മൃതദേഹം ഏറ്റുവാങ്ങി ഒരു കല്ലറയില്‍ സംസ്കരിച്ചു. അപ്പോസ്തോലന്മാര്‍ തിരിച്ചുവന്ന് തങ്ങള്‍ ചെയ്തതും പഠിപ്പിച്ചതും എല്ലാം യേശുവിനോടു പറഞ്ഞു. നിരവധിയാളുകള്‍ വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നതിനാല്‍ യേശുവിനും ശിഷ്യന്മാര്‍ക്കും ഭക്ഷണം കഴിക്കുവാന്‍പോലും സമയം കിട്ടിയിരുന്നില്ല. അതുകൊണ്ട് യേശു അപ്പോസ്തോലന്മാരോട്: “നിങ്ങള്‍ വരിക, നമുക്ക് ഒരു വിജനസ്ഥലത്തുപോയി അല്പസമയം വിശ്രമിക്കാം” എന്നു പറഞ്ഞു. അവര്‍ വഞ്ചിയില്‍കയറി തനിച്ച് ഒരു ഏകാന്തസ്ഥലത്തേക്കു പോയി. അവര്‍ പോകുന്നതു പലരും കാണുകയും അറിയുകയും ചെയ്തു. അങ്ങനെ എല്ലാ പട്ടണങ്ങളില്‍നിന്നും ആളുകള്‍ കരമാര്‍ഗം ഓടി യേശുവും ശിഷ്യന്മാരും എത്തുന്നതിനുമുമ്പ് അവിടെ എത്തി. യേശു കരയ്‍ക്കിറങ്ങിയപ്പോള്‍ ഒരു വലിയ ജനസഞ്ചയത്തെ കണ്ടു. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ ആയിരുന്നതുകൊണ്ട് അവിടുത്തേക്ക് അവരോട് അനുകമ്പയുണ്ടായി. അവിടുന്നു പലകാര്യങ്ങള്‍ അവരെ പഠിപ്പിക്കുവാന്‍ തുടങ്ങി. നേരം വൈകിയപ്പോള്‍ ശിഷ്യന്മാര്‍ യേശുവിന്‍റെ അടുക്കല്‍വന്നു പറഞ്ഞു: “ഇതൊരു വിജനസ്ഥലമാണല്ലോ; നേരവും നന്നേ വൈകിയിരിക്കുന്നു. കുടിപാര്‍പ്പുള്ള സമീപസ്ഥലങ്ങളിലോ ഗ്രാമങ്ങളിലോ ചെന്ന് എന്തെങ്കിലും വാങ്ങി ഭക്ഷിക്കുവാന്‍ ജനങ്ങളെ പറഞ്ഞയച്ചാലും.” യേശു അവരോട്: “നിങ്ങള്‍ത്തന്നെ അവര്‍ക്കു ഭക്ഷിക്കുവാന്‍ കൊടുക്കുക” എന്നു പറഞ്ഞു. അപ്പോള്‍ അവര്‍: “ഞങ്ങള്‍ പോയി ഇരുനൂറു ദിനാറിന് അപ്പം വാങ്ങി ഇവര്‍ക്കു കൊടുക്കണമെന്നാണോ അങ്ങു പറയുന്നത്?” എന്ന് ചോദിച്ചു. “നിങ്ങളുടെ കൈവശം എത്ര അപ്പം ഉണ്ട്? പോയി നോക്കൂ” എന്ന് യേശു അവരോടു പറഞ്ഞു. അവര്‍ നോക്കിയശേഷം “അഞ്ചപ്പവും രണ്ടു മീനും ഉണ്ട്” എന്നറിയിച്ചു. ജനങ്ങളെ പച്ചപ്പുല്‍ത്തറയില്‍ പന്തിയായി ഇരുത്തുവാന്‍ യേശു അവരോടാജ്ഞാപിച്ചു. അവര്‍ നൂറും അമ്പതുംപേര്‍ വീതമുള്ള പന്തികളായി ഇരുന്നു. യേശു ആ അഞ്ചപ്പവും രണ്ടുമീനും എടുത്തു സ്വര്‍ഗത്തിലേക്കു നോക്കി വാഴ്ത്തി അപ്പം മുറിച്ചു ജനങ്ങള്‍ക്കു വിളമ്പിക്കൊടുക്കുവാന്‍ ശിഷ്യന്മാരെ ഏല്പിച്ചു. ആ രണ്ടുമീനും അവര്‍ക്കു പങ്കിട്ടു കൊടുത്തു. എല്ലാവരും ഭക്ഷിച്ചു സംതൃപ്തരായി. ശേഷിച്ച അപ്പക്കഷണങ്ങളും മീന്‍ നുറുക്കുകളും അവര്‍ പന്ത്രണ്ടു കുട്ട നിറച്ചെടുത്തു. അപ്പം തിന്നവരില്‍ പുരുഷന്മാര്‍തന്നെ അയ്യായിരം പേരുണ്ടായിരുന്നു. യേശു ജനത്തെ പിരിച്ചുവിടുന്നതിനിടയ്‍ക്ക്, ശിഷ്യന്മാര്‍ മുന്‍കൂട്ടി വഞ്ചിയില്‍ കയറി തടാകത്തിനക്കരെയുള്ള ബെത്‍സെയ്ദയിലേക്കു പോകുവാന്‍ ആജ്ഞാപിച്ചു. അവരെ പറഞ്ഞയച്ചശേഷം പ്രാര്‍ഥിക്കുന്നതിനായി അവിടുന്നു മലയിലേക്കു പോയി. സന്ധ്യ ആയപ്പോള്‍ വഞ്ചി തടാകത്തിന്‍റെ നടുവിലും യേശു ഏകനായി കരയിലുമായിരുന്നു. കാറ്റ് അവര്‍ക്കു പ്രതികൂലമായിരുന്നതുകൊണ്ട് അവര്‍ തുഴഞ്ഞു കുഴയുന്നത് അവിടുന്നു കണ്ടു. രാത്രിയുടെ നാലാംയാമത്തില്‍ അവിടുന്ന് ജലപ്പരപ്പിലൂടെ നടന്ന് അവരുടെ അടുക്കലെത്തി. അവിടുന്ന് അവരെ കടന്നുപോകുവാന്‍ ഭാവിച്ചു. യേശു വെള്ളത്തിന്മീതെ നടക്കുന്നതുകണ്ട് ഒരു ഭൂതമായിരിക്കുമെന്നു വിചാരിച്ച് അവര്‍ നിലവിളിച്ചു. അവിടുത്തെ ആ നിലയില്‍ കണ്ട് അവര്‍ എല്ലാവരും വല്ലാതെ ഭയപ്പെട്ടു. ഉടനെ അവിടുന്ന് അരുള്‍ചെയ്തു: “ധൈര്യപ്പെടുക; ഇതു ഞാന്‍ തന്നെയാണ്; ഭയപ്പെടേണ്ടാ.” പിന്നീട് അവിടുന്ന് അവരോടു കൂടി വഞ്ചിയില്‍ കയറി. കാറ്റ് ഉടനെ ശമിച്ചു. അവര്‍ അദ്ഭുതംകൊണ്ടു സ്തംഭിച്ചുപോയി. എന്തെന്നാല്‍ അയ്യായിരം പേര്‍ക്ക് അപ്പം കൊടുത്തു സംതൃപ്തരാക്കിയതിന്‍റെ മര്‍മം അവര്‍ ഗ്രഹിച്ചിരുന്നില്ല; അവരുടെ മനസ്സിന് അത് ഉള്‍ക്കൊള്ളാനുള്ള കഴിവും ഉണ്ടായിരുന്നില്ല. അവര്‍ അക്കരെ ഗന്നേസരെത്ത് എന്ന സ്ഥലത്തു കരയ്‍ക്കിറങ്ങി. അവര്‍ വഞ്ചിയില്‍ നിന്നിറങ്ങിയ ഉടനെ ജനങ്ങള്‍ യേശുവിനെ തിരിച്ചറിഞ്ഞു. അവര്‍ സമീപപ്രദേശങ്ങളിലെല്ലാം ഓടിനടന്ന് രോഗികളെ കിടക്കയോടുകൂടി എടുത്തുകൊണ്ട് യേശു വന്നിട്ടുണ്ടെന്നു കേട്ട സ്ഥലങ്ങളില്‍ ചെന്നുതുടങ്ങി. ഗ്രാമങ്ങളിലും പട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളിലും എന്നല്ല, അവിടുന്നു ചെല്ലുന്നിടത്തെല്ലാം ജനങ്ങള്‍ രോഗികളെ വീഥികളില്‍ കിടത്തുമായിരുന്നു. “അവിടുത്തെ വസ്ത്രത്തിന്‍റെ അഗ്രത്തിലെങ്കിലും സ്പര്‍ശിക്കുവാന്‍ അനുവദിക്കണേ” എന്ന് അവര്‍ കേണപേക്ഷിച്ചു. അവിടുത്തെ സ്പര്‍ശിച്ചവരെല്ലാം സുഖംപ്രാപിക്കുകയും ചെയ്തു. യെരൂശലേമില്‍നിന്നു പരീശന്മാരും ചില മതപണ്ഡിതന്മാരും യേശുവിന്‍റെ അടുക്കല്‍ വന്നുകൂടി. അവിടുത്തെ ശിഷ്യന്മാരില്‍ ചിലര്‍ അവരുടെ ആചാരപ്രകാരം ശുദ്ധമാക്കാത്ത കൈകൊണ്ട് അതായത് കഴുകാത്ത കൈകൊണ്ട്, ഭക്ഷണം കഴിക്കുന്നത് അവര്‍ കണ്ടു. പൂര്‍വികരുടെ പരമ്പരാഗതമായ ആചാരമനുസരിച്ച് പരീശന്മാരും യെഹൂദന്മാരും കൈകഴുകാതെ ഭക്ഷണം കഴിക്കുമായിരുന്നില്ല. ചന്തയില്‍നിന്നു വരുമ്പോഴും കുളിക്കാതെ അവര്‍ ഭക്ഷണം കഴിക്കുകയില്ല, പാനപാത്രങ്ങളും കുടങ്ങളും ഓട്ടുപാത്രങ്ങളും കഴുകുക തുടങ്ങി പല ആചാരങ്ങളും അവര്‍ അനുഷ്ഠിച്ചുപോന്നിരുന്നു. അതിനാല്‍ പരീശന്മാരും മതപണ്ഡിതന്മാരും യേശുവിനോടു ചോദിച്ചു: “താങ്കളുടെ ശിഷ്യന്മാര്‍ നമ്മുടെ പൂര്‍വികന്മാരുടെ ആചാരങ്ങള്‍ അനുസരിക്കാതെ അശുദ്ധമായ കൈകൊണ്ടു ഭക്ഷണം കഴിക്കുന്നത് എന്ത്? യേശു പ്രതിവചിച്ചു: “കപടഭക്തരായ നിങ്ങളെക്കുറിച്ച് യെശയ്യാ പ്രവചിച്ചത് എത്ര ശരിയാണ്: ഈ ജനം അധരംകൊണ്ട് എന്നെ ആദരിക്കുന്നു, അവരുടെ ഹൃദയമാകട്ടെ, എന്നില്‍നിന്ന് അകന്നിരിക്കുന്നു; മനുഷ്യര്‍ നടപ്പാക്കിയ അനുശാസനങ്ങളെ ദൈവത്തിന്‍റെ പ്രമാണങ്ങളെന്നവിധം പഠിപ്പിക്കുന്നതുകൊണ്ട് എന്നെ അവര്‍ ആരാധിക്കുന്നത് വ്യര്‍ഥമാണ്. നിങ്ങള്‍ ദൈവത്തിന്‍റെ ധര്‍മശാസനം ഉപേക്ഷിച്ചിട്ട് മനുഷ്യന്‍റെ അനുശാസനങ്ങള്‍ മുറുകെപ്പിടിക്കുന്നു. പിന്നീട് അവിടുന്നു പറഞ്ഞു: “നിങ്ങളുടെ പാരമ്പര്യം പാലിക്കുന്നതിനുവേണ്ടി, ദൈവത്തിന്‍റെ ധര്‍മശാസനങ്ങളെ കൗശലപൂര്‍വം നിങ്ങള്‍ നിരാകരിക്കുന്നു! നിങ്ങളുടെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കണം എന്നും പിതാവിനെയോ മാതാവിനെയോ ദുഷിക്കുന്നവന്‍ നിശ്ചയമായും മരിക്കണം എന്നും മോശ അനുശാസിച്ചിട്ടുണ്ട്. [11,12] എന്നാല്‍ ഒരുവന്‍ തന്‍റെ മാതാവിനോടോ പിതാവിനോടോ ‘നിങ്ങളെ സംരക്ഷിക്കുവാന്‍ എന്‍റെ കൈവശമുള്ളത് കൊര്‍ബാന്‍, അഥവാ ദൈവത്തിനു സമര്‍പ്പിതം ആകുന്നു’ എന്നു പറഞ്ഞാല്‍ പിന്നെ തന്‍റെ മാതാവിനോ പിതാവിനോ എന്തെങ്കിലും ചെയ്യുവാന്‍ അയാളെ നിങ്ങള്‍ അനുവദിക്കുന്നില്ല. *** ഇങ്ങനെ നിങ്ങളുടെ മാമൂല്‍കൊണ്ട് ഈശ്വരകല്പനകളെ നിങ്ങള്‍ നിരര്‍ഥകമാക്കുന്നു; ഇങ്ങനെയുള്ള പല കാര്യങ്ങളും നിങ്ങള്‍ ചെയ്യുന്നുണ്ട്.” യേശു ജനാവലിയെ വീണ്ടും അടുക്കല്‍ വിളിച്ച് അവരോടു പറഞ്ഞു: “നിങ്ങള്‍ എല്ലാവരും ഞാന്‍ പറയുന്നതു ശ്രദ്ധിച്ചു മനസ്സിലാക്കുക. പുറത്തുനിന്ന് ഒരുവന്‍റെ ഉള്ളിലേക്കു ചെല്ലുന്നതൊന്നും അവനെ അശുദ്ധനാക്കുകയില്ല. പ്രത്യുത, മനുഷ്യനില്‍നിന്നു പുറത്തേക്കു വരുന്നതാണ് അവനെ മലിനപ്പെടുത്തുന്നത്. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.” ജനക്കൂട്ടത്തെവിട്ട് യേശു വീട്ടിലെത്തിയപ്പോള്‍ ശിഷ്യന്മാര്‍ പ്രസ്തുത ദൃഷ്ടാന്തത്തെപ്പറ്റി അവിടുത്തോടു ചോദിച്ചു. അവിടുന്ന് അവരോട് അരുള്‍ചെയ്തു: “നിങ്ങളും ഇത്ര ബുദ്ധിയില്ലാത്തവരാണോ? പുറത്തുനിന്നു മനുഷ്യന്‍റെ ഉള്ളിലെത്തുന്ന ഒന്നിനും അവനെ മലിനപ്പെടുത്തുവാന്‍ സാധ്യമല്ലെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ? അതു ഹൃദയത്തിലല്ല, ഉദരത്തിലാണു ചെല്ലുന്നത്; പിന്നീടു വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു.” ഇങ്ങനെ പ്രസ്താവിച്ചുകൊണ്ട് എല്ലാ ഭക്ഷണസാധനങ്ങളും ശുദ്ധമാണെന്ന് യേശു സൂചിപ്പിച്ചു. അവിടുന്നു തുടര്‍ന്നു പറഞ്ഞു: “മനുഷ്യനില്‍നിന്നു പുറപ്പെടുന്നതാണ് അവനെ അശുദ്ധനാക്കുന്നത്. [21,22] എന്തെന്നാല്‍ ഉള്ളില്‍നിന്ന്, അതായത് അവന്‍റെ ഹൃദയത്തില്‍നിന്ന് ദുഷ്ടവിചാരം, അവിഹിതവേഴ്ച, മോഷണം, കൊലപാതകം, വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, ചതി, ഭോഗാസക്തി, അസൂയ, ദൈവദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറത്തേക്കു വരുന്നു. *** ഈ ദോഷങ്ങളെല്ലാം ഉള്ളില്‍നിന്നു പുറപ്പെട്ട് മനുഷ്യനെ അശുദ്ധനാക്കുന്നു.” യേശു അവിടെനിന്ന് സോര്‍ പ്രദേശത്തേക്കുപോയി. അവിടെയുള്ള ഒരു വീട്ടില്‍ അദ്ദേഹം ചെന്നു. അത് ആരും അറിയരുതെന്ന് അവിടുന്ന് ആഗ്രഹിച്ചു. പക്ഷേ അവിടുത്തെ സാന്നിധ്യം മറച്ചുവയ്‍ക്കുക സാധ്യമല്ലായിരുന്നു. ദുഷ്ടാത്മാവു ബാധിച്ച ഒരു പെണ്‍കുട്ടിയുടെ അമ്മ യേശുവിനെപ്പറ്റി കേട്ട് അവിടെയെത്തി അവിടുത്തെ പാദാന്തികത്തില്‍ സാഷ്ടാംഗം വീണു വണങ്ങി. അവര്‍ സിറിയയിലെ ഫൊയ്നിക്യയില്‍ ജനിച്ച ഒരു ഗ്രീക്കു വനിതയായിരുന്നു. തന്‍റെ മകളില്‍നിന്ന് ആ ദുഷ്ടാത്മാവിനെ പുറത്താക്കണമെന്ന് അവര്‍ യേശുവിനോട് അപേക്ഷിച്ചു. അവിടുന്ന് അവരോടു പറഞ്ഞു: “ആദ്യം മക്കള്‍ തിന്നു തൃപ്തരാകട്ടെ: മക്കള്‍ക്കുള്ള അപ്പം എടുത്തു നായ്‍ക്കുട്ടികള്‍ക്ക് ഇട്ടുകൊടുക്കുന്നതു ശരിയല്ലല്ലോ.” എന്നാല്‍ അതിനു മറുപടിയായി, “കര്‍ത്താവേ, മേശയുടെ കീഴിലിരിക്കുന്ന നായ്‍ക്കുട്ടികള്‍പോലും മക്കളുടെ കൈയില്‍നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നാറുണ്ടല്ലോ” എന്ന് അവര്‍ പറഞ്ഞു. ‘നീ പറഞ്ഞതു ശരി; പൊയ്‍ക്കൊള്ളുക; ദുഷ്ടാത്മാവ് നിന്‍റെ മകളെ വിട്ടുപോയിരിക്കുന്നു” എന്ന് യേശു പറഞ്ഞു. ആ സ്‍ത്രീ വീട്ടില്‍ മടങ്ങിച്ചെന്നപ്പോള്‍ അവരുടെ മകള്‍ ഭൂതോപദ്രവത്തില്‍നിന്നു വിമുക്തയായി കിടക്കയില്‍ കിടക്കുന്നതു കണ്ടു. പിന്നീട് യേശു സോരില്‍നിന്ന് സീദോന്‍വഴി ദക്കപ്പൊലി ദേശത്തുകൂടി ഗലീലത്തടാകതീരത്തേക്കു മടങ്ങിപ്പോയി. അപ്പോള്‍ ബധിരനും മൂകനുമായ ഒരു മനുഷ്യനെ ചിലര്‍ അവിടുത്തെ അടുക്കല്‍ കൊണ്ടുവന്ന് അയാളുടെമേല്‍ കൈകള്‍ വയ്‍ക്കണമെന്ന് അപേക്ഷിച്ചു. യേശു ആ മനുഷ്യനെ ആള്‍ക്കൂട്ടത്തില്‍നിന്ന് രഹസ്യമായി മാറ്റി നിറുത്തി അയാളുടെ ചെവിയില്‍ വിരലുകള്‍ ഇടുകയും തുപ്പല്‍കൊണ്ട് നാവില്‍ സ്പര്‍ശിക്കുകയും ചെയ്തു; പിന്നീട് സ്വര്‍ഗത്തിലേക്കു നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് “എഫഥാ” എന്ന് അയാളോടു പറഞ്ഞു; അതിനു ‘തുറക്കപ്പെടട്ടെ’ എന്നര്‍ഥം. അപ്പോള്‍ ആ ബധിരന്‍റെ ചെവി തുറന്നു. അയാളുടെ നാവിന്‍റെ ബന്ധനം അഴിഞ്ഞു സ്പഷ്ടമായി സംസാരിക്കുകയും ചെയ്തു. ഇത് ആരോടും പറയരുതെന്ന് അവിടുന്ന് അവരോട് ആജ്ഞാപിച്ചു. എന്നാല്‍ എത്ര നിഷ്കര്‍ഷാപൂര്‍വം അവിടുന്ന് ആജ്ഞാപിച്ചുവോ അത്രയധികം അവര്‍ ഈ സംഭവം വിളംബരം ചെയ്തു. ഇതു കേട്ടവരെല്ലാം അത്യന്തം ആശ്ചര്യഭരിതരായി. “എത്ര നന്നായിട്ടാണ് അവിടുന്ന് എല്ലാം ചെയ്യുന്നത്! ബധിരര്‍ക്കു ശ്രവണശക്തിയും മൂകര്‍ക്കു സംസാരശേഷിയും അവിടുന്നു പ്രദാനം ചെയ്യുന്നു” എന്നു പറഞ്ഞു. അന്നൊരിക്കല്‍ വീണ്ടും ഒരു വലിയ ജനസഞ്ചയം വന്നുകൂടി. അവര്‍ക്കു ഭക്ഷിക്കുന്നതിനൊന്നും ഇല്ലാഞ്ഞതിനാല്‍ ശിഷ്യന്മാരെ വിളിച്ച് യേശു പറഞ്ഞു: “ഈ ജനത്തോട് എനിക്ക് അനുകമ്പ തോന്നുന്നു; മൂന്നു ദിവസമായി അവര്‍ എന്നോടുകൂടി കഴിയുകയാണല്ലോ. ഇവര്‍ക്കു ഭക്ഷിക്കാനൊന്നുമില്ല; ഞാനിവരെ പട്ടിണിയായി ഇവരുടെ വീടുകളിലേക്കു പറഞ്ഞയച്ചാല്‍ ഇവര്‍ വഴിയില്‍ തളര്‍ന്നുവീഴും; ഇവരില്‍ ചിലര്‍ ദൂരസ്ഥലങ്ങളില്‍നിന്നു വന്നിട്ടുള്ളവരാണ്.” അപ്പോള്‍ ശിഷ്യന്മാര്‍ അവിടുത്തോട്: “ഈ ജനത്തിനെല്ലാം ആഹാരം കൊടുക്കുവാന്‍ ഈ വിജനസ്ഥലത്ത് ആര്‍ക്കു കഴിയും?” എന്നു ചോദിച്ചു. “ആകട്ടെ നിങ്ങളുടെ കൈയില്‍ എത്ര അപ്പമുണ്ട്?” എന്ന് യേശു അവരോട് ചോദിച്ചു. “ഏഴ്” എന്നവര്‍ പറഞ്ഞു. അവിടുന്നു ജനത്തോടു നിലത്തിരിക്കുവാന്‍ ആജ്ഞാപിച്ചു. പിന്നീട് ആ ഏഴപ്പം എടുത്തു സ്തോത്രംചെയ്തു മുറിച്ച് അവര്‍ക്കു വിളമ്പിക്കൊടുക്കുവാന്‍ ശിഷ്യന്മാരെ ഏല്പിച്ചു. അവര്‍ വിളമ്പി; കുറെ ചെറുമീനും അവരുടെ പക്കലുണ്ടായിരുന്നു; യേശു അവയും വാഴ്ത്തിയശേഷം വിളമ്പിക്കൊടുക്കുവാന്‍ ശിഷ്യന്മാരോടു പറഞ്ഞു. അവര്‍ ഭക്ഷിച്ചു തൃപ്തരായി; ശേഷിച്ച അപ്പനുറുക്കുകള്‍ ഏഴു വട്ടി നിറയെ ശേഖരിച്ചു. ഭക്ഷിച്ചവര്‍ നാലായിരത്തോളം പേരുണ്ടായിരുന്നു. യേശു അവരെ പറഞ്ഞയച്ചു. ഉടനെതന്നെ അവിടുന്നു ശിഷ്യന്മാരോടുകൂടി വഞ്ചിയില്‍ കയറി ദല്മനൂഥ ദേശത്തേക്കു പോയി. പരീശന്മാര്‍ വന്ന് യേശുവിനോടു തര്‍ക്കിച്ചു തുടങ്ങി. അവിടുത്തെ പരീക്ഷിച്ചുകൊണ്ട് ആകാശത്തുനിന്ന് ഒരു അടയാളം കാണിക്കുവാന്‍ അവര്‍ അവിടുത്തോട് ആവശ്യപ്പെട്ടു. അവിടുന്ന് ആത്മാവിന്‍റെ അടിത്തട്ടില്‍നിന്നു നെടുവീര്‍പ്പിട്ടുകൊണ്ട് “ഈ തലമുറ അടയാളം അന്വേഷിക്കുന്നത് എന്തിന്? ഒരടയാളവും അവര്‍ക്കു ലഭിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു” എന്നു പറഞ്ഞു. അനന്തരം അവിടുന്ന് അവരെ വിട്ട് വഞ്ചിയില്‍ കയറി തടാകത്തിന്‍റെ മറുകരയ്‍ക്കുപോയി. അപ്പം കൊണ്ടുപോരുവാന്‍ ശിഷ്യന്മാര്‍ മറന്നുപോയി. വഞ്ചിയില്‍ അവരുടെ കൈവശം ഒരപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ. യേശു അവരോട്, “പരീശന്മാരുടെയും ഹേരോദായുടെയും പുളിപ്പുമാവ് സൂക്ഷിച്ചുകൊള്ളുക” എന്നു മുന്നറിയിപ്പു നല്‌കി. “നമ്മുടെ കൈവശം അപ്പം ഇല്ലാത്തതുകൊണ്ടായിരിക്കുമോ അവിടുന്ന് ഇങ്ങനെ നിര്‍ദേശിച്ചത്?” എന്ന് അവര്‍ അന്യോന്യം പറഞ്ഞു. യേശു ഇതറിഞ്ഞ് അവരോടു ചോദിച്ചു: “നിങ്ങളുടെ കൈയില്‍ അപ്പമില്ലാത്തതിനെപ്പറ്റി സംസാരിക്കുന്നതെന്തിന്? നിങ്ങള്‍ ഇനിയും ഒന്നും കാണുകയും ഗ്രഹിക്കുകയും ചെയ്യുന്നില്ലേ? നിങ്ങള്‍ മന്ദബുദ്ധികളായിത്തന്നെ ഇരിക്കുന്നുവോ? കണ്ണുണ്ടായിട്ടും നിങ്ങള്‍ കാണുന്നില്ലേ? ചെവിയുണ്ടായിട്ടും കേള്‍ക്കുന്നില്ലേ? നിങ്ങള്‍ ഓര്‍ക്കുന്നില്ലേ, അയ്യായിരംപേര്‍ക്ക് ഞാന്‍ അഞ്ചപ്പം നുറുക്കിക്കൊടുത്തപ്പോള്‍ അപ്പനുറുക്കുകള്‍ നിങ്ങള്‍ എത്ര കുട്ട നിറച്ചെടുത്തു?” അവര്‍ പറഞ്ഞു: “പന്ത്രണ്ട്.” യേശു അവരോടു വീണ്ടും ചോദിച്ചു: “നാലായിരംപേര്‍ക്ക് ഏഴപ്പം കൊടുത്തപ്പോള്‍ അപ്പനുറുക്കുകള്‍ എത്ര വട്ടി നിറച്ചെടുത്തു?” “ഏഴ്” എന്നവര്‍ പറഞ്ഞു. യേശു അവരോട് “ഇനിയും നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ?” എന്നു ചോദിച്ചു. പിന്നീട് അവര്‍ ബെത്‍സെയ്ദയിലെത്തി. കാഴ്ചയില്ലാത്ത ഒരുവനെ ചിലര്‍ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. “അയാളെ ഒന്നു തൊടണേ” എന്ന് അവര്‍ അപേക്ഷിച്ചു. അവിടുന്ന് ആ അന്ധനെ കൈക്കുപിടിച്ച് ഗ്രാമത്തിനു പുറത്തു കൊണ്ടുപോയി അയാളുടെ കണ്ണില്‍ സ്വന്തം ഉമിനീരു പുരട്ടുകയും കൈകള്‍ അയാളുടെമേല്‍ വയ്‍ക്കുകയും ചെയ്തു. “വല്ലതും കാണുന്നുണ്ടോ?” എന്ന് യേശു ആ മനുഷ്യനോടു ചോദിച്ചു. അയാള്‍ മുഖം ഉയര്‍ത്തിനോക്കിക്കൊണ്ടു പറഞ്ഞു: “എനിക്കു മനുഷ്യരെ കാണാം; എന്നാല്‍ അവര്‍ മരങ്ങള്‍പോലെയിരിക്കുന്നു; അവര്‍ നടക്കുന്നതായി ഞാന്‍ കാണുന്നു.” അയാളുടെ കണ്ണുകളുടെമേല്‍ വീണ്ടും യേശു തന്‍റെ കരങ്ങള്‍വച്ചു; അയാള്‍ മിഴിച്ചു നോക്കി. അപ്പോള്‍ എല്ലാം വ്യക്തമായി കാണത്തക്കവിധം ആ അന്ധന്‍ സുഖം പ്രാപിച്ചു. ഗ്രാമത്തില്‍ പ്രവേശിക്കുകപോലും ചെയ്യരുതെന്നു പറഞ്ഞിട്ട് യേശു അയാളെ വീട്ടിലേക്കു പറഞ്ഞയച്ചു. അനന്തരം യേശു ശിഷ്യന്മാരോടുകൂടി കൈസര്യഫിലിപ്പിക്കു ചുറ്റുമുള്ള ഗ്രാമങ്ങളിലേക്കുപോയി. വഴിയില്‍വച്ച് അവിടുന്ന് ശിഷ്യന്മാരോട്: “ഞാന്‍ ആരാണെന്നാണ് ആളുകള്‍ പറയുന്നത്?” എന്നു ചോദിച്ചു. “ചിലര്‍ സ്നാപകയോഹന്നാന്‍ എന്നും, മറ്റു ചിലര്‍ ഏലിയാ എന്നും, വേറെ ചിലര്‍ പ്രവാചകന്മാരില്‍ ഒരുവനെന്നും പറയുന്നു” എന്ന് അവര്‍ ഉത്തരം പറഞ്ഞു. അപ്പോള്‍, “ആകട്ടെ, ഞാന്‍ ആരാണെന്നാണു നിങ്ങള്‍ പറയുന്നത്?” എന്ന് യേശു ചോദിച്ചു. അതിനു പത്രോസ്, “അങ്ങു ക്രിസ്തു ആകുന്നു” എന്നുത്തരം പറഞ്ഞു. തന്നെപ്പറ്റി ആരോടും പറയരുതെന്ന് അവിടുന്നു കര്‍ശനമായി അവരോട് ആജ്ഞാപിച്ചു. മനുഷ്യപുത്രനായ തനിക്കു വളരെയധികം കഷ്ടതകള്‍ സഹിക്കേണ്ടിവരുമെന്നും ജനപ്രമാണിമാരും മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും തന്നെ പരിത്യജിക്കുമെന്നും താന്‍ വധിക്കപ്പെടുമെന്നും മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‌ക്കുമെന്നും യേശു അവരെ പറഞ്ഞു ധരിപ്പിക്കുവാന്‍ തുടങ്ങി. ഇക്കാര്യങ്ങള്‍ അവിടുന്ന് അവരോടു തുറന്നു പറഞ്ഞു. അപ്പോള്‍ പത്രോസ് യേശുവിനെ അല്പം മാറ്റി നിറുത്തി അവിടുത്തെ തന്‍റെ പ്രതിഷേധം അറിയിച്ചു. അവിടുന്നു തിരിഞ്ഞു ശിഷ്യന്മാരെ കണ്ടിട്ട്, “സാത്താനേ, എന്‍റെ മുമ്പില്‍നിന്നു പോകൂ; നിന്‍റെ ചിന്താഗതി ദൈവത്തിന്‍റേതല്ല മനുഷ്യരുടേതത്രേ” എന്നു പറഞ്ഞു പത്രോസിനെ ശാസിച്ചു. അനന്തരം യേശു ജനക്കൂട്ടത്തെയും ശിഷ്യന്മാരെയും അടുക്കല്‍ വിളിച്ച് ഇപ്രകാരം പ്രസ്താവിച്ചു: “എന്നെ അനുഗമിക്കുവാന്‍ ആരെങ്കിലും ഇച്ഛിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ ത്യജിച്ചു തന്‍റെ കുരിശു വഹിച്ചുകൊണ്ട് എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്‍റെ ജീവനെ രക്ഷിക്കുവാന്‍ ഇച്ഛിക്കുന്നുവെങ്കില്‍ അവന്‍ അതു നഷ്ടപ്പെടുത്തും; എന്നാല്‍ എനിക്കുവേണ്ടിയും സുവിശേഷത്തിനുവേണ്ടിയും തന്‍റെ ജീവനെ നഷ്ടപ്പെടുത്തുന്നവന്‍ അതിനെ രക്ഷിക്കും. ഒരുവന്‍ സര്‍വലോകവും നേടിയാലും തന്‍റെ ജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന് എന്താണു പ്രയോജനം? തന്‍റെ ജീവന്‍ തിരിച്ചുകിട്ടുന്നതിനുവേണ്ടി ഒരുവന് എന്തു പകരം കൊടുക്കുവാന്‍ കഴിയും? വഴി പിഴച്ചതും പാപം നിറഞ്ഞതുമായ ഈ തലമുറയില്‍ ആരെങ്കിലും എന്നെയും എന്‍റെ വചനങ്ങളെയും കുറിച്ചു ലജ്ജിച്ചാല്‍, തന്‍റെ പിതാവിന്‍റെ തേജസ്സില്‍ വിശുദ്ധമാലാഖമാരോടുകൂടി വരുമ്പോള്‍ മനുഷ്യപുത്രന്‍ അവനെക്കുറിച്ചും ലജ്ജിക്കും.” യേശു അവരോടു പറഞ്ഞു: “വാസ്തവം ഞാന്‍ പറയട്ടെ, ദൈവരാജ്യം പ്രഭാവത്തോടുകൂടി വരുന്നതു കാണുന്നതുവരെ ഇവിടെ നില്‌ക്കുന്നവരില്‍ ചിലര്‍ മരിക്കുകയില്ല.” ആറു ദിവസം കഴിഞ്ഞ് പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ കൂട്ടിക്കൊണ്ട് യേശു ഒരുയര്‍ന്ന മലയിലേക്കുപോയി. അവിടെ അവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ കണ്‍മുമ്പില്‍വച്ച് അവിടുന്നു രൂപാന്തരപ്പെട്ടു. ഭൂമിയിലുള്ള ഒരാള്‍ക്കും വെളുപ്പിക്കുവാന്‍ കഴിയാത്തവിധം അവിടുത്തെ വസ്ത്രം വെണ്‍മയുള്ളതായി മിന്നിത്തിളങ്ങി. ഏലിയായും മോശയും പ്രത്യക്ഷപ്പെട്ട് യേശുവിനോടു സംസാരിക്കുന്നത് അവര്‍ കണ്ടു. പത്രോസ് യേശുവിനോട്, “ഗുരോ, ഞങ്ങള്‍ ഇവിടെ ഉള്ളത് എത്ര നന്നായി; ഞങ്ങള്‍ മൂന്നു കുടില്‍ ഉണ്ടാക്കട്ടെയോ? ഒന്ന് അങ്ങേക്കും, ഒന്നു മോശയ്‍ക്കും ഒന്ന് ഏലിയായ്‍ക്കും” എന്നു ചോദിച്ചു. താന്‍ എന്താണു പറയേണ്ടതെന്നു പത്രോസിന് അറിഞ്ഞുകൂടായിരുന്നു. അദ്ദേഹവും മറ്റു ശിഷ്യന്മാരും അത്രമാത്രം ഭയപരവശരായിത്തീര്‍ന്നിരുന്നു. പിന്നീട് ഒരു മേഘം വന്ന് അവരെ മൂടി. “ഇവന്‍ എന്‍റെ പ്രിയപുത്രന്‍, ഇവന്‍ പറയുന്നതു ശ്രദ്ധിക്കുക” എന്ന് മേഘത്തില്‍നിന്ന് ഒരു അശരീരിയുണ്ടായി. പെട്ടെന്ന് അവര്‍ ചുറ്റും നോക്കി. അപ്പോള്‍ തങ്ങളോടുകൂടി യേശുവിനെയല്ലാതെ ആരെയും അവര്‍ കണ്ടില്ല. മനുഷ്യപുത്രന്‍ മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‌ക്കുന്നതുവരെ ഈ ദര്‍ശനത്തെപ്പറ്റി ആരോടും പറയരുതെന്ന് മലയില്‍നിന്ന് ഇറങ്ങിവരുമ്പോള്‍ യേശു അവരോടു കര്‍ശനമായി ആജ്ഞാപിച്ചു. അതുകൊണ്ട് ഈ സംഭവം അവര്‍ രഹസ്യമായി സൂക്ഷിച്ചു. എന്നാല്‍ മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‌ക്കും എന്ന് അവിടുന്നു പറഞ്ഞതിന്‍റെ അര്‍ഥം എന്തായിരിക്കുമെന്ന് അവര്‍ അന്യോന്യം ചോദിച്ചുകൊണ്ടിരുന്നു. “ഏലിയാ ആദ്യം വരേണ്ടതാണ് എന്ന് മതപണ്ഡിതന്മാര്‍ പറയുന്നത് എന്തുകൊണ്ട്?” എന്ന് അവര്‍ യേശുവിനോടു ചോദിച്ചു. അതിനു യേശു അവരോടു പറഞ്ഞു: “എല്ലാം ഒരുക്കുന്നതിന് ആദ്യം ഏലിയാ വരുന്നു; എന്നാല്‍ മനുഷ്യപുത്രന്‍ വളരെയധികം കഷ്ടപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യേണ്ടതാണെന്നല്ലേ എഴുതിയിരിക്കുന്നത്? ഞാന്‍ നിങ്ങളോടു പറയുന്നു: ഏലിയാ വന്നു കഴിഞ്ഞു. അദ്ദേഹത്തെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നതുപോലെ അവര്‍ അദ്ദേഹത്തോടു യഥേഷ്ടം പ്രവര്‍ത്തിച്ചു.” അവര്‍ ശിഷ്യന്മാരുടെ അടുക്കലെത്തിയപ്പോള്‍ ഒരു വലിയ ജനസഞ്ചയം അവരുടെ ചുറ്റും കൂടിനില്‌ക്കുന്നതും മതപണ്ഡിതന്മാര്‍ അവരോടു തര്‍ക്കിക്കുന്നതും കണ്ടു. യേശുവിനെ പെട്ടെന്നു കണ്ടപ്പോള്‍ ജനങ്ങള്‍ ആശ്ചര്യഭരിതരായി ഓടിവന്ന് അവിടുത്തെ അഭിവാദനം ചെയ്തു. അവിടുന്ന് അവരോടു ചോദിച്ചു: “നിങ്ങളെന്തിനെക്കുറിച്ചാണ് അവരുമായി തര്‍ക്കിക്കുന്നത്?” ജനക്കൂട്ടത്തിലൊരാള്‍ പറഞ്ഞു: “ഗുരോ, എന്‍റെ മകനെ ഞാന്‍ അങ്ങയുടെ അടുക്കല്‍ കൊണ്ടുവന്നു; അവനില്‍ ഒരു മൂകനായ ദുഷ്ടാത്മാവുള്ളതുകൊണ്ട് അവനു സംസാരിക്കുവാന്‍ കഴിവില്ല. ആവേശിക്കുന്നിടത്തുവച്ച് അത് അവനെ തള്ളിയിടുന്നു. അവന്‍റെ വായില്‍നിന്നു നുരയും പതയും വരികയും അവന്‍ പല്ലുകടിക്കുകയും ചെയ്യും. അതോടെ അവന്‍റെ ദേഹം വിറങ്ങലിച്ചുപോകുകയും ചെയ്യുന്നു. ഈ ഭൂതത്തെ പുറത്താക്കണമെന്ന് അങ്ങയുടെ ശിഷ്യന്മാരോടു ഞാന്‍ അപേക്ഷിച്ചു. പക്ഷേ അവര്‍ക്കു കഴിഞ്ഞില്ല.” അപ്പോള്‍ യേശു അവരോടു പറഞ്ഞു: “അവിശ്വാസികളായ തലമുറക്കാരേ, എത്രകാലം ഞാന്‍ നിങ്ങളോടുകൂടിയിരിക്കണം? എത്രകാലം ഞാന്‍ നിങ്ങളെ വഹിക്കണം? അവനെ ഇങ്ങു കൊണ്ടുവരൂ.” അവര്‍ ആ ബാലനെ യേശുവിന്‍റെ അടുത്തു കൊണ്ടുവന്നു. യേശുവിനെ കണ്ടയുടന്‍ ആ ഭൂതം അവനെ വിറപ്പിച്ച് ശരീരം കോട്ടി തള്ളിയിട്ടു. അവന്‍ വായില്‍നിന്നു നുര പുറപ്പെടുവിച്ചുകൊണ്ട് നിലത്തുകിടന്നുരുണ്ടു. യേശു അവന്‍റെ പിതാവിനോട്, “ഇതു തുടങ്ങിയിട്ട് എത്രകാലമായി?” എന്നു ചോദിച്ചു. “കുട്ടിക്കാലം മുതല്‍ത്തന്നെ തുടങ്ങിയതാണ്; ഇവനെ നശിപ്പിക്കുന്നതിനുവേണ്ടി പലപ്പോഴും തീയിലും വെള്ളത്തിലും അത് ഇവനെ തള്ളിയിട്ടിട്ടുണ്ട്. അങ്ങേക്ക് എന്തെങ്കിലും ചെയ്യുവാന്‍ കഴിയുമെങ്കില്‍ മനസ്സലിഞ്ഞു ഞങ്ങളെ സഹായിച്ചാലും” എന്ന് അയാള്‍ പറഞ്ഞു. “കഴിയുമെങ്കില്‍ എന്നോ!” യേശു പറഞ്ഞു; “വിശ്വസിക്കുന്നവനു സകലവും സാധ്യമാണ്.” ഉടനെ ആ കുട്ടിയുടെ പിതാവ് “നാഥാ! ഞാന്‍ വിശ്വസിക്കുന്നു; എന്‍റെ വിശ്വാസത്തിന്‍റെ പോരായ്മ നികത്താന്‍ സഹായിച്ചാലും” എന്ന് ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു. ജനം തിങ്ങിക്കൂടുന്നതു കണ്ടപ്പോള്‍ യേശു ദുഷ്ടാത്മാവിനെ ശാസിച്ചുകൊണ്ടു പറഞ്ഞു: “ബധിരനും മൂകനുമായ ആത്മാവേ, ഇവനില്‍നിന്നു ഒഴിഞ്ഞുപോകൂ! ഇനി ഒരിക്കലും ഇവനില്‍ പ്രവേശിക്കരുത് എന്നു ഞാന്‍ നിന്നോടാജ്ഞാപിക്കുന്നു.” അപ്പോള്‍ അത് അലറിക്കൊണ്ട് അവനെ ഞെരിച്ചിഴച്ച് അവനില്‍നിന്ന് ഒഴിഞ്ഞുപോയി. ആ ബാലന്‍ മരിച്ചവനെപ്പോലെ ആയി. “അവന്‍ മരിച്ചുപോയി” എന്നു പലരും പറഞ്ഞു. യേശു അവന്‍റെ കൈക്കു പിടിച്ചു പൊക്കി; അവന്‍ എഴുന്നേറ്റു നിന്നു. യേശു വീട്ടില്‍ വന്നപ്പോള്‍ ശിഷ്യന്മാര്‍ അവിടുത്തോടു രഹസ്യമായി ചോദിച്ചു; ‘ഞങ്ങള്‍ക്കതിനെ പുറത്താക്കുവാന്‍ കഴിയാഞ്ഞത് എന്തുകൊണ്ടാണ്?” അവിടുന്ന് അരുള്‍ചെയ്തു: “ഈ വകയെ ബഹിഷ്കരിക്കുവാന്‍ പ്രാര്‍ഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും സാധ്യമല്ല.” അവര്‍ അവിടെനിന്നു പുറപ്പെട്ട് ഗലീലയില്‍ക്കൂടി കടന്നുപോയി. അത് ആരും അറിയരുതെന്ന് യേശു ആഗ്രഹിച്ചു. എന്തെന്നാല്‍ മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈയില്‍ ഏല്പിക്കപ്പെടുമെന്നും അവര്‍ അവനെ വധിക്കുമെന്നും പിന്നീട് മൂന്നു ദിവസം കഴിഞ്ഞ് ഉയിര്‍ത്തെഴുന്നേല്‌ക്കുമെന്നും അവിടുന്ന് ശിഷ്യന്മാരെ പറഞ്ഞു ധരിപ്പിക്കുകയായിരുന്നു. ഇത് അവര്‍ക്കു മനസ്സിലായില്ല. അവിടുത്തോടു വീണ്ടും ചോദിക്കുവാന്‍ അവര്‍ക്കു ഭയവുമായിരുന്നു. അങ്ങനെ അവര്‍ കഫര്‍ന്നഹൂമില്‍ എത്തിച്ചേര്‍ന്നു. വീട്ടില്‍ വന്നപ്പോള്‍ യേശു ശിഷ്യന്മാരോട്, “വഴിയില്‍വച്ചു നിങ്ങള്‍ എന്തിനെപ്പറ്റിയാണ് വാദപ്രതിവാദം നടത്തിക്കൊണ്ടിരുന്നത്?” എന്നു ചോദിച്ചു. അവരുടെ വാദപ്രതിവാദം തങ്ങളില്‍ ആരാണ് ഏറ്റവും വലിയവന്‍ എന്നതിനെപ്പറ്റിയായിരുന്നതുകൊണ്ട് അവര്‍ മൗനം അവലംബിച്ചു. അവിടുന്ന് ഇരുന്നശേഷം പന്ത്രണ്ടു ശിഷ്യന്മാരെയും വിളിച്ച് അവരോടു പറഞ്ഞു: “ഒരുവന്‍ പ്രമുഖനാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ എല്ലാവരിലും എളിയവനും എല്ലാവരുടെയും ശുശ്രൂഷകനും ആകണം.” പിന്നീട് അവിടുന്ന് ഒരു ശിശുവിനെ എടുത്ത് അവരുടെ മധ്യത്തില്‍ നിറുത്തി. ആ ശിശുവിനെ അവിടുന്ന് കരവലയത്തിലണച്ചുകൊണ്ട് അവരോടു പറഞ്ഞു: “ഇതുപോലെയുള്ള ഒരു ശിശുവിനെ എന്‍റെ നാമത്തില്‍ ഏതൊരാള്‍ സ്വീകരിക്കുന്നുവോ അയാള്‍ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്ന ഏതൊരുവനും എന്നെയല്ല എന്നെ അയച്ചവനെയത്രേ സ്വീകരിക്കുന്നത്.” യോഹന്നാന്‍ യേശുവിനോടു പറഞ്ഞു: ‘ഗുരോ, ഒരു മനുഷ്യന്‍ അങ്ങയുടെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങള്‍ കണ്ടു. അയാള്‍ നമ്മെ അനുഗമിക്കാത്തവനായതുകൊണ്ട് ഞങ്ങള്‍ അയാളെ വിലക്കി.” യേശു യോഹന്നാനോടു പറഞ്ഞു: “അയാളെ വിലക്കരുത്; എന്‍റെ നാമത്തില്‍ അദ്ഭുതം പ്രവര്‍ത്തിക്കുന്നവന്‍ പിന്നീട് എന്നെ ദുഷിക്കുക സാധ്യമല്ല. നമുക്ക് എതിരില്ലാത്തവന്‍ നമ്മെ അനുകൂലിക്കുന്നവനാണ്. ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: നിങ്ങള്‍ ക്രിസ്തുവിന്‍റെ നാമം വഹിക്കുന്നവരായതുകൊണ്ട് ആരെങ്കിലും ഒരു പാത്രം വെള്ളം നിങ്ങള്‍ക്കു കുടിക്കുവാന്‍ തരികയാണെങ്കില്‍ അയാള്‍ക്കു പ്രതിഫലം ലഭിക്കാതെയിരിക്കുകയില്ല. “എന്നില്‍ വിശ്വസിക്കുന്ന ഈ എളിയവരില്‍ ഒരുവന്‍ പാപം ചെയ്യുന്നതിന് ആരു കാരണഭൂതനാകുന്നുവോ, അവന്‍റെ കഴുത്തില്‍ ഒരു വലിയ തിരികല്ലുകെട്ടി കടലില്‍ എറിയുന്നതാണ് അവന് ഏറെ നല്ലത്. പാപം ചെയ്യുന്നതിനു നിന്‍റെ കൈ കാരണമായി ഭവിക്കുന്നെങ്കില്‍ അതിനെ വെട്ടിക്കളയുക. രണ്ടു കൈയുള്ളവനായി നരകത്തില്‍ നിത്യാഗ്നിയില്‍ നിപതിക്കുന്നതിനെക്കാള്‍ അംഗഭംഗമുള്ളവനായി ജീവനില്‍ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്. നിന്‍റെ കാല് പാപം ചെയ്യുന്നതിനു കാരണമായിത്തീര്‍ന്നാല്‍ അതു വെട്ടിക്കളയുക. രണ്ടു കാലുള്ളവനായി നരകത്തില്‍ എറിയപ്പെടുന്നതിനെക്കാള്‍ മുടന്തനായി ജീവനില്‍ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്. നിന്‍റെ കണ്ണു പാപംചെയ്യാന്‍ കാരണമായിത്തീര്‍ന്നാല്‍ അതു ചുഴന്നെടുത്തു കളയുക. രണ്ടു കണ്ണുള്ളവനായി ചാകാത്ത പുഴുവും കെടാത്ത തീയുമുള്ള നരകത്തില്‍ എറിയപ്പെടുന്നതിനെക്കാള്‍ ഒരു കണ്ണുള്ളവനായി ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്. അവരെ അരിക്കുന്ന പുഴു ചാകുകയില്ല. അവരെ ദഹിപ്പിക്കുന്ന തീ കെടുകയുമില്ല. [49,50] “എല്ലാവര്‍ക്കും തീകൊണ്ട് ഉപ്പു ചേര്‍ക്കപ്പെടും. ഉപ്പു നല്ലതുതന്നെ. എന്നാല്‍ ഉപ്പിന് ഉപ്പുരസമില്ലെങ്കില്‍ എങ്ങനെയാണതു രുചിപ്പെടുത്തുക? നിങ്ങള്‍ ഉപ്പുള്ളവരായിരിക്കുക; നിങ്ങള്‍ അന്യോന്യം സമാധാനമായിരിക്കുകയും വേണം.” യേശു അവിടംവിട്ട് യോര്‍ദ്ദാന്‍റെ മറുകരെയുള്ള യെഹൂദ്യപ്രദേശത്തേക്കു പോയി. വീണ്ടും ജനങ്ങള്‍ കൂട്ടംകൂട്ടമായി അവിടുത്തെ അടുക്കല്‍ വന്നുചേര്‍ന്നു. പതിവുപോലെ അവിടുന്ന് അവരെ പ്രബോധിപ്പിക്കുവാന്‍ തുടങ്ങി. അപ്പോള്‍ പരീശന്മാര്‍ അടുത്തുവന്ന് അവിടുത്തെ പരീക്ഷിക്കുന്നതിനുവേണ്ടി ചോദിച്ചു: “ഒരു പുരുഷന്‍ തന്‍റെ ഭാര്യയെ ഉപേക്ഷിക്കുന്നതു ന്യായമാണോ?” യേശു മറുപടിയായി “മോശ കല്പിച്ചിരിക്കുന്നതെന്താണ്?” എന്നു ചോദിച്ചു. “പുരുഷന്‍ മോചനപത്രം എഴുതിക്കൊടുത്തിട്ട് ഭാര്യയെ ഉപേക്ഷിക്കുവാന്‍ മോശ അനുവദിച്ചിട്ടുണ്ട്” എന്നവര്‍ പറഞ്ഞു. യേശു അവരോട് അരുള്‍ചെയ്തു: “നിങ്ങള്‍ക്ക് ഇതിലുപരി ഗ്രഹിക്കുവാന്‍ കഴിയാത്തതുകൊണ്ടാണ് മോശ അപ്രകാരം അനുശാസിച്ചത്. സൃഷ്‍ടിയുടെ ആരംഭത്തില്‍ത്തന്നെ ദൈവം മനുഷ്യരെ ആണും പെണ്ണുമായി സൃഷ്‍ടിച്ചു. അതിനാല്‍ ഒരുവന്‍ തന്‍റെ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരും; അവര്‍ ഇരുവരും ഒരു മെയ്യായിത്തീരുകയും ചെയ്യും.” അതുകൊണ്ട് അതുമുതല്‍ അവര്‍ രണ്ടല്ല, ഒരു ശരീരമാകുന്നു. ദൈവം സംയോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പിരിക്കരുത്. വീട്ടില്‍വച്ച് ഇക്കാര്യത്തെപ്പറ്റി ശിഷ്യന്മാര്‍ വീണ്ടും അവിടുത്തോട് ചോദിച്ചു. അവിടുന്ന് അവരോടു പറഞ്ഞു: “സ്വഭാര്യയെ ഉപേക്ഷിച്ച് വേറൊരു സ്‍ത്രീയെ വിവാഹം ചെയ്യുന്ന ഏതൊരുവനും അവള്‍ക്കെതിരെ വ്യഭിചാരം ചെയ്യുന്നു. ഒരു സ്‍ത്രീ തന്‍റെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് വേറൊരുവനെ വിവാഹം ചെയ്താല്‍ ആ സ്‍ത്രീയും വ്യഭിചാരം ചെയ്യുന്നു.” ശിശുക്കളെ തൊട്ട് അനുഗ്രഹിക്കുന്നതിനുവേണ്ടി ചിലര്‍ അവരെ യേശുവിന്‍റെ അടുത്തുകൊണ്ടുവന്നു. ശിഷ്യന്മാര്‍ അവരെ ശകാരിച്ചു. അതു കണ്ടപ്പോള്‍ യേശു നീരസപ്പെട്ട് അവരോടു പറഞ്ഞു: “എന്‍റെ അടുക്കല്‍ വരുവാന്‍ ആ ശിശുക്കളെ അനുവദിക്കൂ; അവരെ വിലക്കരുത്. എന്തെന്നാല്‍ ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതാണ്. ഒരു ശിശു എന്നപോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്തവന്‍ അതില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു.” പിന്നീട് ആ ശിശുക്കളെ അവിടുന്ന് ആശ്ലേഷിക്കുകയും ചെയ്തു. അവിടെനിന്ന് യേശു യാത്ര തുടര്‍ന്നപ്പോള്‍ ഒരാള്‍ ഓടിവന്ന് അവിടുത്തെ മുമ്പില്‍ മുട്ടുകുത്തി, “നല്ലവനായ ഗുരോ, അനശ്വരജീവന്‍ അവകാശമാക്കുവാന്‍ ഞാന്‍ എന്തു ചെയ്യണം?” എന്നു ചോദിച്ചു. യേശു അയാളോട്, “എന്നെ നല്ലവന്‍ എന്നു വിളിക്കുന്നതെന്ത്? നല്ലവനായി ദൈവം മാത്രമേയുള്ളൂ; മറ്റാരുമില്ലതന്നെ. കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്‍ടിക്കരുത്, കള്ളസ്സാക്ഷ്യം പറയരുത്, വഞ്ചിക്കരുത്, മാതാപിതാക്കളെ ബഹുമാനിക്കണം എന്നിങ്ങനെയുള്ള ധര്‍മശാസനങ്ങള്‍ താങ്കള്‍ക്ക് അറിയാമല്ലോ” എന്നു പറഞ്ഞു. “ഗുരോ, ഇവയെല്ലാം ചെറുപ്പം മുതല്‌ക്കേ ഞാന്‍ പാലിക്കുന്നുണ്ട്” എന്ന് അയാള്‍ പറഞ്ഞു. യേശു സ്നേഹപൂര്‍വം അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: “താങ്കള്‍ക്കു ഒരു കുറവുണ്ട്; പോയി താങ്കള്‍ക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക; അപ്പോള്‍ താങ്കള്‍ക്കു സ്വര്‍ഗത്തില്‍ നിക്ഷേപം ഉണ്ടാകും; പിന്നീടു വന്ന് എന്നെ അനുഗമിക്കുക.” ഇതുകേട്ട് ദുഃഖിതനായിത്തീര്‍ന്ന അയാള്‍, മ്ലാനമുഖനായി അവിടെനിന്നു പോയി; എന്തെന്നാല്‍ അയാള്‍ വലിയ ധനികനായിരുന്നു. യേശു ചുറ്റും നോക്കിയിട്ട്: “ധനവാന്മാര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്ര ദുഷ്കരം” എന്ന് ശിഷ്യന്മാരോട് അരുള്‍ ചെയ്തു. അവിടുത്തെ ഈ വാക്കുകള്‍ കേട്ട് അവര്‍ വിസ്മയഭരിതരായി. യേശു വീണ്ടും പറഞ്ഞു: “കുഞ്ഞുങ്ങളേ, ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്രയോ പ്രയാസം! ധനവാന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.” അവര്‍ അത്യധികം ആശ്ചര്യപ്പെട്ട് യേശുവിനോടു ചോദിച്ചു: “അങ്ങനെയെങ്കില്‍ രക്ഷപെടുവാന്‍ ആര്‍ക്കു കഴിയും?” യേശു അവരെ നോക്കിക്കൊണ്ട്: “മനുഷ്യര്‍ക്ക് അത് അസാധ്യം; എന്നാല്‍ ദൈവത്തിന് അസാധ്യമല്ല” എന്ന് ഉത്തരമരുളി. പത്രോസ് യേശുവിനോട്, “ഇതാ ഞങ്ങള്‍ സകലവും ഉപേക്ഷിച്ച് അങ്ങയെ അനുഗമിക്കുകയാണല്ലോ” എന്നു പറഞ്ഞു. യേശു അരുള്‍ചെയ്തു: “വാസ്തവം ഞാന്‍ നിങ്ങളോടു പറയട്ടെ; എനിക്കുവേണ്ടിയോ, സുവിശേഷത്തിനുവേണ്ടിയോ; ഭവനത്തെയും സഹോദരന്മാരെയും സഹോദരിമാരെയും മാതാവിനെയും പിതാവിനെയും മക്കളെയും നിലംപുരയിടങ്ങളെയും ഉപേക്ഷിക്കുന്ന ഏതൊരുവനും ഇപ്പോള്‍ത്തന്നെ നൂറുമടങ്ങു ഭവനങ്ങളെയും സഹോദരന്മാരെയും സഹോദരിമാരെയും അമ്മമാരെയും മക്കളെയും വസ്തുവകകളെയും പീഡനങ്ങളോടൊപ്പം ലഭിക്കും; ഭാവിയുഗത്തില്‍ അനശ്വര ജീവനും കിട്ടും. എന്നാല്‍ മുമ്പന്മാര്‍ പലരും പിമ്പന്മാരും പിമ്പന്മാര്‍ പലരും മുമ്പന്മാരുമായിത്തീരും. അവര്‍ യെരൂശലേമിലേക്കു യാത്ര ചെയ്യുകയായിരുന്നു. യേശു അവരുടെ മുമ്പേ നടന്നു. ശിഷ്യന്മാര്‍ വിസ്മയിക്കുകയും യേശുവിനെ അനുഗമിച്ചിരുന്നവര്‍ ഭയപ്പെടുകയും ചെയ്തിരുന്നു. അവിടുന്നു പന്ത്രണ്ടു ശിഷ്യന്മാരെ അരികില്‍ വിളിച്ച് തനിക്കു സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചു വീണ്ടും പറഞ്ഞുതുടങ്ങി: “ഇതാ നാം യെരൂശലേമിലേക്കു പോകുകയാണ്. മനുഷ്യപുത്രന്‍ മുഖ്യപുരോഹിതന്മാരുടെയും മതപണ്ഡിതന്മാരുടെയും കൈയില്‍ ഏല്പിക്കപ്പെടും; അവര്‍ തന്നെ വധശിക്ഷയ്‍ക്കു വിധിക്കുകയും വിജാതീയരെ ഏല്പിക്കുകയും ചെയ്യും. അവര്‍ മനുഷ്യപുത്രനെ പരിഹസിക്കുകയും തന്‍റെമേല്‍ തുപ്പുകയും ചാട്ടവാറുകൊണ്ട് അടിക്കുകയും ഒടുവില്‍ കൊല്ലുകയും ചെയ്യും. എന്നാല്‍ മൂന്നുദിവസം കഴിഞ്ഞ് മനുഷ്യപുത്രന്‍ ഉയിര്‍ത്തെഴുന്നേല്‌ക്കും.” സെബദിയുടെ പുത്രന്മാരായ യാക്കോബും യോഹന്നാനും വന്ന് “ഗുരോ, ഞങ്ങള്‍ ആഗ്രഹിക്കുന്ന കാര്യം സാധിച്ചു തരണമേ” എന്ന് യേശുവിനോട് അപേക്ഷിച്ചു. “ഞാന്‍ എന്താണു നിങ്ങള്‍ക്കു ചെയ്തുതരേണ്ടത്?” എന്ന് യേശു ചോദിച്ചു. അവര്‍ പറഞ്ഞു: “മഹത്ത്വമേറിയ രാജ്യത്തില്‍ അവിടുന്നു വാണരുളുമ്പോള്‍ ഞങ്ങളിലൊരുവന്‍ അങ്ങയുടെ വലത്തും അപരന്‍ ഇടത്തും ഇരിക്കുവാനുള്ള വരം തന്നാലും.” യേശു അവരോട്, “നിങ്ങള്‍ അപേക്ഷിക്കുന്നത് എന്തെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടാ. ഞാന്‍ കുടിക്കുന്ന പാനപാത്രത്തില്‍നിന്നു കുടിക്കുവാനും ഞാന്‍ ഏല്‌ക്കുന്ന സ്നാപനം ഏല്‌ക്കുവാനും നിങ്ങള്‍ക്കു കഴിയുമോ?” എന്നു ചോദിച്ചു. “ഞങ്ങള്‍ക്കു കഴിയും” എന്ന് അവര്‍ പറഞ്ഞു. യേശു അവരോട് അരുള്‍ചെയ്തു: “ഞാന്‍ കുടിക്കുന്ന പാനപാത്രത്തില്‍നിന്നു നിങ്ങള്‍ കുടിക്കും; ഞാന്‍ സ്വീകരിക്കുന്ന സ്നാപനം നിങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. എന്നാല്‍ എന്‍റെ വലത്തും ഇടത്തും ഇരിക്കുവാനുള്ള വരം നല്‌കുന്നത് എന്‍റെ അധികാരത്തിലുള്ള കാര്യമല്ല; അത് ആര്‍ക്കുവേണ്ടി ഒരുക്കപ്പെട്ടിരിക്കുന്നുവോ അവര്‍ക്കുള്ളതായിരിക്കും.” ഇതു കേട്ടപ്പോള്‍ മറ്റു പത്തു ശിഷ്യന്മാര്‍ക്കും യാക്കോബിനോടും യോഹന്നാനോടും നീരസം തോന്നി. യേശു അവരെ അടുക്കല്‍ വിളിച്ച് ഇപ്രകാരം പറഞ്ഞു: “വിജാതീയരില്‍ പ്രഭുത്വമുള്ളവര്‍ അധികാരം നടത്തുന്നു എന്നും അവരില്‍ പ്രമുഖന്മാര്‍ അവരെ ഭരിക്കുന്നുവെന്നും നിങ്ങള്‍ക്ക് അറിയാമല്ലോ. എന്നാല്‍ നിങ്ങളുടെ ഇടയില്‍ അതു പാടില്ല. നിങ്ങളില്‍ വലിയവനാകുവാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ശുശ്രൂഷകന്‍ ആകണം. നിങ്ങളില്‍ പ്രമുഖന്‍ ആകുവാന്‍ ഇച്ഛിക്കുന്നവന്‍ എല്ലാവരുടെയും ദാസനാകണം. മനുഷ്യപുത്രന്‍ വന്നത് ശുശ്രൂഷിക്കപ്പെടുവാനല്ല, ശുശ്രൂഷിക്കുവാനും അസംഖ്യം ആളുകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മൂല്യമായി തന്‍റെ ജീവന്‍ നല്‌കുവാനുമാണ്.” അവര്‍ യെരിഹോവിലെത്തി. ശിഷ്യന്മാരോടും ഒരു വലിയ ജനാവലിയോടുംകൂടി യേശു അവിടെനിന്നു പോകുമ്പോള്‍ തിമായിയുടെ മകനായ ബര്‍ത്തിമായി എന്ന അന്ധന്‍ വഴിയരികില്‍ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നു. നസറായനായ യേശു വരുന്നു എന്നു കേട്ടപ്പോള്‍, “യേശുവേ! ദാവീദുപുത്രാ! എന്നോടു കരുണയുണ്ടാകണമേ” എന്ന് അയാള്‍ ഉച്ചത്തില്‍ വിളിച്ചുപറയുവാന്‍ തുടങ്ങി. “മിണ്ടാതിരിക്കൂ” എന്നു പറഞ്ഞുകൊണ്ട് പലരും അയാളെ ശകാരിച്ചു. അയാളാകട്ടെ, കൂടുതല്‍ ഉച്ചത്തില്‍ “ദാവീദുപുത്രാ! എന്നോടു കനിവുതോന്നണമേ” എന്നു നിലവിളിച്ചു. യേശു അവിടെ നിന്നു: “അയാളെ വിളിക്കുക” എന്നു പറഞ്ഞു. അവര്‍ ആ അന്ധനെ വിളിച്ച് “ധൈര്യപ്പെടുക; എഴുന്നേല്‌ക്കൂ! അവിടുന്നു നിന്നെ വിളിക്കുന്നു” എന്നു പറഞ്ഞു. അയാള്‍ മേലങ്കി വലിച്ചെറിഞ്ഞു ചാടിയെഴുന്നേറ്റ് യേശുവിന്‍റെ അടുക്കലേക്കു ചെന്നു. യേശു അയാളോട്: “ഞാന്‍ നിനക്ക് എന്തു ചെയ്തുതരണമെന്നാണു നീ ആഗ്രഹിക്കുന്നത്?” എന്നു ചോദിച്ചു. “ഗുരോ, എനിക്കു വീണ്ടും കാഴ്ച കിട്ടണം” എന്ന് ആ അന്ധന്‍ പറഞ്ഞു. യേശു അരുള്‍ചെയ്തു: “പോകുക, നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.” തല്‍ക്ഷണം അയാള്‍ കാഴ്ചപ്രാപിച്ച് യാത്രയില്‍ യേശുവിനെ അനുഗമിച്ചു. അവര്‍ യെരൂശലേമിനു സമീപം ഒലിവുമലയ്‍ക്ക് അരികിലുള്ള ബേത്ഫാഗയ്‍ക്കും ബേഥാന്യക്കും അടുത്തെത്തിയപ്പോള്‍ യേശു ശിഷ്യന്മാരില്‍ രണ്ടുപേരെ വിളിച്ചു പറഞ്ഞു: നിങ്ങളുടെ മുമ്പില്‍ കാണുന്ന ഗ്രാമത്തിലേക്കു ചെല്ലുക; അവിടെ പ്രവേശിക്കുമ്പോള്‍ത്തന്നെ, ആരും ഇതുവരെ കയറിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു നിങ്ങള്‍ കാണും; അതിനെ അഴിച്ചുകൊണ്ടുവരിക; നിങ്ങള്‍ എന്തിനാണ് അതിനെ അഴിക്കുന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍ കര്‍ത്താവിന് ഇതിനെ ആവശ്യമുണ്ട്, അവിടുന്ന് ഇതിനെ ഉടനെതന്നെ ഇവിടെ തിരിച്ചെത്തിക്കും എന്നു പറയുക.” ഇങ്ങനെ പറഞ്ഞ് അവിടുന്ന് അവരെ അയച്ചു. അവര്‍ അതനുസരിച്ചു പോയി തെരുവില്‍ ഒരു വീട്ടുവാതില്‌ക്കല്‍ ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു. അവര്‍ അതിനെ അഴിച്ചു. അവിടെ നിന്നിരുന്നവരില്‍ ചിലര്‍ അവരോട്, “നിങ്ങള്‍ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്തിനാണ്?” എന്നു ചോദിച്ചു. യേശു പറഞ്ഞിരുന്നതുപോലെ അവര്‍ മറുപടി പറഞ്ഞു. അവിടെ നിന്നവര്‍ അവരെ അനുവദിക്കുകയും ചെയ്തു. ആ ശിഷ്യന്മാര്‍ കഴുതക്കുട്ടിയെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. അവരുടെ മേലങ്കികള്‍ അതിന്‍റെ പുറത്തു വിരിച്ചു. യേശു കഴുതപ്പുറത്തു കയറിയിരുന്നു. പലരും തങ്ങളുടെ മേലങ്കികള്‍ വഴിയില്‍ വിരിച്ചു. മറ്റുള്ളവര്‍ പറമ്പുകളില്‍നിന്ന് ഇലയുള്ള മരച്ചില്ലകള്‍ വെട്ടി വഴിയില്‍ വിതറി. അവിടുത്തെ മുമ്പും പിമ്പും നടന്നവര്‍ “ഹോശാനാ! കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍! നമ്മുടെ പിതാവായ ദാവീദിന്‍റെ വരുവാനുള്ള രാജ്യം വാഴ്ത്തപ്പെട്ടതാകുന്നു! അത്യുന്നതങ്ങളില്‍ ഹോശാനാ!” എന്ന് ഉച്ചത്തില്‍ ആര്‍പ്പുവിളിച്ചു. അങ്ങനെ യേശു യെരൂശലേമില്‍ പ്രവേശിച്ച്, നേരെ ദേവാലയത്തിലേക്കു പോയി; അവിടെയെത്തി ചുറ്റുപാടുമുള്ളതെല്ലാം നോക്കിക്കണ്ടു. എന്നാല്‍ നേരം വൈകിയിരുന്നതിനാല്‍ അവിടുന്ന് പന്ത്രണ്ടു ശിഷ്യന്മാരോടുകൂടി ബേഥാന്യയിലേക്കു പോയി. പിറ്റേദിവസം അവര്‍ ബേഥാന്യയില്‍നിന്നു തിരിച്ചുവരികയായിരുന്നു. അപ്പോള്‍ യേശുവിനു വിശന്നു. അങ്ങകലെ ഇലകള്‍ നിറഞ്ഞ ഒരു അത്തിവൃക്ഷം നില്‌ക്കുന്നതുകണ്ട് അതില്‍ അത്തിപ്പഴം കാണുമെന്നു കരുതി അവിടുന്ന് അടുത്തു ചെന്നു; പക്ഷേ ഇലകളല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അത് അത്തിപ്പഴത്തിന്‍റെ കാലമല്ലായിരുന്നു. അവിടുന്നു പറഞ്ഞു: “ഇനിമേല്‍ ആരും ഒരിക്കലും നിന്നില്‍നിന്ന് അത്തിപ്പഴം ഭക്ഷിക്കാതിരിക്കട്ടെ.” ഇതു ശിഷ്യന്മാര്‍ പ്രത്യേകം ശ്രദ്ധിച്ചു. അവര്‍ യെരൂശലേമിലെത്തി. യേശു ദേവാലയത്തില്‍ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തിരുന്നവരെ പുറത്താക്കുവാന്‍ തുടങ്ങി; നാണയം മാറ്റിക്കൊടുക്കുന്നവരുടെ മേശകളും പ്രാക്കളെ വില്‍ക്കുന്നവരുടെ ഇരിപ്പിടങ്ങളും മറിച്ചിട്ടു. ദേവാലയത്തിലൂടെ യാതൊരു സാധനവും എടുത്തുകൊണ്ടുപോകുവാന്‍ അവിടുന്ന് അനുവദിച്ചില്ല. ജനങ്ങളെ അവിടുന്ന് ഇപ്രകാരം പ്രബോധിപ്പിച്ചു: “എന്‍റെ ആലയം എല്ലാ ജനങ്ങളുടെയും പ്രാര്‍ഥനാലയം എന്ന് വിളിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്തതായി എഴുതപ്പെട്ടിട്ടില്ലേ? എന്നാല്‍ നിങ്ങള്‍ അതിനെ കൊള്ളക്കാരുടെ താവളമാക്കിയിരിക്കുന്നു.” പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും ഇതുകേട്ട് യേശുവിനെ നിഗ്രഹിക്കുവാനുള്ള വഴി എന്തെന്ന് ആലോചിച്ചു. കാരണം യേശുവിന്‍റെ ധര്‍മോപദേശം കേട്ട് എല്ലാ ജനങ്ങളും വിസ്മയഭരിതരായതുകൊണ്ട് പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും അവിടുത്തെ ഭയപ്പെട്ടു. സന്ധ്യാസമയമായപ്പോള്‍ യേശുവും ശിഷ്യന്മാരും പട്ടണത്തിനു പുറത്തു പോയി. പിറ്റേദിവസം രാവിലെ അവര്‍ കടന്നുപോകുമ്പോള്‍ ആ അത്തിവൃക്ഷം സമൂലം ഉണങ്ങിയിരിക്കുന്നതായി കണ്ടു. അപ്പോള്‍ യേശു പറഞ്ഞ വാക്കുകള്‍ ഓര്‍ത്തുകൊണ്ട്, “ഗുരുനാഥാ, അതാ നോക്കൂ! അങ്ങു ശപിച്ച ആ അത്തിവൃക്ഷം ഉണങ്ങിപ്പോയതു കണ്ടില്ലേ?” എന്നു പത്രോസ് പറഞ്ഞു. യേശു പ്രതിവചിച്ചു: “നിങ്ങള്‍ ദൈവത്തില്‍ വിശ്വാസമുള്ളവരായിരിക്കുക. ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു, ഹൃദയത്തില്‍ സംശയലേശം കൂടാതെ താന്‍ പറയുന്നതുപോലെ സംഭവിക്കുമെന്നു വിശ്വസിച്ചുകൊണ്ട് ഒരുവന്‍ ഈ മലയോട് ഇളകി കടലില്‍ വീഴുക എന്നു പറഞ്ഞാല്‍ അപ്രകാരം സംഭവിക്കും. അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങള്‍ എന്തിനുവേണ്ടിയെങ്കിലും അപേക്ഷിച്ചാല്‍ അതു ലഭിച്ചിരിക്കുന്നു എന്നു വിശ്വസിക്കുക. നിങ്ങള്‍ അപേക്ഷിക്കുന്നതെന്തും നിങ്ങള്‍ക്കു ലഭിക്കുകയും ചെയ്യും. നിങ്ങള്‍ പ്രാര്‍ഥിക്കുവാന്‍ നില്‌ക്കുമ്പോള്‍ സ്വര്‍ഗസ്ഥനായ പിതാവു നിങ്ങളുടെ പിഴകള്‍ നിങ്ങളോടു ക്ഷമിക്കേണ്ടതിനു നിങ്ങള്‍ക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അതു ക്ഷമിക്കുക. നിങ്ങള്‍ മറ്റുള്ളവരോടു ക്ഷമിക്കുന്നില്ലെങ്കില്‍, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവും നിങ്ങളുടെ പിഴകള്‍ ക്ഷമിക്കുകയില്ല. അവര്‍ വീണ്ടും യെരൂശലേമില്‍ വന്നു. യേശു ദേവാലയത്തിലൂടെ നടക്കുമ്പോള്‍ മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും ജനപ്രമാണിമാരും വന്ന് അവിടുത്തോട് ചോദിച്ചു: “എന്ത് അധികാരംകൊണ്ടാണ് താങ്കള്‍ ഇവയെല്ലാം ചെയ്യുന്നത്? അഥവാ ഇവയൊക്കെ ചെയ്യുവാനുള്ള അധികാരം ആരാണു താങ്കള്‍ക്കു നല്‌കിയത്?” യേശു പ്രതിവചിച്ചു: “നിങ്ങളോടു ഞാനും ഒന്നു ചോദിക്കട്ടെ; അതിന് ഉത്തരം നല്‌കുക. എന്നാല്‍ എന്തധികാരംകൊണ്ടാണ് ഇവയെല്ലാം ഞാന്‍ ചെയ്യുന്നതെന്നു നിങ്ങളോടു പറയാം. സ്നാപനം നടത്തുന്നതിനുള്ള അധികാരം യോഹന്നാന് എവിടെനിന്നു ലഭിച്ചു? ദൈവത്തില്‍നിന്നോ, മനുഷ്യരില്‍നിന്നോ? പറയുക.” അവര്‍ അന്യോന്യം ആലോചിച്ചു. “ദൈവത്തില്‍നിന്ന് എന്നു നാം പറഞ്ഞാല്‍, പിന്നെ നിങ്ങള്‍ എന്തുകൊണ്ട് യോഹന്നാനെ വിശ്വസിച്ചില്ല എന്ന് അവിടുന്നു ചോദിക്കും; മനുഷ്യരില്‍നിന്ന് എന്ന് പറഞ്ഞാലോ?” പക്ഷേ അവര്‍ ജനങ്ങളെ ഭയപ്പെട്ടു. എന്തെന്നാല്‍ യോഹന്നാനെ ഒരു പ്രവാചകനായിട്ടത്രേ എല്ലാവരും കരുതിയിരുന്നത്. അതുകൊണ്ട് “ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ” എന്ന് അവര്‍ യേശുവിനോടു പറഞ്ഞു. “എന്നാല്‍ എന്തധികാരംകൊണ്ടാണ് ഇവയെല്ലാം ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന് യേശു അവരോടുത്തരം പറഞ്ഞു. അനന്തരം യേശു ദൃഷ്ടാന്തരൂപേണ അവരോടു സംസാരിച്ചു തുടങ്ങി: “ഒരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, ചുറ്റും വേലികെട്ടുകയും മുന്തിരിച്ചക്കു കുഴിച്ചിടുകയും കാവല്‍ഗോപുരം നിര്‍മിക്കുകയും ചെയ്തു. പിന്നീട് തോട്ടം പാട്ടത്തിന് ഏല്പിച്ചശേഷം അയാള്‍ വിദേശത്തേക്കു പോയി. വിളവെടുപ്പിനു സമയമായപ്പോള്‍ മുന്തിരിത്തോട്ടത്തില്‍നിന്നു തനിക്കു കിട്ടേണ്ട പാട്ടം വാങ്ങുന്നതിനായി അയാള്‍ ഒരു ദാസനെ പാട്ടക്കാരുടെ അടുക്കലേക്കയച്ചു. അവര്‍ അവനെ പിടിച്ചു കണക്കിനു പ്രഹരിച്ചു വെറുംകൈയായി തിരിച്ചയച്ചു. വീണ്ടും മറ്റൊരു ദാസനെ അവരുടെ അടുക്കല്‍ അയച്ചു. അവര്‍ അവന്‍റെ തലയ്‍ക്കു പരുക്കേല്പിക്കുകയും അവനെ അപമാനിക്കുകയും ചെയ്തു. പിന്നീടു മറ്റൊരാളെക്കൂടി പറഞ്ഞയച്ചു. അവര്‍ അവനെ കൊന്നുകളഞ്ഞു; മറ്റുപലരെയും ആ പാട്ടക്കാര്‍ തല്ലുകയും ചിലരെ കൊല്ലുകയും ചെയ്തു. അവരുടെ അടുക്കല്‍ അയയ്‍ക്കാന്‍ ഇനി ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ; അയാളുടെ പ്രിയപുത്രന്‍. ‘എന്‍റെ മകനെ അവര്‍ ആദരിക്കും’ എന്നു പറഞ്ഞുകൊണ്ട് അയാള്‍ തന്‍റെ മകനെയും ആ കൃഷിക്കാരുടെ അടുക്കലേക്ക് അയച്ചു. മകനെ കണ്ടപ്പോള്‍ അവര്‍ അന്യോന്യം പറഞ്ഞു: ‘ഇതാ ഇവനാണ് ഈ തോട്ടത്തിന്‍റെ അവകാശി; വരൂ, നമുക്ക് ഇവനെ കൊല്ലാം, അപ്പോള്‍ അവകാശം നമ്മുടേതായിത്തീരും’ എന്നു പറഞ്ഞുകൊണ്ട് അവര്‍ അവനെ പിടിച്ചു കൊന്ന് തോട്ടത്തിനു പുറത്തെറിഞ്ഞു കളഞ്ഞു. “ആ മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍ ഇനി എന്തു ചെയ്യും? അയാള്‍ ചെന്ന് ആ പാട്ടക്കാരെ നിഗ്രഹിക്കുകയും മുന്തിരിത്തോട്ടം മറ്റാരെയെങ്കിലും ഏല്പിക്കുകയും ചെയ്യും. നിങ്ങള്‍ ഈ വേദഭാഗം വായിച്ചിട്ടില്ലേ? പണിക്കാര്‍ തള്ളിക്കളഞ്ഞ കല്ലുതന്നെ മൂലക്കല്ലായിത്തീര്‍ന്നിരിക്കുന്നു. ഇതു സര്‍വേശ്വരന്‍റെ പ്രവൃത്തിയാണ്; നമ്മുടെ ദൃഷ്‍ടിയില്‍ ഇത് എത്ര ആശ്ചര്യകരം” യെഹൂദമതനേതാക്കള്‍ യേശുവിനെ പിടിക്കുവാന്‍ ശ്രമിച്ചു. എന്തെന്നാല്‍ ഈ ദൃഷ്ടാന്തം തങ്ങളെക്കുറിച്ചാണ് പറഞ്ഞതെന്ന് അവര്‍ക്കു മനസ്സിലായി. എന്നാല്‍ പൊതുജനങ്ങളെ ഭയപ്പെട്ടതുകൊണ്ട് അവര്‍ അവിടുത്തെ വിട്ടുപോയി. വാക്കുകള്‍കൊണ്ട് യേശുവിനെ കെണിയില്‍ വീഴ്ത്തുവാന്‍ പരീശന്മാരിലും ഹേരോദ്യരിലുംപെട്ട ചിലരെ അവര്‍ അവിടുത്തെ അടുക്കല്‍ അയച്ചു. അവര്‍ അവിടുത്തോട് പറഞ്ഞു: “ഗുരോ, അങ്ങു സത്യസന്ധനും ആരെയും ഭയപ്പെടാത്തവനും ആണെന്നും, അതുകൊണ്ട് അങ്ങ് ആരുടെയും മുഖം നോക്കാതെ ദൈവത്തിന്‍റെ മാര്‍ഗം സത്യമായി ഉപദേശിക്കുന്നു എന്നും ഞങ്ങള്‍ക്കറിയാം; ഞങ്ങള്‍ ഒന്നു ചോദിക്കട്ടെ; കൈസര്‍ക്കു നികുതികള്‍ കൊടുക്കുന്നതു ന്യായമാണോ? ഞങ്ങള്‍ അതു കൊടുക്കണോ വേണ്ടയോ?” അവരുടെ കപടതന്ത്രം മനസ്സിലാക്കിക്കൊണ്ട് യേശു അവരോടു പറഞ്ഞു: “നിങ്ങള്‍ എന്നെ പരീക്ഷിക്കുന്നത് എന്തിന്? ഒരു നാണയം ഇങ്ങുകൊണ്ടുവരൂ; ഞാന്‍ അതൊന്നു നോക്കട്ടെ.” അവര്‍ ഒരു നാണയം കൊണ്ടുവന്നു. അവിടുന്നു ചോദിച്ചു: “ആരുടെ രൂപവും ലിഖിതവുമാണ് ഇതില്‍ കാണുന്നത്?” “കൈസറുടേത്” എന്ന് അവര്‍ പറഞ്ഞു. “ശരി, കൈസര്‍ക്കുള്ളത് കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക” എന്ന് യേശു പറഞ്ഞു. അപ്പോള്‍ അവര്‍ അത്യന്തം ആശ്ചര്യപ്പെട്ടു. പുനരുത്ഥാനമില്ലെന്നു വാദിക്കുന്ന സാദൂക്യര്‍ യേശുവിന്‍റെ അടുക്കല്‍ വന്നു ചോദിച്ചു: “ഗുരോ, ഒരാള്‍ സന്താനമില്ലാതെ മരിച്ചാല്‍ അയാളുടെ സഹോദരന്‍ വിധവയായിത്തീര്‍ന്ന സഹോദരഭാര്യയെ വിവാഹം ചെയ്ത് അന്തരിച്ച ആളിനുവേണ്ടി സന്താനങ്ങളെ ജനിപ്പിക്കണമെന്ന് മോശ എഴുതിയിട്ടുണ്ടല്ലോ. “ഒരിടത്ത് ഏഴു സഹോദരന്മാരുണ്ടായിരുന്നു; ഒന്നാമന്‍ വിവാഹം ചെയ്തു. അയാള്‍ സന്താനമില്ലാതെ മരണമടഞ്ഞു. രണ്ടാമന്‍ ആ വിധവയെ വിവാഹം ചെയ്തു. അയാളും സന്താനമില്ലാതെ മരിച്ചു. മൂന്നാമനും അങ്ങനെ തന്നെ. അങ്ങനെ ആ ഏഴു സഹോദരന്മാര്‍ക്കും സന്താനങ്ങളുണ്ടായില്ല. എല്ലാവര്‍ക്കും ഒടുവില്‍ ആ സ്‍ത്രീയും മരിച്ചു. പുനരുത്ഥാനത്തില്‍ അവള്‍ ആരുടെ ഭാര്യ ആയിരിക്കും? അവള്‍ ഏഴുപേരുടെയും ഭാര്യ ആയിരുന്നുവല്ലോ.” യേശു അവരോടു പറഞ്ഞു: “വേദഭാഗങ്ങളും ദൈവത്തിന്‍റെ ശക്തിയും നിങ്ങള്‍ ഗ്രഹിച്ചിട്ടില്ലാത്തതുകൊണ്ടല്ലേ നിങ്ങള്‍ക്കീ തെറ്റു പറ്റുന്നത്? മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‌ക്കുമ്പോള്‍ സ്‍ത്രീപുരുഷന്മാര്‍ വിവാഹിതരാകുന്നില്ല. അവര്‍ സ്വര്‍ഗത്തിലെ മാലാഖമാരെപ്പോലെയാകുന്നു. മോശയുടെ പുസ്തകത്തില്‍ മുള്‍പ്പടര്‍പ്പില്‍ ദൈവം പ്രത്യക്ഷപ്പെട്ട സംഭവത്തെപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്ന ഭാഗത്തു മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു നിങ്ങള്‍ വായിച്ചിട്ടില്ലയോ? അവിടെ ‘ഞാന്‍ അബ്രാഹാമിന്‍റെ ദൈവവും ഇസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമാകുന്നു’ എന്ന് ദൈവം മോശയോട് അരുളിച്ചെയ്യുന്നു. ദൈവം മരിച്ചവരുടെ ദൈവമല്ല, ജീവിക്കുന്നവരുടെ ദൈവമാകുന്നു. നിങ്ങള്‍ക്കു തികച്ചും തെറ്റുപറ്റിയിരിക്കുന്നു.” മതപണ്ഡിതന്മാരില്‍ ഒരാള്‍ അവരുടെ സംവാദം കേട്ടു. യേശു അവര്‍ക്കു നല്‌കിയ മറുപടി സമുചിതമായിരിക്കുന്നുവെന്നു കണ്ട് അയാള്‍ അവിടുത്തോടു ചോദിച്ചു: “കല്പനകളില്‍ ഏതാണ് പരമപ്രധാനമായിട്ടുള്ളത്?” യേശു പ്രതിവചിച്ചു: “ഇതാണു മുഖ്യ കല്പന: ഇസ്രായേലേ, കേള്‍ക്കുക! സര്‍വേശ്വരനായ നമ്മുടെ ദൈവം ഏക കര്‍ത്താവാകുന്നു. നിന്‍റെ ദൈവമായ സര്‍വേശ്വരനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടുംകൂടി സ്നേഹിക്കുക; അതുപോലെതന്നെ രണ്ടാമത്തെ കല്പന, നിന്‍റെ അയല്‍ക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക എന്നതാകുന്നു. ഇവയ്‍ക്കുപരി മറ്റൊരു കല്പനയുമില്ല. മതപണ്ഡിതന്‍ യേശുവിനോടു പറഞ്ഞു: “ഗുരോ, അങ്ങു പറഞ്ഞതു ശരിതന്നെ; ഏകദൈവമേ ഉള്ളൂ. അവിടുന്നല്ലാതെ മറ്റൊരു ദൈവം ഇല്ലതന്നെ. ആ ദൈവത്തെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും സര്‍വശക്തിയോടുംകൂടി സ്നേഹിക്കുകയും അയല്‍ക്കാരനെ തന്നെപ്പോലെതന്നെ സ്നേഹിക്കുകയും ചെയ്യുന്നത് എല്ലാ ഹോമങ്ങളെയും യാഗങ്ങളെയുംകാള്‍ ശ്രേഷ്ഠമാണ്.” അയാള്‍ ബുദ്ധിപൂര്‍വം മറുപടി പറഞ്ഞതു കേട്ടിട്ട് യേശു അയാളോട് “താങ്കള്‍ ദൈവരാജ്യത്തില്‍നിന്നു വിദൂരസ്ഥനല്ല” എന്നു പറഞ്ഞു. പിന്നീട് ആരും യേശുവിനോടു ചോദ്യങ്ങള്‍ ചോദിക്കുവാന്‍ തുനിഞ്ഞില്ല. യേശു ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെ പറഞ്ഞു: “മശിഹാ ദാവീദിന്‍റെ വംശജനാണെന്നു മതപണ്ഡിതന്മാര്‍ പറയുന്നതെങ്ങനെ? ‘ഞാന്‍ നിന്‍റെ ശത്രുക്കളെ കാല്‌ക്കീഴാക്കുന്നതുവരെ നീ എന്‍റെ വലത്തുഭാഗത്ത് ഇരിക്കുക എന്നു സര്‍വേശ്വരന്‍ എന്‍റെ കര്‍ത്താവിനോട് അരുള്‍ചെയ്തു’ എന്നു ദാവീദ് പരിശുദ്ധാത്മപ്രചോദിതനായി പറഞ്ഞിട്ടുണ്ടല്ലോ. “ദാവീദുതന്നെ അവിടുത്തെ കര്‍ത്താവ് എന്നു വിളിക്കുന്നു എങ്കില്‍ അവിടുന്ന് എങ്ങനെ ദാവീദിന്‍റെ പുത്രനാകും?” ഒരു വലിയ ജനതതി യേശുവിന്‍റെ പ്രഭാഷണം സന്തോഷപൂര്‍വം കേട്ടു. അവിടുന്നു പ്രബോധിപ്പിക്കുന്നതിനിടയില്‍ അവരോട് അരുള്‍ചെയ്തു: “നീണ്ട അങ്കി അണിഞ്ഞു നടക്കുവാനും പൊതുസ്ഥലങ്ങളില്‍വച്ച് അഭിവാദനം ചെയ്യപ്പെടുവാനും സുനഗോഗുകളില്‍ മുഖ്യാസനവും വിരുന്നുശാലയില്‍ പ്രഥമസ്ഥാനവും ലഭിക്കുവാനും ആഗ്രഹിക്കുന്ന മതപണ്ഡിതന്മാരെ സൂക്ഷിച്ചുകൊള്ളുക. അവര്‍ വിധവകളുടെ വീടുകള്‍ വിഴുങ്ങുകയും നീണ്ട പ്രാര്‍ഥന നടത്തുന്നു എന്നു ഭാവിക്കുകയും ചെയ്യുന്നു. അവര്‍ക്കു ലഭിക്കുന്ന ശിക്ഷാവിധി ഏറ്റവും കഠിനതരമായിരിക്കും.” ഒരിക്കല്‍ യേശു ശ്രീഭണ്ഡാരത്തിന് അഭിമുഖമായി ഇരുന്ന് ജനങ്ങള്‍ കാണിക്കയിടുന്നത് നോക്കുകയായിരുന്നു. ധനികരായ പലരും വലിയ തുകകള്‍ ഇട്ടുകൊണ്ടിരുന്നു. സാധുവായ ഒരു വിധവ വന്ന് രണ്ടു പൈസയിട്ടു. യേശു ശിഷ്യന്മാരെ അടുക്കല്‍ വിളിച്ചു പറഞ്ഞു: “ശ്രീഭണ്ഡാരത്തില്‍ കാണിക്കയിട്ട എല്ലാവരെയുംകാള്‍ അധികം ഇട്ടത് നിര്‍ധനയായ ആ വിധവയാണെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു; എന്തെന്നാല്‍ എല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍നിന്നാണു സമര്‍പ്പിച്ചത്. ഈ സ്‍ത്രീയാകട്ടെ, അവളുടെ ഇല്ലായ്മയില്‍നിന്ന്, തനിക്കുള്ളതെല്ലാം, തന്‍റെ ഉപജീവനത്തിനുള്ള വക മുഴുവനുംതന്നെ സമര്‍പ്പിച്ചിരിക്കുന്നു.” യേശു ദേവാലയത്തില്‍ നിന്നിറങ്ങിപ്പോകുമ്പോള്‍ ശിഷ്യന്മാരില്‍ ഒരാള്‍ അവിടുത്തോട്, “ഗുരോ, നോക്കുക! എത്ര മനോഹരമായ കല്ലുകള്‍! എത്ര സുന്ദരമായ സൗധങ്ങള്‍!” എന്നു പറഞ്ഞു. യേശു ആ ശിഷ്യനോട്, “നീ കാണുന്ന ഈ മഹാസൗധങ്ങളെല്ലാം കല്ലിന്മേല്‍ മറ്റൊരു കല്ലു ശേഷിക്കാതെ ഇടിച്ചു നിരത്തപ്പെടുകതന്നെ ചെയ്യും” എന്നു പറഞ്ഞു. യേശു ഒലിവുമലയില്‍വന്ന് ദേവാലയത്തിന് അഭിമുഖമായി ഇരിക്കുമ്പോള്‍ പത്രോസും യാക്കോബും യോഹന്നാനും അന്ത്രയാസും രഹസ്യമായിവന്ന്, “ഇതൊക്കെയും എപ്പോഴാണു സംഭവിക്കുന്നത്? അത് അടുത്തിരിക്കുന്നു എന്നു സൂചിപ്പിക്കുന്ന അടയാളമെന്തായിരിക്കുമെന്നു ഞങ്ങളോടു പറഞ്ഞാലും” എന്നു പറഞ്ഞു. അതിനു യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുക. ഞാനാകുന്നു എന്നു പറഞ്ഞുകൊണ്ട് എന്‍റെ നാമത്തില്‍ പലരും വരും. അനേകമാളുകളെ അവര്‍ വഴിതെറ്റിക്കും. യുദ്ധങ്ങളെയും യുദ്ധത്തെപ്പറ്റിയുള്ള കിംവദന്തികളെയും കുറിച്ചു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പരിഭ്രമിക്കരുത്. അതു സംഭവിക്കേണ്ടതാണ്. എന്നാല്‍ അത് അന്ത്യമല്ല. ജനത ജനതയോടും രാഷ്ട്രം രാഷ്ട്രത്തോടും എതിര്‍ക്കും; അവിടവിടെ ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇവയെല്ലാം ഈറ്റുനോവിന്‍റെ ആരംഭം മാത്രമാണ്. “എന്നാല്‍ നിങ്ങള്‍ ജാഗ്രതയുള്ളവരായിരിക്കുക; എന്തെന്നാല്‍ അവര്‍ നിങ്ങളെ പിടിച്ച് സന്നദ്രിംസംഘത്തിന് ഏല്പിച്ചുകൊടുക്കും. സുനഗോഗുകളില്‍വച്ച് നിങ്ങളെ ചാട്ടവാറുകൊണ്ട് അടിക്കും. ഞാന്‍ നിമിത്തം ഗവര്‍ണര്‍മാരുടെയും രാജാക്കന്മാരുടെയും മുമ്പില്‍ അവരോടു സാക്ഷ്യം വഹിക്കുന്നതിനായി നിങ്ങള്‍ നില്‌ക്കേണ്ടിവരും. അന്ത്യം വരുന്നതിനുമുമ്പ് എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടേണ്ടതാണ്. അവര്‍ നിങ്ങളെ അറസ്റ്റുചെയ്ത് അധികാരികളെ ഏല്പിക്കുമ്പോള്‍ എന്തു പറയണമെന്നോര്‍ത്ത് ആകുലപ്പെടേണ്ടതില്ല. തത്സമയം നിങ്ങള്‍ക്കു നല്‌കപ്പെടുന്നതെന്തോ അതു പറയുക. എന്തെന്നാല്‍ നിങ്ങളല്ല പരിശുദ്ധാത്മാവായിരിക്കും സംസാരിക്കുന്നത്. സഹോദരന്‍ സഹോദരനെയും അപ്പന്‍ മകനെയും മരണത്തിനേല്പിക്കും. മക്കള്‍ മാതാപിതാക്കളോടെതിര്‍ത്ത് അവരെ കൊല്ലിക്കും. നിങ്ങള്‍ എന്‍റെ നാമം ധരിക്കുന്നതിനാല്‍ എല്ലാവരും നിങ്ങളെ വെറുക്കും. എന്നാല്‍ അവസാനത്തോളം സഹിച്ചു നില്‌ക്കുന്നവന്‍ രക്ഷപെടും. “വിനാശകരമായ മ്ലേച്ഛത കാണരുതാത്ത സ്ഥാനത്തു നിങ്ങള്‍ കാണുമ്പോള്‍-വായിക്കുന്നവന്‍ മനസ്സിലാക്കിക്കൊള്ളട്ടെ-യെഹൂദ്യയിലുള്ളവര്‍ മലമുകളിലേക്ക് ഓടിപ്പോകട്ടെ; മട്ടുപ്പാവില്‍ ഇരിക്കുന്നവന്‍ വീട്ടിനുള്ളിലേക്കു പോകുകയോ എന്തെങ്കിലും എടുക്കുന്നതിന് അകത്തു കടക്കുകയോ ചെയ്യരുത്. വയലില്‍ ആയിരിക്കുന്നവന്‍ തന്‍റെ മേലങ്കി എടുക്കുന്നതിനു തിരിച്ചു പോകരുത്. അക്കാലത്ത് ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന മാതാക്കള്‍ക്കും മഹാകഷ്ടം! ശീതകാലത്ത് ഇതു സംഭവിക്കാതിരിക്കുവാന്‍ പ്രാര്‍ഥിക്കുക. പ്രപഞ്ചസൃഷ്‍ടിയുടെ ആരംഭം മുതല്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനി ഒരിക്കലും സംഭവിക്കാത്തതുമായ ദുരിതങ്ങളുടെ നാളുകളായിരിക്കും അവ. സര്‍വേശ്വരന്‍ ആ ദിവസങ്ങള്‍ പരിമിതപ്പെടുത്തിയില്ലെങ്കില്‍ ഒരു ജീവിയും രക്ഷപെടുകയില്ല. എന്നാല്‍ താന്‍ തിരഞ്ഞെടുത്തവരെപ്രതി ദൈവം ആ നാളുകള്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. “അപ്പോള്‍ ‘അതാ ക്രിസ്തു അവിടെയുണ്ട്’! ‘ഇതാ ഇവിടെയുണ്ട്’! എന്ന് ആരെങ്കിലും നിങ്ങളോടു പറഞ്ഞാല്‍ അതു വിശ്വസിക്കരുത്. കള്ളക്രിസ്തുക്കളും വ്യാജപ്രവാചകന്മാരും വന്ന് കഴിയുമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെക്കൂടി വഴിതെറ്റിക്കുന്നതിനായി അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും. നിങ്ങള്‍ ജാഗരൂകരായിരിക്കുക. ഞാന്‍ മുന്‍കൂട്ടി എല്ലാം നിങ്ങളോടു പറഞ്ഞിരിക്കുന്നു. “അക്കാലത്ത് ഈ കൊടിയ ദുരന്തങ്ങള്‍ക്കുശേഷം സൂര്യന്‍ ഇരുണ്ടുപോകും; ചന്ദ്രന്‍ പ്രകാശം ചൊരിയുകയില്ല; നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു വീണുകൊണ്ടിരിക്കും; നഭോമണ്ഡലത്തിലെ ശക്തികള്‍ ഇളക്കപ്പെടും. അനന്തരം മനുഷ്യപുത്രന്‍ മഹാശക്തിയോടും തേജസ്സോടുംകൂടി വിണ്‍മേഘങ്ങളില്‍ എഴുന്നള്ളുന്നത് അവര്‍ കാണും. പിന്നീട് അവിടുന്നു തന്‍റെ ദൂതന്മാരെ അയച്ച് ആകാശത്തിന്‍റെയും ഭൂമിയുടെയും അറുതിവരെയുള്ള നാലു ദിക്കുകളില്‍നിന്നും തിരഞ്ഞെടുത്തവരെ കൂട്ടിച്ചേര്‍ക്കും. “അത്തിവൃക്ഷത്തില്‍നിന്നുള്ള പാഠം പഠിക്കുക. അതിന്‍റെ ചില്ലകള്‍ ഇളതായി തളിരണിയുമ്പോള്‍ വേനല്‍ക്കാലം സമീപിച്ചിരിക്കുന്നു എന്നു നിങ്ങള്‍ മനസ്സിലാക്കുന്നു. അതുപോലെ തന്നെ ഇവയെല്ലാം സംഭവിക്കുന്നതു കാണുമ്പോള്‍ അന്ത്യം ആസന്നമായിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുക. ഞാന്‍ വാസ്തവം പറയട്ടെ, ഇവയെല്ലാം സംഭവിക്കുന്നതിനുമുമ്പ് ഈ തലമുറ കടന്നുപോകുകയില്ല. ആകാശവും ഭൂമിയും നശിച്ചുപോകും; എന്‍റെ വചനങ്ങളാകട്ടെ എന്നും നിലനില്‌ക്കും. എന്നാല്‍ ആ നാളോ നാഴികയോ ആരും അറിയുന്നില്ല; പിതാവുമാത്രമല്ലാതെ സ്വര്‍ഗത്തിലെ മാലാഖമാരോ, പുത്രന്‍ പോലുമോ, അതറിയുന്നില്ല. നിങ്ങള്‍ സശ്രദ്ധം ജാഗരൂകരായിരിക്കുക; എന്തെന്നാല്‍ ആ സമയം എപ്പോഴാണെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടല്ലോ. ഒരു മനുഷ്യന്‍ വീടുവിട്ടു യാത്രയ്‍ക്കു പുറപ്പെടുമ്പോള്‍ തന്‍റെ ഭൃത്യന്മാര്‍ക്ക് ഓരോരുത്തര്‍ക്കും ചെയ്യുവാനുള്ള ജോലി ഏല്പിച്ചിട്ട് വാതില്‍ കാവല്‌ക്കാരനോട് ജാഗ്രതയോടുകൂടി ഇരിക്കണമെന്ന് ആജ്ഞാപിക്കുന്നതുപോലെയാണത്. ആ ഗൃഹനായകന്‍ സന്ധ്യക്കോ, അര്‍ധരാത്രിക്കോ, കോഴികൂകുമ്പോഴോ, പുലര്‍കാലത്തോ എപ്പോഴാണു വരുന്നതെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ. അതുകൊണ്ട് ജാഗ്രതയുള്ളവരായിരിക്കുക. അല്ലെങ്കില്‍ ഗൃഹനായകന്‍ പെട്ടെന്നു വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെന്നു വരാം. നിങ്ങളോടു പറയുന്നതുതന്നെ ഞാന്‍ എല്ലാവരോടും പറയുന്നു: ‘ഉണര്‍ന്നിരിക്കുക!’ പെസഹായുടെയും പുളിപ്പില്ലാത്ത അപ്പത്തിന്‍റെയും ഉത്സവത്തിനു രണ്ടുദിവസം മുമ്പ് മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും യേശുവിനെ എങ്ങനെയാണു പിടികൂടി വധിക്കേണ്ടതെന്നുള്ളതിനെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജനങ്ങളുടെ ഇടയില്‍ പ്രക്ഷോഭമുണ്ടായേക്കുമെന്നു ശങ്കിച്ച് അത് ഉത്സവസമയത്താകരുതെന്ന് അവര്‍ പറഞ്ഞു. യേശു ബേഥാന്യയില്‍, കുഷ്ഠരോഗിയായ ശിമോന്‍റെ ഭവനത്തില്‍ ഭക്ഷണം കഴിക്കുവാനിരിക്കുമ്പോള്‍, ഒരു വെണ്‍കല്പാത്രത്തില്‍ വളരെ വിലയേറിയ, ശുദ്ധമായ നര്‍ദീന്‍ തൈലവുമായി ഒരു സ്‍ത്രീ വന്ന്, പൊട്ടിച്ച് തൈലം അവിടുത്തെ തലയില്‍ പകര്‍ന്നു. എന്നാല്‍ അവിടെ സന്നിഹിതരായിരുന്ന ചിലര്‍ നീരസപ്പെട്ടു സ്വയം പറഞ്ഞു: “ഈ തൈലം ഇങ്ങനെ പാഴാക്കുന്നത് എന്തിന്? ഇതു മുന്നൂറിനുമേല്‍ ദിനാറിനു വിറ്റു പാവങ്ങള്‍ക്കു കൊടുക്കാമായിരുന്നില്ലേ?” അവര്‍ ആ സ്‍ത്രീയോട് പരുഷമായി സംസാരിച്ചു. എന്നാല്‍ യേശു അവരോടു പറഞ്ഞു: “ആ സ്‍ത്രീ സ്വൈരമായിരിക്കാന്‍ അനുവദിക്കൂ; എന്തിനവളെ അസഹ്യപ്പെടുത്തുന്നു? അവള്‍ എനിക്കുവേണ്ടി ഒരു നല്ല കാര്യമല്ലേ ചെയ്തത്? ദരിദ്രര്‍ എപ്പോഴും നിങ്ങളോടുകൂടി ഉണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളപ്പോഴൊക്കെ അവര്‍ക്കു നന്മ ചെയ്യാമല്ലോ. എന്നാല്‍ ഞാന്‍ എപ്പോഴും നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല. തനിക്കു കഴിയുന്നത് ആ സ്‍ത്രീ ചെയ്തു. എന്‍റെ ശരീരം മുന്‍കൂട്ടി തൈലംപൂശി ശവസംസ്കാരത്തിനുവേണ്ടി ഒരുക്കുകയാണ് അവള്‍ ചെയ്തത്. ലോകത്തിലെങ്ങും സുവിശേഷം പ്രഘോഷിക്കുന്നിടത്തെല്ലാം അവള്‍ ചെയ്ത ഇക്കാര്യം അവളുടെ സ്മരണയ്‍ക്കായി പ്രസ്താവിക്കപ്പെടും എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.” പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായ യൂദാസ് ഈസ്കരിയോത്ത്, യേശുവിനെ ഒറ്റിക്കൊടുക്കുന്നതിനുവേണ്ടി മുഖ്യപുരോഹിതന്മാരുടെ അടുക്കല്‍ ചെന്നു. അവര്‍ ഇതുകേട്ടപ്പോള്‍ സന്തോഷിച്ച് അയാള്‍ക്ക് പണം നല്‌കാമെന്ന് വാഗ്ദാനം ചെയ്തു. യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുവാനുള്ള തക്കം നോക്കിക്കൊണ്ടിരുന്നു. പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഒന്നാം നാള്‍ പെസഹാബലി അര്‍പ്പിക്കുന്ന ദിവസം ശിഷ്യന്മാര്‍ യേശുവിന്‍റെ അടുക്കല്‍ ചെന്ന്, “അങ്ങേക്കുവേണ്ടി ഞങ്ങള്‍ എവിടെയാണു പെസഹ ഒരുക്കേണ്ടത്?” എന്നു ചോദിച്ചു. അവിടുന്ന് ശിഷ്യന്മാരില്‍ രണ്ടുപേരെ വിളിച്ച് ഇപ്രകാരം പറഞ്ഞയച്ചു: “നിങ്ങള്‍ നഗരത്തിലേക്കു ചെല്ലുക. അവിടെ ഒരു കുടം ചുമന്നുകൊണ്ടു വരുന്ന ഒരുവനെ നിങ്ങള്‍ കാണും. അയാളുടെ പിന്നാലെ ചെല്ലുക; അയാള്‍ എവിടെ പ്രവേശിക്കുന്നുവോ, ആ വീടിന്‍റെ ഉടമസ്ഥനോട് ‘എനിക്കു ശിഷ്യന്മാരോടുകൂടി ഇരുന്നു പെസഹ ഭക്ഷിക്കാനുള്ള ശാല എവിടെയാണ്?’ എന്നു ഗുരു ചോദിക്കുന്നു എന്നു പറയുക. അപ്പോള്‍ വിരിച്ചൊരുക്കിയ ഒരു വലിയ മാളികമുറി അയാള്‍ നിങ്ങള്‍ക്കു കാണിച്ചുതരും. അവിടെ നമുക്കുവേണ്ടി പെസഹ ഒരുക്കുക.” ആ ശിഷ്യന്മാര്‍ നഗരത്തില്‍ ചെന്നു തങ്ങളോട് യേശു പറഞ്ഞതുപോലെ അവര്‍ കണ്ടു. അവര്‍ അവിടെ പെസഹ ഒരുക്കി. സന്ധ്യ ആയപ്പോള്‍ യേശു പന്ത്രണ്ടു ശിഷ്യന്മാരോടുകൂടി അവിടെയെത്തി. അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു പറഞ്ഞു: “ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു, നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും; എന്നോടുകൂടി ഭക്ഷണം കഴിക്കുന്നവന്‍ തന്നെ.” ഇതുകേട്ട് അവര്‍ അത്യന്തം ദുഃഖിതരായി; “അതു ഞാനാണോ?” “ഞാനാണോ?” എന്ന് ഓരോരുത്തനും ചോദിച്ചുതുടങ്ങി. യേശു അവരോടു പറഞ്ഞു: “പന്ത്രണ്ടുപേരില്‍ ഒരുവന്‍--എന്നോടു കൂടി ഈ പാത്രത്തില്‍നിന്നു ഭക്ഷിക്കുന്നവന്‍ തന്നെ. മനുഷ്യപുത്രന്‍റെ മരണത്തെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നതുപോലെ തന്നെ അതു സംഭവിക്കുന്നു; എങ്കിലും മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്ന ആ മനുഷ്യനു ഹാ കഷ്ടം! അവന്‍ ജനിക്കാതിരുന്നെങ്കില്‍ അവനു നല്ലതായിരുന്നു.” അവര്‍ ഭക്ഷണം കഴിക്കുന്നതിനിടയ്‍ക്ക് യേശു അപ്പമെടുത്തു വാഴ്ത്തിമുറിച്ച് അവര്‍ക്കു കൊടുത്തുകൊണ്ടു പറഞ്ഞു: “ഇതു സ്വീകരിക്കുക, ഇതെന്‍റെ ശരീരമാകുന്നു.” പിന്നീട് അവിടുന്നു പാനപാത്രമെടുത്തു സ്തോത്രം ചെയ്ത് അവര്‍ക്കു കൊടുത്തു. എല്ലാവരും അതില്‍നിന്നു കുടിച്ചു. അവിടുന്ന് അവരോടു പറഞ്ഞു: “ഇത് എന്‍റെ രക്തം; അനേകമാളുകള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന ഉടമ്പടിയുടെ രക്തംതന്നെ. ദൈവരാജ്യത്തിലെ പുതിയവീഞ്ഞു പാനം ചെയ്യുന്ന ആ നാള്‍ വരെ ഞാന്‍ ഇനി വീഞ്ഞു കുടിക്കുകയില്ല എന്നു നിങ്ങളോടു ഉറപ്പിച്ചു പറയുന്നു.” അവര്‍ സ്തോത്രകീര്‍ത്തനം പാടിയശേഷം ഒലിവുമലയിലേക്കു പോയി. യേശു അവരോട് അരുള്‍ചെയ്തു: “നിങ്ങള്‍ എല്ലാവരും ഇടറിവീഴും; ‘ഞാന്‍ ഇടയനെ അടിച്ചു വീഴ്ത്തും; ആടുകള്‍ ചിതറിപ്പോകും’ എന്നിങ്ങനെ വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റശേഷം നിങ്ങള്‍ക്കു മുമ്പായി ഗലീലയിലേക്കു പോകും.” അപ്പോള്‍ പത്രോസ് യേശുവിനോട്, “ആരെല്ലാം ഇടറിവീണാലും ഞാന്‍ വീഴുകയില്ല” എന്നു പറഞ്ഞു. യേശു പത്രോസിനോട്, “ഇന്ന് രാത്രിയില്‍ കോഴി രണ്ടു വട്ടം കൂകുന്നതിനുമുമ്പ് നീ മൂന്നുപ്രാവശ്യം എന്നെ തള്ളിപ്പറയും എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു” എന്നു പറഞ്ഞു. അപ്പോള്‍ പത്രോസ് കൂറെക്കൂടി തറപ്പിച്ചു പറഞ്ഞു: “അങ്ങയോടുകൂടി മരിക്കേണ്ടി വന്നാലും ഞാന്‍ അങ്ങയെ തള്ളിപ്പറയുകയില്ല.” അതുപോലെതന്നെ ശിഷ്യന്മാര്‍ എല്ലാവരും പറഞ്ഞു. പിന്നീട് എല്ലാവരുംകൂടി ഗത്ശമേന എന്ന സ്ഥലത്തേക്കു പോയി. അവിടെ എത്തിയപ്പോള്‍ “ഞാന്‍ പ്രാര്‍ഥിച്ചു കഴിയുന്നതുവരെ നിങ്ങള്‍ ഇവിടെ ഇരിക്കുക” എന്ന് യേശു ശിഷ്യന്മാരോടു പറഞ്ഞു. പിന്നീട് അവിടുന്ന് പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ട് മുമ്പോട്ടുപോയി; അവിടുന്ന് അത്യന്തം ശോകാകുലനും അസ്വസ്ഥനുമാകുവാന്‍ തുടങ്ങി. യേശു അവരോടു പറഞ്ഞു: “എന്‍റെ ആത്മാവിന്‍റെ വേദന മരണവേദനപോലെയായിരിക്കുന്നു. നിങ്ങള്‍ ഇവിടെ ജാഗ്രതയോടുകൂടി ഇരിക്കുക.” പിന്നീട് അവിടുന്ന് അല്പം മുന്നോട്ടുപോയി നിലത്ത് സാഷ്ടാംഗം വീണു: “കഴിയുമെങ്കില്‍ കഷ്ടാനുഭവത്തിന്‍റെ ഈ നാഴിക നീങ്ങിപ്പോകണമേ” എന്നു പ്രാര്‍ഥിച്ചു. “പിതാവേ! എന്‍റെ പിതാവേ! അവിടുത്തേക്കു സമസ്തവും സാധ്യമാണല്ലോ; ഈ പാനപാത്രം എന്നില്‍നിന്നു നീക്കിയാലും; എങ്കിലും ഞാന്‍ ഇച്ഛിക്കുന്നതുപോലെയല്ല, അങ്ങ് ഇച്ഛിക്കുന്നതുപോലെ നടക്കട്ടെ” എന്ന് അവിടുന്നു പ്രാര്‍ഥിച്ചു. യേശു തിരിച്ചുവന്നപ്പോള്‍ ശിഷ്യന്മാര്‍ ഉറങ്ങുന്നതായി കണ്ടു. അവിടുന്ന് അവരോടു പറഞ്ഞു: “ശിമോനേ, നീ ഉറങ്ങുകയാണോ, ഒരുമണിക്കൂര്‍ ഉണര്‍ന്നിരിക്കുവാന്‍ നിനക്കു കഴിവില്ലേ? പരീക്ഷയില്‍ വീണുപോകാതിരിക്കുവാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുക. ആത്മാവു സന്നദ്ധമാണ്; എന്നാല്‍ ശരീരം ദുര്‍ബലമത്രേ.” യേശു വീണ്ടുംപോയി അതേ വാക്കുകള്‍ ഉച്ചരിച്ചു പ്രാര്‍ഥിച്ചു. തിരിച്ചുവന്നപ്പോള്‍ പിന്നെയും അവര്‍ ഉറങ്ങുന്നതായിട്ടത്രേ കണ്ടത്. അവരുടെ കണ്ണുകള്‍ക്ക് അത്രയ്‍ക്കു നിദ്രാഭാരമുണ്ടായിരുന്നു. എന്താണ് ഉത്തരം പറയേണ്ടതെന്ന് അവര്‍ക്കറിഞ്ഞുകൂടായിരുന്നു. മൂന്നാം പ്രാവശ്യവും അവിടുന്ന് അവരുടെ അടുക്കല്‍ വന്ന് അവരോട്, “നിങ്ങള്‍ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുകയാണോ? മതി! സമയമായിരിക്കുന്നു! മനുഷ്യപുത്രന്‍ പാപികളുടെ കൈകളില്‍ ഏല്പിക്കപ്പെടുവാന്‍ പോകുന്നു. എഴുന്നേല്‌ക്കുക നമുക്കു പോകാം. ഇതാ എന്നെ ഒറ്റിക്കൊടുക്കുന്നവന്‍ അടുത്തെത്തിക്കഴിഞ്ഞു!” എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞുകൊണ്ടു നില്‌ക്കുമ്പോള്‍ത്തന്നെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായ യൂദാസ് അവിടെയെത്തി; മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും ജനപ്രമാണിമാരും അയച്ച ഒരു ജനസഞ്ചയം വാളും വടിയുമായി യൂദാസിനോടുകൂടി ഉണ്ടായിരുന്നു. “ഞാന്‍ ആരെ ചുംബിക്കുന്നുവോ, അയാളാണ് ആ മനുഷ്യന്‍” എന്നും “അയാളെ പിടിച്ച് കരുതലോടുകൂടി കൊണ്ടുപൊയ്‍ക്കൊള്ളണം” എന്നും ഒറ്റുകാരനായ യൂദാസ് അവര്‍ക്കു നിര്‍ദേശം നല്‌കിയിരുന്നു. അയാള്‍ ഉടനെ യേശുവിന്‍റെ അടുത്തുചെന്ന് “ഗുരോ” എന്നു പറഞ്ഞുകൊണ്ട് അവിടുത്തെ ചുംബിച്ചു. അവര്‍ അവിടുത്തെ പിടിക്കുകയും ചെയ്തു. അടുത്തു നിന്നവരില്‍ ഒരാള്‍ വാളൂരി മഹാപുരോഹിതന്‍റെ ഭൃത്യനെ വെട്ടി, അവന്‍റെ കാത് ഛേദിച്ചുകളഞ്ഞു. അപ്പോള്‍ യേശു പറഞ്ഞു: “ഒരു കൊള്ളക്കാരന്‍റെ നേരെ എന്നവിധം എന്നെ പിടിക്കുവാന്‍ നിങ്ങള്‍ വാളും വടിയുമായി വന്നിരിക്കുന്നുവോ? നിത്യേന ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ നിങ്ങളോടുകൂടി ഉണ്ടായിരുന്നല്ലോ? എന്നിട്ടും നിങ്ങള്‍ എന്നെ പിടിച്ചില്ല. എന്നാല്‍ വേദലിഖിതങ്ങള്‍ നിറവേറണമല്ലോ. തത്സമയം ശിഷ്യന്മാര്‍ എല്ലാവരും യേശുവിനെ വിട്ട് ഓടിപ്പോയി. പുതപ്പുമാത്രം ദേഹത്തു ചുറ്റിയിരുന്ന ഒരു യുവാവ് യേശുവിനെ അനുഗമിച്ചിരുന്നു. അവര്‍ അവനെയും പിടികൂടി. എന്നാല്‍ അവന്‍ പുതപ്പ് ഉപേക്ഷിച്ചിട്ട് നഗ്നനായി ഓടി രക്ഷപെട്ടു. അവര്‍ യേശുവിനെ മഹാപുരോഹിതന്‍റെ അടുക്കലേക്കു കൊണ്ടുപോയി. എല്ലാ മുഖ്യപുരോഹിതന്മാരും ജനപ്രമാണിമാരും മതപണ്ഡിതന്മാരും അവിടെ കൂടിയിരുന്നു. പത്രോസ് കുറേ ദൂരെ മാറി യേശുവിന്‍റെ പിന്നാലെ ചെന്ന്, മഹാപുരോഹിതന്‍റെ അരമനയുടെ അങ്കണംവരെ എത്തി, അവിടത്തെ കാവല്‍ഭടന്മാരോടുകൂടി തീ കാഞ്ഞുകൊണ്ടിരുന്നു. മുഖ്യപുരോഹിതന്മാരും സന്നദ്രിംസംഘം മുഴുവനും യേശുവിനു വധശിക്ഷ നല്‌കുന്നതിനു അവിടുത്തേക്കെതിരെയുള്ള സാക്ഷ്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു; പക്ഷേ ഒന്നും കണ്ടെത്തിയില്ല. യേശുവിനെതിരെ പലരും സത്യവിരുദ്ധമായ മൊഴി നല്‌കിക്കൊണ്ടിരുന്നു. എന്നാല്‍ അവരുടെ മൊഴികള്‍ പരസ്പരം പൊരുത്തപ്പെട്ടില്ല. ‘മനുഷ്യനിര്‍മിതമായ ഈ വിശുദ്ധമന്ദിരം പൊളിച്ച് മനുഷ്യനിര്‍മിതമല്ലാത്ത മറ്റൊന്ന് മൂന്നു ദിവസത്തിനകം ഞാന്‍ പണിയും’ എന്ന് ഇയാള്‍ പറയുന്നതു ഞങ്ങള്‍ കേട്ടു എന്നു ചിലര്‍ യേശുവിനെതിരെ സാക്ഷ്യം പറഞ്ഞു. ഇതിലും അവരുടെ മൊഴികള്‍ തമ്മില്‍ പൊരുത്തമില്ലായിരുന്നു. മഹാപുരോഹിതന്‍ അവരുടെ മധ്യത്തില്‍ എഴുന്നേറ്റുനിന്നുകൊണ്ട് യേശുവിനോട്, “നിങ്ങള്‍ക്കെതിരെ എന്തെല്ലാം ആരോപണങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്? ഇവയ്‍ക്കൊന്നും നിങ്ങള്‍ മറുപടി പറയുന്നില്ലേ?” എന്നു ചോദിച്ചു. എന്നാല്‍ യേശു ഒന്നും പറയാതെ മൗനം അവലംബിച്ചതേയുള്ളൂ. വീണ്ടും മഹാപുരോഹിതന്‍ ചോദിച്ചു: “നിങ്ങള്‍ വാഴ്ത്തപ്പെട്ട ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു ആണോ?” യേശു പ്രതിവചിച്ചു: അതേ, ഞാനാകുന്നു; മനുഷ്യപുത്രന്‍ സര്‍വശക്തന്‍റെ വലത്തുഭാഗത്തിരിക്കുന്നതും വിണ്‍മേഘങ്ങളില്‍ വരുന്നതും നിങ്ങള്‍ കാണും.” അപ്പോള്‍ മഹാപുരോഹിതന്‍ വസ്ത്രം കീറി. “ഇനി സാക്ഷികളുടെ ആവശ്യം എന്ത്? ഇയാള്‍ പറഞ്ഞ ദൈവദൂഷണം നിങ്ങള്‍ കേട്ടു കഴിഞ്ഞല്ലോ; നിങ്ങള്‍ക്ക് എന്തു തോന്നുന്നു?” എന്ന് അദ്ദേഹം ചോദിച്ചു. “ഇയാള്‍ വധശിക്ഷയ്‍ക്കു അര്‍ഹന്‍” എന്ന് എല്ലാവരും വിധിച്ചു. ചിലര്‍ യേശുവിന്‍റെമേല്‍ തുപ്പുകയും മുഖം മൂടിക്കെട്ടിയശേഷം “പ്രവചിച്ചാലും!” എന്നു പറഞ്ഞുകൊണ്ട് മുഷ്‍ടിചുരുട്ടി ഇടിക്കുകയും ചെയ്തു. അരമനയിലെ കാവല്‍ഭടന്മാര്‍ യേശുവിനെ അടിച്ചുകൊണ്ട് ഏറ്റുവാങ്ങി. പത്രോസ് താഴെ നടുമുറ്റത്തിരിക്കുകയായിരുന്നു. അപ്പോള്‍ മഹാപുരോഹിതന്‍റെ ഒരു പരിചാരിക വന്നു തീ കാഞ്ഞുകൊണ്ടിരുന്ന പത്രോസിനെ സൂക്ഷിച്ചുനോക്കിക്കൊണ്ട്, “നിങ്ങളും നസറായനായ യേശുവിന്‍റെകൂടെ ഉണ്ടായിരുന്നുവല്ലോ” എന്നു പറഞ്ഞു. അപ്പോള്‍ പത്രോസ്, “നീ പറയുന്നത് എന്താണെന്ന് എനിക്കറിഞ്ഞുകൂടാ; എനിക്കു മനസ്സിലാകുന്നുമില്ല” എന്നു തള്ളിപ്പറഞ്ഞു. അനന്തരം പത്രോസ് പുറത്തുള്ള പടിപ്പുരയിലേക്കുപോയി. അപ്പോള്‍ കോഴി കൂകി. ആ പരിചാരിക അദ്ദേഹത്തെ നോക്കിയിട്ട് ഈ മനുഷ്യന്‍ അവരിലൊരാള്‍ തന്നെയാണെന്ന് അടുത്തു നിന്നവരോടു വീണ്ടും പറഞ്ഞു. എന്നാല്‍ പത്രോസ് വീണ്ടും നിഷേധിച്ചു. കുറെക്കഴിഞ്ഞ് അടുത്തുനിന്നവര്‍ “തീര്‍ച്ചയായും നിങ്ങള്‍ അവരുടെ കൂട്ടത്തിലൊരാളാണ്; നിങ്ങള്‍ ഒരു ഗലീലക്കാരനാണല്ലോ” എന്നു പത്രോസിനോടു പറഞ്ഞു. അപ്പോള്‍ അദ്ദേഹം “നിങ്ങള്‍ പറയുന്ന ആ മനുഷ്യനെ എനിക്ക് അറിഞ്ഞുകൂടാ” എന്നു സത്യം ചെയ്യുകയും ശപിക്കുകയും ചെയ്തു. തല്‍ക്ഷണം കോഴി രണ്ടാമതും കൂകി. “കോഴി രണ്ടുവട്ടം കൂകുന്നതിനുമുമ്പ് നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയും എന്ന്” യേശു തന്നോടു പറഞ്ഞ വാക്ക് ഓര്‍ത്ത് പത്രോസ് ഉള്ളുരുകി പൊട്ടിക്കരഞ്ഞു. അതിരാവിലെതന്നെ മുഖ്യപുരോഹിതന്മാര്‍, ജനപ്രമാണിമാരോടും മതപണ്ഡിതന്മാരോടും സന്നദ്രിംസംഘത്തിലെ എല്ലാ അംഗങ്ങളോടുംകൂടി ആലോചിച്ചശേഷം യേശുവിനെ ബന്ധിച്ച് പീലാത്തോസിന്‍റെ മുമ്പില്‍ ഹാജരാക്കി. പീലാത്തോസ് യേശുവിനോട് ചോദിച്ചു: “നിങ്ങള്‍ യെഹൂദന്മാരുടെ രാജാവാണോ?” യേശു പ്രതിവചിച്ചു: “താങ്കള്‍ അങ്ങനെ പറയുന്നു.” മുഖ്യപുരോഹിതന്മാര്‍ യേശുവിനെതിരെ പല ആരോപണങ്ങള്‍ ഉന്നയിച്ചു. പീലാത്തോസ് വീണ്ടും ചോദിച്ചു: “താങ്കള്‍ ഒരു മറുപടിയും പറയുന്നില്ലേ? നോക്കൂ, താങ്കള്‍ക്കെതിരെ എത്രയെത്ര കുറ്റങ്ങളാണ് അവര്‍ ആരോപിക്കുന്നത്!” എന്നിട്ടും യേശു മറുപടിയൊന്നും പറഞ്ഞില്ല. അതില്‍ പീലാത്തോസ് ആശ്ചര്യപ്പെട്ടു. ഉത്സവദിവസം അവര്‍ ആവശ്യപ്പെടുന്ന ഒരു തടവുകാരനെ പീലാത്തോസ് മോചിപ്പിക്കുക പതിവായിരുന്നു. ഒരു കലാപത്തില്‍ കൊലക്കുറ്റം ചെയ്ത ബറബ്ബാസ് എന്നൊരാള്‍ മറ്റു കലാപകാരികളോടുകൂടി തടവില്‍ കിടക്കുന്നുണ്ടായിരുന്നു. ജനങ്ങള്‍ പീലാത്തോസിന്‍റെ അടുക്കല്‍ചെന്ന്, പതിവുപോലെ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. “യെഹൂദന്മാരുടെ രാജാവിനെ ഞാന്‍ നിങ്ങള്‍ക്കു വിട്ടുതരണമെന്നാണോ നിങ്ങളുടെ ആഗ്രഹം?” എന്നു പീലാത്തോസ് അവരോടു ചോദിച്ചു. അസൂയകൊണ്ടാണ് മുഖ്യപുരോഹിതന്മാര്‍ യേശുവിനെ പിടിച്ച് തന്നെ ഏല്പിച്ചതെന്ന് പീലാത്തോസ് മനസ്സിലാക്കിയിരുന്നു. ബറബ്ബാസിനെത്തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ പുരോഹിതമുഖ്യന്മാര്‍ ജനത്തെ പറഞ്ഞിളക്കി. പീലാത്തോസ് വീണ്ടും ചോദിച്ചു: “യെഹൂദന്മാരുടെ രാജാവ് എന്നു നിങ്ങള്‍ പറയുന്ന ഈ മനുഷ്യനെ ഞാന്‍ എന്തുചെയ്യണം?” “അയാളെ ക്രൂശിക്കുക” എന്ന് അവര്‍ അത്യുച്ചത്തില്‍ പറഞ്ഞു. “എന്തിന്? അയാള്‍ എന്തുദോഷം ചെയ്തു?” എന്നു പീലാത്തോസ് അവരോടു ചോദിച്ചു. എന്നാല്‍ അവര്‍ പൂര്‍വാധികം ഉച്ചത്തില്‍ “അയാളെ ക്രൂശിക്കുക” എന്ന് അട്ടഹസിച്ചു. ജനങ്ങളെ പ്രീണിപ്പിക്കുവാന്‍ പീലാത്തോസ് ആഗ്രഹിച്ചതുകൊണ്ട് ബറബ്ബാസിനെ മോചിപ്പിക്കുകയും യേശുവിനെ ചാട്ടവാറുകൊണ്ട് അടിപ്പിച്ചശേഷം ക്രൂശിക്കുവാന്‍ അവരെ ഏല്പിക്കുകയും ചെയ്തു. പടയാളികള്‍ യേശുവിനെ കൊട്ടാരത്തിനുള്ളിലുള്ള അങ്കണത്തിലേക്കു കൊണ്ടുപോയി. അവര്‍ അവിടെയുണ്ടായിരുന്ന പട്ടാളത്തെ മുഴുവന്‍ വിളിച്ചുകൂട്ടി; അവിടുത്തെ കടുംചുമപ്പ് നിറമുള്ള ഒരു അങ്കി അണിയിച്ചു; മുള്ളുകൊണ്ടു മെടഞ്ഞ കിരീടം അവിടുത്തെ ശിരസ്സില്‍ ചൂടിക്കുകയും ചെയ്തു. പിന്നീട് “ഹേ, യെഹൂദന്മാരുടെ രാജാവേ! ജയിച്ചാലും! ജയിച്ചാലും! എന്നു പറഞ്ഞുകൊണ്ട് ഹാസ്യമായി അഭിവാദനം ചെയ്തു. വടികൊണ്ട് അവര്‍ അവിടുത്തെ തലയ്‍ക്കടിച്ചു; മുഖത്തു തുപ്പി; മുട്ടുകുത്തി അവിടുത്തെ നമസ്കരിച്ചു. ഇങ്ങനെ അവര്‍ അവിടുത്തെ അവഹേളിച്ചശേഷം അങ്കി ഊരി സ്വന്തം വസ്ത്രം ധരിപ്പിച്ചു ക്രൂശിക്കുവാന്‍ പുറത്തേക്കു കൊണ്ടുപോയി. അലക്സാണ്ടറിന്‍റെയും രൂഫസിന്‍റെയും പിതാവായ കുറേനക്കാരന്‍ ശിമോന്‍ വയലില്‍നിന്ന് അതുവഴി കടന്നുപോകുമ്പോള്‍ യേശുവിന്‍റെ കുരിശ് ചുമക്കുവാന്‍ പടയാളികള്‍ അയാളെ നിര്‍ബന്ധിച്ചു. അവര്‍ യേശുവിനെ തലയോടിന്‍റെ സ്ഥലം എന്ന് അര്‍ഥമുള്ള ഗോല്ഗോഥായിലേക്ക് കൊണ്ടുപോയി. അവര്‍ അവിടുത്തെ കയ്പുചേര്‍ത്ത വീഞ്ഞു കുടിക്കുവാന്‍ കൊടുത്തു. പക്ഷേ അവിടുന്ന് അതു സ്വീകരിച്ചില്ല. അവര്‍ അവിടുത്തെ ക്രൂശിച്ചു. പിന്നീട് അവിടുത്തെ വസ്ത്രങ്ങള്‍ പങ്കിട്ടശേഷം ആര്‍ക്കു കിട്ടണമെന്നറിയുന്നതിനു നറുക്കിട്ടു. രാവിലെ ഒന്‍പതുമണിക്കാണ് അവര്‍ യേശുവിനെ ക്രൂശിച്ചത്. അവിടുത്തെ പേരിലുള്ള കുറ്റമായി ‘യെഹൂദന്മാരുടെ രാജാവ്’ എന്ന് മീതെ എഴുതിവച്ചു. യേശുവിന്‍റെ കൂടെ രണ്ടു കൊള്ളക്കാരെ ഒരാളെ വലത്തും അപരനെ ഇടത്തുമായി ക്രൂശിച്ചു. ‘അവന്‍ അധര്‍മികളുടെകൂടെ എണ്ണപ്പെട്ടു’ എന്ന വേദലിഖിതം ഇങ്ങനെ സത്യമായി. അതുവഴി കടന്നുപോയവര്‍ യേശുവിനെ ദുഷിച്ചു; “ആഹാ! ദേവാലയം പൊളിച്ചു മൂന്നു ദിവസംകൊണ്ടു പണിയുന്നവനല്ലേ നീ! കുരിശില്‍നിന്ന് ഇറങ്ങിവന്നു നീ നിന്നെത്തന്നെ രക്ഷിക്കുക!” എന്നു തലയാട്ടിക്കൊണ്ട് അവര്‍ പറഞ്ഞു. അതുപോലെതന്നെ മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും യേശുവിനെ പരിഹസിച്ചു; അവര്‍ അന്യോന്യം പറഞ്ഞു: “ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു; പക്ഷേ തന്നെത്തന്നെ രക്ഷിക്കുവാന്‍ കഴിവില്ല. ഇസ്രായേലിന്‍റെ രാജാവായ മശിഹാ ഇപ്പോള്‍ കുരിശില്‍നിന്ന് ഇറങ്ങിവരട്ടെ; നമുക്കു കണ്ടു വിശ്വസിക്കാമല്ലോ” യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ടവരും അവിടുത്തെ നിന്ദിച്ചു. മധ്യാഹ്നം മുതല്‍ മൂന്നുമണിവരെ ദേശമാസകലം അന്ധകാരാവൃതമായി; മൂന്നുമണിക്ക് യേശു, “ഏലോയീ, ഏലോയീ, ലമ്മാ ശബ്ബക്താനി?” എന്ന് അത്യുച്ചത്തില്‍ നിലവിളിച്ചു. ‘എന്‍റെ ദൈവമേ, എന്‍റെ ദൈവമേ അങ്ങ് എന്നെ കൈവിട്ടത് എന്ത്? എന്നാണ് ഇതിനര്‍ഥം. അടുത്തുനിന്നവരില്‍ ചിലര്‍ ഇതു കേട്ടപ്പോള്‍, “അതാ അയാള്‍ ഏലിയായെ വിളിക്കുന്നു” എന്നു പറഞ്ഞു. ഒരാള്‍ ഓടിപ്പോയി പുളിച്ച വീഞ്ഞില്‍ സ്പഞ്ചു മുക്കി ഞാങ്ങണത്തണ്ടില്‍ വച്ച് അവിടുത്തേക്ക് കുടിക്കുവാന്‍ കൊടുത്തു. “ആകട്ടെ ഏലിയാ ഇയാളെ താഴെ ഇറക്കാന്‍ വരുമോ എന്ന് നമുക്കു കാണാം” എന്ന് അവര്‍ പറഞ്ഞു. യേശു ഉച്ചത്തില്‍ നിലവിളിച്ചു പ്രാണന്‍ വെടിഞ്ഞു. അപ്പോള്‍ വിശുദ്ധമന്ദിരത്തിലെ തിരശ്ശീല മുകളില്‍നിന്നു താഴെവരെ രണ്ടായി കീറിപ്പോയി. യേശു ഇങ്ങനെ പ്രാണന്‍ വെടിഞ്ഞത് കണ്ടപ്പോള്‍ അവിടുത്തേക്ക് അഭിമുഖമായി നോക്കി നിന്നിരുന്ന ശതാധിപന്‍, “തീര്‍ച്ചയായും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു” എന്നു പറഞ്ഞു. ഏതാനും സ്‍ത്രീകളും അല്പം അകലെ നിന്നുകൊണ്ട് ഇവയെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. അവരുടെ കൂട്ടത്തില്‍ മഗ്ദലേന മറിയവും ചെറിയ യാക്കോബിന്‍റെയും യോസെയുടെയും അമ്മ മറിയവും ശലോമിയും ഉണ്ടായിരുന്നു. യേശു ഗലീലയിലായിരുന്നപ്പോള്‍ അവിടുത്തെ അനുഗമിക്കുകയും പരിചരിക്കുകയും ചെയ്തവരായിരുന്നു ഈ സ്‍ത്രീകള്‍. അവിടുത്തോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു പല സ്‍ത്രീകളും അവിടെയുണ്ടായിരുന്നു. [42,43] അന്നു ശബത്തിന്‍റെ തലേദിവസമായ ഒരുക്കനാളായിരുന്നു. അതുകൊണ്ട് സന്ധ്യ ആയപ്പോള്‍, അരിമത്യസ്വദേശിയായ യോസേഫ് ധൈര്യസമേതം പീലാത്തോസിന്‍റെ അടുക്കല്‍ ചെന്ന് യേശുവിന്‍റെ ശരീരം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. അയാള്‍ സന്നദ്രിം സംഘത്തിലെ സമാദരണീയനായ ഒരു അംഗവും ദൈവരാജ്യത്തെ പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു. *** യേശു ഇത്രവേഗം മരിച്ചു എന്നു കേട്ടതിനാല്‍ പീലാത്തോസ് ആശ്ചര്യപ്പെട്ടു. അദ്ദേഹം ശതാധിപനെ വിളിച്ച്, യേശു മരിച്ചുകഴിഞ്ഞോ എന്നു ചോദിച്ചു. ശതാധിപനില്‍ നിന്ന് യേശു മരിച്ച വിവരം ഗ്രഹിച്ചശേഷം ശരീരം യോസേഫിനു വിട്ടുകൊടുത്തു. അദ്ദേഹം യേശുവിന്‍റെ ശരീരം ഇറക്കി മൃതദേഹം പൊതിയുന്ന തുണി വാങ്ങിക്കൊണ്ടുവന്ന് അതില്‍ പൊതിഞ്ഞു പാറയില്‍ വെട്ടിയുണ്ടാക്കിയ കല്ലറയില്‍ സംസ്കരിച്ചു; കല്ലറയുടെ വാതില്‌ക്കല്‍ ഒരു കല്ലുരുട്ടി വയ്‍ക്കുകയും ചെയ്തു. മഗ്ദലേന മറിയവും യോസെയുടെ അമ്മ മറിയവും യേശുവിന്‍റെ ശരീരം സംസ്കരിച്ച സ്ഥലം കണ്ടിരുന്നു. ശബത്തു കഴിഞ്ഞപ്പോള്‍ മഗ്ദലേന മറിയവും യാക്കോബിന്‍റെ അമ്മ മറിയവും ശലോമിയും യേശുവിന്‍റെ ശരീരത്തില്‍ പൂശുവാന്‍ സുഗന്ധദ്രവ്യങ്ങള്‍ വാങ്ങി. അവര്‍ ഞായറാഴ്ച പുലര്‍കാലവേളയില്‍ സൂര്യനുദിച്ചപ്പോള്‍ത്തന്നെ കല്ലറയ്‍ക്കലേക്കു പോയി. “നമുക്കുവേണ്ടി കല്ലറയുടെ വാതില്‌ക്കല്‍നിന്ന് ആ കല്ല് ആര് ഉരുട്ടിനീക്കിത്തരും?” എന്ന് അവര്‍ അന്യോന്യം പറഞ്ഞു. എന്നാല്‍ അവര്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ കല്ലുരുട്ടി നീക്കിയിരിക്കുന്നതു കണ്ടു. ഒരു വലിയ കല്ലായിരുന്നു അത്. കല്ലറയ്‍ക്കുള്ളില്‍ പ്രവേശിച്ചപ്പോള്‍ ശുഭ്രവസ്ത്രം ധരിച്ച ഒരു യുവാവ് വലത്തുഭാഗത്ത് ഇരിക്കുന്നത് കണ്ട് അവര്‍ അമ്പരന്നു. അയാള്‍ പറഞ്ഞു: “പരിഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെയാണല്ലോ നിങ്ങള്‍ അന്വേഷിക്കുന്നത്; അവിടുന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു; ഇവിടെയില്ല. അവിടുത്തെ സംസ്കരിച്ച സ്ഥലം ഇതാ കണ്ടാലും. നിങ്ങള്‍ പോയി അവിടുത്തെ ശിഷ്യന്മാരോടും പത്രോസിനോടും ‘നിങ്ങള്‍ക്കു മുമ്പായി അവിടുന്ന് ഗലീലയിലേക്കു പോകുന്നു; നിങ്ങളോടു പറഞ്ഞതുപോലെ അവിടെവച്ച് അവിടുത്തെ നിങ്ങള്‍ കാണും’ എന്നു പറയുക. ആ സ്‍ത്രീകള്‍ കല്ലറയില്‍ നിന്നിറങ്ങി ഓടി. അവര്‍ അമ്പരന്നു വിറയ്‍ക്കുന്നുണ്ടായിരുന്നു. ഭയപരവശരായിരുന്നതുകൊണ്ട് അവര്‍ ആരോടും ഒന്നും സംസാരിച്ചില്ല. ഞായറാഴ്ച അതിരാവിലെ യേശു ഉയിര്‍ത്തെഴുന്നേറ്റശേഷം ആദ്യമായി മഗ്ദലേന മറിയമിനു പ്രത്യക്ഷപ്പെട്ടു. ആ സ്‍ത്രീയില്‍ നിന്നായിരുന്നു യേശു ഏഴു ഭൂതങ്ങളെ ഒഴിച്ചു വിട്ടത്. മറിയം പോയി യേശു ഉയിര്‍ത്തെഴുന്നേറ്റ വാര്‍ത്ത അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്നവരെ അറിയിച്ചു. അവര്‍ ദുഃഖിച്ചു വിലപിക്കുകയായിരുന്നു. യേശു ജീവിച്ചിരിക്കുന്നു എന്നും മറിയം അവിടുത്തെ കണ്ടു എന്നും കേട്ടിട്ട് അവര്‍ വിശ്വസിച്ചില്ല. അതിനുശേഷം അവരില്‍ രണ്ടുപേര്‍ നാട്ടിന്‍പുറത്തേക്കു പോകുമ്പോള്‍ യേശു മറ്റൊരു വിധത്തില്‍ അവര്‍ക്കു പ്രത്യക്ഷപ്പെട്ടു. അവര്‍ തിരിച്ചുചെന്ന് മറ്റുള്ളവരോട് ആ വിവരം പറഞ്ഞിട്ടും അവര്‍ വിശ്വസിച്ചില്ല. ഒടുവില്‍ ശിഷ്യന്മാര്‍ പതിനൊന്നു പേരും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. താന്‍ ഉയിര്‍ത്തെഴുന്നേറ്റശേഷം തന്നെ നേരില്‍ കണ്ടവര്‍ പറഞ്ഞത് അവിശ്വാസവും ഹൃദയകാഠിന്യവും മൂലം വിശ്വസിക്കാതിരുന്നതിനാല്‍, യേശു അവരെ ശാസിച്ചു. അനന്തരം അവിടുന്ന് അരുള്‍ചെയ്തു: “നിങ്ങള്‍ ലോകമെങ്ങും പോയി സര്‍വമനുഷ്യരാശിയോടും ഈ സുവിശേഷം പ്രസംഗിക്കുക. വിശ്വസിച്ച് സ്നാപനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും. വിശ്വസിക്കുന്നവര്‍ക്ക് ഈ അദ്ഭുതസിദ്ധികള്‍ ഉണ്ടായിരിക്കും; എന്‍റെ നാമത്തില്‍ അവര്‍ ഭൂതങ്ങളെ പുറത്താക്കും. അവര്‍ പുതിയ ഭാഷകളില്‍ സംസാരിക്കും. സര്‍പ്പങ്ങളെ അവര്‍ കൈയിലെടുക്കുകയോ മാരകമായ ഏതെങ്കിലും വിഷം കുടിക്കുകയോ ചെയ്താലും അവര്‍ക്ക് ഒരു ഹാനിയും സംഭവിക്കുകയില്ല; അവര്‍ കൈകള്‍വച്ചാല്‍ രോഗികള്‍ സുഖം പ്രാപിക്കും.” ഇങ്ങനെ അവരോടു പറഞ്ഞശേഷം കര്‍ത്താവായ യേശു സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു; അവിടുന്ന് ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. ശിഷ്യന്മാര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. കര്‍ത്താവ് അവരോടു ചേര്‍ന്നു പ്രവര്‍ത്തിക്കുകയും അവര്‍ മുഖാന്തരം നടന്ന അദ്ഭുതപ്രവൃത്തികളാല്‍ വചനത്തെ ഉറപ്പിക്കുകയും ചെയ്തുപോന്നു. നമ്മുടെ ഇടയില്‍ നടന്നിട്ടുള്ള സംഭവങ്ങള്‍ രേഖപ്പെടുത്തുവാന്‍ പലരും പരിശ്രമിച്ചിട്ടുണ്ട്. ആദിമുതല്‌ക്കേ ദൃക്സാക്ഷികളായ സുവിശേഷപ്രചാരകര്‍ നമുക്കു പറഞ്ഞുതന്നിട്ടുള്ള വിവരങ്ങളാണ് അവര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പ്രസ്തുത സംഭവങ്ങളെല്ലാം ആരംഭംമുതല്‍ ഞാന്‍ ശ്രദ്ധാപൂര്‍വം പഠിച്ചുകഴിഞ്ഞിരിക്കുന്നു. അവ യഥാക്രമം താങ്കള്‍ക്ക് എഴുതുന്നതു നല്ലതാണെന്ന് എനിക്കും തോന്നി. അതുകൊണ്ടു താങ്കളെ പ്രബോധിപ്പിച്ചിട്ടുള്ള കാര്യങ്ങളുടെ സത്യാവസ്ഥ പൂര്‍ണമായി ബോധ്യപ്പെടുത്തുന്നതിനുവേണ്ടി ഞാന്‍ ഇതെഴുതുന്നു. യെഹൂദ്യയിലെ രാജാവായ ഹേരോദായുടെ ഭരണകാലത്തു സഖറിയാ എന്നൊരു പുരോഹിതനുണ്ടായിരുന്നു. അബിയാ എന്ന പുരോഹിതവിഭാഗത്തില്‍പെട്ടവനായിരുന്നു സഖറിയാ. അദ്ദേഹത്തിന്‍റെ ഭാര്യ എലിസബെത്തും പുരോഹിതനായ അഹരോന്‍റെ വംശജയായിരുന്നു. അവരിരുവരും ദൈവമുമ്പാകെ നീതിനിഷ്ഠരായി, ദൈവത്തിന്‍റെ എല്ലാ കല്പനകളും അനുശാസനങ്ങളും അനുസരിച്ചു കുറ്റമറ്റവരായി ജീവിച്ചിരുന്നു. എങ്കിലും എലിസബെത്തു വന്ധ്യ ആയിരുന്നതിനാല്‍ അവര്‍ക്കു സന്താനസൗഭാഗ്യം ലഭിച്ചിരുന്നില്ല. അവരിരുവരും വയോവൃദ്ധരുമായിരുന്നു. ഒരിക്കല്‍ സഖറിയാ ഉള്‍പ്പെട്ട പുരോഹിത വിഭാഗത്തിനു ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യുന്നതിനുള്ള തവണ വന്നു. അന്നത്തെ പൗരോഹിത്യാചാരപ്രകാരം ദേവാലയത്തിലെ വിശുദ്ധസ്ഥലത്തു പ്രവേശിച്ചു ധൂപം അര്‍പ്പിക്കുന്നതിനുള്ള ആളിനെ നറുക്കിട്ടു തിരഞ്ഞെടുക്കുകയായിരുന്നു പതിവ്. അങ്ങനെ ധൂപാര്‍പ്പണത്തിനായി സഖറിയാ തിരഞ്ഞെടുക്കപ്പെട്ടു. തദനുസരണം ഒരു ദിവസം അദ്ദേഹം ദൈവ സന്നിധിയില്‍ ശുശ്രൂഷ ചെയ്യുകയായിരുന്നു. ജനങ്ങള്‍ എല്ലാവരും അപ്പോള്‍ വിശുദ്ധസ്ഥലത്തിനു പുറത്തു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. തത്സമയം ദൈവദൂതന്‍ ധൂപപീഠത്തിന്‍റെ വലത്തുഭാഗത്തു പ്രത്യക്ഷനായി. സഖറിയാ പരിഭ്രമിച്ചു ഭയപരവശനായിത്തീര്‍ന്നു. അപ്പോള്‍ മാലാഖ അദ്ദേഹത്തോടു പറഞ്ഞു: “സഖറിയായേ, ഭയപ്പെടേണ്ടാ; ദൈവം നിന്‍റെ പ്രാര്‍ഥന കേട്ടിരിക്കുന്നു. നിന്‍റെ ഭാര്യ എലിസബെത്ത് ഒരു പുത്രനെ പ്രസവിക്കും. അവനു യോഹന്നാന്‍ എന്നു പേരിടണം. നിനക്ക് ആനന്ദവും ആഹ്ലാദവും ഉണ്ടാകും. അവന്‍റെ ജനനത്തില്‍ അനവധി ആളുകള്‍ സന്തോഷിക്കും. എന്തുകൊണ്ടെന്നാല്‍ കര്‍ത്താവിന്‍റെ ദൃഷ്‍ടിയില്‍ അവന്‍ ശ്രേഷ്ഠനായിരിക്കും. അവന്‍ വീഞ്ഞോ ലഹരിയുള്ള ഏതെങ്കിലും പാനീയമോ കുടിക്കുകയില്ല. അമ്മയുടെ ഗര്‍ഭത്തില്‍ വച്ചുതന്നെ അവന്‍ പരിശുദ്ധാത്മാവുകൊണ്ടു നിറയും. ഇസ്രായേല്‍ജനത്തില്‍ പലരെയും ദൈവമായ കര്‍ത്താവിന്‍റെ അടുക്കലേക്ക് അവന്‍ തിരിച്ചുകൊണ്ടുവരും. അവന്‍ പിതാക്കന്മാരെയും മക്കളെയും തമ്മില്‍ രഞ്ജിപ്പിക്കും; അനുസരണമില്ലാത്തവരെ നീതിനിഷ്ഠയ്‍ക്കു വിധേയരാക്കും; അങ്ങനെ ദൈവത്തിനുവേണ്ടി ഒരു ജനതയെ ഒരുക്കുന്നതിന് അവന്‍ കര്‍ത്താവിന്‍റെ മുന്നോടിയായി ഏലിയാപ്രവാചകന്‍റെ വീറോടും ശക്തിയോടുംകൂടി പ്രവര്‍ത്തിക്കും.” അപ്പോള്‍ സഖറിയാ ദൂതനോടു പറഞ്ഞു: “ഞാന്‍ ഇതെങ്ങനെ ഗ്രഹിക്കും? ഞാനൊരു വൃദ്ധനാണല്ലോ; എന്‍റെ ഭാര്യയും അങ്ങനെതന്നെ.” ദൂതന്‍ പ്രതിവചിച്ചു: “ഞാന്‍ ദൈവസന്നിധിയില്‍ നില്‌ക്കുന്ന ഗബ്രിയേലാണ്. ഈ സദ്‍വാര്‍ത്ത നിന്നെ അറിയിക്കുന്നതിനു ദൈവം എന്നെ അയച്ചിരിക്കുന്നു. എന്‍റെ വാക്കുകള്‍ യഥാകാലം സത്യമാകും. എന്നാല്‍ നീ ആ വാക്കുകള്‍ വിശ്വസിക്കാഞ്ഞതിനാല്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുന്നതുവരെ നീ മൂകനായിരിക്കും.” ജനങ്ങള്‍ സഖറിയായെ കാത്തിരിക്കുകയായിരുന്നു. വിശുദ്ധസ്ഥലത്തുനിന്ന് അദ്ദേഹം മടങ്ങിവരുവാന്‍ ഇത്രയും വൈകുന്നത് എന്തുകൊണ്ടായിരിക്കും എന്നോര്‍ത്ത് അവര്‍ ആശ്ചര്യപ്പെട്ടു. അദ്ദേഹം പുറത്തുവന്നപ്പോള്‍ അവരോട് ഒന്നും സംസാരിക്കുവാന്‍ കഴിഞ്ഞില്ല. ദേവാലയത്തില്‍വച്ച് അദ്ദേഹത്തിന് ഒരു ദിവ്യദര്‍ശനം ഉണ്ടായെന്ന് അവര്‍ മനസ്സിലാക്കി. അദ്ദേഹം ആംഗ്യംകാട്ടി ഊമനായി കഴിഞ്ഞു. തന്‍റെ ശുശ്രൂഷാകാലം കഴിഞ്ഞപ്പോള്‍ അദ്ദേഹം സ്വഭവനത്തിലേക്കു പോയി. അനന്തരം സഖറിയായുടെ ഭാര്യ എലിസബെത്ത് ഗര്‍ഭംധരിച്ചു. അവര്‍ പറഞ്ഞു: “ദൈവം എന്നെ കടാക്ഷിച്ചിരിക്കുന്നു. മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന അപമാനം അവിടുന്നു നീക്കിയിരിക്കുന്നു.” അഞ്ചുമാസം അന്യരുടെ ദൃഷ്‍ടിയില്‍പ്പെടാതെ എലിസബെത്ത് കഴിച്ചുകൂട്ടി. [26,27] എലിസബെത്ത് ഗര്‍ഭവതിയായതിന്‍റെ ആറാം മാസത്തില്‍ ഗലീലയിലെ ഒരു പട്ടണമായ നസറെത്തില്‍ ദാവീദുരാജാവിന്‍റെ വംശജനായ യോസേഫിനു വിവാഹം നിശ്ചയിച്ചിരുന്ന മറിയം എന്ന കന്യകയുടെ അടുക്കല്‍ ദൈവം ഗബ്രിയേലിനെ അയച്ചു. *** ദൈവദൂതന്‍ മറിയമിനെ സമീപിച്ച്: “ദൈവത്തിന്‍റെ പ്രസാദവരം ലഭിച്ചവളേ, നിനക്കു വന്ദനം! ദൈവം നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു. ഇതു കേട്ടപ്പോള്‍ മറിയം വല്ലാതെ സംഭ്രമിച്ചു. “ഇതെന്തൊരഭിവാദനം!” എന്നു മനസ്സില്‍ വിചാരിച്ചു. അപ്പോള്‍ മാലാഖ മറിയമിനോടു പറഞ്ഞു: “ഭയപ്പെടേണ്ടാ; ദൈവം നിന്നില്‍ പ്രസാദിച്ചിരിക്കുന്നു. നീ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും; അവന് യേശു എന്നു പേരിടണം. അവന്‍ വലിയവനായിരിക്കും; മഹോന്നതനായ ദൈവത്തിന്‍റെ പുത്രനെന്നു വിളിക്കപ്പെടുകയും ചെയ്യും; അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം സര്‍വേശ്വരന്‍ അവനു നല്‌കും. അവന്‍ എന്നെന്നേക്കും ഇസ്രായേല്‍ജനതയുടെ രാജാവായി വാഴും. അവന്‍റെ രാജത്വം അനന്തവുമായിരിക്കും.” മറിയം മാലാഖയോടു ചോദിച്ചു: “പുരുഷസംഗമം കൂടാതെ ഇതെങ്ങനെ സംഭവിക്കും?” മാലാഖ പ്രതിവചിച്ചു: “പരിശുദ്ധാത്മാവു നിന്‍റെമേല്‍ വരും. അത്യുന്നതന്‍റെ ശക്തി നിന്‍റെമേല്‍ ആവസിക്കും. അതുകൊണ്ടു നിന്നില്‍ ജനിക്കുന്ന വിശുദ്ധശിശു ദൈവത്തിന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടും. ഇതാ, നിന്‍റെ ചാര്‍ച്ചക്കാരിയായ എലിസബെത്ത് വാര്‍ധക്യത്തില്‍ ഒരു പുത്രനെ ഗര്‍ഭംധരിച്ചിരിക്കുന്നു. വന്ധ്യ എന്നു പറഞ്ഞുവന്ന എലിസബെത്തിന് ഇത് ആറാം മാസമത്രേ. ദൈവത്തിന് അസാധ്യമായിട്ട് ഒന്നുംതന്നെ ഇല്ലല്ലോ.” അപ്പോള്‍ മറിയം: “ഇതാ ഞാന്‍ കര്‍ത്താവിന്‍റെ ദാസി; അങ്ങു പറഞ്ഞതുപോലെ എനിക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. അതിനുശേഷം ദൂതന്‍ അവിടെനിന്നു പോയി. ആയിടയ്‍ക്കു മറിയം സഖറിയായുടെ വീട്ടിലേക്കു ബദ്ധപ്പെട്ടു ചെന്നു. യെഹൂദ്യയിലെ മലനാട്ടിലുള്ള ഒരു പട്ടണത്തിലായിരുന്നു ആ ഭവനം. മറിയം അവിടെയെത്തി എലിസബെത്തിനെ അഭിവാദനം ചെയ്തു. മറിയമിന്‍റെ അഭിവാദനം കേട്ടപ്പോള്‍ എലിസബെത്തിന്‍റെ ഗര്‍ഭത്തിലുള്ള ശിശു ഇളകിത്തുള്ളി. എലിസബെത്തു പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താല്‍ ഇപ്രകാരം ഉദ്ഘോഷിച്ചു: “സ്‍ത്രീകളില്‍ നീ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവള്‍; നിന്‍റെ ഗര്‍ഭത്തിലുള്ള ശിശുവും അനുഗ്രഹിക്കപ്പെട്ടതുതന്നെ. എന്‍റെ കര്‍ത്താവിന്‍റെ മാതാവ് എന്‍റെ ഭവനത്തില്‍ വരുവാനുള്ള ബഹുമതിക്ക് എങ്ങനെ ഞാന്‍ യോഗ്യയായി! നിന്‍റെ അഭിവാദനസ്വരം എന്‍റെ കാതുകളില്‍ പതിഞ്ഞപ്പോള്‍ എന്‍റെ ഗര്‍ഭത്തിലുള്ള ശിശു ആനന്ദംകൊണ്ട് ഇളകിത്തുള്ളി. ദൈവത്തില്‍ നിന്നുള്ള അരുളപ്പാടു സംഭവിക്കുമെന്നു വിശ്വസിച്ചവള്‍ അനുഗൃഹീതതന്നെ.” ഇതു കേട്ടപ്പോള്‍ മറിയം ഇപ്രകാരം പാടി: “എന്‍റെ ഹൃദയം കര്‍ത്താവിനെ പ്രകീര്‍ത്തിക്കുന്നു; എന്‍റെ രക്ഷകനായ ദൈവത്തില്‍ എന്‍റെ ആത്മാവ് ആനന്ദിക്കുന്നു. ഈ വിനീതദാസിയെ അവിടുന്നു തൃക്കണ്‍പാര്‍ത്തിരിക്കുന്നു! ഇന്നുമുതല്‍ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും. സര്‍വശക്തനായ ദൈവം എനിക്കു വന്‍കാര്യം ചെയ്തിരിക്കുന്നു; അവിടുത്തെ നാമം പരിശുദ്ധമാകുന്നു. ദൈവത്തെ ഭയപ്പെടുന്നവരുടെമേല്‍ തലമുറതലമുറയായി അവിടുത്തെ കാരുണ്യം നിരന്തരം ചൊരിയുന്നു. അവിടുത്തെ കരബലം അവിടുന്നു പ്രകടമാക്കി അന്തരംഗത്തില്‍ അഹങ്കരിച്ചിരുന്നവരെ അവിടുന്നു ചിതറിച്ചിരിക്കുന്നു. പ്രബലന്മാരെ അവരുടെ സിംഹാസനങ്ങളില്‍നിന്നു നിഷ്കാസനം ചെയ്തു; വിനീതരെ ഉയര്‍ത്തിയിരിക്കുന്നു. വിശന്നു വലയുന്നവരെ വിശിഷ്ടഭോജ്യങ്ങള്‍കൊണ്ടു സംതൃപ്തരാക്കി ധനവാന്മാരെ വെറുംവയറോടെ പറഞ്ഞയച്ചു. അബ്രഹാമിനെയും അദ്ദേഹത്തിന്‍റെ സന്താനപരമ്പരകളെയും അനുഗ്രഹിക്കുമെന്നു പൂര്‍വപിതാക്കന്മാരോടു ചെയ്ത വാഗ്ദാനപ്രകാരം ഇസ്രായേല്‍ജനതയെ കരുണയോടെ കടാക്ഷിച്ചു.” മറിയം ഏകദേശം മൂന്നു മാസക്കാലം എലിസബെത്തിന്‍റെകൂടെ പാര്‍ത്തശേഷം സ്വഭവനത്തിലേക്കു തിരിച്ചുപോയി. എലിസബെത്ത് യഥാകാലം ഒരു പുത്രനെ പ്രസവിച്ചു. കര്‍ത്താവു കാണിച്ച കാരുണ്യാതിരേകത്തെപ്പറ്റി കേട്ട് അവരുടെ അയല്‍ക്കാരും ബന്ധുജനങ്ങളും അവരോടൊപ്പം സന്തോഷിച്ചു. എട്ടാം ദിവസം ശിശുവിന്‍റെ പരിച്ഛേദനകര്‍മത്തിനായി എല്ലാവരും വന്നുകൂടി. ആ കുട്ടിക്ക് പിതാവിന്‍റെ പേരനുസരിച്ച് സഖറിയാ എന്നു നാമകരണം ചെയ്യാന്‍ അവര്‍ ഭാവിച്ചു. എന്നാല്‍ അവന്‍റെ അമ്മ പറഞ്ഞു: “അങ്ങനെയല്ല, അവന്‍റെ പേരു യോഹന്നാന്‍ എന്നായിരിക്കണം.” അപ്പോള്‍ വന്നുകൂടിയവര്‍: “നിന്‍റെ ബന്ധുക്കള്‍ക്ക് ആര്‍ക്കും ആ പേരില്ലല്ലോ” എന്നു പറഞ്ഞു. പിന്നീട് കുട്ടിക്ക് എന്താണു പേരിടേണ്ടത് എന്ന് അവന്‍റെ പിതാവിനോട് ആംഗ്യംകാട്ടി ചോദിച്ചു. അപ്പോള്‍ അദ്ദേഹം ഒരു എഴുത്തുപലക കൊണ്ടുവരാനാവശ്യപ്പെട്ടു. “അവന്‍റെ പേര് യോഹന്നാന്‍ എന്നാണ്” എന്ന് അദ്ദേഹം അതിലെഴുതി. അപ്പോള്‍ എല്ലാവര്‍ക്കും അത്യധികം ആശ്ചര്യമുണ്ടായി. തല്‍ക്ഷണം സഖറിയായുടെ അധരങ്ങള്‍ തുറന്നു; നാവിന്‍റെ ബന്ധനം നീങ്ങുകയും ചെയ്തു. അദ്ദേഹം ദൈവത്തെ സ്തുതിച്ചുകൊണ്ടു സംസാരിക്കുവാന്‍ തുടങ്ങി. അയല്‍വാസികളെല്ലാവരും സംഭീതരായി. യെഹൂദ്യയിലെ മലനാട്ടിലെങ്ങും ഈ വാര്‍ത്ത പ്രസിദ്ധമായി. കേട്ടവരെല്ലാം ഈ കുട്ടി ആരായിത്തീരുമെന്നു ചിന്തിക്കുകയും പറയുകയും ചെയ്തു. കാരണം സര്‍വേശ്വരന്‍റെ ശക്തിപ്രഭാവം ആ ശിശുവില്‍ പ്രത്യക്ഷമായിരുന്നു. യോഹന്നാന്‍റെ പിതാവായ സഖറിയാ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് ഇപ്രകാരം പ്രവചിച്ചു: “ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവു വാഴ്ത്തപ്പെട്ടവന്‍: അവിടുന്നു തന്‍റെ ജനത്തെ സന്ദര്‍ശിക്കുകയും അവരെ സ്വതന്ത്രരാക്കുകയും ചെയ്തിരിക്കുന്നു. [69-75] ആദിമുതല്‍ തന്‍റെ വിശുദ്ധപ്രവാചകന്മാരിലൂടെ അവിടുന്ന് അരുള്‍ചെയ്തപ്രകാരം നമ്മുടെ ശത്രുക്കളില്‍നിന്നും നമ്മെ ദ്വേഷിക്കുന്ന എല്ലാവരുടെയും കൈകളില്‍നിന്നും നമ്മെ രക്ഷിക്കുവാന്‍ തന്‍റെ ദാസനായ ദാവീദിന്‍റെ വംശത്തില്‍ നിന്നു ശക്തനായ ഒരു രക്ഷകനെ അവിടുന്നു നമുക്കു നല്‌കിയിരിക്കുന്നു. നമ്മുടെ പൂര്‍വപിതാക്കന്മാരോടു ചെയ്ത വാഗ്ദാനമനുസരിച്ച് അവിടുന്നു തന്‍റെ ദാസരായ ഇസ്രായേല്‍ജനതയെ കാരുണ്യപൂര്‍വം ഓര്‍ത്ത് അവരെ സഹായിച്ചിരിക്കുന്നു. അബ്രഹാമിനോടും തന്‍റെ സന്താന പരമ്പരകളോടും കരുണ കാണിക്കുകയും ചെയ്തിരിക്കുന്നു. നമ്മുടെ ആയുഷ്കാലം മുഴുവനും നീതിയോടും വിശുദ്ധിയോടുംകൂടി നിര്‍ഭയം തിരുമുമ്പില്‍ ആരാധിക്കുന്നതിനു വേണ്ടി ശത്രുക്കളുടെ കരങ്ങളില്‍നിന്നു നമ്മെ രക്ഷിക്കുവാന്‍ കൃപയരുളുമെന്ന് നമ്മുടെ പിതാവായ അബ്രഹാമിനോട് ദൈവം ചെയ്ത പ്രതിജ്ഞയെയും വിശുദ്ധഉടമ്പടിയെയും അനുസ്മരിച്ചു കൊണ്ട് അവിടുന്നു തന്‍റെ വാഗ്ദാനം നിറവേറ്റിയിരിക്കുന്നു. *** *** *** *** *** *** കുഞ്ഞേ, നീ മഹോന്നതനായ ദൈവത്തിന്‍റെ പ്രവാചകനെന്നു വിളിക്കപ്പെടും; എന്തുകൊണ്ടെന്നാല്‍ കര്‍ത്താവിനു വഴിയൊരുക്കുന്നതിനും, കരുണാര്‍ദ്രനായ നമ്മുടെ ദൈവത്തില്‍ നിന്നു ലഭിക്കുന്ന പാപവിമോചനംകൊണ്ടു കൈവരുന്ന രക്ഷയെക്കുറിച്ചുള്ള അറിവ് അവിടുത്തെ ജനത്തിനു നല്‌കുന്നതിനുമായി, നീ അവിടുത്തെ മുന്നോടിയായി പോകും. കൂരിരുട്ടിലും മരണത്തിന്‍റെ കരിനിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം പകരുന്നതിനും സമാധാനത്തിന്‍റെ മാര്‍ഗത്തില്‍ നമ്മുടെ പാദങ്ങള്‍ നയിക്കുന്നതിനും ഉന്നതത്തില്‍നിന്ന് ഉഷസ്സ് നമ്മുടെമേല്‍ ഉദയംചെയ്യും.” ശിശു വളര്‍ന്നു; ആത്മീയ ചൈതന്യവും പുഷ്‍ടിയും പ്രാപിച്ച് ഇസ്രായേല്‍ജനങ്ങളുടെ മുമ്പില്‍ സ്വയം പ്രത്യക്ഷനാകുന്നതുവരെ വിജനപ്രദേശത്തു വസിച്ചു. അക്കാലത്തു റോമാസാമ്രാജ്യത്തിലെങ്ങും കാനേഷുമാരി എടുക്കണമെന്ന് ഒഗസ്തുസ് കൈസര്‍ കല്പന പുറപ്പെടുവിച്ചു. കുറേന്യോസ് സിറിയയിലെ ഗവര്‍ണര്‍ ആയിരിക്കുമ്പോഴാണ് ഇത് ആദ്യമായി നടന്നത്. പേരു രേഖപ്പെടുത്തുന്നതിനുവേണ്ടി എല്ലാവരും അവരവരുടെ പട്ടണങ്ങളിലേക്കു പോയി. [4,5] ദാവീദുവംശജനായിരുന്നതുകൊണ്ട് യോസേഫും ഗലീലയിലെ നസറെത്ത് എന്ന പട്ടണത്തില്‍നിന്നു യെഹൂദ്യയിലെ ബേത്‍ലഹേമിലേക്കു പോയി. ബേത്‍ലഹേംപട്ടണമായിരുന്നു ദാവീദിന്‍റെ ജന്മസ്ഥലം. തനിക്കു വിവാഹനിശ്ചയം ചെയ്തിരുന്ന ഗര്‍ഭിണിയായ മറിയമിനോടുകൂടിയാണ് യോസേഫ് പോയത്. *** [6,7] ബേത്‍ലഹേമില്‍വച്ചു മറിയമിനു പ്രസവസമയമായി. അവള്‍ തന്‍റെ സീമന്തസന്താനമായ പുത്രനെ പ്രസവിച്ചു. അവര്‍ക്കു താമസിക്കുവാന്‍ സത്രത്തില്‍ സ്ഥലം കിട്ടിയില്ല. അതുകൊണ്ട് മറിയം ശിശുവിനെ തുണിയില്‍ പൊതിഞ്ഞ് ഒരു കാലിത്തൊഴുത്തിലെ പുല്‍ത്തൊട്ടിയില്‍ കിടത്തി. *** ആ രാത്രിയില്‍ വെളിംപ്രദേശത്ത് ഏതാനും ഇടയന്മാര്‍ തങ്ങളുടെ ആട്ടിന്‍പറ്റത്തെ കാത്തുകൊണ്ടിരിക്കുകയായിരുന്നു. ഒരു ദൈവദൂതന്‍ അവര്‍ക്കു പ്രത്യക്ഷനായി; ദൈവത്തിന്‍റെ തേജസ്സ് അവരുടെ ചുറ്റും പ്രകാശിച്ചു. ആട്ടിടയന്മാര്‍ ഭയപരവശരായി. ദൂതന്‍ അവരോടു പറഞ്ഞു: “ഭയപ്പെടേണ്ടാ; സര്‍വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ഇന്നേദിവസം ദാവീദിന്‍റെ പട്ടണത്തില്‍ കര്‍ത്താവായ യേശുക്രിസ്തു എന്ന രക്ഷകന്‍ നിങ്ങള്‍ക്കായി പിറന്നിരിക്കുന്നു. തുണിയില്‍ പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും. അതായിരിക്കും നിങ്ങള്‍ക്കുള്ള അടയാളം.” പെട്ടെന്നു മാലാഖമാരുടെ ഒരു വലിയ സംഘം ആ ദൂതനോടു ചേര്‍ന്നു ദൈവത്തെ സ്തുതിച്ചു: “സ്വര്‍ഗാതിസ്വര്‍ഗത്തില്‍ ദൈവത്തിനു മഹത്ത്വം! ഭൂമിയില്‍ ദൈവപ്രസാദം ലഭിച്ച മനുഷ്യര്‍ക്കു സമാധാനം!” അനന്തരം മാലാഖമാര്‍ അവരുടെ അടുക്കല്‍നിന്നു സ്വര്‍ഗത്തിലേക്കു പോയി. അപ്പോള്‍ ഇടയന്മാര്‍ തമ്മില്‍ പറഞ്ഞു: “നമുക്കു ബേത്‍ലഹേംവരെ ഒന്നു പോകാം; ദൈവം നമ്മെ അറിയിച്ച ആ സംഭവം കാണാമല്ലോ.” അവര്‍ അതിവേഗംപോയി മറിയമിനെയും യോസേഫിനെയും പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു. ഈ ശിശുവിനെപ്പറ്റി മാലാഖമാര്‍ പറഞ്ഞ വസ്തുതകള്‍ ഇടയന്മാര്‍ അറിയിച്ചു. [18,19] കേട്ടവരെല്ലാം വിസ്മയഭരിതരായി. മറിയമാകട്ടെ ഇക്കാര്യങ്ങളെല്ലാം മനസ്സില്‍ സൂക്ഷിച്ച് അവയെപ്പറ്റി ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു. *** ദൈവദൂതന്‍ തങ്ങളോടു പറഞ്ഞതുപോലെയെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തതിനാല്‍ ആട്ടിടയന്മാര്‍ ദൈവത്തെ പാടിപ്പുകഴ്ത്തിക്കൊണ്ടു തിരിച്ചുപോയി. എട്ടാം ദിവസം ആയപ്പോള്‍ ശിശുവിന്‍റെ പരിച്ഛേദനകര്‍മം നടത്തി, യേശു എന്നു പേരിട്ടു. അമ്മയുടെ ഗര്‍ഭത്തില്‍ ആ ശിശു ജന്മമെടുക്കുന്നതിനു മുമ്പ് ദൈവദൂതന്‍ നല്‌കിയ പേരായിരുന്നു അത്. മോശയുടെ നിയമസംഹിതയില്‍ അനുശാസിച്ചിട്ടുള്ള ശുദ്ധീകരണകര്‍മം അനുഷ്ഠിക്കേണ്ട സമയമായപ്പോള്‍ മാതാപിതാക്കള്‍ ശിശുവിനെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുന്നതിന് യെരൂശലേമിലേക്കു കൊണ്ടുപോയി. [23,24] എല്ലാ കടിഞ്ഞൂല്‍പുത്രന്മാരെയും ദൈവത്തിനു സമര്‍പ്പിക്കണമെന്നു യെഹൂദന്മാരുടെ ധര്‍മശാസ്ത്രത്തില്‍ അനുശാസിച്ചിട്ടുണ്ടല്ലോ. അതനുസരിച്ച് ഒരു ജോടി മാടപ്രാക്കളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ യാഗം കഴിക്കേണ്ടിയിരുന്നു. *** ഇസ്രായേല്‍ജനതയുടെ സമുദ്ധാരണം പ്രതീക്ഷിച്ചുകൊണ്ടിരുന്ന നീതിനിഷ്ഠനും ഭക്തനുമായ ശിമ്യോന്‍ എന്നൊരാള്‍ യെരൂശലേമില്‍ പാര്‍ത്തിരുന്നു. പരിശുദ്ധാത്മാവിന്‍റെ അധിവാസം അദ്ദേഹത്തിലുണ്ടായിരുന്നു. ദൈവം വാഗ്ദാനം ചെയ്തപോലെ ക്രിസ്തുവിനെ ദര്‍ശിക്കുന്നതിനുമുമ്പ് അദ്ദേഹം മരിക്കുകയില്ലെന്നു പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയിരുന്നു. [27,28] ആത്മാവിന്‍റെ പ്രചോദനത്താല്‍ അദ്ദേഹം ദേവാലയത്തിലെത്തി. ധര്‍മശാസ്ത്രവിധിപ്രകാരമുള്ള കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതിനായി ഉണ്ണിയേശുവിനെ മാതാപിതാക്കള്‍ ദേവാലയത്തിലേക്കു കൊണ്ടുവന്നപ്പോള്‍ ശിമ്യോന്‍ ശിശുവിനെ കൈയിലെടുത്തു ദൈവത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഇപ്രകാരം പാടി: *** “പരമനാഥാ, അവിടുത്തെ വാഗ്ദാനം അങ്ങു നിറവേറ്റിയിരിക്കുന്നു; ഇനി സമാധാനത്തോടുകൂടി കടന്നുപോകാന്‍ ഈ വിനീതദാസനെ അനുവദിച്ചാലും. [30-32] സര്‍വ മനുഷ്യവര്‍ഗത്തിനുംവേണ്ടി അവിടുന്ന് ഒരുക്കിവച്ചിട്ടുള്ള രക്ഷ ഇയ്യുള്ളവന്‍റെ കണ്ണുകള്‍ ദര്‍ശിച്ചിരിക്കുന്നുവല്ലോ. അതു വിജാതീയരുടെ ബോധോദയത്തിനുള്ള വെളിച്ചവും അവിടുത്തെ ജനമായ ഇസ്രായേലിന്‍റെ അഭിമാനകാരണവുമാകുന്നു.” *** *** ശിശുവിനെപ്പറ്റി ശിമ്യോന്‍ പറഞ്ഞ ഈ വാക്കുകള്‍ ആ മാതാപിതാക്കളെ ആശ്ചര്യഭരിതരാക്കി. ശിമ്യോന്‍ അവരെ അനുഗ്രഹിച്ചശേഷം മാതാവായ മറിയമിനോടു പറഞ്ഞു: “ഈ ശിശു ഇസ്രായേല്‍ജനങ്ങളില്‍ പലരുടെയും വീഴ്ചയ്‍ക്കും എഴുന്നേല്പിനും വേണ്ടി നിയുക്തനായിരിക്കുന്നു. ദൈവത്തെ എതിര്‍ത്തു പറയുന്നവരുടെ ഹൃദയങ്ങളിലെ രഹസ്യവിചാരങ്ങള്‍ വെളിപ്പെടുമാറ് ഇവന്‍ ദൈവത്തില്‍നിന്നുള്ള ഒരടയാളമാണ്. മൂര്‍ച്ചയേറിയ ഒരു വാള്‍ കണക്കേ തീവ്രമായ ദുഃഖം നിന്‍റെ ഹൃദയത്തെ പിളര്‍ക്കും.” [36,37] അക്കാലത്ത് ഹന്നാ എന്നൊരു പ്രവാചിക ഉണ്ടായിരുന്നു. ആശേര്‍ഗോത്രത്തിലെ ഫനുവേലിന്‍റെ പുത്രിയായ ഹന്നാ വളരെ വയസ്സുചെന്ന സ്‍ത്രീയായിരുന്നു. ഏഴുവര്‍ഷം മാത്രമേ ഭര്‍ത്താവിനോടൊത്ത് അവര്‍ ജീവിച്ചിട്ടുള്ളൂ. പിന്നീടു വിധവയായിത്തീര്‍ന്ന ഹന്നാ എണ്‍പത്തിനാലു വയസ്സുവരെ ദേവാലയം വിട്ടുപോകാതെ പ്രാര്‍ഥനയോടും ഉപവാസത്തോടുംകൂടി ദൈവത്തെ അഹോരാത്രം ആരാധിച്ചുപോന്നു. *** യേശുവിനെ ദേവാലയത്തില്‍ കൊണ്ടുവന്നപ്പോള്‍ ആ പ്രവാചികയും അടുത്തുവന്നു ദൈവത്തെ സ്തുതിക്കുകയും ഇസ്രായേല്‍ജനതയുടെ വീണ്ടെടുപ്പിനുവേണ്ടി കാത്തിരുന്ന എല്ലാവരോടും ആ ദിവ്യശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു. നിയമസംഹിതയില്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ കര്‍മങ്ങളും പൂര്‍ത്തിയാക്കിയശേഷം അവര്‍ ഗലീലയില്‍ ഉള്ള സ്വന്തം പട്ടണമായ നസറെത്തിലേക്കു തിരിച്ചുപോയി. ശിശു വളര്‍ന്നു; ബലം പ്രാപിച്ചു; ജ്ഞാനസമ്പൂര്‍ണനായി; ദൈവത്തിന്‍റെ സംപ്രീതിയും ആ ബാലന്‍റെമേല്‍ ഉണ്ടായിരുന്നു. യേശുവിന്‍റെ മാതാപിതാക്കള്‍ വര്‍ഷംതോറും പെസഹാപെരുന്നാളിനു യെരൂശലേമിലേക്കു പോകുക പതിവായിരുന്നു. യേശുവിനു പന്ത്രണ്ടു വയസ്സായപ്പോള്‍ അവര്‍ പതിവുപോലെ പെരുന്നാളിനു പോയി. പെരുന്നാള്‍ കഴിഞ്ഞു മാതാപിതാക്കള്‍ യെരൂശലേമില്‍നിന്നു തിരിച്ചുപോരുമ്പോള്‍ ബാലനായ യേശു അവരോടുകൂടി പോന്നില്ല; ഇത് അവരറിഞ്ഞുമില്ല. സഹയാത്രികരുടെ കൂട്ടത്തില്‍ യേശു ഉണ്ടായിരിക്കുമെന്നു കരുതി അവര്‍ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്ധുജനങ്ങളുടെയും പരിചിതരുടെയും ഇടയിലെല്ലാം യേശുവിനെ അവര്‍ അന്വേഷിച്ചു; കാണാതെ വന്നപ്പോള്‍ അവര്‍ യെരൂശലേമിലേക്കു തിരിച്ചുപോയി. മൂന്നു ദിവസം കഴിഞ്ഞ് അവര്‍ കുട്ടിയെ ദേവാലയത്തില്‍ കണ്ടെത്തി. മതഗുരുക്കന്മാരുടെ പ്രബോധനം ശ്രദ്ധിക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു യേശു. ആ സംഭാഷണം കേട്ടവരെല്ലാം യേശുവിന്‍റെ അറിവിലും ബുദ്ധിപൂര്‍വകമായ ഉത്തരങ്ങളിലും അദ്ഭുതപ്പെട്ടു. മകനെ കണ്ടപ്പോള്‍ മാതാപിതാക്കള്‍ ആശ്ചര്യഭരിതരായി. മറിയം ചോദിച്ചു: “എന്‍റെ മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തത് എന്തിന്? നിന്‍റെ പിതാവും ഞാനും എത്ര മനോവേദനയോടെ എവിടെയെല്ലാം നിന്നെ അന്വേഷിച്ചു!” യേശു പ്രതിവചിച്ചു: “എന്തിനാണു നിങ്ങള്‍ എന്നെ അന്വേഷിച്ചത്? എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ ഞാന്‍ ഇരിക്കണം എന്നുള്ളതു നിങ്ങള്‍ക്കറിഞ്ഞുകൂടേ?” പക്ഷേ, യേശു പറഞ്ഞത് എന്താണെന്ന് അവര്‍ക്കു മനസ്സിലായില്ല. പിന്നീട് യേശു അവരോടുകൂടി പുറപ്പെട്ടു നസറെത്തില്‍ചെന്നു മാതാപിതാക്കള്‍ക്കു വിധേയനായി ജീവിച്ചു. ഈ കാര്യങ്ങളെല്ലാം മറിയം ഓര്‍മയില്‍ വച്ചു. യേശുവാകട്ടെ ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതി ആര്‍ജിച്ചുകൊണ്ട് ശാരീരികമായും മാനസികമായും വളര്‍ന്നുവന്നു. സഖറിയായുടെ പുത്രനായ യോഹന്നാനു വിജനസ്ഥലത്തുവച്ച് ദൈവത്തിന്‍റെ അരുളപ്പാടുണ്ടായി. അത് തിബര്യോസ് കൈസറുടെ ഭരണത്തിന്‍റെ പതിനഞ്ചാം വര്‍ഷം ആയിരുന്നു; പൊന്തിയോസ് പീലാത്തോസ് ആയിരുന്നു യെഹൂദ്യയിലെ ഗവര്‍ണര്‍; ഹേരോദാ അന്തിപ്പാസ് ഗലീലയിലെയും അദ്ദേഹത്തിന്‍റെ സഹോദരന്‍ ഫീലിപ്പോസ് ഇതൂര്യ ത്രഖോനിത്തിയിലെയും ലൂസാന്യാസ് അബിലേനയിലെയും സാമന്തരാജാക്കന്മാരും ആയിരുന്നു. അന്നത്തെ മഹാപുരോഹിതന്മാര്‍ ഹന്നാസും കയ്യഫാസുമായിരുന്നു. യോഹന്നാന്‍ യോര്‍ദ്ദാന്‍നദിയുടെ പരിസരപ്രദേശങ്ങളിലെല്ലാം സഞ്ചരിച്ച് “നിങ്ങളുടെ പാപങ്ങളില്‍നിന്നു പിന്തിരിയുക, സ്നാപനം സ്വീകരിക്കുക; അപ്പോള്‍ ദൈവം നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കും” എന്നു പ്രഖ്യാപനം ചെയ്തു. വിജനപ്രദേശത്ത് ഒരാള്‍ വിളിച്ചുപറയുന്നു: ‘ദൈവത്തിനുവേണ്ടി വഴി ഒരുക്കുക; അവിടുത്തെ പാത നേരെയാക്കുക. എല്ലാ താഴ്വരകളും നികത്തപ്പെടണം; എല്ലാ കുന്നുകളും മലകളും നിരത്തുകയും, വളഞ്ഞ വഴികളെല്ലാം നേരെയാക്കുകയും, പരുക്കന്‍ പാതകളെല്ലാം സുഗമമാക്കിത്തീര്‍ക്കുകയും വേണം. അങ്ങനെ ദൈവത്തിന്‍റെ രക്ഷ മനുഷ്യവര്‍ഗം മുഴുവനും ദര്‍ശിക്കും’ എന്ന് യെശയ്യാപ്രവാചകന്‍റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ടല്ലോ. തന്നില്‍നിന്നു സ്നാപനം സ്വീകരിക്കുവാന്‍ വന്ന ജനസഞ്ചയത്തോട് അദ്ദേഹം പറഞ്ഞു: “സര്‍പ്പസന്തതികളേ, വരുവാനുള്ള ശിക്ഷാവിധിയില്‍നിന്ന് ഓടി രക്ഷപെടുവാന്‍ നിങ്ങള്‍ക്ക് ബുദ്ധി ഉപദേശിച്ചത് ആരാണ്? അബ്രഹാം ഞങ്ങളുടെ പൂര്‍വപിതാവാണ് എന്നു സ്വയം അഭിമാനിക്കാതെ പാപത്തില്‍നിന്നു പിന്തിരിഞ്ഞു എന്നു തെളിയിക്കുന്ന പ്രവൃത്തികള്‍ ചെയ്യുക. ഈ കല്ലുകളില്‍നിന്നുപോലും അബ്രഹാമിനുവേണ്ടി സന്തതികളെ ഉത്പാദിപ്പിക്കുവാന്‍ ദൈവത്തിനു കഴിയും. ഇപ്പോള്‍ത്തന്നെ വൃക്ഷങ്ങളുടെ ചുവട്ടില്‍ കോടാലി വച്ചുകഴിഞ്ഞിരിക്കുന്നു. നല്ല ഫലം കായ്‍ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിലിട്ടു കളയും.” അപ്പോള്‍ ജനം അദ്ദേഹത്തോട്: “ഞങ്ങള്‍ എന്തു ചെയ്യണം?” എന്നു ചോദിച്ചു. യോഹന്നാന്‍ പ്രതിവചിച്ചു: “രണ്ടു വസ്ത്രമുള്ളവന്‍ ഇല്ലാത്തവനു പങ്കുവയ്‍ക്കുക. ആഹാരസാധനങ്ങളുള്ളവരും അങ്ങനെതന്നെ ചെയ്യണം.” ചുങ്കം പിരിക്കുന്നവരില്‍ ചിലരും സ്നാപനം ഏല്‌ക്കുവാന്‍ വന്നു. അവര്‍ ചോദിച്ചു: “ഞങ്ങള്‍ ചെയ്യേണ്ടത് എന്താണ്?” യോഹന്നാന്‍ പറഞ്ഞു: “നിങ്ങള്‍ നിശ്ചിത നിരക്കില്‍ കൂടുതല്‍ നികുതി ഈടാക്കരുത്.” പടയാളികളും തങ്ങള്‍ എന്തു ചെയ്യണമെന്ന് അദ്ദേഹത്തോടു ചോദിച്ചു. “ബലാല്‍ക്കാരേണയോ, സത്യവിരുദ്ധമായി കുറ്റം ആരോപിച്ചോ, ആരുടെയും മുതല്‍ അപഹരിക്കരുത്. നിങ്ങളുടെ വേതനംകൊണ്ടു തൃപ്തിപ്പെടുക” എന്ന് അദ്ദേഹം മറുപടി നല്‌കി. വീണ്ടെടുപ്പിനുവേണ്ടി കാത്തിരുന്ന ജനങ്ങള്‍ യോഹന്നാനെക്കുറിച്ച് “ഒരുവേള ഇദ്ദേഹം ക്രിസ്തു ആയിരിക്കുമോ?” എന്നു സ്വയം ചോദിച്ചു. യോഹന്നാനാകട്ടെ ഇങ്ങനെ പറഞ്ഞു: “ഞാന്‍ വെള്ളംകൊണ്ടാണു നിങ്ങളെ സ്നാപനം ചെയ്യുന്നത്; എന്നാല്‍ എന്നെക്കാള്‍ ബലമേറിയ ഒരുവന്‍ വന്നു നിങ്ങളെ പരിശുദ്ധാത്മാവിലും അഗ്നിയിലും സ്നാപനം ചെയ്യും. അവിടുത്തെ ചെരുപ്പിന്‍റെ വാറ് അഴിക്കുന്ന അടിമയുടെ യോഗ്യതപോലും എനിക്കില്ല. അവിടുത്തെ കൈയില്‍ വീശുമുറം ഉണ്ട്; കളം വെടിപ്പാക്കി, നല്ല കോതമ്പ് അറപ്പുരയില്‍ സംഭരിക്കുകയും പതിര് കെടാത്ത തീയിലിട്ടു ചുട്ടുകളയുകയും ചെയ്യും.” ഇങ്ങനെയുള്ള ഒട്ടേറെ പ്രബോധനങ്ങള്‍ നല്‌കിക്കൊണ്ടു യോഹന്നാന്‍ സുവിശേഷം പ്രസംഗിച്ചു. സാമന്തരാജാവായ ഹേരോദാ സഹോദരഭാര്യയായ ഹേരോദ്യയുമായി അവിഹിതബന്ധം പുലര്‍ത്തുകയും മറ്റു പല അധര്‍മങ്ങളിലും ഏര്‍പ്പെടുകയും ചെയ്തിരുന്നതുകൊണ്ട് യോഹന്നാന്‍ അദ്ദേഹത്തെ കഠിനമായി ശാസിച്ചു. ഹേരോദാ എല്ലാ അധര്‍മങ്ങളും ചെയ്തതിനു പുറമേ യോഹന്നാനെ കാരാഗൃഹത്തിലാക്കുകയും ചെയ്തു. ജനങ്ങളെല്ലാം സ്നാപനമേറ്റപ്പോള്‍ യേശുവും സ്നാപനം സ്വീകരിച്ചു. യേശു പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോള്‍ സ്വര്‍ഗം തുറന്നു. പരിശുദ്ധാത്മാവു പ്രാവിന്‍റെ രൂപത്തില്‍ അവിടുത്തെമേല്‍ ഇറങ്ങിവന്നു. സ്വര്‍ഗത്തില്‍നിന്ന് “നീ എന്‍റെ പ്രിയപുത്രന്‍; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്നൊരു അശരീരിയും ഉണ്ടായി. ഏകദേശം മുപ്പതു വയസ്സായപ്പോഴാണ് യേശു പൊതുരംഗത്തു പ്രവര്‍ത്തനം ആരംഭിച്ചത്. യേശു യോസേഫിന്‍റെ പുത്രനെന്നത്രേ ജനങ്ങള്‍ കരുതിയിരുന്നത്. യോസേഫ് ഹേലിയുടെ പുത്രന്‍; ഹേലി മത്ഥാത്തിന്‍റെ പുത്രന്‍; മത്ഥാത്ത് ലേവിയുടെ പുത്രന്‍; ലേവി മെല്‌ക്കിയുടെ പുത്രന്‍; മെല്‌ക്കി യന്നായിയുടെ പുത്രന്‍; യന്നായി യോസേഫിന്‍റെ പുത്രന്‍; യോസേഫ് മത്തഥ്യൊസിന്‍റെ പുത്രന്‍; മത്തഥ്യൊസ് ആമോസിന്‍റെ പുത്രന്‍; ആമോസ് നാഹൂമിന്‍റെ പുത്രന്‍; നാഹൂം എസ്‍ലിയുടെ പുത്രന്‍; എസ്‍ലി നഗ്ഗായിയുടെ പുത്രന്‍; നഗ്ഗായി മയാത്തിന്‍റെ പുത്രന്‍; മയാത്ത് മത്തഥ്യൊസിന്‍റെ പുത്രന്‍; മത്തഥ്യൊസ് ശെമയിയുടെ പുത്രന്‍; ശെമയി യോസേഫിന്‍റെ പുത്രന്‍; യോസേഫ് യോദയുടെ പുത്രന്‍; യോദ യോഹന്നാന്‍റെ പുത്രന്‍; യോഹന്നാന്‍ രേസയുടെ പുത്രന്‍; രേസ സൊരൊബാബേലിന്‍റെ പുത്രന്‍; സൊരൊബാബേല്‍ ശലഥിയേലിന്‍റെ പുത്രന്‍; ശലഥിയേല്‍ നേരിയുടെ പുത്രന്‍; നേരി മെല്‌ക്കിയുടെ പുത്രന്‍; മെല്‌ക്കി അദ്ദിയുടെ പുത്രന്‍; അദ്ദി കോസാമിന്‍റെ പുത്രന്‍; കോസാം എല്മാദാമിന്‍റെ പുത്രന്‍; എല്മാദാം ഏരിന്‍റെ പുത്രന്‍; ഏര്‍ യോശുവിന്‍റെ പുത്രന്‍; യോശു എലീയേസരിന്‍റെ പുത്രന്‍; എലീയേസര്‍ യോരീമിന്‍റെ പുത്രന്‍; യോരീം മത്ഥാത്തിന്‍റെ പുത്രന്‍; മത്ഥാത്ത് ലേവിയുടെ പുത്രന്‍; ലേവി ശിമ്യോന്‍റെ പുത്രന്‍; ശിമ്യോന്‍ യെഹൂദായുടെ പുത്രന്‍; യെഹൂദാ യോസേഫിന്‍റെ പുത്രന്‍; യോസേഫ് യോനാമിന്‍റെ പുത്രന്‍; യോനാം എല്യാക്കീമിന്‍റെ പുത്രന്‍; എല്യാക്കീം മെല്യാവിന്‍റെ പുത്രന്‍; മെല്യാവ് മെന്നയുടെ പുത്രന്‍; മെന്ന മത്തഥയുടെ പുത്രന്‍; മത്തഥ നാഥാന്‍റെ പുത്രന്‍; നാഥാന്‍ ദാവീദിന്‍റെ പുത്രന്‍; ദാവീദ് യിശ്ശായിയുടെ പുത്രന്‍; യിശ്ശായി ഓബേദിന്‍റെ പുത്രന്‍; ഓബേദ് ബോവസിന്‍റെ പുത്രന്‍; ബോവസ് സല്മോന്‍റെ പുത്രന്‍; സല്മോന്‍ നഹശോന്‍റെ പുത്രന്‍; നഹശോന്‍ അമ്മീനാദാബിന്‍റെ പുത്രന്‍; അമ്മീനാദാബ് ആരാമിന്‍റെ പുത്രന്‍; ആരാം എസ്രോന്‍റെ പുത്രന്‍; എസ്രോന്‍ പാരെസിന്‍റെ പുത്രന്‍; പാരെസ് യെഹൂദായുടെ പുത്രന്‍; യെഹൂദാ യാക്കോബിന്‍റെ പുത്രന്‍; യാക്കോബ് ഇസ്ഹാക്കിന്‍റെ പുത്രന്‍; ഇസ്ഹാക്ക് അബ്രഹാമിന്‍റെ പുത്രന്‍; അബ്രഹാം തേരഹിന്‍റെ പുത്രന്‍; തേരഹ് നാഹോരിന്‍റെ പുത്രന്‍; നാഹോര്‍ സെരൂഗിന്‍റെ പുത്രന്‍; സെരൂഗ് രെഗുവിന്‍റെ പുത്രന്‍; രെഗു ഫാലെഗിന്‍റെ പുത്രന്‍; ഫാലെഗ് ഏബെരിന്‍റെ പുത്രന്‍; ഏബെര്‍ ശലാമിന്‍റെ പുത്രന്‍; ശലാം കയിനാന്‍റെ പുത്രന്‍; കയിനാന്‍ അര്‍ഫക്സാദിന്‍റെ പുത്രന്‍; അര്‍ഫക്സാദ് ശേമിന്‍റെ പുത്രന്‍; ശേം നോഹയുടെ പുത്രന്‍; നോഹ ലാമേക്കിന്‍റെ പുത്രന്‍; ലാമേക്ക് മെഥൂശലയുടെ പുത്രന്‍; മെഥൂശല ഹാനോക്കിന്‍റെ പുത്രന്‍; ഹാനോക്ക് യാരെദിന്‍റെ പുത്രന്‍; യാരെദ് മെലെല്യേലിന്‍റെ പുത്രന്‍; മെലെല്യേല്‍ കയിനാന്‍റെ പുത്രന്‍; കയിനാന്‍ ഏനോശിന്‍റെ പുത്രന്‍; ഏനോശ് ശേത്തിന്‍റെ പുത്രന്‍; ശേത്ത് ആദാമിന്‍റെ പുത്രന്‍; ആദാം ദൈവത്തിന്‍റെ പുത്രന്‍. പരിശുദ്ധാത്മാവിനാല്‍ പരിപൂരിതനായി യേശു യോര്‍ദ്ദാനില്‍നിന്നു തിരിച്ചു പോയി. ആത്മാവ് അവിടുത്തെ വിജനപ്രദേശത്തേക്കു നയിച്ചു. അവിടെ നാല്പതു ദിവസം പിശാച് യേശുവിനെ പരീക്ഷിച്ചു. ആ സമയം മുഴുവനും അവിടുന്ന് ഒന്നും ഭക്ഷിച്ചില്ല. അതു കഴിഞ്ഞപ്പോള്‍ അവിടുത്തേക്ക് വിശന്നു. അപ്പോള്‍ പിശാച് അവിടുത്തോടു പറഞ്ഞു: “അങ്ങു ദൈവപുത്രനാണെങ്കില്‍ ഈ കല്ലിനോട് അപ്പമായിത്തീരുവാന്‍ കല്പിക്കുക.” യേശുവാകട്ടെ: “മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നത് എന്നു വിശുദ്ധഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ” എന്നു പ്രതിവചിച്ചു. പിന്നീടു പിശാച് ഉയര്‍ന്ന ഒരു സ്ഥലത്തേക്ക് യേശുവിനെ കൂട്ടിക്കൊണ്ടുപോയി; ക്ഷണനേരംകൊണ്ടു ലോകത്തിലെ സകല രാജ്യങ്ങളും കാണിച്ചുകൊടുത്തു. “ഈ സകല അധികാരവും പ്രതാപവും ഞാന്‍ താങ്കള്‍ക്കു നല്‌കാം; ഇവയെല്ലാം എന്നെ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന് ഇവ കൊടുക്കുന്നു. എന്നെ ആരാധിക്കുകയാണെങ്കില്‍ ഇവയെല്ലാം താങ്കളുടേതാകും” എന്നു പിശാചു പറഞ്ഞു. യേശു അതിനു മറുപടിയായി: “നിന്‍റെ ദൈവമായ കര്‍ത്താവിനെ നമസ്കരിക്കുക; അവിടുത്തെ മാത്രമേ ആരാധിക്കാവൂ എന്നാണല്ലോ എഴുതിയിരിക്കുന്നത്” എന്നു പറഞ്ഞു. അനന്തരം പിശാച് യേശുവിനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടുപോയി; ദേവാലയത്തിന്‍റെ മുകളില്‍ ഏറ്റവും ഉയരംകൂടിയ സ്ഥാനത്തു നിറുത്തിക്കൊണ്ടു പറഞ്ഞു: “അങ്ങു ദൈവപുത്രനാണെങ്കില്‍ ഇവിടെനിന്നു താഴേക്കു ചാടുക; ‘നിന്നെ സംരക്ഷിക്കുവാന്‍ ദൂതന്മാരോടു ദൈവം ആജ്ഞാപിക്കും; നിന്‍റെ പാദം കല്ലില്‍ തട്ടാത്തവിധം അവര്‍ തങ്ങളുടെ കൈകളില്‍ താങ്ങിക്കൊള്ളും’ എന്ന് എഴുതിയിട്ടുണ്ടല്ലോ.” യേശു മറുപടി നല്‌കി: “നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത് എന്നും വിശുദ്ധഗ്രന്ഥത്തില്‍ പറയുന്നുണ്ട്.” ഇങ്ങനെ സകല പ്രലോഭനങ്ങളും പ്രയോഗിച്ചശേഷം പിശാചു തല്‌ക്കാലം യേശുവിനെ വിട്ടുമാറി. യേശു പരിശുദ്ധാത്മാവിന്‍റെ ചൈതന്യത്തോടുകൂടി ഗലീലയില്‍ തിരിച്ചെത്തി. ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം അവിടുത്തെപ്പറ്റിയുള്ള ശ്രുതി പരന്നു. അവിടുന്ന് അവരുടെ സുനഗോഗുകളില്‍ പോയി പഠിപ്പിച്ചു. എല്ലാവരും അവിടുത്തെ പ്രകീര്‍ത്തിച്ചു. [16,17] അങ്ങനെ യേശു വളര്‍ന്ന നസറെത്തില്‍ ചെന്ന്, പതിവുപോലെ ശബത്തുദിവസം സുനഗോഗില്‍ പോയി. വേദപാരായണത്തിനായി എഴുന്നേറ്റു നിന്നപ്പോള്‍ യെശയ്യാപ്രവാചകന്‍റെ ഗ്രന്ഥച്ചുരുള്‍ അവിടുത്തെ കൈയില്‍ കൊടുത്തു. ചുരുള്‍ തുറന്നപ്പോള്‍ താഴെപ്പറയുന്ന ഭാഗം കണ്ടു: *** “ദരിദ്രരോടു സദ്‍വാര്‍ത്ത ഘോഷിക്കുവാന്‍ ദൈവം എന്നെ അഭിഷേകം ചെയ്തിരിക്കുകയാല്‍ അവിടുത്തെ ആത്മാവ് എന്‍റെമേല്‍ ആവസിക്കുന്നു; തടവുകാര്‍ക്ക് വിടുതല്‍ പ്രഖ്യാപനം ചെയ്യുവാനും, അന്ധന്മാര്‍ക്കു കാഴ്ച നല്‌കുവാനും, പീഡിതരെ സ്വതന്ത്രരാക്കുവാനും, ദൈവം തന്‍റെ ജനത്തെ വീണ്ടെടുക്കുന്ന വര്‍ഷം വിളംബരം ചെയ്യുവാനും, അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.” അനന്തരം യേശു ഗ്രന്ഥം ചുരുട്ടി ശുശ്രൂഷകനെ തിരിച്ചേല്പിച്ചശേഷം ഇരുന്നു; അവിടെ കൂടിയിരുന്ന എല്ലാവരുടെയും കണ്ണുകള്‍ അവിടുത്തെ നോക്കിയിരുന്നു. അവിടുന്ന് അവരോട് ഇപ്രകാരം പ്രസ്താവിച്ചു: “ഞാന്‍ വായിച്ച ഈ വേദഭാഗം നിങ്ങള്‍ കേട്ടപ്പോള്‍ത്തന്നെ അതു സംഭവിച്ചിരിക്കുന്നു.” എല്ലാവരും അവിടുത്തെ പ്രശംസിച്ചു സംസാരിച്ചു. അവിടുത്തെ അധരങ്ങളില്‍നിന്നു നിര്‍ഗമിച്ച ഹൃദ്യമായ വാക്കുകള്‍ അവരെ അദ്ഭുതപ്പെടുത്തി. “ഇയാള്‍ യോസേഫിന്‍റെ മകന്‍ തന്നെ അല്ലേ?” എന്ന് അവര്‍ ചോദിച്ചു. യേശു അവരോടു: “വൈദ്യാ, നീ നിന്നെത്തന്നെ സുഖപ്പെടുത്തുക’ എന്ന പഴമൊഴി ഉദ്ധരിച്ചുകൊണ്ട് ‘കഫര്‍ന്നഹൂമില്‍ താങ്കള്‍ ചെയ്തതായി ഞങ്ങള്‍ കേട്ടിരിക്കുന്നതെല്ലാം താങ്കളുടെ സ്വന്തം നാടായ ഇവിടെയും ചെയ്യുക’ എന്നു നിങ്ങള്‍ നിശ്ചയമായും എന്നോടാവശ്യപ്പെടും. എന്നാല്‍ ഒരു പ്രവാചകനും സ്വന്തനാട്ടില്‍ സുസമ്മതനായിരിക്കുകയില്ല എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു.” “ഒരു വസ്തുത ഞാന്‍ പറയട്ടെ: ഏലീയായുടെ കാലത്തു മൂന്നര വര്‍ഷം മഴയില്ലാതെ നാട്ടിലെങ്ങും കഠിനമായ ക്ഷാമമുണ്ടായി. അന്ന് ഇസ്രായേലില്‍ ധാരാളം വിധവമാര്‍ ഉണ്ടായിരുന്നെങ്കിലും ഏലീയായെ അവരുടെ ആരുടെയും അടുക്കലേക്കയയ്‍ക്കാതെ സീദോനിലെ സരെപ്തയിലുള്ള ഒരു വിധവയുടെ അടുക്കലേക്കു മാത്രമാണു ദൈവം അയച്ചത്. എലിശാപ്രവാചകന്‍റെ കാലത്ത് ഇസ്രായേലില്‍ അനേകം കുഷ്ഠരോഗികളുണ്ടായിരുന്നെങ്കിലും സിറിയക്കാരനായ നയമാന്‍ മാത്രമേ സുഖം പ്രാപിച്ചുള്ളൂ.” ഇതു കേട്ടപ്പോള്‍ സുനഗോഗിലുണ്ടായിരുന്നവരെല്ലാം കോപാക്രാന്തരായി. അവര്‍ ചാടി എഴുന്നേറ്റ് അവിടുത്തെ പിടിച്ചു പട്ടണത്തിനു പുറത്താക്കി. ആ പട്ടണം നിര്‍മിച്ചിരുന്നത് ഒരു കുന്നിന്‍പുറത്തായിരുന്നു. അവിടുത്തെ ആ കുന്നിന്‍റെ നിറുകയില്‍നിന്ന് തള്ളിയിടുവാനായിരുന്നു അവരുടെ ശ്രമം. പക്ഷേ അവിടുന്ന് അവരുടെ ഇടയില്‍ക്കൂടി കടന്നു തന്‍റെ വഴിക്കു പോയി. ഗലീലയിലെ ഒരു നഗരമായ കഫര്‍ന്നഹൂമിലേക്കാണ് യേശു പിന്നീടു പോയത്. ശബത്തുതോറും അവിടുന്നു സുനഗോഗിലെത്തി ജനങ്ങളെ പഠിപ്പിച്ചുവന്നു. അവിടുത്തെ വചനം അധികാരത്തോടുകൂടിയായിരുന്നതിനാല്‍ അവിടുത്തെ പ്രബോധനം കേട്ട് അവര്‍ വിസ്മയിച്ചു. സുനഗോഗില്‍ ദുഷ്ടാത്മാവു ബാധിച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അയാള്‍ ഉച്ചത്തില്‍ നിലവിളിച്ചു: “നസറായനായ യേശുവേ ഞങ്ങളെ എന്തിന് ഉപദ്രവിക്കുന്നു? ഞങ്ങളെ നശിപ്പിക്കുവാനാണോ അങ്ങു വന്നിരിക്കുന്നത്? അങ്ങ് ആരാണെന്ന് എനിക്കറിയാം. ദൈവം അയച്ച പരിശുദ്ധന്‍ തന്നെ.” യേശു ദുഷ്ടാത്മാവിനെ ശാസിച്ചുകൊണ്ട്: “മിണ്ടരുത്! ഈ മനുഷ്യനെ വിട്ടു പുറത്തുപോകൂ!” എന്നു പറഞ്ഞു. ദുഷ്ടാത്മാവ് അവനെ അവരുടെ മധ്യത്തില്‍ തള്ളിയിട്ടശേഷം ഒരുപദ്രവവും വരുത്താതെ അവനെ വിട്ടു പോയി. എല്ലാവരും അമ്പരന്നു. “ഇതെന്തൊരു കല്പന! അധികാരത്തോടും ശക്തിയോടുംകൂടി അവിടുന്നു ദുഷ്ടാത്മാക്കളോട് ആജ്ഞാപിക്കുന്നു. അവ അനുസരിക്കുകയും ചെയ്യുന്നു” എന്ന് അവര്‍ അന്യോന്യം പറഞ്ഞു. യേശുവിനെപ്പറ്റിയുള്ള ശ്രുതി ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം പരന്നു. യേശു സുനഗോഗില്‍ നിന്നിറങ്ങി ശിമോന്‍റെ ഭവനത്തിലെത്തി. ശിമോന്‍റെ ഭാര്യാമാതാവ് കഠിനമായ ജ്വരം ബാധിച്ചു കിടക്കുകയായിരുന്നു. ആ രോഗിണിയെക്കുറിച്ച് അവര്‍ യേശുവിനോടു പറഞ്ഞു. അവിടുന്ന് ആ സ്‍ത്രീയുടെ അടുത്തുചെന്ന് അവരുടെ പനിയെ ശാസിച്ചു; പനി വിട്ടുമാറി. ഉടനെ അവര്‍ എഴുന്നേറ്റ് എല്ലാവരെയും പരിചരിച്ചു. ശബത്തു കഴിഞ്ഞ് സൂര്യാസ്തമയമായപ്പോള്‍ നാനാവിധ രോഗങ്ങള്‍ ബാധിച്ചവരെ അവിടുത്തെ അടുത്തു കൊണ്ടുവന്നു. അവിടുന്ന് ഓരോരുത്തരുടെയുംമേല്‍ കൈകള്‍ വച്ച് അവരെ സുഖപ്പെടുത്തി. “അങ്ങു ദൈവത്തിന്‍റെ പുത്രന്‍തന്നെ” എന്ന് അട്ടഹസിച്ചുകൊണ്ട് പലരില്‍നിന്നും ഭൂതങ്ങള്‍ ഒഴിഞ്ഞുപോയി. എന്നാല്‍ യേശു അവയെ ശാസിച്ചു. അവിടുന്നു ക്രിസ്തുതന്നെയാണെന്നു ദുഷ്ടാത്മാക്കള്‍ക്കു ബോധ്യപ്പെട്ടതിനാല്‍ സംസാരിക്കുവാന്‍ അവരെ അവിടുന്ന് അനുവദിച്ചില്ല. പിറ്റേദിവസം പ്രഭാതമായപ്പോള്‍ യേശു ഒരു വിജനസ്ഥലത്തേക്കു പോയി. ജനങ്ങള്‍ അവിടുത്തെ അന്വേഷിച്ചു പുറപ്പെട്ടു. കണ്ടെത്തിയപ്പോള്‍ തങ്ങളെ വിട്ടുപോകരുതെന്ന് അവര്‍ അവിടുത്തെ നിര്‍ബന്ധിച്ചു. അപ്പോള്‍ അവിടുന്നു പറഞ്ഞു: “ദൈവരാജ്യത്തെപ്പറ്റിയുള്ള സദ്‍വാര്‍ത്ത മറ്റുപട്ടണങ്ങളിലും എനിക്കു അറിയിക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണല്ലോ ദൈവം എന്നെ അയച്ചിരിക്കുന്നത്.” അങ്ങനെ ആ നാട്ടിലെങ്ങുമുള്ള സുനഗോഗുകളില്‍ യേശു പ്രഭാഷണം നടത്തിവന്നു. ഒരു ദിവസം യേശു ഗന്നേസരെത്ത് തടാകത്തിന്‍റെ തീരത്തു നില്‌ക്കുകയായിരുന്നു. ജനം ദൈവവചനം കേള്‍ക്കുവാന്‍ അവിടുത്തെ ചുറ്റും തിങ്ങിക്കൂടി. അപ്പോള്‍ രണ്ടു വഞ്ചി കരയ്‍ക്കടുത്തുകിടക്കുന്നത് യേശു കണ്ടു. മീന്‍പിടിത്തക്കാര്‍ ആ വഞ്ചികളില്‍ നിന്നിറങ്ങി വല കഴുകുകയായിരുന്നു. ഒരു വഞ്ചി ശിമോന്‍റേതായിരുന്നു. യേശു അതില്‍ കയറിയശേഷം കരയ്‍ക്കുനിന്നു വഞ്ചി അല്പം തള്ളിനീക്കുവാന്‍ ശിമോനോടു പറഞ്ഞു. അതിലിരുന്നുകൊണ്ട് അവിടുന്നു ജനങ്ങളെ പ്രബോധിപ്പിച്ചു. അതിനുശേഷം ആഴമുള്ളിടത്തേക്കു വഞ്ചി നീക്കി വലയിറക്കുവാന്‍ യേശു ശിമോനോടു പറഞ്ഞു. “ഗുരോ, രാത്രി മുഴുവന്‍ ഞങ്ങള്‍ കഠിനമായി അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല. എങ്കിലും അങ്ങയുടെ വാക്കനുസരിച്ചു ഞാന്‍ വലയിറക്കാം” എന്നു ശിമോന്‍ പറഞ്ഞു. അവര്‍ വലയിറക്കി. വല കീറിപ്പോകുമാറ് ഒരു വലിയ മീന്‍കൂട്ടം അതിലകപ്പെട്ടു. അവര്‍ സഹായത്തിനുവേണ്ടി മറ്റേ വഞ്ചിയിലുള്ള കൂട്ടുകാരെ മാടിവിളിച്ചു. അവര്‍ വന്നു രണ്ടു വഞ്ചികളും മുങ്ങാറാകുവോളം മീന്‍ നിറച്ചു. ശിമോന്‍ പത്രോസ് ഇതു കണ്ട് യേശുവിന്‍റെ കാല്‌ക്കല്‍ സാഷ്ടാംഗം വീണ്: “കര്‍ത്താവേ, ഞാന്‍ പാപിയായ മനുഷ്യന്‍; എന്നെ വിട്ടുപോയാലും” എന്നു പറഞ്ഞു. [9,10] അന്നത്തെ മീന്‍പിടിത്തത്തില്‍ ശിമോനും കൂടെയുണ്ടായിരുന്നവരും, ശിമോന്‍റെ പങ്കാളികളായ യാക്കോബും യോഹന്നാനും സംഭ്രമിച്ചു. യാക്കോബും യോഹന്നാനും സെബദിയുടെ മക്കളായിരുന്നു. യേശു ശിമോനോട്: “ഭയപ്പെടേണ്ടാ; ഇന്നുമുതല്‍ നീ മനുഷ്യരെ പിടിക്കുന്നവനാകും” എന്നു പറഞ്ഞു. *** അവര്‍ വഞ്ചികള്‍ കരയ്‍ക്കടുപ്പിച്ചശേഷം സര്‍വസ്വവും ഉപേക്ഷിച്ചു യേശുവിനെ അനുഗമിച്ചു. ഒരു ദിവസം യേശു ഒരു പട്ടണത്തില്‍ ചെന്നപ്പോള്‍ ശരീരം ആസകലം കുഷ്ഠരോഗം ബാധിച്ച ഒരാള്‍ അവിടുത്തെ അടുക്കല്‍ വന്നു. അയാള്‍ സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ട്: “കര്‍ത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ സുഖപ്പെടുത്തുവാന്‍ കഴിയും” എന്നു പറഞ്ഞു. അപ്പോള്‍ യേശു കൈ നീട്ടി അയാളെ തൊട്ടുകൊണ്ടു പറഞ്ഞു: “എനിക്കു മനസ്സുണ്ട്, നീ സുഖം പ്രാപിക്കുക.” തല്‍ക്ഷണം കുഷ്ഠരോഗം ആ മനുഷ്യനെ വിട്ടുമാറി. “ഇക്കാര്യം ആരോടും പറയരുത്; എന്നാല്‍ പുരോഹിതന്‍റെ അടുക്കല്‍ ചെന്നു നിന്നെത്തന്നെ കാണിച്ച് എല്ലാവരെയും ബോധ്യപ്പെടുത്തുന്നതിനായി മോശ കല്പിച്ചിട്ടുള്ളപ്രകാരം ശുദ്ധീകരണത്തിനുള്ള വഴിപാട് അര്‍പ്പിക്കുക” എന്ന് അവിടുന്ന് നിഷ്കര്‍ഷിച്ചു. എങ്കിലും യേശുവിനെക്കുറിച്ചുള്ള ഈ വാര്‍ത്ത നാട്ടിലെങ്ങും പരന്നു. അവിടുത്തെ പ്രബോധനം കേള്‍ക്കുവാനും രോഗശാന്തി ലഭിക്കുവാനും വലിയ ജനസഞ്ചയങ്ങള്‍ വന്നുകൊണ്ടിരുന്നു. അവിടുന്നാകട്ടെ പ്രാര്‍ഥിക്കുവാന്‍ വിജനസ്ഥലങ്ങളിലേക്കു മാറിപ്പോകുമായിരുന്നു. ഒരിക്കല്‍ യേശു പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. യെഹൂദ്യയിലും ഗലീലയിലുമുള്ള എല്ലാ ഗ്രാമങ്ങളില്‍നിന്നും യെരൂശലേമില്‍നിന്നും പരീശന്മാരും മതോപദേഷ്ടാക്കളും അവിടെ വന്നുകൂടി. രോഗങ്ങള്‍ ശമിപ്പിക്കുന്നതിനുള്ള ദൈവശക്തി യേശുവിന് ഉണ്ടായിരുന്നു. ചിലര്‍ ഒരു പക്ഷവാതരോഗിയെ കിടക്കയില്‍ എടുത്തുകൊണ്ടുവന്ന് യേശുവിന്‍റെ മുമ്പില്‍ എത്തിക്കുവാന്‍ ശ്രമിച്ചു. പക്ഷേ, ജനങ്ങളുടെ തിരക്കുമൂലം അകത്തേക്കു കൊണ്ടുചെല്ലുവാന്‍ കഴിഞ്ഞില്ല. മറ്റൊരു മാര്‍ഗവും കാണാഞ്ഞതുകൊണ്ട് അവര്‍ മുകളില്‍ കയറി മട്ടുപ്പാവു പൊളിച്ച് രോഗിയെ കിടക്കയോടെ ഇറക്കി അവിടുത്തെ മുമ്പില്‍ വച്ചു. യേശു അവരുടെ വിശ്വാസം കണ്ടപ്പോള്‍ “സ്നേഹിതാ, നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോള്‍ പരീശന്മാരും മതപണ്ഡിതന്മാരും “ദൈവദൂഷണം പറയുന്ന ഇവന്‍ ആര്? പാപങ്ങള്‍ ക്ഷമിക്കുവാന്‍ ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണു കഴിയുക?” എന്നിങ്ങനെ ചിന്തിച്ചുതുടങ്ങി. യേശു അവരുടെ മനോഗതം മനസ്സിലാക്കി. “നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്? നിന്‍റെ പാപങ്ങള്‍ മോചിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ, ഏതാണ് എളുപ്പം? മനുഷ്യപുത്രനു ഭൂമിയില്‍ പാപങ്ങള്‍ മോചിക്കുവാന്‍ അധികാരമുണ്ടെന്നു നിങ്ങള്‍ മനസ്സിലാക്കണം” എന്ന് യേശു അവരോടു പറഞ്ഞു. അനന്തരം അവിടുന്ന് പക്ഷവാതരോഗിയോട് ആജ്ഞാപിച്ചു: “ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേറ്റു കിടക്കയെടുത്തു വീട്ടിലേക്കു പോകുക.” ഉടനെ ആ മനുഷ്യന്‍ അവരുടെ മുമ്പില്‍ എഴുന്നേറ്റു നിന്നു. അയാള്‍ കിടക്കയെടുത്തു ദൈവത്തെ പ്രകീര്‍ത്തിച്ചുകൊണ്ടു സ്വഭവനത്തിലേക്കു പോയി. എല്ലാവരും വിസ്മയഭരിതരായി ദൈവത്തെ സ്തുതിച്ചു. അവരുടെ ഉള്ളില്‍ ഭയം നിറഞ്ഞു. “എന്തൊരു അവിശ്വസനീയമായ സംഗതിയാണ് ഇന്നു നാം കണ്ടത്” എന്ന് അവര്‍ അന്യോന്യം പറഞ്ഞു. പിന്നീടു യാത്രാമധ്യേ ചുങ്കം പിരിവുകാരനായ ലേവി അയാളുടെ ജോലിസ്ഥലത്ത് ഇരിക്കുന്നതു യേശു കണ്ടു. “എന്നെ അനുഗമിക്കുക” എന്ന് അവിടുന്ന് ലേവിയോടു പറഞ്ഞു. അയാള്‍ എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു. യേശുവിനുവേണ്ടി ലേവി തന്‍റെ വീട്ടില്‍ ഒരു വലിയ വിരുന്നൊരുക്കി. ചുങ്കംപിരിവുകാരും മറ്റുമായി ഒട്ടുവളരെ ആളുകള്‍ യേശുവിനോടുകൂടി ഭക്ഷണം കഴിക്കുവാനിരുന്നു. പരീശന്മാരും മതപണ്ഡിതന്മാരും ശിഷ്യന്മാരോടു പിറുപിറുത്തുകൊണ്ട്: “ചുങ്കക്കാരോടും മതനിഷ്ഠയില്ലാത്തവരോടുംകൂടി ഇരുന്നു നിങ്ങള്‍ ഭക്ഷണം കഴിക്കുന്നത് എന്തുകൊണ്ട്?” എന്നു ചോദിച്ചു. യേശു പ്രതിവചിച്ചു: “ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ട് ആവശ്യം. പുണ്യവാന്മാരെ വിളിക്കുവാനല്ല, പാപികളെ അവരുടെ പാപത്തില്‍നിന്നു പിന്തിരിപ്പിക്കുവാനാണു ഞാന്‍ വന്നത്.” അവര്‍ പറഞ്ഞു: “യോഹന്നാന്‍റെ ശിഷ്യന്മാര്‍ കൂടെക്കൂടെ ഉപവസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു; അങ്ങനെതന്നെ പരീശന്മാരുടെ ശിഷ്യന്മാരും ചെയ്യുന്നു. താങ്കളുടെ ശിഷ്യന്മാരാകട്ടെ ഉപവസിക്കാതെ തിന്നുകയും കുടിക്കുകയും ചെയ്യുന്നുവല്ലോ!” അതിന് യേശു: “മണവാളന്‍ കൂടെയുള്ളപ്പോള്‍ കല്യാണത്തിനു വന്ന അതിഥികളെക്കൊണ്ട് ഉപവസിപ്പിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുമോ? മണവാളനെ അവരില്‍നിന്നു നീക്കുന്ന സമയം വരും. അക്കാലത്ത് അവര്‍ ഉപവസിക്കും” എന്നു മറുപടി നല്‌കി. ഒരു ദൃഷ്ടാന്തവും അവിടുന്ന് അവരോടു പറഞ്ഞു: “ആരും പുതിയ വസ്ത്രത്തിന്‍റെ ഒരു കഷണം കീറിയെടുത്തു പഴയ വസ്ത്രത്തോടു ചേര്‍ത്തു തുന്നുകയില്ല. അങ്ങനെ ചെയ്താല്‍ പുതിയ വസ്ത്രം കീറിക്കളയുന്നു എന്നു മാത്രമല്ല, പുതിയ കഷണം പഴയതിനോടു ചേരാതിരിക്കുകയും ചെയ്യും. അതുപോലെതന്നെ പുതുവീഞ്ഞ് ആരും പഴയ തോല്‌ക്കുടങ്ങളില്‍ പകര്‍ന്നു വയ്‍ക്കാറില്ല. അങ്ങനെ ചെയ്താല്‍ പുതുവീഞ്ഞു തോല്‌ക്കുടം പൊളിച്ച് ഒഴുകിപ്പോകും; കുടവും നശിക്കും. പുതുവീഞ്ഞു പുതിയ തോല്‌ക്കുടത്തില്‍ത്തന്നെ പകര്‍ന്നു വയ്‍ക്കണം. പഴയ വീഞ്ഞു കുടിച്ചു ശീലിച്ച ആരുംതന്നെ പുതുവീഞ്ഞ് ഇഷ്ടപ്പെടുകയില്ല; പഴയതുതന്നെയാണു മെച്ചം എന്നു പറയും.” ഒരു ശബത്തുദിവസം യേശു വിളഭൂമിയില്‍കൂടി കടന്നുപോകുകയായിരുന്നു. ശിഷ്യന്മാര്‍ കതിരു പറിച്ചു കൈയില്‍വച്ചു തിരുമ്മിത്തിന്നു. “ശബത്തില്‍ ചെയ്തുകൂടാത്തതു നിങ്ങള്‍ ചെയ്യുന്നതെന്തുകൊണ്ട്?” എന്നു ചില പരീശന്മാര്‍ ചോദിച്ചു. യേശു അതിനു മറുപടിയായി “ദാവീദിനും അനുയായികള്‍ക്കും വിശന്നപ്പോള്‍ എന്താണു ചെയ്തതെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ? അദ്ദേഹം ദേവാലയത്തില്‍ ചെന്നു പുരോഹിതന്മാരല്ലാതെ മറ്റാരും തിന്നുകൂടാത്ത കാഴ്ചയപ്പം എടുത്തു ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവര്‍ക്കു കൊടുക്കുകയും ചെയ്തില്ലേ? മനുഷ്യപുത്രന്‍ ശബത്തിന്‍റെയും അധീശനാണ്” എന്നു പറഞ്ഞു. മറ്റൊരു ശബത്തുനാളില്‍ യേശു സുനഗോഗില്‍ പോയി പഠിപ്പിച്ചു. വലംകൈ ശോഷിച്ച ഒരു മനുഷ്യന്‍ അവിടെയുണ്ടായിരുന്നു. ശബത്തില്‍ യേശു അയാളെ സുഖപ്പെടുത്തുമോ എന്നു മതപണ്ഡിതന്മാരും പരീശന്മാരും ശ്രദ്ധിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തില്‍ കുറ്റം ആരോപിക്കുവാന്‍ കാരണം അന്വേഷിക്കുകയായിരുന്നു അവര്‍. യേശു അവരുടെ മനോഗതം മനസ്സിലാക്കി കൈ ശോഷിച്ച ആ മനുഷ്യനോട്: “എഴുന്നേറ്റു നടുവിലേക്കു മാറി നില്‌ക്കുക” എന്നു പറഞ്ഞു. അയാള്‍ എഴുന്നേറ്റു നിന്നു. യേശു അവരോടു പറഞ്ഞു: “ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ: ശബത്തുദിവസം നന്മ ചെയ്യുകയോ തിന്മ ചെയ്യുകയോ ജീവനെ രക്ഷിക്കുകയോ നശിപ്പിക്കുകയോ ഏതാണു ശരി?” അനന്തരം അവരെയെല്ലാം ചുറ്റും നോക്കിയശേഷം ആ മനുഷ്യനോടു കൈ നീട്ടുക എന്നാജ്ഞാപിച്ചു. അയാള്‍ അപ്രകാരം ചെയ്തു. തല്‍ക്ഷണം അയാളുടെ കൈ സുഖംപ്രാപിച്ചു. അവര്‍ക്കു കഠിനമായ അമര്‍ഷം ഉണ്ടായി. യേശുവിനെ എന്തു ചെയ്യണമെന്ന് അവര്‍ അന്യോന്യം ആലോചിച്ചു. അന്നൊരിക്കല്‍ യേശു പ്രാര്‍ഥിക്കുവാന്‍ ഒരു മലയിലേക്കു പോയി. രാത്രിമുഴുവന്‍ അവിടുന്നു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. പ്രഭാതമായപ്പോള്‍ അവിടുന്നു തന്‍റെ അനുയായികളെ വിളിച്ചുകൂട്ടി; [14-16] താഴെപ്പറയുന്ന പന്ത്രണ്ടുപേരെ അവരില്‍നിന്നു തിരഞ്ഞെടുത്ത് അപ്പോസ്തോലന്മാര്‍ എന്നു നാമകരണം ചെയ്തു: ശിമോന്‍ (ഇദ്ദേഹത്തെ പത്രോസ് എന്നു യേശു വിളിച്ചു), അദ്ദേഹത്തിന്‍റെ സഹോദരന്‍ അന്ത്രയാസ്, യാക്കോബ്, യോഹന്നാന്‍, ഫീലിപ്പോസ്, ബര്‍ത്തൊലൊമായി, മത്തായി, തോമസ്, അല്ഫായിയുടെ മകന്‍ യാക്കോബ്, തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമോന്‍, യാക്കോബിന്‍റെ മകന്‍ യൂദാസ്, ഒറ്റുകാരനായിത്തീര്‍ന്ന യൂദാസ് ഈസ്കരിയോത്ത്. *** *** അനന്തരം യേശു അവരോടുകൂടി മലയില്‍ നിന്നിറങ്ങി സമതലത്തു വന്നു. ശിഷ്യന്മാരുടെ ഒരു വലിയ സമൂഹം അവിടെയുണ്ടായിരുന്നു. യെരൂശലേമില്‍ നിന്നുള്ളവരെ കൂടാതെ യെഹൂദ്യയുടെ നാനാഭാഗങ്ങളില്‍നിന്നും സമുദ്രതീരത്തുള്ള സോര്‍, സീദോന്‍ പ്രദേശങ്ങളില്‍നിന്നും യേശുവിന്‍റെ പ്രബോധനം കേള്‍ക്കുവാനും രോഗശാന്തി ലഭിക്കുവാനുമായി ഒരു വലിയ ജനതതി വന്നുകൂടി. അശുദ്ധാത്മാക്കള്‍ ബാധിച്ചു വലഞ്ഞവര്‍ സുഖംപ്രാപിച്ചു. യേശുവില്‍നിന്ന് ദിവ്യശക്തി പുറപ്പെട്ട് എല്ലാ രോഗികളെയും സുഖപ്പെടുത്തി വന്നു. അതുകൊണ്ട് അവിടുത്തെ ഒന്നു തൊടുവാന്‍ ആള്‍ക്കൂട്ടത്തിന്‍റെ ഇടയില്‍ വലിയ തിരക്കുണ്ടായി. യേശു ശിഷ്യന്മാരെ നോക്കിക്കൊണ്ട് ഇപ്രകാരം അരുള്‍ചെയ്തു: “ദരിദ്രരായ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവര്‍; ദൈവരാജ്യം നിങ്ങള്‍ക്കുള്ളതാകുന്നു! ഇപ്പോള്‍ വിശക്കുന്നവരായ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവര്‍; നിങ്ങള്‍ സംതൃപ്തരാകും! ഇപ്പോള്‍ കരയുന്നവരായ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവര്‍; നിങ്ങള്‍ ചിരിക്കും! മനുഷ്യപുത്രനെ അനുഗമിക്കുന്നതിനാല്‍ നിങ്ങളെ മറ്റുള്ളവര്‍ ദ്വേഷിക്കുകയും ഭ്രഷ്ടരാക്കുകയും നിന്ദിക്കുകയും നികൃഷ്ടരെന്നവിധം നിരാകരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവര്‍; അന്നു നിങ്ങള്‍ ആഹ്ലാദിച്ചു തുള്ളിച്ചാടുക; എന്തെന്നാല്‍ സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതാണ്: അവരുടെ പിതാക്കന്മാരും പ്രവാചകന്മാരോട് അങ്ങനെതന്നെയാണല്ലോ വര്‍ത്തിച്ചിട്ടുള്ളത്. എന്നാല്‍ സമ്പന്നരേ, നിങ്ങള്‍ക്കു ഹാ കഷ്ടം!; നിങ്ങളുടെ സൗഭാഗ്യകാലം കഴിഞ്ഞുപോയി! ഇപ്പോള്‍ സംതൃപ്തരായിരിക്കുന്നവരേ, നിങ്ങള്‍ക്കു ഹാ കഷ്ടം!; നിങ്ങള്‍ക്കു വിശക്കും! ഇപ്പോള്‍ ആഹ്ലാദിക്കുന്നവരേ, നിങ്ങള്‍ക്കു ഹാ കഷ്ടം!; നിങ്ങള്‍ വിലപിക്കുകയും കരയുകയും ചെയ്യും! എല്ലാ മനുഷ്യരും നിങ്ങളെ പുകഴ്ത്തുമ്പോള്‍ നിങ്ങള്‍ക്കു ഹാ കഷ്ടം!; അവരുടെ പിതാക്കന്മാര്‍ വ്യാജപ്രവാചകന്മാരെ അങ്ങനെതന്നെ പുകഴ്ത്തിയിട്ടുണ്ടല്ലോ. “എന്നാല്‍ എന്‍റെ പ്രബോധനം കേള്‍ക്കുന്നവരായ നിങ്ങളോടു ഞാന്‍ പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക; നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്കു നന്മ ചെയ്യുക; നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക; നിങ്ങളെ നിന്ദിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക. നിന്‍റെ ഒരു ചെകിട്ടത്ത് അടിക്കുന്നവനു മറ്റേതുംകൂടി കാണിച്ചുകൊടുക്കുക. നിന്‍റെ പുറങ്കുപ്പായം അപഹരിക്കുന്നവനു കുപ്പായംകൂടി വിട്ടുകൊടുക്കാന്‍ മടിക്കരുത്. നിന്നോടു ചോദിക്കുന്ന എല്ലാവര്‍ക്കും കൊടുക്കുക. നിന്‍റെ വസ്തുവകകള്‍ അപഹരിച്ചവനോട് അവ തിരിച്ചു ചോദിക്കരുത്. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ വര്‍ത്തിക്കണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതുപോലെതന്നെ അവരോടും വര്‍ത്തിക്കുക. “നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിക്കുന്നതുകൊണ്ടു നിങ്ങള്‍ക്കുള്ള മേന്മയെന്ത്? പാപികള്‍പോലും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ. നിങ്ങള്‍ക്കു നന്മ ചെയ്യുന്നവര്‍ക്കുമാത്രം നന്മ ചെയ്താല്‍ നിങ്ങള്‍ക്കുള്ള മേന്മയെന്ത്? പാപികളും അങ്ങനെതന്നെ ചെയ്യുന്നുണ്ടല്ലോ. തിരിച്ചുകിട്ടുമെന്നാശിച്ചു കൊണ്ടു വായ്പ കൊടുത്താല്‍ നിങ്ങള്‍ക്ക് എന്തു മെച്ചം? കൊടുത്തത് അത്രയും തിരിച്ചുവാങ്ങാമെന്നു കരുതി പാപികള്‍പോലും പാപികള്‍ക്കു കടം കൊടുക്കാറുണ്ടല്ലോ. എന്നാല്‍ നിങ്ങള്‍ ശത്രുക്കളെ സ്നേഹിക്കുക; അവര്‍ക്കു നന്മ ചെയ്യുക. തിരിച്ച് ഒന്നുംതന്നെ പ്രതീക്ഷിക്കാതെ കടം കൊടുക്കുക. അപ്പോള്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും; നിങ്ങള്‍ അത്യുന്നതന്‍റെ മക്കളായിത്തീരും; അവിടുന്നു നന്ദികെട്ടവരോടും തന്‍കാര്യക്കാരോടും ദയാലുവാണല്ലോ. നിങ്ങളുടെ പിതാവു കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുക. “ആരെയും വിധിക്കരുത്; എന്നാല്‍ ദൈവം നിങ്ങളെയും വിധിക്കുകയില്ല. ആരെയും കുറ്റവാളിയെന്നു വിധിക്കരുത്; എന്നാല്‍ നിങ്ങളെയും കുറ്റവാളികളെന്നു വിധിക്കുകയില്ല. മറ്റുള്ളവരോടു ക്ഷമിക്കുക; എന്നാല്‍ ദൈവം നിങ്ങളോടും ക്ഷമിക്കും. കൊടുക്കുക; എന്നാല്‍ നിങ്ങള്‍ക്കു ലഭിക്കും. അമര്‍ത്തിക്കുലുക്കി നിറഞ്ഞു കവിയുന്ന നല്ല അളവുതന്നെ നിങ്ങള്‍ക്കു ലഭിക്കും. നിങ്ങള്‍ അളന്നുകൊടുക്കുന്ന അളവായിരിക്കും നിങ്ങള്‍ക്കു തിരിച്ചു കിട്ടുക.” യേശു അവരോട് ഒരു ദൃഷ്ടാന്തം പറഞ്ഞു: “അന്ധന് അന്ധനെ വഴി കാണിക്കുവാന്‍ കഴിയുമോ? രണ്ടുപേരും കുഴിയില്‍ വീഴുകയില്ലേ? ഗുരുവിന് ഉപരിയല്ല ശിഷ്യന്‍; എന്നാല്‍ അവന്‍ പൂര്‍ണമായി പഠിച്ചു കഴിയുമ്പോള്‍ ഗുരുവിനൊപ്പമാകും. “സഹോദരന്‍റെ കണ്ണിലെ കരടു കാണുകയും സ്വന്തം കണ്ണിലെ കോല് ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? അഥവാ സ്വന്തം കണ്ണില്‍ കോല് ഇരിക്കെ സഹോദരനോട്, ‘സഹോദരാ, നിന്‍റെ കണ്ണിലെ കരടു ഞാന്‍ എടുത്തുകളയട്ടെ’ എന്നു പറയുവാന്‍ എങ്ങനെ കഴിയും? ഹേ! കപടനാട്യക്കാരാ, ആദ്യം നിന്‍റെ കണ്ണില്‍നിന്നു കോല് എടുത്തു കളയുക; അപ്പോള്‍ സഹോദരന്‍റെ കണ്ണിലെ കരട് എടുത്തുകളയത്തക്കവിധം തെളിവായി കാണും. “നല്ല വൃക്ഷത്തില്‍ ചീത്ത ഫലം കായ്‍ക്കുകയില്ല; ചീത്ത വൃക്ഷത്തില്‍ നല്ല ഫലവും കായ്‍ക്കുകയില്ല. ഓരോ വൃക്ഷവും അതതിന്‍റെ ഫലംകൊണ്ടു തിരിച്ചറിയാം. മുള്‍ച്ചെടികളില്‍നിന്ന് അത്തിപ്പഴമോ, ഞെരിഞ്ഞിലില്‍ നിന്നു മുന്തിരിങ്ങയോ ആരും പറിക്കുന്നില്ല. നല്ല മനുഷ്യന്‍ തന്‍റെ ഹൃദയത്തിലെ നന്മയുടെ നിക്ഷേപത്തില്‍നിന്നു നന്മ പുറപ്പെടുവിക്കുന്നു. ദുഷ്ടമനുഷ്യന്‍ തന്‍റെ ഹൃദയത്തിലുള്ള ദുഷ്ടതയുടെ നിക്ഷേപത്തില്‍നിന്നു തിന്മ പുറപ്പെടുവിക്കുന്നു. തന്‍റെ ഹൃദയത്തില്‍ നിറഞ്ഞു കവിയുന്നതാണല്ലോ അവന്‍ സംസാരിക്കുന്നത്. “നിങ്ങള്‍ എന്നെ കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കുകയും ഞാന്‍ പറയുന്നതു ചെയ്യാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? എന്‍റെ അടുക്കല്‍ വന്ന് എന്‍റെ വാക്കുകള്‍ കേട്ട് അവ അനുസരിക്കുന്ന ഏതൊരുവനും ആരോടു സമനാണെന്നു ഞാന്‍ പറഞ്ഞുതരാം. ആഴത്തില്‍ വാനം തോണ്ടി പാറമേല്‍ അടിസ്ഥാനമുറപ്പിച്ചു വീടുപണിയുന്ന മനുഷ്യനോടു തുല്യനായിരിക്കും അവന്‍. വെള്ളം പൊങ്ങി, ഒഴുക്ക് ആ വീടിന്മേല്‍ ആഞ്ഞടിച്ചു; പക്ഷേ അതിനെ ഇളക്കുവാന്‍ കഴിഞ്ഞില്ല, എന്തെന്നാല്‍ ബലവത്തായി നിര്‍മിച്ചതായിരുന്നു ആ വീട്. എന്നാല്‍ എന്‍റെ പ്രബോധനം കേട്ട് അതനുസരിച്ച് പ്രവര്‍ത്തിക്കാതിരിക്കുന്നവന്‍ ശരിയായ അടിസ്ഥാനമിടാതെ പൂഴിമണലില്‍ വീടു നിര്‍മിച്ചവനോടു തുല്യനത്രേ. ആ വീടിന്മേല്‍ ഒഴുക്ക് ആഞ്ഞടിച്ചു; തല്‍ക്ഷണം അതു നിലംപതിച്ചു; ആ വീടിന്‍റെ തകര്‍ച്ച വലുതായിരുന്നു.” അങ്ങനെ തന്‍റെ പ്രഭാഷണം പൂര്‍ത്തിയാക്കിയശേഷം യേശു കഫര്‍ന്നഹൂമിലെത്തി. അവിടെ റോമാസൈന്യത്തിലെ ഒരു ശതാധിപനുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ പ്രിയങ്കരനായ ഒരു ഭൃത്യന്‍ രോഗം പിടിപെട്ട് ആസന്നമരണനായി കിടന്നിരുന്നു. ശതാധിപന്‍ യേശുവിനെക്കുറിച്ചു കേട്ടു; അവിടുന്ന് വന്നു തന്‍റെ ഭൃത്യനെ സുഖപ്പെടുത്തണമെന്ന് അഭ്യര്‍ഥിക്കുന്നതിനായി സുനഗോഗിലെ ഏതാനും പ്രമുഖന്മാരെ യേശുവിന്‍റെ അടുക്കലയച്ചു. അവര്‍ അവിടുത്തെ സമീപിച്ചു നിര്‍ബന്ധപൂര്‍വം അപേക്ഷിച്ചു: “ഈ ശതാധിപന്‍ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങള്‍ക്ക് ഒരു സുനഗോഗും നിര്‍മിച്ചു തന്നു; അതുകൊണ്ട് ഇതു ചെയ്തു കൊടുക്കുന്നതിന് അദ്ദേഹം യോഗ്യനാണ്.” യേശു അവരോടുകൂടി പോയി. ശതാധിപന്‍റെ വീടിനോടു സമീപിക്കാറായപ്പോള്‍ അദ്ദേഹം തന്‍റെ സ്നേഹിതന്മാരെ അയച്ച് യേശുവിനെ ഇപ്രകാരം അറിയിച്ചു: “പ്രഭോ, അങ്ങു ബുദ്ധിമുട്ടേണ്ടതില്ല. അങ്ങ് എന്‍റെ ഭവനത്തില്‍ വരുവാനുള്ള യോഗ്യത എനിക്കില്ല. അങ്ങയുടെ അടുക്കല്‍ നേരിട്ടു വരുവാനും എനിക്കു യോഗ്യതയില്ല; അവിടുന്ന് ഒരു വാക്കു കല്പിച്ചാല്‍ മതി, എന്‍റെ ഭൃത്യന്‍ സുഖം പ്രാപിക്കും. ഞാനും അധികാരത്തിന്‍കീഴില്‍ ഉള്ളവനാണ്; എന്‍റെ കീഴിലും പടയാളികളുണ്ട്; ഒരുവനോടു ‘പോകൂ’ എന്നു പറഞ്ഞാല്‍ അയാള്‍ പോകുന്നു. മറ്റൊരുവനോടു ‘വരിക’ എന്നു പറഞ്ഞാല്‍ അയാള്‍ വരുന്നു. എന്‍റെ ഭൃത്യനോട് ‘ഇതു ചെയ്യുക’ എന്നു പറഞ്ഞാല്‍ അവന്‍ ചെയ്യുന്നു.” ഇതു കേട്ടപ്പോള്‍ യേശു വിസ്മയഭരിതനായി. അവിടുന്നു തിരിഞ്ഞ് തന്നെ അനുഗമിച്ച ജനത്തോടു പറഞ്ഞു: “ഇസ്രായേലില്‍പോലും ഇത്ര വലിയ വിശ്വാസം ഞാന്‍ കണ്ടിട്ടില്ല!” യേശുവിന്‍റെ അടുക്കല്‍ അയച്ച ആളുകള്‍ തിരിച്ചു ചെന്നപ്പോള്‍ ശതാധിപന്‍റെ ഭൃത്യന്‍ പൂര്‍ണസുഖം പ്രാപിച്ചിരിക്കുന്നതായി കണ്ടു. അടുത്ത ദിവസം യേശു നയിന്‍ എന്ന പട്ടണത്തിലേക്കു യാത്രയായി. ശിഷ്യന്മാരും ഒരു വലിയ ജനസഞ്ചയവും അവിടുത്തെ അനുഗമിച്ചു. അവിടുന്നു നഗരഗോപുരത്തോടു സമീപിച്ചപ്പോള്‍ ഒരു മൃതശരീരം എടുത്തുകൊണ്ട് ഏതാനുമാളുകള്‍ വരുന്നതു കണ്ടു. ഒരു വിധവയുടെ ഏകപുത്രനായിരുന്നു മരിച്ചയാള്‍. പട്ടണത്തില്‍നിന്ന് ഒരു വലിയ ജനാവലിയും അവരുടെ കൂടെയുണ്ടായിരുന്നു. യേശു ആ സ്‍ത്രീയെ കണ്ടപ്പോള്‍ മനസ്സലിഞ്ഞ്, അവരോട്: “കരയേണ്ടാ” എന്നു പറഞ്ഞു. അവിടുന്ന് അടുത്തുചെന്ന് ശവമഞ്ചത്തില്‍ തൊട്ടു. മഞ്ചം വഹിച്ചിരുന്നവര്‍ അവിടെ നിന്നു. പിന്നീട് യേശു ഇപ്രകാരം ആജ്ഞാപിച്ചു: “യുവാവേ!, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്‌ക്കൂ!” മരിച്ചയാള്‍ ഉടനെ എഴുന്നേറ്റിരുന്നു സംസാരിച്ചു. യേശു ആ യുവാവിനെ അയാളുടെ അമ്മയെ ഏല്പിച്ചു. എല്ലാവരും പരിഭ്രാന്തരായി. “മഹാനായ ഒരു പ്രവാചകന്‍ നമ്മുടെ ഇടയില്‍ പ്രത്യക്ഷനായിരിക്കുന്നു! ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു!” ഇങ്ങനെ പറഞ്ഞുകൊണ്ട് അവര്‍ ദൈവത്തെ പ്രകീര്‍ത്തിച്ചു. യേശുവിനെക്കുറിച്ചുള്ള ഈ വാര്‍ത്ത യെഹൂദ്യനാട്ടില്‍ എല്ലായിടത്തും പരിസരപ്രദേശങ്ങളിലും പ്രചരിച്ചു. യോഹന്നാന്‍റെ ശിഷ്യന്മാര്‍ ഈ കാര്യങ്ങളെല്ലാം അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം രണ്ടു ശിഷ്യന്മാരെ വിളിച്ച് “വരുവാനിരിക്കുന്ന മിശിഹാ അങ്ങു തന്നെയോ, അതോ ഞങ്ങള്‍ മറ്റൊരുവനെ കാത്തിരിക്കണോ?” എന്നു ചോദിക്കുന്നതിനായി യേശുവിന്‍റെ അടുക്കല്‍ അയച്ചു. അവര്‍ ചെന്ന് യേശുവിനോടു ചോദിച്ചു; “സ്നാപകയോഹന്നാന്‍ ഞങ്ങളെ ഇവിടെ അയച്ചിരിക്കുന്നു; വരുവാനിരിക്കുന്നവന്‍ അങ്ങുതന്നെയാണോ? അതോ മറ്റൊരുവനെ ഞങ്ങള്‍ കാത്തിരിക്കണോ?” ആ സമയത്ത് യേശു രോഗങ്ങളും വ്യാധികളും ദുഷ്ടാത്മാക്കളും ബാധിച്ച നിരവധി ആളുകളെ സുഖപ്പെടുത്തുകയും അന്ധന്മാര്‍ക്കു കാഴ്ച നല്‌കുകയും ചെയ്തുകൊണ്ടിരുന്നു. അവിടുന്ന് യോഹന്നാന്‍റെ ദൂതന്മാരോടു പ്രതിവചിച്ചു: “നിങ്ങള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ അദ്ദേഹത്തോടു പോയി പറയുക: അന്ധന്മാര്‍ക്കു കാഴ്ച ലഭിക്കുന്നു, മുടന്തന്മാര്‍ നടക്കുന്നു, കുഷ്ഠരോഗികള്‍ സുഖംപ്രാപിക്കുന്നു, ബധിരര്‍ കേള്‍ക്കുന്നു, മരിച്ചവരെ ഉയിര്‍പ്പിക്കുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കുന്നു. എന്നിലുള്ള വിശ്വാസത്തില്‍നിന്ന് ഇടറിവീഴാതിരിക്കുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍.” യോഹന്നാന്‍റെ ദൂതന്മാര്‍ പോയശേഷം യേശു അദ്ദേഹത്തെക്കുറിച്ചു ജനസമൂഹത്തോട് ഇപ്രകാരം പറഞ്ഞു: “നിങ്ങള്‍ എന്തു കാണാമെന്നു പ്രതീക്ഷിച്ചാണ് വിജനസ്ഥലത്തേക്കു പോയത്? കാറ്റില്‍ ഉലയുന്ന ഞാങ്ങണയോ? പിന്നെ എന്തു കാണാന്‍ നിങ്ങള്‍ പോയി? മൃദുലവസ്ത്രം ധരിച്ച ഒരുവനെയോ? അങ്ങനെയുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് ആഡംബരപൂര്‍വം ജീവിക്കുന്നവര്‍ രാജകൊട്ടാരങ്ങളിലല്ലേ ഉള്ളത്? എന്നാല്‍ പിന്നെ എന്തു കാണാന്‍ പോയി? ഒരു പ്രവാചകനെയോ? അതെ, പ്രവാചകനെക്കാള്‍ വളരെ മികച്ചവനെത്തന്നെ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. ‘ഇതാ നിനക്കുവേണ്ടി വഴി ഒരുക്കുവാന്‍ ഞാന്‍ എന്‍റെ ദൂതനെ നിനക്കുമുമ്പേ അയയ്‍ക്കുന്നു’ എന്ന് എഴുതപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തെക്കുറിച്ചാണ്. സ്‍ത്രീകളില്‍നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ ശ്രേഷ്ഠന്‍ ആരുമില്ല എന്നു ഞാന്‍ പറയുന്നു. എങ്കിലും ദൈവരാജ്യത്തിലെ ഏറ്റവും ചെറിയവന്‍ അദ്ദേഹത്തെക്കാള്‍ മികച്ചവന്‍ തന്നെ.” ചുങ്കംപിരിക്കുന്നവരും മറ്റെല്ലാ ജനങ്ങളും യോഹന്നാന്‍റെ സന്ദേശം കേള്‍ക്കുകയും സ്നാപനം സ്വീകരിക്കുകയും ചെയ്തുകൊണ്ടു ദൈവത്തിന്‍റെ നീതി നിറവേറ്റി. എന്നാല്‍ അദ്ദേഹത്തിന്‍റെ സ്നാപനം സ്വീകരിക്കാതിരുന്ന പരീശന്മാരും മതപണ്ഡിതന്മാരും തങ്ങളെപ്പറ്റിയുള്ള ദൈവോദ്ദേശ്യം സ്വയം നിരസിച്ചുകളഞ്ഞു. യേശു തുടര്‍ന്നു പറഞ്ഞു: “ഈ തലമുറയിലെ മനുഷ്യരെ ഞാന്‍ എന്തിനോടാണ് ഉപമിക്കേണ്ടത്? ആര്‍ക്കു തുല്യരാണവര്‍? ‘ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കുഴലൂതി; നിങ്ങള്‍ നൃത്തം ചെയ്തില്ല; ഞങ്ങള്‍ വിലാപഗാനം പാടി; നിങ്ങള്‍ കരഞ്ഞില്ല’ എന്നിങ്ങനെ ചന്തയിലിരുന്ന് അന്യോന്യം വിളിച്ചുപറയുന്ന കുട്ടികള്‍ക്ക് തുല്യരാണവര്‍. “സ്നാപകയോഹന്നാന്‍ ഭക്ഷണപാനീയങ്ങളില്‍ വര്‍ജനം ആചരിക്കുന്നവനായി വന്നു. അദ്ദേഹം ഭൂതാവിഷ്ടനാണെന്നു നിങ്ങള്‍ പറയുന്നു; മനുഷ്യപുത്രന്‍ ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നവനായി വന്നു. ‘ഇതാ ഭോജനപ്രിയനും മദ്യപനുമായ മനുഷ്യന്‍! ചുങ്കക്കാരുടെയും അധര്‍മികളുടെയും സ്നേഹിതന്‍!’ എന്നു നിങ്ങള്‍ പറയുന്നു. ദൈവികമായ ജ്ഞാനമാണു ശരിയായതെന്ന് അതു സ്വീകരിക്കുന്ന എല്ലാവരാലും തെളിയിക്കപ്പെട്ടിരിക്കുന്നു.” ഒരിക്കല്‍ ഒരു പരീശന്‍ യേശുവിനെ വിരുന്നിനു ക്ഷണിച്ചു. അവിടുന്ന് അയാളുടെ വീട്ടിലെത്തി ഭക്ഷണം കഴിക്കാനിരുന്നു. ആ പട്ടണത്തില്‍ പാപിനിയായ ഒരു സ്‍ത്രീ ഉണ്ടായിരുന്നു. യേശു ആ പരീശന്‍റെ ഭവനത്തില്‍ ഉണ്ടെന്നറിഞ്ഞ് അവള്‍ ഒരു വെണ്‍കല്പാത്രത്തില്‍ പരിമളതൈലവുമായി എത്തി. അവള്‍ യേശുവിന്‍റെ പിറകില്‍ അവിടുത്തെ കാല്‌ക്കല്‍ കരഞ്ഞുകൊണ്ടുനിന്നു. തന്‍റെ കണ്ണുനീര്‍കൊണ്ട് അവള്‍ അവിടുത്തെ പാദങ്ങള്‍ നനയ്‍ക്കുവാന്‍ തുടങ്ങി. അവള്‍ തലമുടികൊണ്ട് അതു തുടച്ചു. അവിടുത്തെ പാദങ്ങള്‍ തുടരെ ചുംബിക്കുകയും പരിമളതൈലം പൂശുകയും ചെയ്തു. ഇതുകണ്ട് ആതിഥേയനായ പരീശന്‍ ആത്മഗതം ചെയ്തു: “ഇദ്ദേഹം പ്രവാചകനായിരുന്നെങ്കില്‍, തന്നെ സ്പര്‍ശിച്ച ഈ സ്‍ത്രീ ആരാണെന്നും എങ്ങനെയുള്ളവളാണെന്നും അറിയുമായിരുന്നു; അവള്‍ ഒരു പാപിനിയാണല്ലോ.” യേശു പരീശനോടു പറഞ്ഞു: “ശിമോനേ താങ്കളോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്.” “ഗുരോ, പറഞ്ഞാലും” എന്ന് അയാള്‍ പറഞ്ഞു. യേശു അരുള്‍ചെയ്തു: “പണം കടം കൊടുക്കുന്ന ഒരാള്‍ക്കു രണ്ടുപേര്‍ കടപ്പെട്ടിരുന്നു; ഒരാള്‍ അഞ്ഞൂറു ദിനാറും മറ്റെയാള്‍ അമ്പതു ദിനാറുമായിരുന്നു അയാള്‍ക്കു കൊടുക്കാനുണ്ടായിരുന്നത്. കടം വീട്ടാന്‍ കഴിവില്ലായ്കയാല്‍ രണ്ടുപേര്‍ക്കും ആ തുകകള്‍ അയാള്‍ ഇളച്ചുകൊടുത്തു; ഇവരില്‍ ആരാണ് അയാളെ അധികം സ്നേഹിക്കുക?” “കൂടുതല്‍ സംഖ്യ ഇളച്ചു കിട്ടിയവനായിരിക്കുമെന്ന് എനിക്കു തോന്നുന്നു” എന്നു ശിമോന്‍ പറഞ്ഞു. “അതു ശരിതന്നെ” എന്നു പറഞ്ഞശേഷം യേശു ആ സ്‍ത്രീയുടെ നേരെ തിരിഞ്ഞു ശിമോനോടു പറഞ്ഞു: “ഈ സ്‍ത്രീയെ താങ്കള്‍ കാണുന്നുണ്ടല്ലോ. ഞാന്‍ നിങ്ങളുടെ ഭവനത്തില്‍ വന്നു; നിങ്ങള്‍ എനിക്കു കാലു കഴുകുവാന്‍ വെള്ളം തന്നില്ല; ഇവളാകട്ടെ തന്‍റെ കണ്ണുനീരുകൊണ്ട് എന്‍റെ കാലു കഴുകി, തലമുടികൊണ്ടു തുടച്ചു. നിങ്ങള്‍ ചുംബനം ചെയ്ത് എന്നെ സ്വീകരിച്ചില്ല. ഇവളാകട്ടെ ഞാനിവിടെ വന്നപ്പോള്‍ മുതല്‍ എന്‍റെ പാദങ്ങളില്‍ തുടരെ ചുംബിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള്‍ എന്‍റെ തലയില്‍ തൈലം പൂശിയില്ല; എന്നാല്‍ ഇവള്‍ എന്‍റെ പാദങ്ങളില്‍ പരിമളതൈലം പൂശി. അതുകൊണ്ടു ഞാന്‍ പറയുന്നു: ഇവള്‍ കൂടുതല്‍ സ്നേഹിച്ചതിനാല്‍ ഇവളുടെ എണ്ണമറ്റ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു; കുറച്ചു ക്ഷമിക്കപ്പെട്ടവന്‍ കുറച്ചു മാത്രമേ സ്നേഹിക്കുകയുള്ളൂ.” പിന്നീട് ആ സ്‍ത്രീയോട്: “നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു” എന്ന് അരുള്‍ ചെയ്തു. യേശുവിനോടുകൂടി ഭക്ഷണം കഴിക്കാനിരുന്നവര്‍: “പാപങ്ങള്‍ ക്ഷമിക്കുകപോലും ചെയ്യുന്ന ഇവന്‍ ആര്?” എന്നു തമ്മില്‍ പറഞ്ഞു തുടങ്ങി. യേശു ആ സ്‍ത്രീയോട്: “നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു, സമാധാനത്തോടുകൂടി പോകുക” എന്നു പറഞ്ഞു. അനന്തരം യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു പ്രസംഗിക്കുകയും ദൈവരാജ്യത്തെക്കുറിച്ചുള്ള സദ്‍വാര്‍ത്ത അറിയിക്കുകയും ചെയ്തു. പന്ത്രണ്ടു ശിഷ്യന്മാരും അവിടുത്തോടുകൂടെയുണ്ടായിരുന്നു. കൂടാതെ രോഗങ്ങളില്‍നിന്നും ദുഷ്ടാത്മാക്കളില്‍നിന്നും മോചനം നേടിയ ഏതാനും സ്‍ത്രീകളും അവിടുത്തെ അനുഗമിച്ചിരുന്നു. അക്കൂട്ടത്തില്‍ ഏഴു ഭൂതങ്ങളില്‍നിന്നു വിമുക്തയാക്കപ്പെട്ട മഗ്ദലേനമറിയവും ഹേരോദായുടെ കാര്യസ്ഥനായ ഖൂസയുടെ ഭാര്യ യോഹന്നയും സൂസന്നയും തങ്ങളുടെ ധനംകൊണ്ട് യേശുവിനെയും ശിഷ്യന്മാരെയും സഹായിച്ചുവന്ന മറ്റു പലരും ഉള്‍പ്പെട്ടിരുന്നു. ഒരിക്കല്‍ ഒരു വലിയ ജനസഞ്ചയം പല പട്ടണങ്ങളില്‍നിന്നും യേശുവിന്‍റെ അടുക്കല്‍ വന്നുകൂടി. അവരോട് യേശു ദൃഷ്ടാന്ത രൂപേണ പറഞ്ഞു: “ഒരിക്കല്‍ ഒരാള്‍ വിത്തു വിതയ്‍ക്കുവാന്‍ പോയി. വിതച്ചപ്പോള്‍ ഏതാനും വിത്ത് വഴിയില്‍ വീണു. അവ ചവുട്ടിക്കളഞ്ഞു; പക്ഷികള്‍ കൊത്തിത്തിന്നുകയും ചെയ്തു. കുറെ വിത്തു പാറപ്പുറത്തു വീണു. അവ മുളച്ചു പൊങ്ങിയപ്പോള്‍ നനവില്ലാഞ്ഞതിനാല്‍ കരിഞ്ഞുപോയി. മറ്റു ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്ള് അവയോടൊന്നിച്ചു വളര്‍ന്ന് അവയെ ഞെരുക്കിക്കളഞ്ഞു. വേറെ ചിലതു നല്ലമണ്ണില്‍ വീണു. അവ വളര്‍ന്നു നൂറുമേനി വിളവു നല്‌കി.” ഒടുവില്‍ യേശു ഉച്ചത്തില്‍ പറഞ്ഞു: “കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.” ഈ ദൃഷ്ടാന്തത്തിന്‍റെ അര്‍ഥം എന്താണെന്നു ശിഷ്യന്മാര്‍ ചോദിച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: “ദൈവരാജ്യത്തിന്‍റെ നിഗൂഢരഹസ്യങ്ങള്‍ അറിയുവാനുള്ള പദവി നിങ്ങള്‍ക്കു നല്‌കപ്പെട്ടിരിക്കുന്നു; മറ്റുള്ളവര്‍ക്കാകട്ടെ കണ്ടിട്ടും കാണാതിരിക്കുകയോ കേട്ടിട്ടും കേള്‍ക്കാതിരിക്കുകയോ ചെയ്യുമാറ് ദൃഷ്ടാന്തങ്ങളിലൂടെയാണ് നല്‌കപ്പെട്ടിട്ടുള്ളത്. “ആ ദൃഷ്ടാന്തത്തിന്‍റെ സാരം ഇതാണ്: വിത്തു ദൈവവചനമാണ്. വചനം കേട്ടവര്‍ അതു വിശ്വസിച്ചു രക്ഷപ്രാപിക്കാതിരിക്കുവാന്‍ പിശാച് വന്ന് ചിലരുടെ ഹൃദയത്തില്‍നിന്ന് ആ വചനം എടുത്തുകളയുന്നു. അതാണു വഴിയില്‍ വീണ വിത്തു സൂചിപ്പിക്കുന്നത്. പാറമേല്‍ വീണ വിത്താകട്ടെ, കേള്‍ക്കുമ്പോള്‍ ആഹ്ലാദപൂര്‍വം സ്വീകരിക്കുന്നവരുടെ ഹൃദയത്തില്‍ പതിയുന്ന വചനമാണ്. പക്ഷേ, ആ വിത്തുകള്‍ക്കു വേരില്ല. അങ്ങനെയുള്ളവര്‍ താത്ക്കാലികമായി വിശ്വസിക്കുന്നു. എന്നാല്‍ പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ വഴിതെറ്റിപ്പോകുന്നു. വചനം കേള്‍ക്കുന്നവരാണെങ്കിലും ജീവിതത്തിന്‍റെ ചിന്താഭാരങ്ങളും സമ്പത്തും ഉല്ലാസങ്ങളും അതിനെ ഞെരുക്കിക്കളയുന്നു. ഇതാണു മുള്ളിനിടയില്‍ വീണ വിത്തു സൂചിപ്പിക്കുന്നത്. ഇങ്ങനെയുള്ളവര്‍ പാകമായ ഫലം നല്‌കുന്നില്ല. വചനം കേട്ടു ശ്രേഷ്ഠവും നിര്‍മ്മലവുമായ ഹൃദയത്തില്‍ അതു സ്വീകരിക്കുകയും സഹിച്ചുനിന്നു ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നവരാണ് നല്ല മണ്ണില്‍ വീണ വിത്ത്. “വിളക്കു കത്തിച്ചശേഷം ആരും പാത്രംകൊണ്ടു മൂടുകയോ കട്ടിലിന്‍റെ കീഴില്‍ വയ്‍ക്കുകയോ ചെയ്യാറില്ല; പിന്നെയോ വീട്ടില്‍ വരുന്നവര്‍ക്കു കാണത്തക്കവിധം വിളക്കുതണ്ടിന്മേലത്രേ വയ്‍ക്കുന്നത്. “മറഞ്ഞിരിക്കുന്നതെല്ലാം പ്രത്യക്ഷമാകും; വെളിച്ചത്തു വരാത്തതും പ്രസിദ്ധമാകാത്തതുമായ ഒരു രഹസ്യവുമില്ല. “അതുകൊണ്ട് നിങ്ങള്‍ എങ്ങനെ കേള്‍ക്കുന്നു എന്നു സൂക്ഷിച്ചുകൊള്ളുക. ഉള്ളവനു കൂടുതല്‍ കൊടുക്കും. ഇല്ലാത്തവനില്‍നിന്ന് ഉണ്ടെന്നു വിചാരിക്കുന്നതുകൂടി എടുത്തുകളയും.” യേശുവിന്‍റെ അമ്മയും സഹോദരന്മാരും അവിടുത്തെ കാണാന്‍ വന്നു. പക്ഷേ, ആള്‍ത്തിരക്കുമൂലം അവിടുത്തെ അടുക്കല്‍ ചെല്ലാന്‍ കഴിഞ്ഞില്ല. “അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയെ കാണാന്‍ പുറത്തു നില്‌ക്കുന്നു” എന്ന് ആരോ അവിടുത്തെ അറിയിച്ചു. അപ്പോള്‍ യേശു ഇങ്ങനെ പറഞ്ഞു: “ദൈവവചനം കേള്‍ക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് എന്‍റെ അമ്മയും എന്‍റെ സഹോദരന്മാരും.” ഒരു ദിവസം യേശു ശിഷ്യന്മാരോടുകൂടി വഞ്ചിയില്‍ കയറി, “നമുക്കു തടാകത്തിന്‍റെ മറുകരയിലേക്കു പോകാം” എന്നു പറഞ്ഞു. അവര്‍ വഞ്ചി നീക്കി മുമ്പോട്ടു പോകുമ്പോള്‍ യേശു ഗാഢനിദ്രയിലാണ്ടു. അപ്പോള്‍ തടാകത്തില്‍ ഒരു കൊടുങ്കാറ്റുണ്ടായി. വെള്ളം അടിച്ചുകയറി വഞ്ചി മുങ്ങുമാറായി. ശിഷ്യന്മാര്‍ യേശുവിനെ വിളിച്ചുണര്‍ത്തി: “ഗുരോ, ഗുരോ ഞങ്ങള്‍ നശിക്കുവാന്‍ പോകുന്നു” എന്നു പറഞ്ഞു. യേശു എഴുന്നേറ്റു കൊടുങ്കാറ്റിനെയും ഇളകിമറിയുന്ന തിരമാലകളെയും ശാസിച്ചു. അവ അടങ്ങി; എല്ലാം ശാന്തമായി. യേശു അവരോടു ചോദിച്ചു: “നിങ്ങളുടെ വിശ്വാസം എവിടെ?” അവര്‍ക്കു ഭയവും വിസ്മയവുമുണ്ടായി. “ഇദ്ദേഹം ആരാണ്? കാറ്റിനോടും കടലിനോടുപോലും ഇദ്ദേഹം ആജ്ഞാപിക്കുന്നു, അവ അനുസരിക്കുകയും ചെയ്യുന്നു” എന്ന് അവര്‍ അന്യോന്യം പറഞ്ഞു. അവര്‍ ഗലീലയുടെ മറുകരെയുള്ള ഗരസേന്യദേശത്ത് എത്തി. യേശു കരയ്‍ക്കിറങ്ങിയപ്പോള്‍ പട്ടണത്തില്‍നിന്നു വന്ന ഭൂതാവിഷ്ടനായ ഒരു മനുഷ്യനെ കണ്ടുമുട്ടി. വളരെ നാളുകളായി അയാള്‍ വസ്ത്രം ധരിച്ചിരുന്നില്ല; വീട്ടില്‍ താമസിക്കാതെ കല്ലറകള്‍ക്കിടയില്‍ പാര്‍ത്തിരുന്നു. യേശുവിനെ കണ്ടപ്പോള്‍ അയാള്‍ നിലവിളിച്ചുകൊണ്ട് അവിടുത്തെ മുമ്പില്‍ സാഷ്ടാംഗം വീണ് അത്യുച്ചത്തില്‍ “യേശുവേ, മഹോന്നതനായ ദൈവത്തിന്‍റെ പുത്രാ, അങ്ങ് എന്തിന് ഇയ്യുള്ളവന്‍റെ കാര്യത്തില്‍ ഇടപെടുന്നു? ദയചെയ്ത് എന്നെ ദണ്ഡിപ്പിക്കരുതേ” എന്ന് അപേക്ഷിച്ചു. ആ മനുഷ്യനെ വിട്ടുപോകുവാന്‍ ദുഷ്ടാത്മാവിനോട് യേശു ആജ്ഞാപിച്ചതുകൊണ്ടാണ് ഭൂതാവിഷ്ടന്‍ ഇപ്രകാരം പറഞ്ഞത്. ഭൂതം പലപ്പോഴും ആ മനുഷ്യനെ കൈയടക്കിയിരുന്നു. ചങ്ങലയും വിലങ്ങുംകൊണ്ട് അയാളെ ബന്ധിച്ചു സൂക്ഷിച്ചിരുന്നെങ്കിലും അയാള്‍ അവ തകര്‍ക്കുകയും ഭൂതം അയാളെ വിജനസ്ഥലത്തേക്ക് ഓടിക്കുകയും ചെയ്തു. യേശു ചോദിച്ചു: “നിന്‍റെ പേരെന്താണ്?” അനേകം ഭൂതങ്ങള്‍ ആ മനുഷ്യനില്‍ കടന്നുകൂടിയിരുന്നതുകൊണ്ട് “ലെഗ്യോന്‍” എന്ന് അയാള്‍ മറുപടി പറഞ്ഞു. പാതാളത്തിലേക്കു പോകുവാന്‍ തങ്ങളോടു കല്പിക്കരുതേ എന്നു ഭൂതങ്ങള്‍ യേശുവിനോട് അപേക്ഷിച്ചു. അവിടെ കുന്നിന്‍റെ ചരിവില്‍ ഒരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. “ആ പന്നികളില്‍ പ്രവേശിക്കുവാന്‍ ഞങ്ങളെ അനുവദിച്ചാലും” എന്നു ഭൂതങ്ങള്‍ അഭ്യര്‍ഥിച്ചു. യേശു അവയെ അനുവദിക്കുകയും ചെയ്തു. ഭൂതങ്ങള്‍ ആ മനുഷ്യനെ വിട്ടു പന്നികളില്‍ കടന്നുകൂടി. അവ കടുംതൂക്കായ കുന്നിന്‍ചരിവില്‍ക്കൂടി തടാകത്തിലേക്കു കുതിച്ചുപാഞ്ഞു മുങ്ങിച്ചത്തു. പന്നികളെ മേയിക്കുന്നവര്‍ ഇതുകണ്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിന്‍പുറങ്ങളിലും ഈ വാര്‍ത്ത അറിയിച്ചു. എന്താണു സംഭവിച്ചതെന്നു കാണാന്‍ ജനം യേശുവിന്‍റെ അടുത്തെത്തി. ഭൂതങ്ങള്‍ വിട്ടുപോയ മനുഷ്യന്‍ വസ്ത്രം ധരിച്ചു സുബോധമുള്ളവനായി യേശുവിന്‍റെ പാദാന്തികത്തിലിരിക്കുന്നതു കണ്ട് അവര്‍ അദ്ഭുതപ്പെട്ടു. ഭൂതാവിഷ്ടന്‍ എങ്ങനെയാണു സുഖപ്പെട്ടതെന്ന് ആ സംഭവം കണ്ടവര്‍ വന്നുകൂടിയ ജനങ്ങളോടു പറഞ്ഞു. തങ്ങളെ വിട്ടുപോകണമെന്ന് ഗരസേന്യയില്‍നിന്നും പ്രാന്തപ്രദേശങ്ങളില്‍നിന്നും വന്നുകൂടിയവരെല്ലാം യേശുവിനോടപേക്ഷിച്ചു. അവര്‍ അത്രയ്‍ക്കു ഭയപരവശരായിത്തീര്‍ന്നിരുന്നു. അതുകൊണ്ട് യേശു വഞ്ചിയില്‍ കയറി തിരിച്ചുപോയി. ഭൂതങ്ങള്‍ വിട്ടുമാറിയ മനുഷ്യന്‍ “ഞാന്‍കൂടി വരട്ടെയോ?” എന്നു ചോദിച്ചു. “നീ തിരിച്ചു വീട്ടില്‍ പോയി ദൈവം നിനക്കു ചെയ്ത ഉപകാരത്തെപ്പറ്റി എല്ലാവരെയും അറിയിക്കുക” എന്നു പറഞ്ഞ് യേശു അയാളെ അയച്ചു. അയാള്‍ പോയി യേശു തനിക്കു ചെയ്തതെല്ലാം പട്ടണത്തിലെങ്ങും അറിയിച്ചു. യേശു തിരിച്ചുവന്നപ്പോള്‍ ജനങ്ങള്‍ ആഹ്ലാദപൂര്‍വം അവിടുത്തെ വരവേറ്റു. അവരെല്ലാവരും യേശുവിനെ കാത്തിരിക്കുകയായിരുന്നു. ആ സമയത്ത് അവിടത്തെ സുനഗോഗിന്‍റെ മേധാവികളിലൊരാളായ യായിറോസ് വന്ന് യേശുവിന്‍റെ കാല്‌ക്കല്‍ സാഷ്ടാംഗം വീണു തന്‍റെ ഭവനത്തിലേക്ക് ചെല്ലണമെന്നു കേണപേക്ഷിച്ചു. അയാള്‍ക്ക് ഒരു മകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പന്ത്രണ്ടു വയസ്സു പ്രായമുള്ള ആ പെണ്‍കുട്ടി ആസന്നമരണയായി കിടക്കുകയായിരുന്നു. യേശു പോകുമ്പോള്‍ ജനങ്ങള്‍ തന്‍റെ ചുറ്റും തിങ്ങിക്കൂടി. തനിക്കുള്ള സര്‍വസ്വവും വൈദ്യന്മാര്‍ക്കു കൊടുത്തിട്ടും പന്ത്രണ്ടു വര്‍ഷമായി ആരെക്കൊണ്ടും സുഖപ്പെടുത്തുവാന്‍ കഴിയാതിരുന്ന രക്തസ്രാവരോഗം പിടിപെട്ട ഒരു സ്‍ത്രീ ഈ സമയത്തു യേശുവിന്‍റെ പിന്നിലെത്തി അവിടുത്തെ വസ്ത്രാഗ്രത്തില്‍ തൊട്ടു. പെട്ടെന്ന് അവളുടെ രക്തസ്രാവം നിലച്ചു. ഉടനെ യേശു ചോദിച്ചു: “ആരാണ് എന്നെ തൊട്ടത്?” എല്ലാവരും “ഞാനല്ല” “ഞാനല്ല” എന്നു നിഷേധിച്ചപ്പോള്‍ പത്രോസ് ചോദിച്ചു: “ഗുരോ, ജനങ്ങള്‍ അങ്ങയെ തിക്കി ഞെരുക്കിക്കൊണ്ടിരിക്കുകയല്ലേ?” അപ്പോള്‍ യേശു പറഞ്ഞു: “ആരോ എന്നെ തൊട്ടു; എന്നില്‍നിന്നു ശക്തി പുറപ്പെട്ടത് ഞാനറിഞ്ഞു.” തനിക്ക് ഒളിക്കുവാന്‍ സാധ്യമല്ലെന്നു കണ്ടപ്പോള്‍ ആ സ്‍ത്രീ വിറച്ചുകൊണ്ട് യേശുവിന്‍റെ മുമ്പില്‍ സാഷ്ടാംഗം വീണ് അവിടുത്തെ സ്പര്‍ശിച്ചതിന്‍റെ കാരണവും, ഉടനെ സുഖംപ്രാപിച്ച വിവരവും പരസ്യമായി പ്രസ്താവിച്ചു. യേശു ആ സ്‍ത്രീയോട്: “മകളേ, നിന്‍റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു; സമാധാനത്തോടുകൂടി പോകുക” എന്ന് അരുള്‍ചെയ്തു. ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ സുനഗോഗിന്‍റെ മേധാവിയുടെ വീട്ടില്‍നിന്ന് ഒരാള്‍ വന്ന് “അങ്ങയുടെ പുത്രി മരിച്ചുപോയി; ഗുരുവിനെ ഇനി ബുദ്ധിമുട്ടിക്കേണ്ടതില്ല” എന്നു പറഞ്ഞു. അതു കേട്ടപ്പോള്‍ യേശു പറഞ്ഞു: “ഭയപ്പെടേണ്ടാ; വിശ്വസിക്കുക മാത്രം ചെയ്യുക; അവള്‍ സുഖം പ്രാപിക്കും.” വീട്ടിലെത്തിയപ്പോള്‍ പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും ആ കുട്ടിയുടെ മാതാപിതാക്കളെയുമല്ലാതെ മറ്റാരെയും തന്നോടൊപ്പം അകത്തു കടക്കുവാന്‍ യേശു അനുവദിച്ചില്ല. എല്ലാവരും ആ പെണ്‍കുട്ടിയെച്ചൊല്ലി കരയുകയും വിലപിക്കുകയും ചെയ്തുകൊണ്ടിരുന്നു. യേശു അവരോട്: “ആരും കരയേണ്ടാ; അവള്‍ മരിച്ചിട്ടില്ല, ഉറങ്ങുകയാണ്” എന്നു പറഞ്ഞു. അവള്‍ മരിച്ചുപോയി എന്ന് അറിയാമായിരുന്നതിനാല്‍ അവര്‍ അവിടുത്തെ പരിഹസിച്ചു. എന്നാല്‍ അവിടുന്ന് ആ പെണ്‍കുട്ടിയുടെ കൈക്കു പിടിച്ചുകൊണ്ട്: “മകളേ എഴുന്നേല്‌ക്കുക” എന്ന് ഉച്ചത്തില്‍ ആജ്ഞാപിച്ചു. ഉടനെ കുട്ടിയുടെ പ്രാണന്‍ തിരിച്ചുവന്നു. അവള്‍ പെട്ടെന്ന് എഴുന്നേറ്റു. “അവള്‍ക്ക് എന്തെങ്കിലും ആഹാരം കൊടുക്കുക” എന്ന് യേശു പറഞ്ഞു. ആ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആനന്ദനിര്‍വൃതിയടഞ്ഞു. എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്ന് യേശു അവരോടു കല്പിച്ചു. യേശു പന്ത്രണ്ടു ശിഷ്യന്മാരെ വിളിച്ചു കൂട്ടി സകല ഭൂതങ്ങളെയും പുറത്താക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും അധികാരവും ശക്തിയും നല്‌കി. പിന്നീടു ദൈവരാജ്യം വിളംബരം ചെയ്യുവാനും അസ്വസ്ഥരെ സുഖപ്പെടുത്തുവാനും അവരെ അയച്ചു. അവിടുന്ന് അവരോടു പറഞ്ഞു: “യാത്രയ്‍ക്കുവേണ്ടി നിങ്ങള്‍ ഒന്നും കരുതേണ്ടാ; വടിയോ, സഞ്ചിയോ, ആഹാരമോ, പണമോ വേണ്ടാ; രണ്ടു വസ്ത്രവും എടുക്കേണ്ടതില്ല. നിങ്ങള്‍ ഏതെങ്കിലും ഭവനത്തില്‍ ചെന്നാല്‍ ആ സ്ഥലത്തുനിന്നു പോകുന്നതുവരെ അവിടെത്തന്നെ പാര്‍ക്കുക. ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതിരുന്നാല്‍ ആ പട്ടണം വിട്ടുപോകുമ്പോള്‍ അവര്‍ക്ക് എതിരെയുള്ള സാക്ഷ്യത്തിനുവേണ്ടി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുക.” അങ്ങനെ ശിഷ്യന്മാര്‍ പുറപ്പെട്ട് സുവിശേഷം ഘോഷിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്തുകൊണ്ട് ഗ്രാമംതോറും സഞ്ചരിച്ചു. ഈ കാര്യങ്ങളെല്ലാം സാമന്തരാജാവായ ഹേരോദാ കേട്ടു. യോഹന്നാന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്നു ചിലരും ഏലിയാ പ്രവാചകന്‍ പ്രത്യക്ഷനായിരിക്കുന്നു എന്നു മറ്റുചിലരും പണ്ടത്തെ പ്രവാചകന്മാരിലൊരാള്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്നു വേറെ ചിലരും പറയുന്നതുകേട്ട് ഹേരോദാ അമ്പരന്ന് ഇപ്രകാരം പറഞ്ഞു: “യോഹന്നാനെ ഞാന്‍ ശിരഛേദം ചെയ്തുവല്ലോ; ഇങ്ങനെയെല്ലാം പറഞ്ഞു കേള്‍ക്കുന്ന ഈ മനുഷ്യന്‍ ആരായിരിക്കും?” ഹേരോദാ യേശുവിനെ കാണാന്‍ ശ്രമിച്ചു. തങ്ങള്‍ ചെയ്ത കാര്യങ്ങളെല്ലാം അപ്പോസ്തോലന്മാര്‍ തിരിച്ചുവന്ന് യേശുവിനോടു പറഞ്ഞു. അവിടുന്ന് അവരെ കൂട്ടിക്കൊണ്ട് രഹസ്യമായി ബെത്‍സെയ്ദ എന്ന പട്ടണത്തിലേക്കു പോയി. ജനങ്ങള്‍ ഇതറിഞ്ഞ് യേശുവിനെ പിന്തുടര്‍ന്നു. അവിടുന്ന് അവരെ സ്വീകരിച്ച്, ദൈവരാജ്യത്തെപ്പറ്റി അവരോടു സംസാരിക്കുകയും രോഗശാന്തി ആവശ്യമുള്ളവര്‍ക്കു സൗഖ്യം നല്‌കുകയും ചെയ്തു. അസ്തമയത്തോടടുത്തപ്പോള്‍ പന്ത്രണ്ടു ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചു പറഞ്ഞു: “ഇതു വിജനസ്ഥലമാണല്ലോ; ഈ ജനം അടുത്തുള്ള ഗ്രാമങ്ങളിലും കുടിപാര്‍പ്പുള്ള സ്ഥലങ്ങളിലും പോയി രാപാര്‍ക്കുകയും വല്ല ഭക്ഷണസാധനങ്ങളും വാങ്ങുകയും ചെയ്യുവാന്‍ ഇവരെ പറഞ്ഞയച്ചാലും.” എന്നാല്‍ യേശു പറഞ്ഞു: “നിങ്ങള്‍ അവര്‍ക്കു വല്ലതും ഭക്ഷിക്കുവാന്‍ കൊടുക്കണം!” അതിനു മറുപടിയായി അവര്‍, “ഞങ്ങളുടെ പക്കല്‍ അഞ്ചപ്പവും രണ്ടു മീനുമല്ലാതെ മറ്റൊന്നുമില്ല; ഞങ്ങള്‍ പോയി ഈ വലിയ ജനസഞ്ചയത്തിനു വേണ്ട ആഹാരം വാങ്ങണമെന്നാണോ അങ്ങു പറയുന്നത്?” എന്നു ചോദിച്ചു. പുരുഷന്മാര്‍തന്നെ അയ്യായിരത്തോളം അവിടെ കൂടിയിരുന്നു. ഏകദേശം അമ്പതുപേര്‍ വീതമുള്ള പന്തികളായി അവരെ ഇരുത്തുവാന്‍ യേശു ശിഷ്യന്മാരോട് ആജ്ഞാപിച്ചു. [15,16] എല്ലാവരെയും അവര്‍ ഇരുത്തി. യേശു ആ അഞ്ച് അപ്പവും രണ്ടുമീനും കൈയിലെടുത്തു സ്വര്‍ഗത്തിലേക്കു നോക്കി, വാഴ്ത്തി നുറുക്കി, ജനത്തിനു വിളമ്പിക്കൊടുക്കുവാന്‍ ശിഷ്യന്മാരെ ഏല്പിച്ചു. *** എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. അധികം വന്ന അപ്പക്കഷണങ്ങള്‍ ശിഷ്യന്മാര്‍ പന്ത്രണ്ടു കുട്ടകളില്‍ സംഭരിച്ചു. ഒരിക്കല്‍ യേശു തനിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശിഷ്യന്മാരും കൂടെയുണ്ടായിരുന്നു. യേശു അവരോടു ചോദിച്ചു: “ഞാന്‍ ആരാണെന്നാണു ജനങ്ങള്‍ പറയുന്നത്?” അവര്‍ പറഞ്ഞു: “യോഹന്നാന്‍ സ്നാപകനെന്നു ചിലരും, ഏലിയാ എന്നു മറ്റു ചിലരും, മരിച്ചുപോയ പ്രവാചകന്മാരില്‍ ഒരാള്‍ വീണ്ടും വന്നിരിക്കുന്നു എന്നു വേറെ ചിലരും പറയുന്നു.” യേശു വീണ്ടും ചോദിച്ചു: “ആകട്ടെ, ഞാന്‍ ആരാണെന്നാണു നിങ്ങള്‍ പറയുന്നത്?” “അങ്ങു ദൈവത്തിന്‍റെ അഭിഷിക്തനായ ക്രിസ്തുതന്നേ” എന്നു പത്രോസ് പറഞ്ഞു. ഇത് ആരോടും പറയരുതെന്ന് യേശു അവരോടു നിഷ്കര്‍ഷാപൂര്‍വം കല്പിച്ചു. “മനുഷ്യപുത്രന്‍ വളരെയധികം പീഡനങ്ങള്‍ സഹിക്കേണ്ടതുണ്ട്. ജനപ്രമാണിമാരും മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും അവനെ തിരസ്കരിച്ചു കൊല്ലുവാന്‍ ഏല്പിച്ചുകൊടുക്കും. എന്നാല്‍ മൂന്നാംദിവസം മനുഷ്യപുത്രന്‍ ഉയിര്‍ത്തെഴുന്നേല്‌ക്കും” എന്നും യേശു പറഞ്ഞു. അനന്തരം എല്ലാവരോടുമായി യേശു അരുള്‍ചെയ്തു: “എന്നെ അനുഗമിക്കുവാന്‍ ഇച്ഛിക്കുന്നവന്‍ സ്വയം പരിത്യജിച്ച് അനുദിനം തന്‍റെ കുരിശെടുത്ത് എന്നെ അനുഗമിക്കട്ടെ. എന്തെന്നാല്‍ തന്‍റെ ജീവനെ രക്ഷിക്കുവാന്‍ ഇച്ഛിക്കുന്ന ഏതൊരുവനും അതു നഷ്ടപ്പെടും. എനിക്കുവേണ്ടി ആരെങ്കിലും സ്വജീവനെ നഷ്ടപ്പെടുത്തുന്നു എങ്കില്‍ അവന്‍ അതിനെ രക്ഷിക്കും. ഒരു മനുഷ്യന്‍ സര്‍വലോകവും നേടിയാലും തന്നെത്തന്നെ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താല്‍ അവന് എന്തു പ്രയോജനം! ആരെങ്കിലും എന്നെക്കുറിച്ചോ എന്‍റെ വാക്കുകളെക്കുറിച്ചോ ലജ്ജിച്ചാല്‍, തന്‍റെയും തന്‍റെ പിതാവിന്‍റെയും വിശുദ്ധദൂതന്മാരുടെയും തേജസ്സില്‍ വരുമ്പോള്‍ മനുഷ്യപുത്രനും അവനെക്കുറിച്ചു ലജ്ജിക്കും. നിങ്ങളോടു ഞാന്‍ ഉറപ്പിച്ചു പറയുന്നു: ഇവിടെ നില്‌ക്കുന്നവരില്‍ ചിലര്‍ ദൈവരാജ്യം ദര്‍ശിക്കുന്നതിനുമുമ്പ് മരണം അടയുകയില്ല.” ഇക്കാര്യങ്ങള്‍ പറഞ്ഞ് ഏകദേശം എട്ടു ദിവസം കഴിഞ്ഞ് യേശു പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ട് പ്രാര്‍ഥിക്കുന്നതിനായി ഒരു മലയിലേക്കു പോയി. പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോള്‍ യേശുവിന്‍റെ മുഖഭാവം മാറി. അവിടുത്തെ വസ്ത്രം കണ്ണഞ്ചിക്കുന്ന വെണ്‍മയുള്ളതായിത്തീര്‍ന്നു. അതാ രണ്ടു പുരുഷന്മാര്‍ യേശുവിനോടു സംസാരിക്കുന്നു! മോശയും ഏലിയായും! യെരൂശലേമില്‍വച്ചു നടക്കുവാന്‍ പോകുന്നതിന്‍റെ നിര്യാണത്തിലൂടെ ദൈവോദ്ദേശ്യം പൂര്‍ത്തീകരിക്കുന്നതിനെക്കുറിച്ചാണ് ആ തേജോമയന്മാര്‍ യേശുവിനോടു സംസാരിച്ചത്. പത്രോസും അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്നവരും ഗാഢനിദ്രയിലാണ്ടിരുന്നു. ഉണര്‍ന്നപ്പോള്‍ ഉജ്ജ്വല തേജസ്സോടുകൂടിയ യേശുവിനെയും തന്നോടുകൂടെ നില്‌ക്കുന്ന രണ്ടുപേരെയും അവര്‍ കണ്ടു. അവര്‍ യേശുവിനെ വിട്ടുപിരിയാന്‍ ഭാവിച്ചപ്പോള്‍ പത്രോസ് യേശുവിനോടു പറഞ്ഞു: “ഗുരോ, നാം ഇവിടെ ഇരിക്കുന്നതു നന്ന്; ഞങ്ങള്‍ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കട്ടെ; ഒന്ന് അങ്ങേക്കും, ഒന്നു മോശയ്‍ക്കും, ഒന്ന് ഏലീയായ്‍ക്കും.” താന്‍ പറയുന്നത് എന്തെന്ന് പത്രോസ് അറിഞ്ഞില്ല. ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഒരു മേഘം വന്ന് അവരുടെമേല്‍ നിഴല്‍ വീശി. അവര്‍ മേഘത്തിനുള്ളിലായപ്പോള്‍ ശിഷ്യന്മാര്‍ ഭയപ്പെട്ടു. “ഇവനാണ് ഞാന്‍ തിരഞ്ഞെടുത്ത എന്‍റെ പുത്രന്‍; ഇവന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക.” എന്നൊരു അശരീരി ആ സമയത്ത് മേഘത്തില്‍ നിന്നുണ്ടായി. അശരീരി നിലച്ചപ്പോള്‍ യേശുവിനെ മാത്രമേ അവര്‍ കണ്ടുള്ളൂ. ഈ ദര്‍ശനത്തെക്കുറിച്ച് അക്കാലത്ത് ശിഷ്യന്മാര്‍ ആരോടും പറയാതെ മൗനം അവലംബിച്ചു. പിറ്റേദിവസം യേശു മലയില്‍ നിന്നിറങ്ങി വന്നപ്പോള്‍ ഒരു വലിയ ജനക്കൂട്ടത്തെ കണ്ടു. അവരില്‍നിന്ന് ഒരാള്‍ വിളിച്ചു പറഞ്ഞു: “ഗുരോ, എന്‍റെ ഈ മകനെ ഒന്നു നോക്കണമേ! എന്‍റെ ഏക സന്താനമാണ് ഇവന്‍. ഭൂതബാധ ഉണ്ടായാല്‍ ഉടനെ ഇവന്‍ ഉച്ചത്തില്‍ നിലവിളിക്കും; അത് അവനെ ഞെരുക്കി ശരീരം കോട്ടും; വായില്‍ നുരയും പതയും ഉണ്ടാകും. ഇവനെ പരുക്കേല്പിക്കാതെ അതു വിട്ടുമാറുകയുമില്ല. ഈ ബാധ ഒഴിവാക്കുവാന്‍ അങ്ങയുടെ ശിഷ്യന്മാരോടും ഞാന്‍ അപേക്ഷിച്ചു; പക്ഷേ അവര്‍ക്കു കഴിഞ്ഞില്ല.” അപ്പോള്‍ യേശു പ്രതിവചിച്ചു: “അവിശ്വാസികളും വഴിതെറ്റിയവരുമായ തലമുറക്കാരേ! ഞാന്‍ എത്രകാലം നിങ്ങളോടുകൂടി ഇരുന്നു നിങ്ങളെ വഹിക്കും”! “നിന്‍റെ മകനെ ഇവിടെ കൊണ്ടുവരിക” എന്ന് ആ മനുഷ്യനോട് പറഞ്ഞു. ബാലന്‍ വരുമ്പോള്‍ത്തന്നെ ഭൂതം അവനെ തള്ളിയിട്ടു ഞെരിച്ചു. യേശു ആ ദുഷ്ടാത്മാവിനെ ശാസിച്ചു; ബാലനെ സുഖപ്പെടുത്തി, അവന്‍റെ പിതാവിനെ ഏല്പിക്കുകയും ചെയ്തു. ദൈവത്തിന്‍റെ അദ്ഭുതശക്തിയില്‍ എല്ലാവരും വിസ്മയിച്ചു. താന്‍ ചെയ്ത എല്ലാ പ്രവൃത്തികളെക്കുറിച്ചും ജനങ്ങള്‍ അദ്ഭുതപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ യേശു ശിഷ്യന്മാരോടു പറഞ്ഞു: “മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈയില്‍ ഏല്പിക്കപ്പെടുവാന്‍ പോകുകയാണ്; ഇത് നിങ്ങളുടെ ഓര്‍മയിലിരിക്കട്ടെ.” എന്നാല്‍ അവര്‍ അതു ഗ്രഹിച്ചില്ല. അവര്‍ക്കു ഗ്രഹിക്കുവാന്‍ കഴിയാത്തവിധം അതു നിഗൂഢമായിരുന്നു. അതിനെക്കുറിച്ച് അവിടുത്തോടു ചോദിക്കുവാന്‍ അവര്‍ ശങ്കിച്ചു. തങ്ങളുടെ ഇടയില്‍ ആരാണ് ഏറ്റവും വലിയവന്‍ എന്നതിനെച്ചൊല്ലി ശിഷ്യന്മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. യേശു അവരുടെ മനോഗതം മനസ്സിലാക്കിക്കൊണ്ട് ഒരു ശിശുവിനെ എടുത്ത്, അടുത്തുനിറുത്തി ഇപ്രകാരം അരുള്‍ചെയ്തു: “എന്‍റെ നാമത്തില്‍ ഈ ശിശുവിനെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്ന ഏതൊരുവനും എന്നെ അയച്ചവനെ സ്വീകരിക്കുന്നു. നിങ്ങളില്‍ ഏറ്റവും ചെറിയവനാണ് ഏറ്റവും വലിയവന്‍.” യോഹന്നാന്‍ യേശുവിനോടു പറഞ്ഞു: “ഗുരോ, അങ്ങയുടെ നാമത്തില്‍ ഒരാള്‍ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങള്‍ കണ്ടു. അയാള്‍ ഞങ്ങളോടുകൂടി അങ്ങയെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങള്‍ അയാളെ വിലക്കി.” യേശു പ്രതിവചിച്ചു: “അയാളെ വിലക്കരുത്; നിങ്ങള്‍ക്ക് എതിരല്ലാത്തവന്‍ നിങ്ങള്‍ക്ക് അനുകൂലനത്രേ.” സ്വര്‍ഗാരോഹണത്തിനുള്ള സമയം അടുത്തപ്പോള്‍ യേശു യെരൂശലേമിലേക്കു പോകുവാന്‍ ദൃഢനിശ്ചയം ചെയ്തു; തനിക്കുവേണ്ട ഒരുക്കങ്ങള്‍ ചെയ്യുന്നതിനു ചിലരെ മുമ്പേ അയച്ചു. അവിടുത്തേക്ക് കടന്നുപോകേണ്ടിയിരുന്ന ഒരു ശമര്യഗ്രാമത്തില്‍ അവര്‍ പ്രവേശിച്ചു. എന്നാല്‍ യേശു യെരൂശലേമിലേക്കു പോവുകയായിരുന്നതുകൊണ്ട് ശമര്യക്കാര്‍ അവിടുത്തെ സ്വീകരിച്ചില്ല. ഇതു കണ്ടിട്ട് ശിഷ്യന്മാരായ യാക്കോബും യോഹന്നാനും ചോദിച്ചു: “ഗുരോ, ഏലിയാ ചെയ്തതുപോലെ ആകാശത്തുനിന്ന് അഗ്നിയിറങ്ങി ഇവരെ നശിപ്പിക്കുവാന്‍ ഞങ്ങള്‍ ആജ്ഞാപിക്കട്ടെയോ?” യേശു അവരുടെ നേരെ തിരിഞ്ഞ് അവരെ ശാസിച്ചു: “ നിങ്ങള്‍ ഏതൊരാത്മാവിനാലാണ് ഇതു പറയുന്നതെന്നു നിങ്ങള്‍ അറിയുന്നില്ല; മനുഷ്യരെ നശിപ്പിക്കുവാനല്ല രക്ഷിക്കുവാനത്രേ മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്” എന്നു പറഞ്ഞു. പിന്നീട് അവര്‍ മറ്റൊരു ഗ്രാമത്തിലേക്കു പോയി. അവര്‍ പോകുമ്പോള്‍ ഒരാള്‍ യേശുവിന്‍റെ അടുത്തുവന്ന് “അങ്ങ് എവിടെ പോയാലും ഞാന്‍ അങ്ങയെ അനുഗമിക്കാം” എന്നു പറഞ്ഞു. യേശു പ്രതിവചിച്ചു: “കുറുനരികള്‍ക്കു മാളങ്ങളുണ്ട്; ആകാശത്തിലെ പറവകള്‍ക്കു കൂടുകളുണ്ട്; മനുഷ്യപുത്രനാകട്ടെ തലചായിക്കുവാന്‍പോലും ഇടമില്ല.” മറ്റൊരാളോട്: “എന്നെ അനുഗമിക്കുക” എന്നു യേശു പറഞ്ഞു. “ഗുരോ, എന്‍റെ പിതാവിന്‍റെ ശവസംസ്കാരം നടത്തുവാന്‍ എന്നെ അനുവദിച്ചാലും” എന്ന് അയാള്‍ പ്രതിവചിച്ചു. അപ്പോള്‍ യേശു, “മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ; നീ പോയി ദൈവരാജ്യം വിളംബരം ചെയ്യുക” എന്നു പറഞ്ഞു. വേറൊരാള്‍, “ഗുരോ, ഞാന്‍ അങ്ങയെ അനുഗമിക്കാം; എന്നാല്‍ ആദ്യം എന്‍റെ ബന്ധുക്കളോടു യാത്രപറയട്ടെ” എന്നു പറഞ്ഞു. അതിന് യേശുവിന്‍റെ മറുപടി, “കലപ്പയില്‍ കൈവച്ചശേഷം പിന്തിരിഞ്ഞു നോക്കുന്നവന്‍ ദൈവരാജ്യത്തിനു യോജിച്ചവനല്ല” എന്നായിരുന്നു. അതിനുശേഷം വേറെ എഴുപത്തിരണ്ടുപേരെ യേശു നിയമിച്ചു. അവിടുന്ന് അവരെ രണ്ടുപേരെ വീതം താന്‍ പോകാനിരുന്ന ഓരോ പട്ടണത്തിലേക്കും മറ്റു സ്ഥലങ്ങളിലേക്കും അയച്ചു. യേശു അവരോടു പറഞ്ഞു: “കൊയ്ത്തു വളരെയുണ്ട്, പക്ഷേ, വേലക്കാര്‍ ചുരുക്കം. അതുകൊണ്ട് നിലമുടമസ്ഥനോടു കൊയ്ത്തിനു വേലക്കാരെ അയച്ചുതരുവാന്‍ അപേക്ഷിക്കുക. ചെന്നായ്‍ക്കളുടെ ഇടയിലേക്ക് ആട്ടിന്‍കുട്ടികളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്‍ക്കുന്നു; നിങ്ങള്‍ പോകുക. പണസഞ്ചിയോ, ഭാണ്ഡമോ, ചെരുപ്പോ കൊണ്ടുപോകേണ്ടാ; വഴിയില്‍വച്ച് ആരെയും അഭിവാദനം ചെയ്യേണ്ടതില്ല. ഏതെങ്കിലും ഭവനത്തില്‍ നിങ്ങള്‍ പ്രവേശിച്ചാല്‍ ആദ്യം ‘ഈ വീടിനു സമാധാനം’ എന്ന് ആശംസിക്കണം. അവിടെ ഒരു സമാധാനപ്രിയന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ആശംസിച്ച സമാധാനം അവന്‍റെമേല്‍ ആവസിക്കും. അല്ലെങ്കില്‍ ആ സമാധാനം നിങ്ങളിലേക്കു തിരിച്ചുപോരും. അവര്‍ തരുന്ന ഭക്ഷണപാനീയങ്ങള്‍ സ്വീകരിച്ച് അതേ ഭവനത്തില്‍ത്തന്നെ പാര്‍ക്കുക. എന്തെന്നാല്‍ വേലക്കാരന്‍ തന്‍റെ കൂലിക്ക് അര്‍ഹനത്രേ. വീടുകള്‍തോറും മാറി മാറി താമസിക്കുവാന്‍ തുനിയരുത്. ഏതെങ്കിലും പട്ടണത്തിലെ ജനങ്ങള്‍ നിങ്ങളെ സ്വീകരിച്ചാല്‍ അവര്‍ വിളമ്പിത്തരുന്നത് എന്തായാലും അതു ഭക്ഷിക്കുക. ആ പട്ടണത്തിലെ രോഗികളെ സുഖപ്പെടുത്തുകയും ‘ദൈവരാജ്യം നിങ്ങളുടെ അടുക്കലെത്തിയിരിക്കുന്നു’ എന്ന് അവരോടു പറയുകയും ചെയ്യുക. എന്നാല്‍ ഏതെങ്കിലും പട്ടണത്തിലെ ജനങ്ങള്‍ നിങ്ങളെ സ്വീകരിക്കാതിരുന്നാല്‍ അവിടത്തെ തെരുവീഥികളില്‍ ചെന്ന് ‘നിങ്ങളുടെ പട്ടണത്തില്‍നിന്നു ഞങ്ങളുടെ കാലുകളില്‍ പറ്റിയ പൊടിപോലും ഇതാ നിങ്ങളുടെ മുമ്പില്‍വച്ചു തട്ടിക്കളയുന്നു; എങ്കിലും ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുക’ എന്ന് അവരോട് പറയണം. ന്യായവിധിനാളില്‍ ആ പട്ടണത്തിനുണ്ടാകുന്ന ശിക്ഷാവിധി സോദോംപട്ടണത്തിനുണ്ടായതിനെക്കാള്‍ ഭയങ്കരമായിരിക്കുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.” “കോരസീനേ, നിനക്കു ഹാ കഷ്ടം! ബെത്‍സെയ്ദയേ, നിനക്ക് ഹാ കഷ്ടം! നിങ്ങളില്‍ നടന്ന അദ്ഭുതപ്രവൃത്തികള്‍ സോരിലും സീദോനിലും നടന്നിരുന്നുവെങ്കില്‍, അവര്‍ പണ്ടുതന്നെ ചാക്കുതുണിയുടുത്തും വെണ്ണീറിലിരുന്നും അനുതപിക്കുമായിരുന്നു. എന്നാല്‍ ന്യായവിധിനാളില്‍ സോരിന്‍റെയും സീദോന്‍റെയും അവസ്ഥ നിങ്ങളുടേതിനെക്കാള്‍ സഹിക്കാവുന്നതായിരിക്കും. കഫര്‍ന്നഹൂമേ, നീ സ്വര്‍ഗത്തോളം ഉയരുവാന്‍ ആഗ്രഹിച്ചുവോ! നീ പാതാളത്തോളം താണുപോകും. “നിങ്ങളെ അനുസരിക്കുന്നവന്‍ എന്നെ അനുസരിക്കുന്നു; നിങ്ങളെ നിരാകരിക്കുന്നവന്‍ എന്നെ നിരാകരിക്കുന്നു. എന്നെ നിരാകരിക്കുന്നവന്‍ എന്നെ അയച്ചവനെ നിരാകരിക്കുന്നു.” യേശു അയച്ച ആ എഴുപത്തിരണ്ടുപേര്‍ ആഹ്ലാദപൂര്‍വം തിരിച്ചു വന്നു പറഞ്ഞു: “ഗുരോ, അവിടുത്തെ നാമത്തില്‍ ഭൂതങ്ങള്‍പോലും ഞങ്ങള്‍ക്കു കീഴടങ്ങുന്നു.” അപ്പോള്‍ അവിടുന്ന് ഇപ്രകാരം പറഞ്ഞു: ‘മിന്നല്‍പ്പിണര്‍പോലെ സാത്താന്‍ സ്വര്‍ഗത്തില്‍നിന്നു വീഴുന്നതു ഞാന്‍ കണ്ടു. ഇതാ, സര്‍പ്പങ്ങളെയും തേളുകളെയും ചവുട്ടിമെതിക്കുന്നതിനുള്ള കഴിവു മാത്രമല്ല ശത്രുവിന്‍റെ സകല ശക്തികളുടെയും മേലുള്ള അധികാരവും ഞാന്‍ നിങ്ങള്‍ക്കു നല്‌കിയിരിക്കുന്നു. അവയൊന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. എങ്കിലും ദുഷ്ടാത്മാക്കള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നതിലല്ല, നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതിയിരിക്കുന്നതില്‍ ആണ് സന്തോഷിക്കേണ്ടത്.” ആ സമയത്തുതന്നെ യേശു പരിശുദ്ധാത്മാവില്‍ ആനന്ദിച്ചുകൊണ്ടു പ്രാര്‍ഥിച്ചു: “ആകാശത്തിന്‍റെയും ഭൂമിയുടെയും അധിപനായ പിതാവേ, അങ്ങയെ ഞാന്‍ വാഴ്ത്തുന്നു. അങ്ങ് ഇക്കാര്യങ്ങള്‍ ജ്ഞാനികളില്‍നിന്നും ബുദ്ധിശാലികളില്‍നിന്നും മറച്ച് കേവലം ശിശുക്കള്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു. അതേ, പിതാവേ, ഇപ്രകാരം തിരുവുള്ളം പ്രസാദിച്ചുവല്ലോ.” യേശു പറഞ്ഞു: “എന്‍റെ പിതാവു സകലവും എന്നെ ഏല്പിച്ചിരിക്കുന്നു. പുത്രന്‍ ആരാണെന്നു പിതാവല്ലാതെ മറ്റാരും അറിയുന്നില്ല. അതുപോലെതന്നെ പിതാവ് ആരാണെന്നു പുത്രനും പുത്രന്‍ ആര്‍ക്കെല്ലാം വെളിപ്പെടുത്തിക്കൊടുക്കുവാന്‍ ഇച്ഛിക്കുന്നുവോ അവരുമല്ലാതെ മറ്റാരും അറിയുന്നില്ല.” പിന്നീടു ശിഷ്യന്മാരുടെ നേരെ തിരിഞ്ഞു യേശു സ്വകാര്യമായി പറഞ്ഞു: “നിങ്ങള്‍ കാണുന്നതെന്തോ, അതു കാണുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍. ഞാന്‍ പറയട്ടെ, നിങ്ങള്‍ കാണുന്നതു കാണാന്‍ അനേകം പ്രവാചകന്മാരും രാജാക്കന്മാരും ആഗ്രഹിച്ചു; അവര്‍ കണ്ടില്ല. നിങ്ങള്‍ കേള്‍ക്കുന്നതു കേള്‍ക്കുവാന്‍ അവര്‍ ആഗ്രഹിച്ചു; കേട്ടതുമില്ല.” ഒരു നിയമപണ്ഡിതന്‍ യേശുവിന്‍റെ അടുക്കല്‍ വന്ന് അവിടുത്തെ പരീക്ഷിക്കുന്നതിനുവേണ്ടി ചോദിച്ചു: “ഗുരോ, അനശ്വരമായ ജീവന്‍ അവകാശമായി ലഭിക്കുവാന്‍ ഞാന്‍ എന്തു ചെയ്യണം!” യേശു പറഞ്ഞു: “ധര്‍മശാസ്ത്രത്തില്‍ എന്താണ് എഴുതിയിരിക്കുന്നത്? താങ്കള്‍ എന്താണു വായിച്ചു ഗ്രഹിക്കുന്നത്?” “നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണശക്തിയോടും പൂര്‍ണമനസ്സോടുംകൂടി സ്നേഹിക്കണം; നിന്‍റെ അയല്‍ക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം” എന്ന് അയാള്‍ ഉത്തരം പറഞ്ഞു. യേശു അയാളോട്: “താങ്കള്‍ പറഞ്ഞത് ശരിതന്നെ; അപ്രകാരം ചെയ്യുക; എന്നാല്‍ താങ്കള്‍ ജീവിക്കും” എന്നു പറഞ്ഞു. എന്നാല്‍ തന്‍റെ പ്രശ്നത്തെ ന്യായീകരിക്കുവാന്‍ ആഗ്രഹിച്ചുകൊണ്ട് അയാള്‍ യേശുവിനോട്: “ആരാണ് എന്‍റെ അയല്‍ക്കാരന്‍?” എന്നു ചോദിച്ചു. യേശു ഇപ്രകാരം പ്രതിവചിച്ചു: “ഒരു മനുഷ്യന്‍ യെരൂശലേമില്‍നിന്നു യെരിഹോവിലേക്കു പോകുകയായിരുന്നു. അയാള്‍ കൊള്ളക്കാരുടെ കൈയിലകപ്പെട്ടു. അവര്‍ അയാളുടെ വസ്ത്രം ഉരിഞ്ഞു മര്‍ദിച്ച് അര്‍ധപ്രാണനാക്കിയശേഷം കടന്നുകളഞ്ഞു. ഒരു പുരോഹിതന്‍ യാദൃച്ഛികമായി അതുവഴി വന്നു. അയാള്‍ ആ മനുഷ്യനെ കണ്ടപ്പോള്‍ വഴിയുടെ മറുവശത്തേക്കു മാറി കടന്നുപോയി. അതുപോലെതന്നെ ഒരു ലേവ്യനും അതുവഴി വന്നു. അയാളും ആ മനുഷ്യനെ കണ്ടിട്ട് മറുവശത്തുകൂടി കടന്നുപോകുകയാണുണ്ടായത്. എന്നാല്‍ ഒരു ശമര്യന്‍ തന്‍റെ യാത്രാമധ്യേ അവിടെയെത്തി; ആ മനുഷ്യനെ കണ്ടു മനസ്സലിഞ്ഞ് അയാള്‍ അടുത്തുചെന്ന് എണ്ണയും വീഞ്ഞും പകര്‍ന്ന് അയാളുടെ മുറിവുകള്‍ വച്ചുകെട്ടിയശേഷം അയാളെ തന്‍റെ വാഹന മൃഗത്തിന്‍റെ പുറത്തുകയറ്റി സത്രത്തിലേക്കു കൊണ്ടുപോയി ശ്രദ്ധാപൂര്‍വം പരിചരിച്ചു. പിറ്റേദിവസം ആ ശമര്യന്‍ രണ്ടു ദിനാര്‍ എടുത്ത് ആ സത്രമുടമസ്ഥനെ ഏല്പിച്ചിട്ട് ഇങ്ങനെ പറഞ്ഞു: ‘ഈ മനുഷ്യനെ വേണ്ടതുപോലെ ശുശ്രൂഷിച്ചുകൊള്ളണം. അധികം എന്തുതന്നെ ചെലവായാലും ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം.” യേശു ആ നിയമപണ്ഡിതനോടു ചോദിച്ചു: “കൊള്ളക്കാരുടെ കൈയിലകപ്പെട്ട ആ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈ മൂന്നുപേരില്‍ ആരാണ് അയല്‍ക്കാരനായി വര്‍ത്തിച്ചത് എന്നു താങ്കള്‍ക്കു തോന്നുന്നു?” “അയാളോടു കരുണ കാണിച്ചവന്‍തന്നെ” എന്നു നിയമപണ്ഡിതന്‍ പറഞ്ഞു. യേശു ആ നിയമജ്ഞനോടു പറഞ്ഞു: “താങ്കളും പോയി അതുപോലെ ചെയ്യുക.” യാത്രാമധ്യേ യേശു ഒരു ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍ മാര്‍ത്ത എന്നൊരു സ്‍ത്രീ തന്‍റെ വീട്ടില്‍ അവിടുത്തെ സ്വീകരിച്ചു. അവള്‍ക്കു മറിയം എന്നു പേരുള്ള ഒരു സഹോദരി ഉണ്ടായിരുന്നു. അവള്‍ യേശുവിന്‍റെ കാല്‌ക്കലിരുന്ന് അവിടുത്തെ പ്രബോധനങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു. മാര്‍ത്തയാകട്ടെ വളരെയധികം ജോലികളില്‍ മുഴുകി വ്യഗ്രത പൂണ്ടിരുന്നു. അവള്‍ യേശുവിനെ സമീപിച്ച്: “ഗുരോ, എന്‍റെ സഹോദരി എന്നെ ഈ ജോലിയെല്ലാം തനിച്ചു ചെയ്യാന്‍ വിട്ടിരിക്കുന്നതിനെക്കുറിച്ച് അങ്ങേക്ക് വിചാരമില്ലേ? എന്നെ സഹായിക്കുവാന്‍ അവളോടു പറഞ്ഞാലും” എന്നു പറഞ്ഞു. അതിന് യേശു: “മാര്‍ത്തയേ, മാര്‍ത്തയേ, നീ പല കാര്യങ്ങളെച്ചൊല്ലി വ്യാകുലപ്പെട്ട് അസ്വസ്ഥയായിരിക്കുകയാണ്. എന്നാല്‍ അല്പമേ വേണ്ടൂ; അല്ല, ഒന്നുമാത്രം മതി; മറിയം നല്ല അംശം തിരഞ്ഞെടുത്തു. അത് അവളില്‍നിന്ന് ആരും അപഹരിക്കുകയില്ല” എന്നു പറഞ്ഞു. യേശു ഒരു സ്ഥലത്തു പ്രാര്‍ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ഥന കഴിഞ്ഞപ്പോള്‍ ശിഷ്യന്മാരിലൊരാള്‍ അഭ്യര്‍ഥിച്ചു: “നാഥാ, യോഹന്നാന്‍ തന്‍റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ഥിക്കുവാന്‍ പഠിപ്പിക്കണമേ.” യേശു അരുള്‍ചെയ്തു: “നിങ്ങള്‍ ഇപ്രകാരം പ്രാര്‍ഥിക്കുക: പിതാവേ, അവിടുത്തെ പരിശുദ്ധനാമം പൂജിതമാകണമേ; അവിടുത്തെ രാജ്യം വരണമേ. ആവശ്യമുള്ള ആഹാരം ദിനംതോറും ഞങ്ങള്‍ക്കു നല്‌കണമേ. ഞങ്ങളോടു കടപ്പെട്ടിട്ടുള്ള ഏതൊരുവനോടും ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമേ. കഠിന പരീക്ഷണത്തില്‍ ഞങ്ങള്‍ അകപ്പെടുവാന്‍ ഇടയാക്കരുതേ.” അനന്തരം യേശു അവരോടു പറഞ്ഞു: “നിങ്ങളില്‍ ആരെങ്കിലും അര്‍ധരാത്രിയില്‍ നിങ്ങളുടെ സ്നേഹിതന്‍റെ വീട്ടില്‍ ചെന്നു ‘സ്നേഹിതാ, എന്‍റെ ഒരു സുഹൃത്ത് യാത്രാമധ്യേ എന്‍റെ വീട്ടില്‍ വന്നിരിക്കുന്നു; അയാള്‍ക്കു കൊടുക്കുവാന്‍ എന്‍റെ പക്കല്‍ ഒന്നുമില്ല; മൂന്ന് അപ്പം വായ്പ തരണേ’ എന്നു പറയുന്നു എന്നിരിക്കട്ടെ. ‘എന്നെ ശല്യപ്പെടുത്താതിരിക്കൂ, വാതില്‍ അടച്ചു കഴിഞ്ഞു; കുട്ടികളും എന്‍റെ കൂടെ കിടക്കുന്നു; ഇപ്പോള്‍ എഴുന്നേറ്റു വന്ന് എന്തെങ്കിലും എടുത്തുതരാന്‍ നിവൃത്തിയില്ല’ എന്ന് അയാള്‍ അകത്തുനിന്നു പറയുന്നു എന്നും വിചാരിക്കുക. വീണ്ടും വീണ്ടും നിര്‍ബന്ധിച്ചു ചോദിക്കുമ്പോള്‍ മമതയുടെ പേരില്‍ അല്ലെങ്കിലും സ്നേഹിതന്‍റെ നിര്‍ബന്ധംമൂലം അയാള്‍ എഴുന്നേറ്റ് ആവശ്യമുള്ളത് എടുത്തുകൊടുക്കും.” “അപേക്ഷിച്ചുകൊണ്ടിരിക്കുക, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിച്ചുകൊണ്ടിരിക്കുക, നിങ്ങള്‍ കണ്ടെത്തും; മുട്ടിക്കൊണ്ടിരിക്കുക, നിങ്ങള്‍ക്കു വാതില്‍ തുറന്നു കിട്ടും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എന്തെന്നാല്‍ അപേക്ഷിക്കുന്ന ഏതൊരുവനും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവനു വാതില്‍ തുറന്നു കിട്ടുന്നു. നിങ്ങളില്‍ ഏതൊരു പിതാവാണ് മകന്‍ അപ്പം ചോദിച്ചാല്‍ കല്ലെടുത്തു കൊടുക്കുന്നത്? അഥവാ മീന്‍ ചോദിച്ചാല്‍ പാമ്പിനെ കൊടുക്കുന്നത്? മുട്ട ചോദിച്ചാല്‍ തേളിനെ കൊടുക്കുന്നത്? മക്കള്‍ക്കു നല്ലതു ദാനം ചെയ്യാന്‍ ദോഷികളായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍ സ്വര്‍ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക്, പരിശുദ്ധാത്മാവിനെ എത്ര ഉദാരമായി നല്‌കും.” ഒരിക്കല്‍ യേശു ഊമനായ ഒരു ഭൂതത്തെ പുറത്താക്കി; ഭൂതം വിട്ടുമാറിയ ഉടന്‍ മൂകനായിരുന്ന ആ മനുഷ്യന്‍ സംസാരിച്ചുതുടങ്ങി. ഇതു കണ്ട് ജനങ്ങള്‍ ആശ്ചര്യപ്പെട്ടു. എന്നാല്‍ “ഇയാള്‍ ഭൂതങ്ങളെ പുറത്താക്കുന്നത് ഭൂതങ്ങളുടെ തലവനായ ബേല്‍സബൂലിനെക്കൊണ്ടാണ്” എന്നു ചിലര്‍ പറഞ്ഞു. മറ്റു ചിലരാകട്ടെ അവിടുത്തെ കുടുക്കിലാക്കുന്നതിനായി സ്വര്‍ഗത്തില്‍നിന്ന് ഒരു അടയാളം കാണിക്കുവാന്‍ ആവശ്യപ്പെട്ടു. യേശു അവരുടെ അന്തര്‍ഗതം മനസ്സിലാക്കിക്കൊണ്ട് അവരോടു പറഞ്ഞു: “ഏതൊരു രാജാവും അന്തഃഛിദ്രംമൂലം നശിക്കുന്നു; ഏതൊരു കുടുംബവും ഭിന്നതമൂലം വീണുപോകുന്നു. സാത്താന്‍റെ രാജ്യത്തിലും അന്തഃഛിദ്രമുണ്ടായാല്‍ അത് എങ്ങനെ നിലനില്‌ക്കും? ബേല്‍സബൂലിനെക്കൊണ്ടാണ് ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നതെന്നു നിങ്ങള്‍ പറയുന്നു. ഞാന്‍ ഭൂതങ്ങളെ ബഹിഷ്കരിക്കുന്നത് ഇങ്ങനെയെങ്കില്‍ നിങ്ങളുടെ അനുയായികള്‍ ആരെക്കൊണ്ടാണ് അവയെ പുറത്താക്കുന്നത്! അതുകൊണ്ട് നിങ്ങള്‍ പറയുന്നതു ശരിയല്ലെന്ന് നിങ്ങളുടെ അനുയായികള്‍ തെളിയിക്കുന്നു. അല്ല, ഞാന്‍ ദൈവശക്തികൊണ്ടാണ് ഭൂതങ്ങളെ പുറത്താക്കുന്നതെങ്കില്‍ ദൈവരാജ്യം നിങ്ങളുടെ അടുത്തു നിശ്ചയമായും വന്നുകഴിഞ്ഞിരിക്കുന്നു.” “ബലിഷ്ഠനായ ഒരുവന്‍ ആയുധധാരിയായി സ്വഭവനം കാത്തുസൂക്ഷിക്കുമ്പോള്‍ അയാളുടെ വസ്തുവകകളെല്ലാം സുരക്ഷിതമായിരിക്കും. എന്നാല്‍ തന്നെക്കാള്‍ ശക്തനായ ഒരാള്‍ വന്ന് അയാളെ ആക്രമിച്ചു കീഴടക്കുമ്പോള്‍ അയാള്‍ അവലംബമായി കരുതിയിരുന്ന ആയുധങ്ങള്‍ ആ മനുഷ്യന്‍ പിടിച്ചെടുക്കുകയും വസ്തുവകകളെല്ലാം അയാള്‍ കൊള്ളചെയ്തു പങ്കിടുകയും ചെയ്യും. “എന്നെ അനുകൂലിക്കാത്തവന്‍ എനിക്കു വിരോധിയാകുന്നു. ഒന്നിച്ചു ചേര്‍ക്കുന്നതില്‍ എന്നെ സഹായിക്കാത്തവന്‍ ചിതറിക്കുകയാണു ചെയ്യുന്നത്.” “ദുഷ്ടാത്മാവ് ഒരു മനുഷ്യനില്‍നിന്ന് ഒഴിഞ്ഞുപോകുമ്പോള്‍ വിശ്രമസങ്കേതം തേടി വെള്ളമില്ലാത്ത പ്രദേശങ്ങളില്‍ ചുറ്റിത്തിരിയുന്നു; സങ്കേതം കണ്ടെത്താതെ വരുമ്പോള്‍ ‘ഞാന്‍ പുറപ്പെട്ടുപോന്ന വീട്ടിലേക്കുതന്നെ തിരിച്ചുപോകും’ എന്ന് അതു പറയുന്നു. അങ്ങനെ അതു തിരിച്ചുചെല്ലുമ്പോള്‍ ആ വീട് അടിച്ചുവാരി അടുക്കും ചിട്ടയുമുള്ളതാക്കി ഇട്ടിരിക്കുന്നതു കാണും. അപ്പോള്‍ ആ ദുഷ്ടാത്മാവു പോയി തന്നെക്കാള്‍ ദുഷ്ടതയേറിയ വേറെ ഏഴ് ആത്മാക്കളെക്കൂടി കൂട്ടികൊണ്ടു വന്ന് അവിടെ പ്രവേശിച്ചു വാസമുറപ്പിക്കും. അങ്ങനെ ആ മനുഷ്യന്‍റെ അവസ്ഥ ആദ്യത്തേതിനെക്കാള്‍ കഷ്ടതരമായിത്തീരും.” യേശു ഇതു പറഞ്ഞപ്പോള്‍ ജനക്കൂട്ടത്തില്‍നിന്ന് ഒരു സ്‍ത്രീ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: “അങ്ങയെ ഉദരത്തില്‍ വഹിക്കുകയും പാലൂട്ടി വളര്‍ത്തുകയും ചെയ്ത അങ്ങയുടെ അമ്മ അനുഗ്രഹിക്കപ്പെട്ടവള്‍ തന്നെ!” അപ്പോള്‍ യേശു അരുള്‍ചെയ്തു: “ദൈവവചനം കേള്‍ക്കുകയും അതനുവര്‍ത്തിക്കുകയും ചെയ്യുന്നവരത്രേ സാക്ഷാല്‍ അനുഗൃഹീതര്‍.” കൂടുതല്‍ ജനം വന്നുചേര്‍ന്നപ്പോള്‍ അവിടുന്ന് ഇപ്രകാരം പറഞ്ഞു: “ഇന്നത്തെ തലമുറ ദുഷ്ടത നിറഞ്ഞതാണ്; അവര്‍ അടയാളം അന്വേഷിക്കുന്നു; യോനായുടെ അടയാളമല്ലാതെ മറ്റൊന്നും അവര്‍ക്കു ലഭിക്കുകയില്ല. യോനാ നിനെവേക്കാര്‍ക്ക് അടയാളമായിരുന്നതുപോലെ മനുഷ്യപുത്രന്‍ ഈ തലമുറയ്‍ക്ക് അടയാളമായിരിക്കും. ന്യായവിധിനാളില്‍ ദക്ഷിണദേശത്തിലെ രാജ്ഞി ഈ തലമുറയോടൊപ്പം ഉയിര്‍ത്തെഴുന്നേറ്റ് അവരെ കുറ്റവാളികളെന്നു വിധിക്കും. ശേബാരാജ്ഞി ശലോമോന്‍റെ ജ്ഞാനവചസ്സുകള്‍ കേള്‍ക്കുവാന്‍ ഭൂമിയുടെ ഒരു കോണില്‍നിന്നു വന്നുവല്ലോ. ഇതാ, ഇവിടെ ശലോമോനെക്കാള്‍ വലിയവന്‍. ന്യായവിധിനാളില്‍ ഈ തലമുറയോടൊപ്പം നിനെവേയിലെ ജനങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റ് ഈ തലമുറക്കാരെ കുറ്റവാളികളെന്നു വിധിക്കും. നിനെവേക്കാര്‍ യോനായുടെ പ്രഭാഷണം കേട്ട് അനുതപിച്ചുവല്ലോ; ഇതാ, ഇവിടെ യോനായെക്കാള്‍ വലിയവന്‍. “വിളക്കു കത്തിച്ച് ആരും നിലവറയിലോ പറയുടെ കീഴിലോ വയ്‍ക്കാറില്ല. അകത്തു വരുന്നവര്‍ക്കു വെളിച്ചം കാണേണ്ടതിന് അതു വിളക്കുതണ്ടിന്മേലത്രേ വയ്‍ക്കുന്നത്. നിങ്ങളുടെ കണ്ണ് ശരീരത്തിന്‍റെ വിളക്കാകുന്നു. കണ്ണിനു പൂര്‍ണമായ കാഴ്ചയുള്ളപ്പോള്‍ ശരീരം മുഴുവന്‍ പ്രകാശപൂര്‍ണമായിരിക്കും. എന്നാല്‍ കണ്ണിന് വൈകല്യമുണ്ടെങ്കില്‍ ശരീരം ആസകലം ഇരുട്ടായിരിക്കും. അതിനാല്‍ നിന്നിലുള്ള പ്രകാശം അന്ധകാരമായിത്തീരാതിരിക്കുവാന്‍ ശ്രദ്ധിച്ചുകൊള്ളുക. ഒരിടത്തും ഇരുള്‍ ഇല്ലാതെ നിങ്ങളുടെ ശരീരം ആപാദചൂഡം പ്രകാശപൂരിതമായിരുന്നാല്‍, ഒരു ദീപം അതിന്‍റെ ശോഭയാല്‍ നിങ്ങള്‍ക്കു വെളിച്ചം നല്‌കുന്നതുപോലെ നിങ്ങളുടെ ശരീരം മുഴുവന്‍ പ്രകാശമാനമായിരിക്കും.” യേശു പ്രബോധിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു പരീശന്‍ വന്ന് തന്നോടുകൂടി ഭക്ഷണം കഴിക്കുവാന്‍ അവിടുത്തെ ക്ഷണിച്ചു. യേശു ആ പരീശന്‍റെ ഭവനത്തിലെത്തി. കൈകാലുകള്‍ കഴുകാതെ അവിടുന്ന് ഭക്ഷണം കഴിക്കാനിരുന്നത് ആ പരീശനെ അദ്ഭുതപ്പെടുത്തി. എന്നാല്‍ കര്‍ത്താവ് അയാളോടു പറഞ്ഞു: “പരീശന്മാരായ നിങ്ങള്‍ കിണ്ടികിണ്ണങ്ങളുടെ പുറം ശുദ്ധമാക്കുന്നു. നിങ്ങളുടെ ഉള്ളിലാകട്ടെ അപഹരണാസക്തിയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു. ഭോഷന്മാരേ, പുറം നിര്‍മിച്ചവന്‍ തന്നെയല്ലേ അകവും നിര്‍മിച്ചത്? നിങ്ങളുടെ പാത്രങ്ങളിലുള്ളതു ദാനം ചെയ്യുക; അപ്പോള്‍ നിങ്ങള്‍ക്കുള്ളതെല്ലാം ശുദ്ധമായിരിക്കും. “പരീശന്മാരേ, നിങ്ങള്‍ക്കു ഹാ കഷ്ടം! നിങ്ങള്‍ എല്ലാവകകളുടെയും ദശാംശം കൊടുക്കുന്നു; കര്‍പ്പൂരതുളസി, പുതിന, ചീര മുതലായ ചെറു സസ്യങ്ങളുടേതുപോലും; പക്ഷേ, നീതിയും ദൈവസ്നേഹവും അവഗണിക്കുന്നു. ഇവയെ അവഗണിക്കാതെ നിങ്ങള്‍ മറ്റുള്ളതെല്ലാം ചെയ്യേണ്ടതായിരുന്നു. “പരീശന്മാരേ, നിങ്ങള്‍ക്കു ഹാ കഷ്ടം! സുനഗോഗുകളില്‍ പ്രമുഖസ്ഥാനവും അങ്ങാടിയില്‍ വന്ദനവും ലഭിക്കുവാന്‍ നിങ്ങള്‍ അഭിലഷിക്കുന്നു. നിങ്ങള്‍ക്ക് ഹാ കഷ്ടം! എവിടെയെന്നു തിരിച്ചറിയാന്‍ കഴിയാത്ത ശവക്കുഴിപോലെയത്രേ നിങ്ങള്‍. മനുഷ്യര്‍ അറിയാതെ അതിന്മീതെ നടക്കുന്നുവല്ലോ.” അപ്പോള്‍ നിയമപണ്ഡിതന്മാരിലൊരാള്‍: “ഗുരോ, ഇങ്ങനെ പറഞ്ഞ് അങ്ങു ഞങ്ങളെക്കൂടി അപമാനിക്കുകയാണല്ലോ” എന്നു യേശുവിനോടു പറഞ്ഞു. അവിടുന്നു പ്രതിവചിച്ചു: “നിയമപണ്ഡിതന്മാരേ, നിങ്ങള്‍ക്കു ഹാ കഷ്ടം! ദുര്‍വഹമായ ഭാരങ്ങള്‍ നിങ്ങള്‍ മനുഷ്യരുടെമേല്‍ കെട്ടിവയ്‍ക്കുന്നു. നിങ്ങളാണെങ്കില്‍ ഒരു വിരല്‍കൊണ്ടുപോലും ഒന്നു താങ്ങിക്കൊടുക്കുന്നുമില്ല. നിങ്ങള്‍ക്കു ഹാ കഷ്ടം! നിങ്ങളുടെ പൂര്‍വപിതാക്കന്മാര്‍ വധിച്ച പ്രവാചകന്മാരുടെ ശവകുടീരങ്ങള്‍ നിങ്ങള്‍ പണിയുന്നു. അങ്ങനെ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികള്‍ക്കു നിങ്ങള്‍ സാക്ഷികളാകുന്നു; അവരുടെ പ്രവൃത്തികളെ നിങ്ങള്‍ അനുകൂലിക്കുകയും ചെയ്യുന്നു. അവര്‍ അവരെ വധിച്ചു; നിങ്ങള്‍ അവര്‍ക്കു ശവകുടീരം നിര്‍മിക്കുന്നു. അതുകൊണ്ടു ദൈവത്തിന്‍റെ ജ്ഞാനം ഇങ്ങനെ പറഞ്ഞിരിക്കുന്നു: ‘ഞാന്‍ പ്രവാചകന്മാരെയും അപ്പോസ്തോലന്മാരെയും അവരുടെ അടുക്കലേക്ക് അയയ്‍ക്കും. അവരില്‍ ചിലരെ അവര്‍ സംഹരിക്കുകയും ചിലരെ പീഡിപ്പിക്കുകയും ചെയ്യും.’ [50,51] അങ്ങനെ ഹാബേലിന്‍റെ രക്തംമുതല്‍ യാഗപീഠത്തിനും വിശുദ്ധസ്ഥലത്തിനും ഇടയ്‍ക്കുവച്ചു കൊല്ലപ്പെട്ട സഖറിയായുടെ രക്തംവരെ, ലോകാരംഭംമുതല്‍ ചൊരിയപ്പെട്ടിട്ടുള്ള രക്തത്തിന് ഈ തലമുറ ഉത്തരവാദികളായിരിക്കും. അതേ, ഈ തലമുറയോട് അതിനു പകരം ചോദിക്കുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു. *** “നിയമപണ്ഡിതന്മാരേ, നിങ്ങള്‍ക്കു ഹാ കഷ്ടം! ജ്ഞാനഭണ്ഡാരപ്പുരയുടെ താക്കോല്‍ നിങ്ങള്‍ കൈവശമാക്കിയിരിക്കുന്നു. നിങ്ങള്‍തന്നെ അതില്‍ പ്രവേശിച്ചില്ല; പ്രവേശിക്കുവാന്‍ വരുന്നവരെ തടയുകയും ചെയ്യുന്നു.” യേശു അവിടെനിന്നു പോകുമ്പോള്‍ മതപണ്ഡിതന്മാരും പരീശന്മാരും യേശുവിനെ നിശിതമായി വിമര്‍ശിക്കുവാന്‍ തുടങ്ങി. യേശുവിനെ വാക്കില്‍ കുടുക്കി പിടിക്കുവാന്‍ തക്കം നോക്കിക്കൊണ്ട് അവര്‍ അവിടുത്തോടു പലകാര്യങ്ങളെക്കുറിച്ചും ചോദിച്ചു. ഇതിനിടയ്‍ക്ക് അന്യോന്യം ചവിട്ടേല്‌ക്കത്തക്കവിധം ജനങ്ങള്‍ ആയിരക്കണക്കിനു തിങ്ങിക്കൂടി. ആദ്യം തന്‍റെ ശിഷ്യന്മാരോട് യേശു ഇപ്രകാരം പറഞ്ഞു: “പരീശന്മാരുടെ കപടഭക്തിയാകുന്ന പുളിപ്പുമാവില്‍നിന്ന് ഒഴിഞ്ഞുമാറിക്കൊള്ളണം; മറച്ചുവച്ചത് ഒന്നും വെളിച്ചത്തുവരാതെയും നിഗൂഢമായത് ഒന്നും അറിയപ്പെടാതെയും ഇരിക്കുകയില്ല. ഇരുട്ടില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ എന്തുതന്നെയായാലും അവ വെളിച്ചത്തു കേള്‍ക്കും. സ്വകാര്യമുറികളിലിരുന്നു മന്ത്രിച്ചത് പുരമുകളില്‍ ഉച്ചത്തില്‍ ഘോഷിക്കപ്പെടും. “എന്‍റെ സ്നേഹിതന്മാരേ, ഞാന്‍ നിങ്ങളോടു പറയുന്നു: ശരീരത്തെ നശിപ്പിക്കുന്നവരെ ഭയപ്പെടേണ്ടാ; അതില്‍ കൂടുതലൊന്നും അവര്‍ക്കു ചെയ്യുവാന്‍ കഴിയുകയില്ലല്ലോ. പിന്നെ ആരെയാണു ഭയപ്പെടേണ്ടത് എന്നല്ലേ? കൊന്നശേഷം നരകത്തിലേക്കു തള്ളിക്കളയുവാന്‍ അധികാരമുള്ളവനെ ഭയപ്പെടുക എന്നു ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‌കുന്നു. അതേ, ആ ദൈവത്തെത്തന്നെ ഭയപ്പെടുക. “രണ്ടു കാശിന് അഞ്ചു കുരുവികളെയല്ലേ വില്‍ക്കുന്നത്? എന്നാല്‍ അവയില്‍ ഒന്നിനെപ്പോലും ദൈവം മറക്കുന്നില്ല. നിങ്ങളുടെ തലയിലെ ഓരോ മുടിയും എണ്ണപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഭയപ്പെടേണ്ടാ, അനേകം കുരുവികളെക്കാള്‍ നിങ്ങള്‍ വിലയേറിയവരാണല്ലോ. “മനുഷ്യരുടെ മുമ്പില്‍ എന്നെ സ്വീകരിച്ച് ഏറ്റുപറയുന്നവനെ, ദൈവദൂതന്മാരുടെ മുമ്പില്‍ മനുഷ്യപുത്രനും സ്വീകരിച്ച് ഏറ്റുപറയും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; എന്നാല്‍ മനുഷ്യരുടെ മുമ്പില്‍ എന്നെ നിഷേധിക്കുന്നവനെ, ദൈവദൂതന്മാരുടെ മുമ്പില്‍ ഞാനും നിഷേധിക്കും. “മനുഷ്യപുത്രനെതിരെ ഒരു വാക്കു പറയുന്ന ഏതൊരുവനോടും ക്ഷമിക്കും; പക്ഷേ, പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറയുന്നവനോടു ക്ഷമിക്കുകയില്ല. “നിങ്ങളെ സുനഗോഗുകളിലേക്കോ ഭരണാധിപന്മാരുടെയോ അധികാരികളുടെയോ മുമ്പിലേക്കോ കൊണ്ടുപോകുമ്പോള്‍ എന്തു മറുപടി പറയണമെന്നോ അഥവാ എങ്ങനെ മൊഴി കൊടുക്കണമെന്നോ ഓര്‍ത്ത് ആകുലചിത്തരാകേണ്ടതില്ല. നിങ്ങള്‍ എന്തു പറയണമെന്നുള്ളത് തത്സമയം പരിശുദ്ധാത്മാവു നിങ്ങളെ പഠിപ്പിക്കും.” ജനക്കൂട്ടത്തില്‍ ഒരുവന്‍ യേശുവിനോട്: “ഗുരോ, ഞങ്ങളുടെ പിതൃസ്വത്തില്‍ എനിക്കുള്ള ഓഹരി ഭാഗിച്ചുതരുവാന്‍ എന്‍റെ സഹോദരനോടു കല്പിച്ചാലും” എന്നു പറഞ്ഞു. അവിടുന്ന് അയാളോടു ചോദിച്ചു: “ഹേ! മനുഷ്യാ, എന്നെ ന്യായാധിപനായോ സ്വത്തുഭാഗം ചെയ്യുന്നവനായോ ആരെങ്കിലും നിയമിച്ചിട്ടുണ്ടോ?” പിന്നീട് എല്ലാവരോടുമായി അവിടുന്നു പറഞ്ഞു: “എല്ലാവിധ ദ്രവ്യാഗ്രഹങ്ങളില്‍നിന്നും ഒഴിഞ്ഞിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുക; ഒരുവന്‍റെ സമ്പല്‍സമൃദ്ധിയിലല്ല അവന്‍റെ ജീവന്‍ അടങ്ങിയിരിക്കുന്നത്.” യേശു അവരോട് ഒരു ദൃഷ്ടാന്തകഥ പറഞ്ഞു: “ധനാഢ്യനായ ഒരാളിന്‍റെ കൃഷിഭൂമിയില്‍ സമൃദ്ധമായ വിളവുണ്ടായി; അയാള്‍ ചിന്തിച്ചു തുടങ്ങി: ‘എന്‍റെ വിളവു സൂക്ഷിക്കുവാന്‍ സ്ഥലമില്ലല്ലോ; ഞാന്‍ എന്തു ചെയ്യും?’ അയാള്‍ ആത്മഗതം ചെയ്തു: ‘ഒരു കാര്യം ഞാന്‍ ചെയ്യും: എന്‍റെ അറപ്പുരകള്‍ പൊളിച്ചു വലുതാക്കിപ്പണിയും; അവിടെ എന്‍റെ മുഴുവന്‍ ധാന്യങ്ങളും മറ്റുവിഭവങ്ങളും സംഭരിക്കും. പിന്നീട് എന്നോടുതന്നെ ഞാന്‍ പറയും: ‘അനേകവര്‍ഷത്തേക്കു വേണ്ട വകകളെല്ലാം നിനക്കുണ്ട്; ഇനി വിശ്രമിച്ചുകൊള്ളുക; തിന്നുക, കുടിക്കുക, ആനന്ദിക്കുക.’ എന്നാല്‍ ദൈവം അവനോടു പറഞ്ഞു: ‘ഭോഷാ! ഇന്നു രാത്രി നിന്‍റെ ജീവന്‍ നിന്നോട് ആവശ്യപ്പെടുന്നെങ്കില്‍ നിന്‍റെ സമ്പാദ്യമെല്ലാം ആര്‍ക്കുള്ളതായിരിക്കും? “ദൈവികകാര്യങ്ങളില്‍ സമ്പന്നനാകാതെ തനിക്കുവേണ്ടിതന്നെ സമ്പത്തു സംഭരിച്ചു വയ്‍ക്കുന്നവന്‍റെ സ്ഥിതി ഇതാണ്.” യേശു ശിഷ്യന്മാരോട് അരുള്‍ചെയ്തു: “അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കുമെന്നോര്‍ത്ത് നിന്‍റെ ജീവനെക്കുറിച്ചോ, എന്തു ധരിക്കുമെന്നോര്‍ത്ത് ശരീരത്തെക്കുറിച്ചോ ആകുലചിത്തരാകരുത്. ജീവന്‍ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളതാണല്ലോ. കാക്കളെ നോക്കുക; അവ വിതയ്‍ക്കുന്നില്ല, കൊയ്യുന്നുമില്ല; അവയ്‍ക്ക് അറപ്പുരയോ, കളപ്പുരയോ ഇല്ല. എങ്കിലും ദൈവം അവയെ പോറ്റുന്നു. അവയെക്കാള്‍ എത്രയോ വിലപ്പെട്ടവരാണ് നിങ്ങള്‍! ഉല്‍ക്കണ്ഠാകുലരാകുന്നതുകൊണ്ട് തന്‍റെ ആയുസ്സിന്‍റെ ദൈര്‍ഘ്യം അല്പമെങ്കിലും കൂട്ടുവാന്‍ നിങ്ങളില്‍ ആര്‍ക്കു കഴിയും? അത്രയും ചെറിയ ഒരു കാര്യത്തിനുപോലും നിങ്ങള്‍ക്കു കഴിവില്ലെങ്കില്‍ മറ്റു കാര്യങ്ങളെച്ചൊല്ലി എന്തിന് ആകുലചിത്തരാകുന്നു? കാട്ടുപൂക്കള്‍ എങ്ങനെ വളരുന്നു എന്ന് ആലോചിച്ചുനോക്കുക. അവ അധ്വാനിക്കുന്നില്ല; നൂല്‍ക്കുന്നതുമില്ല; എങ്കിലും സകല പ്രതാപത്തോടുംകൂടി വാണരുളിയ ശലോമോന്‍റെ വസ്ത്രങ്ങള്‍പോലും ഈ പൂക്കളില്‍ ഒന്നിനെപ്പോലെ മനോഹരമായിരുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. ഇന്നു വയലില്‍ കാണുന്നെങ്കിലും നാളെ അടുപ്പില്‍ വയ്‍ക്കുന്ന പുല്‍ക്കൊടിയെ ദൈവം ഇപ്രകാരം അണിയിക്കുന്നെങ്കില്‍ അല്പവിശ്വാസികളേ, അവിടുന്ന് അതിലും എത്ര അധികമായി നിങ്ങളെ അണിയിക്കും. “അതുകൊണ്ട് എന്തു തിന്നും എന്തു കുടിക്കും എന്നു ചിന്തിക്കുകയോ ആകുലചിത്തരാകുകയോ അരുത്. ഈവക കാര്യങ്ങളെല്ലാം ലൗകികമനുഷ്യര്‍ അന്വേഷിക്കുന്നു; എന്നാല്‍ ഇവ നിങ്ങള്‍ക്ക് ആവശ്യമുണ്ടെന്ന് നിങ്ങളുടെ പിതാവിനറിയാം. അവിടുത്തെ രാജ്യം സാക്ഷാത്കരിക്കുന്നതിനുള്ള കാര്യങ്ങളില്‍ നിങ്ങള്‍ തത്പരരാകുക; അതോടുകൂടി ഇവയും നിങ്ങള്‍ക്കു ലഭിക്കും. “ചെറിയ ആട്ടിന്‍പറ്റമേ, ഭയപ്പെടേണ്ടാ. തന്‍റെ രാജ്യം നിങ്ങള്‍ക്കു നല്‌കുവാന്‍ നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു. നിങ്ങളുടെ വസ്തുവകകള്‍ വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക. അങ്ങനെ ഒരിക്കലും ജീര്‍ണിക്കാത്ത പണസഞ്ചിയും അക്ഷയമായ നിക്ഷേപവും സ്വര്‍ഗത്തില്‍ സൂക്ഷിക്കുക. അവിടെ കള്ളന്‍ കടക്കുകയില്ല; പുഴു തിന്നു നശിപ്പിക്കുകയുമില്ല. നിങ്ങളുടെ നിക്ഷേപം എവിടെ ആയിരിക്കുന്നുവോ അവിടെ ആയിരിക്കും നിങ്ങളുടെ സര്‍വ ശ്രദ്ധയും. “നിങ്ങള്‍ അരമുറുക്കിയും വിളക്കു കൊളുത്തിയും കാത്തിരിക്കുക. കല്യാണവിരുന്നു കഴിഞ്ഞ് തങ്ങളുടെ യജമാനന്‍ തിരിച്ചുവന്നു മുട്ടുന്നയുടന്‍ വാതില്‍ തുറന്നു കൊടുക്കുവാന്‍ കാത്തിരിക്കുന്നവരെപ്പോലെ ആയിരിക്കണം നിങ്ങള്‍. യജമാനന്‍ വരുമ്പോള്‍ ജാഗരൂകരായി കാണപ്പെടുന്ന ഭൃത്യന്മാര്‍ അനുഗൃഹീതര്‍. അദ്ദേഹം അരകെട്ടിവന്ന് അവരെ ഭക്ഷണത്തിനിരുത്തി ഉപചരിക്കുമെന്നു ഞാന്‍ ഉറപ്പിച്ചു നിങ്ങളോടു പറയുന്നു. അദ്ദേഹം അര്‍ധരാത്രിക്കോ അതിനു ശേഷമോ വരികയും തന്‍റെ ദാസന്മാരെ ജാഗ്രതയുള്ളവരായി കാണുകയും ചെയ്താല്‍ അവര്‍ അനുഗ്രഹിക്കപ്പെട്ടവരാകുന്നു. [39,40] കള്ളന്‍ ഏതു സമയത്താണു വരുന്നതെന്ന് അറിഞ്ഞിരുന്നാല്‍ ഗൃഹനാഥന്‍ ഉണര്‍ന്നിരിക്കുകയും വീടു കുത്തിത്തുറക്കുവാന്‍ ഇടകൊടുക്കാതിരിക്കുകയും ചെയ്യും. അപ്രതീക്ഷിതമായ സമയത്തായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്. അതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിക്കുക.” *** അപ്പോള്‍ പത്രോസ് ചോദിച്ചു: “കര്‍ത്താവേ, ഈ ദൃഷ്ടാന്തകഥ ഞങ്ങളോടു മാത്രമാണോ അതോ എല്ലാവരോടുംകൂടിയാണോ അങ്ങു പറഞ്ഞത്?” യേശു പ്രതിവചിച്ചു: “ഭൃത്യന്മാര്‍ക്ക് യഥാവസരം ഭക്ഷണസാധനങ്ങള്‍ വീതിച്ചു കൊടുക്കുന്നതിനും വീട്ടുകാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിനുമായി വിശ്വസ്തനും വിവേകിയുമായ ഒരു കാര്യസ്ഥനെ യജമാനന്‍ നിയമിക്കുന്നു എന്നു സങ്കല്പിക്കുക. യജമാനന്‍ വരുമ്പോള്‍ ആ കാര്യസ്ഥന്‍ അപ്രകാരമെല്ലാം ചെയ്യുന്നതായി കാണപ്പെടുന്നെങ്കില്‍ അയാള്‍ അനുഗ്രഹിക്കപ്പെട്ടവനത്രേ. അയാളെ തന്‍റെ സകല വസ്തുവകകളുടെയും കാര്യസ്ഥനായി അദ്ദേഹം നിയമിക്കുമെന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു. എന്നാല്‍ യജമാനന്‍ വരാന്‍ വൈകുമെന്നു സ്വയം പറഞ്ഞുകൊണ്ട് ആ ഭൃത്യന്‍ വേലക്കാരായ സ്‍ത്രീകളെയും പുരുഷന്മാരെയും പ്രഹരിക്കുകയും തിന്നും കുടിച്ചും മദ്യപിച്ചും ഉന്മത്തനായാല്‍ താന്‍ പ്രതീക്ഷിക്കാത്ത നാളിലും നാഴികയിലും അദ്ദേഹം വന്ന് അയാളെ ശിക്ഷിക്കുകയും അവിശ്വസ്തരുടെ ഗണത്തില്‍ അയാളെ ഉള്‍പ്പെടുത്തുകയും ചെയ്യും. “യജമാനന്‍റെ ഹിതം എന്തെന്ന് അറിഞ്ഞിട്ടും ഒരുങ്ങാതെയും യജമാനന്‍റെ ഇച്ഛാനുസരണം പ്രവര്‍ത്തിക്കാതെയും ഇരിക്കുന്ന ദാസനു കഠിനമായ പ്രഹരം ലഭിക്കും. എന്നാല്‍ ചെയ്ത പ്രവൃത്തി ശിക്ഷാര്‍ഹമാണെങ്കിലും അറിയാതെയാണ് അപ്രകാരം ചെയ്തതെങ്കില്‍ അയാള്‍ക്കു ലഭിക്കുന്ന അടി ലഘുവായിരിക്കും. അധികം ലഭിച്ചവനില്‍നിന്ന് അധികം ആവശ്യപ്പെടും. കൂടുതല്‍ ഏല്പിച്ചവനോടു കൂടുതല്‍ ചോദിക്കും. “ഭൂമിയില്‍ അഗ്നി വര്‍ഷിക്കുവാനാണു ഞാന്‍ വന്നത്. ഉടന്‍ തന്നെ അതു കത്തി ജ്വലിച്ചിരുന്നെങ്കില്‍! എന്നാല്‍ എനിക്ക് ഒരു സ്നാപനം ഏല്‌ക്കേണ്ടതായിട്ടുണ്ട്. അതു കഴിയുന്നതുവരെ ഞാന്‍ എത്രമാത്രം ഞെരുങ്ങുന്നു! ഭൂമിയില്‍ സമാധാനം നല്‌കുവാന്‍ ഞാന്‍ വന്നു എന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്? സമാധാനം അല്ല, പ്രത്യുത, ഭിന്നത വരുത്തുവാനത്രേ ഞാന്‍ വന്നിരിക്കുന്നത് എന്നു നിങ്ങളോടു പറയുന്നു. ഇനിമേല്‍ അഞ്ചംഗങ്ങളുള്ള ഒരു ഭവനത്തില്‍ മൂന്നുപേര്‍ രണ്ടുപേര്‍ക്കെതിരെയും രണ്ടുപേര്‍ മൂന്നുപേര്‍ക്കെതിരെയും ഭിന്നിക്കും. അപ്പന്‍ മകനും, മകന്‍ അപ്പനും, അമ്മ മകള്‍ക്കും, മകള്‍ അമ്മയ്‍ക്കും, അമ്മായിയമ്മ മരുമകള്‍ക്കും, മരുമകള്‍ അമ്മായിയമ്മയ്‍ക്കും എതിരെ ഭിന്നിക്കും.” യേശു ജനത്തോട് അരുള്‍ചെയ്തു: “പടിഞ്ഞാറു മേഘം ഉയരുന്നതു കണ്ടാല്‍ ഉടനെ മഴപെയ്യാന്‍ പോകുന്നു എന്നു നിങ്ങള്‍ പറയും; അപ്രകാരം സംഭവിക്കുകയും ചെയ്യുന്നു. തെക്കന്‍കാറ്റ് അടിക്കുമ്പോള്‍ അത്യുഷ്ണം ഉണ്ടാകും എന്നു നിങ്ങള്‍ പറയുന്നു; അങ്ങനെതന്നെ സംഭവിക്കുകയും ചെയ്യുന്നു. കപടഭക്തന്മാരേ, ആകാശത്തിന്‍റെയും ഭൂമിയുടെയും ഭാവഭേദങ്ങള്‍ വിവേചിക്കുവാന്‍ നിങ്ങള്‍ക്കറിയാം. പക്ഷേ, ഈ സമയത്തെ വിവേചിക്കുവാന്‍ അറിഞ്ഞുകൂടാത്തത് എന്തുകൊണ്ട്? “ന്യായമായി ചെയ്യേണ്ടത് എന്തെന്നു നിങ്ങള്‍ സ്വയം വിധിക്കാത്തതും എന്തുകൊണ്ട്? നിന്‍റെ പേരില്‍ അന്യായം കൊടുത്തിട്ടുള്ള വാദിയോടൊത്തു ഭരണാധിപന്‍റെ മുമ്പിലേക്കു പോകുമ്പോള്‍ വഴിയില്‍വച്ചുതന്നെ അയാളുമായി രാജിയാകുവാന്‍ ശ്രമിക്കുക; അല്ലാത്തപക്ഷം അയാള്‍ നിന്നെ വലിച്ചിഴച്ചു ന്യായാധിപനെ ഏല്പിക്കുകയും ന്യായാധിപന്‍ നിന്നെ ജയിലധികാരിയെ ഏല്പിക്കുകയും ജയിലധികാരി നിന്നെ കാരാഗൃഹത്തിലടയ്‍ക്കുകയും ചെയ്യും. അവസാനത്തെ പൈസവരെ കൊടുത്തുകഴിഞ്ഞല്ലാതെ നീ ഒരിക്കലും അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.” ചില ഗലീലക്കാര്‍ യാഗം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ പീലാത്തോസ് അവരെ കൊല്ലിച്ചതായും അങ്ങനെ അവരുടെ രക്തം ആ യാഗത്തില്‍ കലര്‍ന്നതായും ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലര്‍ യേശുവിനെ അറിയിച്ചു. അവിടുന്ന് അവരോടു ചോദിച്ചു: “ആ ഗലീലക്കാര്‍ക്ക് ഈ ദുരവസ്ഥ നേരിട്ടത് അവര്‍ മറ്റുള്ള ഗലീലക്കാരെക്കാള്‍ പാപികളായതുകൊണ്ടാണെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? തീര്‍ച്ചയായും അല്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. അനുതപിക്കുന്നില്ലെങ്കില്‍ നിങ്ങളും അതുപോലെ നശിക്കും. ശീലോഹാമിലെ ഗോപുരം ഇടിഞ്ഞുവീണു പതിനെട്ടുപേര്‍ മരിച്ചല്ലോ? അവര്‍ യെരൂശലേമില്‍ നിവസിച്ചിരുന്ന മറ്റെല്ലാവരെയുംകാള്‍ കുറ്റമുള്ളവരായിരുന്നു എന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്? തീര്‍ച്ചയായും അല്ല എന്നു തന്നെ ഞാന്‍ പറയുന്നു. അനുതപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിച്ചുപോകും.” യേശു അവരോട് ഒരു ദൃഷ്ടാന്തകഥ പറഞ്ഞു: “ഒരാള്‍ തന്‍റെ മുന്തിരിത്തോട്ടത്തില്‍ ഒരു അത്തിവൃക്ഷം നട്ടുവളര്‍ത്തിയിരുന്നു. അതില്‍ ഫലമുണ്ടോ എന്നന്വേഷിച്ചു തോട്ടമുടമസ്ഥന്‍ ചെന്നപ്പോള്‍ ഒന്നും കണ്ടില്ല. അപ്പോള്‍ അയാള്‍ തോട്ടക്കാരനോട്: ‘ഇതാ ഇക്കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ അത്തിയില്‍ ഫലമുണ്ടോ എന്നു ഞാന്‍ നോക്കുന്നു. പക്ഷേ, ഇതുവരെ ഒന്നും കണ്ടില്ല. അതു വെട്ടിക്കളയുക; അത് എന്തിനു ഭൂമി പാഴാക്കുന്നു?’ അപ്പോള്‍ തോട്ടക്കാരന്‍ പറഞ്ഞു: “യജമാനനേ ഒരു കൊല്ലംകൂടി നില്‌ക്കട്ടെ; ഞാന്‍ അതിനു ചുറ്റും കിളച്ചു, തടമെടുത്തു വളമിടാം. ഒരുവേള അടുത്ത കൊല്ലം അതു ഫലം നല്‌കിയെന്നുവരാം. ഇല്ലെങ്കില്‍ വെട്ടിക്കളയാം.” ഒരു ശബത്തു ദിവസം യേശു സുനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. പതിനെട്ടു വര്‍ഷമായി ഒരു ദുഷ്ടാത്മാവു ബാധിച്ച് കൂനിപ്പോയ ഒരു സ്‍ത്രീ അവിടെയുണ്ടായിരുന്നു. അവര്‍ക്കു നിവര്‍ന്നു നില്‌ക്കുവാന്‍ കഴിയുമായിരുന്നില്ല. ആ സ്‍ത്രീയെ യേശു കണ്ടപ്പോള്‍ അടുക്കല്‍ വിളിച്ച് അവരോടു പറഞ്ഞു: “നിന്‍റെ രോഗത്തില്‍നിന്ന് നീ വിമുക്തയായിരിക്കുന്നു.” അനന്തരം അവിടുന്ന് ആ സ്‍ത്രീയുടെമേല്‍ കൈകള്‍ വച്ചു. തല്‍ക്ഷണം അവര്‍ നിവര്‍ന്നു നിന്നു ദൈവത്തെ സ്തുതിച്ചു. ആ സ്‍ത്രീയെ സുഖപ്പെടുത്തിയത് ശബത്തില്‍ ആയിരുന്നതുകൊണ്ട് സുനഗോഗിന്‍റെ അധികാരിക്ക് അമര്‍ഷമുണ്ടായി. അയാള്‍ ജനങ്ങളോടു പറഞ്ഞു: “വേല ചെയ്യുവാന്‍ ആറു ദിവസമുണ്ടല്ലോ; ആ ദിവസങ്ങളില്‍ വന്നു സുഖം പ്രാപിച്ചുകൊള്ളുക, ശബത്തില്‍ അതു പാടില്ല.” യേശു പറഞ്ഞു: “കപടഭക്തന്മാരേ, ശബത്തില്‍ നിങ്ങളില്‍ ആരെങ്കിലും തന്‍റെ കാളയെയോ, കഴുതയെയോ തൊഴുത്തില്‍നിന്ന് അഴിച്ച് വെള്ളം കൊടുക്കാന്‍ കൊണ്ടുപോകാതിരിക്കുമോ? അബ്രഹാമിന്‍റെ പുത്രിയായ ഈ സ്‍ത്രീ സാത്താന്‍റെ ബന്ധനത്തിലായിട്ട് പതിനെട്ടു വര്‍ഷമായി. ആ ബന്ധനത്തില്‍നിന്നു ശബത്തു ദിവസം ഇവളെ മോചിപ്പിക്കുവാന്‍ പാടില്ലെന്നോ? “യേശു ഇതു പറഞ്ഞപ്പോള്‍ തന്‍റെ പ്രതിയോഗികളെല്ലാവരും ലജ്ജിച്ചുപോയി. എന്നാല്‍ യേശു ചെയ്ത മഹത്തായ പ്രവൃത്തികള്‍ കണ്ടു ജനങ്ങള്‍ ആഹ്ലാദിച്ചു. അനന്തരം യേശു അരുള്‍ചെയ്തു: “ദൈവരാജ്യം ഏതിനോടു സദൃശം? എന്തിനോടാണ് ഞാന്‍ അതിനെ താരതമ്യപ്പെടുത്തുക? അത് ഒരു കടുകുമണിയോടു സദൃശം. ഒരു മനുഷ്യന്‍ അതെടുത്തു തന്‍റെ തോട്ടത്തിലിട്ടു. അതു വളര്‍ന്ന് ഒരു വൃക്ഷമായിത്തീര്‍ന്നു. പക്ഷികള്‍ വന്ന് അതിന്‍റെ ശാഖകളില്‍ കൂടുവച്ചു.” യേശു വീണ്ടും അവരോടു പറഞ്ഞു: “ദൈവരാജ്യത്തെ ഏതിനോടാണ് തുലനം ചെയ്യേണ്ടത്? അത് പുളിപ്പുമാവിനോടു സദൃശം. ഒരു സ്‍ത്രീ അതെടുത്ത് മൂന്നുപറ മാവു പുളിച്ചു പൊങ്ങുന്നതുവരെ അതില്‍ ചേര്‍ത്തുവച്ചു.” യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു ജനങ്ങളെ പ്രബോധിപ്പിച്ചുകൊണ്ട് യെരൂശലേമിലേക്കു യാത്ര ചെയ്തു. ഒരാള്‍ അവിടുത്തോട് ചോദിച്ചു: “ഗുരോ, രക്ഷപ്രാപിക്കുന്നവര്‍ ചുരുക്കമാണോ?” യേശു അവരോടു പറഞ്ഞു: “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ തീവ്രയത്നം ചെയ്യുക. പലരും അതിനുവേണ്ടി പരിശ്രമിക്കുമെങ്കിലും സാധിക്കുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. ഗൃഹനാഥന്‍ എഴുന്നേറ്റു വാതില്‍ അടച്ചുകഴിയുമ്പോള്‍ ‘യജമാനനേ വാതില്‍ തുറന്നുതരണേ’ എന്നു പറഞ്ഞുകൊണ്ടു നിങ്ങള്‍ മുട്ടിത്തുടങ്ങും. അപ്പോള്‍ ‘നിങ്ങള്‍ എവിടെനിന്നു വരുന്നു? എനിക്ക് അറിഞ്ഞുകൂടല്ലോ!’ എന്നു ഗൃഹനാഥന്‍ നിങ്ങളോട് ഉത്തരം പറയും. ‘അങ്ങയുടെകൂടെ ഞങ്ങള്‍ ഭക്ഷണം കഴിച്ചിട്ടുണ്ടല്ലോ; തെരുവീഥികളില്‍വച്ച് അങ്ങു ഞങ്ങളെ പഠിപ്പിച്ചില്ലേ?’ എന്നിങ്ങനെ നിങ്ങള്‍ പറഞ്ഞു തുടങ്ങും. എന്നാല്‍ അപ്പോള്‍ ഗൃഹനാഥന്‍, ‘നിങ്ങള്‍ എവിടെനിന്നാണു വരുന്നതെന്ന് എനിക്കറിഞ്ഞുകൂടാ; അധര്‍മം പ്രവര്‍ത്തിക്കുന്നവരേ, എന്നെ വിട്ടു പോകൂ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു’ എന്നു പറയും. അബ്രഹാമും ഇസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തിലിരിക്കുന്നതും നിങ്ങള്‍ പുറത്തു തള്ളപ്പെടുന്നതും കാണുമ്പോള്‍ കരച്ചിലും പല്ലുകടിയും ആയിരിക്കും നിങ്ങളുടെ അനുഭവം. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ആളുകള്‍ വന്നു ദൈവരാജ്യത്തില്‍ വിരുന്നിനിരിക്കും. മുമ്പന്മാരായിത്തീരുന്ന പിമ്പന്മാരും പിമ്പന്മാരായിത്തീരുന്ന മുമ്പന്മാരും ഉണ്ട്.” ആ സമയത്തുതന്നെ ചില പരീശന്മാര്‍ യേശുവിന്‍റെ അടുക്കല്‍ വന്ന് “അങ്ങ് ഇവിടംവിട്ടു പോകണം; അന്തിപ്പാസ് ഹേരോദാ അങ്ങയെ കൊല്ലാനിരിക്കുകയാണ്” എന്നു പറഞ്ഞു. യേശു അവരോടു പറഞ്ഞു: “നിങ്ങള്‍ പോയി ആ കുറുക്കനോടു പറയൂ, ഇന്നും നാളെയും ഞാന്‍ ഭൂതത്തെ പുറത്താക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്യും. മൂന്നാം ദിവസം എന്‍റെ പ്രവൃത്തി പൂര്‍ത്തിയാക്കും. എന്നിരുന്നാലും ഇന്നും നാളെയും അതിനടുത്ത ദിവസവും ഈ യാത്ര തുടരുകതന്നെ വേണം. യെരൂശലേമില്‍വച്ചല്ലാതെ ഒരു പ്രവാചകനും കൊല്ലപ്പെടരുതല്ലോ. “യെരൂശലേമേ, യെരൂശലേമേ! പ്രവാചകന്മാരെ കൊല്ലുകയും നിന്‍റെ അടുക്കല്‍ അയച്ചവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിന്‍കീഴില്‍ ചേര്‍ക്കുന്നതുപോലെ നിന്‍റെ മക്കളെ ചേര്‍ക്കുവാന്‍ ഞാന്‍ എത്ര തവണ ഇച്ഛിച്ചു! നിനക്കോ അതിനു മനസ്സില്ലാതെപോയി! ഇതാ നിന്‍റെ ഭവനം പരിത്യജിക്കപ്പെട്ടിരിക്കുന്നു. ‘കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍’ എന്നു നിങ്ങള്‍ പറയുന്നതുവരെ നിങ്ങള്‍ എന്നെ കാണുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.” ഒരു ശബത്തുനാളില്‍ യേശു ഒരു പരീശപ്രമാണിയുടെ വീട്ടില്‍ ഭക്ഷണം കഴിക്കുവാന്‍ പോയി. അവിടുന്ന് എന്താണു ചെയ്യാന്‍ പോകുന്നതെന്ന് അവിടെയുണ്ടായിരുന്നവര്‍ നോക്കിക്കൊണ്ടിരുന്നു. അവിടുത്തെ മുമ്പില്‍ ഒരു മഹോദരരോഗി ഉണ്ടായിരുന്നു. അവിടെ കൂടിയിരുന്ന നിയമപണ്ഡിതന്മാരോടും പരീശന്മാരോടും യേശു ചോദിച്ചു: “ശബത്തില്‍ ഒരുവനെ സുഖപ്പെടുത്തുന്നതു ധര്‍മശാസ്ത്രപ്രകാരം ശരിയാണോ?” എന്നാല്‍ അവര്‍ മൗനം ദീക്ഷിച്ചു. യേശു ആ രോഗിയെ തൊട്ടു സുഖപ്പെടുത്തി പറഞ്ഞയച്ചു. അവിടുന്ന് അവരോടു പറഞ്ഞു: “ശബത്തില്‍ നിങ്ങളുടെ ആരുടെയെങ്കിലും ഒരു മകനോ, കാളയോ കിണറ്റില്‍ വീണാല്‍ ഉടന്‍തന്നെ കരയ്‍ക്കു കയറ്റാതിരിക്കുമോ?” അതിനുത്തരം നല്‌കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. വിരുന്നിനു ക്ഷണിക്കപ്പെട്ടവര്‍ മുഖ്യാസനങ്ങള്‍ തിരഞ്ഞെടുക്കുന്നതു കണ്ടപ്പോള്‍ ഉപദേശരൂപേണ യേശു അവരോടു പറഞ്ഞു: “ഒരു വിവാഹവിരുന്നിനു നിങ്ങളെ ആരെങ്കിലും ക്ഷണിച്ചാല്‍ മുഖ്യസ്ഥാനത്തു കയറി ഇരിക്കരുത്. നിങ്ങളെക്കാള്‍ മാന്യനായ ഒരു അതിഥിയെ ക്ഷണിച്ചിട്ടുണ്ടായിരിക്കാം. ആതിഥേയന്‍ വന്ന് ‘ഇദ്ദേഹത്തിന് ഇടം ഒഴിഞ്ഞുകൊടുക്കുക’ എന്നു നിങ്ങളോടു പറഞ്ഞാല്‍ ലജ്ജിതനായി എഴുന്നേറ്റ് ഏറ്റവും ഒടുവിലത്തെ ഇരിപ്പിടത്തില്‍ പോയി ഇരിക്കേണ്ടിവരും. എന്നാല്‍ നിങ്ങള്‍ വിരുന്നിനു ക്ഷണിക്കപ്പെടുമ്പോള്‍ ഏറ്റവും ഒടുവിലത്തെ സ്ഥാനത്തുപോയി ഇരിക്കുക. ആതിഥേയന്‍ വന്ന് ‘സ്നേഹിതാ മുമ്പോട്ടു കയറി ഇരിക്കൂ’ എന്നു പറയുവാന്‍ ഇടയാകട്ടെ. അപ്പോള്‍ വിരുന്നിനു വന്നിരിക്കുന്നവരുടെ മുമ്പില്‍ നിങ്ങള്‍ ബഹുമാനിതനാകും. തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.” പിന്നീടു തന്നെ ക്ഷണിച്ച പരീശപ്രമാണിയോടു യേശു പറഞ്ഞു: “താങ്കള്‍ വിരുന്നു നടത്തുമ്പോള്‍ സുഹൃത്തുക്കളെയോ, സഹോദരരെയോ, ചാര്‍ച്ചക്കാരെയോ, സമ്പന്നന്മാരായ അയല്‍ക്കാരെയോ അല്ല ക്ഷണിക്കേണ്ടത്. അവര്‍ താങ്കളെയും തിരിച്ചു ക്ഷണിക്കുകയും അങ്ങനെ പ്രത്യുപകാരം ലഭിക്കുകയും ചെയ്യും. എന്നാല്‍ താങ്കള്‍ വിരുന്നു കൊടുക്കുമ്പോള്‍ ദരിദ്രര്‍, അംഗഹീനര്‍, മുടന്തര്‍, അന്ധന്മാര്‍ മുതലായവരെ ക്ഷണിക്കുക. അപ്പോള്‍ താങ്കള്‍ ധന്യനാകും. അവര്‍ക്കു പ്രത്യുപകാരം ചെയ്യാന്‍ കഴിവില്ലല്ലോ; നീതിമാന്മാരുടെ പുനരുത്ഥാനദിവസം താങ്കള്‍ക്കു പ്രതിഫലം ലഭിക്കും.” യേശുവിനോടുകൂടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരില്‍ ഒരാള്‍ ഇതു കേട്ടിട്ടു പറഞ്ഞു: “ദൈവരാജ്യത്തിലെ വിരുന്നില്‍ സംബന്ധിക്കുന്നവന്‍ ധന്യനാകുന്നു.” അപ്പോള്‍ യേശു പറഞ്ഞു: “ഒരാള്‍ ഒരു വലിയ വിരുന്നൊരുക്കി; അനേകം അതിഥികളെ ക്ഷണിക്കുകയും ചെയ്തു. വിരുന്നിന്‍റെ സമയമായപ്പോള്‍ ക്ഷണിക്കപ്പെട്ടവരോട്: വരിക, എല്ലാം തയ്യാറായിരിക്കുന്നു എന്നു പറയുന്നതിന് അയാള്‍ തന്‍റെ ഭൃത്യനെ അയച്ചു. എന്നാല്‍ അവര്‍ എല്ലാവരും ഓരോ ഒഴികഴിവു പറഞ്ഞുതുടങ്ങി. ഒന്നാമത്തെയാള്‍ ‘ഞാനൊരു നിലം വാങ്ങിയിട്ടുണ്ട്, എനിക്കുപോയി അതൊന്നു നോക്കേണ്ടിയിരിക്കുന്നു; എന്നോട് സദയം ക്ഷമിക്കുക’ എന്നു പറഞ്ഞു. മറ്റൊരാള്‍ പറഞ്ഞത്, ‘ഞാന്‍ അഞ്ചു ജോടി കാളയെ വാങ്ങിയിട്ടുണ്ട്, എനിക്കു പോയി അവയെ ഒന്നു തെളിച്ചു നോക്കണം; സദയം എന്നെ ഒഴിവാക്കുക’ എന്നായിരുന്നു. വേറൊരാള്‍ പറഞ്ഞു: ‘എന്‍റെ വിവാഹം കഴിഞ്ഞതേയുള്ളൂ; എനിക്കു വരാന്‍ നിവൃത്തിയില്ല.’ “ആ ഭൃത്യന്‍ വന്ന് അവര്‍ പറഞ്ഞ ഒഴികഴിവുകള്‍ യജമാനനെ അറിയിച്ചു. അതുകേട്ട് കുപിതനായിത്തീര്‍ന്ന ഗൃഹനാഥന്‍ വീണ്ടും ഭൃത്യനോട് ആജ്ഞാപിച്ചു: ‘നീ വേഗം പോയി നഗരത്തിലെ തെരുവീഥികളിലും ഇടവഴികളിലും കാണുന്ന ദരിദ്രരെയും അംഗഹീനരെയും മുടന്തരെയും അന്ധന്മാരെയുമെല്ലാം വിളിച്ച് അകത്തു കൊണ്ടുവരിക.” “പിന്നെയും ഭൃത്യന്‍ വന്ന്, ‘പ്രഭോ, അങ്ങു കല്പിച്ചതുപോലെ ചെയ്തു; എന്നാല്‍ ഇനിയും സ്ഥലമുണ്ട്’ എന്നു പറഞ്ഞു. ‘നീ പോയി പെരുവഴികളിലും വേലിയരികിലും കാണുന്നവരെ സ്നേഹപൂര്‍വം നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുവന്ന് എന്‍റെ വീടു നിറയ്‍ക്കുക. ആദ്യം ക്ഷണിക്കപ്പെട്ടവരില്‍ ആരും എന്‍റെ വിരുന്നിന്‍റെ സ്വാദ് അറിയുകയില്ല, എന്നു ഞാന്‍ നിങ്ങളോടു പറയുന്നു’ എന്നു യജമാനന്‍ പറഞ്ഞു.” ഒരു വലിയ ജനസഞ്ചയം യേശുവിന്‍റെ കൂടെ സഞ്ചരിച്ചിരുന്നു. അവിടുന്ന് അവരുടെ നേരെ തിരിഞ്ഞ് അരുള്‍ചെയ്തു: “എന്നെ അനുഗമിക്കുന്ന ഒരാള്‍ തന്‍റെ മാതാവിനെയോ, പിതാവിനെയോ, ഭാര്യയെയോ, മക്കളെയോ, സഹോദരന്മാരെയോ, സഹോദരികളെയോ, എന്നല്ല സ്വന്തം ജീവനെപ്പോലുമോ എന്നെക്കാള്‍ അധികമായി സ്നേഹിക്കുന്നുവെങ്കില്‍ അയാള്‍ക്ക് എന്‍റെ ശിഷ്യനായിരിക്കുവാന്‍ സാധ്യമല്ല. തന്‍റെ കുരിശു ചുമന്നുകൊണ്ട് എന്നെ അനുഗമിക്കാത്തവനും എന്‍റെ ശിഷ്യനായിരിക്കുവാന്‍ സാധ്യമല്ല. നിങ്ങളില്‍ ആരെങ്കിലും ഒരു ഗോപുരം പണിയുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആദ്യംതന്നെ ഇരുന്ന് അതു പൂര്‍ത്തിയാക്കുവാനുള്ള വക കൈയിലുണ്ടോ എന്നു കണക്കാക്കി നോക്കുകയില്ലേ? അങ്ങനെ ചെയ്യാതെ അടിസ്ഥാനമിട്ടശേഷം പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ വരുമ്പോള്‍ ‘ഈ മനുഷ്യന്‍ പണിയാനാരംഭിച്ചു; അതു പൂര്‍ത്തിയാക്കുവാന്‍ കഴിവില്ല’ എന്നു പറഞ്ഞ് കാണുന്നവരെല്ലാം അയാളെ പരിഹസിക്കും. “അല്ലെങ്കില്‍ ഒരു രാജാവു മറ്റൊരു രാജാവിനോടു യുദ്ധത്തിനു പുറപ്പെടുന്നതിനുമുമ്പ് തന്‍റെ പതിനായിരം ഭടന്മാരെക്കൊണ്ട് ഇരുപതിനായിരം ഭടന്മാരോടുകൂടി വരുന്ന ശത്രുവിനെ നേരിടാന്‍ കഴിയുമോ എന്നു നല്ലവണ്ണം ആലോചിക്കാതിരിക്കുമോ? അത് അസാധ്യമാണെങ്കില്‍ ശത്രു അകലെ ആയിരിക്കുമ്പോള്‍ത്തന്നെ, ആ രാജാവു തന്‍റെ പ്രതിനിധിയെ അയച്ച് സമാധാനവ്യവസ്ഥയുണ്ടാക്കുവാന്‍ അഭ്യര്‍ഥിക്കും. “അതുപോലെ തനിക്കുള്ളതെല്ലാം പരിത്യജിക്കാതെ നിങ്ങളിലാര്‍ക്കും എന്‍റെ ശിഷ്യനായിരിക്കുവാന്‍ സാധ്യമല്ല.” “ഉപ്പു നല്ലതുതന്നെ; പക്ഷേ, അതിന്‍റെ രസം നഷ്ടപ്പെട്ടുപോയാല്‍ പിന്നെ എങ്ങനെ അതിനു വീണ്ടും ഉപ്പുരസം കൈവരുത്തും. അതു ഭൂമിക്കോ, വളത്തിനോ കൊള്ളുകയില്ല; പുറത്തുകളയുകയേ നിവൃത്തിയുള്ളൂ. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.” യേശുവിന്‍റെ പ്രഭാഷണം കേള്‍ക്കുന്നതിനായി ചുങ്കം പിരിക്കുന്നവരും മതനിഷ്ഠയില്ലാത്തവരും അവിടുത്തെ അടുക്കല്‍ വന്നുകൊണ്ടിരുന്നു. “ഈ മനുഷ്യന്‍ മതനിഷ്ഠയില്ലാത്തവരെ സ്വീകരിക്കുകയും അവരോടുകൂടി ഭക്ഷണം കഴിക്കുകയും ചെയ്യുന്നുവല്ലോ” എന്നു പറഞ്ഞുകൊണ്ട് പരീശന്മാരും മതപണ്ഡിതന്മാരും പിറുപിറുത്തു. അപ്പോള്‍ യേശു അവരോട് ഒരു ദൃഷ്ടാന്തകഥ പറഞ്ഞു: “നിങ്ങളില്‍ ആര്‍ക്കെങ്കിലും നൂറ് ആടുണ്ട് എന്നു വിചാരിക്കുക. അവയില്‍ ഒന്നിനെ കാണാതെ പോയാല്‍ തൊണ്ണൂറ്റി ഒന്‍പതിനെയും വിജനസ്ഥലത്തു വിട്ടിട്ടു കാണാതെ പോയതിനെ കണ്ടെത്തുന്നതുവരെ അന്വേഷിക്കാതിരിക്കുമോ? കണ്ടെത്തുമ്പോള്‍ ആഹ്ലാദപൂര്‍വം അതിനെ തോളിലേറ്റിക്കൊണ്ടു വീട്ടിലേക്കു മടങ്ങും. പിന്നീട് അയല്‍ക്കാരെയും സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി ‘കാണാതെപോയ എന്‍റെ ആടിനെ കണ്ടുകിട്ടിയിരിക്കുന്നു; എന്നോടുകൂടി സന്തോഷിക്കുക’ എന്നു പറയുകയില്ലേ? അപ്രകാരം തന്നെ തങ്ങള്‍ക്ക് അനുതാപം ആവശ്യമില്ലെന്നു കരുതുന്ന മതനിഷ്ഠയുള്ള തൊണ്ണൂറ്റി ഒന്‍പതു പേരെക്കാള്‍ അനുതപിക്കുന്ന ഒരു അധര്‍മിയെക്കുറിച്ചു സ്വര്‍ഗത്തില്‍ അധികം ആനന്ദമുണ്ടാകുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു. “അല്ലെങ്കില്‍, ഒരു സ്‍ത്രീയുടെ കൈവശമുണ്ടായിരുന്ന പത്തു വെള്ളിനാണയത്തില്‍ ഒന്ന് കൈമോശം വന്നാല്‍, അവള്‍ വിളക്കു കത്തിച്ചു വീടു മുഴുവന്‍ അടിച്ചുവാരി അതു കിട്ടുന്നതുവരെ ശ്രദ്ധാപൂര്‍വം തിരയാതിരിക്കുമോ? കണ്ടുകിട്ടിയാല്‍ അവള്‍ തന്‍റെ കൂട്ടുകാരികളെയും അയല്‍ക്കാരെയും വിളിച്ചുകൂട്ടി, ‘കാണാതെപോയ എന്‍റെ വെള്ളിനാണയം കണ്ടുകിട്ടിയിരിക്കുന്നു; എന്നോടുകൂടി സന്തോഷിക്കുക’ എന്നു പറയും. അങ്ങനെതന്നെ അനുതപിക്കുന്ന ഒരു അധര്‍മിയെക്കുറിച്ചു ദൈവദൂതന്മാരുടെ ഇടയില്‍ ആനന്ദമുണ്ടാകുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.” യേശു വീണ്ടും അരുള്‍ചെയ്തു: “ഒരാള്‍ക്കു രണ്ടു പുത്രന്മാരുണ്ടായിരുന്നു. ഇളയമകന്‍ പിതാവിനോട് ‘അപ്പാ, കുടുംബസ്വത്തില്‍ എനിക്കു കിട്ടേണ്ട ഓഹരി തന്നാലും’ എന്നു പറഞ്ഞു. പിതാവ് തന്‍റെ സ്വത്ത് അവര്‍ക്കു രണ്ടുപേര്‍ക്കുമായി ഭാഗിച്ചുകൊടുത്തു. ഇളയമകന്‍ ഏറെത്താമസിയാതെ തനിക്കു കിട്ടിയ സ്വത്തു മുഴുവന്‍ വിറ്റു പണമാക്കിക്കൊണ്ട് ദൂരദേശത്തേക്കു യാത്രയായി. അവിടെ അവന്‍ പണം ധൂര്‍ത്തടിച്ചു ജീവിച്ചു; അങ്ങനെ സര്‍വസ്വവും നശിപ്പിച്ചു. കൈയിലുണ്ടായിരുന്നതെല്ലാം തീര്‍ന്നപ്പോള്‍ ആ ദേശത്തു കഠിന ക്ഷാമമുണ്ടായി. ദാരിദ്ര്യം മൂലം അവന്‍ വലഞ്ഞുതുടങ്ങി. എന്തെങ്കിലും പണി കിട്ടുന്നതിന് അവന്‍ ആ നാട്ടിലെ പൗരന്മാരില്‍ ഒരാളുടെ അടുക്കല്‍ ചെന്നു. അയാള്‍ അവനെ പന്നികളെ തീറ്റുന്നതിനായി പറഞ്ഞയച്ചു. പന്നിയുടെ തീറ്റകൊണ്ടെങ്കിലും വിശപ്പടക്കാമെന്ന് അവന്‍ ആശിച്ചു. പക്ഷേ, ആരും അവന് അതുപോലും കൊടുത്തില്ല. എന്നാല്‍ അവനു സുബുദ്ധിയുണ്ടായപ്പോള്‍ സ്വയം പറഞ്ഞു: “എന്‍റെ പിതാവിന്‍റെ ഭവനത്തിലെ വേലക്കാര്‍ എത്ര സുഭിക്ഷമായി കഴിയുന്നു! ഞാന്‍ പോയി, ‘അപ്പാ അങ്ങേക്കും ദൈവത്തിനും വിരോധമായി ഞാന്‍ കുറ്റം ചെയ്തിരിക്കുന്നു; ഇനിമേല്‍ അവിടുത്തെ പുത്രനെന്നു ഗണിക്കുവാന്‍ ഞാന്‍ യോഗ്യനല്ല; അങ്ങയുടെ കൂലിക്കാരില്‍ ഒരുവനായി മാത്രം എന്നെ കരുതിയാല്‍ മതി’ എന്ന് എന്‍റെ പിതാവിനോടു പറയും.” പിന്നീട് അവന്‍ പിതാവിന്‍റെ അടുക്കലേക്കു തിരിച്ചുപോയി. “ദൂരെവച്ചുതന്നെ പിതാവ് മകനെ കണ്ടു. ആ അപ്പന്‍റെ മനസ്സലിഞ്ഞ്, ഓടിച്ചെന്ന് അവനെ ആലിംഗനം ചെയ്തു. അവന്‍ പിതാവിനോട് ഇങ്ങനെ പറഞ്ഞു: ‘അപ്പാ, ഞാന്‍ അങ്ങേക്കും ദൈവത്തിനും വിരോധമായി കുറ്റം ചെയ്തിരിക്കുന്നു. മേലില്‍ അവിടുത്തെ പുത്രനായി ഗണിക്കപ്പെടുവാന്‍ ഞാന്‍ യോഗ്യനല്ല! എന്നാല്‍ ആ പിതാവു ഭൃത്യന്മാരോടു പറഞ്ഞു: ‘നിങ്ങള്‍ വേഗംപോയി വിശിഷ്ടമായ വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുക. കൈയില്‍ മോതിരവും കാലില്‍ ചെരുപ്പും അണിയിക്കണം. കൊഴുപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുക. നമുക്കു ഭക്ഷിച്ച് ഉല്ലസിക്കാം. എന്‍റെ ഈ മകന്‍ മൃതനായിരുന്നു; അവന്‍ വീണ്ടും ജീവിച്ചിരിക്കുന്നു; അവന്‍ നഷ്ടപ്പെട്ടുപോയിരുന്നു; ഇപ്പോള്‍ അവനെ കണ്ടുകിട്ടിയിരിക്കുന്നു.’ അങ്ങനെ അവര്‍ ആഹ്ലാദിക്കുവാന്‍ തുടങ്ങി. “വയലില്‍ പോയിരുന്ന മൂത്തപുത്രന്‍ വീടിനടുത്തെത്തിയപ്പോള്‍ സംഗീതവും നൃത്തഘോഷങ്ങളും കേട്ടു; ഒരു ഭൃത്യനെ വിളിച്ചു വിവരം അന്വേഷിച്ചു. ഭൃത്യന്‍ പറഞ്ഞു: ‘അങ്ങയുടെ സഹോദരന്‍ വന്നിരിക്കുന്നു. അദ്ദേഹത്തെ സുരക്ഷിതനായി തിരിച്ചുകിട്ടിയതിനാല്‍ പിതാവു കൊഴുപ്പിച്ച കാളക്കുട്ടിയെ അറുത്തിരിക്കുന്നു.’ “ഇതുകേട്ട് അയാള്‍ അത്യന്തം കുപിതനായി, വീട്ടില്‍ കയറാന്‍ വിസമ്മതിച്ചു. പിതാവു പുറത്തുവന്ന് അയാളോട് അകത്തേക്കു ചെല്ലുവാന്‍ അനുനയപൂര്‍വം പറഞ്ഞു. അയാള്‍ പിതാവിനോട് ഇപ്രകാരം പറഞ്ഞു: ‘എത്രയോ കാലമായി ഞാന്‍ അങ്ങയെ സേവിക്കുന്നു! അവിടുത്തെ ആജ്ഞകള്‍ ഒരിക്കല്‍പോലും ഞാന്‍ ലംഘിച്ചിട്ടില്ല. എന്നിട്ടും എന്‍റെ കൂട്ടുകാരോടൊത്ത് ഉല്ലസിക്കുന്നതിന് അങ്ങ് എനിക്ക് ഒരാട്ടിന്‍കുട്ടിയെപ്പോലും ഒരിക്കലും തന്നിട്ടില്ലല്ലോ. എന്നാല്‍ വേശ്യകളോടുകൂടി കഴിഞ്ഞ്, അങ്ങയുടെ മുതലെല്ലാം മുടിച്ച ഈ മകന്‍ വന്നപ്പോള്‍ അവനുവേണ്ടി അങ്ങു കൊഴുപ്പിച്ച കാളക്കുട്ടിയെ അറുത്തു സദ്യ ഒരുക്കിയിരിക്കുന്നു!” പിതാവ് അയാളോടു പറഞ്ഞു: ‘മകനേ, നീ എപ്പോഴും എന്‍റെകൂടെത്തന്നെയാണ്. എനിക്കുള്ളതെല്ലാം നിന്‍റേതാണല്ലോ. നിന്‍റെ ഈ സഹോദരന്‍ മൃതനായിരുന്നു; അവന്‍ വീണ്ടും ജീവിച്ചിരിക്കുന്നു. അവന്‍ നഷ്ടപ്പെട്ടുപോയിരുന്നു; അവനെ കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ട് നാം ആഹ്ലാദിച്ചുല്ലസിക്കുന്നത് ഉചിതമല്ലേ?” യേശു പിന്നെയും ശിഷ്യന്മാരോടു പറഞ്ഞു: “ധനികനായ ഒരു മനുഷ്യന് ഒരു കാര്യസ്ഥനുണ്ടായിരുന്നു. തന്‍റെ യജമാനന്‍റെ വസ്തുവകകള്‍ ദുര്‍വ്യയം ചെയ്യുന്നു എന്ന് അയാളുടെ പേരില്‍ ആരോപണം ഉണ്ടായി. ആ ധനികന്‍ അയാളെ വിളിച്ച് ഇങ്ങനെ പറഞ്ഞു: ‘തന്നെപ്പറ്റി ഈ കേള്‍ക്കുന്നത് എന്ത്? എന്‍റെ വസ്തുവകകള്‍ കൈകാര്യം ചെയ്തതിന്‍റെ കണക്കു കൊണ്ടുവരിക; ഇനിമേല്‍ താന്‍ എന്‍റെ കാര്യസ്ഥനായിരിക്കുവാന്‍ പാടില്ല,’ അപ്പോള്‍ അയാള്‍ ആത്മഗതം ചെയ്തു: ‘യജമാനന്‍ എന്നെ ജോലിയില്‍നിന്നു പിരിച്ചുവിടാന്‍ പോകുന്നു. ഞാന്‍ ഇനി എന്തുചെയ്യും? കിളയ്‍ക്കുവാന്‍ എനിക്കു വശമില്ല; ഇരക്കുവാന്‍ ഞാന്‍ നാണിക്കുന്നു. യജമാനന്‍ എന്നെ ജോലിയില്‍നിന്നു നീക്കുമ്പോള്‍ മറ്റുള്ളവര്‍ തങ്ങളുടെ വീടുകളില്‍ എന്നെ സ്വീകരിക്കേണ്ടതിന് എന്തു ചെയ്യണമെന്ന് എനിക്കറിയാം.’ “അയാള്‍ യജമാനന്‍റെ കടക്കാരെ ഓരോരുത്തരായി വിളിച്ചുവരുത്തി. ഒന്നാമനോട് അയാള്‍ ചോദിച്ചു: ‘നീ എന്‍റെ യജമാനനോടു കടം വാങ്ങിയിട്ടുള്ളത് എന്താണ്?’ ‘നൂറു കുടം ഒലിവെണ്ണ’ എന്ന് ആ കടക്കാരന്‍ പറഞ്ഞു. അപ്പോള്‍ കാര്യസ്ഥന്‍, നിന്‍റെ പറ്റുചീട്ട് ഇതാ, വേഗം അമ്പത് എന്നു തിരുത്തുക’ എന്നു പറഞ്ഞു. പിന്നീടു മറ്റൊരാളിനോട്, ‘നീ എന്തു കൊടുക്കാനുണ്ട്?’ എന്നു ചോദിച്ചു. ‘നൂറു പറ കോതമ്പ്’ എന്നയാള്‍ മറുപടി പറഞ്ഞു. കാര്യസ്ഥന്‍ ഉടനെ അയാളോട് ‘നിന്‍റെ പറ്റുചീട്ടെടുത്ത് എണ്‍പത് എന്നാക്കുക’ എന്നു പറഞ്ഞു. “അവിശ്വസ്തനായ ഈ കാര്യസ്ഥന്‍ തന്‍റെ പ്രവൃത്തിയില്‍ പ്രദര്‍ശിപ്പിച്ച കുശാഗ്രബുദ്ധിയെ യജമാനന്‍ ശ്ലാഘിച്ചു. ലോകത്തിന്‍റെ മക്കള്‍ തങ്ങളുടെ തലമുറയില്‍, വെളിച്ചത്തിന്‍റെ മക്കളെക്കാള്‍ ബുദ്ധിയുള്ളവരാണല്ലോ. “ഞാന്‍ നിങ്ങളോടു പറയുന്നു: അന്യായമായ ധനംകൊണ്ടു നിങ്ങള്‍ സ്നേഹിതന്മാരെ നേടിക്കൊള്ളുക. അങ്ങനെ ചെയ്യുന്നതായാല്‍ ലൗകികധനം നിങ്ങള്‍ക്കില്ലാതെ വരുമ്പോള്‍ നിത്യഭവനങ്ങളില്‍ നിങ്ങള്‍ സ്വീകരിക്കപ്പെടും. ഏറ്റവും ചെറിയ കാര്യങ്ങളില്‍ വിശ്വസ്തനായിരിക്കുന്നവന്‍ വലിയ കാര്യങ്ങളിലും വിശ്വസ്തനായിരിക്കും. ഏറ്റവും ചെറിയ കാര്യങ്ങളില്‍ അവിശ്വസ്തന്‍ വലിയ കാര്യങ്ങളിലും അവിശ്വസ്തനായിരിക്കും. ലൗകികധനം കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ അവിശ്വസ്തരാണെങ്കില്‍ സാക്ഷാത്തായ ധനം നിങ്ങളെ ആരാണ് ഏല്പിക്കുക? അന്യരുടെ മുതലിന്‍റെ കാര്യത്തില്‍ നിങ്ങള്‍ അവിശ്വസ്തരാണെങ്കില്‍ നിങ്ങള്‍ക്ക് സ്വന്തമായി എന്തെങ്കിലും ആരു തരും? “രണ്ട് യജമാനന്മാരെ സേവിക്കുവാന്‍ ഒരു ഭൃത്യനും സാധ്യമല്ല. ഒന്നുകില്‍ ഒരുവനെ വെറുത്ത് അപരനെ സ്നേഹിക്കും. അല്ലെങ്കില്‍ ഒരുവനോടു കൂറുള്ളവനായിരുന്ന് അപരനെ കൈവെടിയും. നിങ്ങള്‍ക്കു ദൈവത്തെയും ധനത്തെയും സേവിക്കുക സാധ്യമല്ല. ദ്രവ്യാഗ്രഹികളായ പരീശന്മാര്‍ ഇവയെല്ലാം കേട്ടപ്പോള്‍ യേശുവിനെ പരിഹസിച്ചു. അവിടുന്ന് അവരോടു പറഞ്ഞു: “നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വയം ന്യായീകരിക്കുന്നു. എന്നാല്‍ ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. മനുഷ്യര്‍ക്ക് ഉത്തമമെന്നു തോന്നുന്നത് ദൈവത്തിന്‍റെ ദൃഷ്‍ടിയില്‍ അധര്‍മമായിരിക്കും. “യോഹന്നാന്‍റെ ആഗമനംവരെ ആയിരുന്നു ധര്‍മശാസ്ത്രത്തിന്‍റെയും പ്രവാചകന്മാരുടെയും കാലം. അതിനുശേഷം ദൈവരാജ്യത്തിന്‍റെ സുവിശേഷം ഘോഷിക്കപ്പെട്ടുവരുന്നു. എല്ലാവരും ദൈവരാജ്യം ബലാല്‌ക്കാരേണ പിടിച്ചുപറ്റുവാന്‍ ശ്രമിക്കുന്നു. ധര്‍മശാസ്ത്രത്തിലെ ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വരുന്നതിനെക്കാള്‍ എളുപ്പം ആകാശവും ഭൂമിയും ഇല്ലാതാകുന്നതായിരിക്കും. “സ്വഭാര്യയെ പരിത്യജിച്ചു മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു. ഭര്‍ത്താവു പരിത്യജിച്ച സ്‍ത്രീയെ വിവാഹം ചെയ്യുന്നവനും വ്യഭിചാരം ചെയ്യുന്നു. “ഒരിടത്ത് ധനാഢ്യനായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാള്‍ വിലയേറിയ പട്ടുവസ്ത്രം അണിയുകയും സുഖലോലുപനായി നിത്യേന വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ചെയ്തുവന്നു. ഈ ധനികന്‍റെ പടിവാതില്‌ക്കല്‍ വ്രണബാധിതനായി കിടന്നിരുന്ന ലാസര്‍ എന്ന ദരിദ്രന്‍, ആ ധനികന്‍റെ ഭക്ഷണമേശയില്‍നിന്നു പുറത്തുകളയുന്ന ഉച്ഛിഷ്ടംകൊണ്ടെങ്കിലും വിശപ്പടക്കാമെന്ന് ആശിച്ചു. നായ്‍ക്കള്‍ വന്ന് അയാളുടെ വ്രണങ്ങള്‍ നക്കുമായിരുന്നു. “ദരിദ്രനായ ലാസര്‍ മരിച്ചു. മാലാഖമാര്‍ അയാളെ കൊണ്ടുപോയി അബ്രഹാമിന്‍റെ മാറോടു ചേര്‍ത്തിരുത്തി. ആ ധനികനും മരിച്ച് അടക്കപ്പെട്ടു. അയാള്‍ പ്രേതലോകത്തില്‍ കിടന്നു യാതന അനുഭവിക്കുമ്പോള്‍ മുകളിലേക്കു നോക്കി. അങ്ങു ദൂരെ അബ്രഹാമിനോടു ചേര്‍ന്നിരിക്കുന്ന ലാസറിനെ കണ്ട്, അയാള്‍ വിളിച്ചുപറഞ്ഞു: ‘അബ്രഹാം പിതാവേ, എന്നോടു കരുണയുണ്ടാകണമേ. വിരല്‍ത്തുമ്പുകൊണ്ടെങ്കിലും ഇറ്റുവെള്ളം പകര്‍ന്ന് എന്‍റെ നാവു തണുപ്പിക്കുന്നതിനു ലാസറിനെ ഇങ്ങോട്ടയച്ചാലും. ഞാന്‍ ഈ അഗ്നിജ്വാലയേറ്റ് അതിവേദന അനുഭവിക്കുകയാണല്ലോ. “അബ്രഹാം പ്രതിവചിച്ചു: ‘ജീവിതകാലത്ത് എല്ലാ സുഖഭോഗങ്ങളും നിനക്കു ലഭിച്ചു; അതേസമയം ലാസര്‍ എല്ലാവിധ കഷ്ടതകളും അനുഭവിച്ചു എന്നും ഓര്‍ക്കുക. എന്നാല്‍ ഇപ്പോള്‍ അവന്‍ ഇവിടെ ആശ്വസിക്കുന്നു; നീയാകട്ടെ വേദനപ്പെടുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുക്കലേക്കു കടന്നുവരാനോ, അവിടെനിന്ന് ഇങ്ങോട്ടു കടക്കുവാനോ കഴിയാത്തവിധം ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ അഗാധമായ ഒരു പിളര്‍പ്പുണ്ട്. അപ്പോള്‍ അയാള്‍ പറഞ്ഞു: ‘എന്നാല്‍ പിതാവേ, ഒരു കാര്യം ചെയ്യണമേ! എന്‍റെ ഭവനത്തിലേക്കു ലാസറിനെ അയച്ചാലും; എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്; അവരെങ്കിലും ഈ കഠിനയാതനയുടെ സ്ഥലത്തു വരാതിരിക്കുവാന്‍ അയാള്‍ അവര്‍ക്കു മുന്നറിയിപ്പു നല്‌കട്ടെ.’ “എന്നാല്‍ അബ്രഹാം അതിനു മറുപടിയായി ‘അവര്‍ക്ക് മോശയുടെ നിയമസംഹിതയും പ്രവാചകന്മാരുടെ പ്രബോധനങ്ങളുമുണ്ട്; നിന്‍റെ സഹോദരന്മാര്‍ അവരുടെ വാക്കുകള്‍ ശ്രദ്ധിക്കട്ടെ.’ അപ്പോള്‍ അയാള്‍ പറഞ്ഞു: ‘അങ്ങനെയല്ല പിതാവേ, മരിച്ച ഒരാള്‍ അവരുടെ അടുക്കല്‍ മടങ്ങിച്ചെന്നാല്‍ അവര്‍ അനുതപിക്കാതിരിക്കുകയില്ല.’ അബ്രഹാം അതിനു ‘മോശയെയും പ്രവാചകന്മാരെയും ചെവിക്കൊള്ളാത്തവന്‍, ഒരുവന്‍ ഉയിര്‍ത്തെഴുന്നേറ്റു ചെന്നാലും വിശ്വസിക്കുവാന്‍ പോകുന്നില്ല’ എന്നു മറുപടി പറഞ്ഞു. യേശു ശിഷ്യന്മാരോട് അരുള്‍ചെയ്തു: പാപത്തില്‍ വീഴുന്നതിനുള്ള പ്രലോഭനങ്ങള്‍ ഉണ്ടാകുമെന്നത് നിശ്ചയം; എന്നാല്‍ ആരു മുഖാന്തരം അതുണ്ടാകുന്നുവോ അവന്, ഹാ കഷ്ടം! ഈ എളിയവരില്‍ ഒരുവനെ വഴിതെറ്റിക്കുന്നതിനുള്ള ശിക്ഷയെക്കാള്‍ ലഘുവായിരിക്കും അവന്‍റെ കഴുത്തില്‍ ഒരു തിരികല്ലുകെട്ടി കടലിലെറിയുന്നത്. ഇതു നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. “നിങ്ങളുടെ ഒരു സഹോദരന്‍ തെറ്റുചെയ്താല്‍ അവനോടു ക്ഷമിക്കുക. അവന്‍ ദിവസം ഏഴു പ്രാവശ്യം നിന്നോട് അന്യായം പ്രവര്‍ത്തിക്കുകയും ആ ഏഴു പ്രാവശ്യവും തിരിച്ചുവന്ന്, ‘ഞാന്‍ അനുതപിക്കുന്നു’ എന്നു പറയുകയും ചെയ്താല്‍ അവനോടു ക്ഷമിക്കണം.” “ഞങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കണമേ” എന്ന് അപ്പോസ്തോലന്മാര്‍ കര്‍ത്താവിനോടപേക്ഷിച്ചു. അതിന് അവിടുന്ന് ഇപ്രകാരം മറുപടി പറഞ്ഞു: “ഒരു കടുകുമണിയോളം വിശ്വാസം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ കാട്ടത്തിയോടു വേരോടെ ഇളകി കടലില്‍ പോയി ഉറച്ചു നില്‌ക്കുക എന്നു പറഞ്ഞാല്‍ അതു നിങ്ങളെ അനുസരിക്കും. “ഒരു ഭൃത്യന്‍ നിലമുഴുകയോ, ആടിനെ മേയ്‍ക്കുകയോ ചെയ്തശേഷം വീട്ടില്‍ വരുമ്പോള്‍ അയാളോട് ‘പെട്ടെന്ന് വന്നു ഭക്ഷണം കഴിക്കുക’ എന്നു നിങ്ങളില്‍ ആരെങ്കിലും പറയുമോ? നേരെമറിച്ച്, ‘എനിക്ക് അത്താഴം ഒരുക്കുക; എനിക്കു വിളമ്പിത്തന്നശേഷം ഞാന്‍ ഭക്ഷണം കഴിച്ചു കഴിയുന്നതുവരെ അരകെട്ടി കാത്തു നില്‌ക്കുക; പിന്നീടു നിനക്ക് ആഹാരം കഴിക്കാം’ എന്നല്ലേ പറയുക? കല്പന അനുസരിച്ചതിന് ആ ഭൃത്യനോടു നന്ദി പറയുമോ? അതുപോലെ നിങ്ങളോടു കല്പിക്കുന്നതെല്ലാം ചെയ്തു കഴിയുമ്പോള്‍: ‘ഞങ്ങള്‍ കേവലം ഭൃത്യന്മാര്‍; ഞങ്ങളുടെ കടമ നിറവേറ്റുക മാത്രമാണു ഞങ്ങള്‍ ചെയ്തത്’ എന്നു പറയുക.” യെരൂശലേമിലേക്കുള്ള യാത്രയ്‍ക്കിടയില്‍ യേശു ഗലീലയുടെയും ശമര്യയുടെയും ഇടയ്‍ക്കുകൂടി കടന്നുപോകുകയായിരുന്നു. അവിടുന്ന് ഒരു ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍ പത്തു കുഷ്ഠരോഗികള്‍ അവിടുത്തെ കണ്ടുമുട്ടി; അവര്‍ അകലെ നിന്നുകൊണ്ട് “യേശുനാഥാ, ഞങ്ങളോടു കരുണയുണ്ടാകണമേ” എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. അവിടുന്ന് അവരെ കണ്ടപ്പോള്‍ “നിങ്ങള്‍ പോയി നിങ്ങളെത്തന്നെ പുരോഹിതന്മാരെ കാണിക്കുക” എന്നു പറഞ്ഞു. പോകുന്ന വഴിയില്‍വച്ചുതന്നെ അവര്‍ സുഖം പ്രാപിച്ചു. അവരിലൊരാള്‍ തന്‍റെ രോഗം വിട്ടുമാറി എന്നു കണ്ടപ്പോള്‍ അത്യുച്ചത്തില്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടു മടങ്ങിവന്നു യേശുവിന്‍റെ കാല്‌ക്കല്‍ സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ടു നന്ദിപറഞ്ഞു. ശമര്യക്കാരനായിരുന്നു അയാള്‍. യേശു ചോദിച്ചു: “സുഖം പ്രാപിച്ചവര്‍ പത്തു പേരായിരുന്നില്ലേ? ഒന്‍പതുപേര്‍ എവിടെ? തിരിച്ചുവന്നു ദൈവത്തെ സ്തുതിക്കുവാന്‍ യെഹൂദനല്ലാത്ത ഈ മനുഷ്യനെ അല്ലാതെ മറ്റാരെയും കണ്ടില്ലല്ലോ” പിന്നീട് യേശു അയാളോട് “എഴുന്നേറ്റ് പൊയ്‍ക്കൊള്ളുക; നിന്‍റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു” എന്നു പറഞ്ഞു. “ദൈവരാജ്യത്തിന്‍റെ ആഗമനം എപ്പോഴാണ്” എന്നു പരീശന്മാര്‍ ചോദിച്ചപ്പോള്‍ യേശു ഇങ്ങനെ പറഞ്ഞു: “കാണാവുന്ന വിധത്തിലല്ല ദൈവരാജ്യം വരുന്നത്. ഇതാ, ഇവിടെയെന്നോ; അതാ, അവിടെയെന്നോ ആര്‍ക്കും അത് ചൂണ്ടിക്കാണിക്കാവുന്നതല്ല. ദൈവരാജ്യം നിങ്ങളില്‍ത്തന്നെയാണ്.” അനന്തരം അവിടുന്നു ശിഷ്യന്മാരോടു പറഞ്ഞു: “മനുഷ്യപുത്രന്‍റെ ആഗമനദിവസം കാണുവാന്‍ നിങ്ങള്‍ അഭിവാഞ്ഛിക്കുന്ന കാലം വരുന്നു. പക്ഷേ, നിങ്ങള്‍ കാണുകയില്ല. ‘ഇതാ, ഇവിടെ’ എന്നോ ‘അതാ, അവിടെ’ എന്നോ ആളുകള്‍ പറയും. അതുകേട്ട് നിങ്ങള്‍ പോകരുത്; അവരെ അനുഗമിക്കുകയുമരുത്. മിന്നല്‍പ്പിണര്‍ ഒരു വശത്തുനിന്നു മറുവശത്തേക്കു മിന്നി ആകാശമണ്ഡലത്തെ ഉജ്ജ്വലമാക്കുന്നതുപോലെയായിരിക്കും മനുഷ്യപുത്രന്‍ പ്രത്യക്ഷനാകുന്നത്. എന്നാല്‍ അതിനുമുമ്പ് അവന്‍ വളരെയധികം കഷ്ടതകള്‍ സഹിക്കുകയും ഈ തലമുറ അവനെ തള്ളിക്കളയുകയും ചെയ്യേണ്ടിയിരിക്കുന്നു. നോഹയുടെ കാലത്തെന്നപോലെ മനുഷ്യപുത്രന്‍റെ കാലത്തും സംഭവിക്കും; നോഹയുടെ കാലത്ത് മനുഷ്യര്‍ തിന്നുകയും കുടിക്കുകയും വിവാഹബന്ധങ്ങളിലേര്‍പ്പെടുകയും ചെയ്തുപോന്നിരുന്നു. നോഹ പേടകത്തില്‍ പ്രവേശിച്ചതോടെ ജലപ്രളയം ഉണ്ടാകുകയും എല്ലാവരും നശിക്കുകയും ചെയ്തു. അതുപോലെതന്നെ ലോത്തിന്‍റെ കാലത്തും ജനങ്ങള്‍ തിന്നുകയും കുടിക്കുകയും വാങ്ങുകയും വില്‌ക്കുകയും നടുകയും പണിയുകയും ചെയ്തുപോന്നു. എന്നാല്‍ ലോത്ത് സോദോം വിട്ട ദിവസം ആകാശത്തുനിന്ന് അഗ്നിയും ഗന്ധകവും പെയ്ത് അവരെ ആകമാനം നശിപ്പിച്ചു. മനുഷ്യപുത്രന്‍ പ്രത്യക്ഷനാകുന്ന നാളിലും അപ്രകാരം സംഭവിക്കും. “അന്നു വീടിന്‍റെ മട്ടുപ്പാവിലിരിക്കുന്നവന്‍ അകത്തിരിക്കുന്ന സാധനങ്ങള്‍ എടുക്കാന്‍ നില്‌ക്കരുത്; അതുപോലെ വയലില്‍ നില്‌ക്കുന്നവന്‍ വീട്ടിലക്കു തിരിച്ചുപോവുകയുമരുത്. ലോത്തിന്‍റെ ഭാര്യക്കു സംഭവിച്ചത് ഓര്‍ത്തുകൊള്ളുക. സ്വജീവനെ നേടുവാന്‍ നോക്കുന്നവന് അതു നഷ്ടപ്പെടും. എന്നാല്‍ തന്‍റെ ജീവന്‍ ത്യജിക്കുന്നവന്‍ അതു സുരക്ഷിതമായി സൂക്ഷിക്കുന്നു. ഞാന്‍ നിങ്ങളോടു പറയട്ടെ: അന്നു രാത്രിയില്‍ രണ്ടുപേര്‍ ഒരു കിടക്കയിലുണ്ടായിരുന്നാല്‍ ഒരുവനെ സ്വീകരിക്കും, മറ്റേയാളിനെ ഉപേക്ഷിക്കും. രണ്ടു സ്‍ത്രീകള്‍ ഒരുമിച്ച് ഒരു തിരികല്ലില്‍ ധാന്യം പൊടിച്ചുകൊണ്ടിരിക്കും. ഒരുവളെ കൈക്കൊള്ളും മറ്റവളെ കൈവെടിയും. രണ്ടുപേര്‍ വയലിലായിരിക്കും, ഒരുവനെ സ്വീകരിക്കും, അപരനെ തിരസ്കരിക്കും.” “കര്‍ത്താവേ, എവിടെ?” എന്നു ശിഷ്യന്മാര്‍ ചോദിച്ചു. “മൃതശരീരം എവിടെയുണ്ടോ അവിടെയാണല്ലോ കഴുകന്മാര്‍ വന്നുകൂടുന്നത്” എന്നു യേശു മറുപടി പറഞ്ഞു. നിരാശരാകാതെ നിരന്തരം പ്രാര്‍ഥിക്കേണ്ടതിന്‍റെ ആവശ്യകത വിശദമാക്കുന്നതിന് യേശു ഒരു ദൃഷ്ടാന്തകഥ പറഞ്ഞു: “ദൈവത്തെ ഭയമില്ലാത്തവനും മനുഷ്യരെ വകവയ്‍ക്കാത്തവനുമായ ഒരു ന്യായാധിപന്‍ ഒരു പട്ടണത്തിലുണ്ടായിരുന്നു. ആ പട്ടണത്തില്‍ത്തന്നെ ഉണ്ടായിരുന്ന ഒരു വിധവ ‘എന്‍റെ പ്രതിയോഗിക്കെതിരെ ന്യായം നടത്തിത്തരണമേ’ എന്ന് ആ ന്യായാധിപനോടു കൂടെക്കൂടെ അപേക്ഷിച്ചുവന്നിരുന്നു. കുറെ നാളത്തേക്ക് ആ ന്യായാധിപന്‍ കൂട്ടാക്കിയില്ല; ഒടുവില്‍ അയാള്‍ ആത്മഗതം ചെയ്തു: “ഞാന്‍ ദൈവത്തെ ഭയപ്പെടുകയോ, മനുഷ്യനെ വകവയ്‍ക്കുകയോ ചെയ്യാത്തവനാണെങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ട് ഞാന്‍ അവള്‍ക്കു ന്യായം നടത്തിക്കൊടുക്കും; അല്ലെങ്കില്‍ അവള്‍ വന്ന് എന്നെ നിരന്തരം അലട്ടിക്കൊണ്ടിരിക്കും.” യേശു തുടര്‍ന്ന് ഇങ്ങനെ പറഞ്ഞു: ‘നീതികെട്ട ഈ ന്യായാധിപന്‍ പറയുന്നതു ശ്രദ്ധിക്കുക. അങ്ങനെയെങ്കില്‍ രാവും പകലും തന്നെ നോക്കി വിളിക്കുന്ന തന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങള്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കാതിരിക്കുമോ? അവര്‍ക്കു നീതി നടത്തിക്കൊടുക്കുന്നതില്‍ അവിടുന്നു കാലവിളംബം വരുത്തുമോ? അവിടുന്ന് എത്രയും വേഗം അവര്‍ക്കു ന്യായം നടത്തിക്കൊടുക്കുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എന്നാല്‍ മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?’ തങ്ങള്‍ നീതിനിഷ്ഠരാണെന്നു സ്വയം കരുതി മറ്റുള്ളവരെ നിന്ദിക്കുന്ന ചിലരെക്കുറിച്ചും യേശു ഒരു ദൃഷ്ടാന്തകഥ പറഞ്ഞു: “രണ്ടുപേര്‍ പ്രാര്‍ഥിക്കുവാന്‍ ദേവാലയത്തിലേക്കു പോയി. ഒരാള്‍ പരീശനും മറ്റെയാള്‍ ചുങ്കംപിരിക്കുന്നവനും ആയിരുന്നു. “പരീശന്‍ മാറി നിവര്‍ന്നു നിന്നുകൊണ്ട് ആത്മഗതമായി ഇങ്ങനെ പ്രാര്‍ഥിച്ചു: ‘ദൈവമേ, പിടിച്ചുപറിക്കുന്നവര്‍, നീതികെട്ടവര്‍, വ്യഭിചാരികള്‍ മുതലായവരെപ്പോലെയോ, ഈ ചുങ്കക്കാരനെപ്പോലെയോ ഞാന്‍ അല്ലാത്തതുകൊണ്ട് അങ്ങയോടു നന്ദിയുള്ളവനാണ്. ആഴ്ചയില്‍ രണ്ടു തവണ ഞാന്‍ ഉപവസിക്കുന്നു. എന്‍റെ എല്ലാ വരുമാനത്തിന്‍റെയും ദശാംശം ഞാന്‍ കൊടുക്കുന്നു.’ “ആ ചുങ്കക്കാരനാകട്ടെ അകലെ നിന്നുകൊണ്ട് സ്വര്‍ഗത്തേക്കു നോക്കുവാന്‍പോലും തുനിയാതെ മാറത്തടിച്ചുകൊണ്ട് ‘ദൈവമേ, ഈ പാപിയോടു കരുണയുണ്ടാകണമേ’ എന്നു പ്രാര്‍ഥിച്ചു. ഞാന്‍ നിങ്ങളോടു പറയുന്നു: പരീശനല്ല, ചുങ്കക്കാരനാണ് പാപം മോചിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങിപ്പോയത്. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.” അനുഗ്രഹിക്കുന്നതിനുവേണ്ടി ചിലര്‍ ശിശുക്കളെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. ഇതുകണ്ടപ്പോള്‍ ശിഷ്യന്മാര്‍ അവരെ ശകാരിച്ചു. എന്നാല്‍ ശിശുക്കളെ തന്‍റെ അടുക്കലേക്കു വിളിച്ചുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “ശിശുക്കള്‍ എന്‍റെ അടുക്കല്‍ വരുവാന്‍ അനുവദിക്കുക; അവരെ വിലക്കരുത്; ദൈവരാജ്യം ഇവരെപ്പോലെയുള്ളവരുടേതാണ്. ഒരു ശിശു സ്വീകരിക്കുന്നതുപോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്തവന്‍ ഒരിക്കലും അതില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.” ഒരു യെഹൂദനേതാവ് യേശുവിന്‍റെ അടുക്കല്‍വന്നു ചോദിച്ചു: “നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമായി ലഭിക്കേണ്ടതിന് എന്താണു ഞാന്‍ ചെയ്യേണ്ടത്?” യേശു മറുപടി പറഞ്ഞു: “എന്നെ എന്തിനു നല്ലവന്‍ എന്നു വിളിക്കുന്നു? ദൈവമല്ലാതെ നല്ലവന്‍ മറ്റാരുമില്ലല്ലോ. കല്പനകള്‍ താങ്കള്‍ക്കറിഞ്ഞുകൂടേ? കൊലപാതകം ചെയ്യരുത്, വ്യഭിചരിക്കരുത്, മോഷ്‍ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, മാതാപിതാക്കളെ ബഹുമാനിക്കുക.” അയാള്‍ പറഞ്ഞു: “ഇവയെല്ലാം ഞാന്‍ ചെറുപ്പം തൊട്ടേ പാലിക്കുന്നുണ്ട്.” അപ്പോള്‍ യേശു പറഞ്ഞു: “താങ്കള്‍ക്ക് ഇനിയും ഒരു കുറവുണ്ട്; താങ്കള്‍ക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ താങ്കള്‍ക്കു നിക്ഷേപം ഉണ്ടാകും. പിന്നീട് വന്ന് എന്നെ അനുഗമിക്കുക. അയാള്‍ ഒരു വലിയ ധനികനായിരുന്നതുകൊണ്ട് ഇതുകേട്ടപ്പോള്‍ അത്യന്തം ദുഃഖിതനായി. അയാളുടെ ദുഃഖഭാവം കണ്ടിട്ട് യേശു പറഞ്ഞു: “ധനികന്മാര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത് എത്ര ദുഷ്കരം! ധനവാന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയില്‍ക്കൂടി കടക്കുന്നതായിരിക്കും.” ഇതു കേട്ടവര്‍ പറഞ്ഞു: “അങ്ങനെയാണെങ്കില്‍ രക്ഷപെടുവാന്‍ ആര്‍ക്കു കഴിയും?” എന്നാല്‍ യേശു അരുള്‍ചെയ്തു: “മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സുസാധ്യമത്രേ.” അപ്പോള്‍ പത്രോസ്, “ഞങ്ങള്‍ സര്‍വസ്വവും ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചവരാണല്ലോ” എന്നു പറഞ്ഞു. [29,30] യേശു അവരോട്, “ദൈവരാജ്യത്തിനുവേണ്ടി സ്വഭവനത്തെയോ, ഭാര്യയെയോ, സഹോദരന്മാരെയോ, മാതാപിതാക്കളെയോ, മക്കളെയോ പരിത്യജിക്കുന്ന ഏതൊരുവനും ഐഹിക ജീവിതകാലത്തുതന്നെ അനേകമടങ്ങു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല; വരുവാനുള്ള ലോകത്തില്‍ നിത്യജീവനും ലഭിക്കും എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു’ എന്നു പറഞ്ഞു. *** യേശു പന്ത്രണ്ടു ശിഷ്യന്മാരെ വിളിച്ചു മാറ്റിനിര്‍ത്തി അവരോട് അരുള്‍ചെയ്തു: “നാം യെരൂശലേമിലേക്കു പോകുകയാണ്; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാര്‍ എഴുതിയിട്ടുള്ളതെല്ലാം നിറവേറും. അവനെ വിജാതീയര്‍ക്ക് ഏല്പിച്ചുകൊടുക്കും. അവര്‍ അവനെ പരിഹസിക്കുകയും നിന്ദിക്കുകയും തുപ്പുകയും ചാട്ടവാറുകൊണ്ട് അടിക്കുകയും കൊല്ലുകയും ചെയ്യും. എന്നാല്‍ മൂന്നാം ദിവസം അവന്‍ ഉയിര്‍ത്തെഴുന്നേല്‌ക്കും.” പക്ഷേ, ശിഷ്യന്മാര്‍ക്ക് ഈ പറഞ്ഞതൊന്നും മനസ്സിലായില്ല. യേശുവിന്‍റെ വാക്കുകളുടെ പൊരുള്‍ അവര്‍ക്കു അവ്യക്തമായിരുന്നതുകൊണ്ടാണു യേശു പറഞ്ഞതു ഗ്രഹിക്കാഞ്ഞത്. യേശു യെരിഹോവിനോടു സമീപിച്ചു. അന്ധനായ ഒരു മനുഷ്യന്‍ വഴിയരികില്‍ ഭിക്ഷയാചിച്ചുകൊണ്ടിരുന്നു. ആള്‍ക്കൂട്ടം കടന്നുപോകുന്ന ശബ്ദം കേട്ടപ്പോള്‍ അതെന്താണെന്ന് അയാള്‍ അന്വേഷിച്ചു. “നസറായനായ യേശു കടന്നുപോകുന്നു” എന്ന് ആളുകള്‍ പറഞ്ഞു. “ദാവീദിന്‍റെ പുത്രനായ യേശുവേ, ഇയ്യുള്ളവനോടു കരുണയുണ്ടാകണമേ” എന്ന് അയാള്‍ നിലവിളിച്ചു പറഞ്ഞു. “മിണ്ടരുത്” എന്നു പറഞ്ഞ് മുമ്പില്‍ പോയവര്‍ അയാളെ ശകാരിച്ചു. അയാളാകട്ടെ കൂടുതല്‍ ഉച്ചത്തില്‍ “ദാവീദിന്‍റെ പുത്രാ എന്നോടു കനിവുണ്ടാകണമേ” എന്നു പിന്നെയും നിലവിളിച്ചു. യേശു അവിടെ നിന്നു; ആ അന്ധനെ അടുത്തു കൊണ്ടുചെല്ലുവാന്‍ ആജ്ഞാപിച്ചു. അയാള്‍ അടുത്തുചെന്നപ്പോള്‍ “ഞാനെന്താണു നിനക്കു ചെയ്തുതരേണ്ടത്?” എന്ന് യേശു ചോദിച്ചു. “നാഥാ, എനിക്കു കാഴ്ച തിരിച്ചുകിട്ടണം” എന്ന് അയാള്‍ മറുപടി പറഞ്ഞു. യേശു അന്ധനോട്, “കാഴ്ചപ്രാപിക്കുക; നിന്‍റെ വിശ്വാസം നിനക്കു സൗഖ്യം നല്‌കിയിരിക്കുന്നു” എന്നു പറഞ്ഞു. തല്‍ക്ഷണം അയാള്‍ക്ക് വീണ്ടും കാഴ്ച ലഭിച്ചു. അയാള്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് യേശുവിനെ അനുഗമിച്ചു. ഈ സംഭവത്തിനു സാക്ഷ്യം വഹിച്ച എല്ലാവരും ദൈവത്തെ പുകഴ്ത്തി. യേശു യെരിഹോവില്‍ പ്രവേശിച്ചു യാത്ര തുടര്‍ന്നു. അവിടെ സഖായി എന്നൊരാളുണ്ടായിരുന്നു. ചുങ്കം പിരിവുകാരില്‍ പ്രധാനിയും ധനികനുമായിരുന്നു സഖായി. യേശു ആരാണെന്നു കാണാന്‍ സഖായി അഭിവാഞ്ഛിച്ചു; പക്ഷേ, പൊക്കം കുറഞ്ഞവനായിരുന്നതിനാല്‍ ജനബാഹുല്യം മൂലം സഖായിക്ക് യേശുവിനെ കാണാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അവിടുത്തെ കാണാന്‍ സഖായി മുമ്പേ ഓടി ഒരു കാട്ടത്തിമരത്തില്‍ കയറി ഇരുന്നു. യേശുവിന് ആ വഴിയാണു കടന്നുപോകേണ്ടിയിരുന്നത്. അവിടെയെത്തിയപ്പോള്‍ യേശു മുകളിലേക്കു നോക്കി, “സഖായീ, വേഗം ഇറങ്ങിവരൂ, ഇന്ന് താങ്കളുടെ വീട്ടിലാണ് എനിക്കു പാര്‍ക്കേണ്ടത്” എന്നു പറഞ്ഞു. സഖായി വേഗം താഴെയിറങ്ങി യേശുവിനെ സന്തോഷപൂര്‍വം സ്വീകരിച്ചു. ഇതു കണ്ടപ്പോള്‍ പാപിയായ ഒരു മനുഷ്യന്‍റെ അതിഥിയായിട്ടാണല്ലോ അദ്ദേഹം പോയിരിക്കുന്നത് എന്നു പറഞ്ഞ് എല്ലാവരും പിറുപിറുത്തു. സഖായി എഴുന്നേറ്റു നിന്ന് കര്‍ത്താവിനോടു പറഞ്ഞു: “ഗുരോ, ഇതാ എന്‍റെ സമ്പാദ്യത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുവാന്‍ പോകുന്നു. ആരില്‍നിന്നെങ്കിലും എന്തെങ്കിലും ഞാന്‍ വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ നാലുമടങ്ങു തിരിച്ചുകൊടുക്കും.” യേശു അരുള്‍ചെയ്തു: “ഇന്ന് ഈ ഭവനത്തിനു രക്ഷ കൈവന്നിരിക്കുന്നു. ഇയാളും അബ്രഹാമിന്‍റെ വംശജനാണല്ലോ. നഷ്ടപ്പെട്ടുപോയതിനെ തേടിപ്പിടിച്ചു രക്ഷിക്കുവാനത്രേ മനുഷ്യപുത്രന്‍ വന്നത്.” അവര്‍ യേശുവിന്‍റെ പ്രഭാഷണം കേട്ടുകൊണ്ടിരിക്കുകയായിരുന്നു. യേശു യെരൂശലേമിനെ സമീപിച്ചിരുന്നതുകൊണ്ടും ദൈവരാജ്യം ഉടനെ പ്രത്യക്ഷമാകുമെന്ന് അവര്‍ കരുതിയിരുന്നതുകൊണ്ടും അവിടുന്ന് ഒരു ദൃഷ്ടാന്ത കഥ അവരോടു പറഞ്ഞു: “രാജാധികാരം പ്രാപിച്ചു തിരിച്ചുവരുന്നതിനുവേണ്ടി ഒരു പ്രഭു വിദേശത്തേക്കു പോയി. പോകുന്നതിനുമുമ്പ് അദ്ദേഹം പത്തു ഭൃത്യന്മാരെ വിളിച്ച് ഓരോ സ്വര്‍ണനാണയം കൊടുത്തശേഷം ‘ഞാന്‍ തിരിച്ചുവരുന്നതുവരെ ഇതുകൊണ്ടു നിങ്ങള്‍ വ്യാപാരം ചെയ്യുക’ എന്നു പറഞ്ഞു. ആ നാട്ടിലെ പൗരജനങ്ങള്‍ ആ പ്രഭുവിനെ വെറുത്തിരുന്നതുകൊണ്ട് ‘ഞങ്ങളെ ഭരിക്കുവാന്‍ ഈ മനുഷ്യന്‍ വേണ്ടാ’ എന്നു പറയുന്നതിന് അദ്ദേഹം പോയശേഷം ഒരു പ്രതിനിധിസംഘത്തെ അവര്‍ അദ്ദേഹത്തിന്‍റെ പിന്നാലെ അയച്ചു. “രാജാധികാരം പ്രാപിച്ച് ആ പ്രഭു തിരിച്ചുവന്നു താന്‍ കൊടുത്തിരുന്ന പണംകൊണ്ട് ഓരോരുത്തനും എങ്ങനെ വ്യാപാരം ചെയ്തു എന്ന് അറിയുന്നതിന് ആ ഭൃത്യന്മാരെ വിളിക്കുവാന്‍ അദ്ദേഹം ആജ്ഞാപിച്ചു. ആദ്യത്തെ ആള്‍ വന്നു പറഞ്ഞു: ‘പ്രഭോ, അങ്ങു തന്ന സ്വര്‍ണനാണയംകൊണ്ട് ഞാന്‍ പത്തുകൂടി നേടിയിരിക്കുന്നു.’ അദ്ദേഹം അയാളോട് ‘കൊള്ളാം ഉത്തമനായ ഭൃത്യാ, അല്പകാര്യത്തില്‍ വിശ്വസ്തനായിരുന്നതുകൊണ്ട് നീ പത്തു നഗരങ്ങളുടെ അധിപതിയായിരിക്കുക’ എന്നു പറഞ്ഞു. രണ്ടാമന്‍ വന്ന് ‘പ്രഭോ, അങ്ങ് എന്നെ ഏല്പിച്ച നാണയംകൊണ്ട് അഞ്ചുകൂടി സമ്പാദിച്ചിരിക്കുന്നു’ എന്നു പറഞ്ഞു. ‘നീ അഞ്ചു നഗരങ്ങളുടെ അധിപനായിരിക്കുക’ എന്നു രാജാവ് കല്പിച്ചു. “മൂന്നാമത്തവന്‍ വന്ന് പ്രഭോ, ‘ഇതാ എന്നെ ഏല്പിച്ച നാണയം; ഇത് ഒരു തൂവാലയില്‍ പൊതിഞ്ഞ് ഞാന്‍ ഭദ്രമായി സൂക്ഷിച്ചിരുന്നു. അങ്ങു വയ്‍ക്കാത്തത് എടുക്കുകയും വിതയ്‍ക്കാത്തതു കൊയ്യുകയും ചെയ്യുന്ന കര്‍ക്കശക്കാരനായതുകൊണ്ട് എനിക്ക് അങ്ങയെ ഭയമായിരുന്നു.’ രാജാവ് അവനോടു പറഞ്ഞു: ‘ദുഷ്ടഭൃത്യാ, നിന്‍റെ വാക്കുകളാല്‍ത്തന്നെ നിന്നെ ഞാന്‍ വിധിക്കുന്നു. ഞാന്‍ വയ്‍ക്കാത്തത് എടുക്കുകയും വിതയ്‍ക്കാത്തതു കൊയ്യുകയും ചെയ്യുന്ന കര്‍ക്കശക്കാരനാണെന്നു നിനക്ക് അറിയാമായിരുന്നല്ലോ; എന്നിട്ട് എന്തുകൊണ്ട് എന്‍റെ പണം പണമിടപാടുകാരെ ഏല്പിച്ചില്ല? ഏല്പിച്ചിരുന്നെങ്കില്‍ ഞാന്‍ മടങ്ങിവന്ന് പലിശയോടുകൂടി അതു തിരിച്ചു വാങ്ങിക്കൊള്ളുമായിരുന്നല്ലോ. “പിന്നീട് അടുത്തുനിന്നവരോട് അദ്ദേഹം കല്പിച്ചു: ‘അവന്‍റെ പക്കല്‍നിന്ന് ആ നാണയമെടുത്ത് പത്തു നാണയം നേടിയവനു കൊടുക്കുക.’ ‘പ്രഭോ, അയാള്‍ക്കു പത്തു നാണയമുണ്ടല്ലോ’ എന്ന് അവര്‍ പറഞ്ഞു. ‘ഞാന്‍ പറയുന്നു, ഉള്ളവന് പിന്നെയും നല്‌കപ്പെടും; ഇല്ലാത്തവനില്‍നിന്ന് അവനുള്ളതുപോലും എടുത്തുകളയും.’ “എന്‍റെ ഭരണം ഇഷ്ടപ്പെടാത്ത എന്‍റെ ശത്രുക്കളെ കൊണ്ടുവന്ന് എന്‍റെ മുമ്പില്‍ വച്ചുതന്നെ വധിക്കുക.” “ഇതു പറഞ്ഞുകഴിഞ്ഞു യേശു യെരൂശലേം ലക്ഷ്യമാക്കി, അവരോടൊപ്പം മുന്‍പേ നടന്നു. ഒലിവുമലയ്‍ക്കടുത്തുള്ള ബേഥാന്യക്കും ബേത്ഫാഗയ്‍ക്കും അടുത്തെത്തിയപ്പോള്‍ യേശു ശിഷ്യന്മാരില്‍ രണ്ടുപേരെ വിളിച്ച് ഇപ്രകാരം പറഞ്ഞയച്ചു: ‘മുമ്പില്‍ കാണുന്ന ആ ഗ്രാമത്തിലേക്കു ചെല്ലുക; അവിടെ പ്രവേശിക്കുമ്പോള്‍ ആരും ഇതുവരെ കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു നിങ്ങള്‍ കാണും. അതിനെ അഴിച്ചുകൊണ്ടുവരിക. ‘അതിനെ അഴിക്കുന്നതെന്തിന്?’ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ‘ഗുരുവിന് ഇതിനെ ആവശ്യമുണ്ട്’ എന്നു പറയണം.” അവര്‍ ചെന്നപ്പോള്‍ അവിടുന്നു പറഞ്ഞതുപോലെ കണ്ടു. അവര്‍ കഴുതക്കുട്ടിയെ അഴിക്കുന്നത് അതിന്‍റെ ഉടമസ്ഥന്‍ കണ്ടപ്പോള്‍ “എന്തിനാണ് അതിനെ അഴിക്കുന്നത്?” എന്നു ചോദിച്ചു. “ഗുരുവിന് ഇതിനെ ആവശ്യമുണ്ട്” എന്ന് അവര്‍ പറഞ്ഞു. അവര്‍ അതിനെ യേശുവിന്‍റെ അടുത്തുകൊണ്ടുവന്നു. അവരുടെ മേലങ്കികള്‍ അതിന്‍റെ പുറത്തു വിരിച്ചശേഷം യേശുവിനെ അതിന്‍റെ പുറത്തു കയറ്റി ഇരുത്തി. അവിടുന്ന് മുമ്പോട്ടു നീങ്ങിയപ്പോള്‍ ജനങ്ങള്‍ തങ്ങളുടെ മേലങ്കികള്‍ വഴിയില്‍ വിരിച്ചു. ഒലിവുമലയുടെ ഇറക്കത്തോടു സമീപിച്ചപ്പോള്‍ ശിഷ്യസമൂഹം ഒന്നടങ്കം തങ്ങള്‍ കണ്ട എല്ലാ അദ്ഭുതപ്രവൃത്തികള്‍ മൂലം ആഹ്ലാദഭരിതരായി അത്യുച്ചത്തില്‍ ദൈവത്തെ വാഴ്ത്തിപ്പാടി: “ദൈവത്തിന്‍റെ നാമത്തില്‍ വരുന്ന രാജാവു വാഴ്ത്തപ്പെട്ടവന്‍! സ്വര്‍ഗത്തില്‍ സമാധാനം! അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം!” ആള്‍ക്കൂട്ടത്തിലുണ്ടായിരുന്ന ഏതാനും പരീശന്മാര്‍ “ഗുരോ, അങ്ങയുടെ ശിഷ്യന്മാരോട് ശബ്ദിക്കരുതെന്നു കല്പിക്കുക” എന്ന് യേശുവിനോടു പറഞ്ഞു. “അവര്‍ നിശ്ശബ്ദരായിരുന്നാല്‍ ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു” എന്ന് യേശു പ്രതിവചിച്ചു. യേശു യെരൂശലേമിന്‍റെ സമീപം എത്തി. നഗരം കണ്ടപ്പോള്‍ അതിനെക്കുറിച്ചു വിലപിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: “ഇപ്പോഴെങ്കിലും സമാധാനത്തിന്‍റെ മാര്‍ഗം നീ അറിഞ്ഞിരുന്നു എങ്കില്‍! പക്ഷേ, അത് ഇപ്പോള്‍ നിന്‍റെ കണ്ണുകള്‍ക്ക് മറഞ്ഞിരിക്കുന്നു. [43,44] ദൈവം നിന്നെ രക്ഷിക്കുവാന്‍ വന്നുചേര്‍ന്ന അവസരം നീ തിരിച്ചറിയാഞ്ഞതുകൊണ്ട്, ശത്രുക്കള്‍ നിന്‍റെ ചുറ്റും മണ്‍കോട്ട നിര്‍മിച്ച്, നിന്നെ വളഞ്ഞ്, എല്ലാവശങ്ങളില്‍നിന്നും നിന്നെ ഞെരുക്കുന്ന കാലം ഇതാ വരുന്നു. അവര്‍ നിന്നെയും നിന്‍റെ മതില്‍ക്കെട്ടിനുള്ളിലുള്ള ജനങ്ങളെയും നിശ്ശേഷം നശിപ്പിക്കുകയും അങ്ങനെ നിന്നില്‍ കല്ലിന്മേല്‍ കല്ലു ശേഷിക്കാതിരിക്കുകയും ചെയ്യും.” *** യേശു ദേവാലയത്തില്‍ പ്രവേശിച്ച് അവിടെ കച്ചവടം നടത്തിക്കൊണ്ടിരുന്നവരെ പുറത്താക്കുവാന്‍ തുടങ്ങി. “എന്‍റെ ഭവനം പ്രാര്‍ഥനാലയം ആയിരിക്കുമെന്ന് എഴുതപ്പെട്ടിരിക്കുന്നു; നിങ്ങളാകട്ടെ അതിനെ കൊള്ളക്കാരുടെ താവളം ആക്കിത്തീര്‍ത്തിരിക്കുന്നു” എന്ന് അവരോടു പറഞ്ഞു. അവിടുന്നു ദിവസംതോറും ദേവാലയത്തില്‍ ചെന്നു പഠിപ്പിച്ചു പോന്നു. പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും ജനപ്രമാണിമാരും അവിടുത്തെ അപായപ്പെടുത്തുന്നതിനുള്ള അവസരം അന്വേഷിച്ചുകൊണ്ടിരുന്നു. പക്ഷേ, ജനം വിട്ടുമാറാതെ അവിടുത്തെ പ്രഭാഷണം ശ്രദ്ധിച്ചുകൊണ്ടിരുന്നതിനാല്‍ എന്തെങ്കിലും ചെയ്യുന്നതിനുള്ള തക്കം അവര്‍ കണ്ടെത്തിയില്ല. ഒരു ദിവസം യേശു ദേവാലയത്തില്‍ ജനങ്ങളെ പ്രബോധിപ്പിക്കുകയും സുവിശേഷം പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു. തത്സമയം പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും ജനപ്രമാണിമാരോടുകൂടി അവിടുത്തെ സമീപിച്ചു ചോദിച്ചു: “എന്തധികാരം കൊണ്ടാണു താങ്കള്‍ ഇതെല്ലാം ചെയ്യുന്നത്? പറയൂ, ആരാണു താങ്കള്‍ക്ക് ഈ അധികാരം തന്നത്?” യേശു പ്രതിവചിച്ചു: “ഞാന്‍ നിങ്ങളോട് ഒന്നു ചോദിക്കട്ടെ: അതിനു മറുപടി പറയാമോ? യോഹന്നാനു സ്നാപനം ചെയ്യാനുള്ള അധികാരം ലഭിച്ചത് ദൈവത്തില്‍ നിന്നോ, മനുഷ്യരില്‍നിന്നോ?” അവര്‍ ഈ ചോദ്യത്തെപ്പറ്റി അന്യോന്യം ചര്‍ച്ച ചെയ്തു; “ദൈവത്തില്‍നിന്ന് എന്നു പറഞ്ഞാല്‍ ‘പിന്നെ നിങ്ങള്‍ എന്തുകൊണ്ട് അദ്ദേഹത്തെ വിശ്വസിച്ചില്ല’ എന്ന് അയാള്‍ ചോദിക്കും; മനുഷ്യരില്‍നിന്ന് എന്നു പറഞ്ഞാല്‍ എല്ലാവരും നമ്മെ കല്ലെറിയും; യോഹന്നാന്‍ ഒരു പ്രവാചകനായിരുന്നു എന്ന് അവര്‍ ദൃഢമായി വിശ്വസിക്കുന്നുവല്ലോ.” അതുകൊണ്ട്, “എവിടെനിന്ന് എന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ” എന്ന് അവര്‍ മറുപടി പറഞ്ഞു. “എന്നാല്‍ എന്തധികാരംകൊണ്ടാണ് ഇതെല്ലാം ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന് യേശു പറഞ്ഞു. അനന്തരം യേശു ജനങ്ങളോട് ഈ ദൃഷ്ടാന്തകഥ പറഞ്ഞു: “ഒരിക്കല്‍ ഒരാള്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയശേഷം പാട്ടത്തിനേല്പിച്ചു; പിന്നീട് അയാള്‍ ദീര്‍ഘകാലത്തെ വിദേശവാസത്തിനായി പോയി. വിളവെടുക്കാറായപ്പോള്‍ തോട്ടത്തില്‍നിന്നു തനിക്കു ലഭിക്കേണ്ട ഓഹരി വാങ്ങുന്നതിനായി അയാള്‍ ഒരു ഭൃത്യനെ പാട്ടക്കാരുടെ അടുക്കല്‍ അയച്ചു. അവര്‍ അവനെ പ്രഹരിക്കുകയും വെറുംകൈയോടെ പറഞ്ഞയയ്‍ക്കുകയും ചെയ്തു. അയാള്‍ വീണ്ടും ഒരു ഭൃത്യനെ അയച്ചു. അവര്‍ അവനെയും തല്ലി അപമാനിച്ച് യാതൊന്നും കൊടുക്കാതെ പറഞ്ഞയച്ചു. മൂന്നാമതും ഒരാളെ അയച്ചു. ആ ഭൃത്യനെ അവര്‍ പരുക്കേല്പിച്ചശേഷം പിടിച്ചു പുറത്താക്കി. അപ്പോള്‍ മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍ പറഞ്ഞു: “ഇനി ഞാനെന്താണു ചെയ്യുക? എന്‍റെ വത്സലപുത്രനെ തന്നെ അയയ്‍ക്കാം; അവനെ ഒരുപക്ഷേ അവര്‍ ആദരിച്ചേക്കും.” എന്നാല്‍ പാട്ടക്കാര്‍ പരസ്പരം ആലോചിച്ചുകൊണ്ടു പറഞ്ഞു: ‘ഇതാ ഇവനാണ് തോട്ടത്തിന്‍റെ അവകാശി! നമുക്കിവനെ കൊന്നുകളയാം; അപ്പോള്‍ അവകാശം നമ്മുടേതായിത്തീരുമല്ലോ!’ അവര്‍ തോട്ടമുടമസ്ഥന്‍റെ പുത്രനെ തോട്ടത്തില്‍നിന്നു പുറത്താക്കി കൊന്നുകളഞ്ഞു. “മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍ അവരോട് എന്തു ചെയ്യും? അയാള്‍ വന്ന് ആ മനുഷ്യനെ നിഗ്രഹിച്ചശേഷം തോട്ടം മറ്റാരെയെങ്കിലും ഏല്പിക്കും.” അവര്‍ ഇതു കേട്ടപ്പോള്‍ “ഒരിക്കലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. യേശു അവരെ നോക്കിക്കൊണ്ടു പറഞ്ഞു: “അങ്ങനെയെങ്കില്‍ പണിക്കാര്‍ തള്ളിക്കളഞ്ഞ ആ കല്ലുതന്നെ മൂലക്കല്ലായിത്തീര്‍ന്നിരിക്കുന്നു എന്നെഴുതിയിരിക്കുന്നതിന്‍റെ അര്‍ഥമെന്ത്? ആ കല്ലിന്മേല്‍ വീഴുന്ന ഏതൊരുവനും തകര്‍ന്നു തരിപ്പണമാകും; അത് ആരുടെയെങ്കിലും മേല്‍ വീണാല്‍ അത് അവനെ തകര്‍ത്തുകളയും.” ഈ ദൃഷ്ടാന്തകഥ തങ്ങളെക്കുറിച്ചാണ് യേശു പറഞ്ഞതെന്നു പുരോഹിതമുഖ്യന്മാര്‍ക്കും മതപണ്ഡിതന്മാര്‍ക്കും മനസ്സിലായതുകൊണ്ട് ആ നിമിഷത്തില്‍ത്തന്നെ അവിടുത്തെ പിടികൂടാന്‍ അവര്‍ ശ്രമിച്ചെങ്കിലും ജനങ്ങളെ ഭയന്ന് അതിനു മുതിര്‍ന്നില്ല. യേശുവിനെ വാക്കില്‍ കുടുക്കി പിടികൂടി ഗവര്‍ണറുടെ അധികാരത്തിലും അധീനതയിലും ഏല്പിച്ചുകൊടുക്കുന്നതിന് അവര്‍ ജാഗ്രതയോടെ തക്കം നോക്കിക്കൊണ്ടിരുന്നു. അതിനുവേണ്ടി നീതിമാന്മാരുടെ ഭാവം നടിക്കുന്ന ചാരന്മാരെ അവര്‍ അയച്ചു. ആ ഒറ്റുകാര്‍ യേശുവിനോടു ചോദിച്ചു: “ഗുരോ, അങ്ങു സത്യം സംസാരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. അങ്ങ് ആരുടെയും മുഖം നോക്കാതെ ദൈവത്തിന്‍റെ മാര്‍ഗം ശരിയായി ഉപദേശിക്കുന്നു എന്ന് ഞങ്ങള്‍ക്കറിയാം. കൈസര്‍ക്കു കരം കൊടുക്കുന്നതു ന്യായമാണോ അല്ലയോ എന്നു പറഞ്ഞാലും. യേശു അവരുടെ കൗശലം മനസ്സിലാക്കിക്കൊണ്ടു പറഞ്ഞു: “കരം കൊടുക്കാനുള്ള ഒരു നാണയം കാണിക്കുക; ആരുടെ രൂപവും ലിഖിതവുമാണ് അതിലുള്ളത്?” “കൈസറുടേത്” എന്ന് അവര്‍ പറഞ്ഞു. “അങ്ങനെയെങ്കില്‍ കൈസര്‍ക്കുള്ളത് കൈസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക” എന്ന് യേശു അവരോടു പറഞ്ഞു. അങ്ങനെ ജനങ്ങളുടെ മുമ്പില്‍വച്ച് യേശുവിനെ വാക്കില്‍ കുടുക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അവിടുത്തെ മറുപടിയില്‍ അവര്‍ ആശ്ചര്യപ്പെട്ടു മൗനം അവലംബിച്ചു. പുനരുത്ഥാനം ഇല്ല എന്നു വാദിക്കുന്ന സാദൂക്യകക്ഷിയില്‍പ്പെട്ട ചിലര്‍ യേശുവിനോടു ചോദിച്ചു: “ഗുരോ, ഒരാള്‍ മക്കളില്ലാതെ മരിച്ചാല്‍ അയാളുടെ ഭാര്യയെ അയാളുടെ സഹോദരന്‍ പരിഗ്രഹിച്ച് മരിച്ചയാളിനുവേണ്ടി സന്താനങ്ങളെ ജനിപ്പിക്കണമെന്നു മോശ എഴുതിയിട്ടുണ്ടല്ലോ. ഒരിടത്ത് ഏഴു സഹോദരന്മാര്‍ ജീവിച്ചിരുന്നു. അവരില്‍ ഒന്നാമന്‍ ഒരു സ്‍ത്രീയെ വിവാഹം ചെയ്തു. അയാള്‍ മക്കളില്ലാതെ മരിച്ചു. രണ്ടാമനും അയാളുടെ കാലശേഷം മൂന്നാമനും, അങ്ങനെ ഏഴു സഹോദരന്മാരും ആ സ്‍ത്രീയെ ഭാര്യയായി സ്വീകരിക്കുകയും മക്കളില്ലാതെ മരിക്കുകയും ചെയ്തു. ഒടുവില്‍ ആ സ്‍ത്രീയും മരിച്ചു. പുനരുത്ഥാനത്തില്‍ ആ സ്‍ത്രീ ആരുടെ ഭാര്യയായിരിക്കും? അവള്‍ ആ ഏഴുപേരുടെയും ഭാര്യയായിരുന്നല്ലോ.” യേശു പ്രതിവചിച്ചു: “ഈ യുഗത്തിന്‍റെ മക്കള്‍ വിവാഹം കഴിക്കുകയും വിവാഹം കഴിപ്പിക്കുകയും ചെയ്യുന്നു. വരുവാനുള്ള യുഗവും പുനരുത്ഥാനവും പ്രാപിക്കുന്നതിന് അര്‍ഹരാകുന്നവര്‍ വിവാഹം കഴിക്കുന്നില്ല, വിവാഹം കഴിപ്പിക്കുന്നുമില്ല. അവര്‍ പുനരുത്ഥാനത്തിന്‍റെ പുത്രന്മാരായതിനാല്‍ ദൈവദൂതന്മാര്‍ക്കു തുല്യരും ദൈവത്തിന്‍റെ പുത്രന്മാരുമാണ്. അതുകൊണ്ട് അവര്‍ ഇനിമേല്‍ മരിക്കുകയില്ല. എന്നാല്‍ മുള്‍പ്പടര്‍പ്പിനെക്കുറിച്ചു പറയുന്ന ഭാഗത്ത് മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‌ക്കുമെന്ന് മോശയും സൂചിപ്പിച്ചിട്ടുണ്ട്. അവിടെ അബ്രഹാമിന്‍റെ ദൈവവും ഇസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും എന്നത്രേ ദൈവത്തെപ്പറ്റി പറയുന്നത്. അവിടുന്നു മരിച്ചവരുടെ ദൈവമല്ല ജീവനുള്ളവരുടെ ദൈവമാണ്. അങ്ങനെ ദൈവത്തെ സംബന്ധിച്ചിടത്തോളം എല്ലാവരും ജീവിക്കുന്നവരാകുന്നു.” അപ്പോള്‍ മതപണ്ഡിതന്മാരില്‍ ചിലര്‍ പറഞ്ഞു: “ഗുരോ, അങ്ങു പറഞ്ഞതു സമുചിതമായ മറുപടിയാണ്.” പിന്നീട് ഒരു ചോദ്യവും ഉന്നയിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. യേശു അവരോടു ചോദിച്ചു: “ക്രിസ്തു ദാവീദിന്‍റെ പുത്രന്‍ എന്നു പറയുന്നതെങ്ങനെ? സങ്കീര്‍ത്തനപുസ്തകത്തില്‍ ദാവീദു തന്നെ പറയുന്നു: സര്‍വേശ്വരന്‍ എന്‍റെ കര്‍ത്താവിനോട് അരുള്‍ചെയ്തു: “ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുന്നതുവരെ നീ എന്‍റെ വലത്തുഭാഗത്തിരിക്കുക” എന്ന്. അങ്ങനെ ദാവീദ് അവിടുത്തെ ‘കര്‍ത്താവ്’ എന്നു വിളിക്കുന്നെങ്കില്‍ അവിടുന്ന് എങ്ങനെ ദാവീദിന്‍റെ പുത്രനാകും?” പിന്നീട് എല്ലാവരും കേള്‍ക്കെ യേശു ശിഷ്യന്മാരോട് അരുള്‍ചെയ്തു: “ഈ മതപണ്ഡിതന്മാരെ സൂക്ഷിച്ചുകൊള്ളുക. അവര്‍ നീണ്ട കുപ്പായം ധരിച്ചുനടക്കുവാന്‍ ആഗ്രഹിക്കുന്നു. അങ്ങാടിയില്‍ വന്ദനവും സുനഗോഗുകളില്‍ മുഖ്യാസനവും സത്ക്കാരവിരുന്നുകളില്‍ മാന്യസ്ഥാനവും അവര്‍ ഇഷ്ടപ്പെടുന്നു. പക്ഷേ, അവര്‍ വിധവകളുടെ വീടുകള്‍ ചൂഷണം ചെയ്യുകയും കപടഭാവത്തില്‍ ദീര്‍ഘമായി പ്രാര്‍ഥിക്കുകയും ചെയ്യും! അവര്‍ക്കു ലഭിക്കുന്ന ശിക്ഷാവിധി ഏറ്റവും കഠിനമായിരിക്കും.” യേശു തല ഉയര്‍ത്തി ചുറ്റും നോക്കിയപ്പോള്‍ ദേവാലയത്തിലെ ഭണ്ഡാരത്തില്‍ ധനികന്മാര്‍ കാണിക്ക ഇടുന്നതു കണ്ടു. പാവപ്പെട്ട ഒരു വിധവ രണ്ടു ചെറിയ ചെമ്പുകാശ് ഇടുന്നതും അവിടുത്തെ ദൃഷ്‍ടിയില്‍പ്പെട്ടു. “വാസ്തവത്തില്‍ ദരിദ്രയായ ഈ വിധവ എല്ലാവരെയുംകാള്‍ അധികം അര്‍പ്പിച്ചിരിക്കുന്നു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. മറ്റുള്ളവരെല്ലാം അവരുടെ സമൃദ്ധിയില്‍നിന്നത്രേ സമര്‍പ്പിച്ചത്. ഈ വിധവയാകട്ടെ, തന്‍റെ ദാരിദ്ര്യത്തില്‍നിന്ന്, ഉപജീവനത്തിനുള്ള വക മുഴുവനും അര്‍പ്പിച്ചിരിക്കുന്നു എന്ന് അവിടുന്നു പറഞ്ഞു. ചിലര്‍ ദേവാലയത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു. വിലപ്പെട്ട ശിലകള്‍കൊണ്ടും നേര്‍ച്ചവസ്തുക്കള്‍കൊണ്ടും എത്ര മനോഹരമായി അത് അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്ന് അവര്‍ പറഞ്ഞു. “നിങ്ങള്‍ ഈ കാണുന്നതെല്ലാം കല്ലിന്മേല്‍ മറ്റൊരു കല്ലു ശേഷിക്കാതെ ഇടിച്ചു നിരത്തപ്പെടുന്ന കാലം വരും” എന്ന് യേശു അപ്പോള്‍ പറഞ്ഞു. ഉടനെ അവര്‍ ചോദിച്ചു: “ഗുരോ, ഈ കാര്യങ്ങള്‍ എപ്പോള്‍ സംഭവിക്കും? അതിനുള്ള അടയാളം എന്തായിരിക്കും?” യേശു അരുള്‍ചെയ്തു: “നിങ്ങളെ ആരും വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക; ‘ഞാനാകുന്നു അവന്‍’ എന്നും, ‘സമയം അടുത്തിരിക്കുന്നു’ എന്നും പറഞ്ഞ് പലരും എന്‍റെ നാമത്തില്‍ വരും. നിങ്ങള്‍ അവരുടെ പിന്നാലെ പോകരുത്. യുദ്ധങ്ങളെയും വിപ്ലവങ്ങളെയും കുറിച്ചു കേള്‍ക്കുമ്പോള്‍ ഭയപ്പെടുകയുമരുത്; ഇവയെല്ലാം ആദ്യം സംഭവിക്കേണ്ടതുതന്നെ. എന്നാല്‍ ഉടനെ അന്ത്യം സംഭവിക്കുകയില്ല.” യേശു തുടര്‍ന്നു പറഞ്ഞു: “വംശം വംശത്തോടും രാഷ്ട്രം രാഷ്ട്രത്തോടും എതിര്‍ക്കും; വലിയ ഭൂകമ്പങ്ങളും പലയിടങ്ങളിലും ക്ഷാമങ്ങളും മാരകമായ സാംക്രമികരോഗങ്ങളും ഉണ്ടാകും. ഭീകരമായ കാഴ്ചകളും ആകാശത്തു വലിയ അടയാളങ്ങളും ദൃശ്യമാകും. ഇവയെല്ലാം സംഭവിക്കുന്നതിനുമുമ്പ് എന്‍റെ നാമത്തെ പ്രതി അവര്‍ നിങ്ങളെ പിടിച്ചു ദണ്ഡിപ്പിക്കുകയും സുനഗോഗിന്‍റെ അധികാരികളെ ഏല്പിച്ച് കാരാഗൃഹങ്ങളില്‍ അടയ്‍ക്കുക മാത്രമല്ല രാജാക്കന്മാരുടെയും ഗവര്‍ണര്‍മാരുടെയും മുമ്പില്‍ ഹാജരാക്കുകയും ചെയ്യും. നിങ്ങള്‍ക്കു സാക്ഷ്യം വഹിക്കുവാനുള്ള സന്ദര്‍ഭമായിരിക്കും അത്. എങ്ങനെ മറുപടി പറയണമെന്നുള്ളതിനെപ്പറ്റി നിങ്ങള്‍ മുന്‍കൂട്ടി ആലോചിക്കേണ്ടതില്ലെന്നു മനസ്സില്‍ ഉറച്ചുകൊള്ളുക. എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ എതിരാളികള്‍ക്ക് ആര്‍ക്കും എതിര്‍ത്തു നില്‌ക്കുവാനോ, നിഷേധിക്കുവാനോ കഴിയാത്ത വിധത്തിലുള്ള ജ്ഞാനവും വാഗ്‍വൈഭവവും ഞാന്‍ നിങ്ങള്‍ക്കു നല്‌കും. മാതാപിതാക്കളും സഹോദരന്മാരും സ്നേഹിതന്മാരും ബന്ധുക്കളും നിങ്ങളെ അധികാരികള്‍ക്ക് ഏല്പിച്ചുകൊടുക്കും; നിങ്ങളില്‍ ചിലരെ അവര്‍ കൊല്ലുകയും ചെയ്യും. എന്‍റെ നാമത്തെപ്രതി എല്ലാവരും നിങ്ങളെ ദ്വേഷിക്കും. എങ്കിലും നിങ്ങളുടെ ഒരു തലമുടിപോലും നശിക്കുകയില്ല. സഹനശക്തിയോടെ ഉറച്ചു നില്‌ക്കുന്നതുമൂലം നിങ്ങളുടെ ജീവനെ നിങ്ങള്‍ നേടും. “സൈന്യങ്ങള്‍ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോള്‍ അതിന്‍റെ വിനാശം അടുത്തിരിക്കുന്നുവെന്ന് അറിഞ്ഞുകൊള്ളണം. അപ്പോള്‍ യെഹൂദ്യയിലുള്ളവര്‍ മലകളിലേക്ക് ഓടിപ്പോകട്ടെ; നഗരങ്ങളിലുള്ളവര്‍ അവിടംവിട്ടു പോകട്ടെ; നാട്ടിന്‍പുറത്തുള്ളവര്‍ നഗരത്തില്‍ പ്രവേശിക്കയുമരുത്; വേദലിഖിതമെല്ലാം നിറവേറുന്നതിനുള്ള ന്യായവിധിയുടെ ദിവസങ്ങളായിരിക്കും അവ. അക്കാലത്തു ഗര്‍ഭിണികള്‍ക്കും മുലകുടിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുള്ള മാതാക്കള്‍ക്കും ഹാ കഷ്ടം! അന്നു ഭൂമിയില്‍ മഹാദുരിതവും ഈ ജനത്തിന്മേല്‍ ദൈവശിക്ഷയും ഉണ്ടാകും; അവര്‍ വാളിനിരയായി നിലംപതിക്കും; വിജാതീയര്‍ അവരെ തടവുകാരാക്കി നാനാ രാജ്യങ്ങളിലേക്കും കൊണ്ടുപോകും; തങ്ങളുടെ ആധിപത്യകാലം കഴിയുന്നതുവരെ വിജാതീയര്‍ യെരൂശലേമിനെ ചവിട്ടിമെതിക്കും.” “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങള്‍ ദൃശ്യമാകും; സമുദ്രത്തിന്‍റെയും അതിലെ തിരമാലകളുടെയും അലര്‍ച്ചമൂലം ഭൂമുഖത്തെങ്ങുമുള്ള ജനങ്ങള്‍ വ്യാകുലപരവശരായി അന്ധാളിക്കും. ആകാശത്തിലെ ശക്തികള്‍ അവയുടെ സഞ്ചാരപഥങ്ങളില്‍നിന്ന് ഇളക്കി മാറ്റപ്പെടും. ഭൂതലത്തിന് എന്താണു സംഭവിക്കുവാന്‍ പോകുന്നതെന്നോര്‍ത്തു ഭയപ്പെട്ട് മനുഷ്യര്‍ അസ്തപ്രജ്ഞരാകും. അപ്പോള്‍ മനുഷ്യപുത്രന്‍ പ്രഭാവത്തോടും മഹാതേജസ്സോടുംകൂടി മേഘത്തില്‍ വരുന്നത് അവര്‍ കാണും. ഇവയെല്ലാം സംഭവിച്ചുതുടങ്ങുമ്പോള്‍ നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നതുകൊണ്ട് നിങ്ങള്‍ തല ഉയര്‍ത്തി നിവര്‍ന്നു നില്‌ക്കുക.” യേശു അവരോട് ഒരു ദൃഷ്ടാന്തവും പറഞ്ഞു: “അത്തി തുടങ്ങിയ എല്ലാ വൃക്ഷങ്ങളെയും നോക്കുക; അവ തളിര്‍ക്കുന്നതു കാണുമ്പോള്‍ വേനല്‍ക്കാലം സമീപിച്ചിരിക്കുന്നുവെന്നു നിങ്ങള്‍ മനസ്സിലാക്കുന്നു. അതുപോലെ ഇവയെല്ലാം സംഭവിക്കുന്നതു കാണുമ്പോള്‍ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുക. “ഈ തലമുറ നീങ്ങിപ്പോകുന്നതിനു മുമ്പുതന്നെ ഇവയെല്ലാം സംഭവിക്കുമെന്നു ഞാന്‍ ഉറപ്പിച്ചുപറയുന്നു. ആകാശവും ഭൂമിയും നീങ്ങിപ്പോകും; പക്ഷേ എന്‍റെ വാക്കുകള്‍ ഒരിക്കലും നീങ്ങിപ്പോകുകയില്ല. “നിങ്ങള്‍ ജാഗരൂകരായിരിക്കുക! നിങ്ങളുടെ ഹൃദയം അമിതഭക്ഷണത്തിലും മദ്യപാനത്തിലും ഐഹിക ജീവിതചിന്താഭാരത്തിലും മുഴുകിപ്പോകരുത്; ആ ദിവസം അപ്രതീക്ഷിതമായി വന്നുചേരുമെന്ന് ഓര്‍ത്തുകൊള്ളുക. ഭൂമുഖത്തുള്ള സകല മനുഷ്യരുടെയുംമേല്‍ ആ ദിവസം ഒരു കെണിപോലെ വരും. വരാന്‍പോകുന്ന ഈ സംഭവങ്ങളില്‍നിന്നെല്ലാം രക്ഷപെടുന്നതിനും മനുഷ്യപുത്രന്‍റെ മുമ്പില്‍ നില്‌ക്കുന്നതിനും പ്രാപ്തരായിത്തീരുന്നതിന് നിങ്ങള്‍ എപ്പോഴും പ്രാര്‍ഥനാപൂര്‍വം ജാഗ്രതയുള്ളവരായിരിക്കുക.” യേശു പകല്‍തോറും ദേവാലയത്തില്‍ ജനങ്ങളെ പഠിപ്പിക്കുകയും രാത്രി ഒലിവുമലയില്‍ കഴിയുകയും ചെയ്തുപോന്നു. ജനമെല്ലാം അവിടുത്തെ പ്രബോധനം കേള്‍ക്കുവാന്‍ അതിരാവിലെ ദേവാലയത്തില്‍ എത്തുമായിരുന്നു. പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവം സമീപിച്ചു. മുഖ്യ പുരോഹിതന്മാരും മതപണ്ഡിതന്മാരും പൊതുജനങ്ങളെ ഭയപ്പെട്ടിരുന്നതുകൊണ്ട് യേശുവിന്‍റെ കഥകഴിക്കേണ്ടത് എങ്ങനെയെന്ന് ആരാഞ്ഞുകൊണ്ടിരുന്നു. പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായ യൂദാസ് ഈസ്കരിയോത്തില്‍ സാത്താന്‍ പ്രവേശിച്ചു. അയാള്‍ പോയി പുരോഹിതമുഖ്യന്മാരോടും ദേവാലയത്തിലെ പടത്തലവന്മാരോടും യേശുവിനെ അവര്‍ക്ക് ഒറ്റിക്കൊടുക്കുവാനുള്ള ഉപായത്തെക്കുറിച്ച് കൂടിയാലോചന നടത്തി. അവര്‍ സന്തോഷഭരിതരായി, അയാള്‍ക്കു പണം കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു. യൂദാസ് അവര്‍ക്കു വാക്കുകൊടുക്കുകയും ചെയ്തു. ആളുകള്‍ കൂടെയില്ലാത്ത അവസരത്തില്‍ യേശുവിനെ ഒറ്റിക്കൊടുക്കുവാന്‍ അയാള്‍ തക്കം അന്വേഷിച്ചുകൊണ്ടിരുന്നു. പെസഹാകുഞ്ഞാടിനെ ബലികഴിക്കേണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍ വന്നുചേര്‍ന്നു. “നിങ്ങള്‍ പോയി നമുക്കു ഭക്ഷിക്കുവാനുള്ള പെസഹ ഒരുക്കുക” എന്നു പറഞ്ഞ് യേശു പത്രോസിനെയും യോഹന്നാനെയും അയച്ചു. “ഞങ്ങള്‍ എവിടെ പെസഹ ഒരുക്കണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?” എന്ന് അവര്‍ ചോദിച്ചു. യേശു അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങള്‍ നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ ഒരു കുടത്തില്‍ വെള്ളം ചുമന്നുകൊണ്ടു വരുന്ന ഒരാള്‍ നിങ്ങളെ കണ്ടുമുട്ടും. അയാളെ അനുഗമിച്ച് അയാള്‍ പ്രവേശിക്കുന്ന വീട്ടില്‍ ചെന്ന് ‘എന്‍റെ ശിഷ്യന്മാരോടുകൂടി പെസഹ കഴിക്കുന്നതിനുള്ള ഭോജനശാല എവിടെ എന്നു ഗുരു ചോദിക്കുന്നു’ എന്ന് ആ ഗൃഹനാഥനോടു പറയണം. വിരിച്ചൊരുക്കിയ വിശാലമായ ഒരു മാളികമുറി അയാള്‍ കാണിച്ചുതരും; അവിടെ നിങ്ങള്‍ ഒരുക്കുക.” അവര്‍ പോയി യേശു തങ്ങളോടു പറഞ്ഞപ്രകാരം കണ്ടു പെസഹ ഒരുക്കി. സമയമായപ്പോള്‍ യേശു ഭക്ഷണം കഴിക്കാനിരുന്നു. അവിടുത്തോടൊപ്പം അപ്പോസ്തോലന്മാരും ഇരുന്നു. അവിടുന്ന് അവരോട് അരുള്‍ചെയ്തു: “എന്‍റെ പീഡാനുഭവത്തിനുമുമ്പ് നിങ്ങളോടുകൂടി ഈ പെസഹ ഭക്ഷിക്കുവാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. ദൈവരാജ്യത്തില്‍ ഇതിന്‍റെ പൂര്‍ത്തീകരണം ഉണ്ടാകുന്നതുവരെ ഇനിമേല്‍ ഞാന്‍ ഇതു ഭക്ഷിക്കുകയില്ല എന്നു നിങ്ങളോടു പറയുന്നു.” അനന്തരം അവിടുന്നു പാനപാത്രമെടുത്തു സ്തോത്രം ചെയ്തശേഷം “ഇതെടുത്തു നിങ്ങള്‍ അന്യോന്യം പങ്കിടുക; ദൈവരാജ്യം വരുന്നതുവരെ ഇനിമേല്‍ മുന്തിരിയുടെ ഫലത്തില്‍നിന്ന് ഞാന്‍ പാനം ചെയ്യുകയില്ല” എന്നു പറഞ്ഞു. പിന്നീട് അപ്പം എടുത്തു സ്തോത്രം ചെയ്തു മുറിച്ച് അവര്‍ക്കു കൊടുത്തുകൊണ്ട് പറഞ്ഞു: “ഇതു നിങ്ങള്‍ക്കുവേണ്ടി നല്‌കപ്പെടുന്ന എന്‍റെ ശരീരം; എന്‍റെ ഓര്‍മയ്‍ക്കായി ഇത് അനുഷ്ഠിക്കുക!” അങ്ങനെതന്നെ അത്താഴം കഴിഞ്ഞു പാനപാത്രം എടുത്തു കൊടുത്തുകൊണ്ട് അരുള്‍ചെയ്തു: “ഈ പാനപാത്രം നിങ്ങള്‍ക്കുവേണ്ടി ചൊരിയുന്ന എന്‍റെ രക്തത്താല്‍ ഉറപ്പിക്കപ്പെടുന്ന ദൈവത്തിന്‍റെ പുതിയ ഉടമ്പടിയാകുന്നു.” “എന്നാല്‍ എന്നെ ഒറ്റിക്കൊടുക്കുന്നവന്‍ എന്നോടുകൂടി ഈ മേശയ്‍ക്കരികില്‍ത്തന്നെ ഉണ്ട്. ദൈവം നിശ്ചയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രന്‍ കടന്നുപോകുന്നു; പക്ഷേ, അവനെ ഒറ്റിക്കൊടുക്കുന്ന ആ മനുഷ്യന് ഹാ കഷ്ടം.” അപ്പോള്‍ തങ്ങളില്‍ ആരായിരിക്കും ഇതു ചെയ്യുവാന്‍ പോകുന്നതെന്ന് അവര്‍ അന്യോന്യം ചോദിച്ചുതുടങ്ങി. തങ്ങളില്‍ ആരെയാണ് ഏറ്റവും ശ്രേഷ്ഠനായി കരുതേണ്ടത് എന്നതിനെച്ചൊല്ലി ശിഷ്യന്മാരുടെ ഇടയില്‍ ഒരു തര്‍ക്കമുണ്ടായി; യേശു അവരോടു പറഞ്ഞു: “വിജാതീയരുടെ രാജാക്കന്മാര്‍ അവരുടെമേല്‍ ആധിപത്യം പുലര്‍ത്തുന്നു; അധികാരികള്‍ ‘അന്നദാതാക്കള്‍’ എന്നു വിളിക്കപ്പെടുകയും ചെയ്യുന്നു; നിങ്ങളാകട്ടെ അങ്ങനെ അല്ല; നിങ്ങളില്‍ ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനെപ്പോലെയും അധികാരി പരിചാരകനെപ്പോലെയും ആയിത്തീരട്ടെ. ഭക്ഷണത്തിനിരിക്കുന്നവനോ, പരിചാരകനോ, ആരാണു വലിയവന്‍? ഭക്ഷണത്തിനിരിക്കുന്നവനല്ലേ? ഞാന്‍ നിങ്ങളുടെ ഇടയില്‍ ഒരു പരിചാരകനെപ്പോലെയാണല്ലോ വര്‍ത്തിച്ചിട്ടുള്ളത്. എനിക്കുണ്ടായ പരിശോധനകളില്‍ എന്നോടുകൂടി സുസ്ഥിരമായി നിന്നവരാണു നിങ്ങള്‍; എന്‍റെ പിതാവു രാജ്യത്തിന്‍റെ അധികാരം നല്‌കി എന്നെ നിയമിച്ചതുപോലെ ഞാന്‍ നിങ്ങളെയും നിയമിക്കുന്നു. നിങ്ങള്‍ എന്‍റെ രാജ്യത്തില്‍ എന്നോടൊന്നിച്ചു ഭക്ഷിക്കുകയും പാനം ചെയ്യുകയും പന്ത്രണ്ട് ഇസ്രായേല്‍ ഗോത്രങ്ങളുടെ ന്യായാധിപന്മാരായി സിംഹാസനങ്ങളില്‍ ഇരിക്കുകയും ചെയ്യും. “ശിമോനേ, ശിമോനേ, നിങ്ങളെ എല്ലാവരെയും കോതമ്പുപോലെ പാറ്റിക്കൊഴിക്കാന്‍ സാത്താന്‍ അനുവാദം ചോദിച്ചു. എന്നാല്‍ നിന്‍റെ വിശ്വാസം ക്ഷയിക്കാതിരിക്കുന്നതിനുവേണ്ടി ഞാന്‍ പ്രാര്‍ഥിച്ചു; നീ എന്നിലുള്ള വിശ്വാസത്തിലേക്കു തിരിഞ്ഞശേഷം സഹോദരന്മാരെ ഉറപ്പിക്കണം.” പത്രോസ് ഇതിനു മറുപടിയായി പറഞ്ഞു: “കര്‍ത്താവേ, അങ്ങയുടെകൂടെ കാരാഗൃഹത്തില്‍ പോകുന്നതിനും മരിക്കുന്നതിനുതന്നെയും ഞാന്‍ സന്നദ്ധനാണ്.” അപ്പോള്‍ യേശു അരുള്‍ചെയ്തു: “പത്രോസേ, നീ എന്നെ അറിയുകയില്ലെന്നു മൂന്നുവട്ടം തള്ളിപ്പറയുന്നതിനുമുമ്പ് ഈ രാത്രി കോഴി കൂവുകയില്ല എന്നു ഞാന്‍ പറയുന്നു.” പിന്നീട് അവിടുന്ന് അവരോട് ഇങ്ങനെ ചോദിച്ചു: “പണസഞ്ചിയും ഭാണ്ഡവും ചെരുപ്പുമില്ലാതെ ഞാന്‍ നിങ്ങളെ അയച്ചിട്ടു നിങ്ങള്‍ക്കു വല്ല കുറവുമുണ്ടായോ? “ഇല്ല,” എന്ന് അവര്‍ പറഞ്ഞു. “എന്നാല്‍ ഇപ്പോള്‍ പണസഞ്ചിയുള്ളവന്‍ അതെടുക്കട്ടെ; അതുപോലെതന്നെ ഭാണ്ഡമുള്ളവനും. വാള്‍ ഇല്ലാത്തവന്‍ തന്‍റെ പുറങ്കുപ്പായം വിറ്റിട്ടെങ്കിലും അതു വാങ്ങട്ടെ. ‘അവന്‍ അധര്‍മികളുടെ കൂട്ടത്തില്‍ എണ്ണപ്പെട്ടു’ എന്ന് എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്ന വേദലിഖിതം സത്യമാകണം എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു.” “കര്‍ത്താവേ, ഇവിടെ രണ്ടു വാളുണ്ട്” എന്ന് അവര്‍ പറഞ്ഞു. “അതു മതി” എന്ന് യേശു പ്രതിവചിച്ചു. പതിവുപോലെ യേശു ഒലിവുമലയിലേക്കു പോയി. ശിഷ്യന്മാരും അവിടുത്തെ അനുഗമിച്ചു, അവിടെ എത്തിയപ്പോള്‍ യേശു അവരോട് അരുള്‍ചെയ്തു: “പരീക്ഷണത്തില്‍ വീണു പോകാതിരിക്കുവാന്‍ പ്രാര്‍ഥിക്കുക.” പിന്നീട് അവരില്‍നിന്ന് ഒരു കല്ലേറു ദൂരെ മാറി മുട്ടുകുത്തി അവിടുന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു: “പിതാവേ, തിരുവിഷ്ടമെങ്കില്‍ എന്നില്‍നിന്ന് ഈ പാനപാത്രം നീക്കണമേ; എങ്കിലും എന്‍റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടംതന്നെ പൂര്‍ത്തിയാവട്ടെ.” തത്സമയം അവിടുത്തെ ശക്തിപ്പെടുത്തുവാന്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു മാലാഖ പ്രത്യക്ഷനായി. യേശു പ്രാണവേദനയിലായി; കൂടുതല്‍ വികാരതീക്ഷ്ണതയോടുകൂടി അവിടുന്നു പ്രാര്‍ഥിച്ചു. അവിടുത്തെ വിയര്‍പ്പു കനത്ത രക്തത്തുള്ളികള്‍ കണക്കേ നിലത്ത് ഇറ്റിറ്റു വീണു. പ്രാര്‍ഥന കഴിഞ്ഞ് അവിടുന്ന് എഴുന്നേറ്റ് ശിഷ്യന്മാരുടെ അടുക്കലേക്കു ചെന്നു. ശിഷ്യന്മാര്‍ ദുഃഖംകൊണ്ടു തളര്‍ന്നു കിടന്ന് ഉറങ്ങുന്നതായി യേശു കണ്ടു. യേശു അവരോട്’: “നിങ്ങള്‍ ഉറങ്ങുന്നത് എന്തുകൊണ്ട്? പരീക്ഷണത്തില്‍ വീണുപോകാതിരിക്കുവാന്‍ ഉണര്‍ന്നെഴുന്നേറ്റു പ്രാര്‍ഥിക്കുക” എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഒരു ജനസഞ്ചയം അവിടെയെത്തി. പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായ യൂദാസാണ് അവരെ നയിച്ചിരുന്നത്. യൂദാസ് യേശുവിനെ ചുംബിക്കുവാന്‍ അടുത്തുചെന്നു. അവിടുന്നു ചോദിച്ചു: “യൂദാസേ, ചുംബനം കൊണ്ടാണോ നീ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്?” എന്താണു സംഭവിക്കുവാന്‍ പോകുന്നതെന്ന് യേശുവിന്‍റെ കൂടെയുണ്ടായിരുന്നവര്‍ മനസ്സിലാക്കിക്കൊണ്ട്: “കര്‍ത്താവേ, ഞങ്ങള്‍ വാളെടുത്തു വെട്ടട്ടെയോ?” എന്നു ചോദിച്ചു. അവരിലൊരാള്‍ മഹാപുരോഹിതന്‍റെ ഭൃത്യനെ വെട്ടി അവന്‍റെ വലത്തുകാതു ഛേദിച്ചുകളഞ്ഞു. ‘നിറുത്തൂ! അതു പാടില്ല; അവരുടെ ഇഷ്ടം നടക്കട്ടെ” എന്നു പറഞ്ഞുകൊണ്ട് ആ ഭൃത്യന്‍റെ കാത് യേശു തൊട്ടു സുഖപ്പെടുത്തി. തനിക്കെതിരെ വന്ന പുരോഹിതമുഖ്യന്മാരോടും ദേവാലയത്തിലെ കാവല്‍പ്പടയുടെ തലവന്മാരോടും ജനപ്രമാണിമാരോടും യേശു ചോദിച്ചു: “ഒരു കൊള്ളക്കാരനെ പിടിക്കുവാനെന്നപോലെ, നിങ്ങള്‍ വാളും വടിയുമായി എന്‍റെ അടുക്കല്‍ വന്നിരിക്കുകയാണോ? നിങ്ങളോടുകൂടി ദിനംതോറും ഞാന്‍ ദേവാലയത്തില്‍ ഉണ്ടായിരുന്നിട്ടും നിങ്ങള്‍ എന്നെ പിടിച്ചില്ല. ഇരുളിന്‍റെ അധികാരം നടമാടുന്ന ഈ സമയം നിങ്ങള്‍ക്കു പ്രവര്‍ത്തിക്കുവാനുള്ള അവസരമാണ്.” അവര്‍ യേശുവിനെ ബന്ധനസ്ഥനാക്കി മഹാപുരോഹിതന്‍റെ വസതിയിലേക്കു കൊണ്ടുപോയി. പത്രോസ് കുറെ അകലെ മാറി പിന്നാലെ ചെന്നു. കുറെപേര്‍ നടുമുറ്റത്തു തീ കാഞ്ഞുകൊണ്ടിരുന്നു. പത്രോസും ചെന്ന് അവരുടെ ഇടയില്‍ ഇരുന്നു. അദ്ദേഹം ഇരിക്കുന്നത് തീയുടെ വെളിച്ചത്തില്‍ ഒരു പരിചാരിക കണ്ടു. അവള്‍ പത്രോസിനെ സൂക്ഷിച്ചു നോക്കിക്കൊണ്ട് “ഇയാളും യേശുവിന്‍റെ കൂടെയുണ്ടായിരുന്ന ആളാണല്ലോ” എന്നു പറഞ്ഞു. “ഹേ, സ്‍ത്രീയേ; എനിക്ക് അദ്ദേഹത്തെ അറിഞ്ഞുകൂടാ” എന്നു പത്രോസ് തള്ളിപ്പറഞ്ഞു. കുറെ കഴിഞ്ഞു മറ്റൊരാള്‍ പത്രോസിനെ കണ്ടു. “നിങ്ങളും യേശുവിന്‍റെ കൂടെയുണ്ടായിരുന്നവരില്‍ ഒരാളാണല്ലോ” എന്നു പറഞ്ഞു. “ഹേ, മനുഷ്യാ; അതു ഞാനല്ല” എന്നു പത്രോസ് പറഞ്ഞു. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വേറൊരാള്‍ തറപ്പിച്ചു പറഞ്ഞു: “ഈ മനുഷ്യന്‍ തീര്‍ച്ചയായും അയാളുടെ ശിഷ്യന്മാരില്‍ ഒരാള്‍ തന്നേ! ഇയാളും ഗലീലക്കാരനാണല്ലോ.” അപ്പോള്‍ പത്രോസ്, “ഹേ മനുഷ്യാ, താങ്കള്‍ പറയുന്നത് എന്തെന്നു എനിക്കു മനസ്സിലാകുന്നില്ല!” എന്നു പറഞ്ഞു. [61,62] ഇങ്ങനെ പറയുമ്പോള്‍ത്തന്നെ കോഴി കൂകി. അപ്പോള്‍ യേശു തിരിഞ്ഞു പത്രോസിനെ സൂക്ഷിച്ചുനോക്കി. “ഇന്നു കോഴി കൂകുന്നതിനു മുമ്പ് നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയും” എന്ന അവിടുത്തെ വാക്കുകള്‍ ഓര്‍ത്ത് പത്രോസ് പുറത്തുപോയി തീവ്രമായ ദുഃഖത്തോടുകൂടി കരഞ്ഞു. *** [63-65] യേശുവിനെ ബന്ധനസ്ഥനാക്കിയവര്‍ അവിടുത്തെ കണ്ണുകള്‍ മൂടിക്കെട്ടി. അവര്‍ അവിടുത്തെ അടിക്കുകയും പരിഹസിക്കുകയും ചെയ്തു. “നിന്നെ അടിച്ചതു ആരെന്നു പറയുക; നീ പ്രവാചകനാണല്ലോ” എന്നും മറ്റും പറഞ്ഞ് അവര്‍ യേശുവിനെ അവഹേളിച്ചുകൊണ്ടിരുന്നു. *** *** പുലര്‍ച്ചയായപ്പോള്‍ ജനപ്രമാണിമാരും പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും ഒരുമിച്ചുകൂടി; യേശുവിനെ സന്നദ്രിം എന്ന ന്യായാധിപസംഘത്തിന്‍റെ മുമ്പില്‍ ഹാജരാക്കി. അവര്‍ യേശുവിനോടു: “താങ്കള്‍ ക്രിസ്തു ആണെങ്കില്‍ അതു ഞങ്ങളോടു പറയുക” എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ യേശു അവരോടു പറഞ്ഞു: “ഞാന്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ല; ഞാന്‍ എന്തെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ ഉത്തരം പറയുകയുമില്ല. ഇനിമേല്‍ മനുഷ്യപുത്രന്‍ ദൈവത്തിന്‍റെ വലത്തുഭാഗത്തിരിക്കും.” അപ്പോള്‍ അവരെല്ലാവരും ചോദിച്ചു: “താങ്കള്‍ ദൈവപുത്രനാകുന്നു എന്നാണോ അതിന്‍റെ അര്‍ഥം?” യേശു പ്രതിവചിച്ചു: “ഞാനാകുന്നു എന്ന് നിങ്ങള്‍ പറയുന്നു.” ഉടനെ അവര്‍ “ഇനി സാക്ഷ്യമൊന്നും നമുക്കാവശ്യമില്ലല്ലോ! ഇവന്‍റെ വായില്‍നിന്നുതന്നെ നാം അതു കേട്ടു കഴിഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു. അനന്തരം അവരെല്ലാവരുംകൂടി യേശുവിനെ പീലാത്തോസിന്‍റെ മുമ്പില്‍ ഹാജരാക്കി. “ഇയാള്‍ ഞങ്ങളുടെ ജനങ്ങളെ വഴിതെറ്റിക്കുന്നതായി ഞങ്ങള്‍ക്കു ബോധ്യമായിരിക്കുന്നു; ക്രിസ്തു എന്ന രാജാവ് താനാണെന്നു പറഞ്ഞുകൊണ്ട് കൈസര്‍ക്കു കരം കൊടുക്കുന്നത് ഇയാള്‍ വിലക്കുകയും ചെയ്യുന്നു” എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ അവര്‍ യേശുവിനെതിരെ ഉന്നയിക്കുവാന്‍ തുടങ്ങി. പീലാത്തോസ് യേശുവിനോട്, “താങ്കള്‍ യെഹൂദന്മാരുടെ രാജാവു തന്നെയോ?” എന്നു ചോദിച്ചു. അതിന് യേശു “അങ്ങ് അങ്ങനെ പറയുന്നു” എന്ന് ഉത്തരം പറഞ്ഞു. പീലാത്തോസ് പുരോഹിതമുഖ്യന്മാരോടും ജനസഞ്ചയത്തോടും പറഞ്ഞു: “ഈ മനുഷ്യനില്‍ ഞാന്‍ കുറ്റമൊന്നും കാണുന്നില്ല.” അപ്പോള്‍ അവര്‍ തറപ്പിച്ചു പറഞ്ഞു: “ഇയാള്‍ ഗലീലതൊട്ട് ഇവിടംവരെയും യെഹൂദ്യയിലെല്ലായിടത്തും ജനങ്ങളെ ഉപദേശിച്ചു പ്രക്ഷോഭമുണ്ടാക്കുന്നു.” ഇതുകേട്ടപ്പോള്‍ “ഇയാള്‍ ഗലീലക്കാരനാണോ?” എന്നു പീലാത്തോസ് ചോദിച്ചു. ഹേരോദായുടെ അധികാരാതിര്‍ത്തിക്കുള്ളിലുള്ള ആളാണെന്നു മനസ്സിലാക്കിയപ്പോള്‍ പീലാത്തോസ് യേശുവിനെ അദ്ദേഹത്തിന്‍റെ അടുക്കലേക്കയച്ചു. ഹേരോദാ ആ സമയത്ത് യെരൂശലേമിലുണ്ടായിരുന്നു. യേശുവിനെ കണ്ടപ്പോള്‍ അദ്ദേഹം അത്യന്തം സന്തോഷിച്ചു. യേശുവിനെക്കുറിച്ചു കേട്ടിരുന്നതിനാല്‍ നേരിട്ടു കാണാന്‍ വളരെ നാളുകളായി ഹേരോദാ ആഗ്രഹിച്ചിരിക്കുകയായിരുന്നു. യേശു എന്തെങ്കിലും അദ്ഭുതം പ്രവര്‍ത്തിക്കുന്നതു കാണാമെന്നും അദ്ദേഹം ആശിച്ചിരുന്നു. ഹേരോദാ ഒട്ടേറേ കാര്യങ്ങള്‍ യേശുവിനോടു ചോദിച്ചു. പക്ഷേ, അവിടുന്ന് ഒരു മറുപടിയും പറഞ്ഞില്ല. പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും മുമ്പോട്ടുവന്ന് യേശുവിനെതിരെ ഉഗ്രമായ കുറ്റാരോപണം നടത്തി. ഹേരോദായും പടയാളികളും വളരെ നിന്ദ്യമായി അവിടുത്തോട് പെരുമാറുകയും അവിടുത്തെ പരിഹസിക്കുകയും ചെയ്തു. അനന്തരം അവിടുത്തെ പുച്ഛിച്ച്, പകിട്ടേറിയ വസ്ത്രം ധരിപ്പിച്ച് പീലാത്തോസിന്‍റെ അടുക്കലേക്കു തിരിച്ചയച്ചു. പീലാത്തോസും ഹേരോദായും അതുവരെ ശത്രുതയിലാണു കഴിഞ്ഞിരുന്നത്. എന്നാല്‍ അന്നുമുതല്‍ അവര്‍ മിത്രങ്ങളായിത്തീര്‍ന്നു. പീലാത്തോസ് പുരോഹിതമുഖ്യന്മാരെയും ജനപ്രമാണിമാരെയും പൊതുജനങ്ങളെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “ജനങ്ങളെ വഴിതെറ്റിക്കുന്നു എന്ന കുറ്റം ആരോപിച്ചുകൊണ്ടാണല്ലോ ഈ മനുഷ്യനെ നിങ്ങള്‍ എന്‍റെ അടുക്കല്‍ കൊണ്ടുവന്നത്; നിങ്ങളുടെ മുമ്പില്‍വച്ച് ഞാന്‍ ഇയാളെ വിസ്തരിക്കുകയും ചെയ്തു. പക്ഷേ, ഈ മനുഷ്യനെതിരെ നിങ്ങളാരോപിച്ച കുറ്റമൊന്നും ഞാന്‍ കണ്ടില്ല: ഹേരോദായും കണ്ടില്ല. അതുകൊണ്ടാണല്ലോ അദ്ദേഹം ഇയാളെ നമ്മുടെ അടുക്കലേക്കു തിരിച്ചയച്ചത്. വധശിക്ഷയ്‍ക്ക് അര്‍ഹമായ യാതൊന്നും ഇയാള്‍ ചെയ്തിട്ടില്ല. അതുകൊണ്ട് ഇയാളെ ചാട്ടവാറുകൊണ്ട് അടിപ്പിച്ചശേഷം ഞാന്‍ വിട്ടയയ്‍ക്കും.” ഉത്സവസമയത്ത് ഒരു തടവുകാരനെ മോചിപ്പിക്കുക അന്നു പതിവായിരുന്നു. എന്നാല്‍ ജനം ഒന്നടങ്കം വിളിച്ചു പറഞ്ഞു: “ഇവനെ കൊന്നുകളയുക! ബറബ്ബാസിനെ ഞങ്ങള്‍ക്കു വിട്ടുതരിക!” ബറബ്ബാസാകട്ടെ നഗരത്തില്‍ നടന്ന ഒരു കലാപത്തിന്‍റെയും കൊലപാതകത്തിന്‍റെയും പേരില്‍ തടവിലാക്കപ്പെട്ടിരുന്ന ആളായിരുന്നു. യേശുവിനെ വിട്ടയയ്‍ക്കണമെന്നാഗ്രഹിച്ചുകൊണ്ട് പീലാത്തോസ് വീണ്ടും അവരെ വിളിച്ചു സംസാരിച്ചു. ജനസഞ്ചയമാകട്ടെ, “ക്രൂശിക്കുക! അവനെ ക്രൂശിക്കുക!” എന്ന് അട്ടഹസിച്ചു. മൂന്നാം പ്രാവശ്യം പീലാത്തോസ് അവരോടു ചോദിച്ചു: “എന്തിന്? ഇയാള്‍ എന്തു തെറ്റാണ് ചെയ്തത്? വധശിക്ഷയ്‍ക്ക് അര്‍ഹമായ കുറ്റമൊന്നും ഈ മനുഷ്യനില്‍ ഞാന്‍ കണ്ടില്ല; അതുകൊണ്ട് ഇയാളെ ചാട്ടവാറുകൊണ്ട് അടിപ്പിച്ചശേഷം ഞാന്‍ വിട്ടയയ്‍ക്കും.” എന്നാല്‍ യേശുവിനെ ക്രൂശിക്കണമെന്ന് അവര്‍ തുടരെ അട്ടഹസിച്ചുകൊണ്ടു നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടു. അവസാനം അവരുടെ അട്ടഹാസം വിജയിച്ചു. അവര്‍ ആവശ്യപ്പെട്ടതുപോലെ തന്നെ പീലാത്തോസ് വിധിച്ചു. കലാപം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്കു തുറങ്കിലടയ്‍ക്കപ്പെട്ടിരുന്ന ബറബ്ബാസിനെ അവര്‍ ആവശ്യപ്പെട്ടപ്രകാരം മോചിപ്പിക്കുകയും യേശുവിനെ അവരുടെ ഇഷ്ടത്തിന് ഏല്പിച്ചു കൊടുക്കുകയും ചെയ്തു. യേശുവിനെ ക്രൂശില്‍ തറയ്‍ക്കുവാന്‍ കൊണ്ടുപോകുമ്പോള്‍ കുറേനക്കാരനായ ശിമോന്‍ കൃഷിസ്ഥലത്തുനിന്നു വരികയായിരുന്നു. അവര്‍ അയാളെ തടഞ്ഞു നിറുത്തി കുരിശു ചുമന്നുകൊണ്ടു യേശുവിന്‍റെ പിന്നാലേ പോകുന്നതിന് അത് അയാളുടെ ചുമലില്‍ വച്ചുകൊടുത്തു. ഒരു വലിയ ജനാവലി യേശുവിനെ അനുഗമിച്ചിരുന്നു. അവിടുത്തേക്കുറിച്ചു വിലപിക്കുകയും പൊട്ടിക്കരയുകയും ചെയ്യുന്ന സ്‍ത്രീകളും അക്കൂട്ടത്തിലുണ്ടായിരുന്നു. യേശു തിരിഞ്ഞ് അവരോടു പറഞ്ഞു: “യെരൂശലേമിലെ വനിതകളേ, എന്നെച്ചൊല്ലി നിങ്ങള്‍ കരയേണ്ടതില്ല; നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലിക്കരയുക. എന്തെന്നാല്‍ വന്ധ്യകളും പ്രസവിച്ചിട്ടില്ലാത്ത സ്‍ത്രീകളും പിഞ്ചുകുഞ്ഞുങ്ങളില്ലാത്ത മാതാക്കളും ഭാഗ്യവതികള്‍ എന്നു പറയേണ്ടിവരുന്ന ദിവസങ്ങള്‍ വരുന്നു! പര്‍വതങ്ങളോടു ‘ഞങ്ങളുടെമേല്‍ വീഴുക’ എന്നും മലകളോടു ‘ഞങ്ങളെ മൂടുക’ എന്നും അന്ന് അവര്‍ പറഞ്ഞുതുടങ്ങും. പച്ചമരത്തോട് ഇങ്ങനെ അവര്‍ ചെയ്യുന്നെങ്കില്‍ ഉണങ്ങിയതിന് എന്താണു സംഭവിക്കാതിരിക്കുക.” രണ്ടു കുറ്റവാളികളെക്കൂടി യേശുവിനോടൊപ്പം വധിക്കുവാന്‍ അവര്‍ കൊണ്ടുപോയി. തലയോട് എന്നു പേരുള്ള സ്ഥലത്ത് അവര്‍ എത്തി. അവിടെ യേശുവിനെയും അവിടുത്തെ ഇടത്തും വലത്തും ആ കുറ്റവാളികളെയും അവര്‍ കുരിശില്‍ തറച്ചു. യേശു ഇങ്ങനെ പ്രാര്‍ഥിച്ചു: “പിതാവേ, ഇവരോടു ക്ഷമിക്കണമേ; ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ലല്ലോ!” പിന്നീട് യേശുവിന്‍റെ വസ്ത്രം പങ്കിടുന്നതിനുവേണ്ടി അവര്‍ ചീട്ടിട്ടു. ജനം ഇതെല്ലാം നോക്കിക്കൊണ്ട് അടുത്തുനിന്നു. യെഹൂദന്മാര്‍ അവിടുത്തെ പരിഹസിച്ചുകൊണ്ടു പറഞ്ഞു: “ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു ആണെങ്കില്‍ ഇവന്‍ സ്വയം രക്ഷപെടട്ടെ” പടയാളികളും യേശുവിനെ പരിഹസിച്ചു; അവര്‍ അടുത്ത ചെന്നു പുളിച്ച വീഞ്ഞു നീട്ടിക്കൊടുത്തുകൊണ്ട് “നീ യെഹൂദന്മാരുടെ രാജാവാണെങ്കില്‍ നിന്നെത്തന്നെ രക്ഷപെടുത്തുക” എന്നു പറഞ്ഞു. ‘ഇവന്‍ യെഹൂദന്മാരുടെ രാജാവ്’ എന്ന് എഴുതി കുരിശിന്‍റെ മുകളില്‍ വച്ചിരുന്നു. കുരിശില്‍ തറയ്‍ക്കപ്പെട്ട കുറ്റവാളികളില്‍ ഒരാള്‍ യേശുവിനെ അവഹേളിച്ചുകൊണ്ടു പറഞ്ഞു: “താങ്കള്‍ ക്രിസ്തുവല്ലേ? താങ്കളെത്തന്നെയും ഞങ്ങളെയും രക്ഷിക്കുക.” എന്നാല്‍ മറ്റേ കുറ്റവാളി അയാളെ ശകാരിച്ചു: “തുല്യശിക്ഷയ്‍ക്കു വിധേയനായിട്ടും നിനക്കു ദൈവത്തെ ഭയമില്ലേ? നമ്മുടെ ശിക്ഷ തികച്ചും ന്യായമായിട്ടുള്ളതത്രേ. നമ്മുടെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലമാണു ലഭിച്ചിരിക്കുന്നത്. ഇദ്ദേഹമാകട്ടെ, ഒരു തെറ്റും ചെയ്തിട്ടില്ല.” പിന്നീട് അയാള്‍ പറഞ്ഞു: “യേശുവേ, അവിടുന്നു രാജത്വം പ്രാപിക്കുമ്പോള്‍ എന്നെയും ഓര്‍ത്തുകൊള്ളണമേ.” യേശു അയാളോട് “നീ ഇന്ന് എന്നോടുകൂടി പറുദീസയില്‍ ഉണ്ടായിരിക്കും എന്നു ഞാന്‍ നിന്നോടു പറയുന്നു” എന്ന് അരുളിച്ചെയ്തു. അപ്പോള്‍ ഏകദേശം പന്ത്രണ്ടുമണി ആയിരുന്നു. അതുമുതല്‍ മൂന്നുമണിവരെ ദേശം ആകമാനം അന്ധകാരത്തിലാണ്ടു പോയി. സൂര്യന്‍റെ പ്രകാശം നിലച്ചു. ദേവാലയത്തിലെ തിരശ്ശീല നടുവേ കീറിപ്പോയി. “പിതാവേ തൃക്കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു” എന്ന് ഉച്ച ശബ്ദത്തില്‍ പറഞ്ഞുകൊണ്ട് യേശു പ്രാണന്‍ വെടിഞ്ഞു. ഈ സംഭവം കണ്ടുനിന്ന ശതാധിപന്‍ അതില്‍ ദൈവത്തിന്‍റെ മഹത്ത്വം ദര്‍ശിച്ചിട്ടു സ്തോത്രം ചെയ്തു. “നിശ്ചയമായും ഈ മനുഷ്യന്‍ നീതിമാന്‍ ആയിരുന്നു” എന്ന് അയാള്‍ പറഞ്ഞു. കാഴ്ചക്കാരായി വന്നുകൂടിയ ജനങ്ങള്‍ ഈ സംഭവങ്ങളെല്ലാം കണ്ടപ്പോള്‍ മാറത്തടിച്ചു നിലവിളിച്ചുകൊണ്ടു മടങ്ങിപ്പോയി. യേശുവിനെ നേരിട്ടറിയാവുന്നവരും ഗലീലയില്‍നിന്ന് അവിടുത്തെ അനുഗമിച്ച സ്‍ത്രീകളും അല്പം അകലെനിന്ന് ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്നു. [50,51] യെഹൂദ്യയിലെ അരിമത്യ എന്ന പട്ടണക്കാരനായ യോസേഫ് എന്നൊരാള്‍ അവിടെയുണ്ടായിരുന്നു. അദ്ദേഹം സന്നദ്രിംസംഘത്തിലെ അംഗമായിരുന്നെങ്കിലും യേശുവിനെ സംബന്ധിച്ച് അവര്‍ കൈക്കൊണ്ട തീരുമാനത്തെയും നടപടിയെയും അനുകൂലിച്ചിരുന്നില്ല. ഉത്തമനും ധര്‍മനിഷ്ഠനുമായ അദ്ദേഹം ദൈവരാജ്യത്തിന്‍റെ ആഗമനം പ്രതീക്ഷിച്ചുകൊണ്ടിരുന്നവരില്‍ ഒരാളായിരുന്നു. *** യോസേഫ് പീലാത്തോസിന്‍റെ അടുക്കല്‍ ചെന്ന് യേശുവിന്‍റെ മൃതശരീരം വിട്ടുകൊടുക്കണമെന്ന് അപേക്ഷിച്ചു. പിന്നീട് അദ്ദേഹം യേശുവിന്‍റെ ശരീരം താഴെയിറക്കി മൃതദേഹം പൊതിയുന്ന തുണിയില്‍ പൊതിഞ്ഞ്, പാറ തുരന്നുണ്ടാക്കിയതും അതിനു മുമ്പ് ആരെയും വച്ചിട്ടില്ലാത്തതുമായ ഒരു കല്ലറയില്‍ സംസ്കരിച്ചു. അന്ന് യെഹൂദന്മാരുടെ ഒരുക്കനാളായിരുന്നു. ശബത്തിന്‍റെ ആരംഭമായ സന്ധ്യാസമയം സമീപിച്ചുമിരുന്നു. ഗലീലയില്‍നിന്ന് യേശുവിനെ അനുഗമിച്ചിരുന്ന സ്‍ത്രീകള്‍ യോസേഫിനോടുകൂടി ചെന്ന് കല്ലറയും യേശുവിന്‍റെ മൃതദേഹം സംസ്കരിച്ച വിധവും കണ്ടു. പിന്നീട് അവര്‍ തിരിച്ചുപോയി യേശുവിന്‍റെ ശരീരത്തില്‍ പൂശുവാനുള്ള സുഗന്ധദ്രവ്യങ്ങളും പരിമളതൈലവും തയ്യാറാക്കി. ശബത്തുദിവസം യെഹൂദമതനിയമപ്രകാരം അവര്‍ വിശ്രമിച്ചു. തങ്ങള്‍ ഒരുക്കിവച്ച സുഗന്ധദ്രവ്യങ്ങളുമായി ആ സ്‍ത്രീകള്‍ ഞായറാഴ്ച അതിരാവിലെ കല്ലറയുടെ അടുക്കലെത്തി. കല്ലറയുടെ വാതില്‌ക്കല്‍ വച്ചിരുന്ന കല്ല് ഉരുട്ടി നീക്കിയിരിക്കുന്നതായി അവര്‍ കണ്ടു. അവര്‍ അകത്തുകടന്നപ്പോള്‍ കര്‍ത്താവായ യേശുവിന്‍റെ ശരീരം അവിടെ കണ്ടില്ല. അവര്‍ അമ്പരന്നു നില്‌ക്കുമ്പോള്‍ മിന്നിത്തിളങ്ങുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാര്‍ സമീപത്തു നില്‌ക്കുന്നതു കണ്ടു. ആ സ്‍ത്രീകള്‍ ഭയപരവശരായി മുഖം കുനിച്ചുനിന്നു. അപ്പോള്‍ ആ പുരുഷന്മാര്‍ അവരോടു പറഞ്ഞു: “ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയില്‍ നിങ്ങള്‍ അന്വേഷിക്കുന്നതെന്തിന്? [6,7] അവിടുന്ന് ഇവിടെയില്ല, ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. മനുഷ്യപുത്രന്‍ അധര്‍മികളുടെ കൈയില്‍ ഏല്പിക്കപ്പെടുമെന്നും അവര്‍ അവിടുത്തെ ക്രൂശിക്കുമെന്നും എന്നാല്‍ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‌ക്കുമെന്നും അവിടുന്ന് ഗലീലയില്‍വച്ചു പറഞ്ഞത് നിങ്ങള്‍ ഓര്‍മിക്കുന്നില്ലേ?” *** അപ്പോള്‍ അവിടുത്തെ വാക്കുകള്‍ അവര്‍ അനുസ്മരിച്ചു. അവര്‍ അവിടെനിന്നു തിരിച്ചുചെന്ന് പതിനൊന്നു ശിഷ്യന്മാരെയും മറ്റുള്ളവരെയും ഈ വിവരം അറിയിച്ചു. മഗ്ദലേനമറിയവും യോഹന്നയും യാക്കോബിന്‍റെ അമ്മ മറിയവും അവരുടെകൂടെ ഉണ്ടായിരുന്ന ഇതര സ്‍ത്രീകളുമാണ് അപ്പോസ്തോലന്മാരോട് ഈ വിവരങ്ങള്‍ പറഞ്ഞത്. പക്ഷേ, അവരുടെ വാക്കുകള്‍ വെറും കെട്ടുകഥയാണന്നേ അവര്‍ക്കു തോന്നിയുള്ളൂ. അത് അവര്‍ ഒട്ടും വിശ്വസിച്ചതുമില്ല. പത്രോസ് കല്ലറയുടെ അടുക്കല്‍ ഓടിച്ചെന്നു കുനിഞ്ഞുനോക്കി; അതില്‍ മൃതദേഹം പൊതിഞ്ഞിരുന്ന തുണിയല്ലാതെ മറ്റൊന്നും കണ്ടില്ല. എന്താണു സംഭവിച്ചതെന്നോര്‍ത്ത് ആശ്ചര്യഭരിതനായി അദ്ദേഹം തിരിച്ചുപോയി. അന്നുതന്നെ യേശുവിന്‍റെ അനുയായികളില്‍ രണ്ടുപേര്‍ യെരൂശലേമില്‍നിന്ന് ഏകദേശം പതിനൊന്നു കിലോമീറ്റര്‍ ദൂരമുള്ള എമ്മവൂസ് എന്ന ഗ്രാമത്തിലേക്കു പോകുകയായിരുന്നു. [14,15] യെരൂശലേമില്‍ നടന്ന സംഭവങ്ങളെക്കുറിച്ചു സംസാരിച്ചുകൊണ്ട് അവര്‍ നടന്നുപോകുമ്പോള്‍ യേശു അടുത്തുചെന്ന് അവരുടെകൂടെ നടന്നു. *** പക്ഷേ, അവിടുത്തെ തിരിച്ചറിയാന്‍ കഴിയാതവണ്ണം അവരുടെ ദര്‍ശനശക്തി നിരോധിക്കപ്പെട്ടിരുന്നു. യേശു അവരോടു ചോദിച്ചു: “നിങ്ങള്‍ നടക്കുന്നതിനിടയില്‍ പരസ്പരം പറയുന്ന കാര്യങ്ങള്‍ എന്താണ്?” അവര്‍ വിഷാദത്തില്‍ മുഴുകി നിശ്ചലരായി നിന്നു. അവരില്‍ ക്ലെയോപ്പാവ് എന്നയാള്‍ അവിടുത്തോടു ചോദിച്ചു: “ഇക്കഴിഞ്ഞ ദിവസങ്ങളില്‍ യെരൂശലേമില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് അവിടെ നിവസിക്കുന്നവരില്‍ താങ്കള്‍ക്കുമാത്രം അറിവില്ലെന്നോ?” “എന്തു സംഭവങ്ങള്‍?” യേശു വീണ്ടും ചോദിച്ചു. അവര്‍ ഉത്തരം നല്‌കി: “നസറായനായ യേശുവിനെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ തന്നെ. ദൈവത്തിന്‍റെയും മനുഷ്യരുടെയും മുമ്പില്‍ വാക്കിലും പ്രവൃത്തിയിലും അസാമാന്യമായ ശക്തിയുള്ള പ്രവാചകനായിരുന്നു യേശു. നമ്മുടെ പുരോഹിതമുഖ്യന്മാരും ജനപ്രമാണിമാരും അവിടുത്തെ വധശിക്ഷയ്‍ക്ക് ഏല്പിച്ചു കൊടുക്കുകയും കുരിശില്‍ തറച്ചുകൊല്ലുകയും ചെയ്തു. ഇസ്രായേല്‍ജനതയെ വീണ്ടെടുക്കുവാനുള്ളവന്‍ അദ്ദേഹം ആണെന്നത്രേ ഞങ്ങള്‍ പ്രത്യാശിച്ചിരുന്നത്. മാത്രമല്ല, ഇതു സംഭവിച്ചിട്ട് ഇന്നു മൂന്നാം ദിവസമാണ്. [22,23] ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്‍ത്രീകള്‍ ഇന്ന് അതിരാവിലെ കല്ലറയുടെ അടുത്തു പോയിരുന്നു. അവിടുത്തെ ശരീരം അവര്‍ അവിടെ കണ്ടില്ല. യേശു ജീവിച്ചിരിക്കുന്നു എന്ന് ദൈവദൂതന്മാര്‍ പ്രത്യക്ഷപ്പെട്ടു തങ്ങളെ അറിയിച്ചതായി ആ സ്‍ത്രീകള്‍ പറഞ്ഞു. ഇതുകേട്ടപ്പോള്‍ ഞങ്ങള്‍ അമ്പരന്നുപോയി. *** ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ചിലര്‍ കല്ലറയുടെ അടുക്കല്‍ പോയി നോക്കി. ആ സ്‍ത്രീകള്‍ പറഞ്ഞതുപോലെ യേശുവിനെ അവരും കണ്ടില്ല.” അവിടുന്ന് അവരോടു പറഞ്ഞു: “ഹാ, നിങ്ങള്‍ ഇത്ര ബുദ്ധിശൂന്യരോ! പ്രവാചകന്മാര്‍ പറഞ്ഞിട്ടുള്ളതെല്ലാം വിശ്വസിക്കുവാന്‍ കഴിയാതെവണ്ണം നിങ്ങള്‍ മന്ദബുദ്ധികളായിപ്പോയല്ലോ. ക്രിസ്തു ഇതെല്ലാം സഹിച്ചിട്ട് തന്‍റെ മഹത്ത്വത്തില്‍ പ്രവേശിക്കേണ്ടതല്ലേ?” പിന്നീടു മോശയും സകല പ്രവാചകന്മാരും എഴുതിയിട്ടുള്ള രേഖകള്‍ ആരംഭംമുതല്‍ വ്യാഖാനിച്ച് തന്നെപ്പറ്റിയുള്ള വേദലിഖിതങ്ങള്‍ അവിടുന്ന് അവരെ ബോധ്യപ്പെടുത്തി. അവര്‍ക്കു പോകേണ്ടിയിരുന്ന ഗ്രാമത്തോടു സമീപിച്ചപ്പോള്‍ അവിടുന്നു മുമ്പോട്ടുപോകുവാന്‍ ഭാവിച്ചു. അപ്പോള്‍ അവര്‍ നിര്‍ബന്ധപൂര്‍വം പറഞ്ഞു: “ഇന്നു ഞങ്ങളുടെകൂടെ പാര്‍ക്കുക; പകല്‍ കഴിയാറായിരിക്കുന്നു. നേരം എരിഞ്ഞടങ്ങുവാന്‍ പോകുകയാണല്ലോ. അങ്ങനെ അവിടുന്ന് അവരോടുകൂടി രാപാര്‍ക്കുവാന്‍ ചെന്നു. അത്താഴം കഴിക്കാനിരുന്നപ്പോള്‍ യേശു അപ്പം എടുത്ത് ആശീര്‍വദിച്ചു നുറുക്കി അവര്‍ക്കു കൊടുത്തു. ഉടനെ അവരുടെ കണ്ണുകള്‍ തുറന്നു. അവര്‍ യേശുവിനെ തിരിച്ചറിഞ്ഞു. ഉടന്‍തന്നെ അവിടുന്ന് അപ്രത്യക്ഷനാകുകയും ചെയ്തു. “വഴിയില്‍വച്ച് അവിടുന്ന് സംസാരിക്കുകയും വേദഭാഗങ്ങള്‍ നമുക്കു വ്യക്തമാക്കിത്തരികയും ചെയ്തപ്പോള്‍ നമ്മുടെ ഹൃദയം ഉള്ളില്‍ കത്തി ജ്വലിക്കുകയായിരുന്നില്ലേ?” എന്നിങ്ങനെ അവര്‍ പരസ്പരം പറഞ്ഞു. അപ്പോള്‍ത്തന്നെ അവര്‍ എഴുന്നേറ്റ് യെരൂശലേമിലേക്കു തിരിച്ചു. അവിടെ ചെന്ന് പതിനൊന്നു ശിഷ്യന്മാരെയും അവരോടൊത്ത് അവിടെ കൂടിയിരുന്ന മറ്റുള്ളവരെയും കണ്ടു. “കര്‍ത്താവു നിശ്ചയമായും ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു! അവിടുന്നു ശിമോനു പ്രത്യക്ഷനാകുകയും ചെയ്തു” എന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. വഴിയില്‍വച്ചു നടന്ന സംഭവവും അപ്പം നുറുക്കിയപ്പോള്‍ യേശുവിനെ തിരിച്ചറിയാനിടയായതുമെല്ലാം എമ്മവൂസില്‍നിന്നു മടങ്ങിച്ചെന്നവര്‍ അവരെ അറിയിച്ചു. ഇങ്ങനെ അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ യേശു അവരുടെ മധ്യത്തില്‍ വന്നുനിന്നു, “നിങ്ങള്‍ക്കു സമാധാനം” എന്നു പറഞ്ഞു. തങ്ങള്‍ കാണുന്നത് ഒരു ഭൂതത്തെയാണെന്നു വിചാരിച്ച് അവര്‍ ഭയപ്പെട്ടു പരിഭ്രമിച്ചു. യേശു അവരോട് അരുള്‍ചെയ്തു: “നിങ്ങള്‍ എന്തിനു പരിഭ്രമിക്കുന്നു? എന്തിനു സംശയിക്കുന്നു? എന്‍റെ കൈകളും കാലുകളും നോക്കുക; ഇതു ഞാന്‍ തന്നെയാണ്; എന്നെ തൊട്ടു നോക്കൂ. എനിക്കുള്ളതായി നിങ്ങള്‍ കാണുന്നതുപോലെ അസ്ഥിയും മാംസവും ഭൂതത്തിനില്ലല്ലോ.” ഇങ്ങനെ പറഞ്ഞുകൊണ്ട് അവിടുന്ന് തന്‍റെ കൈകാലുകള്‍ അവര്‍ക്കു കാണിച്ചുകൊടുത്തു. എന്നിട്ടും അവര്‍ക്കു വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല; അവര്‍ അത്രയ്‍ക്ക് ആനന്ദത്തില്‍ മുഴുകുകയും വിസ്മയഭരിതരാകുകയും ചെയ്തിരുന്നു. അവിടുന്നു ചോദിച്ചു: “നിങ്ങളുടെ പക്കല്‍ തിന്നുവാന്‍ വല്ലതുമുണ്ടോ?” അവര്‍ ഒരു കഷണം വറുത്ത മീനും തേന്‍കട്ടയും യേശുവിനു കൊടുത്തു; അവിടുന്ന് അവരുടെ മുമ്പില്‍വച്ച് തിന്നുകയും ചെയ്തു. അനന്തരം യേശു അവരോട് അരുള്‍ചെയ്തു: “മോശയുടെ നിയമസംഹിതയിലും പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിട്ടുള്ളതെല്ലാം പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു എന്നു ഞാന്‍ നിങ്ങളുടെകൂടെ ഉണ്ടായിരുന്നപ്പോള്‍ പറഞ്ഞതാണല്ലോ.” അനന്തരം വേദലിഖിതങ്ങള്‍ ഗ്രഹിക്കുന്നതിന് അവിടുന്ന് അവരുടെ ബുദ്ധിയെ പ്രകാശിപ്പിച്ചു. [46,47] യേശു പിന്നെയും അവരോട് അരുള്‍ചെയ്തു: “ക്രിസ്തു പീഡനം അനുഭവിക്കുകയും മൂന്നാം നാള്‍ മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‌ക്കുകയും തന്‍റെ നാമത്തില്‍ യെരൂശലേമില്‍ തുടങ്ങി സകല ജനതകളോടും പശ്ചാത്താപത്തെയും പാപമോചനത്തെയും കുറിച്ചുള്ള സന്ദേശം പ്രസംഗിക്കപ്പെടുകയും ചെയ്യണമെന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ. ഇവയ്‍ക്കെല്ലാം നിങ്ങള്‍ സാക്ഷികള്‍. *** [48,49] എന്‍റെ പിതാവു വാഗ്ദാനം ചെയ്തിട്ടുള്ളത് ഞാന്‍ നിങ്ങളുടെമേല്‍ അയയ്‍ക്കും. സ്വര്‍ഗത്തില്‍നിന്ന് ശക്തി പ്രാപിക്കുന്നതുവരെ നിങ്ങള്‍ യെരൂശലേമില്‍ത്തന്നെ വസിക്കുക.” *** അനന്തരം യേശു അവരെ ബേഥാന്യയിലേക്കു കൂട്ടിക്കൊണ്ടുപോയി; കരങ്ങളുയര്‍ത്തി അവിടുന്ന് അവരെ ആശീര്‍വദിച്ചു. അവരെ അനുഗ്രഹിക്കുമ്പോള്‍ത്തന്നെ അവിടുന്ന് അവരെ വിട്ടുപിരിഞ്ഞു സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു; അവര്‍ അവിടുത്തെ നമസ്കരിച്ചശേഷം ആനന്ദാതിരേകത്തോടെ യെരൂശലേമിലേക്കു തിരിച്ചുപോയി; ദൈവത്തെ സ്തുതിച്ചുകൊണ്ട് അവര്‍ ദേവാലയത്തില്‍ത്തന്നെ കഴിഞ്ഞുകൂടി. ആദിയില്‍ത്തന്നെ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടി ആയിരുന്നു. വചനം ദൈവമായിരുന്നു. ആ വചനം ആദിയില്‍ത്തന്നെ ദൈവത്തോടുകൂടി ആയിരുന്നു. വചനം മുഖാന്തരമാണ് സകലവും ഉണ്ടായത്; സൃഷ്‍ടികളില്‍ ഒന്നുംതന്നെ വചനത്തെ കൂടാതെ ഉണ്ടായിട്ടില്ല. വചനത്തില്‍ ജീവനുണ്ടായിരുന്നു; ആ ജീവന്‍ മനുഷ്യവര്‍ഗത്തിനു പ്രകാശം നല്‌കിക്കൊണ്ടിരുന്നു. ഇരുളില്‍ പ്രകാശിച്ചുകൊണ്ടിരിക്കുന്ന ആ വെളിച്ചത്തെ ഇരുള്‍ ഒരിക്കലും കീഴടക്കിയിട്ടില്ല. യോഹന്നാന്‍ എന്നു പേരുള്ള ഒരു മനുഷ്യനെ ദൈവം അയച്ചു. അദ്ദേഹം സാക്ഷ്യം വഹിക്കുവാന്‍, താന്‍ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിനു വെളിച്ചത്തിനു സാക്ഷ്യം വഹിക്കുവാന്‍ തന്നെ വന്നു. അദ്ദേഹം വെളിച്ചമായിരുന്നില്ല; വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം വഹിക്കുവാന്‍ വന്നവന്‍ മാത്രമായിരുന്നു. സകല മനുഷ്യരെയും പ്രകാശിപ്പിക്കുന്ന ആ സത്യവെളിച്ചം പ്രപഞ്ചത്തിലേക്കു വന്നുകൊണ്ടിരുന്നു. അവിടുന്നു പ്രപഞ്ചത്തിലുണ്ടായിരുന്നു. പ്രപഞ്ചം അവിടുന്നു മുഖാന്തരമാണു സൃഷ്‍ടിക്കപ്പെട്ടത്; എങ്കിലും ലോകം അവിടുത്തെ അറിഞ്ഞില്ല. അവിടുന്നു സ്വന്തമായതിലേക്കു വന്നു; എന്നാല്‍ സ്വജനങ്ങള്‍ അവിടുത്തെ സ്വീകരിച്ചില്ല. തന്നെ സ്വീകരിച്ച്, തന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ദൈവത്തിന്‍റെ മക്കള്‍ ആകുവാനുള്ള അധികാരം അവിടുന്നു നല്‌കി. അവിടുന്നു ജനിച്ചത് മനുഷ്യരക്തത്തില്‍ നിന്നല്ല; ലൈംഗിക പ്രേരണയാലും പുരുഷന്‍റെ ഇച്ഛയാലും അല്ല; പ്രത്യുത, ദൈവത്തില്‍ നിന്നത്രേ. വചനം മനുഷ്യജന്മമെടുത്തു, ദൈവത്തിന്‍റെ വരപ്രസാദവും സത്യവും സമ്പൂര്‍ണമായി നിറഞ്ഞ് നമ്മുടെ ഇടയില്‍ വസിച്ചു; അവിടുത്തെ തേജസ്സ് പിതാവില്‍നിന്നുള്ള ഏകജാതന്‍റെ തേജസ്സായി ഞങ്ങള്‍ ദര്‍ശിച്ചു. യോഹന്നാന്‍ അവിടുത്തെ സാക്ഷ്യം വഹിച്ചുകൊണ്ട് ഇപ്രകാരം ഉദ്ഘോഷിച്ചു: “എന്‍റെ പിന്നാലെ ഒരാള്‍ വരുന്നുണ്ടെന്നും, അവിടുന്ന് എനിക്കു മുമ്പേ ഉള്ളവനായതിനാല്‍ എന്നെക്കാള്‍ ശ്രേഷ്ഠനാണെന്നും ഞാന്‍ പറഞ്ഞത് ഇദ്ദേഹത്തെക്കുറിച്ചാണ്.” അവിടുത്തെ സമ്പൂര്‍ണതയില്‍നിന്നു നമുക്കെല്ലാവര്‍ക്കും മേല്‌ക്കുമേല്‍ കൃപ ലഭിച്ചിരിക്കുന്നു. മോശ മുഖാന്തരം ധാര്‍മിക നിയമങ്ങള്‍ നല്‌കപ്പെട്ടു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു. ദൈവത്തെ ആരും ഒരിക്കലും ദര്‍ശിച്ചിട്ടില്ല; പിതാവിന്‍റെ മടിയിലിരിക്കുന്ന ഏകജാതനായ പുത്രന്‍ അവിടുത്തെ വെളിപ്പെടുത്തിയിരിക്കുന്നു. ‘അങ്ങ് ആരാകുന്നു?’ എന്നു യോഹന്നാനോട് ചോദിക്കുന്നതിനു യെഹൂദന്മാര്‍ യെരൂശലേമില്‍നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അദ്ദേഹത്തിന്‍റെ അടുക്കലേക്കയച്ചു. അദ്ദേഹം അവരോടു തുറന്നു പറഞ്ഞു: “ഞാന്‍ ക്രിസ്തുവല്ല.” അപ്പോള്‍ അവര്‍ ചോദിച്ചു: “പിന്നെ അങ്ങ് ആരാണ്? ഏലിയാ ആണോ?” “അല്ല” എന്ന് അദ്ദേഹം പ്രതിവചിച്ചു. അവര്‍ വീണ്ടും ചോദിച്ചു: “ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ആ പ്രവാചകനാണോ താങ്കള്‍?” “അല്ല” എന്ന് അദ്ദേഹം പറഞ്ഞു. അവര്‍ പിന്നെയും അദ്ദേഹത്തോടു ചോദിച്ചു: “അങ്ങ് ആരാണെന്നു പറഞ്ഞാലും: ഞങ്ങളെ പറഞ്ഞയച്ചവരോട് ഒരു മറുപടി പറയണമല്ലോ. അങ്ങയെക്കുറിച്ച് എന്താണ് പറയുന്നത്?” അദ്ദേഹം പറഞ്ഞു: “യെശയ്യാപ്രവാചകന്‍ പറഞ്ഞിട്ടുള്ളതുപോലെ ‘കര്‍ത്താവിന്‍റെ വഴി നേരേയാക്കുക’ എന്നു മരുഭൂമിയില്‍ ഉദ്ഘോഷിക്കുന്നവന്‍റെ ശബ്ദമാകുന്നു ഞാന്‍.” പരീശകക്ഷിയില്‍പ്പെട്ടവരായിരുന്നു അവരെ അയച്ചത്. അവര്‍ ചോദിച്ചു: “അങ്ങു ക്രിസ്തുവല്ല, ഏലിയായുമല്ല, വരുവാനുള്ള പ്രവാചകനുമല്ല എങ്കില്‍ പിന്നെ അങ്ങ് എന്തിനു സ്നാപനം നടത്തുന്നു?” യോഹന്നാന്‍ പ്രതിവചിച്ചു: “ഞാന്‍ ജലംകൊണ്ടു സ്നാപനം ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ക്ക് അജ്ഞാതനായ ഒരാള്‍ നിങ്ങളുടെ മധ്യത്തില്‍ നില്‌ക്കുന്നുണ്ട്. അവിടുന്ന് എന്‍റെ പിന്നാലെ വരുന്നു എങ്കിലും അവിടുത്തെ ചെരുപ്പിന്‍റെ വാറ് അഴിക്കുവാന്‍പോലും ഞാന്‍ യോഗ്യനല്ല.” യോഹന്നാന്‍ സ്നാപനം നടത്തിക്കൊണ്ടിരുന്ന യോര്‍ദ്ദാന്‍നദിയുടെ തീരപ്രദേശമായ ബേഥാന്യയിലാണ് ഇവയെല്ലാം സംഭവിച്ചത്. അടുത്ത ദിവസം യേശു തന്‍റെ അടുക്കലേക്കു വരുന്നത് യോഹന്നാന്‍ കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: “ഇതാ, ലോകത്തിന്‍റെ പാപഭാരം ചുമന്നു നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്. ഇദ്ദേഹത്തെക്കുറിച്ചാണു ഞാന്‍ പറഞ്ഞത്, ‘എന്‍റെ പിന്നാലെ ഒരാള്‍ വരുന്നു; അവിടുന്ന് എനിക്കു മുമ്പേ ഉള്ളവനായതിനാല്‍ എന്നെക്കാള്‍ ശ്രേഷ്ഠനാണ്’ എന്ന്. ഞാന്‍പോലും അവിടുത്തെ മനസ്സിലാക്കിയില്ല; എങ്കിലും ഇസ്രായേല്‍ജനതയ്‍ക്ക് അവിടുത്തെ വെളിപ്പെടുത്തിക്കൊടുക്കുവാനാണ് ഞാന്‍ ജലംകൊണ്ടു സ്നാപനം നടത്തുവാന്‍ വന്നത്.” “യോഹന്നാന്‍ തന്‍റെ സാക്ഷ്യം ഇങ്ങനെ തുടര്‍ന്നു: “ഒരു പ്രാവെന്നപോലെ ആത്മാവു സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന് അദ്ദേഹത്തില്‍ ആവസിക്കുന്നതു ഞാന്‍ കണ്ടു. എങ്കിലും ഞാന്‍ അദ്ദേഹത്തെ മനസ്സിലാക്കിയില്ല. എന്നാല്‍ ജലംകൊണ്ടു സ്നാപനം നടത്താന്‍ എന്നെ അയച്ചവന്‍ എന്നോട് അരുള്‍ചെയ്തു: ‘ആത്മാവു സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങി ആരുടെമേല്‍ ആവസിക്കുന്നതായി നീ കാണുന്നുവോ, അദ്ദേഹമാണ് പരിശുദ്ധാത്മാവിനാല്‍ സ്നാപനം നടത്തുന്നവന്‍.’ അതു ഞാന്‍ കാണുകയും അവിടുന്ന് ദൈവപുത്രനാണെന്നു ഞാന്‍ സാക്ഷ്യം വഹിക്കുകയും ചെയ്തിരിക്കുന്നു.” പിറ്റേദിവസം യോഹന്നാന്‍ വീണ്ടും തന്‍റെ ശിഷ്യന്മാരില്‍ രണ്ടുപേരോടുകൂടി അവിടെ നില്‌ക്കുമ്പോള്‍, യേശു അതുവഴി കടന്നുപോകുന്നതു കണ്ടു. അപ്പോള്‍ യോഹന്നാന്‍ പറഞ്ഞു: “ഇതാ, ദൈവത്തിന്‍റെ കുഞ്ഞാട്!”. ഇതുകേട്ട് ആ ശിഷ്യന്മാര്‍ രണ്ടുപേരും യേശുവിനെ അനുഗമിച്ചു. യേശു തിരിഞ്ഞു നോക്കി, തന്‍റെ പിന്നാലെ അവര്‍ ചെല്ലുന്നതുകണ്ട് “നിങ്ങള്‍ എന്താണ് അന്വേഷിക്കുന്നത്?” എന്നു ചോദിച്ചു, അപ്പോള്‍ അവര്‍, “റബ്ബീ, അങ്ങ് എവിടെയാണു പാര്‍ക്കുന്നത്?” എന്നു ചോദിച്ചു. ‘റബ്ബീ’ എന്ന വാക്കിന് ‘ഗുരു’ എന്നര്‍ഥം. “വന്നു കാണുക” എന്ന് യേശു പറഞ്ഞു. അവര്‍ ചെന്ന് അവിടുത്തെ വാസസ്ഥലം കണ്ടു; അപ്പോള്‍ ഏകദേശം നാലുമണി സമയം ആയിരുന്നതിനാല്‍ അന്ന് അവര്‍ അദ്ദേഹത്തിന്‍റെ കൂടെ പാര്‍ത്തു. യോഹന്നാന്‍ പറഞ്ഞതുകേട്ട് യേശുവിനെ അനുഗമിച്ച രണ്ടുപേരില്‍ ഒരാള്‍ ശിമോന്‍ പത്രോസിന്‍റെ സഹോദരനായ അന്ത്രയാസ് ആയിരുന്നു. അയാള്‍ ആദ്യമായി തന്‍റെ സഹോദരന്‍ ശിമോനെ കണ്ടു പറഞ്ഞു: “ഞങ്ങള്‍ മിശിഹായെ കണ്ടെത്തിയിരിക്കുന്നു.” ‘മിശിഹ’ എന്നതിനു ‘ക്രിസ്തു’ അഥവാ ‘അഭിഷിക്തന്‍’ എന്നര്‍ഥം. അനന്തരം അന്ത്രയാസ് ശിമോനെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുചെന്നു; യേശു ശിമോനെ നോക്കിക്കൊണ്ടു പറഞ്ഞു: “നീ യോഹന്നാന്‍റെ പുത്രനായ ശിമോന്‍ അല്ലേ? നീ ഇനി കേഫാ എന്നു വിളിക്കപ്പെടും.” അതിനു പത്രോസ് അഥവാ പാറ എന്നര്‍ഥം. അടുത്ത ദിവസം യേശു ഗലീലയിലേക്കു പോകുവാന്‍ തീരുമാനിച്ചു. അവിടുന്നു ഫീലിപ്പോസിനെ കണ്ട് “എന്‍റെകൂടെ വരിക” എന്നു പറഞ്ഞു. പത്രോസിന്‍റെയും അന്ത്രയാസിന്‍റെയും പട്ടണമായ ബെത്‍സെയ്ദാ ആയിരുന്നു ഫീലിപ്പോസിന്‍റെയും ജന്മസ്ഥലം. ഫീലിപ്പോസ് നഥാനിയേലിനെ കണ്ടു പറഞ്ഞു: “മോശയുടെ നിയമഗ്രന്ഥത്തിലും പ്രവാചകന്മാരുടെ പുസ്തകങ്ങളിലും ആരെക്കുറിച്ച് എഴുതിയിരിക്കുന്നുവോ അവിടുത്തെ ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു, യോസേഫിന്‍റെ പുത്രന്‍ നസറെത്തില്‍നിന്നുള്ള യേശുവിനെത്തന്നെ.” അപ്പോള്‍ നഥാനിയേല്‍ ചോദിച്ചു: “നസറെത്തോ? അവിടെനിന്നു വല്ല നന്മയും ഉണ്ടാകുമോ?” ഫീലിപ്പോസ് അയാളോട്: “വന്നു കാണുക” എന്നു പറഞ്ഞു. നഥാനിയേല്‍ തന്‍റെ അടുക്കലേക്കു വരുന്നതു കണ്ട് യേശു പറഞ്ഞു: “ഇതാ, ഒരു യഥാര്‍ഥ ഇസ്രായേല്യന്‍; ഇയാളില്‍ യാതൊരു കാപട്യവുമില്ല.” നഥാനിയേല്‍ യേശുവിനോടു ചോദിച്ചു: “അവിടുന്ന് എന്നെ എങ്ങനെ അറിഞ്ഞു?” “ഫീലിപ്പോസ് നിന്നെ വിളിക്കുന്നതിനു മുമ്പ് നീ അത്തിവൃക്ഷത്തിന്‍റെ കീഴില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു” എന്നു യേശു ഉത്തരമരുളി. നഥാനിയേല്‍ യേശുവിനോട്: “ഗുരോ, അങ്ങു ദൈവത്തിന്‍റെ പുത്രന്‍; അങ്ങ് ഇസ്രായേലിന്‍റെ രാജാവുതന്നെ” എന്നു പറഞ്ഞു. യേശു ഇപ്രകാരം പ്രതിവചിച്ചു: “നിന്നെ ഞാന്‍ അത്തിയുടെ ചുവട്ടില്‍വച്ചു കണ്ടു എന്നു പറഞ്ഞതുകൊണ്ടാണോ നീ വിശ്വസിക്കുന്നത്? ഇതിനെക്കാള്‍ വലിയ കാര്യങ്ങള്‍ നീ കാണും.” പിന്നീട് അവിടുന്ന് അയാളോട് അരുള്‍ചെയ്തു: “സ്വര്‍ഗം തുറന്നിരിക്കുന്നതും ദൈവത്തിന്‍റെ ദൂതന്മാര്‍ മനുഷ്യപുത്രന്‍ മുഖേന കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങള്‍ കാണും എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു.” മൂന്നാം ദിവസം ഗലീലയിലെ കാനായില്‍ ഒരു കല്യാണം ഉണ്ടായിരുന്നു. യേശുവിന്‍റെ അമ്മയും അവിടെ എത്തിയിരുന്നു. യേശുവും ശിഷ്യന്മാരും ആ വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു. അവിടെ വീഞ്ഞു തികയാതെ വന്നതിനാല്‍ യേശുവിന്‍റെ അമ്മ യേശുവിന്‍റെ അടുക്കല്‍ ചെന്ന് “അവര്‍ക്ക് വീഞ്ഞില്ല” എന്നു പറഞ്ഞു. അപ്പോള്‍ യേശു: “സ്‍ത്രീയേ, ഇതില്‍ എനിക്കും നിങ്ങള്‍ക്കും എന്തുകാര്യം? എന്‍റെ സമയം ഇതുവരെയും ആയിട്ടില്ല” എന്നു പറഞ്ഞു. യേശുവിന്‍റെ അമ്മ പരിചാരകരോട്: “യേശു പറയുന്നത് എന്തായാലും അതു നിങ്ങള്‍ ചെയ്യുക” എന്നു പറഞ്ഞു. യെഹൂദന്മാരുടെ ആചാരപ്രകാരമുള്ള ശുദ്ധീകരണത്തിനു വെള്ളം നിറച്ചുവയ്‍ക്കുന്ന ആറു കല്ഭരണികള്‍ അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും നൂറു നൂറ്റമ്പതു ലിറ്റര്‍ വെള്ളം കൊള്ളുമായിരുന്നു. യേശു പരിചാരകരോട്: “ആ കല്ഭരണികളില്‍ വെള്ളം നിറയ്‍ക്കുക” എന്നു പറഞ്ഞു. അവര്‍ അവയുടെ വക്കുവരെ വെള്ളം നിറച്ചു. “ഇനി ഇതു പകര്‍ന്നു വിരുന്നിന്‍റെ മേല്‍നോട്ടം വഹിക്കുന്ന ആളിന്‍റെ അടുക്കല്‍ കൊണ്ടുചെല്ലുക” എന്നും യേശു ആജ്ഞാപിച്ചു. അവര്‍ അങ്ങനെ ചെയ്തു. വീഞ്ഞായിത്തീര്‍ന്ന വെള്ളം അയാള്‍ രുചിച്ചു നോക്കി. അതെവിടെനിന്നു കിട്ടിയെന്ന് അയാള്‍ അറിഞ്ഞില്ല. വെള്ളം കോരിക്കൊണ്ടുചെന്ന പരിചാരകര്‍ മാത്രമേ അറിഞ്ഞിരുന്നുള്ളൂ. വിരുന്നിന്‍റെ മേല്‍നോട്ടം വഹിക്കുന്നയാള്‍ മണവാളനെ വിളിച്ചു പറഞ്ഞു: “എല്ലാവരും നല്ല വീഞ്ഞാണ് ആദ്യം വിളമ്പുക; ലഹരി പിടിച്ചശേഷമേ മോശമായതു വിളമ്പാറുള്ളൂ. എന്നാല്‍ നിങ്ങള്‍ ഈ നല്ല വീഞ്ഞ് ഇതുവരെ സൂക്ഷിച്ചുവച്ചിരുന്നല്ലോ.” യേശുവിന്‍റെ ദിവ്യമഹത്ത്വം പ്രകടമാക്കിയ ആദ്യത്തെ അടയാളപ്രവൃത്തി ആയിരുന്നു, ഗലീലയിലെ കാനായില്‍ നടന്ന ഈ സംഭവം. അത് അവിടുത്തെ മഹത്ത്വം വെളിപ്പെടുത്തി. ശിഷ്യന്മാര്‍ യേശുവില്‍ വിശ്വസിക്കുകയും ചെയ്തു. അനന്തരം യേശു തന്‍റെ അമ്മയോടും സഹോദരന്മാരോടും ശിഷ്യന്മാരോടുംകൂടി കഫര്‍ന്നഹൂമിലേക്കു പോയി. അവിടെ അവര്‍ ഏതാനും ദിവസങ്ങള്‍ താമസിച്ചു. യെഹൂദന്മാരുടെ പെസഹാപെരുന്നാള്‍ സമീപിച്ചിരുന്നു. അതിനാല്‍ യേശു യെരൂശലേമിലേക്കുപോയി. ദേവാലയത്തില്‍ ആടുമാടുകളെയും പ്രാക്കളെയും വില്‍ക്കുന്നവരെയും നാണയം മാറിക്കൊടുക്കുന്ന വ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്നവരെയും കണ്ടിട്ട് യേശു കയറുകൊണ്ട് ഒരു ചാട്ട ഉണ്ടാക്കി, അവിടെ വ്യാപാരം ചെയ്തുകൊണ്ടിരുന്ന എല്ലാവരെയും ആടുമാടുകളെയും അവിടെനിന്നു പുറത്താക്കി; നാണയം മാറുന്നവരുടെ മേശകള്‍ മറിച്ചിട്ടു പണം ചിതറിച്ചുകളഞ്ഞു. പ്രാക്കളെ വില്‍ക്കുന്നവരോട് “ഇവയെല്ലാം ഇവിടെനിന്നു കൊണ്ടുപോകൂ; എന്‍റെ പിതാവിന്‍റെ ഭവനം വ്യാപാരശാല ആക്കിക്കൂടാ” എന്നു പറഞ്ഞു. “അവിടുത്തെ ആലയത്തെക്കുറിച്ചുള്ള ശുഷ്കാന്തി എന്നെ ഗ്രസിച്ചുകളയും” എന്ന വേദലിഖിതം ശിഷ്യന്മാര്‍ ആ സമയത്ത് അനുസ്മരിച്ചു. യെഹൂദന്മാര്‍ അവിടുത്തോട്: “ഇവയെല്ലാം ചെയ്യുവാന്‍ താങ്കള്‍ക്ക് അധികാരമുണ്ടെന്നുള്ളതിന് എന്താണ് അടയാളം? ഞങ്ങള്‍ക്കു കാണിച്ചുതരൂ” എന്നു പറഞ്ഞു. “ഈ ആലയം നശിപ്പിക്കുക; മൂന്നു ദിവസംകൊണ്ട് ഞാനിതു വീണ്ടും പണിയാം” എന്ന് യേശു പ്രതിവചിച്ചു. ഉടനെ യെഹൂദന്മാര്‍ അവിടുത്തോടു ചോദിച്ചു: “നാല്പത്തിയാറു വര്‍ഷംകൊണ്ടാണ് ഈ ദേവാലയം നിര്‍മിച്ചത്. ഇതു മൂന്നു ദിവസംകൊണ്ടു താങ്കള്‍ വീണ്ടും പണിയുമെന്നോ?” എന്നാല്‍ തന്‍റെ ശരീരമാകുന്ന ദേവാലയത്തെക്കുറിച്ചായിരുന്നു യേശു സൂചിപ്പിച്ചത്. യേശു പറഞ്ഞ ഈ വാക്കുകള്‍ അവിടുന്ന് മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ ശിഷ്യന്മാര്‍ അനുസ്മരിച്ചു. അങ്ങനെ അവര്‍ വേദലിഖിതവും യേശു പറഞ്ഞ വചനവും വിശ്വസിച്ചു. പെസഹാപെരുന്നാളിന് യേശു യെരൂശലേമില്‍ ആയിരുന്നപ്പോള്‍ ചെയ്ത അദ്ഭുതപ്രവൃത്തികള്‍ കണ്ട് അനേകമാളുകള്‍ അവിടുത്തെ നാമത്തില്‍ വിശ്വസിച്ചു. എന്നാല്‍ യേശു എല്ലാവരെയും അറിഞ്ഞിരുന്നതുകൊണ്ട് അവരില്‍ വിശ്വാസം അര്‍പ്പിച്ചില്ല. മനുഷ്യന്‍റെ അന്തര്‍ഗതം അറിയാമായിരുന്നതുകൊണ്ട് അവരെപ്പറ്റി മറ്റാരുടെയും സാക്ഷ്യം യേശുവിന് ആവശ്യമില്ലായിരുന്നു. യെഹൂദപ്രമാണിമാരുടെ കൂട്ടത്തില്‍ നിക്കോദിമോസ് എന്നു പേരുള്ള ഒരു പരീശന്‍ ഉണ്ടായിരുന്നു. അയാള്‍ രാത്രിയില്‍ യേശുവിന്‍റെ അടുക്കല്‍ ചെന്ന് ഇങ്ങനെ പറഞ്ഞു: “റബ്ബീ, അങ്ങ് ദൈവസന്നിധിയില്‍ നിന്നു വന്ന ഗുരുവാണെന്നു ഞങ്ങള്‍ക്കറിയാം. ദൈവം കൂടെയില്ലാതെ അങ്ങു ചെയ്യുന്നതുപോലെയുള്ള ഈ അദ്ഭുതപ്രവൃത്തികള്‍ ആര്‍ക്കും ചെയ്യുവാന്‍ സാധ്യമല്ല.” യേശു നിക്കോദിമോസിനോട്, “ഒരുവന്‍ പുതുതായി ജനിക്കുന്നില്ലെങ്കില്‍ അവന് ദൈവരാജ്യം ദര്‍ശിക്കുവാന്‍ കഴിയുകയില്ല എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു” എന്ന് അരുള്‍ചെയ്തു. നിക്കോദിമോസ് ചോദിച്ചു: “പ്രായംചെന്ന ഒരു മനുഷ്യന്‍ വീണ്ടും ജനിക്കുന്നതെങ്ങനെ? വീണ്ടും മാതാവിന്‍റെ ഗര്‍ഭാശയത്തില്‍ പ്രവേശിച്ചു ജനിക്കുക സാധ്യമാണോ?” യേശു ഉത്തരമരുളി: “ഞാന്‍ ഉറപ്പിച്ചു പറയുന്നു: ഒരുവന്‍ ജലത്തിലും ആത്മാവിലുംകൂടി ജനിക്കുന്നില്ലെങ്കില്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ സാധ്യമല്ല. ഭൗതികശരീരത്തില്‍നിന്നു ജനിക്കുന്നത് ഭൗതികശരീരവും ആത്മാവില്‍നിന്നു ജനിക്കുന്നത് ആത്മാവുമാകുന്നു. നിങ്ങള്‍ വീണ്ടും ജനിക്കണമെന്നു ഞാന്‍ പറയുമ്പോള്‍ ആശ്ചര്യപ്പെടരുത്. കാറ്റ് ഇഷ്ടമുള്ളിടത്തു വീശുന്നു; അതിന്‍റെ ശബ്ദം നിങ്ങള്‍ കേള്‍ക്കുന്നു; എങ്കിലും, എവിടെനിന്നു വരുന്നു എന്നോ, എങ്ങോട്ടു പോകുന്നു എന്നോ, നിങ്ങള്‍ അറിയുന്നില്ല. ആത്മാവില്‍നിന്നു ജനിക്കുന്നവനും അങ്ങനെതന്നെ. നിക്കോദിമോസ് യേശുവിനോടു ചോദിച്ചു: “ഇതെങ്ങനെയാണു സംഭവിക്കുക?” യേശു പറഞ്ഞു: “താങ്കള്‍ ഇസ്രായേലിന്‍റെ ഒരു ഗുരുവായിട്ടും ഈ വക കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലേ? ഞാന്‍ ഉറപ്പിച്ചു പറയുന്നു. ഞങ്ങള്‍ അറിയുന്നതു പ്രസ്താവിക്കുകയും ഞങ്ങള്‍ കണ്ടതിനു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. പക്ഷേ, ഞങ്ങളുടെ സാക്ഷ്യം നിങ്ങള്‍ സ്വീകരിക്കുന്നില്ല. ഞാന്‍ ഭൗമികകാര്യങ്ങള്‍ നിങ്ങളോടു പറഞ്ഞിട്ടു നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ സ്വര്‍ഗീയമായ കാര്യങ്ങള്‍ പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും? സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും സ്വര്‍ഗത്തില്‍ കയറിയിട്ടില്ല.” [14,15] മോശ മരുഭൂമിയില്‍വച്ചു സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, മനുഷ്യപുത്രനും തന്നില്‍ വിശ്വസിക്കുന്ന ഏതൊരുവനും അനശ്വരജീവന്‍ ലഭിക്കേണ്ടതിന് ഉയര്‍ത്തപ്പെടേണ്ടതാണ്. *** തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്നവര്‍ ആരും നശിച്ചുപോകാതെ അനശ്വരജീവന്‍ പ്രാപിക്കേണ്ടതിന് ആ പുത്രനെ നല്‌കുവാന്‍ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ലോകത്തെ വിധിക്കുവാനല്ല ദൈവം തന്‍റെ പുത്രനെ ലോകത്തിലേക്കയച്ചത്; പ്രത്യുത, പുത്രന്‍ മൂലം ലോകത്തെ രക്ഷിക്കുവാനാണ്. പുത്രനില്‍ വിശ്വസിക്കുന്ന ഒരുവനും വിധിക്കപ്പെടുന്നില്ല; വിശ്വസിക്കാത്തവന്‍ വിധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു; ദൈവത്തിന്‍റെ ഏകപുത്രന്‍റെ നാമത്തില്‍ വിശ്വസിക്കാത്തതിനാല്‍ത്തന്നെ. മനുഷ്യരുടെ പ്രവൃത്തികള്‍ ദുഷ്ടതനിറഞ്ഞവയായതിനാല്‍ വെളിച്ചം ലോകത്തില്‍ വന്നിട്ടും വെളിച്ചത്തെക്കാള്‍ അധികം ഇരുളിനെ അവര്‍ സ്നേഹിച്ചു. ഇതത്രേ ന്യായവിധി. അധമപ്രവൃത്തികള്‍ ചെയ്യുന്ന ഏതൊരുവനും വെളിച്ചത്തെ വെറുക്കുന്നു. തന്‍റെ പ്രവൃത്തികള്‍ വെളിച്ചത്താകുമെന്നുള്ളതിനാല്‍ അവന്‍ വെളിച്ചത്തിലേക്കു വരുന്നില്ല. എന്നാല്‍ സത്യം പ്രവര്‍ത്തിക്കുന്നവന്‍ തന്‍റെ പ്രവൃത്തികള്‍ ദൈവത്തെ മുന്‍നിറുത്തി ചെയ്തിട്ടുള്ളതാണെന്നു വ്യക്തമാകത്തക്കവിധം വെളിച്ചത്തിലേക്കു വരുന്നു. അനന്തരം യേശുവും ശിഷ്യന്മാരും യെഹൂദ്യദേശത്തേക്കു പോയി, അവിടുന്ന് അവരോടുകൂടി അവിടെ താമസിക്കുകയും സ്നാപനം നടത്തുകയും ചെയ്തു. ശാലേമിനു സമീപം ഐനോനില്‍ ധാരാളം വെള്ളമുണ്ടായിരുന്നതുകൊണ്ട് യോഹന്നാന്‍ അവിടെ സ്നാപനം നടത്തിക്കൊണ്ടിരുന്നു. ജനങ്ങള്‍ അവിടെയെത്തി സ്നാപനം സ്വീകരിച്ചു. യോഹന്നാന്‍ അന്നു കാരാഗൃഹത്തില്‍ അടയ്‍ക്കപ്പെട്ടിരുന്നില്ല. യോഹന്നാന്‍റെ ചില ശിഷ്യന്മാരും ഒരു യെഹൂദനും തമ്മില്‍ ശാസ്ത്രവിധിപ്രകാരമുള്ള ശുദ്ധീകരണത്തെ സംബന്ധിച്ച് തര്‍ക്കമുണ്ടായി. അവര്‍ വന്നു യോഹന്നാനോടു പറഞ്ഞു: “ഗുരോ, യോര്‍ദ്ദാന്‍റെ മറുകരവച്ച് അങ്ങ് ഒരാളെ ചൂണ്ടിക്കൊണ്ട് സാക്ഷ്യം പറഞ്ഞല്ലോ. അദ്ദേഹം ഇപ്പോള്‍ സ്നാപനം നടത്തിക്കൊണ്ടിരിക്കുന്നു; എല്ലാവരും അദ്ദേഹത്തിന്‍റെ അടുക്കലേക്കു പോകുന്നു.” യോഹന്നാന്‍ പറഞ്ഞു: “ദൈവം നല്‌കാതെ ആര്‍ക്കും ഒന്നും സിദ്ധിക്കുന്നില്ല. ഞാന്‍ ക്രിസ്തു അല്ലെന്നും അദ്ദേഹത്തിനുമുമ്പേ അയയ്‍ക്കപ്പെട്ടവന്‍ മാത്രമാണെന്നും ഞാന്‍ പറഞ്ഞതിനു നിങ്ങള്‍തന്നെ സാക്ഷികളാണല്ലോ. മണവാട്ടി ഉള്ളവനാണു മണവാളന്‍. മണവാളന്‍റെ സ്നേഹിതന്‍ അടുത്തുനിന്ന് അയാളുടെ സ്വരം കേട്ട് അത്യന്തം ആനന്ദിക്കുന്നു. ഈ ആനന്ദം എനിക്കു പൂര്‍ണമായിരിക്കുന്നു. അവിടുന്നു വളരുകയും ഞാന്‍ കുറയുകയും വേണം.” ഉന്നതത്തില്‍നിന്നു വരുന്നവന്‍ എല്ലാവരെയുംകാള്‍ സമുന്നതനാണ്. ഭൂമിയില്‍നിന്നുള്ളവന്‍ ഭൗമികനാകുന്നു; ഭൗമികകാര്യങ്ങള്‍ അവന്‍ സംസാരിക്കുന്നു. സ്വര്‍ഗത്തില്‍നിന്നു വരുന്നവന്‍ എല്ലാവരെയുംകാള്‍ സമുന്നതനാണ്. താന്‍ കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ള കാര്യങ്ങള്‍ക്ക് അവിടുന്നു സാക്ഷ്യം വഹിക്കുന്നു; എന്നിട്ടും അവിടുത്തെ സാക്ഷ്യം ആരും സ്വീകരിക്കുന്നില്ല. ആ സാക്ഷ്യം സ്വീകരിക്കുന്നവന്‍ ദൈവം സത്യവാന്‍ എന്ന് അംഗീകരിക്കുന്നു. ദൈവം അയച്ചവന്‍ ദൈവവചനങ്ങള്‍ ഉച്ചരിക്കുന്നു. ആത്മാവിനെ അളവുകൂടാതെയാണു ദൈവം നല്‌കുന്നത്. പിതാവു പുത്രനെ സ്നേഹിക്കുന്നതുകൊണ്ട് സമസ്തവും അവിടുത്തെ കൈകളില്‍ ഏല്പിച്ചിരിക്കുന്നു. പുത്രനില്‍ വിശ്വസിക്കുന്നവന് അനശ്വരജീവനുണ്ട്; പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ പ്രാപിക്കുകയില്ല; എന്തെന്നാല്‍ അവന്‍ ദൈവകോപത്തിനു വിധേയനാണ്. യേശു യോഹന്നാനെക്കാള്‍ അധികം ആളുകളെ ശിഷ്യരാക്കുകയും സ്നാപനം നടത്തുകയും ചെയ്യുന്നു എന്നു പരീശന്മാര്‍ കേട്ടു. യഥാര്‍ഥത്തില്‍ യേശുവല്ല അവിടുത്തെ ശിഷ്യന്മാരാണ് സ്നാപനം നടത്തിയത്. ഇതറിഞ്ഞപ്പോള്‍ യേശു യെഹൂദ്യവിട്ട് ഗലീലയിലേക്കു മടങ്ങിപ്പോയി. അവിടുത്തേക്കു ശമര്യയില്‍ കൂടിയാണ് പോകേണ്ടിയിരുന്നത്. അങ്ങനെ യേശു ശമര്യയിലെ സുഖാര്‍ എന്ന പട്ടണത്തിലെത്തി. യാക്കോബ് സ്വപുത്രനായ യോസേഫിനു നല്‌കിയ വയലിനു സമീപത്തായിരുന്നു ഈ പട്ടണം. യാക്കോബിന്‍റെ കിണറും അവിടെയായിരുന്നു. യാത്രാക്ഷീണംകൊണ്ട് യേശു ആ കിണറിന്‍റെ അരികിലിരുന്നു; അപ്പോള്‍ ഏതാണ്ടു മധ്യാഹ്ന സമയമായിരുന്നു. ഒരു ശമര്യക്കാരി വെള്ളം കോരാന്‍ അവിടെ ചെന്നു. യേശു ആ സ്‍ത്രീയോട്: “എനിക്കു കുടിക്കാന്‍ അല്പം വെള്ളം തരിക” എന്നു പറഞ്ഞു. ഈ സമയത്ത് ശിഷ്യന്മാര്‍ ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ പട്ടണത്തിലേക്കു പോയിരിക്കുകയായിരുന്നു. ആ സ്‍ത്രീ യേശുവിനോടു ചോദിച്ചു: “ഒരു യെഹൂദനായ അങ്ങ് ശമര്യക്കാരിയായ എന്നോടു എങ്ങനെ കുടിക്കാന്‍ ചോദിക്കും?” യെഹൂദന്മാരും ശമര്യക്കാരും തമ്മില്‍ യാതൊരു സമ്പര്‍ക്കവുമില്ലായിരുന്നു. അതിന് യേശു മറുപടി പറഞ്ഞു: “ദൈവത്തിന്‍റെ ദാനം എന്താണെന്നും നിന്നോടു കുടിക്കാന്‍ ചോദിക്കുന്നത് ആരാണെന്നും നീ അറിഞ്ഞിരുന്നെങ്കില്‍ നീ അയാളോടു ചോദിക്കുകയും അയാള്‍ നിനക്കു ജീവജലം നല്‌കുകയും ചെയ്യുമായിരുന്നു.” അപ്പോള്‍ ആ സ്‍ത്രീ പറഞ്ഞു: “പ്രഭോ, വെള്ളം കോരുവാന്‍ അങ്ങയുടെ കൈയില്‍ പാത്രമില്ലല്ലോ; കിണറാണെങ്കില്‍ ആഴമേറിയതാണുതാനും; പിന്നെ എവിടെനിന്നാണ് അങ്ങേക്കു ജീവജലം ലഭിക്കുക? നമ്മുടെ പൂര്‍വപിതാവായ യാക്കോബിനെക്കാള്‍ വലിയവനാണോ അങ്ങ്? അദ്ദേഹമാണ് ഞങ്ങള്‍ക്ക് ഈ കിണര്‍ നല്‌കിയത്. അദ്ദേഹവും സന്താനങ്ങളും അദ്ദേഹത്തിന്‍റെ മൃഗങ്ങളും ഇതിലെ വെള്ളമാണു കുടിച്ചുപോന്നത്.” യേശു പ്രതിവചിച്ചു: “ഈ വെള്ളം കുടിക്കുന്നവനു പിന്നെയും ദാഹിക്കും. ഞാന്‍ നല്‌കുന്ന വെള്ളം കുടിക്കുന്നവന് ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‌കുന്ന ജലം അവന് അനശ്വരജീവനിലേക്ക് ഉദ്ഗമിക്കുന്ന നീരുറവയായിത്തീരും.” സ്‍ത്രീ അവിടുത്തോട്: “പ്രഭോ, ആ ജലം എനിക്കു തന്നാലും. പിന്നീട് എനിക്കു ദാഹിക്കുകയില്ലല്ലോ. വെള്ളം കോരാന്‍ ഇവിടംവരെ വരികയും വേണ്ടല്ലോ” എന്നു പറഞ്ഞു. അപ്പോള്‍ യേശു: “നീ പോയി നിന്‍റെ ഭര്‍ത്താവിനെ വിളിച്ചുകൊണ്ടുവരൂ” എന്ന് ആജ്ഞാപിച്ചു. “എനിക്കു ഭര്‍ത്താവില്ല എന്നായിരുന്നു ശമര്യക്കാരിയുടെ മറുപടി. യേശു പറഞ്ഞു: “നിനക്കു ഭര്‍ത്താവില്ല എന്നു നീ പറഞ്ഞതു ശരിയാണ്. നിനക്ക് അഞ്ചു ഭര്‍ത്താക്കന്മാരുണ്ടായിരുന്നു. ഇപ്പോഴുള്ളവന്‍ യഥാര്‍ഥത്തില്‍ നിന്‍റെ ഭര്‍ത്താവല്ല. നീ പറഞ്ഞതു സത്യം തന്നെ.” അപ്പോള്‍ ആ സ്‍ത്രീ യേശുവിനോടു പറഞ്ഞു: “പ്രഭോ, അങ്ങ് ഒരു പ്രവാചകനാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. ഞങ്ങളുടെ പൂര്‍വികന്മാര്‍ ഈ മലയിലാണു ദൈവത്തെ ആരാധിച്ചു വന്നത്; എന്നാല്‍ ദൈവത്തെ ആരാധിക്കേണ്ട സ്ഥലം യെരൂശലേമിലാണെന്നു യെഹൂദന്മാരായ നിങ്ങള്‍ പറയുന്നു.” യേശു അവളോടു പറഞ്ഞു: “ഞാന്‍ പറയുന്നതു വിശ്വസിക്കുക; പിതാവിനെ ആരാധിക്കുന്നത് ഈ മലയിലോ യെരൂശലേമിലോ അല്ലാതാകുന്ന സമയം വരുന്നു. ആരെയാണ് ആരാധിക്കുന്നത് എന്ന് ശമര്യരായ നിങ്ങള്‍ യഥാര്‍ഥത്തില്‍ അറിയുന്നില്ല; യെഹൂദന്മാരായ ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ ആരെയാണ് ആരാധിക്കുന്നതെന്ന്; രക്ഷ യെഹൂദന്മാരില്‍നിന്നാണല്ലോ വരുന്നത്. യഥാര്‍ഥ ആരാധകര്‍ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന സമയം വരുന്നു; അല്ല വന്നു കഴിഞ്ഞിരിക്കുന്നു. ഇങ്ങനെയുള്ള ആരാധകരെയാണു പിതാവ് അന്വേഷിക്കുന്നത്. “ദൈവം ആത്മാവാകുന്നു; ദൈവത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും ആരാധിക്കണം.” ആ സ്‍ത്രീ യേശുവിനോട്: “ക്രിസ്തു എന്നു വിളിക്കപ്പെടുന്ന മിശിഹാ വരുമെന്ന് എനിക്കറിയാം; അവിടുന്നു വരുമ്പോള്‍ സമസ്തവും ഞങ്ങള്‍ക്ക് ഉപദേശിച്ചുതരും” എന്നു പറഞ്ഞു. യേശു ഉത്തരമരുളി: “നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നെയാണു മിശിഹാ.” ഈ സന്ദര്‍ഭത്തില്‍ ശിഷ്യന്മാര്‍ മടങ്ങിയെത്തി. യേശു ഒരു സ്‍ത്രീയോട് സംസാരിക്കുന്നതു കണ്ട് അവര്‍ ആശ്ചര്യപ്പെട്ടു. എങ്കിലും “നിനക്ക് എന്തുവേണം?” എന്ന് ആ സ്‍ത്രീയോടോ, “അവളോടു സംസാരിക്കുന്നത് എന്തിന്?” എന്ന് യേശുവിനോടോ ആരും ചോദിച്ചില്ല. പിന്നീട് ആ സ്‍ത്രീ കുടം അവിടെ വച്ചിട്ടു പട്ടണത്തിലേക്കു തിരിച്ചുപോയി അവിടത്തെ ജനങ്ങളോടു പറഞ്ഞു: “ഞാന്‍ ഇന്നുവരെ ചെയ്തിട്ടുള്ളതെല്ലാം എന്നോടു പറഞ്ഞ ആ മനുഷ്യനെ വന്നു കാണുക; അദ്ദേഹം മിശിഹാ ആയിരിക്കുമോ?” അവര്‍ പട്ടണത്തില്‍നിന്ന് യേശുവിന്‍റെ അടുക്കലേക്കു ചെന്നു. ഇതിനിടയ്‍ക്ക് ശിഷ്യന്മാര്‍ യേശുവിനോട് “ഗുരോ, ഭക്ഷണം കഴിച്ചാലും” എന്ന് അപേക്ഷിച്ചു. അവിടുന്ന് അവരോടു പറഞ്ഞു: “നിങ്ങള്‍ക്ക് അജ്ഞാതമായ ആഹാരം എനിക്കുണ്ട്.” “വല്ലവരും അവിടുത്തേക്ക് ഭക്ഷണം കൊണ്ടുവന്നു കൊടുത്തു കാണുമോ?” എന്ന് ശിഷ്യന്മാര്‍ അന്യോന്യം ചോദിച്ചു. യേശു ഉത്തരം പറഞ്ഞു: “എന്നെ അയച്ചവന്‍റെ അഭീഷ്ടം നിറവേറ്റുകയും അവിടുന്ന് എന്നെ ഏല്പിച്ച ജോലി പൂര്‍ത്തീകരിക്കുകയും ചെയ്യുന്നതാണ് എന്‍റെ ആഹാരം. ‘കൊയ്ത്തിന് ഇനിയും നാലുമാസംകൂടിയുണ്ട്’ എന്നല്ലേ നിങ്ങള്‍ പറയുന്നത്? ഞാന്‍ നിങ്ങളോടു പറയട്ടെ: നിങ്ങള്‍ തലയുയര്‍ത്തി നോക്കുക. ഇപ്പോള്‍ത്തന്നെ നിലം വിളഞ്ഞു വെളുത്ത് കൊയ്യാന്‍ പാകമായിരിക്കുന്നു. വിതയ്‍ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ച് ആഹ്ലാദിക്കുവാന്‍ തക്കവണ്ണം കൊയ്യുന്നവന്‍ കൂലി വാങ്ങുകയും അവന്‍ അനശ്വരജീവനുവേണ്ടി വിളവു സംഭരിച്ചു വയ്‍ക്കുകയും ചെയ്യുന്നു. ‘ഒരുവന്‍ വിതയ്‍ക്കുന്നു, മറ്റൊരുവന്‍ കൊയ്യുന്നു’ എന്ന ചൊല്ല് ഇക്കാര്യത്തില്‍ ഒരു യാഥാര്‍ഥ്യമായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ അധ്വാനിച്ചിട്ടില്ലാത്ത വയലില്‍നിന്നു കൊയ്യുവാന്‍ ഞാന്‍ നിങ്ങളെ അയച്ചിരിക്കുന്നു. അന്യര്‍ അധ്വാനിച്ചു; അവരുടെ അധ്വാനഫലം നിങ്ങള്‍ അനുഭവിക്കുന്നു.” “ഞാന്‍ ചെയ്തിട്ടുള്ളതു സകലവും അവിടുന്ന് എന്നോടു പറഞ്ഞു” എന്നുള്ള ശമര്യക്കാരിയുടെ സാക്ഷ്യംമൂലം ആ പട്ടണത്തിലുള്ള പലരും യേശുവില്‍ വിശ്വസിച്ചു. ശമര്യക്കാര്‍ യേശുവിന്‍റെ അടുക്കല്‍ വന്ന് തങ്ങളോടുകൂടി താമസിക്കണമെന്ന് അപേക്ഷിച്ചു. അതനുസരിച്ച് യേശു രണ്ടു ദിവസം അവിടെ പാര്‍ത്തു. യേശുവിന്‍റെ പ്രഭാഷണം കേട്ട മറ്റനേകം ആളുകള്‍ തന്നില്‍ വിശ്വസിച്ചു. അവര്‍ ആ സ്‍ത്രീയോട്, “നീ പറഞ്ഞതുകൊണ്ടല്ല ഇപ്പോള്‍ ഞങ്ങള്‍ വിശ്വസിക്കുന്നത്: പിന്നെയോ ഞങ്ങള്‍ നേരിട്ട് അവിടുത്തെ വാക്കുകള്‍ കേട്ടിരിക്കുന്നു. അവിടുന്നു തന്നെയാണ് സാക്ഷാല്‍ ലോകരക്ഷകന്‍ എന്നു ഞങ്ങള്‍ ഇപ്പോള്‍ അറിയുന്നു” എന്നു പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് യേശു അവിടെനിന്ന് ഗലീലയിലേക്കു പോയി. ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ ബഹുമാനിക്കപ്പെടുന്നില്ലെന്ന് യേശുതന്നെ പ്രസ്താവിച്ചിരുന്നു. അവിടെയെത്തിയപ്പോള്‍ ഗലീലക്കാര്‍ യേശുവിനെ സ്വാഗതം ചെയ്തു. അവരും പെസഹാപെരുന്നാളിന് യെരൂശലേമില്‍ പോയിരുന്നതുകൊണ്ട് യേശു അവിടെ ചെയ്തതെല്ലാം അവര്‍ കണ്ടിരുന്നു. യേശു വീണ്ടും ഗലീലയിലെ കാനായില്‍ വന്നു; അവിടെവച്ചായിരുന്നല്ലോ അവിടുന്നു വെള്ളം വീഞ്ഞാക്കിയത്. കഫര്‍ന്നഹൂമില്‍ ഒരു ഉദ്യോഗസ്ഥന്‍റെ പുത്രന്‍ രോഗിയായി കിടന്നിരുന്നു. യേശു യെഹൂദ്യയില്‍നിന്നു വന്നിട്ടുണ്ടെന്നറിഞ്ഞ് ആ ഉദ്യോഗസ്ഥന്‍ അവിടുത്തെ അടുക്കലെത്തി, ആസന്നമരണനായി കിടക്കുന്ന പുത്രനെ സുഖപ്പെടുത്തണമെന്നപേക്ഷിച്ചു. യേശു അയാളോടു ചോദിച്ചു: “അടയാളങ്ങളും അദ്ഭുതങ്ങളും കാണാതെ നിങ്ങളാരും വിശ്വസിക്കുകയില്ല, അല്ലേ?” ആ ഉദ്യോഗസ്ഥന്‍ യേശുവിനോട് “പ്രഭോ, എന്‍റെ കുട്ടി മരിക്കുന്നതിനു മുമ്പ് അങ്ങു വരണമേ” എന്നു വീണ്ടും അപേക്ഷിച്ചു. “പൊയ്‍ക്കൊള്ളുക; നിങ്ങളുടെ മകന്‍റെ രോഗം വിട്ടുമാറി ജീവിച്ചിരിക്കുന്നു” എന്ന് യേശു പറഞ്ഞു. യേശുവിന്‍റെ വാക്കു വിശ്വസിച്ച് ആ ഉദ്യോഗസ്ഥന്‍ തിരിച്ചുപോയി. അയാള്‍ വീട്ടിലേക്കു മടങ്ങിപ്പോകുമ്പോള്‍ വഴിയില്‍വച്ച് ഭൃത്യന്മാര്‍ വന്നു തന്‍റെ പുത്രന്‍ ജീവിച്ചിരിക്കുന്നു എന്നറിയിച്ചു. “എപ്പോള്‍ മുതലാണ് കുട്ടിക്കു സുഖം കണ്ടു തുടങ്ങിയത്?” എന്നയാള്‍ ചോദിച്ചു. “ഇന്നലെ ഉച്ചകഴിഞ്ഞ് ഒരുമണിക്ക് പനിവിട്ടു” എന്നവര്‍ പറഞ്ഞു. “നിങ്ങളുടെ മകന്‍റെ രോഗം വിട്ടുമാറി ജീവിച്ചിരിക്കുന്നു” എന്ന് യേശു പറഞ്ഞത് ആ സമയത്തു തന്നെ ആയിരുന്നു എന്ന് ആ ഉദ്യോഗസ്ഥനു ബോധ്യമായി. അയാളും കുടുംബം മുഴുവനും യേശുവില്‍ വിശ്വസിച്ചു. യെഹൂദ്യയില്‍നിന്നു ഗലീലയില്‍ വന്നശേഷം യേശു ചെയ്ത രണ്ടാമത്തെ അദ്ഭുതപ്രവൃത്തിയായിരുന്നു ഇത്. അതിനുശേഷം, യെഹൂദന്മാരുടെ ഒരുത്സവമുണ്ടായിരുന്നതിനാല്‍ യേശു യെരൂശലേമിലേക്കു പോയി. അവിടെ ‘ആട്ടിന്‍ വാതില്‍’ എന്ന നഗരഗോപുരത്തിനു സമീപം ‘ബേത്‍സഥാ’ എന്ന് എബ്രായ ഭാഷയില്‍ വിളിക്കപ്പെടുന്ന ഒരു കുളമുണ്ട്. അതിന് അഞ്ചു മുഖമണ്ഡപങ്ങളുമുണ്ട്. അവിടെ അന്ധന്മാര്‍, മുടന്തന്മാര്‍, ശരീരം തളര്‍ന്നവര്‍ തുടങ്ങി ഒട്ടുവളരെ രോഗഗ്രസ്തര്‍ കിടന്നിരുന്നു. കുളത്തിലെ വെള്ളം ഇളകുന്നതു നോക്കി കിടക്കുകയായിരുന്നു അവര്‍. ഇടയ്‍ക്കിടെ ഒരു ദൈവദൂതന്‍ കുളത്തിലിറങ്ങി വെള്ളം ഇളക്കും. അതിനുശേഷം ആദ്യം കുളത്തിലിറങ്ങുന്ന ആള്‍ ഏതു രോഗം പിടിപെട്ടവനായിരുന്നാലും സുഖംപ്രാപിച്ചു വന്നിരുന്നു. മുപ്പത്തെട്ടു വര്‍ഷമായി രോഗബാധിതനായിരുന്ന ഒരാള്‍ അവിടെയുണ്ടായിരുന്നു. യേശു ആ രോഗിയെ കണ്ടു; ദീര്‍ഘകാലമായി അയാള്‍ ഈ അവസ്ഥയില്‍ അവിടെ കഴിയുകയാണെന്നു മനസ്സിലാക്കി. യേശു അയാളോട് “നിനക്കു സുഖം പ്രാപിക്കണമെന്ന് ആഗ്രഹമുണ്ടോ?” എന്നു ചോദിച്ചു. രോഗി പറഞ്ഞു: “പ്രഭോ, വെള്ളം ഇളകുമ്പോള്‍ എന്നെ കുളത്തിലിറക്കുവാന്‍ ആരുമില്ല; ഞാന്‍ ചെല്ലുമ്പോഴേക്ക് എനിക്കു മുമ്പായി ആരെങ്കിലും ഇറങ്ങിക്കഴിയും.” യേശു അയാളോട്, “എഴുന്നേറ്റ്, നിന്‍റെ കിടക്ക എടുത്തു നടക്കുക” എന്നു പറഞ്ഞു. ഉടനെ ആ മനുഷ്യന്‍ സുഖം പ്രാപിച്ച് കിടക്കയെടുത്തു നടന്നു തുടങ്ങി. അതൊരു ശബത്തു ദിവസമായിരുന്നു. സുഖംപ്രാപിച്ച മനുഷ്യനോട് യെഹൂദന്മാര്‍ ചോദിച്ചു: “ഇന്ന് ശബത്തല്ലേ? ശബത്തു ദിവസം കിടക്ക എടുത്തുകൊണ്ടു നടക്കുന്നത് നമ്മുടെ മതനിയമത്തിനു വിരുദ്ധമല്ലേ?” അപ്പോള്‍ അയാള്‍ പറഞ്ഞു: “എന്നെ സുഖപ്പെടുത്തിയ മനുഷ്യന്‍ കിടക്ക എടുത്തുകൊണ്ടു നടക്കുക എന്ന് എന്നോടു പറഞ്ഞു.” അവര്‍ വീണ്ടും അയാളോടു ചോദിച്ചു: “കിടക്കയെടുത്തു നടക്കുവാന്‍ നിന്നോടു പറഞ്ഞ ആ മനുഷ്യന്‍ ആരാണ്?” എന്നാല്‍ യേശു സൗഖ്യം നല്‌കിയ ആ മനുഷ്യന് തന്നെ സുഖപ്പെടുത്തിയത് ആരാണെന്ന് അറിഞ്ഞുകൂടായിരുന്നു. എന്തെന്നാല്‍ അവിടെ ഉണ്ടായിരുന്ന ആള്‍ക്കൂട്ടത്തില്‍ യേശു മറഞ്ഞുകഴിഞ്ഞിരുന്നു. പിന്നീട് യേശു അയാളെ ദേവാലയത്തില്‍വച്ചു കണ്ട് അയാളോട് “നോക്കൂ, നീ സുഖം പ്രാപിച്ചുവല്ലോ; ഇനിമേല്‍ പാപം ചെയ്യരുത്; ഇതിലേറെ ദോഷമായതു നിനക്കു സംഭവിക്കരുതല്ലോ” എന്നു പറഞ്ഞു. ആ മനുഷ്യന്‍ ചെന്ന് യെഹൂദന്മാരോട്, തന്നെ സുഖപ്പെടുത്തിയത് യേശു ആണെന്നു പറഞ്ഞു. യേശു ശബത്തില്‍ ഇങ്ങനെയുള്ള പ്രവൃത്തികള്‍ ചെയ്തതുകൊണ്ട് യെഹൂദന്മാര്‍ അവിടുത്തെ പീഡിപ്പിക്കുവാന്‍ തുടങ്ങി. യേശു അവരോടു പറഞ്ഞു: “എന്‍റെ പിതാവ് ഇപ്പോഴും കര്‍മനിരതനാണ്. അതുകൊണ്ടു ഞാനും പ്രവര്‍ത്തിക്കുന്നു.” ശബത്തു ലംഘിച്ചു എന്നതു മാത്രമല്ല, ദൈവത്തെ തന്‍റെ പിതാവ് എന്നു വിളിച്ച് തന്നെത്തന്നെ ദൈവത്തോടു സമനാക്കി എന്നതുകൊണ്ടും യെഹൂദന്മാര്‍ യേശുവിനെ വധിക്കുവാനുള്ള ഉപായം എന്തെന്നു പൂര്‍വാധികം അന്വേഷിച്ചു. യേശു അവരോടു പറഞ്ഞു: “സത്യം ഞാന്‍ നിങ്ങളോടു പറയട്ടെ: പുത്രനു സ്വന്തനിലയില്‍ ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല. പിതാവു ചെയ്യുന്നതായി കാണുന്നതു മാത്രമേ പുത്രന്‍ ചെയ്യുന്നുള്ളൂ. പിതാവു ചെയ്യുന്നതുതന്നെ പുത്രനും ചെയ്യുന്നു. പിതാവു പുത്രനെ സ്നേഹിക്കുന്നു. താന്‍ ചെയ്യുന്നതെല്ലാം പുത്രനു കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. നിങ്ങള്‍ ആശ്ചര്യപ്പെടത്തക്കവിധം ഇവയെക്കാള്‍ വലിയ പ്രവൃത്തികള്‍ അവിടുന്നു കാണിച്ചുകൊടുക്കും. പിതാവു മരിച്ചവരെ ഉയിര്‍പ്പിച്ച് അവര്‍ക്കു ജീവന്‍ നല്‌കുന്നതുപോലെ പുത്രനും തനിക്കിഷ്ടമുള്ളവര്‍ക്ക് ജീവന്‍ നല്‌കുന്നു. [22,23] പിതാവ് ആരെയും ന്യായം വിധിക്കുന്നില്ല. പിതാവിനെ ബഹുമാനിക്കുന്നതുപോലെ എല്ലാവരും പുത്രനെയും ബഹുമാനിക്കേണ്ടതിന് അവിടുന്നു ന്യായവിധി മുഴുവന്‍ പുത്രനെ ഏല്പിച്ചിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവന്‍ പുത്രനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല. *** “ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: എന്‍റെ വചനം കേട്ട് എന്നെ അയച്ചവനില്‍ വിശ്വസിക്കുന്നവന് അനശ്വര ജീവനുണ്ട്; അവന്‍ ന്യായവിധിക്കു വിധേയനാകാതെ മരണത്തില്‍നിന്നു ജീവനിലേക്കു കടന്നുകഴിഞ്ഞിരിക്കുന്നു. മരിച്ചവര്‍ ദൈവപുത്രന്‍റെ ശബ്ദം കേള്‍ക്കുകയും കേള്‍ക്കുന്നവര്‍ ജീവന്‍ പ്രാപിക്കുകയും ചെയ്യുന്ന സമയം വരുന്നു; ഇപ്പോള്‍ത്തന്നെ വന്നുകഴിഞ്ഞിരിക്കുന്നു എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു. താന്‍ തന്നെ ജീവന്‍റെ ഉറവിടം ആയിരിക്കുന്നതുപോലെ പുത്രനും ജീവന്‍റെ ഉറവിടം ആയിരിക്കുവാനുള്ള അധികാരം അവനു നല്‌കപ്പെട്ടിരിക്കുന്നു. അവന്‍ മനുഷ്യപുത്രനായതുകൊണ്ട് ന്യായം വിധിക്കുവാനുള്ള അധികാരം അവനു നല്‌കപ്പെട്ടിരിക്കുന്നു. ഇതില്‍ ആരും ആശ്ചര്യപ്പെടേണ്ടാ. [28,29] ശവക്കുഴിയിലുള്ള മരിച്ചവരെല്ലാം പുത്രന്‍റെ ശബ്ദം കേട്ടു പുറത്തുവരികയും നന്മചെയ്തവര്‍ ഉയിര്‍ത്തെഴുന്നേറ്റു ജീവിക്കുകയും തിന്മ ചെയ്തിട്ടുള്ളവര്‍ ഉയിര്‍ത്തെഴുന്നേറ്റു ന്യായവിധിക്കു വിധേയരാവുകയും ചെയ്യുന്ന സമയം വരുന്നു. *** “എനിക്കു സ്വയമേവ ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല. ദൈവം പറയുന്നതുകേട്ട് ഞാന്‍ ന്യായം വിധിക്കുന്നു. എന്‍റെ ഇഷ്ടമല്ല എന്നെ അയച്ചവന്‍റെ ഇഷ്ടമത്രേ ഞാന്‍ ചെയ്യുവാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് എന്‍റെ വിധി നീതിയുക്തവുമാണ്. “ഞാന്‍ തന്നെ എന്നെപ്പറ്റി സാക്ഷ്യം പറഞ്ഞാല്‍ അതു ശരിയായിരിക്കുകയില്ല. എന്നാല്‍ എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കുന്ന ഒരാളുണ്ട്. അവിടുന്ന് എന്നെപ്പറ്റി പറയുന്ന ആ സാക്ഷ്യം സത്യമാണെന്ന് എനിക്കറിയാം. നിങ്ങള്‍ യോഹന്നാന്‍റെ അടുക്കലേക്കു ദൂതന്മാരെ അയച്ചല്ലോ. അദ്ദേഹം സത്യത്തിനു സാക്ഷ്യംവഹിച്ചിരിക്കുന്നു. മനുഷ്യന്‍റെ സാക്ഷ്യം എനിക്ക് ആവശ്യം ഉണ്ടായിട്ടില്ല; നിങ്ങള്‍ രക്ഷ പ്രാപിക്കുന്നതിനാണ് ഞാനിതു പറയുന്നത്. യോഹന്നാന്‍ കത്തിജ്വലിക്കുന്ന വിളക്കായിരുന്നു. അതിന്‍റെ പ്രകാശത്തില്‍ അല്പകാലം ആഹ്ലാദിക്കുവാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ യോഹന്നാന്‍ നല്‌കിയ സാക്ഷ്യത്തെക്കാള്‍ മഹത്തായ സാക്ഷ്യം എനിക്കുണ്ട്. ഞാന്‍ ചെയ്തു പൂര്‍ത്തീകരിക്കുന്നതിനു പിതാവ് ഏല്പിച്ചിരിക്കുന്നതും ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നതുമായ ഈ പ്രവൃത്തികള്‍തന്നെയാണ് പിതാവ് എന്നെ അയച്ചു എന്നതിനു സാക്ഷ്യം വഹിക്കുന്നത്. എന്നെ അയച്ച പിതാവു തന്നെയും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ അവിടുത്തെ ശബ്ദം ഒരിക്കലും ശ്രവിച്ചിട്ടില്ല; അവിടുത്തെ രൂപം ഒരിക്കലും ദര്‍ശിച്ചിട്ടുമില്ല. അവിടുത്തെ വചനം നിങ്ങളില്‍ വസിക്കുന്നുമില്ല. എന്തെന്നാല്‍ അവിടുന്ന് അയച്ചവനെ നിങ്ങള്‍ വിശ്വസിക്കുന്നില്ലല്ലോ. വേദലിഖിതങ്ങളില്‍ അനശ്വരജീവനുണ്ടെന്നു കരുതി നിങ്ങള്‍ ശുഷ്കാന്തിയോടെ അവ പരിശോധിക്കുന്നു. ആ ലിഖിതങ്ങള്‍ എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കുന്നവയാണ്. എങ്കിലും ജീവന്‍ പ്രാപിക്കേണ്ടതിന് എന്‍റെ അടുക്കല്‍ വരുവാന്‍ നിങ്ങള്‍ക്കു മനസ്സില്ല. “മനുഷ്യരുടെ പ്രശംസയ്‍ക്ക് ഞാന്‍ വില കല്പിക്കുന്നില്ല. എന്നാല്‍ എനിക്കു നിങ്ങളെ അറിയാം; നിങ്ങളില്‍ ദൈവസ്നേഹം ഇല്ല. എന്‍റെ പിതാവ് അധികാരപ്പെടുത്തിയിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. എന്നിട്ടും നിങ്ങള്‍ എന്നെ സ്വീകരിക്കുന്നില്ല; മറ്റൊരാള്‍ തന്‍റെ സ്വന്തം അധികാരത്തില്‍ വന്നാല്‍ അയാളെ നിങ്ങള്‍ സ്വീകരിക്കും. ഏക ദൈവത്തില്‍നിന്നുള്ള ബഹുമതി അന്വേഷിക്കാതെ അന്യോന്യം ബഹുമതി കാംക്ഷിക്കുന്ന നിങ്ങള്‍ക്കു വിശ്വസിക്കുവാന്‍ എങ്ങനെ കഴിയും? എന്‍റെ പിതാവിന്‍റെ സന്നിധിയില്‍ ഞാന്‍ നിങ്ങളുടെമേല്‍ കുറ്റം ആരോപിക്കുമെന്നു കരുതേണ്ടാ. നിങ്ങള്‍ പ്രത്യാശ ഉറപ്പിച്ചിരിക്കുന്ന മോശയായിരിക്കും നിങ്ങളുടെമേല്‍ കുറ്റം ആരോപിക്കുക. മോശയെ നിങ്ങള്‍ വിശ്വസിച്ചിരുന്നെങ്കില്‍ എന്നെയും വിശ്വസിക്കുമായിരുന്നു. എന്തെന്നാല്‍ അദ്ദേഹം എന്നെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ. അദ്ദേഹം എഴുതിയിട്ടുള്ളത് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ എന്‍റെ വാക്കുകള്‍ എങ്ങനെ വിശ്വസിക്കും?” അനന്തരം യേശു ഗലീലത്തടാകത്തിന്‍റെ മറുകരയിലേക്കു പോയി. തിബെര്യാസ് തടാകം എന്നും അതിനു പേരുണ്ട്. രോഗികള്‍ക്കു സൗഖ്യം നല്‌കിക്കൊണ്ട് യേശു ചെയ്ത അടയാളപ്രവൃത്തികള്‍ കണ്ട് ഒരു വലിയ ജനാവലി അവിടുത്തെ പിന്നാലെ അവിടെയെത്തി. യേശു ഒരു മലയില്‍ കയറി ശിഷ്യന്മാരോടുകൂടി അവിടെയിരുന്നു. യെഹൂദന്മാരുടെ പെസഹാപെരുന്നാള്‍ സമീപിച്ചിരുന്നു. യേശു തല ഉയര്‍ത്തി നോക്കി. ഒരു വലിയ ജനസഞ്ചയം തന്‍റെ അടുക്കലേക്കു വരുന്നതു കണ്ടിട്ട് അവിടുന്നു ഫീലിപ്പോസിനോട് ചോദിച്ചു: “ഇവര്‍ക്കു ഭക്ഷിക്കുവാന്‍ നാം എവിടെനിന്നാണ് അപ്പം വാങ്ങുക?” ഫീലിപ്പോസിനെ പരീക്ഷിക്കുന്നതിനായിരുന്നു യേശു ഇപ്രകാരം ചോദിച്ചത്. താന്‍ എന്താണു ചെയ്യാന്‍ പോകുന്നതെന്ന് യേശുവിന് അറിയാമായിരുന്നു. “ഇരുനൂറു ദിനാറിന് അപ്പം വാങ്ങിയാല്‍പോലും ഇവരില്‍ ഓരോരുത്തനും അല്പമെങ്കിലും കൊടുക്കുവാന്‍ മതിയാകുകയില്ല” എന്നു ഫീലിപ്പോസ് മറുപടി പറഞ്ഞു. ശിമോന്‍ പത്രോസിന്‍റെ സഹോദരനായ അന്ത്രയാസ് എന്ന ശിഷ്യന്‍ യേശുവിനോട്, “ഇവിടെ ഒരു ബാലനുണ്ട്; അവന്‍റെ കൈയില്‍ അഞ്ചു ബാര്‍ലി അപ്പവും രണ്ടു മീനുമുണ്ട്; പക്ഷേ, ഇത്ര വളരെ ആളുകള്‍ക്ക് അത് എന്താകാനാണ്?” എന്നു പറഞ്ഞു. യേശു ശിഷ്യന്മാരോട്, “ആളുകളെ എല്ലാം ഇരുത്തുക” എന്നാജ്ഞാപിച്ചു. ധാരാളം പുല്ലുള്ള സ്ഥലമായിരുന്നു അത്. പുരുഷന്മാര്‍ ഏകദേശം അയ്യായിരം പേരുണ്ടായിരുന്നു. യേശു അപ്പമെടുത്തു സ്തോത്രം ചെയ്തശേഷം ഇരുന്നവര്‍ക്കു പങ്കിട്ടു കൊടുത്തു. അങ്ങനെതന്നെ മീനും വേണ്ടുവോളം വിളമ്പി. എല്ലാവരും ഭക്ഷിച്ചു തൃപ്തരായപ്പോള്‍ യേശു ശിഷ്യന്മാരോട്: “ശേഷിച്ച കഷണങ്ങള്‍ ഒന്നും നഷ്ടപ്പെടുത്താതെ ശേഖരിക്കുക” എന്നു പറഞ്ഞു. അങ്ങനെ അഞ്ചപ്പത്തില്‍നിന്ന് അയ്യായിരം പേര്‍ ഭക്ഷിച്ചശേഷം ബാക്കി വന്ന കഷണങ്ങള്‍ അവര്‍ ശേഖരിച്ചു; അവ പന്ത്രണ്ടു കുട്ട നിറയെ ഉണ്ടായിരുന്നു. യേശു ചെയ്ത ഈ അദ്ഭുതപ്രവൃത്തി കണ്ട്: “തീര്‍ച്ചയായും ലോകത്തിലേക്കു വരുവാനിരിക്കുന്ന പ്രവാചകന്‍ ഇദ്ദേഹം തന്നെ” എന്ന് ആളുകള്‍ പറഞ്ഞു. അവര്‍ വന്നു തന്നെ പിടിച്ചുകൊണ്ടുപോയി രാജാവാക്കുവാന്‍ ഭാവിക്കുന്നു എന്നു മനസ്സിലാക്കി യേശു തനിച്ചു മലയിലേക്കു വീണ്ടും പിന്‍വാങ്ങി. സന്ധ്യ ആയപ്പോള്‍ ശിഷ്യന്മാര്‍ തടാകത്തിന്‍റെ തീരത്തെത്തി. അവര്‍ ഒരു വഞ്ചിയില്‍ കയറി മറുകരെയുള്ള കഫര്‍ന്നഹൂമിലേക്കു പോയി. രാത്രി ആയിട്ടും യേശു അവരുടെ അടുക്കല്‍ എത്തിയിരുന്നില്ല. ഉഗ്രമായ ഒരു കൊടുങ്കാറ്റടിച്ച് തടാകം ക്ഷോഭിച്ചിരുന്നു. അഞ്ചാറു കിലോമീറ്റര്‍ ദൂരം തുഴഞ്ഞു കഴിഞ്ഞപ്പോള്‍, യേശു ജലപ്പരപ്പിലൂടെ നടന്നു വഞ്ചിയെ സമീപിക്കുന്നതു കണ്ട് അവര്‍ ഭയപരവശരായി. യേശു അവരോട് “ഭയപ്പെടേണ്ടാ, ഞാന്‍ തന്നെയാണ്” എന്നു പറഞ്ഞു. യേശുവിനെ വഞ്ചിയില്‍ കയറ്റാന്‍ ശിഷ്യന്മാര്‍ ആഗ്രഹിച്ചു; എന്നാല്‍ അപ്പോഴേക്ക് അവര്‍ക്ക് എത്തേണ്ട സ്ഥലത്തു വഞ്ചി എത്തിക്കഴിഞ്ഞു. ഒരു വഞ്ചി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്നും ശിഷ്യന്മാരോടുകൂടി യേശു വഞ്ചിയില്‍ കയറിയിരുന്നില്ല എന്നും ശിഷ്യന്മാര്‍ തനിച്ചാണു പോയത് എന്നും പിറ്റേദിവസം മറുകരെയുണ്ടായിരുന്ന ജനങ്ങള്‍ മനസ്സിലാക്കി. കര്‍ത്താവു വാഴ്ത്തിക്കൊടുത്ത അപ്പം ജനങ്ങള്‍ ഭക്ഷിച്ച സ്ഥലത്തിനടുത്തേക്കു തിബെര്യാസ് പട്ടണത്തില്‍നിന്നു വഞ്ചികളില്‍ ആളുകള്‍ ചെന്നു. യേശുവോ, ശിഷ്യന്മാരോ, അവിടെയില്ലെന്നു മനസ്സിലാക്കിയപ്പോള്‍ ആ ജനം വഞ്ചികളില്‍ കയറി യേശുവിനെ അന്വേഷിച്ചു കഫര്‍ന്നഹൂമിലെത്തി. തടാകത്തിന്‍റെ മറുകരയില്‍വച്ച് യേശുവിനെ കണ്ടപ്പോള്‍ “ഗുരോ, അങ്ങ് എപ്പോഴാണ് ഇവിടെ എത്തിയത്” എന്ന് അവര്‍ ചോദിച്ചു. യേശു പറഞ്ഞു: “ഞാന്‍ കാണിച്ച അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടുമാത്രമാണ് നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത് എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. നശ്വരമായ ആഹാരത്തിനുവേണ്ടിയല്ല നിങ്ങള്‍ പ്രയത്നിക്കേണ്ടത്, പ്രത്യുത, അനശ്വരജീവനിലേക്കു നയിക്കുന്ന ആഹാരത്തിനുവേണ്ടിയത്രേ. അതു മനുഷ്യപുത്രന്‍ നിങ്ങള്‍ക്കു നല്‌കും; എന്തുകൊണ്ടെന്നാല്‍ പിതാവായ ദൈവം തന്‍റെ അംഗീകാരമുദ്ര പുത്രനില്‍ പതിച്ചിരിക്കുന്നു.” അപ്പോള്‍ അവര്‍ ചോദിച്ചു: “ദൈവത്തിനു പ്രസാദമുള്ള കാര്യങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ ഞങ്ങള്‍ എന്തു ചെയ്യണം?” യേശു ഉത്തരമരുളി: “ദൈവം അയച്ചവനില്‍ വിശ്വസിക്കുക; അതാണു ദൈവത്തിന് ഇഷ്ടമുള്ള പ്രവൃത്തി.” അപ്പോള്‍ അവര്‍ ചോദിച്ചു: “ഞങ്ങള്‍ കണ്ട് അങ്ങയെ വിശ്വസിക്കേണ്ടതിന് എന്ത് അടയാളമാണ് അങ്ങു കാണിക്കുന്നത്? എന്താണ് അങ്ങു ചെയ്യുന്നത്? നമ്മുടെ പൂര്‍വികന്മാര്‍ മരുഭൂമിയില്‍വച്ചു മന്നാ ഭക്ഷിച്ചു. അവര്‍ക്കു ഭക്ഷിക്കുവാന്‍ സ്വര്‍ഗത്തില്‍നിന്നു മോശ അപ്പം നല്‌കി എന്നാണല്ലോ എഴുതിയിരിക്കുന്നത്.” യേശു പറഞ്ഞു: “ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: സ്വര്‍ഗത്തില്‍നിന്നുള്ള അപ്പം മോശയല്ല നിങ്ങള്‍ക്കു നല്‌കിയത്; സ്വര്‍ഗത്തില്‍നിന്നുള്ള യഥാര്‍ഥ അപ്പം എന്‍റെ പിതാവാണു നിങ്ങള്‍ക്കു നല്‌കുന്നത്. ദൈവത്തിന്‍റെ അപ്പമാകട്ടെ, സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്നു ലോകത്തിനു ജീവന്‍ പ്രദാനം ചെയ്യുന്നവന്‍ തന്നെ.” അപ്പോള്‍ അവര്‍: “ഗുരോ, ഞങ്ങള്‍ക്കു ആ അപ്പം എപ്പോഴും നല്‌കണമേ” എന്ന് അപേക്ഷിച്ചു. യേശു ഉത്തരമരുളി: “ഞാനാകുന്നു ജീവന്‍റെ അപ്പം; എന്‍റെ അടുക്കല്‍ വരുന്നവന് ഒരിക്കലും വിശക്കുകയില്ല; എന്നില്‍ വിശ്വസിക്കുന്നവന് ഒരുനാളും ദാഹിക്കുകയുമില്ല. എന്നാല്‍ നിങ്ങള്‍ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ. പിതാവ് എനിക്ക് ആരെയെല്ലാം നല്‌കുന്നുവോ അവര്‍ എല്ലാവരും എന്‍റെ അടുക്കല്‍ വരും. എന്‍റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരുനാളും തള്ളിക്കളയുകയില്ല. എന്തെന്നാല്‍ ഞാന്‍ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങി വന്നത് എന്‍റെ ഇഷ്ടം ചെയ്യുവാനല്ല, എന്നെ അയച്ച പിതാവിന്‍റെ ഇഷ്ടം ചെയ്യുവാനാണ്. എനിക്കു നല്‌കിയിരിക്കുന്നവരില്‍ ഒരുവന്‍പോലും നഷ്ടപ്പെടാതെ എല്ലാവരെയും അന്ത്യദിനത്തില്‍ ഉയിര്‍പ്പിക്കണമെന്നാണ് എന്‍റെ പിതാവ് ഇച്ഛിക്കുന്നത്. പുത്രനെ കണ്ടു വിശ്വസിക്കുന്ന എല്ലാവര്‍ക്കും അനശ്വരജീവന്‍ ഉണ്ടാകണമെന്നതാണ് എന്‍റെ പിതാവിന്‍റെ അഭീഷ്ടം. അന്ത്യനാളില്‍ ഞാന്‍ അവരെ ഉയിര്‍പ്പിക്കും.” സ്വര്‍ഗത്തില്‍നിന്നു വന്ന അപ്പമാണു താന്‍ എന്ന് യേശു പറഞ്ഞതിനാല്‍ അവിടുത്തെക്കുറിച്ചു യെഹൂദന്മാര്‍ പിറുപിറുത്തു. അവര്‍ ചോദിച്ചു: “യോസേഫിന്‍റെ പുത്രനായ യേശു അല്ലേ ഈ മനുഷ്യന്‍? ഇയാളുടെ പിതാവിനെയും മാതാവിനെയും നമുക്ക് അറിഞ്ഞൂകൂടേ? പിന്നെ എങ്ങനെയാണ് ‘ഞാന്‍ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങി വന്നു’ എന്ന് ഇയാള്‍ പറയുന്നത്?” യേശു പ്രതിവചിച്ചു: “നിങ്ങള്‍ അന്യോന്യം പിറുപിറുക്കേണ്ടാ. എന്നെ അയച്ച പിതാവ് അടുപ്പിക്കാതെ ആര്‍ക്കും എന്‍റെ അടുക്കല്‍ വരുവാന്‍ സാധ്യമല്ല. അവസാനനാളില്‍ ഞാന്‍ അവനെ ഉയിര്‍പ്പിക്കും. ‘ദൈവം എല്ലാവരെയും പഠിപ്പിക്കും’ എന്നു പ്രവാചകന്മാര്‍ എഴുതിയിരിക്കുന്നു. പിതാവു പറയുന്നതു കേള്‍ക്കുകയും പഠിക്കുകയും ചെയ്യുന്നവന്‍ എന്‍റെ അടുക്കല്‍ വരുന്നു. ദൈവത്തില്‍നിന്നു വരുന്നവന്‍ മാത്രമേ പിതാവിനെ ദര്‍ശിച്ചിട്ടുള്ളൂ. മറ്റാരുംതന്നെ പിതാവിനെ കണ്ടിട്ടില്ല എന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു. വിശ്വസിക്കുന്നവന് അനശ്വരജീവനുണ്ട്. [48,49] ഞാന്‍ ജീവന്‍റെ അപ്പമാകുന്നു. നിങ്ങളുടെ പൂര്‍വപിതാക്കന്മാര്‍ മരുഭൂമിയില്‍വച്ച് മന്നാ ഭക്ഷിച്ചിട്ടും മരണമടഞ്ഞു. *** എന്നാല്‍ ഇവിടെയുള്ളത് സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുന്ന അപ്പമാകുന്നു. ഇതു ഭക്ഷിക്കുന്ന യാതൊരുവനും മരിക്കുകയില്ല. സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം ഞാനാകുന്നു. ഈ അപ്പം തിന്നുന്ന ഏതൊരുവനും എന്നേക്കും ജീവിക്കും. ഞാന്‍ കൊടുക്കുവാനിരിക്കുന്ന അപ്പം ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ കൊടുക്കുന്ന എന്‍റെ ശരീരമാകുന്നു.” എങ്ങനെയാണു തന്‍റെ ശരീരം നമുക്കു ഭക്ഷണമായിത്തരാന്‍ ഈ മനുഷ്യനു കഴിയുന്നത് എന്നു പറഞ്ഞുകൊണ്ട് യെഹൂദന്മാര്‍ അന്യോന്യം തര്‍ക്കിച്ചു. അപ്പോള്‍ യേശു അവരോട് അരുള്‍ചെയ്തു: “നിങ്ങള്‍ മനുഷ്യപുത്രന്‍റെ ശരീരം ഭക്ഷിക്കാതെയും രക്തം പാനം ചെയ്യാതെയുമിരുന്നാല്‍ നിങ്ങളില്‍ ജീവനുണ്ടായിരിക്കുകയില്ല എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു. എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് അനശ്വരജീവനുണ്ട്; അവസാനനാളില്‍ ഞാന്‍ അവനെ ഉയിര്‍പ്പിക്കും. എന്തെന്നാല്‍ എന്‍റെ ശരീരം സാക്ഷാല്‍ ഭക്ഷണവും എന്‍റെ രക്തം സാക്ഷാല്‍ പാനീയവുമാകുന്നു. എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. ജീവിക്കുന്ന പിതാവത്രേ എന്നെ അയച്ചത്. പിതാവുമൂലം ഞാനും ജീവിക്കുന്നു. അതുപോലെ എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും. സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന അപ്പം ഇതാകുന്നു. നിങ്ങളുടെ പൂര്‍വപിതാക്കള്‍ അപ്പം ഭക്ഷിച്ചെങ്കിലും മരിച്ചല്ലോ. അതുപോലെയല്ല ഈ അപ്പം. ഈ അപ്പം ഭക്ഷിക്കുന്ന ഏതൊരുവനും എന്നേക്കും ജീവിക്കും.’ യേശു കഫര്‍ന്നഹൂമിലെ സുനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇവയെല്ലാം അരുള്‍ചെയ്തത്. യേശുവിന്‍റെ ശിഷ്യന്മാരില്‍ പലരും ഇതു കേട്ടിട്ട്: “ഈ പ്രബോധനം ദുര്‍ഗ്രഹമാണല്ലോ; ആര്‍ക്ക് ഇത് ഉള്‍ക്കൊള്ളുവാന്‍ കഴിയും?” എന്നു പറഞ്ഞു. ഇതിനെച്ചൊല്ലി ശിഷ്യന്മാര്‍ പിറുപിറുക്കുന്നതായി യേശു മനസ്സിലാക്കിക്കൊണ്ട് അവരോടു പറഞ്ഞു: “ഇതു നിങ്ങള്‍ക്ക് ഇടര്‍ച്ചയുണ്ടാക്കുന്നുവോ? അങ്ങനെയെങ്കില്‍ മനുഷ്യപുത്രന്‍ മുമ്പ് എവിടെയായിരുന്നുവോ അവിടേക്ക് ആരോഹണം ചെയ്യുന്നതു നിങ്ങള്‍ കണ്ടാലോ? ആത്മാവാകുന്നു ജീവന്‍ നല്‌കുന്നത്. ഭൗതികശരീരം നിഷ്പ്രയോജനം; ഞാന്‍ നിങ്ങളോടു പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാകുന്നു. എങ്കിലും നിങ്ങളില്‍ ചിലര്‍ വിശ്വസിക്കുന്നില്ല.” വിശ്വസിക്കാത്തവര്‍ ആരെല്ലാമെന്നും തന്നെ ഒറ്റിക്കൊടുക്കുന്നത് ആരെന്നും ആദിമുതല്‌ക്കേ യേശുവിന് അറിയാമായിരുന്നു. അവിടുന്ന് അവരോടു തുടര്‍ന്നു പ്രസ്താവിച്ചു: “ഇതുകൊണ്ടാണ് പിതാവിന്‍റെ വരം കൂടാതെ ആര്‍ക്കും എന്‍റെ അടുക്കല്‍ വരുവാന്‍ സാധ്യമല്ലെന്നു ഞാന്‍ നിങ്ങളോടു പറഞ്ഞത്.” ഇതു കേട്ടിട്ട് യേശുവിന്‍റെ അനുയായികളില്‍ പലരും അവിടുത്തെ വിട്ടു പിന്മാറിപ്പോയി. അവര്‍ പിന്നീട് ഒരിക്കലും അവിടുത്തെ അനുഗമിച്ചില്ല. അതുകൊണ്ട് യേശു തന്‍റെ പന്ത്രണ്ടു ശിഷ്യന്മാരോടു ചോദിച്ചു: “നിങ്ങള്‍ക്കും പോകണമോ?” അപ്പോള്‍ ശിമോന്‍പത്രോസ് ചോദിച്ചു: “ഗുരോ, ഞങ്ങള്‍ ആരുടെ അടുക്കലേക്കാണു പോകുക? അനശ്വരജീവന്‍ നല്‌കുന്ന വചനങ്ങള്‍ അങ്ങയില്‍നിന്നാണല്ലോ വരുന്നത്. അങ്ങ് ദൈവത്തിന്‍റെ പരിശുദ്ധന്‍ എന്നു ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു.” അപ്പോള്‍ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങള്‍ പന്ത്രണ്ടു പേരെയല്ലേ ഞാന്‍ തിരഞ്ഞെടുത്തത്? എങ്കിലും നിങ്ങളിലൊരുവന്‍ പിശാചാണ്!” ശിമോന്‍ ഈസ്കര്യോത്തിന്‍റെ പുത്രനായ യൂദാസിനെക്കുറിച്ചാണ് യേശു ഇതു പറഞ്ഞത്. പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായ അയാളാണ് യേശുവിനെ ഒറ്റിക്കൊടുക്കുവാനിരുന്നത്. പിന്നീട് യേശു ഗലീലയില്‍ ചുറ്റിസഞ്ചരിച്ചു. യെഹൂദന്മാര്‍ അവിടുത്തെ വധിക്കുവാനുള്ള തക്കം അന്വേഷിച്ചുകൊണ്ടിരുന്നതിനാല്‍ യെഹൂദ്യയില്‍ സഞ്ചരിക്കുവാന്‍ അവിടുന്നു മനസ്സുവച്ചില്ല. [2,3] യെഹൂദന്മാരുടെ കൂടാരപ്പെരുന്നാള്‍ അടുത്തിരുന്നു. അതിനാല്‍ യേശുവിന്‍റെ സഹോദരന്മാര്‍ പറഞ്ഞു: “യെഹൂദ്യയിലേക്കു പോകുക; നിന്‍റെ പ്രവൃത്തികള്‍ നിന്‍റെ ശിഷ്യന്മാര്‍ കാണട്ടെ. *** പ്രസിദ്ധി കാംക്ഷിക്കുന്നവര്‍ ആരും രഹസ്യമായിട്ടല്ലല്ലോ പ്രവര്‍ത്തിക്കുന്നത്. നീ ഇവയെല്ലാം ചെയ്യുന്നെങ്കില്‍ ലോകത്തിനു നിന്നെത്തന്നെ വെളിപ്പെടുത്തുക.” സ്വസഹോദരന്മാര്‍പോലും യേശുവില്‍ വിശ്വസിച്ചിരുന്നില്ല. യേശു അവരോടു പറഞ്ഞു: “എന്‍റെ സമയം ഇനിയും സമാഗതമായിട്ടില്ല. നിങ്ങള്‍ക്കാകട്ടെ എപ്പോഴും സമയംതന്നെ. ലോകത്തിനു നിങ്ങളെ ദ്വേഷിക്കുവാന്‍ കഴിയുകയില്ല. എന്നാല്‍ ലോകത്തിന്‍റെ പ്രവൃത്തികള്‍ തിന്മയാണെന്നു ഞാന്‍ പ്രഖ്യാപനം ചെയ്യുന്നതുകൊണ്ട് ലോകം എന്നെ ദ്വേഷിക്കുന്നു. നിങ്ങള്‍ പെരുന്നാളിനു പൊയ്‍ക്കൊള്ളുക. എന്‍റെ സമയം ഇനിയും പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ഞാന്‍ ഇപ്പോള്‍ പോകുന്നില്ല.” ഇങ്ങനെ പറഞ്ഞിട്ട് യേശു ഗലീലയില്‍ത്തന്നെ പാര്‍ത്തു. തന്‍റെ സഹോദരന്മാര്‍ പെരുന്നാളിനു പോയശേഷം യേശുവും പോയി; എന്നാല്‍ പരസ്യമായിട്ടല്ല രഹസ്യമായിട്ടാണു പോയത്. പെരുന്നാള്‍ ദിവസങ്ങളില്‍ യെഹൂദന്മാര്‍ യേശുവിനെ അന്വേഷിച്ചുകൊണ്ടിരുന്നു. “അയാള്‍ എവിടെ?” എന്നവര്‍ ചോദിച്ചു. ജനക്കൂട്ടത്തിനിടയ്‍ക്ക് യേശുവിനെക്കുറിച്ച് രഹസ്യമായി വളരെയധികം കുശുകുശുപ്പുണ്ടായി. “അദ്ദേഹം ഒരു നല്ല മനുഷ്യനാണ്” എന്ന് ഒരു കൂട്ടരും “അല്ല, അയാള്‍ ജനങ്ങളെ വഴി തെറ്റിക്കുന്നവനാണ്” എന്നു വേറൊരു കൂട്ടരും പറഞ്ഞുകൊണ്ടിരുന്നു. എങ്കിലും യെഹൂദന്മാരെ ഭയപ്പെട്ട് ആരും ഒന്നും പരസ്യമായി പ്രസ്താവിച്ചില്ല. ഉത്സവകാലം പകുതി ആയപ്പോള്‍ യേശു ദേവാലയത്തില്‍ ചെന്നു പഠിപ്പിച്ചു. യെഹൂദന്മാര്‍ ആശ്ചര്യഭരിതരായി. “ഒരു പഠിപ്പുമില്ലാത്ത ഈ മനുഷ്യന് എങ്ങനെയാണീ പാണ്ഡിത്യമുണ്ടായത്?” എന്ന് അവര്‍ ചോദിച്ചു. യേശു അവരോടു പറഞ്ഞു: “എന്‍റെ പ്രബോധനം എന്‍റേതല്ല; എന്നെ അയച്ചവന്‍റെതത്രേ. എന്‍റെ പ്രബോധനം ദൈവത്തില്‍ നിന്നുള്ളതോ എന്‍റെ സ്വന്തമോ എന്ന് ദൈവഹിതം നിറവേറ്റുവാന്‍ ഇച്ഛിക്കുന്നവന്‍ അറിയും. സ്വമേധയാ സംസാരിക്കുന്നവന്‍ സ്വന്തം മഹത്ത്വം തേടുന്നു; തന്നെ അയച്ചവന്‍റെ മഹത്ത്വം തേടുന്നവനാകട്ടെ, സത്യവാനാകുന്നു; അവനില്‍ അനീതിയില്ല. മോശ നിങ്ങള്‍ക്കു നിയമസംഹിത നല്‌കിയിട്ടില്ലേ? എങ്കിലും നിങ്ങളില്‍ ആരുംതന്നെ അതനുസരിക്കുന്നില്ലല്ലോ. നിങ്ങള്‍ എന്നെ കൊല്ലുവാന്‍ ശ്രമിക്കുന്നതെന്തിന്?” ജനങ്ങള്‍ അതിനു മറുപടിയായി “താങ്കളില്‍ ഒരു ഭൂതമുണ്ട്! ആരാണു താങ്കളെ കൊല്ലാന്‍ ശ്രമിക്കുന്നത്?” എന്നു ചോദിച്ചു. യേശു പ്രതിവചിച്ചു: “ഞാന്‍ ഒരു പ്രവൃത്തിചെയ്തു; നിങ്ങള്‍ എല്ലാവരും അതില്‍ ആശ്ചര്യപ്പെടുന്നു. മോശ പരിച്ഛേദനം എന്ന കര്‍മം നിങ്ങള്‍ക്കു നല്‌കി - മോശയല്ല, പൂര്‍വപിതാക്കളത്രേ അത് ആരംഭിച്ചത്. നിങ്ങള്‍ ശബത്തിലും പരിച്ഛേദനകര്‍മം നടത്തുന്നു. മോശയുടെ നിയമം ലംഘിക്കപ്പെടാതിരിക്കുവാന്‍ ശബത്തില്‍ ഒരുവനു പരിച്ഛേദനം സ്വീകരിക്കാമെങ്കില്‍ ഞാന്‍ ഒരു മനുഷ്യനെ ശബത്തില്‍ സുഖപ്പെടുത്തിയതിന് നിങ്ങള്‍ എന്തിനാണ് എന്നോടു കോപിക്കുന്നത്? ബാഹ്യമായ കാഴ്ചപ്രകാരം വിധിക്കരുത്; ശരിയായ മാനദണ്ഡം ഉപയോഗിച്ചു നിങ്ങള്‍ വിധിക്കുക.” ഇതു കേട്ടപ്പോള്‍ യെരൂശലേംനിവാസികളില്‍ ചിലര്‍ പറഞ്ഞു: “ഈ മനുഷ്യനെയല്ലേ അവര്‍ കൊല്ലുവാന്‍ അന്വേഷിക്കുന്നത്? ഇതാ അവിടുന്ന് പരസ്യമായി സംസാരിക്കുന്നു. എന്നിട്ടും അവര്‍ ഇദ്ദേഹത്തോട് ഒന്നും പറയുന്നില്ലല്ലോ. ഇദ്ദേഹം ക്രിസ്തു ആണെന്ന് അധികാരികള്‍ ഗ്രഹിച്ചിരിക്കുമോ? എങ്കിലും ഇദ്ദേഹം എവിടെനിന്നുള്ളവന്‍ എന്നു നമുക്കറിയാം. ക്രിസ്തു വരുമ്പോഴാകട്ടെ അദ്ദേഹം എവിടെനിന്നു വരുന്നു എന്ന് ആരും അറിയുകയില്ലല്ലോ.” യേശു ദേവാലയത്തില്‍വച്ചു ജനങ്ങളെ പ്രബോധിപ്പിക്കുമ്പോള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: “നിങ്ങള്‍ക്ക് എന്നെ അറിയാം; ഞാന്‍ എവിടെനിന്നു വരുന്നു എന്നും നിങ്ങള്‍ അറിയുന്നു. എന്നാല്‍ ഞാന്‍ സ്വമേധയാ വന്നവനല്ല. എന്നെ അയച്ചവന്‍ സത്യസ്വരൂപനാണ്. അവിടുത്തെ നിങ്ങള്‍ അറിയുന്നില്ല. എന്നാല്‍ ഞാന്‍ അവിടുത്തെ അറിയുന്നു, എന്തെന്നാല്‍ ഞാന്‍ അവിടുത്തെ അടുക്കല്‍ നിന്നാണു വന്നിരിക്കുന്നത്. എന്നെ അയച്ചതും അവിടുന്നാണ്.” അപ്പോള്‍ അവര്‍ യേശുവിനെ പിടിക്കുവാന്‍ ശ്രമിച്ചു. പക്ഷേ, അവിടുത്തെ സമയം അപ്പോഴും വന്നുകഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ആര്‍ക്കും അവിടുത്തെമേല്‍ കൈവയ്‍ക്കുവാന്‍ കഴിഞ്ഞില്ല. ജനങ്ങളില്‍ പലരും യേശുവില്‍ വിശ്വസിച്ചു: “ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍ ഇദ്ദേഹം ചെയ്തതിനെക്കാള്‍ അധികം അടയാളപ്രവൃത്തികള്‍ ചെയ്യുമോ?” എന്ന് അവര്‍ ചോദിച്ചു. യേശുവിനെപ്പറ്റി ജനങ്ങളുടെ ഇടയില്‍ നടക്കുന്ന കുശുകുശുപ്പിനെക്കുറിച്ച് പരീശന്മാര്‍ കേട്ടു. അതിനാല്‍ അവിടുത്തെ പിടിക്കുവാന്‍ പുരോഹിതമുഖ്യന്മാരും പരീശന്മാരും ദേവാലയ ഭടന്മാരെ നിയോഗിച്ചു. അപ്പോള്‍ യേശു: “ഞാന്‍ ഇനി അല്പസമയംകൂടി മാത്രമേ നിങ്ങളുടെകൂടെ ഉണ്ടായിരിക്കൂ; പിന്നീട് എന്നെ അയച്ച പിതാവിന്‍റെ അടുക്കലേക്കു ഞാന്‍ പോകും. നിങ്ങള്‍ എന്നെ അന്വേഷിക്കും, എന്നാല്‍ കണ്ടെത്തുകയില്ല. ഞാന്‍ എവിടെയായിരിക്കുമോ അവിടെ നിങ്ങള്‍ക്കു വരുവാന്‍ കഴിയുകയുമില്ല” എന്നു പറഞ്ഞു. അപ്പോള്‍ യെഹൂദന്മാര്‍ പരസ്പരം പറഞ്ഞു: “നാം കണ്ടെത്താതവണ്ണം ഇയാള്‍ എവിടെ പോകാനാണു ഭാവിക്കുന്നത്? നമ്മുടെ ആളുകള്‍ പാര്‍ക്കുന്ന ഗ്രീക്കുനഗരങ്ങളില്‍ പോയി ഗ്രീക്കുകാരെ പഠിപ്പിക്കുവാനാണോ ഉദ്ദേശ്യം? ‘നിങ്ങള്‍ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാന്‍ എവിടെ ആയിരിക്കുന്നുവോ അവിടെ വരുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല’ എന്ന് ഇയാള്‍ പറഞ്ഞതിന്‍റെ അര്‍ഥമെന്താണ്?” ഉത്സവത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സമാപനദിവസം യേശു എഴുന്നേറ്റു നിന്നുകൊണ്ട് ഇപ്രകാരം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: “ദാഹിക്കുന്ന ഏതൊരുവനും എന്‍റെ അടുക്കല്‍ വന്നു പാനം ചെയ്യട്ടെ. വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഉള്ളില്‍നിന്നു ജീവജലത്തിന്‍റെ നദികള്‍ പ്രവഹിക്കും.” തന്നില്‍ വിശ്വസിക്കുന്നവര്‍ക്കു ലഭിക്കുന്ന പരിശുദ്ധാത്മാവിനെ ഉദ്ദേശിച്ചത്രേ അവിടുന്ന് ഇങ്ങനെ പ്രസ്താവിച്ചത്. അതുവരെയും യേശു മഹത്ത്വം പ്രാപിച്ചിരുന്നില്ല. അതിനാല്‍ അവര്‍ക്ക് ആത്മാവു നല്‌കപ്പെട്ടിരുന്നുമില്ല. ഈ വാക്കുകള്‍ കേട്ട ചിലര്‍ പറഞ്ഞു: “ഇത് യഥാര്‍ഥത്തില്‍ ആ പ്രവാചകന്‍ തന്നെയാണ്.” മറ്റുചിലര്‍: “ഇദ്ദേഹം ക്രിസ്തുതന്നേ” എന്നു പറഞ്ഞു. “ഗലീലയില്‍നിന്നു ക്രിസ്തു വരുമോ? ദാവീദിന്‍റെ വംശത്തില്‍നിന്നു ജനിച്ച് അദ്ദേഹത്തിന്‍റെ ഗ്രാമമായ ബേത്‍ലഹേമില്‍നിന്ന് ക്രിസ്തു വരുന്നു എന്നല്ലേ വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്?” എന്നു വേറെ ചിലര്‍ ചോദിച്ചു. ഇങ്ങനെ യേശുവിനെ സംബന്ധിച്ച് ജനമധ്യത്തില്‍ ഭിന്നാഭിപ്രായമുണ്ടായി. അവരില്‍ ചിലര്‍ക്ക് അവിടുത്തെ ബന്ധനസ്ഥനാക്കണമെന്നുണ്ടായിരുന്നെങ്കിലും ആരും അവിടുത്തെമേല്‍ കൈവച്ചില്ല. ദേവാലയഭടന്മാര്‍ പുരോഹിതമുഖ്യന്മാരുടെയും പരീശന്മാരുടെയും അടുക്കല്‍ മടങ്ങിച്ചെന്നു. “നിങ്ങള്‍ എന്തുകൊണ്ട് അയാളെ പിടിച്ചുകൊണ്ടു വന്നില്ല?” എന്ന് അവര്‍ ഭടന്മാരോടു ചോദിച്ചു. “ആ മനുഷ്യന്‍ സംസാരിക്കുന്നതുപോലെ ആരും ഒരിക്കലും സംസാരിച്ചു കേട്ടിട്ടില്ല” എന്ന് അവര്‍ മറുപടി പറഞ്ഞു. പരീശന്മാര്‍ അവരോടു ചോദിച്ചു: “നിങ്ങളെയും അയാള്‍ വഴിതെറ്റിച്ചുവോ? നമ്മുടെ അധികാരികളിലോ, പരീശപക്ഷത്തുള്ളവരിലോ, ആരെങ്കിലും അയാളില്‍ വിശ്വസിച്ചിട്ടുണ്ടോ? ധര്‍മശാസ്ത്രത്തെക്കുറിച്ചു വിവരമില്ലാത്ത ഈ ജനങ്ങള്‍ ശപിക്കപ്പെട്ടവര്‍ തന്നെ!” യെഹൂദപ്രമുഖന്മാരില്‍പ്പെട്ടവനും മുമ്പൊരിക്കല്‍ യേശുവിനെ സന്ദര്‍ശിച്ചവനുമായ നിക്കോദിമോസ് ചോദിച്ചു: “ഒരുവന്‍റെ മൊഴി കേള്‍ക്കുകയും അയാള്‍ ചെയ്തതെന്തെന്ന് അറിയുകയും ചെയ്യുന്നതിനുമുമ്പ് അയാളെ വിധിക്കുവാന്‍ നമ്മുടെ ധര്‍മശാസ്ത്രം അനുവദിക്കുന്നുണ്ടോ?” അവര്‍ അദ്ദേഹത്തോട്: “താങ്കളും ഗലീലക്കാരനാണോ? വേദലിഖിതം പരിശോധിച്ചു നോക്കൂ; ഗലീലയില്‍ ഒരു പ്രവാചകനും ഉണ്ടാവുകയില്ലെന്ന് അപ്പോള്‍ താങ്കള്‍ക്കു മനസ്സിലാകും” എന്നു പറഞ്ഞു. അനന്തരം എല്ലാവരും അവരവരുടെ ഭവനങ്ങളിലേക്കു തിരിച്ചുപോയി. യേശു ഒലിവുമലയിലേക്കു പോയി. അടുത്ത ദിവസം രാവിലെ അവിടുന്നു വീണ്ടും ദേവാലയത്തിലെത്തി. ജനമെല്ലാം അവിടുത്തെ അടുക്കല്‍ വന്നുകൂടി. യേശു അവിടെയിരുന്ന് അവരെ പഠിപ്പിച്ചുതുടങ്ങി. വ്യഭിചാരക്കുറ്റത്തില്‍ പിടിക്കപ്പെട്ട ഒരു സ്‍ത്രീയെ മതപണ്ഡിതന്മാരും പരീശന്മാരുംകൂടി കൊണ്ടുവന്ന് അവരുടെ മധ്യത്തില്‍ നിറുത്തി. അവര്‍ യേശുവിനോടു പറഞ്ഞു: “ഗുരോ, വ്യഭിചാരകര്‍മത്തില്‍ ഏര്‍പ്പെട്ടിരിക്കെത്തന്നെ പിടിക്കപ്പെട്ടവളാണ് ഈ സ്‍ത്രീ. ഇങ്ങനെയുള്ളവരെ കല്ലെറിഞ്ഞു കൊല്ലണമെന്നാണ് മോശയുടെ നിയമസംഹിത അനുശാസിച്ചിട്ടുള്ളത്. അങ്ങ് എന്തു പറയുന്നു?” യേശുവിന്‍റെ പേരില്‍ കുറ്റം ആരോപിക്കുന്നതിനുവേണ്ടി അവിടുത്തെ പരീക്ഷിക്കുന്നതിനാണ് അവര്‍ ഇങ്ങനെ ചോദിച്ചത്. യേശുവാകട്ടെ, കുനിഞ്ഞ് വിരല്‍കൊണ്ട് നിലത്ത് എഴുതിക്കൊണ്ടിരുന്നു. എന്നാല്‍ അവര്‍ ഈ ചോദ്യം ആവര്‍ത്തിച്ചതുകൊണ്ട് യേശു നിവര്‍ന്ന് “നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ” എന്ന് അവരോടു പറഞ്ഞു. പിന്നെയും യേശു കുനിഞ്ഞ് വിരല്‍കൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. ഇതു കേട്ടപ്പോള്‍ പ്രായം കൂടിയവര്‍ തുടങ്ങി ഓരോരുത്തരായി എല്ലാവരും സ്ഥലം വിട്ടു. ഒടുവില്‍ ആ സ്‍ത്രീയും യേശുവും മാത്രം ശേഷിച്ചു. യേശു നിവര്‍ന്ന് അവളോട് “അവരെല്ലാവരും എവിടെ? നീ കുറ്റവാളിയാണെന്ന് ആരും വിധിച്ചില്ലേ?” എന്നു ചോദിച്ചു. “ഇല്ല പ്രഭോ” എന്ന് അവള്‍ മറുപടി പറഞ്ഞു. അപ്പോള്‍ യേശു, “ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‍ക്കൊള്ളുക; ഇനിമേല്‍ പാപം ചെയ്യരുത്” എന്ന് അരുള്‍ചെയ്തു. യേശു വീണ്ടും പരീശന്മാരോടു പറഞ്ഞു: “ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്‍റെ പ്രകാശം ഉണ്ടായിരിക്കും.” പരീശന്മാര്‍ പറഞ്ഞു: “താങ്കള്‍ താങ്കളെക്കുറിച്ചുതന്നെ സാക്ഷ്യം വഹിക്കുന്നു; ആ സാക്ഷ്യത്തിനു വിലയില്ല.” യേശു പ്രതിവചിച്ചു: “ഞാന്‍ എന്നെക്കുറിച്ചു തന്നെ സാക്ഷ്യം പറഞ്ഞാലും എന്‍റെ സാക്ഷ്യം സത്യമാകുന്നു. ഞാന്‍ എവിടെ നിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും എനിക്കറിയാം. എന്നാല്‍ ഞാന്‍ എവിടെനിന്നു വന്നു എന്നോ, എവിടേക്കു പോകുന്നു എന്നോ നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ. മനുഷ്യന്‍റെ തോത് ഉപയോഗിച്ചാണ് നിങ്ങളുടെ വിധി. ഞാന്‍ ആരെയും വിധിക്കുന്നില്ല. ഞാന്‍ വിധിച്ചാല്‍തന്നെയും എന്‍റെ വിധി സത്യമായിരിക്കും. എന്തുകൊണ്ടെന്നാല്‍ ഞാന്‍ ഏകനായിട്ടല്ല വിധിക്കുന്നത്; പിന്നെയോ, ഞാനും എന്നെ അയച്ച പിതാവും ചേര്‍ന്നാണ്. രണ്ട് ആളുകളുടെ സാക്ഷ്യം ഒരുപോലെ വന്നാല്‍ അതു സത്യമാണെന്നു നിങ്ങളുടെ ധര്‍മശാസ്ത്രത്തില്‍ എഴുതിയിട്ടുണ്ടല്ലോ. ഞാന്‍ തന്നെ എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കുന്നു; എന്നെ അയച്ച പിതാവും എന്നെപ്പറ്റി സാക്ഷ്യം വഹിക്കുന്നു.” അപ്പോള്‍ അവര്‍ ചോദിച്ചു: “എവിടെയാണു താങ്കളുടെ പിതാവ്?” യേശു മറുപടി പറഞ്ഞു: “നിങ്ങള്‍ക്ക് എന്നെയോ എന്‍റെ പിതാവിനെയോ അറിഞ്ഞുകൂടാ; എന്നെ നിങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ എന്‍റെ പിതാവിനെയും അറിയുമായിരുന്നു.” ദേവാലയത്തില്‍ ശ്രീഭണ്ഡാരത്തിനടുത്തുവച്ച് ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് യേശു ഇപ്രകാരം പറഞ്ഞത്. എന്നാല്‍ അവിടുത്തെ സമയം അപ്പോഴും ആഗതമായിരുന്നില്ല. അതിനാല്‍ ആരും അവിടുത്തെ പിടികൂടിയുമില്ല. യേശു വീണ്ടും അവരോട് അരുള്‍ചെയ്തു: “ഞാന്‍ പോകുന്നു; നിങ്ങള്‍ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തില്‍ നിങ്ങള്‍ മരിക്കുകയും ചെയ്യും. ഞാന്‍ പോകുന്നിടത്തു വരുവാന്‍ നിങ്ങള്‍ക്കു സാധ്യമല്ല.” യെഹൂദപ്രമുഖന്മാര്‍ പറഞ്ഞു: “ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണോ? ‘ഞാന്‍ പോകുന്നിടത്തു നിങ്ങള്‍ക്കു വരുവാന്‍ സാധ്യമല്ല’ എന്ന് ഇയാള്‍ പറയുന്നല്ലോ.” യേശു അവരോട് അരുള്‍ചെയ്തു: “നിങ്ങള്‍ മണ്ണില്‍ നിന്നുള്ളവര്‍, ഞാന്‍ വിണ്ണില്‍നിന്നുള്ളവനും; നിങ്ങള്‍ ഈ ലോകത്തില്‍ നിന്നുള്ളവര്‍; ഞാന്‍ ഈ ലോകത്തില്‍ നിന്നുള്ളവനല്ല.” “നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്നു ഞാന്‍ പറഞ്ഞുവല്ലോ. ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” അപ്പോള്‍ അവര്‍ ചോദിച്ചു: “താങ്കള്‍ ആരാണ്?” അതിന് യേശു, “ആദിമുതല്‍ ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ള ആള്‍തന്നെ” എന്നു പ്രതിവചിച്ചു. “നിങ്ങളെപ്പറ്റി എനിക്കു വളരെയധികം പറയുവാനും വിധിക്കുവാനുമുണ്ട്. എന്നാല്‍ എന്നെ അയച്ചവന്‍ സത്യസ്വരൂപനാകുന്നു. അവിടുത്തെ അടുക്കല്‍ നിന്നു കേട്ടതുമാത്രം ഞാന്‍ ലോകത്തോടു പ്രസ്താവിക്കുന്നു.” യേശു അവരോടു പറഞ്ഞത് പിതാവിനെക്കുറിച്ചാണെന്ന് അവര്‍ മനസ്സിലാക്കിയില്ല. അതുകൊണ്ട് അവിടുന്നു വീണ്ടും പറഞ്ഞു: “മനുഷ്യപുത്രനെ നിങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ഞാനാകുന്നവന്‍ ഞാന്‍ തന്നെ ആണെന്നു നിങ്ങള്‍ക്കു മനസ്സിലാകും. ഞാന്‍ സ്വയമായി ഒന്നും ചെയ്യാതെ എന്‍റെ പിതാവു പ്രബോധിപ്പിക്കുന്നതു മാത്രം പ്രസ്താവിക്കുന്നു എന്നു നിങ്ങള്‍ക്കു ബോധ്യമാകും. എന്നെ അയച്ചവന്‍ എന്നോടുകൂടിയുണ്ട്; അവിടുത്തേക്കു പ്രസാദകരമായത് ഞാന്‍ എപ്പോഴും ചെയ്യുന്നതിനാല്‍ അവിടുന്ന് എന്നെ ഏകനായി വിട്ടിട്ടില്ല.” ഇതു പറഞ്ഞപ്പോള്‍ അനേകം ആളുകള്‍ യേശുവില്‍ വിശ്വസിച്ചു. തന്നില്‍ വിശ്വസിച്ച യെഹൂദന്മാരോട് യേശു പറഞ്ഞു: “എന്‍റെ വചനത്തില്‍ നിങ്ങള്‍ നിലനില്‌ക്കുന്നെങ്കില്‍ യഥാര്‍ഥത്തില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാര്‍ തന്നെ. നിങ്ങള്‍ സത്യം അറിയുകയും ആ സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” അവര്‍ ചോദിച്ചു: “ഞങ്ങള്‍ അബ്രഹാമിന്‍റെ സന്താനങ്ങളാണ്; ഞങ്ങള്‍ ഒരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല; പിന്നെ ഞങ്ങളെ സ്വതന്ത്രരാക്കും എന്നു താങ്കള്‍ പറയുന്നതിന്‍റെ അര്‍ഥം എന്താണ്?” അതിന് യേശു ഉത്തരമരുളി: “ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. പാപം ചെയ്യുന്ന ഏതൊരുവനും പാപത്തിന്‍റെ അടിമയാകുന്നു. അടിമ, വീട്ടില്‍ സ്ഥിരമായി വസിക്കുന്നില്ല. എന്നാല്‍ പുത്രന്‍ എന്നും അവിടെ വസിക്കുന്നു. അതുകൊണ്ട് പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ സ്വതന്ത്രരായിരിക്കും. നിങ്ങള്‍ അബ്രഹാമിന്‍റെ സന്താനങ്ങളാണെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങള്‍ എന്നെ കൊല്ലുവാന്‍ ആലോചിക്കുന്നു. എന്തുകൊണ്ടെന്നാല്‍ എന്‍റെ വചനം നിങ്ങള്‍ ഗ്രഹിക്കുന്നില്ല. എന്‍റെ പിതാവില്‍ ദര്‍ശിച്ചിട്ടുള്ളത് ഞാന്‍ നിങ്ങളോടു സംസാരിക്കുന്നു. എന്നാല്‍ നിങ്ങളുടെ പിതാവില്‍നിന്നു കേട്ടിട്ടുള്ളത് നിങ്ങള്‍ ചെയ്യുന്നു.” അവര്‍ യേശുവിനോടു പറഞ്ഞു: “അബ്രഹാമാണു ഞങ്ങളുടെ പിതാവ്.” യേശു പറഞ്ഞു: “നിങ്ങള്‍ അബ്രഹാമിന്‍റെ മക്കളായിരുന്നെങ്കില്‍ അബ്രഹാമിന്‍റെ പ്രവൃത്തികള്‍ നിങ്ങള്‍ ചെയ്യുമായിരുന്നു. എന്നാല്‍ ദൈവത്തില്‍നിന്നു കേട്ട സത്യം നിങ്ങളെ അറിയിക്കുക മാത്രം ചെയ്ത എന്നെ നിങ്ങള്‍ കൊല്ലുവാന്‍ ഭാവിക്കുന്നു. അബ്രഹാം അങ്ങനെയൊന്നും ചെയ്തില്ലല്ലോ. നിങ്ങളുടെ പിതാവിന്‍റെ പ്രവൃത്തികളത്രേ നിങ്ങള്‍ ചെയ്യുന്നത്.” “ഞങ്ങള്‍ ജാരസന്തതികളല്ല; ഞങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ; ദൈവം മാത്രം” എന്ന് അതിന് അവര്‍ മറുപടി പറഞ്ഞു. യേശു അവരോടു പറഞ്ഞു: “ദൈവം യഥാര്‍ഥത്തില്‍ നിങ്ങളുടെ പിതാവായിരുന്നെങ്കില്‍ നിങ്ങള്‍ എന്നെ സ്നേഹിക്കുമായിരുന്നു. എന്തെന്നാല്‍ ഞാന്‍ ദൈവത്തില്‍നിന്നു വന്നിരിക്കുന്നു. ഞാന്‍ സ്വമേധയാ വന്നതല്ല, എന്നെ ദൈവം അയച്ചതാണ്. ഞാന്‍ പറയുന്നത് നിങ്ങള്‍ മനസ്സിലാക്കാത്തത് എന്തുകൊണ്ട്? എന്‍റെ വചനം ഗ്രഹിക്കുവാന്‍ നിങ്ങള്‍ക്കു കഴിയാത്തതുകൊണ്ടു തന്നെ. പിശാച് ആണ് നിങ്ങളുടെ പിതാവ്. നിങ്ങളുടെ പിതാവിന്‍റെ ദുര്‍മോഹം നിറവേറ്റുവാന്‍ നിങ്ങള്‍ ഇച്ഛിക്കുന്നു. അവന്‍ ആദിമുതല്‍ കൊലപാതകി ആയിരുന്നു. അവന്‍ ഒരിക്കലും സത്യത്തിന്‍റെ പക്ഷത്തു നിന്നിട്ടില്ല. എന്തെന്നാല്‍ അവനില്‍ സത്യമില്ല. അവന്‍ അസത്യം പറയുമ്പോള്‍ അവന്‍റെ സ്വഭാവമാണു പ്രകടമാകുന്നത്. അവന്‍ അസത്യവാദിയും അസത്യത്തിന്‍റെ പിതാവുമാകുന്നു. എന്നാല്‍ ഞാന്‍ സത്യം പറയുന്നതുകൊണ്ട് നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ല. ഞാന്‍ പാപിയാണെന്ന് എന്നെ ബോധ്യപ്പെടുത്തുവാന്‍ നിങ്ങളില്‍ ആര്‍ക്കു കഴിയും? ഞാന്‍ പറയുന്നതു സത്യം ആണെങ്കില്‍ നിങ്ങള്‍ എന്തുകൊണ്ട് എന്നെ വിശ്വസിക്കുന്നില്ല? ദൈവത്തില്‍ നിന്നുള്ളവന്‍ ദൈവത്തിന്‍റെ വാക്കുകള്‍ ശ്രവിക്കുന്നു. നിങ്ങള്‍ ദൈവത്തില്‍നിന്നുള്ളവരല്ലാത്തതുകൊണ്ടാണ് അവിടുത്തെ വചനങ്ങള്‍ ശ്രവിക്കാത്തത്.” യെഹൂദന്മാര്‍ ചോദിച്ചു: “താങ്കള്‍ ഒരു ശമര്യനാണെന്നും താങ്കളില്‍ ഒരു ഭൂതമുണ്ടെന്നും ഞങ്ങള്‍ പറയുന്നത് ശരിയല്ലേ?” യേശു പറഞ്ഞു: “എന്നില്‍ ഭൂതമില്ല. ഞാന്‍ എന്‍റെ പിതാവിനെ ബഹുമാനിക്കുന്നു; നിങ്ങളാകട്ടെ, എന്നെ അപമാനിക്കുന്നു. എന്നിരുന്നാലും ഞാന്‍ എന്‍റെ സ്വന്തം മഹത്ത്വം തേടുന്നില്ല. അത് എനിക്കുവേണ്ടി തേടുന്ന ഒരാളുണ്ട്; അവിടുന്നാണ് വിധികര്‍ത്താവ്. ഞാന്‍ ഉറപ്പിച്ചു പറയുന്നു: എന്‍റെ വാക്ക് അനുസരിക്കുന്നവന്‍ മരണം എന്തെന്ന് ഒരിക്കലും അറിയുകയില്ല.” യെഹൂദന്മാര്‍ പറഞ്ഞു: “താങ്കളില്‍ ഒരു ഭൂതമുണ്ടെന്ന് ഞങ്ങള്‍ക്ക് ഇപ്പോള്‍ ബോധ്യമായി. അബ്രഹാം അന്തരിച്ചു; അതുപോലെ തന്നെ പ്രവാചകന്മാരും. എന്നിട്ടും താങ്കള്‍ പറയുന്നു ‘എന്‍റെ വാക്ക് അനുസരിക്കുന്നവര്‍ക്ക് ഒരിക്കലും മരണത്തിന്‍റെ അനുഭവം ഉണ്ടാകുകയില്ല’ എന്ന്. ഞങ്ങളുടെ പൂര്‍വപിതാവായ അബ്രഹാം മരണമടഞ്ഞല്ലോ. അദ്ദേഹത്തെക്കാള്‍ വലിയവനാണോ താങ്കള്‍? പ്രവാചകന്മാരും മരിച്ചു. താങ്കള്‍ ആരെന്നാണ് അവകാശപ്പെടുന്നത്?” യേശു ഉത്തരമരുളി: “ഞാന്‍ എന്നെത്തന്നെ പ്രകീര്‍ത്തിച്ചാല്‍ അതിന് ഒരു വിലയുമില്ല; നിങ്ങളുടെ ദൈവമെന്നു നിങ്ങള്‍ പറയുന്ന എന്‍റെ പിതാവാണ് എന്നെ പ്രകീര്‍ത്തിക്കുന്നത്. എന്നാല്‍ നിങ്ങള്‍ അവിടുത്തെ ഒരിക്കലും അറിഞ്ഞിട്ടില്ല: ഞാനാകട്ടെ അവിടുത്തെ അറിയുന്നു. ഞാന്‍ അവിടുത്തെ അറിയുന്നില്ലെന്നു പറഞ്ഞാല്‍ ഞാനും നിങ്ങളെപ്പോലെ കള്ളം പറയുന്നവനായിരിക്കും. ഞാന്‍ അവിടുത്തെ അറിയുകയും അവിടുത്തെ വചനം അനുസരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ പിതാവായ അബ്രഹാം എന്‍റെ ആഗമനദിവസം കാണാം എന്ന പ്രത്യാശയില്‍ ആഹ്ലാദിച്ചു. അദ്ദേഹം അതു കണ്ട് ആനന്ദിക്കുകയും ചെയ്തു.” അപ്പോള്‍ യെഹൂദന്മാര്‍ ചോദിച്ചു: “താങ്കള്‍ക്ക് അന്‍പതു വയസ്സുപോലും ആയിട്ടില്ല; എന്നിട്ടും അബ്രഹാമിനെ കണ്ടിട്ടുണ്ടെന്നോ?” യേശു പ്രതിവചിച്ചു: “ഞാന്‍ ഉറപ്പിച്ചു പറയുന്നു, അബ്രഹാമിനു മുമ്പുതന്നെ ഞാന്‍ ഉണ്ടായിരുന്നു.” ഇതു പറഞ്ഞപ്പോള്‍ യേശുവിനെ എറിയുന്നതിന് അവര്‍ കല്ലെടുത്തു. എന്നാല്‍ യേശു അവരില്‍ നിന്ന് ഒഴിഞ്ഞുമാറി ദേവാലയം വിട്ടുപോയി. യേശു കടന്നുപോകുമ്പോള്‍ ജന്മനാ അന്ധനായ ഒരു മനുഷ്യനെ കണ്ടു. ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു: “ഗുരോ, ആരു പാപം ചെയ്തിട്ടാണ് ഈ മനുഷ്യന്‍ അന്ധനായി ജനിച്ചത്, ഇയാളോ, ഇയാളുടെ മാതാപിതാക്കളോ?” യേശു പറഞ്ഞു: “ഈ മനുഷ്യനോ ഇയാളുടെ മാതാപിതാക്കളോ പാപം ചെയ്തതുകൊണ്ടല്ല ഇയാള്‍ അന്ധനായി ജനിച്ചത്; പിന്നെയോ, ദൈവത്തിന്‍റെ പ്രവൃത്തികള്‍ ഇയാളില്‍ പ്രത്യക്ഷമാകേണ്ടതിനാണ്. പകലുള്ളിടത്തോളം എന്നെ അയച്ചവന്‍റെ പ്രവൃത്തികള്‍ നാം ചെയ്യേണ്ടതാകുന്നു. ആര്‍ക്കും പ്രവര്‍ത്തിക്കുവാന്‍ കഴിയാത്ത രാത്രി വരുന്നു. ഞാന്‍ ലോകത്തിലായിരിക്കുമ്പോള്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു.” ഇങ്ങനെ പറഞ്ഞശേഷം അവിടുന്നു നിലത്തു തുപ്പി തുപ്പല്‍കൊണ്ടു ചേറുണ്ടാക്കി ആ മനുഷ്യന്‍റെ കണ്ണിന്മേല്‍ പൂശിയശേഷം, “നീ ശീലോഹാം കുളത്തില്‍ ചെന്നു കഴുകുക” എന്നു പറഞ്ഞു. ‘ശീലോഹാം’ എന്ന വാക്കിന് ‘അയയ്‍ക്കപ്പെട്ടവന്‍’ എന്നാണര്‍ഥം. അങ്ങനെ അവന്‍ പോയി കഴുകി കാഴ്ചപ്രാപിച്ചു തിരിച്ചുവന്നു. അയാളുടെ അയല്‍ക്കാരും മുമ്പു ഭിക്ഷ യാചിക്കുന്നവനായി അയാളെ കണ്ടവരും, “ഇവനല്ലേ അവിടെയിരുന്നു ഭിക്ഷ യാചിച്ചിരുന്നത്?” എന്നു ചോദിച്ചു. “ഇവന്‍തന്നേ” എന്നു ചിലര്‍ പറഞ്ഞു. “അല്ല, ഇവന്‍ അവനെപ്പോലെയിരിക്കുന്നു എന്നേയുള്ളൂ” എന്നു മറ്റു ചിലരും പറഞ്ഞു. അപ്പോള്‍ ആ മനുഷ്യന്‍, “അതു ഞാന്‍ തന്നെ” എന്നു പറഞ്ഞു. “എങ്ങനെയാണു നിനക്കു കാഴ്ച ലഭിച്ചത്?” എന്ന് അവര്‍ ചോദിച്ചു. അയാള്‍ പറഞ്ഞു: “യേശു എന്നു പേരുള്ള മനുഷ്യന്‍ ചേറുണ്ടാക്കി എന്‍റെ കണ്ണിന്മേല്‍ പൂശി; ശീലോഹാം കുളത്തില്‍ പോയി കഴുകുക എന്നു പറഞ്ഞു. ഞാന്‍ പോയി കഴുകി; കാഴ്ച പ്രാപിക്കുകയും ചെയ്തു.” “അയാള്‍ എവിടെ?” എന്ന് അവര്‍ ചോദിച്ചു. “എനിക്കറിഞ്ഞുകൂടാ” എന്ന് അയാള്‍ മറുപടി നല്‌കി. അന്ധനായിരുന്ന ആ മനുഷ്യനെ അവര്‍ പരീശന്മാരുടെ അടുത്ത് കൂട്ടിക്കൊണ്ടുപോയി. യേശു ചേറുണ്ടാക്കി അയാള്‍ക്കു കാഴ്ച നല്‌കിയത് ഒരു ശബത്തു ദിവസമായിരുന്നു. പരീശന്മാരും ആ മനുഷ്യനോടു ചോദിച്ചു; “എങ്ങനെയാണ് നിനക്കു കാഴ്ച കിട്ടിയത്?” “അദ്ദേഹം എന്‍റെ കണ്ണില്‍ ചേറു പൂശി; ഞാന്‍ അതു കഴുകിക്കളഞ്ഞു; എനിക്കിപ്പോള്‍ കാഴ്ചയുണ്ട്” എന്ന് അയാള്‍ പറഞ്ഞു. അപ്പോള്‍ പരീശന്മാരില്‍ ചിലര്‍, “ആ മനുഷ്യന്‍ ദൈവത്തില്‍ നിന്നുള്ളവനല്ല, അയാള്‍ ശബത്ത് ആചരിക്കുന്നില്ലല്ലോ” എന്നു പറഞ്ഞു. എന്നാല്‍ മറ്റു ചിലര്‍ “പാപിയായ ഒരു മനുഷ്യന് ഇങ്ങനെയുള്ള അടയാളപ്രവൃത്തികള്‍ ചെയ്യുവാന്‍ എങ്ങനെ കഴിയും?” എന്നു ചോദിച്ചു. ഇങ്ങനെ അവരുടെ ഇടയില്‍ത്തന്നെ ഭിന്നാഭിപ്രായമുണ്ടായി. കാഴ്ച ലഭിച്ച ആ മനുഷ്യനോട് പരീശന്മാര്‍ വീണ്ടും ചോദിച്ചു: “അയാളെക്കുറിച്ച് നീ എന്തു പറയുന്നു? അയാള്‍ നിനക്കു കാഴ്ച നല്‌കിയല്ലോ.” “അദ്ദേഹം ഒരു പ്രവാചകനാണ്” എന്ന് അയാള്‍ പറഞ്ഞു. അയാള്‍ അന്ധനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും മാതാപിതാക്കളില്‍നിന്ന് അറിയുന്നതുവരെ യെഹൂദപ്രമുഖന്മാര്‍ വിശ്വസിച്ചില്ല. അവര്‍ ചോദിച്ചു: “പിറവിയിലേ അന്ധനായിരുന്നു എന്നു നിങ്ങള്‍ പറയുന്ന മകന്‍ ഇവന്‍ തന്നെയാണോ? എങ്കില്‍ ഇപ്പോള്‍ അവനു കാഴ്ച ലഭിച്ചതെങ്ങനെ?” മാതാപിതാക്കള്‍ അതിനു മറുപടിയായി “ഇവന്‍ ഞങ്ങളുടെ മകനാണെന്നും പിറവിയിലേ ഇവന്‍ അന്ധനായിരുന്നുവെന്നും ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഇവന് ഇപ്പോള്‍ എങ്ങനെ കാഴ്ചയുണ്ടായെന്നോ, ആരാണ് ഇവനു കാഴ്ച നല്‌കിയതെന്നോ ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ. അവനോടുതന്നെ ചോദിക്കുക; അവനു പ്രായമുണ്ടല്ലോ; അവന്‍തന്നെ പറയട്ടെ” എന്നു പറഞ്ഞു. യെഹൂദന്മാരെ ഭയന്നാണ് അവര്‍ ഇങ്ങനെ പറഞ്ഞത്. എന്തെന്നാല്‍ യേശുവിനെ ആരെങ്കിലും ക്രിസ്തുവായി അംഗീകരിച്ചാല്‍ സുനഗോഗില്‍നിന്ന് അയാളെ ബഹിഷ്കരിക്കണമെന്ന് യെഹൂദപ്രമുഖന്മാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് “അവനു പ്രായമുണ്ടല്ലോ; അവനോടു തന്നെ ചോദിക്കുക” എന്ന് അവര്‍ പറഞ്ഞത്. അന്ധനായിരുന്ന ആ മനുഷ്യനെ വീണ്ടും അവര്‍ വിളിച്ചു: “ദൈവത്തെ പ്രകീര്‍ത്തിക്കുക. ആ മനുഷ്യന്‍ പാപിയാണെന്നു ഞങ്ങള്‍ക്കറിയാം” എന്നു പറഞ്ഞു. “അദ്ദേഹം പാപിയാണോ അല്ലയോ എന്ന് എനിക്കറിഞ്ഞുകൂടാ; എന്നാല്‍ ഒരു കാര്യം എനിക്കറിയാം. മുമ്പു ഞാന്‍ അന്ധനായിരുന്നു; ഇപ്പോള്‍ എനിക്കു കാഴ്ചയുണ്ട്” എന്ന് അയാള്‍ ഉത്തരം പറഞ്ഞു. അവര്‍ അവനോടു പിന്നെയും ചോദിച്ചു: “ആ മനുഷ്യന്‍ നിനക്ക് എന്തുചെയ്തു? അയാള്‍ നിനക്കു കാഴ്ച നല്‌കിയത് എങ്ങനെയാണ്?” അയാള്‍ പറഞ്ഞു: “അതു ഞാന്‍ നേരത്തെ പറഞ്ഞു കഴിഞ്ഞല്ലോ; നിങ്ങള്‍ ശ്രദ്ധിച്ചില്ല; വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്ത്? നിങ്ങള്‍ക്കും അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ ആകണമെന്നുണ്ടോ?” അവര്‍ അയാളെ ശകാരിച്ചുകൊണ്ട്: “നീ അവന്‍റെ ശിഷ്യനാണ്; ഞങ്ങള്‍ മോശയുടെ ശിഷ്യന്മാരാകുന്നു. ദൈവം മോശയോടു സംസാരിച്ചിട്ടുണ്ടെന്നു ഞങ്ങള്‍ക്കറിയാം; എന്നാല്‍ ഇയാള്‍ എവിടെനിന്നു വന്നു എന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ” എന്നു പറഞ്ഞു. ഉടനെ അയാള്‍ പറഞ്ഞു: “ഇത് ആശ്ചര്യകരം തന്നെ! അദ്ദേഹം എന്‍റെ കണ്ണു തുറന്നുതന്നു. എന്നിട്ടും അദ്ദേഹം എവിടെനിന്നു വരുന്നു എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടെന്നോ! പാപികളുടെ പ്രാര്‍ഥന ദൈവം കേള്‍ക്കുകയില്ലെന്നും അവിടുത്തെ ആരാധിക്കുകയും അവിടുത്തെ ഇഷ്ടം നിറവേറ്റുകയും ചെയ്യുന്നവരുടെ പ്രാര്‍ഥന ശ്രദ്ധിക്കുമെന്നും നമുക്കറിയാം. ജന്മനാ കാഴ്ച ഇല്ലാത്ത ഒരുവന് ആരെങ്കിലും കാഴ്ച നല്‌കിയതായി ലോകം ഉണ്ടായതിനുശേഷം ഇന്നുവരെ കേട്ടിട്ടില്ലല്ലോ. ഇദ്ദേഹം ദൈവത്തില്‍നിന്നുള്ളവനല്ലെങ്കില്‍ ഇങ്ങനെയൊന്നും ചെയ്യുവാന്‍ കഴിയുമായിരുന്നില്ല.” “പാപത്തില്‍ത്തന്നെ ജനിച്ചു വളര്‍ന്ന നീയാണോ ഞങ്ങളെ പഠിപ്പിക്കുവാന്‍ വരുന്നത്?” എന്നു പറഞ്ഞുകൊണ്ട് അവര്‍ അയാളെ ബഹിഷ്കരിച്ചു. യെഹൂദന്മാര്‍ ആ മനുഷ്യനെ പുറന്തള്ളി എന്നു യേശു കേട്ടു. യേശു അയാളെ കണ്ടുപിടിച്ച് “നീ മനുഷ്യപുത്രനില്‍ വിശ്വസിക്കുന്നുവോ?” എന്നു ചോദിച്ചു. “പ്രഭോ, ഞാന്‍ വിശ്വസിക്കേണ്ടതിന് അവിടുന്ന് ആരാണ് എന്നു പറഞ്ഞാലും” എന്ന് അയാള്‍ അപേക്ഷിച്ചു. യേശു അയാളോട് “നീ അദ്ദേഹത്തെ കണ്ടുകഴിഞ്ഞു; നിന്നോടു സംസാരിക്കുന്ന ആള്‍ തന്നെ” എന്ന് ഉത്തരമരുളി. അപ്പോള്‍ അയാള്‍, “കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് അവിടുത്തെ നമസ്കരിച്ചു. യേശു അരുള്‍ചെയ്തു: “ന്യായവിധിക്കായി ഞാന്‍ ലോകത്തില്‍ വന്നിരിക്കുന്നു; കാഴ്ചയില്ലാത്തവര്‍ക്കു കാഴ്ചയുണ്ടാകുവാനും കാഴ്ചയുള്ളവര്‍ക്കു കാഴ്ചയില്ലാതാകുവാനും തന്നെ.” ഇതുകേട്ട് അടുത്തുനിന്ന ചില പരീശന്മാര്‍ ചോദിച്ചു: “ഞങ്ങളും അന്ധന്മാരാണോ?” യേശു ഉത്തരമരുളി: “നിങ്ങള്‍ അന്ധന്മാരായിരുന്നെങ്കില്‍ നിങ്ങള്‍ക്കു കുറ്റമില്ലായിരുന്നെനേ. കാഴ്ചയുണ്ടെന്നു നിങ്ങള്‍ പറയുന്നതിനാല്‍ നിങ്ങളുടെ പാപം നിലനില്‌ക്കുന്നു.” “ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: ആടിനെ സൂക്ഷിക്കുന്ന ആലയുടെ വാതില്‍ വഴിയല്ലാതെ മറ്റു മാര്‍ഗത്തിലൂടെ പ്രവേശിക്കുന്നവന്‍ കള്ളനും കൊള്ളക്കാരനുമാകുന്നു. വാതിലിലൂടെ പ്രവേശിക്കുന്നവനാണ് ആടുകളുടെ ഇടയന്‍. കാവല്‌ക്കാരന്‍ അയാള്‍ക്കു വാതില്‍ തുറന്നുകൊടുക്കുന്നു; ആടുകള്‍ അയാളുടെ ശബ്ദം കേട്ടനുസരിക്കുന്നു. സ്വന്തം ആടുകളെ അയാള്‍ പേരുചൊല്ലിവിളിച്ച് പുറത്തേക്കു കൊണ്ടുപോകുകയും ചെയ്യുന്നു. പുറത്തു കൊണ്ടുവന്നിട്ട് അയാള്‍ അവയുടെ മുമ്പേ നടക്കും. ഇടയന്‍റെ ശബ്ദം തിരിച്ചറിയുന്നതുകൊണ്ട് അവ അയാളെ അനുഗമിക്കും. അപരിചിതനെ അവ ഒരിക്കലും അനുഗമിക്കുകയില്ലെന്നു മാത്രമല്ല, അയാളുടെ ശബ്ദം തിരിച്ചറിയാത്തതിനാല്‍ ആടുകള്‍ അയാളെ വിട്ട് ഓടിപ്പോകുകയും ചെയ്യും.” യേശു ഈ ദൃഷ്ടാന്തം അവരോടു പറഞ്ഞു എങ്കിലും അതിന്‍റെ പൊരുള്‍ അവര്‍ക്കു മനസ്സിലായില്ല. യേശു വീണ്ടും അവരോട് അരുള്‍ചെയ്തു: “ഞാന്‍ ഉറപ്പിച്ചു പറയുന്നു, ആടുകളുടെ വാതില്‍ ഞാനാകുന്നു. എനിക്കു മുമ്പു വന്നവരെല്ലാം കള്ളന്മാരും കൊള്ളക്കാരുമായിരുന്നു. ആടുകള്‍ അവരെ ശ്രദ്ധിച്ചില്ല. ഞാനാകുന്നു വാതില്‍; എന്നിലൂടെ ആരെങ്കിലും അകത്തു പ്രവേശിക്കുന്നുവെങ്കില്‍ അവര്‍ സുരക്ഷിതനായിരിക്കും. അവന്‍ അകത്തു വരികയും പുറത്തുപോകുകയും മേച്ചില്‍സ്ഥലം കണ്ടെത്തുകയും ചെയ്യും. മോഷ്ടാവു വരുന്നത് മോഷ്‍ടിക്കുവാനും കൊല്ലുവാനും നശിപ്പിക്കുവാനും മാത്രമാണ്. ഞാന്‍ വന്നത് അവയ്‍ക്കു ജീവന്‍ ഉണ്ടാകുവാനും അതു സമൃദ്ധമായിത്തീരുവാനും ആകുന്നു. “ഞാന്‍ നല്ല ഇടയനാകുന്നു. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി തന്‍റെ പ്രാണന്‍ വെടിയുന്നു. പ്രത്യുത, ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരന്‍ ചെന്നായ് വരുന്നതു കാണുമ്പോള്‍ ആടുകളെ ഉപേക്ഷിച്ച് ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു. ആടുകളുടെ കാര്യത്തില്‍ താത്പര്യമില്ലാത്ത കേവലം കൂലിക്കാരനായതുകൊണ്ടത്രേ അവന്‍ ഓടിപ്പോകുന്നത്. ഞാന്‍ നല്ല ഇടയനാകുന്നു. എന്‍റെ പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ ഞാന്‍ എന്‍റെ സ്വന്തം ആടുകളെയും അവ എന്നെയും അറിയുന്നു. ആടുകള്‍ക്കുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നു. ഈ ആലയില്‍പ്പെടാത്ത വേറെ ആടുകളും എനിക്കുണ്ട്; അവയെയും ഞാന്‍ കൂട്ടിക്കൊണ്ടു വരേണ്ടിയിരിക്കുന്നു. അവ എന്‍റെ ശബ്ദം ശ്രദ്ധിക്കും; അങ്ങനെ ഒരു ആട്ടിന്‍പറ്റവും ഒരു ഇടയനും മാത്രം ആയിത്തീരുകയും ചെയ്യും. “വീണ്ടും പ്രാപിക്കേണ്ടതിന് എന്‍റെ ജീവന്‍ ഞാന്‍ അര്‍പ്പിക്കുന്നു. അതുകൊണ്ട് എന്‍റെ പിതാവ് എന്നെ സ്നേഹിക്കുന്നു. എന്‍റെ ജീവന്‍ എന്നില്‍നിന്ന് ആരും എടുത്തുകളയുന്നില്ല; പ്രത്യുത, ഞാന്‍ സ്വമേധയാ അര്‍പ്പിക്കുകയാണു ചെയ്യുന്നത്. അത് അര്‍പ്പിക്കുവാനും വീണ്ടും പ്രാപിക്കുവാനും എനിക്ക് അധികാരമുണ്ട്. എന്‍റെ പിതാവില്‍നിന്ന് എനിക്കു ലഭിച്ചിട്ടുള്ള കല്പനയാണിത്.” യേശുവിന്‍റെ ഈ വാക്കുകള്‍ മൂലം യെഹൂദന്മാരുടെ ഇടയില്‍ വീണ്ടും ഭിന്നാഭിപ്രായമുണ്ടായി. അവരില്‍ പലരും പറഞ്ഞു: “അയാളില്‍ ഭൂതമുണ്ട്; അയാള്‍ ഭ്രാന്തനാണ്; അയാള്‍ പറയുന്നത് എന്തിനു ശ്രദ്ധിക്കുന്നു?” “ഒരു ഭൂതാവിഷ്ടന്‍റെ വാക്കുകളല്ല ഇവ; അന്ധന്മാര്‍ക്കു കാഴ്ച നല്‌കുവാന്‍ പിശാചിനു കഴിയുമോ?” എന്നു മറ്റു ചിലര്‍ ചോദിച്ചു. യെരൂശലേമില്‍ പ്രതിഷ്ഠോത്സവം കൊണ്ടാടുകയായിരുന്നു; അത് ശീതകാലവുമായിരുന്നു. യേശു ദേവാലയത്തില്‍ ശലോമോന്‍റെ മണ്ഡപത്തില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ യെഹൂദന്മാര്‍ അവിടുത്തെ ചുറ്റും കൂടിനിന്നു ചോദിച്ചു: “ഈ അനിശ്ചിതാവസ്ഥയില്‍ ഞങ്ങള്‍ എത്രനാള്‍ തുടരണം? അങ്ങു ക്രിസ്തു ആണെങ്കില്‍ അതു തുറന്നു പറയുക.” യേശു ഇപ്രകാരം മറുപടി നല്‌കി: “ഞാന്‍ പറഞ്ഞുകഴിഞ്ഞു; എന്നാല്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ല. എന്‍റെ പിതാവിന്‍റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്ഷ്യം വഹിക്കുന്നു. പക്ഷേ, നിങ്ങള്‍ എന്‍റെ ആടുകളില്‍പെട്ടവരല്ലാത്തതുകൊണ്ട് വിശ്വസിക്കുന്നില്ല. എന്‍റെ ആടുകള്‍ എന്‍റെ ശബ്ദം കേള്‍ക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു. ഞാന്‍ അവയ്‍ക്ക് അനശ്വരജീവന്‍ നല്‌കുന്നു. അവ ഒരുനാളും നശിച്ചുപോകുകയില്ല. ആരും അവയെ എന്‍റെ കൈയില്‍നിന്ന് തട്ടിക്കൊണ്ടുപോകുകയുമില്ല. അവയെ എനിക്കു നല്‌കിയ പിതാവ് എല്ലാവരെയുംകാള്‍ വലിയവനത്രേ. ആ പിതാവിന്‍റെ കൈയില്‍നിന്ന് അവയെ അപഹരിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. ഞാനും പിതാവും ഒന്നാകുന്നു.” ഇതുകേട്ട് യെഹൂദന്മാര്‍ യേശുവിനെ എറിയുവാന്‍ വീണ്ടും കല്ലെടുത്തു. അവിടുന്ന് അവരോടു പറഞ്ഞു: “പിതാവിന്‍റെ അഭീഷ്ടമനുസരിച്ച് പല നല്ല പ്രവൃത്തികളും ഞാന്‍ നിങ്ങളുടെ മുമ്പില്‍ ചെയ്തിട്ടുണ്ടല്ലോ. അവയില്‍ ഏതിനെ പ്രതിയാണ് നിങ്ങള്‍ എന്നെ കല്ലെറിയുന്നത്?” യെഹൂദന്മാര്‍ പറഞ്ഞു: “നല്ല പ്രവൃത്തികളുടെ പേരിലല്ല ദൈവദൂഷണത്തിന്‍റെ പേരിലാണ് ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്. വെറുമൊരു മനുഷ്യനായ നീ, നിന്നെത്തന്നെ ദൈവമാക്കുന്നുവല്ലോ.” യേശു മറുപടി നല്‌കി: “നിങ്ങള്‍ ദേവന്മാരാണെന്നു ഞാന്‍ പറഞ്ഞു, എന്നു നിങ്ങളുടെ ധര്‍മശാസ്ത്രത്തില്‍ എഴുതിയിട്ടില്ലേ? ദൈവത്തിന്‍റെ അരുളപ്പാടു ലഭിച്ചവരെ അവിടുന്നു ‘ദേവന്മാര്‍’ എന്നു വിളിച്ചു - വേദലിഖിതം ഒരിക്കലും അഴിവില്ലാത്തതാണല്ലോ. ഞാന്‍ ദൈവപുത്രനാണെന്നു പറഞ്ഞതുകൊണ്ട് പിതാവു വിശുദ്ധീകരിച്ച് ലോകത്തിലേക്ക് അയച്ച എന്നില്‍ നിങ്ങള്‍ ദൈവദൂഷണക്കുറ്റം ആരോപിക്കുന്നുവോ? ഞാന്‍ എന്‍റെ പിതാവിന്‍റെ പ്രവൃത്തികള്‍ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കേണ്ടാ. എന്നാല്‍ ഞാന്‍ അവ ചെയ്യുന്നു എങ്കില്‍, എന്നെ നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍പോലും എന്‍റെ പ്രവൃത്തികളെ വിശ്വസിക്കുക. അങ്ങനെ ചെയ്താല്‍ പിതാവ് എന്നിലും ഞാന്‍ പിതാവിലും ആണെന്നു നിങ്ങള്‍ക്ക് അറിയുകയും ഗ്രഹിക്കുകയും ചെയ്യാം.” പിന്നെയും അവര്‍ യേശുവിനെ പിടിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ അവിടുന്നു പിടികൊടുക്കാതെ അവരുടെ കൈയില്‍നിന്ന് ഒഴിഞ്ഞുമാറി. യേശു യോര്‍ദ്ദാന്‍റെ മറുകരയില്‍ യോഹന്നാന്‍ ആദ്യം സ്നാപനം നടത്തിക്കൊണ്ടിരുന്ന സ്ഥലത്ത് വീണ്ടും പോയി പാര്‍ത്തു. അനേകം ആളുകള്‍ അവിടുത്തെ അടുക്കല്‍ ചെന്നു. അവര്‍ പറഞ്ഞു: “യോഹന്നാന്‍ അടയാളപ്രവൃത്തി ഒന്നും ചെയ്തിട്ടില്ല. എന്നാല്‍ യോഹന്നാന്‍ ഇദ്ദേഹത്തെപ്പറ്റി പറഞ്ഞിട്ടുള്ളതെല്ലാം സത്യമാണ്.” അവിടെ അനേകംപേര്‍ യേശുവില്‍ വിശ്വസിച്ചു. ബേഥാന്യക്കാരനായ ലാസര്‍ എന്നൊരാള്‍ രോഗിയായി കിടന്നിരുന്നു. മറിയമിന്‍റെയും അവളുടെ സഹോദരി മാര്‍ത്തയുടെയും ഗ്രാമമായിരുന്നു ബേഥാന്യ. കര്‍ത്താവിന്‍റെ തൃപ്പാദങ്ങളില്‍ സുഗന്ധതൈലം പൂശി തന്‍റെ തലമുടികൊണ്ടു തുടച്ചത് ഈ മറിയമാണ്. അവരുടെ സഹോദരനായിരുന്നു രോഗിയായി കിടന്നിരുന്ന ലാസര്‍. ആ സഹോദരികള്‍ യേശുവിന്‍റെ അടുക്കല്‍ ആളയച്ചു: “കര്‍ത്താവേ, അങ്ങയുടെ പ്രിയപ്പെട്ട സ്നേഹിതന്‍ രോഗിയായി കിടക്കുന്നു” എന്ന് അറിയിച്ചു. ഇതു കേട്ടപ്പോള്‍ യേശു പറഞ്ഞു: “ഈ രോഗം മരണത്തില്‍ അവസാനിക്കുവാനുള്ളതല്ല; ഇതു ദൈവത്തിന്‍റെ മഹത്ത്വത്തിനുവേണ്ടിയുള്ളതാണ്. ദൈവപുത്രന്‍ ഇതില്‍ക്കൂടി പ്രകീര്‍ത്തിക്കപ്പെടും.” യേശു മാര്‍ത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചിരുന്നു. എങ്കിലും ലാസര്‍ രോഗിയായി കിടക്കുന്നു എന്നു കേട്ടിട്ടും അവിടുന്ന് രണ്ടു ദിവസംകൂടി അവിടെത്തന്നെ താമസിച്ചു. അനന്തരം യേശു ശിഷ്യന്മാരോട്, “നമുക്കു വീണ്ടും യെഹൂദ്യയിലേക്കു പോകാം എന്നു പറഞ്ഞു.” അപ്പോള്‍ ശിഷ്യന്മാര്‍ ചോദിച്ചു: “ഗുരോ, യെഹൂദ്യയിലെ ജനങ്ങള്‍ അങ്ങയെ കല്ലെറിയാന്‍ ഭാവിച്ചിട്ട് അധികകാലം ആയില്ലല്ലോ. എന്നിട്ടും അങ്ങു വീണ്ടും അവിടേക്കുതന്നെ പോകുകയാണോ?” യേശു ഉത്തരമരുളി: “പകലിനു പന്ത്രണ്ടു മണിക്കൂറല്ലേ ഉള്ളത്? പകല്‍ നടക്കുന്നവന്‍ ഈ ലോകത്തിന്‍റെ പ്രകാശം കാണുന്നതുകൊണ്ട് തട്ടിവീഴുകയില്ല. എന്നാല്‍ രാത്രിയില്‍ നടക്കുന്നവനില്‍ വെളിച്ചമില്ലാത്തതിനാല്‍ അവന്‍ കാലിടറി വീഴും.” അവിടുന്നു വീണ്ടും പറഞ്ഞു: “നമ്മുടെ സ്നേഹിതനായ ലാസര്‍ ഉറങ്ങുകയാണ്. അയാളെ ഉണര്‍ത്തുന്നതിനായി ഞാന്‍ പോകുന്നു.” അപ്പോള്‍ ശിഷ്യന്മാര്‍ “ലാസര്‍ ഉറങ്ങുകയാണെങ്കില്‍ അയാള്‍ സുഖം പ്രാപിക്കും” എന്നു പറഞ്ഞു. ലാസറിന്‍റെ മരണത്തെക്കുറിച്ചായിരുന്നു യേശു സൂചിപ്പിച്ചത്. പക്ഷേ അയാള്‍ ഉറങ്ങി വിശ്രമിക്കുകയാണെന്നത്രേ ശിഷ്യന്മാര്‍ ധരിച്ചത്. അതുകൊണ്ട് യേശു സ്പഷ്ടമായി പറഞ്ഞു: “ലാസര്‍ മരിച്ചുപോയി; ഞാന്‍ അവിടെ ഇല്ലാതിരുന്നതിനാല്‍ നിങ്ങള്‍ നിമിത്തം ഞാന്‍ സന്തോഷിക്കുന്നു. എന്തെന്നാല്‍ നിങ്ങള്‍ വിശ്വസിക്കുവാന്‍ ഇതു കാരണമാകുമല്ലോ. ഏതായാലും നമുക്ക് അയാളുടെ അടുക്കലേക്കു പോകാം.” അപ്പോള്‍ ദിദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ്: “അവിടുത്തോടുകൂടി മരിക്കുവാന്‍ നമുക്കും പോകാം” എന്നു സഹശിഷ്യന്മാരോടു പറഞ്ഞു. യേശു അവിടെയെത്തിയപ്പോള്‍ ലാസറിനെ കല്ലറയില്‍ വച്ചിട്ടു നാലു ദിവസം കഴിഞ്ഞു എന്നറിഞ്ഞു. യെരൂശലേമിനു വളരെ അടുത്താണ് ബേഥാന്യ. ഏകദേശം മൂന്നു കിലോമീറ്റര്‍ ദൂരം മാത്രം. അതുകൊണ്ടു സഹോദരന്‍റെ നിര്യാണംമൂലം ദുഃഖിതരായ മാര്‍ത്തയെയും മറിയമിനെയും ആശ്വസിപ്പിക്കുവാന്‍ ഒട്ടേറെ യെഹൂദന്മാര്‍ അവിടെയെത്തിയിരുന്നു. യേശു വരുന്നു എന്നു കേട്ടപ്പോള്‍ അവിടുത്തെ സ്വീകരിക്കുവാന്‍ മാര്‍ത്ത ഇറങ്ങിച്ചെന്നു. മറിയമാകട്ടെ വീട്ടില്‍ത്തന്നെ ഇരുന്നു. മാര്‍ത്ത യേശുവിനോട്, “കര്‍ത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു. എങ്കിലും അങ്ങു ചോദിക്കുന്നതെന്തും ദൈവം നല്‌കുമെന്ന് ഇപ്പോഴും എനിക്കറിയാം” എന്നു പറഞ്ഞു. യേശു മാര്‍ത്തയോട്, “നിന്‍റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‌ക്കും” എന്നു പറഞ്ഞു. അപ്പോള്‍ മാര്‍ത്ത പറഞ്ഞു: “അന്തിമനാളിലെ പുനരുത്ഥാനത്തില്‍ എന്‍റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‌ക്കുമെന്ന് എനിക്കറിയാം.” യേശു അവളോട് അരുള്‍ചെയ്തു: “ഞാന്‍ തന്നെയാണു പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. ജീവിച്ചിരിക്കുമ്പോള്‍ എന്നില്‍ വിശ്വസിക്കുന്ന ഏതൊരുവനും ഒരുനാളും മരിക്കുകയില്ല; ഇതു നീ വിശ്വസിക്കുന്നുവോ?” “ഉവ്വ് കര്‍ത്താവേ, ലോകത്തിലേക്കു വരുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ദൈവപുത്രനായ ക്രിസ്തു അങ്ങുതന്നെ എന്നു ഞാന്‍ വിശ്വസിക്കുന്നു” എന്നു മാര്‍ത്ത പ്രതിവചിച്ചു. ഇത്രയും പറഞ്ഞിട്ട് മാര്‍ത്ത തിരിച്ചുപോയി മറിയമിനെ രഹസ്യമായി വിളിച്ച്, “ഗുരു വന്നിട്ടുണ്ട്, നിന്നെ വിളിക്കുന്നു” എന്നു പറഞ്ഞു. ഉടനെ മറിയം എഴുന്നേറ്റ് യേശുവിന്‍റെ അടുക്കലേക്കു പോയി. അതുവരെ യേശു ഗ്രാമത്തില്‍ പ്രവേശിക്കാതെ മാര്‍ത്ത അദ്ദേഹത്തെ എതിരേറ്റ സ്ഥലത്തുതന്നെ നില്‌ക്കുകയായിരുന്നു. മറിയം തിടുക്കത്തില്‍ എഴുന്നേറ്റു പോകുന്നത് അവളെ സാന്ത്വനപ്പെടുത്തിക്കൊണ്ടു വീട്ടില്‍ ഇരുന്ന യെഹൂദന്മാര്‍ കണ്ടു. അവള്‍ ശവക്കല്ലറയ്‍ക്കടുത്തു ചെന്നു വിലപിക്കുവാന്‍ പോകുകയായിരിക്കുമെന്നു വിചാരിച്ച് അവര്‍ അവളുടെ പിന്നാലെ ചെന്നു. യേശു നിന്നിരുന്ന സ്ഥലത്ത് മറിയം എത്തി. അവിടുത്തെ കണ്ടപ്പോള്‍ മറിയം അവിടുത്തെ കാല്‌ക്കല്‍ വീണു, “കര്‍ത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു” എന്നു പറഞ്ഞു. അവളും കൂടെയുണ്ടായിരുന്ന യെഹൂദന്മാരും കരയുന്നതു കണ്ടപ്പോള്‍ ദുഃഖംകൊണ്ട് യേശുവിന്‍റെ അന്തരംഗം നൊന്തുകലങ്ങി. അവിടുന്ന് അവരോട് ചോദിച്ചു: “അവനെ എവിടെയാണു സംസ്കരിച്ചത്?” അവര്‍ മറുപടിയായി, “കര്‍ത്താവേ, വന്നു കണ്ടാലും” എന്നു പറഞ്ഞു. യേശു കണ്ണുനീര്‍ ചൊരിഞ്ഞു. അപ്പോള്‍ യെഹൂദന്മാര്‍ പറഞ്ഞു: “നോക്കൂ, അദ്ദേഹം അയാളെ എത്രയധികം സ്നേഹിച്ചിരുന്നു!” എന്നാല്‍ ചിലര്‍ ചോദിച്ചു: “അന്ധനു കാഴ്ചനല്‌കിയ ഇദ്ദേഹത്തിന് ഈ മനുഷ്യന്‍റെ മരണം ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ലേ?” യേശു വീണ്ടും ദുഃഖാര്‍ത്തനായി ലാസറിന്‍റെ കല്ലറയ്‍ക്കു സമീപമെത്തി. അതൊരു ഗുഹ ആയിരുന്നു. അതിന്‍റെ വാതില്‌ക്കല്‍ ഒരു കല്ലും വച്ചിരുന്നു. “ആ കല്ലെടുത്തു മാറ്റുക” എന്ന് യേശു ആജ്ഞാപിച്ചു. മരിച്ചുപോയ ലാസറിന്‍റെ സഹോദരി മാര്‍ത്ത പറഞ്ഞു: “കര്‍ത്താവേ, മരിച്ചിട്ട് നാലു ദിവസമായല്ലോ; ഇപ്പോള്‍ ദുര്‍ഗന്ധം ഉണ്ടായിരിക്കും.” യേശു അവളോട്, “നീ വിശ്വസിക്കുന്നു എങ്കില്‍ ദൈവത്തിന്‍റെ മഹത്ത്വം കാണുമെന്നു ഞാന്‍ പറഞ്ഞില്ലേ?” എന്നു ചോദിച്ചു. അവര്‍ ഗുഹാദ്വാരത്തില്‍നിന്നു കല്ലു നീക്കി. യേശു കണ്ണുകള്‍ ഉയര്‍ത്തി ഇപ്രകാരം പ്രാര്‍ഥിച്ചു: “പിതാവേ, എന്‍റെ പ്രാര്‍ഥന അങ്ങു കേട്ടതുകൊണ്ട് ഞാന്‍ അങ്ങേക്കു സ്തോത്രം ചെയ്യുന്നു. അങ്ങ് എപ്പോഴും എന്‍റെ പ്രാര്‍ഥന കേള്‍ക്കുന്നു എന്നു ഞാന്‍ അറിയുന്നു; എന്നാല്‍ അങ്ങ് എന്നെ അയച്ചിരിക്കുന്നു എന്ന് എന്‍റെ ചുറ്റും നില്‌ക്കുന്ന ജനങ്ങള്‍ വിശ്വസിക്കുന്നതിനുവേണ്ടിയത്രേ ഞാനിതു പറയുന്നത്. ഇങ്ങനെ പറഞ്ഞശേഷം അവിടുന്ന് “ലാസറേ, പുറത്തുവരിക” എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ഉടനെ മരിച്ചവന്‍ പുറത്തുവന്നു. അയാളുടെ കൈകാലുകള്‍ തുണികൊണ്ടു ചുറ്റപ്പെട്ടിരുന്നു; മുഖം ഒരു തുവാലകൊണ്ടു മൂടിയുമിരുന്നു. യേശു അവരോട് “അവന്‍റെ കെട്ടുകള്‍ അഴിക്കുക; അവന്‍ പൊയ്‍ക്കൊള്ളട്ടെ” എന്നു കല്പിച്ചു. മാര്‍ത്തയെയും മറിയമിനെയും സന്ദര്‍ശിക്കുവാന്‍ വന്ന യെഹൂദന്മാരില്‍ പലരും യേശു ചെയ്ത ഈ അദ്ഭുതം കണ്ട് തന്നില്‍ വിശ്വസിച്ചു. എന്നാല്‍ അവരില്‍ ചിലര്‍ യേശു ചെയ്തത് പരീശന്മാരോടു പോയി അറിയിച്ചു. പുരോഹിതമുഖ്യന്മാരും പരീശന്മാരും സന്നദ്രിംസമിതി വിളിച്ചുകൂട്ടി: “നാം എന്താണു ചെയ്യുക! ഈ മനുഷ്യന്‍ ഒട്ടുവളരെ അടയാളപ്രവൃത്തികള്‍ ചെയ്യുന്നുവല്ലോ. ഇങ്ങനെ മുന്നോട്ടു പോകാന്‍ അനുവദിച്ചാല്‍ എല്ലാവരും ഇയാളില്‍ വിശ്വസിക്കും; റോമന്‍ അധികാരികള്‍ വന്ന് നമ്മുടെ നാടിനെയും ജനതയെയും നശിപ്പിക്കുകയും ചെയ്യും” എന്നു പറഞ്ഞു. അവിടെ കൂടിയിരുന്നവരില്‍ ഒരാള്‍ ആ വര്‍ഷത്തെ മഹാപുരോഹിതനായ കയ്യഫാസ് ആയിരുന്നു. അദ്ദേഹം അവരോട് “നിങ്ങള്‍ക്ക് ഒന്നുംതന്നെ അറിഞ്ഞുകൂടാ; ഒരു ജനത മുഴുവന്‍ നശിക്കാതിരിക്കുന്നതിന് അവര്‍ക്കു പകരം ഒരുവന്‍ മരിക്കുന്നത് യുക്തമെന്നു നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ?” എന്നു ചോദിച്ചു. ഇത് അദ്ദേഹം സ്വമേധയാ പറഞ്ഞതല്ല; പ്രത്യുത, യെഹൂദ ജനതയ്‍ക്കുവേണ്ടി മാത്രമല്ല, ചിന്നിച്ചിതറപ്പെട്ട ദൈവമക്കളെ എല്ലാവരെയും ഒരുമിച്ച് കൂട്ടിച്ചേര്‍ക്കുന്നതിനുവേണ്ടി യേശു മരിക്കണമെന്നുള്ളത്, ആ വര്‍ഷത്തെ മഹാപുരോഹിതന്‍ എന്ന നിലയ്‍ക്ക്, അദ്ദേഹം ഒരു പ്രവാചകനായി പറയുകയാണു ചെയ്തത്. അന്നുമുതല്‍ യേശുവിനെ വധിക്കുന്നതിനെപ്പറ്റി അവര്‍ ആലോചിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് പിന്നീട് യേശു പരസ്യമായി യെഹൂദന്മാരുടെ ഇടയില്‍ സഞ്ചരിക്കാതെ വിജനപ്രദേശത്തിനടുത്തുള്ള എഫ്രയീം എന്ന പട്ടണത്തിലേക്കു പോയി ശിഷ്യന്മാരോടുകൂടി അവിടെ പാര്‍ത്തു. യെഹൂദന്മാരുടെ പെസഹാപെരുന്നാള്‍ സമീപിച്ചിരുന്നു. അതിനുമുമ്പ് തങ്ങളുടെ ശുദ്ധീകരണകര്‍മം നടത്തുന്നതിനുവേണ്ടി നാട്ടിന്‍പുറങ്ങളില്‍നിന്നു ധാരാളം ആളുകള്‍ പെസഹായ്‍ക്കു മുമ്പുതന്നെ യെരൂശലേമിലെത്തി. അവര്‍ യേശുവിനെ അന്വേഷിച്ചു കൊണ്ടിരുന്നു. “നിങ്ങള്‍ക്ക് എന്തു തോന്നുന്നു? അയാള്‍ പെരുന്നാളിനു വരികയില്ലേ?” എന്ന് ദേവാലയത്തില്‍വച്ച് അവര്‍ അന്യോന്യം ചോദിച്ചു. യേശു എവിടെയെങ്കിലും ഉള്ളതായി ആരെങ്കിലും അറിഞ്ഞാല്‍ അവിടുത്തെ പിടിക്കുന്നതിനുവേണ്ടി വിവരം തങ്ങളെ അറിയിക്കണമെന്ന് പുരോഹിതമുഖ്യന്മാരും പരീശന്മാരും ഉത്തരവു പുറപ്പെടുവിച്ചിരുന്നു. പെസഹായ്‍ക്ക് ആറു ദിവസം മുമ്പ് യേശു ബേഥാന്യയിലെത്തി. അവിടെവച്ചായിരുന്നല്ലോ അവിടുന്ന് ലാസറിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചത്. അവിടെ തനിക്ക് ഒരു വിരുന്നൊരുക്കി; മാര്‍ത്ത അതിഥികളെ പരിചരിച്ചു. യേശുവിനോടൊപ്പം ഭക്ഷണത്തിനിരുന്നവരില്‍ ലാസറുമുണ്ടായിരുന്നു. വിലയേറിയതും ശുദ്ധവുമായ ഏകദേശം നാനൂറു ഗ്രാം നറുദീന്‍ തൈലം കൊണ്ടുവന്ന് മറിയം യേശുവിന്‍റെ പാദങ്ങളില്‍ പൂശി, തന്‍റെ മുടികൊണ്ട് അതു തുടച്ചു. വീടു മുഴുവന്‍ തൈലത്തിന്‍റെ സൗരഭ്യംകൊണ്ടു നിറഞ്ഞു. എന്നാല്‍ യേശുവിന്‍റെ ശിഷ്യന്മാരില്‍ ഒരുവനും, തന്നെ ഒറ്റിക്കൊടുക്കുവാനിരുന്നവനുമായ യൂദാസ് ഈസ്കര്യോത്ത്, “ഈ പരിമളതൈലം മുന്നൂറു ദിനാറിനു വിറ്റ് ആ പണം ദരിദ്രര്‍ക്കു കൊടുക്കാമായിരുന്നില്ലേ?” എന്നു ചോദിച്ചു. ദരിദ്രരെക്കുറിച്ചുള്ള കരുതല്‍ കൊണ്ടല്ല അയാള്‍ ഇങ്ങനെ പറഞ്ഞത്; പിന്നെയോ, കള്ളനായതുകൊണ്ടത്രേ. പണസഞ്ചി അയാളുടെ കൈയിലായിരുന്നതിനാല്‍ അതിലിടുന്ന പണം അയാള്‍ എടുത്തുവന്നിരുന്നു. യേശു പറഞ്ഞു: “അവളെ ശല്യപ്പെടുത്താതിരിക്കൂ; എന്‍റെ ശവസംസ്കാരത്തിനുവേണ്ടി അവള്‍ അതു സൂക്ഷിച്ചിരുന്നതായി കരുതുക. ദരിദ്രര്‍ എപ്പോഴും നിങ്ങളോടുകൂടിയുണ്ടല്ലോ; ഞാനാകട്ടെ, എപ്പോഴും നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല.” യേശു അവിടെയുണ്ടെന്നു കേട്ട് യെഹൂദന്മാരുടെ ഒരു വലിയ സമൂഹം അവിടെയെത്തി. യേശുവിനെ ഉദ്ദേശിച്ചു മാത്രമല്ല അവിടുന്നു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ച ലാസറിനെ കാണുന്നതിനുംകൂടിയാണ് അവര്‍ വന്നത്. [10,11] ലാസര്‍ ഹേതുവായി അനേകം യെഹൂദന്മാര്‍ തങ്ങളെ ഉപേക്ഷിച്ച് യേശുവില്‍ വിശ്വസിക്കുവാന്‍ തുടങ്ങിയതിനാല്‍ ലാസറിനെയും വധിക്കുവാന്‍ മുഖ്യപുരോഹിതന്മാര്‍ ആലോചിച്ചു. *** പിറ്റേദിവസം യേശു യെരൂശലേമില്‍ വരുന്നുണ്ടെന്ന് ഉത്സവത്തിനു വന്ന ജനക്കൂട്ടം അറിഞ്ഞു. അവര്‍ ഈത്തപ്പനയുടെ കുരുത്തോലയുമായി അവിടുത്തെ എതിരേല്‌ക്കുവാന്‍ ചെന്നു. “ഹോശന്നാ! സര്‍വേശ്വരന്‍റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍! ഇസ്രായേലിന്‍റെ രാജാവ് വാഴ്ത്തപ്പെട്ടവന്‍!” എന്ന് അവര്‍ ജയഘോഷം മുഴക്കിക്കൊണ്ടിരുന്നു. യേശു ഒരു കഴുതക്കുട്ടിയെ കണ്ട് അതിന്‍റെ പുറത്ത് ഉപവിഷ്ടനായി. “സീയോന്‍പുത്രീ, ഭയപ്പെടേണ്ടാ!; ഇതാ നിന്‍റെ രാജാവു വരുന്നു കഴുതക്കുട്ടിയുടെ പുറത്തു കയറി വരുന്നു.” എന്ന് എഴുതപ്പെട്ടിരിക്കുന്നതുപോലെ തന്നെ. യേശുവിന്‍റെ ശിഷ്യന്മാര്‍ക്ക് ആദ്യം ഇതിന്‍റെ പൊരുള്‍ മനസ്സിലായില്ല. എന്നാല്‍ യേശുവിന്‍റെ മഹത്ത്വീകരണത്തിനു ശേഷം അവിടുത്തെക്കുറിച്ച് ഇപ്രകാരം എഴുതിയിട്ടുള്ളതും ജനങ്ങള്‍ അവിടുത്തേക്കുവേണ്ടി ചെയ്തതും അവര്‍ അനുസ്മരിച്ചു. ലാസറിനെ കല്ലറയില്‍നിന്നു വിളിച്ച് മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചപ്പോള്‍ യേശുവിന്‍റെ കൂടെയുണ്ടായിരുന്ന ജനക്കൂട്ടം ആ സംഭവത്തിനു സാക്ഷ്യം വഹിച്ചിരുന്നു. യേശുവിന്‍റെ ഈ അടയാളപ്രവൃത്തിയെക്കുറിച്ചു കേട്ടിരുന്നതുകൊണ്ടാണ് ജനങ്ങള്‍ അവിടുത്തെ എതിരേല്‌ക്കുവാന്‍ ചെന്നത്. പരീശന്മാര്‍ ഇതുകണ്ട് അന്യോന്യം പറഞ്ഞു: “നമ്മുടെ പരിശ്രമം ഒന്നും ഫലിക്കുന്നില്ലല്ലോ! നോക്കുക, ലോകം മുഴുവന്‍ അയാളുടെ പിന്നാലെ പോയിക്കഴിഞ്ഞു.” ഉത്സവത്തിന് ആരാധിക്കുവാന്‍ വന്നവരുടെ കൂട്ടത്തില്‍ ഏതാനും ഗ്രീക്കുകാരുമുണ്ടായിരുന്നു. അവര്‍ ഗലീലയിലെ ബെത്‍സെയ്ദക്കാരനായ ഫീലിപ്പോസിനെ സമീപിച്ച്, “യേശുവിനെ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു. ഫീലിപ്പോസ് ഈ വിവരം അന്ത്രയാസിനെ അറിയിച്ചു. അവര്‍ രണ്ടുപേരുംകൂടി ചെന്ന് യേശുവിനോട് ഇക്കാര്യം പറഞ്ഞു. അപ്പോള്‍ യേശു അരുള്‍ചെയ്തു: “മനുഷ്യപുത്രന്‍ മഹത്ത്വപ്പെടുന്നതിനുള്ള സമയം ഇതാ വന്നിരിക്കുന്നു. ഞാന്‍ ഉറപ്പിച്ചുപറയുന്നു: കോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് ഒരേ ഒരു മണിയായിത്തന്നെ ഇരിക്കും. എന്നാല്‍ അത് അഴിയുന്നെങ്കില്‍ സമൃദ്ധമായ വിളവു നല്‌കുന്നു. തന്‍റെ ജീവനെ സ്നേഹിക്കുന്നവന് അതു നഷ്ടപ്പെടുന്നു. ഈ ലോകത്തില്‍വച്ചു തന്‍റെ ജീവനെ വെറുക്കുന്നവന്‍ അനശ്വരജീവനുവേണ്ടി അതു സൂക്ഷിക്കുന്നു. എന്നെ സേവിക്കുന്നവന്‍ എന്നെ അനുഗമിക്കട്ടെ; ഞാന്‍ എവിടെ ആയിരിക്കുന്നുവോ, അവിടെ ആയിരിക്കും എന്‍റെ സേവകനും. എന്നെ സേവിക്കുന്നവനെ എന്‍റെ പിതാവ് ആദരിക്കും. “ഇപ്പോള്‍ എന്‍റെ മനസ്സ് അസ്വസ്ഥമായിരിക്കുന്നു. ഞാന്‍ എന്താണു പറയേണ്ടത്? പിതാവേ, ഈ നാഴികയില്‍നിന്ന് എന്നെ രക്ഷിക്കണമേ എന്നോ? എന്നാല്‍ ഈ പ്രതിസന്ധിയില്‍ക്കൂടി കടക്കുന്നതിനാണല്ലോ ഞാന്‍ ഈ നാഴികയിലെത്തിയിരിക്കുന്നത്. പിതാവേ, അവിടുത്തെ നാമം മഹത്ത്വപ്പെടുത്തിയാലും.” അപ്പോള്‍ സ്വര്‍ഗത്തില്‍നിന്ന്, “ഞാന്‍ മഹത്ത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്ത്വപ്പെടുത്തുകയും ചെയ്യും” എന്ന് ഒരു അശരീരിയുണ്ടായി. അടുത്തു നിന്നിരുന്ന ജനസഞ്ചയം ആ ശബ്ദം കേട്ടിട്ട് “ഇടിമുഴങ്ങി” എന്നു പറഞ്ഞു. മറ്റുചിലര്‍ “ഒരു ദൈവദൂതന്‍” അദ്ദേഹത്തോടു സംസാരിച്ചതാണ്” എന്നു പറഞ്ഞു. അപ്പോള്‍ യേശു അരുള്‍ചെയ്തു: “ഈ പ്രഖ്യാപനം ഉണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങള്‍ക്കുവേണ്ടിയത്രേ. ഈ ലോകത്തിന്‍റെ ന്യായവിധി ഇപ്പോള്‍ത്തന്നെയാകുന്നു. ലോകത്തിന്‍റ അധിപതി ഇപ്പോള്‍ പുറത്തു തള്ളപ്പെടും. ഞാന്‍ ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാവരെയും എന്നിലേക്ക് ആകര്‍ഷിക്കും. തനിക്കു സംഭവിക്കുവാന്‍ പോകുന്ന മരണം എങ്ങനെയുള്ളതായിരിക്കും എന്നു സൂചിപ്പിക്കുവാനത്രേ യേശു ഇതു പറഞ്ഞത്. ജനം യേശുവിനോടു ചോദിച്ചു: “ക്രിസ്തു എന്നേക്കും ജീവിക്കും എന്നാണല്ലോ ധര്‍മശാസ്ത്രത്തില്‍നിന്ന് ഞങ്ങള്‍ ഗ്രഹിച്ചിരിക്കുന്നത്. പിന്നെ മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടണമെന്ന് താങ്കള്‍ പറയുന്നതെങ്ങനെ? ആരാണ് ഈ മനുഷ്യപുത്രന്‍?” അവിടുന്ന് അരുള്‍ചെയ്തു: “അല്പസമയംകൂടി മാത്രമേ പ്രകാശം നിങ്ങളുടെ മധ്യത്തിലുണ്ടായിരിക്കൂ. അന്ധകാരം നിങ്ങളെ പിടികൂടാതിരിക്കുന്നതിന് പ്രകാശമുള്ളിടത്തോളം സമയം അതില്‍ നടന്നുകൊള്ളുക. അന്ധകാരത്തില്‍ നടക്കുന്നവന്‍ താന്‍ എവിടെ പോകുന്നു എന്ന് അറിയുന്നില്ല. നിങ്ങള്‍ പ്രകാശത്തിന്‍റെ മക്കള്‍ ആകേണ്ടതിന് പ്രകാശമുള്ള ഈ സമയത്ത് അതില്‍ വിശ്വസിക്കുക.” അനന്തരം യേശു അവിടം വിട്ടുപോയി അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാതെ രഹസ്യമായി പാര്‍ത്തു. അവരുടെ കണ്‍മുമ്പില്‍ ഇത്ര വളരെ അടയാളപ്രവൃത്തികള്‍ ചെയ്തിട്ടും അവര്‍ തന്നില്‍ വിശ്വസിച്ചില്ല. “കര്‍ത്താവേ, ഞങ്ങളുടെ സന്ദേശം ആര്‍ വിശ്വസിച്ചു? കര്‍ത്താവിന്‍റെ ഭുജബലം ആര്‍ക്കു വെളിപ്പെട്ടിരിക്കുന്നു?” എന്ന് യെശയ്യാപ്രവാചകന്‍ പറഞ്ഞത് ഇങ്ങനെ പൂര്‍ത്തിയായി. അവര്‍ക്കു വിശ്വസിക്കുവാന്‍ കഴിയാതെപോയതിനെപ്പറ്റി വീണ്ടും യെശയ്യാ പറയുന്നത് ഇപ്രകാരമാണ്: “ദൈവം അവരുടെ കണ്ണുകള്‍ അന്ധമാക്കുകയും മനസ്സ് മരവിപ്പിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ കണ്ണുകൊണ്ടു കാണുകയോ, മനസ്സുകൊണ്ടു ഗ്രഹിക്കുകയോ, എന്നില്‍നിന്നു സുഖം പ്രാപിക്കുവാന്‍ എന്‍റെ അടുക്കലേക്കു തിരിയുകയോ ചെയ്യാതിരിക്കുവാന്‍തന്നെ” എന്ന് ദൈവം അരുള്‍ചെയ്യുന്നു യെശയ്യാ യേശുവിന്‍റെ മഹത്ത്വം ദര്‍ശിച്ചുകൊണ്ട് അവിടുത്തെക്കുറിച്ചു സംസാരിക്കുകയാണു ചെയ്തത്. എന്നിരുന്നാലും പല അധികാരികള്‍പോലും യേശുവില്‍ വിശ്വസിച്ചു. എന്നാല്‍ സുനഗോഗില്‍നിന്ന് പരീശന്മാര്‍ തങ്ങളെ ബഹിഷ്കരിക്കുമെന്നു ഭയന്ന് അവര്‍ പരസ്യമായി അത് ഏറ്റുപറഞ്ഞില്ല. ദൈവത്തില്‍നിന്നു ലഭിക്കുന്ന പ്രശംസയെക്കാള്‍ അധികം മനുഷ്യരുടെ പ്രശംസയാണ് അവര്‍ ഇഷ്ടപ്പെട്ടത്. യേശു ഉച്ചത്തില്‍ പ്രഖ്യാപനം ചെയ്തു: “എന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല എന്നെ അയച്ചവനില്‍ വിശ്വസിക്കുന്നു. എന്നെ ദര്‍ശിക്കുന്നവന്‍ എന്നെ അയച്ചവനെ ദര്‍ശിക്കുന്നു. എന്നില്‍ വിശ്വസിക്കുന്ന ഏതൊരുവനും അന്ധകാരത്തില്‍ വസിക്കാതിരിക്കേണ്ടതിന് ഞാന്‍ പ്രകാശമായി ലോകത്തില്‍ വന്നിരിക്കുന്നു. ആരെങ്കിലും എന്‍റെ വാക്കുകള്‍ കേട്ട് അനുസരിക്കാതിരുന്നാല്‍ ഞാന്‍ അവനെ വിധിക്കുകയില്ല; എന്തെന്നാല്‍ ഞാന്‍ വന്നത് ലോകത്തെ വിധിക്കുവാനല്ല, രക്ഷിക്കുവാനത്രേ. എന്നെ അനാദരിക്കുകയും എന്‍റെ വാക്കുകള്‍ അവഗണിക്കുകയും ചെയ്യുന്നവനെ വിധിക്കുന്ന ഒന്നുണ്ട്. ഞാന്‍ പറഞ്ഞിട്ടുള്ള വചനം തന്നെ അന്ത്യനാളില്‍ അവനെ വിധിക്കും. ഞാന്‍ സ്വമേധയാ ഒന്നും സംസാരിച്ചിട്ടില്ല. എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും എന്നെ അയച്ച പിതാവ് എന്നോടു കല്പിച്ചിരിക്കുന്നു. അവിടുത്തെ കല്പന അനശ്വരജീവന്‍തന്നെ എന്നു ഞാന്‍ അറിയുന്നു. ഞാന്‍ എന്തു പറയുന്നുവോ അത് എന്‍റെ പിതാവ് എന്നോട് അരുളിച്ചെയ്തപ്രകാരമാണ് ഞാന്‍ പറയുന്നത്.” അന്ന് പെസഹാപെരുന്നാളിന്‍റെ തലേദിവസമായിരുന്നു. താന്‍ ഈ ലോകം വിട്ട് പിതാവിന്‍റെ അടുക്കലേക്കു പോകേണ്ട സമയമായിരിക്കുന്നു എന്ന് യേശു മനസ്സിലാക്കി. ലോകത്തില്‍ തനിക്കുള്ളവരെ അവിടുന്ന് എപ്പോഴും സ്നേഹിച്ചിരുന്നു. അന്ത്യംവരെയും അവരെ അവിടുന്നു പൂര്‍ണമായി സ്നേഹിക്കുകയും ചെയ്തു. ആ സായാഹ്നത്തില്‍ യേശുവും ശിഷ്യന്മാരും അത്താഴത്തിന് ഇരിക്കുകയായിരുന്നു. യേശുവിനെ ഒറ്റിക്കൊടുക്കണമെന്ന തീരുമാനം ശിമോന്‍റെ പുത്രനായ യൂദാസ് ഈസ്കര്യോത്തിന്‍റെ ഹൃദയത്തില്‍ നേരത്തെതന്നെ പിശാച് തോന്നിച്ചിരുന്നു. പിതാവു സമസ്തകാര്യങ്ങളും തന്‍റെ കൈയിലേല്പിച്ചിരിക്കുന്നു എന്നും താന്‍ ദൈവത്തിന്‍റെ അടുക്കല്‍നിന്നാണു വന്നിരിക്കുന്നത് എന്നും ദൈവത്തിന്‍റെ അടുക്കലേക്കാണ് പോകുന്നത് എന്നും അറിഞ്ഞുകൊണ്ട് അത്താഴത്തിനിരുന്ന യേശു എഴുന്നേറ്റ് പുറങ്കുപ്പായം ഊരിവച്ചശേഷം ഒരു തുവര്‍ത്തെടുത്ത് അരയ്‍ക്കു കെട്ടി. പിന്നീട് ഒരു പാത്രത്തില്‍ വെള്ളം പകര്‍ന്നു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുകയും അരയില്‍ ചുറ്റിയിരുന്ന തുവര്‍ത്തുകൊണ്ടു തുടയ്‍ക്കുകയും ചെയ്തു. യേശു ശിമോന്‍പത്രോസിന്‍റെ അടുക്കല്‍ ചെന്നപ്പോള്‍, “ഗുരോ, അങ്ങ് എന്‍റെ കാലു കഴുകുന്നുവോ” എന്നു ചോദിച്ചു. യേശു അതിനു മറുപടിയായി പറഞ്ഞു: “ഞാന്‍ ചെയ്യുന്നത് എന്താണെന്നു നീ ഇപ്പോള്‍ മനസ്സിലാക്കുന്നില്ല, എന്നാല്‍ പിന്നീടു മനസ്സിലാക്കും.” അപ്പോള്‍ പത്രോസ്, “അങ്ങ് എന്‍റെ കാലു കഴുകാന്‍ ഞാന്‍ ഒരിക്കലും സമ്മതിക്കുകയില്ല” എന്നു പറഞ്ഞു. യേശു പ്രതിവചിച്ചു: “ഞാന്‍ നിന്‍റെ കാലു കഴുകുന്നില്ലെങ്കില്‍ ഇനി ഒരിക്കലും നീ എന്‍റെ ശിഷ്യനായിരിക്കുകയില്ല.” അപ്പോള്‍ ശിമോന്‍ പത്രോസ് പറഞ്ഞു: “ഗുരോ, അങ്ങനെയാണെങ്കില്‍ എന്‍റെ പാദങ്ങള്‍ മാത്രമല്ല കൈയും തലയുംകൂടി കഴുകിയാലും.” യേശു പത്രോസിനോട്, “കുളി കഴിഞ്ഞിരിക്കുന്നവനു കാലുമാത്രമേ കഴുകേണ്ടതുള്ളൂ. അവന്‍ മുഴുവന്‍ ശുദ്ധിയുള്ളവനാണ്. നിങ്ങള്‍ ശുദ്ധിയുള്ളവരാകുന്നു, എന്നാല്‍ എല്ലാവരും അല്ലതാനും” എന്നു പറഞ്ഞു. തന്നെ ഒറ്റിക്കൊടുക്കുന്നവന്‍ ആരാണെന്ന് യേശുവിന് അറിയാമായിരുന്നു. അതുകൊണ്ടാണ് എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞത്. ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയശേഷം യേശു പുറങ്കുപ്പായം ധരിച്ചു സ്വസ്ഥാനത്തു വീണ്ടും ഇരുന്നു. അനന്തരം അവിടുന്നു ചോദിച്ചു: “ഞാന്‍ നിങ്ങള്‍ക്കു ചെയ്തത് എന്താണെന്നു മനസ്സിലായോ? നിങ്ങള്‍ എന്നെ ഗുരുവെന്നും കര്‍ത്താവെന്നും വിളിക്കുന്നു. ഞാന്‍ ഗുരുവും കര്‍ത്താവും ആകുന്നതുകൊണ്ട് നിങ്ങള്‍ അങ്ങനെ വിളിക്കുന്നതു ശരിതന്നെ. നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും അന്യോന്യം പാദങ്ങള്‍ കഴുകേണ്ടതാണ്. ഞാന്‍ നിങ്ങള്‍ക്ക് ഒരു മാതൃക കാണിച്ചുതന്നിരിക്കുന്നു. ഞാന്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യണം. ഞാന്‍ ഉറപ്പിച്ചു പറയുന്നു: ഭൃത്യന്‍ യജമാനനെക്കാള്‍ വലിയവനല്ല. ദൂതനും തന്നെ അയച്ചവനെക്കാള്‍ വലിയവനല്ല. ഇതു നിങ്ങള്‍ ഗ്രഹിക്കുന്നപക്ഷം അതുപോലെ ചെയ്യുക; എന്നാല്‍ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവരാകും. “നിങ്ങളെ എല്ലാവരെയും സംബന്ധിച്ചല്ല ഞാനിതു പറയുന്നത്; ഞാന്‍ തിരഞ്ഞെടുത്തവരെ എനിക്കറിയാം. ‘എന്‍റെ അപ്പം തിന്നുന്നവന്‍ എന്‍റെ കുതികാലു വെട്ടാന്‍ ഒരുങ്ങിയിരിക്കുന്നു’ എന്ന വേദലിഖിതം സത്യമാകണമല്ലോ. ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിന് അവ സംഭവിക്കുന്നതിനുമുമ്പ് ഞാന്‍ നിങ്ങളെ അറിയിക്കുകയാണ്. ഞാന്‍ ഉറപ്പിച്ചുപറയുന്നു: ഞാന്‍ അയയ്‍ക്കുന്നവനെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെയും സ്വീകരിക്കുന്നു.” ഇതു പറഞ്ഞശേഷം യേശു അസ്വസ്ഥചിത്തനായി ഇപ്രകാരം തുറന്നു പറഞ്ഞു: “നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കുമെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു.” അവിടുന്ന് ആരെ ഉദ്ദേശിച്ചാണിതു പറഞ്ഞതെന്നു മനസ്സിലാകാതെ ശിഷ്യന്മാര്‍ അന്ധാളിച്ച് അന്യോന്യം നോക്കി. യേശുവിന്‍റെ വത്സലശിഷ്യന്‍ അവിടുത്തെ മാറില്‍ ചാരി ഇരിക്കുകയായിരുന്നു. ആരെ ഉദ്ദേശിച്ചാണു പറഞ്ഞതെന്നു യേശുവിനോടു ചോദിക്കുവാന്‍ ശിമോന്‍പത്രോസ് അയാളോട് ആംഗ്യം കാട്ടി. യേശുവിന്‍റെ മാറില്‍ ചാരിക്കൊണ്ടുതന്നെ അയാള്‍ ചോദിച്ചു: “കര്‍ത്താവേ ആരാണത്?” യേശു മറുപടിയായി, “ഈ അപ്പം മുക്കി ഞാന്‍ ആര്‍ക്കു കൊടുക്കുന്നുവോ അയാള്‍ തന്നെ” എന്നു പറഞ്ഞു. പിന്നീട് ഒരു കഷണം അപ്പമെടുത്തു മുക്കി ശിമോന്‍റെ പുത്രനായ യൂദാസ് ഈസ്കര്യോത്തിനു കൊടുത്തു. അപ്പക്കഷണം കിട്ടിയ ഉടനെ സാത്താന്‍ യൂദാസില്‍ പ്രവേശിച്ചു. യേശു യൂദാസിനോടു പറഞ്ഞു: “നീ ചെയ്യുവാന്‍ പോകുന്നതു വേഗം ചെയ്യുക.” എന്നാല്‍ എന്തിനാണ് അയാളോട് ഇതു പറഞ്ഞതെന്ന് യേശുവിനോടൊപ്പം ഭക്ഷണത്തിനിരുന്നവരാരും മനസ്സിലാക്കിയില്ല. യൂദാസിന്‍റെ കൈയിലായിരുന്നു പണസഞ്ചി. അതുകൊണ്ട് പെരുന്നാളിനു വേണ്ടത് വാങ്ങാനോ, ദരിദ്രര്‍ക്ക് എന്തെങ്കിലും ദാനം ചെയ്യാനോ ആണ് യേശു അയാളോടു പറഞ്ഞത് എന്നത്രേ ചിലര്‍ ഊഹിച്ചത്. അപ്പക്കഷണം കിട്ടിയ ഉടനെ, യൂദാസ് പുറത്തേക്ക് ഇറങ്ങിപ്പോയി. അപ്പോള്‍ രാത്രി ആയിരുന്നു. യൂദാസ് പോയപ്പോള്‍ യേശു അരുള്‍ചെയ്തു: “മനുഷ്യപുത്രന്‍ ഇപ്പോള്‍ മഹത്ത്വപ്പെട്ടിരിക്കുന്നു; അവനിലൂടെ ദൈവവും മഹത്ത്വപ്പെട്ടിരിക്കുന്നു. ദൈവം മനുഷ്യപുത്രനില്‍ മഹത്ത്വപ്പെട്ടിരിക്കുന്നെങ്കില്‍ ദൈവം പുത്രനെ മഹത്ത്വപ്പെടുത്തും; ഉടനെ അതു സംഭവിക്കുകയും ചെയ്യും. കുഞ്ഞുങ്ങളേ, ഞാന്‍ ഇനി അല്പസമയം കൂടിയേ നിങ്ങളോടുകൂടി ഉണ്ടായിരിക്കുകയുള്ളൂ. നിങ്ങള്‍ എന്നെ അന്വേഷിക്കും; എന്നാല്‍ ഞാന്‍ പോകുന്നിടത്തു നിങ്ങള്‍ക്കു വരുവാന്‍ കഴിയുകയില്ല എന്നു യെഹൂദന്മാരോടു ഞാന്‍ പറഞ്ഞതുപോലെ ഇപ്പോള്‍ നിങ്ങളോടും പറയുന്നു. ഒരു പുതിയ കല്പന ഞാന്‍ നിങ്ങള്‍ക്കു നല്‌കുന്നു; നിങ്ങള്‍ അന്യോന്യം സ്നേഹിക്കുക; ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും അന്യോന്യം സ്നേഹിക്കണം. നിങ്ങള്‍ക്കു പരസ്പരം സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.” ശിമോന്‍ പത്രോസ് ചോദിച്ചു: “ഗുരോ, അങ്ങ് എവിടെയാണു പോകുന്നത്?” യേശു പ്രതിവചിച്ചു: “ഞാന്‍ പോകുന്നിടത്തേക്ക് എന്നെ അനുഗമിക്കുവാന്‍ നിനക്ക് ഇപ്പോള്‍ കഴിയുകയില്ല. എന്നാല്‍ പിന്നീട് നീ എന്നെ അനുഗമിക്കും.” അപ്പോള്‍ പത്രോസ് ചോദിച്ചു: “ഗുരോ, എനിക്ക് അങ്ങയെ അനുഗമിക്കുവാന്‍ ഇപ്പോള്‍ കഴിയാത്തത് എന്തുകൊണ്ടാണ്? അങ്ങേക്കുവേണ്ടി മരിക്കുവാന്‍പോലും ഞാന്‍ സന്നദ്ധനാണ്”. യേശു പ്രതിവചിച്ചു: “എനിക്കുവേണ്ടി മരിക്കുമെന്നോ? എന്നാല്‍ സത്യം ഞാന്‍ പറയട്ടെ. കോഴി കൂകുന്നതിനുമുമ്പ് നിശ്ചയമായും നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയും. “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്; ദൈവത്തില്‍ വിശ്വസിക്കുക; എന്നിലും വിശ്വസിക്കുക. എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ഒരു വാസസ്ഥലം ഒരുക്കുവാന്‍ പോകുന്നു എന്നു ഞാന്‍ പറയുമായിരുന്നുവോ? ഞാന്‍ എവിടെ ആയിരിക്കുന്നുവോ, അവിടെ നിങ്ങളും ഉണ്ടായിരിക്കേണ്ടതിന് ഞാന്‍ പോയി സ്ഥലം ഒരുക്കിയശേഷം വീണ്ടും വന്ന് നിങ്ങളെ കൂട്ടിക്കൊണ്ടുപോകും. ഞാന്‍ പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്‍ക്കറിയാം.” തോമസ് യേശുവിനോട്, “ഗുരോ, എവിടേക്കാണ് അങ്ങു പോകുന്നതെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ; പിന്നെ എങ്ങനെയാണു വഴി അറിയുക” എന്നു ചോദിച്ചു. യേശു മറുപടി പറഞ്ഞു: “വഴിയും സത്യവും ജീവനും ഞാന്‍ തന്നെയാണ്; എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല. നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നെങ്കില്‍ എന്‍റെ പിതാവിനെയും അറിയുമായിരുന്നു; ഇപ്പോള്‍മുതല്‍ നിങ്ങള്‍ അവിടുത്തെ അറിയുന്നു, നിങ്ങള്‍ അവിടുത്തെ ദര്‍ശിച്ചുമിരിക്കുന്നു.” അപ്പോള്‍ ഫീലിപ്പോസ്, “ഗുരോ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതന്നാലും; ഞങ്ങള്‍ക്ക് അതുമാത്രം മതി” എന്നു പറഞ്ഞു. യേശു ഇപ്രകാരം അരുള്‍ചെയ്തു: “ഇത്രയുംകാലം ഞാന്‍ നിങ്ങളോടുകൂടി ഉണ്ടായിരുന്നിട്ടും നിനക്ക് എന്നെ മനസ്സിലായില്ലല്ലോ ഫീലിപ്പോസേ; എന്നെ കണ്ടിട്ടുള്ളവന്‍ എന്‍റെ പിതാവിനെയും കണ്ടിരിക്കുന്നു. പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരണമെന്നു നീ പറയുന്നത് എന്താണ്! ഞാന്‍ പിതാവിലും പിതാവ് എന്നിലുമാകുന്നു എന്നു നീ വിശ്വസിക്കുന്നില്ലേ? നിങ്ങളോടു ഞാന്‍ പറയുന്ന ഈ വാക്കുകള്‍ എന്‍റെ സ്വന്തമല്ല; പിതാവ് എന്നില്‍ വസിച്ച് എന്നിലൂടെ തന്‍റെ പ്രവൃത്തികള്‍ നിര്‍വഹിക്കുന്നു. ഞാന്‍ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്നു ഞാന്‍ പറയുന്നതു വിശ്വസിക്കുക, അല്ലെങ്കില്‍ എന്‍റെ പ്രവൃത്തികള്‍കൊണ്ടെങ്കിലും വിശ്വസിക്കുക. ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും; ഞാന്‍ പിതാവിന്‍റെ അടുക്കല്‍ പോകുന്നതുകൊണ്ട് അവയെക്കാള്‍ വലിയ പ്രവൃത്തികളും ചെയ്യും. പിതാവിന്‍റെ മഹത്ത്വം പുത്രനില്‍ക്കൂടി വെളിപ്പെടുന്നതിന് എന്‍റെ നാമത്തില്‍ നിങ്ങള്‍ എന്തുതന്നെ അപേക്ഷിച്ചാലും ഞാന്‍ നിങ്ങള്‍ക്കു ചെയ്തുതരും. എന്‍റെ നാമത്തില്‍ നിങ്ങള്‍ എന്തെങ്കിലും അപേക്ഷിക്കുന്നെങ്കില്‍ അതു ഞാന്‍ ചെയ്തുതരും. “നിങ്ങള്‍ എന്നെ സ്നേഹിക്കുന്നെങ്കില്‍ എന്‍റെ കല്പനകള്‍ അനുസരിക്കും. ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും അവിടുന്നു സത്യത്തിന്‍റെ ആത്മാവിനെ മറ്റൊരു സഹായകനായി നിങ്ങളോടുകൂടി എന്നേക്കും ഇരിക്കുവാന്‍ നിങ്ങള്‍ക്കു നല്‌കുകയും ചെയ്യും. ലോകം ആ ആത്മാവിനെ കാണുകയോ അറിയുകയോ ചെയ്തിട്ടില്ല; അതിനാല്‍ ലോകത്തിന് അവിടുത്തെ സ്വീകരിക്കുവാനും കഴിയുകയില്ല. നിങ്ങള്‍ അവിടുത്തെ അറിയുന്നു; എന്തെന്നാല്‍ അവിടുന്നു നിങ്ങളോടുകൂടി ഇരിക്കുകയും നിങ്ങളില്‍ വസിക്കുകയും ചെയ്യുന്നു. “ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരും. അല്പസമയംകൂടി കഴിഞ്ഞാല്‍ ലോകം എന്നെ കാണുകയില്ല; എന്നാല്‍ നിങ്ങള്‍ എന്നെ കാണും; ഞാന്‍ ജീവിക്കുന്നതിനാല്‍ നിങ്ങളും ജീവിക്കും. ഞാന്‍ എന്‍റെ പിതാവിലും നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലും ആകുന്നുവെന്ന് നിങ്ങള്‍ അന്നു ഗ്രഹിക്കും. “എന്‍റെ കല്പനകള്‍ സ്വീകരിച്ച് അനുസരിക്കുന്നവനാണ് എന്നെ സ്നേഹിക്കുന്നവന്‍. എന്നെ സ്നേഹിക്കുന്നവനെ എന്‍റെ പിതാവു സ്നേഹിക്കും; ഞാനും അവനെ സ്നേഹിക്കുകയും എന്നെത്തന്നെ അവനു വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യും.” അപ്പോള്‍ ഈസ്കര്യോത്ത് അല്ലാത്ത യൂദാ യേശുവിനോട് “ഗുരോ, അങ്ങ് അങ്ങയെത്തന്നെ ലോകത്തിന് വെളിപ്പെടുത്താതെ ഞങ്ങള്‍ക്കു മാത്രം വെളിപ്പെടുത്തുന്നത് എങ്ങനെയാണ്?” എന്നു ചോദിച്ചു. യേശു പ്രതിവചിച്ചു: “എന്നെ സ്നേഹിക്കുന്ന ഏതൊരുവനും എന്‍റെ വചനം അനുസരിക്കും. എന്‍റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള്‍ വന്ന് അവനോടുകൂടി വാസമുറപ്പിക്കുകയും ചെയ്യും. എന്നെ സ്നേഹിക്കാത്തവന്‍ എന്‍റെ വചനങ്ങള്‍ അനുസരിക്കുകയില്ല. നിങ്ങള്‍ കേള്‍ക്കുന്ന വചനം എന്‍റെ സ്വന്തമല്ല എന്നെ അയച്ച പിതാവിന്‍റേതത്രേ. “ഞാന്‍ നിങ്ങളുടെ കൂടെയുള്ളപ്പോള്‍ത്തന്നെ ഈ കാര്യങ്ങള്‍ നിങ്ങളോടു സംസാരിച്ചിരിക്കുന്നു. എന്നാല്‍ എന്‍റെ നാമത്തില്‍ പിതാവ് അയയ്‍ക്കുവാന്‍ പോകുന്ന പരിശുദ്ധാത്മാവ് എന്ന സഹായകന്‍ എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കും; ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം അനുസ്മരിപ്പിക്കുകയും ചെയ്യും. “സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടു പോകുന്നു; എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. ലോകം നല്‌കുന്നതുപോലെയുള്ള സമാധാനമല്ല ഞാന്‍ നിങ്ങള്‍ക്കു നല്‌കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്; നിങ്ങള്‍ ഭയപ്പെടുകയും അരുത്. ഞാന്‍ പോകുകയാണെന്നും നിങ്ങളുടെയടുക്കല്‍ മടങ്ങി വരുമെന്നും ഞാന്‍ പറഞ്ഞത് നിങ്ങള്‍ കേട്ടുവല്ലോ. നിങ്ങള്‍ എന്നെ സ്നേഹിക്കുന്നു എങ്കില്‍ ഞാന്‍ പിതാവിന്‍റെ അടുക്കല്‍ പോകുന്നതില്‍ നിങ്ങള്‍ സന്തോഷിക്കുമായിരുന്നു. പിതാവ് എന്നെക്കാള്‍ വലിയവനാണല്ലോ. മുന്‍കൂട്ടി ഞാനിതു പറഞ്ഞത് ഇതു സംഭവിക്കുമ്പോള്‍ നിങ്ങള്‍ക്കു വിശ്വാസമുണ്ടാകുവാനാണ്. നിങ്ങളോടു സംസാരിക്കുവാന്‍ എനിക്കിനി അധികം സമയമില്ല. എന്തെന്നാല്‍ ഈ ലോകത്തിന്‍റെ അധിപതി വരുന്നു. എങ്കിലും അവന് എന്‍റെമേല്‍ ഒരധികാരവുമില്ല. എന്നാല്‍ ഞാന്‍ പിതാവിനെ സ്നേഹിക്കുന്നു എന്നു ലോകം അറിയേണ്ടതിന് പിതാവ് എന്നോട് കല്പിച്ചതുപോലെ ഞാന്‍ ചെയ്യുന്നു. “എഴുന്നേല്‌ക്കുക; നമുക്കു പുറപ്പെടാം.” “ഞാന്‍ യഥാര്‍ഥ മുന്തിരിച്ചെടിയും എന്‍റെ പിതാവു കൃഷിക്കാരനുമാകുന്നു. അവിടുന്നു ഫലം കായ്‍ക്കാത്ത എല്ലാ ശാഖകളും എന്നില്‍നിന്ന് വെട്ടിക്കളയുന്നു. ഫലം കായ്‍ക്കുന്നവ കൂടുതല്‍ ഫലം നല്‌കേണ്ടതിനു തലപ്പുകള്‍ കോതി വൃത്തിയാക്കുന്നു. ഞാന്‍ നിങ്ങളോടു സംസാരിച്ചിട്ടുള്ള വചനംമൂലം നിങ്ങള്‍ ശുദ്ധിയുള്ളവരായിത്തീര്‍ന്നിരിക്കുന്നു. എന്നില്‍ വസിക്കുക; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ സ്ഥിതിചെയ്യാത്ത ശാഖയ്‍ക്കു സ്വയമേവ ഫലം കായ്‍ക്കുവാന്‍ കഴിയുകയില്ല. അതുപോലെ എന്നില്‍ വസിക്കാതെയിരുന്നാല്‍ നിങ്ങള്‍ക്കും ഫലം കായ്‍ക്കുവാന്‍ സാധ്യമല്ല. “ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാകുന്നു; ഒരുവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു എങ്കില്‍, അവന്‍ ധാരാളം ഫലം പുറപ്പെടുവിക്കും. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല. എന്നില്‍ വസിക്കാത്തവന്‍ ഒരു ശാഖയെന്നപോലെ പുറത്തെറിയപ്പെട്ട് ഉണങ്ങിപ്പോകും. ഉണങ്ങിയ ശാഖകള്‍ ശേഖരിച്ചു തീയിലിട്ടു ചുട്ടുകളയുന്നു; നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്‍റെ വചനങ്ങള്‍ നിങ്ങളില്‍ കുടികൊള്ളുകയും ചെയ്യുന്നെങ്കില്‍ നിങ്ങള്‍ അപേക്ഷിക്കുന്നതെന്തും നിങ്ങള്‍ക്കു ലഭിക്കും. നിങ്ങള്‍ ധാരാളം ഫലം കായ്‍ക്കുന്നതിനാല്‍ എന്‍റെ പിതാവു മഹത്ത്വപ്പെടുന്നു. അങ്ങനെ നിങ്ങള്‍ എന്‍റെ ശിഷ്യന്മാരായിത്തീരുന്നു. എന്‍റെ പിതാവ് എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു. എന്‍റെ സ്നേഹത്തില്‍ നിങ്ങള്‍ നിലനില്‌ക്കുക. ഞാന്‍ എന്‍റെ പിതാവിന്‍റെ കല്പനകള്‍ അനുസരിച്ച് അവിടുത്തെ സ്നേഹത്തില്‍ നിലനില്‌ക്കുന്നതുപോലെ നിങ്ങള്‍ എന്‍റെ കല്പനകള്‍ അനുസരിച്ചാല്‍ എന്‍റെ സ്നേഹത്തില്‍ നിലനില്‌ക്കും. “എന്‍റെ ആനന്ദം നിങ്ങളില്‍ ഉണ്ടായിരിക്കുവാനും നിങ്ങളുടെ ആനന്ദം സമ്പൂര്‍ണമാകുവാനും വേണ്ടിയാണ് ഇവയെല്ലാം ഞാന്‍ നിങ്ങളോടു സംസാരിച്ചത്. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണമെന്നാണ് എന്‍റെ കല്പന. സ്നേഹിതന്മാര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലുതായ സ്നേഹം ആര്‍ക്കുമില്ലല്ലോ. ഞാന്‍ നിങ്ങളോടു കല്പിച്ചതെല്ലാം നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്‍റെ സ്നേഹിതന്മാരാണ്. ഇനിയും നിങ്ങളെ ദാസന്മാരെന്ന് ഞാന്‍ വിളിക്കുന്നില്ല; യജമാനന്‍ ചെയ്യുന്നത് എന്താണെന്നു ദാസന്‍ അറിയുന്നില്ലല്ലോ. എന്‍റെ പിതാവില്‍നിന്നു കേട്ടതെല്ലാം ഞാന്‍ നിങ്ങളെ അറിയിച്ചിരിക്കുന്നു; അതുകാണ്ടാണ് എന്‍റെ സ്നേഹിതന്മാരെന്നു ഞാന്‍ നിങ്ങളെ വിളിക്കുന്നത്. നിങ്ങള്‍ പോയി നിലനില്‌ക്കുന്ന ഫലം പുറപ്പെടുവിക്കുന്നതിന് ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. അതുകൊണ്ട് എന്‍റെ നാമത്തില്‍ നിങ്ങള്‍ പിതാവിനോട് എന്തപേക്ഷിച്ചാലും അവിടുന്നു നിങ്ങള്‍ക്കു നല്‌കും. നിങ്ങള്‍ പരസ്പരം സ്നേഹിക്കുന്നതിനുവേണ്ടിയാണ് ഇവയെല്ലാം ഞാന്‍ നിങ്ങളോട് ആജ്ഞാപിക്കുന്നത്. “ലോകം നിങ്ങളെ വെറുക്കുന്നു എങ്കില്‍ അത് എന്നെയാണ് ആദ്യം വെറുത്തത് എന്ന് അറിഞ്ഞുകൊള്ളുക. നിങ്ങള്‍ ലോകത്തില്‍ നിന്നുള്ളവരായിരുന്നെങ്കില്‍ അത് സ്വന്തമെന്നവണ്ണം നിങ്ങളെ സ്നേഹിക്കുമായിരുന്നു. എന്നാല്‍ ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തിരഞ്ഞെടുത്തതിനാല്‍ നിങ്ങള്‍ ലോകത്തിന്‍റെ വകയല്ല. അതുകൊണ്ട് ലോകം നിങ്ങളെ വെറുക്കുന്നു. ദാസന്‍ യജമാനനെക്കാള്‍ വലിയവനല്ലെന്നു ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളത് ഓര്‍മിച്ചുകൊള്ളുക. അവര്‍ എന്നെ പീഡിപ്പിച്ചെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും. അവര്‍ എന്‍റെ വചനം അനുസരിച്ചെങ്കില്‍ നിങ്ങളുടേതും അനുസരിക്കും. എന്നാല്‍ എന്നെ അയച്ചവനെ അവര്‍ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട് എന്‍റെ നാമം നിമിത്തം ഇവയെല്ലാം അവര്‍ നിങ്ങളോടു ചെയ്യും. ഞാന്‍ വന്ന് അവരോടു സംസാരിക്കാതിരുന്നെങ്കില്‍ അവര്‍ കുറ്റമറ്റവരായിരുന്നേനെ. എന്നാല്‍ ഇപ്പോള്‍ അവരുടെ പാപത്തിന് ഒഴികഴിവൊന്നുമില്ല. എന്നെ വെറുക്കുന്നവന്‍ എന്‍റെ പിതാവിനെയും വെറുക്കുന്നു. മറ്റാരും ഒരിക്കലും ചെയ്തിട്ടില്ലാത്ത പ്രവൃത്തികള്‍ ഞാന്‍ അവരുടെ മധ്യത്തില്‍ ചെയ്യാതിരുന്നെങ്കില്‍ അവര്‍ക്കു കുറ്റമില്ലായിരുന്നേനെ. എന്‍റെ പ്രവൃത്തികള്‍ അവര്‍ കണ്ടിരിക്കുന്നു. എന്നിട്ടും എന്നെയും എന്‍റെ പിതാവിനെയും അവര്‍ വെറുക്കുന്നു. ‘അവര്‍ അകാരണമായി എന്നെ ദ്വേഷിച്ചു’ എന്ന് അവരുടെ ധര്‍മശാസ്ത്രത്തില്‍ എഴുതിയിരിക്കുന്നതു സത്യമാകുന്നതിന് ഇവയെല്ലാം സംഭവിക്കേണ്ടതാണ്.” “എന്നാല്‍ പിതാവിന്‍റെ സന്നിധിയില്‍നിന്നു ഞാന്‍ നിങ്ങള്‍ക്കുവേണ്ടി അയയ്‍ക്കുവാനിരിക്കുന്ന സഹായകനായ സത്യത്തിന്‍റെ ആത്മാവ് പിതാവില്‍നിന്നു പുറപ്പെട്ട് നിങ്ങളുടെ അടുക്കല്‍വരും. ആ ആത്മാവ് എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കും. നിങ്ങള്‍ ആദിമുതല്‍ എന്നോടുകൂടി ഉണ്ടായിരുന്നതുകൊണ്ടു നിങ്ങള്‍ സാക്ഷികളായിരിക്കുകയും ചെയ്യും. “നിങ്ങള്‍ ഇടറിവീഴാതിരിക്കുന്നതിനാണ് ഞാന്‍ ഇവയെല്ലാം നിങ്ങളോടു സംസാരിച്ചത്. അവര്‍ നിങ്ങളെ സുനഗോഗുകളില്‍നിന്നു പുറന്തള്ളും. നിങ്ങളെ വധിക്കുന്ന ഏതൊരുവനും ദൈവത്തിന് അര്‍പ്പിക്കുന്ന ഒരു പുണ്യകര്‍മം ചെയ്യുന്നു എന്നു കരുതുന്ന സമയം വരുന്നു. അവര്‍ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതിനാല്‍ ഇവയെല്ലാം ചെയ്യും. അവര്‍ ഇങ്ങനെ ചെയ്യുന്ന സമയം വരുമ്പോള്‍ ഞാന്‍ ഇവയെല്ലാം പറഞ്ഞതാണല്ലോ എന്നു നിങ്ങള്‍ അനുസ്മരിക്കുന്നതിനുവേണ്ടിയാണ് ഇതു പറയുന്നത്. “ഞാന്‍ നിങ്ങളോടുകൂടി ഉണ്ടായിരുന്നതുകൊണ്ടാണ് ആദ്യംതന്നെ ഇക്കാര്യങ്ങള്‍ പറയാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ എന്നെ അയച്ചവന്‍റെ അടുക്കലേക്കു പോകുന്നു. എങ്കിലും ഞാന്‍ എവിടെ പോകുന്നു എന്ന് നിങ്ങളിലാരും എന്നോടു ചോദിക്കുന്നില്ല. ഞാനിവയെല്ലാം നിങ്ങളോടു പറഞ്ഞതിനാല്‍ നിങ്ങളുടെ ഹൃദയം ദുഃഖംകൊണ്ടു നിറഞ്ഞിരിക്കുന്നു. എന്നാല്‍ സത്യം ഞാന്‍ പറയട്ടെ, ഞാന്‍ പോകുന്നതുകൊണ്ട് നിങ്ങള്‍ക്കു പ്രയോജനമുണ്ട്. ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന്‍ നിങ്ങളുടെ അടുക്കല്‍ വരുകയില്ല. ഞാന്‍ പോയാല്‍ സഹായകനെ നിങ്ങളുടെ അടുക്കലേക്ക് അയയ്‍ക്കും. സഹായകന്‍ വരുമ്പോള്‍ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും; ലോകത്തിലുള്ളവര്‍ എന്നില്‍ വിശ്വസിക്കാത്തതുകൊണ്ടു പാപത്തെക്കുറിച്ചും ഞാന്‍ പിതാവിന്‍റെ അടുക്കലേക്കു പോകുന്നതിനാല്‍ നിങ്ങള്‍ ഇനിയും എന്നെ കാണാതിരിക്കുമെന്നതുകൊണ്ടു നീതിയെക്കുറിച്ചും ഈ ലോകത്തിന്‍റെ അധിപതി വിധിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തും. “എനിക്കിനിയും ഒട്ടുവളരെ കാര്യങ്ങള്‍ നിങ്ങളോടു പറയുവാനുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ അവയെല്ലാം വഹിക്കുവാന്‍ കഴിവില്ല. സത്യത്തിന്‍റെ ആത്മാവു വരുമ്പോള്‍ അവിടുന്നു നിങ്ങളെ സകല സത്യത്തിലും വഴിനടത്തും. അവിടുന്നു സ്വമേധയാ അല്ല സംസാരിക്കുന്നത്. താന്‍ കേള്‍ക്കുന്നതു സംസാരിക്കുകയും സംഭവിക്കുവാന്‍ പോകുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യും. അവിടുന്ന് എന്നെ മഹത്ത്വപ്പെടുത്തും. എന്തുകൊണ്ടെന്നാല്‍ എനിക്കു പറയുവാനുള്ളതു ഗ്രഹിച്ച് അവിടുന്നു നിങ്ങളോടു പ്രസ്താവിക്കും; പിതാവിനുള്ളതെല്ലാം എനിക്കുള്ളതാകുന്നു. അതുകൊണ്ടാണ് ഞാന്‍ പറയുവാനുള്ള കാര്യങ്ങള്‍ ഗ്രഹിച്ച് അവിടുന്നു നിങ്ങളെ അറിയിക്കും എന്നു ഞാന്‍ പറഞ്ഞത്. “ഇനി അല്പസമയം കഴിയുമ്പോള്‍ നിങ്ങള്‍ എന്നെ കാണുകയില്ല; പിന്നെയും അല്പസമയം കഴിയുമ്പോള്‍ നിങ്ങള്‍ എന്നെ കാണും.” അപ്പോള്‍ യേശുവിന്‍റെ ശിഷ്യന്മാരില്‍ ചിലര്‍ പരസ്പരം പറഞ്ഞു: “അല്പസമയം കഴിയുമ്പോള്‍ നിങ്ങള്‍ എന്നെ കാണുകയില്ല, പിന്നെയും അല്പസമയം കഴിയുമ്പോള്‍ നിങ്ങള്‍ എന്നെ കാണും എന്നും എന്‍റെ പിതാവിന്‍റെ അടുക്കല്‍ ഞാന്‍ പോകുന്നു എന്നും അവിടുന്നു പറഞ്ഞതിന്‍റെ അര്‍ഥമെന്താണ്? അല്പസമയം എന്ന് അവിടുന്നു പറഞ്ഞതിന്‍റെ സാരം എന്തായിരിക്കും? അവിടുന്നു പറയുന്നതിന്‍റെ അര്‍ഥം നമുക്കു മനസ്സിലാകുന്നില്ലല്ലോ!” ഇതേപ്പറ്റി തന്നോടു ചോദിക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നു എന്ന് യേശു മനസ്സിലാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “ഇനി അല്പസമയം കഴിഞ്ഞു നിങ്ങള്‍ എന്നെ കാണുകയില്ല; പിന്നെയും അല്പസമയം കഴിഞ്ഞു നിങ്ങള്‍ എന്നെ കാണും എന്നു ഞാന്‍ പറഞ്ഞതിന്‍റെ അര്‍ഥം എന്താണെന്നുള്ളതിനെക്കുറിച്ചാണോ നിങ്ങള്‍ അന്യോന്യം ചോദിക്കുന്നത്? ഞാന്‍ ഉറപ്പിച്ചു പറയുന്നു; നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും; ലോകമാകട്ടെ സന്തോഷിക്കും. നിങ്ങള്‍ ദുഃഖിക്കുമെങ്കില്‍ നിങ്ങളുടെ ദുഃഖം ആനന്ദമായി മാറും. സ്‍ത്രീക്കു പ്രസവസമയത്തു വേദനയുണ്ട്. എന്നാല്‍ പ്രസവിച്ചുകഴിയുമ്പോള്‍ ഒരു മനുഷ്യന്‍ ലോകത്തിലേക്കു പിറന്നിരിക്കുന്നതുമൂലമുള്ള സന്തോഷത്താല്‍ പിന്നീട് തന്‍റെ വേദനയെക്കുറിച്ച് അവള്‍ ഓര്‍മിക്കുന്നില്ല. അതുപോലെ ഇപ്പോള്‍ നിങ്ങള്‍ക്കു വ്യാകുലതയുണ്ട്; എന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളെ കാണുമ്പോള്‍ നിങ്ങള്‍ ആനന്ദിക്കും. ആ ആനന്ദം ആരും നിങ്ങളില്‍നിന്ന് എടുത്തുകളയുകയില്ല. “ആ ദിവസം വരുമ്പോള്‍ നിങ്ങള്‍ ഒന്നും എന്നോടു ചോദിക്കുകയില്ല. നിങ്ങള്‍ പിതാവിനോട് എന്ത് അപേക്ഷിച്ചാലും അവിടുന്ന് എന്‍റെ നാമത്തില്‍ അതു നിങ്ങള്‍ക്കു നല്‌കും എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു. ഇതുവരെ നിങ്ങള്‍ ഒന്നും എന്‍റെ നാമത്തില്‍ അപേക്ഷിച്ചിട്ടില്ല. അപേക്ഷിക്കുക, എന്നാല്‍ നിങ്ങള്‍ക്കു ലഭിക്കും. അങ്ങനെ നിങ്ങളുടെ ആനന്ദം സമ്പൂര്‍ണമാകും. “ആലങ്കാരിക ഭാഷയിലാണ് ഞാന്‍ ഇവയെല്ലാം നിങ്ങളോടു സംസാരിച്ചത്. എന്നാല്‍ ഇനിയും ആലങ്കാരികമായിട്ടല്ലാതെ പിതാവിനെക്കുറിച്ച് സ്പഷ്ടമായി നിങ്ങളോടു പ്രസ്താവിക്കുന്ന സമയം വരുന്നു. അന്നു നിങ്ങള്‍ എന്‍റെ നാമത്തില്‍ പിതാവിനോട് അപേക്ഷിക്കും. ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കുമെന്നു പറയുന്നില്ല; എന്തെന്നാല്‍ നിങ്ങളെന്നെ സ്നേഹിക്കുകയും ഞാന്‍ പിതാവിന്‍റെ അടുക്കല്‍നിന്നു വന്നു എന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നതുകൊണ്ട് പിതാവുതന്നെ നിങ്ങളെ സ്നേഹിക്കുന്നു. ഞാന്‍ പിതാവിന്‍റെ സന്നിധിയില്‍ നിന്നു പുറപ്പെട്ടു ലോകത്തിലേക്കു വന്നിരിക്കുന്നു. ഇനി ഞാന്‍ ലോകം വിട്ട് വീണ്ടും പിതാവിന്‍റെ സന്നിധിയിലേക്കു പോകുകയാണ്.” അപ്പോള്‍ അവിടുത്തെ ശിഷ്യന്മാര്‍ പറഞ്ഞു: “ഇതാ ഇപ്പോള്‍ ആലങ്കാരികമായിട്ടല്ല, സ്പഷ്ടമായിട്ടാണ് അങ്ങു സംസാരിക്കുന്നത്. അവിടുത്തേക്ക് എല്ലാം അറിയാമെന്നും അങ്ങയോട് ആരും ഒന്നും ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോള്‍ ഞങ്ങള്‍ക്കു ബോധ്യമായി. അങ്ങു ദൈവത്തിന്‍റെ അടുക്കല്‍നിന്നു വന്നു എന്നു ഞങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു.” യേശു പ്രതിവചിച്ചു: “ഇപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുന്നുവെന്നോ? എന്നെ ഏകനായി വിട്ടിട്ട് നിങ്ങള്‍ ഓരോരുത്തനും അവനവന്‍റെ വഴിക്കു ചിതറി ഓടുന്ന സമയം വരുന്നു; അല്ല വന്നു കഴിഞ്ഞിരിക്കുന്നു. എങ്കിലും ഞാന്‍ ഏകനല്ല; പിതാവ് എന്‍റെ കൂടെയുണ്ട്. എന്നോടുള്ള ഐക്യത്തില്‍ നിങ്ങള്‍ സമാധാനം കണ്ടെത്തേണ്ടതിനാണ് ഇവയെല്ലാം ഞാന്‍ നിങ്ങളോടു പറഞ്ഞത്: ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടതയുണ്ട്; എന്നാല്‍ നിങ്ങള്‍ ധൈര്യപ്പെടുക; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു.” ഇതു പറഞ്ഞശേഷം യേശു സ്വര്‍ഗത്തിലേക്കു ദൃഷ്‍ടികളുയര്‍ത്തി ഇപ്രകാരം പ്രാര്‍ഥിച്ചു: “പിതാവേ, സമയം ആയിരിക്കുന്നു. അവിടുത്തെ പുത്രന്‍ അങ്ങയെ മഹത്ത്വപ്പെടുത്തേണ്ടതിന് പുത്രനെ മഹത്ത്വപ്പെടുത്തിയാലും. അവിടുന്ന് ഏല്പിച്ചിട്ടുള്ളവര്‍ക്കെല്ലാം അനശ്വരജീവന്‍ നല്‌കേണ്ടതിനു സകല മനുഷ്യരുടെയുംമേല്‍ അവിടുത്തെ പുത്രന് അധികാരം നല്‌കിയിരിക്കുന്നു. ഏക സത്യദൈവമായ അങ്ങയെയും അങ്ങ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെയാണല്ലോ അനശ്വരജീവന്‍. അങ്ങ് എന്നെ ഏല്പിച്ച ജോലി പൂര്‍ത്തീകരിച്ചുകൊണ്ട് ഞാന്‍ ഭൂമിയില്‍ അങ്ങയെ മഹത്ത്വപ്പെടുത്തി. പിതാവേ, പ്രപഞ്ചോല്പത്തിക്കുമുമ്പ് എനിക്ക് അങ്ങയോടുകൂടിയുണ്ടായിരുന്ന മഹത്ത്വത്താല്‍ ഇപ്പോള്‍ എന്നെ മഹത്ത്വപ്പെടുത്തണമേ. ലോകത്തില്‍നിന്ന് എനിക്കു നല്‌കിയവര്‍ക്ക് അവിടുത്തെ നാമം ഞാന്‍ വെളിപ്പെടുത്തി. അവര്‍ അങ്ങേക്കുള്ളവരായിരുന്നു. അങ്ങ് അവരെ എനിക്കു നല്‌കി; അങ്ങയുടെ വചനം അവര്‍ അനുസരിക്കുകയും ചെയ്തിരിക്കുന്നു. എനിക്ക് അങ്ങു നല്‌കിയിട്ടുള്ളതെല്ലാം അങ്ങയില്‍നിന്നുള്ളവയാണെന്ന് ഇപ്പോള്‍ അവര്‍ അറിഞ്ഞിരിക്കുന്നു. എന്തെന്നാല്‍ അവിടുന്ന് എനിക്കു നല്‌കിയ ഉപദേശങ്ങള്‍ ഞാന്‍ അവര്‍ക്കു നല്‌കി. അവര്‍ അതു സ്വീകരിക്കുകയും അങ്ങയില്‍നിന്നാണു ഞാന്‍ വന്നതെന്ന് യഥാര്‍ഥമായി ഗ്രഹിക്കുകയും അവിടുന്നാണ് എന്നെ അയച്ചതെന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. “ഞാന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു; ലോകത്തിനുവേണ്ടിയല്ല. അങ്ങ് എനിക്കു നല്‌കിയിട്ടുള്ളവര്‍ അവിടുത്തെ സ്വന്തം ആയതുകൊണ്ട് അവര്‍ക്കുവേണ്ടിയാണ് ഞാന്‍ അപേക്ഷിക്കുന്നത്. എനിക്കുള്ളവരെല്ലാം അങ്ങേക്കുള്ളവര്‍തന്നെ; അങ്ങേക്കുള്ളവര്‍ എനിക്കുള്ളവരും. അവരില്‍കൂടി എന്‍റെ മഹത്ത്വം വെളിപ്പെട്ടിരിക്കുന്നു. ഇനി ഞാന്‍ ലോകത്തില്‍ ഉണ്ടായിരിക്കുകയില്ല. അവരാകട്ടെ ലോകത്തില്‍ ആകുന്നു; അവിടുത്തെ സന്നിധിയിലേക്കു ഞാന്‍ വരുന്നു. പരിശുദ്ധപിതാവേ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകുന്നതിന് അവിടുന്ന് എന്നെ ഏല്പിച്ചവരെയെല്ലാം അവിടുത്തെ നാമത്തില്‍ കാത്തുകൊള്ളണമേ. അവരോടുകൂടി ആയിരുന്നപ്പോള്‍ അവിടുത്തെ നാമത്തിനു ചേര്‍ന്നവിധം ഞാന്‍ അവരെ കാത്തു; അവരെ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്തു. ആ നാശയോഗ്യനല്ലാതെ അവരില്‍ ആരുംതന്നെ നഷ്ടപ്പെട്ടിട്ടില്ല. വേദലിഖിതം നിറവേറേണ്ടതാണല്ലോ. ഇപ്പോള്‍ ഞാന്‍ അങ്ങയുടെ അടുക്കലേക്കു വരുന്നു. എന്‍റെ ആനന്ദം അവര്‍ക്കു സമ്പൂര്‍ണമായി ഉണ്ടാകുവാന്‍ ഞാന്‍ ലോകത്തില്‍വച്ച് ഇതു സംസാരിക്കുന്നു. അവിടുത്തെ വചനം ഞാന്‍ അവര്‍ക്കു നല്‌കി. ഞാന്‍ ലോകത്തിന്‍റെ വകയല്ലാത്തതുപോലെ അവരും ലോകത്തിന്‍റെ വകയല്ലാത്തതുകൊണ്ട് ലോകം അവരെ വെറുത്തിരിക്കുന്നു. അവരെ ലോകത്തില്‍നിന്നു നീക്കണമെന്നല്ല പൈശാചിക ശക്തിയില്‍നിന്ന് അവരെ കാത്തു രക്ഷിക്കണം എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു. ഞാന്‍ ലോകത്തിന്‍റെ വകയല്ലാത്തതുപോലെ അവരും ലോകത്തിന്‍റെ വകയല്ലല്ലോ. സത്യത്താല്‍ അവരെ വിശുദ്ധീകരിക്കണമേ; അവിടുത്തെ വചനമാണല്ലോ സത്യം. അങ്ങ് എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്ക് അയച്ചിരിക്കുന്നു. സത്യത്താല്‍ അവര്‍ അങ്ങേക്കു സമര്‍പ്പിക്കപ്പെടുന്നതിനുവേണ്ടി ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുന്നു. “അവര്‍ക്കുവേണ്ടി മാത്രമല്ല, അവരുടെ വചനംമൂലം എന്നില്‍ വിശ്വസിക്കാനിരുന്നവര്‍ക്കുവേണ്ടിയും ഞാന്‍ പ്രാര്‍ഥിക്കുന്നു. പിതാവേ, അവിടുന്ന് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരെല്ലാവരും ഒന്നായിത്തീരണമേ. അങ്ങനെ അങ്ങ് എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിക്കുവാന്‍വേണ്ടി അവര്‍ നമ്മിലായിത്തീരണമേ. അങ്ങും ഞാനും ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുവാന്‍വേണ്ടി അങ്ങ് എനിക്കു നല്‌കിയ മഹത്ത്വം ഞാന്‍ അവര്‍ക്കു നല്‌കിയിരിക്കുന്നു. അങ്ങനെ ഞാന്‍ അവരിലും അങ്ങ് എന്നിലും ആയിരിക്കുന്നതിനാല്‍, അവര്‍ സമ്പൂര്‍ണമായി ഐക്യത്തില്‍ ആകണമേ. തന്മൂലം അവിടുന്ന് എന്നെ അയച്ചു എന്നും എന്നെ സ്നേഹിക്കുന്നതുപോലെ അങ്ങ് അവരെ സ്നേഹിക്കുന്നു എന്നും മനുഷ്യവര്‍ഗം അറിയുന്നതിന് ഇടയാകട്ടെ. “പിതാവേ, പ്രപഞ്ചസൃഷ്‍ടിക്കു മുമ്പുതന്നെ അങ്ങ് എന്നെ സ്നേഹിച്ചിരുന്നു. ആ സ്നേഹം മൂലം അങ്ങ് എനിക്കു നല്‌കിയിരിക്കുന്ന മഹത്ത്വം എനിക്കു നല്‌കിയിട്ടുള്ളവര്‍ ദര്‍ശിക്കുന്നതിന് ഞാന്‍ എവിടെ ആയിരിക്കുന്നുവോ അവിടെ അവരും ഉണ്ടായിരിക്കണമെന്ന് ഞാന്‍ ഇച്ഛിക്കുന്നു. നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിഞ്ഞിട്ടില്ല; എന്നാല്‍ ഞാന്‍ അങ്ങയെ അറിയുന്നു; അങ്ങ് എന്നെ അയച്ചു എന്ന് ഇവരും അറിയുന്നു. അങ്ങേക്ക് എന്നോടുള്ള സ്നേഹം ഇവരില്‍ ഉണ്ടായിരിക്കുന്നതിനും ഞാന്‍ ഇവരില്‍ വസിക്കുന്നതിനും അങ്ങയുടെ നാമം ഞാന്‍ ഇവര്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനി വെളിപ്പെടുത്തുകയും ചെയ്യും.” ഇപ്രകാരം പ്രാര്‍ഥിച്ചശേഷം യേശു ശിഷ്യന്മാരോടുകൂടി കെദ്രോന്‍തോടിന്‍റെ മറുകരയിലേക്കു പോയി. അവിടെ ഉണ്ടായിരുന്ന തോട്ടത്തില്‍ താനും ശിഷ്യന്മാരും പ്രവേശിച്ചു. യേശുവും ശിഷ്യന്മാരും അവിടെ കൂടുക പതിവായിരുന്നു. അതുകൊണ്ട് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന് ആ സ്ഥലം അറിയാമായിരുന്നു. ഒരു സംഘം പട്ടാളത്തെയും പുരോഹിതമുഖ്യന്മാരും പരീശന്മാരും അയച്ച ദേവാലയഭടന്മാരെയും കൂട്ടിക്കൊണ്ട്, വിളക്കുകളും പന്തങ്ങളും ആയുധങ്ങളുമായി യൂദാസ് അവിടെയെത്തി. തനിക്കു സംഭവിക്കാന്‍ പോകുന്നത് എല്ലാം അറിഞ്ഞുകൊണ്ട് യേശു മുമ്പോട്ടു ചെന്ന് അവരോടു ചോദിച്ചു: “നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നത്?” “നസ്രായനായ യേശുവിനെ” എന്ന് അവര്‍ മറുപടി പറഞ്ഞു. അപ്പോള്‍ യേശു അവരോട് “അതു ഞാനാണ്” എന്നു പറഞ്ഞു. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് അവരോടുകൂടി ഉണ്ടായിരുന്നു. “അതു ഞാനാണ്” എന്ന് യേശു പറഞ്ഞപ്പോള്‍ അവര്‍ പിറകോട്ടു മാറി നിലംപതിച്ചു. അവിടുന്ന് വീണ്ടും അവരോടു ചോദിച്ചു. “നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നത്?” “നസ്രായനായ യേശുവിനെ” എന്ന് അവര്‍ പറഞ്ഞു. “അതു ഞാന്‍ തന്നെയാണെന്നു നിങ്ങളോടു പറഞ്ഞല്ലോ; എന്നെയാണു നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ ഇവര്‍ പൊയ്‍ക്കൊള്ളട്ടെ” എന്ന് യേശു പറഞ്ഞു. “അങ്ങ് എനിക്കു നല്‌കിയിട്ടുള്ളവര്‍ ആരുംതന്നെ നഷ്ടപ്പെട്ടിട്ടില്ല” എന്ന് യേശു പറഞ്ഞ വാക്ക് ഇങ്ങനെ സത്യമായി. ശിമോന്‍ പത്രോസ് തന്‍റെ കൈയിലുണ്ടായിരുന്ന വാളൂരി മഹാപുരോഹിതന്‍റെ ഭൃത്യനെ വെട്ടി, അയാളുടെ വലത്തുകാത് ഛേദിച്ചുകളഞ്ഞു. മല്‌ക്കോസ് എന്നായിരുന്നു ആ ഭൃത്യന്‍റെ പേര്. യേശു പത്രോസിനോട്: “വാള്‍ ഉറയില്‍ ഇടുക; പിതാവ് എനിക്കു നല്‌കിയിരിക്കുന്ന പാനപാത്രം ഞാന്‍ കുടിക്കേണ്ടയോ?” എന്നു ചോദിച്ചു. അപ്പോള്‍ പട്ടാളവും സഹസ്രാധിപനും ദേവാലയഭടന്മാരും യേശുവിനെ പിടിച്ചു ബന്ധിച്ചു. അവിടുത്തെ ആദ്യം ഹന്നാസിന്‍റെ അടുക്കലേക്ക് അവര്‍ കൊണ്ടുപോയി. ആ വര്‍ഷത്തെ മഹാപുരോഹിതനായിരുന്ന കയ്യഫാസിന്‍റെ ഭാര്യാപിതാവായിരുന്നു ഹന്നാസ്. ജനങ്ങള്‍ക്കുവേണ്ടി ഒരാള്‍ മരിക്കുന്നത് യുക്തം എന്ന് യെഹൂദന്മാര്‍ക്ക് ഉപദേശം നല്‌കിയത് കയ്യഫാസ് ആയിരുന്നു. ശിമോന്‍പത്രോസ് മറ്റൊരു ശിഷ്യനോടൊപ്പം യേശുവിനെ പിന്തുടര്‍ന്നു. ആ ശിഷ്യന്‍ മഹാപുരോഹിതനു പരിചിതനായിരുന്നതിനാല്‍ യേശുവിനോടുകൂടി നടുമുറ്റത്തു പ്രവേശിച്ചു. പത്രോസ് പടിവാതിലിനു വെളിയില്‍ നില്‌ക്കുകയായിരുന്നു. മഹാപുരോഹിതനു പരിചിതനായിരുന്ന ശിഷ്യന്‍ വാതില്‍ക്കാവല്‌ക്കാരിയോടു പറഞ്ഞ് പത്രോസിനെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. അപ്പോള്‍ കാവല്‌ക്കാരിയായ ആ പെണ്‍കുട്ടി പത്രോസിനോടു ചോദിച്ചു: “താങ്കളും ആ മനുഷ്യന്‍റെ ശിഷ്യന്മാരില്‍ ഒരുവനല്ലേ?” “അല്ല” എന്നു പത്രോസ് പറഞ്ഞു. തണുപ്പുള്ള രാത്രി ആയിരുന്നതിനാല്‍ ഭൃത്യന്മാരും ദേവാലയഭടന്മാരും കനല്‍ക്കൂട്ടി തീ കാഞ്ഞുകൊണ്ടു നില്‌ക്കുകയായിരുന്നു. പത്രോസും അവരോടുചേര്‍ന്നു തീ കാഞ്ഞുകൊണ്ടു നിന്നു. യേശുവിന്‍റെ ശിഷ്യന്മാരെക്കുറിച്ചും അവിടുത്തെ ഉപദേശത്തെക്കുറിച്ചും മഹാപുരോഹിതന്‍ ചോദ്യം ചെയ്തു. യേശു ഇപ്രകാരം ഉത്തരം പറഞ്ഞു: “ഞാന്‍ ലോകത്തോട് പരസ്യമായിട്ടാണു സംസാരിച്ചിട്ടുള്ളത്; എല്ലാ യെഹൂദന്മാരും വന്നു കൂടാറുള്ള സുനഗോഗുകളിലും ദേവാലയത്തിലും വച്ച് എപ്പോഴും ഞാന്‍ പഠിപ്പിച്ചു. രഹസ്യമായി ഞാന്‍ യാതൊന്നും പറഞ്ഞിട്ടില്ല. പിന്നെ എന്തിന് എന്നോടു ചോദിക്കുന്നു? ഞാന്‍ എന്താണു പറഞ്ഞതെന്ന് എന്‍റെ വാക്കുകള്‍ കേട്ടവരോടു ചോദിക്കുക; അവര്‍ക്കറിയാം.” ഇങ്ങനെ സംസാരിച്ചപ്പോള്‍ അടുത്തുനിന്നിരുന്ന ദേവാലയ ഭടന്മാരിലൊരാള്‍ യേശുവിനെ അടിച്ചു. “ഇങ്ങനെയാണോ മഹാപുരോഹിതനോട് ഉത്തരം പറയുന്നത്?” എന്ന് അയാള്‍ ചോദിച്ചു. “ഞാന്‍ തെറ്റായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ തെളിയിക്കുക; ഞാന്‍ പറഞ്ഞതു ശരിയാണെങ്കില്‍ പിന്നെ എന്തിന് എന്നെ അടിക്കുന്നു?” എന്ന് യേശു പറഞ്ഞു. പിന്നീട് ബന്ധനസ്ഥനായ യേശുവിനെ ഹന്നാസ് മഹാപുരോഹിതനായ കയ്യഫാസിന്‍റെ അടുക്കലേക്കയച്ചു. അപ്പോഴും ശിമോന്‍പത്രോസ് തീ കാഞ്ഞുകൊണ്ടു നില്‌ക്കുകയായിരുന്നു. “താങ്കളും അയാളുടെ ശിഷ്യന്മാരില്‍ ഒരാളല്ലേ?” എന്ന് ചിലര്‍ ചോദിച്ചു. “അല്ല” എന്നു പത്രോസ് നിഷേധിച്ചു. മഹാപുരോഹിതന്‍റെ ഭൃത്യന്മാരിലൊരാള്‍-പത്രോസ് കാതു ഛേദിച്ചു കളഞ്ഞയാളിന്‍റെ ഒരു ബന്ധു-“തോട്ടത്തില്‍വച്ചു നിങ്ങളെ ആ മനുഷ്യന്‍റെകൂടെ ഞാന്‍ കണ്ടല്ലോ?” എന്നു പറഞ്ഞു. പത്രോസ് വീണ്ടും അതു നിഷേധിച്ചു. തല്‍ക്ഷണം കോഴി കൂകി. നേരം വെളുത്തുവരുമ്പോള്‍ കയ്യഫാസിന്‍റെ അടുക്കല്‍നിന്ന് യേശുവിനെ യെഹൂദപ്രമുഖന്മാര്‍ ഗവര്‍ണറുടെ മന്ദിരത്തിലേക്കു കൊണ്ടുപോയി. എന്നാല്‍ അവര്‍ അവിടെ പ്രവേശിച്ചില്ല. പ്രവേശിച്ചാല്‍ തങ്ങള്‍ അശുദ്ധരാകുമെന്നും പെസഹ ഭക്ഷിക്കാന്‍ കഴിയാതെ വരുമെന്നും അവര്‍ കരുതി. അതുകൊണ്ടു പീലാത്തോസ് പുറത്തുവന്ന്, “ഈ മനുഷ്യന്‍റെ പേരില്‍ എന്തുകുറ്റമാണ് നിങ്ങള്‍ ആരോപിക്കുന്നത്?” എന്നു ചോദിച്ചു. “കുറ്റവാളി അല്ലായിരുന്നെങ്കില്‍ ഇയാളെ അങ്ങയെ ഏല്പിക്കുമായിരുന്നില്ല” എന്ന് അവര്‍ ഉത്തരം പറഞ്ഞു. പീലാത്തോസ് അവരോട്, “നിങ്ങള്‍തന്നെ ഇയാളെ കൊണ്ടുപോയി നിങ്ങളുടെ നിയമമനുസരിച്ചു വിധിച്ചുകൊള്ളുക” എന്നു പറഞ്ഞു. യെഹൂദന്മാര്‍ അദ്ദേഹത്തോട്, “വധശിക്ഷ നല്‌കാനുള്ള അധികാരം ഞങ്ങള്‍ക്കില്ലല്ലോ” എന്നു പറഞ്ഞു. എങ്ങനെയുള്ള മരണമാണു തനിക്കു സംഭവിക്കുവാന്‍ പോകുന്നതെന്ന് യേശു നേരത്തെ സൂചിപ്പിച്ചിരുന്നത് സംഭവിക്കണമല്ലോ. വീണ്ടും പീലാത്തോസ് അകത്തുചെന്ന് യേശുവിനെ വിളിച്ച് “താങ്കള്‍ യെഹൂദന്മാരുടെ രാജാവാണോ?” എന്നു ചോദിച്ചു. അപ്പോള്‍ യേശു, “അങ്ങു സ്വമേധയാ പറയുന്നതാണോ ഇത്, അതോ മറ്റുള്ളവര്‍ എന്നെപ്പറ്റി അങ്ങയോടു പറഞ്ഞതാണോ?” എന്നു ചോദിച്ചു. പീലാത്തോസ് പ്രതിവചിച്ചു: “ഞാന്‍ ഒരു യെഹൂദനാണോ? നിങ്ങളുടെ ജനങ്ങളും പുരോഹിതമുഖ്യന്മാരുമാണ് നിങ്ങളെ എന്‍റെ പക്കല്‍ ഏല്പിച്ചത്. നിങ്ങള്‍ ചെയ്ത കുറ്റം എന്താണ്?” യേശു പറഞ്ഞു: “എന്‍റെ രാജ്യം ഭൗമികമല്ല. അങ്ങനെ ആയിരുന്നെങ്കില്‍ എന്നെ യെഹൂദന്മാര്‍ക്ക് ഏല്പിച്ചുകൊടുക്കാതിരിക്കുന്നതിനുവേണ്ടി എന്‍റെ പടയാളികള്‍ പോരാടുമായിരുന്നു. എന്നാല്‍ എന്‍റെ രാജത്വം ഐഹികമല്ല.” “അപ്പോള്‍ നിങ്ങള്‍ രാജാവു തന്നെയോ?” എന്നു പീലാത്തോസ് ചോദിച്ചു. “ഞാന്‍ രാജാവാകുന്നു എന്ന് അങ്ങു പറയുന്നു. സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിനുവേണ്ടിയാണ് ഞാന്‍ ജനിച്ചതും ലോകത്തിലേക്കു വന്നതും. സത്യതല്‍പരനായ ഏതൊരുവനും എന്‍റെ ശബ്ദം കേള്‍ക്കുന്നു” എന്ന് യേശു പറഞ്ഞു. പീലാത്തോസ് ചോദിച്ചു: സത്യമോ? അതെന്താണ്? ഇതു പറഞ്ഞശേഷം പീലാത്തോസ് വീണ്ടും പുറത്തുചെന്ന് യെഹൂദന്മാരോട്, “ഞാന്‍ ഇയാളില്‍ ഒരു കുറ്റവും കാണുന്നില്ല. പെസഹായ്‍ക്ക് ഞാന്‍ ഒരു തടവുകാരനെ മോചിപ്പിച്ചുതരിക പതിവുണ്ടല്ലോ; യെഹൂദന്മാരുടെ ഈ രാജാവിനെ ഞാന്‍ മോചിപ്പിക്കട്ടെയോ?” എന്നു ചോദിച്ചു. ഉടനെ “ഈ മനുഷ്യനെയല്ല, ബറബ്ബാസിനെ ഞങ്ങള്‍ക്കു വിട്ടുതരിക,” എന്ന് അവര്‍ ഉറക്കെ വിളിച്ചുപറഞ്ഞു. ബറബ്ബാസാകട്ടെ ഒരു കവര്‍ച്ചക്കാരനായിരുന്നു. പീലാത്തോസ് യേശുവിനെ കൊണ്ടു പോയി ചാട്ടവാറുകൊണ്ടടിപ്പിച്ചു. പടയാളികള്‍ മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് തലയില്‍ വച്ചു; കടുംചുവപ്പുള്ള ഒരു മേലങ്കിയും അണിയിച്ചു. അവര്‍ അവിടുത്തെ മുമ്പില്‍ നിന്ന് “യെഹൂദന്മാരുടെ രാജാവേ, ജയ്! ജയ്!” എന്നു പറഞ്ഞുകൊണ്ട് യേശുവിനെ അടിച്ചു. പീലാത്തോസ് വീണ്ടും പുറത്തു ചെന്ന് അവരോടു പറഞ്ഞു: “ഈ ആളില്‍ ഞാനൊരു കുറ്റവും കാണുന്നില്ല എന്നു നിങ്ങള്‍ അറിയേണ്ടതിന് ഇതാ ഞാന്‍ അയാളെ നിങ്ങളുടെ അടുക്കലേക്കു കൊണ്ടുവരുന്നു.” അങ്ങനെ മുള്‍ക്കിരീടവും കടുംചുവപ്പു വസ്ത്രവും ധരിച്ചുകൊണ്ട് യേശു പുറത്തേക്കു വന്നു. “ഇതാ ആ മനുഷ്യന്‍” എന്നു പീലാത്തോസ് അവരോടു പറഞ്ഞു. പുരോഹിതമുഖ്യന്മാരും ദേവാലയഭടന്മാരും യേശുവിനെ കണ്ടപ്പോള്‍ “ക്രൂശിക്കുക! ക്രൂശിക്കുക!” എന്ന് ആക്രോശിച്ചു. അപ്പോള്‍ പീലാത്തോസ് അവരോട് “നിങ്ങള്‍തന്നെ അയാളെ കൊണ്ടുപോയി ക്രൂശിക്കുക. ഞാന്‍ അയാളില്‍ ഒരു കുറ്റവും കാണുന്നില്ല” എന്നു പറഞ്ഞു. അതിന് യെഹൂദന്മാര്‍, “ഞങ്ങള്‍ക്ക് ഒരു നിയമമുണ്ട്; അതനുസരിച്ച് ഇയാള്‍ വധശിക്ഷയ്‍ക്ക് അര്‍ഹനാണ്; എന്തെന്നാല്‍ ഇയാള്‍ ദൈവപുത്രനാണെന്നു സ്വയം അവകാശപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞു. ഈ വാക്കുകള്‍ കേട്ടപ്പോള്‍ പീലാത്തോസ് കുറേക്കൂടി ഭയപ്പെട്ടു. അദ്ദേഹം വീണ്ടും അകത്തു പ്രവേശിച്ച് യേശുവിനോട്: “നിങ്ങളുടെ സ്വദേശം ഏതാണ്?” എന്നു ചോദിച്ചു. പക്ഷേ, യേശു അതിന് ഉത്തരം പറഞ്ഞില്ല. വീണ്ടും പീലാത്തോസ് ചോദിച്ചു: “നിങ്ങള്‍ എന്നോടു പറയുകയില്ലേ? നിങ്ങളെ ക്രൂശിക്കാനും വിട്ടയയ്‍ക്കാനുമുള്ള അധികാരം എനിക്കുണ്ടെന്ന് അറിഞ്ഞുകൂടേ?” അതിന് യേശു, “ഉന്നതത്തില്‍നിന്നു നല്‌കപ്പെട്ടിട്ടില്ലായിരുന്നെങ്കില്‍ അങ്ങേക്ക് എന്‍റെമേല്‍ ഒരധികാരവും ഉണ്ടാകുമായിരുന്നില്ല; അതുകൊണ്ട് എന്നെ അങ്ങയുടെ കൈയിലേല്പിച്ചവനാണ് കൂടുതല്‍ കുറ്റം” എന്ന് ഉത്തരം പറഞ്ഞു. അപ്പോള്‍മുതല്‍ പീലാത്തോസ് യേശുവിനെ വിട്ടയയ്‍ക്കാനുള്ള മാര്‍ഗം അന്വേഷിച്ചുതുടങ്ങി. എന്നാല്‍ “അങ്ങ് ഈ മനുഷ്യനെ വിട്ടയച്ചാല്‍ അങ്ങ് കൈസറിന്‍റെ സ്നേഹിതനല്ല. സ്വയം രാജാവാകുന്ന ഏതൊരുവനും കൈസറിന്‍റെ ശത്രുവാണ്” എന്ന് യെഹൂദന്മാര്‍ ഉച്ചത്തില്‍ ആക്രോശിച്ചു. ഇതു കേട്ടിട്ട് യേശുവിനെ പുറത്തു കൊണ്ടുവന്നശേഷം പീലാത്തോസ് ‘ഗബ്ബഥാ’ എന്നറിയപ്പെടുന്ന സ്ഥലത്തുള്ള ന്യായാസനത്തില്‍ ഉപവിഷ്ടനായി. എബ്രായഭാഷയില്‍ ‘ഗബ്ബഥാ’ എന്ന വാക്കിന് ‘കല്ത്തളം’ എന്നാണര്‍ഥം. അത് പെസഹായ്‍ക്കു മുമ്പുള്ള ഒരുക്കദിവസം ഏകദേശം പന്ത്രണ്ടു മണിക്കായിരുന്നു. “ഇതാ നിങ്ങളുടെ രാജാവ്” എന്നു പീലാത്തോസ് യെഹൂദന്മാരോടു പറഞ്ഞു. അപ്പോള്‍ “കൊല്ലുക! കൊല്ലുക! അവനെ ക്രൂശിക്കുക!” എന്ന് യെഹൂദന്മാര്‍ വീണ്ടും ഉച്ചത്തില്‍ അലറി. പീലാത്തോസ് അവരോട്: “നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കണോ?” എന്നു ചോദിച്ചു. “കൈസര്‍ അല്ലാതെ മറ്റൊരു രാജാവ് ഞങ്ങള്‍ക്കില്ല” എന്നു പുരോഹിതമുഖ്യന്മാര്‍ പറഞ്ഞു. അപ്പോള്‍ യേശുവിനെ ക്രൂശിക്കുന്നതിനായി പീലാത്തോസ് അവരെ ഏല്പിച്ചു. അവര്‍ യേശുവിനെ ഏറ്റുവാങ്ങി. യേശു കുരിശു ചുമന്നുകൊണ്ട് ഗോല്‍ഗോഥായിലേക്കു പോയി. എബ്രായഭാഷയില്‍ ‘ഗോല്‍ഗോഥാ’ എന്ന വാക്കിന് ‘തലയോടിന്‍റെ സ്ഥലം’ എന്നര്‍ഥം. അവിടെ അവര്‍ അവിടുത്തെ ക്രൂശിച്ചു. മറ്റു രണ്ടാളുകളെയും യേശുവിന്‍റെ ഇരുവശങ്ങളിലുമായി ക്രൂശിച്ചു. ‘നസറായനായ യേശു, യെഹൂദന്മാരുടെ രാജാവ്’ എന്ന മേലെഴുത്ത് പീലാത്തോസ് എഴുതി കുരിശിന്‍റെ മുകളില്‍ വയ്പിച്ചു. യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിനു സമീപമായിരുന്നതുകൊണ്ടും എബ്രായ, ലത്തീന്‍, ഗ്രീക്ക് എന്നീ ഭാഷകളില്‍ അത് എഴുതപ്പെട്ടിരുന്നതുകൊണ്ടും അനേകം യെഹൂദന്മാര്‍ ആ മേലെഴുത്തു വായിച്ചു. ‘യെഹൂദന്മാരുടെ രാജാവ്’ എന്നല്ല, ‘ഞാന്‍ യെഹൂദന്മാരുടെ രാജാവാകുന്നു എന്ന് ആ മനുഷ്യന്‍ പറഞ്ഞു’ എന്നത്രേ എഴുതേണ്ടത് എന്ന് യെഹൂദന്മാരുടെ പുരോഹിതമുഖ്യന്മാര്‍ പറഞ്ഞു. “ഞാന്‍ എഴുതിയത് എഴുതി” എന്നു പീലാത്തോസ് പ്രതിവചിച്ചു. യേശുവിനെ ക്രൂശിച്ചശേഷം പടയാളികള്‍ അവിടുത്തെ വസ്ത്രങ്ങള്‍ നാലായി പങ്കിട്ടെടുത്തു. അവിടുത്തെ പുറങ്കുപ്പായവും അവരെടുത്തു. എന്നാല്‍ അത് മുകള്‍മുതല്‍ അടിവരെ തയ്യലില്ലാതെ നെയ്തുണ്ടാക്കിയതായിരുന്നതുകൊണ്ട് “ഇതു നമുക്കു കീറണ്ടാ, നറുക്കിട്ട് ആര്‍ക്കു കിട്ടുമെന്ന് നിശ്ചയിക്കാം” എന്നു പരസ്പരം പറഞ്ഞു. എന്‍റെ വസ്ത്രങ്ങള്‍ അവര്‍ പങ്കിട്ടെടുത്തു, എന്‍റെ അങ്കിക്കായി അവര്‍ ചീട്ടിട്ടു എന്നു വേദഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നത് ഇപ്രകാരം സംഭവിച്ചു. യേശുവിന്‍റെ കുരിശിനു സമീപം അവിടുത്തെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പായുടെ ഭാര്യ മറിയവും മഗ്ദലേന മറിയവും നില്‌ക്കുന്നുണ്ടായിരുന്നു. തന്‍റെ മാതാവും താന്‍ സ്നേഹിച്ച ശിഷ്യനും അടുത്തുനില്‌ക്കുന്നതു കണ്ടപ്പോള്‍ യേശു മാതാവിനോട്, “സ്‍ത്രീയേ, ഇതാ നിങ്ങളുടെ മകന്‍ എന്നു പറഞ്ഞു. പിന്നീട് ശിഷ്യനോട്, ‘ഇതാ നിന്‍റെ അമ്മ’ എന്നും അരുള്‍ചെയ്തു. അപ്പോള്‍ത്തന്നെ ആ ശിഷ്യന്‍ യേശുവിന്‍റെ അമ്മയെ തന്‍റെ സ്വന്തം ഭവനത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അതിനുശേഷം സകലവും പൂര്‍ത്തിയായിരിക്കുന്നു എന്ന് യേശു അറിഞ്ഞുകൊണ്ട് “എനിക്കു ദാഹിക്കുന്നു” എന്നു പറഞ്ഞു. വേദഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതു സംഭവിക്കേണ്ടതാണല്ലോ. അവിടെ ഒരു ഭരണി നിറയെ പുളിച്ചവീഞ്ഞു വച്ചിരുന്നു. അവര്‍ ആ പുളിച്ചവീഞ്ഞില്‍ സ്പഞ്ചു മുക്കി ഒരു കോലില്‍വച്ച് അവിടുത്തെ വായോട് അടുപ്പിച്ചു പിടിച്ചു. പുളിച്ചവീഞ്ഞ് സ്വീകരിച്ചശേഷം “എല്ലാം പൂര്‍ത്തിയായിരിക്കുന്നു” എന്ന് അവിടുന്ന് അരുള്‍ചെയ്തു. അനന്തരം അവിടുന്നു തലകുനിച്ചു പ്രാണന്‍ വെടിഞ്ഞു. ശബത്തിന്‍റെ ഒരുക്കനാളായിരുന്നല്ലോ അന്ന്. ആ ശബത്താകട്ടെ അതിപ്രധാനവുമായിരുന്നു. ശബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കുന്നത് ശരിയല്ലാത്തതുകൊണ്ട് കാലുകള്‍ ഒടിച്ചു നീക്കം ചെയ്യണമെന്ന് യെഹൂദന്മാര്‍ പീലാത്തോസിനോട് അപേക്ഷിച്ചു. അതനുസരിച്ചു പടയാളികള്‍ വന്ന് യേശുവിനോടുകൂടി ക്രൂശിക്കപ്പെട്ട ആദ്യത്തെ ആളിന്‍റെയും അപരന്‍റെയും കാലുകള്‍ ഒടിച്ചു. എന്നാല്‍ അവര്‍ യേശുവിന്‍റെ അടുക്കല്‍ വന്നപ്പോള്‍ അവിടുന്നു മരിച്ചു കഴിഞ്ഞതായി മനസ്സിലാക്കിയതിനാല്‍ അവിടുത്തെ കാലുകള്‍ ഒടിച്ചില്ല. എങ്കിലും പടയാളികളില്‍ ഒരുവന്‍ അവിടുത്തെ പാര്‍ശ്വത്തില്‍ കുന്തം കുത്തിയിറക്കി. ഉടനെ രക്തവും വെള്ളവും പുറത്തേക്കൊഴുകി. നിങ്ങളും വിശ്വസിക്കുന്നതിനായി ഇതു നേരില്‍ കണ്ടയാളാണ് ഇതിനു സാക്ഷ്യം വഹിച്ചിരിക്കുന്നത്. അയാളുടെ സാക്ഷ്യം സത്യമാകുന്നു. സത്യമാണു താന്‍ പറയുന്നത് എന്ന് അയാള്‍ക്കു ബോധ്യവുമുണ്ട്. ‘അവിടുത്തെ ഒരു അസ്ഥിയും ഒടിക്കപ്പെടുകയില്ല’ എന്നു വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഈ സംഭവത്തിലൂടെ സത്യമായിത്തീര്‍ന്നു. തങ്ങള്‍ കുത്തിത്തുളച്ചവനിലേക്ക് അവര്‍ നോക്കും; എന്ന് മറ്റൊരു ലിഖിതവുമുണ്ടല്ലോ. അരിമത്യയിലെ യോസേഫ് എന്നൊരാള്‍ യെഹൂദന്മാരെ ഭയന്ന് യേശുവിന്‍റെ ഒരു രഹസ്യശിഷ്യനായി കഴിഞ്ഞിരുന്നു. കുരിശില്‍നിന്ന് യേശുവിന്‍റെ ശരീരം നീക്കം ചെയ്യുന്നതിന് അദ്ദേഹം പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നല്‌കുകയും ചെയ്തു. അദ്ദേഹം വന്ന് യേശുവിന്‍റെ ശരീരം കുരിശില്‍നിന്നിറക്കി. മുമ്പ് ഒരു രാത്രിയില്‍ യേശുവിന്‍റെ അടുത്തുവന്ന നിക്കോദിമോസ്, മൂരും അകിലും ചേര്‍ത്തുണ്ടാക്കിയ നാല്പതില്‍പരം കിലോഗ്രാം സുഗന്ധദ്രവ്യം കൊണ്ടുവന്നു. അവര്‍ ചേര്‍ന്ന് യേശുവിന്‍റെ ശരീരം യെഹൂദന്മാരുടെ ശവസംസ്കാരരീതിയനുസരിച്ച് സുഗന്ധദ്രവ്യത്തോടുകൂടി മൃതദേഹം പൊതിയുന്ന തുണി ചുറ്റിക്കെട്ടി സജ്ജമാക്കി. യേശുവിനെ ക്രൂശിച്ച സ്ഥലത്ത് ഒരു തോട്ടവും അതില്‍ ആരെയും ഒരിക്കലും സംസ്കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു. യെഹൂദന്മാരുടെ ഒരുക്കനാള്‍ ആയിരുന്നു അത്. ആ കല്ലറ സമീപത്തുമായിരുന്നു. അതുകൊണ്ട് അവര്‍ യേശുവിനെ അവിടെ സംസ്കരിച്ചു. ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടുള്ളപ്പോള്‍ത്തന്നെ, മഗ്ദലേനമറിയം കല്ലറയ്‍ക്കു സമീപം എത്തി. അപ്പോള്‍ കല്ലറയുടെ വാതില്‍ക്കല്‍നിന്നു കല്ലു മാറ്റിയിരിക്കുന്നതായി അവര്‍ കണ്ടു. ഉടനെ അവര്‍ ഓടി ശിമോന്‍ പത്രോസിന്‍റെയും യേശുവിനു വാത്സല്യമുള്ള മറ്റേ ശിഷ്യന്‍റെയും അടുത്തെത്തി പറഞ്ഞു: “കര്‍ത്താവിനെ അവര്‍ കല്ലറയില്‍നിന്ന് എടുത്തുകൊണ്ടുപോയി. അദ്ദേഹത്തെ അവര്‍ എവിടെ വച്ചിരിക്കുന്നു എന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ.” ഉടനെ പത്രോസ് മറ്റേ ശിഷ്യനോടുകൂടി കല്ലറയ്‍ക്കടുത്തേക്കു പോയി. അവരിരുവരും ഓടുകയായിരുന്നു; എന്നാല്‍ മറ്റേ ശിഷ്യന്‍ പത്രോസിനെക്കാള്‍ വേഗം ഓടി ആദ്യം കല്ലറയ്‍ക്കടുത്തെത്തി. അയാള്‍ കുനിഞ്ഞുനോക്കി, മൃതദേഹം പൊതിഞ്ഞ തുണി കിടക്കുന്നതു കണ്ടു; പക്ഷേ അകത്തു കടന്നില്ല. പിന്നാലെ വന്ന ശിമോന്‍ പത്രോസും അപ്പോള്‍ എത്തിച്ചേര്‍ന്നു. അദ്ദേഹം കല്ലറയ്‍ക്കുള്ളില്‍ പ്രവേശിച്ചു. മൃതശരീരം പൊതിഞ്ഞ തുണി അവിടെക്കിടക്കുന്നതും തലയില്‍ ചുറ്റിയിരുന്ന തുവാല വേര്‍പെട്ട്, ചുറ്റിയിരുന്ന വിധത്തില്‍ത്തന്നെ ഇരിക്കുന്നതും കണ്ടു. ആദ്യം കല്ലറയ്‍ക്കടുത്തെത്തിയ മറ്റേ ശിഷ്യനും ഉടനെ അകത്തു ചെന്നു കണ്ടു വിശ്വസിച്ചു. യേശു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‌ക്കേണ്ടതാണെന്നു വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് അതുവരെ അവര്‍ ഗ്രഹിച്ചിരുന്നില്ല. അനന്തരം തങ്ങളുടെ വീടുകളിലേക്ക് അവര്‍ മടങ്ങിപ്പോയി. [11,12] മറിയം കല്ലറയുടെ വെളിയില്‍ കരഞ്ഞുകൊണ്ടുനിന്നു. കരയുന്നതിനിടയ്‍ക്ക് കല്ലറയ്‍ക്കുള്ളിലേക്കു കുനിഞ്ഞു നോക്കി; യേശുവിന്‍റെ ശരീരം വച്ചിരുന്ന സ്ഥലത്ത് ശുഭ്രവസ്ത്രധാരികളായ രണ്ടു മാലാഖമാര്‍ ഒരാള്‍ തലയ്‍ക്കലും മറ്റെയാള്‍ കാല്‌ക്കലും ആയി ഇരിക്കുന്നതു കണ്ടു. *** അവര്‍ മറിയമിനോട്, “എന്തിനാണു കരയുന്നത്” എന്നു ചോദിച്ചു. മറിയം പറഞ്ഞു: “എന്‍റെ കര്‍ത്താവിനെ അവര്‍ എടുത്തു കൊണ്ടുപോയി; അദ്ദേഹത്തെ എവിടെവച്ചു എന്ന് എനിക്കറിഞ്ഞുകൂടാ.” ഇതു പറഞ്ഞിട്ട് മറിയം പിറകോട്ടു തിരിഞ്ഞപ്പോള്‍ യേശു നില്‌ക്കുന്നതു കണ്ടു; പക്ഷേ യേശുവാണ് അതെന്നു മനസ്സിലാക്കിയില്ല. യേശു മറിയമിനോട് “നീ എന്തിനാണു കരയുന്നത്?” എന്നു ചോദിച്ചു. അതു തോട്ടക്കാരനായിരിക്കുമെന്നു വിചാരിച്ച് “അങ്ങ് അദ്ദേഹത്തെ എടുത്തുകൊണ്ടുപോയെങ്കില്‍ എവിടെയാണു വച്ചിരിക്കുന്നത് എന്നു പറഞ്ഞാലും; ഞാന്‍ അദ്ദേഹത്തെ എടുത്തുകൊണ്ടു പൊയ്‍ക്കൊള്ളാം” എന്ന് അവള്‍ പറഞ്ഞു. അപ്പോള്‍ യേശു “മറിയം” എന്നു വിളിച്ചു. അവള്‍ തിരിഞ്ഞ് എബ്രായഭാഷയില്‍ “റബ്ബൂനീ” എന്നു പറഞ്ഞു. അതിന്‍റെ അര്‍ഥം ‘ഗുരോ’ എന്നാണ്. അപ്പോള്‍ യേശു മറിയമിനോട്, “എന്നെ തൊടരുത്; ഞാന്‍ ഇതുവരെ പിതാവിന്‍റെ അടുക്കലേക്കു കയറിപ്പോയില്ല. എന്‍റെ പിതാവും നിങ്ങളുടെ പിതാവും എന്‍റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്‍റെ അടുക്കലേക്കു ഞാന്‍ കയറിപ്പോകുകയാണെന്ന് എന്‍റെ സഹോദരന്മാരോടു പോയി പറയുക” എന്നു പറഞ്ഞു. മഗ്ദലേനമറിയം പോയി ശിഷ്യന്മാരോട് “ഞാന്‍ കര്‍ത്താവിനെ കണ്ടു” എന്നു പറഞ്ഞു. തന്നോട് അദ്ദേഹം പറഞ്ഞ കാര്യങ്ങളും മറിയം അവരെ അറിയിച്ചു. ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകുന്നേരം യെഹൂദന്മാരെ ഭയന്ന് ശിഷ്യന്മാര്‍ ഇരുന്ന മുറിയുടെ വാതില്‍ അടച്ചിരുന്നു. യേശു തത്സമയം അവരുടെ മധ്യത്തില്‍ വന്നുനിന്നുകൊണ്ട് “നിങ്ങള്‍ക്കു മംഗളം ഭവിക്കട്ടെ” എന്ന് അരുള്‍ചെയ്തു. അതിനുശേഷം അവിടുന്ന് തന്‍റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ടപ്പോള്‍ അവര്‍ ആനന്ദഭരിതരായി. യേശു വീണ്ടും അരുള്‍ചെയ്തു: “നിങ്ങള്‍ക്കു സമാധാനം; പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്‍ക്കുന്നു.” ഇതു പറഞ്ഞശേഷം അവിടുന്ന് അവരുടെമേല്‍ ഊതി. “പരിശുദ്ധാത്മാവിനെ സ്വീകരിക്കുക; നിങ്ങള്‍ ആരുടെ പാപങ്ങള്‍ക്കു മാപ്പു കൊടുക്കുന്നുവോ അവര്‍ക്കു മാപ്പു ലഭിക്കുന്നു; ആരുടെ പാപങ്ങള്‍ക്കു മോചനം നല്‌കാതിരിക്കുന്നുവോ അവ മോചിക്കപ്പെടാതിരിക്കുന്നു” എന്നും അവരോട് അരുള്‍ചെയ്തു. യേശു ചെന്ന സമയത്ത് പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായ ദിദിമോസ് എന്ന തോമസ് ഇതരശിഷ്യന്മാരോടുകൂടി ഇല്ലായിരുന്നു. “ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു” എന്ന് അവര്‍ തോമസിനോടു പറഞ്ഞു. തോമസ് ആകട്ടെ, “അവിടുത്തെ കൈകളിലെ ആണിപ്പഴുതുകള്‍ കാണുകയും അവയില്‍ എന്‍റെ വിരലിടുകയും അവിടുത്തെ പാര്‍ശ്വത്തില്‍ എന്‍റെ കൈയിടുകയും ചെയ്താലല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല” എന്ന് അവരോടു പറഞ്ഞു. എട്ടാം ദിവസം യേശുവിന്‍റെ ശിഷ്യന്മാര്‍ വീണ്ടും വാതിലടച്ചു വീടിനകത്ത് ഇരിക്കുകയായിരുന്നു. തോമസും അവരോടുകൂടി ഉണ്ടായിരുന്നു. യേശു അവരുടെ മധ്യത്തില്‍ വന്നുനിന്നുകൊണ്ട്, “നിങ്ങള്‍ക്കു സമാധാനം” എന്നു പറഞ്ഞു. പിന്നീട് അവിടുന്നു തോമസിനോട് അരുള്‍ചെയ്തു: “എന്‍റെ കൈകള്‍ കാണുക; നിന്‍റെ വിരല്‍ ഇങ്ങോട്ടു നീട്ടൂ; നിന്‍റെ കൈ നീട്ടി എന്‍റെ പാര്‍ശ്വത്തിലിടുക; അവിശ്വസിക്കാതെ വിശ്വാസിയായിരിക്കുക.” അപ്പോള്‍ തോമസ് “എന്‍റെ കര്‍ത്താവേ! എന്‍റെ ദൈവമേ!” എന്നു പ്രതിവചിച്ചു. യേശു തോമസിനോട് “എന്നെ കണ്ടതു കൊണ്ടാണല്ലോ നീ വിശ്വസിക്കുന്നത്; കാണാതെതന്നെ വിശ്വസിക്കുന്നവര്‍! എത്ര അനുഗ്രഹിക്കപ്പെട്ടവര്‍!” എന്നു പറഞ്ഞു. ഈ പുസ്തകത്തില്‍ രേഖപ്പെടുത്താത്ത മറ്റനേകം അടയാളപ്രവൃത്തികള്‍ ശിഷ്യന്മാരുടെ കണ്‍മുമ്പില്‍വച്ച് യേശു ചെയ്തിട്ടുണ്ട്. യേശു ദൈവപുത്രനായ ക്രിസ്തു ആകുന്നു എന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ അവിടുത്തെ നാമത്തില്‍ നിങ്ങള്‍ക്കു ജീവന്‍ ഉണ്ടാകേണ്ടതിനുമാണ് ഇവ എഴുതപ്പെട്ടിരിക്കുന്നത്. യേശു തിബര്യാസ് തടാകത്തിന്‍റെ തീരത്തുവച്ച് ശിഷ്യന്മാര്‍ക്കു വീണ്ടും പ്രത്യക്ഷപ്പെട്ടു. അത് ഇപ്രകാരമായിരുന്നു: ശിമോന്‍ പത്രോസും ദിദിമോസ് എന്നു വിളിക്കുന്ന തോമസും ഗലീലയിലെ കാനായിലുള്ള നഥാനിയേലും സെബദിയുടെ പുത്രന്മാരും ശിഷ്യന്മാരില്‍ വേറെ രണ്ടുപേരും ഒരുമിച്ചു കൂടിയിരിക്കുകയായിരുന്നു. അപ്പോള്‍ ശിമോന്‍ പത്രോസ് പറഞ്ഞു: “ഞാന്‍ മീന്‍ പിടിക്കാന്‍ പോകുകയാണ്.” അവര്‍ അദ്ദേഹത്തോട് “ഞങ്ങളും വരുന്നു” എന്നു പറഞ്ഞു. അങ്ങനെ അവര്‍ ഒരു വഞ്ചിയില്‍ കയറിപ്പോയി. എന്നാല്‍ ആ രാത്രിയില്‍ അവര്‍ക്ക് ഒന്നും കിട്ടിയില്ല. പ്രഭാതമായപ്പോള്‍ യേശു തടാകത്തിന്‍റെ കരയ്‍ക്കു നില്‌ക്കുകയായിരുന്നു. എന്നാല്‍ അത് യേശു ആണെന്നു ശിഷ്യന്മാര്‍ മനസ്സിലാക്കിയില്ല. യേശു അവരോടു ചോദിച്ചു: “കുഞ്ഞുങ്ങളേ, മീന്‍ വല്ലതും കിട്ടിയോ?” “ഒന്നും കിട്ടിയില്ല” എന്ന് അവര്‍ പറഞ്ഞു. അവിടുന്ന് അവരോട് അരുള്‍ചെയ്തു: “നിങ്ങള്‍ വഞ്ചിയുടെ വലത്തുവശത്തു വലയിറക്കുക; അപ്പോള്‍ നിങ്ങള്‍ക്കു കിട്ടും” അവര്‍ അങ്ങനെ ചെയ്തു. വല വലിച്ചുകയറ്റാന്‍ കഴിയാത്തവിധം വലയില്‍ മീന്‍ അകപ്പെട്ടു. യേശുവിന്‍റെ വത്സലശിഷ്യന്‍ അപ്പോള്‍ പത്രോസിനോട് “അതു കര്‍ത്താവാണ്” എന്നു പറഞ്ഞു. ശിമോന്‍പത്രോസ് അപ്പോള്‍ വസ്ത്രം ധരിച്ചിരുന്നില്ല. അതു കര്‍ത്താവാകുന്നു എന്നു കേട്ടമാത്രയില്‍ പുറങ്കുപ്പായം അരയില്‍ചുറ്റി അദ്ദേഹം തടാകത്തിലേക്കു ചാടി. എന്നാല്‍ മറ്റു ശിഷ്യന്മാര്‍ മത്സ്യം നിറഞ്ഞ വല വലിച്ചുകൊണ്ട് വഞ്ചിയില്‍ത്തന്നെ വന്നടുത്തു. അവര്‍ കരയില്‍നിന്നു വളരെ അകലെ അല്ലായിരുന്നു; ഏകദേശം തൊണ്ണൂറു മീറ്റര്‍ ദൂരമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ കരയ്‍ക്കിറങ്ങിയപ്പോള്‍ തീക്കനല്‍ കൂട്ടി അതിന്മേല്‍ മീന്‍ വച്ചിരിക്കുന്നതും അപ്പവും കണ്ടു. യേശു അവരോട് “ഇപ്പോള്‍ നിങ്ങള്‍ പിടിച്ച മീനും കുറെ ഇങ്ങു കൊണ്ടുവരൂ” എന്നു പറഞ്ഞു. ശിമോന്‍പത്രോസ് വഞ്ചിയില്‍ കയറി വല വലിച്ചുകയറ്റി. നൂറ്റിഅമ്പത്തിമൂന്നു വലിയ മീനുണ്ടായിരുന്നു. അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിപ്പോയില്ല. യേശു അവരോട്, വന്നു പ്രാതല്‍ കഴിക്കൂ എന്നു പറഞ്ഞു. “അങ്ങ് ആരാകുന്നു?” എന്ന് അവിടുത്തോടു ചോദിക്കാന്‍ ശിഷ്യന്മാര്‍ ആരും മുതിര്‍ന്നില്ല. അതു കര്‍ത്താവാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. യേശു ചെന്ന് അപ്പമെടുത്ത് അവര്‍ക്കു കൊടുത്തു; അതുപോലെതന്നെ മീനും. മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റശേഷം യേശു ശിഷ്യന്മാര്‍ക്കു പ്രത്യക്ഷനായത് ഇതു മൂന്നാം പ്രാവശ്യമായിരുന്നു. പ്രാതല്‍ കഴിഞ്ഞപ്പോള്‍ യേശു ശിമോന്‍ പത്രോസിനോടു ചോദിച്ചു: “യോഹന്നാന്‍റെ മകനായ ശിമോനേ, ഇവരെക്കാള്‍ അധികമായി നീ എന്നെ സ്നേഹിക്കുന്നുണ്ടോ?” “ഉവ്വ് കര്‍ത്താവേ എനിക്ക് അങ്ങയോടു പ്രിയമുണ്ട് എന്ന് അങ്ങ് അറിയുന്നുണ്ടല്ലോ” എന്നു പത്രോസ് പറഞ്ഞു. യേശു പത്രോസിനോട് “എന്‍റെ കുഞ്ഞാടുകളെ മേയ്‍ക്കുക” എന്ന് അരുള്‍ചെയ്തു. യേശു രണ്ടാം പ്രാവശ്യവും “യോഹന്നാന്‍റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ?” എന്നു ചോദിച്ചു. “ഉവ്വ് കര്‍ത്താവേ എനിക്ക് അങ്ങയോട് പ്രിയമുണ്ടെന്ന് അങ്ങ് അറിയുന്നുണ്ടല്ലോ” എന്നു പത്രോസ് പ്രതിവചിച്ചു. “എന്‍റെ ആടുകളെ പരിപാലിക്കുക” എന്ന് യേശു അരുള്‍ചെയ്തു. മൂന്നാംപ്രാവശ്യം യേശു, “യോഹന്നാന്‍റെ മകനായ ശിമോനേ, നിനക്ക് എന്നോടു പ്രിയമുണ്ടോ?” എന്നു ചോദിച്ചു. മൂന്നാം പ്രാവശ്യവും നിനക്ക് എന്നോടു പ്രിയമുണ്ടോ? എന്ന് യേശു ചോദിച്ചതിനാല്‍ പത്രോസിനു വ്യസനമുണ്ടായി. “കര്‍ത്താവേ, അങ്ങു സകലവും അറിയുന്നു; എനിക്ക് അങ്ങയോടു പ്രിയമുണ്ടെന്ന് അങ്ങ് അറിയുന്നുവല്ലോ” എന്നു പത്രോസ് പറഞ്ഞു. ഉടനെ യേശു അരുള്‍ചെയ്തു: “എന്‍റെ ആടുകളെ മേയ്‍ക്കുക; നീ യുവാവായിരുന്നപ്പോള്‍ സ്വയം അര മുറുക്കി നിനക്ക് ഇഷ്ടമുള്ളേടത്തു സഞ്ചരിച്ചു. വൃദ്ധനാകുമ്പോഴാകട്ടെ, നീ കൈ നീട്ടുകയും വേറൊരാള്‍ നിന്‍റെ അര മുറുക്കി ഇഷ്ടമില്ലാത്ത സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകുകയും ചെയ്യും എന്നു ഞാന്‍ ഉറപ്പിച്ചുപറയുന്നു.” പത്രോസ് എങ്ങനെയുള്ള മരണത്താല്‍ ദൈവത്തെ മഹത്ത്വപ്പെടുത്തുമെന്നു സൂചിപ്പിക്കുവാനാണ് അവിടുന്ന് ഇങ്ങനെ പറഞ്ഞത്. അതിനുശേഷം “എന്നെ അനുഗമിക്കുക” എന്നു പത്രോസിനോട് അരുള്‍ചെയ്തു. പത്രോസ് തിരിഞ്ഞുനോക്കിയപ്പോള്‍ യേശുവിന്‍റെ വത്സലശിഷ്യന്‍ പിന്നാലെ വരുന്നതു കണ്ടു. “കര്‍ത്താവേ, അങ്ങയെ ഒറ്റിക്കൊടുക്കുന്നവന്‍ ആരാണ്?” എന്ന് അത്താഴവേളയില്‍ അവിടുത്തെ മാറോടു ചേര്‍ന്നിരുന്നുകൊണ്ടു ചോദിച്ചത് അയാളാണ്. അപ്പോള്‍ പത്രോസ് യേശുവിനോട്, “ഇയാളുടെ കാര്യം എന്താകും?” എന്നു ചോദിച്ചു. യേശു പറഞ്ഞു: “ഞാന്‍ വരുന്നതുവരെ ഇവന്‍ ജീവിച്ചിരിക്കണമെന്നതാണ് എന്‍റെ ഇഷ്ടമെങ്കില്‍ നിനക്ക് അതിലെന്താണ്? നീ എന്നെ അനുഗമിക്കുക!” അങ്ങനെ ആ ശിഷ്യന്‍ മരിക്കുകയില്ല എന്ന ശ്രുതി സഹോദരന്മാരുടെ ഇടയില്‍ പരന്നു. എന്നാല്‍ യേശു അരുള്‍ചെയ്തത് അയാള്‍ മരിക്കുകയില്ല എന്നല്ല, “ഞാന്‍ വരുന്നതുവരെ ഇവന്‍ ജീവിച്ചിരിക്കണമെന്നതാണ് എന്‍റെ ഇഷ്ടമെങ്കില്‍ നിനക്ക് അതിലെന്ത്?” എന്നായിരുന്നു. ആ ശിഷ്യന്‍തന്നെയാണ് ഇതെഴുതിയതും മേല്പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം സാക്ഷ്യം വഹിക്കുന്നതും. അയാളുടെ സാക്ഷ്യം സത്യമാണെന്നു നമുക്കറിയാം. യേശു ചെയ്തിട്ടുള്ള മറ്റനേകം കാര്യങ്ങളുണ്ട്. അവ ഓരോന്നും രേഖപ്പെടുത്തുകയാണെങ്കില്‍ അങ്ങനെ എഴുതപ്പെടുന്ന ഗ്രന്ഥങ്ങള്‍ ലോകത്തില്‍ എങ്ങും ഒതുങ്ങുമെന്നു തോന്നുന്നില്ല. പ്രിയപ്പെട്ട തെയോഫിലോസേ, യേശുവിന്‍റെ പ്രവര്‍ത്തനം ആരംഭിച്ച സമയംമുതല്‍ സ്വര്‍ഗാരോഹണംവരെ, അവിടുന്നു ചെയ്യുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാ കാര്യങ്ങളും എന്‍റെ ആദ്യത്തെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. [2,3] താന്‍ തിരഞ്ഞെടുത്ത അപ്പോസ്തോലന്മാര്‍ക്കു പരിശുദ്ധാത്മാവിലൂടെ വേണ്ട നിര്‍ദേശങ്ങള്‍ നല്‌കിയ ശേഷമാണ് അവിടുന്നു സ്വര്‍ഗാരോഹണം ചെയ്തത്. അവിടുത്തെ പീഡാനുഭവത്തിനും മരണത്തിനുംശേഷം താന്‍ ജീവിച്ചിരിക്കുന്നു എന്നു സംശയാതീതമായി തെളിയിക്കുന്ന വിധത്തില്‍ നാല്പതു ദിവസം അവിടുന്നു പലവട്ടം അവര്‍ക്കു ദര്‍ശനം നല്‌കുകയും ദൈവരാജ്യം സംബന്ധിച്ചുള്ള കാര്യങ്ങള്‍ അവരോട് സംസാരിക്കുകയും ചെയ്തു. *** അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു അവരോട് ആജ്ഞാപിച്ചു: “നിങ്ങള്‍ യെരൂശലേം വിട്ടുപോകരുത്; എന്‍റെ പിതാവു വാഗ്ദാനം ചെയ്തിട്ടുള്ളതു ലഭിക്കുന്നതിനുവേണ്ടി കാത്തിരിക്കുക; അതേപ്പറ്റി ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ. യോഹന്നാന്‍ വെള്ളം കൊണ്ടാണു സ്നാപനം ചെയ്തത്; എന്നാല്‍ ഏറെ ദിവസങ്ങള്‍ കഴിയുന്നതിനുമുമ്പ് പരിശുദ്ധാത്മാവിനാലുള്ള സ്നാപനം നിങ്ങള്‍ക്കു ലഭിക്കും.” യേശുവും അപ്പോസ്തോലന്മാരും ഒരുമിച്ചുകൂടി ഇരിക്കുമ്പോള്‍ അവര്‍ ചോദിച്ചു: “കര്‍ത്താവേ, ഈ സമയത്താണോ അങ്ങ് ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചുകൊടുക്കുന്നത്?” യേശു അവരോട് അരുള്‍ചെയ്തു: “പിതാവ് തന്‍റെ സ്വന്തം അധികാരത്തില്‍ നിശ്ചയിച്ചിട്ടുള്ള കാലങ്ങളും സമയങ്ങളും നിങ്ങള്‍ അറിയേണ്ടാ. എന്നാല്‍ പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിച്ച്, യെരൂശലേമിലും യെഹൂദ്യയില്‍ എല്ലായിടത്തും ശമര്യയിലും എന്നല്ല ഭൂമിയുടെ അറുതിവരെയും എന്‍റെ സാക്ഷികളായിത്തീരും.” ഇപ്രകാരം അരുള്‍ചെയ്തശേഷം അവര്‍ നോക്കി നില്‌ക്കുമ്പോള്‍ത്തന്നെ, യേശു സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു; ഒരു മേഘം വന്ന് അവിടുത്തെ അവരുടെ ദൃഷ്‍ടിയില്‍നിന്നു മറയ്‍ക്കുകയും ചെയ്തു. യേശു സ്വര്‍ഗാരോഹണം ചെയ്യുന്നത് അവര്‍ നിര്‍ന്നിമേഷരായി നോക്കി നില്‌ക്കുമ്പോള്‍ ശുഭ്രവസ്ത്രധാരികളായ രണ്ടു പുരുഷന്മാര്‍ അവരുടെ സമീപത്തു വന്നുനിന്ന് അവരോടു പറഞ്ഞു: “അല്ലയോ ഗലീലക്കാരേ, നിങ്ങളെന്തിന് ആകാശത്തേക്കു നോക്കിനില്‌ക്കുന്നു? സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ട ഈ യേശു സ്വര്‍ഗത്തിലേക്കു പോകുന്നതു നിങ്ങള്‍ കണ്ടല്ലോ. അതുപോലെ തന്നെ അവിടുന്നു മടങ്ങിവരുകയും ചെയ്യും. അനന്തരം അവര്‍ ഒലിവുമലയില്‍നിന്ന് യെരൂശലേമിലേക്കു തിരിച്ചുപോയി. ഈ സ്ഥലങ്ങള്‍ തമ്മില്‍ ഒരു ശബത്തുദിവസം സഞ്ചരിക്കാവുന്ന ദൂരമേ ഉള്ളൂ. അവിടെ എത്തിയ ഉടനെ, തങ്ങള്‍ പാര്‍ത്തിരുന്ന മാളികമുറിയിലേക്ക് അവര്‍ കയറിപ്പോയി. അപ്പോസ്തോലന്മാര്‍ - പത്രോസ്, യോഹന്നാന്‍, യാക്കോബ്, അന്ത്രയാസ്, ഫീലിപ്പോസ്, തോമസ്, ബര്‍തൊലോമായി, മത്തായി, അല്ഫായിയുടെ മകനായ യാക്കോബ്, അത്യുത്സാഹിയായ ശിമോന്‍, യാക്കോബിന്‍റെ പുത്രനായ യൂദാസ് എന്നിവരായിരുന്നു. യേശുവിന്‍റെ മാതാവായ മറിയമിനോടും മറ്റു സ്‍ത്രീകളോടും യേശുവിന്‍റെ സഹോദരന്മാരോടും ചേര്‍ന്ന് അവര്‍ എല്ലാവരും ഏകമനസ്സോടും ശുഷ്കാന്തിയോടും കൂടി പ്രാര്‍ഥിച്ചു പോന്നു. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഏകദേശം നൂറ്റിരുപതുപേരുള്ള ഒരു സംഘം ഒരുമിച്ചു കൂടിയിരുന്നപ്പോള്‍ പത്രോസ് ആ സഹോദരന്മാരുടെ മധ്യത്തില്‍ നിന്നുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: “സഹോദരരേ, യേശുവിനെ ബന്ധനസ്ഥനാക്കിയവര്‍ക്കു വഴികാട്ടിയായിത്തീര്‍ന്ന യൂദാസിനെക്കുറിച്ച് പരിശുദ്ധാത്മാവു ദാവീദില്‍ക്കൂടി പ്രവചിച്ചിട്ടുള്ള വേദലിഖിതം സത്യമായിരിക്കുന്നു. അയാള്‍ ഞങ്ങളുടെ ഗണത്തിലെ ഒരംഗമായിരുന്നു. ഈ ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിനു തിരഞ്ഞെടുക്കപ്പെട്ടവനുമായിരുന്നു. എന്നാല്‍ ആ മനുഷ്യന്‍ തന്‍റെ ദുഷ്കര്‍മത്തിനു കിട്ടിയ പ്രതിഫലംകൊണ്ട് ഒരു നിലം വാങ്ങി; അയാള്‍ നിലത്തുവീണു വയറു പിളര്‍ന്നു കുടലെല്ലാം പുറത്തുചാടി. യെരൂശലേമില്‍ നിവസിക്കുന്ന എല്ലാവരും ഈ സംഭവം അറിഞ്ഞു. ആ നിലത്തിന് അവരുടെ ഭാഷയില്‍ ‘രക്തനിലം’ എന്നര്‍ഥമുള്ള ‘അക്കല്ദാമ’ എന്നു പേരുവന്നു. ‘അവന്‍റെ വാസസ്ഥലം ശൂന്യമായിത്തീരട്ടെ; അതില്‍ ആരും പാര്‍ക്കാതിരിക്കട്ടെ’ എന്നും ‘അവന്‍റെ അധ്യക്ഷസ്ഥാനം മറ്റൊരുവനു ലഭിക്കട്ടെ’ എന്നും സങ്കീര്‍ത്തനപുസ്തകത്തില്‍ എഴുതിയിട്ടുണ്ടല്ലോ. “അതുകൊണ്ട് ഞങ്ങളോടൊപ്പം കര്‍ത്താവായ യേശുവിന്‍റെ പുനരുത്ഥാനത്തിനു സാക്ഷ്യം വഹിക്കുവാന്‍ ഒരാള്‍ ആവശ്യമായിരിക്കുന്നു. കര്‍ത്താവായ യേശു നമ്മുടെകൂടെ സഞ്ചരിച്ചിരുന്ന കാലമത്രയും - യോഹന്നാന്‍റെ സ്നാപനംമുതല്‍ കര്‍ത്താവ് സ്വര്‍ഗാരോഹണം ചെയ്ത നാള്‍വരെ - നമ്മുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരുവനായിരിക്കണം അയാള്‍. അവര്‍ യുസ്തൊസ് എന്ന അപരനാമമുള്ള ബര്‍ശബാ എന്ന യോസേഫിന്‍റെയും മത്ഥിയാസിന്‍റെയും പേരുകള്‍ നിര്‍ദേശിച്ചു. അനന്തരം അവര്‍ ഇങ്ങനെ പ്രാര്‍ഥിച്ചു: “സകല മനുഷ്യഹൃദയങ്ങളെയും അറിയുന്ന കര്‍ത്താവേ, ഈ ശുശ്രൂഷയുടെയും അപ്പോസ്തോലത്വത്തിന്‍റെയും സ്ഥാനം ഉപേക്ഷിച്ച്, താന്‍ അര്‍ഹിക്കുന്ന സ്ഥലത്തേക്ക് യൂദാസ് പോയിരിക്കുന്നു. അയാള്‍ക്കു പകരം ഇവരില്‍ ആരെ അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരണമേ.” പിന്നീട് അവരുടെ പേരില്‍ നറുക്കിട്ടു; നറുക്കു മത്ഥിയാസിനു വീണു. അങ്ങനെ അദ്ദേഹം പതിനൊന്ന് അപ്പോസ്തോലന്മാരോടുകൂടി ചേര്‍ക്കപ്പെട്ടു. പെന്തെക്കോസ്തു നാളില്‍ അവര്‍ എല്ലാവരും ഒരു സ്ഥലത്തു കൂടിയിരിക്കുകയായിരുന്നു. പെട്ടെന്നു കൊടുങ്കാറ്റടിക്കുന്നതുപോലെ ഒരു മുഴക്കം ആകാശത്തുനിന്നുണ്ടായി; അത് അവരിരുന്ന വീടു മുഴുവന്‍ വ്യാപിച്ചു. തീനാമ്പുപോലെയുള്ള നാവ് അവര്‍ക്ക് പ്രത്യക്ഷമായി; അതു പിളര്‍ന്ന് ഓരോരുത്തരുടെയും മേല്‍ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു; ആത്മാവ് അവര്‍ക്ക് ഉച്ചരിക്കുവാന്‍ നല്‌കിയ വരം അനുസരിച്ച് വിവിധ ഭാഷകളില്‍ അവര്‍ സംസാരിക്കുവാന്‍ തുടങ്ങി. അന്ന് ആകാശത്തിന്‍കീഴുള്ള എല്ലാ രാജ്യങ്ങളില്‍നിന്നും വന്നു പാര്‍ക്കുന്ന യെഹൂദ ഭക്തജനങ്ങള്‍ യെരൂശലേമിലുണ്ടായിരുന്നു. ഈ ശബ്ദം കേട്ട് ഒരു വലിയ ജനക്കൂട്ടം അവിടെ വന്നുകൂടി. അവര്‍ സംസാരിക്കുന്നത് ഓരോരുത്തരും അവനവന്‍റെ സ്വന്തം ഭാഷയില്‍ കേട്ടതിനാല്‍ അവര്‍ അന്ധാളിച്ചുപോയി. അവര്‍ അമ്പരന്ന് അദ്ഭുതാധീനരായി പറഞ്ഞു: “ഈ സംസാരിക്കുന്നവരെല്ലാം ഗലീലക്കാരല്ലേ? പിന്നെ എങ്ങനെയാണ് ഇവരുടെ ഭാഷണം നമ്മുടെ ഓരോരുത്തരുടെയും മാതൃഭാഷയില്‍ കേള്‍ക്കുന്നത്? [9-11] പാര്‍ഥ്യരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യ, യെഹൂദ്യ, കപ്പദോക്യ, പൊന്തൊസ്, ഏഷ്യാസംസ്ഥാനം, ഫ്റുഗ്യ, പംഫുല്യ, ഈജിപ്ത്, കുറേനയ്‍ക്ക് അടുത്തുകിടക്കുന്ന ലിബിയയിലെ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിവസിക്കുന്നവരും റോമില്‍നിന്നു വന്നിട്ടുള്ള സന്ദര്‍ശകരും ജന്മനാ യെഹൂദന്മാരും യെഹൂദമതം സ്വീകരിച്ചവരും ക്രീറ്റുകാരും അറേബ്യക്കാരും നമ്മുടെ കൂട്ടത്തിലുണ്ടല്ലോ. എന്നിട്ടും ദൈവത്തിന്‍റെ അദ്ഭുതപ്രവര്‍ത്തനങ്ങളെപ്പറ്റി അവര്‍ പറയുന്നത് നമ്മുടെ സ്വന്തം ഭാഷകളില്‍ നാം കേള്‍ക്കുന്നു!” *** *** എല്ലാവരും ആശ്ചര്യപ്പെടുകയും സംഭ്രാന്തരാകുകയും ചെയ്തു. “ഇതിന്‍റെ അര്‍ഥം എന്ത്?” എന്ന് അവര്‍ അന്യോന്യം ചോദിച്ചു. “അവര്‍ നിറയെ പുതുവീഞ്ഞു കുടിച്ചിട്ടുണ്ട്” എന്നു മറ്റു ചിലര്‍ പരിഹാസപൂര്‍വം പറഞ്ഞു. അപ്പോള്‍ പത്രോസ് മറ്റു പതിനൊന്ന് അപ്പോസ്തോലന്മാരോടു കൂടി എഴുന്നേറ്റുനിന്ന് ഉച്ചസ്വരത്തില്‍ അവരെ അഭിസംബോധന ചെയ്തു: “യെഹൂദാജനങ്ങളേ, യെരൂശലേം നിവാസികളേ, നിങ്ങള്‍ ഇത് അറിഞ്ഞുകൊള്ളുക; എന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക: നിങ്ങള്‍ വിചാരിക്കുന്നതുപോലെ ഇവര്‍ കുടിച്ചു മത്തുപിടിച്ചവരൊന്നുമല്ല. ഇപ്പോള്‍ രാവിലെ ഒന്‍പതുമണിയല്ലേ ആയിട്ടുള്ളൂ. എന്നാല്‍ ഇത് യോവേല്‍പ്രവാചകന്‍ പറഞ്ഞിട്ടുള്ളതാണ്: ദൈവം അരുളിച്ചെയ്യുന്നു: അന്ത്യനാളുകളില്‍ എന്‍റെ ആത്മാവിനെ സകല മനുഷ്യരുടെയുംമേല്‍ ഞാന്‍ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യുവാക്കള്‍ ദര്‍ശനങ്ങള്‍ കാണും. നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ ദര്‍ശിക്കും; അതേ, ആ നാളുകളില്‍, എന്‍റെ ദാസന്മാരുടെയും ദാസിമാരുടെയും മേല്‍ എന്‍റെ ആത്മാവിനെ ഞാന്‍ പകരുകയും അവര്‍ പ്രവചിക്കുകയും ചെയ്യും. ഞാന്‍ ആകാശത്ത് അദ്ഭുതങ്ങളും ഭൂമിയില്‍ അടയാളങ്ങളും കാണിക്കും; രക്തവും അഗ്നിയും ഇരുണ്ട ധൂമപടലവും തന്നെ. കര്‍ത്താവിന്‍റെ മഹത്തും തേജസ്കരവുമായ ആ ദിവസം വരുന്നതിനുമുമ്പു സൂര്യന്‍ ഇരുണ്ടുപോകും; ചന്ദ്രന്‍ രക്തമായിത്തീരുകയും ചെയ്യും. എന്നാല്‍ കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്നവരെല്ലാം രക്ഷിക്കപ്പെടും. “ഇസ്രായേല്‍ജനങ്ങളേ, നസറായനായ യേശു എന്ന മനുഷ്യന്‍ ദൈവത്താല്‍ നിയുക്തനായിരിക്കുന്നു. തന്നില്‍കൂടി നിങ്ങളുടെ മധ്യത്തില്‍ ദൈവം പ്രവര്‍ത്തിച്ച അദ്ഭുതങ്ങളും അതിശക്തമായ പ്രവര്‍ത്തനങ്ങളും അതു വെളിപ്പെടുത്തി. ഇത് നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. ഈ യേശു ദൈവത്തിന്‍റെ മുന്നറിവും നിശ്ചയവും അനുസരിച്ചു നിങ്ങളുടെ കൈയില്‍ ഏല്പിക്കപ്പെട്ടു. നിങ്ങള്‍ അവിടുത്തെ അധര്‍മികളുടെ കൈകളാല്‍ കുരിശില്‍ തറച്ചുകൊന്നു. എന്നാല്‍ മരണത്തിന്‍റെ അധീനതയില്‍നിന്നു ദൈവം അവിടുത്തെ മോചിപ്പിച്ച് ഉയിര്‍പ്പിച്ചു. എന്തെന്നാല്‍ മരണത്തിന് അവിടുത്തെ തടങ്കലില്‍ വയ്‍ക്കുക അസാധ്യമായിരുന്നു. ദാവീദ് അവിടുത്തെക്കുറിച്ചു പറയുന്നത് ഇങ്ങനെയാണ്: കര്‍ത്താവിനെ എപ്പോഴും എന്‍റെ കണ്‍മുമ്പില്‍ ഞാന്‍ ദര്‍ശിച്ചിരുന്നു; അവിടുന്ന് എന്‍റെ വലത്തുഭാഗത്തുള്ളതിനാല്‍ ഞാന്‍ കുലുങ്ങിപ്പോകുകയില്ല. അതുകൊണ്ട് എന്‍റെ ഹൃദയം സന്തോഷിച്ചു; എന്‍റെ നാവ് ആഹ്ലാദപൂര്‍വം ആര്‍ത്തുവിളിച്ചു. മാത്രമല്ല, ഞാന്‍ മര്‍ത്യനെങ്കിലും പ്രത്യാശയോടെ ഇരിക്കും. എന്തെന്നാല്‍ അങ്ങ് എന്‍റെ പ്രാണനെ മരിച്ചവരുടെ ലോകത്തിലേക്കു കൈവിടുകയില്ല; അവിടുത്തെ പരിശുദ്ധനെ ജീര്‍ണതയ്‍ക്കു വിധേയനാകുവാന്‍ അനുവദിക്കുകയുമില്ല. ജീവനിലേക്കു നയിക്കുന്ന മാര്‍ഗങ്ങള്‍ അങ്ങ് എനിക്കു കാണിച്ചു തന്നു; അവിടുത്തെ സാന്നിധ്യത്താല്‍ എന്നെ സന്തോഷപൂര്‍ണനാക്കും. “സഹോദരരേ, നമ്മുടെ ഗോത്രപിതാവായ ദാവീദിനെക്കുറിച്ചു ഞാന്‍ സധൈര്യം പറയട്ടെ: അദ്ദേഹം അന്തരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ശവകുടീരം ഇന്നും നമ്മുടെ ഇടയിലുണ്ടല്ലോ. ദാവീദ് ഒരു പ്രവാചകനായതിനാല്‍ തന്‍റെ സന്താനപരമ്പരയില്‍ ഒരുവനെ തന്‍റെ സിംഹാസനത്തില്‍ ഉപവിഷ്ടനാക്കുമെന്നു ദൈവം പ്രതിജ്ഞ ചെയ്ത് ഉറപ്പിച്ചുപറഞ്ഞു എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അങ്ങനെ ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തെ മുന്‍കൂട്ടികാണുകയും ‘അവിടുന്നു മരിച്ചവരുടെ ലോകത്തില്‍ കൈവിടപ്പെടുകയോ, അവിടുത്തെ ജഡം ജീര്‍ണിക്കുകയോ ചെയ്യുകയില്ല’ എന്നു പ്രസ്താവിക്കുകയും ചെയ്തു. ഈ യേശുവിനെയാണു ദൈവം ഉയിര്‍പ്പിച്ചത്; അതിനു ഞങ്ങളെല്ലാവരും സാക്ഷികളുമാണ്. അവിടുന്ന് ദൈവത്തിന്‍റെ വലത്തുഭാഗത്ത് ആരോഹണം ചെയ്തു; വാഗ്ദാനപ്രകാരം, പരിശുദ്ധാത്മാവിനെ പിതാവില്‍നിന്നു പ്രാപിച്ചു പകര്‍ന്നു തന്നതാണ് നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. ദാവീദു സ്വര്‍ഗാരോഹണം ചെയ്തിട്ടില്ല. എങ്കിലും അദ്ദേഹം ഇപ്രകാരം പറയുന്നു: ‘ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുന്നതുവരെ- നീ എന്‍റെ വലത്തുഭാഗത്തിരിക്കുക’ എന്നു സര്‍വേശ്വരന്‍ എന്‍റെ കര്‍ത്താവിനോട് അരുളിചെയ്തു. “അതുകൊണ്ട് നിങ്ങള്‍ ക്രൂശിച്ച ഈ യേശുവിനെ ദൈവം കര്‍ത്താവും ക്രിസ്തുവുമാക്കി വച്ചിരിക്കുന്നു എന്ന് ഇസ്രായേല്‍ വംശജരെല്ലാം നിശ്ചയമായും അറിഞ്ഞുകൊളളട്ടെ.” ഇതുകേട്ട് മനസ്സാക്ഷിക്കു കുത്തുകൊണ്ട് അവര്‍ പത്രോസിനോടും മറ്റ് അപ്പോസ്തോലന്മാരോടും ചോദിച്ചു: “സഹോദരന്മാരേ, ഞങ്ങള്‍ എന്താണു വേണ്ടത്?” പത്രോസ് അവരോടു പറഞ്ഞു: “നിങ്ങള്‍ ഓരോ വ്യക്തിയും അനുതപിച്ചു മനം തിരിഞ്ഞു പാപമോചനത്തിനുവേണ്ടി യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാപനം സ്വീകരിക്കുക; അപ്പോള്‍ നിങ്ങള്‍ക്കു പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവു വിളിച്ചുചേര്‍ക്കുന്ന വിദൂരസ്ഥരായ എല്ലാവര്‍ക്കുംവേണ്ടിയുള്ളതാണ്.” മറ്റു പല വാദമുഖങ്ങളും ഉന്നയിച്ചുകൊണ്ട് പത്രോസ് അവരോടു സാക്ഷ്യം വഹിക്കുകയും വക്രതയുള്ള ഈ തലമുറയ്‍ക്കു നേരിടുന്ന ശിക്ഷയില്‍നിന്നു നിങ്ങള്‍ രക്ഷപെട്ടുകൊള്ളുക” എന്നു ശക്തമായി ഉദ്ബോധിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ സന്ദേശം സ്വീകരിച്ചവര്‍ സ്നാപനം ഏറ്റു. അന്നു മൂവായിരത്തോളം ആളുകള്‍ അവരുടെകൂടെ ചേര്‍ന്നു. അവര്‍ അപ്പോസ്തോലന്മാരുടെ പ്രബോധനങ്ങള്‍ കേള്‍ക്കുന്നതിലും കൂട്ടായ്മയിലും അപ്പം മുറിക്കുന്നതിലും പ്രാര്‍ഥനയിലും നിരന്തരമായി സര്‍വാത്മനാ പങ്കെടുത്തുപോന്നു. അപ്പോസ്തോലന്മാരിലൂടെ നടന്ന അനേകം അദ്ഭുതങ്ങളും അടയാളങ്ങളും മൂലം എല്ലാവരിലും ഭയം ജനിച്ചു. വിശ്വസിച്ചവരെല്ലാം ഒരുമിച്ച് ഒരു സമൂഹമായി കഴിയുകയും, അവര്‍ക്കുള്ള സര്‍വസ്വവും പൊതുവകയായി എണ്ണുകയും, തങ്ങളുടെ വസ്തുവകകളെല്ലാം വിറ്റ് ഓരോരുത്തരുടെയും ആവശ്യാനുസരണം വിഭജിച്ചുകൊടുക്കുകയും ചെയ്തു. അവര്‍ ശുഷ്കാന്തിയോടുകൂടി നിത്യവും ഏകമനസ്സോടെ ദേവാലയത്തില്‍ വന്നുകൂടിയിരുന്നു. വീടുകള്‍തോറും അവര്‍ അപ്പം മുറിക്കുകയും, ഉല്ലാസത്തോടും പരമാര്‍ഥഹൃദയത്തോടും കൂടി അവരുടെ ഭക്ഷണം പങ്കിടുകയും, ദൈവത്തെ സ്തുതിക്കുകയും എല്ലാവരുടെയും സൗഹൃദം ആസ്വദിക്കുകയും ചെയ്തു. രക്ഷിക്കപ്പെട്ടുകൊണ്ടിരുന്നവരെ കര്‍ത്താവു ദിനംതോറും അവരുടെ സംഘത്തില്‍ ചേര്‍ത്തുകൊണ്ടിരുന്നു. ഒരു ദിവസം ഉച്ചകഴിഞ്ഞു മൂന്നുമണിക്കുള്ള പ്രാര്‍ഥനാസമയത്ത് പത്രോസും യോഹന്നാനും ദേവാലയത്തിലേക്കു പോകുകയായിരുന്നു. ദേവാലയത്തില്‍ പോകുന്നവരോടു ഭിക്ഷ യാചിക്കുന്നതിനുവേണ്ടി ജന്മനാ മുടന്തനായ ഒരുവനെ ഏതാനും പേര്‍ ദേവാലയത്തിലേക്ക് എടുത്തുകൊണ്ടുവന്ന് ‘സുന്ദരം’ എന്നു പേരുള്ള ദേവാലയത്തിന്‍റെ പടിവാതില്‌ക്കല്‍ ഇരുത്തുക പതിവായിരുന്നു. പത്രോസും യോഹന്നാനും ദേവാലയത്തിലേക്കു പോകുന്നതു കണ്ടപ്പോള്‍ അയാള്‍ അവരോട് ഭിക്ഷ യാചിച്ചു. പത്രോസ് യോഹന്നാനോടൊപ്പം അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ട്, “ഞങ്ങളുടെ നേരേ നോക്കൂ” എന്നു പറഞ്ഞു. അവരില്‍നിന്നു വല്ലതും കിട്ടുമെന്നു പ്രതീക്ഷിച്ചുകൊണ്ട് അയാള്‍ അവരെ സൂക്ഷിച്ചുനോക്കി. എന്നാല്‍ പത്രോസ്, “പൊന്നും വെള്ളിയും എനിക്കില്ല; എങ്കിലും എനിക്കുള്ളതു ഞാന്‍ നിനക്കു തരുന്നു; നസറായനായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ നടക്കുക” എന്നു പറഞ്ഞുകൊണ്ട് അയാളുടെ വലത്തുകൈക്കു പിടിച്ച് എഴുന്നേല്പിച്ചു. തല്‍ക്ഷണം ആ മനുഷ്യന്‍റെ പാദങ്ങള്‍ക്കും കണങ്കാലുകള്‍ക്കും ബലമുണ്ടായി. അയാള്‍ ചാടി എഴുന്നേറ്റു നില്‌ക്കുകയും നടക്കുകയും ചെയ്തു; നടന്നും തുള്ളിച്ചാടിയും ദൈവത്തെ സ്തുതിച്ചുകൊണ്ട് അയാള്‍ അവരോടുകൂടി ദേവാലയത്തില്‍ പ്രവേശിച്ചു. അയാള്‍ നടക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും എല്ലാവരും കണ്ടു. ‘സുന്ദരം’ എന്ന ദേവാലയഗോപുരത്തിലിരുന്നു ഭിക്ഷയാചിച്ച മനുഷ്യനാണയാള്‍ എന്ന് അവര്‍ക്ക് മനസ്സിലായി; അയാള്‍ക്കു സംഭവിച്ചതിനെക്കുറിച്ച് അവര്‍ക്കു വിസ്മയവും സംഭ്രമവുമുണ്ടായി. അയാള്‍ പത്രോസിന്‍റെയും യോഹന്നാന്‍റെയും അടുക്കല്‍ പറ്റിക്കൂടി നില്‌ക്കുന്നതുകണ്ട് ജനങ്ങള്‍ അമ്പരന്ന്, ‘ശലോമോന്‍റേത്’ എന്നു പേരുള്ള മണ്ഡപത്തില്‍ അവരുടെ അടുക്കല്‍ ഓടിക്കൂടി. ഇതു കണ്ട് പത്രോസ് അവരെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു: “ഇസ്രായേല്‍ജനങ്ങളേ, ഇതില്‍ നിങ്ങള്‍ എന്തിനാണ് വിസ്മയിക്കുന്നത്? നിങ്ങള്‍ ഞങ്ങളെ തുറിച്ചുനോക്കുന്നത് എന്തിന്? ഞങ്ങളുടെ സ്വന്തം ശക്തികൊണ്ടോ ഭക്തികൊണ്ടോ അല്ല ഈ മനുഷ്യനെ നടക്കുമാറാക്കിയത്. അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം, തന്‍റെ ദാസനായ യേശുവിനെ മഹത്ത്വപ്പെടുത്തി. ആ യേശുവിനെ നിങ്ങള്‍ അധികാരികള്‍ക്ക് ഏല്പിച്ചുകൊടുത്തു. പീലാത്തോസ് യേശുവിനെ മോചിപ്പിക്കുവാന്‍ തീരുമാനിച്ചു. എന്നിട്ടും അദ്ദേഹത്തിന്‍റെ മുമ്പില്‍വച്ച് നിങ്ങള്‍ അവിടുത്തെ തള്ളിപ്പറഞ്ഞു. പരിശുദ്ധനും നീതിമാനുമായവനെ നിങ്ങള്‍ തിരസ്കരിച്ചു. ഒരു കൊലപാതകിയെ വിട്ടുകിട്ടണമെന്നത്രേ നിങ്ങള്‍ ആവശ്യപ്പെട്ടത്. ജീവനാഥനെ നിങ്ങള്‍ വധിച്ചു; ദൈവം അവിടുത്തെ മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍പ്പിച്ചു; അതിനു ഞങ്ങള്‍ സാക്ഷികള്‍. ആ യേശുവിന്‍റെ നാമം, അവിടുത്തെ നാമത്തിലുള്ള വിശ്വാസംതന്നെ, നിങ്ങള്‍ കാണുകയും അറിയുകയും ചെയ്യുന്ന ഈ മനുഷ്യനു ബലം നല്‌കിയിരിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും സാന്നിധ്യത്തില്‍, ഇയാള്‍ക്കു സമ്പൂര്‍ണമായ ആരോഗ്യം നല്‌കിയത് യേശുക്രിസ്തുവില്‍ക്കൂടിയുള്ള വിശ്വാസമാണ്. “സഹോദരരേ, നിങ്ങളുടെ നേതാക്കന്മാരും നിങ്ങളും അജ്ഞതമൂലമാണ് യേശുവിനോട് ഇപ്രകാരം ചെയ്തതെന്ന് എനിക്കറിയാം. എന്നാല്‍ ക്രിസ്തു കഷ്ടതയനുഭവിക്കുമെന്നു സകല പ്രവാചകന്മാരും മുഖാന്തരം ദൈവം മുന്‍കൂട്ടി അറിയിച്ചത് ഇങ്ങനെ സംഭവിച്ചു. അതിനാല്‍ നിങ്ങളുടെ പാപം നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടതിന് അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിഞ്ഞുകൊള്ളുക. അങ്ങനെ ചെയ്താല്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ നിന്ന് ആശ്വാസം ലഭിക്കുന്ന കാലം വരും. നിങ്ങള്‍ക്കുവേണ്ടി മുന്‍നിയമിക്കപ്പെട്ട ക്രിസ്തുവാകുന്ന യേശുവിനെ അവിടുന്ന് അയയ്‍ക്കുകയും ചെയ്യും. പണ്ടുമുതല്‍ വിശുദ്ധപ്രവാചകന്മാര്‍ മുഖാന്തരം ദൈവം അരുള്‍ചെയ്തതുപോലെ, എല്ലാറ്റിനെയും യഥാസ്ഥാനമാക്കുന്നതുവരെ യേശു സ്വര്‍ഗത്തില്‍ ആയിരിക്കേണ്ടതാകുന്നു. മോശ ഇങ്ങനെ പറയുന്നു: ‘ദൈവമായ കര്‍ത്താവു നിങ്ങളുടെ സഹോദരന്മാരുടെ ഇടയില്‍നിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കുവേണ്ടി എഴുന്നേല്പിക്കും. അദ്ദേഹം പറയുന്നത് എന്തുതന്നെ ആയാലും, അതു നിങ്ങള്‍ ശ്രദ്ധിക്കണം. അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേള്‍ക്കാത്തവരെല്ലാം ഉന്മൂലനം ചെയ്യപ്പെടും.’ ശമൂവേല്‍ തുടങ്ങി എല്ലാ പ്രവാചകന്മാരും ഈ കാലത്തെക്കുറിച്ചു പ്രസ്താവിച്ചിട്ടുണ്ട്. “നിങ്ങള്‍ പ്രവാചകന്മാരുടെയും, ദൈവം നിങ്ങളുടെ പൂര്‍വികന്മാര്‍ക്കു നല്‌കിയ ഉടമ്പടിയുടെയും അവകാശികളാകുന്നു. ‘ഭൂമിയിലെ സകലവംശങ്ങളും നിന്‍റെ സന്തതിയില്‍ക്കൂടി അനുഗ്രഹിക്കപ്പെടും’ എന്ന് അബ്രഹാമിനോട് അരുള്‍ചെയ്തിട്ടുണ്ടല്ലോ. “നിങ്ങളെ ഓരോരുത്തരെയും അവനവന്‍റെ ദുഷ്ടതയില്‍നിന്നു പിന്‍തിരിപ്പിച്ച് അനുഗ്രഹിക്കേണ്ടതിന് ദൈവം തന്‍റെ ദാസനെ നിയോഗിച്ച്, ആദ്യമേ നിങ്ങളുടെ അടുക്കലേക്കയച്ചു. പത്രോസും യോഹന്നാനും ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ, പുരോഹിതന്മാരും ദേവാലയത്തിലെ പടനായകനും സാദൂക്യരും അവരുടെനേരെ ചെന്നു. അപ്പോസ്തോലന്മാര്‍ പ്രബോധിപ്പിക്കുകയും മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ യേശുവിന്‍റെ ദൃഷ്ടാന്തം ഉദ്ധരിച്ചുകൊണ്ട് പുനരുത്ഥാനത്തെപ്പറ്റി പ്രസംഗിക്കുകയും ചെയ്തതിനാല്‍ അവര്‍ക്ക് അമര്‍ഷമുണ്ടായി. അവര്‍ അപ്പോസ്തോലന്മാരെ ബന്ധനസ്ഥരാക്കുകയും നേരം വൈകിപ്പോയതിനാല്‍ പിറ്റേന്നാള്‍വരെ തടങ്കലില്‍ വയ്‍ക്കുകയും ചെയ്തു. എന്നാല്‍ അവരുടെ സന്ദേശം ശ്രദ്ധിച്ച അനേകമാളുകള്‍ വിശ്വസിച്ചു. വിശ്വസിച്ച പുരുഷന്മാരുടെ സംഖ്യ അങ്ങനെ അയ്യായിരത്തോളമായി. പിറ്റേദിവസം അവരുടെ അധികാരികളും ജനപ്രമുഖന്മാരും മതപണ്ഡിതന്മാരും യെരൂശലേമില്‍ ഒരുമിച്ചുകൂടി. മഹാപുരോഹിതനായ ഹന്നാസും കയ്യഫാസും യോഹന്നാനും അലക്സാണ്ടറും മഹാപുരോഹിതകുടുംബത്തില്‍പ്പെട്ട എല്ലാവരും അവിടെ കൂടിയിരുന്നു. അവര്‍ അപ്പോസ്തോലന്മാരെ മധ്യത്തില്‍ നിറുത്തിക്കൊണ്ടു ചോദിച്ചു: “എന്തധികാരംകൊണ്ട് അഥവാ ആരുടെ നാമത്തിലാണ് നിങ്ങള്‍ ഇതു ചെയ്തത്?” അപ്പോള്‍ പത്രോസ് പരിശുദ്ധാത്മപൂര്‍ണനായി ഇപ്രകാരം പറഞ്ഞു: “ഭരണാധിപന്മാരേ, ജനപ്രമുഖന്മാരേ, മുടന്തനായ ഈ മനുഷ്യനു ചെയ്ത ഉപകാരത്തെയും അയാള്‍ എങ്ങനെ സുഖം പ്രാപിച്ചു എന്നതിനെയും സംബന്ധിച്ചാണ് ഇന്നു ഞങ്ങളെ വിസ്തരിക്കുന്നതെങ്കില്‍, നിങ്ങള്‍ ക്രൂശിക്കുകയും മരിച്ചവരില്‍നിന്നു ദൈവം ഉയിര്‍പ്പിക്കുകയും ചെയ്ത നസറായനായ യേശുവിന്‍റെ നാമത്തില്‍ത്തന്നെയാണ് ഈ മനുഷ്യന്‍ പൂര്‍ണമായ ആരോഗ്യം പ്രാപിച്ചു നിങ്ങളുടെ മുമ്പില്‍ നില്‌ക്കുന്നതെന്നു നിങ്ങളും ഇസ്രായേലിലെ ജനങ്ങള്‍ എല്ലാവരും അറിഞ്ഞുകൊള്ളുക. ‘വീടു പണിയുന്നവരായ നിങ്ങള്‍ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നിരിക്കുന്നു.’ ആ കല്ലാണ് ഈ യേശു. മറ്റൊരുവനിലും രക്ഷയില്ല. നമുക്കു രക്ഷ പ്രാപിക്കുവാന്‍ ആകാശത്തിന്‍റെ കീഴില്‍ മറ്റൊരു നാമവും മനുഷ്യര്‍ക്കു നല്‌കപ്പെട്ടിട്ടില്ല.” പത്രോസിന്‍റെയും യോഹന്നാന്‍റെയും ധൈര്യം കാണുകയും അവര്‍ വിദ്യാവിഹീനരായ വെറും സാധാരണക്കാരാണെന്ന് അറിയുകയും ചെയ്തപ്പോള്‍, അവിടെ കൂടിയിരുന്നവര്‍ ആശ്ചര്യപ്പെടുകയും അവര്‍ യേശുവിന്‍റെ സഹചാരികള്‍ ആയിരുന്നു എന്നു മനസ്സിലാക്കുകയും ചെയ്തു. എന്നാല്‍ സൗഖ്യം പ്രാപിച്ച മനുഷ്യന്‍ അപ്പോസ്തോലന്മാരുടെകൂടെ നില്‌ക്കുന്നതു കണ്ടതുകൊണ്ട് അവര്‍ക്ക് ഒന്നും എതിര്‍ത്തു പറയുവാന്‍ കഴിഞ്ഞില്ല. അപ്പോസ്തോലന്മാര്‍ പുറത്തിറങ്ങി നില്‌ക്കാന്‍ സന്നദ്രിംസംഘം ആജ്ഞാപിച്ചു. പിന്നീട് അവര്‍ പരസ്പരം ആലോചിച്ചു: “ഈ മനുഷ്യരെ നാം എന്താണു ചെയ്യുക? പ്രത്യക്ഷമായ ഒരദ്ഭുതം ഇവരിലൂടെ നടന്നിരിക്കുന്നു. അത് യെരൂശലേമില്‍ നിവസിക്കുന്ന എല്ലാവരും അറിഞ്ഞുകഴിഞ്ഞു; അതു നിഷേധിക്കുവാന്‍ നമുക്കു സാധ്യവുമല്ല. എന്നാല്‍ ജനങ്ങളുടെ ഇടയില്‍ ഈ വാര്‍ത്ത ഇനിയും പരക്കാതിരിക്കേണ്ടതിന്, അവര്‍ മേലില്‍ ആരോടും ഒരിക്കലും ഈ നാമത്തില്‍ സംസാരിക്കരുതെന്നു താക്കീതു നല്‌കാം.” അനന്തരം അവര്‍ അപ്പോസ്തോലന്മാരെ വിളിച്ച് യേശുവിന്‍റെ നാമത്തില്‍ സംസാരിക്കുകയോ പഠിപ്പിക്കുകയോ ചെയ്തുപോകരുതെന്ന് കര്‍ശനമായി ആജ്ഞാപിച്ചു. എന്നാല്‍ പത്രോസും യോഹന്നാനും പ്രതിവചിച്ചു: “ദൈവത്തെ അനുസരിക്കുന്നതിലും അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്‍റെ ദൃഷ്‍ടിയില്‍ ശരിയാണോ? നിങ്ങള്‍തന്നെ വിധിക്കുക. ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ചു പ്രസ്താവിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു സാധ്യമല്ല.” എന്നാല്‍ ആ സംഭവംമൂലം എല്ലാവരും ദൈവത്തെ പുകഴ്ത്തിയതിനാല്‍ അപ്പോസ്തോലന്മാരെ ശിക്ഷിക്കുവാന്‍ ഒരു പഴുതും കണ്ടില്ല. അതിനാല്‍ അവര്‍ക്കു വീണ്ടും ശക്തമായ താക്കീതു നല്‌കി വിട്ടയച്ചു. അദ്ഭുതകരമായി സൗഖ്യം ലഭിച്ച ആ മനുഷ്യനു നാല്പതു വയസ്സിനുമേല്‍ പ്രായമുണ്ടായിരുന്നു. സ്വതന്ത്രരായ ഉടനെ അവര്‍ സഹവിശ്വാസികളുടെ അടുക്കല്‍ ചെന്ന് പുരോഹിതമുഖ്യന്മാരും ജനപ്രമുഖന്മാരും തങ്ങളോടു പറഞ്ഞ കാര്യങ്ങള്‍ അവരെ അറിയിച്ചു. ഇതുകേട്ടപ്പോള്‍ അവര്‍ ഏകമനസ്സോടെ ശബ്ദമുയര്‍ത്തി ദൈവത്തോടു പ്രാര്‍ഥിച്ചു: “ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും സൃഷ്‍ടിച്ച സര്‍വേശ്വരാ, ഞങ്ങളുടെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിനെക്കൊണ്ടു പരിശുദ്ധാത്മാവിനാല്‍ അങ്ങ് ഇപ്രകാരം പറയിച്ചുവല്ലോ: വിജാതീയര്‍ കോപാകുലരാകുന്നതും, ജനങ്ങള്‍ വ്യര്‍ഥമായതു വിഭാവനം ചെയ്യുന്നതും എന്തുകൊണ്ട്? സര്‍വേശ്വരനും അവിടുത്തെ അഭിഷിക്തനും എതിരെ ഭൂമിയിലെ രാജാക്കന്മാര്‍ അണിനിരക്കുകയും ഭരണാധിപന്മാര്‍ സംഘടിക്കുകയും ചെയ്തിരിക്കുന്നു. [27,28] “വാസ്തവത്തില്‍ അങ്ങയുടെ പരിശുദ്ധദാസനും അങ്ങ് അഭിഷേകം ചെയ്തവനുമായ യേശുവിന് എതിരെ ഈ നഗരത്തില്‍ ഹേരോദായും പൊന്തിയോസ് പീലാത്തോസും ഇസ്രായേല്‍ജനത്തോടും വിജാതീയരോടും ഒത്തുചേര്‍ന്നു. അതിന്‍റെ ഫലമായി സംഭവിച്ചത് അങ്ങയുടെ കരബലവും കര്‍മപദ്ധതിയുമനുസരിച്ചു മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന കാര്യങ്ങള്‍ തന്നെയാണ്. *** അതുകൊണ്ട് കര്‍ത്താവേ, ഇപ്പോള്‍ അവരുടെ ഭീഷണികളെ ശ്രദ്ധിക്കണമേ. അവിടുത്തെ സന്ദേശം സധൈര്യം ഘോഷിക്കുവാന്‍ അവിടുത്തെ ദാസന്മാര്‍ക്കു കൃപയരുളണമേ. രോഗശാന്തിക്കായി അവിടുത്തെ കൈനീട്ടുകയും അവിടുത്തെ പരിശുദ്ധദാസനായ യേശുവിന്‍റെ നാമത്തില്‍ അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കുകയും ചെയ്യണമേ”. അവര്‍ ഇങ്ങനെ പ്രാര്‍ഥിച്ചപ്പോള്‍ അവര്‍ കൂടിയിരുന്ന സ്ഥലം കുലുങ്ങി. അവരെല്ലാവരും പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു; ദൈവത്തിന്‍റെ സന്ദേശം അവര്‍ സധൈര്യം തുടര്‍ന്നു ഘോഷിക്കുകയും ചെയ്തു. വിശ്വാസികളുടെ സമൂഹം ഏക മനസ്സും ഏക ഹൃദയവുമുള്ളവരായിരുന്നു; തനിക്കുള്ളത് ഒന്നും സ്വന്തമെന്ന് ആരും പറഞ്ഞില്ല. സകലവും അവര്‍ക്കു പൊതുവകയായിരുന്നു. അപ്പോസ്തോലന്മാര്‍ അതീവശക്തിയോടെ കര്‍ത്താവായ യേശുവിന്‍റെ പുനരുത്ഥാനത്തിനു സാക്ഷ്യം വഹിച്ചു. [34,35] ധാരാളമായ ദൈവകൃപ എല്ലാവരിലും ഉണ്ടായിരുന്നു. അവരുടെ കൂട്ടത്തില്‍ ബുദ്ധിമുട്ടുള്ളവര്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. വീടോ പറമ്പോ ഉണ്ടായിരുന്നവര്‍ അവ വിറ്റുകിട്ടിയ പണം അപ്പോസ്തോലന്മാരുടെ പാദത്തിങ്കല്‍ സമര്‍പ്പിച്ചു: ഓരോരുത്തരുടെയും ആവശ്യാനുസരണം അതു പങ്കിട്ടു കൊടുത്തുപോന്നു. *** സൈപ്രസ്സുകാരനായ യോസേഫ് എന്നു പേരുള്ള ഒരു ലേവ്യനുണ്ടായിരുന്നു. ‘ധൈര്യപ്പെടുത്തുന്നവന്‍’ എന്നര്‍ഥമുള്ള ബര്‍നബാസ് എന്നാണ് അയാളെ അപ്പോസ്തോലന്മാര്‍ വിളിച്ചിരുന്നത്. അയാള്‍ തനിക്കുണ്ടായിരുന്ന നിലം വിറ്റ് ആ പണം അപ്പോസ്തോലന്മാരുടെ കാല്‌ക്കല്‍ സമര്‍പ്പിച്ചു. അനന്യാസ് എന്നുപേരുള്ള ഒരാളും അയാളുടെ ഭാര്യ സഫീറയും ചേര്‍ന്ന് അവരുടെ ഒരു നിലം വിറ്റു. ഭാര്യയുടെ അറിവോടുകൂടി ആ വസ്തുവിന്‍റെ വിലയില്‍ ഒരംശം അയാള്‍ മാറ്റിവച്ചു; ബാക്കി കൊണ്ടുവന്ന് അപ്പോസ്തോലന്മാരുടെ കാല്‌ക്കല്‍ സമര്‍പ്പിച്ചു. അപ്പോള്‍ പത്രോസ് പറഞ്ഞു: “അനന്യാസേ, പരിശുദ്ധാത്മാവിന്‍റെ നേരെ വ്യാജം പ്രവര്‍ത്തിക്കുവാനും വസ്തുവിന്‍റെ വിലയില്‍ ഒരു പങ്ക് എടുത്തുവയ്‍ക്കുവാനും സാത്താന്‍ നിന്‍റെ ഹൃദയത്തെ കൈയടക്കിയത് എന്തുകൊണ്ട്? ആ വസ്തു വില്‌ക്കുന്നതിനുമുമ്പു നിന്‍റേതുതന്നെ ആയിരുന്നില്ലേ? വിറ്റതിനുശേഷവും ആ പണം നിന്‍റെ സ്വന്തം അല്ലായിരുന്നുവോ? പിന്നെ ഇങ്ങനെയൊരു പ്രവൃത്തി ചെയ്യുവാന്‍ നീ മനസ്സുവച്ചത് എന്തുകൊണ്ട്? നീ മനുഷ്യരോടല്ല, ദൈവത്തോടാണു വ്യാജം പ്രവര്‍ത്തിച്ചത്”. ഈ വാക്കുകള്‍ കേട്ടയുടന്‍ അനന്യാസ് വീണു മരിച്ചു. ഈ സംഭവത്തെപ്പറ്റി കേട്ടവരെല്ലാം ഭയവിഹ്വലരായി. അവിടെയുണ്ടായിരുന്ന യുവാക്കന്മാര്‍ അനന്യാസിന്‍റെ മൃതശരീരം തുണിയില്‍ പൊതിഞ്ഞു പുറത്തുകൊണ്ടുപോയി സംസ്കരിച്ചു. ഏകദേശം മൂന്നു മണിക്കൂര്‍ കഴിഞ്ഞ് അനന്യാസിന്‍റെ ഭാര്യ ഇതൊന്നും അറിയാതെ അവിടെ ചെന്നു. പത്രോസ് അവരോടു ചോദിച്ചു: “പറയൂ, ഈ വിലയ്‍ക്കുതന്നെയോ നിങ്ങള്‍ വസ്തു വിറ്റത്?” “അതെ, ഈ വിലയ്‍ക്കുതന്നെ” എന്ന് ആ സ്‍ത്രീ ഉത്തരം പറഞ്ഞു. അപ്പോള്‍ പത്രോസ് പറഞ്ഞു: “കര്‍ത്താവിന്‍റെ ആത്മാവിനെ പരീക്ഷിക്കുവാന്‍ നിങ്ങള്‍ തമ്മില്‍ പറഞ്ഞൊത്തത് എന്തുകൊണ്ട്? ഇതാ നോക്കൂ, നിങ്ങളുടെ ഭര്‍ത്താവിനെ സംസ്കരിച്ചവര്‍ വാതില്‌ക്കല്‍ എത്തിക്കഴിഞ്ഞു. അവര്‍ നിങ്ങളെയും എടുത്തുകൊണ്ടു പുറത്തുപോകും.” തല്‍ക്ഷണം സഫീറയും പത്രോസിന്‍റെ കാല്ച്ചുവട്ടില്‍ വീണു മരിച്ചു; പ്രസ്തുത യുവാക്കന്മാര്‍ അകത്തു ചെന്നപ്പോള്‍ ആ സ്‍ത്രീ മരിച്ചുകിടക്കുന്നതായി കണ്ടു. അവര്‍ മൃതദേഹം എടുത്തുകൊണ്ടുപോയി ഭര്‍ത്താവിന്‍റെ സമീപം സംസ്കരിച്ചു. സഭയിലുള്ള എല്ലാവര്‍ക്കും ഈ സംഭവത്തെക്കുറിച്ചു കേട്ട മറ്റുള്ള സകല ജനങ്ങള്‍ക്കും അത്യധികമായ ഭയമുണ്ടായി. അപ്പോസ്തോലന്മാര്‍ മുഖേന അനേകം അദ്ഭുതങ്ങളും അടയാളപ്രവൃത്തികളും ജനങ്ങളുടെ ഇടയില്‍ നടന്നു. വിശ്വാസികളെല്ലാവരും ഏകമനസ്സോടെ ശലോമോന്‍റെ മണ്ഡപത്തില്‍ കൂടിവന്നു. ജനങ്ങള്‍ അവരെ പ്രകീര്‍ത്തിച്ചെങ്കിലും അവരുടെ സമൂഹത്തില്‍ ഉള്‍പ്പെടാത്തവരാരും അവരുടെകൂടെ ചേരുവാന്‍ ധൈര്യപ്പെട്ടില്ല. എങ്കിലും മേല്‌ക്കുമേല്‍ പുരുഷന്മാരും സ്‍ത്രീകളും ഉള്‍പ്പെട്ട വലിയ സംഘം കര്‍ത്താവില്‍ വിശ്വസിച്ച് അവരോടു ചേര്‍ന്നുകൊണ്ടിരുന്നു. പത്രോസ് കടന്നുപോകുമ്പോള്‍, അദ്ദേഹത്തിന്‍റെ നിഴലെങ്കിലും രോഗികളുടെമേല്‍ പതിക്കുന്നതിനുവേണ്ടി ജനങ്ങള്‍ അവരെ കൊണ്ടുവന്നു തെരുവീഥികളില്‍പോലും കിടക്കകളിലും വിരിപ്പുകളിലും കിടത്തിവന്നിരുന്നു. കൂടാതെ യെരൂശലേമിനു ചുറ്റുമുള്ള പട്ടണങ്ങളില്‍നിന്ന് ബഹുജനങ്ങള്‍ രോഗികളെയും അശുദ്ധാത്മാക്കള്‍ ബാധിച്ചവരെയും കൊണ്ടുവന്നു. അവരെല്ലാവരും സുഖം പ്രാപിക്കുകയും ചെയ്തു. മഹാപുരോഹിതനും അദ്ദേഹത്തെ അനുകൂലിച്ച സാദൂക്യകക്ഷിയില്‍പ്പെട്ട എല്ലാവരും അസൂയകൊണ്ടു നിറഞ്ഞ് അപ്പോസ്തോലന്മാര്‍ക്ക് എതിരെ നടപടി എടുക്കുവാന്‍ തീരുമാനിച്ചു. അവര്‍ അവരെ പിടിച്ചു പൊതുതടവിലാക്കി. എന്നാല്‍ കര്‍ത്താവിന്‍റെ ദൂതന്‍ കാരാഗൃഹത്തിന്‍റെ വാതില്‍ തുറന്ന് അവരെ പുറത്തുകൊണ്ടുവന്നു പറഞ്ഞു: “നിങ്ങള്‍ ദേവാലയത്തില്‍ ചെന്ന് ജനങ്ങളോട് ഈ പുതിയ ജീവന്‍റെ വചനങ്ങള്‍ അറിയിക്കുക.” അതനുസരിച്ച് അപ്പോസ്തോലന്മാര്‍ അതിരാവിലെ ദേവാലയത്തില്‍ പോയി പഠിപ്പിക്കുവാനാരംഭിച്ചു. മഹാപുരോഹിതനും കൂടെയുള്ളവരും ചെന്ന് ഇസ്രായേല്‍ ജനപ്രമുഖന്മാരെല്ലാം ഉള്‍പ്പെട്ട സന്നദ്രിംസംഘത്തെ വിളിച്ചുകൂട്ടി; പിന്നീട് അപ്പോസ്തോലന്മാരെ ഹാജരാക്കുവാന്‍ കാരാഗൃഹത്തിലേക്ക് ആളയച്ചു. എന്നാല്‍ ദേവാലയത്തിലെ ഉദ്യോഗസ്ഥന്മാര്‍ ചെന്നപ്പോള്‍ അപ്പോസ്തോലന്മാരെ അവിടെ കണ്ടില്ല. അവര്‍ മടങ്ങിച്ചെന്ന് ഇപ്രകാരം അറിയിച്ചു: “ജയില്‍ വളരെ ഭദ്രമായി പൂട്ടിയിരിക്കുന്നത് ഞങ്ങള്‍ കണ്ടു. കാവല്‌ക്കാര്‍ വാതില്‌ക്കല്‍ നില്‌ക്കുന്നുമുണ്ടായിരുന്നു. പക്ഷേ, വാതില്‍ തുറന്നപ്പോള്‍ അകത്ത് ആരെയും കണ്ടില്ല.” ദേവാലയത്തിലെ പടനായകനും പുരോഹിതമുഖ്യന്മാരും ഇതു കേട്ടപ്പോള്‍, ഇതെങ്ങനെ പരിണമിക്കുമെന്ന് ഓര്‍ത്ത് അവരെക്കുറിച്ച് അത്യധികം അമ്പരന്നു. ആ സമയത്ത് ഒരാള്‍ വന്ന് അവരോടു പറഞ്ഞു: “നിങ്ങള്‍ കാരാഗൃഹത്തിലടച്ച ആ മനുഷ്യന്‍ അതാ, ദേവാലയത്തില്‍ നിന്നുകൊണ്ട് ജനങ്ങളെ പഠിപ്പിക്കുന്നു.” അപ്പോള്‍ പടനായകനും ഭടന്മാരുംകൂടി ചെന്ന് അപ്പോസ്തോലന്മാരെ കൂട്ടിക്കൊണ്ടുവന്നു. ജനങ്ങള്‍ തങ്ങളെ കല്ലെറിഞ്ഞേക്കുമോ എന്ന് അവര്‍ക്ക് ഭയമുണ്ടായിരുന്നതുകൊണ്ട് ബലം പ്രയോഗിച്ചില്ല. അങ്ങനെ അവരെ സന്നദ്രിംസംഘത്തിന്‍റെ മുമ്പില്‍ ഹാജരാക്കി. മഹാപുരോഹിതന്‍ അവരെ ചോദ്യം ചെയ്തുകൊണ്ടു പറഞ്ഞു: “ആ മനുഷ്യന്‍റെ നാമത്തില്‍ ജനങ്ങളെ പഠിപ്പിക്കരുതെന്നു ഞങ്ങള്‍ നിങ്ങളോടു കര്‍ശനമായി ആജ്ഞാപിച്ചിരുന്നുവല്ലോ. എന്നാല്‍ ഇപ്പോള്‍ ഇതാ നിങ്ങള്‍ നിങ്ങളുടെ ഉപദേശംകൊണ്ട് യെരൂശലേം മുഴുവന്‍ നിറച്ചിരിക്കുന്നു. ആ മനുഷ്യന്‍റെ രക്തത്തിന്‍റെ ഉത്തരവാദിത്വം ഞങ്ങളുടെമേല്‍ ചുമത്താനാണു നിങ്ങളുടെ ഉദ്ദേശ്യം.” പത്രോസും അപ്പോസ്തോലന്മാരും പ്രതിവചിച്ചു: “മനുഷ്യരെക്കാള്‍ അധികം ദൈവത്തെയാണ് ഞങ്ങള്‍ അനുസരിക്കേണ്ടത്. നിങ്ങള്‍ മരക്കുരിശില്‍ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിര്‍പ്പിച്ചു. ഇസ്രായേല്‍ അനുതപിച്ചു മനം തിരിയുന്നതിനും അവര്‍ക്കു പാപമോചനം നല്‌കുന്നതിനും യേശുവിനെ നായകനും രക്ഷകനുമായി ദൈവം തന്‍റെ വലത്തുഭാഗത്തേക്ക് ഉയര്‍ത്തിയിരിക്കുന്നു. ഈ വസ്തുതകള്‍ക്ക് ഞങ്ങളും, ദൈവത്തെ അനുസരിക്കുന്നവര്‍ക്ക് അവിടുന്നു നല്‌കുന്ന പരിശുദ്ധാത്മാവും സാക്ഷികളാകുന്നു.” ഇതു കേട്ടപ്പോള്‍ അവര്‍ ക്ഷുഭിതരായി. അപ്പോസ്തോലന്മാരുടെ കഥ കഴിക്കണമെന്ന് അവര്‍ തീരുമാനിച്ചു. എന്നാല്‍ സന്നദ്രിംസംഘത്തിലുള്‍പ്പെട്ട ഗമാലിയേല്‍ എന്ന പരീശന്‍ എഴുന്നേറ്റുനിന്ന് അപ്പോസ്തോലന്മാരെ അല്പസമയത്തേക്ക് പുറത്തിറക്കി നിറുത്താന്‍ ആജ്ഞാപിച്ചു. എല്ലാവരാലും ബഹുമാനിതനും യെഹൂദന്മാരുടെ ധര്‍മോപദേഷ്ടാവുമായിരുന്നു ഗമാലിയേല്‍. അദ്ദേഹം പറഞ്ഞു: “ഇസ്രായേല്‍ജനങ്ങളേ, ഈ മനുഷ്യരെ സംബന്ധിച്ച് എന്തെങ്കിലും ചെയ്യുന്നത് സൂക്ഷിച്ചുവേണം. കുറെനാള്‍ മുമ്പ് ത്യുദാസ് എന്നൊരാള്‍ താന്‍ മഹാനാണെന്നു ഭാവിച്ചുകൊണ്ടു പ്രത്യക്ഷപ്പെട്ടല്ലോ. ഏകദേശം നാനൂറുപേര്‍ അയാളുടെ പക്ഷത്തു ചേര്‍ന്നു. എന്നാല്‍ അയാള്‍ കൊല്ലപ്പെട്ടു; അയാളെ അനുഗമിച്ചവര്‍ ചിന്നിച്ചിതറി നാമാവശേഷരായിത്തീര്‍ന്നു. അതിനുശേഷം ഗലീലക്കാരനായ യൂദാ എന്നൊരാള്‍ കാനേഷുമാരി എടുത്തകാലത്തു പ്രത്യക്ഷപ്പെട്ട് ഏതാനും ആളുകളെ വശീകരിച്ചു. അയാളും നശിച്ചു; അയാളെ അനുഗമിച്ചവരും ചിന്നിച്ചിതറിപ്പോയി. അതുകൊണ്ട് ഇക്കാര്യത്തില്‍ ഞാന്‍ പറയുന്നത്, അവരുടെ പേരില്‍ നടപടിയൊന്നും എടുക്കാതെ അവരുടെ വഴിക്കു വിടുക എന്നാണ്. ഇതു മനുഷ്യന്‍റെ പദ്ധതിയോ പ്രവര്‍ത്തനമോ ആണെങ്കില്‍ താനേ നശിക്കും. എന്നാല്‍ ദൈവത്തില്‍നിന്നുള്ളതാണെങ്കില്‍ അതിനെ നശിപ്പിക്കുവാന്‍ നിങ്ങള്‍ക്കു സാധ്യമല്ല. നിങ്ങള്‍ ദൈവത്തോട് എതിര്‍ക്കുന്നവരെന്ന് ഒരിക്കലും വരരുതല്ലോ.” സന്നദ്രിംസംഘം ഗമാലിയേലിന്‍റെ ഉപദേശം സ്വീകരിച്ചു. അവര്‍ അപ്പോസ്തോലന്മാരെ വിളിച്ചുവരുത്തി പ്രഹരിപ്പിച്ചു; മേലില്‍ യേശുവിന്‍റെ നാമത്തില്‍ പ്രബോധിപ്പിക്കരുതെന്നു താക്കീതു നല്‌കിയശേഷം അവരെ വിട്ടയച്ചു. അവരാകട്ടെ യേശുവിന്‍റെ നാമത്തില്‍ അപമാനം സഹിക്കുവാന്‍ അര്‍ഹരായതില്‍ ആനന്ദിച്ചുകൊണ്ട് സന്നദ്രിംസംഘത്തിന്‍റെ മുമ്പില്‍നിന്നു പോയി. അവര്‍ ദിവസംതോറും ദേവാലയത്തിലും വീടുകളിലും യേശുവാണ് മശിഹാ എന്ന് അനുസ്യൂതം പ്രസംഗിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്തുപോന്നു. അക്കാലത്തു ശിഷ്യന്മാരുടെ സംഖ്യ വര്‍ധിച്ചുവന്നു. അപ്പോള്‍, ദിനംപ്രതിയുള്ള ഭക്ഷ്യവിതരണത്തില്‍ തങ്ങളുടെ വിധവമാര്‍ അവഗണിക്കപ്പെടുന്നു എന്നു പറഞ്ഞ് ഗ്രീക്കുഭാഷ സംസാരിക്കുന്ന യെഹൂദന്മാര്‍ എബ്രായഭാഷ സംസാരിക്കുന്നവരുടെ നേരെ പിറുപിറുത്തു. അപ്പോസ്തോലന്മാര്‍ പന്ത്രണ്ടുപേരും ശിഷ്യസമൂഹത്തെ വിളിച്ചുകൂട്ടി പറഞ്ഞു: “ഭക്ഷ്യവിതരണത്തില്‍ ശ്രദ്ധിക്കുന്നതിനുവേണ്ടി ദൈവവചനഘോഷണം ഞങ്ങള്‍ ഉപേക്ഷിക്കുന്നത് ഉചിതമല്ല. അതുകൊണ്ട് സഹോദരരേ, നിങ്ങളുടെ കൂട്ടത്തില്‍നിന്നു സല്‍പേരുള്ളവരും, ആത്മാവും ജ്ഞാനവും നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങള്‍ തിരഞ്ഞെടുക്കുക; ഇക്കാര്യത്തിനായി അവരെ ഞങ്ങള്‍ ഉപയോഗിക്കാം. ഞങ്ങളാകട്ടെ, പ്രാര്‍ഥനയിലും വചനഘോഷണത്തിലും വ്യാപൃതരായിരിക്കും.” ഈ നിര്‍ദേശം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞവനായ സ്തേഫാനോസ്, ഫീലിപ്പോസ്, പ്രൊഖൊരൊസ്, നിക്കാനോര്‍, തിമോന്‍, പര്‍മ്മെനാസ്, യെഹൂദമതം സ്വീകരിച്ചിരുന്ന അന്ത്യോക്യക്കാരന്‍ നിക്കൊലാവൊസ് എന്നിവരെ അവര്‍ തിരഞ്ഞെടുത്ത്, അപ്പോസ്തോലന്മാരുടെ മുമ്പില്‍ കൊണ്ടുവന്നു. അവര്‍ പ്രാര്‍ഥിച്ച് അവരുടെമേല്‍ കൈകള്‍ വച്ചു. ദൈവവചനം കൂടുതല്‍ പ്രചരിച്ചു; യെരൂശലേമില്‍ ശിഷ്യന്മാരുടെ സംഖ്യ മേല്‌ക്കുമേല്‍ വര്‍ധിച്ചു; ഒട്ടുവളരെ പുരോഹിതന്മാരും വിശ്വാസം സ്വീകരിച്ചു. ദൈവത്തിന്‍റെ വരപ്രസാദവും ശക്തിയും നിറഞ്ഞവനായ സ്തേഫാനോസ് ജനമധ്യത്തില്‍ വലിയ അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചു. ലിബര്‍ത്തിനര്‍ - വിമോചിതര്‍ - എന്നു വിളിക്കപ്പെട്ടിരുന്നവരുടെ സുനഗോഗിലെ അംഗങ്ങളില്‍ ചിലരും കുറേനക്കാരും, അലക്സാന്ത്രിയക്കാരും, കിലിക്യ, ഏഷ്യാ എന്നീ സംസ്ഥാനക്കാരില്‍ ചിലരും സ്തേഫാനോസിനോടു തര്‍ക്കിക്കുവാന്‍ മുന്നോട്ടു വന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ ജ്ഞാനത്തോടും, പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താല്‍ അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്ന വാക്കുകളോടും എതിര്‍ത്തു നില്‌ക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അവര്‍ രഹസ്യമായി ചിലരെ വശത്താക്കി; സ്തേഫാനോസ് ദൈവത്തിനും മോശയ്‍ക്കും വിരോധമായി ദൂഷണം പറയുന്നതു തങ്ങള്‍ കേട്ടു എന്നു പറയിച്ചു. അങ്ങനെ അവര്‍ പൊതുജനങ്ങളെയും ജനപ്രമുഖന്മാരെയും നിയമപണ്ഡിതന്മാരെയും ഇളക്കിവിട്ടു. പിന്നീട് അദ്ദേഹത്തെ പിടിച്ച് സന്നദ്രിംസംഘത്തിന്‍റെ മുമ്പില്‍ ഹാജരാക്കി. ഏതാനും കള്ളസാക്ഷികളെയും കൊണ്ടുവന്നു. അവര്‍ ഇങ്ങനെ മൊഴി കൊടുത്തു: “ഈ മനുഷ്യന്‍ വിശുദ്ധസ്ഥലത്തിനും യെഹൂദധര്‍മശാസ്ത്രത്തിനും എതിരായി അനുസ്യൂതം പ്രസംഗിക്കുന്നു. ആ നസറായനായ യേശു ഈ സ്ഥലം നശിപ്പിക്കുമെന്നും മോശ നമുക്കു നല്‌കിയ ആചാരമര്യാദകളെല്ലാം മാറ്റുമെന്നും ഈ മനുഷ്യന്‍ പറയുന്നതു ഞങ്ങള്‍ കേട്ടു.” സന്നദ്രിംസംഘത്തിലിരുന്നവര്‍ സ്തേഫാനോസിനെ സൂക്ഷിച്ചുനോക്കി. അദ്ദേഹത്തിന്‍റെ മുഖം മാലാഖയുടെ മുഖംപോലെ കാണപ്പെട്ടു. മഹാപുരോഹിതന്‍ സ്തേഫാനോസിനോടു ചോദിച്ചു: “ഈ പറയുന്നതെല്ലാം വാസ്തവമാണോ?” സ്തേഫാനോസ് പ്രതിവചിച്ചു: “സഹോദരന്മാരേ, പിതാക്കന്മാരേ, ശ്രദ്ധിച്ചാലും! നമ്മുടെ പിതാവായ അബ്രഹാം ഹാരാനില്‍ വാസമുറപ്പിക്കുന്നതിനു മുമ്പ് മെസോപ്പൊത്തേമ്യയില്‍ പാര്‍ത്തിരുന്നപ്പോള്‍, തേജോമയനായ ദൈവം അദ്ദേഹത്തിനു പ്രത്യക്ഷനായി അരുള്‍ചെയ്തു: ‘നിന്‍റെ ചാര്‍ച്ചക്കാരെയും ദേശത്തെയും വിട്ട്, ഞാന്‍ നിനക്കു കാണിച്ചുതരുവാനിരിക്കുന്ന ദേശത്തേക്കു പോകുക.’ അങ്ങനെ അദ്ദേഹം കല്ദയരുടെ ദേശം വിട്ട് ഹാരാനില്‍ വന്നു വാസമുറപ്പിച്ചു. അദ്ദേഹത്തിന്‍റെ പിതാവ് അന്തരിച്ചശേഷം ദൈവം അദ്ദേഹത്തെ അവിടെനിന്ന് നിങ്ങള്‍ ഇപ്പോള്‍ നിവസിക്കുന്ന ഈ ദേശത്തേക്കു മാറ്റി പാര്‍പ്പിച്ചു. എങ്കിലും ഒരു ചുവട്ടടി ഭൂമിപോലും അദ്ദേഹത്തിനു അവകാശപ്പെടുത്തിക്കൊടുത്തില്ല. ആ സമയത്ത് അദ്ദേഹത്തിന് ഒരു സന്താനവും ഇല്ലാതിരുന്നിട്ടുപോലും അദ്ദേഹത്തിനും അദ്ദേഹത്തിന്‍റെ കാലശേഷം സന്താനപരമ്പരയ്‍ക്കും അതിന്‍റെ പൂര്‍ണാവകാശം നല്‌കുമെന്ന് ദൈവം വാഗ്ദാനം ചെയ്തു; അബ്രഹാമിന്‍റെ സന്തതി അന്യദേശത്തു പോയി പാര്‍ക്കുകയും ആ ദേശക്കാര്‍ അവരെ അടിമകളാക്കി നാനൂറു വര്‍ഷം പീഡിപ്പിക്കുകയും ചെയ്യുമെന്ന് അവിടുന്ന് അരുള്‍ചെയ്തു. ‘എന്നാല്‍ അവര്‍ ആര്‍ക്കു ദാസ്യവേല ചെയ്യുന്നുവോ ആ ജനതയെ ഞാന്‍ വിധിക്കും; അതിനുശേഷം അവര്‍ ആ രാജ്യം വിട്ട് ഈ സ്ഥലത്തുവന്ന് എന്നെ ആരാധിക്കും’ എന്നും ദൈവം അരുളിച്ചെയ്തു. പിന്നീട് അബ്രഹാമിന് ഒരു ഉടമ്പടി നല്‌കി. അതിന്‍റെ സൂചനയായി ഏര്‍പ്പെടുത്തിയതാണ് പരിച്ഛേദനകര്‍മം. അപ്രകാരം ഇസ്ഹാക്ക് ജനിച്ചപ്പോള്‍ എട്ടാം ദിവസം ആ ശിശുവിന്‍റെ പരിച്ഛേദനകര്‍മം നടത്തി. ഇസ്ഹാക്കിന് യാക്കോബ് എന്ന പുത്രനുണ്ടായി. യാക്കോബിന്‍റെ പുത്രന്മാരായിരുന്നു പന്ത്രണ്ടു ഗോത്രപിതാക്കന്മാര്‍. “അവര്‍ യോസേഫിനോട് അസൂയപൂണ്ട് അദ്ദേഹത്തെ ഈജിപ്തുകാര്‍ക്കു വിറ്റുകളഞ്ഞു. എന്നാല്‍ ദൈവം യോസേഫിനോടുകൂടി ഉണ്ടായിരുന്നു. അവിടുന്ന് എല്ലാ കഷ്ടതകളില്‍നിന്നും അദ്ദേഹത്തെ വിടുവിച്ചു. ഈജിപ്തിലെ രാജാവായ ഫറവോന്‍റെ മുമ്പില്‍ ചെന്നപ്പോള്‍ ദൈവകൃപയും ജ്ഞാനവും അദ്ദേഹത്തിനു നല്‌കപ്പെട്ടു. ഫറവോന്‍ അദ്ദേഹത്തെ ഈജിപ്തിന്‍റെ ഗവര്‍ണറും കൊട്ടാരം കാര്യസ്ഥനുമായി നിയമിച്ചു. അക്കാലത്ത് ഈജിപ്തില്‍ എല്ലായിടത്തും, കനാനിലും, ക്ഷാമവും മഹാകഷ്ടതയും ഉണ്ടായി. നമ്മുടെ പിതാക്കന്മാര്‍ക്ക് ആഹാരം കിട്ടാതെയായി. ഈജിപ്തില്‍ ധാന്യമുണ്ടെന്നു യാക്കോബു കേട്ടിട്ട് നമ്മുടെ പിതാക്കന്മാരെ ആദ്യമായി അവിടേക്കയച്ചു. രണ്ടാം പ്രാവശ്യം അവര്‍ ചെന്നപ്പോള്‍ യോസേഫ് തന്നെത്തന്നെ സഹോദരന്മാര്‍ക്കു വെളിപ്പെടുത്തി; ഫറവോനും യോസേഫിന്‍റെ കുടുംബാംഗങ്ങളെ അറിയുവാനിടയായി. യോസേഫ് തന്‍റെ പിതാവായ യാക്കോബിനെയും അദ്ദേഹത്തിന്‍റെ കുടുംബത്തിലുള്ള എല്ലാവരെയും ആളയച്ചു വിളിപ്പിച്ചു. അവര്‍ ആകെ എഴുപത്തഞ്ചു പേരുണ്ടായിരുന്നു. യാക്കോബ് ഈജിപ്തിലേക്കു പോയി; അവിടെവച്ച് അദ്ദേഹവും നമ്മുടെ പിതാക്കന്മാരും മരണമടഞ്ഞു. അവരുടെ മൃതദേഹങ്ങള്‍ ശേഖേമിലേക്കു കൊണ്ടുപോയി. ഹാമോരിന്‍റെ പുത്രന്മാരോട് അബ്രഹാം വിലകൊടുത്തു വാങ്ങിയ കല്ലറയില്‍ അവരെ സംസ്കരിച്ചു. “ദൈവം അബ്രഹാമിനോടു ചെയ്ത വാഗ്ദാനം നിറവേറേണ്ട കാലം സമീപിച്ചപ്പോള്‍ ഈജിപ്തില്‍ ഇസ്രായേല്‍ജനങ്ങള്‍ വളരെ വര്‍ധിച്ചു. ഒടുവില്‍ യോസേഫിനെപ്പറ്റി അറിഞ്ഞിട്ടില്ലാത്ത ഒരു രാജാവ് ഈജിപ്തില്‍ ഭരണമാരംഭിച്ചു. ആ രാജാവ് കൗശലപൂര്‍വം നമ്മുടെ വംശത്തോടു പെരുമാറി; നമ്മുടെ പിതാക്കന്മാരെ പീഡിപ്പിക്കുകയും, ശിശുക്കള്‍ ജീവനോടെ ശേഷിക്കാതിരിക്കേണ്ടതിന് അവരെ പുറത്തുകളയുവാന്‍ കല്പന പുറപ്പെടുവിക്കുകയും ചെയ്തു. ഈ സമയത്താണ് മോശ ജനിച്ചത്. അതികോമളനായ ഒരു ശിശുവായിരുന്നു മോശ. മൂന്നു മാസം ആ കുട്ടിയെ പിതൃഗൃഹത്തില്‍ വളര്‍ത്തി. പിന്നീട് അവനെ പുറത്തുകളഞ്ഞു. അതിനുശേഷം ഫറവോന്‍റെ പുത്രി അവനെ എടുത്തു സ്വന്തം മകനായി വളര്‍ത്തി. ഈജിപ്തുകാരുടെ എല്ലാ വിജ്ഞാനവും മോശ അഭ്യസിച്ചു. വാക്കിലും പ്രവൃത്തിയിലും അദ്ദേഹം പ്രഗല്ഭനായിത്തീര്‍ന്നു. “നാല്പതു വയസ്സായപ്പോള്‍ ഇസ്രായേല്യരായ തന്‍റെ സഹോദരന്മാരെ സന്ദര്‍ശിക്കണമെന്നു മോശയ്‍ക്കു തോന്നി. അവരില്‍ ഒരുവനോട് ഒരു ഈജിപ്തുകാരന്‍ അന്യായമായി പെരുമാറുന്നത് അദ്ദേഹം കണ്ടു. അദ്ദേഹം മര്‍ദിതനായ ഇസ്രായേല്യന്‍റെ സഹായത്തിനെത്തുകയും, ആ ഈജിപ്തുകാരനെ അടിച്ചുകൊന്ന് മര്‍ദിതനുവേണ്ടി പ്രതികാരം നടത്തുകയും ചെയ്തു. താന്‍ മുഖാന്തരം സ്വജനങ്ങളെ വിമോചിപ്പിക്കുവാന്‍ പോകുകയാണെന്ന് അവര്‍ ഗ്രഹിക്കുമെന്നായിരുന്നു മോശ വിചാരിച്ചത്. പക്ഷേ, അവര്‍ അതു മനസ്സിലാക്കിയില്ല. പിറ്റേദിവസം രണ്ട് ഇസ്രായേല്യര്‍ തമ്മില്‍ ശണ്ഠകൂടിക്കൊണ്ടിരിക്കുമ്പോള്‍ അവരെ രഞ്ജിപ്പിക്കുന്നതിനായി മോശ പറഞ്ഞു: “നിങ്ങള്‍ സഹോദരന്മാരല്ലേ? നിങ്ങള്‍ തമ്മില്‍ അന്യായം പ്രവര്‍ത്തിക്കുന്നത് എന്തുകൊണ്ട്? എന്നാല്‍, തന്‍റെ സഹോദരനോട് അന്യായം പ്രവര്‍ത്തിച്ചവന്‍ അദ്ദേഹത്തെ തള്ളിമാറ്റിക്കൊണ്ടു ചോദിച്ചു: നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനും ആക്കിയത് ആരാണ്? ഇന്നലെ ആ ഈജിപ്തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലുവാനാണോ ഭാവം? ഈ മറുപടി കേട്ട് മോശ ഓടിപ്പോയി. അദ്ദേഹം മിദ്യാനില്‍ ചെന്ന് പരദേശിയായി പാര്‍ത്തു. അവിടെവച്ച് അദ്ദേഹത്തിനു രണ്ടു പുത്രന്മാര്‍ ജനിച്ചു. “നാല്പതു വര്‍ഷം കഴിഞ്ഞ്, സീനായ്മലയുടെ സമീപത്തുള്ള മരുഭൂമിയില്‍ കത്തുന്ന മുള്‍പ്പടര്‍പ്പില്‍ ഒരു ദൈവദൂതന്‍ മോശയ്‍ക്കു പ്രത്യക്ഷപ്പെട്ടു. ഈ ദര്‍ശനം ഉണ്ടായപ്പോള്‍ അദ്ദേഹം ആശ്ചര്യഭരിതനായി. സൂക്ഷിച്ചു നോക്കുന്നതിനായി അടുത്തു ചെന്നപ്പോള്‍ ‘ഞാന്‍ നിന്‍റെ പിതാക്കന്മാരുടെ ദൈവമാകുന്നു; അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം’ എന്നു സര്‍വേശ്വരന്‍ അരുള്‍ചെയ്ത ശബ്ദം കേട്ടു. അപ്പോള്‍ അദ്ദേഹം ഭയപ്പെട്ടു വിറച്ചു; അങ്ങോട്ടു നോക്കുവാന്‍ ധൈര്യപ്പെട്ടില്ല. “സര്‍വേശ്വരന്‍ തുടര്‍ന്ന് അരുള്‍ചെയ്തു: ‘നിന്‍റെ കാലില്‍നിന്നു ചെരുപ്പ് ഊരിക്കളയുക; നീ നില്‌ക്കുന്ന സ്ഥലം പരിശുദ്ധമാകുന്നു. ഈജിപ്തില്‍ എന്‍റെ ജനങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ഞാന്‍ കണ്ടിരിക്കുന്നു; അവരുടെ നെടുവീര്‍പ്പും ഞാന്‍ കേട്ടു; അവരെ മോചിപ്പിക്കുവാന്‍ ഞാന്‍ ഇറങ്ങിവന്നിരിക്കുന്നു. അതുകൊണ്ട് വരിക, ഞാന്‍ നിന്നെ ഈജിപ്തിലേക്ക് അയയ്‍ക്കും. “നിന്നെ ഞങ്ങളുടെ അധികാരിയും വിധികര്‍ത്താവും ആക്കിയത് ആരാണ്?’ എന്നു ചോദിച്ചുകൊണ്ട് അവര്‍ നിരസിച്ച ഈ മോശയെതന്നെ, മുള്‍പ്പടര്‍പ്പില്‍ പ്രത്യക്ഷപ്പെട്ട ദൈവദൂതന്‍ മുഖാന്തരം അവരുടെ വിമോചകനും അധികാരിയുമായി ദൈവം അയച്ചു. അദ്ദേഹം ഈജിപ്തിലും ചെങ്കടലിലും അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചുകൊണ്ട് നാല്പതു വര്‍ഷക്കാലം മരുഭൂമിയിലൂടെ അവരെ നയിച്ചു. ‘എന്നെ എന്നപോലെ ഒരു പ്രവാചകനെ ദൈവം നിങ്ങളുടെ സഹോദരന്മാരില്‍നിന്ന് നിങ്ങള്‍ക്കുവേണ്ടി എഴുന്നേല്പിക്കും’ എന്ന് ഇസ്രായേല്‍ജനത്തോടു പറഞ്ഞതും ഈ മോശ തന്നെയാണ്. സീനായ്മലയില്‍ ദൈവദൂതനോടു സംസാരിച്ചതും, മരുഭൂമിയില്‍ ഇസ്രായേല്യസഭയോടും നമ്മുടെ പിതാക്കന്മാരോടുംകൂടി ഉണ്ടായിരുന്നതും അദ്ദേഹമാണ്. നമുക്കു നല്‌കുവാനായി ദൈവത്തിന്‍റെ ജീവദായകമായ അരുളപ്പാടു ലഭിച്ചതും അദ്ദേഹത്തിനു തന്നെയാണ്. “എന്നാല്‍ നമ്മുടെ പിതാക്കന്മാര്‍ അദ്ദേഹത്തെ അനുസരിക്കുവാന്‍ കൂട്ടാക്കിയില്ല; അവര്‍ അദ്ദേഹത്തെ തള്ളിക്കളഞ്ഞു; അവര്‍ ഉള്ളുകൊണ്ട് ഈജിപ്തിലേക്കു പിന്തിരിഞ്ഞു. അവര്‍ അഹരോനോടു പറഞ്ഞു: ‘ഞങ്ങളെ നയിക്കുവാന്‍ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ആ മോശയ്‍ക്ക് എന്തു സംഭവിച്ചു എന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ.’ അക്കാലത്താണ് അവര്‍ കാളക്കുട്ടിയുടെ വിഗ്രഹം ഉണ്ടാക്കിയതും അതിനു ബലിയര്‍പ്പിച്ചതും. അങ്ങനെ തങ്ങളുടെ കൈപ്പണിയില്‍ അവര്‍ ഉല്ലസിച്ചു. അപ്പോള്‍ ദൈവം മുഖംതിരിക്കുകയും അവരെ ആകാശത്തിലെ നക്ഷത്രരാശിയെ ആരാധിക്കുവാന്‍വേണ്ടി വിടുകയും ചെയ്തു. പ്രവാചകന്മാരുടെ ഗ്രന്ഥത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ഇസ്രായേല്‍ ഗൃഹമേ! നിങ്ങള്‍ മരുഭൂമിയില്‍ നാല്പതു വര്‍ഷം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അര്‍പ്പിച്ചത് എനിക്കായിരുന്നുവോ? നിങ്ങള്‍ ആരാധിക്കുവാനുണ്ടാക്കിയ വിഗ്രഹങ്ങളായ മോലേക്കിന്‍റെ കൂടാരവും രേഫാന്‍ദേവന്‍റെ നക്ഷത്രവും നിങ്ങള്‍ എടുത്തുകൊണ്ടു നടന്നുവല്ലോ. അതുകൊണ്ട് ഞാന്‍ നിങ്ങളെ ബാബിലോണിന് അപ്പുറത്തേക്കു നാടുകടത്തും. “നമ്മുടെ പിതാക്കന്മാര്‍ക്കു മരുഭൂമിയില്‍ ദൈവസാന്നിധ്യത്തിന്‍റെ സാക്ഷ്യം വഹിക്കുന്ന കൂടാരമുണ്ടായിരുന്നു. ദൈവം മോശയോട് അരുളിച്ചെയ്തപ്രകാരം അദ്ദേഹത്തിനു കാണിച്ചുകൊടുത്ത രൂപമാതൃകയില്‍ നിര്‍മിച്ചതായിരുന്നു അത്. പിന്‍തലമുറയിലെ നമ്മുടെ പിതാക്കന്മാര്‍ അത് ഏറ്റുവാങ്ങി; അവരുടെ മുമ്പില്‍നിന്നു ദൈവം നീക്കിക്കളഞ്ഞ ജനതകളുടെ കൈവശഭൂമിയിലേക്ക് യോശുവയോടുകൂടി അവര്‍ പ്രവേശിച്ചപ്പോള്‍ ആ സാക്ഷ്യകൂടാരവും അവര്‍ കൊണ്ടുവന്ന് ദാവീദിന്‍റെ കാലംവരെ സൂക്ഷിച്ചു. ദാവീദ് ദൈവകൃപ ലഭിച്ചവനായിരുന്നു. യാക്കോബിന്‍റെ ദൈവത്തിന് ഒരു മന്ദിരമുണ്ടാക്കുവാന്‍ അനുവദിക്കണമെന്ന് ദാവീദു ദൈവത്തോടപേക്ഷിച്ചു. പക്ഷേ, ശലോമോനായിരുന്നു ദൈവത്തിന് ഒരാലയം നിര്‍മിച്ചത്. “എന്നാല്‍ അത്യുന്നതനായ ദൈവം മനുഷ്യകരങ്ങള്‍ക്കൊണ്ടു നിര്‍മിക്കുന്ന മന്ദിരങ്ങളില്‍ വസിക്കുന്നില്ല. പ്രവാചകന്‍ പറയുന്നു: ‘സ്വര്‍ഗം എന്‍റെ സിംഹാസനവും ഭൂമി എന്‍റെ പാദപീഠവുമാകുന്നു; എങ്ങനെയുള്ള ഭവനമാണ് നിങ്ങള്‍ എനിക്കുവേണ്ടി നിര്‍മിക്കുന്നത്? എന്‍റെ വിശ്രമസ്ഥലം ഏത്? ഇവയെല്ലാം എന്‍റെ കരം നിര്‍മിച്ചവയല്ലേ?’ എന്നു സര്‍വേശ്വരന്‍ അരുള്‍ചെയ്യുന്നു. “ദുശ്ശാഠ്യക്കാരേ, ഹൃദയത്തില്‍ ഇപ്പോഴും ദൈവബോധമില്ലാത്തവരേ, സത്യത്തിനു ചെവികൊടുക്കാത്തവരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ നിങ്ങളും എപ്പോഴും പരിശുദ്ധാത്മാവിനോട് എതിര്‍ക്കുന്നു! പ്രവാചകന്മാരില്‍ ആരെയെങ്കിലും നിങ്ങളുടെ പിതാക്കന്മാര്‍ പീഡിപ്പിക്കാതിരുന്നിട്ടുണ്ടോ? നീതിമാനായവന്‍റെ ആഗമനത്തെക്കുറിച്ചു മുന്‍കൂട്ടി അറിയിച്ചവരെ അവര്‍ നിഗ്രഹിക്കുകയത്രേ ചെയ്തത്. നിങ്ങളാകട്ടെ, ഇപ്പോള്‍ ആ നീതിമാനെ ഒറ്റിക്കൊടുക്കുകയും വധിക്കുകയും ചെയ്തിരിക്കുന്നു. ദൈവദൂതന്മാരില്‍കൂടി നിങ്ങള്‍ക്കു ധര്‍മശാസ്ത്രം ലഭിച്ചു. എന്നാല്‍ നിങ്ങള്‍ അത് അനുസരിച്ചില്ല.” ഇതു കേട്ടപ്പോള്‍ സന്നദ്രിംസംഘാംഗങ്ങള്‍ കോപാക്രാന്തരായി സ്തേഫാനോസിന്‍റെ നേരെ പല്ലുകടിച്ചു. എന്നാല്‍ അദ്ദേഹം പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വര്‍ഗത്തിലേക്ക് ഉറ്റുനോക്കി; ദൈവത്തിന്‍റെ തേജസ്സ് അദ്ദേഹം ദര്‍ശിച്ചു; അവിടുത്തെ വലത്തുഭാഗത്ത് യേശു നില്‌ക്കുന്നതും കണ്ടു. അദ്ദേഹം പറഞ്ഞു: “ഇതാ സ്വര്‍ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്‍റെ വലത്തുഭാഗത്ത് നില്‌ക്കുന്നതും ഞാന്‍ കാണുന്നു.” ഉടനെ അവര്‍ ഉച്ചത്തില്‍ അട്ടഹസിച്ച് ചെവിപൊത്തിക്കൊണ്ട് സ്തേഫാനോസിന്‍റെ നേരെ പാഞ്ഞുചെന്ന് അദ്ദേഹത്തെ പിടിച്ചു നഗരത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു. സാക്ഷികള്‍ അവരുടെ പുറങ്കുപ്പായം ശൗല്‍ എന്നൊരു യുവാവിനെയാണ് ഏല്പിച്ചിരുന്നത്. അവര്‍ കല്ലെറിഞ്ഞുകൊണ്ടിരുന്നപ്പോള്‍ “കര്‍ത്താവായ യേശുവേ, എന്‍റെ ആത്മാവിനെ അങ്ങു കൈക്കൊള്ളണമേ” എന്നു സ്തേഫാനോസ് പ്രാര്‍ഥിച്ചു. അദ്ദേഹം മുട്ടുകുത്തിക്കൊണ്ട് “കര്‍ത്താവേ, ഈ പാപം ഇവരുടെമേല്‍ ചുമത്തരുതേ” എന്ന് അത്യുച്ചത്തില്‍ അപേക്ഷിച്ചു. ഇതു പറഞ്ഞിട്ട് അദ്ദേഹം അന്തരിച്ചു. സ്തേഫാനോസിന്‍റെ വധത്തെ ശൗല്‍ അനുകൂലിച്ചിരുന്നു. ആ ദിവസംതന്നെ യെരൂശലേമിലെ സഭയുടെനേരേയുള്ള നിഷ്ഠുരമായ പീഡനം ആരംഭിച്ചു; അപ്പോസ്തോലന്മാര്‍ ഒഴികെയുള്ള എല്ലാവരും യെഹൂദ്യ ശമര്യപ്രദേശങ്ങളുടെ നാനാഭാഗങ്ങളിലേക്കു ചിതറിപ്പോയി. ഏതാനും ഭക്തജനങ്ങള്‍ സ്തേഫാനോസിന്‍റെ മൃതദേഹം സംസ്കരിക്കുകയും അദ്ദേഹത്തെക്കുറിച്ചു വളരെയധികം വിലപിക്കുകയും ചെയ്തു. ശൗല്‍ ആകട്ടെ, വീടുതോറും കയറിയിറങ്ങി സ്‍ത്രീകളെയും പുരുഷന്മാരെയും വലിച്ചിഴച്ചു കാരാഗൃഹത്തിലടച്ചുകൊണ്ട് സഭയെ നശിപ്പിക്കുവാന്‍ ശ്രമിച്ചു. ചിതറിപ്പോയവര്‍ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ചുറ്റി സഞ്ചരിച്ചു. ഫീലിപ്പോസ് ശമര്യയിലെ ഒരു നഗരത്തില്‍ ചെന്ന് ക്രിസ്തുവിനെപ്പറ്റി പ്രഘോഷിച്ചു. ഫീലിപ്പോസിന്‍റെ പ്രസംഗം കേള്‍ക്കുകയും അദ്ദേഹം ചെയ്ത അദ്ഭുതങ്ങള്‍ കാണുകയും ചെയ്തപ്പോള്‍ ബഹുജനങ്ങള്‍ ഏകമനസ്സോടെ അദ്ദേഹത്തിന്‍റെ വാക്കുകള്‍ സ്വീകരിച്ചു. അശുദ്ധാത്മാക്കള്‍ ബാധിച്ചവരില്‍നിന്ന് അവ ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് ഒഴിഞ്ഞുപോയി; പക്ഷവാതരോഗികളും മുടന്തരുമായ അനേകമാളുകള്‍ സുഖം പ്രാപിച്ചു. അങ്ങനെ ആ പട്ടണത്തില്‍ അത്യധികമായ ആനന്ദമുണ്ടായി. അവിടെ ശിമോന്‍ എന്നു പേരുള്ള ഒരു മന്ത്രവാദിയുണ്ടായിരുന്നു. താന്‍ മഹാനാണെന്നു സ്വയം അവകാശപ്പെട്ടുകൊണ്ട് മാന്ത്രികവിദ്യകളാല്‍ അയാള്‍ ശമര്യയിലെ ജനത്തെ അദ്ഭുതപ്പെടുത്തിവന്നു. ‘മഹതി’ എന്ന ദിവ്യശക്തിയാണ് ഈ മനുഷ്യനില്‍ വ്യാപരിക്കുന്നതെന്ന് വലിയവരും ചെറിയവരും എന്ന ഭേദമന്യേ ആ പട്ടണത്തിലുള്ള എല്ലാവരും പറഞ്ഞു. തന്‍റെ ക്ഷുദ്രപ്രയോഗംകൊണ്ട് ദീര്‍ഘകാലമായി അയാള്‍ അവരെ അമ്പരപ്പിച്ചിരുന്നതിനാല്‍ അയാള്‍ പറയുന്നത് അവര്‍ സ്വീകരിച്ചുപോന്നു. എങ്കിലും ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്‍റെ നാമത്തെയുംകുറിച്ച് ഫീലിപ്പോസ് പ്രസംഗിച്ച സുവിശേഷം വിശ്വസിച്ച പുരുഷന്മാരും സ്‍ത്രീകളും സ്നാപനം സ്വീകരിച്ചു. ശിമോന്‍പോലും വിശ്വസിച്ചു; അയാള്‍ സ്നാപനം സ്വീകരിച്ചശേഷം ഫീലിപ്പോസിനോടു ചേര്‍ന്നുനിന്നു. അവിടെ നടന്ന വലിയ അദ്ഭുതങ്ങളും അടയാളങ്ങളും കണ്ട് ശിമോന്‍ ആശ്ചര്യഭരിതനായി. ശമര്യയിലെ ജനങ്ങള്‍ ദൈവവചനം കൈക്കൊണ്ടു എന്ന് യെരൂശലേമിലുള്ള അപ്പോസ്തോലന്മാര്‍ കേട്ട് അവര്‍ പത്രോസിനെയും യോഹന്നാനെയും അവരുടെ അടുക്കലേക്കയച്ചു. അവര്‍ ചെന്ന് ശമര്യയിലെ വിശ്വാസികള്‍ക്കു പരിശുദ്ധാത്മാവു ലഭിക്കുന്നതിനുവേണ്ടി പ്രാര്‍ഥിച്ചു. അതുവരെ ആരിലും പരിശുദ്ധാത്മാവു വന്നിട്ടില്ലായിരുന്നു. അവര്‍ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ സ്നാപനം സ്വീകരിച്ചിരുന്നതേയുള്ളൂ. പിന്നീട് പത്രോസും യോഹന്നാനും അവരുടെമേല്‍ കൈകള്‍ വയ്‍ക്കുകയും അവര്‍ക്കു പരിശുദ്ധാത്മാവു ലഭിക്കുകയും ചെയ്തു. അപ്പോസ്തോലന്മാരുടെ കൈവയ്പുമൂലം അവര്‍ക്കു പരിശുദ്ധാത്മാവു ലഭിച്ചത് ശിമോന്‍ കണ്ടു. അയാള്‍ പത്രോസിനും യോഹന്നാനും പണം സമര്‍പ്പിച്ചുകൊണ്ട് “ഞാന്‍ ആരുടെമേല്‍ കൈകള്‍ വയ്‍ക്കുന്നുവോ അവര്‍ക്കു പരിശുദ്ധാത്മാവു ലഭിക്കുന്നതിനുള്ള ഈ അധികാരം എനിക്കും നല്‌കിയാലും” എന്ന് അവരോടപേക്ഷിച്ചു. അപ്പോള്‍ പത്രോസ് പ്രതിവചിച്ചു: “ദൈവത്തിന്‍റെ വരദാനം പണം കൊടുത്തു വാങ്ങാമെന്നു നീ വിചാരിച്ചതുകൊണ്ട് നീയും നിന്‍റെ പണവും നശിക്കട്ടെ! നിന്‍റെ ഹൃദയം ദൈവത്തിന്‍റെ ദൃഷ്‍ടിയില്‍ നേരുള്ളതല്ലാത്തതുകൊണ്ട് ഇക്കാര്യത്തില്‍ നിനക്കു പങ്കും ഓഹരിയുമില്ല. അതുകൊണ്ട് ഈ ദുഷ്ടതയെക്കുറിച്ച് അനുതപിച്ചു കര്‍ത്താവിനോടു പ്രാര്‍ഥിക്കുക. നിന്‍റെ ഹൃദയത്തിലെ ദുഷ്ടവിചാരം ഒരുവേള ക്ഷമിക്കപ്പെട്ടേക്കാം. നീ ഉള്‍പ്പകയുടെ കയ്പിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു എന്നു ഞാന്‍ കാണുന്നു.” അപ്പോള്‍ ശിമോന്‍, “അങ്ങു പറഞ്ഞതൊന്നും എനിക്കു ഭവിക്കാതിരിക്കുവാന്‍ എനിക്കുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ഥിക്കണമേ” എന്ന് അപേക്ഷിച്ചു. ശമര്യയിലെ അനേകം ഗ്രാമങ്ങളില്‍ സാക്ഷ്യം വഹിക്കുകയും കര്‍ത്താവിന്‍റെ സന്ദേശം അറിയിക്കുകയും ചെയ്തുകൊണ്ട് പത്രോസും യോഹന്നാനും യെരൂശലേമിലേക്കു മടങ്ങിപ്പോയി. കര്‍ത്താവിന്‍റെ ദൂതന്‍ ഫീലിപ്പോസിനോട്, “ദക്ഷിണദിക്കിലേക്ക്, യെരൂശലേമില്‍നിന്നു ഗസെയിലേക്കുള്ള നിര്‍ജനമായ വഴിയിലൂടെ പോകുക” എന്നു പറഞ്ഞു. ഫീലിപ്പോസ് ഉടനെ പുറപ്പെട്ടു; പോകുന്ന വഴി ഷണ്ഡനായ ഒരു എത്യോപ്യനെ കണ്ടുമുട്ടി. അദ്ദേഹം എത്യോപ്യാരാജ്ഞിയായ കന്ദക്കയുടെ ഭണ്ഡാരവകുപ്പിന്‍റെ മേലധികാരിയായിരുന്നു. അദ്ദേഹം യെരൂശലേമില്‍ ചെന്ന് ആരാധന നടത്തിയശേഷം മടങ്ങിപ്പോകുകയായിരുന്നു; രഥത്തില്‍ യാത്ര ചെയ്യുമ്പോള്‍ യെശയ്യാപ്രവാചകന്‍റെ പുസ്‍തകം വായിച്ചുകൊണ്ടിരുന്നു. “ആ രഥത്തോടു ചേര്‍ന്നു നടക്കുക” എന്ന് ആത്മാവ് ഫീലിപ്പോസിനോടു പറഞ്ഞു. ഫീലിപ്പോസ് ഓടി രഥത്തിന്‍റെ അടുത്തുചെന്നപ്പോള്‍ യെശയ്യാപ്രവാചകന്‍റെ പുസ്‍തകം വായിക്കുന്നതുകേട്ട് അദ്ദേഹത്തോടു ചോദിച്ചു: “താങ്കള്‍ വായിക്കുന്നത് എന്താണ് എന്നു ഗ്രഹിക്കുന്നുണ്ടോ?” അദ്ദേഹം പ്രതിവചിച്ചു: “ആരെങ്കിലും വ്യാഖ്യാനിച്ചുതരാതെ എങ്ങനെ ഗ്രഹിക്കും?” പിന്നീട് തേരില്‍ കയറി തന്‍റെ കൂടെ ഇരിക്കുവാന്‍ അദ്ദേഹം ഫീലിപ്പോസിനെ ക്ഷണിച്ചു. വിശുദ്ധഗ്രന്ഥത്തില്‍നിന്ന് അദ്ദേഹം വായിച്ചഭാഗം ഇതായിരുന്നു: അവിടുന്ന് അറുക്കുവാന്‍ കൊണ്ടുപോകുന്ന ആടിനെപ്പോലെ ആയിരുന്നു; രോമം കത്രിക്കുന്നവന്‍റെ മുമ്പില്‍ നിശ്ശബ്ദനായിരിക്കുന്ന കുഞ്ഞാടിനെപ്പോലെതന്നെ, അവിടുന്നു വായ് തുറക്കാതിരുന്നു. അപമാനിതനായ അദ്ദേഹത്തിനു നീതി നിഷേധിക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ പിന്‍ഗാമികളെക്കുറിച്ച് ആരു പ്രസ്താവിക്കും? ഭൂമിയില്‍നിന്ന് അവിടുത്തെ ജീവന്‍ എടുത്തുകളഞ്ഞിരിക്കുന്നുവല്ലോ. “ആരെക്കുറിച്ചാണു പ്രവാചകന്‍ ഇതു പറയുന്നത്, തന്നെക്കുറിച്ചുതന്നെയോ, അതോ വേറെ വല്ലവരെയുംകുറിച്ചോ? പറഞ്ഞുതന്നാലും” എന്ന് അദ്ദേഹം ഫീലിപ്പോസിനോട് അപേക്ഷിച്ചു. ഈ വേദഭാഗം ആധാരമാക്കി ഫീലിപ്പോസ് യേശുവിനെപ്പറ്റിയുള്ള സുവിശേഷം അദ്ദേഹത്തെ അറിയിച്ചു. അങ്ങനെ അവര്‍ സഞ്ചരിക്കുമ്പോള്‍ വെള്ളമുള്ള ഒരു സ്ഥലത്തെത്തി. “ഇതാ വെള്ളം; ഞാന്‍ സ്നാപനം സ്വീകരിക്കുന്നതിന് എന്താണു പ്രതിബന്ധം?” എന്ന് അദ്ദേഹം ഫീലിപ്പോസിനോടു ചോദിച്ചു. “താങ്കള്‍ പൂര്‍ണഹൃദയത്തോടെ വിശ്വസിക്കുന്നുവെങ്കില്‍ അങ്ങനെ ആകാം” എന്നു ഫീലിപ്പോസ് പറഞ്ഞു. “യേശുക്രിസ്തു ദൈവപുത്രന്‍ എന്നു ഞാന്‍ വിശ്വസിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു. രഥം നിറുത്തുവാന്‍ ആ ഉദ്യോഗസ്ഥന്‍ ആജ്ഞാപിച്ചു. അവര്‍ ഇരുവരും വെള്ളത്തിലിറങ്ങി. ഫീലിപ്പോസ് അദ്ദേഹത്തെ സ്നാപനം ചെയ്തു. അവര്‍ വെള്ളത്തില്‍നിന്നു കയറിയപ്പോള്‍ കര്‍ത്താവിന്‍റെ ആത്മാവു ഫീലിപ്പോസിനെ എടുത്തുകൊണ്ടുപോയി. ആ ഉദ്യോഗസ്ഥന്‍ പിന്നീടു ഫീലിപ്പോസിനെ കണ്ടില്ല; എങ്കിലും അദ്ദേഹം ആനന്ദത്തോടെ യാത്ര തുടര്‍ന്നു. ഫീലിപ്പോസിനെ പിന്നീടു കാണുന്നത് അസ്തോദില്‍ വച്ചാണ്. കൈസര്യയില്‍ എത്തുന്നതുവരെ പല പട്ടണങ്ങളിലും സുവിശേഷം പ്രസംഗിച്ചുകൊണ്ട് അദ്ദേഹം യാത്ര ചെയ്തു. കര്‍ത്താവിന്‍റെ ശിഷ്യന്മാരെയെല്ലാം കൊന്നൊടുക്കുമെന്ന് ശൗല്‍ ഭീഷണി മുഴക്കി. ക്രിസ്തുമാര്‍ഗം സ്വീകരിച്ച സ്‍ത്രീകളെയോ പുരുഷന്മാരെയോ കണ്ടാല്‍, അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുന്നതിന് തന്നെ അധികാരപ്പെടുത്തുന്ന കത്തുകള്‍ ദമാസ്കസിലെ സുനഗോഗുകളിലേക്കു മഹാപുരോഹിതന്‍റെ പക്കല്‍നിന്ന് അദ്ദേഹം വാങ്ങി. അങ്ങനെ ശൗല്‍ പുറപ്പെട്ട് ദമാസ്കസിനു സമീപത്തെത്തി. പെട്ടെന്ന് ആകാശത്തുനിന്ന് ഉജ്ജ്വലമായ ഒരു മിന്നലൊളി അദ്ദേഹത്തെ വലയം ചെയ്തു. തല്‍ക്ഷണം അദ്ദേഹം നിലംപതിച്ചു; “ശൗലേ, ശൗലേ, നീ എന്തിന് എന്നെ ഉപദ്രവിക്കുന്നു?” എന്ന് ഒരശരീരിയും കേട്ടു. “അങ്ങ് ആരാകുന്നു കര്‍ത്താവേ?” എന്നു ശൗല്‍ ചോദിച്ചു. “നീ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന യേശുവാണു ഞാന്‍. നീ എഴുന്നേറ്റു പട്ടണത്തിലേക്കു ചെല്ലുക; നീ എന്താണു ചെയ്യേണ്ടതെന്ന് അവിടെവച്ചു നിന്നോടു പറയും” എന്ന് അവിടുന്നു പ്രതിവചിച്ചു. ശൗലിനോടുകൂടി യാത്രചെയ്തിരുന്നവര്‍ ആ ശബ്ദം കേട്ടതല്ലാതെ ആരെയും കണ്ടില്ല. അവര്‍ സ്തംഭിച്ചുനിന്നുപോയി. ശൗല്‍ നിലത്തുനിന്ന് എഴുന്നേറ്റു കണ്ണു തുറന്നു; പക്ഷേ, ഒന്നും കാണാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് സഹയാത്രികര്‍ അദ്ദേഹത്തെ കൈക്കുപിടിച്ച് ദമാസ്കസിലേക്കു കൊണ്ടുപോയി. മൂന്നു ദിവസം അദ്ദേഹം കണ്ണു കാണാതെയും എന്തെങ്കിലും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യാതെയും കഴിച്ചുകൂട്ടി. ദമാസ്കസില്‍ അനന്യാസ് എന്ന ഒരു ക്രിസ്തുശിഷ്യനുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു ദര്‍ശനമുണ്ടായി. ദര്‍ശനത്തില്‍ “അനന്യാസേ,” എന്നു വിളിക്കുന്നതു കേട്ട്, “കര്‍ത്താവേ അടിയന്‍ ഇതാ” എന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ കര്‍ത്താവ് അദ്ദേഹത്തോടു കല്പിച്ചു: “നീ നേര്‍വീഥി എന്ന തെരുവില്‍ യൂദയുടെ വീട്ടില്‍ ചെന്ന് തര്‍സൊസുകാരനായ ശൗല്‍ എന്നയാളിനെ അന്വേഷിക്കുക; അവന്‍ പ്രാര്‍ഥിക്കുന്നു. തനിക്കു കാഴ്ച തിരിച്ചു കിട്ടുന്നതിനായി അനന്യാസ് എന്നൊരാള്‍ വന്നു തന്‍റെ തലയില്‍ കൈകള്‍ വയ്‍ക്കുന്നതായി ഒരു ദര്‍ശനത്തില്‍ അവന്‍ കണ്ടിരിക്കുന്നു.” അനന്യാസ് അതിനു മറുപടിയായി, “കര്‍ത്താവേ, യെരൂശലേമിലുള്ള അവിടുത്തെ ഭക്തജനങ്ങള്‍ക്ക് ആ മനുഷ്യന്‍ വളരെ അധികം ദ്രോഹം ചെയ്തിരിക്കുന്നു എന്നു പലരും പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്; ഇവിടെയും അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുന്നവരെ ബന്ധനസ്ഥരാക്കാന്‍ മഹാപുരോഹിതന്മാരുടെ അധികാരപത്രവുമായിട്ടാണ് അയാള്‍ വന്നിരിക്കുന്നത്” എന്നു പറഞ്ഞു. കര്‍ത്താവ് അനന്യാസിനോട്, “എങ്കിലും നീ പോകണം; വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേല്‍ജനതയുടെയും മുമ്പില്‍ എന്‍റെ നാമം വഹിക്കുന്നതിന് ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന പാത്രമാണ് അയാള്‍. എനിക്കുവേണ്ടി എന്തെല്ലാം കഷ്ടതകള്‍ അയാള്‍ സഹിക്കേണ്ടതുണ്ട് എന്നു ഞാന്‍ തന്നെ അയാള്‍ക്കു കാണിച്ചുകൊടുക്കും” എന്നു പറഞ്ഞു. അതനുസരിച്ച് അനന്യാസ് ആ വീട്ടില്‍ ചെന്നു, ശൗലിന്‍റെമേല്‍ കൈകള്‍ വച്ചുകൊണ്ട് പറഞ്ഞു: “ശൗലേ, സഹോദരാ, കാഴ്ചപ്രാപിക്കേണ്ടതിനും പരിശുദ്ധാത്മാവിന്‍റെ പൂര്‍ണമായ നിറവ് താങ്കളിലുണ്ടാകേണ്ടതിനും വഴിയില്‍വച്ചു താങ്കള്‍ക്കു പ്രത്യക്ഷനായ യേശു എന്ന കര്‍ത്താവ് എന്നെ ഇവിടേക്ക് അയച്ചിരിക്കുന്നു.” ഉടനെ ശൗലിന്‍റെ കണ്ണില്‍നിന്ന് ചെതുമ്പല്‍പോലെ ഏതോ ഒന്നു താഴെ വീണു. തല്‍ക്ഷണം അദ്ദേഹത്തിനു വീണ്ടും കാഴ്ച ലഭിച്ചു; ഉടനെതന്നെ സ്നാപനം സ്വീകരിക്കുകയും ഭക്ഷണം കഴിച്ചു ശക്തി പ്രാപിക്കുകയും ചെയ്തു. ദമാസ്കസിലുണ്ടായിരുന്ന ക്രിസ്തു ശിഷ്യന്മാരോടുകൂടി ശൗല്‍ കുറെനാള്‍ പാര്‍ത്തു. താമസംവിനാ, യേശു ദൈവപുത്രന്‍ തന്നെ എന്ന് അദ്ദേഹം സുനഗോഗുകളില്‍ പ്രഖ്യാപനം ചെയ്തു തുടങ്ങി. അദ്ദേഹത്തിന്‍റെ പ്രഭാഷണം കേട്ടവരെല്ലാം അദ്ഭുതപ്പെട്ടു. അവര്‍ ചോദിച്ചു: “ഈ മനുഷ്യനല്ലേ യെരൂശലേമില്‍ യേശുവിന്‍റെ നാമം ഉച്ചരിക്കുന്നവരെയെല്ലാം നശിപ്പിച്ചുകൊണ്ടിരുന്നത്? അങ്ങനെയുള്ളവരെ പിടിച്ചുകെട്ടി മുഖ്യപുരോഹിതന്മാരുടെ അടുക്കല്‍ കൊണ്ടുപോകുവാനല്ലേ അയാള്‍ ഇവിടെയും വന്നത്?” ശൗലാകട്ടെ, പൂര്‍വാധികം ശക്തിപ്രാപിക്കുകയും യേശുതന്നെ മശിഹാ എന്ന് ശക്തമായി സമര്‍ഥിച്ചുകൊണ്ട് ദമാസ്കസില്‍ നിവസിച്ചിരുന്ന യെഹൂദന്മാരെ മൊഴിമുട്ടിക്കുകയും ചെയ്തു. കുറെനാള്‍ കഴിഞ്ഞ് ശൗലിനെ വധിക്കുവാന്‍ യെഹൂദന്മാര്‍ ഗൂഢാലോചന നടത്തി. എന്നാല്‍ അദ്ദേഹം അതറിഞ്ഞു. അദ്ദേഹത്തെ പിടിച്ച് വധിക്കുന്നതിനുവേണ്ടി നഗരത്തിന്‍റെ പ്രവേശനദ്വാരങ്ങളില്‍ രാവും പകലും കാവല്‌ക്കാരെ നിറുത്തിയിരുന്നു. എന്നാല്‍ ഒരു രാത്രിയില്‍ ശൗലിന്‍റെ ശിഷ്യന്മാര്‍ അദ്ദേഹത്തെ മതിലിന്‍റെ മുകളിലൂടെ ഒരു കുട്ടയില്‍ കെട്ടിയിറക്കി വിട്ടു. ശൗല്‍ യെരൂശലേമിലെത്തി ക്രിസ്തുശിഷ്യന്മാരുടെകൂടെ ചേരുവാന്‍ ശ്രമിച്ചു. എന്നാല്‍ ശൗല്‍ ഒരു ശിഷ്യനാണെന്നു വിശ്വസിക്കാഞ്ഞതുമൂലം അവരെല്ലാവരും അദ്ദേഹത്തെ ഭയപ്പെട്ടു. അപ്പോള്‍ ബര്‍നബാസ് വന്ന് അദ്ദേഹത്തെ അപ്പോസ്തോലന്മാരുടെ അടുക്കലേക്കു കൂട്ടിക്കൊണ്ടുപോയി. വഴിയില്‍വച്ച് ശൗല്‍ കര്‍ത്താവിനെ ദര്‍ശിച്ചതും അവിടുന്ന് അദ്ദേഹത്തോടു സംസാരിച്ചതും പിന്നീട് ദമാസ്കസില്‍വച്ച് അദ്ദേഹം യേശുവിന്‍റെ നാമത്തില്‍ സുധീരം പ്രസംഗിച്ചതുമെല്ലാം ബര്‍നബാസ് വിവരിച്ചു പറഞ്ഞു. അങ്ങനെ ശൗല്‍ അവരോട് അടുത്ത് ഇടപെടുകയും, യെരൂശലേമില്‍ എല്ലായിടത്തും സഞ്ചരിച്ച് യേശുവിന്‍റെ നാമത്തില്‍ നിര്‍ഭയം പ്രസംഗിക്കുകയും ചെയ്തു. ഗ്രീക്കുഭാഷക്കാരായ യെഹൂദന്മാരോടും അദ്ദേഹം സംസാരിക്കുകയും തര്‍ക്കിക്കുകയും ചെയ്തു പോന്നു. എന്നാല്‍ അവര്‍ അദ്ദേഹത്തെ വധിക്കുവാന്‍ വട്ടംകൂട്ടി. അവിടുത്തെ സഹോദരന്മാര്‍ ഈ വിവരമറിഞ്ഞ് അദ്ദേഹത്തെ കൈസര്യയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവിടെനിന്നു തര്‍സൊസിലേക്ക് അയയ്‍ക്കുകയും ചെയ്തു. അങ്ങനെ യെഹൂദ്യ, ഗലീല, ശമര്യ എന്നീ പ്രദേശങ്ങളിലെങ്ങുമുള്ള സഭയ്‍ക്കു സമാധാനമുണ്ടായി. പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ സഭ ശക്തിപ്പെട്ടു; അംഗസംഖ്യ വര്‍ധിച്ചു; കര്‍ത്താവിനോടുള്ള ഭക്തിയില്‍ ജീവിക്കുകയും ചെയ്തു. പത്രോസ് എല്ലായിടവും ചുറ്റി സഞ്ചരിച്ചുകൊണ്ടിരുന്നു. അങ്ങനെ അദ്ദേഹം ലുദ്ദയിലെ ഭക്തജനങ്ങളുടെ അടുക്കലെത്തി. അവിടെ എട്ടു വര്‍ഷമായി പക്ഷവാതം പിടിപെട്ട് ശയ്യാവലംബിയായി കഴിഞ്ഞിരുന്ന ഐനിയാസ് എന്നൊരാളെ അദ്ദേഹം കണ്ടു. അയാളോടു പത്രോസ് പറഞ്ഞു: “ഐനിയാസേ, യേശുക്രിസ്തു ഇതാ നിനക്കു സൗഖ്യം നല്‌കുന്നു; എഴുന്നേറ്റു നീ തന്നെ കിടക്ക വിരിക്കുക.” തല്‍ക്ഷണം അയാള്‍ എഴുന്നേറ്റു. സുഖംപ്രാപിച്ച ഐനിയാസിനെ കണ്ടിട്ട് ലുദ്ദയിലും ശാരോനിലും പാര്‍ക്കുന്നവരെല്ലാം കര്‍ത്താവിങ്കലേക്കു തിരിഞ്ഞു. യോപ്പയില്‍ തബീഥാ എന്നൊരു ക്രിസ്തുശിഷ്യ ഉണ്ടായിരുന്നു. തബീഥാ എന്ന പേരിനു ഗ്രീക്കില്‍ ദോര്‍ക്കാസ്-പേടമാന്‍-എന്നാണര്‍ഥം. അവള്‍ ധാരാളം സല്‍പ്രവൃത്തികളും ദാനധര്‍മങ്ങളും ചെയ്യുന്നതില്‍ സദാ ജാഗരൂകയായിരുന്നു. ആയിടയ്‍ക്ക് ഒരു രോഗം പിടിപെട്ട് അവള്‍ മരണമടഞ്ഞു. മൃതദേഹം കുളിപ്പിച്ച് ഒരു മാളികമുറിയില്‍ കിടത്തി. പത്രോസ് തൊട്ടടുത്തുള്ള ലുദ്ദയിലുണ്ടെന്നു യോപ്പയിലെ ശിഷ്യന്മാരറിഞ്ഞു. അദ്ദേഹം കഴിയുന്നതും വേഗം യോപ്പയിലേക്കു ചെല്ലണമെന്നു നിര്‍ബന്ധപൂര്‍വം അപേക്ഷിക്കുന്നതിനായി രണ്ടു പേരെ ലുദ്ദയിലേക്കു പറഞ്ഞയച്ചു. പത്രോസ് അവരോടുകൂടി യോപ്പയില്‍ ചെന്നു. അവര്‍ അദ്ദേഹത്തെ മാളികമുറിയിലേക്ക് ആനയിച്ചു; ദോര്‍ക്കാസ് ജീവിച്ചിരുന്നപ്പോള്‍ ഉണ്ടാക്കിക്കൊടുത്ത കുപ്പായങ്ങളും ഉടുപ്പുകളും മറ്റും കാണിച്ചുകൊടുത്തുകൊണ്ട് വിധവമാര്‍ പത്രോസിന്‍റെ ചുറ്റുംനിന്നു വിലപിച്ചു. അവരെയെല്ലാം പുറത്തിറക്കി നിറുത്തിയശേഷം പത്രോസ് മുട്ടുകുത്തി പ്രാര്‍ഥിച്ചു. പിന്നീട് മൃതദേഹത്തിനു നേരെ തിരിഞ്ഞ്, “തബീഥയേ, എഴുന്നേല്‌ക്കൂ” എന്ന് ആജ്ഞാപിച്ചു. ഉടനെ അവള്‍ കണ്ണു തുറന്നു. പത്രോസിനെ കണ്ടപ്പോള്‍ അവള്‍ എഴുന്നേറ്റിരുന്നു. അദ്ദേഹം കൈകൊടുത്തു തബീഥയെ എഴുന്നേല്പിച്ചു. പിന്നീട് വിധവമാരെയും ഭക്തജനങ്ങളെയും വിളിച്ച് ജീവന്‍ പ്രാപിച്ച തബീഥയെ അവരുടെ മുമ്പില്‍ നിറുത്തി. യോപ്പയില്‍ എല്ലായിടത്തും ഈ വാര്‍ത്ത പരന്നു. അനേകം ആളുകള്‍ കര്‍ത്താവില്‍ വിശ്വസിച്ചു. യോപ്പയില്‍ ശിമോന്‍ എന്നയാളിന്‍റെ വീട്ടില്‍ അദ്ദേഹം വളരെനാള്‍ പാര്‍ത്തു. തുകല്‍ ഊറയ്‍ക്കിടുകയായിരുന്നു ശിമോന്‍റെ തൊഴില്‍. കൈസര്യയില്‍ കൊര്‍ന്നല്യോസ് എന്നൊരു ശതാധിപനുണ്ടായിരുന്നു. ‘ഇത്താലിക’ എന്ന സൈന്യദളത്തിലെ ശതാധിപന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ദൈവഭക്തനായ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ എല്ലാവരുംതന്നെ ഇസ്രായേലിന്‍റെ ദൈവത്തെ ആരാധിച്ചുപോന്നു. ഉദാരമായി ദാനധര്‍മങ്ങള്‍ ചെയ്യുകയും നിരന്തരമായി പ്രാര്‍ഥിക്കുകയും ചെയ്തുവന്നിരുന്ന ഒരാളായിരുന്നു കൊര്‍ന്നല്യോസ്. ഒരുദിവസം ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നുമണിക്ക് അദ്ദേഹത്തിന് ഒരു ദര്‍ശനമുണ്ടായി. ഒരു ദൈവദൂതന്‍ തന്‍റെ അടുക്കല്‍ വരുന്നത് ദര്‍ശനത്തില്‍ അദ്ദേഹം വ്യക്തമായി കണ്ടു. ദൈവദൂതന്‍ “കൊര്‍ന്നല്യോസേ” എന്നു വിളിച്ചു. ഭയപരവശനായിത്തീര്‍ന്ന അദ്ദേഹം തുറിച്ചുനോക്കിക്കൊണ്ട് “പ്രഭോ! എന്താകുന്നു?” എന്നു ചോദിച്ചു. ദൈവദൂതന്‍ പറഞ്ഞു: “താങ്കളുടെ പ്രാര്‍ഥനയും ദാനധര്‍മങ്ങളും ദൈവസന്നിധിയില്‍ എത്തിയിരിക്കുന്നു. യോപ്പയിലേക്ക് ഉടനെ ആളയച്ചു പത്രോസ് എന്നു വിളിക്കുന്ന ശിമോനെ വരുത്തുക; കടല്‍ത്തീരത്ത് തുകല്‍ ഊറയ്‍ക്കിടുന്ന ശിമോന്‍ എന്നൊരാളിന്‍റെ കൂടെയാണ് അദ്ദേഹം പാര്‍ക്കുന്നത്.” തന്നോടു സംസാരിച്ച ദൂതന്‍ പോയിക്കഴിഞ്ഞ്, കൊര്‍ന്നല്യോസ് തന്‍റെ ഭൃത്യന്മാരില്‍ രണ്ടു പേരെയും, തനിക്ക് അകമ്പടിസേവിക്കുന്ന വിശ്വസ്തനായ ഒരു പടയാളിയെയും വിളിച്ച് എല്ലാ വിവരങ്ങളും പറഞ്ഞ് യോപ്പയിലേക്കയച്ചു. അവര്‍ യാത്രചെയ്ത് പിറ്റേദിവസം ആ പട്ടണത്തോടു സമീപിച്ചപ്പോള്‍, പത്രോസ് മധ്യാഹ്നസമയത്തെ പ്രാര്‍ഥനയ്‍ക്കായി വീടിന്‍റെ മട്ടുപ്പാവിലേക്കു കയറിപ്പോയി. അദ്ദേഹത്തിനു വിശക്കുന്നുണ്ടായിരുന്നു. എന്തെങ്കിലും ഭക്ഷിക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചു. വീട്ടുകാര്‍ ഭക്ഷണം തയ്യാറാക്കുകയായിരുന്നു. തത്സമയം അദ്ദേഹം ഒരു ദിവ്യാനുഭൂതിയില്‍ വിലയം പ്രാപിച്ചു. ആകാശം തുറന്ന് വിസ്താരമുള്ള കപ്പല്‍പായ്പോലെയുള്ള ഏതോ ഒന്ന് നാലുമൂലയ്‍ക്കും കെട്ടി ഭൂമിയിലേക്ക് ഇറക്കുന്നതായി അദ്ദേഹം കണ്ടു. അതില്‍ ലോകത്തിലുള്ള സകല പക്ഷിമൃഗാദികളും ഇഴജന്തുക്കളും ഉണ്ടായിരുന്നു. “പത്രോസേ എഴുന്നേറ്റു കൊന്നു തിന്നു കൊള്ളുക” എന്നൊരു അശരീരിയും അദ്ദേഹം കേട്ടു. എന്നാല്‍ പത്രോസ് പറഞ്ഞു: “ഒരിക്കലും പാടില്ല, കര്‍ത്താവേ! നിഷിദ്ധമോ അശുദ്ധമോ ആയ യാതൊന്നും ഞാന്‍ ഒരിക്കലും ഭക്ഷിച്ചിട്ടില്ലല്ലോ.” രണ്ടാം പ്രാവശ്യം അശരീരിയുണ്ടായി: “ദൈവം ശുദ്ധീകരിച്ചത് അശുദ്ധമെന്നു നീ കരുതരുത്.” ഇതു മൂന്നു പ്രാവശ്യം സംഭവിച്ചു. പിന്നീട് ആ പാത്രം തിരിയെ ആകാശത്തേക്കു വലിച്ചെടുക്കപ്പെട്ടു. ഈ ദര്‍ശനത്തിന്‍റെ അര്‍ഥം എന്താണെന്നു പത്രോസ് ആലോചിച്ച് അമ്പരന്നിരിക്കുമ്പോള്‍ കൊര്‍ന്നല്യോസ് അയച്ച ആളുകള്‍ ശിമോന്‍ പാര്‍ക്കുന്ന സ്ഥലം അന്വേഷിച്ചു പടിക്കലെത്തി. “പത്രോസ് എന്നു പേരുള്ള ശിമോന്‍ ഇവിടെയാണോ പാര്‍ക്കുന്നത്?” എന്ന് അവര്‍ ചോദിച്ചു. പത്രോസ് ആ സമയത്തും ദര്‍ശനത്തെക്കുറിച്ചുള്ള ചിന്തയില്‍ മുഴുകിയിരിക്കുകയായിരുന്നു. അപ്പോള്‍ ആത്മാവ് അദ്ദേഹത്തോടു പറഞ്ഞു: “അതാ, മൂന്നു പേര്‍ നിന്നെ അന്വേഷിക്കുന്നു; താഴേക്ക് ഇറങ്ങിച്ചെല്ലൂ; അവരോടുകൂടി പോകാന്‍ ഒട്ടും സംശയിക്കേണ്ടാ; ഞാനാണ് അവരെ അയച്ചിരിക്കുന്നത്.” പത്രോസ് അവരുടെ അടുക്കല്‍ ഇറങ്ങിച്ചെന്ന്, “ഞാനാണ് നിങ്ങളന്വേഷിക്കുന്ന ആള്‍; നിങ്ങള്‍ എന്തിനാണു വന്നത്?” എന്നു ചോദിച്ചു. അവര്‍ പറഞ്ഞു: “കൊര്‍ന്നല്യോസ് എന്ന ശതാധിപനാണ് ഞങ്ങളെ ഇങ്ങോട്ടു പറഞ്ഞയച്ചത്. നീതിനിഷ്ഠനും ഇസ്രായേലിന്‍റെ ദൈവത്തെ ആരാധിക്കുന്നവനും സകല യെഹൂദജാതിക്കും സുസമ്മതനുമാണദ്ദേഹം. അങ്ങയെ ആളയച്ചുവരുത്തി അങ്ങയുടെ വാക്കുകള്‍ കേള്‍ക്കണമെന്ന് ഒരു മാലാഖ മുഖാന്തരം അദ്ദേഹത്തിന് അരുളപ്പാടു ലഭിച്ചിരിക്കുന്നു.” പത്രോസ് അവരെ തന്‍റെ അതിഥികളായി സ്വീകരിച്ചു. പിറ്റേദിവസം അദ്ദേഹം അവരോടുകൂടി പോയി. യോപ്പയിലെ ചില സഹോദരന്മാരും അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്നു. അടുത്തദിവസം അവര്‍ കൈസര്യയിലെത്തി. കൊര്‍ന്നല്യോസ് അവരുടെ വരവു പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. തന്‍റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അദ്ദേഹം വീട്ടില്‍ വിളിച്ചുകൂട്ടിയിരുന്നു. പത്രോസ് അകത്തു പ്രവേശിച്ചപ്പോള്‍ കൊര്‍ന്നല്യോസ് ചെന്ന് അദ്ദേഹത്തിന്‍റെ കാല്‌ക്കല്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു. “എഴുന്നേല്‌ക്കുക, ഞാനും ഒരു മനുഷ്യന്‍ മാത്രമാണല്ലോ” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തെ പത്രോസ് പിടിച്ചെഴുന്നേല്പിച്ചു. അദ്ദേഹത്തോടു സംസാരിച്ചുകൊണ്ട് പത്രോസ് വീടിനകത്തേക്കു കടന്നപ്പോള്‍ അവിടെ ഒട്ടേറെ ആളുകള്‍ കൂടിയിരിക്കുന്നതായി കണ്ടു. അദ്ദേഹം അവരോടു പറഞ്ഞു: “അന്യവര്‍ഗക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും അവരെ സന്ദര്‍ശിക്കുന്നതും യെഹൂദന്മാര്‍ക്ക് നിഷിദ്ധമാണെന്നുള്ളത് നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍ ആരെയും നിഷിദ്ധനെന്നോ അശുദ്ധനെന്നോ വിളിക്കരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു. അതുകൊണ്ടാണ് നിങ്ങള്‍ ആളയച്ചപ്പോള്‍ യാതൊരു എതിരും പറയാതെ ഞാന്‍ വന്നത്. എന്തിനാണ് എന്നെ വിളിച്ചത്?” അപ്പോള്‍ കൊര്‍ന്നല്യോസ് പറഞ്ഞു: “നാലു ദിവസം മുമ്പ് ഏതാണ്ട് ഈ സമയത്ത് ഞാന്‍ വീടിനകത്ത് ഉച്ചകഴിഞ്ഞു മൂന്നു മണിക്കുള്ള പ്രാര്‍ഥന നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ശുഭ്രവസ്ത്രം ധരിച്ച ഒരു പുരുഷന്‍ എന്‍റെ മുമ്പില്‍ നില്‌ക്കുന്നതായി ഞാന്‍ കണ്ടു. ‘കൊര്‍ന്നല്യോസേ, ദൈവം നിന്‍റെ പ്രാര്‍ഥന കേട്ടിരിക്കുന്നു; നിന്‍റെ ദാനധര്‍മങ്ങളും അവിടുന്നു കൈക്കൊണ്ടിരിക്കുന്നു; നീ ഉടനെ യോപ്പയിലേക്ക് ആളയച്ചു പത്രോസ് എന്നു വിളിക്കുന്ന ശിമോനെ വിളിപ്പിക്കുക; അദ്ദേഹം സമുദ്രതീരത്ത് തോല്പണിക്കാരനായ ശിമോന്‍ എന്ന ആളിന്‍റെ വീട്ടിലുണ്ട്’ എന്നു പറഞ്ഞു. അപ്പോള്‍ത്തന്നെ ഞാന്‍ അങ്ങയുടെ അടുക്കലേക്ക് ആളയച്ചു; അങ്ങു ദയാപൂര്‍വം വരികയും ചെയ്തു. കര്‍ത്താവില്‍നിന്ന് അങ്ങേക്കു ലഭിച്ചിരിക്കുന്ന അരുളപ്പാടു കേള്‍ക്കുന്നതിനാണ് ഞങ്ങളെല്ലാവരും ഇവിടെ ദൈവസന്നിധിയില്‍ കൂടിയിരിക്കുന്നത്.” അപ്പോള്‍ പത്രോസ് ഇപ്രകാരം പ്രസ്താവിച്ചു: “ദൈവത്തിനു പക്ഷപാതമില്ലെന്നും ഏതു ജാതിയില്‍പ്പെട്ടവരായാലും, ദൈവഭയമുള്ളവരും നീതിനിഷ്ഠരുമായ ആളുകളെ ദൈവം അംഗീകരിക്കുന്നുവെന്നും ഇപ്പോള്‍ എനിക്കു ബോധ്യമായിരിക്കുന്നു. സകല മനുഷ്യരുടെയും കര്‍ത്താവായ യേശുക്രിസ്തുവില്‍കൂടി സമാധാനത്തിന്‍റെ സദ്‍വാര്‍ത്ത പ്രഖ്യാപനം ചെയ്തുകൊണ്ട് ഇസ്രായേല്‍ജനതയ്‍ക്കു ദൈവം അയച്ച സന്ദേശം നിങ്ങള്‍ അറിയുന്നുവല്ലോ. മാനസാന്തരസ്നാപനത്തെക്കുറിച്ചുളള യോഹന്നാന്‍റെ പ്രസംഗത്തിനുശേഷം ഗലീലയില്‍ ആരംഭിച്ച് യെഹൂദ്യയില്‍ എല്ലായിടത്തും വ്യാപിച്ച മഹാസംഭവമാണത്. ദൈവം നസ്രായനായ യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിരുന്നു. ദൈവം അവിടുത്തോടു കൂടെയിരുന്നതിനാല്‍ എല്ലാവര്‍ക്കും നന്മ ചെയ്തുകൊണ്ടും പിശാചിന്‍റെ ശക്തിക്ക് അടിപ്പെട്ടിരുന്നവരെ സുഖപ്പെടുത്തിക്കൊണ്ടും അവിടുന്ന് സഞ്ചരിച്ചു. യെരൂശലേമിലും യെഹൂദന്മാരുടെ നാട്ടിലെങ്ങും അവിടുന്നു ചെയ്ത സകല പ്രവൃത്തികള്‍ക്കും ഞങ്ങള്‍ സാക്ഷികളാകുന്നു. അവര്‍ അവിടുത്തെ കുരിശില്‍ തറച്ചു കൊല്ലുകയാണു ചെയ്തത്. എന്നാല്‍ ദൈവം അവിടുത്തെ മൂന്നാംനാള്‍ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു. എല്ലാവര്‍ക്കും പ്രത്യക്ഷനായില്ലെങ്കിലും, സാക്ഷികളായി ദൈവം മുന്‍കൂട്ടി നിയമിച്ച ഞങ്ങള്‍ക്ക് അവിടുന്നു പ്രത്യക്ഷനാകുവാന്‍ ദൈവം ഇടയാക്കി. യേശു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റശേഷം, ഞങ്ങള്‍ അവിടുത്തോടുകൂടി ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തു. ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ന്യായാധിപതിയായി ദൈവം നിയമിച്ചിരിക്കുന്ന ആള്‍ അവിടുന്നു തന്നെയാണെന്നു പ്രസംഗിക്കുവാനും സാക്ഷ്യം വഹിക്കുവാനും അവിടുന്ന് ഞങ്ങളോടാജ്ഞാപിച്ചു. തന്നില്‍ വിശ്വസിക്കുന്ന ഏതൊരുവനും അവിടുത്തെ നാമം മൂലം പാപമോചനം ലഭിക്കുമെന്നതിന് എല്ലാ പ്രവാചകന്മാരും സാക്ഷ്യം വഹിക്കുന്നു.’ പത്രോസ് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ശ്രോതാക്കളായ എല്ലാവരുടെയുംമേല്‍ പരിശുദ്ധാത്മാവു വന്ന് ആവസിച്ചു. [45,46] അവര്‍ അന്യഭാഷകളില്‍ സംസാരിക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും കേട്ടപ്പോള്‍, വിജാതീയര്‍ക്കുകൂടി പരിശുദ്ധാത്മാവ് എന്ന ദാനം ദൈവം പകര്‍ന്നുകൊടുക്കുന്നതായി കണ്ട് പത്രോസിന്‍റെ കൂടെ വന്ന പരിച്ഛേദനകര്‍മവാദികളായ യെഹൂദവിശ്വാസികള്‍ വിസ്മയിച്ചു. *** “നമുക്കു ലഭിച്ചതുപോലെ, പരിശുദ്ധാത്മാവു ലഭിച്ച ഇവരെ ജലത്താല്‍ സ്നാപനം നടത്തുവാന്‍ പാടില്ലെന്ന് ആര്‍ക്കു വിലക്കുവാന്‍ കഴിയും?” എന്നു പത്രോസ് ചോദിച്ചു. യേശുക്രിസ്തുവിന്‍റെ നാമത്തില്‍ അവരെ സ്നാപനം ചെയ്യുവാന്‍ അദ്ദേഹം ആജ്ഞാപിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ അവിടെ പാര്‍ക്കണമെന്ന് അവര്‍ അദ്ദേഹത്തോട് അപേക്ഷിച്ചു. വിജാതീയര്‍കൂടി ദൈവവചനം സ്വീകരിച്ചു എന്ന് അപ്പോസ്തോലന്മാരും യെഹൂദ്യയിലെ സഹോദരന്മാരും കേട്ടു. പത്രോസ് യെരൂശലേമില്‍ ചെന്നപ്പോള്‍ പരിച്ഛേദനകര്‍മവാദികളായ യെഹൂദന്മാര്‍ അദ്ദേഹത്തെ വിമര്‍ശിച്ചു. പരിച്ഛേദനകര്‍മം സ്വീകരിക്കാത്തവരുടെ അടുക്കല്‍ താങ്കള്‍ പോകുകയും, അവരോടുകൂടി ഭക്ഷണം കഴിക്കുകയും ചെയ്തത് എന്തുകൊണ്ട്?” എന്ന് അവര്‍ ചോദിച്ചു. നടന്ന സംഭവങ്ങള്‍ പത്രോസ് അവരോട് യഥാക്രമം വിവരിച്ചു. “യോപ്പാപട്ടണത്തില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് ഒരു ദിവ്യാനുഭൂതിയുണ്ടായി. വിസ്താരമേറിയ കപ്പല്‍പായ്പോലെയുള്ള ഒരു പാത്രം നാലു മൂലയ്‍ക്കും കെട്ടി ആകാശത്തുനിന്ന് എന്‍റെ അടുക്കലേക്ക് ഇറക്കുന്നതായി ദര്‍ശനത്തില്‍ ഞാന്‍ കണ്ടു. ഞാന്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍, അതില്‍ ഭൂമിയിലുള്ള സകല വളര്‍ത്തുമൃഗങ്ങളെയും, വന്യമൃഗങ്ങളെയും, ഇഴജന്തുക്കളെയും, ആകാശത്തിലെ പക്ഷികളെയും കണ്ടു. “പത്രോസേ, എഴുന്നേറ്റു കൊന്നു തിന്നുകൊള്ളുക” എന്നൊരു അശരീരി ഞാന്‍ കേട്ടു. ഞാനാകട്ടെ, ഒരിക്കലും ഇല്ല കര്‍ത്താവേ, നിഷിദ്ധമോ അശുദ്ധമോ ആയ യാതൊന്നും എന്‍റെ വായില്‍ തൊട്ടിട്ടുപോലുമില്ല’ എന്നു പറഞ്ഞു. ‘ദൈവം ശുദ്ധീകരിച്ചത് നിഷിദ്ധമെന്നു നീ കരുതരുത്’ എന്ന ശബ്ദം പിന്നെയും ആകാശത്തുനിന്നു കേട്ടു. ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി. പിന്നീട് അവയെല്ലാം തിരിച്ച് ആകാശത്തേക്കു വലിച്ചെടുക്കപ്പെട്ടു. അപ്പോള്‍ത്തന്നെ കൈസര്യയില്‍നിന്ന് അയയ്‍ക്കപ്പെട്ട മൂന്നു പേര്‍ ഞങ്ങള്‍ പാര്‍ത്തിരുന്ന വീടിന്‍റെ മുമ്പില്‍ എത്തിയിരുന്നു; ഒന്നും സംശയിക്കാതെ അവരോടുകൂടി പോകുവാന്‍ ആത്മാവ് എന്നോട് ആജ്ഞാപിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടി പോന്നു. ഞങ്ങള്‍ കൊര്‍ന്നല്യോസിന്‍റെ ഭവനത്തിലേക്കാണു പോയത്. ഒരു ദൈവദൂതന്‍ തന്‍റെ വീട്ടില്‍ നില്‌ക്കുന്നതായി അദ്ദേഹം കണ്ടു എന്നും ‘യോപ്പയിലേക്ക് ആളയച്ചു ശിമോന്‍ പത്രോസിനെ വിളിപ്പിക്കുക; നീയും നിന്‍റെ കുടുംബവും രക്ഷിക്കപ്പെടുവാനുള്ള വാക്കുകള്‍ അദ്ദേഹം നിന്നോടു പറയും’ എന്നു ദൂതന്‍ അദ്ദേഹത്തോടു പറഞ്ഞതായി ഞങ്ങളെ അറിയിച്ചു. ഞാന്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍, പരിശുദ്ധാത്മാവു നമ്മുടെമേല്‍ ആദ്യം വന്നതുപോലെ അവരുടെമേലും വന്നു. “യോഹന്നാന്‍ വെള്ളംകൊണ്ടു സ്നാപനം ചെയ്തു; നിങ്ങളോ പരിശുദ്ധാത്മാവിനാല്‍ സ്നാപനം ചെയ്യപ്പെടും’ എന്ന കര്‍ത്താവിന്‍റെ വചനം ഞാന്‍ അപ്പോള്‍ ഓര്‍ത്തു. അതുകൊണ്ടു കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ചവരായ നമുക്കു തന്ന അതേ ദാനം അവര്‍ക്കും ദൈവം നല്‌കിയെങ്കില്‍, ദൈവത്തെ വിലക്കുവാന്‍ ഞാന്‍ ആരാണ്?” ഇതു കേട്ട് അവര്‍ നിശ്ശബ്ദരായി. “ജീവനിലേക്കു നയിക്കുന്ന അനുതാപം വിജാതീയര്‍ക്കും ദൈവം നല്‌കിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞ് അവര്‍ ദൈവത്തെ പ്രകീര്‍ത്തിച്ചു. സ്തേഫാനോസ് നിമിത്തമുണ്ടായ പീഡനത്തില്‍ ചിതറിപ്പോയവരില്‍ ചിലര്‍ ഫൊയ്നിക്യ, സൈപ്രസ്, അന്ത്യോക്യ എന്നീ പ്രദേശങ്ങള്‍വരെ എത്തിയിരുന്നു. അവര്‍ യെഹൂദന്മാരോടു മാത്രമേ സുവിശേഷം പ്രസംഗിച്ചിരുന്നുള്ളൂ. എന്നാല്‍ സൈപ്രസില്‍നിന്നും കുറേനയില്‍നിന്നും അന്ത്യോക്യയിലെത്തിയിരുന്ന ചിലര്‍ കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം ഗ്രീക്കുകാരെയും അറിയിച്ചു. കര്‍ത്താവിന്‍റെ ശക്തി അവരോടുകൂടി ഉണ്ടായിരുന്നതിനാല്‍ ഒട്ടേറെ ആളുകള്‍ വിശ്വസിച്ചു കര്‍ത്താവിങ്കലേക്കു തിരിഞ്ഞു. അവരെക്കുറിച്ചുള്ള വാര്‍ത്ത യെരൂശലേമിലെ സഭ കേട്ടു; അവര്‍ ബര്‍നബാസിനെ അന്ത്യോക്യയിലേക്കു പറഞ്ഞയച്ചു. [23,24] ഉത്തമനായ അദ്ദേഹം പരിശുദ്ധാത്മാവിന്‍റെ പൂര്‍ണമായ അധിവാസമുള്ളവനും തികഞ്ഞ വിശ്വാസിയും ആയിരുന്നു. ബര്‍നബാസ് അവിടെയെത്തി, ദൈവകൃപയുടെ പ്രവര്‍ത്തനം കണ്ടു സന്തോഷിച്ചു. സുദൃഢമായ ലക്ഷ്യത്തോടുകൂടി കര്‍ത്താവിനോടു ചേര്‍ന്നു നിലകൊള്ളുവാന്‍ അദ്ദേഹം എല്ലാവരെയും ഉദ്ബോധിപ്പിച്ചു. അങ്ങനെ ഒരു വലിയ ജനസഞ്ചയം കര്‍ത്താവിനോടു ചേര്‍ന്നു. *** പിന്നീടു ബര്‍നബാസ് ശൗലിനെ അന്വേഷിച്ചു തര്‍സൊസിലേക്കു പോയി; അദ്ദേഹത്തെ കണ്ടെത്തി അന്ത്യോക്യയിലേക്കു കൂട്ടിക്കൊണ്ടുപോന്നു. അവര്‍ ഇരുവരും ഒരു വര്‍ഷം മുഴുവന്‍ അവിടത്തെ സഭായോഗങ്ങളില്‍ പങ്കെടുക്കുകയും ഒരു വലിയ ജനസമൂഹത്തെ പ്രബോധിപ്പിക്കുകയും ചെയ്തു. അന്ത്യോക്യയിലാണു ക്രിസ്തുശിഷ്യന്മാരെ ആദ്യമായി ക്രിസ്ത്യാനികള്‍ എന്നു വിളിക്കുവാന്‍ തുടങ്ങിയത്. ആയിടയ്‍ക്ക് യെരൂശലേമില്‍നിന്നു ചില പ്രവാചകന്മാര്‍ അന്ത്യോക്യയിലെത്തി. അവരില്‍ അഗബൊസ് എന്നൊരാള്‍ ലോകത്തെമ്പാടും ഒരു മഹാക്ഷാമം ഉണ്ടാകുമെന്ന് ആത്മാവിന്‍റെ ശക്തിയാല്‍ പ്രവചിച്ചു. ക്ലൗദിയൊസ് കൈസറുടെ കാലത്ത് ഈ പ്രവചനം സംഭവിച്ചു. അന്ന് യെഹൂദ്യയിലുണ്ടായിരുന്ന സഹോദരന്മാര്‍ക്ക് ശിഷ്യന്മാര്‍ അവരവരുടെ കഴിവനുസരിച്ചുള്ള സംഭാവന അയച്ചുകൊടുക്കുവാന്‍ നിശ്ചയിച്ചു. അവര്‍ ബര്‍നബാസിന്‍റെയും ശൗലിന്‍റെയും കൈയില്‍ തങ്ങളുടെ സംഭാവനകള്‍ സഭയുടെ മുഖ്യന്മാര്‍ക്കു കൊടുത്തയച്ചു. അക്കാലത്ത് ഹേരോദാരാജാവ് സഭാംഗങ്ങളില്‍ ചിലരെ പീഡിപ്പിക്കുവാന്‍ തുടങ്ങി. യോഹന്നാന്‍റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി. [3,4] അത് യെഹൂദന്മാര്‍ക്കു സന്തോഷമായി എന്നു കണ്ടപ്പോള്‍ ആ മനുഷ്യന്‍ പത്രോസിനെയും പിടിച്ച് ബന്ധിച്ച് കാരാഗൃഹത്തിലാക്കി; നാലു പടയാളികള്‍ വീതമുള്ള നാലു സംഘങ്ങളെ കാവലിനു നിയോഗിക്കുകയും ചെയ്തു. *** അത് പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവമായ പെസഹായുടെ കാലമായിരുന്നു. ഉത്സവകാലം കഴിഞ്ഞ് യെഹൂദന്മാരെ ഏല്പിക്കുവാനാണ് അപ്രകാരം ചെയ്തത്. പത്രോസിനുവേണ്ടി സഭ സര്‍വാത്മനാ ദൈവത്തോടു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ഹേരോദാ പത്രോസിനെ യെഹൂദന്മാരുടെ മുമ്പില്‍ കൊണ്ടുവരുവാന്‍ നിശ്ചയിച്ചിരുന്നതിന്‍റെ തലേ രാത്രിയില്‍ രണ്ടു പടയാളികളുടെ മധ്യേ രണ്ടു ചങ്ങലകൊണ്ടു ബന്ധിതനായി അദ്ദേഹം ഉറങ്ങുകയായിരുന്നു. ഭടന്മാര്‍ കാരാഗൃഹത്തിന്‍റെ വാതില്‌ക്കല്‍ കാവല്‍ നില്‌ക്കുന്നുണ്ടായിരുന്നു. ആ സമയത്ത് ഒരു ദൈവദൂതന്‍ പ്രത്യക്ഷനായി; തടവുമുറിയില്‍ പ്രകാശം പരന്നു. ദൂതന്‍ പത്രോസിനെ പാര്‍ശ്വത്തില്‍ തട്ടിയുണര്‍ത്തി, “വേഗം എഴുന്നേല്‌ക്കൂ” എന്നു പറഞ്ഞു. തല്‍ക്ഷണം അദ്ദേഹത്തിന്‍റെ കൈകളില്‍നിന്നു ചങ്ങല താഴെ വീണു. ദൂതന്‍ അദ്ദേഹത്തോടു പറഞ്ഞു: “അരക്കച്ച കെട്ടി, ചെരുപ്പു ധരിക്കൂ.” പത്രോസ് അങ്ങനെ ചെയ്തു. “പുറങ്കുപ്പായം ഇട്ടുകൊണ്ട്, എന്‍റെ പിന്നാലേ വരിക” എന്നും ദൂതന്‍ പറഞ്ഞു. പത്രോസ് ദൂതനെ അനുഗമിച്ചു പുറത്തിറങ്ങി. ദൈവദൂതന്‍ മുഖാന്തരം നടന്ന ഈ സംഭവം ഒരു യാഥാര്‍ഥ്യമാണെന്നു പത്രോസിനു മനസ്സിലായില്ല. ഒരു ദര്‍ശനം കാണുകയാണെന്നത്രേ അദ്ദേഹം വിചാരിച്ചത്. കാവല്‍ഭടന്മാര്‍ നിന്നിരുന്ന ഒന്നാമത്തെയും രണ്ടാമത്തെയും വാതിലുകള്‍ കടന്ന് അവര്‍ നഗരത്തിലേക്കു കടക്കുവാനുള്ള ഇരുമ്പുവാതില്‌ക്കലെത്തി. ആ വാതില്‍ താനേ തുറന്നു. അവര്‍ പുറത്തുകടന്ന് ഒരു വീഥിയില്‍ കൂടി നടന്നു മുമ്പോട്ടു നീങ്ങി; ദൂതന്‍ പെട്ടെന്ന് അപ്രത്യക്ഷനായി. അപ്പോഴാണ് സംഭവിച്ചതിനെക്കുറിച്ച് പത്രോസിനു ബോധമുണ്ടായത്. അദ്ദേഹം പറഞ്ഞു: “ഹേരോദായുടെ കൈയില്‍നിന്നും, യെഹൂദജനത എന്നോടു ചെയ്യാനുദ്ദേശിച്ച എല്ലാറ്റില്‍നിന്നും, കര്‍ത്താവു തന്‍റെ ദൂതനെ അയച്ച് എന്നെ രക്ഷിച്ചിരിക്കുന്നു എന്ന് എനിക്ക് ഇപ്പോള്‍ പൂര്‍ണബോധ്യം വന്നു.” ശരിയായ ബോധം കൈവന്ന ശേഷം മര്‍ക്കോസ് എന്ന അപരനാമമുള്ള യോഹന്നാന്‍റെ മാതാവായ മറിയമിന്‍റെ വീട്ടിലേക്കാണ് പത്രോസ് പോയത്. അവിടെ ഒട്ടേറെ ആളുകള്‍ ഒരുമിച്ചുകൂടി പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. പത്രോസ് പടിവാതില്‌ക്കല്‍ മുട്ടിയപ്പോള്‍ ആരാണെന്നു നോക്കാന്‍ രോദാ എന്ന വേലക്കാരി പെണ്‍കുട്ടി ചെന്നു. പത്രോസിന്‍റെ സ്വരം തിരിച്ചറിഞ്ഞ് അവള്‍ സന്തോഷാധിക്യത്താല്‍ മതിമറന്ന് വാതില്‍ തുറക്കാന്‍കൂടി നില്‌ക്കാതെ അകത്തേക്ക് ഓടിച്ചെന്ന്, “പത്രോസ് അതാ വാതില്‌ക്കല്‍ നില്‌ക്കുന്നു” എന്നറിയിച്ചു. “നിനക്കു ഭ്രാന്താണ്” എന്ന് അവര്‍ പറഞ്ഞപ്പോള്‍ “അല്ല, ഞാന്‍ പറഞ്ഞത് വാസ്തവംതന്നെയാണ്” എന്നവള്‍ ഉറപ്പിച്ചു പറഞ്ഞു. അത് അദ്ദേഹത്തിന്‍റെ കാവല്‍ മാലാഖ ആയിരിക്കും” എന്നായിരുന്നു അവരുടെ മറുപടി. പത്രോസ് പിന്നെയും വാതില്‌ക്കല്‍ മുട്ടിക്കൊണ്ടിരുന്നു. അവര്‍ ചെന്നു വാതില്‍ തുറന്ന് അദ്ദേഹത്തെ കണ്ടപ്പോള്‍ അമ്പരന്നുപോയി. നിശ്ശബ്ദരായിരിക്കുവാന്‍ കൈകൊണ്ട് ആംഗ്യം കാട്ടിയശേഷം, എങ്ങനെയാണ് കര്‍ത്താവ് കാരാഗൃഹത്തില്‍നിന്നു തന്നെ വിടുവിച്ചതെന്ന് പത്രോസ് വിവരിച്ചു. “ഈ വിവരം യാക്കോബിനെയും മറ്റു സഹോദരന്മാരെയും അറിയിക്കുക” എന്നു പറഞ്ഞശേഷം അദ്ദേഹം മറ്റൊരു സ്ഥലത്തേക്കു പോയി. നേരം വെളുത്തപ്പോള്‍ പത്രോസിന് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് പടയാളികളുടെ ഇടയില്‍ അനല്പമായ പരിഭ്രമമുണ്ടായി. പത്രോസിനെ അന്വേഷിച്ചിട്ടു കാണാതെ വന്നപ്പോള്‍, ഹേരോദാ കാവല്‌ക്കാരെ വിസ്തരിച്ചശേഷം അവരെ വധിക്കുവാന്‍ കല്പിച്ചു. പിന്നീട് ഹേരോദാ യെഹൂദ്യയില്‍നിന്നു കൈസര്യയില്‍ പോയി അവിടെ കുറെനാള്‍ പാര്‍ത്തു. അക്കാലത്ത് സോരിലെയും സീദോനിലെയും ജനങ്ങളോട് ഹേരോദാ കോപിച്ചിരിക്കുകയായിരുന്നു. അവരുടെ നാടിനു വേണ്ട ഭക്ഷണപദാര്‍ഥങ്ങള്‍ ലഭിക്കേണ്ടത് ഹേരോദായുടെ രാജ്യത്തുനിന്നായിരുന്നതിനാല്‍ അവരുടെ ഒരു സംഘം ആളുകള്‍ ഹേരോദായെ കാണാന്‍ ചെന്നു. അവര്‍ രാജാവിന്‍റെ കാര്യസ്ഥനായ ബ്ലെസ്തൊസിനെ സ്വാധീനിച്ച് സമാധാനാഭ്യര്‍ഥന നടത്തി. നിശ്ചിതദിവസം രാജകീയവേഷം അണിഞ്ഞു സിംഹാസനത്തില്‍ ഉപവിഷ്ടനായ ജനക്കൂട്ടത്തോട് ഹേരോദാ സംസാരിച്ചു തുടങ്ങി. അപ്പോള്‍ “ഒരു ദേവന്‍റെ ശബ്ദമാണു ഞങ്ങള്‍ കേള്‍ക്കുന്നത്, മനുഷ്യന്‍റെ ശബ്ദമല്ല” എന്നു ജനസഞ്ചയം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഹേരോദാ ദൈവത്തിനു മഹത്ത്വം കൊടുക്കാഞ്ഞതിനാല്‍ പെട്ടെന്ന് ദൈവദൂതന്‍റെ അടിയേറ്റുവീണു കൃമികള്‍ക്ക് ഇരയായി മരണമടഞ്ഞു. എന്നാല്‍ ദൈവവചനം പൂര്‍വോപരി പ്രചരിച്ചുകൊണ്ടിരുന്നു. ബര്‍നബാസും ശൗലും തങ്ങളുടെ ദൗത്യം നിര്‍വഹിച്ചശേഷം മര്‍ക്കോസ് എന്ന് അപരനാമമുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ട് യെരൂശലേമില്‍നിന്നു മടങ്ങിപ്പോയി. അന്ത്യോക്യയിലെ സഭയില്‍ പ്രവാചകന്മാരും ഉപദേഷ്ടാക്കളുമായി ബര്‍നബാസ്, നീഗര്‍ എന്നു വിളിച്ചിരുന്ന ശിമോന്‍, കുറേനക്കാരനായ ലൂക്യോസ്, ഇടപ്രഭുവായ അന്തിപ്പാസിനോടുകൂടി വളര്‍ത്തപ്പെട്ട മനയേന്‍, ശൗല്‍ എന്നിവരുണ്ടായിരുന്നു. അവര്‍ ഉപവസിച്ചു കര്‍ത്താവിനെ ആരാധിച്ചുകൊണ്ടിരുന്നപ്പോള്‍ “ഞാന്‍ ബര്‍നബാസിനെയും ശൗലിനെയും പ്രത്യേക വേലയ്‍ക്കായി വിളിച്ചിരിക്കുന്നു; അതിനുവേണ്ടി അവരെ എനിക്കായി വേര്‍തിരിക്കുക” എന്നു പരിശുദ്ധാത്മാവിന്‍റെ അരുളപ്പാടുണ്ടായി. അവര്‍ ഉപവസിച്ചു പ്രാര്‍ഥിച്ച് ശൗലിന്‍റെയും ബര്‍നബാസിന്‍റെയുംമേല്‍ കൈകള്‍ വച്ച് അവരെ പറഞ്ഞയച്ചു. പരിശുദ്ധാത്മാവിന്‍റെ നിയോഗമനുസരിച്ച് അവര്‍ സെലൂക്യയിലേക്കും, അവിടെനിന്നു കപ്പല്‍കയറി സൈപ്രസ്ദ്വീപിലേക്കും പോയി. സലമീസില്‍ എത്തിയപ്പോള്‍ അവര്‍ യെഹൂദന്മാരുടെ സുനഗോഗില്‍ ചെന്നു ദൈവവചനം പ്രഘോഷിച്ചു. ഈ യാത്രയില്‍ യോഹന്നാന്‍ അവരുടെ സഹായി ആയിരുന്നു. അവര്‍ സൈപ്രസ്ദ്വീപില്‍ ഉടനീളം സഞ്ചരിച്ചു പാഫോസ്‍വരെ എത്തിയപ്പോള്‍ ബര്‍യേശു എന്നൊരു മാന്ത്രികനെ കണ്ടു. യെഹൂദനായ അയാള്‍ ഒരു കള്ളപ്രവാചകനായിരുന്നു. സെര്‍ഗ്യൊസ് പൗലൊസ് എന്ന ബുദ്ധിമാനായ ദേശാധിപതിയോടുകൂടിയാണ് അയാള്‍ കഴിഞ്ഞിരുന്നത്. ബര്‍നബാസിനെയും ശൗലിനെയും വിളിച്ചുവരുത്തി ദൈവവചനം കേള്‍ക്കുവാന്‍ ദേശാധിപതി ആഗ്രഹിച്ചു. എന്നാല്‍ മാന്ത്രികനായ എലീമാസ്-ഗ്രീക്കില്‍ എലീമാസ് എന്ന പേരിന്‍റെ അര്‍ഥം മാന്ത്രികന്‍ എന്നാണ്. അവരെ എതിര്‍ക്കുകയും വിശ്വാസം സ്വീകരിക്കുന്നതില്‍നിന്നു ദേശാധിപതിയെ പിന്‍തിരിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. അപ്പോള്‍ പൗലൊസ് എന്ന പേരിലും വിളിക്കപ്പെട്ടിരുന്ന ശൗല്‍ പരിശുദ്ധാത്മാവിന്‍റെ പൂര്‍ണമായ ശക്തിയോടുകൂടി അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: “ഹേ, പിശാചിന്‍റെ മകനേ, സകല നീതിയുടെയും ശത്രുവേ, നീ എല്ലാവിധ ദ്രോഹവും കപടതന്ത്രവും നിറഞ്ഞവനാണ്! ദൈവത്തിന്‍റെ നേര്‍വഴികള്‍ വക്രമാക്കുന്നതില്‍നിന്നു നീ വിരമിക്കുകയില്ലേ? ഇതാ നോക്കൂ! ദൈവത്തിന്‍റെ കൈ നിന്‍റെമേല്‍ പതിക്കും; കുറെ സമയത്തേക്കു സൂര്യനെ കാണാതെ നീ അന്ധനായിരിക്കും.” തല്‍ക്ഷണം അയാളുടെ കണ്ണിനു തിമിരം ബാധിച്ചു, ഇരുള്‍ അയാളെ മൂടി. തന്നെ കൈപിടിച്ചു നടത്തുന്നതിന് അയാള്‍ മറ്റുള്ളവരുടെ സഹായം തേടി. ദേശാധിപതി ഇതു കണ്ടപ്പോള്‍ കര്‍ത്താവിനെക്കുറിച്ചു കേട്ട പ്രബോധനത്തില്‍ വിസ്മയഭരിതനാകുകയും വിശ്വാസം സ്വീകരിക്കുകയും ചെയ്തു. പൗലൊസും സഹയാത്രികരും പാഫോസില്‍നിന്നു കപ്പല്‍കയറി പംഫുല്യയില്‍ പെര്‍ഗ്ഗ എന്ന സ്ഥലത്തെത്തി. അവിടെവച്ച് യോഹന്നാന്‍ അവരെ വിട്ടുപിരിഞ്ഞ് യെരൂശലേമിലേക്കു മടങ്ങിപ്പോയി. അവര്‍ പെര്‍ഗ്ഗയില്‍നിന്നു പിസിദ്യയിലെ അന്ത്യോക്യയിലെത്തി; ശബത്തുദിവസം അവിടത്തെ സുനഗോഗില്‍ ചെന്ന് ഇരുന്നു. മോശയുടെ ധര്‍മശാസ്ത്രത്തില്‍നിന്നും പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളില്‍നിന്നും വായിച്ചു കഴിഞ്ഞ്, സുനഗോഗിന്‍റെ അധികാരികള്‍ അവരുടെ അടുക്കല്‍ ആളയച്ച് സഹോദരന്മാരേ, നിങ്ങള്‍ക്ക് ഇവിടത്തെ ജനങ്ങളെ ഉദ്ബോധിപ്പിക്കുവാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ പറയുക” എന്നു പറയിച്ചു. പൗലൊസ് എഴുന്നേറ്റ് ആംഗ്യം കാണിച്ചു കൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: “ഇസ്രായേല്‍ജനങ്ങളേ, ഇസ്രായേലിന്‍റെ ദൈവത്തെ ഭജിക്കുന്നവരേ, ഇതു ശ്രദ്ധിക്ക: ഇസ്രായേല്‍ജനത്തിന്‍റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു; ഈജിപ്തില്‍ പരദേശികളായിരുന്ന കാലത്ത് അവരെ ഒരു മഹാജനതയാക്കി ഉയര്‍ത്തി; ദൈവം സ്വശക്തിയാല്‍ അവരെ അവിടെനിന്നു കൊണ്ടുപോന്നു; നാല്പതു വര്‍ഷക്കാലം മരുഭൂമിയില്‍ അവരെ ദൈവം ക്ഷമയോടെ പരിപാലിച്ചു. അവിടുന്ന് കനാനിലെ ഏഴു ജനതകളെ നശിപ്പിച്ച് അവരുടെ ദേശം അവര്‍ക്കു അവകാശമായി നല്‌കി. അങ്ങനെ ഏകദേശം നാനൂറ്റമ്പതു വര്‍ഷം കഴിഞ്ഞു. “അതിനുശേഷം ശമൂവേല്‍പ്രവാചകന്‍വരെയുള്ള ന്യായാധിപന്മാരെ അവര്‍ക്കു നല്‌കി; അനന്തരം തങ്ങള്‍ക്ക് ഒരു രാജാവിനെ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ദൈവം അവര്‍ക്കു ബെന്യാമീന്‍ഗോത്രക്കാരനായ കീശിന്‍റെ പുത്രന്‍ ശൗലിനെ നാല്പതു വര്‍ഷത്തേക്കു രാജാവായി നല്‌കി. അദ്ദേഹത്തെ നീക്കിയശേഷം ദാവീദിനെ രാജാവായി വാഴിച്ചു. ‘യിശ്ശായിയുടെ പുത്രനായ ദാവീദിനെ എന്‍റെ മനസ്സിന് ഇണങ്ങിയവനായി ഞാന്‍ കണ്ടിരിക്കുന്നു. അവന്‍ എന്‍റെ ഇച്ഛ എല്ലാം നിറവേറ്റും’ എന്നിങ്ങനെയാണു ദൈവം ദാവീദിനെക്കുറിച്ചു പറഞ്ഞത്. ദൈവം വാഗ്ദാനം ചെയ്തതുപോലെ ഈ ദാവീദിന്‍റെ വംശപരമ്പരയില്‍ നിന്ന് യേശു എന്ന രക്ഷകനെ ഇസ്രായേലിനു നല്‌കി. അദ്ദേഹത്തിന്‍റെ ആഗമനത്തിനുമുമ്പ്, പാപത്തില്‍നിന്നു പിന്‍തിരിഞ്ഞ് സ്നാപനം സ്വീകരിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് യോഹന്നാന്‍ എല്ലാ ഇസ്രായേല്‍ജനങ്ങളോടും പ്രസംഗിച്ചു. തന്‍റെ ദൗത്യം പൂര്‍ത്തിയാകാറായപ്പോള്‍ യോഹന്നാന്‍ പറഞ്ഞു: ‘ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ ഊഹിക്കുന്നത്? നിങ്ങള്‍ പ്രതീക്ഷിക്കുന്ന ആള്‍ ഞാനല്ല; എന്നാല്‍ എന്‍റെ പിന്നാലെ ഒരാള്‍ വരുന്നുണ്ട്; അവിടുത്തെ കാലിലെ ചെരുപ്പ് അഴിക്കുവാന്‍പോലും ഞാന്‍ യോഗ്യനല്ല.’ “സഹോദരരേ, അബ്രഹാമിന്‍റെ വംശജരേ, ഇസ്രായേലിന്‍റെ ദൈവത്തെ ഭജിക്കുന്നവരേ, ഈ രക്ഷയുടെ സന്ദേശം നമുക്കാണ് അയച്ചിരിക്കുന്നത്. യെരൂശലേംനിവാസികളും അവരുടെ ഭരണാധിപന്മാരും യേശു ആരെന്നു ഗ്രഹിച്ചില്ല; ശബത്തുതോറും വായിക്കുന്ന പ്രവാചകഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ളത് മനസ്സിലാക്കിയതുമില്ല. അവര്‍ യേശുവിനെ ശിക്ഷയ്‍ക്കു വിധിച്ചു: അങ്ങനെ ആ പ്രവചനങ്ങള്‍ സത്യമായി. വധശിക്ഷയ്‍ക്കുള്ള കാരണമൊന്നും കാണാതിരുന്നിട്ടും യേശുവിനെ വധിക്കുവാന്‍ പീലാത്തോസിനോട് അവര്‍ ആവശ്യപ്പെട്ടു. അവിടുത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ളതെല്ലാം അവര്‍ പൂര്‍ത്തീകരിച്ചു; പീന്നീട് യേശുവിനെ കുരിശില്‍നിന്നിറക്കി ഒരു കല്ലറയില്‍ വച്ചു. എന്നാല്‍ ദൈവം യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു. ഗലീലയില്‍നിന്നു തന്നോടുകൂടി യെരൂശലേമിലേക്കു ചെന്നവര്‍ക്ക് അവിടുന്നു പല ദിവസങ്ങളിലും പ്രത്യക്ഷനായി. അവര്‍ ഇപ്പോള്‍ ജനങ്ങളുടെ മുമ്പില്‍ അവിടുത്തെ സാക്ഷികളാകുന്നു. നമ്മുടെ പിതാക്കന്മാരോടു ചെയ്ത വാഗ്ദാനം ദൈവം യേശുവിനെ ഉയിര്‍പ്പിച്ചതുമൂലം മക്കളായ നമുക്കു പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. നീ എന്‍റെ പുത്രന്‍; ഇന്നു ഞാന്‍ നിന്‍റെ പിതാവായിത്തീര്‍ന്നിരിക്കുന്നു എന്ന് രണ്ടാം സങ്കീര്‍ത്തനത്തില്‍ എഴുതിയിട്ടുണ്ടല്ലോ. ആ സദ്‍വാര്‍ത്ത ഞങ്ങള്‍ നിങ്ങളോടു പ്രഖ്യാപനം ചെയ്യുന്നു. വീണ്ടും ജീര്‍ണാവസ്ഥയിലേക്കു തിരിയാത്തവിധം ദൈവം യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു. അതെക്കുറിച്ചുള്ള അരുളപ്പാട് ഇങ്ങനെയാണ്: ദാവീദിനു വാഗ്ദാനം ചെയ്തിട്ടുള്ള സംശയരഹിതവും വിശുദ്ധവുമായ നന്മകള്‍ ഞാന്‍ നിങ്ങള്‍ക്കു നല്‌കും. മറ്റൊരിടത്ത്, അങ്ങയുടെ പരിശുദ്ധന്‍ ജീര്‍ണിക്കുവാന്‍ അങ്ങ് അനുവദിക്കുകയില്ല എന്നും പറയുന്നു. ദാവീദ് തന്‍റെ തലമുറയില്‍ ദൈവോദ്ദേശ്യപ്രകാരം പ്രവര്‍ത്തിച്ചശേഷം മരണമടഞ്ഞു; തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു ജീര്‍ണതയ്‍ക്കു വിധേയനായിത്തീര്‍ന്നു. എന്നാല്‍ ദൈവം ഉയിര്‍പ്പിച്ചവനാകട്ടെ ജീര്‍ണതയ്‍ക്കു വിധേയനായില്ല. അതുകൊണ്ട് സഹോദരരേ, ഇത് അറിഞ്ഞുകൊള്ളുക: ഈ യേശു മുഖാന്തരം പാപമോചനത്തിന്‍റെ സന്ദേശം നിങ്ങളെ അറിയിച്ചിരിക്കുന്നു. മോശയുടെ ധര്‍മശാസ്ത്രപ്രകാരം മോചനം ലഭിക്കാത്ത എല്ലാ പാപങ്ങളില്‍നിന്നും, വിശ്വസിക്കുന്ന ഏതൊരുവനും അവിടുന്നു മുഖാന്തരം മോചനം ലഭിക്കുമെന്നും അറിഞ്ഞുകൊള്ളുക. പ്രവാചകന്മാര്‍ പറഞ്ഞിട്ടുള്ളതു നിങ്ങള്‍ക്കു ഭവിക്കാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുക: ഹേ, പരിഹാസികളേ നോക്കുക, നിങ്ങളുടെ കാലത്ത് ഞാന്‍ ഒരു പ്രവൃത്തിചെയ്യുന്നു; ആരെങ്കിലും വിശദീകരിച്ചു തന്നാലും നിങ്ങള്‍ അതൊരിക്കലും വിശ്വസിക്കുകയില്ല. അതുകൊണ്ട് നിങ്ങള്‍ അന്ധാളിക്കുകയും നശിക്കുകയും ചെയ്യട്ടെ.” പൗലൊസും ബര്‍നബാസും സുനഗോഗില്‍നിന്നു പോകുമ്പോള്‍ അടുത്ത ശബത്തിലും വന്ന് ഈ വിഷയത്തെപ്പറ്റി സംസാരിക്കണമെന്നു ജനങ്ങള്‍ അപേക്ഷിച്ചു. സുനഗോഗില്‍ കൂടിയിരുന്ന പല യെഹൂദന്മാരും യൂദമതം സ്വീകരിച്ച ഭക്തജനങ്ങളും അവരെ അനുഗമിച്ചു. അവര്‍ അവരോടു സംസാരിക്കുകയും ദൈവകൃപയില്‍ നിലനില്‌ക്കേണ്ടതിന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അടുത്ത ശബത്തില്‍ ആ പട്ടണവാസികള്‍ ആസകലം ദൈവവചനം കേള്‍ക്കുവാന്‍ വന്നുകൂടി. എന്നാല്‍ ജനാവലിയെ കണ്ടപ്പോള്‍ യെഹൂദന്മാര്‍ അസൂയപൂണ്ടു. അവര്‍ പൗലൊസ് പറയുന്നതിന് എതിര്‍പറയുകയും അദ്ദേഹത്തെ ദുഷിക്കുകയും ചെയ്തു. അപ്പോള്‍ പൗലൊസും ബര്‍നബാസും അവരോടു സുധീരം പ്രസ്താവിച്ചു: “ആദ്യം നിങ്ങളോടു ദൈവവചനം സംസാരിക്കേണ്ടത് ആവശ്യമായിരുന്നു. എന്നാല്‍ അതിനെ നിരാകരിച്ച നിങ്ങള്‍ അനശ്വരജീവന് അര്‍ഹരല്ലെന്നു നിങ്ങളെത്തന്നെ വിധിച്ചിരിക്കുന്നു. ഞങ്ങളിതാ വിജാതീയരുടെ അടുക്കലേക്കു പോകുന്നു. എന്‍റെ രക്ഷ ഭൂതലത്തിന്‍റെ അങ്ങേ അറ്റംവരെ എത്തിക്കുവാന്‍ ഞാന്‍ നിന്നെ വിജാതീയരുടെ വെളിച്ചമാക്കി വച്ചിരിക്കുന്നു എന്നു കര്‍ത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ട്.” വിജാതീയര്‍ ഇതുകേട്ടപ്പോള്‍ ആനന്ദിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു. അനശ്വരജീവനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട അനേകമാളുകള്‍ ക്രിസ്തുവില്‍ വിശ്വസിച്ചു. ദൈവവചനം ആ പ്രദേശത്തെങ്ങും പ്രചരിച്ചു. എന്നാല്‍ യെഹൂദന്മാര്‍ ഭക്തിയുള്ള മാന്യസ്‍ത്രീകളെയും പട്ടണത്തിലെ പ്രമുഖ വ്യക്തികളെയും പ്രേരിപ്പിച്ച് പൗലൊസിനും ബര്‍നബാസിനും എതിരെ പീഡനനടപടികള്‍ ആരംഭിച്ചു. അങ്ങനെ ആ പ്രദേശത്തുനിന്ന് അവര്‍ തുരത്തപ്പെട്ടു. അവരാകട്ടെ, തങ്ങളുടെ കാലിലെ പൊടി അവരുടെനേരെ തട്ടിക്കളഞ്ഞ ശേഷം ഇക്കോന്യയിലേക്കു പോയി. അന്ത്യോക്യയിലെ ശിഷ്യന്മാര്‍ ആനന്ദവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീര്‍ന്നു. അവര്‍ ഒരുമിച്ച് ഇക്കോന്യയില്‍ യെഹൂദന്മാരുടെ സുനഗോഗില്‍ ചെന്നു പ്രസംഗിച്ചു. അവിടെയും അനേകം യെഹൂദന്മാരും ഗ്രീക്കുകാരും വിശ്വാസികളായിത്തീര്‍ന്നു. എന്നാല്‍ വിശ്വാസം നിരസിച്ച യെഹൂദന്മാര്‍ വിജാതീയരെ പറഞ്ഞിളക്കി സഹോദരന്മാരുടെനേരെ ശത്രുത ജനിപ്പിച്ചു. എങ്കിലും അവര്‍ കര്‍ത്താവിനെക്കുറിച്ചു ധീരതയോടെ പ്രസംഗിച്ചുകൊണ്ടു വളരെക്കാലം അവിടെ പാര്‍ത്തു. കര്‍ത്താവ് അവര്‍ മുഖേന അദ്ഭുതങ്ങളും അടയാളങ്ങളും കാട്ടിക്കൊണ്ട് തന്‍റെ കൃപയുടെ സന്ദേശത്തിനു സാക്ഷ്യം വഹിച്ചു. പട്ടണത്തിലെ ജനസമൂഹം രണ്ടു പക്ഷമായി തിരിഞ്ഞു. ഒരു പക്ഷം യെഹൂദന്മാരുടെ കൂടെയും, അന്യപക്ഷം അപ്പോസ്തോലന്മാരുടെ കൂടെയും ചേര്‍ന്നു. വിജാതീയരും യെഹൂദന്മാരും അവരുടെ അധികാരികളുംകൂടി അപ്പോസ്തോലന്മാരെ അപമാനിക്കുവാനും കല്ലെറിയുവാനും ശ്രമിച്ചു. ഇതറിഞ്ഞ് അപ്പോസ്തോലന്മാര്‍ അവിടെനിന്നു പലായനം ചെയ്തു. അവര്‍ ലുക്കവോന്യയിലെ ലുസ്ത്ര, ദര്‍ബ എന്നീ പട്ടണങ്ങളിലും സമീപസ്ഥലങ്ങളിലും ചെന്ന്, ആ പ്രദേശങ്ങളില്‍ സുവിശേഷം പ്രചരിപ്പിച്ചു. ലുസ്ത്രയില്‍ കാലിനു സ്വാധീനമില്ലാത്ത ഒരാള്‍ ഉണ്ടായിരുന്നു. ജന്മനാ മുടന്തനായ അയാള്‍ ഒരിക്കലും നടന്നിട്ടില്ല. അയാള്‍ പൗലൊസിന്‍റെ പ്രസംഗം ശ്രദ്ധിച്ചുകേട്ടു. പൗലൊസ് അയാളെ സൂക്ഷിച്ചുനോക്കി, സൗഖ്യം പ്രാപിക്കുവാനുള്ള വിശ്വാസം അയാള്‍ക്കുണ്ടെന്നു മനസ്സിലാക്കിയിട്ട്, “എഴുന്നേറ്റു കാലൂന്നി നിവര്‍ന്നു നില്‌ക്കുക” എന്ന് ഉച്ചസ്വരത്തില്‍ ആജ്ഞാപിച്ചു. ഉടനെ അയാള്‍ ചാടിയെഴുന്നേറ്റു നടന്നു. പൗലൊസ് ചെയ്തതു കണ്ടപ്പോള്‍ “ദേവന്മാര്‍ മനുഷ്യരൂപത്തില്‍ നമ്മുടെ അടുക്കല്‍ ഇറങ്ങിവന്നിരിക്കുന്നു” എന്നു ജനം ലുക്കവോന്യഭാഷയില്‍ ശബ്ദമുയര്‍ത്തി പറഞ്ഞു. അവര്‍ ബര്‍നബാസിനെ സീയൂസ് അഥവാ ഇന്ദ്രന്‍ എന്നും മുഖ്യപ്രസംഗകനായിരുന്ന പൗലൊസിനെ ഹെര്‍മിസ് അഥവാ ബുധന്‍ എന്നും വിളിച്ചു. പട്ടണത്തിന്‍റെ മുന്‍ഭാഗത്ത് സീയൂസിന്‍റെ ഒരു ക്ഷേത്രമുണ്ടായിരുന്നു. അവിടത്തെ പൂജാരി ജനങ്ങളോടുചേര്‍ന്ന് അവര്‍ക്കു ബലിയര്‍പ്പിക്കുന്നതിനായി കാളകളെ കൊണ്ടുവന്നു; അവയോടൊപ്പം പൂമാലകളും. അപ്പോസ്തോലന്മാരായ പൗലൊസും ബര്‍നബാസും ഈ വിവരമറിഞ്ഞു വസ്ത്രം കീറിക്കൊണ്ട് ജനമധ്യത്തിലേക്ക് ഓടിച്ചെന്നു. “ഹേ മനുഷ്യരേ! നിങ്ങള്‍ എന്താണീ ചെയ്യുന്നത്? ഞങ്ങളും നിങ്ങളെപ്പോലെ മര്‍ത്ത്യസ്വഭാവമുള്ളവര്‍ മാത്രമാണ്. ഈ വ്യര്‍ഥകാര്യങ്ങളില്‍നിന്നു മാറി, ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിലുള്ള സമസ്തവും സൃഷ്‍ടിച്ച, ജീവനുള്ള ദൈവത്തിലേക്കു നിങ്ങള്‍ തിരിയുന്നതിനുവേണ്ടി ഈ സദ്‍വാര്‍ത്ത നിങ്ങളെ അറിയിക്കുന്നതിനാണ് ഞങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത്. സകല ജനതകളെയും തങ്ങള്‍ക്കിഷ്ടമുള്ള മാര്‍ഗങ്ങളില്‍ ജീവിക്കുവാന്‍ പൂര്‍വകാലങ്ങളില്‍ ദൈവം അനുവദിച്ചു. എങ്കിലും അവിടുന്നു ചെയ്തരുളുന്ന നന്മകളാല്‍ ദൈവം തന്നെക്കുറിച്ചുള്ള സാക്ഷ്യം നിങ്ങള്‍ക്കു നല്‌കിക്കൊണ്ടിരുന്നു. അവിടുന്നു മഴ പെയ്യിക്കുകയും, ഫലസമൃദ്ധി ഉളവാക്കുന്ന കാലങ്ങള്‍ നിങ്ങള്‍ക്കു നല്‌കുകയും ചെയ്യുന്നു. അങ്ങനെ ആഹാരവും സന്തോഷവുംകൊണ്ടു നിങ്ങളെ സംതൃപ്തരാക്കുന്നുണ്ടല്ലോ.” ഇങ്ങനെ പറഞ്ഞുകൊണ്ട് തങ്ങള്‍ക്കുവേണ്ടി യാഗം കഴിക്കുവാനുള്ള സംരംഭത്തില്‍നിന്ന് അവര്‍ ജനങ്ങളെ പണിപ്പെട്ട് പിന്‍തിരിപ്പിച്ചു. എന്നാല്‍ പിസിദ്യയിലെ അന്ത്യോക്യയില്‍നിന്നും ഇക്കോന്യയില്‍നിന്നും യെഹൂദന്മാര്‍ അവിടെയെത്തി, ജനത്തെ വശീകരിച്ച് പൗലൊസിനെ കല്ലെറിഞ്ഞു. മരിച്ചെന്നു കരുതി അവര്‍ അദ്ദേഹത്തെ പട്ടണത്തിന്‍റെ പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി. എന്നാല്‍ ശിഷ്യന്മാര്‍ അദ്ദേഹത്തിന്‍റെ ചുറ്റുംകൂടി നിന്നപ്പോള്‍ അദ്ദേഹം എഴുന്നേറ്റു പട്ടണത്തിലേക്കു തിരിച്ചുചെന്നു; പിറ്റേദിവസം ബര്‍നബാസിനോടുകൂടി ദര്‍ബയിലേക്കുപോയി. ദര്‍ബയിലും അവര്‍ സുവിശേഷം പ്രസംഗിച്ചു പലരെയും ശിഷ്യരാക്കിത്തീര്‍ത്തു. പിന്നീട് അവര്‍ ലുസ്ത്ര, ഇക്കോന്യ, പിസിദ്യയിലെ അന്ത്യോക്യ എന്നീ പട്ടണങ്ങളിലേക്കു മടങ്ങിച്ചെന്ന്, ക്രിസ്തുവിന്‍റെ അനുയായികളായിത്തീര്‍ന്നവരെ ധൈര്യപ്പെടുത്തി. വിശ്വാസത്തില്‍ ഉറച്ചു നില്‌ക്കണമെന്നും “അനേകം കഷ്ടതകളില്‍കൂടി നാം ദൈവരാജ്യത്തില്‍ പ്രവേശിക്കണം” എന്നും അവരെ ഉദ്ബോധിപ്പിച്ചു. ഓരോ സഭയിലും അവര്‍ സഭാമുഖ്യന്മാരെ നിയമിച്ചു; പ്രാര്‍ഥനയോടും ഉപവാസത്തോടുംകൂടി, തങ്ങള്‍ വിശ്വസിച്ച കര്‍ത്താവിന് അവരെ സമര്‍പ്പിക്കുകയും ചെയ്തു. പിന്നീട് അവര്‍ പിസിദ്യയില്‍കൂടി കടന്നു പംഫുല്യയിലെത്തി. പെര്‍ഗ്ഗയില്‍ ദൈവവചനം പ്രസംഗിച്ചശേഷം അത്തല്യക്കു പോയി. അവിടെനിന്ന് അവര്‍ അന്ത്യോക്യയിലേക്കു കപ്പല്‍കയറി. പൗലൊസും ബര്‍നബാസും പൂര്‍ത്തീകരിച്ച പ്രവര്‍ത്തനത്തിനായി അവരെ ദൈവകൃപയുടെ സംരക്ഷണത്തില്‍ ഭരമേല്പിച്ചത് അവിടെവച്ചായിരുന്നല്ലോ. അന്ത്യോക്യയില്‍ എത്തിയശേഷം അവിടത്തെ സഭയെ വിളിച്ചുകൂട്ടി, ദൈവം തങ്ങളോടുകൂടിയിരുന്നു ചെയ്ത എല്ലാ കാര്യങ്ങളും, വിജാതീയര്‍ക്കു വിശ്വാസത്തിന്‍റെ വാതില്‍ തുറക്കപ്പെട്ടിരിക്കുന്നതും അവര്‍ വിവരിച്ചു പറഞ്ഞു. അവര്‍ ശിഷ്യന്മാരോടൊത്ത് അവിടെ കുറെക്കാലം കഴിച്ചുകൂട്ടി. “മോശ ഏര്‍പ്പെടുത്തിയ ആചാരപ്രകാരം പരിച്ഛേദനകര്‍മം നടത്താതെ നിങ്ങള്‍ക്കു രക്ഷപ്പെടാന്‍ സാധ്യമല്ല” എന്ന് യെഹൂദ്യയില്‍നിന്നു വന്ന ചിലര്‍ അക്കാലത്ത് സഹോദരന്മാരെ പഠിപ്പിച്ചു തുടങ്ങി. പൗലൊസിനും ബര്‍നബാസിനും ഈ അഭിപ്രായത്തോട് ഉഗ്രമായ വിയോജിപ്പും തര്‍ക്കവും ഉണ്ടായിരുന്നു. അതുകൊണ്ട് ഈ പ്രശ്നത്തെക്കുറിച്ച് അപ്പോസ്തോലന്മാരോടും സഭാമുഖ്യന്മാരോടും ആലോചിക്കുന്നതിന് അവരും മറുപക്ഷത്തുള്ള ചിലരും യെരൂശലേമിലേക്കു പോകണമെന്നു നിശ്ചയിച്ചു. അങ്ങനെ സഭ അവരെ യഥോചിതം യാത്ര അയച്ചു. അവര്‍ ഫൊയ്നിക്യയിലും ശമര്യയിലുംകൂടി കടന്നുപോയപ്പോള്‍ വിജാതീയരുടെ മാനസാന്തരത്തെക്കുറിച്ച് അവര്‍ ആ പ്രദേശങ്ങളിലെ സഹോദരന്മാരെ അറിയിച്ചു. അതുകേട്ട് അവര്‍ അത്യന്തം ആനന്ദിച്ചു. പൗലൊസും ബര്‍നബാസും മറ്റുള്ളവരും യെരൂശലേമിലെത്തിയപ്പോള്‍ സഭയും അപ്പോസ്തോലന്മാരും സഭാമുഖ്യന്മാരും അവരെ സ്വീകരിച്ചു. ദൈവം തങ്ങളോടുകൂടിയിരുന്നു പ്രവര്‍ത്തിച്ച കാര്യങ്ങള്‍ അവര്‍ പ്രസ്താവിച്ചു. എന്നാല്‍ പരീശപക്ഷക്കാരായ ചില വിശ്വാസികള്‍ വിജാതീയര്‍ പരിച്ഛേദനകര്‍മം സ്വീകരിക്കേണ്ടതാണെന്നും, മോശയുടെ നിയമസംഹിത അനുസരിക്കേണ്ടതാണെന്ന് അവരെ അനുശാസിക്കണമെന്നും വാദിച്ചു. ഈ പ്രശ്നത്തെക്കുറിച്ചു ചര്‍ച്ചചെയ്യുന്നതിന് അപ്പോസ്തോലന്മാരും സഭാമുഖ്യന്മാരും ഒരു യോഗം കൂടി. ദീര്‍ഘസമയത്തെ വാദപ്രതിവാദങ്ങള്‍ക്കുശേഷം പത്രോസ് എഴുന്നേറ്റുനിന്ന് ഇപ്രകാരം പ്രസ്താവിച്ചു: “സഹോദരന്മാരേ, വിജാതീയര്‍ എന്‍റെ അധരങ്ങളില്‍നിന്നു സുവിശേഷവചനം കേട്ടു വിശ്വസിക്കുന്നതിന്, അവരോടു പ്രസംഗിക്കുവാന്‍ നിങ്ങളുടെ ഇടയില്‍നിന്ന് വളരെ മുമ്പ് ദൈവം എന്നെ തിരഞ്ഞെടുത്തു എന്നത് നിങ്ങള്‍ക്കറിയാമല്ലോ. സകല ഹൃദയങ്ങളെയും അറിയുന്ന ദൈവം, നമുക്കു നല്‌കിയതുപോലെ, വിജാതീയര്‍ക്കും പരിശുദ്ധാത്മാവു പകര്‍ന്നു കൊടുത്തുകൊണ്ട്, അവരെ അംഗീകരിച്ചു എന്നതിനു സാക്ഷ്യം വഹിച്ചു. നമുക്കും അവര്‍ക്കും തമ്മില്‍ ഒരു വ്യത്യാസവും കല്പിച്ചില്ല; വിശ്വസിച്ചതുകൊണ്ട് അവരുടെ ഹൃദയങ്ങളെയും അവിടുന്നു ശുദ്ധീകരിച്ചുവല്ലോ. അങ്ങനെയിരിക്കെ, നമ്മുടെ പിതാക്കന്മാര്‍ക്കോ, നമുക്കോ, വഹിക്കുവാന്‍ കഴിയാതിരുന്ന ഒരു നുകം ശിഷ്യന്മാരുടെമേല്‍ കെട്ടിയേല്പിച്ച് നാം എന്തിനു ദൈവത്തെ പരീക്ഷിക്കുന്നു? നാം വിശ്വസിക്കുന്നത് കര്‍ത്താവായ യേശുവിന്‍റെ കൃപയാല്‍ രക്ഷപ്രാപിക്കുമെന്നത്രേ. അതുപോലെ തന്നെയാണ് അവരും രക്ഷപ്രാപിക്കുന്നത്.” തങ്ങളില്‍ക്കൂടി ദൈവം വിജാതീയരുടെ ഇടയില്‍ കാണിച്ച അടയാളങ്ങളും അദ്ഭുതങ്ങളും ബര്‍നബാസും പൗലൊസും വിവരിച്ചത് ജനം നിശ്ശബ്ദം കേട്ടുകൊണ്ടിരുന്നു. അവരുടെ പ്രഭാഷണം കഴിഞ്ഞ്, യാക്കോബ് ഇപ്രകാരം പ്രസ്താവിച്ചു: “സഹോദരന്മാരേ, ഞാന്‍ പറയുന്നതു ശ്രദ്ധിക്കുക: വിജാതീയരില്‍നിന്ന് ഒരു വിഭാഗത്തെ തന്‍റെ നാമത്തിനു സാക്ഷ്യം വഹിക്കുന്നതിനുവേണ്ടി തിരഞ്ഞെടുത്ത്, അവരെക്കുറിച്ചുള്ള തന്‍റെ കരുതല്‍ എങ്ങനെയാണ് ദൈവം ആദ്യം പ്രകടിപ്പിച്ചതെന്ന് ശിമോന്‍ വിവരിച്ചു കഴിഞ്ഞല്ലോ. പ്രവാചകവചനങ്ങളും ഇതിനോടു യോജിക്കുന്നു. ഇവയാണ് ആ വചനങ്ങള്‍: ‘അതിനുശേഷം ദാവീദിന്‍റെ വീണുപോയ കൂടാരം ഞാന്‍ വീണ്ടും പണിയും; അതിന്‍റെ ശൂന്യാവശിഷ്ടങ്ങള്‍ വീണ്ടും പടുത്തുയര്‍ത്തും. അങ്ങനെ ശേഷിച്ച സര്‍വജനവും എന്‍റെ സ്വന്തമായിരിക്കുവാന്‍ ഞാന്‍ തിരഞ്ഞെടുത്ത വിജാതീയരും, എന്‍റെ അടുക്കലേക്കു വരും.’ എന്നിങ്ങനെ ആദിമുതല്‌ക്കേ ഇവയെല്ലാം അറിയിച്ചിട്ടുള്ള കര്‍ത്താവ് അരുള്‍ചെയ്യുന്നു. “അതുകൊണ്ട് ദൈവത്തിങ്കലേക്കു തിരിയുന്ന വിജാതീയരെ അസഹ്യപ്പെടുത്തരുതെന്നാണ് എന്‍റെ അഭിപ്രായം. വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചതുമൂലം അശുദ്ധമായിത്തീര്‍ന്നിട്ടുള്ളവ ഭക്ഷിക്കരുതെന്നും, യാതൊരു അവിഹിത വേഴ്ചയും പാടില്ലെന്നും, ശ്വാസംമുട്ടിച്ചു കൊല്ലുന്ന ഏതെങ്കിലും മൃഗത്തിന്‍റെ മാംസമോ രക്തമോ ഭക്ഷിക്കരുതെന്നും അവര്‍ക്ക് എഴുതിയാല്‍മതി. പണ്ടുതൊട്ടേ ശബത്തു തോറും എല്ലാ പട്ടണങ്ങളിലുമുള്ള സുനഗോഗുകളില്‍ മോശയുടെ നിയമസംഹിത വായിക്കുകയും പ്രസംഗിക്കുകയും ചെയ്തുവരുന്നുണ്ടല്ലോ.” തങ്ങളുടെ കൂട്ടത്തില്‍നിന്ന് ഏതാനും പേരെ തിരഞ്ഞെടുത്ത് പൗലൊസിന്‍റെയും ബര്‍നബാസിന്‍റെയും കൂടെ അന്ത്യോക്യയിലേക്ക് അയയ്‍ക്കണമെന്ന് അപ്പോസ്തോലന്മാരും സഭാമുഖ്യന്മാരും സമസ്തസഭയോടും ചേര്‍ന്നു നിശ്ചയിച്ചു. അങ്ങനെ സഹോദരന്മാരുടെ ഇടയില്‍ പ്രമുഖരായ ബര്‍നബാസ് എന്ന യൂദാസിനെയും ശീലാസിനെയും അവരോടുകൂടി അയച്ചു. താഴെപ്പറയുന്ന കത്തും അവരുടെ കൈവശം കൊടുത്തയച്ചു; അപ്പോസ്തോലന്മാരും സഭാമുഖ്യന്മാരുമായ സഹോദരന്മാര്‍ അന്ത്യോക്യ, സിറിയ, കിലിക്യ എന്നീ പ്രദേശങ്ങളിലെ വിജാതീയരായ സഹോദരന്മാര്‍ക്ക് എഴുതുന്നത്:- ഞങ്ങളുടെ കൂട്ടത്തില്‍പെട്ട ചിലര്‍ തങ്ങളുടെ വാക്കുകളാല്‍ ചിന്താകുഴപ്പം ഉണ്ടാക്കി നിങ്ങളെ അസ്വസ്ഥരാക്കിത്തീര്‍ത്തതായി ഞങ്ങള്‍ കേട്ടു. ഞങ്ങളുടെ നിര്‍ദേശപ്രകാരമല്ല അവര്‍ അങ്ങനെ ചെയ്തത്. [25,26] അതുകൊണ്ട് ഞങ്ങള്‍ യോഗംകൂടി ഏതാനുംപേരെ തിരഞ്ഞെടുത്ത്, കര്‍ത്താവായ യേശുക്രിസ്തുവിനുവേണ്ടി ജീവിതം അര്‍പ്പിച്ചവരായ നമ്മുടെ പ്രിയപ്പെട്ട ബര്‍നബാസിനോടും പൗലൊസിനോടുംകൂടി നിങ്ങളുടെ അടുക്കല്‍ അയയ്‍ക്കണമെന്ന് ഐകകണ്ഠ്യേന തീരുമാനിച്ചു. *** അങ്ങനെ യൂദാസിനെയും ശീലാസിനെയും നിങ്ങളുടെ അടുക്കലേക്കയയ്‍ക്കുന്നു. അവര്‍ നേരിട്ട് ഈ സംഗതികള്‍ നിങ്ങളോടു പറയും. [28,29] വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച വസ്തുക്കള്‍, രക്തം, ശ്വാസംമുട്ടിച്ചു കൊല്ലപ്പെട്ടവ ഇതുകള്‍ നിങ്ങള്‍ വര്‍ജിക്കുകയും, അവിഹിതവേഴ്ചയില്‍ നിന്ന് ഒഴിഞ്ഞിരിക്കുകയും ചെയ്യണമെന്നല്ലാതെ, അതിലധികമായ ഭാരം നിങ്ങളുടെമേല്‍ കെട്ടിയേല്പിക്കേണ്ടതില്ലെന്ന് പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നിയിരിക്കുന്നു. ഇവ അനുഷ്ഠിക്കുന്നതായാല്‍ നിങ്ങള്‍ക്കു നന്ന്. നിങ്ങള്‍ക്കു മംഗളം! *** അങ്ങനെ അവരെ യാത്രയാക്കി; അവര്‍ അന്ത്യോക്യയിലെത്തി സഭാജനങ്ങളെ വിളിച്ചുകൂട്ടി കത്ത് അവരെ ഏല്പിച്ചു. അവര്‍ ആ കത്തു വായിച്ചു. അതിലെ ആശ്വാസപ്രദമായ ഉദ്ബോധനം അവരെ ആനന്ദഭരിതരാക്കി. പ്രവാചകന്മാര്‍ ആയിരുന്ന യൂദാസും ശീലാസും നിരവധി ഉദ്ബോധനങ്ങളാല്‍ അവരെ ധൈര്യപ്പെടുത്തി. കുറെനാള്‍ ആ സഹോദരന്മാര്‍ അവിടെ താമസിച്ചു. പിന്നീട് തങ്ങളെ അയച്ചവരുടെ അടുക്കലേക്ക്, അന്ത്യോക്യയിലെ സഹോദരന്മാര്‍ അവരെ സമാധാനത്തോടെ യാത്രയയച്ചു. എന്നാല്‍ പൗലൊസും ബര്‍നബാസും അന്ത്യോക്യയില്‍തന്നെ പാര്‍ത്തു. അവര്‍ മറ്റു പലരോടുംകൂടി കര്‍ത്താവിന്‍റെ വചനം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തുപോന്നു. കുറേനാള്‍ കഴിഞ്ഞ് പൗലൊസ് ബര്‍നബാസിനോട്, “നാം കര്‍ത്താവിന്‍റെ വചനം പ്രസംഗിച്ച പട്ടണങ്ങള്‍ വീണ്ടും സന്ദര്‍ശിച്ച് സഹോദരന്മാര്‍ എങ്ങനെ കഴിയുന്നു എന്ന് അന്വേഷിക്കാം” എന്നു പറഞ്ഞു. മര്‍ക്കോസ് എന്നു പേരുള്ള യോഹന്നാനെക്കൂടി തങ്ങളുടെകൂടെ കൊണ്ടുപോകാന്‍ ബര്‍നബാസ് ആഗ്രഹിച്ചു. എന്നാല്‍ പംഫുല്യയില്‍വച്ചു വിട്ടുപിരിയുകയും തങ്ങളുടെ പ്രവര്‍ത്തനത്തില്‍ തുടര്‍ന്നു സഹകരിക്കുവാന്‍ വിസമ്മതിക്കുകയും ചെയ്ത ആളിനെ കൊണ്ടുപോകുന്നതിനെ പൗലൊസ് അനുകൂലിച്ചില്ല. ഇതിന്‍റെ പേരില്‍ അവര്‍ തമ്മില്‍ നിശിതമായ തര്‍ക്കം ഉണ്ടായി. അങ്ങനെ അവര്‍ പരസ്പരം പിരിഞ്ഞു; ബര്‍നബാസ് മര്‍ക്കോസിനെ കൂട്ടിക്കൊണ്ട് സൈപ്രസിലേക്കു കപ്പല്‍കയറി. സഹോദരന്മാര്‍ പൗലൊസിനെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു. അദ്ദേഹം ശീലാസിനോടുകൂടി സിറിയ, കിലിക്യ പ്രദേശങ്ങളില്‍ സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചുപോന്നു. പൗലൊസ് ദര്‍ബയിലും ലുസ്ത്രയിലുമെത്തി. തിമൊഥെയോസ് എന്നൊരു ശിഷ്യന്‍ അവിടെയുണ്ടായിരുന്നു. അയാള്‍ വിശ്വാസിനിയായ ഒരു യെഹൂദസ്‍ത്രീയുടെ പുത്രനായിരുന്നു. ഒരു ഗ്രീക്കുകാരനായിരുന്നു അയാളുടെ പിതാവ്. ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാര്‍ക്കു സുസമ്മതനായിരുന്നു തിമൊഥെയോസ്. അയാളെ തന്നോടുകൂടി കൊണ്ടുപോകുവാന്‍ പൗലൊസ് ആഗ്രഹിച്ചു. പിതാവ് ഗ്രീക്കുകാരനാണെന്ന് ആ പ്രദേശങ്ങളിലുള്ള യെഹൂദന്മാര്‍ക്ക് അറിയാമായിരുന്നതുകൊണ്ട് അവരെയോര്‍ത്ത് തിമൊഥെയോസിനെ പരിച്ഛേദനകര്‍മത്തിനു വിധേയനാക്കി. അവര്‍ പട്ടണംതോറും സഞ്ചരിച്ചുകൊണ്ട്, യെരൂശലേമിലെ അപ്പോസ്തോലന്മാരും സഭാമുഖ്യന്മാരും ചെയ്ത തീരുമാനങ്ങള്‍ അനുസരിക്കണമെന്ന് അറിയിച്ചു. അങ്ങനെ സഭകള്‍ വിശ്വാസത്തില്‍ ഉറയ്‍ക്കുകയും വിശ്വാസികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയും ചെയ്തു. ഏഷ്യാസംസ്ഥാനത്ത് ദൈവവചനം പ്രസംഗിക്കുന്നത് പരിശുദ്ധാത്മാവു വിലക്കുകയാല്‍, അവര്‍ ഫ്രുഗ്യയിലും ഗലാത്യയിലുംകൂടി കടന്ന് മുസ്യക്കു സമീപമെത്തി. അതുവഴി ബിഥുന്യക്കു പോകുവാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ യേശുവിന്‍റെ ആത്മാവ് അവരെ അനുവദിച്ചില്ല. അതുകൊണ്ട് അവര്‍ മുസ്യ കടന്നു ത്രോവാസിലെത്തി. ആ രാത്രി പൗലൊസിന് ഒരു ദര്‍ശനമുണ്ടായി. മാസിഡോണിയക്കാരനായ ഒരാള്‍ “മാസിഡോണിയയിലേക്കു വന്നു ഞങ്ങളെ സഹായിച്ചാലും” എന്ന് അഭ്യര്‍ഥിക്കുന്നതായിട്ടാണ് അദ്ദേഹം കണ്ടത്. ഈ ദര്‍ശനമുണ്ടായപ്പോള്‍ അവരോടു സുവിശേഷം പ്രസംഗിക്കുവാന്‍ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു ഞങ്ങള്‍ നിശ്ചയിച്ചു; അതുകൊണ്ടു ഉടന്‍തന്നെ മാസിഡോണിയയിലേക്കു പോകുവാന്‍ തയ്യാറായി. [11,12] അങ്ങനെ ഞങ്ങള്‍ ത്രോവാസില്‍നിന്നു കപ്പല്‍ കയറി സമൊത്രാക്കയിലെത്തി; പിറ്റേദിവസം നവപൊലീസിലേക്കും അവിടെനിന്ന് ഫിലിപ്പിയിലേക്കും പോയി. മാസിഡോണിയാ സംസ്ഥാനത്തെ പ്രമുഖപട്ടണവും റോമന്‍ കോളനിയുമാണ് ഫിലിപ്പി. അവിടെ ഞങ്ങള്‍ ഏതാനും ദിവസം പാര്‍ത്തു. *** ശബത്തുദിവസം ഞങ്ങള്‍ പട്ടണാതിര്‍ത്തിക്കു പുറത്ത് നദീതീരത്തേക്കു പോയി. അവിടെ യെഹൂദന്മാരുടെ പ്രാര്‍ഥനാസ്ഥലമുണ്ടായിരിക്കുമെന്നു ഞങ്ങള്‍ വിചാരിച്ചു. ഞങ്ങള്‍ അവിടെ വന്നുകൂടിയ സ്‍ത്രീകളോടു സംസാരിച്ചു. തുയത്തൈരാ പട്ടണക്കാരി ലുദിയ എന്നൊരു വനിത പൗലൊസ് പറഞ്ഞതു കേട്ടുകൊണ്ടിരുന്നു. കടുംചെമപ്പു നിറമുള്ള തുണിത്തരങ്ങള്‍ വില്‌ക്കുന്ന തൊഴിലില്‍ അവള്‍ ഏര്‍പ്പെട്ടിരുന്നു. ഇസ്രായേലിന്‍റെ ദൈവത്തെ ആരാധിച്ചിരുന്നവളുമായിരുന്നു ആ സ്‍ത്രീ. പൗലൊസിന്‍റെ പ്രഭാഷണം ശ്രദ്ധിക്കുവാന്‍ കര്‍ത്താവ് ലുദിയയുടെ ഹൃദയം തുറന്നു. ആ സ്‍ത്രീ സകുടുംബം സ്നാപനം സ്വീകരിച്ചു. “ഞാന്‍ കര്‍ത്താവില്‍ വിശ്വസിക്കുന്നു എന്നു നിങ്ങള്‍ക്കു ബോധ്യമുണ്ടെങ്കില്‍ എന്‍റെ വീട്ടില്‍ വന്നു പാര്‍ത്താലും” എന്ന് അവര്‍ അപേക്ഷിച്ചു. ലുദിയയുടെ നിര്‍ബന്ധത്തിനു ഞങ്ങള്‍ വഴങ്ങി. ഒരിക്കല്‍ ഞങ്ങള്‍ പ്രാര്‍ഥനാസ്ഥലത്തേക്കു പോകുമ്പോള്‍ ഒരു ഭൂതാവേശമുള്ള അടിമപ്പെണ്‍കുട്ടിയെ കണ്ടുമുട്ടി. അവള്‍ ഭാവിഫലം പറഞ്ഞ് തന്‍റെ യജമാനന്മാര്‍ക്കു ധാരാളം ആദായം ഉണ്ടാക്കിവന്നിരുന്നു. അവള്‍ പൗലൊസിന്‍റെയും ഞങ്ങളുടെയും പിന്നാലെ വന്ന് “ഇവര്‍ അത്യുന്നതനായ ദൈവത്തിന്‍റെ ദാസന്മാരാണ്; രക്ഷയുടെ മാര്‍ഗമാണ് ഇവര്‍ നിങ്ങളെ അറിയിക്കുന്നത്” എന്നു വിളിച്ചുപറഞ്ഞു. ഇത് അവള്‍ പലദിവസം ആവര്‍ത്തിച്ചു. പൗലൊസിന് ഇതൊരു ശല്യമായിത്തീര്‍ന്നു. അദ്ദേഹം അവളുടെ നേരേ തിരിഞ്ഞ് അവളില്‍ കുടികൊണ്ടിരുന്ന ഭൂതത്തോട്, “അവളെ വിട്ടു പുറത്തുപോകുക എന്ന് യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ഞാന്‍ നിന്നോടാജ്ഞാപിക്കുന്നു” എന്നു പറഞ്ഞു. ആ നിമിഷത്തില്‍ത്തന്നെ ഭൂതം അവളെ വിട്ടുപോയി. ഇതോടെ തങ്ങളുടെ ആദായമാര്‍ഗം അടഞ്ഞു എന്നു കണ്ട് ആ പെണ്‍കുട്ടിയുടെ ഉടമസ്ഥന്മാര്‍ പൗലൊസിനെയും ശീലാസിനെയും പിടിച്ച് വലിച്ചിഴച്ചുകൊണ്ടുവന്ന് പട്ടണത്തിലെ പൊതുസ്ഥലത്ത് അധികാരികളുടെ മുമ്പില്‍ ഹാജരാക്കി. അവരെ ന്യായാധിപന്മാരുടെ മുമ്പില്‍ കൊണ്ടുവന്ന് “യെഹൂദന്മാരായ ഇവര്‍ നമ്മുടെ പട്ടണത്തില്‍ വലിയ കലാപമുണ്ടാക്കുന്നു; റോമാക്കാരായ നമുക്ക് അംഗീകരിക്കുവാനും അനുസരിക്കുവാനും നിവൃത്തിയില്ലാത്ത ആചാരങ്ങള്‍ ഇവര്‍ പ്രസംഗിക്കുന്നു” എന്നു പറഞ്ഞു. അവരോടുകൂടി ബഹുജനങ്ങളും ചേര്‍ന്നു. പൗലൊസിന്‍റെയും ശീലാസിന്‍റെയും വസ്ത്രം അഴിച്ച് അടിശിക്ഷ നല്‌കുവാന്‍ ന്യായാധിപന്മാര്‍ ആജ്ഞാപിച്ചു. വളരെയധികം പ്രഹരിച്ചശേഷം അവരെ കാരാഗൃഹത്തിലടച്ചു; അവരെ ജാഗ്രതയോടുകൂടി സൂക്ഷിച്ചുകൊള്ളണമെന്ന് ജയിലധികാരിക്കു നിര്‍ദേശവും നല്‌കി. അതനുസരിച്ച് അവരുടെ കാല് ആമത്തിലിട്ട് അവരെ ജയിലിന്‍റെ ഉള്‍മുറിയിലടച്ചു. പൗലൊസും ശീലാസും അര്‍ധരാത്രിയില്‍ ദൈവത്തെ സ്തുതിച്ചു പാട്ടുപാടി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. മറ്റു തടവുകാര്‍ അതു ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് കാരാഗൃഹത്തിന്‍റെ അടിസ്ഥാനം ഇളകുമാറ് ഒരു വലിയ ഭൂകമ്പമുണ്ടായി; എല്ലാ വാതിലുകളും തുറക്കപ്പെട്ടു; എല്ലാവരുടെയും ചങ്ങല താഴെ വീണു. ജയിലധികാരി ഉണര്‍ന്നപ്പോള്‍ ജയില്‍ വാതിലുകളെല്ലാം തുറന്നിരിക്കുന്നതാണു കണ്ടത്. തടവുകാര്‍ ഓടിപ്പോയിരിക്കുമെന്നു കരുതി അയാള്‍ വാളെടുത്ത് ആത്മഹത്യ ചെയ്യുവാന്‍ ഭാവിച്ചു. അപ്പോള്‍ പൗലൊസ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു; അരുതാത്തത് ചെയ്യരുത്; ഞങ്ങളെല്ലാവരും ഇവിടെയുണ്ട്.” വിളക്കു കൊണ്ടുവരുവാന്‍ അയാള്‍ വിളിച്ചുപറഞ്ഞു. വിളക്കു കൊണ്ടുവന്ന് അകത്തേക്കു പാഞ്ഞുചെന്നു; ഭയന്നു വിറച്ചുകൊണ്ട് അയാള്‍ പൗലൊസിന്‍റെയും ശീലാസിന്‍റെയും മുമ്പില്‍ സാഷ്ടാംഗം വീണു വണങ്ങി. പിന്നീട് അവരെ പുറത്തുകൊണ്ടുവന്ന് അയാള്‍ ചോദിച്ചു: “മഹാത്മാക്കളേ, രക്ഷിക്കപ്പെടുവാന്‍ ഞാന്‍ എന്തു ചെയ്യണം?” അവര്‍ പ്രതിവചിച്ചു: “കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; എന്നാല്‍ താങ്കളും താങ്കളുടെ കുടുംബവും രക്ഷിക്കപ്പെടും.” അവര്‍ കര്‍ത്താവിന്‍റെ വചനം അയാളോടും വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു. രാത്രിയുടെ ആ നിമിഷത്തില്‍തന്നെ അയാള്‍ അവരെ കൂട്ടിക്കൊണ്ടുപോയി അവരുടെ മുറിവുകളെല്ലാം കഴുകി. അയാളും അയാളുടെ ഭവനത്തിലുള്ള എല്ലാവരും സ്നാപനം സ്വീകരിച്ചു. അതിനുശേഷം ജയിലധികാരി പൗലൊസിനെയും ശീലാസിനെയും വീട്ടില്‍ കൊണ്ടുപോയി അവര്‍ക്കു ഭക്ഷണം കൊടുത്തു. ദൈവത്തില്‍ വിശ്വസിക്കാനിടയായതുമൂലം ആ ഭവനത്തിലുള്ള എല്ലാവരും ഒന്നടങ്കം ആനന്ദിച്ചു. നേരം വെളുത്തപ്പോള്‍ ന്യായാധിപന്മാര്‍ പടയാളികളെ അയച്ച് പൗലൊസിനെയും ശീലാസിനെയും വിട്ടയയ്‍ക്കാന്‍ ആവശ്യപ്പെട്ടു. “നിങ്ങളെ വിട്ടയയ്‍ക്കാന്‍ ന്യായാധിപന്മാര്‍ പറഞ്ഞയച്ചിരിക്കുന്നു. അതുകൊണ്ട് സമാധാനത്തോടുകൂടി പോകുക” എന്നു ജയിലധികാരി പൗലൊസിനോടു പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: “റോമാപൗരന്മാരായ ഞങ്ങളെ വിസ്തരിക്കാതെ, പരസ്യമായി പ്രഹരിച്ച് തടവിലാക്കി; എന്നിട്ടിപ്പോള്‍ രഹസ്യമായി ഞങ്ങളെ വിട്ടയയ്‍ക്കാനാണോ ഭാവം? അതു പാടില്ല, ന്യായാധിപന്മാര്‍തന്നെ വന്നു ഞങ്ങളെ വിട്ടയയ്‍ക്കട്ടെ.” പടയാളികള്‍ തിരിച്ചുചെന്നു വിവരം അറിയിച്ചു. അവര്‍ റോമാപൗരന്മാരാണെന്ന് അറിഞ്ഞപ്പോള്‍ ന്യായാധിപന്മാര്‍ ഭയപ്പെട്ടു. അതുകൊണ്ട് അവര്‍ ചെന്നു നല്ലവാക്കു പറഞ്ഞ് അവരെ പുറത്തുകൊണ്ടുവന്ന്, നഗരം വിട്ടുപോകണമെന്ന് അപേക്ഷിച്ചു. അവര്‍ കാരാഗൃഹത്തില്‍നിന്ന് ലുദിയയുടെ ഭവനത്തിലേക്കുപോയി; അവിടെവച്ചു സഹോദരന്മാരെ കാണുകയും അവരെ ധൈര്യപ്പെടുത്തുകയും ചെയ്തശേഷം ഫിലിപ്പിയില്‍നിന്നു യാത്രപുറപ്പെട്ടു. അവര്‍ അംഫിപൊലീസിലും അപ്പൊലോന്യയിലും കൂടി സഞ്ചരിച്ചു തെസ്സലോനിക്യയിലെത്തി. അവിടെ യെഹൂദന്മാരുടെ ഒരു സുനഗോഗുണ്ടായിരുന്നു. പൗലൊസ് പതിവുപോലെ അവിടെപോയി. വേദഗ്രന്ഥത്തെ ആധാരമാക്കി അദ്ദേഹം മൂന്നു ശബത്തു ദിവസം അവരോടു സംവാദം നടത്തി. ക്രിസ്തു കഷ്ടതയനുഭവിച്ച് മരിച്ച് ഉയിര്‍ത്തെഴുന്നേല്‌ക്കേണ്ടതാണെന്നു വിശദീകരിക്കുകയും സമര്‍ഥിക്കുകയും ചെയ്തു. “ഞാന്‍ ആരെക്കുറിച്ചു നിങ്ങളോടു പ്രസ്താവിക്കുന്നുവോ ആ യേശുതന്നെയാണു ക്രിസ്തു” എന്നും അദ്ദേഹം പറഞ്ഞു. അവിടെ കൂടിയിരുന്ന ചിലര്‍ക്ക് ഇതു ബോധ്യമായി; അവര്‍ പൗലൊസിനോടും ശീലാസിനോടും ചേര്‍ന്നു. അതുപോലെതന്നെ ഇസ്രായേലിന്‍റെ ദൈവത്തെ ആരാധിച്ചുവന്ന അനേകം ഗ്രീക്കുകാരും പ്രമുഖരായ ഒട്ടേറെ സ്‍ത്രീകളും ക്രിസ്തുവില്‍ വിശ്വസിച്ചു. ഇത് യെഹൂദന്മാരില്‍ അമര്‍ഷം ഉളവാക്കി. അവര്‍ കമ്പോളത്തിലുള്ള ചട്ടമ്പികളെ വിളിച്ചുകൂട്ടി ജനങ്ങളുടെയിടയില്‍ പ്രക്ഷോഭമുണ്ടാക്കി. പൗലൊസിനെയും ശീലാസിനെയും ജനമധ്യത്തിലേക്കു കൊണ്ടുവരുന്നതിനുവേണ്ടി അവര്‍ യാസോന്‍ എന്ന ആളിന്‍റെ വീട് ആക്രമിച്ചു. എന്നാല്‍ അവരെ അവിടെ കാണാഞ്ഞതിനാല്‍ യാസോനെയും മറ്റുചില സഹോദരന്മാരെയും ബലം പ്രയോഗിച്ച് വലിച്ചിഴച്ച് നഗരാധിപന്മാരുടെ മുമ്പില്‍ ഹാജരാക്കി. “ഭൂലോകത്തെ കീഴ്മേല്‍ മറിച്ചവര്‍ ഇവിടെയും വന്നിരിക്കുന്നു. യാസോന്‍ അവരെ ഇവിടെ അതിഥികളായി സ്വീകരിച്ചിരിക്കുന്നു; യേശു എന്ന മറ്റൊരു രാജാവുണ്ടെന്നു പറഞ്ഞ് ഇവര്‍ കൈസറിന്‍റെ കല്പനകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു” എന്നിങ്ങനെ അവര്‍ ആക്രോശിച്ചു. ഇതുകേട്ടപ്പോള്‍ നഗരാധിപന്മാരും പൗരജനങ്ങളും അമ്പരന്നു. ഒടുവില്‍ അധികാരികള്‍ യാസോനെയും മറ്റുള്ളവരെയും ജാമ്യത്തില്‍ വിട്ടയച്ചു. രാത്രിയായ ഉടനെ സഹോദരന്മാര്‍ പൗലൊസിനെയും ശീലാസിനെയും ബെരോവയിലേക്കയച്ചു. അവിടെയെത്തിയപ്പോള്‍ അവര്‍ യെഹൂദന്മാരുടെ സുനഗോഗിലേക്കു പോയി. അവിടെയുള്ളവര്‍ തെസ്സലോനിക്യയിലുള്ളവരെക്കാള്‍ വിശാലമനസ്കരായിരുന്നു. അവര്‍ അതീവതാത്പര്യത്തോടെ വചനം സ്വീകരിക്കുകയും, അതു ശരിയാണോ എന്നറിയുന്നതിനു ദിവസംതോറും വേദഭാഗങ്ങള്‍ പരിശോധിക്കുകയും ചെയ്തുപോന്നു. അങ്ങനെ അനേകമാളുകള്‍ വിശ്വാസികളായിത്തീര്‍ന്നു. അക്കൂട്ടത്തില്‍ കുലീനരായ ധാരാളം ഗ്രീക്കുവനിതകളും പുരുഷന്മാരും ഉണ്ടായിരുന്നു. ബെരോവയിലും പൗലൊസ് ദൈവവചനം പ്രസംഗിക്കുന്നു എന്ന വിവരം തെസ്സലോനിക്യയിലെ യെഹൂദന്മാര്‍ അറിഞ്ഞ് അവിടെയുമെത്തി ജനത്തെ പറഞ്ഞിളക്കി പ്രക്ഷോഭമുണ്ടാക്കി. പെട്ടെന്ന് അവിടത്തെ സഹോദരന്മാര്‍ പൗലൊസിനെ സമുദ്രതീരത്തേക്കു പറഞ്ഞയച്ചു. എന്നാല്‍ ശീലാസും തിമൊഥെയോസും ബെരോവയില്‍തന്നെ പാര്‍ത്തു. പൗലൊസിനെ കൊണ്ടുപോയവര്‍ ആഥന്‍സുവരെ അദ്ദേഹത്തിന്‍റെകൂടെ പോയി. പിന്നീട് അവര്‍ ബെരോവയിലേക്കു തിരിച്ചുപോയി. ശീലാസും തിമൊഥെയോസും എത്രയുംവേഗം തന്‍റെ അടുക്കല്‍ എത്തിച്ചേരണമെന്നു പൗലൊസ് അവരോടു പറഞ്ഞയച്ചു. ശീലാസും തിമൊഥെയോസും വരുന്നതിന് പൗലൊസ് ആഥന്‍സില്‍ കാത്തിരിക്കുകയായിരുന്നു. ആ പട്ടണം വിഗ്രഹങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുന്നതായി അദ്ദേഹം കണ്ടു. അത് അദ്ദേഹത്തെ അസ്വസ്ഥനാക്കി. സുനഗോഗില്‍ വന്നുകൂടുന്ന യെഹൂദന്മാരോടും അവരോടൊത്ത് ആരാധിച്ചുവന്ന വിജാതീയരായ ഭക്തജനങ്ങളോടും പട്ടണത്തിലെ പൊതുസ്ഥലത്ത് ദിനംതോറും കൂടിവന്നവരോടും അദ്ദേഹം വാദപ്രതിവാദം നടത്തിപ്പോന്നു. എപ്പിക്കൂര്യരും സ്തോയിക്കുകളുമായ ദാര്‍ശനികരും അദ്ദേഹത്തോടു വാദിച്ചു. “ഈ വിടുവായന്‍ എന്താണു പറയുവാന്‍ പോകുന്നത്?” എന്നു ചിലരും യേശുവിനെയും പുനരുത്ഥാനത്തെയും കുറിച്ച് പ്രസംഗിക്കുന്നതുകൊണ്ട് “അന്യദൈവങ്ങളെക്കുറിച്ചാണ് ഇയാള്‍ പ്രസംഗിക്കുന്നതെന്നു തോന്നുന്നു” എന്നു മറ്റു ചിലരും പറഞ്ഞു. പിന്നീട് അവര്‍ അദ്ദേഹത്തെ പിടിച്ച് നഗരസഭ സമ്മേളിക്കുന്ന അരയോപഗക്കുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി പറഞ്ഞു: “താങ്കള്‍ പ്രസംഗിക്കുന്ന ഈ നവീനോപദേശം എന്തെന്നു ഞങ്ങള്‍ക്കറിഞ്ഞാല്‍ കൊള്ളാം; വളരെ വിചിത്രമായ സിദ്ധാന്തങ്ങളാണല്ലോ ഞങ്ങള്‍ കേള്‍ക്കുന്നത്. ഇതിന്‍റെ അര്‍ഥം എന്താണെന്നറിയുവാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്” എന്നു പറഞ്ഞു. ആഥന്‍സുകാര്‍ക്കും, ആ പട്ടണത്തില്‍ നിവസിച്ചിരുന്ന വിദേശീയര്‍ക്കും പുതുമയുള്ള കാര്യങ്ങള്‍ പറയുകയോ കേള്‍ക്കുകയോ ചെയ്യുന്നതിനു മാത്രമേ താത്പര്യമുണ്ടായിരുന്നുള്ളൂ. അരയോപഗസ്സിന്‍റെ മധ്യത്തില്‍ നിന്നുകൊണ്ട് പൗലൊസ് ഇപ്രകാരം പ്രസ്താവിച്ചു: “ആഥന്‍സിലെ പൗരജനങ്ങളേ, നിങ്ങള്‍ എല്ലാ പ്രകാരത്തിലും മതനിഷ്ഠരാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ ചുറ്റിനടന്നപ്പോള്‍ നിങ്ങളുടെ പൂജാവസ്തുക്കളെല്ലാം കണ്ടു; ‘അജ്ഞാതദേവന്’ എന്ന് ആലേഖനം ചെയ്തിട്ടുള്ള ഒരു ബലിപീഠവും അതിനിടയ്‍ക്കു കാണാനിടയായി. നിങ്ങള്‍ അറിവില്ലാതെ പൂജിക്കുന്ന ആ അജ്ഞാതദേവനെപ്പറ്റിയാണ് ഞാന്‍ പ്രഖ്യാപനം ചെയ്യുന്നത്. പ്രപഞ്ചവും അതിലുള്ള സകലവും ഉണ്ടാക്കിയ ഈശ്വരന്‍, ആകാശത്തിന്‍റെയും ഭൂമിയുടെയും അധിനാഥനായതുകൊണ്ട്, മനുഷ്യകരങ്ങളാല്‍ നിര്‍മിക്കപ്പെട്ട ക്ഷേത്രങ്ങളില്‍ നിവസിക്കുന്നില്ല. മനുഷ്യനു ജീവനും ശ്വാസവും എന്നല്ല, സമസ്തവും നല്‌കുന്നത് അവിടുന്നാണ്. അതിനാല്‍ വല്ലതിനും ബുദ്ധിമുട്ടുള്ളവന് എന്നപോലെ മനുഷ്യകരങ്ങള്‍ക്കൊണ്ടുള്ള സേവനം അവിടുത്തേക്ക് ഒട്ടാവശ്യവുമില്ല. ഭൂതലത്തെ മുഴുവനും അധിവസിക്കുന്നതിനായി ഒരുവനില്‍നിന്ന് മനുഷ്യജാതിയെ മുഴുവന്‍ അവിടുന്നു സൃഷ്‍ടിച്ചു. മനുഷ്യന്‍ എത്രകാലം എവിടെയൊക്കെ പാര്‍ക്കണമെന്നു സ്ഥലകാല പരിധികളും അവിടുന്നു കൃത്യമായി നിര്‍ണയിച്ചിട്ടുണ്ട്. അവര്‍ ഈശ്വരനെ തപ്പിത്തിരഞ്ഞു കണ്ടെത്താമെന്ന പ്രതീക്ഷയോടെ അവിടുത്തെ അന്വേഷിക്കേണ്ടതിനാണ് ഇപ്രകാരം ചെയ്തിരിക്കുന്നത്. എങ്കിലും അവിടുന്ന് നമ്മില്‍ ആരില്‍നിന്നും അകന്നിരിക്കുന്നവനല്ല. ഈശ്വരനിലാണു നാം ജീവിക്കുന്നതും ചരിക്കുന്നതും; നമ്മുടെ അസ്തിത്വം തന്നെയും ഈശ്വരനിലാകുന്നു. നിങ്ങളുടെ കവികളില്‍ ഒരാള്‍ പറഞ്ഞിരിക്കുന്നതുപോലെ, നാം ദൈവത്തിന്‍റെ സന്താനങ്ങള്‍ തന്നെ. “അങ്ങനെ നാം ദൈവത്തിന്‍റെ സന്താനങ്ങളായിരിക്കെ മനുഷ്യന്‍റെ ശില്പകലാ വൈദഗ്ധ്യവും കല്പനാവൈഭവവുംകൊണ്ട് സ്വര്‍ണത്തിലോ വെള്ളിയിലോ കല്ലിലോ നിര്‍മിക്കുന്ന വിഗ്രഹത്തെപ്പോലെയാണു ദൈവമെന്നു ചിന്തിക്കുവാന്‍ പാടില്ല. അനുതപിച്ച് പാപമാര്‍ഗങ്ങളില്‍നിന്നു പിന്തിരിയണമെന്ന് ലോകത്തെങ്ങുമുള്ള സകല മനുഷ്യരോടും അവരുടെ അജ്ഞതയുടെ കാലങ്ങളെ കണക്കിലെടുക്കാതെ, ഇപ്പോള്‍ ദൈവം ആജ്ഞാപിക്കുന്നു. അവിടുന്ന് ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട്. അന്ന് സകല ലോകത്തെയും അവിടുന്നു നീതിപൂര്‍വം വിധിക്കും. അതിനുവേണ്ടി ഒരു മനുഷ്യനെയും അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരില്‍ നിന്നുയിര്‍പ്പിച്ചതിനാല്‍, എല്ലാവര്‍ക്കും അതിനുള്ള ഉറപ്പും നല്‌കിയിരിക്കുന്നു.” മരിച്ചവരുടെ പുനരുത്ഥാനത്തെപ്പറ്റി അദ്ദേഹം പറഞ്ഞതു കേട്ടപ്പോള്‍ ചിലര്‍ പരിഹസിച്ചു. എന്നാല്‍ മറ്റുചിലരാകട്ടെ, “ഈ വിഷയത്തെക്കുറിച്ചു താങ്കള്‍ ചെയ്യുന്ന പ്രസംഗം ഇനിയും കേട്ടാല്‍ കൊള്ളാം എന്നു പറഞ്ഞു. അങ്ങനെ പൗലൊസ് അവരുടെ മധ്യത്തില്‍നിന്നു പോയി. ഏതാനുമാളുകള്‍ പൗലൊസിനോടു ചേര്‍ന്നു വിശ്വാസികളായിത്തീര്‍ന്നു. നഗരസഭാംഗമായ ഡയോനിഷ്യസും ദമരിസ് എന്ന വനിതയും മറ്റുചിലരും അവരില്‍ ഉള്‍പ്പെട്ടിരുന്നു. അതിനുശേഷം പൗലൊസ് ആഥന്‍സില്‍നിന്ന് കൊരിന്തിലേക്കു പോയി. അവിടെവച്ച് പൊന്തൊസ്കാരന്‍ അക്വിലാ എന്ന യെഹൂദനെയും അയാളുടെ ഭാര്യ പ്രിസ്കില്ലയെയും പരിചയപ്പെട്ടു. എല്ലാ യെഹൂദന്മാരും റോമാനഗരം വിട്ടുപോകണമെന്നു ക്ലൗദ്യോസ് കൈസര്‍ ഉത്തരവിട്ടതനുസരിച്ച്, ആയിടയ്‍ക്ക് ഇറ്റലിയില്‍നിന്നു വന്നവരായിരുന്നു ആ ദമ്പതികള്‍. പൗലൊസ് അവരെ സന്ദര്‍ശിച്ചു. കൂടാരനിര്‍മാണമായിരുന്നു അവരുടെ തൊഴില്‍. പൗലൊസിന്‍റെയും തൊഴില്‍ അതായിരുന്നതുകൊണ്ട് അദ്ദേഹം അവരോടുകൂടി പാര്‍ത്ത് ആ പണിയില്‍ ഏര്‍പ്പെട്ടു. എന്നാല്‍ ശബത്തുതോറും അദ്ദേഹം സുനഗോഗില്‍ പോയി സംവാദം നടത്തുകയും യെഹൂദന്മാരെയും ഗ്രീക്കുകാരെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുപോന്നു. ശീലാസും തിമൊഥെയോസും മാസിഡോണിയയില്‍നിന്നു വന്നശേഷം പൗലൊസ് മുഴുവന്‍ സമയവും വചനഘോഷണത്തിലേര്‍പ്പെട്ടു. യേശു തന്നെയാണ് സാക്ഷാല്‍ ക്രിസ്തു എന്നു യെഹൂദന്മാരോട് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. അവര്‍ അദ്ദേഹത്തെ എതിര്‍ക്കുകയും ദുഷിക്കുകയും ചെയ്തതിനാല്‍ തന്‍റെ വസ്ത്രം കുടഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ നാശത്തിനു നിങ്ങള്‍ തന്നെയാണ് ഉത്തരവാദികള്‍; ഞാന്‍ നിരപരാധിയത്രേ. ഇനി ഞാന്‍ വിജാതീയരുടെ അടുക്കലേക്കു പോകും.” പിന്നീട് അദ്ദേഹം സുനഗോഗിനു തൊട്ടടുത്തുള്ള തീത്തോസ് യുസ്തൊസ് എന്നയാളിന്‍റെ വീട്ടില്‍ ചെന്നു പാര്‍ത്തു. അദ്ദേഹം ഇസ്രായേലിന്‍റെ ദൈവത്തെ ആരാധിച്ചുപോന്ന ഒരു ഭക്തനായിരുന്നു. സുനഗോഗിന്‍റെ അധികാരിയായ ക്രിസ്പോസും അദ്ദേഹത്തിന്‍റെ കുടുംബത്തിലുള്ള എല്ലാവരും കര്‍ത്താവില്‍ വിശ്വസിച്ചു. കൊരിന്തിലുള്ള അനേകമാളുകള്‍ പൗലൊസിന്‍റെ പ്രസംഗം കേട്ടു വിശ്വസിക്കുകയും സ്നാപനം സ്വീകരിക്കുകയും ചെയ്തു. രാത്രിയില്‍ ഒരു ദര്‍ശനത്തില്‍ കര്‍ത്താവു പൗലൊസിനോട് അരുള്‍ചെയ്തു: “നീ ഭയപ്പെടരുത്; പ്രസംഗിച്ചുകൊള്ളുക; മിണ്ടാതിരിക്കരുത്. ഞാന്‍ നിന്‍റെകൂടെയുണ്ട്; ആരും നിന്നെ കൈയേറ്റം ചെയ്യുകയോ ദ്രോഹിക്കുകയോ ഇല്ല. ഈ നഗരത്തില്‍ എനിക്കു ധാരാളം ആളുകളുണ്ട്.” അങ്ങനെ ദൈവവചനം പഠിപ്പിച്ചുകൊണ്ട് ഒന്നരവര്‍ഷം പൗലൊസ് അവിടെ പാര്‍ത്തു. ഗല്ലിയോന്‍, അഖായയിലെ ദേശാധിപതിയായി വാഴുമ്പോള്‍ യെഹൂദന്മാര്‍ പൗലൊസിനെതിരെ ഏകാഭിപ്രായത്തോടെ സംഘടിച്ച് അദ്ദേഹത്തെ പിടിച്ച് കോടതിയില്‍ ഹാജരാക്കി. “യെഹൂദമതനിയമം അനുവദിക്കാത്തവിധം ദൈവത്തെ ആരാധിക്കുവാന്‍ ഈ മനുഷ്യന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു” എന്ന കുറ്റം അവര്‍ അദ്ദേഹത്തില്‍ ആരോപിച്ചു. പൗലൊസ് മറുപടി പറയുവാന്‍ ഭാവിച്ചപ്പോള്‍ ഗല്ലിയോന്‍ ഇപ്രകാരം പറഞ്ഞു: “അല്ലയോ യെഹൂദന്മാരേ, എന്തെങ്കിലും അന്യായമോ അധര്‍മമോ ആയിരുന്നെങ്കില്‍ നിങ്ങളുടെ സങ്കടം ഞാന്‍ ക്ഷമയോടെ കേള്‍ക്കാമായിരുന്നു. എന്നാല്‍ ചില വാക്കുകളുടെയും നാമങ്ങളുടെയും നിങ്ങളുടെ ധര്‍മശാസ്ത്രത്തിന്‍റെയും പ്രശ്നമാണെങ്കില്‍, നിങ്ങള്‍തന്നെ തീരുമാനിച്ചുകൊള്ളുക; ഇങ്ങനെയുള്ള കാര്യങ്ങളുടെ വിധികര്‍ത്താവാകുവാന്‍ എനിക്കു സമ്മതമില്ല.” അദ്ദേഹം അവരെ കോടതിയില്‍നിന്നു പുറത്താക്കുകയും ചെയ്തു. അവര്‍ എല്ലാവരുംകൂടി സുനഗോഗിന്‍റെ അധികാരിയായ സോസ്ഥനേസിനെ പിടിച്ച് കോടതിയുടെ മുമ്പില്‍ വച്ചുതന്നെ അടിച്ചു. പക്ഷേ ഗല്ലിയോന്‍ ഇതൊന്നും ഗൗനിച്ചില്ല. പൗലൊസ് കുറെനാള്‍കൂടി കൊരിന്തില്‍ പാര്‍ത്തു. പിന്നീട് അവിടെയുള്ള സഹോദരന്മാരോടു യാത്രപറഞ്ഞ് സിറിയയിലേക്കു കപ്പല്‍കയറി. പ്രിസ്കില്ലയും അക്വിലായും അദ്ദേഹത്തിന്‍റെകൂടെ ഉണ്ടായിരുന്നു. ഒരു നേര്‍ച്ച ഉണ്ടായിരുന്നതിനാല്‍ കെംക്രയില്‍വച്ച് അദ്ദേഹം തല മുണ്ഡനംചെയ്തു. എഫെസൊസില്‍ എത്തിയപ്പോള്‍ കൂടെയുണ്ടായിരുന്നവരെ അവിടെ വിട്ടു. അദ്ദേഹം അവിടത്തെ സുനഗോഗില്‍ ചെന്ന് യെഹൂദന്മാരോടു സംവാദം നടത്തി. കുറെനാള്‍കൂടി അവിടെ പാര്‍ക്കുവാന്‍ അവര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. “ദൈവം അനുവദിച്ചാല്‍ ഞാന്‍ മടങ്ങിവരാം” എന്നു പറഞ്ഞ് അവരോടു വിടവാങ്ങിക്കൊണ്ട് എഫെസൊസില്‍നിന്നു കപ്പല്‍കയറി. കൈസര്യയില്‍ ഇറങ്ങി അദ്ദേഹം സഭയെ അഭിവാദനം ചെയ്തു. പിന്നീട് അന്ത്യോക്യയിലേക്കു പോയി; അവിടെ കുറെനാള്‍ പ്രവര്‍ത്തിച്ചശേഷം ഗലാത്യ, ഫ്രുഗ്യ എന്നീ പ്രദേശങ്ങളില്‍ സഞ്ചരിച്ച് വിശ്വാസികളെ ധൈര്യപ്പെടുത്തി. അലക്സാന്ത്രിയാ സ്വദേശിയായ അപ്പൊല്ലോസ് എന്നൊരു യെഹൂദന്‍ എഫെസൊസില്‍ എത്തി. നല്ലൊരു വാഗ്മി ആയിരുന്നു അദ്ദേഹം. വേദഗ്രന്ഥം കൈകാര്യം ചെയ്യുന്നതില്‍ പ്രഗല്ഭനും, കര്‍ത്താവിന്‍റെ മാര്‍ഗത്തെക്കുറിച്ച് ഉപദേശം ലഭിച്ച ആളുമായിരുന്നു. യോഹന്നാന്‍റെ സ്നാപനത്തെക്കുറിച്ച് മാത്രമേ അദ്ദേഹം അറിഞ്ഞിരുന്നുള്ളൂ എങ്കിലും ആത്മാവില്‍ തീക്ഷ്ണതയുള്ളവനായി യേശുവിനെ സംബന്ധിച്ച കാര്യങ്ങള്‍ സൂക്ഷ്മമായി പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തുപോന്നു. അദ്ദേഹം സുനഗോഗുകളില്‍ സുധീരം പ്രസംഗിക്കുവാന്‍ തുടങ്ങി. അക്വിലായും പ്രിസ്കില്ലയും അദ്ദേഹത്തിന്‍റെ പ്രഭാഷണം കേട്ടപ്പോള്‍ അദ്ദേഹത്തെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി ദൈവത്തിന്‍റെ മാര്‍ഗം കൂടുതല്‍ സ്പഷ്ടമായി വിശദീകരിച്ചുകൊടുത്തു. അപ്പൊല്ലോസ് മറുകരെയുള്ള അഖായയിലേക്കു പോരുവാന്‍ ആഗ്രഹിച്ചപ്പോള്‍ സഹോദരന്മാര്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും അദ്ദേഹത്തെ സ്വീകരിക്കണമെന്നു കാണിച്ച് അവിടത്തെ ശിഷ്യന്മാര്‍ക്കു കത്തെഴുതുകയും ചെയ്തു. ദൈവകൃപയാല്‍ വിശ്വാസികളായിത്തീര്‍ന്നവര്‍ക്ക് അദ്ദേഹം അവിടെ ചെന്നത് വളരെയധികം പ്രയോജനകരമായി ഭവിച്ചു. യേശുതന്നെയാണ് ക്രിസ്തു എന്നു വേദലിഖിതങ്ങള്‍ ഉദ്ധരിച്ചു സമര്‍ഥിച്ചുകൊണ്ട് പരസ്യമായി യെഹൂദന്മാരുടെ വാദമുഖങ്ങള്‍ അദ്ദേഹം ഖണ്ഡിച്ചു. അപ്പൊല്ലോസ് കൊരിന്തില്‍ ആയിരിക്കുമ്പോള്‍ പൗലൊസ് ഉള്‍നാടുകളില്‍കൂടി സഞ്ചരിച്ച് എഫെസൊസിലെത്തി. അവിടെ ഏതാനും ശിഷ്യന്മാരെ അദ്ദേഹം കണ്ടു. “നിങ്ങള്‍ വിശ്വാസികളായിത്തീര്‍ന്നപ്പോള്‍ പരിശുദ്ധാത്മാവു ലഭിച്ചുവോ?” എന്ന് അദ്ദേഹം അവരോടു ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: “ഇല്ല, പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങള്‍ കേട്ടിട്ടില്ല.” അദ്ദേഹം ചോദിച്ചു: “പിന്നെ ഏതു സ്നാപനമാണ് നിങ്ങള്‍ സ്വീകരിച്ചത്?” “യോഹന്നാന്‍റെ സ്നാപനം” എന്ന് അവര്‍ പ്രതിവചിച്ചു. പൗലൊസ് പറഞ്ഞു: “യോഹന്നാന്‍ മാനസാന്തരത്തിന്‍റെ സ്നാപനമാണ് നടത്തിയത്; തന്‍റെ പിന്നാലെ വരുന്നവനായ യേശുവില്‍ വിശ്വസിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ഊന്നിപ്പറയുകയും ചെയ്തു.” ഇതു കേട്ടപ്പോള്‍ അവര്‍ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ സ്നാപനം സ്വീകരിച്ചു. പൗലൊസ് അവരുടെമേല്‍ കൈകള്‍ വച്ചപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ വരുകയും അവര്‍ അന്യഭാഷകളില്‍ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു. അവര്‍ പന്ത്രണ്ടു പേരോളം ഉണ്ടായിരുന്നു. പൗലൊസ് സുനഗോഗില്‍ ചെന്ന് ധീരതയോടെ പ്രസംഗിക്കുകയും, ദൈവരാജ്യത്തെക്കുറിച്ചു ബോധ്യമാകുമാറ് സംവാദം നടത്തുകയും ചെയ്തുകൊണ്ട് മൂന്നുമാസം അവിടെ കഴിച്ചുകൂട്ടി. എന്നാല്‍ ചിലര്‍ വഴങ്ങിയില്ല. അവര്‍ വിശ്വസിക്കുവാന്‍ വിസമ്മതിച്ചു. പൗലൊസ് പ്രസംഗിച്ച മാര്‍ഗത്തെ അവര്‍ പരസ്യമായി ദുഷിച്ചു. അപ്പോള്‍ അദ്ദേഹം ശിഷ്യന്മാരെ വിളിച്ചുകൊണ്ട് തുറന്നൊസിന്‍റെ പ്രഭാഷണശാലയില്‍ പോയി ദിനംപ്രതി സംവാദം നടത്തിപ്പോന്നു. ഇങ്ങനെ രണ്ടു വര്‍ഷം ചെയ്തതിന്‍റെ ഫലമായി ഏഷ്യാസംസ്ഥാനത്ത് നിവസിച്ചിരുന്ന എല്ലാ യെഹൂദന്മാരും, ഗ്രീക്കുകാരും കര്‍ത്താവിന്‍റെ വചനം കേള്‍ക്കുവാനിടയായി. ദൈവം പൗലൊസ് മുഖാന്തരം അസാധാരണമായ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. പൗലൊസിന്‍റെ തുവാലയും ഉത്തരീയവും കൊണ്ടുവന്ന് രോഗികളുടെമേല്‍ ഇടുമ്പോള്‍ അവരുടെ രോഗം സുഖപ്പെടുകയും ദുഷ്ടാത്മാക്കള്‍ അവരില്‍നിന്നു വിട്ടുപോകുകയും ചെയ്തുവന്നു. ദേശാടനം ചെയ്ത് പിശാചുബാധ ഒഴിക്കുന്ന ചില യെഹൂദമന്ത്രവാദികള്‍ ദുഷ്ടാത്മാക്കള്‍ക്കെതിരെ കര്‍ത്താവിന്‍റെ നാമം ഉപയോഗിക്കുവാന്‍ തുനിഞ്ഞു. “പൗലൊസ് ആരെപ്പറ്റി പ്രസംഗിക്കുന്നുവോ, ആ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നിങ്ങളോട് ശപഥം ചെയ്തു കല്പിക്കുന്നു” എന്ന് അവര്‍ പറഞ്ഞു. സ്കേവാ എന്ന പുരോഹിതമുഖ്യന്‍റെ ഏഴു പുത്രന്മാരാണ് ഇപ്രകാരം ചെയ്തത്. എന്നാല്‍ ദുഷ്ടാത്മാവ് അവരോടു ചോദിച്ചു: “യേശുവിനെ എനിക്കറിയാം; പൗലൊസിനെയും അറിയാം; എന്നാല്‍ നിങ്ങളാരാണ്?” പിന്നീട് ഭൂതബാധിതന്‍ അവരുടെമേല്‍ ചാടിവീണ് എല്ലാവരെയും പതംവരുത്തി കീഴടക്കി. അവര്‍ പരുക്കേറ്റു നഗ്നരായി ആ വീട്ടില്‍നിന്ന് ഓടി രക്ഷപെട്ടു. എഫെസൊസില്‍ നിവസിക്കുന്ന എല്ലാ യെഹൂദന്മാരും ഗ്രീക്കുകാരും ഈ സംഭവം അറിഞ്ഞപ്പോള്‍ വല്ലാതെ ഭയപ്പെട്ടു; കര്‍ത്താവായ യേശുവിന്‍റെ നാമം കൂടുതല്‍ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തു. വിശ്വസിച്ചവരായ പലരും വന്നു തങ്ങളുടെ പ്രവൃത്തികള്‍ പരസ്യമായി ഏറ്റുപറഞ്ഞു. ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന അനേകമാളുകള്‍ തങ്ങളുടെ ഗ്രന്ഥങ്ങള്‍ കൊണ്ടുവന്നു പരസ്യമായി ചുട്ടുകളഞ്ഞു. അവയുടെ വില കണക്കാക്കി നോക്കിയപ്പോള്‍ അമ്പതിനായിരം വെള്ളിക്കാശ് എന്നു കണ്ടു. ഇങ്ങനെ കര്‍ത്താവിന്‍റെ വചനം ശക്തിയോടെ പ്രചരിക്കുകയും പ്രബലപ്പെടുകയും ചെയ്തു. ഈ സംഭവങ്ങള്‍ക്കുശേഷം പൗലൊസ് മാസിഡോണിയയിലും അഖായയിലുംകൂടി കടന്നു യെരൂശലേമിലേക്കു പോകണമെന്ന് ആത്മനിയോഗംമൂലം തീരുമാനിച്ചു. അവിടെ ചെന്നശേഷം റോമും സന്ദര്‍ശിക്കണം എന്ന് അദ്ദേഹം വിചാരിച്ചു. തന്‍റെ സഹായകരായ തിമൊഥെയോസിനെയും എരസ്തൊസിനെയും മാസിഡോണിയയിലേക്ക് അയച്ചശേഷം അദ്ദേഹം ഏഷ്യാസംസ്ഥാനത്ത് കുറേക്കാലംകൂടി താമസിച്ചു. അക്കാലത്ത് ക്രിസ്തുമാര്‍ഗത്തെച്ചൊല്ലി എഫെസൊസില്‍ വലിയ കലഹമുണ്ടായി. അവിടെ ദെമെത്രിയൊസ് എന്നൊരു ശില്പി അര്‍ത്തെമിസ്ദേവിയുടെ ക്ഷേത്രരൂപം വെള്ളികൊണ്ട് ഉണ്ടാക്കിവന്നിരുന്നു; ആ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്ക് അത് നല്ലൊരു ആദായവുമായിരുന്നു. ഈ തൊഴിലാളികളെ അയാള്‍ വിളിച്ചുകൂട്ടി പറഞ്ഞു: “സുഹൃത്തുക്കളേ, നമ്മുടെ ആദായമാര്‍ഗമാണ് ഈ തൊഴില്‍ എന്നുള്ളത് നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍ മനുഷ്യകരങ്ങളാല്‍ നിര്‍മിക്കപ്പെട്ടവ ദേവന്മാര്‍ അല്ലെന്നു പറഞ്ഞ് പൗലൊസ് എന്ന മനുഷ്യന്‍ എഫെസൊസില്‍ മാത്രമല്ല, ഏഷ്യാസംസ്ഥാനത്ത് മിക്കവാറും ഉടനീളം ഒട്ടേറെയാളുകളെ വശീകരിച്ചു വഴിതെറ്റിക്കുന്നത് നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടല്ലോ. ഇതുമൂലം നമ്മുടെ തൊഴില്‍ നിന്ദ്യമായിത്തീരുമെന്ന അപകടം മാത്രമല്ല ഉള്ളത്; പിന്നെയോ അര്‍ത്തെമിസ്മഹാദേവിയുടെ ക്ഷേത്രം യാതൊരു വിലയുമില്ലാത്തതായി പരിഗണിക്കപ്പെടുകയും ചെയ്യും. അങ്ങനെ ഏഷ്യാസംസ്ഥാനത്തുള്ള സമസ്തജനങ്ങളുമെന്നല്ല, ഭൂതലത്തിലെങ്ങുമുള്ളവര്‍ പൂജിച്ചുവരുന്ന ദേവിയുടെ മാഹാത്മ്യത്തിനു കോട്ടം തട്ടുകയും ചെയ്യും.” ഇതു കേട്ടപ്പോള്‍ അവര്‍ രോഷാകുലരായി, “എഫെസ്യരുടെ അര്‍ത്തെമിസ് മഹാദേവി ജയിക്കട്ടെ!” എന്ന് ആര്‍ത്തുവിളിച്ചു. അങ്ങനെ പട്ടണം മുഴുവന്‍ പ്രക്ഷുബ്‍ധമായി; ജനം ഒത്തുചേര്‍ന്ന് പൗലൊസിന്‍റെ സഹയാത്രികരായ ഗായോസ്, അരിസ്തര്‍ഹൊസ് എന്നീ മാസിഡോണിയക്കാരെ പിടിച്ചുവലിച്ചിഴച്ച് സമ്മേളനസ്ഥലത്തേക്കു പാഞ്ഞുചെന്നു. പൗലൊസ് ജനക്കൂട്ടത്തിന്‍റെ മുമ്പിലേക്കു ചെല്ലുവാന്‍ ആഗ്രഹിച്ചെങ്കിലും, ശിഷ്യന്മാര്‍ അദ്ദേഹത്തെ അതിന് അനുവദിച്ചില്ല. ഏഷ്യാ സംസ്ഥാനത്തെ ജനനേതാക്കന്മാരില്‍ ചിലര്‍ പൗലൊസിന്‍റെ സുഹൃത്തുക്കളായിരുന്നതിനാല്‍ അദ്ദേഹം സമ്മേളനസ്ഥലത്തേക്കു പോകരുതെന്ന് അവരും ആളയച്ചപേക്ഷിച്ചു. ജനം ക്ഷുഭിതരായിരുന്നതിനാല്‍, തങ്ങള്‍ എന്തിനാണു വന്നുകൂടിയതെന്നുപോലും മിക്കപേര്‍ക്കും അറിഞ്ഞുകൂടായിരുന്നു. ചിലര്‍ ഒരു വിധത്തിലും മറ്റുചിലര്‍ മറ്റൊരു വിധത്തിലും മുറവിളികൂട്ടി. യെഹൂദന്മാര്‍ മുമ്പോട്ട് ഉന്തിത്തള്ളിക്കൊണ്ടുവന്ന അലക്സാണ്ടര്‍ സംസാരിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. ജനം നിശ്ശബ്ദരായിരിക്കുവാന്‍ ആംഗ്യം കാട്ടിക്കൊണ്ട് അയാള്‍ പ്രതിവാദിക്കുവാന്‍ ഭാവിച്ചു. എന്നാല്‍ അയാള്‍ യെഹൂദനാണെന്നറിഞ്ഞപ്പോള്‍ “എഫെസ്യരുടെ അര്‍ത്തെമിസ്മഹാദേവി ജയിക്കട്ടെ” എന്ന് അവര്‍ ഏകസ്വരത്തില്‍ ആര്‍ത്തുവിളിച്ചു. ഈ ശബ്ദകോലാഹലം രണ്ടു മണിക്കൂറോളം നീണ്ടുനിന്നു. ഒടുവില്‍ എഫെസൊസിലെ നഗരകാര്യദര്‍ശി ജനസഞ്ചയത്തെ ശാന്തമാക്കിക്കൊണ്ടു പറഞ്ഞു: “എഫെസൊസിലെ പൗരജനങ്ങളേ, എഫെസൊസ്നഗരം അര്‍ത്തെമിസ് മഹാദേവിയുടെ ക്ഷേത്രത്തിന്‍റെയും, ആകാശത്തു നിന്നുവീണ ആ ദിവ്യവിഗ്രഹത്തിന്‍റെയും സംരക്ഷകയാണെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? ഇവയൊക്കെ അനിഷേധ്യമായ വസ്തുതകളാകയാല്‍, തിടുക്കത്തിലൊന്നും ചെയ്യാതെ ശാന്തരായിരിക്കുക. നിങ്ങള്‍ ഇവരെ ഇവിടെ പിടിച്ചുകൊണ്ടു വന്നുവല്ലോ; ഇവര്‍ ക്ഷേത്രം കവര്‍ച്ച ചെയ്യുന്നവരോ, നമ്മുടെ ദേവിയെ ദുഷിക്കുന്നവരോ അല്ല. എന്നാല്‍ ദെമെത്രിയൊസിനും അയാളുടെ തൊഴിലാളികള്‍ക്കും, ആരുടെയെങ്കിലും പേരില്‍ പരാതിയുണ്ടെങ്കില്‍ അതു കേള്‍ക്കുവാന്‍ നിശ്ചിത ദിവസങ്ങളുണ്ട്, ദേശാധിപതികളുമുണ്ട്. അവര്‍ കോടതിയില്‍ വന്ന് വ്യവഹരിക്കട്ടെ. അതല്ല, വേറെ കാര്യം ചൊല്ലിയാണു തര്‍ക്കമെങ്കില്‍, നിയമാനുസൃതം വിളിച്ചുകൂട്ടുന്ന പൗരസമിതിയില്‍വച്ച് അതു തീര്‍ക്കാമല്ലോ. ഇന്നത്തെ ഈ ബഹളത്തിനു മതിയായ കാരണമില്ലാത്തതിനാല്‍, നമ്മുടെപേരില്‍ അധികാരികള്‍ കുറ്റം ചുമത്തുവാന്‍ ഇടയുണ്ട്. കൂട്ടംകൂടി നമ്മള്‍ ബഹളം കൂട്ടിയതിനു സമാധാനം പറയുവാന്‍ ഒന്നുമില്ലല്ലോ.” ഇങ്ങനെ പറഞ്ഞുകൊണ്ട് അയാള്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. ബഹളമെല്ലാം ശമിച്ചുകഴിഞ്ഞ് പൗലൊസ് ശിഷ്യന്മാരെ വിളിച്ചുകൂട്ടി അവരെ ധൈര്യപ്പെടുത്തി. അനന്തരം അദ്ദേഹം അവരോടു യാത്രപറഞ്ഞ് മാസിഡോണിയയിലേക്കു പുറപ്പെട്ടു. ആ പ്രദേശങ്ങളില്‍കൂടി സഞ്ചരിച്ച് അതതു സ്ഥലത്തെ ജനങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ട് അദ്ദേഹം ഗ്രീസിലെത്തി. അവിടെ മൂന്നുമാസം പാര്‍ത്തു. പിന്നീടു സിറിയയിലേക്കു കപ്പല്‍ കയറാന്‍ ഭാവിച്ചപ്പോള്‍ യെഹൂദന്മാര്‍ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തുന്നതായി അറിഞ്ഞു. അതുകൊണ്ട് മാസിഡോണിയ വഴി തിരിച്ചുപോകുവാന്‍ അദ്ദേഹം നിശ്ചയിച്ചു. ബെരോവയിലെ പുറൊസിന്‍റെ മകന്‍ സോപത്രോസും തെസ്സലോനിക്യരായ അരിസ്തര്‍ഹൊസും സെക്കുന്തൊസും ദര്‍ബക്കാരനായ ഗായോസും തിമൊഥെയൊസും ഏഷ്യാസംസ്ഥാനക്കാരായ തുഹിക്കൊസും ത്രൊഫിമൊസും മുമ്പേ പോയി ഞങ്ങള്‍ക്കുവേണ്ടി ത്രോവാസില്‍ കാത്തിരുന്നു. ഞങ്ങള്‍ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍ കഴിഞ്ഞ് ഫിലിപ്പിയില്‍നിന്നു കപ്പല്‍കയറി അഞ്ചുദിവസം കൊണ്ട് ത്രോവാസില്‍ അവരുടെ അടുക്കലെത്തി. അവിടെ ഞങ്ങള്‍ ഏഴുദിവസം പാര്‍ത്തു. ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസം അപ്പം മുറിക്കുവാന്‍ ഒന്നിച്ചു കൂടിയപ്പോള്‍ പൗലൊസ് അവരോടു സംസാരിച്ചു. പിറ്റെന്നാള്‍ അവിടെനിന്നു പുറപ്പെടാന്‍ ഉദ്ദേശിച്ചിരുന്നതുകൊണ്ട് അര്‍ധരാത്രിവരെ അദ്ദേഹം പ്രസംഗം നീട്ടി. ഞങ്ങള്‍ കൂടിയിരുന്ന മാളികയില്‍ ഒട്ടേറെ വിളക്കുകള്‍ കത്തിച്ചുവച്ചിരുന്നു. പൗലൊസിന്‍റെ പ്രഭാഷണം അങ്ങനെ നീണ്ടു പോയപ്പോള്‍, യൂത്തിക്കൊസ് എന്നൊരു യുവാവ് ജനല്‍പടിയില്‍ ഇരുന്ന് ഉറക്കംതൂങ്ങി. അയാള്‍ ഗാഢനിദ്രയിലായപ്പോള്‍ മൂന്നാമത്തെ നിലയില്‍നിന്നു താഴെ വീണു. എടുത്തുകൊണ്ടു വന്നപ്പോഴേക്കും അയാള്‍ മരിച്ചിരുന്നു. പൗലൊസ് ഉടനെ ഇറങ്ങിച്ചെന്ന് കുനിഞ്ഞ് അയാളെ ആശ്ലേഷിച്ചു. “പരിഭ്രമിക്കേണ്ടാ, ഇവനു ജീവനുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് അദ്ദേഹം കയറിച്ചെന്ന് അപ്പം മുറിച്ചു ഭക്ഷിക്കുകയും നേരം പുലരുന്നതുവരെ സംസാരിക്കുകയും ചെയ്തു. അനന്തരം അദ്ദേഹം അവിടെനിന്നു യാത്ര പുറപ്പെട്ടു. അവര്‍ ആ ചെറുപ്പക്കാരനെ ജീവനോടെ കൂട്ടിക്കൊണ്ടു പോയി; അവര്‍ക്കുണ്ടായ ആശ്വാസം അനല്പമായിരുന്നു. അസ്സൊസ്‍വരെ കാല്നടയായി പോകുവാന്‍ പൗലൊസ് നിശ്ചയിച്ചു. അദ്ദേഹം ഏര്‍പ്പാടു ചെയ്തതനുസരിച്ച് അസ്സോസില്‍ വച്ച് അദ്ദേഹത്തെ കപ്പലില്‍ കയറ്റാമെന്നു ഞങ്ങള്‍ വിചാരിച്ചു. അങ്ങനെ ഞങ്ങള്‍ മുമ്പേ കപ്പലില്‍ പുറപ്പെട്ടു. അസ്സോസില്‍വച്ച് ഞങ്ങള്‍ അദ്ദേഹത്തെ കയറ്റി മിതുലേനയിലെത്തി. അവിടെനിന്നു കപ്പല്‍ നീക്കി പിറ്റേദിവസം ഖിയോസ്ദ്വീപിന്‍റെ എതിര്‍വശത്തെത്തി. അടുത്ത ദിവസം സാമോസ്ദ്വീപിലും പിറ്റേദിവസം മിലേത്തൊസിലും ഞങ്ങള്‍ ചെന്നുചേര്‍ന്നു. കഴിയുമെങ്കില്‍ പെന്തെക്കോസ്തു പെരുന്നാളിനുമുമ്പ് യെരൂശലേമിലെത്താന്‍ പൗലൊസ് തിടുക്കം കൂട്ടി. അതുകൊണ്ട് ഏഷ്യാസംസ്ഥാനത്തു തങ്ങി വൈകാതിരിക്കുന്നതിനാണ് എഫെസൊസില്‍ ഇറങ്ങാതെ കപ്പലോടിച്ചു പോകുവാന്‍ തീരുമാനിച്ചത്. എന്നാല്‍ മിലേത്തൊസില്‍വച്ച് അദ്ദേഹം എഫെസൊസിലെ സഭാമുഖ്യന്മാരെ ആളയച്ചുവരുത്തി, ഇപ്രകാരം പറഞ്ഞു: “ഞാന്‍ ഏഷ്യയില്‍ കാലുകുത്തിയ നാള്‍മുതല്‍ നിങ്ങളുടെ ഇടയില്‍ എങ്ങനെയാണു ജീവിച്ചതെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ. യെഹൂദന്മാരുടെ ഗൂഢാലോചന നിമിത്തമുണ്ടായ അഗ്നിപരീക്ഷണങ്ങളെ നേരിട്ടുകൊണ്ട് കണ്ണുനീരോടുകൂടി, ഏറ്റവും വിനയപൂര്‍വം ഞാന്‍ കര്‍ത്താവിനെ സേവിച്ചുപോന്നു. നിങ്ങള്‍ക്കു പ്രയോജനകരമായ യാതൊന്നും മറച്ചുവയ്‍ക്കാതെ വെളിപ്പെടുത്തിക്കൊണ്ട്, പൊതുസ്ഥലങ്ങളിലും നിങ്ങളുടെ ഭവനങ്ങളിലുംവച്ച് ഞാന്‍ നിങ്ങളെ ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്തു. പശ്ചാത്തപിച്ചു ദൈവത്തിങ്കലേക്കു തിരിയുകയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുകയും ചെയ്യണമെന്ന് യെഹൂദന്മാരോടു മാത്രമല്ല, ഗ്രീക്കുകാരോടും ഞാന്‍ ഉറപ്പിച്ചു പ്രസ്താവിച്ചു. ഇവയെല്ലാം നിങ്ങള്‍ക്കറിയാമല്ലോ. ഇപ്പോള്‍ ഇതാ, ഞാന്‍ ആത്മാവിനാല്‍ ബദ്ധനായി യെരൂശലേമിലേക്കു പോകുന്നു. അവിടെ എനിക്ക് എന്താണു സംഭവിക്കുന്നതെന്ന് അറിഞ്ഞുകൂടാ. എന്നാല്‍ കാരാഗൃഹവും കഷ്ടതകളും എനിക്കായി കാത്തിരിക്കുന്നു എന്ന് ഓരോ പട്ടണത്തില്‍വച്ചും പരിശുദ്ധാത്മാവ് എനിക്കു മുന്നറിയിപ്പു നല്‌കിക്കൊണ്ടിരിക്കുന്നു. എങ്കിലും എന്‍റെ പ്രാണനെ ഞാന്‍ നിസ്സാരമായി കരുതുന്നു. അതിനെ വിലയേറിയതായി ഞാന്‍ എണ്ണുന്നേയില്ല. എന്‍റെ ഓട്ടവും, കര്‍ത്താവായ യേശുവില്‍നിന്നു ലഭിച്ച ദൗത്യവും, പൂര്‍ത്തിയാക്കണമെന്നേ എനിക്കുള്ളൂ; ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം വഹിക്കുക എന്നതാണ് ആ ദൗത്യം. “നിങ്ങളുടെ മധ്യത്തില്‍ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ എന്‍റെ മുഖം നിങ്ങള്‍ ഇനി കാണുകയില്ല എന്നു ഞാന്‍ അറിയുന്നു. അതുകൊണ്ടു നിങ്ങളില്‍ ആരെങ്കിലും നഷ്ടപ്പെട്ടുപോയാല്‍, അതിനു ഞാന്‍ ഉത്തരവാദിയായിരിക്കുകയില്ല എന്ന് നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങള്‍ ഒന്നും മറച്ചുവയ്‍ക്കാതെ സമസ്തവും ഞാന്‍ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ. തന്‍റെ ജീവന്‍ കൊടുത്ത് യേശു സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്‍റെ സഭയെ സംരക്ഷിക്കുവാന്‍ പരിശുദ്ധാത്മാവു നിങ്ങളെ അധ്യക്ഷന്മാരാക്കിയിരിക്കുന്നു. ആ ആട്ടിന്‍പറ്റത്തെ മുഴുവനെയും നിങ്ങളെത്തന്നെയും സൂക്ഷിച്ചുകൊള്ളുക. ഞാന്‍ പോയതിനുശേഷം, കടിച്ചുകീറുന്ന ചെന്നായ്‍ക്കള്‍ വന്നു നിങ്ങളെ ആക്രമിക്കുന്നുവെന്നും, അവയ്‍ക്ക് ആടുകളോട് അശേഷം കരുണ ഉണ്ടായിരിക്കുകയില്ലെന്നും എനിക്കറിയാം. ശിഷ്യന്മാരെ പാട്ടിലാക്കുന്നതിനു ദുരുപദേശവുമായി വരുന്ന ആളുകള്‍ നിങ്ങളുടെ ഇടയില്‍ നിന്നുതന്നെ മുമ്പോട്ടു വരും. അതുകൊണ്ട് ഉണര്‍ന്നിരിക്കുക; മൂന്നു വര്‍ഷം രാപകല്‍ ഭേദമില്ലാതെ കണ്ണുനീരോടുകൂടി ഞാന്‍ നിങ്ങള്‍ക്കു ബുദ്ധി ഉപദേശിച്ചത് നിങ്ങള്‍ ഓര്‍മിച്ചുകൊള്ളണം. “നിങ്ങളുടെ ജീവിതത്തെ പടുത്തുയര്‍ത്തുവാനും, സകല വിശുദ്ധന്മാര്‍ക്കും അവകാശമായി ലഭിക്കുന്ന അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കു തരുവാനും കഴിയുന്ന, ദൈവത്തിന്‍റെ പരിപാലനത്തിലും അവിടുത്തെ കൃപയുടെ വചനത്തിലും ഞാന്‍ ഇപ്പോള്‍ നിങ്ങളെ സമര്‍പ്പിക്കുന്നു. ആരുടെയും പൊന്നോ, വെള്ളിയോ, വസ്ത്രമോ ഞാന്‍ മോഹിച്ചിട്ടില്ല. എന്‍റെയും എന്‍റെ സഹചാരികളുടെയും ആവശ്യങ്ങള്‍ക്കുവേണ്ടി, ഈ കൈകള്‍കൊണ്ടു ഞാന്‍ അധ്വാനിച്ചു എന്നത് നിങ്ങള്‍ക്കുതന്നെ അറിവുള്ളതാണല്ലോ. വാങ്ങുന്നതിനെക്കാള്‍ കൊടുക്കുന്നതാണു ഭാഗ്യം എന്നു കര്‍ത്താവായ യേശു പറഞ്ഞിട്ടുള്ളത് ഓര്‍ത്തുകൊണ്ട് നാം അധ്വാനിച്ച് ബലഹീനരെ താങ്ങേണ്ടതാണ്. അതിനു ഞാന്‍ നിങ്ങള്‍ക്കു മാതൃക കാട്ടിയിരിക്കുന്നു.” ഇങ്ങനെ പറഞ്ഞശേഷം അദ്ദേഹം അവരോടുകൂടി മുട്ടുകുത്തി പ്രാര്‍ഥിച്ചു. അവരെല്ലാവരും വളരെയധികം കരയുകയും പൗലൊസിനെ കെട്ടിപ്പിടിച്ചു ചുംബിക്കുകയും ചെയ്തു. ഇനിമേല്‍ തന്‍റെ മുഖം അവര്‍ കാണുകയില്ലെന്ന് അദ്ദേഹം പറഞ്ഞതാണ് അവരെ അധികം വേദനിപ്പിച്ചത്. അവര്‍ കപ്പലിനടുത്തുവരെ അദ്ദേഹത്തെ അനുയാത്രചെയ്തു. ഞങ്ങള്‍ അവരെ ഒരു വിധത്തില്‍ വിട്ടു പിരിഞ്ഞ് കപ്പല്‍ നീക്കി. ഞങ്ങള്‍ നേരേ യാത്ര ചെയ്തു കോസിലും, പിറ്റേദിവസം രോദോസിലും പിന്നീട് പത്തരയിലുമെത്തി. അവിടെനിന്ന് ഫൊയ്നിക്യയിലേക്ക് പോകുന്ന ഒരു കപ്പല്‍ കണ്ട് ഞങ്ങള്‍ അതില്‍ കയറി യാത്ര തുടര്‍ന്നു. സൈപ്രസ്ദ്വീപു കണ്ടപ്പോള്‍ കപ്പല്‍ അതിന്‍റെ തെക്കുഭാഗത്തുകൂടി വിട്ട് സിറിയയിലേക്ക് ഓടിച്ചുപോയി. അങ്ങനെ സോരില്‍ ചെന്നിറങ്ങി. അവിടെ കപ്പലില്‍നിന്നു ചരക്കിറക്കാനുണ്ടായിരുന്നു. അവിടത്തെ ശിഷ്യന്മാരെ ഞങ്ങള്‍ അന്വേഷിച്ചു കണ്ടുപിടിച്ചു. ഏഴുദിവസം ഞങ്ങള്‍ അവരോടുകൂടി പാര്‍ത്തു. യെരൂശലേമിലേക്കു പോകരുതെന്ന് അവര്‍ പരിശുദ്ധാത്മാവിന്‍റെ പ്രേരണയാല്‍ പൗലൊസിനോടു പറഞ്ഞു. അവിടത്തെ താമസം കഴിഞ്ഞിട്ട് ഞങ്ങള്‍ അവരെ വിട്ടുപിരിഞ്ഞു പോന്നപ്പോള്‍, സ്‍ത്രീകളും കുട്ടികളുമടക്കം അവരെല്ലാവരുംകൂടി പട്ടണത്തിനു പുറത്തുവരെ അനുയാത്ര ചെയ്തു. ഞങ്ങള്‍ കടല്‍പ്പുറത്തു മുട്ടുകുത്തി പ്രാര്‍ഥിച്ച്, അന്യോന്യം വിടവാങ്ങി. പിന്നീട് ഞങ്ങള്‍ കപ്പലില്‍ കയറുകയും അവര്‍ സ്വഭവനങ്ങളിലേക്കു തിരിച്ചുപോകുകയും ചെയ്തു. സോരില്‍ നിന്നു യാത്രചെയ്ത് ഞങ്ങള്‍ പ്തൊലെമായിസില്‍ എത്തിച്ചേര്‍ന്നു; സഹോദരന്മാരെ ഞങ്ങള്‍ അഭിവാദനം ചെയ്തു; ഒരു ദിവസം അവരോടുകൂടി പാര്‍ത്തു. പിറ്റേദിവസം ഞങ്ങള്‍ അവിടെനിന്നു പുറപ്പെട്ടു കൈസര്യയിലെത്തി. ഫീലിപ്പോസ് എന്ന സുവിശേഷകന്‍റെ വീട്ടില്‍ ചെന്ന് അദ്ദേഹത്തിന്‍റെ കൂടെ പാര്‍ത്തു. യെരൂശലേമില്‍വച്ചു ദിവ്യശുശ്രൂഷയ്‍ക്കായി തിരഞ്ഞെടുക്കപ്പെട്ട ഏഴുപേരില്‍ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിനു പ്രവചിക്കുന്നവരും കന്യകമാരുമായ നാലു പുത്രിമാരുണ്ടായിരുന്നു. ഞങ്ങള്‍ ഏതാനും ദിവസം അവിടെ താമസിച്ചു; അതിനിടയ്‍ക്ക് അഗബൊസ് എന്നൊരു പ്രവാചകന്‍ യെഹൂദ്യയില്‍നിന്നു വന്നു. അയാള്‍ ഞങ്ങളുടെ അടുക്കല്‍ വന്ന്, പൗലൊസിന്‍റെ അരക്കച്ച എടുത്ത് സ്വന്തം കൈകാലുകള്‍ കെട്ടി; “ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെരൂശലേമിലെ യെഹൂദന്മാര്‍ ഇതുപോലെ ബന്ധിച്ചു വിജാതീയരെ ഏല്പിക്കുമെന്നു പരിശുദ്ധാത്മാവു പറയുന്നു” എന്നു പറഞ്ഞു. ഇതുകേട്ടപ്പോള്‍ യെരൂശലേമിലേക്കു പോകരുതെന്നു ഞങ്ങളും അവിടെയുള്ളവരും പൗലൊസിനോടപേക്ഷിച്ചു. അപ്പോള്‍ അദ്ദേഹം ഇപ്രകാരം പ്രതിവചിച്ചു: “നിങ്ങള്‍ എന്താണീ ചെയ്യുന്നത്? നിങ്ങള്‍ വിങ്ങിക്കരഞ്ഞ് എന്‍റെ ഹൃദയം തകര്‍ക്കുകയാണോ? കര്‍ത്താവായ യേശുവിനുവേണ്ടി യെരൂശലേമില്‍വച്ചു ബന്ധനസ്ഥനാകുവാന്‍ മാത്രമല്ല, മരിക്കുവാന്‍പോലും ഞാന്‍ തയ്യാറാണ്.” അദ്ദേഹം വഴങ്ങുകയില്ലെന്നു കണ്ടപ്പോള്‍, ഞങ്ങള്‍ ആ ഉദ്യമം ഉപേക്ഷിച്ചിട്ട് ദൈവഹിതം പൂര്‍ത്തിയാകട്ടെ എന്നു പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുശേഷം വേണ്ട ഒരുക്കങ്ങള്‍ചെയ്ത് ഞങ്ങള്‍ യെരൂശലേമിലേക്കു പോയി. കൈസര്യയിലെ ചില ശിഷ്യന്മാരും ഞങ്ങളുടെകൂടെ പോന്നു. അവര്‍ ഞങ്ങളെ ആദ്യകാല ശിഷ്യന്മാരില്‍ ഒരാളായ സൈപ്രസുകാരന്‍ മ്നാസോന്‍റെ അടുക്കലേക്കു കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്‍റെ വീട്ടിലാണ് ഞങ്ങള്‍ക്കു പാര്‍ക്കേണ്ടിയിരുന്നത്. ഞങ്ങള്‍ യെരൂശലേമിലെത്തിയപ്പോള്‍ അവിടത്തെ സഹോദരന്മാര്‍ ഞങ്ങളെ സസന്തോഷം സ്വീകരിച്ചു. പിറ്റേദിവസം പൗലൊസും ഞങ്ങളുംകൂടി യാക്കോബിന്‍റെ അടുക്കലേക്കു പോയി; സഭയിലെ എല്ലാ മുഖ്യന്മാരും അവിടെ കൂടിയിരുന്നു. അവരെ അഭിവാദനം ചെയ്തശേഷം, തന്‍റെ ശുശ്രൂഷയില്‍കൂടി വിജാതീയരുടെ ഇടയില്‍ ദൈവം ചെയ്ത കാര്യങ്ങള്‍ പൗലൊസ് ഓരോന്നായി വിവരിച്ചു. അതുകേട്ടപ്പോള്‍ അവര്‍ ദൈവത്തെ സ്തുതിച്ചു; അവര്‍ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “നോക്കൂ, സഹോദരാ, യെഹൂദന്മാരുടെ ഇടയില്‍ വിശ്വാസികളായിത്തീര്‍ന്നിട്ടുള്ള എത്ര ആയിരം ജനങ്ങളുണ്ട്! യെഹൂദധര്‍മശാസ്ത്രത്തിന്‍റെ അനുഷ്ഠാനത്തില്‍ വ്യഗ്രതയുള്ളവരാണ് അവരെല്ലാവരും. കുട്ടികളെ പരിച്ഛേദനകര്‍മത്തിനു വിധേയരാക്കുകയോ, പരമ്പരാഗതമായ ആചാരങ്ങള്‍ അനുഷ്ഠിക്കുകയോ ചെയ്യരുതെന്ന്, വിജാതീയരുടെ ഇടയിലുള്ള യെഹൂദന്മാരോടു പറഞ്ഞുകൊണ്ട്, മോശയുടെ നിയമസംഹിത പരിത്യജിക്കണമെന്ന്, അവരെ താങ്കള്‍ ഉപദേശിക്കുന്നതായി ഇവിടെയുള്ളവര്‍ കേട്ടിരിക്കുന്നു. ഇക്കാര്യത്തില്‍ എന്താണു ചെയ്യുക? താങ്കള്‍ വന്നിരിക്കുന്ന വിവരം അവര്‍ നിശ്ചയമായും അറിയും; അതുകൊണ്ട് ഞങ്ങളുടെ നിര്‍ദേശം ഇതാണ്; വ്രതമെടുത്തിട്ടുള്ള നാലു പുരുഷന്മാര്‍ ഇവിടെയുണ്ട്. അവരെ കൂട്ടിക്കൊണ്ടുപോയി അവരോടൊപ്പം താങ്കളും ശുദ്ധീകരണകര്‍മത്തിനു വിധേയനാകുക; അവരുടെ തല മുണ്ഡനം ചെയ്യുന്നതിനുള്ള ചെലവും കൊടുക്കുക; അങ്ങനെ ചെയ്താല്‍ താങ്കളെപ്പറ്റി അവര്‍ കേട്ടതില്‍ കഥയൊന്നുമില്ലെന്നും, താങ്കള്‍ യെഹൂദനിയമസംഹിത അനുസരിക്കുന്ന ആളാണെന്നും എല്ലാവര്‍ക്കും ബോധ്യമാകും. വിശ്വാസികളായിത്തീര്‍ന്ന വിജാതീയരാകട്ടെ, വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചിട്ടുള്ളവയും, രക്തവും, ശ്വാസംമുട്ടിച്ചത്തവയും, ദുര്‍മാര്‍ഗവും വര്‍ജിച്ചാല്‍ മതിയെന്നു നാം തീരുമാനിച്ച് എഴുതി അറിയിച്ചിട്ടുണ്ടല്ലോ. അങ്ങനെ പിറ്റേദിവസം പൗലൊസ് ആ നാലുപേരെ കൂട്ടിക്കൊണ്ടുപോയി അവരോടുകൂടി ശുദ്ധീകരണകര്‍മത്തിനു വിധേയനായി. അവര്‍ക്ക് ഓരോരുത്തര്‍ക്കുംവേണ്ട വഴിപാട് അര്‍പ്പിക്കുന്നതിലേക്കു ശുദ്ധീകരണദിവസങ്ങള്‍ എന്നു പൂര്‍ത്തിയാകുമെന്ന് അറിയിക്കുന്നതിനായി പൗലൊസ് ദേവാലയത്തിലേക്കു പോകുകയും ചെയ്തു. ആ ഏഴു ദിവസം പൂര്‍ത്തിയാകാറായപ്പോള്‍, ഏഷ്യാസംസ്ഥാനത്തുനിന്നു വന്ന യെഹൂദന്മാര്‍ ദേവാലയത്തില്‍വച്ച് അദ്ദേഹത്തെ കണ്ടു. “ഇസ്രായേല്‍പുരുഷന്മാരേ, സഹായത്തിനെത്തിയാലും! ഈ മനുഷ്യനാണ് നമ്മുടെ ജനതയ്‍ക്കും ധര്‍മശാസ്ത്രത്തിനും ഈ ദേവാലയത്തിനും എതിരെ എല്ലായിടത്തും എല്ലാവരെയും ഉപദേശിക്കുന്നത്! ഇയാള്‍ ഗ്രീക്കുകാരെ ദേവാലയത്തില്‍ പ്രവേശിപ്പിച്ച് ഈ വിശുദ്ധസ്ഥലം അശുദ്ധമാക്കുകയും ചെയ്തിരിക്കുന്നു” എന്നിങ്ങനെ ആക്രോശിച്ചുകൊണ്ട് അവര്‍ ജനങ്ങളെ ഇളക്കിവിട്ടു. അവര്‍ അദ്ദേഹത്തെ പിടിച്ചു. എഫെസൊസുകാരനായ ത്രോഫിമോസിനെ അവര്‍ പൗലൊസിനോടുകൂടി നേരത്തെ നഗരത്തില്‍വച്ചു കണ്ടിരുന്നു. അതുകൊണ്ട് അയാളെ ദേവാലയത്തില്‍ പ്രവേശിപ്പിച്ചുകാണുമെന്ന് അവര്‍ ഊഹിച്ചു. നഗരം ആകമാനം ഇളകി, ജനങ്ങള്‍ ഓടിക്കൂടി. അവര്‍ പൗലൊസിനെ പിടിച്ചു ദേവാലയത്തിനു പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി. ഉടനെതന്നെ വാതിലുകളെല്ലാം അടയ്‍ക്കപ്പെട്ടു. അവര്‍ അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിച്ചു. ഈ സമയത്ത് യെരൂശലേമിലെങ്ങും കലാപമുണ്ടായിരിക്കുന്നുവെന്ന് സൈന്യത്തിന്‍റെ സഹസ്രാധിപന് അറിവു കിട്ടി. ഉടനെ അദ്ദേഹം പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ട് അവരുടെ അടുക്കല്‍ പാഞ്ഞെത്തി. സൈന്യാധിപനെയും പടയാളികളെയും കണ്ടപ്പോള്‍ അവര്‍ പൗലൊസിനെ മര്‍ദിക്കുന്നതു നിറുത്തി. സഹസ്രാധിപന്‍ വന്നു പൗലൊസിനെ പിടിച്ച്, രണ്ടു ചങ്ങലകൊണ്ടു ബന്ധിക്കുവാന്‍ ഉത്തരവിട്ടു. ഇയാള്‍ ആരാണെന്നും എന്താണു ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളില്‍ ഒരു കൂട്ടര്‍ ഒരു വിധത്തിലും മറ്റൊരു കൂട്ടര്‍ മറ്റൊരു വിധത്തിലും വിളിച്ചുകൂവി. ബഹളംമൂലം കലാപത്തിന്‍റെ യഥാര്‍ഥ കാരണം മനസ്സിലാക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അതുകൊണ്ട് പൗലൊസിനെ പാളയത്തിലേക്കു കൊണ്ടുപോകുവാന്‍ അദ്ദേഹം ആജ്ഞാപിച്ചു. പാളയത്തിന്‍റെ നടയ്‍ക്കരികിലെത്തിയപ്പോള്‍ പ്രക്ഷുബ്‍ധമായ ജനസഞ്ചയത്തിന്‍റെ ബലാല്‌ക്കാരംമൂലം, പടയാളികള്‍ക്കു പൗലൊസിനെ എടുത്തുകൊണ്ടുപോകേണ്ടിവന്നു. “അവനെ കൊന്നുകളയുക” എന്ന് ആള്‍ക്കൂട്ടം ആക്രോശിച്ചുകൊണ്ടു പിറകേ ചെന്നു. പാളയത്തില്‍ പ്രവേശിക്കാറായപ്പോള്‍ പൗലൊസ് സഹസ്രാധിപനോട്, “ചില കാര്യങ്ങള്‍ അങ്ങയോടു പറയുവാന്‍ എന്നെ അനുവദിക്കുമോ?” എന്നു ചോദിച്ചു. അപ്പോള്‍ സൈന്യാധിപന്‍, “നിങ്ങള്‍ക്കു ഗ്രീക്കറിയാം അല്ലേ? കുറേനാള്‍മുമ്പ് ഒരു വിപ്ലവമുണ്ടാക്കി നാലായിരം ഭീകരപ്രവര്‍ത്തകരെ മരുഭൂമിയിലേക്കു നയിച്ച ഈജിപ്തുകാരനല്ലേ നിങ്ങള്‍? എന്നു ചോദിച്ചു. പൗലൊസ് പ്രതിവചിച്ചു: “ഞാന്‍ ഒരു യെഹൂദനാണ്; കിലിക്യയിലെ പ്രസിദ്ധനഗരമായ തര്‍സൊസില്‍ ജനിച്ച ഒരു പൗരനുമാണ്; ഈ ജനത്തോട് ഒന്നു സംസാരിക്കുവാന്‍ അങ്ങ് അനുവദിച്ചാലും.” സഹസ്രാധിപന്‍ അനുവദിച്ചപ്പോള്‍, പൗലൊസ് നടയില്‍ നിന്നുകൊണ്ട് ജനത്തോടു നിശ്ശബ്ദത പാലിക്കാന്‍ ആംഗ്യം കാട്ടി; ജനം നിശ്ശബ്ദരായപ്പോള്‍, അദ്ദേഹം എബ്രായഭാഷയില്‍ ഇപ്രകാരം പ്രസ്താവിച്ചു: “സഹോദരന്മാരേ, പിതാക്കന്മാരേ, എനിക്കു പറയാനുള്ള സമാധാനം കേട്ടാലും.” എബ്രായഭാഷയില്‍ അദ്ദേഹം സംസാരിക്കുന്നതു കേട്ടപ്പോള്‍ അവര്‍ പൂര്‍വോപരി ശാന്തരായി. അദ്ദേഹം തുടര്‍ന്നു: “ഞാന്‍ ഒരു യെഹൂദനാണ്. കിലിക്യയിലെ തര്‍സൊസിലാണു ഞാന്‍ ജനിച്ചത്. എന്നാല്‍ വളര്‍ന്നത് ഈ നഗരത്തിലാണ്. ഗമാലീയേലിന്‍റെ ശിക്ഷണത്തില്‍ നമ്മുടെ പിതാക്കന്മാരുടെ ധര്‍മശാസ്ത്രം ഞാന്‍ അവധാനപൂര്‍വം അഭ്യസിച്ചു. നിങ്ങളെല്ലാവരും ഇന്ന് ആയിരിക്കുന്നതുപോലെ ദൈവത്തെ സേവിക്കുന്നതില്‍ ഞാനും ഏറ്റവും ശുഷ്കാന്തിയുള്ളവനായിരുന്നു. പുരുഷന്മാരെയും സ്‍ത്രീകളെയും പിടിച്ചുകെട്ടി കാരാഗൃഹത്തിലേല്പിച്ചും കൊലയ്‍ക്കു കൊടുത്തും, ഈ മാര്‍ഗത്തെ ഞാന്‍ ദ്രോഹിച്ചുവന്നു. മഹാപുരോഹിതനും ജനപ്രമുഖന്മാരുടെ സംഘം മുഴുവനും അതിനു സാക്ഷികളാണ്. അവരില്‍നിന്നു ദമാസ്കസിലുള്ള സഹോദരന്മാര്‍ക്കു കത്തുകള്‍ വാങ്ങിക്കൊണ്ട്, അവിടെ പാര്‍ക്കുന്നവരെ പിടിച്ചുകെട്ടി യെരൂശലേമില്‍ കൊണ്ടുവന്നു ദണ്ഡിപ്പിക്കുന്നതിനായി ഞാന്‍ പുറപ്പെട്ടു. “അങ്ങനെ ഞാന്‍ യാത്രചെയ്ത് ദമാസ്കസിനോടടുത്തപ്പോള്‍ മധ്യാഹ്നസമയത്ത് ആകാശത്തുനിന്നുള്ള ഒരു ഉജ്ജ്വല പ്രകാശം പെട്ടെന്ന് എന്‍റെ ചുറ്റും ദൃശ്യമായി. ഞാന്‍ നിലത്തുവീണു. ‘ശൗലേ, ശൗലേ, എന്തിനാണ് നീ എന്നെ ദ്രോഹിക്കുന്നത്?’ എന്ന് എന്നോടു ചോദിക്കുന്ന ഒരശരീരി ഞാന്‍ കേട്ടു. ‘കര്‍ത്താവേ, അങ്ങ് ആരാകുന്നു?’ എന്നു ഞാന്‍ ചോദിച്ചു. ‘നീ ദ്രോഹിക്കുന്ന നസ്രായനായ യേശുവാണ് ഞാന്‍’ എന്നായിരുന്നു മറുപടി. എന്‍റെകൂടെയുണ്ടായിരുന്നവര്‍ ആ പ്രകാശം കണ്ടെങ്കിലും, എന്നോടു സംസാരിച്ച ആളിന്‍റെ ശബ്ദം കേട്ടില്ല, ഞാന്‍ ചോദിച്ചു: ‘കര്‍ത്താവേ, ഞാന്‍ എന്താണു ചെയ്യേണ്ടത്?’ അപ്പോള്‍ കര്‍ത്താവ് എന്നോട് അരുള്‍ചെയ്തു: ‘നീ എഴുന്നേറ്റു ദമാസ്കസിലേക്കു പോകുക; നീ ചെയ്യണമെന്നു നിശ്ചയിക്കപ്പെട്ടിട്ടുള്ളതെല്ലാം അവിടെവച്ചു നിന്നോടു പറയും.’ ആ പ്രകാശത്തിന്‍റെ ഉജ്ജ്വലതേജസ്സുമൂലം എനിക്കു കണ്ണുകാണാന്‍ പാടില്ലാതെയായി. അതുകൊണ്ട് എന്‍റെകൂടെ ഉണ്ടായിരുന്നവര്‍ കൈക്കു പിടിച്ച് എന്നെ നടത്തി. അങ്ങനെ ഞാന്‍ ദമാസ്കസിലെത്തി. “തദ്ദേശവാസികളായ സകല യെഹൂദന്മാരാലും സമാദരിക്കപ്പെട്ടിരുന്നവനും, യെഹൂദധര്‍മശാസ്ത്രമനുസരിച്ചു ജീവിച്ചിരുന്നവനുമായ അനന്യാസ് എന്നൊരാള്‍ അവിടെയുണ്ടായിരുന്നു. അദ്ദേഹം എന്‍റെ അടുക്കല്‍ വന്നു നിന്നുകൊണ്ട് ‘ശൗലേ, സഹോദരാ, കാഴ്ച പ്രാപിക്കുക’ എന്നു പറഞ്ഞു: തല്‍ക്ഷണം ഞാന്‍ കാഴ്ച പ്രാപിച്ചു; അദ്ദേഹത്തെ കാണുകയും ചെയ്തു. അദ്ദേഹം എന്നോട് ഇപ്രകാരം പറഞ്ഞു: ‘നമ്മുടെ പിതാക്കന്മാരുടെ ദൈവത്തിന്‍റെ തിരുവിഷ്ടം മനസ്സിലാക്കുവാനും, തിരുമുഖത്തുനിന്നുള്ള ശബ്ദം കേള്‍ക്കുവാനും, അവിടുന്നു താങ്കളെ മുന്‍കൂട്ടി തിരഞ്ഞെടുത്തിരിക്കുന്നു; താങ്കള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ക്ക് സകലരുടെയും മുമ്പില്‍ താങ്കള്‍ അവിടുത്തെ സാക്ഷിയായിരിക്കും. ഇനി എന്തിനു താമസിക്കുന്നു? അവിടുത്തെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ട് സ്നാപനം സ്വീകരിക്കുകയും താങ്കളുടെ പാപം കഴുകിക്കളകയും ചെയ്യുക.’ “ഞാന്‍ യെരൂശലേമിലേക്കു മടങ്ങിപ്പോയി അവിടെ ദേവാലയത്തില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് ഒരു ദിവ്യാനുഭൂതിയുണ്ടായി. കര്‍ത്താവിനെ ഞാന്‍ ദര്‍ശിച്ചു. ‘അതിശീഘ്രം യെരൂശലേം വിട്ടുപോകുക; നീ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം അവര്‍ സ്വീകരിക്കുകയില്ല’ എന്ന് അവിടുന്ന് എന്നോട് അരുള്‍ചെയ്തു. അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘കര്‍ത്താവേ, ഓരോ സുനഗോഗിലും അങ്ങയില്‍ വിശ്വസിക്കുന്നവരെ ഞാന്‍ തടവിലാക്കുകയും പ്രഹരം ഏല്പിക്കുകയും ചെയ്തു എന്ന് അവര്‍ക്ക് അറിയാം. അവിടുത്തെ സാക്ഷിയായ സ്തേഫാനോസിന്‍റെ രക്തം ചൊരിഞ്ഞപ്പോള്‍ ഞാനും അതിനു സമ്മതം മൂളുകയും, അദ്ദേഹത്തെ വധിച്ചവരുടെ വസ്ത്രങ്ങള്‍ കാത്തുകൊണ്ടു സമീപത്തു നില്‌ക്കുകയും ചെയ്തുവല്ലോ.’ എന്നാല്‍ കര്‍ത്താവ് എന്നോട്, ‘പോകുക, ഞാന്‍ നിന്നെ വിദൂരസ്ഥരായ വിജാതീയരുടെ അടുക്കലേക്ക് അയയ്‍ക്കും’ എന്ന് കല്പിച്ചു.” [22,23] ഇത്രയും പറയുന്നതുവരെ അവര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു; എന്നാല്‍ ഇതുകേട്ടപ്പോള്‍ “ഇങ്ങനെയുള്ളവനെ ഭൂമിയില്‍ വച്ചേക്കരുത്; ഇവന്‍ ജീവിച്ചിരുന്നുകൂടാ” എന്ന് ഉച്ചത്തില്‍ അലറിക്കൊണ്ട് അവര്‍ വസ്ത്രങ്ങള്‍ അന്തരീക്ഷത്തില്‍ വീശുകയും പൂഴിവാരി മേലോട്ട് എറിയുകയും ചെയ്തു. *** അപ്പോള്‍ “ഇയാളെ പാളയത്തിലേക്കു കൊണ്ടുപോകുക” എന്നു സഹസ്രാധിപന്‍ ആജ്ഞാപിച്ചു. അവര്‍ അദ്ദേഹത്തിനെതിരെ ഇപ്രകാരം മുറവിളി കൂട്ടാനുള്ള കാരണം എന്തെന്നറിയുവാന്‍ ചാട്ടവാറുകൊണ്ട് അടിച്ച് പൗലൊസിനെ ചോദ്യം ചെയ്യുവാനും ഉത്തരവിട്ടു. അവര്‍ തന്നെ കയറുകൊണ്ടു വരിഞ്ഞുകെട്ടിയപ്പോള്‍ സമീപത്തു നിന്നിരുന്ന ശതാധിപനോട് അദ്ദേഹം ചോദിച്ചു: വിസ്താരം നടത്തി കുറ്റക്കാരനെന്നു വിധിക്കാതെ, ഒരു റോമാപൗരനെ ചാട്ടവാറുകൊണ്ട് അടിക്കുന്നതു ന്യായമാണോ?” ഇതുകേട്ടപ്പോള്‍ ശതാധിപന്‍ സഹസ്രാധിപന്‍റെ അടുക്കല്‍ ചെന്ന്, “അങ്ങ് എന്താണു ചെയ്യുവാന്‍ പോകുന്നത്? ഇയാള്‍ ഒരു റോമാപൗരനാണല്ലോ എന്നറിയിച്ചു. ഉടനെ സഹസ്രാധിപന്‍ ചെന്ന്, അദ്ദേഹത്തോടു ചോദിച്ചു: ‘താങ്കള്‍ റോമാപൗരനാണോ? എന്നോടു പറയൂ.” “അതേ, എന്ന് അദ്ദേഹം ഉത്തരം നല്‌കി. അപ്പോള്‍ സഹസ്രാധിപന്‍ പറഞ്ഞു: “വളരെയധികം പണം കൊടുത്തിട്ടാണ് ഞാന്‍ റോമാപൗരത്വം നേടിയത്!” “എന്നാല്‍ ഞാന്‍ ജന്മനാതന്നെ റോമാപൗരനാണ്” എന്നു പൗലൊസ് പറഞ്ഞു. അതുകൊണ്ട് അദ്ദേഹത്തെ ചോദ്യം ചെയ്യുവാന്‍ ഭാവിച്ചവര്‍ പെട്ടെന്നു പിന്മാറി. റോമാപൗരനാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തെ ബന്ധിച്ചല്ലോ എന്നോര്‍ത്ത് സഹസ്രാധിപന്‍ ഭയപ്പെട്ടു. പിറ്റേദിവസം, യെഹൂദന്മാര്‍ പൗലൊസിന്‍റെമേല്‍ ആരോപിക്കുന്ന കുറ്റം എന്താണെന്നറിയുവാന്‍ സഹസ്രാധിപന്‍ ആഗ്രഹിച്ചു. മുഖ്യപുരോഹിതന്മാരും സന്നദ്രിംസംഘം മുഴുവനും ഒരുമിച്ചുകൂടാന്‍ അദ്ദേഹം ആജ്ഞാപിച്ചു. പൗലൊസിനെ ബന്ധനവിമുക്തനാക്കി താഴെ കൊണ്ടുചെന്ന് അവരുടെ മുമ്പില്‍ നിറുത്തി. സന്നദ്രിംസംഘാംഗങ്ങളെ സൂക്ഷിച്ചു നോക്കിക്കൊണ്ട് പൗലൊസ് പറഞ്ഞു: “സഹോദരന്മാരേ, ഞാന്‍ ഇന്നുവരെ ദൈവസന്നിധിയില്‍ ഉത്തമമനസ്സാക്ഷിയോടെയത്രെ ജീവിച്ചിട്ടുള്ളത്.” ഉടനെ മഹാപുരോഹിതനായ അനന്യാസ് സമീപത്തു നിന്നവരോട്, അദ്ദേഹത്തിന്‍റെ കരണത്തടിക്കുവാന്‍ ആജ്ഞാപിച്ചു. പൗലൊസ് മഹാപുരോഹിതനോട് ‘വെള്ളപൂശിയ ചുവരേ! നിങ്ങളെ ദൈവം അടിക്കും. നിങ്ങള്‍ നിയമം അനുസരിച്ച് എന്നെ വിധിക്കുവാനല്ലേ ഇരിക്കുന്നത്; എന്നിട്ടും നിയമത്തിനു വിരുദ്ധമായി എന്നെ അടിക്കുവാന്‍ ആജ്ഞാപിക്കുന്നുവോ?’ അപ്പോള്‍ അടുത്തു നിന്നവര്‍ “താങ്കള്‍ ദൈവത്തിന്‍റെ മഹാപുരോഹിതനെ അധിക്ഷേപിക്കുന്നുവോ?” എന്നു ചോദിച്ചു. പൗലൊസ് പറഞ്ഞു: “സഹോദരന്മാരേ, അദ്ദേഹം മഹാപുരോഹിതനാണെന്നു ഞാന്‍ അറിഞ്ഞില്ല; ‘നിന്‍റെ ജനത്തിന്‍റെ അധിപതിയെ ദുഷിക്കരുത്’ എന്ന് എഴുതിയിട്ടുണ്ടല്ലോ.” അവിടെ കൂടിയിരുന്നവരില്‍ ഒരു വിഭാഗം സാദൂക്യരും മറുഭാഗം പരീശന്മാരുമാണെന്നു മനസ്സിലാക്കിയപ്പോള്‍, പൗലൊസ് സന്നദ്രിംസംഘത്തോട് ഇപ്രകാരം ഉച്ചത്തില്‍ പറഞ്ഞു: “സഹോദരന്മാരേ, ഞാന്‍ ഒരു പരീശനും പരീശകുലത്തില്‍ ജനിച്ചവനുമാണ്. മരിച്ചവരുടെ പുനരുത്ഥാനത്തിലുള്ള പ്രത്യാശ നിമിത്തമത്രേ ഞാന്‍ വിസ്തരിക്കപ്പെടുന്നത്.” അദ്ദേഹം ഇതു പറഞ്ഞപ്പോള്‍ പരീശന്മാരും സാദൂക്യരും തമ്മില്‍ കലഹമുണ്ടായി. അങ്ങനെ അവിടെ കൂടിയിരുന്നവര്‍ രണ്ടു കക്ഷികളായി പിളര്‍ന്നു. പുനരുത്ഥാനമോ, മാലാഖയോ, ആത്മാവോ ഒന്നുമില്ലെന്നു പറയുന്നവരാണു സാദൂക്യര്‍. പരീശന്മാരാകട്ടെ, ഇവയെല്ലാം ഉണ്ടെന്നു വിശ്വസിക്കുന്നു. അങ്ങനെ അവിടെ ഒരു വലിയ ബഹളമുണ്ടായി. പരീശപക്ഷത്തുള്ള മതപണ്ഡിതന്മാരില്‍ ചിലര്‍, “ഈ മനുഷ്യനില്‍ ഞങ്ങള്‍ ഒരു കുറ്റവും കാണുന്നില്ല; ഒരാത്മാവോ മാലാഖയോ ഇയാളോടു സംസാരിച്ചുവെങ്കില്‍ അതിനെന്ത്? എന്നു വാദിച്ചു. അവര്‍ തമ്മിലുള്ള വാദപ്രതിവാദം അക്രമാസക്തമായപ്പോള്‍, പൗലൊസിനെ അവര്‍ വലിച്ചുകീറിക്കളയുമോ എന്നു സൈന്യാധിപന്‍ ഭയപ്പെട്ടു. അദ്ദേഹത്തെ അവരുടെ ഇടയില്‍നിന്നു പാളയത്തിലേക്കു കൊണ്ടുപോകുവാന്‍ പടയാളികളോട് ആജ്ഞാപിച്ചു. അന്നു രാത്രിയില്‍ കര്‍ത്താവ് പൗലൊസിന്‍റെ അടുക്കല്‍ വന്ന്: “ധൈര്യമുള്ളവനായിരിക്കുക; നീ യെരൂശലേമില്‍ എനിക്കു സാക്ഷ്യം വഹിച്ചതുപോലെ റോമിലും സാക്ഷ്യം വഹിക്കേണ്ടതാകുന്നു” എന്ന് അരുള്‍ചെയ്തു. നേരം വെളുത്തപ്പോള്‍ യെഹൂദന്മാര്‍ ഒരു ഗൂഢാലോചന നടത്തി. പൗലൊസിനെ വധിക്കുന്നതുവരെ തങ്ങള്‍ എന്തെങ്കിലും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുകയില്ലെന്നു ശപഥം ചെയ്തു. ഈ ഗൂഢാലോചനയില്‍ നാല്പതില്‍പരം ആളുകള്‍ ഉള്‍പ്പെട്ടിരുന്നു. അവര്‍ പുരോഹിതമുഖ്യന്മാരുടെയും ജനപ്രമുഖന്മാരുടെയും അടുക്കല്‍ ചെന്നു പറഞ്ഞു: “പൗലൊസിനെ വധിക്കുന്നതുവരെ ഞങ്ങള്‍ യാതൊന്നും ഭക്ഷിക്കുകയില്ലെന്നു സര്‍വാത്മനാ ശപഥം ചെയ്തിരിക്കുകയാണ്. അതുകൊണ്ട് ഇപ്പോള്‍ നിങ്ങളും സന്നദ്രിംസംഘവും ചേര്‍ന്ന്, അയാളുടെ കാര്യം കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കുവാനെന്ന ഭാവത്തില്‍, അയാളെ നിങ്ങളുടെ അടുക്കലേക്ക് ഇറക്കിക്കൊണ്ടുവരുവാന്‍ സഹസ്രാധിപനോട് അഭ്യര്‍ഥിക്കുക. ഇവിടെയെത്തുന്നതിനു മുമ്പ് അയാളുടെ കഥ കഴിക്കുവാന്‍ ഞങ്ങള്‍ തയ്യാറാണ്.” ഈ പതിയിരിപ്പിനെപ്പറ്റി പൗലൊസിന്‍റെ സഹോദരീപുത്രന് അറിവുകിട്ടി. അയാള്‍ പാളയത്തില്‍ ചെന്നു പൗലൊസിനോടു വിവരം പറഞ്ഞു. പൗലൊസ് ഒരു ശതാധിപനെ വിളിച്ച്, “ഇയാള്‍ക്ക് സഹസ്രാധിപനോട് എന്തോ പറയാനുണ്ട്; അതുകൊണ്ട് ഇയാളെ അദ്ദേഹത്തിന്‍റെ അടുക്കലേക്കു കൊണ്ടുപോകണം” എന്നു പറഞ്ഞു. ശതാധിപന്‍ അയാളെ കൂട്ടിക്കൊണ്ട് സഹസ്രാധിപന്‍റെ അടുത്തുചെന്ന്, “ഇയാള്‍ക്ക് അങ്ങയോട് എന്തോ പറയാനുണ്ട് എന്നു തടവുകാരനായ പൗലൊസ് എന്നെ വിളിച്ചു പറഞ്ഞു” എന്നറിയിച്ചു. സൈന്യാധിപന്‍ അയാളെ കൈക്കുപിടിച്ചു മാറ്റി നിറുത്തിക്കൊണ്ട്, “എന്നോട് എന്താണു പറയാനുള്ളത്?” എന്നു രഹസ്യമായി ചോദിച്ചു. അയാള്‍ പറഞ്ഞു: “പൗലൊസിനെ കൂടുതല്‍ സൂക്ഷ്മമായി വിസ്തരിക്കുവാനെന്ന ഭാവത്തില്‍, നാളെ സന്നദ്രിംസംഘത്തിന്‍റെ മുമ്പാകെ കൊണ്ടുചെല്ലുന്നതിനുവേണ്ടി അങ്ങയോട് അഭ്യര്‍ഥിക്കുവാന്‍ യെഹൂദന്മാര്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ അങ്ങ് അതിനു വഴങ്ങരുത്; അവരില്‍ നാല്പതില്‍പരം ആളുകള്‍ അദ്ദേഹത്തെ കൊല്ലുന്നതുവരെ യാതൊന്നും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുകയില്ലെന്നു ദൃഢപ്രതിജ്ഞ ചെയ്തു പതിയിരിക്കുന്നുണ്ട്. അങ്ങയുടെ അനുവാദം പ്രതീക്ഷിച്ച് അവര്‍ കാത്തിരിക്കുകയാണ്. ഈ വിവരം തന്നെ അറിയിച്ചത് ആരോടും പറയരുതെന്ന് ആജ്ഞാപിച്ചശേഷം അദ്ദേഹം അയാളെ വിട്ടയച്ചു. പിന്നീട് സൈന്യാധിപന്‍ ശതാധിപന്മാരില്‍ രണ്ടുപേരെ വിളിച്ച് “ഇന്നുരാത്രി ഒന്‍പതു മണിക്കു കൈസര്യയിലേക്കു പോകുന്നതിന് ഇരുനൂറു പടയാളികളെയും അവരോടൊപ്പം എഴുപതു കുതിരപ്പടയാളികളെയും ഇരുനൂറു കുന്തക്കാരെയും തയ്യാറാക്കുക. പൗലൊസിന്‍റെ യാത്രയ്‍ക്ക് ആവശ്യമുള്ള കുതിരകളെയും നല്‌കണം; അങ്ങനെ അദ്ദേഹത്തെ ഗവര്‍ണര്‍ ഫെലിക്സിന്‍റെ അടുക്കല്‍ സുരക്ഷിതമായി എത്തിക്കണം” എന്ന് ആജ്ഞാപിച്ചു. താഴെപ്പറയുന്ന പ്രകാരം ഒരു കത്തും അദ്ദേഹമെഴുതി: ക്ലൗദ്യോസ് ലുസിയാസ്, അഭിവന്ദ്യനായ ഗവര്‍ണര്‍ ഫെലിക്സിന് എഴുതുന്നത്: അങ്ങേക്ക് എന്‍റെ അഭിവാദനങ്ങള്‍! ഈ മനുഷ്യനെ യെഹൂദന്മാര്‍ പിടിച്ചു വധിക്കുവാന്‍ ഭാവിച്ചപ്പോള്‍, ഇയാള്‍ ഒരു റോമാപൗരനാണെന്നറിഞ്ഞ്, ഞാന്‍ പട്ടാളക്കാരോടുകൂടി ചെന്ന് ഇയാളെ രക്ഷിച്ചു. അവര്‍ ആരോപിച്ച കുറ്റം എന്താണെന്ന് അറിയുവാനുള്ള ആഗ്രഹത്തോടെ, അവരുടെ സന്നദ്രിംസംഘത്തിന്‍റെ മുമ്പില്‍ ഞാന്‍ ഇയാളെ കൊണ്ടുചെന്നു. അവരുടെ ധര്‍മശാസ്ത്രം സംബന്ധിച്ച പ്രശ്നങ്ങളുടെ പേരിലാണ് ഇയാളുടെമേല്‍ കുറ്റം ചുമത്തിയിരുന്നതെന്നും, വധശിക്ഷയ്‍ക്കോ തടവിനോ അര്‍ഹമായ കുറ്റമൊന്നും ഇയാള്‍ ചെയ്തിട്ടില്ലെന്നും എനിക്കു ബോധ്യമായി. ഇയാള്‍ക്കെതിരെ അവര്‍ ഗൂഢാലോചന നടത്തുന്നുവെന്ന് എനിക്ക് അറിവുകിട്ടിയ ക്ഷണത്തില്‍ത്തന്നെ ഞാന്‍ ഇയാളെ അങ്ങയുടെ അടുക്കലേക്ക് അയയ്‍ക്കുകയാണ്. ഇയാള്‍ക്ക് എതിരെ പരാതിക്കാര്‍ക്കു പറയാനുള്ളത് അങ്ങയുടെ അടുക്കല്‍ ബോധിപ്പിക്കണമെന്നും ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൈന്യാധിപന്‍റെ ഉത്തരവനുസരിച്ച്, പടയാളികള്‍ രാത്രിയില്‍ത്തന്നെ പൗലൊസിനെ കൂട്ടിക്കൊണ്ട് അന്തിപ്പത്രിസ് വരെയെത്തി. പിറ്റേദിവസം കുതിരപ്പടയാളികളെ മാത്രം അദ്ദേഹത്തിന്‍റെകൂടെ അയച്ചശേഷം മറ്റുള്ളവര്‍ പാളയത്തിലേക്കു മടങ്ങിപ്പോന്നു. അവര്‍ കൈസര്യയിലെത്തി ഗവര്‍ണര്‍ക്കു കത്തു സമര്‍പ്പിച്ചശേഷം പൗലൊസിനെ അദ്ദേഹത്തിന്‍റെ മുമ്പില്‍ ഹാജരാക്കി. എഴുത്തു വായിച്ചിട്ട് പൗലൊസ് ഏതു സംസ്ഥാനക്കാരനാണെന്നു ഗവര്‍ണര്‍ ചോദിച്ചു. കിലിക്യക്കാരന്‍ എന്നറിഞ്ഞപ്പോള്‍ “വാദികള്‍കൂടി വന്നിട്ടു വിസ്തരിക്കാം” എന്നു പറഞ്ഞ് പൗലൊസിനെ ഹേരോദായുടെ ആസ്ഥാനത്തു സൂക്ഷിക്കുവാന്‍ അദ്ദേഹം ആജ്ഞാപിച്ചു. അഞ്ചു ദിവസം കഴിഞ്ഞ് മഹാപുരോഹിതനായ അനന്യാസ്, ഏതാനും ജനപ്രമുഖന്മാരോടും തെര്‍ത്തുല്ലോസ് എന്ന അഭിഭാഷകനോടുംകൂടി ഗവര്‍ണറുടെ അടുക്കലെത്തി. അവര്‍ പൗലൊസിനെതിരെ ഗവര്‍ണറുടെ മുമ്പില്‍ അന്യായം ബോധിപ്പിച്ചു. പൗലൊസിന്‍റെ പേരിലുള്ള ആരോപണങ്ങള്‍ വിശദീകരിച്ചുകൊണ്ട് തെര്‍ത്തുല്ലൊസ് ഇപ്രകാരം പ്രസ്താവിച്ചു: “അഭിവന്ദ്യനായ ഫെലിക്സേ, അങ്ങു മുഖാന്തരം ഞങ്ങള്‍ വളരെയധികം സമാധാനം അനുഭവിക്കുന്നു. യെഹൂദജനതയുടെ ശ്രേയസ്സിന് ആവശ്യമുള്ള പരിഷ്കാരങ്ങള്‍ ദീര്‍ഘവീക്ഷണത്തോടുകൂടി അവിടുന്ന് ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഞങ്ങള്‍ എല്ലായിടത്തും എല്ലാവിധത്തിലും കൃതജ്ഞതാപുരസ്സരം അത് അംഗീകരിക്കുന്നു. അങ്ങയുടെ സമയം കൂടുതല്‍ എടുക്കണമെന്ന് എനിക്ക് ആഗ്രഹമില്ല. ഞങ്ങള്‍ ചുരുക്കമായി പറയുന്നത് അങ്ങു ദയാപൂര്‍വം കേള്‍ക്കണമെന്ന് അപേക്ഷിക്കുന്നു. ഈ മനുഷ്യന്‍ ഒരു മഹാബാധയാണ്; ലോകത്തെങ്ങുമുള്ള യെഹൂദന്മാരുടെ ഇടയില്‍ പ്രക്ഷോഭമുണ്ടാക്കുന്നവനും, നസ്രായകക്ഷിയുടെ നായകനുമാണിയാള്‍ എന്നു ഞങ്ങള്‍ക്കു മനസ്സിലായി. ഇയാള്‍ ദേവാലയത്തെ അശുദ്ധമാക്കുവാന്‍പോലും ശ്രമിച്ചു. എന്നാല്‍ ഞങ്ങള്‍ ഇയാളെ പിടിച്ചു; ഞങ്ങളുടെ ധര്‍മശാസ്ത്രപ്രകാരം ഇയാളെ വിസ്തരിക്കുവാന്‍ ഉദ്ദേശിച്ചു. എന്നാല്‍ സഹസ്രാധിപനായ ലുസിയാസ് ഇയാളെ ഞങ്ങളുടെ കൈയില്‍നിന്നു ബലാല്‌ക്കാരേണ പിടിച്ചുകൊണ്ടുപോയി. വാദികള്‍ അങ്ങയുടെ മുമ്പില്‍ ഹാജരാകുവാന്‍ ആജ്ഞാപിക്കുകയും ചെയ്തു. അങ്ങുതന്നെ ഇയാളെ വിസ്തരിക്കുന്ന പക്ഷം ഞങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ ഇയാളില്‍ നിന്നുതന്നെ മനസ്സിലാക്കുവാന്‍ കഴിയും.” അതു ശരിതന്നെ എന്നു പറഞ്ഞുകൊണ്ട് യെഹൂദന്മാര്‍ അയാളെ പിന്‍താങ്ങി. സംസാരിക്കുവാന്‍ ഗവര്‍ണര്‍ ആംഗ്യം കാട്ടിയപ്പോള്‍ പൗലൊസ് പ്രതിവാദിച്ചു: “ദീര്‍ഘകാലമായി അങ്ങ് ഈ ജനതയുടെ ന്യായാധിപതി ആയിരിക്കുന്നു എന്ന് എനിക്കറിയാം. അതുകൊണ്ട് എനിക്കു പറയാനുള്ളത് അങ്ങയുടെ മുമ്പില്‍ ബോധിപ്പിക്കുന്നതില്‍ എനിക്കു സന്തോഷമുണ്ട്. [11,12] ഞാന്‍ ആരാധനയ്‍ക്കായി യെരൂശലേമില്‍ പോയിട്ട് പന്ത്രണ്ടു ദിവസത്തിലേറെ ആയിട്ടില്ല. ദേവാലയത്തിലോ, സുനഗോഗുകളിലോ, നഗരത്തിലോ ഞാന്‍ ആരോടെങ്കിലും വാഗ്വാദം നടത്തുകയോ ജനങ്ങളുടെ ഇടയില്‍ പ്രക്ഷോഭമുണ്ടാക്കുകയോ ചെയ്യുന്നത് ഇവരാരും കണ്ടിട്ടില്ല. ഇതു വാസ്തവമാണെന്ന് അങ്ങേക്കു പരിശോധിച്ച് അറിയാവുന്നതാണ്. *** എനിക്കെതിരെ ബോധിപ്പിച്ചിട്ടുള്ള ആരോപണങ്ങള്‍ അങ്ങയുടെ മുമ്പില്‍ തെളിയിക്കുവാന്‍ ഇവര്‍ക്കു സാധ്യവുമല്ല. ഒരു കാര്യം ഞാന്‍ സമ്മതിക്കുന്നു; ഒരു പ്രത്യേക മതവിഭാഗമെന്ന് ഇവര്‍ പറയുന്ന ആ മാര്‍ഗപ്രകാരം ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തെ ഞാന്‍ ഭജിക്കുകയും ധര്‍മശാസ്ത്രത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നത് എല്ലാം വിശ്വസിക്കുകയും ചെയ്യുന്നു. ശിഷ്ടജനങ്ങളും ദുഷ്ടജനങ്ങളും ഉയിര്‍ത്തെഴുന്നേല്‌ക്കുമെന്ന് ഇവര്‍ പ്രത്യാശിക്കുന്നതുപോലെ തന്നെ, ഞാനും ദൈവത്തില്‍ പ്രത്യാശിക്കുന്നു. അതുകൊണ്ട് ഞാന്‍ ദൈവത്തോടും മനുഷ്യരോടും എപ്പോഴും കുറ്റമറ്റ മനസാക്ഷിയുള്ളവനായിരിക്കുന്നതിനു പരമാവധി പരിശ്രമിക്കുന്നു. “വര്‍ഷങ്ങള്‍ക്കു ശേഷമാണ്, സ്വജാതീയര്‍ക്കു ദാനധര്‍മങ്ങള്‍ കൊടുക്കുന്നതിനും വഴിപാട് അര്‍പ്പിക്കുന്നതിനുംവേണ്ടി ഞാന്‍ യെരൂശലേമിലേക്കു ചെന്നത്. അതനുഷ്ഠിക്കുമ്പോള്‍ ദേവാലയത്തില്‍വച്ച് ശുദ്ധീകരണകര്‍മം കഴിഞ്ഞവനായി അവര്‍ എന്നെ കണ്ടു. അപ്പോള്‍ അവിടെ ആള്‍ക്കൂട്ടമോ ബഹളമോ ഉണ്ടായിരുന്നില്ല. എന്നാല്‍ അവിടെ ഏഷ്യാ സംസ്ഥാനക്കാരായ ഏതാനും യെഹൂദന്മാരുണ്ടായിരുന്നു. എന്‍റെ പേരില്‍ എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍, അവരായിരുന്നു അങ്ങയുടെ മുമ്പില്‍വന്ന് അതു ബോധിപ്പിക്കേണ്ടിയിരുന്നത്. [20,21] സന്നദ്രിംസംഘത്തിന്‍റെ മുമ്പില്‍ നില്‌ക്കുമ്പോള്‍ ‘മരിച്ചവരുടെ പുനരുത്ഥാനം സംബന്ധിച്ച് ഇന്നു നിങ്ങള്‍ എന്നെ വിസ്തരിക്കുന്നു’ എന്നു വിളിച്ചു പറഞ്ഞ ഒരു കാര്യമല്ലാതെ മറ്റെന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ഇവര്‍ തന്നെ പറയട്ടെ.” *** ഫെലിക്സിന് നസ്രായമാര്‍ഗത്തെക്കുറിച്ചു നന്നായി അറിയാമായിരുന്നിട്ടും “ലുസിയാസ് സഹസ്രാധിപന്‍ വന്നിട്ടു നിങ്ങളുടെ പരാതിക്കു തീരുമാനമുണ്ടാക്കാം” എന്നു പറഞ്ഞ് അദ്ദേഹം വ്യവഹാരം മാറ്റിവച്ചു. പൗലൊസിനെ തടവില്‍ സൂക്ഷിക്കുവാന്‍ അദ്ദേഹം ശതാധിപനോട് ആജ്ഞാപിച്ചു; എന്നാല്‍ കുറെയൊക്കെ സ്വാതന്ത്ര്യം അനുവദിക്കണമെന്നും, സ്വജനങ്ങള്‍ അദ്ദേഹത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതു വിലക്കരുതെന്നും നിര്‍ദേശിച്ചു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ്, ഫെലിക്സ് യെഹൂദവനിതയായ ഭാര്യ ദ്രുസില്ലയുമൊന്നിച്ചു ചെന്ന്, പൗലൊസിനെ ആളയച്ചു വരുത്തി. ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെപ്പറ്റി അദ്ദേഹത്തില്‍നിന്നു കേട്ടു. എന്നാല്‍ നീതി, ആത്മനിയന്ത്രണം, വരുവാനുള്ള ന്യായവിധി ഇവയെക്കുറിച്ചു പൗലൊസ് സംസാരിച്ചപ്പോള്‍, ഫെലിക്സ് ഭയപരവശനായി. “താങ്കള്‍ തത്ക്കാലം പോകുക; സൗകര്യമുള്ളപ്പോള്‍ വിളിപ്പിക്കാം” എന്നു പറഞ്ഞു. അതേ സമയം പൗലൊസില്‍നിന്നു കൈക്കൂലി കിട്ടുമെന്ന് ഫെലിക്സ് പ്രതീക്ഷിച്ചു. അതുകൊണ്ട് പലപ്പോഴും അദ്ദേഹം പൗലൊസിനെ വരുത്തി സംസാരിച്ചുപോന്നു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഫെലിക്സിന്‍റെ പിന്‍ഗാമിയായി പൊര്‍ക്ക്യൊസ് ഫെസ്തൊസ് ഗവര്‍ണറായി വന്നു. യെഹൂദന്മാരുടെ പ്രീതിക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചതുകൊണ്ട് ഫെലിക്സ് പൗലൊസിനെ തടവുകാരനായി വിട്ടിട്ടുപോയി. ഫെസ്തൊസ് കൈസര്യയില്‍ വന്നതിന്‍റെ മൂന്നാം ദിവസം യെരൂശലേമിലേക്കു പോയി. അപ്പോള്‍ മുഖ്യപുരോഹിതന്മാരും യെഹൂദനേതാക്കളും പൗലൊസിനെതിരെ അദ്ദേഹത്തിന്‍റെ അടുക്കല്‍ പരാതി ബോധിപ്പിച്ചു. “അവിടുന്നു ദയാപൂര്‍വം പൗലൊസിനെ യെരൂശലേമിലേക്ക് അയയ്‍ക്കണം” എന്ന് അവര്‍ അഭ്യര്‍ഥിച്ചു. അദ്ദേഹത്തെ വഴിയില്‍വച്ച് അപായപ്പെടുത്തുവാന്‍ അവര്‍ ഗൂഢാലോചന നടത്തിയിരുന്നു. അതിനു ഫെസ്തൊസ് ഇപ്രകാരം മറുപടി നല്‌കി: “പൗലൊസിനെ കൈസര്യയില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്; ഉടനെതന്നെ ഞാന്‍ അവിടേക്കു തിരിച്ചുപോകുന്നുണ്ട്. നിങ്ങളില്‍ പ്രാപ്തിയുള്ളവര്‍ എന്‍റെകൂടെ വന്ന്, അയാളുടെ പേരില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ ബോധിപ്പിക്കാം.” ഫെസ്തോസ് എട്ടുപത്തുദിവസം അവരോടുകൂടി കഴിഞ്ഞശേഷം കൈസര്യയിലേക്കു മടങ്ങിപ്പോയി. പിറ്റേദിവസം അദ്ദേഹം ന്യായാസനത്തില്‍ ഉപവിഷ്ടനായിരുന്നുകൊണ്ട്, പൗലൊസിനെ ഹാജരാക്കുവാന്‍ ആജ്ഞാപിച്ചു. പൗലൊസ് ഫെസ്തൊസിന്‍റെ മുമ്പിലെത്തിയപ്പോള്‍ യെരൂശലേമില്‍ നിന്നു വന്ന യെഹൂദന്മാര്‍ അദ്ദേഹത്തിന്‍റെ പേരില്‍ ഗുരുതരമായ പല കുറ്റങ്ങളും ആരോപിച്ചു. എന്നാല്‍ അവയൊന്നും തെളിയിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല. തന്‍റെ പ്രതിവാദത്തില്‍ പൗലൊസ് ഇങ്ങനെ ബോധിപ്പിച്ചു: “യെഹൂദന്മാരുടെ ധര്‍മശാസ്ത്രത്തിനോ, ദേവാലയത്തിനോ, കൈസര്‍ക്കോ എതിരായി ഒരു കുറ്റവും ഞാന്‍ ചെയ്തിട്ടില്ല.” ഫെസ്തോസിന് യെഹൂദന്മാരെ പ്രീണിപ്പിക്കണമെന്നുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം പൗലൊസിനോടു ചോദിച്ചു: “യെരൂശലേമില്‍വച്ച് എന്‍റെ മുമ്പാകെ ഈ ആരോപണങ്ങളെക്കുറിച്ചുള്ള വിചാരണ നടത്തുന്നത് താങ്കള്‍ക്കു സമ്മതമാണോ? പൗലൊസ് പ്രതിവചിച്ചു: “ഞാന്‍ കൈസറുടെ ന്യായാസനത്തിനു മുമ്പിലാണു നില്‌ക്കുന്നത്; അവിടെയാണു ഞാന്‍ വിസ്തരിക്കപ്പെടേണ്ടത്; ഞാന്‍ യെഹൂദന്മാര്‍ക്കു വിരോധമായി ഒരു തെറ്റും ചെയ്തിട്ടില്ലെന്നുളളത് അങ്ങേക്കു ശരിയായി അറിയാമല്ലോ. വധശിക്ഷയ്‍ക്ക് അര്‍ഹമായ കുറ്റം ഞാന്‍ ചെയ്തിട്ടുണ്ടെങ്കില്‍, അതില്‍നിന്ന് ഒഴിഞ്ഞുമാറുവാന്‍ ശ്രമിക്കുന്നില്ല. എന്നാല്‍ അവരുടെ കുറ്റാരോപണങ്ങള്‍ക്ക് അടിസ്ഥാനമൊന്നുമില്ലെങ്കില്‍ എന്നെ അവര്‍ക്ക് ഏല്പിച്ചുകൊടുക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. ഞാന്‍ കൈസറുടെ മുമ്പാകെ മേല്‍വിചാരണ ആഗ്രഹിക്കുന്നു.” അപ്പോള്‍ തന്‍റെ ഉപദേഷ്ടാക്കന്മാരുമായി ആലോചിച്ചശേഷം ഫെസ്തോസ് ഇങ്ങനെ പറഞ്ഞു: “താങ്കള്‍ കൈസറുടെ മുമ്പില്‍ മേല്‍വിചാരണയ്‍ക്കുവേണ്ടി അപേക്ഷിച്ചിരിക്കുന്നതുകൊണ്ട് അദ്ദേഹത്തിന്‍റെ അടുക്കലേക്കു പോകുകതന്നെ വേണം.” ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് അഗ്രിപ്പാരാജാവും ബെര്‍ന്നീക്കയും ഫെസ്തൊസിനെ അഭിവാദനം ചെയ്യുന്നതിനു കൈസര്യയിലെത്തി. അവര്‍ കുറെനാള്‍ അവിടെ പാര്‍ത്തു. അതിനിടയ്‍ക്ക് ഫെസ്തോസ് പൗലൊസിന്‍റെ കാര്യം രാജാവിനോട് വിവരിച്ചു: “ഫെലിക്സ് തടവിലാക്കിയ ഒരാള്‍ ഇവിടെയുണ്ട്. ഞാന്‍ യെരൂശലേമില്‍ പോയപ്പോള്‍ അയാളെക്കുറിച്ചുള്ള ആരോപണങ്ങള്‍ യെഹൂദന്മാരുടെ പുരോഹിതമുഖ്യന്മാരും നേതാക്കന്മാരും എന്നെ അറിയിക്കുകയും അയാളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വാദിപ്രതികളെ അഭിമുഖമായി നിറുത്തി, പ്രതിയുടെ പേരില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്കു സമാധാനം ബോധിപ്പിക്കുന്നതിന് അവസരം നല്‌കാതെ ശിക്ഷയ്‍ക്ക് ഏല്പിച്ചുകൊടുക്കുന്ന പതിവു റോമാഗവര്‍മെന്‍റിനില്ലെന്നു ഞാന്‍ അവര്‍ക്കു മറുപടി നല്‌കി. അതുകൊണ്ട്, അവര്‍ വന്നുകൂടിയതിന്‍റെ പിറ്റേദിവസം തന്നെ, ഞാന്‍ ന്യായാസനത്തിലിരുന്ന് ആ മനുഷ്യനെ ഹാജരാക്കുവാന്‍ ഉത്തരവിട്ടു. പൗലൊസിന്‍റെ എതിരാളികള്‍ അയാളുടെ പേരിലുള്ള കുറ്റങ്ങള്‍ നിരത്തിവച്ചെങ്കിലും, ഞാന്‍ പ്രതീക്ഷിച്ചതുപോലെയുള്ള കുറ്റങ്ങളൊന്നും അവര്‍ ആരോപിച്ചില്ല. തങ്ങളുടെ മതത്തെക്കുറിച്ചും, മരിച്ചുപോയ യേശു എന്ന ഒരാളിനെക്കുറിച്ചും അയാളുമായുള്ള തര്‍ക്കസംഗതികള്‍ ഉന്നയിക്കുക മാത്രമേ ചെയ്തുള്ളൂ. യേശു എന്ന മനുഷ്യന്‍ ജീവിച്ചിരിക്കുന്നു എന്നാണു പൗലൊസ് തറപ്പിച്ചു പറയുന്നത്. ഇങ്ങനെയുള്ള ആക്ഷേപങ്ങളെക്കുറിച്ചു കൂലങ്കഷമായി പരിശോധിക്കേണ്ടത് എങ്ങനെയെന്ന് എനിക്കറിഞ്ഞുകൂടാ. അതുകൊണ്ട്, യെരൂശലേമില്‍ പോയി അവിടെവച്ച് ഈ ആരോപണങ്ങളെപ്പറ്റിയുള്ള വിസ്താരം നടത്തുന്നത് സമ്മതമാണോ എന്നു ഞാന്‍ പൗലൊസിനോടു ചോദിച്ചു. എന്നാല്‍ തന്‍റെ പേരിലുള്ള വ്യവഹാരം അഭിവന്ദ്യനായ കൈസര്‍ തീരുമാനിക്കുന്നതുവരെ തനിക്കു സംരക്ഷണം നല്‌കണമെന്നു പൗലൊസ് അഭ്യര്‍ഥിച്ചതിനാല്‍ അതുവരെ അയാളെ തടങ്കലില്‍ പാര്‍പ്പിക്കുവാന്‍ ഞാന്‍ ഉത്തരവിട്ടു.” തനിക്കും പൗലൊസിന്‍റെ പ്രസംഗം കേള്‍ക്കാന്‍ ആഗ്രഹമുണ്ടെന്ന് അഗ്രിപ്പാ ഫെസ്തൊസിനോടു പറഞ്ഞു. “നാളെയാകട്ടെ” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. പിറ്റേദിവസം അഗ്രിപ്പാ ബെര്‍ന്നീക്കയുമായി രാജകീയമായ ആഡംബരത്തോടുകൂടി വിചാരണമണ്ഡപത്തിലെത്തി. സൈനികമേധാവികളും നഗരത്തിലെ പ്രമുഖവ്യക്തികളും അവിടെ വന്നുകൂടിയിരുന്നു. ഫെസ്തൊസിന്‍റെ ഉത്തരവനുസരിച്ചു പൗലൊസിനെ ഹാജരാക്കി. ഫെസ്തൊസ് പറഞ്ഞു: “അഗ്രിപ്പാരാജാവേ, മഹാജനങ്ങളേ, നിങ്ങളുടെ മുമ്പില്‍ നില്‌ക്കുന്ന ഈ മനുഷ്യനെതിരെ ഇവിടെയും യെരൂശലേമിലുമുള്ള യെഹൂദജനസഞ്ചയം എന്‍റെ അടുക്കല്‍ പരാതി ബോധിപ്പിച്ചിരിക്കുന്നു. ഇയാളെ ജീവനോടെ വച്ചേക്കരുതെന്നാണ് അവര്‍ വിളിച്ചുകൂവുന്നത്. എന്നാല്‍ വധശിക്ഷയ്‍ക്ക് അര്‍ഹമായ എന്തെങ്കിലും ഇയാള്‍ ചെയ്തതായി ഞാന്‍ കാണുന്നില്ല. ഇയാള്‍ കൈസറുടെ മുമ്പാകെ മേല്‍വിചാരണയ്‍ക്ക് അപേക്ഷിച്ചിരിക്കുന്നതിനാല്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍ അയയ്‍ക്കുവാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്. എങ്കിലും ഇയാളെ സംബന്ധിച്ച് വ്യക്തമായി എന്തെങ്കിലും കൈസറുടെ പേര്‍ക്ക് എഴുതുവാന്‍ എനിക്കില്ല. അതുകൊണ്ടാണ് നിങ്ങളുടെ മുമ്പിലും, വിശിഷ്യ അഗ്രിപ്പാരാജാവിന്‍റെ മുമ്പിലും, ഇയാളെ ഹാജരാക്കിയിരിക്കുന്നത്. ഇയാളെ വിസ്തരിച്ചു കഴിയുമ്പോള്‍ എനിക്ക് എഴുതുവാന്‍ വല്ലതും ലഭിച്ചേക്കാം. ഒരു തടവുകാരനെ അയയ്‍ക്കുമ്പോള്‍ അയാളുടെ പേരിലുള്ള ആരോപണങ്ങള്‍ എന്തൊക്കെയാണെന്നു വ്യക്തമായി എഴുതാതിരിക്കുന്നതു ശരിയല്ലെന്ന് എനിക്ക് തോന്നുന്നു.” അഗ്രിപ്പാ പൗലൊസിനോടു പറഞ്ഞു: “നിങ്ങള്‍ക്കു പറയാനുള്ളതു പറയാം. അപ്പോള്‍ പൗലൊസ് കൈനീട്ടിക്കൊണ്ടു പ്രതിവാദിച്ചു: [2,3] “അല്ലയോ അഗ്രിപ്പാരാജാവേ, യെഹൂദ ജനതയുടെ ആചാരങ്ങളും അവരുടെ ഇടയിലുള്ള തര്‍ക്കങ്ങളും അങ്ങേക്കു സുപരിചിതങ്ങളാണല്ലോ. അതുകൊണ്ട് അവര്‍ എന്‍റെമേല്‍ ചുമത്തുന്ന എല്ലാ ആരോപണങ്ങളെക്കുറിച്ചും അങ്ങയുടെ മുമ്പില്‍വച്ച് പ്രതിവാദിക്കുവാന്‍ ഇടവന്നത് എന്‍റെ ഭാഗ്യമായി ഞാന്‍ കരുതുന്നു. ഞാന്‍ പറയുന്നത് അങ്ങു ക്ഷമയോടെ കേള്‍ക്കണമെന്ന് അപേക്ഷിക്കുന്നു. *** “ബാല്യംമുതല്‍ എന്‍റെ സ്വന്തം ജനങ്ങളുടെ ഇടയിലും യെരൂശലേമിലും ഞാന്‍ എങ്ങനെയാണു ജീവിച്ചതെന്ന് എല്ലാ യെഹൂദന്മാര്‍ക്കും അറിയാവുന്നതാണ്. യെഹൂദമതാനുഷ്ഠാനങ്ങളില്‍ ഏറ്റവും തീക്ഷ്ണതയുള്ള പരീശ കക്ഷിയില്‍പ്പെട്ട ഒരുവനാണു ഞാനെന്ന് ആദിമുതല്‌ക്കേ അവര്‍ക്കറിയാം. മനസ്സുണ്ടെങ്കില്‍ അവര്‍ സാക്ഷ്യം വഹിക്കട്ടെ. ഞങ്ങളുടെ പിതാക്കന്മാരോടു ദൈവം ചെയ്ത വാഗ്ദാനത്തിലുള്ള പ്രത്യാശ ഹേതുവായിട്ടത്രേ ഇന്നു ഞാന്‍ ഇവിടെ വിസ്തരിക്കപ്പെടുന്നത്. ആ വാഗ്ദാനം പ്രാപിക്കുന്നതിനുവേണ്ടി ഞങ്ങളുടെ പന്ത്രണ്ടു ഗോത്രങ്ങളും രാവും പകലും ആരാധനാനിരതരായി പ്രത്യാശിക്കുന്നു. ആ പ്രത്യാശയുടെ പേരിലാണ്, മഹാരാജാവേ, എന്നില്‍ കുറ്റമാരോപിക്കുന്നത്. ദൈവം മരിച്ചവരെ ഉയിര്‍പ്പിക്കും എന്നത് നിങ്ങള്‍ക്ക് അവിശ്വസനീയമായി തോന്നുന്നത് എന്തുകൊണ്ട്? “നസറായനായ യേശുവിന്‍റെ നാമത്തിനു വിരോധമായി എന്തൊക്കെ ചെയ്യുവാന്‍ കഴിയുമോ, അതൊക്കെ ചെയ്യേണ്ടതാണെന്നു ഞാന്‍ ഒരുകാലത്തു കരുതിയിരുന്നു. അതുതന്നെയാണ് ഞാന്‍ യെരൂശലേമില്‍ ചെയ്തത്. പുരോഹിതമുഖ്യന്മാരില്‍ നിന്ന് അധികാരപത്രം വാങ്ങിക്കൊണ്ട് യേശുവിന്‍റെ അനുയായികളായ വിശുദ്ധന്മാരില്‍ പലരെയും ഞാന്‍ കാരാഗൃഹത്തിലാക്കി. അവരെ നിഗ്രഹിക്കുന്നതിനെ ഞാന്‍ അനുകൂലിക്കുകയും ചെയ്തിട്ടുണ്ട്. സുനാഗോഗുകളിലെല്ലാം ചെന്ന് ഞാന്‍ പലപ്പോഴും അവരെ ദണ്ഡിപ്പിക്കുകയും തങ്ങളുടെ വിശ്വാസമുപേക്ഷിച്ച് ദൈവത്തെ ദുഷിക്കുവാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്തു. അവരോടുള്ള കോപാവേശത്താല്‍ ഇതര നഗരങ്ങളില്‍പോലും പോയി ഞാന്‍ അവരെ പീഡിപ്പിച്ചു. “അതിനുവേണ്ടിയാണ് പുരോഹിതമുഖ്യന്മാരില്‍നിന്ന് അധികാരപത്രവും ഉത്തരവും വാങ്ങിക്കൊണ്ട് ഞാന്‍ ദമാസ്കസിലേക്കു പോയത്. അല്ലയോ രാജാവേ, മാര്‍ഗമധ്യേ, മധ്യാഹ്നസമയത്ത്, സൂര്യപ്രകാശത്തെ അതിശയിക്കുന്ന ഒരു പ്രകാശം ആകാശത്തുനിന്ന് എന്‍റെയും എന്‍റെകൂടെ യാത്രചെയ്തവരുടെയും ചുറ്റും മിന്നിത്തിളങ്ങി. ഉടനെ ഞങ്ങളെല്ലാവരും നിലംപതിച്ചു: ‘ശൗലേ, ശൗലേ, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു? മുള്ളിന്‍റെ നേരെ ഉതയ്‍ക്കുന്നതുമൂലം നിനക്കു തന്നെയാണു വേദനിക്കുന്നത്’ എന്ന് എബ്രായഭാഷയില്‍ എന്നോടു പറയുന്ന ഒരു ശബ്ദം ഞാന്‍ കേള്‍ക്കുകയും ചെയ്തു. ‘കര്‍ത്താവേ, അവിടുന്ന് ആരാകുന്നു?’ എന്നു ഞാന്‍ ചോദിച്ചു. ഉടനെ കര്‍ത്താവ് അരുള്‍ചെയ്തു: ‘നീ ദ്രോഹിക്കുന്ന യേശുവാണു ഞാന്‍. നീ എഴുന്നേറ്റ് നിവര്‍ന്നു നില്‌ക്കുക; നീ ഇന്ന് എന്നെ ദര്‍ശിച്ചു എന്നതിനും, ഇനിയും ഞാന്‍ നിനക്കു കാണിച്ചു തരുവാന്‍ പോകുന്ന കാര്യങ്ങള്‍ക്കും സാക്ഷ്യം വഹിക്കുവാന്‍, എന്‍റെ സേവകനായി നിന്നെ നിയമിക്കുന്നതിനാണ് ഞാന്‍ നിനക്കു പ്രത്യക്ഷനായത്. ഇസ്രായേല്‍ജനങ്ങളുടെയും വിജാതീയരുടെയും അടുക്കലേക്കു ഞാന്‍ നിന്നെ അയയ്‍ക്കുന്നു; അവരുടെ കൈയില്‍നിന്നു ഞാന്‍ നിന്നെ രക്ഷിക്കും. അവരുടെ കണ്ണുകള്‍ തുറന്ന് ഇരുളില്‍നിന്നു വെളിച്ചത്തിലേക്കും സാത്താന്‍റെ അധികാരത്തില്‍നിന്നു ദൈവത്തിങ്കലേക്കും തിരിയുന്നതിനും അങ്ങനെ അവര്‍ പാപമോചനവും എന്നിലുള്ള വിശ്വാസത്താല്‍ വിശുദ്ധീകരിക്കപ്പെട്ടവരുടെ ഗണത്തില്‍ ഓഹരിയും പ്രാപിക്കുന്നതിനുമാണ് ഞാന്‍ നിന്നെ അയയ്‍ക്കുന്നത്. “അതുകൊണ്ട്, അല്ലയോ അഗ്രിപ്പാരാജാവേ, ആ സ്വര്‍ഗീയദര്‍ശനത്തെ ഞാന്‍ അനുസരിക്കുക മാത്രമാണു ചെയ്തത്. എല്ലാവരും അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിയണമെന്നും മാനസാന്തരത്തിനു യോഗ്യമായ പ്രവൃത്തികള്‍ ചെയ്യണമെന്നും, ആദ്യം ദമാസ്കസിലും പിന്നീട് യെരൂശലേമിലും അതിനുശേഷം യെഹൂദ്യനാട്ടിലെല്ലായിടത്തും, വിജാതീയരുടെ ഇടയിലും ഞാന്‍ പ്രസംഗിച്ചു. ഇക്കാരണത്താലാണ് യെഹൂദന്മാര്‍ ദേവാലയത്തില്‍വച്ച് എന്നെ പിടിച്ചു വധിക്കുവാന്‍ ഉദ്യമിച്ചത്. ഇന്നുവരെ ദൈവത്തിന്‍റെ സഹായം എനിക്കു ലഭിച്ചു. അതുകൊണ്ടു വലിയവരോടും ചെറിയവരോടും ഒരുപോലെ ഇവിടെ നിന്നുകൊണ്ട് എന്‍റെ സാക്ഷ്യം പറയുന്നു. ക്രിസ്തു കഷ്ടം അനുഭവിക്കണമെന്നും, അവിടുന്നു മരിച്ചവരില്‍നിന്ന് ആദ്യമായി പുനരുത്ഥാനം ചെയ്ത് സ്വജാതീയര്‍ക്കും വിജാതീയര്‍ക്കും രക്ഷയുടെ ഉദയം വിളംബരം ചെയ്യുമെന്നും മോശയും പ്രവാചകന്മാരും പറഞ്ഞിട്ടുണ്ടല്ലോ. അതല്ലാതെ മറ്റൊന്നും ഞാന്‍ പറയുന്നില്ല.” പൗലൊസ് ഇപ്രകാരം പ്രതിവാദിച്ചപ്പോള്‍ ഫെസ്തൊസ് ഉച്ചത്തില്‍ പറഞ്ഞു: “പൗലൊസേ, നിങ്ങള്‍ക്കു ഭ്രാന്താണ്; അമിതവിജ്ഞാനം നിങ്ങളെ ഭ്രാന്തുപിടിപ്പിച്ചിരിക്കുന്നു.” എന്നാല്‍ പൗലൊസ് പ്രതിവചിച്ചു: “ബഹുമാന്യനായ ഫെസ്തോസേ, എനിക്കു ഭ്രാന്തില്ല; ഞാന്‍ പറയുന്നതു സത്യവും സമചിത്തതയോടു കൂടിയതും ആകുന്നു. അങ്ങേക്ക് ഇവയെല്ലാം അറിവുള്ളതാണല്ലോ. അതുകൊണ്ടു ഞാന്‍ സധൈര്യം അങ്ങയോടു പറയുന്നു: ഈ കാര്യങ്ങളൊന്നും അങ്ങയുടെ ശ്രദ്ധയില്‍ പെടാതിരുന്നിട്ടില്ലെന്ന് എനിക്കു ബോധ്യമുണ്ട്. എന്തെന്നാല്‍ ഇവയൊന്നും വല്ല മുക്കിലോ മൂലയിലോ വച്ചു നടന്ന സംഭവങ്ങളല്ല. അല്ലയോ അഗ്രിപ്പാരാജാവേ, അങ്ങു പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നുണ്ടെന്ന് എനിക്കറിയാം.” അപ്പോള്‍ രാജാവ് പൗലൊസിനോടു പറഞ്ഞു: “അല്പസമയംകൊണ്ട് താങ്കള്‍ എന്നെയും ഒരു ക്രിസ്ത്യാനിയാകുവാന്‍ പ്രേരിപ്പിക്കുന്നു.” പൗലൊസ് പറഞ്ഞു: “അങ്ങു മാത്രമല്ല, ഇന്ന് എന്‍റെ വാക്കുകള്‍ കേട്ടുകൊണ്ടിരിക്കുന്ന എല്ലാവരും, ചുരുങ്ങിയ സമയംകൊണ്ടായാലും ദീര്‍ഘസമയംകൊണ്ടായാലും, ഈ ബന്ധനം ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും എന്നെപ്പോലെയാകണമെന്നത്രേ ദൈവത്തോടുള്ള എന്‍റെ പ്രാര്‍ഥന.” അപ്പോള്‍ രാജാവും ഗവര്‍ണറും ബെര്‍ന്നീക്കയും മറ്റുള്ള എല്ലാവരും എഴുന്നേറ്റു. അവര്‍ അല്പം മാറിനിന്ന് അന്യോന്യം പറഞ്ഞു: “വധശിക്ഷയോ തടവോ അര്‍ഹിക്കുന്നതൊന്നും ഇയാള്‍ ചെയ്തിട്ടില്ല.” അഗ്രിപ്പാരാജാവു ഫെസ്തൊസിനോടു പറഞ്ഞു: “ഇയാള്‍ കൈസറുടെ അടുക്കല്‍ മേല്‍വിചാരണയ്‍ക്ക് അപേക്ഷിച്ചില്ലായിരുന്നുവെങ്കില്‍ ഇയാളെ വിട്ടയയ്‍ക്കാമായിരുന്നു.” ഞങ്ങള്‍ കപ്പല്‍ കയറി ഇറ്റലിയിലേക്കു പോകണമെന്നു തീരുമാനിച്ചപ്പോള്‍, പൗലൊസിനെയും മറ്റുചില തടവുകാരെയും ഔഗുസ്തന്‍ സൈന്യദളത്തിലെ ഒരു ശതാധിപനായ യൂലിയൊസിനെ ഏല്പിച്ചു. അങ്ങനെ ഞങ്ങള്‍ ഏഷ്യാസംസ്ഥാനത്തിന്‍റെ കരപറ്റി അവിടെയുള്ള തുറമുഖങ്ങളിലേക്കു പോകുന്ന ഒരു അദ്രമുത്തു കപ്പലില്‍ കയറി പുറപ്പെട്ടു. തെസ്സലോനിക്യനിവാസിയും മാസിഡോണിയക്കാരനുമായ അരിസ്തര്‍ഹൊസും ഞങ്ങളുടെകൂടെ ഉണ്ടായിരുന്നു. പിറ്റേദിവസം ഞങ്ങള്‍ സീദോനില്‍ എത്തി. പൗലൊസിനോടു യൂലിയൊസ് സ്നേഹപൂര്‍വം പെരുമാറുകയും, തന്‍റെ സുഹൃത്തുക്കളെ സന്ദര്‍ശിക്കുവാനും അവരുടെ സല്‍ക്കാരോപചാരങ്ങള്‍ സ്വീകരിക്കുവാനും അനുവദിക്കുകയും ചെയ്തു. അവിടെനിന്നു കപ്പല്‍ നീക്കിയപ്പോള്‍ കാറ്റു പ്രതികൂലമായിരുന്നതിനാല്‍ സൈപ്രസ്ദ്വീപിന്‍റെ മറപറ്റിയാണ് ഞങ്ങള്‍ പോയത്. കിലിക്യ, പംഫുല്യ കടല്‍വഴി യാത്ര ചെയ്ത്, ലുക്കിയയിലെ മുറാപട്ടണത്തില്‍ ഞങ്ങളെത്തി. അവിടെവച്ച് ഇറ്റലിയിലേക്കു പോകുന്ന ഒരു അലക്സാന്ത്രിയന്‍ കപ്പല്‍ കണ്ട്, ശതാധിപന്‍ ഞങ്ങളെ അതില്‍ കയറ്റി. പിന്നീട് ഏതാനും ദിവസങ്ങള്‍ ഞങ്ങള്‍ സാവധാനത്തിലാണ് യാത്രചെയ്തത്. വളരെ ക്ലേശിച്ച് ഞങ്ങള്‍ ക്നീദോസില്‍ എത്തി. കാറ്റു പ്രതികൂലമായിരുന്നതിനാല്‍ ക്രീറ്റുദ്വീപിന്‍റെ മറപറ്റി, സല്മോനെയെ വിട്ടകന്ന്, വളരെ പണിപ്പെട്ട് കരചേര്‍ന്ന് കപ്പല്‍ ഓടിച്ച് ലസയ്യപട്ടണത്തിന്‍റെ സമീപത്തുള്ള ശുഭതുറമുഖം എന്ന സ്ഥലത്തെത്തി. വളരെ ദിവസങ്ങള്‍ അവിടെ താമസിക്കേണ്ടിവന്നു. അപ്പോള്‍ യെഹൂദന്മാരുടെ നോമ്പുകാലം കഴിഞ്ഞിരുന്നു. കപ്പല്‍യാത്ര വളരെ ആപല്‍ക്കരവും ആയിത്തീര്‍ന്നു. അതിനാല്‍ പൗലൊസ് ഇപ്രകാരം ഉപദേശിച്ചു: “സുഹൃത്തുക്കളേ, ഇവിടെനിന്നുള്ള യാത്ര ആപല്‍ക്കരമാണെന്നു ഞാന്‍ കാണുന്നു. ചരക്കിനും കപ്പലിനും മാത്രമല്ല, നമ്മുടെ ജീവനും കഷ്ടനഷ്ടങ്ങളുണ്ടാകും.” ശതാധിപനാകട്ടെ, പൗലൊസ് പറഞ്ഞതിനെക്കാള്‍ അധികം കപ്പിത്താന്‍റെയും കപ്പലുടമസ്ഥന്‍റെയും വാക്കുകള്‍ വിശ്വസിച്ചു. ആ തുറമുഖം ശീതകാലം കഴിച്ചുകൂട്ടാന്‍ പറ്റിയതുമായിരുന്നില്ല. അതുകൊണ്ട് അവിടെനിന്ന് യാത്രതുടര്‍ന്നു കഴിയുമെങ്കില്‍ ഫീനിക്സിലെത്താന്‍ ശ്രമിക്കണമെന്ന അഭിപ്രായത്തെ ഭൂരിപക്ഷംപേരും അനുകൂലിച്ചു. ക്രീറ്റിലെ ഒരു തുറമുഖമാണ് ഫീനിക്സ്. തെക്കുപടിഞ്ഞാറും വടക്കുപടിഞ്ഞാറും അഭിമുഖമായി നിന്ന ആ തുറമുഖത്ത് ശീതകാലം കഴിച്ചുകൂട്ടാന്‍ കഴിയുമെന്നായിരുന്നു അവരുടെ ചിന്ത. തെക്കന്‍കാറ്റ് മന്ദംമന്ദം വീശുവാന്‍ തുടങ്ങിയതുകൊണ്ട്, തങ്ങള്‍ ഉദ്ദേശിച്ചതുപോലെ അവിടെയെത്താമെന്നു വിചാരിച്ച് അവര്‍ നങ്കൂരമെടുത്തു കപ്പല്‍ നീക്കി. കഴിയുന്നതും ക്രീറ്റുദ്വീപിന്‍റെ തീരം ചേര്‍ന്ന് അവര്‍ യാത്ര തുടര്‍ന്നു. പെട്ടെന്ന് ദ്വീപില്‍നിന്ന് വടക്കുകിഴക്കന്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കുവാന്‍ തുടങ്ങി. കാറ്റിനെതിരെ മുന്നോട്ടു നീങ്ങുവാന്‍ കഴിയാതെ വന്നപ്പോള്‍, ഞങ്ങള്‍ ആ സാഹസം ഉപേക്ഷിച്ചു; കാറ്റിന്‍റെ ഗതിക്കൊത്തു കപ്പല്‍ വിട്ടു. അങ്ങനെ ഞങ്ങള്‍ ക്ലൗദ എന്ന ചെറിയ ദ്വീപിന്‍റെ മറവിലെത്തി. അവിടെവച്ച് ഞങ്ങള്‍ വളരെ പണിപ്പെട്ട് കപ്പലിലെ തോണി പിടിച്ചെടുത്തു. അതു വലിച്ചു കയറ്റിയശേഷം വടംകൊണ്ട് കപ്പല്‍ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പു വരുത്തി. കപ്പല്‍ ലിബിയയുടെ തീരത്തിനടുത്തുള്ള ആഴംകുറഞ്ഞ സ്ഥലത്ത് മണല്‍ത്തിട്ടയില്‍ ചെന്നു കയറുമെന്ന് അവര്‍ ഭയപ്പെട്ടു. അതുകൊണ്ട് അവര്‍ പായ് താഴ്ത്തി; കാറ്റിന്‍റെ ഗതിക്കൊത്ത് കപ്പല്‍ നീങ്ങി. തുടരെ അടിച്ചുകൊണ്ടിരുന്ന ഉഗ്രമായ കൊടുങ്കാറ്റില്‍ കപ്പല്‍ ആടിയുലഞ്ഞു. പിറ്റേദിവസം അവര്‍ ചരക്കുകള്‍ പുറത്തെറിയുവാന്‍ തുടങ്ങി. മൂന്നാം ദിവസം കപ്പലിന്‍റെ പല ഉപകരണങ്ങളും അവരുടെ കൈകൊണ്ടുതന്നെ കടലിലെറിഞ്ഞു. ദിവസങ്ങളോളം സൂര്യനെയോ നക്ഷത്രങ്ങളെയോ ഞങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞില്ല. കൊടുങ്കാറ്റ് അവിരാമം അടിച്ചുകൊണ്ടിരുന്നു. ഒടുവില്‍ രക്ഷപെടാമെന്നുള്ള ഞങ്ങളുടെ സകല ആശയും അസ്തമിച്ചു. കപ്പലില്‍ ഉണ്ടായിരുന്നവര്‍ ഭക്ഷണം കഴിക്കാതെയായിട്ട് വളരെ ദിവസങ്ങളായിരുന്നു. അപ്പോള്‍ പൗലൊസ് അവരുടെ മധ്യത്തില്‍ നിന്നുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: “സ്നേഹിതരേ, നിങ്ങള്‍ എന്‍റെ വാക്കുകള്‍ കേള്‍ക്കേണ്ടതായിരുന്നു. അതനുസരിച്ച് ക്രീറ്റില്‍നിന്നു പുറപ്പെടാതിരുന്നെങ്കില്‍ ഈ കഷ്ടനഷ്ടങ്ങള്‍ ഒഴിവാക്കാമായിരുന്നല്ലോ. എങ്കിലും, ഇപ്പോള്‍ ഞാന്‍ നിങ്ങളോടു പറയുന്നു: ധൈര്യപ്പെടുക; നിങ്ങളില്‍ ആര്‍ക്കും തന്നെ ജീവാപായം ഉണ്ടാകുകയില്ല; കപ്പലിനുമാത്രമേ നാശമുണ്ടാകൂ. ഞാന്‍ സേവിക്കുന്ന എന്‍റെ ഉടയവനായ ദൈവം അയച്ച ഒരു മാലാഖ കഴിഞ്ഞ രാത്രിയില്‍ എന്‍റെ അടുക്കല്‍ വന്നു. ‘പൗലൊസേ, നീ ഭയപ്പെടേണ്ടാ; നീ കൈസറുടെ മുമ്പില്‍ നില്‌ക്കേണ്ടതാകുന്നു; നിന്‍റെ കൂടെ യാത്രചെയ്യുന്നവരെല്ലാം നീ മൂലം രക്ഷപെടും’ എന്നു പറഞ്ഞു. അതുകൊണ്ട് സ്നേഹിതരേ, ധൈര്യപ്പെടുക! എന്നോടു പറഞ്ഞതുപോലെതന്നെ സംഭവിക്കുമെന്ന വിശ്വാസം എനിക്കു ദൈവത്തിലുണ്ട്. എങ്കിലും നാം ഒരു ദ്വീപില്‍ ചെന്നു കുടുങ്ങേണ്ടിവരും.” അദ്രിയാറ്റിക് കടലില്‍ ഞങ്ങള്‍ അലഞ്ഞു തിരിയുന്നതിന്‍റെ പതിനാലാമത്തെ രാത്രിയില്‍ ഏതാണ്ട് അര്‍ധരാത്രി സമയത്ത്, കരയോട് അടുത്തെത്തിയെന്നു നാവികര്‍ക്കു തോന്നി. അതുകൊണ്ട് അവര്‍ ആഴം അളന്നുനോക്കി. ഏകദേശം നാല്പതു മീറ്റര്‍ ആഴമുണ്ടെന്ന് അവര്‍ക്കു മനസ്സിലായി. കുറച്ചുകൂടി കഴിഞ്ഞ് അവര്‍ വീണ്ടും അളന്നപ്പോള്‍ മുപ്പതു മീറ്റര്‍ എന്നു കണ്ടു. കപ്പല്‍ പാറക്കെട്ടില്‍ ചെന്നു മുട്ടിയേക്കുമെന്നു ഭയപ്പെട്ട് അവര്‍ അമരത്തുനിന്ന് നാലു നങ്കൂരമിട്ടു; നേരം വെളുക്കുന്നതിന് അത്യാകാംക്ഷയോടെ കാത്തിരുന്നു. പുലര്‍ച്ചയായപ്പോള്‍ നാവികര്‍ കപ്പല്‍ ഉപേക്ഷിച്ച് രക്ഷപെടുവാന്‍ ശ്രമിച്ചു. അവര്‍ അണിയത്തുനിന്ന് നങ്കൂരമിടുവാനെന്ന ഭാവത്തില്‍ തോണി കടലിലിറക്കി. അപ്പോള്‍ പൗലൊസ് ശതാധിപനോടും പടയാളികളോടും പറഞ്ഞു: “ഈ മനുഷ്യര്‍ കപ്പലില്‍ നിന്നിറങ്ങിയാല്‍ നിങ്ങള്‍ക്കു രക്ഷപെടുവാന്‍ കഴിയുകയില്ല.” അതുകൊണ്ട് പടയാളികള്‍ തോണിയുടെ കയര്‍ അറുത്തുവിട്ടുകളഞ്ഞു. നേരം പുലരാറായപ്പോള്‍ എല്ലാവരെയും ഭക്ഷണം കഴിക്കുവാന്‍ പൗലൊസ് നിര്‍ബന്ധിച്ചു. അദ്ദേഹം പറഞ്ഞു: “നിങ്ങള്‍ ഒരാഹാരവും കഴിക്കാതെയായിട്ട് പതിനാലു ദിവസമായല്ലോ. അതുകൊണ്ട്, നിങ്ങള്‍ എന്തെങ്കിലും കഴിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. നിങ്ങളുടെ ജീവന്‍ അവശേഷിക്കുന്നതിന് അത് അത്യാവശ്യവുമാണല്ലോ; നിങ്ങളുടെ തലയിലെ ഒരു രോമംപോലും നഷ്ടപ്പെടുകയില്ല.” ഇങ്ങനെ പറഞ്ഞശേഷം എല്ലാവരുടെയും മുമ്പില്‍വച്ച് അദ്ദേഹം അപ്പമെടുത്ത് ദൈവത്തിനു സ്തോത്രം ചെയ്തശേഷം മുറിച്ചു തിന്നുവാന്‍ തുടങ്ങി. അപ്പോള്‍ എല്ലാവരും ധൈര്യംപൂണ്ടു ഭക്ഷണം കഴിച്ചു. കപ്പലില്‍ ഞങ്ങള്‍ മൊത്തം ഇരുനൂറ്റെഴുപത്താറു പേരുണ്ടായിരുന്നു. അവര്‍ മതിയാകുവോളം ഭക്ഷിച്ചശേഷം കോതമ്പ് കടലില്‍ കളഞ്ഞ് കപ്പലിന്‍റെ ഭാരം കുറച്ചു. പ്രഭാതമായപ്പോള്‍ എവിടെയാണ് എത്തിയിരിക്കുന്നതെന്ന് നാവികര്‍ക്കു മനസ്സിലായില്ല; എങ്കിലും ഒരു ഉള്‍ക്കടലും അതിന്‍റെ കരയും കണ്ടു. കഴിയുമെങ്കില്‍ കപ്പല്‍ അവിടെ അടുപ്പിക്കണമെന്ന് അവര്‍ തീരുമാനിച്ചു. അവര്‍ നങ്കൂരം അറുത്തു കടലില്‍ ഇട്ടു; ചുക്കാന്‍റെ കെട്ടും അഴിച്ചു കാറ്റിന് അഭിമുഖമായി പായ് ഉയര്‍ത്തി കരയെ ലക്ഷ്യമാക്കി കപ്പല്‍വിട്ടു. അത് രണ്ടു കടല്‍ സന്ധിക്കുന്ന സ്ഥാനമായിരുന്നതിനാല്‍, കപ്പല്‍ മണല്‍ത്തിട്ടയില്‍ ചെന്നുകയറി അണിയം ഉറച്ചു; കപ്പല്‍ അവിടെനിന്ന് ഇളകാതെയായി. തിരത്തല്ലേറ്റ് കപ്പലിന്‍റെ അമരം തകര്‍ന്നു. തടവുകാര്‍ നീന്തി രക്ഷപെടാതിരിക്കുന്നതിന് അവരെ കൊല്ലണമെന്ന് പടയാളികള്‍ വിചാരിച്ചു. ശതാധിപനാകട്ടെ പൗലൊസിനെ രക്ഷിക്കണമെന്നാഗ്രഹിച്ചതുകൊണ്ട് പടയാളികളുടെ ഉദ്യമം തടഞ്ഞു. നീന്താന്‍ കഴിവുള്ളവര്‍ ആദ്യം കടലില്‍ ചാടി നീന്തിയും, ബാക്കിയുള്ളവര്‍ പലകകളിലും കപ്പലിന്‍റെ അവശിഷ്ടങ്ങളിലും പിടിച്ചും കരയ്‍ക്കെത്തുവാന്‍ അദ്ദേഹം ആജ്ഞാപിച്ചു. അങ്ങനെ എല്ലാവരും സുരക്ഷിതരായി കരയ്‍ക്കെത്തി. ഞങ്ങള്‍ രക്ഷപെട്ടു ചെന്നെത്തിയിരിക്കുന്നത് മാള്‍ട്ടാദ്വീപിലാണെന്നു മനസ്സിലായി. ആ ദ്വീപിലെ ജനങ്ങള്‍ ഞങ്ങളോട് അസാമാന്യമായ ദയ കാണിച്ചു. മഴയും തണുപ്പും ഉണ്ടായിരുന്നതുകൊണ്ട് തീ കൂട്ടിതന്ന് അവര്‍ ഞങ്ങളെ എല്ലാവരെയും സ്വീകരിച്ചു. പൗലൊസ് കുറെ വിറകു പെറുക്കിക്കൊണ്ടു വന്ന് തീയിലിട്ടു. ചൂടേറ്റപ്പോള്‍ അതില്‍നിന്ന് ഒരു അണലി പുറത്തു ചാടി പൗലൊസിന്‍റെ കൈയില്‍ ചുറ്റി. അത് കൈയില്‍ തൂങ്ങിക്കിടക്കുന്നതു കണ്ടപ്പോള്‍ “ഈ മനുഷ്യന്‍ നിശ്ചയമായും ഒരു കൊലപാതകി ആയിരിക്കണം; കടലില്‍നിന്നു രക്ഷപെട്ടിട്ടും ജീവിച്ചിരിക്കുവാന്‍ നീതിദേവി ഇയാളെ അനുവദിക്കുന്നില്ലല്ലോ” എന്ന് ആ ദ്വീപുനിവാസികള്‍ അന്യോന്യം പറഞ്ഞു. പൗലൊസ് ആകട്ടെ, ആ പാമ്പിനെ കുടഞ്ഞു തീയിലിട്ടു; ഒരു ഉപദ്രവവും അദ്ദേഹത്തിനുണ്ടായില്ല. അദ്ദേഹം നീരുവന്നു വീര്‍ക്കുകയോ, മരിച്ചു വീഴുകയോ ചെയ്യുമെന്ന് അവര്‍ പ്രതീക്ഷിച്ചു. എന്നാല്‍ ദീര്‍ഘസമയം കാത്തിരുന്നിട്ടും അദ്ദേഹത്തിന് ഒരനര്‍ഥവും ഉണ്ടായില്ലെന്നു കണ്ടപ്പോള്‍ അവരുടെ ചിന്താഗതി മാറി അദ്ദേഹം ഒരു ദേവനാണെന്നു പറഞ്ഞു. അവിടെയടുത്ത് ആ ദ്വീപിന്‍റെ അധികാരിയായ പുബ്ലിയൊസിന് കുറെ സ്ഥലമുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ സ്വീകരിച്ച് മൂന്നു ദിവസം സൗഹൃദപൂര്‍വം സല്‍ക്കരിച്ചു. പുബ്ലിയൊസിന്‍റെ പിതാവ് പനിയും അതിസാരവും പിടിച്ചു കിടപ്പിലായിരുന്നു; പൗലൊസ് അയാളെ സന്ദര്‍ശിച്ച് കൈകള്‍ വച്ചു പ്രാര്‍ഥിക്കുകയും രോഗം സുഖപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തിനുശേഷം ആ ദ്വീപിലെ മറ്റു രോഗികളും അദ്ദേഹത്തിന്‍റെ അടുക്കല്‍വന്നു സുഖം പ്രാപിച്ചു. അവര്‍ ധാരാളം സമ്മാനങ്ങള്‍ തന്നു ഞങ്ങളെ ബഹുമാനിച്ചു. ഞങ്ങള്‍ അവിടെനിന്നു പുറപ്പെട്ടപ്പോള്‍ ഞങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം അവര്‍ കപ്പലില്‍ കയറ്റിത്തന്നു. മൂന്നു മാസം കഴിഞ്ഞ് ഒരു അലക്സാന്ത്രിയന്‍ കപ്പലില്‍ ഞങ്ങള്‍ പുറപ്പെട്ടു. അശ്വനീദേവന്മാരുടെ മുദ്രയുള്ള ആ കപ്പല്‍ മാള്‍ട്ടാദ്വീപില്‍ അടുത്ത് ശീതകാലം കഴിച്ചുകൂട്ടുകയായിരുന്നു. ഞങ്ങള്‍ സിറക്കൂസയിലെത്തി മൂന്നു ദിവസം അവിടെ പാര്‍ത്തു. അവിടെനിന്നു ഞങ്ങള്‍ ചുറ്റിയോടി രഗ്യോനില്‍ എത്തി. ഒരു ദിവസം കഴിഞ്ഞ് തെക്കന്‍ കാറ്റടിച്ചതിനാല്‍ പിറ്റേദിവസം പുത്യൊലിയില്‍ എത്തി. അവിടെവച്ച് ചില ക്രൈസ്തവസഹോദരന്മാരെ ഞങ്ങള്‍ കണ്ടുമുട്ടി. ഒരാഴ്ച തങ്ങളോടുകൂടി താമസിക്കുന്നതിന് അവര്‍ ഞങ്ങളെ ക്ഷണിച്ചു. പിന്നീട് ഞങ്ങള്‍ റോമിലെത്തി. അവിടത്തെ സഹോദരന്മാര്‍ ഞങ്ങളെപ്പറ്റി കേട്ടിട്ട്, ഞങ്ങളെ എതിരേല്‌ക്കാന്‍ അപ്യപുരവും ത്രിമണ്ഡപവുംവരെ വന്നു. അവരെ കണ്ടപ്പോള്‍ പൗലൊസ് ദൈവത്തിനു നന്ദി പറയുകയും ധൈര്യപ്പെടുകയും ചെയ്തു. ഞങ്ങള്‍ റോമിലെത്തിയശേഷം കാവല്‍ പടയാളികളോടുകൂടി തനിച്ചു പാര്‍ക്കുവാന്‍ പൗലൊസിന് അനുവാദം കിട്ടി. മൂന്നു ദിവസം കഴിഞ്ഞ് അദ്ദേഹം അവിടെയുള്ള യെഹൂദനേതാക്കളെ വിളിച്ചുകൂട്ടി ഇപ്രകാരം പ്രസ്താവിച്ചു: “സഹോദരരേ, നമ്മുടെ ജനങ്ങള്‍ക്കോ പൂര്‍വപിതാക്കളുടെ ആചാരങ്ങള്‍ക്കോ വിരുദ്ധമായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എങ്കിലും യെരൂശലേമില്‍ വച്ച് ഞാന്‍ ഒരു തടവുകാരനായി റോമാക്കാരുടെ കൈയില്‍ ഏല്പിക്കപ്പെട്ടു. അവര്‍ എന്നെ വിസ്തരിച്ചു. വധശിക്ഷയ്‍ക്ക് അര്‍ഹമായ കുറ്റം എന്നില്‍ കാണാഞ്ഞതിനാല്‍ എന്നെ മോചിപ്പിക്കുവാന്‍ അവര്‍ക്കു മനസ്സുണ്ടായിരുന്നു. എന്നാല്‍ യെഹൂദന്മാര്‍ എതിര്‍ത്തതിനാല്‍ കൈസറുടെ അടുക്കല്‍ എനിക്ക് അഭയം തേടേണ്ടിവന്നു. എന്‍റെ സ്വന്തം ജനങ്ങള്‍ക്കെതിരെ എനിക്ക് യാതൊരു ദോഷാരോപണവും ഉന്നയിക്കാനില്ലതാനും. അതുകൊണ്ടാണ് നിങ്ങളെ കാണണമെന്നു ഞാന്‍ ആവശ്യപ്പെട്ടത്. ഇസ്രായേലിന്‍റെ പ്രത്യാശയെപ്രതി മാത്രമാണ് ഞാന്‍ ഈ ചങ്ങലയാല്‍ ബന്ധിതനായിരിക്കുന്നത്.” അവര്‍ അദ്ദേഹത്തോടു പറഞ്ഞു: “താങ്കളെ സംബന്ധിച്ച് യെഹൂദ്യയില്‍നിന്ന് ആരുടെയും കത്ത് ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. സഹോദരന്മാരില്‍ ആരെങ്കിലും വന്ന് താങ്കളെപ്പറ്റി യാതൊരു ദോഷവും ഒട്ടു പറഞ്ഞിട്ടുമില്ല. ഈ മതവിഭാഗത്തെക്കുറിച്ച് എല്ലായിടത്തും എതിരായിട്ടാണ് പറഞ്ഞുകേള്‍ക്കുന്നത്. താങ്കളുടെ അഭിപ്രായങ്ങള്‍ എന്താണെന്നു നേരിട്ടു കേള്‍ക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.” അതിന് അവര്‍ ഒരു ദിവസം നിശ്ചയിച്ചു. ധാരാളം ആളുകള്‍ അദ്ദേഹത്തിന്‍റെ വാസസ്ഥലത്തു വന്നുകൂടി. ദൈവരാജ്യത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടും, മോശയുടെ ധര്‍മശാസ്ത്രവും പ്രവാചകഗ്രന്ഥങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടും, പ്രഭാതംമുതല്‍ പ്രദോഷംവരെ അദ്ദേഹം അവര്‍ക്കു സകലവും വിശദീകരിച്ചുകൊടുത്തു. അദ്ദേഹം പറഞ്ഞത് ചിലര്‍ക്കു ബോധ്യമായി; മറ്റുള്ളവര്‍ വിശ്വസിച്ചില്ല. അങ്ങനെ അഭിപ്രായൈക്യം ഉണ്ടാകാതെ അവര്‍ പിരിഞ്ഞുപോകുമ്പോള്‍ പൗലൊസ് ഇങ്ങനെ പറഞ്ഞു: “ഈ ജനത്തിന്‍റെ അടുക്കല്‍ പോയി പറയുക: നിങ്ങള്‍ എത്രകേട്ടാലും ഒരിക്കലും ഗ്രഹിക്കുകയില്ല, നിങ്ങള്‍ എത്രതന്നെ നോക്കിയാലും ഒരിക്കലും കാണുകയില്ല. എന്തെന്നാല്‍ ഈ ജനം മന്ദബുദ്ധികളായിത്തീര്‍ന്നിരിക്കുന്നു; അവരുടെ കാതുകളുടെ ശ്രവണശക്തി മന്ദീഭവിച്ചിരിക്കുന്നു; അവരുടെ കണ്ണുകള്‍ അടഞ്ഞിരിക്കുന്നു. അല്ലെങ്കില്‍ തങ്ങളുടെ കണ്ണുകൊണ്ട് അവര്‍ കാണുകയും കാതുകൊണ്ടു കേള്‍ക്കുകയും മനസ്സുകൊണ്ടു ഗ്രഹിക്കുകയും അവരെ സുഖപ്പെടുത്തുന്നതിന് അവര്‍ എന്‍റെ അടുക്കലേക്കു തിരിയുകയും ചെയ്യുമായിരുന്നു” എന്നിങ്ങനെ പരിശുദ്ധാത്മാവ് യെശയ്യാ പ്രവാചകന്‍ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിരിക്കുന്നതു ശരിതന്നെ. “അതുകൊണ്ട് ദൈവത്തിന്‍റെ രക്ഷയുടെ ഈ സന്ദേശം വിജാതീയരുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു. അവരതു ശ്രദ്ധിക്കുമെന്ന് അറിഞ്ഞുകൊള്ളുക.” പൗലൊസ് ഇതു പറഞ്ഞു കഴിഞ്ഞപ്പോള്‍ യെഹൂദന്മാര്‍ അന്യോന്യം ഉച്ചത്തില്‍ വാദകോലാഹലം മുഴക്കിക്കൊണ്ട് അവിടം വിട്ടിറങ്ങിപ്പോയി. വാടകവീട്ടില്‍ അദ്ദേഹം സ്വന്തം ചെലവില്‍ രണ്ടു വര്‍ഷം പാര്‍ത്തു. തന്നെ സമീപിച്ചവരെ അദ്ദേഹം സ്വീകരിച്ച് ദൈവരാജ്യം പ്രസംഗിക്കുകയും കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു പരസ്യമായി നിര്‍വിഘ്നം പഠിപ്പിക്കുകയും ചെയ്തുപോന്നു. ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിക്കുന്നതിനായി വേര്‍തിരിക്കപ്പെടുകയും അപ്പോസ്തോലനായി വിളിക്കപ്പെടുകയും ചെയ്തവനും ക്രിസ്തുയേശുവിന്‍റെ ദാസനുമായ പൗലൊസ് എഴുതുന്നത്: ഈ സുവിശേഷം തന്‍റെ പ്രവാചകന്മാര്‍ മുഖാന്തരം വളരെ മുമ്പുതന്നെ വിശുദ്ധലിഖിതങ്ങളില്‍ ദൈവം വാഗ്ദാനം ചെയ്തിട്ടുള്ളതാണ്. ദൈവത്തിന്‍റെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ളതാണ് ഈ സുവിശേഷം. മനുഷ്യനെന്ന നിലയില്‍ അവിടുന്ന് ദാവീദുവംശജനായിരുന്നു. എന്നാല്‍ ദിവ്യവിശുദ്ധിയെ സംബന്ധിച്ചിടത്തോളം അവിടുന്നു മരണത്തില്‍നിന്നുള്ള ഉത്ഥാനംമൂലം മഹാശക്തനായ ദൈവപുത്രനാണെന്നു വെളിപ്പെട്ടിരിക്കുന്നു. വിശ്വാസംമൂലം ഉളവാകുന്ന അനുസരണത്തിലേക്ക് എല്ലാ ജനതകളെയും നയിച്ച് തന്‍റെ നാമം മഹത്ത്വപ്പെടുത്തുന്നതിനുള്ള അപ്പോസ്തോലദൗത്യവും കൃപയും യേശുക്രിസ്തുവിലൂടെ ദൈവം ഞങ്ങള്‍ക്കു നല്‌കിയിരിക്കുന്നു. അക്കൂട്ടത്തില്‍ റോമിലുള്ള നിങ്ങളും യേശുക്രിസ്തുവിന്‍റെ സ്വന്തജനമായിരിക്കുന്നതിന് വിളിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ദൈവത്തിനു പ്രിയമുള്ളവരും തന്‍റെ ജനമായിരിക്കുന്നതിന് അവിടുന്നു വിളിച്ചു വേര്‍തിരിച്ചിട്ടുള്ളവരുമായ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ഈ കത്തെഴുതുന്നു. നമ്മുടെ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. നിങ്ങളുടെ വിശ്വാസം ലോകത്തിലെങ്ങും പ്രസിദ്ധമായിരിക്കുന്നതുകൊണ്ട് ആദ്യംതന്നെ നിങ്ങള്‍ക്കെല്ലാവര്‍ക്കുംവേണ്ടി യേശുക്രിസ്തുവില്‍കൂടി ഞാന്‍ എന്‍റെ ദൈവത്തിനു കൃതജ്ഞത അര്‍പ്പിക്കുന്നു. ദൈവപുത്രനെ സംബന്ധിച്ചുള്ള സുവിശേഷം പ്രസംഗിക്കുന്നതിലൂടെ ഞാന്‍ ആരെ സര്‍വാത്മനാ ആരാധിക്കുന്നുവോ, ആ ദൈവംതന്നെ ഞാന്‍ പറയുന്നതിനു സാക്ഷി. എന്‍റെ പ്രാര്‍ഥനയില്‍ ഞാന്‍ എപ്പോഴും നിങ്ങളെ ഓര്‍ക്കുന്നു എന്നുള്ളത് ദൈവം അറിയുന്നു. ഇപ്പോഴെങ്കിലും നിങ്ങളെ വന്നുകാണുന്നതിനു ദൈവം തന്‍റെ സംപ്രീതിയാല്‍ എനിക്ക് ഇടവരുത്തട്ടെ. നിങ്ങളുടെ സ്ഥൈര്യത്തിനായി എന്തെങ്കിലും ആത്മീയവരം നല്‌കുവാന്‍ ഞാന്‍ അഭിവാഞ്ഛിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസത്താല്‍ എനിക്കും എന്‍റെ വിശ്വാസത്താല്‍ നിങ്ങള്‍ക്കും പരസ്പരം ഉത്തേജനം ലഭിക്കണമെന്നത്രേ എന്‍റെ താത്പര്യം. സഹോദരരേ, നിങ്ങളെ സന്ദര്‍ശിക്കുന്നതിനു ഞാന്‍ പലവട്ടം ഒരുങ്ങിയെങ്കിലും, പലകാര്യങ്ങളാല്‍ അതു സാധിച്ചില്ല എന്നു പറഞ്ഞാല്‍ മതിയല്ലോ. ഇതര ജനതകളില്‍നിന്ന് എന്നപോലെ നിങ്ങളില്‍നിന്നും ചിലരെ ക്രിസ്തുവിനുവേണ്ടി നേടണമെന്ന് ഞാന്‍ ഇച്ഛിക്കുന്നു. പരിഷ്കൃതരെന്നോ അപരിഷ്കൃതരെന്നോ, വിദ്യാസമ്പന്നരെന്നോ വിദ്യാവിഹീനരെന്നോ ഉള്ള ഭേദംകൂടാതെ എല്ലാവരോടും എനിക്ക് കടപ്പാടുണ്ട്. അതുകൊണ്ട് റോമിലുള്ള നിങ്ങളോടും സുവിശേഷം പ്രസംഗിക്കുവാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു. സുവിശേഷത്തെക്കുറിച്ച് ഞാന്‍ ലജ്ജിക്കുന്നില്ല. വിശ്വസിക്കുന്ന ഏതൊരുവനെയും - ആദ്യം യെഹൂദനെയും പിന്നീടു വിജാതീയനെയും - രക്ഷിക്കുന്നതിനുള്ള ദൈവത്തിന്‍റെ ശക്തിയാണു സുവിശേഷം. അതില്‍ ദൈവത്തിന്‍റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിട്ടും വെളിപ്പെടുന്നു. വിശ്വാസത്താല്‍ ദൈവത്തോടു രഞ്ജിപ്പിക്കപ്പെട്ടവന്‍ ജീവിക്കും എന്ന് എഴുതിയിട്ടുണ്ടല്ലോ. അധര്‍മംകൊണ്ടു സത്യത്തെ നിരോധിക്കുന്നവരുടെ എല്ലാ പാപങ്ങളുടെയും ദുഷ്ടതകളുടെയും നേരെ സ്വര്‍ഗത്തില്‍നിന്നു ദൈവത്തിന്‍റെ കോപം വെളിപ്പെടുന്നു. ദൈവത്തെക്കുറിച്ച് അറിയുവാന്‍ കഴിയുന്നതെല്ലാം അവര്‍ക്കു വ്യക്തമായിട്ടുണ്ട്. ദൈവം തന്നെയാണ് അത് അവര്‍ക്കു വെളിപ്പെടുത്തിക്കൊടുത്തത്. സര്‍വേശ്വരന്‍റെ അദൃശ്യമായ ശക്തിയും ദിവ്യഭാവവും പ്രപഞ്ചസൃഷ്‍ടിമുതല്‍ സൃഷ്‍ടികളില്‍കൂടി വെളിപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവര്‍ക്ക് ഒഴിവുകഴിവൊന്നും പറയാനില്ല. അവര്‍ ദൈവത്തെ അറിഞ്ഞെങ്കിലും സര്‍വേശ്വരന്‍ എന്ന നിലയില്‍, യഥോചിതം പ്രകീര്‍ത്തിക്കുകയോ, സ്തോത്രം അര്‍പ്പിക്കുകയോ ചെയ്തില്ല. അവരുടെ യുക്തിചിന്തകള്‍ മൂലം അവര്‍ വ്യര്‍ഥരായിത്തീരുന്നു. വിവേകരഹിതമായ അവരുടെ ഹൃദയം അന്ധകാരംകൊണ്ടു നിറഞ്ഞിരിക്കുന്നു. ബുദ്ധിമാന്മാരെന്ന അവകാശവാദം അവരുടെ ബുദ്ധിശൂന്യതയെ ആണ് വിളിച്ചറിയിക്കുന്നത്. അനശ്വരനായ ദൈവത്തിനു നല്‌കേണ്ട മഹത്ത്വം നശ്വരരായ മനുഷ്യരുടെയും പക്ഷിമൃഗാദികളുടെയും പ്രതിരൂപങ്ങള്‍ക്ക് അവര്‍ നല്‌കുന്നു. അതുകൊണ്ട് തങ്ങളുടെ വിഷയാസക്തിയുടെ പ്രേരണയ്‍ക്കനുസൃതമായ കുത്സിതവൃത്തികള്‍ക്കായി ദൈവം അവരെ വിട്ടുകൊടുക്കുകയും ലജ്ജാകരമായ പ്രവൃത്തികളില്‍ അവര്‍ അന്യോന്യം ഏര്‍പ്പെടുകയും ചെയ്യുന്നു. ദൈവത്തെക്കുറിച്ചുള്ള സത്യം ത്യജിച്ച് അവര്‍ അസത്യം സ്വീകരിക്കുന്നു. പ്രപഞ്ചസ്രഷ്ടാവായ ദൈവത്തെ ആരാധിക്കേണ്ടതിനു പകരം അവര്‍ സൃഷ്‍ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്നു. ദൈവംമാത്രം അനവരതം വാഴ്ത്തപ്പെടട്ടെ! ആമേന്‍! അവര്‍ ഇപ്രകാരം ചെയ്യുന്നതുകൊണ്ട് ദൈവം അവരെ ലജ്ജാകരമായ വികാരങ്ങള്‍ക്കു വിട്ടുകൊടുത്തിരിക്കുന്നു. സ്‍ത്രീകളും സ്വാഭാവിക ഭോഗത്തില്‍ ഏര്‍പ്പെടാതെ പ്രകൃതിവിരുദ്ധമായ പ്രവൃത്തികളിലേര്‍പ്പെടുന്നു. അതുപോലെതന്നെ സ്‍ത്രീകളുമായി പ്രകൃതിസഹജമായ ലൈംഗികബന്ധം പുലര്‍ത്താതെ പുരുഷന്മാരും കാമാഗ്നി ജ്വലിച്ച് പുരുഷന്‍ പുരുഷനോടു ചേര്‍ന്ന് പ്രകൃതിവിരുദ്ധമായ ചേഷ്ടകളിലേര്‍പ്പെടുന്നു. അതിന്‍റെ ഫലമായി തങ്ങളുടെ ദുഷ്പ്രവൃത്തികള്‍ക്ക് അര്‍ഹമായ ശിക്ഷ അവര്‍ സ്വയം വരുത്തിവച്ചിരിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം അവര്‍ പരിത്യജിച്ചതുകൊണ്ട് അവിഹിതമായതു ചെയ്യുവാന്‍ ദൈവം അവരെ വിവേകശൂന്യതയ്‍ക്കു വിട്ടുകൊടുത്തു. അവര്‍ എല്ലാവിധത്തിലുമുള്ള അധര്‍മവും ദുഷ്ടതയും അത്യാഗ്രഹവും ഹീനസ്വഭാവവുംകൊണ്ടു നിറഞ്ഞവരാണ്. അസൂയ, കൊലപാതകം, ശണ്ഠ, വഞ്ചന, കൊടിയ പക എന്നിവ അവരില്‍ നിറഞ്ഞിരിക്കുന്നു. അവര്‍ ഏഷണി പറയുകയും അന്യോന്യം ദോഷാരോപണം നടത്തുകയും ചെയ്യുന്നു. ദൈവത്തെ അവര്‍ കഠിനമായി വെറുക്കുന്നു. അവര്‍ ഗര്‍വിഷ്ഠരും അഹങ്കാരികളും ആത്മപ്രശംസകരുമാണ്. ദുഷ്ടത പ്രവര്‍ത്തിക്കുന്നതിനു നൂതനമായ വഴികള്‍ അവര്‍ കണ്ടുപിടിക്കുന്നു. മാതാപിതാക്കളെ അവര്‍ അനുസരിക്കുന്നില്ല. അവര്‍ക്കു മനസ്സാക്ഷി എന്നൊന്നില്ല. അവര്‍ വാക്കു പാലിക്കുന്നുമില്ല. മറ്റുള്ളവരോടു കനിവുകാട്ടാത്ത ദയാശൂന്യരാണവര്‍. ഇങ്ങനെയുള്ളവര്‍ മരണയോഗ്യരാണെന്നുള്ള ദൈവകല്പന അവര്‍ക്കറിയാമെങ്കിലും ഈ വക അധര്‍മങ്ങള്‍ അവര്‍ ചെയ്യുന്നു എന്നു മാത്രമല്ല, അങ്ങനെ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഹേ മനുഷ്യാ, അപരനെ കുറ്റം വിധിക്കുന്ന നീ ആരുതന്നെ ആയാലും നിന്നെക്കുറിച്ചുള്ള വിധിയില്‍നിന്ന് നീ എങ്ങനെ ഒഴിഞ്ഞുമാറും? അന്യനെ വിധിക്കുന്ന നീ അതേ പ്രവൃത്തിതന്നെ ചെയ്യുമ്പോള്‍ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു. ഇതുപോലെയുള്ള പ്രവൃത്തികള്‍ ചെയ്യുന്നവരുടെ മേലുള്ള ദൈവത്തിന്‍റെ വിധി ന്യായാനുസൃതമായിരിക്കുമെന്നു നമുക്കറിയാമല്ലോ. മറ്റുള്ളവരെ കുറ്റം വിധിക്കുകയും അതേ കുറ്റങ്ങള്‍തന്നെ ചെയ്യുകയും ചെയ്യുന്ന മനുഷ്യാ, നീ ദൈവത്തിന്‍റെ ന്യായവിധിയില്‍നിന്ന് ഒഴിഞ്ഞുമാറാമെന്നു വിചാരിക്കുന്നുവോ? അതോ, ദൈവത്തിന്‍റെ ദയ അനുതാപത്തിലേക്കു നയിക്കുന്നു എന്നുള്ളതു മനസ്സിലാക്കാതെ, അവിടുത്തെ മഹാദയയും സഹിഷ്ണുതയും നിരന്തരക്ഷമയും നീ തിരസ്കരിക്കുന്നുവോ? എന്നാല്‍ അനുതാപത്തിനു വഴങ്ങാന്‍ കൂട്ടാക്കാത്ത നീ നിന്‍റെ ഹൃദയകാഠിന്യം മൂലം, ദൈവകോപം ജ്വലിക്കുകയും നീതിപൂര്‍വകമായ വിധിയുണ്ടാകുകയും ചെയ്യുന്ന ദിവസത്തേക്കു നിനക്കുവേണ്ടിത്തന്നെ നീ ശിക്ഷ കൂട്ടിവയ്‍ക്കുകയാണു ചെയ്യുന്നത്. ഓരോരുത്തര്‍ക്കും അവരവരുടെ പ്രവൃത്തിക്കൊത്തവണ്ണമുള്ള പ്രതിഫലമാണല്ലോ ദൈവം നല്‌കുന്നത്. ഇടവിടാതെ സല്‍ക്കര്‍മങ്ങള്‍ നിഷ്ഠയോടുകൂടി ചെയ്ത്, ശ്രേയസ്സും ബഹുമാനവും അനശ്വരതയും അന്വേഷിക്കുന്നവര്‍ക്ക്, ദൈവം അനശ്വരജീവന്‍ നല്‌കും; സത്യത്തെ ആദരിക്കാതെ, അധര്‍മത്തെ പിന്തുടരുന്ന സ്വാര്‍ഥപ്രിയരുടെമേല്‍ കോപവും ഉഗ്രരോഷവും ചൊരിയും. ദുഷ്ടത പ്രവര്‍ത്തിക്കുന്ന ഏതൊരു മനുഷ്യനും- ആദ്യം യെഹൂദനും പിന്നീടു വിജാതീയനും- കൊടിയ ദുരിതവും ക്ലേശവും ഉണ്ടാകും. എന്നാല്‍ നന്മ പ്രവര്‍ത്തിക്കുന്ന ഏതൊരുവനും-ആദ്യം യെഹൂദനും പിന്നീടു വിജാതീയനും - കീര്‍ത്തിയും ബഹുമാനവും സമാധാനവും ഉണ്ടാകും. ദൈവത്തിനു പക്ഷപാതമില്ലല്ലോ. യെഹൂദമതനിയമം അറിയാതെ പാപം ചെയ്തവര്‍, നിയമം കൂടാതെ നശിക്കും. നിയമത്തിനു വിധേയരായിരിക്കെ പാപം ചെയ്തവര്‍ നിയമപ്രകാരം വിധിക്കപ്പെടും. നിയമസംഹിത ശ്രവിക്കുന്നതുകൊണ്ടു മാത്രം ഒരുവന്‍ ദൈവസമക്ഷം കുറ്റമില്ലാത്തവനായി അംഗീകരിക്കപ്പെടുകയില്ല; പ്രത്യുത, അത് അനുസരിക്കുന്നവരെ മാത്രമേ കുറ്റമില്ലാത്തവരായി ദൈവം അംഗീകരിക്കുകയുള്ളൂ. നിയമസംഹിത ലഭിച്ചിട്ടില്ലാത്ത വിജാതീയര്‍ അത് അനുശാസിക്കുന്ന കാര്യങ്ങള്‍ സഹജമായ പ്രേരണമൂലം ചെയ്യുമ്പോള്‍ അവര്‍ തങ്ങള്‍ക്കുതന്നെ ഒരു ധാര്‍മികനിയമമായി പരിണമിക്കുന്നു. നിയമം അനുശാസിക്കുന്ന കാര്യങ്ങള്‍ തങ്ങളുടെ ഹൃദയത്തില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടെന്നു, പ്രവൃത്തികള്‍മൂലം അവര്‍ തെളിയിക്കുന്നു. ഇത് വാസ്തവമാണെന്ന് അവരുടെ മനസ്സാക്ഷിയും സാക്ഷ്യം വഹിക്കുന്നു. എന്തെന്നാല്‍ അവരുടെ വിചാരങ്ങളില്‍ ചിലത് അവരുടെമേല്‍ കുറ്റം ആരോപിക്കുകയും മറ്റുചിലത് അവരെ ന്യായീകരിക്കുകയും ചെയ്യുന്നു. ഞാന്‍ പ്രസംഗിക്കുന്ന സുവിശേഷപ്രകാരം ദൈവം യേശുക്രിസ്തുവില്‍കൂടി എല്ലാ മനുഷ്യരുടെയും രഹസ്യവിചാരങ്ങളെ വിധിക്കുന്ന ആ ദിവസം അതും വെളിപ്പെടും. നീ യെഹൂദന്‍ എന്ന് അവകാശപ്പെടുന്നു; ധര്‍മശാസ്ത്രത്തെ നീ ആശ്രയിക്കുകയും ചെയ്യുന്നു. ദൈവത്തോടുള്ള നിങ്ങളുടെ ബന്ധത്തെക്കുറിച്ച് നീ അഭിമാനം കൊള്ളുന്നു. നിന്നെപ്പറ്റിയുള്ള ദൈവഹിതം നിനക്കറിയാം. ധര്‍മശാസ്ത്രം പഠിച്ചിട്ടുള്ളതുകൊണ്ട് ഉത്തമമായതു തിരഞ്ഞെടുക്കുന്നതിനു നിനക്കു കഴിയും. [19,20] നീ അന്ധന്മാര്‍ക്കു വഴികാട്ടിയും അന്ധകാരത്തിലിരിക്കുന്നവര്‍ക്കു പ്രകാശവും മൂഢന്മാര്‍ക്ക് ഉപദേഷ്ടാവും അറിവില്ലാത്തവര്‍ക്ക് അധ്യാപകനുമാണെന്നത്രേ നിന്‍റെ വിചാരം. ജ്ഞാനത്തിന്‍റെയും സത്യത്തിന്‍റെയും സാരാംശം മുഴുവന്‍ ധര്‍മശാസ്ത്രത്തിലുണ്ടെന്ന് നിങ്ങള്‍ക്കുറപ്പുണ്ട്. *** നീ മറ്റുള്ളവരെ പഠിപ്പിക്കുന്നല്ലോ. എന്തുകൊണ്ട് സ്വയം പഠിക്കുന്നില്ല? ‘മോഷ്‍ടിക്കരുത്’ എന്നു പ്രസംഗിക്കുന്ന നീ മോഷ്‍ടിക്കുന്നുവോ? ‘വ്യഭിചാരം ചെയ്യരുത്’ എന്ന് ഉപദേശിക്കുന്ന നീ വ്യഭിചരിക്കുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ദേവാലയങ്ങള്‍ കവര്‍ച്ച ചെയ്യുന്നുവോ? ധര്‍മശാസ്ത്രത്തിന്‍റെ പേരില്‍ അഭിമാനംകൊള്ളുന്ന നീ അതു ലംഘിച്ച് ദൈവത്തെ അപമാനിക്കുന്നുവോ? ‘നിങ്ങള്‍ നിമിത്തം ദൈവനാമം വിജാതീയരുടെ ഇടയില്‍ നിന്ദിക്കപ്പെടുന്നു’ എന്നാണല്ലോ രേഖപ്പെടുത്തിയിരിക്കുന്നത്. നീ ധര്‍മശാസ്ത്രം അനുസരിക്കുന്നവനാണെങ്കില്‍ പരിച്ഛേദനകര്‍മം നല്ലതുതന്നെ; എന്നാല്‍ നീ ധര്‍മശാസ്ത്രം ലംഘിക്കുന്നുവെങ്കില്‍ നിന്‍റെ പരിച്ഛേദനകര്‍മംകൊണ്ട് എന്തു പ്രയോജനം? നീ പരിച്ഛേദനം കഴിക്കാത്തവനോടു തുല്യനല്ലേ? പരിച്ഛേദനകര്‍മത്തിനു വിധേയനാകാത്ത വിജാതീയന്‍ ധര്‍മശാസ്ത്രം അനുസരിക്കുന്നുവെങ്കില്‍ പരിച്ഛേദനം നടത്തിയവനെപ്പോലെ ദൈവം അവനെ കരുതുകയില്ലേ? എഴുതപ്പെട്ട നിയമസംഹിതയും പരിച്ഛേദനകര്‍മവും ഉള്ളവനെങ്കിലും നിയമം ലംഘിക്കുന്നവനായ നിന്നെ, പരിച്ഛേദനകര്‍മത്തിനു വിധേയനല്ലെങ്കിലും സഹജമായ പ്രേരണയാല്‍ ധര്‍മശാസ്ത്രം അനുസരിക്കുന്ന വിജാതീയന്‍ വിധിക്കും. ബാഹ്യകര്‍മങ്ങളല്ല ഒരുവനെ യഥാര്‍ഥ യെഹൂദനാക്കുന്നത്. യഥാര്‍ഥ പരിച്ഛേദനകര്‍മം പുറമേ ചെയ്യുന്ന ഒരു അനുഷ്ഠാനവുമല്ല. ആന്തരികമായി യെഹൂദനായിരിക്കുന്നവനത്രേ യഥാര്‍ഥ യെഹൂദന്‍. യഥാര്‍ഥമായ പരിച്ഛേദനകര്‍മം നടക്കേണ്ടത് ഹൃദയത്തിലാണ് - അത് അക്ഷരത്തിലുള്ളതല്ല, ആത്മാവിലുള്ളതാണ്. അങ്ങനെയുള്ളവന് മനുഷ്യരില്‍നിന്നല്ല, ദൈവത്തില്‍ നിന്നുതന്നെ പ്രശംസ ലഭിക്കുന്നു. അങ്ങനെയെങ്കില്‍ യെഹൂദന് എന്താണു മേന്മ? അഥവാ പരിച്ഛേദനകര്‍മംകൊണ്ട് എന്തു പ്രയോജനം? എല്ലാവിധത്തിലും വളരെയധികം പ്രയോജനമുണ്ട്, സംശയമില്ല. ഒന്നാമത്, ദൈവത്തിന്‍റെ അരുളപ്പാടുകള്‍ നല്‌കപ്പെട്ടത് യെഹൂദന്മാര്‍ക്കാണ്. അവരില്‍ ചിലര്‍ അവിശ്വാസികളായിപ്പോയെങ്കിലെന്ത്? അവരുടെ അവിശ്വാസം ദൈവത്തിന്‍റെ വിശ്വസ്തതയെ നിഷ്പ്രയോജനമാക്കുമോ? ഒരിക്കലുമില്ല! എല്ലാ മനുഷ്യരും വ്യാജം പറയുന്നവരായാലും ദൈവം സത്യവാന്‍ തന്നെ. അങ്ങ് അരുള്‍ചെയ്യുമ്പോള്‍ നീതിമാനെന്നു തെളിയും, വ്യവഹാരത്തില്‍ അങ്ങു വിജയിക്കും. എന്നു വേദഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതുപോലെ തന്നെ. നമ്മുടെ ദുഷ്പ്രവൃത്തികള്‍ ദൈവത്തിന്‍റെ നീതി പ്രത്യക്ഷമാക്കുന്നുവെങ്കില്‍ നാം എന്താണു പറയേണ്ടത്? ദൈവം നമ്മെ ശിക്ഷിക്കുമ്പോള്‍ അവിടുന്നു നീതിയില്ലാത്തവനെന്നോ? - മാനുഷികമായ രീതിയില്‍ ഞാനിതു പറയുന്നു - ഒരിക്കലുമല്ല! ദൈവം നീതിരഹിതനാണെങ്കില്‍ എങ്ങനെ ലോകത്തില്‍ നീതി നടത്തും? ദൈവത്തിന്‍റെ സത്യം പ്രകാശിതമാകുകയും അവിടുത്തെ മഹത്ത്വം വര്‍ധിക്കുകയും ചെയ്യുന്നതിന് എന്‍റെ അസത്യം ഉപകരിക്കുന്നുവെങ്കില്‍, എന്നെ പാപിയെന്നു വിധിക്കുന്നത് എന്തിന്? അധികം നന്മയുണ്ടാകുന്നതിനു തിന്മ ചെയ്യാമെന്നു ഞങ്ങള്‍ പഠിപ്പിക്കുന്നതായി ചിലര്‍ അപവാദം പറയുന്നുണ്ടല്ലോ. അവര്‍ക്കു വരുന്ന ശിക്ഷാവിധി അവര്‍ അര്‍ഹിക്കുന്നതുതന്നെ. ആകട്ടെ, യെഹൂദന്മാരായ ഞങ്ങള്‍ക്ക് വിജാതീയരെക്കാള്‍ എന്തെങ്കിലും മേന്മയുണ്ടോ? ഒന്നുംതന്നെയില്ല. യെഹൂദന്മാരും വിജാതീയരും ഒരുപോലെ പാപത്തിന് അധീനരാണെന്നു ഞാന്‍ നേരത്തെ ചൂണ്ടിക്കാണിച്ചല്ലോ. വേദലിഖിതങ്ങളില്‍ പറയുന്നത് എന്താണെന്നു നോക്കുക: നീതിമാന്‍ ആരുമില്ല. വിവേകമുള്ള ഒരുവനുമില്ല, ദൈവത്തെ അന്വേഷിക്കുന്നവനുമില്ല. എല്ലാവരും വഴിപിഴച്ച് ദൈവത്തില്‍നിന്ന് അകന്നുപോയിരിക്കുന്നു; നന്മ ചെയ്യുന്നവനില്ല, ഒരുവന്‍പോലുമില്ല. അവരുടെ കണ്ഠം തുറന്നിരിക്കുന്ന ശവക്കുഴിയാണ്; അവരുടെ നാവ് വഞ്ചനയ്‍ക്കായി ഉപയോഗിക്കുന്നു; സര്‍പ്പവിഷം അവരുടെ അധരങ്ങളുടെ കീഴില്‍ മറഞ്ഞിരിക്കുന്നു. അവരുടെ വായ് കയ്പേറിയ ശാപം നിറഞ്ഞതാണ് രക്തം ചൊരിയുന്നതിനായി അവര്‍ വെമ്പല്‍കൊള്ളുന്നു; അവര്‍ പോകുന്നിടത്തെല്ലാം കെടുതിയും നാശവും ഉണ്ടാകുന്നു. സമാധാനത്തിന്‍റെ മാര്‍ഗം അവര്‍ക്ക് അറിഞ്ഞുകൂടാ; അവരുടെ വീക്ഷണത്തില്‍ ദൈവഭയമില്ല. യെഹൂദധര്‍മശാസ്ത്രത്തിന്‍ കീഴില്‍ ഉള്ളവര്‍ക്കുവേണ്ടിയാണ് അതിന്‍റെ സന്ദേശം എന്നു നമുക്കറിയാം. അതുമൂലം എല്ലാ അധരങ്ങളും നിശ്ശബ്ദമാകുകയും സമസ്തലോകവും ദൈവത്തിന്‍റെ വിധിക്കു വിധേയമാകുകയും ചെയ്യുന്നു. ധര്‍മശാസ്ത്രം അനുശാസിക്കുന്ന കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതുകൊണ്ട് ഈശ്വരദൃഷ്‍ടിയില്‍ ആരുംതന്നെ നീതിമാനായിത്തീരുകയില്ല. മനുഷ്യനു പാപബോധം ഉണ്ടാക്കുകയത്രേ ധര്‍മശാസ്ത്രം ചെയ്യുന്നത്. ധര്‍മശാസ്ത്രവും പ്രവാചകന്മാരും സാക്ഷ്യം വഹിച്ച ദൈവനീതി, ധര്‍മശാസ്ത്രം മുഖേനയല്ലാതെ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതുമൂലം ദൈവത്തിന്‍റെ ഈ നീതി എല്ലാ വിശ്വാസികള്‍ക്കും ലഭിച്ചിരിക്കുന്നു. ഇതില്‍ യൂദനെന്നും യൂദേതരനെന്നുമുള്ള വ്യത്യാസമില്ല. എല്ലാവരും പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തി. ദൈവം തന്‍റെ സൗജന്യ കൃപാവരത്താല്‍ മനുഷ്യരെ കുറ്റമറ്റവരായി അംഗീകരിക്കുന്നു. മനുഷ്യവര്‍ഗത്തെ വീണ്ടെടുക്കുന്ന ക്രിസ്തുയേശുവിന്‍റെ രക്ഷകപ്രവര്‍ത്തനത്തില്‍കൂടിയാണ് അതു നിര്‍വഹിക്കുന്നത്. [25,26] മനുഷ്യന്‍റെ പാപപരിഹാരത്തിനുള്ള മാര്‍ഗമായിത്തീരുന്നതിന് ദൈവം ക്രിസ്തുയേശുവിനെ നിയോഗിച്ചു. സ്വന്തം രക്തം ചിന്തി, സ്വജീവന്‍ യാഗമായി അര്‍പ്പിച്ച ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണ് പാപങ്ങള്‍ പൊറുക്കപ്പെടുന്നത്. ഇങ്ങനെ മനുഷ്യരുടെ പാപങ്ങള്‍ കണക്കിലെടുക്കാതെ സഹിഷ്ണുതാപൂര്‍വം അവ ഇല്ലായ്മ ചെയ്ത പൂര്‍വകാലത്തും ഇക്കാലത്തും ദൈവം തന്‍റെ നീതി വെളിപ്പെടുത്തുന്നു. ഇപ്രകാരം യേശുവില്‍ വിശ്വസിക്കുന്ന എല്ലാവരെയും നീതിമാന്മാരായി സ്വീകരിക്കുമെന്നും വ്യക്തമാകുന്നു. *** അങ്ങനെയെങ്കില്‍ നമുക്ക് ആത്മപ്രശംസചെയ്യാന്‍ എന്തിരിക്കുന്നു? ഒന്നുമില്ല. കാരണം, ധര്‍മശാസ്ത്രം അനുശാസിക്കുന്ന മാര്‍ഗം വിട്ട് വിശ്വാസത്തിന്‍റെ മാര്‍ഗം നാം സ്വീകരിക്കുന്നു എന്നതാണ്. എന്തെന്നാല്‍ ദൈവത്തിന്‍റെ മുമ്പാകെ ഒരുവന്‍ കുറ്റമറ്റവനായി അംഗീകരിക്കപ്പെടുന്നത് ധര്‍മശാസ്ത്രം അനുശാസിക്കുന്ന കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതുകൊണ്ടല്ല. പിന്നെയോ, വിശ്വാസംകൊണ്ടു മാത്രമാണെന്നു ഞങ്ങള്‍ കരുതുന്നു. അതുതന്നെയുമല്ല, ദൈവം യെഹൂദന്മാരുടെ മാത്രം ദൈവമാണോ? വിജാതീയരുടെയും ദൈവമല്ലേ? അതേ, അവിടുന്നു വിജാതീയരുടെയും ദൈവമാകുന്നു. ദൈവം ഏകനായതുകൊണ്ട്, അവിടുന്നു യെഹൂദന്മാരെയും വിജാതീയരെയും വിശ്വാസംമൂലം കുറ്റമറ്റവരായി അംഗീകരിക്കുന്നു. അങ്ങനെയെങ്കില്‍ ഈ വിശ്വാസത്താല്‍ നാം ധര്‍മശാസ്ത്രത്തെ നിഷ്പ്രയോജനമാക്കുകയാണോ? ഒരിക്കലുമല്ല! നാം അതിനെ ഉറപ്പിക്കുകയാണു ചെയ്യുന്നത്. നമ്മുടെ പൂര്‍വപിതാവായ അബ്രഹാമിനെ സംബന്ധിച്ച് എന്താണു നാം പറയുക? തന്‍റെ കര്‍മാനുഷ്ഠാനംകൊണ്ട് അദ്ദേഹം കുറ്റമറ്റവനായി അംഗീകരിക്കപ്പെട്ടു എങ്കില്‍ അദ്ദേഹത്തിന് അഭിമാനിക്കുവാന്‍ വകയുണ്ടായിരുന്നു. പക്ഷേ ദൈവത്തിന്‍റെ മുമ്പില്‍ അഭിമാനിക്കുവാന്‍ സാധ്യമല്ല. വേദഗ്രന്ഥത്തില്‍ എന്താണു പറയുന്നത്? ‘അബ്രഹാം ദൈവത്തെ വിശ്വസിച്ചു; തന്മൂലം ദൈവം അദ്ദേഹത്തെ നീതിമാനായി പരിഗണിച്ച് അംഗീകരിച്ചു.’ ഒരു മനുഷ്യന്‍ വേല ചെയ്താല്‍ കൂലി കിട്ടുന്നു. അതൊരു സൗജന്യദാനമായി ആരും പരിഗണിക്കാറില്ല. പ്രത്യുത, അയാളുടെ അവകാശമാണത്. എന്നാല്‍ പ്രവൃത്തികള്‍ കൂടാതെ തന്നെ പാപിയെ നീതികരിക്കുന്നവനില്‍ വിശ്വസിക്കുന്നവന് അവന്‍റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെടും. പ്രവൃത്തികളൊന്നും കണക്കിലെടുക്കാതെ നീതിമാനായി പരിഗണിക്കപ്പെടുന്നവന്‍റെ ആനന്ദത്തെക്കുറിച്ച് ദാവീദ് ഇങ്ങനെ പറയുന്നു: അതിക്രമങ്ങള്‍ ക്ഷമിക്കപ്പെടുകയും പാപങ്ങള്‍ പൊറുക്കപ്പെടുകയും ചെയ്യുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍! ഏതൊരു മനുഷ്യന്‍റെ പാപങ്ങള്‍ സര്‍വേശ്വരന്‍ പരിഗണിക്കാതിരിക്കുന്നുവോ അവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍തന്നെ! ദാവീദു വര്‍ണിക്കുന്ന ഈ അനുഗ്രഹം പരിച്ഛേദനകര്‍മം അനുഷ്ഠിക്കുന്നവര്‍ക്കു മാത്രമുള്ളതാണോ? തീര്‍ച്ചയായും അല്ല! പരിച്ഛേദനകര്‍മം അനുഷ്ഠിക്കാത്തവര്‍ക്കും കൂടിയുള്ളതാണ് അത്. തന്‍റെ വിശ്വാസം അബ്രഹാമിനു നീതിയായി പരിഗണിക്കപ്പെട്ടു എന്നു നാം പറയുന്നു. അബ്രഹാമിന് അതു നീതിയായി പരിഗണിക്കപ്പെട്ടത് എപ്പോഴാണ്? പരിച്ഛേദനകര്‍മത്തിനു മുമ്പോ പിമ്പോ? തീര്‍ച്ചയായും അതിനു മുമ്പുതന്നെ. പരിച്ഛേദനകര്‍മത്തിനു മുമ്പ് അബ്രഹാമിനുണ്ടായിരുന്ന വിശ്വാസംമൂലം ദൈവം അദ്ദേഹത്തെ കുറ്റമറ്റവനായി അംഗീകരിച്ചു എന്നതിന്‍റെ മുദ്രയായിട്ടത്രേ പരിച്ഛേദനം എന്ന കര്‍മം നല്‌കപ്പെട്ടത്. അതുകൊണ്ട് പരിച്ഛേദനകര്‍മം അനുഷ്ഠിച്ചില്ലെങ്കിലും ദൈവത്തില്‍ വിശ്വസിക്കുകയും, തന്മൂലം ദൈവം കുറ്റമറ്റവരായി അംഗീകരിക്കുകയും ചെയ്ത എല്ലാവരുടെയും പിതാവായിത്തീര്‍ന്നു അബ്രഹാം. അദ്ദേഹം പരിച്ഛേദനകര്‍മം അനുഷ്ഠിച്ചവരുടെയും പിതാവാകുന്നു. അത് അവര്‍ പരിച്ഛേദനകര്‍മം അനുഷ്ഠിച്ചതുകൊണ്ടല്ല, അതിനു മുമ്പുതന്നെ നമ്മുടെ പിതാവായ അബ്രഹാം നയിച്ച അതേ വിശ്വാസജീവിതം നയിച്ചതുകൊണ്ടാണ്. ലോകത്തെ അവകാശമാക്കും എന്ന വാഗ്ദാനം അബ്രഹാമിനും സന്താനപരമ്പരകള്‍ക്കും നല്‌കിയത് ഏതെങ്കിലും നിയമം അനുസരിച്ചതുകൊണ്ടല്ല, പ്രത്യുത, അദ്ദേഹം വിശ്വസിക്കുകയും ദൈവം അദ്ദേഹത്തെ നീതിമാനായി അംഗീകരിക്കുകയും ചെയ്തതുകൊണ്ടാണ്. നിയമം അനുസരിക്കുന്നവര്‍ മാത്രമാണ് ലോകത്തെ അവകാശപ്പെടുത്തുന്നതെങ്കില്‍ വിശ്വാസം വ്യര്‍ഥമാണ്. ദൈവത്തിന്‍റെ വാഗ്ദാനത്തിനു വിലയുമില്ല. നിയമലംഘനത്തിനുള്ള ദൈവശിക്ഷ നിയമത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. നിയമം ഇല്ലാത്തിടത്ത് അതു ലംഘിക്കുന്ന പ്രശ്നമില്ലല്ലോ. അതുകൊണ്ട് അബ്രഹാമിന്‍റെ സന്താന പരമ്പരകള്‍ക്ക് എല്ലാവര്‍ക്കും ദൈവത്തിന്‍റെ വാഗ്ദാനം സൗജന്യമായി ലഭിക്കുമെന്ന് ഉറപ്പു വരുത്തേണ്ടതിന്, അത് വിശ്വാസത്തിന്മേല്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നു. അത് ധര്‍മശാസ്ത്രം ഉള്ളവര്‍ക്കു മാത്രമല്ല, അബ്രഹാമിനെപ്പോലെ വിശ്വസിക്കുന്ന എല്ലാവര്‍ക്കും, ആ വാഗ്ദാനം ലഭിക്കുമെന്ന് ഉറപ്പുവരുത്തേണ്ടതിനു തന്നെ. അബ്രഹാം നമ്മുടെ എല്ലാവരുടെയും പിതാവത്രേ. ‘ഞാന്‍ നിന്നെ അനേകം ജനതകളുടെ പിതാവാക്കിയിരിക്കുന്നു’ എന്ന് വേദലിഖിതങ്ങളില്‍ പറയുന്നുണ്ടല്ലോ. മരിച്ചവര്‍ക്കു ജീവന്‍ നല്‌കുകയും ഇല്ലാത്തതിനെ ഉണ്മയിലേക്കു നയിക്കുകയും ചെയ്യുന്ന ദൈവത്തെ അബ്രഹാം വിശ്വസിച്ചു. ആശിക്കുന്നതിന് ഒരു വഴിയുമില്ലാതിരുന്നപ്പോള്‍ അബ്രഹാം പ്രത്യാശിക്കുകയും വിശ്വസിക്കുകയും ചെയ്തു. അങ്ങനെ ‘നിന്‍റെ സന്തതികള്‍ നക്ഷത്രജാലം കണക്കെ വര്‍ധിക്കും’ എന്ന് വേദലിഖിതങ്ങളില്‍ പറയുന്നതുപോലെ അബ്രഹാം അനേകം ജനതകളുടെ പിതാവായിത്തീര്‍ന്നു. [19-21] ഏകദേശം നൂറു വയസ്സായ തനിക്ക് ഒരു പിതാവാകാനുള്ള പ്രായം കഴിഞ്ഞു എന്നും, സാറായുടെ ഗര്‍ഭാശയം നിര്‍ജീവമായിത്തീര്‍ന്നു എന്നും അബ്രഹാമിന് അറിയാമായിരുന്നിട്ടും അദ്ദേഹത്തിന്‍റെ വിശ്വാസം ദുര്‍ബലമായിത്തീരുകയോ, ദൈവത്തിന്‍റെ വാഗ്ദാനത്തെ അദ്ദേഹം സംശയിക്കുകയോ ചെയ്തില്ല. പ്രത്യുത, വിശ്വാസത്താല്‍ അദ്ദേഹം പൂര്‍വോപരി ശക്തിപ്രാപിക്കുകയും തന്‍റെ വാഗ്ദാനം നിറവേറ്റുവാനുള്ള കഴിവു ദൈവത്തിനുണ്ടെന്നുള്ള പൂര്‍ണബോധ്യത്തോടുകൂടി ദൈവത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു. *** *** അതുകൊണ്ടാണ് അബ്രഹാമിന്‍റെ വിശ്വാസത്താല്‍ അദ്ദേഹത്തെ നീതിമാനായി ദൈവം അംഗീകരിച്ചത്. തന്‍റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെട്ടു എന്ന് എഴുതിയിരിക്കുന്നത് അബ്രഹാമിനെ സംബന്ധിച്ചു മാത്രമല്ല, നമ്മെ സംബന്ധിച്ചും കൂടിയാണ്. [24,25] ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരണത്തിന് ഏല്പിക്കപ്പെടുകയും, നാം കുറ്റമറ്റവരായി അംഗീകരിക്കപ്പെടുന്നതിനുവേണ്ടി അവിടുന്ന് ഉയിര്‍ക്കുകയും ചെയ്തു. നമ്മുടെ കര്‍ത്താവായ യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചവനില്‍ വിശ്വസിക്കുന്ന നാമും അങ്ങനെ നീതിമാന്മാരായി പരിഗണിക്കപ്പെടും. വിശ്വാസത്താല്‍ കുറ്റമറ്റവരായി അംഗീകരിക്കപ്പെട്ട നാം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ക്കൂടി ദൈവത്തോടു രഞ്ജിച്ച് സമാധാനമുള്ള അവസ്ഥയിലായിരിക്കുന്നു. ദൈവകൃപയുടെ അനുഭവത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. ക്രിസ്തു മുഖേന ഈ അനുഭവത്തിലേക്കു നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. അതുകൊണ്ട് ദൈവതേജസ്സില്‍ പങ്കാളികളാകാമെന്നുള്ള പ്രത്യാശയില്‍ നാം ആനന്ദിക്കുന്നു. മാത്രമല്ല, നമ്മുടെ കഷ്ടതകളില്‍പോലും നാം ആനന്ദിക്കുന്നു. എന്തെന്നാല്‍ കഷ്ടത സഹനശക്തിയും സഹനശക്തി പരിശോധനയെ അതിജീവിച്ചു എന്നതിന്‍റെ അംഗീകാരവും അത് പ്രത്യാശയും ഉളവാക്കുന്നു എന്നു നമുക്ക് അറിയാം. ഈ പ്രത്യാശ നിറവേറാതിരിക്കുകയില്ല. എന്തെന്നാല്‍ നമുക്കു നല്‌കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവം തന്‍റെ സ്നേഹം നമ്മുടെ ഹൃദയങ്ങളില്‍ നിറച്ചിരിക്കുന്നു. നാം ബലഹീനരായിരിക്കുമ്പോള്‍ത്തന്നെ ക്രിസ്തു അധര്‍മികളായ നമുക്കുവേണ്ടി യഥാസമയം മരിച്ചു. ഒരു നീതിമാനുവേണ്ടിയായാല്‍പോലും ആരെങ്കിലും മരിക്കുവാന്‍ തയ്യാറാകുക ചുരുക്കമാണ്. ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കുവാന്‍ വല്ലവരും ചിലപ്പോള്‍ തുനിഞ്ഞെന്നുവരാം. എന്നാല്‍ നാം പാപികളായിരിക്കുമ്പോള്‍ത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ ദൈവം നമ്മോടുള്ള സ്നേഹം പ്രകടമാക്കിയിരിക്കുന്നു. ക്രിസ്തുവിന്‍റെ മരണത്താല്‍ ദൈവമുമ്പാകെ കുറ്റമറ്റവരായി അംഗീകരിക്കപ്പെട്ടിരിക്കുന്ന നാം ഇപ്പോള്‍ ദൈവകോപത്തില്‍നിന്ന് ക്രിസ്തു മുഖാന്തരം വിമുക്തരാകുമെന്നുള്ളത് നിശ്ചയമല്ലേ? നാം ദൈവത്തിന്‍റെ ശത്രുക്കളായിരുന്നു. എന്നാല്‍ തന്‍റെ പുത്രന്‍റെ മരണത്താല്‍ നമ്മെ അവിടുത്തെ മിത്രങ്ങളാക്കിത്തീര്‍ത്തു. നാം ദൈവത്തിന്‍റെ മിത്രങ്ങളായതുകൊണ്ട് ക്രിസ്തുവിന്‍റെ ജീവന്‍മൂലം നാം രക്ഷിക്കപ്പെടുമെന്നുള്ളത് എത്രയധികം നിശ്ചയമാണ്! അതുമാത്രമല്ല, നമ്മെ ഇപ്പോള്‍ ദൈവത്തിന്‍റെ മിത്രങ്ങളാക്കിത്തീര്‍ത്ത നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍കൂടി നാം ദൈവത്തില്‍ ആശ്രയിച്ച് ആനന്ദം പ്രാപിക്കുന്നു. ഏക മനുഷ്യന്‍ മുഖാന്തരം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. എല്ലാവരും പാപം ചെയ്തതിനാല്‍ മരണം സകല മനുഷ്യരിലും വ്യാപിച്ചു. ധര്‍മശാസ്ത്രം നല്‌കപ്പെടുന്നതിനു മുമ്പുതന്നെ ലോകത്തില്‍ പാപം ഉണ്ടായിരുന്നു. എന്നാല്‍ അന്ന് നിയമങ്ങള്‍ ഇല്ലാഞ്ഞതുകൊണ്ട് അത് പാപമായി കണക്കാക്കപ്പെട്ടിരുന്നില്ല. ആദാമിന്‍റെ കാലംമുതല്‍ മോശയുടെ കാലംവരെ മരണം മനുഷ്യവര്‍ഗത്തിന്മേല്‍ ആധിപത്യം ഉറപ്പിച്ചിരുന്നു. ആദാം ദൈവകല്പന ലംഘിച്ചതുപോലെയുള്ള പാപം ചെയ്യാത്തവര്‍പോലും മരണത്തിന്‍റെ ആധിപത്യത്തില്‍ അമര്‍ന്നിരുന്നു. ആദാം വരുവാനിരുന്നവന്‍റെ പ്രതിരൂപമാകുന്നു. എന്നാല്‍ കൃപാവരവും ആദാമിന്‍റെ അപരാധവും തമ്മില്‍ അന്തരമുണ്ട്. ഒരുവന്‍റെ അപരാധത്താല്‍ അനേകമാളുകള്‍ മരിച്ചു എങ്കില്‍ ദൈവത്തിന്‍റെ കൃപയും യേശുക്രിസ്തു എന്ന ഏക മനുഷ്യനില്‍ കൂടിയുള്ള കൃപാദാനവും അസംഖ്യമാളുകളുടെമേല്‍ എത്ര അധികമായി ചൊരിയുന്നു! ഏകമനുഷ്യന്‍ ചെയ്ത പാപത്തിന്‍റെ ഫലംപോലെയല്ല കൃപാവരം. ന്യായവിധിയില്‍ ഏകമനുഷ്യന്‍റെ പാപം ശിക്ഷാവിധി വരുത്തുന്നു. എന്നാല്‍ കൃപാവരത്താല്‍ മനുഷ്യന്‍ അനേകം പാപങ്ങളില്‍നിന്നു വിമോചിതനായി നിരപരാധന്‍ എന്നു വിധിക്കപ്പെടുന്നു. ഏക മനുഷ്യന്‍റെ പാപംമൂലം മരണം ഭരണം നടത്തിയെങ്കില്‍ കൃപാവരവും നീതി എന്ന ദാനവും സമൃദ്ധമായി ലഭിക്കുന്നവര്‍ യേശുക്രിസ്തു എന്ന ഏക മനുഷ്യനില്‍ കൂടി ജീവനില്‍ എത്രയധികമായി വാഴും! അങ്ങനെ ഒരു മനുഷ്യന്‍റെ പാപം സകല മനുഷ്യരെയും ശിക്ഷാവിധിയിലേക്കു നയിച്ചതുപോലെ നീതിയിലേക്കു നയിക്കുന്ന ഒരു പ്രവൃത്തിമൂലം എല്ലാവര്‍ക്കും ജീവന്‍ ലഭിക്കുകയും എല്ലാവരും കുറ്റമില്ലാത്തവരായി അംഗീകരിക്കപ്പെടുകയും ചെയ്തു. അതുപോലെതന്നെ ഒരുവന്‍റെ അനുസരണക്കേടിനാല്‍ അസംഖ്യമാളുകള്‍ പാപികളായിത്തീര്‍ന്നതുപോലെ ഒരുവന്‍റെ അനുസരണത്താല്‍ അസംഖ്യം ആളുകള്‍ നീതിമാന്മാരാക്കപ്പെടും. പാപം വര്‍ധിക്കുവാനാണ് നിയമം ആവിര്‍ഭവിച്ചത്. എന്നാല്‍ പാപം വര്‍ധിച്ചപ്പോള്‍ അതിലധികമായി കൃപ പെരുകി. മരണത്തിലൂടെ പാപം വാണതുപോലെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം ദൈവത്തിന്‍റെ രക്ഷകപ്രവര്‍ത്തനത്തിലൂടെ അനശ്വരജീവന്‍ കൈവരുത്തുന്നതിനായി കൃപയും വാണരുളും. അതുകൊണ്ട് നാം എന്താണു പറയുക? ദൈവത്തിന്‍റെ കൃപ വര്‍ധിക്കേണ്ടതിനു പാപത്തില്‍ തുടര്‍ന്നു ജീവിക്കാമെന്നോ? ഒരിക്കലും പാടില്ല. പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരായ നാം പിന്നെയും അതില്‍ത്തന്നെ ജീവിക്കുന്നത് എങ്ങനെ? ക്രിസ്തുയേശുവിനോടു ബന്ധപ്പെടുന്നതിനുവേണ്ടി സ്നാപനം ചെയ്യപ്പെട്ടവരായ നാം ആ സ്നാപനംമൂലം അവിടുത്തെ മരണത്തില്‍ പങ്കാളികളാകുന്നു എന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടെയോ? സ്നാപനത്തില്‍ നാം ക്രിസ്തുവിനോടുകൂടി മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്യുന്നു. അതു പിതാവിന്‍റെ മഹത്ത്വമേറിയ ശക്തിയാല്‍ ക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടതുപോലെ നാമും ജീവന്‍റെ പാതയില്‍ നടക്കേണ്ടതിനാണ്. ക്രിസ്തുവിന്‍റെ മരണത്തോടു നാം ഏകീഭവിച്ചിരിക്കുന്നു എങ്കില്‍ അവിടുത്തെ പുനരുത്ഥാനത്തോടും നാം ഏകീഭവിക്കും. നാം ഇനി പാപത്തിന് അടിമകളായി തീരാതവണ്ണം നമ്മുടെ പാപസ്വഭാവം നശിക്കേണ്ടതിന് നമ്മിലുള്ള പഴയ മനുഷ്യന്‍ അവിടുത്തോടുകൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്നു നാം അറിയുന്നു. മരിച്ചവന്‍ പാപത്തില്‍നിന്ന് അങ്ങനെ വിമുക്തനായിരിക്കുന്നു. നാം ക്രിസ്തുവിനോടുകൂടി മരിച്ചിരിക്കുന്നു എങ്കില്‍ അവിടുത്തോടുകൂടി ജീവിക്കുമെന്ന് നാം വിശ്വസിക്കുന്നു. ക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടിരിക്കുകയാല്‍ ഇനി ഒരിക്കലും മരിക്കുകയില്ല; മരണത്തിന് ഇനി അവിടുത്തെമേല്‍ അധികാരമില്ലെന്നു നാം അറിയുന്നു. പാപത്തെപ്രതി അവിടുന്നു ഒരിക്കല്‍മാത്രം മരിച്ചു; അവിടുന്ന് ഇപ്പോള്‍ ജീവിക്കുന്നതാകട്ടെ ദൈവത്തോടുകൂടിയാകുന്നു. അതുപോലെ പാപത്തെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ മരിച്ചു എന്നും ഇനി ക്രിസ്തുയേശുവിനോട് ഐക്യപ്പെട്ട് ദൈവത്തോടു ചേര്‍ന്നാണു ജീവിക്കുന്നതെന്നും കരുതിക്കൊള്ളുക. മോഹങ്ങള്‍ക്കു കീഴ്പെടത്തക്കവിധം പാപം ഇനിമേല്‍ നിങ്ങളുടെ മര്‍ത്യശരീരത്തില്‍ വാഴരുത്; നിങ്ങളുടെ അവയവങ്ങളെ അധര്‍മത്തിന്‍റെ ഉപകരണങ്ങളായി പാപത്തിനു വിട്ടുകൊടുക്കുകയുമരുത്; പിന്നെയോ മരണത്തില്‍നിന്നും ജീവന്‍ പ്രാപിച്ചവരെന്ന നിലയില്‍, നിങ്ങളെത്തന്നെ ദൈവത്തിനു സമര്‍പ്പിക്കുകയും നിങ്ങളുടെ അവയവങ്ങളെ ദൈവോദ്ദേശ്യത്തിനുവേണ്ടി പോരാടുന്നതിനുള്ള ആയുധങ്ങളായി ദൈവത്തിനു കാഴ്ചവയ്‍ക്കുകയും ചെയ്യുക. നിയമത്തിനല്ല, ദൈവകൃപയ്‍ക്കത്രേ നിങ്ങള്‍ വിധേയരായിരിക്കുന്നത്; അതുകൊണ്ട് പാപം ഇനിമേല്‍ നിങ്ങളെ ഭരിക്കുകയില്ല. പിന്നെയെന്ത്? നാം നിയമത്തിനല്ല, പ്രത്യുത ദൈവകൃപയ്‍ക്കു കീഴിലുള്ളവരായതുകൊണ്ട് പാപം ചെയ്യാമെന്നോ? ഒരിക്കലുമരുത്! നിങ്ങള്‍ ഏതൊന്നിനെ അനുസരിക്കുന്നുവോ അതിനു നിങ്ങള്‍ അടിമകളാകുന്നു. ഏതൊന്നിന്‍റെ അടിമകളായി നിങ്ങള്‍ സ്വയം സമര്‍പ്പിച്ച് അതിനെ അനുസരിക്കുന്നുവോ അതിനു നിങ്ങള്‍ വിധേയരുമാകുന്നു. മരണത്തിലേക്കു നയിക്കുന്ന പാപത്തെ സംബന്ധിച്ചും ദൈവനീതിയിലേക്കു നയിക്കുന്ന അനുസരണത്തെ സംബന്ധിച്ചും ഇതു ശരിയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? മുമ്പു പാപത്തിന്‍റെ അടിമകളായിരുന്നെങ്കിലും നിങ്ങള്‍ക്കു ലഭിച്ച പ്രബോധനത്തില്‍ കണ്ടെത്തിയ സത്യങ്ങളെ നിങ്ങള്‍ സര്‍വാത്മനാ അനുസരിക്കുന്നു. നിങ്ങള്‍ പാപത്തില്‍നിന്നു സ്വതന്ത്രരാക്കപ്പെടുകയും ദൈവനീതിക്ക് അടിമകളായിത്തീരുകയും ചെയ്തു. ദൈവത്തിനു സ്തോത്രം! നിങ്ങളുടെ മാനുഷികമായ ദൗര്‍ബല്യം നിമിത്തം നിങ്ങള്‍ക്കു മനസ്സിലാകുന്ന രീതിയില്‍ ഇതു ഞാന്‍ പറയുന്നു. ധാര്‍മികമായ അരാജകത്വത്തിലേക്കു നയിക്കുന്ന അശുദ്ധിക്കും ദുഷ്ടതയ്‍ക്കും അടിമകളായി നിങ്ങള്‍ നിങ്ങളെത്തന്നെ ഒരിക്കല്‍ സമര്‍പ്പിച്ചിരുന്നു. അതുപോലെ നിങ്ങളെ നീതിക്കും വിശുദ്ധമായ ലക്ഷ്യങ്ങള്‍ക്കുംവേണ്ടി ഇപ്പോള്‍ പൂര്‍ണമായും സമര്‍പ്പിക്കുക. നിങ്ങള്‍ പാപത്തിന്‍റെ അടിമകളായിരുന്നപ്പോള്‍ ദൈവനീതിയുടെ നിര്‍വഹണത്തിനു വിധേയരല്ലായിരുന്നു. അന്നു ചെയ്ത പ്രവൃത്തികള്‍ ഇപ്പോള്‍ ലജ്ജാവഹമായി നിങ്ങള്‍ക്കു തോന്നുന്നു. അവ ചെയ്തതുകൊണ്ട് നിങ്ങള്‍ക്ക് എന്തു നേട്ടമുണ്ടായി? അവയുടെ അന്ത്യം മരണമാണല്ലോ! ഇപ്പോള്‍ പാപത്തില്‍നിന്നു നിങ്ങള്‍ സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ ദൈവത്തിന്‍റെ ദാസന്മാരാണ്; നിങ്ങള്‍ക്കുള്ള നേട്ടം ദൈവത്തിനു സമ്പൂര്‍ണമായി സമര്‍പ്പിക്കപ്പെട്ട വിശുദ്ധജീവിതവും അതിന്‍റെ അന്ത്യം അനശ്വരജീവനുമാകുന്നു. പാപം അതിന്‍റെ വേതനം നല്‌കുന്നു- മരണംതന്നെ; എന്നാല്‍ ദൈവത്തിന്‍റെ കൃപാവരം നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവില്‍ ഏകീഭവിച്ചുള്ള അനശ്വരജീവനത്രേ. സഹോദരരേ, നിങ്ങള്‍ നിയമത്തെക്കുറിച്ച് അറിവുള്ളവരാണല്ലോ. അതുകൊണ്ടു ഞാന്‍ പറയുന്നത് നിങ്ങള്‍ക്കു നിശ്ചയമായും മനസ്സിലാകും. നിയമത്തിന്‍റെ ആധിപത്യം ഒരുവന്‍റെമേലുള്ളത് അവന്‍ ജീവിച്ചിരിക്കുമ്പോള്‍ മാത്രമാണ്. ഉദാഹരണമായി വിവാഹിതയായ ഒരു സ്‍ത്രീ ഭര്‍ത്താവു ജീവിച്ചിരിക്കുന്നിടത്തോളം, അയാളോടു നിയമപരമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഭര്‍ത്താവു മരിച്ചു കഴിഞ്ഞാല്‍ അയാളോടു അവള്‍ക്കുള്ള നിയമപരമായ ബന്ധം അവസാനിക്കുന്നു. ഭര്‍ത്താവു ജീവിച്ചിരിക്കുമ്പോള്‍ അന്യപുരുഷനോട് ബന്ധം പുലര്‍ത്തിയാല്‍ അവള്‍ വ്യഭിചാരിണി എന്നു വിളിക്കപ്പെടും. ഭര്‍ത്താവു മരിച്ചശേഷം അവള്‍ മറ്റൊരുവനെ വിവാഹം ചെയ്താല്‍ വ്യഭിചാരിണിയാകുന്നില്ല. എന്തെന്നാല്‍ ആദ്യത്തെ ഭര്‍ത്താവിനോട് തന്നെ ബന്ധിപ്പിക്കുന്ന നിയമത്തില്‍നിന്ന് അവള്‍ സ്വതന്ത്രയാണല്ലോ. സഹോദരന്മാരേ, നിങ്ങളുടെ കാര്യവും അങ്ങനെതന്നെ. ക്രിസ്തുവിന്‍റെ ശരീരത്തോടു നിങ്ങള്‍ ഏകീഭവിച്ചിരിക്കുന്നതിനാല്‍ നിയമത്തിന്‍റെ മുമ്പില്‍ നിങ്ങളും മരിച്ചിരിക്കുന്നു. അത് മൃതരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനോടു നിങ്ങള്‍ ഐക്യപ്പെടുവാനും ദൈവത്തിനുവേണ്ടി ഫലം പുറപ്പെടുവിക്കാനുമാണ്. നമ്മുടെ പാപപ്രകൃതിയനുസരിച്ച് നാം ജീവിച്ചിരുന്നപ്പോള്‍ നിയമം ഉണര്‍ത്തിയ പാപാസക്തികള്‍ നമ്മുടെ അവയവങ്ങളില്‍ മരണത്തിന്‍റെ ഫലങ്ങള്‍ ഉളവാക്കിക്കൊണ്ട് പ്രവര്‍ത്തിച്ചിരുന്നു. ഒരിക്കല്‍ നമ്മെ ബന്ധനസ്ഥരാക്കിയിരുന്ന നിയമത്തെ സംബന്ധിച്ചിടത്തോളം നാം മരിച്ചതുകൊണ്ട് ഇപ്പോള്‍ അതില്‍നിന്നു നാം സ്വതന്ത്രരായിരിക്കുന്നു. അതിനാല്‍ എഴുതപ്പെട്ട നിയമത്തിന്‍റെ പഴയ മാര്‍ഗത്തിലല്ല ആത്മാവിന്‍റെ പുതിയ മാര്‍ഗത്തിലാണ് നാം ദൈവത്തെ സേവിക്കുന്നത്. അപ്പോള്‍ നാം എന്താണു പറയുക? നിയമസംഹിത പാപകരമാണെന്നോ? ഒരിക്കലുമല്ല! എന്നാല്‍ പാപം എന്താണെന്ന് എന്നെ ബോധ്യപ്പെടുത്തിയത് നിയമമാണ്. ‘മോഹിക്കരുത്’ എന്ന് നിയമം അനുശാസിക്കാതിരുന്നെങ്കില്‍ മോഹം എന്താണെന്നു ഞാന്‍ അറിയുമായിരുന്നില്ല. ആ കല്പനയാല്‍ എല്ലാവിധത്തിലുമുള്ള മോഹവും എന്നില്‍ ഉണര്‍ത്തുന്നതിന് പാപം അവസരം കണ്ടെത്തി. നിയമം ഇല്ലെങ്കില്‍ പാപം നിര്‍ജീവമാകുന്നു. ഒരു കാലത്ത് നിയമം കൂടാതെ ഞാന്‍ ജീവിച്ചു. എന്നാല്‍ കല്പന ആവിര്‍ഭവിച്ചപ്പോള്‍ പാപം എന്നില്‍ സജീവമായിത്തീരുകയും ഞാന്‍ മരിക്കുകയും ചെയ്തു. എന്നെ ജീവനിലേക്കു നയിക്കുവാന്‍ ഉദ്ദേശിക്കപ്പെട്ട കല്പന എനിക്കു മരണഹേതുവായിത്തീര്‍ന്നു. എന്തുകൊണ്ടെന്നാല്‍ പാപം കല്പനയില്‍ കൂടി അവസരം കണ്ടെത്തി എന്നെ വഞ്ചിച്ചു. മാത്രമല്ല, അതില്‍ കൂടി എന്നെ കൊലപ്പെടുത്തുകയും ചെയ്തു. യഥാര്‍ഥത്തില്‍ ധര്‍മശാസ്ത്രം വിശുദ്ധമാണ്; കല്പന വിശുദ്ധവും നീതിയുക്തവും ഉല്‍കൃഷ്ടവുമാകുന്നു. അപ്പോള്‍ ഉല്‍കൃഷ്ടമായത് എന്‍റെ മരണത്തിന് ഹേതുകമായിത്തീര്‍ന്നുവെന്നോ? ഒരിക്കലുമല്ല! പാപം അതിന്‍റെ തനിനിറത്തില്‍ വെളിപ്പെടുവാന്‍ ഉല്‍കൃഷ്ടമായതിലൂടെ അത് എനിക്കു മരണഹേതുവായി പരിണമിച്ചു. അങ്ങനെ കല്പന മുഖാന്തരം പാപത്തിന്‍റെ പാപാത്മകത എത്ര ഗുരുതരമാണെന്നു വെളിപ്പെടുന്നു. ധര്‍മശാസ്ത്രം ആത്മികമാണെന്നു നമുക്കറിയാം. എന്നാല്‍ ഞാന്‍ മര്‍ത്യശരീരിയും പാപത്തിന് അടിമയായി വില്‌ക്കപ്പെട്ടവനുമാകുന്നു. എന്താണു ഞാന്‍ ചെയ്യുന്നതെന്ന് വാസ്തവത്തില്‍ ഞാന്‍ അറിയുന്നില്ല; ചെയ്യണമെന്നു ഞാന്‍ ഇച്ഛിക്കുന്ന നന്മയല്ല, പിന്നെയോ വെറുക്കുന്ന തിന്മയാണ് ഞാന്‍ ചെയ്തുപോകുന്നത്. ഞാന്‍ ചെയ്യുന്നത് ചെയ്യരുതാത്തതാണെന്നു സമ്മതിക്കുമ്പോള്‍, ധര്‍മശാസ്ത്രം ശരിയാണെന്നു സമ്മതിക്കുകയാണു ചെയ്യുന്നത്. എന്‍റെ ഇച്ഛയ്‍ക്കു വിപരീതമായി പ്രവര്‍ത്തിക്കുമ്പോള്‍ അതു ചെയ്യുന്നത് ഞാനല്ല എന്നില്‍ കുടികൊള്ളുന്ന പാപമത്രേ. എന്നില്‍, അതായത് എന്‍റെ മാനുഷിക സ്വഭാവത്തില്‍ നന്മ വസിക്കുന്നില്ലെന്ന് എനിക്കറിയാം. നന്മ ചെയ്യുവാന്‍ എനിക്ക് ആഗ്രഹമുണ്ടെങ്കിലും എനിക്കു കഴിയുന്നില്ല. ചെയ്യണമെന്ന് ആഗ്രഹിക്കുന്ന നന്മയല്ല, പ്രത്യുത ആഗ്രഹിക്കാത്ത തിന്മയാണല്ലോ ഞാന്‍ ചെയ്യുന്നത്. ഞാന്‍ ആഗ്രഹിക്കാത്തതാണു ചെയ്യുന്നതെങ്കില്‍ അതു പ്രവര്‍ത്തിക്കുന്നതു ഞാനല്ല, എന്നില്‍ വസിക്കുന്ന പാപമത്രേ. അതുകൊണ്ട് നന്മ ചെയ്യണമെന്ന് ഇച്ഛിക്കുന്ന എനിക്കു തിന്മ തിരഞ്ഞെടുക്കുവാനേ കഴിയൂ എന്ന പ്രമാണമാണ് എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ കാണുന്നത്. ദൈവത്തിന്‍റെ ധാര്‍മികനിയമത്തില്‍ എന്‍റെ അന്തരാത്മാവ് ആനന്ദിക്കുന്നു. എന്നാല്‍ എന്‍റെ അവയവങ്ങളില്‍ ഒരു വ്യത്യസ്ത പ്രമാണം പ്രവര്‍ത്തിക്കുന്നതായി ഞാന്‍ കാണുന്നു. എന്‍റെ മനസ്സ് അംഗീകരിക്കുന്ന പ്രമാണത്തെ അത് എതിര്‍ക്കുന്നു. എന്‍റെ അവയവങ്ങളില്‍ വ്യാപരിച്ചുകൊണ്ടിരിക്കുന്ന പാപത്തിന്‍റെ പ്രമാണത്തിന് അത് എന്നെ അടിമയാക്കുന്നു. ഹാ! എന്‍റെ സ്ഥിതി എത്ര ദയനീയം! ഈ മര്‍ത്യശരീരത്തില്‍നിന്ന് എന്നെ ആര്‍ മോചിപ്പിക്കും? നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു സ്തോത്രം. ഇങ്ങനെ മനസ്സുകൊണ്ടു ദൈവത്തിന്‍റെ പ്രമാണത്തെയും മാനുഷിക പ്രകൃതികൊണ്ട് പാപത്തിന്‍റെ പ്രമാണത്തെയും ഞാന്‍ സേവിക്കുന്നു. ക്രിസ്തുയേശുവിനോട് ഏകീഭവിച്ചു ജീവിക്കുന്നവര്‍ക്ക് ഇനി ശിക്ഷാവിധിയില്ല. ക്രിസ്തുയേശുവിനോട് ഏകീഭവിക്കുന്നവര്‍ക്കു ജീവന്‍ നല്‌കുന്ന ആത്മാവിന്‍റെ നിയമം പാപത്തിന്‍റെയും മരണത്തിന്‍റെയും നിയമത്തില്‍നിന്ന് എന്നെ സ്വതന്ത്രനാക്കി. [3,4] എന്നാല്‍ മനുഷ്യസ്വഭാവം ദുര്‍ബലമായതുകൊണ്ട് മനുഷ്യരെ ദൈവത്തോടു രഞ്ജിപ്പിക്കുന്നതില്‍ നിയമം പരാജയപ്പെട്ടു. അതുകൊണ്ട് പാപത്തെ ഉന്മൂലനം ചെയ്യുന്നതിനും, അങ്ങനെ മനുഷ്യജീവിതത്തിലും സ്വഭാവത്തിലുമുള്ള പാപത്തിനു ശിക്ഷാവിധി നല്‌കുന്നതിനും, തന്‍റെ ഏക പുത്രനെ മനുഷ്യപ്രകൃതത്തോടു തുല്യതയുള്ളവനായി ദൈവം അയച്ചു. നിയമംകൊണ്ട് ഉദ്ദേശിക്കപ്പെട്ട ദൈവത്തിന്‍റെ രക്ഷകപ്രവര്‍ത്തനം ഇങ്ങനെ പൂര്‍ത്തീകരിക്കപ്പെട്ടു. *** പാപസ്വഭാവത്തിനു വിധേയരായവര്‍ അതിന്‍റെ ഇച്ഛയ്‍ക്കനുസൃതമായും, ദൈവാത്മാവിന്‍റെ പ്രേരണയനുസരിച്ചു ജീവിക്കുന്നവര്‍ അതിന് അനുസൃതമായും ചിന്തിക്കുന്നു. പാപസ്വഭാവത്താല്‍ നിയന്ത്രിക്കപ്പെടുന്നവരുടെ ചിന്താഗതി മരണത്തിനും, ദൈവാത്മാവിനാല്‍ നിയന്ത്രിക്കപ്പെടുന്നവരുടെ ചിന്താഗതി സമാധാനപൂര്‍ണമായ ജീവിതത്തിനും കാരണമായിത്തീരുന്നു. പാപസ്വഭാവത്തിനു വിധേയമായ ചിന്താഗതിയുള്ളവര്‍ ദൈവത്തോടു ശത്രുതയില്‍ കഴിയുന്നു. എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്‍റെ പ്രമാണം അവര്‍ അനുസരിക്കുന്നില്ല; അനുസരിക്കുവാന്‍ കഴിയുകയുമില്ല. പാപസ്വഭാവത്തിനു വിധേയരായവര്‍ക്കു ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യമാണ്. ദൈവത്തിന്‍റെ ആത്മാവ് യഥാര്‍ഥമായി നിങ്ങളില്‍ വസിക്കുന്നെങ്കില്‍ നിങ്ങള്‍ പാപസ്വഭാവത്തിനു വിധേയരല്ല; ദൈവാത്മാവിനു വിധേയരത്രേ. ക്രിസ്തുവിന്‍റെ ആത്മാവില്ലാത്തവന്‍ ക്രിസ്തുവിനുള്ളവനല്ല. എന്നാല്‍ പാപം മൂലം നിങ്ങളുടെ ഭൗതികശരീരം മര്‍ത്യമാണെങ്കിലും ക്രിസ്തു നിങ്ങളില്‍ ജീവിക്കുന്നതുകൊണ്ട് ദൈവത്തിന്‍റെ രക്ഷകപ്രവര്‍ത്തനംമൂലം നിങ്ങളിലുള്ള ദൈവാത്മാവു നിങ്ങള്‍ക്കു ജീവനായിരിക്കും. യേശുവിനെ മരണത്തില്‍നിന്ന് ഉയിര്‍പ്പിച്ച ദൈവത്തിന്‍റെ ആത്മാവ് നിങ്ങളില്‍ നിവസിക്കുന്നെങ്കില്‍ ക്രിസ്തുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ച ദൈവം ആത്മാവിനാല്‍ നിങ്ങളുടെ മര്‍ത്യശരീരങ്ങള്‍ക്കും ജീവന്‍ നല്‌കും. അതുകൊണ്ട് സഹോദരരേ, ഇനിമേല്‍ പാപസ്വഭാവമനുസരിച്ചു ജീവിക്കുവാന്‍ നാം കടപ്പെട്ടവരല്ല. പാപസ്വഭാവമനുസരിച്ചു ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ നിശ്ചയമായും മരിക്കും. എന്നാല്‍ ആത്മാവിനു വിധേയരായി, ശരീരത്തിന്‍റെ പാപകരമായ പ്രവൃത്തികളെ നിഗ്രഹിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും. ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്‍റെ മക്കളാകുന്നു. നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നത് വീണ്ടും ഭയം ഉളവാക്കുന്ന അടിമത്തത്തിന്‍റെ ആത്മാവിനെയല്ല, അബ്ബാ-പിതാവേ - എന്നു വിളിക്കുന്ന പുത്രത്വത്തിന്‍റെ ആത്മാവിനെയത്രേ. നാം ദൈവത്തിന്‍റെ മക്കളാകുന്നുവെന്ന്, ഈ ആത്മാവു നമ്മുടെ ആത്മാവിനോടു ചേര്‍ന്നു പ്രഖ്യാപനം ചെയ്യുന്നു. നാം ദൈവത്തിന്‍റെ മക്കളായതുകൊണ്ട് അവിടുത്തെ അവകാശികളാകുന്നു; മാത്രമല്ല, ക്രിസ്തുവിന്‍റെ കൂട്ടവകാശികളുമാണ്. ക്രിസ്തുവിന്‍റെ കഷ്ടതകളില്‍ നാം പങ്കാളികളാകുന്നെങ്കില്‍ അവിടുത്തെ മഹത്ത്വത്തിനും നാം പങ്കാളികളാകും. നമുക്ക് വെളിപ്പെടുവാനിരിക്കുന്ന തേജസ്സിനോടു തുലനം ചെയ്താല്‍ ഇപ്പോഴുള്ള കഷ്ടതകള്‍ ഏറ്റവും നിസ്സാരമെന്നു ഞാന്‍ കരുതുന്നു. ദൈവപുത്രന്മാരുടെ വെളിപ്പെടുത്തലിനുവേണ്ടി സകല സൃഷ്‍ടികളും അത്യാകാംക്ഷയോടെ കാത്തിരിക്കുന്നു. സ്വന്തം ഇച്ഛയാലല്ല, ദൈവേച്ഛയാല്‍ത്തന്നെ, സൃഷ്‍ടി വ്യര്‍ഥമായിത്തീരുന്നതിനു വിധിക്കപ്പെട്ടു. എന്നിരുന്നാലും സൃഷ്‍ടിതന്നെ നശ്വരതയുടെ അടിമത്തത്തില്‍നിന്ന് ഒരിക്കല്‍ സ്വതന്ത്രമാകുകയും ദൈവമക്കളുടെ മഹത്ത്വമേറിയ സ്വാതന്ത്ര്യത്തില്‍ പങ്കുകൊള്ളുകയും ചെയ്യുമെന്നുള്ള പ്രത്യാശയുണ്ടായിരുന്നു. അതിനുവേണ്ടി സകല സൃഷ്‍ടിയും ഇന്നുവരെയും ഈറ്റുനോവുകൊണ്ടു ഞരങ്ങുന്നു എന്നു നാം അറിയുന്നുവല്ലോ. സൃഷ്‍ടിമാത്രമല്ല, ദൈവത്തിന്‍റെ വരദാനങ്ങളില്‍ ആദ്യത്തേതായ ആത്മാവു ലഭിച്ചിരിക്കുന്ന നാമും അന്തരാത്മാവില്‍ ഞരങ്ങുന്നു; നമ്മെ ദൈവത്തിന്‍റെ പുത്രന്മാരാക്കുന്നതിനും പൂര്‍ണമായി സ്വതന്ത്രരാക്കുന്നതിനുംവേണ്ടി കാത്തിരുന്നുകൊണ്ടുതന്നെ. ഈ പ്രത്യാശയിലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്; എന്നാല്‍ ഏതൊന്നിനുവേണ്ടി നാം പ്രത്യാശിക്കുന്നുവോ, അതു ദൃശ്യമാണെങ്കില്‍, ആ പ്രത്യാശ യഥാര്‍ഥമല്ല. കാണുന്ന ഒന്നിനുവേണ്ടി എന്തിനാണു പ്രത്യാശിക്കുന്നത്? എന്നാല്‍ അദൃശ്യമായതിനുവേണ്ടി പ്രത്യാശിക്കുന്നുവെങ്കില്‍ അതിനുവേണ്ടി നിരന്തര ക്ഷമയോടെ നാം കാത്തിരിക്കുന്നു. അതുപോലെതന്നെ, നമ്മുടെ ബലഹീനതയില്‍ ആത്മാവു നമ്മെ സഹായിക്കുന്നു. എങ്ങനെയാണു പ്രാര്‍ഥിക്കേണ്ടതെന്നു നമുക്ക് അറിഞ്ഞുകൂടെങ്കിലും ആത്മാവ് വാക്കുകള്‍ കൂടാതെയുള്ള ഞരക്കത്താല്‍ നമുക്കുവേണ്ടി ദൈവത്തിന്‍റെ അടുക്കല്‍ നിവേദനം നടത്തുന്നു. ദൈവത്തിന്‍റെ ജനത്തിനുവേണ്ടി, അവിടുത്തെ ഹിതപ്രകാരം, ആത്മാവു തിരുസന്നിധിയില്‍ പ്രാര്‍ഥിക്കുന്നു. മനുഷ്യഹൃദയങ്ങള്‍ കാണുന്നവനായ ദൈവം ആത്മാവിന്‍റെ ചിന്ത എന്താകുന്നു എന്ന് അറിയുകയും ചെയ്യുന്നു. ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് ദൈവോദ്ദേശ്യപ്രകാരം വിളിക്കപ്പെട്ടിരിക്കുന്നവര്‍ക്കുതന്നെ, സമസ്തവും നന്മയ്‍ക്കായി പരിണമിക്കുന്നതിന് അവരോടു ചേര്‍ന്ന് അവിടുന്നു പ്രവര്‍ത്തിക്കുന്നു എന്നു നമുക്കറിയാം. നേരത്തെ തിരഞ്ഞെടുത്തിട്ടുള്ളവരെ, തന്‍റെ പുത്രന്‍റെ പ്രതിബിംബത്തോടു സദൃശരായിത്തീരുന്നതിനു ദൈവം പ്രത്യേകം വേര്‍തിരിച്ചിരിക്കുന്നു. അങ്ങനെ അവിടുത്തെ പുത്രന്‍ അസംഖ്യം സഹോദരന്മാരില്‍ ആദ്യജാതനായിത്തീരുന്നു. താന്‍ വേര്‍തിരിച്ചിരിക്കുന്നവരെ ദൈവം വിളിച്ചു; താന്‍ വിളിച്ചവരെ ദൈവം കുറ്റമറ്റവരായി അംഗീകരിച്ചു; കുറ്റമറ്റവരായി അംഗീകരിക്കപ്പെട്ടവരെ തേജസ്കരിക്കുകയും ചെയ്തിരിക്കുന്നു. ഇതിനെ സംബന്ധിച്ച് നാം എന്താണു പറയുക? ദൈവം നമ്മുടെ പക്ഷത്തുണ്ടെങ്കില്‍ ആരു നമുക്ക് എതിരു നില്‌ക്കും? സ്വന്തം പുത്രനെന്നതുപോലും പരിഗണിക്കാതെ ദൈവം നമുക്കെല്ലാവര്‍ക്കുംവേണ്ടി ക്രിസ്തുവിനെ മരണത്തിന് ഏല്പിച്ചു. അങ്ങനെയെങ്കില്‍ ദൈവം ക്രിസ്തുവിനോടൊപ്പം സമസ്തവും നമുക്കു കൃപയോടെ നല്‌കാതിരിക്കുമോ? ദൈവം തിരഞ്ഞെടുത്ത ജനത്തിന്മേല്‍ ആരു കുറ്റം ആരോപിക്കും? അവരെ കുറ്റമറ്റവരായി അംഗീകരിക്കുന്നത് ദൈവം ആണല്ലോ. അപ്പോള്‍ അവരെ കുറ്റവാളികളെന്നു വിധിക്കുവാന്‍ ആര്‍ക്കു കഴിയും? അതെ, മരിച്ചവനും മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടവനുമായ ക്രിസ്തുയേശുതന്നെ ദൈവത്തിന്‍റെ വലത്തുഭാഗത്തിരുന്നുകൊണ്ട് നമുക്കുവേണ്ടി നിവേദനം നടത്തുന്നു. നമ്മെ ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്നു വേര്‍പെടുത്തുവാന്‍ ആര്‍ക്കു കഴിയും? കഷ്ടതയ്‍ക്കോ, ബുദ്ധിമുട്ടിനോ, പീഡനത്തിനോ, ക്ഷാമത്തിനോ, നഗ്നതയ്‍ക്കോ, വിപത്തിനോ, വാളിനോ കഴിയുമോ? അങ്ങയെപ്രതി കൊല്ലപ്പെടുമെന്ന ഭീഷണിയെ ഞങ്ങള്‍ ദിനംതോറും നേരിടുന്നു; കൊല്ലുവാന്‍ കൊണ്ടുപോകുന്ന ആടിനെപ്പോലെ ഞങ്ങള്‍ എണ്ണപ്പെടുന്നു എന്നു വേദഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നുവല്ലോ. എന്നാല്‍ നമ്മെ സ്നേഹിച്ചവന്‍ മുഖാന്തരം ഇവയിലെല്ലാം നമുക്കു പൂര്‍ണവിജയമുണ്ട്. [38,39] മരണത്തിനോ, ജീവനോ, മാലാഖമാര്‍ക്കോ, മാനുഷികമല്ലാത്ത അധികാരങ്ങള്‍ക്കോ, ശക്തികള്‍ക്കോ, ഇപ്പോഴുള്ളതിനോ, വരുവാനുള്ളതിനോ, മുകളിലുള്ളതിനോ, താഴെയുള്ളതിനോ, സൃഷ്‍ടിയിലുള്ള യാതൊന്നിനും തന്നെയും നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവില്‍ക്കൂടി ദൈവത്തിനു നമ്മോടുള്ള സ്നേഹത്തില്‍നിന്നു നമ്മെ വേര്‍പെടുത്തുവാന്‍ സാധ്യമല്ലെന്ന് എനിക്കുറപ്പുണ്ട്. [1,2] ക്രിസ്തുവിന്‍റെ നാമത്തില്‍ ഞാന്‍ പറയുന്നത് സത്യമാണ്; വ്യാജമല്ല. എന്‍റെ മാംസവും രക്തവുമായ സ്വന്തം ജനത്തെക്കുറിച്ച് എനിക്കുള്ള ദുഃഖം ബൃഹത്തും എന്‍റെ ഹൃദയവേദന അറുതിയില്ലാത്തതുമാണ്. ഞാന്‍ വ്യാജമല്ല പറയുന്നതെന്നു പരിശുദ്ധാത്മാവിനാല്‍ ഭരിക്കപ്പെടുന്ന എന്‍റെ മനസ്സാക്ഷി എനിക്ക് ഉറപ്പു നല്‌കുന്നു. *** എന്‍റെ സഹോദരരായ അവര്‍ക്കുവേണ്ടി ക്രിസ്തുവില്‍നിന്നു വിച്ഛേദിതനായി ശാപഗ്രസ്തനാകുവാന്‍പോലും ഞാന്‍ തയ്യാറാണ്. അവര്‍ ദൈവത്തിന്‍റെ ജനമായ ഇസ്രായേല്യരാണ്; ദൈവം അവരെ തന്‍റെ പുത്രന്മാരാക്കി; ദിവ്യതേജസ്സും, ഉടമ്പടികളും, നിയമങ്ങളും, ആരാധനയും വാഗ്ദാനങ്ങളുമെല്ലാം അവര്‍ക്കു നല്‌കി. പിതാക്കന്മാരും അവരുടേതാണ്. ക്രിസ്തു മനുഷ്യനായി അവതരിച്ചതും അവരുടെ വംശത്തിലാണല്ലോ. സകലത്തെയും ഭരിക്കുന്ന ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവന്‍! ആമേന്‍. ദൈവത്തിന്‍റെ വചനം വ്യര്‍ഥമായി എന്നല്ല ഞാന്‍ പറയുന്നത്. ഇസ്രായേലില്‍നിന്നു ജനിച്ചവരെല്ലാം തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേല്യരല്ല. അബ്രഹാമില്‍നിന്നു ജനിച്ചവരെല്ലാം യഥാര്‍ഥത്തില്‍ അബ്രഹാമിന്‍റെ സന്തതികളല്ല. ‘ഇസ്ഹാക്കില്‍നിന്നു ജനിക്കുന്നവര്‍ മാത്രം നിന്‍റെ സന്തതികളായി എണ്ണപ്പെടും’ എന്നു ദൈവം അബ്രഹാമിനോട് അരുള്‍ചെയ്തു. പ്രകൃത്യാ ജനിച്ച സന്താനങ്ങളല്ല ദൈവത്തിന്‍റെ മക്കള്‍ എന്നത്രേ ഇതിന്‍റെ സാരം. ദൈവത്തിന്‍റെ വാഗ്ദാനഫലമായി ജനിച്ചവരെയത്രേ യഥാര്‍ഥ സന്താനങ്ങളായി പരിഗണിക്കുന്നത്. ‘ഞാന്‍ യഥാവസരം തിരിച്ചുവരുമ്പോള്‍ സാറായ്‍ക്ക് ഒരു പുത്രനുണ്ടായിരിക്കും’ എന്നായിരുന്നു ദൈവത്തിന്‍റെ വാഗ്ദാനം. അതുമാത്രമല്ല, നമ്മുടെ പൂര്‍വികനായ ഇസ്ഹാക്കില്‍നിന്ന് റിബേക്കായ്‍ക്കു രണ്ടു പുത്രന്മാരാണു ജനിച്ചത്. [11,12] എന്നാല്‍ അവര്‍ ജനിക്കുന്നതിനുമുമ്പ്, നന്മയോ തിന്മയോ ചെയ്യുന്നതിനുമുമ്പു തന്നെ ‘മൂത്തവന്‍ ഇളയവനെ സേവിക്കും’ എന്നു ദൈവം റിബേക്കയോട് അരുള്‍ചെയ്തു; പുത്രന്‍റെ തിരഞ്ഞെടുപ്പ് തികച്ചും ദൈവേഷ്ടപ്രകാരമായിരിക്കണം; അതുകൊണ്ടാണ് അവിടുന്ന് ഇപ്രകാരം അരുള്‍ചെയ്തത്. ദൈവത്തിന്‍റെ തിരഞ്ഞെടുപ്പ് ഏതെങ്കിലും പ്രവൃത്തിയെ ആധാരമാക്കിയല്ല, പ്രത്യുത അവിടുത്തെ വിളിയുടെ അടിസ്ഥാനത്തിലാണ്. *** ‘ഞാന്‍ യാക്കോബിനെ സ്നേഹിച്ചു; ഏശാവിനെ വെറുത്തു’ എന്നു വേദഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ടല്ലോ. അങ്ങനെയെങ്കില്‍ എന്താണു പറയുക? ദൈവം നീതിരഹിതനാണെന്നോ? ഒരിക്കലും അല്ല. “എനിക്കു കരുണ തോന്നുന്നവനോടു ഞാന്‍ കാരുണ്യം കാണിക്കുന്നു; എനിക്കു കനിവു തോന്നുന്നവനോടു കനിവു കാണിക്കുകയും ചെയ്യുന്നു” എന്നു ദൈവം മോശയോട് അരുള്‍ചെയ്തു. അതുകൊണ്ട് മനുഷ്യന്‍റെ ഇച്ഛയിലോ പ്രയത്നത്തിലോ അല്ല ദൈവകാരുണ്യത്തിലത്രേ എല്ലാം അടിസ്ഥാനപ്പെട്ടിരിക്കുന്നത്. “എന്‍റെ ശക്തി പ്രദര്‍ശിപ്പിക്കുന്നതിനു നിന്നെ ഉപയോഗിക്കുവാനും എന്‍റെ കീര്‍ത്തി ലോകത്തെങ്ങും പരത്തുവാനും മാത്രമാണ് ഞാന്‍ നിന്നെ രാജാവാക്കിയത്” എന്ന് ഈജിപ്തിലെ രാജാവായ ഫറവോനോടു പറയുന്നതായി വേദലിഖിതത്തില്‍‍ കാണുന്നു. അങ്ങനെ തനിക്കു മനസ്സുള്ളവനോടു ദൈവത്തിനു കാരുണ്യമുണ്ട്; മനസ്സുള്ളവനെ അവിടുന്നു കഠിനഹൃദയനാക്കുകയും ചെയ്യുന്നു. അങ്ങനെയെങ്കില്‍ ‘ദൈവം മനുഷ്യനെ എന്തിനു കുറ്റപ്പെടുത്തണം? ദൈവത്തിന്‍റെ ഇഷ്ടത്തെ എതിര്‍ക്കുവാന്‍ ആര്‍ക്കു കഴിയും?” എന്നു നിങ്ങള്‍ എന്നോടു ചോദിച്ചേക്കാം. എന്‍റെ സ്നേഹിതാ, ദൈവത്തോടു എതിര്‍വാദം ചെയ്യുവാന്‍ നീ ആരാണ്? “അവിടുന്ന് എന്നെ ഇങ്ങനെ നിര്‍മിച്ചതെന്തിന്?” എന്ന് ഒരു മണ്‍കലം അതിന്‍റെ നിര്‍മിതാവിനോടു ചോദിക്കുമോ? തന്‍റെ ഇഷ്ടംപോലെ കളിമണ്ണ് ഉപയോഗിക്കുന്നതിനും, വിശേഷാവസരത്തില്‍ ഉപയോഗിക്കാനുള്ള പാത്രവും സാധാരണ ഉപയോഗത്തിനുള്ള പാത്രവും ഒരേ പിണ്ഡത്തില്‍നിന്നു നിര്‍മിക്കുന്നതിനും കുശവന് അവകാശമില്ലേ? ദൈവം ചെയ്തിരിക്കുന്നതും ഇതുപോലെയത്രേ. തന്‍റെ കോപം പ്രകടമാക്കുവാനും ശക്തി വെളിപ്പെടുത്തുവാനും ദൈവം ആഗ്രഹിച്ചു എങ്കിലും നശിപ്പിക്കപ്പെടുന്നതിന് നിര്‍മിതമായ കോപപാത്രങ്ങളോട് അവിടുന്നു നിരന്തരക്ഷമയുള്ളവനായിരുന്നു. തന്‍റെ തേജസ്സ് പ്രാപിക്കുന്നതിനുവേണ്ടി അവിടുന്നു ഒരുക്കിയിരിക്കുന്നവരും അവിടുത്തെ കാരുണ്യപാത്രങ്ങളുമായ നമ്മുടെമേല്‍ തന്‍റെ മഹാതേജസ്സ് പ്രത്യക്ഷമാക്കുവാനും അവിടുന്നു നിശ്ചയിച്ചു. അതിനുവേണ്ടി യെഹൂദന്മാരില്‍നിന്നു മാത്രമല്ല വിജാതീയരില്‍നിന്നും വിളിക്കപ്പെട്ടവരത്രേ നാം. ഹോശേയായുടെ പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു: എന്‍റെ ജനമല്ലാത്തവരെ എന്‍റെ ജനമെന്നു ഞാന്‍ വിളിക്കും; ഞാന്‍ സ്നേഹിക്കാത്ത ജനതയെ എന്‍റെ പ്രേമഭാജനമെന്നും ഞാന്‍ വിളിക്കും. ‘നിങ്ങള്‍ എന്‍റെ ജനമല്ല’ എന്നു പറഞ്ഞിരിക്കുന്നിടത്തു തന്നെ ‘ജീവനുള്ള ദൈവത്തിന്‍റെ മക്കള്‍’ എന്ന് അവര്‍ വിളിക്കപ്പെടുമെന്ന് അവരോടു പറഞ്ഞിട്ടുണ്ട്. യെശയ്യാപ്രവാചകന്‍ ഇസ്രായേലിനെക്കുറിച്ചു പ്രസ്താവിക്കുന്നത് ഇപ്രകാരമാണ്: “കടല്‍പ്പുറത്തെ മണല്‍ത്തരിപോലെ അസംഖ്യമാണ് ഇസ്രായേല്‍ജനമെങ്കിലും, അവരില്‍ ഒരു പിടിയാളുകള്‍ മാത്രമേ രക്ഷപ്രാപിക്കൂ. സര്‍വേശ്വരന്‍ ഭൂമിയിലുള്ള സകലജനത്തിന്‍റെയും കണക്കുനോക്കി അന്തിമമായി വേഗം ന്യായം വിധിക്കും.” യെശയ്യാ നേരത്തെ പറഞ്ഞിരിക്കുന്നതുപോലെ “നമ്മുടെ വംശം നിലനിര്‍ത്തുന്നതിന് ഏതാനും ആളുകളെ സര്‍വശക്തനായ ദൈവം അവശേഷിപ്പിച്ചില്ലായിരുന്നെങ്കില്‍ നാം സോദോമിനെപ്പോലെയും ഗോമോറെയെപ്പോലെയും ആകുമായിരുന്നു.” അപ്പോള്‍ നാം എന്താണു പറയേണ്ടത്? ദൈവത്തോടുള്ള ബന്ധം ക്രമപ്പെടുത്തുവാന്‍ ശ്രമിക്കാതിരുന്ന വിജാതീയര്‍ വിശ്വാസംമൂലം ദൈവത്തോടുള്ള ഉറ്റബന്ധത്തില്‍ ആയിത്തീര്‍ന്നു. നേരേമറിച്ച് ധര്‍മശാസ്ത്രപ്രകാരം ദൈവത്തോടുള്ള ബന്ധം ക്രമപ്പെടുത്തുവാന്‍ ശ്രമിച്ച ഇസ്രായേല്‍ജനത്തിന് അതു സാധിച്ചില്ല. എന്തുകൊണ്ട്? വിശ്വാസത്തെ അവലംബമാക്കാതെ തങ്ങളുടെ കര്‍മങ്ങളെ ആശ്രയിച്ചതുകൊണ്ടുതന്നെ. തന്നിമിത്തം അവര്‍ ഇടര്‍ച്ചയുടെ പാറയില്‍ തട്ടിവീണു. ഇതാ, സീയോനില്‍ ഞാന്‍ ഒരു ശില സ്ഥാപിച്ചിരിക്കുന്നു, ജനങ്ങളെ തട്ടിവീഴ്ത്തുന്ന ഒരു തടങ്കല്‍ പാറതന്നെ. എന്നാല്‍ ദൈവത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നവന്‍ ഒരിക്കലും ലജ്ജിക്കേണ്ടിവരികയില്ല എന്നു വേദലിഖിതത്തില്‍ പറയുന്നു. സഹോദരരേ, എന്‍റെ സ്വന്തം ജനം രക്ഷിക്കപ്പെടണമെന്ന് ഞാന്‍ എത്രമാത്രം അഭിവാഞ്ഛിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു! ദൈവത്തെ സംബന്ധിച്ച കാര്യങ്ങളില്‍ അവര്‍ അത്യന്തം ശുഷ്കാന്തിയുള്ളവരാണെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു. പക്ഷേ അവരുടെ ശുഷ്കാന്തി യഥാര്‍ഥ പരിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. ദൈവം മനുഷ്യരെ തന്നോടുള്ള ഉറ്റബന്ധത്തിലാക്കിത്തീര്‍ക്കുന്നതെങ്ങനെയെന്ന് അറിയാതെ, തങ്ങളുടെ സ്വന്തം മാര്‍ഗം സ്ഥാപിക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്. അതിനാല്‍ മനുഷ്യരെ തന്നോടു ബന്ധിപ്പിക്കുന്ന ദൈവത്തിന്‍റെ മാര്‍ഗത്തിന് അവര്‍ വഴങ്ങിയിട്ടില്ല. വിശ്വസിക്കുന്ന ഏതൊരുവനെയും കുറ്റമറ്റവനായി ദൈവം അംഗീകരിക്കത്തക്കവണ്ണം ക്രിസ്തു യെഹൂദ ധര്‍മശാസ്ത്രത്തിന് അന്ത്യം കുറിച്ചിരിക്കുന്നു. ‘ധര്‍മശാസ്ത്രത്തിന്‍റെ അനുശാസനങ്ങള്‍ അനുസരിക്കുന്നവന്‍ അതുമൂലം ജീവിക്കും’ - ഇതാണ് ദൈവത്തിന്‍റെ അംഗീകാരം ലഭിക്കുന്നതിനുള്ള മാര്‍ഗമായി മോശ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിശ്വാസത്താല്‍ ദൈവത്തിന്‍റെ അംഗീകാരം ലഭിക്കുന്നതിനെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: ക്രിസ്തുവിനെ ഇറക്കിക്കൊണ്ടു വരുന്നതിന് ആര്‍ സ്വര്‍ഗത്തിലേക്കു കയറും എന്നു നിങ്ങള്‍ ചിന്തിക്കരുത്. “മരിച്ചവരുടെ ഇടയില്‍നിന്ന് ക്രിസ്തുവിനെ ഉത്ഥാനം ചെയ്യിക്കുന്നതിന് ആര്‍ അധോലോകത്തിലേക്ക് ഇറങ്ങും?” എന്നും ചിന്തിക്കരുത്. അതിനെക്കുറിച്ച് വേദലിഖിതത്തില്‍‍ കാണുന്നത് ഇതാണ്: ദൈവത്തിന്‍റെ സന്ദേശം നിങ്ങളുടെ സമീപത്തുണ്ട്, നിങ്ങളുടെ അധരങ്ങളിലും നിങ്ങളുടെ ഹൃദയത്തിലും തന്നെ.’ ഞങ്ങള്‍ പ്രഖ്യാപനം ചെയ്യുന്ന വിശ്വാസത്തിന്‍റെ സന്ദേശം അതുതന്നെയാണ്. യേശു കര്‍ത്താവാകുന്നു എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവിടുത്തെ മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍പ്പിച്ചു എന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ ദൈവം നിന്നെ രക്ഷിക്കും. ഹൃദയംകൊണ്ടു വിശ്വസിക്കുന്നതുമൂലം ദൈവം നമ്മെ അംഗീകരിക്കുന്നു; അധരംകൊണ്ട് ഉദ്ഘോഷിക്കുന്നതുമൂലം ദൈവം നമ്മെ രക്ഷിക്കുകയും ചെയ്യുന്നു. ‘ദൈവത്തില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടി വരികയില്ല’ എന്നു വേദഗ്രന്ഥത്തില്‍ പറയുന്നു. യെഹൂദനെന്നും വിജാതീയനെന്നും ഭേദമില്ല. ദൈവം എല്ലാവരുടെയും കര്‍ത്താവത്രേ. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരെയും അവിടുന്ന് ഉദാരമായി അനുഗ്രഹിക്കുന്നു. “സര്‍വേശ്വരന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും രക്ഷിക്കപ്പെടും.” [14,15] എന്നാല്‍ അവര്‍ വിശ്വസിക്കാതെ എങ്ങനെ വിളിച്ചപേക്ഷിക്കും? കേള്‍ക്കാതെ എങ്ങനെ വിശ്വസിക്കും? സദ്‍വാര്‍ത്ത പ്രഖ്യാപനം ചെയ്യാതെ എങ്ങനെ കേള്‍ക്കും? അയയ്‍ക്കപ്പെടാതെ എങ്ങനെ പ്രഖ്യാപനം ചെയ്യും? ‘സദ്‍വാര്‍ത്ത അറിയിക്കുന്നവരുടെ വരവ് എത്ര സന്തോഷപ്രദം!’ എന്നു വേദഗ്രന്ഥത്തില്‍ പറയുന്നുണ്ടല്ലോ. *** എന്നാല്‍ എല്ലാവരും സദ്‍വാര്‍ത്ത സ്വീകരിച്ചിട്ടില്ല. ‘സര്‍വേശ്വരാ, ഞങ്ങളുടെ സന്ദേശം ആര്‍ വിശ്വസിച്ചു? എന്ന് യെശയ്യാ തന്നെ ചോദിക്കുന്നു. വിശ്വാസം ഉണ്ടാകുന്നത് ആ സദ്‍വാര്‍ത്ത കേള്‍ക്കുന്നതുകൊണ്ടും കേള്‍ക്കുന്നത് ക്രിസ്തുവിനെ സംബന്ധിച്ചു പ്രസംഗിക്കുന്നതുകൊണ്ടും ആകുന്നു. എന്നാല്‍ അവര്‍ അതു കേട്ടിട്ടില്ലേ? എന്നാണു ഞാന്‍ ചോദിക്കുന്നത്. തീര്‍ച്ചയായും അവര്‍ കേട്ടിട്ടുണ്ട്. അവരുടെ ശബ്ദത്തിന്‍റെ ധ്വനി ലോകത്തെങ്ങും വ്യാപിച്ചു; അവരുടെ വാക്കുകള്‍ ലോകത്തിന്‍റെ അറുതിവരെയും എത്തിയിരിക്കുന്നു എന്നാണല്ലോ വേദഗ്രന്ഥത്തില്‍ പറയുന്നത്. ഇസ്രായേല്‍ജനം ഇതൊന്നും ഗ്രഹിച്ചില്ലേ എന്നു ഞാന്‍ വീണ്ടും ചോദിക്കുന്നു. ആദ്യംതന്നെ മോശ പറയുന്നു: യഥാര്‍ഥ ജനതയല്ലാത്തവര്‍ മൂലം ഞാന്‍ നിങ്ങള്‍ക്ക് അസൂയ വരുത്തും; അജ്ഞരായ ജനതമൂലം നിങ്ങളെ ഞാന്‍ കോപിഷ്ഠരാക്കും. യെശയ്യാ പ്രവാചകനാകട്ടെ, എന്നെ അന്വേഷിക്കാത്തവര്‍ എന്നെ കണ്ടെത്തി; എന്നെ ആരായാത്തവര്‍ക്കു ഞാന്‍ പ്രത്യക്ഷനായി എന്നു പറയുവാന്‍ ധൈര്യപ്പെടുന്നു. എന്നാല്‍ ഇസ്രായേലിനെക്കുറിച്ച് പ്രവാചകന്‍ പറയുന്നത് ഇങ്ങനെയാണ്: “എന്നെ അനുസരിക്കാത്തവരും എന്നോട് എതിര്‍ക്കുന്നവരുമായ ജനത്തെ സ്വീകരിക്കുവാന്‍ ഞാന്‍ ഇടവിടാതെ കൈനീട്ടി.” ദൈവം സ്വന്തം ജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാന്‍ ചോദിക്കുന്നു. നിശ്ചയമായും ഇല്ല. ഞാന്‍ തന്നെ ഇസ്രായേല്യനും അബ്രഹാമിന്‍റെ വംശജനും ബെന്യാമീന്‍ ഗോത്രക്കാരനുമാകുന്നു. ലോകാരംഭത്തിനു മുമ്പുതന്നെ താന്‍ തിരഞ്ഞെടുത്ത ജനത്തെ ദൈവം ഉപേക്ഷിച്ചിട്ടില്ല. വേദഗ്രന്ഥത്തില്‍ പറയുന്നത് എന്താണെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ? [3,4] ഇസ്രായേലിന് എതിരെ ഏലിയാപ്രവാചകന്‍ ദൈവത്തോട് ഇങ്ങനെ വാദിക്കുന്നു: “സര്‍വേശ്വരാ, അങ്ങയുടെ പ്രവാചകന്മാരെ അവര്‍ വധിച്ചു; അങ്ങയുടെ ബലിപീഠങ്ങളെ അവര്‍ തകര്‍ക്കുകയും ചെയ്തു. പ്രവാചകന്മാരില്‍ ഞാന്‍ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. എന്നെയും കൊല്ലുവാന്‍ അവര്‍ വട്ടം കൂട്ടുന്നു.” ദൈവം അതിനു നല്‌കിയ മറുപടി എന്താണ്? “ബാല്‍ദേവന്‍റെ മുമ്പില്‍ മുട്ടുമടക്കാത്ത ഏഴായിരം പേരെ എനിക്കുവേണ്ടി ശേഷിപ്പിച്ചിട്ടുണ്ട്.” *** അതുപോലെതന്നെ ഇന്നും, തന്‍റെ കൃപ നിമിത്തം ദൈവം തിരഞ്ഞെടുത്ത ഒരു ചെറിയ സംഘം ശേഷിച്ചിട്ടുണ്ട്. അവരുടെ പ്രവൃത്തിയല്ല, കൃപയത്രേ തിരഞ്ഞെടുപ്പിന്‍റെ അടിസ്ഥാനം. ദൈവത്തിന്‍റെ തിരഞ്ഞെടുപ്പ് മനുഷ്യന്‍റെ പ്രവൃത്തിയെ ആധാരമാക്കി ആണെങ്കില്‍ കൃപ യഥാര്‍ഥത്തില്‍ കൃപയല്ല. എന്താണ് ഇതിന്‍റെ അര്‍ഥം? ഇസ്രായേല്‍ ജനം അന്വേഷിച്ചു കൊണ്ടിരുന്നത് കണ്ടെത്തിയില്ല. ദൈവം തിരഞ്ഞെടുത്ത ചെറിയ സംഘമാണ് അതു കണ്ടെത്തിയത്; മറ്റുള്ളവര്‍ ദൈവത്തിന്‍റെ വിളി കേള്‍ക്കുവാന്‍ കഴിയാത്തവരായിത്തീര്‍ന്നു. [8,9] ദൈവം അവര്‍ക്കു മന്ദബുദ്ധിയും കാണാത്ത കണ്ണുകളും കേള്‍ക്കാത്ത ചെവികളും നല്‌കിയിരിക്കുന്നു; അത് ഇന്നും ആ നിലയില്‍ത്തന്നെയാണിരിക്കുന്നത് എന്നു വേദഗ്രന്ഥത്തില്‍ പറയുന്നു. ‘അവരുടെ വിരുന്നുകള്‍ അവര്‍ക്ക് കെണിയും കുരുക്കുമായിത്തീരട്ടെ, അവര്‍ വീഴുകയും ശിക്ഷിക്കപ്പെടുകയും ചെയ്യട്ടെ; *** അവര്‍ക്കു കാണാന്‍ കഴിയാതെവണ്ണം അവരുടെ കണ്ണുകള്‍ അന്ധമായിത്തീരട്ടെ; കഷ്ടപ്പാടുകള്‍കൊണ്ട് അവരുടെ നട്ടെല്ലുകള്‍ വളഞ്ഞു പോകട്ടെ’ എന്നു ദാവീദും പറയുന്നു. അപ്പോള്‍ ഞാന്‍ ചോദിക്കുന്നു: അവരുടെ കാലിടറിയത് എന്നെന്നേക്കുമായി വീണു നശിക്കുന്നതിനായിരുന്നുവോ? ഒരിക്കലുമല്ല! അവരുടെ നിയമലംഘനങ്ങള്‍മൂലം വിജാതീയര്‍ക്കു രക്ഷ ലഭിച്ചു. അതുകൊണ്ട് വിജാതീയരോട് യെഹൂദന്മാര്‍ അസൂയാലുക്കളായിത്തീര്‍ന്നിരിക്കുന്നു. ലോകത്തിനു സമൃദ്ധമായ അനുഗ്രഹങ്ങള്‍ കൈവരുന്നതിനു യെഹൂദന്മാരുടെ നിയമലംഘനം കാരണമായി ഭവിച്ചു; യെഹൂദന്മാര്‍ക്കു നഷ്ടമായത് വിജാതീയര്‍ക്കു നേട്ടമായിത്തീര്‍ന്നു. അപ്പോള്‍ സര്‍വയെഹൂദന്മാരുംകൂടി ദൈവത്തിന്‍റെ രക്ഷയില്‍ ഉള്‍പ്പെട്ടാല്‍ ആ അനുഗ്രഹം എത്ര വലുതായിരിക്കും! [13,14] വിജാതീയരായ നിങ്ങളോടു ഞാന്‍ പറയട്ടെ: ഒരുവേള എന്‍റെ സ്വന്തം ജനത്തെ അസൂയാലുക്കളാക്കി അവരില്‍ ചിലരെയെങ്കിലും രക്ഷിക്കുവാന്‍ എനിക്കു കഴിഞ്ഞെങ്കിലോ എന്നുവച്ച് വിജാതീയരുടെ അപ്പോസ്തോലനെന്ന നിലയിലുള്ള എന്‍റെ ശുശ്രൂഷയില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു. *** എന്‍റെ സ്വജാതികള്‍ തിരസ്കരിക്കപ്പെട്ടത് ലോകത്തെ ദൈവത്തോട് രഞ്ജിപ്പിക്കുന്നതിന് ഇടയാക്കിയെങ്കില്‍, അവരെ സ്വീകരിക്കുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും? മൃതരില്‍നിന്നുള്ള ഉയിര്‍ത്തെഴുന്നേല്പല്ലാതെ മറ്റെന്താണ്? ഒരപ്പത്തിന്‍റെ ആദ്യത്തെ ഭാഗം ദൈവത്തിന് അര്‍പ്പിക്കുന്നെങ്കില്‍ ആ അപ്പം മുഴുവനും അവിടുത്തേക്കുള്ളതാകുന്നു; ഒരു വൃക്ഷത്തിന്‍റെ വേരു വിശുദ്ധമാണെങ്കില്‍ അതിന്‍റെ ശാഖകളും വിശുദ്ധമായിരിക്കും. [17,18] നട്ടുവളര്‍ത്തിയ ഒലിവുമരത്തിന്‍റെ ചില ശാഖകള്‍ മുറിച്ചുകളഞ്ഞ്, ഒട്ടിച്ചുചേര്‍ക്കപ്പെട്ട കാട്ടൊലിവിന്‍റെ ശാഖപോലെയാണ് വിജാതീയനായ നീ. നീ ഇപ്പോള്‍ തായ്മരത്തിന്‍റെ ചൈതന്യത്തില്‍ പങ്കാളിയാകുന്നു. മുറിച്ചുകളഞ്ഞ ചില്ലകളോട് അവജ്ഞ കാട്ടരുത്. നിനക്ക് അഹങ്കരിക്കുവാന്‍ എന്തിരിക്കുന്നു? നീ ഒരു ശാഖമാത്രമാണല്ലോ; നീ വേരിനെയല്ല, വേരു നിന്നെയാണു ചുമക്കുന്നത് എന്ന് ഓര്‍ക്കുക. *** എന്നാല്‍, “എന്നെ ഒട്ടിച്ചുചേര്‍ക്കേണ്ടതിന് ആ ചില്ലകളെ മുറിച്ചുകളഞ്ഞു” എന്നു നീ പറയുമായിരിക്കും. അതു ശരിതന്നെ. വിശ്വസിക്കാഞ്ഞതുകൊണ്ട് അവരെ ഛേദിച്ചുകളഞ്ഞു. വിശ്വസിക്കുന്നതുകൊണ്ട് നീ യഥാസ്ഥാനത്തു നില്‌ക്കുന്നു. അതെപ്പറ്റി നീ അഹങ്കരിക്കാതെ ഭയത്തോടുകൂടി ജീവിക്കുക. സ്വാഭാവിക ശാഖകളോടു ദൈവം ദാക്ഷിണ്യം കാണിച്ചില്ലെങ്കില്‍ നിന്നോടു ദാക്ഷിണ്യം കാണിക്കുമെന്നു നീ വിചാരിക്കുന്നുവോ? ദൈവം എത്ര ദയാലുവും അതുപോലെതന്നെ എത്ര കര്‍ക്കശനുമാണെന്നു നാം ഇവിടെ കാണുന്നു. വിഛേദിക്കപ്പെട്ട ശാഖകള്‍പോലെ വീണുപോയവരോട് അവിടുന്നു നിര്‍ദാക്ഷിണ്യം പെരുമാറുന്നു. അവിടുത്തെ കാരുണ്യത്തില്‍ നിലനിന്നാല്‍ നിന്നോട് അവിടുന്നു ദയാലുവായിരിക്കും; അല്ലെങ്കില്‍ നീയും മുറിച്ചുനീക്കപ്പെടും. ഇസ്രായേല്‍ജനം തങ്ങളുടെ അവിശ്വാസത്തില്‍ തുടരാതിരുന്നാല്‍ ദൈവം അവരെ യഥാസ്ഥാനങ്ങളില്‍ ഒട്ടിച്ചുചേര്‍ക്കും; അവരെ വീണ്ടും ഒട്ടിച്ചുചേര്‍ക്കുവാന്‍ ദൈവത്തിനു കഴിയും. കാട്ടുമരത്തില്‍നിന്നു വെട്ടിയെടുത്ത ചില്ലകളെപ്പോലെയുള്ള വിജാതീയരായ നിങ്ങളെ നല്ല ഒലിവുമരത്തോടു സ്വാഭാവിക രീതിക്കു വിരുദ്ധമായി ഒട്ടിച്ചുചേര്‍ത്തെങ്കില്‍, മുറിച്ചുനീക്കപ്പെട്ട ശാഖകളായ യെഹൂദന്മാരെ തായ്മരത്തോടു വീണ്ടും ഒട്ടിച്ചുചേര്‍ക്കുവാന്‍ ദൈവത്തിന് എത്ര എളുപ്പമായിരിക്കും! [25-27] സഹോദരരേ, നിങ്ങള്‍ അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്ന ഒരു രഹസ്യമുണ്ട്. ഇസ്രായേല്‍ജനത്തിന്‍റെ വഴങ്ങാത്ത പ്രകൃതം, വിജാതീയരില്‍നിന്നു ദൈവത്തിന്‍റെ അടുത്തു വരുന്നവരുടെ സംഖ്യ പൂര്‍ത്തിയാകുന്നതുവരെ മാത്രമേ ഉണ്ടായിരിക്കൂ. ഇങ്ങനെ ഇസ്രായേല്‍ മുഴുവന്‍ രക്ഷിക്കപ്പെടും. ഈ രഹസ്യം അറിയുമ്പോള്‍ നിങ്ങള്‍ വിവേകശാലികളാണെന്നു നിങ്ങള്‍ക്കു തോന്നുകയില്ല. വേദഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നു: രക്ഷകന്‍ സീയോനില്‍നിന്നു വരും, യാക്കോബിന്‍റെ വംശത്തില്‍നിന്ന് എല്ലാ ദുഷ്ടതയും നീക്കും; ഇതായിരിക്കും അവരുടെ പാപങ്ങള്‍ നീക്കുമ്പോള്‍ അവരോടു ഞാന്‍ ചെയ്യുന്ന ഉടമ്പടി. *** *** സുവിശേഷം നിരസിച്ചതുകൊണ്ട്, യെഹൂദന്മാര്‍ വിജാതീയരായ നിങ്ങള്‍ നിമിത്തം ദൈവത്തിന്‍റെ ശത്രുക്കളായി. എന്നാല്‍ ദൈവത്തിന്‍റെ തിരഞ്ഞെടുപ്പുമൂലം പിതാക്കന്മാര്‍ മുഖേന അവര്‍ അവിടുത്തെ സ്നേഹഭാജനങ്ങളുമാണ്. ദൈവത്തിന്‍റെ വിളിയും വരങ്ങളും സുസ്ഥിരമത്രേ. വിജാതീയരായ നിങ്ങള്‍ കഴിഞ്ഞകാലത്ത് ദൈവത്തെ അനുസരിച്ചില്ലെങ്കിലും, യെഹൂദന്മാര്‍ അനുസരണക്കേടു കാട്ടിയതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ക്കു ദൈവത്തിന്‍റെ കാരുണ്യം ലഭിച്ചിരിക്കുന്നു. അതുപോലെതന്നെ നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന കൃപയാല്‍ യെഹൂദന്മാര്‍ക്കും കൃപ ലഭിക്കേണ്ടതിന് അവര്‍ ഇപ്പോള്‍ ദൈവത്തെ അനുസരിക്കാതിരിക്കുന്നു. എല്ലാവരോടും കരുണ കാട്ടേണ്ടതിന് ദൈവം എല്ലാവരെയും അനുസരണക്കേടിനു അടിമപ്പെടുത്തിയിരിക്കുന്നു. ഹാ! ദൈവത്തിന്‍റെ ധനം എത്ര വലുത്! അവിടുത്തെ വിവേകവും അറിവും എത്ര അഗാധം! അവിടുത്തെ വിധികള്‍ വിശദീകരിക്കുവാന്‍ ആര്‍ക്കു സാധിക്കും? [34,35] വേദഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നുണ്ടല്ലോ: കര്‍ത്താവിന്‍റെ മനസ്സ് ആരറിയുന്നു? ദൈവത്തെ ഉപദേശിക്കുവാന്‍ ആര്‍ക്കു കഴിയും? ദൈവം തിരിച്ചു കൊടുക്കേണ്ടിവരത്തക്കവിധം അവിടുത്തേക്ക് എന്തെങ്കിലും കൊടുക്കുന്നവരായി ആരുമില്ല. *** സര്‍വചരാചരങ്ങളും ദൈവത്തില്‍ നിന്നും ദൈവത്തില്‍കൂടിയും ദൈവത്തിനുവേണ്ടിയുമുള്ളവയാകുന്നു. അവിടുത്തേക്ക് എന്നെന്നേക്കും മഹത്ത്വം! ആമേന്‍. അതുകൊണ്ട്, സഹോദരരേ, ദൈവത്തിനു നമ്മോടുള്ള മഹാകാരുണ്യംമൂലം ഞാന്‍ ഇതു നിങ്ങളോട് അഭ്യര്‍ഥിക്കുന്നു: ദൈവത്തിനു പ്രസാദകരവും അവിടുത്തെ ശുശ്രൂഷയ്‍ക്കായി വേര്‍തിരിക്കപ്പെട്ടതുമായ ജീവനുള്ള ബലിയായി നിങ്ങളെത്തന്നെ സമര്‍പ്പിക്കുക; ഇതാണ് നിങ്ങള്‍ അര്‍പ്പിക്കേണ്ട അര്‍ഥവത്തായ സത്യാരാധന. ഈ ലോകത്തിന്‍റെ മാനദണ്ഡങ്ങള്‍ നിങ്ങള്‍ക്ക് ആധാരമായിരിക്കരുത്; ദൈവം നിങ്ങളുടെ മനസ്സു പുതുക്കി നിങ്ങളെ രൂപാന്തരപ്പെടുത്തട്ടെ. അപ്പോള്‍ വിശിഷ്ടവും ദൈവത്തിനു പ്രസാദകരവും സമ്പൂര്‍ണവുമായ തിരുഹിതം എന്തെന്നു വിവേചിച്ചറിയുവാന്‍ നിങ്ങള്‍ക്കു കഴിയും. എനിക്കു ലഭിച്ച കൃപാവരം നിമിത്തം നിങ്ങളോട് എല്ലാവരോടും ഞാന്‍ പറയുന്നു: നിങ്ങള്‍ നിങ്ങളെക്കുറിച്ച് ഭാവിക്കേണ്ടതിലുപരി സ്വയംഭാവിക്കാതെ വിനയഭാവമുള്ളവരായിരിക്കുക. ഓരോ വ്യക്തിയും അവനവന് ദൈവം നല്‌കിയിരിക്കുന്ന വിശ്വാസത്തിന്‍റെ അളവനുസരിച്ച് സ്വയം വിധിക്കുകയും ചെയ്യുക. ഒരു ശരീരത്തില്‍ നമുക്കു പല അവയവങ്ങളുണ്ടല്ലോ; ഓരോ അവയവത്തിനും ഓരോ ധര്‍മമാണുള്ളത്. അതുപോലെ പലരായ നാം ക്രിസ്തുവിനോട് ഏകീഭവിച്ച് ഏകശരീരമായിത്തീര്‍ന്നിരിക്കുന്നു. നാം ഒരേ ശരീരത്തിന്‍റെ പല അവയവങ്ങളെന്നവണ്ണം അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ദൈവം നമുക്കു നല്‌കിയിരിക്കുന്ന കൃപയ്‍ക്കനുസൃതമായി വിവിധ നല്‍വരങ്ങള്‍ നമുക്കു നല്‌കിയിരിക്കുന്നു. ദൈവത്തിന്‍റെ ദൗത്യം അറിയിക്കുവാനുള്ള വരമാണ് ഒരുവനുള്ളതെങ്കില്‍, തന്‍റെ വിശ്വാസത്തിനൊത്തവണ്ണം അതു ചെയ്യട്ടെ. സേവനത്തിനുള്ള വരമാണെങ്കില്‍ സേവനം ചെയ്യുകയും പഠിപ്പിക്കുവാനുള്ള വരമാണെങ്കില്‍ പഠിപ്പിക്കുകയും പ്രബോധിപ്പിക്കുവാനുള്ള വരമാണെങ്കില്‍ പ്രബോധിപ്പിക്കുകയും വേണം. ഒരുവന്‍ തനിക്കുള്ളതു പങ്കിടുന്നത് ഉദാരമനസ്സോടെ ആയിരിക്കട്ടെ. അധികാരമുള്ള ഏതൊരുവനും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണം. മറ്റുള്ളവരോടു കരുണ കാണിക്കുന്നവന്‍ സന്തോഷപൂര്‍വം അതു ചെയ്യട്ടെ. സ്നേഹം തികച്ചും ആത്മാര്‍ഥമായിരിക്കണം. തിന്മയെ വെറുത്ത് നന്മയോടു പറ്റിച്ചേര്‍ന്നുകൊള്ളുക. നിങ്ങള്‍ ക്രിസ്തുവില്‍ സഹോദരന്മാരായതുകൊണ്ട് കൂടെപ്പിറപ്പുകളെപോലെ പരസ്പരം സ്നേഹിക്കുക; അന്യോന്യം ബഹുമാനിക്കുന്നതില്‍ അത്യന്തം ഉത്സുകരായിരിക്കുക. അലസരായിരിക്കാതെ ഉത്സാഹപൂര്‍വം അധ്വാനിക്കുക; ആത്മാവില്‍ ശുഷ്കാന്തിയുള്ളവരായി കര്‍ത്താവിനെ സേവിക്കുക. നിങ്ങളുടെ പ്രത്യാശമൂലം ആനന്ദിക്കുക; കഷ്ടതയുണ്ടാകുമ്പോള്‍ ക്ഷമയോടുകൂടിയിരിക്കുക. പ്രാര്‍ഥനയില്‍ സ്ഥിരനിഷ്ഠയുള്ളവരായിരിക്കുക. ഉപജീവനത്തില്‍ ബുദ്ധിമുട്ടുള്ള സഹോദരങ്ങള്‍ക്കു നിങ്ങളുടെ വകകള്‍ പങ്കിടുക. അപരിചിതര്‍ക്ക് ആതിഥ്യം നല്‌കുക. നിങ്ങളെ പീഡിപ്പിക്കുന്നവരുടെമേല്‍ അനുഗ്രഹം ചൊരിയണമേ എന്നു പ്രാര്‍ഥിക്കുക; അതേ, അവരെ ശപിക്കാതെ അവരുടെ അനുഗ്രഹത്തിനുവേണ്ടി പ്രാര്‍ഥിക്കുക. സന്തോഷിക്കുന്നവരോടുകൂടി സന്തോഷിക്കുകയും കരയുന്നവരോടുകൂടി കരയുകയും ചെയ്യണം. അന്യോന്യം സ്വരച്ചേര്‍ച്ച ഉള്ളവരായിരിക്കണം. വലിയവനാണെന്നു ഭാവിക്കാതെ എളിയവരോടു സൗഹൃദം പുലര്‍ത്തുക. നിങ്ങള്‍ ബുദ്ധിമാന്മാരാണെന്നു സ്വയം ഭാവിക്കരുത്. ആരെങ്കിലും നിങ്ങളോടു ദ്രോഹം ചെയ്താല്‍ പകരം ദ്രോഹിക്കരുത്. എല്ലാവരും ശ്രേഷ്ഠമായി കരുതുന്നത് ചെയ്യുവാന്‍ ശ്രമിക്കുക. എല്ലാവരോടും സമാധാനമായിരിക്കുന്നതിനു നിങ്ങള്‍ക്കു കഴിയുന്നതെല്ലാം ചെയ്യുക. സ്നേഹിതരേ, നിങ്ങള്‍ ആരോടും പ്രതികാരം ചെയ്യരുത്; ദൈവം അവരെ ശിക്ഷിച്ചുകൊള്ളട്ടെ. ‘പ്രതികാരം എനിക്കുള്ളതാണ് ഞാന്‍ പകരം വീട്ടും’ എന്നു സര്‍വേശ്വരന്‍ അരുള്‍ചെയ്യുന്നു. ‘നിന്‍റെ ശത്രുവിനു വിശക്കുന്നു എങ്കില്‍ ആഹാരം നല്‌കുക; അവനു ദാഹിക്കുന്നുവെങ്കില്‍ കുടിക്കുവാന്‍ കൊടുക്കുക; അങ്ങനെ ചെയ്താല്‍ നീ അവന്‍റെ തലയില്‍ തീക്കനല്‍ കൂട്ടും’ എന്നു വേദഗ്രന്ഥത്തില്‍ പറയുന്നുണ്ടല്ലോ. ദുഷ്ടത നിന്നെ തോല്പിക്കരുത്; നന്മകൊണ്ടു തിന്മയെ കീഴടക്കുക. എല്ലാവരും രാഷ്ട്രത്തിന്‍റെ ഭരണാധികാരികളെ അനുസരിക്കണം; ദൈവം അനുവദിക്കാതെ ഒരധികാരവും ഇല്ലല്ലോ. നിലവിലിരിക്കുന്ന ഭരണാധികാരികളെ ദൈവമാണ് നിയമിച്ചിരിക്കുന്നത്. അതുകൊണ്ട് അധികാരത്തെ എതിര്‍ക്കുന്നവന്‍ ദൈവത്തിന്‍റെ വ്യവസ്ഥയെയാണ് എതിര്‍ക്കുന്നത്; അങ്ങനെ ചെയ്യുന്നവന്‍ ശിക്ഷാവിധി വരുത്തിവയ്‍ക്കും. നന്മപ്രവര്‍ത്തിക്കുന്നവര്‍ക്കല്ല, ദുഷ്ടത പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഭരണാധികാരി ഭയങ്കരനായിരിക്കുന്നത്. ഭരണാധികാരിയുടെ മുമ്പില്‍ നിര്‍ഭയനായിരിക്കുവാന്‍ നീ ഇച്ഛിക്കുന്നുവോ? എങ്കില്‍ നന്മ ചെയ്യുക. അപ്പോള്‍ അധികാരി നിന്നെ പ്രശംസിക്കും. നിന്‍റെ നന്മയ്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ദൈവദാസനാണയാള്‍. എന്നാല്‍ നീ തിന്മ ചെയ്താല്‍ അധികാരിയെ ഭയപ്പെടണം. എന്തെന്നാല്‍ ശിക്ഷിക്കുവാനുള്ള അയാളുടെ അധികാരം യഥാര്‍ഥമായിട്ടുള്ളതാണ്. തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ശിക്ഷ നടപ്പാക്കുന്ന ദൈവഭൃത്യനാണയാള്‍. ശിക്ഷയെ ഭയന്നു മാത്രമല്ല, മനസ്സാക്ഷിയെക്കൂടി വിചാരിച്ച് അധികാരികളെ അനുസരിക്കേണ്ടത് ആവശ്യമാണ്. തങ്ങളുടെ ഔദ്യോഗികധര്‍മം നിറവേറ്റുമ്പോള്‍ അധികാരികള്‍ ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണല്ലോ നിങ്ങള്‍ നികുതി കൊടുക്കുന്നത്. അവര്‍ക്കു കൊടുക്കുവാനുള്ളതു നിങ്ങള്‍ അവര്‍ക്കു കൊടുക്കണം; നികുതിയും ചുങ്കവും കൊടുക്കേണ്ടവര്‍ക്ക് അവ കൊടുക്കുക. അവരെ എല്ലാവരെയും ബഹുമാനിക്കുകയും ആദരിക്കുകയും വേണം. അന്യോന്യം സ്നേഹിക്കുന്നതല്ലാതെ ആരോടും ഒന്നും കടപ്പെടരുത്. സ്നേഹിക്കുന്നവന്‍ നിയമം നിറവേറ്റുന്നു. ‘വ്യഭിചരിക്കരുത്, കൊല ചെയ്യരുത്, മോഷ്‍ടിക്കരുത്, അന്യായമായി ആഗ്രഹിക്കരുത് എന്നീ കല്പനകളും അതോടുചേര്‍ന്നുള്ള മറ്റേതു കല്പനയും ‘നിന്‍റെ അയല്‍ക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കുക’ എന്ന കല്പനയില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. അയല്‍ക്കാരനെ സ്നേഹിക്കുന്ന ഒരുവന്‍ ഒരിക്കലും അയാള്‍ക്കു ദോഷം ചെയ്യുകയില്ല. അപ്പോള്‍ ‘സ്നേഹിക്കുക’ എന്നത് നിയമസംഹിത മുഴുവന്‍ അനുസരിക്കുകയാണ്. നിദ്രവിട്ടുണരാന്‍ സമയമായിരിക്കുന്നു എന്നു നിങ്ങള്‍ക്കറിയാവുന്നതുകൊണ്ട് നിങ്ങള്‍ ഇതു ചെയ്യണം. നമ്മുടെ രക്ഷയുടെ സമയം, നാം ആദ്യം വിശ്വാസത്തിലേക്കു വന്ന കാലത്തേതിനെക്കാള്‍ ആസന്നമായിരിക്കുന്നു. രാത്രി കഴിയാറായി; പകല്‍ ഇതാ അടുത്തെത്തിയിരിക്കുന്നു. അതുകൊണ്ട് അന്ധകാരത്തിന്‍റെ പ്രവൃത്തികള്‍ നിറുത്തിയിട്ട് പ്രകാശത്തിന്‍റെ ആയുധങ്ങള്‍ ധരിക്കുക. പകല്‍വെളിച്ചത്തില്‍ ജീവിക്കുന്നവരെപ്പോലെ നാം യോഗ്യമായി പെരുമാറുക; മദ്യപാനത്തിലോ, വിഷയാസക്തിയിലോ, ദുര്‍മാര്‍ഗത്തിലോ, അശ്ലീലതയിലോ, ശണ്ഠയിലോ, അസൂയയിലോ വ്യാപരിക്കാതെ കര്‍ത്താവായ യേശുക്രിസ്തുവിനെ നിങ്ങള്‍ ധരിച്ചുകൊള്ളുക. മോഹങ്ങള്‍ ജനിക്കുമാറ് ജഡത്തിനായി ചിന്തിക്കരുത്. വിശ്വാസത്തില്‍ ദുര്‍ബലനായവനെ അവന്‍റെ വ്യക്തിഗതമായ അഭിപ്രായങ്ങളെക്കുറിച്ചു വാദിക്കാതെ നിങ്ങളുടെ സമൂഹത്തിലേക്കു സ്വീകരിക്കുക. എന്തും ഭക്ഷിക്കുവാന്‍ ഒരുവന്‍റെ വിശ്വാസം അവനെ അനുവദിക്കുന്നു. എന്നാല്‍ വിശ്വാസത്തില്‍ ദുര്‍ബലനായ മറ്റൊരുവന്‍ സസ്യങ്ങള്‍ മാത്രം ഭക്ഷിക്കുന്നു. എല്ലാം ഭക്ഷിക്കുന്നവന്‍, ഭക്ഷിക്കാത്തവനോട് അവജ്ഞ കാട്ടരുത്. സസ്യങ്ങള്‍ മാത്രം ഭക്ഷിക്കുന്നവന്‍ എല്ലാം ഭക്ഷിക്കുന്നവനെയും കുറ്റപ്പെടുത്തരുത്. എന്തെന്നാല്‍ ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ. വേറൊരാളിന്‍റെ ദാസനെ വിധിക്കുവാന്‍ നീ ആരാണ്? അവന്‍ യോഗ്യനോ അയോഗ്യനോ എന്ന് നിര്‍ണയിക്കുന്നത് അവന്‍റെ യജമാനനാണ്. അവനെ യോഗ്യനാക്കുവാന്‍ കര്‍ത്താവു പ്രാപ്തനായതുകൊണ്ട് അവന്‍ യോഗ്യനായിത്തീരുന്നു. ഒരു ദിവസം മറ്റൊന്നിനെക്കാള്‍ പ്രാധാന്യമുള്ളതാണെന്നു ചിലര്‍ കരുതുന്നു. എന്നാല്‍ എല്ലാ ദിവസവും ഒരുപോലെയാണെന്നത്രേ മറ്റുചിലര്‍ വിചാരിക്കുന്നത്. ഓരോരുത്തനും അവനവന്‍റെ വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊള്ളട്ടെ. ഒരു ദിവസം മറ്റൊരു ദിവസത്തെക്കാള്‍ പ്രധാനമാണെന്നു കരുതുന്നവന്‍ കര്‍ത്താവിനോടുള്ള ആദരംകൊണ്ടാണ് അപ്രകാരം ചെയ്യുന്നത്. എല്ലാം തിന്നുന്നവനും അങ്ങനെ തന്നെ. എന്തെന്നാല്‍ താന്‍ ഭക്ഷിക്കുന്ന ആഹാരത്തിനുവേണ്ടി അവന്‍ ദൈവത്തെ സ്തുതിക്കുന്നു. ചില ഭക്ഷ്യസാധനങ്ങള്‍ വര്‍ജിക്കുന്നവനും കര്‍ത്താവിനോടുള്ള ആദരം മുന്‍നിറുത്തിയാണ് അങ്ങനെ ചെയ്യുന്നത്. അവനും ദൈവത്തെ സ്തുതിക്കുന്നു. നമ്മിലാരും തനിക്കുവേണ്ടിത്തന്നെ ജീവിക്കുകയോ തനിക്കുവേണ്ടിത്തന്നെ മരിക്കുകയോ ചെയ്യുന്നില്ല. നാം ജീവിക്കുന്നെങ്കില്‍ കര്‍ത്താവിനുവേണ്ടി ജീവിക്കുന്നു; മരിക്കുന്നെങ്കില്‍ കര്‍ത്താവിനുവേണ്ടി മരിക്കുന്നു; അതുകൊണ്ട് ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവര്‍ തന്നെ. ജീവിക്കുന്നവരുടെയും മരിച്ചവരുടെയും കര്‍ത്താവായിരിക്കേണ്ടതിനാണല്ലോ ക്രിസ്തു മരിക്കുകയും വീണ്ടും ജീവിക്കുകയും ചെയ്തത്. അങ്ങനെയെങ്കില്‍ നീ നിന്‍റെ സഹോദരനെ എന്തിനു വിധിക്കുന്നു? നിന്‍റെ സഹോദരന്‍റെ നേരേ എന്തിന് അവ ജ്ഞ കാട്ടുന്നു? നാമെല്ലാവരും ദൈവത്തിന്‍റെ ന്യായാസനത്തിന്‍റെ മുമ്പില്‍ നില്‌ക്കേണ്ടി വരുമല്ലോ. ‘എല്ലാവരും എന്‍റെ മുമ്പില്‍ മുട്ടു മടക്കും ഞാന്‍ ദൈവമാകുന്നു എന്ന് എല്ലാവരും ഏറ്റുപറയും’ എന്നു സര്‍വേശ്വരന്‍ ശപഥം ചെയ്ത് അരുള്‍ചെയ്യുന്നു എന്നിങ്ങനെ വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. നാം ഓരോരുത്തരും ദൈവസമക്ഷം കണക്കു ബോധിപ്പിക്കേണ്ടിവരും. അതുകൊണ്ട് നാം ഇനി അന്യോന്യം വിധിക്കരുത്. പകരം നിന്‍റെ സഹോദരന്‍ ഇടറി വീഴുന്നതിനോ, പാപത്തില്‍ നിപതിക്കുന്നതിനോ ഇടയാക്കുന്ന യാതൊന്നും ചെയ്യുകയില്ലെന്നു നിശ്ചയിക്കുകയാണു വേണ്ടത്. ഒന്നും സ്വഭാവേന അശുദ്ധമല്ല എന്ന് കര്‍ത്താവായ യേശുവിനോട് ഐക്യപ്പെട്ടിരിക്കുന്ന എനിക്കു ബോധ്യമുണ്ട്. എന്നാല്‍ ഏതെങ്കിലും അശുദ്ധമെന്ന് ഒരുവന്‍ വിശ്വസിക്കുന്നുവെങ്കില്‍ അത് അവന് അശുദ്ധമായിത്തീരുന്നു. ഏതെങ്കിലും ആഹാരസാധനം നിമിത്തം നിന്‍റെ സഹോദരന്‍റെ മനസ്സിനു ക്ഷതമുണ്ടാകുന്നെങ്കില്‍ നീ സ്നേഹപൂര്‍വമല്ല പ്രവര്‍ത്തിക്കുന്നത്. ക്രിസ്തു ആര്‍ക്കുവേണ്ടി മരിച്ചുവോ, അവന്‍ നിന്‍റെ ഭക്ഷണം നിമിത്തം നശിക്കുവാന്‍ ഇടയാകരുത്. നിങ്ങള്‍ നല്ലതെന്നു കരുതുന്നവ ദുഷിക്കപ്പെടാന്‍ ഇടയാകരുത്. എന്തു തിന്നുന്നു, എന്തു കുടിക്കുന്നു എന്നതിലല്ല ദൈവരാജ്യത്തിന്‍റെ അനുഭവം, പ്രത്യുത പരിശുദ്ധാത്മാവു നല്‌കുന്ന ആനന്ദം, നീതി, സമാധാനം എന്നിവയിലാകുന്നു. ഇപ്രകാരം ക്രിസ്തുവിനെ സേവിക്കുന്നവന്‍ ദൈവത്തിന്‍റെ പ്രസാദവും മനുഷ്യരുടെ അംഗീകാരവും നേടുന്നു. അതുകൊണ്ട് സമാധാനം കൈവരുത്തുന്നതും അന്യോന്യം ബലപ്പെടുത്തുന്നതുമായ കാര്യങ്ങളായിരിക്കണം എപ്പോഴും നമ്മുടെ ലക്ഷ്യം. ഭക്ഷണത്തിന്‍റെ പേരില്‍ ദൈവത്തിന്‍റെ പ്രവൃത്തിയെ നശിപ്പിക്കരുത്. എല്ലാ ആഹാരസാധനങ്ങളും ഭക്ഷിക്കാവുന്നതാണ്. എന്നാല്‍ എന്തെങ്കിലും ഭക്ഷിക്കുന്നതുമൂലം, മറ്റൊരുവന്‍ പാപത്തില്‍ വീഴാന്‍ ഇടയാക്കുന്നതു തെറ്റാണ്. നിന്‍റെ സഹോദരന്‍റെ വീഴ്ചയ്‍ക്കു കാരണമാകത്തക്കവണ്ണം മാംസം ഭക്ഷിക്കുകയോ, വീഞ്ഞു കുടിക്കുകയോ, മറ്റെന്തെങ്കിലും ചെയ്യുകയോ ചെയ്യുന്നതില്‍ നിന്ന് ഒഴിഞ്ഞിരിക്കുകയാണുത്തമം. ഇക്കാര്യത്തില്‍ നിന്‍റെ ബോധ്യം എന്താണോ, അത് നീയും ദൈവവും തമ്മിലുള്ള കാര്യമായിവച്ചുകൊള്ളുക. തന്‍റെ ബോധ്യമനുസരിച്ചു ചെയ്യുവാന്‍ തീരുമാനിക്കുന്ന കാര്യങ്ങളെപ്പറ്റി കുറ്റബോധമില്ലാത്തവന്‍ ഭാഗ്യവാനാണ്. എന്നാല്‍ താന്‍ ഭക്ഷിക്കുന്നതിനെക്കുറിച്ചു സന്ദേഹമുണ്ടെങ്കില്‍, അവന്‍ ഭക്ഷിക്കുമ്പോള്‍ കുറ്റം വിധിക്കപ്പെടുന്നു. എന്തുകൊണ്ടെന്നാല്‍ തന്‍റെ ഉത്തമ വിശ്വാസമനുസരിച്ചല്ലല്ലോ അവന്‍ പ്രവര്‍ത്തിക്കുന്നത്. വിശ്വാസത്തില്‍നിന്ന് ഉദ്ഭവിക്കാത്തതെല്ലാം പാപമാകുന്നു. വിശ്വാസത്തില്‍ ശക്തരായ നാം അശക്തരെ അവരുടെ ഭാരങ്ങള്‍ ചുമക്കുവാന്‍ സഹായിക്കേണ്ടതാണ്. നമുക്കു സന്തോഷം കൈവരുത്തുന്നതിനുവേണ്ടി മാത്രമായി പ്രവര്‍ത്തിക്കരുത്. സഹോദരന്‍റെ നന്മയ്‍ക്കായി പ്രവര്‍ത്തിച്ച് അവനെ സന്തോഷിപ്പിക്കുക. അങ്ങനെ അവന്‍ വിശ്വാസത്തില്‍ വളര്‍ന്നു ബലപ്പെടും. ക്രിസ്തുവും സ്വന്തം സന്തോഷത്തിനുവേണ്ടി അല്ലല്ലോ പ്രവര്‍ത്തിച്ചത്. ‘നിങ്ങളെ അപമാനിക്കുന്നവരുടെ നിന്ദകള്‍ എന്‍റെമേല്‍ നിപതിച്ചിരിക്കുന്നു’ എന്ന് വേദഗ്രന്ഥത്തില്‍ പറയുന്നു. വേദഗ്രന്ഥത്തിലുള്ളതെല്ലാം അവ പഠിക്കുന്നതു നിമിത്തം നമുക്കുണ്ടാകുന്ന ക്ഷമയും ഉത്തേജനവും മൂലം പ്രത്യാശ ഉണ്ടാകുന്നതിനുവേണ്ടി, മുന്‍കൂട്ടി എഴുതപ്പെട്ടിട്ടുള്ളതാണ്. [5,6] നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തെ നിങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ച് ഒരേ സ്വരത്തില്‍ സ്തുതിക്കത്തക്കവണ്ണം ക്രിസ്തുയേശുവിന്‍റെ മാതൃക സ്വീകരിച്ച് ഏകാഭിപ്രായമുള്ളവരായിത്തീരുന്നതിനു നിരന്തരക്ഷമയുടെയും ഉത്തേജനത്തിന്‍റെയും ഉറവിടമായ ദൈവം നിങ്ങളെ പ്രാപ്തരാക്കട്ടെ. *** മനുഷ്യര്‍ ദൈവത്തെ പ്രകീര്‍ത്തിക്കുന്നതിനുവേണ്ടി, ക്രിസ്തു നിങ്ങളെ സ്വീകരിച്ചതുപോലെ നിങ്ങളും അന്യോന്യം സ്വീകരിക്കുക. [8,9] ദൈവത്തിന്‍റെ വാക്കു മാറ്റമില്ലാത്തതാണെന്നു വ്യക്തമാക്കുന്നതിനും, പിതാക്കന്മാരോടുള്ള വാഗ്ദാനങ്ങള്‍ക്ക് ഉറപ്പുവരുത്തുന്നതിനും, ക്രിസ്തു ഇസ്രായേലിന്‍റെ സഹായകനായിത്തീര്‍ന്നു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. അതുപോലെതന്നെ തന്‍റെ കാരുണ്യത്തിനുവേണ്ടി വിജാതീയരും ദൈവത്തെ സ്തുതിക്കേണ്ടതാണ്. *** വേദഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നുണ്ടല്ലോ: വിജാതീയരുടെ മധ്യത്തില്‍ ഞാന്‍ അങ്ങയെ സ്തുതിക്കും; അവിടുത്തെ നാമത്തിനു ഞാന്‍ സ്തുതിപാടും. വേറൊരിടത്തു പറയുന്നു: വിജാതീയരേ, ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തോടൊത്ത് ആനന്ദിക്കുക. പിന്നെയും, സകല വിജാതീയരുമേ, സര്‍വേശ്വരനെ കീര്‍ത്തിക്കുക; സമസ്ത ജനങ്ങളേ, അവിടുത്തെ പ്രകീര്‍ത്തിക്കുക, എന്നും പറയുന്നു. വീണ്ടും യെശയ്യാ പ്രവാചകന്‍: യിശ്ശായിയുടെ വംശത്തില്‍നിന്ന് ഒരാള്‍ വരും; വിജാതീയരെ ഭരിക്കുന്നതിനായി അവിടുന്ന് ഉയര്‍ത്തപ്പെടും; അവര്‍ അവിടുന്നില്‍ പ്രത്യാശവയ്‍ക്കും എന്നു പറയുന്നു. പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ നിങ്ങളുടെ പ്രത്യാശ അനുസ്യൂതം വളര്‍ച്ചപ്രാപിക്കേണ്ടതിന്, പ്രത്യാശയുടെ ഉറവിടമായ ദൈവം തന്നിലുള്ള വിശ്വാസത്താല്‍ ആനന്ദവും സമാധാനവുംകൊണ്ട് നിങ്ങളെ നിറയ്‍ക്കട്ടെ. എന്‍റെ സഹോദരരേ, നിങ്ങള്‍ക്കു തികഞ്ഞ സ്വഭാവമേന്മയും, സകല ജ്ഞാനത്തിന്‍റെയും നിറവും, അന്യോന്യം പ്രബോധിപ്പിക്കുന്നതിനുള്ള കഴിവുമുണ്ടെന്ന് എനിക്കു നിശ്ചയമുണ്ട്. എങ്കിലും നിങ്ങള്‍ അനുസ്മരിക്കേണ്ട ചില കാര്യങ്ങളെപ്പറ്റി എഴുതുവാന്‍ ഞാന്‍ മുതിരുന്നു. വിജാതീയര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനു ക്രിസ്തുയേശുവിന്‍റെ ദാസനായിരിക്കുവാന്‍ ദൈവം എനിക്കു നല്‌കിയിരിക്കുന്ന കൃപമൂലം ഞാന്‍ സധൈര്യം നിങ്ങള്‍ക്കെഴുതുന്നു. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താല്‍ വിജാതീയര്‍ വിശുദ്ധീകരിക്കപ്പെട്ട്, ദൈവത്തിനു സ്വീകാര്യമായ വഴിപാടായിത്തീരുന്നതിന്, ദൈവത്തില്‍നിന്നുള്ള സുവിശേഷം ഘോഷിക്കുന്നതില്‍ ആ കൃപമൂലം ഞാന്‍ ഒരു പുരോഹിതനായി വര്‍ത്തിക്കുന്നു. ക്രിസ്തുയേശുവിനോട് ഏകീഭവിച്ച് ദൈവത്തിനുവേണ്ടി ഞാന്‍ ചെയ്യുന്ന സേവനത്തില്‍ എനിക്ക് അഭിമാനം കൊള്ളുവാന്‍ കഴിയും. [18,19] ദൈവത്തെ അനുസരിക്കുന്നതിനു വിജാതീയരെ നയിക്കുവാന്‍ എന്നില്‍കൂടി, വാക്കുകളാലും പ്രവൃത്തികളാലും, അദ്ഭുതകര്‍മങ്ങളാലും അടയാളങ്ങളാലും, ആത്മാവിന്‍റെ ശക്തിയാലും ക്രിസ്തു ചെയ്തിരിക്കുന്നതു പറയുവാന്‍ മാത്രമേ ഞാന്‍ തുനിയുന്നുള്ളൂ. അങ്ങനെ യെരൂശലേംമുതല്‍ ഇല്ലൂര്യവരെയുള്ള ദേശങ്ങളിലെങ്ങും ക്രിസ്തുവിനെപ്പറ്റിയുള്ള സുവിശേഷം ഞാന്‍ ഘോഷിച്ചിരിക്കുന്നു. *** മറ്റൊരാള്‍ ഇട്ട അടിസ്ഥാനത്തില്‍ പണിതു എന്നു വരാതിരിക്കേണ്ടതിന് ക്രിസ്തുവിനെപ്പറ്റി കേട്ടിട്ടില്ലാത്ത സ്ഥലങ്ങളില്‍ സുവിശേഷം ഘോഷിക്കണമെന്നത്രേ എന്‍റെ അഭിവാഞ്ഛ. അവിടുത്തെപ്പറ്റിയുള്ള അറിവു ലഭിച്ചിട്ടില്ലാത്തവര്‍ അവിടുത്തെ കാണും; കേട്ടിട്ടില്ലാത്തവര്‍ ഗ്രഹിക്കും എന്നു വേദഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതുപോലെ തന്നെ, നിങ്ങളുടെ അടുക്കല്‍ വരുവാന്‍ പലപ്പോഴും ശ്രമിച്ചെങ്കിലും ഇതുവരെയും സാധിച്ചില്ല. [23,24] എന്നാല്‍ ഈ പ്രദേശങ്ങളിലുള്ള എന്‍റെ പ്രവര്‍ത്തനം പൂര്‍ത്തിയായിരിക്കുന്നതുകൊണ്ടും, നിങ്ങളെ വന്നു കാണാന്‍ ദീര്‍ഘകാലമായി ഞാന്‍ ആഗ്രഹിക്കുന്നതുകൊണ്ടും, സ്പെയിനിലേക്കു പോകുന്നവഴി നിങ്ങളെ സന്ദര്‍ശിക്കാമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങോട്ടു പോകുന്നതിനാവശ്യമുള്ള സഹായം നിങ്ങളില്‍നിന്നു ലഭിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. *** ഏതായാലും, യെരൂശലേമിലെ സഹോദരന്മാര്‍ക്കുള്ള സംഭാവനയുമായി ഞാന്‍ ഇപ്പോള്‍ അവിടേക്കു പോകുകയാണ്. അവരില്‍ ദരിദ്രരായവര്‍ക്കു ധനസഹായം നല്‌കുന്നതിനു മാസിഡോണിയയിലെയും അഖായയിലെയും സഭകള്‍ തീരുമാനിച്ചിരിക്കുന്നു. അപ്രകാരം ചെയ്യുന്നതിന് അവര്‍ സ്വയം നിശ്ചയിച്ചതാണ്. വാസ്തവം പറഞ്ഞാല്‍ യെരൂശലേമിലുള്ളവരെ സഹായിക്കുവാന്‍ അവര്‍ക്കു കടപ്പാടുമുണ്ട്; യെഹൂദന്മാരായ വിശ്വാസികള്‍ തങ്ങളുടെ ആത്മീയാനുഗ്രഹങ്ങള്‍ വിജാതീയര്‍ക്കു പങ്കിട്ടല്ലോ; അതുകൊണ്ടു വിജാതീയര്‍ തങ്ങളുടെ ഭൗതികാനുഗ്രഹങ്ങള്‍കൊണ്ട് അവരെയും സഹായിക്കേണ്ടതാണ്. അവര്‍ക്കുവേണ്ടി പിരിച്ചെടുത്ത പണം അത്രയും അവരെ ഏല്പിച്ച് ഈ ജോലി പൂര്‍ത്തിയാക്കിയശേഷം സ്പെയിനിലേക്കു പോകുന്നവഴി ഞാന്‍ നിങ്ങളുടെ അടുക്കലെത്തും. ക്രിസ്തുവിന്‍റെ സമൃദ്ധമായ അനുഗ്രഹത്തോടുകൂടിയായിരിക്കും ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുന്നതെന്ന് എനിക്കറിയാം. സഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവും, ആത്മാവു നല്‌കുന്ന സ്നേഹവും മുഖാന്തരം ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു: യെഹൂദ്യയിലെ അവിശ്വാസികളുടെ കൈയില്‍നിന്ന് എന്നെ രക്ഷിക്കേണ്ടതിനും, യെരൂശലേമിലെ എന്‍റെ ശുശ്രൂഷ അവിടത്തെ വിശ്വാസികള്‍ക്കു സ്വീകാര്യമായിത്തീരേണ്ടതിനും, എന്നോട് ചേര്‍ന്ന് എനിക്കുവേണ്ടി ശുഷ്കാന്തിയോടെ പ്രാര്‍ഥിക്കുക. അങ്ങനെ ആനന്ദപൂര്‍ണനായി ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരും; നിങ്ങളെ സന്ദര്‍ശിക്കുന്നത് എനിക്ക് ഉന്മേഷപ്രദമായിത്തീരുകയും ചെയ്യും. സമാധാനത്തിന്‍റെ ഉറവിടമായ നമ്മുടെ ദൈവം നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കട്ടെ! ആമേന്‍. നമ്മുടെ സഹോദരിയും കെംക്രയാ സഭയുടെ സേവികയുമായ ഫേബയ്‍ക്കുവേണ്ടി ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു. ദൈവത്തിന്‍റെ വിശുദ്ധജനത്തിന് ഉചിതമായവിധം കര്‍ത്താവിന്‍റെ നാമത്തില്‍ അവളെ കൈക്കൊള്ളുകയും അവള്‍ക്കു നിങ്ങളില്‍നിന്ന് ആവശ്യമുള്ള സഹായം നല്‌കുകയും ചെയ്യണം; അവള്‍ അനേകം ആളുകളുടെയും എന്‍റെയും ഒരു നല്ല സഹായികയാണ്. ക്രിസ്തുയേശുവിന്‍റെ സേവനത്തില്‍ എന്‍റെ സഹപ്രവര്‍ത്തകരായ പ്രിസ്കില്ലയ്‍ക്കും അക്വിലായ്‍ക്കും എന്‍റെ അഭിവാദനങ്ങള്‍! എനിക്കുവേണ്ടി തങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയവരാണവര്‍. ഞാന്‍ അവരോടു കൃതജ്ഞനാണ്-ഞാന്‍ മാത്രമല്ല, എല്ലാ വിജാതീയ സഭകളും. അവരുടെ വീട്ടില്‍ ചേര്‍ന്നുവരുന്ന സഭയ്‍ക്കും, ഏഷ്യയുടെ പ്രദേശത്ത് ആദ്യമായി ക്രിസ്തുവില്‍ വിശ്വസിച്ച ആളും എന്‍റെ ഉറ്റ സുഹൃത്തുമായ എപ്പൈനത്തൊസിനും വന്ദനം. നിങ്ങള്‍ക്കുവേണ്ടി കഠിനമായി അധ്വാനിച്ച മറിയമിനും അഭിവാദനങ്ങള്‍! എന്‍റെ കൂടെ തടവില്‍ കിടന്നവരും എന്‍റെ സ്വജാതീയരുമായ അന്ത്രൊനിക്കൊസിനും യൂനിയായ്‍ക്കും വന്ദനം. അവര്‍ അപ്പോസ്തോലന്മാരുടെ ഇടയില്‍ പ്രസിദ്ധരും എന്നെക്കാള്‍ മുമ്പുതന്നെ ക്രിസ്തുവില്‍ വിശ്വസിച്ചവരുമാണ്. ക്രിസ്തുവുമായുള്ള ഐക്യബന്ധത്തില്‍ എനിക്ക് ഏറ്റവും പ്രിയങ്കരനായ അംപ്ലിയാത്തൊസിനും വന്ദനം. ക്രിസ്തുവിന്‍റെ സേവനത്തില്‍ നമ്മുടെ സഹപ്രവര്‍ത്തകനായ ഉര്‍ബ്ബാനൊസിനും എന്‍റെ പ്രിയപ്പെട്ട സ്നേഹിതനായ സ്താക്കുവിനും വന്ദനം. ക്രിസ്തുവിനോടുള്ള ഭക്തിയില്‍ സുസമ്മതനായ അപ്പെലേസിനും വന്ദനം. അരിസ്തൊബൂലൊസിന്‍റെ കുടുംബത്തിലുള്ളവര്‍ക്കും എന്‍റെ അഭിവാദനങ്ങള്‍. എന്‍റെ സ്വജാതീയനായ ഹെരോദിയോനും വന്ദനം. നര്‍ക്കിസ്സൊസ്സിന്‍റെ കുടുംബത്തില്‍പ്പെട്ട ക്രൈസ്തവ സഹോദരന്മാര്‍ക്കും വന്ദനം. കര്‍ത്തൃശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ത്രുഫൈനെക്കും ത്രുഫൊസെക്കും വന്ദനം. കര്‍ത്താവിനുവേണ്ടി വളരെയധികം പ്രയത്നിച്ചവളായ പ്രിയപ്പെട്ട പെര്‍സിസിനും വന്ദനം. കര്‍ത്തൃശുശ്രൂഷയില്‍ പ്രമുഖ പ്രവര്‍ത്തകനായ രൂഫൊസിനും, സ്വന്തം മകനെപ്പോലെ എന്നോട് എപ്പോഴും പെരുമാറിയിട്ടുള്ള അയാളുടെ അമ്മയ്‍ക്കും അഭിവാദനങ്ങള്‍. അസുംക്രിതൊസിനും പ്ലെഗോനും ഫെര്‍മ്മോസിനും പത്രൊബാസിനും ഹെര്‍മ്മാസിനും കൂടെയുള്ള സഹോദരന്മാര്‍ക്കും എന്‍റെ അഭിവാദനങ്ങള്‍. ഫിലൊലൊഗൊസിനും യൂലിയെയ്‍ക്കും നെരെയുസിനും അയാളുടെ സഹോദരിക്കും ഒലുമ്പാസിനും അവരോടുകൂടിയുള്ള സകല വിശ്വാസികള്‍ക്കും വന്ദനം. സൗഹൃദ ചുംബനത്താല്‍ അന്യോന്യം വന്ദനം ചെയ്യുക. ക്രിസ്തുവിന്‍റെ സകല സഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു. സഹോദരരേ, നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ഉപദേശത്തിനു വിപരീതമായി അഭിപ്രായഭിന്നതകള്‍ ഉണ്ടാക്കുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യുന്നവരെ സൂക്ഷിച്ചുകൊള്ളണമെന്നു ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. അവരില്‍നിന്ന് ഒഴിഞ്ഞു മാറിക്കൊള്ളണം. അങ്ങനെയുള്ളവര്‍ നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെയല്ല തങ്ങളുടെ ഉദരത്തെയത്രേ സേവിക്കുന്നത്. ചക്കരവാക്കുകൊണ്ടും മുഖസ്തുതികൊണ്ടും അവര്‍ നിഷ്കളങ്കരെ വഞ്ചിക്കുന്നു. നിങ്ങള്‍ക്കു സുവിശേഷത്തോടുള്ള കൂറും അനുസരണയും എല്ലാവരും അറിഞ്ഞിരിക്കുന്നു. തന്മൂലം നിങ്ങളെപ്രതി ഞാന്‍ സന്തോഷിക്കുന്നു. നിങ്ങള്‍ നന്മയെ സംബന്ധിച്ചിടത്തോളം അറിവുള്ളവരും, തിന്മയെ സംബന്ധിച്ചിടത്തോളം നിഷ്കളങ്കരും ആയിരിക്കണമെന്നത്രേ ഞാന്‍ ആഗ്രഹിക്കുന്നത്. സമാധാനത്തിന്‍റെ ഉറവിടമായ ദൈവം, സാത്താനെ ശീഘ്രം നിങ്ങളുടെ കാല്‌ക്കീഴില്‍ അമര്‍ത്തി ഞെരിച്ചുകളയും. നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ കൃപ നിങ്ങളോടുകൂടി ഇരിക്കുമാറാകട്ടെ. എന്‍റെ സഹപ്രവര്‍ത്തകനായ തിമൊഥെയോസും എന്‍റെ സ്വജാതീയരായ ലൂക്യൊസും, യാസോനും, സോസിപത്രൊസും നിങ്ങളെ വന്ദനം ചെയ്യുന്നു. ഈ കത്തെഴുതിയ തെര്‍തൊസും ഒരു സഹവിശ്വാസി എന്ന നിലയില്‍ നിങ്ങളെ അഭിവാദനം ചെയ്യുന്നു. എന്‍റെയും സഭ മുഴുവന്‍റെയും ആതിഥേയനായ ഗായൊസ് നിങ്ങളെ വന്ദനം ചെയ്യുന്നു. പട്ടണത്തിന്‍റെ ഭണ്ഡാരവിചാരകനായ എരസ്തൊസും, നമ്മുടെ സഹോദരനായ ക്വര്‍ത്തൊസും നിങ്ങളെ വന്ദനം ചെയ്യുന്നു. [24,25] നമുക്കു ദൈവത്തെ പ്രകീര്‍ത്തിക്കാം! കഴിഞ്ഞുപോയ യുഗങ്ങളില്‍ മറഞ്ഞിരുന്ന നിഗൂഢസത്യത്തിന്‍റെ വെളിപാടനുസരിച്ചും ഞാന്‍ പ്രസംഗിക്കുന്ന സുവിശേഷം അഥവാ യേശുക്രിസ്തുവിനെ സംബന്ധിച്ച സന്ദേശം അനുസരിച്ചുള്ള നിങ്ങളുടെ വിശ്വാസത്തില്‍ നിങ്ങളെ ഉറപ്പിച്ചു നിറുത്തുവാന്‍ കഴിയുന്ന ദൈവത്തിനു സ്തോത്രം. *** ആ സത്യം പ്രവാചകന്മാരുടെ എഴുത്തുകളില്‍കൂടി വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നു; എല്ലാവരും വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടതിന് നിത്യനായ സര്‍വേശ്വരന്‍റെ ആജ്ഞയാല്‍ അത് എല്ലാ ജനതകള്‍ക്കും പ്രസിദ്ധമാക്കി. ഏകനും സര്‍വജ്ഞനുമായ ദൈവത്തിന് യേശുക്രിസ്തുവില്‍കൂടി എന്നെന്നേക്കും മഹത്ത്വമുണ്ടാകട്ടെ! ആമേന്‍. ദൈവഹിതപ്രകാരം ക്രിസ്തുയേശുവിന്‍റെ അപ്പോസ്തോലനായി വിളിക്കപ്പെട്ട പൗലൊസും സോസ്തെനേസ് എന്ന സഹോദരനും ചേര്‍ന്ന്, ക്രിസ്തുയേശുവിനോടുള്ള ഐക്യത്തില്‍ ദൈവത്തിന്‍റെ സ്വന്തമായ വിശുദ്ധജനമെന്നു വിളിക്കപ്പെടുന്ന കൊരിന്തിലെ ദൈവസഭയ്‍ക്കും, നമ്മുടെയും അവരുടെയും കര്‍ത്താവായ യേശുക്രിസ്തുവിനെ ആരാധിക്കുന്നവരായി ലോകത്തിലെങ്ങുമുള്ള എല്ലാവര്‍ക്കും എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. ക്രിസ്തുയേശു മുഖേന നിങ്ങള്‍ക്ക് നല്‌കിയിരിക്കുന്ന ദൈവകൃപ നിമിത്തം നിങ്ങള്‍ക്കുവേണ്ടി എന്‍റെ ദൈവത്തെ എപ്പോഴും ഞാന്‍ സ്തുതിക്കുന്നു. ക്രിസ്തുവിനോടുള്ള ഐക്യത്തില്‍ എല്ലാവിധ ഭാഷണങ്ങളും അറിവുകളുമുള്‍പ്പെടെയുള്ള സകല കാര്യങ്ങളിലും നിങ്ങള്‍ സമ്പന്നരായിത്തീര്‍ന്നിരിക്കുന്നു. ക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യം നിങ്ങളില്‍ ദൃഢമായി വേരൂന്നിയിട്ടുണ്ട്. അങ്ങനെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു പ്രത്യക്ഷപ്പെടുന്നതിനുവേണ്ടി കാത്തിരിക്കുന്ന നിങ്ങള്‍ക്ക് എല്ലാ അനുഗ്രഹങ്ങളും ലഭിച്ചിട്ടുണ്ടല്ലോ. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദിവസത്തില്‍ നിങ്ങള്‍ കുറ്റമറ്റവരായിരിക്കുന്നതിന് അന്ത്യംവരെ അവിടുന്ന് നിങ്ങളെ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യും. അവിടുത്തെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിനോടുള്ള കൂട്ടായ്മയ്‍ക്കായി നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തന്‍ തന്നെ. എന്‍റെ സഹോദരരേ, നിങ്ങളുടെ ഇടയില്‍ ഭിന്നത ഉണ്ടാകാതെ, നിങ്ങള്‍ ഏകമനസ്സും ഏകലക്ഷ്യവും ഉള്ളവരായിരിക്കേണ്ടതിന് നിങ്ങള്‍ക്ക് പൂര്‍ണമായ ഐക്യം ഉണ്ടായിരിക്കണമെന്ന് കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ എല്ലാവരോടും ഞാന്‍ അപേക്ഷിക്കുന്നു. നിങ്ങളുടെ ഇടയില്‍ ഭിന്നതകള്‍ ഉള്ളതായി ക്ലോവയുടെ ആളുകള്‍ വ്യക്തമായി എന്നോടു പറഞ്ഞു. ഞാന്‍ പൗലൊസിന്‍റെ അനുയായി എന്ന് ഒരാള്‍; അപ്പൊല്ലോസിന്‍റെ അനുയായി എന്ന് മറ്റൊരാള്‍; പത്രോസിന്‍റെ അനുയായി എന്നു വേറൊരാള്‍; ഇവരെ ആരെയുമല്ല, ക്രിസ്തുവിനെയാണ് ഞാന്‍ അനുഗമിക്കുന്നത് എന്ന് ഇനിയുമൊരാള്‍! ഇങ്ങനെ പലരും പലവിധത്തില്‍ പറയുന്നുണ്ടത്രേ. ക്രിസ്തു പല കൂട്ടമായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്നോ? നിങ്ങള്‍ക്കുവേണ്ടി ക്രൂശിക്കപ്പെട്ടത് പൗലൊസാണോ? പൗലൊസിന്‍റെ നാമത്തിലാണോ നിങ്ങള്‍ സ്നാപനം ചെയ്യപ്പെട്ടത്? ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളില്‍ ആരെയും ഞാന്‍ സ്നാപനം ചെയ്തിട്ടില്ല. അതിനിടയാക്കിയ ദൈവത്തെ ഞാന്‍ സ്തുതിക്കുന്നു. അതുകൊണ്ട്, എന്‍റെ നാമത്തില്‍ നിങ്ങളെ ഞാന്‍ സ്നാപനം ചെയ്തു എന്നു പറയുവാന്‍ ആര്‍ക്കും സാധ്യമല്ലല്ലോ. അതേ, സ്തേഫാനോസിനെയും അയാളുടെ കുടുംബത്തെയും ഞാന്‍ സ്നാപനം ചെയ്തു. വേറെ ആരെയും സ്നാപനം ചെയ്തതായി ഞാന്‍ ഓര്‍ക്കുന്നില്ല. ക്രിസ്തു എന്നെ അയച്ചത് സ്നാപനം ചെയ്യുവാനല്ല, പ്രത്യുത, സുവിശേഷം അറിയിക്കുന്നതിനാകുന്നു. ക്രിസ്തുവിന്‍റെ ക്രൂശുമരണത്തിന്‍റെ മാഹാത്മ്യത്തിനു കുറവു വരാതിരിക്കുവാന്‍, പാണ്ഡിത്യത്തിന്‍റെ ഭാഷ ഉപയോഗിക്കാതെയാണു ഞാന്‍ അറിയിക്കുന്നത്. ക്രിസ്തുവിന്‍റെ ക്രൂശുമരണത്തെക്കുറിച്ചുള്ള സന്ദേശം നശിച്ചുപോകുന്നവര്‍ക്ക് ഭോഷത്തമാകുന്നു; എന്നാല്‍ രക്ഷിക്കപ്പെടുന്നവരായ നമുക്ക് അതു ദൈവത്തിന്‍റെ ശക്തിയത്രേ. വേദഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നു: ജ്ഞാനികളുടെ ജ്ഞാനം ഞാന്‍ നശിപ്പിക്കും; പണ്ഡിതന്മാരുടെ പാണ്ഡിത്യം ദുര്‍ബലമാക്കുകയും ചെയ്യും. അപ്പോള്‍ ജ്ഞാനി എവിടെ? പണ്ഡിതന്‍ എവിടെ? ഈ ലോകത്തിലെ താര്‍ക്കികന്‍ എവിടെ? ലൗകികജ്ഞാനം ഭോഷത്തമാണെന്നു ദൈവം വ്യക്തമാക്കിയിരിക്കുന്നു. തങ്ങളുടെ സ്വന്തം ജ്ഞാനം മുഖേന മനുഷ്യര്‍ക്കു ദൈവത്തെ അറിയുവാന്‍ സാധ്യമല്ല. ദൈവമാണ് തന്‍റെ ജ്ഞാനത്താല്‍ മനുഷ്യന് അത് അസാധ്യമാക്കിത്തീര്‍ത്തത്. മറിച്ച്, ഭോഷത്തമെന്നു പറയപ്പെടുന്നതും ഞങ്ങള്‍ പ്രസംഗിക്കുന്നതുമായ സുവിശേഷംമുഖേന, വിശ്വസിക്കുന്നവരെ രക്ഷിക്കുവാന്‍ ദൈവത്തിനു തിരുമനസ്സായി. തെളിവിന് അടയാളങ്ങള്‍ വേണമെന്നു യെഹൂദന്മാര്‍ ആവശ്യപ്പെടുന്നു. ഗ്രീക്കുകാര്‍ക്കു വേണ്ടത് ജ്ഞാനമാണ്. ഞങ്ങളാകട്ടെ, വിളംബരം ചെയ്യുന്നത് ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെയാകുന്നു; അത് യെഹൂദന്മാര്‍ക്ക് ഇടര്‍ച്ചയും വിജാതീയര്‍ക്കു ഭോഷത്തവുമത്രേ; എന്നാല്‍ യെഹൂദന്മാര്‍ക്കാകട്ടെ, വിജാതീയര്‍ക്കാകട്ടെ, ദൈവം വിളിച്ച ഏവര്‍ക്കും ഈ സുവിശേഷം, ദൈവത്തിന്‍റെ ശക്തിയും ദൈവത്തിന്‍റെ ജ്ഞാനവുമാകുന്ന ക്രിസ്തു ആകുന്നു. ദൈവത്തിന്‍റെ ഭോഷത്തം എന്നു നമുക്കു തോന്നുന്നത് മനുഷ്യരുടെ ജ്ഞാനത്തെക്കാള്‍ മികച്ചതും, ദൈവത്തിന്‍റെ ദൗര്‍ബല്യം എന്നു തോന്നുന്നത് മനുഷ്യരുടെ ശക്തിയെക്കാള്‍ ബലമേറിയതുമാണ്. എന്‍റെ സഹോദരരേ, നിങ്ങളെ ദൈവം വിളിക്കുന്നതിനു മുമ്പ് നിങ്ങള്‍ എങ്ങനെയുള്ളവരായിരുന്നു എന്ന് ഓര്‍ത്തുനോക്കൂ. മാനുഷികമായി നോക്കിയാന്‍ നിങ്ങളുടെ ഇടയില്‍ ജ്ഞാനികളോ, ശക്തന്മാരോ, കൂലീനന്മാരോ അധികമില്ലായിരുന്നു. ജ്ഞാനികളെ ലജ്ജിപ്പിക്കുവാന്‍, ഭോഷത്തമെന്നു ലോകം കരുതുന്നത് ദൈവം തിരഞ്ഞെടുത്തു. ശക്തന്മാരെ ലജ്ജിപ്പിക്കുവാന്‍ അശക്തമെന്നു ലോകം കരുതുന്നതാണു ദൈവം തിരഞ്ഞെടുത്തത്; നിസ്സാരമെന്നും, നികൃഷ്ടമെന്നും, ഏതുമില്ലാത്തതെന്നും ലോകം പരിഗണിക്കുന്നവയെ ദൈവം തിരഞ്ഞെടുത്തു. ലോകം സുപ്രധാനമെന്നു കരുതുന്നവയെ തകര്‍ക്കുന്നതിനുവേണ്ടിയാണ് അപ്രകാരം ചെയ്തത്. അതുകൊണ്ട് ദൈവമുമ്പാകെ ആര്‍ക്കുംതന്നെ അഹങ്കരിക്കുവാനാവില്ല. എന്നാല്‍ ദൈവം നിങ്ങളെ ക്രിസ്തുയേശുവിനോടുള്ള ഐക്യതയിലേക്കു കൊണ്ടുവന്നിരിക്കുന്നു. ക്രിസ്തു നമുക്കുവേണ്ടി ദൈവത്തില്‍നിന്നുള്ള ജ്ഞാനമായിത്തീരുകയും ചെയ്തിരിക്കുന്നു. ക്രിസ്തുമൂലം നാം ദൈവമുമ്പാകെ നിഷ്കളങ്കരും ദൈവത്തിന്‍റെ വിശുദ്ധജനവും ആയിത്തീരും. അവിടുന്നു നമ്മെ സ്വതന്ത്രരാക്കുകയും ചെയ്യുന്നു. അതുകൊണ്ട്, വേദഗ്രന്ഥത്തില്‍ പറയുന്നതുപോലെ ‘അഭിമാനിക്കണമെന്നുള്ളവന്‍ കര്‍ത്താവു ചെയ്തിരിക്കുന്നതില്‍ അഭിമാനം കൊള്ളട്ടെ.’ എന്‍റെ സഹോദരരേ, ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ വലിയ വാഗ്‍വൈഭവമോ പാണ്ഡിത്യമോ പ്രകടിപ്പിച്ചുകൊണ്ടല്ല ദൈവത്തിന്‍റെ നിഗൂഢസത്യം നിങ്ങളെ അറിയിച്ചത്. എന്തെന്നാല്‍ യേശുക്രിസ്തുവിനെ, പ്രത്യേകിച്ചു ക്രൂശിക്കപ്പെട്ടവനായ ക്രിസ്തുവിനെമാത്രം എന്‍റെ മനസ്സില്‍ വയ്‍ക്കണമെന്നു ഞാന്‍ നിശ്ചയിച്ചു. അതുകൊണ്ട് ഭയന്ന്, വിറപൂണ്ട്, ദുര്‍ബലനായിട്ടാണ് ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നത്. എന്‍റെ പ്രബോധനവും പ്രഭാഷണവും മാനുഷികമായ വിജ്ഞാനത്തിന്‍റെ വശ്യവചസ്സുകള്‍ കൊണ്ടല്ലായിരുന്നു; പ്രത്യുത, ദൈവാത്മാവിന്‍റെ ശക്തി ബോധ്യപ്പെടുത്തുന്നവയായിരുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസത്തിന് ആധാരം മാനുഷികമായ ജ്ഞാനമല്ല, പിന്നെയോ ദൈവത്തിന്‍റെ ശക്തിയാണ്. എങ്കിലും ആത്മീയപക്വത പ്രാപിച്ചവരോടു ജ്ഞാനത്തിന്‍റെ സന്ദേശം ഞങ്ങള്‍ പ്രസംഗിക്കുന്നുണ്ട്. എന്നാല്‍ ലൗകിക ജ്ഞാനമോ ഈ ലോകത്തെ ഭരിക്കുന്ന പ്രഭുക്കന്മാരുടെ ജ്ഞാനമോ അല്ല-അവരുടെ അധികാരം നാശോന്മുഖമായിക്കൊണ്ടിരിക്കുന്നു- ദൈവത്തിന്‍റെ നിഗൂഢജ്ഞാനമാണ് ഞങ്ങള്‍ പ്രഖ്യാപനം ചെയ്യുന്നത്. അതു മനുഷ്യര്‍ക്കു നിഗൂഢമായിരുന്നെങ്കിലും യുഗങ്ങള്‍ക്കു മുമ്പുതന്നെ നമ്മുടെ മഹത്ത്വ പ്രാപ്തിക്കായി ദൈവം കരുതിയിരുന്നതാണ്. ഈ ലോകത്തിലെ അധികാരികള്‍ ആരുംതന്നെ അത് അറിഞ്ഞിരുന്നില്ല. അതറിഞ്ഞിരുന്നെങ്കില്‍ അവര്‍ മഹത്ത്വത്തിന്‍റെ കര്‍ത്താവിനെ ക്രൂശിക്കുകയില്ലായിരുന്നു. തന്നെ സ്നേഹിക്കുന്നവര്‍ക്കുവേണ്ടി ദൈവം ഒരുക്കിയിട്ടുള്ളത് ആരും ഒരിക്കലും കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ല; അതു സംഭവിക്കുക സാധ്യമാണെന്ന് ആരും ഒരിക്കലും ചിന്തിച്ചിട്ടുമില്ല എന്നാണല്ലോ വേദഗ്രന്ഥത്തില്‍ പറയുന്നത്. നമുക്കാകട്ടെ, ദൈവം ആത്മാവു മുഖാന്തരം തന്‍റെ രഹസ്യം വെളിപ്പെടുത്തിത്തന്നിരിക്കുന്നു; ആത്മാവ് സമസ്തവും എന്നല്ല, ദൈവത്തിന്‍റെ അഗാധ രഹസ്യങ്ങള്‍പോലും നിരീക്ഷിക്കുന്നുണ്ടല്ലോ. ഒരു മനുഷ്യനെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും അയാളുടെ അന്തരാത്മാവു മാത്രമേ അറിയുന്നുള്ളൂ; അതുപോലെതന്നെ, ദൈവത്തെ സംബന്ധിച്ചുള്ള സമസ്ത കാര്യങ്ങളും ദൈവത്തിന്‍റെ ആത്മാവ് അറിയുന്നു. നമുക്കു ലഭിച്ചിരിക്കുന്നത് ഈ ലോകത്തിന്‍റെ ആത്മാവിനെയല്ല, പ്രത്യുത ദൈവത്തില്‍നിന്നുള്ള ആത്മാവിനെയത്രേ. ആ ആത്മാവുമൂലം ദൈവത്തിന്‍റെ എല്ലാ ദാനങ്ങളെയും നാം അറിയുന്നു. അതുകൊണ്ട്, മാനുഷികമായ ജ്ഞാനം ഉപദേശിച്ചുതരുന്ന വാക്കുകളിലല്ല ഞങ്ങള്‍ സംസാരിക്കുന്നത്, പിന്നെയോ, ആത്മാവു ഉദ്ബോധിപ്പിക്കുന്ന വാക്കുകളിലാകുന്നു. ആത്മാവിനെ സ്വന്തമാക്കിയവര്‍ക്ക് ആധ്യാത്മിക സത്യങ്ങള്‍ ആ വാക്കുകളിലൂടെ ഞങ്ങള്‍ വ്യാഖ്യാനിച്ചുകൊടുക്കുന്നു. ദൈവാത്മാവു ലഭിച്ചിട്ടില്ലാത്ത സ്വാഭാവിക മനുഷ്യന് ആത്മാവിന്‍റെ വരദാനങ്ങള്‍ പ്രാപിക്കുക സാധ്യമല്ല. അങ്ങനെയുള്ളവന്‍ യഥാര്‍ഥത്തില്‍ അവ ഗ്രഹിക്കുന്നില്ല; അവനെ സംബന്ധിച്ചിടത്തോളം അവ ഭോഷത്തങ്ങളാകുന്നു. എന്തെന്നാല്‍ അവയുടെ മൂല്യം ആധ്യാത്മികമായ അടിസ്ഥാനത്തില്‍ മാത്രമേ നിര്‍ണയിക്കുവാന്‍ കഴിയൂ. ആത്മാവു ലഭിച്ച ഒരുവന് എല്ലാറ്റിന്‍റെയും മൂല്യം ഗ്രഹിക്കുവാന്‍ കഴിവുണ്ട്. എന്നാല്‍ അയാളെ വിധിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. “സര്‍വേശ്വരന്‍റെ മനസ്സ് ആരു കണ്ടു? അവിടുത്തേക്കു ബുദ്ധി ഉപദേശിക്കുവാന്‍ ആര്‍ക്കു കഴിയും?” എന്നു വേദഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതുപോലെ തന്നെ. നാം ആകട്ടെ, ക്രിസ്തുവിന്‍റെ മനസ്സുള്ളവരാണ്. എന്‍റെ സഹോദരരേ, ആത്മീയ മനുഷ്യരോടെന്നപോലെ നിങ്ങളോടു സംസാരിക്കുവാന്‍ എനിക്കു കഴിഞ്ഞില്ല; ക്രിസ്തീയ വിശ്വാസത്തില്‍ ശിശുക്കളായ നിങ്ങളോട്, ലൗകികമനുഷ്യരോടെന്നവണ്ണം, എനിക്കു സംസാരിക്കേണ്ടിവന്നു. കട്ടിയുള്ള ആഹാരമല്ല, പാലാണ് ഞാന്‍ നിങ്ങള്‍ക്കു തന്നത്. എന്തെന്നാല്‍ കട്ടിയുള്ള ഭക്ഷണം കഴിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുമായിരുന്നില്ല; ഇപ്പോഴും അതിനുള്ള കഴിവു നിങ്ങള്‍ക്കില്ല. ലൗകികമനുഷ്യര്‍ ജീവിക്കുന്നതുപോലെയാണ് ഇപ്പോഴും നിങ്ങള്‍ ജീവിക്കുന്നത്. നിങ്ങളുടെ ഇടയില്‍ അസൂയയും ശണ്ഠയും ഉള്ളതുകൊണ്ടു നിങ്ങള്‍ ലോകത്തിന്‍റെ തോതനുസരിച്ചു ജീവിക്കുന്ന ഭൗതികമനുഷ്യരാണെന്നല്ലേ തെളിയുന്നത്? നിങ്ങള്‍ കേവലം ഭൗതികമനുഷ്യരായതുകൊണ്ടല്ലേ നിങ്ങളില്‍ ഒരാള്‍ “ഞാന്‍ പൗലൊസിനെ അനുഗമിക്കുന്നു” എന്നും, മറ്റൊരാള്‍ “ഞാന്‍ അപ്പൊല്ലോസിനെ അനുഗമിക്കുന്നു” എന്നും പറയുന്നത്? അപ്പൊല്ലോസ് ആരാണ്? പൗലൊസ് ആരാണ്? നിങ്ങളെ വിശ്വാസത്തിലേക്കു നയിച്ച ദൈവത്തിന്‍റെ ദാസന്മാര്‍ മാത്രമാകുന്നു ഞങ്ങള്‍. കര്‍ത്താവ് ഏല്പിച്ച ജോലി ഓരോരുത്തനും ചെയ്യുന്നു. ഞാന്‍ നട്ടു; അപ്പൊല്ലോസ് നനച്ചു; എന്നാല്‍ വളര്‍ച്ച നല്‌കിയത് ദൈവമാണ്. നടുന്നവനും നനയ്‍ക്കുന്നവനും ഏതുമില്ല; വളര്‍ച്ച നല്‌കിയ ദൈവത്തിനാണു വില കല്പിക്കേണ്ടത്. നടുന്നവനും നനയ്‍ക്കുന്നവനും ഒരുപോലെ മാത്രമേയുള്ളൂ. ഓരോരുത്തനും അവനവന്‍റെ പ്രയത്നത്തിനു തക്ക പ്രതിഫലം ലഭിക്കും. ഞങ്ങള്‍ ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കൂട്ടുവേലക്കാരാണ്; നിങ്ങള്‍ ദൈവത്തിന്‍റെ കൃഷിഭൂമിയും ദൈവത്തിന്‍റെ മന്ദിരവുമാകുന്നു. ദൈവം എനിക്കു നല്‌കിയ വരമനുസരിച്ച് വിവേകമുള്ള ഒരു മുഖ്യശില്പിയെപ്പോലെ ഞാന്‍ അടിസ്ഥാനമിട്ടു; മറ്റൊരാള്‍ അതിന്മേല്‍ പണിയുന്നു. താന്‍ എങ്ങനെയാണു പണിയുന്നതെന്ന് ഓരോരുത്തരും ശ്രദ്ധിച്ചുകൊള്ളട്ടെ. എന്തെന്നാല്‍ യേശുക്രിസ്തു എന്ന ഏക അടിസ്ഥാനം നേരത്തെ ഇട്ടിട്ടുണ്ട്. മറ്റൊരടിസ്ഥാനമിടുവാന്‍ ആര്‍ക്കും സാധ്യമല്ല. ഈ അടിസ്ഥാനത്തിന്മേല്‍ ചിലര്‍ പൊന്ന്, വെള്ളി, വിലയേറിയ രത്നം മുതലായവ ഉപയോഗിച്ചു പണിയുന്നു; മറ്റുള്ളവര്‍ മരമോ, പുല്ലോ, വയ്‍ക്കോലോ ഉപയോഗിക്കും. ക്രിസ്തുവിന്‍റെ ദിവസത്തില്‍ ഓരോ വ്യക്തിയുടെയും പണിയുടെ സവിശേഷത തുറന്നുകാട്ടുമ്പോള്‍ അതു വ്യക്തമാകും. അന്ന് ഓരോ വ്യക്തിയുടെയും പണിയുടെ സവിശേഷത അഗ്നിശോധന എടുത്തുകാട്ടുകയും ചെയ്യും. താന്‍ പ്രസ്തുത അടിസ്ഥാനത്തിന്മേല്‍ നിര്‍മിച്ചത് അഗ്നിയെ അതിജീവിക്കുമെങ്കില്‍ നിര്‍മിതാവിനു പ്രതിഫലം ലഭിക്കും. എന്നാല്‍ ആരെങ്കിലും നിര്‍മിച്ചത് അഗ്നിക്കിരയായാല്‍ അത് അവന് നഷ്ടപ്പെടും; അഗ്നിയിലൂടെ പുറത്തുവരുന്നവനെപ്പോലെ അവന്‍ രക്ഷിക്കപ്പെടും. നിങ്ങള്‍ ദൈവത്തിന്‍റെ ആലയമാകുന്നു എന്നും ദൈവത്തിന്‍റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എന്നും നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? അതുകൊണ്ട് ആരെങ്കിലും ദൈവത്തിന്‍റെ ആലയം നശിപ്പിച്ചാല്‍ ദൈവം അവനെ നശിപ്പിക്കും. എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്‍റെ മന്ദിരം വിശുദ്ധമാണ്. നിങ്ങള്‍ തന്നെ അവിടുത്തെ മന്ദിരമാണല്ലോ. ആരും സ്വയം വഞ്ചിക്കരുത്. ലൗകികമായ മാനദണ്ഡങ്ങള്‍ അനുസരിച്ചു ജ്ഞാനിയാണെന്ന് നിങ്ങളില്‍ ആരെങ്കിലും സ്വയം വിചാരിക്കുന്നെങ്കില്‍ അയാള്‍ യഥാര്‍ഥ ജ്ഞാനിയായിത്തീരേണ്ടതിന് ഭോഷനായിത്തീരണം. എന്തെന്നാല്‍ ജ്ഞാനമെന്നു ലോകം കരുതുന്നത് ദൈവത്തിന്‍റെ ദൃഷ്‍ടിയില്‍ ഭോഷത്തമാകുന്നു. ‘ബുദ്ധിമാന്മാരെ അവരുടെ കൗശലത്തില്‍ത്തന്നെ ദൈവം കുടുക്കുന്നു’ എന്നും ‘ജ്ഞാനികളുടെ ചിന്തയ്‍ക്ക് ഒരു വിലയുമില്ലെന്നു കര്‍ത്താവ് അറിയുന്നു’ എന്നും വേദഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ടല്ലോ. അതിനാല്‍ മനുഷ്യന്‍റെ കര്‍മശേഷിയില്‍ ആരും അഹങ്കരിക്കരുത്. എല്ലാം നിങ്ങള്‍ക്കുള്ളതാണല്ലോ. പൗലൊസും, അപ്പൊല്ലോസും, പത്രോസും, ഈ ലോകവും, ജീവനും, മരണവും, ഇപ്പോഴുള്ളതും, വരുവാനുള്ളതും എല്ലാം നിങ്ങളുടേതാണ്. നിങ്ങളാകട്ടെ ക്രിസ്തുവിനുള്ളവരാകുന്നു; ക്രിസ്തു ദൈവത്തിനുള്ളവനും. ഞങ്ങള്‍ ക്രിസ്തുവിന്‍റെ ദാസന്മാരാണെന്നും ദൈവത്തിന്‍റെ ദിവ്യരഹസ്യങ്ങള്‍ ഞങ്ങളെയാണ് ഏല്പിച്ചിരിക്കുന്നതെന്നും നിങ്ങള്‍ എല്ലാവരും കരുതണം. അങ്ങനെയുള്ള ഒരു ദാസന്‍ യജമാനനോടു വിശ്വസ്തനായിരിക്കണം. നിങ്ങളോ, മനുഷ്യരുടേതായ ഏതെങ്കിലും നീതിപീഠമോ എന്നെ വിധിക്കുന്നെങ്കില്‍ അത് ഞാന്‍ അശേഷം കാര്യമാക്കുന്നില്ല. എന്‍റെ മനസ്സാക്ഷി യാതൊന്നിനെക്കുറിച്ചും എന്നെ കുറ്റപ്പെടുത്തുന്നില്ലെങ്കിലും യഥാര്‍ഥത്തില്‍ ഞാന്‍ നിര്‍ദോഷിയാണെന്നുള്ളതിന് അതു തെളിവല്ലല്ലോ. കര്‍ത്താവു മാത്രമാണ് എന്നെ വിധിക്കുന്നത്. അതുകൊണ്ടു വിധിയുടെ സമയം ആകുന്നതുവരെ നിങ്ങള്‍ ആരെയും വിധിക്കരുത്. കര്‍ത്താവു വരുമ്പോള്‍ അവസാന വിധിയുണ്ടാകും. അതുവരെ കാത്തിരിക്കുക. ഇരുളില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ കര്‍ത്താവു വെളിച്ചത്തു കൊണ്ടുവരും. മനുഷ്യമനസ്സില്‍ മറഞ്ഞിരിക്കുന്ന ഉദ്ദേശ്യങ്ങളെ അവിടുന്ന് അനാവരണം ചെയ്യും. അപ്പോള്‍ ഓരോരുത്തനും അര്‍ഹിക്കുന്ന പ്രശംസ ദൈവത്തില്‍നിന്നു ലഭിക്കുകയും ചെയ്യും. എന്‍റെ സഹോദരരേ, ഇവിടെ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങള്‍ക്കും അപ്പൊല്ലോസിനെയും എന്നെയും ഞാന്‍ ദൃഷ്ടാന്തമാക്കിയിരിക്കുന്നു. ‘എഴുതപ്പെട്ടിരിക്കുന്നതിനെ മറികടക്കരുത്’ എന്ന ചൊല്ല് ഓര്‍ത്തുകൊള്ളണം. നിങ്ങള്‍ ഒരുവന്‍റെ പക്ഷം ചേര്‍ന്നു ഗര്‍വിഷ്ഠരാകുകയോ, മറ്റൊരുവനെ നിന്ദിക്കുകയോ ചെയ്യരുത്. നിന്നെ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠനാക്കിയത് ആരാണ്? നിനക്കുള്ളതെല്ലാം ദൈവം നല്‌കിയതല്ലേ? പിന്നെ നിനക്കുള്ളത് ദൈവത്തിന്‍റെ ദാനമല്ലെന്ന ഭാവത്തില്‍ അഹങ്കരിക്കുന്നത് എന്ത്? നിങ്ങള്‍ക്കു വേണ്ടതെല്ലാം ലഭിച്ചു കഴിഞ്ഞുവോ? നിങ്ങള്‍ സമ്പന്നരായി കഴിഞ്ഞുവെന്നോ? ഞങ്ങളെ കൂടാതെ നിങ്ങള്‍ രാജപദവി പ്രാപിച്ചുവോ? നിങ്ങളോടൊപ്പം ഞങ്ങളും വാഴേണ്ടതിനു നിങ്ങള്‍ രാജാക്കന്മാരായി തീര്‍ന്നിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുകയാണ്. എന്നാല്‍ ദൈവം അപ്പോസ്തോലന്മാരായ ഞങ്ങള്‍ക്ക് വധശിക്ഷയ്‍ക്കു വിധിക്കപ്പെട്ടവരെപ്പോലെ ഏറ്റവും താണ സ്ഥാനമാണു നല്‌കിയിരിക്കുന്നതെന്ന് എനിക്കു തോന്നുന്നു; മനുഷ്യവര്‍ഗവും മാലാഖമാരുമുള്‍പ്പെട്ട സമസ്തലോകത്തിന്‍റെയും മുമ്പില്‍ ഞങ്ങള്‍ കേവലം പ്രദര്‍ശനവസ്തുക്കളായിത്തീര്‍ന്നിരിക്കുന്നുവല്ലോ. ക്രിസ്തുവിനെ പ്രതി ഞങ്ങള്‍ മടയന്മാരാകുന്നു; എന്നാല്‍ ക്രിസ്തുവിനോടുള്ള ഐക്യത്തില്‍ നിങ്ങള്‍ ബുദ്ധിശാലികള്‍! ഞങ്ങള്‍ ദുര്‍ബലര്‍; നിങ്ങള്‍ ബലവാന്മാര്‍! ഞങ്ങള്‍ നിന്ദിതര്‍, നിങ്ങള്‍ ബഹുമാനിതര്‍! ഞങ്ങള്‍ ഉണ്ണാനും ഉടുക്കാനും വകയില്ലാതെ കഴിയുന്നു; മര്‍ദനം ഏല്‌ക്കുന്നു; വീടും കൂടുമില്ലാതെ നാടുനീളെ അലഞ്ഞു തിരിയുന്നു. സ്വന്തം കൈകൊണ്ട് ഞങ്ങള്‍ അധ്വാനിക്കുന്നു; ഞങ്ങളെ ദുഷിക്കുന്നവര്‍ക്ക് ഞങ്ങള്‍ നന്മ നേരുന്നു. പീഡനമേല്‌ക്കുമ്പോള്‍ ക്ഷമയോടെ സഹിക്കുന്നു. ഞങ്ങളെപ്പറ്റി അപവാദം പറയുമ്പോള്‍ ഞങ്ങള്‍ നല്ലവാക്കു പറയുന്നു. ഇന്നുവരെയും ഞങ്ങള്‍ ലോകത്തിന്‍റെ ചവറായും എല്ലാറ്റിന്‍റെയും കീടമായും തീര്‍ന്നിരിക്കുന്നു. നിങ്ങളെ ലജ്ജിപ്പിക്കുവാനല്ല, എന്‍റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളോടെന്നവണ്ണം ബുദ്ധി ഉപദേശിക്കുന്നതിനാണ് ഇതെഴുതുന്നത്. ക്രിസ്തീയ ജീവിതത്തില്‍ നിങ്ങള്‍ക്ക് പതിനായിരം മാര്‍ഗദര്‍ശികളുണ്ടായിരിക്കാം. എങ്കിലും ഒരേ ഒരു പിതാവേ ഉള്ളൂ. ഞാന്‍ നിങ്ങളെ സുവിശേഷം അറിയിച്ചതുകൊണ്ട്, ക്രിസ്തീയ ജീവിതത്തില്‍ ഞാന്‍ നിങ്ങളുടെ പിതാവായിത്തീര്‍ന്നു. അതുകൊണ്ട്, എന്‍റെ മാതൃക നിങ്ങള്‍ പിന്തുടരണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. ക്രിസ്തീയ ജീവിതത്തില്‍ വിശ്വസ്തനും എന്‍റെ പ്രിയ പുത്രനുമായ തിമൊഥെയോസിനെ ഇതിനുവേണ്ടി നിങ്ങളുടെ അടുക്കലേക്ക് അയയ്‍ക്കുന്നു. ക്രിസ്തുയേശുവിനോട് ഐക്യപ്പെട്ടിട്ടുള്ള ജീവിതത്തില്‍ ഞാന്‍ പിന്തുടരുന്ന മാര്‍ഗങ്ങള്‍ അയാള്‍ നിങ്ങളെ അനുസ്മരിപ്പിക്കും. എല്ലാ സഭകളോടും ഞാന്‍ പ്രബോധിപ്പിക്കുന്നതും ഇതാണ്. ഞാന്‍ നിങ്ങളുടെ അടുക്കലേക്കു വരികയില്ലെന്നു വിചാരിച്ച് നിങ്ങളില്‍ ചിലര്‍ അഹങ്കരിക്കുന്നുണ്ട്. എന്നാല്‍ കര്‍ത്താവ് അനുവദിക്കുന്നെങ്കില്‍ ഞാന്‍ വേഗം നിങ്ങളുടെ അടുക്കല്‍ വരും. അപ്പോള്‍ ആ അഹങ്കാരികളുടെ വാക്കുകളല്ല, അവരുടെ ശക്തിതന്നെ ഞാന്‍ നേരിട്ടു കണ്ടുകൊള്ളാം. എന്തുകൊണ്ടെന്നാല്‍ ദൈവരാജ്യം കേവലം വാക്കുകളാലല്ല, ശക്തിയാലത്രേ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ എങ്ങനെയാണ് നിങ്ങളുടെ അടുക്കല്‍ വരേണ്ടത്? കൈയില്‍ ഒരു വടിയുമായോ; അതോ സ്നേഹസൗമ്യമായ ഹൃദയവുമായോ? നിങ്ങള്‍തന്നെ നിശ്ചയിക്കുക. നിങ്ങളുടെ ഇടയില്‍ ദുര്‍വൃത്തി ഉണ്ടെന്നു ഞാന്‍ കേള്‍ക്കുന്നു. ഒരാള്‍ തന്‍റെ പിതാവിന്‍റെ ഭാര്യയുമായി അവിഹിതബന്ധം പുലര്‍ത്തുന്നുണ്ടത്രേ. ഇത് വിജാതീയരുടെ ഇടയില്‍പോലും ഇല്ലാത്ത നികൃഷ്ടനടപടിയാണല്ലോ. എന്നിട്ടും നിങ്ങള്‍ അഹങ്കരിക്കുന്നു! നിങ്ങളുടെ ഹൃദയം സങ്കടംകൊണ്ടു നിറയേണ്ടതല്ലേ? ഈ ദുഷ്കര്‍മം ചെയ്തവനെ നിങ്ങളുടെ സഭയില്‍നിന്നു ബഹിഷ്കരിക്കേണ്ടതാണ്. [3,4] ശരീരത്തില്‍ വിദൂരസ്ഥനാണെങ്കിലും ആത്മാവില്‍ ഞാന്‍ നിങ്ങളോടുകൂടിയുണ്ട്. ഞാന്‍ നിങ്ങളുടെ കൂടെ ആയിരുന്നെങ്കിലെന്നവണ്ണം, ഈ നീചകൃത്യം ചെയ്തവനെ ഞാന്‍ വിധിച്ചുകഴിഞ്ഞിരിക്കുന്നു. നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ നിങ്ങള്‍ ഒരുമിച്ചുകൂടുമ്പോള്‍, എന്‍റെ ആത്മാവും അവിടെ ഉണ്ടായിരിക്കും. *** നിങ്ങള്‍ ഒരുമിച്ചുകൂടി കര്‍ത്താവായ യേശുവിന്‍റെ അധികാരത്തില്‍ ആ മനുഷ്യനെ സാത്താനെ ഏല്പിച്ചുകൊടുക്കണം. അങ്ങനെ അവന്‍റെ ഭോഗാസക്തമായ അധമസ്വഭാവം നശിക്കുകയും അവന്‍റെ ആത്മാവ് കര്‍ത്താവിന്‍റെ ദിവസത്തില്‍ രക്ഷപെടുകയും ചെയ്യും. നിങ്ങളുടെ ആത്മപ്രശംസ നന്നല്ല! അല്പം പുളിച്ചമാവ് പിണ്ഡത്തെ മുഴുവന്‍ പുളിപ്പിക്കുമെന്നുള്ള ചൊല്ല് നിങ്ങള്‍ക്കറിയാമല്ലോ. നിങ്ങള്‍ സത്യത്തില്‍ പുളിപ്പില്ലാത്തവരാണ്; അശേഷം പുളിപ്പു ചേരാത്ത പുതിയ മാവുപോലെ നിങ്ങള്‍ ആയിരിക്കേണ്ടതിന്, പാപത്തിന്‍റെ പുളിച്ചമാവ് പൂര്‍ണമായി നീക്കിക്കളയുക. ക്രിസ്തു എന്ന നമ്മുടെ പെസഹാബലി അര്‍പ്പിച്ചുകഴിഞ്ഞു. തിന്മയും ദുഷ്ടതയുമാകുന്ന പുളിച്ചമാവ് നിശ്ശേഷം നീക്കി, വിശുദ്ധിയും സത്യവുമാകുന്ന പുളിപ്പില്ലാത്ത അപ്പത്തോടുകൂടി നമുക്കു പെസഹാ ഉത്സവം ആചരിക്കാം. ദുര്‍ന്നടപ്പുകാരോട് സമ്പര്‍ക്കമരുതെന്ന് മുമ്പ് ഞാന്‍ ഒരു കത്തില്‍ എഴുതിയിരുന്നുവല്ലോ. ദുര്‍മാര്‍ഗികളോ, അത്യാഗ്രഹികളോ, കൊള്ളക്കാരോ, വിഗ്രഹാരാധകരോ ആയ അന്യമതക്കാരോടു സമ്പര്‍ക്കത്തിലേര്‍പ്പെടരുതെന്നല്ല അതുകൊണ്ടു ഞാന്‍ അര്‍ഥമാക്കിയത്. അവരെ ഒഴിച്ചുനിറുത്തുകയാണെങ്കില്‍, ലോകത്തില്‍നിന്നുതന്നെ പൂര്‍ണമായി വിട്ടുപോകേണ്ടി വരുമല്ലോ. സഹോദരന്‍ എന്നു സ്വയം വിളിക്കുകയും, എന്നാല്‍ ദുര്‍മാര്‍ഗിയോ, അത്യാഗ്രഹിയോ, വിഗ്രഹാരാധകനോ, പരദൂഷണവ്യവസായിയോ, മദ്യപനോ, കൊള്ളക്കാരനോ ആയിരിക്കുകയും ചെയ്യുന്നെങ്കില്‍ അങ്ങനെയുള്ളവുമായി സമ്പര്‍ക്കം പാടില്ല എന്നാണ് ഞാന്‍ പറഞ്ഞതിന്‍റെ സാരം. അവനോടുകൂടിയിരുന്നു ഭക്ഷണം കഴിക്കുകപോലുമരുത്. [12,13] ഏതായാലും പുറത്തുള്ളവരെ വിധിക്കുവാന്‍ എനിക്ക് എന്തുകാര്യം? സഭയ്‍ക്കുള്ളിലുള്ളവരെയല്ലേ നിങ്ങള്‍ വിധിക്കേണ്ടത്? പുറത്തുള്ളവരെ ദൈവം വിധിച്ചുകൊള്ളും. വേദഗ്രന്ഥത്തില്‍ പറയുന്നതുപോലെ, ‘ദുഷ്ടമനുഷ്യനെ നിങ്ങളുടെ കൂട്ടത്തില്‍നിന്നു നീക്കിക്കളയുക.’ നിങ്ങളില്‍ ആര്‍ക്കെങ്കിലും മറ്റൊരു ക്രൈസ്തവ സഹോദരനുമായി തര്‍ക്കമുണ്ടായാല്‍ വിശ്വാസികളുടെ അടുക്കല്‍ പോയി നിങ്ങളുടെ പ്രശ്നത്തിനു പരിഹാരമുണ്ടാക്കാതെ വിജാതീയരായ ന്യായാധിപന്മാരുടെ അടുക്കല്‍ പോകുവാന്‍ തുനിയുന്നുവോ? ദൈവത്തിന്‍റെ ജനം ലോകത്തെ വിധിക്കുമെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ? ലോകത്തെ വിധിക്കേണ്ടവരാണ് നിങ്ങളെങ്കില്‍, നിസ്സാരകാര്യങ്ങള്‍ക്കു പരിഹാരമുണ്ടാക്കുവാന്‍ നിങ്ങള്‍ക്കു കഴിവില്ലെന്നോ? നാം മാലാഖമാരെ വിധിക്കുമെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? അങ്ങനെയെങ്കില്‍ ഐഹിക ജീവിതത്തിലെ കാര്യങ്ങള്‍ വിധിക്കുന്നത് എത്ര എളുപ്പം! ഐഹിക കാര്യങ്ങളെ സംബന്ധിച്ചു വിധി പറയേണ്ടിവരുമ്പോള്‍, സഭയില്‍ സ്ഥാനമില്ലാത്തവരെ നിങ്ങള്‍ അതിനുവേണ്ടി സമീപിക്കുന്നുവോ? നിങ്ങള്‍ക്കു ലജ്ജയില്ലേ? ക്രൈസ്തവ സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കം പറഞ്ഞു തീര്‍ക്കുവാന്‍ കഴിവുള്ള ഒരൊറ്റ വിവേകശാലിപോലും നിങ്ങളുടെ ഇടയില്‍ ഇല്ലെന്നു വരുമോ? ക്രൈസ്തവ സഹോദരന്മാര്‍ തമ്മില്‍ വ്യവഹാരങ്ങള്‍ ഉണ്ടാകുന്നു. അവ തീര്‍ക്കുവാന്‍ അവിശ്വാസികളുടെ അടുക്കല്‍ പോകുകയും ചെയ്യുന്നു. നിങ്ങള്‍ തമ്മില്‍ വ്യവഹാരങ്ങള്‍ ഉണ്ടാകുന്നതുതന്നെ, നിങ്ങള്‍ പരാജയപ്പെട്ടു തറപറ്റിയിരിക്കുന്നു എന്നു തെളിയിക്കുന്നു. അന്യായം സഹിക്കുകയും, ചൂഷണത്തിനു വിധേയരാകുകയും ചെയ്യുന്നതല്ലേ അതിനെക്കാള്‍ നല്ലത്? അതിനുപകരം, നിങ്ങള്‍ അന്യായം പ്രവര്‍ത്തിക്കുന്നു; അതും സ്വന്തം സഹോദരന്മാര്‍ക്കെതിരെ. അന്യായം പ്രവര്‍ത്തിക്കുന്നവര്‍ ദൈവത്തിന്‍റെ രാജ്യം അവകാശമാക്കുകയില്ലെന്നു നിങ്ങള്‍ക്കു നന്നായി അറിയാമല്ലോ. നിങ്ങള്‍ വഞ്ചിതരാകരുത്; ദുര്‍വൃത്തര്‍, വിഗ്രഹാരാധകര്‍, വ്യഭിചാരികള്‍, സ്വയംഭോഗികള്‍, മോഷ്ടാക്കള്‍, അത്യാഗ്രഹികള്‍, മദ്യപന്മാര്‍, പരദൂഷകര്‍, കവര്‍ച്ചക്കാര്‍- ഇങ്ങനെയുള്ളവരാരും ദൈവരാജ്യത്തിന് അവകാശികള്‍ ആകുകയില്ല. നിങ്ങളില്‍ ചിലര്‍ ഇങ്ങനെയുള്ളവരായിരുന്നു. എങ്കിലും നിങ്ങള്‍ പാപത്തില്‍നിന്നു ശുദ്ധീകരണം പ്രാപിച്ചിരിക്കുന്നു; നിങ്ങള്‍ ദൈവത്തിനു സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു; കര്‍ത്താവായ യേശുക്രിസ്തുവിനാലും നമ്മുടെ ദൈവത്തിന്‍റെ ആത്മാവിനാലും ദൈവത്തിന്‍റെ മുമ്പില്‍ നിങ്ങള്‍ കുറ്റമറ്റവരായി അംഗീകരിക്കപ്പെട്ടുമിരിക്കുന്നു. “എല്ലാം എനിക്ക് നിയമാനുസൃതമാണ്; എന്നാല്‍ എല്ലാം പ്രയോജനകരമല്ല. എല്ലാം എനിക്കു നിയമാനുസൃതമാണ്; എന്നാല്‍ ഞാന്‍ ഒന്നിന്‍റെയും അടിമയാകുകയില്ല.” “ആഹാരം ആമാശയത്തിനും, ആമാശയം ആഹാരത്തിനും വേണ്ടിയുള്ളതാണ്” എന്നു മറ്റു ചിലര്‍ പറഞ്ഞേക്കാം. എന്നാല്‍ ദൈവം ഇവ രണ്ടും നശിപ്പിക്കും. ശരീരം ലൈംഗികമായ ദുര്‍വൃത്തിക്കുവേണ്ടിയുള്ളതല്ല, പിന്നെയോ കര്‍ത്താവിനെ സേവിക്കുന്നതിനുവേണ്ടിയുള്ളതാണ്. കര്‍ത്താവ് ശരീരത്തിനു വേണ്ടതെല്ലാം നല്‌കുന്നു. കര്‍ത്താവിനെ ദൈവം മരണത്തില്‍നിന്ന് ഉയിര്‍പ്പിച്ചു. തന്‍റെ ശക്തിയാല്‍ അവിടുന്നു നമ്മെയും ഉയിര്‍പ്പിക്കും. നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്തുവിന്‍റെ അവയവങ്ങളാണെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? ക്രിസ്തുവിന്‍റെ ശരീരത്തിലെ അവയവമെടുത്ത് വേശ്യയുടെ അവയവമാക്കാമോ? ഒരിക്കലും പാടില്ല. വേശ്യയുമായി വേഴ്ചയിലേര്‍പ്പെടുന്ന ഒരുവന്‍ അവളോടു പറ്റിച്ചേര്‍ന്ന് ഒരു മെയ്യായിത്തീരുന്നു എന്നുള്ളത് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെയോ? ‘അവര്‍ ഒരു ദേഹമായിത്തീരും’ എന്നു വേദഗ്രന്ഥത്തില്‍ പറയുന്നുണ്ട്. എന്നാല്‍ കര്‍ത്താവിനോട് പറ്റിച്ചേരുന്നവന്‍ ആത്മീയമായി അവിടുത്തോട് ഏകീഭവിക്കുന്നു. ദുര്‍വൃത്തിയില്‍ നിന്ന് ഓടിയകലുക; മനുഷ്യന്‍ ചെയ്യുന്ന മറ്റൊരു പാപവും അവന്‍റെ ശരീരത്തെ ബാധിക്കുന്നില്ല; എന്നാല്‍ ലൈംഗിക ദുര്‍വൃത്തിയിലേര്‍പ്പെടുന്നവന്‍ സ്വന്തം ശരീരത്തിനു വിരോധമായി പാപം ചെയ്യുന്നു. ദൈവത്തിന്‍റെ ദാനമായ പരിശുദ്ധാത്മാവ് നിങ്ങളില്‍ വസിക്കുന്നതുകൊണ്ട് നിങ്ങളുടെ ശരീരം പരിശുദ്ധാത്മാവിന്‍റെ മന്ദിരമാകുന്നു എന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? നിങ്ങള്‍ നിങ്ങള്‍ക്കുള്ളവരല്ല, ദൈവത്തിനുള്ളവരാണ്. ദൈവം നിങ്ങളെ വിലയ്‍ക്കു വാങ്ങിയിരിക്കുന്നു. അതുകൊണ്ട് ദൈവത്തിന്‍റെ മഹത്ത്വത്തിനുവേണ്ടി നിങ്ങളുടെ ശരീരത്തെ ഉപയോഗിക്കുക. ഇനി നിങ്ങള്‍ എഴുതി അയച്ച കാര്യങ്ങളെപ്പറ്റി പറയട്ടെ. സ്‍ത്രീയെ സ്പര്‍ശിക്കാതിരിക്കുകയാണു പുരുഷനു നല്ലത്. എങ്കിലും വ്യഭിചാരം ചെയ്യാനുള്ള പ്രലോഭനം ഉണ്ടാകാവുന്നതുകൊണ്ട്, ഓരോ പുരുഷനും സ്വന്തം ഭാര്യയും ഓരോ സ്‍ത്രീക്കും സ്വന്തം ഭര്‍ത്താവും ഉണ്ടായിരിക്കട്ടെ. പുരുഷന്‍ തന്‍റെ ഭാര്യയോടും സ്‍ത്രീ തന്‍റെ ഭര്‍ത്താവിനോടുമുള്ള ദാമ്പത്യധര്‍മം നിറവേറ്റണം. ഭാര്യയുടെ ശരീരത്തിന്മേല്‍ അവള്‍ക്കല്ല, അവളുടെ ഭര്‍ത്താവിനത്രേ അധികാരം. അതുപോലെതന്നെ ഭര്‍ത്താവിന്‍റെ ശരീരത്തിന്മേല്‍ അവനല്ല, ഭാര്യക്കാണ് അധികാരം. ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരസമ്മതപ്രകാരം പ്രാര്‍ഥനയ്‍ക്കുവേണ്ടി പിരിഞ്ഞിരിക്കുന്നെങ്കിലല്ലാതെ പങ്കാളിക്കു നല്‌കേണ്ട അവകാശങ്ങള്‍ നിഷേധിച്ചുകൂടാ. അതിനുശേഷം ആത്മനിയന്ത്രണത്തിന്‍റെ കുറവുനിമിത്തം സാത്താന്‍റെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കുവാന്‍ ദാമ്പത്യധര്‍മങ്ങള്‍ തുടരുക. ഇത് ഒരു ആജ്ഞയായിട്ടല്ല, അനുവാദമായിട്ടാണു ഞാന്‍ പറയുന്നത്. ഞാന്‍ ആയിരിക്കുന്നപ്രകാരം നിങ്ങളും ആകണമെന്നത്രേ വാസ്തവത്തില്‍ എന്‍റെ ആഗ്രഹം; എന്നാല്‍ ഓരോരുത്തര്‍ക്കും വിവിധതരത്തിലുള്ള പ്രത്യേക വരദാനമാണല്ലോ ദൈവത്തില്‍നിന്നു ലഭിച്ചിട്ടുള്ളത്. അവിവാഹിതരോടും വിധവമാരോടും ഞാന്‍ പറയുന്നത്, എന്നെപ്പോലെ ഒറ്റയ്‍ക്കു ജീവിക്കുകയാണ് നന്ന് എന്നത്രേ. എന്നാല്‍ ആത്മസംയമനം സാധ്യമല്ലെങ്കില്‍ വിവാഹം ചെയ്യട്ടെ. ഭോഗാസക്തികൊണ്ടു നീറുന്നതിനെക്കാള്‍ നല്ലത് വിവാഹം ചെയ്യുന്നതാണ്. വിവാഹിതരോടു ഞാന്‍ ആജ്ഞാപിക്കുന്നു. ഭാര്യ ഭര്‍ത്താവിനെ പിരിയരുത്. ഇത് എന്‍റെ കല്പനയല്ല, കര്‍ത്താവിന്‍റെ കല്പനയാകുന്നു. അഥവാ വേര്‍പിരിയുന്നപക്ഷം, വീണ്ടും വിവാഹം കഴിക്കാതെ ജീവിച്ചുകൊള്ളണം. അല്ലെങ്കില്‍ സ്വന്തം ഭര്‍ത്താവിനോടു രമ്യപ്പെട്ടുകൊള്ളുക; ഭര്‍ത്താവും ഭാര്യയെ ഉപേക്ഷിച്ചുകൂടാ. മറ്റുള്ളവരോടു കര്‍ത്താവല്ല ഞാന്‍ പറയുന്നു: ഒരു സഹോദരന് അവിശ്വാസിനിയായ ഭാര്യ ഉണ്ടായിരിക്കുകയും അയാളോടു കൂടി പാര്‍ക്കുവാന്‍ അവള്‍ സമ്മതിക്കുകയും ചെയ്യുന്നെങ്കില്‍ അവളെ ഉപേക്ഷിക്കരുത്. ഒരു സഹോദരിക്ക് അവിശ്വാസിയായ ഭര്‍ത്താവുണ്ടായിരിക്കുകയും അവളോടുകൂടി ജീവിക്കുവാന്‍ അയാള്‍ സമ്മതിക്കുകയും ചെയ്യുന്നെങ്കില്‍ ആ സ്‍ത്രീ അയാളെ ഉപേക്ഷിച്ചുകൂടാ. എന്തുകൊണ്ടെന്നാല്‍ അവിശ്വാസിയായ ഭര്‍ത്താവ് തന്‍റെ ഭാര്യ മുഖാന്തരം ദൈവത്തിനു സ്വീകാര്യനായിത്തീരുന്നു; അതുപോലെതന്നെ അവിശ്വാസിനിയായ ഭാര്യ തന്‍റെ ഭര്‍ത്താവ് മുഖാന്തരം ദൈവത്തിന് സ്വീകാര്യയായിത്തീരുന്നു; അല്ലാത്ത പക്ഷം നിങ്ങളുടെ മക്കള്‍ ദൈവത്തിനുള്ളവരല്ലാതായിത്തീരും. ഇപ്പോഴാകട്ടെ, അവര്‍ ദൈവത്തിനു സ്വീകാര്യരാകുന്നു. വിശ്വാസിയല്ലാത്ത ജീവിതപങ്കാളി പിരിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ പിരിഞ്ഞുപോകട്ടെ; ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ വിശ്വാസികളായ സഹോദരന്മാരും സഹോദരിമാരും ബദ്ധരായിരിക്കുകയില്ല; ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത് സമാധാനമായി ജീവിക്കുവാനാണ്. അല്ലയോ, വിശ്വാസിനിയായ ഭാര്യയേ, നിന്‍റെ ഭര്‍ത്താവിനെ നീ രക്ഷപെടുത്തുമോ ഇല്ലയോ എന്ന് നിനക്ക് എങ്ങനെ അറിയാം? വിശ്വാസിയായ ഭര്‍ത്താവേ, നിന്‍റെ ഭാര്യക്ക് നീ രക്ഷ വരുത്തുമോ ഇല്ലയോ എന്ന് നിനക്ക് എങ്ങനെ അറിയാം! കര്‍ത്താവു നല്‌കിയ വരമനുസരിച്ചും, ദൈവം തന്നെ വിളിച്ചപ്പോള്‍ ആയിരുന്നതുപോലെയും ഓരോ വ്യക്തിയും ജീവിക്കുക. ഇതാണ് ഞാന്‍ എല്ലാസഭകളെയും പ്രബോധിപ്പിക്കുന്നത്. പരിച്ഛേദനകര്‍മത്തിനു വിധേയനായ ഒരുവന്‍, ദൈവവിളി സ്വീകരിച്ചാല്‍ പരിച്ഛേദനത്തിന്‍റെ അടയാളം മാറ്റേണ്ടതില്ല. പരിച്ഛേദനകര്‍മത്തിനു വിധേയനാകാത്ത ഒരുവന്‍ ദൈവവിളി സ്വീകരിക്കുമ്പോള്‍, ആ കര്‍മത്തിനു വിധേയനാകേണ്ടതുമില്ല. പരിച്ഛേദനകര്‍മം അനുഷ്ഠിക്കുന്നതിലോ, അനുഷ്ഠിക്കാതിരിക്കുന്നതിലോ കാര്യമൊന്നുമില്ല. ദൈവത്തിന്‍റെ കല്പനകള്‍ അനുസരിക്കുന്നതാണ് സര്‍വപ്രധാനം. ദൈവത്തിന്‍റെ വിളി സ്വീകരിച്ചപ്പോള്‍ ഓരോ വ്യക്തിയും എങ്ങനെയിരുന്നുവോ, അങ്ങനെ തുടര്‍ന്നാല്‍ മതി. ദൈവം വിളിച്ചപ്പോള്‍ നീ അടിമയായിരുന്നുവോ? അതു കാര്യമാക്കേണ്ടതില്ല; എന്നാല്‍ സ്വതന്ത്രനാകാന്‍ അവസരം കിട്ടുന്നെങ്കില്‍ അത് ഉപയോഗിച്ചുകൊള്ളുക. എന്തുകൊണ്ടെന്നാല്‍ കര്‍ത്താവു വിളിച്ച അടിമയെ അവിടുന്നു സ്വതന്ത്രനാക്കിയിരിക്കുന്നു; അതുപോലെതന്നെ ക്രിസ്തു വിളിച്ച ഒരു സ്വതന്ത്രന്‍ അവിടുത്തെ അടിമയാകുന്നു. ദൈവം വിലയ്‍ക്കു വാങ്ങിയവരാണു നിങ്ങള്‍; അതുകൊണ്ട് നിങ്ങള്‍ മനുഷ്യരുടെ അടിമകളാകരുത്. എന്‍റെ സഹോദരരേ, ഏതവസ്ഥയില്‍ നിങ്ങള്‍ ഓരോ വ്യക്തിയും വിളിക്കപ്പെട്ടുവോ, അതേ അവസ്ഥയില്‍ ദൈവത്തോടു ചേര്‍ന്നു ജീവിച്ചുകൊള്ളുക. കന്യകമാരെപ്പറ്റി നിങ്ങള്‍ എഴുതിയിരുന്നുവല്ലോ; അതേ സംബന്ധിച്ചു കര്‍ത്താവിന്‍റെ ഒരു കല്പനയും എനിക്കു ലഭിച്ചിട്ടില്ല; എന്നാല്‍ കര്‍ത്താവിന്‍റെ കരുണയാല്‍ നിങ്ങള്‍ക്കു വിശ്വാസിക്കാവുന്നവനെന്ന നിലയില്‍ എന്‍റെ അഭിപ്രായം ഞാന്‍ പറയുന്നു: ഇപ്പോഴത്തെ ദുരിതം കണക്കിലെടുക്കുമ്പോള്‍, ഒരു മനുഷ്യന്‍ താന്‍ ആയിരിക്കുന്ന അവസ്ഥയില്‍ തുടരുന്നതാണ് അവന് ഏറെ നല്ലത് എന്ന് എനിക്കു തോന്നുന്നു. നീ വിവാഹിതനാണോ? എങ്കില്‍ ആ ബന്ധം വേര്‍പെടുത്തുവാന്‍ ശ്രമിക്കരുത്. നീ അവിവാഹിതനാണെങ്കില്‍ ഭാര്യയെ അന്വേഷിക്കേണ്ടതില്ല. എന്നാല്‍ നീ വിവാഹം കഴിക്കുന്നെങ്കില്‍, നീ ചെയ്യുന്നത് പാപമല്ല; ഒരു കന്യക വിവാഹിതയാകുന്നെങ്കിലും, അവളും പാപം ചെയ്യുന്നില്ല. എങ്കിലും വിവാഹിതരുടെ ജീവിതത്തിലെ വിഷമതകള്‍ നിങ്ങള്‍ക്കുണ്ടാകരുതെന്നു ഞാന്‍ ആഗ്രഹിക്കുന്നു. എന്‍റെ സഹോദരരേ, ഞാന്‍ പറയുന്നതിന്‍റെ സാരം ഇതാണ്: ഇനി അധികസമയം ശേഷിച്ചിട്ടില്ല. ഇനി വിവാഹിതര്‍ വിവാഹം ചെയ്യാത്തവരെപ്പോലെയും, ദുഃഖിക്കുന്നവര്‍ ദുഃഖിക്കാത്തവരെപ്പോലെയും, സന്തോഷിക്കുന്നവര്‍ സന്തോഷമില്ലാത്തവരെപ്പോലെയും, വിലയ്‍ക്കുവാങ്ങുന്നവര്‍ കൈവശമാക്കാത്തവരെപ്പോലെയും, വ്യാപാരത്തിലേര്‍പ്പെടുന്നവര്‍ അതില്‍ ഏര്‍പ്പെടാത്തവരെപ്പോലെയും ആയിരിക്കട്ടെ. എന്തെന്നാല്‍ ഈ ലോകത്തിന്‍റെ വ്യവസ്ഥിതി മാറിക്കൊണ്ടിരിക്കുന്നു. നിങ്ങള്‍ ആകുലചിത്തരാകരുതെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അവിവാഹിതനായ ഒരു മനുഷ്യന്‍ കര്‍ത്താവിന്‍റെ പ്രവര്‍ത്തനത്തില്‍ തത്പരനാകുന്നു. എന്തെന്നാല്‍ കര്‍ത്താവിനെ സംപ്രീതനാക്കുവാന്‍ അയാള്‍ ശ്രമിക്കുന്നു. എന്നാല്‍ വിവാഹിതന്‍ തന്‍റെ ഭാര്യയെ പ്രീതിപ്പെടുത്തേണ്ടതുകൊണ്ട് ലൗകികകാര്യങ്ങളില്‍ തത്പരനാകുന്നു. അങ്ങനെ അയാള്‍ രണ്ടു ദിശകളിലേക്കു വലിക്കപ്പെടുന്നു; അതുപോലെതന്നെ അവിവാഹിതയായ സ്‍ത്രീ അഥവാ കന്യക കര്‍ത്താവിന്‍റെ പ്രവര്‍ത്തനത്തില്‍ തത്പരയാകുന്നു. എന്തെന്നാല്‍ തന്‍റെ ശരീരവും ആത്മാവും ഈശ്വരാര്‍പ്പിതമായിരിക്കണമെന്ന് അവള്‍ ആഗ്രഹിക്കുന്നു; എന്നാല്‍ ഭര്‍ത്തൃമതിയായ സ്‍ത്രീ ഭര്‍ത്താവിനെ പ്രസാദിപ്പിക്കേണ്ടതുകൊണ്ട് ലൗകികകാര്യങ്ങളില്‍ തത്പരയാകുന്നു. നിങ്ങളുടെമേല്‍ ഏതെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തുവാനല്ല, നിങ്ങളുടെ പ്രയോജനത്തിനുവേണ്ടിയാണ് ഞാന്‍ ഇതു പറയുന്നത്. ശരിയായും ഉചിതമായുമുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും നിങ്ങളെത്തന്നെ കര്‍ത്താവിന്‍റെ സേവനത്തിനു പൂര്‍ണമായി സമര്‍പ്പിക്കണമെന്നുമത്രേ എന്‍റെ ആഗ്രഹം. വിവാഹനിശ്ചയം ചെയ്ത പുരുഷനും സ്‍ത്രീയും ദാമ്പത്യബന്ധം വേണ്ടെന്നു തീരുമാനിച്ചു എന്നിരിക്കട്ടെ. തന്‍റെ പ്രതിശ്രുതവധുവിനെ വിവാഹം ചെയ്യാതിരിക്കുന്നത് അനുചിതമാണെന്നും ഭോഗേച്ഛ ഉള്ളതുകൊണ്ട് അവര്‍ തമ്മില്‍ വിവാഹം ചെയ്യേണ്ടതാണെന്നും തോന്നുന്ന പക്ഷം അവര്‍ വിവാഹം ചെയ്തുകൊള്ളട്ടെ. എന്നാല്‍ വിവാഹം ചെയ്യുന്നില്ലെന്നു സ്വമേധയാ ദൃഢനിശ്ചയം ചെയ്ത ഒരാള്‍ക്ക് തികഞ്ഞ ആത്മസംയമനം ഉണ്ടെങ്കില്‍ നിശ്ചയിച്ചതുപോലെ ചെയ്യട്ടെ; അയാള്‍ വിവാഹം ചെയ്യേണ്ടതില്ല. വിവാഹം ചെയ്യുന്നതു നല്ലത്, ചെയ്യാതിരിക്കുന്നത് ഏറെ നല്ലത്. ഭര്‍ത്താവു ജീവിച്ചിരിക്കുന്നിടത്തോളം കാലം വിവാഹിതയായ ഒരു സ്‍ത്രീ സ്വതന്ത്രയല്ല; എന്നാല്‍ ഭര്‍ത്താവു മരിച്ചാല്‍ തനിക്കിഷ്ടമുള്ള മറ്റൊരുവനെ അവള്‍ക്കു വേള്‍ക്കാം, എന്നാല്‍ അയാള്‍ ഒരു ക്രിസ്ത്യാനി ആയിരിക്കണമെന്നു മാത്രം. അവള്‍ വിധവയായിത്തന്നെ ഇരിക്കുന്നെങ്കില്‍ അതാണവള്‍ക്കു കൂടുതല്‍ സൗഭാഗ്യകരം. അതാണ് എന്‍റെ അഭിപ്രായം. എനിക്കും ദൈവത്തിന്‍റെ ആത്മാവുണ്ടെന്നു ഞാന്‍ വിചാരിക്കുന്നു. വിഗ്രഹങ്ങള്‍ക്ക് നിവേദിച്ച ഭക്ഷണസാധനങ്ങളെപ്പറ്റി നിങ്ങള്‍ എഴുതിയിരുന്നുവല്ലോ. “നമുക്കെല്ലാവര്‍ക്കും അറിവുണ്ട്” എന്നു പറയുന്നതു ശരിതന്നെ. അങ്ങനെയുള്ള അറിവ് ഒരുവനെ അഹന്തകൊണ്ട് ഊതിവീര്‍പ്പിക്കുന്നു. സ്നേഹമാകട്ടെ, ആത്മീയ വളര്‍ച്ച വരുത്തുന്നു. തനിക്ക് എന്തൊക്കെയോ അറിയാം എന്നു ഭാവിക്കുന്നവന്‍, യഥാര്‍ഥത്തില്‍ അറിയേണ്ടതുപോലെ അറിഞ്ഞിട്ടില്ല. എന്നാല്‍ ഒരുവന്‍ ദൈവത്തെ സ്നേഹിക്കുന്നെങ്കില്‍ ദൈവം അവനെ അറിയുന്നു. വിഗ്രഹങ്ങള്‍ക്കു നിവേദിച്ച ഭക്ഷണസാധനങ്ങളെപ്പറ്റി പറയട്ടെ: ദൈവം ഏകനാണെന്നും അസ്തിത്വം ഇല്ലാത്ത ഒന്നിനെയാണ് വിഗ്രഹം പ്രതിനിധാനം ചെയ്യുന്നതെന്നും നമുക്ക് അറിയാം. “ദൈവങ്ങള്‍” എന്നു വിളിക്കപ്പെടുന്നവര്‍ ഉണ്ടായിരിക്കാം. സ്വര്‍ഗത്തിലാകട്ടെ, ഭൂമിയിലാകട്ടെ അങ്ങനെയുള്ള പല “ദൈവങ്ങളും” “ദേവന്മാരും” ഉണ്ടായിരുന്നാലും നമുക്കു പിതാവായ ഒരു ദൈവം മാത്രമേയുള്ളൂ. അവിടുന്നാണ് എല്ലാറ്റിന്‍റെയും സ്രഷ്ടാവ്. അവിടുത്തേക്കു വേണ്ടിയാണു നാം ജീവിക്കുന്നത്. ഒരു കര്‍ത്താവു മാത്രമേയുള്ളൂ- യേശുക്രിസ്തു. അവിടുന്നു മുഖേന സകലവും സൃഷ്‍ടിക്കപ്പെട്ടു. നാം ജീവിക്കുന്നതും അവിടുന്നു മുഖേനയാണ്. എന്നാല്‍ ഈ സത്യം എല്ലാവരും അറിയുന്നില്ല. ചിരപരിചയം ഹേതുവാല്‍, വിഗ്രഹത്തിനു നിവേദിക്കപ്പെട്ട ഭക്ഷണം കഴിക്കുമ്പോള്‍ അത് വിഗ്രഹാര്‍പ്പിതമെന്ന് ചിലര്‍ കരുതുന്നു; അവരുടെ മനസ്സാക്ഷി ദുര്‍ബലമാകയാല്‍, ആ ഭക്ഷണം മൂലം തങ്ങള്‍ മലിനരായിത്തീരുന്നു എന്ന് അവര്‍ വിചാരിക്കുന്നു. ഏതായാലും ദൈവത്തോടുള്ള നമ്മുടെ ബന്ധം ഭക്ഷണംകൊണ്ടു മെച്ചപ്പെടുകയില്ല. ഭക്ഷിക്കാതിരുന്നാല്‍ നമുക്കു നഷ്ടമൊന്നും വരാനില്ല; ഭക്ഷിക്കുന്നെങ്കില്‍ ഒട്ടു ലാഭവുമില്ല. എങ്ങനെയായാലും വിശ്വാസത്തില്‍ ബലഹീനരായവര്‍ പാപത്തില്‍ നിപതിക്കുന്നതിനു നിങ്ങളുടെ സ്വാതന്ത്ര്യം കാരണമായി ഭവിക്കരുത്. “അറിവുള്ളവന്‍” ആയ നീ വിഗ്രഹത്തിന്‍റെ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രത്തിലിരുന്നു ഭക്ഷിക്കുന്നത് ദുര്‍ബലമനസ്സാക്ഷിയുള്ള ഒരുവന്‍ കാണുന്നു എന്നിരിക്കട്ടെ; വിഗ്രഹത്തിനു നിവേദിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നതിന് അവനെ അതു പ്രേരിപ്പിക്കുകയില്ലേ? ക്രിസ്തു ആര്‍ക്കുവേണ്ടി മരിച്ചുവോ ആ ബലഹീന സഹോദരന്‍ നിന്‍റെ “അറിവിനാല്‍” അങ്ങനെ നശിച്ചുപോകുന്നു. ഈ വിധത്തില്‍ നിന്‍റെ സഹോദരന്‍റെ ദുര്‍ബലമനസ്സാക്ഷിയെ ക്ഷതപ്പെടുത്തി അവനെതിരെ പാപം ചെയ്യുന്നതുകൊണ്ട് ക്രിസ്തുവിനെതിരെ നീ പാപം ചെയ്യുന്നു. എന്‍റെ സഹോദരന്‍ പാപത്തില്‍ നിപതിക്കാന്‍ ആഹാരം ഇടയാക്കുമെങ്കില്‍ അവന്‍ ഇടറിവീഴാന്‍ കാരണമാകാതിരിക്കേണ്ടതിന് ഇനിമേല്‍ ഞാന്‍ മാംസം ഭക്ഷിക്കുകയില്ല. ഞാന്‍ സ്വതന്ത്രനല്ലേ? ഞാനൊരു അപ്പോസ്തോലനല്ലേ? നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ ഞാന്‍ കണ്ടിട്ടില്ലേ? കര്‍ത്താവിനുവേണ്ടി ഞാന്‍ ചെയ്ത പ്രയത്നത്തിന്‍റെ ഫലമല്ലേ നിങ്ങള്‍? മറ്റുള്ളവര്‍ക്ക് ഞാന്‍ അപ്പോസ്തോലന്‍ അല്ലെങ്കിലും നിങ്ങള്‍ക്കു ഞാന്‍ നിശ്ചയമായും അപ്പോസ്തോലനാണല്ലോ. ക്രിസ്തുവിനോടു ചേര്‍ന്നുള്ള നിങ്ങളുടെ ജീവിതംതന്നെ ഞാനൊരു അപ്പോസ്തോലനാണെന്നുള്ളതിനു തെളിവാണ്. എന്നെ വിമര്‍ശിക്കുന്നവരോട് എനിക്കുള്ള മറുപടി ഇതാണ്: ഞങ്ങളുടെ അധ്വാനത്തിനു പ്രതിഫലമായി ആഹാരപാനീയങ്ങള്‍ ലഭിക്കുന്നതിന് ഞങ്ങള്‍ക്ക് അവകാശമില്ലേ? മറ്റുള്ള അപ്പോസ്തോലന്മാരും പത്രോസും ചെയ്യുന്നതുപോലെ വിശ്വാസിനിയായ ഭാര്യയോടുകൂടി സഞ്ചരിക്കുവാന്‍ ഞങ്ങള്‍ക്ക് അവകാശമില്ലെന്നോ? ഉപജീവനത്തിനുവേണ്ടി ഞാനും ബര്‍നബാസും മാത്രം വേല ചെയ്യണമെന്നുണ്ടോ? പ്രതിഫലമൊന്നും പറ്റാതെ സേവനം അനുഷ്ഠിക്കുന്നത് ഏതൊരു പടയാളിയാണ്? സ്വന്തം മുന്തിരിത്തോട്ടത്തില്‍നിന്നു മുന്തിരിപ്പഴം തിന്നാത്തത് ഏതൊരു കര്‍ഷകനാണ്? സ്വന്തം ആടിന്‍റെ പാലു കുടിക്കാത്തത് ഏതൊരു ഇടയനാണ്? സാധാരണ ജീവിതത്തില്‍നിന്നുള്ള ഉദാഹരണങ്ങളാണ് ഞാന്‍ ഉദ്ധരിച്ചത്. മോശയുടെ നിയമസംഹിത പറയുന്നതും ഇതുതന്നെയാണ്. ‘ധാന്യം മെതിക്കുന്ന കാളയ്‍ക്ക് മുഖക്കുട്ട കെട്ടരുത്’ എന്നു പറഞ്ഞിരിക്കുന്നു. കാളയെക്കുറിച്ചുളള കരുതല്‍കൊണ്ടാണോ ദൈവം ഇങ്ങനെ പറയുന്നത്? യഥാര്‍ഥത്തില്‍ നമ്മെ ഉദ്ദേശിച്ചല്ലേ പറയുന്നത്? നിശ്ചയമായും നമ്മെ ഉദ്ദേശിച്ചു തന്നെയാണ്. നിലം ഉഴുന്നവനും ധാന്യം കൊയ്യുന്നവനും തനിക്കുള്ള ഓഹരി കിട്ടുമെന്ന ആശയോടുകൂടി ജോലി ചെയ്യണം. ഞങ്ങള്‍ ആത്മീയമായ വിത്ത് നിങ്ങളുടെ ഇടയില്‍ വിതച്ചിരിക്കുന്നു. നിങ്ങളില്‍നിന്നു ഭൗതികമായ നന്മകള്‍ കൊയ്യുന്നത് അധികപ്പറ്റോ? നിങ്ങളില്‍നിന്ന് ഇതു പ്രതീക്ഷിക്കുവാനുള്ള അവകാശം മറ്റുള്ളവരെക്കാള്‍ അധികം ഞങ്ങള്‍ക്കില്ലേ? എന്നാല്‍ ഈ അവകാശം ഞങ്ങള്‍ ഉപയോഗിച്ചിട്ടില്ല. ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷത്തിന്‍റെ മാര്‍ഗത്തില്‍ ഒരു പ്രതിബന്ധവും ഉണ്ടാകാതിരിക്കുന്നതിന് ഞങ്ങള്‍ എല്ലാം സഹിച്ചു. ദൈവാലയത്തില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് ദൈവാലയത്തില്‍ നിന്ന് ആഹാരം ലഭിക്കുന്നു എന്നും ബലിപീഠത്തില്‍ യാഗം അര്‍പ്പിക്കുന്നവര്‍ക്ക് ബലിയുടെ ഓഹരി ലഭിക്കുന്നു എന്നും നിങ്ങള്‍ക്ക് അറിയാമല്ലോ. അതുപോലെ സുവിശേഷം പ്രസംഗിക്കുന്നവര്‍ അതുകൊണ്ട് ഉപജീവനം കഴിച്ചുകൊള്ളണം എന്നാണു കര്‍ത്താവിന്‍റെ കല്പന. എങ്കിലും ഈ അവകാശങ്ങളൊന്നും ഞാന്‍ ഉപയോഗിച്ചിട്ടില്ല; ഇതെഴുതുന്നതും എന്തെങ്കിലും ലഭിക്കണമെന്നുവച്ചല്ല. എന്‍റെ ന്യായമായ അവകാശവാദം വെറും പൊള്ളയായ വാക്കുകളാണെന്ന് ആരും സമര്‍ഥിക്കുവാന്‍ പോകുന്നില്ല; അതില്‍ ഭേദം ഞാന്‍ മരിക്കുകയാണ്. ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നതുകൊണ്ട് എനിക്ക് അഭിമാനിക്കാനൊന്നുമില്ല. അതു ചെയ്യുവാനുള്ള ബാധ്യത എനിക്കുണ്ട്. സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്ക് ഹാ കഷ്ടം! ആരുടെയും പ്രേരണ കൂടാതെ, സ്വമനസ്സാ അതു ഞാന്‍ ചെയ്യുന്നെങ്കില്‍ എനിക്കു പ്രതിഫലം പ്രതീക്ഷിക്കാം. എന്നാല്‍ ഈ ദൗത്യം ദൈവം എന്നെ ഏല്പിച്ചതായതുകൊണ്ട് എന്‍റെ ധര്‍മം എന്ന നിലയിലാണ് ഞാനിതു ചെയ്യുന്നത്. അപ്പോള്‍ എനിക്കു കിട്ടുന്ന പ്രതിഫലം എന്താണ്? വേതനം കൂടാതെയും സുവിശേഷഘോഷണത്തില്‍ എനിക്കുള്ള അവകാശം ഉന്നയിക്കാതെയും സുവിശേഷം പ്രസംഗിക്കുന്ന പദവിയാണ് എന്‍റെ പ്രതിഫലം. ഞാന്‍ ആരുടെയും അടിമയല്ല; ഞാന്‍ സ്വതന്ത്രനാണ്. എന്നാല്‍ കഴിയുന്നത്ര ആളുകളെ നേടേണ്ടതിന്, ഞാന്‍ എന്നെത്തന്നെ എല്ലാവരുടെയും അടിമയാക്കി. ഞാന്‍ യെഹൂദന്മാരുടെ ഇടയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അവരെ നേടുന്നതിനുവേണ്ടി, ഒരു യെഹൂദനെപ്പോലെ ഞാന്‍ ജീവിച്ചു; ഞാന്‍ മോശയുടെ നിയമസംഹിതയ്‍ക്കു വിധേയനല്ലെങ്കിലും, അതിനു വിധേയരായവരോടുകൂടി പ്രവര്‍ത്തിച്ചപ്പോള്‍ അവരെ നേടേണ്ടതിന് അവരെപ്പോലെയായി. അതുപോലെതന്നെ വിജാതീയരുടെ ഇടയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അവരെ നേടേണ്ടതിന്, നിയമസംഹിത കൂടാതെ, ഒരു വിജാതീയനെപ്പോലെ ഞാന്‍ ജീവിച്ചു. ദൈവത്തിന്‍റെ ധര്‍മശാസ്ത്രം ഞാന്‍ അനുസരിക്കുന്നില്ല എന്ന് ഇതിനര്‍ഥമില്ല. യഥാര്‍ഥത്തില്‍ ഞാന്‍ ക്രിസ്തുവിന്‍റെ ധര്‍മശാസ്ത്രത്തിനു വിധേയനാണ്. വിശ്വാസത്തില്‍ ബലഹീനരായവരെ നേടേണ്ടതിന് ഞാന്‍ അവരുടെ മധ്യത്തില്‍ അവരിലൊരുവനെപ്പോലെയായി. ചിലരെയെങ്കിലും നേടേണ്ടതിന് ഞാന്‍ എല്ലാ വിധത്തിലും എല്ലാവര്‍ക്കുംവേണ്ടി എല്ലാമായിത്തീര്‍ന്നു. സുവിശേഷത്തിന്‍റെ അനുഗ്രഹങ്ങള്‍ക്ക് പങ്കാളിയായിത്തീരുന്നതിനു സുവിശേഷത്തെ പ്രതി ഞാന്‍ ഇതെല്ലാം ചെയ്യുന്നു. ഓട്ടക്കളത്തില്‍ പലരും ഓടുന്നെങ്കിലും ഒരാള്‍ മാത്രമേ സമ്മാനം നേടുന്നുള്ളൂ എന്നു നിങ്ങള്‍ക്കറിയാമല്ലോ. നിങ്ങളും സമ്മാനം നേടത്തക്കവണ്ണം ഓടുക. വാടിപ്പോകുന്ന കിരീടം നേടുന്നതിനുവേണ്ടി കായികമത്സരത്തില്‍ പങ്കെടുക്കുന്ന അഭ്യാസി കഠിനമായ പരിശീലനത്തിനു വിധേയനാകുന്നു. എന്നാല്‍ അനശ്വരമായ കിരീടത്തിനു വേണ്ടിയത്രേ നാം പരിശ്രമിക്കുന്നത്. അതുകൊണ്ട് ഞാന്‍ നേരെ ലക്ഷ്യത്തിലേക്ക് ഓടുന്നു. കുറിക്കു കൊള്ളത്തക്കവിധം ഞാന്‍ മുഷ്‍ടിപ്രഹരം നടത്തുകയും ചെയ്യുന്നു. ഈ മത്സരത്തിലേക്കു മറ്റുള്ളവരെ വിളിച്ച ഞാന്‍ അയോഗ്യനായി തള്ളപ്പെട്ടു എന്നു വരാതിരിക്കുവാന്‍, എന്‍റെ ശരീരത്തെ മര്‍ദിച്ച് പരിപൂര്‍ണ നിയന്ത്രണത്തിന് അധീനമാക്കുകയും ചെയ്യുന്നു. എന്‍റെ സഹോദരരേ, മോശയെ അനുഗമിച്ച നമ്മുടെ പൂര്‍വികര്‍ക്ക് എന്തു സംഭവിച്ചു എന്നു നിങ്ങള്‍ ഓര്‍മിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ മേഘത്തണലില്‍ സംരക്ഷിക്കപ്പെട്ടു; സുരക്ഷിതരായി ചെങ്കടല്‍ കടക്കുകയും ചെയ്തു. മോശയുടെ അനുയായികള്‍ എന്ന നിലയില്‍, മേഘത്തണലിലും കടലിലും അവര്‍ക്കുണ്ടായ അനുഭവം ഒരു സ്നാപനമായിരുന്നു. അവര്‍ എല്ലാവരും ഒരേ ആത്മികഭക്ഷണം കഴിച്ചു; ഒരേ ആത്മികപാനീയം കുടിച്ചു; അവരോടുകൂടി യാത്രചെയ്ത ആത്മികപാറയില്‍നിന്നു ലഭിച്ച ജലമാണ് അവര്‍ കുടിച്ചത്. ആ പാറ ക്രിസ്തുതന്നെ ആയിരുന്നു. എന്നാല്‍ അവരില്‍ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല. അതുകൊണ്ട് അവരുടെ മൃതശരീരങ്ങള്‍ മരുഭൂമിയില്‍ ചിതറപ്പെട്ടു; [6,7] അവര്‍ തിന്മയെ ആഗ്രഹിക്കുകയും അവരില്‍ ചിലര്‍ വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തു. അതുപോലെ നാം ചെയ്യാതിരിക്കുന്നതിന് നമുക്കു മുന്നറിയിപ്പു നല്‌കുന്ന മാതൃകാപാഠങ്ങളാണ് ഇവയെല്ലാം. വേദഗ്രന്ഥത്തില്‍ പറയുന്നതുപോലെ ‘ജനം തിന്നു കുടിച്ച് ഉല്ലസിക്കുന്നതിനായി ഇരുന്നു; മദിരോത്സവത്തിനായി എഴുന്നേറ്റു.’ *** അവരില്‍ ചിലര്‍ വ്യഭിചാരം ചെയ്യുകയും തല്‍ഫലമായി ഒറ്റദിവസംകൊണ്ട് ഇരുപത്തിമൂവായിരം പേര്‍ മരിച്ചു വീഴുകയും ചെയ്തു. അവരെപ്പോലെ നാം വ്യഭിചാരം ചെയ്യരുത്. അവരില്‍ ചിലര്‍ ചെയ്തതുപോലെ നാം കര്‍ത്താവിനെ പരീക്ഷിക്കരുത്; സര്‍പ്പങ്ങളാല്‍ അവര്‍ കൊല്ലപ്പെട്ടു. അവരില്‍ ചിലര്‍ ചെയ്തതുപോലെ നാം പിറുപിറുക്കുകയുമരുത്; മരണദൂതന്‍ അവരെ നശിപ്പിച്ചുകളഞ്ഞു. മറ്റുള്ളവര്‍ക്ക് ദൃഷ്ടാന്തമായിത്തീരുന്നതിന് ഇവയെല്ലാം അവര്‍ക്കു സംഭവിച്ചു. നമുക്ക് ഒരു മുന്നറിയിപ്പായി അവ എഴുതപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍ അന്ത്യം അടുത്തെത്തിയിരിക്കുന്ന സമയത്താണു നാം ജീവിക്കുന്നത്. ഉറച്ചുനില്‌ക്കുന്നു എന്നു വിചാരിക്കുന്നവന്‍ വീഴാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളട്ടെ. സാധാരണ ജനങ്ങള്‍ക്ക് ഉണ്ടാകാത്ത ഒരു പരീക്ഷണവും നിങ്ങള്‍ക്ക് നേരിട്ടിട്ടില്ല. ഉറച്ചുനില്‌ക്കുവാനുള്ള നിങ്ങളുടെ ശക്തിക്കതീതമായ പരീക്ഷണങ്ങള്‍ ഉണ്ടാകുവാന്‍ ദൈവം അനുവദിക്കുകയില്ല; പരീക്ഷണത്തിനു നിങ്ങളെ വിധേയരാക്കുമ്പോള്‍ അതു സഹിക്കുവാനുള്ള ശക്തിയും നീക്കുപോക്കും അവിടുന്നു നിങ്ങള്‍ക്കു നല്‌കുന്നു. ദൈവം വിശ്വസ്തനാണല്ലോ. അതുകൊണ്ട്, എന്‍റെ പ്രിയ സുഹൃത്തുക്കളേ, നിങ്ങള്‍ വിഗ്രഹാരാധന വിട്ടകലുക. വിവേകമുള്ളവരോടെന്നവണ്ണമാണു ഞാന്‍ നിങ്ങളോടു പറയുന്നത്. എന്‍റെ വാക്കുകള്‍ നിങ്ങള്‍ തന്നെ വിധിച്ചുകൊള്ളുക. തിരുവത്താഴത്തില്‍ ഏതൊന്നിനുവേണ്ടി നാം ദൈവത്തിനു സ്തോത്രം ചെയ്യുന്നുവോ, ആ പാനപാത്രത്തില്‍നിന്നു പാനം ചെയ്യുമ്പോള്‍ നാം ക്രിസ്തുവിന്‍റെ രക്തത്തിനു പങ്കാളികളായിത്തീരുന്നു. നാം മുറിക്കുന്ന അപ്പം ഭക്ഷിക്കുമ്പോള്‍ കര്‍ത്താവിന്‍റെ തിരുശരീരത്തിന് ഓഹരിക്കാരായിത്തീരുകയും ചെയ്യുന്നു. അപ്പം ഒന്നേയുള്ളൂ. അതുകൊണ്ട് പലരായ നാം ഏകശരീരമാകുന്നു. എന്തെന്നാല്‍ ഒരേ അപ്പമാണല്ലോ നാം പങ്കിടുന്നത്. ഇസ്രായേല്‍ജനതയെക്കുറിച്ച് ആലോചിച്ചു നോക്കൂ; ബലിസാധനങ്ങള്‍ ഭൂജിക്കുന്നവര്‍ ബലിപീഠത്തിന്‍റെ പങ്കാളികളല്ലേ? വിഗ്രഹത്തിന് അര്‍പ്പിച്ച നിവേദ്യം യഥാര്‍ഥ മൂല്യമുള്ളതാണെന്നോ, വിഗ്രഹങ്ങള്‍തന്നെ യഥാര്‍ഥമാണെന്നോ അല്ല ഇതിനര്‍ഥം. തീര്‍ത്തും അല്ലതന്നെ! വിജാതീയരുടെ ബലികള്‍ ദൈവത്തിനല്ല, ഭൂതങ്ങള്‍ക്കാണ് അര്‍പ്പിക്കുന്നത്. കര്‍ത്താവിന്‍റെ പാനപാത്രത്തില്‍നിന്നും ഭൂതങ്ങളുടെ പാനപാത്രത്തില്‍നിന്നും നിങ്ങള്‍ക്കു കുടിക്കുവാന്‍ സാധ്യമല്ല. നിങ്ങള്‍ക്കു കര്‍ത്താവിന്‍റെ ഭക്ഷണമേശയിലും, ഭൂതങ്ങളുടെ ഭക്ഷണമേശയിലും പങ്കുകൊള്ളുവാന്‍ സാധ്യമല്ല. കര്‍ത്താവിന്‍റെ രോഷം ജ്വലിപ്പിക്കുവാനാണോ നാം ശ്രമിക്കുന്നത്? അവിടുത്തെക്കാള്‍ ബലവാന്മാരാണോ നാം? “എന്തും ചെയ്യുവാന്‍ ഞങ്ങള്‍ക്ക് അനുവാദമുണ്ട്” എന്ന് അവര്‍ പറയുന്നു. അതു ശരി തന്നെ, എന്നാല്‍ എല്ലാം നല്ലതല്ല. “എന്തും ചെയ്യുവാന്‍ നമുക്ക് അനുവാദമുണ്ട്”. പക്ഷേ എല്ലാം ആത്മീയവളര്‍ച്ച വരുത്തുന്നില്ല. ഓരോരുത്തനും സ്വന്തം നന്മയല്ല മറ്റുള്ളവരുടെ നന്മയാണു നോക്കേണ്ടത്. കമ്പോളത്തില്‍ വാങ്ങാന്‍ കിട്ടുന്ന ഏതു മാംസവും മനസ്സാക്ഷിയുടെ കുത്തല്‍കൂടാതെ നിസ്സംശയം വാങ്ങി ഭക്ഷിക്കുവാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്. ഭൂമിയും അതിലുള്ള സകലവും കര്‍ത്താവിനുള്ളതാണല്ലോ. അവിശ്വാസിയായ ഒരാള്‍ നിങ്ങളെ ഭക്ഷണത്തിനു ക്ഷണിക്കുകയും, നിങ്ങള്‍ ആ ക്ഷണം സ്വീകരിക്കുകയും ചെയ്താല്‍ നിങ്ങളുടെ മുമ്പില്‍ വിളമ്പുന്നതെന്തും മനസ്സാക്ഷി നിമിത്തം ചോദ്യം ചെയ്യാതെ ഭക്ഷിക്കുക. എന്നാല്‍ ഇത് വിഗ്രഹത്തിന് അര്‍പ്പിച്ചതാണെന്ന് ആരെങ്കിലും പറയുന്നെങ്കില്‍, ആ ആളിനെയും മനസ്സാക്ഷിയെയും പ്രതി അതു ഭക്ഷിക്കരുത്. നിങ്ങളുടെ സ്വന്തം മനസ്സാക്ഷിയല്ല അപരന്‍റെ മനസ്സാക്ഷിയാണ് ഇവിടെ കണക്കിലെടുക്കേണ്ടത്. “എന്‍റെ കര്‍മസ്വാതന്ത്ര്യം മറ്റൊരുവന്‍റെ മനസ്സാക്ഷിയുടെ പേരില്‍ എന്തിനു പരിമിതപ്പെടുത്തണം? സ്തോത്രം ചെയ്തശേഷം കഴിക്കുന്ന ഭക്ഷണത്തിന്‍റെ പേരില്‍ എന്നെ വിമര്‍ശിക്കുന്നത് എന്തിന്?” എന്ന് ആരെങ്കിലും ചോദിക്കാം. നിങ്ങള്‍ ഭക്ഷിക്കുകയോ, കുടിക്കുകയോ എന്തു തന്നെ ചെയ്താലും ദൈവത്തിന്‍റെ മഹത്ത്വത്തിനുവേണ്ടി അതു ചെയ്യുക. യെഹൂദന്മാര്‍ക്കോ, വിജാതീയര്‍ക്കോ, ദൈവത്തിന്‍റെ സഭയ്‍ക്കോ പ്രയാസമുണ്ടാക്കുന്നവിധത്തില്‍ ജീവിക്കരുത്. ഞാന്‍ ചെയ്യുന്നതുപോലെ ചെയ്യുക. ഞാന്‍ ചെയ്യുന്നതിലെല്ലാം എല്ലാവരെയും സംപ്രീതരാക്കുവാന്‍ ഞാന്‍ ശ്രമിക്കുന്നു. എല്ലാവരും രക്ഷിക്കപ്പെടേണ്ടതിന് എന്‍റെ സ്വന്തം നന്മയെക്കുറിച്ചു ചിന്തിക്കാതെ അവരുടെ നന്മയ്‍ക്കുവേണ്ടി ഞാന്‍ ചിന്തിക്കുന്നു. ഞാന്‍ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ എന്നെ അനുകരിക്കുക. നിങ്ങള്‍ എപ്പോഴും എന്നെ ഓര്‍ക്കുകയും ഞാന്‍ ഏല്പിച്ച പാരമ്പര്യങ്ങള്‍ പുലര്‍ത്തുകയും ചെയ്യുന്നതുകൊണ്ട് നിങ്ങളെ പ്രശംസിക്കുന്നു. ഏതു പുരുഷന്‍റെയുംമേലുള്ള പരമാധികാരം ക്രിസ്തുവിനും, ഭാര്യയുടെമേലുള്ള അധികാരം ഭര്‍ത്താവിനും, ക്രിസ്തുവിന്‍റെമേലുള്ള അധികാരം ദൈവത്തിനുമാകുന്നു. ഇതു നിങ്ങള്‍ അറിയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ശിരസ്സു മൂടിക്കൊണ്ടു പ്രാര്‍ഥിക്കുകയോ, ദൈവത്തിന്‍റെ സന്ദേശം പ്രഖ്യാപനം ചെയ്യുകയോ ചെയ്യുന്ന പുരുഷന്‍ ക്രിസ്തുവിനെ അനാദരിക്കുകയാണു ചെയ്യുന്നത്. എന്നാല്‍ ശിരോവസ്ത്രം ധരിക്കാതെ പ്രാര്‍ഥിക്കുകയോ, ദൈവത്തിന്‍റെ സന്ദേശം പ്രഖ്യാപനം ചെയ്യുകയോ ചെയ്യുന്ന സ്‍ത്രീ തന്‍റെ ഭര്‍ത്താവിനെ അനാദരിക്കുന്നു. അവളുടെ ശിരസ്സ് മുണ്ഡനം ചെയ്യുന്നതിനു സമമാകുന്നു അത്. ശിരോവസ്ത്രം അണിയാത്ത സ്‍ത്രീ തന്‍റെ മുടി വെട്ടിക്കളയേണ്ടതാണ്. മുടി വെട്ടുന്നതോ ശിരസ്സു മുണ്ഡനം ചെയ്യുന്നതോ ലജ്ജാകരമാണെന്നു തോന്നുന്നെങ്കില്‍ ശിരോവസ്ത്രം ധരിക്കണം. പുരുഷന്‍ ശിരസ്സു മൂടേണ്ട ആവശ്യമില്ല. എന്തുകൊണ്ടെന്നാല്‍ അവന്‍ ദൈവത്തിന്‍റെ പ്രതിബിംബവും ദൈവത്തിന്‍റെ തേജസ്സ് പ്രതിഫലിപ്പിക്കുന്നവനുമാകുന്നു. പുരുഷന്‍ സ്‍ത്രീയില്‍നിന്നല്ല, പുരുഷനില്‍നിന്നു സ്‍ത്രീ സൃഷ്‍ടിക്കപ്പെടുകയാണുണ്ടായത്. സ്‍ത്രീക്കുവേണ്ടി സൃഷ്‍ടിക്കപ്പെട്ടവനല്ല പുരുഷന്‍. പിന്നെയോ സ്‍ത്രീ പുരുഷനുവേണ്ടി സൃഷ്‍ടിക്കപ്പെട്ടവളാണ്. ഒരു സ്‍ത്രീ തന്‍റെ ഭര്‍ത്താവിന്‍റെ അധികാരത്തിനു വിധേയയാണെന്നു സൂചിപ്പിക്കുന്ന ശിരോവസ്ത്രം മാലാഖമാരോടുള്ള ആദരത്തിന്‍റെ പേരില്‍ ധരിക്കേണ്ടതാണ്. എന്നാല്‍ ക്രിസ്തീയജീവിതത്തില്‍ സ്‍ത്രീക്കു പുരുഷനെ ആശ്രയിക്കാതെയോ പുരുഷനു സ്‍ത്രീയെ ആശ്രയിക്കാതെയോ കഴിയുവാന്‍ സാധ്യമല്ല. സ്‍ത്രീ പുരുഷനില്‍നിന്നു സൃഷ്‍ടിക്കപ്പെട്ടതുപോലെ പുരുഷന്‍ സ്‍ത്രീയില്‍നിന്നു ജനിക്കുന്നു; എല്ലാറ്റിന്‍റെയും കാരണഭൂതന്‍ ദൈവമത്രേ. ആരാധനാവേളയില്‍ ശിരോവസ്ത്രരഹിതയായി ഒരു സ്‍ത്രീ പ്രാര്‍ഥിക്കുന്നത് യോഗ്യമാണോ എന്നു നിങ്ങള്‍തന്നെ വിധിച്ചുകൊള്ളുക. [14,15] നീണ്ട മുടി പുരുഷന് അപമാനകരമാണെന്നും സ്‍ത്രീ മുടി നീട്ടിയാല്‍ അതു ശിരസ്സിനെ മൂടുന്നതുകൊണ്ട് അത് അവള്‍ക്കു മാനമാകുന്നു എന്നും പ്രകൃതിതന്നെ പറയുന്നില്ലേ? *** ആര്‍ക്കെങ്കിലും ഇനി തര്‍ക്കമുണ്ടെങ്കില്‍, ഇതാണ് ഞങ്ങള്‍ക്കും ദൈവസഭകള്‍ക്കുമുള്ള ആചാരരീതി എന്നു മാത്രമേ എനിക്കു പറയാനുള്ളൂ. ഇനിയും പറയുവാന്‍ പോകുന്ന കാര്യങ്ങളില്‍ ഞാന്‍ നിങ്ങളെ പ്രശംസിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ ആരാധനയ്‍ക്കായി ഒന്നിച്ചുകൂടുന്നതുമൂലം ഗുണത്തിനു പകരം ദോഷമാണ് ഉണ്ടാകുന്നത്. ഒന്നാമത്, നിങ്ങള്‍ സഭ കൂടുമ്പോള്‍ നിങ്ങളുടെ ഇടയില്‍ ഭിന്നത ഉണ്ടാകുന്നതായി ഞാന്‍ കേള്‍ക്കുന്നു. അതു കുറെയൊക്കെ ശരിയാണെന്നു ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഇടയില്‍ ഭിന്നതകള്‍ ഉണ്ടാകുകതന്നെ വേണം. നിങ്ങളില്‍ വിശ്വസ്തര്‍ ആരാണെന്ന് അതു തെളിയിക്കുമല്ലോ. [20,21] നിങ്ങള്‍ സഭ കൂടുമ്പോള്‍ ഓരോ വ്യക്തിയും സ്വന്തം അത്താഴം കഴിക്കുവാന്‍ തിടുക്കം കൂട്ടുന്നു; ചിലര്‍ വിശന്നു തളരുമ്പോള്‍ മറ്റു ചിലര്‍ കുടിച്ചു മത്തരാകുന്നു. അങ്ങനെ നിങ്ങള്‍ കഴിക്കുന്നത് കര്‍ത്താവിന്‍റെ തിരുവത്താഴമല്ല. *** തിന്നുകയും കുടിക്കുകയും ചെയ്യുവാന്‍ നിങ്ങള്‍ക്കു വീടുകളില്ലേ? ദൈവത്തിന്‍റെ സഭയെ നിന്ദിക്കുകയും പാവങ്ങളെ ലജ്ജിപ്പിച്ചു വിഷമിപ്പിക്കുകയും ചെയ്യണമെന്നുണ്ടോ? ഇതിനെക്കുറിച്ച് ഞാന്‍ എന്താണു പറയേണ്ടത്? ഞാന്‍ നിങ്ങളെ പ്രശംസിക്കണമെന്നോ? ഒരിക്കലും ഞാന്‍ അതു ചെയ്യുകയില്ല. ഞാന്‍ കര്‍ത്താവില്‍നിന്നു പ്രാപിക്കുകയും നിങ്ങളെ ഏല്പിക്കുകയും ചെയ്തത് ഇതാണ്: കര്‍ത്താവായ യേശു, ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പം എടുത്ത് സ്തോത്രം ചെയ്തു മുറിച്ചു. അതിനുശേഷം ഇങ്ങനെ അരുള്‍ചെയ്തു: “ഇത് നിങ്ങള്‍ക്കുവേണ്ടിയുള്ള എന്‍റെ ശരീരം ആകുന്നു; എന്‍റെ ഓര്‍മയ്‍ക്കായി ഇതു ചെയ്യുക.” അങ്ങനെതന്നെ അത്താഴം കഴിഞ്ഞ് അവിടുന്നു പാനപാത്രവും എടുത്ത് “എന്‍റെ രക്തംകൊണ്ടു മുദ്രയിടപ്പെട്ട ദൈവത്തിന്‍റെ പുതിയ ഉടമ്പടിയാണ് ഈ പാനപാത്രം; ഇതു കുടിക്കുമ്പോഴൊക്കെ എന്‍റെ ഓര്‍മയ്‍ക്കായി ഇതു ചെയ്യുക” എന്നു പറഞ്ഞു. ഈ അപ്പം തിന്നുകയും, പാനപാത്രത്തില്‍നിന്നു കുടിക്കുകയും ചെയ്യുമ്പോഴെല്ലാം, കര്‍ത്താവു വരുന്നതുവരെ അവിടുത്തെ മരണത്തെക്കുറിച്ചു നിങ്ങള്‍ പ്രസ്താവിക്കുന്നു. അതുകൊണ്ട്, അയോഗ്യമായ വിധത്തില്‍ കര്‍ത്താവിന്‍റെ അപ്പം തിന്നുകയോ, ഈ പാനപാത്രത്തില്‍നിന്നു കുടിക്കുകയോ ചെയ്യുന്ന ഏതൊരുവനും കര്‍ത്താവിന്‍റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരനാണ്. ഓരോ വ്യക്തിയും ആദ്യം ആത്മപരിശോധന ചെയ്തശേഷം ഈ അപ്പം ഭക്ഷിക്കുകയും പാനപാത്രത്തില്‍നിന്നു കുടിക്കുകയും ചെയ്യേണ്ടതാണ്. എന്തുകൊണ്ടെന്നാല്‍ കര്‍ത്താവിന്‍റെ തിരുശരീരത്തിന്‍റെ പൊരുള്‍ തിരിച്ചറിയാതെ ഈ അപ്പം ഭക്ഷിക്കുകയും പാനപാത്രത്തില്‍നിന്നു കുടിക്കുകയും ചെയ്യുന്നവന്‍, തന്‍റെ ശിക്ഷാവിധിയാണ് തിന്നുകയും കുടിക്കുകയും ചെയ്യുന്നത്. അതുകൊണ്ടാണ് നിങ്ങളില്‍ പലരും ബലഹീനരും രോഗികളുമാകുകയും ചിലര്‍ മരിക്കുകയും ചെയ്യുന്നത്. നാം നമ്മെത്തന്നെ വിധിച്ചിരുന്നെങ്കില്‍, നാം ദൈവത്തിന്‍റെ ന്യായവിധിക്കു വിധേയരാകുമായിരുന്നില്ല. ലോകത്തോടൊപ്പം നമുക്കു ശിക്ഷാവിധി ഉണ്ടാകാതിരിക്കേണ്ടതിന് കര്‍ത്താവ് നമ്മെ പരിശോധിച്ച് ശിക്ഷണത്തിനു വിധേയരാക്കുന്നു. അതുകൊണ്ട്, സഹോദരരേ, തിരുവത്താഴത്തില്‍ പങ്കുകൊള്ളുവാന്‍ നിങ്ങള്‍ ഒരുമിച്ചുകൂടുമ്പോള്‍ മറ്റുള്ളവര്‍ക്കുവേണ്ടി കാത്തിരിക്കുക. ആര്‍ക്കെങ്കിലും വിശപ്പുണ്ടെങ്കില്‍ വീട്ടില്‍വച്ചു ഭക്ഷിച്ചുകൊള്ളട്ടെ. അല്ലെങ്കില്‍ നിങ്ങള്‍ ഒരുമിച്ചുകൂടുന്നത് ന്യായവിധിക്കു കാരണമായിത്തീരും. ഇനിയുമുള്ള കാര്യങ്ങള്‍ ഞാന്‍ വരുമ്പോള്‍ ക്രമപ്പെടുത്താം. പരിശുദ്ധാത്മാവിന്‍റെ വരങ്ങളെക്കുറിച്ചു നിങ്ങള്‍ എഴുതിയിരുന്നുവല്ലോ. എന്‍റെ സഹോദരരേ, അവയെപ്പറ്റി നിങ്ങള്‍ അജ്ഞരാകരുതെന്നാണ് എന്‍റെ ആഗ്രഹം. നിങ്ങള്‍ വിജാതീയരായിരുന്നപ്പോള്‍ അപനയിക്കപ്പെട്ട് ജീവനില്ലാത്ത വിഗ്രഹങ്ങളെ ആരാധിച്ചിരുന്നു എന്നു നിങ്ങള്‍ക്ക് അറിയാമല്ലോ. ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരുവനും “യേശു ശപിക്കപ്പെട്ടവന്‍” എന്നു പറയുകയില്ല എന്നും, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവനു മാത്രമേ “യേശു കര്‍ത്താവാകുന്നു” എന്ന് ഏറ്റു പറയുവാന്‍ സാധ്യമാകൂ എന്നും നിങ്ങള്‍ മനസ്സിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. വിവിധതരത്തിലുള്ള ആത്മീയവരങ്ങളുണ്ട്. എന്നാല്‍ അവ നല്‌കുന്നത് ഒരേ ആത്മാവാകുന്നു. സേവനം പല വിധത്തിലുണ്ട്. എന്നാല്‍ സേവിക്കപ്പെടുന്നത് ഒരേ കര്‍ത്താവു തന്നെ. പ്രവര്‍ത്തിക്കുന്നതിനുള്ള പ്രാപ്തി വിവിധ തരത്തിലുണ്ട്. എന്നാല്‍ ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രത്യേക പ്രവൃത്തി ചെയ്യാനുള്ള ത്രാണി നല്‌കുന്നത് ഒരേ ദൈവമാണ്. എല്ലാവരുടെയും നന്മയ്‍ക്കുവേണ്ടി ഓരോ വ്യക്തിയിലും ആത്മാവ് ഓരോ തരത്തില്‍ വെളിപ്പെടുന്നു. ആത്മാവ് ഒരാള്‍ക്ക് ജ്ഞാനപൂര്‍ണമായ ഭാഷണത്തിനുള്ള വരവും അതേ ആത്മാവുതന്നെ മറ്റൊരുവന് വിജ്ഞാനപൂര്‍ണമായ ഭാഷണത്തിനുള്ള വരവും നല്‌കുന്നു. ആ ആത്മാവുതന്നെ ഒരുവനു വിശ്വാസവും, മറ്റൊരുവന് രോഗസൗഖ്യത്തിനുള്ള വരവും ആണു നല്‌കുന്നത്. ഒരാള്‍ക്ക് അദ്ഭുതപ്രവൃത്തികള്‍ ചെയ്യുവാനുള്ള വരമാണെങ്കില്‍ മറ്റൊരാള്‍ക്ക് ദൈവത്തിന്‍റെ സന്ദേശം അറിയിക്കുവാനുള്ള വരവും, വേറൊരാള്‍ക്ക് ആത്മാക്കളെ തിരിച്ചറിയുവാനുള്ള കഴിവുമാണ് നല്‌കപ്പെടുന്നത്. ഒരുവന് അന്യഭാഷകള്‍ സംസാരിക്കുവാനുള്ള വരവും മറ്റൊരുവന് അവ വ്യാഖ്യാനിക്കുവാനുള്ള കഴിവും നല്‌കപ്പെടുന്നു. എന്നാല്‍ ഒരേ ആത്മാവുതന്നെയാണ് ഈ വരങ്ങളെല്ലാം നല്‌കുന്നത്; അവിടുന്ന് യഥേഷ്ടം ഓരോരുത്തര്‍ക്കും വരങ്ങള്‍ വിഭജിച്ചു കൊടുക്കുന്നു. ശരീരം ഒന്നാണെങ്കിലും അതിന് പല അവയവങ്ങളുണ്ടല്ലോ. അവയവങ്ങള്‍ പലതായിരിക്കുമ്പോള്‍ത്തന്നെ അവയെല്ലാം ചേര്‍ന്ന് ശരീരം ഒന്നായിരിക്കുന്നു. അതുപോലെതന്നെയാണ് ക്രിസ്തുവും. യെഹൂദനെന്നോ വിജാതീയനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ ഉള്ള ഭേദംകൂടാതെ, നാമെല്ലാവരും സ്നാപനംമൂലം ഏകശരീരമാക്കപ്പെട്ടിരിക്കുന്നു; നമുക്കു പാനം ചെയ്യുന്നതിന് ഒരേ ആത്മാവിനെ നല്‌കുകയും ചെയ്തിരിക്കുന്നു. നമ്മുടെ ശരീരംതന്നെ, പല അവയവങ്ങള്‍ ചേര്‍ന്നതാണ്. “ഞാന്‍ കൈയല്ലാത്തതുകൊണ്ട് ശരീരത്തിന്‍റെ ഭാഗമല്ല” എന്നു കാലു പറയുകയാണെങ്കില്‍, അതു ശരീരത്തിന്‍റെ അവയവം അല്ലെന്നു വരുമോ? അതുപോലെതന്നെ, “ഞാന്‍ കണ്ണല്ലാത്തതുകൊണ്ട് ശരീരത്തിന്‍റെ ഭാഗമല്ല” എന്നു ചെവി പറയുന്നെങ്കില്‍ അതു ശരീരത്തിന്‍റെ ഭാഗമല്ലെന്നു വരുമോ? ശരീരം ആസകലം ഒരു കണ്ണായിരുന്നെങ്കില്‍ കേള്‍ക്കുന്നത് എങ്ങനെ? ചെവിമാത്രമായിരുന്നെങ്കില്‍ എങ്ങനെ മണക്കുമായിരുന്നു? എന്നാല്‍ ദൈവം സ്വന്തം ഇച്ഛയനുസരിച്ച് ഓരോ അവയവവും ശരീരത്തില്‍ ക്രമപ്പെടുത്തിയിരിക്കുന്നു. എല്ലാം ഒരവയവം മാത്രമായിരുന്നെങ്കില്‍, ശരീരം ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ അവയവങ്ങള്‍ പലതെങ്കിലും ശരീരം ഏകമാണ്. അതുകൊണ്ട് “നിന്നെ എനിക്കാവശ്യമില്ല” എന്നു കണ്ണിനു കൈയോടു പറയുവാന്‍ സാധ്യമല്ല. “നിന്നെ എനിക്കാവശ്യമില്ല” എന്ന് ശിരസ്സിന് പാദത്തോടും പറയുവാന്‍ കഴിയുകയില്ല. ശരീരത്തിലെ ദുര്‍ബലങ്ങളെന്നു തോന്നുന്ന അവയവങ്ങള്‍ നമുക്ക് അത്യാവശ്യമുള്ളവയാണ്. വില കുറഞ്ഞവയെന്നു നാം പരിഗണിക്കുന്ന അവയവങ്ങള്‍ക്കു കൂടുതല്‍ മാനം അണിയിക്കുന്നു; അഴകു കുറഞ്ഞ അവയവങ്ങളെ അലങ്കരിക്കുന്നു. അഴകുള്ളവയെ അലങ്കരിക്കേണ്ട ആവശ്യമില്ലല്ലോ. അങ്ങനെ ശരീരത്തില്‍ ഭിന്നതയില്ലാതായിത്തീരുന്നു. വിവിധ അവയവങ്ങള്‍ക്കു തമ്മില്‍ തുല്യമായ കരുതലുമുണ്ടാകുന്നു. ഒരവയവം ദുരിതം അനുഭവിക്കുന്നു എങ്കില്‍ മറ്റുള്ള എല്ലാ അവയവങ്ങളും അതിന്‍റെ കഷ്ടതയില്‍ പങ്കുചേരുന്നു. ഒരവയവം പ്രശംസിക്കപ്പെടുന്നെങ്കില്‍ മറ്റ് അവയവങ്ങളെല്ലാം അതിനോടൊത്ത് സന്തോഷിക്കുന്നു. നിങ്ങള്‍ ക്രിസ്തുവിന്‍റെ ശരീരവും ഓരോരുത്തരും അതിന്‍റെ ഓരോ അവയവവും ആകുന്നു. ദൈവം സഭയില്‍ ഓരോരുത്തരെയും യഥാസ്ഥാനങ്ങളില്‍ ആക്കിയിരിക്കുന്നു; ഒന്നാമത് അപ്പോസ്തോലന്മാരെയും രണ്ടാമത് പ്രവാചകന്മാരെയും മൂന്നാമത് പ്രബോധിപ്പിക്കുന്നവരെയും അദ്ഭുതപ്രവൃത്തികള്‍ ചെയ്യുന്നവരെയും, പിന്നീട് രോഗശാന്തി നല്‌കാനോ, സഹായിക്കാനോ, ഭരണം നടത്താനോ, അന്യഭാഷകള്‍ സംസാരിക്കാനോ ഉള്ള സിദ്ധിവിശേഷം ഉള്ളവരെയും നിയമിച്ചിരിക്കുന്നു. എല്ലാവരും അപ്പോസ്തോലന്മാരാണോ? എല്ലാവരും പ്രവാചകന്മാരാണോ? എല്ലാവരും പ്രബോധിപ്പിക്കുന്നവരാണോ? എല്ലാവരും അദ്ഭുതപ്രവൃത്തികള്‍ ചെയ്യുന്നവരാണോ? രോഗശാന്തി നല്‌കുന്ന വരം എല്ലാവര്‍ക്കുമുണ്ടോ? അന്യഭാഷകളില്‍ സംസാരിക്കാനോ അതു വ്യാഖ്യാനിക്കാനോ ഉള്ള സിദ്ധി എല്ലാവര്‍ക്കുമുണ്ടോ? കൂടുതല്‍ ഉല്‍കൃഷ്ടമായ വരങ്ങള്‍ക്കുവേണ്ടി അഭിവാഞ്ഛിക്കുക. സര്‍വോത്തമമായ മാര്‍ഗം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരാം. ഞാന്‍ മനുഷ്യരുടെയും മാലാഖമാരുടെയും ഭാഷകളില്‍ സംസാരിച്ചാലും സ്നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന ഇലത്താളമോ ആയിരിക്കും. എനിക്കു പ്രവാചകന്‍റെ സിദ്ധി ഉണ്ടായിരുന്നേക്കാം; എല്ലാ നിഗൂഢരഹസ്യങ്ങളും എല്ലാ ജ്ഞാനവും ഞാന്‍ ഗ്രഹിച്ചെന്നു വരാം. മലകളെ മാറ്റുവാന്‍ തക്ക വിശ്വാസവും എനിക്ക് ഉണ്ടായിരിക്കാം. എങ്കിലും സ്നേഹമില്ലെങ്കില്‍ ഞാന്‍ ഏതുമില്ല. എനിക്കുള്ള സര്‍വസ്വവും ദാനം ചെയ്താലും എന്‍റെ ശരീരം തന്നെ ദഹിപ്പിക്കുവാന്‍ ഏല്പിച്ചുകൊടുത്താലും എനിക്കു സ്നേഹമില്ലെങ്കില്‍ എല്ലാം നിഷ്ഫലം. സ്നേഹം അങ്ങേയറ്റം ക്ഷമിക്കുന്നു; ദയാപൂര്‍വം വര്‍ത്തിക്കുന്നു; സ്നേഹം അസൂയപ്പെടുന്നില്ല; ആത്മപ്രശംസ ചെയ്യുന്നുമില്ല. സ്നേഹം അഹങ്കരിക്കുന്നില്ല; പരുഷമായി പെരുമാറുന്നില്ല; സ്വാര്‍ഥതാത്പര്യം മുറുകെ പിടിക്കുന്നില്ല. സ്നേഹം ക്ഷോഭിക്കുന്നില്ല; അന്യരുടെ അപരാധങ്ങള്‍ കണക്കെഴുതി സൂക്ഷിക്കുന്നുമില്ല. അത് അധര്‍മത്തില്‍ സന്തോഷിക്കാതെ സത്യത്തില്‍ ആനന്ദംകൊള്ളുന്നു. സ്നേഹം എല്ലാം വഹിക്കുന്നു; എല്ലാം വിശ്വസിക്കുന്നു; എല്ലാം പ്രത്യാശിക്കുന്നു; എല്ലാം ക്ഷമയോടെ സഹിക്കുന്നു. സ്നേഹം അനശ്വരമാകുന്നു; പ്രവചനം മാറിപ്പോകും; അന്യഭാഷാഭാഷണം നിന്നുപോകും; ജ്ഞാനവും മറഞ്ഞുപോകും. എന്തെന്നാല്‍ നമ്മുടെ ജ്ഞാനം അപൂര്‍ണമാണ്; നമ്മുടെ പ്രവചനവും അപൂര്‍ണമാണ്. എന്നാല്‍ പൂര്‍ണമായതു വരുമ്പോള്‍ അപൂര്‍ണമായത് അപ്രത്യക്ഷമാകും. ഞാന്‍ ശിശുവായിരുന്നപ്പോള്‍ എന്‍റെ സംസാരവും എന്‍റെ ചിന്തയും എന്‍റെ നിഗമനങ്ങളും ശിശുവിന്‍റേതുപോലെ ആയിരുന്നു. പക്വത വന്നപ്പോള്‍ ഞാന്‍ ശിശുസഹജമായവ പരിത്യജിച്ചു. ഇപ്പോള്‍ നാം കണ്ണാടിയില്‍ അവ്യക്തമായി കാണുന്നു; അന്നാകട്ടെ, അഭിമുഖം ദര്‍ശിക്കും. ഇപ്പോള്‍ എന്‍റെ അറിവ് പരിമിതമാണ്; അന്നാകട്ടെ, ദൈവം എന്നെ അറിയുന്നതുപോലെ ഞാനും പൂര്‍ണമായി അറിയും. വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനില്‌ക്കുന്നു. ഇവയില്‍ ഏറ്റവും മഹത്തായത് സ്നേഹംതന്നെ. സ്നേഹം ആചരിക്കുവാന്‍ ഉത്സാഹിക്കുവിന്‍. ആത്മീയവരങ്ങള്‍ക്കുവേണ്ടി വിശിഷ്യ, പ്രവചനവരത്തിനുവേണ്ടി അഭിവാഞ്ഛിക്കുക. അന്യഭാഷകളില്‍ സംസാരിക്കുന്നവന്‍ മനുഷ്യരോടല്ല, ദൈവത്തോടത്രേ സംസാരിക്കുന്നത്; അവന്‍ ആത്മാവിന്‍റെ പ്രചോദനത്താല്‍ നിഗൂഢസത്യങ്ങള്‍ സംസാരിക്കുന്നു. അവന്‍ പറയുന്നത് ആരും ഗ്രഹിക്കുന്നില്ല. എന്നാല്‍ ദൈവത്തിന്‍റെ സന്ദേശം പ്രഖ്യാപനം ചെയ്യുന്ന പ്രവാചകന്‍ മനുഷ്യരോടു സംസാരിക്കുകയും അവര്‍ക്ക് സഹായവും ധൈര്യവും ആശ്വാസവും പകരുകയും ചെയ്യുന്നു. അന്യഭാഷകളില്‍ സംസാരിക്കുന്നവന്‍ ആത്മീയമായി സ്വയം വളരുക മാത്രമേ ചെയ്യുന്നുള്ളൂ. എന്നാല്‍ പ്രവചിക്കുന്നവന്‍ സഭയുടെ ആകമാനമുള്ള ആത്മീയ വളര്‍ച്ചയെ സഹായിക്കുന്നു. നിങ്ങള്‍ എല്ലാവരും ഭാഷാവരം ലഭിച്ചവരായി സംസാരിക്കണം എന്നത്രേ എന്‍റെ ആഗ്രഹം. എന്നാല്‍ അതിലും അധികമായി ഞാന്‍ ആഗ്രഹിക്കുന്നത് നിങ്ങള്‍ക്കെല്ലാവര്‍ക്കും പ്രവചനവരം ലഭിക്കണമെന്നാണ്. ഭാഷാവരമുള്ളവന്‍റെ വാക്കുകള്‍ സഭയ്‍ക്ക് ആകമാനം പ്രയോജനപ്പെടത്തക്കവണ്ണം വ്യാഖ്യാനിക്കപ്പെടുന്നില്ലെങ്കില്‍, അവനെക്കാള്‍ വലിയവനാകുന്നു പ്രവചിക്കുന്നവന്‍. സഹവിശ്വാസികളേ, ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍, ദൈവത്തില്‍നിന്നുള്ള വെളിപാടോ, ജ്ഞാനമോ, ദൈവാത്മപ്രേരിതമായ സന്ദേശമോ ഉപദേശമോ നിങ്ങളെ അറിയിക്കാതെ അന്യഭാഷകളില്‍ സംസാരിക്കുകമാത്രം ചെയ്താല്‍ നിങ്ങള്‍ക്ക് എന്തു പ്രയോജനം? വീണ, പുല്ലാങ്കുഴല്‍ മുതലായ അചേതനങ്ങളായ സംഗീതോപകരണങ്ങള്‍ തന്നെ ഉദാഹരണമായെടുക്കുക. സ്വരരാഗങ്ങള്‍ വ്യക്തമായി ധ്വനിപ്പിക്കുന്നില്ലെങ്കില്‍, വായിച്ചത് എന്താണെന്ന് എങ്ങനെ മനസ്സിലാക്കും? കാഹളം ഊതുന്നവന്‍ അതിന്‍റെ നാദം വ്യക്തമായി പുറപ്പെടുവിച്ചില്ലെങ്കില്‍ ആരു യുദ്ധത്തിനു തയ്യാറാകും? നിങ്ങളുടെ സന്ദേശം വ്യക്തമാകാതെ അന്യഭാഷകളില്‍ മാത്രമായിരുന്നാല്‍, നിങ്ങള്‍ പറയുന്നത് എന്താണെന്ന് ആര്‍ക്കെങ്കിലും മനസ്സിലാകുമോ? നിങ്ങളുടെ വാക്കുകള്‍ വായുവില്‍ ലയിച്ചുപോകുമല്ലോ. ലോകത്തില്‍ അനേകം ഭാഷകളുണ്ട്. അര്‍ഥമില്ലാത്ത ഒരു ഭാഷപോലുമില്ല. എങ്കിലും ഒരാള്‍ സംസാരിക്കുന്ന ഭാഷ എനിക്കു മനസ്സിലാകുന്നില്ലെങ്കില്‍ അയാള്‍ എന്നെ സംബന്ധിച്ചിടത്തോളം വൈദേശികനായിരിക്കും. ആത്മീയവരങ്ങള്‍ പ്രാപിക്കുന്നതില്‍ അത്യാസക്തരായ നിങ്ങള്‍ എല്ലാറ്റിനുമുപരി സഭയുടെ വളര്‍ച്ചയ്‍ക്ക് ഉതകുന്ന വരങ്ങളാണ് അധികമായി അഭിവാഞ്ഛിക്കേണ്ടത്. അതുകൊണ്ട് അന്യഭാഷകള്‍ സംസാരിക്കുന്നവന്‍ വ്യാഖ്യാനിക്കുവാനുള്ള വരത്തിനുവേണ്ടി പ്രാര്‍ഥിക്കണം. ഞാന്‍ അന്യഭാഷയില്‍ പ്രാര്‍ഥിക്കുന്നെങ്കില്‍ എന്‍റെ ആത്മാവു പ്രാര്‍ഥിക്കുന്നു. പക്ഷേ, എന്‍റെ മനസ്സിന് അതില്‍ ഒരു പങ്കും ഉണ്ടായിരിക്കുകയില്ല. അപ്പോള്‍ ഞാന്‍ എന്തു ചെയ്യണം? ആത്മാവുകൊണ്ടു ഞാന്‍ പ്രാര്‍ഥിക്കും; എന്‍റെ മനസ്സുകൊണ്ടും ഞാന്‍ പ്രാര്‍ഥിക്കും. ആത്മാവുകൊണ്ടു ഞാന്‍ പാടും; എന്‍റെ മനസ്സുകൊണ്ടും ഞാന്‍ പാടും. നീ ആത്മാവുകൊണ്ടു മാത്രം ദൈവത്തിനു സ്തോത്രം ചെയ്യുമ്പോള്‍ ഒരു സാധാരണക്കാരന്‍ നീ പറയുന്നത് ഗ്രഹിക്കാതെ നിന്‍റെ പ്രാര്‍ഥനയ്‍ക്ക് എങ്ങനെ ആമേന്‍ പറയും. നിന്‍റെ സ്തോത്രപ്രാര്‍ഥന വളരെ നല്ലതായിരിക്കാം. പക്ഷേ, അന്യന് അത് ആത്മീയവളര്‍ച്ചയ്‍ക്കു പ്രയോജനപ്പെടുന്നില്ല. നിങ്ങളില്‍ ഏതൊരുവനെയും അതിശയിക്കുംവിധം ഞാന്‍ അന്യഭാഷകള്‍ സംസാരിക്കുന്നു എന്നതിനാല്‍ ഞാന്‍ ദൈവത്തോടു കൃതജ്ഞനാണ്. എങ്കിലും സഭാംഗങ്ങള്‍ ആരാധനയ്‍ക്കായി കൂടുമ്പോള്‍ അന്യഭാഷകളില്‍ പതിനായിരം വാക്കുകള്‍ പറയുന്നതിനെക്കാള്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നതിനു പര്യാപ്തമായ അഞ്ചുവാക്കുകള്‍ പറയുന്നതാണ് ഞാന്‍ അധികം ഇഷ്ടപ്പെടുന്നത്. എന്‍റെ സഹോദരന്മാരേ, ചിന്തയില്‍ നിങ്ങള്‍ ശിശുക്കളെപ്പോലെയാകരുത്; തിന്മയെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ശിശുക്കളും, ചിന്തയെ സംബന്ധിച്ചിടത്തോളം പക്വമതികളും ആകണം. വേദലിഖിതങ്ങളില്‍ ഇങ്ങനെ കാണുന്നു: അന്യഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ മുഖേന എന്‍റെ ജനത്തോടു സംസാരിക്കും എന്നും, വൈദേശികരുടെ അധരങ്ങളില്‍കൂടി ഞാന്‍ സംസാരിക്കും എങ്കിലും അവര്‍ എന്‍റെ വാക്കു ശ്രദ്ധിക്കുകയില്ല എന്നും കര്‍ത്താവു പറയുന്നു. അതുകൊണ്ട്, അന്യഭാഷകള്‍ അവിശ്വാസികള്‍ക്കുവേണ്ടിയുള്ള അടയാളമാകുന്നു. അതു വിശ്വാസികള്‍ക്കുവേണ്ടിയുള്ളതല്ല. പ്രവചനവരം അവിശ്വാസികള്‍ക്കല്ല, വിശ്വാസികള്‍ക്കുവേണ്ടിയുള്ളതാണ്. സഭാംഗങ്ങള്‍ എല്ലാവരും സമ്മേളിച്ച് ഓരോരുവനും അന്യഭാഷകളില്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ ഭാഷാവരത്തിന്‍റെ മര്‍മം ഗ്രഹിക്കാത്തവരോ അവിശ്വാസികളോ ആയ ചിലര്‍ അവിടെ വന്നു എന്നിരിക്കട്ടെ. നിങ്ങള്‍ക്കു ഭ്രാന്തുപിടിച്ചു എന്ന് അവര്‍ പറയുകയില്ലേ? എന്നാല്‍ നിങ്ങള്‍ എല്ലാവരും പ്രവാചകന്മാരെപ്പോലെ ദൈവത്തിന്‍റെ സന്ദേശം പ്രഖ്യാപനം ചെയ്യുകയാണെങ്കില്‍ ആ യോഗത്തില്‍ സന്നിഹിതനാകുന്ന അവിശ്വാസി അഥവാ സഭയ്‍ക്കു പുറത്തുള്ളവന്‍, അതു കേള്‍ക്കുന്നതുമൂലം പാപബോധമുള്ളവനായിത്തീരുന്നു; എല്ലാവരാലും വിധിക്കപ്പെടുകയും ചെയ്യുന്നു. അവന്‍റെ രഹസ്യവിചാരങ്ങള്‍ പുറത്തു വരുന്നു. അവന്‍ സാഷ്ടാംഗം പ്രണമിച്ച് ദൈവത്തെ ആരാധിച്ചുകൊണ്ട് ‘ദൈവം യഥാര്‍ഥത്തില്‍ ഇവിടെ നിങ്ങളുടെ മധ്യത്തിലുണ്ട്’ എന്നു പ്രസ്താവിക്കും. എന്‍റെ സഹോദരരേ, ഞാന്‍ പറഞ്ഞതിന്‍റെ സാരം ഇതാണ്: നിങ്ങള്‍ ആരാധനയ്‍ക്കായി ഒരുമിച്ചു ചേരുമ്പോള്‍ ഒരാള്‍ക്ക് ഒരു ഗാനം ആലപിക്കാനോ, മറ്റൊരാള്‍ക്ക് ഒരു പ്രബോധനം നല്‌കുവാനോ, വേറൊരാള്‍ക്ക് ദൈവത്തില്‍നിന്നുള്ള വെളിപാട് അറിയിക്കുവാനോ ഇനിയൊരാള്‍ക്ക്, അന്യഭാഷകള്‍ സംസാരിക്കുവാനോ, മറ്റൊരാള്‍ക്ക് അതിന്‍റെ വ്യാഖ്യാനം നല്‌കുവാനോ ഉണ്ടായിരിക്കാം. ഇവ സഭയുടെ ആത്മികപുരോഗതിക്കു സഹായകമായി തീരേണ്ടതാണ്. അന്യഭാഷകളില്‍ ആരെങ്കിലും സംസാരിക്കുന്നെങ്കില്‍ രണ്ടോ, കൂടിയാല്‍ മൂന്നോ പേര്‍ ഒരാള്‍ പറഞ്ഞു കഴിഞ്ഞു മറ്റൊരാള്‍ എന്ന ക്രമത്തില്‍ സംസാരിക്കട്ടെ. ഒരാള്‍ അതു വ്യാഖ്യാനിക്കുകയും വേണം. എന്നാല്‍ വ്യാഖ്യാനിക്കാന്‍ ആളില്ലെങ്കില്‍ അന്യഭാഷകളില്‍ സംസാരിക്കുന്നവന്‍ സഭയില്‍ നിശ്ശബ്ദനായിരുന്നു തന്നോടും ദൈവത്തോടും മാത്രം സംസര്‍ഗം ചെയ്തുകൊണ്ടിരിക്കണം. ദൈവത്തിന്‍റെ സന്ദേശം ലഭിച്ചിട്ടുള്ള രണ്ടോ മൂന്നോ പ്രവാചകര്‍ സംസാരിക്കട്ടെ. മറ്റുള്ളവര്‍ അതു വിവേചിച്ചറിയട്ടെ. എന്നാല്‍ സഭയിലുള്ള മറ്റൊരാള്‍ക്ക് ദൈവത്തില്‍നിന്ന് ഒരു സന്ദേശം ലഭിക്കുന്നെങ്കില്‍, പ്രസംഗിച്ചുകൊണ്ടിരിക്കുന്ന ആള്‍ നിറുത്തണം. ദൈവത്തിന്‍റെ സന്ദേശം ഒരാള്‍ കഴിഞ്ഞ് മറ്റൊരാള്‍ എന്ന ക്രമത്തില്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും പ്രഖ്യാപനം ചെയ്യാമല്ലോ. അങ്ങനെ എല്ലാവര്‍ക്കും പഠിക്കുവാനും പ്രോത്സാഹനം ലഭിക്കുവാനും ഇടയാകും. പ്രവാചകന്മാരുടെ ആത്മാവ് അവര്‍ക്ക് അധീനമാണ്. സമാധാനം ഇല്ലാതാക്കുവാനല്ല, അവ നിലനിര്‍ത്തുവാനാണ് ദൈവം ഇച്ഛിക്കുന്നത്. ദൈവജനങ്ങളുടെ സഭകളിലെല്ലാം എന്നപോലെ നിങ്ങളുടെ സഭായോഗങ്ങളിലും സ്‍ത്രീകള്‍ മൗനമായിരിക്കട്ടെ. പ്രസംഗിക്കുവാന്‍ അവര്‍ക്ക് അനുവാദമില്ല. യെഹൂദനിയമം അനുശാസിക്കുന്നതുപോലെ അവര്‍ അധികാരത്തിനു കീഴ്പ്പെട്ടിരിക്കണം. അവര്‍ക്ക് എന്തെങ്കിലും അറിയണമെന്നുണ്ടെങ്കില്‍ വീട്ടില്‍വച്ച് ഭര്‍ത്താക്കന്മാരോടു ചോദിച്ചു മനസ്സിലാക്കിക്കൊള്ളണം. സഭയില്‍ സ്‍ത്രീ സംസാരിക്കുന്നത് അനുചിതമാണല്ലോ. ദൈവത്തിന്‍റെ വചനം നിങ്ങളില്‍ നിന്നാണോ ഉദ്ഭവിച്ചത്? അഥവാ അത് നിങ്ങള്‍ക്കു മാത്രമാണോ ലഭിച്ചത്? പ്രവാചകനെന്നോ ആത്മീയവരം ലഭിച്ചവനെന്നോ അവകാശപ്പെടുന്നവന്‍, ഞാന്‍ എഴുതുന്ന ഈ സംഗതികള്‍ കര്‍ത്താവിന്‍റെ കല്പനയാണെന്നു ധരിച്ചുകൊള്ളട്ടെ. ഇത് ഒരുവന്‍ അംഗീകരിക്കുന്നില്ലെങ്കില്‍ അവന്‍ പരിഗണനീയനല്ല. അതുകൊണ്ട് സോദരരേ, പ്രവചനവരത്തിനുവേണ്ടി ആത്മാര്‍ഥമായി ആഗ്രഹിക്കുക. ഭാഷാവരം വിലക്കുകയും വേണ്ടാ. എല്ലാ കാര്യങ്ങളും ഉചിതമായും ക്രമമായും ചെയ്യേണ്ടതാണ്. സഹോദരരേ, ഞാന്‍ നിങ്ങളോടു പ്രസംഗിച്ചതും നിങ്ങള്‍ സ്വീകരിച്ചതുമായ സദ്‍വാര്‍ത്ത നിങ്ങളെ അനുസ്മരിപ്പിക്കുന്നു. അതിലാണല്ലോ നിങ്ങളുടെ വിശ്വാസം ഉറച്ചു നില്‌ക്കുന്നത്. ഞാന്‍ നിങ്ങളോടു പ്രസംഗിച്ച ആ സുവിശേഷം നിങ്ങള്‍ മുറുകെപ്പിടിക്കുന്നെങ്കില്‍ അതിലൂടെ നിങ്ങള്‍ രക്ഷിക്കപ്പെടുന്നു. അല്ലാത്തപക്ഷം നിങ്ങള്‍ വിശ്വസിച്ചതു വെറുതെ ആയി എന്നു വരും. [3-5] എന്നെ ഭരമേല്പിച്ച പരമപ്രധാനമായ കാര്യം ഞാന്‍ നിങ്ങളെ ഏല്പിച്ചു. ആ സന്ദേശം ഇതാണ്: തിരുവെഴുത്തുകളില്‍ കാണുന്നതുപോലെ ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തു; തിരുവെഴുത്തുകളില്‍ കാണുന്നതുപോലെതന്നെ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‌ക്കുകയും ചെയ്തു. പത്രോസിനും പിന്നീടു പന്ത്രണ്ട് അപ്പോസ്തോലന്മാര്‍ക്കും പ്രത്യക്ഷനായി; *** *** അനന്തരം അവിടുത്തെ അനുയായികളായ അഞ്ഞൂറില്‍പരം ആളുകള്‍ ഒരുമിച്ചു കൂടിയിരിക്കുമ്പോള്‍ അവര്‍ക്കും പ്രത്യക്ഷനായി. അവരില്‍ ചിലരെല്ലാം അന്തരിച്ചെങ്കിലും, മിക്കപേരും ഇപ്പോഴും ജീവിച്ചിരിക്കുന്നു. അനന്തരം യാക്കോബിനും പിന്നീട് അപ്പോസ്തോലന്മാര്‍ക്കും ദര്‍ശനം നല്‌കി. ഏറ്റവും ഒടുവില്‍ അകാലജാതനെപ്പോലെയുള്ള എനിക്കും അവിടുന്നു പ്രത്യക്ഷപ്പെട്ടു. ഞാന്‍ അപ്പോസ്തോലന്മാരില്‍ ഏറ്റവും എളിയവനാണല്ലോ. ഞാന്‍ ദൈവത്തിന്‍റെ സഭയെ ദ്രോഹിച്ചിരുന്നവനാണ്. അതുകൊണ്ട് അപ്പോസ്തോലന്‍ എന്ന പേരിന് അര്‍ഹനല്ല. ദൈവകൃപമൂലം മാത്രമാണു ഞാന്‍ അപ്പോസ്തോലന്‍ ആയിരിക്കുന്നത്. ദൈവം എനിക്കു നല്‌കിയ കൃപ നിഷ്ഫലമായില്ല. മറ്റുള്ള എല്ലാ അപ്പോസ്തോലന്മാരെയുംകാള്‍ അധികം ഞാന്‍ അധ്വാനിച്ചു. ഞാന്‍ തനിയെ എന്തെങ്കിലും ചെയ്തു എന്നല്ല, ദൈവത്തിന്‍റെ കൃപ എന്നോടുകൂടി പ്രവര്‍ത്തിച്ചു എന്നതാണു വാസ്തവം. ഞാനാകട്ടെ, അവരാകട്ടെ, ആരുതന്നെ ആയാലും, ഞങ്ങള്‍ എല്ലാവരും പ്രസംഗിക്കുന്നത് ഇതാണ്; നിങ്ങള്‍ വിശ്വസിച്ചതും ഇതുതന്നെ. ക്രിസ്തു മരിച്ചവരില്‍നിന്ന് ഉത്ഥാനം ചെയ്യപ്പെട്ടിരിക്കുന്നു എന്ന സന്ദേശം പ്രഘോഷിക്കപ്പെടുമ്പോള്‍ മരിച്ചവര്‍ ജീവനിലേക്ക് ഉയിര്‍പ്പിക്കപ്പെടുകയില്ല എന്നു നിങ്ങളില്‍ ചിലര്‍ പറയുന്നത് എങ്ങനെ സാധൂകരിക്കും? മരിച്ചവരുടെ പുനരുത്ഥാനം ഇല്ലെങ്കില്‍ ക്രിസ്തുവും ഉത്ഥാനം ചെയ്യപ്പെട്ടിട്ടില്ലാ എന്നുവരും. ക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍, പിന്നെ ഞങ്ങള്‍ക്ക് പ്രസംഗിക്കുവാന്‍ ഒന്നുമില്ല; നിങ്ങള്‍ക്കു വിശ്വസിക്കുവാനും ഒന്നുമില്ല. [15,16] മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍, ക്രിസ്തുവും ഉത്ഥാനം ചെയ്യപ്പെട്ടിട്ടില്ല. പുനരുദ്ധാനം ഇല്ലെങ്കില്‍ ദൈവം ക്രിസ്തുവിനെ ഉയിര്‍പ്പിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ ദൈവം ക്രിസ്തുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്ന സാക്ഷ്യം ഞങ്ങള്‍ ദൈവത്തിനെതിരെ പറയുന്ന കള്ളസാക്ഷ്യം ആയിരിക്കും. *** ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം വ്യര്‍ഥം. നിങ്ങള്‍ ഇന്നും നിങ്ങളുടെ പാപത്തില്‍ തന്നെ കഴിയുന്നു. മരണമടഞ്ഞ ക്രിസ്തുവിശ്വാസികള്‍ നശിച്ചുപോയി എന്നു വരും. നാം ഈ ആയുസ്സില്‍ മാത്രമാണ് ക്രിസ്തുവില്‍ പ്രത്യാശവച്ചിരിക്കുന്നത് എങ്കില്‍ നാം മറ്റുള്ള എല്ലാവരെയുംകാള്‍ ദയനീയരാണ്. ക്രിസ്തു ഉത്ഥാനം ചെയ്യപ്പെട്ട് മരണനിദ്രയില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടവരില്‍ ഒന്നാമനായിത്തീര്‍ന്നിരിക്കുന്നു. ഒരു മനുഷ്യന്‍ മുഖേന മരണം വന്നതുപോലെ തന്നെ, ഒരു മനുഷ്യന്‍ മുഖേന മരിച്ചവരുടെ പുനരുത്ഥാനവും വരുന്നു. ആദാമിനോടുള്ള ഐക്യത്താല്‍ എല്ലാവരും മരിക്കുന്നതുപോലെ, ക്രിസ്തുവിനോടുള്ള ഐക്യത്താല്‍ എല്ലാവര്‍ക്കും ജീവന്‍ നല്‌കപ്പെടും. എന്നാല്‍ ഓരോ വ്യക്തിയും യഥാക്രമം ഉത്ഥാനം ചെയ്യപ്പെടും; ആദ്യം ക്രിസ്തു; പിന്നീട് അവിടുത്തെ ആഗമനവേളയില്‍ അവിടുത്തേക്കുള്ളവരും. ക്രിസ്തു സകല ആത്മീയാധികാരികളെയും, ഭരണാധിപന്മാരെയും ശക്തികളെയും ജയിച്ച് രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും; അപ്പോള്‍ അന്ത്യം വന്നുചേരും. എല്ലാ ശത്രുക്കളെയും തോല്പിച്ച് അടിപ്പെടുത്തുന്നതുവരെ, ക്രിസ്തു രാജാവായി വാഴേണ്ടതാണ്. കീഴടക്കേണ്ട അവസാനത്തെ ശത്രു മരണമായിരിക്കും. ‘സമസ്തവും തന്‍റെ കാല്‍ക്കീഴിലാക്കി’ എന്നു വേദലിഖിതത്തില്‍‍ കാണുന്നു. സമസ്തവും എന്നു പറയുന്നതില്‍ ക്രിസ്തുവിനു സകലവും അധീനമാക്കിക്കൊടുത്ത ദൈവം ഉള്‍പ്പെടുന്നില്ല എന്നു സ്പഷ്ടം. എന്നാല്‍ സമസ്ത കാര്യങ്ങളും ക്രിസ്തുവിന്‍റെ ഭരണത്തിനു വിധേയമാകുമ്പോള്‍, സകലവും തനിക്ക് അധീനമാക്കിക്കൊടുത്ത ദൈവത്തിന് പുത്രന്‍ സ്വയം വിധേയനാക്കും. അങ്ങനെ ദൈവം സര്‍വാധിപതിയായി വാഴും. മരിച്ചവര്‍ക്കുവേണ്ടി സ്നാപനം ചെയ്യപ്പെടുന്നവരെക്കുറിച്ച് എന്താണു പറയുക? അതുകൊണ്ട് എന്തു സാധിക്കാമെന്നാണ് അവരുടെ പ്രത്യാശ? ചിലര്‍ വാദിക്കുന്നതുപോലെ മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുകയില്ല എന്നുള്ളത് വാസ്തവമാണെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി സ്നാപനം സ്വീകരിക്കുന്നവര്‍ എന്തിന് അങ്ങനെ ചെയ്യുന്നു? ഞങ്ങള്‍തന്നെയും നാള്‍തോറും അപകടങ്ങളെ നേരിട്ടുകൊണ്ട് എന്തിനു മുമ്പോട്ടു പോകണം? സോദരരേ, ക്രിസ്തുവിലുള്ള വിശ്വാസം സംബന്ധിച്ച് നിങ്ങളെപ്പറ്റി എനിക്കുള്ള അഭിമാനം മുന്‍നിറുത്തി ഞാന്‍ പറയുന്നു: നിത്യേന ഞാന്‍ മരണത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. എഫെസൊസില്‍വച്ചു “വന്യമൃഗങ്ങളോടു” പോരാടിയതുകൊണ്ട് ലൗകികമായി നോക്കുമ്പോള്‍ എനിക്ക് എന്തു പ്രയോജനം? മരിച്ചവര്‍ ഉത്ഥാനം ചെയ്യപ്പെടുന്നില്ലെങ്കില്‍ “നമുക്കു തിന്നും കുടിച്ചും ഉല്ലസിക്കാം; നാളെ മരിക്കുമല്ലോ.” നിങ്ങളെ ആരും വഴിതെറ്റിക്കരുത്. “അധമന്മാരുടെ സംസര്‍ഗം സജ്ജനങ്ങളെ ദുഷിപ്പിക്കുന്നു.” പാപമാര്‍ഗങ്ങളില്‍നിന്നു പിന്തിരിഞ്ഞ് സുബോധമുള്ളവരായിത്തീരുക. നിങ്ങളില്‍ ചിലര്‍ക്കു ദൈവത്തെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാ. നിങ്ങള്‍ ലജ്ജിക്കേണ്ടതിനാണ് ഞാനിതു പറയുന്നത്. “മരിച്ചവര്‍ എങ്ങനെ ഉയിര്‍പ്പിക്കപ്പെടും?” എന്നും “അവരുടെ ശരീരം എങ്ങനെയുള്ളതായിരിക്കും?” എന്നും ചിലര്‍ ചോദിച്ചേക്കാം. ഭോഷാ, നീ വിതയ്‍ക്കുന്ന വിത്ത് നശിക്കുന്നില്ലെങ്കില്‍ വീണ്ടും ജീവന്‍ പ്രാപിച്ചു മുളച്ചു വളരുകയില്ല. കോതമ്പിന്‍റെയോ മറ്റേതെങ്കിലും ധാന്യത്തിന്‍റെയോ ഒരു മണി മാത്രമായിരിക്കും നിങ്ങള്‍ വിതയ്‍ക്കുന്നത്; അല്ലാതെ വളര്‍ച്ചയെത്തിയ ചെടിയല്ല നടുന്നത്. തനിക്കിഷ്ടമുള്ള ശരീരം ദൈവം ആ വിത്തിനു നല്‌കുന്നു; ഓരോ വിത്തിനും അതതിന്‍റേതായ ശരീരം നല്‌കപ്പെടുന്നു. എല്ലാ ജീവികളുടെയും മാംസം ഒരേ തരത്തിലുള്ളതല്ലല്ലോ; മനുഷ്യരുടെ മാംസം ഒരു തരത്തിലുള്ളതാണെങ്കില്‍ മൃഗങ്ങളുടെ മാംസം വേറൊരു തരത്തിലുള്ളതാണ്. പക്ഷികളുടെ മാംസം വേറെ, മത്സ്യമാംസവും വേറെ. സ്വര്‍ഗീയ ശരീരങ്ങളുണ്ട്, ഭൗതികശരീരങ്ങളുമുണ്ട്. സ്വര്‍ഗീയശരീരങ്ങളുടെ തേജസ്സ് ഭൗതികശരീരങ്ങളുടെ തേജസ്സില്‍നിന്നു വിഭിന്നമാണ്. സൂര്യന് അതിന്‍റേതായ തേജസ്സുണ്ട്. ചന്ദ്രന്‍റെ തേജസ്സ് മറ്റൊന്നാണ്. നക്ഷത്രങ്ങളുടെ തേജസ്സ് വേറൊന്ന്; തേജസ്സിന്‍റെ കാര്യത്തില്‍ ഒരു നക്ഷത്രം മറ്റൊന്നില്‍നിന്നു വ്യത്യസ്തമാണ്. മരിച്ചവരുടെ പുനരുത്ഥാനത്തിലുള്ള സ്ഥിതിവിശേഷവും ഇതുപോലെയായിരിക്കും. സംസ്കരിക്കുന്ന ശരീരം നശ്വരം; ഉയിര്‍ത്തെഴുന്നേല്‌ക്കുന്ന ശരീരം അനശ്വരം. സംസ്കരിക്കുമ്പോള്‍ ഹീനവും ദുര്‍ബലവുമായിരിക്കും. ഉയിര്‍ത്തെഴുന്നേല്‌ക്കുമ്പോള്‍ തേജോമയവും ശക്തവുമായിരിക്കും. ഭൗതികശരീരമാണു സംസ്കരിക്കുന്നത്; ഉയിര്‍ത്തെഴുന്നേല്‌ക്കുന്നത് ആത്മീയശരീരവും. ഭൗതികശരീരം ഉള്ളതുപോലെ ആത്മീയശരീരവുമുണ്ട്. ആദിമനുഷ്യനായ ആദാം ജീവനുള്ള വ്യക്തിയായി സൃഷ്‍ടിക്കപ്പെട്ടു എന്നു വേദഗ്രന്ഥത്തില്‍ പറയുന്നുണ്ട്; എന്നാല്‍ ഒടുവിലത്തെ ആദാം ജീവദായകനായ ആത്മാവാകുന്നു. ആത്മീയമായതല്ല ആദ്യമുണ്ടായത്. പ്രത്യുത ആദ്യം ഭൗതികമായതും പിന്നീട് ആത്മീയമായതും ഉണ്ടായി. ആദ്യത്തെ മനുഷ്യന്‍ ഭൂമിയിലെ മണ്ണില്‍ നിന്നുള്ളവനാണ്. രണ്ടാമത്തെ മനുഷ്യന്‍ സ്വര്‍ഗത്തില്‍നിന്നുള്ളവനത്രേ. മണ്ണില്‍നിന്ന് ഉണ്ടായവനെപ്പോലെയാണ്, മണ്‍മയരായ എല്ലാവരും; സ്വര്‍ഗത്തില്‍നിന്നുള്ളവനെപ്പോലെയാണ് സ്വര്‍ഗീയരായ എല്ലാവരും. മണ്ണുകൊണ്ട് ഉണ്ടാക്കപ്പെട്ടവന്‍റെ രൂപസാദൃശ്യം നാം ധരിച്ചതുപോലെ തന്നെ, സ്വര്‍ഗത്തില്‍നിന്നു വന്ന മനുഷ്യന്‍റെ രൂപസാദൃശ്യവും ധരിക്കും. സഹോദരരേ, മാംസരക്തങ്ങള്‍ക്ക് ദൈവരാജ്യം അവകാശമാക്കുവാന്‍ കഴിയുകയില്ല; നശ്വരമായതിന് അനശ്വരമായതിനെ സ്വന്തമാക്കുവാനും സാധ്യമല്ല. [51,52] ഞാന്‍ പറയുന്ന ഈ രഹസ്യസത്യം നിങ്ങള്‍ ശ്രദ്ധിക്കുക; നാം എല്ലാവരും മരിക്കുകയില്ല; എന്നാല്‍ അവസാനത്തെ കാഹളം മുഴക്കുമ്പോള്‍ എല്ലാവരും പെട്ടെന്ന് ഒരു നിമിഷമാത്രയില്‍ രൂപാന്തരപ്പെടും; കാഹളം മുഴക്കുമ്പോള്‍ മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‌ക്കും; അവര്‍ അനശ്വരരായിരിക്കും. നാമെല്ലാവരും രൂപാന്തരം പ്രാപിക്കുകയും ചെയ്യും. *** ഈ നശ്വരമായത് അനശ്വരമായും, മര്‍ത്യമായത് അമര്‍ത്യമായും രൂപാന്തരപ്പെടേണ്ടതാണ്. അതുകൊണ്ട് ഈ നശ്വരമായത് അനശ്വരമായും മര്‍ത്യമായത് അമര്‍ത്യമായും തീരുമ്പോള്‍ ‘മരണത്തെ ഉന്മൂലനം ചെയ്തു; വിജയം പൂര്‍ത്തിയായി’ എന്ന വേദലിഖിതം യഥാര്‍ഥമായിത്തീരും. ‘ഹേ മരണമേ, നിന്‍റെ വിജയമെവിടെ? വേദനിപ്പിക്കുന്ന നിന്‍റെ വിഷമുള്ള് എവിടെ?’ വേദനിപ്പിക്കുവാനുള്ള ശക്തി മരണത്തിനുണ്ടാകുന്നത് പാപം മൂലമാണ്; പാപത്തിന്‍റെ ശക്തി നിയമംമൂലവും. എന്നാല്‍ കര്‍ത്താവായ യേശുക്രിസ്തു മുഖേന നമുക്കു വിജയം നല്‌കുന്ന ദൈവത്തിനു സ്തോത്രം! അതുകൊണ്ട് എന്‍റെ പ്രിയ സഹോദരരേ, നിങ്ങള്‍ ഉറച്ച് അചഞ്ചലരായി നില്‌ക്കുക. കര്‍ത്താവിനുവേണ്ടിയുള്ള പ്രയത്നത്തില്‍ ഉത്തരോത്തരം വ്യാപൃതരാകുക. കര്‍ത്താവില്‍ നിങ്ങളുടെ യാതൊരു പ്രയത്നവും വ്യര്‍ഥമാകുകയില്ലെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ. യെഹൂദ്യയിലെ ദൈവജനത്തെ സഹായിക്കുന്നതിനുള്ള ധനശേഖരണത്തെപ്പറ്റി നിങ്ങള്‍ എഴുതിയിരുന്നല്ലോ. ഗലാത്തിയയിലെ സഭകള്‍ ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതുതന്നെ നിങ്ങളും ചെയ്യേണ്ടതാണ്. നിങ്ങളുടെ വരവനുസരിച്ച് ഞായാറാഴ്ചതോറും ഓരോ സംഖ്യ നീക്കി വയ്‍ക്കണം. അങ്ങനെ സ്വരൂപിച്ചുവയ്‍ക്കുകയാണെങ്കില്‍ ഞാന്‍ വന്നതിനുശേഷം പണം പിരിക്കേണ്ട ആവശ്യം ഉണ്ടാകുകയില്ലല്ലോ. ഞാന്‍ വരുമ്പോള്‍ നിങ്ങളുടെ ദാനങ്ങള്‍ നിങ്ങള്‍ക്കു സമ്മതമുള്ള ആളുകളുടെ കൈവശം ഏല്പിച്ച്, എഴുത്തുമായി യെരൂശലേമിലേക്ക് അയച്ചുകൊള്ളാം. ഞാന്‍കൂടി പോകുന്നതിനു ആവശ്യമാണെന്നു തോന്നിയാല്‍ അവര്‍ എന്‍റെകൂടെ പോരട്ടെ. എനിക്കു മാസിഡോണിയയില്‍കൂടി കടന്നുപോകേണ്ടതുണ്ട്. അതിനുശേഷം ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരും. അങ്ങനെ കുറേനാള്‍, ഒരുപക്ഷേ, ശീതകാലം മുഴുവന്‍ നിങ്ങളുടെ കൂടെ കഴിച്ചുകൂട്ടാം. പിന്നീട് എനിക്കു പോകേണ്ടത് എങ്ങോട്ടായാലും നിങ്ങളുടെ സഹായത്തോടുകൂടി എന്‍റെ യാത്ര തുടരാം. പോകുന്നവഴി നിങ്ങളെ കണ്ടിട്ടു പെട്ടെന്നു പോകാനല്ല ഞാന്‍ ആഗ്രഹിക്കുന്നത്. കര്‍ത്താവ് അനുവദിക്കുന്നെങ്കില്‍ കുറെ ഏറെ നാള്‍ നിങ്ങളോടൊത്തു കഴിച്ചുകൂട്ടണമെന്നാണ് എന്‍റെ ആഗ്രഹം. പെന്തെക്കോസ്തുനാള്‍വരെ ഞാന്‍ എഫെസൊസില്‍ താമസിക്കും. ധാരാളം ശത്രുക്കള്‍ ഉണ്ടായിരുന്നാലും ഫലപ്രദമായ പ്രവര്‍ത്തനത്തിനുള്ള സുവര്‍ണാവസരമാണ് ഇവിടെയുള്ളത്. തിമൊഥെയോസ് വന്നാല്‍ നിങ്ങളുടെ ഇടയില്‍ നിര്‍ഭയം പ്രവര്‍ത്തിക്കുവാന്‍ തക്കവണ്ണം അയാളെ സ്വാഗതം ചെയ്യണം; എന്നെപ്പോലെതന്നെ അയാള്‍ കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുന്നവനാണല്ലോ. ആരും അയാളെ അവഗണിക്കരുത്. സഹോദരന്മാരോടൊപ്പം ഞാന്‍ അയാളുടെ വരവു കാത്തിരിക്കുകയാണ്; എന്‍റെ അടുക്കല്‍ തിരിച്ചുവരുന്നതിനുവേണ്ടി സമാധാനത്തോടെ യാത്ര തുടരുവാന്‍ നിങ്ങള്‍ അയാളെ സഹായിക്കണം. സഹോദരനായ അപ്പൊല്ലൊസിന്‍റെ കാര്യമാണെങ്കില്‍, മറ്റു സഹോദരന്മാരോടൊപ്പം നിങ്ങളെ സന്ദര്‍ശിക്കുന്നതിന് അയാളെയും ഞാന്‍ പലപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ അടുക്കല്‍ വരുന്നതിന് അയാള്‍ക്കു പൂര്‍ണസമ്മതമുണ്ടായില്ല. ഇനി അവസരമുണ്ടാകുമ്പോള്‍ വരുന്നതാണ്. ഉണര്‍ന്നിരിക്കുക; വിശ്വാസത്തില്‍ അടിയുറച്ചു നില്‌ക്കുക; ധൈര്യവും മനക്കരുത്തും ഉള്ളവരായിരിക്കുക. നിങ്ങള്‍ ചെയ്യുന്നതെല്ലാം സ്നേഹപൂര്‍വം ആയിരിക്കട്ടെ. സ്തേഫാനോസിനെയും അയാളുടെ കുടുംബത്തെയും നിങ്ങള്‍ക്കറിയാമല്ലോ; അഖായയില്‍ ആദ്യം ക്രിസ്തുമാര്‍ഗം സ്വീകരിച്ചത് അവരാണ്. ദൈവജനത്തിന്‍റെ ശുശ്രൂഷയ്‍ക്കായി അവര്‍ തങ്ങളെത്തന്നെ സമര്‍പ്പിച്ചിരിക്കുന്നു. ഇങ്ങനെയുള്ളവരുടെയും, അവരോടുകൂടി ശുശ്രൂഷചെയ്യുകയും അധ്വാനിക്കുകയും ചെയ്യുന്നവരുടെയും നേതൃത്വത്തിനു നിങ്ങള്‍ കീഴ്പെട്ടിരിക്കണം. സ്തേഫാനോസും ഫൊര്‍ത്തുനാതൊസും അഖായിക്കൊസും വന്നത് എനിക്കു സന്തോഷമായി. നിങ്ങളുടെ അസാന്നിധ്യം അവര്‍ നികത്തി. അവര്‍ എന്‍റെയും നിങ്ങളുടെയും ആത്മാവിന് ഉന്മേഷം പകര്‍ന്നുതന്നു. ഇങ്ങനെയുള്ളവരെ നിങ്ങള്‍ ആദരിക്കണം. ഏഷ്യാദേശത്തിലെ സഭകള്‍ അവരുടെ അഭിവാദനങ്ങള്‍ അറിയിക്കുന്നു. അക്വിലായും പ്രിസ്കില്ലയും അവരുടെ ഭവനത്തില്‍ കൂടിവരുന്ന സഭയും നിങ്ങളെ ഹാര്‍ദമായി അഭിവാദനം ചെയ്യുന്നു. ഇവിടെയുള്ള സകല സഹോദരരും അവരുടെ അഭിവാദനങ്ങള്‍ അറിയിക്കുന്നു. സഹോദരനിര്‍വിശേഷമായ ചുംബനത്താല്‍ നിങ്ങള്‍ അന്യോന്യം വന്ദനം ചെയ്യുക. എന്‍റെ സ്വന്തം കൈകൊണ്ട് ഞാന്‍ ഇതെഴുതുന്നു: പൗലൊസില്‍നിന്ന് നിങ്ങള്‍ക്ക് അഭിവാദനങ്ങള്‍. കര്‍ത്താവിനെ സ്നേഹിക്കാത്തവന്‍ ആരുതന്നെ ആയാലും അവന്‍ ശപിക്കപ്പെട്ടവന്‍! മാറാനാഥാ-ഞങ്ങളുടെ കര്‍ത്താവേ, വന്നാലും! കര്‍ത്താവായ യേശുവിന്‍റെ കൃപ നിങ്ങളോടുകൂടി ഉണ്ടായിരിക്കട്ടെ. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ക്രിസ്തുയേശുവില്‍ എന്‍റെ സ്നേഹം. ആമേന്‍. ദൈവത്തിന്‍റെ തിരുഹിതത്താല്‍, ക്രിസ്തുയേശുവിന്‍റെ അപ്പോസ്തോലനായി നിയമിക്കപ്പെട്ട പൗലൊസും സഹോദരനായ തിമൊഥെയോസും, കൊരിന്തിലെ ദൈവസഭയ്‍ക്കും അഖായയില്‍ എങ്ങുമുള്ള എല്ലാ ദൈവജനത്തിനും എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെട്ടവനാകട്ടെ! അവിടുന്ന് കൃപാലുവായ പിതാവും സര്‍വസമാശ്വാസത്തിന്‍റെയും ഉറവിടവുമാകുന്നു. ദൈവത്തില്‍നിന്ന് നാം ആശ്വാസംപ്രാപിച്ച്, എല്ലാവിധത്തിലും ക്ലേശിക്കുന്നവരെ ആശ്വസിപ്പിക്കുവാന്‍ പ്രാപ്തരാകേണ്ടതിന് നമ്മുടെ സകല വിഷമതകളിലും അവിടുന്നു നമ്മെ ആശ്വസിപ്പിക്കുന്നു. ക്രിസ്തുവിന്‍റെ പീഡാനുഭവങ്ങളില്‍ നാം ധാരാളമായി പങ്കു ചേരുന്നതുപോലെ തന്നെ, ക്രിസ്തു മുഖേനയുള്ള ആശ്വാസത്തിലും നാം സമൃദ്ധമായി പങ്കുകൊള്ളുന്നു. ഞങ്ങള്‍ ക്ലേശങ്ങള്‍ സഹിക്കുന്നെങ്കില്‍ അതു നിങ്ങളുടെ സമാശ്വാസത്തിനും രക്ഷയ്‍ക്കും വേണ്ടിയാണ്; ഞങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നെങ്കില്‍ നിങ്ങളും ആശ്വസിക്കപ്പെടും; ഈ ആശ്വാസം, ഞങ്ങള്‍ സഹിക്കുന്ന അതേ കഷ്ടതകള്‍ ക്ഷമയോടെ സഹിക്കുന്നതിനുള്ള ശക്തിയും നിങ്ങള്‍ക്കു നല്‌കും. ഞങ്ങളുടെ കഷ്ടതകളില്‍ നിങ്ങള്‍ പങ്കാളികളായിരിക്കുന്നതുപോലെ ഞങ്ങളുടെ ആശ്വാസത്തിലും നിങ്ങള്‍ ഓഹരിക്കാരാകുന്നു എന്നറിയുന്നതുകൊണ്ടു ഞങ്ങള്‍ക്കു നിങ്ങളിലുള്ള പ്രത്യാശ അടിയുറച്ചതാണ്. സഹോദരരേ, ഏഷ്യാദേശത്തു ഞങ്ങള്‍ക്കുണ്ടായ ക്ലേശങ്ങള്‍ നിങ്ങളെ അറിയിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ജീവനോടെ ശേഷിക്കുമെന്ന് ഓര്‍ത്തതല്ല; അത്ര കഠിനവും ഭാരമേറിയതുമായിരുന്നു ഞങ്ങള്‍ക്കു വഹിക്കേണ്ടിവന്ന ക്ലേശങ്ങള്‍. ഞങ്ങള്‍ വധിക്കപ്പെടുമെന്നു വിചാരിച്ചതാണ്. എന്നാല്‍ ഈ പീഡനങ്ങളില്‍കൂടിയെല്ലാം ഞങ്ങള്‍ കടന്നുപോന്നതുകൊണ്ട്, ഞങ്ങളില്‍ അല്ല, മരിച്ചവരെ ഉയിര്‍പ്പിക്കുന്ന ദൈവത്തില്‍ത്തന്നെയാണ് ആശ്രയിക്കേണ്ടതെന്നു ഞങ്ങള്‍ക്കു ബോധ്യമായി. ഇങ്ങനെയുള്ള മാരകമായ വിപത്തുകളില്‍നിന്ന് ദൈവം ഞങ്ങളെ രക്ഷിച്ചു; ഇനി രക്ഷിക്കുകയും ചെയ്യും; രക്ഷിക്കുമെന്നുള്ള ഞങ്ങളുടെ പ്രത്യാശ ദൈവത്തില്‍ സമര്‍പ്പിച്ചുമിരിക്കുന്നു. നിങ്ങളെല്ലാവരും ചേര്‍ന്നു ഞങ്ങള്‍ക്കുവേണ്ടി സര്‍വാത്മനാ പ്രാര്‍ഥിക്കണം. നിങ്ങളുടെ പ്രാര്‍ഥനയാല്‍ ഞങ്ങള്‍ക്കു ലഭിക്കുന്ന കൃപയ്‍ക്കുവേണ്ടി ധാരാളം ആളുകള്‍ സ്തോത്രം ചെയ്യും. ലൗകികമായ ജ്ഞാനമല്ല, പ്രത്യുത ദൈവദത്തമായ നിഷ്കപടതയും ആത്മാര്‍ഥതയുമാണ് ഈ ലോകത്തിലുള്ള ഞങ്ങളുടെ ജീവിതത്തെയും വിശിഷ്യ, നിങ്ങളോടുള്ള ബന്ധത്തെയും ഭരിക്കുന്നതെന്നു ഞങ്ങളുടെ മനസ്സാക്ഷിക്ക് ഉറപ്പുണ്ട്. അതിലാണ് ഞങ്ങള്‍ അഭിമാനം കൊള്ളുന്നത്. [13,14] നിങ്ങള്‍ക്കു വായിച്ചു മനസ്സിലാക്കുവാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമേ ഞങ്ങള്‍ എഴുതുന്നുള്ളൂ. ഇപ്പോള്‍ നിങ്ങള്‍ അപൂര്‍ണമായി മാത്രമേ ഞങ്ങളെ അറിയുന്നുള്ളൂ; നിങ്ങള്‍ ഞങ്ങളെ സമ്പൂര്‍ണമായി മനസ്സിലാക്കുമെന്നും, ഞങ്ങള്‍ നിങ്ങളില്‍ അഭിമാനംകൊള്ളുന്നതുപോലെ നമ്മുടെ കര്‍ത്താവിന്‍റെ ദിവസത്തില്‍ നിങ്ങള്‍ക്കു ഞങ്ങളില്‍ അഭിമാനംകൊള്ളുവാന്‍ കഴിയുമെന്നും ഞങ്ങള്‍ പ്രത്യാശിക്കുന്നു. *** [15,16] ഇതെല്ലാം എനിക്കു നിശ്ചയമുണ്ടായിരുന്നതുകൊണ്ട് മാസിഡോണിയയിലേക്കു പോകുന്ന വഴി നിങ്ങളെ സന്ദര്‍ശിക്കാമെന്നും അവിടെനിന്നു തിരിച്ചു വരുന്നവഴി നിങ്ങളെ കണ്ട് നിങ്ങളുടെ സഹായത്തോടുകൂടി യെഹൂദ്യയിലേക്കു പോകാമെന്നുമായിരുന്നു ഞാന്‍ നേരത്തെ ഉദ്ദേശിച്ചിരുന്നത്. അങ്ങനെ നിങ്ങളെ രണ്ടു പ്രാവശ്യം കാണാമെന്നും നിങ്ങള്‍ക്ക് ഇരട്ടിയായ ദൈവാനുഗ്രഹം ലഭിക്കുമെന്നും ഞാന്‍ കരുതി. *** എന്‍റെ തീരുമാനത്തില്‍ എനിക്ക് ഉറപ്പില്ലെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്? അനാത്മികരെപ്പോലെയാണോ ഞാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നത്? ഒരേ സമയത്തുതന്നെ ‘അതേ, അതേ’ എന്നും ‘അല്ല, അല്ല’ എന്നും ഞാന്‍ പറയുമെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? നിങ്ങളോടുള്ള ഞങ്ങളുടെ വാക്ക് ഒരേ സമയം ‘അതേ’ എന്നും ‘അല്ല’ എന്നും ആയിരുന്നില്ല എന്നുള്ളതിനു സത്യസ്വരൂപനായ ദൈവം സാക്ഷി. ശീലാസും തിമൊഥെയോസും ഞാനും ആരെപ്പറ്റി നിങ്ങളോടു പ്രസംഗിച്ചുവോ, ആ ദൈവപുത്രനായ യേശുക്രിസ്തു ‘അതേ’ എന്നും ‘അല്ല’ എന്നും ഉള്ളവനല്ല. പ്രത്യുത അവിടുന്ന് ദൈവത്തിന്‍റെ ‘അതേ’ ആകുന്നു. എന്തുകൊണ്ടെന്നാല്‍ അവിടുന്നാണ് ദൈവത്തിന്‍റെ എല്ലാ വാഗ്ദാനങ്ങള്‍ക്കുമുള്ള ‘അതേ’. അതുകൊണ്ട് ആ യേശുക്രിസ്തുവില്‍കൂടി ദൈവത്തിന്‍റെ മഹത്ത്വത്തിനായി നാം ആമേന്‍ പറയുന്നു. ക്രിസ്തുവിനോടു സംയോജിച്ചുള്ള ഞങ്ങളുടെയും നിങ്ങളുടെയും ജീവിതത്തിന് ഉറപ്പു വരുത്തുന്നതും ഞങ്ങളെ വിളിച്ച് അധികാരപ്പെടുത്തിയിരിക്കുന്നതും ദൈവം തന്നെയാണ്. തന്‍റെ ഉടമസ്ഥാവകാശത്തെ സൂചിപ്പിക്കുന്ന മുദ്ര അവിടുന്നു നമ്മുടെമേല്‍ പതിക്കുകയും നമുക്കുവേണ്ടി സംഭരിച്ചിട്ടുള്ള എല്ലാറ്റിന്‍റെയും ഉറപ്പിലേക്കായി പരിശുദ്ധാത്മാവിനെ നമ്മുടെ ഹൃദയങ്ങളില്‍ പകരുകയും ചെയ്തിരിക്കുന്നു. ഞാന്‍ കൊരിന്തിലേക്കു വരാതിരുന്നത് നിങ്ങളെപ്പറ്റിയുള്ള എന്‍റെ പരിഗണനകൊണ്ടാണ്; അതിന് ദൈവം സാക്ഷി. നിങ്ങളുടെ വിശ്വാസം എന്തായിരിക്കണമെന്നു ഞങ്ങള്‍ വിധിക്കുന്നില്ല. വിശ്വാസത്തില്‍ നിങ്ങള്‍ അടിയുറച്ചു നില്‌ക്കുന്നു എന്നു ഞങ്ങള്‍ അറിയുന്നു. നിങ്ങളുടെ സന്തോഷത്തിനുവേണ്ടി നിങ്ങളോടൊത്ത് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. വീണ്ടും സന്ദര്‍ശിച്ചു നിങ്ങള്‍ക്കു മനോവേദന ഉണ്ടാക്കരുതെന്നു ഞങ്ങള്‍ നിശ്ചയിച്ചു. ഞാന്‍ നിങ്ങളെ ദുഃഖിപ്പിച്ചാല്‍ എന്നെ സമാശ്വസിപ്പിക്കുന്നതിന് ഞാന്‍ ദുഃഖിപ്പിച്ച നിങ്ങളല്ലാതെ മറ്റാരാണുള്ളത്? ഞാന്‍ വരുമ്പോള്‍ എനിക്കു സന്തോഷം നല്‌കേണ്ടവര്‍ എന്നെ ദുഃഖിപ്പിക്കാതിരിക്കുവാന്‍വേണ്ടിയാണു ഞാന്‍ ആ കത്തെഴുതിയത്. എന്തെന്നാല്‍ ഞാന്‍ സന്തോഷിക്കുമ്പോള്‍ നിങ്ങളെല്ലാവരുംതന്നെ സന്തോഷിക്കുമെന്ന് എനിക്കു ബോധ്യമുണ്ട്. അത്യധികമായ ദുഃഖത്തോടും ഹൃദയവേദനയോടും കണ്ണുനീരോടുംകൂടി ഞാന്‍ നിങ്ങള്‍ക്ക് എഴുതിയത് നിങ്ങളെ ദുഃഖിപ്പിക്കുന്നതിനല്ല, പിന്നെയോ നിങ്ങളെ എല്ലാവരെയും ഞാന്‍ എത്രമാത്രം സ്നേഹിക്കുന്നു എന്നു നിങ്ങള്‍ക്കു ബോധ്യമാകുന്നതിനുവേണ്ടിയാണ്. ദുഃഖിപ്പിച്ചവന്‍ എന്നെയല്ല, നിങ്ങളെ എല്ലാവരെയുമാണ് ഒരളവില്‍ ദുഃഖിപ്പിച്ചത്- അയാളെ കൂടുതല്‍ വേദനിപ്പിക്കരുതല്ലോ. നിങ്ങളില്‍ ഭൂരിപക്ഷം പേര്‍ അയാള്‍ക്കു നല്‌കിയ ശിക്ഷ ധാരാളം മതി. ഏതായാലും അയാള്‍ നിലയില്ലാത്ത ദുഃഖത്തില്‍ നിമഗ്നനായി നശിച്ചു പോകാതിരിക്കേണ്ടതിന് നിങ്ങള്‍ അയാളോടു ക്ഷമിക്കുകയും അയാളെ ആശ്വസിപ്പിക്കുകയും വേണം. അതുകൊണ്ട് അയാളോടുള്ള നിങ്ങളുടെ സ്നേഹം വീണ്ടും ഉറപ്പിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. എന്‍റെ നിര്‍ദേശങ്ങള്‍ അനുസരിക്കുവാന്‍ നിങ്ങള്‍ എപ്പോഴും സന്നദ്ധരാണോ എന്നു പരീക്ഷിക്കുന്നതിനാണ് ഞാന്‍ അങ്ങനെ എഴുതിയത്. നിങ്ങള്‍ ക്ഷമിച്ച ഏതൊരുവനോടും ഞാനും ക്ഷമിക്കുന്നു; ഞാന്‍ എന്തെങ്കിലും ക്ഷമിച്ചിരിക്കുന്നെങ്കില്‍, നിങ്ങളെ പ്രതി ക്രിസ്തുവിന്‍റെ സാന്നിധ്യത്തിലത്രേ അപ്രകാരം ചെയ്തത്. ഇത് സാത്താന്‍ നമ്മെ അടിമപ്പെടുത്താതിരിക്കുന്നതിനാണ്. സാത്താന്‍റെ തന്ത്രങ്ങളെപ്പറ്റി നാം അറിവില്ലാത്തവരല്ലല്ലോ. ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുന്നതിനായി ഞാന്‍ ത്രോവാസിലെത്തിയപ്പോള്‍ അവിടെ പ്രവര്‍ത്തനത്തിനുള്ള വാതില്‍ കര്‍ത്താവ് തുറന്നിരിക്കുന്നതായി ഞാന്‍ കണ്ടു. എന്നാല്‍ എന്‍റെ സഹോദരനായ തീത്തോസിനെ അവിടെ കാണാഞ്ഞതുകൊണ്ടു ഞാന്‍ അസ്വസ്ഥനായി. അതുകൊണ്ട് അവിടത്തെ ജനത്തോടു യാത്രപറഞ്ഞ് ഞാന്‍ മാസിഡോണിയയിലേക്കു പോയി. ദൈവത്തിനു സ്തോത്രം! ക്രിസ്തുവിനോട് ഐക്യപ്പെട്ടുകൊണ്ടുള്ള ഞങ്ങളുടെ ജൈത്രയാത്രയില്‍ ദൈവം ഞങ്ങളെ എപ്പോഴും നയിക്കുന്നു. ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനം സൗരഭ്യം എന്നപോലെ എല്ലായിടത്തും പരത്തുന്നതിന് ദൈവം ഞങ്ങളെ ഉപയോഗിക്കുന്നു. എന്തെന്നാല്‍ ക്രിസ്തു ദൈവത്തിനു സമര്‍പ്പിച്ച നറുമണം ചൊരിയുന്ന ധൂപംപോലെയുള്ളവരാണ് ഞങ്ങള്‍. ആ ധൂപത്തിന്‍റെ വാസന രക്ഷിക്കപ്പെടുന്നവരുടെയും നഷ്ടപ്പെടുന്നവരുടെയും ഇടയില്‍ വ്യാപിക്കുന്നു. നശിച്ചുപോകുന്നവര്‍ക്ക് അത് മാരകമായ ദുര്‍ഗന്ധമായിരിക്കും; എന്നാല്‍ രക്ഷിക്കപ്പെടുന്നവര്‍ക്ക് അത് ജീവന്‍ കൈവരുത്തുന്ന സൗരഭ്യമത്രേ. ഇതുപോലെയുള്ള പ്രവര്‍ത്തനത്തിന് ആരാണു യോഗ്യന്‍? മായം ചേര്‍ത്ത വ്യാപാരച്ചരക്കെന്നോണം ദൈവത്തിന്‍റെ സന്ദേശം കൈകാര്യം ചെയ്യുന്ന വളരെയാളുകളുണ്ട്. അവരെപ്പോലെയല്ല ഞങ്ങള്‍. ദൈവം ഞങ്ങളെ അയച്ചിരിക്കുന്നതുകൊണ്ട് ക്രിസ്തുവിന്‍റെ ദാസന്മാരെന്നവണ്ണം അവിടുത്തെ സാന്നിധ്യത്തില്‍ ആത്മാര്‍ഥതയോടുകൂടി സംസാരിക്കുന്നു. ഞങ്ങള്‍ പിന്നെയും ആത്മപ്രശംസ ചെയ്യുവാന്‍ തുടങ്ങുകയാണോ? നിങ്ങളുടെ പേര്‍ക്കോ, നിങ്ങളില്‍നിന്നോ മറ്റുചിലര്‍ക്കെന്നപോലെ, ഞങ്ങള്‍ക്ക് ശുപാര്‍ശക്കത്തുകള്‍ ആവശ്യമുണ്ടോ? എല്ലാവരും അറിയേണ്ടതിനും വായിക്കേണ്ടതിനും ഞങ്ങളുടെ ഹൃദയങ്ങളില്‍ എഴുതപ്പെട്ട സാക്ഷ്യപത്രം നിങ്ങള്‍തന്നെയാണ്. നിങ്ങള്‍ ക്രിസ്തുവിന്‍റെ കത്താകുന്നു എന്നുള്ളതു സ്പഷ്ടം. അത് മഷികൊണ്ടല്ല ജീവിക്കുന്ന ദൈവത്തിന്‍റെ ആത്മാവിനാലാണ് എഴുതപ്പെട്ടത്. കല്പലകകളില്ല, മനുഷ്യഹൃദയങ്ങളില്‍ത്തന്നെ അത് ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ക്രിസ്തു മുഖേന ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് നല്ല ഉറപ്പുണ്ട്. തനിയെ ഈ പ്രവൃത്തി ചെയ്യുന്നതിനുള്ള പ്രാപ്തി ഞങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെടുന്നില്ല. ഞങ്ങള്‍ക്കുള്ള പ്രാപ്തി ദൈവത്തില്‍നിന്നു ലഭിക്കുന്നതാണ്. പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരാകാനുള്ള പ്രാപ്തി ദൈവം ഞങ്ങള്‍ക്കു നല്‌കി. ആ ഉടമ്പടി അക്ഷരങ്ങള്‍കൊണ്ട് എഴുതപ്പെട്ടതല്ല, ആത്മാവിനാലുള്ളതാകുന്നു. എഴുതപ്പെട്ട നിയമം മരണത്തിലേക്കു നയിക്കുന്നു. എന്നാല്‍ ആത്മാവു ജീവന്‍ പ്രദാനം ചെയ്യുന്നു. കല്പലകകളില്‍ അക്ഷരങ്ങളില്‍ എഴുതിയ നിയമസംഹിത നല്‌കിയപ്പോള്‍ ദൈവതേജസ്സ് പ്രത്യക്ഷമായി; തന്മൂലം മോശയ്‍ക്കുണ്ടായ മുഖതേജസ്സ് മങ്ങിപ്പോകുന്നതായിരുന്നെങ്കിലും ഇസ്രായേല്‍ജനത്തിന് അദ്ദേഹത്തിന്‍റെ മുഖത്തേക്കു നോക്കുവാന്‍ കഴിയാതവണ്ണം അത് അത്രയ്‍ക്ക് ഉജ്ജ്വലമായിരുന്നു. മരണത്തിനു നിദാനമായ നിയമസംഹിത ഇത്ര തേജസ്സോടുകൂടി വന്നെങ്കില്‍, ആത്മാവിന്‍റെ പ്രവര്‍ത്തനം എത്രയധികം തേജോമയമായിരിക്കും! ശിക്ഷാവിധി വരുത്തുന്ന വ്യവസ്ഥ തേജസ്സുള്ളതായിരുന്നെങ്കില്‍ രക്ഷയിലേക്കു നയിക്കുന്ന പ്രവര്‍ത്തനം എത്രയധികം തേജസ്സുള്ളതായിരിക്കും! ഒരിക്കല്‍ പ്രശോഭിച്ചിരുന്ന തേജസ്സ്, അതിനെ അതിശയിക്കുന്ന മറ്റൊരു തേജസ്സ് വന്നപ്പോള്‍ നിഷ്പ്രഭമായിപ്പോയി. അല്പകാലത്തേക്കു മാത്രം നിലനിന്നത് തേജസ്സുള്ളതായിരുന്നെങ്കില്‍ അനന്തമായി നിലനില്‌ക്കുന്നത് എത്രയധികം തേജസ്സുറ്റതായിരിക്കും! ഈ പ്രത്യാശയുള്ളതിനാല്‍ ഞങ്ങള്‍ക്ക് വളരെയധികം ധൈര്യമുണ്ട്. തന്‍റെ മുഖത്തെ തേജസ്സ് മങ്ങിമറയുന്നത് ഇസ്രായേല്‍ജനം കാണാതിരിക്കുന്നതിന് മോശ തന്‍റെ മുഖം മൂടുപടംകൊണ്ടു മറച്ചു. എന്നാല്‍ ഞങ്ങളുടെ അവസ്ഥ അതുപോലെയല്ല. ഇസ്രായേല്‍ജനത്തിന്‍റെ മനസ്സ് നിര്‍ജീവമായിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഇന്നും പഴയ ഉടമ്പടിയുടെ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ അവരുടെ മനസ്സ് അതേ മൂടുപടംകൊണ്ടു മറയ്‍ക്കപ്പെടുന്നു. ഒരുവന്‍ ക്രിസ്തുവിനോടു ചേരുമ്പോള്‍ മാത്രമേ മൂടുപടം നീങ്ങുന്നുള്ളൂ. ഇന്നുപോലും മോശയുടെ നിയമസംഹിത വായിക്കുമ്പോഴെല്ലാം അവരുടെ മനസ്സ് മൂടുപടത്താല്‍ ആവരണം ചെയ്യപ്പെടുന്നു. എന്നാല്‍ ‘കര്‍ത്താവിന്‍റെ അടുക്കലേക്കു തിരിഞ്ഞപ്പോള്‍ മൂടുപടം നീക്കി’ എന്നു പറയുന്നതുപോലെ അതു നീക്കുവാന്‍ കഴിയും. ‘കര്‍ത്താവ്’ എന്ന് ഇവിടെ പറയുന്നത് ആത്മാവാകുന്നു; കര്‍ത്താവിന്‍റെ ആത്മാവ് എവിടെയുണ്ടോ അവിടെ സ്വാതന്ത്ര്യമുണ്ട്. അനാവരണം ചെയ്ത മുഖത്തോടുകൂടി നാമെല്ലാവരും കര്‍ത്താവിന്‍റെ തേജസ്സ് പ്രതിഫലിപ്പിക്കുന്നു. ആത്മാവാകുന്ന കര്‍ത്താവില്‍നിന്നു വരുന്ന തേജസ്സുമൂലം, നാം തേജസ്സില്‍ ഉത്തരോത്തരം വളര്‍ന്ന് തന്‍റെ സാദൃശ്യത്തിലേക്കു രൂപാന്തരപ്പെടുന്നു. ദൈവം തന്‍റെ കരുണയാല്‍ ഈ ദൗത്യം ഞങ്ങളെ ഏല്പിച്ചിരിക്കുന്നു. അതില്‍ ഞങ്ങള്‍ ഭഗ്നാശരാകുന്നില്ല. രഹസ്യവും ലജ്ജാകരവുമായ എല്ലാ പ്രവൃത്തികളും ഞങ്ങള്‍ ഉപേക്ഷിച്ചു; ഞങ്ങള്‍ വഞ്ചിക്കുകയോ ദൈവവചനത്തില്‍ മായം ചേര്‍ക്കുകയോ ചെയ്യുന്നില്ല. സത്യത്തിന്‍റെ പൂര്‍ണവെളിച്ചത്തില്‍ ദൈവസമക്ഷം ഞങ്ങള്‍ ജീവിക്കുകയും എല്ലാവരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ പ്രസംഗിക്കുന്ന സുവിശേഷം മറഞ്ഞിരിക്കുന്നെങ്കില്‍, അത് രക്ഷയുടെ അനുഭവത്തിലേക്കു വരാതെ നശിച്ചുകൊണ്ടിരിക്കുന്നവര്‍ക്കു മാത്രമാണ്. ദൈവത്തിന്‍റെ സാക്ഷാല്‍ പ്രതിരൂപമായ ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷത്തില്‍നിന്നു പുറപ്പെടുന്ന പ്രകാശം കാണാതിരിക്കത്തക്കവിധം അവിശ്വാസികളുടെ മനസ്സ് ഈ ലോകത്തിന്‍റെ ദൈവം അന്ധകാരമാക്കിയിരിക്കുന്നു. ഞങ്ങളെത്തന്നെയല്ല ഞങ്ങള്‍ പ്രസംഗിക്കുന്നത്; യേശുക്രിസ്തുവിനെ കര്‍ത്താവായും യേശുവിനെ പ്രതി ഞങ്ങളെ നിങ്ങളുടെ ദാസന്മാരായും വിളംബരം ചെയ്യുന്നു. ‘അന്ധകാരത്തില്‍നിന്നു പ്രകാശം ഉദിക്കും’ എന്ന് അരുള്‍ചെയ്ത ദൈവം തന്നെയാണ്, ക്രിസ്തുവിന്‍റെ മുഖത്തു ശോഭിക്കുന്ന ദൈവതേജസ്സിന്‍റെ പരിജ്ഞാനം നമുക്കു നല്‌കുന്നതിന് അവിടുത്തെ വെളിച്ചം നമ്മുടെ ഹൃദയത്തില്‍ പ്രകാശിപ്പിച്ചത്. എന്നിരുന്നാലും പരമാധികാരം ഞങ്ങള്‍ക്കുള്ളതല്ല ദൈവത്തിനുള്ളതാണ് എന്നു വെളിപ്പെടുത്തുമാറ് ആധ്യാത്മികമായ ഈ നിധി കൈവശമുള്ള ഞങ്ങള്‍ കേവലം മണ്‍പാത്രംപോലെയാകുന്നു. എല്ലാവിധത്തിലുമുള്ള ഉപദ്രവങ്ങള്‍ ഞങ്ങള്‍ക്കുണ്ടാകുന്നുണ്ട്. എങ്കിലും വഴിമുട്ടിപ്പോകുന്നില്ല; ആശങ്കയുണ്ടാകുന്നെങ്കിലും ഒരിക്കലും ഭഗ്നാശരാകുന്നില്ല; ധാരാളം ശത്രുക്കളുണ്ടെങ്കിലും ഒരിക്കലും മിത്രങ്ങളാല്‍ പരിത്യക്തരാകുന്നില്ല. വല്ലാതെ പീഡിപ്പിക്കപ്പെട്ടുവെങ്കിലും ഉന്മൂലനം ചെയ്യപ്പെടുന്നില്ല. ഞങ്ങള്‍ മര്‍ത്യശരീരത്തില്‍ യേശുവിന്‍റെ മരണം സദാ വഹിക്കുന്നു. അവിടുത്തെ ജീവനും ഞങ്ങളുടെ ശരീരത്തില്‍ പ്രകാശിക്കണമല്ലോ. ഞങ്ങളുടെ മര്‍ത്യശരീരത്തില്‍ യേശുവിന്‍റെ ജീവന്‍ പ്രത്യക്ഷമാകേണ്ടതിന് അവിടുത്തെപ്രതി എപ്പോഴും മരണകരമായ വിപത്തില്‍ ഞങ്ങള്‍ ആയുഷ്കാലം മുഴുവന്‍ കഴിയുന്നു. ഞങ്ങളില്‍ മരണവും നിങ്ങളില്‍ ജീവനും പ്രവര്‍ത്തിക്കുന്നു എന്നത്രേ ഇതിന്‍റെ സാരം. ‘ഞാന്‍ വിശ്വസിച്ചതുകൊണ്ടു സംസാരിച്ചു’ എന്നു വേദഗ്രന്ഥത്തില്‍ പറയുന്നു. ഞങ്ങളും വിശ്വസിക്കുന്നതുകൊണ്ട് അതേ വിശ്വാസത്തിന്‍റെ ആത്മാവില്‍ സംസാരിക്കുന്നു. കര്‍ത്താവായ യേശുവിനെ ഉയിര്‍പ്പിച്ച ദൈവം, യേശുവിനോടുകൂടി ഞങ്ങളെയും ഉയിര്‍പ്പിക്കുമെന്നും, നിങ്ങളോടൊപ്പം അവിടുത്തെ സന്നിധിയില്‍ കൊണ്ടുവരുമെന്നും ഞങ്ങള്‍ അറിയുന്നു. ഇവയെല്ലാം നിങ്ങള്‍ക്കുവേണ്ടിയാണു സംഭവിക്കുന്നത്. ദൈവകൃപ കൂടുതല്‍ കൂടുതല്‍ ആളുകള്‍ക്കു ലഭിക്കുന്നതനുസരിച്ച് ദൈവത്തിന്‍റെ മഹത്ത്വം കൂടുതല്‍ പ്രകാശിതമാകുംവിധം അവര്‍ സ്തോത്രം അര്‍പ്പിക്കേണ്ടതാണല്ലോ. ഇക്കാരണത്താല്‍ ഞങ്ങള്‍ ഒരിക്കലും അധൈര്യപ്പെടുന്നില്ല. ഞങ്ങളുടെ ബാഹ്യമനുഷ്യന്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ആന്തരികമനുഷ്യന്‍ അനുദിനം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഞങ്ങള്‍ സഹിക്കുന്ന ലഘുവും താത്ക്കാലികവുമായ ക്ലേശം, അതിബൃഹത്തും അനശ്വരവുമായ മഹത്ത്വത്തിനുവേണ്ടി ഞങ്ങളെ സജ്ജരാക്കുന്നു. ക്ഷണനേരത്തേക്കുള്ള ഇപ്പോഴത്തെ ക്ലേശങ്ങള്‍ നിസ്സാരമാണ്. ഞങ്ങള്‍ ദൃശ്യമായ കാര്യങ്ങളിലല്ല, അദൃശ്യമായ കാര്യങ്ങളിലാണു ശ്രദ്ധ ഊന്നുന്നത്. കാണുന്നത് താത്ക്കാലികം; കാണാത്തതോ ശാശ്വതം. ഞങ്ങള്‍ വസിക്കുന്ന കൂടാരമാകുന്ന ഈ ഭൗമികശരീരം പൊളിഞ്ഞുപോകുമ്പോള്‍, ഞങ്ങള്‍ക്കു വസിക്കുന്നതിന് സ്വര്‍ഗത്തില്‍ ഒരു ഭവനം ദൈവം നല്‌കും. മനുഷ്യകരങ്ങളല്ല, ദൈവംതന്നെ നിര്‍മിച്ച ആ വാസസ്ഥലം അനശ്വരമാകുന്നു. ഇപ്പോഴത്തെ ഈ ശരീരത്തില്‍ ഞങ്ങള്‍ ഞരങ്ങിക്കൊണ്ടിരിക്കുന്നു; സ്വര്‍ഗീയമായ പാര്‍പ്പിടം ധരിക്കുവാന്‍ ഞങ്ങള്‍ അഭിവാഞ്ഛിക്കുന്നു. അതു ധരിക്കുമ്പോള്‍ ഞങ്ങള്‍ ശരീരം ഇല്ലാത്തവരായിരിക്കുകയില്ല. ഭൗമികമായ ഈ കൂടാരത്തില്‍ വസിക്കുമ്പോള്‍ ഞങ്ങള്‍ ഭാരപ്പെട്ടു ഞരങ്ങുന്നു; ഈ ശരീരം ഇല്ലാതിരിക്കുവാനല്ല, ഇതിനുമീതെ സ്വര്‍ഗീയമായത് ധരിക്കുവാനത്രേ ഞങ്ങള്‍ ആഗ്രഹിക്കുന്നത്; അങ്ങനെ ഈ മര്‍ത്യശരീരം ജീവനുള്ള ശരീരമായി രൂപാന്തരപ്പെടും. ഈ പരിവര്‍ത്തനത്തിനു ഞങ്ങളെ സജ്ജരാക്കുന്നതു ദൈവമാകുന്നു. നമുക്കുവേണ്ടി അവിടുന്നു സംഭരിച്ചുവച്ചിട്ടുള്ള എല്ലാറ്റിന്‍റെയും ഉറപ്പിനായി തന്‍റെ ആത്മാവിനെ അവിടുന്നു ഞങ്ങള്‍ക്കു നല്‌കുകയും ചെയ്തു. അതുകൊണ്ട് ഞങ്ങള്‍ക്ക് എപ്പോഴും ധൈര്യമുണ്ട്. ഞങ്ങള്‍ ഈ ശരീരത്തില്‍ വസിക്കുമ്പോള്‍ കര്‍ത്താവില്‍നിന്നു വിദൂരസ്ഥരാണെന്നു ഞങ്ങള്‍ അറിയുന്നു. ബാഹ്യദൃഷ്‍ടികൊണ്ടുള്ള കാഴ്ചയാലല്ല, വിശ്വാസത്താലത്രേ ഞങ്ങള്‍ ജീവിക്കുന്നത്. ഈ ശരീരം വിട്ട് കര്‍ത്താവിനോടുകൂടി വസിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ട് ഞങ്ങള്‍ക്കു തികഞ്ഞ ധൈര്യമുണ്ട്. എല്ലാറ്റിലുമുപരി ഞങ്ങള്‍ ഇവിടെയോ, അവിടെയോ എവിടെയായിരുന്നാലും കര്‍ത്താവിന് ഹിതകരമായി ജീവിക്കുവാന്‍ അഭിവാഞ്ഛിക്കുന്നു. നാം എല്ലാവരും ക്രിസ്തുവിന്‍റെ ന്യായാസനത്തിനുമുമ്പില്‍ നില്‌ക്കേണ്ടിവരും. ഓരോരുത്തനും ശരീരത്തിലിരിക്കുമ്പോള്‍ ചെയ്തത് നന്മയായാലും തിന്മയായാലും അതിന് അവനവന്‍ അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കും. കര്‍ത്താവിനോടുള്ള ഭയഭക്തി എന്തെന്നു ഞങ്ങള്‍ക്ക് അറിയാം. അതുകൊണ്ടു ഞങ്ങള്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു. ദൈവം ഞങ്ങളെ പൂര്‍ണമായി അറിയുന്നു. അതുപോലെതന്നെ നിങ്ങളുടെ മനസ്സാക്ഷിക്കും അത് അറിയാമെന്നു ഞാന്‍ കരുതുന്നു. ഞങ്ങള്‍ വീണ്ടും നിങ്ങളുടെ മുമ്പില്‍ ഞങ്ങളെത്തന്നെ ശ്ലാഘിക്കുവാന്‍ ശ്രമിക്കുകയല്ല; പ്രത്യുത നിങ്ങള്‍ക്കു ഞങ്ങളെക്കുറിച്ച് അഭിമാനം കൊള്ളുന്നതിനു മതിയായ കാരണമുണ്ടാകുവാന്‍ വേണ്ടിയാണു ശ്രമിക്കുന്നത്. തന്മൂലം യഥാര്‍ഥസ്വഭാവം നോക്കാതെ മുഖം നോക്കി പ്രശംസിക്കുന്നവര്‍ക്കു മറുപടി പറയുവാന്‍ നിങ്ങള്‍ പ്രാപ്തരാകും. ഞങ്ങള്‍ സുബോധമില്ലാത്തവരാണോ? എങ്കില്‍ അതു ദൈവത്തിനുവേണ്ടിയാകുന്നു; ഞങ്ങള്‍ സുബോധമുള്ളവരാണെങ്കില്‍ അതു നിങ്ങള്‍ക്കുവേണ്ടിയത്രേ. ക്രിസ്തുവിന്‍റെ സ്നേഹം ഞങ്ങളെ ഭരിക്കുന്നു; എല്ലാവര്‍ക്കുംവേണ്ടിയാണ് ഒരാള്‍ മരിച്ചത് എന്നും അതുകൊണ്ട് എല്ലാവരും അവിടുത്തെ മരണത്തില്‍ പങ്കാളികളാകുന്നു എന്നും ഞങ്ങള്‍ക്കു ബോധ്യമായിരിക്കുന്നു. അവിടുന്ന് എല്ലാവര്‍ക്കുംവേണ്ടി മരിച്ചു. അതുകൊണ്ട് ഇനി ജീവിക്കുന്നവര്‍ തങ്ങള്‍ക്കുവേണ്ടിയല്ല, തങ്ങള്‍ക്കുവേണ്ടി മരിച്ച് ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനുവേണ്ടിയാണു ജീവിക്കേണ്ടത്. അതിനാല്‍ ഞങ്ങള്‍ ഇനി മാനുഷികമായ കാഴ്ചപ്പാടില്‍ ആരെയും വിധിക്കുന്നില്ല. മാനുഷികമായ കാഴ്ചപ്പാട് അനുസരിച്ച് ഞങ്ങള്‍ ഒരിക്കല്‍ ക്രിസ്തുവിനെ മനസ്സിലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഒരുവന്‍ ക്രിസ്തുവിനോട് ഏകീഭവിച്ചാല്‍ അവന്‍ പുതിയ സൃഷ്‍ടിയാകുന്നു; പഴയത് പോകുകയും പുതിയതു വരികയും ചെയ്തിരിക്കുന്നു. ശത്രുക്കളായിരുന്ന നമ്മെ ക്രിസ്തുവില്‍ക്കൂടി തന്‍റെ മിത്രങ്ങളായി രൂപാന്തരപ്പെടുത്തുകയും ആ രഞ്ജിപ്പിക്കലിന്‍റെ ശുശ്രൂഷ നമുക്കു നല്‌കുകയും ചെയ്ത ദൈവമാണ് ഇവയെല്ലാം ചെയ്യുന്നത്. ദൈവം ക്രിസ്തുവിലായിരുന്നു. അവിടുന്നു ക്രിസ്തുവിലൂടെ മനുഷ്യരാശിയെ ആകമാനം, അവരുടെ പാപങ്ങള്‍ കണക്കിലെടുക്കാതെ, തന്നോട് അനുരഞ്ജിപ്പിച്ചു. ഇതാണ് ഞങ്ങളെ ഏല്പിച്ചിരിക്കുന്ന സന്ദേശം. അതുകൊണ്ട് ക്രിസ്തുവിന്‍റെ സ്ഥാനപതികളായ ഞങ്ങളില്‍കൂടി ദൈവം നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. ദൈവത്തോടു നിങ്ങള്‍ രമ്യപ്പെടുക എന്നു ക്രിസ്തുവിനുവേണ്ടി ഞങ്ങള്‍ അപേക്ഷിക്കുന്നു. പാപരഹിതനായ ക്രിസ്തുവിനെ ദൈവം നമുക്കുവേണ്ടി പാപമാക്കിത്തീര്‍ത്തു. ക്രിസ്തുവിനോടുള്ള നമ്മുടെ സംയോജനത്താല്‍ ദൈവത്തിന്‍റെ നീതീകരണപ്രവൃത്തിക്കു നമ്മെ വിധേയരാക്കുവാനാണ് അപ്രകാരം ചെയ്തത്. നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ദൈവകൃപ അവഗണിച്ചു കളയരുതെന്നു ദൈവത്തിന്‍റെ സഹപ്രവര്‍ത്തകരെന്ന നിലയില്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു. ദൈവം അരുള്‍ചെയ്യുന്നത് എന്താണെന്നു ശ്രദ്ധിക്കുക: നിന്നോടു സംപ്രീതി കാട്ടേണ്ട സമയം വന്നപ്പോള്‍ ഞാന്‍ നിങ്കലേക്ക് എന്‍റെ ശ്രദ്ധ തിരിച്ചു; നിന്നെ രക്ഷിക്കേണ്ട ആ ദിവസം ഞാന്‍ നിന്നെ സഹായിക്കുകയും ചെയ്തു. കൃപയുടെ സമയം ഇതാണ്; രക്ഷിക്കപ്പെടുവാനുള്ള ദിവസം ഇതുതന്നെ! ഞങ്ങള്‍ ആര്‍ക്കും പ്രതിബന്ധം ഉണ്ടാക്കുന്നില്ല. ആരും ഞങ്ങളുടെ ശുശ്രൂഷയില്‍ ഒരു കുറവും ചൂണ്ടിക്കാണിക്കരുതല്ലോ. പീഡനങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ക്ഷമയോടുകൂടി സഹിച്ചുകൊണ്ട് ഞങ്ങള്‍ എല്ലാറ്റിലും ദൈവത്തിന്‍റെ ദാസന്മാര്‍ എന്നു തെളിയിക്കുന്നു. ഞങ്ങള്‍ അടികൊണ്ടു, തടവിലാക്കപ്പെട്ടു, ലഹളകളിലകപ്പെട്ടു; കഠിനമായി അധ്വാനിച്ചു, ഉറക്കമിളച്ചു, പട്ടിണി കിടന്നു. ഞങ്ങള്‍ നിര്‍മ്മലതയും, ജ്ഞാനവും, ക്ഷമയും, ദയയുംകൊണ്ട് ദൈവത്തിന്‍റെ ദാസന്മാര്‍ എന്നു തെളിയിക്കുന്നു- പരിശുദ്ധാത്മാവുകൊണ്ടും, യഥാര്‍ഥമായ സ്നേഹംകൊണ്ടും ഞങ്ങള്‍ അറിയിക്കുന്ന സത്യത്തിന്‍റെ സന്ദേശംകൊണ്ടും, ദൈവത്തിന്‍റെ ശക്തികൊണ്ടും തന്നെ. ഇടത്തുകൈയിലും വലത്തുകൈയിലും നീതി എന്ന ആയുധം ഞങ്ങള്‍ വഹിക്കുന്നു. ഞങ്ങള്‍ ബഹുമാനിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നു; അതുപോലെ ദുഷിക്കപ്പെടുകയും പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു. വ്യാജം പറയുന്നവരോടെന്നവണ്ണം ഞങ്ങളോടു പെരുമാറുന്നെങ്കിലും ഞങ്ങള്‍ സത്യം പ്രസ്താവിക്കുന്നു; അപരിചിതരെപ്പോലെയാണെങ്കിലും ഞങ്ങളെ എല്ലാവരും അറിയുന്നു; ഞങ്ങള്‍ മരിച്ചവരെപ്പോലെ ആയിത്തീര്‍ന്നിട്ടും ഞങ്ങള്‍ ജീവിക്കുന്നു; ഞങ്ങള്‍ ശിക്ഷിക്കപ്പെട്ടു, പക്ഷേ വധിക്കപ്പെട്ടില്ല. ദുഃഖിതരാണെങ്കിലും ഞങ്ങള്‍ എപ്പോഴും സന്തോഷിക്കുന്നു; ദരിദ്രരാണെങ്കിലും ഞങ്ങള്‍ അനേകമാളുകളെ സമ്പന്നരാക്കുന്നു; അന്യരുടെ ദൃഷ്‍ടിയില്‍ ഒന്നുമില്ലെന്നു തോന്നിയാലും ഞങ്ങള്‍ക്ക് എല്ലാമുണ്ട്. കൊരിന്തിലുള്ള പ്രിയപ്പെട്ട സുഹൃത്തുക്കളേ, നിങ്ങളോടു ഞങ്ങള്‍ തുറന്നു സംസാരിച്ചിരിക്കുന്നു; ഞങ്ങളുടെ ഹൃദയം തുറന്നു കാട്ടുകയും ചെയ്തു. ഞങ്ങളല്ല നിങ്ങളുടെ നേരേ ഹൃദയം കൊട്ടിയടച്ചത്; നിങ്ങള്‍തന്നെ നിങ്ങളുടെ ഹൃദയം ഞങ്ങളുടെ നേരേ അടച്ചുകളഞ്ഞു. മക്കളോടെന്നവണ്ണം ഞങ്ങള്‍ ഇപ്പോള്‍ നിങ്ങളോടു പറയുന്നു: ഞങ്ങള്‍ക്കു നിങ്ങളോടുള്ള അതേ മമത നിങ്ങള്‍ ഞങ്ങളോടും കാണിക്കും; നിങ്ങളുടെ ഹൃദയത്തിന്‍റെ കവാടം വിശാലമായി തുറക്കുക! തുല്യനിലയിലുള്ളവരെന്നു കരുതി അവിശ്വാസികളോടു കൂട്ടുചേരരുത്; ധര്‍മവും അധര്‍മവും തമ്മില്‍ എന്താണു ബന്ധം? ഇരുളും വെളിച്ചവും എങ്ങനെ ഒരുമിച്ചു വസിക്കും? ക്രിസ്തുവിന്‍റെയും പിശാചിന്‍റെയും മനസ്സ് എങ്ങനെ യോജിക്കും? വിശ്വാസിക്കും അവിശ്വാസിക്കും പൊതുവായി എന്താണുള്ളത്? ദൈവത്തിന്‍റെ ആലയവും വിഗ്രഹങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നത് എങ്ങനെയാണ്? ജീവിക്കുന്ന ദൈവത്തിന്‍റെ ആലയമാണു നാം. ദൈവം തന്നെ പറയുന്നത് ഇങ്ങനെയാണ്: എന്‍റെ ജനത്തോടൊന്നിച്ചു ഞാന്‍ വസിക്കും; അവരുടെ ഇടയില്‍ ഞാന്‍ സഞ്ചരിക്കും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്‍റെ ജനവും. അതുകൊണ്ടു കര്‍ത്താവു പറയുന്നു: നിങ്ങള്‍ അവരെ വിട്ടുപിരിഞ്ഞ് അവരില്‍നിന്ന് അകന്നിരിക്കണം; അശുദ്ധമായതിനോടു നിങ്ങള്‍ക്കൊരു കാര്യവുമില്ല; എന്നാല്‍ ഞാന്‍ നിങ്ങളെ കൈക്കൊള്ളും. ഞാന്‍ നിങ്ങളുടെ പിതാവും നിങ്ങള്‍ എന്‍റെ പുത്രന്മാരും പുത്രിമാരും ആയിരിക്കുകയും ചെയ്യും എന്നു സര്‍വശക്തനായ കര്‍ത്താവ് അരുള്‍ചെയ്യുന്നു. പ്രിയപ്പെട്ട സ്നേഹിതരേ, ഈ വാഗ്ദാനങ്ങളെല്ലാം നമുക്കുള്ളതാകുന്നു. അതുകൊണ്ട് നമ്മുടെ ശരീരത്തെയോ ആത്മാവിനെയോ അശുദ്ധമാക്കുന്ന എല്ലാറ്റില്‍നിന്നും നമ്മെത്തന്നെ ശുദ്ധീകരിക്കാം; ദൈവഭയമുള്ളവരായി ജീവിച്ച് നമ്മുടെ വിശുദ്ധി പൂര്‍ണമാക്കുകയും ചെയ്യാം. നിങ്ങളുടെ ഹൃദയത്തില്‍ ഞങ്ങള്‍ക്ക് ഇടം തരിക. ഞങ്ങള്‍ ആര്‍ക്കും ഒരു ദോഷവും ചെയ്തിട്ടില്ല; ആരെയും ഞങ്ങള്‍ നശിപ്പിച്ചിട്ടില്ല; ആരെയും ചൂഷണം ചെയ്തിട്ടുമില്ല. നിങ്ങളെ കുറ്റം വിധിക്കുവാനല്ല ഞാനിതു പറയുന്നത്. ഞാന്‍ മുമ്പു പറഞ്ഞിട്ടുള്ളതുപോലെ, ഞങ്ങള്‍ ജീവിച്ചാലും മരിച്ചാലും ഞങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരരാണു നിങ്ങള്‍. നിങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളില്‍ ഉണ്ടായിരിക്കും. നിങ്ങളില്‍ എനിക്കു സുദൃഢമായ വിശ്വാസമുണ്ട്; നിങ്ങളില്‍ ഞാന്‍ അത്യധികം അഭിമാനംകൊള്ളുകയും ചെയ്യുന്നു. ഞങ്ങളുടെ എല്ലാ കഷ്ടതകളിലും ഞാന്‍ തികച്ചും ധൈര്യമുള്ളവനായിരിക്കുന്നു; എന്‍റെ ആനന്ദം നിറഞ്ഞു കവിയുകയും ചെയ്യുന്നു. ഞങ്ങള്‍ മാസിഡോണിയയില്‍ എത്തിയിട്ടും ഒരു വിശ്രമവുമില്ലായിരുന്നു. എങ്ങോട്ടു തിരിഞ്ഞാലും ഉപദ്രവങ്ങള്‍; പുറത്ത് ശണ്ഠകള്‍, അകത്ത് ആശങ്ക. എന്നാല്‍ മനസ്സിടിഞ്ഞവരെ ആശ്വസിപ്പിക്കുന്നവനായ ദൈവം, തീത്തോസിന്‍റെ ആഗമനം മൂലം എന്നെ ആശ്വസിപ്പിച്ചു. തീത്തോസിന്‍റെ വരവുമാത്രമല്ല, നിങ്ങള്‍ അയാളെ എങ്ങനെയാണ് ആശ്വസിപ്പിച്ചതെന്ന് അയാള്‍ ഞങ്ങളോടു പറഞ്ഞതും ഞങ്ങള്‍ക്ക് ആശ്വാസം നല്‌കി. എന്നെ കാണാന്‍ നിങ്ങള്‍ എത്രമാത്രം അഭിവാഞ്ഛിക്കുന്നു എന്നും, നിങ്ങള്‍ എത്രമാത്രം ദുഃഖിതരാണെന്നും, എന്‍റെ കാര്യത്തില്‍ നിങ്ങള്‍ക്ക് എത്ര തീവ്രമായ താത്പര്യമുണ്ടെന്നും തീത്തോസ് ഞങ്ങളോടു പറഞ്ഞു. അതുകൊണ്ട് എനിക്ക് ഇപ്പോള്‍ അത്യധികമായ സന്തോഷമുണ്ട്. ഞാന്‍ അയച്ച കത്ത് നിങ്ങളെ ദുഃഖിപ്പിച്ചെങ്കില്‍ത്തന്നെയും എനിക്കതില്‍ സങ്കടമില്ല. അല്പകാലത്തേക്കാണെങ്കില്‍പോലും ആ കത്ത് നിങ്ങള്‍ക്കു ദുഃഖത്തിനു കാരണമായി എന്നു കണ്ടപ്പോള്‍ ആദ്യം ഞാന്‍ വ്യസനിച്ചു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ സന്തോഷിക്കുന്നു. നിങ്ങളെ ഞാന്‍ ദുഃഖിപ്പിച്ചതുകൊണ്ടല്ല, പിന്നെയോ നിങ്ങള്‍ അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിയുവാന്‍ നിങ്ങളുടെ ദുഃഖം കാരണമായിത്തീര്‍ന്നതുകൊണ്ടുതന്നെ. ആ ദുഃഖത്തെ ദൈവം ഉപയോഗിച്ചു. അതുകൊണ്ട് ഞങ്ങള്‍ നിമിത്തം നിങ്ങള്‍ക്ക് ഒരു ദോഷവും ഉണ്ടായില്ല. എന്തുകൊണ്ടെന്നാല്‍ ദൈവം ഉപയോഗിച്ച ദുഃഖം രക്ഷയിലേക്കു നയിക്കുന്ന അനുതാപഹൃദയം ഉളവാക്കി. അതില്‍ സങ്കടപ്പെടാന്‍ എന്തിരിക്കുന്നു? എന്നാല്‍ കേവലം ലൗകികദുഃഖം മരണത്തിന് കാരണമായി ഭവിക്കുന്നു. നിങ്ങളുടെ ഈ ദുഃഖംകൊണ്ട് ദൈവം നിങ്ങളെ എത്ര ഉത്സാഹമുള്ളവരാക്കി! നിങ്ങള്‍ നിര്‍ദോഷികള്‍ എന്നു തെളിയിക്കുവാന്‍ എത്രമാത്രം ഔത്സുക്യം ഉളവാക്കി! അതുപോലെതന്നെ എത്ര ധാര്‍മികരോഷവും എത്ര അമ്പരപ്പും എത്ര അത്യാകാംക്ഷയും എത്ര ശുഷ്കാന്തിയും ദുഷ്പ്രവൃത്തിക്കു ശിക്ഷ നല്‌കാനുള്ള സന്നദ്ധതയും നിങ്ങളില്‍ ജനിപ്പിച്ചു! എല്ലാ കാര്യത്തിലും കുറ്റമറ്റവരാണെന്നു നിങ്ങള്‍ തന്നെ തെളിയിച്ചിരിക്കുന്നു. അതുകൊണ്ട് ആ കത്തു ഞാന്‍ എഴുതിയത് അന്യായം ചെയ്തവനെ ഉദ്ദേശിച്ചോ, അന്യായത്തിനു വിധേയനായവനെ ഉദ്ദേശിച്ചോ അല്ല; മറിച്ച്, ഞങ്ങളോടുള്ള നിങ്ങളുടെ കൂറും വിശ്വസ്തതയും യഥാര്‍ഥത്തില്‍ എത്ര ആഴമേറിയതാണെന്നു ദൈവമുമ്പാകെ വ്യക്തമാക്കുന്നതിനാണ്. അതുകൊണ്ട് ഞങ്ങള്‍ക്കു പ്രോത്സാഹനം ലഭിക്കുകയും ചെയ്തു. അതിനു പുറമേ നിങ്ങളുടെ എല്ലാവരുടെയും സഹായത്താല്‍ തന്‍റെ യാത്രയില്‍ തീത്തോസിനുണ്ടായ സന്തോഷം ഞങ്ങള്‍ക്ക് ആനന്ദം ഉളവാക്കുകയും ചെയ്തു. ഞാന്‍ അയാളോടു നിങ്ങളെപ്പറ്റി പ്രശംസിച്ചു. അതില്‍ എനിക്കു ലജ്ജിക്കേണ്ടി വന്നില്ല. എല്ലായ്പോഴും ഞങ്ങള്‍ നിങ്ങളോടു സത്യമാണു സംസാരിച്ചിട്ടുള്ളത്. അതുപോലെതന്നെ തീത്തോസിനോടു നിങ്ങളെപ്പറ്റി ശ്ലാഘിച്ചു സംസാരിച്ചതും സത്യമാണെന്നു തെളിഞ്ഞിരിക്കുന്നു. നിങ്ങള്‍ എല്ലാവരും അയാളുടെ ഉപദേശം ഭയത്തോടും വിറയലോടും അനുസരിച്ചു എന്നുള്ളതും എങ്ങനെ അയാളെ സ്വീകരിച്ചു എന്നുള്ളതും ഓര്‍ക്കുമ്പോള്‍ അയാള്‍ക്കു നിങ്ങളോടുള്ള സ്നേഹം അത്യന്തം വര്‍ധിക്കുന്നു. നിങ്ങളെ എനിക്കു പൂര്‍ണമായി വിശ്വസിക്കുവാന്‍ കഴിയും എന്നുള്ളതിനാല്‍ ഞാന്‍ എത്രമാത്രം സന്തുഷ്ടനായിരിക്കുന്നു! സഹോദരരേ, മാസിഡോണിയയിലെ സഭകളില്‍ ദൈവം അവിടുത്തെ കൃപമൂലം സാധിച്ച കാര്യങ്ങള്‍ നിങ്ങള്‍ അറിയണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവരുടെ ക്ലേശങ്ങളും ദാരിദ്ര്യവും കഠിനതരമായിരുന്നെങ്കിലും ഉദാരമായി ദാനം ചെയ്യുന്നതില്‍ അവര്‍ അത്യന്തം സന്തോഷിച്ചു. തങ്ങള്‍ക്കു കഴിവുള്ളിടത്തോളം എന്നല്ല, കഴിവിനപ്പുറംതന്നെ അവര്‍ ദാനം ചെയ്തു എന്ന് ഉറപ്പിച്ചുപറയാം. യെഹൂദ്യയിലെ ദൈവജനത്തെ സഹായിക്കുന്ന സേവനത്തില്‍ പങ്കുകൊള്ളുക എന്ന പദവിക്കുവേണ്ടി അവര്‍ ഞങ്ങളോടു വാദിക്കുകയും അപേക്ഷിക്കുകയും ചെയ്തു. ഇത് ഞങ്ങള്‍ പ്രതീക്ഷിച്ചതില്‍ അപ്പുറമായിരുന്നു. ഒന്നാമത് അവര്‍ തങ്ങളെത്തന്നെ കര്‍ത്താവിനു സമര്‍പ്പിച്ചു; പിന്നീട് അവര്‍ ദൈവഹിതപ്രകാരം തങ്ങളെ ഞങ്ങള്‍ക്കും സമര്‍പ്പിച്ചു. തീത്തോസും നിങ്ങളുടെ ഇടയില്‍ നേരത്തെ സമാരംഭിച്ച ഈ ഉദാരമായ സേവനം തുടര്‍ന്നു പൂര്‍ത്തീകരിക്കുന്നതില്‍ നിങ്ങളെ സഹായിക്കുവാന്‍ അയാളോടുതന്നെ ഞങ്ങള്‍ അഭ്യര്‍ഥിച്ചു. വിശ്വാസം, പ്രഭാഷണം, പരിജ്ഞാനം, സഹായിക്കുവാനുളള വ്യഗ്രത, ഞങ്ങളോടുള്ള സ്നേഹം എന്നിവയിലെല്ലാം നിങ്ങള്‍ സമ്പന്നരാകുന്നു. അതുകൊണ്ട് ഈ കൃപാശുശ്രൂഷയിലും നിങ്ങള്‍ മികച്ചുനില്‌ക്കുക. ഇതൊരു കല്പനയല്ല; സഹായിക്കുന്ന കാര്യത്തില്‍ മറ്റുള്ളവര്‍ എത്രമാത്രം ഉത്സുകരാണെന്ന് എടുത്തു കാണിച്ച്, നിങ്ങളുടെ സ്നേഹവും എത്രകണ്ട് യഥാര്‍ഥമാണെന്നു മനസ്സിലാക്കുവാന്‍ ഞാന്‍ ശ്രമിക്കുകയാണ്. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ; തന്‍റെ ദാരിദ്ര്യം മുഖേന നിങ്ങള്‍ സമ്പന്നരാകുന്നതിനുവേണ്ടി, സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി അവിടുന്നു സ്വയം ദരിദ്രനായിത്തീര്‍ന്നു. കഴിഞ്ഞ വര്‍ഷം നിങ്ങള്‍ ആരംഭിച്ച കാര്യം ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നത് ഉത്തമമായിരിക്കുമെന്നത്രേ എന്‍റെ അഭിപ്രായം. ഈ സേവനത്തില്‍ പ്രയത്നിക്കുവാനും തീരുമാനം ചെയ്യുവാനും മറ്റുള്ളവരെക്കാള്‍ മുമ്പു നിങ്ങള്‍ തുടങ്ങിയതാണ്. നേരത്തെ ആസൂത്രണം ചെയ്തിരുന്ന പദ്ധതിയനുസരിച്ച്, അതു പൂര്‍ത്തിയാക്കുവാന്‍ ഇപ്പോള്‍ നിങ്ങള്‍ കഴിവനുസരിച്ചു പ്രവര്‍ത്തിക്കുക. ആരംഭിക്കുവാന്‍ നിങ്ങള്‍ കാണിച്ച ഉത്സാഹം അതു പൂര്‍ത്തിയാക്കുന്നതിലും ഉണ്ടായിരിക്കട്ടെ. കഴിവനുസരിച്ച് കൊടുക്കുവാന്‍ നിങ്ങള്‍ക്കു താത്പര്യമുണ്ടെങ്കില്‍ ദൈവം നിങ്ങളുടെ ദാനം കൈക്കൊള്ളും. നിങ്ങള്‍ക്ക് ഇല്ലാത്തത് നിങ്ങള്‍ കൊടുക്കേണ്ടതില്ല. [13,14] നിങ്ങളുടെമേല്‍ ഒരു ഭാരം കെട്ടിവച്ചിട്ടു മറ്റുള്ളവരെ ഒഴിവാക്കുവാനല്ല ഞാന്‍ ശ്രമിക്കുന്നത്; പിന്നെയോ, ഇപ്പോള്‍ നിങ്ങള്‍ സുഭിക്ഷതയിലിരിക്കുന്നതുകൊണ്ട് ദുര്‍ഭിക്ഷതയിലിരിക്കുന്നവരെ സഹായിക്കേണ്ടത് ന്യായമാകുന്നു. അങ്ങനെ ചെയ്താല്‍, നിങ്ങള്‍ ദുര്‍ഭിക്ഷതയിലാകുകയും അവര്‍ സുഭിക്ഷതയിലിരിക്കുകയും ചെയ്യുമ്പോള്‍ അവര്‍ നിങ്ങളെ സഹായിക്കും. ഇങ്ങനെ തുല്യനില പാലിക്കാം. *** വേദഗ്രന്ഥത്തില്‍ പറയുന്നതുപോലെ ‘അധികം സമ്പാദിച്ചവന് അധികം ഉണ്ടായില്ല, കുറച്ചു സമ്പാദിച്ചവനു കുറവും ഉണ്ടായില്ല.’ നിങ്ങളെ സഹായിക്കുന്നതില്‍ ഞങ്ങളെപ്പോലെതന്നെ തീത്തോസിനെയും തത്പരനാക്കിയ ദൈവത്തിനു സ്തോത്രം! ഞങ്ങളുടെ അപേക്ഷ അയാള്‍ സ്വീകരിക്കുക മാത്രമല്ല, നിങ്ങളെ സഹായിക്കുന്നതിനുള്ള അത്യുത്സാഹംകൊണ്ട് അയാള്‍ സ്വമനസ്സാലേ അങ്ങോട്ടു പുറപ്പെടുവാന്‍ നിശ്ചയിക്കുകയും ചെയ്തു. സുവിശേഷം പ്രസംഗിക്കുന്നതില്‍ എല്ലാ സഭകളും ബഹുമാനിക്കുന്ന ഒരു സഹോദരനെക്കൂടി തീത്തോസിന്‍റെകൂടെ ഞങ്ങള്‍ അയയ്‍ക്കുന്നു. സഹായിക്കുന്നതിനുള്ള നമ്മുടെ സന്നദ്ധത വെളിപ്പെടുത്തുന്ന സ്നേഹത്തിന്‍റെ ശുശ്രൂഷ കര്‍ത്താവിന്‍റെ മഹത്ത്വത്തിനായി നിര്‍വഹിക്കുവാന്‍ ഞങ്ങളോടുകൂടി സഞ്ചരിക്കുന്നതിന്, സഭകള്‍ അയാളെ നിയോഗിച്ചിരിക്കുന്നു. ഉദാരമായ ഈ സംഭാവന കൈകാര്യം ചെയ്യുന്നതില്‍ ഞങ്ങള്‍ക്കെതിരെ പരാതി ഉണ്ടാകാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കര്‍ത്താവിന്‍റെ മുമ്പില്‍ മാത്രമല്ല, മനുഷ്യന്‍റെ മുമ്പിലും മാന്യമായതു ചെയ്യണമെന്നാണു ഞങ്ങളുടെ ഉദ്ദേശ്യം. അതുകൊണ്ട് ഞങ്ങളുടെ സഹോദരനെ അവരോടുകൂടി അയയ്‍ക്കുന്നു; അയാള്‍ വളരെയധികം ഉത്സാഹമുള്ളവനാണെന്നു പലപ്പോഴും പലവിധ പരീക്ഷണങ്ങളിലും തെളിഞ്ഞിട്ടുണ്ട്. നിങ്ങളില്‍ അയാള്‍ക്ക് ഉറപ്പുള്ളതുകൊണ്ട് ഇക്കാര്യത്തില്‍ അയാള്‍ അത്യുത്സാഹിയാണ്. തീത്തോസിനെക്കുറിച്ചു പറഞ്ഞാല്‍, നിങ്ങളുടെ ഇടയിലെ സേവനത്തില്‍ എന്‍റെകൂടെ പ്രവര്‍ത്തിച്ച എന്‍റെ സഹകാരിയാണ് അയാള്‍; അയാളുടെകൂടെ വരുന്ന രണ്ടു സഹോദരന്മാരാകട്ടെ, സഭകളെ പ്രതിനിധാനം ചെയ്യുന്നവരും ക്രിസ്തുവിനു മഹത്ത്വം കൈവരുത്തുന്നവരുമാകുന്നു. നിങ്ങളെ സംബന്ധിച്ചുള്ള ഞങ്ങളുടെ പ്രശംസ ശരിയാണെന്ന് എല്ലാ സഭകള്‍ക്കും ബോധ്യമാകത്തക്കവണ്ണം അവരോടു സ്നേഹപൂര്‍വം നിങ്ങള്‍ വര്‍ത്തിക്കണം. യെഹൂദ്യയിലെ ദൈവജനത്തിനുവേണ്ടി സഹായധനം അയച്ചുകൊടുക്കുന്നതിനെപ്പറ്റി വിശേഷിച്ചു ഞാന്‍ എഴുതേണ്ട ആവശ്യമില്ലല്ലോ. അവരെ സഹായിക്കുവാനുള്ള സന്മനസ്സ് നിങ്ങള്‍ക്കുണ്ടെന്ന് എനിക്കറിയാം. അഖായയിലെ സഹോദരന്മാര്‍ കഴിഞ്ഞവര്‍ഷം മുതല്‍തന്നെ സഹായിക്കുവാന്‍ സന്നദ്ധമായിരിക്കുന്നു എന്നു നിങ്ങളെക്കുറിച്ചു ഞാന്‍ പ്രശംസിച്ചിട്ടുണ്ട്. നിങ്ങളുടെ ഉത്സാഹം അവരില്‍ മിക്കപേരെയും ഉണര്‍ത്തിയിരിക്കുന്നു. ഇക്കാര്യത്തില്‍ നിങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രശംസ വ്യര്‍ഥമാകാതിരിക്കുവാന്‍ ഈ സഹോദരന്മാരെ ഞാന്‍ അയയ്‍ക്കുന്നു. സഹായഹസ്തം നീട്ടാന്‍ നിങ്ങള്‍ ഒരുങ്ങിയിരിക്കുന്നു എന്നു ഞാന്‍ അവരോടു പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ അപ്രകാരം ഒരുങ്ങിയിരിക്കേണ്ടതാണ്. മാസിഡോണിയക്കാര്‍ എന്‍റെകൂടെ വരികയും സഹായസന്നദ്ധത ഇല്ലാതെ നിങ്ങളെ കാണുകയും ചെയ്യുന്ന പക്ഷം, നിങ്ങളുടെ കാര്യം പോകട്ടെ, നിങ്ങളില്‍ ഇത്രമാത്രം വിശ്വാസം അര്‍പ്പിച്ച ഞങ്ങള്‍ എത്രമാത്രം ലജ്ജിതരാകും! അതിനാല്‍ എനിക്കുമുമ്പായി നിങ്ങളുടെ അടുക്കല്‍ വന്ന് നിങ്ങള്‍ വാഗ്ദാനം ചെയ്ത സംഭാവനകള്‍ മുന്‍കൂട്ടി ഒരുക്കി വയ്‍ക്കുന്നതിന് ഈ സഹോദരന്മാരെ പറഞ്ഞയയ്‍ക്കേണ്ടത് ആവശ്യമാണെന്ന് എനിക്കു തോന്നി. അങ്ങനെയാണെങ്കില്‍ ഞാന്‍ വരുന്നതിനു മുമ്പുതന്നെ നിങ്ങളുടെ സംഭാവന ഒരുക്കിവയ്‍ക്കുകയും ആരുടെയും നിര്‍ബന്ധംകൊണ്ടല്ല, നിങ്ങളുടെ സന്മനസ്സുകൊണ്ടുതന്നെ, ഈ സഹായം നല്‌കി എന്നു സ്പഷ്ടമാകുകയും ചെയ്യുമല്ലോ. കുറച്ചു വിതച്ചവന്‍ കുറച്ചേ കൊയ്യൂ; എന്നാല്‍ കൂടുതല്‍ വിതച്ചവന്‍ കൂടുതല്‍ കൊയ്യുന്നു എന്ന വസ്തുത മറക്കരുത്. ഓരോരുത്തന്‍ അവനവന്‍ നിശ്ചയിച്ചതുപോലെ ദാനം ചെയ്യട്ടെ; വൈമനസ്യത്തോടെയോ, നിര്‍ബന്ധത്തിനു വഴങ്ങിയോ ആരും കൊടുക്കേണ്ടതില്ല. സന്തോഷപൂര്‍വം കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു. നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‌കുവാന്‍ ദൈവത്തിനു കഴിവുണ്ട്. അതുകൊണ്ട് എല്ലാ നല്ല കാര്യങ്ങള്‍ക്കും ദാനം ചെയ്യുവാന്‍ സാധിക്കുമാറ് നിങ്ങളുടെ ആവശ്യത്തിനും അതിലേറെയും എപ്പോഴും നിങ്ങള്‍ക്കുണ്ടായിരിക്കും. വേദഗ്രന്ഥത്തില്‍ പറയുന്നതുപോലെ അവിടുന്നു ബുദ്ധിമുട്ടുള്ളവര്‍ക്ക് ഉദാരമായി നല്‌കുന്നു; അവിടുത്തെ ദയ എന്നേക്കും നിലനില്‌ക്കുന്നു. വിതയ്‍ക്കുവാന്‍ വിത്തും ഭക്ഷിക്കുവാന്‍ ആഹാരവും തരുന്ന ദൈവം, നിങ്ങള്‍ വിതച്ചത് മുളപ്പിക്കുകയും, നിങ്ങളുടെ ഉദാരമനസ്കതമൂലം സമൃദ്ധമായ വിളവ് ഉല്‍പാദിപ്പിക്കുകയും ചെയ്യും. എപ്പോഴും ഉദാരശീലരായിരിക്കുവാന്‍ വേണ്ടത്ര ഐശ്വര്യസമൃദ്ധി ദൈവം നിങ്ങള്‍ക്കു നല്‌കും. ഞങ്ങളില്‍നിന്നു ദാനങ്ങള്‍ സ്വീകരിക്കുന്നവര്‍ നിങ്ങളുടെ ദാനങ്ങള്‍ക്കുവേണ്ടി ദൈവത്തെ സ്തുതിക്കും. നിങ്ങള്‍ ചെയ്യുന്ന ഈ സേവനം ദൈവത്തിന്‍റെ ജനങ്ങളുടെ ബുദ്ധിമുട്ടു പരിഹരിക്കുന്നു എന്നു മാത്രമല്ല, നന്ദി നിറഞ്ഞ ഹൃദയങ്ങളില്‍നിന്നു ദൈവത്തിന്‍റെ അടുക്കലേക്ക് ഒഴുകിച്ചെല്ലുന്ന സ്തോത്രധാരകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു. നിങ്ങള്‍ സ്വീകരിച്ച ക്രിസ്തുവിന്‍റെ സുവിശേഷത്തോടു നിങ്ങള്‍ക്കുള്ള കൂറ് ഈ സേവനംമൂലം തെളിയുന്നു. അതിന്‍റെ പേരിലും, തങ്ങളോടും മറ്റുള്ള എല്ലാവരോടും നിങ്ങള്‍ കാണിക്കുന്ന ഔദാര്യത്തിന്‍റെ പേരിലും അനേകമാളുകള്‍ ദൈവത്തെ പ്രകീര്‍ത്തിക്കുന്നു. ദൈവം നിങ്ങളോടു കാണിച്ച ഉദാരമായ കൃപ നിമിത്തം അവര്‍ ഉറ്റ സ്നേഹത്തോടുകൂടി നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കും. അവര്‍ണനീയമായ അവിടുത്തെ ദാനത്തിന്‍റെ പേരില്‍ ദൈവത്തിനു സ്തോത്രം! നിങ്ങളോട് അഭിമുഖമായിരിക്കുമ്പോള്‍ സൗമ്യനായും അകലെ ഇരിക്കുമ്പോള്‍ കര്‍ക്കശനായും ഗണിക്കപ്പെടുന്ന പൗലൊസ് എന്ന ഞാന്‍ ക്രിസ്തുവിന്‍റെ സൗമ്യതയിലും സഹിഷ്ണുതയിലും ഇതു നിങ്ങളോട് അഭ്യര്‍ഥിക്കുന്നു; ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍ കര്‍ക്കശമായി പെരുമാറാന്‍ എന്നെ നിര്‍ബന്ധിതനാക്കരുതെന്നാണ് എന്‍റെ അഭ്യര്‍ഥന. ഞങ്ങള്‍ ഭൗതികമായ ലക്ഷ്യങ്ങളെ മുന്‍നിറുത്തി പ്രവര്‍ത്തിക്കുന്നു എന്നു പറയുന്നവരോട് കര്‍ക്കശമായിത്തന്നെ പെരുമാറാനുള്ള ധൈര്യം എനിക്കുണ്ടെന്നുള്ളതിനു സംശയമൊന്നുമില്ല. ഞങ്ങള്‍ ലോകത്തില്‍ ജീവിക്കുന്നു എന്നതു വാസ്തവം തന്നെ; എങ്കിലും ലൗകികമായ പോരാട്ടമല്ല ഞങ്ങള്‍ നടത്തുന്നത്. ഞങ്ങളുടെ പോരാട്ടത്തിനുപയോഗിക്കുന്ന ആയുധങ്ങളും ലൗകികമല്ല. ബലവത്തായ കോട്ടകളെ ഇടിച്ചുനിരത്തുന്ന അതിശക്തമായ ദിവ്യായുധങ്ങളാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്. അസത്യജടിലമായ വാദമുഖങ്ങളെ ഞങ്ങള്‍ തകര്‍ക്കും. ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിനെതിരെയുള്ള എല്ലാ യുക്ത്യാഭാസങ്ങളെയും ഔദ്ധത്യത്തെയും ഞങ്ങള്‍ തകര്‍ക്കും. എല്ലാ മാനുഷികവിചാരങ്ങളെയും ഞങ്ങള്‍ കീഴടക്കി ക്രിസ്തുവിനെ അനുസരിക്കുമാറാക്കും. അങ്ങനെ നിങ്ങളുടെ അനുസരണം പരിപൂര്‍ണമായെന്നു തെളിയിച്ചശേഷം എല്ലാ അനുസരണക്കേടിനും ശിക്ഷ നല്‌കാന്‍ ഞങ്ങള്‍ ഒരുങ്ങിയിരിക്കുകയാണ്. നിങ്ങളുടെ കണ്‍മുമ്പിലുള്ളത് ശ്രദ്ധിക്കുക. താന്‍ ക്രിസ്തുവിനുള്ളവനാണെന്നു വിചാരിക്കുന്ന ആരെങ്കിലും അവിടെയുണ്ടോ? അവന്‍ ആയിരിക്കുന്നതുപോലെതന്നെ ഞങ്ങളും ക്രിസ്തുവിനുള്ളവരാണെന്ന് അവന്‍ ഓര്‍ത്തുകൊള്ളട്ടെ. നിങ്ങളെ ഇടിച്ചു കളയുവാനല്ല, പടുത്തുയര്‍ത്തുവാനുള്ള അധികാരമാണ് കര്‍ത്താവ് ഞങ്ങള്‍ക്ക് നല്‌കിയിരിക്കുന്നത്. ആ അധികാരത്തില്‍ ഞാന്‍ അല്പം അഭിമാനിച്ചാല്‍പോലും ലജ്ജിതനാകുകയില്ല. കത്തുകള്‍കൊണ്ട് ഞാന്‍ നിങ്ങളെ ഭയപ്പെടുത്തുവാന്‍ ശ്രമിക്കുന്നു എന്നു വിചാരിക്കരുത്. ‘പൗലൊസിന്‍റെ വാക്കുകള്‍ പരുഷവും ശക്തവും ആകുന്നു. എന്നാല്‍ നേരില്‍ കാണുമ്പോള്‍ അദ്ദേഹം ബലഹീനനും അദ്ദേഹത്തിന്‍റെ വാക്കുകള്‍ സാരമില്ലാത്തതുമാണ്’ എന്നു ചിലര്‍ പറഞ്ഞേക്കാം. എന്നാല്‍ ഞങ്ങള്‍ അകലെ ആയിരിക്കുമ്പോള്‍ ഞങ്ങളുടെ കത്തുകളില്‍ എന്തെഴുതുന്നുവോ അതും, നിങ്ങളോടുകൂടി ആയിരിക്കുമ്പോള്‍ ഞങ്ങള്‍ ചെയ്യുന്നതും തമ്മില്‍ ഒരു ഭേദവുമുണ്ടായിരിക്കുകയില്ലെന്ന് അങ്ങനെയുള്ളവര്‍ മനസ്സിലാക്കിക്കൊള്ളട്ടെ. ഉന്നതന്മാരെന്നു സ്വയം കരുതുന്നവരുടെ ഗണത്തില്‍ ഞങ്ങളെ ഉള്‍പ്പെടുത്തുവാനോ, അവരോടു ഞങ്ങളെ തുലനം ചെയ്യുവാനോ തീര്‍ച്ചയായും ഞങ്ങള്‍ തുനിയുന്നില്ല. എത്ര മൂഢന്മാരാണവര്‍! തങ്ങളെത്തന്നെ അളക്കുവാനുള്ള മാനദണ്ഡങ്ങള്‍ അവര്‍ ഉണ്ടാക്കുന്നു; തങ്ങളുടെ തോതുവച്ച് അവര്‍ തങ്ങളെത്തന്നെ വിധിക്കുകയും ചെയ്യുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ ആത്മപ്രശംസ അതിരുവിട്ടു പോകുകയില്ല; ഞങ്ങള്‍ക്കുവേണ്ടി ദൈവം നിശ്ചയിച്ച പരിധിയില്‍ അത് ഒതുങ്ങിനില്‌ക്കുന്നു. നിങ്ങളുടെ ഇടയിലെ പ്രവര്‍ത്തനവും ആ പരിധിയില്‍ ഉള്‍പ്പെടുന്നതാണ്. അതുകൊണ്ട് ക്രിസ്തുവിനെ സംബന്ധിച്ചുള്ള സുവിശേഷവുമായി ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ ഞങ്ങള്‍ അതിരു കടന്നു പോകുകയില്ലായിരുന്നു. ദൈവം ഞങ്ങള്‍ക്കുവേണ്ടി നിശ്ചയിച്ച പരിധിക്കു പുറത്ത് മറ്റുള്ളവര്‍ ചെയ്തിട്ടുള്ള പ്രവര്‍ത്തനം സംബന്ധിച്ച് ഞങ്ങള്‍ സ്വയം പ്രശംസിക്കുന്നില്ല. മറിച്ച്, നിങ്ങളുടെ വിശ്വാസം വര്‍ധിക്കുമെന്നും നിങ്ങളുടെ ഇടയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയുമെന്നും ഞങ്ങള്‍ പ്രത്യാശിക്കുന്നു. മറ്റൊരുവന്‍റെ മേഖലയില്‍ ഞങ്ങള്‍ പ്രവേശിച്ച് അവിടെ നടന്നിട്ടുള്ള പ്രവര്‍ത്തനത്തെപ്പറ്റി പ്രശംസിക്കാതെ, നിങ്ങളുടെ ദേശത്തിന് അപ്പുറത്തുള്ള ദേശങ്ങളിലേക്കു പോയി ഞങ്ങള്‍ക്കു സുവിശേഷം പ്രസംഗിക്കാമല്ലോ. എന്നാല്‍ ‘ആര്‍ക്കെങ്കിലും പ്രശംസിക്കണമെന്നുണ്ടെങ്കില്‍ കര്‍ത്താവു ചെയ്തിരിക്കുന്നതിനെപ്പറ്റി പ്രശംസിക്കട്ടെ’ എന്നാണല്ലോ വേദഗ്രന്ഥത്തില്‍ പറയുന്നത്. സ്വയം പ്രശംസിക്കുന്നവനല്ല, കര്‍ത്താവ് ആരെ പ്രശംസിക്കുന്നുവോ അവന്‍ മാത്രമാണ് സ്വീകാര്യനാകുക. എന്‍റെ അല്പമായ ഭോഷത്തം നിങ്ങള്‍ പൊറുക്കണമെന്നു ഞാന്‍ താത്പര്യപ്പെടുന്നു. അതേ, നിങ്ങള്‍ എന്നോടു പൊറുക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ദൈവത്തിനു നിങ്ങളുടെ അവിഭക്തമായ സ്നേഹം വേണമെന്നു നിര്‍ബന്ധമുണ്ട്. നിങ്ങളുടെ കാര്യത്തില്‍ ആ നിര്‍ബന്ധം എനിക്കുമുണ്ട്. ഒരു കന്യകയെ വരനു വാഗ്ദാനം ചെയ്യുന്നതുപോലെ, ക്രിസ്തുവാകുന്ന വരന് നിങ്ങളെ നിര്‍മ്മല വധുവായി ഞാന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാല്‍ സര്‍പ്പത്തിന്‍റെ കൗശലോക്തികളാല്‍ ഹവ്വാ വഞ്ചിക്കപ്പെട്ടതുപോലെ, നിങ്ങളുടെ മനസ്സും ക്രിസ്തുവിനോടുള്ള പൂര്‍ണവും നിര്‍മ്മലവുമായ ദൃഢഭക്തി ഉപേക്ഷിച്ച് കലുഷിതമായിത്തീരുമോ എന്നു ഞാന്‍ ഭയപ്പെടുന്നു. എന്തുകൊണ്ടെന്നാല്‍ ഞങ്ങള്‍ നിങ്ങളോടു പ്രസംഗിക്കാത്ത ഒരു യേശുവിനെപ്പറ്റി ആരെങ്കിലും വന്നു നിങ്ങളോടു പ്രസംഗിച്ചാല്‍ നിങ്ങള്‍ സന്തോഷപൂര്‍വം അതു കേള്‍ക്കുന്നു; അതുപോലെതന്നെ ഞങ്ങളില്‍നിന്നു നിങ്ങള്‍ക്കു ലഭിച്ച ആത്മാവില്‍നിന്നും സുവിശേഷത്തില്‍നിന്നും തികച്ചും വിഭിന്നമായ ആത്മാവും സുവിശേഷവും നിങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു. “അപ്പോസ്തോലന്മാര്‍” എന്നു പറയപ്പെടുന്ന ഇക്കൂട്ടരെക്കാള്‍ ഞാന്‍ ഒട്ടും താഴ്ന്നവനാണെന്നു വിചാരിക്കുന്നില്ല. എനിക്കു വാഗ്മിത്വം കുറവായിരിക്കാം. പക്ഷേ ഞാന്‍ പരിജ്ഞാനത്തില്‍ ഒട്ടും പിന്നിലല്ല. എല്ലാ അവസരങ്ങളിലും എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ അതു വ്യക്തമാക്കിയിട്ടുമുണ്ട്. ദൈവത്തിന്‍റെ സുവിശേഷം നിങ്ങളോടു പ്രസംഗിച്ചപ്പോള്‍ യാതൊരു പ്രതിഫലവും വേണമെന്നു ഞാന്‍ ആവശ്യപ്പെട്ടില്ല; നിങ്ങളെ ഉയര്‍ത്തുന്നതിനുവേണ്ടി ഞാന്‍ എന്നെത്തന്നെ താഴ്ത്തി. അത് എന്‍റെ പേരില്‍ ഒരു തെറ്റാണോ? ഞാന്‍ നിങ്ങളുടെ മധ്യത്തില്‍ പ്രസംഗിച്ചപ്പോള്‍ മറ്റു സഭകളാണ് എന്‍റെ ചെലവിനുള്ള വക എനിക്കു നല്‌കിയത്. നിങ്ങളെ സഹായിക്കുന്നതിനുവേണ്ടി, ഒരു വിധത്തില്‍ പറഞ്ഞാല്‍ ഞാന്‍ അവരെ ചൂഷണം ചെയ്യുകയായിരുന്നു. ഞാന്‍ നിങ്ങളോടുകൂടി ആയിരുന്നപ്പോള്‍ എനിക്കു പണത്തിന് ആവശ്യമുണ്ടായിട്ടുണ്ട്; എങ്കിലും ഒരിക്കലും നിങ്ങളെ ഞാന്‍ ഭാരപ്പെടുത്തിയില്ല. എനിക്കു വേണ്ടതെല്ലാം മാസിഡോണിയയില്‍നിന്നു വന്ന സഹോദരന്മാരാണു കൊണ്ടുവന്നു തന്നത്. കഴിഞ്ഞ കാലത്തെപ്പോലെതന്നെ ഭാവിയിലും ഞാന്‍ ഒരിക്കലും നിങ്ങള്‍ക്കു ഭാരമായിരിക്കുകയില്ല! എന്‍റെ ഈ പ്രശംസ അഖായപ്രദേശങ്ങളിലെങ്ങും അയഥാര്‍ഥമായിത്തീരുന്നതിനു ഞാന്‍ ഇടയാക്കുകയില്ല എന്ന് എന്നിലുള്ള ക്രിസ്തുവിന്‍റെ സത്യത്താല്‍ ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. നിങ്ങളെ ഞാന്‍ സ്നേഹിക്കാത്തതുകൊണ്ടാണോ ഇതു പറയുന്നത്? ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു എന്നുള്ളതു ദൈവം അറിയുന്നു. ഞങ്ങള്‍ ചെയ്യുന്നതുപോലെയുള്ള പ്രേഷിതവേലയാണു തങ്ങളും ചെയ്യുന്നതെന്നു വമ്പു പറയുന്ന മറ്റ് ‘അപ്പോസ്തോലന്മാര്‍ക്ക്’ അതിനുള്ള അവസരം ഉണ്ടാകാതിരിക്കുന്നതിനുവേണ്ടി ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനം തുടര്‍ന്നും ചെയ്തുകൊണ്ടിരിക്കും. അവര്‍ യഥാര്‍ഥ അപ്പോസ്തോലന്മാരല്ല, ക്രിസ്തുവിന്‍റെ അപ്പോസ്തോലന്മാരെപ്പോലെ തോന്നത്തക്കവണ്ണം കപടവേഷം ധരിച്ച് തങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റി വ്യാജം പറയുന്ന കള്ളഅപ്പോസ്തോലന്മാരാണവര്‍. അതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല! സാത്താന്‍പോലും പ്രകാശത്തിന്‍റെ മാലാഖയായി കപടവേഷം കെട്ടുന്നല്ലോ! അതുകൊണ്ട് അവന്‍റെ ദാസന്മാര്‍ നീതിയുടെ ദാസന്മാരുടെ വേഷം ധരിക്കുന്നെങ്കില്‍ അതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. തങ്ങളുടെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം അവസാനം അവര്‍ക്കു ലഭിക്കും. എന്നെ വെറും ഭോഷനായി ആരും കരുതരുതെന്നു ഞാന്‍ പിന്നെയും പറയുന്നു. അല്ലെങ്കില്‍ ഒരു ഭോഷനായിത്തന്നെ കരുതുക; എനിക്കും അല്പം പ്രശംസിക്കാമല്ലോ. കര്‍ത്താവ് ആഗ്രഹിക്കുന്ന കാര്യമല്ല ഞാനിപ്പോള്‍ പറയുന്നത്. ആത്മപ്രശംസയെ സംബന്ധിച്ചിടത്തോളം ഒരു ഭോഷനെപ്പോലെയാണു ഞാന്‍ സംസാരിക്കുന്നത്. വെറും മാനുഷികമായ കാര്യങ്ങളെച്ചൊല്ലി ആത്മപ്രശംസ ചെയ്യുന്ന നിരവധി ആളുകളുണ്ടല്ലോ. അതുകൊണ്ടു ഞാനും സ്വയം പ്രശംസിക്കും. നിങ്ങള്‍ ബുദ്ധിയുള്ളവരാകയാല്‍ ഭോഷന്മാരെ സന്തോഷപൂര്‍വം പൊറുക്കുന്നു. ഒരുവന്‍ നിങ്ങളുടെമേല്‍ മര്‍ദനഭരണം നടത്തുകയോ നിങ്ങളെ ചൂഷണം ചെയ്യുകയോ കെണിയില്‍ അകപ്പെടുത്തുകയോ നിന്ദിക്കുകയോ കരണത്തടിക്കുകയോ ചെയ്താലും നിങ്ങള്‍ പൊറുക്കുന്നുവല്ലോ. അങ്ങനെയുള്ള കാര്യങ്ങളില്‍ ഞങ്ങള്‍ ദുര്‍ബലരായിരുന്നു എന്നു ലജ്ജയോടെ സമ്മതിക്കുന്നു. എന്നാല്‍ ആര്‍ക്കെങ്കിലും പ്രശംസിക്കുവാന്‍ ധൈര്യമുണ്ടെങ്കില്‍-ഒരു ഭോഷനെപ്പോലെ ഞാന്‍ പറയുന്നു-എനിക്കും ധൈര്യമുണ്ട്. അവര്‍ എബ്രായരാണോ? ഞാനും എബ്രായന്‍ തന്നെ. അവര്‍ ഇസ്രായേല്യരാണോ? ഞാനും ഇസ്രായേല്യന്‍ തന്നെ. അവര്‍ അബ്രഹാമിന്‍റെ വംശജരാണെങ്കില്‍ ഞാനും അതേ വംശത്തില്‍പ്പെട്ടവന്‍ തന്നെ. അവര്‍ ക്രിസ്തുവിന്‍റെ ദാസന്മാരാണോ? ബുദ്ധിഭ്രമമുള്ളവനെപ്പോലെ ഞാന്‍ പറയുന്നു എന്നു തോന്നാം -ഞാന്‍ അവരെക്കാള്‍ മികച്ച ദാസനാകുന്നു; ഞാന്‍ അവരെക്കാള്‍ വളരെയധികം അധ്വാനിച്ചു; കൂടുതല്‍ തവണ തടവിലാക്കപ്പെട്ടു; ചാട്ടവാറുകൊണ്ടുള്ള പ്രഹരം വളരെയേറെ ഏറ്റു; പലപ്പോഴും മരണത്തിന്‍റെ വക്കോളമെത്തി; യെഹൂദന്മാരില്‍നിന്ന് മുപ്പത്തൊന്‍പത് അടി അഞ്ചുപ്രാവശ്യം ഞാന്‍ കൊണ്ടു; മൂന്നുവട്ടം റോമാക്കാര്‍ എന്നെ വടികൊണ്ട് അടിച്ചു; ഒരിക്കല്‍ കല്ലേറുമേറ്റു; മൂന്നു പ്രാവശ്യം കപ്പലപകടത്തില്‍പെട്ടു. ഒരിക്കല്‍ ഇരുപത്തിനാലു മണിക്കൂര്‍ വെള്ളത്തില്‍ കഴിച്ചുകൂട്ടേണ്ടിവന്നു. എന്‍റെ യാത്രകളില്‍ വെള്ളപ്പൊക്കത്തില്‍നിന്നും കൊള്ളക്കാരില്‍നിന്നും സ്വജാതീയരില്‍നിന്നും വിജാതീയരില്‍നിന്നുമുള്ള വിപത്തുകളില്‍ ഞാന്‍ അകപ്പെട്ടിട്ടുണ്ട്. പട്ടണങ്ങളിലും കാട്ടിലും കടലിലും വച്ചുള്ള വിപത്തുകളുമുണ്ടായിട്ടുണ്ട്; വ്യാജസ്നേഹിതരില്‍ നിന്നുള്ള അപകടങ്ങളിലും അകപ്പെട്ടു; കഠിനമായ അധ്വാനവും ക്ലേശവും ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഉറങ്ങാന്‍ കഴിയാതെയും വിശന്നും ദാഹിച്ചും വലയുകയും പട്ടിണി കിടക്കുകയും ശീതബാധയില്‍നിന്നു രക്ഷപെടുന്നതിന് ഒരിടമോ വസ്ത്രമോ ഇല്ലാതെ വിഷമിക്കുകയും ചെയ്തിട്ടുണ്ട്. ഇവയ്‍ക്കെല്ലാം പുറമേ എല്ലാ സഭകളെയുംകുറിച്ചുള്ള ചിന്താഭാരവും അനുദിനം ഞാന്‍ വഹിക്കേണ്ടിയിരുന്നു. ആരെങ്കിലും ദുര്‍ബലനായിരിക്കുന്നുവെങ്കില്‍ ഞാന്‍ അവന്‍റെ ദൗര്‍ബല്യത്തില്‍ പങ്കാളിയാകാതിരിക്കുന്നുവോ? ആരെങ്കിലും പാപത്തിലേക്കു നയിക്കപ്പെടുന്നെങ്കില്‍ ദുഃഖംകൊണ്ട് എന്‍റെ ഹൃദയം കത്തിയെരിയാതിരിക്കുന്നുവോ? എനിക്കു പ്രശംസിക്കണമെന്നുണ്ടെങ്കില്‍ ഞാന്‍ എത്ര ബലഹീനനാണെന്ന് എടുത്തുകാണിക്കുന്ന കാര്യങ്ങളില്‍ ഞാന്‍ പ്രശംസിക്കും. കര്‍ത്താവായ യേശുവിന്‍റെ പിതാവായ ദൈവത്തിന്‍റെ നാമം എന്നേക്കും വാഴ്ത്തപ്പെടട്ടെ; ഞാന്‍ പറയുന്നത് വ്യാജമല്ലെന്ന് അവിടുന്ന് അറിയുന്നു. ഞാന്‍ ദമാസ്കസില്‍ ആയിരുന്നപ്പോള്‍ അരേതാരാജാവിന്‍റെ കീഴിലുള്ള ഗവര്‍ണര്‍ എന്നെ പിടികൂടുന്നതിനു കാവല്‍ ഏര്‍പ്പെടുത്തി. എന്നാല്‍ മതിലിലുള്ള ഒരു കിളിവാതിലിലൂടെ എന്നെ ചിലര്‍ ഒരു കുട്ടയില്‍ കെട്ടിയിറക്കി വിട്ടു. അങ്ങനെ രാജാവിന്‍റെ പിടിയില്‍നിന്നു വഴുതിമാറി. ആത്മപ്രശംസകൊണ്ട് പ്രയോജനമൊന്നുമില്ലെങ്കിലും എനിക്കു സ്വയം പ്രശംസിക്കേണ്ടിയിരിക്കുന്നു. കര്‍ത്താവ് എനിക്കു നല്‌കിയ ദര്‍ശനങ്ങളെയും വെളിപാടുകളെയും കുറിച്ച് ഞാന്‍ ഇനി പറയട്ടെ: പതിനാലു വര്‍ഷം മുമ്പ് മൂന്നാം സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ട ഒരു ക്രൈസ്തവപുരുഷനെ എനിക്കറിയാം; ശരീരത്തോടുകൂടിയോ ശരീരം കൂടാതെയോ എന്ന് എനിക്ക് അറിഞ്ഞുകൂടാ-ദൈവം അറിയുന്നു. ആ മനുഷ്യന്‍ പറുദീസയിലേക്ക് ഉയര്‍ത്തപ്പെട്ടു-ശരീരത്തോടുകൂടിയോ ശരീരം കൂടാതെയോ എന്ന് എനിക്ക് അറിഞ്ഞുകൂടാ. അതു ദൈവം അറിയുന്നു- അവാച്യവും മനുഷ്യാധരങ്ങള്‍ക്ക് ഉച്ചരിക്കുവാനാവാത്തതുമായ കാര്യങ്ങള്‍ അയാള്‍ കേട്ടു. ഈ മനുഷ്യനെക്കുറിച്ചു ഞാന്‍ അഭിമാനംകൊള്ളും- എന്നാല്‍ ഞാന്‍ എത്ര ബലഹീനനാണെന്നു സൂചിപ്പിക്കുന്ന കാര്യങ്ങളിലല്ലാതെ മറ്റൊന്നിലും എനിക്കു പ്രശംസിക്കുവാനില്ല. ഞാന്‍ പ്രശംസിക്കുകയാണെങ്കില്‍ത്തന്നെ ഞാന്‍ ഭോഷനാകുകയില്ല. ഞാന്‍ പറയുന്നതു സത്യമാണല്ലോ. എങ്കിലും ഒരുവന്‍ എന്നില്‍ കാണുകയും എന്നില്‍നിന്നു കേള്‍ക്കുകയും ചെയ്യുന്നതില്‍ അധികമായി എന്നെപ്പറ്റി ചിന്തിക്കണമെന്നു ഞാന്‍ ആഗ്രഹിക്കാത്തതുകൊണ്ട് ആത്മപ്രശംസ ചെയ്യുന്നില്ല. ഞാന്‍ കണ്ട അദ്ഭുതകരമായ അനേകം ദര്‍ശനങ്ങളുടെ പേരില്‍ അതിരുകടന്ന ആത്മാഭിമാനംകൊണ്ട് നിഗളിച്ചുപോകാതിരിക്കുന്നതിന് ശാരീരികമായ ഒരു നിശിതരോഗം എനിക്കു നല്‌കപ്പെട്ടിരിക്കുന്നു. എന്നെ ദണ്ഡിപ്പിക്കുന്നതിന് സാത്താന്‍റെ ദൂതനായിട്ടത്രേ അതു വര്‍ത്തിക്കുന്നത്. ഞാന്‍ മതിമറന്ന് അഹങ്കരിക്കുന്നതില്‍നിന്ന് അത് എന്നെ രക്ഷിക്കുകയും ചെയ്യുന്നു. ഇത് എന്നില്‍നിന്നു നീങ്ങേണ്ടതിന് ഞാന്‍ മൂന്നുവട്ടം കര്‍ത്താവിനോട് അപേക്ഷിച്ചു. എന്നാല്‍ “എന്‍റെ കൃപ നിനക്കു മതി; എന്തെന്നാല്‍ നീ ബലഹീനനായിരിക്കുമ്പോഴാണ് എന്‍റെ ശക്തി തികവുറ്റതായിത്തീരുന്നത്” എന്നായിരുന്നു എനിക്കു ലഭിച്ച മറുപടി. ക്രിസ്തുവിന്‍റെ ശക്തി എന്നെ സംരക്ഷിക്കുന്നു എന്നുള്ളത് അനുഭവിച്ചറിയുന്നതിനു കാരണമാക്കുന്ന എന്‍റെ ബലഹീനതയെക്കുറിച്ച് ഞാന്‍ ആഹ്ലാദപൂര്‍വം പ്രശംസിക്കും. ക്രിസ്തുവിനെപ്രതി ബലഹീനതകളും ആക്ഷേപങ്ങളും കഷ്ടതകളും പീഡനങ്ങളും പ്രയാസങ്ങളും സഹിക്കുന്നതില്‍ ഞാന്‍ സംതൃപ്തനാണ്. എന്തുകൊണ്ടെന്നാല്‍ ഞാന്‍ ബലഹീനനായിരിക്കുമ്പോഴാണല്ലോ ശക്തനായിരിക്കുന്നത്. ഞാന്‍ ഒരു ഭോഷനായിത്തീര്‍ന്നു! പക്ഷേ നിങ്ങള്‍ അതിന് എന്നെ നിര്‍ബന്ധിച്ചു. നിങ്ങള്‍ എന്നെ ശ്ലാഘിക്കേണ്ടതായിരുന്നു. ഞാന്‍ ഏതുമല്ലാത്തവനാണെങ്കിലും, നിങ്ങളുടെ അപ്പോസ്തോലശ്രേഷ്ഠന്മാരെക്കാള്‍ ഒരു വിധത്തിലും കുറഞ്ഞവനല്ല. ഞാന്‍ ഒരു അപ്പോസ്തോലനാണ് എന്നു തെളിയിക്കുന്ന അടയാളങ്ങളും അദ്ഭുതങ്ങളും വിസ്മയാവഹമായ പ്രവര്‍ത്തനങ്ങളും ഏറ്റവും സഹിഷ്ണുതയോടുകൂടി നിങ്ങളുടെ ഇടയില്‍ നടത്തിയിട്ടുണ്ട്. സാമ്പത്തിക സഹായത്തിനുവേണ്ടി നിങ്ങളെ ഞാന്‍ ഭാരപ്പെടുത്തിയിട്ടില്ല എന്നതൊഴികെ ഇതര സഭകളെക്കാള്‍ നിങ്ങള്‍ക്കു കുറവു വന്നിട്ടുള്ളത് എന്താണ്? ഈ അപരാധം നിങ്ങള്‍ സദയം ക്ഷമിക്കുക! ഇതാ മൂന്നാം പ്രാവശ്യവും നിങ്ങളെ സന്ദര്‍ശിക്കുവാന്‍ ഞാന്‍ ഒരുങ്ങിയിരിക്കുന്നു- ഞാന്‍ നിങ്ങള്‍ക്ക് ഒരുവിധത്തിലും ഭാരമാകുകയില്ല. നിങ്ങളുടെ പണമല്ല നിങ്ങളെയാണ് എനിക്കു വേണ്ടത്. മക്കള്‍ മാതാപിതാക്കള്‍ക്കല്ല, മാതാപിതാക്കള്‍ മക്കള്‍ക്കാണല്ലോ കൊടുക്കേണ്ടത്. നിങ്ങളെ സഹായിക്കുന്നതിനുവേണ്ടി എനിക്കുള്ള എല്ലാ വകകളും മാത്രമല്ല എന്നെത്തന്നെയും ചെലവഴിക്കുന്നതില്‍ എനിക്കു സന്തോഷമേയുള്ളൂ. ഞാന്‍ നിങ്ങളെ അധികം സ്നേഹിക്കുന്നതുകൊണ്ടാണോ നിങ്ങള്‍ക്ക് എന്നോടുള്ള സ്നേഹം കുറഞ്ഞുപോയത്? ഞാന്‍ നിങ്ങള്‍ക്ക് ഒരു ഭാരമായിരുന്നില്ല എന്നുള്ളത് നിങ്ങള്‍ സമ്മതിക്കും. എന്നാല്‍ ഞാന്‍ തന്ത്രശാലിയാണെന്നും വ്യാജങ്ങള്‍കൊണ്ടു നിങ്ങളെ വഞ്ചിച്ചു എന്നും ചിലര്‍ പറയുമായിരിക്കും. അതെങ്ങനെയാണ്? ഞാന്‍ നിങ്ങളുടെ അടുക്കല്‍ അയച്ച ദൂതന്മാര്‍ മുഖേന നിങ്ങളുടെ വക വല്ലതും വഞ്ചിച്ചെടുത്തുവോ? തീത്തോസിനോടു നിങ്ങളുടെ അടുക്കല്‍ വരുവാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയും മറ്റേ ക്രൈസ്തവ സഹോദരനെ അവന്‍റെ കൂടെ അയയ്‍ക്കുകയും ചെയ്തു. തീത്തോസ് നിങ്ങളെ ചൂഷണം ചെയ്തു എന്നു നിങ്ങള്‍ പറയുമോ? ഒരേ ലക്ഷ്യവും മാര്‍ഗവും അനുസരിച്ചല്ലേ അവരും ഞാനും പ്രവര്‍ത്തിച്ചത്? ഇതുവരെയും ഞങ്ങളെത്തന്നെ ന്യായീകരിക്കുവാന്‍ ഞങ്ങള്‍ ശ്രമിക്കുകയായിരുന്നു എന്ന് ഒരുവേള നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവാം. ദൈവമുമ്പാകെ ഞങ്ങള്‍ എങ്ങനെ സംസാരിക്കണമെന്നു ക്രിസ്തു ആഗ്രഹിക്കുന്നുവോ അങ്ങനെയാണു ഞങ്ങള്‍ സംസാരിക്കുന്നത്. പ്രിയ സ്നേഹിതരേ, നിങ്ങളുടെ ഉന്നമനത്തിനുവേണ്ടിയാണു ഞങ്ങള്‍ ചെയ്യുന്നതെല്ലാം. ഞാന്‍ അവിടെയെത്തുമ്പോള്‍ ഞാന്‍ ഇച്ഛിക്കുന്നതില്‍നിന്നു വ്യത്യസ്തമായ വിധത്തില്‍ നിങ്ങളെ കാണുകയും നിങ്ങള്‍ ഇച്ഛിക്കുന്ന വിധത്തില്‍ അല്ലാതെ നിങ്ങള്‍ എന്നെ കാണുകയും ചെയ്യുമോ എന്നു ഞാന്‍ ഭയപ്പെടുന്നു. പരസ്പരം ശണ്ഠ, അസൂയ, ക്ഷിപ്രകോപം, സ്വാര്‍ഥത, അധിക്ഷേപം, ഏഷണി, അഹങ്കാരം, അച്ചടക്കമില്ലായ്മ ഇവയെല്ലാം നിങ്ങളുടെ ഇടയിലുണ്ടായിരിക്കുമോ എന്നാണ് എന്‍റെ ഭയം. അടുത്ത തവണ ഞാന്‍ വരുമ്പോള്‍ നിങ്ങളുടെ മുമ്പില്‍വച്ച് എന്‍റെ ദൈവം എന്നെ അപമാനിതനാക്കുമെന്നും കഴിഞ്ഞ കാലത്തു പാപം ചെയ്തിട്ട് തങ്ങളുടെ അസാന്മാര്‍ഗികമായ നടപടികള്‍, വിഷയാസക്തി, ലൈംഗികമായ പാപങ്ങള്‍ മുതലായവയെക്കുറിച്ച് അനുതപിക്കാത്ത അനേകമാളുകളെ പ്രതി ദുഃഖിക്കേണ്ടിവരുമെന്നും ഞാന്‍ ഭയപ്പെടുന്നു. നിങ്ങളെ സന്ദര്‍ശിക്കുവാന്‍ ഞാന്‍ വരുന്നത് ഇതു മൂന്നാംതവണയാണ്. ‘ഏതു കുറ്റാരോപണവും മൂന്നോ അല്ലെങ്കില്‍ കുറഞ്ഞത് രണ്ടോ സാക്ഷികളുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് സ്ഥിരീകരിക്കേണ്ടത്’ എന്നു വേദഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ടല്ലോ. മുമ്പ് പാപം ചെയ്തവര്‍ക്കും മറ്റുള്ള എല്ലാവര്‍ക്കും ഞാന്‍ നല്‌കിയ മുന്നറിയിപ്പ് മുമ്പത്തെപ്പോലെതന്നെ ആവര്‍ത്തിക്കുന്നു; രണ്ടാമത്തെ സന്ദര്‍ശനവേളയില്‍ ഞാന്‍ നേരിട്ട് ആ മുന്നറിയിപ്പു നല്‌കി. ഇപ്പോള്‍ അകലെയിരുന്നുകൊണ്ടാണ് അത് ആവര്‍ത്തിക്കുന്നത്. ഞാന്‍ വീണ്ടും വരുമ്പോള്‍ ആരോടും ഒരു വിട്ടുവീഴ്ചയും കാണിക്കുകയില്ല. ക്രിസ്തു എന്നിലൂടെ സംസാരിക്കുന്നു എന്നതിന് തെളിവു വേണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നു. അവിടുന്നു നിങ്ങളോട് ഇടപെടുന്നത് ദുര്‍ബലനായിട്ടല്ല; പിന്നെയോ തന്‍റെ ശക്തി അവിടുന്നു നിങ്ങളുടെ മധ്യത്തില്‍ പ്രകടമാക്കിക്കൊണ്ടത്രേ. തന്‍റെ ബലഹീനതയില്‍ അവിടുന്നു കുരിശില്‍ മരിച്ചു. എന്നാല്‍ ദൈവത്തിന്‍റെ ശക്തിയാല്‍ അവിടുന്നു ജീവിക്കുന്നു. അവിടുത്തെ ബലഹീനതയില്‍ പങ്കുകാരായ ഞങ്ങള്‍ നിങ്ങളോടിടപെടുമ്പോള്‍ ദൈവത്തിന്‍റെ ശക്തിയാല്‍ അവിടുത്തോടുകൂടി ജീവിക്കും. നിങ്ങള്‍ വിശ്വാസജീവിതം നയിക്കുന്നുണ്ടോ എന്നു സ്വയം പരിശോധിക്കുക; നിങ്ങളെത്തന്നെ പരീക്ഷിക്കുക. നിശ്ചയമായും ക്രിസ്തുയേശു നിങ്ങളിലുണ്ടെന്നു നിങ്ങള്‍ അറിയുന്നില്ലേ? -ഇല്ലെങ്കില്‍ നിങ്ങള്‍ പൂര്‍ണമായും പരാജയമടഞ്ഞിരിക്കുന്നു. ഞങ്ങള്‍ പരാജയപ്പെട്ടില്ലെന്നു നിങ്ങള്‍ക്കറിയാം എന്നാണ് എന്‍റെ വിശ്വാസം. നിങ്ങള്‍ ഒരു തിന്മയും ചെയ്യാതിരിക്കേണ്ടതിനു ഞങ്ങള്‍ ദൈവത്തോടു പ്രാര്‍ഥിക്കുന്നു. ഞങ്ങളുടെ ജീവിതം ഒരു വിജയമാണെന്നു കാണിക്കേണ്ടതിനല്ല അപ്രകാരം ചെയ്യുന്നത്. ഞങ്ങളുടെ ജീവിതം പരാജയമാണെന്നു തോന്നിയാല്‍ത്തന്നെയും, നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കണം. സത്യത്തിനുവേണ്ടിയല്ലാതെ അതിനു വിരുദ്ധമായി ഒന്നും ചെയ്യുവാന്‍ ഞങ്ങള്‍ക്കു സാധ്യമല്ല. ഞങ്ങള്‍ ബലഹീനരും നിങ്ങള്‍ ശക്തരുമാകുമ്പോള്‍ ഞങ്ങള്‍ സന്തോഷിക്കുന്നു; നിങ്ങള്‍ പൂര്‍ണത പ്രാപിക്കുവാന്‍ ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. അതുകൊണ്ടാണ് ദൂരെയിരുന്നുകൊണ്ട് ഞാന്‍ ഇതെഴുതുന്നത്; ഞാന്‍ വരുമ്പോള്‍ കര്‍ത്താവ് എനിക്കു നല്‌കിയിരിക്കുന്ന അധികാരമുപയോഗിച്ച് നിങ്ങളോട് കര്‍ക്കശമായി പെരുമാറുവാന്‍ ഇടയാകരുതല്ലോ. എനിക്കു നല്‌കപ്പെട്ടിരിക്കുന്ന അധികാരം ഇടിച്ചു നിരത്തുവാനുള്ളതല്ല, പടുത്തുയര്‍ത്തുവാനുള്ളതാകുന്നു. എന്‍റെ സഹോദരരേ, നിങ്ങള്‍ക്കു വന്ദനം! പൂര്‍ണതയിലെത്തുവാന്‍ പരിശ്രമിക്കുക; എന്‍റെ അഭ്യര്‍ഥനകള്‍ നിങ്ങള്‍ ശ്രദ്ധിക്കുകയും വേണം. ഏക മനസ്സുള്ളവരായിരിക്കുക; സമാധാനമായി ജീവിക്കുക. എന്നാല്‍ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ദൈവം നിങ്ങളോടുകൂടിയിരിക്കും. വിശുദ്ധ ചുംബനംകൊണ്ട് പരസ്പരം അഭിവാദനം ചെയ്യുക. നിങ്ങള്‍ക്ക് എല്ലാ ദൈവജനങ്ങളുടെയും അഭിവാദനങ്ങള്‍! കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപയും ദൈവത്തിന്‍റെ സ്നേഹവും പരിശുദ്ധാത്മാവിന്‍റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കട്ടെ. മനുഷ്യരില്‍നിന്നോ, മനുഷ്യന്‍ മുഖേനയോ അല്ല, യേശുക്രിസ്തുവിനാലും മരിച്ചവരില്‍നിന്ന് അവിടുത്തെ ഉയിര്‍പ്പിച്ച പിതാവായ ദൈവത്തിനാലും അപ്പോസ്തോലനായി വിളിക്കപ്പെട്ടിരിക്കുന്ന പൗലൊസ് എഴുതുന്നു: ഗലാത്യയിലെ സഭകള്‍ക്ക് എന്‍റെയും എന്നോടുകൂടി ഇവിടെയുള്ള എല്ലാ സഹോദരരുടെയും അഭിവാദനങ്ങള്‍. നമ്മുടെ പിതാവായ ദൈവവും കര്‍ത്താവായ യേശുക്രിസ്തുവും നിങ്ങള്‍ക്കു കൃപയും സമാധാനവും നല്‌കുമാറാകട്ടെ. ദുഷ്ടത നിറഞ്ഞ ഈ യുഗത്തില്‍നിന്നു നമ്മെ സ്വതന്ത്രരാക്കുന്നതിന് നമ്മുടെ പിതാവായ ദൈവത്തിന്‍റെ തിരുഹിതമനുസരിച്ച് നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി ക്രിസ്തു സ്വയം അര്‍പ്പിച്ചു. ദൈവത്തിന് എന്നെന്നേക്കും മഹത്ത്വമുണ്ടാകട്ടെ! ആമേന്‍. ക്രിസ്തുവിന്‍റെ കൃപയാലാണ് നിങ്ങള്‍ വിളിക്കപ്പെട്ടത്. നിങ്ങളെ വിളിച്ചവനെ ഇത്ര പെട്ടെന്ന് ഉപേക്ഷിച്ച് മറ്റൊരു സുവിശേഷം നിങ്ങള്‍ സ്വീകരിച്ചതില്‍ ഞാന്‍ ആശ്ചര്യപ്പെടുന്നു! വാസ്തവത്തില്‍ മറ്റൊരു സുവിശേഷവുമില്ല. നിങ്ങളെ തകിടം മറിക്കാനും, ക്രിസ്തുവിന്‍റെ സുവിശേഷത്തെ മാറ്റിമറിക്കാനും ശ്രമിക്കുന്ന ചിലരുള്ളതുകൊണ്ടാണ് ഞാനിതു പറയുന്നത്. എന്നാല്‍ ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം നിങ്ങളോടു പ്രസംഗിക്കുന്നത് ഞങ്ങള്‍ തന്നെ ആയാലും സ്വര്‍ഗത്തില്‍നിന്നുള്ള ഒരു മാലാഖ ആയാലും ശപിക്കപ്പെട്ടവന്‍ ആകുന്നു. ഞങ്ങള്‍ നേരത്തെ നിങ്ങളോടു പറഞ്ഞിട്ടുള്ളതു വീണ്ടും പറയുന്നു. നിങ്ങള്‍ സ്വീകരിച്ച ആ സുവിശേഷത്തില്‍നിന്നു വിഭിന്നമായ സുവിശേഷം ആരുതന്നെ പ്രസംഗിച്ചാലും അയാള്‍ ശപിക്കപ്പെട്ടവനാകുന്നു. മനുഷ്യരുടെ അംഗീകാരം നേടുന്നതിനുവേണ്ടി ഞാന്‍ ശ്രമിക്കുന്നു എന്നു തോന്നുന്നുവോ? ഒരിക്കലുമില്ല! എനിക്കു വേണ്ടത് ദൈവത്തിന്‍റെ അംഗീകാരമാണ്! ജനസമ്മിതി നേടാന്‍വേണ്ടിയാണോ ഞാന്‍ ശ്രമിക്കുന്നത്? അപ്രകാരം ചെയ്യുന്നപക്ഷം ഞാന്‍ ക്രിസ്തുവിന്‍റെ ദാസനായിരിക്കുകയില്ല. സഹോദരരേ, ഞാന്‍ നിങ്ങളോടു പറയട്ടെ: ഞാന്‍ പ്രസംഗിക്കുന്ന സുവിശേഷം മനുഷ്യനില്‍നിന്ന് ഉദ്ഭവിക്കുന്നതല്ല. അത് ഏതെങ്കിലും മനുഷ്യനില്‍നിന്ന് എനിക്കു ലഭിക്കുകയോ, ആരെങ്കിലും എന്നെ പഠിപ്പിക്കുകയോ ചെയ്തതുമല്ല. യേശുക്രിസ്തുതന്നെയാണ് അത് എനിക്കു വെളിപ്പെടുത്തിത്തന്നത്. യെഹൂദമതാവലംബി ആയിരുന്നപ്പോള്‍ എങ്ങനെയാണു ഞാന്‍ ജീവിച്ചതെന്നു നിങ്ങള്‍ കേട്ടിരിക്കുമല്ലോ. അന്നു ദൈവത്തിന്‍റെ സഭയെ പീഡിപ്പിക്കുവാനും അതിനെ നശിപ്പിക്കുവാനും ഞാന്‍ പരമാവധി പരിശ്രമിച്ചു. മതാനുഷ്ഠാനത്തില്‍ ഞാന്‍ എന്‍റെ സമകാലികരായ യെഹൂദന്മാരുടെ മുന്‍പന്തിയിലായിരുന്നു; പൂര്‍വികരുടെ പാരമ്പര്യങ്ങള്‍ പാലിക്കുന്നതില്‍ അതീവ നിഷ്ഠയുള്ളവനും ആയിരുന്നു. [15,16] എന്നാല്‍ ഞാന്‍ ജനിക്കുന്നതിനുമുമ്പുതന്നെ ദൈവം തിരുകൃപയാല്‍ എന്നെ തിരഞ്ഞെടുത്ത് വിജാതീയരോടു സുവിശേഷം പ്രസംഗിക്കുവാന്‍ അവിടുത്തെ പുത്രനെ എനിക്കു വെളിപ്പെടുത്തിത്തന്നു. അങ്ങനെ എന്നെ വിളിച്ചപ്പോള്‍ ഉപദേശം തേടി ഞാന്‍ ആരുടെയും അടുക്കല്‍ പോയില്ല. *** എനിക്കു മുമ്പ് അപ്പോസ്തോലന്മാരായവരെ കാണാന്‍ ഞാന്‍ യെരൂശലേമിലേക്കും പോയില്ല. പിന്നെയോ, ഉടനെതന്നെ ഞാന്‍ അറേബ്യയിലേക്കു പോകുകയും അവിടെനിന്നു ദമാസ്കസിലേക്കു തിരിച്ചുവരികയുമാണ് ചെയ്തത്. പത്രോസിനെ കണ്ടു വിവരങ്ങള്‍ അറിയുവാന്‍ ഞാന്‍ യെരൂശലേമിലേക്കു പോകുകയും പതിനഞ്ചു ദിവസം അദ്ദേഹത്തിന്‍റെ കൂടെ പാര്‍ക്കുകയും ചെയ്തത് മൂന്നു വര്‍ഷത്തിനു ശേഷമാണ്. കര്‍ത്താവിന്‍റെ സഹോദരന്‍ യാക്കോബിനെ അല്ലാതെ അപ്പോസ്തോലന്മാരില്‍ വേറെ ആരെയും ഞാന്‍ കണ്ടില്ല. ഞാന്‍ എഴുതുന്ന ഇക്കാര്യങ്ങള്‍ വ്യാജമല്ല എന്നു ദൈവം അറിയുന്നു. പിന്നീടു ഞാന്‍ സിറിയ, കിലിക്യപ്രദേശങ്ങളിലേക്കു പോയി. ആ സമയത്ത് യെഹൂദ്യയിലുള്ള സഭാംഗങ്ങളും ഞാനും തമ്മില്‍ മുഖപരിചയം ഉണ്ടായിരുന്നില്ല. “നമ്മെ പീഡിപ്പിച്ചു വന്നിരുന്ന ആ മനുഷ്യന്‍, താന്‍ നിര്‍മാര്‍ജനം ചെയ്യുവാന്‍ ശ്രമിച്ച വിശ്വാസത്തെപ്പറ്റി ഇപ്പോള്‍ പ്രസംഗിക്കുന്നു” എന്ന് അവര്‍ കേട്ടു. അങ്ങനെ ഞാന്‍ നിമിത്തം അവര്‍ ദൈവത്തെ സ്തുതിച്ചു. പിന്നീട് പതിനാല് വര്‍ഷം കഴിഞ്ഞ് ബര്‍നബാസിനോടുകൂടി ഞാന്‍ വീണ്ടും യെരൂശലേമിലേക്കു പോയി. തീത്തോസിനെയും എന്‍റെകൂടെ കൊണ്ടുപോയിരുന്നു. ദൈവത്തിന്‍റെ ഒരു വെളിപാടു ലഭിച്ചതുകൊണ്ടാണ് ഞാന്‍ അങ്ങോട്ടു പോയത്. അവിടത്തെ നേതാക്കന്മാരെ തനിച്ചു കണ്ട് വിജാതീയരോടു ഞാന്‍ പ്രസംഗിച്ചുവന്ന സുവിശേഷം അവര്‍ക്കു വിശദീകരിച്ചുകൊടുത്തു. ഞാന്‍ ചെയ്തതും ചെയ്യുന്നതുമായ പ്രവൃത്തി വിഫലമായിത്തീരാതിരിക്കുവാനാണ് അപ്രകാരം ചെയ്തത്. എന്‍റെ കൂടെയുണ്ടായിരുന്ന തീത്തോസ് ഗ്രീക്കുകാരനായിരുന്നെങ്കിലും പരിച്ഛേദനകര്‍മത്തിനു വിധേയനാകണമെന്ന് അയാളെ ആരും നിര്‍ബന്ധിച്ചില്ല. എന്നാല്‍ അതിനു വിധേയനാക്കണമെന്നു ചിലര്‍ക്ക് ഉദ്ദേശ്യമുണ്ടായിരുന്നു. ക്രിസ്തുയേശുവിനോടുള്ള ഐക്യത്തില്‍ ഞങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം എങ്ങനെയുള്ളതാണെന്നു കണ്ടുപിടിക്കുന്നതിനുവേണ്ടി അവര്‍ സഹവിശ്വാസികളെന്ന ഭാവത്തില്‍ ഞങ്ങളുടെ സംഘത്തില്‍ ഒറ്റുകാരായി നുഴഞ്ഞുകയറി. നമ്മെ അടിമകളാക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. സുവിശേഷസത്യം നിങ്ങള്‍ക്കുവേണ്ടി സുരക്ഷിതമായി നിലനിറുത്തേണ്ടിയിരുന്നതുകൊണ്ട് ഒരു നിമിഷംപോലും ഞങ്ങള്‍ അവര്‍ക്കു വിധേയരായില്ല. പ്രമാണിമാരെപ്പോലെ കാണപ്പെട്ട അവര്‍ ആരുതന്നെ ആയാലും വേണ്ടില്ല; ഞാന്‍ പറഞ്ഞതില്‍ കൂടുതലായി ഒന്നുംതന്നെ അവര്‍ നിര്‍ദേശിച്ചില്ല. പുറമേ എങ്ങനെയുള്ളവരാണെന്നു നോക്കിയല്ലല്ലോ ദൈവം വിധിക്കുന്നത്. നേരെമറിച്ച് യെഹൂദന്മാരോടു സുവിശേഷം പ്രസംഗിക്കുന്ന ചുമതല പത്രോസിനെ ഏല്പിച്ചിരിക്കുന്നതുപോലെ, വിജാതീയരോടു സുവിശേഷം പ്രസംഗിക്കുന്ന ചുമതല എന്നെ ദൈവം ഏല്പിച്ചിരിക്കുന്നു എന്ന് അവര്‍ക്കു ബോധ്യമായി. പത്രോസില്‍ വ്യാപരിച്ച ദൈവശക്തി അദ്ദേഹത്തെ യെഹൂദന്മാരുടെ അപ്പോസ്തോലനാക്കി. ആ ശക്തിയുടെ വ്യാപാരം തന്നെയാണ് എന്നെ വിജാതീയരുടെ അപ്പോസ്തോലന്‍ ആക്കിയത്. ഈ പ്രത്യേക ചുമതല എന്നെ ഏല്പിച്ചിരിക്കുന്നു എന്നു ബോധ്യമായപ്പോള്‍, സഭയുടെ നെടുംതൂണുകളായി ഗണിക്കപ്പെട്ടിരുന്ന യാക്കോബും പത്രോസും യോഹന്നാനും എന്‍റെയും ബര്‍നബാസിന്‍റെയും നേരേ സൗഹൃദഹസ്തം നീട്ടി. അങ്ങനെ ഞങ്ങള്‍ വിജാതീയരുടെ ഇടയിലും, അവര്‍ യെഹൂദന്മാരുടെ ഇടയിലും പ്രവര്‍ത്തിക്കുന്നു. ദരിദ്രരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നല്ലാതെ മറ്റൊന്നും അവര്‍ പറഞ്ഞില്ല. അക്കാര്യത്തില്‍ ഞാന്‍ ശ്രദ്ധിച്ചുമിരുന്നു. പത്രോസ് അന്ത്യോക്യയില്‍ വന്നപ്പോള്‍ അദ്ദേഹം ചെയ്തത് ശരിയല്ലാഞ്ഞതുകൊണ്ട് മുഖത്തുനോക്കി ഞാന്‍ അദ്ദേഹത്തെ എതിര്‍ത്തു. യാക്കോബിന്‍റെ അടുക്കല്‍നിന്നു വന്ന ഏതാനും പേര്‍ അവിടെ എത്തുന്നതിനുമുമ്പ്, അദ്ദേഹം വിജാതീയ സഹോദരന്മാരോടുകൂടി ഭക്ഷണം കഴിച്ചു വന്നിരുന്നു. എന്നാല്‍ അവര്‍ വന്നുകഴിഞ്ഞ് ആ പതിവു നിറുത്തി അവരില്‍നിന്ന് അകന്നുനിന്നു. എന്തുകൊണ്ടെന്നാല്‍ പരിച്ഛേദനവാദികളെ അദ്ദേഹം ഭയപ്പെട്ടു. പത്രോസിനോടൊപ്പം ഇതരയെഹൂദ സഹോദരന്മാരും ഭീരുക്കളെപ്പോലെ പെരുമാറുവാന്‍ തുടങ്ങി; ബര്‍നബാസുപോലും ഈ കാപട്യത്തിനു വഴിപ്പെട്ടു. അവര്‍ സുവിശേഷസത്യം അനുസരിച്ചല്ല നടക്കുന്നതെന്നു കണ്ടപ്പോള്‍ എല്ലാവരുടെയും മുമ്പില്‍വച്ച് ഞാന്‍ പത്രോസിനോടു പറഞ്ഞു: “താങ്കള്‍ ഒരു യെഹൂദനായിരുന്നിട്ടും യെഹൂദമര്യാദപ്രകാരമല്ല, വിജാതീയനെപ്പോലെയാണു ജീവിക്കുന്നത്; അങ്ങനെയെങ്കില്‍ യെഹൂദന്മാരെപ്പോലെ ജീവിക്കണമെന്നു വിജാതീയരെ നിങ്ങള്‍ നിര്‍ബന്ധിക്കുന്നതെന്തിന്?” “നാം ജന്മനാ യെഹൂദന്മാരാണ്, വിജാതീയരായ പാപികളല്ല” എന്നിരുന്നാലും ഒരുവന്‍ കുറ്റമറ്റവനായി ദൈവത്താല്‍ അംഗീകരിക്കപ്പെടുന്നത് യെഹൂദമതനിയമം പാലിക്കുന്നതുകൊണ്ടല്ല, യേശുക്രിസ്തുവിലുള്ള വിശ്വാസംകൊണ്ടു മാത്രമാകുന്നു എന്നു നമുക്ക് അറിയാമല്ലോ. നിയമങ്ങള്‍ അനുസരിക്കുന്നതുകൊണ്ടല്ല, പ്രത്യുത ക്രിസ്തുവിലുള്ള വിശ്വാസംമൂലമാണ് ദൈവത്താല്‍ അംഗീകരിക്കപ്പെടുന്നതെന്നു നാം അറിയുന്നു. എന്തുകൊണ്ടെന്നാല്‍ നിയമങ്ങള്‍ പാലിക്കുന്നതുകൊണ്ടു മാത്രം ആരും കുറ്റമറ്റവനായി ദൈവത്താല്‍ അംഗീകരിക്കപ്പെടുന്നില്ല. ക്രിസ്തുവിനോട് ഐക്യപ്പെട്ട് ദൈവത്താല്‍ കുറ്റമറ്റവരായി അംഗീകരിക്കപ്പെടുവാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ നാം വിജാതീയരെപ്പോലെ ‘പാപികളായി’ ഭവിക്കുന്നു. ഇതിന്‍റെ അര്‍ഥം ക്രിസ്തു പാപത്തിനു കാരണഭൂതനാണെന്നാണോ? ഒരിക്കലുമല്ല. ഞാന്‍ ഇടിച്ചുപൊളിച്ചതു ഞാന്‍ തന്നെ വീണ്ടും കെട്ടിപ്പടുക്കുന്നെങ്കില്‍ ഞാന്‍ നിയമലംഘനക്കാരന്‍ എന്നു സ്വയം തെളിയിക്കുകയാണ്. ദൈവത്തിനായി ജീവിക്കുന്നതിനുവേണ്ടി യെഹൂദമത നിയമത്തെ സംബന്ധിച്ചിടത്തോളം ഞാന്‍ മരിച്ചു-നിയമത്താല്‍തന്നെ കൊല്ലപ്പെട്ടു. ക്രിസ്തുവിനോടുകൂടി ഞാന്‍ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല; എന്നില്‍ ജീവിക്കുന്നതു ക്രിസ്തുവാകുന്നു. ഇപ്പോഴത്തെ എന്‍റെ ജീവിതമാകട്ടെ, എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്‍റെ ജീവന്‍ നല്‌കുകയും ചെയ്ത ദൈവപുത്രനിലുള്ള വിശ്വാസത്താലാകുന്നു. ദൈവകൃപ ഞാന്‍ നിരസിക്കുന്നില്ല. യെഹൂദമതനിയമംകൊണ്ട് ദൈവത്തിന്‍റെ അംഗീകാരം ലഭിക്കുമെങ്കില്‍ ക്രിസ്തുവിന്‍റെ മരണം വ്യര്‍ഥമാണല്ലോ. ബുദ്ധികെട്ട ഗലാത്യക്കാരേ! യേശുക്രിസ്തുവിന്‍റെ കുരിശിലെ മരണം നിങ്ങളുടെ കണ്‍മുമ്പില്‍ സ്പഷ്ടമായി ചിത്രീകരിച്ചിരിക്കെ, ആരാണ് ക്ഷുദ്രപ്രയോഗം ചെയ്തു നിങ്ങളെ മയക്കിയത്? ഒരു കാര്യം എന്നോടു പറയുക: നിങ്ങള്‍ക്കു ദൈവത്തിന്‍റെ ആത്മാവു ലഭിച്ചത് നിയമം അനുശാസിക്കുന്ന കര്‍മങ്ങള്‍ അനുഷ്ഠിച്ചതുകൊണ്ടാണോ, അതോ സുവിശേഷം കേട്ടു വിശ്വസിച്ചതുകൊണ്ടാണോ? നിങ്ങള്‍ ഇത്ര ബുദ്ധിഹീനരോ! ദൈവാത്മാവില്‍ ആരംഭിച്ചിട്ട്, നിങ്ങളുടെ ശാരീരികമായ കര്‍മാനുഷ്ഠാനങ്ങളില്‍ ഇപ്പോള്‍ അവസാനിപ്പിക്കുന്നുവോ? നിങ്ങള്‍ സഹിച്ച പീഡനങ്ങളെല്ലാം തീര്‍ത്തും വ്യര്‍ഥമായി എന്നോ? നിശ്ചയമായും അവ വ്യര്‍ഥമല്ലല്ലോ. ദൈവം നിങ്ങള്‍ക്ക് ആത്മാവിനെ നല്‌കുകയും നിങ്ങളുടെ ഇടയില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് നിങ്ങള്‍ നിയമം അനുശാസിക്കുന്ന കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതുകൊണ്ടോ, അതോ സുവിശേഷം കേട്ടു വിശ്വസിക്കുന്നതുകൊണ്ടോ? അബ്രഹാമിന്‍റെ അനുഭവം എന്തായിരുന്നു? അബ്രഹാം ദൈവത്തില്‍ വിശ്വസിച്ചു; ആ വിശ്വാസം നിമിത്തം അദ്ദേഹത്തെ നീതിമാനായി ദൈവം അംഗീകരിച്ചു എന്നു വേദഗ്രന്ഥത്തില്‍ പറയുന്നുണ്ടല്ലോ. അതിനാല്‍ വിശ്വാസമുള്ളവരാണ് അബ്രഹാമിന്‍റെ യഥാര്‍ഥ സന്താനങ്ങള്‍ എന്നു നിങ്ങള്‍ മനസ്സിലാക്കണം. വിശ്വാസത്താല്‍ വിജാതീയരെ ദൈവം കുറ്റമറ്റവരായി അംഗീകരിക്കുമെന്ന് വേദഗ്രന്ഥത്തില്‍ മുന്‍കൂട്ടി പറഞ്ഞിട്ടുണ്ട്: “നിന്നില്‍ക്കൂടി മാനവവംശം മുഴുവന്‍ അനുഗ്രഹിക്കപ്പെടും” എന്ന സദ്‍വാര്‍ത്ത അബ്രഹാമിനെ നേരത്തെതന്നെ ദൈവം അറിയിച്ചിരുന്നു. അബ്രഹാം വിശ്വസിക്കുകയും ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു; അതുപോലെ വിശ്വസിക്കുന്ന എല്ലാവരും വിശ്വാസിയായ അബ്രഹാമിനോടൊപ്പം അനുഗ്രഹിക്കപ്പെടും. നിയമം അനുശാസിക്കുന്ന കര്‍മാനുഷ്ഠാനങ്ങളെ ആശ്രയിക്കുന്നവന്‍ ശാപത്തിന് അധീനനാണ്. “നിയമഗ്രന്ഥത്തില്‍ എഴുതിയിട്ടുള്ളതു സമസ്തവും എപ്പോഴും അനുസരിക്കാത്ത ഏതൊരുവനും ശാപത്തിനു വിധേയനാകുന്നു” എന്നാണല്ലോ വേദഗ്രന്ഥത്തില്‍ പറയുന്നത്. അതിനാല്‍ നിയമസംഹിത മുഖേന ആരും ദൈവത്തിന്‍റെ മുമ്പില്‍ കുറ്റമറ്റവനായി തീരുന്നില്ലെന്നുള്ളതു സ്പഷ്ടമാണ്. എന്തുകൊണ്ടെന്നാല്‍ ‘വിശ്വാസംമൂലം ദൈവസമക്ഷം കുറ്റമറ്റവനായി അംഗീകരിക്കപ്പെടുന്നവന്‍ ജീവിക്കും’ എന്നു വേദഗ്രന്ഥത്തില്‍ പറയുന്നു. എന്നാല്‍ ‘നിയമം വിശ്വാസത്തില്‍ അധിഷ്ഠിതമല്ല; ധര്‍മശാസ്ത്ര വിധികളെല്ലാം ആചരിക്കുന്നവര്‍ അവയാല്‍ ജീവിക്കും’ എന്നു പറയുന്നുണ്ടല്ലോ. എന്നാല്‍ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീര്‍ന്നതുകൊണ്ട്, നിയമത്തിന്‍റെ ശാപത്തില്‍നിന്ന് നമ്മെ വീണ്ടെടുത്തിരിക്കുന്നു. ‘മരത്തില്‍ തൂക്കപ്പെടുന്ന ഏതൊരുവനും ശപിക്കപ്പെട്ടവനാണ്’ എന്നു വേദഗ്രന്ഥത്തില്‍ പറയുന്നുണ്ട്. അതുകൊണ്ട്, അബ്രഹാമിനോടു ദൈവം വാഗ്ദാനം ചെയ്ത അനുഗ്രഹം യേശുക്രിസ്തുവിനോടുള്ള ഐക്യത്തില്‍ വിജാതീയര്‍ക്കു ലഭിക്കുകയും ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള ആത്മാവിനെ വിശ്വാസത്തിലൂടെ നാം പ്രാപിക്കുകയും ചെയ്യുന്നു. സഹോദരരേ, സാധാരണജീവിതത്തില്‍നിന്ന് ഒരു ദൃഷ്ടാന്തം ഞാന്‍ ഉദ്ധരിക്കട്ടെ: ഒരു കാര്യം സംബന്ധിച്ച് രണ്ടുപേര്‍ ഒരു ഉടമ്പടി ഉണ്ടാക്കിയാല്‍ മറ്റാര്‍ക്കും അത് അസാധുവാക്കുവാനോ, അതില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുവാനോ സാധ്യമല്ല. ദൈവത്തിന്‍റെ വാഗ്ദാനങ്ങള്‍ അബ്രഹാമിനും അദ്ദേഹത്തിന്‍റെ സന്തതിക്കുമാണ് നല്‌കപ്പെട്ടത്. അനേകം ആളുകള്‍ എന്നര്‍ഥം വരുന്ന ബഹുവചനമല്ല, ഒരാള്‍ എന്ന് അര്‍ഥം ധ്വനിക്കുന്ന ഏകവചനമായ ‘നിന്‍റെ സന്തതിക്കും’ എന്നത്രേ വേദഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നത്. ‘നിന്‍റെ സന്തതി’ എന്നു പറയുന്നത് ക്രിസ്തുവിനെക്കുറിച്ചാണ്. ഞാന്‍ പറയുന്നതിന്‍റെ സാരം ഇതാണ്: ദൈവം അബ്രഹാമിനോട് ഒരു ഉടമ്പടി ചെയ്തു. അതു പാലിക്കുമെന്ന് വാഗ്ദാനവും ചെയ്തു. നാനൂറ്റിമുപ്പതു വര്‍ഷം കഴിഞ്ഞു നല്‌കപ്പെട്ട നിയമസംഹിതയ്‍ക്ക് ദൈവത്തിന്‍റെ ഉടമ്പടിയെ അസാധുവാക്കുന്നതിനോ വാഗ്ദാനം ഉപേക്ഷിക്കുന്നതിനോ സാധ്യമല്ല. എന്തെന്നാല്‍ ദൈവം നല്‌കുന്ന അവകാശം നിയമത്തെയാണ് ആശ്രയിച്ചിരിക്കുന്നതെങ്കില്‍, അതൊരിക്കലും വാഗ്ദാനത്തെ ആശ്രയിച്ചുള്ളതായിരിക്കുകയില്ല. വാഗ്ദാനംമൂലമാണ് ദൈവം അബ്രഹാമിന് ആ അവകാശം നല്‌കിയത്. അങ്ങനെയെങ്കില്‍ നിയമം എന്തിന്? വാഗ്ദാനം ചെയ്യപ്പെട്ട സന്തതിയുടെ ആഗമനംവരെ നിയമലംഘനം ചൂണ്ടിക്കാണിച്ചു തരുന്നതിനുവേണ്ടി അതു വാഗ്ദാനത്തോടു ചേര്‍ത്തുതന്നതാണ്. മാലാഖമാര്‍ മുഖേന അതൊരു മധ്യസ്ഥനെ ഏല്പിച്ചു. എന്നാല്‍ ഒരുവന്‍ മാത്രമുള്ളിടത്ത് മധ്യസ്ഥന്‍റെ ആവശ്യമില്ല. ദൈവം ഏകനാണല്ലോ. അങ്ങനെയെങ്കില്‍ നിയമം ദൈവത്തിന്‍റെ വാഗ്ദാനങ്ങള്‍ക്കു വിരുദ്ധമാണെന്നോ? ഒരിക്കലുമല്ല; ജീവന്‍ പ്രദാനം ചെയ്യുവാന്‍ കഴിയുന്ന നിയമസംഹിത ഉണ്ടായിരുന്നെങ്കില്‍ അതിലെ അനുശാസനങ്ങള്‍ അനുഷ്ഠിക്കുന്നതിനാല്‍ മനുഷ്യര്‍ ദൈവത്തിന്‍റെ മുമ്പില്‍ കുറ്റമറ്റവരായി തീരുമായിരുന്നല്ലോ. എന്നാല്‍ വേദഗ്രന്ഥത്തിലെ പ്രസ്താവനയനുസരിച്ച് സമസ്തലോകവും പാപത്തിന്‍റെ അധികാരത്തിന്‍കീഴിലാണ്. അതുകൊണ്ട്, യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന അവകാശം വിശ്വസിക്കുന്നവര്‍ക്കു നല്‌കപ്പെടുന്നു. ഈ വിശ്വാസം കൈവരുന്നതിനുമുമ്പ്, ദൈവം ഈ വിശ്വാസം നമുക്കു പ്രത്യക്ഷമാക്കുന്നതുവരെ, നിയമസംഹിത നമ്മെ എല്ലാവരെയും തടവുപുള്ളികളെപ്പോലെ ബന്ധിച്ചിരുന്നു. വിശ്വാസത്തിലൂടെ നാം ദൈവത്തിന്‍റെ മുമ്പില്‍ കുറ്റമറ്റവരായി അംഗീകരിക്കപ്പെടുന്നതിന് ക്രിസ്തു വരുന്നതുവരെ, നിയമം നമ്മെ ക്രിസ്തുവിലേക്കു നയിക്കുന്ന സംരക്ഷകനായിരുന്നു. ഇപ്പോഴാകട്ടെ, യേശുക്രിസ്തുവില്‍ വിശ്വസിക്കേണ്ട കാലമായതുകൊണ്ട്, നിയമം ഇനിയും നമ്മുടെ സംരക്ഷകനല്ല. ക്രിസ്തുയേശുവിലുള്ള വിശ്വാസം മുഖേന നിങ്ങളെല്ലാവരും ദൈവത്തിന്‍റെ മക്കളാകുന്നു. ക്രിസ്തുവിനോടുള്ള ഐക്യത്തിനുവേണ്ടി സ്നാപനം ചെയ്യപ്പെട്ട നിങ്ങളെല്ലാവരും ക്രിസ്തുവിന്‍റെ ജീവന്‍ ധരിച്ചിരിക്കുന്നു. അതുകൊണ്ട്, യൂദനെന്നോ യൂദേതരനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ, പുരുഷനെന്നോ സ്‍ത്രീയെന്നോ ഉള്ള ഭേദമില്ല. നിങ്ങളെല്ലാവരും ക്രിസ്തുയേശുവിലുള്ള ഐക്യത്തില്‍ ഒന്നാകുന്നു. നിങ്ങള്‍ ക്രിസ്തുവിനുള്ളവരാണെങ്കില്‍, അബ്രഹാമിന്‍റെ സന്തതികളും ദൈവത്തിന്‍റെ വാഗ്ദാനപ്രകാരം അവകാശികളുമാകുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പിതാവിന്‍റെ സ്വത്ത് അവകാശിക്കു ലഭിക്കുമെങ്കിലും, അവന്‍ ശിശുവായിരിക്കുമ്പോള്‍ എല്ലാറ്റിന്‍റെയും ഉടമസ്ഥനാണെങ്കില്‍കൂടി, അടിമയ്‍ക്കു സമനാണ്. പിതാവു നിശ്ചയിക്കുന്ന സമയംവരെ, തന്നെ സംരക്ഷിക്കുന്നതിനും തന്‍റെ കാര്യങ്ങള്‍ നോക്കുന്നതിനും നിയോഗിക്കപ്പെട്ടിട്ടുള്ളവരുടെ കീഴിലായിരിക്കും അവന്‍. അതുപോലെതന്നെ നാം ആത്മീയപക്വത പ്രാപിക്കുന്നതുവരെ, പ്രപഞ്ചത്തിന്‍റെ ബാലപാഠങ്ങള്‍ക്ക് അടിമകളായിരുന്നു. എന്നാല്‍ കാലത്തികവില്‍ ദൈവം തന്‍റെ പുത്രനെ അയച്ചു. അവിടുന്ന് ഒരു സ്‍ത്രീയുടെ പുത്രനായി ജനിച്ചു. യെഹൂദനിയമത്തിന് അധീനനായി അവിടുന്നു ജീവിക്കുകയും ചെയ്തു. നിയമത്തിന്‍ കീഴിലുള്ളവരെ വീണ്ടെടുക്കുന്നതിനും, അങ്ങനെ നമുക്കു പുത്രത്വം ലഭിക്കുന്നതിനുംവേണ്ടിയാണ് അവിടുന്നു വന്നത്. “അബ്ബാ-എന്‍റെ പിതാവേ!” എന്നു വിളിക്കുന്ന പുത്രന്‍റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിലേക്ക് അയച്ചതില്‍നിന്ന് നിങ്ങള്‍ അവിടുത്തെ പുത്രന്മാരാണെന്നു തെളിയുന്നു. അതുകൊണ്ട് നീ ഇനി അടിമയല്ല, പുത്രനാണ്. പുത്രനായതുകൊണ്ട് തന്‍റെ പുത്രന്മാര്‍ക്കുള്ളതെല്ലാം ദൈവം നിനക്കു നല്‌കും. മുമ്പ് നിങ്ങള്‍ ദൈവത്തെ അറിഞ്ഞിരുന്നില്ല; അതുകൊണ്ട് നിങ്ങള്‍ സത്യദൈവമല്ലാത്ത മറ്റു ദൈവങ്ങളുടെ അടിമകളായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ സാക്ഷാല്‍ ദൈവത്തെ അറിയുന്നു-അഥവാ ദൈവം നിങ്ങളെ അറിയുന്നു എന്നു പറയുകയായിരിക്കും കൂടുതല്‍ ശരി. അപ്പോള്‍ ദുര്‍ബലവും വ്യര്‍ഥവുമായ പ്രാപഞ്ചികശക്തികളെ അനുസരിക്കുവാന്‍ അവയുടെ അടുക്കലേക്കു തിരിച്ചുപോകുന്നതിന് നിങ്ങള്‍ എങ്ങനെ ആഗ്രഹിക്കും? വീണ്ടും അവയുടെ അടിമകളായിത്തീരുന്നതിനു നിങ്ങള്‍ താത്പര്യപ്പെടുന്നത് എന്തുകൊണ്ട്? ചില ദിവസങ്ങളും മാസങ്ങളും മുഹൂര്‍ത്തങ്ങളും വര്‍ഷങ്ങളും നിങ്ങള്‍ ആചരിക്കുന്നുവല്ലോ! നിങ്ങള്‍ക്കുവേണ്ടിയുള്ള എന്‍റെ അധ്വാനം വ്യര്‍ഥമായിത്തീരുമോ എന്നു ഞാന്‍ ഭയപ്പെടുന്നു. എന്‍റെ സഹോദരരേ, നിങ്ങള്‍ എന്നെപ്പോലെ ആകണമെന്നാണ് എന്‍റെ അപേക്ഷ; ഞാനും നിങ്ങളെപ്പോലെ ആയല്ലോ. നിങ്ങള്‍ എന്നോട് ഒരു അന്യായവും ചെയ്തിട്ടില്ല. എന്‍റെ ശാരീരിക ബലഹീനതയാണ് സുവിശേഷം പ്രസംഗിക്കുവാന്‍ ആദ്യമായി എനിക്ക് അവസരമുണ്ടാക്കിയത് എന്നു നിങ്ങള്‍ ഓര്‍ക്കുന്നുണ്ടായിരിക്കുമല്ലോ. എന്‍റെ രോഗം നിങ്ങള്‍ക്ക് ഒരു വലിയ പരീക്ഷണമായിരുന്നിട്ടും നിങ്ങള്‍ എന്നെ നിന്ദിക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്തില്ല. മറിച്ച്, സ്വര്‍ഗത്തില്‍ നിന്നു വന്ന ഒരു മാലാഖയെപ്പോലെ നിങ്ങള്‍ എന്നെ കൈക്കൊള്ളുകയാണു ചെയ്തത്; ക്രിസ്തുയേശുവിനെ എന്നവണ്ണം നിങ്ങള്‍ എന്നെ സ്വീകരിച്ചു. നിങ്ങള്‍ എത്ര സന്തുഷ്ടരായിരുന്നു! നിങ്ങള്‍ക്കു കഴിയുമായിരുന്നെങ്കില്‍, നിങ്ങളുടെ സ്വന്തം കണ്ണുകള്‍ ചുഴന്നെടുത്ത് എനിക്കു തരുമായിരുന്നു എന്നുള്ളതിനു ഞാന്‍ തന്നെ സാക്ഷി. ഇപ്പോള്‍ എന്തു സംഭവിച്ചു? സത്യം തുറന്നു പറഞ്ഞതുകൊണ്ട് ഞാനിപ്പോള്‍ നിങ്ങളുടെ ശത്രുവായിത്തീര്‍ന്നിരിക്കുന്നുവോ? തങ്ങളുടെ പക്ഷത്തേക്കു നിങ്ങളെ കൊണ്ടുവരുന്നതിന് അവര്‍ നിങ്ങളില്‍ അത്യധികമായ താത്പര്യം പ്രദര്‍ശിപ്പിക്കുന്നു. പക്ഷേ, അതു സദുദ്ദേശ്യത്തോടുകൂടിയല്ല. എന്നില്‍നിന്നു നിങ്ങളെ വേര്‍പെടുത്തി അവരില്‍ നിങ്ങള്‍ക്കു താത്പര്യം ഉളവാക്കുക എന്നതു മാത്രമാണ് അവരുടെ ലക്ഷ്യം. ഉദ്ദേശ്യം നല്ലതാണെങ്കില്‍ അങ്ങനെയുള്ള താത്പര്യം നല്ലതുതന്നെ. എന്നാല്‍ അത് ഞാന്‍ നിങ്ങളോടുകൂടിയുള്ളപ്പോള്‍ മാത്രമല്ല, എപ്പോഴും ഉണ്ടായിരിക്കണം. എന്‍റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, ക്രിസ്തുവിന്‍റെ സ്വഭാവം നിങ്ങളില്‍ ജന്മമെടുക്കുന്നതുവരെ, ഒരമ്മയുടെ പ്രസവവേദന പോലെയുള്ള വേദന നിങ്ങളെ സംബന്ധിച്ച് എനിക്കുണ്ട്. നിങ്ങളെ നേരില്‍ കണ്ടിരുന്നെങ്കില്‍ സന്ദര്‍ഭോചിതമായി സംസാരിക്കുവാന്‍ കഴിയുമായിരുന്നു. നിങ്ങളെക്കുറിച്ച് ഞാന്‍ വളരെയധികം അസ്വസ്ഥനാണ്. നിയമസംഹിതയ്‍ക്ക് വിധേയരായിരിക്കണമെന്ന് ആഗ്രഹിക്കുന്ന നിങ്ങളോടു ഞാനൊന്നു ചോദിക്കട്ടെ: നിയമം പറയുന്നതെന്താണെന്ന് യഥാര്‍ഥത്തില്‍ നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ? അവിടെ കാണുന്നത് ശ്രദ്ധിക്കുക: അബ്രഹാമിന് രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു. ഒരാള്‍ അടിമസ്‍ത്രീയില്‍ ജനിച്ചവനും, അപരന്‍ സ്വതന്ത്രയായ സ്വഭാര്യയില്‍ ജനിച്ചവനും. ദാസിയുടെ പുത്രന്‍ സാധാരണഗതിയിലും സ്വഭാര്യയില്‍ പിറന്ന പുത്രന്‍ വാഗ്ദാനഫലമായും ജനിച്ചു. മേല്പറഞ്ഞ കാര്യങ്ങള്‍ ഒരു ഉദാഹരണം എന്ന നിലയില്‍ മനസ്സിലാക്കേണ്ടതാണ്. ആ രണ്ടു സ്‍ത്രീകള്‍ രണ്ട് ഉടമ്പടികളെ പ്രതിനിധാനം ചെയ്യുന്നു. സീനായ്പര്‍വതത്തില്‍വച്ച് നല്‌കപ്പെട്ടതും അടിമത്തത്തിലേക്കു നയിക്കുന്നതുമാണ് അവയിലൊന്ന്; ഹാഗാര്‍ അതിനെ കുറിക്കുന്നു. സീനായ്പര്‍വതം അറേബ്യയിലാണല്ലോ. ഹാഗാര്‍ അറേബ്യയിലെ സീനായ്പര്‍വതമാണ്. അവര്‍ അടിമത്തത്തിലിരിക്കുന്ന ഇന്നത്തെ യെരൂശലേമിന്‍റെയും അവിടത്തെ ജനങ്ങളുടെയും പ്രതീകമാകുന്നു. എന്നാല്‍ നമ്മുടെ മാതാവായ സ്വര്‍ഗീയ യെരൂശലേം സ്വതന്ത്രയാണ്. വേദഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നു: മക്കളില്ലാത്ത സ്‍ത്രീയേ, സന്തോഷിക്കുക! പ്രസവവേദന അനുഭവിച്ചിട്ടില്ലാത്ത നീ ആനന്ദത്തോടെ ആര്‍പ്പുവിളിക്കുക! എന്തെന്നാല്‍ പരിത്യക്തയുടെ മക്കള്‍ ഭര്‍ത്തൃമതിയുടെ മക്കളെക്കാള്‍ അധികമാണ്. സഹോദരരേ, നിങ്ങള്‍ ഇസ്ഹാക്കിനെപ്പോലെ വാഗ്ദാനഫലമായി ജനിച്ച മക്കളാകുന്നു. ജഡപ്രകാരം ജനിച്ചവന്‍ ദൈവത്തിന്‍റെ ആത്മാവിനാല്‍ ജനിച്ചവനെ അന്നു പീഡിപ്പിച്ചു. ഇന്നും അതുപോലെതന്നെയാണ്. എന്നാല്‍ വേദഗ്രന്ഥം എന്താണു പറയുന്നത്? “ദാസിയെയും അവളുടെ മകനെയും പറഞ്ഞയയ്‍ക്കുക; സ്വതന്ത്രയുടെ പുത്രനെപ്പോലെ ദാസിയുടെ മകന്‍ പിതൃസ്വത്തിന് അവകാശിയല്ലല്ലോ.” അതുകൊണ്ട് സഹോദരരേ, നാം ദാസിയുടെ മക്കളല്ല, പിന്നെയോ സ്വതന്ത്രയുടെ മക്കളാണ്. സ്വതന്ത്രരായിരിക്കുന്നതിനുവേണ്ടി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; അതുകൊണ്ട് ആ സ്വാതന്ത്ര്യത്തില്‍ ഉറച്ചു നില്‌ക്കുക; വീണ്ടും അടിമനുകം നിങ്ങളുടെ ചുമലില്‍ ഏറ്റരുത്. പൗലൊസ് എന്ന ഞാന്‍ പറയുന്നതു ശ്രദ്ധിക്കുക: പരിച്ഛേദനകര്‍മത്തിനു വിധേയരാകുവാന്‍ നിങ്ങളെത്തന്നെ അനുവദിക്കുന്നെങ്കില്‍ ക്രിസ്തുവിനെക്കൊണ്ട് നിങ്ങള്‍ക്കൊരു പ്രയോജനവുമില്ല. പരിച്ഛേദനകര്‍മം സ്വീകരിക്കുന്ന ഏതൊരു മനുഷ്യനും നിയമസംഹിത മുഴുവനും അനുസരിക്കുവാന്‍ ബാധ്യസ്ഥനാണെന്നു ഞാന്‍ ഒരിക്കല്‍ക്കൂടി ഉറപ്പിച്ചു പറയുന്നു. നിയമത്തിന്‍റെ മാര്‍ഗത്തിലൂടെ ദൈവസമക്ഷം കുറ്റമറ്റവരായിത്തീരുവാന്‍ ശ്രമിക്കുന്ന നിങ്ങള്‍, നിങ്ങളെത്തന്നെ ക്രിസ്തുവിനോടുള്ള ബന്ധത്തില്‍നിന്നു വിച്ഛേദിക്കുന്നു; നിങ്ങള്‍ ദൈവത്തിന്‍റെ കൃപയ്‍ക്കു പുറത്താകുകയും ചെയ്യുന്നു. നമ്മെ സംബന്ധിച്ചിടത്തോളം, ദൈവം നമ്മെ കുറ്റമറ്റവരായി അംഗീകരിക്കും എന്നുള്ളതാണു നമ്മുടെ പ്രത്യാശ. വിശ്വാസത്തിലൂടെ പ്രവര്‍ത്തിക്കുന്ന ദൈവാത്മാവിന്‍റെ ശക്തിയാല്‍ ഈ പ്രത്യാശ സഫലമാകുന്നതിനുവേണ്ടി നാം കാത്തിരിക്കുന്നു. ക്രിസ്തുയേശുവിനോടു നാം ഏകീഭവിച്ചു കഴിയുമ്പോള്‍ പരിച്ഛേദനം ചെയ്യുന്നതിലും ചെയ്യാത്തതിലും കാര്യമൊന്നുമില്ല; സ്നേഹത്തിലൂടെ പ്രവര്‍ത്തിക്കുന്ന വിശ്വാസമാണു പ്രധാനം. വിശ്വാസത്തില്‍ നിങ്ങള്‍ നന്നായി മുന്നേറുകയായിരുന്നു. സത്യത്തില്‍നിന്നു വ്യതിചലിക്കുവാന്‍ നിങ്ങളെ പ്രേരിപ്പിച്ചത് ആരാണ്? ആ പ്രേരണ നിശ്ചയമായും നിങ്ങളെ വിളിക്കുന്ന ദൈവത്തില്‍ നിന്നല്ല. പുളിച്ചമാവ് അല്പമായാലും പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു. എന്‍റെ ചിന്താഗതിയില്‍നിന്നു വിഭിന്നമായ ഒരു ചിന്താഗതി നിങ്ങള്‍ സ്വീകരിക്കുകയില്ല എന്ന് എനിക്കു ദൃഢവിശ്വാസമുണ്ട്. കര്‍ത്താവിനോടുള്ള നമ്മുടെ ഏകീഭാവമാണ് ആ ഉറപ്പ് എനിക്കു നല്‌കുന്നത്. നിങ്ങളെ തകിടം മറിക്കുന്നത് ആരുതന്നെ ആയാലും അവന്‍ ശിക്ഷ അനുഭവിക്കും. എന്നാല്‍ സഹോദരരേ, പരിച്ഛേദനം വേണമെന്നു ഞാന്‍ ഇപ്പോഴും പ്രസംഗിക്കുന്നു എങ്കില്‍ എന്തിനു ഞാന്‍ പീഡിപ്പിക്കപ്പെടുന്നു? ഞാന്‍ അതിനുവേണ്ടി വാദിച്ചിരുന്നു എങ്കില്‍, ക്രിസ്തുവിന്‍റെ കുരിശുമരണത്തെക്കുറിച്ചുള്ള എന്‍റെ പ്രസംഗം യെഹൂദന്മാര്‍ക്ക് ഇടര്‍ച്ചയാകുമായിരുന്നില്ല. നിങ്ങളെ തകിടം മറിക്കുന്നവര്‍ പരിച്ഛേദനംകൊണ്ടു തൃപ്തിപ്പെടാതെ അംഗവിച്ഛേദനം കൂടി ചെയ്ത് സ്വയം നിര്‍വീര്യരാക്കപ്പെടട്ടെ. സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്. എന്നാല്‍ ഈ സ്വാതന്ത്ര്യം പാപജടിലമായ ഇച്ഛകളുടെ പൂര്‍ത്തീകരണത്തിന് ഇടവരുത്തരുത്. സ്നേഹത്തിന്‍റെ പ്രചോദനത്താല്‍ നിങ്ങള്‍ അന്യോന്യം സേവനം ചെയ്യുകയാണു വേണ്ടത്. എന്തെന്നാല്‍ നിന്‍റെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക എന്നതില്‍ നിയമസംഹിത മുഴുവനും അടങ്ങിയിരിക്കുന്നു. അന്യോന്യം കടിച്ചുകീറുന്ന വന്യമൃഗങ്ങളെപ്പോലെ വര്‍ത്തിച്ചാല്‍, നിങ്ങള്‍ പരസ്പരം നിശ്ശേഷം നശിപ്പിക്കപ്പെടും എന്നു കരുതിക്കൊള്ളുക. ഞാന്‍ പറയുന്നത് ഇതാണ്: ആത്മാവു നിങ്ങളുടെ ജീവിതത്തെ നയിക്കട്ടെ. പാപജടിലമായ അഭിലാഷങ്ങളെ തൃപ്തിപ്പെടുത്തുവാന്‍ ശ്രമിക്കരുത്. എന്തെന്നാല്‍ മാനുഷികമായ അധമാഭിലാഷങ്ങള്‍ ആത്മാവിനും, ആത്മാവിന്‍റെ അഭിലാഷങ്ങള്‍ മനുഷ്യന്‍റെ അധമസ്വഭാവത്തിനും എതിരാകുന്നു. ഇവ രണ്ടും അന്യോന്യം എതിരായതുകൊണ്ട് നിങ്ങള്‍ ആഗ്രഹിക്കുന്നതു ചെയ്യുവാന്‍ കഴിയുകയില്ല. ആത്മാവാണു നിങ്ങളെ നയിക്കുന്നതെങ്കില്‍, നിങ്ങള്‍ നിയമസംഹിതയ്‍ക്കു വിധേയരല്ല. മനുഷ്യന്‍റെ അധമസ്വഭാവത്തിന്‍റെ വ്യാപാരങ്ങള്‍ എന്തെല്ലാമെന്ന് എല്ലാവര്‍ക്കുമറിയാം; അവ അസാന്മാര്‍ഗികത, അശുദ്ധി, കാമാസക്തി, വിഗ്രഹാരാധന, മന്ത്രവാദം മുതലായവയാണ്. മാത്രമല്ല, മനുഷ്യര്‍ ശത്രുക്കളായിത്തീര്‍ന്ന് പരസ്പരം പടവെട്ടുന്നു; അവര്‍ അസൂയാലുക്കളും കോപിഷ്ഠരും അത്യാഗ്രഹികളുമായിത്തീരുന്നു; അവര്‍ അന്യന്‍റെ മുതലിനായി ആഗ്രഹിക്കുകയും മദ്യപിച്ചു കൂത്താടുകയും ചെയ്യുന്നു; അതുപോലെയുള്ള മറ്റു പ്രവൃത്തികളിലും ഏര്‍പ്പെടുന്നു. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് ദൈവരാജ്യത്തിന് അവകാശം ലഭിക്കുകയില്ല എന്നു ഞാന്‍ മുമ്പു പറഞ്ഞിട്ടുള്ളതുപോലെ ഇപ്പോഴും ഉറപ്പിച്ചു പറയുന്നു. [22,23] എന്നാല്‍ ആത്മാവിന്‍റെ ഫലം, സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, വിനയം, ആത്മനിയന്ത്രണം ഇവയാണ്. ഇവയ്‍ക്കെതിരെ ഒരു നിയമവുമില്ല. *** ക്രിസ്തുയേശുവിനുള്ളവര്‍ തങ്ങളുടെ പ്രാകൃതസ്വഭാവത്തെ അതിന്‍റെ രാഗമോഹങ്ങളോടുകൂടി ക്രൂശിച്ചിരിക്കുന്നു. ആത്മാവു നമുക്കു ജീവന്‍ പ്രദാനം ചെയ്യുന്നു. നമ്മുടെ ജീവിതത്തെ നയിക്കേണ്ടതും ആത്മാവുതന്നെ. നാം അഹങ്കരിക്കുകയോ, അന്യോന്യം പ്രകോപിപ്പിക്കുകയോ, അസൂയാലുക്കളായി വര്‍ത്തിക്കുകയോ ചെയ്യരുത്. സഹോദരരേ, ആത്മാവിനാല്‍ നയിക്കപ്പെട്ട നിങ്ങള്‍, ഒരാള്‍ ഏതെങ്കിലും തെറ്റില്‍ വീണുപോയാല്‍ സൗമ്യതയോടെ അയാളെ വീഴ്ചയില്‍നിന്ന് ഉദ്ധരിക്കുക. നിങ്ങളും പ്രലോഭനങ്ങള്‍ക്ക് അടിപ്പെടാതെ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്ളണം. ഭാരങ്ങള്‍ ചുമക്കുന്നതില്‍ അന്യോന്യം സഹായിക്കുക. ഇങ്ങനെ നിങ്ങള്‍ ക്രിസ്തുവിന്‍റെ നിയമം നിറവേറ്റണം. ഒരുവന്‍ കേവലം നിസ്സാരനായിരിക്കെ വലിയവനാണെന്നു ഭാവിച്ചാല്‍, തന്നെത്തന്നെ വഞ്ചിക്കുകയാണു ചെയ്യുന്നത്. ഓരോ വ്യക്തിയും അവരവരുടെ ചെയ്തികളെ വിധിക്കട്ടെ. അവ നല്ലതാണെങ്കില്‍ അന്യരുടെ അംഗീകാരത്തെ ആശ്രയിക്കാതെ താന്‍ ചെയ്തതിനെക്കുറിച്ച് അഭിമാനം കൊള്ളുവാന്‍ കഴിയും. ഓരോ വ്യക്തിയും താന്താങ്ങളുടെ ഭാരം ചുമക്കേണ്ടിയിരിക്കുന്നു. ക്രിസ്തുവിന്‍റെ സുവിശേഷം പഠിച്ചുകൊണ്ടിരിക്കുന്നവന്‍ പഠിപ്പിക്കുന്നവന് തനിക്കുള്ള എല്ലാ നല്ല വസ്തുക്കളും പങ്കിടണം. നിങ്ങള്‍ സ്വയം വഞ്ചിക്കരുത്; ദൈവത്തെ വഞ്ചിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. ഒരുവന്‍ വിതച്ചതുതന്നെ കൊയ്യും. പ്രാകൃതമായ അഭിലാഷങ്ങളുടെ വിളഭൂമിയിലാണു വിതയ്‍ക്കുന്നതെങ്കില്‍, അതില്‍നിന്ന് അവന്‍ നാശം കൊയ്യും; ആത്മാവിന്‍റെ വിളഭൂമിയിലാണു വിതയ്‍ക്കുന്നതെങ്കില്‍ അവന്‍ കൊയ്യുന്നത് അനശ്വരജീവനായിരിക്കും. നന്മ ചെയ്യുന്നതില്‍ നാം ക്ഷീണിച്ചു പോകരുത്; ക്ഷീണിക്കാതിരുന്നാല്‍ യഥാകാലം അതിന്‍റെ വിളവെടുക്കാം. അതുകൊണ്ട് എല്ലാവര്‍ക്കും വിശിഷ്യ സഹവിശ്വാസികള്‍ക്ക് അവസരം ലഭിക്കുമ്പോഴെല്ലാം നന്മചെയ്യണം; വിശ്വാസികളായ നാമെല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണല്ലോ. എന്‍റെ സ്വന്തം കൈകൊണ്ട് എത്ര വലിയ അക്ഷരത്തിലാണ് ഞാന്‍ എഴുതിയിരിക്കുന്നതെന്നു നോക്കൂ! പരിച്ഛേദനം ചെയ്യാന്‍ നിങ്ങളെ ഹേമിക്കുന്നത്, പുറമേയുള്ള കാര്യങ്ങളെപ്പറ്റി ആത്മപ്രശംസ ചെയ്യുന്നവരാണ്. ക്രിസ്തുവിന്‍റെ കുരിശിനുവേണ്ടി പീഡനം സഹിക്കാതിരിക്കുവാനാണ് അവര്‍ അപ്രകാരം ചെയ്യുന്നത്. പരിച്ഛേദനകര്‍മത്തിനു വിധേയരായവര്‍പോലും നിയമം അനുസരിക്കുന്നില്ല. ഈ ബാഹ്യകര്‍മത്തിനു നിങ്ങള്‍ വഴങ്ങിയെന്നു പൊങ്ങച്ചം പറയുന്നതിനുവേണ്ടിയാണ് നിങ്ങള്‍ പരിച്ഛേദനം നടത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നത്. ഞാനാകട്ടെ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശിനെക്കുറിച്ചു മാത്രമേ അഭിമാനം കൊള്ളുകയുള്ളൂ. എന്തുകൊണ്ടെന്നാല്‍, അവിടുത്തെ കുരിശു മുഖേന ലോകം എനിക്കും, ഞാന്‍ ലോകത്തിനും മരിച്ചിരിക്കുന്നു. ഒരുവന്‍ പരിച്ഛേദനകര്‍മത്തിനു വിധേയനാകട്ടെ, വിധേയനാകാതിരിക്കട്ടെ അതില്‍ അര്‍ഥമൊന്നുമില്ല. ഒരുവന്‍ പുതിയ സൃഷ്‍ടിയായിത്തീരുന്നതാണു പ്രധാനം. ഈ പ്രമാണമനുസരിച്ചു ജീവിക്കുന്ന എല്ലാ ദൈവജനത്തോടും കൂടി സമാധാനവും കാരുണ്യവും ഉണ്ടായിരിക്കട്ടെ. ഇനി ആരും എന്നെ വിഷമിപ്പിക്കരുത്; എന്തെന്നാല്‍ എന്‍റെ ശരീരത്തിലുള്ള പാടുകള്‍ ഞാന്‍ യേശുവിന്‍റെ വകയാണെന്നു വ്യക്തമാക്കുന്നു. സഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടുകൂടി ഉണ്ടായിരിക്കട്ടെ. ആമേന്‍. ദൈവത്തിന്‍റെ തിരുഹിതത്താല്‍ യേശുക്രിസ്തുവിന്‍റെ അപ്പോസ്തോലനായ പൗലൊസ്, ക്രിസ്തുയേശുവിനോട് ഏകീഭവിച്ചുള്ള ജീവിതത്തില്‍ വിശ്വസ്തരായ എഫെസൊസിലെ ദൈവജനങ്ങള്‍ക്ക് എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ലഭിക്കട്ടെ. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തെ നമുക്കു സ്തുതിക്കാം. എന്തെന്നാല്‍ ക്രിസ്തുവിനോട് ഏകീഭവിച്ചുള്ള നമ്മുടെ ജീവിതത്തില്‍ സ്വര്‍ഗത്തിലെ എല്ലാ ആത്മീയനല്‍വരങ്ങളും നല്‌കി അവിടുന്നു നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. തന്‍റെ മുമ്പാകെ നാം വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന് ക്രിസ്തുവിനോടുള്ള ഏകീഭാവത്തിലൂടെ നാം അവിടുത്തെ സ്വന്തമായിരിക്കുന്നതിനുവേണ്ടി, പ്രപഞ്ചസൃഷ്‍ടിക്കു മുമ്പു തന്നെ ദൈവം നമ്മെ തിരഞ്ഞെടുത്തു. യേശുക്രിസ്തു മുഖേന നമ്മെ അവിടുത്തെ പുത്രന്മാരാക്കണമെന്നു സ്നേഹം നിമിത്തം ദൈവം മുന്‍കൂട്ടി തീരുമാനിച്ചു; ഇതായിരുന്നു അവിടുത്തെ ലക്ഷ്യവും പ്രീതിയും. അവിടുത്തെ മഹത്തായ കൃപയ്‍ക്കും അവിടുത്തെ പുത്രന്‍ എന്ന സൗജന്യമായ ദാനത്തിനുംവേണ്ടി നമുക്കു സ്തോത്രം ചെയ്യാം. ക്രിസ്തു രക്തം ചിന്തി മരിച്ചതുമൂലം നാം സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു. അതായത് നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. ദൈവത്തിന്‍റെ കൃപ എത്ര വലുത്! ഈ കൃപയാകട്ടെ, അവിടുന്നു സമൃദ്ധമായി നമുക്കു നല്‌കി. ദൈവം തന്‍റെ സകല വിവേകത്തിലും ഉള്‍ക്കാഴ്ചയിലും താന്‍ ഉദ്ദേശിച്ചതു ചെയ്തു. ക്രിസ്തു മുഖേന പൂര്‍ത്തീകരിക്കുവാന്‍ നേരത്തെ നിശ്ചയിച്ചിരുന്ന കര്‍മപദ്ധതിയുടെ മര്‍മ്മം നമ്മെ അറിയിക്കുകയും ചെയ്തു. കാലത്തികവില്‍ ദൈവം പൂര്‍ത്തിയാക്കുന്ന ഈ പദ്ധതി സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള സകലതിനെയും ക്രിസ്തുവില്‍ ഒരുമിച്ചു ചേര്‍ക്കുക എന്നതാകുന്നു. ദൈവത്തിന്‍റെ പദ്ധതിയും നിശ്ചയവും അനുസരിച്ചത്രേ എല്ലാ കാര്യങ്ങളും സംഭവിക്കുന്നത്. ആദിമുതലുള്ള അവിടുത്തെ നിശ്ചയപ്രകാരം, സ്വന്തം ഇച്ഛയനുസരിച്ചു ക്രിസ്തുവിനോട് ഏകീഭവിച്ച് അവിടുത്തെ സ്വന്തജനമായിരിക്കേണ്ടതിന് ദൈവം നമ്മെ തിരഞ്ഞെടുത്തു. അതിനാല്‍ എല്ലാവര്‍ക്കും മുമ്പെ ക്രിസ്തുവില്‍ പ്രത്യാശ അര്‍പ്പിച്ചവരായ നമുക്ക് ദൈവത്തിന്‍റെ മഹത്ത്വത്തെ പ്രകീര്‍ത്തിക്കാം. നിങ്ങള്‍ക്കു രക്ഷ കൈവരുത്തുന്ന യഥാര്‍ഥ സന്ദേശമായ സുവിശേഷം ശ്രവിച്ച്, നിങ്ങളും ദൈവത്തിന്‍റെ ജനമായിത്തീര്‍ന്നു. നിങ്ങള്‍ ക്രിസ്തുവില്‍ വിശ്വസിച്ചു; ദൈവം വാഗ്ദാനം ചെയ്തിരുന്ന പരിശുദ്ധാത്മാവിനെ നല്‌കിക്കൊണ്ട് നിങ്ങളുടെമേല്‍ അവിടുത്തേക്കുള്ള ഉടമസ്ഥാവകാശത്തിനു മുദ്രയിടുകയും ചെയ്തു. ദൈവം വാഗ്ദാനം ചെയ്തിട്ടുള്ളത് നമുക്ക് ലഭിക്കുമെന്നുള്ളതിന്‍റെ അച്ചാരമാണ് പരിശുദ്ധാത്മാവ്. തന്‍റെ ജനത്തിനു ദൈവം പൂര്‍ണമായ സ്വാതന്ത്ര്യം നല്‌കുമെന്ന് അത് ഉറപ്പുവരുത്തുന്നു. അവിടുത്തെ മഹത്ത്വത്തെ നമുക്കു പ്രകീര്‍ത്തിക്കാം. [15,16] കര്‍ത്താവായ യേശുവിലുള്ള നിങ്ങളുടെ വിശ്വാസത്തെയും എല്ലാ ദൈവജനത്തോടുമുള്ള നിങ്ങളുടെ സ്നേഹത്തെയും സംബന്ധിച്ചു കേട്ടപ്പോള്‍ മുതല്‍ നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ദൈവത്തെ അനുസ്യൂതം സ്തുതിക്കുകയും എന്‍റെ പ്രാര്‍ഥനകളില്‍ നിങ്ങളെ അനുസ്മരിക്കുകയും ചെയ്യുന്നു. *** ആത്മാവു നിങ്ങളെ വിവേകമുള്ളവരാക്കും; നിങ്ങള്‍ ദൈവത്തെ അറിയേണ്ടതിന് ദൈവത്തെ നിങ്ങള്‍ക്കു വെളിപ്പെടുത്തിത്തരികയും ചെയ്യും. ഈ ആത്മാവിനെ നിങ്ങള്‍ക്കു തരുന്നതിനുവേണ്ടി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മഹത്ത്വമുള്ള പിതാവായ ദൈവത്തോടു ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. ഏതൊരു പ്രത്യാശയിലേക്കാണു നിങ്ങളെ വിളിച്ചിരിക്കുന്നതെന്നും, തന്‍റെ ജനത്തിന് അവിടുന്നു വാഗ്ദാനം ചെയ്യുന്ന അദ്ഭുതകരമായ അനുഗ്രഹങ്ങള്‍ എത്ര അമൂല്യമാണെന്നും വിശ്വസിക്കുന്നവരായ നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തി എത്ര വലുതാണെന്നും നിങ്ങള്‍ മനസ്സിലാക്കേണ്ടതിന് ദൈവത്തിന്‍റെ പ്രകാശം ദര്‍ശിക്കുവാന്‍ നിങ്ങളുടെ അന്തര്‍നേത്രങ്ങള്‍ തുറക്കുന്നതിനുവേണ്ടി ഞാന്‍ അപേക്ഷിക്കുന്നു. ദൈവം മരണത്തില്‍നിന്ന് ക്രിസ്തുവിനെ ഉയിര്‍പ്പിച്ച് സ്വര്‍ഗത്തില്‍ തന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനാക്കിയത് ഈ മഹാശക്തികൊണ്ടാണ്. എല്ലാ സ്വര്‍ഗീയഅധികാരങ്ങള്‍ക്കും, ആധിപത്യങ്ങള്‍ക്കും, ശക്തികള്‍ക്കും, പ്രഭുത്വങ്ങള്‍ക്കും അധീശനായി ക്രിസ്തു വാഴുന്നു. അവിടുത്തെ അധികാരപദവി ഈ ലോകത്തിലെയും വരുവാനുള്ള ലോകത്തിലെയും സകല അധികാരപദവികള്‍ക്കും മീതേയുള്ളതാണ്. ദൈവം സകലവും ക്രിസ്തുവിന്‍റെ കാല്‌ക്കീഴാക്കി; എല്ലാറ്റിന്‍റെയും അധീശനായി ക്രിസ്തുവിനെ സഭയ്‍ക്കു നല്‌കുകയും ചെയ്തു. സഭ ക്രിസ്തുവിന്‍റെ ശരീരമാകുന്നു; എല്ലായിടത്തുമുള്ള എല്ലാറ്റിനെയും പൂരിപ്പിക്കുന്ന ക്രിസ്തുവിന്‍റെ പൂര്‍ത്തീകരണമാണ് സഭ. അനുസരണക്കേടിനാലും പാപങ്ങളാലും ആത്മീയമായി നിങ്ങള്‍ മരിച്ചവരായിരുന്നു. അന്നു ലോകത്തിന്‍റെ ദുഷ്ടമാര്‍ഗം നിങ്ങള്‍ പിന്തുടര്‍ന്നു. ദൈവത്തെ അനുസരിക്കാത്തവരെ ഇപ്പോള്‍ നയിക്കുന്ന ആത്മാവായ ദുഷ്ടാത്മശക്തികളുടെ അധിപതിയെ നിങ്ങള്‍ അനുസരിച്ചു. വാസ്തവത്തില്‍ നാമെല്ലാവരും നമ്മുടെ പാപപ്രകൃതിയുടെ തീവ്രാഭിലാഷങ്ങളെ തൃപ്തിപ്പെടുത്തിക്കൊണ്ടും അതിന്‍റെ മോഹങ്ങള്‍ക്കും ചിന്തകള്‍ക്കും അനുസൃതമായി പ്രവര്‍ത്തിച്ചുകൊണ്ടും ജീവിച്ചു. മറ്റ് ഏതൊരുവനെയും പോലെ സ്വഭാവേന നാം ദൈവശിക്ഷയ്‍ക്ക് അര്‍ഹരായിരുന്നു. [4,5] എന്നാല്‍ അനുസരണക്കേടിനാല്‍ ആത്മീയമായി മരിച്ചവരായിരുന്ന നമ്മെ, തന്‍റെ അതിരറ്റ കാരുണ്യവും നമ്മോടുള്ള അളവറ്റ സ്നേഹവും നിമിത്തം, ക്രിസ്തുവിനോടുകൂടി ദൈവം ഉജ്ജീവിപ്പിച്ചിരിക്കുന്നു. നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിന്‍റെ കൃപയാലത്രേ. *** ക്രിസ്തുയേശുവിനോട് ഏകീഭവിച്ച നമ്മെ, തന്നോടൊപ്പം സ്വര്‍ഗീയലോകത്തില്‍ വാഴുന്നതിനുവേണ്ടി തന്നോടുകൂടി ഉയിര്‍പ്പിച്ചിരിക്കുന്നു. ക്രിസ്തുയേശുവില്‍ നമ്മോടു കാണിച്ച ഔദാര്യത്തിലൂടെ, തന്‍റെ കൃപാധനത്തിന്‍റെ അളവറ്റ വൈപുല്യം വരുംകാലങ്ങളിലെല്ലാം പ്രദര്‍ശിപ്പിക്കുന്നതിനാണ് ദൈവം ഇങ്ങനെ ചെയ്തത്. [8,9] എന്തെന്നാല്‍ വിശ്വാസത്തിലൂടെ നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നത്, സ്വപ്രയത്നത്താലല്ല, ദൈവത്തിന്‍റെ കൃപയാലത്രേ. രക്ഷ, നിങ്ങളുടെ പ്രവൃത്തികളുടെ ഫലമല്ല, പ്രത്യുത ദൈവത്തിന്‍റെ ദാനമാകുന്നു. അതുകൊണ്ട് അതിനെപ്പറ്റി ആര്‍ക്കും ആത്മപ്രശംസ ചെയ്യുവാന്‍ സാധ്യമല്ല. ദൈവം നിര്‍മിച്ച ശില്പങ്ങളാണു നാം. *** നേരത്തെ നമുക്കുവേണ്ടി ഒരുക്കിയിട്ടുള്ള സത്ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുവേണ്ടി ദൈവം ക്രിസ്തുയേശുവില്‍കൂടി നമ്മെ സൃഷ്‍ടിച്ചിരിക്കുന്നു. മുമ്പ് ജന്മംകൊണ്ട് നിങ്ങള്‍ വിജാതീയരായിരുന്നു എന്ന് ഓര്‍ക്കണം. പരിച്ഛേദന എന്ന ആചാരമുള്ള യെഹൂദന്മാര്‍ നിങ്ങളെ “അഗ്രചര്‍മികള്‍” എന്നു വിളിച്ചുവന്നു. മനുഷ്യര്‍ തങ്ങളുടെ ശരീരത്തിനു ചെയ്യുന്ന ഒരു കര്‍മമാണു പരിച്ഛേദനം. വിജാതീയരായ നിങ്ങള്‍ മുമ്പ് എങ്ങനെയുള്ളവരായിരുന്നു എന്ന് ഓര്‍ത്തുകൊള്ളുക. അന്നു നിങ്ങള്‍ ക്രിസ്തുവില്‍നിന്ന് അകന്നു ജീവിച്ചിരുന്നു. തന്‍റെ ജനങ്ങള്‍ക്കു ദൈവം നല്‌കിയിട്ടുള്ള വാഗ്ദാനങ്ങളില്‍ അധിഷ്ഠിതമായ ഉടമ്പടികളില്‍, തിരഞ്ഞെടുക്കപ്പെട്ട ജനമല്ലാത്ത നിങ്ങള്‍ക്ക് ഒരു പങ്കുമില്ലായിരുന്നു. നിങ്ങള്‍ അന്യരായിരുന്നു. പ്രത്യാശയില്ലാത്തവരും ദൈവമില്ലാത്തവരുമായി നിങ്ങള്‍ ലോകത്തില്‍ ജീവിച്ചു. എന്നാല്‍ വിദൂരസ്ഥരായിരുന്ന നിങ്ങള്‍ ഇന്ന് ക്രിസ്തുയേശുവിനോട് ഏകീഭവിച്ച് രക്തം ചിന്തിയുള്ള അവിടുത്തെ മരണത്താല്‍ സമീപസ്ഥരാക്കപ്പെട്ടിരിക്കുന്നു. യെഹൂദന്മാരെയും വിജാതീയരെയും ഒന്നാക്കിത്തീര്‍ത്തുകൊണ്ട് ക്രിസ്തുതന്നെ നമുക്കു സമാധാനം കൈവരുത്തി. അവരെ തമ്മില്‍ വേര്‍തിരിക്കുകയും ശത്രുക്കളായി അകറ്റി നിറുത്തുകയും ചെയ്ത ചുവര്‍ അവിടുന്ന് ഇടിച്ചു നിരത്തി. തന്നോടുള്ള സംയോജനത്താല്‍ രണ്ടു വര്‍ഗങ്ങളില്‍നിന്ന് ഒരു പുതിയ മനുഷ്യനെ സൃഷ്‍ടിക്കുന്നതിനും അങ്ങനെ സമാധാനം ഉണ്ടാക്കുന്നതിനുംവേണ്ടി, അവിടുന്നു തന്‍റെ ആത്മപരിത്യാഗത്താല്‍ കല്പനകളും ചട്ടങ്ങളുമടങ്ങിയ യെഹൂദനിയമസംഹിത നീക്കിക്കളഞ്ഞു. കുരിശിലെ തന്‍റെ മരണത്താല്‍, അവരുടെ ശത്രുത അവിടുന്ന് ഇല്ലാതാക്കി; അങ്ങനെ രണ്ടു വര്‍ഗങ്ങളെയും ഏകശരീരമായി സംയോജിപ്പിക്കുകയും ദൈവത്തിങ്കലേക്ക് അവരെ തിരിച്ചുകൊണ്ടുവരികയും ചെയ്തു. ക്രിസ്തു വന്ന്, വിജാതീയരും വിദൂരസ്ഥരുമായിരുന്ന നിങ്ങളോടും സമീപസ്ഥരായിരുന്ന യെഹൂദന്മാരോടും സമാധാനത്തിന്‍റെ സുവിശേഷം പ്രസംഗിച്ചു. ക്രിസ്തുവില്‍കൂടിയാണ് യെഹൂദന്മാരും വിജാതീയരുമായ നമുക്കെല്ലാവര്‍ക്കും ഒരേ ആത്മാവിനാല്‍ പിതാവിന്‍റെ സന്നിധാനത്തില്‍ പ്രവേശിക്കുവാന്‍ കഴിയുന്നത്. അതുകൊണ്ട് വിജാതീയരായ നിങ്ങള്‍ ഇനിമേല്‍ അന്യരോ വിദേശിയരോ അല്ല; നിങ്ങള്‍ ഇപ്പോള്‍ ദൈവജനത്തിന്‍റെ സഹപൗരന്മാരും ദൈവത്തിന്‍റെ ഭവനത്തിലെ അംഗങ്ങളുമാകുന്നു. അപ്പോസ്തോലന്മാരും പ്രവാചകന്മാരുമായ അടിസ്ഥാനത്തിന്മേലത്രേ നിങ്ങളും പണിയപ്പെടുന്നത്. മൂലക്കല്ല് ക്രിസ്തുയേശു തന്നെ. അവിടുന്നാണ് ഭവനത്തെ ആകമാനം ചേര്‍ത്തു നിറുത്തുകയും, കര്‍ത്താവിനു പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള വിശുദ്ധമന്ദിരമായി അതു വളര്‍ന്നു വരുവാന്‍ ഇടയാക്കുകയും ചെയ്യുന്നത്. ക്രിസ്തുവിനോട് ഏകീഭവിച്ച് നിങ്ങളും പരിശുദ്ധാത്മാവു മുഖേന ദൈവം വസിക്കുന്ന മന്ദിരമായി പണിയപ്പെടുന്നു. ഇക്കാരണത്താല്‍ വിജാതീയരായ നിങ്ങളെപ്രതി ക്രിസ്തുയേശുവിന്‍റെ തടവുകാരനായ പൗലൊസ് എന്ന ഞാന്‍ ദൈവത്തോടു പ്രാര്‍ഥിക്കുന്നു. നിങ്ങളുടെ നന്മയ്‍ക്കുവേണ്ടിയുള്ള ഈ ദൗത്യം ദൈവം തന്‍റെ കൃപയാല്‍ എന്നെ ഏല്പിച്ചിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ദൈവം തന്‍റെ പദ്ധതിയുടെ മര്‍മ്മം വെളിപാടിലൂടെ എന്നെ അറിയിച്ചു. ഇതേപ്പറ്റി ചുരുക്കമായി മുകളില്‍ ഞാന്‍ എഴുതിയിട്ടുണ്ടല്ലോ. ഞാന്‍ എഴുതിയത് നിങ്ങള്‍ വായിക്കുമെങ്കില്‍ ക്രിസ്തുവില്‍ വെളിപ്പെട്ട നിഗൂഢരഹസ്യത്തെക്കുറിച്ചുള്ള എന്‍റെ അറിവ് നിങ്ങള്‍ക്കു ഗ്രഹിക്കാം. കഴിഞ്ഞ കാലത്ത് ഈ മര്‍മ്മം മനുഷ്യവര്‍ഗത്തെ അറിയിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പരിശുദ്ധാത്മാവ് അവിടുത്തെ വിശുദ്ധ അപ്പോസ്തോലന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും അതു വെളിപ്പെടുത്തിയിരിക്കുന്നു. സുവിശേഷം മുഖേന ദൈവത്തിന്‍റെ അനുഗ്രഹങ്ങളില്‍ വിജാതീയര്‍ക്ക് യെഹൂദന്മാരോട് ഒപ്പം പങ്കുണ്ട് എന്നതാണ് ആ രഹസ്യം; ഒരേ ശരീരത്തിന്‍റെ അവയവങ്ങളാണവര്‍. ദൈവം ക്രിസ്തുയേശു മുഖേന ചെയ്തിട്ടുള്ള വാഗ്ദാനത്തില്‍ അവര്‍ക്ക് ഓഹരിയുമുണ്ട്. തന്‍റെ ശക്തിയുടെ വ്യാപാരത്തിലൂടെ ദൈവം എനിക്കു നല്‌കിയ പ്രത്യേക വരദാനത്താലാണ് ഞാന്‍ ഈ സുവിശേഷത്തിന്‍റെ ശുശ്രൂഷകനാക്കപ്പെട്ടത്. [8,9] ദൈവത്തിന്‍റെ ജനങ്ങളില്‍ ഏറ്റവും എളിയവരില്‍ എളിയവനാണു ഞാന്‍. എന്നിട്ടും ക്രിസ്തുവിന്‍റെ അനന്തമായ ധനത്തെ സംബന്ധിച്ചുള്ള സദ്‍വാര്‍ത്ത വിജാതീയരെ അറിയിക്കുവാനും, ദൈവത്തിന്‍റെ രഹസ്യപദ്ധതി എങ്ങനെയാണു പ്രാവര്‍ത്തികമാക്കുന്നതെന്ന് എല്ലാവര്‍ക്കും വ്യക്തമാക്കിക്കൊടുക്കുവാനുമുള്ള പദവി ദൈവം എനിക്കു നല്‌കി. എല്ലാറ്റിന്‍റെയും സ്രഷ്ടാവായ ദൈവം പൂര്‍വയുഗങ്ങളില്‍ ഈ രഹസ്യം മറച്ചുവച്ചിരുന്നു. *** സ്വര്‍ഗലോകത്തെ മാലാഖമാരുടെ തലത്തിലുള്ള അധികാരികളും ശക്തികളും പ്രപഞ്ചസ്രഷ്ടാവിനുള്ള ദിവ്യജ്ഞാനത്തിന്‍റെ നാനാവശങ്ങള്‍ ഇക്കാലത്ത് സഭ മുഖേന അറിയുന്നതിനുവേണ്ടിയാണ് അപ്രകാരം ചെയ്തത്. ഇത് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖേന സാധിച്ച ആത്യന്തിക ലക്ഷ്യമനുസരിച്ചും ആയിരുന്നു. ക്രിസ്തുവിനോട് ഏകീഭവിച്ച് ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തില്‍കൂടി നിര്‍ഭയം ദൈവമുമ്പാകെ ചെല്ലുവാനുള്ള ആത്മധൈര്യം നമുക്കുണ്ട്. അതിനാല്‍ നിങ്ങള്‍ക്കുവേണ്ടി ഞാന്‍ സഹിക്കുന്ന ക്ലേശങ്ങള്‍ നിമിത്തം നിങ്ങള്‍ അധൈര്യപ്പെടരുതെന്ന് ഞാന്‍ അപേക്ഷിക്കുന്നു. ഇവയെല്ലാം നിങ്ങളുടെ ശ്രേയസ്സിനുവേണ്ടിയുള്ളതാകുന്നു. ഇക്കാരണത്താല്‍ ഞാന്‍ പിതാവിന്‍റെ മുമ്പില്‍ മുട്ടുകുത്തി വണങ്ങുന്നു. സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബങ്ങളുടെയും പേരും സ്വഭാവവും ലഭിക്കുന്നത് ആ പിതാവില്‍ നിന്നാകുന്നു. നിങ്ങളുടെ ആന്തരിക മനുഷ്യന്‍ ബലപ്പെടുവാന്‍ ദൈവത്തിന്‍റെ മഹത്ത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് അവിടുത്തെ ആത്മാവില്‍കൂടി നിങ്ങള്‍ക്കു ശക്തി ലഭിക്കുവാനും, ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ അവിടുന്നു നിങ്ങളുടെ ഹൃദയങ്ങളെ തന്‍റെ വാസസ്ഥലങ്ങള്‍ ആക്കുവാനുംവേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു. നിങ്ങള്‍ സ്നേഹത്തില്‍ വേരൂന്നുകയും അടിസ്ഥാനമുറപ്പിക്കുകയും ചെയ്യുന്നതിനുവേണ്ടിയും ഞാന്‍ പ്രാര്‍ഥിക്കുന്നു. അങ്ങനെ ക്രിസ്തുവിന്‍റെ സ്നേഹം എത്ര നീളവും വീതിയും ഉയരവും ആഴവും ഏറിയതാണെന്നു ഗ്രഹിക്കുവാനുള്ള ശക്തി സകല ദൈവജനങ്ങളോടുമൊപ്പം നിങ്ങള്‍ക്കുണ്ടാകട്ടെ. മനുഷ്യബുദ്ധിക്കതീതമായ ക്രിസ്തുവിന്‍റെ സ്നേഹത്തെ അറിയുവാന്‍ നിങ്ങള്‍ക്ക് ഇടയാകട്ടെ. അങ്ങനെ ദൈവത്തിന്‍റെ സ്വഭാവമഹിമയാല്‍ നിങ്ങള്‍ പൂര്‍ണമായി നിറയപ്പെടട്ടെ. നമ്മില്‍ വ്യാപരിക്കുന്ന ശക്തി മുഖേന നാം ചോദിക്കുന്നതിലും, നാം പ്രതീക്ഷിക്കുന്നതിലും വളരെ മടങ്ങു നമുക്കു നല്‌കുവാന്‍ കഴിയുന്ന ദൈവത്തിന് സഭയിലും ക്രിസ്തുയേശുവിലും മഹത്ത്വം എന്നെന്നേക്കും ഉണ്ടാകട്ടെ, ആമേന്‍. കര്‍ത്താവിനെ സേവിക്കുന്നതുകൊണ്ട് തടവുകാരനായിരിക്കുന്ന എനിക്കു നിങ്ങളെ പ്രബോധിപ്പിക്കുവാനുള്ളത് ഇതാണ്: ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നതുകൊണ്ട്, ആ പരമമായ വിളിക്കു യോഗ്യമായ വിധത്തില്‍ ജീവിക്കുക. എപ്പോഴും വിനയവും സൗമ്യതയും സഹനശക്തിയും ഉള്ളവരായിരിക്കുക; അന്യോന്യം സഹിഷ്ണുതയോടെ വര്‍ത്തിച്ചുകൊണ്ട് നിങ്ങളുടെ സ്നേഹം പ്രകടമാക്കുകയും വേണം. നിങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സമാധാനം മുഖേന, ആത്മാവു നല്‌കുന്ന ഐക്യം നിലനിറുത്തുവാന്‍ പരമാവധി ശ്രമിക്കുക. നിങ്ങളെ ദൈവം വിളിച്ചിരിക്കുന്നത് ഏകപ്രത്യാശയിലേക്കാണ്. അതുപോലെതന്നെ ശരീരം ഒന്നാണ്, ആത്മാവും ഒന്നാണ്; കര്‍ത്താവ് ഒരുവന്‍; വിശ്വാസം ഒന്ന്, സ്നാപനവും ഒന്ന്. സര്‍വമനുഷ്യവര്‍ഗത്തിന്‍റെയും പിതാവും ദൈവവും ഒരുവനത്രേ. അവിടുന്ന് പരമോന്നതന്‍ ആകുന്നു; അവിടുന്ന് എല്ലാവരിലുംകൂടി പ്രവര്‍ത്തിക്കുകയും എല്ലാവരിലും വ്യാപരിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്‍റെ ദാനത്തിന്‍റെ അളവിനനുസൃതമായി നമുക്കോരോരുത്തര്‍ക്കും പ്രത്യേക കൃപാവരം ലഭിച്ചിരിക്കുന്നു. വേദഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതുപോലെ: അവിടുന്ന് അത്യുന്നതങ്ങളിലേക്കു കയറിയപ്പോള്‍ അനേകം ബദ്ധന്മാരെ തന്നോടുകൂടി കൊണ്ടുപോയി; അവിടുന്നു മനുഷ്യവര്‍ഗത്തിനു വരങ്ങള്‍ നല്‌കി. ‘അവിടുന്നു കയറിപ്പോയി’ എന്നു പറയുന്നതിന്‍റെ അര്‍ഥം എന്താണ്? ഭൂമിയുടെ അഗാധതലങ്ങളിലേക്ക് ആദ്യം ഇറങ്ങി എന്നതല്ലേ? അതുകൊണ്ട് താഴേക്ക് ഇറങ്ങിയവന്‍ സകല സ്വര്‍ഗങ്ങള്‍ക്കുമുപരി കയറിയവനുമാകുന്നു; അങ്ങനെ തന്‍റെ സാന്നിധ്യംകൊണ്ട് അവിടുന്ന് പ്രപഞ്ചത്തെ ആകമാനം നിറയ്‍ക്കുന്നു. മനുഷ്യവര്‍ഗത്തിനു വരങ്ങള്‍ നല്‌കിയതും അവിടുന്നു തന്നെ; ചിലരെ അവിടുന്ന് അപ്പോസ്തോലന്മാരായും മറ്റു ചിലരെ പ്രവാചകന്മാരായും വേറെ ചിലരെ സുവിശേഷ പ്രസംഗകരായും ആത്മീയ ഇടയന്മാരായും ഗുരുക്കന്മാരായും നിയമിച്ചു. [12,13] ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയുടെ നിര്‍മാണ ജോലിക്കുവേണ്ടിയുള്ള ക്രിസ്തീയ ശുശ്രൂഷയ്‍ക്കായി എല്ലാ ദൈവജനത്തെയും സജ്ജമാക്കുന്നതിനായിട്ടാണ് അപ്രകാരം ചെയ്തിരിക്കുന്നത്. അങ്ങനെ ദൈവപുത്രനെ സംബന്ധിച്ച പരിജ്ഞാനത്തിലും വിശ്വാസത്തിലുമുള്ള ഐക്യത്തിലേക്ക് നാം എല്ലാവരും ഒരുമിച്ചു ചേര്‍ന്നുവരും; ക്രിസ്തുവിന്‍റെ പൂര്‍ണതയുടെ പാരമ്യത്തോളം എത്തുന്ന പക്വത നാം പ്രാപിക്കുകയും ചെയ്യും. *** കൗശലത്താല്‍ മറ്റുള്ളവരെ വഴിതെറ്റിക്കുന്ന വഞ്ചകരായ മനുഷ്യരുണ്ട്. അവരുടെ ഉപദേശമാകുന്ന കാറ്റിനാലും തിരമാലകളാലും ചിതറിക്കുകയും ഉലയ്‍ക്കുകയും ചെയ്യുവാന്‍ തക്കവണ്ണം നാം ഇനിമേല്‍ ശിശുക്കളാകരുത്. നേരേമറിച്ച് സ്നേഹപൂര്‍വം സത്യം പ്രഘോഷിച്ചുകൊണ്ട് നമ്മുടെ ശിരസ്സാകുന്ന ക്രിസ്തുവിനോളം എല്ലാവിധത്തിലും നാം വളരണം. അവിടുത്തെ നിയന്ത്രണത്തില്‍ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങള്‍ കൂട്ടിയിണക്കപ്പെട്ട്, എല്ലാ സന്ധിബന്ധങ്ങള്‍കൊണ്ടും ശരീരത്തെ ആകമാനം സംഘടിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് ഓരോ അവയവവും അതിന്‍റേതായ പ്രവൃത്തിചെയ്യുമ്പോള്‍ ശരീരം ആസകലം വളരുകയും സ്നേഹത്തിലൂടെ പടുത്തുയുര്‍ത്തപ്പെടുകയും ചെയ്യുന്നു. കര്‍ത്താവിന്‍റെ നാമത്തില്‍ ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയട്ടെ: വിജാതീയരെപ്പോലെ നിങ്ങള്‍ ഇനി വ്യര്‍ഥചിന്തകളനുസരിച്ചു ജീവിക്കരുത്. അവരുടെ മനസ്സ് അന്ധകാരത്തിലാണ്ടിരിക്കുന്നു. അവര്‍ തികച്ചും അജ്ഞരും വഴങ്ങാത്ത പ്രകൃതമുള്ളവരുമാകയാല്‍ ദൈവം നല്‌കുന്ന ജീവനില്‍ അവര്‍ക്കു പങ്കില്ല. അവര്‍ ലജ്ജയില്ലാത്തവരായിത്തീര്‍ന്നിരിക്കുന്നു; യാതൊരു സംയമവും കൂടാതെ ദുര്‍മാര്‍ഗ ജീവിതത്തിനും എല്ലാവിധ അയോഗ്യമായ നടപടികള്‍ക്കും അവര്‍ തങ്ങളെത്തന്നെ ഏല്പിച്ചുകൊടുക്കുന്നു. നിങ്ങള്‍ ക്രിസ്തുവിനെപ്പറ്റി പഠിച്ചത് ഇതല്ലല്ലോ. നിശ്ചയമായും നിങ്ങള്‍ ക്രിസ്തുവിനെപ്പറ്റി കേട്ടിട്ടുണ്ട്. അവിടുത്തെ അനുയായികള്‍ എന്ന നിലയില്‍ യേശുവില്‍ അന്തര്‍ഭവിച്ചിരിക്കുന്ന സത്യം നിങ്ങള്‍ പഠിച്ചിട്ടുമുണ്ട്. പൂര്‍വകാലജീവിതത്തിനു നിങ്ങളെ പ്രേരിപ്പിച്ച പഴയ മനുഷ്യപ്രകൃതി ഉപേക്ഷിക്കുക. വഞ്ചനാത്മകമായ ദുര്‍മോഹങ്ങള്‍കൊണ്ട് ആ പഴയ മനുഷ്യന്‍ നശിക്കുന്നു. നിങ്ങളുടെ ഹൃദയവും മനസ്സും സമ്പൂര്‍ണമായി നവീകരിക്കപ്പെടണം. യഥാര്‍ഥ നീതിയിലും വിശുദ്ധിയിലും ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്‍ടിക്കപ്പെട്ട പുതിയ മനുഷ്യപ്രകൃതി ധരിച്ചുകൊള്ളുക. അതിനാല്‍ ഇനി നിങ്ങള്‍ വ്യാജം പറയരുത്! നാം ക്രിസ്തുവിന്‍റെ ശരീരത്തിലെ അവയവങ്ങളായതുകൊണ്ട്, നാം ഓരോ വ്യക്തിയും, സഹവിശ്വാസികളോടു സത്യംതന്നെ സംസാരിക്കണം. കോപിച്ചാലും കോപം നിങ്ങളെ പാപത്തിലേക്കു നയിക്കാതിരിക്കട്ടെ. സൂര്യന്‍ അസ്തമിക്കുന്നതുവരെ നിങ്ങളുടെ കോപം വച്ചുകൊണ്ടിരിക്കരുത്. സാത്താന് അവസരം കൊടുക്കരുതല്ലോ. മോഷ്‍ടിച്ചിരുന്നവര്‍ ഇനി അപ്രകാരം ചെയ്യാതെ, ദരിദ്രരെ സഹായിക്കുവാന്‍ വകയുണ്ടാകുന്നതിന് ഉത്തമമായ ജോലിയില്‍ ഏര്‍പ്പെട്ട് സ്വന്തം കൈകൊണ്ട് അധ്വാനിക്കണം. നിങ്ങളുടെ വായില്‍നിന്ന് ദുര്‍ഭാഷണം പുറപ്പെടരുത്. കേള്‍ക്കുന്നവര്‍ക്കു നന്മയുണ്ടാകത്തക്കവണ്ണം നിങ്ങളുടെ വാക്കുകള്‍ സന്ദര്‍ഭോചിതവും, ശ്രോതാവിന് ആത്മീയമായ പ്രചോദനം പ്രദാനം ചെയ്യുന്നതുമായിരിക്കണം. ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്; നിങ്ങളുടെ വീണ്ടെടുപ്പിന്‍റെ ദിവസത്തിലേക്കു ദൈവത്തിന്‍റെ വകയായി നിങ്ങളെ മുദ്രയിട്ടിരിക്കുന്നത് ആ പരിശുദ്ധാത്മാവിനാലാണല്ലോ; എല്ലാ വിദ്വേഷവും ക്രോധവും അമര്‍ഷവും ഉപേക്ഷിക്കുക; അട്ടഹാസവും, ദൂഷണവും, എന്നല്ല എല്ലാ പകയും നിങ്ങളില്‍നിന്നു വിട്ടുപോകട്ടെ. ദയയോടും മനസ്സലിവോടുംകൂടി അന്യോന്യം പെരുമാറുകയും, ദൈവം നിങ്ങളോടു ക്രിസ്തു മുഖേന ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുകയും ചെയ്യുക. നിങ്ങള്‍ ദൈവത്തിന്‍റെ പ്രിയപ്പെട്ട മക്കള്‍ ആയതുകൊണ്ട് ദൈവത്തെ അനുകരിക്കുക. ദൈവത്തിനു പ്രസാദകരമായ യാഗവും സുരഭിലമായ വഴിപാടുമായി തന്‍റെ ജീവന്‍ നമുക്കു നല്‌കി ക്രിസ്തു നമ്മെ സ്നേഹിച്ചു. അതുപോലെ സ്നേഹം നിങ്ങളുടെ ജീവിതത്തെ ഭരിക്കട്ടെ. നിങ്ങള്‍ ദൈവത്തിന്‍റെ ജനമായതുകൊണ്ട് ലൈംഗികമായ ദുര്‍ന്നടപ്പ്, അയോഗ്യമായ നടപടികള്‍, അത്യാഗ്രഹം ഇവയെപ്പറ്റി നിങ്ങളുടെ ഇടയില്‍ സംസാരിക്കുന്നതുപോലും അനുചിതമാകുന്നു. അശ്ലീലവും അസഭ്യവും സംസ്കാരശൂന്യവുമായ സംഭാഷണവും ഉപേക്ഷിക്കണം. നിങ്ങളുടെ നാവില്‍ ദൈവത്തിനു സ്തോത്രം പറയുക അത്രേ വേണ്ടത്. അധര്‍മിക്കും അയോഗ്യമായി ജീവിക്കുന്നവനും അത്യാഗ്രഹിക്കും ക്രിസ്തുവിന്‍റെയും ദൈവത്തിന്‍റെയും രാജ്യത്തില്‍ ഒരു പങ്കുമുണ്ടായിരിക്കുകയില്ലെന്നു നിങ്ങള്‍ അറിഞ്ഞിരിക്കണം. വിഗ്രഹാരാധനയുടെ മറ്റൊരു രൂപമാണല്ലോ അത്യാഗ്രഹം. വ്യര്‍ഥവാക്കുകളാല്‍ ആരും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ; ഇവ നിമിത്തമാണല്ലോ തന്നെ അനുസരിക്കാത്തവരുടെമേല്‍ ദൈവത്തിന്‍റെ കോപം വന്നുചേരുന്നത്. അതിനാല്‍ അങ്ങനെയുള്ളവരുമായി യാതൊരു സമ്പര്‍ക്കവും പാടില്ല. ഒരിക്കല്‍ നിങ്ങള്‍ ഇരുട്ടിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ കര്‍ത്താവിന്‍റെ ജനമായതുകൊണ്ട് വെളിച്ചത്തിലായിരിക്കുന്നു. അതുകൊണ്ട് പ്രകാശത്തിന് ഉള്ളവരെപ്പോലെ നിങ്ങള്‍ ജീവിക്കണം. എന്തെന്നാല്‍ പ്രകാശത്തിന്‍റെ ഫലമാണ് സകലവിധ നന്മയും നീതിയും സത്യവും. കര്‍ത്താവിനു പ്രസാദകരമായത് എന്തെന്നു പഠിക്കുക. അന്ധകാരത്തിന്‍റെ നിഷ്ഫലപ്രവൃത്തികളില്‍ നിങ്ങള്‍ പങ്കുചേരരുത്. മറിച്ച് അവയെ വെളിച്ചത്തു കൊണ്ടുവരികയത്രേ ചെയ്യേണ്ടത്. വാസ്തവത്തില്‍ അവര്‍ ഗോപ്യമായി ചെയ്യുന്ന കാര്യങ്ങളെപ്പറ്റി പറയുന്നതുപോലും ലജ്ജാവഹമത്രേ. എല്ലാ സംഗതികളും വെളിച്ചത്തു കൊണ്ടുവരുമ്പോള്‍ അവയുടെ തനിസ്വഭാവം വ്യക്തമാകും. വ്യക്തമായി വെളിപ്പെടുന്നതെല്ലാം വെളിച്ചമായിത്തീരുന്നു. അതുകൊണ്ടാണ്, ഉറങ്ങുന്നവരേ ഉണരുക; മരണത്തില്‍നിന്ന് എഴുന്നേല്‌ക്കുക; എന്നാല്‍ ക്രിസ്തു നിന്‍റെമേല്‍ പ്രകാശിക്കും എന്നു പറയുന്നത്. അതുകൊണ്ട് ജീവിക്കുന്നത് എങ്ങനെയാണ് എന്നതിനെപ്പറ്റി നിങ്ങള്‍ ശ്രദ്ധയുള്ളവരായിരിക്കണം. അജ്ഞാനികളെപ്പോലെയല്ല, ജ്ഞാനികളെപ്പോലെ നിങ്ങള്‍ ജീവിക്കുക. നിങ്ങള്‍ക്കു ലഭിക്കുന്ന എല്ലാ അവസരങ്ങളും യഥായോഗ്യം പ്രയോജനപ്പെടുത്തുക; എന്തെന്നാല്‍ ഇത് ദുഷ്കാലമാണ്. നിങ്ങള്‍ ബുദ്ധിശൂന്യരാകാതെ നിങ്ങള്‍ ചെയ്യണമെന്നു കര്‍ത്താവ് ഇച്ഛിക്കുന്നത് എന്താണെന്നു കണ്ടുപിടിക്കുക. വീഞ്ഞുകുടിച്ചു മത്തരാകരുത്; അതു നിങ്ങളെ നശിപ്പിക്കും; ആത്മാവിലാണ് നിങ്ങള്‍ നിറയേണ്ടത്. സങ്കീര്‍ത്തനങ്ങളുടെയും ഗീതങ്ങളുടെയും ആത്മീയഗാനങ്ങളുടെയും വാക്കുകളാല്‍ നിങ്ങള്‍ അന്യോന്യം സംസാരിക്കുകയും, പൂര്‍ണഹൃദയത്തോടെ ഗീതങ്ങളും സങ്കീര്‍ത്തനങ്ങളും പാടി കര്‍ത്താവിനെ സ്തുതിക്കുകയും, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ പിതാവായ ദൈവത്തിന് എപ്പോഴും എല്ലാറ്റിനുംവേണ്ടി സ്തോത്രം ചെയ്യുകയും വേണം. ക്രിസ്തുവിനോടുള്ള ഭക്തി നിമിത്തം നിങ്ങള്‍ അന്യോന്യം വഴങ്ങുക. ഭാര്യമാരേ, കര്‍ത്താവിനെന്നവണ്ണം നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കു സ്വയം വഴങ്ങുക. ക്രിസ്തു തന്‍റെ ശരീരമാകുന്ന സഭയുടെ ശിരസ്സും രക്ഷകനുമാണല്ലോ. സഭയുടെമേല്‍ കര്‍ത്താവിന് അധികാരമുള്ളതുപോലെ ഭാര്യയുടെമേല്‍ ഭര്‍ത്താവിന് അധികാരമുണ്ട്. അതുകൊണ്ട് സഭ ക്രിസ്തുവിനു സ്വയം സമര്‍പ്പിക്കുന്നതുപോലെതന്നെ, ഭാര്യമാരും തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കു പൂര്‍ണമായും സ്വയം സമര്‍പ്പിക്കേണ്ടതാണ്. ഭര്‍ത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും സഭയ്‍ക്കുവേണ്ടി സ്വജീവന്‍ അര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങളും നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുക. സഭയെ ജലസ്നാനം ചെയ്ത്, വചനത്താല്‍ ശുദ്ധീകരിച്ച്, മാലിന്യമോ, ഊനമോ, മറ്റേതെങ്കിലും കുറവോ ഇല്ലാതെ അണിഞ്ഞൊരുങ്ങിയവളും പരിശുദ്ധയും നിഷ്കളങ്കയുമായി തന്‍റെ മുമ്പില്‍ നിറുത്തുന്നതിനുവേണ്ടിയാണ് ക്രിസ്തു അപ്രകാരം ചെയ്തത്. പുരുഷന്മാര്‍ സ്വന്തം ശരീരത്തെ എന്നവണ്ണം തങ്ങളുടെ ഭാര്യമാരെ സ്നേഹിക്കേണ്ടതാണ്. ഭാര്യയെ സ്നേഹിക്കുന്ന ഒരു മനുഷ്യന്‍ തന്നെത്തന്നെയാണു സ്നേഹിക്കുന്നത്. സ്വന്തം ശരീരത്തെ ആരും വെറുക്കുന്നില്ല. പകരം ക്രിസ്തു സഭയെ എന്നവണ്ണം അവന്‍ ഭക്ഷണം നല്‌കി ശരീരത്തെ പോഷിപ്പിക്കുകയാണല്ലോ ചെയ്യുന്നത്. നാം ക്രിസ്തുവിന്‍റെ ശരീരത്തിലെ അവയവങ്ങളാണ്. ഇതുകൊണ്ടാണ്, മനുഷ്യന്‍ മാതാപിതാക്കളെ വിട്ടു തന്‍റെ ഭാര്യയോട് ഏകീഭവിക്കുമെന്നും അവര്‍ ഇരുവരും ഒന്നായിത്തീരുമെന്നും വേദപുസ്തകത്തില്‍ പറയുന്നത്. ഇതില്‍ അന്തര്‍ഭവിച്ചിട്ടുള്ള മര്‍മ്മം വളരെ വലുതാണ്; ഞാന്‍ പറയുന്നത് ക്രിസ്തുവിനെയും സഭയെയും സംബന്ധിച്ചാണ്. അതു നിങ്ങളെ സംബന്ധിച്ചും വാസ്തവമത്രേ. ഭര്‍ത്താവ് തന്നെപ്പോലെ തന്നെ തന്‍റെ ഭാര്യയെ സ്നേഹിക്കുകയും ഭാര്യ തന്‍റെ ഭര്‍ത്താവിനെ ബഹുമാനിക്കുകയും വേണം. മക്കളേ, നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക; അതു ന്യായവും നിങ്ങളുടെ ക്രൈസ്തവ ധര്‍മവുമാകുന്നു. ‘നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക’ എന്നത് വാഗ്ദാനസഹിതമുള്ള ആദ്യത്തെ കല്പനയാകുന്നു. നിനക്ക് സകല നന്മകളും കൈവരികയും നീ ഭൂമിയില്‍ ദീര്‍ഘായുസ്സോടെ ഇരിക്കുകയും ചെയ്യും എന്നുള്ളതാണ് ആ വാഗ്ദാനം. പിതാക്കളേ, നിങ്ങളുടെ മക്കള്‍ പ്രകോപിതരാകത്തക്കവണ്ണം നിങ്ങള്‍ അവരോട് ഇടപെടരുത്. അവരെ ക്രിസ്തീയ ഉപദേശത്തിലും ശിക്ഷണത്തിലും വളര്‍ത്തുക. ദാസന്മാരേ, ലോകത്തിലെ യജമാനന്മാരെ ഭയത്തോടും ബഹുമാനത്തോടും കൂടി അനുസരിക്കുക; അത് ക്രിസ്തുവിനെ എന്നവണ്ണം ആത്മാര്‍ഥതയോടുകൂടി ആയിരിക്കുകയും വേണം. അവരുടെ പ്രീതി നേടണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ട് അവര്‍ നിങ്ങളെ നോക്കുമ്പോള്‍ മാത്രം അപ്രകാരം ചെയ്യാതെ ക്രിസ്തുവിന്‍റെ ദാസന്മാര്‍ എന്നവണ്ണം, ദൈവം നിങ്ങളെ സംബന്ധിച്ച് ആഗ്രഹിക്കുന്നതുപോലെ പൂര്‍ണഹൃദയത്തോടുകൂടി പ്രവര്‍ത്തിക്കുക. കേവലം മനുഷ്യരെ എന്നവണ്ണമല്ല കര്‍ത്താവിനെ സേവിക്കുന്നതുപോലെ സന്മനസ്സോടെ നിങ്ങളുടെ പ്രവൃത്തിചെയ്യുക. അടിമയെന്നോ സ്വതന്ത്രനെന്നോ ഉള്ള ഭേദം കൂടാതെ ഓരോ മനുഷ്യനും ചെയ്യുന്ന നല്ല പ്രവൃത്തിക്കു തക്ക പ്രതിഫലം കര്‍ത്താവു നല്‌കുമെന്നു കരുതിക്കൊള്ളുക. യജമാനന്മാരേ, നിങ്ങളും നിങ്ങളുടെ ദാസന്മാരോട് അങ്ങനെതന്നെ പെരുമാറണം. ഇനി അവരെ ഭീഷണിപ്പെടുത്തരുത്. നിങ്ങളുടെയും അവരുടെയും യജമാനന്‍ സ്വര്‍ഗത്തിലുണ്ടല്ലോ. അവിടുന്ന് ആരുടെയും മുഖം നോക്കാതെ ഒരേ മാനദണ്ഡത്താല്‍ എല്ലാവരെയും വിധിക്കുന്നു. അവസാനമായി കര്‍ത്താവിനോട് ഏകീഭവിച്ച് അവിടുത്തെ അജയ്യശക്തി മുഖേന നിങ്ങള്‍ കരുത്തുറ്റവരായിത്തീരുക. പിശാചിന്‍റെ കുതന്ത്രങ്ങളോട് എതിര്‍ത്തു നില്‌ക്കുവാന്‍ നിങ്ങള്‍ പ്രാപ്തരാകേണ്ടതിന് ദൈവം നിങ്ങള്‍ക്കു നല്‌കുന്ന എല്ലാ ആയുധങ്ങളും ധരിച്ചുകൊള്ളുക. നാം പോരാടുന്നത് മനുഷ്യരോടല്ല, അധികാരങ്ങളോടും ശക്തികളോടും ഈ അന്ധകാരലോകത്തിന്‍റെ അധിപതികളോടും ആകാശത്തിലെ ദുഷ്ടാത്മസേനയോടുമത്രേ. അതുകൊണ്ട് ദൈവത്തിന്‍റെ എല്ലാ പടക്കോപ്പുകളും ധരിക്കുക! അങ്ങനെ ചെയ്താല്‍ ദുര്‍ദിനത്തില്‍ ശത്രുവിന്‍റെ ആക്രമണത്തെ പ്രതിരോധിക്കുവാനും അവസാനംവരെ പോരാടിയശേഷവും വീഴാതെ കാലുറപ്പിച്ചു നില്‌ക്കുവാനും നിങ്ങള്‍ക്കു കഴിയും. അതിനാല്‍ സത്യംകൊണ്ട് അരമുറുക്കിയും നീതി എന്ന കവചം ധരിച്ചും തയ്യാറായി നില്‌ക്കുക. സമാധാനത്തിന്‍റെ സുവിശേഷം പ്രഖ്യാപനം ചെയ്യുവാനുള്ള സന്നദ്ധത ആയിരിക്കട്ടെ നിങ്ങളുടെ പാദരക്ഷ. വിശ്വാസം എന്ന പരിച എല്ലാസമയത്തും നിങ്ങളുടെ കൈയിലുണ്ടായിരിക്കണം. തന്മൂലം ദുഷ്ടന്‍ തൊടുത്തുവിടുന്ന ആഗ്നേയാസ്ത്രങ്ങളെ കെടുത്തുവാന്‍ നിങ്ങള്‍ക്കു കഴിയും. രക്ഷ പടത്തൊപ്പിയായും ദൈവവചനം ആത്മാവു നല്‌കുന്ന വാളായും സ്വീകരിച്ചുകൊള്ളുക. [18,19] ആത്മാവു പ്രേരിപ്പിക്കുന്നതനുസരിച്ച് എല്ലാ സമയവും പ്രാര്‍ഥിക്കുക. എപ്പോഴും ജാഗരൂകരായിരിക്കുക. ഞാന്‍ സുധീരം സംസാരിക്കുകയും സുവിശേഷത്തിന്‍റെ മര്‍മ്മം അറിയിക്കുകയും ചെയ്യേണ്ടതിന് ഞാന്‍ പ്രസംഗിക്കുമ്പോള്‍ ഒരു സന്ദേശം എനിക്കു ലഭിക്കുവാന്‍ എനിക്കുവേണ്ടി പ്രാര്‍ഥിക്കുക. എല്ലാ ദൈവജനങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കണം. ദൈവത്തിന്‍റെ സഹായം അപേക്ഷിച്ചുകൊണ്ട് ഇവയെല്ലാം ചെയ്യണം. *** ഇപ്പോള്‍ തടവില്‍ കിടക്കുകയാണെങ്കിലും ഞാന്‍ സുവിശേഷത്തിന്‍റെ സ്ഥാനപതിയാണ്. സുവിശേഷം വേണ്ടതുപോലെ പ്രസംഗിക്കുന്നതിനുള്ള ധീരത എനിക്ക് ഉണ്ടാകുവാന്‍ വേണ്ടിയും പ്രാര്‍ഥിക്കണം. എന്‍റെ വിശേഷങ്ങള്‍ അറിയുവാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരിക്കുമല്ലോ. നമ്മുടെ പ്രിയ സഹോദരനും കര്‍ത്താവിന്‍റെ വിശ്വസ്ത ശുശ്രൂഷകനുമായ തിഹിക്കൊസ് എല്ലാ വിവരങ്ങളും വിശിഷ്യ ഞാന്‍ എന്തു ചെയ്യുന്നു എന്നും നിങ്ങളോടു പറയും. ഞങ്ങളെല്ലാവരും എങ്ങനെ കഴിയുന്നു എന്ന് അറിയിക്കുന്നതിനും നിങ്ങളെ ധൈര്യപ്പെടുത്തുന്നതിനുമാണ് അയാളെ നിങ്ങളുടെ അടുക്കലേക്ക് അയയ്‍ക്കുന്നത്. പിതാവായ ദൈവവും കര്‍ത്താവായ യേശുക്രിസ്തുവും എല്ലാ സഹോദരന്മാര്‍ക്കും സമാധാനവും വിശ്വാസത്തോടുകൂടിയ സ്നേഹവും നല്‌കുമാറാകട്ടെ. അക്ഷയമായ സ്നേഹത്താല്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ സ്നേഹിക്കുന്ന എല്ലാവരോടുംകൂടി ദൈവത്തിന്‍റെ കൃപ ഉണ്ടായിരിക്കട്ടെ. ക്രിസ്തുയേശുവിന്‍റെ സേവകരായ പൗലൊസും തിമൊഥെയോസും, ഫിലിപ്പിയിലെ സഭാമേലധ്യക്ഷന്മാര്‍ക്കും ശുശ്രൂഷകര്‍ക്കും ക്രിസ്തുയേശുവിനോട് ഏകീഭവിച്ചിട്ടുള്ള സകല ദൈവജനങ്ങള്‍ക്കും എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ലഭിക്കട്ടെ. നിങ്ങളെ ഓര്‍മിക്കുമ്പോഴെല്ലാം എന്‍റെ ദൈവത്തിനു ഞാന്‍ സ്തോത്രം ചെയ്യുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കുംവേണ്ടി ഞാന്‍ പ്രാര്‍ഥിക്കുമ്പോഴെല്ലാം ആനന്ദത്തോടുകൂടിയാണു പ്രാര്‍ഥിക്കുന്നത്. [5,6] ആദിമുതല്‍ ഇന്നുവരെയും സുവിശേഷ പ്രചാരണത്തില്‍ നിങ്ങള്‍ വഹിച്ചിട്ടുള്ള പങ്കില്‍ ദൈവത്തോടു ഞാന്‍ അതീവ കൃതജ്ഞനുമാണ്. ഈ നല്ല പ്രവൃത്തി നിങ്ങളില്‍ ആരംഭിച്ച ദൈവം, ക്രിസ്തുയേശുവിന്‍റെ പ്രത്യാഗമനനാള്‍വരെ, അതു തുടര്‍ന്നു പൂര്‍ത്തിയാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. *** നിങ്ങളെ എല്ലാവരെയും എന്‍റെ ഹൃദയത്തില്‍ വഹിച്ചിരിക്കുന്നതുകൊണ്ട്, നിങ്ങളെപ്പറ്റി ഇപ്രകാരമെല്ലാം വിചാരിക്കുന്നത് യുക്തമാണല്ലോ. എന്തുകൊണ്ടെന്നാല്‍ എന്‍റെ കാരാഗൃഹവാസത്തിലും അതുപോലെ തന്നെ സുവിശേഷത്തിനുവേണ്ടി പ്രതിവാദം നടത്തുകയും അതിനെ ഉറപ്പിക്കുകയും ചെയ്യുവാന്‍ ദൈവം എനിക്കു നല്‌കിയ ഈ പദവിയിലും നിങ്ങളെല്ലാവരും പങ്കാളികളായിരുന്നല്ലോ. ക്രിസ്തുയേശുവിന്‍റെ പ്രീതിവാത്സല്യങ്ങളോടുകൂടി നിങ്ങളെ എല്ലാവരെയും കാണുവാന്‍ ഞാന്‍ എത്ര അധികമായി ആഗ്രഹിക്കുന്നു എന്നതിന് എന്‍റെ ദൈവം സാക്ഷി. [9,10] ഉത്തമമായതു തിരഞ്ഞെടുക്കുവാന്‍ നിങ്ങള്‍ പ്രാപ്തരാകുന്നതിനു പര്യാപ്തമായ പരിജ്ഞാനത്തോടും, വിവേചനബുദ്ധിയോടുംകൂടി നിങ്ങളുടെ സ്നേഹം മേല്‌ക്കുമേല്‍ വര്‍ധിച്ചുവരട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു. അങ്ങനെ ക്രിസ്തുവിന്‍റെ പ്രത്യാഗമനദിവസത്തില്‍ നിങ്ങള്‍ വിശുദ്ധിയും നൈര്‍മല്യവും ഉള്ളവരായിത്തീരും. *** ദൈവത്തിന്‍റെ മഹത്ത്വത്തിനും സ്തുതിക്കുംവേണ്ടി യേശുക്രിസ്തുവില്‍കൂടി ദൈവം നമ്മെ സ്വീകരിക്കുന്നതിന്‍റെ ഫലങ്ങള്‍കൊണ്ട് നിങ്ങള്‍ നിറയുകയും ചെയ്യും. സഹോദരരേ, എനിക്കു സംഭവിച്ചതെല്ലാം യഥാര്‍ഥത്തില്‍ സുവിശേഷത്തിന്‍റെ പുരോഗതിക്കു സഹായകരമായിത്തീര്‍ന്നു എന്നു നിങ്ങള്‍ മനസ്സിലാക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ക്രിസ്തുവിനെപ്രതിയാണ് ഞാന്‍ കാരാഗൃഹത്തില്‍ ആയിരിക്കുന്നത് എന്ന് എല്ലാ അകമ്പടിപ്പട്ടാളക്കാര്‍ക്കും ഇവിടെയുള്ള മറ്റെല്ലാവര്‍ക്കും ബോധ്യമായിരിക്കുന്നു. ഞാന്‍ തടവിലായതു മൂലം സഹോദരന്മാരില്‍ മിക്കപേര്‍ക്കും കര്‍ത്താവിലുള്ള വിശ്വാസം ഉറയ്‍ക്കുകയും ദൈവത്തിന്‍റെ സന്ദേശം നിര്‍ഭയം പ്രഘോഷിക്കുന്നതിനുള്ള ധൈര്യം വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. ചിലര്‍ ക്രിസ്തുവിന്‍റെ സുവിശേഷം പ്രഘോഷിക്കുന്നത് അസൂയയും പിണക്കവും കൊണ്ടാണെന്ന് വ്യക്തമാണ്. മറ്റു ചിലരാകട്ടെ ആത്മാര്‍ഥമായ സന്മനസ്സോടുകൂടി പ്രസംഗിക്കുന്നു. എന്നോടുള്ള സ്നേഹത്തിന്‍റെ പേരിലാണ് അവര്‍ അപ്രകാരം ചെയ്യുന്നത്. എന്തെന്നാല്‍ സുവിശേഷത്തിന്‍റെ സംരക്ഷണത്തിനുവേണ്ടിയാണ് എന്നെ നിയോഗിച്ചിരിക്കുന്നതെന്ന് അവര്‍ക്കറിയാം. ആദ്യത്തെ കൂട്ടര്‍ ആത്മാര്‍ഥതകൊണ്ടല്ല പിന്നെയോ കക്ഷിതാത്പര്യംകൊണ്ടാണ് ക്രിസ്തുവിനെ വിളംബരം ചെയ്യുന്നത്; ബന്ധനസ്ഥനായ എന്നെ കൂടുതല്‍ ക്ലേശിപ്പിക്കാമെന്നത്രേ അവര്‍ കരുതുന്നത്. അതു സാരമില്ല! ഉദ്ദേശ്യം ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ. എങ്ങനെയായാലും ക്രിസ്തുവിനെക്കുറിച്ചാണല്ലോ പ്രസംഗിക്കുന്നതെന്ന് ഓര്‍ക്കുമ്പോള്‍ എനിക്കു സന്തോഷമേയുള്ളൂ; ഈ സന്തോഷത്തില്‍ ഞാന്‍ തുടരുകയും ചെയ്യും. എന്തുകൊണ്ടെന്നാല്‍, നിങ്ങളുടെ പ്രാര്‍ഥനയാലും, യേശുക്രിസ്തുവിന്‍റെ ആത്മാവിന്‍റെ സഹായത്താലും ഞാന്‍ വിമോചിതനാകുമെന്ന് എനിക്കറിയാം. അങ്ങനെ ഞാന്‍ അശേഷം ലജ്ജിച്ചുപോകാതെ പൂര്‍ണ ധൈര്യത്തോടുകൂടി എപ്പോഴുമെന്നതുപോലെ ഇപ്പോഴും കഴിയുന്നു; ജീവിതത്തില്‍കൂടിയാകട്ടെ, മരണത്തില്‍കൂടിയാകട്ടെ ക്രിസ്തു എന്നിലൂടെ മഹത്ത്വപ്പെടണമെന്ന് ഞാന്‍ സര്‍വാത്മനാ പ്രതീക്ഷിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നു. ക്രിസ്തുവാണ് എന്‍റെ ജീവന്‍; മരണം എനിക്കു ലാഭവും. എന്നാല്‍ ഇനിയും ജീവിക്കുകയാണെങ്കില്‍ കൂടുതല്‍ ഫലപ്രദമായി പ്രയത്നിക്കുവാന്‍ കഴിയും. ഇതില്‍ ഏതാണു തിരഞ്ഞെടുക്കേണ്ടതെന്ന് എനിക്കു നിശ്ചയമില്ല. ഇവയുടെ മധ്യത്തില്‍ ഞാന്‍ വല്ലാതെ ഞെരുങ്ങുന്നു. ശരീരത്തോടു വിടവാങ്ങി ക്രിസ്തുവിനോടു ചേരുവാനാണ് ഞാന്‍ അഭിവാഞ്ഛിക്കുന്നത്. അതാണല്ലോ കൂടുതല്‍ അഭികാമ്യം. എന്നാല്‍ നിങ്ങളെപ്രതി ഞാന്‍ ശരീരത്തോടുകൂടി ഇരിക്കേണ്ടത് അതിലേറെ ആവശ്യം. ഈ ബോധ്യത്തോടുകൂടി നിങ്ങളുടെ അഭിവൃദ്ധിക്കും വിശ്വാസത്തിലുള്ള ആനന്ദത്തിനുവേണ്ടി ഞാന്‍ ജീവനോടെ ശേഷിക്കുമെന്നും നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കുമെന്നും എനിക്കുറപ്പുണ്ട്. അങ്ങനെ ഞാന്‍ വീണ്ടും നിങ്ങളുടെ അടുക്കല്‍ വരുന്നതുകൊണ്ട്, ക്രിസ്തുയേശുവിനോടുള്ള ബന്ധത്തില്‍ ഞാന്‍ നിമിത്തം നിങ്ങള്‍ക്ക് അഭിമാനിക്കുവാന്‍ വേണ്ടുവോളം വകയുണ്ടാകും. [27,28] നിങ്ങള്‍ ക്രിസ്തുവിന്‍റെ സുവിശേഷത്തിനു യോഗ്യമായവിധം ജീവിക്കണമെന്നതാണ് ഏറ്റവും പ്രധാനം. അങ്ങനെ ഞാന്‍ വന്നു നിങ്ങളെ കാണുകയോ, അഥവാ വരാതെ നിങ്ങളെക്കുറിച്ചു കേള്‍ക്കുകയോ ചെയ്താലും, നിങ്ങള്‍ ഏകാത്മാവോടും ഏകമനസ്സോടുംകൂടി ഉറച്ചുനിന്നുകൊണ്ട് സുവിശേഷത്തിന്‍റെ വിശ്വാസത്തിനുവേണ്ടി പോരാടുന്നു എന്നും, ഒരു കാര്യത്തിലും ശത്രുക്കള്‍ നിങ്ങളെ ഭയപ്പെടുത്തുന്നില്ല എന്നും, നിങ്ങളെക്കുറിച്ച് അറിയുവാന്‍ എനിക്ക് ഇടയാകട്ടെ. നിങ്ങളുടെ പോരാട്ടം അവരുടെ നാശത്തിനും, പ്രത്യുത നിങ്ങളുടെ രക്ഷയ്‍ക്കും ദൈവത്തില്‍ നിന്നുള്ള അടയാളമാകുന്നു. *** ക്രിസ്തുവില്‍ വിശ്വസിക്കുവാന്‍ മാത്രമല്ല, അവിടുത്തെ പ്രതി കഷ്ടത സഹിക്കുവാന്‍കൂടി ഉള്ള വരം ദൈവം നിങ്ങള്‍ക്കു നല്‌കിയിരിക്കുന്നു. എന്നില്‍ നിങ്ങള്‍ കണ്ടതും, ഇപ്പോള്‍ എന്നെക്കുറിച്ചു കേള്‍ക്കുന്നതുമായ അതേ പോരാട്ടത്തില്‍ തന്നെയാണല്ലോ നിങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. [1,2] ക്രിസ്തുവില്‍ വല്ല ഉത്തേജനവും ഉണ്ടെങ്കില്‍, സ്നേഹത്തിന്‍റെ വല്ല പ്രചോദനവും ഉണ്ടെങ്കില്‍, ആത്മാവില്‍ വല്ല കൂട്ടായ്മയും ഉണ്ടെങ്കില്‍, വല്ല പ്രീതിവാത്സല്യവും സഹാനുഭൂതിയും ഉണ്ടെങ്കില്‍, നിങ്ങള്‍ ഏകമനസ്സും ഏകസ്നേഹവും ഉള്ളവരായി ഒത്തിണങ്ങി, ഏകീഭാവത്തോടുകൂടി വര്‍ത്തിച്ച് എന്‍റെ ആനന്ദം പൂര്‍ണമാക്കുക. *** മാത്സര്യത്താലോ, ദുരഭിമാനത്താലോ ഒന്നും ചെയ്യരുത്. മറ്റുള്ളവര്‍ നിങ്ങളെക്കാള്‍ ശ്രേഷ്ഠരാണെന്നു വിനയപൂര്‍വം കരുതിക്കൊള്ളണം. ഓരോരുത്തരും സ്വന്തതാത്പര്യം മാത്രമല്ല മറ്റുള്ളവരുടെ താത്പര്യംകൂടി നോക്കണം. ക്രിസ്തുയേശുവിനുണ്ടായിരുന്ന മനോഭാവം തന്നെ നിങ്ങള്‍ക്കും ഉണ്ടായിരിക്കട്ടെ. അവിടുത്തെ പ്രകൃതി ദൈവത്തിന്‍റെ തനിമയായിരുന്നെങ്കിലും, അവിടുന്നു ദൈവത്തോടുള്ള സമത്വം മുറുകെ പിടിക്കണമെന്നു വിചാരിച്ചില്ല. അവിടുന്നു സ്വയം ശൂന്യമാക്കിക്കൊണ്ട് ദാസരൂപം പൂണ്ട്, മനുഷ്യനായി ജന്മമെടുത്തു; ബാഹ്യരൂപത്തില്‍ മനുഷ്യനായി കാണപ്പെടുകയും ചെയ്തു. അങ്ങനെ അവിടുന്നു തന്നെത്താന്‍ താഴ്ത്തി, മരണത്തോളം എന്നല്ല കുരിശിലെ മരണത്തോളംതന്നെ, അനുസരണമുള്ളവനായിത്തീര്‍ന്നു. അതിനാല്‍ ദൈവം അവിടുത്തെ ഏറ്റവും സമുന്നത പദത്തിലേക്കുയര്‍ത്തി, സകല നാമങ്ങള്‍ക്കും മീതെയുള്ള നാമം നല്‌കി. അങ്ങനെ യേശുവിന്‍റെ ശ്രേഷ്ഠനാമത്തെ ആദരിച്ച് അവിടുത്തെ സ്വര്‍ഗത്തിലും ഭൂമിയിലും അധോലോകത്തിലുമുള്ള എല്ലാവരും മുട്ടുകുത്തി നമസ്കരിക്കുകയും പിതാവായ ദൈവത്തിന്‍റെ മഹത്ത്വത്തിനായി, യേശുക്രിസ്തു കര്‍ത്താവെന്ന് എല്ലാനാവും ഏറ്റുപറയുകയും ചെയ്യുന്നു. പ്രിയ സുഹൃത്തുക്കളേ, നിങ്ങള്‍ എപ്പോഴും എന്നെ അനുസരിച്ചിട്ടുള്ളതുപോലെ, ഇപ്പോള്‍ എന്‍റെ സാന്നിധ്യത്തില്‍ മാത്രമല്ല, അതിലേറെ എന്‍റെ അസാന്നിധ്യത്തിലും, നിങ്ങളുടെ രക്ഷ സ്വായത്തമാക്കുന്നതിനുവേണ്ടി ഭയത്തോടും വിറയലോടുംകൂടി പൂര്‍വാധികം യത്നിക്കുക. ദൈവഹിതപ്രകാരം ഇച്ഛിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുവാന്‍ നിങ്ങളെ പ്രാപ്തരാക്കുന്നത് നിങ്ങളില്‍ വര്‍ത്തിക്കുന്ന ദൈവമാണല്ലോ. എല്ലാ കാര്യങ്ങളും പിറുപിറുപ്പും തര്‍ക്കവും കൂടാതെ ചെയ്യുക. അങ്ങനെ വക്രതയും കുടിലതയും നിറഞ്ഞ തലമുറയുടെ നടുവില്‍ നിങ്ങള്‍ കളങ്കമറ്റ ദൈവമക്കളായി, നിര്‍മ്മലരും അനിന്ദ്യരും ആയിത്തീരണം; ലോകത്തില്‍ ജീവന്‍റെ വചനം മുറുകെപ്പിടിച്ചുകൊണ്ട് ദീപങ്ങളെപ്പോലെ പ്രകാശിക്കുകയും വേണം. അങ്ങനെ ഞാന്‍ ഓടിയതും അധ്വാനിച്ചതും വ്യര്‍ഥമായില്ല എന്നു ക്രിസ്തുവിന്‍റെ പ്രത്യാഗമനനാളില്‍ എനിക്ക് അഭിമാനിക്കുവാന്‍ ഇടയാകും. നിങ്ങളുടെ വിശ്വാസത്തിന്‍റെ ബലിവേദിയില്‍ എന്‍റെ ജീവരക്തം നിവേദിക്കേണ്ടി വന്നാലും ഞാന്‍ സന്തോഷിക്കും; നിങ്ങളെല്ലാവരോടുംകൂടി ഞാന്‍ ആനന്ദിക്കും. അതുപോലെ തന്നെ നിങ്ങളും എന്നോടുകൂടി സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യണം. നിങ്ങളുടെ വിവരങ്ങള്‍ അറിഞ്ഞു സന്തോഷിക്കേണ്ടതിന് തിമൊഥെയോസിനെ എത്രയുംവേഗം അങ്ങോട്ടയയ്‍ക്കാമെന്നു ഞാന്‍ കര്‍ത്താവായ യേശുവില്‍ പ്രത്യാശിക്കുന്നു. അയാളെപ്പോലെ നിങ്ങളുടെ ക്ഷേമത്തില്‍ താത്പര്യമുള്ള വേറൊരാളെ അയയ്‍ക്കുവാന്‍ എനിക്കില്ല. മറ്റുള്ള എല്ലാവരും യേശുക്രിസ്തുവിന്‍റെ കാര്യമല്ല, അവനവന്‍റെ കാര്യമാണു നോക്കുന്നത്. എന്നാല്‍ സുവിശേഷഘോഷണത്തില്‍ ഒരു മകന്‍ അപ്പന്‍റെ കൂടെ എന്നവണ്ണം എന്നോടൊപ്പം സേവനം അനുഷ്ഠിച്ച തിമൊഥെയോസിന്‍റെ യോഗ്യത നിങ്ങള്‍ക്ക് അറിയാമല്ലോ. അതുകൊണ്ട് എന്‍റെ കാര്യം എങ്ങനെ ആകും എന്ന് അറിഞ്ഞാലുടന്‍ അയാളെ അങ്ങോട്ടയയ്‍ക്കാമെന്ന് ആശിക്കുന്നു. ഞാനും കാലവിളംബംകൂടാതെ വരാമെന്നു കര്‍ത്താവില്‍ പ്രതീക്ഷിക്കുന്നു. എന്‍റെ സഹോദരനും, സഹപ്രവര്‍ത്തകനും, സഹഭടനും, എന്‍റെ ആവശ്യങ്ങളില്‍ എന്നെ പരിചരിക്കുന്നതിനായി നിങ്ങള്‍ അയച്ചവനുമായ എപ്പഫ്രൊദിത്തോസിനെ നിങ്ങളുടെ അടുക്കല്‍ തിരിച്ച് അയയ്‍ക്കേണ്ടത് ആവശ്യം എന്ന് എനിക്കു തോന്നി. നിങ്ങളെ എല്ലാവരെയും കാണാന്‍ അയാള്‍ അതിയായി ആഗ്രഹിക്കുന്നു. മാത്രമല്ല, താന്‍ രോഗശയ്യയിലായിരുന്നു എന്നു നിങ്ങള്‍ കേട്ടതുകൊണ്ട് അയാള്‍ അത്യന്തം അസ്വസ്ഥനാകുകയും ചെയ്യുന്നു. വാസ്തവത്തില്‍ അയാള്‍ രോഗാധീനനായി മരണത്തിന്‍റെ വക്കുവരെ എത്തിയതായിരുന്നു. എങ്കിലും ദൈവത്തിന് അയാളോടു കരുണ തോന്നി. അയാളോടു മാത്രമല്ല എന്നോടും. അങ്ങനെ ഒരു ദുഃഖത്തിന്‍റെ പുറത്തു മറ്റൊന്നുകൂടി വരാനിടയായില്ല. അങ്ങനെ അയാളെ വീണ്ടും കണ്ട് നിങ്ങള്‍ സന്തോഷിക്കുന്നതിനും എന്‍റെ ഉല്‍ക്കണ്ഠ കുറയുന്നതിനുംവേണ്ടി അയാളെ നിങ്ങളുടെ അടുക്കലേക്ക് അയയ്‍ക്കുന്നു. കര്‍ത്താവില്‍ ഒരു സഹോദരനെപ്പോലെ നിങ്ങള്‍ അയാളെ സന്തോഷപൂര്‍വം സ്വീകരിക്കണം. അയാളെപ്പോലെയുള്ളവരെ ആദരിക്കണം; എനിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷ പൂര്‍ത്തീകരിക്കുവാന്‍ ക്രിസ്തുവിന്‍റെ വേല ചെയ്യുന്നതിനു തന്‍റെ ജീവന്‍ അപകടത്തിലാക്കിക്കൊണ്ട് മരണത്തിന്‍റെ വക്കുവരെ അയാള്‍ എത്തിയല്ലോ. ഇനി, എന്‍റെ സഹോദരരേ, കര്‍ത്താവില്‍ ആനന്ദിക്കുക. ഒരേ കാര്യം തന്നെ ആവര്‍ത്തിച്ച് എഴുതുന്നതില്‍ എനിക്കു മടുപ്പു തോന്നുന്നില്ല. അതു നിങ്ങള്‍ക്കു ഉറപ്പു നല്‌കുമല്ലോ. വിച്ഛേദനവാദികളും ദുഷ്പ്രവര്‍ത്തകരുമായ നായ്‍ക്കളെ സൂക്ഷിച്ചുകൊള്ളുക. ആത്മാവില്‍ ദൈവത്തെ ആരാധിക്കുകയും ക്രിസ്തുവിനോട് ഏകീഭവിച്ചുള്ള ജീവിതത്തില്‍ ആനന്ദിക്കുകയും ചെയ്യുന്ന നാമാണ് യഥാര്‍ഥ പരിച്ഛേദനം സ്വീകരിച്ചിട്ടുള്ളവര്‍. ബാഹ്യമായ ഏതെങ്കിലും ആചാരങ്ങളെ നാം ആശ്രയിക്കുന്നില്ല. എനിക്കാണെങ്കില്‍ ബാഹ്യമായ കാര്യങ്ങളെയും ആശ്രയിക്കുവാന്‍ മതിയായ കാരണമുണ്ട്. മറ്റാര്‍ക്കെങ്കിലും ബാഹ്യമായ കാര്യങ്ങളെ ആശ്രയിക്കുവാന്‍ വകയുണ്ടെങ്കില്‍ എനിക്ക് എത്രയധികം! എട്ടാം നാളില്‍ പരിച്ഛേദനം സ്വീകരിച്ചവനാണു ഞാന്‍; ഇസ്രായേല്‍ വംശജനും ബെന്യാമീന്‍ ഗോത്രക്കാരനും തനി എബ്രായനുമാണ്; യെഹൂദനിയമപ്രകാരം ഒരു പരീശന്‍; മതതീക്ഷ്ണതയുടെ കാര്യത്തില്‍ സഭയെ പീഡിപ്പിച്ചവന്‍, നിയമം അനുശാസിക്കുന്ന നീതിയുടെ കാര്യത്തില്‍ തികച്ചും കുറ്റമറ്റവന്‍. എന്നാല്‍ എനിക്കു ലാഭമായിരുന്നതെല്ലാം ക്രിസ്തുവിനുവേണ്ടി നഷ്ടം എന്നു കരുതി. എന്‍റെ കര്‍ത്താവായ ക്രിസ്തുയേശുവിനെ അറിയുക എന്നതിന്‍റെ വില മറ്റെന്തിനെയും അതിശയിക്കുന്നതാകയാല്‍, നിശ്ചയമായും ഇപ്പോഴും എല്ലാം നഷ്ടമായിത്തന്നെ ഞാന്‍ കരുതുന്നു. ക്രിസ്തുവിനെ നേടുന്നതിനും, ക്രിസ്തുവിനോടു സമ്പൂര്‍ണമായി ഏകീഭവിക്കുന്നതിനുംവേണ്ടി, അവയെല്ലാം ചപ്പും ചവറുമായി ഞാന്‍ കരുതുന്നു. നിയമസംഹിത അനുസരിക്കുന്നതിലൂടെ ലഭിക്കുന്ന നീതി ഇനി ഇല്ല. പിന്നെയോ ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ലഭിക്കുന്ന നീതിയാണ് ഇപ്പോള്‍ എനിക്കുള്ളത്. ആ നീതി ദൈവത്തില്‍നിന്നുള്ളതും വിശ്വാസത്തില്‍ അധിഷ്ഠിതവുമാകുന്നു. [10,11] ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിന്‍റെ ശക്തി അനുഭവവേദ്യമാക്കുകയും, അവിടുത്തെ പീഡാനുഭവങ്ങളില്‍ പങ്കുചേര്‍ന്ന്, മരണത്തില്‍ അവിടുത്തെപ്പോലെ ആയിത്തീരുകയും മരിച്ചവരില്‍നിന്നുള്ള പുനരുത്ഥാനം പ്രാപിക്കുമെന്നു പ്രത്യാശിക്കുകയും അങ്ങനെ ക്രിസ്തുവിനെ അറിയുകയും ചെയ്യുക എന്നതല്ലാതെ മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. *** ഇവയെല്ലാം നേടിക്കഴിഞ്ഞു എന്നോ, പൂര്‍ണനായി എന്നോ ഞാന്‍ അവകാശപ്പെടുന്നില്ല; എന്നാല്‍ ഇവ സ്വന്തമാക്കാം എന്നു പ്രത്യാശിച്ചു ഞാന്‍ യത്നിക്കുന്നു. കാരണം ക്രിസ്തുയേശു എന്നെ തന്‍റെ സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു. സഹോദരരേ, ഞാന്‍ അവ നേടിയെടുത്തു എന്നു കണക്കാക്കുന്നില്ല; എന്നാല്‍ ഒന്നു ഞാന്‍ ചെയ്യുന്നു; പിന്നിലുള്ളതു മറന്ന്, മുന്നിലുള്ളതിനെ ഉന്നം വച്ചുകൊണ്ട് ആയാസപ്പെട്ടു മുന്നേറി, ക്രിസ്തുയേശുവിലൂടെ ഉള്ള ദൈവത്തിന്‍റെ പരമോന്നതമായ വിളിയുടെ സമ്മാനം കരസ്ഥമാക്കുന്നതിനുവേണ്ടി ലക്ഷ്യസ്ഥാനത്തേക്ക് ഓടുന്നു. നമ്മില്‍ ആത്മീയപക്വത പ്രാപിച്ചവരെല്ലാം ഇങ്ങനെയാണു ചിന്തിക്കേണ്ടത്. എന്നാല്‍ നിങ്ങളില്‍ ചിലര്‍ മറ്റു വിധത്തില്‍ ചിന്തിക്കുകയാണെങ്കിലും ദൈവം അതു നിങ്ങള്‍ക്കു വെളിപ്പെടുത്തിത്തരും. എങ്ങനെയായാലും നാം പ്രാപിച്ചിട്ടുള്ളതിനെ മുറുകെപ്പിടിക്കുക. സഹോദരരേ, നിങ്ങള്‍ എന്നെ അനുകരിക്കുക. ഞങ്ങള്‍ നിങ്ങളുടെ മുമ്പില്‍ വച്ചിട്ടുള്ള നല്ല മാതൃക പിന്തുടരുന്നവരെ ശ്രദ്ധിച്ചുകൊള്ളുക. ക്രിസ്തുവിന്‍റെ കുരിശിനു ശത്രുക്കളായി പലരും ജീവിക്കുന്നു എന്ന് ഞാന്‍ പലപ്പോഴും നിങ്ങളോടു പറഞ്ഞിട്ടുള്ളതാണ്. അത് കണ്ണുനീരോടുകൂടി ഞാന്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു. അവരുടെ അന്ത്യം വിനാശമത്രേ. വയറാണ് അവരുടെ ദൈവം; ലജ്ജാകരമായതില്‍ അവര്‍ അഭിമാനം കൊള്ളുന്നു; ഭൗമികകാര്യങ്ങളെക്കുറിച്ചുമാത്രം അവര്‍ ചിന്തിക്കുന്നു. നാമാകട്ടെ, സ്വര്‍ഗത്തിന്‍റെ പൗരന്മാരാകുന്നു. സ്വര്‍ഗത്തില്‍നിന്നു വരുന്ന കര്‍ത്താവായ യേശുക്രിസ്തു എന്ന രക്ഷകനെ നാം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സകലത്തെയും തനിക്കു വിധേയമാക്കാന്‍ കഴിവുള്ള ശക്തിയാല്‍, തന്‍റെ മഹത്ത്വമുള്ള ശരീരത്തോടു സമാനമായി, നമ്മുടെ എളിയശരീരങ്ങളെ അവിടുന്നു രൂപാന്തരപ്പെടുത്തും. അതുകൊണ്ട്, എന്‍റെ സഹോദരരേ, നിങ്ങള്‍ എനിക്ക് എത്ര വാത്സല്യമുള്ളവരാണ്! നിങ്ങളെ കാണുവാന്‍ ഞാന്‍ എത്രകണ്ട് അഭിവാഞ്ഛിക്കുന്നു! എന്‍റെ സന്തോഷവും എന്‍റെ കിരീടവുമായ പ്രിയരേ, ഇങ്ങനെ നിങ്ങള്‍ കര്‍ത്താവില്‍ ഉറച്ചുനില്‌ക്കുക. കര്‍ത്താവില്‍ ഏകമനസ്സുള്ളവരായി വര്‍ത്തിക്കണമെന്ന് ഞാന്‍ യുവൊദ്യയോടും സുന്തുക്കയോടും അഭ്യര്‍ഥിക്കുന്നു. എന്‍റെ ആത്മസുഹൃത്തേ, ആ സ്‍ത്രീകളെ സഹായിക്കണമെന്ന് ഞാന്‍ നിന്നോടപേക്ഷിക്കുന്നു. ജീവന്‍റെ പുസ്തകത്തില്‍ പേരെഴുതപ്പെട്ട ക്ലെമന്‍റിനോടും മറ്റു സഹപ്രവര്‍ത്തകരോടുംകൂടി, സുവിശേഷഘോഷണത്തില്‍ എന്നോടൊത്ത് അധ്വാനിച്ചവരാണല്ലോ അവര്‍. നിങ്ങള്‍ എപ്പോഴും കര്‍ത്താവില്‍ ആനന്ദിക്കുക; വീണ്ടും ഞാന്‍ പറയുന്നു, ആനന്ദിക്കുക. നിങ്ങളുടെ സൗമ്യമനോഭാവം എല്ലാവരും അറിയട്ടെ. ഇതാ, കര്‍ത്താവു വേഗം വരുന്നു. ഒന്നിനെക്കുറിച്ചും ആകുലചിത്തരാകേണ്ടതില്ല. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും കൃതജ്ഞതാസ്തോത്രത്തോടുകൂടി പ്രാര്‍ഥനയിലൂടെയും വിനീതമായ അഭ്യര്‍ഥനയിലൂടെയും ദൈവത്തെ അറിയിക്കുക. അപ്പോള്‍ മനുഷ്യന്‍റെ എല്ലാ ധാരണാശക്തിക്കും അതീതമായ ദൈവത്തിന്‍റെ സമാധാനം, നിങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും ക്രിസ്തുയേശുവില്‍ ലയിപ്പിച്ച് ഭദ്രമായി കാത്തുകൊള്ളും. അവസാനമായി സഹോദരരേ, സത്യമായും, വന്ദ്യമായും, നീതിയുക്തമായും, നിര്‍മ്മലമായും, സുന്ദരമായും, ശ്രേഷ്ഠമായും, വിശിഷ്ടമായും, പ്രശംസാര്‍ഹമായും എന്തൊക്കെയുണ്ടോ, അവയെക്കുറിച്ചു ചിന്തിച്ചുകൊള്ളുക. എന്നില്‍നിന്നു നിങ്ങള്‍ പഠിച്ചതും, സ്വീകരിച്ചതും, കേട്ടതും, എന്നില്‍ നിങ്ങള്‍ കണ്ടതുമായ കാര്യങ്ങള്‍ ചെയ്യുക; അപ്പോള്‍ സമാധാനപ്രദനായ ദൈവം നിങ്ങളോടുകൂടി ഉണ്ടായിരിക്കും. എന്നെക്കുറിച്ചുള്ള നിങ്ങളുടെ താത്പര്യം ഇപ്പോഴും സജീവമായിരിക്കുന്നതിനാല്‍ കര്‍ത്താവിനോട് ഐക്യപ്പെട്ടുള്ള എന്‍റെ ജീവിതത്തില്‍ ഞാന്‍ അത്യധികം ആനന്ദിക്കുന്നു. യഥാര്‍ഥത്തില്‍ നിങ്ങള്‍ എന്നും എന്‍റെ കാര്യത്തില്‍ തത്പരരായിരുന്നു. പക്ഷേ, നിങ്ങളുടെ താത്പര്യം പ്രകടിപ്പിക്കുവാനുള്ള അവസരം മുമ്പുണ്ടായിട്ടില്ല. എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടല്ല ഞാനിതു പറയുന്നത്. ഏതവസ്ഥയിലും സംതൃപ്തനായിരിക്കുവാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. സുഭിക്ഷതയിലും ദുര്‍ഭിക്ഷതയിലും കഴിയാന്‍ എനിക്കറിയാം. എന്നല്ല എല്ലാ സാഹചര്യങ്ങളിലും, വിഭവസമൃദ്ധിയെയും വിശപ്പിനെയും, ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും അഭിമുഖീകരിക്കുവാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. എന്നെ ശക്തനാക്കുന്നവന്‍ മുഖേന എല്ലാം ചെയ്യുവാന്‍ എനിക്കു കഴിയും. എന്നിരുന്നാലും എന്‍റെ പ്രയാസത്തില്‍ പങ്കുചേര്‍ന്ന് നിങ്ങള്‍ എന്നോട് ഔദാര്യം കാട്ടിയിരിക്കുന്നു. ഫിലിപ്പിയിലെ സഹോദരരേ, സുവിശേഷഘോഷണത്തിന്‍റെ ആരംഭത്തില്‍ ഞാന്‍ മാസിഡോണിയയില്‍നിന്നു പുറപ്പെട്ടപ്പോള്‍ നിങ്ങളല്ലാതെ മറ്റൊരു സഭയും വരവുചെലവു കാര്യങ്ങളില്‍ എന്നോടു സഹകരിച്ചില്ലെന്നുള്ളത് നിങ്ങള്‍ക്ക് അറിയാമല്ലോ. ഞാന്‍ തെസ്സലോനിക്യയില്‍ ആയിരുന്നപ്പോള്‍പോലും, എന്‍റെ ആവശ്യങ്ങളില്‍ നിങ്ങള്‍ എനിക്കു പലവട്ടം സഹായം എത്തിച്ചുതന്നു. ദാനം ഞാന്‍ ആഗ്രഹിക്കുന്നു എന്നു വിചാരിക്കരുത്. പിന്നെയോ, നിങ്ങളുടെ കണക്കില്‍ വര്‍ധിച്ചുവരുന്ന പ്രതിഫലമത്രേ ഞാന്‍ ആഗ്രഹിക്കുന്നത്. എനിക്കു വേണ്ടതും അതിലധികവും ലഭിച്ചിരിക്കുന്നു. നിങ്ങള്‍ എപ്പഫ്രൊദിത്തോസിന്‍റെ കൈയില്‍ കൊടുത്തയച്ച സംഭാവന സ്വീകരിച്ച് ഞാന്‍ സംതൃപ്തനായിരിക്കുന്നു. അതു ദൈവത്തിനു പ്രസാദകരവും സ്വീകാര്യവുമായ യാഗവും, സുരഭിലമായ നിവേദ്യവും ആകുന്നു. എന്‍റെ ദൈവം ക്രിസ്തുയേശുവിലൂടെ അവിടുത്തെ മഹത്ത്വത്തിന്‍റെ സമൃദ്ധിക്കൊത്തവണ്ണം നിങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റും. നമ്മുടെ പിതാവായ ദൈവത്തിന് എന്നെന്നേക്കും മഹത്ത്വം ഉണ്ടാകട്ടെ. ആമേന്‍. ക്രിസ്തുയേശുവിനുള്ളവരായ എല്ലാ ദൈവജനങ്ങള്‍ക്കും വന്ദനം പറയുക. എന്‍റെ കൂടെയുള്ള സഹോദരന്മാരും നിങ്ങളെ വന്ദനം പറയുന്നു. എല്ലാ ദൈവജനങ്ങളും വിശിഷ്യ കൈസറിന്‍റെ കൊട്ടാരത്തിലുള്ളവരും നിങ്ങള്‍ക്കു വന്ദനം പറയുന്നു. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കട്ടെ. ദൈവഹിതപ്രകാരം ക്രിസ്തുയേശുവിന്‍റെ അപ്പോസ്തോലനായ പൗലൊസും സഹോദരനായ തിമൊഥെയോസും ചേര്‍ന്ന് കൊലോസ്യയിലെ ക്രൈസ്തവഭക്തരും നമ്മുടെ വിശ്വസ്ത സഹോദരരുമായ ദൈവജനങ്ങള്‍ക്ക് എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തില്‍നിന്ന് നിങ്ങള്‍ക്കു കൃപയും സമാധാനവും ലഭിക്കട്ടെ. നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ പ്രാര്‍ഥിക്കുമ്പോഴെല്ലാം, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ ക്രിസ്തുയേശുവിലുള്ള നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചും എല്ലാ ദൈവജനങ്ങളോടും നിങ്ങള്‍ക്കുള്ള സ്നേഹത്തെക്കുറിച്ചും ഞങ്ങള്‍ കേട്ടിരിക്കുന്നു. നിങ്ങളുടെ വിശ്വാസവും സ്നേഹവും നിങ്ങളുടെ പ്രത്യാശയില്‍ അധിഷ്ഠിതമാണ്. സത്യസന്ദേശമായ സുവിശേഷം ആദ്യം നിങ്ങളുടെ അടുക്കലെത്തിയപ്പോള്‍ അതു വാഗ്ദാനം ചെയ്യുന്ന പ്രത്യാശയെക്കുറിച്ച് നിങ്ങള്‍ കേട്ടു. നിങ്ങള്‍ പ്രത്യാശിക്കുന്നത് നിങ്ങള്‍ക്കുവേണ്ടി സ്വര്‍ഗത്തില്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ദൈവകൃപയെക്കുറിച്ച് നിങ്ങള്‍ ആദ്യമായി കേള്‍ക്കുകയും അത് യഥാര്‍ഥത്തില്‍ മനസ്സിലാക്കുകയും ചെയ്ത നാള്‍മുതല്‍ നിങ്ങളുടെയിടയില്‍ സുവിശേഷം എങ്ങനെ വര്‍ത്തിക്കുന്നുവോ, അപ്രകാരംതന്നെ അത് ലോകമെങ്ങും അനുഗ്രഹങ്ങള്‍ നല്‌കിക്കൊണ്ടു പ്രചരിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനായ എപ്പഫ്രാസില്‍നിന്ന് ഇതു നിങ്ങള്‍ ഗ്രഹിച്ചിട്ടുണ്ടല്ലോ. ക്രിസ്തുവിന്‍റെ വിശ്വസ്ത ശുശ്രൂഷകനായ അയാള്‍ ഞങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. ദൈവത്തിന്‍റെ ആത്മാവു നിങ്ങള്‍ക്കു നല്‌കിയ സ്നേഹത്തെക്കുറിച്ച് അയാള്‍ ഞങ്ങളോടു പറഞ്ഞു. ഇക്കാരണത്താല്‍, നിങ്ങളെപ്പറ്റി കേട്ടപ്പോള്‍മുതല്‍ ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി നിരന്തരം പ്രാര്‍ഥിക്കുന്നു. ദൈവഹിതത്തെക്കുറിച്ചുള്ള അറിവുകൊണ്ടും, അവിടുത്തെ ആത്മാവു നല്‌കുന്ന സകല വിവേകവും ബുദ്ധിയുംകൊണ്ടും നിങ്ങളെ നിറയ്‍ക്കണമെന്നത്രേ ഞങ്ങള്‍ പ്രാര്‍ഥിക്കുന്നത്. അങ്ങനെ ദൈവം നിങ്ങളെക്കുറിച്ച് ആഗ്രഹിക്കുന്ന പ്രകാരം ജീവിക്കുവാനും ദൈവത്തിനു സംപ്രീതി ഉളവാക്കുന്ന വിധത്തില്‍ എപ്പോഴും പ്രവര്‍ത്തിക്കുവാനും നിങ്ങള്‍ക്കു പ്രാപ്തിയുണ്ടാകും. എല്ലാവിധ സല്‍പ്രവൃത്തികള്‍കൊണ്ടും നിങ്ങളുടെ ജീവിതം ഫലസമൃദ്ധമായിത്തീരും. ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തില്‍ നിങ്ങള്‍ വളരുകയും ചെയ്യും. ദൈവത്തിന്‍റെ മഹത്തായ പ്രഭാവത്തില്‍ നിന്നു പുറപ്പെടുന്ന ശക്തിധാരയാല്‍ നിങ്ങള്‍ ബലം പ്രാപിക്കട്ടെ. അങ്ങനെ എല്ലാം ക്ഷമയോടെ സഹിക്കുന്നതിനു നിങ്ങള്‍ പ്രാപ്തരായിത്തീരും. തന്‍റെ ജനത്തിനു പ്രകാശത്തിന്‍റെ രാജ്യത്തില്‍ കരുതിവച്ചിട്ടുള്ളതിന്‍റെ ഓഹരി പ്രാപിക്കുവാന്‍ നിങ്ങളെ യോഗ്യരാക്കിയ ദൈവത്തിന് ആഹ്ലാദപൂര്‍വം സ്തോത്രം ചെയ്യുക. അവിടുന്ന് അന്ധകാരത്തിന്‍റെ അധികാരത്തില്‍നിന്നു നിങ്ങളെ വീണ്ടെടുത്ത് തന്‍റെ പ്രിയപുത്രന്‍റെ രാജ്യത്തിലേക്കു കൊണ്ടുവന്നു. ആ പുത്രന്‍ മുഖേനയാണല്ലോ നാം സ്വതന്ത്രരാക്കപ്പെട്ടത്, അഥവാ നമ്മുടെ പാപം ക്ഷമിക്കപ്പെട്ടത്. അദൃശ്യനായ ദൈവത്തിന്‍റെ ദൃശ്യമായ പ്രതിച്ഛായയാണു ക്രിസ്തു. അവിടുന്നു പ്രപഞ്ചത്തിലെ സകല സൃഷ്‍ടികള്‍ക്കും മുമ്പേയുള്ളവനും ആദ്യജാതനും ആകുന്നു. ദൈവം തന്‍റെ പുത്രന്‍ മുഖേനയാണ് സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ സകലവും സൃഷ്‍ടിച്ചത്. ആത്മീയശക്തികളും പ്രഭുക്കന്മാരും ഭരണാധിപന്മാരും അധികാരികളുമെല്ലാം അതിലുള്‍പ്പെടുന്നു. പ്രപഞ്ചം ആകമാനം സൃഷ്‍ടിക്കപ്പെട്ടത് പുത്രനില്‍ക്കൂടിയും പുത്രനുവേണ്ടിയും ആണ്. എല്ലാറ്റിനുംമുമ്പ് പുത്രനുണ്ടായിരുന്നു. അവിടുന്ന് സകലത്തിനും ആധാരമാകുന്നു. അവിടുന്നാണ് സഭയാകുന്ന ശരീരത്തിന്‍റെ ശിരസ്സ്; ശരീരത്തിന്‍റെ ജീവന് ആധാരം അവിടുന്നാണ്. എല്ലാറ്റിലും പ്രഥമസ്ഥാനം അവിടുത്തേക്കു മാത്രമായിരിക്കേണ്ടതിന് ആദ്യജാതനായ അവിടുന്ന് മരണത്തില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു. [19,20] പുത്രനില്‍ തന്‍റെ ഭാവം സമ്പൂര്‍ണമായി നിവസിക്കുവാനും, പ്രപഞ്ചത്തെ ആകമാനം തന്‍റെ പുത്രന്‍ മുഖേന തന്നോട് അനുരഞ്ജിപ്പിക്കുവാനും ദൈവം തിരുമനസ്സായി. അവിടുന്നു പുത്രന്‍റെ ക്രൂശുമരണത്താല്‍ സമാധാനം ഉണ്ടാക്കുകയും, അങ്ങനെ ആകാശത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും തന്നോട് അനുരഞ്ജിപ്പിക്കുകയും ചെയ്തു. *** മുമ്പ് ദുഷ്ടവിചാരംമൂലവും, ദുഷ്പ്രവൃത്തികള്‍ മൂലവും നിങ്ങള്‍ ദൈവത്തില്‍നിന്ന് അകന്നവരും അവിടുത്തെ ശത്രുക്കളുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്‍റെ പുത്രന്‍റെ ശാരീരിക മരണത്താല്‍ ദൈവം നിങ്ങളെ തന്‍റെ മിത്രങ്ങളാക്കിത്തീര്‍ത്തിരിക്കുന്നു. നിങ്ങളെ പവിത്രരും, കളങ്കരഹിതരും, കുറ്റമറ്റവരുമായി ദൈവമുമ്പാകെ സമര്‍പ്പിക്കേണ്ടതിനാണ് ഇപ്രകാരം ചെയ്തത്. സുവിശേഷം കേട്ട് ആര്‍ജിച്ച പ്രത്യാശയില്‍നിന്ന് ഇളകിപ്പോകാതെ, ഉറച്ചതും ദൃഢമായി വിശ്വസിക്കാവുന്നതുമായ അടിസ്ഥാനത്തില്‍ നിലയുറപ്പിച്ച് വിശ്വസ്തരായി നിങ്ങള്‍ മുന്നോട്ടു പോകണം. ലോകത്തിലുള്ള സര്‍വസൃഷ്‍ടികളോടും ആയി പ്രസംഗിക്കപ്പെട്ടിരിക്കുന്ന ഈ സുവിശേഷത്തിന് പൗലൊസ് എന്ന ഞാന്‍ ദാസനായിത്തീര്‍ന്നു. നിങ്ങള്‍ക്കുവേണ്ടി സഹിച്ച കഷ്ടതയില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്തുകൊണ്ടെന്നാല്‍ സഭയാകുന്ന തന്‍റെ ശരീരത്തിനുവേണ്ടി ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളില്‍ കുറവുള്ളതു പൂരിപ്പിക്കുകയാണല്ലോ ഞാന്‍ ചെയ്യുന്നത്. നിങ്ങളുടെ നന്മയ്‍ക്കുവേണ്ടി ഈ ചുമതല ദൈവം എന്നെ ഏല്പിച്ചതുകൊണ്ട് ഞാന്‍ സഭയുടെ ദാസനായിത്തീര്‍ന്നിരിക്കുന്നു. ദൈവത്തിന്‍റെ സന്ദേശം പൂര്‍ണമായി അറിയിക്കുക എന്നതാണ് എന്‍റെ കര്‍ത്തവ്യം. പൂര്‍വയുഗങ്ങളില്‍ സര്‍വമനുഷ്യരാശിക്കും ആ മര്‍മ്മം മറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ദൈവജനത്തിന് അതു വെളിപ്പെടുത്തിക്കൊടുത്തിരിക്കുന്നു. സര്‍വജനങ്ങള്‍ക്കുമായുള്ളതും മഹത്തും അമൂല്യവുമായ ഈ രഹസ്യം തന്‍റെ ജനത്തെ അറിയിക്കുക എന്നതാണ് ദൈവത്തിന്‍റെ പദ്ധതി. ക്രിസ്തു നിങ്ങളിലുണ്ട് എന്നതാണ് ആ രഹസ്യം. ദൈവത്തിന്‍റെ തേജസ്സില്‍ നിങ്ങളും പങ്കാളിയാണെന്നാണല്ലോ അതിന്‍റെ സാരം. അതുകൊണ്ട് എല്ലാവരോടും ക്രിസ്തുവിനെപ്പറ്റി ഞങ്ങള്‍ പ്രസംഗിക്കുന്നു. ക്രിസ്തുവിനോട് ഏകീഭവിച്ച് പക്വത പ്രാപിച്ചവരായി എല്ലാവരെയും ദൈവമുമ്പാകെ കൊണ്ടുവരുന്നതിനുവേണ്ടി, സകല ജ്ഞാനത്തോടുംകൂടി അവര്‍ക്കു ബുദ്ധി ഉപദേശിക്കുകയും അവരെ പ്രബോധിപ്പിക്കുകയും ചെയ്യുന്നു. അതു സാധിക്കുന്നതിന്, ക്രിസ്തു എനിക്കു നല്‌കിക്കൊണ്ടിരിക്കുന്നതും എന്നില്‍ അതിശക്തമായി വ്യാപരിക്കുന്നതുമായ ചൈതന്യത്താല്‍ ഞാന്‍ അധ്വാനിക്കുകയും പോരാടുകയും ചെയ്യുന്നു. നിങ്ങള്‍ക്കും ലവുദിക്യയിലുള്ളവര്‍ക്കും എന്നെ നേരിട്ടറിയാത്ത മറ്റുള്ള എല്ലാവര്‍ക്കും വേണ്ടി എത്ര വലിയ പോരാട്ടമാണ് ഞാന്‍ നടത്തുന്നത്! ഇത് അവര്‍ക്ക് ആശ്വാസം ലഭിക്കുന്നതിനും, സ്നേഹത്തില്‍ അവര്‍ ഒരുമിച്ചു ചേര്‍ക്കപ്പെടുന്നതിനും, അങ്ങനെ യഥാര്‍ഥജ്ഞാനത്തില്‍ നിന്നുണ്ടാകുന്ന വിശ്വാസത്തിന്‍റെ പൂര്‍ണസമ്പത്തു പ്രാപിക്കുന്നതിനും വേണ്ടിയാണ്. ഇങ്ങനെ അവര്‍ ദൈവത്തിന്‍റെ മര്‍മ്മം അറിയും. ക്രിസ്തുതന്നെയാണ് ആ മര്‍മ്മം. ഈശ്വരന്‍റെ ജ്ഞാനവിജ്ഞാനങ്ങള്‍ ക്രിസ്തുവില്‍ അന്തര്‍ലീനമായിരിക്കുന്നു. സമര്‍ഥമെന്നു തോന്നിക്കുന്ന യുക്ത്യാഭ്യാസംകൊണ്ട് ആരും നിങ്ങളെ വഞ്ചിക്കരുത്. ശരീരത്തില്‍ ഞാന്‍ നിങ്ങളില്‍നിന്ന് അകന്നിരുന്നാലും ആത്മാവില്‍ നിങ്ങളോടുകൂടിയുണ്ട്. ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നിങ്ങളെ ഉറപ്പിച്ചു നിറുത്തുന്ന നിശ്ചയദാര്‍ഢ്യത്തെപ്പറ്റി അറിയുകയും അതില്‍ ഞാന്‍ സന്തോഷിക്കുകയും ചെയ്യുന്നു. ക്രിസ്തുയേശുവിനെ നിങ്ങള്‍ കര്‍ത്താവായി കൈക്കൊണ്ടിരിക്കുന്നതിനാല്‍ അവിടുത്തോട് ഏകീഭവിച്ചു ജീവിക്കുക. ക്രിസ്തുവേശുവില്‍ നിങ്ങള്‍ വേരൂന്നുകയും നിങ്ങളുടെ ജീവിതം ആ അടിസ്ഥാനത്തില്‍ പടുത്തുയര്‍ത്തുകയും, നിങ്ങളെ പഠിപ്പിച്ചിട്ടുള്ളതുപോലെ വിശ്വാസത്തില്‍ കൂടുതല്‍ ബലം പ്രാപിക്കുകയും ചെയ്യണം. കൃതജ്ഞത നിങ്ങളില്‍ നിറഞ്ഞു കവിയട്ടെ. തത്ത്വജ്ഞാനവും ചതിയുംകൊണ്ട് ആരും നിങ്ങളെ വഴിതെറ്റിക്കാതെ സൂക്ഷിക്കുക. അവ മനുഷ്യന്‍റെ പരമ്പരാഗതമായ ഉപദേശങ്ങളില്‍നിന്നും, പ്രാപഞ്ചികമായ ഭൗതികശക്തികളില്‍നിന്നും വരുന്നതാണ്, ക്രിസ്തുവില്‍നിന്നുള്ളതല്ല. സമ്പൂര്‍ണദൈവികത്വം മനുഷ്യരൂപം പൂണ്ട് ക്രിസ്തുവില്‍ നിവസിക്കുന്നു. ക്രിസ്തുവിനോടുള്ള ഏകീഭാവം മൂലം നിങ്ങള്‍ പൂര്‍ണതയില്‍ എത്തിയിരിക്കുന്നു. അവിടുന്ന് എല്ലാ വാഴ്ചകളുടെയും അധികാരത്തിന്‍റെയും അധീശനാണ്. ക്രിസ്തുവിനോടുള്ള ഐക്യത്താല്‍ നിങ്ങള്‍ യഥാര്‍ഥ പരിച്ഛേദനത്തിനു വിധേയരായിരിക്കുന്നു. എന്നാല്‍ മനുഷ്യര്‍ ചെയ്യുന്ന പരിച്ഛേദനം അല്ല അത്; പിന്നെയോ ക്രിസ്തുവിന്‍റെ പരിച്ഛേദനമാകുന്നു. അത് പാപകരമായ ശരീരത്തിന്‍റെ ദുര്‍വാസനകളെ നിര്‍മാര്‍ജനം ചെയ്യുന്നു. സ്നാപനം മുഖേന നിങ്ങള്‍ ക്രിസ്തുവിനോടുകൂടി സംസ്കരിക്കപ്പെടുക മാത്രമല്ല, ക്രിസ്തുവിനെ മരിച്ചവരില്‍നിന്നുയിര്‍പ്പിച്ച ദൈവത്തിന്‍റെ ശക്തിയിലുള്ള വിശ്വാസത്താല്‍ ക്രിസ്തുവിനോടുകൂടി ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു. പാപങ്ങള്‍കൊണ്ടും ദൈവകല്പന അനുസരിക്കാത്തതുകൊണ്ടും നിങ്ങള്‍ ഒരിക്കല്‍ ആത്മീയമായി മരിച്ചവരായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദൈവം നിങ്ങളെ ക്രിസ്തുവിനോടുകൂടി ജീവിപ്പിച്ചിരിക്കുന്നു. നമ്മുടെ സകല പാപങ്ങളും ദൈവം ക്ഷമിക്കുകയും ചെയ്തു. നമ്മുടെ കടങ്ങള്‍ സംബന്ധിച്ച് നമുക്കു പ്രതികൂലമായുണ്ടായിരുന്ന രേഖകളും ചട്ടങ്ങളും ദൈവം മാറ്റുകയും അവയെ കുരിശില്‍ തറച്ചു പൂര്‍ണമായി തുടച്ചു നീക്കുകയും ചെയ്തു. കുരിശിലൂടെ ക്രിസ്തു അധമശക്തികളെയും ദുഷ്ട അധികാരികളെയും നിരായുധരാക്കി അവരുടെമേല്‍ ജയോത്സവം കൊണ്ടാടുകയും അവരെ ജനമധ്യത്തില്‍ പരിഹാസപാത്രമായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് ആഹാരപാനീയങ്ങള്‍ സംബന്ധിച്ചോ പെരുന്നാള്‍, അമാവാസി, ശബത്ത് മുതലായവ സംബന്ധിച്ചോ ആരും ഇനി നിങ്ങളെ വിധിക്കാതിരിക്കട്ടെ. ഇവയെല്ലാം ഭാവിയില്‍ സംഭവിക്കുവാനിരിക്കുന്നതിന്‍റെ നിഴല്‍മാത്രമാകുന്നു; യാഥാര്‍ഥ്യം ക്രിസ്തുവത്രേ. പ്രത്യേക ദര്‍ശനങ്ങളുള്ളവരെന്നു പറഞ്ഞ് മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠരാണെന്ന് അവകാശപ്പെടുകയും, കപടവിനയം ഭാവിക്കുവാനും മാലാഖമാരെ ആരാധിക്കുവാനും പ്രേരിപ്പിക്കുകയും ചെയ്യുന്ന ആരും നിങ്ങള്‍ക്ക് അയോഗ്യത കല്പിക്കുവാന്‍ ഇടകൊടുക്കരുത്. അങ്ങനെയുള്ളവര്‍ തങ്ങളുടെ മാനുഷികരീതിയിലുള്ള ചിന്തമൂലം അഹങ്കരിക്കുന്നതേയുള്ളൂ. അവര്‍ ശിരസ്സാകുന്ന ക്രിസ്തുവിനോട് ഗാഢബന്ധം പുലര്‍ത്താത്തവരാണ്. ക്രിസ്തുവിന്‍റെ നിയന്ത്രണത്തില്‍ ശരീരം മുഴുവനും പരിപുഷ്ടമാക്കപ്പെടുകയും, സന്ധിബന്ധങ്ങളും സിരകളുംകൊണ്ട് കൂട്ടിയിണക്കപ്പെടുകയും ദൈവം ആഗ്രഹിക്കുന്ന പ്രകാരം വളരുകയും ചെയ്യുന്നു. നിങ്ങള്‍ ക്രിസ്തുവിനോടുകൂടി മരിക്കുകയും പ്രപഞ്ചത്തെ ഭരിക്കുന്ന ഭൗതികശക്തികളില്‍നിന്നു സ്വതന്ത്രരാക്കപ്പെടുകയും ചെയ്തിരിക്കുന്നു. പിന്നെയും, എന്തിനു ലോകത്തിനുള്ളവര്‍ എന്നവണ്ണം നിങ്ങള്‍ ജീവിക്കുന്നു? ‘ഇത് എടുക്കരുത്, അതു രുചിക്കരുത്, മറ്റതു തൊടുകപോലും അരുത്’ എന്നിങ്ങനെയുള്ള ചട്ടങ്ങള്‍ എന്തിന് അനുസരിക്കണം? ഉപയോഗംകൊണ്ടു നശിച്ചുപോകുന്നവയെക്കുറിച്ചത്രേ ഇവിടെ പറയുന്നത്; ഇവയെല്ലാം മനുഷ്യനിര്‍മിതമായ ചട്ടങ്ങളും ഉപദേശങ്ങളുമാകുന്നു. സ്വേച്ഛാരാധനയും കപടവിനയവും കര്‍ക്കശമായ ശാരീരിക വ്രതാനുഷ്ഠാനവും സംബന്ധിച്ച വിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള അനുശാസനങ്ങളാണിവയൊക്കെ എന്നു തോന്നിയേക്കാം. എന്നാല്‍ ഇന്ദ്രിയനിഗ്രഹത്തിനു പര്യാപ്തമായ മൂല്യം ഇവയ്‍ക്കില്ല. നിങ്ങള്‍ ക്രിസ്തുവിനോടുകൂടി പുനരുത്ഥാനം ചെയ്യപ്പെട്ടിരിക്കുന്നു. അതുകൊണ്ട് സ്വര്‍ഗത്തിലുള്ള കാര്യങ്ങള്‍ അന്വേഷിക്കുക. ക്രിസ്തു ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നുവല്ലോ. ഭൂമിയിലുള്ള കാര്യങ്ങളിലല്ല, സ്വര്‍ഗത്തിലുള്ള കാര്യങ്ങളില്‍ത്തന്നെ നിങ്ങളുടെ മനസ്സ് ഉറപ്പിക്കുക. എന്തെന്നാല്‍ നിങ്ങള്‍ മരിച്ചുകഴിഞ്ഞു; നിങ്ങളുടെ ജീവന്‍ ക്രിസ്തുവിനോടുകൂടി ദൈവത്തില്‍ മറഞ്ഞിരിക്കുകയാണ്. നമ്മുടെ യഥാര്‍ഥ ജീവനായ ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍ നിങ്ങളും അവിടുത്തോടുകൂടി തേജസ്സില്‍ പ്രത്യക്ഷരാകും. നിങ്ങളില്‍ വ്യാപരിക്കുന്ന അസാന്മാര്‍ഗികത, അശ്ലീലത, വിഷയാസക്തി, ദുഷ്കാമം, വിഗ്രഹാരാധനയുടെ മറ്റൊരു രൂപമായ അത്യാഗ്രഹം മുതലായ ഭൗമികമായ സ്വഭാവങ്ങളെ നിങ്ങള്‍ നിഗ്രഹിക്കണം. എന്തെന്നാല്‍ അനുസരണമില്ലാത്തവരുടെമേല്‍ ഇവമൂലം ദൈവത്തിന്‍റെ ശിക്ഷ വന്നുചേരുന്നു. ഒരു കാലത്ത് നിങ്ങള്‍ അവയ്‍ക്കു വിധേയരായിരുന്നു. അന്ന് അവ നിങ്ങളില്‍ ആധിപത്യം ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് കോപം, അമര്‍ഷം, ദോഷം എന്നിവയെല്ലാം നിങ്ങള്‍ ഉപേക്ഷിക്കേണ്ടതാണ്. അധിക്ഷേപവാക്കുകളോ, അശ്ലീലഭാഷണമോ നിങ്ങളുടെ അധരങ്ങളില്‍നിന്നു പുറപ്പെടരുത്. നിങ്ങള്‍ അന്യോന്യം അസത്യം പറയരുത്. നിങ്ങളുടെ പഴയ മനുഷ്യനെ അവന്‍റെ പഴയ സ്വഭാവത്തോടുകൂടി നിഷ്കാസനം ചെയ്തിരിക്കുകയാണല്ലോ. ഇപ്പോള്‍ പുതിയ പ്രകൃതി നിങ്ങള്‍ ധരിച്ചിരിക്കുന്നു. സ്രഷ്ടാവായ ദൈവത്തെ പൂര്‍ണമായി നിങ്ങള്‍ അറിയുന്നതിനുവേണ്ടി ആ പ്രകൃതിയെ തന്‍റെ പ്രതിച്ഛായയില്‍ അവിടുന്ന് അനുസ്യൂതം നവീകരിച്ചുകൊണ്ടിരിക്കുന്നു. അതില്‍ യെഹൂദനെന്നോ, വിജാതീയനെന്നോ, പരിച്ഛേദനകര്‍മത്തിനു വിധേയനോ അല്ലാത്തവനോ എന്നോ, ഭേദമില്ല; കിരാതന്‍, അപരിഷ്കൃതന്‍, ദാസന്‍, സ്വതന്ത്രന്‍ എന്നീ ഭേദങ്ങളുമില്ല; ക്രിസ്തുവാണ് എല്ലാവരിലും എല്ലാം ആയിരിക്കുന്നത്. നിങ്ങള്‍ ദൈവത്തിന്‍റെ ജനമാകുന്നു; അവിടുന്നു നിങ്ങളെ സ്നേഹിക്കുകയും തന്‍റെ സ്വന്തം ജനമായിരിക്കേണ്ടതിനു നിങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. അതുകൊണ്ട് മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമാശീലം ഇവ നിങ്ങള്‍ ധരിക്കണം. നിങ്ങള്‍ അന്യോന്യം സഹിക്കുകയും പൊറുക്കുകയും ഒരുവനു മറ്റൊരുവനെപ്പറ്റി എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ പരസ്പരം ക്ഷമിക്കുകയും വേണം. കര്‍ത്താവു നിങ്ങളോടു ക്ഷമിച്ചിരിക്കുന്നതുപോലെ നിങ്ങളും അന്യോന്യം ക്ഷമിക്കേണ്ടതാണ്. സര്‍വോപരി, സമ്പൂര്‍ണമായ ഐക്യത്തില്‍ എല്ലാറ്റിനെയും കൂട്ടിയിണക്കുന്ന സ്നേഹം ധരിച്ചുകൊള്ളുക. ക്രിസ്തുവിന്‍റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. ഈ സമാധാനത്തിലേക്കാണ് ദൈവം നിങ്ങളെ ഏകശരീരമായി വിളിച്ചിരിക്കുന്നത്. അതിനാല്‍ നിങ്ങള്‍ അവിടുത്തോടു നന്ദിയുള്ളവരായിരിക്കുക. ക്രിസ്തുവിന്‍റെ സന്ദേശം അതിന്‍റെ സര്‍വസമൃദ്ധിയോടുംകൂടി നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കണം. സകല ജ്ഞാനത്തോടും കൂടി അന്യോന്യം പ്രബോധിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുക. സങ്കീര്‍ത്തനങ്ങളും സ്തോത്രഗീതങ്ങളും ആത്മീയ ഗാനങ്ങളും ആലപിക്കുക; നിങ്ങളുടെ ഹൃദയത്തില്‍നിന്നു ദൈവത്തിനു കൃതജ്ഞതയോടുകൂടിയ ഗാനം ഉയരട്ടെ. നിങ്ങള്‍ ചെയ്യുന്നതും പറയുന്നതും എല്ലാം കര്‍ത്താവായ യേശുവില്‍കൂടി പിതാവായ ദൈവത്തിനു സ്തോത്രം ചെയ്തുകൊണ്ട് അവിടുത്തെ നാമത്തില്‍ ആയിരിക്കേണ്ടതാണ്. ഭാര്യമാരേ, കര്‍ത്താവിന്‍റെ അനുയായികള്‍ എന്ന നിലയില്‍ കടമ എന്നു കരുതി നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കു കീഴ്പെട്ടിരിക്കുക. ഭര്‍ത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുക; അവരോടു പരുഷമായി പെരുമാറരുത്. കുട്ടികളേ, എല്ലാ കാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക; എന്തെന്നാല്‍ അതാണ് കര്‍ത്താവിനു പ്രസാദകരമായിട്ടുള്ളത്. മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്; അങ്ങനെ ചെയ്താല്‍ അവര്‍ ധൈര്യഹീനരായിത്തീരും. ദാസന്മാരേ, എല്ലാ കാര്യങ്ങളിലും നിങ്ങളുടെ ലൗകികയജമാനന്മാരെ അനുസരിക്കുക; അവരുടെ പ്രീതി കിട്ടുന്നതിനുവേണ്ടി, അവരുടെ കണ്‍മുമ്പില്‍ മാത്രമല്ല അനുസരിക്കേണ്ടത്. കര്‍ത്താവിനോടുള്ള ഭയഭക്തിമൂലം ആത്മാര്‍ഥമായി അനുസരിക്കുക. നിങ്ങള്‍ എന്തുചെയ്താലും മനുഷ്യര്‍ക്കുവേണ്ടിയല്ല, കര്‍ത്താവിനുവേണ്ടിയത്രേ ചെയ്യുന്നത് എന്ന ചിന്തയില്‍ പൂര്‍ണഹൃദയത്തോടുകൂടി ചെയ്യണം. തന്‍റെ ജനത്തിനു നല്‌കുവാന്‍ കരുതിവച്ചിട്ടുള്ള പൈതൃകം കര്‍ത്താവു പ്രതിഫലമായി നിങ്ങള്‍ക്കു നല്‌കുമെന്നുള്ളത് ഓര്‍ത്തുകൊള്ളുക. എന്തെന്നാല്‍ ക്രിസ്തു എന്ന യജമാനനെയാണ് നിങ്ങള്‍ യഥാര്‍ഥത്തില്‍ സേവിക്കുന്നത്. തെറ്റു ചെയ്യുന്നവന് അര്‍ഹിക്കുന്ന ശിക്ഷ കിട്ടും; ഒരേ അളവുകോല്‍കൊണ്ടാണ് ദൈവം എല്ലാവരെയും അളക്കുന്നത്. യജമാനന്മാരേ, ദാസന്മാരോടു ന്യായമായും നീതിയായും പെരുമാറുക. നിങ്ങള്‍ക്കും സ്വര്‍ഗത്തില്‍ ഒരു യജമാനന്‍ ഉണ്ടെന്നുള്ളത് ഓര്‍ക്കുക. പ്രാര്‍ഥനയില്‍ ജാഗരൂകരായി ദൈവത്തിനു സ്തോത്രം അര്‍പ്പിച്ചുകൊണ്ട് ഉറച്ചുനില്‌ക്കുക. ക്രിസ്തുവിന്‍റെ രഹസ്യം പ്രസംഗിക്കുന്നതിനു വചനത്തിന്‍റെ വാതില്‍ തുറന്നു കിട്ടുവാനായി ഞങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കുക. അതിനുവേണ്ടിയാണല്ലോ ഞാന്‍ ഇപ്പോള്‍ തടവിലായിരിക്കുന്നത്. ആ മര്‍മ്മം സ്പഷ്ടമാക്കുന്ന വിധത്തില്‍ യഥോചിതം പ്രസംഗിക്കുവാന്‍ എനിക്കു കഴിയുന്നതിനുവേണ്ടിയും പ്രാര്‍ഥിക്കുക. നിങ്ങള്‍ക്കു ലഭിക്കുന്ന അവസരങ്ങള്‍ നന്നായി പ്രയോജനപ്പെടുത്തിക്കൊണ്ട്, വിശ്വാസികളല്ലാത്തവരോടു വിവേകപൂര്‍വം വര്‍ത്തിക്കുക. നിങ്ങളുടെ സംഭാഷണം ഹൃദ്യവും മധുരോദാരവുമായിരിക്കണം. എല്ലാവര്‍ക്കും സമുചിതമായ മറുപടി നല്‌കേണ്ടത് എങ്ങനെയാണെന്നു നിങ്ങള്‍ അറിഞ്ഞിരിക്കുകയും വേണം. നമ്മുടെ പ്രിയ സഹോദരനും കര്‍ത്താവിന്‍റെ വേലയില്‍ വിശ്വസ്തനും സഹഭൃത്യനുമായ തിഹിക്കൊസ് എന്നെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും നിങ്ങളോടു പറയും. ഞങ്ങളുടെ വിവരങ്ങള്‍ അറിയിച്ച് നിങ്ങളെ സമാശ്വസിപ്പിക്കുന്നതിനുവേണ്ടിയത്രേ അയാളെ ഞാന്‍ അയയ്‍ക്കുന്നത്. നിങ്ങളുടെ കൂട്ടത്തില്‍പ്പെട്ട പ്രിയങ്കരനും വിശ്വസ്തനുമായ ഒനേസിമോസും അയാളുടെ കൂടെ വരുന്നുണ്ട്. ഇവിടത്തെ എല്ലാ വിവരങ്ങളും അവര്‍ നിങ്ങളെ അറിയിക്കും. എന്‍റെ കൂടെ തടവില്‍ കിടക്കുന്ന അരിസ്തര്‍ഹൊസും ബര്‍നബാസിന്‍റെ പിതൃവ്യപുത്രനായ മര്‍ക്കോസും നിങ്ങളെ അഭിവാദനം ചെയ്യുന്നു. മര്‍ക്കോസ് നിങ്ങളുടെ അടുക്കല്‍ വരികയാണെങ്കില്‍ അയാളെ നിങ്ങള്‍ സ്വീകരിക്കണമെന്നു നേരത്തെ നിര്‍ദേശിച്ചിട്ടുണ്ടല്ലോ. യുസ്തൊസ് എന്നു വിളിക്കുന്ന യേശുവും നിങ്ങള്‍ക്കു വന്ദനം പറയുന്നു. എന്നോടുകൂടി ദൈവരാജ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരില്‍ ഈ മൂന്നുപേര്‍ മാത്രമാണ്, വിശ്വാസം സ്വീകരിച്ചിട്ടുള്ള യെഹൂദന്മാര്‍. അവര്‍ എനിക്കു വലിയ സഹായമായിത്തീര്‍ന്നു. നിങ്ങളുടെ കൂട്ടത്തിലുള്ളവനും ക്രിസ്തുയേശുവിന്‍റെ ഭൃത്യനുമായ എപ്പഫ്രാസും നിങ്ങളെ അഭിവാദനം ചെയ്യുന്നു. നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരും പക്വമതികളുമായി ദൈവഹിതം പൂര്‍ണമായി അനുസരിക്കുന്നതില്‍ പതറാതെ ഉറച്ചുനില്‌ക്കുന്നതിനുവേണ്ടി അയാള്‍ ഏറ്റവും ശുഷ്കാന്തിയോടുകൂടി എപ്പോഴും പ്രാര്‍ഥിക്കുന്നു. നിങ്ങള്‍ക്കും ലവൊദിക്യയിലും ഹിയരാപ്പൊലിസിലുള്ളവര്‍ക്കുംവേണ്ടി അയാള്‍ ചെയ്യുന്ന കഠിനാധ്വാനത്തിനു ഞാന്‍ സാക്ഷിയാണ്. നമ്മുടെ പ്രിയപ്പെട്ട വൈദ്യനായ ലൂക്കോസും, ദേമാസും നിങ്ങള്‍ക്കു വന്ദനം പറയുന്നു. ലവൊദിക്യയിലുള്ള സഹോദരന്മാര്‍ക്കും, നിംഫയ്‍ക്കും, അവളുടെ ഭവനത്തില്‍ കൂടുന്ന സഭയ്‍ക്കും, ഞങ്ങളുടെ ആശംസകള്‍. നിങ്ങള്‍ ഈ കത്തു വായിച്ചശേഷം ലവൊദിക്യയിലെ സഭയിലും ഇതു വായിക്കണം. അതുപോലെതന്നെ ലവൊദിക്യയിലെ സഹോദരന്മാര്‍ നിങ്ങള്‍ക്കയച്ചുതരുന്ന കത്തും നിങ്ങള്‍ വായിക്കേണ്ടതാണ്. കര്‍ത്തൃശുശ്രൂഷയില്‍ തന്നെ ഏല്പിച്ചിട്ടുള്ള ചുമതല നിര്‍വഹിക്കണമെന്ന് അര്‍ഹിപ്പൊസിനോടു പറയുക. നിങ്ങള്‍ക്ക് എന്‍റെ അഭിവാദനങ്ങള്‍! പൗലൊസ് എന്ന ഞാന്‍ എന്‍റെ സ്വന്തം കൈകൊണ്ട് ഇതെഴുതിയിരിക്കുന്നു. ഞാന്‍ തടവിലാണ് എന്നുള്ളത് നിങ്ങള്‍ മറക്കരുത്. ദൈവത്തിന്‍റെ കൃപ നിങ്ങളോടുകൂടി ഇരിക്കുമാറാകട്ടെ. പൗലൊസും ശീലാസും തിമൊഥെയോസും പിതാവായ ദൈവത്തിന്‍റെയും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും ജനമായ തെസ്സലോനിക്യയിലെ സഭയ്‍ക്ക് എഴുതുന്നത്: നിങ്ങള്‍ക്കു കൃപയും സമാധാനവും ലഭിക്കട്ടെ. [2,3] നിങ്ങള്‍ ജീവിതത്തില്‍ വിശ്വാസം എങ്ങനെ പ്രായോഗികമാക്കുന്നു എന്നും, കഠിനമായി അധ്വാനിക്കുന്നതിന് സ്നേഹം എങ്ങനെ നിങ്ങളെ പ്രാപ്തരാക്കുന്നു എന്നും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള നിങ്ങളുടെ പ്രത്യാശ എത്രമാത്രം ഉറപ്പുള്ളതാണെന്നും അനുസ്മരിച്ചുകൊണ്ട് നിങ്ങള്‍ക്കെല്ലാവര്‍ക്കുംവേണ്ടി നമ്മുടെ പിതാവായ ദൈവത്തിനു ഞങ്ങള്‍ എപ്പോഴും സ്തോത്രം ചെയ്യുന്നു; ഞങ്ങള്‍ പ്രാര്‍ഥിക്കുമ്പോഴെല്ലാം നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു. *** സഹോദരരേ, ദൈവം നിങ്ങളെ സ്നേഹിക്കുന്നു എന്നും, തന്‍റെ ജനമായി അവിടുന്നു നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു എന്നും ഞങ്ങള്‍ അറിയുന്നു. എന്തുകൊണ്ടെന്നാല്‍ വചനത്താല്‍ മാത്രമല്ല, ശക്തിയാലും പരിശുദ്ധാത്മാവിനാലും, സത്യത്തെക്കുറിച്ചുള്ള പരിപൂര്‍ണമായ ബോധ്യത്താലും ഞങ്ങള്‍ നിങ്ങളെ സുവിശേഷം അറിയിച്ചു. ഞങ്ങള്‍ നിങ്ങളോടുകൂടിയായിരുന്നപ്പോള്‍ എങ്ങനെ ജീവിച്ചു എന്നു നിങ്ങള്‍ക്ക് അറിയാമല്ലോ. അതു നിങ്ങളുടെ നന്മയ്‍ക്കുവേണ്ടിത്തന്നെ ആയിരുന്നു. നിങ്ങള്‍ ഞങ്ങളെയും കര്‍ത്താവിനെയും അനുകരിച്ചു; നിങ്ങള്‍ വളരെയധികം ക്ലേശങ്ങള്‍ സഹിച്ചു; എങ്കിലും പരിശുദ്ധാത്മാവില്‍നിന്നു ലഭിക്കുന്ന ആനന്ദത്തോടുകൂടി യേശുക്രിസ്തുവിനെക്കുറിച്ചുള്ള സന്ദേശം കൈക്കൊണ്ടു. അങ്ങനെ നിങ്ങള്‍ മാസിഡോണിയയിലും അഖായയിലുമുള്ള എല്ലാ വിശ്വാസികള്‍ക്കും മാതൃകയായിത്തീര്‍ന്നു. കര്‍ത്താവിനെക്കുറിച്ചുള്ള സന്ദേശത്തിന്‍റെ മാറ്റൊലി നിങ്ങളില്‍നിന്ന് മാസിഡോണിയയിലും അഖായയിലും പരക്കുക മാത്രമല്ല, നിങ്ങള്‍ക്കു ദൈവത്തിലുള്ള വിശ്വാസത്തെ സംബന്ധിച്ച വാര്‍ത്ത എല്ലായിടത്തും പ്രസിദ്ധമാകുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട്, അതിനെക്കുറിച്ച് ഞങ്ങള്‍ ഒന്നുംതന്നെ കൂടുതലായി പറയേണ്ടതില്ല. [9,10] നിങ്ങളെ സന്ദര്‍ശിച്ചപ്പോള്‍ നിങ്ങള്‍ ഞങ്ങളെ എങ്ങനെ സ്വീകരിച്ചു എന്നും, ജീവനുള്ള സത്യദൈവത്തെ സേവിക്കുന്നതിനുവേണ്ടി വിഗ്രഹങ്ങളെ ഉപേക്ഷിച്ചു നിങ്ങള്‍ എപ്രകാരം ദൈവത്തിലേക്കു തിരിഞ്ഞു എന്നും, ആ ദേശങ്ങളിലെ ജനങ്ങള്‍ പറയുന്നു. കൂടാതെ, ദൈവത്താല്‍ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടവനും വരുവാനുള്ള ന്യായവിധിയില്‍നിന്നു നമ്മെ വിടുവിക്കുന്നവനുമായ അവിടുത്തെ പുത്രനായ യേശു സ്വര്‍ഗത്തില്‍നിന്നു വരുന്നതു പ്രതീക്ഷിച്ചുകൊണ്ടാണ് നിങ്ങള്‍ ദൈവത്തിങ്കലേക്കു തിരിഞ്ഞതെന്നും അവര്‍ പറയുന്നു. സഹോദരരേ, ഞങ്ങള്‍ നിങ്ങളെ സന്ദര്‍ശിച്ചത് വ്യര്‍ഥമായില്ല എന്നു നിങ്ങള്‍ക്കു തന്നെ അറിയാമല്ലോ. ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വരുന്നതിനുമുമ്പ് ഫിലിപ്പിയില്‍വച്ചു സഹിച്ച പീഡനത്തെക്കുറിച്ചും അപമാനത്തെക്കുറിച്ചും നിങ്ങള്‍ക്ക് അറിവുള്ളതാണ്. ഉഗ്രമായ പോരാട്ടത്തെ നേരിടേണ്ടിവന്നിട്ടും, അവിടുത്തെ സുവിശേഷം നിങ്ങളെ അറിയിക്കുവാനുള്ള ധൈര്യം ദൈവം ഞങ്ങള്‍ക്കു നല്‌കി. ഞങ്ങളുടെ പ്രബോധനം അബദ്ധമോ, അശുദ്ധമോ ആയ ഉദ്ദേശ്യത്തെ മുന്‍നിറുത്തി ഉള്ളതല്ല. ഞങ്ങള്‍ ആരെയും കബളിപ്പിക്കുന്നുമില്ല. പിന്നെയോ, സുവിശേഷം ഭരമേല്പിക്കുന്നതിനു ഞങ്ങള്‍ യോഗ്യരാണെന്നു ദൈവം പരിശോധിച്ച് അംഗീകരിച്ചിരിക്കുന്നതിനാല്‍ ഞങ്ങളെ സംബന്ധിച്ച് അവിടുന്ന് ആഗ്രഹിക്കുന്നപ്രകാരം ഞങ്ങള്‍ സംസാരിക്കുന്നു. ഞങ്ങള്‍ മനുഷ്യരെയല്ല, ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെയാണു പ്രസാദിപ്പിക്കുവാന്‍ ശ്രമിക്കുന്നത്. ഞങ്ങള്‍ നിങ്ങളെ സമീപിച്ചത് മുഖസ്തുതിയോടുകൂടിയോ സ്വാര്‍ഥനിഷ്ഠമായ ആഗ്രഹം ഉള്ളില്‍ വച്ചുകൊണ്ടോ അല്ല എന്നു നിങ്ങള്‍ക്കറിയാമല്ലോ. അതിനു ദൈവം സാക്ഷി. ക്രിസ്തുവിന്‍റെ അപ്പോസ്തോലന്മാരെന്ന നിലയില്‍ ഞങ്ങള്‍ക്കു ന്യായമായി അവകാശപ്പെടാമായിരുന്നതുപോലും ഞങ്ങള്‍ ആഗ്രഹിച്ചില്ല. നിങ്ങളുടെയോ, മറ്റാരുടെയെങ്കിലുമോ പ്രശംസ ലഭിക്കുന്നതിനുവേണ്ടി ഞങ്ങള്‍ ശ്രമിച്ചിട്ടുമില്ല. ഞങ്ങള്‍ നിങ്ങളോടുകൂടി ആയിരുന്നപ്പോള്‍ തന്‍റെ കുഞ്ഞുങ്ങളെ പരിരക്ഷിക്കുന്ന ഒരു അമ്മയെപ്പോലെ ഞങ്ങള്‍ നിങ്ങളോട് ആര്‍ദ്രതയോടെ വര്‍ത്തിച്ചു. നിങ്ങളോടുള്ള ഞങ്ങളുടെ സ്നേഹം നിമിത്തം ദൈവത്തിന്‍റെ സുവിശേഷം മാത്രമല്ല, ഞങ്ങളുടെ ജീവന്‍പോലും നിങ്ങള്‍ക്കു പങ്കുവയ്‍ക്കുവാന്‍ ഞങ്ങള്‍ സന്നദ്ധരായിരുന്നു. നിങ്ങള്‍ ഞങ്ങള്‍ക്ക് അത്ര പ്രിയങ്കരരാണ്. സഹോദരരേ, ഞങ്ങള്‍ എങ്ങനെ വേലചെയ്തു എന്നും, എത്ര കഠിനമായി അധ്വാനിച്ചു എന്നും നിങ്ങള്‍ ഓര്‍ക്കുന്നുണ്ടായിരിക്കുമല്ലോ. ഞങ്ങളുടെ ചെലവിന്‍റെ കാര്യത്തില്‍ നിങ്ങളിലാര്‍ക്കും ബുദ്ധിമുട്ടാണ്ടാകാതിരിക്കുന്നതിന് ഞങ്ങള്‍ രാവും പകലും അധ്വാനിച്ചുകൊണ്ടാണ് ദൈവത്തിന്‍റെ സുവിശേഷം നിങ്ങളോടു പ്രസംഗിച്ചത്. വിശ്വാസികളായ നിങ്ങളോടുള്ള ഞങ്ങളുടെ പെരുമാറ്റം നിഷ്കളങ്കവും നീതിയുക്തവും കുറ്റമറ്റതുമായിരുന്നു എന്നതിന് നിങ്ങള്‍ സാക്ഷികള്‍; ദൈവവും സാക്ഷി. പിതാവ് മക്കളോടെന്നവണ്ണം ഞങ്ങള്‍ നിങ്ങളോട് ഓരോ വ്യക്തിയോടും പെരുമാറി എന്നു നിങ്ങള്‍ക്കറിയാമല്ലോ. തന്‍റെ രാജ്യത്തിന്‍റെയും മഹത്ത്വത്തിന്‍റെയും ഓഹരിക്കാരായിത്തീരുവാന്‍ നിങ്ങളെ വിളിച്ച ദൈവത്തിനു പ്രസാദകരമായ ജീവിതം നയിക്കുവാന്‍ ഞങ്ങള്‍ നിങ്ങളെ പ്രോത്സാഹിപ്പിച്ചു; ഉത്തേജിപ്പിച്ചു; ശക്തമായി പ്രേരിപ്പിക്കുകയും ചെയ്തു. ദൈവത്തിന്‍റെ സന്ദേശം ഞങ്ങള്‍ നിങ്ങളെ അറിയിച്ചപ്പോള്‍ മനുഷ്യന്‍റെ സന്ദേശമായിട്ടല്ല, വാസ്തവത്തില്‍ അത് ആയിരിക്കുന്നതുപോലെ ദൈവത്തിന്‍റെ സന്ദേശമായിത്തന്നെ നിങ്ങള്‍ അതു കേട്ടു സ്വീകരിച്ചു. ദൈവത്തിനു ഞങ്ങള്‍ നിരന്തരമായി സ്തോത്രം ചെയ്യുന്നതിന് അതും കാരണമാണ്. വിശ്വാസികളായ നിങ്ങളില്‍ ദൈവം പ്രവര്‍ത്തിക്കുന്നു. സഹോദരരേ, ക്രിസ്തുഭക്തരായ യെഹൂദ്യയിലെ ദൈവസഭകള്‍ക്കുണ്ടായ അനുഭവം നിങ്ങള്‍ക്കും ഉണ്ടായി. യെഹൂദന്മാരില്‍നിന്ന് അവര്‍ സഹിച്ചതുപോലെയുള്ള പീഡനങ്ങള്‍ നിങ്ങളും സ്വന്തം നാട്ടുകാരില്‍നിന്നു സഹിച്ചു. യെഹൂദജനം കര്‍ത്താവായ യേശുവിനെയും പ്രവാചകന്മാരെയും വധിക്കുകയും ഞങ്ങളെ ബഹിഷ്കരിക്കുകയും ചെയ്തു. ദൈവത്തിന് എത്രമാത്രം അപ്രീതി ഉളവാക്കുന്നവരാണവര്‍! സകല മനുഷ്യര്‍ക്കും അവര്‍ വിരോധികളാണ്. രക്ഷ കൈവരുത്തുന്ന സുവിശേഷം വിജാതീയരോടു പ്രസംഗിക്കുന്നതില്‍നിന്നു ഞങ്ങളെ പിന്തിരിപ്പിക്കുവാന്‍ അവര്‍ പരിശ്രമിക്കുകപോലും ചെയ്തു. അങ്ങനെ അവരുടെ പാപങ്ങളുടെ ആകെത്തുക പൂര്‍ത്തിയാക്കുന്നു. ഇപ്പോള്‍ ദൈവത്തിന്‍റെ ന്യായവിധി അവരുടെമേല്‍ വന്നിരിക്കുന്നു. സഹോദരരേ, ഞങ്ങള്‍ അല്പകാലത്തേക്കു ശരീരംകൊണ്ട് നിങ്ങളില്‍നിന്നു വേര്‍പിരിഞ്ഞിരുന്നു; എങ്കിലും ഹൃദയംകൊണ്ടു സമീപസ്ഥരായിരുന്നു. വീണ്ടും നിങ്ങളെ കാണാന്‍ എത്രവളരെ വാഞ്ഛിച്ചു! നിങ്ങളുടെ അടുക്കലേക്കു വീണ്ടും വരുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയും, പൗലൊസ് എന്ന ഞാന്‍ തന്നെ പലവട്ടം അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്തു. പക്ഷേ, സാത്താന്‍ അതിനു പ്രതിബന്ധമുണ്ടാക്കി. ഏതായാലും നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ പ്രത്യാഗമനത്തില്‍ അവിടുത്തെ മുമ്പാകെ, ഞങ്ങളുടെ പ്രത്യാശയും ആനന്ദവും അഭിമാനത്തിന്‍റെ കിരീടവും നിങ്ങള്‍ തന്നെയാണ്. അതെ, നിശ്ചയമായും നിങ്ങളാണ് ഞങ്ങളുടെ അഭിമാനഭാജനങ്ങളും ആനന്ദവും. [1,2] നിങ്ങളില്‍നിന്ന് അകന്നിരിക്കുക എന്നത്, ഞങ്ങള്‍ക്ക് അശേഷം സഹിച്ചുകൂടാഞ്ഞതുകൊണ്ട്, ഞങ്ങള്‍ തനിച്ച് ആഥന്‍സിന് കഴിച്ചുകൂട്ടേണ്ടിവന്നാലും, തിമൊഥെയോസിനെ നിങ്ങളുടെ അടുക്കലേക്ക് അയയ്‍ക്കാമെന്നു തീരുമാനിച്ചു. ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുന്നതില്‍ ഞങ്ങളോടു കൂടി ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന നമ്മുടെ ഈ സഹോദരനെ നിങ്ങളുടെ അടുക്കലേക്ക് അയച്ചത് നിങ്ങളെ ബലപ്പെടുത്തുന്നതിനും, വിശ്വാസത്തില്‍ ഉറച്ചുനില്‌ക്കുന്നതിന് നിങ്ങളെ ധൈര്യപ്പെടുത്തുന്നതിനുമാണ്. *** നിങ്ങളില്‍ ആരുംതന്നെ പീഡനങ്ങള്‍ നിമിത്തം പിന്തിരിഞ്ഞുപോകാന്‍ ഇടയാകരുതല്ലോ. ഇങ്ങനെയുള്ള പീഡനങ്ങള്‍ നമ്മെ സംബന്ധിച്ചുള്ള ദൈവോദ്ദേശ്യത്തില്‍ ഉള്‍പ്പെട്ടതാണെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ. നാം പീഡിപ്പിക്കപ്പെടും എന്നു ഞങ്ങള്‍ നിങ്ങളോടുകൂടിയായിരുന്നപ്പോള്‍, നേരത്തെതന്നെ പറഞ്ഞിട്ടുള്ളതാണ്. അത് അങ്ങനെതന്നെ സംഭവിച്ചു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. നിങ്ങളുടെ വിശ്വാസത്തെപ്പറ്റി അറിയുന്നതിനുവേണ്ടി ഇനിയും കാത്തിരിക്കുവാന്‍ എനിക്കു സാധ്യമല്ല. അതുകൊണ്ടാണ് തിമൊഥെയോസിനെ നിങ്ങളുടെ അടുക്കലേക്ക് അയച്ചത്. പരീക്ഷകന്‍ നിങ്ങളെ പരീക്ഷിച്ചുവോ എന്നും, ഞങ്ങളുടെ പ്രയത്നമെല്ലാം വ്യര്‍ഥമായിത്തീര്‍ന്നുവോ എന്നുമുള്ള ഉല്‍ക്കണ്ഠ എനിക്കുണ്ടായിരുന്നു. ഇപ്പോള്‍ ഇതാ, നിങ്ങളുടെ സ്നേഹത്തെയും വിശ്വാസത്തെയും സംബന്ധിച്ചുള്ള സന്തോഷവാര്‍ത്തയുമായി തിമൊഥെയോസ് നിങ്ങളുടെ അടുക്കല്‍നിന്നു മടങ്ങിയെത്തിയിരിക്കുന്നു. നിങ്ങളെ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ ഞങ്ങളെ കാണാന്‍ നിങ്ങളും ആഗ്രഹിക്കുന്നു എന്നും, നിങ്ങള്‍ എപ്പോഴും ഞങ്ങളെ സ്നേഹപൂര്‍വം അനുസ്മരിക്കുന്നു എന്നും, അയാള്‍ ഞങ്ങളോടു പറഞ്ഞു. അതുകൊണ്ട് സഹോദരരേ, ഞങ്ങളുടെ സകല കഷ്ടതകളിലും വിഷമതകളിലും നിങ്ങളുടെ വിശ്വാസം ഞങ്ങള്‍ക്ക് ഉത്തേജനം നല്‌കുന്നു. എന്തുകൊണ്ടെന്നാല്‍ കര്‍ത്താവിനോടുള്ള ബന്ധത്തില്‍ അടിപതറാതെ നിങ്ങള്‍ ഉറച്ചുനില്‌ക്കുന്നതുകൊണ്ടാണ് വാസ്തവത്തില്‍ ഞങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്നത് എന്നു പറയേണ്ടിയിരിക്കുന്നു. നിങ്ങളെപ്രതി ഇപ്പോള്‍ ഞങ്ങള്‍ ദൈവത്തെ സ്തുതിക്കുന്നു. നിങ്ങള്‍ നിമിത്തം ദൈവസന്നിധിയില്‍ ഞങ്ങള്‍ക്ക് ഉണ്ടായിരിക്കുന്ന ആനന്ദത്തിന്‍റെ പേരില്‍ ഞങ്ങള്‍ എങ്ങനെ സ്തോത്രം ചെയ്യാതിരിക്കും! നിങ്ങളെ അഭിമുഖം കാണുന്നതിനും, നിങ്ങളുടെ വിശ്വാസത്തികവിന് ആവശ്യമായതു ചെയ്യുവാന്‍ ഇടയാകുന്നതിനുംവേണ്ടി രാവും പകലും ഞങ്ങള്‍ സര്‍വാത്മനാ പ്രാര്‍ഥിക്കുന്നു. ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വരുന്നതിന് നമ്മുടെ പിതാവായ ദൈവംതന്നെയും, കര്‍ത്താവായ യേശുവും വഴിയൊരുക്കട്ടെ. നിങ്ങള്‍ക്ക് അന്യോന്യമുള്ളതും മറ്റ് എല്ലാവരോടുമുള്ളതും ആയ സ്നേഹം ഉത്തരോത്തരം വര്‍ധിച്ച്, നിങ്ങളോടു ഞങ്ങള്‍ക്കുള്ള സ്നേഹത്തോടൊപ്പമായിത്തീരുവാന്‍ കര്‍ത്താവ് ഇടയാക്കട്ടെ. നമ്മുടെ കര്‍ത്താവായ യേശു, സകല വിശുദ്ധന്മാരോടുമൊത്തു വരുമ്പോള്‍, നമ്മുടെ ദൈവവും പിതാവുമായവന്‍റെ സന്നിധിയില്‍ നിര്‍ദോഷികളും വിശുദ്ധരുമായിത്തീരത്തക്കവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ ശക്തമാക്കുകയും ചെയ്യട്ടെ. അവസാനമായി, സഹോദരരേ, ദൈവത്തിനു സംപ്രീതികരമായ ജീവിതം നയിക്കേണ്ടത് എങ്ങനെയെന്ന് ഞങ്ങളില്‍നിന്നു നിങ്ങള്‍ പഠിച്ചു. നിങ്ങള്‍ അങ്ങനെതന്നെയാണു ജീവിക്കുന്നതും. എന്നാല്‍ നിങ്ങളുടെ ജീവിതം പൂര്‍വാധികം അഭിവൃദ്ധി പ്രാപിക്കണമെന്ന് കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ ഞങ്ങള്‍ ഇപ്പോള്‍ അഭ്യര്‍ഥിക്കുകയും, നിങ്ങളെ പ്രബോധിപ്പിക്കുകയും ചെയ്യുന്നു. കര്‍ത്താവായ യേശുവിന്‍റെ അധികാരത്താല്‍ ഞങ്ങള്‍ നിങ്ങള്‍ക്കു നല്‌കിയ പ്രബോധനങ്ങള്‍ നിങ്ങള്‍ക്ക് അറിയാമല്ലോ. നിങ്ങള്‍ ജീവിതവിശുദ്ധി പാലിക്കുന്നവരും ദുര്‍മാര്‍ഗത്തില്‍നിന്നു പൂര്‍ണമായി വിമുക്തരുമായിരിക്കണമെന്നത്രേ ദൈവം ആഗ്രഹിക്കുന്നത്. ഓരോരുത്തനും അവനവന്‍റെ ഭാര്യയോടൊത്ത് പരിശുദ്ധമായും മാന്യമായും ജീവിക്കേണ്ടത് എങ്ങനെയെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ. ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ വിഷയാസക്തരായി നിങ്ങള്‍ ജീവിക്കരുത്. ഇക്കാര്യത്തില്‍ ആരും നിയമം ലംഘിച്ച് തന്‍റെ സഹോദരനെ വഞ്ചിക്കരുത്. അങ്ങനെ ചെയ്യുന്നവരെ കര്‍ത്താവു ശിക്ഷിക്കുമെന്നു നേരത്തെ ഞങ്ങള്‍ മുന്നറിയിപ്പു നല്‌കിയിട്ടുണ്ടല്ലോ. ദുര്‍മാര്‍ഗത്തില്‍ ജീവിക്കുവാനല്ല, വിശുദ്ധിയില്‍ ജീവിക്കുവാനാണു ദൈവം നമ്മെ ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ ഉപദേശം അവഗണിക്കുന്ന ഏതൊരുവനും മനുഷ്യനെയല്ല അവഗണിക്കുന്നത്, പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കു നല്‌കുന്ന ദൈവത്തെ തന്നെയാണ്. സഹവിശ്വാസികളോടുള്ള സ്നേഹത്തെക്കുറിച്ച് എഴുതേണ്ട ആവശ്യമില്ല. നിങ്ങള്‍ പരസ്പരം എങ്ങനെ സ്നേഹിക്കണമെന്നു ദൈവം നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടല്ലോ. വാസ്തവത്തില്‍ മാസിഡോണിയയിലെങ്ങുമുള്ള എല്ലാ സഹോദരരോടും ഇങ്ങനെയാണ് നിങ്ങള്‍ പെരുമാറുന്നത്. സഹോദരരേ, നിങ്ങളുടെ സ്നേഹം അതിലുമധികമായി തീരണമെന്നാണ് ഞങ്ങള്‍ പ്രബോധിപ്പിക്കുന്നത്. ഞങ്ങള്‍ നേരത്തെ പറഞ്ഞിട്ടുള്ളതുപോലെ, അവനവന്‍റെ ജോലി ചെയ്ത്, നിങ്ങളുടെ ഉപജീവനത്തിനുള്ള വക സമ്പാദിച്ച്, ശാന്തമായി ജീവിക്കുക എന്നതായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം. അങ്ങനെ ജീവിച്ചാല്‍ വിശ്വാസികളല്ലാത്തവരുടെ ബഹുമാനം നിങ്ങള്‍ ആര്‍ജിക്കും. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ആരെയും ആശ്രയിക്കേണ്ടിവരികയുമില്ല. സഹോദരരേ, പ്രത്യാശയില്ലാത്തവരെപ്പോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കേണ്ടതിന്, മരണമടഞ്ഞവരെ സംബന്ധിച്ച സത്യം നിങ്ങള്‍ അറിയണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. യേശു മരിക്കുകയും വീണ്ടും ഉയിര്‍ത്തെഴുന്നേല്‌ക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു. അതുകൊണ്ട് യേശുവില്‍ വിശ്വസിച്ചു മരണമടഞ്ഞവരെ അവിടുത്തോടുകൂടി ദൈവം ഉയിര്‍പ്പിക്കുമെന്നും നാം വിശ്വസിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ കര്‍ത്താവിന്‍റെ ഉപദേശമാണ് നിങ്ങള്‍ക്കു നല്‌കുന്നത്; കര്‍ത്താവിന്‍റെ പ്രത്യാഗമനദിവസം ജീവനോടുകൂടി ഇരിക്കുന്നവരായ നാം മരിച്ചുപോയവരുടെ മുമ്പേയല്ല പോകുന്നത്. ഗംഭീരനാദം, പ്രധാനദൂതന്‍റെ ഘോഷം, ദൈവത്തിന്‍റെ കാഹളധ്വനി ഇവയോടുകൂടി കര്‍ത്താവു സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരും. ക്രിസ്തുവില്‍ വിശ്വസിച്ചു മരിച്ചവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‌ക്കും. അപ്പോള്‍ ജീവിച്ചിരിക്കുന്നവരായ നാം ആകാശമധ്യത്തില്‍ എഴുന്നള്ളുന്ന കര്‍ത്താവിനെ എതിരേല്‌ക്കുന്നതിനായി പിന്നീടു മേഘങ്ങളില്‍ അവരോടുകൂടി ചേര്‍ക്കപ്പെടും. അങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടി ആയിരിക്കുകയും ചെയ്യും. അതുകൊണ്ട് ഈ വാക്കുകളാല്‍ നിങ്ങള്‍ അന്യോന്യം സമാശ്വസിപ്പിച്ചുകൊള്ളുക. സഹോദരരേ, ഇതൊക്കെ സംഭവിക്കുന്ന കാലവും സമയവും സംബന്ധിച്ച് ഒന്നും നിങ്ങള്‍ക്ക് എഴുതേണ്ട ആവശ്യമില്ല. രാത്രിയില്‍ കള്ളന്‍ എന്നതുപോലെ കര്‍ത്താവിന്‍റെ ദിവസം വന്നു ചേരുമെന്നു നിങ്ങള്‍ക്കു നന്നായി അറിയാം. “എല്ലാം ശാന്തമായിരിക്കുന്നു; ഒന്നും ഭയപ്പെടേണ്ടതില്ല” എന്ന് ആളുകള്‍ പറയുമ്പോള്‍ പെട്ടെന്നു നാശം വന്നു ഭവിക്കും! ഗര്‍ഭിണിക്കു പ്രസവേദനയുണ്ടാകുന്നതുപോലെ ആയിരിക്കും അത്; അതില്‍നിന്നു തെറ്റി ഒഴിയുക അസാധ്യമാണ്. എന്നാല്‍ സഹോദരരേ, നിങ്ങള്‍ അന്ധകാരത്തില്‍ ജീവിക്കുന്നവരല്ല, അതുകൊണ്ട് കള്ളന്‍ വരുമ്പോള്‍ എന്നവണ്ണം ആ ദിവസം നിങ്ങളെ സംഭ്രമിപ്പിക്കുകയില്ല. നിങ്ങളെല്ലാവരും പ്രകാശത്തിന്‍റെയും പകലിന്‍റെയും മക്കളാകുന്നു. നാം രാത്രിയുടെയോ അന്ധകാരത്തിന്‍റെയോ വകയല്ല. അതുകൊണ്ട് മറ്റുള്ളവരെപ്പോലെ നാം ഉറങ്ങരുത്; നാം ഉണര്‍ന്ന് സുബോധമുള്ളവരായിരിക്കേണ്ടതാണ്. ഉറങ്ങുന്നവര്‍ രാത്രിയിലാണ് ഉറങ്ങുന്നത്; മദ്യപിക്കുന്നവര്‍ രാത്രിയില്‍ മദ്യപിച്ചു മത്തരാകുന്നു. എന്നാല്‍ നാം പകലിനുള്ളവരാകയാല്‍ വിശ്വാസവും സ്നേഹവും കവചമായും, രക്ഷയുടെ പ്രത്യാശ പടത്തൊപ്പിയായും ധരിച്ചുകൊണ്ട് ജാഗ്രതയുള്ളവരായി ഇരിക്കണം. നമ്മെ കോപത്തിനു വിധേയരാക്കണമെന്നല്ല, പ്രത്യുത, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖേന നാം രക്ഷ അവകാശമാക്കണമെന്നത്രേ ദൈവം ഉദ്ദേശിച്ചത്. നാം ജീവിച്ചിരുന്നാലും മരിച്ചാലും തന്നോടുകൂടി ജീവിക്കേണ്ടതിനു നമുക്കുവേണ്ടി മരിച്ചവനാണ് നമ്മുടെ കര്‍ത്താവ്. അതുകൊണ്ട് നിങ്ങള്‍ ഇപ്പോള്‍ ചെയ്തുവരുന്നതുപോലെ അന്യോന്യം ധൈര്യപ്പെടുത്തുകയും, ബലപ്പെടുത്തുകയും ചെയ്യുക. സഹോദരരേ, നിങ്ങളുടെ ഇടയില്‍ അധ്വാനിക്കുകയും ക്രിസ്തീയജീവിതത്തില്‍ നിങ്ങളെ വഴികാട്ടി നയിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നവരെ യഥോചിതം സമാദരിക്കണമെന്ന് ഞങ്ങള്‍ നിങ്ങളോടപേക്ഷിക്കുന്നു. അവര്‍ ചെയ്ത അധ്വാനത്തെ പ്രതി നിങ്ങള്‍ അങ്ങേയറ്റം ആദരത്തോടും സ്നേഹത്തോടുംകൂടി അവരോടു പെരുമാറുക. നിങ്ങള്‍ സമാധാനമുള്ളവരായി ജീവിക്കുക. സഹോദരരേ, ഞങ്ങള്‍ നിങ്ങളെ ശക്തമായി പ്രബോധിപ്പിക്കുന്നത് ഇതാണ്: അലസന്മാര്‍ക്കു താക്കീതു നല്‌കുക; ഉള്‍ക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുക; ബലഹീനരെ സഹായിക്കുക; എല്ലാവരോടും സഹിഷ്ണുത കാണിക്കുക. ആരും തിന്മയ്‍ക്കു പകരം തിന്മ ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കുക. തമ്മില്‍ത്തമ്മില്‍ എന്നല്ല, എല്ലാവര്‍ക്കും എപ്പോഴും നന്മ ചെയ്യുക എന്നതായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം. [16,17] എപ്പോഴും സന്തോഷിക്കുക; ഇടവിടാതെ പ്രാര്‍ഥിക്കുക; *** എല്ലാ പരിതഃസ്ഥിതികളിലും ദൈവത്തോടു നന്ദിയുള്ളവരായിരിക്കുക; ഇതാണ് ക്രിസ്തുയേശുവിനോട് ഏകീഭവിച്ച നിങ്ങളുടെ ജീവിതത്തില്‍നിന്നു ദൈവം ആഗ്രഹിക്കുന്നത്. [19,20] ആത്മാവിന്‍റെ പ്രകാശം നിങ്ങള്‍ കെടുത്തിക്കളയരുത്. പ്രവചനം അവഗണിക്കുകയുമരുത്. *** സകലവും സംശോധന ചെയ്ത് ഉത്തമമായത് മുറുകെപ്പിടിക്കുക. എല്ലാവിധ ദോഷവും പരിത്യജിക്കുക. നമുക്കു സമാധാനം നല്‌കുന്നവനായ ദൈവം എല്ലാ വിധത്തിലും നിങ്ങളെ ശുദ്ധീകരിക്കട്ടെ; നിങ്ങളുടെ വ്യക്തിത്വം ആകമാനം - നിങ്ങളുടെ ആത്മാവും ചേതനയും ശരീരവും - നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യാഗമനവേളയില്‍ തികച്ചും കുറ്റമറ്റതായിരിക്കുവാന്‍ തക്കവണ്ണം ദൈവം കാക്കുമാറാകട്ടെ. നിങ്ങളെ വിളിക്കുന്നവന്‍ വിശ്വസ്തനാണ്. അവിടുന്ന് അതു നിറവേറ്റും. സഹോദരരേ, ഞങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കുക. വിശുദ്ധചുംബനത്താല്‍ സകല വിശ്വാസികളെയും അഭിവാദനം ചെയ്യുക. ഈ കത്ത് എല്ലാ വിശ്വാസികളെയും വായിച്ചു കേള്‍പ്പിക്കണമെന്ന് കര്‍ത്താവിന്‍റെ അധികാരത്താല്‍ ഞാന്‍ ആവശ്യപ്പെടുന്നു. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടുകൂടി ഇരിക്കുമാറാകട്ടെ. പൗലൊസും ശീലാസും തിമൊഥെയോസും നമ്മുടെ പിതാവായ ദൈവത്തിന്‍റെയും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും ജനമായ തെസ്സലോനിക്യയിലെ സഭയ്‍ക്ക് എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ലഭിക്കട്ടെ. സഹോദരരേ, നിങ്ങള്‍ക്കുവേണ്ടി എപ്പോഴും ദൈവത്തിനു സ്തോത്രം ചെയ്യുവാന്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വിശ്വാസം അസാമാന്യമായി വളരുകയും, നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും മറ്റുള്ളവരോടുള്ള സ്നേഹം വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിനാല്‍ ഞങ്ങള്‍ അപ്രകാരം ചെയ്യുന്നത് സമുചിതമാണ്. അതുകൊണ്ടാണ് ദൈവത്തിന്‍റെ സഭകളില്‍ ഞങ്ങള്‍ തന്നെ നിങ്ങളെക്കുറിച്ചു പ്രശംസിക്കുന്നത്. നിങ്ങള്‍ അനുഭവിക്കുന്ന എല്ലാ പീഡനങ്ങളിലും കഷ്ടതകളിലും നിങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സഹിഷ്ണുതയെയും വിശ്വാസത്തെയും കുറിച്ചു ഞങ്ങള്‍ പലപ്പോഴും പറയാറുണ്ട്. ദൈവരാജ്യത്തിനുവേണ്ടിയാണല്ലോ നിങ്ങള്‍ കഷ്ടത സഹിക്കുന്നത്. ദൈവത്തിന്‍റെ വിധി ന്യായയുക്തമായതിനാല്‍ നിങ്ങള്‍ ദൈവരാജ്യത്തിനു യോഗ്യരായിത്തീരുന്നു എന്നു നിങ്ങളുടെ കഷ്ടതകള്‍ തെളിയിക്കുന്നു. [6,7] ദൈവം നീതിയായിട്ടുള്ളതുതന്നെ പ്രവര്‍ത്തിക്കും. കര്‍ത്താവായ യേശു അവിടുത്തെ ശക്തരായ മാലാഖമാരോടുകൂടി സ്വര്‍ഗത്തില്‍നിന്നു പ്രത്യക്ഷനാകുമ്പോള്‍ നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് ദൈവം കഷ്ടത നല്‌കും; കഷ്ടത സഹിക്കുന്നവരായ നിങ്ങള്‍ക്കും, അതുപോലെതന്നെ ഞങ്ങള്‍ക്കും ആശ്വാസം അരുളുകയും ചെയ്യും. *** നമ്മുടെ കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അനുസരിക്കാത്തവരെയും ദൈവത്തെ നിരാകരിക്കുന്നവരെയും ശിക്ഷിക്കുന്നതിനായി ജ്വലിക്കുന്ന അഗ്നിയോടുകൂടിയത്രേ അവിടുന്ന് എഴുന്നള്ളുക. ആ നാളില്‍ അവര്‍ അവിടുത്തെ സന്നിധിയില്‍നിന്നും മഹത്ത്വമാര്‍ന്ന ശക്തിയില്‍നിന്നും നീക്കപ്പെടും; നിത്യവിനാശം എന്ന ശിക്ഷ അനുഭവിക്കുകയും ചെയ്യും. അന്നു തന്‍റെ എല്ലാ വിശുദ്ധജനങ്ങളാലും പ്രകീര്‍ത്തിക്കപ്പെടുകയും തന്‍റെ എല്ലാ വിശ്വാസികളാലും വിസ്മയപൂര്‍വം ആരാധിക്കപ്പെടുകയും ചെയ്യുന്നതിനായി അവിടുന്ന് ആഗതനാകും. ഞങ്ങള്‍ നിങ്ങളെ അറിയിച്ച സന്ദേശം നിങ്ങള്‍ വിശ്വസിച്ചതുകൊണ്ട് നിങ്ങളും ആ കൂട്ടത്തിലുണ്ടായിരിക്കും. ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നു. ആ വിളിക്കു നിങ്ങളെ യോഗ്യരാക്കിത്തീര്‍ക്കേണ്ടതിന് ഞങ്ങള്‍ നമ്മുടെ ദൈവത്തോട് എപ്പോഴും നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു; തന്‍റെ ശക്തിയാല്‍ നിങ്ങളുടെ എല്ലാ സദുദ്ദേശ്യങ്ങളും അവിടുന്നു നിറവേറ്റുകയും നിങ്ങളുടെ വിശ്വാസത്തിന്‍റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുകയും ചെയ്യട്ടെ. ഇങ്ങനെ ദൈവത്തിന്‍റെയും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും കൃപയാല്‍, അവിടുത്തെ നാമം നിങ്ങള്‍ നിമിത്തം പ്രകീര്‍ത്തിക്കപ്പെടും; നിങ്ങള്‍ക്ക് അവിടുന്നില്‍നിന്നു മഹത്ത്വം ലഭിക്കുകയും ചെയ്യും. സഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യാഗമനത്തെക്കുറിച്ചും അവിടുത്തോടുകൂടി നാം ഒരുമിച്ചു ചേര്‍ക്കപ്പെടുന്നതിനെക്കുറിച്ചും ഞാന്‍ എഴുതട്ടെ: കര്‍ത്താവിന്‍റെ ദിവസം വന്നുകഴിഞ്ഞു എന്നുള്ള ആരുടെയെങ്കിലും പ്രസംഗമോ, സ്വപ്രേരിതമായ വാക്കുകളോ, ഞങ്ങളുടേതെന്നു തോന്നിപ്പിക്കുന്ന കത്തോ നിമിത്തം പെട്ടെന്നു ചിന്താക്കുഴപ്പം ഉണ്ടായി നിങ്ങള്‍ അസ്വസ്ഥരാകരുതെന്നും ഞാന്‍ അപേക്ഷിക്കുന്നു. [3,4] ഒരുവിധത്തിലും നിങ്ങളെ ആരും വഞ്ചിക്കാനിടയാകരുത്. എന്തുകൊണ്ടെന്നാല്‍ ആ ദിവസം വന്നുചേരുന്നതിനുമുമ്പ് അനവധിയാളുകള്‍ ദൈവവിശ്വാസം ത്യജിക്കും; നാശത്തിന്‍റെ സന്തതിയായ അധര്‍മമൂര്‍ത്തി പ്രത്യക്ഷപ്പെടും; ദൈവം എന്നു വിളിക്കപ്പെടുകയോ പൂജിക്കപ്പെടുകയോ ചെയ്യുന്ന ഏതിനെയും അവന്‍ എതിര്‍ക്കും; എല്ലാറ്റിനും ഉപരി താന്‍ ദൈവമാണെന്ന് അവകാശപ്പെട്ടുകൊണ്ട് ദേവാലയത്തില്‍ തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും. *** ഞാന്‍ നിങ്ങളോടുകൂടി ആയിരുന്നപ്പോള്‍ ഇതെല്ലാം പറഞ്ഞിട്ടുള്ളതാണല്ലോ! നിങ്ങള്‍ ഓര്‍ക്കുന്നില്ലേ? എന്നിട്ടും ഇവയൊക്കെ ഇതുവരെ സംഭവിക്കാതെ, അവനെ ഏതോ തടഞ്ഞു നിറുത്തിയിരിക്കുന്നു എന്നുള്ളതു നിങ്ങള്‍ക്കറിയാം. ആ അധര്‍മമൂര്‍ത്തി യഥാവസരം പ്രത്യക്ഷപ്പെടും. നിഗൂഢമായ ദുഷ്ടത ഇപ്പോള്‍ത്തന്നെ വ്യാപരിക്കുന്നുണ്ട്. എന്നാല്‍ തടഞ്ഞു നിറുത്തുന്നവന്‍ വഴിമാറുന്നതുവരെ, സംഭവിക്കുവാന്‍ പോകുന്നത് സംഭവിക്കുകയില്ല. അപ്പോള്‍ ആ അധര്‍മമൂര്‍ത്തി പ്രത്യക്ഷപ്പെടും. എന്നാല്‍ കര്‍ത്താവായ യേശു വരുമ്പോള്‍ തന്‍റെ വായിലെ ശ്വാസത്താല്‍ അവനെ സംഹരിക്കും; തന്‍റെ സാന്നിധ്യത്താലും ദര്‍ശനത്താലും അവനെ തകര്‍ക്കുകയും ചെയ്യും. അധര്‍മമൂര്‍ത്തി സാത്താന്‍റെ പ്രഭാവത്തോടുകൂടി വരികയും കപടമായ എല്ലാവിധ അടയാളങ്ങളും മഹാദ്ഭുതങ്ങളും പ്രകടിപ്പിക്കുകയും ചെയ്യും. നശിക്കാനുള്ളവരുടെമേല്‍ ദുഷ്ടമായ സകല ചതിപ്രയോഗങ്ങളും നടത്തും. രക്ഷിക്കപ്പെടുന്നതിനുവേണ്ടി, സത്യത്തെ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യാത്തതുമൂലം അവര്‍ നശിച്ചുപോകും. അവര്‍ വ്യാജത്തെ വിശ്വസിക്കത്തക്കവിധം അവരില്‍ പ്രവര്‍ത്തിക്കുവാനായി ദുഷ്ടശക്തിയെ ദൈവം അയയ്‍ക്കുന്നു. സത്യത്തില്‍ വിശ്വസിക്കാതെ പാപത്തില്‍ സന്തോഷിക്കുന്ന എല്ലാവരും അങ്ങനെ വിധിക്കപ്പെടും. ആത്മാവിന്‍റെ ശുദ്ധീകരണത്താലും സത്യത്തിലുള്ള വിശ്വാസത്താലും രക്ഷിക്കപ്പെടേണ്ടതിനായി ദൈവം നിങ്ങളെ ആദ്യം തിരഞ്ഞെടുത്തു. അതുകൊണ്ടു സഹോദരരേ, കര്‍ത്താവിന്‍റെ സ്നേഹഭാജനങ്ങളായ നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ എപ്പോഴും ദൈവത്തെ സ്തുതിക്കേണ്ടതാകുന്നു. ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ച സുവിശേഷത്തിലൂടെയാണല്ലോ ഈ രക്ഷയിലേക്കു ദൈവം നിങ്ങളെ വിളിച്ചത്; നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മഹത്ത്വത്തില്‍ നിങ്ങളെ ഓഹരിക്കാരാക്കുന്നതിന് അവിടുന്നു നിങ്ങളെ വിളിച്ചു. അതുകൊണ്ടു സഹോദരരേ, ഞങ്ങളുടെ പ്രഭാഷണംമൂലമോ കത്തുമൂലമോ ഞങ്ങള്‍ നിങ്ങളെ പഠിപ്പിച്ച സത്യങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് ഉറച്ചുനില്‌ക്കുക. [16,17] നമ്മെ സ്നേഹിക്കുകയും തന്‍റെ കൃപയാല്‍ ശാശ്വതമായ ധൈര്യവും അടിയുറച്ച പ്രത്യാശയും നല്‌കുകയും ചെയ്ത നമ്മുടെ പിതാവായ ദൈവവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുതന്നെയും നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും എല്ലാ നല്ല കാര്യങ്ങളും ചെയ്യുന്നതിനും പറയുന്നതിനും ശക്തരാക്കുകയും ചെയ്യുമാറാകട്ടെ. അവസാനമായി സഹോദരരേ, നിങ്ങളുടെ ഇടയില്‍ എന്നപോലെ കര്‍ത്താവിന്‍റെ സന്ദേശം എങ്ങും അതിശീഘ്രം പ്രചരിച്ചു വിജയം വരിക്കുന്നതിനും, അധര്‍മികളും ദുഷ്ടന്മാരുമായ ആളുകളില്‍നിന്നു ഞങ്ങള്‍ രക്ഷപ്പെടുന്നതിനും വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുക; എല്ലാവരും കര്‍ത്താവിന്‍റെ സന്ദേശം വിശ്വസിക്കുന്നില്ലല്ലോ. എന്നാല്‍ കര്‍ത്താവു വിശ്വസനീയനാകുന്നു. അവിടുന്നു നിങ്ങളെ സുശക്തരാക്കുകയും ദുഷ്ടന്‍റെ പിടിയില്‍പെടാതെ കാത്തുസൂക്ഷിക്കുകയും ചെയ്യും. ഞങ്ങള്‍ പറയുന്നതു നിങ്ങള്‍ ചെയ്യുന്നു എന്നും മേലിലും ചെയ്യും എന്നുമുള്ള പൂര്‍ണമായ ഉറപ്പ് കര്‍ത്താവിന്‍റെ കൃപയാല്‍ ഞങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. ക്രിസ്തുവിന്‍റെ സഹനശക്തിയിലേക്കും ദൈവത്തിന്‍റെ സ്നേഹത്തിലേക്കും കര്‍ത്താവു നിങ്ങളുടെ ഹൃദയങ്ങളെ നയിക്കട്ടെ. സഹോദരരേ, അലസമായി ജീവിക്കുകയും ഞങ്ങള്‍ നല്‌കിയ പ്രബോധനങ്ങള്‍ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന ഏതൊരു സഹോദരനില്‍നിന്നും അകന്നുകൊള്ളണമെന്നു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോട് ആജ്ഞാപിക്കുന്നു. ഞങ്ങള്‍ ചെയ്തതുപോലെതന്നെ നിങ്ങളും ചെയ്യേണ്ടതാണെന്നു നിങ്ങള്‍ക്കു നന്നായി അറിയാമല്ലോ. ഞങ്ങള്‍ നിങ്ങളോടുകൂടി ആയിരുന്നപ്പോള്‍ അലസരായിരുന്നില്ല. ആരില്‍നിന്നും ഞങ്ങള്‍ സൗജന്യമായി ആഹാരം സ്വീകരിച്ചിട്ടുമില്ല. പ്രത്യുത, ഞങ്ങള്‍ കഠിനമായി അധ്വാനിച്ചു. ഞങ്ങള്‍ ആര്‍ക്കും ഭാരമാകാതിരിക്കുന്നതിനുവേണ്ടി രാവും പകലും അധ്വാനിച്ചു. നിങ്ങളുടെ സഹായം ആവശ്യപ്പെടാന്‍ ഞങ്ങള്‍ക്ക് അവകാശമില്ലാഞ്ഞിട്ടല്ല, ഞങ്ങളെ നിങ്ങള്‍ അനുകരിക്കത്തക്കവിധം നിങ്ങള്‍ക്ക് ഒരു മാതൃകയായിത്തീരുന്നതിനാണ് അങ്ങനെ ചെയ്തത്. ജോലി ചെയ്യുവാന്‍ മനസ്സില്ലാത്തവന്‍ ഭക്ഷിക്കയുമരുത് എന്ന കല്പന നിങ്ങളോടുകൂടി ആയിരുന്നപ്പോള്‍ ഞങ്ങള്‍ നല്‌കിയിട്ടുണ്ടല്ലോ. നിങ്ങളില്‍ ചിലര്‍ ഒരു ജോലിയും ചെയ്യാതെ പരകാര്യങ്ങളില്‍ ഇടപെട്ട് ക്രമംകെട്ടവരായി ജീവിക്കുന്നു എന്നു കേള്‍ക്കുന്നതുകൊണ്ടാണ് ഞങ്ങള്‍ ഇതു പറയുന്നത്. അവര്‍ ഉപജീവനത്തിനുവേണ്ടി പ്രയത്നിക്കുകയും അവധാനപൂര്‍വം ജീവിതം നയിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ആജ്ഞാപിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു. സഹോദരരേ, നന്മ ചെയ്യുന്നതില്‍ നിങ്ങള്‍ തളര്‍ന്നുപോകരുത്. ഈ കത്തിലെ നിര്‍ദേശം അനുസരിക്കാത്തവര്‍ അവിടെ ഉണ്ടായിരുന്നേക്കാം. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ അയാള്‍ ലജ്ജിക്കേണ്ടതിന് അയാളെ നിങ്ങളുടെ ശ്രദ്ധയില്‍ വയ്‍ക്കുകയും അയാളുമായി യാതൊരു ഇടപാടിലുമേര്‍പ്പെടാതെ, അയാളെ ഒറ്റപ്പെടുത്തുകയും ചെയ്യുക. എന്നാല്‍ അയാളെ ശത്രുവായി പരിഗണിക്കരുത്; പ്രത്യുത ഒരു സഹോദരനെയെന്നവണ്ണം ഉപദേശിക്കുകയാണു വേണ്ടത്. സമാധാനത്തിന്‍റെ ഉറവിടമായ കര്‍ത്താവുതന്നെ എപ്പോഴും എല്ലാവിധത്തിലും നിങ്ങള്‍ക്കു സമാധാനം നല്‌കുമാറാകട്ടെ. അവിടുന്നു നിങ്ങളെല്ലാവരോടുംകൂടി ഇരിക്കുകയും ചെയ്യട്ടെ. നിങ്ങള്‍ക്ക് പൗലൊസിന്‍റെ അഭിവാദനങ്ങള്‍! എന്‍റെ സ്വന്തം കൈകൊണ്ട് ഞാന്‍ ഇതെഴുതുന്നു. എന്‍റെ എല്ലാ കത്തുകളിലും ഇങ്ങനെ എഴുതിയാണ് ഞാന്‍ അടയാളം വയ്‍ക്കുന്നത്. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളെല്ലാവരോടുംകൂടി ഇരിക്കുമാറാകട്ടെ. നമ്മുടെ രക്ഷകനായ ദൈവത്തിന്‍റെയും നമ്മുടെ പ്രത്യാശയായ യേശുക്രിസ്തുവിന്‍റെയും കല്പനയാല്‍, ക്രിസ്തുയേശുവിന്‍റെ അപ്പോസ്തോലനായ പൗലൊസ്, വിശ്വാസത്തില്‍ യഥാര്‍ഥപുത്രനായ തിമൊഥെയോസിന് എഴുതുന്നത്: പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവില്‍നിന്നും കൃപയും കാരുണ്യവും സമാധാനവും നിനക്കു ലഭിക്കട്ടെ. [3,4] ഞാന്‍ മാസിഡോണിയയിലേക്കു പോകുമ്പോള്‍ നിന്നോട് ആവശ്യപ്പെട്ടതുപോലെ നീ എഫെസൊസില്‍ താമസിക്കുക. അവിടെ അന്യഥാ ഉള്ള ഉപദേശങ്ങള്‍ പഠിപ്പിക്കുകയും അന്തമില്ലാത്ത വംശാവലിയില്‍ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്ന ചിലരുണ്ട്. അവര്‍ അങ്ങനെ ചെയ്യാതിരിക്കുവാന്‍ ആജ്ഞാപിക്കേണ്ടിയിരിക്കുന്നു. വിശ്വാസത്തിലുള്ള ദൈവികവ്യവസ്ഥിതിയെക്കാള്‍ അധികമായി വിവാദപരമായ പ്രശ്നങ്ങള്‍ ഉളവാകുന്നതിനു മാത്രമേ അവ ഉപകരിക്കുകയുള്ളൂ. *** നാം അവരോട് ആജ്ഞാപിക്കുന്നതിന്‍റെ ആത്യന്തിക ലക്ഷ്യം ശുദ്ധഹൃദയത്തില്‍നിന്നും നല്ല മനസ്സാക്ഷിയില്‍നിന്നും കാപട്യമില്ലാത്ത വിശ്വാസത്തില്‍നിന്നും ഉളവാകുന്ന സ്നേഹമാണ്. ചിലര്‍ ഇതില്‍നിന്നു വഴുതിമാറി വ്യര്‍ഥ സംവാദത്തിലേക്കു തിരിഞ്ഞ് ധര്‍മോപദേഷ്ടാക്കളാകുവാന്‍ ആഗ്രഹിക്കുന്നു. തങ്ങള്‍ പറയുന്നതെന്തെന്നോ, സമര്‍ഥിക്കുന്നതെന്തെന്നോ അവര്‍ ഒട്ടും ഗ്രഹിക്കുന്നില്ലതാനും. ഉചിതമായി ആചരിച്ചാല്‍ ധര്‍മശാസ്ത്രം ഉത്തമമാണെന്നു നാം അറിയുന്നു. നിയമസംഹിത ഉണ്ടാക്കിയിരിക്കുന്നത് സജ്ജനത്തിനുവേണ്ടിയല്ല; പിന്നെയോ, നിയമലംഘനക്കാര്‍, അനുസരണം കെട്ടവര്‍, അഭക്തര്‍, പാപികള്‍, അവിശുദ്ധര്‍, ലൗകികര്‍, പിതാവിനെയോ മാതാവിനെയോ കൊല്ലുന്നവര്‍, കൊലപാതകികള്‍, അസാന്മാര്‍ഗികള്‍, സ്വവര്‍ഗരതിയിലേര്‍പ്പെടുന്നവര്‍, മനുഷ്യരെ തട്ടിക്കൊണ്ടുപോകുന്നവര്‍, വ്യാജം പറയുന്നവര്‍, കള്ളസത്യം ചെയ്യുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ക്കും, വിശ്വാസയോഗ്യമായ പ്രബോധനത്തിനു വിരുദ്ധമായ എല്ലാറ്റിനും വേണ്ടിയാകുന്നു. എന്നെ ഭരമേല്പിച്ചിരിക്കുന്ന പ്രബോധനമാകട്ടെ വാഴ്ത്തപ്പെട്ടവനായ ദൈവത്തിന്‍റെ മഹത്ത്വമേറിയ സുവിശേഷത്തിന് അനുസൃതമായിട്ടുള്ളതാണ്. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ ഞാന്‍ സ്തുതിക്കുന്നു. എന്തുകൊണ്ടെന്നാല്‍ എന്നെ വിശ്വസ്തനായി കരുതി തന്‍റെ ശുശ്രൂഷയ്‍ക്കായി നിയോഗിച്ചുകൊണ്ട് എനിക്കാവശ്യമുള്ള ശക്തി അവിടുന്നു നല്‌കിയിരിക്കുന്നു. നേരത്തെ ഞാന്‍ ക്രിസ്തുയേശുവിനെ നിന്ദിക്കുകയും പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. എങ്കിലും, അവിശ്വാസി ആയിരുന്ന കാലത്ത് ഞാന്‍ ചെയ്തത് അറിവില്ലാതെ ആയതിനാല്‍ എനിക്കു കരുണ ലഭിച്ചു. ക്രിസ്തുയേശുവിലുള്ള സ്നേഹത്തോടും വിശ്വാസത്തോടുമൊപ്പം അവിടുത്തെ കൃപയും എന്നിലേക്കു കവിഞ്ഞൊഴുകി. ക്രിസ്തുയേശു ലോകത്തില്‍ വന്നത് പാപികളെ രക്ഷിക്കുവാനാകുന്നു എന്നുള്ള സന്ദേശം തികച്ചും വിശ്വസനീയവും സ്വീകാര്യയോഗ്യവുമാകുന്നു. ആ പാപികളില്‍ ഞാന്‍ ഒന്നാമനത്രേ. എങ്കിലും ദൈവം തന്‍റെ മഹാക്ഷമയാല്‍ എന്നോടു കരുണ കാണിച്ചു. ക്രിസ്തുയേശുവില്‍ വിശ്വസിച്ച് അനശ്വരജീവന്‍ പ്രാപിക്കുവാനുള്ളവര്‍ക്ക് ദൈവം എന്നെ ദൃഷ്ടാന്തമാക്കി. നിത്യനായ രാജാവും, അനശ്വരനും, അദൃശ്യനുമായ ഏകദൈവത്തിന് ബഹുമാനവും മഹത്ത്വവും എന്നുമെന്നേക്കും ഉണ്ടാകട്ടെ. ആമേന്‍. മകനേ, തിമൊഥെയോസേ, നിന്നെക്കുറിച്ചു മുന്‍കാലത്തു പ്രവചിച്ചിട്ടുള്ളതിന് അനുസൃതമായി ഈ കല്പന നിന്നെ ഭരമേല്പിക്കുന്നു. ആ വചനങ്ങളുടെ പ്രേരണയാല്‍ നന്നായി പോരാടുന്നതിന്, വിശ്വാസവും നല്ല മനസ്സാക്ഷിയും മുറുകെപ്പിടിച്ചുകൊള്ളുക. ചിലര്‍ മനസ്സാക്ഷിയെ തിരസ്കരിച്ച് തങ്ങളുടെ വിശ്വാസം തകര്‍ത്തുകളഞ്ഞു. ഹുമനയൊസും അലക്സാണ്ടറും അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഞാന്‍ അവരെ സാത്താനെ ഏല്പിച്ചിരിക്കുകയാണ്. ദൈവദൂഷണം ചെയ്യരുത് എന്ന് ഈ ശിക്ഷമൂലം അവര്‍ പഠിക്കേണ്ടതിനാണ് അങ്ങനെ ചെയ്തത്. എല്ലാവര്‍ക്കുംവേണ്ടി ദൈവത്തോട് അപേക്ഷിക്കുകയും പ്രാര്‍ഥിക്കുകയും മധ്യസ്ഥത വഹിക്കുകയും കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്യണമെന്നാണ് എനിക്ക് ആദ്യമായി ഉദ്ബോധിപ്പിക്കുവാനുള്ളത്. എല്ലാവിധത്തിലും നാം ശാന്തവും സമാധാനപൂര്‍ണവും ഭക്തിനിരതവും മാന്യവുമായ ജീവിതം നയിക്കുവാന്‍ ഇടയാകുന്നതിന് രാജാക്കന്മാര്‍ക്കും ഉന്നതസ്ഥാനീയര്‍ക്കുംവേണ്ടി പ്രാര്‍ഥിക്കുക. നമ്മുടെ രക്ഷകനായ ദൈവത്തിന്‍റെ ദൃഷ്‍ടിയില്‍ ഇത് ഉത്തമവും സ്വീകാര്യവും ആകുന്നു. എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു. എന്തെന്നാല്‍ ഒരു ദൈവമേ ഉള്ളൂ; ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായിരിക്കുന്നവനും ഒരുവന്‍ മാത്രം; മനുഷ്യനായ ക്രിസ്തുയേശു തന്നെ. അവിടുന്ന് എല്ലാവര്‍ക്കുംവേണ്ടി മോചനദ്രവ്യമായി തന്നെത്തന്നെ സമര്‍പ്പിച്ചു. എല്ലാവരും രക്ഷിക്കപ്പെടണമെന്നതാണ് ദൈവേഷ്ടം എന്ന് അതു തെളിയിക്കുന്നു. അതുകൊണ്ടാണ്, വിശ്വാസത്തിന്‍റെയും സത്യത്തിന്‍റെയും സന്ദേശം വിജാതീയരെ അറിയിക്കുന്നതിന്, പ്രസംഗകനും അപ്പോസ്തോലനും ഉപദേഷ്ടാവുമായി എന്നെ അയച്ചിരിക്കുന്നത്. ഞാന്‍ പറയുന്നതു സത്യമാണ്, വ്യാജമല്ല. കോപവും വാഗ്വാദവും കൂടാതെ എല്ലായിടത്തും പുരുഷന്മാര്‍ തങ്ങളുടെ നിര്‍മ്മലകരങ്ങള്‍ ഉയര്‍ത്തി പ്രാര്‍ഥിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അതുപോലെതന്നെ ശാലീനവും മാന്യവുമായ വസ്ത്രധാരണംകൊണ്ട് സ്‍ത്രീകള്‍ തങ്ങളെ അലങ്കരിക്കണം. പിന്നിയ മുടി, പൊന്ന്, മുത്ത്, വിലയേറിയ വസ്ത്രം ഇവകൊണ്ടല്ല. ദൈവഭക്തിയുള്ള സ്‍ത്രീകള്‍ക്കു യോജിച്ചവിധം സല്‍പ്രവൃത്തികള്‍ കൊണ്ടുതന്നെ അവര്‍ അണിഞ്ഞൊരുങ്ങട്ടെ. സ്‍ത്രീകള്‍ വിനയപൂര്‍വം ശാന്തമായിരുന്നു പഠിക്കണം. ഉപദേശിക്കുവാനോ, പുരുഷന്‍റെമേല്‍ അധികാരം നടത്തുവാനോ അവരെ ഞാന്‍ അനുവദിക്കുന്നില്ല. അവര്‍ ശാന്തരായിരിക്കണം. എന്തെന്നാല്‍ ആദ്യം ആദാം സൃഷ്‍ടിക്കപ്പെട്ടു, പിന്നീട് ഹവ്വായും. ആദാം അല്ല വഞ്ചിക്കപ്പെട്ടത്, സ്‍ത്രീ വഞ്ചിക്കപ്പെടുകയും നിയമം ലംഘിക്കുകയും ചെയ്തു. എന്നാല്‍ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിലും അടക്കമൊതുക്കത്തിലും ജീവിക്കുന്നപക്ഷം മാതൃത്വത്തിലൂടെ അവള്‍ സംരക്ഷിക്കപ്പെടും. ഒരുവന്‍ സഭയുടെ അധ്യക്ഷസ്ഥാനം ആഗ്രഹിക്കുന്നു എങ്കില്‍ ശ്രേഷ്ഠമായ സേവനമാണ് അയാള്‍ അഭിലഷിക്കുന്നത്. അതു വാസ്തവമാണ്. എന്നാല്‍ സഭയുടെ അധ്യക്ഷന്‍ ആരോപണങ്ങള്‍ക്ക് അതീതനും ഏകപത്നീവ്രതക്കാരനും ഇന്ദ്രിയവികാരങ്ങളെ ജയിക്കുന്നവനും സംയമശീലനും മാന്യനും അതിഥിസല്‍ക്കാരതല്‍പരനും ഉപദേശിക്കുവാനുള്ള പ്രാഗല്ഭ്യം ഉള്ളവനും ആയിരിക്കേണ്ടതാണ്; അയാള്‍ മദ്യാസക്തനോ, അക്രമാസക്തനോ, ആയിരിക്കരുത്; പിന്നെയോ സൗമ്യനും ശാന്തശീലനും ദ്രവ്യാഗ്രഹമില്ലാത്തവനും ആയിരിക്കണം. അയാള്‍ സ്വകുടുംബത്തെ യഥായോഗ്യം ഭരിക്കണം. ഉല്‍കൃഷ്ടമായ പെരുമാറ്റത്താല്‍ മക്കളെ പൂര്‍ണഗൗരവത്തോടെ അനുസരണത്തില്‍ വളര്‍ത്തുന്നവനും ആയിരിക്കണം. സ്വന്തം ഭവനത്തെ ഭരിച്ചു നടത്തുവാന്‍ കഴിയാത്തവന്‍ ദൈവത്തിന്‍റെ സഭയെ എങ്ങനെ പരിപാലിക്കും? അയാള്‍ പുതിയതായി വിശ്വാസം സ്വീകരിച്ച ആളായിരിക്കരുത്. അങ്ങനെ ആയിരുന്നാല്‍ അഹങ്കാരത്തിമിര്‍പ്പുകൊണ്ട് സാത്താനു വന്ന ശിക്ഷാവിധിയില്‍ അകപ്പെടും. സഭാധ്യക്ഷന്‍ സഭയ്‍ക്കു പുറത്തുള്ളവര്‍ കൂടി സമാദരിക്കുന്ന ആളായിരിക്കണം. അങ്ങനെയുള്ളവന്‍ ദുഷ്കീര്‍ത്തിക്കു വിധേയനാകയില്ല; പിശാചിന്‍റെ കെണിയില്‍ വീഴുകയുമില്ല. അതുപോലെതന്നെ സഭാശുശ്രൂഷകരും ഉല്‍കൃഷ്ടസ്വഭാവമുള്ളവരായിരിക്കണം; സന്ദര്‍ഭത്തിനൊത്തു വാക്കു മാറ്റി സംസാരിക്കുന്നവരോ, അമിതമായി വീഞ്ഞു കുടിക്കുന്നവരോ, ഹീനമായ ലാഭേച്ഛ ഉള്ളവരോ ആയിരിക്കരുത്. അവര്‍ വിശ്വാസത്തിന്‍റെ മര്‍മ്മം സ്വച്ഛമായ മനസ്സാക്ഷിയോടുകൂടി മുറുകെപ്പിടിക്കുന്നവരായിരിക്കണം. ആദ്യം അവര്‍ പരിശോധനയ്‍ക്കു വിധേയരാകണം. കുറ്റമറ്റവരാണെന്നു തെളിയുന്നപക്ഷം അവര്‍ സഭയില്‍ ശുശ്രൂഷ ചെയ്യട്ടെ. അതുപോലെതന്നെ അവരുടെ ഭാര്യമാരും ഉല്‍കൃഷ്ടസ്വഭാവമുള്ളവരും, പരദൂഷണത്തില്‍ ഏര്‍പ്പെടാത്തവരും, സമചിത്തതയുള്ളവരും, എല്ലാ കാര്യങ്ങളിലും വിശ്വസ്തരും ആയിരിക്കണം. സഭാശുശ്രൂഷകന്‍ ഏകപത്നിയുടെ ഭര്‍ത്താവും സ്വന്തം മക്കളെയും കുടുംബത്തെയും യഥോചിതം ഭരിക്കുവാന്‍ പ്രാപ്തരുമായിരിക്കട്ടെ. നന്നായി സേവനം അനുഷ്ഠിക്കുന്ന ശുശ്രൂഷകര്‍ നിലയും വിലയും നേടുന്നു. അവര്‍ക്കു ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെപ്പറ്റി നിര്‍ഭയം സംസാരിക്കുവാനുള്ള ധൈര്യവും ഉണ്ടായിരിക്കും. എത്രയും വേഗം വന്നു നിന്നെ കാണാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ഒരുവേള ഞാന്‍ വരാന്‍ വൈകുന്നപക്ഷം ദൈവത്തിന്‍റെ സഭയില്‍ ഒരുവന്‍ എങ്ങനെ പെരുമാറണമെന്നു നീ അറിയേണ്ടതിനാണ് ഞാന്‍ ഇതെഴുതുന്നത്. സഭ സത്യത്തിന്‍റെ തൂണും കോട്ടയും ജീവിക്കുന്ന ദൈവത്തിന്‍റെ ഭവനവുമാകുന്നു. നമ്മുടെ മതവിശ്വാസത്തിന്‍റെ മര്‍മ്മം നിശ്ചയമായും മഹത്താണ്. അവിടുന്നു മനുഷ്യജന്മമെടുത്ത് പ്രത്യക്ഷനായി; അവിടുന്നു നീതിമാനാണെന്ന് ആത്മാവിനാല്‍ സമര്‍ഥിക്കപ്പെട്ടു. മാലാഖമാര്‍ക്ക് അവിടുന്നു ദര്‍ശനമേകി; ജനവര്‍ഗങ്ങളുടെ ഇടയില്‍ അവിടുന്നു പ്രഘോഷിക്കപ്പെട്ടു. ലോകമെങ്ങും അവിടുത്തെ വിശ്വസിച്ചു; മഹത്ത്വത്തിലേക്ക് അവിടുന്ന് ഉയര്‍ത്തപ്പെടുകയും ചെയ്തു. പില്‍ക്കാലത്ത് ചിലര്‍ വഴിതെറ്റിക്കുന്ന ആത്മാക്കളെയും പിശാചിന്‍റെ ഉപദേശങ്ങളെയും ശ്രദ്ധിച്ചുകൊണ്ട് വിശ്വാസം ഉപേക്ഷിക്കുമെന്ന് ആത്മാവു വ്യക്തമായി പറയുന്നു. അത്തരം ഉപദേശങ്ങള്‍ പ്രചരിപ്പിക്കുന്ന നുണയന്മാരുടെ മനസ്സാക്ഷി മരവിച്ചു നിര്‍ജീവമായിപ്പോയതാണ്. വിവാഹം പാടില്ലെന്ന് അവര്‍ പറയുന്നു. വിശ്വസിക്കുകയും സത്യം അറിയുകയും ചെയ്യുന്നവര്‍ കൃതജ്ഞതയോടെ ഭക്ഷിക്കുന്നതിനായി ദൈവം സൃഷ്‍ടിച്ചിട്ടുള്ള ആഹാരസാധനങ്ങള്‍ വര്‍ജിക്കണമെന്ന് അവര്‍ അനുശാസിക്കുകയും ചെയ്യുന്നു. ഈശ്വരന്‍ സൃഷ്‍ടിച്ചതെല്ലാം നല്ലതുതന്നെ; സ്തോത്രത്തോടെ സ്വീകരിക്കുന്നെങ്കില്‍ ഒന്നും വര്‍ജിക്കേണ്ടതില്ല. ദൈവവചനത്താലും പ്രാര്‍ഥനയാലും അതു വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ. ഈ നിര്‍ദേശങ്ങള്‍ നമ്മുടെ സഹോദരന്മാരെ അനുസ്മരിപ്പിക്കുമെങ്കില്‍ നീ ക്രിസ്തുയേശുവിന്‍റെ നല്ല ശുശ്രൂഷകനായിരിക്കും. വിശ്വാസത്തിന്‍റെ വചനങ്ങളാലും, നീ അനുസരിക്കുന്ന സദുപദേശങ്ങളാലും പരിപോഷിപ്പിക്കപ്പെട്ട സേവകന്‍തന്നെ. ദൈവവിശ്വാസത്തിനു വിരുദ്ധമായ കിഴവിക്കഥകളെ നീ പാടേ ഉപേക്ഷിക്കണം; ഭക്തിപരമായ ജീവിതം അഭ്യസിക്കുകയും വേണം. കായികമായ വ്യായാമംകൊണ്ട് അല്പം പ്രയോജനമുണ്ട്. എന്നാല്‍ ആത്മീയ ജീവിത പരിശീലനം എല്ലാ പ്രകാരത്തിലും പ്രയോജനമുള്ളതാണ്. എന്തുകൊണ്ടെന്നാല്‍ ഈ ലോകജീവിതത്തിനും വരുവാനുള്ളതിനുംവേണ്ടിയുള്ള വാഗ്ദാനങ്ങള്‍ അതില്‍ അടങ്ങിയിരിക്കുന്നു. ഇതു വിശ്വാസ്യവും തികച്ചും സ്വീകാര്യവുമായ ആപ്തവചനമാണ്. ഇതിനുവേണ്ടി നാം കഠിനമായി യത്നിക്കുകയും ക്ലേശപൂര്‍വം മല്ലിട്ടു മുന്നേറുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ എല്ലാ മനുഷ്യരുടെയും വിശിഷ്യ വിശ്വസിക്കുന്നവരുടെയും രക്ഷകനായ ജീവിക്കുന്ന ദൈവത്തില്‍ നാം പ്രത്യാശ ഉറപ്പിച്ചിരിക്കുന്നു. ഈ കാര്യങ്ങള്‍ നീ ആജ്ഞാപിക്കുകയും പഠിപ്പിക്കുകയും ചെയ്യുക. നീ യുവാവാണെന്നു കരുതി ആരും നിന്നെ അവഗണിക്കുവാന്‍ ഇടവരരുത്. സംഭാഷണത്തിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും ജീവിതവിശുദ്ധിയിലും നീ വിശ്വാസികള്‍ക്ക് ഉത്തമമാതൃകയായിരിക്കണം. ഞാന്‍ വരുന്നതുവരെ തിരുവചനം പരസ്യമായി വായിക്കുന്നതിലും പ്രസംഗിക്കുന്നതിലും പഠിപ്പിക്കുന്നതിലും ശ്രദ്ധിക്കുക. സഭാമുഖ്യന്മാരുടെ കൈവയ്പില്‍കൂടിയും പ്രവചനത്തില്‍കൂടിയും നിനക്കു നല്‌കപ്പെട്ട കൃപാവരം അവഗണിക്കരുത്. ഈ കര്‍ത്തവ്യങ്ങള്‍ അനുഷ്ഠിക്കുകയും അവയ്‍ക്കുവേണ്ടി നിന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്യുക. അങ്ങനെ ഇതുമൂലം നിനക്കുണ്ടാകുന്ന മേന്മ എല്ലാ മനുഷ്യരും കാണട്ടെ. നിന്നെത്തന്നെയും നിന്‍റെ പ്രബോധനത്തെയും ശ്രദ്ധിക്കുക. അങ്ങനെ തുടര്‍ന്നാല്‍ നിന്നെത്തന്നെയും നിന്‍റെ പ്രബോധനം കേള്‍ക്കുന്നവരെയും നീ രക്ഷിക്കും. പ്രായം ചെന്നവരെ ശകാരിക്കരുത്; നിന്‍റെ പിതാവിനെ എന്നവണ്ണം അവരെ ഉദ്ബോധിപ്പിക്കുക. ചെറുപ്പക്കാരെ സഹോദരന്മാരെപ്പോലെയും പ്രായം ചെന്ന സ്‍ത്രീകളെ മാതാക്കളെപ്പോലെയും യുവതികളെ തികച്ചും നിര്‍മ്മലഹൃദയത്തോടുകൂടി സഹോദരിമാരെപ്പോലെയും കരുതി ഉപദേശിക്കുക. യഥാര്‍ഥ വിധവമാരെ ആദരിക്കണം. ഒരു വിധവയ്‍ക്ക് മക്കളോ മക്കളുടെ മക്കളോ ഉണ്ടെങ്കില്‍ അവര്‍ ഒന്നാമത് സ്വന്തം കുടുംബത്തോടുള്ള ധര്‍മം അനുസരിച്ച് തങ്ങളുടെ മാതാപിതാക്കളെ യഥോചിതം ശുശ്രൂഷിക്കുവാന്‍ പഠിക്കട്ടെ; അതു ദൈവത്തിനു പ്രസാദകരമായിരിക്കും. യഥാര്‍ഥത്തില്‍ വൈധവ്യം പ്രാപിച്ച്, ഏകാകിനിയായിത്തീര്‍ന്നിരിക്കുന്നവള്‍ ദൈവത്തില്‍ പ്രത്യാശ ഉറപ്പിച്ച്, രാവും പകലും ദൈവത്തോടു വിനീതമായി അപേക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. എന്നാല്‍ അവള്‍ സുഖഭോഗങ്ങളില്‍ മുഴുകിയിരിക്കുന്നെങ്കില്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ മരിച്ചവളായിരിക്കും. വിധവമാര്‍ അപവാദങ്ങള്‍ക്ക് അതീതരായിരിക്കണമെന്ന കാര്യം കര്‍ശനമായി ഉദ്ബോധിപ്പിക്കുക. ഒരുവന്‍ ബന്ധുജനങ്ങളുടെയും പ്രത്യേകിച്ച് സ്വന്തം കുടുംബത്തിന്‍റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍, അയാള്‍ വിശ്വാസം പരിത്യജിച്ചവനും, അവിശ്വാസിയെക്കാള്‍ അധമനും ആകുന്നു. വിധവകളുടെ ഗണത്തിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവള്‍ക്ക് അറുപതു വയസ്സെങ്കിലും പ്രായമുണ്ടായിരിക്കണം; അവള്‍ ഏകപുരുഷന്‍റെ ഭാര്യയും ആയിരുന്നിരിക്കണം. അവള്‍ സല്‍പ്രവൃത്തി ചെയ്ത് സല്‍കീര്‍ത്തി സമ്പാദിച്ചവളും മക്കളെ നന്നായി വളര്‍ത്തുക, അതിഥികളെ സല്‍ക്കരിക്കുക, ഭക്തജനങ്ങളുടെ പാദങ്ങള്‍ കഴുകുക, പീഡിതരുടെ ക്ലേശങ്ങള്‍ പരിഹരിക്കുക ഇങ്ങനെയുള്ള എല്ലാ നല്ല കാര്യങ്ങളും ചെയ്യുന്നതിനുവേണ്ടി സ്വയം അര്‍പ്പിച്ചവളുമായിരിക്കണം. എന്നാല്‍ പ്രായം കുറഞ്ഞ വിധവമാരെ ഈ ഗണത്തിലുള്‍പ്പെടുത്തരുത്. അവര്‍ ക്രിസ്തുവില്‍നിന്നു വ്യതിചലിച്ച് വിഷയാസക്തി മൂലം വിവാഹം ചെയ്യുവാന്‍ ആഗ്രഹിച്ചെന്നു വരാം. മാത്രമല്ല തങ്ങളുടെ ആദ്യത്തെ പ്രതിജ്ഞ ലംഘിക്കുന്നതുകൊണ്ട് അവര്‍ കുറ്റക്കാരായി വിധിക്കപ്പെടുന്നതിന് അര്‍ഹരായിത്തീരുകയും ചെയ്യുന്നു. അതിനു പുറമേ, അവര്‍ അലസരായി വീടുകള്‍തോറും ചുറ്റി നടക്കുകയും അപവാദവ്യവസായത്തിലേര്‍പ്പെടുകയും പരകാര്യങ്ങളില്‍ തലയിട്ട് പറയരുതാത്തതു പറയുകയും ചെയ്യും. അതുകൊണ്ട് പ്രായം കുറഞ്ഞ വിധവമാര്‍ വിവാഹിതരായി മക്കളെ പ്രസവിക്കുകയും വീട്ടമ്മമാരായി ഗൃഹഭരണം നടത്തുകയും അങ്ങനെ ശത്രുവിന്‍റെ ആക്ഷേപത്തിന് അവസരം കൊടുക്കാതിരിക്കുകയും ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍തന്നെ ചിലര്‍ സാത്താന്‍റെ പിറകേ വഴിതെറ്റിപ്പോയിക്കഴിഞ്ഞിരിക്കുന്നു. ഒരു വിശ്വാസിനിക്കു വിധവമാരായ ബന്ധുക്കളുണ്ടെങ്കില്‍ അവരുടെ ബുദ്ധിമുട്ടില്‍ അവള്‍ അവരെ സഹായിക്കട്ടെ. അവര്‍ സഭയ്‍ക്ക് ഒരു ഭാരമായിത്തീരരുത്. സാക്ഷാല്‍ വിധവമാരെ സഹായിക്കേണ്ട ചുമതല സഭയ്‍ക്കുണ്ടല്ലോ. നന്നായി ഭരിക്കുന്ന സഭാമുഖ്യന്മാരെ, വിശിഷ്യ പ്രസംഗിച്ചും പ്രബോധിപ്പിച്ചും അധ്വാനിക്കുന്നവരെ ഇരട്ടി പ്രതിഫലത്തിനു യോഗ്യരായി പരിഗണിച്ചുകൊള്ളുക. ‘മെതിക്കുന്ന കാളയുടെ വായ് മൂടിക്കെട്ടരുത്’ എന്നു വേദഗ്രന്ഥത്തില്‍ പറയുന്നു. ‘വേലക്കാരന്‍ തന്‍റെ കൂലിക്കു യോഗ്യന്‍’ എന്നും എഴുതപ്പെട്ടിട്ടുണ്ട്. രണ്ടോ മൂന്നോ സാക്ഷികളുടെ തെളിവുകൂടാതെ സഭാമുഖ്യന്മാരുടെ പേരിലുള്ള ഒരു കുറ്റാരോപണവും സ്വീകരിക്കരുത്. പാപം ചെയ്തുകൊണ്ടിരിക്കുന്നവരെ പരസ്യമായി ശാസിക്കുക. അങ്ങനെ ചെയ്താല്‍ മറ്റുള്ളവര്‍ക്കും ഭയമുണ്ടാകുമല്ലോ. ആരുടെയും മുഖം നോക്കാതെയും പക്ഷപാതപരമായി ഒന്നും ചെയ്യാതെയും ഈ നിയമങ്ങള്‍ പാലിക്കണമെന്ന് ദൈവത്തെയും ക്രിസ്തുയേശുവിനെയും തിരഞ്ഞെടുക്കപ്പെട്ട മാലാഖമാരെയും സാക്ഷി നിറുത്തി ഞാന്‍ ആജ്ഞാപിക്കുന്നു. കൈവയ്പു നല്‌കി ആരെയെങ്കിലും സഭാമുഖ്യനായി നിയോഗിക്കുന്നതില്‍ തിടുക്കം കൂട്ടരുത്; മറ്റൊരുവന്‍റെ പാപത്തില്‍ പങ്കുചേരുകയുമരുത്. നീ നിന്നെത്തന്നെ നിര്‍മ്മലനായി സൂക്ഷിച്ചുകൊള്ളുക. വെള്ളം മാത്രമേ കുടിക്കൂ എന്നു വയ്‍ക്കാതെ കൂടെക്കൂടെയുണ്ടാകാറുള്ള നിന്‍റെ അസുഖങ്ങളും ഉദരരോഗങ്ങളും നിമിത്തം അല്പം വീഞ്ഞു കുടിച്ചുകൊള്ളുക. ചിലരുടെ പാപങ്ങള്‍ വളരെ വ്യക്തമാണ്. അവരെക്കുറിച്ചുള്ള വിധി കല്പിക്കുന്നതിന് അവ ഇടയാക്കുന്നു. മറ്റുചിലരുടെ പാപങ്ങളാകട്ടെ, പിന്നീടു മാത്രമേ വെളിച്ചത്തു വരികയുള്ളൂ. അതുപോലെതന്നെ, സല്‍പ്രവൃത്തികളും വ്യക്തമാണ്. അല്ലെങ്കില്‍ത്തന്നെയും അവയെ മറച്ചുവയ്‍ക്കുവാന്‍ സാധ്യമല്ല. അടിമനുകത്തിന്‍ കീഴിലുള്ള എല്ലാവരും തങ്ങളുടെ യജമാനന്മാര്‍ എല്ലാവിധ ബഹുമാനങ്ങള്‍ക്കും അര്‍ഹരാണെന്നു കരുതിക്കൊള്ളണം. അല്ലെങ്കില്‍ ദൈവനാമത്തിനും നമ്മുടെ ഉപദേശങ്ങള്‍ക്കും അപകീര്‍ത്തി ഉണ്ടാകും. യജമാനന്മാര്‍ വിശ്വാസികളാണെങ്കില്‍, അവര്‍ സഹോദരന്മാരാണല്ലോ എന്നുവച്ച്, അവരെ ബഹുമാനിക്കാതിരിക്കരുത്; തങ്ങളുടെ സേവനത്തിന്‍റെ ഗുണഭോക്താക്കളായ യജമാനന്മാര്‍ വിശ്വാസികളും പ്രിയപ്പെട്ടവരുമായതുകൊണ്ട് അവരെ കൂടുതലായി സേവിക്കുകയാണു വേണ്ടത്; ഇക്കാര്യങ്ങള്‍ നീ പഠിപ്പിക്കുകയും നിര്‍ബന്ധപൂര്‍വം ഉപദേശിക്കുകയും ചെയ്യണം. ഇതില്‍നിന്നു വ്യത്യസ്തമായി പഠിപ്പിക്കുകയോ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വിശ്വാസയോഗ്യമായ വചനങ്ങളോടും ദൈവഭക്തിക്കു ചേര്‍ന്ന പ്രബോധനങ്ങളോടും വിയോജിക്കുകയോ ചെയ്യുന്നവന്‍ അഹംഭാവംകൊണ്ടു ചീര്‍ത്തവനും അജ്ഞനുമാകുന്നു. അവന്‍ വിവാദങ്ങളിലേര്‍പ്പെടുക, കേവലം വാക്കുകളെച്ചൊല്ലി മല്ലടിക്കുക തുടങ്ങിയ അനാരോഗ്യകരമായ പ്രവണതകള്‍ ഉള്‍ക്കൊള്ളുന്നവനുമായിരിക്കും. അവ അസൂയയും, ശണ്ഠയും, പരദൂഷണവും, ദുസ്സംശയങ്ങളും വാദകോലാഹലങ്ങളും ഉളവാക്കുന്നു. ദുര്‍ബുദ്ധികളും സത്യമില്ലാത്തവരും ആയവര്‍ തമ്മില്‍ നിരന്തരമായ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതും അതുകൊണ്ടാണ്. അവരാകട്ടെ ധനസമ്പാദനത്തിനുള്ള ഒരുപാധിയാണ് ദൈവഭക്തി എന്നു കരുതുന്നു. ഒരുവന്‍ തനിക്കുള്ളതില്‍ സംതൃപ്തനായിരിക്കുന്നെങ്കില്‍ അവന്‍റെ ദൈവഭക്തി ഒരു വലിയ ധനമാണ്; എന്തുകൊണ്ടെന്നാല്‍ ഈ ലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നില്ല; ഇവിടെനിന്ന് ഒന്നും കൊണ്ടുപോകുവാന്‍ സാധ്യവുമല്ല. അതുകൊണ്ട് ഉണ്ണാനും ഉടുക്കാനുമുണ്ടെങ്കില്‍ അതു നമുക്ക് ധാരാളം മതി. ധനവാന്മാര്‍ ആകുവാന്‍ മോഹിക്കുന്നവര്‍ പ്രലോഭനത്തില്‍ വീഴുന്നു. നാശത്തിലും കെടുതിയിലും നിപതിക്കുന്ന നിരവധി ബുദ്ധിശൂന്യവും ഉപദ്രവകരവുമായ മോഹങ്ങളുടെ കെണിയില്‍ അകപ്പെടുകയും ചെയ്യുന്നു. എല്ലാ തിന്മകളുടെയും തായ്‍വേര് ധനമോഹമാകുന്നു; തീവ്രമായ ധനമോഹം നിമിത്തം ചിലര്‍ വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുകയും നിരവധി കഠോരവേദനകള്‍കൊണ്ട് ഹൃദയത്തെ ക്ഷതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദൈവത്തിന്‍റെ മനുഷ്യനായ നീ ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി നീതി, ദൈവഭക്തി, വിശ്വാസം, സ്നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ലക്ഷ്യമാക്കിക്കൊള്ളുക. വിശ്വാസത്തിന്‍റെ നല്ല പോര്‍ പൊരുതുക; അനശ്വരജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക. അതിനുവേണ്ടിയാണ് നീ വിളിക്കപ്പെട്ടത്. അനേകം സാക്ഷികളുടെ മുമ്പാകെ നീ ആ വിശ്വാസം സ്പഷ്ടമായി ഏറ്റുപറയുകയും ചെയ്തിട്ടുള്ളതാണല്ലോ. എല്ലാറ്റിനും ജീവന്‍ നല്‌കുന്ന ദൈവത്തിന്‍റെ മുമ്പാകെയും, പൊന്തിയൊസ് പീലാത്തോസിന്‍റെ മുമ്പില്‍ തന്‍റെ വിശ്വാസം സ്പഷ്ടമായി ഏറ്റു പറഞ്ഞ ക്രിസ്തുയേശുവിന്‍റെ മുമ്പാകെയും ഞാന്‍ നിന്നോട് അധികാരപൂര്‍വം ആവശ്യപ്പെടുന്നു. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു പ്രത്യക്ഷനാകുന്നതുവരെ ഈ കല്പനകള്‍ മാലിന്യംകൂടാതെ നിരാക്ഷേപം പാലിക്കുക. വാഴ്ത്തപ്പെട്ടവനും ഏക പരമാധികാരിയും രാജാധിരാജനും, കര്‍ത്താധികര്‍ത്താവുമായ ദൈവം ഇത് യഥാസമയം വെളിപ്പെടുത്തും. അവിടുന്നു മാത്രമാണ് അമര്‍ത്യന്‍. ആര്‍ക്കും കടന്നുചെല്ലാനാവാത്ത പ്രകാശത്തില്‍ നിവസിക്കുന്ന ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; ആര്‍ക്കും അത് സാധ്യവുമല്ല. സകല ബഹുമാനവും അനന്തമായ അധികാരവും അവിടുത്തേക്കുള്ളതുതന്നെ. ആമേന്‍. ഗര്‍വ്വ് കാണിക്കുകയോ, അനിശ്ചിതമായ സമ്പത്തില്‍ തങ്ങളുടെ പ്രത്യാശ ഊന്നുകയോ ചെയ്യരുതെന്ന് ഈ ലോകത്തിലെ സമ്പന്നന്മാരെ ഉദ്ബോധിപ്പിക്കുക. നമുക്ക് അനുഭവിക്കുന്നതിനായി സകലവും നല്‌കിയിട്ടുള്ള ദൈവത്തില്‍തന്നെ തങ്ങളുടെ പ്രത്യാശ അവര്‍ ഉറപ്പിക്കട്ടെ. നന്മ ചെയ്യുവാന്‍ അവരോട് ആജ്ഞാപിക്കുക; സല്‍പ്രവൃത്തികളില്‍ അവര്‍ സമ്പന്നരാകണം; ഉദാരമതികളും തങ്ങള്‍ക്കുള്ളത് പരസ്പരം പങ്കു വയ്‍ക്കുന്നവരുമായിരിക്കുകയും വേണം. അങ്ങനെ സാക്ഷാത്തായ ജീവന്‍ നേടേണ്ടതിന് തങ്ങളുടെ ഭാവിക്കുവേണ്ടിയുള്ള നല്ല അടിസ്ഥാനമായി ഒരു നിധി അവര്‍ സമ്പാദിക്കുന്നു. തിമൊഥെയോസേ, നിന്നെ ഭരമേല്പിച്ചിട്ടുള്ളത് കാത്തുസൂക്ഷിക്കുക. ഭക്തിവിരുദ്ധമായ സംഭാഷണങ്ങളും ജ്ഞാനത്തിന്‍റെ കപട വേഷമണിഞ്ഞ തര്‍ക്കങ്ങളും ഉപേക്ഷിക്കുക. എന്തെന്നാല്‍ ഈ ജ്ഞാനം ഉണ്ടെന്ന് അവകാശപ്പെടുന്ന ചിലര്‍ വിശ്വാസത്തില്‍നിന്നു തെറ്റിപ്പോയിട്ടുണ്ട്. ദൈവകൃപ നിന്‍റെകൂടെ ഉണ്ടായിരിക്കട്ടെ. ക്രിസ്തുയേശുവിനോടുള്ള ഐക്യം മുഖേന നാം ജീവന്‍ പ്രാപിക്കുമെന്ന വാഗ്ദാനം അനുസരിച്ച് ദൈവഹിതത്താല്‍ ക്രിസ്തുയേശുവിന്‍റെ അപ്പോസ്തോലനായ പൗലൊസ്, പ്രിയപ്പെട്ട പുത്രനായ തിമൊഥെയോസിന് എഴുതുന്നത്: പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിനക്കു കൃപയും കാരുണ്യവും സമാധാനവും ലഭിക്കട്ടെ. എന്‍റെ പ്രാര്‍ഥനകളില്‍ ഞാന്‍ അഹോരാത്രം സദാ നിന്നെ അനുസ്മരിക്കുമ്പോള്‍ ദൈവത്തിനു സ്തോത്രം അര്‍പ്പിക്കുന്നു. എന്‍റെ പൂര്‍വപിതാക്കള്‍ ചെയ്തതുപോലെ നിര്‍മ്മലമനസ്സാക്ഷിയോടുകൂടി ഞാന്‍ ആ ദൈവത്തെ സേവിക്കുന്നു. നിന്‍റെ കണ്ണീരിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, നിന്നെ കണ്ട് ആനന്ദപൂര്‍ണനായിത്തീരുവാന്‍ ഞാന്‍ അഭിവാഞ്ഛിക്കുന്നു. നിന്‍റെ ആത്മാര്‍ഥമായ വിശ്വാസം ഞാന്‍ ഓര്‍മിക്കുന്നു. ആ വിശ്വാസം മുമ്പുതന്നെ നിന്‍റെ പിതാമഹിയായ ലോവീസിനും അമ്മ യുനീക്കയ്‍ക്കും ഉണ്ടായിരുന്നു. ആ വിശ്വാസം നിന്നിലും കുടികൊള്ളുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാല്‍ എന്‍റെ കൈവയ്പിലൂടെ നിനക്കു ലഭിച്ച കൃപാവരം ഉദ്ദീപിപ്പിക്കണമെന്നു ഞാന്‍ നിന്നെ അനുസ്മരിപ്പിക്കുന്നു. എന്തെന്നാല്‍ ഭീരുത്വത്തിന്‍റെ ആത്മാവിനെയല്ല, ശക്തിയുടെയും സ്നേഹത്തിന്‍റെയും ആത്മസംയമനത്തിന്‍റെയും ആത്മാവിനെയത്രേ ദൈവം നമുക്കു നല്‌കിയത്. അതുകൊണ്ട്, നമ്മുടെ കര്‍ത്താവിനെക്കുറിച്ച് സാക്ഷ്യം വഹിക്കുന്നതിനു നീ ലജ്ജിക്കരുത്. അവിടുത്തേക്കുവേണ്ടി കാരാഗൃഹവാസിയായ എന്നെപ്പറ്റിയും നീ ലജ്ജിക്കേണ്ടതില്ല. ദൈവം നിനക്കു നല്‌കുന്ന ശക്തിക്കൊത്തവണ്ണം സുവിശേഷത്തിനുവേണ്ടിയുള്ള കഷ്ടാനുഭവങ്ങളില്‍ നിന്‍റെ പങ്കു വഹിക്കുക. ദൈവം നമ്മെ രക്ഷിക്കുകയും വിശുദ്ധ ജീവിതം നയിക്കുന്നതിനുവേണ്ടി നമ്മെ വിളിക്കുകയും ചെയ്തിരിക്കുന്നു. അത് നമ്മുടെ പ്രവൃത്തികളുടെ നന്മകൊണ്ടല്ല, പ്രത്യുത അവിടുത്തെ ഉദ്ദേശ്യമനുസരിച്ചും കൃപമൂലവും ആകുന്നു. യുഗങ്ങള്‍ക്കു മുമ്പുതന്നെ ക്രിസ്തുയേശു മുഖേന ഈ കൃപ നല്‌കപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ നമ്മുടെ രക്ഷകനായ ക്രിസ്തുയേശുവിന്‍റെ ആഗമനത്തില്‍കൂടി അതു വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. അവിടുന്നു മരണത്തിന് അറുതി വരുത്തി; അനശ്വരജീവന്‍ സുവിശേഷത്തില്‍കൂടി വെളിച്ചത്തു കൊണ്ടുവരികയും ചെയ്തു. ഈ സുവിശേഷം പ്രഖ്യാപനം ചെയ്യുന്നതിനുവേണ്ടി അപ്പോസ്തോലനും ഉപദേഷ്ടാവുമായി ഞാന്‍ നിയമിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഞാന്‍ ഈ പീഡനങ്ങള്‍ സഹിക്കുന്നു എങ്കിലും ബന്ധനസ്ഥനായിരിക്കുന്നതില്‍ ലജ്ജിക്കുന്നില്ല. ഞാന്‍ വിശ്വസിക്കുന്നത് ആരെയാണെന്ന് എനിക്ക് അറിയാം. എന്നെ ഏല്പിച്ചിരിക്കുന്നത് ആ ദിവസംവരെ കാത്തുസൂക്ഷിക്കുവാന്‍ അവിടുന്നു പ്രാപ്തനാണെന്ന് എനിക്കുറപ്പുണ്ട്. എന്നില്‍നിന്നു കേട്ട ആശ്വാസദായകമായ പ്രബോധനങ്ങള്‍ മാതൃകയായി നീ മുറുകെ പിടിച്ചുകൊള്ളുക; ക്രിസ്തുയേശുവിനോടുള്ള നമ്മുടെ ഐക്യത്തില്‍ നമുക്കുള്ള വിശ്വാസത്തിലും സ്നേഹത്തിലും നിലനില്‌ക്കുകയും ചെയ്യുക. നമ്മില്‍ നിവസിക്കുന്ന പരിശുദ്ധാത്മാവ് ഭരമേല്പിച്ചിരിക്കുന്ന സത്യം നീ കാത്തു സൂക്ഷിച്ചു കൊള്ളണം. ഏഷ്യാദേശത്തുള്ള എല്ലാവരും എന്നെ വിട്ടുപോയി എന്നു നിനക്ക് അറിയാമല്ലോ. ഫുഗലൊസും ഹെര്‍മ്മൊഗനേസും അക്കൂട്ടത്തിലുള്‍പ്പെടുന്നു. പലപ്പോഴും എനിക്ക് ഉന്മേഷം പകര്‍ന്നുതന്നിട്ടുള്ള ഒനേസിഫൊരൊസിന്‍റെ കുടുംബത്തോടു കര്‍ത്താവു കരുണ കാണിക്കട്ടെ. ഞാന്‍ ബന്ധനസ്ഥനായതില്‍ ലജ്ജിക്കാതെ അയാള്‍ റോമില്‍ വന്നയുടനെ എന്നെ അന്വേഷിച്ചു കണ്ടുപിടിച്ചു. വിധിനാളില്‍ കര്‍ത്താവ് അയാളുടെമേല്‍ കാരുണ്യം ചൊരിയട്ടെ. എഫെസൊസില്‍വച്ചും അയാള്‍ എനിക്ക് എന്തെല്ലാം ശുശ്രൂഷകള്‍ ചെയ്തു എന്നുള്ളത് നിനക്ക് അറിയാമല്ലോ. എന്‍റെ മകനേ, ക്രിസ്തുയേശുവിലുള്ള കൃപാവരത്താല്‍ നീ ശക്തിയുള്ളവനായിരിക്കുക. അനേകം സാക്ഷികളുടെ മുമ്പില്‍വച്ച് നീ എന്നില്‍നിന്നു കേട്ട കാര്യങ്ങള്‍ മറ്റുള്ളവരെക്കൂടി പഠിപ്പിക്കുവാന്‍ പ്രാപ്തിയുള്ള വിശ്വസ്തരായ ആളുകളെ ഭരമേല്പിക്കുക. ക്രിസ്തുയേശുവിന്‍റെ ധര്‍മഭടനെന്ന നിലയില്‍ കഷ്ടതയില്‍ നിന്‍റെ പങ്കുവഹിക്കുക. സൈനിക സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു പടയാളിയും അന്യകാര്യങ്ങളില്‍ ഉള്‍പ്പെടാറില്ല. എന്തെന്നാല്‍ തന്നെ പടയാളിയാക്കിയവനെ തൃപ്തിപ്പെടുത്തുക എന്നതാണ് അവന്‍റെ ലക്ഷ്യം. നിയമാനുസൃതം മത്സരിക്കാതെ കായികാഭ്യാസിക്ക് വിജയത്തിന്‍റെ കിരീടം ലഭിക്കുകയില്ല. അധ്വാനിക്കുന്ന കര്‍ഷകനാണ് വിളവിന്‍റെ ആദ്യപങ്കു ലഭിക്കേണ്ടത്. ഞാന്‍ പറയുന്നതിനെപ്പറ്റി നീ ചിന്തിക്കുക; എല്ലാ കാര്യങ്ങളും ഗ്രഹിക്കുന്നതിനുള്ള ബുദ്ധി കര്‍ത്താവു നിനക്കു തരും. ദാവീദിന്‍റെ വംശജനും മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റവനുമായ യേശുക്രിസ്തുവിനെ ഓര്‍ത്തുകൊള്ളുക. ഇതാകുന്നു ഞാന്‍ പ്രബോധിപ്പിച്ച സുവിശേഷം. ഈ സുവിശേഷത്തിനു വേണ്ടിയത്രേ ഞാന്‍ കഷ്ടത സഹിക്കുകയും ഒരു കുറ്റവാളി എന്നവണ്ണം ഇപ്പോള്‍ ചങ്ങല ധരിക്കുകയും ചെയ്യുന്നത്. എന്നാല്‍ ദൈവവചനത്തിനു ബന്ധനം ഉണ്ടായിട്ടില്ല. അതുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ക്രിസ്തുയേശുവിലൂടെയുള്ള രക്ഷ അനശ്വരമായ തേജസ്സോടുകൂടി ലഭ്യമാകുന്നതിന്, അവര്‍ക്കുവേണ്ടി ഞാന്‍ എല്ലാം സഹിക്കുന്നു. താഴെപ്പറയുന്ന വചനം വിശ്വാസയോഗ്യമാകുന്നു: നാം അവിടുത്തോടുകൂടി മരിച്ചിരിക്കുന്നു എങ്കില്‍ നാം അവിടുത്തോടുകൂടി ജീവിക്കുകയും ചെയ്യും. നാം സഹിക്കുന്നു എങ്കില്‍ അവിടുത്തോടുകൂടി വാഴുകയും ചെയ്യും. നാം അവിടുത്തെ നിഷേധിക്കുന്നു എങ്കില്‍ അവിടുന്നു നമ്മെയും നിഷേധിക്കും. നാം അവിശ്വസ്തരായിരുന്നാലും അവിടുന്നു വിശ്വസ്തനായിത്തന്നെയിരിക്കുന്നു; എന്തുകൊണ്ടെന്നാല്‍ അവിടുത്തേക്ക് തന്‍റെ സ്വഭാവം പരിത്യജിക്കുവാന്‍ കഴിയുകയില്ലല്ലോ. വാക്കുകളെചൊല്ലിയുള്ള വാഗ്വാദങ്ങള്‍ ഉപേക്ഷിക്കുവാന്‍ ദൈവസമക്ഷം ജനത്തെ ഉപദേശിക്കുക. ഇങ്ങനെയുള്ള തര്‍ക്കങ്ങള്‍ കേള്‍വിക്കാരെ നശിപ്പിക്കുകയേയുള്ളൂ. ഒരു നന്മയും അതുകൊണ്ട് ഉണ്ടാകുകയില്ല. ഇത് അവരെ അനുസ്മരിപ്പിക്കണം. സത്യത്തിന്‍റെ വചനം സമുചിതമായി കൈകാര്യം ചെയ്യുന്ന ഒരു ഭൃത്യന് ലജ്ജിക്കേണ്ട ആവശ്യമില്ല. അങ്ങനെ ദൈവസമക്ഷം അംഗീകരിക്കപ്പെടുവാന്‍ അങ്ങേയറ്റം പരിശ്രമിക്കുക. ഭക്തിവിരുദ്ധമായ വ്യര്‍ഥഭാഷണങ്ങളില്‍നിന്ന് ഒഴിഞ്ഞിരിക്കുക. അവ കൂടുതല്‍ അഭക്തിയിലേക്കു മനുഷ്യരെ നയിക്കുകയേ ഉള്ളല്ലോ. ശരീരത്തെ നിര്‍ജീവമാക്കി ജീര്‍ണിപ്പിക്കുന്ന വ്രണംപോലെ അത്തരം സംഭാഷണം മനുഷ്യനെ നശിപ്പിക്കും. ഹുമനയോസും ഫിലേത്തൊസും അങ്ങനെയുള്ളവരാണ്. അവര്‍ സത്യത്തില്‍നിന്നു വ്യതിചലിച്ച് പുനരുത്ഥാനം നേരത്തെ കഴിഞ്ഞുപോയി എന്ന വാദം ഉന്നയിച്ചുകൊണ്ട് ചിലരുടെ വിശ്വാസത്തെ കീഴ്മേല്‍ മറിക്കുന്നു. എന്നാല്‍ ദൈവം സ്ഥാപിച്ച അടിസ്ഥാനം ഇളകിപ്പോകാതെ ഉറച്ചുനില്‌ക്കുന്നു. ‘തനിക്കുള്ളവരെ കര്‍ത്താവ് അറിയുന്നു’ എന്നും ‘കര്‍ത്താവിന്‍റെ നാമം ഉച്ചരിക്കുന്നവരെല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ’ എന്നും ആ അടിസ്ഥാനത്തില്‍ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു വലിയ ഭവനത്തില്‍ സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള പാത്രങ്ങള്‍ മാത്രമല്ല, മരവും മണ്ണുംകൊണ്ടു നിര്‍മിച്ചവയും ഉണ്ടായിരിക്കും. ചിലത് വിശേഷസന്ദര്‍ഭങ്ങളിലും മറ്റുചിലത് സാധാരണ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. ഹീനമായതെല്ലാം നീക്കി തന്നെത്തന്നെ വെടിപ്പാക്കുന്നവന്‍ മാന്യമായ ഉപയോഗത്തിനു പറ്റിയ പാത്രമായിരിക്കും. അത് ദൈവികകാര്യങ്ങള്‍ക്കായി മാറ്റിവയ്‍ക്കപ്പെടുന്നതും ഗൃഹനായകന് ഉപയോഗപ്രദവും ഏതു ശ്രേഷ്ഠകാര്യത്തിനുംവേണ്ടി സജ്ജമാക്കപ്പെട്ടതും ആയിരിക്കും. അതുകൊണ്ട് യുവസഹജമായ വികാരാവേശങ്ങള്‍ വിട്ടകന്ന്, നിര്‍മ്മലഹൃദയത്തോടെ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു ചേര്‍ന്ന് നീതി, വിശ്വാസം, സ്നേഹം, സമാധാനം എന്നിവയില്‍ ലക്ഷ്യം ഉറപ്പിക്കുക. മൂഢവും നിരര്‍ഥകവുമായ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടരുത്; അവ ശണ്ഠയ്‍ക്ക് ഇടയാക്കുമെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ. കര്‍ത്താവിന്‍റെ ദാസന്‍ ശണ്ഠ കൂടുന്നവന്‍ ആയിരിക്കരുത്; അവന്‍ എല്ലാവരോടും ദയാലുവും യോഗ്യനായ പ്രബോധകനും ക്ഷമാശീലനും ആയിരിക്കണം; പ്രതിയോഗികളെ സൗമ്യമായി തിരുത്തുകയും വേണം. അവര്‍ അനുതപിച്ച് സത്യം എന്തെന്ന് അറിയുവാന്‍ ദൈവം ഇടയാക്കിയേക്കാം. തന്‍റെ ഇഷ്ടം ചെയ്യുന്നതിന് പിശാച് അവരെ അടിമപ്പെടുത്തിയെങ്കിലും അവന്‍റെ കെണിയില്‍നിന്ന് അവര്‍ രക്ഷപെട്ടേക്കാം. അന്ത്യനാളുകളില്‍ ദുര്‍ഘട സമയങ്ങള്‍ ഉണ്ടാകുമെന്ന് അറിഞ്ഞുകൊള്ളുക. മനുഷ്യര്‍ സ്വാര്‍ഥപ്രിയരും ദ്രവ്യാഗ്രഹികളും ഗര്‍വിഷ്ഠരും അഹങ്കാരികളും ദൂഷകരും മാതാപിതാക്കളെ അനുസരിക്കാത്തവരും കൃതഘ്നരും ജീവിതവിശുദ്ധിയില്ലാത്തവരും മനുഷ്യത്വമില്ലാത്തവരും വഴങ്ങാത്ത പ്രകൃതിയുള്ളവരും പരദൂഷണ വ്യവസായികളും ദുര്‍വൃത്തരും ക്രൂരന്മാരും സദ്ഗുണ വിദ്വേഷികളും വഞ്ചകരും എടുത്തുചാട്ടക്കാരും അഹന്തകൊണ്ടു ഞെളിയുന്നവരും ദൈവത്തെ സ്നേഹിക്കുന്നതിലുപരി ഭോഗപ്രിയരായി ജീവിക്കുന്നവരും ആയിരിക്കും. അവര്‍ മതത്തിന്‍റെ ബാഹ്യരൂപത്തെ മുറുകെപ്പിടിക്കുന്നെങ്കിലും അതിന്‍റെ ചൈതന്യത്തെ നിഷേധിക്കുന്നു. ഇങ്ങനെയുള്ളവരില്‍നിന്ന് അകന്നു നില്‌ക്കുക. [6,7] അവരില്‍ ചിലര്‍ വീടുകളില്‍ കയറി സ്‍ത്രീകളെ വശീകരിക്കുന്നു. ദുര്‍ബലരും പാപഭാരം ചുമക്കുന്നവരും എല്ലാവിധ മോഹങ്ങള്‍ക്കും അധീനരുമായ ആ സ്‍ത്രീകള്‍ ആരു പറയുന്നതും കേള്‍ക്കും. പക്ഷേ, സത്യം ഗ്രഹിക്കുവാന്‍ അവര്‍ക്ക് ഒരിക്കലും സാധ്യമല്ല. *** യന്നേസും യംബ്രേസും മോശയോട് എതിര്‍ത്തു നിന്നതുപോലെ, ഈ മനുഷ്യരും സത്യത്തെ എതിര്‍ക്കുന്നു. അവര്‍ വിവേകശൂന്യരും കപടവിശ്വാസമുള്ളവരും ആണ്. എന്നാല്‍ അവര്‍ വളരെ മുന്നേറുകയില്ല. മേല്പറഞ്ഞവരുടെ ബുദ്ധിശൂന്യതപോലെ, അവരുടെ ബുദ്ധിശൂന്യതയും എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. എന്‍റെ ഉപദേശവും ജീവിതരീതിയും ജീവിതലക്ഷ്യവും വിശ്വാസവും ക്ഷമയും സ്നേഹവും സ്ഥൈര്യവും നീ അറിഞ്ഞിട്ടുള്ളതാണ്. അന്ത്യോക്യയിലും ഇക്കോന്യയിലും ലുസ്ത്രയിലും എനിക്കുണ്ടായ പീഡനങ്ങളും കഷ്ടാനുഭവങ്ങളും നിനക്ക് അറിയാമല്ലോ. ഞാന്‍ എന്തെല്ലാം സഹിച്ചു എന്നും നിനക്കറിയാം. അവയില്‍നിന്നെല്ലാം കര്‍ത്താവ് എന്നെ രക്ഷിച്ചു. ക്രിസ്തുയേശുവിനോട് ഏകീഭവിച്ച് വിശുദ്ധജീവിതം നയിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചയമായും പീഡിപ്പിക്കപ്പെടും. അതേസമയം ദുഷ്ടജനങ്ങളും കപടനാട്യക്കാരും മറ്റുള്ളവരെ വഞ്ചിച്ചും സ്വയം വഞ്ചിക്കപ്പെട്ടും അടിക്കടി തിന്മയില്‍ മുന്നേറും. നീയാകട്ടെ, നീ പഠിച്ചിട്ടുള്ളതും ഉറപ്പായി വിശ്വസിക്കുന്നതുമായ കാര്യങ്ങള്‍ ആരില്‍നിന്നു പഠിച്ചു എന്നോര്‍മിച്ച് അവയില്‍ ഉറച്ചുനില്‌ക്കുക. ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലൂടെ രക്ഷപ്രാപിക്കുന്നതിനെക്കുറിച്ചു നിന്നെ ഉദ്ബോധിപ്പിക്കുന്ന വിശുദ്ധലിഖിതങ്ങള്‍ കുട്ടിക്കാലംതൊട്ടു നിനക്കു പരിചയമുള്ളതാണല്ലോ. എല്ലാ വിശുദ്ധരേഖകളും ഈശ്വരപ്രചോദിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റു തിരുത്തുന്നതിനും ധാര്‍മിക പരിശീലനത്തിനും ഉപകരിക്കുന്നു. അതിലൂടെ ദൈവഭക്തിയുള്ള മനുഷ്യന്‍ പൂര്‍ണത പ്രാപിക്കുകയും എല്ലാ സല്‍ക്കര്‍മങ്ങളും ചെയ്യുന്നതിന് ഒരുക്കപ്പെടുകയും ചെയ്യുന്നു. ദൈവത്തിന്‍റെ മുമ്പാകെയും ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാനിരിക്കുന്ന ക്രിസ്തുയേശുവിന്‍റെ മുമ്പാകെയും അവിടുത്തെ ആഗമനത്തെയും ഭരണത്തെയും പരിഗണിച്ച് ഇത് ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നു: ദൈവത്തിന്‍റെ സന്ദേശം അറിയിക്കുക. അതിനുവേണ്ടി സമയത്തും അസമയത്തും ജാഗ്രതയുള്ളവനായിരിക്കണം. ശ്രോതാക്കള്‍ക്കു ബോധ്യം വരുത്തുകയും അവരെ ശാസിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുക. സഹനത്തിലും പ്രബോധനത്തിലും പരാജയപ്പെടരുത്. എന്തെന്നാല്‍ ഉത്തമമായ ഉപദേശങ്ങള്‍ മനുഷ്യര്‍ വഹിക്കാത്ത കാലം വരുന്നു. തങ്ങളുടെ കാതിനു കൗതുകം ഉളവാക്കുന്നവ കേള്‍ക്കുവാനുള്ള അഭിലാഷത്താല്‍, സ്വന്തം അഭീഷ്ടത്തിനു ചേര്‍ന്ന ഉപദേഷ്ടാക്കളെ അവര്‍ വിളിച്ചുകൂട്ടും. സത്യത്തിനു ചെവികൊടുക്കാതെ, കെട്ടുകഥകളിലേക്ക് അവര്‍ ശ്രദ്ധ തിരിക്കുകയും ചെയ്യും. എന്നാല്‍ നീ അചഞ്ചലനായി കഷ്ടത സഹിക്കുക; സുവിശേഷകന്‍റെ ജോലി നിര്‍വഹിക്കുകയും, നിന്‍റെ ശുശ്രൂഷ പൂര്‍ത്തിയാക്കുകയും ചെയ്യുക. ഞാന്‍ ബലികഴിക്കപ്പെടേണ്ട സമയമായിക്കഴിഞ്ഞു. എനിക്കു ലോകത്തോടു വിടവാങ്ങേണ്ട സമയം ആയിരിക്കുന്നു. ഞാന്‍ നല്ല പോര്‍ പൊരുതു; എന്‍റെ ഓട്ടം പൂര്‍ത്തിയാക്കി; വിശ്വാസം കാത്തുസൂക്ഷിച്ചു; അതുകൊണ്ട് നീതിയുടെ കിരീടം എനിക്കായി കാത്തിരിക്കുന്നു. നീതിപൂര്‍വം വിധിക്കുന്ന കര്‍ത്താവു അത് ആ ദിവസം എനിക്കു സമ്മാനിക്കും. എനിക്കു മാത്രമല്ല, കര്‍ത്താവിന്‍റെ ആഗമനത്തെ സ്നേഹപൂര്‍വം കാത്തിരിക്കുന്ന എല്ലാവര്‍ക്കുംതന്നെ അതു സമ്മാനിക്കപ്പെടും. നീ എത്രയും വേഗം എന്‍റെ അടുക്കല്‍ വരുവാന്‍ കഴിയുന്നത്ര ഉത്സാഹിക്കുക. ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ട് എന്നെവിട്ടു തെസ്സലോനിക്യയിലേക്കു പോയി. ക്രെസ്കേസ് ഗലാത്യക്കും, തീത്തോസ് ദല്മാത്യക്കും പോയിരിക്കുന്നു. ലൂക്കോസ് മാത്രമേ എന്‍റെ കൂടെയുള്ളൂ. നീ മര്‍ക്കോസിനെക്കൂടി കൂട്ടിക്കൊണ്ടുവരണം; എന്‍റെ ശുശ്രൂഷയില്‍ അവന്‍ വളരെയധികം ഉപകരിക്കും. തിഹിക്കൊസിനെ ഞാന്‍ എഫെസൊസിലേക്ക് അയച്ചിരിക്കുകയാണ്. ഞാന്‍ ത്രോവാസില്‍ കര്‍പ്പൊസിന്‍റെ പക്കല്‍ ഏല്പിച്ചിരുന്ന പുറങ്കുപ്പായവും പുസ്തകങ്ങളും വിശിഷ്യ തുകല്‍ എഴുത്തുകളും നീ വരുമ്പോള്‍ കൊണ്ടുവരണം. ചെമ്പുപണിക്കാരന്‍ അലക്സാണ്ടര്‍ എനിക്കു വളരെ ദ്രോഹം ചെയ്തു. അവന്‍റെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം ദൈവം നല്‌കും. നാം അറിയിക്കുന്ന സന്ദേശത്തെ ശക്തിയുക്തം എതിര്‍ക്കുന്നവനായതുകൊണ്ട് അയാളെ നീ സൂക്ഷിച്ചുകൊള്ളണം. ആദ്യം ഞാന്‍ പ്രതിവാദം നടത്തിയപ്പോള്‍ എന്‍റെ പക്ഷത്ത് ആരും ഉണ്ടായിരുന്നില്ല. എല്ലാവരും എന്നെ കൈവിട്ടു. ആ അപരാധം അവരുടെ പേരില്‍ ദൈവം കണക്കിടാതിരിക്കട്ടെ. എന്നാല്‍ കര്‍ത്താവ് എന്‍റെ പക്ഷത്തുണ്ടായിരുന്നു. എല്ലാ വിജാതീയരും കേള്‍ക്കത്തക്കവണ്ണം ദൈവവചനം പൂര്‍ണമായി പ്രസംഗിക്കുവാനുള്ള ശക്തി കര്‍ത്താവ് എനിക്കു നല്‌കി. അങ്ങനെ ഞാന്‍ സിംഹത്തിന്‍റെ വായില്‍നിന്നു രക്ഷിക്കപ്പെട്ടു. എല്ലാ തിന്മകളില്‍നിന്നും കര്‍ത്താവ് എന്നെ വീണ്ടെടുക്കുകയും തന്‍റെ സ്വര്‍ഗീയ രാജ്യത്തിനുവേണ്ടി എന്നെ കാത്തുകൊള്ളുകയും ചെയ്യും. പ്രിസ്കില്ലയ്‍ക്കും, അക്വിലായ്‍ക്കും, ഒനേസിഫൊരൊസിന്‍റെ കുടുംബത്തിനും വന്ദനം പറയുക. എരസ്തൊസ് കൊരിന്തില്‍ തങ്ങി. ത്രൊഫിമൊസിന് രോഗം പിടിപെട്ടതിനാല്‍ ഞാന്‍ മിലേത്തൊസില്‍ ആക്കിയിട്ടു പോന്നു. ശീതകാലത്തിനു മുമ്പ് നീ വന്നുചേരുവാന്‍ പരമാവധി ശ്രമിക്കുക. യൂബൂലൊസും പൂദെസും ലീനൊസും ക്ലൗദിയയും മറ്റെല്ലാ സഹോദരങ്ങളും നിനക്കു വന്ദനം പറയുന്നു. കര്‍ത്താവു നിന്‍റെ ആത്മാവിനോടുകൂടി ഉണ്ടായിരിക്കട്ടെ. ദൈവത്തിന്‍റെ കൃപ നിങ്ങളോടുകൂടി ഇരിക്കട്ടെ. [1-4] ദൈവത്തിന്‍റെ ദാസനും യേശുക്രിസ്തുവിന്‍റെ അപ്പോസ്തോലനുമായ പൗലൊസ്, നമ്മുടെ പൊതുവിശ്വാസത്തില്‍ എന്‍റെ യഥാര്‍ഥ പുത്രനായ തീത്തോസിന് എഴുതുന്നത്: പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ രക്ഷകനായ ക്രിസ്തുയേശുവില്‍നിന്നും നിനക്കു കൃപയും സമാധാനവും ലഭിക്കട്ടെ. ദൈവം തിരഞ്ഞെടുത്തവരുടെ വിശ്വാസവും ദൈവഭക്തിയിലേക്കു നയിക്കുന്ന സത്യത്തിന്‍റെ പരിജ്ഞാനവും വര്‍ധിപ്പിക്കുന്നതിനുവേണ്ടി എന്നെ നിയോഗിച്ചു. ആ വിശ്വാസവും പരിജ്ഞാനവും അനശ്വരജീവനുവേണ്ടിയുള്ള പ്രത്യാശയില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ഒരിക്കലും വ്യാജം പറയാത്ത ദൈവം യുഗാരംഭത്തിനുമുമ്പ് വാഗ്ദാനം ചെയ്തതും അവിടുത്തെ വചനത്തില്‍ യഥാകാലം വെളിപ്പെടുത്തിയതുമാണ് ഈ പ്രത്യാശ. ആ വചനം പ്രസംഗിക്കുവാനുള്ള ചുമതല നമ്മുടെ രക്ഷകനായ ദൈവത്തിന്‍റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ചു. *** *** *** ഞാന്‍ നിന്നെ ക്രീറ്റില്‍ വിട്ടിട്ടു പോന്നത് അവിടെ ഇനിയും ചെയ്യുവാനുള്ള കാര്യങ്ങള്‍ ക്രമപ്പെടുത്തുന്നതിനും, ഞാന്‍ നിര്‍ദേശിച്ച പ്രകാരം ഓരോ പട്ടണത്തിലും സഭാമുഖ്യന്മാരെ നിയമിക്കുന്നതിനുമാണ്. സഭാമുഖ്യന്‍ കുറ്റമറ്റവനും ഏകപത്നീവ്രതക്കാരനും ആയിരിക്കണം. അയാളുടെ മക്കളും വിശ്വാസികളായിരിക്കണം. ദുഷ്പ്രവൃത്തികളില്‍ മുഴുകിയിരിക്കുന്നവരെന്നോ, അനുസരണയില്ലാത്തവരെന്നോ ഉള്ള ദുഷ്പേരുള്ളവര്‍ ആയിരിക്കയുമരുത്. ദൈവത്തിന്‍റെ കാര്യസ്ഥന്‍ എന്ന നിലയ്‍ക്ക് സഭയുടെ അധ്യക്ഷന്‍ കുറ്റമറ്റവനായിരിക്കേണ്ടതാണ്. അയാള്‍ അഹങ്കാരിയോ, ക്ഷിപ്രകോപിയോ, മദ്യപനോ, അക്രമാസക്തനോ, അമിതലാഭം മോഹിക്കുന്നവനോ ആയിരിക്കരുത്. പകരം അയാള്‍ അതിഥിസല്‍ക്കാരപ്രിയനും നന്മയെ സ്നേഹിക്കുന്നവനും ആത്മനിയന്ത്രണമുള്ളവനും നീതിനിഷ്ഠനും നിര്‍മ്മലനും സുശിക്ഷിതനും ആയിരിക്കണം. വിശ്വാസയോഗ്യമായ ഉപദേശം പഠിപ്പിക്കുവാനും അതിനെ എതിര്‍ക്കുന്നവരുടെ വാദത്തെ ഖണ്ഡിക്കുവാനും കഴിയേണ്ടതിന്, താന്‍ പഠിച്ച സത്യവചനത്തെ അയാള്‍ മുറുകെപ്പിടിക്കുകയും വേണം. എന്തെന്നാല്‍ വഴങ്ങാത്ത പ്രകൃതമുള്ളവരും കഴമ്പില്ലാത്ത സംഭാഷണത്തില്‍ ഏര്‍പ്പെടുന്നവരും വഞ്ചകരുമായ ധാരാളം ആളുകളുണ്ടല്ലോ; പ്രത്യേകിച്ചു പരിച്ഛേദനകര്‍മവാദികള്‍. അവരെ മൊഴിമുട്ടിക്കണം. പഠിപ്പിക്കരുതാത്ത കാര്യങ്ങള്‍ അധമമായ ലാഭത്തിനുവേണ്ടി പഠിപ്പിച്ച്, കുടുംബങ്ങളെ അവര്‍ വഴിതെറ്റിക്കുന്നു. “ക്രീറ്റിലുള്ളവര്‍ അസത്യം പറയുന്നവരും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും ആണ്” എന്ന് അവരിലൊരാള്‍, ഒരു പ്രവാചകന്‍തന്നെ പറഞ്ഞിട്ടുണ്ടല്ലോ. [13,14] ഈ സാക്ഷ്യം ശരിയാണ്. അതുകൊണ്ട് യെഹൂദന്മാരുടെ കെട്ടുകഥകള്‍ക്കോ, സത്യത്തെ നിരാകരിക്കുന്നവരുടെ ആജ്ഞകള്‍ക്കോ ചെവികൊടുക്കാതെ, വിശ്വാസത്തിന്‍റെ ഭദ്രമായ അടിസ്ഥാനത്തില്‍ ഉറച്ചു നില്‌ക്കണമെന്നു കര്‍ശനമായി ശാസിക്കുക. *** ശുദ്ധമനസ്കര്‍ക്ക് എല്ലാം ശുദ്ധമാകുന്നു. എന്നാല്‍ മലിനഹൃദയര്‍ക്കും അവിശ്വാസികള്‍ക്കും ഒന്നുംതന്നെ ശുദ്ധമല്ല. അവരുടെ മനസ്സും മനസ്സാക്ഷിയും ദുഷിച്ചതാണല്ലോ. തങ്ങള്‍ ദൈവത്തെ അറിയുന്നു എന്ന് അവര്‍ അവകാശപ്പെടുന്നു; പക്ഷേ പ്രവൃത്തികള്‍ക്കൊണ്ട് ദൈവത്തെ നിഷേധിക്കുന്നു. അവര്‍ വെറുക്കത്തക്കവരും അനുസരണമില്ലാത്തവരും യാതൊരു നല്ലകാര്യത്തിനും കൊള്ളരുതാത്തവരും ആകുന്നു. എന്നാല്‍ നീ ശരിയായ ഉപദേശത്തിനു ചേര്‍ന്ന കാര്യങ്ങള്‍ പഠിപ്പിക്കുക. പ്രായംചെന്ന പുരുഷന്മാര്‍ പക്വതയും കാര്യഗൗരവവും വിവേകവും ആത്മനിയന്ത്രണവും ഉള്ളവരും, വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണുതയിലും അടിയുറപ്പുള്ളവരും ആയിരിക്കണമെന്ന് ഉപദേശിക്കുക. അതുപോലെ തന്നെ പ്രായംചെന്ന സ്‍ത്രീകള്‍ ആദരപൂര്‍വം പെരുമാറുകയും നുണ പറഞ്ഞു പരത്താതിരിക്കുകയും മദ്യപിക്കാത്തവരും ആയിരിക്കണമെന്ന് ഉപദേശിക്കണം. [4,5] തങ്ങളുടെ ഭര്‍ത്താക്കന്മാരെയും കുട്ടികളെയും സ്നേഹിക്കുക, വിവേകവും പാതിവ്രത്യവും കുടുംബകാര്യങ്ങളില്‍ ശ്രദ്ധയും ദയാശീലവും ഉള്ളവരായിരിക്കുക, ഭര്‍ത്താക്കന്മാര്‍ക്കു കീഴ്പെട്ടിരിക്കുക മുതലായവ പരിശീലിക്കത്തക്കവിധം പെണ്‍കുട്ടികളെ അവര്‍ നല്ല കാര്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്യട്ടെ. അല്ലെങ്കില്‍ ദൈവവചനം ദുഷിക്കപ്പെടും. *** അതുപോലെതന്നെ ആത്മനിയന്ത്രണമുള്ളവരായിരിക്കുവാന്‍ യുവാക്കന്മാരെ ഉദ്ബോധിപ്പിക്കുക. എല്ലാ സല്‍പ്രവൃത്തികള്‍ക്കും നീ നിന്നെത്തന്നെ മാതൃകയായി കാണിക്കുക. നിന്‍റെ പ്രബോധനങ്ങള്‍ ആത്മാര്‍ഥതയും ഗൗരവവും ഉള്ളതായിരിക്കട്ടെ. ശത്രുക്കള്‍ വിമര്‍ശിക്കുവാന്‍ കഴിയാത്ത വിധത്തില്‍ കുറ്റമറ്റതായിരിക്കണം നിന്‍റെ വാക്കുകള്‍. നമ്മെപ്പറ്റി ഒരു തിന്മയും പറയുവാന്‍ കഴിയാതെ ശത്രു ലജ്ജിക്കട്ടെ. യജമാനന്മാര്‍ക്കു കീഴ്പെട്ടിരിക്കുവാനും എല്ലാവിധത്തിലും അവരെ പ്രീതിപ്പെടുത്തുവാനും അടിമകളെ ഉപദേശിക്കുക. അവര്‍ യജമാനന്മാരോട് എതിര്‍ത്തു സംസാരിക്കുകയോ, അവരുടെ യാതൊന്നും അപഹരിക്കുകയോ ചെയ്യരുത്; എല്ലാ കാര്യങ്ങളിലും നമ്മുടെ രക്ഷകനായ ദൈവത്തിന്‍റെ ഉപദേശങ്ങള്‍ക്കു ഭൂഷണമായിരിക്കത്തക്കവിധം, പൂര്‍ണവും ആത്മാര്‍ഥവുമായ വിശ്വസ്തത അവര്‍ പാലിക്കണം. സകല മനുഷ്യരുടെയും രക്ഷയ്‍ക്കായുള്ള ദൈവകൃപ പ്രത്യക്ഷമായിരിക്കുന്നു. വിലക്കപ്പെട്ടതും പ്രാപഞ്ചികമോഹങ്ങളും പരിത്യജിക്കുവാനും, സമചിത്തതയോടും നീതിനിഷ്ഠയോടും ദൈവഭക്തിയോടുംകൂടി ജീവിക്കുവാനും ദൈവകൃപ നമ്മെ പരിശീലിപ്പിക്കുന്നു. നമ്മുടെ മഹോന്നതനായ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്‍റെ തേജസ്സ് പ്രത്യക്ഷമാകുന്ന അനുഗ്രഹിക്കപ്പെട്ട ആ ദിവസത്തിനുവേണ്ടി നാം കാത്തിരിക്കുകയാണ്. എല്ലാ തിന്മകളില്‍നിന്നും നമ്മെ രക്ഷിക്കുന്നതിനും സല്‍പ്രവൃത്തികള്‍ ചെയ്യുന്നതില്‍ ശുഷ്കാന്തിയുള്ള തന്‍റെ സ്വന്തം ജനമായിരിക്കേണ്ടതിന് നമ്മെ തനിക്കുവേണ്ടി ശുദ്ധീകരിക്കുന്നതിനുമായി യേശുക്രിസ്തു സ്വയം സമര്‍പ്പിച്ചു. ഈ കാര്യങ്ങള്‍ വിളംബരം ചെയ്യുക; അധികാരപൂര്‍വം ഉദ്ബോധിപ്പിക്കുകയും ശാസിക്കുകയും ചെയ്യുക. ആരും നിന്നെ അവഗണിക്കാതിരിക്കട്ടെ. ഭരണാധിപന്മാര്‍ക്കും മറ്റ് അധികാരികള്‍ക്കും കീഴ്പെട്ടിരിക്കുവാനും, അനുസരണവും ഉത്തമമായ ഏതുജോലിയും ചെയ്യുവാന്‍ സന്നദ്ധതയും ഉള്ളവര്‍ ആയിരിക്കുവാനും, ശണ്ഠകള്‍ ഒഴിവാക്കി സൗമ്യശീലരായി എല്ലാവരോടും തികഞ്ഞ മര്യാദ പാലിക്കുവാനും ജനത്തെ അനുസ്മരിപ്പിക്കുക. ഒരു കാലത്ത് നാം തന്നെ ബുദ്ധിയില്ലാത്തവരും, അനുസരണമില്ലാത്തവരും, വഴിപിഴച്ചു പോയവരും, വിവിധ വികാരങ്ങള്‍ക്കും ഭോഗങ്ങള്‍ക്കും അടിമപ്പെട്ടവരും, തിന്മയിലും ശത്രുതയിലും കഴിഞ്ഞിരുന്നവരും, മറ്റുള്ളവരാല്‍ വെറുക്കപ്പെട്ടവരും, അന്യോന്യം വിദ്വേഷത്തില്‍ കഴിഞ്ഞിരുന്നവരും ആയിരുന്നുവല്ലോ. എങ്കിലും നമ്മുടെ രക്ഷകനായ ദൈവത്തിന്‍റെ നന്മയും സ്നേഹനിര്‍ഭരമായ ദയയും പ്രത്യക്ഷമായപ്പോള്‍ അവിടുന്നു നമ്മെ രക്ഷിച്ചു. അത് നമ്മുടെ പുണ്യപ്രവൃത്തികള്‍കൊണ്ടല്ല, പിന്നെയോ നമ്മെ പുനരുജ്ജീവിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മസ്നാപനം കൊണ്ടാണ്. നമ്മുടെ രക്ഷകനായ യേശുക്രിസ്തുവില്‍കൂടി പരിശുദ്ധാത്മാവിനെ ദൈവം നമ്മുടെമേല്‍ സമൃദ്ധമായി വര്‍ഷിക്കുന്നു. അവിടുത്തെ കൃപാവരത്താല്‍ നമുക്കു തന്നോടുള്ള ബന്ധം ക്രമപ്പെടുത്തുന്നതിനും നാം പ്രത്യാശിക്കുന്ന അനശ്വരജീവന്‍ അവകാശമാക്കുന്നതിനുംവേണ്ടിയാണ് ദൈവം ഇങ്ങനെ ചെയ്തത്. ഇതു സത്യമാണ്. ദൈവത്തില്‍ വിശ്വസിച്ചവര്‍ സല്‍പ്രവൃത്തികളില്‍ ദത്തശ്രദ്ധരായിരിക്കേണ്ടതിന് ഇതു നീ ഊന്നിപ്പറയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഇവയെല്ലാം ശ്രേഷ്ഠവും മനുഷ്യനു പ്രയോജനകരവും ആകുന്നു. എന്നാല്‍ നിരര്‍ഥകമായ വാദപ്രതിവാദങ്ങളും വംശാവലി സംബന്ധിച്ച പ്രശ്നങ്ങളും ശണ്ഠയും നിയമത്തെച്ചൊല്ലിയുള്ള കലഹങ്ങളും ഒഴിവാക്കുക. ഇവ നിഷ്പ്രയോജനവും വ്യര്‍ഥവുമാണല്ലോ. സഭയില്‍ ഭിന്നതയുണ്ടാക്കുന്നവന് ഒന്നോ രണ്ടോ വട്ടം താക്കീതു നല്‌കുക. ഫലമില്ലെന്നു കണ്ടാല്‍ അയാളെ ഒഴിച്ചുനിറുത്തുക. അയാള്‍ നേരായ മാര്‍ഗത്തില്‍നിന്നു വ്യതിചലിച്ചവനാണ്. അയാള്‍ പാപം ചെയ്തു കുറ്റവാളിയെന്നു സ്വയം വിധിച്ചിരിക്കുന്നു. ഞാന്‍ അര്‍ത്തെമാസിനെയോ തിഹിക്കൊസിനെയോ അങ്ങോട്ട് അയയ്‍ക്കുമ്പോള്‍ നീ നിക്കൊപ്പൊലിസില്‍ എന്‍റെ അടുക്കല്‍ വരുവാന്‍ ആവോളം ശ്രമിക്കണം. ശീതകാലം ഞാന്‍ ഇവിടെ കഴിച്ചുകൂട്ടാന്‍ നിശ്ചയിച്ചിരിക്കുകയാണ്. നിയമജ്ഞനായ സേനാസിനെയും അപ്പൊല്ലൊസിനെയും എത്രയും വേഗം യാത്രയാക്കുവാന്‍ കഴിയുന്നത്ര ശ്രമിക്കണം. അവര്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കുവാന്‍ നീ വേണ്ടതു ചെയ്യുമല്ലോ. നമ്മുടെ ആളുകള്‍ സല്‍കര്‍മങ്ങള്‍ ചെയ്യുവാന്‍ പഠിക്കട്ടെ. അവര്‍ പ്രയോജനശൂന്യരാകാതെ അടിയന്തരാവശ്യങ്ങള്‍ ഉള്ളവരെ സഹായിക്കേണ്ടതാണ്. എന്‍റെ കൂടെയുള്ള എല്ലാവരും നിനക്കു വന്ദനം പറയുന്നു. ഞങ്ങളെ സ്നേഹിക്കുന്ന സഹവിശ്വാസികള്‍ക്ക് അഭിവാദനങ്ങള്‍. ദൈവത്തിന്‍റെ കൃപ നിങ്ങളെല്ലാവരോടും കൂടി ഉണ്ടായിരിക്കട്ടെ. [1,2] ക്രിസ്തുയേശുവിനുവേണ്ടി തടവുകാരനായ പൗലൊസും സഹോദരനായ തിമൊഥെയോസും പ്രിയപ്പെട്ട സഹപ്രവര്‍ത്തകനായ ഫിലേമോനും സഹോദരി അപ്പിയയ്‍ക്കും സഹഭടനായ അര്‍ക്കിപ്പൊസിനും ഫിലേമോന്‍റെ വീട്ടില്‍ കൂടിവരുന്ന സഭയ്‍ക്കും എഴുതുന്നത്: *** നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ലഭിക്കട്ടെ. [4,5] കര്‍ത്താവായ യേശുവിനോടും സകല വിശുദ്ധന്മാരോടും താങ്കള്‍ക്കുള്ള സ്നേഹത്തെയും താങ്കളുടെ വിശ്വാസത്തെയും സംബന്ധിച്ചു ഞാന്‍ കേള്‍ക്കുന്നതുകൊണ്ട് എന്‍റെ പ്രാര്‍ഥനയില്‍ താങ്കളെ ഓര്‍ക്കുമ്പോഴെല്ലാം ഞാന്‍ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. *** ക്രിസ്തുവിനോടുള്ള ഐക്യത്തില്‍ നമുക്കു കൈവരുന്ന സര്‍വ നന്മകളെയുംകുറിച്ചുള്ള പരിജ്ഞാനം വര്‍ധിക്കുന്നതിന് താങ്കളുടെ വിശ്വാസംമൂലം ഉണ്ടായ കൂട്ടായ്മ ഇടയാക്കട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു. പ്രിയപ്പെട്ട സഹോദരാ, താങ്കളുടെ സ്നേഹം എനിക്ക് അത്യധികമായ ആനന്ദവും ആശ്വാസവും ഉളവാക്കിയിരിക്കുന്നു. ദൈവജനത്തിന്‍റെ ഹൃദയങ്ങള്‍ക്ക് താങ്കള്‍ ഉന്മേഷം പകര്‍ന്നുവല്ലോ. ക്രിസ്തുയേശുവിനോടുള്ള ബന്ധത്തില്‍, സഹോദരന്‍ എന്ന നിലയില്‍ യുക്തമായതു ചെയ്യുവാന്‍ താങ്കളോട് ആജ്ഞാപിക്കുവാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. എങ്കിലും സ്നേഹത്തിന്‍റെ പേരില്‍ ഞാന്‍ അഭ്യര്‍ഥിക്കുകയത്രേ ചെയ്യുന്നത്. വൃദ്ധനായ പൗലൊസ് എന്ന ഞാന്‍ ക്രിസ്തുയേശുവിനുവേണ്ടി ഇപ്പോള്‍ തടവുകാരനുമാണ്. എന്‍റെ പുത്രന്‍ ഒനേസിമോസിനുവേണ്ടി ഞാന്‍ താങ്കളോട് അപേക്ഷിക്കുന്നു. തടവില്‍ കിടക്കുമ്പോഴാണ് ഞാന്‍ അവന്‍റെ ആത്മീയ പിതാവായിത്തീര്‍ന്നത്. മുമ്പ് അവന്‍ താങ്കള്‍ക്കു പ്രയോജനമില്ലാത്തവനായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവന്‍ നിശ്ചയമായും താങ്കള്‍ക്കും എനിക്കും പ്രയോജനമുള്ളവന്‍തന്നെ. ഇപ്പോള്‍ ഞാന്‍ അവനെ താങ്കളുടെ അടുക്കലേക്കു തിരിച്ച് അയയ്‍ക്കുകയാണ്. അവനോടുകൂടി എന്‍റെ ഹൃദയവുമുണ്ട്. സുവിശേഷത്തെപ്രതിയുള്ള എന്‍റെ കാരാഗൃഹവാസകാലത്ത് എന്നെ സഹായിക്കേണ്ടതിന് താങ്കള്‍ക്കു പകരം അവനെ എന്‍റെ അടുക്കല്‍ നിറുത്തുവാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, താങ്കളുടെ സമ്മതം കൂടാതെ ഒന്നും ചെയ്യരുതെന്നു ഞാന്‍ നിശ്ചയിച്ചു. താങ്കളുടെ ഔദാര്യം നിര്‍ബന്ധംകൊണ്ടല്ല, പൂര്‍ണ മനസ്സോടെ പ്രദര്‍ശിപ്പിക്കേണ്ടതാണല്ലോ. ഒനേസിമോസ് അല്പകാലത്തേക്ക് വേര്‍പിരിഞ്ഞിരുന്നത് ഒരുവേള അവനെ എന്നേക്കുമായി താങ്കള്‍ക്കു തിരിച്ചുകിട്ടുന്നതിനുവേണ്ടി ആയിരിക്കാം. അവന്‍ ഇനി വെറും ഒരു അടിമയല്ല; അടിമ എന്നതിലുപരി, അവന്‍ എനിക്കു പ്രിയങ്കരനായ ഒരു സഹോദരന്‍ ആകുന്നു. എങ്കില്‍ അടിമ എന്ന നിലയിലും, കര്‍ത്താവുമായുള്ള ബന്ധത്തില്‍ സഹോദരന്‍ എന്ന നിലയിലും അവന്‍ താങ്കള്‍ക്ക് എത്രയധികം പ്രിയങ്കരനായിരിക്കും! അതുകൊണ്ട് എന്നെ താങ്കളുടെ സഹകാരിയായി പരിഗണിക്കുന്നു എങ്കില്‍ എന്നെപ്പോലെതന്നെ താങ്കള്‍ അവനെ സ്വീകരിക്കുക. അവന്‍ താങ്കളോട് എന്തെങ്കിലും തെറ്റു ചെയ്യുകയോ, കടപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് എന്‍റെ കണക്കില്‍ ചേര്‍ത്തുകൊള്ളുക. പൗലൊസ് എന്ന ഞാന്‍ ഇതാ സ്വന്തം കൈകൊണ്ട് എഴുതിയിരിക്കുന്നു: ഞാന്‍ വീട്ടിക്കൊള്ളാം. താങ്കള്‍ തന്നെ എനിക്കു കടപ്പെട്ടിരിക്കുന്നു എന്നു ഞാന്‍ വിശേഷിച്ചു പറയേണ്ടതില്ലല്ലോ. അതേ, സഹോദരാ, കര്‍ത്താവിനോടുള്ള നമ്മുടെ ബന്ധത്തില്‍ താങ്കളില്‍നിന്ന് ഈ ഔദാര്യം ഞാന്‍ പ്രതീക്ഷിക്കുന്നു. ക്രിസ്തുവില്‍ എന്‍റെ ഹൃദയത്തിന് ഉന്മേഷം പകരുക. താങ്കളുടെ അനുസരണത്തെപ്പറ്റി എനിക്ക് ഉറപ്പുണ്ട്. ഞാന്‍ ആവശ്യപ്പെടുന്നതിലധികം താങ്കള്‍ ചെയ്യുമെന്നറിഞ്ഞുകൊണ്ടാണ് ഇതെഴുതുന്നത്. മറ്റൊരു കാര്യംകൂടി: നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകള്‍ ദൈവം കേള്‍ക്കുമെന്നും, എന്നെ നിങ്ങള്‍ക്കു വീണ്ടും ലഭിക്കുമെന്നുമാണ് എന്‍റെ പ്രത്യാശ. അതുകൊണ്ട് എനിക്കുവേണ്ടി ഒരു വാസസൗകര്യം അവിടെ ഒരുക്കിക്കൊള്ളണം. ക്രിസ്തുയേശുവിനെപ്രതി എന്നോടുകൂടി തടവിലായിരിക്കുന്ന എപ്പഫ്രാസ് താങ്കള്‍ക്കു വന്ദനം പറയുന്നു. അതുപോലെതന്നെ എന്‍റെ സഹപ്രവര്‍ത്തകരായ മര്‍ക്കോസും അരിസ്തര്‍ക്കൊസും ദേമാസും ലൂക്കോസും. കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളെല്ലാവരോടും കൂടി ഉണ്ടായിരിക്കട്ടെ. ദൈവം ഭാഗം ഭാഗമായും, പലവിധത്തിലും, പണ്ട് പ്രവാചകന്മാര്‍ മുഖേന നമ്മുടെ പൂര്‍വികരോടു സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഈ അന്ത്യനാളുകളില്‍ തന്‍റെ പുത്രന്‍ മുഖേന അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു. പുത്രന്‍ മുഖേനയാണ് അവിടുന്നു പ്രപഞ്ചത്തെ സൃഷ്‍ടിച്ചത്. എല്ലാറ്റിന്‍റെയും അധികാരിയും അവകാശിയുമായി നിയമിച്ചിരിക്കുന്നതും ഈ പുത്രനെത്തന്നെയാണ്. ദൈവതേജസ്സിന്‍റെ മഹത്തായശോഭ പുത്രന്‍ പ്രതിഫലിപ്പിക്കുന്നു. ഈശ്വരസത്തയുടെ പ്രതിരൂപവും പുത്രന്‍ തന്നെ. തന്‍റെ വചനത്തിന്‍റെ ശക്തിയാല്‍ പ്രപഞ്ചത്തെ അവിടുന്നു നിലനിറുത്തുന്നു. മനുഷ്യരാശിക്കു പാപപരിഹാരം കൈവരുത്തിയശേഷം അവിടുന്ന് അത്യുന്നതസ്വര്‍ഗത്തില്‍ സര്‍വേശ്വരന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി വാണരുളുന്നു. പുത്രനു സിദ്ധിച്ച നാമം മാലാഖമാരുടേതിനെക്കാള്‍ ശ്രേഷ്ഠമായിരിക്കുന്നു; അതുപോലെതന്നെ അവിടുന്ന് അവരെക്കാള്‍ ശ്രേഷ്ഠനായിരിക്കുകയും ചെയ്യുന്നു. നീ എന്‍റെ പുത്രന്‍; ഇന്നു ഞാന്‍ നിന്‍റെ പിതാവായിത്തീര്‍ന്നിരിക്കുന്നു എന്നും ഞാന്‍ അവനു പിതാവും അവന്‍ എനിക്കു പുത്രനും ആയിരിക്കും എന്നും ഏതെങ്കിലും ദൂതനെ സംബന്ധിച്ച് ദൈവം പറഞ്ഞിട്ടുണ്ടോ? ദൈവം തന്‍റെ ആദ്യജാതനായ പുത്രനെ ലോകത്തിലേക്ക് അയച്ചപ്പോള്‍ ‘ദൈവത്തിന്‍റെ സകല ദൂതന്മാരും അവനെ നമസ്കരിക്കണം’ എന്ന് അവിടുന്ന് അരുള്‍ചെയ്തു. എന്നാല്‍ മാലാഖമാരെക്കുറിച്ച് അവിടുന്നു പറയുന്നത് തന്‍റെ ദൂതന്മാരെ കാറ്റുകളും തന്‍റെ സേവകരെ അഗ്നിജ്വാലകളും ആക്കുന്നു എന്നത്രേ. പുത്രനെക്കുറിച്ചാകട്ടെ, ദൈവമേ, അവിടുത്തെ സിംഹാസനം എന്നേക്കുമുള്ളത്; അവിടുത്തെ ജനങ്ങളുടെമേല്‍ അങ്ങ് നീതിയോടെ വാണരുളും; അങ്ങു നീതിയെ സ്നേഹിച്ചു; അനീതിയെ വെറുത്തു. അതുകൊണ്ടാണു ദൈവം, നിന്‍റെ ദൈവംതന്നെ, നിന്നെ തിരഞ്ഞെടുക്കുകയും നിന്‍റെ കൂട്ടുകാര്‍ക്കു നല്‌കിയതിനെക്കാള്‍ അതിമഹത്തായ ബഹുമതിയുടെ ആനന്ദതൈലംകൊണ്ട് നിന്നെ അഭിഷേകം ചെയ്യുകയും ചെയ്തത് എന്നും ദൈവം പറഞ്ഞു. അവിടുന്നു വീണ്ടും അരുള്‍ചെയ്യുന്നതു കേള്‍ക്കുക: സര്‍വേശ്വരാ, അങ്ങ് ആദ്യം ഭൂമിയെ സൃഷ്‍ടിച്ചു; ആകാശത്തെ സൃഷ്‍ടിച്ചതും അങ്ങുതന്നെ. അവയെല്ലാം നശിക്കും; അങ്ങുമാത്രം നിലനില്‌ക്കും. അവ വസ്ത്രംപോലെ ജീര്‍ണിക്കും പുറങ്കുപ്പായംപോലെ അങ്ങ് അവയെ ചുരുട്ടിനീക്കും; അവിടുന്നാകട്ടെ എന്നും മാറ്റമില്ലാത്തവനായിരിക്കും. അവിടുത്തെ ആയുസ്സിന് അറുതിയില്ല. “നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുന്നതുവരെ നീ ഇവിടെ എന്‍റെ വലത്തുഭാഗത്തിരിക്കുക” എന്ന് ഒരു മാലാഖയോടും ദൈവം ഒരിക്കലും കല്പിച്ചിട്ടില്ല. അപ്പോള്‍ ഈ മാലാഖമാര്‍ ആരാണ്? രക്ഷയ്‍ക്ക് അവകാശികളാകുവാനുള്ളവരെ സഹായിക്കുന്ന സേവകാത്മാക്കളത്രേ അവര്‍. അതുകൊണ്ട്, നാം കേട്ടിട്ടുള്ള സത്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും അവയെ മുറുകെപ്പിടിക്കുകയും വേണം. അല്ലെങ്കില്‍ അവയില്‍നിന്നു നാം ഒഴുകിയകന്നു പോകും. മാലാഖമാര്‍ മുഖേന നല്‌കപ്പെട്ട സന്ദേശം സാധുവായിത്തീര്‍ന്നു; അതിനെ ധിക്കരിക്കുകയും അനുസരിക്കാതിരിക്കുകയും ചെയ്ത എല്ലാവര്‍ക്കും നീതിയുക്തമായ ശിക്ഷ ലഭിച്ചു. അങ്ങനെയെങ്കില്‍ ഇത്ര വലിയ രക്ഷയെ നാം അവഗണിച്ചാല്‍, ശിക്ഷയില്‍നിന്നു പിന്നെ എങ്ങനെ തെറ്റിയൊഴിയും? സര്‍വേശ്വരന്‍തന്നെയാണ് ഈ രക്ഷ ആദ്യം പ്രഖ്യാപനം ചെയ്തത്. അതു സത്യമാണെന്ന് അവിടുത്തെ അരുളപ്പാടു ശ്രവിച്ചവര്‍ നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്തു. അവരുടെ സാക്ഷ്യത്തിനു പുറമേ, പല തരത്തിലുള്ള അടയാളങ്ങളാലും, അതിശയപ്രവര്‍ത്തനങ്ങളാലും അദ്ഭുതകര്‍മങ്ങളാലും, തിരുഹിതപ്രകാരമുള്ള പരിശുദ്ധാത്മാവിന്‍റെ വരങ്ങളാലും ദൈവവും ഇതിനു സാക്ഷ്യം വഹിക്കുന്നു. വരുവാനിരിക്കുന്ന പുതിയ ലോകത്തിന്‍റെ അധിപന്മാരായി മാലാഖമാരെ ദൈവം ആക്കിയിട്ടില്ല. ആ ലോകത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. വേദഗ്രന്ഥത്തില്‍ മനുഷ്യനെപ്പറ്റി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ദൈവമേ, അവിടുന്നു മനുഷ്യനെക്കുറിച്ചു ചിന്തിക്കുവാന്‍ അവന്‍ എന്തുള്ളൂ? മനുഷ്യപുത്രനെക്കുറിച്ചു കരുതുവാന്‍ അവന്‍ ആരാണ്? മാലാഖമാരെക്കാള്‍ അല്പം താണവനായി അങ്ങ് അവനെ സൃഷ്‍ടിച്ചു; തേജസ്സും ബഹുമാനവുമാകുന്ന കിരീടം അങ്ങ് അവനെ അണിയിച്ചു. എല്ലാറ്റിനെയും അവന്‍റെ കാല്‌ക്കീഴാക്കുകയും ചെയ്തു. “എല്ലാറ്റിനെയും അവന്‍റെ കാല്‌ക്കീഴാക്കി” എന്നു പറയുമ്പോള്‍ അവന്‍റെ അധികാരത്തില്‍ പെടാത്തതായി ഒന്നുംതന്നെ ഇല്ലെന്നുള്ളതു സ്പഷ്ടം. എന്നാല്‍ ഇപ്പോള്‍ അവന്‍ എല്ലാറ്റിനെയും ഭരിക്കുന്നതായി നാം കാണുന്നില്ല. ദൈവകൃപയാല്‍ എല്ലാവര്‍ക്കുംവേണ്ടി മരിക്കേണ്ടതിന് അല്പകാലത്തേക്കു മാലാഖമാരെക്കാള്‍ താഴ്ത്തപ്പെട്ടെങ്കിലും തന്‍റെ കഷ്ടാനുഭവവും മരണവുംമൂലം തേജസ്സും ബഹുമാനവുംകൊണ്ട് കിരീടം അണിയിക്കപ്പെട്ടവനായി യേശുവിനെ നാം കാണുന്നു. തേജസ്സില്‍ പങ്കാളികളാകേണ്ടതിന് അനേകം പുത്രന്മാരെ രക്ഷയിലേക്കു നയിക്കുന്ന യേശുവിനെ കഷ്ടാനുഭവത്തില്‍കൂടി സമ്പൂര്‍ണനാക്കുന്നത് സകലത്തെയും സൃഷ്‍ടിച്ചു നിലനിറുത്തുന്ന ദൈവത്തെ സംബന്ധിച്ചിടത്തോളം സമുചിതമായിരുന്നു. പാപങ്ങള്‍ നീക്കി ശുദ്ധീകരിക്കുന്ന യേശുവിന്‍റെയും ശുദ്ധീകരിക്കപ്പെട്ട എല്ലാവരുടെയും പിതാവ് ഒരുവന്‍തന്നെ. അതുകൊണ്ടാണ് അവരെ തന്‍റെ സഹോദരന്മാര്‍ എന്നു വിളിക്കുവാന്‍ യേശു ലജ്ജിക്കാതിരുന്നത്. വേദഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നുണ്ടല്ലോ: അങ്ങയെക്കുറിച്ച്, എന്‍റെ സഹോദരന്മാരോടു ഞാന്‍ പറയും; അവരുടെ സഭയില്‍ അങ്ങയെ ഞാന്‍ പ്രകീര്‍ത്തിക്കും. വീണ്ടും: ദൈവത്തില്‍ ഞാന്‍ ആശ്രയിക്കും എന്നും ഇതാ ഞാനും ദൈവം എനിക്കു നല്‌കിയിരിക്കുന്ന മക്കളും എന്നും പറയുന്നു അതുകൊണ്ട് മാംസരക്തങ്ങള്‍ ഉള്ള മക്കളെപ്പോലെ യേശു ആയിത്തീരുകയും അവരുടെ മനുഷ്യപ്രകൃതിയില്‍ ഭാഗഭാക്കാകുകയും ചെയ്തു. അവിടുന്ന് ഇങ്ങനെ ചെയ്തത്, മരണത്തിന്മേല്‍ അധികാരമുള്ളവനായ പിശാചിനെ, തന്‍റെ മരണത്താല്‍ നശിപ്പിക്കേണ്ടതിനായിരുന്നു. ഇങ്ങനെ മരണഭീതിയോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിഞ്ഞവരെ അവിടുന്നു സ്വതന്ത്രരാക്കി. അവിടുന്നു മാലാഖമാരുടെ പ്രകൃതിയല്ലല്ലോ സ്വീകരിച്ചത്, പിന്നെയോ അബ്രഹാമിന്‍റെ സന്തതികളുടെ പ്രകൃതിയത്രേ. മനുഷ്യരുടെ പാപപരിഹാരത്തിനുവേണ്ടിയുള്ള ദൈവത്തിന്‍റെ ശുശ്രൂഷയില്‍, അവരുടെ വിശ്വസ്തനും ദയാലുവുമായ മഹാപുരോഹിതനായിരിക്കേണ്ടതിന് എല്ലാ പ്രകാരത്തിലും തന്‍റെ സഹോദരന്മാരെപ്പോലെ അവിടുന്ന് ആകേണ്ടിയിരുന്നു എന്നത്രേ ഇതിന്‍റെ സാരം. അവിടുന്ന് പരീക്ഷിക്കപ്പെടുകയും പീഡനം സഹിക്കുകയും ചെയ്തതുകൊണ്ട് പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കുവാന്‍ അവിടുത്തേക്കു കഴിയും. സ്വര്‍ഗീയ വിളിയില്‍ പങ്കാളികളായ എന്‍റെ വിശുദ്ധ സഹോദരരേ, നാം സ്ഥിരീകരിച്ച് ഏറ്റുപറയുന്ന വിശ്വാസത്തിന്‍റെ അപ്പോസ്തോലനും മഹാപുരോഹിതനുമായ യേശുവിനെപ്പറ്റി ചിന്തിക്കുക. ദൈവത്തിന്‍റെ ഭവനത്തില്‍ മോശ എല്ലാ കാര്യങ്ങളിലും വിശ്വസ്തനായിരുന്നു. അതുപോലെ തന്നെ നിയോഗിച്ച ദൈവത്തോട് യേശുവും വിശ്വസ്തനായിരുന്നു. ഭവനം നിര്‍മിക്കുന്നവനു ഭവനത്തെക്കാള്‍ മാന്യത ഉണ്ട്. അതുപോലെതന്നെ യേശു മോശയെക്കാള്‍ അധികം മാന്യതയ്‍ക്കു യോഗ്യനാകുന്നു. ഏതു ഭവനവും ആരെങ്കിലും നിര്‍മിക്കുന്നു. എന്നാല്‍ എല്ലാം നിര്‍മിക്കുന്നത് ദൈവമാകുന്നു. മോശ ദൈവത്തിന്‍റെ ഭവനത്തില്‍ എല്ലാ കാര്യങ്ങളിലും ഒരു ഭൃത്യനെപ്പോലെ വിശ്വസ്തനായിരുന്നു. ഭാവിയില്‍ ദൈവത്തിനു പറയുവാനുള്ള കാര്യങ്ങളെപ്പറ്റി മോശ സംസാരിക്കുകയും ചെയ്തു. എന്നാല്‍ ഭവനത്തിന്‍റെമേല്‍ അധികാരമുള്ള പുത്രനെന്ന നിലയിലത്രേ ക്രിസ്തു വിശ്വസ്തനായിരിക്കുന്നത്. നമ്മുടെ ആത്മധൈര്യവും നാം പ്രത്യാശിക്കുന്നതിലുള്ള അഭിമാനവും മുറുകെപ്പിടിക്കുന്നുവെങ്കില്‍ നാം ദൈവത്തിന്‍റെ ഭവനമാകുന്നു. പരിശുദ്ധാത്മാവ് അരുള്‍ചെയ്യുന്നത് ഇങ്ങനെയാണ്: ഇന്നു നിങ്ങള്‍ ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കുന്നുവെങ്കില്‍ നിങ്ങളുടെ പൂര്‍വികര്‍ ദൈവത്തോടു മത്സരിച്ചപ്പോള്‍ ആയിരുന്നതുപോലെ കഠിനഹൃദയം ഉള്ളവരായിരിക്കരുത്. മരുഭൂമിയിലായിരുന്നപ്പോള്‍ അവര്‍ ദൈവത്തെ പരീക്ഷിച്ചുവല്ലോ. നാല്പതു വര്‍ഷം എന്‍റെ പ്രവൃത്തികള്‍ കണ്ടിട്ടും അവിടെവച്ച് അവര്‍ എന്നെ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്തു. അതുകൊണ്ട് എനിക്ക് ആ തലമുറയോട് അമര്‍ഷമുണ്ടായി; അവര്‍ സദാ വഴിതെറ്റിപ്പോകുന്നവരും എന്‍റെ വഴി അറിഞ്ഞിട്ടില്ലാത്തവരുമാണ് എന്നു ഞാന്‍ പറഞ്ഞു. തന്മൂലം, ഞാന്‍ അവര്‍ക്കു സ്വസ്ഥത നല്‌കുമായിരുന്ന ദേശത്ത് അവര്‍ ഒരിക്കലും പ്രവേശിക്കുകയില്ലെന്ന് ഞാന്‍ കുപിതനായി ശപഥം ചെയ്തു. സഹോദരരേ, ജീവനുള്ള ദൈവത്തെ പരിത്യജിച്ചു പുറംതിരിഞ്ഞുപോകത്തക്കവണ്ണം, അവിശ്വാസവും ദുഷ്ടതയുമുള്ള ഹൃദയം നിങ്ങളില്‍ ആര്‍ക്കും ഉണ്ടാകാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുക. നേരേമറിച്ച്, നിങ്ങളില്‍ ആരുംതന്നെ പാപത്താല്‍ വഞ്ചിക്കപ്പെടാതിരിക്കുന്നതിനും കഠിന ഹൃദയമുള്ളവരായിത്തീരാതിരിക്കുന്നതിനുംവേണ്ടി ‘ഇന്ന്’ എന്നു വിളിക്കപ്പെടുന്ന ദിവസങ്ങള്‍ ഉള്ളിടത്തോളം നാള്‍തോറും അന്യോന്യം പ്രബോധിപ്പിക്കുക. ആദ്യം ഉണ്ടായിരുന്ന ദൃഢവിശ്വാസം അന്ത്യംവരെ മുറുകെപ്പിടിക്കുന്നെങ്കില്‍ നാം ക്രിസ്തുവിന്‍റെ പങ്കുകാരായിരിക്കും. വേദഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നുണ്ടല്ലോ: ഇന്നു നിങ്ങള്‍ ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കുന്നു എങ്കില്‍ നിങ്ങളുടെ പൂര്‍വികര്‍ ദൈവത്തോടു മത്സരിച്ചപ്പോള്‍ ആയിരുന്നതുപോലെ നിങ്ങള്‍ വഴങ്ങാത്ത ഹൃദയമുള്ളവരാകരുത്. ദൈവത്തിന്‍റെ ശബ്ദം കേട്ടിട്ടും തന്നോടു മത്സരിച്ചത് ആരാണ്? മോശ മുഖേന ഈജിപ്തില്‍നിന്നു വിമോചിതരായ എല്ലാവരുമല്ലേ? ആരോടാണു ദൈവം നാല്പതു വര്‍ഷം കോപത്തോടുകൂടി വര്‍ത്തിച്ചത്? പാപം ചെയ്ത് മരുഭൂമിയില്‍ മരിച്ചുവീണ ജനത്തോടുതന്നെ. ‘ഞാന്‍ അവര്‍ക്കു വിശ്രമം നല്‌കുമായിരുന്ന ദേശത്ത് അവര്‍ ഒരിക്കലും പ്രവേശിക്കുകയില്ല’ എന്നു ദൈവം ശപഥം ചെയ്തത് ആരെപ്പറ്റിയാണ്? ദൈവത്തോടു മത്സരിച്ചവരെപ്പറ്റിത്തന്നെ. അങ്ങനെ അവിശ്വാസം നിമിത്തം അവര്‍ക്ക് ആ ദേശത്തു പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല എന്നു നാം അറിയുന്നു. വിശ്രമം നല്‌കുമെന്നുള്ള ദൈവത്തിന്‍റെ വാഗ്ദാനം ഇപ്പോഴും നിലനില്‌ക്കുന്നു. ആ വിശ്രമം നിങ്ങളിലാര്‍ക്കും നഷ്ടപ്പെടാതിരിക്കുന്നതിന് നാം പ്രത്യേകം ശ്രദ്ധിക്കുക. എന്തെന്നാല്‍ അവര്‍ കേട്ടതുപോലെ നമ്മളും സദ്‍വാര്‍ത്ത കേട്ടിരിക്കുന്നു. അവര്‍ ദൈവവചനം കേട്ടെങ്കിലും, വിശ്വാസത്തോടുകൂടി കൈക്കൊള്ളായ്കയാല്‍ അത് അവര്‍ക്കു പ്രയോജനപ്പെട്ടില്ല. വിശ്വസിക്കുന്നവരായ നാം ദൈവം വാഗ്ദാനം ചെയ്ത ആ വിശ്രമം പ്രാപിക്കുന്നു. വിശ്വസിക്കാത്തവരെക്കുറിച്ച് ദൈവം പറയുന്നത് ഇപ്രകാരമാണ്: എന്‍റെ രോഷത്തില്‍ ഞാന്‍ ശപഥം ചെയ്തു. അവര്‍ക്കു ഞാന്‍ വിശ്രമം നല്‌കുമായിരുന്ന ദേശത്ത് അവര്‍ ഒരിക്കലും പ്രവേശിക്കുകയില്ല പ്രപഞ്ചസൃഷ്‍ടിയില്‍ അവിടുത്തെ പ്രവൃത്തി പൂര്‍ത്തിയായിട്ടും ഇങ്ങനെയാണല്ലോ ദൈവം ശപഥം ചെയ്തത്. ഏഴാം നാളില്‍ ദൈവം തന്‍റെ പ്രവര്‍ത്തനങ്ങളില്‍നിന്നു നിവൃത്തനായി വിശ്രമിച്ചു എന്ന് ഏഴാം നാളായ ശബത്തിനെപ്പറ്റി വേദഗ്രന്ഥത്തില്‍ ഒരിടത്തു പറയുന്നുണ്ടല്ലോ. അതേ കാര്യത്തെക്കുറിച്ചുതന്നെ വീണ്ടും പറയുന്നു: ‘ഞാന്‍ അവര്‍ക്കു വിശ്രമം നല്‌കുമായിരുന്ന ദേശത്ത് അവര്‍ ഒരിക്കലും പ്രവേശിക്കുകയില്ല!’ സുവിശേഷം ആദ്യം കേട്ടവര്‍ അതു വിശ്വസിക്കായ്കയാല്‍ അവര്‍ക്ക് ആ വിശ്രമം ലഭിച്ചില്ല. എന്നാല്‍ ആ വിശ്രമത്തില്‍ പ്രവേശിക്കുവാന്‍ വേറേ ചിലരുണ്ട്. വീണ്ടും ‘ഇന്ന്’ എന്നൊരു പ്രത്യേക ദിവസം ദൈവം നിശ്ചയിക്കുന്നു. മുമ്പ് ഉദ്ധരിച്ചതുപോലെ, ദാവീദു മുഖേന വളരെക്കാലത്തിനുശേഷം അവിടുന്ന് അരുള്‍ചെയ്തു: ഇന്നു ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കുന്നു എങ്കില്‍ നിങ്ങള്‍ വഴങ്ങാത്ത ഹൃദയമുള്ളവരാകരുത്. ദൈവം വാഗ്ദാനം ചെയ്ത വിശ്രമം യോശുവ ജനത്തിനു നല്‌കിയിരുന്നെങ്കില്‍, ദൈവം മറ്റൊരു ദിവസത്തെപ്പറ്റി പിന്നീടു പറയുകയില്ലായിരുന്നു. ഒരു വിശ്രമാനുഭവം ദൈവത്തിന്‍റെ ജനത്തെ കാത്തുനില്‌ക്കുന്നു. ദൈവം വാഗ്ദാനം ചെയ്ത വിശ്രമത്തിലേക്കു പ്രവേശിക്കുന്ന ഏതൊരുവനും ദൈവത്തെപ്പോലെ, തന്‍റെ കര്‍മരംഗത്തുനിന്നു വിരമിച്ചു വിശ്രമിക്കുന്നു. അതിനാല്‍ അവിശ്വാസംമൂലം നമ്മിലാരും ഇസ്രായേല്‍ജനതയെപ്പോലെ പരാജയപ്പെടാതിരിക്കുവാന്‍ ആ വിശ്രമം ലഭിക്കുന്നതിനു നമുക്കു പരമാവധി പരിശ്രമിക്കാം. ദൈവത്തിന്‍റെ വചനം ജീവനുള്ളതും, പ്രയോഗക്ഷമവും, ഇരുവായ്ത്തലയുള്ള വാളിനെക്കാള്‍ മൂര്‍ച്ചയേറിയതുമാണ്. അത് ആത്മാവും ചേതനയും സന്ധിക്കുന്ന സ്ഥാനംവരെ കടന്നുചെല്ലും. സന്ധിബന്ധങ്ങളും മജ്ജയും വേര്‍പെടുത്തിക്കൊണ്ടു തുളച്ചുകയറും, അത് മനുഷ്യഹൃദയത്തിന്‍റെ ചിന്തകളെയും ആഗ്രഹങ്ങളെയും വിവേചിച്ചറിയും. പ്രപഞ്ചത്തിലുള്ള യാതൊരു സൃഷ്‍ടിക്കും ദൈവത്തില്‍നിന്നു മറഞ്ഞിരിക്കുവാന്‍ സാധ്യമല്ല. സകലവും ഈശ്വരസമക്ഷം തുറന്നുകിടക്കുന്നു; ഒന്നും മറച്ചുവച്ചിട്ടില്ല. അങ്ങനെയുള്ള ദൈവത്തിന്‍റെ മുമ്പിലാണ് നാം നില്‌ക്കേണ്ടിവരുന്നത്. ദൈവത്തിന്‍റെ സന്നിധിയിലേക്ക് ആരോഹണം ചെയ്ത ഒരു മഹാപുരോഹിതന്‍ നമുക്കുണ്ട് - ദൈവപുത്രനായ യേശുതന്നെ. അതുകൊണ്ട് നാം ഏറ്റുപറയുന്ന വിശ്വാസം നമുക്കു മുറുകെപ്പിടിക്കാം. നമ്മുടെ ബലഹീനതയില്‍ സഹതപിക്കുവാന്‍ കഴിയാത്ത ഒരു മഹാപുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ, എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടിട്ടും പാപരഹിതനായിരുന്ന ഒരു മഹാപുരോഹിതനത്രേ നമുക്കുള്ളത്. അതുകൊണ്ട് ധൈര്യംപൂണ്ട് കൃപയുടെ ഇരിപ്പിടമായ ദൈവസിംഹാസനത്തെ നമുക്കു സമീപിക്കാം. യഥാസമയം നമ്മെ സഹായിക്കുന്ന കൃപ നാം അവിടെ കണ്ടെത്തുകയും ദൈവത്തിന്‍റെ കരുണ നമുക്കു ലഭിക്കുകയും ചെയ്യും. മനുഷ്യരില്‍നിന്നു തിരഞ്ഞെടുക്കപ്പെടുന്ന ഏതു മഹാപുരോഹിതനും ജനങ്ങള്‍ക്കുവേണ്ടി ദൈവത്തിനു കാഴ്ചകളും പാപപരിഹാരബലികളും അര്‍പ്പിക്കുന്ന ദിവ്യശുശ്രൂഷ നിര്‍വഹിക്കുന്നതിനായി നിയമിക്കപ്പെട്ടിരിക്കുന്നു. താന്‍തന്നെ ബലഹീനനായതുകൊണ്ട് അജ്ഞരും തെറ്റുചെയ്യുന്നവരുമായ ജനത്തോടു സഹാനുഭൂതിയോടുകൂടി പെരുമാറുവാന്‍ അദ്ദേഹത്തിനു കഴിയും. എന്നുതന്നെയല്ല, താന്‍തന്നെ ബലഹീനന്‍ ആയതുകൊണ്ട് ജനങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി മാത്രമല്ല, സ്വന്തം പാപങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം യാഗം അര്‍പ്പിക്കേണ്ടതുണ്ട്. അഹരോനെപ്പോലെ ദൈവം വിളിക്കുന്നവരല്ലാതെ ആരും സ്വയമേവ ഈ പദവി ഏറ്റെടുക്കുന്നില്ല. അതുപോലതന്നെ ക്രിസ്തുവും മഹാപുരോഹിതന്‍ എന്ന ഉല്‍ക്കൃഷ്ടപദവി സ്വയമേവ എടുത്തില്ല. പിന്നെയോ ‘നീ എന്‍റെ പ്രിയപുത്രന്‍; ഇന്നു ഞാന്‍ നിന്‍റെ പിതാവായിത്തീര്‍ന്നിരിക്കുന്നു.’ എന്നു ക്രിസ്തുവിനോടു പറഞ്ഞുകൊണ്ട് ദൈവം അവിടുത്തെ നിയമിക്കുകയാണു ചെയ്തത്. മറ്റൊരിടത്ത് ദൈവം വീണ്ടും പറഞ്ഞിരിക്കുന്നു: ‘മെല്‌കിസെദേക്കിനെപ്പോലെ നീ എന്നേക്കും ഒരു പുരോഹിതനത്രേ.’ ക്രിസ്തു തന്‍റെ ഐഹികജീവിതകാലത്ത്, മരണത്തില്‍നിന്നു തന്നെ രക്ഷിക്കുവാന്‍ കഴിവുള്ള ദൈവത്തോട് ഉച്ചത്തിലുള്ള നിലവിളിയോടും കണ്ണുനീരോടുംകൂടി വിനയപൂര്‍വം പ്രാര്‍ഥിച്ചു. അവിടുത്തെ എളിമയും ഭയഭക്തിയുംമൂലം ദൈവം പ്രാര്‍ഥന കേട്ടു. താന്‍ ദൈവപുത്രനായിരുന്നെങ്കിലും തന്‍റെ കഷ്ടാനുഭവങ്ങളില്‍കൂടി ക്രിസ്തു അനുസരണം അഭ്യസിച്ചു പരിപൂര്‍ണതയുടെ പാരമ്യത്തിലെത്തുകയും, തന്നെ അനുസരിക്കുന്ന എല്ലാവരുടെയും ശാശ്വതരക്ഷയുടെ ഉറവിടമായിത്തീരുകയും ചെയ്തു. അവിടുന്നു മെല്‌കിസെദേക്കിനെപ്പോലെയുള്ള മഹാപുരോഹിതനാണെന്നു ദൈവം പ്രഖ്യാപനം ചെയ്യുകയും ചെയ്തു. ഇതിനെക്കുറിച്ച് ഞങ്ങള്‍ക്കു പറയുവാന്‍ വളരെയുണ്ട്. എന്നാല്‍ അവ നിങ്ങള്‍ക്കു വേണ്ടവണ്ണം ഗ്രഹിക്കുവാന്‍ ത്രാണിയില്ലാത്തതുകൊണ്ട്, വിശദീകരിക്കുവാന്‍ വിഷമമാണ്. ഇതിനകം നിങ്ങള്‍ ഉപദേഷ്ടാക്കള്‍ ആകേണ്ടതായിരുന്നു. എന്നിട്ടും ദൈവത്തിന്‍റെ സന്ദേശത്തിലെ ആദ്യപാഠങ്ങള്‍പോലും ആരെങ്കിലും നിങ്ങള്‍ക്കു പറഞ്ഞുതരേണ്ടിയിരിക്കുന്നു. കട്ടിയുള്ള ആഹാരമല്ല, പാലാണ് ഇപ്പോഴും നിങ്ങള്‍ക്ക് ആവശ്യം. പാലുകുടിച്ചു ജീവിക്കുന്നവന്‍ ശരിയും തെറ്റും തിരിച്ചറിയുവാന്‍ പരിചയമില്ലാത്തവനാണ്. എന്തെന്നാല്‍ അവന്‍ ശിശുവാകുന്നു. കട്ടിയുള്ള ആഹാരം മുതിര്‍ന്നവര്‍ക്കുള്ളതാണ്. അവര്‍ക്ക് തഴക്കംകൊണ്ട് നന്മയും തിന്മയും തിരിച്ചറിയുവാനുള്ള കഴിവ് ഉണ്ടാകും. അതുകൊണ്ട് ക്രിസ്തുവിന്‍റെ സന്ദേശത്തിന്‍റെ പ്രാഥമികപാഠങ്ങള്‍ പിന്നിട്ട് പക്വതയിലേക്കു നമുക്ക് മുന്നേറാം. പ്രയോജനരഹിതമായ പ്രവൃത്തികളില്‍നിന്നുള്ള പിന്തിരിയല്‍, ദൈവത്തിലുള്ള വിശ്വാസം, സ്നാപനത്തെക്കുറിച്ചുള്ള ഉപദേശം, കൈവയ്പ്, മരിച്ചവരുടെ പുനരുത്ഥാനം, അനന്തമായ ശിക്ഷാവിധി എന്നീ പ്രാഥമികപാഠങ്ങളുടെ അടിസ്ഥാനം നാം വീണ്ടും ഇടേണ്ടതില്ല. ദൈവം അനുവദിക്കുമെങ്കില്‍ നമുക്കു മുന്നോട്ടു പോകാം. വിശ്വാസം പരിത്യജിച്ചവരെ അനുതാപത്തിലേക്കു വീണ്ടും കൊണ്ടുവരുവാന്‍ എങ്ങനെ സാധിക്കും? അവര്‍ ദൈവത്തിന്‍റെ പ്രകാശത്തിലേക്കു വരികയും, സ്വര്‍ഗീയവരങ്ങള്‍ ആസ്വദിക്കുകയും, പരിശുദ്ധാത്മാവിന്‍റെ ഓഹരി പ്രാപിക്കുകയും ചെയ്തവരാണ്. ദൈവത്തിന്‍റെ വചനം ശ്രേഷ്ഠമാണെന്ന് തങ്ങളുടെ അനുഭവത്തില്‍നിന്നു മനസ്സിലാക്കുകയും, വരുവാനിരിക്കുന്ന യുഗത്തിന്‍റെ ശക്തി അനുഭവവേദ്യമാക്കുകയും ചെയ്തിട്ടുമുണ്ട്. എന്നിട്ടും അവര്‍ വിശ്വാസം പരിത്യജിച്ചാല്‍ അവരെ പശ്ചാത്താപത്തിലേക്കു വീണ്ടും കൊണ്ടുവരുവാന്‍ സാധ്യമല്ല. എന്തുകൊണ്ടെന്നാല്‍, ദൈവപുത്രനെ അവര്‍ വീണ്ടും ക്രൂശിക്കുകയും പരസ്യമായി പരിഹാസപാത്രമാക്കിത്തീര്‍ക്കുകയും ചെയ്തുവല്ലോ. കൂടെക്കൂടെ പെയ്യുന്ന മഴവെള്ളം കുടിക്കുകയും കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ സസ്യാദികള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്ന ഭൂമിയെ ദൈവം അനുഗ്രഹിക്കുന്നു. എന്നാല്‍ മുള്‍ച്ചെടികളും ഞെരിഞ്ഞിലുമാണ് അത് ഉല്‍പ്പാദിപ്പിക്കുന്നതെങ്കില്‍ അതുകൊണ്ട് ഒരു പ്രയോജനവുമില്ല. അതു ശാപയോഗ്യമായിത്തീരുകയും, തീയിട്ടു നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതാണ് അതിന്‍റെ അവസാനം. പ്രിയപ്പെട്ടവരേ, ഞങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നു എങ്കിലും രക്ഷയുടെ ശ്രേഷ്ഠമായ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കുണ്ടെന്നു ഞങ്ങള്‍ക്ക് ഉത്തമബോധ്യമുണ്ട്. ദൈവം അന്യായം പ്രവര്‍ത്തിക്കുന്നവനല്ലല്ലോ. നിങ്ങളുടെ പ്രവൃത്തികളും സഹവിശ്വാസികള്‍ക്കു ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതുമായ സഹായത്തിലൂടെ ദൈവത്തോടു നിങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള സ്നേഹവും അവിടുന്നു വിസ്മരിക്കുകയില്ല. നിങ്ങള്‍ ഓരോ വ്യക്തിയും പ്രത്യാശിക്കുന്ന കാര്യങ്ങള്‍ യഥാര്‍ഥമായിത്തീരുന്നതിന് നിങ്ങള്‍ അന്ത്യംവരെ ജാഗ്രതയുള്ളവരായിരിക്കണമെന്നത്രേ ഞങ്ങളുടെ അഭിവാഞ്ഛ. നിങ്ങള്‍ അലസരാകരുതെന്നും, വിശ്വാസവും സഹനശക്തിയുംമൂലം ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നതു പ്രാപിക്കുന്നവരെപ്പോലെ ആകണമെന്നുമത്രേ നിങ്ങളെപ്പറ്റി ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ദൈവം അബ്രഹാമിനോടു വാഗ്ദാനം ചെയ്തപ്പോള്‍, അവിടുത്തെക്കാള്‍ വലിയവനായി ആരും ഇല്ലാതിരുന്നതുകൊണ്ട് സ്വന്തം നാമത്തില്‍തന്നെ സത്യംചെയ്തു. ‘ഞാന്‍ നിന്നെ നിശ്ചയമായും അനുഗ്രഹിക്കുകയും നിനക്ക് അനവധി സന്തതികളെ നല്‌കുകയും ചെയ്യും’ എന്നു ദൈവം അബ്രഹാമിനോടു പറഞ്ഞു. അബ്രഹാം ക്ഷമയോടെ കാത്തിരുന്നു. ദൈവം വാഗ്ദാനം ചെയ്തത് അബ്രഹാമിനു ലഭിക്കുകയും ചെയ്തു. മനുഷ്യര്‍ സാധാരണ ശപഥം ചെയ്യുമ്പോള്‍ തങ്ങളെക്കാള്‍ വലിയവനായ ഒരാളിന്‍റെ നാമത്തിലായിരിക്കുമല്ലോ അപ്രകാരം ചെയ്യുന്നത്. എല്ലാകാര്യങ്ങള്‍ക്കും തന്മൂലം ഉറപ്പുവരുത്തുന്നു. അവിടുത്തെ ഉദ്ദേശ്യത്തിന് ഒരിക്കലും മാറ്റമില്ലെന്ന്, വാഗ്ദാനത്തിന്‍റെ അവകാശികള്‍ക്കു സ്പഷ്ടമാക്കിക്കൊടുക്കുവാന്‍ ദൈവം സ്വന്തം ശപഥത്താല്‍ ഉറപ്പു നല്‌കി. മാറ്റുവാന്‍ കഴിയാത്ത ഈ രണ്ടു കാര്യങ്ങളിലും ദൈവത്തിന്‍റെ വാക്ക് വ്യാജമാണെന്നു തെളിയിക്കുവാന്‍ സാധ്യമല്ല. അതുകൊണ്ട് ദൈവത്തില്‍ ശരണം കണ്ടെത്തിയ നമ്മുടെ മുമ്പില്‍ വയ്‍ക്കപ്പെട്ടിരിക്കുന്ന പ്രത്യാശയെ മുറുകെപ്പിടിക്കുവാന്‍ ശക്തമായ പ്രോത്സാഹനം നമുക്കു ലഭിക്കുന്നു. നമ്മുടെ ജീവിതത്തിന് ഒരു നങ്കൂരമാണ് ഈ പ്രത്യാശ. ഇത് സുരക്ഷിതവും സുനിശ്ചിതവും, തിരശ്ശീലയ്‍ക്കപ്പുറത്തുള്ള അതിവിശുദ്ധസ്ഥലത്തേക്കു കടന്നുചെല്ലുന്നതുമാകുന്നു. യേശു നമുക്കുവേണ്ടി, നമുക്കുമുമ്പായി അവിടെ പ്രവേശിക്കുകയും മെല്‌ക്കിസെദേക്കിനെപ്പോലെ എന്നേക്കും മഹാപുരോഹിതനാകുകയും ചെയ്തിരിക്കുന്നു. ശാലേമിന്‍റെ രാജാവും അത്യുന്നതനായ ദൈവത്തിന്‍റെ മഹാപുരോഹിതനുമായിരുന്നു മെല്‌ക്കിസെദേക്ക്. രാജാക്കന്മാരെ നിഗ്രഹിച്ചശേഷം തിരിച്ചുവന്ന അബ്രഹാമിനെ മെല്‌ക്കിസെദേക്ക് എതിരേറ്റ് അനുഗ്രഹിച്ചു. യുദ്ധത്തില്‍ താന്‍ പിടിച്ചെടുത്ത എല്ലാറ്റിന്‍റെയും പത്തിലൊന്ന് അബ്രഹാം മെല്‌ക്കിസെദേക്കിനു കൊടുത്തു. മെല്‌ക്കിസെദേക്ക് എന്ന പേരിന്‍റെ അര്‍ഥം ‘നീതിയുടെ രാജാവ്’ എന്നത്രേ; ശാലേമിന്‍റെ രാജാവായതുകൊണ്ട് ‘സമാധാനത്തിന്‍റെ രാജാവ്’ എന്നും പറയാം. മെല്‌ക്കിസെദേക്കിന് പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവിതത്തിന് ആദിയോ അന്തമോ ഇല്ല. ദൈവപുത്രനു തുല്യനായി അദ്ദേഹം എന്നേക്കും പുരോഹിതനാകുന്നു. അദ്ദേഹം എത്ര വലിയവനാണെന്നു നോക്കുക! നമ്മുടെ പൂര്‍വികനായ അബ്രഹാമിന് യുദ്ധത്തില്‍ ലഭിച്ച എല്ലാ മുതലിന്‍റെയും പത്തിലൊന്ന് അദ്ദേഹത്തിനു നല്‌കിയല്ലോ. പുരോഹിതന്മാരായ ലേവിവംശജര്‍ക്ക് തങ്ങളുടെ സഹോദരന്മാരും അബ്രഹാമിന്‍റെ സന്താനങ്ങളുമായ ജനത്തില്‍നിന്നുപോലും ദശാംശം വാങ്ങുവാന്‍ അവരുടെ നിയമം അനുശാസിച്ചിട്ടുണ്ട്. മെല്‌ക്കിസെദേക് ലേവിയുടെ വംശജനല്ല. എന്നിട്ടും അബ്രഹാമില്‍നിന്നു ദശാംശം സ്വീകരിക്കുകയും ദൈവത്തിന്‍റെ വാഗ്ദാനങ്ങള്‍ ലഭിച്ചവനായ അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു. അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹിക്കപ്പെടുന്നവനെക്കാള്‍ വലിയവനാണെന്നുള്ളതിനു സംശയമില്ലല്ലോ. ഇവിടെ കേവലം മര്‍ത്യരായ പുരോഹിതന്മാര്‍ ദശാംശം വാങ്ങുന്നു. മെല്‌കിസെദേക്കിന്‍റെ കാര്യത്തിലാകട്ടെ, ദശാംശം വാങ്ങുന്നവന്‍ ജീവിച്ചിരിക്കുന്നവനാണെന്നു വേദഗ്രന്ഥം സാക്ഷ്യം വഹിക്കുന്നു. ദശാംശം വാങ്ങിക്കൊണ്ടിരിക്കുന്ന ലേവിയും അബ്രഹാമില്‍കൂടി ദശാംശം കൊടുത്തു എന്ന് ഒരു വിധത്തില്‍ പറയാം. എന്തുകൊണ്ടെന്നാല്‍ മെല്‌ക്കിസെദേക്ക് അബ്രഹാമിനെ എതിരേറ്റപ്പോള്‍ ലേവി തന്‍റെ പൂര്‍വപിതാവായ അബ്രഹാമിന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്നുവല്ലോ. ലേവ്യപൗരോഹിത്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇസ്രായേല്‍ജനത്തിനു നിയമസംഹിത നല്‌കപ്പെട്ടത്. ലേവ്യപൗരോഹിത്യത്തിലൂടെ സമ്പൂര്‍ണത ആര്‍ജിക്കുവാന്‍ കഴിയുമായിരുന്നെങ്കില്‍ അഹരോന്‍റെ പൗരോഹിത്യക്രമത്തില്‍നിന്നു വിഭിന്നമായി മെല്‌ക്കിസെദേക്കിനെപ്പോലെ ഒരു പുരോഹിതന്‍ വരേണ്ട ആവശ്യമെന്ത്? പൗരോഹിത്യത്തിനു മാറ്റമുണ്ടായപ്പോള്‍ നിയമത്തിലും മാറ്റമുണ്ടാകേണ്ടത് ആവശ്യമായിരുന്നു. ഇവിടെ ആരെക്കുറിച്ചു സൂചിപ്പിച്ചിരിക്കുന്നുവോ, അദ്ദേഹം മറ്റൊരു ഗോത്രത്തില്‍പ്പെട്ടവനായിരുന്നു. അദ്ദേഹത്തിന്‍റെ ഗോത്രത്തില്‍പ്പെട്ടവര്‍ ആരുംതന്നെ പുരോഹിത ശുശ്രൂഷ ചെയ്തിട്ടുമില്ല. നമ്മുടെ കര്‍ത്താവ് യെഹൂദഗോത്രത്തില്‍ ജനിച്ചു എന്നുള്ളത് സ്പഷ്ടമാണല്ലോ. ആ ഗോത്രത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ പുരോഹിതന്മാരെപ്പറ്റി മോശ ഒന്നും പറഞ്ഞിട്ടില്ലല്ലോ. മെല്‌ക്കിസെദേക്കിനെപ്പോലെ മറ്റൊരു പുരോഹിതന്‍ ആവിര്‍ഭവിക്കുന്നതില്‍നിന്ന് ഇതു കൂടുതല്‍ വ്യക്തമാകുന്നു. മാനുഷികമായ പിന്തുടര്‍ച്ചയെപ്പറ്റിയുള്ള നിയമമനുസരിച്ചല്ല, അനശ്വരമായ ജീവന്‍റെ ശക്തി മുഖേനയാണ് അവിടുന്നു പുരോഹിതന്‍ ആയിരിക്കുന്നത്. അവിടുത്തെപ്പറ്റി വേദഗ്രന്ഥം ഇങ്ങനെ സാക്ഷ്യം വഹിക്കുന്നു: “മെല്‌ക്കിസെദേക്കിനെപ്പോലെ നീ എന്നേക്കും പുരോഹിതനായിരിക്കും.” പഴയ കല്പന ദുര്‍ബലവും പ്രയോജനരഹിതവുമാകയാല്‍ അത് അസാധുവാക്കപ്പെട്ടിരിക്കുന്നു. നിയമം ഒന്നിനെയും പൂര്‍ണമാക്കുന്നില്ലല്ലോ. അതിനെക്കാള്‍ മികച്ച പ്രത്യാശ ഇപ്പോള്‍ നമുക്കു നല്‌കപ്പെട്ടിരിക്കുന്നു. അതില്‍കൂടി നാം ദൈവത്തെ സമീപിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ ശപഥം കൂടാതെയാണല്ലോ മറ്റുള്ളവര്‍ പുരോഹിതന്മാരായിത്തീര്‍ന്നത്. എന്നാല്‍ യേശു പുരോഹിതനായപ്പോള്‍ ദൈവം അവിടുത്തോട് ഇപ്രകാരം പറഞ്ഞു: സര്‍വേശ്വരന്‍ ശപഥം ചെയ്തിട്ടുണ്ട്; അതില്‍നിന്ന് അവിടുന്നു മാറുകയില്ല; ‘നീ എന്നേക്കും ഒരു പുരോഹിതനായിരിക്കും.’ ഇങ്ങനെ യേശു ഒരു മികച്ച ഉടമ്പടിയുടെ ഉറപ്പായിത്തീര്‍ന്നിരിക്കുന്നു. മുമ്പ് നിരവധി പുരോഹിതന്മാര്‍ ഉണ്ടായിട്ടുണ്ട്; അവരുടെ മരണത്തോടുകൂടി തങ്ങളുടെ പൗരോഹിത്യവും അവസാനിക്കുന്നു. എന്നാല്‍ യേശു എന്നേക്കും ജീവിക്കുന്നതുകൊണ്ട് അവിടുത്തെ പൗരോഹിത്യം ശാശ്വതമാണ്. അതുകൊണ്ട് തന്നില്‍കൂടി ദൈവത്തിന്‍റെ അടുക്കല്‍ വരുന്നവരെ എപ്പോഴും രക്ഷിക്കുവാന്‍ യേശുവിനു കഴിയും. എന്തുകൊണ്ടെന്നാല്‍ അവര്‍ക്കുവേണ്ടി ദൈവത്തിന്‍റെ അടുക്കല്‍ മധ്യസ്ഥത വഹിക്കുവാന്‍ അവിടുന്ന് എന്നേക്കും ജിവിക്കുന്നു. ഇങ്ങനെയുള്ള ഒരു മഹാപുരോഹിതന്‍ നമുക്ക് ഉണ്ടാകേണ്ടത് ആവശ്യമായിരുന്നു. അവിടുന്നു നിര്‍മ്മലനും നിര്‍ദോഷനും നിഷ്കളങ്കനും പാപികളില്‍നിന്നു വേര്‍തിരിക്കപ്പെവനുമാണ്. അവിടുന്ന് സ്വര്‍ഗങ്ങള്‍ക്കുമീതെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു. മറ്റുള്ള മഹാപുരോഹിതന്മാരെപ്പോലെ, ആദ്യം സ്വന്തം പാപങ്ങള്‍ക്കുവേണ്ടിയും പിന്നീടു മറ്റുള്ളവരുടെ പാപങ്ങള്‍ക്കുവേണ്ടിയും എന്നും ബലിയര്‍പ്പിക്കേണ്ട ആവശ്യം യേശുവിനില്ലായിരുന്നു. ഒരിക്കല്‍ മാത്രമേ അവിടുന്നു ബലി അര്‍പ്പിച്ചിട്ടുള്ളൂ; അത് തന്‍റെ ജീവന്‍ അര്‍പ്പിച്ചുകൊണ്ടുള്ള ബലിയായിരുന്നു. മോശയുടെ നിയമം, ദുര്‍ബലരായ മനുഷ്യരെ മഹാപുരോഹിതന്മാരായി നിയമിക്കുന്നു. എന്നാല്‍ നിയമത്തിന്‍റെ കാലശേഷം, എന്നേക്കും പൂര്‍ണനാക്കപ്പെട്ടിരിക്കുന്ന പുത്രനെ ദൈവം ശപഥം ചെയ്തുകൊണ്ടു നല്‌കിയ വാഗ്ദാനം മുഖേന മഹാപുരോഹിതനായി നിയമിക്കുന്നു. നാം പറയുന്നതിന്‍റെ സാരം ഇതാണ്; സ്വര്‍ഗത്തില്‍ ദൈവത്തിന്‍റെ തേജോമയമായ സിംഹാസനത്തിന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്ന ഒരു മഹാപുരോഹിതന്‍ നമുക്കുണ്ട്. മനുഷ്യനിര്‍മിതമല്ലാത്തതും, സര്‍വേശ്വരന്‍ സ്ഥാപിച്ചതുമായ സത്യകൂടാരമാകുന്ന അതിവിശുദ്ധസ്ഥലത്ത് അവിടുന്നു ശുശ്രൂഷ ചെയ്യുന്നു. ഏതു മഹാപുരോഹിതനും നിയോഗിക്കപ്പെടുന്നത് വഴിപാടുകളും ബലികളും അര്‍പ്പിക്കുവാനാണ്. അതുകൊണ്ട് ഈ മഹാപുരോഹിതനും അര്‍പ്പിക്കുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കേണ്ടതാണല്ലോ. അവിടുന്നു ഭൂമിയിലായിരുന്നെങ്കില്‍ ഒരിക്കലും ഒരു പുരോഹിതന്‍ ആകുമായിരുന്നില്ല. യെഹൂദനിയമപ്രകാരം വഴിപാടുകള്‍ അര്‍പ്പിക്കുന്ന പുരോഹിതന്മാര്‍ ഇവിടെയുണ്ടല്ലോ. അവര്‍ ഇവിടെ ചെയ്യുന്ന ശുശ്രൂഷ സ്വര്‍ഗത്തില്‍ ചെയ്യുന്നതിന്‍റെ പ്രതിബിംബവും നിഴലും മാത്രമാണ്. മോശ കൂടാരം നിര്‍മിക്കുവാന്‍ ഭാവിച്ചപ്പോള്‍ ‘പര്‍വതത്തില്‍വച്ചു നിനക്കു കാണിച്ചുതന്ന മാതൃകപ്രകാരം സകലവും ചെയ്യുവാന്‍ നീ ശ്രദ്ധിക്കുക’ എന്നു ദൈവം അരുളിച്ചെയ്തു. ശ്രേഷ്ഠമായ വാഗ്ദാനങ്ങളില്‍ അധിഷ്ഠിതമായ മികച്ച ഉടമ്പടിയുടെ മധ്യസ്ഥനാണ് യേശു. അതിനാല്‍ അതിന്‍റെ വൈശിഷ്ട്യത്തിനൊത്തവണ്ണം അതിവിശിഷ്ടമായ ശുശ്രൂഷയത്രേ യേശുവിനു ലഭിച്ചിരിക്കുന്നത്. ആദ്യത്തെ ഉടമ്പടി അന്യൂനമായിരുന്നെങ്കില്‍ രണ്ടാമതൊന്നു വേണ്ടിവരികയില്ലായിരുന്നു. എന്നാല്‍ ജനങ്ങള്‍ കുറവുള്ളവരായിരുന്നതുകൊണ്ട് വേദഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നു: സര്‍വേശ്വരന്‍ അരുള്‍ചെയ്യുന്നു: “ഞാന്‍ ഇസ്രായേല്‍ഗൃഹത്തോടും യെഹൂദാഗൃഹത്തോടും ഒരു പുതിയ ഉടമ്പടിചെയ്യുന്ന ദിവസങ്ങള്‍ വരുന്നു. ഞാന്‍ അവരുടെ പൂര്‍വികരുടെ കൈക്കുപിടിച്ച് ഈജിപ്തില്‍ നിന്നു കൊണ്ടുവന്ന നാളില്‍ അവരോടു ചെയ്തതുപോലെയുള്ള ഉടമ്പടിയല്ല അത്.” എന്തെന്നാല്‍ സര്‍വേശ്വരന്‍ പറയുന്നു: “ആ ഉടമ്പടിയോട് അവര്‍ വിശ്വസ്തത പാലിച്ചില്ല; അതുകൊണ്ട് ഞാന്‍ അവരെ ശ്രദ്ധിച്ചുമില്ല.” സര്‍വേശ്വരന്‍ ഇങ്ങനെ അരുള്‍ചെയ്യുന്നു: “വരുംകാലത്ത് ഇസ്രായേല്‍ജനത്തോടു ഞാന്‍ ചെയ്യുവാനിരിക്കുന്ന ഉടമ്പടി ഇതാകുന്നു: എന്‍റെ നിയമങ്ങള്‍ അവരുടെ മനസ്സില്‍ ഞാന്‍ നല്‌കും; അവരുടെ ഹൃദയങ്ങളില്‍ അവ ആലേഖനം ചെയ്യും. ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്‍റെ ജനവുമായിരിക്കും. സര്‍വേശ്വരനെ അറിയുക എന്ന് അവരിലാര്‍ക്കും തന്‍റെ സഹപൗരനെയോ സഹോദരനെയോ പറഞ്ഞു പഠിപ്പിക്കേണ്ടിവരികയില്ല; എന്തെന്നാല്‍ ഏറ്റവും എളിയവന്‍തൊട്ട് ഏറ്റവും വലിയവന്‍വരെ എല്ലാവരും എന്നെ അറിയും; അവരുടെ അധര്‍മം ഞാന്‍ പൊറുക്കും; അവരുടെ പാപങ്ങള്‍ ഒരിക്കലും ഓര്‍ക്കുകയുമില്ല.” ഒരു പുതിയ ഉടമ്പടി എന്നു പറയുന്നതിനാല്‍ ആദ്യത്തേതിനെ ദൈവം കാലഹരണപ്പെടുത്തിയിരിക്കുന്നു; പഴകുന്നതും ജീര്‍ണിക്കുന്നതുമായവ എന്തും ക്ഷണം അപ്രത്യക്ഷമാകും. ആദ്യത്തെ ഉടമ്പടിയനുസരിച്ചുള്ള ആരാധനയ്‍ക്ക് നിര്‍ദിഷ്ട വിധികളും ഭൗമികമായ പൂജാസ്ഥലവും ഉണ്ടായിരുന്നു. ഒരു കൂടാരം നിര്‍മിച്ചു; പുറംകൂടാരത്തിന് വിശുദ്ധസ്ഥലം എന്നായിരുന്നു പേര്‍. അവിടെ നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. രണ്ടാമത്തെ യവനികയ്‍ക്കു പിന്നിലാണ് അതിവിശുദ്ധസ്ഥലം. അവിടെ ധൂപാര്‍ച്ചനയ്‍ക്കുള്ള സ്വര്‍ണനിര്‍മിതമായ പീഠവും, പൊന്നുപൊതിഞ്ഞ നിയമപ്പെട്ടിയും, അതിനുള്ളില്‍ മന്ന നിറച്ച പൊന്‍പാത്രവും, അഹരോന്‍റെ തളിര്‍ത്ത വടിയും, നിയമം ആലേഖനം ചെയ്തിട്ടുള്ള കല്പലകകളും ഉണ്ടായിരുന്നു. നിയമപേടകത്തിന്‍റെ മീതെ, കൃപാസനത്തെ മൂടി ചിറകുവിരിച്ചു നില്‌ക്കുന്നതും തേജസ്വികളുമായ കെരൂബുകളുമുണ്ടായിരുന്നു. എന്നാല്‍ അവയെല്ലാം വിശദീകരിക്കുവാനുള്ള സമയം ഇതല്ല. ഇങ്ങനെയാണ് ആരാധനാസ്ഥലം സംവിധാനം ചെയ്തിരുന്നത്. പുറംകൂടാരത്തില്‍ പുരോഹിതന്മാര്‍ നിത്യവും പ്രവേശിച്ച് ശുശ്രൂഷ നടത്തും. രണ്ടാമത്തേതിലാകട്ടെ, ആണ്ടിലൊരിക്കല്‍ മാത്രം മഹാപുരോഹിതന്‍ പ്രവേശിക്കും. തന്‍റെയും ജനത്തിന്‍റെയും പാപങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കുവാനുള്ള രക്തവുമായിട്ടാണ് അദ്ദേഹം അവിടെ പ്രവേശിക്കുന്നത്. പുറംകൂടാരം നിലനില്‌ക്കുന്നിടത്തോളം കാലം അതിവിശുദ്ധസ്ഥലത്തേക്കുള്ള പാത ഇനിയും തുറക്കപ്പെട്ടിട്ടില്ല എന്ന് പരിശുദ്ധാത്മാവ് ഈ സംവിധാനത്താല്‍തന്നെ സൂചിപ്പിക്കുന്നു. ഇത് ഈ കാലഘട്ടത്തിന്‍റെ പ്രതീകമാണ്. ദൈവത്തിന് അര്‍പ്പിക്കുന്ന വഴിപാടുകളും ബലികളും ആരാധകരുടെ മനസ്സാക്ഷിയെ കുറ്റമറ്റതാക്കിത്തീര്‍ക്കുവാന്‍ പര്യാപ്തമല്ല എന്നത്രേ ഇതിന്‍റെ അര്‍ഥം. ഭക്ഷണപാനീയങ്ങള്‍, വിവിധ ശുദ്ധീകരണ പ്രക്രിയകള്‍ മുതലായവയോടു മാത്രമേ അവയ്‍ക്കു ബന്ധമുള്ളൂ. ദൈവം നൂതനമായ വ്യവസ്ഥിതി ഏര്‍പ്പെടുത്തുന്നതുവരെ, അനുഷ്ഠിക്കേണ്ട ബാഹ്യാചാരങ്ങള്‍ മാത്രമാണവ. എന്നാല്‍ വരാനിരിക്കുന്ന നന്മകളുടെ മഹാപുരോഹിതനായി ക്രിസ്തു വന്നിരിക്കുന്നു. അവിടുന്നു ശുശ്രൂഷ ചെയ്യുന്ന കൂടാരം കൂടുതല്‍ മഹത്തരവും അന്യൂനവുമാണ്. അതു മനുഷ്യനിര്‍മിതമല്ല; അതായത് ഭൗമികമല്ല എന്നു സാരം. ക്രിസ്തു കൂടാരത്തിലൂടെ കടന്ന് ഒരിക്കല്‍ മാത്രമായി അതിവിശുദ്ധസ്ഥലത്തു പ്രവേശിച്ചു. കോലാടിന്‍റെയോ കാളക്കിടാവിന്‍റെയോ രക്തത്തോടു കൂടിയല്ല, പിന്നെയോ, സ്വന്തം രക്തത്തോടുകൂടിയത്രേ അവിടുന്ന് അവിടെ പ്രവേശിച്ചത്. അങ്ങനെ അവിടുന്ന് നമുക്ക് ശാശ്വതമായ വീണ്ടെടുപ്പ് നേടിത്തന്നു. മതാചാരവിധിപ്രകാരം അശുദ്ധരായ ജനത്തിന്‍റെമേല്‍ കോലാടിന്‍റെയും കാളക്കിടാക്കളുടെയും രക്തം തളിച്ചും പശുക്കുട്ടികളുടെ ഭസ്മം വിതറിയും അശുദ്ധരെ ശുദ്ധീകരിക്കുന്നു. ഇത് ശരിയാണെങ്കില്‍, ക്രിസ്തുവിന്‍റെ രക്തം എത്രയധികമായി നമ്മെ ശുദ്ധീകരിക്കും! നിത്യാത്മാവില്‍കൂടി ദൈവത്തിനര്‍പ്പിക്കുന്ന അന്യൂനയാഗമായി തന്നെത്തന്നെ അവിടുന്നു സമര്‍പ്പിച്ചു. ജീവിക്കുന്ന ദൈവത്തെ സേവിക്കേണ്ടതിനു പ്രയോജനശൂന്യമായ അനുഷ്ഠാനമുറകളില്‍നിന്നു നമ്മുടെ മനസ്സാക്ഷിയെ ക്രിസ്തുവിന്‍റെ രക്തം ശുദ്ധീകരിക്കും. ആദ്യത്തെ ഉടമ്പടി പ്രാബല്യത്തിലിരുന്നപ്പോള്‍ തങ്ങള്‍ ചെയ്ത നിയമലംഘനങ്ങളില്‍നിന്ന് ജനത്തെ വീണ്ടെടുക്കുന്നതിന് ക്രിസ്തു മരിച്ചു. അങ്ങനെ ദൈവം വിളിച്ചിട്ടുള്ളവര്‍ക്കു വാഗ്ദാനം ചെയ്തിട്ടുള്ള അനശ്വരമായ അവകാശങ്ങള്‍ പ്രാപിക്കേണ്ടതിന്, ക്രിസ്തു ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായിത്തീര്‍ന്നു. മരണപത്രത്തിന്‍റെ കാര്യത്തില്‍, അത് എഴുതിയ ആള്‍ മരിച്ചു എന്നു സ്ഥാപിക്കേണ്ടത് ആവശ്യമാണല്ലോ. മരണപത്രം എഴുതിയ ആള്‍ ജീവിച്ചിരിക്കുമ്പോള്‍ അതിനു സാധുതയൊന്നുമില്ല; അയാളുടെ മരണശേഷം മാത്രമേ അതു പ്രാബല്യത്തില്‍ വരികയുള്ളൂ. രക്തം അര്‍പ്പിക്കാതെയല്ലല്ലോ ആദ്യത്തെ ഉടമ്പടിതന്നെയും ഉറപ്പിക്കപ്പെട്ടത്. നിയമസംഹിതയില്‍ ആവിഷ്കരിക്കപ്പെട്ട കല്പനകള്‍ മോശ ജനത്തോട് ആദ്യം പ്രഖ്യാപനം ചെയ്തു. അതിനുശേഷം കാളക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തമെടുത്തു വെള്ളത്തില്‍ കലര്‍ത്തി, ഈസ്സോപ്പുചില്ലയും ചെമന്ന ആട്ടുരോമവുപയോഗിച്ചു നിയമപുസ്തകത്തിന്മേലും ജനത്തിന്മേലും തളിച്ചു. ‘ഇത് ദൈവം നിങ്ങള്‍ക്കു നല്‌കിയ ഉടമ്പടിയുടെ രക്തം’ എന്നു പ്രസ്താവിച്ചുകൊണ്ടാണ് ഇപ്രകാരം ചെയ്തത്. അങ്ങനെതന്നെ കൂടാരത്തിന്മേലും ആരാധനയ്‍ക്കുപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളിന്മേലും അദ്ദേഹം രക്തം തളിച്ചു. നിയമപ്രകാരം എല്ലാംതന്നെ രക്തംകൊണ്ട് ശുദ്ധീകരിക്കപ്പെടുന്നു. രക്തം അര്‍പ്പിക്കാതെ പാപങ്ങള്‍ ക്ഷമിക്കപ്പെടുകയില്ലല്ലോ. സ്വര്‍ഗീയമായവയുടെ പ്രതിരൂപങ്ങളെ ഇങ്ങനെ ശുദ്ധീകരിക്കേണ്ടിയിരുന്നു. എന്നാല്‍ സ്വര്‍ഗീയമായവയ്‍ക്ക് ഇതിനെക്കാള്‍ ശ്രേഷ്ഠമായ യാഗങ്ങള്‍ ആവശ്യമാണ്. യഥാര്‍ഥമായതിന്‍റെ പ്രതീകവും മനുഷ്യനിര്‍മിതവുമായ വിശുദ്ധസ്ഥലത്തേക്കല്ല ക്രിസ്തു പ്രവേശിച്ചത്. അവിടുന്നു സ്വര്‍ഗത്തിലേക്കു തന്നെ പ്രവേശിച്ച്, ദൈവസമക്ഷം നമുക്കുവേണ്ടി സന്നിഹിതനായിരിക്കുന്നു. യെഹൂദമഹാപുരോഹിതന്‍ തന്‍റേതല്ലാത്ത രക്തവുമായി ആണ്ടിലൊരിക്കല്‍ അതിവിശുദ്ധസ്ഥലത്ത് പ്രവേശിക്കുന്നു. എന്നാല്‍ ക്രിസ്തു വീണ്ടും വീണ്ടും തന്നെത്തന്നെ യാഗമായി അര്‍പ്പിച്ചില്ല. അങ്ങനെ ചെയ്യേണ്ടിയിരുന്നെങ്കില്‍ പ്രപഞ്ചോല്‍പത്തിമുതല്‍ അനേകം പ്രാവശ്യം അവിടുന്നു കഷ്ടതയനുഭവിക്കേണ്ടിവരുമായിരുന്നു. എന്നാല്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ച് പാപം നിര്‍മാര്‍ജനം ചെയ്യുന്നതിനുവേണ്ടി ഒരിക്കല്‍മാത്രം, കാലത്തിന്‍റെ സമ്പൂര്‍ണതയില്‍ അവിടുന്നു പ്രത്യക്ഷനായി. എല്ലാവരും ഒരിക്കല്‍ മരിക്കുകയും അതിനുശേഷം വിധിയുണ്ടാകുകയും ചെയ്യുന്നു. അങ്ങനെ അസംഖ്യം മനുഷ്യരുടെ പാപങ്ങള്‍ നീക്കിക്കളയുന്നതിനു ക്രിസ്തുവും ഒരിക്കല്‍ തന്നെത്തന്നെ യാഗമായി അര്‍പ്പിച്ചു. ഇനി പാപപരിഹാരാര്‍ഥമല്ല, തന്നെ കാത്തിരിക്കുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയാണ് ക്രിസ്തു വീണ്ടും പ്രത്യക്ഷനാകുന്നത്. നിയമസംഹിത സാക്ഷാലുള്ളതിന്‍റെ പൂര്‍ണവും സൂക്ഷ്മവുമായ പ്രതിരൂപമല്ല, വരുവാനുള്ള നന്മകളുടെ അവ്യക്തമായ നിഴല്‍ മാത്രമാണ്. ആണ്ടുതോറും ഒരേ യാഗംതന്നെ മുടങ്ങാതെ ആവര്‍ത്തിക്കുന്നതുകൊണ്ട് ദൈവത്തിന്‍റെ അടുക്കല്‍ വരുന്നവര്‍ എങ്ങനെയാണ് സമ്പൂര്‍ണരായിത്തീരുന്നത്? സമ്പൂര്‍ണരായിത്തീരുമെങ്കില്‍ യാഗാര്‍പ്പണം തന്നെ നിന്നുപോകുമായിരുന്നില്ലേ? യാഗാര്‍പ്പണം ചെയ്യുന്നവര്‍ യഥാര്‍ഥത്തില്‍ പാപത്തില്‍നിന്നുള്ള ശുദ്ധീകരണം പ്രാപിക്കുന്നുവെങ്കില്‍, പാപത്തെക്കുറിച്ചുള്ള ബോധം പിന്നീട് അവര്‍ക്ക് ഉണ്ടാകുമായിരുന്നില്ല. ഇപ്പോഴാകട്ടെ വര്‍ഷംതോറും ജനത്തിന്‍റെ പാപങ്ങള്‍ അനുസ്മരിപ്പിക്കുവാനാണ് യാഗങ്ങള്‍ ഉപകരിക്കുന്നത്; എന്തെന്നാല്‍ കാളകളുടെയും ആടുകളുടെയും രക്തം പാപനിവാരണത്തിനു പര്യാപ്തമല്ല. അതിനാല്‍ ക്രിസ്തു ലോകത്തിലേക്കു വന്നപ്പോള്‍ അവിടുന്നു പറഞ്ഞു: യാഗങ്ങളും വഴിപാടുകളും അവിടുന്ന് ആഗ്രഹിച്ചില്ല, എന്നാല്‍ അവിടുന്ന് എനിക്കുവേണ്ടി ഒരു ശരീരം സജ്ജമാക്കിയിരിക്കുന്നു. സര്‍വാംഗഹോമങ്ങളിലോ, പാപപരിഹാരബലികളിലോ അവിടുന്നു പ്രസാദിച്ചില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു: വേദഗ്രന്ഥത്തിന്‍റെ ഏടുകളില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതു പോലെ ദൈവമേ, അവിടുത്തെ ഇഷ്ടം ചെയ്യുവാന്‍ ഇതാ ഞാന്‍ വന്നിരിക്കുന്നു. സര്‍വാംഗഹോമങ്ങളും പാപപരിഹാര ബലികളും ദൈവം ആഗ്രഹിക്കുകയോ, അവയില്‍ അവിടുന്നു പ്രസാദിക്കുകയോ ചെയ്തില്ല എന്ന് ആദ്യമേ പ്രസ്താവിക്കുന്നു. നിയമസംഹിതയനുസരിച്ച് അനുഷ്ഠിച്ചുപോരുന്ന മൃഗബലികള്‍ ആണിവ. പിന്നീട് ‘ദൈവമേ അവിടുത്തെ ഇഷ്ടം ചെയ്യുവാന്‍ ഞാനിതാ വരുന്നു’ എന്നും പറഞ്ഞു. അങ്ങനെ രണ്ടാമത്തേത് ഉറപ്പിക്കുന്നതിനായി ഒന്നാമത്തേത് നീക്കിക്കളഞ്ഞു. യേശുക്രിസ്തു ഒരിക്കല്‍ മാത്രം അനുഷ്ഠിച്ച ശരീരയാഗത്താല്‍ ദൈവഹിതം നിറവേറ്റിയതുകൊണ്ട് നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഏതു പുരോഹിതനും നിന്നുകൊണ്ട് നിത്യവും ഒരേ യാഗം തന്നെ പിന്നെയും പിന്നെയും നടത്തുന്നു. ഈ യാഗങ്ങള്‍ക്കു പാപനിവാരണത്തിനുള്ള കഴിവില്ല. ക്രിസ്തുവാകട്ടെ, പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏകബലി അര്‍പ്പിച്ചശേഷം ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു. തന്‍റെ ശത്രുക്കളെ ദൈവം പാദപീഠമാക്കുന്നതുവരെ ക്രിസ്തു കാത്തിരിക്കുന്നു. പാപത്തില്‍നിന്നു ശുദ്ധീകരിച്ചവരെ, ഏക ബലിയാല്‍ അവിടുന്ന് എന്നെന്നേക്കുമായി സമ്പൂര്‍ണരാക്കിത്തീര്‍ത്തിരിക്കുന്നു. പരിശുദ്ധാത്മാവും ഇങ്ങനെ നമ്മോടു സാക്ഷ്യം പറയുന്നു: ആ കാലത്തിനുശേഷം ഞാന്‍ അവരോടു ചെയ്യുന്ന ഉടമ്പടി ഇതാകുന്നു: എന്‍റെ നിയമങ്ങള്‍ അവരുടെ ഹൃദയങ്ങളില്‍ നിക്ഷേപിക്കുകയും അവരുടെ മനസ്സില്‍ ആലേഖനം ചെയ്യുകയും ചെയ്യും എന്നും അതിനുശേഷം “അവരുടെ പാപങ്ങളും ദുഷ്കൃത്യങ്ങളും ഇനിമേല്‍ ഞാന്‍ ഓര്‍ക്കുകയില്ല” എന്നും സര്‍വേശ്വരന്‍ അരുള്‍ ചെയ്യുന്നു. ഇവയെല്ലാം ക്ഷമിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് പാപപരിഹാരാര്‍ഥം ഒരു യാഗവും ഇനി ആവശ്യമില്ല. അതുകൊണ്ട് സഹോദരരേ, യേശുവിന്‍റെ രക്തം ചിന്തിയുള്ള മരണം മുഖേന അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കുവാന്‍ നമുക്ക് ആത്മധൈര്യം ഉണ്ട്. ക്രിസ്തു ജീവന്‍റെ ഒരു നവീനമാര്‍ഗം നമുക്കു തുറന്നുതന്നു; അവിടുത്തെ തിരുശരീരം എന്ന തിരശ്ശീലയില്‍ കൂടിത്തന്നെ. ദൈവഭവനത്തിന്‍റെമേല്‍ അധികാരമുള്ള ഒരു ശ്രേഷ്ഠപുരോഹിതന്‍ നമുക്കുണ്ട്. അതിനാല്‍ ആത്മാര്‍ഥഹൃദയത്തോടും പൂര്‍ണവിശ്വാസത്തോടും കുറ്റബോധം അകറ്റി ശുദ്ധീകരിക്കപ്പെട്ട മനസ്സോടും ശുദ്ധജലത്തില്‍ കഴുകപ്പെട്ട ശരീരത്തോടുംകൂടി ദൈവത്തിന്‍റെ അടുക്കലേക്കു നമുക്കു ചെല്ലാം. നാം ഏറ്റുപറയുന്ന പ്രത്യാശയെ മുറുകെ പിടിച്ചുകൊള്ളുക. അതില്‍നിന്നു വ്യതിചലിക്കരുത്. വാഗ്ദാനം ചെയ്ത ദൈവം വിശ്വസ്തന്‍! സ്നേഹിക്കുന്നതിനും സല്‍പ്രവൃത്തികള്‍ ചെയ്യുന്നതിനും പരസ്പരം പ്രോത്സാഹിപ്പിക്കുന്നതില്‍ ജാഗരൂകരായിരിക്കുക. ചിലര്‍ ചെയ്യുന്നതുപോലെ സഭായോഗങ്ങളില്‍നിന്നു മാറിനില്‌ക്കരുത്; കര്‍ത്താവിന്‍റെ ദിവസം സമീപിച്ചിരിക്കുന്നതിനാല്‍ അക്കാര്യത്തില്‍ അന്യോന്യം അധികം പ്രോത്സാഹിപ്പിക്കുകയും വേണം. സത്യത്തെക്കുറിച്ചുള്ള അറിവു നമുക്കു ലഭിച്ചശേഷവും നാം മനഃപൂര്‍വം പാപം ചെയ്തുകൊണ്ടിരുന്നാല്‍ പാപപരിഹാരാര്‍ഥമുള്ള ഒരു ബലിയും ഇനി അവശേഷിച്ചിട്ടില്ല. മറിച്ച്, വരുവാനുള്ള ന്യായവിധിയെയും ദൈവത്തെ എതിര്‍ക്കുന്നവരെ നിശ്ശേഷം നശിപ്പിക്കുന്ന ഭയാനകമായ അഗ്നിയെയും നേരിടേണ്ടിവരും. മോശയുടെ നിയമം ലംഘിക്കുന്ന ഏതൊരുവനെയും, രണ്ടോ മൂന്നോ സാക്ഷികള്‍ നല്‌കുന്ന തെളിവിന്മേല്‍ നിഷ്കരുണം വധശിക്ഷയ്‍ക്കു വിധിക്കുന്നു. അങ്ങനെയെങ്കില്‍, ദൈവപുത്രനെ നിന്ദിച്ചു തള്ളിക്കളയുകയും, പാപത്തില്‍നിന്നു മനുഷ്യനെ ശുദ്ധീകരിച്ച ഉടമ്പടിയുടെ രക്തം നിസ്സാരമായി എണ്ണുകയും കൃപയുടെ ആത്മാവിനെ അധിക്ഷേപിക്കുകയും ചെയ്യുന്നവന് അര്‍ഹിക്കുന്ന ശിക്ഷ എത്ര ഭയങ്കരമായിരിക്കുമെന്ന് ഓര്‍ത്തുനോക്കുക. “പ്രതികാരം എനിക്കുള്ളത്, ഞാന്‍ പകരം വീട്ടും” എന്നും “സര്‍വേശ്വരന്‍ തന്‍റെ ജനത്തെ വിധിക്കും” എന്നും അരുള്‍ചെയ്തിട്ടുള്ളത് നമുക്കറിയാമല്ലോ. ജീവിക്കുന്നവനായ ദൈവത്തിന്‍റെ കൈകളില്‍ നിപതിക്കുന്നത് എത്ര ഭയങ്കരം! നിങ്ങളുടെ പൂര്‍വകാലത്തെക്കുറിച്ച് ഓര്‍ത്തുനോക്കൂ. നിങ്ങള്‍ക്ക് ദിവ്യപ്രകാശം ലഭിച്ചശേഷം നിങ്ങള്‍ അനേകം കഷ്ടതകളെ നേരിട്ടു ചെറുത്തുനിന്നു. പലപ്പോഴും നിങ്ങള്‍ പരസ്യമായ നിന്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാക്കപ്പെടുകയും ചെയ്തു. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ ഇപ്രകാരം പീഡിപ്പിക്കപ്പെടുന്നവരുടെ കൂട്ടാളികളായിത്തീര്‍ന്നിട്ടുമുണ്ട്. തടവില്‍ കിടന്നവരുടെ വേദനകളില്‍ നിങ്ങള്‍ പങ്കുചേര്‍ന്നു. നിങ്ങളുടെ വസ്തുവകകള്‍ അപഹരിക്കപ്പെട്ടപ്പോള്‍ നിങ്ങള്‍ക്കു നിലനില്‍ക്കുന്ന ഉത്തമസമ്പത്തുണ്ടെന്നറിഞ്ഞ് അതും സന്തോഷപൂര്‍വം നിങ്ങള്‍ സഹിച്ചു. ആത്മധൈര്യം പരിത്യജിക്കരുത്. എന്തെന്നാല്‍ അതിനു വലിയ പ്രതിഫലമുണ്ട്. ദൈവം വാഗ്ദാനം ചെയ്യുന്നത് പ്രാപിക്കുന്നതിനും അവിടുത്തെ തിരുഹിതം നിറവേറ്റുന്നതിനുംവേണ്ടി നിങ്ങള്‍ക്കു നിരന്തരക്ഷമ ആവശ്യമാണ്. വേദഗ്രന്ഥത്തില്‍ പറയുന്നതുപോലെ, ഇനി അല്പകാലംകൂടി മാത്രമേയുള്ളൂ, വരുവാനുള്ളവന്‍ വരികതന്നെ ചെയ്യും; അവിടുന്നു വരാന്‍ വൈകുകയില്ല. എന്നാല്‍ എന്‍റെ മുമ്പില്‍ നീതിമാനായിരിക്കുന്നവന്‍ വിശ്വാസത്താല്‍ ജീവിക്കും; ആരെങ്കിലും പിന്തിരിഞ്ഞുപോയാല്‍ അവനില്‍ ഞാന്‍ പ്രസാദിക്കുകയില്ല. നാമാകട്ടെ, പിന്തിരിഞ്ഞു നശിച്ചു പോകുന്നവരുടെ കൂട്ടത്തിലല്ല; പ്രത്യുത, വിശ്വസിച്ചു ജീവന്‍ പ്രാപിക്കുന്നവരുടെ കൂട്ടത്തിലാകുന്നു. വിശ്വാസം എന്നത് നാം പ്രത്യാശിക്കുന്നതിനെക്കുറിച്ചുള്ള ഉറപ്പും, അദൃശ്യകാര്യങ്ങളെക്കുറിച്ചുള്ള നിശ്ചയവുമാണ്. വിശ്വാസംമൂലമാണ് പൂര്‍വികര്‍ക്ക് ദൈവത്തിന്‍റെ അംഗീകാരം ലഭിച്ചത്. ദൈവത്തിന്‍റെ വചനത്താല്‍ ഈ പ്രപഞ്ചം സൃഷ്‍ടിക്കപ്പെട്ടു എന്നും ദൃശ്യമായവ അദൃശ്യമായവയില്‍ നിന്നുണ്ടായി എന്നും വിശ്വാസത്താല്‍ നാം മനസ്സിലാക്കുന്നു. വിശ്വാസത്താല്‍ ഹാബേല്‍ ദൈവത്തിന് അര്‍പ്പിച്ച യാഗം കയീന്‍റെ യാഗത്തെക്കാള്‍ ശ്രേഷ്ഠമായിരുന്നു. ദൈവം ഹാബേലിന്‍റെ വഴിപാടുകള്‍ സ്വീകരിച്ചു. അങ്ങനെ വിശ്വാസത്തിലൂടെ നീതിമാന്‍ എന്ന അംഗീകാരം അയാള്‍ ദൈവത്തില്‍നിന്നു നേടി. ഹാബേല്‍ മരിച്ചെങ്കിലും, തന്‍റെ വിശ്വാസം മുഖേന അയാള്‍ ഇപ്പോഴും സംസാരിക്കുന്നു. വിശ്വാസംമൂലമാണ് ഹാനോക്ക് മരണമടയാതെ ദൈവത്തിങ്കലേക്ക് ഉയര്‍ത്തപ്പെട്ടത്. ദൈവം അദ്ദേഹത്തെ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തിയതുകൊണ്ട് ആര്‍ക്കും അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല. ഹാനോക്ക് എടുക്കപ്പെടുന്നതിനുമുമ്പ് അദ്ദേഹം ദൈവത്തെ പ്രസാദിപ്പിച്ചു എന്നു വേദഗ്രന്ഥത്തില്‍ പറയുന്നു. വിശ്വാസംകൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല; ദൈവത്തെ സമീപിക്കുന്ന ഏതൊരുവനും ദൈവം ഉണ്ടെന്നും, അവിടുത്തെ അന്വേഷിക്കുന്നവര്‍ക്ക് അവിടുന്നു പ്രതിഫലം നല്‌കുന്നു എന്നും വിശ്വസിക്കേണ്ടതാണല്ലോ. വിശ്വാസത്താല്‍ നോഹ ഒരു കപ്പല്‍ നിര്‍മിച്ച് കുടുംബസമേതം അതില്‍ കയറി രക്ഷപ്പെട്ടു; വരാന്‍പോകുന്നതും അതുവരെ കണ്ടിട്ടില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ചുള്ള ദൈവത്തിന്‍റെ മുന്നറിയിപ്പു കേട്ട് നോഹ അനുസരിച്ചു. അങ്ങനെ അദ്ദേഹം ലോകത്തെ കുറ്റം വിധിക്കുകയും വിശ്വാസത്താലുള്ള നീതിക്ക് അവകാശിയായിത്തീരുകയും ചെയ്തു. വിശ്വാസംമൂലം അബ്രഹാം ദൈവത്തെ അനുസരിച്ചു; തനിക്ക് അവകാശമായി ലഭിക്കുവാനിരുന്ന ദേശത്തേക്കു പോകുവാന്‍ ദൈവം വിളിച്ചപ്പോള്‍, താന്‍ എങ്ങോട്ടാണു പോകുന്നതെന്ന് അറിയാതെ അദ്ദേഹം പുറപ്പെട്ടു. വിശ്വാസത്താല്‍ വാഗ്ദത്തദേശത്ത് ഒരു പരദേശിയെപ്പോലെ അദ്ദേഹം ജീവിച്ചു. അതേ വാഗ്ദാനത്തിന്‍റെ കൂട്ടവകാശികളായിരുന്ന ഇസ്ഹാക്കിനോടും യാക്കോബിനോടുമൊത്ത് അബ്രഹാമും കൂടാരങ്ങളിലാണു പാര്‍ത്തത്. എന്തെന്നാല്‍ ദൈവം രൂപസംവിധാനം ചെയ്ത്, സ്ഥിരമായ അടിസ്ഥാനമിട്ടു നിര്‍മിക്കുന്ന നഗരത്തിനുവേണ്ടി അബ്രഹാം കാത്തിരിക്കുകയായിരുന്നു. വിശ്വാസംമൂലമാണ് വന്ധ്യയായ സാറായ്‍ക്ക് പ്രായം കടന്നിട്ടും ഗര്‍ഭധാരണശക്തി ലഭിച്ചത്. വാഗ്ദാനം ചെയ്ത ദൈവം വിശ്വസ്തനാണെന്ന് അവര്‍ കരുതി. അങ്ങനെ കേവലം മൃതപ്രായനായിരുന്നിട്ടും അബ്രഹാം എന്ന ഏക മനുഷ്യനില്‍നിന്ന് ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ക്കരയിലെ മണല്‍ത്തരികള്‍പോലെയും അസംഖ്യം സന്താനപരമ്പരകളുണ്ടായി. വിശ്വാസത്തോടുകൂടിയാണ് ഇവരെല്ലാം മൃതിയടഞ്ഞത്. ദൈവം വാഗ്ദാനം ചെയ്തവ അവര്‍ പ്രാപിച്ചില്ല എങ്കിലും ദൂരെ നിന്നുകൊണ്ട് അവര്‍ അവ കാണുകയും അവയെ അഭിവാദനം ചെയ്യുകയും ഭൂമിയില്‍ തങ്ങള്‍ പരദേശികളും പ്രവാസികളുമാണെന്നു പരസ്യമായി സമ്മതിക്കുകയും ചെയ്തു. ഇങ്ങനെ പറയുന്നവര്‍ സ്വന്തമായ ഒരു നാടിനുവേണ്ടി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാണെന്നു വ്യക്തമാകുന്നു. തങ്ങള്‍ വിട്ടുപോന്ന ദേശത്തെക്കുറിച്ച് അവര്‍ ഓര്‍ത്തുകൊണ്ടിരുന്നില്ല. അപ്രകാരം ചെയ്തിരുന്നെങ്കില്‍ അവര്‍ക്കു തിരിച്ചുപോകാനുള്ള സാധ്യത ഉണ്ടായിരുന്നല്ലോ. പകരം അതിനെക്കാള്‍ മികച്ച ഒരു സ്വര്‍ഗീയ ദേശത്തെതന്നെ അവര്‍ കാംക്ഷിച്ചു. അതുകൊണ്ട് അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതില്‍ ദൈവം ലജ്ജിക്കുന്നില്ല. അവര്‍ക്കുവേണ്ടി ഒരു നഗരം അവിടുന്ന് ഒരുക്കിയിരിക്കുന്നുവല്ലോ. വിശ്വാസംമൂലമാണ്, താന്‍ പരീക്ഷിക്കപ്പെട്ടപ്പോള്‍, അബ്രഹാം വാഗ്ദാനത്താല്‍ ലഭിച്ച ഏകപുത്രനായ ഇസ്ഹാക്കിനെ ബലികഴിക്കുവാന്‍ സന്നദ്ധനായത്. “ഇസ്ഹാക്കില്‍ കൂടി ആയിരിക്കും നിനക്കു സന്താനപരമ്പരകള്‍ ലഭിക്കുന്നത്” എന്നു ദൈവം അബ്രഹാമിനോട് അരുള്‍ചെയ്തിരുന്നെങ്കിലും ആ പുത്രനെ ബലികഴിക്കുവാന്‍ അബ്രഹാം സന്നദ്ധനായി. മരിച്ചവരെ ഉയിര്‍പ്പിക്കുവാന്‍പോലും ദൈവത്തിനു കഴിയുമെന്ന് അബ്രഹാം വിശ്വസിച്ചു. ഒരര്‍ഥത്തില്‍ മരണത്തില്‍നിന്നെന്നപോലെ ഇസ്ഹാക്കിനെ അബ്രഹാമിനു തിരിച്ചുകിട്ടുകയും ചെയ്തു. വിശ്വാസത്താല്‍ ഇസ്ഹാക്ക് ഭാവിവരങ്ങള്‍ നേര്‍ന്നുകൊണ്ട് യാക്കോബിനെയും ഏശാവിനെയും അനുഗ്രഹിച്ചു. വിശ്വാസത്താലത്രേ, ആസന്നമരണനായ യാക്കോബ് വടിയൂന്നിയിരുന്ന് പ്രാര്‍ഥനാപൂര്‍വം യോസേഫിന്‍റെ മക്കളെ ഇരുവരെയും അനുഗ്രഹിച്ചത്. വിശ്വാസത്താലാണ് യോസേഫ് മരിക്കാറായപ്പോള്‍, ഈജിപ്തില്‍നിന്നുള്ള ഇസ്രായേല്‍ജനത്തിന്‍റെ പുറപ്പാടിനെക്കുറിച്ച് സൂചിപ്പിക്കുകയും, തന്‍റെ ഭൗതികാവശിഷ്ടം എന്തു ചെയ്യണമെന്നതിനെക്കുറിച്ചുള്ള നിര്‍ദേശം നല്‌കുകയും ചെയ്തത്. വിശ്വാസംമൂലമാണ്, മോശ ജനിച്ചപ്പോള്‍, ശിശു സുന്ദരനെന്നു കാണുകയാല്‍, മോശയുടെ മാതാപിതാക്കള്‍ രാജകല്പനയെ ഭയപ്പെടാതെ മൂന്നുമാസം അവനെ ഒളിച്ചുവച്ചത്. വിശ്വാസത്താലാണ് പ്രായപൂര്‍ത്തി ആയപ്പോള്‍ മോശ ഫറവോന്‍റെ പുത്രിയുടെ മകന്‍ എന്ന പദവി നിഷേധിച്ചത്. പാപത്തിന്‍റെ ക്ഷണികമായ ഉല്ലാസമല്ല, ദൈവത്തിന്‍റെ ജനത്തോടുകൂടിയുള്ള സഹനമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ക്രിസ്തുവിനുവേണ്ടി നിന്ദ സഹിക്കുന്നത് ഈജിപ്തിലെ സകല നിധിയെയുംകാള്‍ വിലയേറിയതായി മോശ കരുതി. ഭാവിയില്‍ ഉണ്ടാകുന്ന പ്രതിഫലത്തിലാണ് അദ്ദേഹം ദൃഷ്‍ടി ഉറപ്പിച്ചത്. വിശ്വാസത്താലാണ് രാജാവിന്‍റെ കോപത്തെ ഭയപ്പെടാതെ മോശ ഈജിപ്തില്‍നിന്നു പുറപ്പെട്ടത്. വിശ്വാസംകൊണ്ട് അദൃശ്യനായ ദൈവത്തെ ദര്‍ശിച്ചാലെന്നവണ്ണം അദ്ദേഹം ഉറച്ചുനിന്നു. വിശ്വാസത്താലത്രേ ഇസ്രായേല്‍ജനത്തിന്‍റെ ആദ്യജാതന്മാരെ സംഹാരദൂതന്‍ കൊല്ലാതിരിക്കേണ്ടതിന് പെസഹ ഏര്‍പ്പെടുത്തിയതും വാതിലുകളില്‍ രക്തം തളിക്കുവാന്‍ കല്പിച്ചതും. വിശ്വാസത്താലാണ് ഇസ്രായേല്‍ജനം വരണ്ട ഭൂമിയിലൂടെയെന്നവണ്ണം ചെങ്കടല്‍ കടന്നത്. ഈജിപ്തുകാര്‍ കടക്കാന്‍ ശ്രമിച്ചപ്പോഴാകട്ടെ, കടല്‍ അവരെ വിഴുങ്ങിക്കളഞ്ഞു. വിശ്വാസംമൂലം ഇസ്രായേല്‍ജനം ഏഴു ദിവസം യെരീഹോവിനെ പ്രദക്ഷിണം ചെയ്തപ്പോള്‍ അതിന്‍റെ മതിലുകള്‍ ഇടിഞ്ഞുവീണു. വിശ്വാസത്താല്‍ റാഹാബ് എന്ന വേശ്യ ചാരന്മാരെ സൗഹൃദപൂര്‍വം സ്വീകരിച്ചതിനാല്‍ ദൈവത്തെ അനുസരിക്കാത്തവരോടൊപ്പം അവള്‍ നശിച്ചില്ല. ഇതില്‍ കൂടുതല്‍ ഇനി ഞാന്‍ എന്താണു പറയേണ്ടത്? ഗിദെയോന്‍, ബാരാക്ക്, ശിംശോന്‍, യിപ്താഹ്, ദാവീദ് മുതലായവരെയും, ശമൂവേല്‍ തുടങ്ങിയ പ്രവാചകന്മാരെയും സംബന്ധിച്ചു വിവരിക്കുവാന്‍ സമയംപോരാ. വിശ്വാസത്താല്‍ അവര്‍ രാജ്യങ്ങള്‍ പിടിച്ചടക്കി; നീതി നടപ്പാക്കി; ദൈവത്തിന്‍റെ വാഗ്ദാനങ്ങള്‍ പ്രാപിച്ചു; സിംഹങ്ങളുടെ വായ് അടച്ചു. ജ്വലിക്കുന്ന അഗ്നി കെടുത്തി; വാളിന്‍റെ വായ്ത്തലയില്‍നിന്നു തെറ്റിയൊഴിഞ്ഞു; ബലഹീനതയില്‍നിന്നു ശക്തി ആര്‍ജിച്ചു; യുദ്ധത്തില്‍ വീരന്മാരായിത്തീര്‍ന്നു; വിദേശസൈന്യങ്ങളെ തുരത്തിക്കളഞ്ഞു; സ്‍ത്രീകള്‍ക്കു തങ്ങളുടെ മരിച്ചുപോയവരെ ഉയിര്‍ത്തെഴുന്നേല്പിലൂടെ തിരിച്ചുകിട്ടി. ചിലര്‍ ശ്രേഷ്ഠമായ ജീവിതത്തിലേക്കു ഉത്ഥാനം ചെയ്യപ്പെടുന്നതിനുവേണ്ടി വിമോചനം നിരസിച്ചുകൊണ്ട് പീഡനം സഹിച്ചു മരിച്ചു. മറ്റുചിലര്‍ പരിഹസിക്കപ്പെട്ടു; ചാട്ടവാറുകൊണ്ടുള്ള അടിയേറ്റു; വിലങ്ങു വയ്‍ക്കപ്പെട്ടു; തുറുങ്കില്‍ അടയ്‍ക്കപ്പെട്ടു; ചിലരെ കല്ലെറിഞ്ഞു; ഈര്‍ച്ചവാളുകൊണ്ട് രണ്ടായി അറുത്തു മുറിച്ചു; വാളുകൊണ്ട് വെട്ടിക്കൊന്നു; അവര്‍ കോലാടുകളെയും ചെമ്മരിയാടുകളുടെയും തോല്‍ ധരിച്ചു. അവര്‍ അഗതികളും പീഡിതരും നിന്ദിതരുമായി നടന്നു. അവര്‍ക്കു ജീവിക്കുവാന്‍ തക്ക യോഗ്യത ലോകത്തിനുണ്ടായിരുന്നില്ല! അവര്‍ അഭയാര്‍ഥികളെപ്പോലെ മലകളിലും മരുഭൂമികളിലും അലഞ്ഞുതിരിയുകയും ഗുഹകളിലും മാളങ്ങളിലും കഴിഞ്ഞുകൂടുകയും ചെയ്തു. അവരുടെ വിശ്വാസത്തെ സംബന്ധിച്ചു മഹനീയമായ സാക്ഷ്യം ലഭിച്ചെങ്കിലും ദൈവത്തിന്‍റെ വാഗ്ദാനം അവര്‍ പ്രാപിച്ചില്ല. നമ്മോടുകൂടിയല്ലാതെ അവര്‍ പൂര്‍ണരാകാതിരിക്കുവാന്‍ കൂടുതല്‍ ശ്രേഷ്ഠമായതിനെ ദൈവം നമുക്കെല്ലാവര്‍ക്കും വേണ്ടി മുന്‍കൂട്ടി കരുതിയിരുന്നു. സാക്ഷികളുടെ ഒരു വലിയ സമൂഹം നമുക്കു ചുറ്റുമുണ്ട്. അതുകൊണ്ട് സകല ഭാരങ്ങളും നമ്മെ മുറുകെപ്പിടിക്കുന്ന പാപവും പരിത്യജിച്ച് സ്ഥിരനിശ്ചയത്തോടെ നമ്മുടെ മുമ്പില്‍ ഉള്ള മത്സരയോട്ടം ഓടാം. നമ്മുടെ വിശ്വാസത്തിന്‍റെ ആദികാരണനും അതിന്‍റെ പൂരകനുമായ യേശുവില്‍ നമ്മുടെ ദൃഷ്‍ടി ഉറപ്പിക്കുക. തനിക്കു വരുവാനിരിക്കുന്ന സന്തോഷം ഓര്‍ത്ത് അവിടുന്ന് അപമാനം അവഗണിച്ചുകൊണ്ട് കുരിശില്‍ മരിച്ച് ദൈവസിംഹാസനത്തിന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. നിങ്ങള്‍ ദുര്‍ബലഹൃദയരായി തളര്‍ന്നുപോകാതിരിക്കേണ്ടതിന്, പാപികളുടെ എതിര്‍പ്പിനെ സഹിച്ചുനിന്ന യേശുവിനെ ഓര്‍ത്തുകൊള്ളുക. പാപത്തോടുള്ള പോരാട്ടത്തില്‍ രക്തം ചൊരിയേണ്ടിവരുന്നതുവരെ നിങ്ങള്‍ എതിര്‍ത്തുനിന്നിട്ടില്ലല്ലോ. മക്കളോടെന്നപോലെ ദൈവം നിങ്ങളോട് അരുള്‍ചെയ്തിട്ടുള്ള പ്രബോധനം നിങ്ങള്‍ മറന്നുപോയോ? എന്‍റെ മകനേ, സര്‍വേശ്വരന്‍റെ ശിക്ഷണത്തെ നിസ്സാരമായി കരുതരുത്; അവിടുന്ന് നിന്നെ ശാസിക്കുമ്പോള്‍ അധൈര്യപ്പെടുകയുമരുത്. താന്‍ സ്നേഹിക്കുന്നവരെ അവിടുന്നു ശിക്ഷണത്തിനു വിധേയരാക്കുന്നു. താന്‍ പുത്രനായി സ്വീകരിക്കുന്നവനെ അടിക്കുന്നു. നിങ്ങള്‍ സഹിക്കുന്നത് ശിക്ഷണത്തിനുവേണ്ടിയത്രേ. മക്കളോടെന്നവണ്ണം ദൈവം നിങ്ങളോടു പെരുമാറുന്നു. പിതാവു ശിക്ഷിക്കാത്ത മക്കളുണ്ടോ? എല്ലാവര്‍ക്കും ലഭിക്കുന്ന ശിക്ഷണം നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ മക്കളല്ല, ജാരസന്തതികളത്രേ. നമ്മെ ശിക്ഷണത്തില്‍ വളര്‍ത്തിയ ലൗകികപിതാക്കന്മാരെ നാം ബഹുമാനിക്കുന്നു. അങ്ങനെയെങ്കില്‍ നമ്മുടെ സ്വര്‍ഗീയ പിതാവിന് അതിനെക്കാള്‍ എത്രയധികം കീഴ്പ്പെട്ടു ജീവിക്കേണ്ടതാണ്. ലൗകികപിതാക്കന്മാര്‍ അല്പകാലത്തേക്കു മാത്രം അവര്‍ക്കു യുക്തമെന്നു തോന്നിയ വിധത്തില്‍ ശിക്ഷണം നടത്തുന്നു. എന്നാല്‍ തന്‍റെ വിശുദ്ധിയില്‍ പങ്കാളികളാകുവാന്‍വേണ്ടി നമ്മുടെ നന്മയ്‍ക്കായി ദൈവം നമുക്കു ശിക്ഷണം നല്‌കുന്നു. ഏതു ശിക്ഷയും തത്സമയം സന്തോഷപ്രദമായിരിക്കുകയില്ല; അതു വേദനാജനകമായിരിക്കും; എന്നാല്‍ ശിക്ഷണത്തിനു വിധേയരാകുന്നവര്‍ക്ക് ദൈവത്തോടുള്ള അനുരഞ്ജനത്തില്‍ നിന്നുളവാകുന്ന സമാധാനം കാലാന്തരത്തില്‍ ലഭിക്കും. തളര്‍ന്ന കരങ്ങള്‍ ഉയര്‍ത്തുക; വിറയ്‍ക്കുന്ന കാല്മുട്ടുകളെ ബലപ്പെടുത്തുക. മുടന്തുള്ള പാദത്തിന്‍റെ സന്ധിബന്ധം ഇളകിപ്പോകാതെ സുഖം പ്രാപിക്കുന്നതിന്, നിങ്ങളുടെ പാത നിരപ്പാക്കുക. എല്ലാവരോടും സമാധാനമായിരിക്കുന്നതിനും വിശുദ്ധജീവിതം നയിക്കുന്നതിനും തീവ്രയത്നം ചെയ്യുക. ഇതുകൂടാതെ ആരും സര്‍വേശ്വരനെ ദര്‍ശിക്കുകയില്ല. ദൈവകൃപ നഷ്ടപ്പെടുത്താതിരിക്കുന്നതിനു സൂക്ഷിച്ചുകൊള്ളുക; നിങ്ങളുടെ ഇടയില്‍ വിദ്വേഷം വേരൂന്നി വളരാനിടയാകരുത്. അത് പലരെയും നശിപ്പിക്കും. നിങ്ങളില്‍ ആരുംതന്നെ ദുര്‍മാര്‍ഗിയോ, ഒരു നേരത്തെ ആഹാരത്തിനുവേണ്ടി ആദ്യജാതനുള്ള അവകാശങ്ങള്‍ വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരരുത്. ഏശാവ് അതുകഴിഞ്ഞ് സ്വപിതാവില്‍നിന്ന് തന്‍റെ അവകാശമായ അനുഗ്രഹം പ്രാപിക്കുവാന്‍ ആഗ്രഹിച്ചു; എന്നാല്‍ അയാള്‍ കരഞ്ഞപേക്ഷിച്ചിട്ടും അനുതപിക്കുവാന്‍ അവസരം കിട്ടാഞ്ഞതുകൊണ്ട് അയാളുടെ അപേക്ഷ നിഷേധിക്കപ്പെട്ടു എന്നുള്ളത് നിങ്ങള്‍ക്ക് അറിയാമല്ലോ. [18,19] ജ്വലിക്കുന്ന അഗ്നി, കൂരിരുട്ട്, മേഘപടലം, കൊടുങ്കാറ്റ്, കാഹളധ്വനി, വാക്കുകളുടെ ശബ്ദം ഇവയൊക്കെയുള്ള സ്ഥലത്തേക്കല്ല നിങ്ങള്‍ വന്നിരിക്കുന്നത്. ആ ശബ്ദം കേട്ടവര്‍ അതിനികേള്‍ക്കാനിടയാകരുതേ എന്നപേക്ഷിച്ചു. *** എന്തെന്നാല്‍ ആ പര്‍വതത്തെ സ്പര്‍ശിക്കുന്ന മൃഗത്തെപ്പോലും കല്ലെറിഞ്ഞുകൊല്ലണം എന്ന കല്പന അവര്‍ക്കു ദുസ്സഹമായിരുന്നു. “ഞാന്‍ ഭയപ്പെട്ടു വിറയ്‍ക്കുന്നു” എന്നു മോശ പറയുവാന്‍ തക്കവണ്ണം ആ ദൃശ്യം അത്ര ഭയങ്കരമായിരുന്നു. നിങ്ങളാകട്ടെ, സീയോന്‍ പര്‍വതത്തെയും അസംഖ്യം മാലാഖമാര്‍ സമ്മേളിച്ചിരിക്കുന്ന ജീവിക്കുന്ന ദൈവത്തിന്‍റെ നഗരമായ സ്വര്‍ഗീയ യെരൂശലേമിനെയും ആണല്ലോ സമീപിച്ചിരിക്കുന്നത്. സ്വര്‍ഗത്തില്‍ പേരെഴുതപ്പെട്ട ആദ്യജാതന്മാരുടെ സഭയിലേക്കും, എല്ലാവരുടെയും വിധികര്‍ത്താവായ ദൈവത്തിന്‍റെ സമക്ഷത്തിലേക്കും നിങ്ങള്‍ വന്നിരിക്കുന്നു. പൂര്‍ണരായിത്തീര്‍ന്നിട്ടുള്ള നീതിമാന്മാരുടെ ആത്മാക്കളെയും പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ യേശുവിനെയും, ഹാബേലിന്‍റെ രക്തത്തെക്കാള്‍ ശ്രേഷ്ഠമായതു വാഗ്ദാനം ചെയ്യുന്ന ശുദ്ധീകരണരക്തത്തെയും ആണ് നിങ്ങള്‍ സമീപിച്ചിരിക്കുന്നത്. അതുകൊണ്ട് അവിടുന്നു സംസാരിക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കാതിരിക്കരുത്. ഭൂമിയില്‍വച്ചു മുന്നറിയിപ്പു നല്‌കിയ ആളിനെ നിരസിച്ചവര്‍ തെറ്റിയൊഴിഞ്ഞുപോയിട്ടില്ല. അങ്ങനെയെങ്കില്‍ സ്വര്‍ഗത്തില്‍നിന്നു സംസാരിക്കുന്നവനെ ശ്രദ്ധിക്കാതിരുന്നാല്‍ നാം എങ്ങനെ തെറ്റിയൊഴിയും? അന്ന് അവിടുത്തെ ശബ്ദം ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു. എന്നാല്‍ “ഇനി ഒരിക്കല്‍ ഞാന്‍ ഭൂമിയെ മാത്രമല്ല, ആകാശത്തെയും വിറപ്പിക്കും” എന്ന് അവിടുന്ന് ഇപ്പോള്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നു. ഇനി ഒരിക്കല്‍ എന്നത് ഇളക്കപ്പെടുവാന്‍ സാധ്യമല്ലാത്തവ നിലനില്‌ക്കുവാന്‍വേണ്ടി, സൃഷ്‍ടിക്കപ്പെട്ട സകലവും ഇളക്കിനീക്കുമെന്നത്രേ സൂചിപ്പിക്കുന്നത്. അതിനാല്‍ ഇളക്കുവാന്‍ ആവാത്ത ഒരു രാജ്യം നമുക്കു ലഭിക്കുന്നതുകൊണ്ട് നാം നന്ദിയുള്ളവരായിരിക്കുകയും, ദൈവത്തിനു പ്രസാദകരമായ വിധത്തില്‍ ഭയഭക്തിപുരസ്സരം ആരാധിക്കുകയും ചെയ്യുക. എന്തുകൊണ്ടെന്നാല്‍, നമ്മുടെ ദൈവം സംഹരിക്കുന്ന അഗ്നിയാണല്ലോ. സഹോദരനിര്‍വിശേഷമായ സ്നേഹം നിങ്ങളുടെ ഇടയില്‍ ഉണ്ടായിരിക്കട്ടെ. അപരിചിതരോട് ആതിഥ്യമര്യാദ കാണിക്കുവാന്‍ മറക്കരുത്. അങ്ങനെ ചെയ്തിട്ടുള്ള ചിലര്‍ മാലാഖമാരെ അറിയാതെ സല്‍ക്കരിച്ചിട്ടുണ്ടല്ലോ. തടവില്‍ കിടക്കുന്നവരെ, നിങ്ങള്‍ തന്നെ അവരോടൊത്തു തടവുകാരായിരുന്നാല്‍ എന്നപോലെ ഓര്‍ക്കുക. പീഡനമനുഭവിക്കുന്നവരെന്നവണ്ണം നിങ്ങള്‍ പീഡിതരെയും ഓര്‍ക്കണം. വിവാഹത്തെ എല്ലാവരും മാനിക്കണം. ഭാര്യാഭര്‍ത്തൃബന്ധം നിര്‍മ്മലമായിരിക്കട്ടെ. ദുര്‍മാര്‍ഗികളെയും വ്യഭിചാരികളെയും ദൈവം വിധിക്കും. നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തിന്‍റെ പിടിയില്‍ അമര്‍ന്നുപോകരുത്; നിങ്ങള്‍ക്ക് ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക. എന്തെന്നാല്‍ “ഞാന്‍ നിന്നെ ഒരിക്കലും കൈവിടുകയില്ല; ഉപേക്ഷിക്കുകയുമില്ല” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നു. അതുകൊണ്ട് സര്‍വേശ്വരന്‍ എനിക്കു തുണ; ഞാന്‍ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തുചെയ്‍വാന്‍ കഴിയും? എന്നു നമുക്കു സധൈര്യം പറയാം. ദൈവത്തിന്‍റെ സന്ദേശം നിങ്ങളെ അറിയിച്ച നിങ്ങളുടെ നേതാക്കളെ ഓര്‍ത്തുകൊള്ളണം. അവരുടെ ജീവിതത്തിന്‍റെ ഫലത്തെക്കുറിച്ചു പരിചിന്തനം ചെയ്തുകൊണ്ട് അവരുടെ വിശ്വാസത്തെ അനുകരിക്കുക. യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും മാറ്റമില്ലാത്തവനത്രേ. വിവിധങ്ങളായ ഇതരോപദേശങ്ങളാല്‍ ആരും നിങ്ങളെ നേരായ മാര്‍ഗത്തില്‍നിന്നു തെറ്റിക്കുവാന്‍ ഇടയാകരുത്. ഭക്ഷണകാര്യത്തെക്കുറിച്ചുള്ള ചട്ടങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. അതുകൊണ്ട് ദൈവകൃപയില്‍നിന്ന് ആന്തരികശക്തി പ്രാപിക്കുന്നതാണ് നിങ്ങള്‍ക്കു നല്ലത്. നമുക്കു നമ്മുടേതായ ഒരു ബലിപീഠമുണ്ട്. അതില്‍നിന്നു ഭക്ഷിക്കുവാന്‍ യെഹൂദന്മാരുടെ ആരാധനസ്ഥലമായ കൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്നവര്‍ക്ക് അവകാശമില്ല. യെഹൂദന്മാരുടെ മഹാപുരോഹിതന്‍ മൃഗങ്ങളുടെ രക്തം അതിവിശുദ്ധസ്ഥലത്തു കൊണ്ടുവന്ന്, പാപപരിഹാര ബലിയായി അര്‍പ്പിക്കുന്നു. എന്നാല്‍ മൃഗങ്ങളുടെ ശരീരം പാളയത്തിനു പുറത്തുവച്ച് ദഹിപ്പിക്കുകയാണു ചെയ്യുന്നത്. അതുകൊണ്ട് യേശുവും തന്‍റെ സ്വന്തം രക്തത്താല്‍ ജനത്തെ ആകമാനം പാപത്തില്‍നിന്നു ശുദ്ധീകരിക്കുന്നതിനായി നഗരത്തിന്‍റെ പുറത്തുവച്ച് മരണംവരിച്ചു. അതുകൊണ്ട് നമുക്കും പാളയത്തിനു പുറത്ത് അവിടുത്തെ അടുക്കലേക്കു ചെല്ലുകയും അവിടുത്തെ അപമാനത്തില്‍ പങ്കുചേരുകയും ചെയ്യാം. ഭൂമിയില്‍ നമുക്കു ശാശ്വതമായ നഗരമില്ല; വരുവാനുള്ള നഗരത്തെ നാം നോക്കിപ്പാര്‍ക്കുകയാണല്ലോ. നമുക്ക് യേശുവില്‍കൂടി നിരന്തരം ദൈവത്തിന് സ്തോത്രം അര്‍പ്പിക്കാം. യേശുവിനെ കര്‍ത്താവായി ഏറ്റുപറയുന്നവരുടെ അധരങ്ങള്‍ അര്‍പ്പിക്കുന്ന യാഗമാണത്. നന്മ ചെയ്യുന്നതിലും, നിങ്ങള്‍ക്കുള്ളത് അന്യോന്യം പങ്കിടുന്നതിലും ഉപേക്ഷ കാണിക്കരുത്. ഇങ്ങനെയുള്ള യാഗങ്ങളില്‍ ദൈവം പ്രസാദിക്കുന്നു. നിങ്ങളുടെ നേതാക്കന്മാരെ അനുസരിച്ച് അവര്‍ക്കു കീഴ്പ്പെട്ടിരിക്കണം. അവര്‍ ദൈവത്തിന്‍റെ മുമ്പില്‍ കണക്കു ബോധിപ്പിക്കേണ്ടതുകൊണ്ട് നിങ്ങളെ ജാഗ്രതയോടെ കാത്തുസൂക്ഷിക്കുന്നു. അവര്‍ സന്തോഷപൂര്‍വം അതു ചെയ്യുവാന്‍ ഇടയാക്കുക. സങ്കടത്തോടുകൂടിയാണ് ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ക്ക് അതു പ്രയോജനശൂന്യമായിരിക്കും. ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക. എപ്പോഴും ശരിയായതു ചെയ്യണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ട് ഞങ്ങള്‍ക്ക് സ്വച്ഛമായ ഒരു മനസ്സാക്ഷിയുണ്ട് എന്ന് നിസ്സംശയം പറയാം. ഞാന്‍ എത്രയും വേഗം നിങ്ങളുടെ അടുക്കല്‍ തിരിച്ചുവരേണ്ടതിന് കൂടുതല്‍ ശുഷ്കാന്തിയോടുകൂടി പ്രാര്‍ഥിക്കണമെന്നു നിങ്ങളോട് അപേക്ഷിക്കുന്നു. [20,21] സമാധാനത്തിന്‍റെ ദൈവം അവിടുത്തെ ഇഷ്ടം നിറവേറ്റുവാന്‍വേണ്ടി നിങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ നല്ല കാര്യങ്ങള്‍കൊണ്ടും നിങ്ങളെ ധന്യരാക്കട്ടെ. അവിടുത്തെ യാഗരക്തം മൂലം സനാതനമായ ഉടമ്പടിക്കു മുദ്രവച്ച, ആടുകളുടെ വലിയ ഇടയനായ നമ്മുടെ കര്‍ത്താവായ യേശുവിനെ മരണത്തില്‍നിന്ന് ദൈവം ഉത്ഥാനം ചെയ്യിച്ചു. അവിടുത്തേക്കു പ്രസാദകരമായിട്ടുള്ളവ യേശുക്രിസ്തുവില്‍കൂടി നമ്മില്‍ പ്രവര്‍ത്തിക്കുന്ന ദൈവത്തിന് എന്നേക്കും മഹത്ത്വമുണ്ടാകട്ടെ, ആമേന്‍. *** സഹോദരരേ, ഞാന്‍ ചുരുക്കമായി എഴുതിയിരിക്കുന്ന ഈ പ്രബോധനം ക്ഷമയോടെ ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു. നമ്മുടെ സഹോദരനായ തിമൊഥെയോസ് തടവില്‍നിന്നു വിമോചിതനായി എന്നുള്ള വിവരം ഞാന്‍ നിങ്ങളെ അറിയിച്ചുകൊള്ളുന്നു. അയാള്‍ വേഗം വന്നാല്‍ ഞാന്‍ അയാളോടുകൂടി വന്നു നിങ്ങളെ കണ്ടുകൊള്ളാം. നിങ്ങളുടെ എല്ലാ നേതാക്കന്മാര്‍ക്കും ദൈവജനത്തിനും എന്‍റെ അഭിവാദനങ്ങള്‍! ഇറ്റലിയിലെ വിശ്വാസികളും നിങ്ങളെ വന്ദനം ചെയ്യുന്നു. നിങ്ങളെല്ലാവരോടുംകൂടി ദൈവത്തിന്‍റെ കൃപ ഉണ്ടായിരിക്കട്ടെ. ദൈവത്തിന്‍റെയും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും ദാസനായ യാക്കോബ്, ചിതറിപ്പാര്‍ക്കുന്ന പന്ത്രണ്ടു ഗോത്രങ്ങള്‍ക്ക് എഴുതുന്നത്: നിങ്ങള്‍ക്ക് എന്‍റെ അഭിവാദനങ്ങള്‍! എന്‍റെ സഹോദരരേ, നിങ്ങള്‍ വിവിധ പരീക്ഷണങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ അത് സര്‍വപ്രകാരേണയും ആനന്ദമായി കരുതുക. എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍ നിങ്ങളില്‍ സ്ഥൈര്യം ഉളവാകുന്നു എന്നുള്ളത് നിങ്ങള്‍ക്ക് അറിയാമല്ലോ. നിങ്ങള്‍ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂര്‍ണരും ആകേണ്ടതിന് ഈ സ്ഥിരത പൂര്‍ണഫലം പുറപ്പെടുവിക്കട്ടെ. നിങ്ങളില്‍ ആര്‍ക്കെങ്കിലും ജ്ഞാനം കുറവാണെങ്കില്‍ എല്ലാവര്‍ക്കും കാരുണ്യപൂര്‍വം ഉദാരമായി നല്‌കുന്ന ദൈവത്തോട് അപേക്ഷിക്കട്ടെ; അവനു ലഭിക്കും. എന്നാല്‍ സംശയിക്കാതെ വിശ്വാസത്തോടുകൂടി അപേക്ഷിക്കേണ്ടതാണ്. സംശയിക്കുന്നവന്‍ കാറ്റടിച്ച് ഇളകിമറിയുന്ന കടല്‍ത്തിരയ്‍ക്കു സമനാകുന്നു. അങ്ങനെയുള്ളവനു കര്‍ത്താവില്‍നിന്ന് എന്തെങ്കിലും ലഭിക്കുമെന്നു കരുതരുത്. ഇരുമനസ്സുള്ള മനുഷ്യന്‍ തന്‍റെ ജീവിത വ്യാപാരങ്ങളിലെല്ലാം അസ്ഥിരനായിരിക്കും. എളിയ സഹോദരന്‍ തന്‍റെ ഉയര്‍ച്ചയിലും ധനവാനോ പുല്ലിന്‍റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാല്‍ തന്‍റെ എളിമയിലും പ്രശംസിക്കട്ടെ. പൊള്ളുന്ന ചൂടോടെ സൂര്യന്‍ ഉദിച്ചുയരുന്നു. അതിന്‍റെ ചൂടേറ്റ് പുല്ലു വാടിക്കരിയുന്നു; പൂവു കൊഴിഞ്ഞുവീഴുന്നു; അതിന്‍റെ സൗന്ദര്യം നശിക്കുകയും ചെയ്യുന്നു. അതുപോലെ ധനികനും തന്‍റെ പ്രയത്നങ്ങള്‍ക്കിടയില്‍ വാടി നശിക്കുന്നു. പരീക്ഷണങ്ങള്‍ നേരിടുമ്പോള്‍ ഉറച്ചു നില്‌ക്കുന്നവന്‍ അനുഗൃഹീതന്‍; എന്തെന്നാല്‍ പരീക്ഷണങ്ങളെ അതിജീവിക്കുന്നവന്, തന്നെ സ്നേഹിക്കുന്നവര്‍ക്കു ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള ജീവകിരീടം ലഭിക്കും. പരീക്ഷിക്കപ്പെടുമ്പോള്‍ ദൈവം എന്നെ പരീക്ഷിക്കുന്നു എന്ന് ആരും പറയരുത്. എന്തെന്നാല്‍ തിന്മയാല്‍ ദൈവത്തെ പരീക്ഷിക്കുവാന്‍ സാധ്യമല്ല. അവിടുന്ന് ആരെയും പരീക്ഷിക്കുന്നുമില്ല. മറിച്ച് ഓരോരുത്തന്‍ സ്വന്തം ദുര്‍മോഹത്താല്‍ ആകൃഷ്ടനായി വഴിതെറ്റിപ്പോകുവാന്‍ പരീക്ഷിക്കപ്പെടുന്നു. മോഹം ഗര്‍ഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണവളര്‍ച്ചയിലെത്തുമ്പോള്‍ മരണത്തെ ഉളവാക്കുന്നു. എന്‍റെ പ്രിയ സഹോദരരേ, ആരും നിങ്ങളെ വഴിതെറ്റിക്കരുത്. എല്ലാ നല്ല ദാനങ്ങളും തികവുറ്റ വരങ്ങളും ഉന്നതത്തില്‍നിന്ന്, പ്രകാശഗോളങ്ങളുടെ സ്രഷ്ടാവായ പിതാവില്‍നിന്നുതന്നെ വരുന്നു. ദൈവത്തിനു മാറ്റമോ, ഗതിഭേദംകൊണ്ടുള്ള നിഴലോ ഇല്ല. തന്‍റെ സൃഷ്‍ടികളില്‍ നാം ആദ്യഫലം ആകേണ്ടതിന്, ദൈവം തന്‍റെ സ്വന്തം ഇച്ഛയാല്‍ സത്യത്തിന്‍റെ വചനംകൊണ്ടു നമ്മെ ജനിപ്പിച്ചു. എന്‍റെ പ്രിയപ്പെട്ട സഹോദരരേ, നിങ്ങള്‍ ഇത് ഓര്‍ത്തുകൊള്ളണം; ഏതു മനുഷ്യനും കേള്‍ക്കുന്നതില്‍ വേഗം ശ്രദ്ധിക്കുന്നവനും, പറയുന്നതിലും കോപിക്കുന്നതിലും തിടുക്കം കൂട്ടാത്തവനും ആയിരിക്കട്ടെ. മനുഷ്യന്‍റെ കോപംമൂലം ദൈവത്തിന്‍റെ നീതി നിര്‍വഹിക്കപ്പെടുന്നില്ല. അതിനാല്‍ എല്ലാ അശുദ്ധിയും കൊടിയ ദുഷ്ടതയും ഉപേക്ഷിച്ച്, നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാന്‍ പര്യാപ്തമായതും ദൈവം നിങ്ങളുടെ ഉള്ളില്‍ നടുന്നതുമായ വചനത്തെ വിനയപൂര്‍വം കൈക്കൊള്ളുക. എന്നാല്‍ നിങ്ങള്‍ വചനം കേള്‍ക്കുകമാത്രം ചെയ്ത് സ്വയം വഞ്ചിക്കാതെ അതു പ്രാവര്‍ത്തികമാക്കണം. [23,24] വചനം കേള്‍ക്കുന്നെങ്കില്‍ അത് അനുവര്‍ത്തിക്കാതിരിക്കുന്നവന്‍ തന്‍റെ മുഖം കണ്ണാടിയില്‍ കണ്ടിട്ട് അത് ഉടനെ മറക്കുന്നവനെപ്പോലെയാകുന്നു. *** സ്വാതന്ത്ര്യത്തിന്‍റെ സമ്പൂര്‍ണമായ നിയമത്തെ നോക്കിക്കാണുകയും അതു നിഷ്ഠയോടെ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നവന്‍ കേട്ടിട്ടു മറക്കുന്നവനല്ല, പിന്നെയോ ചെയ്യുന്നവനാകുന്നു. തന്‍റെ പ്രവൃത്തികളാല്‍ അവന്‍ അനുഗൃഹീതനാകും. ഭക്തനാണെന്നു വിചാരിക്കുന്ന ഒരുവന്‍ തന്‍റെ നാവിനു കടിഞ്ഞാണിടാതെ സ്വയം വഞ്ചിക്കുന്നുവെങ്കില്‍ അവന്‍റെ ഭക്തി വ്യര്‍ഥമത്രേ. പിതാവായ ദൈവത്തിന്‍റെ മുമ്പാകെയുള്ള ശുദ്ധവും നിര്‍മ്മലവുമായ ഭക്തിയാകട്ടെ, അനാഥരെയും വിധവമാരെയും അവരുടെ കഷ്ടതകളില്‍ ചെന്നു കണ്ട് ആശ്വസിപ്പിക്കുകയും ലോകത്തിന്‍റെ മാലിന്യംപറ്റാതെ സ്വയം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതാകുന്നു. എന്‍റെ സഹോദരരേ, മഹത്ത്വത്തിന്‍റെ പ്രഭുവും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന നിങ്ങള്‍ പക്ഷപാതം കാണിക്കരുത്. പൊന്‍മോതിരവും മോടിയുള്ള വസ്ത്രവും അണിഞ്ഞ് ഒരാളും മുഷിഞ്ഞ വസ്ത്രംധരിച്ച് ഒരു ദരിദ്രനും നിങ്ങളുടെ സഭായോഗത്തില്‍ വരുന്നു എന്നിരിക്കട്ടെ. നിങ്ങള്‍ മോടിയുള്ള വസ്ത്രം ധരിച്ചയാളിനോട് “ഇവിടെ സുഖമായി ഇരിക്കുക” എന്ന് ആദരപൂര്‍വം പറയുകയും അതേ സമയം ആ പാവപ്പെട്ട മനുഷ്യനോട് “അവിടെ നില്‌ക്കുക” എന്നോ, “എന്‍റെ കാല്‌ക്കല്‍ നിലത്ത് ഇരുന്നുകൊള്ളുക” എന്നോ പറയുകയും ചെയ്യുന്നെങ്കില്‍, നിങ്ങളുടെ ഇടയില്‍ത്തന്നെ നിങ്ങള്‍ വിവേചനം കാണിക്കുന്നവരും ദുരുദ്ദേശ്യത്തോടുകൂടി വിധികല്പിക്കുന്നവരും ആയിത്തീരുന്നില്ലേ? എന്‍റെ പ്രിയപ്പെട്ട സഹോദരരേ, ഞാന്‍ പറയുന്നതു കേള്‍ക്കുക; ലോകത്തില്‍ ദരിദ്രര്‍ ആയവരെ ദൈവം, വിശ്വാസത്തില്‍ സമ്പന്നരും, തന്നെ സ്നേഹിക്കുന്നവര്‍ക്കു വാഗ്ദാനം ചെയ്തിട്ടുള്ള രാജ്യത്തിന് അവകാശികളും ആക്കിത്തീര്‍ത്തിട്ടില്ലേ? എന്നാല്‍ നിങ്ങള്‍ ദരിദ്രനെ അപമാനിക്കുന്നു. ആരാണ് നിങ്ങളെ പീഡിപ്പിക്കുകയും കോടതിയിലേക്കു വലിച്ചിഴയ്‍ക്കുകയും ചെയ്യുന്നത്? ധനവാന്മാര്‍തന്നെ! ഏതൊരുപേരില്‍ നിങ്ങള്‍ അറിയപ്പെടുന്നുവോ, ആ സംപൂജ്യനാമത്തെ നിന്ദിക്കുന്നതും അവരല്ലേ? വേദലിഖിതത്തില്‍‍ കാണുന്നതുപോലെ “നിന്‍റെ അയല്‍ക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക” എന്ന ദൈവരാജ്യനിയമം നിങ്ങള്‍ യഥാര്‍ഥമായി അനുസരിക്കുന്നത് ഉത്തമം. എന്നാല്‍ നിങ്ങള്‍ പക്ഷപാതം കാണിക്കുന്നെങ്കില്‍ നിങ്ങള്‍ പാപം ചെയ്യുന്നു. നിയമത്താല്‍ നിങ്ങള്‍ കുറ്റക്കാരായി വിധിക്കപ്പെടുകയും ചെയ്യുന്നു. നിയമങ്ങളിലൊന്നു ലംഘിക്കുന്നവന്‍ നിയമം ആസകലം ലംഘിക്കുന്നവനായിത്തീരുന്നു. “വ്യഭിചാരം ചെയ്യരുത്” എന്നു കല്പിച്ചവന്‍ “കൊല ചെയ്യരുത്” എന്നും കല്പിച്ചിട്ടുണ്ട്. നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല ചെയ്യുന്നെങ്കില്‍ നീ നിയമം ലംഘിക്കുന്നു. ദൈവരാജ്യനിയമമാണ് നമ്മെ സ്വതന്ത്രരാക്കുന്നത്. ആ നിയമം അനുസരിച്ച് നിങ്ങള്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. കാരുണ്യം കാണിക്കാത്തവന്‍റെമേല്‍ കരുണയില്ലാത്ത വിധിയുണ്ടാകും. കാരുണ്യമാകട്ടെ വിധിയെ വെല്ലുന്നു. എന്‍റെ സഹോദരരേ, ഒരുവന്‍ വിശ്വാസമുണ്ട് എന്നു പറയുകയും അവന് അതനുസരിച്ചുള്ള പ്രവൃത്തികള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ എന്തു പ്രയോജനം? അവന്‍റെ വിശ്വാസം അവനെ രക്ഷിക്കുവാന്‍ പര്യാപ്തമാണോ? വിശപ്പടക്കാന്‍ ആഹാരവും നഗ്നത മറയ്‍ക്കാന്‍ വസ്ത്രവും ഇല്ലാതെ വലയുന്ന ഒരു സഹോദരനോടോ സഹോദരിയോടോ അവര്‍ക്ക് ആവശ്യമുള്ളതു കൊടുക്കാതെ “നിങ്ങള്‍ സമാധാനത്തോടുകൂടി പോയി തണുപ്പകറ്റി മൃഷ്ടാന്നം ഭക്ഷിക്കുക” എന്നു നിങ്ങളില്‍ ആരെങ്കിലും പറയുന്നെങ്കില്‍ അതുകൊണ്ട് എന്താണു പ്രയോജനം? അതുകൊണ്ട് പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം സ്വതേ നിര്‍ജീവമാകുന്നു. എന്നാല്‍ “നിനക്കു വിശ്വാസമുണ്ട്, എനിക്കു പ്രവൃത്തികളുമുണ്ട്” എന്നു നിങ്ങള്‍ പറഞ്ഞേക്കാം. നിന്‍റെ വിശ്വാസം പ്രവൃത്തികള്‍ കൂടാതെ എനിക്കു കാണിച്ചുതരിക. എന്‍റെ വിശ്വാസം പ്രവൃത്തികളില്‍ കൂടി ഞാന്‍ കാണിച്ചുതരാം. ദൈവം ഏകനാണെന്നു നീ വിശ്വസിക്കുന്നു. അതു നല്ലതുതന്നെ! പിശാചുക്കള്‍പോലും അതു വിശ്വസിക്കുന്നു. ഭയപ്പെട്ടു വിറയ്‍ക്കുകയും ചെയ്യുന്നു. മൂഢനായ മനുഷ്യാ, പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം നിഷ്ഫലമെന്നു ഞാന്‍ തെളിയിച്ചുതരണമോ? നമ്മുടെ പിതാവായ അബ്രഹാം തന്‍റെ പുത്രനായ ഇസ്ഹാക്കിനെ ബലിപീഠത്തില്‍ സമര്‍പ്പിച്ചു. അങ്ങനെ പ്രവൃത്തികളിലൂടെയാണല്ലോ അദ്ദേഹം നീതികരിക്കപ്പെട്ടത്. അബ്രഹാമിന്‍റെ പ്രവൃത്തികളോടൊപ്പം വിശ്വാസവും വര്‍ത്തിച്ചു എന്നും, വിശ്വാസം പ്രവൃത്തികളാല്‍ പൂര്‍ണമാക്കപ്പെട്ടു എന്നും നിങ്ങള്‍ അറിയുന്നുവല്ലോ. അങ്ങനെ ‘അബ്രഹാം ദൈവത്തെ വിശ്വസിച്ചു; അതുകൊണ്ട് അദ്ദേഹത്തെ നീതിമാനായി അംഗീകരിച്ചു’ എന്ന വേദലിഖിതം സത്യമായി; അദ്ദേഹം ദൈവത്തിന്‍റെ സ്നേഹിതന്‍ എന്നു വിളിക്കപ്പെടുകയും ചെയ്തു. അങ്ങനെ, മനുഷ്യന്‍ പ്രവൃത്തികള്‍കൊണ്ടാണ് നീതിമാനായി അംഗീകരിക്കപ്പെടുന്നതെന്ന് നിങ്ങള്‍ അറിയുന്നു; കേവലം വിശ്വാസംകൊണ്ടല്ല. റാഹാബ് എന്ന വേശ്യയും അംഗീകരിക്കപ്പെട്ടത് പ്രവൃത്തികളില്‍ കൂടിയാണ്. അവള്‍ ഇസ്രായേല്യചാരന്മാരെ സ്വീകരിക്കുകയും മറ്റൊരു വഴിയിലൂടെ അവരെ പുറത്തേക്കു പറഞ്ഞയയ്‍ക്കുകയും ചെയ്തു. ആത്മാവില്ലാത്ത ശരീരം നിര്‍ജീവമായിരിക്കുന്നതുപോലെ പ്രവൃത്തികൂടാതെയുള്ള വിശ്വാസവും നിര്‍ജീവമായിരിക്കും. നിങ്ങളില്‍ അധികംപേര്‍ ഉപദേഷ്ടാക്കള്‍ ആകരുത്. ഉപദേഷ്ടാക്കളായ നാം കൂടൂതല്‍ കര്‍ശനമായ വിധിക്കു വിധേയരാകുമെന്നു നിങ്ങള്‍ക്കറിയാമല്ലോ. നാമെല്ലാവരും പലവിധത്തില്‍ തെറ്റുകള്‍ ചെയ്യുന്നു. സംഭാഷണത്തില്‍ പിഴ വരുത്താത്തവന്‍ ശരീരത്തെ മുഴുവന്‍ കടിഞ്ഞാണിട്ടു നയിക്കുവാന്‍ കഴിവുള്ള ഉത്തമ മനുഷ്യനായിരിക്കും. കുതിരയെ അധീനമാക്കുന്നതിനുവേണ്ടി അതിന്‍റെ വായില്‍ കടിഞ്ഞാണിടുന്നു; അങ്ങനെ അതിന്‍റെ ശരീരത്തെ മുഴുവനും നാം നിയന്ത്രിക്കുന്നുവല്ലോ. കപ്പലിന്‍റെ കാര്യംതന്നെ നോക്കുക. അത് എത്ര വലുതായാലും, ശക്തമായ കാറ്റിന്‍റെ സഹായംകൊണ്ട് ഓടുന്നതായാലും ഒരു ചെറിയ ചുക്കാന്‍കൊണ്ട് അമരക്കാരന്‍ ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു. അതുപോലെ നാവും വളരെ ചെറിയ ഒരവയവമാണെങ്കിലും വലിയ കാര്യങ്ങളെക്കുറിച്ചു വീരവാദം നടത്തുന്നു. എത്ര വലിയ വനമായാലും മുഴുവന്‍ കത്തി നശിക്കുവാന്‍ ഒരു തീപ്പൊരി മതി. നാവും ഒരു അഗ്നി തന്നെ. അതു നമ്മുടെ അവയവങ്ങളുടെ മധ്യത്തില്‍ തിന്മയുടെ ഒരു പ്രപഞ്ചമാണ്. നമ്മുടെ സത്തയെ ആകമാനം അതു മലിനമാക്കുന്നു. അതു ജീവിതത്തെ സമൂലം നരകാഗ്നിക്ക് ഇരയാക്കുന്നു. ഏതു തരം മൃഗത്തെയും പക്ഷിയെയും ഇഴജന്തുവിനെയും ജലജീവിയെയും മനുഷ്യനു മെരുക്കിയെടുക്കാം; മെരുക്കിയിട്ടുമുണ്ട്. എന്നാല്‍ നാവിനെ മെരുക്കുവാന്‍ ഒരു മനുഷ്യനും സാധ്യമല്ല. അത് അടക്കാനാവാത്ത ദോഷവും മാരകമായ വിഷവും നിറഞ്ഞതാണ്. നമ്മുടെ പിതാവായ സര്‍വേശ്വരനെ നാവുകൊണ്ട് നാം സ്തുതിക്കുന്നു. ദൈവത്തിന്‍റെ സാദൃശ്യത്തില്‍ സൃഷ്‍ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യനെ അതേ നാവുകൊണ്ടു ശപിക്കുകയും ചെയ്യുന്നു. ഒരേ വായില്‍നിന്നു തന്നെ ഈശ്വരസ്തുതിയും ശാപവും പുറപ്പെടുന്നു. എന്‍റെ സഹോദരരേ, ഇത് ഉചിതമല്ല. ഒരേ നീരുറവ് ശുദ്ധജലവും ഉപ്പുവെള്ളവും പുറപ്പെടുവിക്കുമോ? എന്‍റെ സഹോദരരേ, അത്തിവൃക്ഷത്തില്‍ ഒലിവുഫലമോ, മുന്തിരിവള്ളിമേല്‍ അത്തിപ്പഴമോ ഉണ്ടാകുമോ? ഉപ്പുവെള്ളം പുറപ്പെടുവിക്കുന്ന നീരുറവിന് അതിലെ ജലത്തെ മധുരിപ്പിക്കുവാന്‍ സാധ്യമാണോ? നിങ്ങളില്‍ ജ്ഞാനവും വിവേകവും ഉള്ളവന്‍ ആരാണ്? ജ്ഞാനത്തിന്‍റെ ലക്ഷണം വിനയമാണ്. വിനയത്തോടുകൂടി ചെയ്യുന്ന പ്രവൃത്തികളാല്‍ അവന്‍ തന്‍റെ ഉത്തമജീവിതത്തില്‍ അതു കാണിക്കട്ടെ. എന്നാല്‍ നിങ്ങളുടെ ഹൃദയത്തില്‍ കയ്പു നിറഞ്ഞ അസൂയയും സ്വാര്‍ഥനിഷ്ഠമായ താത്പര്യങ്ങളും ഉണ്ടെങ്കില്‍ ജ്ഞാനത്തെക്കുറിച്ച് ആത്മപ്രശംസ ചെയ്യരുത്. അത് സത്യത്തിനു നിരക്കാത്തതാണ്. ഇങ്ങനെ ആത്മപ്രശംസ ചെയ്യുന്ന ജ്ഞാനം ദൈവത്തില്‍നിന്നുള്ളതല്ല. അത് ഭൗമികവും, അനാത്മികവും, പൈശാചികവുമാണ്. എവിടെ അസൂയയും സ്വാര്‍ഥതാത്പര്യവും ഉണ്ടോ, അവിടെ ക്രമക്കേടും എല്ലാവിധ തിന്മകളും ഉണ്ടായിരിക്കും. എന്നാല്‍ ഉന്നതത്തില്‍നിന്നുള്ള ജ്ഞാനം ഒന്നാമത് നിര്‍മ്മലമാണ്, പിന്നെ സമാധാനപ്രദവും സൗമ്യവും അനുരഞ്ജകവും കരുണാമയവും സല്‍ഫലങ്ങള്‍ ഉളവാക്കുന്നതും ആകുന്നു. അതു പക്ഷപാതവും കാപട്യവും ജനിപ്പിക്കുന്നില്ല. സമാധാനം ഉണ്ടാക്കുന്നവന്‍ സമാധാനം വിതച്ച് നന്മ കൊയ്തെടുക്കുന്നു. നിങ്ങളുടെ ഇടയില്‍ കലഹങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകുന്നത് എന്തുകൊണ്ട്? നിങ്ങളുടെ അവയവങ്ങളില്‍ പോരാട്ടം നടത്തുന്ന ഭോഗേച്ഛയല്ലേ അതിനു കാരണം? നിങ്ങള്‍ മോഹിക്കുന്നതു പ്രാപിക്കുന്നില്ല; അതുകൊണ്ട് നിങ്ങള്‍ കൊല്ലുന്നു. നിങ്ങള്‍ അത്യധികമായി ആഗ്രഹിക്കുന്നെങ്കിലും നേടുവാന്‍ കഴിയുന്നില്ല. അതുകൊണ്ട് നിങ്ങള്‍ ശണ്ഠ കൂടുകയും പോരാടുകയും ചെയ്യുന്നു. നിങ്ങള്‍ക്കു വേണ്ടതു ലഭിക്കാത്തത് ദൈവത്തോടു ചോദിക്കാത്തതുകൊണ്ടാണ്. നിങ്ങള്‍ അപേക്ഷിച്ചിട്ടും കിട്ടാതിരിക്കുന്നത് നിങ്ങളുടെ ഭോഗങ്ങളില്‍ ചെവിടേണ്ടതിനു ദുരാഗ്രഹത്തോടെ യാചിക്കുന്നതുകൊണ്ടാണ്. അവിശ്വസ്തരായ ജനമേ! ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? അതുകൊണ്ട് ലോകത്തിന്‍റെ മിത്രമാകുവാന്‍ ആഗ്രഹിക്കുന്ന ഏതൊരുവനും തന്നെത്തന്നെ ദൈവത്തിന്‍റെ ശത്രുവാക്കുന്നു. ‘നമ്മില്‍ കുടികൊള്ളുന്ന ആത്മാവ് തീവ്രമായ ആഗ്രഹങ്ങളോടുകൂടിയതാണ്’ എന്ന വേദലിഖിതം വൃഥാകഥനമാണെന്നു വിചാരിക്കുന്നുവോ? ദൈവമാകട്ടെ വളരെയധികം കൃപാവരം നല്‌കുന്നു. അതുകൊണ്ടാണ് ‘ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും എളിയവര്‍ക്കു കൃപാവരം അരുളുകയും ചെയ്യുന്നു’ എന്ന് എഴുതിയിരിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ നിങ്ങളെത്തന്നെ ദൈവത്തിനു വിധേയരാക്കുക; പിശാചിനോടു ചെറുത്തു നില്‌ക്കുക; എന്നാല്‍ അവന്‍ നിങ്ങളെ വിട്ട് ഓടിപ്പോകും. ദൈവത്തെ സമീപിക്കുക; എന്നാല്‍ ദൈവവും നിങ്ങളുടെ അടുത്തുവരും. പാപികളേ! നിങ്ങളുടെ കരങ്ങള്‍ വെടിപ്പാക്കുക; കപടഭക്തരേ! നിങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുക. നിങ്ങള്‍ ദുഃഖിച്ചു വിലപിച്ചു കരയുക. നിങ്ങളുടെ ചിരി കരച്ചിലായും, സന്തോഷം വിഷാദമായും തീരട്ടെ. കര്‍ത്താവിന്‍റെ മുമ്പില്‍ നിങ്ങള്‍ താഴുക; എന്നാല്‍ അവിടുന്നു നിങ്ങളെ ഉയര്‍ത്തും. സഹോദരരേ, നിങ്ങള്‍ അന്യോന്യം ദുഷിക്കരുത്. സഹോദരനെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നവന്‍ നിയമസംഹിതയെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നു. നീ നിയമത്തെ വിധിക്കുന്നവനാണെങ്കില്‍ അതിനെ അനുസരിക്കുന്നവനല്ല, പ്രത്യുത വിധികര്‍ത്താവാണ്. നിയമകര്‍ത്താവും വിധികര്‍ത്താവും ആയി നമ്മെ രക്ഷിക്കുവാനും നശിപ്പിക്കുവാനും കഴിവുള്ള ഒരുവനേയുള്ളൂ. നിന്‍റെ അയല്‍ക്കാരനെ വിധിക്കുവാന്‍ നീ ആരാണ്? “ഇന്നോ നാളെയോ ഞങ്ങള്‍ പട്ടണത്തില്‍പോയി ഒരു വര്‍ഷം അവിടെ താമസിച്ചു വ്യാപാരം ചെയ്തു ലാഭമുണ്ടാക്കും” എന്നു പറയുന്നവരേ, എന്‍റെ വാക്കുകള്‍ കേള്‍ക്കൂ. നാളത്തെ കാര്യം നീ അറിയുന്നില്ലല്ലോ. നിങ്ങളുടെ ജീവന്‍ എങ്ങനെയുള്ളതാകുന്നു? അല്പസമയത്തേക്കു കാണപ്പെടുകയും അടുത്ത ക്ഷണത്തില്‍ കാണാതാകുകയും ചെയ്യുന്ന മൂടല്‍മഞ്ഞുപോലെ മാത്രമേയുള്ളൂ നിങ്ങള്‍. “ദൈവം അനുവദിക്കുന്നപക്ഷം ഞങ്ങള്‍ ജീവിച്ചിരുന്ന് ഇന്നതു ചെയ്യും” എന്നാണ് നിങ്ങള്‍ പറയേണ്ടത്. അതിനുപകരം ഗര്‍വ്വുകൊണ്ട് നീ വമ്പു പറയുന്നു. ഇങ്ങനെയുള്ള എല്ലാ വമ്പു പറച്ചിലും തിന്മയാണ്. നന്മ എന്താണെന്ന് അറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നത് പാപമാണ്. ധനവാന്മാരേ, നിങ്ങള്‍ക്കു വരുവാന്‍ പോകുന്ന ദുരിതങ്ങള്‍ ഓര്‍ത്ത് വിലപിച്ചു കരയുക. നിങ്ങളുടെ സമ്പത്തു ജീര്‍ണിച്ചും നിങ്ങളുടെ വസ്ത്രങ്ങള്‍ പുഴു കരണ്ടും നശിച്ചിരിക്കുന്നു. നിങ്ങളുടെ പൊന്നും വെള്ളിയും കറ പിടിച്ചിരിക്കുന്നു. ആ കറ നിങ്ങള്‍ക്കെതിരെ സാക്ഷ്യം പറയും. തീ എന്നപോലെ അതു നിങ്ങളുടെ മാംസം കാര്‍ന്നുതിന്നും. അന്ത്യനാളുകള്‍ക്കുവേണ്ടി നിങ്ങള്‍ നിക്ഷേപം കൂട്ടിവയ്‍ക്കുന്നു. ഇതാ, നിങ്ങളുടെ നിലം കൊയ്ത തൊഴിലാളികളെ വഞ്ചിച്ചു പിടിച്ചുവച്ച കൂലി ഉച്ചത്തില്‍ നിലവിളിക്കുന്നു. ആ കൊയ്ത്തുകാരുടെ നിലവിളി സര്‍വശക്തനായ ദൈവത്തിന്‍റെ ചെവികളില്‍ എത്തിയിരിക്കുന്നു. ഭൂമിയില്‍ നിങ്ങള്‍ ആഡംബരത്തിലും സുഖലോലുപതയിലും ജീവിച്ചു; കശാപ്പു നടത്തുന്ന ദിവസത്തേക്കെന്നവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ കൊഴുപ്പിച്ചിരിക്കുന്നു. നിങ്ങള്‍ നീതിമാനെ കുറ്റവാളിയെന്നു വിധിച്ചുകൊന്നു. അവിടുന്നാകട്ടെ നിങ്ങളോട് എതിര്‍ത്തുനില്‌ക്കുന്നില്ല. സഹോദരരേ, കര്‍ത്താവിന്‍റെ ആഗമനംവരെ ക്ഷമയോടെ ഇരിക്കുക. ഭൂമിയില്‍നിന്നു മെച്ചപ്പെട്ട ഫലം കിട്ടുന്നതിനു കര്‍ഷകന്‍ മുന്‍മഴയ്‍ക്കായും പിന്‍മഴയ്‍ക്കായും ക്ഷമാപൂര്‍വം കാത്തിരിക്കുന്നുവല്ലോ. നിങ്ങളും ക്ഷമയോടുകൂടിയിരിക്കുക. നിങ്ങളുടെ മനസ്സ് ഉറപ്പിക്കുക. കര്‍ത്താവിന്‍റെ ആഗമനം അടുത്തിരിക്കുന്നു. സഹോദരരേ, നിങ്ങള്‍ വിധിക്കപ്പെടാതെയിരിക്കുവാന്‍ അന്യോന്യം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുക. ഇതാ, വിധികര്‍ത്താവ് വാതില്‌ക്കല്‍ നില്‌ക്കുന്നു. സഹോദരരേ, സര്‍വേശ്വരന്‍റെ നാമത്തില്‍ സംസാരിച്ച പ്രവാചകന്മാര്‍ നിങ്ങള്‍ക്കു സഹനത്തിന്‍റെയും ക്ഷമയുടെയും മാതൃകയായിരിക്കട്ടെ. അചഞ്ചലരായി ഉറച്ചുനിന്നിട്ടുള്ളവരെ അനുഗൃഹീതരെന്നു നാം പ്രകീര്‍ത്തിക്കുന്നു. യോബിന്‍റെ സഹിഷ്ണുതയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. യോബിനെപ്പറ്റി സര്‍വേശ്വരന്‍റെ ഉദ്ദേശ്യം എന്തായിരുന്നു എന്നും അവിടുന്ന് എത്രമാത്രം ദയയും കാരുണ്യവും ഉള്ളവനെന്നും നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. സഹോദരരേ, സര്‍വോപരി സ്വര്‍ഗത്തെയോ, ഭൂമിയെയോ, മറ്റേതെങ്കിലും ഒന്നിനെയോ ചൊല്ലി സത്യം ചെയ്യരുത്. നിങ്ങള്‍ ശിക്ഷാവിധിയില്‍ അകപ്പെടാതിരിക്കുവാന്‍ നിങ്ങള്‍ ‘അതെ’ എന്നു പറയുന്നത് ‘അതെ’ എന്നും ‘അല്ല’ എന്നു പറയുന്നത് ‘അല്ല’ എന്നും ആയിരിക്കട്ടെ. നിങ്ങളില്‍ കഷ്ടത സഹിക്കുന്നവന്‍ പ്രാര്‍ഥിക്കട്ടെ; സന്തോഷിക്കുന്നവന്‍ സ്തോത്രഗാനം ആലപിക്കട്ടെ. രോഗശയ്യയില്‍ കിടക്കുന്നവന്‍ സഭാമുഖ്യരെ വരുത്തട്ടെ. അവര്‍ കര്‍ത്താവിന്‍റെ നാമത്തില്‍ എണ്ണ പൂശി ആ രോഗിക്കുവേണ്ടി പ്രാര്‍ഥിക്കട്ടെ. വിശ്വാസത്തോടുകൂടിയ പ്രാര്‍ഥന രോഗിയെ രക്ഷിക്കും; കര്‍ത്താവ് അവനെ എഴുന്നേല്പിക്കും; അവന്‍ പാപം ചെയ്തിട്ടുണ്ടെങ്കില്‍ അവനോടു ക്ഷമിക്കുകയും ചെയ്യും. നിങ്ങള്‍ക്കു രോഗശാന്തി ഉണ്ടാകേണ്ടതിന് പരസ്പരം പാപം ഏറ്റുപറഞ്ഞ് ഒരുവനുവേണ്ടി മറ്റൊരുവന്‍ പ്രാര്‍ഥിക്കുക. നീതിമാന്‍റെ ശ്രദ്ധയോടുകൂടിയ പ്രാര്‍ഥന വളരെ ഫലിക്കുന്നു. ഏലിയാ നമ്മെപ്പോലെതന്നെയുള്ള ഒരു മനുഷ്യനായിരുന്നു. മഴ പെയ്യാതിരിക്കുവാന്‍വേണ്ടി അദ്ദേഹം ശുഷ്കാന്തിയോടെ പ്രാര്‍ഥിച്ചു. അതിന്‍റെ ഫലമായി മൂന്നര വര്‍ഷം ഭൂമിയില്‍ മഴ പെയ്തില്ല. അദ്ദേഹം വീണ്ടും പ്രാര്‍ഥിച്ചപ്പോള്‍ ആകാശം മഴ നല്‌കി; ഭൂമി അതിന്‍റെ ഫലങ്ങള്‍ നല്‌കുകയും ചെയ്തു. എന്‍റെ സഹോദരരേ, നിങ്ങളില്‍ ആരെങ്കിലും സത്യത്തില്‍നിന്നു വ്യതിചലിക്കുകയും, മറ്റൊരാള്‍ അയാളെ തിരിച്ചു വരുത്തുകയും ചെയ്താല്‍, പാപിയെ അവന്‍റെ വഴിയില്‍നിന്നു തിരിക്കുന്നവന്‍, അവന്‍റെ ആത്മാവിനെ മരണത്തില്‍നിന്നു രക്ഷിക്കുകയും അവന്‍റെ അസംഖ്യമായ പാപങ്ങള്‍ മറയ്‍ക്കുകയും ചെയ്യുന്നു എന്നുള്ളത് ഓര്‍ത്തുകൊള്ളുക. യേശുക്രിസ്തുവിന്‍റെ അപ്പോസ്തോലനായ പത്രോസ്, പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ഏഷ്യാദേശത്തും ബിഥുന്യയിലും പരദേശികളെപ്പോലെ ചിതറിപ്പാര്‍ക്കുന്ന ദൈവജനത്തിന് എഴുതുന്നത്: നിങ്ങള്‍ക്കു കൃപയും സമാധാനവും വര്‍ധിക്കട്ടെ. യേശുക്രിസ്തുവിനെ അനുസരിക്കുവാനും അവിടുത്തെ രക്തം തളിച്ചു ശുദ്ധീകരിക്കപ്പെടുവാനുമായി ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെടുകയും ആത്മാവിനാല്‍ പവിത്രീകരിക്കപ്പെടുകയും ചെയ്തവരാണു നിങ്ങള്‍. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവന്‍! മരണത്തില്‍നിന്നുള്ള യേശുക്രിസ്തുവിന്‍റെ ഉത്ഥാനത്തിലൂടെ ദൈവം തന്‍റെ മഹാകാരുണ്യംമൂലം നമുക്കു നവജന്മം നല്‌കിയിരിക്കുന്നു. അതുമൂലം സജീവമായ പ്രത്യാശ നമുക്കുണ്ട്. നിങ്ങള്‍ക്കുവേണ്ടി സ്വര്‍ഗത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നതും, അനശ്വരവും, മാലിന്യമില്ലാത്തതും, അക്ഷയവുമായ അനുഗ്രഹങ്ങള്‍ക്ക് നിങ്ങള്‍ അവകാശികള്‍ ആണ്. അന്ത്യകാലത്തു വെളിപ്പെടുവാനിരിക്കുന്ന രക്ഷയ്‍ക്കുവേണ്ടി വിശ്വാസത്തിലൂടെ ദൈവത്തിന്‍റെ ശക്തിയാല്‍ കാത്തുസൂക്ഷിക്കപ്പെടുന്നവരാണു നിങ്ങള്‍. അല്പകാലത്തേക്കു നാനാവിധ പരീക്ഷണങ്ങളാല്‍ നിങ്ങള്‍ ഇപ്പോള്‍ ദുഃഖിതരാകുന്നത് ആവശ്യമാണെങ്കില്‍ത്തന്നെയും അതില്‍ നിങ്ങള്‍ ആനന്ദംകൊള്ളുക. നശ്വരമായ സ്വര്‍ണം അഗ്നിയില്‍ ശോധന ചെയ്യപ്പെടുന്നു. നിങ്ങളുടെ ഈ അഗ്നിപരീക്ഷണം സ്വര്‍ണത്തെക്കാള്‍ വിലയേറിയ നിങ്ങളുടെ വിശ്വാസത്തിന്‍റെ പരിശുദ്ധി തെളിയിക്കുകയും യേശുക്രിസ്തു വീണ്ടും പ്രത്യക്ഷപ്പെടുമ്പോള്‍ സ്തുതിക്കും മഹത്ത്വത്തിനും ബഹുമാനത്തിനും നിദാനമാവുകയും ചെയ്യും. കാണാതെ തന്നെ നിങ്ങള്‍ യേശുക്രിസ്തുവിനെ സ്നേഹിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ കാണുന്നില്ലെങ്കിലും വിശ്വസിച്ചുകൊണ്ട് അവാച്യവും അത്യുല്‍കൃഷ്ടവുമായ ആനന്ദത്താല്‍ ആമോദിക്കുന്നു. എന്തെന്നാല്‍ നിങ്ങളുടെ ആത്മാക്കള്‍ രക്ഷപ്രാപിക്കുന്നു എന്നതാണ് നിങ്ങളുടെ വിശ്വാസത്തിന്‍റെ ഫലം. നിങ്ങള്‍ക്കു ലഭിക്കുവാനിരിക്കുന്ന വരദാനത്തെപ്പറ്റി പ്രവചിച്ച പ്രവാചകന്മാര്‍ ഈ രക്ഷയെക്കുറിച്ച് അന്വേഷിക്കുകയും ആരായുകയും ചെയ്തിരുന്നു. ക്രിസ്തുവിന്‍റെ കഷ്ടാനുഭവത്തെയും തദനന്തരമുണ്ടാകുന്ന മഹത്ത്വത്തെയും സംബന്ധിച്ചു മുന്‍കൂട്ടി അറിയിച്ചപ്പോള്‍ തങ്ങളിലുള്ള ക്രിസ്തുവിന്‍റെ ആത്മാവു സൂചിപ്പിച്ച സമയം ഏതായിരിക്കുമെന്നും ആ ആള്‍ ആരായിരിക്കുമെന്നും അവര്‍ അന്വേഷിച്ചു. അവര്‍ തങ്ങള്‍ക്കു വേണ്ടിയല്ല, നിങ്ങള്‍ക്കുവേണ്ടിയാണു ശുശ്രൂഷ ചെയ്യുന്നതെന്ന് അവര്‍ക്കു വെളിപ്പെട്ടു. സ്വര്‍ഗത്തില്‍നിന്ന് അയച്ച പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താല്‍ നിങ്ങളുടെ സുവിശേഷം പ്രസംഗിച്ചവര്‍ മുഖാന്തരം ഇപ്പോള്‍ അതു പ്രസ്താവിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇക്കാര്യങ്ങള്‍ ദര്‍ശിക്കുവാന്‍ മാലാഖമാര്‍പോലും അഭിവാഞ്ഛിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ മനസ്സ് സുസജ്ജമാക്കി, യേശുക്രിസ്തു പ്രത്യക്ഷപ്പെടുമ്പോള്‍ നിങ്ങള്‍ക്കു ലഭിക്കുവാനിരിക്കുന്ന കൃപയില്‍ നിങ്ങളുടെ പ്രത്യാശ പൂര്‍ണമായി ഉറപ്പിച്ചുകൊള്ളുക. മുമ്പ് നിങ്ങള്‍ അജ്ഞരായിരുന്ന കാലത്ത് നിങ്ങളില്‍ വര്‍ത്തിച്ചിരുന്ന രാഗമോഹാദികള്‍ അനുസരിച്ചു നടക്കരുത്. പ്രത്യുത നിങ്ങളെ വിളിച്ച ദൈവം വിശുദ്ധനായിരിക്കുന്നതുകൊണ്ട്, അനുസരണയുള്ള മക്കള്‍ എന്നവണ്ണം നിങ്ങളുടെ എല്ലാ പെരുമാറ്റങ്ങളിലും വിശുദ്ധര്‍ ആയിരിക്കുക. ‘ഞാന്‍ വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധരായിരിക്കുക’ എന്ന് എഴുതിയിട്ടുണ്ടല്ലോ. പക്ഷപാതം കൂടാതെ അവനവന്‍ ചെയ്യുന്ന പ്രവൃത്തിക്ക് ഒത്തവണ്ണം ഓരോരുത്തനെയും വിധിക്കുന്നവനെയാണ് നിങ്ങള്‍ പിതാവ് എന്നു വിളിക്കുന്നത്. അതുകൊണ്ട് നിങ്ങളുടെ ഈ പ്രവാസകാലം മുഴുവന്‍ ഭക്തിയോടെ ജീവിക്കുക. പിതൃപാരമ്പര്യ വഴിക്കു ലഭിച്ച വ്യര്‍ഥമായ ജീവിതരീതിയില്‍നിന്നു നിങ്ങളെ വിമോചിപ്പിക്കുന്നതിനുള്ള വിലയായി കൊടുത്തത് വെള്ളി, സ്വര്‍ണം തുടങ്ങിയ നശ്വരവസ്തുക്കളല്ല, പ്രത്യുത ക്രിസ്തുവിന്‍റെ വിലയേറിയ രക്തമാണ് എന്നുള്ളതു നിങ്ങള്‍ക്ക് അറിയാമല്ലോ. ഊനവും കളങ്കവും ഇല്ലാത്ത ബലിമൃഗമായ കുഞ്ഞാടാണ് അവിടുന്ന്. പ്രപഞ്ചസൃഷ്‍ടിക്കു മുമ്പുതന്നെ അവിടുന്നു നിയോഗിക്കപ്പെട്ടു. ഈ അന്ത്യനാളുകളില്‍ നിങ്ങള്‍ക്കുവേണ്ടി വെളിപ്പെടുകയും ചെയ്തു. അവിടുന്നു മുഖാന്തരം നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. ക്രിസ്തുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കുകയും, അവിടുത്തേക്കു മഹത്ത്വം നല്‌കുകയും ചെയ്ത ആ ദൈവത്തിലാകുന്നു നിങ്ങളുടെ വിശ്വാസവും പ്രത്യാശയും. സത്യത്തെ അനുസരിക്കുന്നതിനാല്‍ ആത്മാവിനു നൈര്‍മ്മല്യവും ഹൃദയംഗമമായ സഹോദരസ്നേഹവും നിങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ അന്യോന്യം ഉറ്റുസ്നേഹിക്കുക. നശ്വരമായ ബീജത്താലല്ല, സജീവവും അനശ്വരവുമായ ദൈവവചനത്താല്‍ തന്നെ നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നു. എന്തെന്നാല്‍ സകല മനുഷ്യരും കാട്ടുപുല്ലുപോലെയും അവരുടെ മഹിമ പുല്ലിന്‍റെ പൂപോലെയും ആകുന്നു. പുല്ലു വാടിക്കരിയുന്നു; പൂക്കള്‍ കൊഴിഞ്ഞുവീഴുന്നു; സര്‍വേശ്വരന്‍റെ വചനം ആകട്ടെ, എന്നേക്കും നിലനില്‌ക്കുന്നു. നിങ്ങളെ അറിയിച്ച സുവാര്‍ത്തയാണ് ആ വചനം. എല്ലാ ദുഷ്ടതയും, വഞ്ചനയും, കാപട്യവും അസൂയയും എല്ലാ പരദൂഷണങ്ങളും ഉപേക്ഷിക്കുക. പിഞ്ചുശിശുക്കള്‍ പാല്‍ കുടിച്ചു വളരുന്നതുപോലെ രക്ഷയിലേക്കു വളരുന്നതിന് ദൈവവചനമാകുന്ന കലര്‍പ്പറ്റ പാല്‍ കുടിക്കുവാന്‍ പുതുതായി ജനിച്ച നിങ്ങള്‍ അഭിവാഞ്ഛിക്കണം. കര്‍ത്താവിന്‍റെ ദയാലുത്വം നിങ്ങള്‍ ആസ്വദിച്ചിട്ടുണ്ടല്ലോ. അവിടുത്തെ അടുക്കലേക്കു വരിക; മനുഷ്യന്‍ പരിത്യജിച്ചതെങ്കിലും ദൈവം തിരഞ്ഞെടുത്തതും വിലയേറിയതുമായ ജീവിക്കുന്ന ശിലയാണ് അവിടുന്ന്. ജീവിക്കുന്ന ശിലകള്‍ എന്നപോലെ നിങ്ങളും ആധ്യാത്മിക മന്ദിരമായും വിശുദ്ധ പുരോഹിതവര്‍ഗമായും ഉയര്‍ത്തപെടട്ടെ. അങ്ങനെ ദൈവത്തിനു പ്രസാദകരമായ ആത്മീയയാഗം യേശുക്രിസ്തു മുഖാന്തരം നിങ്ങള്‍ അര്‍പ്പിക്കും. വിശുദ്ധ ലിഖിതത്തില്‍ ഇങ്ങനെ കാണുന്നു: ഇതാ, ഞാന്‍ തിരഞ്ഞെടുത്തതും വിലയേറിയതുമായ ഒരു മൂലക്കല്ല് സീയോനില്‍ ഇടുന്നു. ആ കല്ലാണ് അവിടുന്ന്; അവിടുന്നില്‍ വിശ്വസിക്കുന്നവന് ഒരിക്കലും ലജ്ജിക്കുവാന്‍ ഇടയാകുകയില്ല. അതുകൊണ്ട് വിശ്വസിക്കുന്ന നിങ്ങള്‍ക്ക് അവിടുന്നു വിലയേറിയവന്‍ ആകുന്നു. വിശ്വസിക്കാത്തവര്‍ക്കാകട്ടെ, പണിക്കാര്‍ തള്ളിക്കളഞ്ഞ കല്ലുതന്നെ മൂലക്കല്ലായിത്തീര്‍ന്നു. അത് അവര്‍ക്ക് തട്ടിവീഴ്ത്തുന്ന തടസ്സക്കല്ലും ഇടറി വീഴ്ത്തുന്ന തെന്നല്‍പാറയും ആയിരിക്കും. വചനം അനുസരിക്കാത്തതിനാല്‍ അവര്‍ തട്ടിവീഴുന്നു; അതിനുവേണ്ടി അവര്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. നിങ്ങളാകട്ടെ, അന്ധകാരത്തില്‍നിന്ന് തന്‍റെ അദ്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ച ദൈവത്തിന്‍റെ അദ്ഭുതകരമായ പ്രവൃത്തികളെ പ്രഘോഷിക്കുന്നതിനു തിരഞ്ഞെടുക്കപ്പെട്ട വംശവും, രാജകീയ പുരോഹിതവര്‍ഗവും, വിശുദ്ധജനതയും, ദൈവത്തിന്‍റെ സ്വന്തജനവും ആകുന്നു. മുമ്പ് നിങ്ങള്‍ ദൈവത്തിന്‍റെ ജനം ആയിരുന്നില്ല; എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ അവിടുത്തെ ജനം ആയിരിക്കുന്നു; മുമ്പ് നിങ്ങള്‍ക്കു കാരുണ്യം ലഭിച്ചിരുന്നില്ല; എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്കു കാരുണ്യം ലഭിച്ചിരിക്കുന്നു. പ്രിയപ്പെട്ടവരേ, നിങ്ങളുടെ ആത്മാവിനോടു പോരാടുന്ന കാമക്രോധാദിവികാരങ്ങളെ വിട്ടകലുവാന്‍ നിങ്ങളോടു ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഈ ലോകത്തില്‍ നിങ്ങള്‍ അന്യരും പരദേശികളും ആണല്ലോ. വിജാതീയരുടെ ഇടയിലുള്ള നിങ്ങളുടെ പെരുമാറ്റം യോഗ്യമായിരിക്കണം. നിങ്ങള്‍ ദുര്‍വൃത്തരാണെന്നു പറയുന്നവര്‍ നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ടിട്ട് കര്‍ത്താവിന്‍റെ സന്ദര്‍ശന ദിവസത്തില്‍ ദൈവത്തെ പ്രകീര്‍ത്തിക്കുവാന്‍ ഇടയാകട്ടെ. കര്‍ത്താവിനെപ്രതി മാനുഷികമായ എല്ലാ അധികാരസ്ഥാനങ്ങളോടും വിധേയരായിരിക്കുക. പരമാധികാരി ആയതുകൊണ്ട് ചക്രവര്‍ത്തിക്കും, ദുഷ്പ്രവൃത്തി ചെയ്യുന്നവരെ ശിക്ഷിക്കുന്നതിനും സല്‍പ്രവൃത്തിചെയ്യുന്നവരെ പ്രശംസിക്കുന്നതിനുംവേണ്ടി അദ്ദേഹം അയയ്‍ക്കുന്ന ഗവര്‍ണര്‍മാര്‍ക്കും കീഴടങ്ങുക. അജ്ഞതയില്‍നിന്ന് ആരോപണം ഉന്നയിക്കുന്ന ഭോഷന്മാരെ, നിങ്ങളുടെ സല്‍പ്രവൃത്തികള്‍കൊണ്ടു മിണ്ടാതാക്കണം. അതാണ് ദൈവത്തിന്‍റെ തിരുഹിതം. സ്വതന്ത്രരായി ജീവിക്കുക; എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യം തിന്മയ്‍ക്കു മറയാക്കാതെ ദൈവത്തിന്‍റെ അടിമകളായി ജീവിക്കണം. എല്ലാവരെയും ബഹുമാനിക്കുക; സഹോദരസമൂഹത്തെ സ്നേഹിക്കുക. ദൈവത്തെ ഭയപ്പെടുകയും ചക്രവര്‍ത്തിയെ സമാദരിക്കുകയും ചെയ്യുക. ദാസന്മാരേ, നിങ്ങളുടെ യജമാനന്മാര്‍ക്ക് സാദരം വിധേയരായിരിക്കുക. ദയാലുക്കളും സൗമ്യശീലരുമായ യജമാനന്മാര്‍ക്കു മാത്രമല്ല, കഠിനഹൃദയരായവര്‍ക്കുകൂടിയും കീഴടങ്ങിയിരിക്കുക. അന്യായമായി കഷ്ടത അനുഭവിക്കുന്നവന്‍ ദൈവത്തെ മുന്‍നിറുത്തി ആ വേദന ക്ഷമയോടെ സഹിക്കുന്നെങ്കില്‍ അവന്‍ അനുഗ്രഹിക്കപ്പെടുന്നു. നിങ്ങള്‍ തെറ്റു ചെയ്തിട്ടു ശിക്ഷിക്കപ്പെടുകയും ആ ശിക്ഷ ക്ഷമയോടെ സഹിക്കുകയും ചെയ്താല്‍ അതില്‍ പ്രശംസിക്കുവാന്‍ എന്തിരിക്കുന്നു. നിങ്ങള്‍ നന്മ ചെയ്തിട്ടും പീഡിപ്പിക്കപ്പെടുകയും അതു ക്ഷമയോടെ സഹിക്കുകയും ചെയ്താല്‍ ദൈവത്തിനു പ്രസാദകരമായിരിക്കും. ഇതിനായിട്ടാണല്ലോ നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ ക്രിസ്തുവും നിങ്ങള്‍ക്കുവേണ്ടി കഷ്ടം സഹിച്ചു. അവിടുത്തെ കാല്‍ച്ചുവടുകള്‍ നിങ്ങള്‍ പിന്തുടരുന്നതിനുവേണ്ടി അവിടുന്ന് ഒരു മാതൃക കാണിച്ചിരിക്കുന്നു. അവിടുന്ന് ഒരു പാപവും ചെയ്തില്ല; അവിടുത്തെ അധരങ്ങളില്‍ ഒരു വഞ്ചനയും ഉണ്ടായിരുന്നില്ല. അധിക്ഷേപിക്കപ്പെട്ടിട്ടും, അവിടുന്ന് അധിക്ഷേപിച്ചില്ല. പീഡനം സഹിച്ചിട്ടും അവിടുന്നു ഭീഷണിപ്പെടുത്തിയില്ല; പിന്നെയോ, നീതിയോടെ വിധിക്കുന്നവന്‍റെ കൈയില്‍ തന്നെത്തന്നെ ഭരമേല്പിക്കുകയാണു ചെയ്തത്. നാം പാപത്തിനു മരിച്ച് നീതിക്കുവേണ്ടി ജീവിക്കുന്നതിനായി നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവിടുന്ന് കുരിശിലേറി. അവിടുത്തെ അടിയേറ്റ മുറിവുകളാല്‍ നിങ്ങള്‍ക്കു സൗഖ്യം ലഭിച്ചിരിക്കുന്നു. വഴിതെറ്റി അലയുന്ന ആടുകളെപ്പോലെ ആയിരുന്നു നിങ്ങള്‍. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ ആത്മാക്കളുടെ ഇടയനും സംരക്ഷകനുമായവന്‍റെ അടുക്കലേക്കു മടങ്ങിവന്നിരിക്കുന്നു. [1,2] ഭാര്യാമാരേ, ഭര്‍ത്താക്കന്മാര്‍ക്ക് നിങ്ങള്‍ വിധേയരായിരിക്കുക. അവരില്‍ ദൈവവചനം അനുസരിക്കാത്തവര്‍ ഉണ്ടെങ്കില്‍, പതിഭക്തിയോടും സ്വഭാവനൈര്‍മ്മല്യത്തോടുംകൂടി അവരോടു പെരുമാറുക. ഒന്നും പറയാതെതന്നെ നിങ്ങളുടെ പെരുമാറ്റംകൊണ്ട് അവരെ നേടിയെടുക്കുവാന്‍ കഴിയും. *** പിന്നിയ മുടി, സ്വര്‍ണാഭരണം, മോടിയുള്ള വസ്ത്രം തുടങ്ങി ബാഹ്യമായ ഒന്നുമല്ല നിങ്ങളുടെ യഥാര്‍ഥഭൂഷണം. സൗമ്യവും പ്രശാന്തവുമായ മനസ്സ് എന്ന അനശ്വരരത്നം ധരിക്കുന്ന അന്തരാത്മാവ് ആയിരിക്കട്ടെ നിങ്ങളുടെ അലങ്കാരം. ദൈവത്തിന്‍റെ ദൃഷ്‍ടിയില്‍ വിലയുള്ളതായി കരുതപ്പെടുന്നത് അതാണ്. ദൈവത്തില്‍ പ്രത്യാശവച്ചിരുന്ന വിശുദ്ധസ്‍ത്രീകള്‍ മുന്‍കാലത്ത് ഇപ്രകാരമാണല്ലോ തങ്ങളെത്തന്നെ അലങ്കരിച്ച് ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരുന്നത്. സാറാ അബ്രഹാമിനെ നാഥാ എന്നു വിളിച്ച് അദ്ദേഹത്തിനു കീഴ്പെട്ടിരുന്നല്ലോ. ഭീഷണി ഒന്നും ഭയപ്പെടാതെ നന്മ പ്രവര്‍ത്തിക്കുന്നതുകൊണ്ട് നിങ്ങള്‍ സാറായുടെ സന്തതികളായിത്തീരുന്നു. അതുപോലെതന്നെ ഭര്‍ത്താക്കന്മാരേ, സ്‍ത്രീകള്‍ ബലഹീനപാത്രമാണെന്നുള്ളതു മനസ്സിലാക്കി അവരോടൊത്തു വിവേകപൂര്‍വം ജീവിക്കുക. ദൈവത്തിന്‍റെ ദാനമായ ജീവന് നിങ്ങളെപ്പോലെതന്നെ അവര്‍ക്കും അവകാശം ഉള്ളതുകൊണ്ട് അവരെ ബഹുമാനിക്കുക. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ പ്രാര്‍ഥനയ്‍ക്കു പ്രതിബന്ധം ഉണ്ടാവുകയില്ല. ചുരുക്കത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഐകമത്യവും, സഹതാപവും, സഹോദരസ്നേഹവും, മനസ്സലിവും, വിനയവും ഉണ്ടായിരിക്കണം. തിന്മയ്‍ക്കു തിന്മയും, അധിക്ഷേപത്തിന് അധിക്ഷേപവും പകരം ചെയ്യാതെ അനുഗ്രഹിക്കുകയാണു വേണ്ടത്. നിങ്ങള്‍ ഇതുമൂലം അനുഗ്രഹം പ്രാപിക്കേണ്ടതിനു വിളിക്കപ്പെട്ടവരാണല്ലോ. സൗഭാഗ്യജീവിതം വാഞ്ഛിക്കുകയും സന്തോഷം നല്‌കുന്ന ദിവസങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവന്‍ തിന്മയില്‍നിന്നു തന്‍റെ നാവിനെയും വഞ്ചന സംസാരിക്കുന്നതില്‍നിന്നു തന്‍റെ അധരങ്ങളെയും കാത്തു സൂക്ഷിക്കട്ടെ. അവന്‍ തിന്മ വിട്ടകന്ന് നന്മ പ്രവര്‍ത്തിക്കട്ടെ; സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ. എന്തെന്നാല്‍ സര്‍വേശ്വരന്‍ നീതിമാന്മാരെ കടാക്ഷിക്കുന്നു; അവരുടെ പ്രാര്‍ഥന ശ്രദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവിടുന്ന് എതിരായിരിക്കും. നന്മ ചെയ്യുന്നതില്‍ നിങ്ങള്‍ ഉത്സുകരാണെങ്കില്‍ ആരു നിങ്ങളെ ദ്രോഹിക്കും? എന്നാല്‍ നീതി നിമിത്തം കഷ്ടത സഹിക്കേണ്ടി വന്നാല്‍ത്തന്നെയും നിങ്ങള്‍ ഭാഗ്യവാന്മാര്‍! നിങ്ങള്‍ ആരെയും ഭയപ്പെടേണ്ടാ; അസ്വസ്ഥചിത്തരാകുകയും വേണ്ടാ. നിങ്ങളുടെ ഹൃദയങ്ങളില്‍ ക്രിസ്തുവിനെ പരമനാഥനായി ആരാധിക്കുക. നിങ്ങള്‍ക്കുള്ള പ്രത്യാശയെക്കുറിച്ച് ചോദ്യം ചെയ്യുന്നവരോട് സൗമ്യതയോടും ആദരത്തോടും കൂടി പ്രതിവാദം നടത്തുവാന്‍ സന്നദ്ധരായിരിക്കുക. ക്രിസ്തുവിന്‍റെ അനുയായികളായ നിങ്ങളുടെ സല്‍പ്രവൃത്തിയെ ദുഷിക്കുകയും നിങ്ങളെ അധിക്ഷേപിക്കുകയും ചെയ്യുന്നവര്‍ ലജ്ജിച്ചുപോകത്തക്കവിധം നിങ്ങള്‍ നിര്‍മ്മല മനസ്സാക്ഷിയുള്ളവരായിരിക്കണം. നിങ്ങള്‍ നന്മ ചെയ്യുന്നതുമൂലം കഷ്ടത സഹിക്കുന്നതു ദൈവഹിതമാണെങ്കില്‍, തിന്മ ചെയ്തിട്ടു കഷ്ടത സഹിക്കുന്നതിനെക്കാള്‍ നല്ലതാണ് അത്. ക്രിസ്തുവും എല്ലാവരുടെയും പാപങ്ങള്‍ക്കുവേണ്ടി ഒരിക്കല്‍മാത്രം മരിച്ചു; നമ്മെ ദൈവത്തിങ്കലേക്കു നയിക്കുന്നതിന് നീതികെട്ടവര്‍ക്കുവേണ്ടി നീതിമാന്‍ ശരീരത്തില്‍ മരണശിക്ഷ ഏല്‌ക്കുകയും ആത്മാവില്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു; ആ അവസ്ഥയില്‍ അവിടുന്ന് തടവില്‍ കിടന്നിരുന്ന ആത്മാക്കളോടു പ്രസംഗിച്ചു. പ്രളയത്തിനുമുമ്പ്, ദൈവം ക്ഷമയോടെ കാത്തിരുന്ന കാലത്ത് അനുസരിക്കാതിരുന്നവരാണ് അവര്‍. നോഹ കപ്പല്‍ നിര്‍മിക്കുകയും വളരെ കുറച്ചുപേര്‍, അതായത് എട്ടു പേര്‍ മാത്രം, പ്രളയത്തില്‍നിന്നു രക്ഷപെടുകയും ചെയ്തു. അവര്‍ വെള്ളത്തിലൂടെ രക്ഷപ്രാപിച്ചതിനു സമാനമാകുന്നു സ്നാപനം; അത് പുറമേയുള്ള അഴുക്കു കഴുകിക്കളയുന്നതിന് ഉള്ളതല്ല, പിന്നെയോ, യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിലൂടെ ഒരു നല്ല മനസ്സാക്ഷിക്കുവേണ്ടി ദൈവത്തോടുള്ള അപേക്ഷ എന്ന നിലയില്‍ ഇപ്പോള്‍ നിങ്ങളെ രക്ഷിക്കുന്നു. യേശുക്രിസ്തു സ്വര്‍ഗാരോഹണം ചെയ്ത്, ദൂതന്മാര്‍ക്കും അധികാരങ്ങള്‍ക്കും ശക്തികള്‍ക്കും അധീശനായി ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്നു. ക്രിസ്തു കായികമായ പീഡനം സഹിച്ചതുകൊണ്ട് നിങ്ങളും അവിടുത്തെ മനോഭാവം തന്നെ ആയുധമായി ധരിച്ചുകൊള്ളുക. ശരീരത്തില്‍ പീഡനം സഹിച്ച ഏതൊരുവനും പാപത്തോടുള്ള ബന്ധം വിട്ടിരിക്കും. ഇനി അവശേഷിച്ച ജീവിതകാലം മാനുഷികമായ വികാരങ്ങള്‍ക്കല്ല, ദൈവത്തിന്‍റെ ഇഷ്ടത്തിനുതന്നെ വിധേയരായി ജീവിക്കേണ്ടതാണ്. വിജാതീയര്‍ ചെയ്യുന്നതുപോലെ കാമാസക്തിയിലും വികാരാവേശത്തിലും മദ്യലഹരിയിലും മദോന്മത്തതയിലും ധര്‍മവിരുദ്ധമായ വിഗ്രഹാരാധനയിലും മുഴുകി കാലം പോക്കിയതു മതി. തങ്ങളുടെ അനിയന്ത്രിതമായ ദുര്‍വൃത്തികളില്‍ നിങ്ങള്‍ പങ്കുചേരാത്തതില്‍ അവര്‍ വിസ്മയിക്കുകയും നിങ്ങളെ ദുഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാനിരിക്കുന്നവന്‍റെ മുമ്പില്‍ അവര്‍ കണക്കു ബോധിപ്പിക്കേണ്ടിവരും. ഇതിനായിട്ടാണല്ലോ മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിച്ചത്. അവര്‍ ശാരീരികമായി മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും, ദൈവത്തെപ്പോലെ ആത്മാവില്‍ ജീവിക്കേണ്ടതിനുതന്നെ. എല്ലാറ്റിന്‍റെയും അന്ത്യം അടുത്തിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ സമചിത്തരും ജാഗരൂകരുമായി പ്രാര്‍ഥനയില്‍ മുഴുകുക. എല്ലാറ്റിനും ഉപരി, നിങ്ങള്‍ പരസ്പരം ഉറ്റ സ്നേഹം ഉള്ളവരായിരിക്കണം. എന്തുകൊണ്ടെന്നാല്‍ സ്നേഹം പാപങ്ങളുടെ ബഹുലതയെ മറയ്‍ക്കുന്നു. പിറുപിറുപ്പുകൂടാതെ നിങ്ങള്‍ അന്യോന്യം സല്‍ക്കരിക്കുക. ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്ന വരദാനമനുസരിച്ച് വൈവിധ്യമാര്‍ന്ന ദൈവകൃപയുടെ ഉത്തമകാര്യസ്ഥന്മാര്‍ എന്ന നിലയില്‍ അന്യോന്യം ശുശ്രൂഷ ചെയ്യണം. പ്രസംഗിക്കുന്നത് ദൈവത്തിന്‍റെ അരുളപ്പാട് അറിയിക്കുന്നതുപോലെ ആയിരിക്കട്ടെ; ശുശ്രൂഷിക്കുന്നത് ദൈവം നല്‌കുന്ന പ്രാപ്തിക്ക് ഒത്തവണ്ണവും ആയിരിക്കണം. അങ്ങനെ എല്ലാറ്റിലും യേശുക്രിസ്തുവിലൂടെ ദൈവം വാഴ്ത്തപ്പെടുവാന്‍ ഇടയാകട്ടെ. മഹത്ത്വവും അധികാരവും എന്നും എന്നേക്കും അവിടുത്തേക്കുള്ളത്, ആമേന്‍. പ്രിയപ്പെട്ടവരേ, നിങ്ങളെ ശോധന ചെയ്യുന്ന അഗ്നിപരീക്ഷണം ഒരു അപൂര്‍വ കാര്യം എന്നു കരുതി വിസ്മയിക്കരുത്. ക്രിസ്തുവിന്‍റെ പീഡനങ്ങളില്‍ പങ്കാളികളാകുന്തോറും നിങ്ങള്‍ ആനന്ദിക്കുക. അവിടുത്തെ തേജസ്സിന്‍റെ പ്രത്യക്ഷതയില്‍ നിങ്ങള്‍ ആനന്ദിച്ച് ഉല്ലസിക്കുവാന്‍ ഇടവരും. ക്രിസ്തുവിന്‍റെ നാമം നിമിത്തം നിങ്ങള്‍ നിന്ദിക്കപ്പെടുന്നുവെങ്കില്‍, നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവരാകുന്നു. കാരണം, മഹത്ത്വത്തിന്‍റെ ആത്മാവായ ദൈവാത്മാവ് നിങ്ങളുടേമേല്‍ ആവസിക്കുന്നു. കൊലപാതകിയോ, മോഷ്ടാവോ, ദുര്‍വൃത്തനോ, കലഹക്കാരനോ ആയി നിങ്ങളില്‍ ആരും പീഡനം സഹിക്കുവാന്‍ ഇടയാകരുത്. പ്രത്യുത ക്രിസ്ത്യാനി എന്ന നിലയില്‍ പീഡനം സഹിക്കുന്നുവെങ്കില്‍ അവനു ലജ്ജിക്കേണ്ടതില്ല. ക്രിസ്തുവിന്‍റെ നാമം ധരിച്ചുകൊണ്ട് അവന്‍ ദൈവത്തെ പ്രകീര്‍ത്തിക്കട്ടെ. ന്യായവിധി ദൈവഗൃഹത്തില്‍ ആരംഭിക്കുവാനുള്ള സമയം വന്നിരിക്കുന്നു. അതു നമ്മില്‍ ആരംഭിക്കുന്നെങ്കില്‍, ദൈവത്തിന്‍റെ സുവാര്‍ത്ത നിഷേധിക്കുന്നവരുടെ ഗതി എന്തായിരിക്കും? നീതിമാന്‍പോലും രക്ഷപ്രാപിക്കുന്നത് വിഷമിച്ചാണെങ്കില്‍, അഭക്തന്‍റെയും പാപിയുടെയും സ്ഥിതി എന്തായിരിക്കും? അതുകൊണ്ട് ദൈവഹിതപ്രകാരം കഷ്ടത സഹിക്കുന്നവര്‍ നന്മചെയ്തുകൊണ്ട് തങ്ങളുടെ ആത്മാക്കളെ വിശ്വസ്തനായ സ്രഷ്ടാവിനെ ഭരമേല്പിക്കട്ടെ. നിങ്ങളുടെ ഇടയിലെ മുഖ്യന്മാരെപ്പോലെയുള്ള ഒരുവനും, ക്രിസ്തുവിന്‍റെ പീഡാനുഭവങ്ങള്‍ക്കു ദൃക്സാക്ഷിയും, വെളിപ്പെടുവാനിരിക്കുന്ന തേജസ്സിന്‍റെ പങ്കാളിയുമായ ഞാന്‍ പ്രബോധിപ്പിക്കുന്നു: നിങ്ങളെ ഏല്പിച്ചിരിക്കുന്ന അജഗണത്തെ പാലിക്കുക; ആരുടെയും നിര്‍ബന്ധംകൊണ്ടല്ല, ദൈവം ആഗ്രഹിക്കുന്നതുപോലെ സ്വമനസ്സാല്‍ നിങ്ങളുടെ ചുമതല നിര്‍വഹിക്കണം. അത് അധമമായ ലാഭമോഹം കൊണ്ടല്ല, ഔത്സുക്യംകൊണ്ട് ആയിരിക്കണം. നിങ്ങളുടെ ചുമതലയിലുള്ളവരുടെമേല്‍ അധികാരപ്രമത്തത കാട്ടുകയല്ല, അവര്‍ക്കു നിങ്ങള്‍ മാതൃകയായിത്തീരുകയാണു വേണ്ടത്. അങ്ങനെ ചെയ്താല്‍ പ്രധാനഇടയന്‍ പ്രത്യക്ഷനാകുമ്പോള്‍ മഹത്ത്വത്തിന്‍റെ വാടാത്ത വിജയകിരീടം നിങ്ങള്‍ക്കു ലഭിക്കും. അതുപോലെതന്നെ, യുവജനങ്ങളേ, മുതിര്‍ന്നവര്‍ക്ക് നിങ്ങള്‍ കീഴ്പെട്ടിരിക്കുക. വിനയമാകുന്ന വസ്ത്രം ധരിച്ച് പരസ്പരം സേവനം ചെയ്യുക. എന്തെന്നാല്‍ ‘അഹങ്കാരികളെ ദൈവം എതിര്‍ക്കുന്നു; വിനീതര്‍ക്ക് അവിടുന്നു കൃപയരുളുകയും ചെയ്യുന്നു.’ അതുകൊണ്ട് ദൈവത്തിന്‍റെ ബലവത്തായ കരങ്ങള്‍ക്ക് നിങ്ങളെത്തന്നെ കീഴ്പെടുത്തുക. എന്നാല്‍ അവിടുന്ന് യഥാവസരം നിങ്ങളെ ഉയര്‍ത്തും. സകല ചിന്താഭാരവും അവിടുത്തെമേല്‍ വച്ചുകൊള്ളുക. അവിടുന്നു നിങ്ങള്‍ക്കുവേണ്ടി കരുതുന്നവനാണല്ലോ. നിങ്ങള്‍ സമചിത്തരും ജാഗരൂകരുമായിരിക്കുക. നിങ്ങളുടെ പ്രതിയോഗിയായ പിശാച് ആരെ വിഴുങ്ങണം എന്നുവച്ച് അലറുന്ന സിംഹത്തെപ്പോലെ ചുറ്റിത്തിരിയുന്നു. ലോകത്തെങ്ങുമുള്ള സഹോദരവര്‍ഗം ഇതേ പീഡാനുഭവങ്ങളിലൂടെയാണു കടന്നുപോകുന്നത്. അതുകൊണ്ട് വിശ്വാസത്തില്‍ ഉറച്ചുനിന്ന് നിങ്ങളുടെ പ്രതിയോഗിയെ ചെറുക്കുക. ക്രിസ്തുമുഖാന്തരം തന്‍റെ നിത്യതേജസ്സിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന പരമകൃപാലുവായ ദൈവം, അല്പകാലത്തെ നിങ്ങളുടെ കഷ്ടാനുഭവങ്ങള്‍ക്കുശേഷം നിങ്ങളെ യഥാസ്ഥാനത്ത് ഉറപ്പിച്ചു ശക്തീകരിക്കും. പരമാധികാരം എന്നേക്കും അവിടുത്തേക്കുള്ളതാകുന്നു. ആമേന്‍. നിങ്ങളെ പ്രബോധിപ്പിക്കുവാനും നിങ്ങള്‍ നിലകൊള്ളുന്നത് സാക്ഷാല്‍ ദൈവകൃപയിലാണന്നു സാക്ഷ്യം വഹിക്കുവാനുമായി നിങ്ങളുടെ വിശ്വസ്ത സഹോദരനായ ശീലാസിന്‍റെ സഹായത്തോടുകൂടി, ചുരുങ്ങിയ വാക്കുകളില്‍ ഞാന്‍ ഇതെഴുതുന്നു. ഇതില്‍ നിങ്ങള്‍ ഉറച്ചുനില്‌ക്കുക. നിങ്ങളോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട ബാബിലോണിലെ സഭയും എന്‍റെ പുത്രനായ മര്‍ക്കോസും നിങ്ങള്‍ക്കു വന്ദനം പറയുന്നു. സ്നേഹത്തിന്‍റെ ചുംബനത്താല്‍ നിങ്ങള്‍ അന്യോന്യം അഭിവാദനം ചെയ്യുക. ക്രിസ്തുവിനുള്ളവരായ നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം ലഭിക്കട്ടെ. നമ്മുടെ ദൈവത്തിന്‍റെയും രക്ഷകനായ യേശുക്രിസ്തുവിന്‍റെയും നീതിയിലൂടെ, ഞങ്ങളോടൊപ്പം അതേ വിലയേറിയ വിശ്വാസം ലഭിച്ചവര്‍ക്ക് യേശുക്രിസ്തുവിന്‍റെ ദാസനും അപ്പോസ്തോലനുമായ ശിമോന്‍പത്രോസ് എഴുതുന്നത്. ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുവിനെയും കുറിച്ചുള്ള പരിജ്ഞാനംമൂലം നിങ്ങള്‍ക്കു കൃപയും സമാധാനവും ധാരാളമായി ഉണ്ടാകട്ടെ. തന്‍റെ മഹത്ത്വത്തിലും നന്മയിലും പങ്കാളികള്‍ ആകുന്നതിനു നമ്മെ വിളിച്ച ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിലൂടെ ഭക്തിപൂര്‍വം ജീവിക്കുന്നതിനു വേണ്ടതൊക്കെ അവിടുത്തെ ദിവ്യശക്തി നമുക്കു പ്രദാനം ചെയ്തിരിക്കുന്നു. അവിടുന്നു വാഗ്ദാനം ചെയ്തിരുന്ന അതിമഹത്തും അമൂല്യവുമായ വരങ്ങള്‍ നമുക്കു ലഭിച്ചിട്ടുണ്ട്. ഈ ലോകത്തിലെ വിനാശകരമായ വിഷയാസക്തിയില്‍നിന്നു രക്ഷപെടുവാനും ദിവ്യസ്വഭാവത്തില്‍ നിങ്ങള്‍ പങ്കുകാരായിത്തീരുവാനും ഈ വരങ്ങള്‍ ഇടയാക്കുന്നു. [5-7] ഇക്കാരണത്താല്‍ വിശ്വാസത്തോടു സ്വഭാവശുദ്ധിയും സ്വഭാവശുദ്ധിയോടു പരിജ്ഞാനവും പരിജ്ഞാനത്തോട് ആത്മസംയമനവും ആത്മസംയമനത്തോടു സ്ഥൈര്യവും സ്ഥൈര്യത്തോടു ദൈവഭക്തിയും ദൈവഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും ചേര്‍ക്കുവാന്‍ സര്‍വാത്മനാ ശ്രമിക്കുക. *** *** ഇവ നിങ്ങള്‍ക്കു സമൃദ്ധമായി ഉണ്ടായിരിക്കുന്ന പക്ഷം കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള നിങ്ങളുടെ പരിജ്ഞാനത്തില്‍ നിങ്ങള്‍ പ്രയോജനമുള്ളവരും ഫലം പുറപ്പെടുവിക്കുന്നവരും ആയിരിക്കും. ഇവ ഇല്ലാത്തവന്‍ പഴയ പാപങ്ങളില്‍നിന്നുള്ള ശുദ്ധീകരണം പ്രാപിച്ചിരിക്കുന്നതു മറന്നിരിക്കുന്നു. അവന്‍ ഹ്രസ്വദൃഷ്‍ടി ആയതിനാല്‍ ഒന്നും ശരിയായി കാണുന്നില്ല. അതുകൊണ്ടു സഹോദരരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും യഥാര്‍ഥമാക്കുന്നതിനു തീവ്രയത്നം ചെയ്യുക. അങ്ങനെ നിങ്ങള്‍ ചെയ്യുന്നതായാല്‍ നിങ്ങള്‍ ഒരിക്കലും വീണുപോകുകയില്ല. നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്‍റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനത്തിന് ആവശ്യമുള്ളതെല്ലാം സമൃദ്ധമായി ലഭിക്കുകയും ചെയ്യും. ഇക്കാര്യങ്ങളെല്ലാം നിങ്ങള്‍ക്ക് അറിവുള്ളതാണ്. നിങ്ങള്‍ക്കു ലഭിച്ച സത്യത്തില്‍ നിങ്ങള്‍ ഉറച്ചു നില്‌ക്കുന്നവരുമാണ്. എങ്കിലും ഇവ ഞാന്‍ എപ്പോഴും നിങ്ങളെ അനുസ്മരിപ്പിക്കും. ഈ ശരീരത്തില്‍ ഇരിക്കുന്നിടത്തോളം ഇക്കാര്യങ്ങള്‍ ഓര്‍മിപ്പിച്ച് നിങ്ങളെ ഉണര്‍ത്തുന്നത് ഉചിതമാണെന്നു ഞാന്‍ കരുതുന്നു. എന്തെന്നാല്‍ ഈ ശരീരം ഉപേക്ഷിക്കേണ്ട സമയം ആസന്നമാണെന്നു ഞാന്‍ അറിയുന്നു. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്ന് എനിക്കു ലഭിച്ച വെളിപാടാണ് ഇത്. ഇക്കാര്യങ്ങള്‍ എന്‍റെ നിര്യാണശേഷവും ഏതു സമയത്തും നിങ്ങള്‍ ഓര്‍മിക്കുവാന്‍ തക്കവണ്ണം ഞാന്‍ പരിശ്രമിക്കും. ഞങ്ങള്‍ ബുദ്ധിപൂര്‍വം കെട്ടിച്ചമച്ച കല്പിത കഥകളിലൂടെയല്ല നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ശക്തിയെയും പ്രത്യാഗമനത്തെയും കുറിച്ച് നിങ്ങളെ അറിയിച്ചത്; പ്രത്യുത ഞങ്ങള്‍ അവിടുത്തെ തേജസ്സിനു ദൃക്സാക്ഷികളാണ്. അവിടുന്നു പിതാവായ ദൈവത്തില്‍നിന്നു ബഹുമതിയും തേജസ്സും പ്രാപിച്ചപ്പോള്‍ ‘ഇവന്‍ എന്‍റെ പ്രിയപുത്രന്‍, ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു’ എന്ന ശബ്ദം ഉജ്ജ്വല തേജസ്സില്‍നിന്നു പുറപ്പെട്ടു. തത്സമയം ഞങ്ങള്‍ അവിടുത്തോടുകൂടി ആ വിശുദ്ധപര്‍വതത്തില്‍ ഉണ്ടായിരുന്നതിനാല്‍ സ്വര്‍ഗത്തില്‍നിന്നുണ്ടായ ആ ശബ്ദം ഞങ്ങള്‍ കേട്ടു. കൂടുതല്‍ ഉറപ്പു നല്‌കുന്ന പ്രവാചകവചനവും നമുക്കുണ്ടല്ലോ. ക്രിസ്തു എന്ന പ്രഭാതനക്ഷത്രം നിങ്ങളുടെ ഹൃദയങ്ങളില്‍ ഉദിക്കുന്ന പുലര്‍കാലംവരെ, ഇരുളടഞ്ഞ സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതേണ്ടതാണ്. വേദഗ്രന്ഥത്തിലുള്ള ഒരു പ്രവചനവും ആര്‍ക്കും സ്വയം വ്യാഖ്യാനിക്കാവുന്നതല്ലെന്ന് ഒന്നാമതു മനസ്സിലാക്കണം. എന്തെന്നാല്‍ ഒരു പ്രവചനവും ഒരിക്കലും മനുഷ്യബുദ്ധിയുടെ പ്രചോദനത്താല്‍ ഉണ്ടായിട്ടുള്ളതല്ല. പിന്നെയോ, ദൈവത്തില്‍നിന്നുള്ള പരിശുദ്ധാത്മാവിന്‍റെ നിയോഗപ്രകാരം മനുഷ്യര്‍ പ്രവചിച്ചിട്ടുള്ളതാണ്. എന്നാല്‍ വ്യാജപ്രവാചകന്മാരും ഇസ്രായേല്‍ജനതയില്‍ ഉണ്ടായിട്ടുണ്ട്. അവരെപ്പോലെയുള്ള ദുരുപദേഷ്ടാക്കള്‍ നിങ്ങളുടെ ഇടയിലും ഉണ്ടാകും. അവര്‍ വിനാശകരമായ വിരുദ്ധോപദേശങ്ങള്‍ രഹസ്യമായി കൊണ്ടുവരും. എന്നുമാത്രമല്ല, തങ്ങളെ വിലകൊടുത്തു വീണ്ടെടുത്ത നാഥനെ തള്ളിപ്പറഞ്ഞുകൊണ്ടു തങ്ങള്‍ക്കുതന്നെ ശീഘ്രനാശം വരുത്തുകയും ചെയ്യും. അവരുടെ ദുര്‍വൃത്തികളെ പലരും അനുകരിക്കും. അവര്‍ നിമിത്തം സത്യമാര്‍ഗം ദുഷിക്കപ്പെടും. ദ്രവ്യാഗ്രഹം മൂലം വ്യാജം പറഞ്ഞ് അവര്‍ നിങ്ങളെ ചൂഷണം ചെയ്യും. അവരുടെ ന്യായവിധി മുന്‍പുതന്നെ നടന്നുകഴിഞ്ഞു. അതു സുശക്തമായി നിലവിലിരിക്കുന്നു. വിനാശം അവരെ വിഴുങ്ങുവാന്‍ ജാഗരൂകമായിരിക്കുന്നു. പാപം ചെയ്ത മാലാഖമാരെ ദൈവം വെറുതെ വിട്ടില്ല. അവരെ നരകത്തിലേക്ക് എറിഞ്ഞു; അന്ത്യവിധിനാളിനുവേണ്ടി കാത്തുകൊണ്ട് അധോലോകത്തിലെ അന്ധകാരാവൃതമായ ഗര്‍ത്തങ്ങളില്‍ അന്ത്യവിധിനാള്‍വരെ, അവരെ ബന്ധനസ്ഥരായി സൂക്ഷിക്കുവാന്‍ ഏല്പിച്ചിരിക്കുന്നു. പുരാതനലോകത്തെയും ദൈവം ഒഴിവാക്കിയില്ല. ദൈവഭയമില്ലാത്ത ജനത്തിന്മേല്‍ അവിടുന്നു പ്രളയം വരുത്തി. എന്നാല്‍ നീതിയുടെ വക്താവായ നോഹയെ വേറെ ഏഴുപേരോടുകൂടി ദൈവം കാത്തു രക്ഷിച്ചു. സോദോം ഗോമോറാ പട്ടണങ്ങളെ ചുട്ടുകരിച്ച് ദൈവം ന്യായം വിധിച്ചു. അവ ദൈവഭയമില്ലാത്ത ജനങ്ങള്‍ക്ക് എന്തു സംഭവിക്കും എന്നതിനു ദൃഷ്ടാന്തമായിത്തീര്‍ന്നു. ആ ദുഷ്ടജനത്തിന്‍റെ ഇടയില്‍ ജീവിക്കുമ്പോള്‍ നീതിമാനായ ലോത്ത് അധര്‍മികളായ അവരുടെ കാമാസക്തമായ ദുര്‍വൃത്തികള്‍ ദിനംതോറും കാണുകയും കേള്‍ക്കുകയും ചെയ്ത് മനംനൊന്തു വലഞ്ഞു. ദൈവം അദ്ദേഹത്തെ വിടുവിച്ചു. തന്‍റെ ഭക്തജനങ്ങളെ പരീക്ഷയില്‍നിന്നു രക്ഷിക്കുവാനും അധര്‍മികളെ പ്രത്യേകിച്ച് ശാരീരികമായ കാമവികാരാദികളാല്‍ ആസക്തരായി ദൈവത്തിന്‍റെ അധികാരത്തെ നിന്ദിക്കുന്നവരെ ദണ്ഡനത്തിനുവേണ്ടി വിധിനാള്‍വരെ സൂക്ഷിക്കുവാനും കര്‍ത്താവിന് അറിയാം. ധാര്‍ഷ്ട്യവും സ്വേച്ഛാപ്രമത്തതയുമുള്ള അക്കൂട്ടര്‍ ശ്രേഷ്ഠജനത്തെ നിന്ദിക്കുവാന്‍ ശങ്കിക്കുന്നില്ല. അതേസമയം അവരെക്കാള്‍ ബലവും ശക്തിയും ഏറിയ മാലാഖമാര്‍പോലും കര്‍ത്താവിന്‍റെ സന്നിധിയില്‍, ആ ശ്രേഷ്ഠജനത്തെ അധിക്ഷേപിക്കുകയോ വിധിക്കുകയോ ചെയ്യുന്നില്ല. പ്രസ്തുത മനുഷ്യര്‍ വന്യമൃഗങ്ങളെപ്പോലെയാണ്; അവയെ മനുഷ്യര്‍ വേട്ടയാടുകയും കൊല്ലുകയും ചെയ്യുന്നു. അതിലധികം ഉദ്ദേശ്യം അവയുടെ ജന്മത്തിനില്ല. ആ മനുഷ്യര്‍ പ്രാകൃതവാസനയനുസരിച്ചു വര്‍ത്തിക്കുന്നു. തങ്ങള്‍ക്ക് അജ്ഞാതമായ കാര്യങ്ങളെച്ചൊല്ലി അവര്‍ ശകാരം ചൊരിയുന്നു. വന്യമൃഗങ്ങള്‍ക്കു നേരിടുന്ന നാശം അവര്‍ക്കും സംഭവിക്കും. തങ്ങളുടെ അധര്‍മത്തിന്‍റെ ഫലം അവര്‍ അനുഭവിക്കും. പട്ടാപ്പകല്‍ തിന്നുകുടിച്ചു പുളയ്‍ക്കുന്നതില്‍ അവര്‍ സന്തോഷിക്കുന്നു. നിങ്ങളുടെ വിരുന്നുസല്‍ക്കാരങ്ങളില്‍ അമിതമായി മദ്യപിച്ച്, സദാചാരനിഷ്ഠയില്ലാതെ പെരുമാറുന്ന ഇക്കൂട്ടര്‍ സമൂഹത്തിനു കറയും കളങ്കവുമാണ്. അവരുടെ കണ്ണുകള്‍ കാമംകൊണ്ടു കലുഷിതമാണ്. പാപത്തിനുവേണ്ടിയുള്ള അവരുടെ വിശപ്പ് ഒന്നുകൊണ്ടും അടക്കാന്‍ ആവാത്തതാണ്. അസ്ഥിരമനസ്കരെ അവര്‍ വഴിതെറ്റിക്കുന്നു. ദ്രവ്യാഗ്രഹത്തോടുകൂടിയിരിക്കുവാന്‍ അവരുടെ ഹൃദയം പരിശീലിപ്പിക്കപ്പെടുന്നു. അവര്‍ ശാപത്തിന്‍റെ സന്തതികള്‍! അവര്‍ നേരായ മാര്‍ഗം വിട്ട് വഴിപിഴച്ചുപോകുന്നു; ബെയോരിന്‍റെ മകനായ ബിലെയാമിന്‍റെ വഴി പിന്തുടരുകയും ചെയ്യുന്നു. ബിലെയാം തിന്മയുടെ പ്രതിഫലം മോഹിച്ചു. എന്നാല്‍ അയാളുടെ പാപത്തിനു ശക്തമായ താക്കീതു കിട്ടി. സംസാരശേഷി ഇല്ലാത്ത കഴുത മനുഷ്യസ്വരത്തില്‍ സംസാരിച്ച്, ആ പ്രവാചകന്‍റെ ഭ്രാന്തിനു കടിഞ്ഞാണിട്ടു. ഈ മനുഷ്യര്‍ വറ്റിയ നീരുറവുകളും കൊടുങ്കാറ്റില്‍ പറന്നുപോകുന്ന മേഘങ്ങളുംപോലെ ആകുന്നു. അന്ധകാരത്തിന്‍റെ അടിത്തട്ടിലുള്ള സ്ഥലം അവര്‍ക്കുവേണ്ടി ഒരുക്കപ്പെട്ടിരിക്കുന്നു. വഴിപിഴച്ചു ജീവിക്കുന്നവരില്‍നിന്നു കഷ്‍ടിച്ചു രക്ഷപെട്ടവരെ, മൂഢമായ വമ്പു പറഞ്ഞ് കാമവികാരങ്ങളിലേക്ക് അവര്‍ വശീകരിക്കുന്നു. തങ്ങള്‍തന്നെ വിനാശത്തിനു വിധേയരായിരിക്കെ, അവര്‍ മറ്റുള്ളവര്‍ക്കു സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നു. ഒരുവനെ ഏതൊന്നു പരാജയപ്പെടുത്തുന്നുവോ, അതിന് അവര്‍ അടിമയാകുന്നു. നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെ അറിഞ്ഞ് ലോകത്തിന്‍റെ മാലിന്യത്തില്‍നിന്നു രക്ഷപെട്ടശേഷം, പിന്നെയും അതില്‍ കുടുങ്ങി അതിന്‍റെ അധികാരത്തില്‍ അമര്‍ന്നുപോകുന്നപക്ഷം അങ്ങനെയുള്ളവരുടെ അവസ്ഥ ആദ്യത്തേതിനെക്കാള്‍ ദയനീയമായിരിക്കും. നീതിയുടെ മാര്‍ഗം അറിഞ്ഞശേഷം തങ്ങളെ ഏല്പിച്ച കല്പനയില്‍നിന്നു പിന്തിരിയുന്നതിനെക്കാള്‍ അവര്‍ ആ മാര്‍ഗം അറിയാതിരിക്കുകയായിരുന്നു നല്ലത്. ‘നായ് ഛര്‍ദിച്ചതുതന്നെ തിന്നുന്നു’ ‘കുളികഴിഞ്ഞ പന്നി വീണ്ടും ചെളിയില്‍ കിടന്ന് ഉരുളുന്നു’. ഈ പഴഞ്ചൊല്ല് ഇങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം യഥാര്‍ഥമായിത്തീര്‍ന്നിരിക്കുന്നു. പ്രിയപ്പെട്ടവരേ, ഇത് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്ന രണ്ടാമത്തെ കത്താണല്ലോ. ഈ രണ്ടു കത്തുകളിലും ചില കാര്യങ്ങള്‍ നിങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട്, നിങ്ങളുടെ മനസ്സില്‍ ശുദ്ധവിചാരങ്ങള്‍ ഉണര്‍ത്തുവാന്‍ ഞാന്‍ ശ്രമിക്കുകയാണ്. വിശുദ്ധപ്രവാചകന്മാര്‍ മുന്‍കൂട്ടി അറിയിച്ച കാര്യങ്ങളും, കര്‍ത്താവും രക്ഷകനുമായവന്‍ നിങ്ങളുടെ അപ്പോസ്തോലന്മാര്‍ മുഖേന നല്‌കിയ കല്പനയും നിങ്ങള്‍ അനുസ്മരിക്കണം. അധമവികാരങ്ങള്‍ക്കു വിധേയരായി ജീവിക്കുന്ന മതനിന്ദകര്‍ അന്ത്യനാളുകളില്‍ വരുമെന്നുള്ളത് ആദ്യമായി നിങ്ങള്‍ മനസ്സിലാക്കണം. ‘അവിടുത്തെ പ്രത്യാഗമനത്തെക്കുറിച്ചുള്ള വാഗ്ദാനമെവിടെ? നമ്മുടെ പിതാക്കന്മാര്‍ അന്തരിച്ചു കഴിഞ്ഞു. എന്നാല്‍ പ്രപഞ്ചസൃഷ്‍ടിമുതല്‍ സകലവും അന്നത്തെ സ്ഥിതിയില്‍ത്തന്നെ തുടരുന്നു’ എന്ന് അവര്‍ പറയുന്നു. ദൈവത്തിന്‍റെ വചനത്താല്‍ ആദിയില്‍ ആകാശവും ഭൂമിയും ഉണ്ടായി എന്ന വസ്തുത അവര്‍ മനഃപൂര്‍വം വിസ്മരിക്കുന്നു. വെള്ളത്തില്‍നിന്ന് വെള്ളം മുഖേന ഭൂമി രൂപംപൂണ്ടു. അന്നത്തെ ലോകം ജലപ്രളയത്തില്‍ നശിച്ചുപോയി. എന്നാല്‍ അഭക്തരായ മനുഷ്യരെ വിധിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന നാളില്‍, ഇപ്പോഴത്തെ ആകാശവും ഭൂമിയും അഗ്നിയില്‍ വെന്തു വെണ്ണീറാക്കപ്പെടുന്നതിനുവേണ്ടി അതേ വചനത്താല്‍ത്തന്നെ കാത്തുസൂക്ഷിക്കപ്പെടുന്നു. പ്രിയപ്പെട്ടവരേ, കര്‍ത്താവിന് ഒരു ദിവസം ആയിരം വര്‍ഷംപോലെയും ആയിരം വര്‍ഷം ഒരു ദിവസംപോലെയുമാണെന്നുള്ളത് നിങ്ങള്‍ മറക്കരുത്. ചിലര്‍ കരുതുന്നതുപോലെ, തന്‍റെ വാഗ്ദാനം നിറവേറ്റുവാന്‍ കര്‍ത്താവു കാലവിളംബം വരുത്തുകയില്ല. എന്നാല്‍ ആരും നശിച്ചുപോകാതെ, എല്ലാവരും അനുതപിച്ച് പാപത്തില്‍നിന്നു പിന്‍തിരിയണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതുകൊണ്ട് നിങ്ങളോടു ദീര്‍ഘകാലം ക്ഷമിക്കുന്നു. കര്‍ത്താവിന്‍റെ ദിവസം കള്ളനെപ്പോലെവരും. അന്ന് വലിയ മുഴക്കത്തോടെ ആകാശം അപ്രത്യക്ഷമാകും. മൂലവസ്തുക്കള്‍ കത്തി നശിക്കും. ഭൂമിയും അതിലുള്ള സമസ്തവും തിരോധാനം ചെയ്യും. പ്രപഞ്ചത്തിലുള്ളതു സമസ്തവും ഇങ്ങനെ നശിച്ചുപോകുന്നതുകൊണ്ട്, നിങ്ങള്‍ എത്രമാത്രം വിശുദ്ധിയും ദൈവഭക്തിയും ഉള്ളവരായി ജീവിക്കേണ്ടതാണ്. ദൈവത്തിന്‍റെ ദിവസത്തിനുവേണ്ടി നിങ്ങള്‍ കാത്തിരിക്കുകയും അതിന്‍റെ ആഗമനം ത്വരിതപ്പെടുത്തുകയും വേണം. ആ ദിവസം ആകാശം അഗ്നിക്ക് ഇരയാകും. മൂലവസ്തുക്കള്‍ വെന്തുരുകും! എന്നാല്‍ അവിടുത്തെ വാഗ്ദാനമനുസരിച്ച് നീതി നിവസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുംവേണ്ടി നാം കാത്തിരിക്കുന്നു. അതിനാല്‍ പ്രിയപ്പെട്ടവരേ, അങ്ങനെ നിങ്ങള്‍ കാത്തിരിക്കുന്നതുകൊണ്ട്, കറയും കളങ്കവും ഇല്ലാത്തവരും സമാധാനത്തോടുകൂടിയവരുമായി നിങ്ങളെ അവിടുന്നു കണ്ടെത്തുന്നതിന് അത്യുത്സുകരായി വര്‍ത്തിക്കുക. നമ്മുടെ കര്‍ത്താവിന്‍റെ ക്ഷമയെ രക്ഷിക്കപ്പെടാനുള്ള അവസരമായി കരുതിക്കൊള്ളണം. നമ്മുടെ പ്രിയ സഹോദരനായ പൗലൊസും, തനിക്കു ലഭിച്ച ജ്ഞാനത്തിനൊത്തവണ്ണം, തന്‍റെ എല്ലാ കത്തുകളിലും എഴുതാറുള്ളതുപോലെ, ഇതിനെക്കുറിച്ച് നിങ്ങള്‍ക്ക് എഴുതിയിട്ടുണ്ടല്ലോ. അവയില്‍ ചിലത് ദുര്‍ഗ്രഹമാണ്. അജ്ഞരും ചഞ്ചലചിത്തരും ആയ ചിലര്‍ മറ്റു വേദലിഖിതങ്ങളെപ്പോലെ ഇതും വളച്ചൊടിച്ച് തങ്ങളുടെ നാശത്തിന് ഇടയാക്കുന്നു. അതുകൊണ്ട് പ്രിയപ്പെട്ടവരേ, ഇക്കാര്യം നിങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ് അധര്‍മികളുടെ കെണിയില്‍ കുടുങ്ങി നിങ്ങളുടെ സ്ഥൈര്യം നഷ്ടപ്പെടാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുക. നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്‍റെ കൃപയിലും അവിടുത്തെക്കുറിച്ചുള്ള ജ്ഞാനത്തിലും വളരുക. അവിടുത്തേക്ക് ഇന്നും എന്നേക്കും മഹത്ത്വം ഉണ്ടാകട്ടെ. ആമേന്‍. ആദിമുതല്‍ ഉണ്ടായിരുന്നതും, ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണുകൊണ്ട് കണ്ടതും നിരീക്ഷിച്ചറിഞ്ഞതും കൈകള്‍കൊണ്ടു സ്പര്‍ശിച്ചതുമായ ജീവന്‍റെ വചനത്തെക്കുറിച്ചാണു ഞങ്ങള്‍ എഴുതുന്നത്. ജീവന്‍ പ്രത്യക്ഷമായി; ഞങ്ങള്‍ ദര്‍ശിച്ചു. ഞങ്ങള്‍ അതിനു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. പിതാവിനോടുകൂടി ഉണ്ടായിരുന്നതും ഞങ്ങള്‍ക്കു കാണിച്ചുതന്നതുമായ അനശ്വരജീവനെക്കുറിച്ച് ഞങ്ങള്‍ പ്രഖ്യാപനം ചെയ്യുന്നു. ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തതുതന്നെ നിങ്ങളോടു പ്രസ്താവിക്കുന്നു. നിങ്ങള്‍ക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ് അപ്രകാരം ചെയ്യുന്നത്. നമ്മുടെ കൂട്ടായ്മയാകട്ടെ, പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു. നമ്മുടെ ആനന്ദം പൂര്‍ണമാകുന്നതിനുവേണ്ടിയാണ് ഇതെഴുതുന്നത്. ദൈവം പ്രകാശമാകുന്നു; ദൈവത്തില്‍ അന്ധകാരത്തിന്‍റെ കണികപോലുമില്ല; ഇതാണ് യേശുക്രിസ്തുവില്‍നിന്നു ഞങ്ങള്‍ കേട്ടതും നിങ്ങളോടു പ്രഖ്യാപനം ചെയ്യുന്നതുമായ സന്ദേശം. അവിടുത്തോടു കൂട്ടായ്മ ഉണ്ടെന്നു നാം പറയുകയും ഇരുളില്‍ നടക്കുകയും ചെയ്യുന്നെങ്കില്‍, നാം പറയുന്നത് വ്യാജമാണ്; നാം സത്യത്തെ അനുസരിച്ചു ജീവിക്കുന്നവരല്ല. അവിടുന്നു പ്രകാശത്തിലായിരിക്കുന്നതുപോലെ നാം പ്രകാശത്തില്‍ നടക്കുന്നെങ്കില്‍ നമുക്ക് അന്യോന്യം കൂട്ടായ്മ ഉണ്ട്. അവിടുത്തെ പുത്രനായ യേശുവിന്‍റെ രക്തം സര്‍വപാപവും നീക്കി നമ്മെ ശുദ്ധീകരിക്കുന്നു. നമുക്കു പാപം ഇല്ലെന്നു നാം പറയുന്നെങ്കില്‍, നമ്മെത്തന്നെ വഞ്ചിക്കുന്നു; സത്യം നമ്മില്‍ ഇല്ലെന്നു സ്പഷ്ടം. ദൈവം വാഗ്ദാനം നിറവേറ്റുന്നവനും നീതി പ്രവര്‍ത്തിക്കുന്നവനും ആകുന്നു; പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍ അവിടുന്നു നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുകയും നമ്മുടെ എല്ലാ അനീതികളും അകറ്റി നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും. നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നെങ്കില്‍ നാം ദൈവത്തെ അസത്യവാദിയാക്കുന്നു; അവിടുത്തെ വചനം നമ്മിലുണ്ടായിരിക്കുകയില്ല. പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, നിങ്ങള്‍ പാപം ചെയ്യാതിരിക്കുവാന്‍വേണ്ടിയാണ് ഞാന്‍ ഇത് എഴുതുന്നത്. എന്നാല്‍ ആരെങ്കിലും പാപം ചെയ്യുന്നെങ്കില്‍, പിതാവിന്‍റെ സന്നിധിയില്‍ നമുക്കുവേണ്ടി വാദിക്കുന്ന ഒരു മധ്യസ്ഥന്‍ നമുക്കുണ്ട് - നീതിമാനായ യേശുക്രിസ്തു. അവിടുന്നു നമ്മുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിനു മാത്രമല്ല, സര്‍വലോകത്തിന്‍റെയും പാപങ്ങള്‍ക്കു പ്രായശ്ചിത്തം ആകുന്നു. നാം ദൈവത്തിന്‍റെ കല്പനകള്‍ അനുസരിക്കുന്നുവെങ്കില്‍ നാം അവിടുത്തെ അറിയുന്നു എന്നു തീര്‍ച്ചയാക്കാം. “ഞാന്‍ അവിടുത്തെ അറിയുന്നു” എന്നു പറയുകയും അവിടുത്തെ കല്പനകള്‍ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍ അസത്യവാദി ആകുന്നു. സത്യം അവനില്‍ ഇല്ല. എന്നാല്‍ അവിടുത്തെ വചനം അനുസരിക്കുന്ന ഏതൊരുവനിലും വാസ്തവത്തില്‍ ദൈവസ്നേഹം നിറഞ്ഞുകവിയുന്നു. അവിടുത്തോടു നാം ഏകീഭവിച്ചിരിക്കുന്നു എന്ന് ഇതിനാല്‍ നമുക്ക് അറിയാം. ദൈവത്തില്‍ നിവസിക്കുന്നു എന്നു പറയുന്നവന്‍ യേശുക്രിസ്തു ജീവിച്ചതുപോലെ ജീവിക്കേണ്ടതാകുന്നു. പ്രിയപ്പെട്ടവരേ, പുതിയ കല്പനയല്ല ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്, പിന്നെയോ ആദിമുതല്‍ നിങ്ങള്‍ക്കുണ്ടായിരുന്ന പഴയ കല്പനയാണ്. ആ പഴയ കല്പന നിങ്ങള്‍ കേട്ട വചനമാകുന്നു. എന്നിരുന്നാലും ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത് ഒരു പുതിയ കല്പനയാണെന്നും വേണമെങ്കില്‍ പറയാം. അത് ക്രിസ്തുവിലും നിങ്ങളിലും യഥാര്‍ഥമായിരിക്കുന്നു. എന്തെന്നാല്‍ അന്ധകാരം അകലുന്നു; സത്യവെളിച്ചം പ്രകാശിച്ചു തുടങ്ങി. താന്‍ പ്രകാശത്തില്‍ ജീവിക്കുന്നു എന്നു പറയുകയും സഹോദരനെ വെറുക്കുകയും ചെയ്യുന്നവന്‍ ഇപ്പോഴും ഇരുട്ടിലാണു കഴിയുന്നത്. സഹോദരനെ സ്നേഹിക്കുന്നവന്‍ പ്രകാശത്തില്‍ നിവസിക്കുന്നു. അതുകൊണ്ട് അവന്‍ തട്ടിവീഴാനിടയാകുന്നില്ല. എന്നാല്‍ സഹോദരനെ വെറുക്കുന്നവന്‍ ഇരുളില്‍ ഇരിക്കുന്നു, ഇരുട്ടില്‍ നടക്കുകയും ചെയ്യുന്നു. എങ്ങോട്ടാണു താന്‍ പോകുന്നതെന്ന് അവന് അറിഞ്ഞുകൂടാ. എന്തുകൊണ്ടെന്നാല്‍ ഇരുട്ട് അവന്‍റെ കണ്ണുകളെ അന്ധമാക്കിയിരിക്കുന്നു. എന്‍റെ കുഞ്ഞുമക്കളേ, ക്രിസ്തുവിന്‍റെ നാമത്തില്‍ നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു. പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങള്‍ അറിയുന്നതുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു. യുവജനങ്ങളേ, നിങ്ങള്‍ ദുഷ്ടനെ ജയിച്ചിരിക്കുകയാല്‍ ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു. കൊച്ചുകുഞ്ഞുങ്ങളേ, നിങ്ങള്‍ പിതാവിനെ അറിയുന്നതുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു. പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങള്‍ അറിയുന്നതുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു. യുവാക്കളേ, നിങ്ങള്‍ ശക്തരായിരിക്കുന്നതുകൊണ്ടും, ദൈവവചനം നിങ്ങളില്‍ നിവസിക്കുന്നതുകൊണ്ടും, ദുഷ്ടനെ നിങ്ങള്‍ കീഴടക്കിയിരിക്കുന്നതുകൊണ്ടും ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു. ലോകത്തെയോ, ലോകത്തിലുള്ളതിനെയോ നിങ്ങള്‍ സ്നേഹിക്കരുത്. ഒരുവന്‍ ലോകത്തെ സ്നേഹിക്കുന്നുവെങ്കില്‍ അവനില്‍ പിതാവിന്‍റെ സ്നേഹമില്ല. മാംസദാഹം, കാമാസക്തമായ കണ്ണുകള്‍, ജീവിതത്തിന്‍റെ അഹന്ത, ഇവയെല്ലാം ലോകത്തിനുള്ളവയത്രേ. ലോകത്തിനുള്ളത് പിതാവില്‍നിന്നുള്ളതല്ല. ലോകവും അതിന്‍റെ മോഹവും മാറിപ്പോകുന്നു. ദൈവത്തിന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കുന്നവനോ എന്നേക്കും നിലനില്‌ക്കുന്നു. കുഞ്ഞുങ്ങളേ, ഇത് അന്ത്യനാഴികയാണ്. ക്രിസ്തുവൈരി വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ പല ക്രിസ്തുവൈരികള്‍ വന്നുകഴിഞ്ഞു; അതുകൊണ്ട് ഇത് അന്ത്യനാഴികയാണെന്നു നാം അറിയുന്നു. അവര്‍ നമ്മുടെ ഇടയില്‍നിന്നു പുറപ്പെട്ടവരാണെങ്കിലും നമുക്കുള്ളവരായിരുന്നില്ല. അവര്‍ നമുക്കുള്ളവര്‍ ആയിരുന്നെങ്കില്‍ നമ്മോടുകൂടി നില്‌ക്കുമായിരുന്നു. അവര്‍ നമ്മെ വിട്ടുപോയി. അതില്‍നിന്ന് അവര്‍ നമുക്കുള്ളവരല്ലെന്നു സ്പഷ്ടമാണല്ലോ. നിങ്ങള്‍ പരിശുദ്ധനാല്‍ അഭിഷിക്തരായിരിക്കുന്നു. അതുകൊണ്ട് സത്യം എന്തെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. സത്യം നിങ്ങള്‍ അറിയാത്തതുകൊണ്ടല്ല, നിങ്ങള്‍ അത് അറിയുന്നതുകൊണ്ടും, യാതൊരു വ്യാജവും സത്യത്തില്‍നിന്നു വരുന്നില്ല എന്ന് അറിയുന്നതുകൊണ്ടും അത്രേ ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്. യേശു, ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവനല്ലാതെ വ്യാജം പറയുന്നവന്‍ മറ്റാരാണ്? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാണ് ക്രിസ്തുവൈരി. പുത്രനെ നിഷേധിക്കുന്നവന്‍ പിതാവിനെയും നിഷേധിക്കുന്നു. പുത്രനെ സ്വീകരിക്കുന്നവന് പിതാവുമുണ്ട്. ആദിമുതല്‍ നിങ്ങള്‍ കേട്ടത് നിങ്ങളില്‍ നിവസിക്കട്ടെ. ആദിമുതല്‍ കേട്ടത് നിങ്ങളില്‍ നിവസിക്കുന്നെങ്കില്‍ നിങ്ങള്‍ പുത്രനിലും പിതാവിലും നിവസിക്കും. ഇതാകുന്നു അവിടുന്നു നമുക്കു നല്‌കിയിരിക്കുന്ന വാഗ്ദാനം- അനശ്വരജീവന്‍ തന്നെ. നിങ്ങളെ വഴിതെറ്റിക്കുന്നവരെപ്പറ്റിയാണ് ഇതു ഞാന്‍ എഴുതുന്നത്. എന്നാല്‍ ക്രിസ്തുവില്‍നിന്നു നിങ്ങള്‍ക്കു ലഭിച്ച പരിശുദ്ധാത്മാവു നിങ്ങളില്‍ വസിക്കുന്നതിനാല്‍ നിങ്ങളെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല. അവിടുത്തെ ആത്മാവ് എല്ലാം നിങ്ങള്‍ക്ക് ഉപദേശിച്ചു തരുന്നു. അവിടുന്ന് ഉപദേശിക്കുന്നത് വ്യാജമല്ല, സത്യമാകുന്നു. ആത്മാവിന്‍റെ ഉപദേശമനുസരിച്ച് ക്രിസ്തുവിനോട് ഏകീഭവിച്ചു ജീവിക്കുക. എന്‍റെ കുഞ്ഞുങ്ങളേ, ക്രിസ്തുവിന്‍റെ വരവിങ്കല്‍ നാം അവിടുത്തെ സന്നിധിയില്‍ ലജ്ജിച്ചുപോകാതെ ആത്മധൈര്യമുള്ളവരായിരിക്കേണ്ടതിന് അവിടുത്തോട് ഏകീഭവിച്ചു ജീവിക്കുക. അവിടുന്നു നീതിമാനാണെന്നു നിങ്ങള്‍ക്കു ബോധ്യമുണ്ടെങ്കില്‍ നീതി പ്രവര്‍ത്തിക്കുന്നവരെല്ലാം അവിടുന്നില്‍നിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങള്‍ക്ക് അറിയാമല്ലോ. കാണുക, നാം ദൈവത്തിന്‍റെ മക്കള്‍ എന്നു വിളിക്കപ്പെടുവാന്‍ പിതാവ് എത്ര വലിയ സ്നേഹമാണു നമുക്ക് നല്‌കിയിരിക്കുന്നത്. നാം അങ്ങനെതന്നെ ആകുന്നു താനും. ലോകം ദൈവത്തെ അറിയായ്കകൊണ്ട് നമ്മെയും അറിയുന്നില്ല. പ്രിയപ്പെട്ടവരേ, നാം ദൈവത്തിന്‍റെ മക്കളാകുന്നു. നാം എന്തായിത്തീരുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആയിത്തീരുമെന്നു നാം അറിയുന്നു. എന്തെന്നാല്‍ അവിടുന്നു യഥാര്‍ഥത്തില്‍ എപ്രകാരം ആയിരിക്കുന്നുവോ അപ്രകാരം അവിടുത്തെ നാം ദര്‍ശിക്കും. ക്രിസ്തുവില്‍ ഈ പ്രത്യാശ ഉള്ളവര്‍ ക്രിസ്തു നിര്‍മ്മലനായിരിക്കുന്നതുപോലെ തങ്ങളെത്തന്നെ നിര്‍മ്മലരാക്കും. പാപം ചെയ്യുന്ന ഏതൊരുവനും നിയമലംഘനംമൂലം കുറ്റക്കാരനായിത്തീരുന്നു; പാപം നിയമലംഘനം തന്നെ. പാപത്തെ നിര്‍മാര്‍ജനം ചെയ്യുന്നതിന് ക്രിസ്തു പ്രത്യക്ഷനായി. ക്രിസ്തുവില്‍ പാപം ഉണ്ടായിരുന്നില്ല. ക്രിസ്തുവില്‍ നിവസിക്കുന്നവന്‍ പാപം ചെയ്തുകൊണ്ടിരിക്കുന്നില്ല. പാപം ചെയ്തുകൊണ്ടിരിക്കുന്ന ഒരുവനും അവിടുത്തെ കാണുകയോ അറിയുകയോ ചെയ്തിട്ടില്ല. കുഞ്ഞുങ്ങളേ, ആരും നിങ്ങളെ വഴി തെറ്റിക്കരുത്. അവിടുന്നു നീതിമാനായിരിക്കുന്നതുപോലെ നീതി പ്രവര്‍ത്തിക്കുന്നവന്‍ നീതിമാനാകുന്നു. പാപം ചെയ്യുന്നവന്‍ പിശാചിന്‍റെ മകനാകുന്നു. ആദിമുതല്‍തന്നെ പാപംചെയ്തവനാണല്ലോ പിശാച്. പിശാചിന്‍റെ പ്രവൃത്തികളെ തകര്‍ക്കുവാനാണ് ദൈവപുത്രന്‍ പ്രത്യക്ഷനായത്. ദൈവത്തില്‍നിന്നു ജനിച്ചവരാരും പാപം ചെയ്യുന്നില്ല. എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്‍റെ സത്ത അവനില്‍ കുടികൊള്ളുന്നു. താന്‍ ദൈവത്തില്‍നിന്നു ജനിച്ചവനാകയാല്‍ അവനു പാപത്തില്‍ ജീവിക്കുവാന്‍ സാധ്യമല്ല. ഇതില്‍നിന്നും ദൈവത്തിന്‍റെ മക്കള്‍ ആരെന്നും പിശാചിന്‍റെ മക്കള്‍ ആരെന്നും തെളിയുന്നു. നീതി പ്രവര്‍ത്തിക്കാത്ത ഒരുവനും ദൈവത്തില്‍നിന്നു ജനിച്ചവനല്ല. തന്‍റെ സഹോദരനെ സ്നേഹിക്കാത്തവനും അതുപോലെതന്നെ. നാം പരസ്പരം സ്നേഹിക്കണം എന്നുള്ളതാണല്ലോ ആദിമുതല്‍ നിങ്ങള്‍ കേട്ട സന്ദേശം. തിന്മയില്‍നിന്നു ജന്മമെടുത്ത് സ്വസഹോദരനെ വധിച്ച കയീനെപ്പോലെ നിങ്ങള്‍ ആകരുത്. കയീന്‍ തന്‍റെ സഹോദരനെ കൊന്നത് എന്തുകൊണ്ട്? തന്‍റെ പ്രവൃത്തി ദുഷ്ടവും സഹോദരന്‍റേത് നീതിനിഷ്ഠവും ആയതുകൊണ്ടത്രേ. സഹോദരരേ, ലോകം നിങ്ങളെ വെറുക്കുന്നു എങ്കില്‍ ആശ്ചര്യപ്പെടരുത്. നാം മരണത്തെ അതിജീവിച്ച് ജീവനില്‍ പ്രവേശിച്ചിരിക്കുന്നു എന്ന് സഹോദരന്മാരെ സ്നേഹിക്കുന്നതുമൂലം നാം അറിയുന്നു. സഹോദരന്മാരെ സ്നേഹിക്കാത്തവന്‍ മരണത്തിന്‍റെ പിടിയില്‍ കഴിയുന്നു. സഹോദരനെ ദ്വേഷിക്കുന്നവന്‍ കൊലപാതകിയാണ്. ഒരു കൊലപാതകിയിലും അനശ്വരജീവന്‍ കുടികൊള്ളുന്നില്ല എന്നു നിങ്ങള്‍ക്ക് അറിയാമല്ലോ. ക്രിസ്തു നമുക്കുവേണ്ടി തന്‍റെ ജീവന്‍ അര്‍പ്പിച്ചു. ഇതില്‍നിന്ന് സ്നേഹം എന്തെന്ന് നാം അറിയുന്നു. നമ്മളും സഹോദരന്മാര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കേണ്ടവരാണ്. എന്നാല്‍ ഐഹികജീവിതത്തിനു വേണ്ട വസ്തുവകകളുള്ള ഒരുവന്‍, തന്‍റെ സഹോദരന്‍റെ ബുദ്ധിമുട്ടും പ്രയാസവും കണ്ടിട്ടും ദയയുടെ വാതില്‍ കൊട്ടിയടയ്‍ക്കുന്നെങ്കില്‍ അയാളില്‍ ദൈവത്തിന്‍റെ സ്നേഹം വസിക്കുന്നു എന്ന് എങ്ങനെ പറയാം? കുഞ്ഞുങ്ങളേ, വെറും വാക്കുകൊണ്ടും സംസാരംകൊണ്ടും അല്ല പ്രവൃത്തികൊണ്ടും സത്യംകൊണ്ടുമാണു നാം സ്നേഹിക്കേണ്ടത്. [19,20] നാം സത്യത്തിന്‍റെ പക്ഷത്തുള്ളവരാണെന്ന് ഇതിനാല്‍ നമുക്ക് അറിയാം. ദൈവത്തിന്‍റെ സന്നിധിയില്‍ നാം ധൈര്യം ഉള്ളവരായിരിക്കുന്നതും ഇതുകൊണ്ടാണ്. നമ്മുടെ മനസ്സാക്ഷി നമ്മെ കുറ്റപ്പെടുത്തുന്നു എങ്കില്‍, ദൈവം മനസ്സാക്ഷിയെക്കാള്‍ വലിയവനും സകലവും അറിയുന്നവനും ആണല്ലോ. *** അതുകൊണ്ടു പ്രിയപ്പെട്ടവരേ, നമ്മുടെ മനസ്സാക്ഷി നമ്മെ കുറ്റപ്പെടുത്തുന്നില്ലെങ്കില്‍ ദൈവത്തിന്‍റെ മുമ്പില്‍ നമുക്കു ധൈര്യം ഉണ്ട്. നാം എന്തു ചോദിച്ചാലും നമുക്കു ലഭിക്കുന്നു. എന്തുകൊണ്ടെന്നാല്‍ നാം ദൈവത്തിന്‍റെ കല്പനകള്‍ അനുസരിക്കുകയും അവിടുത്തേക്കു പ്രസാദകരമായതു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. തന്‍റെ പുത്രനായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ വിശ്വസിക്കുകയും അവിടുന്നു നമ്മോടു കല്പിച്ചതുപോലെ പരസ്പരം സ്നേഹിക്കുകയും ചെയ്യുക എന്നതാണു ദൈവത്തിന്‍റെ കല്പന. ദൈവത്തിന്‍റെ കല്പന അനുസരിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു. ദൈവം നമ്മില്‍ വസിക്കുന്നു എന്ന് അവിടുന്നു നമുക്കു നല്‌കിയിട്ടുള്ള ആത്മാവിനാല്‍ നാം അറിയുന്നു. പ്രിയപ്പെട്ടവരേ, ആത്മാവുണ്ടെന്ന് അവകാശപ്പെടുന്ന എല്ലാവരെയും വിശ്വസിക്കരുത്. ആത്മാവ് ദൈവത്തില്‍നിന്നുള്ളതാണോ എന്നു ശോധന ചെയ്യുക. എന്തെന്നാല്‍ അനേകം വ്യാജപ്രവാചകന്മാര്‍ ലോകത്തില്‍ ഇറങ്ങിയിട്ടുണ്ട്. ദൈവാത്മാവിനെ തിരിച്ചറിയുന്നത് ഇങ്ങനെയാണ്. യേശുക്രിസ്തു മനുഷ്യനായി വന്നു എന്ന് ഏറ്റുപറയുന്ന ഏത് ആത്മാവും ദൈവത്തില്‍ നിന്നുള്ളതാകുന്നു. യേശുക്രിസ്തുവിനെ അപ്രകാരം ഏറ്റുപറയാത്ത ഒരാത്മാവും ദൈവത്തില്‍നിന്നുള്ളതല്ല. അത് ക്രിസ്തുവൈരിയുടെ ആത്മാവാകുന്നു. ക്രിസ്തുവൈരി വരുമെന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ ക്രിസ്തുവൈരി ലോകത്തിലുണ്ട്. കുഞ്ഞുങ്ങളേ, നിങ്ങള്‍ ദൈവത്തില്‍ നിന്നുള്ളവരാകുന്നു; നിങ്ങള്‍ വ്യാജപ്രവാചകന്മാരെ ജയിച്ചിരിക്കുന്നു. നിങ്ങളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണല്ലോ. അവര്‍ ലോകത്തിനുള്ളവരാകയാല്‍ ലൗകികമായ കാര്യങ്ങളാണു സംസാരിക്കുന്നത്. ലോകം അവരെ ശ്രദ്ധിക്കുന്നു. എന്നാല്‍ നാം ദൈവത്തിനുള്ളവരാണ്. ദൈവത്തെ അറിയുന്നവന്‍ നമ്മെ ശ്രദ്ധിക്കുന്നു. ദൈവത്തില്‍നിന്നല്ലാത്തവന്‍ നമ്മെ ശ്രദ്ധിക്കുന്നില്ല. ഇങ്ങനെയാണ് നാം സത്യത്തിന്‍റെ ആത്മാവിനെയും വഞ്ചനയുടെ ആത്മാവിനെയും തിരിച്ചറിയുന്നത്. പ്രിയപ്പെട്ടവരേ, നാം അന്യോന്യം സ്നേഹിക്കണം. എന്തെന്നാല്‍ സ്നേഹം ദൈവത്തില്‍നിന്നുള്ളതാകുന്നു. സ്നേഹിക്കുന്ന ഏതൊരുവനും ദൈവത്തില്‍നിന്നു ജനിച്ചവനാണ്. അവന്‍ ദൈവത്തെ അറിയുകയും ചെയ്യുന്നു. സ്നേഹിക്കാത്തവന്‍ ദൈവത്തെ അറിയുന്നില്ല. ദൈവം സ്നേഹം തന്നെ. തന്‍റെ പുത്രനിലൂടെ നമുക്കു ജീവന്‍ ലഭിക്കേണ്ടതിന് ആ ഏകപുത്രനെ ദൈവം ലോകത്തിലേക്ക് അയച്ചു. അങ്ങനെയാണ് ദൈവം തന്‍റെ സ്നേഹം നമ്മുടെ ഇടയില്‍ വെളിപ്പെടുത്തിയത്. നാം ദൈവത്തെ സ്നേഹിക്കുകയല്ല, പ്രത്യുത, അവിടുന്നു നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപത്തിന്‍റെ പരിഹാരമായി സ്വപുത്രനെ അയയ്‍ക്കുകയുമാണ് ഉണ്ടായത്; ഇതാണു സാക്ഷാല്‍ സ്നേഹം. പ്രിയപ്പെട്ടവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കില്‍, നാമും അന്യോന്യം സ്നേഹിക്കേണ്ടതല്ലേ? ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. നാം അന്യോന്യം സ്നേഹിക്കുന്നുവെങ്കില്‍ ദൈവം നമ്മില്‍ നിവസിക്കുന്നു. അവിടുത്തെ സ്നേഹം നമ്മില്‍ പൂര്‍ണമാകുകയും ചെയ്തിരിക്കുന്നു. തന്‍റെ സ്വന്തം ആത്മാവിനെ ദൈവം നമുക്കു നല്‌കിയിരിക്കുന്നതുകൊണ്ട് നാം ദൈവത്തില്‍ വസിക്കുകയും ദൈവം നമ്മില്‍ വസിക്കുകയും ചെയ്യുന്നു എന്നും നാം അറിയുന്നു. പിതാവ് തന്‍റെ പുത്രനെ ലോകരക്ഷകനായി അയച്ചതു ഞങ്ങള്‍ കണ്ടു; അതിനു ഞങ്ങള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. യേശു ദൈവപുത്രനെന്ന് ഒരുവന്‍ ഏറ്റുപറയുന്നെങ്കില്‍ ദൈവം അവനിലും അവന്‍ ദൈവത്തിലും വസിക്കുന്നു. ദൈവത്തിനു നമ്മോടുള്ള സ്നേഹത്തെ നാം അറിയുകയും വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്നേഹമാകുന്നു. സ്നേഹത്തില്‍ ജീവിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു. സ്നേഹം നമ്മില്‍ പൂര്‍ണമാക്കപ്പെട്ടിരിക്കുന്നതിനാല്‍ ന്യായവിധി ദിവസം നമുക്കു ധൈര്യം ഉണ്ടായിരിക്കും. ഈ ലോകത്തിലെ നമ്മുടെ ജീവിതം ക്രിസ്തുവിന്‍റെ ജീവിതംപോലെയാകുന്നു. സ്നേഹത്തില്‍ ഭയമില്ല; തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കുന്നു. ഭയപ്പെടുന്നവനില്‍ സ്നേഹത്തിന്‍റെ തികവില്ല. എന്തുകൊണ്ടെന്നാല്‍ ശിക്ഷയെക്കുറിച്ചാണല്ലോ ഭയം. ദൈവം ആദ്യം നമ്മെ സ്നേഹിച്ചു. അതുകൊണ്ടു നമ്മളും സ്നേഹിക്കുന്നു. ഒരുവന്‍ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുകയും സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നു എങ്കില്‍ അവന്‍ പറയുന്നത് വ്യാജമാണ്. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് അദൃശ്യനായ ദൈവത്തെ സ്നേഹിക്കുവാന്‍ എങ്ങനെ കഴിയും? ദൈവത്തെ സ്നേഹിക്കുന്ന ഏതൊരുവനും സഹോദരനെയും സ്നേഹിക്കേണ്ടതാണ്. ഇതാകുന്നു ക്രിസ്തുവില്‍നിന്നു നമുക്കു ലഭിച്ചിരിക്കുന്ന കല്പന. യേശുവാണു ക്രിസ്തു എന്നു വിശ്വസിക്കുന്ന ഏതൊരുവനും ദൈവത്തിന്‍റെ പുത്രനാണ്; പിതാവിനെ സ്നേഹിക്കുന്നവന്‍ അവിടുത്തെ പുത്രനെയും സ്നേഹിക്കുന്നു. ദൈവത്തെ സ്നേഹിക്കുകയും അവിടുത്തെ കല്പനകള്‍ അനുസരിക്കുകയും ചെയ്യുമ്പോള്‍ നാം ദൈവമക്കളെയും സ്നേഹിക്കുന്നു എന്നു നമുക്ക് അറിയാം. നാം ദൈവത്തിന്‍റെ കല്പനകള്‍ അനുസരിക്കുന്നതാണല്ലോ ദൈവത്തോടുള്ള സ്നേഹം. അവിടുത്തെ കല്പനകള്‍ ദുര്‍വഹമല്ല. ദൈവത്തില്‍നിന്നു ജനിച്ചവരെല്ലാം ലോകത്തെ ജയിക്കുന്നു. ലോകത്തിന്മേലുള്ള വിജയമാകട്ടെ, വിശ്വാസം മുഖേനയുള്ളതുതന്നെ. ആരാണു ലോകത്തെ ജയിക്കുന്നത്? യേശു ദൈവപുത്രന്‍ എന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണ്? സ്നാപനത്തിലൂടെയും ക്രൂശില്‍ ചൊരിഞ്ഞ രക്തത്തിലൂടെയും വെളിപ്പെട്ടവനാണ് യേശുക്രിസ്തു. ജലത്തിലൂടെ മാത്രമല്ല, ജലത്തിലൂടെയും രക്തത്തിലൂടെയും തന്നെ. ഇതിനു സാക്ഷ്യം വഹിക്കുന്നത് ആത്മാവാണ്. ആത്മാവു സത്യമാണല്ലോ. സാക്ഷികള്‍ മൂന്നുണ്ട്: ആത്മാവും, ജലവും, രക്തവും. ഈ മൂന്നിന്‍റെയും സാക്ഷ്യം ഒന്നാകുന്നു. നാം മനുഷ്യരുടെ സാക്ഷ്യം സ്വീകരിക്കുന്നുവെങ്കില്‍, ദൈവത്തിന്‍റെ സാക്ഷ്യം അതിലും വലുതാണല്ലോ. ദൈവത്തിന്‍റെ സാക്ഷ്യം അവിടുത്തെ പുത്രനെക്കുറിച്ചു നല്‌കിയിട്ടുള്ളതുതന്നെ. ദൈവപുത്രനില്‍ വിശ്വസിക്കുന്നവന്‍റെ ഉള്ളില്‍ത്തന്നെ ആ സാക്ഷ്യമുണ്ട്. ദൈവത്തെ വിശ്വസിക്കാത്തവന്‍, ദൈവം തന്‍റെ പുത്രനെക്കുറിച്ചു നല്‌കിയ സാക്ഷ്യം വിശ്വസിക്കാത്തതുകൊണ്ട് ദൈവത്തെ അസത്യവാദിയാക്കുന്നു. ദൈവം നമുക്കു നിത്യജീവന്‍ നല്‌കി; അവിടുത്തെ പുത്രനോടുള്ള ഐക്യത്തില്‍ ആ ജീവന്‍ നമുക്കു ലഭിക്കുന്നു. ഇതാണ് ആ സാക്ഷ്യം. പുത്രനുള്ളവനു ജീവനുണ്ട്; ദൈവപുത്രനില്ലാത്തവനു ജീവനില്ല. നിങ്ങള്‍ക്ക് അനശ്വരജീവനുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിന്, ദൈവപുത്രന്‍റെ നാമത്തില്‍ വിശ്വസിക്കുന്നവരായ നിങ്ങള്‍ക്ക് ഞാന്‍ ഇതെഴുതുന്നു. ദൈവത്തിന്‍റെ ഇച്ഛാനുസരണം നാം അപേക്ഷിക്കുമെങ്കില്‍, അവിടുന്നു നമ്മുടെ അപേക്ഷ കേള്‍ക്കുന്നു എന്നതാണു നമുക്ക് അവിടുത്തെക്കുറിച്ചുള്ള ഉറപ്പ്. നാം എന്തുതന്നെ അപേക്ഷിച്ചാലും അവിടുന്നു നമ്മുടെ അപേക്ഷ കേള്‍ക്കുന്നു എന്നു നാം അറിയുന്നുവെങ്കില്‍, നാം ചോദിച്ചതു ലഭിച്ചിരിക്കുന്നു എന്നും നാം അറിയുന്നു. ഒരു സഹോദരന്‍ മരണകരമല്ലാത്ത പാപം ചെയ്യുന്നതായി ആരെങ്കിലും കണ്ടാല്‍ അവന്‍ ആ സഹോദരനുവേണ്ടി പ്രാര്‍ഥിക്കട്ടെ. മരണകരമല്ലാത്ത പാപം ചെയ്യുന്നവര്‍ക്കു ദൈവം ജീവന്‍ പ്രദാനം ചെയ്യും. എന്നാല്‍ മരണകരമായ പാപമുണ്ട്. അതിനുവേണ്ടി പ്രാര്‍ഥിക്കണമെന്നു ഞാന്‍ പറയുന്നില്ല. എല്ലാ അധര്‍മവും പാപംതന്നെ. എന്നാല്‍ മരണത്തിലേക്കു നയിക്കാത്ത പാപമുണ്ട്. ദൈവത്തില്‍നിന്നു ജനിച്ചവന്‍ പാപം ചെയ്തുകൊണ്ടിരിക്കുന്നില്ല എന്നു നാം അറിയുന്നു. ദൈവത്തില്‍നിന്നു ജനിച്ചവന്‍ തന്നെത്തന്നെ സംരക്ഷിക്കുന്നു; ദുഷ്ടന്‍ അവനെ തൊടുകയുമില്ല. നാം ദൈവത്തില്‍നിന്നുള്ളവരാണെന്നും എന്നാല്‍ സര്‍വലോകവും ദുഷ്ടന്‍റെ അധീനതയിലാണെന്നും നാം അറിയുന്നു. ദൈവപുത്രന്‍ വന്നു എന്നും സത്യദൈവത്തെ അറിയുവാനുള്ള വിവേകം അവിടുന്നു നമുക്കു നല്‌കി എന്നും നാം അറിയുന്നുവല്ലോ. നാം സത്യദൈവത്തോട്, അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുതന്നെ ഏകീഭവിച്ചിരിക്കുന്നു; അവിടുന്നാണ് സത്യസ്വരൂപന്‍; അവിടുന്നാണ് നിത്യജീവനും. കുഞ്ഞുങ്ങളേ, വിഗ്രഹാരാധനയില്‍നിന്നു നിങ്ങള്‍ അകന്നു നില്‌ക്കുവിന്‍. തിരഞ്ഞെടുക്കപ്പെട്ട മാന്യമഹതിക്കും, അവരുടെ മക്കള്‍ക്കും, സഭാമുഖ്യനായ ഞാന്‍ എഴുതുന്നത്: നിങ്ങളെ ഞാന്‍ മാത്രമല്ല സത്യത്തെ അറിയുന്ന എല്ലാവരും യഥാര്‍ഥമായി സ്നേഹിക്കുന്നു. നമ്മില്‍ വസിക്കുന്നതും നമ്മോടുകൂടി എന്നേക്കും ഉണ്ടായിരിക്കുന്നതുമായ സത്യത്തെ മുന്‍നിറുത്തിയാണ് ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നത്. പിതാവായ ദൈവത്തില്‍നിന്നും അവിടുത്തെ പുത്രനായ യേശുക്രിസ്തുവില്‍നിന്നും കൃപയും കരുണയും സമാധാനവും സത്യത്തോടും സ്നേഹത്തോടുമൊപ്പം നമ്മോടുകൂടി ഉണ്ടായിരിക്കട്ടെ. പിതാവു കല്പിച്ചിരിക്കുന്നതുപോലെ നിങ്ങളുടെ മക്കളില്‍ ചിലര്‍ സത്യത്തെ പിന്തുടരുന്നതുകൊണ്ട് ഞാന്‍ അത്യന്തം ആനന്ദിച്ചു. അല്ലയോ മഹതീ, നമ്മളെല്ലാവരും അന്യോന്യം സ്നേഹിക്കണം എന്നു ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഒരു പുതിയ കല്പനയായിട്ടല്ല ഞാന്‍ എഴുതുന്നത്. ഇത് ആദിമുതലുള്ള കല്പനയാണ്. നാം അവിടുത്തെ കല്പനകള്‍ അനുസരിച്ചു നടക്കുന്നതുതന്നെ സ്നേഹമാകുന്നു. ആദിമുതല്‍ നിങ്ങള്‍ കേട്ടിട്ടുള്ളതുപോലെ സ്നേഹത്തില്‍ വ്യാപരിക്കണം എന്നതാണു ദൈവത്തിന്‍റെ കല്പന. യേശുക്രിസ്തു മനുഷ്യനായി വന്നു എന്നു സമ്മതിക്കാത്ത വഞ്ചകര്‍ ലോകത്തിലേക്കു പുറപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ളവന്‍ വഞ്ചകനും ക്രിസ്തുവൈരിയുമാകുന്നു. നിങ്ങള്‍ ഏതൊന്നിനുവേണ്ടി പ്രയത്നിച്ചുവോ ആ പ്രയത്നം വിഫലമാകാതെ പൂര്‍ണപ്രതിഫലം ലഭിക്കേണ്ടതിനു സൂക്ഷിച്ചുകൊള്ളുക. ക്രിസ്തുവിന്‍റെ പ്രബോധനത്തില്‍ വേരൂന്നി നില്‌ക്കാതെ മുന്നോട്ടു പോകുന്നവന്‍ ദൈവം ഉള്ളവനല്ല. ക്രിസ്തുവിന്‍റെ പ്രബോധനത്തില്‍ നിലനില്‌ക്കുന്നവന് പിതാവും പുത്രനും ഉണ്ടായിരിക്കും. ഈ പ്രബോധനവും കൊണ്ടല്ലാതെ വരുന്ന ഒരുവനെ വീട്ടില്‍ സ്വീകരിക്കുകയോ, അഭിവന്ദനം ചെയ്യുകയോ അരുത്. അവനെ ഉപചാരപൂര്‍വം സ്വീകരിച്ചാല്‍ അവന്‍റെ ദുഷ്പ്രവൃത്തിയില്‍ പങ്കുചേരുകയാണല്ലോ ചെയ്യുന്നത്. നിങ്ങള്‍ക്കു വളരെയധികം എഴുതുവാനുണ്ടെങ്കിലും, കടലാസും മഷിയും ഉപയോഗിച്ച് എഴുതുവാനല്ല ഞാന്‍ ആഗ്രഹിക്കുന്നത്. നിങ്ങളുടെ ആനന്ദം പൂര്‍ണമാകേണ്ടതിന് നിങ്ങളുടെ അടുക്കല്‍ വന്ന് അഭിമുഖം സംസാരിക്കാമെന്നു ഞാന്‍ പ്രത്യാശിക്കുന്നു. നിങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട മാന്യസഹോദരിയുടെ മക്കള്‍ നിങ്ങള്‍ക്കു വന്ദനം പറയുന്നു. സഭാമുഖ്യനായ ഞാന്‍ ആത്മാര്‍ഥമായി സ്നേഹിക്കുന്ന ഗായൊസിന് എഴുതുന്നത്: പ്രിയ സുഹൃത്തേ, ആത്മാവില്‍ താങ്കള്‍ ക്ഷേമമായിരിക്കുന്നതുപോലെ എല്ലാറ്റിലും ക്ഷേമമായും ആരോഗ്യവാനായും ഇരിക്കുന്നതിനുവേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു. താങ്കള്‍ സത്യത്തെ യഥാര്‍ഥമായി അനുസരിച്ചു ജീവിക്കുന്നു എന്ന് ഇവിടെ വന്ന ചില സഹോദരന്മാര്‍ എന്നെ അറിയിച്ചു. സത്യത്തില്‍ അധിഷ്ഠിതമായ താങ്കളുടെ ജീവിതത്തെക്കുറിച്ച് അവര്‍ സാക്ഷ്യം വഹിച്ചപ്പോള്‍ എനിക്ക് അത്യധികമായ ആനന്ദം ഉണ്ടായി. എന്‍റെ മക്കള്‍ സത്യമനുസരിച്ചു ജീവിക്കുന്നു എന്ന് കേള്‍ക്കുന്നതിനെക്കാള്‍ വലിയ ആനന്ദം എനിക്കില്ല. പ്രിയപ്പെട്ടവനേ, താങ്കള്‍ സഹോദരന്മാര്‍ക്കുവേണ്ടി വിശിഷ്യ അപരിചിതരായ അതിഥികള്‍ക്കുവേണ്ടി വിശ്വസ്തതയോടെ സേവനം അനുഷ്ഠിക്കുന്നു. അവര്‍ താങ്കളുടെ സ്നേഹത്തിനു സഭാസമക്ഷം സാക്ഷ്യം വഹിച്ചുമിരിക്കുന്നു. ദൈവത്തിന്‍റെ സേവനത്തിന് അവരെ യഥായോഗ്യം യാത്ര അയയ്‍ക്കുന്നത് ഉചിതമായിരിക്കും. വിജാതീയരില്‍നിന്ന് യാതൊന്നും സ്വീകരിക്കാതെ അവര്‍ ക്രിസ്തുവിനെപ്രതി ഇറങ്ങിത്തിരിച്ചിരിക്കുകയാണല്ലോ. ഇങ്ങനെയുള്ളവരെ സഹായിച്ച് സത്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ നാം സഹകാരികള്‍ ആയിത്തീരേണ്ടതാണ്. നിങ്ങളുടെ സഭയ്‍ക്ക് ഞാന്‍ ചിലതെല്ലാം എഴുതിയിരുന്നു എങ്കിലും ദിയൊത്രെഫേസ് അവരില്‍ പ്രമാണി ആകുവാന്‍ ആഗ്രഹിക്കുന്നതുകൊണ്ട് എന്‍റെ അധികാരത്തെ വകവയ്‍ക്കുന്നില്ല. അവന്‍ അതുകൊണ്ടും തൃപ്തിപ്പെടാതെ, സഹോദരന്മാരെ സ്വീകരിക്കുവാന്‍ കൂട്ടാക്കുന്നില്ലെന്നു മാത്രമല്ല, അതിനു മനസ്സുവയ്‍ക്കുന്നവരെ വിലക്കുകയും സഭയില്‍നിന്നു പുറത്താക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഞാന്‍ വരുന്നപക്ഷം, എനിക്കെതിരെ ദുഷ്ടവാക്കുകള്‍ പറഞ്ഞ് വീമ്പടിക്കുന്നത് ഞാന്‍ അവന്‍റെ ശ്രദ്ധയില്‍കൊണ്ടുവരും. പ്രിയപ്പെട്ടവനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുത്. നന്മ ചെയ്യുന്നവന്‍ ദൈവത്തില്‍നിന്നുള്ളവനാകുന്നു. തിന്മ ചെയ്യുന്നവന്‍ ദൈവത്തെ കണ്ടിട്ടില്ല. ദെമേത്രിയൊസിന് എല്ലാവരുടെയും എന്നല്ല സത്യത്തിന്‍റെ തന്നെയും സാക്ഷ്യം ലഭിച്ചിട്ടുണ്ട്; ഞാനും സാക്ഷ്യം പറയുന്നു. ഞങ്ങളുടെ സാക്ഷ്യം സത്യമാണെന്നു താങ്കള്‍ക്ക് അറിയാമല്ലോ. എഴുതുവാന്‍ വളരെയുണ്ടെങ്കിലും തൂവലും മഷിയും ഉപയോഗിച്ച് എഴുതുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. താങ്കളെ വേഗം കാണാമെന്നും അഭിമുഖം സംസാരിക്കാമെന്നും ആശിക്കുന്നു. താങ്കള്‍ക്കു സമാധാനം. സ്നേഹിതന്മാര്‍ താങ്കള്‍ക്കു വന്ദനം പറയുന്നു. അവിടെയുള്ള സഹോദരന്മാര്‍ ഓരോരുത്തര്‍ക്കും വന്ദനം പറയുക. യേശുക്രിസ്തുവിന്‍റെ ദാസനും യാക്കോബിന്‍റെ സഹോദരനുമായ യൂദാ, പിതാവായ ദൈവത്തിനു പ്രിയങ്കരരും യേശുക്രിസ്തുവിനുവേണ്ടി സംരക്ഷിക്കപ്പെടുന്നവരും ദൈവത്താല്‍ വിളിക്കപ്പെടുന്നവരുമായവര്‍ക്ക് എഴുതുന്നത്: നിങ്ങള്‍ക്കു കരുണയും സമാധാനവും സ്നേഹവും സമൃദ്ധമായി ഉണ്ടാകട്ടെ. പ്രിയപ്പെട്ടവരേ, നമ്മുടെ പൊതുവായ രക്ഷയെക്കുറിച്ച് നിങ്ങള്‍ക്ക് എഴുതുവാന്‍ ഞാന്‍ അതീവതല്‍പരനായി കഴിയുകയായിരുന്നു. അപ്പോഴാണ് എന്നേക്കുമായി വിശുദ്ധന്മാരെ ഭരമേല്പിച്ചിരുന്ന വിശ്വാസത്തിനുവേണ്ടി പോരാടുവാന്‍ നിങ്ങളെ പ്രബോധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് എനിക്കു തോന്നിയത്. അഭക്തരായ ചില മനുഷ്യര്‍ നമ്മുടെ ഇടയില്‍ നുഴഞ്ഞു കയറിത്തുടങ്ങിയിട്ടുണ്ട്. നമ്മുടെ ദൈവത്തിന്‍റെ കൃപയെ സദാചാരവിരുദ്ധമായ പ്രവൃത്തികള്‍ക്കുവേണ്ടി അവര്‍ വിനിയോഗിക്കുന്നു. അങ്ങനെ നമ്മുടെ ഏകനാഥനും കര്‍ത്താവുമായ യേശുക്രിസ്തുവിനെ അവര്‍ നിഷേധിക്കുന്നു. അവരുടെ ശിക്ഷാവിധിയെപ്പറ്റി പണ്ടേ തിരുവെഴുത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. നിങ്ങള്‍ ഇവയെല്ലാം ഒരിക്കല്‍ അറിഞ്ഞിട്ടുള്ളതാണെങ്കിലും ഇപ്പോള്‍ നിങ്ങളെ വീണ്ടും ഓര്‍മിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇസ്രായേല്‍ജനത്തെ ഈജിപ്തില്‍നിന്നു രക്ഷിച്ച സര്‍വേശ്വരന്‍ വിശ്വസിക്കാത്തവരെ പിന്നീടു നശിപ്പിച്ചു. തങ്ങളുടെ പദവി കാത്തുസൂക്ഷിക്കാതെ സ്വന്തം വാസസ്ഥലം വിട്ടുപോയ മാലാഖമാരെ മഹാദിവസത്തിലെ വിധിക്കായി എന്നേക്കും ബന്ധനസ്ഥരായി അന്ധകാരത്തില്‍ സൂക്ഷിച്ചിരിക്കുന്നു. സോദോമും ഗോമോറായും അവയെപ്പോലെ അസാന്മാര്‍ഗികതയിലും സ്വവര്‍ഗരതിയിലും മുഴുകിയ പരിസരനഗരങ്ങളും നിത്യാഗ്നിയുടെ ശിക്ഷയ്‍ക്കു വിധേയമായി. അങ്ങനെ അവ എല്ലാവര്‍ക്കും ദൃഷ്ടാന്തമായിത്തീര്‍ന്നിരിക്കുന്നു. അതുപോലെതന്നെ ഈ മനുഷ്യരും തങ്ങളുടെ സ്വപ്നങ്ങളില്‍ മുഴുകി ശരീരത്തെ മലിനമാക്കുകയും, അധികാരത്തെ നിഷേധിക്കുകയും, ശ്രേഷ്ഠജനങ്ങളെ നിന്ദിക്കുകയും ചെയ്യുന്നു. എന്നാല്‍ മാലാഖമാരില്‍ മുഖ്യനായ മിഖായേല്‍ മോശയുടെ ശരീരത്തെപ്പറ്റി പിശാചിനോട് തര്‍ക്കിച്ചപ്പോള്‍ അവനെ കുറ്റപ്പെടുത്തിക്കൊണ്ട് ഒരു നിന്ദാവചനംപോലും ഉച്ചരിക്കുവാന്‍ തുനിഞ്ഞില്ല. പിന്നെയോ ‘കര്‍ത്താവു നിന്നെ ഭര്‍ത്സിക്കട്ടെ’ എന്നു പറയുക മാത്രമേ ചെയ്തുള്ളൂ. എന്നാല്‍ ഈ മനുഷ്യര്‍ തങ്ങള്‍ അറിയാത്തതിനെയെല്ലാം ദുഷിക്കുന്നു. വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ ജന്മവാസനയാല്‍ മാത്രം അവര്‍ അറിയുന്നു. അങ്ങനെയുള്ള അറിവിനാല്‍ അവര്‍ നശിപ്പിക്കപ്പെടുന്നു. അവര്‍ക്ക് ഹാ കഷ്ടം! എന്തെന്നാല്‍ അവര്‍ കയീന്‍റെ മാര്‍ഗത്തില്‍ നടക്കുന്നു. പ്രതിഫലത്തിനുവേണ്ടി ബിലെയാമിന്‍റെ തെറ്റിനു തങ്ങളെത്തന്നെ ഏല്പിച്ചുകൊടുക്കുന്നു; കോരഹിന്‍റെ മത്സരത്തില്‍ നശിച്ചുപോകുകയും ചെയ്യുന്നു. നിങ്ങളുടെ സ്നേഹവിരുന്നുകളില്‍ അവര്‍ കളങ്കം ചേര്‍ക്കുന്നു. അവര്‍ ഒരുമിച്ചുകൂടി നിര്‍ഭയം കുടിച്ചുമറിഞ്ഞ് തങ്ങളെത്തന്നെ പോഷിപ്പിക്കുന്നു. കാറ്റു പറപ്പിച്ചുകൊണ്ടുപോകുന്ന ജലരഹിതമായ മേഘങ്ങളാണവര്‍; ഹേമന്തകാലത്ത് ഫലശൂന്യമായി നില്‌ക്കുന്ന വൃക്ഷങ്ങള്‍, അവ ഇല കൊഴിഞ്ഞും വേരറ്റും അങ്ങനെ ഇരുവിധം നിര്‍ജീവങ്ങള്‍! ലജ്ജാകരമായ പ്രവൃത്തികളുടെ നുരകളുയര്‍ത്തുന്ന വന്‍കടല്‍ത്തിരകള്‍! ദൈവം എന്നേക്കുമായി ഒരുക്കിയിട്ടുള്ള അന്ധകാരഗര്‍ത്തത്തില്‍ നിപതിക്കത്തക്കവിധം വഴിതെറ്റി ചുറ്റിത്തിരിയുന്ന നക്ഷത്രങ്ങള്‍! ആദാമിനുശേഷം ഏഴാം തലമുറക്കാരനായ ഹാനോക്കും ഇവരെക്കുറിച്ചു പ്രവചിച്ചിട്ടുള്ളത് ഇങ്ങനെയാണ്: “ഭക്തിവിരുദ്ധമായി ചെയ്തിട്ടുള്ള സകല പ്രവൃത്തികള്‍ നിമിത്തവും ദൈവത്തിനെതിരെ പറഞ്ഞിട്ടുള്ള എല്ലാ പരുഷവാക്കുകള്‍ നിമിത്തവും അഭക്തരായ പാപികളെ കുറ്റവാളികളെന്നു വിധിക്കുവാന്‍ അസംഖ്യം വിശുദ്ധന്മാരോടുകൂടി അവിടുന്നു വന്നിരിക്കുന്നു.” അവര്‍ പിറുപിറുക്കുന്നവരും, അസംതൃപ്തരും, അധമവികാരങ്ങളെ അനുസരിക്കുന്നവരും ആകുന്നു. അവര്‍ ആത്മപ്രശംസ ചെയ്യുന്നു. കാര്യസാധ്യത്തിനുവേണ്ടി മുഖസ്തുതി പറയുന്നവരാണിക്കൂട്ടര്‍. എന്നാല്‍ പ്രിയപ്പെട്ടവരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ അപ്പോസ്തോലന്മാര്‍ മുന്‍കൂട്ടി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ത്തുകൊള്ളണം. ഭക്തിവിരുദ്ധമായ അധമവികാരങ്ങളെ അനുസരിക്കുന്ന ധര്‍മനിന്ദകര്‍ അന്ത്യകാലത്ത് ഉണ്ടാകുമെന്ന് അവര്‍ നിങ്ങളോടു പറഞ്ഞുവല്ലോ. ഇങ്ങനെയുള്ളവര്‍ ഭിന്നത ഉണ്ടാക്കുന്നവരും ലോകത്തെയും അതിന്‍റെ സുഖാനുഭോഗങ്ങളെയും കാംക്ഷിക്കുന്നവരും പരിശുദ്ധാത്മരഹിതരും ആകുന്നു. എന്നാല്‍ പ്രിയപ്പെട്ടവരേ, നിങ്ങളുടെ അതിവിശുദ്ധമായ വിശ്വാസത്തിന്മേല്‍ ജീവിതം പടുത്തുയര്‍ത്തുക; പരിശുദ്ധാത്മാവിന്‍റെ സഹായത്തോടെ പ്രാര്‍ഥിക്കുക; ദൈവത്തിന്‍റെ സ്നേഹത്തില്‍ നിങ്ങളെത്തന്നെ കാത്തുകൊള്ളുക. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കാരുണ്യംമൂലം അനശ്വരജീവന്‍ ലഭിക്കുന്നതിനുവേണ്ടി കാത്തിരിക്കുകയും ചെയ്യുക. [22,23] സംശയിക്കുന്നവരോടു കരുണകാണിക്കുവിന്‍. അഗ്നിയില്‍ അകപ്പെട്ടവരെ വലിച്ചെടുത്തു രക്ഷിക്കുക. ചിലരോടു കാരുണ്യം കാണിക്കുന്നതു ഭയത്തോടുകൂടി ആയിരിക്കണം. പാപപൂര്‍ണമായ വിഷയാസക്തിയാല്‍ കറപിടിച്ച അവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ടുതന്നെ. *** വീഴാതെവണ്ണം നിങ്ങളെ കാത്തു സൂക്ഷിച്ച്, കളങ്കരഹിതരായി തന്‍റെ തേജസ്സിന്‍റെ മുമ്പില്‍ ആനന്ദത്തോടെ നിറുത്തുവാന്‍ കഴിവുള്ളവന്, നമ്മുടെ രക്ഷകനായ ഏക ദൈവത്തിനുതന്നെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം ഇപ്പോഴും എന്നെന്നേക്കും മഹത്ത്വവും പരമാധികാരവും ആധിപത്യവും ഉണ്ടാകുമാറാകട്ടെ. ആമേന്‍. സമീപഭാവിയില്‍ സംഭവിക്കുവാനുള്ള കാര്യങ്ങള്‍ തന്‍റെ ദാസന്മാര്‍ക്കു വെളിപ്പെടുത്തുന്നതിനുവേണ്ടി ദൈവം യേശുക്രിസ്തുവിനു നല്‌കിയ വെളിപാട്. അത് അവിടുത്തെ മാലാഖയെ അയച്ച് അവിടുത്തെ ദാസനായ യോഹന്നാനു വെളിപ്പെടുത്തി. ദൈവത്തിന്‍റെ സന്ദേശമായും യേശുക്രിസ്തുവിന്‍റെ വെളിപാടായും താന്‍ കണ്ട എല്ലാറ്റിനും യോഹന്നാന്‍ സാക്ഷ്യം വഹിച്ചു. ഈ പ്രവചനത്തിലെ വാക്കുകള്‍ വായിക്കുന്നവരും വായിച്ചുകേള്‍ക്കുന്നവരും അതില്‍ എഴുതിയിരിക്കുന്നതു പാലിക്കുന്നവരും അനുഗൃഹീതര്‍. എന്തെന്നാല്‍ സമയം സമീപിച്ചിരിക്കുന്നു. യോഹന്നാന്‍ ഏഷ്യയിലെ ഏഴു സഭകള്‍ക്ക് എഴുതുന്നത്: ഇപ്പോള്‍ ഉള്ളവനും, ഉണ്ടായിരുന്നവനും വരുവാനിരിക്കുന്നവനുമായ ദൈവത്തില്‍നിന്നും, അവിടുത്തെ സിംഹാസനത്തിന്‍റെ മുമ്പിലുള്ള ഏഴ് ആത്മാക്കളില്‍നിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരില്‍നിന്ന് ആദ്യമായി ഉത്ഥാനം ചെയ്തവനും, ഭൂമിയിലെ രാജാധിരാജനുമായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. നമ്മെ സ്നേഹിക്കുകയും, തന്‍റെ രക്തത്താല്‍ പാപത്തില്‍നിന്നു വിമോചിപ്പിച്ച് നമ്മെ ഒരു രാജ്യവും, തന്‍റെ ദൈവവും പിതാവുമായവന്‍റെ പുരോഹിതന്മാരും ആക്കിത്തീര്‍ക്കുകയും ചെയ്ത ക്രിസ്തുവിന് എന്നും എന്നേക്കും മഹത്ത്വവും ആധിപത്യവും ഉണ്ടാകട്ടെ. ആമേന്‍. ഇതാ അവിടുന്ന് മേഘാരൂഢനായി എഴുന്നള്ളുന്നു. എല്ലാ നേത്രങ്ങളും അവിടുത്തെ ദര്‍ശിക്കും. അവിടുത്തെ കുത്തിത്തുളച്ചവരും അവിടുത്തെ കാണും. ഭൂമിയിലെ സകല ഗോത്രങ്ങളും അവിടുത്തെപ്രതി വിലപിക്കും. അതെ, അങ്ങനെതന്നെ; ആമേന്‍. ‘ഞാന്‍ അല്ഫയും ഓമേഗയും-ആദിയും അന്തവും-ആകുന്നു’ എന്ന് ഉള്ളവനും ഉണ്ടായിരുന്നവനും വരുവാനിരിക്കുന്നവനും സര്‍വശക്തനുമായ ദൈവമായ കര്‍ത്താവ് അരുള്‍ചെയ്യുന്നു. യേശുവിന്‍റെ പീഡനങ്ങളിലും, രാജ്യത്തിലും, ക്ഷമാപൂര്‍വമുള്ള സഹനത്തിലും നിങ്ങളുടെ പങ്കാളിയും, നിങ്ങളുടെ സഹോദരനുമായ യോഹന്നാന്‍ എന്ന ഞാന്‍ ദൈവവചനത്തെയും, യേശുക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യത്തെയും പ്രതി പത്മോസ് എന്ന ദ്വീപില്‍ ആയിരുന്നു. [10,11] കര്‍ത്താവിന്‍റെ ദിവസത്തില്‍ ആത്മാവില്‍ വിലയം പ്രാപിച്ചിരിക്കുമ്പോള്‍ കാഹളനാദം പോലെയുള്ള ഒരു ഗംഭീരസ്വരം പിറകില്‍ കേട്ടു. “നീ കാണുന്നത് ഒരു പുസ്തകത്തില്‍ എഴുതി എഫെസൊസ്, സ്മുര്‍ന്ന, പെര്‍ഗ്ഗമൊസ്, തുയത്തൈര, സര്‍ദ്ദീസ്, ഫിലദെല്‍ഫിയ, ലവൊദിക്യ എന്നീ ഏഴു സഭകള്‍ക്ക് അയച്ചുകൊടുക്കുക” എന്നു പറയുന്നതാണ് കേട്ടത്. *** എന്നോടു സംസാരിക്കുന്നത് ആരാണെന്നറിയുവാന്‍ ഞാന്‍ തിരിഞ്ഞുനോക്കി. അപ്പോള്‍ ഏഴു പൊന്‍വിളക്കുകളും അവയുടെ മധ്യത്തില്‍ നിലയങ്കി ധരിച്ച് മാറില്‍ സ്വര്‍ണക്കച്ച കെട്ടിയ മനുഷ്യസദൃശനായ ഒരുവനെയും കണ്ടു; അവിടുത്തെ ശിരസ്സും മുടിയും വെണ്‍കമ്പിളിപോലെയും ഹിമംപോലെയും ധവളസുന്ദരമായിരുന്നു. അവിടുത്തെ നേത്രങ്ങള്‍ അഗ്നിജ്വാലപോലെ കാണപ്പെട്ടു. പാദങ്ങളാകട്ടെ തേച്ചുമിനുക്കിയ വെള്ളോടുപോലെയും, അവിടുത്തെ സ്വരം പെരുവെള്ളത്തിന്‍റെ ഇരമ്പല്‍പോലെയും ആയിരുന്നു. അവിടുത്തെ വലംകൈയില്‍ ഏഴു നക്ഷത്രങ്ങള്‍ ഉണ്ടായിരുന്നു. വായില്‍നിന്നു മൂര്‍ച്ചയേറിയ ഇരുമുനവാള്‍ പുറത്തേക്കു വന്നു. അവിടുത്തെ വദനം അതിഭാസുരമായി പ്രകാശിക്കുന്ന സൂര്യനു സമാനമായിരുന്നു. ദര്‍ശനമാത്രയില്‍ ഞാന്‍ ചേതനയറ്റവനെപ്പോലെ അവിടുത്തെ കാല്‌ക്കല്‍ വീണു. അപ്പോള്‍ വലംകൈ എന്‍റെമേല്‍ വച്ചുകൊണ്ട് അവിടുന്ന് ഇപ്രകാരം അരുള്‍ചെയ്തു: “ഭയപ്പെടേണ്ടാ, ഞാന്‍ ആദ്യനും അന്ത്യനും ആകുന്നു. ഞാന്‍ ജീവിക്കുന്നവനാകുന്നു; ഞാന്‍ മരിച്ചെങ്കിലും ഇതാ എന്നെന്നേക്കും ജീവിക്കുന്നു. മരണത്തിന്‍റെയും നരകത്തിന്‍റെയും താക്കോലുകള്‍ എന്‍റെ കൈയിലുണ്ട്. ഇപ്പോള്‍ ഉള്ളതും ഇനി സംഭവിക്കുവാന്‍ പോകുന്നതുമായ കാര്യങ്ങളെക്കുറിച്ചു നീ കണ്ടതു രേഖപ്പെടുത്തുക. എന്‍റെ വലംകൈയില്‍ കണ്ട ഏഴു നക്ഷത്രങ്ങളുടെയും ഏഴു പൊന്‍വിളക്കുകളുടെയും മര്‍മ്മം ഇതാണ്: ഏഴു നക്ഷത്രം ഏഴു സഭകളുടെ മാലാഖമാരാണ്; ഏഴു വിളക്കുകള്‍ ഏഴു സഭകളും. എഫെസൊസിലെ സഭയുടെ മാലാഖയ്‍ക്ക് എഴുതുക: ഏഴു നക്ഷത്രങ്ങള്‍ വലത്തു കൈയിലേന്തി ഏഴു വിളക്കുകളുടെ മധ്യേ നടക്കുന്നവന്‍ പറയുന്നു: നിങ്ങളുടെ പ്രവൃത്തിയും പ്രയത്നവും ക്ഷമാപൂര്‍വമുള്ള സഹനവും, ദുഷ്ടജനത്തെ നിങ്ങള്‍ക്കു വഹിക്കുവാന്‍ കഴിയുന്നില്ല എന്നതും എനിക്കറിയാം. അപ്പോസ്തോലന്മാരല്ലാതിരിക്കെ, അപ്പോസ്തോലന്മാരെന്നു ഭാവിക്കുന്നവരെ പരീക്ഷിച്ച് അവര്‍ അസത്യവാദികള്‍ എന്നു നീ കണ്ടുപിടിച്ചിരിക്കുന്നു. നീ ക്ഷമാപൂര്‍വം സഹിച്ചു നില്‌ക്കുന്നു; എന്‍റെ നാമത്തെപ്രതി പീഡനങ്ങള്‍ സഹിക്കുന്നെങ്കിലും നീ തളര്‍ന്നുപോകുന്നില്ല എന്നു ഞാന്‍ അറിയുന്നു. എന്നാല്‍ നിന്നെപ്പറ്റി എനിക്ക് ഒരു കാര്യം പറയുവാനുണ്ട്: ആദ്യമുണ്ടായിരുന്ന സ്നേഹം നീ വിട്ടുകളഞ്ഞു. ഏതവസ്ഥയില്‍നിന്നു നീ വീണിരിക്കുന്നു എന്നോര്‍ത്ത് അനുതപിച്ച് ആദ്യം നീ ചെയ്തുവന്ന പ്രവൃത്തികള്‍ ചെയ്യുക. അങ്ങനെ ചെയ്യാതിരുന്നാല്‍ ഞാന്‍ നിന്‍റെ അടുക്കല്‍ വരികയും നിന്‍റെ വിളക്ക് തല്‍സ്ഥാനത്തുനിന്നു നീക്കുകയും ചെയ്യും. അങ്ങനെ വരാതിരിക്കുവാന്‍ നീ അനുതപിച്ച് ദൈവത്തിങ്കലേക്കു തിരിയുക. എങ്കിലും നിങ്ങളെക്കുറിച്ചുള്ള ഒരു മേന്മ പറയാനുണ്ട്. നിങ്ങള്‍ നിക്കൊലാവ്യരുടെ പ്രവൃത്തികളെ വെറുക്കുന്നു. ഞാനും അവയെ വെറുക്കുന്നു. ആത്മാവു സഭകളോട് അരുള്‍ചെയ്യുന്നത് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന് ദൈവത്തിന്‍റെ പറുദീസയിലുള്ള ജീവവൃക്ഷത്തിന്‍റെ ഫലം ഭക്ഷിക്കുവാന്‍ കൊടുക്കും. സ്മുര്‍ന്നയിലെ സഭയുടെ മാലാഖയ്‍ക്കെഴുതുക: മൃതിയടയുകയും വീണ്ടും ജീവന്‍പ്രാപിക്കുകയും ചെയ്ത ആദിയും അന്തവുമായവന്‍ ഇങ്ങനെ പറയുന്നു: നിങ്ങളുടെ ക്ലേശഭാരവും ദാരിദ്ര്യവും എനിക്കറിയാം. എങ്കിലും നിങ്ങള്‍ സമ്പന്നരാകുന്നു. വാസ്തവത്തില്‍ യെഹൂദന്മാരല്ലാതിരിക്കെ യെഹൂദന്മാരാണെന്നു പറയുന്നവരുണ്ട്. സാത്താന്‍റെ ആലയങ്ങളായ അക്കൂട്ടരുടെ ദൂഷണവും ഞാന്‍ അറിയുന്നു. നിങ്ങള്‍ക്ക് ആസന്നഭാവിയില്‍ സഹിക്കുവാനുള്ളത് ഓര്‍ത്ത് ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന് പിശാചു നിങ്ങളില്‍ ചിലരെ തടവില്‍ ആക്കും; പത്തു ദിവസത്തേക്കു നിങ്ങള്‍ക്കു കഷ്ടതയുണ്ടാകും. മരണപര്യന്തം വിശ്വസ്തനായിരിക്കുക; എന്നാല്‍ ജീവകിരീടം ഞാന്‍ നിനക്കു നല്‌കും. “ആത്മാവു സഭകളോട് അരുള്‍ചെയ്യുന്നത് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ: “ജയിക്കുന്നവന്‍ നിശ്ചയമായും രണ്ടാമത്തെ മരണത്തിന് അധീനനാകുകയില്ല.” പെര്‍ഗ്ഗമൊസിലെ സഭയുടെ മാലാഖയ്‍ക്ക് എഴുതുക: “മൂര്‍ച്ചയേറിയ ഇരുമുനവാള്‍ ഉള്ളവന്‍ അരുള്‍ചെയ്യുന്നു: നീ എവിടെയാണു വസിക്കുന്നത് എന്ന് എനിക്കറിയാം; സാത്താന്‍റെ സിംഹാസനം ഉള്ളിടത്തുതന്നെ. നീ എന്‍റെ നാമം മുറുകെപ്പിടിച്ചു. സാത്താന്‍ നിവസിക്കുന്ന, നിങ്ങളുടെ സ്ഥലത്തുവച്ച് എന്‍റെ വിശ്വസ്തസാക്ഷിയായ അന്തിപ്പാസിനെ വധിച്ച കാലത്തുപോലും എന്നിലുള്ള വിശ്വാസം നീ കൈവെടിഞ്ഞില്ല. എങ്കിലും നിങ്ങളെപ്പറ്റി എനിക്കു പറയുവാനുണ്ട്. വിഗ്രഹങ്ങള്‍ക്കു നിവേദിച്ചതു ഭക്ഷിക്കുവാനും, അസാന്മാര്‍ഗിക പ്രവൃത്തികള്‍ ചെയ്യുവാനും ഇസ്രായേല്‍മക്കള്‍ക്കു പ്രേരണനല്‌കി അവര്‍ക്കു പ്രതിബന്ധം സൃഷ്‍ടിക്കുവാന്‍ ബാലാക്കിനെ ഉപദേശിച്ച ബിലെയാമിന്‍റെ ഉപദേശം മുറുകെപ്പിടിക്കുന്ന ചിലര്‍ അവിടെയുണ്ട്. അതുപോലെതന്നെ നിക്കൊലാവ്യരുടെ സിദ്ധാന്തങ്ങളെ മുറുകെപ്പിടിക്കുന്ന ചിലരും അവിടെയുണ്ട്. അതുകൊണ്ട് അനുതപിക്കുക. അല്ലെങ്കില്‍ ഞാന്‍ വേഗം വന്ന് എന്‍റെ വായിലെ വാളുകൊണ്ട് അവരോടു പോരാടും. ആത്മാവു സഭകളോട് അരുള്‍ചെയ്യുന്നത് എന്തെന്ന് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. “ജയിക്കുന്നവനു ഞാന്‍ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; വെണ്മയുള്ള ഒരു കല്ലും ഞാന്‍ അവനു നല്‌കും. അതില്‍ ഒരു പുതിയ നാമം എഴുതിയിരിക്കും. ആ കല്ലു ലഭിക്കുന്നവനല്ലാതെ മറ്റാരും അതു മനസ്സിലാക്കുകയില്ല. തുയത്തൈരയിലെ സഭയുടെ മാലാഖയ്‍ക്ക് എഴുതുക: “അഗ്നിജ്വാലയ്‍ക്കു സമാനമായ കണ്ണുകളും മിന്നിത്തിളങ്ങുന്ന വെള്ളോടിനു തുല്യമായ പാദങ്ങളും ഉള്ള ദൈവസുതന്‍ അരുള്‍ചെയ്യുന്നു: നിന്‍റെ പ്രവൃത്തികളും, സ്നേഹവും, വിശ്വാസവും, ശുശ്രൂഷയും, ക്ഷമയോടുകൂടിയ സഹനവും ഞാന്‍ അറിയുന്നു. നിന്‍റെ അവസാനത്തെ പ്രവൃത്തികള്‍ ആദ്യത്തേതിനെക്കാള്‍ മെച്ചപ്പെട്ടവയാണ്. എങ്കിലും നിനക്കെതിരെ എനിക്ക് ഒരു കാര്യം പറയാനുണ്ട്. താന്‍ പ്രവാചികയാണെന്നു സ്വയം പറഞ്ഞുകൊണ്ട് എന്‍റെ ദാസന്മാരെ അനാശാസ്യത്തിനും വിഗ്രഹങ്ങള്‍ക്കു നിവേദിച്ചവ ഭക്ഷിക്കുവാനും ഉപദേശിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്ന ഈസബേല്‍ എന്ന സ്‍ത്രീയെ നീ വച്ചുപുലര്‍ത്തുന്നു. അനുതപിക്കുവാന്‍ ഞാന്‍ അവള്‍ക്ക് അവസരം നല്‌കി. എങ്കിലും തന്‍റെ ദുര്‍മാര്‍ഗത്തില്‍നിന്നു പിന്തിരിയുവാന്‍ അവള്‍ കൂട്ടാക്കിയില്ല. ഇതാ ഞാന്‍ അവളെ രോഗശയ്യയിലാക്കും. അവളോടൊത്തു വ്യഭിചാരം ചെയ്യുന്നവര്‍ അവളോടുള്ള വേഴ്ചയെക്കുറിച്ച് അനുതപിക്കുന്നില്ലെങ്കില്‍ ഞാന്‍ അവരെ കൊടിയ ദുരിതത്തിലാക്കും. അവളുടെ മക്കളെ ഞാന്‍ കൊന്നുകളയും. ഞാന്‍ മനസ്സും ഹൃദയവും പരിശോധിക്കുന്നവരാണെന്ന് എല്ലാ സഭകളും അറിയും. നിങ്ങള്‍ക്കോരുത്തര്‍ക്കും അവരവരുടെ പ്രവൃത്തിക്കു തക്കത് ഞാന്‍ നല്‌കും. “എന്നാല്‍ മേല്പറഞ്ഞ ഉപദേശം സ്വീകരിക്കാത്തവരും ‘സാത്താന്‍റെ ഗഹനമായ കാര്യങ്ങള്‍’ എന്നു ചിലര്‍ വിശേഷിപ്പിക്കുന്നവ പഠിക്കാത്തവരുമായ, തുയത്തൈരയിലെ ഇതര ജനത്തോടു ഞാന്‍ പറയുന്നു: വേറൊരു ഭാരവും ഞാന്‍ നിങ്ങളുടെമേല്‍ വയ്‍ക്കുന്നില്ല; ഞാന്‍ വരുന്നതുവരെ നിങ്ങള്‍ക്കുള്ള വിശ്വാസം മുറുകെപ്പിടിച്ചുകൊള്ളുക. ജയിക്കുകയും അന്ത്യംവരെ എന്‍റെ പ്രവൃത്തികള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവന് ജനതകളുടെമേല്‍ ഞാന്‍ അധികാരം നല്‌കും. ഇരുമ്പു ചെങ്കോല്‍കൊണ്ട് അവന്‍ അവരെ ഭരിക്കും. മണ്‍പാത്രംപോലെ അവര്‍ തകര്‍ക്കപ്പെടും. എനിക്കു പിതാവില്‍നിന്നു ലഭിച്ച അധികാരമാണിത്. ഉദയനക്ഷത്രം ഞാന്‍ നല്‌കും. “സഭകളോട് ആത്മാവ് അരുള്‍ചെയ്യുന്നത് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.” സര്‍ദ്ദീസിലെ സഭയുടെ മാലാഖയ്‍ക്ക് എഴുതുക: “ദൈവത്തിന്‍റെ ഏഴ് ആത്മാക്കളും ഏഴു നക്ഷത്രങ്ങളുമുള്ളവന്‍ അരുള്‍ച്ചെയ്യുന്നു: നിന്‍റെ പ്രവൃത്തികള്‍ ഞാന്‍ അറിയുന്നു; സചേതനന്‍ എന്നു നിനക്കു പേരുണ്ട്. പക്ഷേ നീ അചേതനനാണ്. ഉണരുക! മരണം ആസന്നമായി അവശേഷിച്ചിട്ടുള്ളവരെ ശക്തീകരിക്കുക. എന്‍റെ ദൈവത്തിന്‍റെ ദൃഷ്‍ടിയില്‍ നിന്‍റെ പ്രവൃത്തികള്‍ കുറ്റമറ്റതായി ഞാന്‍ കണ്ടില്ല. അതുകൊണ്ട് നിനക്കു ലഭിച്ച സന്ദേശം ഓര്‍ത്തുകൊള്ളുക. അതു മുറുകെപ്പിടിക്കുകയും അനുതപിക്കുകയും ചെയ്യുക. നീ ഉണരുന്നില്ലെങ്കില്‍ ഞാന്‍ ഒരു കള്ളനെപ്പോലെ വരും. ഏതു വിനാഴികയിലാണു ഞാന്‍ വരുന്നതെന്നു നീ അറിയുകയില്ല. എങ്കിലും തങ്ങളുടെ വസ്ത്രം മലിനപ്പെടുത്താത്ത കുറെപ്പോര്‍ സര്‍ദ്ദീസിലുണ്ട്. അവര്‍ ശുഭ്രവസ്ത്രം അണിഞ്ഞ് എന്‍റെകൂടെ നടക്കും. അതിന്, അവര്‍ യോഗ്യരാണ്. ജയിക്കുന്നവന്‍ ശുഭ്രവസ്ത്രം ധരിക്കും; ജീവന്‍റെ പുസ്തകത്തില്‍നിന്ന് അവന്‍റെ പേര്‍ ഞാന്‍ മായിച്ചുകളയുകയില്ല. എന്‍റെ പിതാവിന്‍റെയും അവിടുത്തെ മാലാഖമാരുടെയും മുമ്പില്‍ ഞാന്‍ അവന്‍റെ പേര്‍ അംഗീകരിക്കും. “സഭകളോട് ആത്മാവ് അരുള്‍ചെയ്യുന്നത് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ഫിലദെല്‍ഫിയയിലെ സഭയുടെ മാലാഖയ്‍ക്ക് എഴുതുക: “പരിശുദ്ധനും, സത്യവാനും, ദാവീദിന്‍റെ താക്കോല്‍ കൈവശമുള്ളവനും ആര്‍ക്കും അടയ്‍ക്കുവാന്‍ കഴിയാത്തവണ്ണം തുറക്കുന്നവനും, ആര്‍ക്കും തുറക്കുവാന്‍ കഴിയാത്തവണ്ണം അടയ്‍ക്കുന്നവനുമായവന്‍ അരുള്‍ചെയ്യുന്നു: നിന്‍റെ പ്രവൃത്തികള്‍ ഞാന്‍ അറിയുന്നു. ഇതാ നിന്‍റെ മുമ്പില്‍ ആര്‍ക്കും അടയ്‍ക്കുവാന്‍ കഴിയാത്തവിധം തുറന്നിരിക്കുന്ന ഒരു വാതില്‍ ഞാന്‍ സ്ഥാപിച്ചിരിക്കുന്നു. നിനക്കു പരിമിതമായ ശക്തിയേ ഉള്ളൂ. എങ്കിലും നീ എന്‍റെ വചനം കാത്തു; എന്‍റെ നാമം നിഷേധിച്ചിട്ടുമില്ല. യഥാര്‍ഥത്തില്‍ യെഹൂദന്മാരല്ലാതിരിക്കെ തങ്ങള്‍ യെഹൂദന്മാരാണെന്നു വ്യാജം പറയുന്ന ചിലരെ ഞാന്‍ സാത്താന്‍റെ സുനഗോഗില്‍നിന്നു വരുത്തി നിങ്ങളുടെ മുമ്പില്‍ സാഷ്ടാംഗപ്രണാമം ചെയ്യിക്കും. ഞാന്‍ നിന്നെ സ്നേഹിച്ചു എന്ന് അവര്‍ മനസ്സിലാക്കും. എന്‍റെ ക്ഷമയോടുകൂടിയ സഹനത്തിന്‍റെ വചനം നീ ജീവിതത്തില്‍ പാലിച്ചതുകൊണ്ട്, ഭൂമിയില്‍ നിവസിക്കുന്നവരെ ശോധന ചെയ്യുന്നതിനായി പ്രപഞ്ചത്തിന് ആകമാനമുണ്ടാകുന്ന അഗ്നിപരീക്ഷണകാലത്ത്, ഞാന്‍ നിന്നെ സംരക്ഷിക്കും. ഞാന്‍ വേഗം വരുന്നു. നിനക്കുള്ളതിനെ മുറുകെപ്പിടിച്ചുകൊള്ളുക. നിന്‍റെ വിജയകിരീടം ആരും തട്ടിയെടുക്കാതിരിക്കട്ടെ. ജയിക്കുന്നവനെ എന്‍റെ ദൈവത്തിന്‍റെ ആലയത്തിന് ഞാന്‍ ഒരു തൂണാക്കും; അവന്‍ ഒരിക്കലും അവിടെനിന്നു മാറ്റപ്പെടുകയില്ല; എന്‍റെ ദൈവത്തിന്‍റെ നാമം ഞാന്‍ അവന്‍റെമേല്‍ എഴുതും; സ്വര്‍ഗത്തില്‍നിന്ന് എന്‍റെ ദൈവത്തിന്‍റെ അടുക്കല്‍നിന്നുതന്നെ, ഇറങ്ങിവരുന്ന എന്‍റെ ദൈവത്തിന്‍റെ നഗരമായ നവയെരൂശലേമിന്‍റെ നാമവും, എന്‍റെ പുതിയ നാമവും അവന്‍റെമേല്‍ എഴുതും. “ആത്മാവ് സഭകളോട് അരുള്‍ചെയ്യുന്നത് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ” ലവൊദിക്യ സഭയുടെ മാലാഖയ്‍ക്ക് എഴുതുക: “വിശ്വസ്തനും, സത്യസാക്ഷിയും, ഈശ്വരസൃഷ്‍ടിയുടെ ആരംഭവുമായ ആമേന്‍ അരുള്‍ചെയ്യുന്നത്: നിന്‍റെ പ്രവൃത്തികള്‍ ഞാന്‍ അറിയുന്നു. നീ ശീതവാനും ഉഷ്ണവാനും അല്ല. നീ ശീതവാനോ ഉഷ്ണവാനോ ആയിരുന്നെങ്കില്‍ നന്നായിരുന്നു. ശീതവാനും ഉഷ്ണവാനും അല്ലാതെ ശീതോഷ്ണവാന്‍ ആയതിനാല്‍ എന്‍റെ വായില്‍നിന്നു നിന്നെ ഞാന്‍ തുപ്പിക്കളയും. ‘ഞാന്‍ ധനാഢ്യനാണ്; എനിക്കു വേണ്ടുവോളം സമ്പല്‍സമൃദ്ധി ഉണ്ട്; ഒന്നിനും എനിക്കു ബുദ്ധിമുട്ടില്ല’ എന്നു നീ പറയുന്നു. എന്നാല്‍ നീ നിര്‍ഭാഗ്യവാനും അരിഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്നനുമാണെന്ന് നീ അറിയുന്നില്ല. നീ സമ്പന്നനാകുവാന്‍ അഗ്നിയില്‍ ശുദ്ധീകരിച്ച സ്വര്‍ണവും, നിന്‍റെ നഗ്നത മറയ്‍ക്കുന്നതിനുവേണ്ടി ധരിക്കുവാനുള്ള ശുഭ്രവസ്ത്രവും, നിനക്കു കാഴ്ച ലഭിക്കുവാന്‍ കണ്ണിലെഴുതാനുള്ള അഞ്ജനവും, എന്‍റെ പക്കല്‍നിന്നു വാങ്ങിക്കൊള്ളുക എന്നു ഞാന്‍ നിനക്കു ബുദ്ധി ഉപദേശിക്കുന്നു. ഞാന്‍ സ്നേഹിക്കുന്നവരെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ദത്തശ്രദ്ധനായിരിക്കുക; അനുതപിച്ചു പാപത്തില്‍നിന്നു പിന്തിരിയുക. ഇതാ, ഞാന്‍ വാതില്‌ക്കല്‍നിന്ന് മുട്ടുന്നു. ആരെങ്കിലും എന്‍റെ ശബ്ദം കേട്ട് വാതില്‍ തുറക്കുന്നെങ്കില്‍ ഞാന്‍ അകത്തുവരും; ഞാന്‍ അവനോടുകൂടിയും അവന്‍ എന്നോടുകൂടിയും ഭക്ഷണം കഴിക്കുകയും ചെയ്യും. ജയിക്കുന്നവന് എന്‍റെ സിംഹാസനത്തില്‍ എന്നോടുകൂടി ഇരിക്കുവാനുള്ള വരം നല്‌കും. ഞാന്‍ വിജയം വരിച്ച് എന്‍റെ പിതാവിനോടൊത്ത് അവിടുത്തെ സിംഹാസനത്തില്‍ ഇരുന്നതുപോലെതന്നെ. “ആത്മാവു സഭകളോട് അരുള്‍ചെയ്യുന്നത് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.” അനന്തരം സ്വര്‍ഗത്തില്‍ ഒരു വാതില്‍ തുറന്നിരിക്കുന്നതു ഞാന്‍ കണ്ടു; കാഹളധ്വനിപോലെയുള്ള ആദ്യത്തെ ശബ്ദം എന്നോട് ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു: “ഇങ്ങോട്ടു കയറി വരിക; ഇനി സംഭവിക്കാനുള്ളത് എന്തെന്നു ഞാന്‍ കാണിച്ചുതരാം. പെട്ടെന്നു ഞാന്‍ ആത്മവിവശനായി ഇങ്ങനെ ദര്‍ശിച്ചു: സ്വര്‍ഗത്തില്‍ ഒരു സിംഹാസനം; അതില്‍ ഒരുവന്‍ ഉപവിഷ്ടനായിരിക്കുന്നു. സിംഹാസനാരൂഢന്‍ സൂര്യകാന്തം പോലെയും മരതകക്കല്ലുപോലെയും ശോഭിക്കുന്നവനായി കാണപ്പെട്ടു. സിംഹാസനത്തെ മരതകമണിയുടെ ശോഭയുള്ള മഴവില്ലു വലയം ചെയ്തിരുന്നു. സിംഹാസനത്തിനു ചുറ്റും അതാ ഇരുപത്തിനാലു സിംഹാസനങ്ങള്‍! അവയില്‍ ശുഭ്രവസ്ത്രവും സ്വര്‍ണക്കിരീടവും ധരിച്ച ഇരുപത്തിനാലു ശ്രേഷ്ഠപുരുഷന്മാര്‍ ഇരിക്കുന്നു. സിംഹാസനത്തില്‍ നിന്നു മിന്നല്‍പ്പിണരുകളും മുഴക്കങ്ങളും ഇടിനാദങ്ങളും പുറപ്പെടുന്നു. ജ്വലിക്കുന്ന ഏഴു ദീപങ്ങള്‍ സിംഹാസനത്തിന്‍റെ മുമ്പില്‍. അവ ദൈവത്തിന്‍റെ ഏഴ് ആത്മാക്കളാകുന്നു. സിംഹാസനത്തിന്‍റെ മുമ്പില്‍ പളുങ്കുപോലെ തെളിമയുള്ള സ്ഫടികസമുദ്രം. “മധ്യത്തില്‍, സിംഹാസനത്തിനു ചുറ്റും നാലു ജീവികള്‍. അവയ്‍ക്ക് മുമ്പിലും പിറകിലും നിറയെ കണ്ണുകള്‍ ഉണ്ട്. ഒന്നാമത്തെ ജീവി സിംഹത്തെപ്പോലെയിരുന്നു. രണ്ടാമത്തേത് കാളയെപ്പോലെയും, മൂന്നാമത്തേത് മനുഷ്യന്‍റെ മുഖത്തോടുകൂടിയും, നാലാമത്തേത് പറക്കുന്ന കഴുകനെപ്പോലെയും കാണപ്പെട്ടു. ഈ നാലു ജീവികള്‍ക്കും ആറു ചിറകു വീതം ഉണ്ടായിരുന്നു. അവയുടെ അകവും പുറവും നിറയെ കണ്ണുകളും. “ഉണ്ടായിരുന്നവനും ഇപ്പോഴും ഉള്ളവനും വരുവാനിരിക്കുന്നവനുമായ സര്‍വശക്തനായ ദൈവമായ കര്‍ത്താവു പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍” എന്ന് രാവും പകലും ആ ജീവികള്‍ അവിരാമം പാടിക്കൊണ്ടിരുന്നു. “സിംഹാസനാരൂഢനായി എന്നും എന്നേക്കും വാണരുളുന്നവന് ആ ജീവികള്‍ മഹത്ത്വവും ബഹുമാനവും സ്തോത്രവും അര്‍പ്പിക്കുമ്പോള്‍, ഇരുപത്തിനാലു ശ്രേഷ്ഠപുരുഷന്മാര്‍ സിംഹാസനത്തില്‍ എന്നും എന്നേക്കും ഇരിക്കുന്നവനെ സാഷ്ടാംഗം പ്രണമിക്കുന്നു; സിംഹാസനത്തിന്‍റെ മുമ്പില്‍ അവരുടെ കിരീടങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടു പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. “ഞങ്ങളുടെ ദൈവവും കര്‍ത്താവുമായ അങ്ങ് മഹത്ത്വവും ബഹുമാനവും ശക്തിയും കൈക്കൊള്ളുവാന്‍ യോഗ്യന്‍! എന്തുകൊണ്ടെന്നാല്‍ അവിടുന്നു സമസ്തവും സൃഷ്‍ടിച്ചു. തിരുഹിതത്താല്‍ അവയ്‍ക്ക് അങ്ങനെ അസ്തിത്വം കൈവരികയും അവ സൃഷ്‍ടിക്കപ്പെടുകയും ചെയ്തു” എന്നിങ്ങനെ അവര്‍ പാടുന്നു. സിംഹാസനസ്ഥന്‍റെ വലത്തു കൈയില്‍ ഒരു ഗ്രന്ഥച്ചുരുള്‍ ഞാന്‍ കണ്ടു. അതിന്‍റെ അകത്തും പുറത്തും എഴുതിയിരുന്നു; അതിന് ഏഴു മുദ്രകള്‍ വച്ചിരുന്നു. മുദ്ര പൊട്ടിച്ച് ഈ ഗ്രന്ഥം തുറക്കുവാന്‍ യോഗ്യനായി ആരുണ്ട്? എന്ന് ഉച്ചസ്വരത്തില്‍ വിളിച്ചുപറയുന്ന ശക്തനായ ഒരു മാലാഖയെയും ഞാന്‍ കണ്ടു. ആ ഗ്രന്ഥം തുറക്കുന്നതിനോ അതില്‍ നോക്കുന്നതിനോ കഴിവുള്ള ആരുംതന്നെ സ്വര്‍ഗത്തിലും ഭൂമിയിലും അധോലോകത്തിലും ഉണ്ടായിരുന്നില്ല. ഗ്രന്ഥം തുറക്കുവാനോ അതില്‍ നോക്കുവാനോ യോഗ്യനായ ഒരുവനെയും കണ്ടെത്താഞ്ഞതുകൊണ്ട് ഞാന്‍ വളരെയധികം കരഞ്ഞു. അപ്പോള്‍ ആ ശ്രേഷ്ഠപുരുഷന്മാരില്‍ ഒരാള്‍ എന്നോടു പറഞ്ഞു: “കരയേണ്ടാ, ഇതാ യൂദാകുലത്തിന്‍റെ സിംഹം, ദാവീദിന്‍റെ പിന്‍ഗാമിതന്നെ, ഗ്രന്ഥം തുറക്കുന്നതിലും സപ്തമുദ്രകള്‍ പൊട്ടിക്കുന്നതിലും വിജയം വരിച്ചിരിക്കുന്നു.” അപ്പോള്‍ സിംഹാസനത്തിന്‍റെയും നാലു ജീവികളുടെയും ഇടയ്‍ക്ക് ശ്രേഷ്ഠപുരുഷന്മാരുടെ മധ്യത്തില്‍ ഒരു കുഞ്ഞാടു നില്‌ക്കുന്നതു ഞാന്‍ കണ്ടു. കൊല്ലപ്പെട്ടതായി തോന്നിയ ആ കുഞ്ഞാടിന് ഏഴു കൊമ്പുകളും ഏഴു കണ്ണുകളും ഉണ്ടായിരുന്നു. ലോകമെങ്ങും അയയ്‍ക്കപ്പെട്ട ദൈവാത്മാക്കളായിരുന്നു ആ ഏഴു കണ്ണുകള്‍. കുഞ്ഞാടു വന്ന് സിംഹാസനാരൂഢന്‍റെ വലത്തുകൈയില്‍നിന്ന് പുസ്തകച്ചുരുള്‍ എടുത്തു. അപ്പോള്‍ നാലു ജീവികളും ഇരുപത്തിനാലു ശ്രേഷ്ഠപുരുഷന്മാരും കുഞ്ഞാടിന്‍റെ മുമ്പില്‍ സാഷ്ടാംഗപ്രണാമം ചെയ്തു. ആ സമയത്ത് ഭക്തജനങ്ങളുടെ പ്രാര്‍ഥനയാകുന്ന സുഗന്ധദ്രവ്യം നിറച്ച സ്വര്‍ണപ്പാത്രങ്ങളും വീണകളും ആ ശ്രേഷ്ഠപുരുഷന്മാരുടെ കൈയിലുണ്ടായിരുന്നു. [9,10] ഈ പുതിയഗാനം അവര്‍ പാടി. “ഗ്രന്ഥം സ്വീകരിക്കുന്നതിനും മുദ്ര പൊട്ടിക്കുന്നതിനും അങ്ങു യോഗ്യന്‍. എന്തുകൊണ്ടെന്നാല്‍ അവിടുന്നു കൊല്ലപ്പെട്ടു. അവിടുത്തെ രക്തത്താല്‍, സകല ഗോത്രങ്ങളിലും ഭാഷക്കാരിലും വംശക്കാരിലും ജാതികളിലും ഉള്ളവരെ അവിടുന്നു ദൈവത്തിനായി വിലയ്‍ക്കു വാങ്ങുകയും ചെയ്തു. അവരെ നമ്മുടെ ദൈവത്തിന്‍റെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീര്‍ത്തിരിക്കുന്നു. അവര്‍ ഭൂമിയില്‍ വാഴും.” *** എന്‍റെ ദര്‍ശനത്തില്‍, സിംഹാസനത്തിന്‍റെയും ജീവികളുടെയും ശ്രേഷ്ഠപുരുഷന്മാരുടെയും ചുറ്റും, നിരവധി മാലാഖമാരുടെ സ്വരം ഞാന്‍ കേട്ടു. അവരുടെ എണ്ണം പതിനായിരങ്ങളുടെ പതിനായിരവും ആയിരങ്ങളുടെ ആയിരവും ആയിരുന്നു. “ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്ത്വവും സ്തുതിയും ലഭിക്കുന്നതിന്, കൊല്ലപ്പെട്ട കുഞ്ഞാടു യോഗ്യന്‍!” എന്ന് അത്യുച്ചത്തില്‍ പറയുന്നതു ഞാന്‍ കേട്ടു. പിന്നീട് സ്വര്‍ഗത്തിലും ഭൂമിയിലും അധോലോകത്തിലും സമുദ്രത്തിലും ഉള്ള എല്ലാ സൃഷ്‍ടികളും ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു: “സിംഹാസനത്തിലിരിക്കുന്നവനും കുഞ്ഞാടിനും എന്നെന്നേക്കും സ്തുതിയും ബഹുമാനവും മഹത്ത്വവും ശക്തിയും ഭവിക്കട്ടെ!” നാലു ജീവികളും ആമേന്‍ എന്നു പറഞ്ഞു. ശ്രേഷ്ഠപുരുഷന്മാര്‍ വീണ്ടും സാഷ്ടാംഗം വീണു നമസ്കരിച്ചു. കുഞ്ഞാട് ആ ഏഴുമുദ്രകളില്‍ ഒന്നു തുറന്നതായി ഞാന്‍ കണ്ടു. അപ്പോള്‍ ആ നാലു ജീവികളില്‍ ഒന്ന് ‘വരിക’ എന്നു പറയുന്നതു ഞാന്‍ കേട്ടു. ഇടിനാദംപോലെ ആയിരുന്നു ആ ശബ്ദം. തത്സമയം ഒരു വെള്ളക്കുതിര കയറിവരുന്നതു ഞാന്‍ കണ്ടു. അതിന്‍റെ പുറത്തിരിക്കുന്നവന്‍റെ കൈയില്‍ ഒരു വില്ലുണ്ട്. അയാള്‍ക്കു വിജയകിരീടം നല്‌കപ്പെട്ടു. വിജയശ്രീലാളിതനായി അയാള്‍ യാത്ര ആരംഭിച്ചു. കുഞ്ഞാട് രണ്ടാമത്തെ മുദ്ര തുറന്നപ്പോള്‍ ‘വരിക’ എന്നു രണ്ടാമത്തെ ജീവി പറയുന്നതു ഞാന്‍ കേട്ടു. അപ്പോള്‍ ജ്വലിക്കുന്ന ചെമപ്പുനിറമുള്ള മറ്റൊരു കുതിര കയറിവന്നു; മനുഷ്യര്‍ അന്യോന്യം ഹിംസിക്കുവാന്‍ ഇടയാകുമാറ് ഭൂമിയില്‍നിന്നു സമാധാനം എടുത്തുകളയുവാന്‍ അശ്വാരൂഢന് അധികാരം കൊടുത്തു. ഒരു വലിയ വാളും അയാള്‍ക്കു നല്‌കി. മൂന്നാമത്തെ മുദ്ര തുറപ്പോള്‍ ‘വരിക’ എന്നു മൂന്നാമത്തെ ജീവി പറയുന്നതു കേട്ടു. അപ്പോള്‍ ഒരു കറുത്ത കുതിര കയറി വരുന്നതായി കണ്ടു. അതിന്മേല്‍ ആരൂഢനായിരുന്ന ആളിന്‍റെ കൈയില്‍ ഒരു തുലാസുണ്ടായിരുന്നു. “ഒരു ദിനാറിന് ഒരു ലിറ്റര്‍ കോതമ്പ്; ഒരു ദിനാറിന് മൂന്നു ലിറ്റര്‍ ബാര്‍ലി; എണ്ണയും വീഞ്ഞും നശിപ്പിച്ചു കളയരുത്!” എന്നിങ്ങനെ പറയുന്നതായി ഒരു ശബ്ദവും നാലു ജീവികളുടെ നടുവില്‍നിന്നു ഞാന്‍ കേട്ടു. നാലാമത്തെ മുദ്ര തുറപ്പോള്‍ ‘വരിക’ എന്നു നാലാമത്തെ ജീവിയും പറയുന്നതു ഞാന്‍ കേട്ടു. അപ്പോള്‍ പാണ്ഡുരവര്‍ണമുള്ള ഒരു കുതിര കയറിവരുന്നതു കണ്ടു. അതിന്മേല്‍ ആരൂഢനായിരുന്ന ആളിന്‍റെ പേര് മരണം എന്നായിരുന്നു. പാതാളം അയാളെ അനുഗമിച്ചു. യുദ്ധം, ക്ഷാമം, മഹാവ്യാധി, ഭൂമിയിലെ വന്യമൃഗങ്ങള്‍ എന്നിവയാല്‍ സംഹാരം നടത്തുവാന്‍ ഭൂതലത്തിന്‍റെ നാലിലൊന്നിന്മേല്‍ അവര്‍ക്ക് അധികാരം ലഭിച്ചു. അഞ്ചാമത്തെ മുദ്ര തുറന്നപ്പോള്‍, ദൈവവചനത്തെപ്രതിയും തങ്ങളുടെ സാക്ഷ്യത്തെപ്രതിയും കൊല്ലപ്പെട്ടവരുടെ ആത്മാക്കളെ ബലിപീഠത്തിനടിയില്‍ ഞാന്‍ കണ്ടു. [10,11] “പരിശുദ്ധനും സത്യവാനുമായ സര്‍വനാഥാ, ഞങ്ങളുടെ രക്തം ചൊരിഞ്ഞതിന്‍റെ പേരില്‍ ഭൂവാസികളെ വിധിക്കുവാനും അവരോടു പ്രതികാരം ചെയ്യുവാനും അങ്ങ് എത്രത്തോളം വൈകും?” എന്ന് അവര്‍ അത്യുച്ചത്തില്‍ വിളിച്ചുചോദിച്ചു. പിന്നീട് അവര്‍ക്ക് ഓരോരുത്തര്‍ക്കും വെള്ളനിലയങ്കി നല്‌കപ്പെട്ടു; അവരെപ്പോലെ വധിക്കപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരുടെയും സഹോദരന്മാരുടെയും എണ്ണം പൂര്‍ത്തിയാകുന്നതുവരെ അല്പകാലംകൂടി വിശ്രമിക്കുവാന്‍ അവര്‍ക്ക് അരുളപ്പാടു ലഭിക്കുകയും ചെയ്തു. *** ആറാമത്തെ മുദ്ര തുറന്നപ്പോള്‍ ഒരു വലിയ ഭൂകമ്പമുണ്ടായി; സൂര്യന്‍ കരിമ്പടംപോലെ കറുത്തു. പൂര്‍ണചന്ദ്രന്‍ രക്തംപോലെ ചെമന്നു. കൊടുങ്കാറ്റില്‍ ആടിയുലയുന്ന അത്തിവൃക്ഷത്തില്‍നിന്ന് പാകമാകാത്ത ഫലങ്ങള്‍ പൊഴിയുന്നതുപോലെ നക്ഷത്രങ്ങള്‍ ഭൂമിയില്‍ നിപതിച്ചു. ചുരുട്ടിയ പുസ്തകത്താള്‍പോലെ ആകാശം അപ്രത്യക്ഷമായി. സകല പര്‍വതങ്ങളും ദ്വീപുകളും അതതിന്‍റെ സ്ഥാനങ്ങളില്‍നിന്നു മാറ്റപ്പെട്ടു. ഭൂമിയിലെ രാജാക്കന്മാരും അധികാരികളും സൈനികമേധാവികളും, ധനാഢ്യന്മാരും ബലവാന്മാരും അടിമകളും സ്വതന്ത്രരും എല്ലാം, ഗുഹകളിലും പര്‍വതങ്ങളിലെ പാറക്കെട്ടുകളിലും ചെന്നൊളിച്ചു. “ഞങ്ങളുടെമേല്‍ വീഴുക; സിംഹാസനസ്ഥന്‍റെ മുഖം കാണാതെയും കുഞ്ഞാടിന്‍റെ കോപത്തിന് ഇരയാകാതെയും ഇരിക്കുവാന്‍ ഞങ്ങളെ മറച്ചാലും! അവരുടെ കോപത്തിന്‍റെ മഹാദിവസം വന്നു കഴിഞ്ഞു. ചെറുത്തു നില്‌ക്കുവാന്‍ ആര്‍ക്കു കഴിയും?” എന്ന് അവര്‍ പര്‍വതങ്ങളോടും പാറകളോടും വിളിച്ചുപറഞ്ഞു. ഇതിനുശേഷം ഭൂമിയുടെ നാലു കോണുകളിലായി നാലു മാലാഖമാര്‍ നില്‌ക്കുന്നതു ഞാന്‍ കണ്ടു. കരയിലോ, കടലിലോ, വൃക്ഷങ്ങളുടെമേലോ ആഞ്ഞടിക്കാതിരിക്കുന്നതിനുവേണ്ടി ഭൂമിയിലെ നാലു കാറ്റുകളെയും പിടിച്ച് അമര്‍ത്തിക്കൊണ്ടു നില്‌ക്കുകയായിരുന്നു ആ മാലാഖമാര്‍. ജീവിക്കുന്ന ദൈവത്തിന്‍റെ മുദ്രയോടുകൂടി പൂര്‍വദിക്കില്‍നിന്ന് മറ്റൊരു മാലാഖ ഉയര്‍ന്നുവരുന്നതായും ഞാന്‍ കണ്ടു. ആ മാലാഖ കരയെയും കടലിനെയും നശിപ്പിക്കുവാനുള്ള അധികാരം നല്‌കപ്പെട്ടിരുന്ന നാലു മാലാഖമാരോട് ഇപ്രകാരം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: “നമ്മുടെ ദൈവത്തിന്‍റെ ദാസന്മാരുടെ നെറ്റിയില്‍ ഞങ്ങള്‍ മുദ്രകുത്തിത്തീരുന്നതുവരെ നിങ്ങള്‍ കരയ്‍ക്കോ കടലിനോ വൃക്ഷങ്ങള്‍ക്കോ ഹാനി വരുത്തരുത്.” മുദ്ര കുത്തപ്പെട്ടവരുടെ എണ്ണവും ഞാന്‍ കേട്ടു: ഇസ്രായേല്‍ജനതയുടെ ഗോത്രങ്ങളില്‍നിന്നു മുദ്രകുത്തപ്പെട്ടവരുടെ എണ്ണവും ഞാന്‍ കേട്ടു: ഇസ്രായേല്‍ജനതയുടെ ഗോത്രങ്ങളില്‍നിന്നു മുദ്രകുത്തപ്പെട്ടവര്‍ നൂറ്റിനാല്പത്തിനാലായിരം പേര്‍: യെഹൂദാഗോത്രത്തില്‍ മുദ്രകുത്തപ്പെട്ടവര്‍ പന്തീരായിരം; രൂബേന്‍ഗോത്രത്തില്‍ പന്തീരായിരം; ഗാദ്ഗോത്രത്തില്‍ പന്തീരായിരം; ആശേര്‍ ഗോത്രത്തില്‍ പന്തീരായിരം; നപ്താലിഗോത്രത്തില്‍ പന്തീരായിരം; മനശ്ശെഗോത്രത്തില്‍ പന്തീരായിരം; ശിമയോന്‍ഗോത്രത്തില്‍ പന്തീരായിരം; ലേവിഗോത്രത്തില്‍ പന്തീരായിരം; യിസ്സാഖാര്‍ഗോത്രത്തില്‍ പന്തീരായിരം; സെബൂലോന്‍ഗോത്രത്തില്‍ പന്തീരായിരം; യോസേഫ്ഗോത്രത്തില്‍ പന്തീരായിരം; ബെന്യാമീന്‍ഗോത്രത്തില്‍ പന്തീരായിരം. അതിനുശേഷം സകല ജനതകളിലും സകല ഗോത്രങ്ങളിലും സകല രാഷ്ട്രങ്ങളിലും സകല ഭാഷക്കാരിലുമുള്ള അസംഖ്യം ആളുകള്‍ വെള്ളനിലയങ്കി ധരിച്ച് കൈയില്‍ കുരുത്തോലയുമായി സിംഹാസനത്തിന്‍റെ മുമ്പിലും കുഞ്ഞാടിന്‍റെ മുമ്പിലും ആയി നില്‌ക്കുന്നതു ഞാന്‍ കണ്ടു; ആര്‍ക്കും അവരെ എണ്ണിത്തിട്ടപ്പെടുത്തുവാന്‍ സാധ്യമല്ലായിരുന്നു. “രക്ഷ സിംഹാസനാരൂഢനായ ദൈവത്തിനും കുഞ്ഞാടിനും ഉള്ളതാകുന്നു” എന്ന് അവര്‍ അത്യുച്ചത്തില്‍ ആര്‍ത്തുവിളിച്ചുകൊണ്ടിരുന്നു. എല്ലാ മാലാഖമാരും സിംഹാസനത്തിന്‍റെയും ശ്രേഷ്ഠപുരുഷന്മാരുടെയും നാലു ജീവികളുടെയും ചുറ്റും വന്നു നിന്നു. അവര്‍ സിംഹാസനത്തിന്‍റെ മുമ്പില്‍ സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ട്, “ആമേന്‍, നമ്മുടെ ദൈവത്തിന് എന്നെന്നേക്കും സ്തുതിയും മഹത്ത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും അധികാരവും ശക്തിയും ഉണ്ടായിരിക്കട്ടെ. ആമേന്‍” എന്നു പറഞ്ഞുകൊണ്ട് ആരാധിച്ചു. ആ ശ്രേഷ്ഠപുരുഷന്മാരില്‍ ഒരാള്‍ എന്നോടു ചോദിച്ചു: “വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവര്‍ ആരാണ്? ഇവര്‍ എവിടെ നിന്നു വരുന്നു?” “പ്രഭോ, അങ്ങേക്ക് അറിയാമല്ലോ” എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ആ ശ്രേഷ്ഠന്‍ പ്രതിവചിച്ചു: “ഇവര്‍ കൊടിയ പീഡനത്തില്‍നിന്നു വന്നവരത്രേ. ഇവരുടെ അങ്കി കുഞ്ഞാടിന്‍റെ രക്തത്തില്‍ കഴുകി ശുദ്ധമാക്കിയിരിക്കുന്നു. അതുകൊണ്ട് അവര്‍ സിംഹാസനത്തില്‍ ഇരുന്നരുളുന്ന ദൈവത്തിന്‍റെ മുമ്പില്‍ നില്‌ക്കുന്നു. സിംഹാസനാരൂഢന്‍ അവര്‍ക്കു സങ്കേതമായിരിക്കും. അവര്‍ക്ക് ഇനി ഒരിക്കലും വിശക്കുകയോ ദാഹിക്കുകയോ ഇല്ല; കഠിനമായ വെയിലോ ചൂടോ അവരെ ബാധിക്കുകയില്ല. എന്തുകൊണ്ടെന്നാല്‍ സിംഹാസനത്തിന്‍റെ മധ്യത്തിലിരിക്കുന്ന കുഞ്ഞാട് അവരുടെ ഇടയനായിരിക്കും; ജീവജലത്തിന്‍റെ ഉറവുകളിലേക്ക് അവിടുന്ന് ഇവരെ നയിക്കും; ദൈവം അവരുടെ കണ്ണുകളില്‍നിന്നു കണ്ണുനീരെല്ലാം തുടച്ചുകളയുകയും ചെയ്യും.” കുഞ്ഞാട് ഏഴാമത്തെ മുദ്ര പൊട്ടിച്ചപ്പോള്‍ സ്വര്‍ഗത്തില്‍ അരമണിക്കൂറോളം നിശ്ശബ്ദതയുണ്ടായി. അപ്പോള്‍ ദൈവസന്നിധാനത്തില്‍ ഏഴു മാലാഖമാര്‍ നില്‌ക്കുന്നതു ഞാന്‍ കണ്ടു. ഏഴു കാഹളങ്ങള്‍ അവര്‍ക്കു നല്‌കപ്പെട്ടു. മറ്റൊരു മാലാഖ ധൂപാരാധനയ്‍ക്കുള്ള സ്വര്‍ണകലശവുമായി ബലിപീഠത്തിനരികില്‍ വന്നു നിന്നു. സകല വിശുദ്ധന്മാരുടെയും പ്രാര്‍ഥനയ്‍ക്കുവേണ്ടി സിംഹാസനത്തിനു മുമ്പിലുള്ള ബലിപീഠത്തില്‍ അര്‍പ്പിക്കുന്നതിനായി ആ മാലാഖയ്‍ക്കു ധാരാളം സുഗന്ധദ്രവ്യം നല്‌കപ്പെട്ടു. അതിന്‍റെ സുരഭിലമായ ധൂപം പ്രാര്‍ഥനകളോടൊപ്പം ദൈവസന്നിധിയിലേക്കുയര്‍ന്നു. മാലാഖ ബലിപീഠത്തിലെ തീക്കനല്‍ ധൂപകലശത്തില്‍ നിറച്ച് ഭൂമിയിലേക്ക് എറിഞ്ഞു. ഉടനെ ഇടിമുഴക്കവും ഉച്ചത്തിലുള്ള ശബ്ദങ്ങളും മിന്നല്‍പ്പിണരുകളും ഭൂകമ്പവും ഉണ്ടായി. കാഹളങ്ങള്‍ കൈയിലേന്തിയ ഏഴു മാലാഖമാര്‍ അവ മുഴക്കുവാന്‍ ഒരുങ്ങിനിന്നു. ഒന്നാമന്‍ കാഹളം ഊതി. അപ്പോള്‍ രക്തം കലര്‍ന്ന കന്മഴയും അഗ്നിയും ഭൂമിയില്‍ വര്‍ഷിക്കപ്പെട്ടു. ഭൂമിയുടെ മൂന്നിലൊരു ഭാഗം വെന്തു വെണ്ണീറായി. വൃക്ഷങ്ങളില്‍ മൂന്നിലൊന്നും വെന്തെരിഞ്ഞു. പച്ചപ്പുല്ലു മുഴുവന്‍ കത്തിക്കരിഞ്ഞുപോയി. രണ്ടാമത്തെ മാലാഖ കാഹളം ഊതി. എരിയുന്ന ഒരു വലിയ തീമലപോലെ ഏതോ ഒന്നു സമുദ്രത്തിലേക്ക് എറിയപ്പെട്ടു. സമുദ്രത്തിന്‍റെ മൂന്നിലൊന്നു രക്തമായിത്തീര്‍ന്നു. സമുദ്രജീവികളില്‍ മൂന്നിലൊന്നു ചത്തൊടുങ്ങി. സമുദ്രത്തില്‍ സഞ്ചരിച്ചിരുന്ന കപ്പലുകളില്‍ മൂന്നിലൊന്നു നശിച്ചുപോയി. പിന്നീട് മൂന്നാമത്തെ മാലാഖ കാഹളം ഊതി. അപ്പോള്‍ പന്തംപോലെ എരിയുന്ന ഒരു മഹാനക്ഷത്രം ആകാശത്തുനിന്നു നദികളില്‍ മൂന്നിലൊന്നിന്മേലും നീരുറവകളിന്മേലും വീണു. ആ നക്ഷത്രത്തിന് തിക്തകം എന്നുപേര്‍. ജലത്തിന്‍റെ മൂന്നിലൊന്നു കയ്പായിത്തീര്‍ന്നു. ആ തിക്തജലം പാനം ചെയ്ത അനേകം ആളുകള്‍ മൃതിയടഞ്ഞു. നാലാമത്തെ മാലാഖ കാഹളം മുഴക്കിയപ്പോള്‍ സൂര്യന്‍റെ മൂന്നിലൊന്നും ചന്ദ്രന്‍റെ മൂന്നിലൊന്നും തകര്‍ക്കപ്പെട്ടു. തന്മൂലം അവയുടെ മൂന്നിലൊന്ന് ഇരുണ്ടുപോയി. പകലിന്‍റെ മൂന്നിലൊന്ന് ഇരുളടഞ്ഞു. അതുപോലെതന്നെ രാത്രിയുടെ മൂന്നിലൊന്നും. പിന്നീട് ആകാശമധ്യത്തിലൂടെ പറക്കുന്ന ഒരു കഴുകന്‍ “ഇനിയുള്ള മൂന്നു മാലാഖമാര്‍ കാഹളം മുഴക്കുമ്പോള്‍ ഭൂമിയില്‍ നിവസിക്കുന്നവര്‍ക്ക് ഹാ കഷ്ടം! ഹാ കഷ്ടം! എന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്നതും ദര്‍ശനത്തില്‍ ഞാന്‍ കേട്ടു. അനന്തരം അഞ്ചാമത്തെ മാലാഖ കാഹളമൂതി. ആകാശത്തുനിന്നു ഭൂമിയില്‍ നിപതിച്ച ഒരു നക്ഷത്രം ഞാന്‍ കണ്ടു. അവന് അഗാധപാതാളത്തിന്‍റെ താക്കോല്‍ നല്‌കപ്പെട്ടു. അവന്‍ അതിന്‍റെ പ്രവേശനദ്വാരം തുറന്നു. അതില്‍നിന്ന് ഒരു വലിയ തീച്ചൂളയില്‍ നിന്നെന്നപോലെ പുക പൊങ്ങി. സൂര്യനും വായുമണ്ഡലവും പുകകൊണ്ട് ഇരുണ്ടുപോയി. പുകയില്‍നിന്ന് വെട്ടുക്കിളി ഭൂമിയിലേക്കു വന്നു. ഭൂമിയിലെ തേളുകള്‍ക്കുള്ളതുപോലെയുള്ള ശക്തി അവയ്‍ക്കു നല്‌കപ്പെട്ടു. നെറ്റിത്തടത്തില്‍ സര്‍വേശ്വരന്‍റെ മുദ്രയില്ലാത്ത മനുഷ്യരെയല്ലാതെ മറ്റാരെയെങ്കിലുമോ ഏതെങ്കിലും വൃക്ഷത്തെയോ പച്ചിലച്ചെടിയെയോ പുല്‍ക്കൊടിയെയോ ദ്രോഹിക്കരുതെന്ന് അവയോടു കല്പിച്ചിരുന്നു. അവരെ കൊല്ലുവാനല്ല, അഞ്ചുമാസം ദണ്ഡിപ്പിക്കുവാനത്രേ അതിന് അധികാരം നല്‌കപ്പെട്ടത്. അവ ഉണ്ടാക്കുന്ന വേദന തേളു കുത്തുമ്പോഴുള്ള വേദനപോലെ ആയിരിക്കും. ആ നാളുകളില്‍ മനുഷ്യന്‍ മരണത്തെ തേടും, പക്ഷേ കണ്ടെത്തുകയില്ല. അവര്‍ മരിക്കാന്‍ ആഗ്രഹിക്കും, എന്നാല്‍ മരണം അവരെ വിട്ട് ഓടിയകലും. യുദ്ധത്തിനുവേണ്ടി ചമയിച്ച് ഒരുക്കിനിറുത്തുന്ന പടക്കുതിരയെപ്പോലെയാണ് വെട്ടുക്കിളിയുടെ ആകൃതി. അവയുടെ മുഖം മനുഷ്യന്‍റേതുപോലെയും തലയില്‍ സ്വര്‍ണക്കിരീടം വച്ചിരിക്കുന്നതുപോലെയും കാണപ്പെട്ടു. സ്‍ത്രീകളുടേതുപോലെയുള്ള മുടി അവയ്‍ക്കുണ്ട്. സിംഹത്തിന്‍റേതുപോലെയുള്ള പല്ലുകളും ഇരുമ്പുകവചംപോലെയുള്ള ചെതുമ്പലുകളും അവയ്‍ക്കുണ്ടായിരുന്നു. കുതിരകളെ പൂട്ടിയ അനേകം രഥങ്ങള്‍ പടക്കളത്തിലേക്കു പായുമ്പോഴുള്ള ശബ്ദം പോലെയാണ് അവയുടെ ചിറകടിയുടെ ശബ്ദം. തേളിന്‍റേതുപോലെയുള്ള വാലും വിഷമുള്ളും അവയ്‍ക്കുണ്ട്. മനുഷ്യനെ അഞ്ചുമാസം വേദനിപ്പിക്കുന്നതിനുള്ള ശക്തി അവയുടെ വാലുകള്‍ക്കുണ്ട്. പാതാളത്തിന്‍റെ മാലാഖയാണ് അവയുടെ രാജാവ്. ആ മാലാഖയുടെ പേര്‍ എബ്രായഭാഷയില്‍ ‘അബദ്ദോന്‍’ എന്നും ഗ്രീക്കുഭാഷയില്‍ ‘അപ്പൊല്ലുവോന്‍’ അഥവാ ‘നശിപ്പിക്കുന്നവന്‍’ എന്നുമാണ്. ഒന്നാമത്തെ കഷ്ടത കഴിഞ്ഞു. ഇനി രണ്ടു കഷ്ടതകള്‍ കൂടി വരുവാനുണ്ട്. പിന്നീട് ആറാമത്തെ മാലാഖ കാഹളമൂതി. അപ്പോള്‍ ദൈവത്തിന്‍റെ മുമ്പിലുള്ള സ്വര്‍ണബലിപീഠത്തിന്‍റെ നാലു കൊമ്പുകളില്‍നിന്ന് ഒരു ശബ്ദം ഞാന്‍ കേട്ടു. കാഹളം കൈയിലുള്ള മാലാഖയോട്, “യൂഫ്രട്ടീസ് നദിയുടെ തീരത്തു ബന്ധിച്ചിരിക്കുന്ന നാലു മാലാഖമാരെയും അഴിച്ചുവിടുക” എന്നു പറയുന്നതായിരുന്നു ആ ശബ്ദം. ഉടനെ ആ മാലാഖമാരെ അഴിച്ചുവിട്ടു. മനുഷ്യരാശിയുടെ മൂന്നിലൊന്നു ഭാഗത്തെ കൊന്നൊടുക്കുവാനുള്ള നാഴികയ്‍ക്കും ദിവസത്തിനും മാസത്തിനും വര്‍ഷത്തിനുംവേണ്ടി ഒരുക്കപ്പെട്ടവരാണ് അവര്‍. കുതിരപ്പടയുടെ സംഖ്യ പതിനായിരത്തിന്‍റെ ഇരുപതിനായിരം മടങ്ങ് എന്നു ഞാന്‍ കേട്ടു. ആ കുതിരപ്പടയെ ദര്‍ശനത്തില്‍ ഞാന്‍ കണ്ടത് ഇങ്ങനെയാണ്: കുതിരപ്പുറത്തിരുന്നവര്‍ അഗ്നിയുടെയും ഇന്ദ്രനീലത്തിന്‍റെയും ഗന്ധകത്തിന്‍റെയും നിറമുള്ള കവചം ധരിച്ചിരിക്കുന്നു. സിംഹത്തിന്‍റേതുപോലെ തലയുള്ള കുതിരയുടെ വായില്‍നിന്നു തീയും ഗന്ധകവും പുകയും പുറപ്പെട്ടിരുന്നു. ഈ മൂന്നു മഹാമാരികള്‍മൂലം മനുഷ്യരാശിയുടെ മൂന്നിലൊന്നു നശിച്ചുപോയി. ആ കുതിരയുടെ വായില്‍നിന്നു പുറപ്പെട്ട അഗ്നിയും പുകയും ഗന്ധകവുംകൊണ്ടു തന്നെ. എന്തെന്നാല്‍ ആ കുതിരകളുടെ ശക്തി അവയുടെ വായിലും വാലിലും ആണ്. സര്‍പ്പാകൃതിയും തലയുമുള്ളവ ആയിരുന്നു അവയുടെ വാലുകള്‍. ആ വാലുകൊണ്ട് അവ ക്ഷതമേല്പിക്കുന്നു. ഈ മഹാമാരികള്‍കൊണ്ടു കൊല്ലപ്പെടാതെ അവശേഷിച്ചവര്‍ തങ്ങളുടെ കൈകളുടെ പ്രവൃത്തിയെക്കുറിച്ച് അനുതപിച്ചില്ല; പിശാചുപൂജയും വിഗ്രഹാരാധനയും തുടര്‍ന്നുപോന്നു. പൊന്നും വെള്ളിയും വെള്ളോടും കല്ലും മരവുംകൊണ്ട് ഉണ്ടാക്കിയിട്ടുള്ളവയാണ് അവര്‍ ആരാധിക്കുന്ന വിഗ്രഹങ്ങള്‍. അവയ്‍ക്കു കാണുവാനോ, കേള്‍ക്കുവാനോ, നടക്കുവാനോ ഉള്ള കഴിവില്ലല്ലോ. തങ്ങളുടെ കൊലപാതകങ്ങള്‍, ആഭിചാരം, ദുര്‍വൃത്തികള്‍, മോഷണങ്ങള്‍ ഇവയെക്കുറിച്ച് അവര്‍ അനുതപിച്ചതുമില്ല. അനന്തരം ശക്തനായ മറ്റൊരു മാലാഖ ആകാശത്തുനിന്ന് ഇറങ്ങി വരുന്നതു ഞാന്‍ കണ്ടു. മേഘത്തില്‍ പൊതിഞ്ഞിരുന്ന ആ മാലാഖയുടെ ശിരസ്സിനു മുകളില്‍ ഒരു മഴവില്ലുണ്ടായിരുന്നു. ആ ദൈവദൂതന്‍റെ മുഖം സൂര്യനെപ്പോലെയും കാലുകള്‍ അഗ്നിസ്തംഭങ്ങള്‍പോലെയും ഇരുന്നു. കൈയില്‍ തുറന്ന ഒരു ഗ്രന്ഥച്ചുരുള്‍ ഉണ്ടായിരുന്നു. വലത്തുകാല് കടലിന്മേലും ഇടത്തുകാല് കരയിലും ഉറപ്പിച്ചുകൊണ്ട്, മാലാഖ സിംഹം ഗര്‍ജിക്കുന്നതുപോലെ അട്ടഹസിച്ചു. ആ ഗര്‍ജനത്തോടൊപ്പം ഏഴ് ഇടി മുഴങ്ങി. ഏഴ് ഇടി സംസാരിച്ചത് ഞാന്‍ എഴുതുവാന്‍ ഭാവിച്ചു. ഗര്‍ജനത്തോടൊപ്പം അപ്പോള്‍ “ആ ഏഴ് ഇടിമുഴക്കം സംസാരിച്ച കാര്യങ്ങള്‍ക്കു മുദ്രവയ്‍ക്കുക; അവ എഴുതപ്പെടരുത്” എന്ന് ആകാശത്തുനിന്നു പറയുന്നതായി ഞാന്‍ കേട്ടു. കരയിലും കടലിലും കാലുറപ്പിച്ചു നില്‌ക്കുന്നതായി ഞാന്‍ കണ്ട മാലാഖ വലങ്കൈ ആകാശത്തേക്കുയര്‍ത്തി ഇപ്രകാരം പ്രതിജ്ഞ ചെയ്തു: “ആകാശവും അതിലുള്ളതും, ഭൂമിയും അതിലുള്ളതും എല്ലാം സൃഷ്‍ടിച്ചവനും നിത്യനുമായ ദൈവത്തിന്‍റെ നാമത്തില്‍ ഞാന്‍ പറയുന്നു: ഇനി കാലവിളംബം ഉണ്ടാകുകയില്ല. ഏഴാമത്തെ മാലാഖയുടെ കാഹളം മുഴങ്ങുന്ന നാളുകളില്‍ ദൈവം തന്‍റെ ദാസന്മാരായ പ്രവാചകന്മാരെ അറിയിച്ച നിഗൂഢ പദ്ധതി നിര്‍വഹിക്കപ്പെടും.” “കടലിലും കരയിലും കാലൂന്നി നില്‌ക്കുന്ന മാലാഖയുടെ കൈയിലിരിക്കുന്ന തുറന്ന ഗ്രന്ഥച്ചുരുള്‍ വാങ്ങുക” എന്ന് ആകാശത്തുനിന്നു മുമ്പു സംസാരിച്ച ശബ്ദം എന്നോടു വീണ്ടും പറഞ്ഞു. ഞാന്‍ ആ മാലാഖയുടെ അടുത്തുചെന്ന് “ആ ചെറിയ ഗ്രന്ഥച്ചുരുള്‍ തന്നാലും” എന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ മാലാഖ പറഞ്ഞു: “ഇതു വാങ്ങിത്തിന്നുകൊള്ളുക; ഇതു നിന്‍റെ വയറിനു കയ്പായിരിക്കുമെങ്കിലും നിന്‍റെ വായില്‍ തേന്‍പോലെ മധുരമുള്ളതായിരിക്കും.” മാലാഖയുടെ കൈയില്‍നിന്ന് ഞാന്‍ ആ ചെറിയ ഗ്രന്ഥച്ചുരുള്‍ വാങ്ങിത്തിന്നു; അതു തേന്‍പോലെ മധുരമുള്ളതായി തോന്നി. എങ്കിലും അതു വയറ്റില്‍ ചെന്നപ്പോള്‍ വയറു വല്ലാതെ കയ്ച്ചുപോയി. “നീ ഇനി അനേകം ജനസമൂഹങ്ങളെയും രാഷ്ട്രങ്ങളെയും ഭാഷക്കാരെയും രാജാക്കന്മാരെയും സംബന്ധിച്ചു പ്രവചിക്കേണ്ടതാണ്” എന്നു മാലാഖ എന്നോടു പറഞ്ഞു. പിന്നീട്, ദണ്ഡുപോലെയുള്ള ഒരു അളവുകോല്‍ നല്‌കിയിട്ട് എന്നോട് ഇപ്രകാരം പറഞ്ഞു: “നീ പോയി ദേവാലയവും അതിലെ ബലിപീഠവും അളക്കുക; ദേവാലയത്തില്‍ ആരാധിക്കുന്നവരെയും അളക്കുക; എന്നാല്‍ ദേവാലയത്തിനു പുറത്തുള്ള അങ്കണം അളക്കരുത്; അതു വിജാതീയര്‍ക്കു വിട്ടുകൊടുത്തിരിക്കുന്നതാണല്ലോ. അവര്‍ നാല്പത്തിരണ്ടു മാസം വിശുദ്ധനഗരത്തെ ചവുട്ടിമെതിക്കും. ഞാന്‍ രണ്ടു സാക്ഷികളെ പ്രവചിക്കുവാന്‍ അധികാരപ്പെടുത്തും. അവര്‍ ചണവസ്ത്രം ധരിച്ച് ആയിരത്തി ഇരുന്നൂറ്റി അറുപതു ദിവസം പ്രവചിക്കും.” ലോകനാഥന്‍റെ മുമ്പില്‍ നില്‌ക്കുന്ന രണ്ട് ഒലിവുമരങ്ങളും രണ്ടു നിലവിളക്കുകളുമാണ് പ്രസ്തുത സാക്ഷികള്‍. ആരെങ്കിലും ആ പ്രവാചകരെ ദ്രോഹിക്കുവാന്‍ ശ്രമിച്ചാല്‍ അവരുടെ വായില്‍നിന്ന് അഗ്നി പുറപ്പെട്ട് ശത്രുക്കളെ നശിപ്പിക്കും; അവരെ ദ്രോഹിക്കുന്നവര്‍ മരിക്കേണ്ടിവരും. അവരുടെ പ്രവചനകാലത്ത് മഴപെയ്യാതെവണ്ണം ആകാശത്തിന്‍റെ കിളിവാതിലുകള്‍ അടച്ചുകളയുവാന്‍ അവര്‍ക്ക് അധികാരമുണ്ട്. സകല ജലാശയങ്ങളെയും രക്തമായി മാറ്റുവാനും സര്‍വ പകര്‍ച്ചവ്യാധികള്‍കൊണ്ടും ഭൂമിയെ യഥേഷ്ടം ദണ്ഡിപ്പിക്കുവാനുമുള്ള അധികാരവും അവര്‍ക്കുണ്ട്. അവരുടെ ദൗത്യം നിറവേറ്റിക്കഴിയുമ്പോള്‍ പാതാളത്തില്‍നിന്നു കയറിവരുന്ന മൃഗം അവരോടു പടവെട്ടി അവരെ കീഴടക്കികൊന്നുകളയും. അവരുടെ കര്‍ത്താവ് ക്രൂശിക്കപ്പെട്ട മഹാനഗരത്തിന്‍റെ തെരുവീഥിയില്‍ അവരുടെ മൃതദേഹങ്ങള്‍ കിടക്കും. സോദോമിന്‍റെയും ഈജിപ്തിന്‍റെയും പ്രതീകമായിട്ടത്രേ ആ നഗരം അറിയപ്പെടുന്നത്. സകല ജനതകളിലും ഗോത്രങ്ങളിലും ഭാഷക്കാരിലും ജാതികളിലും നിന്നുള്ളവര്‍ മൂന്നര ദിവസം അവരുടെ മൃതദേഹങ്ങളെ നോക്കിനില്‌ക്കും. അവയെ സംസ്കരിക്കുവാന്‍ അവര്‍ അനുവദിക്കുകയില്ല. ഭൂമിയില്‍ നിവസിക്കുന്ന തങ്ങളെ ദണ്ഡിപ്പിച്ച ആ പ്രവാചകന്മാരുടെ മരണത്തില്‍ അവര്‍ സന്തോഷിക്കുകയും ആഹ്ലാദഭരിതരായി അന്യോന്യം സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യും. മൂന്നര ദിവസം കഴിഞ്ഞ് ജീവന്‍ നല്‌കുന്ന ആത്മാവ് ദൈവത്തില്‍നിന്ന് അവരില്‍ പ്രവേശിച്ചു. അവര്‍ എഴുന്നേറ്റു നിന്നു. അവരെ കണ്ടവര്‍ അത്യന്തം ഭയപരവശരായി. അപ്പോള്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു മഹാശബ്ദം: “ഇവിടെ കയറിവരിക” എന്നു പറയുന്നതായി അവര്‍ കേട്ടു. തങ്ങളുടെ ശത്രുക്കള്‍ നോക്കിനില്‌ക്കെ അവര്‍ മേഘത്തിലൂടെ സ്വര്‍ഗാരോഹണം ചെയ്തു. തല്‍ക്ഷണം ഒരു വലിയ ഭൂകമ്പമുണ്ടായി; പട്ടണത്തിന്‍റെ പത്തിലൊന്നു നിലംപരിചായി. ഏഴായിരംപേര്‍ കൊല്ലപ്പെട്ടു. ശേഷിച്ചവര്‍ ഭയാക്രാന്തരായിത്തീര്‍ന്നു. സ്വര്‍ഗത്തിന്‍റെ അധീശനായ ദൈവത്തിന്‍റെ മഹത്ത്വത്തെ അവര്‍ പുകഴ്ത്തി. രണ്ടാമത്തെ ദുരിതം കഴിഞ്ഞു. ഇതാ മൂന്നാമത്തേതിന്‍റെ ആഗമനം ആസന്നമായിരിക്കുന്നു. അനന്തരം ഏഴാമത്തെ മാലാഖ കാഹളം ഊതി. അപ്പോള്‍ സ്വര്‍ഗത്തില്‍ ഒരു ശബ്ദഘോഷമുണ്ടായി: “ലോകരാജ്യം നമ്മുടെ സര്‍വേശ്വരന്‍റെയും അവിടുത്തെ ക്രിസ്തുവിന്‍റെയും രാജ്യമായിത്തീര്‍ന്നിരിക്കുന്നു; അവിടുന്ന് എന്നെന്നേക്കും വാണരുളും” എന്നായിരുന്നു ആ ശബ്ദഘോഷം. അപ്പോള്‍ ദൈവസന്നിധിയിലുള്ള സിംഹാസനങ്ങളില്‍ ഉപവിഷ്ടരായിരിക്കുന്ന ഇരുപത്തിനാലു ശ്രേഷ്ഠപുരുഷന്മാര്‍ ദൈവമുമ്പാകെ സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു: ഉണ്ടായിരുന്നവനും ഇപ്പോഴുള്ളവനും സര്‍വശക്തനുമായ ദൈവമേ! അവിടുന്നു മഹാശക്തി ധരിച്ചുകൊണ്ട് വാണരുളുവാന്‍ തുടങ്ങിയിരിക്കുന്നതിനാല്‍ ഞങ്ങള്‍ അങ്ങയെ വാഴ്ത്തുന്നു. വിജാതീയര്‍ രോഷാകുലരായി; അവിടുത്തെ കോപം വന്നണഞ്ഞിരിക്കുന്നു. മരിച്ചവര്‍ വിധിക്കപ്പെടുന്നതിനുള്ള സമയം സമാഗതമായി. അന്ന് അവിടുത്തെ ദാസന്മാരായ പ്രവാചകന്മാര്‍ക്കും വിശുദ്ധന്മാര്‍ക്കും അങ്ങയുടെ നാമത്തെ ഭയപ്പെടുന്ന ചെറിയവര്‍ക്കും വലിയവര്‍ക്കും പ്രതിഫലം നല്‌കപ്പെടുകയും ഭൂമിയെ നശിപ്പിക്കുന്നവര്‍ ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യും. പിന്നീട് സ്വര്‍ഗത്തില്‍ ദൈവത്തിന്‍റെ ആലയം തുറക്കപ്പെട്ടു. ദൈവത്തിന്‍റെ ഉടമ്പടിപ്പേടകം അവിടെ ദൃശ്യമായി. മിന്നല്‍പ്പിണരും ഉച്ചത്തിലുള്ള ശബ്ദവും ഇടിമുഴക്കവും ഉഗ്രമായ കന്മഴയും ഭൂകമ്പവും ഉണ്ടായി. അതാ സ്വര്‍ഗത്തില്‍ ഒരു അദ്ഭുതദൃശ്യം! സൂര്യനെ ഉടയാടയാക്കിയിരിക്കുന്ന ഒരു സ്‍ത്രീ! ചന്ദ്രന്‍ അവള്‍ക്കു പാദപീഠമായിരിക്കുന്നു. പന്ത്രണ്ടു നക്ഷത്രംകൊണ്ടു പ്രശോഭിക്കുന്ന കിരീടം അവളുടെ ശിരസ്സില്‍ അണിഞ്ഞിട്ടുണ്ട്. അവള്‍ ഗര്‍ഭിണിയാണ്. പ്രസവം അടുത്തതിനാല്‍ കഠിനവേദനകൊണ്ടു നിലവിളിക്കുന്നു. സ്വര്‍ഗത്തില്‍ മറ്റൊരു അടയാളവും ദൃശ്യമായി. അതാ, അഗ്നിസമാനമായ ഒരു ഉഗ്രസര്‍പ്പം! അതിന് ഏഴു തലയും പത്തുകൊമ്പും ഉണ്ട്; ഓരോ തലയിലും ഓരോ കിരീടവും. അതിന്‍റെ വാല്‍ ആകാശത്തിലെ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ തൂത്തുവാരി ഭൂമിയിലേക്ക് എറിഞ്ഞുകളഞ്ഞു. ആ സ്‍ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങുവാന്‍ അവളുടെ മുമ്പില്‍ ആ ഉഗ്രസര്‍പ്പം നിലയുറപ്പിച്ചു. സകല മനുഷ്യജാതികളെയും ഇരുമ്പുചെങ്കോല്‍കൊണ്ടു ഭരിക്കുവാനുള്ള പുരുഷസന്താനത്തെ ആ സ്‍ത്രീ പ്രസവിച്ചു. എന്നാല്‍ ആ ശിശു ദൈവത്തിന്‍റെയും അവിടുത്തെ സിംഹാസനത്തിന്‍റെയും അടുക്കലേക്ക് ഉയര്‍ത്തപ്പെട്ടു. ആ സ്‍ത്രീയാകട്ടെ വിജനസ്ഥലത്തേക്ക് ഓടിപ്പോയി. ആയിരത്തി ഇരുന്നൂറ്ററുപതു ദിവസം അവളെ പോറ്റുന്നതിന് ദൈവം ഒരു സ്ഥലം അവിടെ സജ്ജമാക്കിയിരുന്നു. പിന്നീട് സ്വര്‍ഗത്തില്‍ യുദ്ധം ആരംഭിച്ചു. മീഖായേലും തന്‍റെ മാലാഖമാരുടെ ഗണവും ഉഗ്രസര്‍പ്പത്തോടു പടവെട്ടി. സര്‍പ്പവും അവന്‍റെ കിങ്കരന്മാരും തിരിച്ചടിച്ചു. പക്ഷേ, അവര്‍ പരാജിതരായി. പിന്നീടൊരിക്കലും അവര്‍ക്കു സ്വര്‍ഗത്തില്‍ സ്ഥലം ലഭിച്ചില്ല. ആ മഹാസര്‍പ്പത്തെ ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു. ആ പുരാതന സര്‍പ്പത്തെ പിശാചെന്നും സാത്താനെന്നും വിളിക്കുന്നു. ലോകത്തെ ആകമാനം വഞ്ചിക്കുന്നവനാണ് അവന്‍. അവനോടൊപ്പം അവന്‍റെ കിങ്കരന്മാരെയും ഭൂമിയിലേക്കു തള്ളിക്കളഞ്ഞു. സ്വര്‍ഗത്തില്‍ ഒരു മഹാശബ്ദം ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു: “ഇപ്പോള്‍ നമ്മുടെ ദൈവത്തിന്‍റെ രക്ഷയും ശക്തിയും ആധിപത്യവും അവിടുത്തെ ക്രിസ്തുവിന്‍റെ അധികാരവും വന്നെത്തിയിരിക്കുന്നു. എന്തെന്നാല്‍ രാപകല്‍ നമ്മുടെ സഹോദരന്മാരെ ദൈവസമക്ഷം കുറ്റം ചുമത്തിക്കൊണ്ടിരുന്നവനെ തള്ളിക്കളഞ്ഞുവല്ലോ. അവരാകട്ടെ, കുഞ്ഞാടിന്‍റെ രക്തംകൊണ്ടും തങ്ങളുടെ സാക്ഷ്യവചനംകൊണ്ടും അവനെ ജയിച്ചു. തങ്ങളുടെ പ്രാണനെ അവര്‍ സ്നേഹിച്ചില്ല. മരിക്കുവാന്‍പോലും അവര്‍ സന്നദ്ധരായിരുന്നു. അതുകൊണ്ട് സ്വര്‍ഗമേ, സ്വര്‍ഗവാസികളേ, നിങ്ങള്‍ ആനന്ദിക്കുക! ഭൂമിയേ, സമുദ്രമേ, നിങ്ങള്‍ക്ക് ഹാ കഷ്ടം! എന്തെന്നാല്‍ പിശാചു നിങ്ങളുടെ അടുക്കലേക്കു വന്നിരിക്കുന്നു. ചുരുങ്ങിയ സമയമേ അവശേഷിച്ചിട്ടുള്ളൂ എന്ന് അവനറിയാവുന്നതുകൊണ്ട് അവന്‍ ഉഗ്രകോപം പൂണ്ടിരിക്കുന്നു. താന്‍ ഭൂമിയിലേക്കു തള്ളപ്പെട്ടു എന്നു സര്‍പ്പം മനസ്സിലാക്കിയപ്പോള്‍ പുരുഷസന്താനത്തെ പ്രസവിച്ച ആ സ്‍ത്രീയെ പീഡിപ്പിക്കുവാന്‍ ഭാവിച്ചു. എന്നാല്‍ അതിന്‍റെ പിടിയില്‍പ്പെടാതെ വിജനസ്ഥലത്തേക്കു പറന്നുപോകുവാന്‍ വന്‍കഴുകന്‍റെ രണ്ടുചിറകുകള്‍ ആ സ്‍ത്രീക്കു നല്‌കപ്പെട്ടു. അവിടെ മൂന്നര വര്‍ഷക്കാലം സര്‍പ്പത്തിന്‍റെ കൈയില്‍ അകപ്പെടാതെ അവള്‍ സംരക്ഷിക്കപ്പെടേണ്ടിയിരുന്നു. ആ സ്‍ത്രീയെ ഒഴുക്കിക്കളയുന്നതിന് നദിപോലെയുള്ള ഒരു ജലപ്രവാഹം സര്‍പ്പം തന്‍റെ വായില്‍നിന്നു പുറപ്പെടുവിച്ചു. എന്നാല്‍ ഭൂമി സ്‍ത്രീയുടെ തുണയ്‍ക്കെത്തി. സര്‍പ്പം പുറപ്പെടുവിച്ച നദിയെ ഭൂമി വായ് തുറന്നു വിഴുങ്ങിക്കളഞ്ഞു. അപ്പോള്‍ സ്‍ത്രീയുടെനേരെ സര്‍പ്പത്തിന് ഉഗ്രരോഷം ഉണ്ടായി. ദൈവത്തിന്‍റെ കല്പനകള്‍ അനുസരിക്കുകയും യേശുവിന്‍റെ സാക്ഷികളായി ജീവിക്കുകയും ചെയ്യുന്നവരുമായി ആ സ്‍ത്രീയുടെ സന്താനങ്ങളില്‍ ശേഷിച്ചിട്ടുള്ളവരോടു യുദ്ധം ചെയ്യുവാന്‍ സര്‍പ്പം പുറപ്പെട്ടു. കടല്‍ത്തീരത്ത് അവന്‍ നിലയുറപ്പിച്ചു. പിന്നീട് സമുദ്രത്തില്‍നിന്ന് ഒരു മൃഗം കയറി വരുന്നതായി ഞാന്‍ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളില്‍ പത്തു രാജകീയ കിരീടവും ഓരോ തലയിലും ദൈവനിന്ദാസൂചകമായ ഓരോ നാമവും ഉണ്ടായിരുന്നു. ഞാന്‍ കണ്ട ആ മൃഗം പുള്ളിപ്പുലിയെപ്പോലെ ആയിരുന്നെങ്കിലും അതിന്‍റെ കാല് കരടിയുടേതുപോലെയും വായ് സിംഹത്തിന്‍റേതുപോലെയും ആയിരുന്നു. ഉഗ്രസര്‍പ്പം തന്‍റെ അധികാരവും ശക്തിയും സിംഹാസനവും അതിനു നല്‌കി. അതിന്‍റെ ഒരു തലയില്‍ മാരകമായ മുറിവേറ്റിരുന്നതുപോലെ കാണപ്പെട്ടു; എങ്കിലും ആ മുറിവു പൊറുത്തിരുന്നു; സമസ്തലോകവും ആ മൃഗത്തെക്കുറിച്ചു വിസ്മയിച്ചു. തന്‍റെ അധികാരം മൃഗത്തിനു നല്‌കിയതുകൊണ്ട് ഉഗ്രസര്‍പ്പത്തെ മനുഷ്യര്‍ നമസ്കരിച്ചു. “ഈ മൃഗത്തോടു സമന്‍ ആരുണ്ട്? ഇതിനോടു പോരാടുവാന്‍ ആര്‍ക്കു കഴിയും?” എന്നു പറഞ്ഞുകൊണ്ട് മനുഷ്യര്‍ അതിനെയും നമസ്കരിച്ചു. ഡംഭും ദൈവദൂഷണവും നിറഞ്ഞ വാക്കുകള്‍ സംസാരിക്കുന്ന ഒരു വായും അതിനു നല്‌കപ്പെട്ടു. നാല്പത്തിരണ്ടു മാസം അധികാരം നടത്തുവാന്‍ അതിന് അനുവാദവും നല്‌കപ്പെട്ടു. ദൈവത്തെ ദുഷിക്കുവാന്‍ അതു വായ് തുറന്നു. ദൈവനാമത്തെയും അവിടുത്തെ വാസസ്ഥലത്തെയും സ്വര്‍ഗവാസികളെയും അതു ദുഷിച്ചു. വിശുദ്ധന്മാരോടു യുദ്ധംചെയ്തു ജയിക്കുവാനും അതിന് അധികാരം നല്‌കപ്പെട്ടു. സകല ഗോത്രക്കാരുടെയും വംശക്കാരുടെയും ഭാഷക്കാരുടെയും ജാതികളുടെയും മേലുള്ള അധികാരം അതിനു ലഭിക്കുകയും ചെയ്തു. ബലി അര്‍പ്പിക്കപ്പെട്ട കുഞ്ഞാടിന്‍റെ ജീവഗ്രന്ഥത്തില്‍ ലോകസ്ഥാപനത്തിനു മുമ്പ് പേരെഴുതപ്പെട്ടിട്ടില്ലാത്ത സകല ഭൂവാസികളും അതിനെ വന്ദിക്കും. ചെവിയുള്ളവന്‍ ഇതു കേള്‍ക്കട്ടെ. [9,10] തടവില്‍ ആക്കപ്പെടേണ്ടവന്‍ തടവിലേക്കു പോകുന്നു. വാളുകൊണ്ടു സംഹരിക്കുന്നവന്‍ വാളിന് ഇരയാകേണ്ടിവരും. ഇവിടെയാണു വിശുദ്ധന്മാരുടെ സഹിഷ്ണുതയും വിശ്വാസവും പ്രകടമാകുന്നത്. *** ഭൂമിയില്‍നിന്നു കയറിവന്ന മറ്റൊരു മൃഗത്തെ ഞാന്‍ പിന്നീടു കണ്ടു. അതിനു കുഞ്ഞാടിനുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു. അത് ഉഗ്രസര്‍പ്പത്തെപ്പോലെ സംസാരിച്ചു. അത് ആദ്യത്തെ മൃഗത്തിന്‍റെ മുമ്പില്‍ അതിന്‍റെ എല്ലാ അധികാരവും നടത്തി; മാരകമായ മുറിവു സുഖപ്പെട്ട ആദ്യമൃഗത്തെ നമസ്കരിക്കുവാന്‍ ഭൂമിയെയും അതില്‍ നിവസിക്കുന്നവരെയും നിര്‍ബന്ധിക്കുകയും ചെയ്തു. മനുഷ്യര്‍ കാൺകെ അത് ആകാശത്തുനിന്നു ഭൂമിയിലേക്ക് അഗ്നി വര്‍ഷിക്കുന്നതുവരെയുള്ള വലിയ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ആദ്യത്തെ മൃഗത്തിന്‍റെ മുമ്പില്‍വച്ച് ചെയ്യുവാന്‍ അനുവദിച്ച അദ്ഭുതങ്ങള്‍ കാണിച്ച് രണ്ടാമത്തെ മൃഗം ഭൂമിയില്‍ നിവസിക്കുന്ന മനുഷ്യരെ വഴിതെറ്റിക്കുകയും വാളുകൊണ്ടുള്ള വെട്ടേറ്റിട്ടും അതിനെ അതിജീവിച്ചവന്‍റെ വിഗ്രഹം ഉണ്ടാക്കുവാന്‍ ഭൂവാസികളോട് ആവശ്യപ്പെടുകയും ചെയ്തു. വിഗ്രഹത്തിനു ജീവശ്വാസം കൊടുക്കുവാനുള്ള കഴിവ് രണ്ടാമത്തെ മൃഗത്തിനു നല്‌കപ്പെട്ടു. അങ്ങനെ, സംസാരിക്കുവാനും അതിനെ ആരാധിക്കാത്തവരെ വധിക്കുവാനും ആ വിഗ്രഹത്തിനു സാധിച്ചു. ചെറിയവരെന്നോ വലിയവരെന്നോ സമ്പന്നരെന്നോ ദരിദ്രരെന്നോ സ്വതന്ത്രരെന്നോ അടിമകളെന്നോ ഉള്ള ഭേദം കൂടാതെ സകലരെയും വലംകൈയിലോ നെറ്റിയിലോ മുദ്രകുത്താന്‍ മൃഗം നിര്‍ബന്ധിക്കുന്നു. മൃഗത്തിന്‍റെ പേരോ, പേരിനു പകരമുള്ള സംഖ്യയോ ആയിരിക്കും മുദ്രണം ചെയ്യുന്നത്. ഈ മുദ്രകൂടാതെ വാങ്ങുകയോ വില്‌ക്കുകയോ ചെയ്യുവാന്‍ സാധ്യമല്ല. ഇവിടെയാണ് ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവന്‍ മൃഗത്തിന്‍റെ സംഖ്യയുടെ അര്‍ഥം കണ്ടുപിടിക്കട്ടെ. എന്തുകൊണ്ടെന്നാല്‍ ആ സംഖ്യ ഒരു മനുഷ്യന്‍റെ പേരിനെ കുറിക്കുന്നു. ആ സംഖ്യ അറുനൂറ്റിഅറുപത്തിയാറ്. പിന്നീട് സിയോന്‍മലയില്‍ കുഞ്ഞാടും നെറ്റിയില്‍ അവന്‍റെ നാമവും അവന്‍റെ പിതാവിന്‍റെ നാമവും എഴുതപ്പെട്ടിട്ടുള്ള നൂറ്റിനാല്പത്തിനാലായിരം പേരും നില്‌ക്കുന്നതു ഞാന്‍ കണ്ടു. വെള്ളച്ചാട്ടത്തിന്‍റെ ഗര്‍ജനംപോലെയും ഗംഭീരമായ ഇടിമുഴക്കംപോലെയും സ്വര്‍ഗത്തില്‍നിന്ന് ഒരു ശബ്ദം ഞാന്‍ കേട്ടു. ഞാന്‍ കേട്ടത് വൈണികരുടെ വീണകളില്‍നിന്നു പുറപ്പെടുന്ന ശബ്ദംപോലെ ആയിരുന്നു. അവര്‍ സിംഹാസനത്തിന്‍റെയും നാലു ജീവികളുടെയും ശ്രേഷ്ഠപുരുഷന്മാരുടെയും മുമ്പില്‍ ഒരു പുതിയ ഗാനം ആലപിച്ചു. ഭൂമിയില്‍നിന്നു വീണ്ടെടുക്കപ്പെട്ട നൂറ്റിനാല്പത്തിനാലായിരം പേര്‍ക്കല്ലാതെ ആ ഗാനം പഠിക്കുവാന്‍ കഴിഞ്ഞില്ല. സ്‍ത്രീകളോടു ബന്ധം പുലര്‍ത്താത്ത ജിതേന്ദ്രിയരാണവര്‍. കുഞ്ഞാട് എവിടെ പോയാലും അവര്‍ കുഞ്ഞാടിനെ അനുഗമിക്കുന്നു. മനുഷ്യവര്‍ഗത്തില്‍നിന്ന് അവര്‍ വീണ്ടെടുക്കപ്പെട്ടിരിക്കുന്നു. അവര്‍ ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും ആദ്യഫലം അത്രേ. അവരുടെ വായില്‍നിന്ന് അസത്യവാക്കു പുറപ്പെട്ടിരുന്നില്ല. അവര്‍ നിഷ്കളങ്കരാണ്. പിന്നീട് മറ്റൊരു മാലാഖ ആകാശമധ്യത്തില്‍ പറക്കുന്നതായി ഞാന്‍ ദര്‍ശിച്ചു. എല്ലാ വര്‍ഗക്കാരും എല്ലാ ഗോത്രക്കാരും എല്ലാ ഭാഷക്കാരും സര്‍വ ദേശക്കാരും ആയ സമസ്ത ഭൂവാസികളോടും വിളംബരം ചെയ്യാനുള്ള നിത്യസുവിശേഷം ആ മാലാഖയുടെ പക്കല്‍ ഉണ്ടായിരുന്നു. “വിധിയുടെ നാഴിക വന്നുകഴിഞ്ഞിരിക്കുന്നു. ദൈവത്തെ ഭയപ്പെടുകയും ദൈവത്തിന്‍റെ മഹത്ത്വത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യുക; ആകാശവും ഭൂമിയും സമുദ്രവും നീരുറവുകളും സൃഷ്‍ടിച്ചവനെ നമസ്കരിക്കുക” എന്ന് ആ മാലാഖ ഉച്ചസ്വരത്തില്‍ പറഞ്ഞു. രണ്ടാമത് മറ്റൊരു മാലാഖ പിന്നാലെ വന്നു. “വീണുപോയി! എല്ലാ ജനതകളെയും ദുര്‍വൃത്തിയുടെ മാദകലഹരിയുള്ള വീഞ്ഞു കുടിപ്പിച്ചു മഹാബാബിലോണ്‍ വീണുപോയി!” എന്ന് ആ മാലാഖ പറഞ്ഞു. [9,10] മൂന്നാമതു വേറൊരു മാലാഖ അവരുടെ പിന്നാലെ വന്ന് അത്യുച്ചസ്വരത്തില്‍ പറഞ്ഞു: “മൃഗത്തെയോ അതിന്‍റെ പ്രതിമയെയോ വന്ദിക്കുകയും, നെറ്റിയിലോ കൈയിലോ മുദ്രകുത്തപ്പെടുകയും ചെയ്യുന്നവന്‍ ദൈവത്തിന്‍റെ ഉഗ്രകോപമാകുന്ന വീഞ്ഞു കുടിക്കേണ്ടിവരും. വീര്യം കുറയ്‍ക്കാത്ത ആ വീഞ്ഞ് ദൈവത്തിന്‍റെ കോപമാകുന്ന പാനപാത്രത്തില്‍ പകര്‍ന്നിരിക്കുന്നു. വിശുദ്ധമാലാഖമാരുടെയും കുഞ്ഞാടിന്‍റെയും മുമ്പാകെ അവര്‍ ഗന്ധകാഗ്നിയില്‍ ദണ്ഡിപ്പിക്കപ്പെടും. *** അവരെ പീഡിപ്പിക്കുന്ന അഗ്നിയുടെ പുക എന്നേക്കും ഉയരുന്നു; മൃഗത്തെയും അതിന്‍റെ പ്രതിമയെയും ആരാധിക്കുന്നവര്‍ക്കും അതിന്‍റെ നാമമുദ്ര സ്വീകരിക്കുന്നവര്‍ക്കും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാവുകയില്ല. യേശുവിലുള്ള വിശ്വാസവും ദൈവകല്പനകളും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണുത ഇവിടെയാണു പ്രകടമാകുന്നത്. പിന്നീട് സ്വര്‍ഗത്തില്‍നിന്ന് ഒരു ശബ്ദം ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു: “എഴുതിക്കൊള്ളുക; ഇന്നുമുതല്‍ കര്‍ത്താവിനോടു വിശ്വസ്തരായിരുന്നു മൃതിയടയുന്നവര്‍ അനുഗൃഹീതര്‍!” “അതെ, നിശ്ചയമായും തങ്ങളുടെ അധ്വാനങ്ങളില്‍നിന്നു വിരമിച്ച് അവര്‍ വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തികള്‍ അവരെ പിന്തുടരുന്നു” എന്ന് ആത്മാവു പറയുന്നു. അതിനുശേഷം അതാ ഒരു വെണ്‍മേഘം! മേഘത്തിന്മേല്‍ മനുഷ്യപുത്രനു സദൃശനായ ഒരുവന്‍ തലയില്‍ പൊന്‍കിരീടവും കൈയില്‍ മൂര്‍ച്ചയുള്ള അരിവാളുമായി ഇരിക്കുന്നു. പിന്നീട് മറ്റൊരു മാലാഖ ദേവാലയത്തില്‍നിന്നു പുറത്തുവന്ന് മേഘാരൂഢനായിരിക്കുന്ന ആളിനോട് ഉച്ചത്തില്‍ പറഞ്ഞു: “കൊയ്ത്തിനു സമയമായിരിക്കുന്നു; നിന്‍റെ അരിവാളെടുത്തു കൊയ്യുക; ഭൂമി കൊയ്ത്തിനു വിളഞ്ഞു പാകമായിരിക്കുന്നു.” അപ്പോള്‍ മേഘത്തിന്മേല്‍ ഇരുന്നയാള്‍ അരിവാള്‍ ഭൂമിയിലേക്കെറിഞ്ഞു. ഭൂമിയിലെ കൊയ്ത്തു നടക്കുകയും ചെയ്തു. അനന്തരം വേറൊരു മാലാഖ സ്വര്‍ഗത്തിലെ ദേവാലയത്തില്‍നിന്ന് ഇറങ്ങിവന്നു. ആ ദൂതന്‍റെ കൈയിലും ഉണ്ട് മൂര്‍ച്ചയുള്ള ഒരു അരിവാള്‍. അഗ്നിയുടെമേല്‍ അധികാരമുള്ള ഒരു മാലാഖ ബലിപീഠത്തില്‍നിന്നു പുറത്തുവന്ന് മൂര്‍ച്ചയുള്ള അരിവാള്‍ കൈയിലുള്ളവനോട്, “ഭൂമിയിലെ മുന്തിരിയുടെ ഫലങ്ങള്‍ പാകമായിരിക്കുന്നു. അരിവാള്‍ എറിഞ്ഞ് മുന്തിരിവള്ളിയില്‍നിന്ന് കുലകള്‍ അറുത്തെടുക്കുക” എന്ന് ഉച്ചത്തില്‍ പറഞ്ഞു. ആ മാലാഖ അരിവാള്‍ ഭൂമിയിലേക്ക് എറിഞ്ഞു; മുന്തിരിവള്ളിയില്‍നിന്ന് കുലകള്‍ അറുത്തെടുത്ത് നഗരത്തിനു പുറത്തുള്ള ചക്കില്‍ ഇട്ടു ഞെക്കിപ്പിഴിഞ്ഞു. ദൈവത്തിന്‍റെ ഉഗ്രരോഷമാകുന്ന ആ മുന്തിരിച്ചക്കില്‍നിന്ന് രക്തം കുതിരയുടെ കടിഞ്ഞാണോളം ഉയരത്തില്‍ മുന്നൂറു കിലോമീറ്റര്‍ ദൂരം ഒഴുകി. അദ്ഭുതകരമായ മറ്റൊരു വലിയ അടയാളം ഞാന്‍ സ്വര്‍ഗത്തില്‍ ദര്‍ശിച്ചു. അവസാനത്തെ ഏഴു മഹാമാരികളോടുകൂടിയ ഏഴു മാലാഖമാര്‍ പ്രത്യക്ഷരായി. ഇതോടുകൂടി ദൈവത്തിന്‍റെ രോഷം സമാപിച്ചു. അഗ്നിമയമായ സ്ഫടികസമുദ്രംപോലെ ഒന്നു ഞാന്‍ കണ്ടു. മൃഗത്തോടും, അതിന്‍റെ പ്രതിമയോടും, ആ പേരിന്‍റെ സംഖ്യയോടും പൊരുതി ജയിച്ചവര്‍ വീണകള്‍ കൈയിലെടുത്ത് സ്ഫടികക്കടലിനു സമീപം നില്‌ക്കുന്നതും ഞാന്‍ ദര്‍ശിച്ചു. അവര്‍ ദൈവത്തിന്‍റെ ദാസനായ മോശയുടെ ഗാനവും കുഞ്ഞാടിന്‍റെ ഗാനവും ആലപിച്ചു. അത് ഇപ്രകാരം ആയിരുന്നു: “സര്‍വശക്തനും ദൈവവുമായ സര്‍വേശ്വരാ, അവിടുത്തെ പ്രവൃത്തികള്‍ മഹത്തും അദ്ഭുതകരവുമാകുന്നു. സര്‍വ ജനതകളുടെയും രാജാവേ, അവിടുത്തെ വഴികള്‍ നീതിയും സത്യവുമുള്ളവയാകുന്നു. സര്‍വേശ്വരാ, ആര്‍ അങ്ങയെ ഭയപ്പെടാതിരിക്കും? ആര്‍ അങ്ങയുടെ നാമത്തെ പ്രകീര്‍ത്തിക്കാതിരിക്കും? അങ്ങു മാത്രമാണല്ലോ പരിശുദ്ധന്‍. അവിടുത്തെ ന്യായവിധികള്‍ വെളിപ്പെട്ടിരിക്കുന്നതിനാല്‍ സകല ജനതകളും വന്ന് അങ്ങയെ വന്ദിക്കും.” അതിനുശേഷം സ്വര്‍ഗത്തിലെ സാക്ഷ്യകൂടാരം തുറന്നിരിക്കുന്നതു ഞാന്‍ കണ്ടു. ആ ഏഴു മാലാഖമാര്‍ ഏഴു മഹാമാരികളോടുകൂടി ദേവാലയത്തില്‍നിന്നു പുറത്തുവന്നു. അവര്‍ ശുദ്ധവും ശുഭ്രവുമായ വിശിഷ്ടവസ്ത്രം ധരിച്ചിരുന്നു; മാറില്‍ പൊന്‍കച്ചയും. അപ്പോള്‍ നാലു ജീവികളില്‍ ഒന്ന് എന്നെന്നേക്കും ജീവിക്കുന്ന ദൈവത്തിന്‍റെ ഉഗ്രരോഷം നിറഞ്ഞ ഏഴു പൊന്‍കലശം ആ ഏഴു മാലാഖമാര്‍ക്കു നല്‌കി. ദൈവത്തിന്‍റെ തേജസ്സില്‍നിന്നും ശക്തിയില്‍നിന്നും ഉയര്‍ന്ന ധൂമംകൊണ്ട് ദേവാലയം നിറഞ്ഞു. ഏഴു മാലാഖമാരുടെ ഏഴു മഹാമാരികളും അവസാനിക്കുന്നതുവരെ ആര്‍ക്കും ദേവാലയത്തില്‍ പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല. “നിങ്ങള്‍ പോയി ദൈവത്തിന്‍റെ ഉഗ്രരോഷം നിറച്ച ഏഴു കലശങ്ങള്‍ ഭൂമിയിലേക്ക് ഒഴിക്കുക” എന്ന് ആ ഏഴു മാലാഖമാരോട് ഉച്ചത്തില്‍ പറയുന്ന ഒരു ശബ്ദം ദേവാലയത്തില്‍നിന്ന് ഞാന്‍ പിന്നീടു കേട്ടു. ഒന്നാമത്തെ മാലാഖ പോയി തന്‍റെ കലശം ഭൂമിയില്‍ ഒഴിച്ചു. അപ്പോള്‍ മൃഗത്തിന്‍റെ മുദ്രയുള്ളവരും അതിന്‍റെ പ്രതിമയെ ആരാധിക്കുന്നവരുമായ മനുഷ്യര്‍ക്ക് കഠിന വേദന ഉളവാക്കുന്ന വല്ലാത്ത വ്രണങ്ങളുണ്ടായി. രണ്ടാമത്തെ മാലാഖ തന്‍റെ കലശം സമുദ്രത്തില്‍ പകര്‍ന്നു. അത് മരിച്ച മനുഷ്യന്‍റെ രക്തംപോലെ ആയിത്തീര്‍ന്നു. സമുദ്രത്തിലുള്ള സകല ജീവികളും ചത്തുപോയി. മൂന്നാമത്തെ മാലാഖ നദികളിലും നീരുറവുകളിലുമാണ് തന്‍റെ കലശം ഒഴിച്ചത്. അവയും രക്തമായിത്തീര്‍ന്നു. അപ്പോള്‍ ജലത്തിന്‍റെ അധിപനായ മാലാഖ ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു: “ഉണ്ടായിരുന്നവനും, ഇപ്പോഴും ഉള്ളവനും, പരിശുദ്ധനുമായ അങ്ങ് അവിടുത്തെ ന്യായവിധികളില്‍ നീതിമാനാകുന്നു. മനുഷ്യര്‍ വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും രക്തം ചിന്തിയതിനാല്‍ അങ്ങ് അവരെ രക്തം കുടിപ്പിച്ചു. അതാണ് അവര്‍ അര്‍ഹിക്കുന്നത്.” ബലിപീഠവും ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു: “അതേ, സര്‍വശക്തനും ദൈവവുമായ സര്‍വേശ്വരാ, അങ്ങയുടെ ന്യായവിധികള്‍ സത്യവും നീതിയുമുള്ളവ തന്നെ.” നാലാമത്തെ മാലാഖ തന്‍റെ കലശം സൂര്യനില്‍ ഒഴിച്ചു. മനുഷ്യനെ അഗ്നികൊണ്ട് ചുട്ടുകരിക്കുവാന്‍ അതിന് അധികാരം നല്‌കപ്പെട്ടു. അത്യുഗ്രമായ ചൂടുകൊണ്ട് മനുഷ്യന്‍ പൊരിഞ്ഞുപോയി. എന്നിട്ടും ഈ മഹാമാരികളുടെമേല്‍ അധികാരമുള്ള ദൈവത്തിന്‍റെ നാമത്തെ അവര്‍ ശപിച്ചു; അവര്‍ പശ്ചാത്തപിക്കുകയോ, ദൈവത്തിനു മഹത്ത്വം നല്‌കുകയോ ചെയ്തില്ല. അഞ്ചാമത്തെ മാലാഖ മൃഗത്തിന്‍റെ സിംഹാസനത്തിന്മേല്‍ കലശം പകര്‍ന്നു. ഉടനെ അവന്‍റെ രാജ്യം അന്ധകാരത്തില്‍ ആണ്ടുപോയി. മനുഷ്യര്‍ കഠിനമായ വേദനകൊണ്ട് നാവു കടിച്ചു. തങ്ങളുടെ വേദനയും വ്രണവും നിമിത്തം സ്വര്‍ഗത്തിലെ ദൈവത്തെ ശപിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് അനുതപിച്ചില്ല. പിന്നീട് ആറാമത്തെ മാലാഖ യൂഫ്രട്ടീസ് എന്ന മഹാനദിയില്‍ തന്‍റെ കലശം ഒഴിച്ചു. ഉടനെ അതിലെ ജലം വറ്റിപ്പോയി. അങ്ങനെ കിഴക്കുനിന്നു വരുന്ന രാജാക്കന്മാര്‍ക്കു വഴി ഒരുക്കപ്പെട്ടു. ഉഗ്രസര്‍പ്പത്തിന്‍റെ വായില്‍നിന്നും, മൃഗത്തിന്‍റെ വായില്‍നിന്നും, വ്യാജപ്രവാചകന്‍റെ വായില്‍നിന്നും തവളയെപ്പോലെയുള്ള മൂന്ന് അശുദ്ധാത്മാക്കള്‍ പുറപ്പെടുന്നതു ഞാന്‍ കണ്ടു. അദ്ഭുതപ്രവൃത്തികള്‍ ചെയ്യുന്ന പൈശാചികാത്മാക്കളാണ് അവര്‍. സര്‍വശക്തനായ ദൈവത്തിന്‍റെ മഹാദിവസത്തിലെ യുദ്ധത്തിനുവേണ്ടി ലോകത്തെങ്ങുമുള്ള രാജാക്കന്മാരെ ഒരുമിച്ചു കൂട്ടുന്നതിനായി അവര്‍ അവരുടെ അടുക്കലേക്കു പോകുന്നു. “ഇതാ ഞാന്‍ കള്ളനെപ്പോലെ വരുന്നു! ഉണര്‍ന്നിരുന്നു തന്‍റെ വസ്ത്രം ശരിയായി സൂക്ഷിക്കുന്നവന്‍ അനുഗൃഹീതന്‍! അങ്ങനെ ചെയ്യുന്നവന് നഗ്നനായി നടക്കുവാനും മറ്റുള്ളവരുടെ മുമ്പില്‍ ലജ്ജിതനാകുവാനും ഇടയാകുന്നില്ല.” ആ ആത്മാക്കള്‍ അവരെ എബ്രായ ഭാഷയില്‍ ‘ഹര്‍മ്മഗെദ്ദോന്‍’ എന്നു പേരുള്ള സ്ഥലത്ത് ഒരുമിച്ചു കൂട്ടി. ഏഴാമത്തെ മാലാഖ കലശം ആകാശത്ത് ഒഴിച്ചപ്പോള്‍ “എല്ലാം പൂര്‍ത്തിയായി” എന്നൊരു മഹാശബ്ദം ദേവാലയത്തിലെ സിംഹാസനത്തില്‍നിന്നു പുറപ്പെട്ടു. മിന്നലും വലിയ ഇരമ്പലും ഇടിമുഴക്കവും മഹാഭൂകമ്പവും ഉണ്ടായി. ഭൂമിയില്‍ മനുഷ്യന്‍ ആവിര്‍ഭവിച്ച നാള്‍മുതല്‍ ഇത്ര വലിയ ഒരു ഭൂകമ്പം ഒരിക്കലും ഉണ്ടായിട്ടില്ല. മഹാനഗരം മൂന്നായി പിളര്‍ന്നു. വിജാതീയരുടെ പട്ടണങ്ങളും വീണുപോയി. ദൈവം മഹാബാബിലോണിനെ ഓര്‍ത്തു; തന്‍റെ ഉഗ്രരോഷം നിറച്ച പാനപാത്രം അവള്‍ക്കു കുടിക്കുവാന്‍ കൊടുക്കുകയും ചെയ്തു. സകല ദ്വീപുകളും ഓടിമറഞ്ഞു. എല്ലാ പര്‍വതങ്ങളും അപ്രത്യക്ഷമായി. അമ്പതു കിലോഗ്രാമിനോളം ഘനമുള്ള കല്ലുകള്‍ ആകാശത്തുനിന്നു മനുഷ്യരുടെമേല്‍ വര്‍ഷിക്കപ്പെട്ടു. കന്മഴയുടെ ബാധ അത്യന്തം ഭീകരമായിരുന്നതുകൊണ്ട് മനുഷ്യര്‍ ദൈവത്തെ ശപിച്ചു. അതിനുശേഷം കലശങ്ങള്‍ കൈയിലുള്ള ഏഴു മാലാഖമാരില്‍ ഒരാള്‍ വന്ന് എന്നോട് ഇപ്രകാരം പറഞ്ഞു: “വരിക, പെരുവെള്ളത്തിന്മേലിരിക്കുന്ന മഹാവേശ്യയുടെമേലുള്ള ന്യായവിധി ഞാന്‍ നിനക്കു കാണിച്ചുതരാം. ഭൂമിയിലെ രാജാക്കന്മാര്‍ അവളോടൊത്തു വ്യഭിചാരം ചെയ്തു. തന്‍റെ വേശ്യാവൃത്തിയുടെ വീഞ്ഞുകുടിച്ച് അവള്‍ ഭൂവാസികളെ മത്തുപിടിപ്പിച്ചു.” ആ മാലാഖ ആത്മാവില്‍ എന്നെ വിജനസ്ഥലത്തേക്കു കൊണ്ടുപോയി. അവിടെ ദൈവദൂഷണപരമായ നാമങ്ങള്‍ നിറഞ്ഞ കടുംചെമപ്പുനിറമുള്ള ഒരു മൃഗത്തിന്മേല്‍ ഒരു സ്‍ത്രീ ഇരിക്കുന്നതു കണ്ടു. ആ മൃഗത്തിന് ഏഴു തലയും പത്തു കൊമ്പും ഉണ്ടായിരുന്നു. ധൂമ്രവര്‍ണവും കടുംചെമപ്പു നിറവുമുള്ള വസ്ത്രമാണ് അവള്‍ ധരിച്ചിരുന്നത്. പൊന്നും രത്നങ്ങളും മുത്തും അവള്‍ അണിഞ്ഞിരുന്നു. വേശ്യാവൃത്തിയുടെ അശുദ്ധിയും മ്ലേച്ഛതയും നിറഞ്ഞ സ്വര്‍ണപാനപാത്രവും അവളുടെ കൈയിലുണ്ടായിരുന്നു. അവളുടെ നെറ്റിത്തടത്തില്‍ “മഹാബാബിലോണ്‍-വേശ്യകളുടെയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവ്” എന്ന നിഗൂഢനാമം ആലേഖനം ചെയ്തിരുന്നു. വിശുദ്ധന്മാരുടെ രക്തവും യേശുവിന്‍റെ സാക്ഷികളുടെ രക്തവും പാനംചെയ്ത് അവള്‍ ലഹരി പിടിച്ചിരിക്കുന്നതായി ഞാന്‍ കണ്ടു. അവളെ കണ്ടപ്പോള്‍ ഞാന്‍ അത്യധികം അദ്ഭുതപ്പെട്ടു. എന്നാല്‍ ആ മാലാഖ എന്നോടു പറഞ്ഞു: “എന്തിനാണ് നീ അദ്ഭുതപ്പെടുന്നത്? ആ സ്‍ത്രീയെയും, അവള്‍ വഹിക്കുന്ന ഏഴു തലയും പത്തു കൊമ്പുമുള്ള മൃഗത്തെയും സംബന്ധിച്ചുള്ള നിഗൂഢസത്യം ഞാന്‍ പറഞ്ഞുതരാം. നീ കണ്ട മൃഗമാകട്ടെ, ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതും ഇനി പാതാളത്തില്‍നിന്നു കയറിവരാനിരിക്കുന്നതും വിനാശത്തിലേക്കു നീങ്ങുന്നതുമാകുന്നു. ലോകസ്ഥാപനംമുതല്‍ ജീവന്‍റെ പുസ്തകത്തില്‍ പേരെഴുതപ്പെട്ടിട്ടില്ലാത്ത ഭൂനിവാസികള്‍, ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതും വരുവാനിരിക്കുന്നതുമായ ആ മൃഗത്തെ കണ്ടു വിസ്മയഭരിതരാകും. “ഇവിടെയാണ് ജ്ഞാനസമന്വിതമായ ബുദ്ധിയുടെ ആവശ്യം. ആ സ്‍ത്രീ ഇരിക്കുന്ന ഏഴു മലകളാണ് ഏഴു തലകള്‍. മാത്രമല്ല, അവ ഏഴു രാജാക്കന്മാരുമാകുന്നു. അവരില്‍ അഞ്ചുപേര്‍ വീണുപോയി. ഒരാള്‍ ഇപ്പോള്‍ ഉണ്ട്. അപരന്‍ ഇനി വരുവാനിരിക്കുന്നതേയുള്ളൂ. അയാള്‍ വന്ന് അല്പകാലം ഇരിക്കേണ്ടതാകുന്നു. ഉണ്ടായിരുന്നവനും ഇപ്പോള്‍ ഇല്ലാത്തവനുമായ മൃഗം എട്ടാമത്തെ ആളാണ്, എങ്കിലും ആ ഏഴു പേരിലുള്‍പ്പെടുന്നു. അവന്‍ നാശത്തിലേക്കു പോകുന്നു. “നീ കണ്ട പത്തുകൊമ്പ് പത്തു രാജാക്കന്മാരാണ്. അവര്‍ ഇതുവരെ രാജത്വം ലഭിച്ചവരല്ല. എങ്കിലും മൃഗത്തോടൊപ്പം ഒരു മണിക്കൂര്‍ അവര്‍ രാജാധികാരം പ്രാപിക്കേണ്ടവരാണ്. ഏക മനസ്സുള്ളവരായ ഇവര്‍ തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിനു നല്‌കുന്നു. അവര്‍ കുഞ്ഞാടിനോടു പോരാടും; കുഞ്ഞാട് അവരെ ജയിക്കും; എന്തുകൊണ്ടെന്നാല്‍ അവിടുന്ന് കര്‍ത്താധികര്‍ത്താവും രാജാധിരാജനും ആകുന്നു. അവിടുത്തോടുകൂടിയുള്ളവര്‍ വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരും ആകുന്നു. പിന്നീട് മാലാഖ എന്നോടു പറഞ്ഞു: “വേശ്യയുടെ ഇരിപ്പിടമായി നീ കണ്ട ജലസഞ്ചയം വിവിധ വര്‍ഗങ്ങളുടെയും വിവിധ രാഷ്ട്രങ്ങളുടെയും ജനതകളുടെയും വിവിധ ഭാഷക്കാരുടെയും സമൂഹമാണ്. നീ കണ്ട പത്തു കൊമ്പുകളും മൃഗവും വേശ്യയെ ദ്വേഷിക്കും; അവളെ ഏകാകിനിയും നഗ്നയുമാക്കി, അവളുടെ മാംസം വിഴുങ്ങുകയും അവളെ അഗ്നിയില്‍ ദഹിപ്പിക്കുകയും ചെയ്യും. എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്‍റെ വചനങ്ങള്‍ സംഭവിക്കുന്നതുവരെ, ഏകമനസ്സോടെ ദൈവത്തിന്‍റെ ഉദ്ദേശ്യം പൂര്‍ത്തീകരിക്കുവാനും തങ്ങളുടെ രാജാധികാരം മൃഗത്തിനു നല്‌കുവാനും ദൈവം അവരുടെ ഹൃദയത്തില്‍ തോന്നിച്ചു. “നീ കണ്ട സ്‍ത്രീ ഭൂമിയിലെ രാജാക്കന്മാരുടെമേല്‍ അധികാരമുള്ള മഹാനഗരം തന്നെ.” അനന്തരം വലിയ അധികാരമുള്ള മറ്റൊരു മാലാഖ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. ആ മാലാഖയുടെ തേജസ്സുകൊണ്ട് ഭൂമി പ്രകാശപൂരിതമായിത്തീര്‍ന്നു. ആ ദൈവദൂതന്‍ ഗംഭീരസ്വരത്തില്‍ ഇങ്ങനെ വിളിച്ചുപറഞ്ഞു: “വീണുപോയി! മഹാബാബിലോണ്‍ വീണുപോയി! അത് ദുര്‍ഭൂതങ്ങളുടെ പാര്‍പ്പിടമായിത്തീര്‍ന്നിരിക്കുന്നു. സകല അശുദ്ധാത്മാക്കളുടെയും അഭയസ്ഥാനവും അറപ്പുതോന്നുന്ന സകല അശുദ്ധ പക്ഷികളുടെയും താവളവും ആകുന്നു. എല്ലാ ജനതകളും മാദകലഹരി പിടിപ്പിക്കുന്ന, അവളുടെ വേശ്യാവൃത്തിയാകുന്ന വീഞ്ഞുകുടിച്ചിരിക്കുന്നു. ഭൂമിയിലെ രാജാക്കന്മാര്‍ അവളുമായി വ്യഭിചാരത്തില്‍ ഏര്‍പ്പെടുകയും അവളുടെ ദുര്‍വൃത്തിയുടെ ധനംകൊണ്ട് ഭൂമിയിലെ വ്യാപാരികള്‍ സമ്പന്നരാകുകയും ചെയ്തു. അനന്തരം സ്വര്‍ഗത്തില്‍നിന്ന് ഇപ്രകാരം മറ്റൊരു ശബ്ദം ഞാന്‍ കേട്ടു: “എന്‍റെ ജനമേ, അവളെ വിട്ടുപോരുക! അവളുടെ പാപങ്ങളില്‍ പങ്കാളികളാകാതിരിക്കുന്നതിനും, ബാധകളുടെ ഓഹരി പറ്റാതിരിക്കുന്നതിനും, അവളെ വിട്ടു പോരുക! അവളുടെ പാപം ആകാശം മുട്ടെയുള്ള കൂമ്പാരമായിത്തീര്‍ന്നിരിക്കുന്നു! ദൈവം അവളുടെ അധര്‍മങ്ങള്‍ വിസ്മരിക്കുന്നില്ല. അവള്‍ ചെയ്തതുപോലെ അവള്‍ക്കു നിങ്ങള്‍ പകരം ചെയ്യുക; അവളുടെ പ്രവൃത്തികള്‍ക്ക് ഇരട്ടി തിരിച്ചുകൊടുക്കുക; അവള്‍ കലര്‍ത്തുന്ന പാനപാത്രത്തില്‍ അവള്‍ക്ക് ഇരട്ടി കലര്‍ത്തിക്കൊടുക്കുക. അവള്‍ തന്നെത്തന്നെ എത്രമാത്രം മഹത്ത്വപ്പെടുത്തുകയും സുഖലോലുപതയില്‍ മുഴുകുകയും ചെയ്തുവോ, അത്രയ്‍ക്ക് അവള്‍ക്കു പീഡനവും ദുഃഖവും നല്‌കുക. ‘ഞാന്‍ ഒരു രാജ്ഞിയായി വാഴുന്നു; വിധവയല്ല; ദുഃഖം ഞാന്‍ കാണുകയുമില്ല!’ എന്ന് അവള്‍ ആത്മഗതം ചെയ്യുന്നു. അതുകൊണ്ട് മരണം, ദുഃഖം, ക്ഷാമം മുതലായ ബാധകള്‍ ഒരു ദിവസംതന്നെ അവള്‍ക്കുണ്ടാകും; അവളെ തീയിലിട്ടു ചുട്ടുകളയും; അവളെ വിധിക്കുന്ന സര്‍വേശ്വരനായ ദൈവം മഹാശക്തനാണല്ലോ.” അവളോടൊത്തു വ്യഭിചരിക്കുകയും ആഡംബരങ്ങളില്‍ മുഴുകുകയും ചെയ്ത ഭൂമിയിലെ രാജാക്കന്മാര്‍ അവളുടെ ചിതയില്‍നിന്നു പൊങ്ങുന്ന പുക കാണുമ്പോള്‍ അവളെച്ചൊല്ലി കരയുകയും മാറത്തടിച്ചു വിലപിക്കുകയും ചെയ്യും. അവളുടെ ദണ്ഡനത്തെക്കുറിച്ചുള്ള ഭയം നിമിത്തം അകലെ മാറിനിന്നുകൊണ്ട് “കഷ്ടം! കഷ്ടം! മഹാ നഗരമേ! ബലിഷ്ഠനഗരമായ ബാബിലോണേ, ഒരു നാഴികകൊണ്ട് നിന്‍റെ വിധി വന്നുകഴിഞ്ഞല്ലോ” എന്നു പറഞ്ഞു വിലപിക്കും. ഭൂമിയിലെ വ്യാപാരികള്‍ അവളെച്ചൊല്ലി കരയുകയും സങ്കടപ്പെടുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ അവരുടെ ചരക്കുകള്‍ ഇനി വാങ്ങാന്‍ ആരുമില്ല. സ്വര്‍ണം, വെള്ളി, രത്നങ്ങള്‍, മുത്തുകള്‍, മൃദുലവസ്ത്രം, ധൂമ്രവസ്ത്രം, പട്ട്, കടുംചെമപ്പുതുണി, സുരഭിലമായ തടികള്‍, ദന്തനിര്‍മിതമായ ശില്പവസ്തുക്കള്‍, വിലയേറിയ തടി, പിച്ചള, ഇരുമ്പ്, മാര്‍ബിള്‍ ഇവകൊണ്ടു നിര്‍മിച്ചവസ്തുക്കള്‍, ഇലവര്‍ഗം, ഏലം, ധൂപദ്രവ്യങ്ങള്‍; മീറ, കുന്തുരുക്കം, വീഞ്ഞ്, എണ്ണ, നേര്‍ത്ത മാവ്, കോതമ്പ്, കന്നുകാലി, ആട്, കുതിര, രഥങ്ങള്‍, അടിമകള്‍, അതായത്, ആത്മാവുള്ള മനുഷ്യര്‍, ഈ വകകളൊക്കെ ആയിരുന്നു അവര്‍ വ്യാപാരം ചെയ്തു വന്നിരുന്നത്. “നിന്‍റെ ആത്മാവ് അതിയായി ആശിച്ച ഫലം കൈവിട്ടുപോയി; സ്വാദിഷ്ഠവും പകിട്ടുള്ളവയുമായ എല്ലാ വസ്തുക്കളും നിനക്കു നഷ്ടപ്പെട്ടിരിക്കുന്നു. അവ ഇനി ഒരിക്കലും കാണപ്പെടുകയില്ല!” എന്ന് അവര്‍ പറയുന്നു. [15,16] മേല്‍പ്പറഞ്ഞ ചരക്കുകളുടെ വ്യാപാരംകൊണ്ട് അവളില്‍നിന്നു ധനം ആര്‍ജിച്ച വ്യാപാരികള്‍ അവള്‍ക്കു നേരിട്ട കഠിന യാതനയെക്കുറിച്ചുള്ള ഭയംകൊണ്ട് അകലെ മാറി നിന്ന് “അയ്യോ! കഷ്ടം! മഹാനഗരമേ! മൃദുലമനോഹരമായ ഉടയാടയും ധൂമ്രവര്‍ണവും കടുംചെമപ്പുള്ള വസ്ത്രങ്ങളും സ്വര്‍ണവും രത്നവും മുത്തും അണിഞ്ഞവളേ, ഒരു നാഴികകൊണ്ട് ഈ സമ്പത്തെല്ലാം നശിച്ചുപോയല്ലോ! എന്നു പറഞ്ഞുകൊണ്ട് ഉച്ചത്തില്‍ അലമുറയിട്ടു കരയും. *** എല്ലാ കപ്പിത്താന്മാരും, സമുദ്രസഞ്ചാരികളും, നാവികരും, എന്നല്ല കടലില്‍ ജോലി ചെയ്യുന്ന സകലരും, അകലെ നിന്ന്, അവള്‍ കത്തിയെരിയുന്നതിന്‍റെ പുക കണ്ട്, “ഈ മഹാനഗരത്തിനു തുല്യമായ നഗരം എവിടെയുണ്ട്? എന്നു പറഞ്ഞു നിലവിളിച്ചു. അവര്‍ തലയില്‍ പൂഴി വാരി ഇട്ടുകൊണ്ട്, “അയ്യോ! കഷ്ടം! കപ്പല്‍ക്കച്ചവടം ചെയ്യുന്നവര്‍ക്കെല്ലാം തന്‍റെ ഐശ്വര്യസമൃദ്ധികൊണ്ട് സമ്പത്തു വര്‍ധിപ്പിച്ച മഹാനഗരമേ, നീ ഒരു മണിക്കൂറുകൊണ്ടു നിശ്ശേഷം നശിച്ചുപോയല്ലോ!” എന്നു പറഞ്ഞു സങ്കടപ്പെട്ടു നിലവിളിച്ചു. അല്ലയോ സ്വര്‍ഗമേ, വിശുദ്ധന്മാരേ, അപ്പോസ്തോലന്മാരേ, പ്രവാചകന്മാരേ, ദൈവം നിങ്ങള്‍ക്കുവേണ്ടി അവളോടു പ്രതികാരം ചെയ്തിരിക്കുന്നതുകൊണ്ട് ആനന്ദിക്കുക. പിന്നീട് അതിശക്തനായ ഒരു മാലാഖ വലിയ തിരികല്ലുപോലെയുള്ള ഒരു കല്ലെടുത്ത് കടലില്‍ എറിഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഇതുപോലെ ബാബിലോണ്‍നഗരത്തെ ആഞ്ഞ് എറിഞ്ഞുകളയും; ഇനി ഒരിക്കലും അതിനെ കാണുകയില്ല. വൈണികരുടെയും ഗായകരുടെയും കുഴലൂത്തുകാരുടെയും കാഹളം മുഴക്കുന്നവരുടെയും സ്വരം നിന്നില്‍നിന്നു കേള്‍ക്കുകയില്ല. കരകൗശലവിദഗ്ധരായ ശില്പികളില്‍ ആരെയും ഇനിമേല്‍ നിന്നില്‍ കാണുകയില്ല. തിരികല്ലു തിരിക്കുന്ന ശബ്ദം ഇനി നിന്നില്‍ കേള്‍ക്കുകയില്ല. വിളക്കിന്‍റെ വെളിച്ചം ഇനിമേല്‍ പ്രകാശിക്കുകയില്ല. വധൂവരന്മാരുടെ ആഹ്ലാദശബ്ദം ഇനി ഒരിക്കലും കേള്‍ക്കുകയില്ല. നിന്‍റെ വ്യാപാരികള്‍ ഭൂമിയിലെ മഹാന്മാരായിരുന്നു. നിന്‍റെ ഇന്ദ്രജാലപ്രയോഗത്താല്‍ എല്ലാ ജനതകളും വഞ്ചിക്കപ്പെട്ടു.” പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടെയും എന്നല്ല ഭൂമിയില്‍ വച്ചു കൊല്ലപ്പെട്ട എല്ലാവരുടെയും രക്തം ആ നഗരത്തിലാണല്ലോ കണ്ടത്. അതിനുശേഷം ഒരു വലിയ ജനക്കൂട്ടത്തിന്‍റേതുപോലെ തോന്നിക്കുന്ന ഒരു ഗംഭീരശബ്ദം സ്വര്‍ഗത്തില്‍ ഞാന്‍ കേട്ടു. “ഹല്ലേല്ലൂയ്യാ! രക്ഷയും മഹത്ത്വവും ശക്തിയും നമ്മുടെ ദൈവത്തിനുള്ളത്. അവിടുത്തെ വിധികള്‍ സത്യവും നീതിയുക്തവുമാകുന്നു. വേശ്യാവൃത്തികൊണ്ടു ലോകത്തെ നശിപ്പിച്ച മഹാവേശ്യയെ അവിടുന്നു വിധിച്ചു. തന്‍റെ ദാസന്മാരുടെ രക്തത്തിനുവേണ്ടി അവിടുന്ന് അവളോടു പകരം ചോദിച്ചു” എന്നാണു ഞാന്‍ കേട്ടത്. അവര്‍ പിന്നെയും “ഹല്ലേല്ലൂയ്യ അവളില്‍ നിന്നുള്ള പുക എന്നേക്കും ഉയരും” എന്നു പറഞ്ഞു. ഇരുപത്തിനാലു ശ്രേഷ്ഠപുരുഷന്മാരും നാലു ജീവികളും “ആമേന്‍, ഹല്ലേലൂയ്യാ” എന്നു പറഞ്ഞ് സിംഹാസനത്തില്‍ ഉപവിഷ്ടനായ ദൈവത്തെ സാഷ്ടാംഗം പ്രണമിച്ചു. അനന്തരം സിംഹാസനത്തില്‍നിന്ന് ഇങ്ങനെ പറയുന്ന ഒരു ശബ്ദം ഞാന്‍ കേട്ടു: “ചെറിയവരോ വലിയവരോ ആയി ദൈവത്തെ ഭയപ്പെടുന്ന അവിടുത്തെ ദാസന്മാരായ നിങ്ങള്‍ എല്ലാവരും അവിടുത്തെ വാഴ്ത്തുക!” പിന്നീടു ഞാന്‍ കേട്ടത് ഒരു വമ്പിച്ച ജനാവലിയുടെ ആരവംപോലെയും പെരുവെള്ളത്തിന്‍റെ ഇരമ്പല്‍പോലെയുമുള്ള ഒരു ശബ്ദം ആയിരുന്നു. “ഹല്ലേലൂയ്യാ! സര്‍വശക്തനും നമ്മുടെ ദൈവവുമായ കര്‍ത്താവു വാഴുന്നു! നമുക്ക് ആനന്ദിക്കുകയും ആഹ്ലാദിച്ച് ആര്‍പ്പുവിളിക്കുകയും ദൈവത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യാം! എന്തെന്നാല്‍ കുഞ്ഞാടിന്‍റെ വിവാഹസമയം വന്നു കഴിഞ്ഞു. അവിടുത്തെ മണവാട്ടിയും അണിഞ്ഞൊരുങ്ങിയിരിക്കുന്നു. അവള്‍ക്കു മൃദുലവും നിര്‍മ്മലവും ശോഭയുള്ളതുമായ വസ്ത്രം ധരിക്കുവാന്‍ അനുഗ്രഹം ലഭിച്ചിരിക്കുന്നു” (വിശുദ്ധന്മാരുടെ നീതിനിഷ്ഠമായ പ്രവൃത്തികള്‍തന്നെയാണല്ലോ മൃദുലവസ്ത്രം). പിന്നീടു മാലാഖ എന്നോടു പറഞ്ഞു: “കുഞ്ഞാടിന്‍റെ വിവാഹസദ്യക്കു ക്ഷണിക്കപ്പെട്ടവര്‍ അനുഗൃഹീതര്‍ എന്നെഴുതുക. ഇവ ദൈവത്തിന്‍റെ സത്യവചനങ്ങളാകുന്നു” എന്നു പറഞ്ഞു. അപ്പോള്‍ ആ ദൂതനെ നമസ്കരിക്കുന്നതിനായി ഞാന്‍ കാല്‌ക്കല്‍ മുട്ടുകുത്തി. ദൂതന്‍: “അതു പാടില്ല, താങ്കളെപ്പോലെയും യേശുക്രിസ്തുവിന്‍റെ സാക്ഷ്യം വഹിച്ചിട്ടുള്ള ഇതര സഹോദരന്മാരെപ്പോലെയുമുള്ള ഒരു ഭൃത്യന്‍ മാത്രമാണു ഞാന്‍; ദൈവത്തെ മാത്രം ആരാധിക്കുക; യേശുവിന്‍റെ സാക്ഷ്യമാകട്ടെ, പ്രവചനത്തിന്‍റെ ആത്മാവാകുന്നു” എന്നു പറഞ്ഞു. സ്വര്‍ഗം തുറന്നിരിക്കുന്നതു ഞാന്‍ കണ്ടു. അതാ, ഒരു വെള്ളക്കുതിര! അതിന്‍റെ പുറത്തിരിക്കുന്ന ആള്‍ വിശ്വസ്തനും സത്യവാനും ആയവന്‍ എന്നു വിളിക്കപ്പെടുന്നു. അവിടുന്നു നീതിയോടെ വിധിക്കുകയും പോരാടുകയും ചെയ്യുന്നു. അവിടുത്തെ കണ്ണുകള്‍ അഗ്നിജ്വാലയ്‍ക്കു സദൃശം. ശിരസ്സില്‍ അനേകം രാജകിരീടങ്ങള്‍ ഉണ്ട്. ആലേഖനം ചെയ്യപ്പെട്ട ഒരു നാമം അവിടുത്തേക്കുണ്ട്. പക്ഷേ, അവിടുത്തേക്കല്ലാതെ മറ്റാര്‍ക്കും അത് അറിഞ്ഞുകൂടാ. രക്തത്തില്‍ മുക്കിയ വസ്ത്രം അവിടുന്നു ധരിച്ചിരിക്കുന്നു. ‘ദൈവത്തിന്‍റെ വചനം’ എന്നാണ് അവിടുത്തെ നാമം. സ്വര്‍ഗത്തിലെ സൈന്യം നിര്‍മ്മലവും ശുഭ്രവുമായ മൃദുലവസ്ത്രം ധരിച്ച് വെള്ളക്കുതിരപ്പുറത്തു കയറി അവിടുത്തെ അനുഗമിക്കുന്നു. സകല ജാതികളെയും അരിയുന്നതിന് അവിടുത്തെ വായില്‍നിന്ന് മൂര്‍ച്ചയേറിയ വാള്‍ പുറപ്പെടുന്നു. ഇരുമ്പുചെങ്കോല്‍കൊണ്ട് അവിടുന്ന് അവരെ ഭരിക്കും. സര്‍വശക്തനായ ദൈവത്തിന്‍റെ ഉഗ്രരോഷമാകുന്ന മുന്തിരിച്ചക്ക് അവിടുന്നു ചവിട്ടും. അവിടുത്തെ തുടയിലും മേലങ്കിയിലും രാജാധിരാജനും കര്‍ത്താധികര്‍ത്താവും ആയവന്‍ എന്ന നാമം ആലേഖനം ചെയ്തിരിക്കുന്നു. ഒരു മാലാഖ സൂര്യനില്‍ നില്‌ക്കുന്നതാണു ഞാന്‍ പിന്നീടു കണ്ടത്. ആ ദൂതന്‍ മധ്യാകാശത്തില്‍ പറന്നു നടക്കുന്ന സകല പക്ഷികളോടും ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: “രാജാക്കന്മാരുടെയും പടത്തലവന്മാരുടെയും വീരയോദ്ധാക്കളുടെയും കുതിരകളുടെയും അവയുടെ പുറത്തിരിക്കുന്നവരുടെയും സ്വതന്ത്രരും അടിമകളും ചെറിയവരും വലിയവരുമായ സകല മനുഷ്യരുടെയും മാംസം ഭക്ഷിക്കുവാന്‍ സര്‍വേശ്വരന്‍റെ വലിയ അത്താഴത്തിന് ഒരുമിച്ചുകൂടുക.” അപ്പോള്‍ അശ്വാരൂഢനോടും അദ്ദേഹത്തിന്‍റെ സൈന്യത്തോടും യുദ്ധംചെയ്യുവാന്‍ മൃഗവും ഭൂമിയിലെ രാജാക്കന്മാരും അവരുടെ സൈന്യവും ഒന്നിച്ചുകൂടിയതു ഞാന്‍ കണ്ടു. മൃഗത്തെയും, അതിന്‍റെ മുമ്പില്‍ അദ്ഭുതങ്ങള്‍ കാട്ടി മൃഗത്തിന്‍റെ മുദ്ര സ്വീകരിക്കുകയും അതിന്‍റെ വിഗ്രഹത്തെ നമസ്കരിക്കുകയും ചെയ്ത മനുഷ്യരെ വഴിതെറ്റിച്ച വ്യാജപ്രവാചകനെയും പിടികൂടി. ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിലേക്ക് ജീവനോടെ എറിഞ്ഞുകളഞ്ഞു. ശേഷിച്ചവരെ അശ്വാരൂഢന്‍റെ വായില്‍നിന്നു പുറപ്പെട്ട വാളിനാല്‍ വെട്ടിക്കൊന്നു. അവരുടെ മാംസം തിന്ന് പക്ഷികള്‍ക്കു തൃപ്തിവന്നു. പിന്നീട് പാതാളത്തിന്‍റെ താക്കോലും ഒരു വലിയ ചങ്ങലയും കൈയില്‍ പിടിച്ചുകൊണ്ട് ഒരു മാലാഖ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. ആ മാലാഖ ഉഗ്രസര്‍പ്പത്തെ, പിശാചും സാത്താനുമാകുന്ന പഴയ സര്‍പ്പത്തെത്തന്നെ പിടിച്ച് ആയിരം വര്‍ഷത്തേക്കു ബന്ധിച്ച് പാതാളത്തിലേക്ക് എറിഞ്ഞു. ആയിരം വര്‍ഷം കഴിയുന്നതുവരെ മനുഷ്യവര്‍ഗത്തെ അവന്‍ വഞ്ചിക്കാതിരിക്കുവാന്‍, പാതാളത്തിന്‍റെ വാതില്‍ അടച്ചുപൂട്ടി മുദ്രവയ്‍ക്കുകയും ചെയ്തു. അതിനുശേഷം അല്പകാലത്തേക്ക് അവനെ അഴിച്ചുവിടേണ്ടതാണ്. അനന്തരം ഞാന്‍ സിംഹാസനങ്ങള്‍ കണ്ടു. അവയില്‍ ഇരുന്നവര്‍ക്കു വിധിക്കുവാനുള്ള അധികാരം നല്‌കപ്പെട്ടു. യേശുവിനു സാക്ഷ്യം വഹിച്ചതിനുവേണ്ടിയും ദൈവവചനത്തിനുവേണ്ടിയും ശിരച്ഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെ ഞാന്‍ കണ്ടു. അവര്‍ മൃഗത്തെ ആരാധിക്കുകയോ, അവന്‍റെ മുദ്ര നെറ്റിത്തടത്തിലോ കൈയിലോ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. അവര്‍ ജീവന്‍ പ്രാപിച്ച് ക്രിസ്തുവിനോടുകൂടി ആയിരം വര്‍ഷം വാണു. അവശേഷിച്ച മരിച്ചവര്‍ ആയിരം വര്‍ഷം കഴിയുന്നതുവരെ ജീവന്‍ പ്രാപിച്ചില്ല. ഇത് ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തില്‍ പങ്കുള്ളവന്‍ അനുഗൃഹീതനും വിശുദ്ധനും ആണ്. ഇങ്ങനെയുള്ളവരുടെമേല്‍ രണ്ടാമത്തെ മരണത്തിന് അധികാരമില്ല. അവര്‍ ദൈവത്തിന്‍റെയും ക്രിസ്തുവിന്‍റെയും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടി ആയിരം വര്‍ഷം വാഴും. എന്നാല്‍ ആയിരം വര്‍ഷം കഴിയുമ്പോള്‍ സാത്താനെ ബന്ധനത്തില്‍നിന്നു മോചിപ്പിക്കും. ഭൂമിയുടെ നാലു കോണിലുമുള്ള ജനതകളെ വഴിതെറ്റിക്കുന്നതിനായി അവന്‍ പുറപ്പെടും. യുദ്ധത്തിനുവേണ്ടി ഗോഗിനെയും മാഗോഗിനെയും കൂട്ടിച്ചേര്‍ക്കുന്നതിനാണ് അവന്‍റെ പുറപ്പാട്. അവരുടെ സംഖ്യ കടല്പുറത്തെ മണല്‍പോലെ ആയിരിക്കും. വിശാലമായ ഭൂതലത്തില്‍ അവരുടെ പട മുന്നേറി വിശുദ്ധന്മാരുടെ പാളയവും അവരുടെ പ്രിയപ്പെട്ട നഗരവും വളയും. എന്നാല്‍ ആകാശത്തുനിന്ന് അഗ്നിയിറങ്ങി അവരെ വിഴുങ്ങിക്കളയും. അവരെ വഴിതെറ്റിച്ച പിശാച്, മൃഗവും വ്യാജപ്രവാചകനും കിടക്കുന്ന ഗന്ധകപ്പൊയ്കയിലേക്ക് എറിയപ്പെടും. അവര്‍ അവിടെ രാപകല്‍ നിത്യയാതന അനുഭവിക്കും. വെണ്മയുള്ള ഒരു വലിയ സിംഹാസനം ഞാന്‍ കണ്ടു; അതില്‍ ഉപവിഷ്ടനായിരിക്കുന്ന ഒരു ആളിനെയും. ആകാശവും ഭൂമിയും അവിടുത്തെ സന്നിധിയില്‍നിന്ന് ഓടിപ്പോയി. അവയെ പിന്നെ കണ്ടതേയില്ല. മരിച്ചവര്‍ ആബാലവൃദ്ധം സിംഹാസനത്തിന്‍റെ മുമ്പില്‍ നില്‌ക്കുന്നതും ഞാന്‍ കണ്ടു. പുസ്തകങ്ങള്‍ തുറക്കപ്പെട്ടു. ജീവന്‍റെ പുസ്‍തകം എന്ന മറ്റൊരു പുസ്തകവും തുറക്കപ്പെട്ടു. അവയില്‍ എഴുതിയിരുന്നതുപോലെ മരിച്ചവരുടെ പ്രവൃത്തികള്‍ക്കൊത്തവണ്ണം അവര്‍ വിധിക്കപ്പെട്ടു. സമുദ്രം അതിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു. മരണവും പാതാളവും അപ്രകാരം ചെയ്തു. ഓരോ വ്യക്തിക്കും സ്വന്തം പ്രവൃത്തികള്‍ക്ക് അനുയോജ്യമായ വിധി ഉണ്ടാവുകയും ചെയ്തു. പിന്നീട് മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിലേക്ക് എറിഞ്ഞുകളഞ്ഞു. ഈ തീപ്പൊയ്കയാണ് രണ്ടാമത്തെ മരണം. ജീവന്‍റെ പുസ്തകത്തില്‍ പേരെഴുതപ്പെട്ടിട്ടില്ലാത്ത എല്ലാവരെയും ആ തീപ്പൊയ്കയില്‍ എറിഞ്ഞു. അതിനുശേഷം പുതിയ ആകാശവും പുതിയ ഭൂമിയും ഞാന്‍ കണ്ടു; ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും അപ്രത്യക്ഷമായി. സമുദ്രവും ഇല്ലാതായി. പിന്നീട് വിശുദ്ധനഗരമായ നവയെരൂശലേം വരനെ എതിരേല്‌ക്കാന്‍ അണിഞ്ഞൊരുങ്ങി വരുന്ന വധുവിനെപ്പോലെ സ്വര്‍ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍ നിന്നുതന്നെ ഇറങ്ങിവരുന്നതും ഞാന്‍ കണ്ടു. അപ്പോള്‍ സിംഹാസനത്തില്‍നിന്ന് ഒരു മഹാശബ്ദം ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു: “ഇതാ, ദൈവത്തിന്‍റെ വാസം മനുഷ്യരോടുകൂടി ആയിരിക്കുന്നു. അവിടുന്ന് അവരോടുകൂടി വസിക്കും; അവര്‍ അവിടുത്തെ ജനമായിരിക്കും; ദൈവംതന്നെ അവരോടുകൂടി ഉണ്ടായിരിക്കും. അവിടുന്ന് അവരുടെ ദൈവം ആയിരിക്കുകയും ചെയ്യും. അവരുടെ കണ്ണില്‍നിന്ന് കണ്ണുനീരെല്ലാം അവിടുന്നു തുടച്ചുകളയും; മരണമോ, കരച്ചിലോ, വിലാപമോ, വേദനയോ ഇനി ഉണ്ടാകുകയില്ല. എന്തെന്നാല്‍ ആദ്യത്തേതെല്ലാം കഴിഞ്ഞു പോയി.” സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ ഇങ്ങനെ അരുള്‍ചെയ്തു: “ഇതാ, ഞാന്‍ സകലവും പുതിയതാക്കുന്നു!” വീണ്ടും അവിടുന്നു പറഞ്ഞു: “എഴുതുക, ഈ വാക്കുകള്‍ സത്യവും വിശ്വാസയോഗ്യവും ആകുന്നു.” പിന്നീട് അവിടുന്നു പറഞ്ഞു: “പൂര്‍ത്തിയായിരിക്കുന്നു! ഞാന്‍ അല്ഫയും ഓമേഗയും-ആദിയും അന്തവും-ആകുന്നു. ദാഹിക്കുന്നവന് ജീവജലത്തിന്‍റെ ഉറവയില്‍നിന്നു വിലകൂടാതെ ഞാന്‍ ജലം നല്‌കും. ജേതാവിന് ഇത് അവകാശമായി ലഭിക്കും; ഞാന്‍ അവന് ദൈവവും അവന്‍ എനിക്കു പുത്രനും ആയിരിക്കും. എന്നാല്‍ ഭീരുക്കള്‍, അവിശ്വസ്തര്‍, കൊലപാതകികള്‍, മലിനസ്വഭാവികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍ എന്നിവര്‍ക്കും അസത്യവാദികള്‍ക്കും ഉള്ള പങ്ക് ഗന്ധകം കത്തുന്ന തീപ്പൊയ്കയിലായിരിക്കും. ഇതത്രേ രണ്ടാമത്തെ മരണം.” അന്ത്യബാധകള്‍ നിറച്ച കലശങ്ങള്‍ കൈയിലുണ്ടായിരുന്ന ഏഴു മാലാഖമാരില്‍ ഒരാള്‍ വന്ന്, “വരിക, കുഞ്ഞാടു പരിണയിച്ച മണവാട്ടിയെ കാണിച്ചുതരാം” എന്ന് എന്നോടു പറഞ്ഞു. ആ മാലാഖ ആത്മാവില്‍ എന്നെ ഒരു ഉയര്‍ന്ന വന്‍മലയിലേക്കു കൂട്ടിക്കൊണ്ടുപോയി; വിശുദ്ധനഗരമായ യെരൂശലേം സ്വര്‍ഗത്തില്‍നിന്ന്, ദൈവത്തിന്‍റെ അടുത്തുനിന്നുതന്നെ, ദിവ്യതേജസ്സോടുകൂടി ഇറങ്ങി വരുന്നതു കാണിച്ചുതന്നു. അതിന്‍റെ തേജസ്സ് അതുല്യമായ രത്നത്തിന്‍റേതുപോലെയും സ്വച്ഛസ്ഫടികമായ സൂര്യകാന്തത്തിന്‍റേതുപോലെയും ആയിരുന്നു. അതിനു പന്ത്രണ്ടു ഗോപുരങ്ങളോടുകൂടിയ ഉയര്‍ന്ന ഒരു വന്‍മതിലുണ്ടായിരുന്നു. ഓരോ ഗോപുരത്തിലും ഓരോ മാലാഖയുണ്ട്. ഇസ്രായേല്‍ പുത്രന്മാരുടെ ഓരോ ഗോത്രത്തിന്‍റെയും പേര് ഓരോ ഗോപുരത്തിലും ആലേഖനം ചെയ്തിരുന്നു. ആ ഗോപുരങ്ങള്‍ കിഴക്കു മൂന്നും, വടക്കു മൂന്നും, തെക്കു മൂന്നും, പടിഞ്ഞാറു മൂന്നും ആയിരുന്നു. നഗരത്തിന്‍റെ മതിലിന് പന്ത്രണ്ട് അടിസ്ഥാനശിലകളും അവയില്‍ കുഞ്ഞാടിന്‍റെ പന്ത്രണ്ട് അപ്പോസ്തോലന്മാരുടെ പേരുകളും ഉണ്ട്. നഗരവും അതിന്‍റെ ഗോപുരങ്ങളും മതിലുകളും അളക്കുന്നതിനുള്ള സ്വര്‍ണദണ്ഡ് എന്നോടു സംസാരിച്ച ആളിന്‍റെ കൈവശം ഉണ്ടായിരുന്നു. സമചതുരമാണു നഗരം. നീളവും വീതിയും സമം. തന്‍റെ കൈയിലുള്ള ദണ്ഡുകൊണ്ട് അയാള്‍ അളന്നു. പന്തീരായിരം സ്റ്റേഡിയ അഥവാ രണ്ടായിരത്തിനാനൂറ് കിലോമീറ്റര്‍ ആയിരുന്നു അളവു കണ്ടത്. അതിന്‍റെ നീളവും വീതിയും ഉയരവും ഒന്നുതന്നെ. ആ മാലാഖ നഗരത്തിന്‍റെ മതിലും അളന്നു. മനുഷ്യന്‍റെ തോതനുസരിച്ച് നൂറ്റിനാല്പത്തിനാലു മുഴമായിരുന്നു അതിന്‍റെ ഉയരം (60 മീറ്റര്‍). അതുതന്നെ ആയിരുന്നു മാലാഖയുടെയും തോത്. മതില്‍ സൂര്യകാന്തശിലകൊണ്ടു നിര്‍മിച്ചതായിരുന്നു. നഗരമാകട്ടെ, സ്വച്ഛസ്ഫടികനിര്‍മ്മലമായ തനിത്തങ്കംകൊണ്ടും, നഗരമതിലിന്‍റെ അടിസ്ഥാനശിലകള്‍ സകലവിധ രത്നങ്ങള്‍കൊണ്ടും അലംകൃതമായിരുന്നു; ഒന്നാമത്തേത് സൂര്യകാന്തവും രണ്ടാമത്തേത് ഇന്ദ്രനീലവും മൂന്നാമത്തേത് മാണിക്യവും നാലാമത്തേത് മരതകവും അഞ്ചാമത്തേത് നഖവര്‍ണിയും ആറാമത്തേത് ചുവപ്പുകല്ലും ഏഴാമത്തേത് ചന്ദ്രകാന്തവും എട്ടാമത്തേത് ഗോമേദകവും ഒന്‍പതാമത്തേത് പുഷ്യരാഗവും പത്താമത്തേത് വൈഡൂര്യവും പതിനൊന്നാമത്തേത് പത്മരാഗവും പന്ത്രണ്ടാമത്തേത് സൗഗന്ധകവും ആയിരുന്നു. പന്ത്രണ്ടു ഗോപുരങ്ങളും പന്ത്രണ്ടു മുത്തുകള്‍; ഓരോ ഗോപുരവും ഓരോ മുത്തുകൊണ്ടു നിര്‍മിച്ചതായിരുന്നു. നഗരവീഥി സ്വച്ഛസ്ഫടികനിര്‍മ്മലമായ തനിത്തങ്കം ആയിരുന്നു. നഗരത്തില്‍ ദേവാലയമൊന്നും ഞാന്‍ കണ്ടിട്ടില്ല. സര്‍വശക്തനും സര്‍വാധീശനുമായ ദൈവവും കുഞ്ഞാടുമാണ് അവിടത്തെ ദേവാലയം. നഗരത്തിനു പ്രകാശം ചൊരിയുവാന്‍ സൂര്യനോ ചന്ദ്രനോ ആവശ്യമില്ല. എന്തുകൊണ്ടെന്നാല്‍ ദൈവതേജസ്സ് അവിടത്തെ പ്രകാശവും, കുഞ്ഞാട് അതിന്‍റെ വിളക്കുമാണ്. അതിന്‍റെ പ്രകാശത്തില്‍ ജനതകള്‍ വ്യാപരിക്കും. ഭൂമിയിലെ രാജാക്കന്മാര്‍ തങ്ങളുടെ മഹത്ത്വം അവിടേക്കു കൊണ്ടുവരും. പകല്‍ ഒരിക്കലും അതിന്‍റെ ഗോപുരങ്ങള്‍ അടയ്‍ക്കുകയില്ല; അവിടെ രാത്രി ഇല്ലല്ലോ. ജനതകളുടെ മഹത്ത്വവും ബഹുമാനവും അവിടേക്കു കൊണ്ടുവരും. കുഞ്ഞാടിന്‍റെ ജീവപുസ്തകത്തില്‍ പേരെഴുതപ്പെട്ടിട്ടുള്ളവര്‍ മാത്രമേ അവിടെ പ്രവേശിക്കുകയുള്ളൂ. നിന്ദ്യമായ പ്രവൃത്തികള്‍ ചെയ്യുകയും അസത്യം സംസാരിക്കുകയും ചെയ്യുന്നവരോ അശുദ്ധമായത് എന്തെങ്കിലുമോ അതില്‍ പ്രവേശിക്കുകയില്ല. [1,2] അതിനുശേഷം സ്ഫടികംപോലെ വെട്ടിത്തിളങ്ങുന്ന ജീവജലനദി ആ മാലാഖ എനിക്കു കാണിച്ചുതന്നു. അതു ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനത്തില്‍നിന്നു പുറപ്പെട്ട് നഗരവീഥിയുടെ മധ്യത്തിലൂടെ ഒഴുകുന്നു. നദിയുടെ ഇരുകരകളിലും ജീവവൃക്ഷമുണ്ട്. അത് പന്ത്രണ്ടുതരം ഫലങ്ങള്‍ മാസംതോറും നല്‌കുന്നു; ജനതകളുടെ രോഗശാന്തിക്കുവേണ്ടിയുള്ളവയാണ് ആ വൃക്ഷത്തിന്‍റെ ഇലകള്‍. *** ശാപം ഒന്നും ഇനി ഉണ്ടായിരിക്കുകയില്ല; ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനം ആ നഗരത്തില്‍ ഉണ്ടായിരിക്കും; അവിടുത്തെ ദാസന്മാര്‍ അവിടുത്തെ ആരാധിക്കും. അവിടുത്തെ മുഖം അവര്‍ ദര്‍ശിക്കും; അവിടുത്തെ നാമം അവരുടെ നെറ്റിയിലുണ്ടായിരിക്കും. ഇനി രാത്രി ഉണ്ടാകുകയില്ല; ദൈവമായ കര്‍ത്താവ് അവരുടെ ദീപമായിരിക്കുന്നതുകൊണ്ട് വിളക്കിന്‍റെയോ സൂര്യന്‍റെയോ വെളിച്ചം ഇനി അവര്‍ക്ക് ആവശ്യമില്ല. അവര്‍ എന്നേക്കും രാജത്വത്തോടെ വാഴും. പിന്നീട് മാലാഖ എന്നോടു പറഞ്ഞു: “ഈ വചനങ്ങള്‍ വിശ്വാസയോഗ്യവും സത്യവും ആകുന്നു. സംഭവിക്കേണ്ട കാര്യങ്ങള്‍ തന്‍റെ ദാസന്മാര്‍ക്ക് കാണിച്ചുകൊടുക്കുവാന്‍ പ്രവാചകാത്മാക്കളുടെ ദൈവമായ കര്‍ത്താവ് തന്‍റെ ദൂതനെ അയച്ചിരിക്കുന്നു. “ഇതാ, ഞാന്‍ വേഗം വരുന്നു! ഈ പുസ്തകത്തിലെ പ്രവചനങ്ങള്‍ അനുസരിക്കുന്നവന്‍ അനുഗൃഹീതന്‍!” യോഹന്നാന്‍ എന്ന ഞാന്‍ ആണ് ഇവയെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തത്; ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ അവ കാണിച്ചുതന്ന മാലാഖയെ പ്രണമിക്കുന്നതിനായി സാഷ്ടാംഗം വീണു. എന്നാല്‍ മാലാഖ എന്നോടു പറഞ്ഞു: “അങ്ങനെ ചെയ്യരുത്! ഞാന്‍ താങ്കളുടെയും താങ്കളുടെ സഹോദരരായ പ്രവാചകരുടെയും ഈ പുസ്തകത്തിലെ വചനങ്ങള്‍ അനുസരിക്കുന്നവരുടെയും സഹഭൃത്യനത്രേ. ദൈവത്തെ മാത്രം ആരാധിക്കുക.” വീണ്ടും മാലാഖ എന്നോട് ഇപ്രകാരം പറഞ്ഞു: “ഇവയെല്ലാം സംഭവിക്കുവാനുള്ള സമയം ആസന്നമായിരിക്കുകയാല്‍ ഈ ഗ്രന്ഥത്തിലെ പ്രവചനങ്ങള്‍ മുദ്രവച്ച് രഹസ്യമായി വയ്‍ക്കരുത്. ദുഷ്കര്‍മി ഇനിയും ദുഷ്ടത പ്രവര്‍ത്തിച്ചുകൊള്ളട്ടെ. അഴുക്കു പറ്റിയവന്‍ അഴുക്കില്‍തന്നെ കഴിയട്ടെ; നീതിമാന്‍ മേലിലും നീതി ചെയ്യട്ടെ; വിശുദ്ധന്‍ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. “ഇതാ, ഞാന്‍ വേഗം വരുന്നു! അവരവര്‍ ചെയ്ത പ്രവൃത്തിക്കു തക്കവണ്ണം ഓരോ വ്യക്തിക്കും നല്‌കുവാനുള്ള പ്രതിഫലവുമായിട്ടാണ് ഞാന്‍ വരുന്നത്. ഞാന്‍ അല്ഫയും ഓമേഗയും ആണ്-ആദ്യനും അന്ത്യനും-ആദിയും അന്ത്യവും ഞാന്‍ തന്നെ. ജീവവൃക്ഷത്തിന്‍റെ ഫലം ഭക്ഷിക്കുവാനും ഗോപുരത്തില്‍ കൂടി നഗരത്തില്‍ പ്രവേശിക്കുവാനും അവകാശം ലഭിക്കുവാനായി തങ്ങളുടെ വസ്ത്രം അലക്കി വെളുപ്പിക്കുന്നവര്‍ അനുഗൃഹീതര്‍! നായ്‍ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധകരും വ്യാജം പറയുവാനും പ്രവര്‍ത്തിക്കുവാനും ഇഷ്ടപ്പെടുന്നവരും നഗരത്തിനു പുറത്താണ്. “സഭകള്‍ക്കുള്ള സാക്ഷ്യവുമായി, യേശു എന്ന ഞാന്‍ എന്‍റെ ദൂതനെ അയച്ചിരിക്കുന്നു. ഞാന്‍ ദാവീദിന്‍റെ വേരും സന്താനവും അത്രേ. ഭാസുരമായ ഉദയനക്ഷത്രം.” ആത്മാവും മണവാട്ടിയും പറയുന്നു: “വന്നാലും!” കേള്‍ക്കുന്നവനും പറയട്ടെ, “വന്നാലും!” എന്ന്. ദാഹിക്കുന്നവന്‍ വരട്ടെ; ജീവജലം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ അതു വിലകൂടാതെ വാങ്ങിക്കൊള്ളട്ടെ. ഈ ഗ്രന്ഥത്തിലെ പ്രധാന വചസ്സുകള്‍ കേള്‍ക്കുന്ന എല്ലാവര്‍ക്കും ഞാന്‍ മുന്നറിയിപ്പു നല്‌കുന്നു: ആരെങ്കിലും ഇവയോട് എന്തെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ അങ്ങനെയുള്ളവന് ഈ പുസ്തകത്തില്‍ വിവരിച്ചിട്ടുള്ള മഹാമാരികള്‍ ദൈവം വരുത്തും. ഈ പ്രവചനഗ്രന്ഥത്തിലെ വചനങ്ങളില്‍നിന്ന് ഏതെങ്കിലും എടുത്തുകളയുന്നവനില്‍നിന്ന് ഇതില്‍ വിവരിച്ചിട്ടുള്ള ജീവവൃക്ഷത്തിന്‍റെയും വിശുദ്ധനഗരത്തിന്‍റെയും ഓഹരിയും എടുത്തുകളയും. ഈ കാര്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നവന്‍ പറയുന്നു: “നിശ്ചയമായും, ഞാന്‍ വേഗം വരുന്നു!” ആമേന്‍, കര്‍ത്താവായ യേശുവേ, വേഗം വന്നാലും! കര്‍ത്താവായ യേശുവിന്‍റെ കൃപ നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കട്ടെ. ആമേന്‍.